നോമ്പും പുകവലിയും

നോമ്പും  പുകവലിയും

നോമ്പും  പുകവലിയും

ഹംസ ജമാലി

2018 മെയ് 19 1439 റമദാന്‍ 03

ഭയഭക്തിയും ഉത്തമമായ സംസ്‌കാരവും നേടിയെടുക്കാനുള്ള ശ്രേഷ്ഠമായ ഒരു ആരാധനയാണ് നോമ്പ്. നോമ്പ് ജീവിതത്തെ ചിട്ടപ്പെടുത്തുക വഴി ദുഷിച്ച സ്വഭാവങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍നിന്നും മുക്തമാക്കുന്നതില്‍  ഗണ്യമായ സ്വാധീനം ചെലുത്തുന്നതാണ്. നോമ്പിലൂടെ മനുഷ്യന്‍ ഇത്തരം ദുശ്ശീലങ്ങളുമായുള്ള ബന്ധം വിഛേദിച്ച് വൈകാരിക ശക്തികളെ ഉന്മൂലനം ചെയ്യുന്നത് വഴി അവ വേരോടെ പിഴുതെറിയാനുള്ള ഏറ്റവും വലിയ ഒരവസരം കൂടിയായി മാറുന്നു.

റമദാന്‍ മാസം ഒരു ക്രിയാത്മകമായ പരീക്ഷണമായി പരിഗണിക്കുന്നത് പോലെ മുസ്‌ലിം അവന്റെ ചിന്തകളും സ്വഭാവ, പെരുമാറ്റങ്ങളും എങ്ങനെ സംസ്‌കരിച്ചെടുക്കാമെന്ന് പഠിക്കുന്നു. അവന്റെ പതിവുസമ്പ്രദായങ്ങളും അനുകരണങ്ങളും പുനര്‍വിചിന്തനം ചെയ്യപ്പെടുന്നു. അപ്രകാരം അത് മുസ്‌ലിമിന്റെ മനോദാര്‍ഢ്യത്തെ ശക്തിപ്പെടുത്താനും എല്ലാ കര്‍മങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കുവാനും പഠിപ്പിക്കുന്നു.

മതവും ബുദ്ധിയും അംഗീകരിക്കാത്ത കാര്യങ്ങളില്‍ പെട്ടതാണ് പുകവലി. പുകവലികൊണ്ട് സാമ്പത്തികമായും ശാരീരികമായും ആരോഗ്യപരമായും എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങളാണുള്ളത്.

ശ്വാസകോശ ക്യാന്‍സര്‍, ആമാശയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, നെഞ്ച്‌വേദന, വായയില്‍ വരുന്ന ക്യാന്‍സര്‍ തുടങ്ങിയ അനേകം രോഗങ്ങള്‍ക്കും പുകവലിക്കുമിടയില്‍ വലിയ ബന്ധമുണ്ടെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

വര്‍ഷംതോറും ലോകത്ത് 34നും 65നുമിടക്ക് പ്രായമുള്ള മില്യന്‍ കണക്കിന് ആളുകളാണ് പുകവലി ജന്യമായ രോഗങ്ങളാല്‍ മരണപ്പെടുന്നത് എന്ന് പഠനങ്ങള്‍ പറയുന്നു. എന്തിനേറെ, ഗര്‍ഭാശയത്തിലുള്ള ശിശുക്കള്‍ പോലും പുകവലിയുടെ മഹാവിപത്തില്‍നിന്ന് രക്ഷപ്പെടുന്നില്ല. 

പുകവലി എങ്ങനെ നിറുത്താം?

താഴെ പറയുന്ന കാര്യങ്ങള്‍ പിന്തുടരാവുന്നതാണ്: 

1). പുകവലി നിറുത്തണമെന്ന നിശ്ചയദാര്‍ഢ്യമുണ്ടാകുക. അത് അല്ലാഹു പറഞ്ഞ ഖണ്ഡിതമായ കാര്യങ്ങളില്‍ പെട്ടതത്രെ. 

2). പുകവലി നിറുത്തുന്നതിന് ഒരു നിശ്ചിത സമയം ക്ലിപ്തപ്പെടുത്തുക. അത് നിങ്ങളുടെ വ്യക്തിത്വത്തിനും തീരുമാനത്തിനും മാറ്റംവരാത്ത രീതിയില്‍ കൂടുതല്‍ താമസമില്ലാതെ വളരെ പെട്ടെന്ന് തന്നെയായിരിക്കുകയും ചെയ്യുക. 

3). ആ തീരുമാനം യാഥാര്‍ഥ്യമായി പുലരാനുള്ള തൗഫീക്വിനും ശക്തിക്കും അല്ലാഹുവിനോട് സഹായം തേടുകയും അവനോട് പ്രാര്‍ഥിക്കുകയും ചെയ്യുക. 

നബിﷺ  പറയുകയുണ്ടായി: ‘നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക’ (തിര്‍മിദി).

4). പുകവലിയാലുണ്ടാകുന്ന അപകടങ്ങളും ദുഷിച്ച അനന്തര ഫലങ്ങളും കണ്‍മുന്നില്‍ വെക്കുകയും ആരോഗ്യം, ആയുസ്സ്, സമ്പത്ത് എന്നിവയെക്കുറിച്ച് അല്ലാഹു നിന്നോട് ചോദിക്കുമെന്നത് ഓര്‍ക്കുകയും ചെയ്യുക.

5). പുകവലിക്കുന്ന സഹപാഠിയോ കൂട്ടുകാരനോ ഉണ്ടെങ്കില്‍ ഒന്നിച്ച് ഒരു കൂട്ടായ്മയായി പുകവലി വിരുദ്ധ ഉടമ്പടിയുണ്ടാക്കാന്‍ ശ്രമിക്കുക.  ഇത് പുകവലി നിറുത്തുന്നതില്‍ ഉറച്ചുനില്‍ക്കാന്‍ കൂടുതല്‍ ഫലപ്രദമാകും. അല്ലാഹു പറയുന്നു: 

”പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്” (ക്വുര്‍ആന്‍ 5: 2).

നബിﷺ  അരുളിയിരിക്കുന്നു: ”ഒരാള്‍ ഒരു നന്മ അറിയിച്ചുകൊടുത്താല്‍ അയാള്‍ക്ക് അത് ചെയ്തവന്റെ പ്രതിഫലംകൂടി ലഭിക്കുന്നതാണ്.”

6). പുകവലി നിറുത്തുന്നതില്‍നിന്നും പിന്തിരിപ്പികുന്ന സുഹൃത്തുക്കളെ കരുതിയിരിക്കുകയും ചെയ്യുക. 

തിരുമേനിﷺ  അരുളി: ”ഒരാള്‍ തന്റെ കൂട്ടുകാരന്റെ മതത്തിലാകുന്നു. അതിനാല്‍ നിങ്ങളിലോരോരുത്തരും ആരുമായാണ് കൂട്ടുകൂടുന്നതെന്ന് നോക്കട്ടെ” (അബൂദാവൂദ്, തിര്‍മിദി). 

7). തീരുമാനം ഭാര്യയെയും കുടുംബങ്ങളെയും അറിയിക്കുക. കാരണം, ഇന്‍ശാഅല്ലാഹ് തീരുമാനം നടപ്പാക്കാന്‍ അവര്‍ വലിയ താങ്ങും തണലുമാകും.

8). പുകവലിക്കാന്‍ ദിനേന ചെലവാക്കിയിരുന്ന സംഖ്യ  അഗതികള്‍ക്കും  അനാഥകള്‍ക്കും സംഭാവന ചെയ്യുക. 

അല്ലാഹു പറയുന്നു: ”സ്വദേഹങ്ങള്‍ക്ക്‌വേണ്ടി നിങ്ങള്‍ എന്തൊരു നന്മ മുന്‍കൂട്ടി ചെയ്തുവെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലവുമുള്ളതായി നിങ്ങള്‍ കണ്ടെത്തുന്നതാണ്” (ക്വുര്‍ആന്‍ 73:20).

 9). അല്ലാഹുവിലേക്ക് ഏറ്റവും കൂടുതല്‍ അടുത്തുകൊണ്ട് തീരുമാനം നടപ്പിലാക്കാന്‍ നോമ്പിനെ ഫലപ്രദമാക്കുക. അല്ലാഹു പറഞ്ഞു: 

”മൂന്നുപേര്‍ തമ്മിലുള്ള യാതൊരു രഹസ്യ സംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായിക്കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായിക്കൊണ്ടല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ.പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്റെനാളില്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്”(ക്വുര്‍ആന്‍ 58:7).

10). വീണ്ടും പുകവലിക്കുന്നതിലേക്ക് മടങ്ങണമെന്ന മാനസികമായ വല്ല പ്രേരണയും ജനിക്കുകയണെങ്കില്‍ 

”തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവിനെപ്പറ്റി) ഓര്‍മ വരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നു” (ക്വുര്‍ആന്‍ 7:201) 

എന്ന അല്ലാഹുവിന്റെ വചനമോര്‍ക്കുക. അപ്രകാരം ”പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിച്ചു കളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടികൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും” (ക്വുര്‍ആന്‍ 41:36).

11). ഡോകടറെ സമീപിച്ച് പുകവലി കാരണം കറപിടിച്ചിട്ടുള്ള പല്ലുകളെ ദുര്‍ഗന്ധം വമിക്കാതിരിക്കാനായി വൃത്തിയാക്കുകയും തുടര്‍ന്ന് മിസ്‌വാക്കും പേസ്റ്റും ബ്രഷും ഉപയോഗിക്കുകയും ചെയ്യുക. അതോടൊപ്പം ‘മിസ്‌വാക്ക് ചെയ്യല്‍ വായ വൃത്തിയാക്കുന്നതും രക്ഷിതാവിന് തൃപ്തികരവുമാകുന്നു’വെന്ന നബിവചനം ഓര്‍ക്കുകയും ചെയ്യുക. 

12). വ്രതത്തിന്റെ പുണ്യമാസത്തിലാണ് നീയുള്ളത് എന്നും അത് എല്ലാ ചീത്ത വസ്തുക്കളെയും ദുരാചാരങ്ങളെയും വര്‍ജ്ജിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഓര്‍ക്കുക. പുകവലിയാകട്ടെ മാരകമായ ചീത്ത വസ്തുക്കളില്‍ പെട്ടതും വര്‍ജിക്കല്‍ നിര്‍ബന്ധമായതുമാകുന്നു. അല്ലാഹു പറയുന്നു: 

”നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം (മുഹമ്മദ് നബി) അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയുംചെയ്യുന്നു” (ക്വുര്‍ആന്‍ 7:157).

13). പുകവലി നിറുത്തി ആദ്യത്തെ മൂന്ന് മാസക്കാലയളവിലാണ് സാധാരണ ഗതിയില്‍ വീണ്ടും പുകവലിയെന്ന രോഗം മൂര്‍ച്ചിക്കുക. അതിനാല്‍ പുകവലിക്കുന്നതിന് പ്രേരിപ്പിച്ചിരുന്ന ഉല്‍ക്കണ്ഠ, അസ്വസ്ഥത, മറ്റുള്ളവരെ തൃപ്തിപ്പെടുത്തല്‍ തുടങ്ങി  എല്ലാവിധ പരിതസ്ഥിതികളെയും നേരിടാനുള്ള ഒരുക്കങ്ങളുണ്ടായിരിക്കണം. അതിന് ബുദ്ധിപരമായ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക. കാരണം പുകവലി യാതൊരു പ്രയാസവും നീക്കാന്‍ ബുദ്ധിയെ സഹായിക്കുന്നതല്ല. അതോടൊപ്പം അല്ലാഹുവിനെ വല്ലവനും സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുമെന്ന കാര്യം അറിയുകയും ചെയ്യുക.  

പുകവലിമൂലം ഉന്മേഷഭരിതനാകുമെന്ന് ധരിക്കരുത്. കാരണം അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നേരെമറിച്ചാണ് വിധിയെഴുതിയിട്ടുള്ളത്.

14). നോമ്പില്‍ പ്രകടമാകുന്ന മനക്കരുത്തും  നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും പുകവലി നിറുത്താന്‍ വലിയ സഹായകമാകുന്നു. അതിനാല്‍ ക്ഷമകൊണ്ടും നമസ്‌കാരംകൊണ്ടും സഹായം തേടുകയും ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുക. 

15). പുകവലി നിറുത്തിയ ശേഷം ഉറക്കം തകരാറാവുക, ക്ഷീണമനുഭവപ്പെടല്‍, നീരസമുണ്ടാകുക, വായവറ്റുക പോലുള്ളവ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണ തുടക്കത്തിലുണ്ടാകുന്ന ഒരു പ്രകൃതമാണ്. കാരണം ശരീരം അനുകൂലമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിനാല്‍ അല്‍പം വിശ്രമം കൊടുക്കുക. കാപ്പി, ചായ, പെപ്‌സി, കോള തുടങ്ങി ഗ്യാസുകളടങ്ങിയ പാനീയങ്ങള്‍ നോമ്പുതുറന്ന ശേഷം കുടിക്കാതിരിക്കുക. മലര്‍ന്നുകിടന്ന് ശരീരത്തിന് ഒരാശ്വാസം നല്‍കുകയും ഉറങ്ങുന്നതിനു മുമ്പായി ശരീരത്തിലൊന്ന് വെള്ളമൊഴിക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഫലപ്രദമാണ്. അത്യാവശ്യമാണെങ്കില്‍ ഒരു ഡോക്ടറുടെ അഭിപ്രായം ആരായുക. ഇത്തരം പ്രയാസങ്ങള്‍ തരണം ചെയ്യുന്നതിന് അല്ലാഹുമായുള്ള  നല്ല ബന്ധം നിലനിര്‍ത്തുക.

16). പുകവലിക്കുന്നവര്‍ കൂടുതലുള്ള സ്ഥലങ്ങള്‍ വര്‍ജിക്കുക. നബിﷺ പറഞ്ഞു: ‘ആരെങ്കിലും ആശയത്തില്‍ സാദൃശ്യമുള്ളവയെ സൂക്ഷിച്ചാല്‍ അവന്റെ മതത്തിലും അഭിമാനത്തിലും അവന്‍ കുറ്റത്തില്‍നിന്ന് ഒഴിവായിരിക്കുന്നു’  

17). സിഗരറ്റ് വലിക്കുന്നത് അനുവദനീയമാണെന്നാണെന്ന അഭിപ്രയക്കാരുടെ കൂട്ടത്തിലാണ് നിങ്ങളെങ്കില്‍ എന്ത് കൊണ്ടാണ് അല്ലാഹു അനുവദനീയമാക്കിയവ കുടിച്ചാല്‍ അല്ലാഹുവിനെ സ്തുതിക്കുന്നത് പോലെ ഓരോ സിഗരറ്റിന്റെയും ഉപയോഗ ശേഷം അല്‍ഹംദുലില്ലാഹ് എന്ന് സ്തുതിക്കാതിരിക്കുന്നത്? അല്ലാഹുഅനുവദനീയമാക്കിയവയുടെ ആദ്യത്തില്‍ ബിസ്മിചൊല്ലുന്നത് പോലെ സിഗരറ്റ് വലിക്കുന്നതിന്റെ ആദ്യത്തില്‍ ബിസ്മി ചൊല്ലാതിരിക്കുന്നത്?  

18). സാധാരണ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് സിഗരറ്റ് എങ്കില്‍ എന്ത്‌കൊണ്ടാണ് അത് നിങ്ങളുടെ മാതാപിതാക്കള്‍, മേലുദ്യോഗസ്ഥന്‍ പോലുള്ള നിങ്ങള്‍ ബഹുമാനിക്കുന്നവരുടെ മുന്നില്‍വെച്ച് അത് ഉപയോഗിക്കാത്തത്?

19). സിഗരറ്റ് വലിക്കുന്നതില്‍ പ്രത്യേക ആനന്ദമുണ്ടെങ്കില്‍ എന്ത്‌കൊണ്ട് നിങ്ങളുടെ മക്കളെ അത് പഠിപ്പിക്കുന്നില്ല? 

അതിനാല്‍ സഹോദരാ! നിങ്ങളുടെ കരാര്‍ സത്യമാകട്ടെ. അല്ലാഹു നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യുക. അല്ലാഹു തുണക്കട്ടെ.

ഹംസ ജമാലി

നേർപഥം വാരിക

റമദാന്‍ മാസത്തിന്റെ പ്രത്യേകതകള്‍

റമദാന്‍ മാസത്തിന്റെ പ്രത്യേകതകള്‍

1. ക്വുര്‍ആന്‍ അവതരിച്ച മാസം:

”മനുഷ്യര്‍ക്ക് സന്‍മാര്‍ഗവും സത്യാസത്യ വിവേചനവുമായി ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമത്രെ റമദാന്‍ മാസം…” (ക്വുര്‍ആന്‍ 2:183).

2. ആയിരം മാസത്തെക്കാള്‍ ശ്രേഷ്ം:

”തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു…”(ക്വുര്‍ആന്‍ 97:1-3).

3. പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നു:

നബിﷺ പറഞ്ഞു: ”മൂന്ന് വിഭാഗത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുകതന്നെ ചെയ്യും; നോമ്പുകാരന്‍, മര്‍ദിതന്‍, യാത്രക്കാരന്‍ എന്നിവരുടെ പ്രാര്‍ഥനയത്രെ അത്” (ബൈഹക്വി).

4. റമദാനില്‍ പിശാചുക്കള്‍ ബന്ധിക്കപ്പെടുന്നു:

സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുന്നു. നരക കവാടങ്ങള്‍ അടക്കപ്പെടുന്നു. (ബുഖാരി).

5. തെറ്റുകളില്‍ നിന്നു സംരക്ഷണം ലഭിക്കുന്ന ഒന്നാണ് നോമ്പ്:

നബിﷺ പറയുന്നു: ”യുവസമൂഹമേ, നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ആവശ്യമായ കഴിവ് എത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ വിവാഹിതരാവുക…അതിന് കഴിയാത്തവര്‍ നോമ്പനുഷ്ഠിക്കട്ടെ. അത് അവന്നൊരു കാവലാണ്” (ബുഖാരി, മുസ്‌ലിം).

6. നോമ്പ് ഒരു പരിചയാണ്:

നബിﷺ പറഞ്ഞു: ”നോമ്പ് ഒരുപരിചയാണ്. അത് നരകത്തെ തടുക്കുന്നു” (അഹ്മദ്).

7. നോമ്പ് സ്വര്‍ഗ പ്രവേശനം നല്‍കുന്നു:

അബൂഉമാമ(റ) നബിﷺയോട് ചോദിച്ചു: ‘സ്വര്‍ഗപ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു കാര്യം എനിക്ക് അറിയിച്ച് തരണം.’ നബിﷺ പറഞ്ഞു: ‘നീ നോമ്പ് അനുഷ്ഠിക്കുക. അതിനു തുല്യമായി മറ്റാന്നും തന്നെയില്ല’ (നസാഈ).

8. നോമ്പ് മനുഷ്യനില്‍ തക്വ്‌വയുണ്ടാക്കും:

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്” (ക്വുര്‍ആന്‍ 2:183).

9. നോമ്പും ക്വുര്‍ആനും ശുപാര്‍ശക്കെത്തും:

നബിﷺ പറഞ്ഞു: ”…നോമ്പ് പറയും: നാഥാ, ഞാനാണ് അവന്റെ ഭക്ഷണത്തെയും ഇഛകളെയും തടഞ്ഞുവെച്ചത്; അവന്റെ കാര്യത്തില്‍ എന്റെ ശുപാര്‍ശയൊന്ന് പരിഗണിക്കണം. ക്വുര്‍ആന്‍ പറയും: നാഥാ, രാത്രി അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയത് ഞാനാണ്. അവന്റെ വിഷയത്തില്‍ എന്റെ ശുപാര്‍ശ ഒന്ന് പരിഗണിക്കണം. രണ്ടും സ്വീകരിക്കപ്പെടും” (അഹ്മദ്, ത്വബ്‌റാനി).

