ചരക്ക്, വാഹനം, ഷോപ്പ് തുടങ്ങിയവക്ക് ഇന്‍ഷുറന്‍സ് അനുവദനീയമോ ? – ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല).

ചരക്ക്, വാഹനം, ഷോപ്പ് തുടങ്ങിയവക്ക് ഇന്‍ഷുറന്‍സ് അനുവദനീയമോ ? - ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല).

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിധി നമ്മള്‍ നേരത്തെ വിശദീകരിച്ചതാണ്:  അതുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ലയോട് ചോദിക്കപ്പെട്ട ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ്‌ താഴെ കൊടുക്കുന്നത്:

ചോദ്യം: ശൈഖ് ഞങ്ങള്‍ക്ക് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പണം ഈടാക്കി സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ട്രെയിലറുകളുണ്ട്. അതില്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന വസ്തുക്കളാകട്ടെ വളരെ വിലപ്പെട്ടവയാണ്. ചിലപ്പോള്‍ അല്ലാഹുവിന്‍റെ വിധിപ്രകാരം വല്ല അപകടവും സംഭവിച്ചാല്‍ ഭാഗികമായോ  പൂര്‍ണമായോ കൊണ്ടുപോകുന്ന വസ്തുക്കള്‍ക്കും വാഹനത്തിനും കേടുപാടുകള്‍ സംഭവിക്കാറുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ വസ്തുക്കളുടെ ഉടമകള്‍ക്ക് കേടുപാടുകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കേണ്ടതോടൊപ്പം ഞങ്ങളുടെ വാഹനങ്ങളും ഞങ്ങള്‍ സ്വയം നന്നാക്കണം. അതുകൊണ്ടുതന്നെ ചരക്കിനും അതുപോലെ വാഹനത്തിനും ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന്‍റെ വിധി എന്ത് ?. എന്നതാണ് ഞങ്ങളുടെ ചോദ്യം. അതുപോലെ ചരക്കിന്‌ മാത്രമായോ , അതല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമായോ പോളിസി എടുക്കുന്നതിന്‍റെ വിധി എന്താണ് ?.

 ഉത്തരം: “ഒന്നാമതായി സൂചിപ്പിക്കാനുള്ളത് ചരക്കുവണ്ടിക്ക് വല്ല അപകടവും സംഭവിച്ചാല്‍ ചരക്കുവണ്ടിയുടെ ഉടമയുടെ (ഡ്രൈവറുടെ) ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥ കൊണ്ടോ വീഴ്ച കൊണ്ടോ അല്ല അപകടം സംഭവിച്ചതെങ്കില്‍ അതിന് നഷ്ടപരിഹാരം നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനല്ല. അത്തരം ഒരു സാഹചര്യത്തില്‍ ചരക്ക് വഹിച്ചുകൊണ്ട് പോയ വണ്ടിയുടെ ഉടമസ്ഥനില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ ചരക്കിന്‍റെ ഉടമസ്ഥന് യാതൊരു അവകാശവുമില്ല. കാരണം സ്വതൃപ്തിയോടെ ചരക്കുടമയില്‍ നിന്നും ഒരു അമാനത്ത് എന്ന നിലക്കാണ് അയാള്‍ ആ ചരക്ക് ഏറ്റെടുത്തതിട്ടുള്ളത്‌. ഒരു അമാനത്തായി നിശ്ചിത സ്ഥലത്ത് എത്തിക്കണമെന്ന് വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടതായതുകൊണ്ട് തന്നെ ചരക്ക് കൊണ്ടുപോകുന്ന വാഹനത്തിന്‍റെ ഉടമ അമീന്‍ (വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടവന്‍)  ആണ്. (അഥവാ ഫിഖ്ഹില്‍ ഒരാളുടെ വസ്തു മറ്റൊരാളുടെ കൈവശമുള്ള സാഹചര്യത്തെ രണ്ടായി തരം തിരിക്കാം. ഒന്ന് ‘യദ്‌ ളമാന്‍’ അഥവാ തന്‍റെ വീഴ്ച കൊണ്ടോ അല്ലാതെയോ വസ്തു നശിച്ചാലും തിരികെ കൊടുക്കേണ്ട സാഹചര്യം. അതുപോലെ ‘യദ്‌ അമാന’ അതായത് തന്‍റെ വീഴ്ച കൊണ്ട് നശിച്ചാല്‍ മാത്രം നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം. ഇതില്‍ രണ്ടാമത്തെ ഇനത്തിലാണ് ചരക്ക് കൊണ്ടുപോകുന്നവര്‍ പെടുക. അവരുടെ അനാസ്ഥയോ വീഴ്ചയോ കാരണം നശിച്ചു എന്ന് തെളിഞ്ഞാല്‍ മാത്രമേ അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂ. കാരണം അവരുടെ കൈകാര്യ കര്‍തൃത്വം ‘യദ്‌ അമാന’ എന്ന ഗണത്തിലാണ് പെടുക. ശൈഖിന്‍റെ ഫത്’വ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം).  ‘അമീന്‍’ ആയ അഥവാ  (വിശ്വസിച്ച് ഏല്‍പിക്കപ്പെട്ട) ഏതൊരാളുടെ കയ്യില്‍ നിന്നും അവരുടെ അനാസ്ഥയോ വീഴ്ചയോ കാരണത്താലല്ലാതെ ആ വസ്തുവിന് വല്ല കേടും പറ്റിയാല്‍ അതിന്‍റെ നഷ്ടപരിഹാരം നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനല്ല. അത്തരം ഒരു സാഹചര്യത്തില്‍ വസ്തുവിന്‍റെ ഉടമസ്ഥന് അയാളില്‍ നിന്നും  നഷ്ടപരിഹാരം ഈടാക്കാനും പാടില്ല. ഇനി ചരക്ക് കൊണ്ടുപോകുന്ന വണ്ടിക്കാരന്‍റെ പക്കല്‍ നിന്നും യാതൊരു വിധ അനാസ്ഥയോ വീഴ്ചയോ ഇല്ല എന്ന് മനസ്സിലാക്കിയിട്ടും കോടതിയും കേസും മുഖാന്തിരം അയാളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുകയാണയാള്‍ ചെയ്യുന്നതെങ്കില്‍, ജഡ്ജി അയാള്‍ക്കനുകൂലമായി വിധിച്ചാല്‍പോലും ആ പണം അയാള്‍ക്ക് നിഷിദ്ധമാണ്. അല്ലാഹുവിന്‍റെ റസൂല്‍ (സ) പറയുന്നു: 

إنما أقضي بنحو ما أسمع، فمن اقتطعت له شيئا من حق أخيه فإنما أقتطع له جمرة من النار، فليستقل أو ليستكثر

“(നിങ്ങളുടെ വാദങ്ങള്‍) കേള്‍ക്കുന്നതിനനുസരിച്ചാണ് ഞാന്‍ വിധി പറയുന്നത്. അതുകൊണ്ടുതന്നെ തന്‍റെ സഹോദരന്‍റെ അവകാശം ആര്‍ക്കെങ്കിലും ഞാന്‍ പതിച്ചു നല്‍കിയാല്‍, നരകത്തിലെ തീക്കനലാണ് ഞാനവന് പതിച്ച് നല്‍കുന്നത്. അതുകൊണ്ട് അത് സമ്പാദിച്ച് കൂട്ടണോ വേണ്ടയോ എന്നവന്‍ സ്വയം തീരുമാനിച്ചുകൊള്ളട്ടെ.” – [ബുഖാരി – മുസ്‌ലിം].

 അമിത വേഗം, സുരക്ഷിതമായ രൂപത്തില്‍ കവര്‍ ചെയ്യാത്തതിനാല്‍ തുടങ്ങി അയാളുടെ അനാസ്ഥ കാരണത്താലോ വീഴ്ച കാരണത്താലോ ആണ് വസ്തുക്കള്‍ നശിച്ചതെങ്കില്‍ അതിന്‍റെ നഷ്ടപരിഹാരം നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. 

 രണ്ടാമതായി ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍, അത് വാഹനത്തിനായാലും, ചരക്കിനായാലും, അതല്ലെങ്കില്‍ അവ രണ്ടിനും കൂടി ആയാലും , തേര്‍ഡ് പാര്‍ട്ടി ആയാലും എല്ലാം ഹറാം തന്നെയാണ്. അവ ചൂതാട്ടത്തില്‍ പെട്ടതാണ്. പരിശുദ്ധനും പ്രതാപവാനുമായ അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلاَمُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

“സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം.” – [മാഇദ : 90]. 

 പ്രതിഷ്ഠകളോടും, പ്രശ്നം വെച്ചു നോക്കളിനോടും മദ്യത്തിനോടുമൊപ്പമാണ് അല്ലാഹു ചൂതാട്ടത്തെ എണ്ണിയത്. ഇന്‍ഷുറന്‍സ് ആകട്ടെ ചൂതാട്ടമാണ്. സാധാരണ നിലക്കുള്ള കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് അനുവദനീയമാണെന്ന് സൗദി അറേബ്യയിലെ ഫത്’വാ ബോര്‍ഡ് ഫത്’വ നല്‍കിയതായി ചിലര്‍ കുപ്രചരണം നടത്തിയിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല)യുടെ നേതൃത്വത്തിലുള്ള പണ്ഡിതസഭ അത് ഫത്’വാ ബോര്‍ഡിന് മേല്‍ ചിലര്‍ പ്രചരിപ്പിച്ച കളവാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് അറിയിപ്പ് തന്നെ ഇറക്കിയിട്ടുണ്ട്. ‘അത്തഅമീന്‍ അത്തആവുനിയ്’ (സഹകരണ ഇന്‍ഷുറന്‍സ് പദ്ധതി) അഥവാ ഒരു കുടുംബത്തിനോ (സമൂഹത്തിനോ ഇടയില്‍) ഒരു സഹായ നിധി രൂപീകരിക്കുകയും അതില്‍ നിന്ന് അപകടം സംഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്ന തരത്തിലുള്ള  സഹകരണ ഇന്‍ഷുറന്‍സ് സംവിധാനം മാത്രമാണ് ഫത്’വാ ബോര്‍ഡ് അനുവദിച്ചിട്ടുള്ളത്‌. (അതില്‍ ചൂതാട്ടം ഇല്ലാതിരിക്കുവാനുള്ള കാരണം അപകടം സംഭവിച്ചില്ലെങ്കില്‍ നിക്ഷേപിച്ച  പണം മറ്റൊരു വ്യക്തിക്കോ കമ്പനിക്കോ ലഭിക്കുമെന്ന രീതിയിലല്ല അത് പ്രവര്‍ത്തിക്കുന്നത്. അതുപോലെ സഹായനിധിയിലുള്ള പണം തീര്‍ന്നാല്‍ പിന്നീട് അപകടം സംഭവിക്കുന്ന ആള്‍ക്ക് അതില്‍ അയാള്‍ പണം നിക്ഷേപിചിട്ടുണ്ടെങ്കില്‍ പോലും തിരികെ പണം ലഭിച്ചിരിക്കുമെന്ന ഉറപ്പും അവിടെ നല്‍കുന്നില്ല. പരസ്പരം മനസ്സറിഞ്ഞ് അപകട സാധ്യതയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു സഹകരണ സംവിധാനം മാത്രമാണത്.  അതിനെ സംബന്ധിച്ച് കൂടുതല്‍ പിന്നീട് വ്യക്തമാക്കാം). ലിജ്നതുദ്ദാഇമ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനം അനുവദിച്ചുവെന്ന വാദം അവരുടെ മേല്‍ കേട്ടിവച്ച കളവും ആരോപണവുമാണ്. അതുകൊണ്ട് മുസ്‌ലിം സഹോദരങ്ങളോട് എനിക്ക് നല്‍കാനുള്ള ഉപദേശം: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നവരാവുക. അല്ലാഹുവിന്‍റെ അതിര്‍വരമ്പുകള്‍ നിങ്ങള്‍ ബേധിക്കരുത്. ധനം അവര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്, അതല്ലാതെ അവരെ ധനത്തിനുവേണ്ടി സൃഷ്ടിച്ചതല്ല എന്ന് ഓരോരുത്തരും മനസ്സിലാക്കട്ടെ. പണം അത് നിന്‍റെ കയ്യില്‍ നൈമിഷികമായി സൂക്ഷിക്കാന്‍ ഏല്‍പിച്ച ഒരു വസ്തു മാത്രമാണ്. ഒരുപക്ഷെ ജീവിത കാലത്ത് തന്നെ അത് കയ്യില്‍ നിന്നും അകന്നുപോയെന്നു വരാം. അതല്ലെങ്കില്‍ മരണശേഷം മറ്റുള്ളവര്‍ക്കായി വിട്ടേച്ച് പോകും. (അതിനാല്‍ത്തന്നെ സമ്പത്തിനോടുള്ള അത്ത്യാര്‍ത്തി അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ ബേധിക്കാനുള്ള കാരണമായി മാറരുത്). (ഇസ്‌ലാമികമായ ഇന്‍ഷുറന്‍സ് സംവിധാനം ഒഴിച്ച്) മറ്റെല്ലാ ഇന്‍ഷുറന്‍സ് പോളിസികളും അതിന്‍റെ വ്യത്യസ്ഥ വകബേധങ്ങളും നിഷിദ്ധമാണ്.

     എന്നാല്‍ ചില രാജ്യങ്ങളില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന സാഹചര്യമുള്ളതായി അറിയാന്‍ സാധിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെങ്കില്‍ വാഹന ലൈസന്‍സോ (കയറ്റുമതി ഇറക്കുമതി പോലുള്ള) മറ്റു ഇടപാടുകളോ അവര്‍ക്ക് അനുവദിക്കുകയില്ല. അത്തരം ഒരു സാഹചര്യത്തില്‍ ഒരാളെന്ത് ചെയ്യും ?. അതുസംബന്ധമായി നമുക്ക് പറയാനുള്ളത്: അതൊരു ളറൂറത്ത് (നിര്‍ബന്ധിത) സാഹചര്യമാണ്. അതുകൊണ്ട് തന്നെ (അവര്‍ നിര്‍ബന്ധിച്ചുകൊണ്ട് ആവശ്യപ്പെടുന്ന) ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രം എടുക്കുക. പക്ഷെ വല്ല അപകടവും സംഭവിച്ചാല്‍ നീ അടച്ച തുകയെക്കാള്‍ ക്ലൈം ചെയ്യരുത്. കാരണം അവര്‍ക്കും നിനക്കുമിടയിലുള്ള ഇന്‍ഷുറന്‍സ് കരാര്‍ ശറഇയ്യായി അനുവദിക്കപ്പെട്ട ഒരു കരാറല്ല. (നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമാണ് അത് എടുക്കേണ്ടി വന്നതുതന്നെ). അതുകൊണ്ട് ആ കരാര്‍ മുഖാന്തിരം ലഭിക്കുന്ന ആനുകൂല്യങ്ങളും നേട്ടങ്ങളും കൈപറ്റുവാന്‍ അനുവാദമില്ല. നീ എത്രയാണോ അവര്‍ക്ക് നല്‍കിയത് അതിലുപരി ഒന്നും തന്നെ ഈടാക്കല്‍ അനുവദനീയമല്ല.” – [സില്‍സിലതുല്ലിഖാഅ് അശഹ്’രി: 59].

 

 അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ – തോമസ്‌ ഐസക് സാറിന്‍റെ ലേഖനം ഒരു നിരൂപണം.

ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ - തോമസ്‌ ഐസക് സാറിന്‍റെ ലേഖനം ഒരു നിരൂപണം.

بسم الله ، الحمد لله، والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

കുറച്ച് കാലം മുന്‍പ് ബഹുമാനപ്പെട്ട മുന്‍ ധന-മന്ത്രി തോമസ്‌ ഐസക് സര്‍ ഇസ്ലാമിക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ഒരു ലേഖനം എഴുതിയിരുന്നു. ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയും സാധ്യതയും വിവരിച്ചുകൊണ്ടുള്ള നല്ല ഒരു ലേഖനമായിരുന്നു അത്. ഒരു നിരീശ്വരവാദ പ്രസ്ഥാനത്തിന്‍റെ വക്താവായിരിക്കെ അദ്ദേഹം മനസ്സിലാക്കിയ ഒരു വസ്തുത ആരെയും ഭയക്കാതെ തുറന്നെഴുതിയതില്‍ അദ്ദേഹം കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഒരുപാട് കടമ്പകള്‍ കടന്നായിരിക്കണം അദ്ദേഹം അത് തുറന്നെഴുതിയത് എന്നത് തീര്‍ച്ച. ലോകമൊട്ടാകെ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ സുസ്ഥിരമായ ഒരു സമ്പദ് വ്യവസ്ഥയായി അംഗീകരിക്കാന്‍ തയ്യാറായിട്ടും, വികസിത വികസ്വര രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബേങ്കുകള്‍ അനുദിനം വര്‍ദ്ധിച്ചു വന്നിട്ടും വര്‍ഗീയ വെറി മൂലം മാത്രം അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ചില പിന്തിരിപ്പന്മാരുടെ മുന്നില്‍ ആര്‍ജവത്തോടെ അത് നമ്മുടെ നാടിന് ആവശ്യമാണ്‌ എന്നും അത് പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കുന്ന അതിമഹത്തായ സംവിധാനമാണെന്നും തുറന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ മനക്കരുത്തിനെ അംഗീകരിക്കുന്നു. 

 പക്ഷെ അതോടൊപ്പം തന്നെ ആ ലേഖനത്തില്‍ വന്ന ചില കാര്യങ്ങളോട് ഒരു ഏകദൈവ വിശ്വാസിയെന്ന നിലക്ക് ഞാന്‍ ശക്തമായി  വിയോജിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ലേഖനം പരിശോധിച്ചാല്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ വിജയം വിലയിരുത്തുന്നതോടൊപ്പം, ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയും തമ്മില്‍ വലിയ വിത്യാസമില്ല എന്ന ഒരു തോന്നലുണ്ടാക്കുവാന്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നുണ്ട്. ഒരു നിരീശ്വരവാദി എന്ന നിലക്ക് അദ്ദേഹത്തില്‍ നിന്നും അത് സംഭവിച്ചത് സ്വാഭാവികമായിത്തന്നെ ഞാന്‍ കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഒരു അതികപ്പറ്റാകും.  സുപ്രധാനമായും നിരൂപണം ചെയ്യപ്പെടേണ്ടത് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ച ആശയത്തെ സംബന്ധിച്ചാണ്. അഥവാ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയും തമ്മില്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും തമ്മില്‍ സാമ്യതയുണ്ടോ ?!.

സോഷ്യലിസവും ഇസ്‌ലാമും മുന്നോട്ട് വെക്കുന്ന സമ്പദ് വ്യവസ്ഥ തീര്‍ത്തും വ്യത്യസ്ഥമാണ്. വളരെ പരിമിതമായ ചില മേഖലകളില്‍ സാമ്പത്തിക പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മില്‍ സാമ്യതകള്‍ ഉണ്ടാകുക എന്നത് സ്വാഭാവികം മാത്രമാണ്. പക്ഷെ അടിസ്ഥാനപരമായി ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയും രണ്ട് ദ്രുവങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്.

സമ്പത്ത് ഏകനായ അല്ലാഹു നല്‍കിയതാണ്. (അല്ലാഹു എന്നാല്‍ ‘ദൈവം’ എന്ന പദത്തിന് സമാനമായി അറബിയില്‍ ഉപയോഗിക്കുന്ന, എന്നാല്‍ പുല്ലിംഗമോ സ്ത്രീലിംഗമോ ബഹുവചനമോ ഇല്ലാത്ത പദം. അഥവാ ഏകദൈവം എന്നര്‍ത്ഥം). അവന്‍റെ നിയമങ്ങള്‍ക്ക് വിധേയമായാണ് അത് ചിലവഴിക്കേണ്ടത്. വിശ്വാസപരമോ കര്‍മപരമോ ആയ നിഷിദ്ധങ്ങളില്‍ അവ ചിലവഴിക്കപ്പെടരുത്. തുടങ്ങി ഒട്ടനേകം അത്യുന്നതമായ നിയമ നിര്‍ദേശങ്ങള്‍ സാമ്പത്തിക രംഗത്ത് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ആ നിയമങ്ങളാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ ഇതര സമ്പദ് വ്യവസ്ഥകളില്‍ നിന്ന് വ്യതിരിക്തമാക്കുന്നതും.

