പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ ?!, അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു എന്നറിഞ്ഞാല്‍ അയാളുടെ വീട് ആളുകള്‍ തകര്‍ക്കില്ലേ ?!, പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട് ?

 

36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍  വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും:

 

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية

അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: ” അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ് ” (റവാഹു അഹ്മദ്)

 

ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ, ഏറ്റവും വൃത്തിഹീനമായ  ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്.. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം ..

 

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه 

അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: “പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് ” – [റവാഹുല്‍  ബൈഹഖി]

 

പക്ഷെ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ  വിലയിരുത്തപ്പെടുന്നു ?! നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം .. അല്ലേ !… ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും .. എന്തുകൊണ്ട് ?! ..

വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട് ?! … തെറ്റുകളെയും അവയുടെ ഗൌരവത്തെയും  മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ ?!

 

ഇമാം മാലിക് (റ) പറയുന്നു : ‘ അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു,  കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല’

 

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..

 

അല്ലാഹു പറയുന്നു :

 

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

 

” സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന  പലിശയില്‍ നിന്നും  പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് ” [അല്‍ ബഖറ – 278,279]

 

പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് പ്രവാചകന്റെ ഹദീസില്‍ കാണാം :

 

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

 

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: “പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു” . എന്നിട്ടദ്ദേഹം പറഞ്ഞു : ” അവരെല്ലാം ഒരുപോലെയാണ് ” . [സ്വഹീഹ് മുസ്ലിം]

 

 

അല്ലാഹു നമ്മെ പലിശയെന്ന വന്‍ പാപത്തില്‍ നിന്നും, അത് മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുമാറാകട്ടെ  ….

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

കൺവെൻഷനൽ ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യൽ – കർമ്മശാസ്ത്ര വിധി.

കൺവെൻഷനൽ ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യൽ - കർമ്മശാസ്ത്ര വിധി.

ചോദ്യം: ഞാൻ വർക്ക് ചെയ്യുന്നത്  (Aditya Birla Sunlife insurance) ഒരു ലൈഫ് ഇൻഷൂറൻസ് കമ്പനിയിലാണ്. ഒരുപാട് പ്രയാസപ്പെട്ടാണ് എനിക്ക് ഈ ജോലി ശരിയായത്. എൻ്റെ കുടുംബത്തിൻ്റെ ചിലവ് നോക്കുന്നതും ഈ വരുമാനം കൊണ്ടാണ്. ഇത് ഹലാലാണോ അതോ ഹറാമാണോ ?. ഇനി നിഷിദ്ധമാണ് എങ്കിൽ വളരെ പെട്ടെന്ന് റിസൈൻ ചെയ്‌താൽ കമ്പനി എൻ്റെ മേൽ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.

 

 

ഉത്തരം: 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، أما بعد؛ 

 

ഹലാലായ സമ്പാദ്യം മാത്രം കാംക്ഷിക്കുന്ന താങ്കളുടെ ഉദ്ദേശ ശുദ്ധിക്ക് അല്ലാഹു ഇഹത്തിലും പരത്തിലും തക്കതായ പ്രതിഫലം നൽകട്ടെ. താങ്കൾ ചോദ്യത്തിൽ സൂചിപ്പിച്ചത് പോലുള്ള കൺവെൻഷനൽ ഇൻഷുറൻസ് സംവിധാനങ്ങൾ അനിസ്‌ലാമികമാണ്. അതെന്തുകൊണ്ട് എന്നത് വളരെ ലളിതമായിപറഞ്ഞാൽ:

 

ഞാൻ ഒരു യാത്ര ചെയ്യുന്നു എന്ന് കരുതുക. എൻ്റെ സുഹൃത്തിൻ്റെ കൈവശം ഞാൻ ഒരു 2000 രൂപ എൻ്റെ യാത്രാ പരിരക്ഷയായി ഏല്പിക്കുന്നു എന്ന് കരുതുക. യാത്രയിൽ ഞാൻ സുരക്ഷിതമായി  ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ആ പണം അവനെടുക്കാം. ഇനി എനിക്ക് വല്ല അപകടവും സംഭവിച്ചാൽ സുഹൃത്ത് എനിക്ക് നഷ്ടപരിഹാരം നൽകണം. ഇവിടെ ഞാനും സുഹൃത്തും ഒരു ഭാഗ്യ പരീക്ഷണമാണ് നടത്തിയത്. ഒന്നുകിൽ എനിക്ക് അതല്ലെങ്കിൽ അവന് നേട്ടമുണ്ടാകും. സ്വാഭാവികമായും എൻ്റെ സുഹൃത്ത് ഒരു ഇൻഷുറൻസ് കമ്പനിയായി മാറുന്നു എന്ന് കരുതുക. ഒരുപാട് പേർക്ക് ഒരേ സമയം ഈ പരിരക്ഷ നൽകും. എല്ലാവർക്കും ഒരേ സമയം അപകടമുണ്ടാകാനിടയില്ല എന്ന വലിയ സാധ്യത മുൻനിർത്തിയാണ് അപ്രകാരം ചെയ്യുന്നത്. സ്വാഭാവികമായും അപകടം സംഭവിച്ച കുറച്ച് പേർക്ക് പണം നൽകിയാലും അനേകം പേർ പോളിസി എടുത്തതിനാൽ വലിയൊരു സർപ്ലസ് ബാക്കിയാകുക വഴി കമ്പനി നേട്ടമുണ്ടാക്കുന്നു.

 

ഏതായാലും കർമ്മശാസ്ത്ര വിധിപ്രകാരം രണ്ടു പേർ പരസ്‌പരമുള്ള ഒരിടപാടാണല്ലോ ഇത്. രണ്ടുപേരും തമ്മിലുള്ള ഒരു ഭാഗ്യ പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ചൂതാട്ടം എന്ന ഗണത്തിൽപ്പെടുന്നു. അപകടമുണ്ടാകുന്ന മുറക്ക് നല്കിയതിനേക്കാൾ കൂടുതൽ പണം തിരികെ നൽകണം എന്ന നിബന്ധനയുള്ളതിനാൽ പലിശയോടും സാമ്യതയുണ്ട്. അതുകൊണ്ടാണ് കൺവെൻഷനൽ ഇൻഷൂറൻസ് സംവിധാനങ്ങൾ അനിസ്‌ലാമികമാണ് എന്ന് പറയുന്നത്.

 

അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നത് ഹലാലായ സമ്പാദ്യം ആഗ്രഹിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണ്. അതിൽ നിന്നും വിട്ടുനിൽക്കാൻ നാം ഭയപ്പെടേണ്ടതില്ല. ഉപജീവനം നൽകുന്നവൻ ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവാണല്ലോ. പിന്നെയെന്തിന് നാം ഭയക്കണം. അവൻ പറയുന്നു:

 

 

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا

 

“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌”. – [വിശുദ്ധ ഖുർആൻ: 65: 2-3].  

 

അതുപോലെ നബി (സ) പറഞ്ഞു: 

 

إنك لن تدع شيئاً لله عز وجل إلا بدلك الله به ما هو خير لك منه

 

” നീ അല്ലാഹുവിന് വേണ്ടി വല്ലതും ഉപേക്ഷിക്കുന്ന പക്ഷം അല്ലാഹു നിനക്ക്  അതിനേക്കാൾ ഉത്തമമായത് നൽകുന്നതാണ്”. [مسند أحمد: 21996].

 

താൻ കഴിക്കുന്നതും തൻ്റെ മക്കൾക്ക് കൊടുക്കുന്നതും ഹലാലായിരിക്കണം എന്ന അതിയായ ആഗ്രഹം താങ്കളുടെ ചോദ്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്.  അല്ലാഹുവിൽ തവക്കുൽ ചെയ്ത് ആ ജോലിയിൽ നിന്നും പിൻവാങ്ങുവാനുള്ള മാർഗം അന്വേഷിക്കുക. അതിന് നിയമപരിജ്ഞാനമുള്ള ആളുകളുടെ നിർദേശം തേടാവുന്നതാണ്. അല്ലാഹു സഹായിക്കുമാറാകട്ടെ. കൂടുതൽ അനുഗ്രഹീതമായ തൊഴിൽ താങ്കൾക്ക് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ. ഈ ലേഖനം വായിക്കുന്നവരുടെയെല്ലാം പ്രാർത്ഥന താങ്കൾക്കുണ്ടാകും ഇൻ ഷാ അല്ലാഹ്. 

 

 

അനുവദനീയമായ മാർഗ്ഗേണ എങ്ങനെ നമുക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാം ?. 

 

ഈ അവസരത്തിൽ വളരെ പ്രാധാന്യത്തോടുകൂടി നാം മനസ്സിലാക്കേണ്ട ഒരുവിഷയം കൂടി ഇവിടെ സൂചിപ്പിക്കുന്നു. ഒരു നല്ല സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അപകട സാധ്യതകളിൽ നിന്നും പരിരക്ഷ ഉറപ്പ് വരുത്തുക എന്നതും അപകട സാധ്യതകളെ പരസ്‌പരം പങ്കുവെച്ച് അതിൻ്റെ ആഘാതം കുറക്കുക എന്നതും വളരെ അനിവാര്യമാണ് എന്നതിൽ തർക്കമില്ല. അതിന് എന്ത് ബദൽ സംവിധാനമാണ് നമുക്ക് നിർദേശിക്കാൻ ഉള്ളത് എന്നത് അതുകൊണ്ടുതന്നെ വളരെ പ്രസ്‌കതമാണ്. 

 

 

തകാഫുൽ അഥവാ പരസ്‌പര സഹകരണത്തിൽ അധിഷ്ഠിതമായതോ, ഗവൺമെന്റുകൾ നേരിട്ട് നടത്തുന്ന പൊതു ഇൻഷൂറൻസ് പദ്ധതികളോ ആണെങ്കിൽ അതിന് കുഴപ്പമില്ല. കാരണം ആളുകൾ നൽകുന്ന പണം ആ പദ്ധതിയിൽത്തന്നെ നിലനിൽക്കുന്നു. ഒരു പരസ്‌പര സഹായമെന്നോണം അതിൽ നിക്ഷേപിക്കുന്ന പണം ആഘാതങ്ങൾ ഉണ്ടാകുന്ന വ്യക്തികൾക്ക് നൽകുകയും അതുപോലെ സംവിധാനത്തിൻ്റെ നടത്തിപ്പ് ചിലവുകൾക്ക് ആവശ്യമായ  തുക വകയിരുത്തുകയും ചെയ്ത ശേഷം ബാക്കി വരുന്ന സർപ്ലസ് തുക ആ സംവിധാനത്തിൽത്തന്നെ നിലനിൽക്കുന്നു.

 

അഥവാ ആദ്യം നാം പറഞ്ഞ പ്രൈവറ്റ് സ്ഥാപനങ്ങളുടെ ഇടപാട് പരിശോധിച്ചാൽ നേട്ടമുണ്ടാക്കുക , ലാഭമുണ്ടാക്കുക എന്നതാണ് അതിൻ്റെ അടിസ്ഥാനമെങ്കിൽ പൊതു മേഖലാ സംവിധാനത്തിൽ അത് സാമൂഹ്യസുരക്ഷ, പരസ്‌പര സഹകരണം എന്നീ നിലയിലേക്ക് മാറുന്നു. അതുകൊണ്ടുതന്നെ ആ സംവിധാനത്തിന് നൽകുന്ന പണം എല്ലാവരും നൽകുന്ന ഒരു പരസ്‌പര സഹായ നിധിയായി നിലകൊള്ളുന്നു. ഇതുതന്നെയാണ് തകാഫുൽ സംവിധാനവും.

 

ഒരു കുടുംബത്തിലെ , അല്ലെങ്കിൽ ഒരു നാട്ടിലെ കുറെ ജനങ്ങൾ ചേർന്ന് നിർണിതമായ അപകട സാധ്യതകളെ മുൻനിർത്തി ഒരുമിച്ച് മറികടക്കാൻ ഒരു സഹായ നിധി രൂപീകരിക്കുന്നു. മാസം തോറും അല്ലെങ്കിൽ വർഷം തോറും മുൻകൂട്ടി നിർണയിച്ച പോളിസി തുക പദ്ധതിയിലെ അംഗങ്ങൾ അടക്കുന്നു. അതിൽനിന്നും വ്യവസ്ഥപ്രകാരം അർഹരായ ആളുകൾക്ക് സഹായം ലഭ്യമാക്കുന്നു. ക്ലെയിമുകളും പദ്ധതി നടത്തിപ്പിനാവശ്യമായ ചിലവും കഴിച്ച് മിച്ചം വരുന്ന തുക പദ്ധതിയിൽത്തന്നെ ബാക്കിയാകുന്നു. അത് മുൻകൂട്ടി നിർണയിച്ചത് പ്രകാരം അംഗങ്ങൾക്ക് തിരികെ നൽകുകയോ, അടുത്ത വർഷത്തേക്ക് കരുതി വെക്കുകയോ, ചാരിറ്റിക്ക് ഉപയോഗപ്പെടുത്തുകയോ ഒക്കെ ആവാം. ഈ പറഞ്ഞ രീതി പരസ്‌പര സഹായത്തിൽ അധിഷ്ഠിതമായ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്ന രീതിയാണ്. ഇതേ അർത്ഥമാണ് പൊതുമേഖലാ സംവിധാനങ്ങൾ ഈ പദ്ധതി നിറവേറ്റുമ്പോഴും ഉണ്ടാകുന്നത്.

 

എന്നാൽ മുകളിൽ വിശദീകരിച്ചത് പോലെ രണ്ടു കക്ഷികൾ പരസ്‌പരം ഭാഗ്യപരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒന്നുകിൽ നിനക്ക് അല്ലെങ്കിൽ എനിക്ക് എന്ന വിധേന  ഭാഗ്യ പരീക്ഷണം നടത്തുന്ന കൺവെൻഷനൽ ഇൻഷൂറൻസ് രീതിയാണ് എങ്കിൽ, കർമ്മശാസ്ത്രപരമായി അത് ചൂതാട്ടത്തിൻ്റെ ഗണത്തിലാണ് പെടുക. അത് നിഷിദ്ധവുമാണ്. 

 

അപ്പോൾ ഇൻഷൂറൻസ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് അത് അനുവദനീയമാണോ നിഷിദ്ധമാണോ എന്നത് നിർണയിക്കുന്നത്. ചിലർ ലൈഫ് ഇൻഷൂറൻസ് ആണെങ്കിൽ നിഷിദ്ധവും മറ്റു ഇൻഷൂറൻസുകൾ ആണെങ്കിൽ നിഷിദ്ധവും എന്ന് പറയാറുണ്ട്. ഇത് അവരുടെ വിഷയത്തിലുള്ള അജ്ഞതയിൽ നിന്ന് ഉണ്ടാകുന്നതാണ്.

 

 ലൈഫ് ഇൻഷൂറൻസ് എന്ന് പറയുമ്പോൾ പലരും കരുതുന്നത്, മരണം സുനിശ്ചിതമല്ലേ, പിന്നെ എങ്ങനെയാണ് ലൈഫ് ഇൻഷൂർ ചെയ്യാൻ കഴിയുക എന്നതാണ്. സത്യത്തിൽ എന്താണ് ലൈഫ് ഇൻഷൂറൻസ് എന്ന് പറയുന്നത് കൊണ്ടുള്ള ഉദ്ദേശം എന്നത് മനസ്സിലാകാത്തത് കൊണ്ടാണ് ആ സംശയം ഉണ്ടാകുന്നത്. കർമ്മശാസ്ത്രത്തിൽ ഒരടിസ്ഥാന തത്വമുണ്ട്:

 

الحكم على الشيء فرع عن تصوره

“ഒരു കാര്യത്തിൻ്റെ കൃത്യമായ രൂപം എന്ത് എന്നത് വിലയിരുത്തിയാണ് അതിൻ്റെ വിധി പറയേണ്ടത്”

 

 

അതുപോലെ:

 

  العبرة بالمعاني لا بالألفاظ والمباني

“കേവല പദപ്രയോഗങ്ങൾ മാത്രം മുൻ നിർത്തിയല്ല കാര്യങ്ങൾ വിലയിരുത്തേണ്ടത്. അവയുടെ പൊരുൾ കൂടി പരിഗണിച്ചാണ്”  

 

ലൈഫ് ഇൻഷൂറൻസ് എന്നാൽ ഒരാളുടെ ജീവന് പരിരക്ഷ നൽകുക എന്നതല്ല. മറിച്ച് ഒരാളുടെ പെട്ടെന്നുള്ള വിയോഗം കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന സാമ്പത്തികമായ ആഘാതത്തിൽ അവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നത്  മാത്രമേ അതുകൊണ്ടു ഉദ്ദേശിക്കുന്നുള്ളൂ. അതുകൊണ്ട് ലൈഫ് ഇൻഷുറൻസ് ആണോ മറ്റു വല്ല പേരുകളാണോ എന്നതല്ല ഒരുകാര്യം അനുവദനീയമാണോ അല്ലയോ എന്ന് പറയാനുള്ള മാനദണ്ഡം. മറിച്ച്  ആ ഇൻഷുറൻസ് പരിരക്ഷക്ക് അവലംബമാക്കുന്ന രീതി അനുവദനീയമായ രീതിയാണോ അതോ ചൂതാട്ടത്തിൽ അധിഷ്ഠിതമായ നിഷിദ്ധ രീതിയാണോ എന്നതാണ് ഒന്ന് അനുവദനീയം മറ്റൊന്ന് നിഷിദ്ധം എന്ന് പറയാനുള്ള മാനദണ്ഡം.

 

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ..  അവൻ്റെ അനുഗ്രഹം നമ്മിൽ എന്നുമുണ്ടാകട്ടെ …

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ക്രെഡിറ്റ് കാർഡ് – കർമ്മശാസ്ത്ര വിധി.

ക്രെഡിറ്റ് കാർഡ് - കർമ്മശാസ്ത്ര വിധി.

ചോദ്യം: ക്രെഡിറ്റ് കാർഡുകളുടെ ഇസ്‌ലാമിക വിധിയെന്ത് ?. അതുമുഖേന പർച്ചേസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന വിലക്കിഴിവ് അനുവദനീയമാണോ ?.

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

താങ്കൾ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിന് മുൻപ് എന്താണ് ക്രെഡിറ്റ് കാർഡ് എന്നത് വ്യക്തമാക്കാം. ഉപഭോക്താവിന് പണമടക്കാനോ വസ്തുക്കൾ വാങ്ങാനോ ഈ കാർഡ് മുഖേന സേവന ദാതാക്കളായ ബേങ്കുകൾ പണം നൽകുകയും അതിന് നിർണിതമായ  പലിശയോ സേവന ഫീസുകളോ അവർ കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താവിൽ നിന്നും ഈടാക്കുകയും ചെയ്യുന്ന സംവിധാനമാണ് ക്രെഡിറ്റ് കാർഡ്. -[Reference: O’Sullivan, Arthur; Steven M. Sheffrin (2003). Economics: Principles in action (Textbook). Upper Saddle River, New Jersey 07458: Pearson Prentice Hall. p. 261].

