ഇഅതികാഫിന്‍റെ നിയ്യത്ത് ചൊല്ലിപ്പറയണോ ?. ഉപാധിയോടെയുള്ള ഇഅതികാഫ് അനുവദനീയമോ ?

ഇഅതികാഫിന്‍റെ നിയ്യത്ത് ചൊല്ലിപ്പറയണോ ?. ഉപാധിയോടെയുള്ള ഇഅതികാഫ് അനുവദനീയമോ ?

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും മറുപടിയും:


ചോദ്യം: ഇഅതികാഫിന്‍റെ നിയ്യത്ത് ചൊല്ലിപ്പറയണോ ?. അതല്ല മനസ്സില്‍ കരുതിയാല്‍ മതിയോ ?.


ഉത്തരം: “മനസ്സില്‍ കരുതിയാല്‍ മതി. റസൂല്‍ (ﷺ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: 

إنما الأعمال بالنيات و إنما لكل امرئ ما نوى

“തീര്‍ച്ചയായും ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ അവരുടെ ഉദ്ദേശമനുസരിച്ചാണ്.ഓരോരുത്തര്‍ക്കും അവര്‍ (ആ കര്‍മ്മം കൊണ്ട്) ഉദ്ദേശിച്ചതെന്തോ അത് ലഭിക്കുന്നു.” – [ബുഖാരി, മുസ്‌ലിം] . പള്ളിയില്‍ ഇഅതികാഫ് ഇരിക്കാന്‍ തീരുമാനിക്കുകയും, തന്‍റെ ചില ആയവശ്യങ്ങള്‍ക്ക് താന്‍ പുറത്ത് പോകുമെന്ന് മനസ്സില്‍ കരുതുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് നിബന്ധനയോടെയുള്ള ഇഅതികാഫ്. അത് ഒരാള്‍ ഉച്ചരിചില്ലെങ്കിലും അപ്രകാരം ഒരു നിബന്ധനയോടെയുള്ള ഇഅതികാഫായി തന്റെ ഇഅതികാഫ് പരിഗണിക്കപ്പെടും. മനസ്സുകളില്‍ ഉള്ളത് കൃത്യമായി അറിയുന്നവനാണ് അല്ലാഹു. ഓരോരുത്തരുടേയും ഉദ്ദേശ ലക്ഷ്യങ്ങളെ അവന്‍ കൃത്യമായി അറിയുന്നു. അതവര്‍ ഉരുവിട്ടില്ലെങ്കില്‍ പോലും”. – [http://www.alfawzan.af.org.sa/node/14926].


നിയ്യത്ത് ഉരുവിടുന്നതാണ് എന്ന തെറ്റിദ്ധാരണയാണ് ഈ ചോദ്യത്തിന് കാരണം. ചില പള്ളികളിലൊക്കെ ഇഅതികാഫിന്‍റെ നിയ്യത്ത് എന്ന് പ്രത്യേകം എഴുതി വച്ചതും കാണാം. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ മനസിലുള്ള ഉദ്ദേശം, അഥവാ തീരുമാനം അതുതന്നെയാണ് നിയ്യത്ത്. അല്ലാഹുവിന് വേണ്ടി ഞാന്‍ ഇഅതികാഫ് ഇരിക്കുന്നു എന്ന് ചൊല്ലിപ്പറയുന്ന ഒരാളുടെ മനസ്സിലിരിപ്പ് താന്‍ വലിയ ആരാധനക്കാരനാണ് എന്ന് ആളുകള്‍ കാണട്ടെ എന്നാണെങ്കില്‍, അയാളുടെ നിയ്യത്ത് ശരിയല്ല എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. മനസ്സിലുള്ള അയാളുടെ ഉദ്ദേശമാണ് നിയ്യത്ത് എന്നതിന് ഇത് തന്നെ തെളിവാണ്. മാത്രമല്ല നിയ്യത്ത് ചൊല്ലിപ്പറയുക എന്നതിന് യാതൊരു തെളിവുമില്ല. 


അതുപോലെത്തന്നെയാണ് ഇഅതികാഫിനോടൊപ്പമുള്ള നിബന്ധനകളും. ഒരാള്‍ക്ക് ഇഅതികാഫ് ഇരിക്കാന്‍ തീരുമാനിക്കുന്ന സമയത്ത് തന്‍റെ ഇന്നയിന്ന ആവശ്യങ്ങള്‍ക്ക് പള്ളിയില്‍ നിന്നും പുറത്ത് പോകുമെന്നുള്ള നിബന്ധനകള്‍ വെക്കാം. എന്നാല്‍ ഇഅതികാഫ് ഇരിക്കുന്ന കാലാവധിയില്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് നിബന്ധ വെക്കാന്‍ പാടില്ല. കാരണം ലൈംഗിക ബന്ധം ഇഅതികാഫിനെ ബാത്വിലാക്കും. ഒരാള്‍ ഉപാധിയായി വെക്കുന്ന അനുവദനീയമായ നിബന്ധനകളും ചൊല്ലിപ്പറയേണ്ടതില്ല.


ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയുടെ ഫത്’വ: 


ചോദ്യം: ഇഅതികാഫില്‍ ഞാന്‍ നിബന്ധന വെക്കുമ്പോള്‍ (അതായത് ഞാന്‍ ഇഅതികാഫിരിക്കുന്ന സമയത്ത് എന്റെ ജോലി ആവശ്യാര്‍ത്ഥം പുറത്ത് പോകും എന്നിങ്ങനെ) പ്രത്യേകം ഉരുവിടേണ്ടതുണ്ടോ ?. അതല്ല മനസ്സില്‍ കരുതിയാല്‍ മതിയോ ?. 


 

ഉത്തരം: “മനസ്സില്‍ കരുതിയാല്‍ മതി. ഇഅതികാഫിരിക്കുമെന്നും എന്നാല്‍ ഇന്നയിന്ന കാര്യങ്ങള്‍ക്ക് പള്ളിയില്‍ നിന്ന് പുറത്ത് പോകുമെന്നും മനസ്സില്‍ കരുതിയാല്‍ (ആ നിബന്ധന സാധുവാകാന്‍) ആ മനസിലുള്ള ഉദ്ദേശം മാത്രം മതി. ഇനി (നിബന്ധന) ഉരുവിട്ടാല്‍ അതില്‍ തെറ്റുമില്ല. – [http://www.alfawzan.af.org.sa/node/14926].


അനുവദനീയമായ ഉപാധിയോടെ ഇഅതികാഫ് ഇരിക്കാം എന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.


ചോദ്യം: നിബന്ധന ഇഅതികാഫ് ഇരിക്കുന്നതിന് മുന്‍പ് തന്നെ വെക്കേണ്ടതുണ്ടോ, അതല്ല ഇഅതികാഫിലിരിക്കെ വെക്കാന്‍ പറ്റുമോ ? .

ഉത്തരം: പറ്റില്ല. ആദ്യം തന്നെ വെക്കണം. റമളാനിലെ അവസാനത്തെ പത്തും മുഴുവനും ഇഅതികാഫ് ഇരിക്കണം എന്നാണെങ്കില്‍ അവസാനത്തെ പത്തിന് മുന്‍പ് ഉദ്ദേശിക്കണം.  – [http://www.alfawzan.af.org.sa/node/14926].

അതുപോലെത്തന്നെയാണ് നിബന്ധനകളും. ഇഅതികാഫ് ഇരിക്കുന്നതിന് മുന്‍പുള്ള നിബന്ധനകള്‍ പാലിക്കണം. ഒരാള്‍ ജോലിക്കോ മറ്റോ ഒന്നും പുറത്ത് പോകാതെ പള്ളിയില്‍ ഇഅതികാഫ് ഇരിക്കും എന്ന് നേര്‍ച്ച നേര്‍ന്നാല്‍. പിന്നെ അയാള്‍ക്ക് ജോലിക്ക് പോകാന്‍ പാടില്ല. അപ്രകാരം പോയാല്‍ നേര്‍ച്ച ചെയ്ത ഇഅതികാഫ് പിന്നീട് വീട്ടണം. എന്നാല്‍ നിര്‍ബന്ധമല്ലാത്ത ഇഅതികാഫിന് അപ്രകാരം ചെയ്യുന്നത് ഇഅതികാഫിനെ അസാധുവാക്കുമെങ്കിലും വീട്ടല്‍ നിര്‍ബന്ധമാകുകയില്ല.



അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com


ദുല്‍ഹിജ്ജ ഒമ്പതും നോമ്പ് നോല്‍ക്കല്‍ – ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല).

ദുല്‍ഹിജ്ജ ഒമ്പതും നോമ്പ് നോല്‍ക്കല്‍ - ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല)

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (حفظه الله) പറയുന്നു:  

 

“ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കുന്നത് പുണ്യകരമാണ്. എന്നാല്‍ ഹജ്ജാജിമാര്‍ ഒന്‍പതാം ദിവസം (അറഫാ ദിനം) നോമ്പ് എടുക്കാന്‍ പാടില്ല. അറഫയില്‍ നില്‍ക്കുന്നതിന് അവര്‍ക്ക് പ്രയാസമനുഭവിക്കാതിരിക്കാനാണ് അത്. എന്നാല്‍ ഹജ്ജാജിമാര്‍ അല്ലാത്തവര്‍ അറഫയുടെ ദിവസം നോമ്പ് പിടിക്കുന്നത് കാരണത്താല്‍ അവരുടെ കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും, വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും  പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്. ഇത് അല്ലാഹുവിന്‍റെ അപാരമായ ഒരു അനുഗ്രഹമാണ്. ഉമ്മുല്‍ മുഅമിനീന്‍ ഹഫ്സ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം : ” പ്രവാചകന്‍ (ﷺ) ദുല്‍ഹിജ്ജ പത്തും നോമ്പ് എടുക്കാറുണ്ടായിരുന്നു”. അബൂ ദാവൂദ് വലിയ കുഴപ്പമൊന്നുമില്ലാത്ത പരമ്പരയിലൂടെ ആണ് ഇത് ഉദ്ദരിചിട്ടുള്ളത്. എന്നാല്‍ ഉമ്മുല്‍ മുഅമിനീന്‍  ആയിശ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ : “പ്രവാചകന്‍(ﷺ) ഈ പത്തു ദിവസങ്ങള്‍ മുഴുവനായും നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല ” എന്ന് വന്നതായി കാണാം. ആയിശ (رضي الله عنها) റിപ്പോര്‍ട്ട് അപ്രകാരം ചെയ്തില്ല എന്ന ‘നിഷേധ രൂപത്തില്‍’ വന്ന റിപ്പോര്‍ട്ട് ആണ്. എന്നാല്‍ ഹഫ്സ (رضي الله عنها) യുടെ റിപ്പോര്‍ട്ട് അപ്രകാരം ചെയ്തിട്ടുണ്ട് എന്ന ‘സ്ഥിരീകരണ രൂപത്തില്‍’  വന്ന റിപ്പോര്‍ട്ട് ആണ്. ഒരേ വിഷയത്തില്‍ സ്ഥിരീകരണ രൂപത്തിലും , നിഷേധരൂപത്തിലും റിപ്പോര്‍ട്ടുകള്‍ വന്നാല്‍, (സ്വീകാര്യതയുടെ വിഷയത്തില്‍ അവ രണ്ടും ഒരേ സ്ഥാനത്ത് ആണെങ്കില്‍)  അതില്‍ മുന്‍ഗണന സ്ഥിരീകരണ രൂപത്തിലുള്ള റിപ്പോര്‍ട്ടിനാണ്. ഇവിടെ ഹഫ്സ (رضي الله عنها) പ്രവാചകന്‍(ﷺ) നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ തന്‍റെ അറിവില്‍ പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല   എന്ന് ആയിശ (رضي الله عنها) പറയുന്നു. ആയതിനാല്‍ തന്നെ ആയിശ (رضي الله عنها) അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഹഫ്സ (رضي الله عنها) അറിഞ്ഞു എന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ ” .

(فضل العشر من ذي الحجة – الشيخ صالح بن فوزان الفوزان) .

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?

ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?

ആസ്ത്മയുടെ അസുഖമുള്ളവര്‍ റമളാനില്‍ പകല്‍ സമയത്ത് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?. 

 

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛

 

  ആമുഖമായി ഇന്‍ഹേലറിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നത് അതിന്‍റെ മതവിധി മനസ്സിലാക്കാന്‍ കൂടുതല്‍ ഉചിതമായിരിക്കും.   ശ്വാസകോശത്തില്‍ അനുഭവപ്പെടുന്ന പിരിമുറുക്കം മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍, ശ്വാസകോശത്തിലെ വായുസഞ്ചാരത്തിന്  വിശാലത ഉണ്ടാക്കുവാനും അതുവഴി ശ്വാസതടസ്സത്തില്‍ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താനുമാണ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത്. ശ്വാസകോശത്തിലെ വായുസഞ്ചാര ധമനികളെ തുറപ്പിക്കുന്ന വ്യത്യസ്ഥ തരത്തിലുള്ള മരുന്നുകള്‍ ഇന്‍ഹേലറില്‍ ഉപയോഗിക്കാറുണ്ട്. മറ്റേത് മരുന്നുകളെക്കാളും പെട്ടെന്ന് ശ്വാസകോശത്തിലെ കുഴലുകളിലേക്ക് കടന്നുചെന്ന് അവയെ വായുസഞ്ചാരത്തിന് ഉതകും വിതം വിശാലമാക്കാന്‍ ഇന്‍ഹേലറുകള്‍ക്ക് സാധിക്കുന്നു. ശ്വാസത്തോടൊപ്പം മരുന്ന് കൂടി ശ്വാസകോശത്തിലേക്ക് എടുക്കുകയാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്. 

 

ഇത് ഒരിക്കലും തന്നെ ശരീരത്തില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് പകരമാകുന്നില്ല. മാത്രമല്ല ആമാശയത്തിലേക്ക് അതിന്‍റെ കണികകള്‍ എത്തുന്നുമില്ല. മറിച്ച് നേരിട്ട് ശ്വാസകോശത്തിലേക്ക് മാത്രമാണ് ഇന്‍ഹേലര്‍ വഴി എടുക്കുന്ന മെഡിസിന്‍ പോകുന്നത്. സുഗന്ധമോ മറ്റോ ശ്വസിക്കുന്നത് പോലുള്ള പ്രവര്‍ത്തനമേ ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോഴും നടക്കുന്നുള്ളൂ. അതിനാല്‍ത്തന്നെ അത് നോമ്പ് മുറിക്കുകയില്ല എന്നതാണ് കര്‍മശാസ്ത്ര പണ്ഡിതന്മാരും പണ്ഡിതസഭകളും ഈ വിഷയത്തില്‍ എത്തിയിട്ടുള്ള തീരുമാനം. 

 

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം:

 

دواء الربو الذي يستعمله المريض استنشاقاً يصل إلى الرئتين عن طريق القصبة الهوائية لا إلى المعدة ، فليس أكلاً ولا شرباً ولا شبيهاً بهما . . . والذي يظهر عدم الفطر باستعمال هذا الدواء

 

” ഇന്‍ഹേലര്‍ ഉപയോഗിച്ച് ശ്വസനത്തിലൂടെ ആസ്ത്മയുടെ രോഗികള്‍  ഉള്ളിലേക്കെടുക്കുന്നതായ ശ്വാസകോശത്തിലേക്കെത്തുന്ന, ആമാശയാത്തിലേക്കെത്താത്ത മരുന്ന് ഭക്ഷണമോ, പാനീയമോ അല്ല, അവയോട് സാദൃശ്യമുള്ളതായി കണക്കാക്കാനും സാധിക്കില്ല. ഈ മരുന്ന് ഉപയോഗിക്കുക വഴി നോമ്പ് മുറിയില്ല എന്നതാണ് പ്രകടമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.” – [ഫതാവ ഇസ്‌ലാമിയ: 1/130].

 

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല പറയുന്നു: 

 

وبخاخ الربو لا يفطّر لأنه غاز مضغوط يذهب إلى الرئة وليس بطعام  .

 

“ആസ്ത്മക്കുള്ള ഇന്‍ഹേലര്‍ നോമ്പ് മുറിക്കുകയില്ല. കാരണം അത് ശ്വാസകോശത്തിലേക്ക് രൂപത്തില്‍ വായു രൂപത്തില്‍ കമ്പ്രെസ്സ് ചെയ്യപ്പെട്ട മരുന്നാണ്. അത് ഭക്ഷണ ഗണത്തില്‍ പെടില്ല”. – [ഫതാവ ദഅവ : ഇബ്നു ബാസ്: 979]. 

 

അതുപോലെ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല പറയുന്നു: 

 

هذا البخاخ يتبخر ولا يصل إلى المعدة ، فحينئذٍ نقول : لا بأس أن تستعمل هذا البخاخ وأنت صائم ، ولا تفطر بذلك

 

” ഇന്‍ഹേലര്‍ വഴി എടുക്കുന്ന മെഡിസിന്‍ ആവിയായി ശ്വാസത്തില്‍ ലയിച്ചു പോകുന്നു. അത് ആമാശയാത്തിലേക്കെത്തുന്നില്ല. അതുകൊണ്ടുതന്നെ നാം പറയുന്നു: നീ നോമ്പുകാരനായിരിക്കെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അതുകൊണ്ട് നിന്‍റെ നോമ്പ് മുറിയുകയില്ല.” – [ഫതാവ അര്‍കാനുല്‍ ഇസ്‌ലാം : പേജ്: 475]. 