അതേ സമയം സൃഷ്ടാവിനെയും, മതനിയമങ്ങളെയും മനുഷ്യ സങ്കല്പങ്ങളായും മിഥ്യാധാരണകളായും കാണുകയും, സംസ്കാരത്തിനോ സല്‍സ്വഭാവത്തിനോ സ്ഥാനം നല്‍കാതെ ലാഭം മാത്രം മുന്നില്‍ കണ്ട് സാമ്പത്തിക നയങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്ന, നിരീശ്വരവാദത്തിലധിഷ്ടിതമായ സമ്പദ് വ്യവസ്ഥകള്‍ എങ്ങനെ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥക്ക് സമാനമാകും ?!. അത് അസംഭവ്യമാണെന്നത് സാമാന്യ ബുദ്ധിയാല്‍ തന്നെ വിലയിരുത്താവുന്നതാണ്. ദൈവത്തെയോ, പരലോക ജീവിതത്തെയോ അംഗീകരിക്കാത്തവര്‍ എന്തിന് സംസ്കാരത്തിനും, സല്‍ സ്വഭാവത്തിനും സ്ഥാനം നല്‍കണം ?!. എന്തിന് നന്മ തിന്മകള്‍ വേര്‍തിരിച്ച് കാണണം ?!. ഉള്ള ജീവിതം കൊള്ളയും കൊലയും ചെയ്തായാലും ആസ്വദിച്ച് ജീവിക്കുകയും, തന്‍റെ അക്രമങ്ങളെ സ്വാധീനവും കഴിവുമുപയോഗിച്ച് മറച്ചു വെക്കുകയും ചെയ്യുന്ന നിലപാടിലേക്ക് ചിലരെങ്കിലും കടന്നു ചിന്തിച്ചാല്‍ അവനെ അതീവ ബുദ്ധിമാനായിക്കാണാനല്ലാതെ നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുമോ ?!…

യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം കാരണക്കാരായത് സൃഷ്ടാവിന്‍റെ നിയമങ്ങള്‍ അവഗണിച്ചവരാണ്. അത് തന്നെയാണ് സാമ്പത്തിക രംഗത്തും സംഭവിച്ചത്. 17ആം നൂറ്റാണ്ടിന്‍റെ അവസാനത്തിലും 18ആം നൂറ്റാണ്ടിന്‍റെ ആദ്യത്തിലുമായി യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ കടന്നുവന്ന നിരീശ്വരവാദ ചിന്താഗതിക്കാരാണ് ഇന്ന് കാണപ്പെടുന്ന സാമ്പത്തിക അരാജകത്വത്തിന്റെയും പ്രതിസന്ധിയുടെയും ഉത്തരവാദികള്‍. അവര്‍ മുന്നോട്ട് വച്ച ഒരു പ്രത്യയ ശാസ്ത്രത്തിനും സാമ്പത്തിക രംഗത്തെ സഹായിക്കാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല അരാജകത്വവും പ്രതിസന്ധിയും വര്‍ദ്ധിക്കാന്‍ മാത്രമാണ് അത് സഹായകമായത്. 1983ലെ ന്യൂസ് വീക്കിന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഹെന്‍റി കിസ്സിന്‍ജര്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് : ” ലോകത്ത് നിലവിലുള്ള ഒരു പ്രത്യയ ശാസ്ത്രത്തിനും ഇന്ന് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കില്ല” എന്നതാണ്. അദ്ദേഹം അതില്‍ വിലയിരുത്താത്ത ഒരേയൊരു സമ്പദ് ഘടന ഇസ്‌ലാമിക സമ്പദ് ഘടനയാണ് എന്നത് മറ്റൊരു വശം. ആധുനിക ലോകത്ത് നിരീശ്വരവാദ പ്രസ്ഥാനക്കാര്‍ ഏറ്റുപിടിച്ച സാമ്പത്തിക പ്രത്യയ ശാസ്ത്രങ്ങളെ ഒന്നൊന്നായി നമുക്ക് പരിശോധിക്കാം..

മതനിയമങ്ങള്‍ കൂച്ചുവിലങ്ങുകളാണ് എന്നും, പരലോകവും അന്ത്യദിനവും സ്വര്‍ഗ്ഗ നരകങ്ങളുമെല്ലാം കേവല കെട്ടുകഥകള്‍ മാത്രമാണെന്നും, ഓരോരുത്തരും തന്‍റെ ജീവിതം പരമാവധി ആസ്വദിക്കുകയെന്നും വാദിച്ച ചില ആളുകള്‍ രംഗപ്രവേശം ചെയ്തതിനെ പറ്റി സൂചിപ്പിച്ചുവല്ലോ. അവരില്‍ പ്രമുഖനായിരുന്നല്ലോ ഡാര്‍വിന്‍. ഡാര്‍വിന്റെ സിദ്ധാന്തമനുസരിച്ച് ഒരു സിംഹം മാനിനെ പിടികൂടുന്നുവെങ്കില്‍ അത് സിംഹത്തിന്‍റെ കഴിവും മാനിന്‍റെ കഴിവുകേടുമാണ്. സിംഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടത് മാനാണ്. എന്നതുപോലെ ഒരാള്‍ ദരിദ്രനാകുന്നുവെങ്കില്‍ അതയാളുടെ കഴിവുകേടും, ഒരാള്‍ ധനികനാകുന്നുവെങ്കില്‍ അതയാളുടെ കഴിവുമാണ്. ധനികന് ദരിദ്രനോടോ, ദരിദ്രന് ധനികനോടോ യാതൊരു ബാധ്യതയും ഇല്ല. നിങ്ങളുടെ വീട്ടു മുറ്റത്ത് ഒരാള്‍ വിശന്നുവലഞ്ഞ് ചാകാന്‍ കിടന്നാലും സുഭിക്ഷമായ നിങ്ങളുടെ കലവറയില്‍ നിന്നും ഒരുണക്ക റൊട്ടി പോലും അയാള്‍ക്ക് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥനല്ല. കാരണം അയാള്‍ ദാരിദ്രനായത് അയാളുടെ കഴിവുകേട് കൊണ്ടല്ലേ.. മാത്രമല്ല അയാളെ സഹായിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് എന്ത് നേട്ടമാണ് സഹായിക്കുന്നവനുള്ളത്. കാരണം പ്രതിഫലമോ, ദൈവമോ, പരലോക ജീവിതമോ ഒന്നുമില്ലെന്ന് കരുതുന്ന ഒരു മനുഷ്യന്‍ പിന്നെയെന്തിന് അയാളെ സഹായിക്കുന്നത് ഒരു ബാധ്യതയായിക്കാണണം. ഇനി അഥവാ സഹായിക്കുന്നുവെങ്കില്‍ സഹായിക്കട്ടെ എന്ന് മാത്രം. കാര്യങ്ങള്‍ ഇവിടെയെങ്കിലും അവസാനിച്ചാല്‍ സമാധാനിക്കാമായിരുന്നു. പക്ഷെ അതിലുമപ്പുറമാണ് നിരീശ്വരവാദികള്‍ മനുഷ്യന് മുന്നില്‍ തുറന്നിട്ട സ്വാര്‍ത്ഥതയുടെ വാതില്‍. ഒരാള്‍ ചതിയും വഞ്ചനയും, കൊള്ളയും കൊലയും എല്ലാം ചെയ്ത് ലാഭം കൊയ്യുന്നുവെങ്കില്‍ അതവന്‍റെ കഴിവാണ്. വഞ്ചിക്കപ്പെടുകയും അക്രമത്തിനിരയാകുകയും ചെയ്യുന്നവന്‍ അവന്‍റെ കഴിവുകേട് കൊണ്ടാണ് അക്രമത്തിനും വഞ്ചനക്കും ഇരയായത്. സിംഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാന്‍ സ്വയം ശ്രമിക്കെണ്ടിയിരുന്നു എന്ന് പറഞ്ഞ പോലെ, ഇവിടെയും അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ സ്വയം ശ്രമിക്കേണ്ടിയിരുന്നു. ഇങ്ങനെ മാനുഷിക മൂല്യങ്ങള്‍ക്കോ ദൈവിക നിയമങ്ങള്‍ക്കോ സ്ഥാനമില്ലാത്ത ഒരു ജീവിതക്രമമാണ് നിരീശ്വരവാദികള്‍ മനുഷ്യര്‍ക്ക് നല്‍കിയ സംഭാവന.

ഇവിടെയാണ്‌ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ആഡം സ്മിത്തിന്‍റെ തിയറി പരാജയമായത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാകുന്നത്. ഗവണ്മെന്റോ മത നിയമങ്ങളോ നിയന്ത്രിക്കാത്ത സ്വതന്ത്രമായ മാര്‍ക്കറ്റ്. അഥവാ ഫ്രീ മാര്‍ക്കറ്റ് തിയറി എന്നതാണല്ലോ അദ്ദേഹം മുന്നോട്ട് വച്ച പരിഹാരം. ഓരോരുത്തരും ലാഭമുണ്ടാക്കാന്‍ സ്വയം പ്രയത്നിക്കുകയും, നഷ്ടം വരാതിരിക്കാന്‍ സ്വയം സംരക്ഷിക്കുകയും ചെയ്യുക വഴി അദൃശ്യ കരങ്ങളാല്‍(Invisible Hands) സമ്പദ് വ്യവസ്ഥ വളരും. ബാഹ്യ ഇടപെടലുകളോ നിയമങ്ങളോ മാര്‍ക്കറ്റിനെ നിയന്ത്രിക്കേണ്ടതില്ല. എന്നതാണ് ആ പ്രത്യയശാസ്ത്രത്തിന്‍റെ രത്നച്ചുരുക്കം. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ സാമൂഹിക ജീവിയായ മനുഷ്യനെ കേവലം ലൌകിക ലാഭനഷ്ടങ്ങള്‍ മാത്രം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്വാര്‍ത്ഥ ജീവിയാക്കി മാറ്റാന്‍ മാത്രമേ ആ പ്രത്യയ ശാസ്ത്രത്തിന് സാധിച്ചുള്ളൂ.

മനുഷ്യന്‍റെ ഉന്നമനം, സമ്പദ് ഘടനയുടെ വളര്‍ച്ച, പ്രതിസന്ധികളെ തരണം ചെയ്യല്‍, വിഭവങ്ങള്‍ സാമൂഹ്യനീതിയിലധിഷ്ടിതമായി പ്രയോജനപ്പെടുത്തുല്‍, ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യല്‍, ധനികനും ദരിദ്രനും ഇടയിലുള്ള അകല്‍ച്ച കുറക്കല്‍. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍. സാമൂഹിക ഉന്നമനവും വ്യക്തിപരമായ ഉന്നമനവും ഉറപ്പ് വരുത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുകയാണല്ലോ സാമ്പത്തിക തലത്തില്‍ ഏതൊരു  ഏതൊരു സമ്പദ് വ്യവസ്ഥയും ലക്‌ഷ്യം വെക്കുന്നത്. പൂര്‍വകാലത്ത് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ നടപ്പാക്കപ്പെട്ട ഇടങ്ങളില്‍ അത് സാധ്യമായതാണ് എന്നത് ആരും നിഷേധിക്കാത്ത വസ്തുതയാണ്. എന്നാല്‍ ഒരു സമ്പദ് വ്യവസ്ഥ എന്ന നിലക്ക് ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ച സമ്പദ് വ്യവസ്ഥകള്‍ക്ക് സാധിച്ചുവോ ?.  സാധിച്ചിരുന്നുവെങ്കില്‍ ഒന്നിന് പിറകെ ഒന്നായി ക്ലാസിക്കല്‍ തിയറി, നിയോ ക്ലാസിക്കലായി, പിന്നീട് കീന്‍സിന്‍റെ തിയറിയായി പരിണമിക്കെണ്ടിയിരുന്നില്ല. ഓരോന്നും പരാജയമാണ് എന്ന് തിരിച്ചറിയപ്പെട്ടപ്പോള്‍ വീണ്ടും വീണ്ടും മനുഷ്യ നിര്‍മിത തിയറികള്‍ ഉണ്ടാക്കി പയറ്റി നോക്കി. എല്ലാം പരാജയപ്പെട്ടു. ഇന്നും മാറ്റത്തിന് വേണ്ടി മനുഷ്യന്‍ മുറവിളി കൂട്ടുന്നു.

ഒരുപാട് കോളേജുകളും തിയറികളും പുസ്തകങ്ങളും പാഠശാലകളും അനലിസ്റ്റുകളും, വ്യത്യസ്ഥ കോഴ്സുകളും ഒക്കെയായി വളര്‍ച്ച ഉണ്ടായേക്കാം. പക്ഷെ അതല്ലല്ലോ ഒരു സമ്പദ് വ്യവസ്ഥ പ്രായോഗിക തലത്തില്‍ സ്വീകാര്യമാണെന്നത്തിന്‍റെ മാനദണ്ഡം. ഒരു സമ്പദ് വ്യവസ്ഥ വിജയിക്കുന്നത് ഞാന്‍ നേരത്തെ സൂചിപ്പിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമ്പോഴാണ്‌. പക്ഷെ അത് കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്ന് അതിന്‍റെ വക്താക്കള്‍ തന്നെ പരാമര്‍ശിച്ചത് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ.

ആഡം സ്മിത്തിന്‍റെ തിയറി പരാജയമല്ലായിരുന്നുവെങ്കില്‍ ആല്ഫ്രെഡ്‌ മാര്‍ഷലിന്‍റെ നിയോ ക്ലാസിക് തിയറി ഉണ്ടാകുമായിരുന്നില്ല….

ആല്ഫ്രെഡ്‌ മാര്‍ഷലിന്‍റെ നിയോ ക്ലാസിക്കല്‍ തിയറി തന്നെ ലക്ഷ്യങ്ങള്‍ നേടാന്‍ പര്യാപ്തമായിരുന്നുവെങ്കില്‍ … അത് മുറുകെപ്പിടിച്ച് കുഴിമാടത്തിലേക്ക് പോകാം .. അതല്ല ജീവിക്കണം എന്നുണ്ടെങ്കില്‍ മാറ്റിയെഴുതേണ്ട സമയം എപ്പഴോ അധികരിച്ചു എന്ന് കീന്‍സ് പറയേണ്ടി വരുമായിരുന്നില്ല….

 പലിശ നിരക്കും ടാക്സും കൂട്ടിയും കുറച്ചും രാജ്യത്തെ സാമ്പത്തിക പ്രയാസങ്ങളെ നിയന്ത്രണ വിധേയമാക്കാം എന്ന കീന്‍സിന്‍റെ തിയറി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏറ്റവും നല്ല ഉപാധിയായിരുന്നുവെങ്കില്‍ അമേരിക്കയിലെ പൊതുനകരങ്ങളില്‍ തങ്ങള്‍ക്ക് പഴയ ക്ലാസിക് തിയറിയിലേക്ക് തന്നെ മടങ്ങിയാല്‍ മതിയെന്നും ഗവര്‍ന്മെന്റ് തങ്ങളെ നിയന്ത്രിക്കേണ്ടയെന്നുമുള്ള മുദ്രാവാക്യങ്ങള്‍ ഉയരുമായിരുന്നില്ല. ഇതെല്ലാം ആരെക്കാളും തോമസ്‌ സാറിനും അറിയാമല്ലോ.

പഴയ ക്ലാസിക് തിയറിയിലേക്ക് മടങ്ങിയാല്‍ കാര്യങ്ങളെല്ലാം ശരിയാകും എന്ന് ആ പാവങ്ങള്‍ ധരിക്കുവാന്‍ ഒരു കാരണമുണ്ട്. ക്ലാസിക് തിയറി പരാജയമായതിനാലാണ് ഇന്ന്‍ തങ്ങളെ കുരുതിക്കു കൊടുക്കുന്ന ടാക്സ്-പലിശ ബാലന്‍സിംഗ് തിയറിയുമായി കീന്‍സ് കടന്നുവന്നത് എന്ന തിരിച്ചറിവ് ആ പാവങ്ങള്‍ക്ക് ഇല്ലാതെ പോയി. അതുതന്നെ അതിനുള്ള കാരണം.

എന്തുകൊണ്ട് നിരീശ്വരവാദികള്‍ക്ക്, അതല്ലെങ്കില്‍ മതനിയമങ്ങളെ അകറ്റി നിര്‍ത്തി സാമ്പത്തിക നിയമത്തെ ആവിഷ്കരിക്കാന്‍ ശ്രമിച്ചവര്‍ക്ക് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയി ?!. ഇത് ഒരു സുപ്രധാന ചോദ്യമാണ്. ലക്ഷ്യങ്ങള്‍ കൈവരിക്കാനുതകുന്നതായിത്തീരുമ്പോള്‍ മാത്രമാണല്ലോ ഒരു പ്രത്യയ ശാസ്ത്രം വിജയിക്കുന്നത്. അവ പരാജയപ്പെടാന്‍ ഉണ്ടായ സുപ്രധാന കാരണം ലക്ഷ്യങ്ങള്‍ ഒരു ലോകത്തും… അതിനായി നിരീശ്വരവാദ ചിന്താഗതിക്കാര്‍ മുന്നോട്ട് വച്ച മാര്‍ഗങ്ങള്‍ മറ്റൊരു ലോകത്തുമാണ് എന്നുള്ളതാണ്. ദരിദ്രരെ അവരുടെ സ്വന്തം കഴിവുകേടുകൊണ്ട് ദരിദ്രരായി എന്നും, ധനികനെ അവന്‍റെ കഴിവുകൊണ്ട് അവന്‍ ധനികനായി എന്നും നോക്കിക്കാണുന്നവര്‍ക്ക് എങ്ങനെ സാമ്പത്തിക അസമത്വവും അനീതിയും ഉന്മൂലനം ചെയ്യാന്‍ സാധിക്കും. ഭൗതിക ജീവിതത്തിനപ്പുറം ഇനിയൊരു ലോകമില്ല എന്ന് വിശ്വസിക്കുന്നവര്‍ക്കെങ്ങനെ സാമ്പത്തിക അരാജകത്വത്തിനും, കുത്തകകള്‍ക്കുമെതിരെ ശബ്ദിക്കാന്‍ സാധിക്കും. ഒരാള്‍ ഇവിടെയുള്ള നിയമങ്ങളെ കബളിപ്പിച്ചോ സ്വാധീനിച്ചോ  അന്യന്‍റെ അവകാശങ്ങള്‍ പിടിച്ചെടുത്ത് ജീവിക്കുമ്പോ അതവന്‍റെ കഴിവും അതിനെതിരെ പ്രതികരിക്കാന്‍ സാധിക്കാത്തത് പീഡിതന്‍റെ കഴിവുകേടുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെ അക്രമികളെ ഇല്ലായ്മ ചെയ്യാനാവും. എങ്ങനെ സുരക്ഷിതത്വം സ്ഥാപിക്കാനാകും.

ഇവരുടെ പൂര്‍വികര്‍ മുന്നോട്ട് വച്ച ഏത് പ്രത്യയ ശാസ്ത്രത്തിനാ മനുഷ്യനെ സേവിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ?!. ഒരുകാലത്ത് സാമ്പത്തിക ഉന്നതിയുടെ പര്യായമായ ഗ്രീസ് ഇന്ന് കുപ്പത്തൊട്ടിയായി മാറി എന്നതാണോ നിങ്ങള്‍ പറയുന്ന നേട്ടം ?!. അമേരിക്കയില്‍ നിന്നും പുറത്ത് പോയ ഡോളറുകള്‍ എന്ന് അമേരിക്കയില്‍ തിരിച്ച് വരുന്നുവോ അന്ന് അമേരിക്ക തകരും എന്ന വസ്തുത മനസ്സിലാക്കി രാജ്യങ്ങളെ തമ്മിലടിപ്പിച്ച് തങ്ങളുടെ നിലനില്‍പ് ഉറപ്പുവരുത്തുക എന്നതാണോ നേട്ടം ?!. പ്രായാധിക്യം കൊണ്ട് വീട്ടിലിരിക്കേണ്ട പ്രായത്തില്‍ 80കള്‍ പിന്നിട്ടവനും ജോലിയെടുക്കാതെ ഭക്ഷിക്കാന്‍ സാധിക്കില്ലയെന്ന യൂറോപ്പ്യന്‍ രാഷ്ട്രങ്ങളുടെ സാഹചര്യമാണോ നേട്ടം ?. ഉല്പാദനക്ഷമരല്ലാത്ത വൃദ്ധന്മാരെ അധികപ്പറ്റായിക്കാണുന്ന, തൊഴിലാളി വര്‍ഗത്തെ അഭിപ്രായസ്വാതന്ത്ര്യം പോലും ഹനിച്ച് അടിമപ്പണി ചെയ്യിക്കുന്ന ചൈനയാണോ നേട്ടം ?. ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യാന്‍ സാധിക്കാതെ നമ്മുടെ ഇന്ത്യയില്‍ പോലും നല്ലൊരു വിഭാഗം ജനങ്ങളെ പട്ടിണിയും പരിവട്ടവും സേവിച്ച് മൂലക്കിരുത്തിയതാണോ നേട്ടം ?. ഇതൊക്കെ മുതലാളിത്തത്തിന്‍റെ മാത്രം തലയിലിട്ട് തടിതപ്പാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ ?. കാപിറ്റലിസവും സോഷ്യലിസവുമെല്ലാം നിരീശ്വരവാദമെന്ന ഒരമ്മ പെറ്റ മക്കള്‍ തന്നെയല്ലേ. ഈ ലോകം ഇവിടം കൊണ്ട് അവസാനിക്കുമെങ്കില്‍, പരലോക ജീവിതം യാഥാര്‍ത്ഥ്യമല്ലെങ്കില്‍ പിന്നെ മുതലാളിത്തം വഴി ആസ്വാദനം കണ്ടെത്തുന്നവന്‍ അവന്‍ ചെയ്യുന്നത് ന്യായീകരിക്കുന്നുവെങ്കില്‍ അതിലെന്താണ് തെറ്റ്. നിരീശ്വരവാദിയുടെ ഭാഷയില്‍ അതവന്‍റെ കഴിവായല്ലേ പരിഗണിക്കപ്പെടേണ്ടത് ?!.

 അവിടെയാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ വ്യത്യസ്ഥമാകുന്നത്. അത് അടിസ്ഥാനപരമായി ഏകദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായുള്ളതാണ്. അത് സമ്പത്തിനെ അല്ലാഹു (ഏകദൈവം) ഏല്‍പ്പിച്ച ഉത്തരവാദിത്വമായി കാണാന്‍ മനുഷ്യനെ പഠിപ്പിക്കുന്നു. മറ്റൊരാളുടെ അവകാശങ്ങള്‍ തുടങ്ങുന്നിടത്ത് തന്‍റെ അവകാശങ്ങള്‍ അവസാനിക്കുന്നുവെന്ന് പഠിപ്പിക്കുന്നു. ദരിദ്രനെ മാനിക്കണമെന്നും അവരെ പരിഗണിക്കണമെന്നും പഠിപ്പിക്കുന്നു. സൃഷ്ടാവ് നല്‍കിയതാകയാല്‍ സമ്പത്തിനെ അന്യായമായി ചിലവഴിക്കരുതെന്നും, ആ സമ്പത്ത് സമ്പാദിക്കുമ്പോഴും വിനിയോഗിക്കുമ്പോഴും അതില്‍ ദൈവിക നിയമങ്ങള്‍ പാലിക്കണമെന്നും സമ്പദ് രംഗത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും പഠിപ്പിക്കുന്നു. പലിശ, വഞ്ചന, ചതി, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, അന്യന്‍റെ സ്വത്ത് അപഹരിക്കല്‍, കളവ്, മോഷണം, പൂഴ്ത്തിവെപ്പ്, ചൂതാട്ടം, ഊഹക്കച്ചവടം തുടങ്ങി ഇസ്‌ലാം വിരോധിച്ച എന്തെല്ലാം കാര്യങ്ങളുണ്ടോ അവയെല്ലാം  സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. ഇത് പരസ്യമായി സാമ്പത്തിക വിദഗ്ദര്‍ അംഗീകരിക്കുന്ന കാര്യവുമാണ്. ധനികന്‍ ദരിദ്രന് നല്‍കേണ്ട നിര്‍ബന്ധ വിഹിതമായ സകാത്ത്, ഏറെ പ്രതിഫലാര്‍ഹമായി പ്രോത്സാഹിപ്പിക്കപ്പെട്ട ദാനധര്‍മ്മങ്ങള്‍, പൊതു ആവശ്യത്തിനുപോലും തന്റെ വസ്തു നല്‍കുവാന്‍ നിരുപാധികം സാധിക്കുന്ന വഖഫ്, നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള കച്ചവടം, പരസഹായം, സാമൂഹ്യനീതി തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍ ഇസ്‌ലാം നിര്‍ബന്ധമാക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ അവയെല്ലാം സാമ്പത്തിക രംഗത്തെ പരിപോഷിപ്പിക്കുന്നതായും കാണാന്‍ സാധിക്കും. അതെ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും കൃത്യമായി നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ളതാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ. പരലോക ജീവിതത്തിലുള്ള വിശ്വാസവും, ഭൗതിക കോടതിയില്‍ രക്ഷപ്പെട്ടാലും നാളെ തന്റെ സൃഷ്ടാവിന്‍റെ കോടതിയില്‍ പിടിക്കപ്പെടും എന്ന അടിയുറച്ച വിശ്വാസം ഇതാണ് ആ നിയമങ്ങള്‍ അനുസരിക്കാന്‍ ഓരോ വിശ്വാസിയെയും പ്രേരിപ്പിക്കുന്ന ഘടകം. ഒരു സമ്പദ് വ്യവസ്ഥയുടെ ലക്ഷ്യങ്ങളും അതിനുള്ള മാര്‍ഗങ്ങളും സംഗമിക്കുന്നത് ഇവിടെയാണ്‌.

ഇത്തരത്തിലുള്ള ഒരുസമ്പദ് വ്യവസ്ഥയെയും ഭൗതിക സുഖങ്ങളെ മാത്രം മുന്നില്‍ക്കണ്ട് ഉണ്ടാക്കപ്പെട്ട കേവലം മനുഷ്യനിര്‍മിതമായ സമ്പദ് വ്യവസ്ഥകളെയും ഒരേ ആലയില്‍ക്കെട്ടാന്‍ എങ്ങനെ സാധിക്കും ?. അതിനാര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അതൊരു നിരീശ്വരവാദിക്കേ സാധിക്കൂ… ദൈവമില്ല… പരലോക ജീവിതമില്ല… തനിക്കാരോടും കടപ്പാടില്ല… തന്‍റെ വാക്കിലോ പ്രവര്‍ത്തിയിലോ യാതൊരു പ്രതിബദ്ധതയുമുണ്ടാകേണ്ടതില്ല…   പറയുന്ന വാക്കുകള്‍ക്കോ ചെയ്യുന്ന പ്രവര്‍ത്തിക്കോ  ഞാന്‍ ഉത്തരവാദിയല്ല… തന്‍റെ മരണത്തോടെ എല്ലാം അവസാനിക്കും… അതുവരെ തനിക്ക് സുഖിച്ച് ജീവിക്കണം… എന്നെല്ലാം കരുതുന്ന ഒരാള്‍ക്ക് എന്തും പറയാമല്ലോ …

മുതലാളിത്തവും സോഷ്യലിസവും തമ്മില്‍ഒരുപാട് യുദ്ധങ്ങളും കലഹങ്ങളും ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. രണ്ടും യഥാര്‍ത്ഥത്തില്‍ നേരത്തെ പറഞ്ഞ നിരീശ്വര വാദം ഇരട്ടപെറ്റ മക്കളാണ്. ഈ ജീവിതമാണ്‌ എല്ലാം ഇതിനപ്പുറം ഒരു ജീവിതമില്ല എന്ന് മനസ്സിലാക്കിയ ഒരു പറ്റം നിരീശ്വരവാദികള്‍ തൊഴിലാളി സമൂഹത്തെ അടിച്ചമര്‍ത്തി തങ്ങളുടെ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തി. സ്വകാര്യ സ്വത്തുക്കളെ പ്രോത്സാഹിപ്പിക്കുക എന്നതും സംരക്ഷിക്കുക എന്നതുമാണ്‌ സാമ്പത്തിക ഉന്നമനത്തിനുള്ള മാര്‍ഗം എന്നതായിരുന്നു അവരുടെ വീക്ഷണം. അതിനെതിരെ നിരീശ്വരവാദം വഴിയാധാരമാക്കിയ മറ്റൊരു വിഭാഗം  സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി കടന്നുവന്നു. സ്വകാര്യ സ്വത്തുക്കളാണ് എല്ലാ പ്രശ്നത്തിനും കാരണം എന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. ഒരു കൂട്ടര്‍ സകാര്യ സ്വത്തുക്കളെ മാത്രം പരിപോഷിപ്പിക്കാനും പൊതു സ്വത്തുക്കളെ വെട്ടിപ്പിടിക്കാനും തങ്ങളുടെ കാല്‍കീഴിലാക്കാനും മത്സരിച്ചു. മറ്റൊരു കൂട്ടര്‍ സ്വകാര്യ സ്വത്തുക്കളെ നിര്‍മാര്‍ജനം ചെയ്യാനും മുതലാളിമാരോട് പകരം വീട്ടാനും രംഗത്ത് വന്നു. മരണത്തോടെ എല്ലാം തീരുമെന്ന് ധരിച്ചത് കൊണ്ട് ഓരോരുത്തരും തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്ന മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചു. ‘ലക്ഷ്യം നന്നായാല്‍ മാര്‍ഗം പ്രശ്നമല്ല’ എന്ന ഇവരുടെ  സമവാക്യം ഉത്ഭവിച്ചത് അവിടെ നിന്നായിരിക്കാം…

എന്നാല്‍ വളരെ ലളിതമായ ഒരടിസ്ഥാന തത്വത്തിലൂടെ ഇസ്‌ലാം ഇരുകൂട്ടരുടെയും വാദങ്ങള്‍ക്ക് മറുപടി നല്‍കി. “സ്വകാര്യ  സ്വത്തുക്കളും, പൊതുസ്വത്തുക്കളും ഒരുപോലെ സംരക്ഷിക്കപ്പെടണം. എന്നാല്‍ സ്വകാര്യ താല്പര്യങ്ങള്‍ പൊതു താല്പര്യങ്ങളോട് വൈരുദ്ധ്യാധിഷ്ടിതമായി വരുന്ന സാഹചര്യങ്ങളില്‍ പൊതു താല്പര്യത്തിന് മുന്‍ഗണന നല്‍കണം”. അതല്ലാതെ പൊതു സ്വത്തുക്കള്‍ ഇല്ലാതാകുന്നത് കൊണ്ടോ, സ്വകാര്യ സ്വത്തുക്കള്‍ ഇല്ലാതാകുന്നത് കൊണ്ടോ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല.

അതിനാല്‍ത്തന്നെ മനുഷ്യന്‍ മനുഷ്യനാവുക. അഥവാ തന്നെ സൃഷ്ടിച്ച ഏകനായ സൃഷ്ടാവില്‍ വിശ്വസിച്ച്, സൃഷ്ടാവിന്‍റെ നിയമ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട്, തന്‍റെ സൃഷ്ടാവിനോടും, മതത്തോടും, സഹജീവികളോടും, നാടിനോടുമുള്ള കടപ്പാടുകളും അവകാശങ്ങളും മനസ്സിലാക്കി ജീവിക്കാന്‍ തയ്യാറായാല്‍ അവിടെ പ്രശ്നങ്ങള്‍ അവസാനിക്കും. പ്രതിസന്ധികള്‍ നീങ്ങും. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായി മാറും… ഇല്ലയെങ്കില്‍ അവന്‍ അധപതിച്ചു കൊണ്ടേയിരിക്കും…

നബി (സ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ : പ്രവാച്ചകത്വത്തില്‍ നിന്നും മനുഷ്യന് ലഭിച്ച ബാലപാഠം തന്നെ : “നിന്നെ സൃഷ്ടിച്ച സൃഷ്ടാവില്‍ നിന്നും നീ ലജ്ജിക്കുന്നില്ലയെങ്കില്‍ പിന്നെ നീയെന്തും ചെയ്തുകൊള്ളുക.”  എന്നുള്ളതാണ്….

സൃഷ്ടാവില്‍ നിന്നും ലജ്ജിക്കാത്തവന്‍ പിന്നെ സൃഷ്ടികളെ മാനിച്ച് തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കും എന്ന് സ്വാഭാവികമായും കരുതേണ്ടതില്ലല്ലോ …..


അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com


ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?​

ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്ന് ലോകത്ത് പൂരിഭാഗമുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങളും അനിസ്ലാമികമാണ്. പ്രത്യേകിച്ച് നമ്മുടെ നാട്ടിലുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍. നാട്ടില്‍ ഇന്ന് ലഭ്യമായ ഇന്‍ഷുറന്‍സ് സംവിധാനങ്ങളില്‍  ഇസ്‌ലാമികമായി അനുവദനീയമായ ഏതെങ്കിലും ഒന്നുള്ളതായി എനിക്കറിയില്ല.

സാധാരണ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സുകള്‍ അനിസ്ലാമികമാണ് എന്ന് പറയാന്‍ ഒരുപാട് കാരണങ്ങളുണ്ട്.

ഒന്ന്: അതില്‍ ചൂതാട്ടം അടങ്ങിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് സംവിധാനത്തിന്‍റെ പ്രവര്‍ത്തന രീതി മനസ്സിലാക്കിയാല്‍ അത് വ്യക്തമാകും. ഉദാ: കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് വാഹന മാര്‍ഗം പോകുന്ന ഒരാള്‍ ഒരു സ്ഥാപനത്തെയോ ഒരു വ്യക്തിയെയോ ആയിരം രൂപ ഏല്പിക്കുന്നു. താന്‍ സുരക്ഷിതമായി ഡല്‍ഹിയില്‍ എത്തിയാല്‍ ആ ആയിരം രൂപ ആ വ്യക്തിക്ക് അതല്ലെങ്കില്‍ സ്ഥാപനത്തിന് എടുക്കാം. തനിക്ക് വല്ല അപകടവും സംഭവിച്ചാല്‍ അതിന്‍റെ നഷ്ടപരിഹാരം നല്‍കണം. ഇവിടെ രണ്ടിലൊരാള്‍ പണത്തിനായി തന്‍റെ ഭാഗ്യ പരീക്ഷണം നടത്തുകയാണ്. ഈ രണ്ടു പേരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ ഇടപാട് കൊണ്ട് ലാഭമുണ്ടാകും. അതുപോലെ ഒരാള്‍ക്ക് നഷ്ടവും. ഇത് ചൂതാട്ടമാണ് എന്നത് വിശദീകരിക്കേണ്ട ആവശ്യമുണ്ട് എന്ന് കരുതുന്നില്ല.

രണ്ട്: അതില്‍ പലിശയുണ്ട്. കാരണം താന്‍ ഒരാള്‍ക്ക് നല്‍കുന്ന പണം തിരികെ നല്‍കണം എന്ന് ഒരാള്‍ ആവശ്യപ്പെടുകയാണ് എങ്കില്‍ അത് കര്‍മശാസ്ത്ര വീക്ഷണത്തില്‍ കടമാണ്. തിരികെത്തരണം എന്ന ഉപാതിയോടെ ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കിയ പണത്തിന് പുറമെ മറ്റെന്ത് നല്‍കണമെന്ന്  അയാളോട് ഉപാതി വെക്കുകയാനെങ്കിലും അത് പലിശ ഇനത്തില്‍ പെടും. കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ: മുന്‍ധാരണപ്രകാരം  നല്‍കിയതില്‍ കൂടുതല്‍ വല്ലതും തിരികെ ഈടാക്കുന്ന എല്ലാ കടവും പലിശയാണ്’. അതിനാല്‍ത്തന്നെ അപകട സമയത്ത് താന്‍ നല്‍കിയ പണവും അതില്‍കൂടുതലും തിരികെ നല്‍കണമെന്ന ഉപാതിപ്രകാരമുള്ള കരാര്‍ പലിശക്കരാറാണ്. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഇത്തരത്തില്‍ പലിശ അടങ്ങിയതിനാല്‍ത്തന്നെ അത് നിഷിദ്ധവുമാണ് . 

ഇതില്‍പുറമെ ഇനിയും കാരണങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിച്ചതായിക്കാണാം.

ഇന്ത്യയെ പോലെയുള്ള ഇസ്‌ലാമിക ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ നിലവിലില്ലാത്ത രാജ്യങ്ങളിലെ ആളുകള്‍ ഇനിയെന്ത് ചെയ്യും എന്നതാണ് അടുത്ത ചോദ്യം : 

നമ്മുടെ നാടിനെപ്പോലെ ചില രാജ്യങ്ങളില്‍ വാഹന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്‌. അതാകട്ടെ അനിസ്‌ലാമിക രീതിയിലുള്ള ഇന്‍ഷുറന്‍സ് സംവിധാനവും. ചില രാജ്യങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്‌. ഇങ്ങനെ പല രാജ്യങ്ങളും പല രൂപത്തിലുള്ള ഇന്‍ഷുറന്‍സ് സ്കീമുകളും എടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു.

ഇസ്‌ലാമികമായ ഒരു സംവിധാനം നിലവിലുള്ള നാടാണ് എങ്കില്‍ അവിടെ ആ ഒരു സംവിധാനത്തില്‍ മാത്രമേ പോളിസി എടുക്കാവൂ. എന്നാല്‍ ഇസ്‌ലാമികമായ ഒരു സംവിധാനം ഇല്ലെങ്കിലോ ?!. അത്തരം ഒരു സാഹചര്യത്തെയാണ് നാം ചര്‍ച്ച ചെയ്യുന്നത്.

അത്തരം ഒരു സാഹചര്യത്തില്‍ ഒരു മുസ്‌ലിം എടുക്കേണ്ട നിലപാട് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്:

ഒന്ന്: നിയമം കൊണ്ടും അധികാരം കൊണ്ടും നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ ഇല്ലെങ്കില്‍ ഒരിക്കലും അനിസ്‌ലാമികമായ ഒരു പോളിസിയിലും  അംഗമാകാന്‍ പാടില്ല. അംഗമായവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പോളിസി കേന്‍സല്‍ ചെയ്യണം. ഇനി ഇതുവരെ അടച്ച പണം നഷ്ടപ്പെട്ടാല്‍ പോലും.

രണ്ട്: നിയമം കൊണ്ട് ഭരണകൂടം നിര്‍ബന്ധിക്കുന്ന ഒന്നാണ് എങ്കില്‍ (ഉദാ: നമ്മുടെ നാട്ടിലെ വാഹന ഇന്‍ഷുറന്‍സ്) അതില്‍ ഏറ്റവും ചുരുങ്ങിയ പോളിസി മാത്രം എടുക്കുക. അഥവാ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം. കാരണം കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഒരാള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അംഗമായാല്‍ത്തന്നെ അടച്ച പണത്തേക്കാള്‍ കൂടുതല്‍ യാതൊന്നും തിരിച്ച് ഈടാക്കാന്‍ ഇസ്‌ലാമികമായി അയാള്‍ക്ക് അനുവാദമില്ല. ഇനി ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കല്‍ ഒരു രാജ്യം നിര്‍ബന്ധമാക്കി എന്നിരിക്കട്ടെ ഇസ്‌ലാമിക സംവിധാനമല്ലെങ്കില്‍ അടച്ച പണത്തെക്കാള്‍ യാതൊന്നും ഈടാക്കാന്‍ അയാള്‍ക്ക് അനുവാദമില്ല. പോളിസിയില്‍ പങ്കാളിയാകാന്‍ തന്നെ അനുവദിക്കപ്പെട്ടത് നിര്‍ബന്ധിത സാഹചര്യം മാത്രം പരിഗണിച്ചുകൊണ്ടാണ്. അപ്പോള്‍ പിന്നെ അടച്ചതില്‍ കൂടുതല്‍ ഈടാക്കുക മാത്രമല്ല, വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചാല്‍ കുറച്ചുകൂടി കേടുപാടുകള്‍ മനപ്പൂര്‍വം വരുത്തി മൊത്തത്തില്‍ ക്ലൈം ചെയ്തെടുക്കുന്ന നാട്ടിലെ പതിവ് കാഴ്ചയെക്കുറിച്ച് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അംഗമായ ഒരാള്‍ക്ക് പോളിസിയുടെ ഭാഗമായി അടച്ച സംഖ്യയില്‍ കൂടുതല്‍ യാതൊന്നും തന്നെ ഇടാക്കല്‍ അനുവദനീയമല്ല. അത് പലിശ ഇനത്തിലാണ് ഉള്‍പ്പെടുക. അപ്രകാരം ചെയ്ത് പോയവര്‍ ഉണ്ടെങ്കില്‍ അവര്‍ തൗബ ചെയ്ത് മടങ്ങണം അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കിത്തരുമാറാകട്ടെ.

എന്നാല്‍ ഇവിടെ പരാമര്‍ശിക്കപ്പെടേണ്ട സുപ്രധാനമായ ഒരു കാര്യമുണ്ട്  മറ്റൊരാള്‍ മൂലം തനിക്ക് സംഭവിച്ച കേടുപാടുകള്‍ക്ക് അയാളില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാനുണ്ടെങ്കില്‍, അത് തനിക്ക് നല്‍കുന്നത് അയാളാണോ, അതല്ല അയാള്‍ പങ്കാളിയായ ഇന്‍ഷുറന്‍സ് കമ്പനിയാണോ എന്ന് ഞാന്‍ അന്വേഷിക്കേണ്ടതില്ല. കാരണം ഞാന്‍ നഷ്ടപരിഹാരത്തുക അര്‍ഹിക്കുന്നവനാണ്. അയാള്‍ അനിസ്‌ലാമികമായ മാര്‍ഗേണയാണ് അത് എനിക്ക് നല്‍കുന്നത് എങ്കില്‍ അതില്‍ അയാളാണ് കുറ്റക്കാരന്‍. ഇനി പോളിസി നിര്‍ബന്ധമാക്കുകയും നഷ്ടപരിഹാരത്തുക കോടതി മുഖാന്തരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ട് ഈടാക്കുകയും ചെയ്യുന്ന നിയമം (തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി പോലെ)  ആണ് ഉള്ളതെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ പോളിസി എടുത്തവനെയും കുറ്റക്കാരന്‍ എന്ന് പറയാന്‍ സാധിക്കില്ല. കാരണം അവന്‍ അടച്ചതില്‍ കൂടുതല്‍ ക്ലൈം ചെയ്യാന്‍ ഉദ്ദേശിച്ചില്ലയെങ്കിലും കേസ് മുഖാന്തരം അത് സംഭവിക്കും.