10. നോമ്പുകാര്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക കവാടം:

നബിﷺ പറഞ്ഞു: ”സ്വര്‍ഗത്തിന് റയ്യാന്‍ എന്നൊരു കവാടമുണ്ട്. അതിലൂടെ നോമ്പുകാര്‍ മാത്രമായിരിക്കും പ്രവേശിക്കുക” (ബുഖാരി).

11. നോമ്പിന് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്നു:

നബിﷺ പറഞ്ഞു: ”അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുന്നതാണ്. നോമ്പിന് ഒഴികെ, അതിന് ഞാന്‍ (കണക്കല്ലാത്ത) പ്രതിഫലം നല്‍കുന്നതാണ്” (ബുഖാരി).

12. നോമ്പ് അല്ലാഹുവിന് മാത്രമാണ്:

നബിﷺ പറഞ്ഞു: ”അല്ലാഹു പറയുന്നു: ദാസന്‍ എനിക്കുവേണ്ടി മാത്രമാണ് ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നത.് നോമ്പ് എനിക്ക് മാത്രമുള്ളതാണ്.” (മുസ്‌ലിം).

13. നോമ്പ് മുന്‍പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകുന്നു:

നബിﷺ പറയുന്നു: ”ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി നോമ്പനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്” (ബുഖാരി).

14. റമദാനിലെ ഉംറക്ക് ഹജ്ജിന്റെ പ്രതിഫലം:

നബിﷺ പറഞ്ഞു: ”റമദാനില്‍ നിര്‍വഹിക്കുന്ന ഉംറക്ക് ഹജ്ജിന്റെ പ്രതിഫലം കണക്കാക്കപ്പെടുന്നതാണ്” (ബുഖാരി). മറ്റൊരു റിപ്പോര്‍ട്ടില്‍ ”എന്നോടൊപ്പം ഹജ്ജ് ചെയ്ത പ്രതിഫലമാണ്’ എന്നാണുള്ളത്. (ബുഖാരി)

15. നരകവിമുക്തി നല്‍കപ്പെടുന്നു:

നബിﷺ പറഞ്ഞു: ”അല്ലാഹു, ഓരോ നോമ്പ് തുറക്കുന്നതോടൊപ്പവും ആളുകള്‍ക്ക് നരകവിമുക്തി നല്‍കുന്നു. ഇത് റമദാനിലെ എല്ലാ ദിവസവും ഉണ്ടായിരിക്കും” (ഇബ്‌നുമാജ).

1. പ്രഭാതത്തിനുമുമ്പായി നിയ്യത്ത് ചെയ്യണം:

നബിﷺ പറഞ്ഞു: ”പ്രഭാതത്തിനു മുമ്പ് നിയ്യത്തു ചെയ്തിട്ടില്ലെങ്കില്‍ നോമ്പില്ല” (തുര്‍മുദി).

നിയ്യത്ത് ചൊല്ലിപ്പറയല്‍ നബിചര്യയല്ല. ”നിയ്യത്തെന്നാല്‍ കരുതലാണ്, അത് മനസ്സിന്റെ ഉറപ്പാണ്” (ഫത്ഹുല്‍ബാരി).

2. അത്താഴം കഴിക്കുക, പിന്തിച്ചുമാത്രം കഴിക്കുക:

നബിﷺ പറഞ്ഞു: ”നിങ്ങള്‍ അത്താഴം കഴിക്കുക, തീര്‍ച്ചയായും അത്താഴത്തില്‍ അനുഗ്രഹമുണ്ട്” (ബുഖാരി, മുസ്‌ലിം)

സൈദുബ്‌നുഥാബിത്ﷺ പറയുന്നു: ”ഞങ്ങള്‍ നബിയോടൊപ്പം അത്താഴം കഴിച്ചാല്‍ നമസ്‌കാരത്തിന് അമ്പത് ആയത്ത് ഓതുന്നസമയം മാത്രമെ (സുബ്ഹി ബാങ്കിന്) ബാക്കിയുണ്ടാകുമായിരുന്നുള്ളൂ” (ബുഖാരി, മുസ്‌ലിം).

3. സമയമായാലുടനെ നോമ്പു തുറക്കുക:

നബിﷺ പറഞ്ഞു: ”നോമ്പുതുറക്കാന്‍ ധൃതി കാണിക്കുന്നകാലത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും” (മുസ്‌ലിം).

”നബിﷺ ഈത്തപ്പഴം, അതില്ലെങ്കില്‍ കാരക്ക, അതുമില്ലെങ്കില്‍ വെള്ളം (എന്നിവ) കൊണ്ടായിരുന്നു നോമ്പു തുറന്നിരുന്നത്” (അബൂദാവൂദ്, തുര്‍മുദി).

നബിﷺ നോമ്പുതുറന്നാല്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: ”ദഹബള്ള്വമഉ വബ്തല്ലത്തില്‍ ഉറൂക്വു, വഥബതല്‍ അജ്‌റു ഇന്‍ശാ അല്ലാഹ്” (ദാഹമെല്ലാം നീങ്ങി, ഞരമ്പുകള്‍ക്ക് നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു” (നസാഈ, അബൂദാവൂദ്).

4. തറാവീഹ് നമസ്‌കാരം:

നബിﷺ പറഞ്ഞു: ”ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി റമദാനില്‍ നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്”(ബുഖാരി). പതിനൊന്ന് റക്അത്താണ് നബിചര്യയില്‍ സ്ഥിരപ്പെട്ടിട്ടുള്ളത്.

5. ലൈലതുല്‍ ക്വദ്ര്‍ പ്രതീക്ഷിച്ച് അവസാനത്തെ പത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക:

”അവസാനത്തെ പത്ത് ആയാല്‍ നബിﷺ തന്റെ തുണി മുറുക്കിയുടുക്കുകയും രാത്രി സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു” (ബുഖാരി, മുസ്‌ലിം).

അവസാനത്തെ പത്തില്‍ ”അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫുവ ഫഅ്ഫു അന്നീ” (അല്ലാഹുവേ, നീ പാപമോചനം നല്‍കുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ്; എന്നോട് നീ പൊറുക്കേണമേ” (അബൂദാവൂദ്) എന്ന് കൂടുതലായി പ്രാര്‍ഥിക്കല്‍ നബിചര്യയില്‍ പെടുന്നു.

6. പുണ്യകര്‍മങ്ങള്‍ വര്‍ധിപ്പിക്കുക:

ദാന ധര്‍മങ്ങള്‍, ക്വുര്‍ആന്‍ പഠനം, ഇഅ്തികാഫ് എന്നിവക്ക് കൂടുതല്‍ സമയം കണ്ടെത്തുക.

7. പാപമുക്തി നേടാന്‍ പരിശ്രമിക്കുക:

‘റമദാനില്‍ പാപം പൊറുപ്പിക്കാന്‍ കഴിയാത്തവര്‍ നശിക്കട്ടെ’ എന്ന ഹദീഥിന്റെ ഗൗരവം ഉള്‍ക്കൊള്ളുക.

8. നോമ്പ് നിഷ്ഫലമാക്കാതിരിക്കുക:

നബിﷺ പറഞ്ഞു: ”ചീത്ത വാക്കും പ്രവൃത്തിയും ഒഴിവാക്കാത്തവന്‍ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കണമെന്ന് അല്ലാഹുവിന് ആവശ്യമില്ല” (ബുഖാരി).

9. ഫിത്വ്ര്‍ സക്കാത്ത് നല്‍കുക:

നാട്ടിലെ പ്രധാന ഭക്ഷ്യവസ്തു ഒരാള്‍ക്ക് രണ്ട് കിലോവില്‍ അല്‍പം കൂടുതല്‍ എന്ന തോതില്‍ അര്‍ഹരായവര്‍ക്ക് എത്തിക്കലാണ് നബിചര്യ.

10. പെരുന്നാള്‍ ആഘോഷം:

പ്രഭാതത്തില്‍ നടത്തുക. ആബാലവൃദ്ധം ജനങ്ങളും (സ്ത്രീകള്‍ ഉള്‍പ്പപെടെ) ഈദ്ഗാഹില്‍ വെച്ച് നിര്‍വഹിക്കലാണ് നബിചര്യ. ഏതാനും ചുള കാരക്കകള്‍ മാത്രം ഭക്ഷിച്ചായിരുന്നു നബിﷺ നമസ്‌കാരത്തിന് പുറപ്പെട്ടിരുന്നത്.

നോമ്പ് നിയമമാക്കപ്പെട്ടവര്‍

1. നിര്‍ബന്ധമുള്ളവര്‍:

പ്രായപൂര്‍ത്തിയായ, ബുദ്ധിയും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിം സ്ത്രീപുരുഷന്മാര്‍ക്കും നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്.

2. നിര്‍ബന്ധമില്ലാത്തവര്‍:

പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. എങ്കിലും അവരെ പരിശീലിപ്പിക്കേണ്ടതാണ്.

3. ഇളവ് നല്‍കപ്പെട്ടവര്‍:

ആരോഗ്യമില്ലാത്ത വൃദ്ധര്‍ക്കും ശമനം തീരെ പ്രതീക്ഷയില്ലാത്ത രോഗികള്‍ക്കും ഇളവ് നല്‍കപ്പെട്ടിട്ടുണ്ട.് അവര്‍ ഓരോ നോമ്പിനും പകരം ഓരോഅഗതിക്ക് വീതം ഭക്ഷണം പ്രായച്ഛിത്തം നല്‍കേണ്ടതാണ്.

4. നോറ്റുവീട്ടേണ്ടവര്‍:

ശമനം പ്രതീക്ഷയുള്ള രോഗിക്ക് നോമ്പ് ഒഴിവാക്കാം; പിന്നീട് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. യാത്രക്കാര്‍ വളരെ ബുദ്ധധിമുട്ടി നോമ്പ് അനുഷ്ഠിക്കാതിരിക്കലാണ് ഉത്തമം. അവര്‍ പിന്നീട് നോറ്റു വീട്ടിയായാല്‍ മതിയാകുന്നതാണ്. ഗര്‍ഭിണികളും മുലയൂട്ടുന്ന മാതാക്കളും വിഷമിച്ച് നോമ്പ് നോറ്റു കൊള്ളണമെന്നില്ല. പിന്നീട് നോറ്റു വീട്ടിയാല്‍ മതി. അതിനു കഴിയാത്ത പക്ഷം ഓരോ നോമ്പിനും പകരം ഓരോ അഗതിക്ക് വീതം ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്.

5. നിഷിദ്ധമുള്ളവര്‍:

ആര്‍ത്തവകാരികള്‍ക്കും പ്രസവരക്തമുള്ളവര്‍ക്കും നോമ്പ് അനുഷ്ഠിക്കല്‍ നിഷിദ്ധമാണ്. അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കലും പിന്നീട് നോറ്റുവീട്ടലും നിര്‍ബന്ധമാണ്.

നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍

1. സംയോഗം:

റമദാനിന്റെപകലില്‍ ഭാര്യാഭര്‍തൃബന്ധത്തിലേര്‍പെട്ടാല്‍ നോമ്പ് ദുര്‍ബലപ്പെടും. അത് നോറ്റു വീട്ടുന്നതോടൊപ്പം ഭാരിച്ച പ്രായച്ഛിത്തവും നിര്‍ബന്ധമാണ്. (ഒന്നുകില്‍ വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ രണ്ട്മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കുക, അതുമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് പ്രായച്ഛിത്തം).

2. തിന്നുകയോ കുടിക്കുകയോ ചെയ്യല്‍:

തിന്നുകയോ കുടിക്കുകയോ ചെയ്യുക. മറന്നുകൊണ്ടായാല്‍ നോമ്പ് മുറിയുകയില്ല. നോറ്റുവീട്ടേണ്ടതില്ല. പ്രായച്ഛിത്തവും വേണ്ടതില്ല.

3. ഛര്‍ദിക്കല്‍:

നോമ്പുകാരനായിരിക്കെ ഒരാള്‍ ഉദ്ദേശപൂര്‍വം ചര്‍ദിച്ചാല്‍ അയാളുടെ നോമ്പ് മുറിയുന്നതാണ്.

4. ശരീര പോഷണത്തിന് ഇഞ്ചക്ഷന്‍ എടുക്കല്‍:

ഒരാള്‍ നോമ്പിന്റെ ക്ഷീണം കുറക്കുവാനോ ആരോഗ്യത്തിന് കോട്ടം തട്ടാതിരിക്കുവാനോ വേണ്ടി ഇഞ്ചക്ഷന്‍ എടുത്താല്‍ അയാളുടെ നോമ്പ് ദുര്‍ബലപ്പെടുന്നതാണ്.

5. സ്വയംഭോഗം ചെയ്യല്‍:

ലൈംഗിക ശമനത്തിനായി റമദാനിന്റെ പകലില്‍ സ്വീകരിക്കുന്ന ഏത് മാര്‍ഗവും നോമ്പിനെ മുറിക്കുന്നതാണ്. എന്നാല്‍ ഉറക്കത്തില്‍ സ്ഖലനം സംഭവിച്ചാല്‍ അത് നോമ്പിനെ ദുര്‍ബലപ്പെടുത്തുകയില്ല.

6. ആര്‍ത്തവമോ പ്രസവരക്തമോ പുറപ്പെടല്‍:

നോമ്പ് സമയത്ത് ആര്‍ത്തവരക്തം പുറപ്പെടുകയോ പ്രസവിക്കുകയോ ചെയ്താല്‍ നോമ്പ് മുറിയുന്നതാണ്.

(മേല്‍പറഞ്ഞ കാര്യങ്ങള്‍ നോമ്പുമുറിക്കുന്നവയാണ് എന്ന് അറിഞ്ഞുകൊണ്ടും മനഃപൂര്‍വവും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമെ നോമ്പ് മുറിയുകയുള്ളൂ).

നോമ്പു തുറക്കുമ്പോഴുള്ള മര്യാദകള്‍

സമയമായാലുടനെ നോമ്പു തുറക്കുക എന്നതാണ് നബിചര്യ.

1. പ്രാര്‍ഥനകള്‍ അധികരിപ്പിക്കുക.

നോമ്പുതുറക്കുന്നതിനു മുമ്പായി നടത്തുന്ന പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണ്.

2. ബിസ്മി ചൊല്ലിക്കൊണ്ട് നോമ്പ് തുറക്കുക.

ഈത്തപ്പഴം, അത് കിട്ടിയില്ലങ്കില്‍ കാരക്ക, അതുമില്ലങ്കില്‍ പച്ചവെള്ളം ഇതായിരുന്നു നബിﷺയുടെ നോമ്പു തുറക്കുമ്പോള്‍ കഴിച്ചിരുന്നതിന്റെ മുന്‍ഗണനാക്രമം,

നോമ്പ് തുറന്നാല്‍ ‘ദഹബള്ള്വമഉ…’ എന്ന് തുടങ്ങുന്ന നേരത്തെ ഉദ്ധരിച്ച പ്രാര്‍ഥന ചൊല്ലുക.

പുണ്യമാസത്തിലും അനാചാരം?

റമദാന്‍ പതിനേഴിന്ന് ബദ്‌രീങ്ങളുടെ ആണ്ട് എന്ന പേരില്‍ വലിയ സദ്യയൊരുക്കുന്നതും പ്രത്യേക പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഉരുവിടുന്നതും തീര്‍ത്തും അനാചാരമാണ്. ബദ്‌രീങ്ങളുടെ പേരില്‍ നേര്‍ച്ച നേരുകയും അവരോടു പ്രാര്‍ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നു! ഇവയല്ലാം യഥാര്‍ഥത്തില്‍ ബദ്‌രീങ്ങള്‍ക്കുള്ള ഇബാദത്താണ് (ആരാധനയാണ്). ഇബാദത്ത് അല്ലാഹുവല്ലാത്തവരുടെ പേരില്‍ നിര്‍വഹിക്കല്‍ അല്ലാഹു ഒരിക്കലും പൊറുക്കാത്തതും ശാശ്വത നരകാവകാശിയാക്കുന്നതുമായ ശിര്‍ക്കാണ് താനും.

ബദ്ര്‍ യുദ്ധം നടന്നത് ഹിജ്‌റ രണ്ടാംവര്‍ഷം റമദാന്‍ പതിനേഴിന്നായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്. എന്നാല്‍ എന്തിനു വേണ്ടിയായിരുന്നു ബദ്ര്‍യുദ്ധം നടന്നത് എന്നത് ചിന്തിക്കാതെ പോകുന്നതാണ് കഷ്ടം! നബിﷺ അന്ന് ബദ്‌റില്‍ വെച്ച് പ്രാര്‍ഥിച്ചത് ‘അല്ലാഹുമ്മ ഇന്‍തുഹ്‌ലിക ഹാദിഹില്‍ ഉസ്വാബഃ ലന്‍ തുഅ്ബദ ഫില്‍അര്‍ദ്വ്’ (അല്ലാഹുവേ ഈയൊരു ചെറിയ സംഘത്തെ നീയിവിടെവെച്ച് നശിപ്പിച്ചാല്‍ ഭൂമിയില്‍ നീ മാത്രം ആരാധിക്കപ്പടുന്ന അവസ്ഥയുണ്ടാകുന്നതല്ല), അതുകൊണ്ട് ഞങ്ങളെ നീ വിജയിപ്പിക്കേണമേ എന്നായിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്നായിരുന്നു ബദര്‍യുദ്ധം നടന്നത് എന്നര്‍ഥം. ചിലയാളുകള്‍ പ്രചരിപ്പിക്കുന്നതുപോലെ ബദ്ര്‍ദിനം മര്‍ദിതന്റെ മോചനദിനമല്ല; തൗഹീദിന്റെ വിജയ ദിനമാണ്. ബദ്‌റില്‍ പടപൊരുതിയ വിശ്വാസികളെ പോലെ തൗഹീദിന്റെ മാര്‍ഗത്തില്‍ നമുക്ക് പ്രിയപ്പെട്ടതെന്തും നാഥന്റെ പ്രീതിക്കായി സമര്‍പ്പിക്കുവാന്‍ നാമും പ്രതിജ്ഞയെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഇന്ന് സമുദായത്തില്‍ പലരും ബദ്‌റിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നതിന്ന് ഇസ്‌ലാമില്‍ യാതൊരു മാതൃകയുമില്ല. ബദ്‌റിന്ന് ശേഷം എട്ടുകൊല്ലം നബിﷺ ജീവിച്ചു. ഏതെങ്കിലും ഒരുവര്‍ഷം ബദ്ര്‍ ദിനത്തില്‍ പ്രത്യേക ദിക്‌റുകള്‍ ചൊല്ലിയിട്ടില്ല. ബദ്‌റില്‍ പങ്കെടുത്തവരുടെ മദ്ഹ് പാടിയിട്ടില്ല. അവരുടെ പേരില്‍ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുകയോ, അതിനു കല്‍പിക്കുകയോ ചെയ്തതായി യാതൊരു രേഖയുമില്ല. അക്കാരണത്താല്‍ തന്നെ അത് ബിദ്അത്താണ്. നരകത്തിലേക്ക് എത്തിക്കുന്നതുമാണ്. അല്ലാഹു കാക്കട്ടെ (ആമീന്‍).