അഥവാ ക്രെഡിറ്റ് കാർഡ് ആരുടെ പേരിലാണോ അവർക്ക് ഇടപാട് നടത്താൻ അനുമതി നൽകിയിട്ടുള്ള അത്രയും തുക ബേങ്ക് കടമായി നൽകുന്നു. അതിന് അവർ പലിശയും ഫീസും ഈടാക്കുന്നു. ഇങ്ങനെയുള്ള  ഒരു പലിശ വായ്പാ സംവിധാനമാണ് ക്രെഡിറ്റ് കാർഡുകൾ. ഒരാളുടെ അക്കൗണ്ടിൽ പണമില്ലെങ്കിലും ക്രെഡിറ്റ് കാർഡ് മുഖേന അനുവദിക്കപ്പെട്ട തുകക്കനുസരിച്ച് അയാൾക്ക് പർച്ചേസ് നടത്താം.

ഇന്ന് ലഭ്യമായ ഒട്ടുമിക്ക ബേങ്കുകളുടെയും ക്രെഡിറ്റ് കാർഡ് പരിശോധിച്ചാൽ അതിന് നിശ്ചിതമായ ഒരു വാർഷിക വരിസംഖ്യയും കൂടാതെ കടമെടുത്ത തുക തിരിച്ചടക്കാൻ 20 ദിവസം , മുപ്പത് ദിവസം എന്നിങ്ങനെ നൽകപ്പെട്ട സമയത്ത് തിരിച്ചടച്ചില്ലെങ്കിൽ മുൻകൂട്ടി നിർണയിക്കപ്പെട്ട പലിശ നൽകാൻ കാർഡ് ഹോൾഡർ ബാധ്യസ്ഥനാകുകയും ചെയ്യും. ഉദാ SBI യുടെ ഒരു ക്രെഡിറ്റ് കാർഡിന് അവർ കൃത്യ സമയത്ത് തിരിച്ചടച്ചില്ലെങ്കിൽ മുന്നോട്ട് വെക്കുന്ന ഉപാധി നോക്കുക:

Extended Credit

• Interest free credit period: 20-50 days, applicable only on retail purchases and if previous month’s outstanding balance is paid in full

• Finance charges: Up to 3.35% per month, (40.2% per annum), from the date of transaction

• Minimum amount due: 5% of Total Outstanding (Min. Rs. 200 + all applicable taxes + EMI ( In case of EMI based product) + OVL amount (if any)

   പലിശ രഹിത കടം അനുവദിക്കപ്പെടുന്നത് 20 മുതൽ 50 ദിവസം വരെ റീടൈൽ പർച്ചേസുകൾക്ക് മാത്രമാണ്. ഇപ്രകാരം തന്നെയാണ് കൺവെൻഷനൽ ബേങ്കുകളിൽ അധികവും ക്രെഡിറ്റ് കാർഡ് സംവിധാനം പ്രവർത്തിക്കുന്നത്. ഇവിടെ പ്രകടമായ ചില നിഷിദ്ധങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്: 

1 –  ഇടപാടിൽ സുവ്യക്തമായ രൂപത്തിൽത്തന്നെ തിരിച്ചടവ് വൈകുന്നപക്ഷം ബേങ്കുകൾ നൽകുന്ന കടത്തിന് ഇത്ര പലിശ നൽകണം എന്നത് വ്യക്തമാക്കുന്നുണ്ട്.

2- ക്രെഡിറ്റ് കാർഡ് മുഖേന അനുവദിക്കപ്പെടുന്ന വായ്‌പാ തുകക്ക് അനുസൃതമായി വാർഷിക ഫീസ്  വർദ്ധിക്കുന്നു. കൂടുതൽ വായ്പ അനുവദിക്കുന്ന കാർഡിന് കൂടുതൽ ഫീസ് നൽകണം. ഇത് സേവനത്തെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല ക്രെഡിറ്റ് ആയി ലഭിക്കുന്ന തുകക്ക് ആപേക്ഷികമായി ഈടാക്കുന്ന ഫീസ് വർധിക്കുന്നു. ഇത് പലിശയുമായി വലിയ സമാനത വച്ച് പുലർത്തുന്നു. അല്ലെങ്കിൽ ഫിക്സഡായ ഒരു interest amount ആണ് എന്ന് തന്നെ പറയാം. 

അതുകൊണ്ടുതന്നെ കൺവെൻഷനൽ ബേങ്കുകൾ നൽകുന്ന മേൽപ്പറഞ്ഞ പ്രകാരമുള്ള ക്രെഡിറ്റ് കാർഡുകൾ നിഷിദ്ധം തന്നെയാണ്. മാത്രമല്ല ഇന്ന് അനേകം രൂപങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുന്നുണ്ട്.

ഇനി ക്രെഡിറ്റ് കാർഡുകൾ നിർബന്ധമായി വരുകയാണ് എങ്കിൽ മാത്രം അത്തരം സാഹചര്യങ്ങളിൽ ഒരാൾക്ക് തൻ്റെ നിർബന്ധിത സാഹചര്യത്തിന് അനിവാര്യമായ ഏറ്റവും ലഘുവായ കാർഡ് മാത്രം ഇഷ്യൂ ചെയ്യാം. എന്നിരുന്നാൽത്തന്നെ സ്വന്തം അക്കൗണ്ടിൽ തിരിച്ചടക്കാനുള്ള പണമില്ലാതെ അതുപയോഗിക്കുവാൻ പാടില്ല. കാരണം വായ്പയായി ഉപയോഗിക്കുന്ന പണം തിരിച്ചടക്കാൻ വൈകുന്ന പക്ഷം മേൽ പരാമർശിക്കപ്പെട്ട (ഫിനാൻസ് ചാർജസ്) പലിശ കൂടി ബാധകമാകും. 

അന്താരാഷ്‌ട്ര ഫിഖ്ഹ് കൗൺസിൽ വായ്പയിലധിഷ്ടിതമായ ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച്‌ (23-28/ september /2000) ൽ റിയാദിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം (ക്രമ നമ്പർ: 108 (2/12)  : 

 

مجمع الفقه الإسلامي قرار برقم: 108 (2/12) بشأن بطاقة الائتمان غير المغطاة ، وحكم العمولة التي يأخذها البنك .

وهذا نص القرار :

 

” إن مجلس مجمع الفقه الإسلامي الدولي المنبثق عن منظمة المؤتمر الإسلامي في دورته الثانية عشرة بالرياض في المملكة العربية السعودية، من 25 جمادى الآخرة 1421هـ إلى غرة رجب 1421هـ (23-28 سبتمبر 2000) .

 

إشارة إلى قرار المجلس في دورته العاشرة رقم 102/4/10، موضوع (بطاقات الائتمان غير المغطاة) .

وبعد استماعه إلى المناقشات التي دارت حوله من الفقهاء والاقتصاديين ، ورجوعه إلى تعريف بطاقة الائتمان في قراره رقم 63/1/7 الذي يستفاد منه تعريف بطاقة الائتمان غير المغطاة بأنه : ” مستند يعطيه مصدره (البنك المصدر) لشخص طبيعي أو اعتباري (حامل البطاقة) بناء على عقد بينهما يمكنه من شراء السلع ، أو الخدمات ، ممن يعتمد المستند (التاجر) دون دفع الثمن حالاً لتضمنه التزام المصدر بالدفع ، ويكون الدفع من حساب المصدر ، ثم يعود على حاملها في مواعيد دورية ، وبعضها يفرض فوائد ربوية على مجموع الرصيد غير المدفوع بعد فترة محددة من تاريخ المطالبة ، وبعضها لا يفرض فوائد .

قرر ما يلي :

 

أولاً: لا يجوز إصدار بطاقة الائتمان غير المغطاة ولا التعامل بها ، إذا كانت مشروطة بزيادة فائدة ربوية ، حتى ولو كان طالب البطاقة عازماً على السداد ضمن فترة السماح المجاني .

ثانياً: يجوز إصدار البطاقة غير المغطاة إذا لم تتضمن شروط زيادة ربوية على أصل الدين .

ويتفرع على ذلك :

 

أ ) جواز أخذ مصدرها من العميل رسوماً مقطوعة عند الإصدار أو التجديد بصفتها أجرا فعليا على قدر الخدمات المقدمة على ذلك .

 

ب ) جواز أخذ البنك المصدر من التاجر عمولة على مشتريات العميل منه ، شريطة أن يكون بيع التاجر بالبطاقة بمثل السعر الذي يبيع به بالنقد .

 

ثالثاً: السحب النقدي من قبل حامل البطاقة اقتراضٌ من مصدرها ، ولا حرج فيه شرعاً إذا لم يترتب عليه زيادة ربوية ، ولا يعد من قبيلها الرسوم المقطوعة التي لا ترتبط بمبلغ القرض أو مدته مقابل هذه الخدمة .

وكل زيادة على الخدمات الفعلية محرمة ( يعني إذا زادت الرسوم عن الخدمات ) لأنها من الربا المحرم شرعاً ، كما نص على ذلك المجمع في قراره رقم 13 (10/2) و 13 (1/3) .

 

رابعاً: لا يجوز شراء الذهب والفضة وكذا العملات النقدية بالبطاقة غير المغطاة. ” انتهى نص قرار المجمع .

തങ്ങളുടെ പത്താമത്തെ ഒത്തുചേരലിൽ (ക്രമ നമ്പർ: 102/4/10) വായ്‍പയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെ  ആസ്പദമാക്കിയും ..

സാമ്പത്തിക വിദഗ്ധരും ഫുഖഹാക്കളും ഒരുമിച്ച് അതിനെക്കുറിച്ച് നടത്തിയ ചർച്ചകളും കേട്ടശേഷവും, ക്രെഡിറ്റ് കാർഡിന്റെ നിർവചനം സംബന്ധിച്ച് എത്തിച്ചേർന്ന തീരുമാനപ്രകാരം (ക്രമ നമ്പർ: 63/1/7) വായ്‌പയിലധിഷ്ഠിതമായ ക്രെഡിറ്റ് കാർഡിന്റെ നിർവചനമായ: ‘കാർഡ് ഇഷ്യൂ ചെയ്യുന്ന കക്ഷി (സേവനദാതാവായ ബേങ്ക്) ഒരു വ്യക്തിയുടെയോ (കമ്പനി പോലുള്ള) ആനുപാതിക വ്യക്തികളുടെയോ പേരിൽ ഉണ്ടാക്കുന്ന ഒരു രേഖയാണ് ക്രെഡിറ്റ് കാർഡ്. ആ കാർഡ് ഇഷ്യൂ ചെയ്യുമ്പോൾ തങ്ങൾക്കിടയിലുള്ള ധാരണപ്രകാരം ഉപഭോക്താവിന് വസ്തുക്കളോ സേവനങ്ങളോ പർച്ചേസ് ചെയ്യാനും,  അതിൻ്റെ വില അപ്പോൾ താൻ സ്വന്തം പണത്തിൽ നിന്നും നൽകുന്നില്ല മറിച്ച് കാർഡ് ഇഷ്യൂ ചെയ്ത ബേങ്ക് അവരുടെ ധനത്തിൽ നിന്നും ആ ധനം നൽകും എന്ന ഉറപ്പ് കച്ചവടക്കാരന് നൽകുകയും ആ പണം ബേങ്ക് നൽകുകയും ചെയ്യുന്നു. തുടർന്ന് ആരുടെ പേരിലാണോ ആ കാർഡ് ഉള്ളത് അവരിൽ നിന്നും പ്രസ്തുത തുക നിശ്ചിതമായ സമയങ്ങളിൽ ഈടാക്കുന്നു. തിരിച്ചടക്കേണ്ട നിർണിതമായ സമയത്ത് തിരിച്ചടക്കാത്തതായ തുകക്ക് ചില ബേങ്കുകൾ പലിശ ഈടാക്കുകയോ ചിലർ ഈടാക്കാതിരിക്കുകയോ ചെയ്യുന്നു’.  എന്ന നിർവചനത്തെ ആസ്പദമാക്കിയും ഇപ്രകാരം തീരുമാനത്തിലെത്തി:

ഒന്ന്: തൻ്റെ അക്കൗണ്ടിലുള്ള പണം തന്നെ ക്രെഡിറ്റ് കാർഡിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌ ഉപയോഗിക്കുന്നതല്ലാത്ത വായ്പയിൽ അധിഷ്‌ഠിതമായതും, തിരിച്ചടവ് വൈകിയാൽ പലിശ വരുന്നതുമായ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുവാനോ അതുപയോഗിക്കുവാനോ പാടില്ല. ഇനി വായ്പാ തിരിച്ചടവ് പലിശരഹിതമായി തിരിച്ചടക്കാവുന്ന നിശ്ചിത സമയപരിധിയിൽത്തന്നെ തിരിച്ചടക്കും എന്ന് തീരുമാനിച്ചാണ് ഒരാൾ ഈ കാർഡ് ഇഷ്യൂ ചെയ്യുന്നതെങ്കിലും അത് അനുവദനീയമാകുന്നില്ല.

രണ്ട്: തിരിച്ചടവ് വൈകിയാലോ മറ്റോ  പലിശ ഈടാക്കപ്പെടും എന്ന നിബന്ധനയില്ലാത്ത ക്രെഡിറ്റ് കാർഡുകൾ ആണെങ്കിൽ അവ ഇഷ്യൂ ചെയ്യുന്നതിൽ തെറ്റില്ല. അതിനോടനുബന്ധമായി മാനസ്സിലാക്കേണ്ട കാര്യങ്ങളാണ്:

a –  അത് ഇഷ്യൂ ചെയ്യുന്ന അതോറിറ്റിക്ക് അഥവാ ബേങ്കിന് അത് ഇഷ്യൂ ചെയ്യുന്ന വേളയിലും പുതുക്കുന്ന വേളയിലും ആ സർവീസ് പ്രൊവൈഡ് ചെയ്യാൻ ആവശ്യമായിവരുന്ന യഥാർത്ഥ ചിലവ് എത്രയാണോ അത് ഫീ ആയി ഈടാക്കാം.  (അഥവാ ആ സർവീസ് നൽകാൻ ആവശ്യമായിവരുന്ന ചിലവുകൾ കണക്കാക്കിയാണ് അത് നിർണയിക്കപെടുക. മാത്രമല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ ഫീ നൽകാൻ കസ്റ്റമർ നിർബന്ധിതനാകും).

b – തങ്ങളുടെ കാർഡ് ഉപയോഗിച്ച് കസ്റ്റമേഴ്‌സ് നടത്തുന്ന പർച്ചേസുകൾക്ക് കച്ചവടക്കാരിൽ നിന്നും  ബേങ്കിന് കമ്മീഷൻ ഈടാക്കാം. കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിനും കാശ് ഉപയോഗിച്ചുള്ള പർച്ചേസിനും ഒരേ വിലയായിരിക്കണം ഈ സാഹചര്യത്തിൽ കച്ചവടക്കാർ ഈടാക്കേണ്ടത് എന്ന നിബന്ധന ഇവിടെ ബാധകമാണ്. (അഥവാ കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിന് കൂടുതൽ വില ഈടാക്കാവതല്ല. ). 

മൂന്ന്: ക്രെഡിറ്റ് കാർഡ് ഉടമ അതുപയോഗിച്ച് നടത്തുന്ന ട്രാൻസാക്ഷൻ ആ കാർഡ് ഇഷ്യൂ ചെയ്ത ബേങ്കിൽ നിന്നും എടുക്കുന്ന കടമാണ്. അതിന് പലിശ ഈടാക്കപെടാത്ത പക്ഷം അതിൽ യാതൊരു തെറ്റുമില്ല. കടമെടുക്കുന്ന തുകയുമായോ അതിൻ്റെ സമയപരിധിയുമായോ ബന്ധമില്ലാത്ത വിധം ഈ സർവീസിന് ബേങ്ക് ഈടാക്കുന്ന നിർണിതമായ ഫീ മേല്പറഞ്ഞ പലിശ ഗണത്തിൽ പെടുന്നുമില്ല. എന്നാൽ സർവീസ് പ്രൊവൈഡ് ചെയ്യാൻ ആവശ്യമായി വരുന്ന  യഥാർത്ഥ ചിലവിനേക്കാൾ കൂടുതലായി ഈടാക്കപ്പെടുന്ന തുക നിഷിദ്ധമാണ്. കാരണം അത് ശറഇൽ നിഷിദ്ധമാക്കപ്പെട്ട പലിശയാകുന്നു. ഫിഖ്ഹ് കൗൺസിൽ അതിൻ്റെ ( ക്രമ നമ്പർ:  13 (10/2)  13 (1/3)  എന്നീ തീരുമാനങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. 

(മേൽ പറഞ്ഞതിൽ ഫിഖ്ഹ് കൗൺസിൽ രേഖപ്പെടുത്തിയത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൻ്റെ അടിസ്ഥാന നിയമമാണ്. അഥവാ ക്രെഡിറ്റ് കാർഡ് വഴി ബേങ്കിൽ നിന്നും ഒരു വ്യക്തിക്ക് നൽകുന്ന തുക വായ്പയായാണ് കണക്കാക്കുന്നത്. ക്രെഡിറ്റ് കാർഡ്, അതിൻ്റെ അനുബന്ധമായ മറ്റു അവിഭാജ്യ ഘടകങ്ങൾ എന്നിങ്ങനെ ഉപഭോക്താവിന് ഈ സർവീസ് ഒരുക്കാൻ ബേങ്കിന് വന്ന യഥാർത്ഥ ചിലവ് മാത്രം ബേങ്കിന് ഈടാക്കാം. നൽകിയ തുക കടമായതിനാൽത്തന്നെ അതിൽ കൂടുതലായി യാതൊന്നും തന്നെ ഉപഭോക്താവിൽ നിന്നും ഈടാക്കാൻ പാടില്ല. അപ്രകാരം ഈടാക്കിയാൽ അത് നൽകിയ കടത്തിന് അധികമായി ഈടാക്കുന്ന പലിശയുടെ ഗണത്തിൽപ്പെടും).

നാല്: കാർഡിൽ മുൻകൂട്ടി നിക്ഷേപിക്കപ്പെട്ട പണമുള്ള റീചാർജ് ചെയ്യുന്ന കാർഡുകൾ ഉപയോഗിച്ചല്ലാതെ സ്വർണ്ണം വെള്ളി എന്നിവ പർച്ചേസ് ചെയ്യാൻ പാടില്ല.