മൂന്ന്: തന്‍റെ രാജ്യത്ത് ഇസ്‌ലാമിക നിയമപ്രകാരം നിഷിദ്ധങ്ങള്‍ കടന്നുവരാത്ത  ഒരു സംവിധാനമുണ്ടാക്കുവാന്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. സത്യസന്ധമായ പരിശ്രമം നമ്മുടെ ഭാഗത്ത് നിന്നുണ്ടായാല്‍ വഴി തുറന്നുതരും എന്നത് അല്ലാഹുവിന്‍റെ വാഗ്ദാനമാണല്ലോ. കൂടുതല്‍ ബോധവല്‍ക്കരണ പ്രോഗ്രാമുകള്‍ ഇന്‍ ഷാ അല്ലാഹ് അതുമായി ബന്ധപ്പെട്ട് നടത്തണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.

ഇസ്‌ലാമികമായി അനുവദനീയമായ തരത്തിലുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിലവിലുണ്ട് അത്  മറ്റൊരവസരത്തില്‍ വ്യക്തമാക്കാം ഇന്‍ ഷാ അല്ലാഹ് …

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

കൃഷി ഒരു സല്‍കര്‍മ്മമാണോ ?. വിളവില്‍ നിന്നുള്ള വിഹിതം പ്രതിഫലമായി ഈടാക്കി കൃഷിഭൂമി കൃഷിക്കായി നല്‍കാമോ ?.

കൃഷി ഒരു സല്‍കര്‍മ്മമാണോ ?. വിളവില്‍ നിന്നുള്ള വിഹിതം പ്രതിഫലമായി ഈടാക്കി കൃഷിഭൂമി കൃഷിക്കായി നല്‍കാമോ ?

بسم الله ، الحمد لله ، والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

 

കൃഷിഭൂമി ഉല്പാദന ക്ഷമമാക്കുന്നതും പ്രയോജനപ്പെടുത്തുന്നതും ഏറെ പ്രതിഫലാര്‍ഹാമായ കാര്യമാണ്.”ഏറ്റവും നല്ല സമ്പാദ്യം ഒരാള്‍ തന്‍റെ  കൈകൊണ്ട് അദ്ധ്വാനിച്ച് ഭക്ഷിക്കുന്നതാണ്” എന്ന് നബി (സ) പറഞ്ഞതായി സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. മാത്രമല്ല മനുഷ്യന്‍റെ നിലനില്‍പിന് ഭക്ഷ്യസുരക്ഷ ഒരവിഭാജ്യ ഘടകമാണ്. ഭക്ഷ്യ സുരക്ഷ നടപ്പാക്കാനാകട്ടെ കൃഷിഭൂമികള്‍ സംരക്ഷിക്കപ്പെടുകയും ഉല്പാദനക്ഷാമമാക്കുകയും ചെയ്യല്‍ അനിവാര്യമാണ്. അല്ലാഹുവിന്‍റെ സൃഷ്ടികള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യല്‍ അത്യധികം പ്രതിഫലാര്‍ഹമാണ്.

عن أنس رضي الله عنه، عن النبي صلى الله عليه وسلم قال : ما من مسلم يغرس غرسا أو يزرع زرعا فيأكل منه إنسان أو بهيمة إلا كان له به صدقة.

അനസ് (റ) നിവേദനം. നബി (സ) പറഞ്ഞു: “ഏതൊരു മുസ്‌ലിമും വല്ലതും നടുകയോ, കൃഷി ചെയ്യുകയോ ചെയ്‌താല്‍ അതില്‍ നിന്നും ഒരു മനുഷ്യനോ, പക്ഷിമൃഗാതികാളോ ഭക്ഷിക്കുന്ന പക്ഷം അതവന് സ്വദഖയായി രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല.” – [ബുഖാരി 5/3. മുസ്‌ലിം: 3/1189].

കൃഷിഭൂമിയുള്ളവര്‍ സ്വയം കൃഷി ചെയ്യട്ടെ, അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കട്ടെ. അതല്ലാതെ അവ ഉപയോഗശൂന്യമാക്കി ഇടുന്നത് ഒരിക്കലും ശരിയല്ല. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അവ അല്ലാഹു അനുവദിച്ച മാര്‍ഗത്തിലും അല്ലാഹുവിന്‍റെ സൃഷ്ടിജാലങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മാര്‍ഗത്തിലും ഉപയോഗപ്പെടുത്തുക എന്നത് അതി പ്രതിഫലാര്‍ഹാമായ കാര്യമാണ്. എന്നാല്‍ അത്തരം അനുഗ്രഹങ്ങളെ ഉപയോഗ ശൂന്യമാക്കി നശിപ്പിക്കുക എന്നത് സമൂഹത്തോടും, അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോടും ചെയ്യുന്ന അനീതിയാണ്.

വ്യക്തി താല്പര്യങ്ങള്‍ പൊതു താല്പര്യത്തിന് വൈരുദ്ധ്യമായി വന്നാല്‍ പൊതു താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്നത് കര്‍മശാസ്ത്രത്തിലെ ഒരടിസ്ഥാന തത്വമാണ്. അതിനാല്‍ത്തന്നെ കൃഷിഭൂമികള്‍ അന്യാധീനപ്പെട്ടു പോകാനും അത് ഉല്പാദനക്ഷമമല്ലാതായി മാറാനും ഇടവരുത്തുന്ന കാര്യങ്ങളില്‍ നിന്നും നമ്മള്‍ വിട്ടുനില്‍ക്കണം. ഗവര്‍ന്മെന്റുകള്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.

തന്‍റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രമല്ല സമൂഹ നന്മയും കാംക്ഷിച്ചുകൊണ്ടാകണം ഒരാളുടെ പ്രവര്‍ത്തനങ്ങള്‍. തനിക്കൊരിക്കലും പ്രയോജനപ്പെടില്ല എന്ന് ഉറപ്പുള്ളപ്പോള്‍ പോലും തന്‍റെ കവൈശമുള്ള വിത്തൊരാള്‍ പാകണമെന്നാണ് മഹാനായ റസൂല്‍(സ) പഠിപ്പിച്ചത്.  എത്രത്തോളമെന്നാല്‍ നബി (സ) യില്‍ നിന്നും സ്വഹീഹായി വന്ന ഒരു ഹദീസില്‍ നമുക്ക് കാണാം:

عن أنس بن مالك رضي الله عنه، عن النبي صلى الله عليه وسلم قال: إن قامت الساعة وفي يـد أحدكم فسيلة، فإن استطاع أن لا تقوم حتى يغرسهـا فليغرسها.

 

അനസ് ബിന്‍ മാലിക് (റ) വില്‍ നിന്നും നിവേദനം:നബി(ﷺ)  പറഞ്ഞു: “അന്ത്യദിനം വന്നെത്തുമ്പോള്‍ നിങ്ങളിലൊരാളുടെ കൈവശം ഒരു വിത്തുണ്ടെങ്കില്‍, അത് സംഭവിക്കുന്നതിനു മുന്‍പായി അയാള്‍ക്കത് നടാന്‍  സാധിക്കുമെങ്കില്‍, അതയാള്‍ നടട്ടെ” – [ബുഖാരി, അദബുല്‍ മുഫ്രദ് പേജ്:97, സില്‍സിലതുല്‍ അഹാദീസുസ്വഹീഹ : 1/11-13].  

സ്വാര്‍ത്ഥ മനോഭാവത്തോടു കൂടി മാത്രം കാര്യങ്ങള്‍ ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന പുതുതലമുറയുടെ മുന്നില്‍ ചില്ലിട്ട് സൂക്ഷിച്ച് വെക്കേണ്ട മൊഴിമുത്താണ് ഈ ഹദീസ്. അതെ, ‘തനിക്കൊരിക്കലും പ്രയോജനപ്പെടില്ലെന്ന് ഉറപ്പായാല്‍ പോലും, ഒരു നന്മയില്‍ നിന്നും പിന്തിരിയാന്‍ പാടില്ല’ എന്ന വലിയൊരാശയം ഈ ഹദീസ് നമ്മളെ പഠിപ്പിക്കുന്നു. അതോടൊപ്പം മരം നടുന്നത് ഒരു നന്മയാണ് എന്നും, അത് തനിക്ക് അനുഭവിക്കാനായാലും ഇല്ലെങ്കിലും അതിന്‍റെ പ്രതിഫലം തനിക്ക് ലഭിക്കുമെന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും അവസാന നിമിഷത്തില്‍ പോലും കൈവിടരുതെന്നും, ഈ ലോകം ഇവിടെ അവസാനിക്കുന്നില്ലെന്നതിനാല്‍ ഇവിടെ ചെയ്യുന്ന തിന്മകള്‍ക്ക് ചോദ്യം ചെയ്യപ്പെടുമെന്ന പോലെ നന്മകള്‍ക്കും, നന്മ ചെയ്യാന്‍ വേണ്ടി തുടങ്ങി വെക്കുന്ന ചവിട്ടുപടികള്‍ക്കും അല്ലാഹു അതിമഹത്തായ പ്രതിഫലം നല്‍കുമെന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ഒരുപാട് വിശദീകരിക്കപ്പെടേണ്ട അതിമഹത്തായ ഹദീസ് ആണ് എങ്കില്‍ക്കൂടി സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ ഉണര്‍ത്തി എന്ന് മാത്രം. അന്ത്യദിനം സംഭവിക്കുമെന്നത് കണ്‍മുന്നില്‍ കാണുന്ന വേളയില്‍ പോലും കൈവശമുള്ള വിത്ത് പാകണം എന്ന് റസൂല്‍ (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, അകാരണമായി കൃഷിഭൂമികള്‍ നശിപ്പിക്കുന്നത് എത്ര ഗൗരവപരമാണ് എന്നോര്‍ത്ത് നോക്കൂ.

സലഫുസ്സ്വാലിഹീങ്ങളുടെ ചര്യ പിന്തുടരുന്ന സലഫികളാണല്ലോ നാം. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്‍റെ കൃഷിയോടുള്ള സമീപന, ഇമാറ ബ്ന്‍ ഖുസൈമ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഉമറുബ്നുല്‍ ഖത്താബ് (റ) എന്‍റെ പിതാവിനോട് പറയുന്നതായി ഞാന്‍ കേട്ടു: താങ്കള്‍ എന്തായാലും താങ്കളുടെ ഭൂമി കൃഷി ചെയ്യണമെന്നത് ഞാന്‍ തീരുമാനമെടുത്തിരിക്കുന്നു. അപ്പോള്‍ എന്‍റെ പിതാവ് പറഞ്ഞു: ഞാന്‍ വളരെ പ്രായാധിക്യം ചെന്ന, നാളെ മരിക്കാനിരിക്കുന്ന ഒരാളാണ്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: എങ്കിലും അങ്ങത് കൃഷി ചെയ്യണം എന്ന് തന്നെ ഞാന്‍ തറപ്പിച്ച് പറയുന്നു. അങ്ങനെ എന്‍റെ പിതാവിനോടൊപ്പം ഉമറുബ്നുല്‍ ഖത്താബ് (റ) അവ നടുന്നത്  ഞാന്‍ കണ്ടു.” – [സില്‍സിലതുല്‍ അഹാദീസുസ്വഹീഹ : 1/10]. ഒരുപാട് പാഠങ്ങള്‍ ഇതില്‍നിന്നും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഭരണാധികാരികള്‍ കൃഷിയെ പ്രോത്സാഹിപ്പിക്കണം. കൃഷി ഭൂമികള്‍ സംരക്ഷിക്കണം. അതിന് മാതൃക കാണിക്കുന്നവരാകണം. പ്രജകള്‍ക്ക് ഊര്‍ജവും ഉന്മേഷവും പകരണം. പറയുന്നത് സ്വയം ജീവിതത്തില്‍ ഉണ്ടാകണം. കൃഷി സലഫുകള്‍ അത്യധികം പ്രാധാന്യത്തോടെ കണ്ടിരുന്ന ഒരു കര്‍മ്മമാണ്‌… എന്നിങ്ങനെ ഒരുപാട് പാഠങ്ങള്‍.  

ഇമാം ശൗക്കാനി റഹിമഹുല്ല തന്‍റെ തഫ്സീറില്‍ പറയുന്നു: “മണ്ണില്‍ പണിയെടുക്കുന്നതും, ആളുകളെ സമീപിക്കാന്‍ ഇടവരുത്താതെ അതില്‍ നിന്ന് ലഭിക്കുന്നതുകൊണ്ട് തൃപ്തിയടയുന്നതും അതിമഹത്തായ സല്‍കര്‍മ്മമാണ്”. – [ഫത്ഹുല്‍ ഖദീര്‍: 5/313]. എന്നാല്‍ അത് പ്രതിഫലാര്‍ഹമായിത്തീരണമെങ്കില്‍ അത് ഇബാദത്തുകള്‍ക്ക് തടസ്സമാകുന്ന രൂപത്തിലുള്ള കേവല ഭൗതിക നേട്ടങ്ങള്‍ മാത്രം ആഗ്രഹിച്ചുകൊണ്ടുള്ള ഒരു കൃഷിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ നിസ്വാബ് എത്തുന്നുണ്ടെങ്കില്‍ സകാത്തും കൃത്യമായി നല്‍കണം. കൃഷിയുടെ സകാത്ത് നേരത്തെ നമ്മള്‍ വിശദീകരിച്ചിട്ടുണ്ട് : വായിക്കാന്‍ ഈ ലിങ്കില്‍ പോകുക (കൃഷിയുടെ സകാത്ത്). 

“പണം നമുക്ക് ഭക്ഷിക്കാന്‍ കഴിയില്ല. ഭക്ഷിക്കണമെങ്കില്‍ അതിന് ഭക്ഷണം തന്നെ ഉല്പാദിപ്പിക്കപ്പെടണം” എന്ന തിരിച്ചറിവ് ഇത് വായിക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. പണത്തിനോടുള്ള അത്യാര്‍ത്തി കാരണം കൃഷിഭൂമി നശിപ്പിക്കുന്നവര്‍ക്കും, അവ കൃഷിചെയ്യാതെ ഉപയോഗശൂന്യമാക്കുന്നവര്‍ക്കും അല്ലാഹു സല്‍ബുദ്ധി നല്‍കുമാറാകട്ടെ… അല്ലാഹുമ്മ ആമീന്‍… 

രണ്ടാമത്തെ ചോദ്യം കൃഷിവിളയുടെ നിശ്ചിത ശതമാനം പ്രതിഫലമായി നിശ്ചയിച്ചുകൊണ്ട് കര്‍ഷകന് കൃഷി ചെയ്യാന്‍ നല്‍കുന്നതിനെ സംബന്ധിച്ചാണ്.

 വിളവില്‍ നിന്ന് ഇത്ര ശതമാനം കൃഷി ചെയ്യുന്ന ആള്‍ക്കും ഇത്ര ശതമാനം ഭൂമിയുടെ ഉടമസ്ഥനും എന്ന രൂപത്തില്‍ ഭൂമി കൃഷി ചെയ്യാന്‍ നല്‍കുന്നതില്‍ തെറ്റില്ല. മറിച്ച് അത് പ്രോത്സാഹനീയമാണ്. കൃഷി ഭൂമി ഉപയോഗശൂന്യമാക്കി നഷ്ടപ്പെടുത്താതെ സ്വയം കൃഷി ചെയ്യുകയോ, മറ്റുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കുകയോ ചെയ്യണം എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.

എന്നാല്‍ ഒരാള്‍ തന്റെ ഭൂമി കൃഷി ചെയ്യാന്‍ നല്‍കുമ്പോള്‍ അതിന്‍റെ ഇന്ന ഭാഗത്തുള്ള അല്ലെങ്കില്‍ ഇന്ന പറമ്പില്‍ ഉണ്ടാകുന്ന വിളകള്‍ തനിക്കും, ഇന്ന ഭാഗത്ത് ഉണ്ടാകുന്ന  വിളകള്‍ കൃഷി ചെയ്യുന്ന ആള്‍ക്കും എന്ന രൂപത്തില്‍ കൃഷിക്ക് നല്‍കാന്‍ പാടില്ല. കാരണം ഒരു പറമ്പിലെ വിള നശിക്കാനോ, ഉല്പാദനം കുറയാനോ ഒക്കെ സാധ്യത ഉണ്ടല്ലോ. അതിനാല്‍ത്തന്നെ നാശം സംഭവിക്കുന്ന ഭാഗത്തിന്‍റെ ആള്‍ക്ക് നഷ്ടം സംഭവിക്കാന്‍ അത് ഇടവരുത്തും. കര്‍ഷകന് നിര്‍ണ്ണയിക്കപ്പെട്ട ഭാഗത്തെ വിളകള്‍ ആണ് നശിച്ചതെങ്കില്‍ അയാളുടെ അദ്ധ്വാനം വെറുതെയാകും. ഭൂവുടമയുടെ ഭാഗമാണ് നശിച്ചതെങ്കില്‍ അയാള്‍ കൃഷി ചെയ്യാന്‍ നല്കിയതും വെറുതെയാകും അതിനാല്‍ത്തന്നെ കൃഷി ചെയ്യാന്‍ നല്‍കുമ്പോള്‍ മൊത്തം വിളവെടുപ്പിന്റെ ഇത്ര ശതമാനം എന്ന തോതിലായിരിക്കണം ഓരോരുത്തരുടെയും വിഹിതം നിര്‍ണ്ണയിക്കേണ്ടത്.

ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് ഇത് സംബന്ധമായി ചോദിക്കപ്പെട്ട ഒരു ചോദ്യവും അതിനദ്ദേഹം നല്‍കിയ മറുപടിയും:

ചോദ്യം: എനിക്കൊരു കൃഷിഭൂമിയുണ്ട്. നൂറിന് ഇരുപത് ലീറ എന്ന തോതില്‍ ഒരു കര്‍ഷകന് അത് കൃഷി ചെയ്യാനായി നല്‍കി. ഇത് അനുവദനീയമാണോ ?. ഇത്തരം ഒരു കാര്‍ഷിക ഇടപാടിന് ശറഇയ്യായി എന്താണ് പറയുക ?.

ഉത്തരം: അതെ, അതനുവദനീയമാണ്. ഉല്‍പാദിപ്പിക്കപ്പെടുന്നതില്‍ നിന്നും ഒരു വിഹിതം പ്രതിഫലമായി കണക്കാക്കി കൃഷിഭൂമി മറ്റൊരാള്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കാവുന്നതാണ്. അഞ്ചിലൊന്ന് അഥവാ ഇരുപത് ശതമാനം, അഞ്ചില്‍ രണ്ട് അഥവാ നാല്‍പത് ശതമാനം, പകുതി അഥവാ അന്‍പത് ശതമാനം എന്നിങ്ങനെ മൊത്തം വിളവെടുപ്പില്‍ നിന്നുള്ള വിഹിതമായാണ് അത് നിശ്ചയിക്കേണ്ടത്. ഇപ്രകാരം വിളവെടുപ്പിന്‍റെ നിശ്ചിത വിഹിതം പ്രതിഫലമായി നിശ്ചയിച്ചുകൊണ്ട് കൃഷി ചെയ്യുന്നവര്‍ക്ക് നല്‍കാം എന്നതിനുള്ള തെളിവ്, ഖൈബര്‍ നബി (സ) സ്വതന്ത്രമാക്കിയപ്പോള്‍ അവിടെ ഉല്‍പാദിക്കപ്പെടുന്ന ധാന്യങ്ങളുടെയും ഫലവര്‍ഗങ്ങളുടെയും പകുതി പ്രതിഫലമായി നിശ്ചയിച്ചുകൊണ്ട് ഖൈബറിലെ കര്‍ഷകര്‍ക്ക് ഭൂമി കൃഷി ചെയ്യാന്‍ നല്‍കി. അതുകൊണ്ടുതന്നെ കൃഷിഭൂമി കൈവശമുള്ള ആള്‍ക്ക് മൊത്തം വിളവെടുപ്പിന്‍റെ നിശ്ചിത ശതമാനം പ്രതിഫലമായി നിര്‍ണ്ണയിച്ചുകൊണ്ട് കൃഷി ചെയ്യുന്നവര്‍ക്ക് നല്‍കാവുന്നതാണ്. ഇതിന് മുആമല (ഇടപാട്) എന്നും, മുസാറഅ (مزارعة) അഥവാ കൃഷിക്ക് നല്‍കല്‍ എന്നും പറയും. – [ഫതാവ നൂറുന്‍ അലദ്ദര്‍ബ്. കാസറ്റ് : 106].

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

കച്ചവടം ഒരു കര്‍മശാസ്ത്ര പഠനം – part 2. [ മതവിധി , നിബന്ധനകള്‍].

കച്ചവടം ഒരു കര്‍മശാസ്ത്ര പഠനം - part 2. [ മതവിധി , നിബന്ധനകള്‍].

കച്ചവടം – ഒരു കര്‍മശാസ്ത്ര പഠനം (Part 2)

================================

നമ്മള്‍ part 1 ല്‍ മനസ്സിലാക്കിയതിന്റെ തുടര്‍ച്ചയാണ് ഇവിടെ കുറിക്കുവാന്‍ പോവുന്നത്.

 

ഒരു കച്ചവടത്തിന്റെ ഹുക്മിനെക്കുറിച്ചും അത് സംബന്ധമായ വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശത്തെ പറ്റിയും, ഒരു കച്ചവടം ഇസ്‌ലാമികം ആവണമെങ്കില്‍ പാലിക്കേണ്ടേ നിബന്ധനകളെക്കുറിച്ചുമാണ്  ഇവിടെ വിശദീകരിക്കപ്പെടുന്നത് .. ഇന്‍ ഷാ അല്ലാഹ് ..