 

എന്നാല്‍ ആസ്തമക്കുള്ള ഗുളിക കഴിക്കുക വഴി നോമ്പ് മുറിയും. കാരണം അത് അന്നനാളത്തിലൂടെ ആമാശയാത്തിലേക്ക് എത്തുന്നതും ഭക്ഷണത്തെപ്പോലെ ഘരരൂപത്തില്‍ ഉള്ളതുമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ …

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ഒരാള്‍ക്ക് പകരം മറ്റൊരാള്‍ക്ക് നോമ്പ് നോല്‍ക്കാവുന്നത് എപ്പോള്‍ ?. നോമ്പിന് പകരം ഫിദ്’യ മതിയാകുന്നത് ആര്‍ക്ക് ?. ഫിദ്’യയുടെ അളവ് എത്ര ?. ഫിദ്’യ നല്‍കേണ്ടത് ആര്‍ക്ക് ?

ഒരാള്‍ക്ക് പകരം മറ്റൊരാള്‍ക്ക് നോമ്പ് നോല്‍ക്കാവുന്നത് എപ്പോള്‍ ?. നോമ്പിന് പകരം ഫിദ്'യ മതിയാകുന്നത് ആര്‍ക്ക് ?. ഫിദ്'യയുടെ അളവ് എത്ര ?. ഫിദ്'യ നല്‍കേണ്ടത് ആര്‍ക്ക് ?

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والااه، وبعد؛

 

ഒന്നാമത്തെ ചോദ്യം: ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ക്ക് നോമ്പ് നോല്‍ക്കാവുന്നത് എപ്പോഴാണ് ?.

 

ഒരാൾക്ക് നോമ്പ് നിർബന്ധമാകുകയും അത് നോറ്റു വീട്ടുവാൻ സമയം ലഭിച്ചിട്ടും നോറ്റ് വീട്ടാതിരിക്കുകയും,  അപ്രകാരം മരണപ്പെടുകയും ചെയ്‌താൽ അവരുടെ വലിയ്യ് അവർക്ക് വേണ്ടി നോമ്പ് എടുക്കട്ടെ എന്നാണ് പ്രവാചകൻ (സ) പറഞ്ഞത്. ഉദാ: ഒരാള്‍ റമളാന്‍ മാസത്തില്‍ രോഗിയായിരുന്നു. ഒരാഴ്ച നോമ്പ് നോല്‍ക്കാന്‍ സാധിച്ചില്ല. ശേഷം അദ്ദേഹത്തിന്‍റെ രോഗം മാറി. പക്ഷെ പിന്നീട് നോല്‍ക്കാം എന്ന് കരുതി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അയാള്‍ മരണപ്പെട്ടു. അസുഖം മാറിയ ശേഷം നോമ്പ് നോറ്റു വീട്ടാനുള്ള സമയം ലഭിച്ചിരുന്നു. പക്ഷെ പിന്നീട് നോല്‍ക്കാം എന്ന് കരുതിയിരിക്കെ മരണപ്പെടുകയും ചെയ്തു. ഇയാളുടെ വേണ്ടപ്പെട്ട ബന്ധുമിത്രാതികള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ ആ നോമ്പ് നോല്‍ക്കാം. കാരണം അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു:

 

 

من مات وعليه صيام صام عنه وليه

“ആരെങ്കിലും ഒരാള്‍ മരണപ്പെടുകയും അയാളുടെ മേല്‍ നിര്‍ബന്ധമായ നോമ്പ് അവശേഷിക്കുകയും ചെയ്‌താല്‍ അയാളുടെ വലിയ്യ്‌ അത് നോറ്റു കൊള്ളട്ടെ” – [متفق عليه].

 

ഇനി ഒരാള്‍ റമദാന്‍ മാസത്തില്‍ ഒരാള്‍ ബോധരഹിതനായി, അല്ലെങ്കില്‍ രോഗബാധിതനായി എന്ന് കരുതുക. അയാള്‍ ആ കിടപ്പില്‍ത്തന്നെ മരിക്കുകയും ചെയ്തു. നോറ്റു വീട്ടാനുള്ള സമയം അയാള്‍ക്ക് ലഭിച്ചിട്ടില്ല, അയാളാകട്ടെ നിത്യരോഗിയുമല്ല എങ്കില്‍ അയാളുടെ മേല്‍ നോമ്പ് അവശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ അയാള്‍ക്ക് വേണ്ടി നോമ്പ് നോല്‍ക്കുകയോ ഫിദ്’യ നല്‍കുകയോ ചെയ്യേണ്ടതില്ല. ഇനി ഒരാള്‍ നിത്യരോഗ ബാധിതനായിരുന്നുവെങ്കില്‍, അഥവാ വാര്‍ദ്ധക്യ സഹചമായോ, നിത്യ രോഗം കാരണത്താലോ നോമ്പ് നഷ്ടപ്പെട്ടയാള്‍ ആണ്  എങ്കില്‍ ആ നോമ്പുകള്‍ക്ക് ഫിദ്’യ നല്‍കിയാല്‍ മതി.

 

  അതു തന്നെ വലിയ്യിനെ സംബന്ധിച്ചിടത്തോളം നിർബന്ധമല്ല, മുസ്തഹബ്ബാണ് എന്നാണ് കൂടുതൽ പണ്ഡിതന്മാരുടെയും അഭിപ്രായം. ഇബ്നു ഉസൈമീൻ (റ) കൂടുതൽ പ്രബലമായി രേഖപ്പെടുത്തിയത് ആ അഭിപ്രായത്തെ ആണ്.

 

അതുപോലെ റമദാന്‍ മാസത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ഉദാ: റമദാന്‍ 10ന് ഒരാള്‍ മരണപ്പെട്ടാല്‍ ബാക്കിയുള്ള പത്ത് ദിവസം അയാളുടെ മേല്‍ ബാധകമല്ല. അത് വലിയ്യ്‌ നോറ്റു വീട്ടുകയോ, ഫിദ്’യ കൊടുക്കുകയോ ചെയ്യേണ്ടതില്ല.

 

രണ്ടാമത്തെ ചോദ്യം : ആര്‍ക്കാണ് നോമ്പിന് പകരം ഫിദ്’യ കൊടുത്താല്‍ മതിയാകുന്നത് എന്നതാണ് ?. 

 

ഒരാൾക്ക് വാർദ്ധക്യം കാരണത്താലോ, അതല്ലെങ്കിൽ ഒരിക്കലും ശമനം പ്രതീക്ഷിക്കാത്ത വാര്‍ദ്ധക്യം, മാറാരോഗം തുടങ്ങിയ ശാരീരിക പ്രയാസം കാരണത്താലോ നോമ്പ് നോല്‍ക്കാൻ സാധിക്കാതെ വന്നാൽ അയാളാണ് മുദ്ദ് കൊടുക്കേണ്ടത്. അല്ലാഹു പറയുന്നു:

 

 

 وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ

 “(ഞെരുങ്ങിക്കൊണ്ട്‌ മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌”. – [അല്‍ബഖറ: 184]. ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട കാലത്ത് ഏതൊരാള്‍ക്കും നോമ്പ് നോല്‍ക്കുകയോ പകരം ഭക്ഷണം നല്‍കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പിന്നീട് സാധിക്കുന്നവര്‍ എല്ലാം നോമ്പ് എടുക്കണം എന്ന നിയമം വരുകയും ആജീവനാന്തം നോമ്പ് നോല്‍ക്കാന്‍ കഴിയാത്തവരുടെ വിഷയത്തില്‍ മാത്രം ആ നിയമം അവശേഷിക്കുകയും ചെയ്തു.

 

 മുദ്ദ് കൊടുത്താൽ പിന്നെ അവരുടെ നോമ്പ് അവരോ മറ്റുള്ളവരോ നോറ്റു വീട്ടേണ്ടതില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം ഫിദ്’യ നല്കുക എന്നത് മാത്രമാണ് നിർബന്ധമായിട്ടുള്ളത്. അവരുടെ കാരണം താൽകാലികമല്ല എന്നതുകൊണ്ട്‌ തന്നെ അവർക്ക് നോമ്പ് നോറ്റു വീട്ടുക എന്നത് സാധ്യമല്ലല്ലോ. അവരെ സംബന്ധിടത്തോളം മുദ്ദ് മാത്രം നൽകിയാൽ മതി.

 

എന്നാല്‍ ശമനം പ്രതീക്ഷിക്കുന്ന അസുഖം ബാധിച്ച ആളുകള്‍ പിന്നീട് രോഗശമനത്തിന് ശേഷം അത് നോറ്റു വീട്ടുകയാണ് ചെയ്തത്. പകല്‍ സമയത്ത് മരുന്ന് ഉപേക്ഷിക്കാന്‍ സാധിക്കാത്ത ഒന്ന് രണ്ട് വര്‍ഷം മരുന്ന് തുടരെണ്ടാതായി വരുന്ന രോഗങ്ങള്‍ ആണെങ്കിലും ഇപ്രകാരം തന്നെയാണ്. ശമനം പ്രതീക്ഷിക്കാത്ത നിത്യരോഗികളും, വാര്‍ദ്ധക്യ കാരണത്താല്‍ റമളാന്‍  പൂര്‍ണമായോ ഭാഗികമായോ നോമ്പ് എടുക്കാന്‍ സാധിക്കാത്തവരും ഉണ്ടെങ്കില്‍ അവര്‍ക്കാണ് ഫിദ്’യ നല്‍കിയാല്‍ മതിയാവുന്നത്. രോഗശമനം പ്രതീക്ഷിക്കുന്നവര്‍ അവര്‍ക്കുള്ള തടസം എപ്പോള്‍ നീങ്ങുന്നുവോ അപ്പോള്‍ അത് നോറ്റു വീട്ടണം.

 

താല്‍ക്കാലികമായ അസുഖം കാരണത്താലോ, യാത്ര കാരണത്താലോ ഒക്കെ നോമ്പ് ഒഴിവാക്കുന്നവർ അടുത്ത റമദാൻ വന്നെത്തുന്നതിനു മുമ്പായി ആ നോമ്പ് നോറ്റു വീട്ടിയാൽ മതി. അവർ ഫിദ്’യ കൊടുക്കേണ്ടതില്ല. അവർ തന്നെയാണ് ആ നോമ്പ് നോറ്റു വീട്ടെണ്ടത്. അവര്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റതുകൊണ്ട് അവരുടെ നോമ്പ് വീടില്ല. ഒരാൾ മറ്റൊരാൾക്ക് പകരം നോമ്പ് നോറ്റു വീട്ടുക എന്നുള്ളത് മുകളിൽ സൂചിപ്പിച്ച പോലെ ‘നോമ്പ് നിർബന്ധമായ ഒരു വ്യക്തി അത് നോറ്റു വീട്ടുന്നതിനു മുന്പ് മരണപ്പെട്ടാൽ’  ആ സാഹചര്യത്തില്‍ മാത്രമാണ്.

 

എത്രയാണ് ഫിദ്’യയുടെ അളവ് ?. 

 

ഇമാം ശാഫിഇയുടെ അഭിപ്രായപ്രകാരം ഒരു മുദ്ദ്‌ അഥവാ ഏകദേശം അരക്കിലോ. നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരത്തില്‍ ഉള്ളത് ഇതാണ്. അതുകൊണ്ടാണ് സാധാരണ നാം മുദ്ദ്‌ കൊടുക്കുക എന്ന് കേള്‍ക്കാറുള്ളത്.  ഇമാം അഹ്മദിന്‍റെ അഭിപ്രായപ്രകാരം അര സ്വാഅ് അഥവാ രണ്ട് മുദ്ദ്‌ ഏകദേശം ഒരു കിലോ ഭക്ഷണം ആണ് നല്‍കേണ്ടത്. ഒരു പാവപ്പെട്ട ആള്‍ക്ക് ഒരു നേരത്തെ ഭക്ഷണം എന്നതാണ് യഥാര്‍ത്ഥത്തില്‍ അതിന്‍റെ കണക്ക്.  അത് പാലിക്കപ്പെടുന്ന രൂപത്തില്‍ എത്രയും നല്‍കാവുന്നതാണ്. കൂടുതല്‍ നല്‍കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭക്ഷണം പാകം ചെയ്ത് അവരെ വീട്ടിലേക്ക് ക്ഷണിച്ചോ അതല്ലെങ്കില്‍ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തോ ഒക്കെ നല്‍കാവുന്നതാണ്. റമളാനിന്‍റെ ആദ്യത്തിലോ, പകുതിയിലോ അവസാനത്തിലോ ഒക്കെ അത് നല്‍കാം.അനസ് ബ്ന്‍ മാലിക്ക് (റ) അദ്ദേഹത്തിന് പ്രായാധിക്യം കാരണത്താല്‍ നോമ്പ് നോല്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ റമളാന്‍ അവസാനത്തില്‍ മുപ്പത് ദിവസത്തിനുമുള്ള ഭക്ഷണം പാകം ചെയ്ത് പാവപ്പെട്ടവരെ ക്ഷണിച്ച് അവരെ ഭക്ഷിപ്പിച്ചിരുന്നു.

 

ഫിദ്’യ നല്‍കേണ്ടത് ആര്‍ക്ക് ?.

സകാത്തിന്‍റെ അവകാശികളില്‍ പെട്ട മിസ്കീന്‍ ഫഖീര്‍ എന്നീ ഗണത്തില്‍ പെടുന്ന ആളുകള്‍ക്ക് തന്നെയാണ് ഫിദ്’യ നല്‍കേണ്ടതും. അതുകൊണ്ടുതന്നെ അവര്‍ മുസ്’ലിമായിരിക്കണം. അവിശ്വാസികള്‍ക്ക്‌ നല്‍കിയാല്‍ ഫിദ്’യയാവില്ല.  ഇവിടെ അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ടത് അവിശ്വാസികളായാല്‍പോലും ഏതൊരാള്‍ക്ക് ഭക്ഷണം നല്‍കലും ഏറെ പുണ്യകരമാണ് എങ്കില്‍ക്കൂടി പ്രായശ്ചിത്തവുമായി ബന്ധപ്പെട്ട ഭക്ഷണദാനം വിശ്വാസികള്‍ക്കാണ് നല്‍കപ്പെടേണ്ടത്.

 

ഒന്നിലധികം ദിവസത്തെ ഭക്ഷണം ഒരാള്‍ക്ക് തന്നെ നല്‍കാമോ ?.

 

ആവശ്യക്കാരനാണ് എങ്കില്‍ ഒരാള്‍ക്ക് തന്നെ നല്‍കാം. മുപ്പത് ദിവസത്തിന് പകരമായുള്ള ഫിദ്’യയും വേണമെങ്കില്‍, അവര്‍ ആവശ്യക്കാര്‍ ആണ് എങ്കില്‍ ഒരു വീട്ടിലേക്ക് തന്നെ നല്‍കാം.

 

 

ഗര്‍ഭിണിയും മുലയൂട്ടുന്ന സ്ത്രീയുമായി ബന്ധപ്പെട്ട കാര്യം മറ്റൊരു ലേഖനത്തില്‍ വ്യക്തമാക്കാം ഇന്‍ ഷാ അല്ലാഹ്. അവര്‍ ഗര്‍ഭം കാരണത്താലോ മുലകുടി കാരണത്താലോ ഒഴിവാക്കുന്ന നോമ്പ് നോറ്റുവീട്ടുക തന്നെ വേണം എന്നതാണ് പ്രബലമായ അഭിപ്രായം. അത് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യം ആയതുകൊണ്ട് മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കാം ഇന്‍ ഷാ അല്ലാഹ് 

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ശനിയാഴ്ച ദിവസവും സുന്നത്ത് നോമ്പും – ഒരു ലഘു പഠനം.

ശനിയാഴ്ച ദിവസവും സുന്നത്ത് നോമ്പും - ഒരു ലഘു പഠനം.

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

 

ശനിയാഴ്ച ദിവസം സുന്നത്ത് നോമ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഈയിടെയായി അനേകം ആളുകൾ സംശയം ചോദിക്കുന്നുണ്ട്. ശനിയാഴ്ച ദിവസം നോമ്പ് നോൽക്കുന്നത് വിലക്കിക്കൊണ്ട് നബി (സ) യിൽ നിന്നും വന്ന ഹദീസ് മനസ്സിലാക്കുന്നിടത്തുള്ള തെറ്റിദ്ധാരണയാണ് ഈ ആശയക്കുഴപ്പത്തിന്നാധാരം. ആ ഹദീസ് ഇപ്രകാരമാണ്:

 

عَنْ عَبْدِ اللَّهِ بْنِ بُسْرٍ عَنْ أُخْتِهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا تَصُومُوا يَوْمَ السَّبْتِ إِلا فِيمَا افْتَرَضَ اللَّهُ عَلَيْكُمْ ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلا لِحَاءَ عِنَبَةٍ ، أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ )

 

അബ്ദുല്ലാഹ് ബ്ൻ ബുസ്ർ (റ) തൻറെ സഹോദരിയിൽ നിന്നും ഉദ്ധരിക്കുന്നു: റസൂൽ (സ) ഇപ്രകാരം പറഞ്ഞു: “ശനിയാഴ്ച ദിവസം നിങ്ങൾ അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ ഫർള് നോമ്പുകളല്ലാതെ നോൽക്കരുത്. മുന്തിരിയുടെ പുറം തോട് അല്ലെങ്കിൽ ഒരുമരത്തിന്റെ കൊമ്പ് മാത്രമേ ഒരാൾക്ക് കിട്ടിയുള്ളൂ എങ്കിലും ശരി അത് കഴിച്ചിട്ടെങ്കിലും അവൻ തൻറെ നോമ്പ് ഉപേക്ഷിക്കട്ടെ”. – [തിർമിദി : 744 , അബൂ ദാവൂദ്: 2421, ഇബ്നു മാജ: 1726. ശൈഖ് അൽബാനി (റ) ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റ) യെപ്പോലെ ഈ ഹദീസ് അങ്ങേയറ്റം ദുർബലവും തെളിവിന് നിരക്കാത്തതാണ്  എന്നഭിപ്രായപ്പെട്ടവരുമുണ്ട് (https://binbaz.org.sa/fatwas/27234/ما-حكم-صيام-يوم-السبت-منفردا) . എന്നാൽ സ്വഹീഹാണ് എന്നതാണ് പ്രബലമായ അഭിപ്രായം].