തറാവീഹ് നമസ്‌കാരം

വിശുദ്ധ റമദാനിലെ പുണ്യകര്‍മങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് രാത്രിയിലെ സുന്നത്ത് നമസ്‌കാരം. രാത്രിനമസ്‌കാരം എന്ന അര്‍ഥത്തില്‍ ‘ക്വിയാമുല്ലൈല്‍’ എന്നും അത് റമദാനിലാകുമ്പോള്‍ ‘ക്വിയാമു റമദാന്‍’ എന്നും, രാത്രി ഉറങ്ങി എഴുന്നേറ്റ് നമസ്‌കരിക്കുന്നത് കൊണ്ട് ‘തഹജ്ജുദ്’ എന്നും, ഒറ്റയില്‍ അവസാനിപ്പിക്കുന്നത് കൊണ്ട് ‘വിത്ര്‍’ എന്നും, ഈരണ്ട് റക്അത്തുകള്‍ക്ക് ശേഷം വിശ്രമിക്കുന്നതിനാല്‍ ‘തറാവീഹ്’ എന്നുമുള്ള പേരിലാണ് പ്രസ്തുത നമസ്‌കാരം അറിയപ്പെടുന്നത്.

ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രി ഉള്‍ക്കൊള്ളുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ പകല്‍ നോമ്പനുഷ്ഠിക്കുന്നത് പോലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പുണ്യകര്‍മമാണ് രാത്രിയിലെ സുന്നത്ത് നമസ്‌കാരവും. പ്രവാചകന്‍ﷺ പറയുന്നു: ”ആരെങ്കിലും റമദാനില്‍ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി (രാത്രി) നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്” (ബുഖാരി).

നബിﷺ ഏതാനും ദിവസം മാത്രമാണ് ഇത് സഹാബികളേയും കൊണ്ട് സംഘമായി നമസ്‌കരിച്ചിട്ടുള്ളത്. ആഇശ(റ) പറയുന്നു: ”നബിﷺ സ്വഹാബികളേയുംകൊണ്ട് പള്ളിയില്‍ വെച്ച് നമസ്‌കരിച്ചു. രണ്ടാം ദിവസവും നമസ്‌കരിച്ചു; അന്ന് ജനങ്ങള്‍ കൂടിവന്നു. മൂന്നാം ദിവസമോ നാലാം ദിവസമോ ജനങ്ങള്‍ ഒരുമിച്ചുകൂടി. അന്ന് നബിﷺ പള്ളിയില്‍ എത്തിയില്ല. സുബ്ഹിയായപ്പോള്‍ നബിﷺ പറഞ്ഞു: ‘നിങ്ങള്‍ ചെയ്തത് ഞാന്‍ അറിഞ്ഞിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയമാണ് എന്നെ തടഞ്ഞത്.’ അത് ഒരു റമദാന്‍ മാസത്തിലായിരുന്നു” (ബുഖാരി, മുസ്‌ലിം). ഈ ഹദീസിന്റെ അടിസ്ഥാന ത്തിലാണ് പിന്നീട് ഉമര്‍(റ) സംഘടിതമായി പ്രസ്തുത നമസ്‌കാരം നിര്‍വഹിക്കാന്‍ ഇമാമുകളെ ചുമതലപ്പെടുത്തിയത്.

റക്അത്തുകളുടെ എണ്ണം: അബൂസലമ(റ) പറയുന്നു: ”ആഇശ(റ)യോട് നബി)ﷺയുടെ റമദാനിലെ രാത്രി നമസ്‌കാരം എപ്രകാരമായിരുന്നു എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘നബിﷺ റമദാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാള്‍ വര്‍ധിപ്പിക്കാറില്ല…” (ബുഖാരി; അധ്യായം തറാവീഹ് നമസ്‌കാരം).

ജാബിര്‍(റ)വില്‍ നിന്ന്: ”നബിﷺ റമദാനില്‍ ഞങ്ങളെയുംകൊണ്ട് എട്ട് റക്അത്ത് നമസ്‌കരിച്ചു. ശേഷം വിത്‌റാക്കുകയും ചെയ്തു” (ത്വബ്‌റാനി, ഇബ്‌നു ഖുസൈമ:, ഇബ്‌നു ഹിബ്ബാന്‍).

സാഇബ്ബ്‌നു യസീദ്(റ) പറയുന്നു: ”ഉമര്‍(റ) ഉബയ്യുബ്‌നു കഅ്ബിനോടും തമീമുദ്ദാരിയോടും ജന ങ്ങള്‍ക്ക് പതിനൊന്ന് റക്അത്ത് ഇമാമായി നമസ്‌കരിക്കുവാന്‍ കല്‍പിച്ചു; ഓരോ റക്അത്തിലും നൂറോളം ആയത്തുകള്‍ ഇമാമുകള്‍ ഓതാറുണ്ടായിരുന്നു. നിറുത്തത്തിന്റെ ദൈര്‍ഘ്യം കാരണത്താല്‍ വടികളില്‍ ഊ ന്നിനിന്നുകൊണ്ടായിരുന്നു ഞങ്ങള്‍ നമസ്‌കരിച്ചിരുന്നത്. സുബ്ഹിയോടടുത്ത സമയത്തല്ലാതെ ഞങ്ങള്‍ പിരിഞ്ഞുപോകാറില്ലായിരുന്നു” (ഇമാം മാലിക്(റ), അല്‍മുവത്വഅ്. അധ്യായം റമദാനിലെ രാത്രിനമസ്‌കാരം).

ജാബിര്‍(റ)ല്‍ നിന്ന്: ഉബയ്യുബ്‌നു കഅബ്(റ) നബിﷺയുടെ അടുത്ത് വന്നു പറഞ്ഞു: ‘പ്രവാചകരേ, റമദാനിലെ രാത്രിയില്‍ ഒരു സംഭവമുണ്ടായി.’ നബിﷺ എന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്റെ വീട്ടിലെ സ്ത്രീകള്‍ അവര്‍ക്ക് കൂടുതല്‍ ക്വുര്‍ആന്‍ ഓതാന്‍ അറിയാത്തതിനാല്‍ എന്നെ തുടര്‍ന്ന് നമസ്‌കരിക്കുന്നു. ഞാന്‍ അവര്‍ക്ക് എട്ട് റക്അത്ത് നമസ്‌കരിച്ചുകൊടുത്തു, ശേഷം വിത്‌റും നമസ്‌കരിച്ചു.’ തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ‘നബിക്ക് അത് തൃപ്തിപ്പെട്ടതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. അദ്ദേഹം എതിര്‍പ്പൊന്നും പറഞ്ഞില്ല’ (ഇബ്‌നുഹിബ്ബാന്‍).

ആഇശ(റ) പറയുന്നു: ”നബിയുടെ രാത്രി നമസ്‌കാരം പത്ത് റക്അത്തായിരുന്നു. ശേഷം ഒരു റക്അത്ത് കൊണ്ട് വിത്‌റാക്കും പിന്നീട് സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്തും നമസ്‌കരിക്കും. അങ്ങനെ പതിമൂന്ന് റക്അത്ത് ആകും” (മുസ്‌ലിം).

ഇബ്‌നു അബ്ബാസ്(റ) വില്‍ നിന്ന്: ”നബിﷺ രാത്രിയില്‍ എട്ട് റക്അത്ത് നമസ്‌കരിക്കും. ശേഷം മൂന്ന് റക്അത്ത് കൊണ്ട് വിത്‌റാക്കിയ ശേഷം സുബ്ഹിയുടെ രണ്ട് റക്അത്തും നമസ്‌കരിക്കും” (നസാഇ).

നബിﷺയും സ്വഹാബിമാരും പതിനൊന്ന് റക്അത്തായിരുന്നു നമസ്‌കരിച്ചിരുന്നതെന്ന് മേല്‍ കൊടുത്ത ഹദീഥുകളില്‍ നിന്നും വ്യക്തമാകുന്നു. ഉമര്‍(റ) കല്‍പിച്ചതും അതാണ്. അത് പിന്‍പറ്റലാണ് നബിചര്യ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരണീയമായിട്ടുള്ളത്.

നബിﷺ കാലില്‍ നീരുകെട്ടും വിധം സുദീര്‍ഘമായിട്ടായിരുന്നു നമസ്‌കരിച്ചിരുന്നത്. അപ്രകാരം തന്നെയായിരുന്നു സ്വഹാബികളുടെയും നമസ്‌കാരം. അത്‌കൊണ്ട് തന്നെ റക്അത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വാശിപിടിക്കുന്നതിലല്ല പുണ്യം എന്ന് മനസ്സിലാക്കുക. പതിനൊന്ന് റക്അത്തിനെക്കാള്‍ അധികരിക്കാത്ത വിധം കഴിയുന്നത്ര ക്വുര്‍ആന്‍ പാരായണം ചെയ്ത് ഈരണ്ട് റക്അത്തുകളായി ദീര്‍ഘമായി നമസ്‌കരിച്ച് ഒറ്റയില്‍ അവസാനിപ്പിക്കുക എന്നതാണ് നബിചര്യ. ഉറങ്ങി എഴുന്നേറ്റ് രാത്രിയുടെ അവസാനത്തില്‍ നമസ്‌കരിക്കാന്‍ കഴിയുമെങ്കില്‍ അത് കൂടുതല്‍ പുണ്യകരമാണ്. അല്ലാഹു എല്ലാ വിഷയത്തിലും നബിചര്യ പിന്തുടര്‍ന്ന് ജീവിക്കാന്‍ നമ്മെ അനുഗ്രഹിക്കട്ടെ (ആമീന്‍).

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി

നേർപഥം വാരിക

വ്രതം തിന്മകളെ തടുക്കുന്ന പരിച

വ്രതം തിന്മകളെ തടുക്കുന്ന പരിച

മനുഷ്യന്‍ ഏറെ ആഗ്രഹങ്ങളുള്ള ഒരു ജീവിയാണ്. മോഹങ്ങളും പ്രതീക്ഷകളുമില്ലാത്തവര്‍ക്ക് ജീവിതത്തില്‍ പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ കഴിയില്ല. പക്ഷേ, ആ മോഹങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ കയറൂരി വിടാന്‍ പാടില്ല. കടിഞ്ഞാണില്ലാത്ത മോഹങ്ങളെല്ലാം സഫലീകരിക്കാനുള്ള ശ്രമം ധാരാളം വിനകള്‍ വരുത്തിവെക്കും. നിത്യേന നാം കേട്ടുകൊണ്ടിരിക്കുന്ന ഒരുപാട് അതിക്രമങ്ങളുടെ വാര്‍ത്തകള്‍ക്കു കാരണം ദേഹേച്ഛകളുടെ പിന്നാലെയുള്ള കുതിച്ചോട്ടമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ശക്തമായ ദൈവിക ബോധത്തിന്റെ കടിഞ്ഞാണ്‍ പൊട്ടിച്ചെറിഞ്ഞ് ദേഹേച്ഛകളുടെ  പിന്നാലെ കുതിച്ചാല്‍ അപകടങ്ങളിലും അബദ്ധങ്ങളിലുമായിരിക്കും എത്തിച്ചേരുകയെന്ന് വിശുദ്ധ ക്വുര്‍ആന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

”സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു” (ക്വുര്‍ആന്‍ 23:71).

സത്യം ബോധ്യപ്പെട്ടിട്ടും സത്യപ്രവാചകനായ മുഹമ്മദ് നബിﷺയെ തിരിച്ചറിഞ്ഞിട്ടും വേദത്തിന്റെ ആളുകളടക്കമുള്ളവരെ ആ സത്യം സ്വീകരിക്കുന്നതില്‍ നിന്ന് തടഞ്ഞത് ദേഹേച്ഛകളാണെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു:

”ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാ തെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാ ക്കുകയില്ല; തീര്‍ച്ച” (28:50).

അതിനാല്‍ ദേഹേച്ഛകളെ നിയന്ത്രിക്കല്‍ അനിവാര്യമാണ്. ജീവിത വിജയത്തിന് അത് കൂടിയേ തീരൂ. അത്തരത്തിലുള്ളൊരു നിയന്ത്രണം സാധിതമാകുന്ന മഹത്തായൊരു ആരാധനയാണ് യഥാര്‍ഥത്തില്‍ വ്രതം. വികാര വിചാരങ്ങളും വിശപ്പും ദാഹവുമൊക്കെ നിയന്ത്രിച്ച് ശരീരത്തെയും മനസ്സിനെയും ശക്തമായി മെരുക്കിയെടുക്കാന്‍ വ്രതം സഹായിക്കുന്നു. വിശപ്പും ദാഹവുമുണ്ടായിട്ടും രുചികരമായ ഭക്ഷണ പാനീയങ്ങള്‍ സുലഭമായിട്ടും സത്യവിശ്വാസി വ്രതനാളുകളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നില്ല; ഒരു പിടി ഭക്ഷണം പോലും കഴിക്കുന്നില്ല. മനസ്സിന്റെ കൊതികള്‍ക്കെല്ലാം അയാള്‍ കടിഞ്ഞാണിടുന്നു. എല്ലാം സര്‍വലോക പരിപാലകനായ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി. അങ്ങനെയുള്ള ആത്മനിയന്ത്രണം നോമ്പിലൂടെ നേടിയെടുക്കുവാന്‍ സാധിച്ചാല്‍ ആ നോമ്പ് സാര്‍ഥകമായിത്തീരുന്നു.

 നരക ശിക്ഷയില്‍ നിന്നുള്ള രക്ഷക്കായി എല്ലാവിധ തിന്മകളില്‍ നിന്നും മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന രക്ഷാകവചമാണ് വിശ്വാസികള്‍ അനുഷ്ഠിക്കുന്ന വ്രതം. നബിﷺ പറഞ്ഞു:

”നോമ്പ് ഒരു പരിചയാണ്. സത്യവിശ്വാസി അതുമുഖേന  നരകത്തെ പ്രതിരോധിക്കുന്നു”(അഹ്മദ്). ഈ തിരിച്ചറിവോടെ റമദാനിന്റെ രാപകലുകളെ ഉപയോഗപ്പെടുത്തുവാനും തുടര്‍ന്നുള്ള ജീവിതത്തില്‍ അതിന്റെ ചൈതന്യം നിലനിര്‍ത്തുവാനും വിശ്വാസിക്ക് സാധിക്കേണ്ടതുണ്ട്. 

ശമീര്‍ മദീനി

നേർപഥം വാരിക

സോഷ്യല്‍ മീഡിയാ കാലത്തെ റമദാന്‍

സോഷ്യല്‍ മീഡിയാ കാലത്തെ റമദാന്‍

”മുന്‍ഗാമികള്‍ എങ്ങനെയാണ് ഒരു ദിവസത്തില്‍ തന്നെ അഞ്ചും ആറും ജുസ്അ് ക്വുര്‍ആന്‍ ഓതിയിരുന്നത് എന്ന് നാം പലപ്പോഴും അത്ഭുതം കൂറാറുണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ വന്നതോടെ ആ സംശയം മാറി. ഒരു കാര്യം ആളുകള്‍ക്ക് ഇഷ്ടമായിക്കഴിഞ്ഞാല്‍ അവര്‍ എത്ര സമയം വേണമെങ്കിലും ആ കാര്യത്തിനുവേണ്ടി ചെലവഴിക്കും എന്ന് സോഷ്യല്‍ മീഡിയ തെളിയിക്കുന്നു” മദീനയിലെ പ്രമുഖ പണ്ഡിതന്‍ സുലൈമാന്‍ റുഹൈലിയുടേതാണ് ഈ വാക്കുകള്‍. 

 

ലോകം ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ക്കു പിന്നാലെയാണ്. ഒരു കാര്യം തീരുമാനിക്കുവാനും ഒരു കാര്യം നിരാകരിക്കുവാനും എന്തിനധികം, ഒരു ഭരണകൂടത്തെ മറിച്ചിടാന്‍ വരെ കഴിവുള്ള ഒരു ശക്തിയായി സാമൂഹിക മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചില ‘അജ്ഞാതര്‍’ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മൂലം കേരളത്തില്‍ എന്താണ് സംഭവിച്ചത് എന്ന് കഴിഞ്ഞ ആഴ്ചകളില്‍ നാം കണ്ടതാണ്.

 

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ പറ്റാത്ത വിധം അതിന്റെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഒരുപാട് നന്മകള്‍ കൊയ്‌തെടുക്കാനും തന്റെ ആദര്‍ശ പ്രചാരണത്തിന് ശക്തമായ ഒരു ചാനല്‍ സൃഷ്ടിക്കാനും സോഷ്യല്‍ മീഡിയ വഴി അവനു കഴിയും. നിരവധി നന്മകള്‍ ഉള്ളതോടൊപ്പം തന്നെ തിന്മകളുടെ അപകടം നിറഞ്ഞ ചതിക്കുഴികളും ഈ നവമാധ്യമങ്ങളിലുണ്ട്. തങ്ങളുടെ വിശ്വാസം തന്നെ പിഴച്ചുപോവാന്‍ കാരണമാകുന്ന വിധത്തില്‍ ഈ സംവിധാനത്തില്‍ ഇടപെടുന്നവരും കുറവല്ല. വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട മേഖലയാണിത്.

 

റമദാന്‍ സമാഗതമാവുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ മനഃപൂര്‍വമായ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടില്ല എങ്കില്‍ നിരവധി അപകടങ്ങള്‍ വിശ്വാസിക്ക് സംഭവിക്കാന്‍ സാധ്യതയുണ്ട്. സമയം ക്രമീകരിക്കുക എന്നതുതന്നെയാണ് ഏറ്റവും പ്രധാനം. പകലും രാത്രിയുമായി നിശ്ചിത സമയത്ത് മാത്രമെ  ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ശ്രദ്ധിക്കുകയുള്ളൂ എന്ന തീരുമാനം സ്വയം എടുത്തില്ലെങ്കില്‍ നമ്മുടെ ക്വുര്‍ആന്‍ പാരായണത്തെയും മറ്റു ദിക്‌റ് ദുആകളെയും അത് സാരമായി ബാധിക്കും. ക്വുര്‍ആന്‍ ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും ഓതിത്തീര്‍ക്കുമെന്ന നിയ്യത്ത് റമദാനിനു മുമ്പ് തന്നെ നമുക്ക് ഉണ്ടാകേണ്ടതാണ്. മുന്‍ഗാമികള്‍ മൂന്ന് ദിവസത്തില്‍ ഖത്തം തീര്‍ത്തിരുന്നു എന്ന് നാം അറിയുമ്പോള്‍ ഒരു പ്രാവശ്യമെങ്കിലും ഖത്തം തീര്‍ക്കാന്‍ നമുക്ക് ആയില്ല എങ്കില്‍ നമ്മുടെയും അവരുടെയും ഇടയിലുള്ള സല്‍കര്‍മങ്ങളുടെ വിടവിന് വീതി കൂടുകയേ ഉള്ളൂ. 

 

ഏറ്റവും പ്രധാനപ്പെട്ടത് മാത്രം ശ്രദ്ധിക്കുകയും മറ്റുള്ളവയെ അവഗണിക്കുകയും ചെയ്യുക എന്ന ഒരു പെരുമാറ്റച്ചട്ടം നാം സ്വയം സ്വീകരിക്കേണ്ടതുണ്ട്. എല്ലാം ശ്രദ്ധിക്കാനും എല്ലാറ്റിനും പ്രതികരിക്കാനും നിന്നാല്‍ നമ്മുടെ നോമ്പ് കേവലം പട്ടിണി മാത്രമായി ചുരുങ്ങും എന്നതില്‍ സംശയമില്ല. ”ഒരു വിശ്വാസിയുടെ ഇസ്‌ലാമിന്റെ നന്മയുടെ ഭാഗമാണ് അവന് ആവശ്യമില്ലാത്തത് അവനൊഴിവാക്കല്‍” എന്ന പ്രവാചക വചനം സാമൂഹ്യ മാധ്യമങ്ങളിലെ ‘തൊഴിലാളികള്‍’ നന്നായി ശ്രദ്ധിക്കേണ്ടതാണ്. ‘ഫേസ്ബുക്ക് മാത്രം’ നോക്കി ‘അല്ലാഹുവിന്റെ ബുക്ക്’ വായിക്കാന്‍ സമയം കിട്ടാത്തവര്‍ റമദാനില്‍ ഉണ്ടായിക്കൂടാ.

