ലൂത്വ് നബി (അ) – 01

ലൂത്വ് നബി (അ) - 01

ലൂത്വ് നബിയുടെ ജനത

കഴിഞ്ഞ ലക്കത്തില്‍ ഇബ്‌റാഹീം നബി(അ)യുടെ പുത്രനായ ഇസ്മാഈല്‍ നബി(അ)യുടെ ചരിത്രം നാം മനസ്സിലാക്കി. ഇബ്‌റാഹീം നബി(അ)യുടെ മറ്റൊരു പുത്രനായ ഇസ്ഹാക്വ് നബി(അ)യെക്കുറിച്ചും ലൂത്വ് നബിയെയും അദ്ദേഹത്തിന്റെ ജനതയെയും പറ്റിയാണ് ഈ ലക്കത്തില്‍ പറയാന്‍ പോകുന്നത്.

ഇസ്ഹാക്വ് നബി(അ)

ഇബ്‌റാഹീം നബി(അ)ന് ഇസ്മാഈല്‍(അ) പിറന്നതിന് ശേഷം ഉണ്ടായ പുത്രനാണ് ഇസ്ഹാക്വ്(അ). ഇസ്ഹാക്വ്(അ) ജനിക്കുന്ന സമയത്ത് പിതാവ് ഇബ്‌റാഹീം നബി(അ)ക്ക് 100ഉം മാതാവ് സാറക്ക് 90ഉം വയസ്സായിരുന്നു പ്രായം. ഇസ്ഹാക്വ് എന്ന പുത്രനെ കുറിച്ചുള്ള സന്തോഷ വാര്‍ത്ത ഇബ്‌റാഹീം(അ)നെ അറിയിക്കുന്ന ഭാഗം ക്വുര്‍ആന്‍ വിവരിക്കുന്നത് നോക്കൂ:

”അദ്ദേഹത്തിന്റെ അടുത്ത് കടന്നുവന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് വാര്‍ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക് നിങ്ങള്‍ (സന്താനത്തെപ്പറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത് അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ് നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്?  അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ഥ്യത്തെപ്പറ്റിതന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക; വഴിപിഴച്ചവരല്ലാതെ” (ക്വുര്‍ആന്‍ 15:51-56).

”അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്)”(ക്വുര്‍ആന്‍ 51:29).

”അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബി(അ)യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാക്വിനെപ്പറ്റിയും, ഇസ്ഹാക്വിന്റെ പിന്നാലെ യഅ്ക്വൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു. അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ?  എന്റെ ഭര്‍ത്താവ് ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അല്ലാഹുവിന്റെ കല്‍പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും മഹത്ത്വമേറിയവനും ആകുന്നു” (ക്വുര്‍ആന്‍ 11:71-73).

പിതാവ് ഇബ്‌റാഹീം(അ) പ്രബോധനം ചെയ്ത ശരീഅത്തിലായിട്ടാണ് ഇസ്ഹാക്വ്(അ) നിയുക്തനായത്. ഇസ്ഹാക്വ്(അ)ന്റെ ചരിത്രം ഇതിലുപരി ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും വേറെ വിവരിക്കുവാനില്ല.

ലൂത്വ്(അ)

ഇബ്‌റാഹീം നബി(അ)യുടെ സമകാലികനും ബന്ധുവുമായിരുന്നു ലൂത്വ്(അ). ലൂത്വ്(അ)ന്റെ പേര് ക്വുര്‍ആനില്‍ 27 തവണ പരാമര്‍ശിച്ചിട്ടുണ്ട്. ഇബ്‌റാഹീം(അ)യില്‍ വിശ്വസിച്ച ഏക വ്യക്തി കൂടി ആയിരുന്നു ലൂത്വ്(അ).

ഇബ്‌റാഹീം നബി(അ)യില്‍ വിശ്വസിച്ച ലൂത്വ്(അ) ഇബ്‌റാഹീം നബി(അ)യുടെ കൂടെ ഹിജ്‌റ പോകുവാനും തയ്യാറായി എന്നാണ് ചരിത്രം നമുക്ക് പഠിപ്പിച്ചു തരുന്നത്. എന്നാല്‍ പിന്നീട് ലൂത്വ്(അ) സദൂം എന്ന സ്ഥലത്താണ് താമസമാക്കിയത്. അവിടത്തുകാരിലേക്കാണ് അവിടുന്ന് പ്രവാചകനായി നിയുക്തനായത്. ഫലസ്തീനിന്റെ കിഴക്ക് ജോര്‍ദാനിലും ഇസ്‌റാഈലിലും ഉള്‍പെടുന്ന ആ കാലത്തെ വലിയ പട്ടണമായിരുന്നു സദൂം. സദൂമുകാര്‍ ദൈവധിക്കാരികളായിരുന്നു. അല്ലാഹു ഏതൊരു ജീവിയിലും നിശ്ചയിച്ചിട്ടുള്ള പ്രകൃതി ആണും പെണ്ണും തമ്മിലുള്ള ലൈംഗികബന്ധമാണ്. എന്നാല്‍ ലൂത്വ്(അ) നിയോഗിതനായ സമൂഹം ശിര്‍ക്കിലും കുഫ്‌റിലും ആയിരുന്നു എന്ന് മാത്രമല്ല സ്വവര്‍ഗ ലൈംഗികബന്ധത്തില്‍ ഏര്‍പെടുന്നവരുമായിരുന്നു. മനുഷ്യ കുലത്തില്‍ ഈ വൃത്തികേടിന് നാന്ദി കുറിച്ചത് അവരായിരുന്നു. അവരോട് ലൂത്വ്(അ) നടത്തിയ ഉപദേശങ്ങള്‍ ശ്രദ്ധിക്കുക:

”ലൂത്വിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ  തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 26:160-168).

ലൂത്വ് നബി(അ)യുടെ ജനത ലൂത്വ്(അ)നെ മാത്രമെ വാസ്തവത്തില്‍ കളവാക്കിയിട്ടുള്ളൂ. എന്നാല്‍ ക്വുര്‍ആന്‍ പ്രയോഗിച്ചത് മുഴുവന്‍ ദൂതന്മാരെയും കളവാക്കിയവരെന്നാണ്. എന്താണ് അങ്ങനെ പറയാന്‍ കാരണം? അല്ലാഹു അയച്ച മുഴുവന്‍ പ്രവാചകരിലും വിശ്വസിക്കുമ്പോഴേ ഒരാള്‍ വിശ്വാസിയാകുന്നുള്ളൂ. ഒരു പ്രവാചകനെ അവിശ്വസിക്കുന്നത് മുഴുവന്‍ പ്രവാചകരെയും അവിശ്വസിക്കുന്നതിന് സമമാണ്.

അദ്ദേഹം അവരോട് പറഞ്ഞു: ഞാന്‍ അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ക്കുള്ള വിശ്വസ്തനായ ദൈവ ദൂതനാണ്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും അവന്റെ ദൂതനായ എന്നെ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. ഇതിന്റെ പേരില്‍ നിങ്ങളില്‍ നിന്ന് യാതൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു നല്‍കും. അതിനാല്‍ എന്നെ നിങ്ങള്‍ അനുസരിക്കുവീന്‍. ആ നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യ തിന്മയായ സ്വവര്‍ഗ രതിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിവാഹം ചെയ്ത് ഭാര്യയും മക്കളും എല്ലാം അവര്‍ കാമ നിവൃത്തിക്കായി ആണുങ്ങളെ തന്നെ സമീപിക്കും. അതിനായി സമീപിക്കുന്നവരും സമീപിക്കപ്പെടുന്നവരും അതില്‍ സംതൃപ്തരായിരുന്നു. ലൂത്വ്(അ) അവരോട് ചോദിച്ചു: ജനങ്ങളേ, നിങ്ങള്‍ കാമ നിവൃത്തിക്കായി പുരുഷന്മാരെ സമീക്കുകയാണോ? കാമ നിവൃത്തിക്കായി നിങ്ങള്‍ക്ക് ഭാര്യമാരില്ലേ. ലൈംഗിക ബന്ധം തന്റെ എതിര്‍ ലിംഗത്തില്‍ പെട്ടവരുമായി, വിവാഹത്തിലൂടെ മാത്രമെ മനുഷ്യന് അല്ലാഹു അനുവദിച്ചിട്ടുള്ളൂ. അങ്ങനെയെങ്കില്‍ അതൊരു പുണ്യകര്‍മമാണെന്ന് വരെ ഇസ്‌ലാം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

ലൂത്വ്(അ) അവരെ ധാര്‍മികതയിലേക്ക് വിളിച്ചെങ്കിലും അതിന് ആ ജനത അദ്ദേഹത്തിന് നല്‍കിയ മറുപടി ‘ലൂത്വേ, നീ ഇത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ഈ നാട്ടില്‍ നിന്നും ആട്ടി പ്പുറത്താക്കുന്നതാണ്’ എന്നായിരുന്നു. 

അല്ലാഹു പറയുന്നു: ”ലൂത്വിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല. നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്‍മാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്റെ ജനത മറുപടിയൊന്നും നല്‍കുകയുണ്ടായില്ല; നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്ന് അവര്‍ പറഞ്ഞതല്ലാതെ. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ” (ക്വുര്‍ആന്‍ 29:2830).

ആരെങ്കിലും ഒരു തിന്മയുടെ തുറവിക്ക് കാരണക്കാരനായാല്‍, പിന്നീട് ആ തുറവിയിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറ്റത്തില്‍ ഒരിത്തിരി കമ്മി വരാതെ തുറവിക്ക് കാരണമായവനും ശിക്ഷ ലഭിക്കും; നന്മയും അപ്രകാരം തന്നെയാണ്. സദൂമുകാര്‍ തുടക്കം കുറിച്ച സ്വവര്‍ഗരതി എന്ന തിന്മ ആരെല്ലാം അന്ത്യനാള്‍ വരെ ചെയ്യുന്നുവോ അവര്‍ക്ക് ലഭിക്കുന്ന ശിക്ഷയുടെ അളവില്‍ യാതൊരു കുറവും വരാതെ സദൂമുകാര്‍ക്കും ലഭിക്കുമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം.

പരസ്യമായി പോലും ഈ മ്ലേഛവൃത്തി ചെയ്യുവാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അത്രയും ദുഷിച്ച ഒരു വിഭാഗമായിരുന്നു ലൂത്വ്(അ)ന്റെ ജനത അഥവാ സദൂമുകാര്‍. ലൂത്വ്(അ) അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ, അവരുടെ മറുപടി ‘നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ കൊണ്ടുവാ’ എന്നായിരുന്നു. 

”ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ  എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി” (ക്വുര്‍ആന്‍ 7:8082). 

”ലൂത്വിനെയും (ഓര്‍ക്കുക). അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ?” (27:54). 

ലൂത്വ്(അ) യഥാര്‍ഥത്തില്‍ സദൂമുകാരനല്ല; ഇബ്‌റാഹീം നബി(അ)യുടെ നാട്ടുകാരനാണ്. പിന്നീട് ഈ നാട്ടില്‍ താമസമാക്കിയതാണ്. അതുകൊണ്ടു കൂടിയാകാം അവരുടെ ഇഷ്ടത്തിനെതിരായി സംസാരിച്ച ലൂത്വ്(അ)നെ അവര്‍ നാട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. അദ്ദേഹത്തിന് ഒരു പേടിയും വന്നില്ല; ഉറച്ച് നിന്നു, തിന്മകള്‍ക്കെതിരില്‍ പോരാടി. സ്വന്തം നാടല്ലാതിരുന്നിട്ടും വിവാഹ ബന്ധത്തിലല്ലാത്ത മറ്റൊരു കുടുംബവുമില്ലാതിരുന്നിട്ടും തന്റെ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയില്ല. ഭാര്യയും സത്യനിഷേധി. എങ്കിലും അദ്ദേഹം തിന്മക്കെതിരില്‍ സദൂമുകാരോട് പോരാടി; എല്ലാം പ്രതികൂലമായിരുന്നിട്ടു പോലും. ചിലരെല്ലാം പിന്മാറി. രണ്ട് പെണ്‍മക്കള്‍ പിതാവില്‍ വിശ്വസിച്ചു.

ലൂത്വും അവന്റെ കൂടെയുള്ളവരും വൃത്തിയുള്ളവരാണ്. വൃത്തിയുള്ളവര്‍ക്ക് ഈ നാട്ടില്‍ നിന്നുകൂടല്ലോ. അതിനാല്‍ അവരെ പുറത്താക്കാം എന്നെല്ലാം പറഞ്ഞ് ശത്രുക്കള്‍ കളിയാക്കുവാന്‍ തുടങ്ങി. അവസാനം ലൂത്വ്(അ) ആ ജനതക്കെതിരില്‍ ഇപ്രകാരം അല്ലാഹുവിനോട് ദുആ ചെയ്തു:                                                     ”എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.”

അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. അവരെ നശിപ്പിക്കുവാനായി അല്ലാഹു മലക്കുകളെ മനുഷ്യ രൂപത്തില്‍ പറഞ്ഞു വിട്ടു. അവര്‍ ആദ്യം ചെന്നത് ഇബ്‌റാഹീം നബി(അ)യുടെ അടുത്തേക്കായിരുന്നു. അതിഥികളായി ചെന്ന അവരെ ഭംഗിയായി സല്‍ക്കരിച്ചു. അവര്‍ക്കായി തയ്യാര്‍ ചെയ്ത ഭക്ഷണം അവരിലേക്ക് നീട്ടിയപ്പോള്‍ അവര്‍ കഴിക്കാതെ പിന്‍മാറിയതും ഇബ്‌റാഹീം(അ) അതു നിമിത്തം പേടിച്ചതും നാം മുമ്പ് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ഇബ്‌റാഹീം(അ) അവരോട് ചോദിച്ച ചോദ്യം ഇപ്രകാരമായിരുന്നു:

”അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്?  അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു. കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി. അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍). അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത് കൊണ്ടു വന്നു (രക്ഷപ്പെടുത്തി). എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല. വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 51:31-37).

ആ മലക്കുകള്‍ അദ്ദേഹത്തിനടുത്ത് വന്നതിന്റെ ലക്ഷ്യങ്ങള്‍ പറഞ്ഞു: ‘ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു.’ ഇതേ കാര്യം മറ്റൊരു സ്ഥലത്ത് ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

”നമ്മുടെ ദൂതന്‍മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ ഈ നാട്ടുകാരെ നശിപ്പിക്കാന്‍ പോകുന്നവരാകുന്നു. തീര്‍ച്ചയായും ഈ നാട്ടുകാര്‍ അക്രമികളായിരിക്കുന്നു. ഇബ്‌റാഹീം പറഞ്ഞു: ലൂത്വ് അവിടെ ഉണ്ടല്ലോ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അവിടെയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഭാര്യയൊഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു” (ക്വുര്‍ആന്‍ 29:31,32).

ലൂത്വ് നബി(അ)യുടെ ജനതയെ നശിപ്പിക്കലാണ് അവരുടെ ഒരു ലക്ഷ്യമെന്ന് മനസ്സിലാക്കിയ ഇബ്‌റാഹീം(അ) അതിഥികളായി വന്ന മലക്കുകളോട് ചോദിച്ചു: അവിടെ ലൂത്വ് ഇല്ലേ, ലൂത്വില്‍ വിശ്വസിച്ചവരായ അദ്ദേഹത്തിന്റെ വീട്ടുകാരെയും നശിപ്പിക്കുമോ എന്നെല്ലാം. ഇബ്‌റാഹീം നബി(അ)ക്ക് മറ്റൊരു നാട്ടില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ കാര്യത്തില്‍ ആകുലത ഉണ്ടായി എന്നര്‍ഥം. 

ലൂത്വ്(അ)ന്റെ നാട്ടിലേക്ക് അവര്‍ ചെല്ലുന്നതും മനുഷ്യരൂപത്തില്‍ നല്ല സുന്ദരന്മാരായിട്ടായിരുന്നു. ക്വുര്‍ആന്‍ അത് വിവരിക്കുന്നത് കാണുക: 

”നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു” (ക്വുര്‍ആന്‍ 11:77).

ലൂത്വ്(അ)ന്റെ വീട്ടിലേക്ക് നേരിട്ട് അവര്‍ ചെന്നു. ആദ്യം കണ്ടത് മക്കളായിരുന്നു. അവര്‍ പിതാവിനോട് വീട്ടിലേക്ക് വരുന്ന അതിഥികളെ കുറിച്ചുള്ള വിവരം നല്‍കി. അതിഥികളെ കണ്ടപാടെ അദ്ദേഹത്തിന് വല്ലാത്ത ബേജാറായി. അവരുടെ കാര്യത്തില്‍ പ്രയാസം തോന്നി. എന്ത് ചെയ്യും എന്നായി അദ്ദേഹത്തിന്റെ ചിന്ത. അതിഥികളാണല്ലോ. അവര്‍ക്കുള്ള എല്ലാ സംരക്ഷണവും നല്‍കേണ്ടത് ആതിഥേയനാണല്ലോ. നാട്ടുകാരുടെ സ്വഭാവം നന്നായി അറിയാവുന്ന ലൂത്വ്(അ) അവരുടെ കാര്യത്തില്‍ വിഷമത്തിലായി. അദ്ദേഹം പറയുകയും ചെയ്തു, ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന്. 

വീട്ടില്‍ ലൂത്വ് നബി(അ)യുടെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ഒരുവളുണ്ടല്ലോ; ഭാര്യ. അവള്‍ നാട്ടുകാര്‍ക്ക് തന്റെ വീട്ടില്‍ എത്തിയ അതിഥികളെ പറ്റിയുള്ള വിവരം ചോര്‍ത്തിക്കൊടുത്തു. ലൂത്വ്(അ) അറിയാതെ നാട്ടിലെ പ്രമുഖരെ വിവരം അറിയിച്ചു. ഇന്ന് വരെ കാണാത്ത സുന്ദരന്മാരായ ചിലര്‍ വീട്ടില്‍ അതിഥികളായി എത്തിയിട്ടുണ്ടെന്നും അവരെ ഉപയോഗപ്പെടുത്താനും അവള്‍ വിവരം നല്‍കി. സ്വന്തം ഭര്‍ത്താവിനെ ചതിക്കുകയായിരുന്നു ആ സ്ത്രീ ചെയ്തത്. നരകാവകാശിയായ അവളെ പറ്റി പറയുമ്പോള്‍ ലൂത്വ്(അ)നെ ചതിച്ച ഈ കാര്യം അല്ലാഹു എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.

”സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു” (ക്വുര്‍ആന്‍ 66:10).

വിവരം അറിഞ്ഞ നാട്ടുകാര്‍ ലൂത്വ്(അ)യുടെ വീട്ടിലേക്ക് വന്ന രംഗം അല്ലാഹു വിവരിക്കുന്നത് നോക്കൂ: 

”ലൂത്വിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ). അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ? അവര്‍ പറഞ്ഞു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ. തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു: എനിക്ക് നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍” (ക്വുര്‍ആന്‍ 11:7880).

”രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വന്നു. അദ്ദേഹം (ലൂത്വ്) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്റെ അതിഥികളാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?” (15:67-70).

അവര്‍ അവസരം മുതലെടുക്കാനായി ലൂത്വ്(അ)ന്റെ വീട്ടിലേക്ക് ഓടി വന്നു. അദ്ദേഹം വല്ലാത്ത വിഷമത്തിലായി. അല്ലാഹുവിനെ പേടിക്കുവാനും അതിഥികളുടെ കാര്യത്തില്‍ വിഷമിപ്പിക്കാതിരിക്കുവാനും ഓര്‍മപ്പെടുത്തി. അവരെ തടുക്കുവാന്‍ മനുഷ്യരില്‍ ആരും തനിക്കൊപ്പമില്ലെന്ന നിസ്സഹായാവസ്ഥ ലൂത്വ് നബി(അ)യുടെ വാക്കിലൂടെ പ്രകടമാണ്. മുഹമ്മദ് നബി ﷺ  ഇപ്രകാരം പറഞ്ഞതായി കാണുവാന്‍ സാധിക്കും. 

”അല്ലാഹു ലൂത്വിന് കാരുണ്യം ചൊരിയട്ടെ. അദ്ദേഹം (എപ്പോഴും) കരുത്തനായ ഒരു ശക്തിയില്‍ അഭയം തേടിയിരുന്നു” (ബുഖാരി). അല്ലാഹുവിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.  ലൂത്വ്(അ) അവരോട് പറയുന്ന വാക്കുകള്‍ അതിഥികളായി വീട്ടിലുള്ള മലക്കുകള്‍ കേള്‍ക്കുന്നുണ്ട്. 

നാട്ടുകാര്‍ വീടിന് മുന്നില്‍ തടിച്ച് കൂടി ലൂത്വ്(അ)നോട് അവരുടെ ആവശ്യം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അങ്ങനെ വിഷമിച്ച് നില്‍ക്കുന്ന ലൂത്വ്(അ)നോട് അതിഥികള്‍ വന്ന കാര്യം പറയാന്‍ തുടങ്ങി. 

ചിന്തിക്കുക! പ്രവാചകനായ ലൂത്വ്(അ)ന് ഇതുവരെയും വീട്ടില്‍ ഇരിക്കുന്ന അതിഥികള്‍ മലക്കുകളാണെന്ന് മനസ്സിലായിട്ടില്ല. കാരണം മറഞ്ഞ കാര്യം അല്ലാഹുവിനേ അറിയൂ. അല്ലാഹു അറിയിച്ചാലേ നബിമാര്‍ക്കുമറിയൂ.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 10

ഇബ്‌റാഹീം നബി (അ) - 10

ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകള്‍

ഇബ്‌റാഹീം നബി(അ) ജീവിതത്തില്‍ നടത്തിയ പ്രാര്‍ഥനകള്‍ പലതും ക്വുര്‍ആനിലും ഹദീഥുകളിലും നമുക്ക് കാണാന്‍ കഴിയും. അവയിലൂടെ ഒന്ന് കണ്ണോടിക്കാം:

”എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക)…” (ക്വുര്‍ആന്‍ 2:126).

”ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു” (2:127-129).

ഏതൊരു നാടിന്റെയും ഐശ്വര്യവും സന്തോഷവും നിലനില്‍ക്കുന്നത് അവിടെയുള്ള സമാധാന പൂര്‍ണമായ ജീവിതത്തിലാണ്. വിശപ്പടക്കുവാനും ദാഹം മാറ്റുവാനും ഭക്ഷണവും വെള്ളവും യഥേഷ്ടം ഉണ്ടായിരുന്നാലും, യാത്രക്കുള്ള വാഹനങ്ങള്‍ സുലഭമായിരുന്നാലും, പഠനത്തിനും ചികിത്സക്കുമുള്ള  കേന്ദ്രങ്ങള്‍ ധാരാളം ഉണ്ടായിരുന്നാലും സാമാധാനവും നിര്‍ഭയത്വവും അവിടെ ഇല്ലെങ്കില്‍ ജീവിതത്തില്‍ എന്ത് സന്തോഷമാണ് ഉണ്ടാവുക?  എന്നാല്‍ ഒരു നാട്ടില്‍ നടേ സൂചിപ്പിച്ച സൗകര്യങ്ങള്‍ക്കെല്ലാം കമ്മിയുണ്ടെന്ന് സങ്കല്‍പിക്കുക. എന്നാല്‍ ആ നാട്ടുകാര്‍ക്ക് മറ്റെല്ലാം കൊണ്ടും സമാധാനവും നിര്‍ഭയത്വവും ഉണ്ട് എങ്കിലോ? ആ നാട്ടുകാരെ പോലെ സന്തോഷിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയുടെ ഫലമെന്നോണം ഇന്നും പുണ്യ ഭൂമി നിര്‍ഭയത്വത്തിന്റെ കേന്ദമാണ്. അദ്ദേഹത്തിന്റെ കാലം മുതലെ അത് തുടര്‍ന്ന് പോന്നിട്ടുമുണ്ട്. 

ആധുനിക ലോകം ഏറ്റവും കൂടുതല്‍ ഭീതിയോടെ കാണുന്നത്, നാട്ടിലെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന ഭീകരവാദത്തെയും തീവ്രവാദത്തെയുമാണ്. ഭീകരവാദികളും തീവ്രവാദികളും നാട്ടിലെ നിര്‍ഭയത്വം ഇല്ലായ്മ ചെയ്യുകയാണല്ലോ ചെയ്യുന്നത്. ഒരു യഥാര്‍ഥ മുസ്‌ലിമിന് ഭീകരവാദിയോ തീവ്രവാദിയോ ആകുവാന്‍ സാധ്യമല്ല. സ്വന്തം നാടിന്റെ നിര്‍ഭയത്വത്തിന് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ഇബ്‌റാഹീം നബി(അ)യെ മാതൃകയാക്കുന്ന ഒരു മുസ്‌ലിമിന് ഒരിക്കലും നാട്ടിലെ സമാധാനത്തിനും നിര്‍ഭയത്വത്തിനും വിലങ്ങുതടിയാകാനാവുകയില്ല. 

ഇബ്‌റാഹീം നബി(അ) ആ നാട്ടുകാര്‍ക്ക് ആഹാരം നല്‍കണമെന്ന് പ്രാര്‍ഥിച്ചതും നാം കണ്ടു. പ്രാര്‍ഥനയില്‍ വിശ്വാസികളുടെ കാര്യം മാത്രമാണ് അദ്ദേഹം എടുത്ത് പറഞ്ഞത്. അല്ലാഹു പരമകാരുണികനാണ്. അഥവാ ഇഹലോകത്ത് വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഭൗതിക സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവനാണ്. ഇബ്‌റാഹീം(അ) വിശ്വാസികള്‍ക്ക് മാത്രമായി പ്രാര്‍ഥന ചുരുക്കിയപ്പോള്‍ അല്ലാഹു പറഞ്ഞു: ‘അവിശ്വസിച്ചവര്‍ക്കും നാം ഈ ലോകത്ത് സുഖ സൗകര്യങ്ങള്‍ നല്‍കും…’ 

പരലോക വിജയത്തിനായി നാം ധാരാളം ആരാധനകള്‍ നിര്‍വഹിക്കാറുണ്ട്; സല്‍കര്‍മങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുമോ ഇല്ലയോ എന്നത് നമുക്ക് ഉറപ്പില്ല. പലരും താന്‍ ചെയ്തതിലും ചെയ്തു കൊണ്ടിരിക്കുന്നതിലും അമിതമായ ആത്മവിശ്വാസത്തിലാണ്. ഞാന്‍ എല്ലാം തികഞ്ഞവനാണെന്ന രൂപത്തിലാണ് പലരുടെയും ജീവിതം. സ്വര്‍ഗം ഉറപ്പിച്ച മനസ്സോടെയാണ് പലരും നടക്കുന്നത്. അങ്ങനെയാവരുത്. മഹാന്മാരായ മുന്‍ഗാമികള്‍ സല്‍കര്‍മങ്ങള്‍ കഴിയുന്നത്ര അധികരിപ്പിക്കുന്നവരും അത് സ്വീകരിക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവരുമായിരുന്നു.

ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ ന    ബി(അ)യും കഅ്ബ പടുത്തുയര്‍ത്തുന്ന വേളയില്‍ നടത്തിയ പ്രാര്‍ഥന മുമ്പ് നാം വിവരിച്ചിട്ടുണ്ട്. അതിനാല്‍ അതിനെക്കുറിച്ച് ഇവിടെ വിവിരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.

