ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്തുണ്ടോ ?

ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്തുണ്ടോ ?

ഉപയോഗിക്കുന്ന ആഭരണത്തിന്‍റെ സകാത്ത്: 

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഉപയോഗിക്കുന്ന ആഭാരണത്തിന്റെ സകാത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ മൂന്ന്‍ കാര്യങ്ങള്‍ ആമുഖമായി മനസ്സിലാക്കിയിരിക്കണം.

1. സ്വര്‍ണ്ണവും വെള്ളിയുമല്ലാത്ത പ്ലാറ്റിനം പോലുള്ള ഇതര ലോഹങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ക്ക് അവ വില്പനാവശ്യത്തിന് വേണ്ടി ഉള്ളതാണെങ്കില്‍ മാത്രമേ സകാത്ത് ബാധകമാകുകയുള്ളൂ. ഉപയോഗത്തിന് വേണ്ടിയുള്ളതാണെങ്കില്‍ സകാത്ത് ബാധകമല്ല.

ശൈഖ് ഇബ്നു ബാസ് (റഹി) പറയുന്നു: “സ്വര്‍ണ്ണമോ വെള്ളിയോ അല്ലാത്ത വജ്രം കൊണ്ടോ മറ്റോ ഉള്ള ആഭരണങ്ങള്‍ക്ക് അവ വില്പനവസ്തുക്കളാണെങ്കിലല്ലാതെ സകാത്ത് ബാധകമല്ല”. – [മജ്മൂഉ ഫതാവ: 14/124].

അഥവാ ഇനി വജ്രവും സ്വര്‍ണ്ണവും അടങ്ങിയ ഉപയോഗിക്കുന്ന ആഭരണമാണ് എങ്കില്‍ അതില്‍ അടങ്ങിയ വജ്രത്തിന്റെ വിലകൂടി സകാത്ത് കണക്കാക്കുമ്പോള്‍ പരിഗണിക്കേണ്ടതില്ല എന്നര്‍ത്ഥം.                                                            

2. രണ്ട് സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളുടെ ഉപയോഗം ഹറാമായ ഉപയോഗമാണ് എങ്കില്‍ അതിന് സകാത്ത് ബാധകമാണ് എന്നത് ഇജ്മാഅ് അഥവാ ഏകാഭിപ്രായമുള്ള കാര്യമാണ്.

ഇമാം നവവി (റഹി) പറയുന്നു: “ഹറാമായ ഉപയോഗമുള്ള ആഭരണങ്ങള്‍ക്ക് സകാത്ത് നിര്‍ബന്ധമാണ്‌ എന്നത് ഇജ്മാഅ് ഉള്ള കാര്യമാണ്” – [روضة الطالبين : 2/260].

അതുകൊണ്ടുതന്നെ പുരുഷന്മാര്‍ ധരിക്കുന്ന സ്വര്‍ണ്ണത്തിനും, സ്ത്രീകള്‍ അന്യപുരുഷന്മാര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ധരിക്കുന്ന സ്വര്‍ണ്ണ- വെള്ളി ആഭരണങ്ങളിലും സകാത്ത് ബാധകമാണ് എന്നത് ഇജ്മാഅ് ഉള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നല്‍കേണ്ടതുണ്ടോ എന്ന ചര്‍ച്ച ഒരിക്കലും തന്നെ അന്യപുരുഷന്മാര്‍ക്ക് മുന്‍പില്‍ ആടയാഭരണങ്ങള്‍ ധരിച്ചെത്തുന്ന സ്ത്രീയുടെ വിഷയത്തില്‍ ബാധകമല്ല എന്ന് അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്.                                            

3. ആഭരണങ്ങള്‍ നിക്ഷേപമായി കാത്തുസൂക്ഷിക്കുന്നതോ, കച്ചവടാവശ്യത്തിന് വേണ്ടിയുള്ളതോ ആണെങ്കില്‍ അവക്ക് സകാത്ത് ബാധകമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അനുവദനീയമായ ഉപയോഗത്തിനുള്ള സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ക്ക് സകാത്ത് ബാധകമാണോ എന്നതാണ് ചര്‍ച്ച.

അനുവദനീയമായ ഉപയോഗമുള്ള സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ക്ക്  സകാത്ത് ബാധകമാണോ ?.

ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും സകാത്ത് ബാധകമാണ് എന്നതാണ് പ്രബലമായ അഭിപ്രായം. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) ശൈഖ് ഇബ്നു ബാസ് (റഹി) തുടങ്ങിയവരെല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ആഭാരണത്തിനും സകാത്ത് ബാധകമാണ് എന്ന് വ്യക്തമാക്കിയതായി കാണാം.

അല്ലാഹു പറയുന്നു:

 وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ

“സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക”. – [التوبة 34].

എല്ലാ സ്വര്‍ണ്ണത്തിലും സകാത്ത് ബാധകമാണ് എന്ന് വിശുദ്ധഖുര്‍ആനിന്‍റെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാം. ഇനി ഉപയോഗിക്കുന്ന ആഭരണം മാത്രം അതില്‍ നിന്നും ഒഴിവാണ് എന്ന് പറയുന്നവര്‍ അതിന് വ്യക്തവും സ്പഷ്ടവുമായ തെളിവുകള്‍ കൊണ്ടുവരേണ്ടതുണ്ട്. അപ്രകാരം സ്പഷ്ടമായ തെളിവുകള്‍ ഇല്ല താനും.

അതുപോലെ ഹദീസുകളിലും ഉപയോഗിക്കുന്ന ആഭരണത്തിനും സകാത്ത് നല്‍കണം എന്ന് വ്യക്തമായ സൂചന കാണാം:

 عن أبي هريرة رضي الله عنه عن النبي صلّى الله عليه وسلّم أنه قال: ’’ ما من صاحب ذهب ولا فضة لا يؤدي منها حقها إلا إذا كان يوم القيامة صفحت له صفائح من نار فأحمي عليها في نار جهنم فيكوى بها جبينه وجنبه وظهره ‘‘ – رواه مسلم

 അബൂ ഹുറൈറ (റ) നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: “സ്വര്‍ണ്ണമോ വെള്ളിയോ കൈവഷമുള്ളവന്‍ അതില്‍ ബാധ്യതയായുള്ള സകാത്ത് നല്‍കാത്ത പക്ഷം ഖിയാമത്ത് നാളില്‍ തീ കൊണ്ടുള്ള ഫലകങ്ങളായി അവയെ രൂപപ്പെടുത്തുകയും അത് നരകത്തില്‍ ചൂളക്ക് വച്ചതിനുശേഷം അവന്‍റെ നെറ്റിയും, പാര്‍ശ്വഭാഗവും, പുറവുമെല്ലാം അതുകൊണ്ട് ചൂടുവേക്കപ്പെടുകയും ചെയ്യും”.  – [മുസ്‌ലിം].

 عن عمرو بن شعيب، عن أبيه، عن جده، أن امرأة أتت رسول الله صلّى الله عليه وسلّم ومعها ابنة لها، وفي يد ابنتها مسكتان غليظتان من ذهب، فقال لها: ’’ أتعطين زكاة هذا؟ قالت: لا، قال: أيسرك أن يسورك الله بهما سوارين من نار، قال: فخلعتهما فألقتهما إلى النبي صلّى الله عليه وسلّم وقالت: هما لله ورسوله ‘‘ – (رواه الترمذي والنسائي وأبو داود)

അംറുബ്നു ശുഐബ് തന്‍റെ പിതാവില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിക്കല്‍ ഒരു സ്ത്രീ പ്രവാചകസന്നിധിയിലേക്ക് ഒരു സ്ത്രീയും മകളും കടന്നുവന്നു. മകളുടെ കൈകളില്‍ കട്ടിയുള്ള രണ്ട് സ്വര്‍ണ്ണവളകളുണ്ട്. പ്രവാചകന്‍(സ) അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിന്‍റെ സകാത്ത് നല്‍കാറുണ്ടോ? അവര്‍ പറഞ്ഞു: ഇല്ല. പ്രവാചകന്‍(സ) പറഞ്ഞു: “ഇതിനു പകരമായി നരകത്തില്‍ നിന്നുള്ള രണ്ടുവളകള്‍ അല്ലാഹു നിങ്ങളെ ധരിപ്പിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ ?!. ഹദീസിന്‍റെ റാവി പറയുന്നു: അവര്‍ ആ രണ്ടു വളകളും ഊരി  പ്രവാചകന്‍റെ മുന്നിലിടുകയും, ഇവ രണ്ടും അല്ലാഹുവിനും അവന്‍റെ പ്രവാചകനുമുള്ളതാണ് എന്ന് പറയുകയും ചെയ്തു”. – [തിര്‍മിദി, നസാഇ, അബൂദാവൂദ്].

عن عائشة رضي الله عنها قالت: دخل علي رسول الله صلى الله عليه وسلم، فرأى في يدي فتخات من ورق، فقال: “ما هذا يا عائشة؟ ، ” فقلت صنعتهن أتزين لك يارسول الله، قال: أتؤدين زكاتهن؟ ، قلت : لا ، أو ما شاء الله، قال: “هو حسبك من النار” أخرجه أبو داود (1565).

ഞങ്ങള്‍ ഒരിക്കല്‍ ആഇശ(റ)യില്‍ നിന്നും നിവേദനം: അവര്‍ പറഞ്ഞു: ഒരിക്കല്‍ റസൂല്‍ (സ) എന്‍റെ അരികിലേക്ക് പ്രവേശിച്ചു. എന്‍റെ കൈകളിലുള്ള വെള്ളി മോതിരങ്ങള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്താണ് ആഇശാ ?!. ഞാന്‍ പറഞ്ഞു: പ്രവാചകരേ, അത് അങ്ങേക്ക് മുന്നില്‍ അലങ്കാരമെന്നോണം എനിക്കണിയാന്‍ ഞാന്‍ ഉണ്ടാക്കിയതാണ്. അപ്പോള്‍ അദ്ദേഹം ചോദിച്ചു. നീ അതിന്‍റെ സകാത്ത് കൊടുക്കാറുണ്ടോ?. ‘ഇല്ല’ എന്നോ, അതോ നല്‍കാറില്ല എന്ന് സൂചിപ്പിക്കുന്ന മറ്റെന്തോ ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു:  നരകത്തില്‍ പോകുവാന്‍ അത് തന്നെ മതി”. – [അബൂദാവൂദ്: 1565. ഈ ഹദീസ് അല്‍ബാനി(റഹി) സ്വഹീഹാക്കിയിട്ടുണ്ട്. സ്വഹീഹു അബീദാവൂദ്: 1398. ഈ ഹദീസ് ഇമാം ബുഖാരി(റഹി) യുടെയും മുസ്‌ലിം (റഹി)യുടെയും നിബന്ധനകള്‍പ്രകാരം സ്വീകാര്യ യോഗ്യമായ ഹദീസ് ആണ് എന്നും ശൈഖ് അല്‍ബാനി (റഹി) രേഖപ്പെടുത്തിയിട്ടുണ്ട്].

 ഒരുപക്ഷെ ചിലർ ചോദിച്ചേക്കാം: വെറും വെള്ളിമോതിരങ്ങള്‍ 595ഗ്രാം തികയുമോ ?.

ഇതിനുള്ള മറുപടി മുൻഗാമികൾ തന്നെ നൽകിയിട്ടുണ്ട്. സുഫ്‌യാന്‍ അസൗരി (റഹി) യോട് ഇതേ ചോദ്യം ചോദിക്കപ്പെട്ടു. കേവലം മോതിരത്തിന് സകാത്ത് നൽകേണ്ടി വരിക ?. അദ്ദേഹം പറഞ്ഞു: “അവയെ മറ്റു ആഭരണങ്ങളിലേക്ക് ചേര്‍ക്കുക”. അതായത് ആഇശ(റ)യുടെ കയ്യിലുള്ള ആഭരണങ്ങളെപ്പറ്റി പ്രവാചകന്‍(സ)ക്ക് അറിയാമല്ലോ. അതിനാല്‍ തന്നെ അവരുടെ പക്കല്‍ നിസ്വാബ് തികയുന്ന വെള്ളി ആഭരണങ്ങള്‍ ഉണ്ടായിരിക്കും. ഇതുകൂടി അതിലേക്ക് ചേർത്ത് ഒരുമിച്ച് കണക്കാക്കി സകാത്ത് നല്‍കണം  എന്നായിരിക്കാം ഒരുപക്ഷെ ഉദ്ദേശിച്ചത്. എതായിരുന്നാലും നിസ്വാബിനെക്കുറിച്ച് അറിയാവുന്ന പ്രവാചകന്‍(സ) യാണ് അത് ചോദിച്ചത് എന്നിരിക്കെ ഇത്തരം ആശങ്കകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല.

عن أم سلمة قالت: كنت ألبس أوضاحاً من ذهب فقلت: يا رسول الله: أكنز هو؟ فقال: “ما بلغ أن يؤدى زكاته فزكي فليس بكنز” (أخرجه أبو داود: 1564)

ഉമ്മു സലമ(റ) യില്‍ നിന്നും നിവേദനം: അവര്‍ പറഞ്ഞു: “ഞാന്‍ സ്വര്‍ണ്ണം കൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കാറുണ്ടായിരുന്നു. ഞാന്‍ പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരേ, നിധി എന്ന് അതിനെ വിശേഷിപ്പിക്കാമോ ?. അദ്ദേഹം പറഞ്ഞു: “അത് സകാത്ത് നിര്‍ബന്ധമാകാനുള്ള പരിധിയെത്തുകയും (നിസ്വാബ്) അതിന്‍റെ നിസ്വാബ് നല്‍കപ്പെടുകയും ചെയ്‌താല്‍ അത് നിധിയല്ല”. – [അബൂദാവൂദ്: 1564.  ഈ ഹദീസിന്‍റെ സനദിന് ദുര്‍ബലത ഉണ്ടെങ്കിലും ഉമറുബ്നുല്‍ ഖത്താബ് (റ) വില്‍ നിന്നും വന്ന മറ്റൊരു റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ഈ ഹദീസ് സ്വഹീഹോ ഹസനോ ആണ് എന്ന് ശൈഖ് അല്‍ബാനി (റഹി) രേഖപ്പെടുത്തിയിട്ടുണ്ട്. سلسلة الأحاديث الصحيحة യിലെ 559ാം ഹദീസ് നോക്കുക]. വിശുദ്ധഖുര്‍ആനില്‍ സകാത്ത് നല്‍കാത്ത സ്വര്‍ണ്ണത്തിനും, വെള്ളിക്കും നിധി എന്ന പ്രയോഗമുണ്ട്. ആ പ്രയോഗമാണ് ഈ ഹദീസിലും നിധി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

ആഭരണത്തിന് സകാത്ത് നിര്‍ബന്ധമാണ്‌ എന്നതിന് തെളിവായി സ്വഹാബത്തില്‍ നിന്നുമുള്ള അസറുകളും ഉണ്ട്:

عن أمير المؤمنين عمر بن الخطاب ـ رضي الله عنه ـ ’’ أنه كتب إلى أبي موسى ـ رضي الله عنه ـ أن مُرْ من قِبَلَكَ من نساء المسلمين أن يَصَّدّقن من حُلِيِّهن ‘‘ – أخرجه ابن أبي شيبة (3/153)؛ والبيهقي (4/139).

അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്നുല്‍ ഖത്താബ്(റ) അബൂ മൂസല്‍ അശ്അരി(റ)വിന് എഴുതി : “മുസ്‌ലിം സ്ത്രീകളോട് അവരുടെ ആഭരണങ്ങളില്‍ നിന്നും സകാത്ത് നല്‍കുവാന്‍ നീ കല്‍പ്പിക്കുക” – [ഇബ്നു അബീ ശിബ 3/153 – ബൈഹഖി 4/139].

ഇബ്നു മസ്ഊദ്(റ)വിനോട് ഒരു സ്ത്രീ തന്‍റെ ആഭരണത്തെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “അത് ഇരുനൂറ് ദിര്‍ഹം തികഞ്ഞാല്‍ അതില്‍ സകാത്ത് ഉണ്ട്”.- [ത്വബറാനി – مجمع الزوائد  2/70 ].

എന്നാല്‍ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമല്ല എന്ന് അഭിപ്രായപ്പെട്ട പ്രഗല്‍ഭരായ പണ്ഡിതന്മാരും ഉണ്ട്. ഇമാം ശാഫിഇ (റഹി) നാട്ടുനടപ്പ് അനുസരിച്ച് ഇസ്റാഫ് അഥവാ അമിതത്വം ഇല്ലെങ്കില്‍ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നല്‍കേണ്ടതില്ല എന്ന അഭിപ്രായക്കാരനാണ്. ഇമാം മാലിക്ക് (റഹി) യും ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം അഹ്മദ്(റഹി)യില്‍ നിന്നാകട്ടെ രണ്ട് അഭിപ്രായങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  ‘കിതാബുല്‍ അംവാല്‍’ രചിച്ച   ഇമാം അബൂ ഉബൈദ് ഖാസിമുബ്നു സല്ലാം ബാധകമല്ല എന്ന അഭിപ്രായക്കാരനാണ്. ജാബിര്‍ (റ) വില്‍ നിന്നുമുള്ള ഒരു അസര്‍ അതിനുള്ള തെളിവായി അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്:

عن عمرو بن دينار قال: سئل جابر بن عبد الله: أفي الحلي زكاة؟ قال لا، قيل: وإن بلغ عشرة آلاف قال: كثير

അംറുബ്നു ദീനാറില്‍ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ഉപയോഗിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് സകാത്തുണ്ടോ ?. എന്ന് ജാബിര്‍ (റ) വിനോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഇല്ല. അപ്പോള്‍ അത് പതിനായിരത്തോളമാണെങ്കിലോ ?. എന്ന് ആരോ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതില്‍കൂടുതല്‍ ആണെങ്കില്‍പോലും. – [കിതാബുല്‍ അംവാല്‍ പേജ്: 540. ഇമാം ശാഫിഇയുടെ മുസ്നദ്: 629].  ഇബ്നു മസ്ഊദ് (റ) വില്‍ നിന്നല്ലാതെ മറ്റൊരു സ്വഹാബിയില്‍ നിന്നും ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമാണ് എന്ന അഭിപ്രായം സ്വീകാര്യയോഗ്യമായ രൂപത്തില്‍ വന്നിട്ടില്ല എന്നാണു അബൂ ഉബൈദ് (റഹി) തന്‍റെ ഗ്രന്ഥത്തില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ മറ്റു സ്വഹാബാക്കളില്‍ നിന്നും അത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്റെ കല്പന നേരത്തെ നാം ഉദ്ദരിച്ചുവല്ലോ.

ഏതായാലും കൂടുതല്‍ പഠനവിധേയമാക്കിയാല്‍ ഈ വിഷയം സ്വഹാബത്തിനിടയില്‍ പോലും അഭിപ്രായഭിന്നതയുള്ള വിഷയമാണ് എന്ന് മനസ്സിലാക്കാം. അതാണ്‌ ഞാന്‍ തുടക്കത്തിലേ സൂചിപ്പിച്ചത്.

അതുപോലെ ആഇശ (റ) തന്‍റെ സംരക്ഷണത്തില്‍ വളര്‍ന്നിരുന്ന സഹോദരപുത്രിമാര്‍ക്ക് ആഭരണങ്ങള്‍ ധരിപ്പിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ അതിന്‍റെ സകാത്ത് കൊടുക്കാറുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതും ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായക്കാരുടെ തെളിവാണ്. എന്നാല്‍ ഇത് അവര്‍ക്കുള്ള തെളിവല്ല എന്നതാണ് ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) യെപ്പോലുള്ളവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. കാരണം ആഇശ(റ) അവയുടെ സകാത്ത് നല്‍കാറുണ്ടായിരുന്നു എന്ന രൂപത്തില്‍ എതിര്‍ റിപ്പോര്‍ട്ടും അതേ വിഷയത്തില്‍ വന്നതിനാല്‍ ഹദീസ് നിധാനശാസ്ത്രപ്രകാരം ‘നല്‍കാറുണ്ടായിരുന്നു’ എന്ന് സ്ഥിരീകരണമനോഭാവത്തോടെ വന്ന റിപ്പോര്‍ട്ടിനാണ് ‘നല്‍കാറുണ്ടായിരുന്നില്ല’ എന്ന് നിഷേധമനോഭാവത്തോടെ വന്ന റിപ്പോര്‍ട്ടിനേക്കാള്‍ മുന്‍ഗണന. സ്ഥിരീകരണവും നിഷേധവും ഒരുമിച്ചു സ്വീകാര്യയോഗ്യമായി വന്നാല്‍ സ്ഥിരീകരണത്തിനാണ് മുന്‍ഗണന എന്നത് ഒരടിസ്ഥാന തത്വമാണ്.  

അതുപോലെ ഇമാം ദാറഖുത്വനി അസ്മാഅ് (റ) യില്‍ നിന്നും അവര്‍ അവരുടെ പെണ്മക്കളുടെ ആഭരണത്തിന് സകാത്ത് നല്‍കാറുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ട് ഉദ്ദരിച്ചിട്ടുണ്ട്. ഇതും സകാത്ത് ബാധകമല്ല എന്ന അഭിപ്രായക്കാരുടെ തെളിവാണ്. ആധുനിക കാലഘട്ടത്തില്‍ ജീവിച്ച പണ്ഡിതന്മാരില്‍ ഇമാം ശൗക്കാനി (റഹി), മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്വി (റഹി), മുഹമ്മദ്‌ ബിന്‍ ഇബ്റാഹീം ആലു ശൈഖ് (റഹി) തുടങ്ങിയവര്‍  ഈ അഭിപ്രായത്തെ പിന്തുണച്ചവരാണ്. എന്നാല്‍ അത് നല്‍കലാണ് സൂക്ഷമത എന്ന് ഈ ചര്‍ച്ചക്ക് ശേഷം ഇവരില്‍ പല പണ്ഡിതന്മാരും തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്വി (റഹി) പറയുന്നു: “ഉപയോഗിക്കുന്ന ആഭരണത്തിന്‍റെ സകാത്ത് നല്‍കലാണ് സൂക്ഷമത. കാരണം (നബി (സ)യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് പോലെ) സംശയാസ്പദമായ കാര്യങ്ങളില്‍ ആരെങ്കിലും സൂക്ഷ്മത കൈവരിച്ചാല്‍ അവന്‍റെ അഭിമാനത്തെയും മതത്തെയും അവന്‍ സംരക്ഷിച്ചിരിക്കുന്നു. അതുപോലെ (നബി (സ) പറഞ്ഞു) : നിനക്ക് സംശയമുള്ള കാര്യത്തെ വെടിഞ്ഞ് സംശയമില്ലാത്തത് സ്വീകരിക്കുക”. – [أضواء البيان : 2/134 ].

ഇരു കൂട്ടരുടെയും തെളിവുകള്‍ പരിശോധിച്ച ശേഷം ഈയുള്ളവന് പ്രബലമായതും കൂടുതല്‍ സൂക്ഷ്മതയുള്ളതുമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിച്ചത് ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമാണ് എന്നതാണ്. അതാണ് പ്രബലമായ അഭിപ്രായം എന്നതിനുള്ള തെളിവുകള്‍ ഞാന്‍ നേരത്തെ ഉദ്ദരിച്ചുവല്ലോ. നിസ്വാബ് തികയുകയും ഹൗല്‍ എത്തുകയും ചെയ്‌താല്‍ ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്കും  സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്‌. സൗദി അറേബ്യയിലെ ഉന്നത ഫത്‌’വാ ബോര്‍ഡായ ലജ്നതുദ്ദാഇമയുടെയും അഭിപ്രായം ഇതു തന്നെയാണ്. അവര്‍ പറയുന്നു: “ഇരു അഭിപ്രായങ്ങളില്‍ നിന്നും ഏറ്റവും പ്രബലമായ അഭിപ്രായം ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നിര്‍ബന്ധമാണ്‌ എന്ന അഭിപ്രായമാണ്”. – [ഫതാവ: 9/264].

ഈ വിഷയത്തിലുള്ള വ്യത്യസ്ഥ അഭിപ്രായങ്ങളും ഓരോ അഭിപ്രായക്കാരുടെ തെളിവുകളും ആ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളും മറുപടികളും ഇബ്നു ഉസൈമീന്‍ (റഹി) അദ്ദേഹത്തിന്‍റെ (رسالة في زكاة الحلي) എന്ന ലഘു കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ വിഷയ സംബന്ധമായി കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്‌.