 

തനിക്ക് ലഭിച്ച എല്ലാ മെസേജുകളും ഇതര ആളുകളിലേക്ക് ‘ഷെയറും’ ‘ഫോര്‍വേഡും’ ചെയ്യും മുമ്പ് നല്ലവണ്ണം ആലോചിക്കുന്നത് നല്ലതാണ്. ”കേട്ടതെല്ലാം പറയുക എന്നതുതന്നെ ഒരാള്‍ക്ക് കളവായിട്ട് മതിയാകും” എന്ന നബി തിരുമേനിﷺയുടെ താക്കീത് ഏതു കാലത്തും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുതന്നെയാണ്. വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിക്കപ്പെട്ട കളവുകള്‍ മാത്രം ക്രോഡീകരിച്ച് ഒരു സന്ദേശം ഈയിടെ പ്രചരിച്ചത് ഓര്‍ക്കുന്നു. നിരവധി കളവുകളും വാസ്തവ വിരുദ്ധമായ സംഗതികളും വിവരിക്കുന്ന ഒരു ആകാശമാണ് സോഷ്യല്‍ മീഡിയകളിലുള്ളത് എന്ന് വിശ്വാസികള്‍ തിരിച്ചറിയണം.

 

സ്ത്രീകളുടെ ചിത്രങ്ങളും നഗ്നത വെളിവാകുന്ന ഫോട്ടോകളും ഷെയര്‍ ചെയ്ത് സായൂജ്യമടയുമ്പോള്‍ തങ്ങള്‍ നോമ്പുകാരാണ് എന്ന് പോലും ആളുകള്‍ മറന്ന് പോവുന്ന അവസ്ഥയുണ്ട്. എല്ലാ റമദാനിലും എന്തെങ്കിലുമൊക്കെ ഫിത്‌നകള്‍ പിശാച് ഒപ്പിക്കാറുണ്ട്. ഈ റമദാനിലും അത് പ്രതീക്ഷിക്കാം. അത്തരം പൈശാചിക കെണികളില്‍ കുടുങ്ങി റമദാനിന്റെ ചൈതന്യത്തെ ചോര്‍ത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ‘തിന്മ ചെയ്യുന്നവരേ നാശം! നിങ്ങള്‍ ചുരുക്കൂ!’ എന്ന് വാനലോകത്ത് നിന്ന് മലക്കുകള്‍ വിളിച്ച് പറയുന്നുണ്ട് എന്നെങ്കിലും ഗ്രഹിച്ചാല്‍ നന്ന്.

 

ക്വുര്‍ആനിന്റെ അവതരണ മാസത്തില്‍ ക്വുര്‍ആന്‍ തന്നെയാവട്ടെ നമ്മുടെ സാമൂഹ്യ മാധ്യമങ്ങളിലെ അജണ്ട. ക്വുര്‍ആനിന്റെ സന്ദേശമാവട്ടെ റമദാനിലെ നമ്മുടെ സന്ദേശങ്ങളിലും നിറഞ്ഞ് നില്‍ക്കേണ്ടത്. ക്വുര്‍ആനിന്റെ പ്രചാരണം റമദാനില്‍ നാം ശ്രദ്ധിക്കുമ്പോള്‍ അത് റമദാനിനോടും സ്വന്തത്തോടും നീതി പുലര്‍ത്തലാവും. അതാവട്ടെ പ്രതിഫലം കാംക്ഷിക്കാവുന്ന പ്രവര്‍ത്തനമാണുതാനും.

 

പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങളില്‍ നാം നവമാധ്യമങ്ങളുടെ കൂടെയാവരുത്. റബ്ബിന്റെ മുന്നില്‍ നമ്മുടെ ആവശ്യങ്ങള്‍ മനസ്സുരുകി തേടേണ്ട സമയത്ത് വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും സമയം കഴിക്കുന്നവരെ നഷ്ടക്കാര്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? അത്താഴത്തിന്റെ സമയത്തും നോമ്പ് തുറക്കുന്ന സമയത്തും നമസ്‌കാരാനന്തര സമയത്തുമെല്ലാം നാം പ്രാര്‍ഥനയില്‍ തന്നെയാണ് കഴിച്ച് കൂട്ടേണ്ടത്. ഉറങ്ങി എഴുന്നേറ്റ ഉടനെ നേരെ വാട്ട്‌സ്ആപ്പില്‍ കയറുന്ന രീതി ഏത് കാലത്തും നാം ഒഴിവാക്കുക തന്നെ വേണം.

 

റമദാന്‍ സാക്ഷി പറയും എന്ന് നബി ﷺ പറഞ്ഞിട്ടുണ്ടല്ലോ! ക്വുര്‍ആനും സാക്ഷി പറയും. ഇതിന്റെ രണ്ടിന്റെ സാക്ഷിത്വവും നമുക്ക് അനുകൂലമാവുന്ന തരത്തിലേ റമദാനിലെ നമ്മുടെ സോഷ്യല്‍ മീഡിയാ ഇടപെടല്‍ ആകാവൂ. ലോകത്ത് നടക്കുന്ന എല്ലാ കാര്യത്തിലും ‘എന്റെ സ്വന്തം വക ഒരഭിപ്രായം’ രേഖപ്പെടുത്താതിരുന്നാല്‍ മോശമാണ് എന്ന അനാവശ്യ ചിന്ത നാം തീര്‍ച്ചയായും ഒഴിവാക്കേണ്ടതുതന്നെയാണ്. നമ്മുടെ വിലരുകളും കണ്ണുകളും റമദാനില്‍ നമുക്ക് അനുകൂലമായിട്ടേ സാക്ഷി പറയൂ എന്നത് തീരുമാനിക്കേണ്ടത് നാം തന്നെയാണ്.

 

ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എന്താണു കാര്യം എന്നതും സ്വയം ആലോചിക്കാവുന്നതാണ്. ഇബ്‌നുല്‍ ഖയ്യിം(റഹ്) പറഞ്ഞതുപോലെ ‘ക്വബ്‌റിന്റെ ഏകാന്തത ഓര്‍മിപ്പിക്കുന്ന തരത്തിലാവണം ഇഅ്തികാഫുകള്‍ ഉണ്ടാവേണ്ടത്.’ പക്ഷേ, ഇന്നത്തെ ഇഅ്തികാഫുകളില്‍ ക്വബ്‌റിലെ ഏകാന്തതയാണോ അതല്ല അങ്ങാടിയിലെ ചര്‍ച്ചകളാണോ സംഭവിക്കാറുള്ളത് എന്നത് ചിന്തിക്കേണ്ടതാണ്. തിരുത്തുകയും മാറ്റുകയും ചെയ്യേണ്ടവര്‍ നാം തന്നെയാണ്. ഏതൊരു ആരാധനയും അതിന്റെ ചൈതന്യത്തോടെ നിര്‍വഹിക്കുമ്പോഴേ അതിന് പരലോകത്ത് പ്രതിഫലം ലഭിക്കുകയുള്ളൂ. കേവലം ചടങ്ങുകള്‍ക്കോ പ്രകടനപരതക്കോ അല്ലാഹുവിന്റെയടുക്കല്‍ കൂലി ലഭിക്കും എന്ന് കരുതുന്നത് വെറുതെയാണ്.

 

ഇഫ്താറുകള്‍ ‘സല്‍കാര’ങ്ങളായി മാറിയ ഇക്കാലത്ത് ഇഫ്താറിന് വേണ്ടി തയ്യാറാക്കിയ എണ്ണമറ്റ വിഭവങ്ങള്‍ക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് സായൂജ്യമടയുന്നവരെയും നമുക്ക് കാണാം. റമദാനില്‍ ഇതെല്ലാം എത്രമാത്രം ആഭാസകരമാണ് എന്നത് എല്ലാവരും ചിന്തിക്കുന്നത് നല്ലതാണ്. റമദാന്‍ ഒരു സീസണല്ല; അത് ഷോപ്പിംഗ് നടത്തി തീര്‍ക്കാനുള്ളതുമല്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ചടഞ്ഞിരുന്ന് സമയത്തെ ബലികഴിക്കലുമല്ല. റമദാന്‍ പുണ്യങ്ങളുടെ പൂക്കാലമാണ്. ആരാധനയുടെ മാസമാണ്. ജീവിതത്തില്‍ അല്ലാഹു നല്‍കുന്ന അസുലഭ സമ്മാനമാണ്. അതിന്റെ ചൈതന്യം കളഞ്ഞു കുളിക്കുന്നവര്‍ നഷ്ടക്കാര്‍ തന്നെ. റമദാനിനെ ശരിയായ അര്‍ഥത്തില്‍ സ്വീകരിക്കാന്‍ മനസ്സറിഞ്ഞ് തന്നെ പണിയെടുക്കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

അബ്ദുല്‍മാലിക് സലഫി

നേർപഥം വാരിക

ധൂര്‍ത്തിന്റെ നോമ്പുതുറക്ക് കടിഞ്ഞാണിടുക

ധൂര്‍ത്തിന്റെ നോമ്പുതുറക്ക് കടിഞ്ഞാണിടുക

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളില്‍ നിന്നും വികാരപൂര്‍ത്തീകരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരു കര്‍മമാണ് ഇസ്‌ലാമിലെ വ്രതം. വ്രതാനുഷ്ഠാനം ദോഷബാധയെ സൂക്ഷിക്കുന്നതിന്ന് വിശ്വാസികളെ സജ്ജമാക്കുന്നു. ദൈവഹിതത്തെ മാത്രം മാനിച്ചുകൊണ്ട് ആഹാരപാനീയങ്ങള്‍ വെടിയുകയും വികാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരാളില്‍ ദൈവബോധവും സൂക്ഷ്മതയും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വ്യക്തിയെ സ്വയംനിയന്ത്രണത്തിന് പാത്രമാക്കുകയും മ്ലേഛമായ സ്വഭാവങ്ങളില്‍ നിന്ന് മുക്തമാക്കുകയും ചെയ്യുന്ന മഹത്തായ ഒരു ആരാധനയാണ് വ്രതം എന്നിരിക്കെ അനിയന്ത്രിതമായ ജീവിതം നയിക്കുകയും മ്ലേഛതകളില്‍ വിഹരിക്കുകയും ചെയ്യുന്നവരായി നോമ്പുകാരില്‍ ചിലരെങ്കിലും മാറുന്നുവെങ്കില്‍ അവര്‍ നോമ്പിന്റെ ആത്മാവ് തൊട്ടറിയാത്തവരും അതിന്റെ ചൈതന്യം ഉള്‍ക്കൊള്ളാത്തവരുമായിരിക്കുമെന്നതില്‍ സംശയമില്ല.

ജീവിതത്തില്‍ ഉത്തമമായ മാറ്റത്തിന് വിധേയമാവാന്‍ നോമ്പുകൊണ്ട് കഴിയേണ്ടതുണ്ട്. സംസാരത്തിലും പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലും അത് സാധീനം ചെലുത്തേണ്ടതുണ്ട്. പകല്‍ സമയം ഭക്ഷണ പാനീയങ്ങള്‍ വര്‍ജിക്കുന്നതിന് പകരമെന്നോണം രാത്രിയെ തീറ്റയാല്‍ സജീവമാക്കുന്ന പ്രവണതയാണിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. വിശപ്പും ദാഹവും തീര്‍ക്കുക എന്നതിനപ്പുറം മൂക്കറ്റം വാരിവലിച്ചുതിന്ന് ഇശാഅ് നമസ്‌കാരത്തിനോ തറാവീഹ് നമസ്‌കാരത്തിനോ പോകാന്‍ കഴിയാതെ മയങ്ങിക്കിടക്കുന്ന അവസ്ഥയിലേക്കുവരെ പലരും ചെന്നെത്താറുണ്ട്.

നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നത് വളരെയധികം പ്രതിഫലാര്‍ഹമായ കാര്യമാണ്. എന്നാല്‍ ഇന്ന് പല നോമ്പുതുറകളും ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും ആഘോഷ വേളകളാണ്. നോമ്പ് തുറപ്പിക്കുന്നതിന്റെ പുണ്യം നേടുക എന്നതല്ല, അതിഗംഭീരമായ നോമ്പുതുറ നടത്തി എന്ന ഖ്യാതി നേടലാണ് പലരുടെയും ലക്ഷ്യം. അതുകൊണ്ടുതന്നെ അത്തരം നോമ്പുതുറകളില്‍ നിന്ന് നോമ്പുള്ള സാധാരണക്കാര്‍ അകറ്റപ്പെടുകയും നോമ്പുള്ളവരും ഇല്ലാത്തവരുമായ സമ്പന്നര്‍ ക്ഷണിക്കപ്പെടുകയും ചെയ്യലാണ് പതിവ്.

ഗംഭീരമായ നോമ്പുതുറ നടത്തുവാന്‍ കയ്യില്‍ കാശില്ലാത്ത ചിലര്‍ പലിശക്ക് കടംവാങ്ങി വരെ നോമ്പുതുറ നടത്താറുള്ളത് വാസ്തവമാണ്. പുണ്യം നേടാന്‍ ഹറാമിന്റെ മാര്‍ഗം സ്വീകരിക്കുന്നതിലെ വൈരുധ്യത്തെക്കുറിച്ച് ചിന്തിക്കുക. നോമ്പ് തുറക്കുന്ന വേളയില്‍ ഡസന്‍ കണക്കിന് എണ്ണപ്പലഹാരങ്ങളും ഇഷ്ടം പോലെ പഴവര്‍ഗങ്ങളും നിരത്തിവെക്കുന്ന സമ്പ്രദായം തുടങ്ങിയിട്ട് കാലമേറെയായിട്ടില്ല. പിന്നെ മഗ്‌രിബ് നമസ്‌കാര ശേഷം കഴിക്കാന്‍ വിളമ്പുന്നത് ബിരിയാണി, കഫ്‌സ, പത്തിരി, പൊറോട്ട, ചിക്കന്‍, ബീഫ് തുടങ്ങി അനേകം വിഭവങ്ങളും. അവസാനം നല്ലൊരു ശതമാനം ഭക്ഷണവും വേസ്റ്റ് കുഴിയില്‍ വലിച്ചെറിയപ്പെടുന്നു.

ഇതില്‍ ഒരു മാറ്റം വരേണ്ടത് അനിവര്യമാണ്. റമദാന്‍ എന്നു പറഞ്ഞാല്‍ മുസ്‌ലിംകള്‍ക്ക് തീറ്റയുടെ ആഘോഷമാണ് എന്ന് മറ്റുള്ളവര്‍ വിചാരിക്കുന്ന അവസ്ഥയാണിന്നുള്ളത്. നമ്മള്‍ തന്നെയാണ് ഇതിനു കാരണക്കാര്‍. അതിനാല്‍ മാറേണ്ടത് നമ്മളാണ്, നമ്മുടെ മനോഗതിയാണ്. തിന്നുന്നതിലും കുടിക്കുന്നതിലുമെല്ലാം മിതത്വം പാലിക്കുവാന്‍ കല്‍പിച്ച മതമാണ് ഇസ്‌ലാം.

റമദാനിന്റെ ദിനരാത്രങ്ങളെ ആരാധനയാല്‍ സജീവമാക്കുന്നതിലാണ് വിശ്വാസികള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്; നോമ്പുതുറ വിഭവങ്ങളുടെ വൈവിധ്യങ്ങളിലല്ല.

 

പത്രാധിപർ

 

നേർപഥം വാരിക 

നഷ്ടപ്പെടുത്തരുത് ഈ പത്ത് ദിനങ്ങള്‍

നഷ്ടപ്പെടുത്തരുത് ഈ പത്ത് ദിനങ്ങള്‍

റമദാനിലെ മറ്റെല്ലാ ദിനരാത്രങ്ങളെക്കാളും ശ്രേഷ്ഠത അവസാനത്തെ പത്ത് ദിനങ്ങള്‍ക്കുണ്ട്. നമ്മുടെ മുന്‍ഗാമികള്‍ മൂന്ന് പത്തുകള്‍ക്ക് ശ്രേഷ്ഠത കല്‍പിച്ചവരായിരുന്നു. മുഹര്‍റം മാസത്തിലെ ആദ്യത്തെ 10 ദിനങ്ങള്‍, റമദാനിലെ അവസാനത്തെ 10 ദിനങ്ങള്‍, ദുല്‍ഹിജ്ജയിലെ ആദ്യത്തെ 10 ദിനങ്ങള്‍ എന്നിവയാണവ.

ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തിനാണോ റമദാനിലെ അവസാന പത്തിനാണോ കൂടുതല്‍ ശ്രേഷ്ഠത എന്ന വിഷയത്തില്‍ പണ്ഡിത ലോകത്ത് ധാരാളം ചര്‍ച്ചകള്‍ നടന്നതായി കാണാം. പണ്ഡിത ലോകത്തെ വിശാലമായ ചര്‍ച്ചകള്‍ നമുക്കിങ്ങനെ സംഗ്രഹിക്കാനാവും: അത് മാനസിക വിശാലതയും സമാധാനവും നല്‍കുന്നതാണ്. ‘പകലുകളില്‍ ശ്രേഷ്ഠം ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തും, രാവുകളില്‍ ശ്രേഷ്ഠം റമദാനിലെ അവസാനത്തെ പത്തും ആണ്. നേരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം മുഹര്‍റം പത്തിന്റെ പകലും ലൈലത്തുല്‍ ക്വദ്‌റിന്റെ രാവും ആകുന്നു.”

അവസാന പത്തിന്റെ ചില ശ്രേഷ്ഠതകള്‍

നബി ﷺ  ആരാധനകളില്‍ ഏറ്റവും പരിശ്രമം നടത്തിയ ദിനങ്ങളാണിത്.

ആഇശ(റ) പറഞ്ഞു: ‘മറ്റു ദിനങ്ങളെക്കാള്‍ നന്നായി നബി ﷺ  റമദാനിലെ അവസാന പത്തില്‍ പരിശ്രമിക്കാറുണ്ടായിരുന്നു'(മുസ്‌ലിം).

ആഇശ(റ)യില്‍ നിന്ന്: ‘അവസാന പത്ത് വന്നെത്തിയാല്‍ നബി ﷺ  തുണി മുറുക്കിയുടുക്കുകയും രാവിനെ സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു’ (ബുഖാരി, മുസ്‌ലിം). (കഠിന പരിശ്രമത്തിന് ഒരുങ്ങിയിറങ്ങും എന്നതിന്റെ ആലങ്കാരിക പ്രയോഗമാണ് ‘അര മുറുക്കിയുടുക്കുക’ എന്നത്).

 ഈ ദിനങ്ങളിലാണ് ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ക്വദ്ര്‍ ഉള്ളത്. ഈ പത്ത് ദിനങ്ങളില്‍ കര്‍മങ്ങള്‍ ഏറ്റവും നന്നാക്കി ചെയ്തവന് ലൈലത്തുല്‍ ക്വദ്ര്‍ ലഭിക്കുമെന്നത് തീര്‍ച്ചയാണ്; ഇന്‍ശാ അല്ലാഹ്.

നബി ﷺ  ഇഅ്തികാഫ് ഇരുന്ന ദിനങ്ങളാണിവ.