അല്ലാഹുവിന് കീഴ്‌പെടുന്നതില്‍ വ്യക്തമായ മാതൃകയാണല്ലോ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും. അല്ലാഹു എന്ത് കല്‍പിച്ചാലും യാതൊരു വിഷമവും ഇല്ലാതെ, കല്‍പിച്ചത് പ്രകാരം ചെയ്യുവാന്‍ തയ്യാറായ രണ്ട് മഹാന്മാര്‍. വാര്‍ധക്യവേളയില്‍ അല്ലാഹു നല്‍കിയ സന്താനത്തെ ബലിനല്‍കുവാന്‍ പറഞ്ഞപ്പോള്‍ അതിനു പോലും വൈമനസ്യം കൂടാതെ തയ്യാറായ, അല്ലാഹു എന്ത് കല്‍പിച്ചാലും അല്ലാഹുവിന് കീഴ്‌പെടുന്നവനായി (മുസ്‌ലിം) ജീവിച്ച മഹാനാണ് ഇബ്‌റാഹീം(അ). അദ്ദേഹം നടത്തുന്ന പ്രാര്‍ഥനയുടെ അടുത്ത ഭാഗം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും (ചെയ്യേണമേ).’

അല്ലാഹുവിന്റെ കല്‍പനയെ തന്റെ ഇഷ്ടവും അനിഷ്ടവും പരിഗണിച്ച്, തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള കല്‍പനയാണെങ്കല്‍ സ്വീകരിക്കുകയും അല്ലെങ്കില്‍ അവഗണിക്കുകയും ചെയ്യുന്നവരാണ് ഇന്ന് മുസ്‌ലിംകളായി അറിയപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും എന്ന വസ്തുത നാം ഓര്‍ക്കുക. എന്നാല്‍ ഈ രണ്ട് മഹാന്മാരോ? ചിന്തിക്കുക നാം!

നാം അല്ലാഹുവിനോട് തേടുന്ന അവസരങ്ങളില്‍ നമ്മുടെ കാര്യം മാത്രമെ ഉള്‍പെടുത്താറുള്ളൂ; മിക്കപ്പോഴൂം. എന്നാല്‍ മറ്റുള്ളവരുടെ നന്മക്ക് വേണ്ടിയും നാം പ്രാര്‍ഥിക്കണം. അതിനും ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന നമുക്ക് മാതൃകയാണ്. അദ്ദേഹം തനിക്കും തന്റെ നാടിന് വേണ്ടിയും നാട്ടുകാര്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചത് നാം കണ്ടു. മകന് വേണ്ടിയും ഇനി ഉണ്ടാകുവാന്‍ പോകുന്ന സന്തതികള്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചു.

‘ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും (ചെയ്യേണമേ)’ എന്ന പ്രാര്‍ഥനയും ശ്രദ്ധിക്കുക. നാം നിര്‍വഹിക്കുന്ന ആരാധനകള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ അവന്‍ പഠിപ്പിക്കുന്ന മുറപ്രാകാരം തന്നെ നിര്‍വഹിക്കണമല്ലോ. നമ്മുടെ ഇഷ്ടപ്രകാരം ചെയ്താല്‍ അല്ലാഹു സ്വീകരിക്കില്ല. അതിനാല്‍ അറിവ് നേടുകയേ നിര്‍വാഹമുള്ളൂ. നബി ﷺ പഠിപ്പിച്ച രൂപത്തില്‍ അവ നിര്‍വഹിക്കണം. അതിന് കഴിയുവാന്‍ അല്ലാഹുവിനോട് തേടുകയും വേണം. പലരും ഞാന്‍ എല്ലാം തികഞ്ഞവനാണെന്ന ഭാവത്തില്‍ കഴിയുന്നവരാണ്. ചിലര്‍ ഞാന്‍ എങ്ങനെ ഇതെല്ലാം ചോദിച്ചറിയും, മോശമല്ലേ എന്നെല്ലാം ചിന്തിക്കുന്നവരാണ്. ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യേണമേ എന്ന് തേടിയത് മഹാന്മാരായ നബിമാരാണ്. അഹങ്കാരവും മടിയും നമ്മെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍നിന്ന് തടയുവാന്‍ പാടില്ല. 

റബ്ബിന്റെ കല്‍പനകളെല്ലാം പൂര്‍ണമായും അനുസരിച്ച് മാത്രം ശീലമുള്ള, അറിഞ്ഞ് കൊണ്ട് ഒരു ചെറിയ തെറ്റുപോലും ചെയ്തിട്ടില്ലാത്ത രണ്ട് മഹാന്മാര്‍; എന്നിട്ടും അവര്‍ അവരുടെ ജീവിതത്തില്‍ വല്ല വീഴ്ചയും വന്നുപോയിട്ടുണ്ടോ എന്ന് ഭയപ്പെട്ട് അല്ലാഹുവിനോട് ഇപ്രകാരം തേടി: ‘ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും (ചെയ്യേണമേ). തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.’

അടുത്ത പ്രാര്‍ഥന കാണുക: ”രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.”

എല്ലാ പ്രാര്‍ഥനക്കും അല്ലാഹു ഉടനെ ഉത്തരം നല്‍കില്ലല്ലോ. പ്രാര്‍ഥന കേള്‍ക്കുന്ന അല്ലാഹു എല്ലാം നന്നായി അറിയുന്നവനാണ്. പ്രാര്‍ഥനക്ക് ഉത്തരം നല്‍കേണ്ടത് എപ്പോള്‍ എന്നതും നന്നായി അറിയുന്നവനാണ് അല്ലാഹു. ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും നടത്തിയ ഈ പ്രാര്‍ഥനക്ക് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉത്തരം നല്‍കപ്പെട്ടത്. പ്രാര്‍ഥിക്കുന്നവന്‍ നിരാശനാവാതിരിക്കാന്‍ ഈ പ്രാര്‍ഥനകളെല്ലാം നമുക്ക് പ്രചോദനം ആകേണ്ടതുണ്ട്.

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകള്‍ ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് വിവരിക്കുന്നത് കാണുക:

”ഇബ്‌റാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ. എന്റെ രക്ഷിതാവേ! തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ. ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും ഞങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു വസ്തുവും അല്ലാഹുവിന് അവ്യക്തമാകുകയില്ല. വാര്‍ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാക്വിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ രക്ഷിതാവ് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ” (ക്വുര്‍ആന്‍ 14:35-41). 

ബഹുദൈവാരാധനക്കെതിരില്‍ പോരാടിയ, അക്കാരണത്താല്‍ അഗ്‌നിയില്‍ എറിയപ്പെടുകയും  വീട്ടില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിക്കുന്നത് ‘അല്ലാഹുവേ, എന്നെയും എന്റെ മക്കളെയും ബഹുദൈവാരാധനയില്‍ നിന്നും അകറ്റേണമേ’ എന്നാണ്. ഇബ്‌ലീസിന് ഏറ്റവും വലിയ വെറുപ്പ് ഏകദൈവ വിശ്വാസത്തോടും ഏകദൈവ വിശ്വാസികളോടുമാണല്ലോ. അവരെ എങ്ങനെയെങ്കിലും ബഹുദൈവാരാധകനാക്കി മാറ്റുന്നതിന് അവനാല്‍ കഴിയുന്നത് അവന്‍ ചെയ്യും. ഏകദൈവ വിശ്വാസത്തില്‍ നിന്ന് ആരും വഴിമാറി പോകുവാന്‍ സാധ്യതയുണ്ടെന്ന് ഇബ്‌റാഹീം നബി(അ)യുടെ ഈ പ്രാര്‍ഥന നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ എന്നും എപ്പോഴും, അല്ലാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതല്‍ നിലനില്‍ക്കുന്ന ഏകദൈവ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്നതിനായി സ്വന്തത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും നാം നിരന്തരം തേടേണ്ടതുണ്ട്.

മക്കള്‍ പിഴച്ച് പോകാതിരിക്കുവാന്‍ മക്കള്‍ക്കായി ദുആ ചെയ്യുന്നതോടൊപ്പം അവര്‍ക്ക് അല്ലാഹുവിന്റെ ദീന്‍ അനുസരിച്ച് ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കുവാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാം ഗുണപാഠങ്ങളാണ് ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകളിലുള്ളത്! 

ആകാശഭൂമികളില്‍ ഒന്നും തന്നെ അല്ലാഹുവിന് രഹസ്യമല്ലല്ലോ. അവന്‍ എല്ലാം അറിയുന്നവനാണ്. നാം എത്ര പരസ്യമാക്കിയാലും എത്ര ഗോപ്യമാക്കിയാലും അവന്‍ അതെല്ലാം നന്നായി അറിയുന്നവനാണ്. നമ്മുടെ രഹസ്യ പരസ്യങ്ങളെല്ലാം ഒരുപോലെ അറിയുന്നവനായ അല്ലാഹുവിലേക്ക് നാം ഖേദിച്ച് മടങ്ങേണ്ടതുണ്ട്. 

അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതില്‍ ഒരിക്കലും നിരാശ പാടില്ല. അവന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനും ഉത്തരം ചെയ്യുന്നവനുമാണ്. ഇബ്‌റാഹീം നബി(അ)ക്ക് വാര്‍ധക്യം വരെയും സന്താനങ്ങളുണ്ടായില്ല. എന്നിട്ടും പ്രാര്‍ഥിക്കുന്നതില്‍ അദ്ദേഹത്തിന് നാരാശയുണ്ടായിരുന്നില്ല.

നാം നമുക്കായി പ്രാര്‍ഥിക്കുന്നതോടൊപ്പം നമ്മെ കഷ്ടപ്പെട്ട് പോറ്റി വളര്‍ത്തിയ നമ്മുടെ മാതാപിതാക്കള്‍ക്കും വിശ്വാസികളായ എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ഥിക്കണം. ഇബ്‌റാഹീം(അ) പിതാവിന് വേണ്ടി നടത്തിയ പാപമോചന തേട്ടത്തിന്റെ വിശദീകരണം മുമ്പ് കഴിഞ്ഞു പോയിട്ടുള്ളതിനാല്‍ ഇനിയും അത് ഇവിടെ വിവരിക്കുന്നില്ല. 

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന വിവരിക്കുന്ന മറ്റൊരു ഭാഗം കാണുക:

”എന്റെ രക്ഷിതാവേ, എനിക്ക് നീ തത്ത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ. പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂര്‍ണമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെട്ടവനാക്കേണമേ. എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു. അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ” (ക്വുര്‍ആന്‍ 26:83-89).

അല്ലാഹു ഏറെ അനുഗ്രഹിച്ച, അറിവ് നല്‍കിയ ഇബ്‌റാഹീം നബി(അ) അതിന്റെ പേരില്‍ അഹങ്കരിച്ചില്ല. ഏറെ വിനയാന്വിതനായിരുന്ന അദ്ദേഹം നിരന്തരം തേടി; അറിവ് ലഭിക്കുവാനായി. നാട്ടിലുള്ള മോശപ്പെട്ടവരോടൊപ്പം ആയിരുന്നില്ല അദ്ദേഹം കൂട്ടുകൂടിയിരുന്നത്. ഇഹലോകത്തും പരലോകത്തും നല്ലവരോടൊപ്പമായ അദ്ദേഹം അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.

തന്റെ കാല ശേഷം വരുന്നവര്‍ക്ക് തന്നില്‍ നിന്ന് യാതൊരു മോശത്തരവും ഇല്ലാതിരിക്കുവാനും തന്നെ സ്മരിക്കുന്നവര്‍ക്ക് തന്നെക്കുറിച്ച് നല്ലത് മാത്രം പറയാനുമുള്ള സല്‍കീര്‍ത്തിക്കായും അദ്ദേഹം അല്ലാഹുവിനോട് തേടി. ഇന്നും ലോകത്ത് അദ്ദേഹത്തിന്റെ പേര് കോടികണക്കിനാളുകള്‍ ദിനേന പലതവണ സ്മരിച്ചുകൊണ്ടിരിക്കുന്നു, ഉച്ചരിക്കുന്നു. സ്വര്‍ഗത്തിന് വേണ്ടിയും അദ്ദേഹം തേടി. തൗഹീദില്‍ നിന്ന് പിഴച്ച് പോയ പിതാവിന് വേണ്ടിയും അദ്ദേഹം പാപമോചനം നടത്തി; ഇത് മുശ്‌രിക്കുകള്‍ക്കു വേണ്ടി പാപമോചനം തേടരുത് എന്ന് വിലക്കുന്നതിന് മുമ്പായിരുന്നു. സമ്പത്തും സന്താനങ്ങളും ഉപകാരപ്പെടാത്ത, കുറ്റമറ്റ ഹൃദയവുമായി ക്വിയാമത്ത് നാളില്‍ വരുന്നവര്‍ മാത്രം രക്ഷപ്പെടുന്ന ദിവസത്തില്‍ അപമാനിക്കപ്പെടാതിരിക്കുവാനും അദ്ദേഹം അല്ലാഹുവിനോട് തേടി.

”എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ” (37:100) എന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് രണ്ട് മഹാന്മാരായ മക്കളെ നല്‍കി അല്ലാഹു ഉത്തരം നല്‍കി.

”ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്ങലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും” (ക്വുര്‍ആന്‍ 61:4,5).

ഈ പ്രാര്‍ഥനയുടെ സാരം പണ്ഡിതന്മാര്‍ വിവരിക്കുന്നത് കാണുക.

മുജാഹിദ്(റ) പറയുന്നു: ‘അതിന്റെ അര്‍ഥം; അവരുടെ കൈകളാല്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ, നിന്റെ പക്കല്‍ നിന്നുള്ള ശിക്ഷയാലും (ഞങ്ങളെ നീ ശിക്ഷിക്കരുതേ). (അപ്രകാരം സംഭവിച്ചാല്‍) അവര്‍ പറയും: ഇവര്‍ സത്യത്തിലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഇപ്രകാരം ബാധിക്കില്ലായിരുന്നു (എന്ന്).’ അഥവാ ശത്രുക്കള്‍ക്ക് സന്തോഷിക്കാവുന്ന യാതൊന്നും ഞങ്ങളില്‍ ഉണ്ടാവരുതേ എന്നതാണ് ആ പ്രാര്‍ഥനയുടെ സാരം. മറ്റൊരു വിശദീകരണം കാണുക:

ക്വതാദ(റ) പറയുന്നു: ‘അവര്‍ക്ക് ഞങ്ങളുടെ മേല്‍ വിജയം നല്‍കരുതേ. അങ്ങനെ (സംഭവിച്ചാല്‍) അതു മുഖേന അവര്‍ ഞങ്ങളെ കുഴപ്പത്തിലാക്കും…’

ശത്രുക്കള്‍ക്ക് വിശ്വാസികളാല്‍ സന്തോഷമുണ്ടാകുന്ന ഒരു കാരണവും ഉണ്ടായിക്കൂടാ. നബി ﷺ പ്രാര്‍ഥിച്ചിരുന്ന ഒരു പ്രാര്‍ഥന ഇപ്രകാരമായിരുന്നു.

അല്ലാഹുവേ കഠിനമായ പരീക്ഷണങ്ങളില്‍ നിന്നും, ദൗര്‍ഭാഗ്യങ്ങളില്‍ എത്തി പെടുന്നതില്‍ നിന്നും, നിന്റെ വിധിയില്‍ നല്ലതല്ലാത്തത് എന്നില്‍ ഉണ്ടാകുന്നതില്‍ നിന്നും, ശത്രുക്കള്‍ സന്തോഷിക്കുന്നതില്‍ നിന്നും ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു.

ഇബ്‌റാഹീം(അ) നടത്തിയ പ്രാര്‍ഥനകള്‍ ക്വുര്‍ആനില്‍ വന്നതാണ് ഇത്രയും നാം വിവരിച്ചത്. ഹദീസുകളില്‍ വന്നതില്‍ നിന്ന് ഒന്ന് ഇവിടെ കുറിക്കാം. ഇബ്‌റാഹീം(അ) മക്കളായ ഇസ്മാഈലിനും ഇസ്ഹാക്വിനും എപ്പോഴും നടത്തിയിരുന്ന പ്രാര്‍ഥനയാണ്. ആ പ്രാര്‍ഥന പേരമക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്ക് വേണ്ടി ഇബ്‌റാഹീം നബി(അ)യെ മാതൃകയാക്കി അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു:

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”നബി ﷺ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കായി അല്ലാഹുവിനോട് അഭയം തേടി ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘തീര്‍ച്ചയായും നിങ്ങളുടെ പിതാവ് (ഇബ്‌റാഹീം) ഇസ്മാഈലിനും ഇസ്ഹാക്വിനും ഇത് കൊണ്ട് (ഈ പ്രാര്‍ഥന കൊണ്ട്) അല്ലാഹുവിനോട് അഭയം തേടിയിരുന്നു: എല്ലാ പിശാചുക്കളില്‍ നിന്നും, വിഷജന്തുക്കളില്‍ നിന്നും, ആക്ഷേപകാരിയായ എല്ലാ കണ്ണില്‍ നിന്നും അല്ലാഹുവിന്റെ മുഴുവന്‍ വചനങ്ങള്‍ കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു” (ബുഖാരി).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 09

ഇബ്‌റാഹീം നബി (അ) - 09

മക്വാമു ഇബ്‌റാഹീം

‘മക്വാം’ എന്ന പദത്തിന്റെ അര്‍ഥം ‘നിന്ന സ്ഥലം’ എന്നാണ്. കഅ്ബയുടെ നിര്‍മാണം നടക്കുമ്പോള്‍ ഇബ്‌റാഹീം നബി(അ) ഒരു കല്ലില്‍ കയറി നിന്ന് പടവ് പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. അങ്ങനെ പടവ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ആ കല്ല് ഇബ്‌റാഹീം(അ) കഅ്ബയുടെ വാതിലിനടുത്ത് ഉപേക്ഷിക്കുകയും ചെയ്തു. ആ  കല്ലില്‍ അദ്ദേഹത്തിന്റെ കാല്‍പാദത്തിന്റെ അടയാളം പതിഞ്ഞിരുന്നു. കാലക്രമേണ ആ പാടുകള്‍ ഇല്ലാതെയാവുകയാണ് ചെയ്തത്.

കഅ്ബയുടെ വാതിലിനടുത്തുണ്ടായിരുന്ന ആ കല്ല് ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് അവിടെ നിന്നും അല്‍പം നീക്കി. ത്വവാഫ് ചെയ്യുന്നവരുടെ പ്രയാസം കാരണം അവിടെ നിന്ന് പിന്നീട് ഇന്ന് നാം കാണുന്ന ആ സ്ഥലത്തേക്ക് മാറ്റി ഒരു ക്വുബ്ബക്കകത്താക്കുകയാണ് ചെയ്തത്. പിന്നീട് ഫൈസ്വല്‍ രാജാവ് അത് ഒരു പളുങ്ക് കൂടാരത്തിലാക്കി, ഗ്രില്‍സിലാക്കി അത് പൂട്ടിവെക്കുകയും ചെയ്തു. അതില്‍ തൊടലോ മുത്തലോ ഒന്നും പുണ്യമുള്ളതാക്കിയിട്ടില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ അതിനെ ഇടയിലാക്കി  കഅ്ബഃയുടെ നേരെ തിരിഞ്ഞ് രണ്ട് റക്അത്ത് നമസ്‌കരിക്കലാണ് ഇസ്‌ലാം പുണ്യ കര്‍മമാക്കിയിട്ടുള്ളത്.

”ഇബ്‌റാഹീം നിന്ന് പ്രാര്‍ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്‌കാര (പ്രാര്‍ഥന) വേദിയായി സ്വീകരിക്കുക” (ക്വുര്‍ആന്‍ 2:125).

ഈ സ്ഥാനത്ത് നമസ്‌കാരം പുണ്യകര്‍മമായി നിശ്ചയിച്ചതില്‍ ഉമറുബ്‌നുല്‍ ഖത്വാബ്(റ)വിന് ഒരു പങ്കുണ്ട്. അദ്ദേഹം ഇടയ്ക്കിടെ ഇപ്രകാരം സ്മരിച്ച് പറയാറുണ്ടായിരുന്നു: ‘എന്റെ ആഗ്രഹത്തിനനുസരിച്ച് രണ്ട് മൂന്ന് വഹ്‌യ് ഇറങ്ങിയിട്ടുണ്ട്. അതില്‍ ഒന്ന് ഇതായിരുന്നു.’ അതിന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് അദ്ദേഹം ഇടയ്ക്കിടെ ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹം നബി ﷺ യോട് ഈ ആഗ്രഹം പറഞ്ഞയുടനെ അദ്ദേഹത്തോട് അങ്ങനെ നമസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയോ? ഇല്ല. കാരണം, ദീനില്‍ സ്വന്തം ഇഷ്ടപ്രകാരം ഒന്നും കൂട്ടിച്ചേര്‍ക്കുവാനോ എന്തെങ്കിലും ഒഴിവാക്കുവാനോ അവിടുത്തേക്ക് അധികാരമില്ല. അല്ലാഹുവിന്റെ അടുക്കല്‍ നിന്നും ലഭിക്കുന്ന സന്ദേശത്തിനനുസരിച്ചേ അദ്ദേഹത്തിന് എന്തും നടപ്പില്‍ വരുത്തുവാന്‍ അവകാശമുള്ളൂ. അവസാനം നാം തൊട്ടു മുകളില്‍ പറഞ്ഞ ആയത്ത് അവതരിച്ചു. അങ്ങനെ അതിന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കല്‍ പുണ്യകര്‍മമാക്കി. അതിന്റെ തൊട്ടു പുറകില്‍ തന്നെ നമസ്‌കരിക്കണമെന്നില്ല. അതിന്റെ പിന്നില്‍, കഅ്ബഃയുടെയും നമ്മുടെയും ഇടയില്‍ അത് ഉണ്ടാകത്തക്ക വിധത്തില്‍ കുറച്ച് പുറകിലും നമസ്‌കരിക്കാവുന്നതാണ്.

ഇബ്‌റാഹീം നബി(അ)യുടെ അതിഥികള്‍

”ഇബ്‌റാഹീമിന്റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ? അവര്‍ അദ്ദേഹത്തിന്റെ അടുത്തു കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു. എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം കടന്നുകൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ? (പ്രസവിക്കാന്‍ പോകുന്നത്). അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍” (ക്വുര്‍ആന്‍ 51:24-30).

മനുഷ്യരെ അല്ലാഹു മണ്ണില്‍ നിന്നും, ജിന്നുകളെ തീ ജ്വാലയില്‍ നിന്നും, മലക്കുകളെ പ്രകാശത്തില്‍ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഓരോ സൃഷ്ടിക്കും അതിന്റെ പ്രകൃതം അല്ലാഹു നല്‍കിയിട്ടുണ്ട്. അഥവാ പ്രകൃതിപരമായ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ് അല്ലാഹു നല്‍കിയിട്ടുണ്ട്. ആ പ്രകൃതം ഓരോ സൃഷ്ടിയിലും വ്യത്യസ്തമാണ്. ആ വ്യത്യസ്തത എല്ലാവര്‍ക്കും ഒരു പോലെ ഉള്‍കൊള്ളുവാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും മൊത്തത്തില്‍ ആ പ്രകൃതത്തെ നമുക്ക് അംഗീകരിച്ചു കൊടുക്കാതെ നിര്‍വാഹവുമില്ല. പറവകള്‍ അന്തരീക്ഷത്തില്‍ പറക്കുന്നു, നാം സംസാരിക്കുന്നത് പോലെ അവ സംസാരിക്കില്ല. എന്നാല്‍ നാം കൗതുകത്തോടെ കാണുന്ന പക്ഷിയാണല്ലോ തത്ത. വീട്ടില്‍ വളര്‍ത്തുന്ന ചില തത്തകള്‍ ചില വാക്കുകളെങ്കിലും നാം ഉച്ചരിക്കുന്നത് പോലെ ഉച്ചരിക്കാറുണ്ട്. അത് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് കൊണ്ട് അക്കാര്യം അംഗീകരിക്കുവാന്‍ നമുക്ക് പ്രയാസവുമില്ല. മനുഷ്യരും മൃഗങ്ങളും മത്സ്യങ്ങളുമെല്ലാം തന്നെ വ്യത്യസ്ത പ്രകൃതിയുമുള്ള സൃഷ്ടിയാണ്. ജിന്നുകളും മലക്കുകളും അങ്ങനെത്തന്നെ.

അവയുടെ പ്രകൃതം എങ്ങനെയെന്നത് അല്ലാഹു നമുക്ക് അറിയിച്ച് തന്നതില്‍ നിന്നേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. മലക്കുകള്‍ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവര്‍ക്ക് മനുഷ്യരെ പോലെയുള്ള രൂപം സ്വീകരിക്കുവാനുള്ള കഴിവ് അല്ലാഹു നല്‍കിയിട്ടുണ്ട്. മലക്കുകള്‍ മനുഷ്യ രൂപത്തില്‍ വന്നതിന് ക്വുര്‍ആനിലും സുന്നത്തിലും ധാരാളം തെളിവുകള്‍ നമുക്ക് കാണുവാന്‍ കഴിയും. അതെല്ലാം അതാത് സന്ദര്‍ഭത്തില്‍ വിവരിക്കുന്നതാണ്. ഇവിടെ അത് വിവരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.

ഇബ്‌റാഹീം നബി(അ)യുടെ അടുത്തേക്ക് മാന്യരായ കുറച്ച് അതിഥികള്‍ വന്നതായാണ് ഉപരിസൂചിത വചനത്തില്‍ പറയുന്നത്. അവര്‍ വീട്ടുകാരോട് അനുവാദം ചോദിച്ചതായി പറയുന്നില്ല. പണ്ഡിതന്മാര്‍ പറയുന്നത് അവരുടെ വീടിന് അതിഥികള്‍ക്ക് പ്രവേശിക്കുവാനായി ഒരു വാതിലുണ്ടായിരുന്നുവെന്നും അതിലൂടെ വിരുന്നുകാര്‍ക്ക് എപ്പോഴും കയറി വരാന്‍ പറ്റുന്ന തരത്തില്‍ അത് എപ്പോഴും തുറന്ന് വെക്കലായിരുന്നു പതിവ് എന്നുമാണ്. അതിലൂടെയാണ് ഈ അതിഥികള്‍ വരുന്നത്. അവര്‍ വന്ന് സലാം പറയുന്നു. അദ്ദേഹം അവരോടും സലാം മടക്കി. സലാം ചൊല്ലുക എന്നത് ആദം(അ) മുതലേ ഉണ്ട് എന്നത് നാം മുമ്പ് വിവരിച്ചിട്ടുണ്ട്. ആരാരും തന്നില്‍ വിശ്വസിക്കാതെ ഒറ്റയാനായി തന്റെ ആദര്‍ശം കൈമുതലാക്കി ജീവിക്കുന്ന വേളയിലാണ് സലാം പറഞ്ഞ് ചിലര്‍ വരുന്നത്. അതിരില്ലാത്ത സന്തോഷം സ്വാഭാവികം. അദ്ദേഹം അവരെ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. അപരിചിതരാണല്ലോ വന്നിട്ടുള്ളത്. ആ അപരിചിതത്വം അദ്ദേഹം മനസ്സില്‍ പറയുകയും ചെയ്തു. എന്നിട്ട്  നല്ല മാംസമുള്ള ഒരു കാളക്കുട്ടനെ അവര്‍ക്കായി വേവിച്ച് കൊണ്ടു വന്നു. മറ്റൊരു സ്ഥലത്ത് ക്വുര്‍ആന്‍ ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്.