(നമ്മൾ തുക റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉണ്ട് എന്ന് സൂചിപ്പിച്ചുവല്ലോ. സ്വർണ്ണം വെള്ളി എന്നിവയുടെ  പർച്ചേസിന് അത്തരം കാർഡുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നത് ഒരു നിർബന്ധ നിബന്ധനയാണ്. കാരണം സ്വർണ്ണവും വെള്ളിയും വിലക്കപ്പെടുമ്പോൾ ഇടപാട് നടക്കുന്ന തത്സമയം അവയും അവയുടെ വിലയും കൈപ്പറ്റിയിരിക്കണം എന്നത് നിബന്ധനയാണ്. സ്വർണ്ണവും വെള്ളിയും കടമായി വാങ്ങിക്കാൻ അനുവാദമില്ല. തത്സമയം കൈമാറ്റം നടന്നില്ലെങ്കിൽ (ربا النسيئة) അഥവാ കാലതാമസത്തിൻ്റെ നിഷിദ്ധം എന്ന വിലക്ക് ഇടപാടിൽ കടന്നുവരാൻ കാരണമാകും എന്നതിനാലാണത്.

ചുരുക്കിപ്പറഞ്ഞാൽ: 

ക്രെഡിറ്റ് കാർഡുകളെ മൂന്നായി തരം തിരിക്കാം:

ഒന്ന്: നമ്മുടെ അക്കൗണ്ടിലെ പണം കാർഡിലേക്ക് റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന കാർഡുകൾ.  ഇവിടെ നാം ബേങ്കിൽ നിന്ന് കടമായി യാതൊന്നും കൈപറ്റുന്നില്ല. അതുകൊണ്ടു ഇവിടെ പലിശയുമായി ബന്ധപ്പെട്ട യാതൊന്നും ബാധകമാകുന്നില്ല. നിശ്ചിതമായ ഫീ ഈടാക്കിയോ അല്ലാതെയോ നിരുപാധികം ഈ കാർഡ് ഇഷ്യൂ ചെയ്യാം ഉപയോഗിക്കാം. 

രണ്ട്: ബേങ്കിൽ നിന്നും വായ്പയായി പണം ലഭിക്കുന്ന തരത്തിലുള്ള ക്രെഡിറ്റ് കാർഡ്. ഇത്തരം കാർഡുകൾ ഉപയോഗിക്കുമ്പോൾ കടബാധ്യതയാണ് ബേങ്കുമായി ഉപഭോക്താവിന് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ കാർഡുമായി ബന്ധപ്പെട്ട് ബേങ്കിന് വരുന്ന യഥാർത്ഥ ചിലവിൽ കൂടുതലായ ഫിയോ , തിരിച്ചടവിൻ്റെ സമയപരിധി ലംഘിക്കുന്ന പക്ഷം കൂടുതൽ പണം ഈടാക്കപ്പെടും എന്ന നിബന്ധനയോ ഒക്കെ ഉണ്ടാകുന്ന പക്ഷം പലിശ കടന്നുവരുന്നതിനാൽ ഈ കാർഡ് നിഷിദ്ധമായി മാറും. അത് ഇഷ്യൂ ചെയ്യുന്നതും ഉപയോഗിക്കുന്നതും നിഷിദ്ധമാണ്.

എന്നാൽ ഫീ ഈടാക്കിയോ അല്ലാതെയോ ഉള്ള ഇത്തരം കാർഡുകൾക്ക് പലിശ ബാധകമാകുന്ന ഡ്യൂ ഡേറ്റിനു മുൻപ് തിരിച്ചടച്ച് ഉപയോഗിക്കാമോ എന്നതാണ് കൂടുതൽ പേരും ചോദിക്കുന്നത്. സമയം തെറ്റിയാൽ പലിശ അടക്കണം എന്ന നിബന്ധന ഉള്ളതുകൊണ്ടുതന്നെ ആ ഡീൽ നിഷിദ്ധമായി മാറുന്നു. എന്നാൽ നമ്മുടെ നാട്ടിൽ മറ്റു കാർഡുകൾ ലഭ്യമല്ലാതിരിക്കുകയും ഇന്നത്തെ ക്രയവിക്രയങ്ങളിലും പ്രത്യേകിച്ചും യാത്ര ചെയ്യുന്നവർക്കും ക്രെഡിറ്റ് കാർഡ് വളരെ ആവശ്യകരവുമായി മാറിയ സാഹഹചര്യങ്ങളിൽ രണ്ട് സൊലൂഷനുകളാണ് ഉള്ളത്. ഒന്ന് ക്രെഡിറ്റ് കാർഡിൽ ഉപയോഗിക്കുന്ന ട്രാൻസാക്ഷൻ തത്സമയം തൻ്റെ അക്കൗണ്ടിൽ നിന്നും കട്ട് ചെയ്യാൻ ബേങ്കിനോട് ആവശ്യപ്പെടുക. ഈ സാഹചര്യത്തിൽ പലിശ വരില്ല. അതല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഉപയോഗിക്കാൻ ആവശ്യമായിവരുന്ന പണം തൻ്റെ അക്കൗണ്ടിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. അത് അതേ സമയം തന്നെ തിരിച്ചടക്കാനും ശ്രദ്ധിക്കുക. ആദ്യം പറഞ്ഞതാണ് കൂടുതൽ കാര്യക്ഷമം. ഇനി അനിവാര്യമല്ലാത്തവർ അത് പാടേ ഉപേക്ഷിക്കുകയും ചെയ്യുക. അന്താരാഷ്‌ട്ര ഫിഖ്ഹ് കൗൺസിൽ അത് പാടേ ഉപേക്ഷിക്കണം എന്ന നിർദേശമാണ് മുന്നോട്ട് വച്ചത് എന്നത് മുകളിൽ ശ്രദ്ധിച്ചുവല്ലോ. ക്രെഡിറ്റ് കാർഡ് എന്നത് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരനിവാര്യതയായി മാറിയതിനാലും അനേകം അവശ്യ ഇടപാടുകൾക്ക് അത് മാത്രമേ സ്വീകരിക്കൂ എന്ന സാഹചര്യമുള്ളതിനാലും, നമ്മുടെ നാട്ടിലെപ്പോലെ മറ്റു അനുവദനീയമായ സ്കീമുകൾ ലഭ്യമല്ലാത്തതിനാലും മാത്രമാണ് ഇനി ഉപയോഗിക്കേണ്ടി വന്നാൽ എങ്ങനെ നിഷിദ്ധം കടന്നുവരാതെ സൂക്ഷിക്കണം എന്നത് നാം ഇവിടെ പരാമർശിച്ചത്.

മൂന്ന്: ബേങ്കിൽ നിന്നും വായ്പയായി പണം ലഭിക്കുന്ന , എന്നാൽ പലിശ ഈടാക്കപ്പെടാത്ത ക്രെഡിറ്റ് കാർഡ്. ഈ കാർഡ് ഇഷ്യൂ ചെയ്യുകയും ഉപയോഗിക്കുകയുമാകാം. എന്നാൽ ഈ കാർഡ് ഉപയോഗിച്ച് സ്വർണ്ണം വെള്ളി എന്നിവ വാങ്ങിക്കുവാൻ പാടില്ല കാരണം തത്സമയ വിനിമയം നടക്കുന്നില്ല.

അവസാനമായി ചോദ്യകർത്താവ് ചോദിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് ലഭിക്കുന്ന വിലക്കുറവുകൾ അനുവദനീയമാണോ എന്നതാണ്. ഇവിടെ ചില നിർണിത ഉപഭോക്താക്കൾക്ക് കച്ചവടക്കാർ നൽകുന്ന ഈ വിലക്കുറവിൽ യാതൊരു തെറ്റുമില്ല. പക്ഷെ അവരുപയോഗിക്കുന്ന കാർഡ് അനുവദനീയമാണോ എന്നതാണ് വിഷയം. കാർഡ് അനുവദനീയമായ രൂപത്തിലുള്ള കാർഡ് ആണെങ്കിൽ ഈ വിലക്കുറവിൻ്റെ ആനുകൂല്യവും അനുവദനീയമാണ്. എന്നാൽ കാർഡ് തന്നെ അടിസ്ഥാനപരമായി നിഷിദ്ധമാണ് എങ്കിൽ പിന്നെ അതുവഴി ലഭിക്കുന്ന ആനുകൂല്യത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലല്ലോ.

പലിശ വൻപാപങ്ങളിൽ ഒന്നാണ്. അത് വ്യഭിചാരത്തെക്കാൾ കഠിനമാണ്. ഈ കാലത്ത് അതിൽ നിന്നും വിട്ടുനിന്നുകൊണ്ട് ജീവിക്കുക എന്നത് ഏറെ ശ്രമകരവും അങ്ങേയറ്റം കഠിന പരിശ്രമം ആവശ്യവുമായി കാര്യമാണ്. കാരണം അതങ്ങേയറ്റം വ്യാപിച്ചിരിക്കുന്നു. പലിശയുടെ വ്യാപനവും അമിതോപയോഗവും പലരും അതിനെ നിസ്സാരവൽക്കരിക്കാനും കാരണമായിത്തീർന്നിരിക്കുന്നു. എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ അനുവദനീയമായ മാർഗങ്ങൾ കണ്ടെത്തുകയും നിഷിദ്ധമായവയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ സൂക്ഷമതയോടെ ജീവിക്കുന്ന സൗഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ ..

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

 

ഈ-വാലറ്റ് കാശ് ബാക്ക് ഓഫേർസ് അനുവദനീയമാണോ ?.

ഈ-വാലറ്റ് കാശ് ബാക്ക് ഓഫേർസ് അനുവദനീയമാണോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഇന്ന് ധാരാളം ഈ വാലറ്റുകൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട് . അതിൻ്റെ ഉപഭോക്താക്കൾക്ക് പല രൂപത്തിലുള്ള കാഷ്ബാക്ക് ഓഫേർസും അതിൽ നിന്നും ലഭിക്കുകയും ചെയ്യുന്നു. പലരും അതുകൊണ്ടുതന്നെ പലരും ചോദിക്കുകയോ ചോദിക്കാനാഗ്രഹിക്കുകയോ ഒരു ചോദ്യമാണ് ‘ഈ-വാലറ്റ് കാശ് ബാക്ക് ഓഫേർസ് അനുവദനീയമാണോ ?’ എന്നത്. പൂർണമായി കാര്യങ്ങൾ വിലയിരുത്തി ഈ ആർട്ടിക്കിൾ പൂർണമായി വായിക്കാൻ ശ്രമിക്കണേ എന്ന് ആമുഖമായി ഓർമ്മപ്പെടുത്തുകയാണ്. അല്പം ദൈർഘ്യം ഉണ്ടെങ്കിലും വിഷയത്തിന്റെ പര്യാപ്തതക്ക് ആവശ്യമായ കാര്യങ്ങൾ മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ.

അനുവദനീയമായതും അനുവദനീയമല്ലാത്തതുമായ ഇടപാടുകൾ ഇ-വാലറ്റ് ഓഫറുകളിൽ അടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് ഈ വാലറ്റുകളുടെ പ്രവർത്തനം എന്ന് മനസ്സിലാക്കുന്നതിലൂടെ അത് അനുവദനീയമാണോ അല്ലയോ എന്നത് എളുപ്പത്തിൽ നമുക്ക് മനസ്സിലാക്കാം.

പല രൂപത്തിലാണ് ഈ വാലറ്റ് കമ്പനികൾ ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാക്കുന്നത്. ഒന്ന് ഒരു പ്രോഡക്റ്റ് ഈ വാലറ്റ് പർച്ചെസ് ചെയ്യുമ്പോൾ ആ പ്രോഡക്റ്റിൻ്റെ ഉല്‌പാദകരായ കമ്പനി വാലറ്റ് കമ്പനിയുമായുള്ള ധാരണപ്രകാരം പ്രോഡക്റ്റ് വിലക്കിഴിവിൽ നൽകുന്നു.  അഥവാ ഒന്നുകിൽ ആ വസ്തുവിന്റെ വില കുറച്ചുകൊണ്ടോ, അതല്ലെങ്കിൽ പയ്മെന്റ്റ് ഗേറ്റ്-വേ എന്ന നിലക്ക് ഈ വാലറ്റ് കമ്പനിക്ക് നൽകേണ്ട കമ്മീഷൻ ആ  വസ്തുവിൻറെ വിലയിൽ നിന്നും കുറച്ച് കൊണ്ടോ ഉപഭോക്താവിന് വിലക്കുറവ് നൽകുന്നു. ഇവിടെ ഒന്നുകിൽ കച്ചവടക്കാർ നൽകുന്ന വിലക്കിഴിവ് , അതല്ലെങ്കിൽ ഇ വാലറ്റ് നൽകുന്ന സൗജന്യ സേവനം എന്നീ അർത്ഥത്തിൽ ലഭിക്കുന്ന വിലക്കുറവ് ആയതിനാൽ മതപരമായി നിഷിദ്ധങ്ങൾ കടന്നുവരുന്നില്ല.

ഇനി നാം വാലറ്റിൽ 50 രൂപ നിക്ഷേപിച്ചാൽ ഇ-വാലറ്റ് കമ്പനി നമുക്ക് 50 + 50 = 100 അഥവാ 50 രൂപ കാശ് ബാക്ക് ആയി തരും. എങ്ങനെയാണ് ഇത് പ്രാവർത്തികമാകുന്നത്. ബേങ്കുകൾ പ്രവർത്തിക്കുന്നതിനോട് സമാനമായി ആണ് ഇവിടെ വാലറ്റ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഒരുപാട് പേർ ഇ- വാലറ്റിൽ പണം നിക്ഷേപിക്കുന്നു. പക്ഷെ എല്ലാവരും അവരുടെ പണം ഒരേ സമയം പിൻവലിക്കില്ല. അതുകൊണ്ടുതന്നെ തങ്ങൾ ഒരുപഭോക്താവിന്‌ ഒന്നോ രണ്ടോ തവണ നൽകുന്ന ഓഫറിനേക്കാൾ കൂടുതൽ സംഖ്യ എങ്ങനെ ഉണ്ടാക്കാം എന്നത് പ്രാവർത്തികമാക്കിയാൽ ഇത് വിജയകരമാക്കാം. ഇവിടെയാണ് ഇ വാലറ്റുകൾക്ക് ലഭിക്കുന്ന പണം എങ്ങനെ എന്ന് നാം മനസ്സിലാക്കേണ്ടത്. ഈ വിഷയത്തിൽ ഒരഭിപ്രായം പറയുന്നതിന് മുൻപ് ഇ-വാലറ്റുകളുടെ ബിസിനസ് മോഡൽ മനസ്സിലാക്കുക എന്നത് വളരെ അനിവാര്യമാണ്. (الحكم على الشيئ فرع عن تصوره) ‘ഒരു കാര്യത്തെക്കുറിച്ച് നാം കൃത്യമായി ഗ്രഹിക്കുന്നതിനെ ആസ്പദമാക്കിയാണ് ആ കാര്യത്തിന്റെ മതവിധി രൂപപ്പെടുന്നത്’ എന്നത് ഫിഖ്ഹിലെ ഒരടിസ്ഥാന തത്വമാണ്.

ഇ-വാലറ്റ് കമ്പനികൾക്ക് പണം ലഭിക്കുന്ന മാർഗങ്ങൾ എന്തെല്ലാമാണ്. എങ്ങനെയാണ് അവർ ഈ ഓഫറുകൾ നൽകുന്നത് ?.

ഒന്ന്: ഇ-വാലറ്റ് കമ്പനികൾക്ക് അവരുടെ പയ്മെൻ്റ്   നടക്കുന്നതായ ട്രാൻസാക്ഷൻസിന് നിശ്ചിത തുക കമ്മീഷൻ ആയി നൽകണം ഇത് കച്ചവടക്കാരിൽ നിന്നും ഈടാക്കുന്നു. അതല്ലെങ്കിൽ നമ്മൾ ഇ-വാലറ്റ് ഉപയോഗിച്ച് ഒരു പ്രോഡക്റ്റ് വാങ്ങിക്കുമ്പോൾ നിശ്ചിത കമ്മീഷൻ (5% മുതൽ 10%) വരെ ഇ-വാലറ്റ് കമ്പനിക്ക് ലഭിക്കുന്നു.

രണ്ട്: ബേങ്കുകളിൽ ഇ വാലറ്റ് കമ്പനി നിക്ഷേപിച്ച തുകക്ക് സേവിങ്സ് അക്കൗണ്ടിൽ നിന്ന് തന്നെ 3% മുതൽ 4% വരെ പലിശ ലഭിക്കുന്നു. ഈ പലിശ തങ്ങളുടെ ഉപഭോക്താക്കളുമായി പങ്കുവെക്കേണ്ട സാഹചര്യം വരുന്നില്ല. അതുകൊണ്ടുതന്നെ ഇ-വാലറ്റ് കമ്പനികൾ തങ്ങളുടെ സ്വന്തം ധനത്തിൽ നിന്ന് നൽകി ഉപഭോക്താവിനെ ആകർഷിക്കുക എന്നത് കേവലം വിരലിലെണ്ണാവുന്ന തവണകാലിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമായിരിക്കും. പക്ഷെ അയാളെ തങ്ങളുടെ സ്ഥിരം ഉപഭോക്താവാക്കാൻ അതിലൂടെ അവർക്ക് സാധിക്കുന്നു. കൂടാതെ തുടർന്ന് കച്ചവടക്കാർ നൽകുന്ന ആദ്യം സൂചിപ്പിച്ച ഓഫറുകൾ അയാളിലേക്ക് എത്തിക്കുന്നതിലൂടെ കൂടെ നിർത്താനും സാധിക്കുന്നു. ആദ്യം കുറച്ച് പണം അവർ ചിലവാക്കിയാലും പിന്നീട് അവരത് തിരിച്ചു പിടിക്കുന്നു.

മൂന്ന്: വലിയ ഉപഭോക്ത്യ ശ്രേണിയുള്ള ഒരു ഇ-വാലറ്റ് കമ്പനിക്ക് അവരുടെ മാധ്യമങ്ങൾ (വെബ്സൈറ്റ് – ആപ്പ്) ഉപയോഗിച്ച്  പരസ്യം ചെയ്തത് ഉല്പന്നങ്ങൾ വിറ്റഴിക്കപ്പെടാൻ  നിശ്ചിത കമ്മീഷൻ ഓരോ കമ്പനികളും നൽകണം.

നാല്: ഇ-വാലറ്റ് കമ്പനി വഴി വലിയ ഉപഭോക്‌തൃ ശ്രേണിയെ ലഭിക്കുമെന്നതിനാലും, തങ്ങളുടെ ഉത്പന്നങ്ങളുടെ മാർക്കറ്റിങ്ങിന് വേണ്ടി ആവശ്യവുമായി വരുന്ന വലിയൊരു തുക ലാഭിക്കാമെന്നതിനാലും ഇ-വാലറ്റുകളുമായി ധാരണയിൽ എത്തുന്ന കമ്പനികൾ ഇ-വാലറ്റുകളിലൂടെ തങ്ങളുടെ ഉല്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവ് നൽകുന്നു. ഇത് നേരിട്ട് വാങ്ങിയാലോ, കടയിൽ പോയാലോ കിട്ടുകയില്ല. ഇ-വാലറ്റ് കമ്പനികൾക്ക് തങ്ങളുടെ ഉപഭോക്‌തൃ ശ്രിംഖല വർദ്ധിപ്പിക്കാം എന്നതിനാലും, ട്രാൻസാക്ഷൻ ഫീ ഇനത്തിൽ പണം ലഭിക്കുമെന്നതിനാലും, വിലക്കിഴിവ് നൽകുന്ന കമ്പനികൾക്ക്  വലിയ രൂപത്തിൽ എളുപ്പത്തിൽ തങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാം എന്നതിനാലും ഇരുകൂട്ടരും പരസ്പര ധാരണയിലെത്തുന്നു. ഇവിടെ തങ്ങളുടെ ഉല്പന്നങ്ങൾക്ക് കച്ചവടക്കാരായ കമ്പനികൾ  നൽകുന്ന വിലക്കിഴിവ് അനുവദനീയമായ ഒന്നാണ്. ചില ഏജന്റുമാർ മുഖേന വരുന്ന ഉപഭോക്താക്കൾക്ക് പ്രത്യേകമായി ലഭിക്കുന്ന പരിഗണന എന്നതുമാത്രമാണിത്. കൂടുതൽ വോള്യം സെയിൽസ് കുറഞ്ഞ ചിലവിൽ നടക്കുമ്പോൾ കമ്പനിക്ക് വരുന്ന ലാഭം അവർ ഉപഭോക്താക്കൾക്ക്  വിലക്കിഴിവായി നൽകുന്നു എന്ന് മാത്രം. പലപ്പോഴും ഇത്തരം ഓൺലൈൻ പർച്ചെസുകളിൽ ഷിപ്മെൻ്റ്  സംവിധാനം ഇ-വാലറ്റ് കമ്പനി നേരിട്ട് നടത്തുകയോ, അതല്ലെങ്കിൽ സബ് കോൺട്രാക്ട് നൽകുകയോ ചെയ്യുന്നതിലൂടെയും ഇ- വാലറ്റ് കമ്പനികൾ പണമുണ്ടാക്കുന്നു. Mutual Benefit എന്ന നിലക്കുള്ള ഒരു സഹകരണം മാത്രമാണിവിടെ.

ഇ-വാലറ്റ് കമ്പനികൾക്ക് പണം വരുന്ന ഏതാനും മാർഗങ്ങൾ നാം മനസ്സിലാക്കിയല്ലോ. ഈ ഒരു സംരംഭം നിലനിൽക്കണം എങ്കിൽ വലിയ രൂപത്തിലുള്ള ഉപഭോക്‌തൃ ശ്രേണിയും വലിയ രൂപത്തിൽ ട്രാൻസാക്ഷൻസും നടക്കണം.അതുകൊണ്ടുതന്നെ ഇ-വാലറ്റ് കമ്പനികൾ അവരുടെ കയ്യിൽ നിന്നും പണം മുടക്കി ക്യാഷ്ബാക്ക് ഓഫർ നൽകി ഉപഭോക്താക്കളെ കണ്ടെത്തുന്നത് ശേഷം അതിലൂടെ അവർ ഉണ്ടാക്കാനിരിക്കുന്ന നേട്ടങ്ങൾ മുന്നിൽക്കണ്ടാണ്. ഇവിടെ കച്ചവടക്കാർ നേരിട്ട് നൽകുന്ന ഓഫറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്നതിൽ നിഷിദ്ധം ഒന്നും കടന്നുവരുന്നില്ലെങ്കിലും, ഇ-വാലറ്റ് കമ്പനി നേരിട്ട് നൽകുന്ന ക്യാഷ് ബാക്ക് ഓഫറിന് പലിശയുമായി നല്ല സമാനതയുണ്ട്. കാരണം നിങ്ങൾ നിശ്ചിത തുക ഇ-വാലറ്റിൽ നിക്ഷേപിക്കുന്ന പക്ഷം നിങ്ങൾക്ക് ഇത്ര തുക പാരിതോഷികമായി നൽകാം എന്ന ഓഫർ  പലിശ തന്നെയാണ്.

ഉദാ: ഞാൻ ഒരാളുടെ കൈവശം ഒരു അമ്പതിനായിരം രൂപ നൽകുന്നു. എനിക്ക് ആ പണം എവിടെയൊക്കെ എത്തിക്കണോ അവിടെയൊക്കെ എത്തിക്കും. അദ്ദേഹത്തിന്റെ കൈവശം ആ പണം ഏല്പിക്കുന്നതിനാൽ അദ്ദേഹം എനിക്ക് അമ്പത്തിനായിരത്തിലുപരി 500 രൂപ അധികവും നൽകും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കയ്യിൽ ആ പണം ഇരിക്കുംതോറും പ്രയോജനം ലഭിക്കുന്നു. ഇനി ചിലരെങ്കിലും ഉടനെ തന്നെ അത് പിൻവലിച്ചാലും എല്ലാവരും അതുപോലെ ചെയ്യില്ലല്ലോ. ഒരു ബക്കറ്റിൽ പൈപ്പിൽ നിന്നും വെള്ളം വീഴുന്നു, അതിൽ നിന്ന്  മറുവശത്ത് അത് കോരിക്കൊണ്ടിരിക്കുന്നു. വെള്ളം ബക്കറ്റിൽ വീഴുന്നത് മുതൽ അത് അതിൽ നിന്ന് കോരിയെടുക്കാൻ എത്ര സമയം വരുന്നുവോ അത്രയും സമയം അത് ബക്കറ്റിൽ വെള്ളത്തിൻറെ അളവ് വർദ്ധിപ്പിക്കുമല്ലോ. സ്വാഭാവികമായും ഈ പ്രക്രിയ തുടർച്ചയായി നടക്കുമ്പോൾ ബക്കറ്റിൽ എപ്പോഴും ഒരു നിശ്ചിത അളവിൽ വെള്ളം നിൽക്കാൻ അത് കാരണമാകും. എന്നതുപോലെ ട്രാൻസാക്ഷൻസിന്റെ വ്യാപ്തിക്കും വർദ്ധനവിനുമനുസരിച്ച് ഇ-വാലറ്റ് കമ്പനികളുടെ അക്കൗണ്ടിൽ ഭീമമായ സംഖ്യ  ഒരു തുടർ നിക്ഷേപമായി നിലനിൽക്കാൻ ഇടവരുന്നു. ഉപഭോക്താക്കളിൽ നല്ലൊരു ശതമാനം പേരും വാലറ്റിലെ പണം അപ്പപ്പോൾ ഉപയോഗിക്കുന്നവരല്ല. ഇത് നിയമപരമായി അനുവദിക്കപ്പെടുന്ന തോതനുസരിച്ച് പല ക്രയവിക്രയങ്ങൾക്കും Fixed Deposit പോലെയുള്ള ഇടപാടുകൾ ഉപയോഗപ്പെടുത്തി കൂടുതൽ പലിശ കരസ്ഥമാക്കാനും കമ്പനികളെ സഹായിക്കുന്നു. മാത്രമല്ല ഇ-വാലറ്റ് കമ്പനി വഴി നാം പയ്മെന്റ്റ് നടത്തുമ്പോൾ ആ പണം അവരുടെ കയ്യിൽ നിന്നും കമ്പനികൾക്ക് ക്രെഡിറ്റ് ആകാൻ എടുക്കുന്ന കാലതാമസം എത്രയോ അത്രയും സമയം സമയം അത് അവരുടെ കൈവശം നിൽക്കുകായും ചെയ്യുന്നു. ഇത് പൊതുവേ പയ്മെന്റ്റ് ഗേറ്റ്-വേ കളുടെയെല്ലാം ഒരു ഫങ്ക്ഷനിങ് രീതിയാണ്. ഇനി കേവലം Account to Account ട്രാൻസാക്ഷൻസ് ആണ് നടക്കുന്നതെങ്കിൽ പയ്മെന്റ്റ് ഗേറ്റ്-വേ എന്ന നിലക്ക് ട്രാൻസാക്ഷൻ ഫീ ഇ-വാലറ്റ് കമ്പനികൾക്ക് ലഭിക്കുകയും ചെയ്യുന്നു.

ഈ അർത്ഥത്തിൽ ഇ-വാലറ്റ് കമ്പനികൾ വാലറ്റിൽ നിശ്ചിത പണം നിക്ഷേപിക്കുന്നതിന് നൽകുന്ന കാഷ്ബാക്ക് ഓഫറുകൾ പലിശ തന്നെയാണ് അതല്ലെങ്കിൽ, പലിശയുടെ അങ്ങേയറ്റം സാമ്യത പുലർത്തുന്നു എന്ന് പറയേണ്ടി വരും.

ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പലിശ ലഭിക്കുന്നത് പോലെത്തന്നെയാണ് ഏകദേശം ഇത്. ബേങ്കിൽ നിന്ന് പലിശ ലഭിക്കണമെങ്കിൽ സംഖ്യ നിശ്ചിത കാലം അവിടെ കിടക്കണം, പലിശ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ ഇ-വാലറ്റിൽ നിന്നും അധിക തുക ലഭിക്കാൻ നിശ്ചിത കാലം പണം അവിടെ നിലനിൽക്കണം എന്ന നിബന്ധനയില്ല, ഓഫർ ഉള്ള സമയത്ത് ഒരാൾക്ക് ഒരുതവണയേ കിട്ടുകളയുള്ളൂ. ഇതാണ് വിത്യാസം. എന്നാൽ ഈ വിത്യാസം ഒന്ന് നിഷിദ്ധവും മറ്റൊന്ന് അനുവദനീയവുമാകാൻ മാത്രം പര്യാപ്തമല്ല. കാരണം ഇ-വാലറ്റ് കമ്പനിയെ സംബന്ധിച്ചിടത്തോളം എല്ലാവരും നിക്ഷേപിക്കുന്ന തുക അതേ സമയം എല്ലാവരും പിൻവലിക്കില്ല എന്നതും, ട്രാൻസാക്ഷൻ പ്രൊസീഡിങ് ടൈം അത്രയും തങ്ങളുടെ കൈവശം പൂർണമായോ ഭാഗികമായോ ഉപയോഗയുക്തമായി ആ തുക ബാക്കിയാവുന്നു എന്നതിനെയും കൂടി അടിസ്ഥാനപ്പെടുത്തിത്തന്നെയാണ് അവയുടെ പ്രവർത്തനം. എൻ്റെ ധനം ഉപയോഗയുക്തമായ രൂപത്തിൽ മറ്റൊരാളുടെ കൈവശം ഏല്പിച്ചതിന് പ്രത്യുപകാരമായി മുൻധാരണപ്രകാരം അയാൾ നൽകുന്ന ഏത് പാരിതോഷികവും പലിശയുടെ ഇനത്തിൽ വരും എന്നത് ഫിഖ്ഹിലെ ഒരു പൊതു തത്വമാണ്. അത് പണം നൽകിയയാൾ ആവശ്യപ്പെട്ടില്ലെങ്കിലും ശരി, വാങ്ങിക്കുന്നയാൾ പ്രത്യുപകാരം മുൻകൂട്ടി അറിയിക്കുകയോ, അങ്ങനെയൊരു നാട്ടുനടപ്പ് നിലനിൽക്കുകയോ, പരസ്പരം ധാരണയോ നിബന്ധനയോ ഉണ്ടാക്കുകയോ ഒക്കെ ചെയ്താലും അത് പലിശയുടെ ഗണത്തിൽ നിലനിൽക്കും. പരസ്പര ധാരണയോ, നാട്ടുനടപ്പോ, മുന്നറിവോ നിബന്ധനയോ ഇല്ലാതെ, കടം പൂർണമായി തിരികെ നൽകുന്ന വേളയിൽ കടം വാങ്ങിയയാൾ ആ തുകക്ക് പുറമെ വല്ല പാരിതോഷികവും നൽകിയാൽ അത് സ്വീകരിക്കാവുന്നതും, തന്നെ സഹായിച്ചയാൾക്ക് പ്രത്യുപകാരം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.

ഇനി നമ്മളുടെ വിഷയത്തിലേക്ക് വരാം. ഇ-വാലറ്റിൽ പണം നിക്ഷേപിക്കുന്നത് എങ്ങനെയാണ് കടമാകുന്നത് ?. അങ്ങനെയെങ്കിലല്ലേ അവിടെ പലിശ ആകാനുള്ള സാധ്യത വരുന്നുള്ളൂ. അതെ , ഇ-വാലറ്റ് കമ്പനികളിൽ നാം നിക്ഷേപിക്കുന്ന പണം ഒരു പരിധിവരെ അവർക്ക് നേട്ടം ലഭിക്കുന്ന ഉപയോഗയുക്തമായ തുകയാണ്. റിസർവ് ബാങ്ക് അനുശാസിക്കുന്ന അനുപാതത്തിൽ  നിശ്ചിത ശതമാനം വരെ അവർക്ക് അതിനെ ഉപയോഗയുക്തമാക്കാം. ഇനി സ്വാഭാവികമായുംതന്നെ അവരുടെ മൊത്തം നിക്ഷേപത്തിന് ബേങ്കുകളിൽ നിന്നും അവർക്ക് പലിശ ലഭിക്കുകയും ചെയ്യുന്നു. ആകയാൽത്തന്നെ പൂർണമായോ ഭാഗികമായോ ഉപയോഗയുക്തവും എന്നാൽ തിരികെ നമുക്ക് നൽകേണ്ടതുമായ രൂപത്തിൽ ഒരു വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ നൽകുന്ന തുകയ്ക്കാണ് കടം എന്ന് പറയുക.  നാം അതിനെ കടം എന്നോ ഇനി വേറെ എന്ത് പേര് നൽകി വിളിച്ചാലും കർമ്മശാസ്ത്രപരമായി അത് കടമായേ ഗണിക്കപ്പെടുകയുള്ളൂ. അതുകൊണ്ടുതന്നെ ഇവിടെ  താഴെ പറയുന്ന അടിസ്ഥാന നിയമം ബാധകവുമാണ്.

كل قرض جر نفعا فهو ربا      

“ഒരാൾക്ക് കടം നൽകിയ തുകക്ക് (മുൻധാരണപ്രകാരം) പ്രത്യുപകാരമായി ലഭിക്കുന്നതെന്തും പലിശയാണ്”

ഈ-വാലറ്റിനെക്കുറിച്ചുള്ള ചോദ്യം എനിക്ക് ലഭിച്ച സമയത്ത് ഇസ്‌ലാമിക സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം പഠനം നടത്തുകയും ആ മേഖലയിൽ ഇന്ന് ലോകപ്രശസ്തരുമായ അനേകം പേരുമായി ഈ വിഷയത്തിലെ അഭിപ്രായം ചോദിച്ചിരുന്നു. ഡോ. രിയാള് അൽ ഖുലൈഫി, ഡോ. മുഹമ്മദ് ത്വബ്‌ത്വബാഇ, ഡോ. മുബാറക് അൽ ഹർബി,  ഡോ. മുത്ലഖ്‌ അൽ ജാസിർ, ഡോ. യാസിർ അജീൽ തുടങ്ങി പലർക്കും ഈ വിഷയം അയച്ചുകൊടുത്തിരുന്നു. മറുപടി നൽകിയവരിൽ ചിലർ ഒരു പുതിയ വിഷയമായതുകൊണ്ട് കൂടുതൽ പഠിക്കേണ്ടതുണ്ട്. അങ്ങനെയൊന്നു മിഡിൽ ഈസ്റ്റിൽ വലിയ രൂപത്തിൽ പ്രചാരത്തിലില്ലാത്തത് കൊണ്ടാകാം അവർ പരിശോധിച്ചിട്ടില്ല എന്ന് പറഞ്ഞു. മറ്റു ചിലർ പലിശയായി ഗണിക്കാവുന്ന രൂപത്തിൽ വലിയ ശുബുഹത്ത് അതിലുണ്ട് എന്ന് പറഞ്ഞു.

വാലറ്റ് കമ്പനികൾക്ക് അവരുടെ കൈവശം നിക്ഷേപമായി വരുന്ന തുകക്ക് അവർക്ക് ബേങ്കിൽ നിന്നും പലിശ ലഭിക്കുന്നുണ്ട് എന്നതാണ് അവരുടെ വരുമാന സ്രോതസ്സുകളിൽ ഒന്ന് എന്നതിനാലും, നിക്ഷേപിക്കപ്പെടുന്ന പണം ഒരു നിശ്ചിത പരിധി വരെ, നിയമപരമായി അനുവദിക്കപ്പെട്ട മേഖലകളിൽ ഉപയോഗപ്പെടുത്താൻ അവർക്ക് സാധിക്കുമെന്നതിനാലും അവർ നൽകുന്ന കാഷ്ബാക്ക് ഓഫറുകൾ പലിശ തന്നെയാണ് അതല്ലെങ്കിൽ പലിശയാവാൻ വലിയ രൂപത്തിൽ ഇടയുള്ള ഒരു കാര്യമായതിനാൽ ഒഴിവാക്കപ്പെടേണ്ടതാണ് എന്നതാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.

അതുകൊണ്ടുതന്നെ ഇ-വാലറ്റ് കമ്പനികൾ അവരുടെ കൈവശം ഉപഭോക്താവ് പണം നിക്ഷേപിക്കാൻ വേണ്ടിയോ, അവരിലൂടെ ട്രാൻസാക്ഷൻ നടത്താൻ വേണ്ടിയോ ഇ-വാലറ്റ് കമ്പനി സ്വയം നല്കുന്നതായ കാഷ്ബാക്ക് ഓഫറുകൾ നിഷിദ്ധമാണ്.

എന്നാൽ ഇ-വാലറ്റ് കമ്പനിയുമായുള്ള ധാരണയുടെയോ മറ്റോ അടിസ്ഥാനത്തിൽ കച്ചവടക്കാർ നൽകുന്ന വിലക്കിഴിവാണ് ഓഫറായി ലഭിക്കുന്നത് എങ്കിൽ അതനുവദനീയവുമാണ്.

ഇവ രണ്ടും എങ്ങനെ വേർതിരിക്കാം: ഈ വാലറ്റിലെ എന്ത് ഉപയോഗത്തിനും ലഭിക്കുന്നതോ, ഇ-വാലറ്റിൽ നിർണിത സംഖ്യക്ക് എന്ത് പർച്ചെസ് ചെയ്താലും നിങ്ങൾക്ക് ലഭിക്കും എന്ന് പറയുന്നതോ,  ഇ-വാലറ്റിലെ നിശ്ചിത നിക്ഷേപത്തിന് ലഭിക്കുന്നതോ ആയ ഓഫറുകൾ എല്ലാം തന്നെ ഇ-വാലറ്റ് കമ്പനികൾ നൽകുന്നതാണ്. അതനുവദനീയമല്ല.

എന്നാൽ നിർണ്ണിത ഉല്പന്നങ്ങൾക്ക് മാത്രം ഇ-വാലറ്റ് ഉപയോഗിച്ചാൽ ലഭിക്കുന്ന വിലക്കിഴിവ്, കാഷ്ബാക്ക് എന്നിവ തങ്ങളുടെ സെയിൽസ് വോള്യം കൂടുമെന്നതിനാലും, സ്വന്തമായി ഉപഭോക്താക്കളെ കണ്ടെത്തി വില്പന നടത്താൻ ആവശ്യമായി വരുന്ന മാർക്കറ്റിങ് ചിലവ് ഇവിടെ ഉണ്ടാകാത്തതിനാലും കച്ചവടക്കാർ അവരുടെ ഭാഗത്ത് നിന്നും നൽകുന്ന വിലക്കിഴിവാണ്. അത് ഇ-വാലറ്റ് കമ്പനി നൽകുന്നതല്ല. ഇതിൽ യാതൊരു വിധത്തിലുള്ള നിഷിദ്ധവുമില്ലതാനും.

അതുകൊണ്ടുതന്നെ സൂക്ഷ്മത പുലർത്തേണ്ട വിഷയമാണ്. ഈയടുത്ത് പയ്മെന്റ്റ് ഗേറ്റ്-വേ കമ്പനി  സ്വന്തമായുള്ള ഒരു സുഹൃത്തുമായി ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി സംസാരിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് മിഡിൽ ഈസ്റ്റിൽ ഇവിടെ ഈ രൂപത്തിൽ നടക്കുന്നില്ല എന്നതാണ്, എന്നാൽ നാട്ടിലൊക്കെ പല  സഹോദരങ്ങളും ഈ കാഷ്ബാക്ക് ഓഫർ കിട്ടാൻ വേണ്ടി മാത്രം വെറുതെ ട്രാൻസാക്ഷൻസോ, ഡെപ്പോസിറ്റോ ഒക്കെ നടത്താറുണ്ട് എന്ന്.

പരമാവധി വ്യക്തമാക്കി എഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പഠനവിധേയമാക്കാവുന്നതും ശ്രദ്ധിക്കാതെ വിട്ടുപോയ ഭാഗങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഫിഖ്ഹുസ്സുന്നയിലൂടെ എന്നെ എഴുതി അറിയിക്കാവുന്നതുമാണ്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

തവണ വ്യവസ്ഥയിൽ കാർ വാങ്ങാമോ ?.

തവണ വ്യവസ്ഥയിൽ കാർ വാങ്ങാമോ ?

ചോദ്യം: കാർ കമ്പനിയിൽ നിന്ന് നേരിട്ട് തവണ വ്യവസ്ഥയിൽ കാർ  വാങ്ങാമോ? അങ്ങനെ വാങ്ങുമ്പോൾ കമ്പനി ഈടാക്കുന്ന അധിക തുക പലിശ ഇനത്തിൽ വരുമോ?

 

ഉത്തരം: 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

 

കച്ചവടം രണ്ട് വിധമാണ്. ഒന്ന് റൊക്കം പണം നൽകിയുള്ള റെഡി കാശ് കച്ചവടം. മറ്റൊന്ന് തവണ വ്യവസ്ഥയിൽ പണം നൽകുന്ന ഇൻസ്റ്റാൾമെന്റ് കച്ചവടം. തവണ വ്യവസ്ഥയിൽ വാങ്ങുന്ന വസ്തുവിന്റെ വില അതേ വസ്തു റെഡി കേശിന് വാങ്ങുമ്പോൾ വരുന്ന വിലയേക്കാൾ കൂടുതൽ വരുന്നതിൽ ഇസ്‌ലാമികമായി തെറ്റില്ല. പക്ഷെ വിൽക്കുന്നയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവായിരിക്കണം അതുപോലെ ആ കടബാധ്യത പിന്നീട് വർദ്ധിക്കാൻ ഉതകുന്നതാകരുത് എന്നീ നിബന്ധനകൾ ബാധകമാണ്. 

 

ഇവിടെയാണ് നമ്മുടെ നാട്ടിൽ പല കമ്പനികളും പലിശരഹിത തവണ വ്യവസ്ഥയിൽ ഉത്പന്നങ്ങൾ നൽകുന്നത് ഈ നിബന്ധനകൾ പാലിച്ചുകൊണ്ടാണോ എന്നത് നാം പരിശോധിക്കേണ്ടി വരുന്നത്.

 

നാം പലിശ രഹിത തവണ വ്യവസ്ഥയിൽ ഒരു ഷോറൂമിൽ നിന്നും കാർ വാങ്ങുമ്പോൾ അവിടെ ആ കമ്പനി നേരിട്ട് നമുക്ക് തവണ വ്യവസ്ഥയിൽ വാങ്ങുവാനുള്ള ഒപ്ഷൻ നൽകുകയാണോ അതല്ല, ഒരു ഫിനാൻസ് കമ്പനി മുഖേന അത് നമുക്ക് ലഭ്യമാക്കുകയാണോ എന്നത് ശ്രദ്ധേയമാണ്. ഫിനാൻസ് കമ്പനി മുഖേന ആ ഫെസിലിറ്റി നൽകുകയാണ് എങ്കിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് കാറിന്റെ ഉടമസ്ഥരായ കമ്പനിയിൽ നിന്നും നാം നേരിട്ട് തവണ വ്യവസ്ഥയിൽ വാങ്ങിക്കുക എന്ന പ്രക്രിയയല്ല മറിച്ച് ഫിനാൻസ് ചെയ്യുന്ന കമ്പനി കാർ കമ്പനിക്ക് കാറിന്റെ വില നൽകുന്നു. കാറിന്റെ വിലയിൽ ഇളവായി ലഭിക്കുന്ന തുകയും, അടവ് തെറ്റിയാൽ ലഭിച്ചേക്കാവുന്ന പലിശയും ഫിനാൻസ് കമ്പനിക്ക് പലിശയായി ലഭിക്കുന്നു. ഇപ്രകാരമാണെങ്കിൽ അത് ഇസ്‌ലാമികമല്ല.

 

എന്നാൽ കാർ കമ്പനി നേരിട്ട് നിങ്ങൾക്ക് അവരുടെ ഉടമസ്ഥതയിലുള്ള വാഹനം തവണ വ്യവസ്ഥയിൽ നൽകുന്നു, അത് നിങ്ങൾ ഇൻസ്റ്റാൾമെന്റ് ആയതിനാൽ കൂടുതൽ വില നൽകി അവരുടെ കയ്യിൽ നിന്നും വാങ്ങിക്കുന്നു ഇതിൽ തെറ്റില്ല.

 

ഇൻസ്റ്റാൾമെന്റ് ആകുമ്പോൾ വിലവർദ്ധിക്കുന്നത് പലിശ ഇനത്തിൽ വരുമോ എന്നതാണ് പലരുടെയും സംശയം..

 

വില്‌പന നടക്കുന്നതിന് മുൻപ് താൻ വിൽക്കുന്ന വസ്തുവിന്റെ വില നിർണയിക്കാനുള്ള അവകാശം ഉടമസ്ഥനുണ്ട്. നബി (സ) പറഞ്ഞു: 

 

البيعان بالخيار ما لم يتفرقا

 

“പരസ്‌പരം പിരിയുന്നതിന് മുൻപ് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വിൽക്കുന്നവനും വാങ്ങിക്കുന്നവനുമുണ്ട്”. 

 

ഉദാ: ഞാൻ എൻ്റെ കൈവശമുള്ള മൊബൈൽ ഒരാൾക്ക് വിൽക്കുന്നു എന്ന് കരുതുക. കച്ചവടം മുറിയുന്നതിന് മുൻപ് ഇരുപതിനായിരത്തിന് അല്ലെങ്കിൽ ഇരുപത്തിരണ്ടായിരത്തിന് എന്നിങ്ങനെ എനിക്ക് തീരുമാനിക്കാം. ഒരു അവധിയും വാങ്ങിക്കുന്നയാൾക്ക് നൽകിയില്ലെങ്കിൽ പോലും എനിക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതുതന്നെ തവണകളായി അവധി നൽകുമ്പോഴും സംഭവിക്കുന്നുള്ളൂ. പക്ഷെ കച്ചവടം നടന്നു കഴിഞ്ഞാൽ പിന്നെ വില വർദ്ധിപ്പിക്കാനോ കൂടുതൽ പണം ഈടാക്കാനോ സാധിക്കുകയില്ല. അത് പലിശ ഇനത്തിൽപ്പെടും. നേരത്തെ പരസ്പരം കച്ചവടമാണ് ഇടയിലുള്ള ബന്ധമെങ്കിൽ, കച്ചവടം നടന്ന ശേഷം അത് കടബാധ്യതയാണ്. കടബാധ്യതക്ക് കൂടുതൽ പണം ഈടാക്കാൻ പാടില്ല.

 

മാത്രമല്ല എല്ലാവർക്കുമറിയാവുന്നപോലെ ‘സലം’ എന്ന കച്ചവടം നബി (സ) അനുവദിച്ച ഒരിനം കച്ചവടമാണ്. അതിൽ സംഭവിക്കുന്നത്  ഒരാൾ കർഷകനുമായി ഇന്നാലിന്ന കാർഷികോത്പന്നം ഇന്നാലിന്ന സമയത്ത് നൽകണമെന്ന കരാറിൽ എത്തുകയും പണം മുൻകൂട്ടി നൽകുകയും ചെയ്യുന്ന രീതിയാണത്. ഇവിടെ പണം മുൻകൂട്ടി നൽകുക വഴി കാർഷികോത്പന്നത്തിന്റെ ആവശ്യക്കാരന് അത് കൂടുതൽ വിലക്കുറവിൽ ലഭിക്കുന്നു. കർഷകനാകട്ടെ പണം നേരത്തെ ലഭിച്ചതുകൊണ്ട് കൃഷി ചെയ്യാനും സാധിക്കുന്നു. ‘സലം’ എന്നറിയപ്പെടുന്ന ഈ ഇടപാടിൽ പണം നേരത്തെ നൽകുന്നു ഉത്പന്നം പിന്നീടാണ് ലഭിക്കുന്നത്. ആയത് വില കുറയാൻ ഇടവരുത്തുന്നു. ഇതേ ഇടപാടിന്റെ നേർ വിപരീത രൂപമാണ് തവണ വ്യവസ്ഥയിൽ നടക്കുന്നത്. ഉത്പന്നം നേരത്തെ ലഭിക്കുന്നു. പണം പിന്നീടാണ് നൽകുന്നത്. ആയതിനാൽ കൂടുതൽ വിലക്ക് കച്ചവടം ചെയ്യുന്നു. ഇത് കേവല കച്ചവടമാണ് പലിശയല്ല.

 

അതുപോലെ കച്ചവടം നടന്ന് കടബാധ്യതയായാൽ പിന്നെ അടവ് തെറ്റിക്കുകയോ മറ്റോ ചെയ്യുന്നപക്ഷം കൂടുതൽ പണം ഈടാക്കുന്ന തവണ വ്യവസ്ഥകളും ഇസ്‌ലാമികമല്ല. നമ്മുടെ നാട്ടിലെ തവണ വ്യവസ്ഥകളിൽ ഇത് വ്യാപകമായി കാണാം. 

 

ആളുകൾ കൃത്യമായി തിരിച്ചടക്കാതിരിക്കുന്നതിനെ തരണം ചെയ്യാൻ ഇസ്‌ലാമികമായി ധാരാളം വഴികൾ ഉണ്ട്. ഗ്യാരണ്ടി വാങ്ങുക, കഫാല അഥവാ ഇടപാടിൽ ഗ്യാരണ്ടിയായി മറ്റൊരാളെ കൂടി നിർത്തുക, സാലറി സർട്ടിഫിക്കറ്റ് മറ്റു വരുമാന മാർഗങ്ങൾ എന്നിവ ഉറപ്പ് വരുത്തി പണമടക്കാൻ സാധിക്കുന്നയാളാണോ എന്ന് ഉറപ്പ് വരുത്തുക, ബേങ്കിൽ നിന്നും അതാത് മാസം ശമ്പളത്തോടൊപ്പം അടവ് നടപ്പാക്കുന്ന മാനദണ്ഡം സ്വീകരിക്കുക എന്നിങ്ങനെ അനവധി മാർഗങ്ങൾ അതിനായുണ്ട്.   മാത്രമല്ല തവണകൾ തെറ്റിക്കുന്നയാൾ പിന്നെ നിയമപരമായി മുഴുവൻ സംഖ്യയും ഒരുമിച്ചടക്കാൻ ബാധ്യസ്ഥനാകും തുടങ്ങിയുള്ള നിബന്ധനകളും വെക്കാറുണ്ട്. അഥവാ തവണകൾ ഒരാൾ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ അയാളുടെ മേൽ പലിശ ഈടാക്കുന്ന വ്യവസ്ഥിതി ഇസ്‌ലാമികമല്ല. എന്നാൽ തങ്ങളുടെ അവകാശം അയാളിൽ നിന്ന് ഈടാക്കാൻ അനവധി നിയമവിധേയമായ മാർഗങ്ങൾ ഉണ്ട്താനും.

 

ഏതായാലും ഒരു വസ്തുവിന്റെ തവണ വ്യവസ്ഥയിലുള്ള വില, ആ വസ്തു റെഡി കേശിന് വാങ്ങുമ്പോഴുള്ള വിലയേക്കാൾ കൂടുതലാണ് എന്നതുകൊണ്ട് യാതൊരു നിഷിദ്ധവും കടന്നുവരുന്നില്ല. എന്നാൽ തവണ വ്യവസ്ഥ ഫിനാൻസ് കമ്പനിയോ മറ്റോ ഇടനിലക്കാരായി പലിശ പറ്റി ചെയ്തുതരുന്ന രൂപമാകരുത്. വസ്തുവിന്റെ ഉടമസ്ഥൻ നേരിട്ട് തരുന്ന തവണ വ്യവസ്ഥ വഴി കൂടുതൽ വില നൽകി  വാങ്ങിക്കാം എന്നർത്ഥം. അതുപോലെ വാങ്ങിച്ചുകഴിഞ്ഞാൽ അടവുതെറ്റുന്ന വേളയിൽ പലിശ ഈടാക്കും എന്ന ഉപാധി ഇടപാടിൽ ഉണ്ടെങ്കിൽ അതും അനിസ്‌ലാമികമാണ്. കച്ചവടം മുറിഞ്ഞുകഴിഞ്ഞാൽ പിന്നെ കടബാധ്യത വർധിക്കാൻ പാടില്ല. ഇത്തരം നിഷിദ്ധങ്ങൾ കടന്നുവരുന്നുവെങ്കിൽ ആ തവണ വ്യവസ്ഥ നിഷിദ്ധമാണ് എന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടിലുള്ള തവണ വ്യവസ്ഥകൾ പ്രത്യക്ഷത്തിൽ പലിശ രഹിതമെന്ന് പറയുമെങ്കിലും മേൽ സൂചിപ്പിച്ച വിധമുള്ള നിഷിദ്ധങ്ങൾ അവയിൽ കാണാറുണ്ട്.

 

തവണ വ്യവസ്ഥയിലാകുമ്പോൾ വസ്തുവിന് കൂടുതൽ വിലവരുന്നതിനെ സംബന്ധിച്ച്‌ ശൈഖ് ഇബ്നു ബാസ് (റ) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യവും മറുപടിയും താഴെ കൊടുക്കുന്നു: 

 

إن هذه المعاملة لا بأس بها لأن بيع النقد غير التأجيل، ولم يزل المسلمون يستعملون مثل هذه المعاملة وهو كالإجماع منهم على جوازها ، وقد شذ بعض أهل العلم فمنع الزيادة لأجل الأجل وظن ذلك من الربا وهو قول لا وجه له وليس من الربا في شيء لأن التاجر حين باع السلعة إلى أجل إنما وافق على التأجيل من أجل انتفاعه بالزيادة والمشتري إنما رضي بالزيادة من أجل المهلة وعجزه عن تسليم الثمن نقداً ، فكلاهما منتفع بهذه المعاملة ، وقد ثبت عن النبي صلى الله عليه وسلم ما يدل على جواز ذلك وذلك أنه صلى الله عليه وسلم أمر عبد الله بن عمرو بن العاص رضي الله عنهما أن يجهز جيشاً فكان يشتري البعير بالبعيرين إلى أجل 

 

“തവണ വ്യവസ്ഥയിലുള്ള ഇടപാടിൽ കുഴപ്പമില്ല. കാരണം റെഡി കാശ് ആയുള്ള കച്ചവടവും, ഇടനൽകിക്കൊണ്ടുള്ള (തവണ വ്യവസ്ഥയിലെ) കച്ചവടവും രണ്ടും രണ്ടാണ്. മുസ്‌ലിംകൾ കാലങ്ങളായി ഈ ഇടപാട് ചെയ്തുപോരുന്നുണ്ട്. അതിൽനിന്നും പൊതുവെ മുസ്‌ലിംകൾ അതിനെ ഐക്യകണ്ഡേന അനുവദനീയമായിക്കാണുന്നു  എന്ന് മനസ്സിലാക്കാം. ചില ഒറ്റപ്പെട്ട പണ്ഡിതന്മാർ സാവകാശം നൽകുന്നതിന് കൂടുതൽ വില ഈടാക്കുന്നുവെന്നതിനാൽ അത് പാടില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.  അത് പലിശയാണ് എന്ന തെറ്റിദ്ധാരണയാലാണത്. അതിൽ യാതൊരു വിധത്തിലുള്ള പലിശയുമില്ല. തൻ്റെ കൈവശമുള്ള വസ്തു ഒരു കച്ചവടക്കാരൻ സാവകാശം നൽകിക്കൊണ്ട് വിൽക്കുന്നത് തന്നെ കൂടുതൽ വില ലഭിക്കുന്നതിനാലാണ്. വാങ്ങുന്നയാൾ കൂടുതൽ വില നൽകി വാങ്ങാൻ തയ്യാറാക്കുന്നതും തനിക്ക് പണം നൽകാൻ അല്പം സാവകാശം ലഭിക്കുന്നതിനാലും റൊക്കം കാശ് നൽകാൻ കയ്യിലില്ലാത്തതിനാലുമാണ്. ഈ കച്ചവടത്തിൽ ഇരുവർക്കും പ്രയോജനവുമുണ്ട്. മാത്രമല്ല ഇത് അനുവദനീയമാണ് എന്നതിന് തെളിവായി നബി (സ)  യിൽ നിന്നും  ഇപ്രകാരം വന്നിട്ടുണ്ട്: അംറു ബ്നുൽ ആസ്വിനോട് ഒരു സൈന്യത്തെ ഒരുക്കാൻ പറഞ്ഞ വേളയിൽ ഇപ്പോൾ ഒരൊട്ടകത്തെ നൽകുന്നവർക്ക് പിന്നീട് രണ്ടൊട്ടകം (അല്ലെങ്കിൽ രണ്ടൊട്ടകത്തിന്റെ) വില നൽകാം എന്ന കണക്കെ അവർ സൈന്യത്തിനാവശ്യമായ ഒട്ടകം വാങ്ങിച്ചിരുന്നു”. – [فتاوى إسلامية 2/331]. 

 

അഥവാ  സൈന്യത്തിന് ആവശ്യമായ ഒട്ടകം തികയാതെ വരുകയും ആവശ്യമായ ഒട്ടകം വാങ്ങിക്കാനുള്ള പണം അവരുടെ കൈവശം ഇല്ലാതെ വരുകയും ചെയ്തപ്പോൾ, ഇപ്പോൾ ഒരൊട്ടകം തങ്ങൾക്ക് വിൽക്കുന്നവർക്ക് സ്വദഖയുടെ ധനം വന്നാൽ രണ്ടൊട്ടകം അല്ലെങ്കിൽ രണ്ടൊട്ടകത്തിന്റെ വില നൽകാം എന്ന നിലക്ക് സൈന്യത്തിലേക്ക് ഒട്ടകത്തെ വാങ്ങിയിരുന്നു. ഇവിടെ പണം റൊക്കമായി നൽകാൻ ഇല്ലാതെ വന്നപ്പോൾ കൂടുതൽ വിലക്കാണ് ഒട്ടകത്തെ വാങ്ങിയത്. ഇതുതന്നെയാണ് തവണ വ്യവസ്ഥക്ക് കൂടുതൽ വില ഈടാക്കുമ്പോഴും സംഭവിക്കുന്നത്.

 

എന്നാൽ സ്വർണ്ണം വെള്ളി തുടങ്ങിയവയോ, അവ കൊണ്ട് നിർമ്മിക്കപ്പെട്ട ആഭരണങ്ങളോ കറൻസിയോ മറ്റോ ഇത്തരത്തിൽ തവണ വ്യവസ്ഥയിൽ വാങ്ങുക അനുവദനീയമല്ല. കാരണം സ്വർണ്ണം വെള്ളി തുടങ്ങിയവ റൊക്കം പണം നൽകിയല്ലാതെ വാങ്ങിക്കാൻ പാടില്ല എന്ന് നബി (സ) യിൽ നിന്നും പ്രത്യേകം ഹദീസ് വന്നിട്ടുണ്ട്. സ്വർണ്ണാഭരണമോ വെള്ളിയോ റൊക്കം പണം നൽകാതെ കടം പറഞ്ഞോ, തവണ വ്യവസ്ഥയിലോ വാങ്ങുന്നത് പലിശയുടെ ഇനത്തിൽ വരുന്ന ഒന്നാണ്. ربا النسيئة  അഥവാ കാലതാമസത്തിന്റെ പലിശ എന്നാണ് അതിന് പറയുക. അത് വേറെ വിഷയമായതിനാൽ കൂടുതൽ അതുസംബന്ധമായി ഇവിടെ പ്രതിപാദിക്കുന്നില്ല..

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ബേങ്കിൽ നിന്ന് ലഭിച്ച സമ്മാനം ഉപയോഗിക്കാമോ ?.

ബേങ്കിൽ നിന്ന് ലഭിച്ച സമ്മാനം ഉപയോഗിക്കാമോ ?

ചോദ്യം:  പത്താം ക്ലാസിൽ ഫുൾ A+ കിട്ടിയതിന്റെ ഭാഗമായി എനിക്ക് അർബൻ ബേങ്കിൽ നിന്നും സമ്മാനവും ഒരു ചെറിയ ക്യാഷ് അവാർഡും ലഭിച്ചു. അത് എനിക്കുപയോഗിക്കാമോ ?. 

 

 

ഉത്തരം: 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

 

പലിശയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബേങ്കുകളിൽ നിന്നും ലഭിക്കുന്ന സമ്മാനങ്ങളും സൗജന്യ സേവനങ്ങളും ഒന്നും തന്നെ ഉപയോഗിക്കൽ മതപരമായി അനുവദനീയമല്ല. നിങ്ങൾക്ക് ലഭിച്ച തുക പാവപ്പെട്ട പ്രയാസപ്പെടുന്ന ആളുകൾക്ക് നൽകി കയ്യിൽ നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

പലിശയുടെ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?.

പലിശയുടെ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

വലിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ വേണ്ടി നാമോരുമിച്ച് പരിശ്രമിക്കുന്ന സാഹചര്യമാണല്ലോ കേരളത്തിലുള്ളത്. ഒരു മുസ്‌ലിമിന് പലിശയുമായി ബന്ധപ്പെടാനോ പലിശയുമായി ബന്ധപ്പെടാനോ പാടില്ലാത്തതിനാല്‍ അവന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശ ഉപയോഗിക്കാറില്ല. അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമോ എന്നതാണ് ചോദ്യം.

അക്കൗണ്ടില്‍ വരുന്ന പലിശയുടെ പണം ദാനധര്‍മ്മം എന്ന ഉദ്ദേശത്തോടെയല്ലാതെ , തന്‍റെ കയ്യില്‍ നിന്നും ഹറാമായ ധനം നീക്കം ചെയ്യുക അര്‍ത്ഥത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാം. അത് സ്വദഖയായി പരിഗണിക്കുകയില്ല. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അവശ്യമായി സാഹചര്യം എന്ന നിലക്കേ പലിശ ബേങ്കില്‍ അക്കൌണ്ട് തുറക്കാവൂ. ഇനി അക്കൗണ്ട് ഉള്ളവർ തന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശപ്പണം തൻ്റെ കയ്യിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യണം.

തന്‍റെ കൈവശം ഹലാലല്ലാത്ത മാര്‍ഗേണ വരുന്ന ഏതൊരു ധനവും തനിക്ക് ഉപയോഗിക്കല്‍ നിഷിദ്ധമാണ്. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കോ ദുരിതാശ്വാസത്തിനോ ഒക്കെ നല്‍കിക്കൊണ്ടാണ് അത് നീക്കം ചെയ്യേണ്ടത്. 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

സിഗരറ്റ് പോലുള്ള പുകയില ഉല്പന്നങ്ങള്‍ വില്‍ക്കാമോ ?. ഉപയോഗിക്കാറില്ല. പക്ഷെ വില്‍ക്കാറുണ്ട്. എങ്കില്‍ തെറ്റുണ്ടോ ?.

സിഗരറ്റ് പോലുള്ള പുകയില ഉല്പന്നങ്ങള്‍ വില്‍ക്കാമോ 

ഉപയോഗിക്കാറില്ല, പക്ഷെ വില്‍ക്കാറുണ്ട്. എങ്കില്‍ തെറ്റുണ്ടോ ?

ചോദ്യം: ഞാന്‍ സാധാരണ സിഗരറ്റ് ഉപയോഗിക്കാറില്ല. എങ്കിലും കടയില്‍ സിഗരറ്റ് വില്‍ക്കാറുണ്ട്. സിഗരറ്റ് പോലുള്ള പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിന്‍റെ യഥാര്‍ത്ഥ വിധിയെന്താണ് ?. ഉപയോഗിക്കല്‍ നിഷിദ്ധമാണ് എന്നത് കൊണ്ട് വില്‍ക്കല്‍ നിഷിദ്ധമാകുമോ ?.

ഉത്തരം: അല്‍ഹംദുലില്ലാഹ് കാര്യങ്ങള്‍ ചോദിച്ചറിയാനും, കച്ചവടത്തിലും ജീവിതത്തിലും ശറഇയായ നിയമങ്ങള്‍ പാലിക്കാനുമുള്ള താങ്കളുടെ നല്ല മനസ്സ് അല്ലാഹു നിലനിര്‍ത്തിത്തരട്ടെ. ഹറാമായ കാര്യങ്ങള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ അത് വില്‍ക്കുന്നതും നിഷിദ്ധമാണ്. അത് വ്യക്തമാക്കുന്നതിന് മുന്‍പ് സിഗരറ്റിന്‍റെ വിധി എന്ത് എന്ന് മനസ്സിലാക്കാം.

സിഗരറ്റ് ഹാനികരമാണ് എന്നത് തര്‍ക്കമില്ലാത്തതും, അതിന്‍റെ പാക്കറ്റില്‍ പോലും രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. അത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അതിന്‍റെ ഉപദ്രവം ഉണ്ടാകുന്നു. അതുകൊണ്ടാണ് പൊതു ഇടങ്ങളില്‍ പുകവലിക്കുന്നത് സര്‍ക്കാര്‍ തന്നെ നിയമവിധേയമായി നിരോധിച്ചിരിക്കുന്നത്. നമ്മുടെ ജീവന്‍, ആരോഗ്യം എന്നിവ സംരക്ഷിക്കല്‍ നമ്മുടെ ബാധ്യതയാണ്. സ്വന്തത്തിനോ, മറ്റുള്ളവര്‍ക്കോ നേരിട്ട് ഉപദ്രവകരമാണ് എന്ന് അറിയാവുന്ന കാര്യങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ വിട്ടുനില്‍ക്കുകയും ചെയ്യണം. അതുകൊണ്ടുതന്നെ സിഗരറ്റിന്‍റെ ഉപയോഗം ഹറാം ആണ് എന്നതില്‍ ആര്‍ക്കെങ്കിലും അഭിപ്രായഭിന്നത ഉണ്ടാകും എന്ന് തോന്നുന്നില്ല. അതിന്‍റെ നിര്‍മാതാക്കള്‍ പോലും അതുപയോഗിക്കരുത് എന്ന് ഉപഭോക്താക്കളെ നിയമപരമായി അറിയിക്കണം എന്നുണ്ട്.

وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ وَأَحْسِنُوا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ

"നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും".

അല്‍ബഖറ:195

മാത്രമല്ല, ഉപകാരപ്രദമല്ലാത്ത കാര്യത്തില്‍ തന്‍റെ ധനം വിനിയോഗിക്കല്‍, മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കല്‍ തുടങ്ങിയ നിഷിദ്ധങ്ങളും അതില്‍ കടന്നു വരുന്നു.

ഇനി അത് ഞാന്‍ ഒഴിവാക്കുന്നു. പക്ഷെ കച്ചവടം ചെയ്യും എന്നതാണ് നിലപാട് എങ്കില്‍ അത് ഇരട്ടത്താപ്പാണ്. മാത്രമല്ല അതി ഗൌരവപരമായ തിന്മയാണ് നിഷിദ്ധമായ കാര്യങ്ങള്‍ കച്ചവടം ചെയ്ത് സമ്പാദ്യം ഉണ്ടാക്കുക എന്നത്. ജൂതന്മാരില്‍ ചിലര്‍ അല്ലാഹു അവര്‍ക്ക് നെയ്യ് നിഷിദ്ധമാക്കിയപ്പോള്‍, അത് വില്‍ക്കുകയും അതിന്‍റെ വില ഭക്ഷിക്കുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് നബി (സ) പറയുന്നു: 

لعن الله اليهود ، حرمت عليهم الشحوم فباعوها وأكلوا أثمانها ، وإن الله عز وجل إذا حرم أكل شيء حرم ثمنه

"ജൂതന്മാര്‍ക്ക് നാശം. അവര്‍ക്ക് നെയ്യ് നിഷിദ്ധമാക്കപ്പെട്ടപ്പോള്‍, അവര്‍ അത് വില്പന നടത്തുകയും അതിന്‍റെ വില ഭക്ഷിക്കുകയും ചെയ്തു. അല്ലാഹു ഒരു കാര്യം ഭക്ഷിക്കുന്നത് നിഷിദ്ധമാക്കിയാല്‍ അത് വിറ്റ്‌ കിട്ടുന്ന വിലയും നിഷിദ്ധമാണ്"

[അബൂദാവൂദ്: 3026- അല്‍ബാനി: സ്വഹീഹ്]

ഈ ഹദീസില്‍ നിന്നും വിലക്കപ്പെട്ടവ വില്പന നടത്തുന്നതും അതിലൂടെ വരുമാനമുണ്ടാക്കുന്നതും നിഷിദ്ധമാണ് എന്ന് മനസ്സിലാക്കാം. മാത്രമല്ല അത്  നബി (സ) ശപിച്ച അത്യധികം ഗൗരവപരമായ കാര്യവുമാണ്. അതുകൊണ്ടുതന്നെ നിഷിദ്ധമാണെന്നതിനാല്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുകയും ,  സമൂഹനന്മയെ മുന്‍നിര്‍ത്തി പുകയില ഉല്പന്നങ്ങള്‍ ഒരു വിശ്വാസി തന്‍റെ കടയില്‍ വില്‍ക്കാതിരിക്കുകയും ചെയ്യണം. അതൊരു സാമൂഹിക പ്രതിബദ്ധതകൂടിയാണ്.

മാത്രമല്ല നമ്മുടെ സമ്പാദ്യത്തില്‍ ഹറാം കലരുക എന്നത് അത്യധികം ഗൌരവപരമാണ്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കാന്‍ അത് കാരണമാകും. ഹറാമില്‍ നിന്ന് വളരുന്ന ഇറച്ചിക്ക് ഉചിതം നരകമാണ് എന്ന് നബി (സ) താക്കീത് നല്‍കിയിട്ടുമുണ്ട്.

പലരും പറയാറുള്ളത് അങ്ങനെ ചെയ്‌താല്‍ കച്ചവടം കുറയും എന്നതാണ്. അതൊരിക്കലും ഒരു ന്യായീകരണമല്ല. പുകവലിക്കുന്നവരെക്കാള്‍ പുകവലിക്കാത്തവരാണ് ബഹുഭൂരിപക്ഷവും. മാത്രമല്ല കച്ചവടത്തിന്‍റെ വിജയവും ലാഭവുമെല്ലാം അല്ലാഹുവിന്‍റെ തൌഫീഖാണ്. നന്മ ചെയ്യുന്നവര്‍ക്ക് അതിന്‍റെ പ്രതിഫലം ലഭിക്കുന്നതോടൊപ്പം അനുഗ്രഹവും വര്‍ദ്ധിക്കും. ഒരാള്‍ നിഷിദ്ധം കാരണത്താല്‍ ഒരു കാര്യം അല്ലാഹുവിന് വേണ്ടി ഉപേക്ഷിക്കുന്ന പക്ഷം അല്ലാഹു അയാള്‍ക്ക് കൂടുതല്‍ നല്‍കുമെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്. നബി (സ) പറഞ്ഞു:

إنك لن تدع شيئاً لله عز وجل إلا بدلك الله به ما هو خير لك منه

"നീ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ഒരു കാര്യം ഉപേക്ഷിച്ചാല്‍, അതിനേക്കാള്‍ നല്ലത് അവന്‍ നിനക്ക് പകരം നല്‍കാതിരിക്കില്ല"

[മുസ്നദ് അഹ്മദ്: 21996 , അല്‍ബാനി: സ്വഹീഹ്]

പല രൂപത്തിലും അതല്ലാഹു നിനക്ക് നല്‍കിയേക്കാം, പണമായി മാത്രമല്ല, ഒരുപക്ഷെ നല്ല ആരോഗ്യം, മാനസികമായ സന്തോഷം, സ്വസ്ഥത, നല്ല കുടുംബം, പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടല്‍, കച്ചവടത്തിന്‍റെ അഭിവൃദ്ധി തുടങ്ങി അവനുദ്ദേശിക്കുന്ന രൂപത്തില്‍ അതിന്‍റെ നന്മകള്‍ ഈ ജീവിതത്തില്‍ത്തന്നെ  നമുക്കവന്‍ നല്‍കും. കൂടാതെ അന്ത്യദിനത്തിലെ അതിമഹത്തായ പ്രതിഫലവും. അതുകൊണ്ടുതന്നെ താന്‍ കാണുന്ന സമ്പത്തിന്‍റെ അഭിവൃദ്ധി മാത്രമാണ് തന്‍റെ സമ്പാദ്യം എന്ന് കരുതരുത്. നബി (സ) പറഞ്ഞു:

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഒരാളുടെ ധന്യതയെന്ന് പറയുന്നത് സമ്പത്തിന്‍റെ ആധിക്യമല്ല. മറിച്ച് അത് മനസിന്‍റെ ധന്യതയാണ്".

[متفق عليه].

അതെ മനസിന്‍റെ സന്തോഷവും ആനന്തവും സംതൃപ്തിയുമാണ് ഏറ്റവും വലിയ ധനം. സമൂഹത്തിന് ദോഷകരമാകുന്ന കാര്യങ്ങള്‍ ചെയ്തും, ഉപദ്രവകരമായ കാര്യങ്ങള്‍ കച്ചവടം ചെയ്തും ഒരാള്‍ക്ക് അനേകം സമ്പത്ത് ഉണ്ടാക്കാന്‍ സാധിച്ചു എന്ന് വരാം. പക്ഷെ സന്തോഷവും സമാധാനവും വിലക്ക് വാങ്ങാന്‍ അയാള്‍ക്ക് കഴിയില്ല. ഒപ്പം താന്‍ ചെയ്യുന്ന തിന്മ അയാളെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും. എന്നാല്‍ നന്മ കാത്തുസൂക്ഷിക്കുകയും വിലക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നവന് അവന്‍റെ വരുമാനം കുറഞ്ഞാലും സന്തോഷവും സംതൃപ്തിയും ലഭിക്കും. മാത്രമല്ല നന്മയിലൂടെ സമ്പാദിക്കാന്‍ നല്ല കവാടങ്ങള്‍ അല്ലാഹു അവന് തുറന്ന് നല്‍കുകയും ചെയ്യും. തിന്മയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്ക് അതിനേക്കാള്‍ നല്ലത് അല്ലാഹു നല്‍കുമെന്ന വാഗ്ദാനം അവന്‍റെ മുന്നിലുണ്ടായിരിക്കെ നിഷിദ്ധമായ കച്ചവടങ്ങളെ ന്യായീകരിക്കാന്‍ വിശ്വാസികള്‍ക്ക് യാതൊരു പഴുതുമില്ല എന്നര്‍ത്ഥം.

അല്ലാഹു നമ്മെ നന്മയുടെ വാഹകരാക്കുകയും പുകവലി പോലുള്ള സാമൂഹ്യദ്രോഹങ്ങളില്‍ നിന്നും അതിന്‍റെ കച്ചവടത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തൗഫീഖ് ചെയ്യുകയും ചെയ്യട്ടെ. അത് ഉപേക്ഷിക്കുന്നത് കൊണ്ട് നന്മയും അഭിവൃദ്ധിയുമല്ലാതെ യാതൊരു നഷ്ടവും ഉണ്ടാവുകയില്ല എന്ന ഉറച്ച വിശ്വാസം നമുക്കുണ്ടാകട്ടെ. ആ ബോധ്യമാണ് നമുക്ക് എപ്പോഴും ഉണ്ടാകേണ്ടത്. അതുണ്ടാകുമ്പോള്‍ നിസാരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി നിഷിദ്ധങ്ങളെ ന്യായീകരിക്കാന്‍ നമുക്ക് സാധിക്കില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ….
Abdu Rahman Abdul Latheef
Reference: fiqhussunna

കുറി അനുവദനീയമാണോ ?. കുറി നടത്തുന്നയാള്‍ക്ക് പ്രതിഫലം സ്വീകരിക്കാമോ ?.

കുറി അനുവദനീയമാണോ ?. കുറി നടത്തുന്നയാള്‍ക്ക് പ്രതിഫലം സ്വീകരിക്കാമോ ?

ചോദ്യം: നമ്മുടെ നാട്ടില്‍ ഇന്ന് കണ്ടുവരുന്ന കുറിയുടെ ഇസ്‌ലാമിക വിധി എന്താണ് ?. ഞങ്ങളുടെ നാട്ടിലുള്ള പൊതുവെയുള്ള കുറി അനുവദനീയമാണോ. നാട്ടിലെ കുറിയുടെ രീതി, 50000യുടെ കുറി ആണെങ്കിൽ 10000 വീതമുള്ള 10 നറുക്ക്. നറുക്ക് കിട്ടുന്ന ആൾക്ക് 48000 രൂപയാണ് കിട്ടുക. 2000 രൂപ കുറി നടത്തുന്ന ആൾ കിഴിവ് ആയി എടുക്കുന്നു. ഈ രീതി അനുവദനീയം ആണോ ?.

 

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

 

ഒന്നാമതായി: കുറിയുടെ മതവിധി

 

കുറികള്‍ വ്യത്യസ്ഥ രൂപത്തില്‍ ഉണ്ട്. അതില്‍ അനുവദനീയമായതും നിഷിദ്ധമായതും ഉണ്ട്. എന്നാല്‍ ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പൊതുവായി കണ്ടുവരുന്ന സാധാരണ കുറി അനുവദനീയമാണ്. എന്നാല്‍ വിളിച്ചെടുക്കുന്ന കുറി എന്നറിയപ്പെടുന്ന ആദ്യം എടുക്കുന്നവര്‍ കൂടുതല്‍ പണമടക്കേണ്ടി വരികയും അവസാനം എടുക്കുന്നവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുകയും ചെയ്യുന്ന കുറി നിഷിദ്ധവും പലിശയുടെ ഇനത്തില്‍ പെടുന്നതുമാണ്.

 

നേരത്തെ സൂചിപ്പിച്ച പോലെ പങ്കാളികള്‍ നിശ്ചിത സംഖ്യ അടക്കുകയും അത് ഓരോ മാസവും അവരില്‍ നിന്ന് നറുക്കെടുത്ത് തീരുമാനിക്കുന്ന ആള്‍ക്കോ, അതല്ലെങ്കില്‍ അവര്‍ പരസ്പരം തൃപ്തിപ്പെട്ട് തീരുമാനിച്ച ഓര്‍ഡര്‍ പ്രകാരമുള്ള പങ്കാളികള്‍ക്കോ നല്‍കുന്നു. അങ്ങനെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരുപോലെ വര്‍ദ്ധനവോ കുറവോ ഇല്ലാതെ  സമാനമായ തുക ലഭിക്കുകയും ചെയ്യുന്നതായ സാധാരണ കുറി അനുവദനീയമാണ്. ശരിയായ പണ്ഡിതാഭിപ്രായപ്രകാരം ഈ രീതിയില്‍ തെറ്റില്ല. മറിച്ച് പരസ്പരം നന്മയില്‍ സഹകരിക്കുക എന്ന ഗണത്തിലെ ഇതിനെ ഉള്‍പ്പെടുത്താന്‍ സാധിക്കൂ.

 

കുറിയുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ബാസ് (റ) യോട് ചോദിക്കപ്പെട്ട ചോദ്യവും മറുപടിയും:

 

ചോദ്യം: കുറച്ച് അധ്യാപകര്‍ ചേര്‍ന്ന് മാസാവസാനം തങ്ങളുടെ ശമ്പളത്തില്‍ നിന്നും ഒരു നിശ്ചിത സംഖ്യ സ്വരൂപിക്കുന്നു. എന്നിട്ട് അതവരില്‍ ഒരാള്‍ക്ക് നല്‍കുന്നു. അടുത്ത മാസം മറ്റൊരാള്‍ക്ക് എന്നിങ്ങനെ. അങ്ങനെ എല്ലാവര്‍ക്കും തതുല്യമായ സംഖ്യ ലഭിക്കുന്നത് വരെ അത് തുടരുന്നു. ചിലര്‍ അതിനെ (الجمعية) എന്നാണ് വിളിക്കുന്നത് (നമ്മുടെ നാട്ടില്‍ കുറി എന്ന് പറയും) . അതിന്‍റെ മതപരമായ വിധി എന്താണ് ?.

 

ഉത്തരം:

ليس في ذلك بأس، وهو قرض ليس فيه اشتراط نفع زائد لأحد، وقد نظر في ذلك مجلس هيئة كبار العلماء، فقرر بالأكثرية جواز ذلك؛ لما فيه من المصلحة للجميع بدون مضرة. والله ولي التوفيق.

“അതില്‍ തെറ്റില്ല. ഒരാളില്‍ നിന്നും കൂടുതലായി മറ്റൊരു ഉപകാരവും ഈടാക്കാത്ത ഹലാലായ കടത്തില്‍ പെട്ടതാണ് അത്. ഹൈഅതു കിബാറുല്‍ ഉലമയുടെ (ഉന്നത പണ്ഡിതസഭ) സമിതി ഈ വിഷയം പരിശോധിക്കുകയുണ്ടായി. ഭൂരിപക്ഷാഭിപ്രായപ്രകാരം അത് അനുവദനീയമാണ് എന്ന തീരുമാനമെടുക്കുകയും ചെയ്തു. അതില്‍ എല്ലാവര്‍ക്കും പ്രയോജനമുള്ളതോടൊപ്പം ഉപദ്രവമില്ലതാനും. അല്ലാഹു തൗഫീഖ് ചെയ്യട്ടെ…” – [http://www.binbaz.org.sa/fatawa/3996]. 

 

രണ്ടാമതായി: കുറി നടത്തുന്നയാള്‍ പ്രതിഫലം വാങ്ങല്‍:

 

ഇനി അത് നടത്തുന്നതോ നിയന്ത്രിക്കുന്നതോ ആയയാള്‍ക്ക് പണം സ്വരൂപിക്കല്‍, പണം സൂക്ഷിക്കല്‍, അത് നല്‍കല്‍ തുടങ്ങി അയാള്‍ ചെയ്യുന്ന ജോലിക്ക്പകരമായി നിശ്ചിത സംഖ്യ പ്രതിഫലമായി നല്‍കാം. അതിലും തെറ്റില്ല. എന്നാല്‍ കുറിയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും പൂര്‍ണ തൃപ്തിയോടെയായിരിക്കണം ഇത്. അങ്ങനെ പ്രതിഫലം നല്‍കുന്നുവെങ്കില്‍ അത് എത്രയെന്ന പരസ്പര ധാരണയോടെ മാത്രമേ കുറി ആരംഭിക്കാവൂ.

 

അയാള്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് ബദലായി മാത്രമായിരിക്കും ഈ സംഖ്യ. എന്നാല്‍ ഈ പണം കൈപ്പറ്റുന്നത് കാരണത്താല്‍ കുറിയുടെ ഗ്യാരണ്ടി നില്‍ക്കുന്നയാള്‍ എന്ന നിലക്ക് അയാളെ കണക്കാക്കാന്‍ പാടില്ല. പണത്തിന് പകരം ഗ്യാരണ്ടി എന്നത് ഇസ്‌ലാമില്‍ അനുവദനീയവുമല്ല. തന്‍റെ വീഴ്ച കാരണത്താലല്ലാതെ കുറി തകരാന്‍ ഇടവന്നാല്‍ അയാള്‍ അതിന് ഉത്തരവാദിയും ആയിരിക്കില്ല. ആ ധനം അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമാണ്. ഇത് എല്ലാ കുറിയില്‍ ശ്രദ്ധിച്ചിരിക്കേണ്ട വളരെ സുപ്രധാനമായ ഒരു കാര്യമാണ്. ഏതെങ്കിലും അംഗങ്ങള്‍ പണം നല്‍കാതെ മുങ്ങുകയോ മറ്റോ ചെയ്യുമ്പോള്‍ നടത്തിപ്പുകാരന്‍റെ മേല്‍ ആ ബാധ്യത മൊത്തം അടിച്ചേല്പിക്കുന്ന കുറികള്‍ ഇസ്‌ലാമികമല്ല. ആ കുറ്റകൃത്യത്തിന് അയാള്‍ക്ക് പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ മാത്രമേ അത് അയാളില്‍ നിന്നും ഈടാക്കാവൂ. 

 

മറ്റുള്ളവരുടെ ധനം കൈകാര്യം ചെയ്യുന്നവരെ, ഇടപാടുകളുടെ കര്‍മ്മശാസ്ത്രപരമായ ഇനമനുസരിച്ച് (يد أمانة ) ‘തന്‍റേതല്ലാത്ത വീഴ്ച കൊണ്ട് നഷ്ടം സംഭവിച്ചാല്‍ തിരികെ നല്‍കാന്‍ ബാധ്യസ്ഥനല്ലാത്തവന്‍’ , (يد ضمان) ‘എന്ത് വീഴ്ച സംഭവിച്ചാലും നല്‍കാന്‍ ബാധ്യസ്ഥനായവന്‍’ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ഇതില്‍ ശറഇയ്യായ നിയമപ്രകാരം ഒന്നാമത്തെ ഇടപാടുകളുടെ ഇനത്തിലാണ് മുകളില്‍ സൂചിപ്പിച്ച കുറി ഉള്‍പ്പെടുക. അതുകൊണ്ട് കുറി നടത്തുന്നയാള്‍ക്ക് നിശ്ചിത സംഖ്യ നല്‍കുന്നുവെങ്കില്‍ അത് അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമാണ്. ഇനി പ്രതിഫലം കൈപ്പറ്റിയാലും ഇല്ലെങ്കിലും കുറി നടത്തുന്നയാളുടെ വീഴ്ച കൊണ്ടല്ലാതെ കുറിക്ക് വല്ലതും സംഭവിച്ചാല്‍ അയാളില്‍ നിന്നും അത് ഈടാക്കാന്‍ പാടില്ല.

 

ചെയ്യേണ്ടത് ചെയ്യാത്തതിനാലോ, ചെയ്യാന്‍ പാടില്ലാത്തത് ചെയ്തതിനാലോ നഷ്ടത്തിന് കാരണക്കാരാകുന്നവര്‍ എല്ലായിപ്പോഴും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരായിരിക്കും എന്നത് ശറഇലെ ഒരു പൊതുതത്വമാണ്. 

 

ചുരുക്കിപ്പറഞ്ഞാല്‍ ഓരോ അംഗങ്ങളും നിശ്ചിത സംഖ്യ നല്‍കുകയും അത് നറുക്കെടുത്ത് അതിലോരാള്‍ക്ക് നല്‍കുകയും, ഇങ്ങനെ എല്ലാ അംഗങ്ങള്‍ക്കും ലഭിക്കുന്നത് വരെ തുടരുകയും ചെയ്യുന്ന സാധാരണ കുറി അനുവദനീയമാണ്. അത് നടത്തുന്നയാള്‍ക്ക് പ്രതിഫലവും നിശ്ചയിക്കാം. പ്രതിഫലമായി നിശ്ചയിക്കുന്ന സംഖ്യ കഴിച്ചുള്ളതേ കുറി സംഖ്യയായി പരിഗണിക്കപ്പെടുന്നുള്ളൂ. പങ്കാളികളാകുന്നവരെ ഈ പ്രതിഫലത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്നതും നിര്‍ബന്ധമാണ്‌.

 

കുറിപ്പാര്‍ട്ടികള്‍:  പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് കുറിപ്പാര്‍ട്ടികള്‍. അഥവാ ആര്‍ക്കാണോ നറുക്ക് ലഭിക്കുന്നത് അയാള്‍ മറ്റു അംഗങ്ങള്‍ക്ക് പാര്‍ട്ടി കൊടുക്കണം. ഇത് ആ കുറിയില്‍ അംഗങ്ങളാകുന്നവരുടെ മേല്‍ നിര്‍ബന്ധമായിരിക്കും. ഇത് ഇസ്‌ലാമികമായി നിഷിദ്ധമാണ്. കാരണം കര്‍മ്മശാസ്ത്ര വിധിപ്രകാരം കുറി ലഭിക്കുന്നയാള്‍ കടക്കാരനും, മറ്റുള്ളവര്‍ കടം നല്‍കുന്നവരുമാണ്. നല്‍കിയ കടത്തെക്കാള്‍ ഉപരി മറ്റൊരാളില്‍ നിന്നും നിന്നും കൂടുതല്‍ ഈടാക്കുന്നത് പലിശയുടെ ഇനത്തിലാണ് പെടുക. എല്ലാവരും അത് ചെയ്യണമെന്നത് അതിനെ സാധൂകരിക്കുകയില്ല. മാത്രമല്ല പലപ്പോഴും ഇതൊരു ബാധ്യതയായും മാറാറുണ്ട്.

 

അതുകൊണ്ട് ഇനി പാര്‍ട്ടി ഉണ്ടായാലേ തീരൂ എന്ന് വാദിക്കുന്നവര്‍ക്ക് അതിനുള്ള ഒരു ഹലാലായ മാര്‍ഗം എന്ന് പറയുന്നത്. കുറിയില്‍ ഓരോ പാര്‍ട്ടിയുടെയും ചിലവ് അതത് സമയത്ത് പരസ്പരം പങ്കിടുക എന്നതാണ്. ഉദാഹരണത്തിന് 50 ദിനാറിന്‍റെ കുറി ആണ് എങ്കില്‍ 55 ദിനാര്‍ വരിസംഖ്യയാക്കുകയും അതില്‍ അഞ്ചു ദിനാര്‍ പാര്‍ട്ടിക്ക് വേണ്ടി മാറ്റി വെക്കുകയും അങ്ങനെ പാര്‍ട്ടിക്ക് വേണ്ടി സ്വരൂപിച്ച പണം കൊണ്ട് പാര്‍ട്ടി നടത്തുകയും ചെയ്യുക എന്നതാണ്. അംഗങ്ങളുടെ താല്പര്യമനുസരിച്ച് അതത് സമയത്ത് പാര്‍ട്ടി വേണോ വേണ്ടയോ എന്നൊക്കെ സ്വയം തീരുമാനിക്കാന്‍ അവര്‍ക്കാകുകയും ചെയ്യും.

 

എന്നാല്‍ കുറി ലഭിക്കുന്നയാള്‍ മറ്റുള്ളവര്‍ക്ക് പാര്‍ട്ടി നല്‍കുക എന്നത് കര്‍മ്മശാസ്ത്രപരമായി പലിശ ഇടപാടിന് തുല്യമകും എന്ന് മാത്രമല്ല. ഭാവിയില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നവര്‍ പോലും തങ്ങള്‍ക്ക് മാനസിക തൃപ്തിയില്ലാതിരുന്നിട്ടും പാര്‍ട്ടി നല്‍കാന്‍ ബാധ്യസ്ഥരാകുകയും ചെയ്യുന്നു. അതുകൊണ്ട് പാര്‍ട്ടി വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ മേല്‍ വിശദീകരിച്ച ഹലാലായ മാര്‍ഗം മാത്രം അതിനായി സ്വീകരിക്കുക.

 

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ …

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

അക്കൌണ്ടില്‍ വരുന്ന പലിശ എങ്ങനെ നീക്കം ചെയ്യാം. ഹറാമായ ധനം ഒഴിവാക്കേണ്ടതെങ്ങനെ.

അക്കൌണ്ടില്‍ വരുന്ന പലിശ എങ്ങനെ നീക്കം ചെയ്യാം. ഹറാമായ ധനം ഒഴിവാക്കേണ്ടതെങ്ങനെ.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

നേരത്തെ എഴുതിയ (ബേങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബേങ്കിലെ പലിശ എന്ത് ചെയ്യണം ? ! ) എന്ന ലേഖനത്തിന്‍റെ ഭാഗം തന്നെയാണ് ഇത്. വീണ്ടും പലരും ആവശ്യപ്പെട്ടതുകൊണ്ട് ഈ ഭാഗം മാത്രം വീണ്ടും പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം. അല്ലാഹു പലിശയില്‍ നിന്നും അതിന്‍റെ വിപത്തില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ..

ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം ഇല്ലാത്തതായ നാടുകളില്‍ അക്കൌണ്ടുകളില്‍ വരുന്നതോ, അറിവില്ലായ്മ കാരണത്താല്‍ ഒരാള്‍ കൈപ്പറ്റിയതോ ആയ പലിശയെ ഏത് രൂപത്തില്‍ തന്‍റെ കൈകളില്‍ നിന്നും നീക്കം ചെയ്യണം എന്നത് പണ്ഡിതന്മാര്‍ വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്:

التخلص من المال الحرام , അഥവാ ഹറാമായ മുതലില്‍ നിന്നും തന്‍റെ (സമ്പത്തിനെ) മുക്തമാക്കല്‍ എപ്രകാരം എന്നത് ചര്‍ച്ച ചെയ്യുന്നിടത്താണ് പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്.