അബൂ ഹുറയ്‌റ(റ)യില്‍ നിന്ന്: ”നബി ﷺ  എല്ലാ റമദാനിലും (അവസാന) പത്ത് ദിനങ്ങള്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി ﷺ  പരലോകം പൂണ്ട വര്‍ഷത്തില്‍ 20 ദിനങ്ങള്‍ ഇരുന്നിരുന്നു” (ബുഖാരി).

 ഇഅ്തികാഫ് എന്നാല്‍ ഇഹലോക ശ്രദ്ധയില്‍നിന്നും വിട്ടുനിന്ന്, ആരാധനകളില്‍ മുഴുകി പള്ളിയില്‍ ഭജനമിരിക്കലാണ്. കുടുംബവും വരുമാനവും കച്ചവടവും അതില്‍നിന്നും ശ്രദ്ധ തെറ്റിക്കരുത്.

 ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തി ദിക്ര്‍, ദുആ, ക്വുര്‍ആന്‍ പാരായണം, നമസ്‌കാരം, അല്ലാഹുവുമായുള്ള തുറന്നു പറച്ചിലുകള്‍, തൗബ, മതപഠനം തുടങ്ങിയവയില്‍ മുഴുകി സമയം കഴിക്കുകയാണ് വേണ്ടത്.

 ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തിക്ക് പള്ളിയില്‍ പ്രത്യേക സ്ഥലം തിരഞ്ഞെടുക്കാവുന്നതാണ്. മറ്റുള്ളവരില്‍ നിന്നും അകന്ന് ആരാധനകളില്‍ പൂര്‍ണ ശ്രദ്ധചെലുത്താന്‍ അത് സഹായകമാണ്. സ്വഹാബികള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നു

 നബിപത്‌നിമാര്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുള്ള പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കാവുന്നതാണ്. അവര്‍ക്ക് ഏറ്റവും വലിയ മാതൃക നബി പത്‌നിമാര്‍ തന്നെയാണ്

 ഏറ്റവും സ്വീകാര്യമായ അഭിപ്രായത്തില്‍ ജുമുഅഃയും ജമാഅത്തും നടക്കുന്ന പള്ളികളില്‍ മാത്രമെ ഇഅ്തികാഫ് പാടുള്ളൂ. വീടുകളില്‍ ഇഅ്തികാഫ് ഇരിക്കല്‍ അനുവദനീയമല്ല. പള്ളികള്‍ തുറക്കപ്പെടാത്ത ഈ വര്‍ഷം നല്ല നിയ്യത്തോടെ വീട്ടില്‍ ആരാധനകളില്‍ മുഴുകുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ വിശ്വാസ ശുദ്ധി അനുസരിച്ച് കാരുണ്യവാനായ അല്ലാഹു പുണ്യം വാരിക്കോരി നല്‍കും എന്നത് തീര്‍ച്ചയാണ്.

സുഫ്‌യാനുസ്സൗരി(റഹി) പറഞ്ഞു: ‘അവസാനത്തെ പത്ത് വന്നെത്തിയാല്‍ രാത്രിയെ തഹജ്ജുദ് നമസ്‌കാരവും കഠിന പരിശ്രമവും ചെയ്ത് സജീവമാക്കാനും കുടുംബത്തിന് സാധ്യമാകുമെങ്കില്‍ അവരെ വിളിച്ചുണര്‍ത്താനുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.’

ഈ അവസാനത്തെ പത്തില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ നാം പരിശ്രമിക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ.

അബൂമുസ്‌ലിം അല്‍ഹികമി

നേർപഥം വാരിക

റമദാന്‍; അവസാനത്തെ പത്തിലേക്ക് പ്രവേശിക്കുമ്പോള്‍

റമദാന്‍; അവസാനത്തെ പത്തിലേക്ക് പ്രവേശിക്കുമ്പോള്‍

കോവിഡ് കാലത്തെ ഈ റമദാന്‍ ഏറിയപങ്കും നമ്മില്‍ നിന്ന് വിടപറഞ്ഞിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ദിനരാത്രങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ. താന്‍ ചെലവഴിച്ച ഓരോ ദിനരാത്രത്തെകുറിച്ചുമുള്ള വിചിന്തനം ഒരു വിശ്വാസിക്ക് ഗുണകരമായിരിക്കും. അത്തരം ചിന്തകളിലേക്ക് ശ്രദ്ധകൊടുത്താല്‍ തീര്‍ച്ചയായും രണ്ടുവിഭാഗം ആളുകളെ നമുക്ക് ദര്‍ശിക്കാനാകും.

പകലുകളില്‍ വ്രതമനുഷ്ഠിക്കുകയും രാത്രികളില്‍ നമസ്‌കരിക്കുകയും പരിശുദ്ധ ക്വുര്‍ആന്‍ പാരായണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും തന്റെ സമ്പത്തില്‍നിന്ന് സാധുക്കള്‍ക്കും പുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഓഹരി മാറ്റിവെക്കുകയും, അതോടൊപ്പം എല്ലാതരം തിന്മകളില്‍ നിന്നും അധര്‍മങ്ങളില്‍ നിന്നും വിട്ടകലുകയും, വിനോദങ്ങളിലും ഉപകാരമില്ലാത്ത കാര്യങ്ങളിലും മുഴുകാതെ ശ്രദ്ധയോടെ ഈ സുവര്‍ണാവസരത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഒരു വിഭാഗം ആളുകള്‍.

നോമ്പിനെയും ഈ പുണ്യം നിറഞ്ഞ അവസരങ്ങളെയും യഥാവിധം ഉപയോഗപ്പെടുത്താത്തവരാണ് രണ്ടാമത്തെ വിഭാഗം. പകല്‍ മുഴുവന്‍ പട്ടിണികിടക്കുകയും ഉറങ്ങിയും കളിതമാശകളിലും വിനോദങ്ങളിലും ഗെയിമുകളിലും മുഴുകി റമദാനിലെ പകലുകളെ വൃഥാവിലാക്കുകയും ചെയ്തവരാണവര്‍. രാത്രിനമസ്‌കാരമോ ക്വുര്‍ആന്‍ പാരായണമോ ദാനധര്‍മമോ ദിക്‌റുകളോ ദുആകളോ ഇത്തരക്കാരുടെ അജണ്ടയില്‍ ഉണ്ടാകാറുമില്ല.

തങ്ങള്‍ക്ക് ലഭിച്ച ഈ അസുലഭ അവസരങ്ങളെയും ലോക്ഡൗണ്‍ ഒഴിവുകളെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയവര്‍ക്കും ഉറക്കിലും കളി തമാശകളിലും സമയം കളഞ്ഞവര്‍ക്കും സന്തോഷത്തിന്റെ നാളുകളാണ് അവസാനത്തെ പത്തു ദിനങ്ങള്‍ സമ്മാനിക്കുന്നത്.

ഒന്നാമത്തെ വിഭാഗത്തെ സംബന്ധിച്ചിടത്തോളം തങ്ങള്‍ ചെയ്ത നന്മകളെ തുടര്‍ത്താനും അവസാന പത്തിലെ പ്രതിഫലങ്ങള്‍ കരഗതമാക്കാനുമുള്ള അവസരമാണ്. രണ്ടാമത്തെ വിഭാഗത്തിനാകട്ടെ, തങ്ങളുടെ അറിവില്ലായ്മ കൊണ്ടോ അശ്രദ്ധകൊണ്ടോ നന്മകള്‍ ചെയ്യുവാനുള്ള അവസരംനഷ്ടപ്പെടുത്തിയതിനാല്‍ അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി പശ്ചാത്തപിച്ച് മടങ്ങാനും നന്മകളില്‍ മുഴുകാനുമുള്ള അവസരമാണ്.

അവസാന പത്തിന്റെ പ്രത്യേകതകള്‍

1) ക്വുര്‍ആനിന്റെ അവതരണം

മാര്‍ഗദര്‍ശക ഗ്രന്ഥമായ പരിശുദ്ധ ക്വുര്‍ആന്‍ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും ഒന്നാനാകാശത്തേക്ക് (സമാഉദ്ദുന്‍യാ) അവതീര്‍ണമായത് റമദാനിന്റെ അവസാനത്തെ പത്തിലെ ലൈലത്തുല്‍ ക്വദ്‌റിന്റെ രാവിലാണ്. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു”(ക്വുര്‍ആന്‍ 44/3).

”തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 97/1).

2) ലൈലത്തുല്‍ ക്വദ്ര്‍

നിര്‍ണയത്തിന്റെ രാത്രിയിലാണ് (ലൈലത്തുല്‍ ക്വദ്‌റിന്റെ) ക്വുര്‍ആന്‍ അവതരിച്ചത് എന്ന് സൂചിപ്പിച്ചല്ലോ. ആ ദിവസത്തിന്റെ പ്രത്യേകതയും മഹത്ത്വവും എന്തെന്ന് അല്ലാഹു നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. ആ ദിവസത്തില്‍ ചെയ്യുന്ന ഒരു കര്‍മം, ആയിരം മാസങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ പുണ്യം ലഭിക്കുന്നതാണെന്നാണ് അല്ലാഹു അറിയിക്കുന്നത്. ജിബ്‌രീലും മറ്റു മലക്കുകളും ഭുമിയിലേക്ക് ഇറങ്ങിവരുന്നതും പ്രഭാതോദയം വരെ ശാന്തിപരത്തുന്നതുമായ ദിവസമാണ് അതെന്നും അല്ലാഹു പഠിപ്പിക്കുന്നു:

”നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ” (ക്വുര്‍ആന്‍ 97/25).

ലൈലത്തുല്‍ ക്വദ്‌റിന്റെ രാവ് അനുഗൃഹീതമാണെന്നും അല്ലാഹു അറിയിക്കുന്നു: ”തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 44/3).

3) നബി ﷺ ഏറെ ആരാധനകളില്‍ മുഴുകിയ ദിനങ്ങള്‍

റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചാല്‍ മറ്റുസമയങ്ങളില്‍ ചെയ്യുന്ന ആരാധനാ കര്‍മങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിശ്രമവും കഠിനാധ്വാനവും ഉണ്ടായിരുന്നതായി ഹദീഥുകളില്‍ നമുക്ക് കാണാന്‍ സാധിക്കും.

ആഇശ(റ) പറയുന്നു: ”നബി ﷺ അവസാന പത്തില്‍ മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില്‍ ആരാധനാ കര്‍മങ്ങളില്‍ കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു” (മുസ്‌ലിം).

ആയിശ(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥ് കാണുക: ”നബി ﷺ അവസാന പത്തിലേക്ക് പ്രവേശിച്ചാല്‍ മുണ്ട് മുറുക്കിയുടുക്കുകയും രാത്രിയെ (ആരാധനകളാല്‍) ജീവിപ്പിക്കുകയും വീട്ടുകാരെ ഉണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു” (ബുഖാരി, മുസ്‌ലിം).

നബി ﷺ റമദാനിന്റെ അവസാനത്തെ പത്തില്‍ മുമ്പത്തേതിനെക്കാള്‍ ആവേശത്തിലും പ്രതീക്ഷയിലും സ്വയം കര്‍മങ്ങള്‍ നിര്‍വഹിക്കുകയും കുടുംബത്തെ അതിന് പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട് എന്ന് ഈ ഹദീഥുകള്‍ വ്യക്തമാക്കുന്നു. ‘മുണ്ട് മുറുക്കിയുടുക്കുക,’ ‘രാത്രിയെ ജീവിപ്പിക്കുക’ എന്ന, മേല്‍പറഞ്ഞഹദീഥിലെ പ്രയോഗങ്ങളെ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്, ആരാധനാ കര്‍മങ്ങള്‍ക്കായി ഒഴിഞ്ഞിരിക്കുകയും അനുവദനീയമായ കാര്യങ്ങളില്‍നിന്ന് പോലും വിട്ടുനിന്ന് രാത്രി നമസ്‌കാരം, ക്വുര്‍ആന്‍ പാരായണം, സ്വദക്വ, ദിക്‌റുകള്‍, ദുആകള്‍ തുടങ്ങിയവയില്‍ മുഴുകുമെന്നും അതിനായി രാത്രിയില്‍ ഉറക്കമൊഴിവാക്കും എന്നുമാണ്.

ലൈലത്തുല്‍ ക്വദ്ര്‍ എന്ന്?

ലൈലത്തുല്‍ ക്വദ്ര്‍ ഇന്ന ദിവസമാണ് എന്ന് ക്ലിപ്തപ്പെടുത്തി പറയാവുന്ന രൂപത്തില്‍ യാതൊരു തെളിവും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടില്ല. എന്നാല്‍ എന്നാണ് ലൈലത്തുല്‍ ക്വദ്ര്‍ എന്ന് നബി ﷺ ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിരുന്നു എന്നും ശേഷം ഈ ഉമ്മത്തിന്റെ നന്മക്കായി ആ അറിവ് ഉയര്‍ത്തപ്പെടുകയും ചെയ്തു എന്നും ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീഥില്‍ നമുക്ക് കാണാന്‍ സാധിക്കും.

ലൈലത്തുല്‍ ക്വദ്ര്‍ എന്നാണ് എന്ന് കൃത്യമായി അറിയിച്ചിട്ടില്ല എങ്കിലും ചില സൂചനകള്‍ നബി ﷺ നല്‍കിയിട്ടുണ്ട്. അവസാനത്തെ പത്തില്‍ ലൈലത്തുല്‍ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊള്ളുക, അവസാന പത്തിലെ ഒറ്റയിട്ട രാവുകളില്‍ പ്രതീക്ഷിക്കുക, അവസാനത്തെ ഏഴ് രാത്രികളില്‍ പ്രതീക്ഷിക്കുക, അവസാനത്തെ പത്തില്‍ ഒമ്പത് അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍ എന്നിങ്ങനെ വ്യത്യസ്ത റിപ്പോര്‍ട്ടുകളിലായി വ്യത്യസ്ത പരാമര്‍ശങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

സ്വഹാബികള്‍, സ്വാലിഹുകളായ മുന്‍ഗാമികള്‍, കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ എന്നിവരുടെയെല്ലാം വ്യത്യസ്ത അഭിപ്രായങ്ങള്‍ നമുക്ക് പല ഗ്രന്ഥങ്ങളിലും വായിക്കാനാകും. നാല്‍പതിലേറെ അഭിപ്രായങ്ങള്‍ പ്രസ്തുത ദിനവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം മഹത്തുക്കളായ, ഗവേഷണ യോഗ്യരായ പണ്ഡിത വരേണ്യരുടെ ഗവേഷണങ്ങളും അനുമാനങ്ങളും മാത്രമാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന ദിവസമാണെന്നോ ഇന്ന രാവിലാണെന്നോ നമുക്ക് ക്ലിപ്തപ്പെടുത്താനാകില്ല എന്നതാണ് വസ്തുത.

പണ്ഡിത ലോകത്തെ 46 അഭിപ്രായങ്ങളെ പ്രതിപാദിച്ച ശേഷം ഇബ്‌നു ഹജര്‍ അല്‍അസ്‌ക്വലാനി(റഹ്) ഇപ്രകാരം പറഞ്ഞു: ”ഈ അഭിപ്രായങ്ങളില്‍ ഏറ്റവും ശരിയോടടുത്തത്, റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ടരാവിലാണ് എന്നതാണ്. അതാകട്ടെ (ഓരോ റമദാനിലും) മാറി മാറി വരുന്നതുമാണ്” (ഫത്ഹുല്‍ ബാരി).

ശൈഖ് ഇബ്‌നു ബാസ്(റഹ്) പറയുന്നു: ”ലൈലത്തുല്‍ ക്വദ്‌റിന്റെ വിഷയത്തിലുള്ള ശരിയായ അഭിപ്രായം; അത് അവസാന പത്തില്‍ (ദിവസം) മാറിക്കൊണ്ടിരിക്കും. ഒറ്റപ്പെട്ട രാവുകളിലാകാനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഉദയസ്ഥാനങ്ങള്‍ വ്യത്യാസപ്പെടുമ്പോള്‍ ഓരോ നാടുകളിലുമുള്ള അവസാന പത്തുകളില്‍ അത് പ്രതീക്ഷിക്കാം. അവസാനത്തെ പത്തില്‍നിന്ന് അത് പുറത്ത് കടക്കുകയുമില്ല” (അസ്സിയാമു ഫില്‍ഇസ്‌ലാം).

ഏതായിരുന്നാലും, റമദാനിലെ അവസാനത്തെ പത്തിലാണ് ലൈലത്തുല്‍ ക്വദ്ര്‍ എന്നത് വ്യക്തമാണ്. അതിന്റെ കൃത്യമായ ദിവസം ഗോപ്യമാക്കിയതാകട്ടെ ഈ ഉമ്മത്തിന് കാരുണ്യമാണ് താനും.

ലൈലത്തുല്‍ ക്വദ്‌റിന്റെ അടയാളങ്ങള്‍

ലൈലത്തുല്‍ ക്വദ്ര്‍ എന്നാണെന്ന് തിരിച്ചറിയാനുള്ള ചില സൂചനകള്‍ നബി ﷺ പഠിപ്പിച്ചതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം.

ലൈലത്തുല്‍ ക്വദ്‌റിന്റെ രാത്രി ശാന്തമായതും പ്രസന്നമായതും അമിതമായ ചൂടോ തണുപ്പോ ഇല്ലാത്തതുമായിരിക്കുമെന്നും അന്ന് ചന്ദ്രനെ ചെറിയ ഒരു കീറല്‍ പോലെ ദര്‍ശിക്കാനാകുമെന്നും വിവിധങ്ങളായ ഹദീഥുകളില്‍ കാണാം.

രാത്രിക്ക് ശേഷമുള്ള പകലില്‍ സൂര്യന്‍ ഉദിച്ചുയരുന്നത്, ദുര്‍ബലമായ ചുവന്ന നിറത്തോടെയായിരിക്കുമെന്നും ഉയര്‍ന്ന് വരുന്നതുവരെ കിരണങ്ങളില്ലാതെ വൃത്താകൃതിയിലുള്ള പാത്രത്തെപോലെയായിരിക്കുമെന്നും വിവിധ ഹദീഥുകളില്‍ വന്നിട്ടുണ്ട്.

ഇഅ്തികാഫ്

നബി ﷺ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരുന്നത് ഹദീഥുകളില്‍ സ്ഥിരപ്പെട്ട് വന്ന കാര്യമാണ്. നബി ﷺ യുടെ ഭാര്യമാരും പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നതായി സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ആഇശ(റ) പറയുന്നു:

”ഇഹലോകവാസം വെടിയുന്നത് വരെ നബി ﷺ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരുന്നിരുന്നു. ശേഷം നബിയുടെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു” (ബുഖാരി, മുസ്‌ലിം).

നബി ﷺ യും ഭാര്യമാരും ഇഅ്തികാഫ് ഇരുന്നതായി ഈ ഹദീഥിലൂടെ വ്യക്തമാണ്. ഇഅ്തികാഫ് ഇരുന്നതാകട്ടെ പള്ളിയിലും. അഥവാ ഇഅ്തികാഫ് പള്ളിയിലാണ് ഇരിക്കേണ്ടത് എന്ന വിധി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ബാധകമായ കാര്യമാണ്. പ്രസ്തുത ഹദീഥിനെ വിശദീകരിക്കുന്ന വേളയില്‍ ഇമാം നവവി(റഹ്) ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം:

”പള്ളിയിലല്ലാതെ ഇഅ്തികാഫ് ശരിയാവുകയില്ല എന്നതിന് ഈ ഹദീഥ് തെളിവാണ്. കാരണം, നബി ﷺ യും ഭാര്യമാരും സ്വഹാബികളും പള്ളിയില്‍ മാത്രമാണ് ഇഅ്തികാഫ് നിര്‍വഹിച്ചത്; അത് പതിവാക്കല്‍ പ്രയാസമുണ്ടായിരുന്നിട്ടും. വീട്ടില്‍ വെച്ച് ഇഅ്തികാഫ് അനുവദനീയമായിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലെങ്കിലും അത് നിര്‍വഹിക്കുമായിരുന്നു; പ്രത്യേകിച്ചും സ്ത്രീകള്‍. അവരാകട്ടെ അതിന് കൂടുതല്‍ ആവശ്യക്കാരുമായിരുന്നു” (ശര്‍ഹു മുസ്‌ലിം).