”നമ്മുടെ ദൂതന്‍മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം. വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു. എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്” (ക്വുര്‍ആന്‍ 11:69,70).

ഭക്ഷണമുള്ളേടത്തേക്ക് ക്ഷണിക്കാതെ അതിഥികളുടെ അടുത്തേക്ക് കൊണ്ടു അങ്ങോട്ട് കൊണ്ടുപോയിക്കൊടുത്തു. അതാണ് ആതിഥ്യ മര്യാദയുടെ ഏറ്റവും ഉചിതമായ രൂപം. ആളുകളെ വിളിച്ചു വരുത്തി വരി നിര്‍ത്തി വിളമ്പിക്കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഇബ്‌റാഹീം(അ) അവരിലേക്ക് ഭക്ഷണവുമായി ചെല്ലുന്നു, കഴിക്കാന്‍ ആവശ്യപ്പെടുന്നു. അവര്‍ കഴിക്കുന്നില്ല. അദ്ദേഹത്തിന് ഒരു ആശങ്കയുണ്ടായി. എന്താണ് ഇവര്‍ ഭക്ഷണം കഴിക്കാത്തത്? പേടിയായി അവരുടെ കാര്യത്തില്‍ ഇബ്‌റാഹീം നബി(അ)ക്ക്. അദ്ദേഹത്തിന്റെ ഭയം മനസ്സിലാക്കിയ അവര്‍ പറഞ്ഞു: പേടിക്കേണ്ടതില്ല, ഞങ്ങള്‍ ലൂത്വ്(അ)ന്റെ ജനതയിലേക്ക് അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതന്മാരാണ്. അപ്പോഴാണ് ഇബ്‌റാഹീം നബി(അ)ക്ക് കാര്യം മനസ്സിലായത്. തന്റെ വീട്ടില്‍ വന്ന അതിഥികള്‍ മനുഷ്യരല്ലെന്നും മലക്കുകളാണെന്നും അതിനാലാണ് മനുഷ്യര്‍ കഴിക്കുന്നത് പോലെ അവര്‍ ഭക്ഷണം കഴിക്കാത്തത് എന്നും അപ്പോള്‍ മാത്രമാണ് അദ്ദേഹം അറിയുന്നത്.

ഇബ്‌റാഹീം നബി(അ)ക്ക് പോലും അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ മറഞ്ഞ കാര്യങ്ങള്‍ ഒന്നും അറിയാന്‍ കഴിയില്ല എന്ന കാര്യം ഇതില്‍നിന്നും നമുക്ക്മനസ്സിലാക്കാന്‍ സാധിക്കുന്നു. തന്റെ മുന്നില്‍ വന്നവര്‍ ആരാണെന്ന് പോലും അദ്ദേഹത്തിന് മനസ്സിലായില്ലല്ലോ. അവര്‍ അവരെ പരിചയപ്പെടുത്തിയപ്പോള്‍ മാത്രമാണ് അവരെക്കുറിച്ച് അദ്ദേഹത്തിന് മനസ്സിലായത്. ചിലര്‍ പറയാറുണ്ട് ഇബ്‌റാഹീം നബിക്ക് അറിയാമായിരുന്നു അവര്‍ മലക്കുകളാണെന്ന്; മനുഷ്യ രൂപത്തില്‍ വന്നതിനാലാണ് അദ്ദേഹം അവര്‍ക്ക് ഭക്ഷണം വിളമ്പിയത് എന്ന്. ഇത് തനിച്ച വിഡ്ഢിത്തമാണ്. അറിയാമായിരുന്നെങ്കില്‍ അദ്ദേഹത്തിന് അവര്‍ ഭക്ഷണം കഴിക്കാത്തതില്‍ പേടിതോന്നുമായിരുന്നോ? മാത്രവുമല്ല, മലക്കുകളുടെ മറുപടിയില്‍ നിന്ന് തന്നെ ഇബ്‌റാഹീം(അ)ന് അവരെ മനസ്സിലായിട്ടില്ല എന്നത് വളരെ വ്യക്തമാണ്.

ഇബ്‌റാഹീംനബി(അ)യും മരിച്ചവരെ ജീവിപ്പിക്കലും

”എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു). അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ?  ഇബ്‌റാഹീം പറഞ്ഞു: അതെ, പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:260).

മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിയുന്നവനാണ് അല്ലാഹുവെന്നതില്‍ ഇബ്‌റാഹീം നബി(അ)ക്ക്‌വിശ്വാസക്കുറവൊന്നുമില്ലായിരുന്നു. എങ്ങനെ എന്ന ചോദ്യം രണ്ട് രൂപത്തിലുണ്ട്. ഒന്ന്, സംശയിക്കുന്നവന്റെ ചോദ്യം. രണ്ട്, ഉറപ്പുള്ളത് തന്നെയാണ്. എങ്കിലും ഒന്ന് കണ്ട് മനസ്സിന് ഒരു ഉറപ്പ് ലഭിക്കുന്നതിനും. ഇവിടെ ഇബ്‌റാഹീം(അ) ചോദിച്ചത് ഉറപ്പായ അറിവ് ഒന്നു കാണുന്നതിന് വേണ്ടി മാത്രമാണ്. അല്ലാഹു അദ്ദേഹത്തോട് നാല് പക്ഷികളെ പിടിക്കുവാന്‍ കല്‍പിച്ചു. ആ പക്ഷികള്‍ എങ്ങനെയുള്ളവയായിരുന്നുവെന്ന് ഒന്നും നാം പഠിപ്പിക്കപ്പെട്ടിട്ടില്ല. അവ ഏതായിരുന്നുവെന്നെല്ലാം പലരും ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ അവ ഏത് തരം പക്ഷിയാണെന്ന് നാം അറിയുന്നതില്‍ വല്ല ഉപകാരവും നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹുവും റസൂലും നമ്മെ അത് അറിയിക്കുമായിരുന്നു. ആയതിനാല്‍ അത്തരം ചര്‍ച്ചകളുടെ പിന്നില്‍ നാം പോകുന്നില്ല.

ഇബ്‌റാഹീം(അ)നോട് അല്ലാഹു ആ നാല് പക്ഷികളെയും തന്നിലേക്ക് കൂട്ടിപ്പിടിക്കുവാന്‍ കല്‍പിച്ചു. അവയെ ഇണക്കി, അദ്ദേഹത്തിന് അവയില്‍ നല്ല പരിചയം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അത്. കാരണം, ആ പക്ഷികളെ തുണ്ടം തുണ്ടമാക്കി മാറ്റാന്‍ പോവുകയാണ്. രണ്ടാമത് ജീവന്‍ നല്‍കിയ ശേഷം തന്നിലേക്ക് അവ തിരികെ വരുമ്പോള്‍ ഇവ ആ പക്ഷികള്‍ തന്നെയാണെന്ന് അദ്ദേഹത്തിന് യാതൊരു ശങ്കയുമില്ലാതെ അറിയുകയും വേണമല്ലോ. ഇബ്‌റാഹീം(അ) കല്‍പന പ്രകാരം അവയെ ഇണക്കി. അവയോട് നല്ല പരിചയം നേടി. എന്നിട്ട് അവയെ അറുത്ത് കഷ്ണങ്ങളാക്കിയതിന് ശേഷം പരിസരത്തുള്ള ഓരോ മലയിലും അവയുടെ ഓരോ ഭാഗവും കൊണ്ട് പോയി വെക്കാന്‍ കല്‍പനയുണ്ടായി, അദ്ദേഹം അപ്രകാരം ചെയ്തു. പിന്നീട് അവയെ അല്ലാഹുവിന്റെ കല്‍പന പ്രകാരം വിളിച്ചപ്പോള്‍ അവ അദ്ദേഹത്തിനടുത്തേക്ക് വേഗത്തില്‍ വരുന്നതായി അദ്ദേഹം കണ്ടു.

അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രാവാചകന്‍ ഇബ്‌റാഹീം(അ)ന് പോലും മരണപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചില്ല. എന്നാല്‍ മുഹമ്മദ് നബി ﷺ ക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് വന്ന ശൈഖ് ജീലാനി(റ)യെ കുറിച്ച് ആളുകള്‍ വിശ്വസിക്കുന്നത് ‘ചത്ത ചകത്തിന് ജീവന്‍ ഇടീച്ചോവര്‍, ചാകും കിലേശത്തെ നന്നാക്കി വിട്ടോവര്‍’ എന്നാണ്. ഇസ്‌ലാമിന്റെ പ്രമാണങ്ങളിലുള്ള അജ്ഞതയാണ് ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നതിന് കാരണം. അല്ലാഹു അല്ലാത്ത, ഒരു സൃഷ്ടിക്ക് ജീവന്‍ നല്‍കുവാനും മരിപ്പിക്കുവാനും കഴിയും എന്ന് വിശ്വസിക്കുന്നത് കുഫ്‌റാണ്. അപ്പോള്‍ ചിലര്‍ക്ക് സംശയം ഉണ്ടാകും; ഈസാ(അ) ജീവിപ്പിച്ചില്ലേ എന്ന്. ഇല്ല എന്നതാണ് അതിനുള്ള മറുപടി. കാരണം അതൊരു മുഅ്ജിസത്താണ്. മുഅ്ജിസത്ത് പ്രവാചകന്മാര്‍ ചെയ്യുന്നതല്ല. അല്ലാഹു അവരിലൂടെ പ്രകടിപ്പിക്കുന്നതാണെന്നാണ് നാം തുടക്കത്തില്‍ വിവരിച്ചിട്ടുണ്ട്. ഇന്‍ശാ അല്ലാഹ്, നമുക്ക് ഈസാനബിയ(അ)ന്റെ ചരിത്രം വിവരിക്കുമ്പോള്‍ അവിടെ ഈ കാര്യങ്ങള്‍ വിവരിക്കാം.

ഇബ്രാഹീം(അ) അല്ലാഹുവിനോട് ആവശ്യപ്പെട്ടത് കാണിച്ച് കൊടുത്തു. മരണപ്പെട്ടവരെ രണ്ടാമത് ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് അല്ലാഹുവിന് നിഷ്പ്രയാസം സാധിക്കുമെന്ന് ഇബ്രാഹീം(അ)ന് അല്ലാഹു ഇതിലൂടെ കാണിച്ചുകൊടുത്തു.

ഇബ്‌റാഹീം നബി(അ)യും കിതാബും

അല്ലാഹു നാല് പ്രവാചകന്മാര്‍ക്ക് നല്‍കിയ കിതാബുകളെ നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. മൂസാനബി(അ)ക്ക് നല്‍കിയ തൗറാത്ത്, ദാവൂദ് നബി(അ)ക്ക് നല്‍കിയ സബൂര്‍, ഇാസാനബി(അ)ക്ക് നല്‍കിയ ഇഞ്ചീല്‍, മുഹമ്മദ് നബി ﷺ ക്ക് നല്‍കിയ ക്വുര്‍ആന്‍; ഇവയാണ് ക്വുര്‍ആന്‍ പേരെടുത്ത് പരിചയപ്പെടുത്തിയ നാല് വേദഗ്രന്ഥങ്ങള്‍. ഈ പറയപ്പെട്ടവരല്ലാത്ത പ്രവാചകന്മാര്‍ക്കും അല്ലാഹു ഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയെക്കുറിച്ച് അല്ലാഹു ‘സ്വുഹുഫ്’ (ഏടുകള്‍) എന്നാണ് പറഞ്ഞിരിക്കുന്നത്.ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹു നല്‍കിയ സ്വുഹ്ഫിനെ സംബന്ധിച്ച് ക്വുര്‍ആനില്‍ പ്രതിപാദിക്കുന്നത് കാണുക:

”അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (പത്രികകളില്‍). അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും അവന്റെ പ്രയത്‌നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം” (ക്വുര്‍ആന്‍ 53:3640).

”തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍). പക്ഷേ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്. അതായത് ഇബ്‌റാഹീമിന്റെയും മൂസായുടെയും ഏടുകളില്‍” (ക്വുര്‍ആന്‍ 87:14-19).

ഇവിടെ മൂസാ നബി(അ)ക്കും ഇബ്‌റാഹീം നബി(അ)ക്കും സ്വുഹ്ഫ് നല്‍കപ്പെട്ടിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. എല്ലാത്തിലും അല്ലാഹു നല്‍കിയിട്ടുള്ള അടിസ്ഥാന നിര്‍ദേശങ്ങള്‍ ഒന്ന് തന്നെയായിരുന്നുവെന്ന് ഈ വചനങ്ങളില്‍ നിന്ന് നമുക്ക് ഗ്രഹിക്കാവുന്നതാണ്. ആ സ്വുഹ്ഫിന്റെ മറ്റു പ്രത്യേകതകളൊന്നും നമുക്ക് വിവരിക്കപ്പെട്ടിട്ടില്ല.

ഇബ്‌റാഹീം നബി(അ)യും ചേലാകര്‍മവും

ഒരു പുരുഷന് ലിംഗ ശുദ്ധിക്കും ലൈംഗിക ശുദ്ധിക്കും ചേലാ കര്‍മം മഹത്തരമാണെന്ന് ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അത് നജസില്‍ നിന്ന് പൂര്‍ണമായും പുരുഷന് മോചനം നല്‍കുന്നതാണ്. മനുഷ്യ പ്രകൃതത്തെ നന്നായി അറിയുന്ന അല്ലാഹുവിന്റെ മതം ഇത് ഒരു പുണ്യ കര്‍മമായിട്ടാണ് പഠിപ്പിക്കുന്നത്. 80 വയസ്സുള്ളപ്പോള്‍ അദ്ദേഹം ചേലാകര്‍മം ചെയ്യുവാനായി കല്‍പിക്കപ്പെട്ടു. യാതൊരു മടിയും വിഷമവും കൂടാതെ അദ്ദേഹം അത് പാലിക്കുകയും ചെയ്തു.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ഇബ്‌റാഹീം നബി(അ) തന്റെ എണ്‍പതാമത്തെ വയസ്സില്‍ ചേലാകര്‍മം ചെയ്തു” (മുസ്‌ലിം).

ഇബ്‌റാഹീം നബി(അ)യുടെ രൂപം

നബി ﷺ പറയുന്നു: ”രണ്ടാളുകള്‍ ഒരു രാത്രിയില്‍ ഒരാളെയുമായി എന്റെയടുത്ത് വന്നു. അദ്ദേഹം നല്ല ഉയരമുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ ഉയരം കാരണം എനിക്ക് അദ്ദേഹത്തിന്റെ തല കാണുവാന്‍ എനിക്ക് കഴിയുന്നില്ല. നിശ്ചയമായും അത് ഇബ്‌റാഹീം(അ) ആയിരുന്നു”(ബുഖാരി).

നബി ﷺ ഇബ്‌റാഹീം(അ)നെ ഈ അവസരത്തിലും മിഅ്‌റാജിന്റെ അവസരത്തില്‍ ബൈതുല്‍ മഅ്മൂറിനടുത്ത് വെച്ചും കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആകൃതി ആരുടെ പോലെയാണെന്നും അവിടുന്ന് നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്:

”…ഞാന്‍ ഇബ്‌റാഹീം(അ)നെ കണ്ടു. അപ്പോള്‍ അദ്ദേഹം നിങ്ങളുടെ കൂട്ടുകാരനോട് (അവിടുന്ന് തന്നെത്തന്നെയാണ് ഉദ്ദേശിച്ചത്)  ഏറ്റവും അടുത്ത് സാദൃശ്യമുള്ളവനായിരുന്നു” (മുസ്‌ലിം).

ഇബ്‌റാഹീം(അ) നല്ല ഉയരമുള്ളയാളും നബി ﷺ യുടെ രുപത്തോട് സാദൃശ്യമുള്ള ആളുമായിരുന്നു എന്ന് വ്യക്തം.

(തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 08

ഇബ്‌റാഹീം നബി (അ) - 08

കഅ്ബയുടെ നിര്‍മാണം

ഇബ്‌റാഹീം നബി(അ) മകന്‍ ഇസ്മാഈലി(അ)ന്റെ അടുത്ത് വന്ന് പോയ കാര്യമാണ് നാം വിശദീകരിച്ചത്. വീണ്ടും ഒരിക്കല്‍ പിതാവ് മകന്റെ അടുക്കല്‍ ചെന്നു. അന്നേരം ഇസ്മാഈല്‍(അ) സംസമിന്റെ അടുത്തുള്ള ഒരു വൃക്ഷത്തിനു താഴെ അമ്പ് ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. പിതാവിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്നു. (പരസ്പരം കണ്ടുമുട്ടുമ്പോള്‍) പിതാവും പുത്രനും െചയ്യുന്നതെല്ലാം അവര്‍ ചെയ്തു. പിന്നീട് ഇബ്‌റാഹീം(അ) പറഞ്ഞു: ‘ഇസ്മാഈല്‍, അല്ലാഹു എന്നോട് ഒരു കാര്യം (ചെയ്യുവാന്‍) കല്‍പിച്ചിരിക്കുന്നു.’ ഇസ്മാഈല്‍(അ) പറഞ്ഞു: ‘താങ്കളുടെ റബ്ബ് താങ്കളോട് പറഞ്ഞത് ചെയ്തുകൊള്ളുക.’ ഇബ്‌റാഹീം(അ) ചോദിച്ചു: ‘നീ എന്നെ സഹായിക്കുമോ?’ ഇസ്മാഈല്‍(അ) പറഞ്ഞു: ‘ഞാന്‍ താങ്കളെ സഹായിക്കുന്നതാണ്.’ അവര്‍ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത് ഉയര്‍ന്നുനില്‍ക്കുന്ന ചെറിയ മണ്‍കൂനകളുടെചുറ്റും ചൂണ്ടിക്കാണിച്ചകൊണ്ട് ഇബ്‌റാഹീം(അ) പറഞ്ഞു: ‘അല്ലാഹു എന്നോട് ഇവിടെ ഒരു ഭവനം നിര്‍മിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു.’ അങ്ങനെ ഇരുവരും അതിനടുത്ത് ഭവനത്തിനുള്ള തൂണുകള്‍ ഉയര്‍ത്തി. ഇസ്മാഈല്‍(അ) കല്ല് കൊണ്ടുവരുന്നു. ഇബ്‌റാഹീം(അ) നിര്‍മിക്കുന്നു. അങ്ങനെ കെട്ടിടം ഉയരത്തിലായി. ഇസ്മാഈല്‍(അ) ഒരു കല്ല് കൊണ്ടുവന്ന് (പിതാവിന്) വെച്ചുകൊടുത്തു. അദ്ദേഹം (പിതാവ്) അതില്‍ കയറിനിന്ന് നിര്‍മാണം തുടരുന്നു. ഇസ്മാഈല്‍(അ) അദ്ദേഹത്തിന് കല്ലുകള്‍ കൈമാറുന്നു. അവര്‍ ഇരുവരും ഇപ്രകാരം പറയുന്നുമുണ്ട്: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നും നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ.’ നബി ﷺ പറയുകയാണ്: ”അങ്ങനെ അവര്‍ ഇരുവരും (അത്) നിര്‍മിക്കുകയാണ്. ആ ഭവനത്തിന് ചുറ്റും നടന്നുകൊണ്ട് അവര്‍ ഇരുവരും പറയുന്നുണ്ട്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നും നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ” (ബുഖാരി).

ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലത്ത് പരിശുദ്ധമായ ഭവനമാണുണ്ടാക്കുന്നത്. അതും അല്ലാഹുവിന്റെ കല്‍പന പ്രകാരം. എന്നിട്ടും ഇത് സ്വീകരിക്കണേ എന്ന് ഇരുവരും പ്രാര്‍ഥിക്കുന്നു. അത്രയും ആത്മാര്‍ഥതയും പ്രതിഫലേഛയും അവര്‍ക്കുണ്ടായിരിന്നു എന്നര്‍ഥം.

ഈ രണ്ട് മഹാന്മാരും കഅ്ബ നിര്‍മിക്കുന്നതിനു മുമ്പ് അവിടെ കഅ്ബ ഉണ്ടായിരുന്നോ ഇല്ലേ എന്ന എന്ന ഒരു ചര്‍ച്ച പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പരിശുദ്ധ ക്വുര്‍ആനിലോ സ്വഹീഹായ ഹദീഥുകളിലോ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും നിര്‍മിക്കുന്നതിനുമുമ്പേ അവിടെ കഅ്ബ  ഉണ്ടായിരുന്നു എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. മലക്കുകള്‍ മുമ്പേ അവിടെ കഅ്ബ നിര്‍മിച്ചിരുന്നെന്നും പിന്നീട് ആദം(അ) നിര്‍മിച്ചുവെന്നും അതിനു ശേഷം പലരുടെയും കൈകളാല്‍ നിര്‍മിക്കപ്പെടുകയും പിന്നീട് അതിന് നാശം സംഭവിക്കുകയും ചെയ്തുവെന്നും ആ സ്ഥലത്ത് തന്നെ പിന്നീട് ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും  കഅ്ബ നിര്‍മിക്കുകയാണുണ്ടായതെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. ഈ അഭിപ്രായം പൂര്‍ണമായും ശരിയെന്നോ ശരിയല്ലെന്നോ പറയുവാന്‍ കഴിയില്ല.

മുഹമ്മദ് നബി ﷺ യുടെ കാലത്ത് കഅ്ബയുടെ പുനര്‍ നിര്‍മാണം നടന്നിട്ടുണ്ട്. അവിടുന്ന് നബിയാകുന്നതിന് അഞ്ചുവര്‍ഷം മുമ്പാണത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ കഅ്ബയുടെ ഭിത്തികള്‍ക്ക് ബലക്ഷയം സംഭവിച്ചു. ആ സന്ദര്‍ഭത്തില്‍ പൊളിച്ചു പണിയണോ കേടുപാടുകള്‍ തീര്‍ക്കണോ എന്ന ചര്‍ച്ച നടന്നു. കഅ്ബ പൊളിക്കുവാന്‍ വന്ന അബ്‌റഹത്തിനും ൈസന്യത്തിനും ലഭിച്ച ശിക്ഷയെക്കുറിച്ച് മക്കക്കാര്‍ക്ക് അറിയാമല്ലോ. ആയതിനാല്‍ പൊളിക്കുവാന്‍ അവര്‍ ഭയന്നു. കേടുപാടുകള്‍ തീര്‍ത്താല്‍ മതി എന്ന അഭിപ്രായമുയര്‍ന്നു. അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: ‘നമ്മുടെ വീടിന് ബലക്ഷയം സംഭവിച്ചാല്‍ കേടുപാടുകള്‍ നികത്തുകയാണോ ചെയ്യുക , അതോ പൊളിച്ച് പുതിക്കിപ്പണിയുകയോ?’ അവര്‍ പറഞ്ഞു: ‘പൊളിച്ച് പുതുക്കിപ്പണിയും.’ അപ്പോള്‍ അയാള്‍ പറഞ്ഞു: ‘എങ്കില്‍ അതിനെക്കാള്‍ വലുതാണ് അല്ലാഹുവിന്റെ ഭവനം. അബ്‌റഹത്ത് വന്നത് കഅ്ബ പൊളിച്ച് നശിപ്പിക്കുവാനാണല്ലോ. നമ്മള്‍ പൊളിക്കുന്നത് നശിപ്പിക്കുവാനല്ല, പുതുക്കി കെട്ടുറുപ്പുള്ളതാക്കുവാനല്ലേ? അതിനാല്‍ നമുക്ക് അല്ലാഹുവിന്റെ ശിക്ഷയാന്നും ലഭിക്കില്ല.’ 

നമുക്ക് കഅ്ബ പൊളിച്ച് പുതിയത് പണിയാം എന്ന് വലീദ്ബ്‌നു മുഗീറ തീരുമാനമാക്കി. പൊളിച്ച് പുനര്‍നിര്‍മിക്കാം എന്ന് അഭിപ്രായം പറഞ്ഞ ആളോട് തന്നെ പൊളിക്കുന്നതിന് തുടക്കം കുറിക്കുവാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. പൊളിക്കാന്‍ തുടങ്ങുമ്പോള്‍ വല്ല വിപത്തും സംഭവിക്കുന്നുണ്ടോ ഇല്ലേ എന്ന് അറിയാനായിരുന്നു ഇത്. മുശ്‌രിക്കുകളായിരുന്നെങ്കിലും കഅ്ബയെ അവര്‍ എന്നും ആദരിച്ചും ബഹുമാനിച്ചും അതിന്റെ പവിത്രത കാത്തുസൂക്ഷിച്ചുമാണ് പോന്നിരുന്നത്. അവിടെവെച്ച് യാതൊരു അക്രമവും നടത്താന്‍ അവര്‍ ധൈര്യം കാണിച്ചിരുന്നില്ല. കാരണം ഇബ്‌റാഹീം നബി(അ)യുടെ കാലം മുതലേ അത് ഹറമാ(പവിത്രമാ)ണ്. 

കഅ്ബ പുതുക്കിപ്പണിയുവാനായി പൊളിക്കുവാന്‍ തുടങ്ങി. ആ അവസരത്തില്‍ മുഗീറ പറയുന്നുണ്ട,് ‘അല്ലാഹുവേ, നല്ലതേ ഞങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ’ എന്ന്. പൊളിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും സംഭവിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം എല്ലാവരോടും അതില്‍ പങ്കുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് പേടി നീങ്ങിയിട്ടില്ല. അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ പങ്കെടുക്കാന്‍ ആയിട്ടില്ല. നീ രാത്രി പോയിട്ട് ഒന്ന് ഉറങ്ങൂ. എന്നിട്ട് വല്ലതും സംഭവിക്കുന്നുണ്ടോ എന്ന് ഞങ്ങളൊന്ന് നോക്കട്ടെ. നേരം വെളുത്ത ശേഷം നിന്നെ നല്ല ആരോഗ്യത്തിലും നല്ല അവസ്ഥയിലുമെല്ലാം ഞങ്ങള്‍ കണ്ടാല്‍ ഞങ്ങള്‍ കഅ്ബ പൊളിക്കുവാന്‍ തയ്യാറാകാം.’ അവര്‍ അതിന് കാത്തിരുന്നു. അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. അങ്ങനെ എല്ലാവരും ചേര്‍ന്ന് പൊളിക്കുവാന്‍ തുടങ്ങി. തറയുടെ ഭാഗം വരെ പൊളിച്ചു. പിന്നീട് നിര്‍മാണം തുടങ്ങി. 

നിര്‍മാണത്തിന് സാമ്പത്തികമായ ചെലവുണ്ട്. അത് എവിടെ നിന്ന് കിട്ടും?  അവര്‍ അത് എല്ലാവരില്‍ നിന്നും സംഭരിക്കുവാന്‍ തീരുമാനിച്ചു. പക്ഷേ, അവര്‍ ഒരു നിബന്ധന കര്‍ശനമാക്കി; ഹലാലല്ലാത്ത ഒരു തുട്ടുപോലും ഇതിലേക്ക് ആരും സംഭാവന നല്‍കരുത്! എന്നിട്ട് അവര്‍ പറഞ്ഞു: ‘ഒരു വേശ്യയുടെ മഹ്‌റോ, പലിശയുമായുള്ള മുതലോ, ചൂതാട്ടം നടത്തുന്നവരുടെ മുതലോ, മോഷണം നടത്തിയവന്റെ മുതലോ വേണ്ട.’ കാരണം പരിശുദ്ധ ഗേഹത്തിന്റെ പുനര്‍നിര്‍മാണമാണ് നടക്കുന്നത്. അതിന് പരിശുദ്ധമായ സമ്പാദ്യം തന്നെ വേണം എന്നതായുരുന്നു അവരുടെ നിലപാട്. ഈ കണിശതയിലൂടെ പണം സ്വരൂപിച്ചപ്പോള്‍ ഇബ്‌റാഹീം ﷺ പണിതിരുന്ന അത്ര വലുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അങ്ങനെ ഇന്നും നാം കാണുന്ന വലുപ്പത്തില്‍ അത് അവര്‍ പൂര്‍ത്തിയാക്കി. ബാക്കി ഭാഗം, കഅ്ബയുടെ ഭാഗം തന്നെയാണെന്ന് അറിയാനായി ഒരു ആര്‍ച്ചിന്റെ രൂപം അവിടെ അവര്‍ ഉണ്ടാക്കി വെച്ചു. അതിനുള്ളിലൂടെ ത്വവാഫ് പാടില്ല. കാരണം, കഅ്ബഃയുടെ ഉള്ളിലൂടെ ത്വവാഫ് പാടില്ല. 

ഒരിക്കല്‍ നബി ﷺ യോട് ആഇശ(റ) പറഞ്ഞു: ‘നബിയേ, എനിക്ക് കഅ്ബയുടെ അകത്ത് കയറി നമസ്‌കരിക്കണം.’ അവിടുന്ന് അരുളി: ‘ഹിജ്‌റില്‍ നമസ്‌കരിച്ചുകൊള്ളുക. നിശ്ചയമായും അത് കഅ്ബയാണ്’ (അബൂദാവൂദ്, തിര്‍മിദി).

ആ ആര്‍ച്ച് രൂപത്തിലുള്ള ഭാഗത്തിന് ആളുകള്‍ ഹിജ്‌റ് ഇസ്മാഈല്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല. ഹിജ്‌റ് എന്നേ നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളൂ. ഹജ്‌റ് ഇസ്മാഈല്‍ എന്നത് ആരോ ഉണ്ടാക്കിയതാണ്. ചിലര്‍ അതിനെ പറ്റി വിശ്വസിക്കുന്നത് അവിടെയാണ് ഇസ്മാഈല്‍(അ)ന്റെ ക്വബ്‌റ് എന്നാണ്. മറ്റു ചിലര്‍ എഴുപത് നബിമാരുടെ ക്വബ്‌റ് അവിടെയുണ്ടെന്നാക്കി. ഇതെല്ലാം അടിസ്ഥാന രഹിതമായ വിശ്വാസങ്ങളാണ്.  

മക്കക്കാരുടെ കഅ്ബ പുതുക്കിപ്പണിയല്‍ തുടരുകയാണ്. അന്നേരം ഹജറുല്‍ അസ്‌വദ് ആര് അതിന്റെ സ്ഥാനത്ത് വെക്കും എന്നതില്‍ അവര്‍ക്കിടയില്‍ തര്‍ക്കമായി. ഓരോ ഗോത്രത്തലവന്മാരും അവരവരുടെ നാമം  നിര്‍ദേശിച്ചു. തര്‍ക്കമായി. ഇനി ആരാണോ ഇവിടേക്ക് ആദ്യം വരുന്നത്, അവരുടെ നിര്‍ദ്ദേശം നമുക്ക് അംഗീകരിക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തി. അല്ലാഹുവിന്റെ വിധി പ്രകാരം 35 വയസ്സ് പ്രായമുള്ള അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന് ജനങ്ങള്‍ വിളിക്കുന്ന മുഹമ്മദ് ﷺ ആണ് അവിടേക്ക് അന്നേരം കടന്നുവന്നത്. അന്ന് അവിടുന്ന് നബി ആയിട്ടില്ല. അവര്‍ അദ്ദേഹത്തോട് ആവശ്യം അറിയിച്ചു. അവിടുന്ന് ഒരു തുണി കൊണ്ടുവരാന്‍ അവരോട് പറഞ്ഞു. എന്നിട്ട് ആ തുണിയുടെ മധ്യത്തില്‍ ഹജറുല്‍ അസ്‌വദ് വെക്കുകയും, ഗോത്രത്തലവന്മാരോട് തുണിയുടെ അറ്റം പിടിച്ച് പൊക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇനി ആര് വെക്കും ഹജറുല്‍ അസ്‌വദ് അതിന്റെ സ്ഥാനത്ത്? എല്ലാം അല്ലാഹുവിന്റെ തീരുമാനമായിരുന്നു. അവിടുന്ന് തന്നെ ആ കല്ല് തുണിയില്‍ നിന്നും എടുത്ത് അതിന്റെ സ്ഥാനത്ത് സ്ഥാപിച്ചു. 

മക്കാവിജത്തിന് ശേഷം നബി ﷺ ക്ക് ഒരു ആഗ്രഹം. കഅ്ബ പുനര്‍നിര്‍മാണത്തില്‍ ക്വുറൈശികള്‍ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിത രൂപത്തിന് ഒന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. അവര്‍ ഇരുവരും കഅ്ബ പണിതപ്പോള്‍ നിലത്തുനിന്ന് തന്നെ അതിലേക്ക് പ്രവേശിക്കാവുന്ന രൂപത്തിലുള്ള ഒരു വാതിലായിരുന്നു അതിനുണ്ടായിരുന്നത്. പുറത്ത് കടക്കാനും അപ്രകാരം ഒരു വാതില്‍ ഉണ്ടായിരുന്നു. ക്വുറൈശികള്‍ അത് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് നന്നായി ഉയര്‍ത്തിയാണ് സ്ഥാപിച്ചത്. മറ്റൊരു മാറ്റം, കഅ്ബയുടെ നാല് ചുമരുകളുടെ വലുപ്പക്കുറവായിരുന്നു.  സമ്പത്തിന്റെ കുറവു കാരണം, കഅ്ബ പുനര്‍നിര്‍മാണത്തിന് ഇബ്‌റാഹീം(അ) പണിത അതേ അടിത്തറയില്‍ പണിയാന്‍ ക്വുറൈശികള്‍ക്കായില്ലല്ലോ. അതിനാല്‍ അവര്‍ മാറ്റി നിര്‍ത്തിയ ഭാഗം ഉള്‍പെടുത്തിക്കൊണ്ടും അവര്‍ അതിന് വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കിയും ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിതത് പോലെത്തന്നെ അതൊന്ന് പൂര്‍ണമായി പണിതാലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ  ആഗ്രഹം. കഅ്ബയുടെ നാല് മൂലകള്‍ക്കും വ്യത്യസ്ത പേരുകളാണല്ലോ ഉള്ളത്. ഒന്ന്, ഹജറുല്‍ അസ്‌വദ് നില്‍ക്കുന്ന മൂല. രണ്ട,് റുക്‌നുല്‍ യമാനി. മൂന്ന്, റുക്‌നുല്‍ ഇറാക്വി. നാല് റുക്‌നുശ്ശാമി. അവസാനം പറഞ്ഞ രണ്ട് മൂലകളുടെ ഭിത്തിയുടെ മുകള്‍ ഭാഗത്താണ് മഴയോ മറ്റോ കാരണത്താല്‍ കഅ്ബയുടെ മുകളിലുള്ള വെള്ളം താഴെക്ക് ഒഴുക്കാനായി പാത്തിയുള്ളത്. അവിടുന്ന് ആഗ്രഹിക്കുന്നത് പോലുള്ള ഒരു പ്രവര്‍ത്തനം ഇനി കഅ്ബയുടെ കാര്യത്തില്‍ ചെയ്യണമെങ്കില്‍ ഈ ഭാഗങ്ങളെല്ലാം പൊളിക്കുകയും വേണം. പൊളിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ അതൊരു സംസാര വിഷയമാകുകയും ചെയ്യും. അതോടൊപ്പം സാമ്പത്തികമായ ഞെരുക്കവും അതിന് തടസ്സമായിരുന്നു.

ആഇശ(റ)യോട് അവിടുന്ന് ഈ ആഗ്രഹം ഇടയ്ക്കിടക്ക് പങ്കുവെക്കാറുണ്ട്. അവിടുന്ന് പറഞ്ഞു: ‘ആഇശാ, നിന്റെ ജനത ജാഹിലിയ്യത്തില്‍ നിന്നും വന്ന പുതിയ കാലമാണിത്. കഅ്ബയുടെ ആ ചുമരുകള്‍ അതില്‍ ഞാന്‍ പ്രവേശിപ്പിക്കുവാനും (അവര്‍ ഉയര്‍ത്തിയ) വാതില്‍ ഭൂമിയോട് ഒട്ടുന്ന രൂപത്തില്‍ ആക്കുവാനും അവരുടെ ഹൃദയത്തില്‍ വല്ല വെറുപ്പും ഉണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ (ബുഖാരി).

മക്കാ വിജയത്തിന് ശേഷം ഇങ്ങനെ ഒരു പണിക്ക് അവിടുന്ന് തയ്യാറാകുന്ന പക്ഷം പുതിയതായി ഇസ്‌ലാമിലേക്ക് വന്നവരില്‍ അത് വിഷമവും സംശയവും ഉളവാക്കിയേക്കും. ‘കഅ്ബയെ ബഹുമാനിക്കുന്നുവെന്ന് വാദിക്കുന്ന ഈ മുഹമ്മദ് മക്ക വിജയിച്ചടക്കിയപ്പോള്‍ ആദ്യം ചെയ്തത് കഅ്ബഃ പൊളിക്കലാണ്’ എന്ന് അവര്‍ പറഞ്ഞേക്കും.

നബി ﷺ അങ്ങനെ ഒരു പുതുക്കിപ്പണിയലിന് തയ്യാറാകുന്നത് തെറ്റാണോ?  അല്ല! പക്ഷേ, ഒരു നന്മ പിന്നീട് വലിയ കുഴപ്പത്തിന് നിമിത്തമാകുമെന്ന് ഭയപ്പെട്ട് പ്രവാചകന്‍ ﷺ അതില്‍ നിന്നും പിന്മാറുകയാണ് ചെയ്തത്. ഈ സംഭവത്തില്‍ നിന്ന് പണ്ഡിതന്മാര്‍ ‘ഒരു നന്മ നടപ്പാക്കുന്നതിലൂടെ അതിനെക്കാള്‍ വലിയ കുഴപ്പം വരുന്നുവെങ്കില്‍ ആ നന്മയെ മാറ്റി നിര്‍ത്താം’ എന്ന ഒരു കാര്യം നിര്‍ധാരണം ചെയ്‌തെടുത്തിട്ടുണ്ട്.  ഇതിനര്‍ഥം എല്ലാ സത്യവും മൂടിവെക്കണമെന്നോ, ജനങ്ങളുടെ ഇഷ്ടത്തിനൊപ്പിച്ച് ദീനിനെ വളച്ചൊടിക്കണമെന്നോ നല്ല കാര്യം ചെയ്യരുതെന്നോ അല്ല. കഅ്ബ അങ്ങനെ തന്നെ (ക്വുറൈശികള്‍ നിര്‍മിച്ചത് പോലെ) നിലനില്‍ക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു നഷ്ടവും മതത്തിനില്ല. എന്നാല്‍ ആ മഹാന്മാരായ പ്രവാചകന്മാര്‍ കെട്ടിപ്പടുത്തുയര്‍ത്തിയത് പോലെ ഒന്ന് കാണുക എന്ന ആഗ്രഹം അവിടുന്ന് പ്രകടിപ്പിച്ചുവെന്ന് മാത്രം. 

കാലം കുറെ പിന്നിട്ടു. റസൂല്‍ ﷺ വഫാതായി. ശേഷം ഖുലഫാഉര്‍റാശിദുകളായ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ),അലി(റ) തുടങ്ങിയവരുടെ ഖിലാഫത്തും കഴിഞ്ഞു. പിന്നീട് ഹസന്‍(റ), മുആവിയ(റ) എന്നിവരുടെ ഭരണവും കഴിഞ്ഞു. ശേഷം യസീദിന്റെ കാലത്ത് മക്കയിലെ അമീറായിരുന്ന അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) കഅ്ബ പുതുക്കിപ്പണിയുവാന്‍ ആഗ്രഹിച്ചു. അത് ഹിജ്‌റ 64ല്‍ ആയിരുന്നു. അങ്ങനെ അദ്ദേഹം അതിനായി കൂടിയാലോചന നടത്തി. അദ്ദേഹം പറഞ്ഞു:

‘ജനങ്ങളേ, കഅ്ബയുടെ കാര്യത്തില്‍ (ഞാന്‍ നിങ്ങളോട് അഭിപ്രായം ചോദിക്കുന്നു) എനിക്ക് നിങ്ങള്‍ നിര്‍ദേശം നല്‍കണം. ഞാന്‍ അത് പൊളിച്ച് പുതുക്കിപ്പണിയുകയാണ് (അതാണ് എന്റെ അഭിപ്രായം). അല്ലെങ്കില്‍ അതിന് ബലക്ഷയം വന്നിടം നന്നാക്കുകയാണ്.’ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘എനിക്ക് അതില്‍ വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ട്. ജനങ്ങളെല്ലാം മുസ്‌ലിമായപ്പോഴും ആ ഭവനം അങ്ങനെ തന്നെയല്ലേ? ജനങ്ങളെല്ലാം മുസ്‌ലിമായപ്പോഴും ആ കല്ലുകളെല്ലാം അങ്ങനെ തന്നെയല്ലേ? നബി ﷺ നിയോഗിക്കപ്പെടുമ്പോഴും അവയെല്ലാം അങ്ങനെ തന്നെയല്ലേ? അത് അങ്ങനെ തന്നെ വിട്ട്, കേട് പാടുകള്‍ വന്ന ഭാഗം നന്നാക്കുവാനാണ്  ഞാന്‍ അഭിപ്രായപ്പെടുന്നത്.’ അപ്പോള്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പറഞ്ഞു: ‘നിങ്ങളില്‍ ഒരാളുടെ ഭവനം കത്തിയമര്‍ന്നാല്‍ അത് പുതുക്കുന്നത് നിങ്ങള്‍  ഇഷ്ടപ്പെടില്ലേ? അപ്പോള്‍ അല്ലാഹുവിന്റെ ഭവനമോ?’ (അതല്ലേ അതിനെക്കാള്‍ പ്രധാനം എന്നര്‍ഥം). 

അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന് പ്രവാചകന്‍ ﷺ ക്ക് ഉണ്ടായത് പോലെയുള്ള ഒരു ആഗ്രഹം ഉണ്ടായി. അഥവാ, ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിത അതേ വലുപ്പത്തിലും, രണ്ട് വാതിലുകളുള്ളതും, വാതിലുകള്‍ ഭൂമിയോട് സമനിരപ്പായതുമായി നിര്‍മിക്കുവാനാണ് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ആഗ്രഹം പ്രകടിപ്പിച്ചത്. അതിനായി അദ്ദേഹം പ്രമുഖരുമായി ചര്‍ച്ച ചെയ്തു. കൂട്ടത്തില്‍ പ്രമുഖനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വും ഉണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം പൊളിച്ച് പണിയേണ്ട, കേടുപാടുകള്‍ തീര്‍ത്താല്‍ മതി എന്നതായിരുന്നു.  

പിന്നീട് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ഇപ്രകാരം അറിയിച്ചു: ‘ഞാന്‍ എന്റെ റബ്ബിന്റെ മുന്നില്‍ മൂന്ന് തവണ ഇസ്തിഖാറത്തിന്റെ നമസ്‌കാരം നിര്‍വഹിച്ചു. എന്നിട്ട് ഞാന്‍ തീരുമാനമെടുത്തിരിക്കുന്നത്, അത് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും മാറ്റി ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിതത് പോലെ നിര്‍മിക്കുവാനാണ്.’ 

അങ്ങനെ അദ്ദേഹം അപ്രകാരം ചെയ്യുവാന്‍ തീരുമാനിച്ചു. വല്ലതും സംഭവിക്കുമോ എന്ന് ജനങ്ങള്‍ക്ക് പേടിയായി. അങ്ങനെ ഒരാള്‍ ഒരു കല്ല് മാറ്റി.  ഒന്നും സംഭവിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും അതില്‍ പങ്കെടുത്തു. നിര്‍മാണം തുടങ്ങിയപ്പോള്‍ കഅ്ബഃയുടെ നാല് ഭാഗവും തുണികൊണ്ട് മറച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ അത് അവിടെ നിന്നും എടുത്തില്ല. അങ്ങനെ അദ്ദേഹം ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിതത് പോലെ പുനര്‍നിര്‍മിച്ചു. അദ്ദേഹം പറഞ്ഞു: ”നബി ﷺ (ഇപ്രകാരം) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്: ‘നിന്റെ ജനത അടുത്ത കാലത്താണ് കുഫ്‌റില്‍ നിന്നും ഇസ്‌ലാമിലേക്ക് വന്നത്. അതിനാലാണ് ഞാന്‍ കഅ്ബയെ ഇബ്‌റാഹീമും(അ) ഇസ്മാഈലും(അ) പണിതത് പോലെ പണിയാന്‍ മുതിരാത്തത്. അത് പോലെ എന്റെ അടുത്ത് അത് പൂര്‍ത്തിയാക്കുവാനുള്ള സാമ്പത്തിക ശേഷിയുമില്ല, അതിനാലാണ് ഇബ്‌റാഹീമും(അ) ഇസ്മാഈലും(അ) പണിതത് പോലെ അത് നിര്‍മിക്കാന്‍ ഞാന്‍ തുനിയാത്തത്.’ എന്നാല്‍ ഇന്ന് അതിന് ചെലവഴിക്കാനുള്ള സാമ്പത്തിക ശേഷി എനിക്കുണ്ട്, ജനങ്ങളെ പേടിക്കേണ്ടുന്ന സാഹചര്യവും ഇല്ലാതെയായി. ഇസ്‌ലാം അവരുടെ ഹൃദയത്തില്‍ രുഢമൂലമായിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇത് അപ്രകാരം പണിയുകയാണ്.” 

അങ്ങനെ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ കാലത്ത് ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും ഉണ്ടാക്കിയ പോലെ കഅ്ബ പുനര്‍ നിര്‍മിച്ചു. അത് ഹിജ്‌റ 64ല്‍ ആയിരുന്നുവെന്ന് നാം പറഞ്ഞുവല്ലോ. എന്നാല്‍ ഇതിന്റെ പേരില്‍ പ്രശ്‌നം ഉടലെടുത്തു. കുഴപ്പം അദ്ദേഹത്തിന്റെ വധത്തില്‍ വരെ എത്തിച്ചേര്‍ന്നു. ഹജ്ജാജ്ബ്‌നു യൂസുഫിന്റെ കൈകളാല്‍ ഹിജ്‌റ 73ല്‍ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.

പിന്നീട് ഹജ്ജാജായിരുന്നു അവിടത്തെ ഭരണാധികാരി. അദ്ദേഹം അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പണിതതെല്ലാം പൊളിച്ചു മാറ്റി. നബി ﷺ യുടെ കാലത്തുണ്ടായിരുന്നത് പോലെ അത് പണിയുകയും ചെയ്തു.

ഹജ്ജാജിന്റെ കാലശേഷം അബ്ബാസീ ഭരണ കാലം എത്തിയപ്പോള്‍ മഹ്ദി എന്ന് പറയുന്ന ഭരണാധികാരിയുടെ കാലത്ത് അന്ന് ജീവിച്ചിരിപ്പുള്ള മഹാപണ്ഡിതനായ ഇമാം മാലിക്ബ്‌നു അനസ്(റ)വിനോട് ഗവര്‍ണര്‍, എന്ത് ചെയ്യണം, ഇത് മാറ്റി പഴയ രൂപത്തിലേക്ക് തന്നെ ആക്കിയാലോ എന്ന് കൂടിയാലോചന നടത്തി. ഇമാം മാലിക്(റ) പറഞ്ഞു:

‘അതിനെ (അങ്ങനെ തന്നെ) വിടാനാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്.’ അദ്ദേഹം ചോദിച്ചു: ‘എന്ത് കൊണ്ട്?’  അദ്ദേഹം പറഞ്ഞു: ‘ഭരണാധികാരികള്‍ ഒരാള്‍ പൊളിക്കുന്നു, മറ്റൊരാള്‍ പണിയുന്നു. ഇങ്ങനെ അതിനെ ഒരു കളിപ്പാട്ടമായി സ്വീകരിച്ചാല്‍ ആളുകളുടെ ഹൃദയത്തില്‍ നിന്ന് ആ ഭവനത്തെ തൊട്ടുള്ള ആ ഭയം നീങ്ങും എന്ന് ഞാന്‍ പേടിക്കുന്നു…’ അങ്ങനെ ഇന്ന് നാം കാണുന്നത് പോലെ അത് ഒഴിവാക്കപ്പെട്ടു.

ഇന്ന് നിലവിലുള്ളത് കഅ്ബഃയുടെ രൂപം നബി ﷺ യുടെ കാലത്ത് ക്വുറൈശികള്‍ പണിത രൂപമാണ്. അതാവട്ടെ, ഹജ്ജാജ് പണിതതുമാണ്.

ഇനി ഒരു കാലത്ത് കഅ്ബ തകര്‍ക്കപ്പെടുമെന്ന് പ്രവാചകന്‍ ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അഥവാ ആ കാലത്ത് കഅ്ബയുടെ ആവശ്യം ജനങ്ങള്‍ക്കില്ലാതെയാകും. അന്ന് അത് തകര്‍ക്കപ്പെടും. 

‘എതേ്യാപ്യയില്‍ നിന്നുള്ള, രണ്ട് കണങ്കാലുകളും ചെറുതായുള്ള ഒരാള്‍ കഅ്ബഃ പൊളിക്കും’ (ബുഖാരി, മുസ്‌ലിം). 

വീണ്ടും അവിടുന്ന് അരുളി: ‘ഞാന്‍ അവനെ നോക്കിക്കാണുന്നവനെ പോലെയാണിപ്പോള്‍. കറുത്ത, തുടകള്‍ക്കിടയില്‍ അകല്‍ച്ചയുള്ളവനാണവന്‍. അവന്‍ ഓരോ കല്ലുകളും നീക്കി നീക്കി അത് പൊളിച്ചു മാറ്റും’ (ബുഖാരി). ഇത് ഈസാ നബി(അ)യുടെ ആഗമനത്തിന് ശേഷമായിരിക്കും സംഭവിക്കുക എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അന്ന് ഏറ്റവും മോശപ്പെട്ടവരുള്ള, അല്ലാഹു എന്ന് പറയാന്‍ പോലും ആളില്ലാത്ത കാലമാകും. ‘ഏറ്റവും വലിയ നികൃഷ്ടന്മാരിലല്ലാതെ അന്ത്യദിനം സംഭവിക്കില്ല’ എന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ. 

ഇബ്‌റാഹീം(അ) ജനങ്ങള്‍ക്കിടയില്‍ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് എത്ര വ്യക്തവും സരളവുമായ ശൈലിയിലാണ് പ്രബോധനം നടത്തിയതെന്ന് നമ്മള്‍ മനസ്സിലാക്കി. എന്നാല്‍ മക്കാ മുശ്‌രിക്കുകള്‍ അദ്ദേഹത്തോടും ഇസ്മാഈ ല്‍(അ)നോടുമുള്ള സ്‌നേഹം, ബഹുമാനം, ആദരവ് എന്നെല്ലാം പറഞ്ഞ് അവരോട് സഹായം തേടുകയും കഅ്ബയില്‍ തന്നെ അവരുടെതടക്കം പലരുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. 

മക്കാ മുശ്‌രിക്കുകള്‍ ഇബ്‌റാഹീം നബി(അ)യോട് പ്രാര്‍ഥിക്കുക മാത്രമല്ല ചെയ്തിരുന്നത്, അദ്ദേഹത്തെ കൊണ്ട് ഭാഗ്യ പരീക്ഷണങ്ങളും നടത്തിയിരുന്നു. ഈ ജാഹിലിയ്യത്തെല്ലാം നബി ﷺ കഅ്ബയില്‍ നിന്നും പിഴുതെറിഞ്ഞു. നബി ﷺ ഈ സമുദായത്തില്‍ നിന്ന് ഇത്തരം അന്ധവിശ്വാസങ്ങള്‍ പിഴുതെറിഞ്ഞിട്ടുണ്ടെങ്കിലും ഇന്നും നമ്മുടെ സമൂഹത്തില്‍ ഈ ജാഹിലീ വിശ്വാസം കൊണ്ടുനടക്കുന്നവരുണ്ട്. ശകുനവും ദുശ്ശകുനവും അല്ലാഹു നിശ്ചയിച്ചിട്ടില്ല. ഇത്തരം വിശ്വാസങ്ങളെല്ലാം അല്ലാഹുവിലുള്ള വിശ്വാസത്തിലെ പോരായ്മയെയാണ് സൂചിപ്പിക്കുന്നത്.

ഭാഗ്യ പരീക്ഷണങ്ങള്‍ ഇന്ന് വ്യത്യസ്തമായ രൂപത്തില്‍ നാടുകളില്‍ വ്യാപകമാണ്. ലോട്ടറിയും, ചൂതാട്ടവുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതെല്ലാം തന്നെ ഇസ്‌ലാം വിലക്കിയതുമാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക: 

”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?” (ക്വുര്‍ആന്‍ 5:90,91).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 07

ഇബ്‌റാഹീം നബി (അ) - 07

മഹാത്യാഗത്തിന്റെ ചരിത്രം

”എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു.  അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്  കീഴ്‌പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 37:102-108).

ഇസ്മാഈല്‍ വളര്‍ന്ന് ഓടിച്ചാടി നടക്കുന്ന പ്രായത്തിലെത്തി. മാതാപിതാക്കള്‍ക്ക് കണ്‍കുളിര്‍മ നല്‍കി ആ മകന്‍ വളരുമ്പോഴാണ് അവനെ ബലിയറുക്കുവാന്‍ അല്ലാഹുവിന്റെ കല്‍പന വരുന്നത്. പരീക്ഷണങ്ങള്‍ പലതും നേരിട്ട ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹുവില്‍നിന്നുള്ള പുതിയ പരീക്ഷണത്തില്‍ തെല്ലും വിഷമം തോന്നിയില്ല. മകനെ വിളിച്ച് കാര്യം ബോധിപ്പിക്കുന്നു. ദൈവ ബോധത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു വളര്‍ന്ന മകന്‍ അല്ലാഹുവിന്റെ കല്‍പന എന്താണോ അത് നിറവേറ്റണമെന്ന് മറുപടി നല്‍കുന്നു! 

കല്‍പന നിര്‍വഹിക്കുവാനായി പിതാവ് മകനെ മിനയിലേക്ക് കൊണ്ടുപോയി. മണ്ണില്‍ കിടത്തി. ബലികര്‍മത്തിനു മുമ്പ് മകന്റെ നിര്‍ദേശം; ഉപ്പാ… ഉപ്പാക്ക് മുഖത്ത് നോക്കി കൃത്യം ചെയ്യാന്‍ ആവില്ലെങ്കില്‍ എന്നെ കമഴ്ത്തിക്കിടത്തുക! ആ ദൃഢവിശ്വാസിയായ മകന്റെ പതറാത്ത ശബ്ദം.   

കഴുത്തില്‍ കത്തിവെക്കാനൊരുങ്ങുന്ന വേളയില്‍ അതാ ഒരു വിളിയാളം വരുന്നു; ഇബ്‌റാഹീം…! താങ്കള്‍ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. പരീക്ഷണത്തില്‍ വിജയിച്ചിരിക്കുന്നു. 

മകനെ അറുക്കേണ്ടെന്നും പകരം ഒരു മൃഗത്തെ നല്‍കി, അതിനെ അറുക്കുക എന്നും കല്‍പനയുണ്ടായി. അങ്ങനെ ആ പരീക്ഷണത്തിലും ഇബ്‌റാഹീം(അ) വിജയിച്ചു. ഈ സംഭത്തെ അനുസ്മരിച്ച് നിര്‍വഹിക്കല്‍ സുന്നത്താക്കപ്പെട്ടതാണ് ബലിപെരുന്നാള്‍ ദിവസത്തിലെ ബലിയറുക്കല്‍.

പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ഥ്യമാണ്. അത് സത്യമായി പലരേണ്ടവയാണ്. എന്നാല്‍ മറ്റുള്ളവരുടെ സ്വപ്‌നം അങ്ങനെയല്ല. പ്രവാചകന്മാരിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് മുമ്പ് നാം അത് വിവരിച്ചത് ഓര്‍ക്കുമല്ലോ.

ഇബ്‌റാഹീം നബി(അ)യും മകനും ഏറ്റവും വലിയ ഒരു ത്യാഗത്തിനാണ് ഒരുങ്ങിപ്പുറപ്പെട്ടത് എന്നതില്‍ യാതൊരു സംശയവുമില്ല. അത് ഈ രൂപത്തില്‍ പര്യവസാനിക്കുമെന്ന മുന്നറിവ് അവര്‍ക്കുണ്ടായിരുന്നുമില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നെങ്കില്‍ അതിനെ ത്യാഗമെന്നോ  പരീക്ഷണമെന്നോ വിശേഷിപ്പിക്കുന്നതില്‍ അര്‍ഥമില്ലല്ലോ.

പ്രവാചകന്മാരും വലിയ്യുകളും മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വാദിക്കുന്നവരുണ്ട്. ആ വിശ്വാസം ഇസ്‌ലാം പഠിപ്പിക്കുന്ന ഏക ദൈവവിശ്വാസത്തിന് എതിരാണ്. പ്രവാചകന്മാര്‍ക്ക് പോലും അല്ലാഹു അറിയിക്കുമ്പോഴല്ലാതെ അദൃശ്യമറിയില്ലെന്ന് നാം പറയുമ്പോള്‍ അതിനെ ഖണ്ഡിച്ച് ചിലര്‍ ഇബ്‌റാഹീം(അ)ന് മകനെ അറുക്കേണ്ടി വരില്ല എന്ന് നേരത്തെ അറിയാമായിരുന്നു എന്ന് പറഞ്ഞ് ക്വുര്‍ആന്‍ സൂക്തം ഓതാറുണ്ട്. ഇതാണ് ആ സൂക്തം:

”അപ്രകാരം ഇബ്‌റാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യവഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്” (6:75).             

ഇതിലെ ‘ആധിപത്യ രഹസ്യങ്ങള്‍’ എന്നതിന് പകരം ‘മറഞ്ഞ കാര്യങ്ങള്‍’ എന്ന് അര്‍ഥം നല്‍കിയാണ് തല്‍പരകക്ഷികള്‍ ഇബ്‌റാഹീം നബി(അ)ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയുമായിരുന്നു, മകനെ അറുക്കേണ്ടിവരില്ല എന്ന് അറിയുമായിരുന്നു എന്നെല്ലാം സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ‘തൗഹീദ് ഒരു സമഗ്ര പഠനം’ എന്ന പുസ്തകത്തില്‍ ഇത് കാണാം. എന്നാല്‍ ഇവര്‍ തന്നെ ഇറക്കിയ ‘ഫത്ഹുര്‍ റഹ്മാന്‍’ എന്ന ക്വുര്‍ആന്‍ പരിഭാഷയില്‍ ശരിയായ അര്‍ഥം നല്‍കിയിട്ടുണ്ട് താനും. 

ഇന്നത്തെ ബൈബിളിലുള്ളത് ഇബ്‌റാഹീം(അ) അറുക്കുവാന്‍ കൊണ്ടുപോയത് ഇസ്മാഈല്‍(അ)നെയല്ല ഇസ്ഹാക്വ്(അ)നെയാണ് എന്നാണ്. ഇത് ക്വുര്‍ആന്‍ പഠിപ്പിക്കുന്നതിന് വിരുദ്ധമാണ്. തീ കുണ്ഠാരത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുമ്പോള്‍ അദ്ദേഹം പറയുന്നത് കാണുക:

”അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന്‍ എനിക്ക് വഴി കാണിക്കുന്നതാണ്. എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു. എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്  അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്‌പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്‌റാഹീമിന് സമാധാനം! അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു. ഇസ്ഹാക്വ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍” (ക്വുര്‍ആന്‍ 37:99-119).

ആദ്യം ബലിയുമായി ബന്ധപ്പെട്ട കാര്യം അല്ലാഹു പേര് പറയാതെ വിവരിച്ചു. അതിന് ശേഷം ഇബ്‌റാഹീം(അ)ന് ഇസ്ഹാക്വിനെ നല്‍കി എന്നും പറഞ്ഞു. അതില്‍നിന്ന് വ്യക്തമാണ്; ഇസ്മാഈലി(അ)നെ ബലിനല്‍കുവാനാണ് ഇബ്‌റാഹീം നബി(അ)യോട് അല്ലാഹു കല്‍പിച്ചത് എന്ന്. 

ബലി നല്‍കുവാനായി കൊണ്ടുപോയ ഇസ്മാഈലി(അ)നെ പറ്റി ക്ഷമാലുക്കളില്‍ പെട്ടവന്‍ എന്ന് ക്വുര്‍ആനില്‍ വിശേഷിപ്പിച്ചത് നാം കണ്ടു. അതേ വിശേഷണം മറ്റൊരു ഭാഗത്തും കാണാം:                                    

”ഇസ്മാഈലും ഇദ്‌രീസും ദുല്‍കിഫ്‌ലിയും എല്ലാവരും ക്ഷമാലുക്കളില്‍ പെട്ടവരായിരുന്നു”(21:85). ഈ രണ്ട് സൂക്തങ്ങളിലും ഇസ്മാഈല്‍(അ)നെ ക്ഷമാലുവെന്ന് പേരെടുത്തു പറഞ്ഞ് വിശേഷിപ്പിച്ചു. ഇസ്ഹാക്വ്(അ)നെ ക്വുര്‍ആന്‍ വിശേഷിപ്പിച്ചത് സദ്‌വൃത്തന്‍ എന്നുമാണ്. 

”ഇസ്ഹാക്വ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍” എന്ന വചനം ശ്രദ്ധിക്കുക. ബലിയറുക്കുവാന്‍ കൊണ്ടുപോകുന്നത് ബാല്യ പ്രായത്തിലാണ്. അന്ന് നബി ആയിട്ടുമില്ല. അപ്പോള്‍ നബിയാകാന്‍ പോകുന്ന മകനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട സ്ഥിതിക്ക് ഒരു കുട്ടിയെ അതിന് മുമ്പ് ബലിയറുക്കാന്‍ കല്‍പിക്കുന്നത് ഒരു പ്രഹസനമാകില്ലേ? അത് പിതാവിനും പുത്രനും കടുത്ത പരീക്ഷണമാകാനും വഴിയില്ലല്ലോ. അപ്പോള്‍ കാര്യം വ്യക്തം; ഇബ്‌റാഹീം(അ) ബലി നല്‍കുവാനായി കൊണ്ടുപോയത് ഇസ്ഹാക്വിനെയല്ല ഇസ്മാഈലിനെ തന്നെയാണ്. 

വേദക്കാരായ ആളുകള്‍ ഈ സംഭവം ഇസ്ഹാക്വിലേക്ക് ചേര്‍ത്തു പറഞ്ഞത് അദ്ദേഹത്തിന്റെ പരമ്പരയില്‍ പെട്ടവരാണ് ഇസ്‌റാഈല്യര്‍ എന്നതിനാലാണ്. എന്നാല്‍ മുഹമ്മദ് നബി ﷺ  വരുന്നത് അറബി വംശാവലിയിലാണ്. അറബികളാകട്ടെ ഇസ്മാഈലി(അ)ന്റെ പരമ്പരയില്‍ പെട്ടവരുമാണ്. മുഹമ്മദ് നബി ﷺ യോട് അവര്‍ക്കുള്ള വെറുപ്പിനും അസൂയക്കും കാരണം അദ്ദേഹം അറബികള്‍ക്കിടയില്‍നിന്ന് വന്നു എന്നതുമാണല്ലോ. അവര്‍ക്ക് അപരിചിതനൊന്നുമല്ലായിരുന്നു മുഹമ്മദ് നബി ﷺ .

ഇസ്മാഈല്‍(അ) ഉമ്മയായ ഹാജറ്യയുടെ കൂടെ ജനവാസമില്ലാത്ത മക്കയില്‍ താമസിപ്പിക്കപ്പെട്ടതിന് ശേഷം ഇതര നാടുകളില്‍ നിന്ന് ആളുകള്‍ എത്താന്‍ തുടങ്ങിയല്ലോ. ഹദീഥില്‍ ഇപ്രകാരം കാണാം:

”കുഞ്ഞ് വളര്‍ന്ന് വലുതായി, അവരില്‍ (ജുര്‍ഹൂം ഗോത്രം) നിന്ന് അറബി ഭാഷ പഠിക്കുകയും ചെയ്തു. കുഞ്ഞിന്റെ വളര്‍ച്ച അവരെ അത്ഭുതപ്പെടുത്തി. 

 ഇസ്മാഈല്‍(അ) വളര്‍ന്ന് വിവാഹ പ്രായത്തിലെത്തി. അവിടെയുള്ള ജുര്‍ഹൂം ഗോത്രത്തില്‍ നിന്നു വിവാഹം ചെയ്തു. അതിന് ശേഷം മാതാവ് ഹാജറയുടെ വഫാത്തും സംഭവിച്ചു. 

ഇസ്മാഈല്‍(അ) തന്റെ ഇണയുമൊത്ത് മക്കയില്‍ താമസിക്കുന്നതിനിടയില്‍ ഒരു ദിവസം, ഇബ്‌റാഹീം(അ) അവിടെ വന്നു. 

 അപ്പോള്‍ അവിടെ ഇസ്മാഈലിനെ കണ്ടില്ല. ഇസ്മാഈല്‍(അ)ന്റെ ഇണയോട് അദ്ദേഹത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് വേണ്ടി അന്നം തേടി പുറത്ത് പോയതാണ്.’ ഇബ്‌റാഹീം(അ) അവരോട് അവരുടെ ജീവതത്തെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചും പിന്നീട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘പ്രയാസത്തിലാണ്.’ (അങ്ങനെ) അവരുടെ അവസ്ഥകളെല്ലാം അദ്ദേഹത്തെ ബോധിപ്പിച്ചു. ‘ഞങ്ങള്‍ വലിയ കഷ്ടതയിലും കുടുസ്സതയിലും തന്നെയാണെന്ന് പറഞ്ഞ് അദ്ദേഹത്തോട് (പിന്നെയും) കുറെ ആവലാതിപ്പെട്ടു. 

ഇബ്‌റാഹീം(അ) അവരോട് പറഞ്ഞു: ‘നിന്റെ ഭര്‍ത്താവ് വന്നാല്‍ ഞാന്‍ സലാം പറഞ്ഞതായും വാതിലിന്റെ ഉമ്മറപ്പടിയൊന്ന് മാറ്റിവെക്കുവാനും പറയണം.’ ഇസ്മാഈല്‍(അ) തിരിച്ചു വന്നപ്പോള്‍ ആരോ വീട്ടില്‍ വന്ന് പോയത് പോലെയുള്ള ഒരു ശങ്ക അദ്ദേഹത്തിനുണ്ടായി. അങ്ങനെ ഇസ്മാഈല്‍(അ) ചോദിച്ചു: ‘ആരെങ്കിലും ഇവിടെ വന്നിരുന്നോ?’  അവര്‍ പറഞ്ഞു: ‘അതെ, ഇങ്ങനെയും ഇങ്ങനെയുമൊക്കെയുള്ള ഒരു പ്രായംചെന്ന ഒരാള്‍ വന്നിരുന്നു. എന്നിട്ട് അങ്ങയെ അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ അങ്ങയെക്കുറിച്ച് പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയാണെന്ന് ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് കഷ്ടതയിലും പ്രയാസത്തിലുമാണെന്ന് പറഞ്ഞു.’ ഇസ്മാഈല്‍(അ) ചോദിച്ചു: ‘അദ്ദേഹം നിന്നെ വല്ലതും ഉപദേശിച്ചുവോ?’ അവര്‍ പറഞ്ഞു: ‘അതെ, നിങ്ങളോട് സലാം പറയുവാനും വാതിലിന്റെ ഉമ്മറപ്പടി മാറ്റിവെക്കുവാന്‍ നിങ്ങളോട് പറയുവാനും.” ഇസ്മാഈല്‍(അ) പറഞ്ഞു: ‘അത് എന്റെ പിതാവാണ്. നിന്നെ വേര്‍പെടുത്തുവാനും നീ നിന്റെ കുടുംബത്തോടൊപ്പം ചേരണമെന്നുമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്.’ അങ്ങനെ ഇസ്മാഈല്‍(അ) അവരെ വിവാഹ മോചനം ചെയ്തു. ആ ഗോത്രത്തില്‍ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. അല്ലാഹു ഉദ്ദേശിച്ചത്ര പിന്നെയും ഇസ്മാഈല്‍(അ) താമസിക്കുന്നു.

സ്വന്തം ഭര്‍ത്താവിന്റെ കഷ്ടതയും പ്രാരാബ്ധങ്ങളും ആരാണെന്ന് പോലും അറിയാത്തവരുടെ മുന്നില്‍ ആ സ്ത്രീ അവതരിപ്പിക്കുകയാണ് ചെയ്തത്. പിതാവിനെ പോലെ തെളിഞ്ഞ ബുദ്ധിയുള്ള മകനാണ് ഇസ്മാഈല്‍(അ). പിതാവ് കൊടുത്ത സൂചന ആ സ്ത്രീക്ക് മനസ്സിലായില്ല; മകന്‍ ഇസ്മാഈലിന് മനസ്സിലാവുകയും ചെയ്തു. ബുദ്ധിയുള്ളവര്‍ക്ക് സൂചന മതിയാകുമല്ലോ. 

പിന്നീടും ഇബ്‌റാഹീം(അ) അവിടെ ചെന്നു. ഇസ്മാഈല്‍(അ)നെ വീട്ടില്‍ കണ്ടില്ല. അദ്ദേഹത്തിന്റെ ഇണയോട് അദ്ദേഹത്തെക്കുറിച്ച് ആരാഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ അന്നം തേടി (പുറത്ത്) പോയതാണ്.’ അദ്ദേഹം അവരുടെ ജീവിതത്തെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചുമെല്ലാം ചോദിച്ചറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘നല്ല സുഖത്തിലും വിശാലതയിലുമാണ്.’ അവര്‍ അല്ലാഹുവിനെ വാഴ്ത്തുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: ‘എന്താണ് നിങ്ങളുടെ ആഹാരം?’  അവര്‍ പറഞ്ഞു:  ‘മാംസം.’  അദ്ദേഹം ചോദിച്ചു: ‘എന്താണ് നിങ്ങളുടെ പാനീയം?’ അവര്‍ പറഞ്ഞു: ‘വെള്ളം.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ മാംസത്തിലും വെള്ളത്തിലും അനുഗ്രഹം ചൊരിയട്ടെ.’

മകന്‍ രണ്ടാമത് വിവാഹം ചെയ്ത സ്ത്രീ കഷ്ടതകള്‍ മറച്ചു വെച്ച്, തന്റെ ഭര്‍ത്താവിന്റെ അഭിമാനം കാത്തു. ഇബ്‌റാഹീം(അ)ന് സന്തോഷമായി. അവര്‍ക്കായി പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥനയുടെ ഫലമെന്നോണം ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ബലി അറുക്കപ്പെടുന്ന സ്ഥലമായി മക്ക നിലകൊള്ളുന്നു. നിലയ്ക്കാത്ത വെള്ളം നല്‍കി സംസം ജനലക്ഷങ്ങളുടെ ദാഹമകറ്റുന്നു. അറഫയിലും മിനയിലും മുസ്ദലിഫയിലും മദീനയിലും ലക്ഷങ്ങള്‍ ഇടതടവില്ലാതെ കുടിച്ചു കൊണ്ടിരിക്കുന്നു സംസം വെള്ളം. ചിലരെല്ലാം ബുദ്ധികൊണ്ട് പ്രമാണങ്ങളെ അളന്ന് ബറകത്തുള്ള സംസം വെള്ളത്തെ നിസ്സാര വല്‍ക്കരിക്കുന്നുണ്ടെങ്കിലും മുഹമ്മദ് നബി ﷺ യുടെ വാക്കുകളില്‍ ഉറച്ച വിശ്വാസമുള്ളവര്‍ അത് ഉപയോഗിക്കുന്നു. സ്വഹാബിമാര്‍ സംസം കൊണ്ടുപോയതിനെ അടിസ്ഥാനപ്പെടുത്തി ഇന്നും തീര്‍ഥാടകര്‍ അവരുടെ ദേശങ്ങളിലേക്ക് അത് കൊണ്ടുപോകുന്നു. എന്തൊരു അത്ഭുതമാണ് ഈ വെള്ളം! എന്തൊരു അനുഗ്രഹമാണീ സംസം! 

അവരുടെ അന്നത്തെ അവസ്ഥ നബി ﷺ  നമുക്ക് വിവരിച്ചു തരുന്നത് ഇപ്രകാരമാണ്: ‘അന്നേ ദിവസം അവിടെ ഒരു ധാന്യം പോലും ഉണ്ടായിരുന്നില്ല. അവര്‍ക്ക് (അവിടെ വല്ലതും) ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടി അതിലും (അനുഗ്രഹത്തിനായി) അദ്ദേഹം പ്രാര്‍ഥിക്കുമായിരുന്നു.’ അവിടുന്ന് (ഇത്രയും കൂടി) പറഞ്ഞു: ‘മക്കക്കാരല്ലാത്തവര്‍ അത് രണ്ടും മാത്രം കഴിച്ച് ജീവിക്കുകയാണെങ്കില്‍ അത് അവര്‍ക്ക് യോജിക്കുന്നതല്ല.’

ഇബ്‌റാഹീം നബി(അ) മകന്റെ ഭാര്യയോട് പറഞ്ഞു: ‘നിന്റെ ഭര്‍ത്താവ് വന്നാല്‍ അദ്ദേഹത്തിന് എന്റെ സലാം അറിയിക്കണം. വാതിലിന്റെ ഉമ്മറപ്പടി ഉറപ്പിക്കുവാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്യുക.’ ഇസ്മാഈല്‍(അ) വന്നപ്പോള്‍ അദ്ദേഹം (ഭാര്യയോട്) ചോദിച്ചു:  ‘ആരെങ്കിലും ഇവിടെ വന്നിരുന്നോ?’  അവര്‍ പറഞ്ഞു: ‘അതെ, ഒരു പ്രായം ചെന്ന നല്ല ഒരാള്‍ വന്നിരുന്നു. (അങ്ങനെ അവര്‍ അദ്ദേഹത്തെ പുകഴ്ത്തി). എന്നിട്ട് അങ്ങയെ അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ അങ്ങയെക്കുറിച്ച് പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയാണെന്ന് ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് നല്ല സുഖത്തിലാണെന്ന് പറഞ്ഞു.’ ഇസ്മാഈല്‍(അ) ചോദിച്ചു: ‘അദ്ദേഹം നിന്നെ വല്ലതും ഉപദേശിച്ചുവോ?’ അവര്‍ പറഞ്ഞു: ‘അതെ, നിങ്ങളോട് സലാം പറയുവാനും വാതിലിന്റെ ഉമ്മറപടി മാറ്റിവെക്കുവാന്‍ പറയാനും എന്നോട് കല്‍പിച്ചു.’ ഇസ്മാഈല്‍(അ) പറഞ്ഞു: ‘അത് എന്റെ പിതാവാണ്. നീയാണ് ആ ഉമ്മറപ്പടി. എന്നോട് നിന്നെ കൂടെ നിര്‍ത്തുവാനാണ് കല്‍പിച്ചിരിക്കുന്നത്.’ 

അല്ലാഹു ഉദ്ദേശിച്ച അത്ര പിന്നെയും പുറത്ത് ഇസ്മാഈല്‍(അ) താമസിക്കുന്നു.

ഇബ്‌റാഹീം(അ) മകനോട് രണ്ടാമത്തെ ഇണയെ നിലനിര്‍ത്തുവാന്‍ കല്‍പിച്ചല്ലോ. ആദ്യഭാര്യയില്‍ നിന്ന് വ്യത്യസ്തമായി എന്ത് ഗുണമാണ് രണ്ടാമത്തെ ഇണയില്‍ നിന്ന് ഇസ്മാഈല്‍(അ)ന് ലഭിച്ചത്? തന്റെ അഭാവത്തിലും അഭിമാനം കാത്തു. ഉള്ളതില്‍ പൂര്‍ണ സംതൃപ്തയായി. പ്രിയതമന്റെ വരുമാനത്തിനനുസരിച്ച് മാത്രം ചെലവഴിച്ചു. ഒരാളുടെ ജീവിതത്തില്‍ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്നതിനുള്ള അടിസ്ഥാന കാരണങ്ങളില്‍ പെട്ടവയാണല്ലോ ഇവ. ദാമ്പത്യ ജീവിതത്തില്‍ ഈ സല്‍ഗുണത്തിന്റെ പ്രസക്തി എത്രയുണ്ടെന്നത് ഊഹിക്കാവുന്നതേയുള്ളൂ. 

മറ്റുള്ളവരുടെ സുഖ സൗകര്യങ്ങള്‍ നോക്കി തന്റെ ഭര്‍ത്താവ് തനിക്ക് ചെയ്ത് തരുന്ന സൗകര്യങ്ങളില്‍ തൃപ്തയാവാതെ നന്ദികേട് കാണിക്കുന്ന പെണ്ണിനെക്കുറിച്ച് നബി ﷺ  പറഞ്ഞു: 

”തന്റെ ഭര്‍ത്താവിനെ തൊട്ട് ഐശ്വര്യവതിയാവാത്ത, തന്റെ ഇണയോട് നന്ദിയുള്ളവളാകാത്ത പെണ്ണിലേക്ക് തീര്‍ച്ചയായും അല്ലാഹു കാരുണ്യത്തിന്റെ നോട്ടം നോക്കുന്നതല്ല.” 

അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചില്ലെങ്കില്‍ നരകം ഉറപ്പാണെന്നതില്‍ സംശയമില്ലല്ലോ. അത് അവിടുന്ന് അരുള്‍ ചെയ്തിട്ടുമുണ്ട്. പൂര്‍വികര്‍ പറഞ്ഞ ഒരു വാചകം ഇവിടെ കുറിക്കുകയാണ്. 

”ഓ, മനുഷ്യാ! ഉള്ളതില്‍ സംതൃപ്തിയടയുന്ന മാര്‍ഗത്തില്‍ നീ പ്രവേശിച്ചാല്‍ എത്ര കുറച്ചാണെങ്കിലും അത് മതിയാകും നിനക്ക്; അല്ലെങ്കില്‍ ദുന്‍യാവും അതിലുള്ളതും നിനക്ക് മതിവരുത്തില്ല.” 

നബി ﷺ  അരുളി: ”ഐശ്വര്യം എന്നത് വിഭവങ്ങളുടെ ആധിക്യമല്ല; മറിച്ച് ഐശ്വര്യം എന്നത് മനസ്സിന്റെ ഐശ്വര്യമാണ്” (ബുഖാരി, മുസ്‌ലിം). 

മനസ്സിന് ഐശ്വര്യം ലഭിക്കണമെങ്കില്‍ താന്‍ അനുഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണെന്നുള്ള തിരിച്ചറിവ് ഉണ്ടാവണം. അപ്പോള്‍ റബ്ബിലേക്ക് വിനീതനാകുവാനും സഹജീവികളോട് കാരുണ്യം കാണിക്കുവാനും ഉള്ളതില്‍ തൃപ്തരാകുവാനും കഴിയും. 

ഇബ്‌റാഹീം(അ) മകന്‍ ഇസ്മാഈല്‍(അ)നോട് ആദ്യ ഭാര്യയെ വിവാഹ മോചനം നടത്താന്‍ കല്‍പിച്ചപ്പോള്‍ മകന്‍ അപ്രകാരം ചെയ്തല്ലോ. പിതാവ് മകനോട് ഇപ്രകാരം ആവശ്യപ്പെട്ടാല്‍ അത് നടപ്പില്‍ വരുത്തേണ്ടതുണ്ടോ എന്ന് ചിലപ്പോള്‍ സംശയം വന്നേക്കാം. സമാനമായ സംഭവം ഹദീഥുകളില്‍ വന്നിട്ടുണ്ട്. അത് ഇപ്രാകാരമാണ്:

ഇബ്‌നു ഉമര്‍്യവില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ”എനിക്ക് ഒരു ഭാര്യയുണ്ടായിരുന്നു. ഞാന്‍ അവളെ നന്നായി ഇഷ്ടപ്പെട്ടിരുന്നു. എന്റെ പിതാവിന് അവളോട് അനിഷ്ടമായിരുന്നു. അതിനാല്‍ പിതാവ് എന്നോട് അവളെ ത്വലാക്വ് ചെയ്യാന്‍ കല്‍പിച്ചു. അപ്പോള്‍ ഞാന്‍ അത് വിസമ്മതിച്ചു. ഞാന്‍ അത് നബി ﷺ യോട് പറഞ്ഞു. അപ്പോള്‍ നബി ﷺ  പറഞ്ഞു: അബ്ദുല്ലാ, നീ നിന്റെ ഭാര്യയെ മോചിപ്പിക്കൂ” (തിര്‍മിദി). മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ഇപ്രകാരമാണ്: നബി ﷺ  പറഞ്ഞു: നീ നിന്റെ പിതാവിനെ അനുസരിക്കൂ” (അബൂദാവൂദ്).

മാതാപിതാക്കള്‍ മക്കളോട് ഇണയെ ഒഴിവാക്കുവാന്‍ കല്‍പിച്ചാല്‍ അവരെ നിരുപാധികം അനുസരിക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. ഈ രണ്ട് സംഭവത്തെ അടിസ്ഥാനപ്പെടുത്തി അത്തരം ഒരു നയം സ്വീകരിക്കാവതല്ല. ഒരു സംഭവം കാണുക:

ഒരാള്‍ ഇമാം അഹ്മദ്(റഹി)യുടെ അടുത്തു വന്നു പറഞ്ഞു: ‘എന്റെ പിതാവ് എന്റെ ഭാര്യയെ മോചിപ്പിക്കുവാനായി കല്‍പിക്കുന്നു.’ ഇമാം അഹ്മദ്(റ) പറഞ്ഞു: ‘നീ അവളെ മോചിപ്പിക്കരുത്’. വന്നയാള്‍ ചോദിച്ചു: ‘ഉമര്‍(റ) മകന്‍ അബ്ദുല്ല(റ)യോട് തന്റെ ഭാര്യയെ മോചിപ്പിക്കുവാന്‍ കല്‍പിച്ചിട്ടില്ലേ?’ അദ്ദേഹം (ഇമാം അഹ്മദ്) പറഞ്ഞു: ‘നിന്റെ പിതാവ് ഉമര്‍(റ)വിനെ പോലെ ആകുന്നത് വരെ (നീ കാത്തിരിക്കുക).’ മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ‘നിന്റെ പിതാവ് ഉമര്‍(റ) അല്ലല്ലോ’ എന്നാണുള്ളത്.