ചോദ്യം: വീട്ടിലുള്ള എല്ലാവരുടെ ആഭരണങ്ങളും കൂട്ടി അവ മൊത്തത്തില്‍ പത്തര പവന്‍ തികയുക എന്നാണോ, അതല്ല ഓരോരുത്തരുടെയും ആഭരണങ്ങള്‍ വ്യത്യസ്ഥമായിത്തന്നെ പരിഗണിച്ചാല്‍ മതിയോ ?

ഉത്തരം: ഓരോരുത്തരുടെയും ആഭരണങ്ങള്‍ വ്യത്യസ്ഥമായി പരിഗണിച്ചാല്‍ മതി. കാരണം വ്യക്തികള്‍ക്കാണ് സകാത്ത് ബാധകമാകുന്നത്. കുടുംബത്തിനല്ല. അതിനാല്‍ തന്നെ ഒരു കുടുംബത്തിലെ വ്യത്യസ്ഥ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളവ വെവ്വേറെത്തന്നെ പരിഗണിച്ചാല്‍ മതി.

ചോദ്യം: മഹര്‍ സ്വര്‍ണ്ണാഭരണമാണ് എങ്കില്‍ അതുകൂടി കൂട്ടിയാണോ കൈവശമുള്ള സ്വര്‍ണ്ണാഭരണം നിസ്വാബ് തികയുന്നുണ്ടോ എന്ന് നോക്കേണ്ടത് ?.

ഉത്തരം: അതെ. മഹ്ര്‍ ആണ് എന്നതുകൊണ്ട്‌ അതിന് സകാത്ത് ബാധകമാകാതാകുന്നില്ല. അതുകൊണ്ടുതന്നെ മഹ്ര്‍ സ്വര്‍ണ്ണാഭരണമാണ് എങ്കില്‍ ആ മഹ്ര്‍ അടക്കം കൈവശമുള്ള മൊത്തം സ്വര്‍ണ്ണം എത്രയുണ്ട് എന്ന് നോക്കിയാണ്, തന്‍റെ കൈവശമുള്ള സ്വര്‍ണ്ണം നിസ്വാബ് തികയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത്. നിസ്വാബ് തികയുന്നുണ്ട് എങ്കില്‍ ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ചോദ്യം: നിസ്വാബ് അഥവാ 85 ഗ്രാം (ഏകദേശം പത്തര പവന്‍) അതില്‍കൂടുതല്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ അത് കഴിച്ച് ബാക്കിയുള്ള സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം ആണോ സകാത്തായി നല്‍കേണ്ടത് ?. 

ഉത്തരം: അല്ല നിസ്വാബ് അടക്കമുള്ള മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര  ശതമാനം ആണ് സകാത്തായി നല്‍കേണ്ടത്. ഉദാ: ഒരാളുടെ കൈവശം ഇരുപത് പവന്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ ആ ഇരുപത് പവന്‍ സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ചോദ്യം: 85 ഗ്രാം ആണല്ലോ സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ്. എന്‍റെ കയ്യില്‍ 50ഗ്രാം സ്വര്‍ണ്ണവും ബാക്കി 35 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യമായ കറന്‍സിയോ വില്പന വസ്തുവോ ഉണ്ടെങ്കില്‍ ഞാന്‍ ആ സ്വര്‍ണ്ണത്തെ അവയോടൊപ്പം കൂട്ടി മോത്തത്തിന്റെ രണ്ടര ശതമാനം സകാത്തായി നല്‍കണോ ?.

ഉത്തരം: അപ്രകാരം ചെയ്യണം എന്നതാണ് ശൈഖ് ഇബ്നു ബാസ് (റഹി) യുടെ അഭിപ്രായം. കാരണം സ്വര്‍ണ്ണം നാണയ ഗണത്തില്‍ പെട്ടതാണ്. അതുകൊണ്ട് കൈവശമുള്ള കറന്‍സിയും സ്വര്‍ണ്ണവും ചേര്‍ത്ത് വച്ചോ, അതല്ലെങ്കില്‍ കൈവശമുള്ള കച്ചവട വസ്തുവുമായി ചേര്‍ത്ത് വച്ചോ സ്വര്‍ണ്ണം 85ഗ്രാം തികയുന്നുവെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം എന്നതാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. അതാണ്‌ കൂടുതല്‍ സൂക്ഷ്മത.

 

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ …
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna

 

സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ്

സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ്

സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടുവന്നിട്ടുണ്ടോ അതല്ല, വെള്ളിയുടെ നിസ്വാബ് മാത്രമാണോ സ്ഥിരപ്പെട്ട് വന്നിട്ടുള്ളത്?. സ്വര്‍ണ്ണത്തിനും വെള്ളിക്കും വെള്ളിയുടെ നിസ്വാബ് ആണോ, അതോ സ്വര്‍ണ്ണത്തിന് അതിന്‍റേതായ നിസ്വാബും, വെള്ളിക്ക് അതിന്‍റേതായ നിസ്വാബുമാണോ ?

              الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين و على آله وصحبه أجمعين وبعد ؛

സര്‍വശക്തന്‍റെ സഹായത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട്‌ ആരംഭിക്കട്ടെ..

സ്വര്‍ണത്തിന്‍റെ നിസ്വാബ് പ്രതിപാദിക്കുന്ന ഹദീസ് പ്രവാചകന്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അബൂദാവൂദ്(റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം:

 حدثنا سليمان بن داود المَهري، أخبرنا ابن وهب، أخبرني جرير بن حازم، عن أبي إسحاق، عن عاصم بن ضمرة، والحارث الأعور، عن علي رضي الله عنه، عن النَّبي صلى الله عليه وسلم، قال: ’’فإذا كانت لك مائتا درهم وحال عليها الحول ففيها خمسة دراهم، وليس عليك شيء ـ يعني في الذهب ـ حتى يكون لك عشرون ديناراً فإذا كان لك عشرون ديناراً وحال عليها الحول، ففيها نصف دينار، فما زاد فَبِحِسَاب ذلك ‘‘ قال: فلا أدري أَعَلِيٌ يقول فَبِحِسَاب ذلك، أو رفعه إلى النَّبي صلى الله عليه وسلم؟ وليس في مال زكاة حتى يحول عليه الحول، إلا أن جريراً قال: ابن وهب، يزيد في الحديث عن النَّبي صلى الله عليه وسلم:  ’’ ليس في مال زكاة حتى يحول عليه الحول ‘‘  – (أخرجه أبو داود رقم ( 1573 ) 2 / 100، وصححه الألباني في صحيح سنن أبي داود رقم ( 1573 ) 2 / 100 ).   

സുലൈമാന്‍ ബിന്‍ ദാവൂദ് അല്‍മഹ’രി പറഞ്ഞു, അദ്ദേഹത്തോട് ഇബ്നു വഹബ് പറഞ്ഞു. അദ്ദേഹത്തോട് ജരീര്‍ ബിന്‍ ഹാസിം പറഞ്ഞു. അദ്ദേഹ അബീ ഇസ്ഹാഖില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം ആസ്വിം ബിന്‍ ളംറയില്‍ നിന്നും, ഹാരിസ് അല്‍ അഅ്‘വറില്‍ നിന്നും. അവര്‍ രണ്ടുപേരും അലി (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: “നിന്‍റെ കൈവശം 200 ദിര്‍ഹം ഉണ്ടായിരിക്കുകയും അതിന് ഹൗല്‍ തികയുകയും ചെയ്‌താല്‍ അതില്‍ നിന്നും 5 ദിര്‍ഹം (സകാത്തായി) നല്‍കണം. ഇരുപത് ദിനാര്‍ തികയുന്നത് വരെ (സ്വര്‍ണ്ണത്തില്‍) നീ ഒന്നും തന്നെ നല്‍കേണ്ടതില്ല. നിന്‍റെ കൈവശം ഇരുപത് ദിനാര്‍ ഉണ്ടായിരിക്കുകയും അതിന് ഹൗല്‍ തികയുകയും ചെയ്‌താല്‍ അര ദിനാര്‍ (സകാത്തായി) നല്‍കണം. ഇനി അതിലും കൂടുതല്‍ കൈവശം വരുമ്പോള്‍ അതേ അനുപാതത്തില്‍ കണക്കുകൂട്ടുക”. – റാവി പറയുന്നു: “ഇനി അതിലും കൂടുതല്‍ കൈവശം വരുമ്പോള്‍ അതേ അനുപാതത്തില്‍ കണക്കുകൂട്ടുക” എന്ന വാക്ക് അലി(റ) പറഞ്ഞതാണോ, അതോ അദ്ദേഹം റസൂല്‍(സ) യിലേക്ക് ചേര്‍ത്ത് പറഞ്ഞതാണോ എന്നെനിക്കറിയില്ല. – “ഹൗല്‍ തികയാതെ ഒരു ധനത്തിലും സകാത്ത് ബാധകമാകുന്നില്ല”. ജരീര്‍ പറയുന്നു: ഇബ്നു വഹബ് ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍ പ്രവാചകന്‍(സ) പറഞ്ഞതായി ഈ ഭാഗം കൂടി ചേര്‍ത്തിട്ടുണ്ട്: “ഹൗല്‍ തികയാതെ ഒരു ധനത്തിലും സകാത്ത് ബാധകമാകുന്നില്ല”. -(ശൈഖ് അല്‍ബാനി ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് സ്വഹീഹ് സുനനി അബീ ദാവൂദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1573- vol 2 / page 100 ).  

ഈ ഹദീസുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ ഉണ്ട്. ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് പറയുന്നവരും, ദുര്‍ബലമാണ് എന്ന് പറയുന്നവരും പണ്ഡിതലോകത്തുണ്ട്. ശൈഖ് മുഹമ്മദ്‌ അമീന്‍ ശന്‍ഖ്വീത്വി (റ) അദ്ധേഹത്തിന്റെ തഫ്സീറായ أضواء البيان ല്‍ ഈ ഹദീസിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ദുര്‍ബലമാണ് എന്ന് പറയുന്നവര്‍ ഉന്നയിക്കുന്ന വാദങ്ങളും അതിനുള്ള മറുപടിയും അദ്ദേഹം അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ സംഗ്രഹം മാത്രമാണ് ഇവിടെ നല്‍കുന്നത്.

ദുര്‍ബലമാണ് എന്ന് പറയുന്നവരുടെ വാദങ്ങള്‍:

1-    ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് حارث الأعور വഴിയോ عاصم بن ضمرة   വഴിയോ ആണ്. അവര്‍ രണ്ടുപേരും ദുര്‍ബലരാണ്.

2-    യഥാര്‍ത്ഥത്തില്‍ ഈ ഹദീസ് പ്രവാചകനിലേക്ക് എത്തുന്നില്ല. അഥവാ مرفوع ആയി സ്ഥിരപ്പെടുന്നില്ല. മറിച്ച് അലി (റ) വിലേക്ക് موقوف ആയാണ് സ്ഥിരപ്പെടുന്നത്. ഇമാം ദാറഖുത്വ’നി, ഇബ്ന്‍ ഹസം തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്.

3-    ഇബ്നുല്‍ മവാഖ് (റ) അഭിപ്രായപ്പെടുന്നത് ഈ ഹദീസില്‍ പരോക്ഷമായ ഒരു علة  ഉണ്ട്. അബീ ഇസ്ഹാഖില്‍ നിന്നും ഈ ഹദീസ് ഉദ്ദരിക്കുന്ന ജരീര്‍ ബിന്‍ ഹാസിം അദ്ദേഹത്തെ കണ്ടിട്ടില്ല.

4-    അതുപോലെ ഇമാം ശാഫിഇ (റ) പറഞ്ഞു: “റസൂല്‍ (സ) വെള്ളിയില്‍ സ്വദഖ നിര്‍ബന്ധമാക്കി. അദേഹത്തിനു ശേഷം മുസ്ലിംകള്‍ സ്വര്‍ണ്ണത്തിലും സ്വദഖ പിടിച്ചു. അതൊരുപക്ഷേ ഖിയാസ് മുഖേനയോ നമുക്ക് വന്നെത്തിയിട്ടില്ലാത്ത വല്ല ഹദീസ് മുഖേനയോ ആയിരിക്കാം”. സ്വര്‍ണവുമായി ബന്ധപ്പെട്ട് വന്ന ഒരൊറ്റ ഹദീസും ഇമാം ശാഫിഇ (റ) ക്ക് കിട്ടിയിട്ടില്ല എന്ന് അദ്ദേഹത്തിന്‍റെ വാക്കില്‍ നിന്നും സുവ്യക്തമാണ്. എങ്കിലും അദ്ദേഹത്തിന്‍റെ കാലത്തും സ്വര്‍ണ്ണത്തിന് സ്വര്‍ണ്ണത്തിന്‍റേതായ നിസ്വാബ് തന്നെയായിരുന്നു മുസ്ലിമീങ്ങള്‍ എല്ലാവരും പരിഗണിച്ചിരുന്നത് എന്നും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ഇബ്നു അബ്ദുല്‍ ബര്‍റ്, ഇബ്നു ഹസം തുടങ്ങിയവരും സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പ്രവാചകനില്‍ നിന്ന് ഒന്നും തന്നെ സ്ഥിരപ്പെട്ട് വന്നിട്ടില്ല എന്ന അഭിപ്രായക്കാരാണ്. പ്രവാചകന്‍ (സ) യിലേക്ക് رفع ചെയ്തുകൊണ്ട് വന്ന റിപ്പോര്‍ട്ട് حارث الأعور ന്‍റെതാണ് എന്നും, എന്നാല്‍ ആസ്വിമുബ്നു ളംറ ഉദ്ദരിക്കുന്ന റിപ്പോര്‍ട്ട് അലി (റ) വിലേക്ക് موقوف ആണെന്നുമാണ് അബൂ ദാവൂദ് ഉദ്ദരിച്ച റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇബ്നു ഹസം പറഞ്ഞത്.

മേല്‍ പറഞ്ഞ വാദങ്ങള്‍ക്ക് ശൈഖ് മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്വി നല്‍കുന്ന മറുപടി:

ഒന്നാമതായി: ഈ ഹദീസ് സ്ഥിരപ്പെട്ട് വന്നതാണെന്നും (പ്രഗല്‍ഭരായ) പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഹദീസിന്റെ ഒരു ഭാഗം എടുത്ത് കൊടുത്തുകൊണ്ട് ഇമാം തിര്‍മിദി പറയുന്നു: ‘ഈ ഹദീസ് أبو عوانة , أعمش തുടങ്ങിയവരും മറ്റുചിലരും അബീ ഇസ്ഹാഖില്‍ നിന്നും, അദ്ദേഹം ആസ്വിമുബ്നു ളംറയില്‍ നിന്നും, അദ്ദേഹം അലി (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇതാണ് ഒരു പരമ്പര). അതുപോലെ سفيان الثوري , سفيان بن عيينة തുടങ്ങി ഒന്നിലധികം പേര്‍ അബീ ഇസ്ഹാഖില്‍ നിന്നും, അദ്ദേഹം حارث الأعور ല്‍ നിന്നും അദ്ദേഹം അലി (റ) വില്‍ നിന്നും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇതാണ് രണ്ടാമത്തെ പരമ്പര). തുടര്‍ന്ന് ഇമാം തിര്‍മിദി പറയുന്നു: “ഞാന്‍ മുഹമ്മദിനോട് അഥവാ ബുഖാരിയോട് ഈ ഹദീസിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അവ രണ്ടും എന്‍റെ പക്കല്‍ സ്വഹീഹ് ആണ്’”. (അഥവാ ആ രണ്ട് സനദുകളും സ്വഹീഹ് ആണ് എന്ന് ഇമാം ബുഖാരി അഭിപ്രായപ്പെട്ടു).

ശൈഖ് ശന്‍ഖീത്വി തുടരുന്നു: ഇവിടെ ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് ഇമാം ബുഖാരി(റ) അഭിപ്രായപ്പെട്ടത് ഇമാം തിര്‍മിദി(റ) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇനി ഇമാം നവവി(റ) തന്‍റെ ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നു: “ആസ്വിമുബ്നു ളംറ അലി(റ) വില്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസ് അബൂ ദാവൂദും അല്ലാത്തവരും സ്വഹീഹോ ഹസനോ ആയ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്”. –  (شرح المهذب).

അതുപോലെ ഇമാം ശൌക്കാനി(റ) തന്‍റെ നൈലുല്‍ ഔത്താറില്‍ പറയുന്നു: “അബീ ഇസ്ഹാഖ്, ആസ്വിമുബ്നു ളംറ വഴിയും ഹാരിസ് അല്‍ അഅ്’വര്‍ വഴിയും അലി (റ) വില്‍ നിന്ന് ഉദ്ദരിക്കുന്ന ഹദീസിനെ സംബന്ധിച്ച് ആ രണ്ട് പരമ്പരയും തന്‍റെ പക്കല്‍ സ്വഹീഹ് ആണ് എന്ന് ഇമാം ബുഖാരി ഉദ്ദരിച്ചത് നാം നേരത്തെ മനസ്സിലാക്കിയല്ലോ. ഹാഫിള് ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി(റ) ആ ഹദീസ് ഹസന്‍ ആണ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്”. – (نيل الأوطار).

രണ്ടാമതായി: സുനനു ദാറഖുത്വ’നിയിലുള്ള മുഹമ്മദ്‌ ബ്നു അബ്ദുല്ലാഹിബ്നു ജഹശില്‍ നിന്നും, അംറുബ്നു ശുഐബ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്ന രണ്ടു റിപ്പോര്‍ട്ടുകള്‍ അബൂദാവൂദ് അലി(റ) വില്‍ നിന്നും ഉദ്ദരിച്ച റിപ്പോര്‍ട്ടിനെ ബലപ്പെടുത്തുന്നു.

മുഹമ്മദ്‌ ബ്നു അബ്ദുല്ലാഹിബ്നു ജഹശില്‍ നിന്നും നിവേദനം: “പ്രവാചകന്‍(സ) മുആദ്(റ) വിനെ യമനിലേക്ക് നിയോഗിച്ച അവസരത്തില്‍ അദ്ദേഹത്തോട് ഓരോ നാല്പത് ദിനാറിനും ഒരു ദിനാര്‍ എന്ന തോതില്‍ പിടിച്ചെടുക്കുവാന്‍ കല്പിച്ചു” – (الدارقطني ശൈഖ് അല്‍ബാനി ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്).

അംറുബ്നു ശുഐബ് തന്‍റെ പിതാവില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു:

 ولا في أقل من عشرين مثقالا من الذهب شيء

“ഇരുപത് മിസ്ഖാലില്‍ താഴെയുള്ള സ്വര്‍ണ്ണത്തിന് ഒന്നും നല്‍കേണ്ടതില്ല”. – (سنن الدارقطني ، كتاب الزكاة  1675).

( ഈ രണ്ടു റിപ്പോര്‍ട്ടുകളും അലി(റ) വിന്‍റെ റിപ്പോര്‍ട്ടിനെ ബലപ്പെടുത്തുന്നു. ഇതുകൂടാതെ ശൈഖ് ശന്‍ഖീത്വി ചര്‍ച്ചയില്‍ ഉദ്ദരിക്കാത്ത മറ്റു ഹദീസുകളും ഈ വിഷയത്തില്‍ കാണാം. ഉദാഹരണത്തിന് ശൈഖ് അല്‍ബാനി (റ) സ്വഹീഹ് ആക്കിയ ഇബ്നു മാജ ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍  സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ് വ്യക്തമായി പറയുന്നുണ്ട്.

عنعائشة وابن عمر: ” كان يأخذ من كل عشرين مثقالا نصف مثقال ” – (رواه ابن ماجه و صححه الألباني، إرواء الغليل 813)

ഇബ്നു ഉമര്‍(റ) വില്‍ നിന്നും ആഇശ(റ) യില്‍ നിന്നും നിവേദനം: “പ്രവാചകന്‍(സ) (സ്വര്‍ണ്ണത്തില്) ഓരോ ഇരുപത് മിസ്‌ഖാലില്‍ നിന്നും അര മിസ്ഖാല്‍ (സകാത്തായി) ഈടാക്കാറുണ്ട്”. – (ഇബ്നുമാജ, അല്‍ബാനി: സ്വഹീഹ്, إرواء الغليل  813).

ഇബ്നു ഉമര്‍(റ) വില്‍ നിന്നും ആഇശ(റ) യില്‍ നിന്നും നിവേദനം: “പ്രവാചകന്‍(സ) ഇരുപത് ദീനാറില്‍ നിന്നും അര ദീനാറും, നാല്‍പത് ദിനാരില്‍ നിന്നും ഒരു ദിനാറും (സകാത്തായി) ഈടാക്കാറുണ്ട്” – (ഇബ്നു മാജ1791, ദാറഖുത്വ’നി 199. ശൈഖ് അല്‍ബാനി ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് രേഖപ്പെടുത്തി: സ്വഹീഹ് ഇബ്നു മാജ 1448). ഇമാം البوصيري വ്യത്യസ്ഥ ലഫ്ലുകളില്‍ വന്ന ഈ രണ്ട് റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് തന്‍റെ ഗ്രന്ഥമായ الزوائد ല്‍ പറയുന്നു: “(ഈ ഹദീസിന്‍റെ പരമ്പരയിലുള്ള) ഇബ്രാഹീമിബ്നു ഇസ്മാഈല്‍ ളഈഫ് ആണ്. അപ്രകാരമാണ് التقريب ലും ഉള്ളത്. പക്ഷെ ഈ ഹദീസിന് അതിനെ ബലപ്പെടുത്തുന്ന ശവാഹിദുകള്‍ ഉണ്ട്”. – (الزوائد 1/113). നാലോളം ശവാഹിദുകള്‍ അദ്ദേഹം അതിനുദ്ദരിക്കുന്നുണ്ട്. അതില്‍ പ്രവാചകന്‍റെയും  ഉമര്‍(റ) വിന്‍റെയും കത്തില്‍ സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ് സ്ഥിരപ്പെട്ടുവന്ന റിപ്പോര്‍ട്ടും അടങ്ങിയിട്ടുണ്ട്).

ശൈഖ് ശന്‍ഖീത്വി തുടരുന്നു:

മൂന്നാമതായി: ഹദീസ് നിഥാന ശാസ്ത്രമനുസരിച്ച് വിഷയം ചര്‍ച്ച ചെയ്യാം. യഹ്’യബ്നു മഈന്‍ حارث الأعور  നെ സംബന്ധിച്ച് അദ്ദേഹം ثقة ആണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കില്‍കൂടി അദ്ദേഹം ദുര്‍ബലനാണ് എന്ന് നമ്മള്‍ അംഗീകരിക്കുന്നു. അത് സൂറത്തുല്‍ മാഇദയുടെ തഫ്സീറില്‍ നാം രേഖപ്പെടുത്തിയിട്ടുമുണ്ട്‌. പക്ഷെ അപ്പോഴും عاصم بن ضمرة  വന്ന റിപ്പോര്‍ട്ട് ബാക്കിയാണ്. അദ്ദേഹത്തിന്‍റെ ഹദീസുകള്‍ തെളിവിനു കൊള്ളാവുന്ന ഹദീസുകളാണ്. യഹ്’യ ബ്നുല്‍ മദീനി(റ) അദ്ദേഹത്തെ സംബന്ധിച്ച് ثقة ആണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ ഇമാം നസാഇ(റ) അദ്ദേഹത്തെ സംബന്ധിച്ച് പറഞ്ഞത്: لا بأس به , അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല എന്നാണ്. ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി(റ) തന്‍റെ التقريب ല്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞത്: ആസ്വിമുബ്നു ളംറ അസ്സലൂലി അല്‍കൂഫി صدوق  ആണ് എന്നാണ്.