എന്നാല്‍ ഇന്ന് പള്ളികള്‍ അടഞ്ഞുകിടക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ നമസ്‌കാരത്തിനായി പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഇഅ്തികാഫ് ഇരിക്കാന്‍ പറ്റുമോ എന്നത് പലരും ഉന്നയിക്കുന്ന ചോദ്യമാണ്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സുലൈമാന്‍ റുഹൈലി (ഹഫിദഹുല്ലാഹ്) ഇപ്രകാരം പറഞ്ഞതായി കാണാം: ”പുരുഷന്മാര്‍ പള്ളിയിലാണ് ഇഅതികാഫ് ഇരിക്കേണ്ടത് എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. സ്ത്രീകളും പള്ളിയില്‍ തന്നെയാണെന്നാണ് ബഹുഭൂരിപക്ഷം കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും വീക്ഷണം. അതുതന്നെയാണ് പ്രബലമായ അഭിപ്രായവും. പള്ളികളിലല്ലാതെ ആണായാലും പെണ്ണായാലും ഇഅ്തികാഫ് ഇരിക്കാന്‍ പാടുള്ളതല്ല. ക്വുര്‍ആനിലും ഹദീഥിലും ഇഅ്തികാഫിനെ പള്ളിയുമായി ബന്ധപ്പെടുത്തിയിട്ടാണ് വന്നിട്ടുള്ളത്. ഇബാദത്തുകള്‍ ക്വുര്‍ആനിന്റെയും ഹദീഥിന്റെയും തീരുമാനത്തിന് വിധേയവുമാണ്. അതുകൊണ്ട് തന്നെ ഈ വര്‍ഷം പള്ളികള്‍ അടക്കപ്പെട്ടതിനാല്‍ വീടുകളില്‍ ഇഅ്തികാഫ് ഇരിക്കല്‍ നിയമപരമല്ല. നിഷ്‌കളങ്കമായ നിയ്യത്ത് വിശ്വാസിക്ക് മതിയായതാണ്” (മെയ് 3ന് അദ്ദേഹത്തിന്റെ ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ എഴുതിയത്).

കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പള്ളിയാണ് ഇഅ്തികാഫിന്റെ സ്ഥാനമെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പഠിപ്പിച്ചതിനാല്‍ സ്ത്രീകളും പുരുഷന്മാരും വീട്ടില്‍ ഇഅ്തികാഫ് ഇരിക്കേണ്ടതില്ല എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. (അല്ലാഹു അഅ്‌ലം). അതില്‍ ഒരു വിശ്വാസി സങ്കടപ്പെടേണ്ട ആവശ്യമില്ലതാനും. അവന്റെതല്ലാത്ത കാരണത്താല്‍ നേരിട്ട പ്രയാസമായതിനാല്‍ അവന്റെ ഉദ്ദേശ്യത്തിനനുസരിച്ച് അല്ലാഹുവില്‍ നിന്ന് പ്രതിഫലം പ്രതീക്ഷിക്കാവുന്നതാണ്.

അവസാനത്തെ പത്തിലെ പ്രാര്‍ഥന

ഓരോ പത്തിലും ചൊല്ലേണ്ടതായ പ്രാര്‍ഥനകള്‍ എന്ന പേരില്‍ വിവിധങ്ങളായ പ്രാര്‍ഥനകള്‍ ഇന്ന് നമ്മുടെ നാടുകളില്‍ പ്രചുര പ്രാചാരം നേടിയിട്ടുണ്ട്. എന്നാല്‍ റമദാനിലെ ഓരോ പത്തിലും ചൊല്ലാനായി പ്രത്യേക പ്രാര്‍ഥനകള്‍ നബി ﷺ പഠിപ്പിച്ചതായി സ്വീകാര്യയോഗ്യമായ ഹദീഥുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടില്ല. എന്നാല്‍ ലൈലത്തുല്‍ ക്വദ്ര്‍ പ്രതീക്ഷിക്കുന്ന രാവില്‍ ചൊല്ലാനായി നബി ﷺ പ്രത്യേകം പ്രാര്‍ഥന പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഹതി ആഇശ(റ)യുടെ ചോദ്യത്തിനായി പ്രവാചകന്‍ ﷺ ഇപ്രകാരം മറുപടി നല്‍കി:

‘അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫു അന്നീ’ (അല്ലാഹുവേ, നീ പാപങ്ങള്‍ പൊറുക്കുന്നവനാണ്, പൊറുത്ത് കൊടുക്കാന്‍ ഇഷ്ടപ്പെടുന്നവനുമാണ്. അതിനാല്‍ എന്റെ പാപങ്ങള്‍ നീ പൊറുത്ത് തരേണമേ) എന്ന് പറയുക’ (അഹ്മദ്).

ചുരുക്കത്തില്‍, ഏറെ മഹത്ത്വമുള്ളതും ആരാധനാകര്‍മങ്ങളില്‍ കൂടുതല്‍ വ്യാപൃതമാകേണ്ട സമയവുമാണ് റമദാനിലെ അവസാനത്തെ പത്ത്. ഖേദകരമെന്ന് പറയട്ടെ, ഇന്ന് സമൂഹത്തില്‍ ബഹുഭൂരിഭാഗം ആളുകളിലും നമുക്ക് കാണാന്‍ സാധിക്കാറുള്ളത് റമദാനിന്റെ അവസാനമാകുമ്പോഴേക്ക് അതിന്റെ ചൈതന്യം നഷ്ടപ്പെടുന്ന രൂപത്തിലുള്ള പല പ്രവര്‍ത്തനങ്ങളാണ്. തുടക്കത്തിലുണ്ടായിരുന്ന ആവേശവും ഊര്‍ജവും ചോര്‍ന്നുപോവുകയും മറ്റു ഭൗതിക കാര്യങ്ങള്‍ക്കും ഷോപ്പിങ്ങുകള്‍ക്കുമായി ഏറെ പുണ്യം നിറഞ്ഞ ഈ ദിന രാത്രങ്ങളെ ജനങ്ങള്‍ ഉപയോഗിക്കുന്നതായി കാണാം.

എന്നാല്‍ ഇത്തവണ കാര്യം വ്യത്യസ്തമാണ്. ലോക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ തന്നെയായിരിക്കും. ഷോപ്പിങ്ങുകള്‍ക്കും മറ്റു രൂപത്തിലുള്ള തിരക്കുകള്‍ക്കും അല്‍പം കുറവുള്ള കാലമാണ്. ഈ സമയത്തെ സൊറ പറഞ്ഞും സോഷ്യല്‍ മീഡിയകളില്‍ അനാവശ്യമായി യാതൊരു ഉപകാരവുമില്ലാത്ത കാര്യങ്ങള്‍ വായിച്ചും ഷെയര്‍ ചെയ്തും ഗെയിമുകളിലും മറ്റു വിനോദങ്ങളിലും ചെലവഴിക്കാതെ ക്വുര്‍ആന്‍ പാരായണത്തിനും പാപമോചനതേട്ടങ്ങള്‍ക്കും മറ്റു ആരാധനാ കര്‍മങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക.

നമ്മുടെ ജീവിതം വളരെ എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമാണ്. അടുത്ത റമദാനില്‍ നാം ഉണ്ടാകുമോ എന്നത് നമുക്കാര്‍ക്കും ഉറപ്പ് പറയാന്‍ സാധിക്കുന്ന കാര്യമല്ല. ഇപ്പോള്‍ ലഭിച്ചത് പോലെ ഒരു ഒഴിവും അവസരവും പിന്നീട് ലഭിച്ചുകൊള്ളണമെന്നുമില്ല. അതിനാല്‍ അല്ലാഹു അവന്റെ മഹത്തായ റഹ്മത്തിനാല്‍ നമുക്കേകിയ ഈ അവസരത്തെ ഏറ്റവും നന്നായി വിനിയോഗിച്ച്, ഈ റമദാനിലൂടെ പാപമോചനം ലഭിക്കുന്ന, ലൈലത്തുല്‍ ക്വദ്‌റിന്റെ പുണ്യനിമിഷങ്ങള്‍ കരസ്ഥമാക്കുന്ന, റയ്യാനിലൂടെ സ്വര്‍ഗീയാരാമത്തില്‍ പ്രവേശിക്കുന്ന വിശ്വാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ പ്രയത്‌നിക്കുക, പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

 

ലുക്വ്മാനുല്‍ ഹകീം അല്‍ഹികമി


നേർപഥം വാരിക

റമദാനിന്റെ പ്രത്യേകതയും ദുല്‍ഖര്‍നൈനും

റമദാനിന്റെ പ്രത്യേകതയും ദുല്‍ഖര്‍നൈനും

ശഅ്ബാന്‍ മാസത്തിലെ അവസാന ദിവസം, ശ്രേഷ്ഠമായ റമദാനിന്റെ ആദ്യരാവില്‍ ചന്ദ്രന്‍ വെളിപ്പെടുമ്പോള്‍ പ്രപഞ്ചത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രവാചകന്‍ ﷺ  പറയുന്നു: ”റമദാന്‍ മാസത്തിലെ ആദ്യരാവായാല്‍, ദുര്‍മാര്‍ഗികളായ ജിന്നുകളും പിശാചും ബന്ധിക്കപ്പെടുന്നു. നരക കവാടങ്ങള്‍ അടക്കപ്പെടുന്നു. അതില്‍ നിന്ന് ഒരു കവാടം പോലും തുറക്കുകയില്ല. സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുന്നു. അതില്‍ നിന്ന് ഒരു കവാടം പോലും അടക്കപ്പെടുകയുമില്ല. വിളിച്ചുപറയുന്നവന്‍ (മലക്ക്) എല്ലാ രാവിലും വിളിച്ചു പറയും: ‘നന്മ ചെയ്ത് മുന്നേറുന്നവനേ, അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുക. തിന്മ ചെയ്യുന്നവനേ, അത് കുറക്കുകയും ചെയ്യുക. അല്ലാഹു നരകമോചനം നല്‍കുന്നു.’ ഇപ്രകാരം (റമദാനിലെ) എല്ലാ, രാവിലും വിളിച്ചുപറയുന്നു.”

നിശ്ചലമായി ഒന്നും തന്നെയില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? ഓരോ വസ്തുവും ചലിച്ചുകൊണ്ടിരിക്കുന്നു. സൂര്യന്‍, ഭൂമി, ക്ഷീരപഥം, അങ്ങനെ ലോകം തന്നെയും ചലിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, പുതിയ വഴികളിലേക്ക് പ്രവേശിക്കാനും മാറ്റത്തിന് തയ്യാറെടുക്കാനും ഭയക്കുന്ന നിങ്ങളുടെ അവസ്ഥയെന്താണ്! അല്ലയോ ചങ്ങാതീ, നിങ്ങളുടെ ഹൃദയത്തിലേക്ക് വെളിച്ചം കടന്നുവരാന്‍ ഇനിയും സമയമായിട്ടില്ലേ? മനസ്സിനെ സംശുദ്ധമാക്കാനും പുതിയൊരു മാറ്റത്തിന് തയാറെടുക്കാനും ഇനിയും അവര്‍ക്ക് സമയമായിട്ടില്ലേ? പുതിയ തുടക്കങ്ങളും മാറ്റങ്ങളുമാണ് നമ്മെ എല്ലാവരെയും എപ്പോഴും ആകര്‍ഷിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മനസ്സിനെ തിരിച്ചറിയാന്‍ ഇപ്രാവശ്യമെങ്കിലും ശ്രമിക്കുക. അപ്രകാരം നിങ്ങള്‍ ഈ വര്‍ഷത്തെ വിശുദ്ധ റമദാനിന്റെ രാവില്‍ നിങ്ങളുടെ മനസ്സ് തുറക്കുക! അത്തരമൊരു പ്രവൃത്തിക്കുള്ള വിസ്മയകരമായ വഴി സൂറത്തുല്‍ കഹ്ഫ് നമുക്ക് അറിയിച്ചുതരുന്നു:

റമദാനിന്റെ പ്രത്യേകതയും ദുല്‍ഖര്‍നൈനും

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദുല്‍ഖര്‍നൈന്‍ സംഭവത്തെയും വിശുദ്ധ റമദാനിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള അതിശയകരമായ ഒരു ലേഖനത്തിലൂടെ ഞാന്‍ കടന്നുപോവുകയുണ്ടായി. നാം എങ്ങനെ മാറണമെന്ന് ആ ലേഖനം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. വെള്ളിയാഴ്ചയുടെ സൂര്യന്‍ ഓരോ പ്രാവശ്യവും നമ്മില്‍ ഉദിക്കുമ്പോഴും ആ വിശേഷണങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പക്ഷേ, അത് നാം വേണ്ടവിധത്തില്‍ ചിന്തിച്ച് മനസ്സിലാക്കിയിട്ടില്ല.

അവര്‍ പറഞ്ഞു: ”അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ്, മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവു) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തി കൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം” (ക്വുര്‍ആന്‍ 18:94,95).

ദുല്‍ഖര്‍നൈന്‍ വന്നെത്തിയപ്പോള്‍ സമൂഹം അദ്ദേഹത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. അവര്‍ സഹായം ആവശ്യമുള്ളവരായിരുന്നു. അതവര്‍ക്ക് വീണുകിട്ടിയ അവസരവുമായിരുന്നു. അവരുടെ ബുദ്ധിമുട്ടുകളും അതിനുള്ള പരിഹാരവുമെല്ലാം അവര്‍ ദുല്‍ഖര്‍നൈനിന് അന്വേഷിച്ച് കണ്ടെത്താന്‍ വിട്ടുകൊടുക്കുകയായിരുന്നില്ല. അവര്‍ അവരുടെ കാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കൃത്യപ്പെടുത്തുകയും ചെയ്ത ശേഷം അദ്ദേഹത്തിന്റെ അടുക്കലേക്ക് പോവുകയായിരുന്നു. അത് അദ്ദേഹത്തിന് വ്യക്തമാവുകയും ചെയ്തു. അവരുടെ പ്രശ്‌നം യഅ്ജൂജ്മഅ്ജൂജായിരുന്നു. അത് പ്രധാനപ്പെട്ട ഒരു വിഷയം തന്നെയായിരുന്നു. അവര്‍ ഭൂമിയില്‍ വിനാശം വിതയ്ക്കുന്നത് അവസാനിപ്പിക്കുന്ന വലിയ മതില്‍ നിര്‍മിക്കുന്നതിന് തങ്ങളുടെ കായിക പരിശ്രമവും കരവും നല്‍കാമെന്ന് അദ്ദേഹത്തിന് മുന്നില്‍ സമൂഹം നിര്‍ദേശം വെക്കുകയായിരുന്നു.

പുതിയ സ്വഭാവ ഗുണങ്ങളിലൂടെ പുതിയ ജീവിതം പടുത്തുയര്‍ത്താം

ദുല്‍ഖര്‍നൈന്‍ സംഭവത്തിന് വിശുദ്ധ റമദാനുമായി സാമ്യമുണ്ട്. അത്, ആ സമൂഹത്തിന് ദുല്‍ഖര്‍നൈനിനെ ലഭിച്ചതുപോലെ, എപ്പോഴും ലഭ്യമാകുന്ന അവസരമല്ല. നാം ഉപയോഗപ്പെടുത്തുന്നതിന് നമ്മിലേക്ക് വന്നെത്തിയ അവസരമാണത്. നമ്മെ സഹായിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമായി നമ്മിലേക്ക് വന്നെത്തിയ ആ അവസരത്തിന് നാം ഉത്തരം നല്‍കേണ്ടതുണ്ട്. നമ്മുടെ ന്യൂനതകളും തെറ്റുകളും മനസ്സിലാക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്. കാരണം നാം സഹായം ആവശ്യമുള്ളവരും മാറ്റത്തിനായി തയ്യാറെടുക്കുന്നവരുമാണ്.

മാന്യരേ, യഅ്ജൂജ്, മഅ്ജൂജ് പ്രശ്‌നത്തെ പോലെ നമ്മെ നശിപ്പിച്ചുകളയുന്ന പ്രശ്‌നത്തെ നാം വ്യക്തമായി തിരിച്ചറിയുന്നില്ലായെങ്കില്‍ നമ്മിലേക്ക് വന്നെത്തിയ വിശുദ്ധ റമദാനെന്ന അവസരത്തെ ഉപയോഗപ്പെടുത്തുന്നതില്‍ ഒരുപക്ഷേ, നാം പരാജയപ്പെട്ടുപോകുന്നതായിരിക്കും. അതിനാല്‍ ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. റമദാന്‍ വിടവാങ്ങിയാല്‍ റമദാനിന്റെ സ്വാധീനം അവസാനിക്കാതിരിക്കുന്നതിന് പ്രശ്‌നങ്ങളെ പ്രത്യേക സാഹചര്യങ്ങളിലേക്ക് മാത്രം ചുരുക്കാതിരിക്കുക. തുടര്‍ന്ന് മാറ്റത്തിനായി തയ്യാറെടുക്കുക. ആ മാറ്റമെന്നത് നിങ്ങള്‍ റമദാനിന് (പ്രശ്‌നങ്ങള്‍ ദുരീകരിച്ച് തരുന്നതിന്) കരമായോ പകരമായോ നല്‍കേണ്ടതില്‍ നിങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ തെറ്റുകള്‍ക്കുമിടയില്‍ വിശുദ്ധ റമദാന്‍ വലിയൊരു മതില്‍ നിര്‍മിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും ക്ഷമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക.

എന്തൊന്നാണ് പതിനൊന്ന് മാസങ്ങളില്‍ നിങ്ങളെ തിന്നുകൊണ്ടിരുന്നതെന്ന് നിങ്ങള്‍ കണ്ടെത്തുക. ക്ഷമിക്കാന്‍ കഴിയുന്നില്ലെന്നതാണോ നിങ്ങളുടെ പ്രശ്‌നം? അതല്ല, ഒരു കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നതാണോ നിങ്ങളുടെ പ്രശ്‌നം? അതുമല്ല, സംതൃപ്തിയില്ലാതിരിക്കുക, ദേഷ്യപ്പെടുക, നാവിനെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക എന്നതാണോ നിങ്ങളുടെ പ്രശ്‌നം? നിങ്ങള്‍ക്കാണ് നിങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും മനസ്സിലാക്കാനും കഴിയുന്നത്. അതിനാല്‍, നിങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമെന്തെന്ന് നിങ്ങള്‍ കണ്ടെത്തി അതിനെതിരെ പ്രവര്‍ത്തിക്കുക. നിങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോവുകയും ചെയ്യുക. മുപ്പത് ദിനങ്ങളെന്നത് പുതിയ ശീലങ്ങള്‍ പതിവാക്കുന്നതിനുള്ള അവസരമാണ്.