 

 

പ്രത്യക്ഷത്തിൽ ഫർള് നോമ്പുകൾ അല്ലാത്ത ഒരു നോമ്പും ശനിയാഴ്ച ദിവസം നോൽക്കാൻ പാടില്ല എന്ന് ഈ ഹദീസിൽ പ്രതിപാദിച്ചു കാണാം. എന്നാൽ നബി (സ) നിന്നും വന്നിട്ടുള്ള മറ്റനേകം ഹദീസുകൾ പരിശോധിക്കുന്ന പക്ഷം ശനിയാഴ്ച ദിവസം മാത്രമായി ശനിയാഴ്ച ദിവസത്തെ ഒറ്റപ്പെടുത്തി നോമ്പ് നോൽക്കുന്ന കാര്യമാണ് ഇവിടെ വിലക്കപ്പെട്ടത് എന്ന് മനസ്സിലാക്കാം.

 

മേൽപറഞ്ഞ ഹദീസ് ഉദ്ദരിച്ച ശേഷം ഇമാം തിർമിദി (റ) തന്നെ ഈ ഹദീസിലെ വിലക്കിൻറെ പൊരുൾ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:

 

 وَمَعْنَى كَرَاهَتِهِ فِي هَذَا أَنْ يَخُصَّ الرَّجُلُ يَوْمَ السَّبْتِ بِصِيَامٍ لأَنَّ الْيَهُودَ تُعَظِّمُ يَوْمَ السَّبْتِ

 

“ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്ന വിലക്ക് എന്നുവെച്ചാൽ ഒരാൾ ശനിയാഴ്ച ദിവസം മാത്രം പ്രത്യേകമായി നോമ്പ് നോൽക്കുക എന്നതാണ്. കാരണം ജൂതന്മാർ പ്രത്യേകം ശ്രേഷ്ഠത കല്പിക്കുന്ന ദിവസമാണ് ശനിയാഴ്ച”. – [തിർമിദി : 744 vol: 3 page: 111].

 

മാത്രമല്ല ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസിൽ ഇപ്രകാരം കാണാം:

 

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ :  لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه

 

അബൂ ഹുറൈറ (റ) നിവേദനം: നബി (സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “ഒരു ദിവസം മുൻപോ ഒരു ദിവസം ശേഷമോ നോമ്പ് പിടിച്ചുകൊണ്ടല്ലാതെ വെള്ളിയാഴ്ച ദിവസം മാത്രമായി നിങ്ങളിലൊരാളും നോമ്പ് നോൽക്കരുത്” – [സ്വഹീഹുൽ ബുഖാരി: 1985, സ്വഹീഹ് മുസ്‌ലിം: 1144].

 

അഥവാ വെള്ളിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് നോൽക്കാൻ പാടില്ല. വെള്ളിയാഴ്ച ദിവസം നോമ്പ് പിടിക്കുന്നവർ അതിനു  മുൻപോ ശേഷമോ ഒരു നോമ്പ് നോൽക്കണം. ഈ ഹദീസിൽ നിന്നും വെള്ളിയാഴ്ചയോടൊപ്പം ശനിയാഴ്ച ഒരാൾ നോമ്പ് നോൽക്കുകയാണ് എങ്കിൽ അതിന് ശനിയാഴ്ചക്കോ, വെള്ളിയാഴ്ചക്കോ യാതൊരു വിലക്കും ഉണ്ടാകുന്നില്ല എന്നത് സുവ്യക്തമാണല്ലോ. ഈ ഹദീസിൽ എവിടെയും ഇത് ഫർള് നോമ്പിനെക്കുറിച്ച് എന്നോ, സുന്നത്ത് നോമ്പിനുനെക്കുറിച്ച് എന്നോ പരാമർശിക്കുന്നില്ല. അതുകൊണ്ടുതന്നെ വിലക്കപ്പെട്ടത് വെള്ളിയാഴ്ചയെയോ, ശനിയാഴ്ചയേയോ ഒറ്റക്ക് നോമ്പ് പിടിക്കുക എന്നതാണ് എന്ന് മനസ്സിലാക്കാം.

 

ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:

 

عَنْ جُوَيْرِيَةَ بِنْتِ الْحَارِثِ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ : ( أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي ) .

 

ഉമ്മുൽ മുഅമിനീൻ ജുവൈരിയ ബിൻത്‌ ഹാരിസ് (റ)  നിവേദനം: ഒരു വെള്ളിയാഴ്ച ദിവസം അവർ നോമ്പുകാരിയായിരിക്കെ നബി (സ) അവരുടെ അരികിലേക്ക് പ്രവേശിച്ചു. അപ്പോൾ അദ്ദേഹം അവരോട് ചോദിച്ചു: നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ ?. അവർ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: നീ നാളെ നോമ്പ് നോൽക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ?. അവർ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: എങ്കിൽ നീ നോമ്പ് മുറിച്ചുകൊള്ളുക”. – [സ്വഹീഹുൽ ബുഖാരി: 1986].

 

ഇവിടെ ഈ ഹദീസിൽ വെള്ളിയാഴ്ച ദിവസം മാത്രമായി നോമ്പ് പിടിച്ച ജുവൈരിയ (റ) യോട് നബി (സ) ചോദിച്ചത് തലേ ദിവസം നോമ്പെടുത്തിരുന്നോ എന്നതാണ്. ഇല്ലെന്നു പറഞ്ഞപ്പോൾ ‘എങ്കിൽ നാളെ അഥവാ ശനിയാഴ്ച കൂടി നോമ്പ് എടുക്കാൻ ഉദ്ദേശിക്കുന്നോ എന്നാണ് ചോദിച്ചത്. ശനിയാഴ്ചയോ വെള്ളിയാഴ്ചയോ ഒറ്റക്ക് മാത്രം നോൽക്കുന്നതാണ് വിലക്കപ്പെട്ടത് എന്നത് ഈ ഹദീസിൽ നിന്നും സുവ്യക്തമാണ്. ഈ ഹദീസിൽ നിന്നും ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് പിടിക്കുന്നതിനേ വിലക്കുള്ളൂ എന്ന് സ്പഷ്ടമായി മനസ്സിലാക്കാം എന്ന് ഇമാം ഇബ്നു ഖുദാമ (റ) തൻറെ المغني എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചത് കാണാം. [المغني: 3/171].

 

മാത്രമല്ല സുന്നത്ത് നോമ്പുകളിൽ ഏറ്റവും ശ്രേഷ്ഠം ദാവൂദ് നബി (അ) ൻറെ നോമ്പ് ആണല്ലോ. ഒരുദിവസം ഇടവിട്ട് നോമ്പ് നോൽക്കലാണല്ലോ അത്. അപ്രകാരം ചെയ്യുന്നത് സുന്നത്താണ് എന്ന് നബി (സ) പഠിപ്പിക്കുകയും ചെയ്തു. :

 

عن عَبْد اللَّهِ بْن عَمْرِو بْنِ الْعَاصِ رضى الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لَهُ : ( أَحَبُّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ عَلَيْهِ السَّلاَمُ ، وَأَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ ، وَكَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ ، وَيَصُومُ يَوْمًا وَيُفْطِرُ يَوْمًا ) .

 

അബ്ദുല്ലാഹ് ബ്ൻ അംറു ബ്നുൽ ആസ് (റ) നിവേദനം: റസൂൽ (സ) അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള നമസ്കാരം ദാവൂദ് നബി (അ) യുടെ നമസ്‌കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള നോമ്പാകട്ടെ അത് ദാവൂദ് നബി (അ) യുടെ നോമ്പുമാണ്. അദ്ദേഹം രാത്രിയുടെ പാതി ഉറങ്ങും എന്നിട്ടെഴുന്നേറ്റ് രാത്രിയുടെ മൂന്നിലൊന്ന് നേരം നമസ്കരിക്കും ശേഷം അവശേഷിക്കുന്ന ആറിലൊന്ന് വീണ്ടും ഉറങ്ങും. അദ്ദേഹം ഒരു ദിവസം നോമ്പ് പിറ്റേ ദിവസം നോമ്പില്ലാതെ എന്നിങ്ങനെ ഒന്നിടവിട്ട് നോമ്പെടുക്കുകയും ചെയ്യും”. [സ്വഹീഹുൽ ബുഖാരി: 1131, സ്വഹീഹ് മുസ്‌ലിം: 1159].

 

ഒരാൾ ഒന്നിടവിട്ട് സുന്നത്ത് നോമ്പുകൾ നോൽക്കുകയാണ് എന്ന് കരുതുക ശനിയാഴ്ച ദിവസം സ്വാഭാവികമായും നോമ്പ് വന്നിരിക്കും. ഒരു ശനിയാഴ്ച ദിവസം നോമ്പ് ഉപേക്ഷിച്ചാൽത്തന്നെ അടുത്ത ശനിയാഴ്ച ദിവസം സ്വാഭാവികമായും നോമ്പ് വന്നിരിക്കും. ആ നിലക്ക് ശനിയാഴ്ച ദിവസം വിലക്കപ്പെട്ട ദിവസമാണ് എന്ന് നിരുപാധികം പറഞ്ഞാൽ ഈ ഹദീസിൽ പരാമർശിച്ച വിധത്തിൽ നോമ്പ് നോൽക്കുക അസാധ്യമാകും. അതുകൊണ്ടുതന്നെ മുൻപോ ശേഷമോ നോമ്പെടുക്കുമ്പോൾ ശനിയാഴ്ച ദിവസം നോമ്പ് നോൽക്കാം എന്ന് പറഞ്ഞതുപോലെത്തന്നെ, സ്ഥിരമായി ഒന്നിടവിട്ട് നോമ്പെടുക്കുന്നയാൾക്ക് അതിന്റെ ഭാഗമായി ശനിയാഴ്ച ദിവസം വന്നാലും നോമ്പ് നോൽക്കാം.

 

ഈ വിഷയത്തിൽ ശൈഖ് അൽബാനി (റ) ക്ക് ശനിയാഴ്ച ദിവസം ഒരിക്കലും സുന്നത്ത് നോമ്പ് പാടില്ല. അതിനി അറഫാദിനം വന്നാൽപ്പോലും എന്നഭിപ്രായമുണ്ടായിരുന്നു. അങ്ങേയറ്റം ഒറ്റപ്പെട്ട ഒരഭിപ്രായം മാത്രമാണത്. മാത്രമല്ല അനേകം പ്രമുഖ പണ്ഡിതന്മാർ ശൈഖ് അൽബാനി റഹിമഹുള്ള ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന് ഈ വിഷയത്തിൽ മറുപടി എഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട്. ശൈഖ് ഇബ്നു ഉസൈമീൻ (റ), ശൈഖ് ഇബ്നു ബാസ് (റ), ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ് (ഹ) തുടങ്ങിയവരൊക്കെ ഈ വിഷയത്തിൽ ശൈഖ് അൽബാനിയുടെ വീക്ഷണത്തോട് വിരുദ്ധമായ നിലപാട് സ്വീകരിച്ചവരാണ്. മൂന്നോ നാലോ വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് ഒരു ദൗറയിൽ ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് (റ) യുടെ “ഉസൂൽ വ ളവാബിതുത്തക്ഫീർ” എന്ന ഗ്രന്ഥം വിശദീകരിച്ച് നൽകവേ ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ) ശനിയാഴ്ച നോമ്പെടുക്കുന്ന വിഷയത്തിൽ  അദ്ദേഹം ശൈഖ് അൽബാനിക്ക് മറുപടി എഴുതിയതും, ശേഷം ശൈഖ് അൽബാനിയെ സന്ദർശിച്ച സമയത്ത്, പ്രാമാണികമായി മനസ്സിലാക്കിയ സത്യത്തിൽ ഉറച്ച് നിൽക്കുന്നതിനെ ശൈഖ് അൽബാനി പ്രശംസിച്ചതും ഞാൻ അന്ന് ഫിഖ്ഹുസ്സുന്നയിൽ എഴുതിയിരുന്നു. 

 

പറഞ്ഞുവന്നത് പ്രമാണബദ്ധമായി പരിശോധിച്ചാൽ ശൈഖ് അൽബാനിയുടെ നിലപാടായിരുന്നില്ല മറിച്ച് പൂർവികരും പിൻകാമികളുമായ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഖണ്ഡിതമായി വിശദീകരിച്ച പോലെ,  മുൻപോ ശേഷമോ മറ്റൊരു ദിവസം നോമ്പെടുക്കുകയാണ് എങ്കിലും, ഒന്നിടവിട്ട് നോൽക്കുന്നവർക്കും ശനിയാഴ്ച ദിവസം സുന്നത്ത് നോമ്പ് നോൽക്കുന്നതിന് കുഴപ്പമില്ല എന്ന അഭിപ്രായമാണ് ശരിയായ അഭിപ്രായം എന്ന് മനസ്സിലാക്കാം.

 

ശൈഖ് അൽബാനിക്ക് മുൻപ് വളരെ വിരളമായ ചിലരെ അദ്ദേഹത്തിന്റെ അഭിപ്രായമുണ്ടായിരുന്നവരുള്ളൂ എന്നതും ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്. ഇമാം ഇബ്നു റുശ്ദ് (റ) തൻറെ ബിദായത്തുൽ മുജ്തഹിദിൽ നോമ്പ് നോൽക്കുന്നത്  നിർബന്ധമായതും, സുന്നത്തായതും, ഹറാമായതും, അഭിപ്രായഭിന്നതയുള്ളതുമായ സന്ദർഭങ്ങൾ വിവരിക്കുന്നുണ്ട്. അതിൽ അഭിപ്രായവ്യത്യാസമുള്ള ദിവസങ്ങളുടെ കൂട്ടത്തിലാണ് ശനിയാഴ്ച ദിവസത്തിലെ സുന്നത്ത് നോമ്പിനെ എണ്ണിയത്. ഇത് ശനിയാഴ്ച ദിവസത്തിന്റെ വിഷയത്തിൽ ശൈഖ് അൽബാനി (റ) ക്ക് മുൻപ് തന്നെ ചർച്ചകൾ ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നു. പക്ഷെ അതിൽ അദ്ദേഹം ആരെല്ലാമാണ് ആ അഭിപ്രായക്കാർ എന്നത് വ്യക്തമാക്കുന്നില്ല. അതുപോലെത്തന്നെ (اقتضاء الصراط المستقيم) ഇമാം അഹ്മദിന്റെ ശിഷ്യന്മാരിൽ ചിലർ ശനിയാഴ്ച ദിവസം നോമ്പെടുക്കുന്നത് വെറുത്തിരുന്നു എന്ന് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റ) യും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ത്വാവൂസ് (റ) ഇബ്‌റാഹീം അന്നഖഇ (റ) തുടങ്ങിയ താബിഈങ്ങളിൽ നിന്നും ശനിയാഴ്ച സുന്നത്ത് നോമ്പ് പാടില്ല എന്ന അഭിപ്രായം ഇമാം ബദ്‌റുദ്ദീൻ അൽ ഐനി തന്റെ (مغاني الأخيار في شرح أسامي رجال معاني الآثار) എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട്. ഇതൊക്കെ ചിലർ ആക്ഷേപിക്കുന്ന പോലെ ശൈഖ് അൽബാനി (റ) അങ്ങനെ ഒരു പുത്തൻവാദം കൊണ്ടുവന്നതല്ല എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. എന്നിരുന്നാലും പ്രമാണങ്ങളുടെ പിൻബലവും ബഹുഭൂരിപക്ഷം വരുന്ന ഇമാമീങ്ങളുടെ അഭിപ്രായവും ഒക്കെ ആ നിലപാടിന് എതിരാണ് എന്ന് നാം വ്യക്തമാക്കിയല്ലോ.