 

കച്ചവടത്തിന്റെ മതവിധി :

വിധി : അനുവദനീയം.

 

വിശുദ്ധ ഖുര്‍ആന്‍ വളരെ കൃത്യമായി കച്ചവടത്തിന്റെ മതവിധിയെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്.അല്ലാഹു പറയുന്നു :

وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا

“എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌ “.  [ سورة البقرة:275].

 

അല്ലാഹുവും റസൂലും വിരോധിച്ചത് ഒഴികെയുള്ള എല്ലാ കച്ചവടവും അനുവദനീയമാണ്. അഥവാ വിരോധങ്ങള്‍ കടന്നുവരാത്ത പക്ഷം അടിസ്ഥാനപരമായി മനുഷ്യന്റെ ഇടപാടുകളെല്ലാം അനുവദനീയമാണ്.

 

അതിനാല്‍ത്തന്നെ സ്വാഭാവികമായും ഓരോ രൂപത്തിലുള്ള കച്ചവടങ്ങള്‍ക്കും അവ  അനുവദനീയമാണ് എന്ന് പ്രസ്താവിക്കുന്ന പ്രത്യേക തെളിവ് ആവശ്യമില്ല. കാരണം അടിസ്ഥാനപരമായി കച്ചവടങ്ങള്‍ എല്ലാം അനുവദനീയമാണ് എന്ന് നാം പറഞ്ഞുവല്ലോ. എന്നാല്‍ ഒരു കച്ചവടം നിഷിദ്ധമാണ് എന്ന് പറയാന്‍ വ്യക്തമായ തെളിവ് ആവശ്യമാണ്‌താനും.

 

ഇവിടെ മുആമലാത്തുകള്‍ (കച്ചവടം അടക്കമുള്ള ഇടപാടുകള്‍) ആരാധനകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്എന്ന് മനസ്സിലാക്കാം.  ആരാധനകളില്‍ അവ ചെയ്യാന്‍ തെളിവ് ആവശ്യമാണ്‌ എങ്കില്‍, കച്ചവടകാര്യങ്ങളില്‍ ഒരുകാര്യം വിരോധിക്കുവാനാണ് തെളിവ് വേണ്ടത് എന്നര്‍ത്ഥം.

 

ഉദാ : ഒരാള്‍ അയാളുടെ സ്വന്തം ചിന്തയില്‍ നിന്നും ഒരു ആരാധനയുണ്ടാക്കിയാല്‍ അത് ബിദ്അത്താണ്.

 

مَنْ عَمِلَ عَمَلاً ليسَ عليه أمرُنا هذا فهو رَدٌّ

 

“അല്ലാഹുവിന്റെ റസൂലിന്റെ കല്‍പ്പന ഇല്ലാത്ത ഒരു കര്‍മ്മം ഈ ദീനിന്റെ പേരില്‍ ആരെങ്കിലും പുതുതായി ഉണ്ടാക്കിക്കിയിട്ടുണ്ടെങ്കില്‍ അത് മടക്കപ്പെടുന്നതാണ് (അവനിലേക്ക് ശിക്ഷയായി മടങ്ങുന്നതാണ)”.-

 

ആഇശ (റ) ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസാണിത്. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ ഉണ്ടാക്കി ഇസ്‌ലാമിന്റെ അടിസ്ഥാന ആശയാദര്‍ശങ്ങള്‍ക്ക് കത്തിവെക്കുന്ന ബിദ്ഈ കക്ഷികള്‍ക്ക് ശക്തമായ താക്കീതാണ് ഈ ഹദീസ്.  ആരാധനകളില്‍ പ്രമാണങ്ങളുടെ പിന്‍ബലം ഇല്ലാത്ത കര്‍മ്മങ്ങള്‍ നിശ്ഫലമാണ് എന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. അപ്പോള്‍ ആരാധനയുടെ വിഷയത്തില്‍ അല്ലാഹുവും റസൂലും കല്‍പിച്ചത്‌ ഒഴികെ എല്ലാം നിഷിദ്ധമാണ് എന്ന് നാം മനസ്സിലാക്കി .

 

എന്നാല്‍ ഭക്ഷണത്തിന്റെയും കച്ചവടത്തിന്റെയും വിഷയത്തില്‍ അല്ലാഹുവും റസൂലും വിരോധിച്ചത് ഒഴികെ എല്ലാം അനുവദനീയമാണ്. വിരോധിക്കപ്പെട്ടു എന്നതിനാണ് തെളിവ് വേണ്ടത്.  ഉദാ: ഒരാള്‍ കമ്പി കച്ചവടം ചെയ്യുന്നു. അവിടെ കമ്പി കച്ചവടം ചെയ്യല്‍ അനുവദനീയമാണ്  എന്ന് പ്രസ്താവിക്കുന്ന പ്രത്യേക തെളിവ് ആവശ്യമില്ല. മറിച്ച് കച്ചവടം അനുവദനീയമാണ് എന്ന വിശുദ്ധഖുര്‍ആനിന്റെ പൊതു പ്രഖ്യാപനത്തില്‍ അത് പെടുന്നു. എന്നാല്‍ ഒരാള്‍ സിഗരറ്റ് ആണ് വില്‍ക്കുന്നത് എങ്കില്‍ അത് നിഷിദ്ധമാണ് എന്ന് നമ്മള്‍ പറയുന്നു. സ്വാഭാവികമായും അതിന് എന്താണ് തെളിവ് എന്ന് ഒരാള്‍ക്ക് ചോദിക്കാം. കാരണം മുആമാലാത്തുകളില്‍  നിഷിദ്ധമാണ് എന്നതിനാണല്ലോ തെളിവ് വേണ്ടത്. അത് നിഷിദ്ധമാണ് എന്നതിനുള്ള തെളിവുകളാണ്:

 

1- അല്ലാഹു പറയുന്നു:

وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ وَأَحْسِنُوا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ

“നിങ്ങളുടെ കൈകളാല്‍ നിങ്ങള്‍ തന്നെ (സ്വയം) നാശത്തിലേക്ക് തള്ളി വിടരുത്. നിങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.” – [അല്‍ബഖറ:195]. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മ്മസമരം മറന്ന്, തന്റെ ഭൗതിക സുഖങ്ങളും കച്ചവടവും മാത്രം മുന്നില്‍ക്കണ്ട് സ്വയം നശിക്കരുത് എന്നത് സൂചിപ്പിച്ചുകൊണ്ടാണ് ഈ ആയത്ത് ഇറങ്ങിയത് എങ്കിലും, സ്വയം നാശം വരുത്തി വെക്കുന്ന ഏത് പ്രവര്‍ത്തിയും നിഷിദ്ധമാണ് എന്നതിനും, അല്ലാഹുവിന്റെ നിയമങ്ങള്‍ മറന്ന് ഭൗതിക സുഖങ്ങള്‍ മാത്രം ലക്ഷ്യം വച്ച് ജീവിക്കരുത് എന്നതിനും ഈ ആയത്ത് തെളിവാണ്. അതുകൊണ്ട് തന്നെ മനുഷ്യനെ സ്വയം നശിപ്പിക്കുകയും, അവന്റെ സമ്പത്ത് അന്യായമായി ചിലവഴിക്കാന്‍ ഇടവരുത്തുകയും ചെയ്യുന്ന സിഗരറ്റ് നിഷിദ്ധമാണ് എന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാക്കാം. “നിങ്ങളുടെ കൈകളാല്‍ നിങ്ങള്‍ തന്നെ (സ്വയം) നാശത്തിലേക്ക് തള്ളി വിടരുത്”.വ്യക്തമായും മനുഷ്യ ശരീരത്തിന് ദോഷകരമായി ഭവിക്കുന്ന ഏത് വസ്തുക്കളുടെ ഉപയോഗവും നിഷിദ്ധമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

 

2 – അബൂ സഈദ് അല്‍ഖുദരി (റ) നിവേദനം: റസൂലുല്ല (സ) പറഞ്ഞു:

لا ضرر ولا ضرار

“നിങ്ങള്‍ സ്വയം ഉപദ്രവിക്കുകയോ, മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുകയോ ചെയ്യരുത്”. – [ഇബ്നുമാജ – ഹദീസ് ഹസന്‍]. സിഗരറ്റില്‍ സ്വയം ഉപദ്രവിക്കലും മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യലും, രണ്ടും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ അത് നിഷിദ്ധമാണ് .

 

ഒരു വസ്തുവിന്റെ ഉപയോഗം നിഷിദ്ധമാണ് എങ്കില്‍ അത്  കച്ചവടം ചെയ്യലും നിഷിദ്ധമാണ്. ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:

إِنَّ اللَّهَ إِذَا حَرَّمَ عَلَى قَوْمٍ أَكْلَ شَيْءٍ حَرَّمَ عَلَيْهِمْ ثَمَنَهُ

“അല്ലാഹു ആരുടെയെങ്കിലും മേല്‍ ഒരു വസ്തു ഭക്ഷിക്കുന്നത് നിഷിദ്ധമാക്കിയാല്‍ അതുമുഖേന അവന് ലഭിക്കുന്ന വരുമാനവും നിഷിദ്ധമാണ്” [അല്‍ബാനി – സ്വഹീഹ്, സ്വഹീഹുല്‍ ജാമിഅ് : 5107]. ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഹാഫിദ് ഇബ്നു ഹജര്‍ അല്‍ഹംബലി (റഹി) പറയുന്നു : “മേല്‍ പറഞ്ഞ ഹദീസില്‍ നിന്നും വളരെ വ്യക്തമാണ് ഉപയോഗിക്കല്‍ നിഷിദ്ധമായ വസ്തു വിറ്റ്‌ ലഭിക്കുന്ന പണവും നിഷിദ്ധമാണ് എന്നുള്ളത്. നിഷിദ്ധമായ ഉപയോഗങ്ങളുള്ള സര്‍വ വസ്തുക്കള്‍ക്കും അത് ബാധകമാണ് എന്ന് മനസ്സിലാക്കാവുന്ന പ്രയോഗമാണ് ഹദീസില്‍ വന്നിട്ടുള്ളത്.” [ജാമിഉല്‍ ഉലൂമി വല്‍ ഹികം : 415]. ചില ഹദീസുകളില്‍ ഭക്ഷ്യ വസ്തു എന്ന് പരാമര്‍ശിക്കാതെ “അല്ലാഹു ആരുടെയെങ്കിലും മേല്‍ വല്ലതും നിഷിദ്ധമാക്കിയാല്‍” എന്നു തന്നെ പ്രയോഗിചിട്ടുള്ളതായി കാണാം.

 

മുകളില്‍ നാം ഉദ്ദരിച്ച തെളിവുകളില്‍ നിന്നും സിഗരറ്റ് ഉപയോഗിക്കുന്നതും, വാങ്ങുന്നതും, വില്‍ക്കുന്നതും, സിഗരറ്റ് കമ്പനിക്ക് തന്റെ ബില്‍ഡിംഗ് വാടകക്ക് കൊടുക്കുന്നതും എല്ലാം നിഷിദ്ധമാണ് എന്ന് മനസ്സിലാക്കാം. ഇപ്രകാരം മുആമലാത്തുകളുമായി ബന്ധപ്പെട്ട ഒരു കാര്യം നിഷിദ്ധമാണ് എന്ന് പറയണമെങ്കില്‍ അതിന് തെളിവ് ഉദ്ദരിക്കണം എന്നര്‍ത്ഥം. നേരിട്ടോ, സൂചനകള്‍ മുഖേനയോ, ശറഅ് പഠിപ്പിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ മുന്‍നിര്‍ത്തിയോ അതിന്‍റെ വിധി പറയുക എന്നുള്ളത് പണ്ഡിതന്മാരുടെ കര്‍ത്തവ്യമാണ്.

 

മുകളിലെ വിശദീകരണത്തില്‍ നിന്നും നാം പഠിക്കേണ്ട കര്‍മ്മശാസ്ത്രത്തിലെ രണ്ട് അടിസ്ഥാന തത്വങ്ങള്‍:

 

1- الأصل في العبادات المنع  ആരാധനകള്‍ അടിസ്ഥാനപരമായി നിഷിദ്ധമാണ്. (പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ഒരാരാധനയും അനുഷ്ടിക്കല്‍ അനുവടനീയമാകുന്നില്ല).

 

2- الأصل في المعاملات الإباحة മനുഷ്യന്റെ പരസ്പരമുള്ള ഇടപാടുകള്‍ അടിസ്ഥാനപരമായി അനുവദനീയമാണ്. (അതില്‍ ഏതെങ്കിലും ഇടപാട് നിഷിദ്ധമാകണം എന്നുണ്ടെങ്കില് അതിന് തെളിവ് വേണം).

 

 

ഇനി കച്ചവടത്തിന്‍റെ അടിസ്ഥാനപരമായ വിധി എന്നത് അനുവദനീയം എന്നതാണ് എങ്കിലും ഒരാളുടെ ഉദ്ദേശങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് പുണ്യകരം, നിര്‍ബന്ധം, വെറുക്കപ്പെട്ടത്, നിഷിദ്ധം എന്നിങ്ങനെ അതിന്‍റെ നിയമങ്ങള്‍ മാറാം. 

 

പുണ്യകരമായ കാര്യങ്ങള്‍ക്ക് ആ കച്ചവടം ഹേതുവാകുമ്പോള്‍ അത് പുണ്യകരമാകുന്നു. ഉദാ:  ആളുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും, പാവപ്പെട്ടവരെ സഹായിക്കാനുമൊക്കെ തന്റെ കച്ചവടം നിമിത്തമാകുമ്പോള്‍ അത് പുണ്യകരമാകുന്നു. മാത്രമല്ല തന്റെ കച്ചവടം ഹലാലായിരിക്കണം അഥവാ അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്ന കച്ചവടമായിരിക്കണം എന്ന ചിന്ത ഒരാള്‍ക്ക് ഉണ്ടെങ്കില്‍ തന്നെ അത് പുണ്യകരമാകും. കാരണം റസൂലുല്ല പറഞ്ഞു :

“ഒരാള്‍ തന്റെ ഭാര്യയുമായി ലൈംഗിക വികാരത്തില്‍ ഏര്‍പ്പെടുന്നതില്‍ പോലും പുണ്യമുണ്ട്”. അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു : ഞങ്ങള്‍ ഞങ്ങളുടെ വികാരം ശമിപ്പിക്കുന്നതില്‍ പോലും പുണ്യമോ ?!. മഹാനായ റസൂലുല്ല നല്‍കിയ മറുപടി: “നിങ്ങള്‍ അത് ഹറാമായ ബന്ധത്തിലൂടെ ചെയ്തിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ശിക്ഷ ഉണ്ടാകുമായിരുന്നില്ലേ, എങ്കില്‍ ഹലാലായ മാര്‍ഗത്തില്‍ അത് നിര്‍വഹിക്കുമ്പോള്‍ അതിന് നിങ്ങള്‍ക്ക് പുണ്യവുമുണ്ട്”. അപ്പോള്‍ ഹലാലായ കച്ചവടമായിരിക്കണം എന്നാഗ്രഹിക്കുകയും അതിന് പരിശ്രമിക്കുകയും ചെയ്യുന്നവന് പുണ്യമുണ്ട് എന്നര്‍ത്ഥം.

 

നിര്‍ബന്ധമായ കാര്യങ്ങള്‍ ആ കച്ചവടം മുഖേനയല്ലാതെ നിറവേറ്റപ്പെടുകയില്ല എങ്കില്‍ അവിടെ കച്ചവടം നിര്‍ബന്ധമാകുന്നു. ഉദാ: ഒരാള്‍ക്ക് തന്റെ ഭാര്യക്കും മക്കള്‍ക്കും ചിലവിന് കൊടുക്കല്‍ നിര്‍ബന്ധമാണല്ലോ. അതയാള്‍ കണ്ടെത്തുന്നത് കച്ചവടത്തിലൂടെയാണ്. മറ്റു മാര്‍ഗങ്ങള്‍ അദ്ദേഹത്തിന് വശമില്ലാത്ത പക്ഷം അവിടെ കച്ചവടം എന്നുള്ളത് അദ്ദേഹത്തിന് നിര്‍ബന്ധമായിത്തീരും. കാരണം അത് ചെയ്യാത്ത പക്ഷം ചിലവിന് കൊടുക്കുക എന്ന നിര്‍ബന്ധ ബാധ്യത നിറവേറ്റാന്‍ സാധിക്കുകയില്ല. 

 

ഇനിവെറുക്കപ്പെട്ട കാര്യത്തിലേക്ക് വഴിവെക്കുന്ന കച്ചവടമാണ് എങ്കില്‍ അത് വെറുക്കപ്പെട്ടതും ഹറാമായ കാര്യത്തിലേക്ക് വഴിവെക്കുന്നതാണ് എങ്കില്‍ അത് നിഷിദ്ധവും ആയിരിക്കും.

 

 شروط صحة البيع: (കച്ചവടം സാധുവാകാനുള്ള നിബന്ധനകള്‍)

 

1- التراضي من البائع والمشتري إلا من أُكره بحق

(വില്‍ക്കുന്നവനും വാങ്ങിക്കുന്നവനും പരസ്പരം തൃപ്തരാവണം). ഇത് ഒരു കച്ചവടം ശരിയായ കച്ചവടമായി പരിഗണിക്കുവാനുള്ള നിബന്ധനയാണ്.

 

എന്നാല്‍ ചിലപ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍, ന്യായമായ കാരണങ്ങള്‍ കൊണ്ട് വില്‍ക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥകളില്‍ തൃപ്തിയുടെ ആവശ്യമില്ല.

 

ഉദാ : مهجور عليه

ഒരാളുടെ കടബാധ്യത അയാളുടെ സ്വത്തിനേക്കാള്‍/വരുമാനത്തെക്കാള്‍ കവിഞ്ഞാല്‍ ആ സന്ദര്‍ഭത്തില്‍ കോടതി കടം ലഭിക്കാനുള്ളവരുടെ അവകാശങ്ങള്‍ പരിഗണിച്ച് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തുന്നതില്‍ നിന്ന് അയാളെ തടയും. ഒരുപക്ഷേ, കോടതി അയാളുടെ കൈവശമുള്ള  വസ്തുക്കള്‍ വിറ്റ് കടബാധ്യത തീര്‍ക്കാന്‍ വേണ്ടി അയാളെ നിര്‍ബന്ധിക്കും. അത്തരം ഒരു സന്ദര്‍ഭത്തില്‍ അയാളുടെ തൃപ്തി ആവശ്യമായി വരുന്നില്ല. കാരണം അവിടെ അയാളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ളവ വില്‍ക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ തന്നെ അവിടെ ഇസ്‌ലാമിക കോടതിക്ക് അയാള്‍ ത്രിപ്തിപ്പെട്ടില്ലെങ്കിലും വസ്തുക്കള്‍ വില്‍ക്കാന്‍ അയാളെ നിര്‍ബന്ധിക്കാനുള്ള അധികാരമുണ്ട്‌.

 

2- أن يكون العاقد جائز التصرف بأن يكون كل منهما حراً، مكلفاً، رشيداً

(കരാറില്‍ ഏര്‍പ്പെടുന്നവര്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താന്‍ ഇസ്ലാമികമായി അനുവാദം ഉള്ളവര്‍ ആയിരിക്കണം.)

 

അഥവാ: സ്വന്തന്ത്രനും,  ബുദ്ധിയും പ്രായപൂര്‍ത്തിയും എത്തിയവനും, സാമ്പത്തിക ക്രയവിക്രയങ്ങളെപ്പറ്റിയും ലാഭനഷ്ടങ്ങളെക്കുറിച്ചും  അവബോധമുള്ളവനും ആയിരിക്കണം.

 

എന്നാല്‍ ലാഭനഷ്ടങ്ങള്‍ തിരിച്ചറിയാനുള്ള പക്വതയെത്തിയ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി എത്തിയിട്ടില്ലെങ്കില്‍ പോലും തങ്ങളുടെ രക്ഷാധികാരികളുടെ  അനുമതിയോടെ കച്ചവടം നടത്താം.

 

3- أن يكون المبيع مما يباح الانتفاع به مطلقاً

(വില്‍ക്കപ്പെടുന്ന വസ്തു നിര്‍ബന്ധസാഹചര്യത്തിലല്ലാതെത്തന്നെ  അനുവദനീയമായ ഉപയോഗമുള്ള വസ്തുവായിരിക്കണം)

 

അതായത് ഹലാലായ വസ്തു ആയിരിക്കണം എന്ന് ചുരുക്കം.

