ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?.

ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?

ചോദ്യം: ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?.

ഉത്തരം:

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഒരു വിശ്വാസിയുടെ അഭിമാനത്തിന് വളരെ വലിയ വിലയാണ് ഇസ്‌ലാം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അവന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നത് അതികഠിന പാപമായ പലിശയുടെ ഇനങ്ങളില്‍ ഒന്നായാണ്  റസൂല്‍ (സ) എണ്ണിയത്:

عن عبد الله بن مسعود رضي الله عنه عن النبي صلى الله عليه وسلم قال: ” الربا ثلاثة وسبعون بابا أيسرها مثل أن ينكح الرجل أمه وإن أربى الربا عرض الرجل المسلم “

ഇബ്നു മസ്ഊദ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: “പലിശ എഴുപത്തിമൂന്ന് (തരം) കവാടങ്ങളാണ്. അതില്‍ ഏറ്റവും ചെറിയത് ഒരാള്‍ തന്‍റെ മാതാവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് തുല്യമാണ്. ഏറ്റവും വലിയ പലിശയാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ്”. – [ഇബ്നു മാജ, ഹാകിം, അല്‍ബാനി: സ്വഹീഹ് – സ്വഹീഹുല്‍ ജാമിഅ് : ഹദീസ്:3539].

ഈ ഹദീസ് സ്വഹീഹാണ് എന്ന് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ശൈഖ് ഇബ്നു ബാസ് (റ) യോട് ഈ ഹദീസ് സ്വഹീഹാണോ എന്ന ചോദ്യത്തിന് : അത് സ്വീകാര്യയോഗ്യമാണ് എന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട് [http://www.binbaz.org.sa/node/3407].

ഈ ഹദീസില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതായുണ്ട്:

ഒന്ന്: പലിശ അതിഗൗരവമുള്ള പാപമാണ്. അതുകൊണ്ട് ഒരു വിശ്വാസി അതില്‍നിന്നും വിട്ടു നില്‍ക്കണം. ബുലൂഗില്‍ മാറാമില്‍ നിന്ന് ഈ ഹദീസ് വിശദീകരിക്കവേ ശൈഖ് സുലൈമാന്‍ റുഹൈലി (ഹ) ഇപ്രകാരം പറയുകയുണ്ടായി:

‘ഈ ഹദീസ് പലിശയുടെ ഗൗരവത്തെപ്പറ്റിയാണ്‌ കണിശമായി സംസാരിക്കുന്നത്. മനുഷ്യന് പാപങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഉള്‍വിളി രണ്ടു വിധമുണ്ട്: ഒന്ന്: മാനുഷികമായി തിന്മക്കെതിരെ അവനിലുള്ള ഉള്‍വിളി. രണ്ട്: ശറഇയ്യായി അഥവാ മതപരമായി തിന്മകളില്‍ നിന്നും അവനെ അകറ്റി നിര്‍ത്തുന്ന ഉള്‍വിളി. മാനുഷികമായി തിന്മക്കെതിരെയുള്ള അവന്‍റെ മനോഭാവം ദുര്‍ബലമാകുന്നിടത്ത് തിന്മക്കെതിരെ അതിശക്തമായ ഭാഷയില്‍ അതിന്‍റെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് ശറഅ് പ്രതികരിക്കും. എന്നാല്‍ മാനുഷികമായി അവന്‍റെ മനോഭാവം ശക്തിപ്പെടുന്ന കാര്യങ്ങളില്‍ അത്രയും കഠിനമായ ഭാഷയില്‍ വിലക്ക് പരാമര്‍ശിക്കപ്പെട്ടു എന്ന് വരില്ല. പലിശയുമായി ബന്ധപ്പെടുന്ന കാര്യത്തില്‍, പണം ഓരോരുത്തര്‍ക്കും അത്യധികം താല്പര്യമുള്ള കാര്യമാണ് എന്നതുകൊണ്ടുതന്നെ മാനുഷികമായി അതിനെതിരെയുള്ള ഉള്‍വിളി വളരെ കുറവായിരിക്കും എന്നതുകൊണ്ട്‌ തന്നെയാണ് അതിന്‍റെ ഗൗരവം സൂചിപ്പിച്ചുകൊണ്ട് അതിശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയത്” – [കഴിഞ്ഞ വര്‍ഷം കുവൈറ്റില്‍ നടന്ന ദൗറയില്‍ كتاب البيوع വിവരിക്കവേ പരാമര്‍ശിച്ചത്].

മനുഷ്യരെല്ലാം ഒന്നടങ്കം ജാതിമതഭേദമന്യേ അത്യധികം മോശമായിക്കാണുന്ന അതിനീചമായ ഒരു കാര്യമാണ് സ്വന്തം മാതാവുമായി ഒരാള്‍ വ്യഭിചരിക്കുക എന്നുള്ളത്. അതുകൊണ്ടുതന്നെ അതിന്‍റെ ഗൗരവത്തെപ്പറ്റി മനുഷ്യന് പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ പലിശയുടെ ചെറിയ ഇനം പോലും അതിനേക്കാള്‍ ഗൗരവപരമാണ് എന്ന് പറയുമ്പോള്‍ പലിശ എത്രമാത്രം ഭയാനകമാണ് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ മുന്‍പ് എഴുതിയ ഒരു ലേഖനം ഒരുപക്ഷേ നിങ്ങള്‍ക്ക് ഉപകാരപ്പെടും [പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !.].

രണ്ട്: പലിശ വ്യത്യസ്ഥ ഇനങ്ങളാണ്. അഥവാ അതിന്‍റെ പാപഭാരതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. പലിശയുടെ ഏറ്റവും ചെറിയ ഇനം സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതിന് തുല്യമാണ്. ഏറ്റവും വലിയ ഇനമാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതിനും.

മൂന്ന്: പലിശയുടെ ഏറ്റവും വലിയ ഇനം ഒരു വിശ്വാസിയുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതാണ്. നമ്മെ വളരെ ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണിത്.  പലിശയെ എഴുപത്തിമൂന്ന് ഇനങ്ങളാക്കിത്തിരിച്ചാല്‍ അതില്‍ ഏറ്റവും ചെറിയ ഇനം സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതാണ്. അത് എത്രത്തോളം കഠിനമാണ് എന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. എന്നാല്‍ ആ ഇനങ്ങളില്‍ വച്ച് ഏറ്റവും പാപമുള്ള, പലിശയുടെ ഏറ്റവും വലിയ ഇനം ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ് എന്ന് പറയുമ്പോള്‍ അത് എത്ര ഗൗരവപരമായിരിക്കും. അതുകൊണ്ട്  നാവിനെ സൂക്ഷിക്കുക. റസൂല്‍ (സ) പറഞ്ഞു:

“المسلم من سلم المسلمون من لسانه ويده ، والمجاهد من جاهد نفسه في طاعة الله ، والمهاجر من هجر الخطايا والذنوب”

“മറ്റു മുസ്‌ലിമീങ്ങള്‍ തന്‍റെ നാവില്‍ നിന്നും, കയ്യില്‍ നിന്നും രക്ഷപ്പെടുന്നുവോ അവനാണ് മുസ്‌ലിം. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിലകൊള്ളാന്‍ തന്‍റെ നഫ്സിനോട് ജിഹാദ് നടത്തുന്നവനാണ് മുജാഹിദ്.  തിന്മകളില്‍ നിന്നും പാപങ്ങളില്‍ നിന്നും അകന്നുപോകുന്നവനാണ് മുഹാജിര്‍.” – [അഹ്മദ്: 6/21, അല്‍ബാനി : സ്വഹീഹ് – السلسلة الصحيحة : 2/81 ].

നന്മ സംസാരിക്കുക എന്നത് ഒരു വിശ്വാസിയുടെ ലക്ഷണമാണ്.

 “مَنْ كَانَ يُؤمِنُ بِاللهِ وَاليَومِ الآخِرِ فَليَقُل خَيرَاً أَو ليصمُت”

 “ആരെങ്കിലും അല്ലാഹുവിലും  അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ ” – [ബുഖാരി , മുസ്‌ലിം].

അതിനാല്‍ നാവിനെ നിയന്ത്രിക്കുക. ഒരുപക്ഷെ അശ്രദ്ധമായി പറഞ്ഞുപോകുന്ന ഒരു വാക്കായിരിക്കാം നരകത്തില്‍ ആപതിക്കാന്‍ കാരണം. അശ്രദ്ധമായി ഒരു മനുഷ്യന്‍ പറഞ്ഞുപോകുന്ന അല്ലാഹുവിന് തൃപ്തികരമായ ഒരു വാക്ക് കാരണത്താല്‍ ഒരുപക്ഷേ അവന്  സ്വര്‍ഗത്തില്‍ വളരെ വലിയ സ്ഥാനം നല്‍കപ്പെട്ടേക്കാം. അതുപോലെ അശ്രദ്ധമായി ഒരാള്‍ പറഞ്ഞുപോകുന്ന അല്ലാഹുവിന് കോപമുള്ള ഒരു വാക്ക് കാരണത്താല്‍ അവന്‍ നരകത്തിന്‍റെ ആഴങ്ങളിലേക്ക് ആപതിക്കുകയും ചെയ്തേക്കാം എന്ന് നമുക്ക് സ്വീകാര്യയോഗ്യമായ ഹദീസുകളില്‍ കാണാം. – [മാലിക്ക്, തിര്‍മിദി, നസാഇ തുടങ്ങിയവര്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി: ഹദീസ് ഹസന്‍].

അതുകൊണ്ട് നാവിനെ നിയന്ത്രിക്കുക. സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതിനേക്കാള്‍ 73 ഇരട്ടി ഗൗരവപരമാണ് ഒരു വിശ്വാസിയുടെ അഭിമാനത്തിന് ക്ഷതം വരുത്തല്‍ എന്ന് മുകളില്‍ പരാമര്‍ശിക്കപ്പെട്ട ഹദീസില്‍ നിന്നും മനസ്സിലാക്കാം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. പലിശയില്‍ നിന്ന് വിട്ട് നില്‍ക്കുകയും എന്നാല്‍ നാവുകൊണ്ട് അതിനേക്കാള്‍ വലിയ പാപങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്ന ദൗര്‍ഭാഗ്യവാന്മാരില്‍ പെട്ടുപോകാതിരിക്കാനുള്ള തൗഫീഖ് അവന്‍ നമുക്ക് നല്‍കുമാറാകട്ടെ.

നബി (സ) പറഞ്ഞതുപോലെ:   “പലിശ എഴുപത്തിമൂന്ന് (തരം) കവാടങ്ങളാണ്. അതില്‍ ഏറ്റവും ചെറിയത് ഒരാള്‍ തന്‍റെ മാതാവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് തുല്യമാണ്. ഏറ്റവും വലിയ പലിശയാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ്”. അല്ലാഹുവേ,, പലിശയില്‍ നിന്നും, നാവിന്‍റെ പിഴവുകളില്‍ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ …

നാല്: ഒരു വിശ്വാസിയുടെ അഭിമാനത്തിന്‍റെ പ്രാധാന്യം ഈ ഹദീസില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാം. എന്നാല്‍ അതോടൊപ്പം നാം മനസ്സിലാക്കേണ്ട ഒരു കാര്യം, വിശ്വാസികളെ അധര്‍മ്മത്തിലേക്കും, അനാചാരങ്ങളിലെക്കും ക്ഷണിക്കുന്ന അതിന്‍റെ വക്താക്കളില്‍ നിന്നും താക്കീത് നല്‍കുന്നതിനും, അവരുടെ പിഴവുകള്‍ തുറന്ന് കാണിക്കുന്നതിനും തെറ്റില്ല. മറിച്ച് അത് മതത്തോടുള്ള ഗുണകാംഷയില്‍പ്പെട്ടതാണ്. അതുകൊണ്ടുതന്നെ ബിദ്അത്തുകളെക്കുറിച്ചും അതിന്‍റെ വക്താക്കളെക്കുറിച്ചും താക്കീത് നല്‍കുകയും അവരുടെ വഴികേടിനെക്കുറിച്ച് തുറന്ന് കാണിക്കുകയും ചെയ്യല്‍ വാജിബായ കാര്യമാണ്.

എത്രത്തോളമെന്നാല്‍ സാമൂഹ്യരംഗത്തിന്‍റെ കെട്ടുറപ്പിന് ഭംഗം വരുത്തുന്ന ആളുടെ കാര്യത്തില്‍പോലും ശറഅ് അത് അനുവദിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് സംരക്ഷണം എന്ന നിലക്കും, അയാള്‍ക്കുള്ള ശിക്ഷ എന്ന നിലക്കുമാണ് ശറഅ് അത് അനുവദിച്ചത്.  ധനമുണ്ടായിട്ടും കടം വാങ്ങിയത് തിരിച്ചു നല്‍കാത്ത ആളെ സംബന്ധിച്ച് അവന്‍ കടം വാങ്ങിയാല്‍ തിരിച്ച് നല്‍കാത്തവാനാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സ്വഹീഹായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:

عن عمرو بن الشريد عن أبيه قال: قال رسول الله صلى الله عليه وسلم :” لي الواجد يحل عرضه وعقوبته “

അംറു ബ്നു ശരീദ് തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: റസൂല്‍ (സ) പറഞ്ഞു: “പണമുണ്ടായിട്ടും കടം തിരിച്ചു നല്‍കാത്തവന്‍റെ (അഭിമാനത്തിന് ഭംഗം വരുത്തലും), അവനെ ശിക്ഷിക്കലും അനുവദിക്കപ്പെട്ടതാണ്” – [അബൂദാവൂദ്, നസാഇ, അല്‍ബാനി: സ്വഹീഹ് – صحيح الترغيب والترهيب : 1815 ].

ധനികനായ ഒരാള്‍ സമയമായിട്ടും കടം തിരിച്ച് നല്‍കുന്നില്ലെങ്കില്‍ അവന്‍ കടം വാങ്ങിയാല്‍ തിരിച്ചു തരാത്തവനാണ് എന്ന് ജനങ്ങളെ അറിയിക്കുന്നതിലും, അവനെ ശിക്ഷിക്കാന്‍ വേണ്ടി അധികാരികളോട് ആവശ്യപ്പെടാനും കടം നല്‍കിയ ആള്‍ക്ക് അവകാശമുണ്ട്.

ഇത് വിലക്കപ്പെട്ട ‘അഭിമാനക്ഷതം വരുത്തലില്‍’ പെടില്ല. മറ്റുള്ള ആളുകള്‍ അവന്‍റെ തിന്മയില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ വേണ്ടിയാണ് അത്.

എന്നാല്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം, ഇത്തരം വിഷയങ്ങളില്‍ അങ്ങേയറ്റം സൂക്ഷ്മത ആവശ്യമാണ്‌. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയുവാനും പ്രച്ചരിപ്പിക്കുവാനുമുള്ള ഉപാതിയായി ഇതിനെ കാണരുത്. അതുപോലെ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്ന ആളുകളില്‍ നിന്നും എന്തെങ്കിലും ഒരു തെറ്റ് കാണുമ്പോഴേക്ക് അവരെ താറടിക്കാനും അവരുടെ അഭിമാനത്തിന് ക്ഷതം വരുത്താനും അവരെ ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കാനും തുനിയാം എന്ന് ഇതിന് അര്‍ത്ഥമില്ല. പ്രത്യേകിച്ചും അഭിപ്രായഭിന്നതകളും വീക്ഷണവിത്യാസങ്ങളും നിലനില്‍ക്കുന്ന കാര്യങ്ങളില്‍. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സഹിഷ്ണുതയും പരസ്പരമുള്ള ആദരവും സ്നേഹവും  നിലനിര്‍ത്തുവാന്‍ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

ഖുര്‍ആനും സുന്നത്തും മന്‍ഹജുസ്സലഫും അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്ന വീക്ഷണവിത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനെ തുടര്‍ന്നുണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും നാം വിട്ടുനില്‍ക്കുക. ഒരു സംഘടനയും, ഒരു സംഘവും, ഒരു വ്യക്തിയും നാളെ പരലോകത്ത് നമ്മുടെ രക്ഷക്ക് ഉണ്ടാകില്ല. വീക്ഷണ വിത്യാസങ്ങളെ നാമെല്ലാം അംഗീകരിക്കുന്ന കിബാറുല്‍ ഉലമയിലേക്ക് മടക്കി, സന്മനസ്സോടെ ഉചിതമായ തീരുമാനം കൈകൊണ്ട്, പരസ്പര സഹകരണത്തോടെയും, ഒത്തൊരുമയോടെയും അല്ലാഹുവിന്‍റെ കിതാബിലേക്കും, റസൂല്‍ (സ) യുടെ സുന്നത്തിലേക്കും മന്‍ഹജുസ്സലഫിലേക്കും ആളുകളെ ക്ഷണിക്കുകയാണ് നാം ചെയ്യേണ്ടത്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

സിവില്‍ എഞ്ചിനീയറായ എനിക്ക്, ഹൗസിംഗ് ലോണ്‍ എടുക്കുന്നതിന് എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കാന്‍ പറ്റുമോ ?.

സിവില്‍ എഞ്ചിനീയറായ എനിക്ക്, ഹൗസിംഗ് ലോണ്‍ എടുക്കുന്നതിന് എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കാന്‍ പറ്റുമോ ?

ചോദ്യം : ഞാന്‍ ഒരു സിവില്‍ എഞ്ചിനീയറാണ്. ബേങ്കില്‍ നിന്ന് പലിശക്ക് ഹൗസിംഗ് ലോണ്‍ എടുക്കാന്‍ പലപ്പോഴും എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കേണ്ടി വരാറുണ്ട്. അത് അനുവദനീയമാണോ ?. 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

 

ഉത്തരം:  തിന്മ ചെയ്യുന്നത് പോലെത്തന്നെയാണ് തിന്മക്ക് കൂട്ടുനില്‍ക്കുന്നതും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുന്നതും. അതുകൊണ്ടുതന്നെ പലിശക്ക് ലോണ്‍ എടുക്കാന്‍ എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കലും നിഷിദ്ധമാണ്.

 

അല്ലാഹു പറയുന്നു: 

 

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَاب

 

“പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.” – [മാഇദ : 2].

 

അതുപോലെ ഹദീസില്‍ ഇപ്രകാരം കാണാം:

 

عن بن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

 

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: ” അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്.” – [ത്വബറാനി : 3/7 – ഹദീസ് 20].

അതുകൊണ്ടുതന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു മുഅ്മിനിന് ഇത്തരത്തിലുള്ള സമ്പാദ്യങ്ങള്‍ അനുവദനീയമല്ല. തന്‍റെ സമ്പാദ്യവും ഉപജീവനവുമെല്ലാം ഹലാലില്‍ നിന്നായിരിക്കാന്‍ ഒരു വിശ്വാസി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പലിശ കടന്നുവരുന്ന വിഷയങ്ങളില്‍. കാരണം പലിശ എഴ് വന്‍പാപങ്ങളില്‍ ഒന്നാണ്.

 

ഹദീസില്‍ ഇപ്രകാരം കാണാം: 

 

 

قال النبي صلى الله عليه وسلم: “اجتنبوا السبع الموبقات – يعني المهلكات – قلنا: وما هن يا رسول الله؟ قال: الشرك بالله، والسحر، وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات الغافلات المؤمنات”

 

നബി (സ) പറഞ്ഞു: “നിങ്ങള്‍ എഴ് മഹാപാപങ്ങളെ അഥവാ വിനാശകാരികളായ ഏഴ് മഹാപാപങ്ങളെ വെടിയുക. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, ഏതൊക്കെയാണവ ?. അദ്ദേഹം പറഞ്ഞു: ” ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, സിഹ്ര്‍, ന്യായകാരണങ്ങളാലല്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ജീവനെടുക്കല്‍, പലിശ ഭുജിക്കല്‍, യതീം കുട്ടികളുടെ പണം അന്യായമായി തിന്നല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പവിത്രവതികളും കുലീനകളും വിശ്വാസിനികളുമായ സ്ത്രീകളെപ്പറ്റി അപവാദം പറയല്‍” – [ബുഖാരി – മുസ്‌ലിം].

 

അതുപോലെ അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: 

 

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ 

ജാബിര്‍ ബിന്‍ അബ്ദുല്ല (റ) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: “പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും, അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവനെയും റസൂല്‍ (സ) ശപിച്ചിരിക്കുന്നു. അവരെല്ലാം ഒരുപോലെയാണ് എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.” – [സ്വഹീഹ് മുസ്‌ലിം].

 

അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും ഹലാലായ മാര്‍ഗങ്ങളിലൂടെ ഉപജീവനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്ക് അവന്‍ കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നതാണ്. അല്ലാഹു പറയുന്നു:

 

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا

“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌.” – [ത്വലാഖ്: 2, 3]. 

 

അതുപോലെ നബി (സ) പറഞ്ഞു:

إِنَّكَ لَنْ تَدَعَ شَيْئًا لِلَّهِ عَزَّ وَجَلَّ إِلَّا بَدَّلَكَ اللَّهُ بِهِ مَا هُوَ خَيْرٌ لَكَ مِنْهُ

 

“നീ അല്ലാഹുവിന് വേണ്ടി ഏതൊരു കാര്യം ഉപേക്ഷിച്ചാലും, അല്ലാഹു അതിനു പകരം അതിനേക്കാള്‍ നല്ലത് നിനക്ക് നല്‍കാതിരിക്കില്ല.” – [മുസ്നദ് അഹ്മദ് : 23074].

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ഫിക്സഡ് പ്രോഫിറ്റ് പാടുണ്ടോ ?. അത് നടപ്പാക്കുന്ന കമ്പനിയില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യാമോ ?.

ഫിക്സഡ് പ്രോഫിറ്റ് പാടുണ്ടോ ?. അത് നടപ്പാക്കുന്ന കമ്പനിയില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യാമോ ?

ചോദ്യം: ഞാന്‍ ദുബായില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുന്നു. ഞങ്ങളുടെ കമ്പനി ഇന്‍വെസ്റ്റ്‌മെന്‍റ് സ്വീകരിച്ച് ആളുകള്‍ക്ക് 2% ലാഭം നല്‍കി വരുന്നു. ഒരു മാസത്തില്‍ പോലും ഈ ഫിക്സഡ് എമൗണ്ട് മുടങ്ങാറില്ല. ഇത് പലിശയുടെ പരിധിയില്‍ പെടുമോ ?. ഇത് കൈകാര്യം ചെയ്യുന്ന ഞാന്‍ പലിശക്ക് കൂട്ടുനില്‍ക്കുന്നു എന്ന കുറ്റക്കാരനാകുമോ ?. ഞാന്‍ എന്തു ചെയ്യണം ?.

ഉത്തരം:  

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 

 ഫിക്സഡ് പ്രോഫിറ്റ് അഥവാ മുന്‍കൂട്ടി നിശ്ചിതമായ സംഖ്യ ലാഭവിഹിതം കണക്കാക്കിയുള്ള നിക്ഷേപങ്ങള്‍ ഇസ്‌ലാമില്‍ അനുവദനീയം അല്ല. ലാഭം ലഭിക്കുകയാണ് എങ്കില്‍ അതിന്‍റെ നിശ്ചിത ശതമാനം നല്‍കും എന്ന നിലക്കാണ് നിക്ഷേപകരുമായി കരാര്‍ ഉണ്ടായിരിക്കേണ്ടത്. എന്നാല്‍ നിക്ഷേപകന്‍ നല്‍കുന്ന സംഖ്യയുടെ നിശ്ചിത ശതമാനം നല്‍കും എന്നും പറയുമ്പോള്‍ അവിടെ ലാഭത്തിന്‍റെ നിശ്ചിത ശതമാനം നല്‍കും എന്നല്ല മറിച്ച് നിശ്ചിത സംഖ്യ നല്‍കും എന്നാണ് താങ്കളുടെ കമ്പനി നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്നത്.

 ഉദാ: ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് അതിന്‍റെ രണ്ട് ശതമാനം മാസാമാസം ലാഭമായി നല്‍കും എന്ന് പറഞ്ഞാല്‍, മാസം തോറും 2000 രൂപ നല്‍കും എന്നര്‍ത്ഥം. അഥവാ കമ്പനിക്ക് ലാഭം ഉണ്ടായാലും ഇല്ലെങ്കിലും കമ്പനി നിക്ഷേപകന് 2000 രൂപ നല്‍കണം. ഇത് ഒരിക്കലും അനുവദനീയമല്ല. ഇത് ഒന്നുകില്‍ നിഷിദ്ധമായ പലിശയുടെ ഇനങ്ങളില്‍ ഒന്നായി വരാം അതല്ലെങ്കില്‍ നിഷിദ്ധമായ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഒന്നായി വരാം.

 ഒരാള്‍ നല്‍കുന്ന നിക്ഷേപം കമ്പനി ആ വ്യക്തിക്ക് തിരികെ നല്‍കും എന്ന് ഉറപ്പ് നല്‍കുകയും, അതോടൊപ്പം അയാള്‍ നിശ്ചിതമായതോ അല്ലാത്തതോ ആയ ലാഭം ഈടാക്കുകയും ചെയ്യുന്നുവെങ്കില്‍ ഇത് പച്ചയായ പലിശയില്‍ പെട്ടതാണ്. കാരണം തിരികെ നല്‍കണം എന്ന ഉറപ്പോടെ ഞാന്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന പണം കര്‍മശാസ്ത്രവിധിയനുസരിച്ച് കടമാണ്. താന്‍ നല്‍കിയ സംഖ്യയേക്കാള്‍ മുന്‍ധാരണപ്രകാരം എന്ത് ഉപകാരം ഈടാക്കിയാലും അത് പലിശയുടെ ഇനത്തില്‍ പെടുന്നു.

 കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ ഇപ്രകാരമാണ്:

كل قرض جر منفعة مشروطة فهو ربا

“മുന്‍ധാരണപ്രകാരം വല്ല ഉപകാരവും ഈടാക്കുന്ന ഏത് കടമായാലും അത് പലിശയാണ്”. 

 താന്‍ നല്‍കുന്ന പണം സമയബന്ധിതമായോ, അല്ലാതെയോ തിരികെ  നല്‍കണം എന്ന ഉപാധിയോടെയാണ് ഒരാള്‍ തന്‍റെ പണം മറ്റൊരാള്‍ക്ക് നല്‍കുന്നത് എങ്കില്‍ അതിന് കടം എന്നാണ്പറയുക. അതിന് പകരമായി കടം നല്‍കുന്ന ആള്‍ അയാളില്‍ നിന്ന് എന്തെല്ലാം ഈടാക്കുന്നുവോ അതെല്ലാം പലിശയായി പരിഗണിക്കപ്പെടും. അത് പണമാണെങ്കിലും മറ്റു വല്ല വസ്തുക്കളാണെങ്കിലും ശരി. പണയവസ്തു ഉപയോഗിക്കാന്‍ വേണ്ടി  കടം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇത്മുന്‍പ്  നാം വിശദീകരിച്ചിട്ടുണ്ട്

 മറിച്ച് ഒരാള്‍ ഒരു ബിസിനസില്‍ നിക്ഷേപം ഇറക്കിയാല്‍ അയാള്‍ അതില്‍ ഒരു പങ്കാളിയാണ്. കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ച് അയാള്‍ ആ പങ്കാളിത്തത്തില്‍ നിന്ന് പിന്‍വാങ്ങുന്ന സമയത്ത് അയാള്‍ക്ക് ഉള്ള ഓഹരിയുടെ മൂല്യനിര്‍ണയം നടത്തി ആ പണമായിരിക്കും അയാള്‍ക്ക് നല്‍കേണ്ടത്. അയാള്‍ ഇട്ട പണത്തേക്കാള്‍ ആ ഓഹരി വര്‍ദ്ധിക്കുകയോ, ചിലപ്പോള്‍ അതിന്‍റെ മൂല്യം കുറയുകയോ, ഒരുപക്ഷെ അതേ മൂല്യത്തില്‍ തന്നെ നിലനില്‍ക്കുകയോ ചെയ്തേക്കാം. ഏതായാലും നിക്ഷേപിക്കുന്ന സമയത്ത് നിക്ഷേപിക്കുന്ന പണം പൂര്‍ണമായി നിക്ഷേപകന് തിരിച്ച് നല്‍കും എന്ന ഉപാതിയോടെയുള്ള നിക്ഷേപമാണ് എങ്കില്‍ അതിന് ഫിക്സഡായോ, അല്ലാതെയോ ലഭിക്കുന്ന മുഴുവന്‍ ലാഭവും പലിശയാണ്. 

  ഇനി ഒരാള്‍ നിക്ഷേപത്തുക തനിക്ക് അതുപോലെ തിരികെ ലഭിക്കണം എന്ന ഉപാതിയില്ലാതെ, ബിസിനസില്‍ വരുന്ന ലാഭനഷ്ടങ്ങള്‍ പങ്കുവെക്കാം എന്ന നിലക്കാണ് കച്ചവടത്തില്‍ പങ്കാളിയാകുന്നത് എങ്കില്‍ അത് അനുവദനീയമാണ്. പക്ഷെ അവിടെയും നിര്‍ണ്ണിതമായ ഒരു സംഖ്യ അയാള്‍ക്ക് ലാഭമായി ലഭിക്കും എന്ന കരാര്‍ ഉണ്ടാകാന്‍ പാടില്ല. അപ്രകാരം ഉണ്ടായാല്‍ അത് ഇസ്‌ലാമികമായി അനുവദനീയമല്ലാത്ത സാമ്പത്തിക ഇടപാടായി മാറും. കാരണം ലാഭം നിശ്ചിതമായി നിലനില്‍ക്കില്ല. അത് വര്‍ദ്ധിക്കാം അതുപോലെ കുറയുകയുമാകാം. അതുകൊണ്ടുതന്നെ ബിസിനസ് സംരഭകനോ നിക്ഷേപകനോ രണ്ടുപേര്‍ക്കും ഇടപാട് ദോഷകരമായി ബാധിക്കാന്‍ പാടില്ല. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ നിക്ഷേപിക്കുന്ന തുകയുടെ രണ്ട് ശതമാനം ലാഭമായി നല്‍കാം എന്ന് ഒരു കമ്പനി പറയുന്നു എന്ന് കരുതുക. 

 ഉദാ :  ഒരാള്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. കരാര്‍ പ്രകാരം 2000 രൂപ പ്രതിമാസം നല്‍കേണ്ടി വരും. ഒരുലക്ഷത്തിന് വെറും 1000 രൂപ മാത്രമാണ് കമ്പനിക്ക് ലാഭമായി ലഭിച്ചെതെങ്കില്‍ പോലും കമ്പനി നിക്ഷേപകന് 2000 നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. ഈയവസരത്തില്‍ തങ്ങളുടെ പക്കല്‍ നിന്ന് 1000  നഷ്ടപ്പെടുക മാത്രമല്ല തങ്ങള്‍ അതുവരെ ചെയ്ത ജോലി വെറുതെയാവുകയും ചെയ്യുന്നു. ഇനി ഒരു ലക്ഷം രൂപക്ക് 10000 രൂപ എന്ന നിരക്കില്‍ കമ്പനിക്ക് ലാഭമുണ്ടായി എന്ന് കരുതുക. നിക്ഷേപകന് 2000 മാത്രമേ ലഭിക്കുന്നുള്ളൂ. ലാഭത്തില്‍ ഉണ്ടായ വര്‍ദ്ധനവില്‍ നിക്ഷേപകന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഇതൊരര്‍ത്ഥത്തില്‍ ഭാഗ്യപരീക്ഷണം അഥവാ ചൂതാട്ടമാണ്. അതുകൊണ്ടാണ് ഇസ്‌ലാം എത്രയാണോ ലാഭം ലഭിക്കുന്നത് അതിന്‍റെ നിശ്ചിത ശതമാനം നിക്ഷേപകനും നിശ്ചിത ശതമാനം സംരഭകനും എന്ന നിലക്കായിരിക്കണം ലാഭവിഹിതം ഓഹരി വെക്കപ്പെടേണ്ടത് എന്ന് നിഷ്കര്‍ഷിക്കുന്നത്. ഉദാ: ലാഭം 50% എന്ന തോതില്‍ ഇരുവരും പങ്കിട്ടെടുക്കും എന്ന് കരുതുക. ഒരു ലക്ഷം രൂപക്ക് 1000 രൂപ ലാഭം ലഭിച്ചാല്‍ ഇരുവര്‍ക്കും 500 വീതം ലഭിക്കും. ഇനി 2000 രൂപയാണ് ലാഭം ലഭിച്ചത് എങ്കില്‍ രണ്ടുപേര്‍ക്കും 1000 വീതവും, കൂടിയാല്‍ അത് പങ്കിടുന്നു, കുറഞ്ഞാല്‍ അതും പങ്കിടുന്നു. 

 ചുരുക്കിപ്പറഞ്ഞാല്‍ : ഒരാള്‍ തന്‍റെ പണം നിക്ഷേപിക്കുകയും കച്ചവടത്തിന് എന്തുതന്നെ സംഭവിച്ചാലും താന്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ നിക്ഷേപിക്കുന്ന പണം തിരികെ നല്‍കണം എന്ന ഉപാതിയോടെയാണ് നിക്ഷേപം ഇറക്കുന്നതെങ്കില്‍, ഇനി അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ പോലും അദ്ദേഹം നിക്ഷേപിക്കുന്ന കമ്പനി ആ പണം തിരികെ നല്‍കും എന്ന് ഉറപ്പ് കൊടുക്കുന്നുവെങ്കില്‍ അതിന് ലാഭം എന്ന നിലക്ക് ലഭിക്കുന്ന സംഖ്യ എത്രയാണെങ്കിലും അത് പലിശയാണ്. കാരണം തിരിച്ച് കിട്ടും എന്ന ഉപാധിയോടെ നല്‍കുന്ന പണത്തിന് പരസ്പര ധാരണപ്രകാരം ലഭിക്കുന്ന എല്ലാ ഉപകാരവും പലിശയാണ്: 

   عن فضالة بن عبيد ، أنه قال : كل قرض جر منفعة فهو وجه من وجوه الربا

 “ഫളാല ബിന്‍ ഉബൈദ് (റ) നിവേദനം. അദ്ദേഹം പറഞ്ഞു : “ധാരണപ്രകാരം ഉപകാരം കൊണ്ടുവരുന്ന എല്ലാ കടങ്ങളും പലിശയുടെ ഇനങ്ങളില്‍ ഒരിനമാണ്‌” – [ബൈഹഖി: 2056]. “ഇത് ഇബ്നു മസ്ഊദ് , ഇബ്നു അബ്ബാസ് , അബ്ദുല്ലാഹ് ബിന്‍ സലാം, ഇബ്നു ഉമര്‍ , ഉബയ്യ് ബ്ന്‍ കഅബ്  തുടങ്ങിയ സ്വഹാബാക്കളില്‍ നിന്നെല്ലാം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്”. – [ബൈഹഖി : 2057]. 

 ഇനി ലാഭവും നഷ്ടവും സഹിക്കാം എന്ന നിലക്കാണ് കരാര്‍ എങ്കിലും നിര്‍ണ്ണിതമായ സംഖ്യ ലാഭം നിശ്ചയിച്ചുകൊണ്ടുള്ള കരാര്‍ ആണെങ്കില്‍ ആ കരാര്‍ നിഷിദ്ധമാണ്. കാരണം അത് ചൂതാട്ടമാണ്. ഒന്നുകില്‍ നിക്ഷേപകന്, അതല്ലെങ്കില്‍ സംരംഭകന് നേട്ടമോ കോട്ടമോ ഉണ്ടാകുന്ന ഒരു കരാര്‍ ആണത്. മറിച്ച് ലാഭം ഉണ്ടെങ്കില്‍ അതിന്‍റെ നിശ്ചിത ശതമാനം നിക്ഷേപകനും നിശ്ചിത ശതമാനം സംരഭകനും എന്ന അര്‍ത്ഥത്തിലാണ് നിശ്ചയിക്കപ്പെടേണ്ടത്.

 ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു :

فإن تعيين الربح بمبلغ معلوم في المضاربة أو غيرها من أنواع الشركات لا يجوز، بل يبطل به العقد؛ لأن ذلك يفضي إلى أن يربح أحد الشريكين أو الشركاء ويخسر الآخر، وإنما يكون الربح مشاعاً؛ كالنصف أو أقل أو أكثر بإجماع أهل العلم. والله ولي التوفيق.

 

 “മുളാറബ കരാറിലോ, (അഥവാ ഒരാള്‍ പണമിറക്കുകയും മറ്റൊരാള്‍ ജോലി ചെയ്യുകയും ചെയ്യുന്ന കരാര്‍), അതല്ലെങ്കില്‍ മറ്റു രൂപങ്ങളിലുള്ള കൂട്ടുകച്ചവടങ്ങളിലോ (ആയിരം രണ്ടായിരം) നിര്‍ണ്ണിതമായ ഒരു സഖ്യ ലാഭമായി നിശ്ചയിക്കല്‍ അനുവദനീയമല്ല. അപ്രകാരമാണ് എങ്കില്‍ ആ കരാര്‍ തന്നെ അസാധുവാണ്. കാരണം അത് കൂട്ടുകച്ചവടക്കാരില്‍ ഒരാള്‍ മാത്രം നേട്ടം കൊയ്യുകയോ, ഒരാള്‍ മാത്രം പരാജയപ്പെടുകയോ ചെയ്യാന്‍ ഇടവരുത്തുന്ന ഒരു കരാറാണ്. മറിച്ച് ലാഭം (നിര്‍ണ്ണിതമായ സംഖ്യ നിശ്ചയിക്കാതെ) എത്രയാണോ ഉള്ളത് അതിന്‍റെ നേര്‍പകുതിയെന്നോ, അതല്ലെങ്കില്‍ അതില്‍ കുറവോ കൂടുതലോ ആയോ (മുന്‍നിശ്ചയിച്ച പ്രകാരം)   പങ്കിട്ടെടുക്കുകയാണ് വേണ്ടത്. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ എകാഭിപ്രായമുള്ള കാര്യമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ” – [http://www.binbaz.org.sa/fatawa/4009]. 

 അതിനാല്‍ത്തന്നെ താങ്കളുടെ ജോലി അനുവദനീയമല്ല. ഹദീസില്‍ ഇപ്രകാരം കാണാം :

عن ابن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

 ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: ” അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്.” – [ത്വബറാനി : 3/7 – ഹദീസ് 20].

 താങ്കളുടെ ജോലിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സാമബത്തിക കരാര്‍  ഒന്നുകില്‍ പലിശയുടെ പരിധിയില്‍, അതല്ലെങ്കില്‍ ചൂതാട്ടത്തിന്‍റെ പരിധിയില്‍ വരുന്നു. അതിനാല്‍ത്തന്നെ താങ്കള്‍ ആ ജോലി ഉപേക്ഷിക്കുകയും, അല്ലാഹുവിങ്കലേക്ക്‌ തൗബ ചെയ്ത് മടങ്ങുകയും, അല്ലാഹുവിനോട് തൗഫീഖിനായി പ്രാര്‍ഥിച്ച് ഹലാലായ മറ്റു ജോലികള്‍ അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്. തത് വിഷയത്തില്‍ ചോദിക്കാനും, മതപരമായ വിധി അറിയാനും താങ്കള്‍ കാണിച്ച താല്പര്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. “അല്ലാഹുവിന് വേണ്ടി ആര് ഒരു കാര്യം ഉപേക്ഷിക്കുന്നുവോ അല്ലാഹു അവന് അതിനേക്കാള്‍ ഉചിതമായത് നല്‍കുമെന്ന് ” നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ബേങ്കില്‍ നിന്നും ലോണ്‍ എടുത്ത് ബിസിനസ് തുടങ്ങാമോ ?.

ബേങ്കില്‍ നിന്നും ലോണ്‍ എടുത്ത് ബിസിനസ് തുടങ്ങാമോ ?

ഉത്തരം: ബേങ്കില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ആരില്‍ നിന്നുമാകട്ടെ പലിശക്ക് ലോണ്‍ എടുത്ത് ബിസിനസ് തുടങ്ങുക എന്നുള്ളത് അത്യധികം പാപകരമാണ്. എഴ് മഹാപാപങ്ങളില്‍ ഒന്നാണ് പലിശയെന്നിരിക്കെ ഇത്തരം ഒരു ചോദ്യം പോലും വിശ്വാസികളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. ഒരു പക്ഷെ അതിന്‍റെ ഗൗരവം ഒന്നുകൂടി മനസ്സിലാക്കാന്‍ എന്ന നിലക്കോ, അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടട്ടെ എന്ന നിലക്കോ ആകാം ഒരുപക്ഷെ ചോദ്യ കര്‍ത്താവ് ഈ ചോദ്യം അയച്ചു തന്നിട്ടുണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു.

 

 

പലിശ അത്യധികം ഗൗരവപരമാണ്. ഏഴ് മഹാപാപങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: 

 

 

قال النبي صلى الله عليه وسلم: “اجتنبوا السبع الموبقات – يعني المهلكات – قلنا: وما هن يا رسول الله؟ قال: الشرك بالله، والسحر، وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات الغافلات المؤمنات”

 

നബി (സ) പറഞ്ഞു: നിങ്ങള്‍ എഴ് മഹാപാപങ്ങളെ അഥവാ വിനാശകാരികളായ ഏഴ് മഹാപാപങ്ങളെ വെടിയുക. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, ഏതൊക്കെയാണവ ?. അദ്ദേഹം പറഞ്ഞു: ” ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, സിഹ്ര്‍, ന്യായകാരണങ്ങളാലല്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ജീവനെടുക്കല്‍, പലിശ ഭുജിക്കല്‍, യതീം കുട്ടികളുടെ പണം അന്യായമായി തിന്നല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പവിത്രവതികളും കുലീനകളും വിശ്വാസിനികളുമായ സ്ത്രീകളെപ്പറ്റി അപവാദം പറയല്‍” – [ബുഖാരി – മുസ്‌ലിം]. 

 

പലിശക്ക് ലോണ്‍ എടുക്കുമ്പോള്‍ ഞാന്‍ പലിശ അങ്ങോട്ട് നല്‍കുയല്ലേ ഭക്ഷിക്കുന്നില്ലല്ലോ എന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അവരെയും നബി (സ) ഹദീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇമാം മുസ്‌ലിം ഉദ്ദരിച്ച ജാബിര്‍ (റ) വിന്‍റെ പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം: 

 

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ 

 

ജാബിര്‍ ബിന്‍ അബ്ദുല്ല (റ) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: “പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും, അത് എഴുതിവെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവനെയും റസൂല്‍ (സ) ശപിച്ചിരിക്കുന്നു. അവരെല്ലാം ഒരുപോലെയാണ് എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.” – [സ്വഹീഹ് മുസ്‌ലിം].

 

ഇതില്‍ നിന്നും പലിശ ബേങ്കുകളില്‍ ജോലി ചെയ്യുന്നതും, അവിടെ നിന്നും ലോണെടുത്ത് ബിസിനസ് ചെയ്യുന്നതും എല്ലാം നിഷിദ്ധമാണ് എന്നും അവരെല്ലാം പാപത്തില്‍ തുല്യരാണ് എന്നും മനസ്സിലാക്കാം.

 

മാത്രമല്ല പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപമാണ്: 

 

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية 

 

അബ്ദുല്ലാഹ് ബ്ന്‍ ഹന്‍ദല (റ) പറഞ്ഞു: റസൂല്‍ (സ) പറഞ്ഞു: “അറിഞ്ഞുകൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും മുപ്പത്തി ആറു തവണ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ്”. [റവാഹു അഹ്മദ്: 21957, അല്‍ബാനി:സ്വഹീഹ്, صحيح  الترغيب والترهيب 1855].

 

ഇല്ല അവിടം കൊണ്ടും തീര്‍ന്നില്ല സ്വന്തം പലിശയുടെ ഗൗരവം സൂചിപ്പിക്കുന്ന ഈ ഹദീസ് നോക്കൂ: 

 

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه

 

അബൂ ഹുറൈറ (റ) പറഞ്ഞു: റസൂല്‍ (സ) പറഞ്ഞു: ” പലിശ എഴുപതില്‍പരം ഇനങ്ങളാണ്. അതില്‍ ഏറ്റവും ചെറിയ ഇനം സ്വന്തം മാതാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നന്നതു പോലെയാണ്.” – [റവാഹുല്‍  ബൈഹഖി, അല്‍ബാനി: സ്വഹീഹ്, صحيح الترغيب والترهيب : 1853].

 

എത്ര ഗൗരവപരമാണ് പലിശയുമായി ഇടപെടുന്നത് എന്നാലോചിച്ചു നോക്കൂ. ഇന്ന് സ്വന്തം വരുമാനത്തെ മറച്ചു വെക്കാന്‍ പലിശ വായ്പയില്‍ വാഹനം വാങ്ങിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വീട് വെക്കാന്‍ പലിശ വായ്പയെടുക്കുന്നവര്‍, ബിസിനസ് സംരഭങ്ങള്‍ തുടങ്ങാന്‍ പലിശയെ സമീപിക്കുന്നവര്‍ ഇങ്ങനെ പലിശയുമായി ബന്ധപ്പെടുന്ന എത്രപേര്‍ നമുക്ക് ചുറ്റുമുണ്ട്. പലരും ഗൗരവം അറിയാത്തത് കൊണ്ടായിരിക്കും. അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുകയും സന്മാര്‍ഗം കാണിച്ചുകൊടുക്കുകയും ചെയ്യട്ടെ. ചിലരെങ്കിലും ഗൗരവം അറിഞ്ഞുകൊണ്ടുതന്നെ ബന്ധപ്പെടുന്നവരാണ് അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ. ദുനിയാവിനോട് ആഖിറത്തെക്കാള്‍ ഇഷ്ടം വര്‍ദ്ധിച്ചാല്‍ ഉള്‍ക്കാഴ്ച നഷ്ടപ്പെടും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ…

 

അല്ലാഹു പറയുന്നു:

بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا – وَالآخِرَةُ خَيْرٌ وَأَبْقَى

 

“പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.” – [അല്‍അഅ്’ല: 16,17]. 

 

മാത്രമല്ല ഉപജീവന മാര്‍ഗവുമായി ബന്ധപ്പെട്ട് നാം പ്രത്യേകിച്ചും നിഷിദ്ധങ്ങളെ സൂക്ഷിക്കണം:

 

കാരണം അത് ഇബാദത്തുകള്‍ സ്വീകരിക്കപ്പെടാതിരിക്കാന്‍ കാരണമാകും. ഒരു ഹദീസില്‍ ഇപ്രകാരം കാണാം:

عن أبي هريرة قال قال رسول الله صلى الله عليه وسلم: ( إن الله تعالى طيب لا يقبل إلا طيبا وإن الله أمر المؤمنين بما أمر به المرسلين فقال تعالى: ( يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ). وقال تعالى: ( يَا أَيُّهَا الَّذِينَ آَمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ). ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء يا رب يارب ومطعمه حرام ومشربه حرام وملبسه حرام وغذي بالحرام فأنى يستجاب له) رواه مسلم.

 

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: “അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമല്ലാത്തതൊന്നും അവന്‍ സ്വീകരിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു അമ്പിയാക്കളോട് കല്‍പിച്ചതെന്തോ അത് സത്യവിശ്വാസികളോടും കല്പിച്ചിരിക്കുന്നു. അതായത്, അല്ലാഹു പറഞ്ഞു: “അല്ലയോ; ദൂതന്‍മാരേ, ത്വയ്യിബായതില്‍  നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.”, അതുപോലെ അവന്‍ പറഞ്ഞു  :  “അല്ലയോ സത്യവിശ്വാസികളേ, നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ത്വയ്യിബാതുകളില്‍ നിന്നും നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക”. ശേഷം അദ്ദേഹം ഒരാളെപ്പറ്റി പരാമര്‍ശിച്ചു: അയാള്‍ ദൂരയാത്രയിലാണ്, അയാളുടെ മുടി പാറിപ്പറക്കുകയും, പൊടിപുരളുകയും ചെയ്തിട്ടുണ്ട്. തന്‍റെ ഇരുകരങ്ങളും ഉപരിയിലേക്ക് ഉയര്‍ത്തി ‘യാ റബ്ബ്’ , ‘യാ റബ്ബ്’ എന്നിങ്ങനെ അയാള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. അവന്‍റെ ഭക്ഷണം ഹറാമാണ്, അവന്‍റെ പാനീയം ഹറാമാണ്, അവന്‍റെ വസ്ത്രവും ഹറാമാണ്, അവന്‍ ഭക്ഷിപ്പിക്കപ്പെട്ടതും ഹറാമില്‍ നിന്നുമാണ്. പിന്നെ അവനെങ്ങനെ ഉത്തരം ലഭിക്കാനാണ്.” – [സ്വഹീഹ് മുസിലം ].

 

ഈ ഹദീസ് വിശദീകരിച്ച പണ്ഡിതന്മാര്‍ പറഞ്ഞത്, ദുആഇന് ഉത്തരം ലഭിക്കാനുള്ള ഒരുപാട് സ്വിഫതുകള്‍ ആ മനുഷ്യനില്‍ സംഘമിച്ചിട്ടുണ്ട്. ഒന്ന് അവന്‍ അങ്ങേയറ്റം ആവശ്യക്കാരനായ ഘട്ടത്തില്‍ വിനയത്തോടെ അല്ലാഹുവിനോട് ചോദിക്കുന്നു, രണ്ട് അവന്‍ തന്‍റെ ഇരുകരങ്ങളും ഉയര്‍ത്തി പ്രാര്‍ഥിക്കുന്നു, മൂന്ന്‍ അവന്‍ ‘യാ റബ്ബ്’ എന്ന് പറഞ്ഞുകൊണ്ട് അല്ലാഹുവിന്‍റെ നാമം ഉച്ചരിച്ച് അവനെ വിളിച്ച് തേടുന്നു, നാല് യാത്രക്കാരനാണ് ഇവയെല്ലാം ഉണ്ടായിരുന്നിട്ടും അവന്‍റെ ഭക്ഷണപാനീയങ്ങള്‍ ഹറാമില്‍ നിന്നായതിനാല്‍ അവന് എങ്ങനെ മറുപടി ലഭിക്കാനാണ് എന്നാണു നബി (സ) ചോദിച്ചത്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ..

 

عن ابن مسعود ، أن رسول الله صلى الله عليه وآله وسلم قال : ” ليس من عمل يقرب إلى الجنة ، إلا قد أمرتكم به ، ولا عمل يقرب إلى النار ، إلا قد نهيتكم عنه ، لا يستبطئن أحد منكم رزقه أن جبريل عليه السلام ألقى في روعي أن أحدا منكم لن يخرج من الدنيا حتى يستكمل رزقه ، فاتقوا الله أيها الناس ، وأجملوا في الطلب ، فإن استبطأ أحد منكم رزقه ، فلا يطلبه بمعصية الله ، فإن الله لا ينال فضله بمعصية ” .

 ഇബ്നു മസ്ഊദ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: നിങ്ങളോട് ഞാന്‍ കല്പിക്കാത്തതായ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്ന യാതൊരു കര്‍മങ്ങളുമില്ല. നിങ്ങളെ ഞാന്‍ വിലക്കാത്തതായ നരകത്തിലേക്കടുപ്പിക്കുന്ന യാതൊരു കര്‍മങ്ങളുമില്ല. നിങ്ങളിലൊരാളും തന്‍റെ ഉപജീവന (മാര്‍ഗങ്ങള്‍) താമസിക്കുന്നതായി ആശങ്കപ്പെടരുത്. ജിബ്‌രീല്‍ അലൈഹിസ്സലാം എനിക്ക് ബോധനം നല്‍കിയിരിക്കുന്നു: തനിക്ക് (അല്ലാഹു നിശ്ചയിച്ച) ഉപജീവനം പൂര്‍ണമായും കരസ്ഥമാക്കിയിട്ടല്ലാതെ ഒരാളും ഈ ലോകത്ത് നിന്നും വിടപറയുകയില്ല. അതുകൊണ്ട് ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ഉപജീവനം കണ്ടെത്തുന്നതില്‍ നല്ല നിലക്ക് അദ്ധ്വാനിക്കുകയും ചെയ്യുക. ആര്‍ക്കെങ്കിലും തന്‍റെ ഉപജീവന മാര്‍ഗം വൈകുന്നതായി അനുഭവപ്പെട്ടാല്‍, ഒരിക്കലും തന്നെ അവന്‍ അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് (തിന്മയിലൂടെ) അത് കണ്ടെത്താന്‍ ശ്രമിക്കരുത്. കാരണം അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് ഒരിക്കലും അവന്‍റെ ഔദാര്യത്തെ കണ്ടെത്തരുത്.” – [ഇബ്നു മാജ : 2144, അല്‍ബാനി : സ്വഹീഹ്].

 

അതെ നാം അനുഭവിക്കുന്നതെല്ലാം അല്ലാഹുവിന്‍റെ ഔദാര്യമാണ്. പിന്നെയെങ്ങനെയാണ് അവനെ ധിക്കരിച്ചുകൊണ്ട് നാം ഉപജീവനം കണ്ടെത്തുക. അല്ലാഹു നന്മയില്‍ ഉറച്ചു നില്‍ക്കാനും ക്ഷമിച്ചും, തഖ്‌വ അവലംബിച്ചും ഹലാലായ മാര്‍ഗത്തിലൂടെ സമ്പാദിക്കാനും നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ.

اللهم اكفني بحلالك عن حرامك وأغنني بفضلك عمن سواك

“അല്ലാഹുവേ നിന്‍റെ ഹറാമിനെത്തൊട്ട് നിന്‍റെ ഹലാലുകൊണ്ട് നീയെന്നെ സംതൃപ്തനാക്കേണമേ,  നിന്‍റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരുടെ മുന്നില്‍ (കൈനീട്ടുന്നതില്‍ നിന്നും) നീയെന്നെ ധന്യനാക്കുകയും ചെയ്യേണമേ” ..

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

അക്കൗണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യണം ?. ഹറാമായ ധനം എങ്ങനെയാണ് നീക്കം ചെയ്യേണ്ടത് ?.

അക്കൗണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യണം ?. ഹറാമായ ധനം എങ്ങനെയാണ് നീക്കം ചെയ്യേണ്ടത് ?

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇസ്‌ലാമിക സംവിധാനം ഇല്ലാത്ത ഒരു രാഷ്ട്രത്തിൽ നിർബന്ധിത സാഹചര്യത്തിൽ അക്കൗണ്ടുകളിലേക്ക് പലിശ വരുന്ന സാഹചര്യത്തിലും, അതുപോലെ തന്റെ താൽപര്യപ്രകാരമല്ലാതെ കൈവശം വരുന്ന ഹറാമായ പണവും എപ്രകാരമാണ് കയ്യിൽ നിന്നും നീക്കം ചെയ്യേണ്ടത് എന്നതാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.  

ഇവിടെ നാം മനസ്സിലാക്കേണ്ട ഒരടിസ്ഥാനകാര്യമുണ്ട്. ഒരു കൊമേർഷ്യൽ ബേങ്കിൽ അക്കൗണ്ട് തുടങ്ങുമ്പോൾ Current Account തുടങ്ങാൻ സാധിക്കുമെങ്കിൽ അത് മാത്രമേ തുടങ്ങാവൂ. 

ഇപ്പോഴത്തെ നിയമമനുസരിച്ച് വ്യക്തികൾക്ക് Current Account തുടങ്ങാൻ സാധിക്കും, അതുകൊണ്ട് തന്നെ വ്യക്തികളുടെ അക്കൗണ്ടിൽ പലിശ വരുന്ന ഒരു സാഹചര്യം ഉണ്ടാവുക പ്രയാസമാണ്. എന്നാൽ ഇപ്പോഴും പലരുടെയും അക്കൗണ്ടിൽ പലിശ വന്നുകിടപ്പുണ്ടാകും എന്നതിനാൽത്തന്നെ അത് എന്ത് ചെയ്യണം എന്ന് മനസ്സിലാക്കാനും, കയ്യിൽ ഏതെങ്കിലും നിലക്ക് ഹറാമായ ധനം വന്നാൽ അതെങ്ങനെ ഒഴിവാക്കണം എന്ന് മനസ്സിലാക്കാനും വേണ്ടിയാണ് ഈ ലേഖനം.

നിര്‍ബന്ധിത സാഹചര്യത്തിലോ,അറിവില്ലായ്മ കാരണത്താലോ കയ്യില്‍ വന്ന പലിശയെ ഏത്രൂപത്തില്‍ തന്‍റെ കൈകളില്‍ നിന്നും നീക്കം ചെയ്യണം എന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 

التخلص من المال الحرام , അഥവാ ഹറാമായ മുതലില്‍ നിന്നും തന്‍റെ (സമ്പത്തിനെ) മുക്തമാക്കല്‍ എപ്രകാരം എന്നത് ചര്‍ച്ചചെയ്യുന്നിടത്താണ് പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്.

ചില ആളുകള്‍ ബേങ്കില്‍ നിന്നും അത് സ്വീകരിക്കാതെ അത്ബേങ്കിന് തന്നെ തിരിച്ചു നല്‍കുക എന്ന് പറയുന്നതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. കാരണം വേണ്ട എന്നെഴുതി നൽകിയാൽ ബേങ്കുകള്‍ ആ പണം സ്വീകരിക്കുകയില്ല. അവര്‍ ആ പണം വല്ല ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുക. അത് പലപ്പോഴും ഇസ്ലാമിക ആദര്‍ശത്തിനോട് വിപരീതമായആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ക്കാണ് നല്‍കാറുള്ളത്. നമ്മുടെ നാട്ടില്‍ മാതാ അമൃതാനന്ദമയി ട്രസ്റ്റ്‌, സായിബാബ ട്രസ്റ്റ്‌തുടങ്ങിയവര്‍ക്കാണ് അവര്‍ അത്തരം പണം നല്‍കുന്നത് എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഏതായാലും ബേങ്കിന് തന്നെ അത് തിരിച്ചു നല്‍കുക എന്ന അഭിപ്രായം വളരേ ദുര്‍ബലമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല കുവൈറ്റില്‍ ഉണ്ടായ ഒരു സംഭവം എന്‍റെ അദ്ധ്യാപകന്‍ ഒരിക്കല്‍പറഞ്ഞുതന്നിട്ടുണ്ട്. അതായത് സ്വിസ്സ് ബേങ്കില്‍ ACCOUNT ഉള്ള ഒരു പണക്കാരന്‍ ഇനി എനിക്ക് നിങ്ങള്‍ പലിശയിനത്തില്‍ പണം നല്‍കേണ്ടതില്ല എന്ന് അവര്‍ക്ക് കത്തെഴുതി. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷിനറി ട്രസ്റ്റില്‍ നിന്നും താങ്കള്‍ നല്‍കിയ സംഭാവനക്ക് വളരെ നന്ദി എന്ന്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. ഇനി ബേങ്കിന് തന്നെ അത് തിരിച്ചുനല്‍കുക എന്ന്പണ്ഡിതന്മാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ആ പണം പിന്നീട് എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ലഭിക്കുന്നതിന് മുന്‍പാണ്. ഇനി ബേങ്ക് എടുക്കുന്നു എന്നു തന്നെ സങ്കല്പിക്കുക. നമ്മള്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ പലിശ അവിടെ രൂപപ്പെടുന്നുണ്ട്. അത് അവര്‍ വീണ്ടും പലിശ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുക.അതുകൊണ്ട് ബേങ്കിന് അത് തിരിച്ചു നകുക എന്ന അഭിപ്രായം ശരിയല്ല. അത് ബേങ്കുകള്ക്ക് തന്നെ തിരിച്ചു നൽകുകയോ, അത് തൻറെ അക്കൗണ്ടിൽ നിന്നും എടുത്ത് കളയാതിരിക്കുകയോ ചെയ്യരുത് എന്ന് കണിശമായിത്തന്നെ പല പണ്ഡിതന്മാരുംപറഞ്ഞിട്ടുമുണ്ട്. ശൈഖ് ഫലാഹ് ഇസ്മാഈൽ മൻദകാർ ഹഫിദഹുല്ലയിൽ നിന്നും ഇപ്രകാരം നേരിട്ട് തന്നെ അറിയാൻ സാധിച്ചിട്ടുമുണ്ട്.

ഇബ്നു ബാസ് (റ) യുടെ ഒരു ഫത്’വയില്‍ ഇപ്രകാരം കാണാം :” നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കുകയോ,ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്. മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുകയോ, ബാത്റൂമുകള്‍ പോലെയുള്ള കാര്യങ്ങളുടെ നിര്‍മ്മാണത്തിനായോ, കടം തിരിച്ചടക്കാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കോ നല്‍കുക. നീ അതില്‍ നിന്നും പാപമോചനം തേടുകയും ചെയ്യുക “. – [ ഫതാവ ഇബ്ന്‍ ബാസ് :3978].

ശേഷം അദ്ദേഹം പലിശയുടെ ഗൌരവത്തെക്കുറിച്ചും അതുമായിബന്ധപ്പെട്ട് ഒരിക്കലും ബന്ധപ്പെടരുത് എന്നതിനെക്കുറിച്ചുമെല്ലാംവിശദീകരിക്കുന്നുണ്ട്. ആ ഫത്’വയുടെ ചോദ്യത്തിനനുസൃതമായ ഒരു സാഹചര്യമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ അതിന്‍റെ പൂര്‍ണ രൂപം ഇവിടെ നല്‍കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

ഏതായാലും നിഷിദ്ധമായ ധനം കയ്യില്‍ നിന്നും നീക്കം ചെയ്യുന്നവ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതില്‍ ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്:  “നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കരുത്”. അഥവാ ആ പണത്തിന്‍റെ ഉപകാരം ഒരു നിലക്കും നമ്മള്‍ക്ക് കരസ്ഥമാക്കാന്‍ പാടില്ല. നമ്മള്‍ ചിലവിന്നല്‍കുന്നവരുടെ ചിലവിലേക്കായും അത് മാറ്റിവെക്കാന്‍ പാടില്ല. മറിച്ച് ഒരുനിലക്കും അതിന്‍റെ ഉപകാരം നമ്മളിലേക്ക് മടങ്ങാത്ത രൂപത്തില്‍ നമ്മുടെ കയ്യില്‍ നിന്നും അത് പൂര്‍ണമായി നീക്കം ചെയ്യണം.

രണ്ട്: “ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്” -ഇതിന്‍റെകാരണം നമ്മള്‍ മുകളില്‍ വിശദീകരിച്ചതാണ്. അഥവാ അപ്രകാരം ചെയ്യുന്നത് ശര്‍റു വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ഇന്ന് ഈവിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏതാണ്ട് ഏകാഭിപ്രായം ആണ്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ അത് ശര്‍റു വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്നത് വ്യക്തമാണ്. അത് വ്യക്ത്മാകുന്നതിന്  മുന്പ് പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ ഇവിടെ പ്രസക്തമല്ല. 

മൂന്ന്: “മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. ഇവിടെ അത് ഒരു നന്മ ചെയ്യുകയാണ് എന്ന നിയ്യത്തോടെയും,  അതിന്‍റെ പ്രതിഫലം ലഭിക്കട്ടെ എന്നഉദ്ദേശ്യത്താലും ഒരു പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യണമെന്നാണ് ശൈഖ് പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം  പ്രതിഫലമാഗ്രഹിച്ചുകൊണ്ടുള്ള ദാനധര്‍മ്മത്തിന് ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ആണ്. മാത്രമല്ല അല്ലാഹു പരിശുദ്ധനാണ്‌. പരിശുദ്ധമായതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയില്ല.അതുകൊണ്ടുതന്നെ തന്‍റെ കയ്യില്‍ അനര്‍ഹമായി വന്ന പണം തന്‍റെ കൈവശത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ അത് ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണ് അത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കേണ്ടത്. 

എന്നിട്ടദ്ദേഹം അത് നീക്കം ചെയ്യേണ്ട സംഗതികള്‍ക്ക്ഉദാഹരണമായി പറഞ്ഞത് : “പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുക” . ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്‍റെഉത്തരത്തില്‍ വ്യക്തമാണ്. മാത്രമല്ല ദര്‍സിനു ഇടക്കുള്ള വിശ്രമ സമയത്ത് എന്‍റെ കൂട്ടുകാരനായ അള്‍ജീരിയക്കാരന്‍ തൗഫീഖ് അദ്ദേഹത്തോട് ഒന്നുകൂടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ല പറഞ്ഞിട്ടുള്ള ഈഅഭിപ്രായം വളരെ പ്രബലമായ അഭിപ്രായമായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് والله أعلم . കാരണം പ്രമാണങ്ങളില്‍ ഈ അഭിപ്രായത്തിന് സമാനമായ തെളിവുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ആ തെളിവുകള്‍ ആകാം ഇബ്നു ബാസ് റഹിമഹുല്ല അപ്രകാരം പറയാന്‍ അവലംഭിച്ചത് :

തെളിവ് ഒന്ന്:  അന്‍സാരികളില്‍ പെട്ട ഒരു സ്വഹാബി റിപ്പോര്‍ട്ട് ചെയ്യുന്നു:  ഒരിക്കല്‍ പ്രവാചകന്‍ (സ) യും ഞങ്ങളും ഒരു ജനാസ നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന അവസരത്തില്‍ ഒരു ഖുറൈഷിസ്ത്രീ പ്രവാചകന്‍റെ അടുക്കല്‍ വന്നു പറഞ്ഞു :  പ്രവാചകരേ,ഇന്നാലിന്ന സ്ത്രീ താങ്കളെയും കൂടെയുള്ളവരെയും ഭക്ഷണത്തിന് ക്ഷണിക്കുന്നു. അങ്ങനെ അദ്ദേഹം ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നു. കൂടെ ഞങ്ങളും നടന്നു. ഞങ്ങള്‍ കുട്ടികള്‍ കുട്ടികള്‍ ഇരിക്കാറുള്ളതുപോലെ ഉപ്പമാരുടെ മടിയില്‍ ഇരുന്നു. അങ്ങനെ ഭക്ഷണം കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍ (സ) ഭക്ഷണത്തളികയില്‍ഭക്ഷിക്കാനായി കൈവച്ചു. അപ്പോള്‍ മറ്റുള്ളവരും കൈവച്ചു. എന്നാല്‍ എന്തോ ഒരു പന്തികേടുള്ളതുപോലെ പ്രവാചകന്‍ (സ) താന്‍ കഴിച്ച ഉരുള താഴോട്ടിറക്കാതെ  വായില്‍ തന്നെ വച്ചുനില്‍ക്കുന്നത് സ്വഹാബത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മുതിര്‍ന്നവര്‍ തളികയില്‍ നിന്നും കയ്യെടുത്തു. പക്ഷെ ഞങ്ങള്‍കുട്ടികള്‍ കഴിക്കുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അതവരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കയ്യില്‍ പിടിച്ചു. ഞങ്ങളുടെകയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തളികയിലേക്ക് തന്നെ തട്ടി. അങ്ങനെ അവര്‍ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ (സ) എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പ്രവാചകന്‍ (സ) തന്‍റെ വായിലുള്ള ഭക്ഷണം പുറത്തേക്ക് കളഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു : ” ഉടമസ്ഥന്‍റെ അനുവാദമില്ലാതെ എടുത്ത ആടാണല്ലോ ഇത് ” . അപ്പോള്‍ ആ സ്ത്രീ പറഞ്ഞു : “അല്ലയോ പ്രവാചകരേ, താങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കണം എന്ന് ഞാന്‍ ഒരുപാട് നാളായി കരുതുന്നു. അങ്ങനെ ഞാന്‍ ബഖീഇലേക്ക് ആടിനെ വാങ്ങിക്കാന്‍ ആളെ വിട്ടു. പക്ഷെ അവിടെ ആടുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്നലെ ആമിര്‍ ബ്നു അബീ വഖാസ് (റ) ഒരു ആടിനെ വാങ്ങിയത് ഓര്‍ത്തത്. അങ്ങനെ ബഖീഇല്‍ ആട് ലഭ്യമല്ല അതുകൊണ്ട് താങ്കള്‍ ഇന്നലെ വാങ്ങിയ ആടിനെ ആ വിലക്ക്  എനിക്ക് നല്‍കുമോ എന്ന് ചോദിക്കാനായി ഞാന്‍ ഒരാളെ പറഞ്ഞുവിട്ടു. പക്ഷെ അയാള്‍ അവിടെ ചെന്നപ്പോള്‍ ആമിറിനെ കണ്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞുവിട്ട ആള്‍ക്ക് ആടിനെ നല്‍കി ഇതാണ് സംഭവിച്ചത്. അത് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: ” നിങ്ങള്‍ അത്തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കുക ” – [ അഹ്മദ് – അല്‍ബാനി,ഇസ്നാദുഹു സ്വഹീഹ് ].

ഇതില്‍ നിന്നും പ്രവാചകന്‍ (സ) അവരെ അത് കഴിക്കാന്‍ വിലക്കുകയും, എന്നാല്‍ തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പറയുകയും ചെയ്തു.

തെളിവ് രണ്ട് : അതുപോലെ അബൂബക്കര്‍ (റ) വുമായി ബന്ധപ്പെട്ട് ഒരു ഹദീസ് ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടുണ്ട് :

         ألم   

1. അലിഫ്‌-ലാം-മീം

غُلِبَتِ الرُّومُ

2. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു

.فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ

3. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.

 

എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ മുശ്’രികീങ്ങള്‍ ആആയത്തുകളെ കളവാക്കുകയും, റോമിന് വിജയം കിട്ടുകയില്ല എന്നും പറയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) പ്രവാചകന്‍റെ അനുവാദത്തോടെ അത് സംഭവിക്കുമെന്ന്അവരുമായി ബെറ്റ് വച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: ” ഇത് അന്യായമായ മുതലാണ്‌, അത് നീദാനം നല്കിയേക്കുക”. മുസ്ലിമീങ്ങള്‍ അവര്‍ക്കല്ലാഹു നല്‍കിയ വിജയത്തില്‍ ഏറെ സന്തോഷിച്ചു (ഇത് ഖിമാര്‍ വിജയിച്ചതിനെ കുറിച്ചല്ല. മറിച്ച് ആയത്തില്‍ പറഞ്ഞ പ്രവചനം സത്യമായതിനെപ്പറ്റി സന്തോഷിചതിനെ സൂചിപ്പിച്ചുകൊണ്ട്പറഞ്ഞതാണ്).  പ്രവാചകന്‍ (സ) അബൂബക്കര്‍ (റ) വിന് ബെറ്റ് വെക്കാന്‍ അനുവാദം നല്‍കിയതിന് ശേഷം ഖിമാര്‍ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് അവതരിച്ചിരുന്നു ” -[ മുസ്നദ് അഹ്മദ് 2495 , തിര്‍മിദി 2551, അല്‍ബാനി : സ്വഹീഹ്]. 

ആ സമയത്ത് ബെറ്റ് വെക്കല്‍ ( ഖിമാര്‍ )നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.പക്ഷെ അദ്ദേഹം അത് നടത്തി പണം കൈവശം വന്നപ്പോഴേക്കും അത് അന്യായമായ പണം ആണ് എന്ന് സൂചിപ്പിക്കുന്ന  ഖിമാറിനെ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ (സ) ആ മുതല്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അബൂ ബക്കര്‍ (റ) വിനെ വിലക്കുകയും അത് ദാനം നല്‍കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം.

ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്നാ ചോദ്യത്തിന്അദ്ദേഹം നല്‍കിയ മറുപടിയില്‍ കാണാം .. അദ്ദേഹം പറയുന്നു :  ” ഉടമസ്ഥന്‍ തന്നെ അറിഞ്ഞുകൊണ്ട് നല്‍കുന്നപലിശപോലെയുള്ള നിഷിദ്ധമായ ഇടപാടുകള്‍ വഴി വരുന്ന അതിന്‍റെ ഉടമസ്ഥന് തന്നെ തിരിച്ച് നല്‍കേണ്ടതില്ല

ഫത്’വയുടെ പൂർണരൂപം: ” കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ,മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണംഅപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനംനല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായിഅറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) ‘തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക’ എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെകൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായിരേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ ” .

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع 

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع

من موقع فضيلة الشيخ محمد بن صالح العثيمين رحمه الله

എന്നാൽ ഒരാൾ അത് സ്വയം ഉപയോഗിക്കുവാനോ, താൻ ചിലവിന് നൽകൽ നിർബന്ധമായ തൻറെ ആശ്രിതർക്കത് നൽകുവാനോ പാടില്ല. ഇവിടെ ഇത് സ്വദഖയായിപരിഗണിക്കപ്പെടുന്നുമില്ല. കയ്യിൽ നിന്ന് ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അതിനൊട്ട് പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ ഹറാമായ സമ്പത്ത് നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന ഒരാൾ ഇപ്രകാരം ചെയ്യുന്നുവെങ്കിൽ, തൻറെ സമ്പത്തിൽ ഹറാം കൂടിക്കലരാതിരിക്കാൻ അയാള് കാണിക്കുന്ന സൂക്ഷ്മതക്കും, അതിൽ നിന്നൊരു ചില്ലിക്കാശുപോലും ഉപയോഗിക്കാതെ പൂർണമായും ഒഴിവാക്കാനുള്ള നല്ല മനസ്സിനും അയാൾക്ക് പ്രതിഫലം ലഭിക്കും. 

ഹറാമായ പണം മുസ്ലിമീങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ, കുളിമുറി, കക്കൂസ്, റോഡ്‌ തുടങ്ങി  ആദരണീയമല്ലാത്ത പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുക എന്ന് പണ്ഡിതന്മാർ പറഞ്ഞ ഭാഗം മനസ്സിലാക്കുമ്പോൾ സുപ്രധാനമായ ഒരു നിബന്ധന കൂടി അതോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്. അതായത് തനിക്ക് നേരിട്ട് ഉപകാരം ലഭിക്കുന്ന പൊതു ആവശ്യങ്ങൾക്ക് ആ പണം ഉപയോഗിക്കാൻ പാടില്ല. ഉദാ: തന്റെ വീട്ടിലേക്ക് പോകുന്ന പൊതുവഴി നന്നാക്കാൻ, അവിടെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ തുടങ്ങിയ കാര്യങ്ങൾക്ക് അത് ഉപയോഗിക്കാൻ പാടില്ല. പൊതു ആവശ്യങ്ങൾക്ക് നൽകുന്ന സാഹചര്യത്തിൽത്തന്നെ തനിക്ക് ഉപകാരം ലഭിക്കുന്ന പൊതു ആവശ്യങ്ങൾ നോക്കി അതിനു നൽകൽ നിഷിദ്ധമാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ ….

ഇനി ധാരാളം പണം കൈവശമുള്ളവർ അത് ബേങ്കിൽ നേരിട്ട് നിക്ഷേപിക്കാതെ അത് സ്വർണ്ണമാക്കി ലോക്കറിൽ സൂക്ഷിക്കുകയാണ് എങ്കിൽ. അത്രയെങ്കിലും പലിശയിൽ നിന്നും മോചനം നേടാൻ സാധിക്കും. ലോക്കർ ഉപയോഗിക്കുന്നതിനു നൽകുന്ന ഫീസ്‌ നമ്മൾ ഉപയോഗപ്പെടുത്തുന്ന സർവീസിന് ബദലായി നൽകുന്നതായതിനാൽ  ഈ ഇടപാടിൽ പലിശകടന്നുവരുന്നില്ല. മാത്രമല്ല സ്വർണ്ണനിക്ഷേപമാകുമ്പോൾ തൻറെ അധ്വാനത്തിന്റെ യഥാർത്ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും സാധിക്കുന്നു.

ഇനി കഴിവതും പണം കുമിഞ്ഞുകൂടിക്കിടക്കാത്ത രൂപത്തിൽ ഉപകാരപ്രദമായ ഉത്പാദന പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുക. അത് സമ്പത്തിനെ വർദ്ധിപ്പിക്കുകയും അനാവശ്യമായി  ബേങ്കിൽ നിക്ഷേപിക്കുന്നതിനെയും ഇല്ലാതാക്കുവാൻ സഹായകമാകും.

നിങ്ങളുടെ കൈവശം നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത നിഷിദ്ധമായ സമ്പത്ത് ഉണ്ടെങ്കിൽ അത് അറിയിച്ചാൽ, വളരെ സൂക്ഷമമായി ആ പണം ഞങ്ങൾ കൈകാര്യം ചെയ്യുകയും إن شاء الله ,അർഹപ്പെട്ടവരെ കടക്കെണിയിൽ നിന്നും, മറ്റു ഇതര പ്രാരാബ്ധങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ അത്ഉപയോഗപ്പെടുത്തുന്നതാണ്. അതിൻറെ കൃത്യമായ വിവരങ്ങൾ നിങ്ങളെ അറിയിക്കുകയും ചെയ്യും..  إن شاء الله ….

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ATM കൗണ്ടറുകള്‍ക്ക് ബില്‍ഡിംഗ് വാടകക്ക് നല്‍കാമോ ?.

ATM കൗണ്ടറുകള്‍ക്ക് ബില്‍ഡിംഗ് വാടകക്ക് നല്‍കാമോ ?

ചോദ്യം: നമ്മുടെ നാട്ടിലെ ബേങ്കുകളുടെ ATM കൗണ്ടറുകള്‍ക്കായി ബില്‍ഡിംഗ് വാടകക്ക് നല്‍കല്‍ ഹലാലാണോ ?. 

 

ഉത്തരം: ഹലാലല്ല. നമ്മുടെ നാട്ടില്‍ ഇന്ന് നിലവിലുള്ള ബേങ്കുകള്‍ പലിശ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആയതിനാല്‍ അവയുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ, ATM കൗണ്ടറുകള്‍ക്കോ,  അവയുടെ ഭാഗമായ സ്ഥാപനങ്ങള്‍ക്കോ, മുത്തൂറ്റ്, മണപ്പുറം പോലുള്ള പലിശക്കമ്പനികള്‍ക്കോ ബില്‍ഡിംഗ് വാടകക്ക് നല്‍കല്‍ ഹറാമാണ്.

 

അല്ലാഹു ഒരു കാര്യത്തില്‍ നിന്നും നമ്മെ വിലക്കിയിട്ടുണ്ടെങ്കില്‍ അതുമായി സഹകരിക്കുന്നതും, അതിന് സൗകര്യം ചെയ്ത് കൊടുക്കുന്നതും വിലക്കപ്പെട്ടത് തന്നെയാണ്. മാത്രമല്ല അത്തരം നിഷിദ്ധമായ സ്ഥാപനങ്ങള്‍ നടത്താന്‍ ബില്‍ഡിംഗ് വാടകക്ക് നല്‍കുക വഴി ലഭിക്കുന്ന വാടകയും നിഷിദ്ധമാണ്.

عن ابن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

 

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: ” അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്.” – [ത്വബറാനി : 3/7 – ഹദീസ് 20]. 

 

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ ഉത്തരവും ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്.

 

ചോദ്യം: മോശമായ വീഡിയോ സി ഡി കള്‍, സിഗരറ്റ്, മ്യൂസിക് തുടങ്ങിയവ വില്‍ക്കുന്നവര്‍ക്കോ, പലിശ ബേങ്കുകള്‍ക്കോ ഷോപ്പുകള്‍ വാടകക്ക് നല്‍കുന്നതിന്‍റെ വിധിയെന്ത്‌ ?.

 

ഉത്തരം: ഇത്തരം കാര്യങ്ങള്‍ക്ക് ഷോപ്പുകള്‍ വാടകക്ക് നല്‍കുന്നതിന്‍റെ ഇസ്‌ലാമിക വിധി ഈ ആയത്തിലുണ്ട്. അല്ലാഹു പറയുന്നു:

 

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَاب

 

“പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.” – [മാഇദ : 2].

 

അതിനാല്‍ത്തന്നെ ചോദ്യത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് ഷോപ്പുകള്‍ വാടകക്ക് നല്‍കല്‍ ഹറാമാണ്. കാരണം അത് പാപത്തിനും അതിക്രമത്തിനും കൂട്ടുനില്‍ക്കലാണ്.  [ഫതാവ അല്‍മര്‍അ : പേജ് 113 , ഇബ്നു ഉസൈമീന്‍ (റ)].

 

നമ്മുടെ നാട്ടില്‍ ഇസ്‌ലാമിക ബേങ്കിംഗ് സംവിധാനം ഇല്ലാത്തതിനാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ ബേങ്കുകളില്‍ അക്കൗണ്ട് തുടങ്ങാം എന്ന് പണ്ഡിതന്മാര്‍ പറഞ്ഞതിനെ മറയാക്കി ATM, ബേങ്ക് തുടങ്ങിയവക്ക്  ബില്‍ഡിംഗ് വാടകക്ക് നല്‍കുന്നതില്‍ തെറ്റില്ല എന്ന് ചില ആളുകള്‍ വാദിക്കാറുണ്ട്. എന്നാല്‍ ആ വാദം തീര്‍ത്തും അര്‍ത്ഥശൂന്യമാണ് കാരണം അടിസ്ഥാനപരമായി പലിശ ബേങ്കുകളില്‍ അക്കൌണ്ട് തുറക്കുന്നത് നിഷിദ്ധം തന്നെയാണ്. എന്നാല്‍ ഒരാള്‍ക്ക് അത് അനിവാര്യമായി വരുകയാണ് എങ്കില്‍ അത് താല്‍ക്കാലികമായി അനുവദനീയമാകും എന്ന് മാത്രം. സാമ്പത്തിക ഇടപാടുകള്‍ ബേങ്കുകള്‍ മുഖാന്തിരം നടത്താന്‍ രാജ്യത്തെ നിയമം കൊണ്ട് നമ്മെ നിര്‍ബന്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് അത്. الحاجة العامة تنزل منزلة الضرورة ‘പൊതു ആവശ്യം നിര്‍ബന്ധിത ഗണത്തില്‍ പെടും’ എന്ന ഉസ്വൂലുല്‍ ഫിഖ്ഹിലെ അടിസ്ഥാന തത്വപ്രകാരമാണ് അത് പണ്ഡിതന്മാര്‍ അനുവദിച്ചിട്ടുള്ളത്‌. എന്നാല്‍ ഇസ്‌ലാമിക സംവിധാനം നിലവില്‍ വരുകയോ, സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ബേങ്കിടപാടുകളെ നിര്‍ബന്ധമാക്കുന്ന സാഹചര്യം നീങ്ങുകയോ ചെയ്‌താല്‍ അത് ‘നിഷിദ്ധം’ എന്ന അടിസ്ഥാന നിയമത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്യും.

 

എന്നാല്‍ ബേങ്കുകള്‍ക്ക് ബില്‍ഡിംഗ് വാടകക്ക് നല്‍കുന്നത് ഈ ഗണത്തില്‍ പെടില്ല. കാരണം അത് നാം നിര്‍ബന്ധിക്കപ്പെടുന്ന ഒരു കാര്യമല്ല. മാത്രമല്ല അത് الحاجة العامة എന്ന ഗണത്തില്‍ പെടുത്താനും സാധിക്കില്ല. അതുകൊണ്ടുതന്നെ അത് നിഷിദ്ധമാണ് എന്നതില്‍ സംശയമില്ല. ഒരു വിഷയത്തിലെ പ്രത്യേകമായ ഫത്’വയെ അവലംബമാക്കി മറ്റൊരു കാര്യത്തിന്‍റെ വിധി കണ്ടെത്തുക എന്നതുതന്നെ ഉസ്വൂലുല്‍ ഫിഖ്ഹിലെ അടിസ്ഥാന നിയമത്തിന് എതിരാണ്. الفتاوى لا تبنى عليه المسائل  ഒരു പ്രത്യേക കാര്യത്തിലെ ഫത്’വകളെ മറ്റു വിഷയങ്ങള്‍ക്ക്  ആധാരമാക്കാന്‍ പാടില്ല എന്നത് ഉസ്വൂലുല്‍ ഫിഖ്ഹിലെ ഒരടിസ്ഥാന തത്വമാണ്. അതുകൊണ്ട് നിര്‍ബന്ധിത സാഹചര്യത്തില്‍ നിബന്ധനയോടെ അനുവദനീയം എന്ന് പറയപ്പെട്ട ഒരു കാര്യത്തെ അടിസ്ഥാനമാക്കി ബേങ്കുമായുള്ള എല്ലാ ഇടപാടുകളും അനുവദനീയമാണ് എന്ന് ധരിക്കുന്നത് തീര്‍ത്തും അജ്ഞതയാണ്. 

 

വാടകക്ക് നല്‍കലാകട്ടെ, അതല്ലെങ്കില്‍ മറ്റു പ്രവര്‍ത്തനങ്ങലാകട്ടെ  പലിശ സംവിധാനങ്ങള്‍ക്ക് ഒത്താശ ചെയ്ത്   കൊടുക്കുക എന്നത് അത്യധികം ഗൗരവപരമാണ്. അതുമുഖേന ലഭിക്കുന്ന പ്രതിഫലമാകട്ടെ നരകത്തിലേക്കുള്ളതും. അല്ലാഹുവിന്‍റെ റസൂല്‍ (സ) പറയുന്നു: 

 

كل لحم نبت من سحت فالنار أولى به

 

“അന്യായമായ മാര്‍ഗത്തിലൂടെ വളര്‍ന്ന ഇറച്ചിക്ക് ഏറ്റവും ഉചിതം നരകമാണ്” – [ത്വബറാനി- അല്‍ബാനി: സ്വഹീഹ്, സ്വഹീഹുല്‍ ജാമിഅ്: 4519].

 

മാത്രമല്ല 36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍  വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും:

 

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية

 

അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: ” അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ് ” – [റവാഹു അഹ്മദ്- അല്‍ബാനി: സ്വഹീഹ്, മിഷ്കാത്തുല്‍ മസാബീഹ്: 2825, ഗായതുല്‍ മറാം:172, സ്വഹീഹുത്തര്‍ഗീബ് വ ത്തര്‍ഹീബ്: 1855].

 

ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ, ഏറ്റവും വൃത്തിഹീനമായ  ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്.. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം :

 

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه

 

അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: “പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് ” – [റവാഹുല്‍  ബൈഹഖി- അല്‍ബാനി: സ്വഹീഹ്, സ്വഹീഹുത്തര്‍ഗീബ് വ ത്തര്‍ഹീബ്: 1853]. 

 

അല്ലാഹു അവന്‍റെ വിധിവിളക്കുകള്‍ പാലിച്ചുകൊണ്ട്‌ ജീവിക്കുന്ന ആളുകളില്‍ നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ ..

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

വിപ്രോയില്‍ നെറ്റ്-വര്‍ക്കിംഗ് എന്‍ജിനീയര്‍ ജോലി ലഭിച്ചു. ഗ്രാമീണ്‍ ബേങ്കുകളുടെ നെറ്റ്-വര്‍ക്ക് സപ്പോര്‍ട്ട് ആണ്. ഈ ജോലി അനുവദനീയമോ ?.

വിപ്രോയില്‍ നെറ്റ്-വര്‍ക്കിംഗ് എന്‍ജിനീയര്‍ ജോലി ലഭിച്ചു. ഗ്രാമീണ്‍ ബേങ്കുകളുടെ നെറ്റ്-വര്‍ക്ക് സപ്പോര്‍ട്ട് ആണ്. ഈ ജോലി അനുവദനീയമോ ?

ചോദ്യം: എനിക്ക് കണ്ണൂര്‍ വിപ്രോയില്‍ നെറ്റ്-വര്‍ക്ക് എന്ജിനീയറായി ജോലി ലഭിച്ചു. എന്നാല്‍ ഗ്രാമീണ്‍ ബേങ്കുകളുടെ നെറ്റ്-വര്‍ക്ക് ആണ് ജോലിയുടെ മേഖല. അതുകൊണ്ട് ആ ജോലി സ്വീകരിക്കാമോ ?. ഗ്രാമീണ്‍ ബാങ്കുകളുടെ നെറ്റ് വര്‍ക്ക് ബൂസ്റ്റ്‌ ചെയ്യുക ട്രബ്ള്‍ഷൂട്ട്‌ ചെയ്യുക എന്നതാണ് ജോലി. ഞാന്‍ അന്വേഷിച്ചപ്പോള്‍ പലിശ കൊടുക്കുന്ന ആളും വാങ്ങുന്ന ആളും സാക്ഷികളുമാണ് കുറ്റക്കാര്‍. എന്നാല്‍ വിപ്രോ പലിശ കമ്പനി അല്ലാത്തതുകൊണ്ട് എനിക്ക് ശമ്പളം തരുന്നത് അവരായതിനാല്‍ ഇതില്‍ കുഴപ്പമില്ല എന്നാണ്. ഇത് ശരിയാണോ ?. നമ്മള്‍ ബേങ്കില്‍ അക്കൗണ്ട് തുടങ്ങുന്നത് പോലെയല്ലേ ഇതും ?.

ഉത്തരം: താങ്കളുടെ ചോദ്യം വളരെ കൃത്യമാണ്. ഇവിടെ നിങ്ങള്‍ ചെയ്യുന്ന ജോലി എന്ന് പറയുന്നത് പലിശവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുടെ നെറ്റ്-വര്‍ക്കിന് സാങ്കേതിക സപ്പോര്‍ട്ട് നല്‍കുക എന്നതാണ്. അതുകൊണ്ടുതന്നെ ഈ ജോലി നിഷിദ്ധമാണ്. നിങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് വിപ്രോ ആണെങ്കില്‍ കൂടി നിഷിദ്ധമായ ജോലി മുഖേനയാണ് നിങ്ങള്‍ക്ക് ആ ശമ്പളം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആ സമ്പാദ്യം ഹറാമാണ്:

عن بن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

 ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: ” അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്.” – [ത്വബറാനി : 3/7 – ഹദീസ് 20].

 അതുപോലെ അല്ലാഹു പറയുന്നു:

 وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَاب

 “പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.” – [മാഇദ : 2].

അതിനാല്‍ത്തന്നെ പലിശ ബേങ്കുകള്‍ക്ക് വേണ്ടി നേരിട്ടോ മറ്റു കമ്പനികള്‍ മുഖാന്തിരം കോണ്ട്രാക്റ്റ് മുഖേനയോ ജോലി ചെയ്യുന്നത് നിഷിദ്ധമാണ്. നിങ്ങള്‍ നേരിട്ട് ബേങ്കിന്‍റെ എംപ്ലോയി എന്ന നിലക്കല്ല അവരുടെ തൊഴില്‍ നിര്‍വഹിക്കുന്നത് എന്നത് അത് അനുവദനീയമാക്കുന്നില്ല. കാരണം അടിസ്ഥാനപരമായി പലിശ ബേങ്കുമായി ബന്ധപ്പെട്ട ജോലി തന്നെ നിഷിദ്ധമാണ്.

 ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു:  “പലിശ ബേങ്കുകളുമായി ബന്ധപ്പെട്ട ജോലി അനുവദനീയമല്ല. കാരണം അക്കൗണ്ടന്‍റ്, എഴുത്തുകാരന്‍ തുടങ്ങി ഏത് ജോലിയുമാകട്ടെ  അത് പാപത്തിലും അതിക്രമത്തിലും അന്യോന്യം സഹായിക്കുന്നതില്‍ പെട്ടതാണ്. അതുകൊണ്ടുതന്നെ ഒരു സത്യവിശ്വാസി തീര്‍ച്ചയായും അത്തരം ജോലികളില്‍ നിന്നും ജാഗ്രത പാലിക്കുകയും പലിശ ബേങ്കുകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യണം. കാരണം അല്ലാഹു പറയുന്നു:  

 “പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.” – [മാഇദ : 2].   

 പലിശ ബേങ്കുകളുമായും, കൊള്ളക്കരുമായും,  കള്ളന്മാരുമായും, വഞ്ചകന്മാരുമായും, കൈക്കൂലിക്കാരുമായുമെല്ലാം സഹകരിക്കുന്നത് പാപത്തിലും അതിക്രമത്തിലുമുള്ള സഹകരണമാണ്. അതുകൊണ്ട് അത് ഒരിക്കലും അനുവദനീയമല്ല.” – [http://www.binbaz.org.sa/node/4043].

ഇനി അത് ഇസ്‌ലാമിക സംവിധാനങ്ങള്‍ ഇല്ലാത്ത നാടുകളില്‍ പലിശ ബേങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നത് പോലെത്തന്നെയാണ് എന്ന വാദം തീര്‍ത്തും അര്‍ത്ഥശൂന്യമാണ്. കാരണം അടിസ്ഥാനപരമായി പലിശ ബേങ്കുകളില്‍ അക്കൌണ്ട് തുറക്കുന്നത് നിഷിദ്ധം തന്നെയാണ്. എന്നാല്‍ ഒരാള്‍ക്ക് അത് അനിവാര്യമായി വരുകയാണ് എങ്കില്‍ അത് താല്‍ക്കാലികമായി അനുവദനീയമാകും എന്ന് മാത്രം. സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ രാജ്യത്തെ നിയമം കൊണ്ട് നമ്മെ നിര്‍ബന്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് അത്. الحاجة العامة تنزل منزلة الضرورة ‘പൊതു ആവശ്യം നിര്‍ബന്ധിത ഗണത്തില്‍ പെടും’ എന്ന ഉസ്വൂലുല്‍ ഫിഖ്ഹിലെ അടിസ്ഥാന തത്വപ്രകാരമാണ് അത് പണ്ഡിതന്മാര്‍ അനുവദിച്ചിട്ടുള്ളത്‌. എന്നാല്‍ ഇസ്‌ലാമിക സംവിധാനം നിലവില്‍ വരുകയോ, സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ബേങ്കിടപാടുകളെ നിര്‍ബന്ധമാക്കുന്ന സാഹചര്യം നീങ്ങുകയോ ചെയ്‌താല്‍ അത് ‘നിഷിദ്ധം’ എന്ന അടിസ്ഥാന നിയമത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്യും.

 എന്നാല്‍ ബേങ്കുമായി ബന്ധപ്പെട്ട ജോലി ഒരിക്കലും ഈ ഗണത്തില്‍ പെടില്ല. കാരണം പലിശ ബേങ്കുകളില്‍ ജോലി ചെയ്യുക എന്നത് നിഷിദ്ധത്തെ അനുവദനീയമാക്കും വിധമുള്ള ഒരു നിര്‍ബന്ധിത സാഹചര്യം അല്ല. അതുകൊണ്ട് നിര്‍ബന്ധിത സാഹചര്യം പരിഗണിച്ച് അനുവദിച്ച ഒരു കാര്യവുമായി അതിനെ താരതമ്യം ചെയ്യാന്‍ പാടില്ല. അതുകൊണ്ടുതന്നെയാണ്  നിര്‍ബന്ധിത സാഹചര്യത്തില്‍ ബേങ്കുകളില്‍ അക്കൌണ്ട് തുടങ്ങല്‍ അനുവദിച്ച പണ്ഡിതന്മാരാരും തന്നെ പലിശ ബേങ്കുകളില്‍ ജോലി ചെയ്യുന്നത് അനുവദനീയമാണ് എന്ന് പറയാതിരുന്നത്.

 അതുപോലെ ചോദ്യകര്‍ത്താവ് ഉന്നയിച്ച പോലെ പലിശ എഴുതുക, സാക്ഷി നില്‍ക്കുക, വാങ്ങുക നല്‍കുക എന്നത് മാത്രമല്ലേ നിഷിദ്ധമുള്ളൂ, അപ്പോള്‍ ബേങ്കുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ അനുവദനീയമല്ലേ, എന്ന വാദത്തിനും യാതൊരു പ്രസക്തിയുമില്ല. കാരണം മറ്റു തൊഴിലുകളും ഈ തിന്മക്ക് ഉപോല്‍ബലകമാകുന്ന തൊഴിലുകള്‍ മാത്രമാണ്. ലജ്നതുദ്ദാഇമയുടെ ഫത്’വയില്‍ ഇപ്രകാരം കാണാം:

لا يجوز لمسلم أن يعمل في بنك تعامله بالربا ، ولو كان العمل الذي يتولاه ذلك المسلم غير ربوي ؛ لتوفيره لموظفيه الذين يعملون في الربويات ما يحتاجونه ويستعينون به على أعمالهم الربوية ، وقد قال تعالى : ( وَلا تَعَاوَنُوا عَلَى الأِثْمِ وَالْعُدْوَان ) .

 “പലിശ ഇടപാടുകള്‍ നടത്തുന്ന ഒരു ബേങ്കില്‍ ഒരു മുസ്‌ലിമിന് ജോലി ചെയ്യാന്‍ പാടില്ല. (പലിശ ബേങ്കില്‍) ആ മുസ്‌ലിമിന് ചെയ്യേണ്ടി വരുന്ന ജോലി പലിശ സംബന്ധമല്ല എങ്കിലും അത് അനുവദനീയമല്ല. കാരണം അതില്‍ പലിശ സംബന്ധമായ തൊഴില്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പലിശ ഇടപാടുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിക്കൊടുക്കലാണല്ലോ അവന്‍റെ തൊഴില്‍. അല്ലാഹു പറയുന്നു : “നിങ്ങള്‍ പാപത്തിലും അതിക്രമത്തിലും അന്യോന്യം സഹായിക്കരുത്” – (മാഇദ: 2). [ഫതാവ ലജ്നതുദ്ദാഇമ: 15/41].

 അതുകൊണ്ടുതന്നെ ഇത്തരം ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുക. ഹലാലായ സമ്പാദ്യ മാര്‍ഗങ്ങളില്‍കൂടി മാത്രം സമ്പാദിക്കുവാനുള്ള തൗഫീഖ് അല്ലാഹു നമുക്ക് ഏവര്‍ക്കും നല്‍കുമാറാകട്ടെ.. താങ്കള്‍ക്ക് ഇതിനേക്കാള്‍ എത്രയോ നല്ല ഒഫറുള്ള തൊഴില്‍ അല്ലാഹു നല്‍കട്ടെ.. “അല്ലാഹുവിന് വേണ്ടി ഒരു കാര്യം ഉപേക്ഷിക്കുന്നയാള്‍ക്ക്, അതിനേക്കാള്‍ നല്ലത് അല്ലാഹു നല്‍കുമെന്ന്” നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ ….

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ബേങ്കുകള്‍ക്കും, സിനിമാ സിഡി വില്‍ക്കുന്നവര്‍ക്കും ബില്‍ഡിംഗ് വാടകക്ക് കൊടുക്കാമോ ?.

ബേങ്കുകള്‍ക്കും, സിനിമാ സിഡി വില്‍ക്കുന്നവര്‍ക്കും ബില്‍ഡിംഗ് വാടകക്ക് കൊടുക്കാമോ ?

 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

നമ്മുടെ നാട്ടിലുള്ള ബാങ്കുകള്‍ പലിശ ഇടപാട് നടത്തുന്ന ബേങ്കുകളാണ് അതിനാല്‍ തന്നെ അവയുടെ നടത്തിപ്പും നിഷിദ്ധമാണ്. ഇതുപോലെത്തന്നെയാണ് സിനിമാ സി ഡി കളും, മ്യൂസിക് സി ഡി കളുമെല്ലാം. അവയെല്ലാം നിഷിദ്ധമാണ്.

 

അല്ലാഹു ഒരു കാര്യത്തില്‍ നിന്നും നമ്മെ വിലക്കിയിട്ടുണ്ടെങ്കില്‍ അതുമായി സഹകരിക്കുന്നതും, അതിന് സൗകര്യം ചെയ്ത് കൊടുക്കുന്നതും വിലക്കപ്പെട്ടത് തന്നെയാണ്. മാത്രമല്ല അത്തരം നിഷിദ്ധമായ സ്ഥാപനങ്ങള്‍ നടത്താന്‍ ബില്‍ഡിംഗ് വാടകക്ക് നല്‍കുക വഴി ലഭിക്കുന്ന വാടകയും നിഷിദ്ധമാണ്.

 

عن بن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: ” അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്.” – [ത്വബറാനി : 3/7 – ഹദീസ് 20].

അതുകൊണ്ട് തന്നെ  നിഷിദ്ധമായ പലിശ സ്ഥാപനങ്ങള്‍ക്കും, മ്യൂസിക് സ്ഥാപനങ്ങള്‍ക്കും, സിഗരറ്റ് കച്ചവടക്കാര്‍ക്കുമെല്ലാം ബില്‍ഡിംഗ് വാടകക്ക് കൊടുക്കുന്നതും നിഷിദ്ധമാണ്.

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ ഉത്തരവും ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്.

ചോദ്യം: മോശമായ വീഡിയോ സി ഡി കള്‍, സിഗരറ്റ്, മ്യൂസിക് തുടങ്ങിയവ വില്‍ക്കുന്നവര്‍ക്കോ, പലിശ ബേങ്കുകള്‍ക്കോ ഷോപ്പുകള്‍ വാടകക്ക് നല്‍കുന്നതിന്‍റെ വിധിയെന്ത്‌ ?.

ഉത്തരം: ഇത്തരം കാര്യങ്ങള്‍ക്ക് ഷോപ്പുകള്‍ വാടകക്ക് നല്‍കുന്നതിന്‍റെ ഇസ്‌ലാമിക വിധി ഈ ആയത്തിലുണ്ട്. അല്ലാഹു പറയുന്നു: 

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَاب

“പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.” – [മാഇദ : 2].

അതിനാല്‍ തന്നെ ചോദ്യത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് ഷോപ്പുകള്‍ വാടകക്ക് നല്‍കല്‍ ഹറാമാണ്. കാരണം അത് പാപത്തിനും അതിക്രമത്തിനും കൂട്ടുനില്‍ക്കലാണ്.  [ഫതാവ അല്‍മര്‍അ : പേജ് 113 , ഇബ്നു ഉസൈമീന്‍ (റ)].

അതിനാല്‍ തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും അത്തരം കാര്യങ്ങള്‍ക്ക് വാടകക്ക് നല്‍കാന്‍ പാടില്ല. അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ട്‌ ഇങ്ങനെയുള്ള ഇടപാടുകളില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ക്ക് അല്ലാഹു കൂടുതല്‍ ഉചിതവും ഉത്തമവുമായ മറ്റു മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കും. ഇന്‍ ഷാ അല്ലാഹ് ..

നബി (സ) അരുളി : 

إِنَّكَ لَنْ تَدَعَ شَيْئًا لِلَّهِ عَزَّ وَجَلَّ إِلَّا بَدَّلَكَ اللَّهُ بِهِ مَا هُوَ خَيْرٌ لَكَ مِنْهُ

“നീ അല്ലാഹുവിന് വേണ്ടി ഏതൊരു കാര്യം ഉപേക്ഷിച്ചാലും, അല്ലാഹു അതിനു പകരം അതിനേക്കാള്‍ നല്ലത് നിനക്ക് നല്‍കാതിരിക്കില്ല.” – [മുസ്നദ് അഹ്മദ് : 23074].

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

പലിശ പോലുള്ള ഹറാമായ പണം എന്തു ചെയ്യണം ?! – ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല).

പലിശ പോലുള്ള ഹറാമായ പണം എന്തു ചെയ്യണം ?! - ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല)

 അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്ന ചോദ്യത്തിന് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല നല്‍കിയ മറുപടി:

 

 

” കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ, മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. 

 

എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണം അപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനം നല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായി അറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

 

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) ‘തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക’ എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെ കൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായി രേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ  സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ ” . 

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع

من موقع فضيلة الشيخ محمد بن صالح العثيمين رحمه الله

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ബേങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബേങ്കിലെ പലിശ എന്ത് ചെയ്യണം ? !

ബേങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബേങ്കിലെ പലിശ എന്ത് ചെയ്യണം ? !

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين؛

കാര്യങ്ങൾ അൽപം വിശദമായിത്തന്നെ വിശദീകരിക്കേണ്ടതുണ്ട്. അതിനാൽ വായിക്കുന്നവർ ലേഖനം പൂർണമായി വായിക്കുക.

പലിശയെന്നത് ഏറെ കഠിനമായ ശിക്ഷ ലഭിക്കുന്ന ഒരു വന്‍പാപമാണ്. പലിശ എത്രത്തോളം കഠിനമായ പാപമാണ് എന്ന് മനസ്സിലാക്കാന്‍ നേരത്തെ എഴുതിയ ഈ ലേഖനം വായിക്കുക: പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

എന്നാല്‍ ഇനിയുള്ള ചോദ്യം ഒരാള്‍ക്ക് പലിശ ഇടപാടുകള്‍ നടത്തുന്ന ബേങ്കില്‍ Account തുടങ്ങാന്‍ പാടുണ്ടോ എന്നതാണ്.

 അടിസ്ഥാനപരമായി പലിശയുമായി ബന്ധപ്പെട്ട ഒരു ഇടപാടും ഒരു മുസ്ലിമിന് പാടില്ല. പലിശയുമായി വല്ല നിലക്കും ഇടപെടുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിനാലും അവന്റെ പ്രവാചകനാലും ശപിക്കപ്പെട്ടവനാണ്. ഇനി ബേങ്കുകളുമായുള്ള ഇടപാടുകളെ ഈ അടിസ്ഥാനപ്രകാരം നോക്കിക്കാണുമ്പോള്‍ ഇസ്ലാമികമായ ബേങ്കിംഗ് സംവിധാനം ഉള്ള നാട്ടിലാണെങ്കിൽ ഒരാള്‍ക്കും തന്നെ അനിസ്ലാമികമായ ബേങ്കുകളുമായി ഒരു നിലക്കും ബന്ധപ്പെടാന്‍ പാടുള്ളതല്ല. ഇനി തന്‍റെ ശമ്പളം ലഭ്യമാകണമെങ്കില്‍ ഒരു പ്രത്യേക ബേങ്കില്‍ account തുടങ്ങണം എന്ന് തന്‍റെ കമ്പനി നിര്‍ബന്ധിച്ചാല്‍ പോലും  ശമ്പളം ഇറങ്ങുന്ന അതാത് ദിവസം തന്നെ അത് അവിടെ നിന്നും പിന്‍വലിച്ച് ഇസ്ലാമിക് ബേങ്കില്‍ ഉള്ള തന്‍റെ account ല്‍ നിക്ഷേപിക്കണം.

എന്നാൽ  ഇസ്ലാമികമായ ഒരു സംവിധാനം ഇല്ലാത്ത ഇടമാണ് എങ്കില്‍ നിരുപാധികം ഒരാള്‍ക്ക് പലിശ ബേങ്കില്‍ account തുടങ്ങാം എന്ന ധാരണ തെറ്റാണ്. ഒരാള്‍ക്ക് അതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എത്രത്തോളം സാധിക്കുമോ അത്രത്തോളം വിട്ടുനിൽക്കുകയാണ് വേണ്ടത്. ഇനി തന്നെ സംബന്ധിച്ചിടത്തോളം അത് ഒരു അനിവാര്യതയായി വരികയാണ് എങ്കില്‍ മാത്രമാണ് അത് ആ അനിവാര്യതയുടെ തോതനുസരിച്ച്  അനുതവദനീയമായിത്തീരുന്നത്.

ലിജ്നതുദ്ദാഇമയുടെ ഒരു ഫത്’വയില്‍ ഇപ്രകാരം കാണാം :

” നാണയങ്ങൾ, അതുപോലുള്ള മറ്റു സംബത്തുക്കൾ തുടങ്ങിയവ പലിശ ബേങ്കുകളിലോ, പലിശ സ്ഥാപനങ്ങളിലോ നിക്ഷേപിക്കാന്‍ പാടില്ല. അത് പലിശ തിരികെ ലഭിക്കുന്ന നിക്ഷേപമാകട്ടെ (FIXED DEPOSIT), പലിശ ലഭിക്കാത്ത നിക്ഷേപമാകട്ടെ അതൊന്നും തന്നെ അനുവദനീയമല്ല.  കാരണം അത് പരസ്പരം തിന്മക്കും അക്രമത്തിനും കൂട്ടുനില്‍ക്കലാണ് ( ഇപ്രകാരം പറയാന്‍ കാരണം പലിശ ബേങ്കുകള്‍ അവക്ക് ലഭിക്കുന്ന എല്ലാ നിക്ഷേപത്തിന്‍റെയും ഒരു നിശ്ചിത ശതമാനം പലിശക്കായി ഉപയോഗിക്കുന്നു എന്നതിനാലാണ്). അല്ലാഹു പറയുന്നു:

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلا تَعَاوَنُوا عَلَى الإِثْمِ وَالْعُدْوَانِ

“പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌ “. – [മാഇദ : 2].  ഇനി ആ പണം അതില്‍ നിക്ഷേപിച്ചില്ലെങ്കില്‍ ആരെങ്കിലും മോഷ്ടിക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്യുക വഴി അത് നഷ്ടപ്പെടുമെന്ന് ഭയപ്പെടുകയും, പലിശ ബേങ്കുകളില്‍ നിക്ഷേപിക്കുക എന്നതല്ലാതെ അത് സൂക്ഷിക്കാന്‍ മറ്റൊരു വഴിയില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ മാത്രം പലിശ ലഭിക്കാത്ത  (current account) അക്കൌണ്ടുകളില്‍ അത് നിക്ഷേപിക്കാന്‍ അയാള്‍ക്ക് ഇളവ് ലഭിക്കപ്പെടുന്നതാണ്. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്ന നില്‍ക്കും, രണ്ട് ശര്‍റായ കാര്യങ്ങളില്‍ ഏറ്റവും ശര്‍റു കുറഞ്ഞത് എടുക്കുക എന്ന നിലക്കുമാണിത് ” [ 13/346 ].

അപ്പോള്‍ അനിവാര്യ ഘട്ടത്തിലല്ലാതെ ബേങ്കുകളില്‍ അക്കൗണ്ട്‌ തുടങ്ങുന്നത് അനുവദനീയമാകുന്നില്ല. മാത്രമല്ല അത്തരം സാഹചര്യത്തില്‍ തന്നെ (current account) തുടങ്ങുക എന്നതാണ് പണ്ഡിതന്മാര്‍ മുന്നോട്ട് വച്ച ഇളവ്. അത് എന്തുകൊണ്ടെന്നാല്‍ കര്‍മ്മശാസ്ത്രപരമായി പരിശോധിച്ചാല്‍ ആ അക്കൌണ്ട് തഹ്’രീം വസാഇല്‍ എന്ന നിലക്കാണ് നിഷിദ്ധമാകുന്നത്. അഥവാ ബേങ്കും അയാളുമായുള്ള ബന്ധത്തില്‍ പലിശ കടന്നു വരുന്നില്ലെങ്കിലും അയാളുടെ നിക്ഷേപം ബേങ്ക് തിന്മക്ക് ഉപയോഗിക്കുന്നതിനാലാണ് അവിടെ നിഷിദ്ധം കടന്നുവരുന്നത്. നേരിട്ട് പലിശയുമായി ബന്ധപ്പെടുകയല്ല എന്നര്‍ത്ഥം. ഇത്തരം തഹ്’രീം വസാഇലുകളായ കാര്യങ്ങൾ  ഹാജതുകള്‍ക്ക് അനുസൃതമായി അനുവദനീയമായി വരും. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ അത് എടുത്ത് പറഞ്ഞത് എന്ന് സൂചിപ്പിച്ചുവെന്ന് മാത്രം.

എന്നാല്‍ ചിലരുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യക്തികള്‍ക്ക് current account തുടങ്ങുക സാധ്യമല്ല എന്നതാണ്. അത് തുടങ്ങണമെങ്കില്‍ അവര്‍ക്ക് ഒരു firm ആവശ്യമാണെന്നും. അതില്‍ വരുന്ന ഓരോ പണത്തിനും കൃത്യമായ രേഖയും ആവശ്യമാണെന്നുമാണ്. അവർ പറയുന്നത്. എന്നാൽ മറ്റു ചിലർ തുടങ്ങാൻ സാധിക്കുമെന്നും പറയുന്നു. ഏതായാലും current account തുടങ്ങാൻ സാധിക്കുമെങ്കിൽ അത് മാത്രമേ തുടങ്ങാവൂ. കാരണം അത് പലിശ രഹിത അക്കൗണ്ട്‌ ആണ്. ഇനി അപ്രകാരം തുടങ്ങാൻ സാധിക്കാത്ത പക്ഷം വ്യക്തികളെ സംബന്ധിച്ചിടത്തോളം savings account  തുടങ്ങാനേ നിർവാഹമുണ്ടാകൂ.  അതിൽ പലിശ ലഭിക്കുകയും ചെയ്യും. ഇതിന്‍റെ ഹുക്മ് കര്‍മ്മശാസ്ത്രപരമായി (حرام لذاته) ആണ്. അഥവാ മറ്റൊരു കാരണത്താല്‍ നിഷിദ്ധമാകുന്നതല്ല, മറിച്ച് സ്വതവേ നിഷിദ്ധമാണ് എന്നര്‍ത്ഥം. കാരണം ഇവിടെ ബേങ്കും ആ അക്കൌണ്ട് ഉള്ള വ്യക്തിയും തമ്മിലുള്ള ബന്ധം തന്നെ പലിശ ഇടപാടാണ്. current account വ്യക്തികൾക്ക് തുടങ്ങാൻ സാധിക്കില്ല എന്നത് ശരിയാണ് എങ്കിൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം പലപ്പോഴും നിയമവ്യവസ്ഥയെ ഉപയോഗപ്പെടുത്തി  ഇതുമായി ബന്ധപ്പെടാന്‍ ആളുകളെ ഭരണകൂടം നിര്‍ബന്ധിക്കുകയാണ് എന്ന് തന്നെ പറയാം.  ബേങ്കുകളിലൂടെയാണ് ഇന്ന് ജോലിക്കാര്‍ക്ക് ശമ്പളവും മറ്റും നല്‍കുന്നത്. മാത്രമല്ല ഒട്ടുമിക്ക പണമിടപാടുകളും ബേങ്കുകള്‍ വഴി മാത്രമേ നടക്കുകയുള്ളൂ. അതുകൊണ്ട് പലപ്പോഴും അക്കൌണ്ട് ഉണ്ടായേ തീരൂ. ഒരാളുടെ അടിസ്ഥാന കാര്യങ്ങളായി  മതം എണ്ണിയ, വിശ്വാസം, ജീവന്‍, ബുദ്ധി, സമ്പത്ത്, അഭിമാനം എന്നീ അഞ്ച്  അവിഭാജ്യ ഘടകങ്ങളുടെ നിലനില്പിനെ ബാധിക്കുന്ന അവസ്ഥാവിശേഷങ്ങളെ ളറൂറത്തിന്‍റെ അവസ്ഥയായി ഫുഖഹാക്കള്‍ എണ്ണിയത് ഇവിടെ പ്രസക്തമാകുന്നു.   പ്രവാസികള്‍ക്ക് അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യം നാട്ടിലേക്ക് എത്തിക്കാനും NRE അക്കൗണ്ട്‌ വേണം. അത് savings account ഇനത്തില്‍ പെട്ടതായാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇങ്ങനെ ഓരോ കാര്യങ്ങള്‍ എടുത്ത് നോക്കിയാലും ഭരണകൂട നിയമങ്ങള്‍ ഒരുനിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് മുസ്ലിമീങ്ങളെ പലിശ സംവിധാനവുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥ  ഇന്ത്യയിൽ നിലവിലുണ്ട്. ഇത് അവഗണിച്ചുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യുക എന്നത് ഒരിക്കലും സാധ്യമല്ല. അപ്പോള്‍ ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു മുസ്‌ലിം എന്ന നിലക്ക് നമ്മള്‍ എന്ത് ചെയ്യും ?!. അതാണ്‌ ചർച്ച ചെയ്യപ്പെടേണ്ടത്.

പക്ഷെ ഈ വിഷയത്തിന്‍റെ മതവിധിയെക്കുറിച്ച് പണ്ഡിതന്മാർ എന്ത് പറയുന്നു എന്ന് ചർച്ച ചെയ്യുന്നതിന് മുൻപ് മറ്റൊരു ചോദ്യം ചോദിക്കാനുണ്ട്.

മുസ്ലിമീങ്ങളുടെ അടിസ്ഥാന ആവശ്യമായ പലിശ രഹിത സംവിധാനം നമ്മുടെ നാട്ടില്‍ ലഭ്യമാക്കാന്‍ വേണ്ടി നമ്മള്‍ എന്ത് ചെയ്തു ?.!!!!!!!!!!!!!! യഥാര്‍ത്ഥത്തില്‍ ശറഇയായ ഒരു സാമ്പത്തിക സംവിധാനം ഉണ്ടാക്കാന്‍ ആരും കാര്യമായി പരിശ്രമിച്ചിട്ടില്ല എന്ന് തന്നെ പറയാം. ചില സംഘടനകള്‍ ഇടക്കാലത്ത്  ‘പലിശരഹിത സംവിധാനങ്ങള്‍’ എന്ന് അവകാശപ്പെട്ടുകൊണ്ട്‌ രംഗത്ത് വന്നിരുന്നു. പക്ഷെ അവരുടെ ഉള്ളുകള്ളി പരിശോധിച്ചപ്പോള്‍ അവരുടെ പക്കല്‍ ഉപഭോക്താക്കൾ  നിക്ഷേപിക്കുന്ന പണം അവര്‍ ബേങ്കില്‍ നിക്ഷേപിക്കുകയായിരുന്നു ചെയ്തിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. മറ്റുചിലര്‍ ഇസ്‌ലാമിക സമ്പദ് സംവിധാനം നടപ്പാക്കാന്‍ വേണ്ടി പരിശ്രമിച്ചു. അവരുടെ ഉദ്ദേശ്യം ശുദ്ധമെങ്കില്‍ അവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. പക്ഷെ മതപരമായ അടിസ്ഥാനം അതിനും വേണ്ടരൂപത്തില്‍ ഇല്ലായിരുന്നു എന്ന് തന്നെ വേണം പറയാന്‍ . കാരണം അവര്‍ തങ്ങളുടെ ആദ്യത്തെ പ്രൊജക്റ്റ്‌ എന്ന് പറഞ്ഞുകൊണ്ട് അവതരിപ്പിച്ചത് തന്നെ ഒരു ബഹുദൈവാരാധനാ സംവിധാനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിനായിരുന്നു. പലിശരഹിതം ആയതുകൊണ്ട് മാത്രം ഇസ്‌ലാമികമാകുകയില്ല. മറിച്ച് വിശ്വാസപരമായതും അല്ലാത്തതുമായ എല്ലാ നിഷിദ്ധങ്ങളും വര്‍ജ്ജിച്ചുകൊണ്ടാകണം ഇസ്‌ലാമിക സംവിധാനം നിലവില്‍ വരേണ്ടത് എന്ന ബാലപാഠം പോലും അവഗണിക്കപ്പെട്ടു  എന്നതാണ് ആ പത്ര റിപ്പോര്‍ട്ട് കണ്ടപ്പോൾ തോന്നിയത്. അതിന്‍റെ വക്താക്കളായി മുന്നില്‍ നില്‍ക്കുന്നതാകട്ടെ മതപരമായി അറിവില്ലാത്തവരാണ് എന്ന് മാത്രമല്ല. പലപ്പോഴും മതനിയമങ്ങളോട് തങ്ങളുടെ വിദ്വേശം പ്രകടമാക്കിയവര്‍ പോലുമാണ്. ഒരുവേള മതബോധവും അറിവും വീജ്ഞാനവുമുള്ളവർ ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങാതിരുന്നാൽ അർഹതയില്ലാത്തവർ അത്തരം കാര്യങ്ങളിൽ ഇടപെടുവാൻ അത് കാരണമായിത്തീരും എന്ന് ഞാൻ പറയേണ്ടതില്ലല്ലോ..

ഏതായാലും മനുഷ്യാവകാശ ലംഘനം എന്ന് തന്നെ പറയാം, മതപരമായി നമുക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു സംവിധാനം അനുസരിച്ച് ജീവിക്കാന്‍ നാം നിര്‍ബന്ധിതരാക്കപ്പെട്ടിട്ട്,  അത്തരം ഒരു സാഹചര്യത്തെ മാറ്റി തന്‍റെ മതത്തിനും സമൂഹത്തിനും എല്ലാം ഏറെ ഉപകാരപ്രദമായ പലിശരഹിത സംവിധാനം കൊണ്ടുവരാന്‍ എന്താണ് നമ്മള്‍ ഓരോരുത്തരും ചെയ്തത് ?!. നമ്മൾ ആലോചിക്കേണ്ടതില്ലേ ? പരിശ്രമമില്ലാതെ സാഹചര്യത്തെ മാത്രം പഴിച്ചിട്ടെന്തു കാര്യം ?!.

നമ്മള്‍ പരിശ്രമിക്കുക. ഒപ്പം അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.  എങ്കില്‍ പലിശരഹിതമായ ഒരു സമ്പദ് സംവിധാനത്തിനുള്ള സാഹചര്യം അല്ലാഹു ഒരുക്കിത്തരും ഇന്‍ ഷാ അല്ലാഹ്. അതല്ലാതെ ഒരു പണിയും എടുക്കാതെ അത്തരം ഒരു സാഹചര്യം ഇല്ലാത്തതിന് ഖേദം പ്രകടിപ്പിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ  ‘അല്ലാഹുവേ കുട്ടിയെ തരണേ’ !  എന്ന് പ്രാര്‍ഥിക്കുന്നവനെപ്പോലെയേ ആ ഖേദപ്രകടനത്തിന് സ്ഥാനമുള്ളൂ. നമ്മള്‍ പരിശ്രമിക്കുകയും തുടര്‍ന്ന് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. മാറ്റമുണ്ടാകും ഇന്‍ ഷാ അല്ലാഹ് !. അതാണ്‌ യഥാർത്ഥ തവക്കുൽ…

അല്ലാഹു പറയുന്നു :

وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ

” നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക്‌ നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു “. [അങ്കബൂത്ത് : 69].

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം.  ബേങ്കുമായി ഒരുനിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ബന്ധപ്പെടാന്‍ നിര്‍ബന്ധിതരായവരാണ് പലരും. പണം സൂക്ഷിക്കുക എന്ന ആവശ്യത്തേക്കാള്‍, തന്‍റെ പണമിടപാടുകള്‍ക്ക് ബേങ്കുമായി ബന്ധപ്പെടുന്നതിനെ നിയമവും അധികാരവും ഉപയോഗിച്ചുകൊണ്ട് ഭരണകൂടം നിര്‍ബന്ധിക്കുന്ന  അവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. അതുകൊണ്ട് ഒരുപക്ഷെ ضرورة എന്ന നിലയില്‍ നിന്നും പലപ്പോഴും مكره എന്ന നിലക്ക് വരെ കാര്യങ്ങള്‍ എത്താറുണ്ട്. അഥവാ ഒരാളെ നിര്‍ബന്ധിച്ച് തിന്മ ചെയ്യിക്കുക എന്ന അവസ്ഥയും പലപ്പോഴും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഉണ്ടാകാറുണ്ട്. അധികാരം ഉപയോഗിച്ചായാലും, ഭീഷണി ഉപയോഗിച്ചായാലും അത് തുല്യം തന്നെ. പ്രവാചകന്‍ (സ) പറഞ്ഞു:

عن ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال : ( إن الله تجاوز عن أمتي الخطأ والنسيان وما استُكرهوا عليه ) حديث حسن رواه ابن ماجة

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു : ” അറിയാതെ ചെയ്യുന്ന തെറ്റ്, മറവി കാരണം സംഭവിക്കുന്നവ, അവര്‍ക്കിഷ്ടമില്ലാതിരുന്നിട്ടും ചെയ്യാന്‍ വേണ്ടി അവര്‍ നിര്‍ബന്ധിക്കപ്പെടുന്നവ എന്നീ കാര്യങ്ങള്‍ എന്‍റെ ഉമ്മത്തിന് അല്ലാഹു വിട്ടുവീഴ്ച ചെയ്ത് നല്‍കിയിരിക്കുന്നു”. – [ ഇബ്നു മാജ – ഹദീസ് ഹസന്‍ ].

പക്ഷെ ഇതൊരിക്കലും തന്നെ ബേങ്കുകളുമായി ബന്ധപ്പെടുന്നത് നിരുപാധികം അനുവദനീയമാക്കുന്നില്ല. അതിന്‍റെ സാഹചര്യങ്ങള്‍ നമ്മള്‍ വിശദീകരിച്ചത് നിങ്ങളുടെ പരിഗണനയില്‍ ഉണ്ടാകണം. മുകളില്‍ സൂചിപ്പിച്ചത് പോലെ ഇത്തരം സാഹചര്യത്തിലുള്ള ആളുകള്‍ തങ്ങള്‍ക്ക് വല്ല നിലക്കും ബേങ്കുമായി ബന്ധപ്പെടാതിരിക്കാന്‍ സാധിക്കുമോ എങ്കില്‍ അവര്‍ക്ക് ബേങ്കുമായി ബന്ധപ്പെടാന്‍ പാടില്ല. ഇനി തങ്ങള്‍ അതിന് നിര്‍ബന്ധിതരാകുകയാണ് എങ്കില്‍ തങ്ങള്‍ക്ക് മറ്റൊരു വഴി ലഭിക്കുന്നത് വരെ ഉപാധികളോടെ ആ അവസ്ഥയില്‍ തുടരാം…. (ഇതര പലിശ ഇടപാടുകൾ അല്ല. അക്കൗണ്ട്‌ തുടങ്ങുന്ന കാര്യം മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്).

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ ഒരു ഫത്’വയില്‍ ഇപ്രകാരം കാണാം അദ്ദേഹത്തോട് ചോദിക്കപ്പെട്ടു : തന്‍റെ കയ്യില്‍ പണമുള്ള ഒരാള്‍ അത് സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അമാനത്തായി ബേങ്കില്‍ സൂക്ഷിക്കുകയും അതിന് കൃത്യമായി സകാത്ത് കൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അത് അനുവദനീയമാണോ ?.

ഉത്തരം : പലിശ ലഭിക്കുന്നില്ലെങ്കില്‍ പോലും പലിശ ബേങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ പാടില്ല. കാരണം അത് അവരെ തിന്മക്കും അക്രമത്തിനും സഹായിക്കലാണ്. അല്ലാഹു അത് വിലക്കിയിരിക്കുന്നു. ഇനി തന്‍റെ പണം സംരക്ഷിക്കാനായി ബേങ്കുമായി ഇടപെടാന്‍ ഒരാള്‍ നിര്‍ബന്ധിതനാവുകയാണ് എങ്കില്‍ ضرورة (നിര്‍ബന്ധിത സാഹചര്യം) എന്ന നിലക്ക് അതില്‍ കുഴപ്പമില്ല ഇന്‍ ഷാ അല്ലാഹ്. അല്ലാഹു പറയുന്നു :

وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ

“നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ നിങ്ങള്‍ക്കവന്‍ വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ”. [അന്‍ആം : 119].

അതുകൊണ്ട് തന്നെ ഒരു ഇസ്‌ലാമിക ബേങ്കിംഗ് സംവിധാനമോ, പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കുന്ന  നിഷിദ്ധങ്ങളില്ലാത്ത മറ്റു സംവിധാനങ്ങളോ എപ്പോഴാണോ നിങ്ങള്‍ക്ക് ലഭ്യമാകുന്നത്, ആ നിമിഷം അതിലേക്ക് നിങ്ങളുടെ പണം മാറ്റണം. അത്തരം ഒരു സാഹചര്യം സംജാതമായാല്‍ പിന്നെ പലിശ ബേങ്കില്‍ നിക്ഷേപിക്കാന്‍ പാടില്ല. – [ഫതാവ ഇബ്ന്‍ ബാസ് : 19/414]

ബഹുമാന്യനായ സുലൈമാന്‍ റുഹൈലിയോട് അദ്ദേഹം ശൈഖ് അബ്ദു റഹ്മാന്‍ അസഅദി ഹഫിദഹുല്ലയുടെ منظومنة القواعد القفقهية വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ ളറൂറത്തുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കിട്ടിയ ഒരവസരത്തിൽ ഈ ഈ വിഷയം ഞാൻ  നേരിട്ട് ചോദിക്കുകയുണ്ടായി. ചോദ്യം:  ഞങ്ങളുടെ നാട്ടില്‍ ഇസ്ലാമിക് ബേങ്കുകള്‍ ഇല്ല. പലിശ ബേങ്കുകള്‍ മാത്രം ആണുള്ളത്. ഭരണകൂടത്തിന്‍റെ നിയമവ്യവസ്ഥകള്‍ പ്രകാരം സാധാരണക്കാര്‍ക്ക് current account തുടങ്ങാനും അനുവാദമില്ല. കമ്പനികള്‍ക്ക് മാത്രം ആണ് current account തുടങ്ങാന്‍ സാധിക്കുക. വ്യക്തികള്‍ക്ക് savings account മാത്രമാണ് തുടങ്ങാന്‍ സാധിക്കുക എന്നതുകൊണ്ട്‌ തന്നെ ഒരു മുസ്ലിമിന് savings account തുടങ്ങാന്‍ പാടുണ്ടോ ?!. ഗവണ്മെന്റ് ശമ്പളം വിതരണം ചെയുന്നത് പോലും ഇപ്പോള്‍ ബേങ്കുകള്‍ വഴിയാണ്. അതുകൊണ്ട് ഇത് ഒരു ضرورة ആയി പരിഗണിക്കുമോ ?.

അദ്ദേഹം നല്‍കിയ മറുപടി :  ഈ ചോദ്യത്തില്‍ സഹോദരന്‍ പറയുന്നത്. ഞങ്ങളുടെ രാജ്യത്തുള്ള ബേങ്കുകള്‍ പലിശ ബേങ്കുകള്‍ ആണ് എന്നതാണ്. തങ്ങള്‍ക്കാകട്ടെ (നിയമപരമായി)  current account തുടങ്ങാന്‍ അനുവാദവുമില്ല. savings account തുടങ്ങാനാണ് നിയമപരമായി അനുവാദമുള്ളത്. savings account പലിശ ഇടപാട് നേരിട്ട് വരുന്ന account ആണല്ലോ. അഥവാ അതിന് (നിക്ഷേപത്തിന് അനുസരിച്ച്) interest penalty എന്ന നിലക്ക് പലിശ നല്‍കപ്പെടും. പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്: ഒരാള്‍ നിര്‍ബന്ധിതനായാല്‍, അഥവാ തന്‍റെ പണം നഷ്ടപ്പെടുമെന്ന് ഭയപ്പെടുകയും, ഉദാ: കള്ളന്മാരുടെ ആധിക്യം കാരണത്താലോ, അല്ലെങ്കില്‍ തന്‍റെ വീട്ടില്‍ അത് സൂക്ഷിച്ചു വെക്കാന്‍ കഴിയാതെ വരുകയോ ചെയ്‌താല്‍ അവന് പലിശ ബേങ്കില്‍ savings account തുടങ്ങാവുന്നതാണ്. ശരി, അപ്പോള്‍ തന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശ എന്ത് ചെയ്യണം ?. പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. അവന് അത് തന്നില്‍ നിന്നും تخلص ചെയ്യല്‍ (നീക്കം ചെയ്യല്‍) അവന്‍റെ മേല്‍ നിര്‍ബന്ധമാണ്‌. അവന്‍ അത് നീക്കം ചെയ്യുക എന്നു പറഞ്ഞതിന് ദാനം നല്‍കുക എന്നര്‍ത്ഥമില്ല. മറിച്ച് തന്‍റെ കയ്യില്‍ നിന്നും അത് നീക്കം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ അവന്‍ അത് മുസ്‌ലിമീങ്ങളുടെ  ആദരണീയമല്ലാത്ത പൊതു ആവശ്യങ്ങള്‍ക്ക്  ഉപയോഗിക്കട്ടെ, അഥവാ കക്കൂസ്, കുളിമുറി, റോഡ്‌ തുടങ്ങിയ കാര്യങ്ങള്‍ക്ക് നല്‍കുക. ഇനി അത്തരം ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ കടത്തില്‍ മുങ്ങിക്കിടക്കുന്ന വിലക്കേര്‍പ്പെടുത്തപ്പെട്ട കടക്കാരന്‍റെ കടം നീക്കം ചെയ്യാനോ അതുപോലുള്ള കാര്യങ്ങള്‍ക്കോ അത് ഉപയോഗിക്കട്ടെ. കാരണം അതും ഒരു ضرورة ആയ ഘട്ടമാണ്. അതുകൊണ്ട് ശൌചാലയങ്ങള്‍, റോഡുകള്‍ തുടങ്ങിയവക്ക് നല്‍കാന്‍ കഴിയാതെ വരുകയാണ് എങ്കില്‍ കടക്കാരന്‍റെ കടം വീട്ടാന്‍ അത് ഉപയോഗിച്ചുകൊള്ളട്ടെ. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവന്‍ !. – [ ഇതിന്‍റെ audio എന്‍റെ കൈവശം ലഭ്യമാണ് ].

(ഇതിൽ അത്തരം ഒരു സാഹചര്യത്തിൽ കൈവശം വരുന്ന പലിശയെ നിർമാർജനം ചെയ്യേണ്ട രീതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. അത് ഞാൻ തുടർന്ന് വിശദീകരിക്കുന്നതാണ്. അക്കൗണ്ട്‌ തുടങ്ങുന്നതുമായി ബന്ധപ്പെട്ട മതവിധി  മനസ്സിലാക്കുവാൻ മാത്രമാണ് ഇപ്പോൾ ഇതിവിടെ എടുത്ത് കൊടുത്തത്.)

ഓരോരുത്തരും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം: നിര്‍ബന്ധിത സാഹചര്യത്തില്‍ ആണെങ്കില്‍ പോലും ബേങ്കുകളുമായി ഇടപെടുന്നത് മാനസികമായ താല്പര്യത്തോടെയോ, മാനസികമായ സന്തുഷ്ടതയോടെയോ ആയിരിക്കരുത്. മറിച്ച് മാനസികമായ വെറുപ്പോടെയും മറ്റൊരു വഴിയില്ലാത്തതിനാലുമാണ് എന്ന ബോധത്തോടെയുമായിരിക്കണം ആ സംവിധാനവുമായി ബന്ധപ്പെടുന്നത്. മാത്രമല്ല ബേങ്കില്‍ നിന്ന് പലിശക്ക് പണം എടുക്കുക, പലിശ ലഭിക്കാന്‍ വേണ്ടി പണം നിക്ഷേപിക്കുക, പലിശക്ക് പണയം വെക്കുക തുടങ്ങിയവയെല്ലാം നിഷിദ്ധവും വന്‍പാപവും ആണ്.  എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണ് എന്നതും ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം. മറിച്ച് ബേങ്കുകള്‍ വഴി തന്‍റെ പണമിടപാടുകള്‍ നടത്താന്‍ നിര്‍ബന്ധിതരാകുന്ന ഒരു സാഹചര്യത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഇത് വീണ്ടും വീണ്ടും സൂചിപ്പിക്കുന്നത് സാധാരണക്കാര്‍ തെറ്റായ രൂപത്തില്‍ മനസ്സിലാക്കാതിരിക്കാന്‍ വേണ്ടിയാണ്. കര്‍മ്മശാസ്ത്രത്തില്‍ ഒരു നിയമമുണ്ട്. الفتاوى لا تبنى عليه المسائل,  അഥവാ ഒരു വിഷയത്തില്‍ നല്‍കപ്പെടുന്ന ഫത്’വകള്‍ ഇതര വിഷയങ്ങളുടെ മതവിധി കെട്ടിപ്പടുക്കാനുള്ള ആധാരമാക്കാന്‍ പാടില്ല എന്നര്‍ത്ഥം. അതുകൊണ്ട് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം എന്ത് എന്നത് ഒരിക്കലും വിട്ടുപോകാന്‍ പാടില്ല.  ആ അവസ്ഥയില്‍ തുടരുന്നതോടൊപ്പം ഇസ്ലാമികമായ ഒരു സാഹചര്യം ഉണ്ടാക്കാന്‍ പരിശ്രമിക്കുകയും വേണം. അപ്രകാരം പരിശ്രമിക്കല്‍ ‘ഫര്‍ദ് കിഫായ’ ആണ്.  ആരും തന്നെ അതിനുവേണ്ടി പരിശ്രമിക്കുന്നില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാകുകയും ചെയ്യും.

ഇനി അത്തരം ഒരു നിര്‍ബന്ധിത സാഹചര്യത്തിലോ, അറിവില്ലായ്മ കാരണത്താലോ കയ്യില്‍ വന്ന പലിശയെ ഏത് രൂപത്തില്‍ തന്‍റെ കൈകളില്‍ നിന്നും നീക്കം ചെയ്യണം എന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിന്‍റെ ഒരു ലഘു വിശദീകരണം ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ലയുടെ ഉത്തരത്തിലും നിങ്ങള്‍ കണ്ടുകാണും. എന്നാല്‍ മതവിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടട്ടെ എന്ന നിലക്ക് ഒന്നുകൂടി വിശദമായി ഈ ഭാഗം വിശദീകരിക്കാം.

التخلص من المال الحرام , അഥവാ ഹറാമായ മുതലില്‍ നിന്നും തന്‍റെ (സമ്പത്തിനെ) മുക്തമാക്കല്‍ എപ്രകാരം എന്നത് ചര്‍ച്ച ചെയ്യുന്നിടത്താണ് പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്.

ചില ആളുകള്‍ ബേങ്കില്‍ നിന്നും അത് സ്വീകരിക്കാതെ അത് ബേങ്കിന് തന്നെ തിരിച്ചു നല്‍കുക എന്ന് പറയുന്നതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. കാരണം വേണ്ട എന്നെഴുതി നൽകിയാൽ ബേങ്കുകള്‍ ആ പണം സ്വീകരിക്കുകയില്ല. അവര്‍ ആ പണം വല്ല ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുക. അത് പലപ്പോഴും ഇസ്ലാമിക ആദര്‍ശത്തിനോട് വിപരീതമായ ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ക്കാണ് നല്‍കാറുള്ളത്. നമ്മുടെ നാട്ടില്‍ മാതാ അമൃതാനന്ദമയി ട്രസ്റ്റ്‌, സായിബാബ ട്രസ്റ്റ്‌ തുടങ്ങിയവര്‍ക്കാണ് അവര്‍ അത്തരം പണം നല്‍കുന്നത് എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഏതായാലും ബേങ്കിന് തന്നെ അത് തിരിച്ചു നല്‍കുക എന്ന അഭിപ്രായം വളരേ ദുര്‍ബലമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല കുവൈറ്റില്‍ ഉണ്ടായ ഒരു സംഭവം എന്‍റെ അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞുതന്നിട്ടുണ്ട്. അതായത് സ്വിസ്സ് ബേങ്കില്‍ ACCOUNT ഉള്ള ഒരു പണക്കാരന്‍ ഇനി എനിക്ക് നിങ്ങള്‍ പലിശയിനത്തില്‍ പണം നല്‍കേണ്ടതില്ല എന്ന് അവര്‍ക്ക് കത്തെഴുതി. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷിനറി ട്രസ്റ്റില്‍ നിന്നും താങ്കള്‍ നല്‍കിയ സംഭാവനക്ക് വളരെ നന്ദി എന്ന്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. ഇനി ബേങ്കിന് തന്നെ അത് തിരിച്ചുനല്‍കുക എന്ന് പണ്ഡിതന്മാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ആ പണം പിന്നീട് എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ലഭിക്കുന്നതിന് മുന്‍പാണ്. ഇനി ബേങ്ക് എടുക്കുന്നു എന്നു തന്നെ സങ്കല്പിക്കുക. നമ്മള്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ പലിശ അവിടെ രൂപപ്പെടുന്നുണ്ട്. അത് അവര്‍ വീണ്ടും പലിശ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ബേങ്കിന് അത് തിരിച്ചു നകുക എന്ന അഭിപ്രായം ശരിയല്ല. അത് ബേങ്കുകള്ക്ക് തന്നെ തിരിച്ചു നൽകുകയോ, അത് തൻറെ അക്കൗണ്ടിൽ നിന്നും എടുത്ത് കളയാതിരിക്കുകയോ ചെയ്യരുത് എന്ന് കണിശമായിത്തന്നെ പല പണ്ഡിതന്മാരും പറഞ്ഞിട്ടുമുണ്ട്. ശൈഖ് ഫലാഹ് ഇസ്മാഈൽ മൻദകാർ ഹഫിദഹുല്ലയിൽ നിന്നും ഇപ്രകാരം നേരിട്ട് തന്നെ അറിയാൻ സാധിച്ചിട്ടുമുണ്ട്.

ഇബ്നു ബാസ് (റ) യുടെ ഒരു ഫത്’വയില്‍ ഇപ്രകാരം കാണാം : ” നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കുകയോ, ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്. മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുകയോ, ബാത്റൂമുകള്‍ പോലെയുള്ള കാര്യങ്ങളുടെ നിര്‍മ്മാണത്തിനായോ, കടം തിരിച്ചടക്കാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കോ നല്‍കുക. നീ അതില്‍ നിന്നും പാപമോചനം തേടുകയും ചെയ്യുക “. – [ ഫതാവ ഇബ്ന്‍ ബാസ് : 3978].

ശേഷം അദ്ദേഹം പലിശയുടെ ഗൌരവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഒരിക്കലും ബന്ധപ്പെടരുത് എന്നതിനെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട്. ആ ഫത്’വയുടെ ചോദ്യത്തിനനുസൃതമായ ഒരു സാഹചര്യമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ അതിന്‍റെ പൂര്‍ണ രൂപം ഇവിടെ നല്‍കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

ഏതായാലും നിഷിദ്ധമായ ധനം കയ്യില്‍ നിന്നും നീക്കം ചെയ്യുന്ന വ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതില്‍ ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്:  “നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കരുത്”. അഥവാ ആ പണത്തിന്‍റെ ഉപകാരം ഒരു നിലക്കും നമ്മള്‍ക്ക് കരസ്ഥമാക്കാന്‍ പാടില്ല. നമ്മള്‍ ചിലവിന് നല്‍കുന്നവരുടെ ചിലവിലേക്കായും അത് മാറ്റിവെക്കാന്‍ പാടില്ല. മറിച്ച് ഒരുനിലക്കും അതിന്‍റെ ഉപകാരം നമ്മളിലേക്ക് മടങ്ങാത്ത രൂപത്തില്‍ നമ്മുടെ കയ്യില്‍ നിന്നും അത് പൂര്‍ണമായി നീക്കം ചെയ്യണം.ഇത് ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല നല്‍കിയ മറുപടിയിലും പ്രകടമാണ്.

രണ്ട്: “ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്” -ഇതിന്‍റെകാരണം നമ്മള്‍ മുകളില്‍ വിശദീകരിച്ചതാണ്. അഥവാ അപ്രകാരം ചെയ്യുന്നത് ശര്‍റു വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ഇന്ന് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏതാണ്ട് ഏകാഭിപ്രായം ആണ്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ അത് ശര്‍റു വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്നത് വ്യക്തമാണ്. അത് വ്യക്ത്മാകുന്നതിന്  മുന്പ് പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ ഇവിടെ പ്രസക്തമല്ല. 

മൂന്ന്: “മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. ഇവിടെ അത് ഒരു നന്മ ചെയ്യുകയാണ് എന്ന നിയ്യത്തോടെയും,  അതിന്‍റെ പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്താലും ഒരു പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യുക എന്നാണ് ശൈഖ് പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം  പ്രതിഫലമാഗ്രഹിച്ചുകൊണ്ടുള്ള ദാനധര്‍മ്മത്തിന് ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ആണ്. മാത്രമല്ല അല്ലാഹു പരിശുദ്ധനാണ്‌. പരിശുദ്ധമായതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയില്ല. അതുകൊണ്ടുതന്നെ തന്‍റെ കയ്യില്‍ അനര്‍ഹമായി വന്ന പണം തന്‍റെ കൈവശത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ അത് ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണ് അത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കേണ്ടത്. 

എന്നിട്ടദ്ദേഹം അത് നീക്കം ചെയ്യേണ്ട സംഗതികള്‍ക്ക് ഉദാഹരണമായി പറഞ്ഞത് :   “പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുക” . ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്‍റെ ഉത്തരത്തില്‍ വ്യക്തമാണ്. മാത്രമല്ല ദര്‍സിനു ഇടക്കുള്ള വിശ്രമ സമയത്ത് എന്‍റെ കൂട്ടുകാരനായ അള്‍ജീരിയക്കാരന്‍ തൗഫീഖ് അദ്ദേഹത്തോട് ഒന്നുകൂടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ല പറഞ്ഞിട്ടുള്ള ഈ അഭിപ്രായം വളരെ പ്രബലമായ അഭിപ്രായമായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് والله أعلم . കാരണം പ്രമാണങ്ങളില്‍ ഈ അഭിപ്രായത്തിന് സമാനമായ തെളിവുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ആ തെളിവുകള്‍ ആകാം ഇബ്നു ബാസ് റഹിമഹുല്ല അപ്രകാരം പറയാന്‍ അവലംഭിച്ചത് :

തെളിവ് ഒന്ന്:  അന്‍സാരികളില്‍ പെട്ട ഒരു സ്വഹാബി റിപ്പോര്‍ട്ട് ചെയ്യുന്നു:  ഒരിക്കല്‍ പ്രവാചകന്‍ (സ) യും ഞങ്ങളും ഒരു ജനാസ നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന അവസരത്തില്‍ ഒരു ഖുറൈഷി സ്ത്രീ പ്രവാചകന്‍റെ അടുക്കല്‍ വന്നു പറഞ്ഞു :  പ്രവാചകരേ, ഇന്നാലിന്ന സ്ത്രീ താങ്കളെയും കൂടെയുള്ളവരെയും ഭക്ഷണത്തിന് ക്ഷണിക്കുന്നു. അങ്ങനെ അദ്ദേഹം ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നു. കൂടെ ഞങ്ങളും നടന്നു. ഞങ്ങള്‍ കുട്ടികള്‍ കുട്ടികള്‍ ഇരിക്കാറുള്ളതുപോലെ ഉപ്പമാരുടെ മടിയില്‍ ഇരുന്നു. അങ്ങനെ ഭക്ഷണം കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍ (സ) ഭക്ഷണത്തളികയില്‍ ഭക്ഷിക്കാനായി കൈവച്ചു. അപ്പോള്‍ മറ്റുള്ളവരും കൈവച്ചു. എന്നാല്‍ എന്തോ ഒരു പന്തികേടുള്ളതുപോലെ പ്രവാചകന്‍ (സ) താന്‍ കഴിച്ച ഉരുള താഴോട്ടിറക്കാതെ  വായില്‍ തന്നെ വച്ചുനില്‍ക്കുന്നത് സ്വഹാബത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മുതിര്‍ന്നവര്‍ തളികയില്‍ നിന്നും കയ്യെടുത്തു. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ കഴിക്കുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അതവരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കയ്യില്‍ പിടിച്ചു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തളികയിലേക്ക് തന്നെ തട്ടി. അങ്ങനെ അവര്‍ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ (സ) എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പ്രവാചകന്‍ (സ) തന്‍റെ വായിലുള്ള ഭക്ഷണം പുറത്തേക്ക് കളഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു : ” ഉടമസ്ഥന്‍റെ അനുവാദമില്ലാതെ എടുത്ത ആടാണല്ലോ ഇത് ” . അപ്പോള്‍ ആ സ്ത്രീ പറഞ്ഞു : ” അല്ലയോ പ്രവാചകരേ, താങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കണം എന്ന് ഞാന്‍ ഒരുപാട് നാളായി കരുതുന്നു. അങ്ങനെ ഞാന്‍ ബഖീഇലേക്ക് ആടിനെ വാങ്ങിക്കാന്‍ ആളെ വിട്ടു. പക്ഷെ അവിടെ ആടുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്നലെ ആമിര്‍ ബ്നു അബീ വഖാസ് (റ) ഒരു ആടിനെ വാങ്ങിയത് ഓര്‍ത്തത്. അങ്ങനെ ബഖീഇല്‍ ആട് ലഭ്യമല്ല അതുകൊണ്ട് താങ്കള്‍ ഇന്നലെ വാങ്ങിയ ആടിനെ ആ വിലക്ക്  എനിക്ക് നല്‍കുമോ എന്ന് ചോദിക്കാനായി ഞാന്‍ ഒരാളെ പറഞ്ഞുവിട്ടു. പക്ഷെ അയാള്‍ അവിടെ ചെന്നപ്പോള്‍ ആമിറിനെ കണ്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞുവിട്ട ആള്‍ക്ക് ആടിനെ നല്‍കി ഇതാണ് സംഭവിച്ചത്. അത് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: ” നിങ്ങള്‍ അത് തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കുക ” – [ അഹ്മദ് – അല്‍ബാനി, ഇസ്നാദുഹു സ്വഹീഹ് ].

ഇതില്‍ നിന്നും പ്രവാചകന്‍ (സ) അവരെ അത് കഴിക്കാന്‍ വിലക്കുകയും, എന്നാല്‍ തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പറയുകയും ചെയ്തു.

തെളിവ് രണ്ട് : അതുപോലെ അബൂബക്കര്‍ (റ) വുമായി ബന്ധപ്പെട്ട് ഒരു ഹദീസ് ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടുണ്ട് :

         ألم   

1. അലിഫ്‌-ലാം-മീം

غُلِبَتِ الرُّومُ

2. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു

.فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ

3. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.

 

എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ മുശ്’രികീങ്ങള്‍ ആ ആയത്തുകളെ കളവാക്കുകയും, റോമിന് വിജയം കിട്ടുകയില്ല എന്നും പറയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) പ്രവാചകന്‍റെ അനുവാദത്തോടെ അത് സംഭവിക്കുമെന്ന് അവരുമായി ബെറ്റ് വച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: ” ഇത് അന്യായമായ മുതലാണ്‌, അത് നീ ദാനം നല്കിയേക്കുക”. മുസ്ലിമീങ്ങള്‍ അവര്‍ക്കല്ലാഹു നല്‍കിയ വിജയത്തില്‍ ഏറെ സന്തോഷിച്ചു (ഇത് ഖിമാര്‍ വിജയിച്ചതിനെ കുറിച്ചല്ല. മറിച്ച് ആയത്തില്‍ പറഞ്ഞ പ്രവചനം സത്യമായതിനെപ്പറ്റി സന്തോഷിചതിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞതാണ്).  പ്രവാചകന്‍ (സ) അബൂബക്കര്‍ (റ) വിന് ബെറ്റ് വെക്കാന്‍ അനുവാദം നല്‍കിയതിന് ശേഷം ഖിമാര്‍ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് അവതരിച്ചിരുന്നു ” -[ മുസ്നദ് അഹ്മദ് 2495 , തിര്‍മിദി 2551, അല്‍ബാനി : സ്വഹീഹ്]. 

ആ സമയത്ത് ബെറ്റ് വെക്കല്‍ ( ഖിമാര്‍ ) നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.പക്ഷെ അദ്ദേഹം അത് നടത്തി പണം കൈവശം വന്നപ്പോഴേക്കും അത് അന്യായമായ പണം ആണ് എന്ന് സൂചിപ്പിക്കുന്ന  ഖിമാറിനെ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ (സ) ആ മുതല്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അബൂ ബക്കര്‍ (റ) വിനെ വിലക്കുകയും അത് ദാനം നല്‍കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം.

ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്നാ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ കാണാം .. അദ്ദേഹം പറയുന്നു :  ” ഉടമസ്ഥന്‍ തന്നെ അറിഞ്ഞുകൊണ്ട് നല്‍കുന്ന പലിശപോലെയുള്ള നിഷിദ്ധമായ ഇടപാടുകള്‍ വഴി വരുന്ന  അതിന്‍റെ ഉടമസ്ഥന് തന്നെ തിരിച്ച് നല്‍കേണ്ടതില്ല

ഫത്’വയുടെ പൂർണരൂപം: ” കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ, മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. 

എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണം അപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനം നല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായി അറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) ‘തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക’ എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെ കൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായി രേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ  സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ ” . 

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع

من موقع فضيلة الشيخ محمد بن صالح العثيمين رحمه الله

 

എന്നാൽ ഒരാൾ അത് സ്വയം ഉപയോഗിക്കുവാനോ, താൻ ചിലവിന് നൽകൽ നിർബന്ധമായ തൻറെ ആശ്രിതർക്കത് നൽകുവാനോ പാടില്ല. ഇവിടെ ഇത് സ്വദഖയായി പരിഗണിക്കപ്പെടുന്നുമില്ല. കയ്യിൽ നിന്ന് ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അതിനൊട്ട് പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ ഹറാമായ സമ്പത്ത് നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന ഒരാൾ ഇപ്രകാരം ചെയ്യുന്നുവെങ്കിൽ, തൻറെ സമ്പത്തിൽ ഹറാം കൂടിക്കലരാതിരിക്കാൻ അയാള് കാണിക്കുന്ന സൂക്ഷ്മതക്കും, അതിൽ നിന്നൊരു ചില്ലിക്കാശുപോലും ഉപയോഗിക്കാതെ പൂർണമായും ഒഴിവാക്കാനുള്ള നല്ല മനസ്സിനും അയാൾക്ക് പ്രതിഫലം ലഭിക്കും.

അല്ലാഹു അനുഗ്രഹിക്കട്ടെ ….

ഇനി ധാരാളം പണം കൈവശമുള്ളവർ അത് ബേങ്കിൽ നേരിട്ട് നിക്ഷേപിക്കാതെ അത് സ്വർണ്ണമാക്കി ലോക്കറിൽ സൂക്ഷിക്കുകയാണ് എങ്കിൽ. അത്രയെങ്കിലും പലിശയിൽ നിന്നും മോചനം നേടാൻ സാധിക്കും. ലോക്കർ ഉപയോഗിക്കുന്നതിനു നൽകുന്ന ഫീസ്‌ നമ്മൾ ഉപയോഗപ്പെടുത്തുന്ന സർവീസിന് ബദലായി നൽകുന്നതായതിനാൽ  ഈ ഇടപാടിൽ പലിശ കടന്നുവരുന്നില്ല. മാത്രമല്ല സ്വർണ്ണനിക്ഷേപമാകുമ്പോൾ തൻറെ അധ്വാനത്തിന്റെ യഥാർത്ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും സാധിക്കുന്നു.

ഇനി കഴിവതും പണം കുമിഞ്ഞുകൂടിക്കിടക്കാത്ത രൂപത്തിൽ ഉപകാരപ്രദമായ ഉത്പാദന പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുക. അത് സമ്പത്തിനെ വർദ്ധിപ്പിക്കുകയും അനാവശ്യമായി  ബേങ്കിൽ നിക്ഷേപിക്കുന്നതിനെയും ഇല്ലാതാക്കുവാൻ സഹായകമാകും.

നിങ്ങളുടെ കൈവശം നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത  നിഷിദ്ധമായ സമ്പത്ത് ഉണ്ടെങ്കിൽ അത് അറിയിച്ചാൽ, വളരെ സൂക്ഷമമായി ആ പണം ഞങ്ങൾ കൈകാര്യം ചെയ്യുകയും إن شاء الله , അർഹപ്പെട്ടവരെ കടക്കെണിയിൽ നിന്നും, മറ്റു ഇതര പ്രാരാബ്ധങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ അത് ഉപയോഗപ്പെടുത്തുന്നതാണ്. അതിൻറെ കൃത്യമായ വിവരങ്ങൾ നിങ്ങളെ അറിയിക്കുകയും ചെയ്യും..  إن شاء الله ….

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com