മാതാപിതാക്കള്‍ അന്യായം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതില്‍ അവരെ അനുസരിക്കരുത്. ഇസ്മാഈല്‍(അ) പിതാവ് ഇബ്‌റാഹീം(അ)നെയും, അബ്ദുല്ല(റ) പിതാവ് ഉമര്‍(റ)വിനെയും അനുസരിച്ചുവെങ്കില്‍; ആ പിതാക്കള്‍ ഉന്നത പദവിയിലുള്ള മഹാന്മാരാെണന്ന് നാം മനസ്സിലാക്കുക. അവര്‍ നിസ്സാര കാര്യങ്ങള്‍ക്കൊന്നും മക്കളെ ത്വലാഖിന് പ്രേരിപ്പിക്കില്ലെന്ന് ഉറപ്പാണ്. ഗുരുതരമായ കാരണം അതിനുപിന്നില്‍ ഉണ്ടായിരിക്കും. അല്ലാഹുവിനെ അങ്ങേയറ്റം സൂക്ഷിക്കുന്ന, ഭയപ്പെട്ട് ജീവിക്കുന്ന നല്ലവരായ മാതാപിതാക്കള്‍ ഇപ്രകാരം ആവശ്യപ്പെടുകയും, അവര്‍ നിരത്തുന്ന കാരണം തികച്ചും ന്യായവുമാണെങ്കില്‍ അവരെ അനുസരിക്കണം എന്നതാണ് ഈ രണ്ട് സംഭവങ്ങളില്‍ നിന്ന് നാം ഗ്രഹിക്കേണ്ടത്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 06

ഇബ്‌റാഹീം നബി (അ) - 06

നംറൂദിന്റെ നാവടക്കിയ ചോദ്യം

തീയിലേക്ക് എറിയപ്പെട്ട ഇബ്‌റാഹീം നബി(അ)യെ അല്ലാഹു രക്ഷപ്പെടുത്തി. അതോടെ പൂര്‍വാധികം ശക്തിയോടെ പ്രബോധനരംഗത്തിറങ്ങുകയാണ് അദ്ദേഹം ചെയ്തത്; ഭയന്ന്പിന്‍മാറുകയല്ല. ആ നാട്ടില്‍ രാജപദവി അലങ്കരിച്ചിരുന്നവരുടെ പേരാണ് നംറൂദ് എന്നത്. നംറൂദുമാരില്‍ പെട്ടയാളാണ് ഇബ്‌റാഹീം നബി(അ)യുടെ കാലത്തും നാട്ടിലെ രാജാവ്. അധികാരത്തിന്റെ ഹുങ്ക് അയാളില്‍ പ്രകടമായിരുന്നു. സുഖ സൗകര്യങ്ങള്‍ മുന്നില്‍ യഥേഷ്ടം ലഭ്യമായതിനാല്‍ തന്റെ കഴിവുകൊണ്ടാണിതെല്ലാം എന്ന് അയാള്‍ക്ക് തോന്നി. സ്രഷ്ടാവിനെ തള്ളിപ്പറയാന്‍ അവനെ അത് പ്രേരിപ്പിച്ചു. അല്ലാഹു അവന്റെ ഈ സ്വഭാവത്തിലേക്ക് സൂചന നല്‍കുന്നത് കാണുക:

”ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്)” (ക്വുര്‍ആന്‍ 2:258). 

സമ്പന്നത കൈവന്നാല്‍ ആരും തന്റെ മീതെ ഉയരുന്നത് അധികമാളുകള്‍ക്കും ഇഷ്ടമല്ല. ഇത് മനുഷ്യമനസ്സുകളെ ബാധിക്കുന്ന ഒരു രോഗമാണ്. ഈ രോഗം ആരെ ബാധിച്ചുവോ അവന്‍ ധിക്കാരിയും അഹങ്കാരിയുമായി മാറുന്നതുമാണ്. ക്വുര്‍ആന്‍ തന്നെ പറയുന്നത് കാണുക:

”നിസ്സംശയം, മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍” (ക്വുര്‍ആന്‍ 96:6,7).

”സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ” (ക്വുര്‍ആന്‍ 56:82).

ഈ അഹന്ത നംറൂദിനെയും കടുത്ത നിഷേധിയാക്കി. ഫിര്‍ഔനിനെ പോലെ ദിവ്യത്വം വാദിച്ചവനായിരുന്നു ആ രാജാവ്. ദൈവികമായ അധികാരവും കഴിവും തനിക്കുമുണ്ടെന്ന് അയാള്‍ വാദിച്ചു. ഇത്തരം ധാര്‍ഷ്ഠ്യമുള്ള രാജാവിനെയാണ് ഇബ്‌റാഹീം നബി(അ)ക്ക് യഥാര്‍ഥ ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാനുള്ളത്. അതിനായി അവിടുന്ന് രാജാവിനെ സമീപിച്ചു. രാജകൊട്ടാരത്തില്‍ നടന്ന ആ സംഭവം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക.

”ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെനാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്). എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല” (2:258).

രാജാവ് ദിവ്യത്വം വാദിക്കുന്നവനാണല്ലോ. ഇബ്‌റാഹീം(അ) രാജാവിനെ സമീപിക്കുന്നതോ, സാക്ഷാല്‍ ദൈവം അല്ലാഹുവാണെന്നും അവനെ മാത്രമെ ആരാധിക്കാവൂ എന്നും പറയുവാനും. രാജാവ് ചോദിച്ചു: ആരാണ് നീ പരിചയപ്പെടുത്തുന്ന റബ്ബ്?  ഇബ്‌റാഹീം(അ) പറഞ്ഞു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്. ലളിതമായ; ആര്‍ക്കും എതിര്‍ത്തൊന്നും പറയുവാന്‍ സാധിക്കാത്ത മറുപടി. 

സ്വയം ദിവ്യത്വം അവകാശപ്പെടുന്ന ധിക്കാരിയായ രാജാവിന് തനിക്കും അതിനെല്ലാം കഴിയും എന്നത് തെളിയിക്കേണ്ടത് ആവശ്യമായി വന്നു. തെളിയിക്കുവാന്‍ ഒരുങ്ങുകയാണ്. രണ്ട് പേരെ മുന്നില്‍ ഹാജരാക്കി. ഒരാളെ കൊന്നു. രണ്ടാമനെ വെറുതെ വിട്ടു. എന്നിട്ട് പറഞ്ഞു: ഇതാ, ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്തിരിക്കുന്നു! (വ്യാജവാദികളുടെ കാര്യം ഇങ്ങനെയാണ്. ബുദ്ധിക്ക് നിരക്കാത്തതും പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതുമാകും അവര്‍ പറയുന്നതെല്ലാം). അപക്വവും തത്ത്വദീക്ഷയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണ് രാജാവ് കാണിച്ചത്. ജീവിപ്പിക്കുക, മരിപ്പിക്കുക എന്നീ കാര്യങ്ങള്‍ അയാളല്ലല്ലോ നടത്തിയത്. 

ഇബ്‌റാഹീം നബി(അ)യുടെ അടുത്ത വെല്ലുവിളി അതിഗംഭീരമായിരുന്നു. അല്ലാഹു കിഴക്കുനിന്ന് സൂര്യനെ കൊണ്ടു വരുന്നു. നീ റബ്ബാണെങ്കില്‍ അതിനെ പടിഞ്ഞാറു നിന്ന് കൊണ്ടു വാ! എന്ത് ചെയ്യും?  ഉത്തരം മുട്ടിപ്പോയി ആ ധിക്കാരിക്ക്. തനിക്കിതിന് ഉത്തരമില്ലെന്നും ഇബ്‌റാഹീം(അ) പറയുന്നതാണ് ശരിയെന്നും മനസ്സിലായിട്ടും അയാള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല.

ഇസ്മാഈലിന്റെ ജനനം

ഇബ്‌റാഹീം(അ) സന്താനങ്ങളില്ലാതെ കുറെ കാലം പരീക്ഷിക്കപ്പെട്ടു. എന്നാലും നിരന്തരം അല്ലാഹുവിനോട് തേടിക്കൊണ്ടിരുന്നു; രക്ഷിതാവേ, സല്‍കര്‍മിയായ ഒരു സന്താനത്തെ നീ എനിക്ക് പ്രദാനം ചെയ്യേണമേ എന്ന്. കൂറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഹാജറ(റ)യില്‍ ഒരു ആണ്‍ കുഞ്ഞ് പിറന്നു. അതാണ് ഇസ്മാഈല്‍(അ). സാറ(റ)യില്‍ കുഞ്ഞുങ്ങളൊന്നും അദ്ദേഹത്തിന് പിറന്നിട്ടില്ല; അവര്‍ വന്ധ്യയായിരുന്നു. സ്വാഭാവികമായും സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന ചില അസ്വാരസ്യങ്ങള്‍ അവര്‍ക്കിടയിലുമുണ്ടായി. രണ്ടു പേരും ഒരുമിച്ച് കഴിയുന്നതില്‍ പ്രയാസം ഉണ്ടാക്കുന്ന സാഹചര്യം വന്നപ്പോള്‍ ഹാജറ(റ)യെയും കുഞ്ഞിനെയും അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മക്കയില്‍ താമസിപ്പിക്കുവാന്‍ ഇബ്‌റാഹീം(അ) തീരുമാനിച്ചു. ഈ സംഭവം നബി ﷺ നമുക്ക് വിവരിച്ച് തന്നതിന്റെ ചുരുക്കം കാണുക:

അന്ന് മക്കയില്‍ ഒരാളും ഉണ്ടായിരുന്നില്ല. വെള്ളവും (അവിടെ) ഉണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം ഇരുവരെയും (ഹാജറയെ(റ)യും ഇസ്മാഈല്‍(അ)നെയും) അവിടെ താമസിപ്പിച്ചു. അവരുടെ രണ്ടു പേരുടെയും അടുക്കല്‍ ഈത്തപ്പഴമുള്ള ഒരു തോല്‍പാത്രവും വെള്ളമുള്ള ഒരു തോല്‍പാത്രവും വെച്ചു. ഇരുവരെയും അവിടെ ആക്കി അദ്ദേഹം തിരിച്ച് നടക്കുമ്പോള്‍ ഇസ്മാഈലിന്റെ ഉമ്മ അദ്ദേഹത്തെ പിന്തുടര്‍ന്നു. എന്നിട്ട് അവര്‍ ചോദിച്ചു: ‘ഓ, ഇബ്‌റാഹീം! ഒരു മനുഷ്യനോ മറ്റു വല്ലതോ ഇല്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെയും വിട്ട് എവിടേക്കാണ് താങ്കള്‍ പോകുന്നത്?’ അവര്‍ അദ്ദേഹത്തോട് അതങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. അദ്ദേഹം അവരിലേക്ക് തിരിഞ്ഞു നോക്കുന്നുമില്ല. അപ്പോള്‍ അവര്‍ അദ്ദേഹത്തോട് ചോദിച്ചു: ‘അല്ലാഹുവാണോ അങ്ങയോട് ഇങ്ങനെ കല്‍പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അവര്‍ പറഞ്ഞു: ‘എങ്കില്‍ അവന്‍ ഞങ്ങളെ നഷ്ടപ്പെടുത്തുകയില്ല.’ പിന്നീട് അവര്‍ അവിടെ നിന്നും മടങ്ങി.

ആരാരും ഇല്ലാത്ത മണല്‍ക്കാട്ടില്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം സ്വന്തം ഇണയെയും അവരെ ഒരു കൈക്കുഞ്ഞിനെയും ഏല്‍പിച്ച് ഇബ്‌റാഹീം(അ) അവിടെ നിന്നും മടങ്ങുകയാണ്. ‘എവിടേക്കാണ് അങ്ങ് ഞങ്ങളെ ആരുമില്ലാത്ത, അന്ന പാനീയങ്ങള്‍ ലഭ്യമാകാത്ത ഈ മരുഭൂമിയില്‍ തനിച്ചാക്കി പോകുന്നത്?’ എന്ന ചോദ്യം ഇബ്‌റാഹീം(അ) കേള്‍ക്കാത്തതുകൊണ്ടല്ല; അദ്ദേഹത്തിന്റെ അന്നേരത്തെ മാനസികാവസ്ഥയെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കുക. ‘അല്ലാഹുവിന്റെ കല്‍പനയുള്ളതിനാലാണോ അങ്ങ് ഇപ്രകാരം ചെയ്യുന്നത്’ എന്ന ഭാര്യയുടെ ചോദ്യത്തിന് ‘അതെ’ എന്ന മറുപടി നല്‍കി. ‘എങ്കില്‍ പോകുക. ആരാണോ അങ്ങയോട് ഇപ്രകാരം കല്‍പിച്ചത് ആ അല്ലാഹു ഞങ്ങളെ കൈവെടിയുകയില്ല’ എന്ന ആത്മവിശ്വാസത്തിന്റെ മറുപടിയാണ് ഹാജറ ബീവി നല്‍കിയത്.   

ജനവാസമില്ലാത്ത മരുഭൂമിയില്‍ തന്റെ ഇണയെയും കുഞ്ഞിനെയും തനിച്ചാക്കി പോകണമെങ്കില്‍ ഇബ്‌റാഹീം നബി(അ)യില്‍ അല്ലാഹുവിലുള്ള വിശ്വാസവും അവനില്‍ ഭരമേല്‍പിക്കുന്നതിലുള്ള ആത്മാര്‍ഥതയും എത്ര ശക്തമാവണം എന്ന് നാം ചിന്തിക്കുക. അപ്രകാരം തന്നെ അല്ലാഹു കല്‍പിച്ചതാണെങ്കില്‍ പൊയ്‌ക്കോളൂ എന്ന് ഭര്‍ത്താവിനോട് പറയാന്‍ ഹാജറ ബീവി ധൈര്യം കാണിച്ചുവെങ്കില്‍ അവരുടെ വിശ്വാസദാര്‍ഢ്യവും അല്ലാഹുവിലുള്ള തവക്കുലും (ഭരമേല്‍പിക്കല്‍) എത്ര കടുത്തതായിരുന്നുവെന്ന് ആലോചിക്കുക. ക്വുര്‍ആന്‍ പറഞ്ഞത് എത്ര ശരി:

”ആര് അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നുവോ അവന് അല്ലാഹു മതി” (ക്വുര്‍ആന്‍…). 

ഇബ്‌റാഹീം(അ), അവര്‍ അദ്ദേഹത്തെ കാണാത്തത്ര കുറച്ച് അകലേക്ക് പോയി. എന്നിട്ട് തന്റെ മുഖം കഅ്ബയുടെ നേരെ തിരിച്ചു. ശേഷം തന്റെ ഇരു കരങ്ങളും ഉയര്‍ത്തി ഈ വചനങ്ങള്‍ കൊണ്ട് ദുആ ചെയ്തു: ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍, മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ് വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്ന് വരാം” (14:37).

ഹാജറ ബീവി മകനെ മുലയൂട്ടുകയും വെള്ളപ്പാത്രത്തില്‍ നിന്നും വെള്ളം കുടിക്കുകയും ചെയ്തു. ഒടുവില്‍ അതിലെ വെള്ളം തീര്‍ന്നു. അവര്‍ക്കും മകനും ദാഹിക്കുവാന്‍ തുടങ്ങി. വിശന്ന് കരയുന്ന കുഞ്ഞിനെയും നോക്കി അവര്‍ (ദയനീയമായി) നോക്കി നിന്നു.

വെള്ളവും കാരക്കയുമായിരുന്നു ഹാജറാബീവിയുടെ ഭക്ഷണം. മുലയൂട്ടുന്ന ഒരു സ്ത്രീയാണ്. പോഷകാഹാരം അത്യാവശ്യം. കുടിവെള്ളം തീര്‍ന്നു. മുലപ്പാലിന്റെ കുറവ് സ്വാഭാവികമായും ഉണ്ടായി. വെള്ളമില്ലാത്തതിനാല്‍ അവര്‍ വിഷമിക്കുന്നു. പാല്‍ കിട്ടാത്തതിനാല്‍ കുഞ്ഞ് കരയുന്നു. ഹാജറ വിശന്ന് കരയുന്ന കുഞ്ഞിനെയും നോക്കി നിസ്സഹായയായി നില്‍ക്കുകയാണ്.

 അവര്‍ അടുത്തുള്ള സ്വഫാ മലയില്‍ കയറി നിന്ന് താഴ്‌വരയിലേക്ക് മുന്നിട്ട് ആരെയെങ്കിലും കാണുമോ എന്ന് നോക്കുന്നു; ആരെയും കാണുന്നില്ല. അങ്ങനെ സ്വഫായില്‍ നിന്ന് അവര്‍ ഇറങ്ങി. താഴ്‌വരയില്‍ എത്തിയപ്പോള്‍ വസ്ത്രം പൊക്കിപ്പിടിച്ച് പരമാവധി ഓടാന്‍ കഴിയുന്നത്ര വേഗത്തില്‍ അവര്‍ ഓടി. താഴ്‌വര വിട്ടുകടന്ന് മര്‍വയില്‍ എത്തി. എന്നിട്ട് അതില്‍ കയറി നിന്ന് ആരെയെങ്കിലും കാണുമോ എന്ന് നോക്കുന്നു; ആരെയും കാണുന്നില്ല. അപ്രകാരം ഏഴ് തവണ അവര്‍ ചെയ്തു (സ്വഫായിലും മര്‍വായിലും മാറി മാറി ഓടി എന്നര്‍ഥം).

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സഹിക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. അവര്‍ക്കും ദാഹിക്കുന്നു. ഒരു തുള്ളി വെള്ളം കൈയിലില്ല. ആരെയെങ്കിലും കണ്ടാല്‍ സഹായം ആവശ്യപ്പെടാമല്ലോ എന്ന് കരുതിയാണ് ഇരു മലകളിലും മാറിമാറി കയറിയത്. 

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ”അവയ്ക്ക് രണ്ടിനും (സ്വഫാ, മര്‍വാ) ജനങ്ങള്‍ നടത്തുന്ന സഅ്‌യാണത്.”

അങ്ങനെ അവസാനം അവര്‍ മര്‍വയില്‍ എത്തിയപ്പോള്‍ ഒരു ശബ്ദം കേട്ടു. അവര്‍ സ്വന്തത്തോട് നിശ്ശബ്ദമാവാന്‍ പറഞ്ഞുപോയി! പിന്നീട് ഒന്നുകൂടി ശ്രദ്ധിച്ച് കേട്ടു. വീണ്ടും ശബ്ദം കേട്ടു.  (ആ ശബ്ദമുണ്ടാക്കിയ ആളോടായി) അവര്‍ പറഞ്ഞു: ”നിന്റെ അടുക്കല്‍ സഹായത്തിന് വല്ലതും ഉണ്ടെങ്കില്‍ സഹായിക്കൂ!”

അപ്പോഴതാ (സംസമിന്റെ സ്ഥാനത്ത്) ഒരു മലക്ക്. മലക്ക് തന്റെ ചിറക് കൊണ്ട് (കുഞ്ഞ് കിടക്കുന്ന ഭാഗത്ത്) മണ്ണ് തട്ടി മാറ്റി; അങ്ങനെ വെള്ളം പുറത്ത് വന്നു.”

ഇസ്മാഈല്‍(അ) കാലിട്ടടിച്ചാണ് സംസം ഉണ്ടായത് എന്ന് പറയുന്നത് ശരിയല്ലെന്ന് നബി ﷺ യുടെ ഈ വിവരണത്തില്‍ നിന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. 

ദൂരെ നിന്ന് വെള്ളം ഒഴുകുന്നത് കണ്ട മഹതി അവിടേക്ക് ഓടി വരികയാണ്. അവര്‍ അതിന് ഒരു ഹൗള്വ് (തടാകം) കെട്ടി. വെള്ളം കൈയിലാക്കി അടങ്ങൂ എന്ന് അവര്‍ പറയുന്നു. അവരുടെ അടുത്തുള്ള തോല്‍ പാത്രത്തില്‍ വെള്ളം കോരി നിറക്കുന്നുമുണ്ട്. വെള്ളം മുക്കിയെടുക്കുന്നതിന് അനുസരിച്ച് ഉറവ പൊട്ടി വരുന്നു! 

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ”ഇസ്മാഈലിന്റെ മാതാവിന് അല്ലാഹു കരുണ ചൊരിയട്ടെ. അവരെങ്ങാനും സംസം ഒഴിവാക്കിയിരുന്നുവെങ്കില്‍ -അല്ലെങ്കില്‍ നബി ﷺ പറഞ്ഞത്: ആ വെള്ളത്തില്‍ നിന്ന് കോരിയെടുത്തില്ലായിരുന്നുവെങ്കില്‍-സംസം വലിയ ഒരു അരുവി തന്നെ ആകുമായിരുന്നു.” നബി ﷺ പറയുന്നു: ”അങ്ങനെ അവര്‍ കുടിച്ചു; കുഞ്ഞിനെ മുലയൂട്ടുകയും ചെയ്തു.” 

അവരോട് മലക്ക് പറഞ്ഞു: ”അത് നഷ്ടപ്പെടുമെന്ന് നിങ്ങള്‍ പേടിക്കേണ്ടതില്ല. നിശ്ചയമായും ഇവിടെയാണ് ഈ കുഞ്ഞും അവന്റെ പിതാവും പണിയാന്‍ പോകുന്ന അല്ലാഹുവിന്റെ ഭവനം. തീര്‍ച്ചയായും അല്ലാഹു അതിന്റെ ആളുകളെ നഷ്ടത്തിലാക്കില്ല.”

ഭൂമില്‍ നിന്ന് അല്‍പം ഉയര്‍ന്ന ഒരു ചെറിയ കുന്നിലായിരുന്നു ആ ഭവനം. 

ജുര്‍ഹും ഗോത്രത്തില്‍ പെട്ട ഒരു യാത്രാ സംഘം അവരുടെ അടുത്തുകൂടെ നടന്നു പോയി. അവര്‍ കദാഅ് എന്ന് പ്രദേശത്തു നിന്നുമാണ് വരുന്നത്. അങ്ങനെ മക്കയുടെ ഈ താഴ്ന്ന ഭാഗത്ത് ഇറങ്ങി താമസമാക്കി. അങ്ങനെ അവര്‍ (താമസിക്കുന്ന ഭാഗത്ത് നിന്ന് അല്‍പം ദൂരെ) ഒരു പറവ വട്ടമിട്ട് പറക്കുന്നത് കണ്ടു. അവര്‍ പറഞ്ഞു: ‘ഒരു പറവ വട്ടമിട്ട് പറക്കണമെങ്കില്‍ അവിടെ വെള്ളം വേണം. ഈ താഴ്‌വരയെ സംബന്ധിച്ച് നന്നായി പരിചയമുള്ളവരാണല്ലോ നാം. അവിടെ വെള്ളം ഉള്ളത് നമുക്ക് അറിയില്ലല്ലോ.’ അങ്ങനെ അവര്‍ ഒന്നോ രണ്ടോ ആളുകളെ അവിടേക്ക് അയച്ചു. അപ്പോള്‍ അവിടെയതാ വെള്ളം! അവര്‍ മടങ്ങിച്ചെന്ന് മറ്റുള്ളവരോട് വെള്ളമുള്ള കാര്യം അറിയിച്ചു. അവര്‍ എല്ലാവരും അവിടേക്ക് ചെന്നു. നബി ﷺ പറയുന്നു: ”ആ വെള്ളത്തിനടുത്ത് ഇസ്മാഈലിന്റെ ഉമ്മയും ഉണ്ട്. അവര്‍ അവരോട് ചോദിച്ചു: ‘നിങ്ങളുടെ അടുക്കല്‍ താമസിക്കുവാന്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അനുവാദം തരുമോ?’  ഹാജറ പറഞ്ഞു: ‘അതെ. പക്ഷേ, നിങ്ങള്‍ക്ക് വെള്ളത്തില്‍ അവകാശം ഉണ്ടാകില്ല (ഉപയോഗിക്കാം).’ അവര്‍ പറഞ്ഞു: ‘ശരി.’ ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ”അങ്ങനെ അവര്‍ എല്ലാവരും അവിടെ താമസിച്ചു. അവര്‍ അവരുടെ ജനതയിലേക്ക് ആളെ അയച്ചു. അങ്ങനെ അവരുടെ കൂടെ അവരുടെ ആളുകളും വന്ന് അവടെ താമസിച്ചു. അങ്ങനെ അവിടെ കുറെ വീടുകളായി…” (ഹദീഥ് തുടരുന്നുണ്ട്. ശേഷം വിവരിക്കാം).

അവര്‍ക്കിടയില്‍ ആ മാതാവും മകനും വളര്‍ന്നു. ജുര്‍ഹൂം ഗോത്രക്കാര്‍ അറബി ഭാഷയുടെ തുടക്കക്കാരാണ്. മാതാവിനും മകനും ജുര്‍ഹൂം ഗോത്രം അവിടെ താമസിക്കുന്നതിന് മുമ്പ് അറബി അറിയില്ലായിരുന്നു. അവരോട് ഇടപഴകിയതോടെ അവര്‍ അറബി ഭാഷ പഠിച്ചു. കുട്ടി വളര്‍ന്ന് വലുതായി.

ഇബ്‌റാഹീം(അ) അവിടെയില്ലല്ലോ. പിന്നീട് ഇബ്‌റാഹീം(അ) തിരിച്ച് വന്നപ്പോഴേക്കും കുട്ടി ഓടിച്ചാടി നടക്കുന്ന പ്രായമായിട്ടുണ്ട്.  ആ സമയത്താണ് ഇബ്‌റാഹീം നബി(അ)യെ അല്ലാഹു മറ്റൊരു കടുത്ത പരീക്ഷണത്തിന് വിധേയനാക്കിയത്. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 05

ഇബ്‌റാഹീം നബി (അ) - 05

അഗ്‌നിപരീക്ഷണത്തില്‍ അടിപതറാതെ…

ഇബ്‌റാഹീം നബി(അ)യോടുള്ള അവരുടെ അമര്‍ഷം കടുത്തതായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ കരിച്ച് കളയുന്നതിലെ സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു. അദ്ദേഹത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യലാണ് സ്വന്തം പിതാവ് അടങ്ങുന്ന ആ സമൂഹത്തിന്റെ ലക്ഷ്യം! അവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. പലരും ആ തീയിലേക്ക് വിറക് നേര്‍ച്ച നേര്‍ന്നു. ദിവസങ്ങളോളം കത്തുന്നതിന് വേണ്ടി അതിനു വേണ്ട തയ്യാറെടുപ്പുകള്‍ അവര്‍ നടത്തി. പണ്ഡിതന്മാര്‍ വിവരിക്കുന്നത് കാണുക:

”നിശ്ചയമായും (അവരില്‍) ഒരു സ്ത്രീ രോഗിയായാല്‍ (ഇപ്രകാരം പറയും:) ‘ഞാന്‍ സുഖം പ്രാപിച്ചാല്‍ ഇബ്‌റാഹീമിനെ കരിക്കുന്നതിന് തീര്‍ച്ചയായും ഞാന്‍ വിറക് ശേഖരിക്കുക തന്നെ ചെയ്യും എന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു.”