സുന്നത്ത് ജീവിപ്പിക്കുകയെന്നതാണ് റമദാന്‍

ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന വൈറസ് മൂലം ഈ വര്‍ഷത്തെ റമദാന്‍ വ്യതിരിക്തമാണ്. എല്ലാവരും വീട്ടിലിരിക്കുകയാണ്. നിങ്ങളുടെ ആത്മീയതയും തറാവീഹ് നമസ്‌കാരവുമെല്ലാം അവിടെയാണ്. ഇത് നിങ്ങളുടെ മനസ്സിനെ സംസ്‌കരിക്കാനും മാറ്റിപ്പണിയാനുമുള്ള ഏറ്റവും നല്ല അവസരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? ഈയൊരു സന്ദര്‍ഭത്തില്‍ നമുക്ക് തനിച്ചിരുന്ന് കൂടുതലായി നമ്മുടെ സ്വഭാവത്തിലേക്കും വ്യക്തിത്വത്തിലേക്കും മടങ്ങിച്ചെല്ലാന്‍ കഴിയുന്നു. കൂടാതെ നമ്മെ ഉദ്‌ബോധിപ്പിക്കണമെന്നോ ബോധവത്കരിക്കണമെന്നോ അടിസ്ഥാനമില്ലാത്ത, മേച്ഛമായ മാധ്യമങ്ങളില്‍ നിന്നകന്ന് പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കാനും നമ്മുടെ കേള്‍വിയെയും മനസ്സിനെയും വിശുദ്ധ ക്വുര്‍ആനിന് വിട്ടുകൊടുക്കാനും കഴിയുന്നു.

മാന്യരേ, ദുനിയാവിന്റെ അവസ്ഥയെന്നത് ചിലര്‍ അവരുടെ ജോലികളിലും പഠനങ്ങളിലും വ്യാപൃതരാകുന്നുവെന്നതാണ്. മറ്റുചിലര്‍ അവരുടെ മക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധിച്ച് കഴിഞ്ഞുകൂടുന്നുവെന്നതാണ്. വളരെ കുറച്ചുപേര്‍ മാത്രമാണ് അല്ലാഹുവിന്റെ സാമീപ്യം തേടിക്കൊണ്ട് അവനിലേക്ക് അടുക്കുന്നത്; ക്വുര്‍ആനിലേക്ക് മടങ്ങുന്നത്. നിശ്ചയദാര്‍ഢ്യത്തോടെയും മനസ്സാന്നിധ്യത്തോടെയും ഭയഭക്തിയോടെയും സംതൃപ്തിയോടെയും നിങ്ങള്‍ ചെയ്യുന്ന ഓരോ നന്മയും അല്ലാഹു സ്വീകരിക്കുകയും അത് നിങ്ങളുടെ സ്വര്‍ഗ പ്രവേശനത്തിന് കാരണമാവുകയും ചെയ്യുന്നതാണ്. നാം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടല്ല; അവന്റെ കാരുണ്യം കൊണ്ടാണ്. നായക്ക് കുടിക്കാന്‍ വെള്ളം നല്‍കിയ മനുഷ്യന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചത് നിങ്ങള്‍ക്ക് അറിയില്ലേ? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന നന്മയിലുള്ള വിശ്വാസം നിങ്ങള്‍ നഷ്ടപ്പെടുത്തരുത്. ഇപ്രകാരമാണ് റമദാന്‍ നിങ്ങളെ മാറ്റിപ്പണിയേണ്ടത്. അങ്ങനെ വിശുദ്ധിയെന്തെന്ന് നിങ്ങള്‍ അനുഭവിക്കുന്നു. നിങ്ങളിലൂടെ പ്രശാന്തത പരക്കുന്നു. പിന്നീട് ഒരിക്കലും, ഈ അനുഭവങ്ങള്‍ വെടിയുകയെന്നത് നിങ്ങള്‍ക്ക് നിസ്സാരമായി കാണാന്‍ കഴിയുകയില്ല. എന്നെ വിശ്വസിച്ചാലും!

തബാറുക് മഅ്‌റൂഫ്

നേർപഥം വാരിക 

മതം മനുഷ്യനന്മക്ക്

മതം മനുഷ്യനന്മക്ക്

mosque, casablanca, morocco-4134459.jpg

‘ദീന്‍’ എന്ന പദത്തിന് ‘നിയമം,’ ‘പ്രതിഫലം’ എന്നൊക്കെ ഭാഷാര്‍ഥങ്ങള്‍ ഉണ്ട്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ ‘മതം’ എന്നുതന്നെയാണ് പറയുന്നത്. മരണശേഷം മനുഷ്യന്റെ രക്ഷയും മോക്ഷവും ശാശ്വതമായിരിക്കേണ്ടതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ ആെകത്തുകയാണ് മതം. ഇതേക്കുറിച്ച് ഒട്ടേറെ സങ്കല്‍പങ്ങളും ധാരണകളുമുണ്ട്. പക്ഷേ, യാഥാര്‍ഥ്യം ഒന്നേയുള്ളൂ. അതാണ് ഇസ്‌ലാം. ഈ പദത്തിന് ‘സമാധാനം,’ ‘അനുസരണം’ തുടങ്ങിയ ഭാഷാര്‍ഥങ്ങള്‍ ഉണ്ടെങ്കിലും ‘അര്‍പ്പണം’ എന്ന അര്‍ഥമാണ് ഏറ്റവും യോജ്യമായിട്ടുള്ളത്.

ഇസ്‌ലാം എന്നാല്‍ അര്‍പ്പണം എന്നാകുന്നു. അപ്പോള്‍ ഇസ്‌ലാം ദീന്‍ എന്നതിന്ന് അര്‍പ്പണത്തിന്റെ മതം എന്നായി. മറ്റേതൊരു മതവും അതുത്ഭവിച്ച സമുദായത്തിന്റെ പേരിലോ അതിന്റെ സ്ഥാപകന്റെയോ പ്രബോധകന്റെയോ പേരിലോ ആണ് അറിയപ്പെടുന്നത്; ക്രിസ്തുമതം, ബുദ്ധമതം എന്നിവപോലെ. എന്നാല്‍ ഇസ്‌ലാം മതം അങ്ങനെയല്ല. അതില്‍ ഏതെങ്കിലുമൊരു സമുദായത്തിന്റെയോ ഒരു പ്രവാചകന്റെയോ പരാമര്‍ശമില്ല. കാരണം എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തതാണത്. മനുഷ്യവര്‍ഗത്തിന്നാകമാനം സ്വീകാര്യമായിട്ടുള്ളത്. അതിനാല്‍ യാതൊരു പ്രത്യേക ബന്ധവും സൂചിപ്പിക്കാതെ ഇസ്‌ലാം മതമെന്ന പൊതുവായ നാമം അല്ലാഹു നല്‍കിയിരിക്കുകയാണ്.

അര്‍പ്പണത്തിന്റെ മതമെന്നു നാം അര്‍ഥം പറഞ്ഞല്ലോ. എന്താണ് അര്‍പ്പിക്കേണ്ടത്? ആര്‍ക്കാണ് അര്‍പ്പിക്കേണ്ടത്? മനുഷ്യര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കുവാനായി അല്ലാഹു അവതരിപ്പിച്ച വേദങ്ങളില്‍വെച്ച് യാതൊരു വ്യത്യാസവും വരാതെ സുരക്ഷിതമായി നിലകൊള്ളുന്ന പരിശുദ്ധ ക്വര്‍ആനില്‍ അല്ലാഹു പറയുന്നു:

”നിശ്ചയമായും അല്ലാഹു സത്യവിശ്വാസികളില്‍നിന്ന് അവരുടെ ആത്മാക്കളെയും അവരുടെ മുതലുകളെയും വിലയ്‌ക്കെടുത്തിരിക്കുന്നു. അവര്‍ക്ക് സ്വര്‍ഗമുണ്ട് എന്നുള്ളതിന് പകരമായി” (തൗബ 111). അതായത്, സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു ഒരു കച്ചവടം നടത്തിയിട്ടുണ്ടെന്ന് അല്ലാഹു പറയുന്നു. ചരക്ക് ആത്മാവും ധനവുമാണ്. വില നിശ്ചയിച്ചിരിക്കുന്നത് പരലോകത്ത് സ്വര്‍ഗവുമാണ്. ഇപ്പോള്‍ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടി. അര്‍പ്പിക്കേണ്ട വസ്തു ആത്മാവും ധനവും. അര്‍പ്പിക്കേണ്ടത് അല്ലാഹുവിന്ന്. ഇതാണ് ഇസ്‌ലാം. ഈ കച്ചവടം തൃപ്തിപ്പെട്ട് അംഗീകരിച്ചവനാണ് മുസ്‌ലിം. വിസമ്മതിച്ചവന്‍ മുസ്‌ലിമല്ല. ഈ ആശയം പരിശുദ്ധ വേദഗ്രന്ഥത്തില്‍ വിവിധ വാചകങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ആത്മാവിനെ സംബന്ധിച്ച് പറഞ്ഞ ഒരു ഉദാഹരണം കാണുക:

”അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് ആത്മാവിനെ വില്‍ക്കുന്നവരുണ്ട് മനുഷ്യരുടെ കൂട്ടത്തില്‍. അല്ലാഹു അടിമകളോട് വളരെ വാത്സല്യമുള്ളവനാകുന്നു” (അല്‍ബക്വറ 207).

മുസ്‌ലിമിനെ പറ്റിയാണ് ഈ വചനത്തില്‍ പറയുന്നത്. ആത്മവ്യാപാരമെന്ന് പറയുമ്പോള്‍ ശരീരത്തിന് യാതൊരു ബന്ധവും ഇല്ലാത്തതും ആത്മാവിനെ മാത്രം ബാധിക്കുന്നതുമായ കാര്യമാണെന്ന് ധരിക്കരുത്. ആത്മഹത്യ എന്നും ആത്മപ്രശംസ എന്നുമൊക്കെ പറയുന്നതുപോലെയാണിത്. ഈ വ്യാപാരം ഒരുവന്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ ആവശ്യമായിട്ടുള്ളതെന്തെന്നാല്‍, തന്റെ ഉടമസ്ഥന്‍ അല്ലാഹുവാണെന്ന വിശ്വാസം ആദ്യമായി ഉള്‍ക്കൊള്ളണം. ഉടമസ്ഥനായ അല്ലാഹുവിന്റെ അനുവാദമനുസരിച്ചല്ലതെ തന്റെ ഇഷ്ടാനുസരണം യാതൊന്നും ചെയ്യുവാന്‍ ഒരുങ്ങരുത്.

കണ്ണ്, മൂക്ക്, ചെവി, കൈ, കാല്, തലച്ചോറ് മുതലായവയുടെയെല്ലാം ഉടമസ്ഥന്‍ അല്ലാഹുതന്നെയാണെന്നുള്ളതിനാല്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ വല്ലതും നോക്കുകയോ കേള്‍ക്കുകയോ സംസാരിക്കുകയോ നടക്കുകയോ ഇരിക്കുകയോ ചിന്തിക്കുകയോ ഒന്നും അരുത്. ഏതു വിഷയത്തിലും അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ടേ ഇടപെടാവൂ. ഈ സൂക്ഷ്മത എല്ലായ്‌പ്പോഴും പാലിക്കണം. ആത്മാര്‍പ്പണത്തിന്റെ പ്രതികരണമാണത്. ഇതില്‍ വല്ല വ്യത്യാസവും വന്നുപോയാല്‍, ഉദാഹരണം: തനിക്കിഷ്ടമുള്ളതെല്ലാം സംസാരിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട്; യാതൊരു നിയമവ്യവസ്ഥയും പരിഗണിക്കേണ്ടതില്ല എന്ന് ഒരാള്‍ വിചാരിക്കുന്നപക്ഷം ഉടമസ്ഥന്റെ സമ്മതം കൂടാതെ അനധികൃതമായി, അക്രമമായി കടന്നുപ്രവര്‍ത്തിച്ചു എന്നുവന്നു. അപ്പോള്‍ കച്ചവടം പിന്‍വലിച്ചുവെന്നര്‍ഥമായിത്തീരും. ചുരുക്കത്തില്‍ സംസാരം, നോട്ടം, കേള്‍വി, ഭക്ഷണപാനീയങ്ങള്‍, ലൈംഗിക വിഷയങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ അനുവാദവും തൃപ്തിയും അനുസരിച്ചല്ലാതെ മുസ്‌ലിമിന്നു യാതൊന്നും ചെയ്യാന്‍ നിവൃത്തിയില്ല.

ആത്മാര്‍പ്പണത്തെ സംബന്ധിച്ച് പറഞ്ഞ മറ്റൊരു വേദവാക്യം:

”പറയുക: നിശ്ചയമായും എന്റെ പ്രാര്‍ഥനയും എന്റെ ബലിയും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു വേണ്ടിയാകുന്നു” (അല്‍ആം 112).

എന്റെ ജീവിതവും എന്റെ മരണവും അല്ലാഹുവിനുവേണ്ടി ഞാന്‍ ജീവിക്കുന്നുവെന്ന് വെച്ചാല്‍; എന്റെ ജീവിതത്തില്‍ എനിക്ക് എന്തെങ്കിലും സാധിക്കണമെന്നുള്ള യാതൊരു ഉദ്ദേശവും എന്റെ ഇഷ്ടപ്രകാരം ഞാന്‍ കൈകൊണ്ടിട്ടില്ല. അല്ലാഹു എന്നില്‍നിന്ന് എന്താണോ തൃപ്തിപ്പെടുന്നത് അതാണ് എന്റെ ആവശ്യം; അതെത്ര പ്രയാസപ്പെട്ടതായാലും തരക്കേടില്ല. അതിനുവേണ്ടി എന്ത് കഷ്ടവും നഷ്ടവും സഹിച്ചു ത്യാഗം ചെയ്യുവാന്‍ ഞാനൊരുക്കമാണ്. അല്ലാഹു വെറുക്കുന്ന ഒരു കാര്യത്തില്‍ എനിക്കെത്ര ആവശ്യവും ആശയും തോന്നിയാലും അല്ലാഹു വെറുക്കുന്നു എന്ന ഏക കാരണത്താല്‍ ഞാനത് വര്‍ജിക്കുന്നതാകുന്നു. അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്ന മാര്‍ഗത്തില്‍ മരണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നതാകുന്നു. അല്ലാഹുവിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുക എന്നതിന്റെ സാരമാണിത്. വ്യക്തിപരമായും കടുംബപരമായും സാമൂഹികമായും രാഷ്ട്രീയമായും രാഷ്ട്രാന്തരീയമായും മറ്റുമുള്ള എല്ലാ കാര്യങ്ങളിലും ഈ നിലപാടു കൈകൊള്ളേണ്ടതാകുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യബന്ധത്തെ മാത്രം പരാമര്‍ശിക്കുന്ന ഒന്നാണ് മതമെന്നൊരു ധാരണ ചിലര്‍ക്കുണ്ട്. ഇസ്‌ലാം മതത്തെ സംബന്ധിച്ചിടത്തോളം അതൊരിക്കലും ശരിയല്ല.

മേല്‍ ഉദ്ധരിച്ച വേദവാക്യത്തില്‍ എന്റെ ജീവിതവും എന്റെ മരണവും അല്ലാഹുവിന് വേണ്ടി എന്നു പറഞ്ഞേടത്ത് അല്ലാഹുവിനെ സംബന്ധിച്ച് ഒരു വിശേഷണം പറഞ്ഞിട്ടുണ്ടല്ലോ; ‘ലോകരക്ഷിതാവായ’ എന്ന്. അത് വളരെ അര്‍ഥഗര്‍ഭവും കാര്യമാത്ര പ്രസക്തവുമായ പ്രയോഗമാകുന്നു. ഞാന്‍ അല്ലാഹുവിന് വേണ്ടി ജീവിക്കുന്നുവെന്ന് പറയുമ്പോള്‍ അല്ലാഹുവിന്ന് വല്ല നേട്ടവും ഉണ്ടാക്കിക്കൊടുക്കുവാന്‍ എന്നു തോന്നിപ്പോയേക്കാവുന്നതാണ്. എന്നാല്‍ അങ്ങനെ ഒന്ന് ഇവിടെയില്ല. അല്ലാഹുവിന് വല്ല പോരായ്മയുമുണ്ടെങ്കിലല്ലേ അതു നികത്തിക്കൊടുക്കേണ്ട പ്രശ്‌നം വരുന്നുള്ളൂ. അല്ലാഹു എല്ലാം തികഞ്ഞവനാകുന്നു. എല്ലാവരും അവനോട് തികഞ്ഞ അച്ചടക്കം പാലിച്ചാല്‍ അല്ലാഹുവിന് യാതൊരു നേട്ടവുമില്ല. എല്ലാവരും അവനോട് ധിക്കാരം കാണിച്ചാല്‍ അല്ലാഹുവിന്റെ മഹത്ത്വത്തിന് യാതൊരു കോട്ടവും ഇല്ല. നേട്ടവും കോട്ടവുമൊക്കെ നമുക്കുതന്നെയാകുന്നു. ലോകരക്ഷിതാവായ അല്ലാഹുവിന് വേണ്ടി ജീവിക്കുന്നുവെന്ന് പറയുമ്പോള്‍ മേല്‍സൂചിപ്പിച്ച തെറ്റിദ്ധാരണ ഒഴിവാകും. അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ലോകത്ത് കഴിവില്‍പെട്ടിടത്തോളം നന്മ വരുത്തുക, അഥവാ എല്ലാവര്‍ക്കും കഴിയുന്ന ഗുണം ചെയ്തുകൊടുക്കുക എന്നും അര്‍ഥമാകും. അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് കഴിവില്‍പെട്ട എല്ലാ ഗുണങ്ങളും ചെയ്തുകൊടുക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയാണെന്ന് വരും. ആരെയും അന്യായമായും അകാരണമായും ദ്രോഹിക്കുവാന്‍ ഒരിക്കലും പാടില്ല. ഇസ്‌ലാം മതത്തിന്റെ അന്ത്യപ്രവാചകന്‍ ഈ വിഷയം വളരെ വിശദമായി നമ്മെ പഠിപ്പിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്‍മാരും ഇതുപോലെ പഠിപ്പിച്ചവര്‍തന്നെയാണ്.