 

ഉദാ : ശവം വില്‍ക്കാന്‍ പാടില്ല. പക്ഷെ ചില നിര്‍ബന്ധ സാഹചര്യത്തില്‍

ഒരു ഭക്ഷണവും കിട്ടാതെ വരുന്ന സന്ദര്‍ഭത്തില്‍, നിര്‍ബന്ധിത സാഹചര്യം പരിഗണിച്ച് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ശവത്തില്‍ നിന്ന് ഭക്ഷിക്കാം എന്ന് ഇസ്‌ലാം അനുവദിക്കുന്നുണ്ട്. എന്നാല്‍ അത്തരം നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം അനുവദനീയമാകുക എന്നത് ആ വസ്തു കച്ചവടം ചെയുന്നത് അനുവദനീയമാക്കുന്നില്ല.വില്‍ക്കല്‍ അനുവദനീയമായ വസ്തു നിര്‍ബന്ധിത സാഹചര്യത്തിലല്ലെങ്കില്‍ പോലും അനുവദനീയമായ വസ്തു ആയിരിക്കണം. കാരണം ഏത് നിഷിദ്ധമായ വസ്തുവും ഒരുപക്ഷേ ജീവന്‍ അപകടപ്പെടുന്ന സാഹചര്യത്തില്‍ അനുവദനീയമായേക്കാമല്ലോ. അതുകൊണ്ട് അത് പരിഗണിക്കില്ല. 

 

അല്ലാഹുവും റസൂലും വിലക്കിയിട്ടുള്ള വസ്തുക്കള്‍ ഒന്നും തന്നെ കച്ചവടം ചെയ്യാന്‍ പാടില്ല. ചില വസ്തുക്കളെ നിര്‍ബന്ധ സാഹചര്യത്തില്‍ അല്ലാതെത്തന്നെ ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാക്കിയിട്ടുണ്ടെങ്കില്‍ അവ കച്ചവടം ചെയ്യുന്നതില്‍ നിന്നും വിലക്കിക്കൊണ്ടുള്ള പ്രത്യേക ഹദീസുകള്‍ കാണാം. അത്തരം കാര്യങ്ങളും വില്‍ക്കാനോ, വാങ്ങാനോ പാടില്ല.

 

ഉദാ: നായയെ വില്‍ക്കുന്നതും അതിന്റെ പണം കൈപ്പട്ടുന്നതും പ്രവാചകന്‍(സ) വിലക്കി.

 

  അബൂ മസ്ഊദ് (റ) വില്‍ നിന്നും നിവേദനം:

 

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ نَهَى عَنْ ثَمَنِ الْكَلْبِ وَمَهْرِ الْبَغِيِّ وَحُلْوَانِ الْكَاهِنِ

 

 ” റസൂലുല്ലാഹി (സ) നായയെ വിറ്റ് ലഭിക്കുന്ന പണവും, വ്യഭിചാരത്തിലൂടെ ലഭിക്കുന്ന പണവും, ജ്യോതിഷത്തിലൂടെ ലഭിക്കുന്ന പണവും വിലക്കിയിരിക്കുന്നു.” – [ബുഖാരി 2083, മുസ്‌ലിം 2930].

 

 

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം:

 

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما قَالَ :  نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ثَمَنِ الْكَلْبِ ، وَإِنْ جَاءَ يَطْلُبُ ثَمَنَ الْكَلْبِ فَامْلأْ كَفَّهُ تُرَابًا

“നായയെ വിറ്റ് ലഭിക്കുന്ന പണം നബിതിരുമേനി (സ) വിരോധിച്ചിരിക്കുന്നു. അതുകൊണ്ട് നായയുടെ പണം ചോദിച്ചുകൊണ്ട് ആരെങ്കിലും വന്നാല്‍ അവന്റെ കൈനിറയെ മണ്ണ്‌ കൊടുക്കുക. ” – [അബൂ ദാവൂദ് : 3021, അല്‍ബാനി-സ്വഹീഹ്]. 

 

 

 വേട്ടക്കും, കൃഷിക്കോ, ആടുമാടുകള്‍ക്കോ കാവലിനായും നായയെ ഉപയോഗിക്കാന്‍ അനുവാദമുണ്ട് എങ്കില്‍ പോലും നായയെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത് നിഷിദ്ധമാണ്. ഇതാണ് പൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.

 

ഹാഫിദ് ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹി) നായയെ വിറ്റ് ലഭിക്കുന്ന പണം വിലക്കിക്കൊണ്ട് വന്ന ഹദീസുകള്‍ വിശദീകരിച്ചുകൊണ്ട് പറയുന്നു : “ഇവിടെ പരാമര്‍ശിക്കപ്പെട്ട വിലക്കില്‍ നിന്നും അത് വില്‍ക്കല്‍ നിഷിദ്ധമാണ് എന്നത് വളരെ പ്രകടമാണ്. പരിശീലനം നല്‍കിയ നായ ആയാലും, അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയുള്ള നായയാലും, അവയെല്ലാം തന്നെ നിഷിദ്ധമാണ് എന്നതാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.”

 

ഇമാം നവവി (റഹി) ശറഹു മുസ്‌ലിമില്‍ പറയുന്നു : “നായയെ വിറ്റ് ലഭിക്കുന്ന പണം നിഷിദ്ധമാണ് എന്നതും, അത് മോശം സമ്പാദ്യമാണ് എന്നതും, അത് മ്ലേച്ചമാണ് എന്നതുമെല്ലാം അത് വില്‍ക്കല്‍ നിഷിദ്ധമാണ് എന്നതിനെ സൂചിപ്പിക്കുന്നു.” അനുവദനീയമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ പോലും നായയെ വില്‍ക്കുന്നത് നിഷിദ്ധമാണ് എന്ന അഭിപ്രായമാണ് ഇമാം നവവി രേഖപ്പെടുത്തിയിട്ടുള്ളത്.

 

ഇബ്നു ഉസൈമീന്‍ (റഹി) പറയുന്നു: ” വേട്ടക്ക് വേണ്ടിയാണ് വില്‍ക്കുന്നത് എങ്കില്‍പോലും നായയെ വില്‍ക്കല്‍ അനുവദനീയമല്ല”. – [ശറഹുല്‍ മുംതിഅ് : 8/90].

 

ലിജ്നതുദ്ദാഇമയുടെ ഫത്’വയില്‍ കാണാം: “നായയെ വില്‍ക്കാനോ, അത് വിറ്റുകിട്ടുന്ന പണം ഉപയോഗിക്കാനോ പാടില്ല. കാവലിനും വേട്ടക്കും ഉള്ള നായയാണെങ്കില്‍ പോലും.” – [ഫതാവ ലിജ്ന ദാഇമ13/36].

 

എന്നാല്‍ അനുവദനീയമായ കാര്യങ്ങള്‍ക്ക് വില്‍ക്കാം എന്ന അഭിപ്രായക്കാരനാണ് ഇമാം അബൂ ഹനീഫ. എന്നാല്‍ അത് വിലക്കിക്കൊണ്ട് വന്ന ധാരാളം ഹദീസുകള്‍ പരിശോധിച്ചാല്‍ അനുവദനീയമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ പോലും അതിന്‍റെ വില്പന അനുവദനീയമല്ല എന്നതാണ് സൂക്ഷ്മത. വേട്ടക്കുള്ള നായയെ വില്‍ക്കല്‍ അനുവദനീയമാണ് എന്നതിന് ഈ അഭിപ്രായക്കാര്‍ തെളിവ് പിടിക്കുന്ന ഹദീസ് ദുര്‍ബലവുമാണ്.

 

നായയെ വില്‍ക്കുന്നതും വാങ്ങുന്നതുമായി ബന്ധപ്പെട്ട വിധി വിശദീകരിക്കുക എന്ന അര്‍ത്ഥത്തിലല്ല നാമിത് ഇവിടെ ഉദ്ദരിച്ചത്. മറിച്ച് അനുവദനീയമായ ഉപയോഗമുള്ള വസ്തുവാണെങ്കില്‍ പോലും അത്തിന്റെ വില്പന റസൂലുല്ല വിരോധിചിട്ടുണ്ടെങ്കില്‍ അത് വില്‍ക്കല്‍ നിഷിദ്ധമായിത്തീരും എന്നത് മനസ്സിലാക്കാനാണ് ഈ ചര്‍ച്ച ഇവിടെ ഉദ്ദരിച്ചത്. യഥാര്‍ത്ഥത്തില്‍ ആ വിഷയ സംബന്ധമായി ഇനിയും ഒരുപാട് വിശദീകരിക്കുവാനുണ്ട് എങ്കിലും അടിസ്ഥാനപരമായ വിഷയത്തില്‍ നിന്ന് ശ്രദ്ധ തെറ്റാന്‍ ഇടവരുത്തും എന്നതുകൊണ്ട്‌ കൂടുതല്‍ വിശദീകരിക്കുന്നില്ല.

 

ചുരുക്കത്തില്‍ മൂന്നാമത്തെ നിബന്ധനയുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ടത് മൂന്നു കാര്യങ്ങളാണ്:

 

 – വില്‍ക്കപ്പെടുന്ന വസ്തു ഉപയോഗശൂന്യമായ വസ്തു ആകാന്‍ പാടില്ല. അതുകൊണ്ട് പ്രയോജനം ഉണ്ടായിരിക്കണം.

 

– അതിന്‍റെ ഉപയോഗവും പ്രയോജനവും, മതപരമായി അനുവദനീയമായ പ്രയോജനം ആയിരിക്കണം.

 

– അനുവദിക്കപ്പെട്ട പ്രയോജനം ഉണ്ടെങ്കില്‍ കൂടി, തത് വസ്തുവിന്റെ  വില്പന വിരോധിച്ചുകൊണ്ടുള്ള പ്രത്യേക തെളിവുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ വില്പന നിഷിദ്ധമായിരിക്കും.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

കച്ചവടം – ഒരു കര്‍മശാസ്ത്ര പഠനം part 1. [ആമുഖം, കരാറുകളുടെ ഇനങ്ങള്‍].

കച്ചവടം - ഒരു കര്‍മശാസ്ത്ര പഠനം

part 1. [ആമുഖം, കരാറുകളുടെ ഇനങ്ങള്‍]

الحمد لله و الصلاة والسلام على رسول الله، وعلى آله و صحبه ومن والاه، وبعد؛

അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമേ എന്ന്‍ ആദ്യമായി ഉണര്‍ത്തുകയാണ് …

കച്ചവട സംബന്ധമായി ഹ്രസ്വമായ ഒരു ധാരണ ആളുകള്‍ക്ക് ഉണ്ടാക്കുവാനുള്ള ഒരു എളിയ ശ്രമത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. അത് പൂര്‍ത്തീകരിക്കാന്‍ അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ .. ആമീന്‍..

നമ്മുക്കറിയുന്നത് പോലെ പണ്ഡിതന്മാര്‍ അവരുടെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ആരാധനകളെക്കുറിച്ചാണ് പൊതുവേ ആദ്യം സംസാരിക്കാറുള്ളത്. അതില്‍ ഏറ്റവും പ്രാധാന്യം ഉള്ളത് നമസ്കാരത്തിനായത് കൊണ്ട്, ആ നമസ്കാരത്തെ സംബന്ധിച്ച് ആണ് ആരാധനകളില്‍ അവര്‍ ആദ്യം സംസാരിക്കാറുള്ളത് , നമസ്കാരത്തിന് ഏറ്റവും അനിവാര്യമായ ഘടകം ശുദ്ധിയായത് കൊണ്ട് തന്നെ ശുദ്ധീകരണത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന അധ്യായം ആദ്യം എന്ന നിലക്കാണ് അവര്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. അതിന് ശേഷമാണ് ‘മുആമലാത്ത്’ അഥവാ ഇടപാടുകളെക്കുറിച്ച് സംസാരിക്കാറുള്ളത്.

ചില പണ്ഡിതന്മാര്‍ ആരാധനകള്‍ക്ക് മുന്‍പായി തൗഹീദും, അമലുകളുടെ മഹത്വവും അവരുടെ ഫിഖ്‌ഹ് ഗ്രന്ഥങ്ങളില്‍ തന്നെ വിശദീകരിക്കും. രണ്ട് രൂപത്തിലുള്ള ക്രോഡീകരണങ്ങളായാലും പൊതുവേ ആരാധനകള്‍ക്ക് ശേഷമാണ് പണ്ഡിതന്മാര്‍ മുആമലാത്തുകള്‍ ചര്‍ച്ച ചെയ്യാറുള്ളത്. കാരണം ഒരു മനുഷ്യനെ സംബന്ധിച്ച് അല്ലാഹുവുമായുള്ള അവന്റെ ബന്ധമാണല്ലോ ‘ആരാധന’ എന്നുള്ളത്. അത് മനസ്സിലാക്കിയാല്‍ അവന്‍ സുപ്രധാനമായി മനസ്സിലാക്കേണ്ടത്  തന്റെ സഹജീവികളായ മനുഷ്യരുമായി ബന്ധപ്പെടുന്ന മേഘലയില്‍ അവന്‍ പാലിച്ചിരിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ്. അതാണ്‌ أحكام المعاملات . 

ഇസ്‌ലാം പൂര്‍ണ്ണമാണ്, സമ്പൂര്‍ണ്ണമാണ്. മനുഷ്യ ജീവിതത്തിന്റെ സര്‍വ്വ മേഘലകളുമായി ബന്ധപെട്ടും അവനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും നിയമങ്ങളും ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരമുള്ള ബന്ധവും ഇടപാടുകളും നിയന്ത്രണ വിധേയമാക്കുകയും ഓരോരുത്തരുടേയും അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുകയാണ് ആ നിയമങ്ങളുടെ ലക്ഷ്യം.

അല്ലാഹു പറഞ്ഞുവല്ലൊ :

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ الأِسْلاَمَ دِيناً

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.

(വിശുദ്ധ ഖുര്‍ആന്‍ 5:3)

അതിനാല്‍ തന്നെ അല്ലാഹു എല്ലാം നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്.അല്ലാഹുവിന് സര്‍വ്വ സ്തുതിയും.

നേരത്തത്തെ സൂചിപ്പിച്ച പോലെ ഇബാദത്തുകള്‍ക്ക് ശേഷം പണ്ഡിതന്മാര്‍ المعاملات അഥവാ മനുഷ്യര്‍ പരസ്പരമുള്ള ഇടപാടുകളെക്കുറിച്ച് ആണ് വിശദീകരിക്കാറുള്ളത്. അതില്‍ തന്നെ പൊതുവേ ആദ്യം കച്ചവടസംബന്ധമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാറുള്ളത്. മനുഷ്യരെല്ലാവരും തൊഴില്‍ ചെയ്ത് ജീവിക്കുന്നത് കൊണ്ട് തന്നെ, അത് സംബന്ധമായ നിയമങ്ങളും അവര്‍ അറിയേണ്ടതും പഠിക്കേണ്ടതുമുണ്ട്. അതിന്റെ ഇനങ്ങള്‍, നിയമങ്ങള്‍, പാലിക്കേണ്ട മര്യാദകള്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം പിന്നീട് വിവാഹത്തെ സംബന്ധിച്ച് ത്വലാഖിനെ സംബന്ധിച്ചുമെല്ലാം വിശദീകരിക്കുന്നത് കാണാം.

തൊഴില്‍, വിവാഹം എന്നതെല്ലാം പതിപാദിച്ച ശേഷം അനന്തരവകാശം പിന്നെ മനുഷ്യന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ശിക്ഷാ നിയമങ്ങള്‍,  ജിഹാദ്, ദഅ’വ തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ചര്‍ച്ച ചെയ്തുകൊണ്ടാണ് ഒരു ഫിഖ്‌ഹ് ഗ്രന്ഥം അവസാനിക്കുന്നത്. കര്‍മശാസ്ത്രപഠനത്തെ സംബന്ധിച്ച് അതിന്‍റെ ഒരു രൂപവും രീതിയും അറിഞ്ഞിരിക്കാനാണ് വിഷയങ്ങള്‍ ക്രോഡീകരിക്കപ്പെട്ട രൂപത്തെ സംബന്ധിച്ച് വിശദീകരിച്ചത്.

എന്നാല്‍ ഇതില്‍ കച്ചവടവുമായി ബന്ധപ്പെട്ട ഭാഗം അഥവാ كتاب البيوع ആണ് നാം പഠന വിധേയമാക്കുന്നത്. കച്ചവടത്തെക്കുറിച്ച് ഒരു ഹൃസ്വമായ ധാരണ ലഭിക്കുവാന്‍ വേണ്ടി നാം ഇവിടെ അവലംബിക്കുന്നത് സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന محمد بن إبراهيم التويجري എന്ന പണ്ഡിതന്‍ രചിച്ച  مختصر الفقه الإسلامي എന്ന ഗ്രന്ഥത്തെയാണ്.. ഇന്‍ ഷാ അല്ലാഹ്..

——————————————-

കച്ചവടത്തിന്റെ വിഷയത്തിലേക്ക് പോവുന്നതിനു മുമ്പ് ആദ്യമായി ഇസ്‌ലാമില്‍ ഉള്ള കരാറുകളെ മൂന്ന്‍ ആയി തരം തിരിക്കാം.

أقسام العقود ثلاثة: (ഇടപാടുകളുടെ ഇനങ്ങള്‍ മൂന്നെണ്ണമാണ്)

ഒന്ന്‍:  عقد معاوضة محضة

(പരസ്പരമുള്ള ഒരു കച്ചവട കരാര്‍. കച്ചവടവും കൈമാറ്റവും ആണ് ഈ കരാറിലെ പ്രധാന ലക്ഷ്യം)

ഉദാ : البيع കച്ചവടം, الإجارة വാടക

എന്നാല്‍ കച്ചവടത്തില്‍ പോലും ഓരോ ആളുടെയും നിയ്യത്തനുസരിച്ച് പ്രതിഫലം ലഭിക്കും. വിട്ടു വീഴ്ച്ച മനോഭാവത്തോടെ കച്ചവടം നടത്തിയാല്‍ പുണ്യം ലഭിക്കും എന്ന്‍ റസൂല്‍ (സ) പറഞ്ഞിട്ടുണ്ട്. അത് വഴിയേ വിശദീകരിക്കുന്നതാണ്.

രണ്ട്: عقد تبرع محض

പരിപൂര്‍ണ്ണമായി ധര്‍മ്മം ഉദ്ദേശിച്ച് കൊണ്ടുള്ള കരാര്‍

ഉദാ : كالهبة، والصدقة، والعارية، والضمان

هدية (Gift), صدقة (ദാനധര്‍മ്മം), والعارية (ഒരു വസ്തു പ്രതിഫലം ഈടാക്കാതെ ഉപയോഗിക്കാന്‍ നല്‍കല്‍), والضمان (ഗ്യാരണ്ടീ നില്‍ക്കല്‍)

മൂന്ന്‍ : عقد تبرع ومعاوضة .

ധര്‍മ്മവും, കൈമാറ്റവും ചേര്‍ന്നുവരുന്ന കരാര്‍

ഉദാ : കടം കൊടുക്കല്‍. കടം കൊടുക്കല്‍ ഒരു സഹായമാണ്. അതേ സമയം ആ സഹായം ചെയ്യുമ്പോഴും നാം കടം നല്‍കിയ വസ്തുവിന് തതുല്യമായ വസ്തു നാം തിരികെ ആവശ്യപ്പെടുന്നുണ്ട്. അതിനാലാണ് ധര്‍മ്മവും കൈമാറ്റവും ചേര്‍ന്നുവരുന്ന കരാര്‍ എന്ന് പറയുന്നത്.

————————

ഇസ്‌ലാമിലുള്ള കരാറുകളുടെ ഇനങ്ങള്‍ ശ്രദ്ധിച്ചാല്‍, അതില്‍ നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം, ലാഭത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള ഇടപാടുകളല്ല ഇസ്‌ലാമിലുള്ളത് എന്നതാണ്.

ലാഭമുള്ളവയും, പരസ്പരം സഹായവും / സഹകരണവും മാത്രം പ്രതീക്ഷിച്ചുകൊണ്ടുള്ളതും ഇസ്‌ലാമിക ഇടപാടുകളിലുണ്ട്. അഥവാ ഭൗതിക നേട്ടം മാത്രമല്ല പാരതത്രീക മോക്ഷം കൂടി മുന്‍നിര്‍ത്തിയാണ് അവ നിലകൊള്ളുന്നത്. ലാഭവും ഭൗതിക സുഖവും മാത്രം മുന്നില്‍ കാണുന്ന  നല്‍കപ്പെട്ട ഭൗതിക വാദികള്‍ക്കും അവരുടെ സ്വാര്‍ത്ഥ ചിന്താഗതിക്കും അത് സാമൂഹിക സാമ്പത്തിക മേഖലകളില്‍ വരുത്തിവെക്കുന്ന വിനകള്‍ക്കും ഇസ്‌ലാം ഇവിടെ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.

പരലോക ജീവിതത്തെക്കുറിച്ചുള്ള ബോധ്യമോ, ദൈവഭയമോ ഇല്ലാത്ത ഒരാള്‍ എന്തിന്  പരസ്പര സഹായവും, തന്റെ ഇടപാടുകളിലുള്ള സത്യസന്ധതയും സുതാര്യതയുമെല്ലാം ആഗ്രഹിക്കണം ?!. സ്വാഭാവികമായും അവന്റെ ലക്ഷ്യം അവന്റെ ഭൗതിക നേട്ടങ്ങള്‍ മാത്രമായിരിക്കും.  അതിനാലാണ് സത്യസന്ധവും സുതാര്യതയും പരസ്പരസഹായവും മുഖമുദ്രയായ, നീതിപൂര്‍വകമായ ഒരു സമ്പദ് രംഗം ഉണ്ടാവണമെങ്കില്‍ തൗഹീദ് അനിവാര്യമാണ്. ഏകദൈവ വിശ്വാസത്തിനും പരലോകബോധത്തിനും മാത്രമേ അത്തരം ഒരു മാറ്റം മനുഷ്യരില്‍ ഉണ്ടാക്കാന്‍ സാധിക്കൂ. അതില്ലാത്തവന് അവന്റെ നേട്ടങ്ങളും ലക്ഷ്യങ്ങളും മാത്രമായിരിക്കും പ്രധാനം അതിലേക്കുള്ള വഴികളുടെ ന്യായാന്യായങ്ങളെപ്പറ്റി അവന്‍ തിരക്കില്ല.

അതുകൊണ്ട് മനുഷ്യ ഇടപാടുകളെ നിയന്ത്രിക്കുന്നതിലെ സുപ്രധാന ഘടകം തൗഹീദ് തന്നെയാണ്. അല്ലാഹുവിന്റെ പ്രതിഫലവും തൃപ്തിയും മാണ് എന്റെ സുപ്രധാനലക്ഷ്യം, സമ്പത്ത് തരുന്നത് അല്ലാഹുവാണ് അതിനാല്‍ അത് അവന്റെ നിയമപ്രകാരം വിനിയോഗിക്കേണ്ടതുണ്ട് എന്ന ഉറച്ച ബോധ്യം നിങ്ങളിലുണ്ടോ നിങ്ങളുടെ സമ്പദ് രംഗം നന്നാക്കുവാന്‍ നിങ്ങളെ അത് സഹായിക്കും തീര്‍ച്ച ….

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

പ്രവാസികൾക്ക് പലിശ രഹിത അക്കൗണ്ട്‌.

പ്രവാസികൾക്ക് പലിശ രഹിത അക്കൗണ്ട്‌.

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين؛

ഫെഡറൽ ബേങ്കിൽ പ്രവാസികൾക്കായി പലിശ രഹിത അക്കൗണ്ട്‌ ലഭ്യമാണ്. ഒരു ബേങ്കിനുള്ള പരസ്യം എന്ന നിലക്കല്ല മറിച്ച് ഫിഖ്ഹിയായ ഒരു നിലപാട് എന്ന നിലക്കാണ് ഈ ബ്ലോഗ്‌എഴുതുന്നത്.

ബേങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങുന്നതിൻറെ വിധി നേരത്തെ നാം വിശദീകരിച്ചതാണ്. തുടങ്ങുന്നവർ സാധ്യമാകുമെങ്കിൽ ‘കറന്റ്‌ അക്കൗണ്ട്‌’ തന്നെ തുടങ്ങണം എന്ന് നാം പറഞ്ഞിരുന്നു. 

അഥവാ കറന്റ് അക്കൗണ്ടിൽ മറ്റു അക്കൗണ്ടുകളിൽ നിന്നും വ്യത്യസ്ഥമായി ഉപഭോക്താവും ബേങ്കും തമിലുള്ള ഇടപാടിൽ പലിശ ഇല്ല. എന്നാൽ ബേങ്ക്സ്വാഭാവികമായും ഏത് ഉപഭോക്താവ് നിക്ഷേപിക്കുന്ന പണവും തിന്മക്ക് ഉപയോഗിക്കും എന്നത് കറന്റ് അക്കൗണ്ടിനും ബാധകമാകുന്ന പ്രശ്നമാണ്. പക്ഷെ ഒരാൾ തന്റെ ആവശ്യത്തിനോ നിർബന്ധിതനായോ മറ്റൊരാളെ പണം ഏൽപ്പിക്കുകയാണ് എങ്കിൽ, അത്തരം ഒരു സാഹചര്യത്തിൽ ഏൽപ്പിക്കപ്പെടുന്നവൻ ആ പണം ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന തിന്മക്ക് എൽപ്പിക്കുന്നയാൾ കുറ്റക്കാരനാവില്ല. അതുകൊണ്ടാണ് പണ്ഡിതന്മാർ അമുസ്‌ലിം രാജ്യങ്ങളിൽ ജീവിക്കുന്നവരോട് ഇസ്‌ലാമിക സംവിധാനം നിലവിലില്ലെങ്കിൽ ‘കറന്റ് അക്കൗണ്ട്‌’ ആണ് തുടങ്ങേണ്ടത് എന്ന് പറയാൻ കാരണം. കറന്റ് അക്കൗണ്ട്‌ ഒരിക്കലും തുടങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രമേ സേവിംഗ്സ് അക്കൗണ്ട്‌ തുടങ്ങാൻ പാടുള്ളൂ. കാരണം സേവിംഗ്സ് അക്കൗണ്ടിൽ ഉപഭോക്താവും ബേങ്കും തമ്മിൽ നേരിട്ടുള്ള ഇടപാട് തന്നെ പലിശ ഇടപാടാണ്. അഥവാ നിക്ഷേപത്തിന് ബേങ്ക് നിശ്ചിത വിഹിതം പലിശയായി നൽകുമെന്ന ഉടമ്പടി ഉപഭോക്താവും ബേങ്കും തമ്മിൽ നിലനിൽക്കുന്നുണ്ട്.

രണ്ട് അക്കൗണ്ടുകളും തമ്മിലുള്ള വിത്യാസം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.

ഒന്നാമതായി: കറന്റ് അക്കൗണ്ട്‌:

ഉദാ: B യുടെ കൈവശമുള്ള പണം A എന്ന ആളുടെ പക്കൽ സൂക്ഷിക്കാൻ നൽകുന്നു എന്ന് സങ്കല്പ്പിക്കുക. B ആ പണം A യുടെ കൈവശം നൽകിയാൽ A ആ പണം തിന്മക്ക് ഉപയോഗിക്കും എന്നത് ഉറപ്പാണ്. അതിനാൽ തന്നെ A യുടെ കൈവശം പണം നൽകൽ നിഷിദ്ധമാണ്. ഒരാളെ പണമേൽപ്പിക്കുക എന്നത് നിഷിദ്ധമല്ല. മറിച്ച് അയാള് അത് തിന്മക്ക് ഉപയോഗിക്കുമെന്നുള്ളതാണ് ഇവിടെ അത് നിഷിദ്ധമാകാൻ കാരണമായത്. അഥവാ സ്വതവേ അത് നിഷിദ്ധമായിരുന്നില്ല. മറിച്ച് ഹറാമിലേക്കുള്ള വസീലയാണ് എന്നതാണ് അതിനെ നിഷിദ്ധമാക്കിത്തീർത്തത്. ഇനി ഇതേ സാഹചര്യത്തിൽ ആ പണം A യുടെ കൈവശം നൽകാൻ അയാൾ സ്വയം ഇഷ്ടപ്പെടുന്നില്ലെങ്കിലും നിയമം കാരണത്താലോ, ധനം അപഹരിക്കപ്പെടുമെന്ന ഭയം കാരണത്താലോ അയാൾ അപ്രകാരം ചെയ്യാൻ ഇടയായാൽ A അതുപയോഗിച്ച് ചെയ്യുന്ന കുറ്റത്തിന് അയാൾക്ക് പാപമില്ല. ഇതാണ് കറന്റ് അക്കൗണ്ട് ആകുമ്പോൾ നടക്കുന്നത്. അഥവാ ബേങ്കും ഉപഭോക്താവും തമ്മിലുള്ള ഇടപാടിൽ നേരിട്ട് നിഷിദ്ധം കടന്നുവരുന്നില്ല. അതിനാൽത്തന്നെ ഉപഭോക്താവ് നേരിട്ട് പലിശയുമായി ഇടപെടുന്നില്ല.

 

രണ്ടാമതായി: സേവിംഗ്സ് അക്കൗണ്ട്‌:

B തന്റെ കൈവശമുള്ള പണം A യെ ഏൽപ്പിക്കുമ്പോൾ, A ആ ആ പണം തിരികെ നൽകുന്നതോടൊപ്പം പലിശയും നല്കും എന്ന് കരാറിൽ എർപ്പെടുന്നു. ഈ ഉടമ്പടി സ്വതവേ നിഷിദ്ധമാണ്. അഥവാ കരാർ തന്നെ അടിസ്ഥാനപരമായി നിഷിദ്ധമായ കരാർ ആണ് എന്നർത്ഥം. ഇതാണ് സേവിംഗ്സ് അക്കൗണ്ടിൽ സംഭവിക്കുന്നത്. ഇവിടെ ഉപഭോക്താവ് നേരിട്ട് പലിശയുമായി ഇടപെടുന്നു. അതിനാൽ തന്നെ നേരത്തെ പറഞ്ഞ രൂപത്തിലുള്ള പലിശ രഹിത അക്കൗണ്ട്‌ തുടങ്ങാൻ സാധിക്കാതെ വരികെയും, അത്യധികം  അനിവാര്യമായി വരികയും ചെയ്യുന്ന  സാഹചര്യത്തിൽ മാത്രമേ ഒരു വിശ്വാസിക്ക് ഇത്തരം ഒരു അക്കൗണ്ട്‌ തുടങ്ങാൻ പാടുള്ളൂ. മാത്രമല്ല അതിൽ ലഭിക്കുന്ന പലിശ ഒരിക്കലും ബാങ്കിന് തിരികെ നൽകാൻ പാടില്ല. മറിച്ച് അത് പിൻവലിച്ച് പ്രാരാബ്ധക്കാരായ പാവപ്പെട്ടവർക്ക് നൽകുകയാണ് ചെയ്യേണ്ടത്. അക്കൗണ്ടിൽ വരുന്ന പലിശ എന്തു ചെയ്യണം എന്നതുമായി ബന്ധപ്പെട്ട് കൂടുതൽ മനസ്സിലാക്കാൻ നേരത്തെ എഴുതിയ ഈ  ലേഖനം വായിക്കുക:

ബേങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബേങ്കിലെ പലിശ എന്ത് ചെയ്യണം ? !

മുകളിലുള്ള വിശദീകരണത്തിൽ നിന്നും പലിശ രഹിത അക്കൗണ്ടും, അല്ലാത്ത അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായിക്കാണുമല്ലോ. ഇന്ന് ഫെഡറൽ ബേങ്കിൽ പ്രവാസികൾക്ക് പലിശ രഹിത അക്കൗണ്ട്‌ ഉള്ളതായി അറിയാൻ സാധിച്ചു. നേരിട്ട് ബേങ്കിൽ ചെന്ന് അന്വേഷിച്ചപ്പോൾ സാധാരണ കറന്റ് അക്കൗണ്ട്‌ പോലെ പലിശ തീരെ വരാത്ത അക്കൗണ്ട്‌ ( അഥവാ ഉപഭോക്താവുമായുള്ള ഇടപാടിൽ പലിശ പ്രതിപാദിക്കാത്ത അക്കൗണ്ട്‌ ) ആണ് എന്ന് അറിയാൻ സാധിച്ചു. ( അതായത് പലിശ ഇടപാട് ഉള്ള എന്നാൽ ഉപഭോക്താവിൻറെ അഭ്യർത്ഥനപ്രകാരം പലിശ മറ്റു വല്ല ചാരിറ്റബ്ൾ ട്രസ്റ്റിനും നല്കുന്ന അക്കൗണ്ട്‌ അല്ല. അത് അപ്രകാരം ചെയ്യാൻ പാടില്ല എന്നും എന്നാൽ എങ്ങനെ നീക്കം ചെയ്യണം എന്നും മുകളിൽ പ്രതിപാദിച്ച ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട് ). അതിനാൽ തന്നെ മറ്റു ഇതര സംവിധാനങ്ങൾ   ലഭ്യമാകുന്നതുവരെ പലിശയുമായി നേരിട്ട് ഇടപെടുന്ന അക്കൗണ്ടുകൾ മാറ്റി ഉപഭോക്താവിനെ നേരിട്ട് പലിശയുമായി ബന്ധിപ്പിക്കാത്ത പലിശ രഹിത അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തണം എന്ന് അറിയിക്കുന്നു. തിന്മകളിൽ നിന്ന് പരമാവധി വിട്ടുനിൽക്കുവാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ ….

 

PLEASE NOTE:

• മറ്റു ബേങ്കുകളിലും ഒരുപക്ഷെ ഈ സേവനം ലഭ്യമായിരിക്കാം.എൻറെ ശ്രദ്ധയിൽ പെട്ടത് മാത്രമാണ് ഞാൻ എഴുതിയത്.

• പലിശ രഹിത അക്കൗണ്ട്‌ തുടങ്ങൽ സാധ്യമായാൽ, നേരിട്ട് പലിശ ഇടപാട് കടന്നുവരുന്ന അക്കൗണ്ട്‌ നിഷിദ്ധമാണ്.

• പലിശ ഉള്ള സേവിംഗ്സ് അക്കൗണ്ട്‌ തുടങ്ങി ആ പലിശ വേണ്ട എന്ന് എഴുതിക്കൊടുക്കുന്നത് പലിശരഹിത അക്കൗണ്ട്‌ ഇനത്തിൽ പെടില്ല. അവിടെ പലിശ പിൻവലിച്ച് പാവങ്ങൾക്ക് നൽകുകയാണ് വേണ്ടത്. 

• ഇസ്‌ലാമിക സംവിധാനം എന്ന് നിലവിൽ വരുന്നുവോ, അന്ന് മുതൽ ഇത്തരം അനിസ്‌ലാമിക ബേങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നിഷിദ്ധമായിരിക്കും.

• ഈ ബ്ലോഗ്‌ എഴുതിയത് ഇസ്‌ലാമികമായ നസ്വീഹത്ത് ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

മേൽവാടകക്ക് നല്കുന്നതിന്റെ വിധിയെന്ത്‌ ?

മേൽവാടകക്ക് നല്കുന്നതിന്റെ വിധിയെന്ത്‌ ?

 الحمد لله و الصلاة والسلام على اشرف خلق الله، وعلى آله و صحبه ومن والاه، وبعد؛

 

വസ്തുവിന്‍റെ ഉടമസ്ഥനില്‍ നിന്നും വാടകക്ക് എടുത്ത വ്യക്തി തന്റെ കരാര്‍ കാലയളവില്‍ ആ വസ്തുമറ്റൊരാള്‍ക്ക് വാടകക്ക് നല്‍കുന്നതിനാണ് ‘മേല്‍വാടകക്ക് നല്‍കല്‍’ എന്ന് പറയുന്നത്. 

 

ഇസ്‌ലാം വാടകക്ക് നൽകുന്നതിനെയും. വാടകക്ക് എടുത്ത ആൾ അത് മറ്റൊരാൾക്ക് മറിച്ച് വാടകക്ക് നൽകുന്നതിനെയും എതിർക്കുന്നില്ല. കാരണം താൻ വാടകക്കെടുത്തത് സ്വയം ഉപയോഗപ്പെടുത്തുന്നതിനോ, തല്‍സ്ഥാനത്ത് മറ്റൊരാള്‍ ഉപയോഗപ്പെടുത്തുന്നതിനോ അയാൾക്ക് അനുവാദമുണ്ട്. എന്നാൽ വസ്തുവിൻറെ ഉടമ വാടകക്ക് നൽകുന്ന സമയത്ത് മറ്റൊരാള്‍ക്ക് വാടകക്ക് നൽകരുത് എന്ന നിബന്ധന വച്ചിട്ടുണ്ടെങ്കിൽ, ആ വസ്തു മേൽവാടകക്ക് നൽകാൻ പാടില്ല.

 

അതുകൊണ്ട് തന്നെ വസ്തുവിന്‍റെ ഉടമ കരാറിലേര്‍പ്പെടുന്ന സമയത്ത് മേല്‍വാടകക്ക് നല്‍കുന്നത് വിലക്കാത്ത പക്ഷം മേല്‍വാടകക്ക് നല്‍കല്‍ അനുവദനീയമാണ്. 

 

ലിജ്നതുദ്ദാഇമയുടെ ഈ ഫത്’വ നോക്കുക :

 

ചോദ്യം: ഈ വിഷയത്തിലുള്ള മതവിധി ഒന്ന് വ്യക്തമാക്കണം…. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

 ഒരു ബിൽഡിങ്ങിന്റെ ഉടമസ്ഥൻ അദ്ദേഹത്തിന് വാടകക്കാരെ ഓരോരുത്തരെയും സമീപിച്ച് വാടക സ്വീകരിക്കാനും, ബിൽഡിങ്ങിന്റെ മറ്റു കാര്യങ്ങൾ നിറവേറ്റുവാനുമുള്ള പ്രയാസത്താല്‍,,,, മൊത്തത്തിൽ ഒരാൾക്ക് നൽകിയാൽ അയാളുമായി മാത്രം ഇടപാട് നടത്തിയാൽ മതിയല്ലോ എന്ന നിലക്ക് ബിൽഡിംഗ് മൊത്തമായും  100000 റിയാലിന് എനിക്ക് വാടകക്ക് നൽകുകയും അത് മേൽവാടകക്ക് നൽകുവാനുള്ള അനുവാദം നൽകുകയും ചെയ്തു. ആ ബിൽഡിംഗ് ഏറ്റെടുത്ത ശേഷം അതില്‍ ഞാൻ ഫർണീച്ചറുകളും ഫ്രിഡ്ജും തുടങ്ങി വീട്ടു സാധനങ്ങൾ ഒരുക്കി, റൂമുകളും ഫ്ലാറ്റുകളുമാക്കിത്തിരിച്ച് 150000 റിയാലിന് വാടകക്ക് നൽകി. ക്ലീനിംഗ് ജോലിക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും തുടങ്ങി,, ചിലവുകൾ കഴിച്ച് അതിൽ നിന്നും ബാക്കിയാകുന്ന ലാഭം എനിക്ക് അനുവദനീയമാണോ ? . താമസക്കാർക്ക് വേണ്ട സഹായങ്ങളും സേവനങ്ങളും ചെയ്ത് കൊടുക്കുന്നതിൽ ഞാൻ ഒരു വീഴ്ചയും വരുത്തുന്നില്ല.

 

ഉത്തരം  :  ഒരാള്‍ ഒരു വസ്തു വാടകക്കെടുത്താല്‍ താന്‍ വാടകക്ക് എടുത്ത അതേ വാടക തന്നെ നിശ്ചയിച്ചുകൊണ്ടോ , അതല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ, കുറവോ ആയ വാടക നിശ്ചയിച്ചുകൊണ്ടോ മറ്റൊരാള്‍ക്കത് വാടകക്ക് നല്‍കാവുന്നതാണ്. താനെത്ര കാലാവധിക്കാണോ വാടകക്കെടുത്തത് അത്ര തന്നെ കാലാവധിക്കോ അതിനേക്കാള്‍ കുറവ് കാലാവധിക്കോ മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കാം. എന്നാല്‍ വസ്തുവിന്‍റെ  ഉടമസ്ഥന് ഉപദ്രവമുണ്ടാകുമെന്നതിനാല്‍ താന്‍ വാടകക്ക് എടുത്ത കാലാവധിയേക്കാള്‍ കൂടുതല്‍ കാലാവധി നിശ്ചയിച്ചുകൊണ്ട് മറ്റൊരാള്‍ക്ക് മറിച്ച് വാടകക്ക് നല്‍കാന്‍ പാടില്ല.

 

   വാടകക്കെടുത്ത വസ്തു വാടകക്കാല പരിധിയില്‍ അയാള്‍ക്ക് ഉപയോഗപ്പെടുത്താമെങ്കില്‍ അതയാള്‍ സ്വയം ഉപയോഗപ്പെടുത്തുന്നതിനോ അയാള്‍ക്ക് പകരം മറ്റൊരാള്‍ ഉപയോഗപ്പെടുത്തുന്നതിലോ തെറ്റില്ല. എന്നാല്‍ വസ്തുവിന്‍റെ ഉടമസ്ഥന്‍ വാടകക്ക് തരുന്ന അവസരത്തില്‍ തന്നെ ഇത് മറിച്ച് മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കരുതെന്നോ, അല്ലെങ്കില്‍ ഇന്നയിന്ന തൊഴിലാളികള്‍ക്കോ ജോലിക്കാര്‍ക്കോ നല്‍കരുതെന്നോ നിബന്ധനകള്‍ വച്ചിട്ടുണ്ടെങ്കില്‍ അപ്രകാരം ചെയ്യാന്‍ പാടില്ല. അവര്‍ നിബന്ധനപ്രകാരമാണ് കരാറില്‍ ഏര്‍പ്പെട്ടതെങ്കില്‍ രണ്ടുപേരും അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.

 

ഈ ഫത്’വ നല്‍കിയത് :  ശൈഖ് ഇബ്ന്‍ ബാസ് (റഹിമഹുല്ല) , ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹഫിദഹുല്ല) , ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല) , ശൈഖ് ബകര്‍ അബൂ സൈദ്‌ (റഹിമഹുല്ല) .

 

 

ഇനി ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങള്‍: 

 

ഒന്ന്: നാട്ടുനടപ്പനുസരിച്ച് പൊതുവേ ഉടമസ്ഥര്‍  മേല്‍വാടകക്ക് നല്‍കാന്‍ അനുവദിക്കാത്ത വസ്തുക്കളോ, ഇനി നാട്ടുനടപ്പനുസരിച്ച് മേല്‍വാടകക്ക് നല്‍കുന്നതിന് പ്രത്യേകം അനുവാദം ഉടമസ്ഥനില്‍ നിന്ന് വാങ്ങേണ്ടതോ ഉണ്ടെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ ഉടമസ്ഥന്റെ അനുവാദത്തോടുകൂടിയല്ലാതെ മേല്‍വാടകക്ക് നല്‍കാന്‍ പാടില്ല.