മാത്രമല്ല ഹാരിസ് അല്‍ അഅ്’വര്‍ ളഈഫ് ആണെങ്കില്‍ കൂടി അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് ആസ്വിമുബ്നു ളംറയുടെ റിപ്പോര്‍ട്ടിനു ബലം നല്‍കുന്നു. മുഹമ്മദ്‌ ബ്നു അബ്ദുല്ലാഹിബ്നു ജഹഷിന്‍റെയും, അംറുബ്നു ശുഐബിന്‍റെയും റിപ്പോര്‍ട്ടുകളും അതിനെ ബലപ്പെടുത്തുന്നുവല്ലോ. അതിനാല്‍ തന്നെ പരമ്പര ദുര്‍ബലമായതിനാല്‍ ആ ഹദീസ് ദുര്‍ബലമാണ് എന്ന വാദം അപ്രസക്തവും അസ്വീകാര്യവുമാണ്. ഇമാം ബുഖാരി ആ രണ്ടു റിപ്പോര്‍ട്ടുകളും സ്വഹീഹാണ് എന്നു പറഞ്ഞത് ഇമാം തിര്‍മിദി ഉദ്ദരിച്ചതും, ഇമാം നവവി ആസ്വിമുബ്നു ളംറയുടെ റിപ്പോര്‍ട്ട് ഒന്നുകില്‍ സ്വഹീഹോ അല്ലെങ്കില്‍ ഹസനോ ആണ് എന്ന് പറഞ്ഞതും, ഇമാം ഇബ്നു ഹജര്‍ അത് ഹസനാക്കിയിരിക്കുന്നു എന്ന് ശൌക്കാനി എടുത്ത് കൊടുത്തതുമെല്ലാം നാം കണ്ടുവല്ലോ.

ഇനി ഇബ്നുല്‍ മവാഖിന്റെ വാദമാണ് ഉള്ളത്. അതായത് ജരീര്‍ ബിന്‍ ഹാസിം അബീ ഇസ്ഹാഖിനെ കണ്ടിട്ടില്ല, അവര്‍ക്കിടയില്‍ ഹസനുബ്നു ഇമാറ എന്നയാളുണ്ട്. അദ്ദേഹമാകട്ടെ ളഈഫുമാണ്. അതിനാല്‍ തന്നെ ഹദീസ് ളഈഫ് ആണ് എന്നതാണ് വാദം. ഈ വാദം അസ്വീകാര്യമാണ് കാരണം അബീ ഇസ്ഹാഖില്‍ നിന്നും ഇതുദ്ദരിച്ചത് ജരീര്‍ ബിന്‍ ഹാസിം മാത്രമല്ല. മറ്റു അനേകം പേര്‍ അബീ ഇസ്ഹാഖില്‍ നിന്നും ഇതുദ്ദരിച്ചിട്ടുണ്ട്. ആ ആളുകളെ ഇമാം തിര്‍മിദി നേരത്തെ സൂചിപ്പിച്ചുവല്ലോ. أبو عوانة  , أعمش , سفيان الثوري , سفيان بن عيينة  തുടങ്ങിയവരെല്ലാം അബീ ഇസ്ഹാഖില്‍ നിന്നും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇബ്നുല്‍ മവാഖ് ദുര്‍ബലമാണ് എന്നതിന് പറഞ്ഞ വാദത്തിന് ഒരു പ്രസക്തിയുമില്ല.

ആസ്വിമുബ്നു ളംറ സ്വീകാര്യനാണ് എന്ന് തെളിഞ്ഞതോടെ ഹദീസ് ദുര്‍ബലമാണ് എന്ന വാദം തള്ളപ്പെട്ടു. മറ്റു പരമ്പരകള്‍ വന്നതിനാല്‍ ഇബ്നുല്‍ മവാഖിന്‍റെ വാദവും അപ്രസക്തമായി. ഇനി ബാക്കിയുള്ളത് ഇബ്നു ഹസം മുന്നോട്ട് വെച്ച വാദമാണ്. അതായത് مرفوع ആയി വന്ന റിപ്പോര്‍ട്ട് حارث الأعور ന്‍റെതാണ് എന്നും അയാളാകട്ടെ ളഈഫ് ആണ് എന്നും, ആസ്വിമുബ്നു ളംറ സ്വീകാര്യനാണെങ്കില്‍കൂടി അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് അലി(റ) വിലേക്ക് موقوف മാത്രമേ ആകുന്നുള്ളൂ എന്നുമാണ്. ഈ വാദത്തെ രണ്ടു രൂപത്തില്‍ ഘണ്ഡിക്കാം.

1-    സകാത്ത് നിര്‍ബന്ധമാകാന്‍ മാനദണ്ഡമായ നിസ്വാബ്, അതില്‍ നിന്നും എത്രയാണ് സകാത്തായി നല്‍കേണ്ടത് എന്ന കണക്ക് തുടങ്ങിയവയൊന്നും ഇജ്തിഹാദ് കൊണ്ടോ, സ്വന്തം യുക്തിയാലോ പറയുക സാധ്യമല്ലാത്ത തൌഖീഫിയായ കാര്യങ്ങളാണ്. موقوف ആയി സ്ഥിരപ്പെട്ട് വന്ന ഒരു റിപ്പോര്‍ട്ടിലാണ് അത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടത് എന്നുവന്നാല്‍ തന്നെ, സ്വഹാബത്ത് അത് പ്രവാചകനില്‍ നിന്ന് കേട്ടതാകാനെ വഴിയുള്ളൂ. അതിനാല്‍ തന്നെ ഹദീസ് നിഥാനശാസ്ത്രപ്രകാരം അതിന് مرفوع ന്‍റെ വിധിയാണ്.

2-    അബൂ ദാവൂദ് ആസ്വിം ബ്നു ളംറ വഴി ഈ ഹദീസ് ഉദ്ദരിച്ചത് موقوف ആയല്ല. مرفوع ആയിത്തന്നെയാണ്‌. ആ സനദ് തന്നെ ഹസനോ സ്വഹീഹോ ആണ് എന്നാണ് ഇമാം നവവി പറയുന്നത്. ഇമാം ബുഖാരിയും അത് സ്വഹീഹ് ആണ് എന്നാണ് അഭിപ്രായപ്പെട്ടത്. 

നാലാമതായി: വളരെ ന്യൂനപക്ഷം വരുന്ന പണ്ഡിതന്മാരെ ഒഴിച്ച് നിര്‍ത്തിയാല്‍ മുസ്‌ലിം ലോകത്തെ ബഹുപൂരിപക്ഷം പണ്ഡിതന്മാരും ഐക്യഖണ്ഡേന ഈ ഹദീസിലെ ആശയത്തെ സ്വീകരിക്കുന്നു എന്നതും ഈ ഹദീസിനെ ബലപ്പെടുത്തുന്നു.

അഞ്ചാമാതായി: സ്വര്‍ണ്ണത്തിലും വെള്ളിയിലും സകാത്ത് നിര്‍ബന്ധമാണ്‌ എന്നത് വിശുദ്ധഖുര്‍ആന്‍ കൊണ്ടും ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ് എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ വ്യക്തവും സ്പഷ്ടവുമായ ഒരു കാര്യത്തിന് വ്യക്തതയെന്നോണമാണ് മേല്‍ പറഞ്ഞ ഹദീസിനെ പരിഗണിക്കുക. ഉസ്വൂലിയായ ഒരു നിയമമാണ് :

أن البيان يجوز بما هو دون المبين دلالة وسندا

(അതായത്: തര്‍ക്കമില്ലാത്തവിധം സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യത്തെ വ്യക്തമാക്കുന്നിടത്ത് സനദോ, പൊരുളോ (دلالة) അത്രതന്നെ സ്ഥിരപ്പെട്ടിട്ടില്ലാത്തവയും പരിഗണിക്കാവുന്നതാണ്) – (أضواء البيان مجلد 2، ص 511-522).

കൂടുതല്‍ ഈ ചര്‍ച്ച അറിയാന്‍ താല്പര്യമുള്ളവര്‍ ശൈഖ് മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്വിയുടെ أضواء البيان വോ:2 പേജ് 511 മുതല്‍ 522 വരെ വായിക്കുക.

ഈ ചര്‍ച്ചയില്‍ നിന്നും വെള്ളിയുടെ നിസ്വാബും, സ്വര്‍ണ്ണത്തിന്‍റെ നിസ്വാബും വ്യക്തമായി ഹദീസില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട് എന്ന് നാം മനസ്സിലാക്കിയല്ലോ. ഇനി നമ്മള്‍ പരിശോധിക്കേണ്ടത് അവയുടെ നിസ്വാബായി പരിഗണിക്കേണ്ടത് മൂല്യത്തെയാണോ, അതോ തൂക്കത്തെയാണോ എന്നതാണ്.

عن ابن عمر رضي الله عنه قال: قال رسول الله صلى الله عليه وسلم: ” الوزن وزن أهل مكة، والمكيال مكيال أهل المدينة “

ഇബ്നു ഉമര്‍(റ) നിവേദനം, പ്രവാചകന്‍(സ) പറഞ്ഞു: “(പരിഗണിക്കപ്പെടേണ്ട) അളവ് മദീനക്കാരുടെ അളവും, (പരിഗണിക്കപ്പെടേണ്ട) തൂക്കം മക്കക്കാരുടെ തൂക്കവുമാണ്” – (അബൂ ദാവൂദ്, നസാഇ). ഈ ഹദീസിനെ സംബന്ധിച്ച് ഇമാം നവവി പറയുന്നു: “(പരിഗണിക്കേണ്ട) തൂക്കം മക്കക്കാരുടെ തൂക്കമാണ്” എന്ന ഹദീസ് ഇമാം ബുഖാരിയുടെയും, ഇമാം മുസ്ലിമിന്‍റെയും നിബന്ധനകള്‍പ്രകാരം തന്നെ സ്വഹീഹാകുന്ന രൂപത്തിലുള്ള പരമ്പരയിലൂടെയാണ് അബൂദാവൂദും, നസാഇയും ഉദ്ദരിച്ചിട്ടുള്ളത്”. ഇതേ ഹദീസ് ഇബ്നു അബ്ബാസില്‍ നിന്നും ഉദ്ദരിക്കപ്പെട്ടതായും അബൂ ദാവൂദ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഖത്താബി(റ) പറയുന്നു: “മനുഷ്യന്മാര്‍ പരസ്പരം നടത്തുന്ന കച്ചവടത്തിന്‍റെ കാര്യത്തിലോ, അവരുടെ ദൈനംദിന ജീവിതത്തിലെ ഇടപാടുകളെ ബന്ധപ്പെടുത്തിയോ വന്നതല്ല ഈ ഹദീസ്. അല്ലാഹുവിന് നല്‍കേണ്ട നിര്‍ബന്ധബാധ്യതകളുടെ അളവും തൂക്കവും നിശ്ചയിക്കുന്നതിലുള്ള മാനദണ്ഡത്തെ സംബന്ധിച്ച് വന്നതാണ് ഈ ഹദീസ്. “തൂക്കം മക്കക്കാരുടെ തൂക്കമാണ്” എന്നത് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കാര്യത്തില്‍ മാത്രമാണ്. അഥവാ സ്വര്‍ണ്ണത്തിലും വെള്ളിയിലും സകാത്ത് ബാധകമാകുന്ന തൂക്കം മക്കക്കാരുടെ തൂക്കമാണ് എന്നാണതര്‍ത്ഥമാക്കുന്നത്”.

തൂക്കമാണ് പരിശോധിക്കേണ്ടത് എന്നത് വ്യക്തമായാല്‍ ആ കാലഘട്ടത്തിലെ അന്നത്തെ നാണയത്തിന്റെ തൂക്കം പരിശോധിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

ഇമാം ഇബ്നു ഹജര്‍ അല്‍ഹൈതമി(റ) പറയുന്നു: “സ്വര്‍ണ്ണനാണയത്തിന്‍റെ തൂക്കം ഇസ്ലാമിലോ, ജാഹിലിയ്യാ കാലഘട്ടത്തിലോ വ്യത്യാസപ്പെട്ടിട്ടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ എകാഭിപ്രായമുണ്ട്” – (تحفة المحتاج ج3 ص264).

അഥവാ ഒരു ദീനാറിന്‍റെ തൂക്കം ഇസ്ലാമിലും, ജാഹിലിയ്യത്തിലും ഒരു മിസ്‌ഖാല്‍ ആയിരുന്നു എന്ന് നമുക്ക് ആദ്യകാല ഗ്രന്ഥങ്ങളില്‍ വ്യക്തമായി കാണാം. ഒരു മിസ്ഖാല്‍ എന്നത് 4.25ഗ്രാം ആണ്. ഇസ്‌ലാമില്‍ ആദ്യമായി സ്വര്‍ണ്ണനാണയം അടിച്ചത് അബ്ദുല്‍ മലിക്(റ)ഊഏ കാലത്താണ്. പാരീസ്, മാഡ്രിഡ്, ബെര്‍ലിന്‍ ലണ്ടന്‍ എന്നിവിടങ്ങളിലെ മ്യൂസ്യങ്ങളില്‍ അബ്ദുല്‍ മലികിന്‍റെ കാലത്ത് അടിക്കപ്പെട്ട സ്വര്‍ണ്ണനാണയം ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അവയെക്കുറിച്ച് പഠനം നടത്തിയ പണ്ഡിതന്മാര്‍ അവയുടെ തൂക്കം 4.25ഗ്രാം ആണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. – (دائرة المعارف الإسلامية പ്രസിദ്ധീകരിച്ച الخراج في الدولة الإسلامية എന്ന കൃതിയുടെ 337, 338 പേജുകള്‍ പരിശോധിക്കുക).    

ആകയാല്‍ :  20 ദിനാര്‍ =  20 മിസ്ഖാല്‍

           1 മിസ്ഖാല്‍ = 4.25 ഗ്രാം.

           20 × 4.25 ഗ്രാം = 85 ഗ്രാം

സ്വര്‍ണത്തിന്‍റെ നിസ്വാബ് 85ഗ്രാം. അഥവാ പത്തര പവനും ഒരു ഗ്രാമും.

 വെള്ളിയുടെ നിസ്വാബ്:

 മക്കത്തുള്ള നാണയത്തിന്‍റെ തൂക്കമാണല്ലോ പരിഗണിക്കേണ്ടത്. എന്നാല്‍ മക്കത്ത് വ്യത്യസ്ഥ നാടുകളില്‍ നിന്നും വരുന്ന ഒന്നിലധികം വെള്ളി നാണയങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. പുറത്ത് നിന്ന് വരുന്ന നാണയങ്ങളാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഉമറുബ്നുല്‍ ഖത്ത്വാബ്(റ) വിന്റെ കാലത്താണ് ആദ്യമായി ഇസ്‌ലാമിക രാഷ്ട്രത്തിന്‍റെ നാണയം അടിക്കാനുള്ള പദ്ധതി നടപ്പിലാക്കിയത്. അതോടൊപ്പം വ്യത്യസ്ഥങ്ങളായിരുന്ന വെള്ളിനാണയത്തിന്‍റെ തൂക്കം ഏകീകരിക്കാനുള്ള ശ്രമവും നടപ്പിലാക്കി.

ഇമാം മാവര്‍ദി(റ) പറയുന്നു: “ബഗ്’ലി ദിര്‍ഹം 8 ദാനിഖ് തൂക്കവും, ത്വബ്’രി ദിര്‍ഹം 4 ദാനിഖും, മഗ്’രിബി മൂന്നു ദാനിഖും, യമനി ഒരു ദാനിഖുമായിരുന്നു. വെള്ളി നാണയങ്ങള്‍ വ്യത്യസ്ഥ തൂക്കമാണെന്നത് ഉമറുബ്നുല്‍ ഖത്ത്വാബ്(റ) വിന്‍റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍. അദ്ദേഹം പറഞ്ഞു: “ ആളുകള്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഏറ്റവും തൂക്കം കൂടിയ നാണയത്തെയും, ഏറ്റവും തൂക്കം  കുറഞ്ഞ നാണയത്തെയും നിങ്ങള്‍ കണ്ടെത്തുക”. ബഗ്‌’ലി ദിര്‍ഹമും, ത്വബ്’രി ദിര്‍ഹമുമായിരുന്നു അവര്‍ കണ്ടെത്തിയവ. അപ്രകാരം അദ്ദേഹം അവ രണ്ടിന്‍റെയും തൂക്കം പരസ്പരം കൂട്ടുകയും (8+4=12) അതിന്‍റെ നേര്‍പകുതി കണക്കാക്കുകയും ചെയ്തു. അഥവാ 6 ദാനിഖ്. തുടര്‍ന്ന് 6 ദാനിഖ് തൂക്കത്തില്‍ ഇസ്‌ലാമിക നാണയം അടിക്കുകയും ചെയ്തു”. – (الأحكام السلطانية ص154).

ഉമറുബ്നുല്‍ ഖത്ത്വാബ്(റ) സ്വീകരിച്ച ഈ നിലപാടില്‍ നിന്നും ചില കാര്യങ്ങള്‍ വ്യകതമാണ്. ഒന്ന്, മക്കത്ത് നിലനിന്നിരുന്ന വെള്ളിനാണയങ്ങള്‍ വ്യത്യസ്ഥ തൂക്കമുള്ളവയായിരുന്നു. രണ്ട് അതുമൂലം അവര്‍ നേരിട്ടിരുന്ന പ്രയാസം ഇല്ലാതാക്കാനാണ് തൂക്കം ഏകീകരിച്ച് ഇസ്‌ലാമിക നാണയത്തിന് പ്രത്യേക തൂക്കം നിശ്ചയിച്ചുകൊണ്ട് പുറത്തിറക്കിയത്. വെള്ളിയായാലും സ്വര്‍ണ്ണമായാലും മൂല്യമല്ല, തൂക്കമാണ് പരിഗണിക്കേണ്ടത് എന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.

പിന്‍കാലത്ത് ഉമര്‍(റ) തുടങ്ങിവച്ച നാണയ ഏകീകരണത്തിന്‍റെ പാത പിന്തുടര്‍ന്നുകൊണ്ട് 10 ദിര്‍ഹം 7 മിസ്ഖാലിനു തുല്യം എന്ന അനുപാതത്തില്‍ അബ്ദുല്ലാഹിബ്നു സുബൈറും(റ), അദ്ധേഹത്തിന്‍റെ സഹോദരന്‍ മിസ്‌അബ് ബ്നു സുബൈറും(റ) വെള്ളിനാണയം അടിക്കുകയും, അതേ അനുപാതം അബ്ദുല്‍ മലിക്(റ) തുടരുകയും ചെയ്തു. എല്ലാ ഇസ്‌ലാമിക പ്രവിശ്യകളിലും ആ നാണയം നടപ്പിലാക്കുകയും ഇതര നാണയങ്ങള്‍ നിരോധിക്കുകയും ചെയ്തു.

ഇമാം رافعي (റ) പറയുന്നു: “ഒന്നാം നൂറ്റാണ്ടിലെ ആളുകള്‍ ഒരു ദിര്‍ഹമെന്നത് 6 ദാനിഖ് ആണെന്നും, ഓരോ പത്ത് ദിര്‍ഹമും 7 മിസ്ഖാല്‍ തൂക്കം വരുമെന്നുമുള്ള കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്” – (ഇമാം നവവി(റ) തന്‍റെ شرح المهذب ല്‍ ആണ് ഇതുദ്ദരിച്ചത്. വോ:6,പേജ് 15).

ഇബ്നു ഖല്‍ദൂന്‍(റ) യും തന്‍റെ മുഖദ്ദിമയില്‍ ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. – (المقدمة  ص 263).

ആയതിനാല്‍ : 10 ദിര്‍ഹം  =  7 മിസ്ഖാല്‍

            200 ദിര്‍ഹം = 140 മിസ്ഖാല്‍

             1 മിസ്ഖാല്‍ = 4.25ഗ്രാം

            140 ×   4.25  =  595ഗ്രാം

വെള്ളിയുടെ നിസ്വാബ് : 595ഗ്രാം.

വെള്ളിയായാലും സ്വര്‍ണ്ണമായാലും അതിന്‍റെ നിസ്വാബ് തൂക്കത്തില്‍ നിശ്ചയിക്കുക വഴി ഏത് കാലത്തും, ഏത് നാട്ടിലുല്ലവര്‍ക്കും വിത്യാസമില്ലാതെ ഒരേ മാനദണ്ഡപ്രകാരം സകാത്ത് കണക്കു കൂട്ടാന്‍ സാധിക്കുന്നു.

സ്വര്‍ണ്ണത്തിന് സ്വര്‍ണ്ണത്തിന്‍റെ നിസ്വാബും, വെള്ളിക്ക് വെള്ളിയുടെ നിസ്വാബുമാണ് എന്ന അഭിപ്രായക്കാരാണ് ഏറെക്കുറെ ഈ കാലഘട്ടത്തില്‍ ജീവിച്ച എല്ലാ സലഫീ പണ്ഡിതര്‍ക്കും ഉള്ളത്. അവരുടെ ഫത്’വകളുടെ ചെറിയ ഭാഗമാണ് ഇവിടെ എടുത്ത് കൊടുക്കുന്നത്:

ശൈഖ് ഇബ്നു ഉസൈമീന്‍ പറയുന്നു:

قوله: «إذا بلغ عشرين مثقالاً» هذا بيان مقدار نصاب الذهب لحديث علي بن أبي طالب ـ رضي الله عنه ـ أن النبي صلّى الله عليه وسلّم قال: «إذا كان لك عشرون ديناراً وحال عليها الحول، ففيها نصف دينار» [(73)] وقد وردت أحاديث أخرى عن النبي صلّى الله عليه وسلّم بهذا المعنى، وكذلك آثار موقوفة عن الصحابة ـ رضي الله عنهم ـ وهي بمجموعها تصل إلى درجة الحسن أو الصحيح لغيره، وأما قول ابن عبد البر ـ رحمه الله ـ: إنه لم يثبت فيه عن النبي صلّى الله عليه وسلّم شيء، فيجاب عنه بأن ذلك قد ثبت بما يكفي كونه حجة.

والدينار الإسلامي زنته: مثقال، والمثقال: أربعة غرامات وربع، وكل عشرة دراهم إسلامية سبعة مثاقيل، وعلى هذا تكون مائتا درهم تساوي مائة وأربعين مثقالاً. (الشرح الممتع مجلد 6)

ലിജ്നതുദ്ദാഇമയുടെ ഫത്’വ:

نصاب الذهب عشرون مثقالاً، وبالدنانير الإسلامية عشرون دينارًا إسلاميًّا، ونصاب الفضة مائة وأربعون مثقالاً، وبالدرهم الإسلامي مائتا درهم أو ما يعادل ذلك من الأوراق النقدية؛ كالدولارات الأمريكية والريالات السعودية الورقية وغيرها من العُمل، والذي لا يملك النصاب طول حياته لا تجب عليه الزكاة، وإذا ملك نصابًا وأنفقه قبل تمام الحول فلا شيء عليه، والفقير إذا تجمع عنده من الزكوات ما يبلغ النصاب وحال عليه الحول فإنه تجب عليه الزكاة فيه.

  وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم. 

بكر أبو زيد ، صالح بن فوزان الفوزان ، عبدالله بن غديان ، عبد العزيز آل شيخ ، عبد العزيز ابن باز

 

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ …
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna

സകാത്ത് എളുപ്പത്തിൽ എങ്ങനെ കണക്കുകൂട്ടാം. ശമ്പളത്തിന്റെ സകാത്ത് എങ്ങനെ ?.

സകാത്ത് എളുപ്പത്തിൽ എങ്ങനെ കണക്കുകൂട്ടാം. ശമ്പളത്തിന്റെ സകാത്ത് എങ്ങനെ ?

الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

സകാത്ത് എന്നത് ഇസ്‌ലാമിന്‍റെ പഞ്ചസ്തംബങ്ങളില്‍ ഒന്നാണല്ലോ. ആ പ്രാധാന്യം തിരിച്ചറിയുന്നവര്‍ ആയിരിക്കുമല്ലോ ഈ ലേഖനം വായിക്കുന്ന ഓരോരുത്തരും. അതുകൊണ്ട് പരിപൂര്‍ണമായി ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ച് വായിക്കുക. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അല്ലാഹു സഹായിക്കട്ടെ. ഒപ്പം കൃഷിയോ മറ്റോ അല്ല രണ്ടര ശതമാനം ബാധകമാകുന്ന ഇനങ്ങളുടെ സകാത്ത് ആണ് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക. അല്ലാഹുഅനുഗ്രഹിക്കട്ടെ..

ഒരു ഹിജ്റ വര്‍ഷക്കാലത്തേക്ക് തന്‍റെ കൈവശം ബേസിക്ക് ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് സമാനമായ കറന്‍സിയോ, കച്ചവട വസ്തുവോ കൈവശമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്.