ഒരു നബിവചനം ശ്രദ്ധിക്കുക: ”ഒരു പെണ്ണ് ഒരു പൂച്ച കാരണത്താല്‍ നരകത്തില്‍ കടന്നു. അവള്‍ അതിനെ ബന്ധിച്ചു. എന്നിട്ട് അതിന് ഭക്ഷണം കൊടുത്തില്ല. ഭൂമിയിലെ പ്രാണികളെ പിടിച്ചുതിന്നാന്‍തക്ക നിലയില്‍ അതിനെ വിട്ടയച്ചതുമില്ല.” അതായത് പൂച്ച വീട്ടിനകത്തും അടുക്കളയിലും വലിയ ശല്യമുണ്ടാക്കുന്ന ജീവിയാണ്. ശല്യം ഒഴിവാക്കാനായി അതിനെ കൂട്ടിലിടുകയോ കെട്ടിയിടുകയോ ചെയ്യേണ്ടിവന്നാല്‍ അതിനു വിരോധമില്ല. പക്ഷേ, അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ ഭക്ഷണം നിങ്ങള്‍ തിന്നുകയും തീറ്റുകയും ചെയ്യുമ്പോള്‍ ആ പൂച്ചക്കും വിശപ്പടക്കാന്‍ കൊടുക്കണം. അതിന് സൗകര്യപ്പെടാത്ത പക്ഷം അതിനെ വിട്ടയക്കുക. ചുറ്റിനടന്ന് വല്ലതും പെറുക്കിത്തിന്നുകൊള്ളട്ടെ. ഇങ്ങനെയൊന്നും ചെയ്യാതെ അതിനെ ബന്ധിച്ച് കഷ്ടപ്പെടുത്തുന്നപക്ഷം നിങ്ങള്‍ നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നതാകുന്നു. പ്രവാചക വചനത്തില്‍ പെണ്ണിനെ ആസ്പദമാക്കിയാണ് പറഞ്ഞിട്ടുള്ളത് എങ്കിലും നിയമം എല്ലാവര്‍ക്കും ബാധകമാണ്. അല്ലാഹുവിന്റെ നിയമനടപടികളില്‍ പക്ഷഭേദമില്ല. കുറ്റമായ സംഗതി ആരു ചെയ്താലും കുറ്റമാണ്. ഒരു പൂച്ചയെ ദ്രോഹിച്ചതിന്റെ കെടുതിയാണല്ലോ നാമിവിടെ കണ്ടത്. ഇനി ഇതിന്റെ മറുവശംകൂടി കാണുക. പ്രവാചകന്‍ ﷺ പറഞ്ഞു:

”ഒരു നായ കിണറിനുചുറ്റും നടന്നുകൊണ്ടിരിക്കെ ഇസ്രാഈല്‍ കുടുംബത്തില്‍പെട്ട ഒരു വേശ്യാസ്ത്രീ അതുകണ്ടു. നായ ദാഹിച്ചു വലഞ്ഞിരിക്കുകയാണെന്നവള്‍ മനസ്സിലാക്കി. അതിനു ദാഹശമനം വരുത്തിക്കൊടുക്കുന്നതില്‍ അല്ലാഹുവിന്റെ തൃപ്തിയെ അവള്‍ കാംക്ഷിച്ചു. അവള്‍ ഷൂ ഊരി അതില്‍ വെള്ളം കോരി നായയെ കുടിപ്പിച്ചു. തന്നിമിത്തം അവള്‍ക്ക് പൊറുത്തുകൊടുത്തു.” നോക്കുക! ദുര്‍വൃത്തികളില്‍ വെച്ച് ഏറ്റവും നീചമായ മഹാപാപം നിത്യത്തൊഴിലാക്കിയിരുന്ന ഒരാള്‍ക്ക് പാപമോചനം ലഭിച്ചത് നായക്ക് വെള്ളം കോരിക്കൊടുത്തതിന്റെ ഫലമായിട്ടാണെന്നു കാണുന്നു. ഇത്രവലിയ ഗുണം ഇതിനുണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ് ലോകത്തിന് കാരുണ്യമായി നിയോഗിക്കപ്പെട്ട അന്ത്യപ്രവാചകന്‍ ﷺ പഠിപ്പിച്ചിരിക്കുന്നത്. കാരണം വ്യക്തമാണ്. മുസ്‌ലിം അല്ലാഹുവിനുവേണ്ടി ജീവിക്കുന്നു. അല്ലാഹു എല്ലാ സൃഷ്ടികളുടെയും യജമാനനാകുന്നു. അതിനാല്‍ എല്ലാ സൃഷ്ടികള്‍ക്കും കഴിയുന്ന ഗുണം ചെയ്തുകൊടുക്കല്‍ മുസ്‌ലിമിന്റെ കടമയാകുന്നു. നാം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളുടെ ബന്ധുക്കളെയും ആശ്രിതരെയും സഹായിക്കുവാന്‍ ഉത്സാഹം തോന്നല്‍ സ്വാഭാവികമാണല്ലോ.

ഇസ്‌ലാമിന്റെ അന്ത്യപ്രവാചകന്റെ ഒരു തിരുവചനവും കൂടി കേള്‍ക്കുക: ”അല്ലാഹുവിന്ന് ആത്മാര്‍പ്പണം ചെയ്ത മുസ്‌ലിം വല്ലതും കൃഷി ചെയ്തുണ്ടാക്കിയാല്‍ അതില്‍നിന്ന് തിന്നുപോകുന്നതൊക്കെയും അയാളുടെവക ധര്‍മമാകുന്നു. അതില്‍നിന്ന് കളവുപോയാല്‍ അതും അയാളുടെവക ധര്‍മമാകുന്നു. അതില്‍നിന്ന് വല്ലതും മുറിച്ചെടുത്താല്‍ അതും അയാളുടെവക ധര്‍മമാകുന്നു. ഈ മൂന്ന് ഇനത്തിലും ധര്‍മമായിട്ടല്ലാതെ ഒന്നുമില്ല.”

ഈ വചനത്തിന്റെ ഉള്ളടക്കം ഒരു ഉദാഹരണത്തിലൂടെ വിശദമാക്കാം: ഒരു മുസ്‌ലിം, അതായത് അല്ലാഹുവിനുവേണ്ടി ആത്മാര്‍പ്പണം ചെയ്തവന്‍ ഒരു ചക്കക്കുരു പാകി. അത് മുളച്ചുപൊന്തി വളര്‍ന്നു പ്ലാവായി. അതിന്റെ ഇലകള്‍ ആട് തിന്നുന്നു. ചക്ക മനുഷ്യര്‍ തിന്നുന്നു. ചക്കയുടെ മടല്‍ മൃഗം തിന്നുന്നു. മരത്തില്‍ ചക്ക പഴുത്ത് പക്ഷികള്‍ കൊത്തിത്തിന്നുന്നു. ഇങ്ങനെ മനുഷ്യരും മൃഗങ്ങളും പറവകളും പലവിധത്തില്‍ തിന്നുന്നതൊക്കെയും ആ ചക്കക്കുരു പാകിയവന്റെ വക ധര്‍മമാകുന്നു. ആ പ്ലാവില്‍നിന്ന് ഒരു ചക്ക മോഷണം പോയാല്‍ അതും അയാളുടെ വക ധര്‍മമാകുന്നു. മോഷ്ടാവിന് കുറ്റമില്ലെന്നു ഇവിടെ ആരും അര്‍ഥമാക്കരുത്. ഓരോരുത്തര്‍ക്കും അവരവര്‍ ചെയ്തതുണ്ടായിരിക്കും. മോഷ്ടാവിന് മോഷണക്കുറ്റം. മുതല്‍ നഷ്ടപ്പെട്ടവന്നു നഷ്ടപരിഹാരം. ആ പ്ലാവിന്റെ അല്ലികളും കൊമ്പുകളുമെടുത്ത് തീ കത്തിച്ചാല്‍ അതും ആ വിത്ത് പാകിയവന്റെവക ധര്‍മമാകുന്നു. അവസാനം ആ മരം മുറിച്ച് പലകയും കഴുക്കോലും മറ്റുമായി ഈര്‍ന്ന് ഉപയോഗപ്പെടുത്തിയാല്‍ അതും അയാളുടെവക ധര്‍മമാകുന്നു. നോക്കുക! പുണ്യം സമ്പാദിക്കുവാനുള്ള മാര്‍ഗം ഇസ്‌ലാമില്‍ എത്ര എളുപ്പം! ഇതൊക്കെ ഇത്രത്തോളം വന്നതെന്തുകൊണ്ടെന്നാല്‍ മര്‍മപ്രധാനമായ ഒരു തത്ത്വം നേരത്തെ അംഗീകരിച്ചിട്ടുണ്ട്. ലോകരക്ഷിതാവായ അല്ലാഹുവിനുവേണ്ടി ജീവിക്കുക, അഥവാ ആത്മാര്‍പ്പണം ചെയ്യുക എന്ന തത്ത്വം. ഈ തത്ത്വത്തില്‍നിന്നുള്ള നീക്കങ്ങളും അതിന്റെ പ്രതികരണങ്ങളുമാണ് മുസ്‌ലിമിന്റെ സര്‍വവും

അല്ലാഹുവിന്ന് അര്‍പ്പിക്കേണ്ട രണ്ടാമത്തെ വസ്തു ധനമാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. അതെങ്ങനെയെന്നാല്‍ ധനം മാതാപിതാക്കളില്‍നിന്നോ മറ്റോ അവകാശം കിട്ടിയതോ, കച്ചവടമോ കൃഷിയോ മുഖേന സമ്പാദിച്ചതോ, ന്യായമായനിലയില്‍ സംഭാവന ലഭിച്ചതോ ഏതായാലും ശരി, അതിന്റെ ഉടമസ്ഥത അല്ലാഹുവിന്ന് വിട്ടുകൊടുക്കുക, വ്യക്തികള്‍ക്ക് അനുവദിക്കപ്പെട്ട ഉടമസ്ഥാവകാശം ഇഷ്ടം പോലെ എന്തും ചെയ്യാമെന്ന അര്‍ഥത്തിലല്ല; സമ്മതം കൂടാതെ മറ്റുള്ളവര്‍ക്ക് അതില്‍ കയ്യിടുവാന്‍ അവകാശമില്ല എന്നും കൈവശക്കാരന് ക്രയവിക്രയം ചെയ്യാന്‍ അധികാരമുണ്ട് എന്നുമുള്ള അര്‍ഥത്തിലാണ്. അല്ലാഹുവിന്റെ സമ്മതത്തിനെതിരെ കൈകാര്യം ചെയ്യുവാന്‍ അധികാരമില്ല എന്ന ബോധം എപ്പോഴുമുണ്ടായിരിക്കണം. ഉടമസ്ഥാവകാശം അല്ലാഹുവിന്ന് വിട്ടുകൊടുത്താല്‍ പിന്നെ തനിക്ക് അത് തൊടാന്‍ പാടില്ലാതെ ആയിത്തീരുകയും തനിക്കും കുടുംബത്തിനും ജീവിതം മുട്ടിപ്പോവുകയും ചെയ്യുമെന്ന് ധരിക്കരുത്. ന്യായമായ നിലയില്‍ ആവശ്യത്തിന് ചെലവാക്കിക്കൊള്ളുവാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു, അഥവാ ആജ്ഞാപിച്ചിരിക്കുന്നു. ഔദാര്യപൂര്‍വം അല്ലാഹു അനുവദിച്ചുതന്നു എന്നുള്ള ഉപകാര സ്മരണയോടുകൂടി സ്വന്തം ആവശ്യത്തിന് ചെലവഴിക്കുമ്പോള്‍ അതു സംബന്ധിച്ച് അല്ലാഹുവിന് നന്ദിപറയല്‍ സ്വാഭാവികമായി വന്നുകൂടുന്നതാണ്. ഇത് മുസ്‌ലിമിന്റെ ചിട്ടയുമാണ്. അഗതികള്‍ക്ക് ധര്‍മം കൊടുക്കുവാനും മനുഷ്യര്‍ക്ക് ഉപകാരപ്രദമായ മാര്‍ഗങ്ങളില്‍ ചെലവഴിക്കുവാനും അല്ലാഹു കല്‍പിച്ചിരിക്കുന്നു. ഇതിലൊക്കെയും അല്ലാഹുവിന്റെ തൃപ്തിയെ മാത്രമാണ് ഉന്നമാക്കേണ്ടത്. സല്‍ക്കീര്‍ത്തി ആഗ്രഹിച്ചുകൊണ്ടോ പ്രത്യുപകാരം കാംക്ഷിച്ചുകൊണ്ടോ ആയിപ്പോകരുത്. ധര്‍മം വാങ്ങിയവന്റെ നേരെ മേന്മനടിക്കുകയോ അതെടുത്തു പറഞ്ഞ് അവനെ ക്ലേശിപ്പിക്കുകയോ അരുത്. തന്റെ കടമ നിറവേറ്റിയതായി മാത്രമെ കണക്കാക്കാന്‍ പാടുള്ളു. ധനത്തിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിന്ന് അര്‍പ്പിക്കുകയും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം അത് കൈകാര്യം ചെയ്യുകയും ചെയ്താല്‍ ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ലഭിക്കുന്നതാകുന്നു.

ഇസ്‌ലാം എന്നതിന്റെ മര്‍മപ്രധാനമായ തത്ത്വമാണ് ഇതുവരെ പറഞ്ഞത്. ദൈവനിയുക്തരായ എല്ലാ പ്രവാചകന്മാരും ഈ തത്ത്വം തന്നെയാണ് ഉപദേശിച്ചത്. എല്ലാ പ്രവാചകന്മാരും മുസ്‌ലിംകളാണ്. അവരുടെ അനുയായികളും മുസ്‌ലിംകളാണ്. (അവസാനിച്ചില്ല)

കെ. ഉമര്‍ മൗലവി
നേർപഥം വാരിക

ചരിത്രസത്യത്തെ ഭയപ്പെടുന്നവര്‍

ചരിത്രസത്യത്തെ ഭയപ്പെടുന്നവര്‍

”പക്ഷേ, നമ്മുടെ വികലമായ ചരിത്രത്തില്‍ ഒരുവിഭാഗം വിസ്മരിക്കപ്പെട്ടിരിക്കുന്നു. പൂക്കോട്ടൂരിലെയും മേല്‍മുറിയിലെയും പാവനമണ്ണില്‍ പരതന്ത്ര്യത്തിനെതിരായി പടപൊരുതി ചോര ചിന്തിയ, വാഗണ്‍ ട്രാജടിയില്‍ ശ്വാസംമുട്ടി പിടഞ്ഞു പിടഞ്ഞു മരിച്ച, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീതുപ്പുന്ന പീരങ്കികള്‍ക്ക് വിരിമാറുകാട്ടി പരലോകംപൂണ്ട സഹോദരന്മാര്‍ ഒരു വര്‍ഗീയ ലഹളയില്‍ പങ്കെടുത്ത ദേശദ്രോഹികളായിത്തീര്‍ന്നിരിക്കുന്നു! അവരെ ആദരിക്കണ്ട; അവശേഷിച്ച ആ സ്വാതന്ത്ര്യഭടന്മാര്‍ക്ക് താമ്രപത്രവും പെന്‍ഷനും നല്‍കണം. അവരെ അപമാനിക്കാതിരിക്കയെങ്കിലും ചെയ്തുകൂടേ?”

ഇ.മൊയ്തു മൗലവിയുടെ, ‘ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്യ പ്രസ്ഥാനവും’ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ 1982ല്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് എഴുതിയ വരികളാണിത്.  ചരിത്ര വസ്തുതകളെ കുഴിച്ച് മൂടാന്‍ ശ്രമിക്കുന്നവരുടെ പരിശ്രമങ്ങള്‍ ഏറെ മുമ്പേ തുടങ്ങിയിട്ടുണ്ട് എന്നതിന് ഈ വരികള്‍ സാക്ഷിയാണ്.

ഫാഷിസം എന്തിനാണ് യഥാര്‍ഥ ചരിത്രത്തെ ഇത്രമേല്‍ ഭയക്കുന്നത്? തങ്ങളുടെ പൂര്‍വികരുടെ ചെയ്തികളിലുള്ള ജാള്യം മൂലമാണെങ്കില്‍ അതിന് ചിലരുടെ പേര് വെട്ടിയാല്‍ മാത്രം പരിഹാരമാകുമോ?

മുസ്‌ലിം നാമമാണ് പ്രശ്‌നമെങ്കില്‍ ഇവിടംകൊണ്ട് ഇത് തീരുകയും ഇല്ല! ഇന്ത്യാഗേറ്റടക്കം പൊളിക്കേണ്ടിവരും. അവിടെയും അവസാനിക്കില്ല! ഇന്ത്യയിലെ മണ്ണു മുഴുവന്‍ മാന്തിയെടുത്ത് അറബിക്കടലില്‍ തള്ളേണ്ടിവരും! കാരണം, ഈ മണ്ണിന് ആ പോരാളികളുടെ ചോരയുടെ മണമുണ്ട്.

ചരിത്രം നിര്‍മിച്ചവര്‍തന്നെ ചരിത്രം പറയലാണ് നല്ലത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ വിശദീകരിക്കട്ടെ:

”അവരും (ഹിന്ദുക്കളും) നമ്മെപോലെ കഷ്ടപ്പെടുന്നവരാണ്. ഞാന്‍ ഇന്നലെ ഒരു വിവരം അറിഞ്ഞു. ഇത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഒരു യുദ്ധമായി പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രെ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ഗവണ്‍മെന്റിനെ സഹായിക്കുകയോ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ക്ക് ഒറ്റുകൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്റെ രാജ്യമാകാന്‍ ആഗ്രഹമില്ല” (വാഗണ്‍ ട്രാജഡിപേജ് 62).

മലബാര്‍ സമരം ആര്‍ക്കെതിരെയായിരുന്നു എന്ന് ഇതില്‍നിന്ന് വ്യക്തം. ബ്രിട്ടീഷുകാരെ സഹായിച്ചവരെ മതം നോക്കാതെ അവര്‍ ശിക്ഷിച്ചിട്ടുണ്ട്. (ഇതിന്റെ മതപരമായ വിധി ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല).

ആനക്കയം കൂരിമണ്ണില്‍ ചേക്കുട്ടി ഇന്‍സ്‌പെക്ടര്‍, തിരൂരങ്ങാടിയിലെ അധികാരി കെ.ടി.മൂസക്കുട്ടി, ചോല ഉണ്ണീന്‍ എന്നിവര്‍ പോരാളികളുടെ പ്രതികാര നടപടിക്ക് വിധേയരായവരായിരുന്നു. ചേക്കുട്ടിയുടെ തല അറുക്കപ്പെട്ടിട്ടുണ്ട്.

‘അധികാരിച്ചേക്കുട്ടിന്റെ തലയവര്‍ മുറിച്ചു

അതുമൊരു കുന്തത്തിന്മേന്‍ അവര്‍ കുത്തിപ്പിടിച്ചു’

എന്ന പാട്ടിന്റെ പശ്ചാത്തലം അതാണ്.

മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തത് മലബാര്‍ സമരത്തില്‍ പങ്കെടുത്തതിനാലായിരുന്നു എന്നത് സമരത്തിലെ ഹിന്ദുക്കളുടെ സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്.

പുതിയ വീട്ടില്‍ രാമുണ്ണി നായരുടെ വീട് ചിലര്‍ കൊള്ളചെയ്ത വിവരം കുഞ്ഞഹമ്മദ് ഹാജിക്ക് ലഭിച്ചു. അവരെ മുഴുവന്‍ പിടിച്ച് തന്റെ മുന്നില്‍ ഹാജറാക്കാന്‍ അദ്ദേഹം കല്‍പിച്ചു. കൊള്ള മുതലുകള്‍ മുഴുവന്‍ മടക്കിക്കൊടുക്കാനും ഓരോരുത്തര്‍ക്കും ഇരുപത് അടി വീതം ശിക്ഷ നല്‍കാനും അദ്ദേഹം വിധിച്ചു. കുഞ്ഞാമു എന്ന വ്യക്തി മുതല്‍ തിരികെ കൊടുക്കാന്‍ കൂട്ടാക്കിയില്ല. അയാളെ 125 അടി അടിക്കാന്‍ കുഞ്ഞഹമ്മദ് ഹാജി കല്‍പിച്ചു.

അടിശിക്ഷ കഴിഞ്ഞതിനുശേഷം അയാളെ ഹാജിയാരുടെ മുമ്പാകെ ഹാജറാക്കി. അയാള്‍ കുറ്റം സമ്മതിച്ചു. കളവുമുതല്‍ കുഴിച്ചിട്ട സ്ഥലത്തുനിന്ന് മാന്തിയെടുത്ത് അവര്‍ക്ക് തിരികെ നല്‍കി. കെ.മാധവന്‍ നായര്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. (മലബാര്‍ കലാപം, പേജ് 260).

പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എങ്കിലും മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അതിനെ മാപ്പിളമാരുടെ മത ഭ്രാന്തായി മാത്രം ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുമാരനാശാന്റെ ‘ദുരവസ്ഥ’യുടെ അവസ്ഥയാണ് ഉണ്ടാവുക. ഇന്നല്ലെങ്കില്‍ നാളെ അത് തിരുത്തേണ്ടി വരും.

കുയിലിന്റെ നാദമാണ് മുഴങ്ങിക്കേള്‍ക്കുക; കൊതുകിന്റെ ചിറകടിയല്ല!

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക