പ്രവാചകന്മാര്‍ ബുദ്ധിശാലികള്‍

പ്രവാചകന്മാര്‍ ബുദ്ധിശാലികള്‍

അല്ലാഹു മാത്രമാണ് ആരാധ്യനെന്നും അതിനാല്‍ അവനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്നും തങ്ങള്‍ പ്രവാചകന്മാരാണെന്നും ആരുടെ മുമ്പിലും തെളിയിക്കുവാന്‍ സമര്‍ഥരായിരുന്നു പ്രവാചകന്മാര്‍. ആരാധ്യനായി അല്ലാഹു മാത്രമാണെന്നുള്ള പ്രവാചകന്മാരുടെ സമര്‍ഥനത്തിന് മുന്നില്‍ ശത്രുക്കള്‍ പരാജയപ്പെടലായിരുന്നു പതിവ്. അതിനുള്ള വാചാലതയും ബുദ്ധിവൈഭവവും അവര്‍ക്കുണ്ടായിരുന്നു. ഇബ്‌റാഹീം(അ) നാട്ടിലെ രാജാവായ നംറൂദുമായി നടത്തിയ സംവാദം ക്വുര്‍ആന്‍ എടുത്ത് പറയുന്നത് കാണുക:

”ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്). എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്ന് കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറുനിന്ന് കൊണ്ടുവരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല” (2:258). 

ശത്രുക്കള്‍ മുരട്ടുവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറാതെ, ധീരമായി യുക്തിയുക്തം നേരിട്ടവരായിരുന്നു പ്രവാചകന്മാര്‍. അതിന് മതിയായ ഉദാഹരണമാണ് മുകളില്‍ നാം കണ്ടത്. അത് അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കുന്ന ഒരു പ്രത്യേകതയാണ്. അല്ലാഹു ഇബ്‌റാഹീം(അ)നെ കുറിച്ച് പറയുന്നത് കാണുക:

”ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമത്രെ”(6:83).

വിഗ്രഹങ്ങളെ തകര്‍ത്തതിനെ കുറിച്ചുള്ള വിസ്താര സമയത്ത് നെറ്റി ചുളിപ്പിക്കുന്ന രൂപത്തില്‍ ശത്രുക്കള്‍ക്ക് ഇബ്‌റാഹീം(അ) ഉത്തരം കൊടുത്തതും ക്വുര്‍ആന്‍ നമുക്ക് വിവരിച്ചു തരുന്നുണ്ട്.

”അവര്‍ ചോദിച്ചു: ഇബ്‌റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇതുപോലെ ചെയ്തത്?” (21:62).

ഇബ്‌റാഹീം നബി(അ), ജനങ്ങള്‍ ഒരു ഉത്സവത്തിന് പോയ സമയത്ത് അവരുടെ വിഗ്രഹങ്ങളെയെല്ലാം തകര്‍ത്തുകളഞ്ഞു. അവര്‍ തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച തങ്ങളുടെ ആരാധ്യരെല്ലാം നിലം പൊത്തിക്കിടക്കുന്നതാണ്. അങ്ങനെയാണ് ചിലര്‍ ഇബ്‌റാഹീമി(അ)നെ കുറിച്ച് പറയുകയും അദ്ദേഹത്തെ പിടികൂടുകയും ചെയ്യുന്നത്. ആ സന്ദര്‍ഭത്തില്‍ അവര്‍ ചോദിച്ചതാണിത്. അദ്ദേഹം അതിന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:

”അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അതു ചെയ്തത്. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ചുനോക്കൂ” (21:63). 

ഇബ്‌റാഹീം (അ) നല്ല ഒരു യുക്തിയല്ലേ ഇവിടെ പ്രയോഗിച്ചത്? തങ്ങള്‍ ആരാധിക്കുന്നവ തങ്ങളെ വകവരുത്തിയതാരെന്ന് പോലും പറയാന്‍ കഴിയാത്തവരാണ്. എങ്കില്‍ അവര്‍ എങ്ങനെ നമ്മുടെ കാര്യത്തില്‍ സഹായിക്കും, സ്വന്തത്തെ പോലും രക്ഷിക്കാന്‍ കഴിയാത്തവരെങ്ങനെ മറ്റുള്ളവരെ പ്രയാസങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും രക്ഷിക്കും എന്നൊക്കെ അവരെ ചിന്തിപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്. അപ്രകാരം സംഭവിക്കുകയും ചെയ്തു:  

”അപ്പോള്‍ അവര്‍ സ്വമനസ്സുകളിലേക്ക് തന്നെ മടങ്ങി. എന്നിട്ടവര്‍ (അനേ്യാന്യം) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍” (21:64).

ഒരു നിമിഷത്തേക്ക് തങ്ങളുടെ വിശ്വാസം പ്രമാണങ്ങള്‍ക്കും ബുദ്ധിക്കും നിരക്കാത്ത അന്ധവിശ്വാസമാണെന്നും ഇബ്‌റാഹീം(അ) പറയുന്നതാണ് യാഥാര്‍ഥ്യമെന്നും അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. എന്നാല്‍ പിശാച് അവരെ അവരുടെ ബഹുദൈവ വിശ്വാസത്തില്‍ തന്നെ തളച്ചിടുകയായിരുന്നു. 

”പിന്നെ അവര്‍ തല കുത്തനെ മറിഞ്ഞു. (അവര്‍ പറഞ്ഞു:) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ” (21:65). 

ഉത്തരം മുട്ടിയപ്പോള്‍ ഇളിഭ്യരായി അവര്‍ തങ്ങളുടെ അന്ധവിശ്വാസത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇത് പ്രവാചകന്മാര്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന് എതിര് നില്‍ക്കുന്നവരുടെ പതിവ് രീതിയാണ്. അവര്‍ ഇപ്രകാരം ഇബ്‌റാഹീം നബി(അ)നോട് ചോദിച്ചപ്പോള്‍ വീണ്ടും ഒരു തിരിച്ചടി നല്‍കിക്കൊണ്ട് അദ്ദേഹം അവരോട് പറഞ്ഞു: 

”അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരുപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ” (21:66-67).

അല്ലാഹു അല്ലാതെ ഉപകാരം ചെയ്യുന്നവനോ ഉപദ്രവം തടുക്കുന്നവനോ ആയി വേറെ ആരുമില്ലെന്നും നിങ്ങള്‍ ആരാധിക്കുന്നവ യാതൊരു ഉപകാരവും ഉപദ്രവവും വരുത്തുകയില്ലെന്നും അവരെ യുക്തിപൂര്‍വം ബോധ്യപ്പെടുത്തിയിട്ടും അവര്‍ അദ്ദേഹത്തിനെതിരില്‍ തീരുമാനിച്ചത് ഇപ്രകാരമായിരുന്നു:

”അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചുകളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക” (21:68).

അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ കാലങ്ങളായി എതിരാളികള്‍ പുലര്‍ത്തിപ്പോരുന്ന പ്രവണതയാണ് പ്രബോധകരെ പരിഹസിക്കലും കൂക്കിവിളിക്കലും കല്ലെറിയലും കൊലപാതകവുമെല്ലാം! ഇത് ആരാണ് സത്യമാര്‍ഗത്തിലെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാനുള്ള ഒരു മാര്‍ഗമായും നമുക്ക് ഗ്രഹിക്കാം. കാരണം ശത്രുക്കള്‍ അവരുടെ ആദര്‍ശം പ്രബോധനം നടത്തുന്ന വേളയില്‍ പ്രവാചകന്മാര്‍ കൂക്കിവിളിക്കുകയോ കല്ലെറിയുകയോ കൊലചെയ്യുകയോ ചെയ്തിട്ടില്ല; ഒരിക്കലും.  

ഇബ്‌റാഹീം(അ)നെ ശത്രുക്കള്‍ തീയിലിട്ട് കൊല്ലാന്‍ തീരുമാനിച്ചു. പക്ഷേ, അല്ലാഹു അദ്ദേഹത്തെ  അത്ഭുതകരമായി രക്ഷപ്പെടുത്തി:

”നാം പറഞ്ഞു: തീയേ, നീ ഇ്ബ്‌റാഹീമിന് തണുപ്പും സമാധാനവും ആയിരിക്കുക”(21:69).

ഈ അത്ഭുതത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില ആളുകളുണ്ട്. ഇതെല്ലാം ആലങ്കാരിക പ്രയോഗമാണെന്നു പറഞ്ഞ് ഈ മഹത്തായ സംഭവത്തെ നിഷേധിക്കുന്നവരാണവര്‍. മത്സ്യത്തിന് വെള്ളത്തില്‍ ജീവിക്കുവാനുള്ള കഴിവ് നല്‍കിയ, പറവകള്‍ക്ക് വായുവില്‍ പാറിപ്പറക്കാനുള്ള കഴിവ് നല്‍കിയ അല്ലാഹു… അവന്‍ ഓരോ സൃഷ്ടിക്കും വ്യത്യസ്ത കഴിവുകള്‍ നല്‍കിയവനാണല്ലോ. തീ എന്ന അല്ലാഹുവിന്റെ സൃഷ്ടിക്ക് ചൂടെന്ന പ്രതിഭാസം നല്‍കിയ അല്ലാഹുവിന് അതിന് തണുപ്പ് നല്‍കുവാന്‍ എന്ത് പ്രയാസം? എല്ലാത്തിനും കഴിവുള്ളവനാണ് അല്ലാഹു എന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇതില്‍  അവിശ്വസനീയമായി യാതൊന്നുമില്ല. 

ശത്രുക്കളുടെ തന്ത്രങ്ങളെ തകര്‍ത്തു കളയാന്‍ അല്ലാഹുവിന് യാതൊരു പ്രയാസവുമില്ല. ഇബ്‌റാഹീം നബി(അ)യുടെ വിഷയത്തില്‍ അതാണ് സംഭവിച്ചത്:

”അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്” (21:70).

നൂഹ് നബി(അ) തന്റെ ജനതയോട് പ്രബോധനം നടത്തിയ വേളയില്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു:

”അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്മാരിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്കു നീ ഇങ്ങു കൊണ്ടുവരൂ” (11:32). 

തങ്ങളുടെ പക്കല്‍ ന്യായമില്ലെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ ‘നീ തര്‍ക്കിക്കുകയാണ്’ എന്ന് പറഞ്ഞ് ഒഴിവാകുകയാണ് ചെയ്തത്.

 
ഹുസൈന്‍ സലഫി
നേർപഥം വാരിക

പ്രവാചകന്മാര്‍ വിശ്വസ്തര്‍

പ്രവാചകന്മാര്‍ വിശ്വസ്തര്‍

പ്രവാചകന്മാരില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് വിശ്വസ്തത (അമാനത്ത്). അതില്‍ ഒരു വീഴ്ചയും വരുത്തുന്നവരായിരുന്നില്ല അവര്‍. ഏല്‍പിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും വിശ്വസ്തതയോടെ അവര്‍ നിറവേറ്റി. പ്രവാചകന്മാര്‍ അത് ജനങ്ങളോട് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു; എന്തിന്? അല്ലാഹുവിന്റെ കാര്യത്തില്‍ തങ്ങള്‍ പറയുന്നത് ഒരു സംശയവും ഇല്ലാതെ വിശ്വസിക്കാന്‍. ഹൂദ്(അ) തന്റെ ജനതയോട് പറയുന്നത് കാണുക:

”അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു”(7:67,68). 

ഏതൊരാളും ഏറ്റവും വലിയ വിശ്വസ്തത കാണിക്കേണ്ടത് അല്ലാഹുവിനോടണല്ലോ. അല്ലാഹുവിന്റെ കാര്യത്തില്‍ വിശ്വാസ വഞ്ചന കാണിക്കുന്നത് വലിയ പാതകമാണ്. പ്രവാചകന്മാരെ ജനങ്ങള്‍ വല്ലതും വിശ്വസിച്ച് ഏല്‍പിച്ചാല്‍ അതില്‍ പൂര്‍ണമായ വിശ്വസ്തത അവര്‍ കാണിച്ചിരിന്നുവെങ്കില്‍ അല്ലാഹു ഏല്‍പിച്ച കാര്യങ്ങളില്‍ വിശ്വസ്തത നിറവേറ്റുന്നതില്‍ എത്രയധികം സൂക്ഷ്മതയും പ്രാധാന്യവും കാണിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. പ്രവാചകന്മാരെ അല്ലാഹു ഏല്‍പിച്ചതില്‍ പ്രധാനപ്പെട്ടത് അവന്റെ സന്ദേശം ജനങ്ങളില്‍ മാറ്റത്തിരുത്തലുകളോ ഏറ്റക്കുറച്ചിലോ ഇല്ലാതെ എത്തിക്കലാണ്. ജനങ്ങളുടെ ശത്രുതയോ വെറുപ്പോ പരിഗണിക്കാതെ അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് ഈ വിശ്വസ്തത നിറവേറ്റുന്നവരായിരുന്നു അവര്‍. അല്ലാഹു പറയുന്നു: 

”അതായത് അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുകയും അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്റെ നടപടി). കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി”(33:39).

 നബി(സ്വ) തന്റെ ദൗത്യം നിര്‍വഹിക്കുമ്പോള്‍ ചെറിയ മാറ്റങ്ങളൊക്കെ അതില്‍ നടത്തിയിരുന്നെങ്കില്‍ ധാരാളം ആളുകളെ കൂടെ ലഭിക്കുമായിരുന്നു. ശത്രുക്കള്‍ നബിയോട് അല്‍പം മയപ്പെടുത്താനെല്ലാം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി ക്വുര്‍ആന്‍ പറയുന്നത് കാണുക:

”നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്കു വായിച്ചുകേള്‍പ്പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ പറയും; നീ ഇതല്ലാത്ത ഒരു ക്വുര്‍ആന്‍ കൊണ്ടുവരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. (നബിയേ,) പറയുക: എന്റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തീര്‍ച്ചയായും എന്റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്നപക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു”(10:15). 

മുഹമ്മദ് നബി(സ്വ) അടക്കം മുഴുവന്‍ പ്രവാചകരും ജനങ്ങളുടെ ഇഷ്ടമോ, അവരുടെ സൗകര്യമോ ഒന്നും നോക്കാതെ അവരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. അതിനാല്‍ ഉണ്ടായ എല്ലാ പ്രതിസന്ധികളും അവര്‍ ക്ഷമയോടെ തരണം ചെയ്തു. ആളുകള്‍ സത്യം മനസ്സിലാക്കി സ്വര്‍ഗപാതയില്‍ എത്തണമെന്ന ഗുണകാംക്ഷയായിരുന്നു അവര്‍ക്ക്. പ്രാവാചകന്മാര്‍ ജനങ്ങളോട് പറഞ്ഞ ചില വചനങ്ങള്‍ കാണുക. നൂഹ്ൗ തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞു:

”അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയും ആകുന്നു. നിങ്ങള്‍ക്കറിഞ്ഞു കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്”(7:61,62).

ഹൂദ്(അ). ”അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു”(7:67,68).

ശുഐബ്(അ) അല്ലാഹുവിന്റെ ശിക്ഷക്ക് അര്‍ഹരായി നശിച്ചുപോയ തന്റെ ജനതയെ നോക്കി പറയുന്നത് കാണുക:

”അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദു8ഖിക്കണം?”(7:93). 

അല്ലാഹുവിന്റെ സന്ദേശം എത്തിക്കുന്നതില്‍ പ്രവാചകന്മാര്‍ക്ക് ഒരു വീഴ്ചയും വന്നിട്ടില്ലെന്ന് നാം മനസ്സിലാക്കി. അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാന്‍ അല്ലാഹു നബി(സ്വ)യോട് പറയുന്നത് കാണുക:

”ഹേ റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്തപക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല”(5:67). 

പ്രവാചകന്മാരിലൂടെ അല്ലാഹു നമുക്ക് നല്‍കിയതെല്ലാം അദൃശ്യമായ അറിവുകളാണല്ലോ. ഈ അറിവിലെ ചെറുതോ വലുതോ ആയ ഒന്നും തന്നെ മനുഷ്യരിലേക്ക് കൈമാറുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് പ്രാവാചകന്മാരുടെ വചനങ്ങളില്‍ നിന്ന് നാം മനസ്സിലാക്കിയത്. നബി(സ്വ) അനുയായികളോട് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തന്നില്ലയോ എന്ന് ചോദിച്ചപ്പോള്‍ അവരെല്ലാം അതെ എന്ന് പറയുകയും നബി(സ്വ) അതിന് അല്ലാഹുവിനെ സാക്ഷിയാക്കിയതും പ്രസിദ്ധമാണല്ലോ. നബി(സ്വ)യുടെ ഒരു വചനം ഇവിടെ ശ്രദ്ധേയമാണ്:

”അല്ലാഹുവിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന യാതൊന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കാതെ ഒഴിവാക്കിയിട്ടില്ല, അല്ലാഹുവില്‍ നിന്ന് നിങ്ങളെ ദൂരെയാക്കുന്ന യാതൊരു കാര്യവും നിങ്ങളോട് വിരോധിക്കാതെയും ഞാന്‍ ഒഴിവാക്കിയിട്ടില്ല” (ത്വബ്‌റാനി).

മതത്തിന്റെ കാര്യത്തില്‍ നന്മയും തിന്മയും തീരുമാനിക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ്. അവന്റെ തീരുമാനം മനുഷ്യരെ അറിയിക്കുന്നത് അവന്റെ ദൂതന്മാരിലൂടെയാണെന്നും നാം മനസ്സിലാക്കി. ആ പ്രവാചകരിലൂടെ അറിയിക്കാത്ത ഒരു നന്മയും തിന്മയും മറ്റൊരാള്‍ക്കും ഉണ്ടാക്കാന്‍ പാടില്ല. എന്നാല്‍ ചിലര്‍ നല്ലതല്ലേയെന്നും പറഞ്ഞ് പലതും മതത്തില്‍ കടത്തിക്കൂട്ടിയിട്ടുണ്ട്. നബിദിനാഘോഷം, ജനാസയെ പിന്തുടരുമ്പോഴുള്ള ദിക്‌റ്, മയ്യിത്തിന്റെ അരികിലുള്ള യാസീന്‍ ഓത്ത് മുതലായവ ഉദാഹരണങ്ങളാണ്. യഥാര്‍ഥത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരും ചെയ്യിക്കുന്നവരും പ്രവാചകന്മാര്‍ അവരുടെ ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് വിശ്വസിക്കുന്നതിന് സമാനമായ കാര്യമാണ് ചെയ്യുന്നത്. ഇമാം മാലിക്(റ) ഇതു സംബന്ധമായി പറയുന്നത് കാണുക:

”ആരെങ്കിലും ഇസ്‌ലാമില്‍ പുതിയത് ഉണ്ടാക്കുകയും അതിനെ നന്മയായി കാണുകയും ചെയ്താല്‍, തീര്‍ച്ചയായും അവന്‍ മുഹമ്മദ്(സ്വ) രിസാലത്തില്‍ വഞ്ചനകാണിച്ചവനാണെന്ന് വാദിച്ചിരിക്കുന്നു. കാരണം അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ; ‘ഇന്ന്  നാം നിങ്ങള്‍ക്ക് നിങ്ങളുടെ മതം നാം പൂര്‍ത്തിയാക്കിയിരിക്കുന്നു’ എന്ന്. അപ്പോള്‍ അന്ന് മതമല്ലാത്തതൊന്നും ഇന്നും മതമാവുകയില്ല” (അല്‍ ഇഅ്തിസ്വാം). നോക്കൂ.. എന്തു മാത്രം ഗൗരവമുള്ള വാക്കാണിത്. നബി(സ്വ) പഠിപ്പിക്കാത്ത ഒരു നന്മ ആരെങ്കിലും ഇസ്‌ലാമില്‍ പുതുതായി കൊണ്ടുവന്നാല്‍ അതിനര്‍ഥം നബിയെ അല്ലാഹു ഏല്‍പിച്ച കാര്യങ്ങള്‍ മുഴുവനും നമുക്ക് എത്തിച്ചിട്ടില്ല എന്നാണ്. നബി(സ്വ)യാകട്ടെ രിസാലത്തില്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍. അല്ലാഹു തന്നെ ആ കാര്യം പറയുന്നത് കാണുക:

”അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്കു കാണിക്കുന്നവനുമല്ല”(81:24). അല്ലാഹു അറിയിക്കുന്ന കാര്യങ്ങള്‍ യാതൊരു പിശുക്കും കാണിക്കാതെ ജനങ്ങള്‍ക്ക് അവിടുന്ന് കൈമാറി. നബി(സ്വ) വല്ലതും സ്വന്തം താല്‍പര്യത്തിനനുസരിച്ച് മറച്ചുവെക്കുമായിരുന്നെങ്കില്‍ അല്ലാഹു അവിടുത്തെ ചില സമീപനങ്ങളെ തിരുത്തിയത് മറച്ചു വെക്കുമായിരുന്നു. ക്വുര്‍ആനില്‍ നബി(സ്വ)യെ ഇപ്രകാരം തിരുത്തിയ സ്ഥലങ്ങള്‍ നമുക്ക് കാണാം. നബി(സ്വ) അസ്വ്ര്‍ നമസ്‌കാര ശേഷം അവിടുത്തെ ഭാര്യമാരുടെ അടുക്കല്‍ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം സൈനബ(റ)യുടെ അടുത്ത് പോകുകയും അവിടെ നിന്ന് തേന്‍ കുടിക്കുകയും ചെയ്തു. മറ്റൊരു ഭാര്യയുടെ അടുത്ത് ചെന്നപ്പോള്‍ നബിയോട് അവര്‍ പറഞ്ഞു: നിങ്ങളെ ‘മഗാഫീര്‍’ (ഒരു വൃക്ഷത്തിന്റെ കറയാണിത്. അതിന്റെ വാസന സുഖകരമല്ലാത്തതും നല്ല രുചിയുള്ളതുമാണ്) മണക്കുന്നുവല്ലോ. അന്നേരം നബി(സ്വ) ‘ഇല്ല. ഞാന്‍ സൈനബയുടെ അടുത്തുനിന്ന് തേന്‍ കുടിച്ചിരുന്നു. ഇനി, അത് ആവര്‍ത്തിക്കുന്നതുമല്ല’ എന്നു പറഞ്ഞു ശപഥം ചെയ്യുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് സൂറഃ തഹ്‌രീമിലെ ആദ്യ വചനങ്ങള്‍ അവതരിക്കുന്നത്. അതിന്റെ തുടക്കത്തില്‍ തന്നെ അല്ലാഹു നബിയോട് ചോദിക്കുന്നത് ഇപ്രകാരമാണ്:

”ഹേ, നബിയേ, അല്ലാഹു നിനക്ക് അനുവദനീയമാക്കിയതിനെ നീ എന്തിനു നിഷിദ്ധമാക്കുന്നു? നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(66:1). മറ്റൊരു സന്ദര്‍ഭത്തിലും അല്ലാഹു നബി(സ്വ)യെ തിരുത്തിയിട്ടുണ്ട്. (ഇതിനര്‍ഥം പ്രവാചകന്‍(സ്വ) തെറ്റു ചെയ്യുമെന്നല്ല. അത് നമുക്ക് പ്രവാചകന്മാരുടെ പാപ സുരക്ഷിതത്വം വിവരിക്കുന്നിടത്ത് പറയാം(ഇന്‍ ശാ അല്ലാഹ്). നബി(സ്വ) മക്കയിലെ ക്വുറൈശി പ്രമുഖരുമായി സ്വകാര്യ സംഭാഷണത്തിലൂടെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ആദ്യ കാലങ്ങളില്‍ തന്നെ നബി(സ്വ)യില്‍ വിശ്വസിച്ച അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ) നബി(സ്വ)യോട് ഉപദേശം തേടി എത്തി. അദ്ദേഹത്തെ ശ്രദ്ധിച്ചാല്‍ ഈ ക്വുറൈശീ പ്രമാണികള്‍ക്ക് അത് ഇഷ്ടാമാകില്ലെന്ന് കരുതി അദ്ദേഹത്തിന്റെ ആവശ്യത്തെ വേണ്ടത് പോലെ അവിടുന്ന് പരിഗണിച്ചില്ല. ഈ സന്ദര്‍ഭത്തില്‍ സൂറഃ അബസയിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള വചനങ്ങള്‍ അവതരിച്ചു. ഇതിന് ശേഷം നബി(സ്വ) അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ)വിനെ കാണുമ്പോള്‍ ഇപ്രകാരം സന്തോഷത്തോടെ പറയാറുമുണ്ടായിരുന്നു: ‘എന്റെ രക്ഷിതാവ് എന്നെ ആക്ഷേപിക്കുവാന്‍ ഇടയായ ആള്‍ക്കു സ്വാഗതം’.

ബദ്ര്‍ യുദ്ധത്തില്‍ എഴുപതോളം മുശ്‌രിക്കുകള്‍ കൊല്ലപ്പെടുകയും അത്രതന്നെയാളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഈ ബന്ദികളെ എന്തു ചെയ്യും എന്ന് തീരുമാനിക്കാനായി നബി(സ്വ) സ്വഹാബിമാരോട് ചര്‍ച്ച നടത്തി. അബൂബക്കര്‍(റ), അവരില്‍ നിന്ന് മോചന മൂല്യം വാങ്ങി വിട്ടയക്കാം, ആ മൂല്യം നമുക്ക് ഉപയോഗിക്കുകയും ചെയ്യാം. അവിശ്വാസികള്‍ക്കെതിരില്‍ അതു നമുക്ക് ശക്തി നല്‍കുകയും ചെയ്യും എന്നെല്ലാം അഭിപ്രായപ്പെട്ടു. നബി(സ്വ) ആ അഭിപ്രായത്തെ ശരിവെക്കുകയും ചെയ്തു. എന്നാല്‍ ഉമര്‍(റ), ശത്രുക്കളുടെ നേതാക്കളടങ്ങുന്ന ഈ ബന്ദികളെ നാം വിട്ടയച്ചാല്‍ ഇനിയും നമുക്കെതിരില്‍ അവര്‍ തിരിയും, അതിനാല്‍ അവരെ വധിച്ചു കളയണം എന്ന് അഭിപ്രായപ്പെട്ടു. നബ(സ്വ) അബൂബക്കര്‍(റ)ന്റെ അഭിപ്രായമാണ് സ്വീകരിച്ചത്. അല്ലാഹു ഈ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് പറയുന്നത് കാണുക.

”ഒരു നബിക്കും (തന്നെ), അദ്ദേഹം ഭൂമിയില്‍ (ശത്രുവെ കീഴടക്കി) ശക്തിയാര്‍ജിക്കുന്നതുവരെ, അദ്ദേഹത്തിനു ബന്ധനസ്ഥര്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോക വിഭവത്തെ ഉദ്ദേശിക്കുന്നു; അല്ലാഹുവാകട്ടെ, പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപശാലിയും അസാധജ്ഞനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നും ഒരു നിശ്ചയം മുമ്പു കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍, നിങ്ങള്‍ വാങ്ങിയതില്‍ നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു”(8:67,68). 

നോക്കൂ..! ഈ വചനങ്ങളൊന്നും നബി(സ്വ) മറച്ചുവെച്ചില്ല. എന്താണോ അല്ലാഹു തന്നോട് കല്‍പിക്കുന്നത് അതില്‍ യാതൊരു കുറവും വരുത്താതെ നമുക്ക് അവിടുന്ന് എത്തിച്ചു തന്നു. എന്നിട്ടും ചിലര്‍ നബി(സ്വ) പഠിപ്പിക്കാത്ത പലതും നന്മയാണെന്ന് പറഞ്ഞ് ദീനില്‍ കൂട്ടിച്ചേര്‍ക്കുന്നു! 

 
ഹുസൈന്‍ സലഫി
നേർപഥം വാരിക

പ്രവാചകന്മാര്‍ സത്യസന്ധര്‍

പ്രവാചകന്മാര്‍ സത്യസന്ധര്‍

പ്രവാചകന്മാര്‍ ഒരിക്കലും കള്ളം പറയില്ലായിരുന്നു. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പോ ശേഷമോ അവരില്‍നിന്ന് മറ്റുള്ളവര്‍ കളവ് കേട്ടിരുന്നില്ല. അവര്‍ കളവ് പറയുന്നവരായിരുന്നെങ്കില്‍ ജനങ്ങള്‍ അവരെ സ്വീകരിക്കില്ലായിരുന്നു. ‘കളവ് പറയുന്നവരെ എങ്ങനെ വിശ്വസിക്കും?’ എന്ന് അവര്‍ സ്വാഭാവികമായും ചോദിക്കും. ഇപ്രകാരം ഒരു സംസാരം അവരെക്കുറിച്ച് ഉണ്ടാകാതിരിക്കാന്‍ അല്ലാഹു അവരെ സത്യസന്ധരായി വളര്‍ത്തിക്കൊണ്ടുവന്നു. പ്രവാചകത്വം ലഭിച്ചതിന് ശേഷവും അവര്‍ അല്ലാഹുവിന്റെ പേരില്‍ യാതൊന്നും വഹ്‌യ് കൂടാതെ സംസാരിച്ചിട്ടില്ല. മൂസാ(അ) ഫിര്‍ഔനിന്റെ അടുത്ത് ചെന്ന് തന്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്നത് കാണുക:

”മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്‌റാഈല്‍ സന്തതികളെ എന്റെ കൂടെ അയക്കൂ” (7:104,105).

ക്വുര്‍ആന്‍ മുഹമ്മദ്(സ്വ) കെട്ടിയുണ്ടാക്കിയതാണെന്നായിരുന്നല്ലോ ശത്രുക്കള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ നബി(സ്വ) അല്ലാഹുവിന്റെ പേരില്‍ വല്ലതും കെട്ടിച്ചമച്ച് പറയുമോ? ഒരിക്കലുമില്ല. അങ്ങനെ വല്ലതും നബി(സ്വ) പറയുകയാണെങ്കില്‍ അല്ലാഹു സ്വീകരിക്കുന്ന നടപടി എന്തായിരിക്കും എന്ന് ക്വുര്‍ആന്‍ തന്നെ പറയുന്നത് കാണുക:

”നമ്മുടെ പേരില്‍ (പ്രവാചകന്‍) വല്ല വാക്കുകളും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതു കൈകൊണ്ട് പിടികൂടുകയും എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചു കളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല”(69:44-47).

നബി(സ്വ) സ്വന്തം ഇഷ്ടപ്രകാരം മതകാര്യത്തില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല: ”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല; അത് അദ്ദേഹത്തിനു ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ദൈവികബോധനം മാത്രമാകുന്നു” (53:3,4).

നബി(സ്വ)യുടെ സത്യസന്ധത ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ ധാരാളം കാണാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അബൂസുഫ്‌യാന്‍(റ) ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് റോമന്‍ ചക്രവര്‍ത്തിയായ ഹിര്‍ക്വലിനോട് നബി(സ്വ)യെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍. നബി(സ്വ) ആ കാലത്ത് അബൂസുഫ്‌യാന്റെ ബദ്ധവൈരിയായിരുന്നു. ഹിര്‍ക്വല്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ വെച്ച് നബി(സ്വ)യെ ഒന്ന് താഴ്ത്തിക്കെട്ടാമായിരുന്നു. അവര്‍ തമ്മില്‍ നടന്ന ദീര്‍ഘമായ ആ സംഭാഷണം ഇപ്രകാരമാണ്:

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ”അബൂസുഫ്‌യാനുബ്‌നു ഹര്‍ബ്(റ) അദ്ദേഹത്തോട് പറഞ്ഞു: ‘ക്വുറൈശികളില്‍പെട്ട ഒരു സംഘത്തില്‍ -അന്ന് അവര്‍ സിറിയയില്‍ കച്ചവടക്കാരായി എത്തിയതായിരുന്നു- ആയിരിക്കെ ഹിര്‍ക്വല്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്റെയടുത്തേക്ക് ആളെ അയച്ചു. അബൂസുഫ്‌യാനുമായും ക്വുറൈശികളുമായും റസൂല്‍(സ്വ) സന്ധിചെയ്ത കാലഘട്ടത്തിലായിരുന്നു അത്. അങ്ങനെ അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. അവര്‍ ഈലിയാഅ് പ്രദേശത്തായിരുന്നു. അപ്പോള്‍ അദ്ദേഹം അവരെ അദ്ദേഹത്തിന്റെ സദസ്സിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ ചുറ്റും റോമിലെ പ്രമാണിമാര്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ ദ്വിഭാഷിയെയും വിളിച്ചുവരുത്തി. എന്നിട്ട് ചോദിച്ചു: ‘പ്രവാചകനാണെന്ന് അവകാശപ്പെടുന്ന ആ മനുഷ്യനോട് നിങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടുംബ ബന്ധമുള്ളത് ആര്‍ക്കാണ്?’ അബൂസുഫ്‌യാന്‍ പറയുകയാണ്- അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ഞാനാണ് അദ്ദേഹത്തോട് കൂടുതല്‍ ബന്ധമുള്ളവന്‍.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അവനെ എന്റെ അടുത്തേക്ക് കൊണ്ടുവരൂ. അയാളുടെ സുഹൃത്തുക്കളെയും അടുത്തേക്ക് കൊണ്ടുവന്ന് അവരെ അയാളുടെ പിറകില്‍ നിര്‍ത്തുക.’

പിന്നെ ദ്വിഭാഷിയോട് പറഞ്ഞു: ‘ഇവരോട് പറയുക; ആ മനുഷ്യനെക്കുറിച്ച് ഇയാളോട് ഞാന്‍ ചോദിക്കും. അപ്പോള്‍ എന്നോട് ഇയാള്‍ കളവ് പറഞ്ഞാല്‍ അത് കളവാണെന്ന് നിങ്ങള്‍ പറയണം.’ (അബൂസുഫ്‌യാന്‍ പറയുകയാണ്:) ‘ഞാന്‍ നുണപറഞ്ഞുവെന്ന് അവര്‍ പറയുമെന്ന ലജ്ജയില്ലായിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് നുണപറയുകതന്നെ ചെയ്യുമായിരുന്നു.’ എന്നിട്ട് അദ്ദേഹത്തെ (മുഹമ്മദ് നബിയെ)കുറിച്ച് അദ്ദേഹം എന്നോട് ആദ്യമായി ചോദിച്ചത് ഇപ്രകാരമാണ്: ‘നിങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ കുടുംബസ്ഥിതി എങ്ങിനെയാണ്?’ ഞാന്‍ പറഞ്ഞു: ‘അദ്ദേഹം ഞങ്ങളിലെ ശ്രേഷ്ഠമായ തറവാടുള്ളവനാണ്.’ അദ്ദേഹം ചോദിച്ചു: ‘അദ്ദേഹത്തിനുമുമ്പ് നിങ്ങളില്‍ ആരെങ്കിലും ഇങ്ങിനെ പറഞ്ഞിട്ടുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘ഇല്ല.’ അദ്ദേഹം ചോദിച്ചു: ‘അദ്ദേഹത്തിന്റെ പൂര്‍വിക പിതാക്കളില്‍ രാജാക്കന്മാര്‍ ഉണ്ടായിരുന്നുവോ?’ ഞാന്‍ പറഞ്ഞു: ‘ഇല്ല.’ അദ്ദേഹം ചോദിച്ചു: ‘ജനങ്ങളിലെ പ്രമാണിമാരാണോ അതോ ദുര്‍ബലരാണോ അദ്ദേഹത്തെ പിന്തുടരുന്നത്?’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ല, അവരിലെ ദുര്‍ബലര്‍.’ അദ്ദേഹം ചോദിച്ചു: ‘അവര്‍ വര്‍ധിക്കുകയോണോ അതോ കുറയുകയാണോ ചെയ്യുന്നത്?’ ഞാന്‍ പറഞ്ഞു: ‘വര്‍ധിക്കുകയാണ്.’

അദ്ദേഹം ചോദിച്ചു: ‘അദ്ദേഹത്തിന്റെ മതത്തില്‍ പ്രവേശിച്ച ശേഷം അതിനോടുള്ള വെറുപ്പ് നിമിത്തം ആരെങ്കിലും ആ മതത്തില്‍ നിന്ന് പിന്മാറുന്നുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘ഇല്ല.’ അദ്ദേഹം ചോദിച്ചു: ‘ഈ മതകാര്യം പറയുന്നതിന് മുമ്പ് അദ്ദേഹം നുണ പറയുന്നവനായിരുന്നുവോ?’ ഞാന്‍ പറഞ്ഞു: ‘അല്ല.’

അദ്ദേഹം ചോദിച്ചു: ‘അദ്ദേഹം വഞ്ചിക്കാറുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘ഇല്ല. ഞങ്ങള്‍ അദ്ദേഹവുമായി ഇപ്പോള്‍ ഒരു സന്ധിയിലാണ്. അതില്‍ അദ്ദേഹം എന്താണ് കാണിക്കുകയെന്ന് ഞങ്ങള്‍ക്കറിയില്ല.’ (അബൂസുഫ്‌യാന്‍ പറയുന്നു:) ‘ഈയൊരു വാക്യമല്ലാതെ അദ്ദേഹത്തെ (മോശപ്പെടുത്തിപ്പറയാന്‍) എനിക്ക് കഴിഞ്ഞില്ല.’

അദ്ദേഹം ചോദിച്ചു: ‘നിങ്ങള്‍ അദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘അതെ, ഉണ്ട്.’ അദ്ദേഹം ചോദിച്ചു: ‘അദ്ദേഹവുമായുണ്ടായ യുദ്ധങ്ങള്‍ എങ്ങനെയായിരുന്നു?’ ഞാന്‍ പറഞ്ഞു: ‘ഒന്നിടവിട്ട വിജയങ്ങള്‍ ഞങ്ങള്‍ ഇരുവര്‍ക്കും.’

അദ്ദേഹം ചോദിച്ചു: ‘അദ്ദേഹം നിങ്ങളോട് കല്‍പിക്കുന്നതെന്തൊക്കെയാണ്?’ ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കുക, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. നിങ്ങളുടെ പൂര്‍വപിതാക്കള്‍ പറഞ്ഞുണ്ടാക്കിയവ വര്‍ജിക്കുക. നമസ്‌കരിക്കുവാനും സത്യം പറയുവാനും സദാചാരം പുലര്‍ത്താനും കുടുംബബന്ധം ചേര്‍ക്കാനും അദ്ദേഹം ഞങ്ങളോട് കല്‍പിക്കുന്നു.’

അപ്പോള്‍ അദ്ദേഹം തന്റെ ദ്വിഭാഷിയോട് പറഞ്ഞു: ‘അവനോട് പറയുക, അദ്ദേഹത്തിന്റെ (മുഹമ്മദിന്റെ) കുടുംബത്തെ കുറിച്ച് തന്നോട് ഞാന്‍ ചോദിച്ചപ്പോള്‍ നിങ്ങളിലെ ഉയര്‍ന്ന കുടുംബക്കാരനാണെന്ന് നിങ്ങള്‍ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് ദൈവദൂതന്മാര്‍. അവരിലെ ഉയര്‍ന്ന കുടുംബത്തില്‍ നിന്നാണവര്‍ നിയോഗിതരാവുക. ഈ പുതിയ വാദം ഇതിനു മുമ്പ് നിങ്ങളിലാരെങ്കിലും ഉന്നയിച്ചിരുന്നുവോ എന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചപ്പോള്‍ ഇല്ലയെന്നാണ് ഉത്തരം തന്നത്. അങ്ങനെ ഇതിനുമുമ്പ് നിങ്ങളിലാരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ ഇദ്ദേഹം അതിനെ പിന്തുടരുകയാണെന്ന് പറയാമായിരുന്നു. അദ്ദേഹത്തിന്റെ പൂര്‍വപിതാക്കളില്‍ രാജാക്കന്മാരാരെങ്കിലും ഉണ്ടായിരുന്നുവോ എന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചപ്പോള്‍ ഇല്ലയെന്ന് നിങ്ങള്‍ മറുപടി നല്‍കി. ഞാന്‍ പറയട്ടെ, അദ്ദേഹത്തിന്റെ പൂര്‍വികരില്‍ രാജാക്കന്മാരുണ്ടായിരുന്നുവെങ്കില്‍, തന്റെ പിതാവിന്റെ രാജാധിപത്യം തിരിച്ച് ആവശ്യപ്പെടുന്നവനാണദ്ദേഹം എന്ന് എനിക്ക് പറയാമായിരുന്നു. അദ്ദേഹം ഈ പുതിയ മതം പറയുന്നതിനു മുമ്പ് കളവ് പറഞ്ഞിരുന്നുവോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇല്ലയെന്ന് നിങ്ങള്‍ മറുപടി പറഞ്ഞു. ജനങ്ങളോട് കളവ് പറയാതിരിക്കുകയും അല്ലാഹുവിന്റെ പേരില്‍ കളവ് പറയുകയും ചെയ്യുക ഉണ്ടാവുകയില്ലെന്ന് എനിക്കറിയാം. ജനങ്ങളിലെ പ്രമാണിമാരാണോ, ദുര്‍ബലരാണോ അദ്ദേഹത്തെ പിന്തുടരുന്നതെന്ന് നിങ്ങളോട് ഞാന്‍ ചോദിച്ചപ്പോള്‍, നിങ്ങള്‍ പറഞ്ഞത് ദുര്‍ബലരാണ് അദ്ദേഹത്തെ പിന്തുടരുന്നതെന്നാണ്. (അതെ) അവര്‍ തന്നെയാണ് ദൈവദൂതന്മാരെ പിന്തുടരുക പതിവ്.

അവരുടെ എണ്ണം കൂടുകയാണോ കുറയുകയാണോ ചെയ്യുന്നതെന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചപ്പോള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് സത്യവിശ്വാസത്തിന്റെ സ്ഥിതി; അത് പൂര്‍ണത പ്രാപിക്കും വരെ. ആ മതത്തില്‍ പ്രവേശിച്ച ശേഷം അതിനെ വെറുത്ത് ആരെങ്കിലും പിന്മാറുന്നുണ്ടോയെന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചപ്പോള്‍ ഇല്ലെയന്നാണ് നിങ്ങള്‍ മറുപടി നല്‍കിയത്. വിശ്വാസത്തിന്റെ തിളക്കം ഹൃദയത്തില്‍ കലര്‍ന്നാല്‍ അതിന്റെ സ്ഥിതി അങ്ങനെത്തന്നെയാണ്. അദ്ദേഹം വഞ്ചന നടത്തിയിട്ടുണ്ടോയെന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചപ്പോള്‍, ഇല്ലയെന്ന് നിങ്ങള്‍ പറഞ്ഞു. ദൈവദൂതന്മാര്‍ വഞ്ചിക്കുകയില്ല. അദ്ദേഹം നിങ്ങളോട് കല്‍പിക്കുന്നത് എന്താണെന്ന് ഞാന്‍ ചോദിച്ചു, അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുവാനുമാണ് അദ്ദേഹം കല്‍പിക്കുന്നതെന്നും വിഗ്രാഹാരാധന വിരോധിക്കുന്നുവെന്നും നമസ്‌കരിക്കുവാനും സത്യം പറയുവാനും സദാചാരം പാലിക്കുവാനും കല്‍പിക്കുന്നുവെന്ന് നിങ്ങള്‍ പറഞ്ഞു. നിങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ എന്റെ ഈ രണ്ട് കാലടി ഇരിക്കുന്ന സ്ഥലം വരെ അദ്ദേഹം അധീനപ്പെടുത്തും. ഒരു പ്രവാചകന്റെ പുറപ്പാട് ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം നിങ്ങളില്‍ നിന്നാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിച്ചേരാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ എന്തു പ്രയാസം സഹിച്ചും ഞാനവിടെ എത്തുമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ കാല്‍പാദം ഞാന്‍ കഴുകുമായിരുന്നു.’

പിന്നീട് ദിഹ്‌യത്തുല്‍ കല്‍ബി(റ)വിന്റെ പക്കല്‍ ബുസ്വ്‌റായിലെ ഭരണ കര്‍ത്താവ് മുഖേന ഹിര്‍ക്വല്‍ ചക്രവര്‍ത്തിക്ക് നബി(സ്വ) കൊടുത്തയച്ച കത്തു കൊണ്ടുവരാന്‍ കല്‍പിച്ചു. എന്നിട്ട് ആ കത്ത് വായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു ഉണ്ടായിരുന്നത്: ‘ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം, ദൈവദാസനും അവന്റെ ദൂതനുമായ മുഹമ്മദ്, റോമയുടെ അധിപന്‍ ഹിര്‍ക്വലിന് എഴുതുന്നു. താങ്കള്‍ ഇസ്‌ലാം സ്വീകരിക്കുക, എങ്കില്‍ താങ്കള്‍ രക്ഷപ്പെടും. അല്ലാഹു താങ്കള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കും. ഇനി താങ്കള്‍ പിന്മാറുന്നപക്ഷം അരീസീങ്ങളുടെ (റോമിലെ കര്‍ഷകരുടെ) പാപവും താങ്കള്‍ക്കാണ് ലഭിക്കുക: ‘ഓ, വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവീന്‍, അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മില്‍ ചിലര്‍ മറ്റു ചിലരെ അല്ലാഹുവിനു പുറമെ രക്ഷാധികാരികളാക്കാതിരിക്കുകയും ചെയ്യുക എന്ന തത്ത്വത്തിലേക്ക്. എന്നിട്ട് അവര്‍ പിന്തിരിഞ്ഞു കളയുന്നപക്ഷം നിങ്ങള്‍ പറയുക; ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പെട്ടവരാണ് എന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.”