ഇന്ന് 15/06/2017 ന് വ്യാഴായ്ച നോക്കിയത് പ്രകാരം 595 ഗ്രാം വെള്ളി = 23324 രൂപയാണ്. അത് സാന്ദര്‍ഭികമായി കൂടുകയും കുറയുകയും ചെയ്തേക്കാം. കറന്‍സിയുടെ നിസ്വാബ് വെള്ളിയുമായി താരതമ്യം ചെയ്യാന്‍ കാരണം, വെള്ളിക്ക് മൂല്യം കുറവായതിനാലാണ്. നബി (സ) യുടെ കാലത്ത് വെള്ളിനാണയങ്ങള്‍ ഉപയോഗിച്ചിടത്തും, സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിചിടത്തും നാമിന്ന് ഉപയോഗിക്കുന്നത് കറന്‍സിയാണ്. അതുകൊണ്ടുതന്നെ ആദ്യം നിസ്വാബ് (സകാത്ത് ബാധകമാകാന്‍ ആവശ്യമായ പരിധി) എത്തുന്നത് ഏതോ അതാണ്‌ പരിഗണിക്കേണ്ടത്. മറ്റു കാരണങ്ങളും ഉണ്ട് കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നില്ല.

എന്റെ കയ്യില്‍ ഒരു വര്‍ഷം മിനിമം നിക്ഷേപമായി 595ഗ്രാം വെള്ളിക്ക് തതുല്യമായ സംഖ്യ 23000 രൂപയെങ്കിലും ഉണ്ട് എങ്കില്‍ ഞാന്‍ സകാത്ത് നല്‍കാന്‍ കടപ്പെട്ടവനാണ്. ഇനിയാണ് എന്‍റെ സകാത്ത് എങ്ങനെയാണ് കണക്കു കൂട്ടേണ്ടത് എന്നത് നാം പരിശോധിക്കുന്നത്.

സകാത്ത് ബാധകമാകുന്ന ഓരോ വ്യക്തിക്കും ജീവിതത്തില്‍ ഒരു Zakath Calculation Date അഥവാ സകാത്ത് കണക്കു കൂട്ടേണ്ട തിയ്യതി ഉണ്ടായിരിക്കണം. ഹിജ്റ വര്‍ഷത്തിലെ ഒരു ദിവസമായിരിക്കും അത്. ഉദാ, മുഹര്‍റം ഒന്ന് , സ്വഫര്‍ ഒന്ന്, എന്നിങ്ങനെ ഏതെങ്കിലും ഒരു തിയ്യതി അയാളുടെ സകാത്ത് കാല്‍ക്കുലേഷന്‍ തിയ്യതിയായി ഉണ്ടായിരിക്കും. യഥാര്‍ത്ഥത്തില്‍ തന്‍റെ കൈവശം നിസ്വാബ് എത്തിയ അന്ന് മുതലാണ്‌ ഒരാള്‍ തിയ്യതി കണക്കാക്കേണ്ടത്. ഇനി അപ്രകാരം ഒരു തിയ്യതി ഇല്ലാത്തവര്‍, സ്ഥിരമായി റമളാന്‍ മാസത്തിലോ മറ്റോ കൊടുത്ത് വരുന്നവരാണെങ്കില്‍ അതു തന്നെ തുടര്‍ന്നാല്‍ മതി. ഇനി നേരത്തെ ഒരു തീയതിയില്ലാത്തവര്‍ ഇത് വായിക്കുന്നത് മുതല്‍ തങ്ങളുടെ സകാത്ത് ഇതില്‍ പറഞ്ഞത് പ്രകാരം കണക്ക് കൂട്ടുകയും, ആ തിയ്യതി തന്നെ തുടര്‍ വര്‍ഷങ്ങളിലും തന്‍റെ സകാത്ത് കണക്കുകൂട്ടാനുള്ള തിയ്യതിയായി പരിഗണിച്ച് തുടര്‍ന്ന് പോരുകയും ചെയ്യുക.

ഇനിയാണ് സകാത്ത് കണക്കുകൂട്ടാനുള്ള ഏറ്റവും എളുപ്പ രീതിയെക്കുറിച്ച് നാം പറയാന്‍ പോകുന്നത്. ഓരോ വര്‍ഷവും തന്‍റെ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയെത്തുമ്പോള്‍ ഒരാള്‍ ചെയ്യേണ്ടത് ഇപ്രകാരമാണ്. ഓരോ ഹിജ്റ വര്‍ഷവും അതേ തിയ്യതി വരുന്ന സമയത്ത് ഇതാവര്‍ത്തിച്ചാല്‍ മതി:

താഴെ പറയുന്ന കാര്യങ്ങള്‍ കൂട്ടുക:

തന്‍റെ കൈവശമുള്ള കറന്‍സി +
തന്‍റെ അക്കൗണ്ടില്‍ ഉള്ള പണം +
തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കളുടെ ഇപ്പോഴുള്ള വില.

ഇവയെല്ലാം കൂട്ടിയ ശേഷം കിട്ടുന്ന ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ശേഷം അടുത്ത വര്‍ഷം തന്‍റെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി വരുമ്പോള്‍ ഇതേ പ്രകാരം ചെയ്‌താല്‍ മതി. സകാത്ത് കണക്കുകൂട്ടുന്ന സമയത്ത് കൈവശം എത്രയുണ്ടോ അത് മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ചിലവായിപ്പോയത് കണക്കാക്കേണ്ടതില്ല. അഥവാ ശമ്പളം, വാടക, ലാഭം, കൈവശമുള്ള കച്ചവടവസ്തുക്കള്‍, തുടങ്ങി തന്‍റെ കയ്യിലേക്ക് വരുന്ന കറന്‍സിയും, കച്ചവട വസ്തുക്കളുമെല്ലാം ഒരു സകാത്ത് അക്കൗണ്ടിലാണ് വീഴുന്നത് എന്ന് സങ്കല്പ്പിക്കുക. ഓരോ ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എന്‍റെ സകാത്ത് അക്കൗണ്ടില്‍ എത്ര തുകയുണ്ട് അതിന്‍റെ 2.5% സകാത്തായി നല്‍കുക. ചിലവായിപ്പോയ സംഖ്യ പരിഗണിക്കേണ്ടതില്ല. ഇതാണ് സകാത്ത് കണക്കുകൂട്ടേണ്ട ശരിയായതും ഏറ്റവും എളുപ്പമുള്ളതുമായ രീതി.

ഉദാ: ഒരാള്‍ക്ക് മാസശമ്പളമായി 45000 രൂപ ലഭിക്കുന്നു. അതുപോലെ അയാളുടെ കൈവശമുള്ള ഒരു വീട് വാടകക്ക് നല്‍കിയത് വഴി 10000 രൂപയും മാസം ലഭിക്കുന്നു. ഇതൊക്കെ ഒരു സകാത്ത് പാത്രത്തിലേക്ക് ആണ് വീഴുന്നത് എന്ന് സങ്കല്‍പ്പിക്കുക. സ്വാഭാവികമായും അയാള്‍ ആ ധനത്തില്‍ നിന്നും ചിലവഴിക്കുകയും ചെയ്യുന്നു. അഥവാ സകാത്ത് ബക്കറ്റിലേക്ക് ധനം വരുകയും അതുപോലെ അതില്‍നിന്നും പുറത്ത് പോകുകയും ചെയ്യുന്നുണ്ട്. അയാള്‍ സകാത്ത് കണക്കുകൂട്ടേണ്ട സ്വഫര്‍ 1 എന്ന തിയ്യതി എത്തിയപ്പോള്‍ അയാള്‍ തന്‍റെ ബക്കറ്റില്‍ എത്ര ധനമുണ്ട് എന്ന് പരിശോധിച്ചു. ഉദാ: കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം 360000 രൂപയാണ് ഉള്ളത്, ഒപ്പം വില്പനക്ക് വേണ്ടി വച്ച 4 ലക്ഷം രൂപ ഇപ്പോള്‍ വില വരുന്ന ഒരു കച്ചവട വസ്തുവും അയാളുടെ പക്കലുണ്ട്. ആകയാല്‍ അയാള്‍ മൊത്തം സകാത്ത് നല്‍കേണ്ട തുക 360000 + 400000 = ആകെ ഏഴ് ലക്ഷത്തി അറുപതിനായിരം രൂപ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം ഉണ്ട്. അതിന്‍റെ രണ്ടര ശതമാനം (2.5%) അയാള്‍ സകാത്തായി നല്‍കണം. അഥവാ രണ്ടര ശതമാനം കാണാന്‍ 760000 X 2.5 ÷ 100 എന്ന രീതി അവലംബിക്കുകയോ, അതല്ലെങ്കില്‍ 760000 ത്തെ 40 കൊണ്ട് ഹരിക്കുകയോ ചെയ്‌താല്‍ മതി. ഉദാ: (760000÷40 = 19000). അതായത് അയാള്‍ സകാത്തായി നല്‍കേണ്ട തുക 19000 രൂപ. അത് നല്‍കിയാല്‍ ഈ വര്‍ഷത്തെ സകാത്ത് നല്‍കിക്കഴിഞ്ഞു. ഇനി അടുത്ത കൊല്ലം ഇതേ തിയ്യതി വരുമ്പോള്‍ ഇത് ആവര്‍ത്തിക്കുക.

കയ്യിലുള്ള തുകയുടെ രണ്ടര ശതമാനം എങ്ങനെ കണ്ടെത്താം ?. രണ്ടര ശതമാനം കണ്ടെത്താന്‍ ആകെ കണക്കുകൂട്ടി ലഭിക്കുന്ന തുകയെ 40 കൊണ്ട് ഹരിച്ചാല്‍ മതി.

മറ്റുള്ളവരില്‍ നിന്നും ലഭിക്കാനുള്ള കടങ്ങള്‍: ഇത് അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ശരിയായ അഭിപ്രായപ്രകാരം മറ്റുള്ളവരില്‍ നിന്നും തനിക്ക് തിരികെ ലഭിക്കാനുള്ള കടങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. ആഇശ (റ), ഇബ്നു ഉമര്‍ (റ), ഇകരിമ (റ) തുടങ്ങിയവരുടെയും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയുടെയുമെല്ലാം അഭിപ്രായം ഇതാണ്. (الموسوعة الفقهية , വോ: 3, പേജ്: 238, 239 നോക്കുക). എന്നാല്‍ ബഹുഭൂരിപക്ഷം ഫുഖഹാക്കളും അത് നല്‍കിയ ആളുടെ സമ്പത്ത് തന്നെയാണ് എന്നതിനാല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ അതിന് സകാത്ത് നല്‍കണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും നല്‍കേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. എങ്കിലും കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുക എന്നതാണ് ഉചിതം.

ഇനി താന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള കടങ്ങള്‍: അത് സകാത്ത് കണക്കുകൂട്ടുന്നതിനു മുന്‍പ് കൊടുത്ത് വീട്ടുകയാണ് എങ്കില്‍, നമ്മള്‍ പറഞ്ഞത് പ്രകാരം സ്വാഭാവികമായും കണക്കില്‍ അവ വരില്ല. ഇനി അവ ഇപ്പോള്‍ കൊടുത്ത് വീട്ടുന്നില്ല, പിന്നീട് വീട്ടാന്‍ ഉദ്ദേശിക്കുന്ന കടമാണ് എങ്കില്‍, കണക്ക് കൂട്ടിയ മൊത്തം തുകയില്‍ നിന്നും കൊടുക്കാനുള്ള സംഖ്യ എന്ന പേരില്‍ അത് കുറക്കാന്‍ പറ്റില്ല. ഉദാ: ഒരാളുടെ കൈവശം മൊത്തം 10 ലക്ഷം ഉണ്ട്. അയാള്‍ മറ്റുള്ളവര്‍ക്ക് രണ്ടു ലക്ഷം കൊടുക്കാനുണ്ട്. പക്ഷെ ആ പണം ഇപ്പോള്‍ കൊടുക്കാന്‍ അയാള്‍ ഉദ്ദേശിക്കുന്നില്ല. എങ്കില്‍ ആ 10 ലക്ഷത്തിനും അയാള്‍ സകാത്ത് കൊടുക്കണം. ഇനി സകാത്ത് കണക്കു കൂട്ടുന്ന തിയ്യതിക്ക് മുന്‍പായിത്തന്നെ അയാള്‍ ആ രണ്ടു ലക്ഷം കൊടുത്ത് വീട്ടിയാല്‍ സ്വാഭാവികമായും അയാളുടെ കൈവശമുള്ള (സകാത്ത് അക്കൗണ്ടിലെ) സംഖ്യ കണക്ക് കൂട്ടുമ്പോള്‍ അതില്‍ ആ ധനം കടന്നുവരികയുമില്ല.

ഇനി സ്വര്‍ണ്ണം കൈവശമുള്ളവര്‍: സ്വര്‍ണ്ണം (10.5) പത്തര പവനോ അതില്‍ കൂടുതലോ കൈവശം ഉണ്ടെങ്കില്‍. കൈവശമുള്ള മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അതുപോലെ ഒരാളുടെ കൈവശം 8 പവന്‍ ഉണ്ട് എന്ന് കരുതുക, ബാക്കി രണ്ടര പവന് തതുല്യമായ കറന്‍സിയോ അതിലധികമോ ഉണ്ടെങ്കില്‍ ആ സ്വര്‍ണ്ണം കണക്കില്‍ ഉള്‍പ്പെടുത്തി അവക്ക് കൂടി സകാത്ത് നല്‍കണം.കാരണം കറന്‍സി സ്വര്‍ണ്ണവുമായും വെള്ളിയുമായും ഒരുപോലെ ഖിയാസ് ചെയ്യാവുന്ന ഇനമാണ്. അതുകൊണ്ട് കൈവശമുള്ള സ്വര്‍ണ്ണം സ്വന്തമായോ, കയ്യിലുള്ള കച്ചവട വസ്തുവോ, കറന്‍സിയോ ചേര്‍ത്തുകൊണ്ടോ പത്തര പവന്‍ തികയുമെങ്കില്‍ കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെയും രണ്ടര ശതമാനം നല്‍കണം. അതായത് നമ്മള്‍ നേരത്തെ സൂചിപ്പിച്ച സകാത്തിന്‍റെ ധനം കണക്ക് കൂട്ടുമ്പോള്‍ ഈ സ്വര്‍ണ്ണം കൂടെ ഉള്‍പ്പെടും എന്നര്‍ത്ഥം.

ഇനി വില്‍ക്കാന്‍ ഉദ്ദേശിച്ച് എടുത്ത് വെക്കുന്ന വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍, പ്ലാറ്റിനം, അമൂല്യമായ ഇനങ്ങള്‍ ഇവയുടെയെല്ലാം കണക്കുകൂട്ടുന്ന സമയത്തെ മാര്‍ക്കറ്റ് വില എത്രയാണോ അതും കണക്കില്‍ ഉള്‍പ്പെടുത്തണം. കാരണം അവ കച്ചവട വസ്തുവാണ്.

വെള്ളി (595) ഗ്രാം ഉണ്ടെങ്കില്‍ അതും കണക്കില്‍ ഉള്‍പ്പെടുത്തുക. ഇനി അതില്‍ കുറവും എന്നാല്‍ അതിന്‍റെ നിസ്വാബ് എത്തനാവശ്യമായ കറന്‍സി കൈവഷമുണ്ടാവുകയും ചെയ്‌താല്‍ സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പറഞ്ഞത് ഇവിടെയും ബാധകമാണ്.

ഇനി ബിസിനസിലോ മറ്റോ ഉള്ള ഷെയറുകള്‍ ഉള്ളവര്‍:

സേവനാധിഷ്ടിതമായ ബിസിനസ്: അതായത് ഹോസ്പിറ്റല്‍, റെസ്റ്റോറന്‍റ്, സ്കൂള്‍, കോളേജ് തുടങ്ങി സര്‍വീസ് സംബന്ധമായ അഥവാ സേവനാധിഷ്ടിതമായ ബിസിനസ് ആണെങ്കില്‍ അവയില്‍ നിന്നുമുള്ള വരുമാനത്തിനാണ് സകാത്ത്. സ്ഥാപനവും ഉപയോഗ വസ്തുക്കളുമായി മാറിയ മുടക്ക് മുതലിന് സകാത്തില്ല. സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ കൈവശമുള്ള മൊത്തം ധനം എത്രയാണോ അതാണ്‌ ഈ ഇനത്തില്‍പ്പെട്ടവര്‍ കണക്ക് കൂട്ടേണ്ടത്. അതില്‍നിന്നും നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കിയ സംഖ്യ സ്വാഭാവികമായും അവരുടെ കണക്കില്‍ വരുകയും ചെയ്യും.

ഉദാ: ഇരുപത് പേര്‍ ചേര്‍ന്ന് ഓരോ ലക്ഷം വീതം മുടക്കി ഒരു ഹോട്ടല്‍ തുടങ്ങി. അതിന്‍റെ ഷോപ്പ്, അവിടെയുള്ള ഉപയോഗവസ്തുക്കള്‍, ഡെലിവറി വാഹനം ഇവയൊന്നും സകാത്തിന്‍റെ കണക്ക് കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സകാത്ത് കണക്കുകൂട്ടേണ്ട വാര്‍ഷിക തിയ്യതിയില്‍ ഹോട്ടലിന്‍റെ അക്കൌണ്ട് പരിശോധിക്കുമ്പോള്‍ ആകെ 6 ലക്ഷം രൂപയുണ്ട്. അവര്‍ അതിന്‍റെ രണ്ടരശതമാനം ആണ് നല്‍കേണ്ടത്. അടുത്ത വര്‍ഷം അതേ തിയ്യതി വന്നപ്പോള്‍ ആകെ കൈവശം 12 ലക്ഷം ഉണ്ട്. അതിന്‍റെ രണ്ടര ശതമാനം ആണ് നല്‍കേണ്ടത്. ഇനി അവരുടെ കൈവശം സ്റ്റോക്ക്‌ എടുക്കാവുന്ന കച്ചവട വസ്തുക്കള്‍ കൂടിയുള്ള മിശ്രിതമായ ബിസിനസ് ആണ് എങ്കില്‍ കണക്ക് കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം കച്ചവട വസ്തുക്കളുടെ വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം.
ഉത്പന്നാധിഷ്ടിതമായ ബിസിനസ്: എന്നാല്‍ ഉത്പന്നാധിഷ്ടിതമായ ബിസിനസ് പ്രോഡക്റ്റുകള്‍ വില്‍ക്കുന്നതായ ബിസിനസ് ആണെങ്കില്‍ അവരുടെ കൈവശമുള്ള ധനവും, അവരുടെ കൈവശമുള്ള മൊത്തം ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയും സകാത്ത് ബാധകമാകുന്നവയാണ്.

അതുകൊണ്ടുതന്നെ അത് കണക്കാക്കിയ ശേഷം അതില്‍ നിന്നും തനിക്ക് ഉള്ള ഷെയറിന്‍റെ തോത് (ശതമാനം) അനുസരിച്ച് അതിന്‍റെ സകാത്ത് ഓരോരുത്തരും ബാധ്യസ്ഥനായിരിക്കും.

ഉദാ: പത്ത് പേര്‍ ചേര്‍ന്ന് 5 ലക്ഷം വീതം മുടക്കി 50 ലക്ഷം രൂപക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. തങ്ങളുടെ സകാത്ത് കാല്‍ക്കുലേഷന്‍ സമയമെത്തിയപ്പോള്‍ അവര്‍ ചെയ്യേണ്ടത് മൊത്തം നിക്ഷേപിച്ച തുകക്ക് സകാത്ത് നല്‍കുക എന്നതല്ല. അവരുടെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ അക്കൗണ്ടില്‍ എത്ര തുകയുണ്ട് എന്ന് നോക്കുക. അതുപോലെ അവിടെ എത്ര സ്റ്റോക്ക്‌ ഉണ്ട് എന്ന് നോക്കുക. സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില കണക്കാക്കാന്‍ അതിലേക്ക് അവര്‍ ഈടാക്കുന്ന ആവറേജ് പ്രോഫിറ്റ് കൂടി കൂട്ടിയാല്‍ മതി. ഉദാ: മൊത്തം സ്റ്റോക്ക്‌ 20 ലക്ഷം രൂപക്കുള്ള സാധനമാണ്. ആവറേജ് പ്രോഫിറ്റ് 15% മാണ് എങ്കില്‍ 20 ലക്ഷം + 15 % = ആകെ തുക 2300000. ഇതാണ് അവരുടെ സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില, ഒപ്പം അവരുടെ അക്കൗണ്ടില്‍ 4 ലക്ഷം രൂപയുമുണ്ട്. ആകെ 27 ലക്ഷം രൂപ. അതിന്‍റെ രണ്ടര ശതമാനം അവര്‍ സകാത്ത് നല്‍കണം. അതായത് 2700000 X 2.5 ÷ 100 = 67500. അഥവാ 67500 രൂപ സകാത്തായി നല്‍കണം. ഇനി അടുത്ത ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ ഇതുപോലെ കണക്ക് കൂട്ടിയാല്‍ മതി.

സ്റ്റോക്ക്‌ എത്ര എന്നതും, കൈവശമുള്ള തുക എത്ര എന്നതും, അസറ്റ് എത്ര എന്നതുമൊക്കെ ഓരോ കമ്പനിയുടെയും ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുനോക്കി തന്‍റെ നിക്ഷേപത്തിന് എത്ര സകാത്ത് നല്‍കണം എന്നത് കണക്കാക്കാം. ഇനി താന്‍ നിക്ഷേപം മാത്രം ഇറക്കുകയും എന്നാല്‍ സ്റ്റോക്ക്‌ എത്ര, കൈവശമുള്ള തുക എത്ര എന്നത് എത്ര അന്വേഷിച്ചിട്ടും വേണ്ടപ്പെട്ടവര്‍ വിവരം നല്‍കാത്ത പക്ഷം, അറിയാന്‍ യാതൊരു വിധത്തിലും സാധിക്കാതെ വന്നാല്‍ ബിസിനസില്‍ താന്‍ നിക്ഷേപിച്ച മൊത്തം സംഖ്യക്കും സകാത്ത് നല്‍കുക. അതോടൊപ്പം തന്‍റെ നിക്ഷേപമുള്ള കമ്പനിയുടെ കണക്കുകളും കാര്യങ്ങളും അറിയാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. മറ്റു നിര്‍വാഹമില്ലാത്തതിനാലാണ് ആ ഒരു സാഹചര്യത്തില്‍ നിക്ഷേപിച്ച തുക കണക്കാക്കി സകാത്ത് നല്‍കുക എന്ന് പറഞ്ഞത്. പക്ഷെ അത് ശാശ്വതമായ പരിഹാരമല്ല. പലപ്പോഴും നല്‍കുന്ന തുക കുറയാനോ, കൂടാനോ അത് ഇടവരുത്തും.

ഇതാണ് സകാത്ത് കണക്കു കൂട്ടാന്‍ ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ രീതി. ഈ രീതി അവലംബിക്കുന്നതിലെ നേട്ടങ്ങള്‍.

1- ശമ്പളം , വാടക, ലാഭം, ബോണസ്, ഹദിയകള്‍ എന്നിങ്ങനെ തന്‍റെ കയ്യിലേക്ക് വരുന്ന മുഴുവന്‍ ധനവും വേറെ വേറെ കണക്കാക്കേണ്ടതില്ല. സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ തന്റെ കൈവശം അവശേഷിക്കുന്ന എല്ലാ ധനത്തിനും നല്‍കുക വഴി അവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

2- സ്വാഭാവികമായും കയ്യില്‍ നിന്നും ചിലവായിപ്പോകുകയോ, ഉപയോഗ വസ്തുക്കളായി മാറുകയോ ചെയ്ത ധനം ഇപ്രകാരം കണക്കില്‍ വരുകയില്ല. അവക്ക് സകാത്ത് നല്‍കാന്‍ ഒരാള്‍ ബാധ്യസ്ഥനുമല്ല. എന്നാല്‍ സകാത്ത് ബാധകമാകുന്ന രീതിയില്‍ തന്‍റെ കയ്യില്‍ അവശേഷിക്കുന്നതായ ധനങ്ങള്‍ എല്ലാം കണക്കില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

3-ഒരു ഹിജ്റ വര്‍ഷം തികയുമ്പോഴാണല്ലോ സകാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ ഇപ്രകാരം കണക്ക് കൂട്ടുമ്പോള്‍ സകാത്ത് ബക്കറ്റില്‍ ഒരു വര്‍ഷം എത്തിയ ധനവും ഒരു വര്‍ഷം തികഞ്ഞിട്ടില്ലാത്ത ധനവും ഉണ്ടാകുമല്ലോ. ഇത് പലരും സംശയമായി ഉന്നയിക്കാറുണ്ട്. എന്നാല്‍ സമയമെത്തിയവക്ക് നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാണ് എന്നതിനാലും, സമയം എത്താത്തവക്ക് നേരത്തെ നല്‍കല്‍ അനുവദനീയമാണ് എന്നതിനാലും ഈ രീതി അവലംബിക്കുമ്പോള്‍ നല്‍കേണ്ട സകാത്ത് വൈകിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകുന്നില്ല.