 

മാത്രമല്ല ശനിയാഴ്ച മാത്രം ഒറ്റക്ക് നോമ്പെടുക്കുന്നതേ വിലക്കപ്പെട്ടിട്ടുള്ളൂ എന്നതാണ് നാല് മദ്ഹബിലെയും ആധികാരികമായ അഭിപ്രായവും

 

ഇമാം കാസാനി (റ) പറയുന്നു:

 

وَيُكْرَهُ صَوْمُ يَوْمِ السَّبْتِ بِانْفِرَادِهِ، لِأَنَّهُ تَشَبُّهٌ بِالْيَهُودِ، وَكَذَا صَوْمُ يَوْمِ النَّيْرُوزِ، لِأَنَّهُ تَشَبُّهٌ بِالْمَجُوسِ

 

“ശനിയാഴ്ച ദിവസം മാത്രം ഒറ്റക്ക് നോമ്പ് പിടിക്കുന്നത് വെറുക്കപ്പെട്ടതാണ്. കാരണം അത് ജൂതന്മാരോട് സാദൃശ്യപ്പെടലാണ്. അതുപോലെത്തന്നെ നൈറൂസിൻറെ ദിവസം നോമ്പെടുക്കുന്നതും വെറുക്കപ്പെട്ടതാണ്. കാരണം അത് മജൂസികളോട് സാദൃശ്യപ്പെടലാണ്” – [بدائع الصنائع: 2/79].

 

ഇമാം നവവി (റ) പറയുന്നു:

 

يُكْرَهُ إفْرَادُ يَوْمِ السَّبْتِ بِالصَّوْمِ فَإِنْ صَامَ قَبْلَهُ، أَوْ بَعْدَهُ مَعَهُ لَمْ يُكْرَهُ صَرَّحَ بِكَرَاهَةِ إفْرَادِهِ أَصْحَابُنَا مِنْهُمْ الدَّارِمِيُّ وَالْبَغَوِيُّ وَالرَّافِعِي

 

ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് നോൽക്കൽ വെറുക്കപ്പെട്ട കാര്യമാണ്. എന്നാൽ അതിന് മുൻപോ ശേഷമോ മറ്റൊരു ദിവസം കൂടെ നോൽക്കുകയാണെങ്കിൽ അത് വെറുക്കപ്പെട്ടതാവില്ല. ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പെടുക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ് എന്ന് ശാഫിഈ മദ്ഹബിലെ ഇമാമീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ദാരിമി, ഇമാം ബഗവി, ഇമാം റാഫിഇ തുടങ്ങിയവർ അവരിൽപ്പെടുന്നു”. – [المجموع: 6/439].

 

ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:

 

قال ابن قدامة رحمه الله: ” قال أصحابنا: يُكْرَه إفراد يوم السبت بالصوم … والمكروه إفراده، فإن صام معه غيره، لم يكره; لحديث أبي هريرة وجويرية، وإن وافق صومًا لإنسان, لم يُكْرَه “. اهـ.

 

“ഹംബലീ മദ്ഹബിലെ ഇമാമീങ്ങളുടെ അഭിപ്രായപ്രകാരം ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് പിടിക്കുന്നത് അങ്ങേയറ്റം വെറുക്കപ്പെട്ടതാണ്. ആ ദിവസം മാത്രമായി ഒറ്റക്ക് നോമ്പെടുക്കുക എന്നതാണ് വെറുക്കപ്പെട്ടത്. എന്നാൽ ആ ദിവസത്തോടൊപ്പം മറ്റു ദിവസങ്ങളും ചേർത്ത് നോമ്പെടുത്താൽ അത് വെറുക്കപ്പെട്ടതല്ല. ജുവൈരിയ (റ) യുടെയും അബൂ ഹുറൈറ (റ) വിന്റെയും ഹദീസ് അതിന് തെളിവാണ്. ഒരാൾ സാധാരണ നോൽക്കാറുള്ള ദിവസം ശനിയാഴ്ച ഒത്തുവന്നാൽ അന്ന് നോൽക്കുന്നതും വെറുക്കപ്പെട്ടതല്ല.. ” – [الشرح الكبير: / كتاب الصيام /باب صوم التطوع: ص788] .

 

അതുപോലെ ആറു നോമ്പ് എടുക്കുമ്പോൾ ബുധനും, വ്യാഴവും, വെള്ളിയും ഒക്കെ നോമ്പ് നോറ്റ വ്യക്തി ശനിയാഴ്ച ദിവസം മാത്രം നോമ്പ് നോൽക്കാതെ ഒഴിവാക്കുമ്പോൾ, അവിടെ ശനിയാഴ്ചക്ക് മാത്രമായി പ്രത്യേകം പ്രത്യേകത കാണാതിരിക്കാനാണ് അന്ന് മാത്രമായി നോമ്പ് നോൽക്കുന്നത് നബി (സ) വിലക്കിയത് എന്ന  അതെ കാരണം ആ ദിവസം മാത്രം പ്രത്യേകമായി ഒഴിച്ചിടുമ്പോഴും സംഭവിക്കുന്നു. അതുകൊണ്ട് ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് നോൽക്കാതിരിക്കുക എന്നതാണ് ആകെച്ചുരുക്കം എന്ന് മനസ്സിലാക്കാം.

 

അവസാനമായി വളരെ പഠനാർഹമായതിനാൽ ഈ വിഷയത്തിൽ ശൈഖ് ഇബ്നു ഉസൈമീൻ (റ) നൽകിയ ഒരു ലഘുവിശദീകരണം കൂടി ഇവിടെ ചേർക്കുന്നു:

 

” وليعلم أن صيام يوم السبت له أحوال :

 

الحال الأولى : أن يكون في فرضٍ كرمضان أداء ، أو قضاءٍ ، وكصيام الكفارة ، وبدل هدي التمتع ، ونحو ذلك ، فهذا لا بأس به ما لم يخصه بذلك معتقدا أن له مزية .

 

الحال الثانية : أن يصوم قبله يوم الجمعة فلا بأس به ؛ لأن النبي صلى الله عليه وسلم قال لإحدى أمهات المؤمنين وقد صامت يوم الجمعة : ( أصمت أمس ؟ ) قالت : لا ، قال : ( أتصومين غدا ؟ ) قالت : لا ، قال : ( فأفطري ) . فقوله : ( أتصومين غدا ؟ ) يدل على جواز صومه مع الجمعة .

 

الحال الثالثة : أن يصادف صيام أيام مشروعة كأيام البيض ويوم عرفة ، ويوم عاشوراء ، وستة أيام من شوال لمن صام رمضان ، وتسع ذي الحجة فلا بأس ، لأنه لم يصمه لأنه يوم السبت ، بل لأنه من الأيام التي يشرع صومها .

 

الحال الرابعة : أن يصادف عادة كعادة من يصوم يوما ويفطر يوما فيصادف يوم صومه يوم السبت فلا بأس به ، كما قال النبي صلى الله عليه وسلم لما نهى عن تقدم رمضان بصوم يوم أو يومين : ( إلا رجلاً كان يصوم صوماً فليصمه ) ، وهذا مثله .

 

الحال الخامسة : أن يخصه بصوم تطوع فيفرده بالصوم ، فهذا محل النهي إن صح الحديث في النهي عنه ” انتهى ).

 

അദ്ദേഹം പറയുന്നു: ശനിയാഴ്ച ദിവസം നോമ്പുപിടിക്കുകയെന്നുള്ളത് വിവിധ രൂപങ്ങളിലാണ് സംഭവിക്കുന്നത്:

 

ഒന്ന്:  റമളാനിലെ ഫർള് നോമ്പ് ആ മാസത്തിൽ തന്നെ അനുഷ്ഠിക്കുമ്പോഴോ പിന്നീട് നോറ്റു വീട്ടുമ്പോഴോ ഫർള് നോമ്പ് ശനിയായാഴ്ച ദിവസം നോൽക്കുക എന്നത്. അതുപോലെ കഫാറത്തിന്റെ അഥവാ പ്രായശ്ചിത്തത്തിന്റെ നോമ്പ്, തമത്തുആയി ഹജ്ജ് ചെയ്യുന്നയാൾ അറവിന് സാധിക്കാതെ വരുമ്പോൾ പകരമായി നോൽക്കുന്ന നോമ്പ് തുടങ്ങി ഫർളായ നോമ്പുകൾ ശനിയാഴ്ചക്ക് പ്രത്യേക പ്രത്യേകത കല്പിക്കാതെ ആ ദിവസം നോൽക്കുമ്പോൾ അതിൽ യാതൊരു തെറ്റുമില്ല.

 

രണ്ട്: ഇനി ശനിയാഴ്ച ദിവസത്തിന് മുൻപായി വെള്ളിയാഴ്ച കൂടി നോമ്പെടുക്കുകയാണെങ്കിൽ ശനിയാഴ്ച നോമ്പെടുക്കുന്നതിൽ തെറ്റില്ല. കാരണം വെള്ളിയാഴ്ച ദിവസം നോമ്പെടുത്ത നബി പത്നിമാരിൽ ഒരാളോട് അദ്ദേഹം “നീ ഇന്നലെ നോറ്റിരുന്നോ ?” എന്ന് ചോദിച്ചു. അവർ “ഇല്ല” എന്ന് പറഞ്ഞു. “എങ്കിൽ നീ നാളെ നോൽക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ ?” എന്നദേഹം വീണ്ടും ചോദിച്ചു: അപ്പോഴും അവർ “ഇല്ല” എന്ന് പറഞ്ഞു. “എങ്കിൽ നീ ഇന്ന് നോമ്പ് മുറിക്കുക” എന്നദ്ദേഹം നിർദേശം നൽകി. ഈ ഹദീസ് വെള്ളിയാഴ്ച ദിവസത്തോടൊപ്പം ചേർത്തുകൊണ്ട് ശനിയാഴ്‌ച ദിവസം നോമ്പ് നോൽക്കുകയാണ് എങ്കിൽ അതിൽ കുഴപ്പമില്ല എന്നതിന് തെളിവാണ്.

 

 

മൂന്ന്: അറഫാദിവസം, അയ്യാമുൽ ബീള്, ആശൂറാഅ്, ശവ്വാൽ ദിവസത്തിലെ ആറ് നോമ്പ്, ദുൽഹിജ്ജ ആദ്യ  ഒമ്പത് ദിനങ്ങൾ  എന്നിങ്ങനെ സുന്നത്ത് നോമ്പിന്റെ ദിനങ്ങൾ ശനിയാഴ്ച ദിവസവുമായി ഒത്തുവന്നാൽ ആ ദിവസത്തിൽ നോമ്പെടുക്കുന്നതിൽ തെറ്റില്ല. കാരണം അവിടെ അയാൾ അത് ശനിയാഴ്ച ദിവസമാണ് എന്ന കാരണത്താലല്ല ആ ദിവസം നോമ്പ് നോൽക്കുന്നത് എന്നതിനാലാണത്. മറിച്ച് സുന്നത്താക്കപ്പെട്ട ദിനങ്ങളായതിനാലാണ് അയാൾ ആ ദിനങ്ങളിൽ നോമ്പ് നോൽക്കുന്നത്.

 

നാല്: ഒന്നിടവിട്ട് നോൽക്കുന്ന വ്യക്തിയെപ്പോലെ ഒരാൾ സാധാരണ അനുഷ്ഠിക്കാറുള്ള ദിവസങ്ങളോട് ശനിയാഴ്ച യോജിച്ച് വന്നാലും അത് നോൽക്കുന്നതിൽ തെറ്റില്ല. റമളാനിന് ഒന്നോ രണ്ടോ ദിവസം മുൻപേ നോമ്പ് പിടിക്കരുത് എന്ന് നബി (സ) വിലക്കിയ വേളയിൽ ((ഒരാൾ സാധാരണ നോറ്റുകൊണ്ടിരിക്കുന്ന നോമ്പിന്റെ ഭാഗമായാണ് അപ്രകാരം സംഭവിക്കുന്നത് എങ്കിൽ കുഴപ്പമില്ല)) എന്ന് നബി (സ) പഠിപ്പിച്ചത് കാണാം. ഇതും അതുപോലെത്തന്നെയാണ്.

 

അഞ്ച്: ശനിയാഴ്ച ദിവസം പ്രത്യേകമായി സുന്നത്ത് നോമ്പ് അനുഷ്ഠിക്കൽ.  ആ വിഷയത്തിൽ വിലക്ക് പരാമർശിക്കപ്പെട്ട ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെടുന്ന പക്ഷം ഇതാണ് വിലക്കപ്പെട്ട കാര്യം…” –

[مجموع فتاوى ورسائل الشيخ ابن عثيمين:20/57].

 

സംഗ്രഹം: അതുകൊണ്ട് ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് പിടിക്കുക എന്നതാണ് വിലക്കപ്പെട്ടത് എന്ന് മനസ്സിലാക്കാം. അതിന് മുൻപോ ശേഷമോ നോമ്പ് നോൽക്കുകയാണ് എങ്കിൽ ആ വിലക്ക് വരുന്നില്ല. സൂക്ഷ്‌മത എന്ന നിലക്ക് റമളാനിലെ നോമ്പ് നോറ്റു വീട്ടുന്നവരാകട്ടെ, അതല്ല അറഫാ, ആശൂറാ, ശവ്വാലിലെ ആറു നോമ്പ്  പോലുള്ള  സുന്നത്ത് നോമ്പ് നോൽക്കുന്നവരാകട്ടെ ശനിയാഴ്ച ദിവസം മാത്രമായി നോൽക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ജുവൈരിയ (റ) വെള്ളിയാഴ്ച മാത്രമായി നോമ്പ് നോറ്റപ്പോൾ അത് സുന്നത്ത് നോമ്പാണോ ഫർള് നോമ്പാണോ എന്ന് നബി (സ) തിരക്കിയില്ല. മറിച്ച് മുൻപും ശേഷവും എടുക്കുന്നില്ലെങ്കിൽ മുറിക്കാനാണ് ആവശ്യപ്പെട്ടത്. അതുകൊണ്ട് വെള്ളിയാഴ്ച ദിവസമോ ശനിയാഴ്ച ദിവസമോ യാതൊരു സന്ദർഭത്തിലും ഒറ്റക്ക് നോമ്പ് പിടിക്കാതിരിക്കുക എന്നതാണ് സൂക്ഷ്മത. അതിന് മുൻപോ ശേഷമോ നോമ്പ് കടന്നുവരികയാണ് എങ്കിൽ അതിൽ യാതൊരു വിലക്കുമില്ലതാനും.

 

ശൈഖ് അൽബാനി (റ) യുടെ അഭിപ്രായത്തോടോ അത് സ്വീകരിക്കുന്നവരോടോ നമുക്ക് യാതൊരു തർക്കവുമില്ല. അവരുടെ സൂക്ഷ്മതക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. എന്നാൽ പ്രമാണബന്ധിതമായി നമുക്ക് മനസ്സിലാക്കാൻ സാധിച്ചത് ബഹുപൂരിപക്ഷം ഫുഖഹാക്കളും ഇമാമീങ്ങളും മുഹദ്ദിസുകളും രേഖപെടുത്തിയ ശനിയാഴ്‌ച ദിവസത്തെ ഒറ്റപ്പെടുത്തുന്നതേ വിലക്കപ്പെട്ടിട്ടുള്ളൂ എന്ന നിലപാടാണ് ശരി എന്നതാണ്. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ… അല്ലാഹു അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കിക്കൊടുക്കട്ടെ. നാളെ നമ്മെയും അദ്ദേഹത്തെയും അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ..

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ഒരേ ദിവസം ഫര്‍ള് നോമ്പും സുന്നത്ത് നോമ്പും ഉദ്ദേശിച്ച് നോമ്പ് നോല്‍ക്കാമോ ?

ഒരേ ദിവസം ഫര്‍ള് നോമ്പും സുന്നത്ത് നോമ്പും ഉദ്ദേശിച്ച് നോമ്പ് നോല്‍ക്കാമോ ?

 

 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

 

ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ അനുവദനീയമല്ല എന്നുള്ളതാണ് ഈ ചോദ്യത്തിനുള്ള മറുപടി. ( إشتراك النية ) എന്നാണ് ഫുഖഹാക്കള്‍ ഈ മസ്അലയെ വിളിക്കാറുള്ളത്. ‘ഖവാഇദുല്‍ ഫിഖ്ഹിയ്യ’ ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ الأمور بمقاصدها എന്ന ഖാഇദയുടെ കീഴിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ത്വലബതുല്‍ ഇല്‍മിന് കൂടുതല്‍ ഈ വിഷയസംബന്ധമായി പഠിക്കുവാന്‍ ‘ഖവാഇദുല്‍ ഫിഖ്ഹിയ്യ’ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളാണ് ഉപകരിക്കുക.

 

ഒരാള്‍ ഒരു ദിവസം ഫര്‍ദും സുന്നത്തും ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് നോമ്പ് എടുത്താല്‍, അത് ഫര്‍ദായാണോ, അതോ സുന്നത്തായാണോ, അതോ അവ രണ്ടുമായാണോ പരിഗണിക്കപ്പെടുക എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ വളരെ വിശാലമായ ചര്‍ച്ചയുണ്ട്. മാത്രമല്ല ഒരേ കര്‍മത്തില്‍ ഫര്‍ദും സുന്നത്തും രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കല്‍ അനുവദനീയമല്ല എന്നും  ഫുഖഹാക്കള്‍ രേഖപ്പെടുത്തിയതായിക്കാണാം. ലജ്നതുദ്ദാഇമയുടെ അഭിപ്രായം ഇതാണ്.

ലജ്നയുടെ ഫത്’വയില്‍ ഇപ്രകാരം കാണാം.:

 

“ഒന്ന് സുന്നത്ത് കിട്ടണം, രണ്ടാമത് ഫര്‍ദായ നോമ്പ് വീടണം എന്നിങ്ങനെ  രണ്ട് നിയ്യത്തോടെ സുന്നത്തായ നോമ്പ് നിര്‍വഹിക്കാന്‍ പാടില്ല.” – [ ഫത്’വയുടെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=3769&PageNo=1&BookID=7 ].

 

ഈ വിഷയകമായി ഫുഖഹാക്കള്‍ക്കുള്ള വീക്ഷണ വ്യത്യാസങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഈയൊരവസരത്തില്‍ പൂര്‍ണമായി ഇവിടെ ഉദ്ദരിക്കുക സാധ്യമല്ല.

 

ഏതായാലും അറഫ,  ആശൂറാ തുടങ്ങിയ ദിവസങ്ങളില്‍ ഫര്‍ദ് നോറ്റു വീട്ടാനുള്ളവര്‍ ഫര്‍ദ് നോമ്പ് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുകയാണ് വേണ്ടത്. 

 

എന്നാല്‍ ഫര്‍ദ് ഉദ്ദേശിച്ചുകൊണ്ടാണ് അയാള്‍ അത് നിറവേറ്റുന്നത് എങ്കിലും ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലം കൂടി അയാള്‍ക്ക് ലഭിക്കാന്‍ ഇടയുണ്ടോ ?.

 

അത്തരം ദിവസങ്ങളില്‍ അയാള്‍ ഫര്‍ദ് നോറ്റുവീട്ടുകയാണ് ചെയ്യുന്നത് എങ്കില്‍ക്കൂടി അയാള്‍ക്ക് ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലവും ലഭിക്കുമെന്ന് ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ ഷാ അല്ലാഹ് സുന്നത്ത് നോമ്പിന്‍റെ പ്രതിഫലം കൂടി അല്ലാഹു അയാള്‍ക്ക് അതോടൊപ്പം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം അയാള്‍ ഫര്‍ദിനെ മുന്തിപ്പിച്ചത് അത് അയാളുടെ മേല്‍ ബാധ്യത ആയ കാര്യമായതുകൊണ്ടാണ്. മാത്രമല്ല  ഒരാള്‍ ഫര്‍ദ് ആയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ് അല്ലാഹുവിന് സുന്നത്തിനേക്കാള്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ട് ഫര്‍ദ് നോറ്റു വീട്ടുവാനുള്ളവര്‍ ഫര്‍ദ് മാത്രം ഉദ്ദേശിച്ചുകൊണ്ട് ആ ദിവസം നോമ്പ് എടുക്കുകയാണ് വേണ്ടത്. എന്നാല്‍ പ്രതിഫലത്തില്‍ അതോടൊപ്പം ആ ദിവസത്തിലുള്ള മറ്റു പ്രത്യേക പ്രതിഫലങ്ങള്‍കൂടി അല്ലാഹു അവര്‍ക്ക് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്‍ ഷാ അല്ലാഹ്. അവന്‍ ഏറെ ഔദാര്യവാനാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

 

അതുകൊണ്ട് ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാന്‍ ഫര്‍ദും സുന്നത്തും ഒരുമിച്ച്  നോല്‍ക്കുന്നു എന്ന ഉദ്ദേശത്തിലല്ല, മറിച്ച് ഫര്‍ദായ നോമ്പ് നോറ്റുവീട്ടുന്നു എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഫര്‍ദ് നോല്‍ക്കുന്നവര്‍ നോല്‍ക്കേണ്ടത്. കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫര്‍ദും, സുന്നത്തും ഒരുമിച്ച് നോല്‍ക്കുന്നു എന്ന് ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് ഒരാള്‍ ആ ദിവസം നോമ്പ് എടുത്താല്‍ അയാളുടെ നോമ്പ് ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക, അപ്രകാരം രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട് അമല്‍ ചെയ്യാന്‍ പാടുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍   പണ്ഡിതന്മാര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചയുണ്ട്. അതുകൊണ്ട് ഫര്‍ദ് വീട്ടാനുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുക. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആ ദിവസങ്ങളില്‍ ഫര്‍ദ് നിര്‍വഹിക്കുകയാണ്‌ എങ്കിലും ഒരുപക്ഷെ അല്ലാഹു അവര്‍ക്ക് ആ രണ്ട് പ്രതിഫലവും നല്‍കുമെന്നതിനെ വ്യക്തമാക്കിക്കൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) വിവരിക്കുന്നത് കാണാം. അദ്ദേഹം പറയുന്നു: 

 

فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح ، لكن لو نوى أن يصوم هذا اليوم عن قضاء رمضان حصل له الأجران : أجر يوم عرفة ، وأجر يوم عاشوراء مع أجر القضاء ، هذا بالنسبة لصوم التطوع المطلق الذي لا يرتبط برمضان ، أما صيام ستة أيام من شوال فإنها مرتبطة برمضان ولا تكون إلا بعد قضائه ، فلو صامها قبل القضاء لم يحصل على أجرها ، لقول النبي صلى الله عليه وسلم : « من صام رمضان ثم أتبعه بست من شوال فكأنما صام الدهر » ومعلوم أن من عليه قضاء فإنه لا يعد صائما رمضان حتى يكمل القضاء ، وهذه مسألة يظن بعض الناس أنه إذا خاف خروج شوال قبل صوم الست فإنه يصومها ولو بقي عليه القضاء ، وهذا غلط فإن هذه الستة لا تصام إلا إذا أكمل الإنسان ما عليه من رمضان

 

“റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ  പിടിച്ചാല്‍ അവരുടെ നോമ്പ് ശരിയാണ്. പക്ഷെ ആ ദിവസങ്ങളില്‍ റമദാനിലെ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാനാണ് അവര്‍ തീര്‍ച്ചയാക്കിയത് എങ്കില്‍ അവര്‍ക്ക് രണ്ട് പ്രതിഫലം ലഭിക്കും: ഒന്ന് തങ്ങളുടെ മേലുള്ള ഫര്‍ദ് നോമ്പ് വീട്ടിയതിന്‍റെ പ്രതിഫലവും, രണ്ടാമത് അറഫാ ദിനത്തിന്‍റെയും, ആശൂറാ ദിനത്തിന്‍റെയും പ്രതിഫലവും. റമദാനുമായി ബന്ധപ്പെടുത്തപ്പെടാത്ത സ്വതന്ത്രമായ സുന്നത്ത് നോമ്പുകളുടെ കാര്യത്തിലാണിത്. എന്നാല്‍ ശവ്വാലിലെ ആറു നോമ്പ് റമദാനുമായി ബന്ധപ്പെടുത്തപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കിയിട്ടല്ലാതെ അത് നിര്‍വഹിക്കാവതല്ല. റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഒരാള്‍ അത് നിര്‍വഹിച്ചാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കില്ല. കാരണം നബി (സ) പറയുന്നു: “റമദാനിലെ നോമ്പ് നോല്‍ക്കുകയും, ശേഷം ശവ്വാലിലെ ആറു ദിനങ്ങള്‍ നോമ്പ് നോല്‍ക്കുകയും ചെയ്‌താല്‍ അയാള്‍ ആ വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റവനെപ്പോലെയാണ്”. എന്നാല്‍ നമുക്കറിയാം, റമദാനിലെ നോമ്പുകള്‍ നോറ്റുവീട്ടാന്‍ ബാക്കിയുള്ളവന്‍ അത് നോറ്റുവീട്ടുന്നത് വരെ റമദാന്‍ പൂര്‍ണമായി നോമ്പ് നോറ്റവനായി പരിഗണിക്കപ്പെടുകയില്ല. ഈ വിഷയത്തില്‍, ചില ആളുകള്‍ കരുതുന്നത്, ആറു നോമ്പ് നിര്‍വഹിക്കുന്നതിന് മുന്‍പേ ശവ്വാല്‍ അവസാനിക്കുമെന്ന് ഭയന്നാല്‍, അയാള്‍ക്ക്  റമദാനിലെ നോമ്പ് നോറ്റുവീട്ടാന്‍ ബാക്കിയുണ്ടെങ്കിലും ആറു നോമ്പ് നോറ്റുകൊള്ളട്ടെ എന്ന നിലക്കാണ്. എന്നാല്‍ അത് ശരിയല്ല. റമദാനിലെ നോമ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടല്ലാതെ ആ ആറു ദിവസത്തെ നോമ്പുകള്‍ നിര്‍വഹിക്കാവതല്ല.” – [مجموع فتاوى ابن عثيمين : 2/438].

 

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫര്‍ദ് നോമ്പ് നോറ്റു വീട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് എടുക്കുന്ന ദിവസം സുബഹിക്ക് മുന്പായിത്തന്നെ നാളെ ഞാന്‍ റമദാനിലെ നോമ്പ് നോറ്റു വീട്ടുമെന്ന തീരുമാനമെടുത്തിരിക്കണം. കാരണം നോമ്പ് സമയം ആരംഭിച്ച ശേഷം ഇന്ന് ഞാന്‍ ഫര്‍ദ് നോമ്പ് എടുക്കുന്നു എന്ന് തീരുമാനിക്കാനുള്ള അനുവാദമില്ല. കാരണം ഫര്‍ദ് നോമ്പുകള്‍ക്ക് നോമ്പ് സമയം ആരംഭിക്കുന്നതിന് മുന്‍പായിത്തന്നെ നോമ്പ് നോല്‍ക്കാനുള്ള തീരുമാനം എടുത്തിരിക്കണം എന്ന നിബന്ധനയുണ്ട്. നോമ്പ് സമയം ആരംഭിച്ച ശേഷവും നോമ്പ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അനുവാദം സുന്നത്ത് നോമ്പിന് മാത്രണ്. അതുപോലെ ഫര്‍ദ് നോമ്പ് നോല്‍ക്കുന്നവര്‍ അകാരണമായി നോമ്പ് ഉപേക്ഷിക്കാനോ, ആരെങ്കിലും ഭക്ഷണത്തിന് ക്ഷണിചാല്‍ നോമ്പ് മുറിക്കാനോ പാടില്ല. ഇത് കൂടി നാം ശ്രദ്ധിക്കണം

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

റമദാനിലെ നോമ്പ് നോറ്റു വീട്ടാന്‍ ഉള്ളവര്‍ക്ക് ആശൂറാഅ് നോമ്പ് നോല്‍ക്കാമോ ?.

റമദാനിലെ നോമ്പ് നോറ്റു വീട്ടാന്‍ ഉള്ളവര്‍ക്ക് ആശൂറാഅ് നോമ്പ് നോല്‍ക്കാമോ ?

ഈ വിഷയസംബന്ധമായി രണ്ട് കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്. 

 

ഫര്‍ദ് നോമ്പ് നോറ്റു വീട്ടാതെ സുന്നത്ത് നോമ്പുകള്‍ നോല്‍ക്കാമോ എന്നതാണ് അതില്‍ ഒന്നാമത്തെ കാര്യം:

 

ഇത് ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ഖണ്ഡിതവും സ്വീകാര്യയോഗ്യവുമായ ഒരു തെളിവ് ഈ വിഷയത്തില്‍ വരാത്തത് കൊണ്ടാണത്.

 

ഹനഫീ, മാലികീ, ശാഫിഈ മദ്ഹബുകളിലെ കൂടുതല്‍ ഫുഖഹാക്കളും റമദാനിലെ നോമ്പ് നോറ്റ് വീട്ടാനുള്ളവര്‍ക്ക്, അത് നോറ്റു വീട്ടുന്നതിന് മുന്‍പായിത്തന്നെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാം എന്ന അഭിപ്രായക്കാരാണ്. ഹനഫീ മദ്ഹബിലെ പണ്ഡിതന്മാര്‍ നിരുപാധികം അത് അനുവദനീയമായിക്കാണുന്നു. എന്നാല്‍ മാലികീ മദ്ഹബിലെയും, ശാഫിഈ മദ്ഹബിലെയും പണ്ഡിതന്മാര്‍ അത് അനുവദനീയമായിക്കാണുന്നുവെങ്കിലും അവരുടെ അഭിപ്രായപ്രകാരം അത് വെറുക്കപ്പെട്ടതാണ്. അഥവാ അവരത് അനുവദനീയമായിക്കാണുന്നു എങ്കില്‍കൂടി റമദാനിലെ നോമ്പുകള്‍ നോറ്റ് വീട്ടുന്നത് മുന്തിപ്പിക്കുന്നതാണ് അവര്‍ കൂടുതല്‍ ഉചിതമായിക്കാണുന്നത് എന്നര്‍ത്ഥം. ഒരു റമദാനിലെ നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടല്‍ അടുത്ത റമദാന്‍ എത്തുന്നത് വരെ സാവകാശമുള്ള ഒരു കര്‍മമാണ് എന്നതാണ് അത് അനുവദനീയമാണ് എന്നതിന് അവര്‍ക്കുള്ള തെളിവ്.

 

ഹംബലീ മദ്ഹബിലെ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഫര്‍ദ് നോമ്പ് ബാക്കി നില്‍ക്കെ സുന്നത്ത് നോമ്പുകള്‍ പിടിക്കാന്‍ പാടില്ല. അതിനവര്‍ തെളിവായി ഉദ്ദരിച്ചത് ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ആണ്.

ومن صام تطوعا وعليه من رمضان شيء لم يقضه ، فإنه لا يتقبل منه حتى يصومه 

 

“റമദാനില്‍ നിന്നുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിയിരിക്കെ ആരെങ്കിലും സുന്നത്ത് നോമ്പുകള്‍ നോറ്റാല്‍, ആ (ഫര്‍ദ്) നോമ്പുകള്‍ നോറ്റു വീട്ടുന്നത് വരെ അത് അവനില്‍ നിന്നും സ്വീകരിക്കപ്പെടുകയില്ല”. – [മുസ്നദ് അഹ്മദ്: 2/352].

 

ഈ ഹദീസ് സ്വഹീഹ് ആയിരുന്നുവെങ്കില്‍ ഈ വിഷയത്തിലെ ചര്‍ച്ചക്ക് യാതൊരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഈ ഹദീസ് ളഈഫ് ആണ് എന്ന് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂഹുറൈറ (റ) വില്‍ നിന്നും ഇബ്നു ലുഹൈഅ (ابن اهيعة) മാത്രമേ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്ന് ഇമാം ത്വബറാനി രേഖപ്പെടുത്തിയിട്ടുണ്ട്. [الأوسط : 2/99]. ഇബ്നു ലുഹൈഅ ആകട്ടെ ദുര്‍ബലനുമാണ്. ശൈഖ് അല്‍ബാനി (റ) ഇമാം ത്വബറാനിയുടെ ഉദ്ദരണി എടുത്ത് കൊടുത്ത ശേഷം പറയുന്നു: “ഇബ്നു ലുഹൈഅ മോശമായ ഹിഫ്’ളുളള ആളാണ്‌. അദ്ദേഹത്തിന് അതിന്‍റെ സനദിലും മത്നിലും ആശയക്കുഴപ്പം (اضطراب) സംഭവിച്ചിട്ടുണ്ട്.” – [സില്‍സിലതു-ളഈഫ: 2/838]. അതുകൊണ്ടുതന്നെ ഈ ഹദീസ് ദുര്‍ബലമാണ് എന്നാണ് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയത്. അതിനാല്‍ത്തന്നെ ഈ ഹദീസ് വിഷയത്തിലെ അന്തിമ തീരുമാനമെടുക്കാനുള്ള തെളിവായി പരിഗണിക്കാന്‍ സാധിക്കില്ല. 

 

മാത്രമല്ല ഇമാം അഹ്മദ് (റ) യില്‍ നിന്നും ഫര്‍ദ് നോറ്റു വീട്ടുന്നതിന് മുന്‍പ് സുന്നത്ത് നോല്‍ക്കല്‍ അനുവദനീയമാണ് എന്ന അഭിപ്രായവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

ഏതായാലും തെളിവുകള്‍ പരിശോധിച്ചാല്‍, റമദാനിലെ നോമ്പ് നോറ്റുവീട്ടുക എന്നത് സമയ-സാവകാശം ഉള്ള ഒരു കര്‍മമായതുകൊണ്ട് അതിനു മുന്‍പായി അറഫ, ആശൂറാ തുടങ്ങിയ നോമ്പുകള്‍ നിര്‍വഹിക്കപ്പെടുകയാണ് എങ്കില്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ നിര്‍ബന്ധമായ നോമ്പ് ഒരു കടമാണ് എന്നതിനാല്‍ സുന്നത്ത് നോമ്പുകള്‍ എടുക്കുന്നതിനേക്കാള്‍ പ്രാധാന്യവും മുന്‍ഗണനയും റമദാനിലെ നോമ്പിനാണ് നല്‍കേണ്ടത് എന്നതും, അത് ബാധ്യതയായുള്ളവര്‍ ആദ്യം അത് നോറ്റു വീട്ടുന്നതാണ് ഏറ്റവും അഫ്ളല്‍ എന്നുമുള്ളതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഫര്‍ദ് നോറ്റു വീട്ടാനാണ് മുന്‍ഗണന നല്‍കേണ്ടത്.