അബൂസുഫ്‌യാന്‍ പറയുന്നു. ഹിര്‍ക്വല്‍ പറഞ്ഞു കഴിയുകയും കത്ത് വായനയില്‍ നിന്ന് വിരമിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെയടുക്കല്‍ ശബ്ദം ഉയരുകയും ബഹളം വര്‍ധിക്കുകയും ചെയ്തു. ഞങ്ങള്‍ അവിടെ നിന്ന് പുറത്താക്കപ്പെട്ടു. അപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറഞ്ഞു: ‘അബൂ കബ്ശയുടെ പുത്രന്റെ (മുഹമ്മദ് നബി) കാര്യം ഗംഭീരം തന്നെ. ബനുല്‍ അസ്ഫര്‍കാരുടെ (റോമക്കാരുടെ) രാജാവ് പോലും അദ്ദേഹത്തെ ഭയപ്പെടുന്നു. അദ്ദേഹത്തിന് വിജയമുണ്ടാകുമെന്ന് അന്നു മുതലേ ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. അങ്ങിനെ അല്ലാഹു എന്റെ മനസ്സില്‍ ഇസ്‌ലാമിനെ സന്നിവേശിപ്പിച്ചു.”

ഈലിയാഇലെ ഭരണാധികാരിയും ഹിര്‍ക്വലിന്റെ കൂട്ടുകാരനുമായിരുന്ന ഇബ്‌നുന്നാളൂര്‍ സിറിയയിലെ ക്രിസ്തീയ പുരോഹിത നേതാവായിരുന്നു. അദ്ദേഹം പറയുന്നു: ഹിര്‍ക്വല്‍ ചക്രവര്‍ത്തി ഈലിയാഇല്‍ വന്നപ്പോള്‍ ഒരു ദിവസം വലിയ മനഃപ്രയാസത്തിലായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ പാത്രിയാര്‍ക്കീസില്‍പെട്ട ചിലര്‍ ചോദിച്ചു: ‘അങ്ങുന്നേ, അവിടുത്തെ സ്ഥിതി ഞങ്ങള്‍ക്കപരിചിതമായ വിധത്തിലാണല്ലോ!’ ഇബ്‌നുന്നാളൂര്‍ പറയുന്നു: ‘ഹിര്‍ക്വലിന് ജ്യോത്സത്തില്‍ പ്രാവീണ്യമുണ്ടായിരുന്നു. രാജാവിനോടവര്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇന്ന് രാത്രി ഞാന്‍ നക്ഷത്രവീക്ഷണം നടത്തിയപ്പോള്‍ ചേലാകര്‍മം നടത്തുന്നവരുടെ രാജാവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ കണ്ടെത്തി. ഈ സമൂഹത്തില്‍ ചേലാകര്‍മം നടത്തുന്നതാര്?’ അവര്‍ പറഞ്ഞു: ‘ജൂതന്മാരാണ് ചേലാകര്‍മം നടത്തുന്നത്.’ അവരുടെ കാര്യം അേങ്ങക്ക് പ്രയാസമുണ്ടാക്കുന്നുവെങ്കില്‍ അതുവേണ്ട, താങ്കള്‍ താങ്കളുടെ അധികാരസ്ഥലത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും അവിടെയുള്ള ജൂതന്മാരെ വധിക്കാന്‍ എഴുതുക.’

അവര്‍ ഇപ്രകാരം ചര്‍ച്ചയിലായിരിക്കെ, ഗസ്സാനിലെ രാജാവ് നബി(സ്വ)യെ സംബന്ധിച്ച് വിവരമറിയിക്കാന്‍ പറഞ്ഞയച്ച ഒരു ദൂതന്‍ ഹിര്‍ക്വലിന്റെയടുത്ത് കൊണ്ടുവരപ്പെട്ടു. അയാളോട് ഹിര്‍ക്വല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കെ അയാളെ കൊണ്ടുപോയി അയാള്‍ ചേലാകര്‍മം ചെയ്യപ്പെട്ടവനാണോ അല്ലേ എന്ന് പരിശോധിക്കുവാന്‍ ആവശ്യപ്പെട്ടു. പരിശോധനാനന്തരം അവര്‍ രാജാവിനെ വിവരമറിയിച്ചു; അയാള്‍ ചേലാകര്‍മം ചെയ്യപ്പെട്ടവനാണെന്ന്. അപ്പോള്‍ അറബികളുടെ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ‘ഇവര്‍ ചേലാകര്‍മം നടത്തുന്നവരാണ്.’ അപ്പോള്‍ ഹിര്‍ക്വല്‍ പറഞ്ഞു: ‘എന്നാല്‍ ഈ സമുദായത്തിന്റെ ആധിപത്യം വെളിവായിട്ടുണ്ട്.’ പിന്നെ ഹിര്‍ക്വല്‍ ചക്രവര്‍ത്തി റൂമിയ്യയിലെ അദ്ദേഹത്തിന്റെ കൂട്ടുകാരന് കത്തെഴുതി – അദ്ദേഹവും ഹിര്‍ക്വലിനെ പോലെ പാണ്ഡിത്യത്തില്‍ തുല്യനായിരുന്നു. ഹിര്‍ക്വല്‍ ഹിംസ് പ്രദേശത്തേക്ക് സഞ്ചരിച്ചു. അദ്ദേഹം അവിടേക്ക് എത്തുമ്പോഴേക്കും കൂട്ടുകാരന്റെ മറുപടി ലഭിച്ചു. നബി(സ്വ)യുടെ നിയോഗത്തെ സംബന്ധിച്ച ഹിര്‍ക്വലിന്റെ അഭിപ്രായത്തോട് യോജിക്കുന്നതും അദ്ദേഹം പ്രവാചകന്‍ തന്നെയാണെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. ഹിര്‍ക്വല്‍ റോമിലെ പ്രധാന ആളുകള്‍ക്കെല്ലാം ഹിംസിലെ തന്റെ കൊട്ടാരത്തില്‍ പ്രവേശനാനുമതി നല്‍കി. എന്നിട്ട് അതിന്റെ വാതിലുകള്‍ അടക്കാന്‍ ഉത്തരവിട്ടു. വാതിലുകള്‍ അടക്കപ്പെട്ടു. എന്നിട്ട് അവര്‍ക്കു മുമ്പില്‍ ചെന്ന് അവരോട് ഇപ്രകാരം പറഞ്ഞു: ‘റോമന്‍ നിവാസികളേ, നിങ്ങള്‍ക്ക് വിജയവും നേര്‍വഴിയും ലഭിക്കണമെന്നും നിങ്ങളുടെ അധികാരം നിലനില്‍ക്കണമെന്നും നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ ഈ പ്രവാചകന് നിങ്ങള്‍ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യുവിന്‍.’ അതോടെ അവര്‍ കാട്ടുകഴുതകളെ പോലെ മുരണ്ട് വാതിലുകളുടെ ഭാഗത്തേക്ക് ഓടി. അപ്പോഴത് അടച്ചിട്ടതായവര്‍ കണ്ടു. ഹിര്‍ക്വല്‍ ചക്രവര്‍ത്തി അവരുടെ വെറുപ്പു കാണുകയും അവര്‍ വിശ്വസിക്കുകയില്ലെന്ന് നിരാശപ്പെടുകയും ചെയ്തപ്പോള്‍ പറഞ്ഞു: ‘അവരെ എന്റെ അടുത്തേക്ക് തിരിച്ചു വിളിക്കുവിന്‍.’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ഇപ്രകാരം നിങ്ങളോട് പറഞ്ഞത് നിങ്ങളുടെ മതത്തില്‍ നിങ്ങളുടെ തീവ്രത എത്രയുണ്ടെന്ന് പരിശോധിക്കാന്‍ വേണ്ടിയായിരുന്നു. ഞാനത് മനസ്സിലാക്കി.’ (ഇതു കേട്ട) അവര്‍ അദ്ദേഹത്തെ നമിച്ചു. അവര്‍ അദ്ദേഹത്തില്‍ തൃപ്തിപ്പെടുകയും ചെയ്തു. ഇതായിരുന്നു ഈ വിഷയത്തില്‍ ഹിര്‍ക്വലിന്റെ അവസാന നിലപാട്” (ബുഖാരി).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

 

പ്രവാചകന്മാരും മുഅ്ജിസത്തുകളും

പ്രവാചകന്മാരും മുഅ്ജിസത്തുകളും

അല്ലാഹു പ്രവാചകന്മാരെ മനുഷ്യരിലേക്ക് അയച്ചപ്പോഴൊക്കെയും ഒരു വിഭാഗം ജനങ്ങള്‍ അവരെ അവിശ്വസിക്കുകയും നിഷേധിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഈ സന്ദര്‍ഭത്തില്‍ നിഷേധികള്‍ക്ക് ഇവര്‍ അല്ലാഹുവിന്റെ ദൂതന്മാര്‍ തന്നെയാണെന്ന് തെളിയിക്കാനായി അല്ലാഹു അവരിലൂടെ പ്രകടമാക്കുന്ന, ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്തതും അല്ലാഹുവിനു മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യങ്ങളാണ് മുഅ്ജിസത്തുകള്‍. നബിമാരിലൂടെ അല്ലാഹു പ്രകടമാക്കിയ ധാരാളം മുഅ്ജിസത്തുകള്‍ പ്രമാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തില്‍ അല്ലാഹു പ്രകടമാക്കിയ മുഅ്ജിസത്തിന് ഉദാഹരണം കാണുക: നബിയും സ്വഹാബിമാരും ഒരു യാത്രയിലാണ്. കുടിക്കാനും കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും വെള്ളം ഇല്ലാതെ വന്നപ്പോള്‍ അവരോട് നബി(സ്വ) ഉള്ള വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആ പാത്രത്തില്‍ അവിടുത്തെ കൈ വെച്ചു. പാത്രത്തിലെ വെള്ളം അധികരിച്ചു. സ്വഹാബിമാര്‍ അവരുടെ എല്ലാ ആവശ്യങ്ങളും നിര്‍വഹിച്ചിട്ടും വെള്ളം ബാക്കിയായി.

മറ്റൊരിക്കല്‍ ഭക്ഷണമില്ലാതിരുന്നപ്പോള്‍ അവിടുന്ന് സ്വഹാബിമാരോട് ഉള്ള ഭക്ഷണം കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും അവിടുത്തെ കൈ ഭക്ഷണത്തില്‍ വെക്കുകയും ചെയ്തപ്പോള്‍ അതില്‍ വര്‍ധനവുണ്ടായതും കാണാം. എന്നാല്‍ ഇതെല്ലാം കണ്ടും അറിഞ്ഞും മനസ്സിലാക്കിയ നബി(സ്വ) വെള്ളമോ ഭക്ഷണമോ ഇല്ലാത്ത സന്ദര്‍ഭത്തില്‍ ഇപ്രകാരം ചെയ്യുകയോ, നബിയോട് ഇപ്രകാരം ചെയ്യാന്‍ അനുചരന്മാര്‍ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. കാരണം, അവര്‍ക്കറിയാം ഇത് നബി(സ്വ)യുടെ ഇഷ്ടപ്രകാരം അവിടുത്തേക്ക് ചെയ്യാന്‍ കഴിയുന്നതല്ല. മുഅ്ജിസത്ത് റസൂല്‍(സ്വ)യുടെ കഴിവായിരുന്നെങ്കില്‍ ശത്രുക്കള്‍ നബിയെയും അനുയായികളെയും ഉപരോധിച്ചപ്പോള്‍ അവര്‍ ശഅ്ബ് അബീത്വാലിബ് മലയില്‍ അഭയം തേടുകയും പച്ചിലയും വെള്ളവും കുടിച്ച് മാസങ്ങളോളം ജീവക്കേണ്ടി വരികയും ചെയ്യുമായിരുന്നില്ല.

അഹ്‌സാബ്(ഖന്തക്വ്) യുദ്ധത്തില്‍ വിശന്ന് അവശരായപ്പോള്‍ സ്വഹാബിമാര്‍ ഒരു കല്ല് വയറില്‍ വെച്ച് കിടങ്ങ് കുഴിക്കുമ്പോള്‍ നബി(സ്വ) രണ്ട് കല്ല് വെച്ച് കെട്ടിയാണ് കിടങ്ങ് കുഴിച്ചത്.

പ്രവാചകന്മാരോട് (വിശിഷ്യാ മുഹമ്മദ്(സ്വ)യോട്) സഹായം തേടാന്‍ ചിലര്‍ പറയുന്ന ന്യായം അദ്ദേഹത്തിന് മുഅ്ജിസത്തുണ്ട് എന്നതാണ്. നബിമാരിലൂടെ മുഅ്ജിസത്ത് പ്രകടമാകുന്നത് അവരോട് തേടാനല്ല, മുഅ്ജിസത്തിന്റെ ഉടമയായ അല്ലാഹുവിനോട് തേടാനാണ് പ്രചോദനം നല്‍കുന്നത്. പ്രവാചകന്മാരുടെ അനുയായികള്‍ പ്രവാചകന്മാരില്‍ മുഅ്ജിസത്ത് കണ്ടപ്പോള്‍ അവരുടെ തൗഹീദ് ദൃഢമാവുകയായിരുന്നു. സ്വഹാബിമാര്‍ ആരും ക്ഷാമകാലത്ത് അദ്ദേഹത്തോട് ‘നബിയേ ഭക്ഷണം ഇല്ല, ഭക്ഷണം നല്‍കണേ’ എന്നോ വരള്‍ച്ചയുടെ സമയത്ത് ‘നബിയേ വെള്ളം തരണേ’ എന്നോ ചോദിച്ചില്ല. മറിച്ച് അവര്‍ ജീവിച്ചിരിപ്പുള്ള നബിയുടെ മുന്നില്‍ വന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ചെയ്തിരുന്നത്. നബി(സ്വ) കേള്‍ക്കാത്ത, അറിയാത്ത ദൂരത്തുനിന്ന് അവര്‍ നബിയെ വിളിച്ചിട്ടുമില്ല. ഇതാണ് അഹ്‌ലുസ്സുന്നയുടെ വഴി.

മൂസാ(അ)ന്റെ കയ്യിലൂണ്ടായിരുന്ന വടി കൊണ്ട് സമുദ്രത്തിലടിച്ചപ്പോള്‍ സമുദ്രം പിളര്‍ന്നതു നമുക്കെല്ലാവര്‍ക്കുമറിയാം. ഇതുപോലെ ഓരോ പ്രവാചകനും വ്യത്യസ്ത മുഅ്ജിസത്തുകളായിരുന്നു അല്ലാഹു നല്‍കിയിരുന്നത്. ഇതൊന്നും അവരല്ല ചെയ്തിരുന്നത.് പിന്നെ ആരാണ്? അല്ലാഹു! പ്രവാചകന്മാര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. അവര്‍ക്കുപോലും അറിയില്ല എന്ത് സംഭവിക്കുമെന്ന്. അല്ലാഹു വഹ്‌യ് നല്‍കും, നബിമാര്‍ കല്‍പിക്കപ്പെടുന്നത് പോലെ ചെയ്യും. അവരിലൂടെ അല്ലാഹു ഉദ്ദേശിച്ചത് പ്രകടമാക്കുകയും ചെയ്യും. മൂസാ(അ) സമുദ്രത്തിലടിക്കുമ്പോള്‍ അദ്ദേഹത്തിന് അറിയില്ല അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന്. കാരണം അദ്ദേഹത്തിന് അതില്‍ യാതൊരു പങ്കുമില്ലായിരുന്നു. നബി(സ്വ)യുടെ ഏറ്റവും വലിയ മുഅ്ജിസത്ത് വിശുദ്ധ ക്വുര്‍ആനാണ്. അതില്‍ നബി(സ്വ)ക്ക് എന്ത് പങ്കാണുള്ളത്? ഒരു അക്ഷരം പോലും അദ്ദേഹത്തിന്റെ സ്വന്തം വകയായി അതില്‍ ഇല്ല. മുഅ്ജിസത്ത് എല്ലാം അല്ലാഹുവിന്റെതാണ്. അതിനാല്‍ മുഅ്ജിസത്ത് നല്‍കപ്പെടുന്നവരോടല്ല; മുഅ്ജിസത്ത് നല്‍കുന്നവനായ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിക്കേണ്ടത്, സഹായം തേടേണ്ടത്.

പ്രവാചകന്മാരും അദൃശ്യകാര്യങ്ങളും

അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് ക്വുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ കാണാം. അത് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. സൃഷ്ടികളില്‍ ഒരാള്‍ക്കും അദൃശ്യം അറിയില്ല. എന്നാല്‍ പ്രവാചകന്മാര്‍ ചിലപ്പോള്‍ അദൃശ്യകാര്യങ്ങള്‍ അറിയാറുണ്ട്. അതും അവര്‍ സ്വന്തം അറിയുന്നതല്ല, അല്ലാഹു വഹ്‌യിലൂടെ അറിയിക്കുന്നതാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ..”(72:26,27).

ഈ വചനം അറിയിക്കുന്നത് അദൃശ്യജ്ഞാനം അല്ലാഹുവിനു മാത്രമെ അറിയൂ, പ്രവാചകന്മാര്‍ അദൃശ്യത്തില്‍ നിന്ന് വല്ലതും പറയുന്നുണ്ടെങ്കില്‍ അത് അല്ലാഹു അറിയിച്ചുകൊടുക്കുന്നത് മാത്രമാണ് എന്നാണ്. അതിനാല്‍ പ്രവാചകന്മാര്‍ ജനങ്ങളോട് പറഞ്ഞത് ഞങ്ങള്‍ക്ക് അദൃശ്യം അറിയില്ലെന്നാണ്. നൂഹ് (അ) പറഞ്ഞത് കാണുക:

”അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യമറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണെന്ന് പറയുന്നുമില്ല…”(11:31).

നബി(സ്വ)ക്കും അദൃശ്യമറിയില്ലെന്ന് തന്നെയാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. നബിയോട് അല്ലാഹു പറയുവാനായി കല്‍പിക്കുന്നത് കാണുക:

”പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണെന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല” (6:50).

അല്ലാഹു അല്ലാത്തവര്‍ (പ്രവാചകന്മാര്‍ പോലും) അദൃശ്യജ്ഞാനം അറിയില്ലെന്ന് പറയുമ്പോള്‍ തല്‍പരകക്ഷികള്‍ ഈ ആയത്തുകളെ ദുര്‍വ്യാഖ്യാനിക്കുന്നത് അവരുടെ കൃതികളില്‍ നിന്ന് ഇപ്രകാരം വായിക്കാം. അവര്‍ എഴുതുന്നു: ”അല്ലാഹുവിന്റെ ഖജാന എന്റെ പക്കലുണ്ട്. പക്ഷേ, ഞാനത് നിങ്ങളോട് പറയുന്നില്ല. അല്ലാഹു എനിക്ക് അദൃശ്യജ്ഞാനം തന്നിട്ടുണ്ട്. പക്ഷേ, അത് ഞാന്‍ നിങ്ങളോട് പറയുന്നില്ല. വലിയത് പറഞ്ഞ് പൊങ്ങച്ചം കാണിക്കുന്നില്ലെന്നര്‍ഥം. ഇതല്ലേ മൗലവി സാഹിബേ ഒന്നാം പ്രമാണം പറഞ്ഞത്?” (കൊട്ടപ്പുറം സുന്നി-മുജാഹിദ് സംവാദം, പേജ് 62).

നോക്കൂ, എന്തൊരു ദുര്‍വ്യഖ്യാനം! നബിമാര്‍ക്ക് അദൃശ്യജ്ഞാനം അറിയില്ലെന്നല്ലേ മേല്‍സൂക്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ആദം(അ)യെയും ഹവ്വ(റ)യെയും സ്വര്‍ഗത്തില്‍ നിന്ന് ഇബ്‌ലീസ് വഞ്ചിച്ച് പുറത്താക്കിയില്ലേ? അവര്‍ക്ക് അദൃശ്യം അറിയുമായിരുന്നെങ്കില്‍ വഞ്ചനയില്‍ പെടുമായിരുന്നോ? ഇബ്‌റാഹീം(അ), ലൂത്വ്(അ) എന്നിവരുടെ അടുത്ത് മലക്കുകള്‍ മനുഷ്യ രൂപത്തില്‍ വന്നപ്പോള്‍ അവര്‍ക്കത് മനസ്സിലാക്കാന്‍ സാധിച്ചില്ല. കാരണം അവര്‍ക്ക് അദൃശ്യമറിയില്ലായിരുന്നു. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. (ഇന്‍ശാ അല്ലാഹ്, പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത് ഇക്കാര്യങ്ങള്‍ വിശദമാക്കാം). നബി(സ്വ)ക്ക് അദൃശ്യജ്ഞാനം അറിയില്ലെന്നതിലേക്ക് വെളിച്ചം നല്‍കുന്ന ഒരു നബിവചനം കാണുക:

ഉമ്മുസലമ(റ)ല്‍ നിന്ന്. പ്രവാചകന്‍(സ്വ) പറഞ്ഞു: ”നിശ്ചയം ഞാനൊരു മനുഷ്യനാണ്. നിങ്ങള്‍ എന്നെ ന്യായവാദങ്ങളുമായി സമീപിക്കുന്നു. നിങ്ങളില്‍ ചിലര്‍ മറ്റുള്ളവരെക്കാള്‍ ന്യായവാദങ്ങള്‍ സ്ഥാപിക്കുന്നതില്‍ സമര്‍ഥനായിരിക്കും. അങ്ങനെ ഞാന്‍ കേള്‍ക്കുന്നതനുസരിച്ച് അയാള്‍ക്കനുകൂലമായി വിധിക്കും. ഇപ്രകാരം ഞാന്‍ (ശരിക്കും മനസ്സിലാക്കാന്‍ കഴിയാതെ) ഒരാള്‍ക്ക് തന്റെ സഹോദരന്റെ അവകാശം വിധിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ ഞാന്‍ അവന് നരകത്തിന്റെ ഒരു വിഹിതമാണ് വീതിച്ചു നല്‍കിയത്” (ബുഖാരി 7169, മുസ്‌ലിം 1713).

നബി(സ്വ)ക്ക് അദൃശ്യമറിയും എന്ന് പറയുന്നവന്‍ കളവാണ് പറയുന്നതെന്നാണ് ആഇശ(റ) പറയുന്നത്.

ആഇശ(റ)യില്‍ നിന്ന്. അവര്‍ പറഞ്ഞു: ”ആരെങ്കിലും നിന്നോട് നബി(സ്വ) നാളത്തെ കാര്യങ്ങളറിയും എന്ന് പറഞ്ഞാല്‍ (നീ മനസ്സിലാക്കണം) തീര്‍ച്ചയായും അവന്‍ കളവാണ് പറഞ്ഞത.് അല്ലാഹു പറയുന്നു: നബിയേ പറയുക ആകാശ ഭൂമികളില്‍ അദൃശ്യമറിയുന്നവന്‍ അല്ലാഹുവല്ലാതെ ഒരാളുമില്ല” ( ബുഖാരി).