4- നമ്മുടെ കയ്യിലേക്ക് വരുന്ന ഓരോ സംഖ്യയുടെയും തിയ്യതി നാം പ്രത്യേകം എഴുതി വെക്കാറില്ല. അപ്രകാരം ഓരോന്നും വേര്‍തിരിച്ച് ഓരോന്നിന്‍റെയും തിയ്യതി കണക്കു വെക്കുക സാധ്യവുമല്ല. അതുകൊണ്ടാണ് ഈ രീതിയാണ് ഏറ്റവും എളുപ്പമുള്ള രീതി എന്ന് പറയാന്‍ കാരണം. നിഷിദ്ധങ്ങള്‍ കടന്നുവരാത്തതോടൊപ്പം പരമാവധി സൂക്ഷ്മത ലഭ്യമാകുകയും ഏതൊരാളും തന്‍റെ സകാത്ത് കണക്കു കൂട്ടാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ …

അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna

സകാത്ത് എല്ലാ അര്‍ത്ഥത്തിലും വര്‍ധനവാണ്

സകാത്ത് എല്ലാ അര്‍ത്ഥത്തിലും വര്‍ധനവാണ്

( ഇബ്നു ഉസൈമീന്‍(റ) യുടെ വിശദീകരണത്തെ അവലംഭമാക്കി എഴുതിയ ലേഖനം )

സകാത്ത് എന്ന പദത്തിന്‍റെ ഭാഷാര്‍ത്ഥം : വര്‍ധനവ്‌, വികാസം, ശുദ്ധീകരണം തുടങ്ങിയ അര്‍ത്ഥങ്ങളാണ് ഭാഷയില്‍ സകാത്തിനുള്ളത് .

കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ നിര്‍വചനം : അനുഗ്രഹീതനും പരമോന്നതനുമായ അല്ലാഹുവിന് ആരാധനയെന്നോണം നിര്‍ണ്ണിതമായ ചില സമ്പത്തുകളില്‍ നിന്നും, നിര്‍ബന്ധവും നിര്‍ണ്ണിതവുമായ ഒരു വിഹിതം, നിര്‍ണ്ണിതമായ അവകാശികള്‍ക്ക് നല്‍കുന്നതിനെയാണ്‌ സകാത്ത് എന്ന് പറയുന്നത്.

സകാത്തിന്‍റെ ഭാഷാര്‍ത്ഥത്തിന് അതിന്‍റെ നിര്‍വചനവുമായി ഏറെ ബന്ധമുണ്ട്. എല്ലാ നിലക്കും സകാത്ത് വര്‍ധനവാണ്.

1- നല്‍കുന്ന ആളുടെ ഈമാന്‍ വര്‍ധിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു:

لا يؤمن أحدكم حتى يحب لأخيه ما يحب لنقسه

” താന്‍ ഇഷ്ടപ്പെടുന്നത് തന്‍റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ ഒരാളും വിശ്വാസിയാവുകയില്ല ” [സ്വഹീഹ് മുസ്‌ലിം].

നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പണം ലഭിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലേ ?!. അതുപോലെ നമ്മുടെ സഹോദരങ്ങള്‍ക്കും അവരുടെ ആവശ്യത്തിനുള്ള സമ്പത്ത് ലഭിക്കട്ടെയെന്ന് നാം ആഗ്രഹിക്കേണ്ടതുണ്ട്. അത് നമ്മുടെ ഈമാന്‍ വര്‍ധിക്കുവാന്‍ ഇടവരുത്തുന്നു. അല്ലാഹു പറയുന്നു :

لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ

“നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചിലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെക്കുറിച്ച് അറിയുന്നവനാകുന്നു” [ആലു ഇംറാന്‍- 92]. മാത്രമല്ല ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്ത് അനുഷ്ടിക്കാതെ ഒരാളുടെ ഈമാന്‍ പൂര്‍ണമാകില്ലെന്ന് പറയേണ്ടതില്ലല്ലോ .

2- സമ്പത്തും അതിലുള്ള ബര്‍ക്കത്തും വര്‍ധിക്കാന്‍ സകാത്ത് കാരണമാകുന്നു. അല്ലാഹു പറയുന്നു :

مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّئَةُ حَبَّةٍ وَاللّهُ يُضَاعِفُ لِمَن يَشَاء وَاللّهُ وَاسِعٌ عَلِيمٌ

” അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉത്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു” – [അല്‍ ബഖറ- 261] . അതിനാലാണ് സാമ്പത്തികമായ ഞെരുക്കം അനുഭവിക്കുന്ന ആളുകള്‍ ചെറിയ തോതിലാണെങ്കിലും ദാനം നല്കട്ടെയെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്താന്‍ കാരണം. ദാനം നല്‍കുക വഴി അല്ലാഹു അവര്‍ക്ക് സമ്പത്ത് വര്‍ധിപ്പിച്ചു കൊടുക്കുകയും അവരുടെ പ്രയാസങ്ങള്‍ നീങ്ങുകയും ചെയ്യും. ” അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്ന” എന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഇതിലും നല്ല മാര്‍ഗം വേറെ ഏതാണ്?!.

അതുപോലെ പ്രവാചകന്‍(സ) പറഞ്ഞു:

ما نقصت مال من صدقة

” ദാനധര്‍മ്മം കാരണത്താല്‍ ഒരു സമ്പത്തിലും കുറവ് വന്നിട്ടില്ല ” – [സ്വഹീഹ് മുസ്‌ലിം]. അഥവാ ദാനധര്‍മ്മം സമ്പത്ത് വര്‍ധിക്കാന്‍ കാരണമാകുന്നു. പ്രവാചകന്‍(സ)യുടെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:

ما من يوم يصبح العباد فيه إلا ملكان ينزلان فيقول أحدهما اللهم أعط منفقا خلفا ويقول الآخر اللهم أعط ممسكا تلفا

” രണ്ടുമലക്കുകള്‍ ഇറങ്ങുകയും അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടല്ലാതെ ഏതൊരു ദിവസവും നേരം പുലരുന്നില്ല. അവരിലൊരാള്‍ പറയും : “അല്ലാഹുവേ സമ്പത്ത് ദാനം ചെയ്യുന്നവന് നീ അതിനേക്കാള്‍ നല്ലത് നല്‍കേണമേ”, മറ്റൊരാള്‍ ഇപ്രകാരം പറയും: “അല്ലാഹുവേ സമ്പത്ത് പിടിച്ചുവെക്കുന്നവന് നീ നാശം വിതക്കേണമേ”. [ബുഖാരി, മുസ്‌ലിം ]

ദാനധര്‍മ്മങ്ങള്‍ സമ്പത്തില്‍ വര്‍ധനവാണ് ഉണ്ടാക്കുന്നത് എന്ന് പ്രമാണങ്ങളില്‍ നിന്നും കൃത്യമായി മനസ്സിലാക്കാം.

സാമ്പത്തികശാസ്ത്രമനുസരിച്ചും ദാനധര്‍മ്മവും സകാത്തും വര്‍ധനവാണ്. ഏതൊരു സമൂഹത്തിലും ദാരിദ്ര്യവും, തൊഴിലില്ലായ്മയും, പട്ടിണിയും വ്യാപിച്ചാല്‍ അവരുടെ സമ്പത് വ്യവസ്ഥയും അവരുടെ നാട്ടിലെ സുരക്ഷിതത്വവും എല്ലാം താറുമാറാകും. ഉല്പാദന ശേഷി കുറയും. ഉല്പാദന ശേഷി കുറയുക വഴി വിലക്കയറ്റം ഉണ്ടാകും. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും ഒരുമിച്ചു വന്നാല്‍ കുറ്റകൃത്യങ്ങള്‍ സ്വാഭാവികമായും വര്‍ധിക്കും. അത് ആ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും പ്രതികൂലമായി ബാധിക്കും. ആ നിലക്ക് ആ സമൂഹത്തിന്‍റെ കെട്ടുറപ്പിന് ആ സമൂഹത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ ആളുകളുടെയും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിന് സകാത്ത് ഒരു അത്ഭുതകരമായ പരിഹാരമാണ്.

പണക്കാരുടെ കയ്യില്‍ നിന്നും നിര്‍ണ്ണിതമായ ഒരു വിഹിതം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അവകാശികള്‍ക്ക് നല്‍കുക വഴി ആ സമൂഹത്തിന് ഉണര്‍വ്വും ഉന്മേഷവും ലഭിക്കുന്നു. അവരുടെ ഉല്പാദന ശേഷി വര്‍ധിക്കുന്നു. അതുമുഖേന തൊഴിലവസരങ്ങളും വിലക്കുറവും ഉണ്ടാകുന്നു. ആ സമൂഹം ഒന്നടങ്കം വളരുന്നു. കുറ്റകൃത്യങ്ങള്‍ കുറയുന്നു. സുരക്ഷിതത്വവും സമാധാനവും വര്‍ധിക്കുന്നു. സകാത്ത് നല്‍കുന്ന ആളുകള്‍ക്കും അതിന്‍റെ ഗുണം ലഭിക്കുന്നു. അവര്‍ക്ക് നിക്ഷേപാവസരങ്ങളും കച്ചവടാവസരങ്ങളും വര്‍ധിക്കുന്നു. എത്ര അത്ഭുതം. ഇതെല്ലാം തന്നെ ‘സകാത്ത്’ എന്ന പദത്തിന്റെ ഭാഷാര്‍ത്ഥവും അതിന്‍റെ നിര്‍വചനവുമായുള്ളബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

3 – സകാത്തടക്കമുള്ള ദാനധര്‍മ്മങ്ങള്‍ ഖിയാമത്ത് നാളിലെ കടുത്ത ചൂടില്‍ നിന്നും രക്ഷ ലഭിക്കാന്‍ കാരണമാകുന്നു. അര്‍ശിന്‍റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തില്‍ തണല്‍ ലഭിക്കാന്‍ അതൊരു കാരണമാണ്. അല്ലാഹുവിന്‍റെ പ്രവാചകന്‍ പറഞ്ഞു:

كل امرئ في ظل صدقته يوم القيامة

” അന്ത്യ നാളില്‍ ഓരോരുത്തരും തങ്ങള്‍ നല്‍കിയ ദാനധര്‍മ്മങ്ങളുടെ തണലിലായിരിക്കും” [മുസ്നദ് അഹ്മദ്, സ്വഹീഹ് ഇബ്ന്‍ ഖുസൈമ ] .

4 – സകാത്ത് നല്‍കുന്നവന്‍റെ സല്സ്വഭാവങ്ങള്‍ വര്‍ധിക്കാന്‍ അത് കാരണമായിത്തീരുന്നു. പിശുക്ക് ഏതൊരു സമൂഹത്തിലും ഏറെ മോശപ്പെട്ട സ്വഭാവമാണ്. എന്നാല്‍ തന്‍റെ സഹജീവിയുടെ പ്രയാസങ്ങള്‍ അടുത്തറിയുന്നതും അവനൊരു കൈത്താങ്ങാകുന്നതും ഏറെ പ്രശംസനീയമാണുതാനും. സാമൂഹികജീവിയായ മനുഷ്യന്‍റെ സ്വഭാവ ഗുണങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സ്വഭാവഗുണങ്ങളാണല്ലോ ദയ, കാരുണ്യം, എളിമ, വിനയം, ഔദാര്യം, സ്നേഹം, വിശാലമനസ്കത, ദുഃഖവും സന്തോഷവും പങ്കുവെക്കല്‍ തുടങ്ങിയവ. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്പത്തില്‍ നിന്ന് നിശ്ചിതമായ ഒരു വിഹിതം തന്‍റെ കൂടെ ജീവിക്കുന്ന ആവശ്യക്കാരന്റെ അവകാശമാണ് എന്നും, അത് താനവന് നല്‍കുന്ന ഔദാര്യമല്ല, മറിച്ച് അവന് ലഭിക്കേണ്ട അവകാശമാണ് എന്ന ബോധത്തോടെയും പൂര്‍ണ്ണ മനസ്സോടെയും നല്‍കുക വഴി ഈ സ്വഭാവ ഗുണങ്ങളെല്ലാം ഒരാള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നു. ആ നിലക്ക് സല്സ്വഭാവങ്ങള്‍ വര്‍ധിക്കാന്‍ സകാത്ത് ഒരു കാരണമായിത്തീരുന്നു. സബ്ഹാനല്ലാഹ് !

5- സകാത്ത് സ്വര്‍ഗ്ഗ പ്രവേശനത്തിന് കാരണമാകുന്നു.

حديث عبد الله بن سلام رضي الله عنه قال: سمعت رسول الله صلّى الله عليه وسلّم يقول: ياأيها الناس أفشوا السلام، وأطعموا الطعام، وصلوا الأرحام، وصلوا والناس نيام تدخلوا الجنة بسلام

അബ്ദുല്ലാഹിബ്നു സലാം (റ) ഉദ്ധരിക്കുന്നു: പ്രവാചകന്‍(സ) പറഞ്ഞു: ” അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം പറയുന്നത് വ്യാപകമാക്കുക, ആവശ്യക്കാരെ ഭക്ഷിപ്പിക്കുക, കുടുംബ ബന്ധം പുലര്‍ത്തുക, ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ എഴുന്നേറ്റ് നമസ്കരിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം സ്വര്‍ഗത്തില്‍ പ്രവേശിക്കാം ” [ മുസ്നദ് അഹ്മദ്]

 

6- അല്ലാഹുവിന്‍റെ കോപം അകറ്റാനും, അവന്‍റെ തൃപ്തി വര്‍ധിക്കാനും സകാത്ത് ഒരു കാരണമാണ്. പ്രവാചകന്‍(സ) പറഞ്ഞു :

أن الصدقة تطفئ غضب الرب

” ദാനധര്‍മ്മം അല്ലാഹുവിന്‍റെ കോപം അണക്കുന്നു “. [തിര്‍മിദി, ത്വബറാനി]

7- പാപങ്ങള്‍ പൊറുക്കപ്പെടാനും നന്മകള്‍ വര്‍ധിക്കാനും സകാത്ത് കാരണമാകുന്നു. പ്രവാചകന്‍(സ) പറഞ്ഞു:

الصدقة تطفئ الخطيئة كما يطفئ الماء النار

” വെള്ളം തീയണക്കുന്നത് പോലെ ദാനധര്‍മ്മങ്ങള്‍ പാപങ്ങളെയും അണക്കുന്നു ” [ മുസ്നദ് അഹ്മദ്, തിര്‍മിദി].

 

8- മഴ വര്‍ധിക്കാന്‍ സകാത്ത് കാരണമാകുന്നു. പ്രവാചകന്‍(സ) പറഞ്ഞു:

ما منع قوم زكاة أموالهم إلا منعوا القطر من السماء

” തങ്ങളുടെ സമ്പത്തില്‍ നിന്നും നല്‍കേണ്ട സകാത്ത് ഏതെങ്കിലും സമൂഹം പിടിച്ചുവെക്കുന്ന പക്ഷം, ആകാശത്തുനിന്നും അവര്‍ക്ക് ലഭിക്കേണ്ട ജലവും പിടിച്ചു വെക്കപ്പെടുക തന്നെ ചെയ്യും” [ ഇബ്ന്‍ മാജ 4019] .

 

9- സകാത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുറക്കുകയും, സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കുള്ള പണം ലഭിക്കുക വഴി അവര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്പത്തില്‍ നിന്നും കൃത്യമായി സകാത്ത് നല്‍കാന്‍ തയ്യാറാവുന്ന ആളുകള്‍ സ്വാഭാവികമായും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മുതിരുകയുമില്ലല്ലോ. അതുപോലെ പണക്കാരും പാവപ്പെട്ടവരും തമ്മില്‍ ഉണ്ടാകാനിടയുള്ള അകല്‍ച്ചയും അത് വഴി ഉടലെടുക്കുന്നു സാമൂഹിക പ്രശ്നങ്ങളും സകാത്തിലൂടെ പരിഹരിക്കപ്പെടുന്നു. അല്ലാഹു എത്ര അനുഗ്രഹീതന്‍. സുബ്ഹാനല്ലാഹ് !.

 

10- വരാനിരിക്കുന്ന അപകടങ്ങളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും സകാത്ത് സുരക്ഷ നല്‍കുന്നു. പ്രവാചകന്‍(സ) പറഞ്ഞു:

باكروا بالصدقة، فإن البلاء لا يتخطاها

” നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ നല്‍കാന്‍ ധൃതി കാണിക്കുക. പരീക്ഷണങ്ങള്‍ക്ക് അവയെ മറികടക്കാന്‍ സാധിക്കുകയില്ല ” [ ത്വബറാനി 5643 ].

 

11- മതബോധം വര്‍ധിക്കാനും, അല്ലാഹുവിന്‍റെ നിയമങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ച് മനസ്സിലാക്കാനും സകാത്ത് കാരണമാകുന്നു. സകാത്ത് നല്‍കണമെങ്കില്‍ അതിന്‍റെ നിയമങ്ങള്‍ മനസ്സിലാക്കണം. അതുകൊണ്ട്തന്നെ സകാത്ത് നല്‍കുന്നവര്‍ അതുമായി ബന്ധപ്പെട്ടുള്ള അധ്യാപനങ്ങള്‍ മനസ്സിലാക്കാനും അവ പാലിക്കാനും തയ്യാറായി മുന്നോട്ട് വരുന്നു. ഇത് അവരെ സ്വര്‍ഗത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു:

من سلك طريقا يلتمس فيه علما سهل الله له طريقا إلى الجنة

” അറിവ് ലഭിക്കാനിടയാക്കുന്ന വഴിയില്‍ ആരെങ്കിലും സഞ്ചരിച്ചാല്‍, അല്ലാഹു അവന് സ്വര്‍ഗത്തിലേക്കുള്ള വഴിയും എളുപ്പമാക്കികൊടുക്കും ” [ സ്വഹീഹ് മുസ്‌ലിം ].

 

ഈ നിലക്കെല്ലാം സകാത്ത് വര്‍ധനവാണ്. ഇനിയും എത്രയോ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ സകാത്ത് മൂലം ഉണ്ടാകുന്ന വര്‍ധനവിന്റെ കൂട്ടത്തില്‍ രേഖപെടുത്തിയിട്ടുണ്ട്‌. പക്ഷെ ഈ ഉപകാരങ്ങളെല്ലാം ലഭിക്കണമെങ്കില്‍ സകാത്ത് നല്‍കുന്നവന്റെ മനസ്സും ഉദേശ്യവും നന്നാകണം. ഇബ്നുല്‍ ഖയ്യിം (റ) പറയുന്നു :

أن البذل والكرم من أسباب انشراح الصدر، لكن لا يستفيد منه إلا الذي يعطي بسخاء وطيب نفس، ويخرج المال من قلبه قبل أن يخرجه من يده، أما من أخرج المال من يده، لكنه في قرارة قلبه، فلن ينتفع بهذا البذل

” ദാനധര്‍മ്മവും ഔദാര്യവും ഹൃദയവിശാലത നല്‍കുന്നു. പക്ഷെ മനസ്സറിഞ്ഞുകൊണ്ട് അര്‍പ്പണ ബോധത്തോടെ ദാനം നല്‍കുന്ന ഒരാള്‍ക്കേ അത് ലഭിക്കുകയുള്ളൂ. അഥവാ തന്‍റെ കയ്യില്‍ നിന്നും പണംനല്‍കുന്നതിനു മുന്പായി മനസ്സുകൊണ്ട് നല്‍കിയിരിക്കണം. എന്നാല്‍ തന്‍റെ കൈകൊണ്ടു ദാനം നല്‍കിയിട്ടും മനസ്സില്‍ ആ പണം അപ്പോഴും കുടിയിരിക്കുകയാണെങ്കില്‍ അവന്‍റെ ദാനം അവനൊരിക്കലും ഉപകാരപ്പെടുന്നില്ല” – [ സാദുല്‍ മആദ് ].

അതുകൊണ്ട് കൈകൊണ്ട് നല്‍കുന്നതിനു മുന്പ് മനസ്സുകൊണ്ട് നല്‍കാന്‍ നാമോരോരുത്തരും തയ്യാറാവുക 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna

 

ഫിത്വര്‍ സകാത്ത് താന്‍ താമസിക്കുന്നിടത്ത് തന്നെ നല്‍കേണ്ടതുണ്ടോ ?. അതോ കൂടുതല്‍ ആവശ്യമുള്ളിടത്തേക്ക് നല്‍കാമോ ?.

ഫിത്വര്‍ സകാത്ത് താന്‍ താമസിക്കുന്നിടത്ത് തന്നെ നല്‍കേണ്ടതുണ്ടോ ?. അതോ കൂടുതല്‍ ആവശ്യമുള്ളിടത്തേക്ക് നല്‍കാമോ ?

ചോദ്യം: ഞാന്‍ ഒരു പ്രവാസിയാണ്. എന്‍റെ സകാത്ത് ഇവിടെ വിദേശത്ത് തന്നെ നല്‍കേണ്ടതുണ്ടോ ?. അതോ നാട്ടില്‍ നല്‍കാമോ ?. നാട്ടില്‍ ഞങ്ങളുടെ പ്രദേശത്ത് കൂടുതല്‍ പാവപ്പെട്ടവരുണ്ട്‌.

 

 

ഉത്തരം: അവകാശികള്‍ക്ക് ലഭിച്ചാല്‍ എവിടെയാണ് നല്‍കപ്പെട്ടതെങ്കിലും സകാത്ത് വീടുന്നതാണ്. അവനവന്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്നതാണ് കൂടുതല്‍ ഉചിതമായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത് കാണാന്‍ സാധിക്കുന്നത്. കാരണം താന്‍ വസിക്കുന്നിടത്ത് തന്നെ പാവപ്പെട്ടവര്‍ ഉണ്ടെങ്കില്‍ തന്‍റെ വിഹിതത്തിന് അവരാണ് ഏറ്റവും അര്‍ഹര്‍ എന്ന നിലക്കാണ് പണ്ഡിതന്മാര്‍ അപ്രകാരം പറഞ്ഞത്. എന്നാല്‍ മറ്റൊരു നാട്ടില്‍ കൂടുതല്‍ പട്ടിണിയും പ്രയാസവും ഉണ്ടെങ്കില്‍ അവിടേക്ക് നല്‍കുന്നതിലോ, അതല്ലെങ്കില്‍ ചോദ്യകര്‍ത്താവ് സൂചിപ്പിച്ചത് പോലെ താന്‍ നാട്ടില്‍ താമസിക്കുന്ന പരിധിയില്‍ ഉള്ള പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിലോ യാതോരു തെറ്റുമില്ല. സാഹചര്യങ്ങള്‍ പരിഗണിച്ച് ഉചിതമായ രൂപത്തില്‍ വിതരണം ചെയ്യാവുന്നതാണ്. ഏതായാലും എല്ലാവരും മറ്റു നാടുകളിലേക്ക് നല്‍കി താന്‍ വസിക്കുന്നിടത്തെ പാവപ്പെട്ടവര്‍ക്ക് യാതൊന്നും ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത് എന്നര്‍ത്ഥം. പക്ഷെ പണമായല്ല ഭക്ഷണമായാണ് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടത് എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു.