ഇബ്‌റാഹീം(അ)നെ തീയിലേക്കെറിയുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് അല്ലാഹുവിലുണ്ടായിരുന്ന അര്‍പ്പണ ബോധത്തിന്റ ആഴം മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിട്ടുള്ള ഹദീഥ് കാണുക: 

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ”ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലവനായ അല്ലാഹു മതി എനിക്ക് എന്ന വചനം ഇബ്‌റാഹീം(അ) തീയിലെറിയപ്പെട്ടപ്പോള്‍ പറഞ്ഞതാണ്. മുഹമ്മദ് ﷺ യും ഈ വാക്ക് പറഞ്ഞിട്ടുണ്ട്. ‘ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിക്കുന്നു. അവരെ ഭയപ്പെടണം എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ” (ബുഖാരി).

അല്ലാഹുവിന്റെ ഏകത്വം ഉദ്‌ഘോഷിച്ചതിനാല്‍ കടുത്ത ഒരു പരീക്ഷണം ഇബ്‌റാഹീം(അ) നേരിടേണ്ടി വരികയാണ്. എന്നാല്‍ രക്ഷപ്പെടാനായി പോലും തന്റെ വിശ്വാസം അടിയറ വെക്കുവാന്‍ അദ്ദേഹംതയ്യാറായില്ല. ഇബ്‌റാഹീം(അ) എല്ലാം അല്ലാഹുവില്‍ അര്‍പിച്ച്, അവനില്‍ ഉറച്ചു വിശ്വസിച്ച് പരീക്ഷണത്തെ നേരിടുകയാണ് ചെയ്തത്. മഹാനായ പ്രവാചകന്‍ മുഹുമ്മദ് ﷺ യും ഇതേ വാക്ക് പറഞ്ഞിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ എഴുപതോളം സ്വഹാബികള്‍ രക്ത സാക്ഷികളാവുകയും മൊത്തത്തില്‍ മുസ്‌ലിംകള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്തുവല്ലോ. ഈ സന്ദര്‍ഭത്തില്‍ ഇനിയും ഒരു സംഘം നിങ്ങളെ നേരിടാന്‍ വരുന്നുവെന്ന വിളിയാളം കേട്ടപ്പോള്‍ പേടിച്ച് പിന്മാറുകയല്ല ചെയ്തത്. അവര്‍ക്ക് വിശ്വാസം വര്‍ധിക്കുകയും അല്ലാഹുവില്‍ എല്ലാം അര്‍പിച്ച് പരീക്ഷണത്തെ നേരിടുകയുമാണവര്‍ ചെയ്തത്. സൈനിക ബലമോ ആയുധ ബലമോ വേണ്ടത് പോലെ ഇല്ലാതിരുന്നിട്ടും നബി ﷺ യും അനുയായികളും നിശ്ചയ ദാര്‍ഢ്യത്തോടെ ‘ഞങ്ങള്‍ക്ക് അല്ലാഹു മതി’ എന്ന് പറഞ്ഞു; അല്ലാഹുവിന്റെ സഹായം അവര്‍ക്ക് ലഭിച്ചു. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമുണ്ടെങ്കില്‍ ഒരാള്‍ക്കും ഒരു സമയത്തും പരിഭ്രാന്തരാവേണ്ടതില്ല.

ഇബ്‌റാഹീം നബി(അ)യെ അവര്‍ തീയിലേക്ക് എറിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഒരു രോമകൂപത്തിന് പോലും പോറലേല്‍ക്കാതെ അല്ലാഹു രക്ഷപ്പെടുത്തി. ഈ അത്ഭുത സംഭവം പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. തീയിലിട്ട ശേഷം പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയോ എന്നതാണ് അവരുടെ സംശയം. അതിനാല്‍ തന്നെ അവര്‍ ഈ സംഭവത്തെ ബുദ്ധിക്ക് നിരക്കാത്ത സംഭവമായി കാണുകയും നിഷേധിച്ചു കളയുകയും ചെയ്യുന്നു. അല്ലാഹുവാണല്ലോ തീയിന് ചൂട് നല്‍കിയത്. ചൂട് നല്‍കിയ അല്ലാഹുവിന് അതില്‍ മാറ്റം വരുത്തുവാന്‍ കഴില്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ആ അല്ലാഹു തന്നെയാണ് തീയിനെ തണുപ്പുള്ളതാക്കിയത്. ഇത് ക്വുര്‍ആനില്‍ സ്പഷ്ടമായി വന്നതുമാണ്. 

അല്ലാഹു ഇബ്‌റാഹീം നബി(അ)യെ രക്ഷപ്പെടുത്തിയത് എങ്ങനെയായിരുന്നുവെന്ന് കാണുക:

”നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്” (ക്വുര്‍ആന്‍ 21:69,70).

എങ്ങനെയാണ് തീയിന് തണുപ്പുണ്ടാകുക എന്ന്‌ചോദിക്കുന്ന മതയുക്തിവാദികള്‍ ഈ ക്വുര്‍ആന്‍ വചനത്തെയും വെറുതെ വിടുന്നില്ല; ഇത് ആലങ്കാരിക പ്രയോഗമാണ് എന്നാണ് അവരുടെ വ്യാഖ്യാനം. ഈ വചനത്തില്‍ വന്നിട്ടുള്ള ‘തീ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ‘കോപം കത്തിനില്‍ക്കുന്ന ജനങ്ങളാണ്’ എന്നാണ് ഇവരുടെ വാദം. അപ്പോള്‍ ഇത് പ്രകാരം ഈ സൂക്തത്തിന്റെ അര്‍ഥം ഇപ്രകാരമാകും: ‘നാം പറഞ്ഞു: കോപാകുലരായ മനുഷ്യരേ, ഇബ്‌റാഹീമിന് നിങ്ങള്‍ തണുപ്പും സമാധാനവും ആയിത്തീരുക!’ എങ്ങനെയുണ്ട് വ്യാഖ്യാനം?! ‘കോപം കത്തി നില്‍ക്കുന്ന മനുഷ്യരേ, ഒന്ന് ഇബ്‌റാഹീമിനോട് തണുക്കൂ. ഇബ്‌റാഹീമിന്റെ കാര്യത്തില്‍ ഒന്ന് സമാധാനിക്കൂ’ എന്നാണ് പോലും ഈ വചനത്തിന്റെ അര്‍ഥം. അല്ലാഹു  ആ അക്രമികളോട് നേരിട്ട് സംസാരിച്ചുവോ എന്നൊന്നും ചോദിക്കുവാന്‍ പാടില്ല. മതയുക്തിവാദികളുടെ ഗതികേട് എന്നല്ലാതെ എന്തു പറയാന്‍!

ഇബ്‌റാഹീം(അ)നെ തീയിലിട്ട സമയത്തുണ്ടായത് എന്നു പറഞ്ഞ് ചില വ്യാജ കഥകളെല്ലാം പ്രചരിക്കപ്പെട്ടിട്ടുണ്ട് സമൂഹത്തില്‍. അതില്‍ പെട്ട ഒന്ന് കാണുക: 

ഇബ്‌റാഹീം(അ)നെ തീയിലേക്ക് എറിയുന്ന വേളയില്‍ ജിബ്‌രീല്‍ അദ്ദേഹത്തിന്റെ അടുത്ത് വന്ന് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിനോട് താങ്കള്‍ക്ക് തേടാനുള്ള വല്ല ആവശ്യവുമുണ്ടോ? അപ്പോള്‍ ഇബ്‌റാഹീം(അ) പറഞ്ഞു: താങ്കളോട് പറയാനായി എനിക്ക് ഒന്നുമില്ല. അപ്പോള്‍ ജിബ്‌രീല്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിനോട് ചോദിച്ചുകൂടേ? അപ്പോള്‍ ഇബ്‌റാഹീം(അ) പറഞ്ഞു: എന്റെ അവസ്ഥയെ പറ്റിയുള്ള അറിവ് അവന്റെ അടുത്തുണ്ട്. അവനോട് ഞാന്‍ ചോദിക്കുന്നതിനെ തൊട്ട് ഞാന്‍ ഐശ്വര്യവാനാണ്.  

ഈ കഥക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ സംഭവം എടുത്ത് കാണിച്ച് ചിലരെല്ലാം ‘നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് അവനില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നതിന് എതിരാണെന്നും നമ്മുടെ ആവശ്യം അല്ലാഹുവിന് നന്നായി അറിയാമല്ലോ, അതിനാല്‍ പ്രാര്‍ഥിക്കേണ്ടതില്ല’ എന്നും പറയാറുണ്ട്. ഈ സംഭവം പരമ്പരയില്ലാത്തതും കെട്ടിയുണ്ടാക്കിയതുമാണ്. മാത്രവുമല്ല, ഇബ്‌റാഹീം(അ) എത്രയോ ആവശ്യങ്ങള്‍ക്കായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചതിന് ക്വുര്‍ആനിലും ഹദീഥുകളിലും ധാരാളം തെളിവുകളുമുണ്ട്.  

ശത്രുക്കള്‍ അദ്ദേഹത്തെ അഗ്‌നിക്കിരയാക്കാന്‍ ശ്രമിച്ചതും അതില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചതും ക്വുര്‍ആനിന്റെ വെളിച്ചത്തില്‍ നാം ഗ്രഹിച്ചുവല്ലോ. എന്നാല്‍ ചിലര്‍ വിശ്വസിക്കുന്നത് ആ സമയത്ത് മുഹമ്മദ് നബി ﷺ യുടെ ഒളി (പ്രകാശം) ഇബ്‌റാഹീം നബി(അ)യില്‍ ഉണ്ടായതിനാലാണ് അദ്ദേഹം തീയില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ്. ശര്‍റഫല്‍ അനാം മൗലിദ് എന്ന മൗലിദ് കിതാബിലും മങ്കൂസ് മൗലിദിലും ഇപ്രകാരം പഠിപ്പിക്കുന്നുണ്ട്.

”ഇബ്‌റാഹീം(അ) തീയില്‍ എറിയപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മുതുകില്‍ എന്നെ (അവന്‍) ആക്കി” (ശര്‍റഫല്‍ അനാം മൗലിദ്).

”ഇബ്‌റാഹീം(അ) തീയില്‍ എറിയപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മുതുകില്‍ ഞാന്‍ ഉണ്ടായിരുന്നു. അങ്ങനെ ആ തീ കെട്ടടങ്ങിപ്പോയി” (മങ്കൂസ് മൗലിദ്).

നബി ﷺ യുടെ ഒളി ഇബ്‌റാഹീം നബി(അ)യില്‍ ഉണ്ടായതിനാലാണ് അദ്ദേഹം ആ തീയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഈ മൗലിദ് വരികള്‍ പറയുമ്പോള്‍ മുഹ്‌യുദ്ദീന്‍ മാലയില്‍ മറ്റൊരു കാരണമാണ് പറയുന്നത്. മുഹ്‌യുദ്ദീന്‍ ശൈഖ്(റഹി) പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വരികളില്‍ പറയുന്നത് കാണുക:

”ഇബ്‌റാഹീം തീയെ അഭിമുഖീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തീയില്‍ ഞാനും കൂടെയുണ്ടായിരുന്നു. എന്റെ പ്രാര്‍ഥന കൊണ്ടല്ലാതെ ആ തീ തണുത്തിട്ടില്ല.”

നോക്കൂ..! ഹിജ്‌റ 400ന് ശേഷം ജനിച്ച മുഹ്‌യുദ്ദീന്‍ ശൈഖ് ഇബ്‌റാഹീം നബിയുടെ കാലത്ത് ഉണ്ടെന്നാണ് ഈ പറയുന്നത്! ശുദ്ധ വിഡ്ഢിത്തമല്ലേ ഇത്? ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നതും വിഡ്ഢിത്തമല്ലേ? പുരോഹിതന്മാര്‍ കെട്ടിയുണ്ടാക്കിയ അടിസ്ഥാനരഹിതമായ ഇത്തരം വികലമായ ആശയങ്ങളെ പവിത്രമായി കരുതുന്നവര്‍ ക്വുര്‍ആനും സുന്നത്തും ആ സംഭവം വ്യക്തമായി വിവരിച്ചു തരുന്നുതിലേക്ക് തിരിയേണ്ടതുണ്ട്. 

ഇബ്‌റാഹീം(അ) സ്വന്തം ജനതക്ക് നിരന്തരം നേര്‍മാര്‍ഗം അറിയിച്ചു കൊടുത്തിട്ടും അവരത് സ്വീകരിക്കുവാന്‍ തയ്യാറായില്ല. എന്നാല്‍ അതിന്റെ സ്വാധീനഫലമായി അവരുടെ ബഹുദൈവാരാധന അബദ്ധമാണെന്ന് ചില ഘട്ടങ്ങളിലെങ്കിലും അവര്‍ സമ്മതിച്ചതുമായിരുന്നു. അഹങ്കാരം കാരണം നിമിഷങ്ങളുടെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ എന്ന് മാത്രം. വ്യക്തമായും പ്രമാണബദ്ധമായും യുക്തിപൂര്‍ണമായും പിതാവിനും സമൂഹത്തിനും നേര്‍വഴി കാണിച്ചുകൊടുത്തിട്ടും അദ്ദേഹത്തെ തീയിലെറിയുവാനാണ് അവര്‍ തീരുമാനിച്ചത്. അല്ലാഹുവിന്റെ വലിയ സഹായം അന്നേരം അദ്ദേഹത്തിന് ലഭിച്ചു. ചിലരെല്ലാം വിശ്വസിച്ചിരുന്നെങ്കിലും ഇബ്‌റാഹീം നബി(അ)യുടെ കൂടെ നിന്ന് സത്യത്തിന് വേണ്ടി പൊരുതുവാന്‍ തയ്യാറായതുമില്ല. ജനതയില്‍ മാറ്റം കാണാത്തതിനാല്‍, പിന്നീട് ഇബ്‌റാഹീം(അ) നാട്ടില്‍നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുകയാണ്:

”നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം” (ക്വുര്‍ആന്‍ 19:48). 

”അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ സ്വദേശം വെടിഞ്ഞ് എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. തീര്‍ച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും” (ക്വുര്‍ആന്‍ 29:26).

”ലോകര്‍ക്ക് വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തേയും (ഇബ്‌റാഹീമിനെയും) ലൂത്വിനെയും നാം രക്ഷപ്പെടുത്തിക്കൊണ്ട് പോകുകയും ചെയ്തു” (ക്വുര്‍ആന്‍ 21:71).

അദ്ദേഹം നാട് വിടുന്ന സന്ദര്‍ഭത്തില്‍ ഇണയായ സാറയും സമകാലികനായി മറ്റൊരു നാട്ടിലേക്ക് നിയോഗിക്കപ്പെട്ട ലൂത്വ്(അ)യും ആണ് കൂടെയുണ്ടായിരുന്നത്. ലൂത്വ്(അ) അദ്ദേഹത്തില്‍ വിശ്വസിച്ചവരില്‍ ഒരാളായിരുന്നു. 

ഇബ്‌റാഹീം നബി(അ)യുടെ ഹിജ്‌റക്ക് ശേഷമുള്ള ജീവിതത്തിന്റെ തുടക്കം ശാമിലായിരുന്നു. പിന്നീടായിരുന്നു അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഇബ്‌റാഹീം(അ) ഇണ ഹാജറിനെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും കൂട്ടി മക്കയിലേക്ക് പോകുന്നത്.

അല്ലാഹുവിങ്കല്‍ ഏറെ സ്ഥാനമാനങ്ങളുള്ള, അല്ലാഹു ‘ഖലീലുല്ലാഹി’ (അല്ലാഹുവിന്റെ ഉറ്റ മിത്രം) എന്ന് വിശേഷിപ്പിച്ച ഇബ്രാഹീം(അ) പോലും അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിച്ചിട്ട് കൂടെ വിശ്വാസികളായി ലഭിച്ചത് വളരെ തുച്ഛം പേരെയാണ്. വിശ്വസിച്ചവര്‍ തന്നെ കൂടെ നില്‍ക്കാന്‍ ധൈര്യം ഇല്ലാത്തവരും. 

അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്ന ഒരു കാര്യമാണ് ആരും അത് ചെവിക്കൊള്ളുന്നില്ലല്ലോ എന്ന ചിന്ത. ‘എത്ര കാലമായി ക്ഷണിക്കുന്നു, എത്ര പ്രാവശ്യംസംസാരിച്ചതാണ്, ആരും പരിഗണിക്കുന്നില്ല, ഒരു മാറ്റവും ഇല്ല, പിന്നെ എന്തിന് ഇതുമായി നടക്കണം’ ഇതാണ് പലരും ചോദിക്കുന്നത്. ഇബ്‌റാഹീം(അ) എന്ന മഹാനായ പ്രവാചകന്‍ ഇത്രയെല്ലാം ജനങ്ങളെ ക്ഷണിച്ചിട്ടും കൂടെ എത്ര പേരാണ് ഉണ്ടായത് എന്ന് നാം മനസ്സിലാക്കി. ആളുകള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും നാം എത്ര ക്ഷണിക്കുന്നുവോ നമുക്ക് അതിന്റെ ഗുണം അല്ലാഹുവിങ്കല്‍ അതിരറ്റതാണ്. ഇബ്‌റാഹീം നബി(അ)യെ മിഅ്‌റാജിന്റെ അവസരത്തില്‍ നബി ﷺ കണ്ടത് നാം മുമ്പ് വിവരിച്ചതാണ്.  കഅ്ബയുടെ നേരെ മുകളില്‍ ഏഴാം ആകാശത്തുള്ള ബൈതുല്‍ മഅ്മൂര്‍ എന്ന, എണ്ണം എത്രയെന്ന്  ക്ലിപ്തപ്പെടുത്തുവാന്‍ സാധിക്കാത്ത അത്രയും മലക്കുകള്‍ വന്ന് ഇബാദത്തെടുക്കുന്ന പരിശുദ്ധ ഗേഹത്തില്‍ ചാരിയിരിക്കുന്നത് നബി ﷺ കണ്ടത് അവിടുന്ന് നമ്മെ പഠിപ്പിച്ചതാണ്. തന്നില്‍ വിശ്വസിച്ചവരുടെ എണ്ണം കുറഞ്ഞുവെന്ന കാരണം ഇബ്‌റാഹീം(അ)ന്റെ മഹത്ത്വത്തിന് യാതൊരു പോരായ്മയും ഉണ്ടാക്കിയിട്ടില്ല. ആളുകള്‍ വിശ്വസിക്കാത്തത് പ്രബോധനം നിര്‍ത്തിവെക്കുവാന്‍ കാരണമാക്കരുതെന്ന് അര്‍ഥം. കാരണം ആരെയും നേര്‍വഴിയിലാക്കുന്നത് അല്ലാഹുവാണ്. നാം എത്ര കൊതിച്ചിട്ടും കാര്യമില്ല. അല്ലാഹുവാണ് ഹിദായത്ത് നല്‍കുന്നവന്‍.

”അവരെ നേര്‍വഴിയിലാക്കുവാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു” (ക്വുര്‍ആന്‍ 2:272). 

”തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 28:56). 

നാം ബാധ്യത നിര്‍വഹിക്കുക. അതാണ് നമ്മില്‍ അര്‍പിക്കപ്പെട്ടിട്ടുള്ളത്. 

ബനൂ ഇസ്‌റാഈല്യരോട് അല്ലാഹു ശനിയാഴ്ച ദിവസം മീന്‍ പിടിക്കുന്നതിനെ വിലക്കിയിരുന്നു. ശനിയാഴ്ചയാണെങ്കിലോ മത്സ്യം വെള്ളത്തില്‍ അധികവും. പിടിക്കാനാണെങ്കില്‍ പാടില്ല താനും. അവര്‍ക്കത് വലിയ ഒരു പരീക്ഷണമായിരുന്നു. എന്നാല്‍ അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. ശനിയാഴ്ച വന്ന മത്സ്യങ്ങളൊന്നും പോകാതിരിക്കാന്‍ ഒരു കെട്ട് കെട്ടി; അടുത്ത ദിവസം പിടിക്കാന്‍. അപ്പോള്‍ ശനിയാഴ്ച പിടിച്ചത് പോലെ തന്നെയായല്ലോ. അല്ലാഹുവിന്റെ കല്‍പനയെ അവര്‍ ധിക്കരിച്ചു എന്നര്‍ഥം. ഇത് കണ്ട അവരിലെ നല്ലവരായ വിശ്വാസികള്‍ ഉപദേശിച്ചു. അപ്പോള്‍ അവിടെ ഒരു മൂന്നാം കക്ഷി വന്നിട്ട് ഉപദേശകരോട് ‘എന്തിനാ നിങ്ങളിങ്ങനെ ഉപദേശിച്ച് നടക്കുന്നത്, നിങ്ങള്‍ പറഞ്ഞാല്‍ അവര്‍ നന്നാവുമോ, അല്ലാഹു അവരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്‌തോട്ടെ, നിങ്ങള്‍ ഉപദേശിക്കേണ്ട’ എന്നെല്ലാം പറഞ്ഞു. അപ്പോള്‍ ആ ഉപദേശകര്‍ അവര്‍ക്ക് നല്‍കിയ മറുപടിയാണ് പ്രബോധകര്‍ക്ക് പ്രചോദനം നല്‍കേണ്ടത്.

”അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത് എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ. എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു”(ക്വുര്‍ആന്‍ 6:164,165). 

നാം അറിഞ്ഞതും മനസ്സിലാക്കിയതുമായ അറിവ് അത് എത്തിയിട്ടില്ലാത്തവരിലേക്ക് എത്തിച്ചുവോ എന്ന് പരലോകത്ത് ചോദിക്കുന്ന സന്ദര്‍ഭത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് നമുക്ക് പറയുവാന്‍ നമുക്ക് കഴിയണം. നമ്മുടെ പ്രബോധനത്തിന്റെ കാരണത്താല്‍ നരകശിക്ഷയില്‍ നിന്ന് വല്ലവരും രക്ഷപ്പെടുകയാണെങ്കില്‍ അത് നമുക്കും അവര്‍ക്കും വലിയ നേട്ടവുമാണല്ലോ. അവര്‍ രക്ഷപ്പെടണം എന്ന ആഗ്രഹവും അവരോടുള്ള ഗുണകാംക്ഷയും നമ്മില്‍ വേണം.

സന്മാര്‍ഗം എന്നത് അല്ലാഹു നല്‍കുന്ന ഒരു പ്രകാശമാണല്ലോ. ആ പ്രകാശം അവനുദ്ദേശിക്കുന്നവര്‍ക്കേ അവന്‍ നല്‍കൂ. നാം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. നമുക്ക് ലഭിച്ച പ്രകാശം അത് എന്നും നിലനില്‍ക്കണമെന്നില്ല. ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ അതിനുണ്ട്. പലരും അല്ലാഹുവിന്റെ ദീനില്‍ വരികയും പിന്നീട് എന്തെല്ലാമോ കാരണത്താല്‍ വെളിച്ചം ഹൃദയത്തില്‍ നിന്ന് അണഞ്ഞു പോകുകയും പഴയ ഇരുട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ വിശ്വാസികളായ നാം ഏത് സമയത്തും ആ പ്രകാശം നമ്മില്‍ നിലനില്‍ക്കുവാന്‍ അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കണം. നമസ്‌കാരവേളയില്‍ നാം അത് നിര്‍വഹിക്കാറുണ്ട്. പള്ളിയിലേക്ക് പോകുന്ന വേളയിലും ആ പ്രകാശത്തെ നാം അല്ലാഹുവിനോട് ചോദിക്കാറുണ്ടല്ലോ. അതെല്ലാം നാം മനസ്സറിഞ്ഞ് നിര്‍വഹിക്കണം.

ഇബ്‌റാഹീം(അ) ജനിച്ചുവളര്‍ന്ന നാടും വീടും ഒഴിവാക്കി ഹിജ്‌റ പോകുകയാണ്. ഹിജ്‌റ എന്നത് ഏത് കാലത്തും ഉള്ളത് തന്നെയാണ്. ഹിജ്‌റ ഏത് സമയം വരെ ഉണ്ടെന്നത് കാണുക:

”പശ്ചാത്താപം മുറിയുന്നത് വരെ ഹിജ്‌റയും മുറിയുന്നതല്ല. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ തൗബയും മുറിയുന്നതല്ല” (അബൂദാവൂദ്). 

താന്‍ ജീവിക്കുന്ന നാട്ടില്‍ തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കുവാന്‍ യാതൊരു വഴിയുമില്ലെങ്കില്‍ തന്റെ വിശ്വാസം ബലി നല്‍കി ആ നാട്ടില്‍ തന്നെ കഴിയുകയാണെങ്കില്‍ അത്തരക്കാരുടെ മരണം സമാധന പൂര്‍ണമാകില്ലെന്നാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

”(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു. അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പുനല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പ് നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 4:97-99).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹിജ്‌റ പോകുന്നതിനാല്‍ ഒരാള്‍ക്കും ഒരു നഷ്ടവും വരാനില്ല. അല്ലാഹു അവര്‍ക്ക് വാഗ്ദാനം നല്‍കുന്നത് കാണുക:

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍ നിന്ന്  സ്വദേശം വെടിഞ്ഞ് കൊണ്ട്  അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും അനന്തരം (വഴിമധേ്യ) മരണം അവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(ക്വുര്‍ആന്‍ 4:100).

ഇസ്‌ലാമികമല്ലാത്ത സന്ദേശം പടച്ചുണ്ടാക്കി അതിനനുസരിച്ച് ജീവിക്കുവാന്‍ തന്റെ നാട് പ്രാപ്തമല്ലെന്ന് പറഞ്ഞ് ഹിജ്‌റക്ക് ക്ഷണിക്കുകയും ഹിജ്‌റ ചെയ്യുകയും ചെയ്യുന്ന അപൂര്‍വം ചിലരെങ്കിലുമുണ്ട്. അവരുടെ ഹിജ്‌റ യഥാര്‍ഥ ഹിജ്‌റയല്ല. അതെല്ലാം ചില ഗൂഢ ലക്ഷ്യത്തിനുള്ളതാണെന്ന് നാം തിരിച്ചറിയുകയും വേണം.