 

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:

 

بالنسبة للصيام الفريضة والنافلة لا شك أنه من المشروع والمعقول أن يبدأ بالفريضة قبل النافلة ، لأن الفريضة دَيْنٌ واجب عليه ، والنافلة تطوع إن تيسرت وإلا فلا حرج ، وعلى هذا فنقول لمن عليه قضاء من رمضان : اقض ما عليك قبل أن تتطوع ، فإن تطوع قبل أن يقضي ما عليه فالصحيح أن صيامه التطوع صحيح مادام في الوقت سعة ، لأن قضاء رمضان يمتد إلى أن يكون بين الرجل وبين رمضان الثاني مقدار ما عليه ، فمادام الأمر موسعا فالنفل جائز ، كصلاة الفريضة مثلا إذا صلى الإنسان تطوعا قبل الفريضة مع سعة الوقت كان جائزا ، فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح

 

“സുന്നത്ത് നോമ്പിന്‍റെയും, ഫര്‍ദ് നോമ്പിന്‍റെയും കാര്യത്തില്‍, മതപരമായും, യക്തികൊണ്ടും സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പേ ഫര്‍ദ് നോമ്പുകള്‍ പിടിക്കുകയാണ് വേണ്ടത് എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം ഫര്‍ദ് നോമ്പ് അവന്‍റെ മേലുള്ള ഒരു നിര്‍ബന്ധബാധ്യതയാണ്. ഐച്ഛികമായ നോമ്പുകളാകട്ടെ അവന് സാധിക്കുമെങ്കില്‍ ചെയ്യാം, ചെയ്യാതിരിക്കുകയുമാകാം. അതുകൊണ്ടുതന്നെ നാം പറയുന്നത്: ആര്‍ക്കെങ്കിലും റമദാനിലെ നോമ്പ് ബാക്കിയുണ്ട് എങ്കില്‍, സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പ് ആദ്യം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടുക.

 

എന്നാല്‍ ഒരാള്‍ ഇനി അഥവാ തന്‍റെ മേലുള്ള ഫര്‍ദ് നോമ്പുകള്‍ നോറ്റുവീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ എടുത്തു എങ്കില്‍, ശരിയായ അഭിപ്രായം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടാന്‍ ഇനിയും സമയമുള്ളത് കൊണ്ട് അവന്‍റെ സുന്നത്ത് നോമ്പ് ശരിയാണ് എന്നതാണ്. കാരണം ഒരു വ്യക്തിക്കും അടുത്ത റമദാനുമിടയില്‍ അയാളുടെ മേല്‍ നോറ്റുവീട്ടാന്‍ ബാധ്യതയായുള്ള അത്രയും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ഘട്ടം എത്തുന്നത് വരെ അയാള്‍ക്ക് അത് നോറ്റു വീട്ടുവാനുള്ള സാവകാശം ഉണ്ട്. അതുകൊണ്ട് ആ ഫര്‍ദ് നിര്‍വഹിക്കുവാനുള്ള സമയം അവശേഷിക്കുന്നത് വരെ സുന്നത്തുകള്‍ നിര്‍വഹിക്കല്‍ അനുവദനീയമാണ്. ഫര്‍ദ് നമസ്കാരം തന്നെ ഉദാഹരണം. ഫര്‍ദ് നമസ്കാരത്തിന് മുന്‍പായി, അതിന്‍റെ സമയം ഇനിയും അവശേഷിക്കവെ  ഒരാള്‍ സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വഹിച്ചാല്‍ അത് അനുവദനീയമാണ്. അതുകൊണ്ടുതന്നെ റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ  പിടിച്ചാല്‍ ആ നോമ്പ് ശരിയാണ്.” – [مجموع فتاوى ابن عثيمين : 2/438].

 

അഥവാ അയാളുടെ മേല്‍ നിര്‍ബന്ധ ബാധ്യതയായുള്ള നോമ്പ് നോറ്റു വീട്ടുക എന്നതാണ് സുന്നത്ത് നോമ്പ് എടുക്കുന്നതിനെക്കാള്‍ ഉചിതം. എന്നാല്‍ ആരെങ്കിലും നിര്‍ബന്ധ നോമ്പുകള്‍ നോറ്റു വീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ അനുഷ്ടിചാല്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. ആ സുന്നത്ത് നോമ്പുകള്‍ക്ക് പകരം വീട്ടാനുള്ള ഫര്‍ദ് നോമ്പുകള്‍ അനുഷ്ടിക്കലായിരുന്നു അഫ്ളല്‍ എന്ന് മാത്രം. ഇതാണ് ശൈഖിന്‍റെ ഫത്’വയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

 

രണ്ടാമത്തെ കാര്യം: റമദാനില്‍ നഷ്ടപ്പെട്ട ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടുന്ന ദിവസം, അറഫ, ആശൂറാ തുടങ്ങിയ ദിനങ്ങള്‍ ഒത്തുവന്നാല്‍ രണ്ട് നോമ്പിന്‍റെയും നിയ്യത്ത് ഒരുമിച്ച് വെക്കാന്‍ പാടുണ്ടോ എന്നുള്ളതാണ്:

 

 

إشتراك النية എന്നാണ് ഫുഖഹാക്കള്‍ ഈ മസ്അലയെ വിളിക്കാറുള്ളത്. ‘ഖവാഇദുല്‍ ഫിഖ്ഹിയ്യ’ ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ الأمور بمقاصدها എന്ന ഖാഇദയുടെ കീഴിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ത്വലബതുല്‍ ഇല്‍മിന് കൂടുതല്‍ ഈ വിഷയസംബന്ധമായി പഠിക്കുവാന്‍ ‘ഖവാഇദുല്‍ ഫിഖ്ഹിയ്യ’ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളാണ് ഉപകരിക്കുക.

 

ഒരാള്‍ ഒരു ദിവസം ഫര്‍ദും സുന്നത്തും ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് നോമ്പ് എടുത്താല്‍, അത് ഫര്‍ദായാണോ, അതോ സുന്നത്തായാണോ, അതോ അവ രണ്ടുമായാണോ പരിഗണിക്കപ്പെടുക എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ വളരെ വിശാലമായ ചര്‍ച്ചയുണ്ട്. മാത്രമല്ല ഒരേ കര്‍മത്തില്‍ ഫര്‍ദും സുന്നത്തും രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കല്‍ അനുവദനീയമല്ല എന്നും  ഫുഖഹാക്കള്‍ രേഖപ്പെടുത്തിയതായിക്കാണാം. ലജ്നതുദ്ദാഇമയുടെ അഭിപ്രായം ഇതാണ്.

ലജ്നയുടെ ഫത്’വയില്‍ ഇപ്രകാരം കാണാം.:

 

“ഒന്ന് സുന്നത്ത് കിട്ടണം, രണ്ടാമത് ഫര്‍ദായ നോമ്പ് വീടണം എന്നിങ്ങനെ  രണ്ട് നിയ്യത്തോടെ സുന്നത്തായ നോമ്പ് നിര്‍വഹിക്കാന്‍ പാടില്ല.” – [ ഫത്’വയുടെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=3769&PageNo=1&BookID=7 ].

 

ഈ വിഷയകമായി ഫുഖഹാക്കള്‍ക്കുള്ള വീക്ഷണ വ്യത്യാസങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഈയൊരവസരത്തില്‍ പൂര്‍ണമായി ഇവിടെ ഉദ്ദരിക്കുക സാധ്യമല്ല.

 

ഏതായാലും അറഫ,  ആശൂറാ തുടങ്ങിയ ദിവസങ്ങളില്‍ ഫര്‍ദ് നോറ്റു വീട്ടാനുള്ളവര്‍ ഫര്‍ദ് നോമ്പ് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുകയാണ് വേണ്ടത്. 

 

എന്നാല്‍ ഫര്‍ദ് ഉദ്ദേശിച്ചുകൊണ്ടാണ് അയാള്‍ അത് നിറവേറ്റുന്നത് എങ്കിലും ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലം കൂടി അയാള്‍ക്ക് ലഭിക്കാന്‍ ഇടയുണ്ടോ ?.

 

അത്തരം ദിവസങ്ങളില്‍ അയാള്‍ ഫര്‍ദ് നോറ്റുവീട്ടുകയാണ് ചെയ്യുന്നത് എങ്കില്‍ക്കൂടി അയാള്‍ക്ക് ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലവും ലഭിക്കുമെന്ന് ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ ഷാ അല്ലാഹ് സുന്നത്ത് നോമ്പിന്‍റെ പ്രതിഫലം കൂടി അല്ലാഹു അയാള്‍ക്ക് അതോടൊപ്പം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം അയാള്‍ ഫര്‍ദിനെ മുന്തിപ്പിച്ചത് അത് അയാളുടെ മേല്‍ ബാധ്യത ആയ കാര്യമായതുകൊണ്ടാണ്. മാത്രമല്ല  ഒരാള്‍ ഫര്‍ദ് ആയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ് അല്ലാഹുവിന് സുന്നത്തിനേക്കാള്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ട് ഫര്‍ദ് നോറ്റു വീട്ടുവാനുള്ളവര്‍ ഫര്‍ദ് മാത്രം ഉദ്ദേശിച്ചുകൊണ്ട് ആ ദിവസം നോമ്പ് എടുക്കുകയാണ് വേണ്ടത്. എന്നാല്‍ പ്രതിഫലത്തില്‍ അതോടൊപ്പം ആ ദിവസത്തിലുള്ള മറ്റു പ്രത്യേക പ്രതിഫലങ്ങള്‍കൂടി അല്ലാഹു അവര്‍ക്ക് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്‍ ഷാ അല്ലാഹ്. അവന്‍ ഏറെ ഔദാര്യവാനാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

 

അതുകൊണ്ട് ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാന്‍ ഫര്‍ദും സുന്നത്തും ഒരുമിച്ച്  നോല്‍ക്കുന്നു എന്ന ഉദ്ദേശത്തിലല്ല, മറിച്ച് ഫര്‍ദായ നോമ്പ് നോറ്റുവീട്ടുന്നു എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഫര്‍ദ് നോല്‍ക്കുന്നവര്‍ നോല്‍ക്കേണ്ടത്. കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫര്‍ദും, സുന്നത്തും ഒരുമിച്ച് നോല്‍ക്കുന്നു എന്ന് ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് ഒരാള്‍ ആ ദിവസം നോമ്പ് എടുത്താല്‍ അയാളുടെ നോമ്പ് ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക, അപ്രകാരം രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട് അമല്‍ ചെയ്യാന്‍ പാടുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍   പണ്ഡിതന്മാര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചയുണ്ട്. അതുകൊണ്ട് ഫര്‍ദ് വീട്ടാനുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുക. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആ ദിവസങ്ങളില്‍ ഫര്‍ദ് നിര്‍വഹിക്കുകയാണ്‌ എങ്കിലും ഒരുപക്ഷെ അല്ലാഹു അവര്‍ക്ക് ആ രണ്ട് പ്രതിഫലവും നല്‍കുമെന്നതിനെ വ്യക്തമാക്കിക്കൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) വിവരിക്കുന്നത് കാണാം. 

 

നേരത്തെ ഉദ്ദരിച്ച ഇബ്നു ഉസൈമീന്‍ (റ) യുടെ മറുപടിയുടെ ബാക്കി ഭാഗത്തില്‍ അദ്ദേഹം പറയുന്നു: 

 

فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح ، لكن لو نوى أن يصوم هذا اليوم عن قضاء رمضان حصل له الأجران : أجر يوم عرفة ، وأجر يوم عاشوراء مع أجر القضاء ، هذا بالنسبة لصوم التطوع المطلق الذي لا يرتبط برمضان ، أما صيام ستة أيام من شوال فإنها مرتبطة برمضان ولا تكون إلا بعد قضائه ، فلو صامها قبل القضاء لم يحصل على أجرها ، لقول النبي صلى الله عليه وسلم : « من صام رمضان ثم أتبعه بست من شوال فكأنما صام الدهر » ومعلوم أن من عليه قضاء فإنه لا يعد صائما رمضان حتى يكمل القضاء ، وهذه مسألة يظن بعض الناس أنه إذا خاف خروج شوال قبل صوم الست فإنه يصومها ولو بقي عليه القضاء ، وهذا غلط فإن هذه الستة لا تصام إلا إذا أكمل الإنسان ما عليه من رمضان

 

“റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ  പിടിച്ചാല്‍ അവരുടെ നോമ്പ് ശരിയാണ്. പക്ഷെ ആ ദിവസങ്ങളില്‍ റമദാനിലെ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാനാണ് അവര്‍ തീര്‍ച്ചയാക്കിയത് എങ്കില്‍ അവര്‍ക്ക് രണ്ട് പ്രതിഫലം ലഭിക്കും: ഒന്ന് തങ്ങളുടെ മേലുള്ള ഫര്‍ദ് നോമ്പ് വീട്ടിയതിന്‍റെ പ്രതിഫലവും, രണ്ടാമത് അറഫാ ദിനത്തിന്‍റെയും, ആശൂറാ ദിനത്തിന്‍റെയും പ്രതിഫലവും. റമദാനുമായി ബന്ധപ്പെടുത്തപ്പെടാത്ത സ്വതന്ത്രമായ സുന്നത്ത് നോമ്പുകളുടെ കാര്യത്തിലാണിത്. എന്നാല്‍ ശവ്വാലിലെ ആറു നോമ്പ് റമദാനുമായി ബന്ധപ്പെടുത്തപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കിയിട്ടല്ലാതെ അത് നിര്‍വഹിക്കാവതല്ല. റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഒരാള്‍ അത് നിര്‍വഹിച്ചാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കില്ല. കാരണം നബി (സ) പറയുന്നു: “റമദാനിലെ നോമ്പ് നോല്‍ക്കുകയും, ശേഷം ശവ്വാലിലെ ആറു ദിനങ്ങള്‍ നോമ്പ് നോല്‍ക്കുകയും ചെയ്‌താല്‍ അയാള്‍ ആ വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റവനെപ്പോലെയാണ്”. എന്നാല്‍ നമുക്കറിയാം, റമദാനിലെ നോമ്പുകള്‍ നോറ്റുവീട്ടാന്‍ ബാക്കിയുള്ളവന്‍ അത് നോറ്റുവീട്ടുന്നത് വരെ റമദാന്‍ പൂര്‍ണമായി നോമ്പ് നോറ്റവനായി പരിഗണിക്കപ്പെടുകയില്ല. ഈ വിഷയത്തില്‍, ചില ആളുകള്‍ കരുതുന്നത്, ആറു നോമ്പ് നിര്‍വഹിക്കുന്നതിന് മുന്‍പേ ശവ്വാല്‍ അവസാനിക്കുമെന്ന് ഭയന്നാല്‍, അയാള്‍ക്ക്  റമദാനിലെ നോമ്പ് നോറ്റുവീട്ടാന്‍ ബാക്കിയുണ്ടെങ്കിലും ആറു നോമ്പ് നോറ്റുകൊള്ളട്ടെ എന്ന നിലക്കാണ്. എന്നാല്‍ അത് ശരിയല്ല. റമദാനിലെ നോമ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടല്ലാതെ ആ ആറു ദിവസത്തെ നോമ്പുകള്‍ നിര്‍വഹിക്കാവതല്ല.” – [مجموع فتاوى ابن عثيمين : 2/438].

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫര്‍ദ് നോമ്പ് നോറ്റു വീട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് എടുക്കുന്ന ദിവസം സുബഹിക്ക് മുന്പായിത്തന്നെ നാളെ ഞാന്‍ റമദാനിലെ നോമ്പ് നോറ്റു വീട്ടുമെന്ന തീരുമാനമെടുത്തിരിക്കണം. കാരണം നോമ്പ് സമയം ആരംഭിച്ച ശേഷം ഇന്ന് ഞാന്‍ ഫര്‍ദ് നോമ്പ് എടുക്കുന്നു എന്ന് തീരുമാനിക്കാനുള്ള അനുവാദമില്ല. കാരണം ഫര്‍ദ് നോമ്പുകള്‍ക്ക് നോമ്പ് സമയം ആരംഭിക്കുന്നതിന് മുന്‍പായിത്തന്നെ നോമ്പ് നോല്‍ക്കാനുള്ള തീരുമാനം എടുത്തിരിക്കണം എന്ന നിബന്ധനയുണ്ട്. നോമ്പ് സമയം ആരംഭിച്ച ശേഷവും നോമ്പ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അനുവാദം സുന്നത്ത് നോമ്പിന് മാത്രണ്. അതുപോലെ ഫര്‍ദ് നോമ്പ് നോല്‍ക്കുന്നവര്‍ അകാരണമായി നോമ്പ് ഉപേക്ഷിക്കാനോ, ആരെങ്കിലും ഭക്ഷണത്തിന് ക്ഷണിചാല്‍ നോമ്പ് മുറിക്കാനോ പാടില്ല. ഇത് കൂടി നാം ശ്രദ്ധിക്കണം.

 

ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച സുപ്രധാന കാര്യങ്ങള്‍:

1. റമദാനിലെ നോമ്പ് ബാക്കി നില്‍ക്കെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാമോ എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.

2. അതില്‍ പ്രബലമായ അഭിപ്രായം റമദാനിലെ നോമ്പ് നോറ്റു വീട്ടുവാന്‍ സമയം ബാക്കി നില്‍ക്കുന്നുണ്ട് എങ്കില്‍ അത് അനുവദനീയമാണ് എന്നുള്ളതാണ്. എന്നാല്‍ സുന്നത്ത് നോമ്പുകള്‍ക്ക് മുന്‍പ് ഫര്‍ദ് നോമ്പുകള്‍ നോല്‍ക്കുക എന്നതാണ് അഫ്ളല്‍. ഈ രണ്ട് കാര്യവും പൂരിപക്ഷാഭിപ്രായം കൂടിയാണ്.