 

സകാത്തുല്‍ ഫിത്വര്‍ കൂടുതല്‍ പാവപ്പെട്ടവരുള്ള മറ്റൊരു നാട്ടിലേക്ക് നല്‍കാമോ എന്ന വിഷയത്തില്‍ ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു:

 

ചോദ്യം: ഞങ്ങള്‍ സൗദിയില്‍ ജീവിക്കുന്ന സുഡാനില്‍ നിന്നുള്ളവരാണ്. ഞങ്ങള്‍ ഞങ്ങളുടെ സകാത്തുല്‍ ഫിത്വര്‍ സൗദിയിലെ വിലയനുസരിച്ച് സ്വരൂപിച്ച് ഫിത്വര്‍ സകാത്ത് ഭക്ഷണമായി നല്‍കാനായി സുഡാനിലെ വിശ്വസനീയരായ സഹോദരങ്ങളെ ഏല്പിക്കുന്നു. ഇത് അനുവദനീയമാണോ ?.

 

ഉത്തരം:

 

لا حرج في هذا، لكن الأحوط أن تخرجوا زكاة الفطر في البلد التي أنتم تقيمون فيها، هذا هو الأحوط لكم، إخراجها في البلد التي أنت مقيم فيها، هذا أولى لأنها مواساة لأهل البلد التي أنت فيها، فإذا أرسلتها إلى الفقراء الذين في بلدك أجزأت إن شاء الله، لكن الأحوط والأفضل هو إخراجها في البلد الذي أنت مقيم فيه، لأن جملة من العلماء يقولون يجب إخراجها في البلد التي يكون فيها المسلم، يخرج الزكاة في البلد التي هو مقيم فيها، هذا عند جمعٍ من أهل العلم وإذا نقلها للحاجة فلا بأس إن شاء الله، لكن كونه يخرجها في البلد الذي هو مقيم فيه وصائم فيه هذا هو الأحوط.

 

“അതില്‍ കുഴപ്പമില്ല. പക്ഷെ കൂടുതല്‍ ഉചിതം നിങ്ങള്‍ വസിക്കുന്നിടത്ത് നല്‍കുന്നതിനാണ്. അതാണ്‌ കൂടുതല്‍ ഉചിതം. നിങ്ങള്‍ വസിക്കുന്നിടത്ത് തന്നെ അത് നല്‍കുക എന്നതാണ് കൂടുതല്‍ നല്ലത്. കാരണം നിങ്ങള്‍ വസിക്കുന്ന നാട്ടിലെ പാവപ്പെട്ടവരോട് ഉള്ള സഹായമാകും അത്. എന്നാല്‍ നിന്‍റെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അതയച്ചാല്‍ നിന്‍റെ സകാത്ത് വീടുന്നതാണ് ഇന്‍ ഷാ അല്ലാഹ്. പക്ഷെ അവനവന്‍ വസിക്കുന്നിടത്ത് നല്‍കലാണ് കൂടുതല്‍ നല്ലത്. കാരണം ചില പണ്ഡിതന്മാര്‍ അവനവന്‍ വസിക്കുന്ന നാട്ടില്‍ തന്നെ നല്‍കല്‍ നിര്‍ബന്ധമാണ്‌ എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം അപ്രകാരമാണ്. എന്നാല്‍ ഗുണപരമായ ഒരാവശ്യം കാരണത്താല്‍ മറ്റൊരു നാട്ടിലേക്ക് അതയച്ചാല്‍ അതില്‍ തെറ്റില്ല ഇന്‍ ഷാ അല്ലാഹ്.  പക്ഷെ താന്‍ നോമ്പ് എടുക്കുന്നതും വസിക്കുന്നതുമായ ആ നാട്ടില്‍ തന്നെ നല്‍കലാണ് കൂടുതല്‍ ഉചിതം”. – [http://www.binbaz.org.sa/noor/5029].

 

അവകാശികള്‍ക്കാണ് ലഭിക്കുന്നത് എങ്കില്‍ എവിടെ നല്‍കിയാലും അയാളുടെ സകാത്ത് വീടും എന്നതില്‍ സംശയമില്ല. 

 

അതുപോലെ ശൈഖ് ഉസൈമീന്‍ (റ) പറയുന്നു:

 

نعم يجوز نقل الزكاة من بلد إلى بلد أخرى، ولكن الأفضل أن يفرقها في بلده إلا إذا كان في النقل مصلحة، مثل أن يكون له أقارب في بلد آخر من أهل الزكاة، فيريد أن ينقلها إليهم، أو يكون البلد الآخر أكثر حاجة من بلده فينقلها إليهم ، لأنهم أحوج فإن هذا لا بأس به ، وإلا فالأفضل أن يفرقها في بلده ، ومع ذلك لو أن نقلها إلى بلد آخر بدون مصلحة فإنه إن أوصلها إلى أهلها في أي مكان أجزأت عنه؛ لأن الله تبارك وتعالى فرضها لأهلها ، ولم يشترط أن يكونوا في بلد المال

 

 

“അതെ ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് സകാത്ത് നല്‍കാം. പക്ഷെ അങ്ങനെ വേറെ നാട്ടിലേക്ക് നല്‍കുന്നതില്‍ പ്രത്യേകമായ എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടെങ്കിലല്ലാതെ സ്വന്തം നാട്ടില്‍ തന്നെ നല്‍കുന്നതാണ് ഏറ്റവും നല്ലത്. ഉദാ:: താന്‍ നല്‍കുന്ന മറ്റു നാട്ടിലുള്ളവര്‍ സകാത്തിന് അവകാശികളായ തന്‍റെ ബന്ധുക്കളോ, അതല്ലെങ്കില്‍ അവര്‍ തന്‍റെ നാട്ടിലുള്ളവരേക്കാള്‍ കൂടുതല്‍ ആവശ്യക്കാരോ ആണെങ്കില്‍ അവര്‍ക്ക് ആ നാട്ടിലേക്ക് അയക്കാം. കാരണം അവര്‍ കൂടുതല്‍ ആവശ്യക്കാരാണല്ലോ. അതില്‍ തെറ്റില്ല. ഇനി അല്ലാത്ത പക്ഷം സ്വന്തം നാട്ടില്‍ തന്നെ നല്‍കുന്നതാണ് നല്ലത്. ഇനി ഒരാള്‍ പ്രത്യേകമായ ഒരു കാരണവുമില്ലാതെത്തന്നെ മറ്റൊരു നാട്ടിലേക്ക് തന്റെ സകാത്ത് അയച്ചാല്‍ അത് അവകാശികളുടെ കയ്യില്‍ ആണ് എത്തുന്നത് എങ്കില്‍ എവിടെയാണെങ്കിലും അയാളുടെ സകാത്ത് വീടും. കാരണം അല്ലാഹു അത് നിര്‍ണ്ണിതമായ അവകാശികള്‍ക്ക് നല്‍കണം എന്നത് നിര്‍ബന്ധമാക്കുകയാണ് ചെയ്തത്. ആ അവകാശികള്‍ താന്‍ വസിക്കുന്നിടത്ത് തന്നെ ഉള്ളവരായിരിക്കണം എന്ന് നിബന്ധന വച്ചിട്ടില്ല.” – [https://ar.islamway.net/fatwa/11724/].

 

അതുകൊണ്ട് താങ്കള്‍ക്ക് താങ്കള്‍ താമസിക്കുന്ന വിദേശ രാജ്യത്തെ പാവപ്പെട്ടവര്‍ക്കോ, താങ്കളുടെ നാട്ടിലെ പാവപ്പെട്ടവര്‍ക്കോ അത് നല്‍കാവുന്നതാണ്. അവകാശികളുടെ കയ്യില്‍ എത്തുന്നു എന്നതും, ഭക്ഷണമായിത്തന്നെയാണ് ഫിത്വര്‍ സകാത്ത് നല്‍കപ്പെടുന്നത് എന്നതും ഉറപ്പ് വരുത്തിയാല്‍ മതി

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

അമുസ്ലിംകള്‍ക്ക് ഫിത്വര്‍ സകാത്ത് നല്‍കാമോ ?

അമുസ്ലിംകള്‍ക്ക് ഫിത്വര്‍ സകാത്ത് നല്‍കാമോ ?

السلام عليكم ورحمة الله وبركاته

സകാത്ത് ഫിതർ അമുസ്ലിമിനു നൽകാൻ പറ്റുമോ?താമസിക്കുന്ന സ്ഥലത്ത് അതിന് അർഹതപ്പെട്ട മുസ്ലി ങ്ങൾ ഇല്ലെങ്കിൽ.

 

 

ഉത്തരം:

  وعليكم السلام ورحمة الله وبركاته

الحمد لله والصلاةو السلام على رسول الله وعلى آله وصحبه ومن ولالاه وبعد؛ 

 

സകാത്ത് അല്ലാത്ത പൊതുവായ ദാനധര്‍മ്മങ്ങളില്‍ നിന്നും അമുസ്‌ലിംകള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല.  നമ്മോട് യുദ്ധം ചെയ്യാത്ത, വിശ്വാസികളുമായി സമാധാനത്തില്‍ കഴിയുന്ന ആളുകള്‍ക്ക് പുണ്യം ചെയ്യുന്നതും അവരില്‍ നിന്നും അശരണരും അഗതികളുമായ ആളുകളെ സഹായിക്കുന്നതുമെല്ലാം ഇസ്ലാം പുണ്യകര്‍മ്മമായാണ് പഠിപ്പിക്കുന്നത്.

 

വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു:

 

لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

 

“മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” – [മുംതഹന : 8].

 

എന്നാല്‍ സകാത്ത് സകാത്തുല്‍ ഫിത്വര്‍ തുടങ്ങിയ നിര്‍ബന്ധ ദാനധര്‍മ്മങ്ങള്‍  ഈ പൊതു അര്‍ത്ഥത്തില്‍ അമുസ്‌ലിംകള്‍ക്ക് നല്‍കാവതല്ല.കാരണം സകാത്തിന്‍റെ അവകാശികളെ സൂറത്തുത്തൌബയിലെ അrറുപതാം ആയത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധ ദാനധര്‍മ്മങ്ങള്‍ നല്‍കേണ്ടത് ആര്‍ക്ക് എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്:

 

إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ

 

“ദാനധര്‍മ്മങ്ങള്‍ ( നല്‍കേണ്ടത്‌ ) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ( ഇസ്ലാമുമായി ) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ ( മോചനത്തിന്‍റെ ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും (അല്ലാഹുവിന്‍റെ മാര്‍ഗത്തിലെ ധര്‍മ്മസമരം) , (വഴിമുട്ടിയ) യാത്രക്കാരനും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.”  – [തൗബ: 60]. 

 

ഈ എട്ടു വിഭാഗങ്ങള്‍ക്ക് മാത്രമേ സകാത്ത് നല്‍കാവൂ. ഇതില്‍ അമുസ്ലിംകള്‍ കടന്നുവരുന്ന ഇനം “മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍” എന്ന ഗണത്തില്‍ മാത്രമാണ്. അഥവാ ഇസ്‌ലാമിനോട്‌ അടുപ്പവും ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നതുമായ ഒരാള്‍ പാവപ്പെട്ടവനാണ് എങ്കില്‍, ഇസ്‌ലാമിക നിയമങ്ങളുടെ പരിപൂര്‍ണതയും ദൈവിക നിയമങ്ങളുടെ പ്രാധാന്യവും മാനുഷികതയും മനസ്സിലാക്കാനുതകുമെങ്കില്‍ അയാള്‍ക്ക് നല്‍കാം. അതുപോലെ ഇസ്‌ലാമിനോട്‌ ശത്രുത വച്ചു പുലര്‍ത്തുന്നവരുടെ ഇടഞ്ഞു നില്‍ക്കുന്ന മനസ്സിനെ ഇണക്കമുള്ള മനസ്സാക്കാനും അവരുടെ ശത്രുത കുറയ്ക്കാനും ഇല്ലായ്മ ചെയ്യാനും ഒരു മുസ്‌ലിം ഭരണാധികാരിക്ക് അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാം. സകാത്തിന്‍റെ അവകാശികളെക്കുറിച്ച് വിശദമായി അറിയാനും മേല്‍പറഞ്ഞ ആയത്തിന്‍റെ വിശദീകരണം മനസ്സിലാക്കാനും ഈ ലേഖനം നോക്കുക: http://www.fiqhussunna.com/2014/08/blog-post_5.html

 

ഈ പറഞ്ഞവയല്ലാതെ നിര്‍ബന്ധ ദാനധര്‍മ്മങ്ങളില്‍ നിന്നും ഇതര മതസ്ഥര്‍ക്ക് നല്‍കാവതല്ല. എന്നാല്‍ സകാത്തല്ലാത്ത പൊതുവായ അര്‍ത്ഥത്തിലുള്ള ദാനധര്‍മ്മങ്ങളും സഹായങ്ങളും മറ്റു മതസ്ഥര്‍ക്ക് നല്‍കുന്നതിനെ ഇസ്‌ലാം വിലക്കിയിട്ടില്ലതാനും. മറിച്ച് അതിനെ മാനുഷികവും പുണ്യകരവും നന്മയുമായി പരിചയപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തത്.

 

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു:

 

أما الصدقة تطوع فلا بأس أن يعطاها الكافر الفقير الذي ليس حربي، يعني بيننا وبينهم أمان أو ذمة أو عهد لا بأس، يقول الله -جل وعلا- في كتابه العظيم في سورة الممتحنة: لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ(8) سورة الممتحنة. فأخبر سبحانه وتعالى- لا ينهانا عن هذا، يقول لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ, البر منها الصدقة، وقد قدمت أم أسماء بنت أبي بكر الصديق -رضي الله عنها- على النبي -صلى الله عليه وسلم- في المدينة في أيام الهدنة تسأل بنتها الصدقة والمساعدة، فاستأذنت أسماء النبي -صلى الله عليه وسلم- في ذلك فأذن لها أن تتصدق عليها وتحسن إليها، وقال: “صليها” فالمقصود أن الإحسان والصدقة على الفقراء من أقاربك الكفار أو من غيرهم لا بأس بذلك ………. أما إذا كان حرباً لنا في حال الحرب، فلا، لا نعطيهم شيئاً “

 

“നിര്‍ബന്ധദാനധര്‍മ്മമല്ലാത്ത ഐചിക ദാനധര്‍മ്മങ്ങള്‍ ദരിദ്രരായ അവിശ്വാസികള്‍ക്ക്‌ നല്‍കുന്നതില്‍ തെറ്റില്ല. അഥവാ നമ്മെ അക്രമിക്കാത്ത നമുക്കും അവര്‍ക്കുമിടയില്‍  സമാധാനവും, പരസ്പര ഉടമ്പടിയും,`ധാരണയും നിലനില്‍ക്കുന്നുവെങ്കില്‍ അവര്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റില്ല. അല്ലാഹു വിശുദ്ധഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു:   “മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” – [മുംതഹന : 8]. അല്ലാഹു നമ്മെ അതില്‍ നിന്നും വിലക്കിയിട്ടില്ല എന്നത് ഈ വചനത്തിലൂടെ   നമ്മെ അറിയിച്ചിരിക്കുന്നു. അവന്‍ പറയുന്നു: “നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല”.പുണ്യം ചെയ്യുക എന്നതില്‍പ്പെട്ടതാണ് ദാനധര്‍മ്മങ്ങള്‍ നല്‍കല്‍. അസ്മാഅ് ബിന്‍ത് അബീ ബക്കര്‍ സ്വിദ്ദീഖ് (റ) യുടെ മാതാവ് സന്ധി കാലഘട്ടത്തില്‍ ധനസഹായം ആവശ്യപ്പെട്ടുകൊണ്ടും മദീനയില്‍ മകളുടെ പക്കലേക്ക് വന്നു. ആ സന്ദര്‍ഭത്തില്‍ അതിനനുവാദം ചോദിച്ചുകൊണ്ട്  അസ്മാഅ് (റ) നബി (സ) യുടെ പക്കല്‍ വന്നു. അവര്‍ക്ക് ദാനം ചെയ്യാന്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത് അവരോട് നന്മ ചെയ്യാനും  “നീ അവരുമായി കുടുംബബന്ധം പുലര്‍ത്തുക” എന്നുമാണ് നബി (സ) കല്പിച്ചത്. അതായത് തന്‍റെ ബന്ധുമിത്രാതികളോ അല്ലാത്തവരോ ആയ ദരിദ്രരായ  അവിശ്വാസികളോട് നന്മയില്‍ വര്‍ത്തിക്കുന്നതിനും അവര്‍ക്ക് ദാനം ചെയ്യുന്നതിനും തെറ്റില്ലയെന്നര്‍ത്ഥം. എന്നാല്‍ വിശ്വാസികളുമായി സമാധാനത്തോടെ നിലകൊള്ളാതെ  നമ്മോട് യുദ്ധം ചെയ്യുന്നവരായിരിക്കെ അവര്‍ക്ക് യാതൊന്നും തന്നെ നല്‍കാവതല്ല.” – [ http://www.binbaz.org.sa/noor/5013 ].

 

അതുകൊണ്ട് നിര്‍ബന്ധ ദാനധര്‍മ്മങ്ങളല്ലാത്തവ അവര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ നിര്‍ബന്ധ ദാനധര്‍മ്മമായ സകാത്ത്, സകാത്ത് സകാത്തുല്‍ ഫിത്വര്‍ തുടങ്ങിയവ അവര്‍ക്ക് നല്‍കാവതുമല്ല. ഇനി നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് അതിന് അര്‍ഹരായ ആളുകളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം, തൊട്ടടുത്ത പ്രദേശങ്ങളില്‍ അതിന് ആവശ്യക്കാരായ ആളുകളെ നിങ്ങള്‍ക്ക് കണ്ടെത്തി നല്‍കാവുന്നതാണ്. സകാത്തുല്‍ ഫിത്വര്‍ ഭക്ഷണ വസ്തുക്കളായാണ് നല്‍കേണ്ടത് എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു.

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛

 

ഫിത്വർ സകാത്ത്  ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് നബി (സ) ചര്യ.

عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب

 

അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: ” പ്രവാചകന്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നല്‍കാറുണ്ടായിരുന്നത് ” – [ബുഖാരി, മുസ്‌ലിം].

 

അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങി ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. ഇമാം അബൂഹനീഫ (റ) പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷണമായെ നല്‍കാവൂ എന്ന് പറഞ്ഞ ഇമാമീങ്ങള്‍ നബി (സ) യുടെ കാലത്ത് പണം നല്‍കാമായിരുന്നിട്ടും റസൂല്‍ (സ) ഭക്ഷണം നല്‍കാന്‍ കല്പിച്ചതാണ് എല്ലാ ഹദീസുകളിലും കാണാന്‍ സാധിക്കുന്നത് എന്നതിനെയാണ് അവലംബിച്ചത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണത്തിന് മുട്ടുണ്ടാകരുത് എന്നതാണ് അതിന്‍റെ ലക്ഷ്യം എന്നത് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിച്ചു. ഇമാം അബൂ ഹനീഫ (റ) യാകട്ടെ സകാത്തുല്‍ ഫിത്വര്‍ പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവരെ ധന്യരാക്കുക എന്നത് ഭക്ഷണത്തില്‍ മാത്രമല്ല പൊതുവായ അര്‍ത്ഥത്തിലാണ്, അതിനാല്‍ ധനമായും നല്‍കാം എന്നും അഭിപ്രായപ്പെട്ടു. 

 

ഭക്ഷണമായാണ് നല്‍കേണ്ടത് എന്നാല്‍ ഭക്ഷണം നല്‍കുന്നത് പാവങ്ങള്‍ക്ക് പ്രയാസകരവും പണമായി നല്‍കുന്നത് കൂടുതല്‍ ഉചിതമായി വരുന്ന സാഹചര്യങ്ങളില്‍ പണമായി നല്‍കാം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയെപ്പോലുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഏതായാലും ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ വീടുമോ എന്നത് അഭിപ്രായഭിന്നതയുള്ള കാര്യമാണ്. ഭക്ഷണമായി നല്‍കിയാല്‍ നിറവേറുമെന്നത് ഏകാഭിപ്രായമുള്ള കാര്യവുമാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് പരാമര്‍ശിക്കുന്ന ഹദീസുകളിലെല്ലാം ഭക്ഷണമായി നല്‍കാനാണ്  പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രബലമായ അഭിപ്രായവും കൂടുതല്‍ സൂക്ഷ്മതയുമെല്ലാം ഭക്ഷണമായി നല്‍കല്‍ തന്നെയാണ്. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണമായി നല്‍കലാണ് കൂടുതല്‍ സൂക്ഷ്മതയും അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും.

 

എന്നാൽ ദരിദ്രർക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിശ്വാസയോഗ്യരായ ആളുകളെ അതിന്‍റെ പണം എല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.  പാവപ്പെട്ടവരിലെക്ക് അത് ഭക്ഷണമായാണ് എത്തേണ്ടത് എന്നതാണ് ഭക്ഷണമായി നല്‍കണം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സകാത്തിന്‍റെ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന മഹല്ല് സംവിധാനങ്ങളിലോ മറ്റോ  പണം എല്പിക്കുന്നതില്‍ തെറ്റില്ല.

 

റസൂലിന്‍റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 ഗ്രാം ആണ് തൂക്കം ലഭിച്ചത് എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്‍റെ  الشرح الممتع എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

 

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. പണം സ്വരൂപിച്ച് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ രണ്ട് ദിവസത്തിന് മുന്പെയും നല്‍കാം. അവരത് ഒന്നോ രണ്ടോ ദിവസം മുതല്‍ ഈദ് നമസ്കാരം വരെയുള്ള സമയത്താണ് നിര്‍വഹിക്കേണ്ടത് എന്ന് മാത്രം.

 

അത് പെരുന്നാൾ നമസ്കാരത്തിന് മുന്പായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. റസൂല്‍ (സ) പറഞ്ഞു: ” നമസ്കാരത്തിന് മുന്പായി ഒരാൾ അത് നിർവഹിക്കുകയാണ്‌ എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്” – അബൂ ദാവൂദ്.

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

സകാത്തുല്‍ ഫിത്വര്‍ ഒരു ലഘുപഠനം.

സകാത്തുല്‍ ഫിത്വര്‍ ഒരു ലഘുപഠനം.

ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?. ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛  

 ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?.  ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?.  തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

സ്വതന്ത്രനോ അടിയമയോ ആകട്ടെ, പുരുഷനോ സ്ത്രീയോ ആകട്ടെ, കുട്ടികളോ മുതിര്‍ന്നവരോ ആകട്ടെ പെരുന്നാള്‍ ദിവസം തങ്ങള്‍ക്ക് ഭക്ഷിക്കാനുള്ളത് കഴിച്ച് കൈവശം മിച്ചം വരുന്നവരായ എല്ലാ മുസ്ലിമീങ്ങളുടെ മേലും സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്‌. അതത് നാട്ടിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ ഒരു സ്വാഅ് വീതം പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുകയാണ് വേണ്ടത്. ഒരു സ്വാഅ് എന്ന് പറഞ്ഞാല്‍ 2 കിലോ 40 ഗ്രാം ഗോതമ്പ് കൊള്ളുന്ന പാത്രമാണ്. അതുകൊണ്ട് രണ്ട്, രണ്ടേക്കാല്‍ കിലോയാണ് നല്‍കേണ്ട വിഹിതം. അത് പണമായല്ല മറിച്ച്  ഭക്ഷണ പദാര്‍ത്ഥമായിത്തന്നെന ല്‍കേണ്ടതുണ്ട്.

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ، عَلَى الْعَبْدِ وَالْحُرِّ وَالذَّكَرِ وَالْأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ،  وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ .

ഇബ്നു ഉമര്‍ (റ) നിവേദനം: “ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി എന്നിങ്ങനെ അടിമയുടെ മേലും, സ്വതന്ത്രന്‍റെ മേലും, പുരുഷന്‍റെ മേലും സ്ത്രീയുടെ മേലും, കുട്ടികളുടെ മേലും മുതിര്‍ന്നവരുടെ മേലും റസൂല്‍ (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കി. അത് ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന് വേണ്ടി പോകുന്നതിന് മുന്‍പായിത്തന്നെ നല്‍കാന്‍ അദ്ദേഹം കല്പിക്കുകയും ചെയ്തു”. – [متفق عليه]. 