 

അഥവാ : നാട്ടുനടപ്പനുസരിച്ച് പൊതുവേ മേല്‍വാടകക്ക് നല്‍കാന്‍ ഉടമസ്ഥര്‍ അനുവാദം നല്‍കാത്ത വസ്തുക്കളുടെ കാര്യത്തില്‍ ഉടമസ്ഥനില്‍ നിന്നും പ്രത്യേകം അനുമതി ഉണ്ടെങ്കിലേ മേല്‍വാടകക്ക് കൊടുക്കാവൂ. എന്നാല്‍ നാട്ടുനടപ്പനുസരിച്ച് പൊതുവേ മേല്‍വാടകക്ക് നല്‍കപ്പെടുന്ന വസ്തുക്കളുടെ കാര്യത്തില്‍ ഉടമസ്ഥന്റെ പ്രത്യേകം അനുവാദം ആവശ്യമില്ല.  താന്‍ അതിഷ്ടപ്പെടുന്നില്ലെങ്കില്‍ കരാര്‍ സമയത്ത് മേല്‍വാടകക്ക് നല്‍കരുത് എന്ന നിബന്ധന ഉടമസ്ഥന്‍ വെക്കണം എന്നര്‍ത്ഥം.

 

രണ്ട്: കരാര്‍ സമയത്ത് പരസ്പരം വച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കല്‍ ഉടമസ്ഥനും വാടകക്കാരനും നിര്‍ബന്ധമാണ്‌.

 

കാരണം പ്രവാചകന്‍ (ﷺ) പറഞ്ഞു :

 

المسلمون عند شروطهم 

“മുസ്‌ലിമീങ്ങള്‍ അവര്‍ പരസ്പരം കരാര്‍ ചെയ്ത നിബന്ധനകള്‍ പാലിക്കുന്നവരാണ് ” – [തിര്‍മിദി].

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

മറ്റൊരാളുടെ സാമ്പത്തിക ബാധ്യതക്ക് ഈട് (ഗ്യാരണ്ടി) നില്‍ക്കല്‍: (ضمان) – ശൈഖ് മുഹമ്മദ്‌ ബിന്‍ ഇബ്രാഹീം അതുവൈജിരി (ഹ)

മറ്റൊരാളുടെ സാമ്പത്തിക ബാധ്യതക്ക് ഈട് (ഗ്യാരണ്ടി) നില്‍ക്കല്‍: (ضمان) ശൈഖ് മുഹമ്മദ്‌ ബിന്‍ ഇബ്രാഹീം അതുവൈജിരി (ഹ)

ضمان (മറ്റൊരാള്‍ക്ക് വേണ്ടി ഈട് നില്‍ക്കല്‍) :

നിര്‍വചനം : മറ്റൊരാളുടെ മേല്‍ ബാധ്യതയായുള്ള സാമ്പത്തിക ബാധ്യത അയാള്‍ നിറവേറ്റാത്ത പക്ഷം ഞാന്‍ നിറവേറ്റുമെന്ന്, പ്രായപൂര്‍ത്തിയും വിവേകവുമുള്ള ഒരു മനുഷ്യന്‍ സ്വയം ഏറ്റെടുക്കുന്നതിനെ ضمان എന്ന് പറയുന്നു.

ضمان ന്‍റെ വിധി:

അനുവദനീയമാണ്. മനുഷ്യന്മാര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ കരാര്‍. ചിലപ്പോഴൊക്കെ ഒരാവശ്യമായി വരുകയും ചെയ്യും. പുണ്യത്തിന്‍റെയും തഖ്’വയുടെയും കാര്യത്തില്‍ പരസ്പരം സഹകരിക്കുക എന്ന ഗണത്തില്‍ പെട്ടതാണിത്. ഒരു മുസ്ലിമിന്‍റെ ആവശ്യം നിറവേറ്റുകയും, അവന്‍റെ പ്രയാസം നീക്കിക്കൊടുക്കുകയും ചെയ്യുക എന്ന വലിയൊരു സല്‍കര്‍മ്മം ഈ കരാറില്‍ അടങ്ങിയിട്ടുണ്ട്.

ضمان അനുവദനീയമാകാനുള്ള നിബന്ധന:

ഒരാള്‍ അത്തരത്തില്‍ മറ്റൊരാളുടെ സാമ്പത്തിക ബാധ്യതക്ക് ഈട് (ഗ്യാരണ്ടി) നില്‍ക്കുന്നുവെങ്കില്‍ അയാള്‍ കര്‍മശാസ്ത്രനിയമപ്രകാരം സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് അനുമതിയുള്ള ആളും, നിര്‍ബന്ധിതനല്ലാതെ സ്വയം ഇഷ്ടപ്രകാരം അതിന് മുതിരുന്നവനും ആയിരിക്കണം.

കരാര്‍ പ്രാബല്യത്തില്‍ വരുന്ന രൂപം:

1- ‘ഞാന്‍ അയാളുടെ ബാധ്യതക്ക് ഈട് (ഗ്യാരണ്ടി) നില്‍ക്കുന്നു’, ‘അയാളുടെ ബാധ്യത ഞാന്‍ ഏറ്റെടുത്തിരിക്കുന്നു’, തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ആ കരാര്‍ പ്രാബല്യത്തില്‍ വരുന്നു.

2- നിര്‍ണ്ണിതമായ പണത്തിനും ഗ്യാരണ്ടി നില്‍ക്കാം (ഉദാ: 50000 രൂപക്ക് ഞാന്‍ ഗ്യാരണ്ടി നില്‍ക്കുന്നു).

നിര്‍ണ്ണിതമല്ലാതെയും ഗ്യാരണ്ടി നില്‍ക്കാം ( ഉദാ: ഇന്നയാളില്‍ നിന്നും നിനക്ക് ലഭിക്കാനുള്ള മുഴുവന്‍ പണത്തിനും ഞാന്‍ ഗ്യാരണ്ടി നില്‍ക്കുന്നു).

ഇവിടെ ആര്‍ക്കു വേണ്ടിയാണോ ഗ്യാരണ്ടി നില്‍ക്കപ്പെടുന്നത് ( അഥവാ സാമ്പത്തിക ബാധ്യതയുള്ള ആള്‍) അയാള്‍ ജീവിച്ചിരിക്കുന്നുവോ, മരണപ്പെട്ടുവോ എന്നത് കരാറിനെ ബാധിക്കുകയില്ല.

ضمان (ഈട്) കരാറിന്‍റെ പരിണിതഫലം:

ഒരാളുടെസാമ്പത്തിക ബാധ്യതക്ക് മറ്റൊരാള്‍ ഗ്യാരണ്ടി നിന്ന് എന്നതിനാല്‍ മാത്രം അയാളുടെ മേലുള്ള ബാധ്യത ഇല്ലാതാവുന്നില്ല. മറിച്ച് ആ ബാധ്യത അവരുടെ രണ്ടുപേരുടെ മേലും ഉണ്ടായിരിക്കും. പണം കടം നല്‍കിയ വ്യക്തിക്ക് അത് തിരിച്ചു ലഭിക്കുവാനുള്ള സമയമെത്തിയാല്‍ അവരിരുവരില്‍ ആരില്‍ നിന്ന് വെണമെങ്കിലും അത് തിരിച്ച് ആവശ്യപ്പെടാം.

ضمان (ഈട്) കരാര്‍ അവസാനിക്കുന്നത് എപ്രകാരം:

സാമ്പത്തിക ബാധ്യതയുള്ള ആള്‍ ആ ബാധ്യത നിറവേറ്റുകയോ, ആ ബാധ്യത ലഭിക്കേണ്ടയാല്‍ അത് വിട്ടുകൊടുക്കുകയോ ചെയ്‌താല്‍ ഗ്യാരണ്ടി നിന്നവന്‍റെ ബാധ്യതയും അവസാനിക്കുന്നു.
—————————-

ഇതില്‍ ബ്രാക്കറ്റില്‍ നല്‍കിയ ഭാഗങ്ങള്‍ ഒഴിച്ച് മറ്റെല്ലാം ശൈഖ് മുഹമ്മദ് ബിന്‍ ഇബ്രാഹീം അതുവൈജിരി حفظه الله യുടെ مختصر الفقه الإسلامي എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തതാണ്. ശൈഖ് അബ്ദുല്‍ അസീസ്‌ അര്‍റാജിഹി حفظه الله യാണ് ആ പുസ്തകം അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ളത്. അല്ലാഹു അവരിരുവര്‍ക്കും തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ

അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna.com

പണയവും അതിന്‍റെ നിയമങ്ങളും – ശൈഖ് മുഹമ്മദ്‌ ബിന്‍ ഇബ്രാഹീം അതുവൈജിരി (ഹ).

പണയവും അതിന്‍റെ നിയമങ്ങളും - ശൈഖ് മുഹമ്മദ്‌ ബിന്‍ ഇബ്രാഹീം അതുവൈജിരി (ഹ)

സാമ്പത്തിക കരാറുകളെ മൂന്നായി തരം തിരിക്കാം:

 

1- കരാറില്‍ ഏര്‍പ്പെടുന്ന രണ്ടു കക്ഷികള്‍ക്കും (പരസ്പര ധാരണയോടെയല്ലാതെ) പിന്മാറാന്‍ സാധിക്കാത്ത കരാര്‍ (عقود لازمة).

 

ഉദാ: കച്ചവടം, വാടക തുടങ്ങിയവ.

 

2- കരാറില്‍ ഏര്‍പ്പെടുന്ന രണ്ടു കക്ഷികള്‍ക്കും ഏത് സമയവുംപിന്മാറാവുന്ന കരാര്‍ (عقود جائزة).

 

ഉദാ: വക്കാലയെ പോലുള്ളവ.

 

3- കരാറില്‍ ഏര്‍പ്പെടുന്ന രണ്ടു കക്ഷികളില്‍ ഒരു കക്ഷിക്ക് മാത്രം പിന്മാറാന്‍ അനുവാദമുള്ളവ (عقود لازمة من طرف و جائزة من طرف آخر). 

 

ഉദാ: പണയം, പണയത്തില്‍ കടം നല്‍കുന്നയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും താന്‍ ഗ്യാരണ്ടി എന്നോണം വാങ്ങി വച്ച പണയ മുതല്‍ കടക്കാരന് തിരിച്ച് നല്‍കാവുന്നതാണ്. എന്നാല്‍ കടം തിരിച്ചടക്കാതെയും കടം നല്‍കിയ ആളുടെ അനുവാദമില്ലാതെയും ആ പണയമുതല്‍ തിരിച്ചെടുക്കാന്‍ കടക്കാരന് പറ്റില്ല.

  

പണയത്തിന്‍റെ നിര്‍വചനം: “കടക്കാരനില്‍ നിന്നും കടം തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നാല്‍, പ്രസ്തുത വസ്തുവില്‍ നിന്നോ അതിന്‍റെ വിലയില്‍ നിന്നോ കടം തിരിച്ചുപിടിക്കാനെന്നോണം കടത്തിന് ഗ്യാരണ്ടിയായി ഒരു വസ്തു വാങ്ങിക്കുക.”

 

 പണയം അനുവദിച്ചതിലെ യുക്തി:

അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും സമ്പത്ത് സംരക്ഷിക്കപ്പെടാനുമാണ് പണയത്തെ അനുവദനീയമാക്കിയത്. കടം തിരിച്ചു നല്‍കേണ്ട സമയമെത്തിയാല്‍ കടക്കാരന്‍ പണം നല്‍കിയ ആള്‍ക്ക് അത് തിരിച്ചു നല്‍കണം. എന്നാല്‍ അതയാള്‍ തിരിച്ചു നല്‍കാതിരിക്കുന്ന പക്ഷം കടക്കാരന്‍ അനുവദിക്കുകയാണ് എങ്കില്‍ ആ പണയ മുതല്‍ വിറ്റ്‌ തന്‍റെ അവകാശം പണം നല്‍കിയ ആള്‍ക്ക് അതില്‍ നിന്നും തിരിച്ച് പിടിക്കാം. ഇനി അയാള്‍ കടം വീട്ടുന്നുമില്ല പണയമുതല്‍ വില്‍ക്കാന്‍ അനുവാദം നല്‍കുന്നുമില്ല എങ്കില്‍ ഒന്നുകില്‍ കടം വീട്ടുക , അതല്ലെങ്കില്‍ പണയമുതല്‍ വില്‍ക്കുക എന്നതിന് ഭരണാധികാരിക്ക് അയാളെ നിര്‍ബന്ധിക്കാം. എന്നിട്ടും അയാള്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഭരണാധികാരിക്ക് (കോടതി, നേരിട്ടോ ഉത്തരവ് പുരപ്പെടുവിച്ചോ) ആ പണയമുതല്‍ വിറ്റ്‌ കടം വീട്ടാവുന്നതാണ്.

 

അല്ലാഹു പറയുന്നു:

   

وَإِنْ كُنْتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا كَاتِبًا فَرِهَانٌ مَقْبُوضَةٌ

  

“ഇനി നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി.” – [അല്‍ബഖറ:283].

 

അതുപോലെ ഹദീസില്‍ കാണാം:

 

 

عن عائشة رضي الله عنها أن النبي صلى الله عليه وسلم اشترى طعاما من يهودي إلى أجل ورهنه درعا من حديد

 

 ആഇശ (റ) യില്‍ നിന്നും നിവേദനം: “പ്രവാചകന്‍ (സ) ഒരു ജൂതനില്‍ നിന്നും ഭക്ഷണം കടമായി വാങ്ങിക്കുകയും ഇരുമ്പിന്‍റെ ഒരു പടയങ്കി അയാളുടെ പക്കല്‍ പണയമായി വെക്കുകയും ചെയ്തു.” – [ബുഖാരി, മുസ്‌ലിം].

 

 

• പണയമായി സ്വീകരിക്കുന്ന മുതല്‍ കടം നല്‍കിയ ആളുടെയോ, അദ്ദേഹത്തിന്‍റെ സൂക്ഷിപ്പുകാരന്‍റെയോ കൈവശം ഒരു അമാനത്ത് എന്നോണമാണ് പരിഗണിക്കപ്പെടുക. പണയമുതലിന് വല്ല കേടുപാടോ അപകടമോ സംഭവിച്ചാല്‍ അത് അയാളുടെ വീഴ്ച കാരണത്താലോ, അയാളുടെ ദുരുപയോഗം കൊണ്ടോ സംഭവിച്ചതാണെങ്കില്‍ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതി.

• പണയവസ്തു ചിലവുള്ളവ്യാണെങ്കില്‍ (ഉദാ: പശു) അതിന്‍റെ ചിലവ് നല്‍കേണ്ടത് കടക്കാരനാണ്. എന്നാല്‍ അതിന്‍റെ നിലനില്‍പ്പിനാവശ്യമായ ചിലവിന് നല്‍കുന്നത് കടം നല്‍കിയ ആള്‍ ആണ് എങ്കില്‍, താന്‍ നല്‍കുന്ന ചിലവിന്‍റെ തോതനുസരിച്ച് മാത്രം, സവാരിക്ക് ഉപയോഗിക്കുന്നവയെ അപ്രകാരം ഉപയോഗിക്കുകയോ, പാല്‍ കറക്കുന്നവയുടെ പാല്‍ കറക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. 

 

ശ്രദ്ധിക്കുക: (പണയ മുതല്‍ ഉപയോഗിക്കാന്‍ വേണ്ടി കടം നല്‍കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടില്‍ കണ്ടുവരുന്നുണ്ട്. ഇത് അനുവദനീയമല്ല. ഇത് ഉപകാരം ഈടാക്കാന്‍ വേണ്ടി നല്‍കുന്ന കടം അഥവാ പലിശ ഇനത്തിലാണ് പെടുക. എന്നാല്‍ പണയ മുതല്‍ ഉപയോഗിക്കുന്നയാല്‍ അതിന്‍റെ നാട്ടുനടപ്പനുസരിച്ചുള്ള വാടക അതിന്‍റെ ഉടമസ്ഥന് നല്‍കേണ്ടതുണ്ട്. ഉദാ: നമ്മുടെ നാട്ടില്‍ 5 ലക്ഷം രൂപ കടം നല്‍കി ചിലര്‍ പണയ വീട്ടില്‍ താമസിക്കും. ശേഷം ആ പണം തിരിച്ചു നല്‍കുമ്പോള്‍ ഒഴിഞ്ഞു കൊടുക്കുകയും ചെയ്യും. വാടകയൊന്നും നല്‍കില്ല. ഇവിടെ വാടകയായി നല്‍കേണ്ട പണം പലിശ ഇനത്തില്‍ ഈടാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. ഇത് നിഷിദ്ധമാണ്. എന്നാല്‍ പണയമുതല്‍ ഉപയോഗിക്കുന്നവന്‍ ആ ഉപയോഗത്തിന്‍റെ വില അഥവാ വാടക ഉടമസ്ഥന് നല്‍കണം. അതാണ്‌ ഇസ്‌ലാമികമായ പണയം. ഇവിടെ തന്നെ ഫുഖഹാക്കള്‍ വിശദീകരിച്ചത് നാം ശ്രദ്ധിക്കുക: നിലനില്‍പ്പിന് ചിലവ് ആവശ്യമായി വരുന്ന പണയമുതല്‍ ആയിരിക്കുകയും, അതിന്‍റെ ചിലവിന് നല്‍കുന്നത് പണയമുതല്‍ കൈവശം വെക്കുന്നവനായിരിക്കുകയും ചെയ്‌താല്‍, താന്‍ ചിലവഴിക്കുന്നതിന്‍റെ തോതനുസരിച്ച് അത് ഉപയോഗപ്പെടുത്താം. കാരണം യഥാര്‍ത്ഥത്തില്‍ ആ ചിലവ് നല്‍കേണ്ടത് അതിന്‍റെ ഉടമസ്ഥനാണ്. അതിനാല്‍ തന്നെ ഈ വിഷയം പ്രത്യേകം ശ്രദ്ധിക്കണം).

 

• പണയമുതല്‍ വില്‍ക്കല്‍: പണയം ഗ്യാരണ്ടിയായി സ്വീകരിച്ച ആളുടെ (അഥവാ കടം നല്‍കിയ ആളുടെ) അനുവാദമില്ലാതെ  അതിന്‍റെ ഉടമസ്ഥന് അത് വില്‍ക്കാന്‍ പാടില്ല. ഇനി ഉടമസ്ഥന്‍ അത് വില്‍ക്കുകയും എതിര്‍ കക്ഷി ആ വില്‍പന അംഗീകരിക്കുകയും ചെയ്‌താല്‍ അതില്‍ തെറ്റില്ല. എന്നാല്‍ എതിര്‍ കക്ഷി അംഗീകരിച്ചില്ലെങ്കില്‍ ആ വില്‍പന അസാധുവാണ്.

• (ഒരു പണയമുതല്‍ വിറ്റ്‌ കടബാധ്യത തീര്‍പ്പാക്കുന്ന സാഹചര്യത്തില്‍, പണയ മുതലിന് കടബാധ്യതയെക്കാള്‍ വിലയുണ്ടെങ്കില്‍, കടമായി എത്രയാണോ തിരിച്ചു കിട്ടാനുള്ളത് അത് മാത്രമേ കടം നല്‍കിയ ആള്‍ക്ക് ലഭിക്കുകയുള്ളൂ. ബാക്കി പണം പണയമുതലിന്‍റെ ഉടമസ്ഥന് ഉള്ളതാണ്. മാത്രമല്ല പണയമുതല്‍ വിറ്റ്‌ കടബാധ്യത തീര്‍ക്കാനുള്ള തീരുമാനം കടക്കാരന്‍ അഥവാ ഉടമസ്ഥന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ നിയമപരമായി കോടതി യോ, ബന്ധപ്പെട്ട അധികാരികളോ നല്‍കുന്ന ഉത്ത്രവിനാല്‍ മാത്രമാണ് അത്  നടപ്പാക്കേണ്ടത്. അതിനാല്‍ തന്നെ ഇത്തരം ബാധ്യതകളും കരാറുകളും നിയമപരമായി സാധുതയുള്ള കടലാസുകളില്‍ എഴുതുക).

 

 

————————————————-

 

ഇതില്‍ ബ്രാക്കറ്റില്‍ നല്‍കിയ ഭാഗങ്ങള്‍ ഒഴിച്ച് മറ്റെല്ലാം   ശൈഖ് മുഹമ്മദ് ബിന്‍ ഇബ്രാഹീം അതുവൈജിരി حفظه الله യുടെ مختصر الفقه الإسلامي എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തതാണ്. ശൈഖ് അബ്ദുല്‍ അസീസ്‌ അര്‍റാജിഹി حفظه الله യാണ് ആ പുസ്തകം അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ളത്. അല്ലാഹു അവരിരുവര്‍ക്കും തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ … അല്ലാഹുമ്മ ആമീന്‍ ..

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com