3. റമദാനിലെ നോമ്പ് നോറ്റു വീട്ടുവാന്‍ ബാക്കിയുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട്‌ നോമ്പ് എടുക്കുക. ആ ദിവസം സുന്നത്ത് നോമ്പ് കൂടി ഉള്ള ദിവസമാണ് എങ്കില്‍ അല്ലാഹു അതിന്‍റെ കൂടി പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സുന്നത്തും ഫര്‍ദും രണ്ടും നിയ്യത്താക്കിക്കൊണ്ട് നോല്‍ക്കരുത്. കാരണം അത് ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വലിയ അഭിപ്രായഭിന്നതയുണ്ട്.

4. ഫര്‍ദ് നോമ്പ് ഉദ്ദേശിക്കുന്നവര്‍ സുബഹിക്ക് മുന്‍പായിത്തന്നെ നോമ്പ് നോല്‍ക്കാന്‍ കരുതിയവരായിരിക്കണം. എന്നാല്‍ സുന്നത്ത് നോമ്പ് നോല്‍ക്കാന്‍ സൂര്യന്‍ ഉദിച്ച ശേഷവും ഒരാള്‍ക്ക് തീരുമാനമെടുക്കാം. 

5. ശവ്വാലിലെ ആറു നോമ്പ് റമദാന്‍ പൂര്‍ണമായി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

നിത്യരോഗിക്ക് നോമ്പിന് പകരം ഫിദ്’യ നല്‍കിയാല്‍ മതിയോ ?. എത്രയാണ് ഫിദ്’യ കൊടുക്കേണ്ടത് ?. പണമായി നല്‍കാമോ അതോ ഭക്ഷണം തന്നെ നല്‍കണോ ?

നിത്യരോഗിക്ക് നോമ്പിന് പകരം ഫിദ്'യ നല്‍കിയാല്‍ മതിയോ ?. എത്രയാണ് ഫിദ്'യ കൊടുക്കേണ്ടത് ?. പണമായി നല്‍കാമോ അതോ ഭക്ഷണം തന്നെ നല്‍കണോ ?

ചോദ്യം: കിഡ്നി രോഗിയായ, ഡയാലിസിസ് ചെയ്യുന്ന ഒരാൾ നോമ്പ് പിടിക്കാൻ കഴിയാത്തത് കൊണ്ട് ഫിദ്’യ  കൊടുത്താൽ മതിയോ ?. ഫിദിയ ധന്യമായോ പണമായോ കൊടുത്താൽ മതിയോ? . യതീംഖാനയിൽ പണമേൽപ്പിച്ചാൽ ശരിയാകുമോ ?.

 

 

ഉത്തരം:

الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

 

അല്ലാഹു ശിഫ നല്‍കി അനുഗ്രഹിക്കുകയും, അനുഭവിക്കുന്ന പ്രയാസത്തില്‍ ക്ഷമിക്കുവാനും അവന്‍റെ പ്രതിഫലം കരസ്ഥമാക്കുവാനും തൗഫീഖ് നല്‍കട്ടെ.

 

താങ്കളുടെ രോഗാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയുന്നയാല്‍ താങ്കളാണ്. ഇടവിട്ടോ മറ്റോ നോമ്പ് എടുക്കുന്നത് താങ്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയില്ലയെങ്കില്‍ താങ്കള്‍ നോമ്പ് എടുത്ത് വീട്ടുകയാണ് വേണ്ടത്. എന്നാല്‍  ഒരാള്‍ നിത്യരോഗിയും അയാളുടെ ശാരീരികാവസ്ഥ നോമ്പ് നോല്‍ക്കാന്‍ അനുവദിക്കാത്ത സാഹചര്യവുമാണ് എങ്കില്‍ അയാള്‍ക്ക് നോമ്പ് നോല്‍ക്കുന്നതിന് പകരം ഓരോ ദിവസത്തിനും പകരമായി പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണം എന്ന തോതില്‍ ഫിദ്’യ നല്‍കിയാല്‍ മതി. നോമ്പ് എടുക്കുന്നത് തന്‍റെ അസുഖത്തെ ദോഷകരമായി ബാധിക്കുമോ എന്നുള്ളത് അനുഭവത്തിലൂടെ മനസ്സിലാക്കുകയോ വൈദ്യശാസ്ത്രപരമായി അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കുകയോ ചെയ്യാവുന്നതാണ്. അത് ഒരോരുത്തര്‍ക്കും വ്യത്യസ്ഥമായിരിക്കുമല്ലോ.

 

ഇനി നോമ്പ് എടുക്കാന്‍ പ്രയാസമുള്ള നിത്യരോഗിയാണ് താങ്കള്‍ എങ്കില്‍, നേരത്തെ സൂചിപ്പിച്ച പോലെ ഓരോ നോമ്പിന് പകരവും പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണം എന്ന തോതില്‍ നല്‍കിയാല്‍ മതി. ഭക്ഷണം പാകം ചെയ്ത് അതിലേക്ക് പാവപ്പെട്ടവരെ ക്ഷണിക്കുകയോ, ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവര്‍ക്ക് എത്തിച്ച് കൊടുക്കുകയോ, അതല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനായി പണം വിശ്വസനീയരായ ആളുകളെ ഏല്‍പ്പിക്കുകയോ ചെയ്യാവുന്നതാണ്. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ നിര്‍ധനരായ യതീം കുട്ടികളെ സംരക്ഷിക്കുന്നവര്‍ക്ക് ആ കുട്ടികളുടെ ഒരു നേരത്തെ ഭക്ഷണ ചിലവിലേക്ക്  തന്‍റെ മേല്‍ നിര്‍ബന്ധമായ നോമ്പുകളുടെ അത്രയും തുക ഏല്‍പിച്ചു ഭക്ഷണം നല്‍കാന്‍ പറഞ്ഞാല്‍ മതിയാകും. ഇനി ധാന്യമായോ മറ്റോ നല്‍കുകയാണ് എങ്കില്‍ ഒരു നോമ്പിന് ബദലായി എത്രയാണ് നല്‍കേണ്ടത് എന്നതില്‍ ഫുഖഹാക്കള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായത്തില്‍ ഒരു സ്വാഅ് എന്നും, ഇമാം ശാഫിഇ (റ) ഇമാം മാലിക് (റ) തുടങ്ങിയവരുടെ അഭിപ്രായത്തില്‍ ഒരു മുദ്ദ്‌ എന്നും, ഇമാം അഹ്മദ് (റ) യുടെ അഭിപ്രായത്തില്‍ അര സ്വാഅ് എന്നും കാണാം. ഇതില്‍ കൂടുതല്‍ പ്രബലം അര സ്വാഅ് എന്നതാണ്. കാരണം കഅബ് ബ്നു ഉജ്റ (റ) വിനോട് ഹജ്ജിന്‍റെ വേളയില്‍ നബി (സ) ഫിദ്’യ കല്പിച്ചതായി വന്ന ഹദീസില്‍ (لكل مسكين نصف صاع) “ഓരോ പാവപ്പെട്ടവനും അര സ്വാഅ്” എന്ന് പരാമര്‍ശിച്ചിരിക്കുന്നത് കാണാം. ഒരുപക്ഷെ ഒരു പാവപ്പെട്ടവനെ ഭക്ഷിപ്പിക്കുക എന്നത് അര സ്വാഅ് നല്‍കുക എന്നതാണ് എന്ന് അതില്‍ നിന്നും മനസ്സിലാക്കാം. 

 

 2.040 Kg രണ്ടു കിലോ നാല്‍പത് ഗ്രാം ഗോതമ്പ് അടങ്ങുന്ന അളവിനാണ് ഒരു സ്വാഅ് എന്ന് പറയുന്നത്. അത് അരിയാകുമ്പോള്‍ ഏകദേശം രണ്ടരക്കിലോയോ അതില്‍ അല്പം കൂടുതലോ ഉണ്ടാകാം. അതുകൊണ്ട് അര സ്വാഅ് ഒന്നേകാല്‍ കിലോ അരി എന്ന് കണക്കാക്കാം. ഇനി കേവലം അരി മാത്രമായി നല്‍കുക എന്നതിനേക്കാള്‍ അതിനോടൊപ്പം കഴിക്കാവുന്ന മറ്റു ഭക്ഷ്യ ഇനങ്ങള്‍ കൂടി ചേര്‍ത്ത് നല്‍കുകയാണെങ്കില്‍ അതാണ്‌ കൂടുതല്‍ ഉചിതം എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ

 

“നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌.” – [അല്‍ബഖറ: 184].

 

ഈ ആയത്തിന്‍റെ തഫ്‌സീറില്‍ നമുക്ക് കാണാന്‍ സാധിക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട പ്രാരംഭഘട്ടത്തില്‍ ഒരാള്‍ക്ക് നോമ്പ് എടുക്കുകയോ, എടുക്കാതെ അതിന് പകരമായി ഭക്ഷണം നല്‍കുകയോ ചെയ്യാം എന്നിങ്ങനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ “നിങ്ങളില്‍ നിന്നും ആ മാസത്തിന് സാക്ഷിയാകുന്നവര്‍ എല്ലാം നോമ്പെടുക്കുക എന്ന ആയത്തിറങ്ങിയതോടെ റമദാന്‍ മാസത്തിന് സാക്ഷികളാകുന്ന എല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമായി. അവരില്‍ നിന്നും രോഗികളോ, യാത്രക്കാരോ ആയവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാനും പിന്നീട് നോറ്റുവീട്ടുവാനും ഇളവ് നല്‍കി. പ്രായാധിക്യം കാരണത്താലോ, നിത്യരോഗം കാരണത്താലോ നോമ്പെടുക്കാന്‍ സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നവര്‍ക്ക് നോമ്പിന്‍റെ ബദലായ ഭക്ഷണം നല്‍കല്‍ തന്നെ നിലനില്‍ക്കുകയും ചെയ്തു.

 

എന്നാല്‍ ഭക്ഷണത്തിന് പകരം പാവപ്പെട്ടവര്‍ക്ക് അതിന്‍റെ പണം നല്‍കിയാല്‍ ആ നോമ്പുകള്‍ വീടില്ല.  നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു തത്വമുണ്ട്. ശറഇല്‍ ഒരു കര്‍മ്മത്തിന് ബദലായോ, പ്രായശ്ചിത്തമായോ, ഇനി സകാത്തുല്‍ ഫിത്വര്‍ പോലെ കര്‍മ്മമായിത്തന്നെയോ ഭക്ഷണം നല്‍കലാണ് പഠിപ്പിക്കപ്പെട്ടത് എങ്കില്‍ അത്തരം കാര്യങ്ങളില്‍ അതിന് പകരമായി പണം നല്‍കുന്നത് ശരിയല്ല എന്നതാണ് പ്രബലമായ അഭിപ്രായം. ഭക്ഷണം നല്‍കേണ്ടവക്ക് ഭക്ഷണം തന്നെ നല്‍കണം. അതുകൊണ്ട് നോമ്പിന് ബദലായ ഫിദ്’യ പണമായി നല്‍കിയാല്‍ പോര ഭക്ഷണമായിത്തന്നെ നല്‍കണം.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ഗര്‍ഭിണിയുടെയും മുലയൂട്ടുന്ന സ്ത്രീയുടെയും നോമ്പ് എങ്ങനെ ?. റമദാന് മുന്‍പ് നാല്‍പത് കഴിയും അവര്‍ക്ക് നോമ്പെടുക്കാമോ ?

ഗര്‍ഭിണിയുടെയും മുലയൂട്ടുന്ന സ്ത്രീയുടെയും നോമ്പ് എങ്ങനെ ?. റമദാന് മുന്‍പ് നാല്‍പത് കഴിയും അവര്‍ക്ക് നോമ്പെടുക്കാമോ ?

ചോദ്യം: അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു. ഈ റമദാനിന് അല്പ ദിവസങ്ങള്‍ മുന്‍പ്  അതായത്  20/5/2017 ആയാല്‍ പ്രസവ ശേഷം നാല്‍പത് തികയും. അപ്പോള്‍ റമദാനില്‍ നോമ്പ് എടുക്കുന്നത് കൊണ്ട് കുഴപ്പമണ്ടോ ?. കുട്ടിക്ക് പാല്‍ കൊടുക്കുന്നത് കൊണ്ട് നോമ്പ് ഒഴിവാക്കാനും അതില്‍ ഇളവുണ്ടെന്നും ഒരാള്‍ പറഞ്ഞു. നോമ്പ് എടുക്കുന്നത് കൊണ്ട് തെറ്റുണ്ടോ ?. 


ഉത്തരം: വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാത്തുഹു. പ്രസവ ശേഷം നിഫാസുള്ള ഒരു സ്ത്രീ നിഫാസില്‍ നിന്നും ശുദ്ധിയായാല്‍, മറ്റു സ്ത്രീകളെപ്പോലെ അവര്‍ക്ക് നോമ്പും നമസ്കാരവും എല്ലാം നിര്‍ബന്ധമാണ്‌. എന്നാല്‍ കുഞ്ഞിന് ദോഷകരമാകാനും പാല്‍ കുറയാനുമൊക്കെ ഇടവരുത്തും എങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതും പിന്നീടത് നോറ്റു വീട്ടേണ്ടതുമാണ്. ചോദ്യത്തിലെ ഓരോ വിഷയങ്ങളും പ്രത്യേകമായി ചര്‍ച്ച ചെയ്യാം:


ഒന്ന് : ഒരു സ്ത്രീ നിഫാസില്‍ നിന്നും ശുദ്ധിയാകുന്നത് 40 ദിവസത്തിന് മുന്‍പും സംഭവിക്കാം. നാല്‍പത് ദിവസത്തിന് മുന്‍പ് തന്നെ ഒരാള്‍ ശുദ്ധിയായാല്‍ അവര്‍ക്ക് നമസ്കാരം നിര്‍ബന്ധമാണ്‌. കുഞ്ഞിനോ അവര്‍ക്കോ ദോഷകരമല്ലെങ്കില്‍ നോമ്പ് പിടിക്കലും നിര്‍ബന്ധമാകും. എന്നാല്‍ പൊതുവേ സ്ത്രീകളില്‍ 40 ദിവസം വരെയാണ് നിഫാസ് ഉണ്ടാകാറുള്ളത്. നിഫാസിന്‍റെ കൂടിയ പരിധി 40  ദിവസമാണെന്നും അതിന് ശേഷം ഉണ്ടാകുന്ന രക്തം നിഫാസ് അല്ല എന്നതുമാണ്‌ പ്രബലമായ അഭിപ്രായം. ഇമാം അബൂ ഹനീഫ, ഇമാം അഹ്മദ് തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്. കാരണം ഉമ്മു സലമ (റ) യില്‍ നിന്നും ഉദ്ദരിക്കപ്പെട്ട ഹദീസില്‍ ഇപ്രകാരം കാണാം:


عن أمِّ سلمةَ رَضِيَ اللهُ عنها، قالت: (كانت النُّفَساءُ تجلِسُ على عهدِ رَسولِ الله صلَّى اللهُ عليه وسلَّم أربعينَ يومًا وأربعينَ ليلةً)


ഉമ്മു സലമ (റ) പറഞ്ഞു: “നബി (സ) യുടെ കാലത്ത് നിഫാസുള്ള സ്ത്രീകള്‍ നാല്‍പത് രാവും പകലുമാണ് നിഫാസ് കണക്കാക്കിയിരുന്നത്” – [അബൂ ദാവൂദ്: 311 , ഇബ്നു മാജ: 139]. മറ്റൊരു റിപ്പോര്‍ട്ടില്‍ പ്രസവാനന്തരം എത്ര കാലമാണ് ഒരു സ്ത്രീ നിഫാസ് ആയി കണക്കാക്കേണ്ടത് എന്ന് അവര്‍ നബി (സ) യോട് ചോദിച്ചപ്പോള്‍ നബി (സ) ഇപ്രകാരം പറഞ്ഞു: “നാല്‍പത് ദിവസം, അതിന് മുന്‍പ് അവര്‍ക്ക് ശുദ്ധി വന്നെത്തിയിട്ടില്ലെങ്കില്‍ (നാല്‍പത് ദിവസം നിഫാസ് കണക്കാക്കണം)” – [سنن الدارقطني: كتاب الحيض: 80].



ഈ ഹദീസ് പ്രകാരം 40 ദിവസം വരെയാണ് നിഫാസ് ആയി കണക്കാക്കേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. ശൈഖ് ഇബ്നു ബാസ് (റ), ലജ്നതുദ്ദാഇമ തുടങ്ങിയവരുടെ അഭിപ്രായവും ഇതാണ് -[  مجموع فتاوى الشيخ ابن باز: ج4 ص133].


എന്നാല്‍ നിഫാസ് 60 ദിവസം വരെ നീണ്ടു നില്‍ക്കാം എന്ന്  ശാഫിഈ മദ്ഹബിലെയും മാലികീ മദ്ഹബിലെയും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് – [المدونة: ج1 ص154 ، والمجموع: ج2 ص522] . ഇമാം ഔസാഇയില്‍ നിന്നും വന്ന “തങ്ങളുടെ കാലത്ത് 60 ദിവസം വരെ നിഫാസുണ്ടാകാറുള്ള സ്ത്രീയുണ്ടായിരുന്നു” എന്ന ഉദ്ദരണിയുടെ അടിസ്ഥാനത്തിലാണത്. ശൈഖ് ഇബ്നു ഉസൈമീന്‍ ഈ അഭിപ്രായത്തെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. -[تعليقات ابن عثيمين على الكافي لابن قدامة : ج1 ص223].