തനിക്കും താന്‍ ചിലവിന് കൊടുക്കാന്‍ കടപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ കഴിച്ച് ബാക്കി ഭക്ഷ്യവസ്തുക്കളോ, ഭക്ഷ്യവസ്തു വാങ്ങിക്കാനുള്ള പണമോ കൈവശമുള്ള ഓരോരുത്തര്‍ക്കും സകാത്ത് ബാധകമാണ് എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ സകാത്തുല്‍ ഫിത്വറിന്‍റെ അവകാശികളായ ആളുകള്‍ക്കും അവരുടെ കൈവശം പെരുന്നാള്‍ ദിനത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ മിച്ചമുണ്ട് എങ്കില്‍ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്‌. അവര്‍ സകാത്തുല്‍ ഫിത്വര്‍ ലഭിക്കുവാന്‍ അര്‍ഹപ്പെട്ടവരാണ് എന്നതിനാല്‍ അവരുടെ മേലുള്ള ബാധ്യത ഇല്ലാതാവുന്നില്ല. എല്ലാ മുസ്‌ലിമീങ്ങള്‍ക്കും അത് ബാധകമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : كُنَّا نُعْطِيهَا فِي زَمَانِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَاعًا مِنْ طَعَامٍ ، أَوْ صَاعًا مِنْ تَمْرٍ ، أَوْ صَاعًا مِنْ شَعِيرٍ ، أَوْ صَاعًا مِنْ زَبِيبٍ أو صاعا من أقط.

 അബൂസഈദ് അല്‍ ഖുദരി (റ) നിവേദനം: “നബി (സ) യുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണം, അല്ലെങ്കില്‍ ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി, അല്ലെങ്കില്‍ ഒരു സ്വാഅ് പനീര്‍ എന്നിങ്ങനെയായിരുന്നു സകാത്തുല്‍ ഫിത്വര്‍ നല്‍കിയിരുന്നത്.” – [متفق عليه].

അതത് നാട്ടിലെ അടിസ്ഥാന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫിത്വര്‍ സകാത്തായി നല്‍കാവുന്നതാണ്. അന്ന് അറേബ്യയില്‍ നിലവിലുണ്ടായിരുന്ന അടിസ്ഥാനഭക്ഷണങ്ങളാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് എന്നര്‍ത്ഥം.

ഇത് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി നല്‍കിയിരിക്കണം. എങ്കില്‍ മാത്രമേ സകാത്തുല്‍ ഫിത്വര്‍ ആയി പരിഗണിക്കപ്പെടുകയുള്ളൂ. അല്ലാത്തപക്ഷം അതൊരു സ്വദഖ മാത്രമായിരിക്കും:

عن ابن عباس رضي الله عنهما قَالَ : فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ ، وَطُعْمَةً لِلْمَسَاكِينِ ، مَنْ أَدَّاهَا قَبْلَ الصَّلاةِ فَهِيَ زَكَاةٌ مَقْبُولَةٌ ، وَمَنْ أَدَّاهَا بَعْدَ الصَّلاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ .

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നോമ്പുകാരന് തന്‍റെ വീഴ്ചകളില്‍ നിന്നും പാപങ്ങളില്‍ നിന്നുമുള്ള വിശുദ്ധിയെന്നോണവും, പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുക എന്ന നിലക്കുമാണ് നബി (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത്. അത് ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുന്നുവെങ്കില്‍ അത് സ്വീകാര്യമായ സകാത്തായി പരിഗണിക്കപ്പെടും. എന്നാല്‍ ഒരാള്‍ നമസ്കാര ശേഷമാണ് അത്  നിര്‍വഹിക്കുന്നത് എങ്കില്‍ അതേ കേവലം ദാനധര്‍മ്മങ്ങളില്‍ ഒരു ദാനധര്‍മ്മം മാത്രമായിരിക്കും”. – [അബൂദാവൂദ്: 1609. അല്‍ബാനി: ഹദീസ് ഹസന്‍]. 

മേല്‍പറഞ്ഞ ഹദീസില്‍ സകാത്തുല്‍ ഫിത്വറിന്‍റെ യുക്തിയെ സംബന്ധിച്ചും അതുപോലെ അത് നല്‍കേണ്ട സമയത്തെ സംബന്ധിച്ചും സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അത് നിര്‍വഹിചിരിക്കണം. റമദാനിന്‍റെ അവസാനിക്കുന്നതോടെയാണ് അത് നല്‍കുന്നത്. എന്നാല്‍ സൗകര്യത്തിന് വേണ്ടി റമദാന്‍ അവസാനിക്കുന്നതിന് ഒന്ന് രണ്ട് ദിവസങ്ങള്‍ മുന്‍പ് തന്നെ അത് നല്‍കിയാല്‍ തെറ്റില്ല. ഇബ്നു ഉമര്‍ (റ) വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടതായിക്കാണാം: 

وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا يُعْطِيهَا الَّذِينَ يَقْبَلُونَهَا وَكَانُوا يُعْطُونَ قَبْلَ الْفِطْرِ بِيَوْمٍ أَوْ يَوْمَيْنِ .

“ഇബ്നു ഉമര്‍ (റ) അത്തിന്‍റെ സ്വീകര്‍ത്താക്കള്‍ക്ക് അത് നല്‍കാറുണ്ടായിരുന്നു. ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍പ് അവര്‍ അപ്രകാരം നല്‍കാറുണ്ടായിരുന്നു”. – [ബുഖാരി: 1511].

റമദാന്‍ മാസത്തിന്‍റെ ആരംഭത്തില്‍ത്തന്നെ അത് നല്‍കാം എന്നതാണ് ഹനഫീ മദ്ഹബിലെയും ശാഫിഈ മദ്ഹബിലെയും  അഭിപ്രായമെങ്കില്‍ക്കൂടി, നേരത്തെ സൂചിപ്പിച്ചത് പോലെ ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് അവകാശികള്‍ക്കത് വിതരണം ചെയ്യുക എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം അതിന് ഇബ്നു ഉമര്‍ (റ) വിന്‍റെ അസറിന്‍റെ പിന്‍ബലമുണ്ട്. മാലിക്കീ മദ്ഹബിലെയും ഹമ്പലീ മദ്ഹബിലെയും അഭിപ്രായവും അതാണ്‌. ശൈഖ് ഇബ്നു ബാസ് (റ) യും ആ അഭിപ്രായമാണ് പ്രബലമായി സ്വീകരിച്ചിട്ടുള്ളത്‌. മാത്രമല്ല ഈദുല്‍ ഫിത്വറിനോട്‌ അനുബന്ധിച്ചാണല്ലോ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കപ്പെട്ടത്. അതുകൊണ്ട് അതിനോടടുത്തായിരിക്കണം വിതരണം നടക്കേണ്ടത് എന്ന അഭിപ്രായം കൂടുതല്‍ ബലപ്പെടുകയും ചെയ്യുന്നു. 

അതുപോലെ ഗര്‍ഭസ്ഥ ശിശുവിന് ഫിത്വര്‍ സകാത്ത് ബാധകമാണോ ?. എന്ന് പലരും ചോദിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് സകാത്തുല്‍ ഫിത്വര്‍ നല്‍കല്‍ നിര്‍ബന്ധമല്ല. റമദാനിലെ അവസാന ദിനം സൂര്യന്‍ അസ്ഥമിക്കുന്നതിന് മുന്‍പ് ജനിക്കുന്നവര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധം എന്നാണ് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒരാള്‍ നല്‍കുന്നുവെങ്കില്‍ അത് പുണ്യകരമാണ്. ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ലജ്നതുദ്ദാഇമയുടെ ഫത്’വയില്‍ ഇപ്രകാരം കാണാം:

ചോദ്യം: മാതാവിന്‍റെ ഗര്‍ഭത്തിലുള്ള കുഞ്ഞിന് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടതുണ്ടോ ?. 

മറുപടി: “ഉസ്മാനു ബ്നു അഫ്ഫാന്‍ (റ) അപ്രകാരം ചെയ്തതിനാല്‍ അത് പുണ്യകരമാണ്. എന്നാല്‍ നിര്‍ബന്ധമല്ല. കാരണം നിര്‍ബന്ധമാണ്‌ എന്നതിന് തെളിവില്ല”. – [ഫതാവ ലജ്നദ്ദാഇമ: http://www.alifta.net/fatawa/].

നാട്ടിലെ അടിസ്ഥാനഭക്ഷണമായ എന്തും സകാത്തുല്‍ ഫിത്വര്‍ ആയി നല്‍കാം. അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആയതിനാല്‍ എത്രത്തോളം നല്ല ഇനം നല്‍കാന്‍ സാധിക്കുമോ അത് നല്‍കുക. ഏറ്റവും ചുരുങ്ങിയത് മോശമായ ഇനം തിരഞ്ഞെടുക്കാതെ മിതമായ രൂപത്തിലുള്ള ഇനം നല്‍കണം. അത് ദാനധര്‍മ്മങ്ങളില്‍ പാലിക്കേണ്ട ഒരു പൊതു തത്വമാണ്. ഇനി ഒരാളെക്കൊണ്ട് താഴ്ന്ന ഇനം നല്‍കാനേ സാധിക്കുകയുള്ളൂ എങ്കില്‍ അയാള്‍ക്ക് അത് മതിയാകുന്നതുമാണ്. കൂടുതല്‍ നല്‍കാന്‍ സാധിക്കുന്നവര്‍ അപ്രകാരം ചെയ്യാന്‍ പരിശ്രമിക്കുക. പെരുന്നാളിന് ആളുകള്‍ സാധാരണ  കഴിക്കും വിധമുള്ള ഭക്ഷണ സാമഗ്രികള്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ വളരെ നല്ലത്. സ്വാഭാവികമായും ആ ദിനത്തില്‍ നെയ്ച്ചോറോ ബിരിയാണിയോ ഒക്കെ വെക്കാനുള്ള അരിയോ, ഇറച്ചിയോ ഒക്കെ കിട്ടിയാല്‍ തീര്‍ച്ചയായും പാവപ്പെട്ടവര്‍ക്ക് അതൊരു സഹായമാകും. അതുതന്നെ നല്‍കല്‍ നിര്‍ബന്ധമാണ്‌ എന്നോ, സാധാരണ അരി നല്‍കിയാല്‍ സകാത്തുല്‍ ഫിത്വര്‍ വീടില്ല എന്നോ പറയാന്‍ സാധിക്കില്ലെങ്കിലും, ഒരാള്‍ക്ക് അപ്രകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം പെരുന്നാള്‍ ദിവസം മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണല്ലോ സകാത്തുല്‍ ഫിത്വറിന്‍റെ ഏറ്റവും വലിയ ഉദ്ദേശം. ചില റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം:

كان رسول الله صلى الله عليه و سلم يقسمها قبل أن ينصرف إلى المصلى ويقول : أغنوهم عن الطواف في هذا اليوم

“നബി (സ) മുസ്വല്ലയിലേക്ക് പോകുന്നതിന് മുന്‍പായി അത് അവകാശികള്‍ക്ക് വീതം വെച്ച് നല്‍കുകയും, ‘ഈ ദിവസത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ യാചിക്കുന്നതില്‍ നിന്നും അവരെ നിങ്ങള്‍ കരകയറ്റുക’ എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു”. – [മുവത്വ: വോ: 2 പേജ്: 150]. 

പെരുന്നാള്‍ ദിനത്തില്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്ഥമായ ഭക്ഷണം ഉണ്ടാക്കാനാണല്ലോ നാമേവരും ഇഷ്ടപ്പെടുന്നത്. പാവപ്പെട്ടവരും അപ്രകാരം തന്നെ. അതുകൊണ്ട് അന്നത്തെ ദിവസം പാകം ചെയ്യാന്‍ പറ്റിയ ഇനം ഭക്ഷണ സാമഗ്രികളായിരിക്കും അവര്‍ കൂടുതലും ആഗ്രഹിക്കുന്നത്. അതിനാല്‍ അത് നല്‍കുന്നതാണ് ഉചിതം. വില അല്പം കൂടുതല്‍ ആയതിനാല്‍ സാധാരണക്കാര്‍ക്ക് ഒരുപക്ഷേ സാധിച്ചില്ല എന്ന് വരാം. എങ്കിലും സാധിക്കുന്നവര്‍ക്ക് അപ്രകാരം ചെയ്യാമല്ലോ. ആ കര്‍മ്മം നിറവേറ്റുന്നതോടൊപ്പം കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാം. പാവപ്പെട്ടവര്‍ക്ക് ഈ സുദിനത്തില്‍ കൂടുതല്‍ സന്തോഷം പകരുകയും ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.. ഞാനിപ്രകാരം പറയാന്‍ കാരണം ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു ഷോപ്പില്‍ വെച്ച് ഒരു പാവപ്പെട്ട സഹോദരന്‍ തന്‍റെ സുഹൃത്തിനോട് നടത്തുന്ന സംഭാഷണം കേള്‍ക്കാന്‍ ഇടയായി. ‘കഴിഞ്ഞ തവണ കുറച്ച് നെയ്ച്ചോറിന്‍റെ അരി കിട്ടിയത് കൊണ്ട് മക്കള്‍ക്ക് പെരുന്നാള്‍ കൂടാനായി, ഇപ്രാവശ്യം എവിടുന്നെങ്കിലും കിട്ടുമോന്നറിയില്ല’. ഈ സംഭാഷണം ഒരു നേര്‍ക്കാഴ്ചയാണ്. ഒരുപാട് കടങ്ങളും, ചികിത്സാഭാരങ്ങളും ഒക്കെയുള്ളവരാണെങ്കില്‍, സാധാരണ കൂലിത്തൊഴിലാലികള്‍ക്ക് ഒരുപക്ഷെ ചില സന്ദര്‍ഭങ്ങളില്‍ കയ്യില്‍ നയാപൈസ കാണില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പെരുന്നാളിനുള്ള വിഭവങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അതവര്‍ക്കൊരു സഹായമാകും. അതുകൊണ്ട് നമുക്ക് സാധിക്കുമെങ്കില്‍ അപ്രകാരം നല്‍കുന്നതാണ് ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല.

ഇനി അതിന്‍റെ അവകാശികള്‍ ആര് എന്നതാണ് മറ്റൊരു വിഷയം: ഫുഖറാക്കളും, മസാകീനുകളുമാണ് അതിന്‍റെ അവകാശികള്‍. ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: “അതിന്‍റെ അവകാശികള്‍ ഫുഖറാക്കളും മസാകീനുകളുമാണ്. കാരണം ഇബ്നു അബ്ബാസ് (റ) വില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍: നോമ്പുകാരന് തെറ്റുകുറ്റങ്ങളും വീഴ്ചകളും പൊറുക്കപ്പെടാനും, അതുപോലെ (طعمة للمساكين) മിസ്കീനുകള്‍ക്ക് അഥവാ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണമായും ആണ് നബി (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത് എന്ന് കാണാം” – [മജ്മൂഉ ഫതാവ: 14/202].  അതുകൊണ്ട് ധനികരായവര്‍ക്കോ, സ്വന്തം വരുമാനം തന്‍റെ ചിലവുകള്‍ക്ക് തികയുന്നവര്‍ക്കോ അതില്‍ അവകാശമില്ല. എന്നാല്‍ തങ്ങളുടെ വരുമാനം തങ്ങളുടെ അടിസ്ഥാന ചിലവിന് തികയാത്ത ആളുകള്‍ അതിന്‍റെ അവകാശികളാണ്. അവര്‍ക്കാണ് ഫഖീര്‍, അല്ലെങ്കില്‍ മിസ്കീന്‍ എന്ന് പറയുന്നത്.  അല്ലാഹു നമ്മുടെ കര്‍മ്മങ്ങള്‍ സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ … അല്ലാഹു അനുഗ്രഹിക്കട്ടെ… 

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.

ഫിത്വർ സകാത്ത് പണമായി നൽകാവതല്ല. ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് പ്രവാചക ചര്യ.

عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب

അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: ” പ്രവാചകന്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നല്‍കാറുണ്ടായിരുന്നത് ” – [ബുഖാരി, മുസ്‌ലിം].

അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങി ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. ഇമാം അബൂഹനീഫ (റ) പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷണമായെ നല്‍കാവൂ എന്ന് പറഞ്ഞ ഇമാമീങ്ങള്‍ നബി (സ) യുടെ കാലത്ത് പണം നല്‍കാമായിരുന്നിട്ടും റസൂല്‍ (സ) ഭക്ഷണം നല്‍കാന്‍ കല്പിച്ചതാണ് എല്ലാ ഹദീസുകളിലും കാണാന്‍ സാധിക്കുന്നത് എന്നതിനെയാണ് അവലംബിച്ചത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണത്തിന് മുട്ടുണ്ടാകരുത് എന്നതാണ് അതിന്‍റെ ലക്ഷ്യം എന്നത് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിച്ചു. ഇമാം അബൂ ഹനീഫ (റ) യാകട്ടെ സകാത്തുല്‍ ഫിത്വര്‍ പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവരെ ധന്യരാക്കുക എന്നത് ഭക്ഷണത്തില്‍ മാത്രമല്ല പൊതുവായ അര്‍ത്ഥത്തിലാണ്, അതിനാല്‍ ധനമായും നല്‍കാം എന്നും അഭിപ്രായപ്പെട്ടു. 

ഭക്ഷണമായാണ് നല്‍കേണ്ടത് എന്നാല്‍ ഭക്ഷണം നല്‍കുന്നത് പാവങ്ങള്‍ക്ക് പ്രയാസകരവും പണമായി നല്‍കുന്നത് കൂടുതല്‍ ഉചിതമായി വരുന്ന സാഹചര്യങ്ങളില്‍ പണമായി നല്‍കാം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയെപ്പോലുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായാലും ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ വീടുമോ എന്നത് അഭിപ്രായഭിന്നതയുള്ള കാര്യമാണ്. ഭക്ഷണമായി നല്‍കിയാല്‍ നിറവേറുമെന്നത് ഏകാഭിപ്രായമുള്ള കാര്യവുമാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് പരാമര്‍ശിക്കുന്ന ഹദീസുകളിലെല്ലാം ഭക്ഷണമായി നല്‍കാനാണ്  പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രബലമായ അഭിപ്രായവും കൂടുതല്‍ സൂക്ഷ്മതയുമെല്ലാം ഭക്ഷണമായി നല്‍കല്‍ തന്നെയാണ്. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണമായി നല്‍കലാണ് കൂടുതല്‍ സൂക്ഷ്മതയും അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും.

എന്നാൽ ദരിദ്രർക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിശ്വാസയോഗ്യരായ ആളുകളെ അതിന്‍റെ പണം എല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.  പാവപ്പെട്ടവരിലെക്ക് അത് ഭക്ഷണമായാണ് എത്തേണ്ടത് എന്നതാണ് ഭക്ഷണമായി നല്‍കണം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സകാത്തിന്‍റെ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന മഹല്ല് സംവിധാനങ്ങളിലോ മറ്റോ  പണം എല്പിക്കുന്നതില്‍ തെറ്റില്ല.

പ്രവാചകന്‍റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 ഗ്രാം ആണ് തൂക്കം ലഭിച്ചത് എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്‍റെ  الشرح الممتع എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. പണം സ്വരൂപിച്ച് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ രണ്ട് ദിവസത്തിന് മുന്പെയും നല്‍കാം. അവരത് ഒന്നോ രണ്ടോ ദിവസം മുതല്‍ ഈദ് നമസ്കാരം വരെയുള്ള സമയത്താണ് നിര്‍വഹിക്കേണ്ടത് എന്ന് മാത്രം.

അത് പെരുന്നാൾ നമസ്കാരത്തിന് മുന്പായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. റസൂല്‍ (സ) പറഞ്ഞു: ” നമസ്കാരത്തിന് മുന്പായി ഒരാൾ അത് നിർവഹിക്കുകയാണ്‌ എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്” – അബൂ ദാവൂദ്.

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ദുല്‍ഹിജ്ജ ഒമ്പതും നോമ്പ് നോല്‍ക്കല്‍ – ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല).

ദുല്‍ഹിജ്ജ ഒമ്പതും നോമ്പ് നോല്‍ക്കല്‍ - ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല).

ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) യോട് ഇതേ ചോദ്യം ചോദിക്കപ്പെട്ടു :



ചോദ്യം : പ്രായമായ ഒരു സ്ത്രീ സാധാരണയായി ദുല്‍ഹിജ്ജ പത്തും നോമ്പെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം  ദുല്‍ഹിജ്ജ ഒന്‍പതും പൂര്‍ണമായും നോമ്പ് എടുക്കല്‍ അനുവദനീയമല്ലെന്നും കാരണം അത് പ്രവാചകന്‍റെ സുന്നത്തില്‍ പെട്ടതല്ല എന്നും, അയ്യാമുല്‍ ബീളും, അറഫാ ദിനവും മാത്രം നോമ്പ് എടുത്താല്‍ മതി  ആ സ്ത്രീയോട് ചിലര്‍ പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം ആണ് ബഹുമാന്യനായ ശൈഖിനോട്‌ അവര്‍ ആവശ്യപ്പെടുന്നത് ?


ഉത്തരം : അവരുടെ കാര്യം വ്യക്തമായിപ്പറഞ്ഞാല്‍ അവര്‍ നോമ്പ് നോല്‍ക്കാന്‍ കഴിയുന്നവരും വ്രതമനുഷ്ടിക്കാന്‍ പ്രയാസം ഇല്ലാത്തവരുമാണ് എങ്കില്‍ ദുല്‍ഹിജ്ജ ഒന്‍പതും നോമ്പ് പിടിച്ചുകൊള്ളുക. കാരണം അല്ലാഹുവിന്‍റെ പ്രവാചകന്‍ (ﷺ) പറഞ്ഞിരിക്കുന്നു: ” ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല.” [ബുഖാരി].

സഹോദരങ്ങളെ നോമ്പ് സല്‍കര്‍മ്മങ്ങളില്‍ പെടുമോ ?. അതേ പെടുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അതിനാലാണ് ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായി അല്ലാഹു നോമ്പിനെ നിശ്ചയിച്ചത്. അപ്പോള്‍ നോമ്പ് സല്കര്‍മ്മമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു ഇത്രത്തോളം വരെ പറഞ്ഞിട്ടുണ്ട്: ” നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നവനും” . കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെ ദുല്‍ഹിജ്ജ ഒന്‍പത് ദിനങ്ങളും നോമ്പ്  പിടിക്കല്‍ അനുവദനീയമാണ്.  ഇനി ആ ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാന്‍ പാടില്ല എന്ന് ആരെങ്കിലും വാദിക്കുകയാണ് എങ്കില്‍,   ” ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല “.

 എന്ന് പ്രവാചകന്‍ പൊതുവായി പറഞ്ഞതില്‍ നിന്നും നോമ്പ് ഒഴിവാണ് എന്നതിന് അവര്‍ തെളിവ് ഹാജരാക്കട്ടെ. പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് എടുത്തിട്ടില്ല എന്നത് സ്ഥിരപ്പെട്ടാല്‍ തന്നെ  ഒരുപക്ഷെ പ്രവാചകന്‍(ﷺ) അതിനേക്കാള്‍ പ്രാധാന്യമുള്ളതോ, നേട്ടമുള്ളതോ ആയ മറ്റു വല്ല കാര്യങ്ങളിലും ഏര്‍പ്പെട്ടതിനാലായിരിക്കാം അത്. നമുക്ക് ഇവിടെ പ്രവാചകന്‍റെ വ്യക്തമായ വചനമുണ്ട്. അതായത് ” ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല “. മാത്രമല്ല പ്രവാചകന്‍(ﷺ) ആ ദിനങ്ങളിലെ നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നില്ല എന്ന്‍ പറയുന്ന റിപ്പോര്‍ട്ടുകളും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. നോമ്പ് എടുക്കാറുണ്ടായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ടാണ്, നോമ്പ് എടുക്കാറുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ടിനെക്കാള്‍ പ്രബലമായി ഇമാം അഹ്മദ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിരീകരിച്ചു കൊണ്ട് വന്ന റിപ്പോര്‍ട്ടിനാണ് നിഷേധ രൂപത്തില്‍ വന്ന  റിപ്പോര്‍ട്ടുകളെക്കാള്‍ മുന്‍ഗണന എന്ന് അദ്ദേഹം അവിടെ പ്രതിപാദിക്കുന്നുണ്ട്.  ഇനി പ്രവാചകന്‍(ﷺ) നോമ്പ് എടുത്തില്ല എന്ന് സങ്കല്പിച്ചാല്‍ തന്നെ ” ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല “. എന്ന പ്രവാചകന്‍റെ വാക്കില്‍ നോമ്പും പെടുന്നു.