ചില ആളുകള്‍ ബേങ്കില്‍ നിന്നും അത് സ്വീകരിക്കാതെ അത് ബേങ്കിന് തന്നെ തിരിച്ചു നല്‍കുക എന്ന് പറയുന്നതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. കാരണം വേണ്ട എന്നെഴുതി നൽകിയാൽ ബേങ്കുകള്‍ ആ പണം സ്വീകരിക്കുകയില്ല. അവര്‍ ആ പണം വല്ല ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുക. അത് പലപ്പോഴും ഇസ്ലാമിക ആദര്‍ശത്തിനോട് വിപരീതമായ ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ക്കാണ് നല്‍കാറുള്ളത്. നമ്മുടെ നാട്ടില്‍ മാതാ അമൃതാനന്ദമയി ട്രസ്റ്റ്‌, സായിബാബ ട്രസ്റ്റ്‌ തുടങ്ങിയവര്‍ക്കാണ് അവര്‍ അത്തരം പണം നല്‍കുന്നത് എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഏതായാലും ബേങ്കിന് തന്നെ അത് തിരിച്ചു നല്‍കുക എന്ന അഭിപ്രായം വളരേ ദുര്‍ബലമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല കുവൈറ്റില്‍ ഉണ്ടായ ഒരു സംഭവം എന്‍റെ അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞുതന്നിട്ടുണ്ട്. അതായത് സ്വിസ്സ് ബേങ്കില്‍ ACCOUNT ഉള്ള ഒരു പണക്കാരന്‍ ഇനി എനിക്ക് നിങ്ങള്‍ പലിശയിനത്തില്‍ പണം നല്‍കേണ്ടതില്ല എന്ന് അവര്‍ക്ക് കത്തെഴുതി. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷിനറി ട്രസ്റ്റില്‍ നിന്നും താങ്കള്‍ നല്‍കിയ സംഭാവനക്ക് വളരെ നന്ദി എന്ന്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. ഇനി ബേങ്കിന് തന്നെ അത് തിരിച്ചുനല്‍കുക എന്ന് പണ്ഡിതന്മാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ആ പണം പിന്നീട് എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ലഭിക്കുന്നതിന് മുന്‍പാണ്. ഇനി ബേങ്ക് എടുക്കുന്നു എന്നു തന്നെ സങ്കല്പിക്കുക. നമ്മള്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ പലിശ അവിടെ രൂപപ്പെടുന്നുണ്ട്. അത് അവര്‍ വീണ്ടും പലിശ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ബേങ്കിന് അത് തിരിച്ചു നകുക എന്ന അഭിപ്രായം ശരിയല്ല. അത് ബേങ്കുകള്ക്ക് തന്നെ തിരിച്ചു നൽകുകയോ, അത് തൻറെ അക്കൗണ്ടിൽ നിന്നും എടുത്ത് കളയാതിരിക്കുകയോ ചെയ്യരുത് എന്ന് കണിശമായിത്തന്നെ പല പണ്ഡിതന്മാരും പറഞ്ഞിട്ടുമുണ്ട്. ശൈഖ് ഫലാഹ് ഇസ്മാഈൽ മൻദകാർ ഹഫിദഹുല്ലയിൽ നിന്നും ഇപ്രകാരം നേരിട്ട് തന്നെ അറിയാൻ സാധിച്ചിട്ടുമുണ്ട്.

ഇബ്നു ബാസ് (റ) യുടെ ഒരു ഫത്’വയില്‍ ഇപ്രകാരം കാണാം : ” നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കുകയോ, ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്. മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുകയോ, ബാത്റൂമുകള്‍ പോലെയുള്ള കാര്യങ്ങളുടെ നിര്‍മ്മാണത്തിനായോ, കടം തിരിച്ചടക്കാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കോ നല്‍കുക. നീ അതില്‍ നിന്നും പാപമോചനം തേടുകയും ചെയ്യുക “. – [ ഫതാവ ഇബ്ന്‍ ബാസ് : 3978].

ശേഷം അദ്ദേഹം പലിശയുടെ ഗൌരവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഒരിക്കലും ബന്ധപ്പെടരുത് എന്നതിനെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട്. ആ ഫത്’വയുടെ ചോദ്യത്തിനനുസൃതമായ ഒരു സാഹചര്യമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ അതിന്‍റെ പൂര്‍ണ രൂപം ഇവിടെ നല്‍കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

ഏതായാലും നിഷിദ്ധമായ ധനം കയ്യില്‍ നിന്നും നീക്കം ചെയ്യുന്ന വ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതില്‍ ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്:  “നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കരുത്”. അഥവാ ആ പണത്തിന്‍റെ ഉപകാരം ഒരു നിലക്കും നമ്മള്‍ക്ക് കരസ്ഥമാക്കാന്‍ പാടില്ല. നമ്മള്‍ ചിലവിന് നല്‍കുന്നവരുടെ ചിലവിലേക്കായും അത് മാറ്റിവെക്കാന്‍ പാടില്ല. മറിച്ച് ഒരുനിലക്കും അതിന്‍റെ ഉപകാരം നമ്മളിലേക്ക് മടങ്ങാത്ത രൂപത്തില്‍ നമ്മുടെ കയ്യില്‍ നിന്നും അത് പൂര്‍ണമായി നീക്കം ചെയ്യണം.ഇത് ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല നല്‍കിയ മറുപടിയിലും പ്രകടമാണ്.

രണ്ട്: “ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്” -ഇതിന്‍റെകാരണം നമ്മള്‍ മുകളില്‍ വിശദീകരിച്ചതാണ്. അഥവാ അപ്രകാരം ചെയ്യുന്നത് ശര്‍റു വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ഇന്ന് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏതാണ്ട് ഏകാഭിപ്രായം ആണ്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ അത് ശര്‍റു വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്നത് വ്യക്തമാണ്. അത് വ്യക്ത്മാകുന്നതിന്  മുന്പ് പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ ഇവിടെ പ്രസക്തമല്ല. 

മൂന്ന്: “മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. ഇവിടെ അത് ഒരു നന്മ ചെയ്യുകയാണ് എന്ന നിയ്യത്തോടെയും,  അതിന്‍റെ പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്താലും ഒരു പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യുക എന്നാണ് ശൈഖ് പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം  പ്രതിഫലമാഗ്രഹിച്ചുകൊണ്ടുള്ള ദാനധര്‍മ്മത്തിന് ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ആണ്. മാത്രമല്ല അല്ലാഹു പരിശുദ്ധനാണ്‌. പരിശുദ്ധമായതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയില്ല. അതുകൊണ്ടുതന്നെ തന്‍റെ കയ്യില്‍ അനര്‍ഹമായി വന്ന പണം തന്‍റെ കൈവശത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ അത് ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണ് അത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കേണ്ടത്. 

എന്നിട്ടദ്ദേഹം അത് നീക്കം ചെയ്യേണ്ട സംഗതികള്‍ക്ക് ഉദാഹരണമായി പറഞ്ഞത് :   “പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുക” . ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്‍റെ ഉത്തരത്തില്‍ വ്യക്തമാണ്. മാത്രമല്ല ദര്‍സിനു ഇടക്കുള്ള വിശ്രമ സമയത്ത് എന്‍റെ കൂട്ടുകാരനായ അള്‍ജീരിയക്കാരന്‍ തൗഫീഖ് അദ്ദേഹത്തോട് ഒന്നുകൂടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ല പറഞ്ഞിട്ടുള്ള ഈ അഭിപ്രായം വളരെ പ്രബലമായ അഭിപ്രായമായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് والله أعلم . കാരണം പ്രമാണങ്ങളില്‍ ഈ അഭിപ്രായത്തിന് സമാനമായ തെളിവുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ആ തെളിവുകള്‍ ആകാം ഇബ്നു ബാസ് റഹിമഹുല്ല അപ്രകാരം പറയാന്‍ അവലംഭിച്ചത് :

തെളിവ് ഒന്ന്:  അന്‍സാരികളില്‍ പെട്ട ഒരു സ്വഹാബി റിപ്പോര്‍ട്ട് ചെയ്യുന്നു:  ഒരിക്കല്‍ പ്രവാചകന്‍ (സ) യും ഞങ്ങളും ഒരു ജനാസ നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന അവസരത്തില്‍ ഒരു ഖുറൈഷി സ്ത്രീ പ്രവാചകന്‍റെ അടുക്കല്‍ വന്നു പറഞ്ഞു :  പ്രവാചകരേ, ഇന്നാലിന്ന സ്ത്രീ താങ്കളെയും കൂടെയുള്ളവരെയും ഭക്ഷണത്തിന് ക്ഷണിക്കുന്നു. അങ്ങനെ അദ്ദേഹം ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നു. കൂടെ ഞങ്ങളും നടന്നു. ഞങ്ങള്‍ കുട്ടികള്‍ കുട്ടികള്‍ ഇരിക്കാറുള്ളതുപോലെ ഉപ്പമാരുടെ മടിയില്‍ ഇരുന്നു. അങ്ങനെ ഭക്ഷണം കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍ (സ) ഭക്ഷണത്തളികയില്‍ ഭക്ഷിക്കാനായി കൈവച്ചു. അപ്പോള്‍ മറ്റുള്ളവരും കൈവച്ചു. എന്നാല്‍ എന്തോ ഒരു പന്തികേടുള്ളതുപോലെ പ്രവാചകന്‍ (സ) താന്‍ കഴിച്ച ഉരുള താഴോട്ടിറക്കാതെ  വായില്‍ തന്നെ വച്ചുനില്‍ക്കുന്നത് സ്വഹാബത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മുതിര്‍ന്നവര്‍ തളികയില്‍ നിന്നും കയ്യെടുത്തു. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ കഴിക്കുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അതവരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കയ്യില്‍ പിടിച്ചു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തളികയിലേക്ക് തന്നെ തട്ടി. അങ്ങനെ അവര്‍ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ (സ) എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പ്രവാചകന്‍ (സ) തന്‍റെ വായിലുള്ള ഭക്ഷണം പുറത്തേക്ക് കളഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു : ” ഉടമസ്ഥന്‍റെ അനുവാദമില്ലാതെ എടുത്ത ആടാണല്ലോ ഇത് ” . അപ്പോള്‍ ആ സ്ത്രീ പറഞ്ഞു : ” അല്ലയോ പ്രവാചകരേ, താങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കണം എന്ന് ഞാന്‍ ഒരുപാട് നാളായി കരുതുന്നു. അങ്ങനെ ഞാന്‍ ബഖീഇലേക്ക് ആടിനെ വാങ്ങിക്കാന്‍ ആളെ വിട്ടു. പക്ഷെ അവിടെ ആടുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്നലെ ആമിര്‍ ബ്നു അബീ വഖാസ് (റ) ഒരു ആടിനെ വാങ്ങിയത് ഓര്‍ത്തത്. അങ്ങനെ ബഖീഇല്‍ ആട് ലഭ്യമല്ല അതുകൊണ്ട് താങ്കള്‍ ഇന്നലെ വാങ്ങിയ ആടിനെ ആ വിലക്ക്  എനിക്ക് നല്‍കുമോ എന്ന് ചോദിക്കാനായി ഞാന്‍ ഒരാളെ പറഞ്ഞുവിട്ടു. പക്ഷെ അയാള്‍ അവിടെ ചെന്നപ്പോള്‍ ആമിറിനെ കണ്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞുവിട്ട ആള്‍ക്ക് ആടിനെ നല്‍കി ഇതാണ് സംഭവിച്ചത്. അത് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: ” നിങ്ങള്‍ അത് തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കുക ” – [ അഹ്മദ് – അല്‍ബാനി, ഇസ്നാദുഹു സ്വഹീഹ് ].

ഇതില്‍ നിന്നും പ്രവാചകന്‍ (സ) അവരെ അത് കഴിക്കാന്‍ വിലക്കുകയും, എന്നാല്‍ തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പറയുകയും ചെയ്തു.

തെളിവ് രണ്ട് : അതുപോലെ അബൂബക്കര്‍ (റ) വുമായി ബന്ധപ്പെട്ട് ഒരു ഹദീസ് ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടുണ്ട് :

         ألم   

1. അലിഫ്‌-ലാം-മീം

 

غُلِبَتِ الرُّومُ

2. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു

.فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ

3. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.

 

എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ മുശ്’രികീങ്ങള്‍ ആ ആയത്തുകളെ കളവാക്കുകയും, റോമിന് വിജയം കിട്ടുകയില്ല എന്നും പറയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) പ്രവാചകന്‍റെ അനുവാദത്തോടെ അത് സംഭവിക്കുമെന്ന് അവരുമായി ബെറ്റ് വച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: ” ഇത് അന്യായമായ മുതലാണ്‌, അത് നീ ദാനം നല്കിയേക്കുക”. മുസ്ലിമീങ്ങള്‍ അവര്‍ക്കല്ലാഹു നല്‍കിയ വിജയത്തില്‍ ഏറെ സന്തോഷിച്ചു (ഇത് ഖിമാര്‍ വിജയിച്ചതിനെ കുറിച്ചല്ല. മറിച്ച് ആയത്തില്‍ പറഞ്ഞ പ്രവചനം സത്യമായതിനെപ്പറ്റി സന്തോഷിചതിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞതാണ്).  പ്രവാചകന്‍ (സ) അബൂബക്കര്‍ (റ) വിന് ബെറ്റ് വെക്കാന്‍ അനുവാദം നല്‍കിയതിന് ശേഷം ഖിമാര്‍ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് അവതരിച്ചിരുന്നു ” -[ മുസ്നദ് അഹ്മദ് 2495 , തിര്‍മിദി 2551, അല്‍ബാനി : സ്വഹീഹ്]. 

ആ സമയത്ത് ബെറ്റ് വെക്കല്‍ ( ഖിമാര്‍ ) നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.പക്ഷെ അദ്ദേഹം അത് നടത്തി പണം കൈവശം വന്നപ്പോഴേക്കും അത് അന്യായമായ പണം ആണ് എന്ന് സൂചിപ്പിക്കുന്ന  ഖിമാറിനെ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ (സ) ആ മുതല്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അബൂ ബക്കര്‍ (റ) വിനെ വിലക്കുകയും അത് ദാനം നല്‍കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം.

ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്നാ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ കാണാം .. അദ്ദേഹം പറയുന്നു :  ” ഉടമസ്ഥന്‍ തന്നെ അറിഞ്ഞുകൊണ്ട് നല്‍കുന്ന പലിശപോലെയുള്ള നിഷിദ്ധമായ ഇടപാടുകള്‍ വഴി വരുന്ന  അതിന്‍റെ ഉടമസ്ഥന് തന്നെ തിരിച്ച് നല്‍കേണ്ടതില്ല

ഫത്’വയുടെ പൂർണരൂപം: ” കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ, മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. 

എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണം അപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനം നല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായി അറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) ‘തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക’ എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെ കൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായി രേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ  സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ ” . 

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع

من موقع فضيلة الشيخ محمد بن صالح العثيمين رحمه الله

എന്നാൽ ഒരാൾ അത് സ്വയം ഉപയോഗിക്കുവാനോ, താൻ ചിലവിന് നൽകൽ നിർബന്ധമായ തൻറെ ആശ്രിതർക്കത് നൽകുവാനോ പാടില്ല. ഇവിടെ ഇത് സ്വദഖയായി പരിഗണിക്കപ്പെടുന്നുമില്ല. കയ്യിൽ നിന്ന് ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അതിനൊട്ട് പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ ഹറാമായ സമ്പത്ത് നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന ഒരാൾ ഇപ്രകാരം ചെയ്യുന്നുവെങ്കിൽ, തൻറെ സമ്പത്തിൽ ഹറാം കൂടിക്കലരാതിരിക്കാൻ അയാള് കാണിക്കുന്ന സൂക്ഷ്മതക്കും, അതിൽ നിന്നൊരു ചില്ലിക്കാശുപോലും ഉപയോഗിക്കാതെ പൂർണമായും ഒഴിവാക്കാനുള്ള നല്ല മനസ്സിനും അയാൾക്ക് പ്രതിഫലം ലഭിക്കും.

അല്ലാഹു അനുഗ്രഹിക്കട്ടെ ….

ഇനി ധാരാളം പണം കൈവശമുള്ളവർ അത് ബേങ്കിൽ നേരിട്ട് നിക്ഷേപിക്കാതെ അത് സ്വർണ്ണമാക്കി ലോക്കറിൽ സൂക്ഷിക്കുകയാണ് എങ്കിൽ. അത്രയെങ്കിലും പലിശയിൽ നിന്നും മോചനം നേടാൻ സാധിക്കും. ലോക്കർ ഉപയോഗിക്കുന്നതിനു നൽകുന്ന ഫീസ്‌ നമ്മൾ ഉപയോഗപ്പെടുത്തുന്ന സർവീസിന് ബദലായി നൽകുന്നതായതിനാൽ  ഈ ഇടപാടിൽ പലിശ കടന്നുവരുന്നില്ല. മാത്രമല്ല സ്വർണ്ണനിക്ഷേപമാകുമ്പോൾ തൻറെ അധ്വാനത്തിന്റെ യഥാർത്ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും സാധിക്കുന്നു.

ഇനി കഴിവതും പണം കുമിഞ്ഞുകൂടിക്കിടക്കാത്ത രൂപത്തിൽ ഉപകാരപ്രദമായ ഉത്പാദന പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുക. അത് സമ്പത്തിനെ വർദ്ധിപ്പിക്കുകയും അനാവശ്യമായി  ബേങ്കിൽ നിക്ഷേപിക്കുന്നതിനെയും ഇല്ലാതാക്കുവാൻ സഹായകമാകും.

നിങ്ങളുടെ കൈവശം നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത  നിഷിദ്ധമായ സമ്പത്ത് ഉണ്ടെങ്കിൽ അത് അറിയിച്ചാൽ, വളരെ സൂക്ഷമമായി ആ പണം  കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് നമുക്കുണ്ട് , അർഹപ്പെട്ടവരെ കടക്കെണിയിൽ നിന്നും, മറ്റു ഇതര പ്രാരാബ്ധങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ അത് ഉപയോഗപ്പെടുത്തുന്നതാണ് إن شاء الله. അതിന്‍റെ  കൃത്യമായ വിവരങ്ങൾ നിങ്ങളെ അറിയിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലെ ‘ഷെല്‍ട്ടര്‍ ഇന്ത്യ’ അത് സൂക്ഷ്മതയോടെ നിര്‍വഹിച്ചു വരുന്നുണ്ട്. അവരുമായി നിങ്ങള്‍ക്ക് ബന്ധപ്പെടാം:

 

Shelter India Charitable Trust

REG No. 249/15

Andiyoorkunnu Road, Pulikkal

Malappauram, Kerala

E-mail: toshelterindia@gmail.com

Contact: PH: 9061099550

Website: www.shelterindia.org

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com