നിഫാസിന് കൂടിയ കാലപരിധി തിട്ടപ്പെടുത്താന്‍ സാധിക്കില്ല എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ നാല്‍പത് ദിവസമാണ് നിഫാസിന്‍റെ കൂടിയ കാലപരിധി  എന്ന അഭിപ്രായമാണ് ഉമ്മു സലമ (റ) യുടെ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രമാണബന്ധമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.


അതുകൊണ്ട് 40 ദിവസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് രക്തം നിലക്കുകയും ത്വുഹ്റിന്‍റെ വൈറ്റ് ഡിസ്ചാര്‍ജ് കാണുകയും ചെയ്‌താല്‍ അവര്‍ നിഫാസില്‍ നിന്നും ശുദ്ധിയായി. ഇനി നാല്‍പത് ദിവസം പിന്നിട്ടാല്‍ പിന്നെ രക്തം നിന്നില്ലെങ്കിലും കുളിച്ച് നമസ്കരിക്കണം . 40 ദിവസത്തിന് ശേഷമുള്ള രക്തത്തെ ഇസ്തിഹാളയുടെ രക്തമായി കണ്ടാല്‍ മതി. നാല്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രക്തം നിന്ന് കുളിച്ച  ശേഷം വീണ്ടും രക്തം വരുകയാണ് എങ്കില്‍ അത് നിഫാസ് തന്നെയായാണ് പരിഗണിക്കേണ്ടത്.


രണ്ട്: ഒരു സ്ത്രീ നിഫാസില്‍ നിന്നും ശുദ്ധിയായാല്‍ നിഫാസ് കാരണത്താല്‍ അവരുടെ മേല്‍ നിഷിദ്ധമായിരുന്ന കാര്യങ്ങള്‍ അവര്‍ക്ക് അനുവദനീയമാണ്. അവ നമസ്കാരം നോമ്പ് എന്നിവ പോലെ നിര്‍ബന്ധ കാര്യങ്ങള്‍ ആണെങ്കില്‍ അവര്‍ക്കത് നിര്‍ബന്ധമാണ്‌. അതുകൊണ്ട് ഗര്‍ഭിണിയാകട്ടെ, മുലയൂട്ടുന്ന സ്ത്രീയാകട്ടെ നോമ്പ് അവര്‍ക്കോ കുഞ്ഞിനോ ദോഷകരമായി ബാധിക്കാത്ത പക്ഷം അവര്‍ക്ക് റമദാന്‍ മാസത്തില്‍ തന്നെ നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ അതവരുടെയോ കുഞ്ഞിന്‍റെയോ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്ന പക്ഷം അവര്‍ നോമ്പ് ഉപേക്ഷിക്കുകയും പിന്നീട് നോറ്റുവീട്ടുകയുമാണ് ചെയ്യേണ്ടത്.


ഗര്‍ഭിണിയോ മുലയൂട്ടുന്നവരോ ആയ സ്ത്രീകളെ വ്യത്യസ്ഥ അവസ്ഥയുള്ളവരായി  വേര്‍തിരിക്കാം:


1- റമദാനില്‍ നോമ്പ് പിടിക്കുന്നത് കൊണ്ട് ദോഷകരമായി ബാധിക്കാത്ത, തനിക്കോ കുഞ്ഞിനോ അക്കാരണത്താല്‍ പ്രയാസമോ ബുദ്ധിമുട്ടോ ഉണ്ടാകാത്ത സ്ത്രീയാണെങ്കില്‍ അവര്‍ക്ക് റമദാനില്‍ത്തന്നെ നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാണ്‌.


2- തന്‍റെ വിഷയത്തിലോ, കുട്ടിയുടെ കാര്യത്തിലോ പേടിക്കുന്നവരോ, പ്രയാസമോ ബുദ്ധിമുട്ടോ നേരിടുന്നവരോ ആയ സ്ത്രീകള്‍. അവര്‍ക്ക് നോമ്പ് ഒഴിവാക്കുകയും പിന്നീട് ആ നോമ്പ് നിര്‍ബന്ധമായും അവര്‍ നോറ്റു വീട്ടുകയും ചെയ്യണം. ലജ്നതുദ്ദാഇമയുടെ മറുപടിയില്‍ ഇപ്രകാരം കാണാം:


“أما الحامل فيجب عليها الصوم حال حملها إلا إذا كانت تخشى من الصوم على نفسها أو جنينها فيرخص لها في الفطر وتقضي بعد أن تضع حملها وتطهر من النفاس”


“എന്നാല്‍ ഗര്‍ഭിണിക്ക് അവരെയോ കുഞ്ഞിനെയോ ദോഷകരമായി ബാധിക്കും എന്ന് ഭയപ്പെടാത്ത പക്ഷം നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാണ്‌. ഇനി ഭയപ്പെടുകയോ (പ്രയാസപ്പെടുകയോ) ചെയ്യുന്നുവെങ്കില്‍ അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാന്‍ ഇളവുണ്ട്. പ്രസവ ശേഷം നിഫാസില്‍ നിന്നും ശുദ്ധിയായ ശേഷം പിന്നീടത് നോറ്റ് വീട്ടിയാല്‍ മതി”. – [ഫതാവ ലജ്നതുദ്ദാഇമ: 10/226]. മുലയൂട്ടുന്ന സ്ത്രീയുടെ വിഷയവും ഇപ്രകാരം തന്നെ. കുഞ്ഞിന് പാലില്ലാതെ വരുക, അല്ലെങ്കില്‍ അമിതമായ ക്ഷീണം സംഭവിക്കുക തുടങ്ങി നോമ്പ് അവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെങ്കില്‍ അത് ഉപേക്ഷിക്കുകയും പിന്നീട് നോറ്റ് വീട്ടുകയും ചെയ്യേണ്ടതാണ്. ഇനി ഒന്നിടവിട്ട് നോല്‍ക്കുന്നത് അവര്‍ക്ക് കുഴപ്പമില്ലയെങ്കില്‍ അപ്രകാരം ചെയ്യണം. അഥവാ അകാരണമായി റമദാനിലെ നോമ്പ് ഒഴിവാക്കാന്‍ ഒരാള്‍ക്കും ഇളവില്ല. എന്നാല്‍ കാരണമുണ്ടെങ്കില്‍ ഒഴിവാക്കുകയും പിന്നീട് നോറ്റ് വീട്ടുകയും ചെയ്യാം.


3- ഇനി തനിക്കോ, അതല്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനോ  നോമ്പ് വലിയ ദോഷം ചെയ്യും എന്ന് വൈദ്യശാസ്തപരമായി അറിവുള്ളവര്‍ നിര്‍ദേശിക്കുകയോ, അനുഭവത്തിലൂടെ മനസ്സിലാക്കുകയോ ചെയ്തവരാണ് എങ്കില്‍ അവര്‍ നിര്‍ബന്ധമായും നോമ്പ് ഉപേക്ഷിക്കുകയും പിന്നീട് അത് നോറ്റ് വീട്ടുകയും ചെയ്യണം.


ശരിയായ അഭിപ്രായ പ്രകാരം ഗര്‍ഭിണിയും മുലയൂട്ടുന്ന സ്ത്രീയും നഷ്ടപ്പെട്ട നോമ്പ് നോറ്റ് വീട്ടിയാല്‍ മതി. മുദ്ദ്‌ കൊടുക്കേണ്ടതില്ല. നോറ്റ് വീട്ടല്‍ അവര്‍ക്ക് നിര്‍ബന്ധവുമാണ്. എന്നാല്‍ അകാരണമായി ഒരു റമദാനില്‍ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാനിന് ശേഷമെന്നോണം വൈകിപ്പിച്ചാല്‍ നോറ്റ് വീട്ടുന്നതോടൊപ്പം മുദ്ദ്‌ കൂടി ബാധകമാകും. ഇത് വീട്ടാനുള്ള നോമ്പ് അകാരണമായി വൈകിപ്പിക്കുന്ന എല്ലാവര്‍ക്കും ബാധകമാണ്.


ഇനി ഈ വിഷയസംബന്ധമായി പണ്ഡിതന്മാര്‍ നല്‍കിയ ചില മറുപടികള്‍ ഉദ്ദരിക്കാം:


ശൈഖ് ഇബ്നുബാസ് (റ) പറയുന്നു:


أما الحامل والمرضع فقد ثبت عن النبي صلى الله عليه وسلم من حديث أنس بن مالك الكعبي عن أحمد وأهل السنن بإسناد صحيح أنه رخص لهما في الإفطار وجعلهما كالمسافر . فعلم بذلك أنهما تفطران وتقضيان كالمسافر ، وذكر أهل العلم أنه ليس لهما الإفطار إلا إذا شق عليهما الصوم كالمريض ، أو خافتا على ولديهما والله أعلم


“എന്നാല്‍ അനസ് ബ്ന്‍ മാലിക്ക് അല്‍ കഅബി (റ) ഉദ്ദരിക്കുന്നതായ ഇമാം അഹ്മദും, സുനനുകളിലും ഉദ്ദരിക്കപ്പെട്ടതായ, സ്വഹീഹായ സനദിലൂടെ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന ഹദീസില്‍ ഗര്‍ഭിണിയും മുലയൂട്ടുന്നവളുമായ സ്ത്രീകളുടെ വിഷയത്തില്‍ അവരെ യാത്രക്കാരനോട് സാദൃശ്യപ്പെടുത്തി നോമ്പ് ഉപേക്ഷിക്കാന്‍ ഇളവ് നല്‍കപ്പെട്ടതായിക്കാണാം.  അതില്‍ നിന്നും അവര്‍ക്ക് യാത്രക്കാരനെപ്പോലെ നോമ്പ് ഉപേക്ഷിക്കാമെന്നും ശേഷം ആ നോമ്പ് നോറ്റ് വീട്ടണമെന്നും മനസ്സിലാക്കാം. അതുപോലെ രോഗികളെപ്പോലെ അവര്‍ക്ക് നോമ്പ് പ്രയാസകരമാകുകയോ, അല്ലെങ്കില്‍ അവരുടെ കുഞ്ഞിന്‍റെ കാര്യത്തില്‍ ഭയപ്പെടുകയോ ചെയ്താലല്ലാതെ നോമ്പ് നോല്‍ക്കാതിരിക്കാന്‍ പാടില്ല എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.  – [മജ്മൂഉ ഫതാവ ഇബ്നു ബാസ്: 15/224].


അതുകൊണ്ട് നോമ്പ് നോല്‍ക്കുന്നത് നിങ്ങള്‍ക്കോ കുഞ്ഞിനോ പ്രയാസകരമല്ലയെങ്കില്‍ റമദാനില്‍ത്തന്നെ നോമ്പ് നോല്‍ക്കല്‍ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്‌. ഇനി പ്രയാസകരമാകുകയോ, പ്രയാസകരമാകും എന്ന് ഭയപ്പെടുകയോ ചെയ്‌താല്‍ ഉപേക്ഷിക്കുകയും പിന്നീട് നോറ്റ് വീട്ടുകയും ചെയ്യണം


അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com


നോമ്പിന്‍റെ വിധിയെന്ത്‌ ?. ആര്‍ക്കാണ് നോമ്പ് നിര്‍ബന്ധം ?. നിര്‍ബന്ധമല്ല എന്ന് പറയുന്നവരുടെ വിധിയെന്ത്‌ ?.

നോമ്പിന്‍റെ വിധിയെന്ത്‌ ?. ആര്‍ക്കാണ് നോമ്പ് നിര്‍ബന്ധം ?. നിര്‍ബന്ധമല്ല എന്ന് പറയുന്നവരുടെ വിധിയെന്ത്‌ ?

അല്ലാഹുവിന്‍റെ കിതാബിലും നബി (സ) യുടെ ചര്യയിലും സ്ഥിരപ്പെട്ടതും മുസ്‌ലിം ഉമ്മത്തിന് ഇജ്മാഅ് ഉള്ളതുമായ ഒരു നിര്‍ബന്ധകര്‍മ്മമാണ്‌ റമദാനിലെ നോമ്പ്. അല്ലാഹു പറയുന്നു: 

 

يَاأَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (183) أَيَّامًا مَعْدُودَاتٍ فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ وَأَنْ تَصُومُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ (184) شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (185)

 

” സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌”.(183)

 

“എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം. (184)    

 

” ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌). നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നിന്‍റെപേരില്‍ അല്ലാഹുവിന്‍റെമഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌). (185) ”  – [അല്‍ബഖറ : 183 – 185].

 

അതുപോലെ നബി (സ) പറഞ്ഞു: 

بني الإسلام على خمس: شهادة أن لا إله إلا الله وأن محمدًا رسول الله، وإقام الصلاة، وإيتاء الزكاة، وحج البيت وصوم رمضان ))

“ഇസ്‌ലാം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് പഞ്ചസ്തംഭങ്ങളിന്മേലാകുന്നു. അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തല്‍, നമസ്കാരം മുറപോലെ നിര്‍വഹിക്കല്‍, സകാത്ത് കൃത്യമായി നല്‍കല്‍, ഹജ്ജ് നിര്‍വഹിക്കല്‍, നോമ്പ് അനുഷ്ടിക്കല്‍ എന്നിവയാണവ.” – (متفق عليه).

റമദാന്‍ മാസത്തില്‍ നോമ്പ് നിര്‍ബന്ധമാണ്‌ എന്നതില്‍ മുസ്‌ലിം ഉമ്മത്ത്‌ ഒന്നടങ്കം ഏകാഭിപ്രായക്കാരാണ്. ആരെങ്കിലും അത് നിര്‍ബന്ധമല്ല എന്ന് വാദിക്കുന്നുവെങ്കില്‍ അവന്‍ കാഫിറും മുര്‍ത്തദ്ദുമാണ്. (ശരീഅത്ത് നിയമമുള്ളിടത്ത് അവനോട് കോടതി) തൗബ ചെയ്യാന്‍ ആവശ്യപ്പെടും. അവന്‍ അതിന് തയ്യാറാകാത്തപക്ഷം അവന്‍റെ മേല്‍ മുര്‍ത്തദ്ദിന്‍റെ ഹദ്ദ് നടപ്പാക്കപ്പെടും. 

റമദാന്‍ മാസത്തിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ രണ്ടാം വര്‍ഷമാണ്‌. അതിന് ശേഷം നബി (സ) ജീവിച്ച ഒന്‍പത് റമദാനുകള്‍ അദ്ദേഹം നോമ്പെടുത്തു.  പ്രായപൂര്‍ത്തിയെത്തുകയും ബുദ്ധിയുള്ളവനുമായ എല്ലാ മുസ്‌ലിമിനും നോമ്പ് നിര്‍ബന്ധമാണ്‌.

 

അവിശ്വാസിയുടെ മേല്‍ നോമ്പ് നിര്‍ബന്ധമല്ല. ഇനി വിശ്വസിച്ചാലല്ലാതെ അവന്‍ നോമ്പ് അനുഷ്ടിച്ചാല്‍ അതൊട്ട് സ്വീകരിക്കപ്പെടുകയുമില്ല. പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമല്ല. പതിനഞ്ചു വയസ് തികയുകയോ, അതല്ലെങ്കില്‍ സ്വകാര്യഭാഗങ്ങളില്‍ രോമമുണ്ടാകല്‍, സ്ഖലനം, സ്ത്രീയാണെങ്കില്‍ ആര്‍ത്തവം തുടങ്ങിയവ പ്രായപൂര്‍ത്തിയെത്തി എന്നതിന്‍റെ അടയാളമാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് സംഭവിച്ചാല്‍ അതോടെ ഒരു കുട്ടിക്ക് പ്രായപൂര്‍ത്തിയായി.  എന്നാല്‍ നിരുപദ്രവകരമായ രൂപത്തില്‍ കുട്ടികളോട് നോമ്പെടുക്കാന്‍ കല്‍പിക്കണം. അത് ശീലമാകാനും, അതിനോട് താല്പര്യം ഉണ്ടാകാനുമാണത്.

 

ഭ്രാന്ത്, അതല്ലെങ്കില്‍ സ്വബോധം നഷ്ടപ്പെടല്‍ എന്നിങ്ങനെ തന്റെ ബുദ്ധി നഷ്ടപ്പെട്ട ഒരാള്‍ക്ക് നോമ്പ് നിര്‍ബന്ധമല്ല. അതുപോലെത്തന്നെ പ്രായാധിക്യം കാരണത്താല്‍ ബുദ്ധി നഷ്ടപ്പെട്ട, കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കാത്തവിധം, സ്വബോധമില്ലാതെ അതുമിതും പറയുന്നവരായ വൃദ്ധന്മാര്‍ക്കും നോമ്പോ, മുദ്ദ്‌ കൊടുക്കലോ ഇല്ല. (കാരണം സ്വബോധം നഷ്ടപ്പെട്ടവരുടെ മേല്‍ ഇബാദത്തുകള്‍ നിര്‍ബന്ധമല്ല).  

മറുപടി: ശൈഖ് ഇബ്നു ഉസൈമീന്‍ (റ)

(Source: سبعون سؤالا في أحكام الصيام , Page: 6).

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com