ഇനി അയ്യാമുല്‍ ബീളിനെ കുറിച്ച് പറയുകയാണ്‌ എങ്കില്‍ ദുല്‍ഹിജ്ജ മാസത്തിലെ അയ്യാമുല്‍ ബീള് നോല്‍ക്കുമ്പോള്‍ ദുല്‍ഹിജ്ജ പതിമൂന്ന് നോല്‍ക്കാന്‍ പാടില്ല. കാരണം ദുല്‍ഹിജ്ജ പതിമൂന്ന് നോമ്പ് നോല്‍ക്കല്‍ നിഷിദ്ധമായ അയ്യാമുത്തഷ്’രീക്കില്‍ പെട്ടതാണ്.  “


ഇബ്നു ഉസൈമീന്‍ (رحمه الله) യുടെ ഇതുമായി ബന്ധപ്പെട്ടുള്ള ഇവിടെ നല്‍കിയ  മറുപടി കേള്‍ക്കാന്‍ ഈ ലിങ്കില്‍ പോകുക :  http://www.youtube.com/watch?v=CApaR1to74Q 



അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com


ദുല്‍ഹിജ്ജ പത്തിലെ എല്ലാ ദിവസവും നോമ്പ് നോല്‍ക്കാന്‍ പാടുണ്ടോ ?!

ദുല്‍ഹിജ്ജ പത്തിലെ എല്ലാ ദിവസവും നോമ്പ് നോല്‍ക്കാന്‍ പാടുണ്ടോ ?!

‘ദുല്‍ഹിജ്ജ പത്തും’ എന്നത്  നോമ്പുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ മറ്റു സല്‍കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി ‘ദുല്‍ഹിജ്ജ ഒന്‍പതു’ വരെയുള്ള ദിവസങ്ങളാണ് ഉദ്ദേശിക്കുന്നത് എന്നത് പ്രത്യേകം മനസ്സിലാക്കുക. കാരണം പത്താം ദിവസം ബലിപെരുന്നാള്‍ ആയിരിക്കുമല്ലോ അന്ന് നോമ്പ് അനുഷ്ടിക്കുന്നത് നിഷിദ്ധമാണ് താനും ….

 

ദുല്‍ഹിജ്ജ ഒന്‍പത് ദിവസവും നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യകരമാണ്. കാരണം പ്രവാചകന്‍ (ﷺ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കുവാന്‍ ഏറ്റവും   ശ്രേഷ്ടകരമായ സമയത്തില്‍ പെട്ടതാണ് ദുല്‍ഹിജ്ജ ആദ്യ പത്ത് ദിവസങ്ങള്‍ എന്നതാണ്. നോമ്പ് അതില്‍ നിന്നും ഒഴിവാണ് എന്നോ, ഇന്ന ഇന്ന സല്‍കര്‍മ്മങ്ങള്‍ മാത്രമേ അനുഷ്ടിക്കാവൂ എന്നോ പ്രവാചകന്‍(ﷺ) പ്രത്യേകം എടുത്ത് പറഞ്ഞിട്ടില്ല.

 

 ദുല്‍ഹിജ്ജ പത്തിനെക്കുറിച്ച് പ്രവാചകന്‍(ﷺ) പറഞ്ഞ ഹദീസ് ഇപ്രകാരമാണ് : ” ഈ പത്ത്‌ ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍കര്‍മ്മങ്ങള്‍ ഇഷ്ടമുള്ള മറ്റൊരു ദിനങ്ങളുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി, ഒന്നും തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ ജിഹാദ് പോലും  (ഈ ദിവസങ്ങളില്‍ അനുഷ്ടിക്കപ്പെടുന്ന സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല).” [ബുഖാരി].

 

നോമ്പ് അനുഷ്ടിക്കലും ഏറെ പുണ്യകരമായ കാര്യമായതുകൊണ്ട് തന്നെ അതും ഈ വചനത്തില്‍ പെടുന്നു. ഇനി ഇതില്‍ നോമ്പ് പെടുകയില്ല എന്ന അഭിപ്രായക്കാരാണ് യഥാര്‍ത്ഥത്തില്‍ അതിനുള്ള തെളിവ് ഹാജരാക്കേണ്ടത്. കാരണം ‘സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങള്‍’ എന്ന് പ്രവാചകന്‍(ﷺ)  പൊതുവായി പറഞ്ഞതിനെ, ‘ നോമ്പ് ഒഴികെ എല്ലാ സല്‍കര്‍മ്മങ്ങളും’ എന്നാക്കി മാറ്റണമെങ്കില്‍ തെളിവ് ആവശ്യമാണ്‌.

 

ഇനി അറഫാ ദിനത്തിലെ നോമ്പിന് പ്രവാചകന്‍ പ്രത്യേക പ്രതിഫലം പരാമര്‍ശിച്ചു എന്നത് സാധാരണക്കാര്‍ക്ക് ഒരുപക്ഷെ തെറ്റിധാരണ ഉണ്ടാക്കിയേക്കാം. അറഫാ ദിനത്തിലെ നോമ്പിന് പ്രത്യേകം പ്രതിഫലം പറയപ്പെട്ടു എന്നത് അതിനു മുന്‍പുള്ള  മറ്റു ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാന്‍ പാടില്ല എന്നതിന് തെളിവാകുകയില്ല. അറഫാ ദിനത്തിന് പ്രത്യേകം ശ്രേഷ്ഠത ഉണ്ട് എന്ന് മാത്രമേ അതില്‍ നിന്നും ലഭിക്കുകയുള്ളൂ. ദുല്‍ഹിജ്ജ പത്ത് എന്ന ഈ ശ്രേഷ്ഠ സമയത്ത് അനുഷ്ടിക്കപ്പെടുന്ന മറ്റെല്ലാ സല്‍കര്‍മ്മങ്ങളും പോലെ ഒരു സല്‍കര്‍മ്മം എന്നതല്ലാതെ അറഫാ ദിനത്തിന് ഉള്ളത് പോലുള്ള മറ്റു പ്രത്യേകതകള്‍ ഈ നോമ്പുകള്‍ക്ക് പറയപ്പെട്ടിട്ടില്ല. അറഫാ ദിനത്തിലെ നോമ്പിനാണ് അപ്രകാരം ചില പ്രത്യേക ശ്രേഷ്ഠതകള്‍ പറയപ്പെട്ടിട്ടുള്ളത്.

 

 

ഏതായാലും ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് പിടിക്കല്‍ പുണ്യകരമാണ് എന്നത് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

 

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) പറയുന്നത് കാണുക: “പ്രവാചകന്‍(ﷺ) ദുല്‍ഹിജ്ജയിലെ പത്തു ദിവസവും നോമ്പ് എടുത്തില്ല എന്നത് അതിന് പുണ്യമില്ല എന്നതിന് തെളിവാക്കാന്‍ പറ്റില്ല. കാരണം ഇബ്നു അബ്ബാസ് (റ) ഉദ്ദരിച്ച ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ “സ്വാലിഹായ അമലുകള്‍ അനുഷ്ടിക്കാന്‍ ഏറെ ശ്രേഷ്ടകരമായ സമയം” എന്ന് പ്രവാചകന്‍(ﷺ) പഠിപ്പിച്ച ദിവസങ്ങളാണല്ലോ അവ. നോമ്പാകട്ടെ ഏറെ പുണ്യമുള്ള ഒരു സ്വാലിഹായ കര്‍മമാണ് താനും. പ്രവാചകന് ഒരു പക്ഷെ നോമ്പെടുക്കാന്‍ സാധിക്കാതെ പോയ മറ്റുവല്ല സാഹചര്യങ്ങളും ഉണ്ടായിരുന്നേക്കാമല്ലോ. (മാത്രമല്ല ഇവ നിര്‍ബന്ധ നോമ്പുകളല്ല എന്നതും ശ്രദ്ധേയം).  അപ്പോള്‍ ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് വന്ന റിപ്പോര്‍ട്ട് തന്നെ ഇതിനു മതിയായ തെളിവാണ്. ഹഫ്സ (رضي الله عنها) യില്‍ നിന്നും വന്ന റിപ്പോര്‍ട്ടിന് ചില കുഴപ്പങ്ങള്‍ ഉണ്ട് എങ്കിലും ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് സ്ഥിരപ്പെട്ട വന്ന റിപ്പോര്‍ട്ടുമായി അത് ചേര്‍ത്ത് വെക്കുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന് സാധുത ലഭിക്കുന്നു” .    (مجموع فتاوى و مقالات متنوعة الجزء الخامس عشر)

 

അതുപോലെ ,മറ്റൊരു ഫത്’വയില്‍ ഇബ്നു ബാസ് (رحمه الله) പറയുന്നു:

 

ചോദ്യം : ദുല്‍ഹിജ്ജ പത്തും (അഥവാ അറഫാ ദിനം വരെയുള്ള ഒന്‍പത് ദിവസങ്ങള്‍) മുഴുവനായും നോമ്പ് പിടിക്കുന്നത് ബിദ്അത്താണ് എന്ന് പറയുന്നവരെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?.

 

ഉത്തരം : അവര്‍ അറിവില്ലാത്തവരാണ് അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്.  കാരണം പ്രവാചകന്‍(ﷺ) നിങ്ങള്‍ സ്വാലിഹായ അമലുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന് കല്പിച്ച ദിവസങ്ങളാണവ. നോമ്പാകട്ടെ ഏറെ ശ്രേഷ്ഠമായ ഒരു സല്കര്‍മ്മമാണ്താനും. പ്രവാചകന്‍(ﷺ) പറയുന്നു : ” ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല.” [ബുഖാരി].

 

ഇനി പ്രവാചകന്‍(ﷺ) ഈ ദിവസങ്ങള്‍ നോമ്പ് അനുഷ്ടിച്ചില്ല എന്നാണ് അവര്‍ പറയുന്നതെങ്കില്‍. പ്രവാചകന്‍(ﷺ) നോമ്പ് അനുഷ്ടിച്ചതായും അനുഷ്ടിക്കാതിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. വാക്കുകള്‍ക്കാണ് കര്‍മ്മങ്ങളെക്കാള്‍ മുന്‍ഗണന. പ്രവാചകന്‍റെ വാക്കും പ്രവര്‍ത്തിയുമെല്ലാം  ഒരു വിഷയത്തില്‍ ഒരുമിച്ച് വന്നാല്‍ അത് കൂടുതല്‍ ബലപ്പെട്ട സുന്നത്താണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രവാചകന്‍റെ വാക്കു മാത്രം വന്നാലും, പ്രവര്‍ത്തി മാത്രം വന്നാലും , അംഗീകാരം മാത്രം വന്നാലും അവയെല്ലാം തന്നെ സുന്നത്താണ്.  പ്രവാചകന്‍(ﷺ) ഒരു കാര്യം പറഞ്ഞാല്‍, പ്രവര്‍ത്തിച്ചാല്‍, അംഗീകരിച്ചാല്‍ അതെല്ലാം തന്നെ സുന്നത്താണ്. എന്നാല്‍ അവയില്‍ വച്ച് ഏറ്റവും മുന്‍ഗണനയും പ്രാബല്യവും ഉള്ളത് വാക്കിനാണ്.  പിന്നെ പ്രവര്‍ത്തിക്ക്, പിന്നെ അംഗീകാരത്തിന് എന്നിങ്ങനെയാണ് അതിന്‍റെ ക്രമം.

 

അപ്പോള്‍ പ്രവാചകന്‍റെ വാക്കാണ് : ” ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല”. എന്നുള്ളത്. അപ്പോള്‍ അതില്‍ ഒരാള്‍ വ്രതമെടുത്താല്‍ വളരെ നല്ല ഒരു പുണ്യകര്‍മമാണ് അവന്‍ ചെയ്യുന്നത്. അതുപോലെ ഒരാള്‍ ദാനം നല്‍കിയാല്‍,  അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ദിക്റുകള്‍ ചൊല്ലിയാല്‍ അതെല്ലാം ഏറെ ശ്രേഷ്ടകരമാണ്. പ്രവാചകന്‍ പറയുന്നു : ” അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنه)വിൽനിന്ന്‌: ” നബി(ﷺ) ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന്‌ ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട്‌ നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ്‚ലീലുകളും വര്‍ദ്ധിപ്പിക്കുക” – [റവാഹു  അഹ്മദ്]. അല്ലാഹു എല്ലാവര്‍ക്കും അതിനുള്ള തൗഫീഖ് നല്‍കട്ടെ.

(من ضمن الأسئلة المقدمة لسماحته في يوم عرفة ، حج عام 1418هـ – مجموع فتاوى و مقالات متنوعة الجزء الخامس عشر).

 

ഇനി ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) യോട് ഇതേ ചോദ്യം ചോദിക്കപ്പെട്ടു :

 

ചോദ്യം : പ്രായമായ ഒരു സ്ത്രീ സാധാരണയായി ദുല്‍ഹിജ്ജ പത്തും നോമ്പെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം  ദുല്‍ഹിജ്ജ ഒന്‍പതും പൂര്‍ണമായും നോമ്പ് എടുക്കല്‍ അനുവദനീയമല്ലെന്നും കാരണം അത് പ്രവാചകന്‍റെ സുന്നത്തില്‍ പെട്ടതല്ല എന്നും, അയ്യാമുല്‍ ബീളും, അറഫാ ദിനവും മാത്രം നോമ്പ് എടുത്താല്‍ മതി  ആ സ്ത്രീയോട് ചിലര്‍ പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം ആണ് ബഹുമാന്യനായ ശൈഖിനോട്‌ അവര്‍ ആവശ്യപ്പെടുന്നത് ?

 

ഉത്തരം : അവരുടെ കാര്യം വ്യക്തമായിപ്പറഞ്ഞാല്‍ അവര്‍ നോമ്പ് നോല്‍ക്കാന്‍ കഴിയുന്നവരും വ്രതമനുഷ്ടിക്കാന്‍ പ്രയാസം ഇല്ലാത്തവരുമാണ് എങ്കില്‍ ദുല്‍ഹിജ്ജ ഒന്‍പതും നോമ്പ് പിടിച്ചുകൊള്ളുക. കാരണം അല്ലാഹുവിന്‍റെ പ്രവാചകന്‍ (ﷺ) പറഞ്ഞിരിക്കുന്നു: ” ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല.” [ബുഖാരി].

സഹോദരങ്ങളെ നോമ്പ് സല്‍കര്‍മ്മങ്ങളില്‍ പെടുമോ ?. അതേ പെടുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അതിനാലാണ് ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായി അല്ലാഹു നോമ്പിനെ നിശ്ചയിച്ചത്. അപ്പോള്‍ നോമ്പ് സല്കര്‍മ്മമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു ഇത്രത്തോളം വരെ പറഞ്ഞിട്ടുണ്ട്: ” നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നവനും” . കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെ ദുല്‍ഹിജ്ജ ഒന്‍പത് ദിനങ്ങളും നോമ്പ്  പിടിക്കല്‍ അനുവദനീയമാണ്.  ഇനി ആ ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാന്‍ പാടില്ല എന്ന് ആരെങ്കിലും വാദിക്കുകയാണ് എങ്കില്‍,   ” ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല “.

 എന്ന് പ്രവാചകന്‍ പൊതുവായി പറഞ്ഞതില്‍ നിന്നും നോമ്പ് ഒഴിവാണ് എന്നതിന് അവര്‍ തെളിവ് ഹാജരാക്കട്ടെ. പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് എടുത്തിട്ടില്ല എന്നത് സ്ഥിരപ്പെട്ടാല്‍ തന്നെ  ഒരുപക്ഷെ പ്രവാചകന്‍(ﷺ) അതിനേക്കാള്‍ പ്രാധാന്യമുള്ളതോ, നേട്ടമുള്ളതോ ആയ മറ്റു വല്ല കാര്യങ്ങളിലും ഏര്‍പ്പെട്ടതിനാലായിരിക്കാം അത്. നമുക്ക് ഇവിടെ പ്രവാചകന്‍റെ വ്യക്തമായ വചനമുണ്ട്. അതായത് ” ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല “. മാത്രമല്ല പ്രവാചകന്‍(ﷺ) ആ ദിനങ്ങളിലെ നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നില്ല എന്ന്‍ പറയുന്ന റിപ്പോര്‍ട്ടുകളും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. നോമ്പ് എടുക്കാറുണ്ടായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ടാണ്, നോമ്പ് എടുക്കാറുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ടിനെക്കാള്‍ പ്രബലമായി ഇമാം അഹ്മദ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിരീകരിച്ചു കൊണ്ട് വന്ന റിപ്പോര്‍ട്ടിനാണ് നിഷേധ രൂപത്തില്‍ വന്ന  റിപ്പോര്‍ട്ടുകളെക്കാള്‍ മുന്‍ഗണന എന്ന് അദ്ദേഹം അവിടെ പ്രതിപാദിക്കുന്നുണ്ട്.  ഇനി പ്രവാചകന്‍(ﷺ) നോമ്പ് എടുത്തില്ല എന്ന് സങ്കല്പിച്ചാല്‍ തന്നെ ” ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല “. എന്ന പ്രവാചകന്‍റെ വാക്കില്‍ നോമ്പും പെടുന്നു.

 

ഇനി അയ്യാമുല്‍ ബീളിനെ കുറിച്ച് പറയുകയാണ്‌ എങ്കില്‍ ദുല്‍ഹിജ്ജ മാസത്തിലെ അയ്യാമുല്‍ ബീള് നോല്‍ക്കുമ്പോള്‍ ദുല്‍ഹിജ്ജ പതിമൂന്ന് നോല്‍ക്കാന്‍ പാടില്ല. കാരണം ദുല്‍ഹിജ്ജ പതിമൂന്ന് നോമ്പ് നോല്‍ക്കല്‍ നിഷിദ്ധമായ അയ്യാമുത്തഷ്’രീക്കില്‍ പെട്ടതാണ്.  “

 

ഇബ്നു ഉസൈമീന്‍ (رحمه الله) യുടെ ഇതുമായി ബന്ധപ്പെട്ടുള്ള ഇവിടെ നല്‍കിയ  മറുപടി കേള്‍ക്കാന്‍ ഈ ലിങ്കില്‍ പോകുക :  http://www.youtube.com/watch?v=CApaR1to74Q 

 

 

അതുപോലെ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (حفظه الله) പറയുന്നു:  “ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കുന്നത് പുണ്യകരമാണ്. എന്നാല്‍ ഹജ്ജാജിമാര്‍ ഒന്‍പതാം ദിവസം (അറഫാ ദിനം) നോമ്പ് എടുക്കാന്‍ പാടില്ല. അറഫയില്‍ നില്‍ക്കുന്നതിന് അവര്‍ക്ക് പ്രയാസമനുഭവിക്കാതിരിക്കാനാണ് അത്. എന്നാല്‍ ഹജ്ജാജിമാര്‍ അല്ലാത്തവര്‍ അറഫയുടെ ദിവസം നോമ്പ് പിടിക്കുന്നത് കാരണത്താല്‍ അവരുടെ കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും, വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും  പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്. ഇത് അല്ലാഹുവിന്‍റെ അപാരമായ ഒരു അനുഗ്രഹമാണ്. ഉമ്മുല്‍ മുഅമിനീന്‍ ഹഫ്സ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം : ” പ്രവാചകന്‍ (ﷺ) ദുല്‍ഹിജ്ജ പത്തും നോമ്പ് എടുക്കാറുണ്ടായിരുന്നു”. അബൂ ദാവൂദ് വലിയ കുഴപ്പമൊന്നുമില്ലാത്ത പരമ്പരയിലൂടെ ആണ് ഇത് ഉദ്ദരിചിട്ടുള്ളത്. എന്നാല്‍ ഉമ്മുല്‍ മുഅമിനീന്‍  ആയിശ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ : “പ്രവാചകന്‍(ﷺ) ഈ പത്തു ദിവസങ്ങള്‍ മുഴുവനായും നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല ” എന്ന് വന്നതായി കാണാം. ആയിശ (رضي الله عنها) റിപ്പോര്‍ട്ട് അപ്രകാരം ചെയ്തില്ല എന്ന ‘നിഷേധ രൂപത്തില്‍’ വന്ന റിപ്പോര്‍ട്ട് ആണ്. എന്നാല്‍ ഹഫ്സ (رضي الله عنها) യുടെ റിപ്പോര്‍ട്ട് അപ്രകാരം ചെയ്തിട്ടുണ്ട് എന്ന ‘സ്ഥിരീകരണ രൂപത്തില്‍’  വന്ന റിപ്പോര്‍ട്ട് ആണ്. ഒരേ വിഷയത്തില്‍ സ്ഥിരീകരണ രൂപത്തിലും , നിഷേധരൂപത്തിലും റിപ്പോര്‍ട്ടുകള്‍ വന്നാല്‍, (സ്വീകാര്യതയുടെ വിഷയത്തില്‍ അവ രണ്ടും ഒരേ സ്ഥാനത്ത് ആണെങ്കില്‍)  അതില്‍ മുന്‍ഗണന സ്ഥിരീകരണ രൂപത്തിലുള്ള റിപ്പോര്‍ട്ടിനാണ്. ഇവിടെ ഹഫ്സ (رضي الله عنها) പ്രവാചകന്‍(ﷺ) നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ തന്‍റെ അറിവില്‍ പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല   എന്ന് ആയിശ (رضي الله عنها) പറയുന്നു. ആയതിനാല്‍ തന്നെ ആയിശ (رضي الله عنها) അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഹഫ്സ (رضي الله عنها) അറിഞ്ഞു എന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ ” .

(فضل العشر من ذي الحجة – الشيخ صالح بن فوزان الفوزان) .

 

 

 

ഇബ്നു ഉമര്‍(رضي الله عنه) , ഇബ്നു സീരീന്‍(رحمه الله), ഖതാദ (رحمه الله) , മുജാഹിദ് (رحمه الله) തുടങ്ങിയ സലഫുകളും ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് എടുക്കുന്നത് പുണ്യകരമാണ് എന്ന അഭിപ്രായക്കാരാണ്.

 

മാത്രമല്ല ഇമാം ത്വഹാവി, ഇമാം ഇബ്നു റജബ്, ഇമാം നവവി, ഇമാം ഇബ്നു ഹജര്‍, ഇമാം ശൌക്കാനി തുടങ്ങിയവരെല്ലാം തന്നെ ഇബ്നു അബ്ബാസ് (റ) വിന്‍റെ ഹദീസ് പ്രകാരം ഈ ദിവസങ്ങളിലെ പുണ്യകരമായ സല്‍കര്‍മ്മങ്ങളില്‍ നിന്നും നോമ്പ് ഒഴിവല്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇമാം അബൂദാവൂദ് തന്‍റെ സുനനില്‍ (باب في صوم العشر) എന്ന ഒരു ഭാഗം തന്നെ കൊടുത്തിട്ടുണ്ട്. അതുപോലെ ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഇ, ഇമാം അഹ്മദ് (رحمهم الله) തുടങ്ങിയ നാല് ഇമാമീങ്ങളും അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്. 

 

ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കല്‍ അനുവദനീയവും പുണ്യകരവുമാണ് എന്ന് ആകെച്ചുരുക്കം. കാരണം പൊതുവേ സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കല്‍ ഏറെ ശ്രേഷ്ടകരമായ സമയമാണ് ഇത് എന്ന് പ്രവാചകന്‍(ﷺ)  കൃത്യമായി പഠിപ്പിച്ചു. നോമ്പ് ഒരു സല്കര്‍മ്മമാണ്താനും.

 

കൂടുതല്‍ മനസ്സിലാക്കാന്‍ (الرئاسة العامة للبحوث العلمية والإفتاء) ന്‍റെ ഈ ലിങ്കില്‍ പോകുക : http://www.alifta.net/Fatawa/FatawaDetails.aspx?View=Page&PageID=8376&PageNo=1&BookID=2&languagename=

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com