പ്രവാചകന്മാര്‍ സല്‍സ്വഭാവികള്‍

അല്ലാഹു ആരെയാണോ പ്രവാചകനായി തെരഞ്ഞടുക്കാന്‍ ഉദ്ദേശിക്കുന്നത് അവരെ അവന്‍ നല്ല സ്വഭാവത്തിന്റെ വക്താക്കളാക്കിയിരുന്നു. അവര്‍ക്ക് നുബുവ്വത്ത് ലഭിക്കുന്നതിന് മുമ്പ് ജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. കാരണം അവര്‍ കളവ് പറയാറില്ലായിരുന്നു. നബി(സ്വ)യുടെ സ്വഭാവത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക: ‘തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു'(68:4).

നബി(സ്വ)യുടെ സ്വഭാവം ശത്രുക്കളെ പോലും ആകര്‍ഷിക്കുന്നതായിരുന്നു. സ്വഫ്‌വാനുബ്‌നു ഉമയ്യഃ(റ) പറയുന്നത് കാണുക:

”അല്ലാഹുവാണ് സത്യം! റസൂല്‍(സ്വ) എനിക്ക് ധാരാളം നല്‍കി. അദ്ദേഹം എനിക്ക് ഏറെ കോപമുള്ളവനായിരുന്നു. അദ്ദേഹം എനിക്ക് പിന്നെയും നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം എനിക്ക് ഏറെ പ്രിയങ്കരനായിത്തീര്‍ന്നു” (മുസ്‌ലിം). സ്വഫ്‌വാന്‍(റ) ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് നബി(സ്വ)യോട് അങ്ങേയറ്റത്തെ ദേഷ്യം വെച്ച് നടക്കുന്നയാളായിരുന്നു. എന്നാല്‍ അദ്ദേഹത്തെ നബിയുടെ സ്വഭാവഗുണങ്ങള്‍ ആകര്‍ഷിക്കുകയും തല്‍ഫലമായി അദ്ദേഹം ഇസ്‌ലാമിലേക്ക് വരികയുമായിരുന്നു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

 

പ്രവാചകന്മാര്‍ മനുഷ്യരാണ്

പ്രവാചകന്മാര്‍ മനുഷ്യരാണ്

നബി(സ്വ)യെ മഹത്വപ്പെടുത്തുന്നതിന്റെ പേരില്‍ അദ്ദേഹത്തെ മനുഷ്യപ്രകൃതിയില്‍ നിന്ന് ഉയര്‍ത്തി, പ്രകാശത്തില്‍ നിന്നാണ് അദ്ദേഹം സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹത്തിന് നിഴലില്ലായിരുന്നു എന്നും പ്രചരിപ്പിക്കുന്ന ചിലര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ ബഹുമാനപൂര്‍വം കൊണ്ടുനടക്കുന്ന മൗലിദ് കിതാബില്‍ ഇപ്രകാരം കാണാം:

”നബി(സ്വ)യുടെ നിഴല്‍ ഭൂമിയില്‍ പതിച്ചിരുന്നില്ല. കാരണം അവിടുന്ന് പ്രത്യക്ഷവും പരോക്ഷവുമായി പ്രകാശമായിരുന്നു”(ജഅല മുഹമ്മദ് മൗലിദ്).

മൗലിദ് കിതാബിലെ ഒരു ഈരടി കാണുക: ”നബിയേ, തീര്‍ച്ചയായും നിങ്ങള്‍ താമസിക്കുന്ന വീട്ടില്‍ വിളക്കുകളുടെ ആവശ്യമില്ല.”

എന്നാല്‍ നബി(സ്വ)യുടെ വീട്ടില്‍ വിളക്ക് കത്തിക്കാറുണ്ടായിരുന്നു. വിളക്ക് കത്തിക്കാറില്ലായിരുന്നെന്ന് പറയുന്ന ഒരു സ്വീകാര്യമായ ഹദീഥും നമുക്ക് കാണാന്‍ കഴിയില്ല. ഇതിന് തെളിവായി ഇവര്‍ മൗലിദ് കിതാബുകളില്‍ കൊടുക്കുന്നത് ഈ റിപ്പോര്‍ട്ടാണ്:

ആഇശ(റ) നേരം പുലരുന്നതിന് മുമ്പുള്ള സമയത്ത് (നമ്മള്‍ അത്താഴം കഴിക്കുന്ന സമയം) വസ്ത്രം തുന്നുകയായിരുന്നു. അങ്ങനെ സൂചി കാണാതാവുകയും വിളക്ക് അണയുകയും ചെയ്തു. ആ സമയം നബി(സ്വ) അങ്ങോട്ട് പ്രവേശിക്കുകയും വീട്ടില്‍ പ്രകാശമുണ്ടാവുകയും ചെയ്തു. നബിയുടെ പ്രകാശം കൊണ്ട് ആഇശ(റ) സൂചി കാണുകയും ചെയ്തു. അപ്പോള്‍ അവര്‍ ചിരിച്ചു. പിന്നീട് നബി(സ്വ) പറഞ്ഞു: ‘ക്വിയാമത്ത് നാളില്‍ എന്നെ കാണാത്തവനു നാശം.’ ആഇശ(റ) ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ആരാണ് അങ്ങയെ കാണാത്തവന്‍?’ നബി(സ്വ) പറഞ്ഞു: ‘പിശുക്കന്‍!’ ആഇശ(റ) ചോദിച്ചു: ‘ആരാണ് പിശുക്കന്‍?’ നബി(സ്വ) പറഞ്ഞു: ‘എന്റെ പേര് കേട്ടാല്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് (പിശുക്കന്‍).’

ഹസ്സാന്‍(റ) പറയുന്നതായി ഇങ്ങനെയും പ്രചരിപ്പിക്കുന്നു: ”ഞാന്‍ നബി(സ്വ)യുടെ പ്രകാശത്തിലേക്ക് നോക്കിയപ്പോള്‍ എന്റെ കാഴ്ച നഷ്ടപ്പെടുമോയെന്ന് പേടിച്ച് ഇരു കണ്ണുകളിലും ഞാനെന്റെ കൈ വെച്ചു.”

നബി(സ്വ)ക്ക് നിഴലില്ലെന്ന് പറയാനുള്ള മറ്റൊരു കാരണമായി ഇവര്‍ പറയുന്നത് ‘അവിശ്വാസികള്‍ നബിയുടെ നിഴലില്‍ ചവിട്ടാതിരിക്കാനാണ്; അത് നബി(സ്വ)ക്ക് നിന്ദ്യത വരുത്തുന്നതാണ്’ എന്നാണ്!

നബി(സ്വ)യുടെ മുഖത്തിന്റെ പ്രസന്നതയും അവിടുത്തെ സൗന്ദര്യവും അതുല്യമാണെന്നതില്‍ സംശയമില്ല. അതിനര്‍ഥം അവിടുത്തെ പ്രകൃതം തന്നെ പ്രകാശമാണ് എന്നല്ല. അതിന് പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ്. ഈ റിപ്പോര്‍ട്ടുകളൊന്നും തന്നെ സ്വീകാര്യവുമല്ല. എന്നാല്‍ സ്വീകാര്യമായ പരമ്പരയില്‍ വന്നിട്ടുള്ളത് നബി(സ്വ)ക്ക് നിഴലുണ്ട് എന്നാണ്. ഇനി അവിടുത്തെ നിഴലില്‍ അവിശ്വാസികള്‍ ചവിട്ടുമെന്നതാണ് പ്രശ്‌നമെങ്കില്‍, നബി(സ്വ)യെ ശത്രുക്കള്‍ എന്തെല്ലാം ചെയ്തു?! ഒട്ടകത്തിന്റെ കുടല്‍മാലകള്‍ ചാര്‍ത്തി, ഉഹ്ദില്‍ പരിക്ക് പറ്റി, പല്ല് പൊട്ടി… ഇതെല്ലാം ഇതിനെക്കാളും ഗുരുതരമല്ലേ?

നബി(സ്വ)ക്ക് നിഴലില്ലായിരുന്നു എന്ന് വാദിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ഇപ്പോള്‍ വിപരീത ശബ്ദങ്ങളും കേട്ടു തുടങ്ങിയിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ചില ഘട്ടങ്ങളില്‍ നിഴലുണ്ടായിരുന്നു എന്നതാണ് ഇപ്പോഴത്തെ നിലപാട് മാറ്റം. ഈ നിലപാട് മാറ്റത്തെക്വുഫ്‌റിലേക്കുള്ള ചുവടുവെപ്പായി പോലും അവരില്‍ വേറൊരു വിഭാഗം വിശേഷിപ്പിക്കുന്നുണ്ട്. പ്രമാണപിന്തുണയില്ലാത്ത ഈ ‘നിഴലില്ലാ വാദം’ വിവാദമായി ഇപ്പോഴും കത്തിപ്പടരുകയാണെന്ന് ചുരുക്കം.

നബി(സ്വ)ക്ക് എക്കിളും കോട്ടുവായും ഇല്ലായിരുന്നു, അവിടുത്തെ വിസര്‍ജ്യം അശുദ്ധമല്ലായിരുന്നു, അതിന് പോരിശയുണ്ട് എന്നും ഇവര്‍ വിശ്വസിക്കുന്നു. സറന്ദീബ് മൗലിദില്‍ പറയുന്നു: ‘ഒരു സ്വഹാബി നബി(സ്വ)യുടെ വിസര്‍ജ്യം അന്വേഷിച്ച് കുറെ കാലം നടന്നതിന് ശേഷം ലഭിക്കുകയും അത് കഴിക്കുകയും ചെയ്തു. നബി(സ്വ)യുടെ അടുക്കല്‍ വാര്‍ത്തയെത്തി. അപ്പോള്‍ പ്രവാചകന്‍(സ്വ) ഇപ്രകാരം പറഞ്ഞു: ആരുടെയങ്കിലും വയറ് എന്റെ വയറുമായി കൂടിക്കലര്‍ന്നാല്‍ അല്ലാഹു അവനെ നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു.’

ഒരു അടിസ്ഥാനവുമില്ലാത്ത കള്ളക്കഥയാണിത്. ഇത്തരം വ്യാജ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിശ്വാസ രൂപീകരണം പാടില്ല. വ്യക്തമായ പ്രമാണങ്ങളില്‍ വന്ന കാര്യം നിഷേധിക്കുവാനും പാടില്ല. നബി(സ്വ)യെ മഹത്ത്വപ്പെടുത്താനായി രചിച്ച വരികളിലൂടെ അദ്ദേഹത്തെ നിന്ദിക്കുന്നത് കാണുക:

നബിക്കുള്ള കാഷ്ടം താഹിറാണേ മൂത്രവും

അതുപോലെ തന്നെന്നാ ഹബീബീ രക്തവും

നബിക്കുള്ള കാഷ്ടം ഭൂമിയും വിഴുങ്ങുന്നതാ

അതില്‍ നിന്ന് രീഹുന്‍ തയ്യിബത്തടിക്കുന്നതാ

ഇതെല്ലാം പ്രമാണവിരുദ്ധമാണ്. നബി(സ്വ) മലമൂത്ര വിസര്‍ജനത്തിന് വേണ്ടി പോകുമ്പോള്‍ അനസ്(റ) ശുദ്ധിയാക്കാനായി വെള്ളവുമായി പോകാറുണ്ടായിരുന്നു. ഇത് ഹദീഥില്‍ സ്ഥിരപ്പെട്ടതാണല്ലോ. അഥവാ നബി(സ്വ)യും സ്വഹാബത്തും മനസ്സിലാക്കിയത് അവിടുത്തെ വിസര്‍ജ്യം അശുദ്ധമാണെന്നാണ്. അതുകൊണ്ടല്ലേ നബി(സ്വ) മലമൂത്ര വിസര്‍ജനത്തിന് ശേഷം ശുദ്ധിയാക്കിയത്. ഇതെല്ലാം നബിയെക്കുറിച്ചുള്ള അമിത പ്രശംസയാണ്. നബി(സ്വ)യെ അമിതമായി പ്രശംസിക്കുന്നതിനെ അവിടുന്ന് തന്നെ വിരോധിച്ചിട്ടുണ്ട്. പ്രവാചകന്‍(സ്വ) പറഞ്ഞു:

‘ഇബ്‌നു മര്‍യമിനെ നസ്വാറാക്കള്‍ അമിതമായി പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ അമിതമായി പുകഴ്ത്തരുത്. നിശ്ചയമായും ഞാന്‍ അവന്റെ (അല്ലാഹുവിന്റെ) അടിമയാകുന്നു. അതിനാല്‍ അല്ലാഹുവിന്റെ അടിമയെന്നും അവന്റെ ദൂതനെന്നും നിങ്ങള്‍ പറയുക” (ബുഖാരി).

ചിലര്‍ ഈ ഹദീഥിനെ ദുര്‍വ്യാഖ്യാനിച്ച് നബിയെക്കുറിച്ചുള്ള അമിതമായ പുകഴ്ത്തലിനെ ന്യായീകരിച്ച് പറയുന്നത്, ക്രിസ്ത്യാനികള്‍ ഈസാ(അ)നെ ദൈവമെന്നും ദൈവപുത്രനെന്നുമൊക്കെ പറഞ്ഞ് അമിതപ്രശംസ നടത്തിയത് പോലെ നബി(സ്വ)യെക്കുറിച്ചും ദൈവപുത്രനെന്നോ ദൈവമെന്നോ ഒക്കെ പ്രശംസിച്ച് പറയരുതെന്ന് മാത്രമാണ് ഉദ്ദേശം എന്നാണ്. എന്നാല്‍ അതല്ല വസ്തുത.

അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത ഒരു പ്രത്യേകതയും നബി(സ്വ)ക്ക് നല്‍കിക്കൂടാ. അതിന് പ്രവാചകന്‍ നമുക്ക് അനുവാദവും തന്നിട്ടില്ല; വിരോധിക്കുകയാണ് ചെയ്തത്. സ്വഹീഹുല്‍ ബുഖാരിയില്‍ ഇങ്ങനെ കാണാം: ”ഒരിക്കല്‍ ഒരു കല്യാണസദസ്സിലേക്ക് ചെല്ലുമ്പോള്‍ നബി(സ്വ)യെ കണ്ട കുട്ടികള്‍ അവിടുത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘നാളത്തെ കാര്യങ്ങളറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങളിലുണ്ട്.’ ഇത് കേട്ടയുടനെ നബി(സ്വ) അത് നിറുത്താന്‍ വേണ്ടി പറഞ്ഞു…”

ഇവിടെ നബി(സ്വ) ഉള്‍പെടെ ഒരു സൃഷ്ടിക്കും നല്‍കാന്‍ പാടില്ലാത്ത ഒരു വിശേഷണം നബി(സ്വ)ക്ക് കുട്ടികള്‍ നല്‍കി. ഉടനെ നബി(സ്വ) അത് വിരോധിക്കുകയും ചെയ്തു. എന്നാല്‍ നബി(സ്വ)ക്ക് യാതൊരു പ്രത്യേകതയുമില്ലേ? നമ്മെ പോലെയുള്ള കേവലം സാധാരണ മനുഷ്യനാണോ അദ്ദേഹം?

നബി(സ്വ)ക്ക് ധാരാളം പ്രത്യേകതകളുണ്ട്. ഇത് സംബന്ധിച്ച് ശൈഖ് നാസ്വിറുദ്ധീന്‍ അല്‍ബാനിയുടെ വിവരണത്തില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

”നബി(സ്വ)യുടെ പ്രത്യേകത എന്ന നിലക്ക് ജിബ്‌രീ ല്‍(അ)നെ കാണുക, ജിബ്‌രീല്‍(അ)ന്റെ സംസാരം കേള്‍ക്കുക എന്നിത്യാദി കാര്യങ്ങള്‍ നബി(സ്വ)യില്‍ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ ജീബ്‌രീല്‍(അ)നെ കാണുകയോ ജിബ്‌രീല്‍(അ)ന്റെ സംസാരം കേള്‍ക്കുകയോ ചെയ്തിട്ടില്ല. ബുഖാരിയിലും അതല്ലാത്തതിലും സ്ഥിരപ്പെട്ടതാണ് ഇക്കാര്യം. നബി(സ്വ) ഒരിക്കല്‍ ആഇശ(റ)യോട് പറഞ്ഞു: ‘ജിബ്‌രീല്‍ നിനക്ക് സലാം പറഞ്ഞിട്ടുണ്ട്.’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അദ്ദേഹത്തിനും സലാം.’ നമ്മള്‍ കാണാത്തത് നബി(സ്വ) കാണും. നബി(സ്വ)യുടെ ഈ പ്രത്യേകതകള്‍ സ്വഹീഹായ തെളിവുകൊണ്ട് സ്ഥിരപ്പെട്ടതാണ്. ദുര്‍ബലമായ തെളിവുകൊണ്ടോ ക്വിയാസ് കൊണ്ടോ ദേഹേച്ഛകള്‍ കൊണ്ടോ ഇത് (നബിയുടെ പ്രത്യകതകള്‍) സ്ഥിരപ്പെടുകയില്ല. ഈ വിഷയത്തില്‍ രണ്ട് വിഭാഗം ആളുകളാണുള്ളത്. ഒരു വിഭാഗം സ്വഹീഹായ പരമ്പരയോടെ സ്ഥിരപ്പെട്ട അവിടുത്തെ ധാരാളം പ്രത്യേകതകളെ അതൊന്നും മുതവാതിറല്ലെന്നു വാദിച്ചുകൊണ്ടും തന്റെ ബുദ്ധിക്ക് യോജിക്കുന്നതല്ലെന്നും പറഞ്ഞു നിഷേധിക്കുന്നവരാണ്. മറുവിഭാഗം, നബിയാണ് ആദ്യ സൃഷ്ടിയെന്നും ഭൂമിയില്‍ അദ്ദേഹത്തിന് നിഴലില്ലെന്നും മണലില്‍ നടന്നാല്‍ കാല്‍പാദത്തിന്റെ അടയാളമുണ്ടാകില്ലെന്നും വല്ല പാറയിലും ചവിട്ടിയാല്‍ അതവിടെ അടയാളമാക്കപ്പെടുമെന്നുമുള്ള പല നിരര്‍ഥകമായ, സ്ഥിരപ്പെടാത്ത പലതും നബി(സ്വ)ക്ക് സ്ഥാപിക്കുന്നവരാണ്. ഇതില്‍ മധ്യമമായ വാക്ക് (താഴെ പറയും പ്രകാരം) പറയപ്പെടലാണ്.

ക്വുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് തുടങ്ങിയ തെളിവുകളിലുള്ളത് നബി(സ്വ) ഒരു മനുഷ്യനാണെന്നാണ്. അതിനാല്‍ ക്വുര്‍ആനിലും സുന്നത്തിലും തെളിവില്ലാതെ ഒരു പ്രത്യേകതയും ഒരു വിശേഷണവും അവിടുത്തേക്ക് നല്‍കപ്പെടല്‍ അനുവദനീയമല്ല. അത് സ്ഥിരപ്പെട്ടാല്‍ അംഗീകരിക്കല്‍ നിര്‍ബന്ധമാണ്. അതിന് ഏതെങ്കിലും തത്ത്വശാസ്ത്രം കൊണ്ട് മറുപടി പറയലും അനുവദനീയമല്ല, അത് ശാസ്ത്രം കൊണ്ടായിരുന്നാലും ബുദ്ധികൊണ്ടായിരുന്നാലും ശരി. സങ്കടമുള്ളത്, അവര്‍ അതില്‍ (പ്രമാണങ്ങളില്‍) നിന്ന് ഇഷ്ടമുള്ളത് സ്വീകരിക്കുകയും ഇഷ്ടമുള്ളത് ഒഴിവാക്കുകയും ചെയ്യുന്നു എന്നതിലാണ്. ഇവരില്‍ ചിലര്‍ അറിവുള്ളവരാണെന്നതിലേക്ക് ചേര്‍ത്തപ്പെടുന്നവരാണ് (എന്നതും സങ്കടമുള്ളതാകുന്നു). അവരില്‍ ചിലര്‍ ശറഇയ്യായ വലിയ ഡിഗ്രി നേടിയവരുമാകുന്നു! തീര്‍ച്ചയായും നാം അല്ലാഹുവിനുള്ളവരാകുന്നു. തീര്‍ച്ചയായും അവനിലേക്കാകുന്നു നമ്മുടെ മടക്കവും (ഇതൊരു വലിയ മുസ്വീബത്ത് ആണെന്നാണ് സൂചിപ്പിക്കുന്നത്). ഈ അതിരുകവിഞ്ഞിട്ടുള്ള നിരര്‍ഥക(വിശ്വാസക്കാ)രായ രണ്ട് കക്ഷികളുടെയും കെടുതിയില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ നമുക്ക് അല്ലാഹുവിനോട് തേടാം” (സില്‍സിലത്തുസ്സ്വഹീഹഃ).

പ്രവാചകന്മാരുടെ പ്രകൃതവും സ്വഭാവവുമെല്ലാം പൂര്‍ണവും വൈകല്യമുക്തവുമാണ്. ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റ) ഫത്ഹുല്‍ ബാരിയില്‍ ഇപ്രകാരം പറയുന്നത് കാണാം:

തീര്‍ച്ചയായും പ്രവാചകന്മാര്‍ അവരുടെ സൃഷ്ടിപ്പിലും സ്വഭാവത്തിലും അങ്ങേയറ്റത്തെ പരിപൂര്‍ണതയിലാകുന്നു. ആരെങ്കിലും ഒരു നബിയെ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ (ഇന്നത്) ന്യൂനതയാണെന്ന് (അദ്ദേഹത്തിലേക്ക്) ചേര്‍ത്തിപ്പറഞ്ഞാല്‍ തീര്‍ച്ചയായും അവന്‍ ആ നബിയെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. (അതിനാല്‍) ഇങ്ങനെ ചെയ്യുന്നവന്റെ മേല്‍ കുഫ്‌റ് ഭയപ്പെടണം” (ഫത്ഹുല്‍ ബാരി).

പ്രവാചകന്മാരെ മോശക്കാരാക്കുവാനോ അവരുടെ സ്വഭാവമഹിമയെ ചോദ്യം ചെയ്യുവാനോ പാടില്ല. അതിനെതിരില്‍ അല്ലാഹു നമുക്ക് താക്കീത് നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ ശല്യപ്പെടുത്തിയവരെ പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉല്‍കൃഷ്ടനാവുകയും ചെയ്തിരിക്കുന്നു”(33:69).

മൂസാ(അ)യെയും കൂടെയുള്ള വിശ്വാസികളെയും ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനെയും കൂടെയുള്ളവരെയും കടലില്‍ മുക്കി നശിപ്പിക്കുകയും ചെയ്തല്ലോ. പിന്നീട് മൂസാ(അ)ന്റെ കൂടെയുള്ള വിശ്വാസികളാണ് അദ്ദേഹത്തെ പല രൂപത്തിലും പ്രയാസപ്പെടുത്തിയത്. മേല്‍ കൊടുത്ത ക്വുര്‍ആന്‍ സൂക്തത്തില്‍ ബനൂഇസ്‌റാഈല്യര്‍ മൂസാ(അ)യെ എങ്ങനെയാണ് ശല്യപ്പെടുത്തിയതെന്നോ അല്ലാഹു എങ്ങനെയാണ് അവരുടെ ശല്യപ്പെടുത്തലില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കിയതെന്നോ അല്ലാഹു പറഞ്ഞിട്ടില്ല. ക്വുര്‍ആനിന്റെ ആധികാരിക വിശദീകരണം മുഹമ്മദ് നബി(സ്വ)യുടെതാണെന്നതില്‍ ഒരാള്‍ക്കും സംശയമില്ല. നബി(സ്വ) ഇക്കാര്യം വിവരിച്ചുതന്നിട്ടുണ്ട്. ഇമാം ബുഖാരി(റഹി)യും ഇമാം മുസ്‌ലിമും(റഹി) അവരുടെ സ്വഹീഹില്‍ അത് രേഖപ്പെടുത്തിയതായി കാണാം:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ”ഇസ്‌റാഈല്‍ സന്തതികള്‍ പരസ്പരം നഗ്നത നോക്കിക്കൊണ്ടായിരുന്നു കുളിക്കാറുള്ളത്. അവരില്‍ ചിലര്‍ മറ്റു ചിലരുടെ നഗ്നതയിലേക്കു നോക്കുകയും ചെയ്യും. എന്നാല്‍ മൂസാ(അ) ഒറ്റക്കാണ് കുളിച്ചിരുന്നത്. അതു കാരണം അവര്‍ പറഞ്ഞു അല്ലാഹുവാണ! മൂസാക്ക് മണിവീക്കം (ഒരുതരം ലൈംഗിക രോഗം) ഉള്ളതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തത്. അങ്ങനെ ഒരു പ്രാവശ്യം മൂസാ നബി(അ) കുളിക്കാന്‍ പോവുകയും വസ്ത്രം (അഴിച്ച്) ഒരു കല്ലിന്മേല്‍ വെക്കുകയും ചെയ്തു. ഉടനെ ആ കല്ല് വസ്ത്രവും കൊണ്ട് ഓടി. ഉടനെ മൂസാ(അ)യും കല്ലേ, എന്റെ വസ്ത്രം… എന്റെ വസ്ത്രം എന്നു പറഞ്ഞു അതിന്റെ പിറകേ ധൃതിയില്‍ ഓടി. തന്നിമിത്തം ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അദ്ദേഹത്തിന്റെ നഗ്നത കാണാന്‍ സാധിക്കുകയും അല്ലാഹുവാണ, മൂസാക്ക് യാതൊരു തരക്കേടും ഇല്ല. എന്നവര്‍ പറയുകയും ചെയ്തു. അങ്ങനെ എല്ലാവര്‍ക്കും കാണത്തക്കവിധം കല്ല് നില്‍ക്കുകയും അദ്ദേഹം തന്റെ വസ്ത്രം എടുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ആ കല്ലിനെ അടിക്കാന്‍ തുടങ്ങി. അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹുവാണ സത്യം! മൂസാ(അ) ആ കല്ലില്‍ അടിച്ചതു നിമിത്തം അതില്‍ ആറോ ഏഴോ അടയാളങ്ങളുണ്ടായി” (മുസ്‌ലിം). (ഈ ഹദീഥിനെ പരിഹസിക്കുന്നവരും നിഷേധിക്കുന്നവുരും ഉണ്ട്. ഇതില്‍ അവിശ്വസനീയമായി യാതൊന്നുമില്ല. അദ്ദേഹത്തിന്റെ പേരില്‍ ജനങ്ങള്‍ ന്യൂനത ആരോപിച്ചപ്പോള്‍ അദ്ദേഹം അതില്‍ നിന്ന് മുക്തനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അല്ലാഹു സ്വീകരിച്ച ഒരു നടപടി മാത്രമാണിത്. മുമ്പ് അദ്ദേഹം സാഹിറാണെന്ന് പറഞ്ഞപ്പോള്‍ മുഅ്ജിസത്തിലൂടെ അല്ലാഹു അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തിയില്ലേ?).

അല്ലാഹുവിന്റെ ഗുണങ്ങള്‍ പ്രവാചകന്മാരില്‍ ആരോപിച്ച് അപകടകരമായ വിശ്വാസം വെച്ചുപുലര്‍ത്തുന്ന ചില വിഭാഗങ്ങളുണ്ട്. ഈസാ(അ)യെ കുറിച്ച് ദൈവമെന്നും ദൈവപുത്രനെന്നും ത്രിയേകത്വത്തില്‍ (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) ഒന്നാണെന്നും വിശ്വസിക്കുന്ന ക്രൈസ്തവര്‍ അതില്‍ പെടും. ക്വുര്‍ആന്‍ അവരുടെ വാദത്തെക്കുറിച്ച് പറഞ്ഞുതരുന്നതും അതിനവര്‍ക്ക് താക്കീത് നല്‍കുന്നതും കാണുക:

”മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു…” (5:72).

”അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു”(5:73).

”പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. (അപ്രകാരം പറയുന്നവരേ) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു” (19:88,89).

നബിമാര്‍ ആരും തന്നെ തങ്ങളെ ആരാധിക്കണമെന്നോ അല്ലാഹുവിന്റെ ഏതെങ്കിലും സവിശേഷതകള്‍ ഞങ്ങള്‍ക്കുണ്ടെന്നോ അവകാശപ്പെട്ടവരല്ല. ഈസാനബി(അ) തന്നെ ഉയര്‍ത്തഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹുവിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുന്നത് ക്വുര്‍ആന്‍ വിവരിക്കുന്നത് ശ്രദ്ധേയമാണ്:

”അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക). മര്‍യമിന്റെ മകനായ ഈസാ, അല്ലാഹുവിനു പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവീന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ. ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിരിക്കുമല്ലോ. എന്റെ സ്വന്തത്തിലുള്ളത് നീയറിയും. നിന്റെ സ്വന്തത്തിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമെ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണമായി എടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു” (5:116,117).

മുഹമ്മദ് നബി(സ്വ) തന്നെ അനര്‍ഹമായി പുകഴ്ത്തുന്നത് വിരോധിച്ചത് നാം മനസ്സിലാക്കി. എന്നിട്ടും അല്ലാഹുവിന്റെ വിശേഷണങ്ങള്‍ പലതും നബി(സ്വ)ക്ക് നല്‍കുന്നവരുണ്ട്. നബി(സ്വ) സര്‍വവും കാണുമെന്നും എല്ലായിടത്തും ഹാജറുണ്ടെന്നും വിശ്വസിച്ച് അദ്ദേഹത്തോട് തേടുന്നവരെയും കാണാം. ഇത്തരം അനിസ്‌ലാമിക വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്ന വിഭാഗക്കാരുടെ വാദം കാണുക: ”നമ്മെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് പ്രവാചകന്‍ (സ്വ)” (സുന്നത്ത് മാസിക)

എല്ലാം കാണുവാനും എല്ലാം അറിയുവാനും കഴിയുന്നവന്‍ അല്ലാഹു മാത്രമാണല്ലോ. ഈ വിശേഷണമാണ് ഇവര്‍ നബി(സ്വ)യിലേക്ക് ചേര്‍ത്തിപ്പറയുന്നത്. ഇതേ വിശേഷണം ശൈഖ് ജീലാനി(റഹി)യെ പോലുള്ള പലര്‍ക്കും ഇവര്‍ നല്‍കുന്നത് വിവിധ മൗലിദ് കിതാബുകളിലും കാണാം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

പ്രവാചകന്മാരും പരീക്ഷണങ്ങളും

പ്രവാചകന്മാരും പരീക്ഷണങ്ങളും

മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കുവാന്‍ സ്രഷ്ടാവ് നിയോഗിച്ച പ്രവാചകന്മാരഖിലവും വിവിധ രൂപത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതെല്ലാം അവരുടെ വിശ്വാസത്തിന് കരുത്ത് പകരുകയാണ് ചെയ്തിട്ടുള്ളത്. പ്രവാചകന്മാര്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ച് പ്രമാണബദ്ധമായ വിവരണം

പരീക്ഷണങ്ങള്‍ നേരിടാത്ത പ്രവാചകന്മാരില്ല. ശത്രുക്കളുടെ പീഡനങ്ങള്‍ സഹിച്ചവര്‍, കൂക്കുവിളിയും കല്ലേറും നേരിട്ടവര്‍, വീടും നാടും ഉപേക്ഷിക്കേണ്ടി വന്നവര്‍, ഉപരോധിക്കപ്പെട്ടവര്‍, സന്താനങ്ങളെ ലഭിക്കാന്‍ വാര്‍ധക്യം വരെ കാത്തുനിന്നവര്‍… ഇങ്ങനെ ധാരാളം പരീക്ഷണങ്ങളെ അഭിമുഖീകരിച്ചവരാണ് നബിമാര്‍. ഇതും അവര്‍ മനുഷ്യരാണെന്നതിന് ചിന്തിക്കുന്നവര്‍ക്ക് മതിയായ രേഖയാണ്. പ്രവാചകന്മാരില്‍ ചിലര്‍ക്ക് അനുഭവിക്കേണ്ടി വന്ന ചില പരീക്ഷണങ്ങളെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞുതരുന്നത് കാണുക:  

ജയില്‍ വാസം – യൂസുഫ്(അ)

ഒരു തെറ്റും ചെയ്യാതെ നിരപരാധിയായി ജയിലില്‍ അടക്കപ്പെട്ടു.”അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം (യൂസുഫ്) ജയിലില്‍ താമസിച്ചു”(12:42).

നാട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു- ഇബ്‌റാഹീം(അ)

താന്‍ സ്വീകരിച്ച വിശ്വാസം ജനങ്ങളോട് പറഞ്ഞതിനാല്‍ വീട്ടില്‍ നിന്നും നാടായ ഇറാക്വില്‍ നിന്നും പുറത്താക്കപ്പെട്ടു. ”അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന്‍ എനിക്ക് വഴി കാണിക്കുന്നതാണ്'(37:99). മക്കയില്‍ നിന്ന് നബി(സ്വ) മദീനയിലേക്ക് നാട് വിട്ടതും നമുക്ക് സുപരിചിതമാണല്ലോ.

പല പ്രവാചകന്മാരും വധിക്കപ്പെട്ടു

”എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും ചില ദൂതന്മാരെ നിങ്ങള്‍ തള്ളിക്കളയുകയും മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ” (2:87).

രോഗം ബാധിച്ചവര്‍

അയ്യൂബ് നബി(അ)ന് രോഗം ബാധിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക: ”അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്”(21:84,85). 

നബി(സ്വ) എത്ര പരീക്ഷിക്കപ്പെട്ടു. ഉഹ്ദില്‍ ശത്രുവിന്റെ അമ്പ് തറച്ചപ്പോള്‍ രക്തം ഒഴുകി, ശത്രുക്കളുടെ ചതിക്കുഴിയില്‍ വീണു. ദാരിദ്ര്യത്താല്‍ വിശപ്പടക്കാന്‍ കാരക്കയും പച്ചവെള്ളവും മാത്രം കഴിക്കേണ്ടി വന്നു. ശക്തമായ രോഗങ്ങള്‍ക്ക് വിധേയനായി. നബി(സ്വ)ക്ക് ബാധിച്ച പനിയുടെ കാഠിന്യം ഹദീഥില്‍ ഇപ്രകാരം കാണാം:

”നബി(സ്വ)ക്ക് പനി ബാധിച്ച് ക്ഷീണിച്ചിരിക്കെ അബൂ സഈദുല്‍ ഖുദ്‌രിയ്യ്(റ) നബി(സ്വ)യുടെ അടുക്കല്‍ പ്രവേശിച്ചു. അങ്ങനെ അദ്ദേഹം തന്റെ കൈ റസൂല്‍(സ്വ)യുടെ മേല്‍ വെച്ചു. അപ്പോള്‍ നബിയുടെ പുതപ്പിന്റെ മുകളില്‍ വരെ ചൂട് അദ്ദേഹത്തിന് അനുഭവപ്പെട്ടു. അന്നേരം അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങേക്ക് എന്തൊരു കഠിനമാണ്(പനി).’ നബി(സ്വ) പറഞ്ഞു: ‘ഞങ്ങള്‍ (നബിമാര്‍) അപ്രകാരമാണ്. ഞങ്ങള്‍ക്ക് പരീക്ഷണം ഇരട്ടിയാകും. പ്രതിഫലവും ഞങ്ങള്‍ക്ക് ഇരട്ടിയാകും’ (ഇബ്‌നുമാജ). നബിമാരായതുകൊണ്ട് പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവാകുമെന്നല്ല; അവര്‍ക്ക് കടുത്ത പരീക്ഷണം നേരിടേണ്ടിവരുമന്നാണ് ഇതിലൂടെ നബി(സ്വ) പഠിപ്പിക്കുന്നത്. 

സഅദ്ബ്‌നു അബീവക്വാസ്വ്(റ)വില്‍ നിന്ന്. അദ്ദേഹം പറഞ്ഞു: ”മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ് എന്ന് നബി(സ്വ) ചോദിക്കപ്പെട്ടു. നബി(സ്വ) പറഞ്ഞു: ‘പ്രവാചകന്മാര്‍. പിന്നെ അവരെപോലെയുള്ളവര്‍, അവരെപോലെയുള്ളവര്‍. ഓരോരുത്തരും അവരുടെ മതത്തിന്റെ കണക്കനുസിച്ച് പരീക്ഷിക്കപ്പെടും. ഒരാള്‍ മതത്തില്‍ നല്ല ഉറപ്പിലാണെങ്കില്‍ അവന്റെ (പരീക്ഷണത്തിന്റെ) ശക്തിയും അധികരിക്കപ്പെടും. അവന്‍ മതത്തില്‍ നേരിയതോതിലാണെങ്കില്‍ അവന് (പരീക്ഷണത്തിന്റെ) ശക്തിയും ലഘൂകരിക്കപ്പെടും. ഒരു ദാസന് ഭൂമിയില്‍ നടക്കുമ്പോള്‍ അവനില്‍ പാപങ്ങളൊന്നും ഇല്ലാത്തവിധം പരീക്ഷണം ഉണ്ടായിക്കൊണ്ടേയിരിക്കും” (തുര്‍മുദി) 

നബിമാര്‍ തികഞ്ഞ മനുഷ്യര്‍ തന്നെയായിരുന്നു. അവര്‍ ഭക്ഷണം കഴിക്കുന്നവരായിരുന്നു. അതിനുവേണ്ടി അവര്‍ അധ്വാനിച്ചിരുന്നു. മുഹമ്മദ് നബി(സ്വ) യുവാവായിരുന്നപ്പോള്‍ സത്യസന്ധനായ കച്ചവടക്കാരനായിരുന്നല്ലോ. അതുപോലെ  നബി(സ്വ) ആടിനെ മേയ്ക്കുകയും ചെയ്തിരുന്നു.

അവര്‍ നബി(സ്വ)യോട് ചോദിച്ചു: ‘താങ്കള്‍ ആടുമേയ്ക്കുകയോ?’  നബി(സ്വ) ചോദിച്ചു: ‘ആടുകളെ മേയ്ക്കുന്നവരായിട്ടില്ലാത്ത വല്ല നബിയുമുണ്ടോ?’ (ബുഖാരി, മുസ്‌ലിം). 

ഈ ഹദീഥില്‍ നിന്ന് എല്ലാ നബിമാരും ആടുമേയ്ച്ചിരുന്നു എന്ന് മനസ്സിലാക്കാം. മൂസാ(അ) വര്‍ഷങ്ങളോളം ആടുമേയ്ച്ചിരുന്നു. മദ്‌യനില്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന  ഒരു വൃദ്ധന്റെ മകളെ വിവാഹം ചെയ്യാന്‍ അന്ന് അദ്ദേഹത്തിന് മഹ്‌റായി കരാര്‍ ചെയ്തത് ആടിനെ മേയ്ക്കാനായിരുന്നു. 

മൂസാ(അ)യോട് കയ്യിലുള്ള വടിയെക്കുറിച്ച് അല്ലാഹു ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു: ”…അതുകൊണ്ട് എന്റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു…”(20:18). 

‘പ്രവാചകന്മാര്‍ ആടുകളെ മേയ്ക്കുന്നവരായതിലുള്ള ഹിക്മത്തായി ഇമാമുകള്‍ പറയുന്നത;് അവര്‍ക്ക് വിനയം ഉണ്ടാകാനും അവരുടെ ഹൃദയത്തിന് ഏകാന്തത ലഭിക്കാനും ആളുകളെ നയിക്കുന്നതിന്നു പ്രാപ്തിയുണ്ടാകുവാനും വേണ്ടിയാണ്’ എന്ന് എല്ലാ പ്രവാചകന്മാരെയും ആടുമേയ്ക്കുന്നവരാക്കിയതിലുള്ള യുക്തി വിവരിക്കവെ ഇബ്‌നു ഹജര്‍(റഹി) ഫത്ഹുല്‍ബാരിയില്‍ പറയുന്നത് കാണാം. 

യുദ്ധരംഗത്ത് ശത്രുവില്‍ നിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാനായി പടയങ്കിയുണ്ടാക്കിയിരുന്ന നബിയാണ് ദാവൂദ്(അ). ”നിങ്ങള്‍ നേരിടുന്ന യുദ്ധവിപത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുവാനായി നിങ്ങള്‍ക്കു വേണ്ടിയുള്ള പടയങ്കിയുടെ നിര്‍മാണവും അദ്ദേഹത്തെ നാം പഠിപ്പിച്ചു. എന്നിട്ട് നിങ്ങള്‍ നന്ദിയുള്ളവരാണോ?”(21:80). 

മരപ്പണിക്കാരനായി ജോലി ചെയ്തിരുന്നയാളായിരുന്നു സകരിയ്യാ നബി(അ) എന്ന് ഹദീഥില്‍ (മുസ്‌ലിം) കാണാം. ഇങ്ങനെ അധ്വാനിച്ച് ജീവിതമാര്‍ഗം കണ്ടെത്തിയവരായിരുന്നു പ്രവാചകന്മാരെങ്കില്‍, ഇത് നമ്മെ അറിയിക്കുന്നത് അവര്‍ നമ്മെ പോലെ വിശപ്പും ദാഹവും സന്തോഷവും സന്താപവും വേദനയും വികാരവും എല്ലാം ഉള്ളവരായിരുന്നു എന്നാണ്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

 

പ്രവാചകന്മാരെല്ലാം മനുഷ്യന്മാര്‍

പ്രവാചകന്മാരെല്ലാം മനുഷ്യന്മാര്‍

പ്രവാചകന്മാരെല്ലാം മനുഷ്യര്‍ തന്നെയായിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരെ തന്നെ പ്രവാചകന്മാരായി അല്ലാഹു തെരഞ്ഞടുത്തപ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാനും അംഗീകരിക്കാനും സാധിച്ചില്ല. അവര്‍ ചോദിച്ചത്; എങ്ങനെ ഒരു മനുഷ്യന്‍ പ്രവാചകനാകും, അവരും നമ്മെപ്പോലെയുള്ളവര്‍ തന്നയല്ലേ എന്നൊക്കെയാണ്. ക്വുര്‍ആന്‍ ശത്രുക്കളുടെ എതിര്‍പ്പുകളെ എടുത്തുദ്ധരിക്കുന്നത് കാണുക:

”നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളപ്പോള്‍ നഷ്ടക്കാര്‍ തന്നെയാകും”(23:34).

”അങ്ങനെ അവര്‍ പറഞ്ഞു: നമ്മളില്‍പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും”(54:24).

ഭക്ഷണം കഴിക്കുന്ന, ജനങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ഒരു മനുഷ്യന്‍ പ്രവാചകനാവുക എന്നത് ഒരു ന്യൂനതയായിട്ടാണവര്‍ മനസ്സിലാക്കിയത്. അതിന് പ്രവാചകന്മാര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

”അവരോട് അവരിലേക്കുള്ള ദൈവദൂതന്മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാര്‍ തന്നെയാണ്. എങ്കിലും അല്ലാഹു തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു”(14:11).

പ്രവാചകന്മാര്‍ ജനങ്ങള്‍ക്കിടയില്‍ അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു അത്ഭുത വ്യക്തിത്വമാകണമെന്നും അവര്‍ ധരിച്ചിരുന്നു. അതിന് പ്രവാചകന്മാര്‍ നല്‍കിയ മറുപടിയും ഞങ്ങള്‍ മനുഷ്യരാണ്; ഞങ്ങള്‍ക്ക് അല്ലാഹു ബോധനം നല്‍കുന്നതിനെ പിന്തുടരാനേ കഴിയൂ എന്നായിരുന്നു.

”അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേയില്ല. അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നതുവരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചതുപോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നതുവരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടംകൂട്ടമായി നീ കൊണ്ടുവരുന്നതുവരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീട് ഉണ്ടാകുന്നതുവരെ. അല്ലെങ്കില്‍ ആകാശത്തുകൂടി നീ കയറിപ്പോകുന്നതുവരെ. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കിക്കൊണ്ടു വരുന്നതുവരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ) പറയുക. എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു ദൂതനായ മനുഷ്യന്‍ മാത്രമല്ലേ” (17:90-93).

തിരുത്തേണ്ട ധാരണകള്‍

മുഹമ്മദ് നബി(സ്വ) സൃഷ്ടിക്കപ്പെട്ടത് പ്രകാശത്തില്‍ നിന്നാണെന്ന് ചെറുപ്പത്തിലേ ചൊല്ലിപ്പഠിക്കുന്നവരെയും പഠിപ്പിക്കുന്നവരെയും നമുക്ക് കാണാം. ഈ വിശ്വാസത്തിന് പ്രമാണങ്ങളുടെ പിന്തുണയില്ലെന്ന് മാത്രമല്ല. പ്രമാണം ഈ വിശ്വാസത്തിന് എതിരാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

നബി(സ്വ)യോട് തന്നെ പറയാന്‍ അല്ലാഹു കല്‍പിച്ചത് ഇങ്ങനെയാണ്.

”(നബിയേ,) പറയുക. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു”(18:110).

നബി(സ്വ) പറഞ്ഞു:”നിങ്ങളെല്ലാം ആദമില്‍നിന്നുള്ളതാണ്. ആദം മണ്ണില്‍ നിന്നുമാകുന്നു.” പ്രകാശത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവര്‍ മലക്കുകളാണെന്നും ജിന്നുകള്‍ തീജ്വാലയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു എന്നുമാണ് ക്വുര്‍ആനും ഹദീഥുകളും നമ്മെ പഠിപ്പിക്കുന്നത്. നബി(സ്വ) പ്രകാശത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണ്. നബി(സ്വ) അബ്ദുല്ല-ആമിന ദമ്പതികള്‍ക്ക് ജനിച്ചതാണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ലല്ലോ. പ്രവാചകന്മാര്‍ മനുഷ്യരാണെങ്കിലും അല്ലാഹു അവരെ ചെറുപ്പം മുതലേ പ്രത്യേക രീതിയില്‍ വളര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. ജാഹിലിയ്യഃ കാലത്തെ ഒരു ദുസ്സ്വഭാവവും നബിക്കുണ്ടായിരുന്നില്ലല്ലോ. ജാഹിലിയ്യഃ സ്വഭാവങ്ങളൊന്നും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.

അല്ലാഹു മനുഷ്യരിലേക്ക് മനുഷ്യരെത്തന്നെ ദൂതന്മാരായി അയച്ചപ്പോള്‍ ശത്രുക്കളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ക്വുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ എടുത്തുപറയുന്നുണ്ട്.

”ജനങ്ങള്‍ക്ക് സന്മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത് അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു” (17:94).

മനുഷ്യനെ ദൂതനായി നിയോഗിക്കുന്നത് അവര്‍ ന്യൂനതയായിട്ടാണ് കണ്ടത്. അവര്‍ ചോദിച്ചിരുന്നത് എന്ത് കൊണ്ട് അല്ലാഹുവിന് ഒരു മലക്കിനെ ഞങ്ങളിലേക്ക് ഇറക്കിക്കൂടാ എന്നായിരുന്നു. ചോദിക്കുന്നതെല്ലാം കാണിച്ചു തരുന്ന ഒരു അത്ഭുത മനുഷ്യനാണ് പ്രവാചകനാകേണ്ടത് എന്ന ധാരണയായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നതെന്നാണ് അവരുടെ വാദങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ശത്രുക്കള്‍ പ്രവാചകന്മാര്‍ക്കെതിരില്‍ പറഞ്ഞ ചില വാക്കുകള്‍ ശ്രദ്ധിക്കുക:

”നമ്മെ കണ്ടുമുട്ടാന്‍ ആശിക്കാത്തവര്‍ പറഞ്ഞു: നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം (നേരില്‍) കാണുകയോ ചെയ്യാത്തതെന്താണ്? തീര്‍ച്ചയായും അവര്‍ സ്വയം ഗര്‍വ് നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു”(25:21).

”അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ! ഇയാളുടെ കൂടെ താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല”(25:7).

എന്തുകൊണ്ടാണ് അല്ലാഹു മനുഷ്യരിലേക്ക് മനുഷ്യരെത്തന്നെ ദൂതന്മരായി അയച്ചത്? എന്തുകൊണ്ട് അല്ലാഹു മലക്കുളെ മനുഷ്യരിലേക്ക് ദൂതന്മാരായി അയച്ചില്ല? ഇത്തരം ചോദ്യങ്ങള്‍ അര്‍ഥശൂന്യമാണ്. കാരണം മലക്കുകളെ സാധാരണ അവസ്ഥയില്‍ നമുക്ക് കാണാന്‍ കഴിയില്ല. സൃഷ്ടികളില്‍ ശ്രേഷ്ഠനായ നബി(സ്വ) പോലും ജിബ്‌രീലിനെ സാക്ഷാല്‍ രൂപത്തില്‍ കണ്ടത് രണ്ട് തവണ മാത്രമാണ്. ആ രംഗം നബി(സ്വ) തന്നെ പറഞ്ഞിട്ടുണ്ട്. ചക്രവാളം മുഴുവന്‍ നിറയുമാറ് 600 ചിറകുള്ളതായാണ് കണ്ടത്. ജിബ്‌രീല്‍ വഹ്‌യുമായി വരുന്നത് തണുപ്പുള്ള സമയത്താണെങ്കില്‍ പോലും നബിയുടെ നെറ്റിയില്‍ നിന്ന് വിയര്‍പ്പ് വരുമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഒരിക്കല്‍ നബി(സ്വ) ഒരു സ്വഹാബിയുടെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ നബി(സ്വ)ക്ക് വഹ്‌യ് വന്നു. ആ സമയം നബിയുടെ കാല്‍ ആ സ്വഹാബിയുടെ കാലില്‍ കോര്‍ത്ത് വെച്ചായിരുന്നു ഇരുന്നിരുന്നത്. ആ സമയം എന്റെ കാലിന്റെ എല്ല് പൊട്ടുമോ എന്ന് ഞാന്‍ വിചാരിച്ചു എന്ന് ഈ സ്വഹാബി പറയുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ പ്രവാചകന്മാരല്ലാത്ത നമ്മെ പോലുള്ള സാധാരണക്കാര്‍ക്ക് എങ്ങനെ മലക്കുകളെ കാണുവാനും അവരുമായി ഇടപഴകുവാനും കഴിയും? എന്നാല്‍ മലക്കിനെ ദൂതനായി ആവശ്യപ്പെടുന്നവര്‍ മലക്കിനെ മരണ സമയത്ത് കാണുന്ന രംഗം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക.

”മലക്കുകളെ അവര്‍ കാണുന്ന ദിവസം (ശ്രദ്ധേയമാകുന്നു). അന്നേ ദിവസം കുറ്റവാളികള്‍ക്ക് യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക് കല്‍പിക്കപ്പെട്ടിരിക്കുകയാണ് എന്നായിരിക്കും അവര്‍(മലക്കുകള്‍) പറയുക”(25:22).

ഇനി മലക്കിനെ അല്ലാഹു ഒരു ദൂതനായി അയക്കുകയാണെങ്കില്‍ തന്നെ മനുഷ്യരൂപത്തിലാണ് അയക്കുക. എന്നാലല്ലേ മനുഷ്യന് കാണാനും കേള്‍ക്കാനും സ്വീകരിക്കാനും കഴിയൂ?! അപ്പോഴും ഈ ചോദിക്കുന്നവര്‍ക്ക് സംശയമേ ഉണ്ടാകൂ. അതും ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

”ഇനി നാം മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം മനുഷ്യരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്”(6:9).

അല്ലാഹു മനുഷ്യരെ തന്നെ മനുഷ്യരിലേക്ക് പ്രവാചകന്മാരായി നിശ്ചയിച്ചത് ഭൂമിയിലുള്ളത് മലക്കുകളല്ലാത്തത് കൊണ്ടാണ്. ക്വുര്‍ആന്‍ ഇത് വ്യക്തമാക്കുന്നത് കാണുക:

”…(നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്നു പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്തു നിന്നു ഒരു മലക്കിനെത്തന്നെ നാം ദൂതനായി ഇറക്കുമായിരുന്നു” (അല്‍ ഇസ്‌റാഅ് 94,95).

പ്രവാചകന്മാര്‍ മനുഷ്യരാണെന്ന് പറയുമ്പോള്‍ അവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് യാതൊരു വ്യത്യാസവും ഇല്ലെന്ന് ധരിക്കരുത്. മനുഷ്യരാണെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം അവര്‍ നമ്മെ പോലെ വിശപ്പും ദാഹവും ഉറക്കവും വികാരവും എല്ലാം ഉള്ളവരാണെന്നാണ്. ഇതിലേക്ക് തെളിവ് നല്‍കുന്ന വചനങ്ങള്‍ കാണുക.

”നിനക്കു മുമ്പ് പുരുഷന്മാരെ(ആളുകളെ)യല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ചു നോക്കുക. അവരെ പ്രവാചകന്മാരെ നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരിക്കുന്നതുമില്ല”(21:7,8).

”നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്”(13:38).

”നിനക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍. എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നവന്‍. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍” (26:79-81).

നബി(സ്വ)യെ കുറിച്ച് ഹദീഥില്‍ പറയുന്നത് കാണുക: ”നബി(സ്വ) ഒരു മനുഷ്യനായിരുന്നു. വസ്ത്രം വൃത്തിയാക്കും. ആടിനെ കറക്കും. സ്വന്തം കാര്യങ്ങള്‍ സ്വന്തമായി തന്നെ ചെയ്യുകയും ചെയ്യും”(അഹ്മദ്).

നബിമാര്‍ മനുഷ്യരാണെന്നാണ് ഈ വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. അവര്‍ മനുഷ്യരല്ലെന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ ഇത്രയും വ്യക്തമായ തെളിവുകളെ നിഷേധിക്കലാണത്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

 

പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനമരുത്

പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനമരുത്

റസൂലും നബിയും തമ്മിലുള്ള വ്യത്യാസം: ”നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്, അദ്ദേഹം ഓതിക്കേള്‍പിക്കുന്ന സമയത്ത് ആ ഓതിക്കേള്‍പിക്കുന്ന കാര്യത്തില്‍ പിശാച് (തന്റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല…” (22:52). ഈ സൂക്തത്തില്‍ ‘റസൂല്‍’, ‘നബി’ എന്നീ രണ്ടു പദങ്ങളും വന്നിരിക്കുന്നു. ഇതില്‍നിന്നു തന്നെ ‘നബി’ക്കും ‘റസൂലി’നും ഇടയില്‍ ചെറിയ മാറ്റങ്ങളുണ്ടെന്ന് മനസ്സിലാക്കാം. ചില നബിമാര്‍ നബിയും റസൂലും ആയിരുന്നെന്ന് ക്വുര്‍ആന്‍ പറയുന്നതായും കാണാം.

മൂസാ(അ): ”വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്‌കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു”(19:51).

ഇസ്മാഈല്‍ (അ): ”വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു”(19:54).

ഇദ്‌രീസ്(അ)നെ പരാമര്‍ശിക്കുമ്പോള്‍ നബിയായിരുന്നു എന്നേ ക്വുര്‍ആന്‍ പറയുന്നുള്ളൂ: ”വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു”(19:56).

നബിയും റസൂലും തമ്മിലുള്ള വ്യത്യാസം പണ്ഡിതന്മാര്‍ വിവിധ രൂപത്തില്‍ വിവരിക്കുന്നത് കാണാം. ശൈഖ് അല്‍ബാനി(റഹി) സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹയില്‍ അതെല്ലാം കൊടുത്തതിന് ശേഷം ഇപ്രകാരം പറയുന്നു: ”നിര്‍വചനത്തില്‍ ബാക്കിയാകുന്നത് (ഇതാണ്): മുമ്പ് കഴിഞ്ഞുപോയ ശരീഅത്തിനെ അംഗീകരിച്ചുകൊണ്ട് നിയോഗിക്കപ്പെടുന്ന ആളാണ് നബി. എന്നാല്‍ റസൂല്‍ എന്നത് ഒരു ശരീഅത്തുമായി നിയോഗിക്കപ്പെടുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന ആളാണ്. (ആ ശരീഅത്ത്) പുതിയതാണെങ്കിലും മുമ്പ് കഴിഞ്ഞുപോയതാണെങ്കിലും സമമാണ്.”

നബിയും റസൂലും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു എന്ന് തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. ശൈഖ് അല്‍ബാനി(റഹി)യുടെ വിശദീകരണം തെളിവുകളോട് യോജിക്കുന്നതായി മനസ്സിലാക്കാം.

എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കണം

അല്ലാഹുവിന്റെ മുഴുവന്‍ പ്രവാചകന്മാരിലും വിശ്വസിക്കാത്തവര്‍ വിശ്വാസിയല്ല. പ്രവാചകന്മാരില്‍ ചിലരെ പുകഴ്ത്തുകയും ചിലരെ ഇകഴ്ത്തുകയും ചെയ്യല്‍ പിഴച്ചുപോയവരുടെ സ്വഭാവമാണ്. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മുഴുവന്‍ പ്രവാചകന്മാരിലും വേര്‍തിരിവില്ലാതെ വിശ്വസിക്കുന്നവരാകുന്നു. അല്ലാഹു പറയുന്നു:

”തന്റെ രക്ഷിതാവിങ്കല്‍നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല (എന്നതാണവരുടെ നിലപാട്). അവര്‍ പറയുകയും ചെയ്തു:ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളോട് പൊറുക്കേണമേ, നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം”(2:285).

”അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുകയും, അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവരര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് അല്ലാഹു നല്‍കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(4:152).

നബിമാരില്‍ പലരെയും അസാന്മാര്‍ഗികളായി പരിചയപ്പെടുത്തുന്ന ഭാഗങ്ങള്‍ ബൈബിളില്‍ കാണാം. (ഇതിന് ഉദാഹരണങ്ങള്‍ വഴിയെ വരുന്നുണ്ട്). എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ അവരെ മാതൃകാപുരുഷന്മാരായാണ് പരിചയപ്പെടുത്തുന്നത്. അവരെ അവഹേളിക്കുന്നതോ നിസ്സാരന്മാരായി കാണുന്നതോ ഇസ്‌ലാം അംഗീകരിക്കുന്നില്ല.

ജൂത-ക്രൈസ്തവര്‍ ചില നബിമാരെ അംഗീകരിക്കുകയും മറ്റു ചിലരെ അവഗണിക്കുകയും ചെയ്തവരാണ്. എന്നാല്‍ അല്ലാഹു ഈ ലോകത്തേക്ക് അയച്ചിട്ടുള്ള മുഴുവന്‍ പ്രവാചകന്മാരെയും അംഗീകരിക്കുവാനും അവരെ ആദരിക്കുവാനുമാണ് ക്വുര്‍ആന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നത്. അല്ലാഹുവിന്റെ ദൂതന്മാരില്‍ ഒരാളെ വിശ്വസിക്കാതിരുന്നാല്‍ തന്നെ അത് മുഴുവന്‍ ദൂതന്മാരിലുമുള്ള അവിശ്വാസമാകും എന്നാണ് അല്ലാഹു പറയുന്നത്. ചില വചനങ്ങള്‍ കാണുക:

”നൂഹിന്റെ ജനത ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി”(26:105).

”ആദ് സമുദായം ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി”(26:123).

”ഥമൂദ് സമുദായം ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി”(26:141).

നൂഹ് നബി(അ)യുടെ ജനത നൂഹ് നബി(അ)യെയും ആദ് സമൂദായം ഹൂദ് നബി(അ)യെയും ഥമൂദ് സമുദായം സ്വാലിഹ് നബി(അ)യെയും നിഷേധിച്ചതായിട്ടേ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. പക്ഷേ, ക്വുര്‍ആന്‍ അവരെക്കുറിച്ച് പറഞ്ഞത് അവര്‍ മുര്‍സലുകളെ നിഷേധിച്ചു എന്നാണ്. അല്ലാഹുവിന്റെ ഒരു ദൂതനെ നിഷേധിച്ചാല്‍ മറ്റു നബിമാരെയും നിഷേധിച്ചതിന് തുല്യമാണെന്നര്‍ഥം. പ്രവാചകന്മാരെ നിഷേധിക്കുന്നവര്‍ അവിശ്വാസികളാണെന്നതിന് തെളിവ് നല്‍കുന്ന ഒരു വചനം കാണുക:

”അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും (വിശ്വാസ കാര്യത്തില്‍) അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാകുന്നു യഥാര്‍ഥത്തില്‍ സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്”(4:150,151).

പ്രവാചകന്മാര്‍ സൃഷ്ടികളില്‍ ശ്രേഷ്ഠര്‍, പ്രവാചകന്മാരില്‍ ശ്രേഷ്ഠര്‍ റസൂലുകള്‍

അല്ലാഹുവിന്റെ സൃഷ്ടികളില്‍ എന്ത് തീരുമാനിക്കണമെന്നതും എന്തിന് ശ്രേഷ്ഠത നല്‍കണം എന്നുമെല്ലാം തീരുമാനിക്കാനുള്ള അവകാശം അവനില്‍ മാത്രം നിക്ഷിപ്തമാണ്. കാരണം അവനാണല്ലോ സ്രഷ്ടാവ്. അല്ലാഹു പറയുന്നു.

”നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു”(28:68).

അല്ലാഹു ഭൂമിയില്‍ എല്ലാ സ്ഥലത്തെക്കാളും ശ്രേഷ്ഠത മക്ക, മദീന, തുടങ്ങിയ സ്ഥലങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അവയെ ആദരിക്കലും ബഹുമാനിക്കലും നമ്മുടെ മേല്‍ കടമയാക്കപ്പെട്ടതാണ്. ഹറമില്‍ വെച്ച് വേട്ടയാടുന്നതും അക്രമം ചെയ്യുന്നതും പാടില്ലല്ലോ.

”തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നും മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും- സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെവെച്ച് വല്ലവനും അന്യായമായി ധര്‍മവിരുദ്ധമായ വല്ലതും ചെയ്യാനുദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്”(22:25).

ദിവസങ്ങളില്‍ വെള്ളി, ദുല്‍ഹിജ്ജ 9 തുടങ്ങിയ ദിവസങ്ങള്‍ മറ്റു ദിനങ്ങളെക്കാളും, പള്ളികളില്‍ മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അക്വ്‌സ്വാ എന്നിവ മറ്റു പള്ളികളെക്കാളും, മാസങ്ങളില്‍ റമദാന്‍ മറ്റു മാസങ്ങളെക്കാളും, രാവുകളില്‍ ലൈലത്തുല്‍ ക്വദ്ര്‍ മറ്റു രാവുകളെക്കാളും ശ്രേഷ്ഠത നല്‍കപ്പെട്ടവയാണ്. മനുഷ്യരില്‍ സ്വിദ്ദീക്വ്, ശുഹദാഅ്, സ്വാലിഹുകള്‍ എന്നിവര്‍ക്ക് മഹത്തായ സ്ഥാനമുണ്ടെങ്കിലും പ്രവാചകന്മാര്‍ക്ക് ലഭിച്ചിട്ടുള്ള ശ്രഷ്ഠത അവരെക്കാള്‍ ഉയര്‍ന്നതാണ്.

”അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു”(6:86).

അല്ലാഹു ശ്രേഷ്ഠമാക്കിയവരെക്കാള്‍ മറ്റുള്ളവര്‍ക്ക് നാം ശ്രേഷ്ഠത നല്‍കാന്‍ പാടില്ല. പ്രവാചകന്മാരെക്കാള്‍ മറ്റുള്ളവര്‍ക്ക് ശ്രേഷ്ഠത നല്‍കുന്ന വഴിപിഴച്ച കക്ഷികളെ നമുക്ക് കാണാം. ശിയാക്കള്‍ ഈ പിഴച്ച വിഭാഗത്തില്‍ പെട്ടവരാണ്. അവര്‍ അവരുടെ ഇമാമുകളെ പ്രവാചകന്മാരെക്കാളും മലക്കുകളെക്കാളും മഹാന്മാരായി കാണുന്നവരാണ്. അല്ലാഹുവില്‍ ശരണം. ഖുമൈനി തന്റെ അല്‍ ഹുകൂമത്തുല്‍ ഇസ്‌ലാമിയ്യ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നത് കാണുക:

”നമ്മുടെ വീക്ഷണത്തില്‍ അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതില്‍ പെട്ടതാണ്, തീര്‍ച്ചയായും അയക്കപ്പെട്ട നബിയോ (അല്ലാഹുവിലേക്ക്) ഏറ്റവും അടുത്തവരായ മലക്കുകളോ ഇമാമുകളുടെ പദവിയിലേക്ക് എത്തിയിട്ടില്ല എന്നത്.”

മനുഷ്യരില്‍ പ്രവാചകരാണ് ഏറ്റവും വലിയ ശ്രേഷ്ഠര്‍ എന്ന് നാം മനസ്സിലാക്കി. പ്രവാചകന്മാര്‍ എല്ലാവരും ഒരേ പദവിയിലല്ലയെന്നതും ഇതോടൊപ്പം മനസ്സിലാക്കേണ്ട ഒന്നാണ്. ക്വുര്‍ആന്‍ തന്നെ ആ കാര്യം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ”തീര്‍ച്ചയായും പ്രവാചകന്മാരില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയുണ്ടായി”(17:55).

നബിയും റസൂലും പദവിയിലും ശ്രേഷ്ഠതയിലും തുല്യരല്ല. റസൂല്‍ നബിമാരെക്കാള്‍ ശ്രേഷ്ഠരാണ്. ഇതിലേക്ക് സൂചന നല്‍കുന്ന വചനം കാണുക: ”ആ ദൂതന്മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചവര്‍ അവരിലുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്കുയര്‍ത്തിയിട്ടുണ്ട്. മര്‍യമിന്റെ മകന്‍ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിന് നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടിണ്ട്”(2:253).

എല്ലാ റസൂലുകളും ഒരേ പദവിയിലുള്ളവരല്ല. ‘ഉലുല്‍ അസ്മ്'(ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍) എന്ന് അറിയപ്പെടുന്ന അഞ്ച് റസൂലുകള്‍ മറ്റു റസൂലുകളെക്കാള്‍ ശ്രേഷ്ഠരാണ്. അല്ലാഹു നബി(സ്വ)യോട് പറയുന്നത് കാണുക: ”ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍ ക്ഷമിച്ചതു പോലെ നീ ക്ഷമിക്കുക”(46:35). ഇവര്‍ക്ക് പ്രത്യേകതയുണ്ടെന്ന് ഈ വചനത്തില്‍ നിന്ന് നമുക്ക് ഗ്രഹിക്കാം. അതിനാലാണ് ഉലുല്‍ അസ്മില്‍ പെട്ട ദൂതന്മാരെ പ്രത്യേകം എടുത്തു പറഞ്ഞത്. ഇവര്‍ അഞ്ചുപേരാണെന്നാണ് ക്വുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നത്. ഈ അഞ്ച് റസൂലുകള്‍ ആരാണെന്നും വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. നൂഹ് (അ), ഇബ്‌റാഹീം(അ), മൂസാ(അ), ഈസാ(അ), മുഹമ്മദ് നബി(സ്വ) എന്നിവരാണവര്‍. ഈ പേരുകള്‍ ഒരേ സ്ഥലത്ത് പറഞ്ഞത് നമുക്ക് വിവിധ സ്ഥലങ്ങളില്‍ കാണാം.

”നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം- നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു”(42:13).

”പ്രവാചകന്മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്). നിന്റെ പക്കല്‍ നിന്നും, നൂഹ്, ഇബ്‌റാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം)”(33:7).

ഈ അഞ്ച് റസൂലുകളും ഒരേ പദവിയുള്ളവരല്ല. മുഹമ്മദ് നബി(സ്വ)ക്ക് മറ്റു നാലു റസൂലുകളെക്കാളും ശ്രേഷ്ഠതയുണ്ട്.

മുഹമ്മദ് നബി(സ്വ) അവസാനത്തെ നബിയാണെന്നതും ലോകാവസാനം വരെയുള്ളവര്‍ക്കെല്ലാമുള്ള നബിയാണെന്നതും അദ്ദേഹത്തിന്റെ മാത്രം സവിശേഷതയാണല്ലോ. മുഹമ്മദ് നബിക്ക് ശേഷം ഇനിയൊരു നബിയുണ്ടെന്ന് വിശ്വസിക്കുന്നവന്‍ കാഫിറാണെന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ഇനിയുമൊരു പ്രവാചകന്‍ വരാം, അതില്‍ അസാംഗത്യമൊന്നുമില്ല എന്ന് വിശ്വസിക്കുന്നത് പോലും കുഫ്‌റാണ്.

മുപ്പതോളം കള്ളപ്രവാചകന്മാര്‍ നബിയാണെന്ന് വാദിച്ച് രംഗത്ത് വരുമെന്ന് നബി(സ്വ) തന്നെ പ്രവചിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ്വ)ക്ക് ശേഷം പലരും പ്രവാചകത്വം വാദിച്ചതായി ചരിത്രത്തില്‍ കാണാം. യമാമയിലെ മൂസൈലിമ, അസ്‌വദുല്‍ അനസി, സജാഹ് എന്ന പേരുള്ള ഒരു സ്ത്രീ… ഇവരെല്ലാം ചില ഉദാഹരണങ്ങളാണ്. അതുപോലെ ബഹാഇകള്‍ ബഹാഉല്ലാ നബിയാണെന്ന് വാദിക്കുന്നവരാണ്.

ഇതു പോലെ രംഗത്തുവന്ന ഒരു വ്യാജ പ്രവാചകനാണ് പഞ്ചാബിലെ ഖാദിയാനില്‍ ജനിച്ച മിര്‍സാ ഗുലാം അഹ്മദ്. എന്നാല്‍ നമ്മള്‍ (അഹ്‌ലുസ്സുന്ന) വിശ്വസിക്കുന്നത് മുഹമ്മദ് നബി(സ്വ)ക്കു ശേഷം ഒരു നബിയും വരില്ല എന്നാണ്. മിര്‍സാ ഗുലാം ഒരു ‘നിഴല്‍ നബി’യാണ്, അവസാനമായി വരുന്ന മസീഹാണ് എന്നിങ്ങനെ പലവിധ വാദങ്ങളാണ് അഹ്മദിയാക്കള്‍ക്കുള്ളത്. ഈസാ(അ) വരുന്നത് ഒരു പുതിയ നബിയായിട്ടല്ല. മാത്രവുമല്ല, ഈസാ(അ) പുതിയ ഒരു ശരീഅത്തും കൊണ്ടുവരില്ല. മുഹമ്മദ് നബി(സ്വ)യുടെ ശരീഅത്തിലായിട്ടാണ് അദ്ദേഹം വരുന്നത്. അദ്ദേഹം വരുന്ന സ്ഥലവും നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. ഇമാം മഹ്ദി സ്വുബ്ഹി നമസ്‌കാരത്തിന് നില്‍ക്കുമ്പോള്‍ ഈസാ(അ)യെ കാണും, അപ്പോള്‍ മഹ്ദി ഇമാമായി നില്‍ക്കാന്‍ ഈസാ(അ)യോട് ആവശ്യപ്പെടും, ഇസാ(അ) മഹ്ദിയോട് തന്നെ നില്‍ക്കാന്‍ ആവശ്യപ്പെടും എന്നെല്ലാം നബി(സ്വ) വിവരിച്ചുതന്നിട്ടുണ്ട്.

പ്രവാചകന്മാര്‍ മുഴുവനും ശ്രേഷ്ഠന്മാരാണല്ലോ. നബിമാരില്‍ ഒരാളെയും മോശമാക്കി സംസാരിക്കാന്‍ പാടില്ല. ഒരു ക്രിസ്ത്യാനി മുസ്‌ലിമായ ഒരാളോട് നിങ്ങളുടെ നബി ഇങ്ങനെയും ഇങ്ങനെയുമൊക്കെയല്ലേ എന്ന് പറഞ്ഞു നിന്ദിച്ചാല്‍ പോലും നിങ്ങളുടെ ഈസാ ഇങ്ങനെയല്ലേ എന്ന് മുസ്‌ലിമിന് തിരിച്ചു ചോദിക്കാന്‍ പാടില്ല. ഏതെങ്കിലും നബിയെ മോശമാക്കി സംസാരിക്കുന്നത് കുഫ്‌റാണ്. ഒരു നബിയെയും മോശമായി അവതരിപ്പിക്കാന്‍ നമുക്ക് പാടില്ല. നബി(സ്വ) പറഞ്ഞു.

”അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കിടയില്‍ നിങ്ങള്‍ ശ്രേഷ്ഠതകൊണ്ട് വിവേചനം കാണിച്ചു സംസാരിക്കരുത്”(ബുഖാരി, മുസ്‌ലിം).

ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റ) ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: ”പ്രവാചകന്മാര്‍ക്കിടയില്‍ ശ്രേഷ്ഠത കല്‍പിക്കുന്നത് നബി(സ്വ) വിരോധിച്ചതിനെക്കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു: നബി(സ്വ) സ്വന്തം അഭിപ്രായംകൊണ്ട് അങ്ങനെ സംസാരിക്കുന്നവനെയാണ് വിലക്കിയിട്ടുള്ളത്; തെളിവുകൊണ്ട് സംസാരിക്കുന്നവനെയല്ല. അല്ലെങ്കില്‍ ശ്രേഷ്ഠത നല്‍കപ്പെട്ട നബിയുടെ ശ്രേഷ്ഠത കുറക്കുന്നതിലേക്ക് നയിക്കുന്നതോ, തര്‍ക്കത്തിലേക്കും അഭിപ്രായ വ്യത്യാസത്തിലേക്കും എത്തിക്കുന്ന രൂപത്തില്‍ സംസാരിക്കുന്നതോ ആണ് വിലക്കിയിട്ടുള്ളത്.” ഇതിന് ബലം നല്‍കുന്ന ഒരു ഹദീസ് കാണുക.

അബൂഹുറയ്‌റ(റ്വ) നിവേദനം: ”ഒരു ജൂതന്‍ തന്റെ കച്ചവട വസ്തു വില്‍പനക്ക് പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിന് ചെറിയ വില നല്‍കപ്പെട്ടു. അത് അയാള്‍ക്ക് ഇഷ്ടമായില്ല. അല്ലെങ്കില്‍ വെറുത്തു. (റിപ്പോര്‍ട്ടര്‍മാരിലെ അബ്ദുല്‍ അസീസ്(റ)വിന്റെ സംശയം). അയാള്‍ പറഞ്ഞു: ‘ഇല്ല, (ഈ വിലയ്ക്ക് ഞാനിത് തരികയില്ല). മൂസയെ സകല മനുഷ്യരെക്കാള്‍ ശ്രേഷ്ഠനായി തെരഞ്ഞടുത്തയച്ച അല്ലാഹുവിനെ തന്നെ സത്യം!’ അബൂഹുറയ്‌റ(റ്വ) പറയുന്നു: ‘ഇത് ഒരു അന്‍സ്വാരി കേട്ട് അയാളുടെ മുഖത്തടിച്ചു. അദ്ദേഹം (അന്‍സ്വാരി) പറഞ്ഞു. സകല മനുഷ്യരെക്കാളും ശ്രേഷ്ഠനായി മൂസയെ തെരഞ്ഞെടുത്ത അഷ്ടാഹുവിനെത്തന്നെ സത്യം എന്ന് നീ പറയുന്നുവോ, റസൂല്‍(സ്വ) ഞങ്ങളില്‍ ഉണ്ടായിരിക്കെ?! അപ്പോള്‍ ആ ജൂതന്‍ പ്രവാചകന്റെ അടുത്തേക്ക് പോയി. എന്നിട്ട് പറഞ്ഞു: ‘അബുല്‍ ക്വാസിം! എനിക്ക്(ലഭിക്കേണ്ട) സംരക്ഷണ ചുമതലയും (നമ്മള്‍ തമ്മില്‍) കരാറുമുണ്ട്.’ പിന്നെ അയാള്‍ പറഞ്ഞു: ‘ഇന്നയാള്‍ എന്റെ മുഖത്തടിച്ചു.’ റസൂല്‍(സ്വ) ചോദിച്ചു: ‘എന്തിനാണ് നീ ഇവന്റെ മുഖത്ത് അടിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, മൂസയെ സകല മനുഷ്യരെക്കാളും ശ്രേഷ്ഠനാക്കി തെരഞ്ഞടുത്ത അല്ലാഹുവിനെ തന്നെ സത്യം എന്ന് അവന്‍ പറഞ്ഞു; അങ്ങ് ഞങ്ങളില്‍ ഉണ്ടായിരിക്കെ.’ അപ്പോള്‍ റസൂല്‍(സ്വ) ദേഷ്യപ്പെട്ടു. അവിടുത്തെ മുഖത്ത് കോപം പ്രകടമായി. പിന്നീട് അവിടുന്ന് പറഞ്ഞു: ‘പ്രവാചകന്മാര്‍ക്കിടയില്‍ നിങ്ങള്‍ ശ്രേഷ്ഠതകൊണ്ട് വിവേചനം കാണിക്കരുത്. കാരണം, സ്വൂറില്‍ ഊതപ്പെടും. ആകാശഭൂമികളില്‍ ഉള്ളവര്‍ മുഴുവന്‍ ബോധരഹിതരായി വീഴും; അല്ലാഹു ഉദ്ദേശിച്ചവര്‍ ഒഴികെ. പിന്നെ വീണ്ടും അതില്‍ ഊതപ്പെടും. അപ്പോള്‍ ആദ്യം എഴുന്നേല്‍ക്കുന്നവരില്‍ ഞാനാണ്-അല്ലെങ്കില്‍ ആദ്യം എഴുന്നേല്‍ക്കുന്നവരില്‍ ഞാനുണ്ട്. അപ്പോഴതാ മൂസാ അര്‍ശിനെ പിടിച്ചുനില്‍ക്കുന്നു. ത്വൂര്‍ പര്‍വതത്തിന്റെ സമീപത്ത് വെച്ച് അദ്ദേഹം ബോധക്ഷയനായി വീണത് കൊണ്ട് മതിയാക്കപ്പെട്ടുവോ അതല്ല എനിക്ക് മുമ്പ് ബോധമുണര്‍ന്നതാണോ എന്ന് എനിക്ക് അറിയില്ല. ഒരാളും തന്നെ യൂനുസ്ബ്‌നു മത്തായെക്കാള്‍ ശ്രേഷ്ഠനാണെന്നു പോലും ഞാന്‍ പറയില്ല” (മുസ്‌ലിം).

ഈ ഹദീസിനെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നത് കാണുക: ”ഇത് നബി(സ്വ)യുടെ വിനയത്തിന്റെ ഭാഗത്തില്‍ പെട്ടതാണ്. നബി(സ്വ) ലോകരില്‍ ശ്രേഷ്ഠനാണെന്നതില്‍ ഇജ്മാഅ് ഉള്ളതാണല്ലോ. അല്ലെങ്കില്‍ നബി(സ്വ) (ഒരാളെ താഴ്ത്തി മറ്റൊരാളെ) ശ്രേഷ്ഠമാക്കുന്നതിനെ വിരോധിച്ചത് അത് വര്‍ഗീയതയിലേക്ക് എത്തുന്നത് കൊണ്ടാണ്.”

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

 

പ്രവാചകന്മാര്‍ ക്വുര്‍ആനില്‍

പ്രവാചകന്മാര്‍ ക്വുര്‍ആനില്‍

വിശുദ്ധ ക്വുര്‍ആനില്‍ 25 പ്രവാചകന്‍മാരുടെ പേരുകളാണ് വന്നിട്ടുള്ളത്. അതില്‍ 18 പ്രവാചകന്മാരുടെ പേരുകള്‍ തുടരെ പരാമര്‍ശിച്ചത് കാണാം.

”ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമത്രെ. അദ്ദേഹത്തിന് നാം ഇസ്ഹാക്വിനെയും യഅ്ക്വൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി). അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്യാസ്, എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ. ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു”(6:83-86).

ബാക്കി 7 നബിമാരുടെ പേരുകള്‍ മറ്റു സ്ഥലങ്ങളില്‍ പറഞ്ഞതായും കാണാം.

ആദം(അ): ”തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്‌റാഹീം കുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു”(3:33).

ഹൂദ്(അ): ”ആദ് ജനതയിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (നാം അയക്കുകയുണ്ടായി)”(ഹൂദ് 50).

സ്വാലിഹ്(അ): ”ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയക്കുകയുണ്ടായി)”(ഹൂദ് 61).

ശുഐബ്(അ): ”മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരന്‍ ശഐബിനെയും(നാം അയക്കുകയുണ്ടായി)”(ഹൂദ് 84)

ഇദ്‌രീസ്, ദുല്‍കിഫ്‌ലി (അ): ”ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്ന.” (അല്‍അമ്പിയാഅ് 85).

മുഹമ്മദ് (സ്വ)

”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു”(അല്‍ഫത്ഹ് 29).

ക്വുര്‍ആനില്‍ പേര് പറയപ്പെട്ട പ്രവാചകന്മാരുടെ എണ്ണം 25 ആണെങ്കിലും പേര് പറയപ്പെടാത്തവര്‍ ധാരാളമുണ്ടെന്ന് (40:78)ല്‍ നിന്ന് മനസ്സിലാക്കാം. അതിന് ശക്തി നല്‍കുന്ന മറ്റൊരു വചനത്തില്‍ (23:44)ഇപ്രകാരം കാണാം:

”പിന്നെ നാം നമ്മുടെ ദൂതന്മാരെ തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു. ഓരോ സമുദായത്തിന്റെ അടുക്കലും അവരിലേക്കുള്ള ദൂതന്‍ ചെല്ലുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവരെ ഒന്നിനു പുറകെ മറ്റൊന്നായി നാം നശിപ്പിച്ചു. അവരെ നാം സംസാര വിഷയമാക്കിത്തീര്‍ക്കുകയും ചെയ്തു. ആകയാല്‍ വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് നാശം.”

124000 പ്രവാചകന്മാരെ അല്ലാഹു അയച്ചിട്ടുണ്ടെന്നും അതില്‍ 313ഓ 315ഓ മുര്‍സലുകള്‍ ഉണ്ട് എന്നൊക്കെ അറിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ കാണാം. എന്നാല്‍ ഇതൊന്നും ശരിയായ റിപ്പോര്‍ട്ടുകളല്ലെന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാര്‍ പറയുന്നത്.

സൂറത്തുന്നിസാഇലെ 164-ാം ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു അത്വിയ്യ്(റ്വ) പറയുന്നു: ”അല്ലാഹു പറയുന്നു: ‘അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല…’ (ഈ സൂക്തം) നബിമാരുടെ ആധിക്യത്തെയാണ് കുറിക്കുന്നത്. (അവരുടെ) എണ്ണം ക്ലിപ്തമല്ല, അല്ലാഹു പറയുന്നു: ‘ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല’ (35:24). ‘അതിന്നിടയിലായി അനേകം തലമുറകളെയും (നാം നശിപ്പിച്ചിട്ടുണ്ട്) (25:38). പ്രവാചകന്മാരുടെ എണ്ണം പറഞ്ഞതൊന്നും (ചില റിപ്പോര്‍ട്ടുകളില്‍ എണ്ണം വന്നിട്ടുണ്ടെന്ന് നാം പറഞ്ഞല്ലോ. ഈ റിപ്പോര്‍ട്ടുകളൊന്നും) സ്വീകാര്യയോഗ്യമല്ല. അവരുടെ എണ്ണത്തെ കുറിച്ച് നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്.”

ലജ്‌നതുദ്ദാഇമയിലെ പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ എണ്ണത്തെ കുറിച്ച് ചോദിക്കപ്പെട്ടു. ആ ചോദ്യവും അതിന് അവര്‍ നല്‍കിയ മറുപടിയും കാണുക:

”നബിമാരുടെയും റസൂലുകളുടെയും എണ്ണം എത്രയാണ്?” (നബിയും റസൂലും തമ്മിലുള്ള വ്യത്യാസം തുടര്‍ന്ന് വിവരിക്കും).

”അവരുടെ എണ്ണം അല്ലാഹുവിനല്ലാതെ അറിയില്ല. അല്ലാഹു പറയുന്നു: ‘നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചു തന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല’ (40:78). അവരില്‍ അറിയപ്പെട്ടവര്‍ ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പറയപ്പെട്ടവരാണ്” (ഫതാവാ ലജ്‌നതുദ്ദാഇമ 3/256).

ആരാണ് അല്‍അസ്ബാത്വ്?

വിശുദ്ധ ക്വുര്‍ആന്‍ നബിമാരെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ (2:136, 2:140, 6:84, 4:163) ‘യഅ്ക്വൂബു വല്‍ അസ്ബാത്വ്’ എന്ന് പറഞ്ഞതായി കാണാം. ആരാണിവര്‍ എന്നതിന് പല വിശദീകരണങ്ങളും പണ്ഡിതന്മാര്‍ നല്‍കിയതായി കാണാം. ഈ പദം അറബി ഭാഷയില്‍ മകന്റെയും മകളുടെയും മക്കള്‍ക്ക് (പേരമക്കള്‍ക്ക്) ഉപയോഗിക്കുന്നതാണ്. സാധാരണ ഈ വാക്കിന് യഅ്ക്വൂബി(അ)ന്റെ സന്തതികള്‍ എന്നാണ് അര്‍ഥം പറയാറുള്ളത്. അവര്‍ 12 പേരാണെന്നത് വ്യക്തമാണ്. എന്നാല്‍ ഈ ആയത്തുകളില്‍ പറയപ്പെട്ട അല്‍ അസ്ബാത്വിന് അല്ലാഹു വഹ്‌യ് നല്‍കിയിട്ടുണ്ടെന്നതും വ്യക്തമാണ്. പക്ഷേ, യൂസുഫ്(അ)ന് മാത്രമെ യഅ്ക്വൂബ്(അ)ന്റെ 12 മക്കളില്‍ നിന്ന് പ്രവാചകത്വം നല്‍കിയതായി കാണുന്നുള്ളൂ. ഈ 12 മക്കള്‍ക്കും വഹ്‌യ് നല്‍കപ്പെട്ടിട്ടുണ്ടെന്നും പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അത് ശരിയെല്ലന്നാണ് ഭൂരിപക്ഷാഭിപ്രായം. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റ) പറയുന്നത് കാണുക:

”ക്വുര്‍ആനും ഭാഷാ പ്രയോഗവും യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ നബിമാരല്ലെന്നാണ് അറിയിക്കുന്നത്. അവര്‍ക്ക് അല്ലാഹു പ്രവാചകത്വം നല്‍കിയതായി ക്വുര്‍ആനിലില്ല; നബി(സ)യില്‍ നിന്നോ അവിടുത്തെ സ്വഹാബിമാരില്‍ നിന്നോ അവര്‍ക്ക് അല്ലാഹു നുബുവ്വത്ത് നല്‍കിയതറിയിക്കുന്ന യാതൊന്നുമില്ല… ഇവര്‍ (അല്‍ അസ്ബാത്വ്) അദ്ദേഹത്തിന്റെ (യഅ്ക്വൂബ്(അ)ന്റ) നേരിട്ടുള്ള മക്കളാണെന്ന് ഈ ആയത്തുകൊണ്ട് പ്രത്യേകമാക്കല്‍ അബദ്ധമാണ്. ആ വാക്കോ അതിന്റെ അര്‍ഥമോ അത് അറിയിക്കുന്നില്ല. ആരെങ്കിലും അങ്ങനെ വാദിക്കുന്നുവെങ്കില്‍ അയാള്‍ക്ക് വ്യക്തമായ തെറ്റുപറ്റിയിരിക്കുന്നു” (ജാമിഉല്‍ മസാഇല്‍, 3/297).

ഹാഫിദ് ഇബ്‌നു കഥീര്‍(റഹി) പറയുന്നത് കാണുക: ”യൂസുഫിന്റെ സഹോദരങ്ങളുടെ പ്രവാചകത്വത്തെ അറിയിക്കുന്ന ഒരു തെളിവും വന്നിട്ടില്ലെന്ന് നീ അറിയണം. സന്ദര്‍ഭം അറിയിക്കുന്നത് അതിന് എതിരായിട്ടാണ്. അവരിലേക്ക് വഹ്‌യ് നല്‍കപ്പെട്ടിട്ടുണ്ടെന്ന് വാദിക്കുന്നവര്‍ ജനങ്ങളിലുണ്ട്. ഇത് പരിശോധിക്കേണ്ടതുണ്ട്. വാദിക്കുന്നവന്‍ അതിന് തെളിവ് നല്‍കല്‍ ആവശ്യമാണ്.”

ലജ്‌നതുദ്ദാഇമയുടെ ഫത്‌വയിലും ഇതേ വിശദീകരണമാണ് നമുക്ക് കാണാന്‍ കഴിയുന്നത്:

”അസ്ബാത്വ് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം യഅ്ക്വൂബ്(അ)ന്റെ പേരമക്കളാണ്. അദ്ദേഹത്തിന്റെ 12 മക്കളില്‍ നിന്ന് യൂസുഫ് (അ) അല്ലാതെ ഒരു നബിയും ഇല്ലെന്നതാണ് സ്വഹീഹായ അഭിപ്രായം.”

ഇവര്‍ നബിമാരാണോ അല്ലേ?

ക്വുര്‍ആനില്‍ പേരു പറയപ്പെട്ട ഇരുപത്തിയഞ്ച് പ്രവാചകന്മാരല്ലാത്ത ചില പേരുകള്‍ കാണാം. ഉദാഹരണം ശീസ്, യൂശഅ് ബ്‌നു നൂന്‍, ശംവീല്‍… ഇവരെല്ലാം നബിമാരാണെന്ന് ചില ഹദീഥുകളുടെ വെളിച്ചത്തില്‍ വിവരിക്കപ്പെട്ടത് കാണാം. എന്നാല്‍ ഈ ഹദീഥുകളുടെ സ്വീകാര്യതയില്‍ സംശയമുള്ളതിനാല്‍ ഇവര്‍ നബിമാരാണോ എന്ന് ഖണ്ഡിതമായി അഭിപ്രായം പറയുക സാധ്യമല്ല.

തുബ്ബഅ്, ദുല്‍ക്വര്‍നയ്ന്‍ തുടങ്ങിയ പേരുകള്‍ ക്വുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടവയാണ്. എന്നാല്‍ ഇവര്‍ പ്രവാചകന്മാരാണ് എന്ന് ഉറപ്പിച്ച് പറയാന്‍ നിര്‍വാഹമില്ല. നബി(സ) അവരെക്കുറിച്ച് പറഞ്ഞത് ഇമാം ഹാകിം റിപ്പോര്‍ട്ട് ചെയ്യുന്നു:

”തുബ്ബഅ് നബിയാണോ അല്ലേ എന്ന് എനിക്കറിയില്ല, ദുല്‍ക്വര്‍നയ്‌നിയും നബിയാണോ അല്ലേ എന്ന്എനിക്കറിയില്ല.”

ഇതുപോലെ ക്വുര്‍ആനില്‍ നാമം പറഞ്ഞിട്ടില്ലെങ്കിലും താഴെയുള്ള ആയത്തില്‍ നിന്ന് നബിയാണെന്ന് മനസ്സിലാക്കപ്പെടുന്ന വ്യക്തിയാണ് ഖള്വിര്‍(അ).

”അപ്പോള്‍ നമ്മുടെ അടിയാന്മാരില്‍ ഒരു അടിയാനെ അവര്‍ കണ്ടെത്തി. നമ്മുടെ പക്കല്‍നിന്നുള്ള ഒരു(മഹത്തായ) കാരുണ്യം നാം അദ്ദേഹത്തിനു നല്‍കിയിരുന്നു. നമ്മുടെ അടുക്കല്‍ നിന്നുതന്നെയുള്ള ഒരു (പ്രത്യേക) ജ്ഞാനം നാം അദ്ദേഹത്തിനു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.”

ഈ ആയത്തിലുള്ള റഹ്മത്ത് കൊണ്ടുള്ള ഉദ്ദേശം വഹ്‌യാണെന്ന് വിശദീകരിച്ച് ഖള്വിര്‍(അ) നബിയാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ഈ വിവരണം ശരിയല്ലെന്ന് ഉറപ്പിച്ചു പറയാന്‍ സാധ്യമല്ല. ഹദീഥുകൡലെ പദപ്രയോഗങ്ങളും അദ്ദേഹം നബിയാണെന്ന് തന്നെയാണ് അറിയിക്കുന്നത്.

അദ്ദേഹം മൂസാനബി(അ)യോട് ”ഞാന്‍ ഇത്(ഒന്നും) എന്റെ അഭിപ്രായപ്രകാരമല്ല ചെയ്തത്” (18:82)എന്ന് പറഞ്ഞതില്‍നിന്നും അദ്ദേഹം പ്രവാചകനാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

വിശുദ്ധ ക്വുര്‍ആന്‍: പഠനവും സമീപനവും

വിശുദ്ധ ക്വുര്‍ആന്‍: പഠനവും സമീപനവും

ചരിത്രകാലം മുതല്‍ അനേകം ബൃഹത് രചനകളെപ്പറ്റി മനുഷ്യന്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ജ്ഞാനികളുടെ സാരോപദേശങ്ങള്‍, രാഷ്ട്രപ്രമാണങ്ങള്‍, ബഹുവിജ്ഞാന കോശങ്ങള്‍, വിപ്ലവങ്ങള്‍ക്ക് വഴി തെളിച്ച സാഹിത്യ കൃതികള്‍….എന്നിങ്ങനെ പലതും. കഥകള്‍, കാവ്യങ്ങള്‍, ആഖ്യാനങ്ങള്‍ തുടങ്ങിയ ആവിഷ്കാര ശൈലികളും മാനവരാശി ധാരാളം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ കൃതികള്‍ ചരിത്രത്തില്‍ അതതു കാലത്ത് അമൂല്യങ്ങളും അപ്രമാദിത്വമുള്ളവയും ആയിരുന്നെങ്കിലും അല്‍പായുസ്സുള്ളവയായിരുന്നു. അഥവാ, കാലത്തെ അതിജീവിച്ച് മനുഷ്യന് പിന്തുടരാവുന്ന സന്ദേശം വഹിച്ചിരുന്നവയല്ല അവയില്‍ ഒന്നുപോലും. ക്വുര്‍ആനിന്‍റെ അവസ്ഥ അതല്ല. അത് ഏത് മാനദണ്ഡം വെച്ച് നോക്കിയാലും കാലത്തെ അതിജീവിച്ച് കൊണ്ടേയിരിക്കുന്നു. കാരണം ക്വുര്‍ആന്‍ ദൈവികകൃതിയാണ്. അതിന്‍റെ ആശയങ്ങളും അക്ഷരങ്ങളും ആവിഷ്കാര ശൈലിയും അല്ലാഹുവിന്‍റേതാണ്. അവന്‍റെ മാത്രം. മുഹമ്മദ് നബി(ﷺ) ആ വചനങ്ങള്‍ മനുഷ്യരെ കേള്‍പ്പിച്ചുവെന്ന് മാത്രം. ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണെന്നതിന് തെളിവ് ആ ഗ്രന്ഥം തന്നെയാണ്.

ശുദ്ധമായ അറബി ഭാഷയാണ് ക്വുര്‍ആനിന്‍റേത്. പാരായണ ലാളിത്യവും ആശയസമ്പുഷ്ടവുമായ സൂക്തങ്ങള്‍. ആയിരത്തി നാനൂറ് വര്‍ഷങ്ങളായി കാലത്തെ അതിജീവിച്ച് തെളിച്ചം മങ്ങാതെ പ്രയോഗക്ഷമമായ സാഹിത്യ മാധ്യമമായി നിലനില്‍ക്കുന്ന ഭാഷ ക്വുര്‍ആനിന്‍റേതല്ലാതെ മറ്റേതാണ് ലോകത്ത്? അക്ഷരാഭ്യാസമില്ലാതെ, നാഗരികതയുടെ യാതൊരു പാരമ്പര്യവുമില്ലാതെ ജീവിച്ച ഒരു ജനതയെ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് മാനവരാശിക്ക് എല്ലാ അര്‍ത്ഥത്തിലും മാതൃകയാക്കാവുന്ന ഒരു വിഭാഗമാക്കി മാറ്റാന്‍-അതും വിജ്ഞാന വിപ്ലവത്തില്‍ കൂടി മാത്രം-മറ്റേത് ഗ്രന്ഥത്തിനാണ് ചരിത്രത്തില്‍ കഴിഞ്ഞത്? നൂറ്റാണ്ടുകള്‍ക്ക് ശേഷം മാത്രം മനുഷ്യന്‍ കണ്ടു പിടിച്ച പ്രപഞ്ച സൃഷ്ടിപ്പിന്‍റെ, മനുഷ്യവളര്‍ച്ചയുടെ ഉള്ളറകളെ പറ്റി കണിശവും കൃത്യവുമായ വിവരങ്ങള്‍ നല്‍കിയ ക്വുര്‍ആന്‍ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്‍റേതല്ലെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക? മനുഷ്യന്‍ ചെയ്യാന്‍ പാടില്ലാത്ത, അവനെ തീരാനഷ്ടത്തിലെത്തിക്കുന്ന ഒട്ടേറെ നിരോധന നിയമങ്ങളുണ്ട് ക്വുര്‍ആനില്‍. അപരിഷ്കൃത കാലത്ത് ജീവിച്ച, അക്ഷര വിവരം നേടാത്ത മുഹമ്മദ് നബി(ﷺ) ക്വുര്‍ആന്‍ ഓതിത്തന്നു കൊണ്ട് വെളിപ്പെടുത്തിയ ആ നിരോധന നിയമങ്ങള്‍ നാടിനും മനുഷ്യനും വേണ്ടപ്പെട്ടവയായിരുന്നു എന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക?. അപ്രകാരം ക്വുര്‍ആന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ അനാവശ്യവും മനുഷ്യ പുരോഗതിക്ക് തടസ്സവുമാണെന്ന് അവകാശപ്പെടാന്‍ ആര്‍ക്കാണ് സാധിക്കുക?. ക്വുര്‍ആനിന്‍റെ നിയമ നിര്‍ദ്ദേശങ്ങളും വിധിവിലക്കുകളും എന്നും എവിടെയും പ്രസക്തമാണ്.

ഇന്നു നാം കാണുന്ന ഈ ക്രമത്തിലേ അല്ല ക്വുര്‍ആന്‍ അല്ലാഹു ഇറക്കിയത്. വിവിധ സാഹചര്യങ്ങളില്‍ സാന്ദര്‍ഭികമായി ഇറക്കിയ സൂക്തങ്ങള്‍ പിന്നീട് പ്രത്യേക അധ്യായങ്ങളില്‍ ഈ ക്രമത്തില്‍ ക്രോഡീകരിച്ച് പഠിപ്പിച്ചത് അല്ലാഹുവാണ്. ആ നിയമങ്ങള്‍ക്കനുസരിച്ച് വ്യക്തി-കുടുംബ-സമൂഹ ജീവിതം സംവിധാനിക്കേണ്ടത് എങ്ങനെയെന്ന് പ്രായോഗികമായി വിവരിക്കുകയും കാണിച്ച് തരികയുമാണ് നബി(ﷺ) ചെയ്തത്.

“അതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേ ഇല്ല. സൂക്ഷമത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്” (2: 2).

“അതിന്‍റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായ ഒരുവനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്” (41: 42).

“നിശ്ചയം, ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (17:9).

നമ്മുടെ ബന്ധം?

ഒരു ഗ്രന്ഥത്തെയും അതിലെ ആശയങ്ങളെയും നിരാകരിക്കാന്‍ ബുദ്ധിപരമോ, തത്വപരമോ ആയ യാതൊരു ന്യായവുമില്ലെന്നിരിക്കെ പിന്നെ എന്ത് പറഞ്ഞാണ് അതിനെ നാം അവഗണിക്കുക? ധിക്കാരമല്ലാതെ.

“എന്‍റെ ഉദ്ബോധനത്തെ വിട്ടു വല്ലവനും തിരിഞ്ഞു കളയുന്ന പക്ഷം, തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ അവനെ നാം അന്ധനായി ഹാജറാക്കുകയും ചെയ്യും. അവന്‍ പറയും: എന്‍റെ റബ്ബേ എന്തിന് നീയെന്നെ അന്ധനായി ഹാജറാക്കിക്കൊണ്ടുവന്നു? ഞാന്‍ കാഴ്ച്ചയുള്ളവനായിരുന്നുവല്ലോ? അല്ലാഹു പറയും: അങ്ങനെത്തന്നെ. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നിരുന്നുവല്ലോ. അപ്പോള്‍ നീയത് മറന്നു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അപ്രകാരം, അതിരുവിട്ട, തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. പരലോകത്തെ ശിക്ഷ കൂടുതല്‍ കടുത്തതും നിതാന്തവുമായിരിക്കും” (20: 124-127).

നാം ക്വുര്‍ആനിനെ പരിഗണിച്ചിട്ടുണ്ടോ? അല്ലാഹു പറഞ്ഞു: “ഇഖ്റഅ്” (നീ വായിക്കുക) എന്ന്. നാം വായിച്ചുവോ?. എത്രയെത്ര നാം വായിക്കുന്നു. എന്തെല്ലാം നാം പഠിക്കുന്നു. പഠനത്തിന് വേണ്ടി നാം എത്ര പണവും സമയവും അധ്വാനവും ചിലവഴിക്കുന്നു. എന്നാല്‍, ക്വുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും ഇതില്‍ എത്ര നീക്കി വെച്ചിട്ടുണ്ട്?.

ക്വുര്‍ആന്‍ രണ്ടു വിഭാഗം ജനങ്ങളെ ഏറ്റവും രൂക്ഷമായ പ്രയോഗത്തില്‍ ആക്ഷേപിച്ചിട്ടുണ്ട്. ഒന്ന്, വേദം പഠിക്കാതെ അതിന്‍റെ ആളായി നടക്കുന്നവനെ. രണ്ട്, ക്വുര്‍ആന്‍ പഠിച്ചിട്ടും അതനുസരിച്ച് ജീവിക്കാത്തവനെ.

“തൗറാത് സ്വീകരിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുകയും എന്നിട്ടത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു……” (62:5).

“അപ്പോള്‍ അവര്‍ക്കെന്ത് പറ്റി? സിംഹത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്ന വിളറി പിടിച്ച കഴുതകളെപ്പോലെ….” (74:49-51).

“നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും അങ്ങനെ ചെകുത്താന്‍ പിന്നാലെ കൂടുകയും എന്നിട്ട് ദുര്‍മാര്‍ഗ്ഗികളില്‍ പെട്ടുപോകുകയും ചെയ്ത ഒരാളുടെ വൃത്താന്തം നീ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ(ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക് തിരിയുകയും തന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തു. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടേത് പോലെയാണ്. നീ അതിനെ വിരട്ടിയാല്‍ അത് നാവ് തൂക്കിയിടും. അതിനെ നീ വെറുതെ വിട്ടാലും നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിയ ആളുകളുടെ ഉപമ. അത് കൊണ്ട് ഈ കഥ വിവരിച്ച് കൊടുക്കുക. അവര്‍ ചിന്തിച്ചേക്കാം” (7:175-176).

വേദഗ്രന്ഥത്തിനോട് നിഷേധ സമീപനം പുലര്‍ത്തിയ ജനങ്ങളെയാണ് അല്ലാഹു മേല്‍ വചനങ്ങളില്‍ ഉപമിച്ചത്. ക്വുര്‍ആനിനോട് നിഷേധ സമീപനം പുലര്‍ത്തുന്നവര്‍ ഈ ഉപമക്ക് പുറത്താവുകയില്ലല്ലോ.

നമ്മുടെ ന്യായം

അല്ലാഹുവിന്‍റെ വചനങ്ങളാണിത്. അത് പഠിക്കുന്നവര്‍ക്കും പകര്‍ത്തുന്നവര്‍ക്കും അല്ലാഹു എളുപ്പം നല്‍കിയിരിക്കുന്നു.

“നിശ്ചയം, ആലോചിച്ചു മനസ്സിലാക്കാന്‍ ക്വുര്‍ആനിനെ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” (54:17,22,32,40).

“അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളുണ്ടോ?” (47:24).

പഠിക്കാന്‍ സമയമില്ല, പഠിച്ചാല്‍ മനസ്സിലാവില്ല എന്നിങ്ങനെ ക്വുര്‍ആന്‍ പഠനത്തെ അവഗണിക്കുന്നവര്‍ ന്യായീകരിച്ചൊഴിഞ്ഞു മാറുകയാണ്. ഒരു വിഭാഗം ആളുകളെ പറ്റി അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക.

“നീ ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ കാഴ്ച്ചയില്‍ പെടാത്ത ഒരു മറ നാം ഉണ്ടാക്കുന്നതാണ്. അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും അവരുടെ കാതുകളില്‍ ഒരു തരം കട്ടി വെക്കുന്നതുമാണ്. ക്വുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെ പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞു പോകുന്നതുമാണ്” (17: 45,46).

പരലോകത്തില്‍ വിശ്വാസമില്ലാത്ത, അല്ലാഹുവിന്‍റെ ഏകത്വത്തില്‍ അംഗീകരിക്കാത്തവരുടെ വിശ്വാസവും ക്വുര്‍ആനിനോടുള്ള നിലപാടും വ്യക്തമാക്കുന്നതാണ് മേല്‍ വചനങ്ങളെന്നിരിക്കെ, വിശ്വാസികളെന്ന് പറയുന്നവരുടെ നിലപാട് അവരുടേത് പോലെത്തന്നെ ആയിക്കൂടല്ലോ.

പൗരോഹിത്യം വന്ന വഴി

അതിനാല്‍ നാം ക്വുര്‍ആന്‍ പഠിക്കുക. അത് മന:ശാന്തി നല്‍കും. ജീവിതത്തില്‍ മാറ്റമുണ്ടാക്കും. സന്‍മാര്‍ഗ്ഗത്തിലേക്ക് വെളിച്ചം നല്‍കും. പഠനം ആത്മാര്‍ത്ഥമായിരിക്കണം. ജീവിതത്തില്‍ പകര്‍ത്താനായിരിക്കണം. ക്വുര്‍ആന്‍ പഠിച്ച് അത്കൊണ്ട് കാലക്ഷേപം കഴിക്കുന്ന പ്രൊഫഷനലുകളാവരുത്. നബി(ﷺ) പറഞ്ഞു. “നിങ്ങളില്‍ ഉത്തമന്‍ ക്വുര്‍ആന്‍ പഠിച്ചവനും പഠിപ്പിക്കുന്നവനുമാണ്” (ബുഖാരി).

ഒരു കാലത്ത് ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നത് പുരോഹിതന്‍മാര്‍ വിലക്കിയിരുന്നു. ക്വുര്‍ആന്‍ എന്നും അജ്ഞതയില്‍ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. എങ്കിലേ അന്ധവിശ്വാസങ്ങള്‍ സമുഹത്തില്‍ അവശേഷിക്കൂ എന്നതായിരിക്കണം അവരുടെ ആഗ്രഹം. കാരണം, അല്ലാഹുവിനോടല്ലാതെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവരാണല്ലോ അവര്‍. ഉദാഹരണമായി സൂറ: സുഖ്റുഫിലെ താഴെ പറയുന്ന സൂക്തത്തിന്‍റെ ഒരു ഭാഗം മാത്രം ഉദ്ധരിച്ച് കൊണ്ട് യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തെളിവുണ്ടെന്ന് വാദിക്കുന്നു.

“നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ച് നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്” (43:45).

ഇവിടെ പുരോഹിതന്‍മാര്‍ ‘വസ്അല്‍’ മുതല്‍ ‘മിന്‍ റുസുലിനാ’ വരെ ഉദ്ധരിക്കുകയും എന്നിട്ട് പ്രവാചകന്‍മാരോട് തേടാം, പ്രാര്‍ത്ഥിക്കാം എന്നിങ്ങനെ വ്യാജവ്യാഖ്യാനം നല്‍കിക്കൊണ്ട് നബിമാരോടും മറ്റ് മഹാന്‍മാരോടും പ്രാര്‍ത്ഥിക്കാമെന്ന് പാമരന്‍മാരെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. ഇത് കേള്‍ക്കുന്ന സാധാരണക്കാര്‍ ക്വുര്‍ആന്‍ പഠിച്ചവരാണെങ്കില്‍ ഈ പുരോഹിതന്‍മാരെ ഈ ദുര്‍വ്യാഖ്യാനത്തിനനുവദിക്കുകയില്ല. അല്ലാഹുവല്ലാത്ത മറ്റു ആരാധ്യന്‍മാരില്ല എന്ന ഇസ്ലാമിന്‍റെ അടിത്തറ ഖണ്ഡിതമായി വിവരിക്കുന്ന ക്വുര്‍ആന്‍ വചനത്തെയാണിവര്‍ നേര്‍ വിപരീതാര്‍ത്ഥം നല്‍കി ദുര്‍വ്യാഖ്യാനിക്കുന്നത് എന്നോര്‍ക്കണം. ഇപ്രകാരം സൂറ: ആലുഇംറാനിലെ 52-ാം വചനവും ഈ പുരോഹിതന്‍മാര്‍ അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടാനായി തെളിവായി ഉദ്ധരിക്കാറുണ്ട്. ഇങ്ങനെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആരും ക്വുര്‍ആന്‍ വ്യാഖ്യാനിക്കാതിരിക്കാന്‍ ക്വുര്‍ആന്‍ പഠനം മുസ്ലിം സമൂഹത്തില്‍ കൂടുതല്‍ പ്രചാരം നേടേണ്ടിയിരിക്കുന്നു. എങ്കിലേ മുസ്ലിംകള്‍ക്കിടയില്‍ നിന്ന് പൗരോഹിത്യം നാടുനീങ്ങുകയുള്ളൂ.

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാന്‍ മാത്രമല്ല, ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസങ്ങളെ അവഗണിച്ച് അതിനെ കേവല രാഷ്ട്രീയ-വിപ്ലവ പ്രത്യയശാസ്ത്രമാക്കി അവതരിപ്പിക്കുന്നവരും പ്രവാചകന്‍മാരുടെ മുഅ്ജിസത്തുകളെ തങ്ങളുടെ ബുദ്ധിക്ക് വഴങ്ങാത്തതിന്‍റെ പേരിലോ ഭൗതിക പ്രസരം കൊണ്ടോ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവരും എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇവരുടെ കെടുതികളില്‍ നിന്ന് രക്ഷപ്പെടണമെങ്കിലും ക്വുര്‍ആന്‍ പഠനം അനിവാര്യമാകുന്നു.

എങ്ങനെ വ്യാഖ്യാനിക്കണം?

ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണ്. അതിലെ ഉള്ളടക്കങ്ങളുടെ പ്രായോഗിക ജീവിതരീതി എങ്ങനെയെന്ന് അല്ലാഹു തന്നെയാണ് വിവരിക്കുന്നത്. അത് പലപ്പോഴായി നബി(ﷺ)ക്ക് വഹ്യ്യു മുഖേന വിശദീകരിച്ച് കൊടുത്തതാണ്. ഉദാഹരണത്തിന്, “നിങ്ങള്‍ നമസ്കാരം നില നിര്‍ത്തുക” എന്ന അല്ലാഹുവിന്‍റെ കല്‍പ്പനയുടെ പ്രായോഗിക രീതി വിവരിച്ച് തരാന്‍ നബി(ﷺ)ക്ക് മാത്രമേ കഴിയൂ. എത്ര നേരം, എങ്ങനെ, ഏത് വിധം എന്നിങ്ങനെ നമസ്കാരത്തിന്‍റെ വിശദാംശം നബി(ﷺ)ക്ക് ലഭിച്ചത് അവിടുന്ന് മനുഷ്യരെ പഠിപ്പിച്ചു. അതിനാല്‍, ക്വുര്‍ആനിന്‍റെ യഥാര്‍ത്ഥ വ്യാഖ്യാതാവ് മുഹമ്മദ് നബി(ﷺ) തന്നെയാണ്. അതാവട്ടെ, വഹ്യ്യുമാണ്. അതാണ് നബിചര്യ(സുന്നത്തുറസൂല്‍). നബി(ﷺ)യില്‍ നിന്ന് നേരിട്ട് കേട്ടവരും കണ്ടവരുമായ സ്വഹാബികള്‍ ആ വ്യാഖ്യാനം മനുഷ്യലോകത്തിന് കൈമാറിയിട്ടുണ്ട്. സ്വഹീഹായ ഹദീസുകളില്‍ കൂടി ആ വ്യാഖ്യാനം നാം മനസ്സിലാക്കുന്നു. അപ്പോള്‍ ഹദീസുകളുടെ പിന്‍ബലമില്ലാത്ത, സ്വന്തമായ വ്യാഖ്യാനങ്ങള്‍ നമുക്കുണ്ടായിക്കൂടാ. ഹദീസ് നിഷേധികള്‍ക്ക് ക്വുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ അര്‍ഹതയുമില്ല.

അപകടകരമായ പ്രവണതകള്‍

എന്നാല്‍, ക്വുര്‍ആന്‍ പഠന വ്യാഖ്യാന രംഗത്ത് അപകടം നിറഞ്ഞ പ്രവണതകള്‍ ഉണ്ടാവുന്നുണ്ടോ എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു. ഹദീസുകളുടെയോ പ്രാമാണികരായ വ്യാഖ്യാതാക്കളുടേയോ അര്‍ത്ഥ വ്യാഖ്യാനങ്ങളെ അവഗണിച്ച് ഭാഷാനിഘണ്ഡുകള്‍ നോക്കി അര്‍ത്ഥം പറയുകയും തോന്നും പോലെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന അവലംബ നിലപാട് മഹാ കുറ്റകരമാണെന്ന് നാം അറിയണം. ക്വുര്‍ആന്‍ സര്‍വ്വലോക നിയന്താവായ അല്ലാഹുവിന്‍റെ വചനങ്ങളാണെന്നും നബി(ﷺ)യുടെ ഏറ്റവും വലിയ മുഅ്ജിസത്താണെന്നുമുള്ള ഗൗരവം ഈ വിശുദ്ധ ഗ്രന്ഥത്തെ സമീപിക്കുമ്പോള്‍ നമുക്കുണ്ടാവണം. അക്ഷരസ്ഫുടമല്ലാത്ത പാരായണം, അസ്ഥാനത്ത് അത് പ്രയോഗിക്കല്‍, ആദരവില്ലാതെ അതിനെ കൈകാര്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അബദ്ധങ്ങള്‍ നാം സൂക്ഷിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.

 

കുഞ്ഞുമുഹമ്മദ് പറപ്പൂര്‍