ഇബ്‌റാഹീം നബി(അ)യുടെ നാട്ടുകാരും വീട്ടുകാരും ഭരണാധികാരികളും തന്റെ വിശ്വാസം സംരക്ഷിച്ച് ജീവിക്കുന്നതിന് എതിരായി മാറിയ സാഹചര്യത്തിലാണ് അദ്ദേഹം നാട് വിടാന്‍ തീരുമാനിക്കുന്നത്. പിതാവിനോടും നാട്ടുകാരോടും അദ്ദേഹം നടത്തിയ ഉപദേശങ്ങള്‍ നാം ഗ്രഹിച്ചുവല്ലോ. രാജാവിനോടുള്ള അദ്ദേഹത്തിന്റെ സംവദിക്കലാണ് ഇനി നാം മനസ്സിലാക്കേണ്ടത്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി(അ) – 04​

ഇബ്‌റാഹീം നബി(അ) - 04

സൂക്ഷ്മാലുവായ ദൈവദൂതന്‍

 

‘എനിക്ക് സുഖമില്ല’ എന്ന് ഇബ്‌റാഹീം നബി(അ) പറഞ്ഞതിനെക്കുറിച്ചും ചിലത് മനസ്സിലാക്കേണ്ടതുണ്ട്. ക്വിയാമത്ത് നാളില്‍ മഹ്ശറില്‍ വെച്ച് വിചാരണക്കെടുക്കുവാനായി ശുപാര്‍ശ ചെയ്യുവാന്‍ മനുഷ്യരെല്ലാം പ്രവാചകന്മാരെ സമീപിക്കും. ഇബ്‌റാഹീം നബി(അ)യെ സമീപിക്കുന്ന വേളയില്‍ അവിടുന്ന് പറയും: എനിക്ക് അല്ലാഹുവിനോട് സംസാരിക്കാന്‍ പേടിയാണ്. കാരണം, ദുന്‍യാവില്‍ വെച്ച് ഞാന്‍ മൂന്ന് കളവുകള്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് കളവ് പോയിട്ട് ഒരു കളവുപോലും പറയില്ലെന്ന് പ്രവാചകന്മാരെ കുറിച്ച് വിശ്വസിക്കുന്നവരാണല്ലോ നാം. കാരണം, അവര്‍ക്ക് അല്ലാഹുവിന്റെ പ്രത്യേക പാപ സുരക്ഷിതത്വം നല്‍കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഈ പറഞ്ഞതോ? അല്ലാഹുവിനെ കുറിച്ചുള്ള ഭയവും സൂക്ഷ്മതയും! ഇബ്‌റാഹീം(അ) പറഞ്ഞുവെന്ന് സ്വയം പറയുന്ന ഈ ‘കളവുകള്‍’ എന്താണ്? ഏതായിരുന്നാലും അദ്ദേഹം എണ്ണിപ്പറയുന്ന മൂന്ന് സംഭവം ഏതെന്ന് കാണുക. അപ്പോള്‍  നമുക്ക് മനസ്സിലാകും, അത് കളവല്ലെന്ന്. ഒന്ന്, ഉത്സവത്തിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹം അതിന് വിസമ്മതിച്ചു. കാരണം പറഞ്ഞത് ‘എനിക്ക് രോഗമാണ്’ എന്നാണ്.

‘എനിക്ക് രോഗമാണ്’ എന്ന പ്രയോഗം ദ്വയാര്‍ഥമുള്ളതാണ്. അക്ഷരാര്‍ഥത്തില്‍ പറഞ്ഞതല്ല. പണ്ഡിതന്മാര്‍ പറയുന്നത് കാണുക:

‘നിങ്ങളുടെ വഴികേട് കാണുമ്പോള്‍ ഞാന്‍ രോഗിയാണ് (എനിക്ക് സുഖമില്ല). നിങ്ങളിലെ അര്‍ഥശൂന്യതയും അല്ലാഹുവിലുള്ള അവിശ്വാസവും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നത് കാണുന്നതിലും എനിക്ക് രോഗമാണ്. അല്ല ഈ വിഗ്രഹങ്ങള്‍ ഉപദ്രവം ചെയ്യും ഉപകാരം ചെയ്യില്ല… ഇത് തൗരിയത്തില്‍(ദ്വയാര്‍ഥപ്രയോഗം) പെട്ടതാണ്; കളവില്‍ പെട്ടതല്ല. (ഉപദ്രവം ചെയ്യുമെന്ന് പറഞ്ഞത് ഇവ കാരണം നരകം നല്‍കപ്പെടുമെന്നതാണ് വിവക്ഷ). അപ്പോള്‍ അദ്ദേഹം നടത്തിയ ഈ ഒരു പരാമര്‍ശം വാസ്തവത്തില്‍ കളവല്ല. 

ഇബ്‌റാഹീം(അ) പറഞ്ഞുവെന്ന് സ്വയം പറയുന്ന രണ്ടാമത്തെ കളവ്: അദ്ദേഹം വിഗ്രഹങ്ങളെയെല്ലാം തച്ചുടച്ചു. ഉത്സവം കഴിഞ്ഞ് ജനങ്ങള്‍ തിരിച്ച് വന്നപ്പോള്‍ ആരാധനാലയത്തില്‍ വലിയ വിഗ്രഹമൊഴിച്ച് ബാക്കിയുള്ളതെല്ലാം നിലം പൊത്തിയതായിട്ടാണ് അവര്‍ കാണുന്നത്. വലിയ വിഗ്രഹത്തിന്റെ തോളില്‍ ഒരു കോടാലിയും. അവര്‍ അന്വേഷിച്ചു; ആരാണിത് ചെയ്തത്? ചിലര്‍ പറഞ്ഞു: ഇബ്‌റാഹീം എന്ന് പറയുന്ന ചെറുപ്പക്കാരന്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു… അങ്ങനെ അവര്‍ ഇബ്‌റാഹീം(അ)നോട് ചോദിച്ചു; നീയാണോ ഇബ്‌റാഹീമേ, ഇത് ചെയ്തത് എന്ന്. അദ്ദേഹം പറഞ്ഞു: ആ വലിയവനാകും. നിങ്ങള്‍ ഈ ചെറിയവയെ ആരാധിക്കുന്നത് കണ്ടിട്ട് അതിന്റെ ഈര്‍ഷ്യത കൊണ്ട് അവന്‍ ചെയ്തതാകും. അതില്‍ അവര്‍ക്കൊരു സന്ദേശം അദ്ദേഹം കൈമാറി. അല്ലാഹുവാകുന്ന ലോകരക്ഷിതാവിനെ വിട്ട് സൃഷ്ടികളിലേക്ക് തിരിയുന്നത് അല്ലാഹുവിന് കോപമുണ്ടാക്കുന്നതാണെന്ന സന്ദേശം. ശരി, ഈ മറുപടി അവരുടെ അന്ധവിശ്വാസത്തെ പരിഹസിക്കുന്നതായിരുന്നു. തീര്‍ന്നില്ല, ഇത്രകൂടി പറഞ്ഞു: ‘അവ സംസാരിക്കുമെങ്കില്‍ ഒന്ന് ചോദിച്ചു നോക്കൂ…’ ആരെയും ചിന്തിപ്പിക്കുന്ന വല്ലാത്തൊരു ചോദ്യം. അതെ, അത് അവരെ ചിന്തിപ്പിച്ചു. വാസ്തവത്തില്‍ ഇതൊരു കളവല്ല. അവരുടെ വിശ്വാസത്തിലെ നിരര്‍ഥകത തെളിയിക്കാന്‍ ഉപയോഗിച്ച ഒരു യുക്തിയായിരുന്നു അത്.

മൂന്നാമത്തെത് അദ്ദേഹത്തിന്റെ പത്‌നി സാറ(റ)യുടെ വിഷയത്തിലായിരുന്നു. അവിടുത്തെ ആദ്യ ഇണയാണല്ലോ സാറ(റ). അവരെയും കൂട്ടി അദ്ദേഹം ഒരു നാട്ടിലേക്ക് യാത്ര പോവുകയാണ്. ആ നാട്ടില്‍ ധിക്കാരിയായ, സ്വേച്ഛാധിപതിയായ, തെമ്മാടിയായ ഒരു ഭരണാധികാരിയാണ് ഭരിച്ചിരുന്നത്. ആ രാജാവിന് ഒരു നിയമമുണ്ട്. ആ നാട്ടില്‍ ഒരു സുന്ദരി വന്നാല്‍ അയാളുടെ പട്ടാളത്തെ വിട്ട് രാജാവിന്റെ അടുത്തേക്ക് വരുത്തിക്കുകയും അവളെ പ്രാപിക്കുകയും അവളെ സ്വന്തമാക്കുകയും ചെയ്യും. ഈ രാജാവ് ഭരിക്കുന്ന നാട്ടിലേക്കാണ് തന്റെ സുന്ദരിയായ ഇണ സാറ(റ)യെയുമായി ഇബ്‌റാഹീം(അ) പോകുന്നത്. അവിടെ എത്തുന്നതിന് മുമ്പായിത്തന്നെ സാറ(റ)യോട് ഇബ്‌റാഹീം(അ) പറഞ്ഞു: ‘ആ ദുഷ്ടനായ ഭരണാധികാരി നീ എന്റെ ഇണയാണെന്ന് അറിഞ്ഞാല്‍ നിന്റെ കാര്യത്തില്‍ എന്നെ അതിജയിച്ച് നിന്നെ നശിപ്പിക്കും. നിന്നോട് അയാള്‍ ചോദിച്ചാല്‍ (ഇണയാണെന്ന് പറയരുത്) നീ എന്റെ സഹോദരിയാണെന്ന് പറയണം. സത്യം തന്നെയാണത്. കാരണം ഇസ്‌ലാമില്‍ തീര്‍ച്ചയായും നീ എന്റെ സഹോദരിയാണല്ലോ. ഈ നാട്ടില്‍ ഞാനും നീയുമല്ലാതെ ഒരു മുസ്‌ലിമുള്ളത് എനിക്കറിയില്ല.’ (വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണല്ലോ). ഇങ്ങനെയെല്ലാം പറയണം എന്ന് അദ്ദേഹം അവരെ ഉപദേശിച്ചു.

ഇബ്‌റാഹീം(അ) തന്റെ സാറയെയുമായി ആ നാട്ടില്‍ എത്തിയപ്പോള്‍ രാജാവിന് വിവരം കിട്ടി. പട്ടാളക്കാര്‍ രാജാവിനോട് ചെന്ന് പറഞ്ഞു: ‘താങ്കളുടെ നാട്ടില്‍ ഒരു പെണ്ണ് വന്നിട്ടുണ്ട്. അവളെ താങ്കള്‍ക്കല്ലാതെ യോജിക്കില്ല (അവളെ ഞങ്ങള്‍ ഇങ്ങോട്ട് എത്തിക്കട്ടെയോ).’ 

രാജാവ് തന്റെ കിങ്കരന്മാെര ഉടനെ പറഞ്ഞയച്ചു. സാറ(റ)യെ അവിടേക്ക് വരുത്തി. സാറയെ കൊണ്ടു പോയപ്പോള്‍ മഹാനായ ഇബ്‌റാഹീം(അ)ന്റെ മനസ്സ് വല്ലാതെ വിഷമിച്ചു. (മനസ്സ് വിഷമിക്കുമ്പോള്‍ എന്ത് ചെയ്യണം എന്നതിന് മാതൃക നമുക്കിതിലുണ്ട്). ഇബ്‌റാഹീം(അ) നമസ്‌കരിക്കുവാനായി നിന്നു. അല്ലാഹുവിനോട് തന്റെ വിഷമം ബോധിപ്പിക്കുകയാണ്. തന്റെ പ്രിയതമയെ ആ ദുഷ്ടന്മാര്‍ കൊണ്ടു പോയിട്ടുണ്ട്. അവള്‍ക്ക് യാതൊന്നും സംഭവിക്കാതിരിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയാണ്. രാജാവിന്റെ കൊട്ടാരത്തിലേക്ക് സുന്ദരിയായ സാറ ബീവി പ്രവേശിച്ചപ്പോള്‍ ആ ദുഷ്ടന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അവരിലേക്ക് അവന്റെ കൈ നീളുകയും ചെയ്തു. അപ്പോള്‍ അയാളുടെ കൈ ശക്തമായി ഒട്ടിച്ചേര്‍ന്നു. അവരെ പ്രാപിക്കാനായി നീട്ടിയ കൈക്ക് ചലനമില്ലാതെയായി. അവസാനം അയാള്‍ സാറ ബീവിയോട് അപേക്ഷിക്കുകയാണ് ഒന്ന് അല്ലാഹുവിനോട് നീ പ്രാര്‍ഥിക്കണം; എന്റെ കൈ ഒന്ന് മോചിക്കപ്പെടാന്‍. നിനക്ക് ഞാന്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല എന്ന്. അന്നേരം സാറ(റ) വുദൂഅ് ചെയ്ത് നമസ്‌കരിച്ചു. എന്നിട്ട് ഇപ്രകാരം ദുആ ചെയ്തു: ‘അല്ലാഹുവേ, ഞാന്‍ നിന്നിലും നിന്റെ റസൂലിലും വിശ്വസിച്ചവാളാണെങ്കില്‍ എന്റെ ഗുഹ്യസ്ഥാനത്തെ എന്റെ ഇണയ്ക്കല്ലാതെ ഞാന്‍ സമര്‍പിച്ചിട്ടില്ല. (എന്റെ ഈമാനിനെ മുന്‍ നിറുത്തിക്കൊണ്ട് ഞാന്‍ ചോദിക്കുകയാണ്) ഈ കാഫിറിന് എന്റെ മേല്‍ അധികാരം നല്‍കല്ലേ.’ പ്രാര്‍ഥനയുടെ ഫലമായി കൈകള്‍ ഒന്ന് അയഞ്ഞു. അപ്പോള്‍ അവന്‍ വീണ്ടും അവരെ പ്രാപിക്കാന്‍ തിരിഞ്ഞു. നേരത്തെ അനുഭവപ്പെട്ട അതേ അവസ്ഥ വീണ്ടും അനുഭവപ്പെട്ടു. വീണ്ടും അല്ലാഹുവിനോട് ഇതില്‍ നിന്നുള്ള മോചനത്തിനായി പ്രാര്‍ഥിക്കാനായി സാറ ബീവിയോട് അയാള്‍ ആവശ്യപ്പെട്ടു. അവര്‍ പ്രാര്‍ഥിച്ചു. കൈക്ക് മോചനം കിട്ടി. മൂന്നാമതും അയാള്‍ അവരെ പ്രാപിക്കുവാനായി ഒരുങ്ങിയപ്പോള്‍ നേരത്തെ രണ്ട് തവണ ഉണ്ടായതിനെക്കാളും കടുത്ത അവസ്ഥയുണ്ടായി. ‘അല്ലാഹുവിനോട് ഒന്നുകൂടി പ്രാര്‍ഥിക്കണം. ഇനി ഞാന്‍ നിന്നെ ഉപദ്രവിക്കില്ല’ എന്ന് ആവര്‍ത്തിച്ചു. അങ്ങനെ അവര്‍ അത് ചെയ്തു. അയാളുടെ കൈക്ക് മോചനം കിട്ടി. എന്നിട്ട് അവരെ കൊണ്ടുവന്നവനോട് അയാള്‍ പറഞ്ഞു: ‘തീര്‍ച്ചയായും നീ എന്റെടുത്ത് കൊണ്ടുവന്നത് ഒരു മനുഷ്യനെയൊന്നുമല്ല, ഒരു പിശാചിനെയാണ്.’ അയാള്‍ നാട്ടില്‍ നിന്ന് സാറ(റ)യെ പുറത്താക്കുവാന്‍ കല്‍പിക്കുകയും അവര്‍ക്ക് ഹാജറിനെ സമ്മാനമായി നല്‍കുകയും ചെയ്തു. (ഇബ്‌റാഹീം(അ)ന് ലഭിച്ച രണ്ടാമത്തെ ഇണ (ഹാജറ ബീവി) ഈ രാജാവ് സാറക്ക് കൊടുത്ത സമ്മാനമായിരുന്നു). ഹാജറിനെയും കൂട്ടി സാറ ഇബ്‌റാഹീം(അ)ന്റെ അടുത്ത് ചെന്നപ്പോഴും അവിടുന്ന് നമസ്‌കാരത്തിലായിരുന്നു. അദ്ദേഹം അവരോട് ചോദിച്ചു: ‘എന്താണ് സംഭവിച്ചത്?’ അവര്‍ പറഞ്ഞു: ‘നല്ലത് മാത്രം. ആ തെമ്മാടിയുടെ കൈ അല്ലാഹു ഒതുക്കി. ഒരു ഭൃത്യയെ തരികയും ചെയ്തു.’ 

ഈ സംഭവം നമുക്ക് വിവരിച്ച് തന്നത് നബി ﷺ യാണ്. (സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും ഇത് വന്നിട്ടുണ്ട്). അബൂഹുറയ്‌റ(റ)യാണ് ഇത് ഉദ്ധരിക്കുന്നത്. 

ഇബ്‌റാഹീം നബി(അ)യില്‍ നിന്ന് വന്നു എന്ന് പറയുന്ന മൂന്ന് കളവുകള്‍ ഏതെല്ലാമാണെന്നാണ് നാം വിവരിച്ചത്. ഇതില്‍ ഓരോന്നും വിലയിരുത്തുമ്പോള്‍ അതില്‍ ഒരു കളവ് കണ്ടെത്തുക സാധ്യമല്ല. ഈ മൂന്നാമത്തെ സംഭവം ഒന്ന് നോക്കൂ. സാറയെക്കുറിച്ച് സഹോദരി എന്ന് പറയാന്‍ പറഞ്ഞത് ഒരു കളവാണോ? അല്ല! നാം അത് വിവരിച്ചു. ഒരു സ്ത്രീയെ ഉപദ്രവിക്കുക എന്നത് വലിയ ദ്രോഹമാണല്ലോ. വലിയ ഒരു ദ്രോഹത്തെ ചെറിയ ഒരു കാര്യം കൊണ്ട് തടുക്കുകയാണ് ഇബ്‌റാഹീം(അ) ഇവിടെ ചെയ്തത് എന്നും നമുക്ക് അതിനെക്കുറിച്ച് പറയാം. 

ഈ മൂന്ന് കാര്യത്തിലാണ് ക്വിയാമത്ത് നാളില്‍ അല്ലാഹുവിനെ ഓര്‍ത്ത് പേടിക്കുന്നതെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന് അല്ലാഹുവിലുള്ള വിശ്വാസവും സൂക്ഷ്മതയും ഭയവും എത്ര ഉണ്ടായിരുന്നെന്ന് നാം മനസ്സിലാക്കണം.

ഇനി നാം പറഞ്ഞു വന്നിരുന്ന ഭാഗത്തേക്ക് മടങ്ങാം. നാട്ടുകാരെല്ലാം ഉത്സവത്തിന് പോയ സന്ദര്‍ഭത്തില്‍ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെ തകര്‍ത്ത കാര്യം നാം മനസ്സിലാക്കി. അവര്‍ ഉത്സവം കഴിഞ്ഞു തിരിച്ചെത്തി. തങ്ങളുടെ ആരാധ്യരെല്ലാം നിലംപൊത്തി കിടക്കുന്നതാണ് അവര്‍ കാണുന്നത്. ഇബ്‌റാഹീം(അ) ആണ് ഇത് ചെയ്തതെന്ന് അവിടെയുള്ള ചിലര്‍ പറഞ്ഞു. അദ്ദേഹത്തെ പിടികൂടുവാനായി അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ധൃതിപ്പെട്ടു ചെന്നു. 

”’എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്” (37:94-96). 

അവര്‍ ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയ രംഗം ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് വിവരിക്കുന്നത് ഇപ്രകാരമാണ്: ”അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെക്കൊണ്ട് ഇത് ചെയ്തവന്‍ ആരാണ്? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്. ചിലര്‍ പറഞ്ഞു: ഇ്ബറാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ട് വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം. അവര്‍ ചോദിച്ചു: ഇബ്‌റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇതു ചെയ്തത്?  അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ച് നോക്കൂ! അപ്പോള്‍ അവര്‍ സ്വമനസ്സുകളിലേക്ക് തന്നെ മടങ്ങി. എന്നിട്ടവര്‍ (അനേ്യാന്യം) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍. പിന്നെ അവര്‍ തലകുത്തനെ മറിഞ്ഞു. (അവര്‍ പറഞ്ഞു:) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക” (21:59-68). 

ആരാണ് വിഗ്രഹങ്ങളെ ഇപ്രകാരം ചെയ്തതെന്ന് ചോദ്യം ചെയ്യുവാനാണല്ലോ ഇബ്‌റാഹീം നബി(അ)യെ ജന മധ്യത്തില്‍ ഹാജരാക്കിയത്. എന്നാല്‍ അദ്ദേഹം അവരോട് പറഞ്ഞത്, തകര്‍ന്ന് കിടക്കുന്ന ഈ ആരാധ്യരോടും കോടാലി തോളില്‍ തൂക്കിയിട്ട് നില്‍ക്കുന്ന വലിയ വിഗ്രഹത്തോടും ചോദിക്കൂ എന്നാണ്. അത് അവരില്‍ വലിയ ചിന്തക്ക് കാരണമാക്കി. എന്നാല്‍ വീണ്ടും അവര്‍ അവരുടെ അന്ധവിശ്വാസത്തെ ന്യായീകരിച്ചുകൊണ്ട് അവര്‍ സംസാരിക്കില്ലെന്ന് നിനക്കറിയില്ലേ, പിന്നെ എന്തിനാ നീ ഇങ്ങനെയെല്ലാം ചോദിക്കുന്നത് എന്നായി അവര്‍. 

ഇബ്‌റാഹീം നബി(അ)യുടെ ചോദ്യത്തിനു മുന്നില്‍ നിസ്സഹായരായ ജനങ്ങള്‍ മറുപടിയില്ലാതെ ഉഴലുകയാണ്. പക്ഷേ, തിരിച്ചടിക്കണമല്ലോ. അത് ഇപ്രകാരം പറഞ്ഞുകൊണ്ടായിരുന്നു:

”അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്‌റാഹീമിന്) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്‌നിയില്‍ ഇട്ടേക്കുക” (ക്വുര്‍ആന്‍ 37:97).

പ്രമാണങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കുവാന്‍ കഴിയാതെ വരുമ്പോള്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കാതിരിക്കുവാന്‍ പിന്നെയുള്ളതാണ് കയ്യൂക്ക് കാണിക്കല്‍. അത് അദ്ദേഹത്തിനെതിരിലും നടന്നു. ഇത് എല്ലാ കാലത്തും നടന്നതും ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യമാണ്.

സ്വന്തം ആരാധ്യരെ സഹായിക്കുവാന്‍ വിധിക്കപ്പെട്ടവരാണല്ലോ ബഹുദൈവാരാധകര്‍! അല്ലാഹു അല്ലാത്ത ആരാധിക്കപ്പെടുന്ന എന്തും അവയുടെ പ്രകൃതത്തില്‍ ഒതുങ്ങാത്ത ഒരു കഴിവും ഉള്ളവരല്ല. പിന്നെ എങ്ങനെയാണ് അല്ലാഹുവിനെ കൂടാതെ മറ്റൊരു ആരാധ്യനുണ്ടാവുക? അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയായി എന്തെല്ലാമുണ്ടോ അവര്‍ മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവരാണ്. ബഹുദൈവാരാധകനായ ഒരു അറബി തന്റെ ബഹൂദൈവ വിശ്വാസം ഒഴിവാക്കിയത് ഒരു ഈരടിയിലൂടെ പറഞ്ഞത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ നടന്നു പോകുമ്പോള്‍ താന്‍ ആരാധിക്കുന്ന വിഗ്രഹത്തിന് മുകളില്‍ മൂത്രിക്കുന്ന ഒരു കുറുക്കനെ കാണുന്നു. തന്റെ ആരാധ്യന്റെ നിസ്സഹായതയും അതിന്റെ ദൗര്‍ബല്യവും മനസ്സിലാക്കി അയാള്‍ ഏകദൈവാരാധകനായി. ആ വരികളുടെ ആശയം ഇതാണ്:

”തന്റെ തലയില്‍ കുറുക്കന്‍ മൂത്രിച്ചവന്‍ റബ്ബാകുമോ? ഏതൊരുത്തന്റെ മേല്‍ കുറുക്കന്‍ മൂത്രിച്ചുവോ അവന്‍ നിന്ദിക്കപ്പെട്ടിരിക്കുന്നു. അത് റബ്ബായിരുന്നുവെങ്കില്‍ (അതില്‍ നിന്ന്) സ്വന്തത്തെ തടയുമായിരുന്നു. (മറ്റുള്ളവരുടെ) ആവശ്യങ്ങളില്‍ കരയുന്ന റബ്ബില്‍ നന്മയില്ല. (അതിനാല്‍) ഭൂമിയിലുള്ള മുഴുവന്‍ വിഗ്രഹങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറുകയാണ്. എല്ലാത്തിനെയും അതിജയിക്കുന്ന അല്ലാഹുവില്‍ ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.” അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവരുടെയെല്ലാം അവസ്ഥ ഈ ഈരടിയിലുണ്ട്.

അവര്‍ ഇബ്‌റാഹീം നബി(അ)യെ കരിച്ചുകളയുവാന്‍ മെനഞ്ഞ കുതന്ത്രത്തെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ”അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം” (ക്വുര്‍ആന്‍ 14:46).

”അങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്‍മാരാക്കുകയാണ് ചെയ്തത്” (ക്വുര്‍ആന്‍ 37:98). 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി (അ) – 03

ഇബ്‌റാഹീം നബി (അ) - 03

യുക്തിഭദ്രമായ ഇടപെടൽ

പിതാവ് ആസര്‍ ഇബ്‌റാഹീം നബി(അ)യെ വീട്ടില്‍ നിന്ന് പുറത്താക്കുന്ന രംഗമാണ് നാം വിവരിച്ച് വരുന്നത്. പിതാവിനോട് അദ്ദേഹം പുലര്‍ത്തിപ്പോരുന്ന വിശ്വാസം അബദ്ധജടിലമാണെന്നും നിരര്‍ഥകമാണെന്നും ബോധ്യപ്പെടുത്തുവാന്‍ ഇബ്‌റാഹീം(അ) ആകുന്നത്ര ശ്രമിച്ചു. അല്ലാഹു പറയുന്നു:

”ഇബ്‌റാഹീം തന്റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു”(6:74). 

”ഇബ്‌റാഹീമിന്റെ വൃത്താന്തവും അവര്‍ക്ക് നീ വായിച്ചുകേള്‍പിക്കുക. അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ? അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്ന് മാത്രം). അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും. എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ” (ക്വുര്‍ആന്‍ 26:69-77).

ഇബ്‌റാഹീം(അ) ചോദിച്ച ഈ ചോദ്യങ്ങള്‍ തന്നെയാണ് ഇന്നും ഏത് ബഹുദൈവാരാധകരോടും ചോദിക്കുവാനുള്ളത്. ബിംബങ്ങള്‍ പ്രാര്‍ഥന കേള്‍ക്കുമോ? അവ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?  ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പാരമ്പര്യം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു എന്നതല്ലാതെ തെളിവ് സമര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അല്ലാഹുവിനെ പോലെ പരിധിയും പരിമിതിയും ഇല്ലാതെ കാണാനോ കേള്‍ക്കാനോ അറിയാനോ സാധിക്കുന്നവരും സൃഷ്ടികൡലുണ്ട് എന്ന വിശ്വാസമാണ് അല്ലാഹുവേതര സൃഷ്ടികളിലേക്ക് കൈകള്‍ ഉയരാന്‍ കാരണമാകുന്നത്. അല്ലാഹു എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അല്ലാഹുവല്ലാത്ത യാതൊന്നിനും അതിന് കഴിയില്ല എന്നും ഉറച്ച് വിശ്വസിക്കുമ്പോഴേ ഒരാളുടെ തൗഹീദ് ശരിയാകുന്നുള്ളൂ എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് തെളിവ് സഹിതം ഇബ്‌റാഹീം(അ) പല സന്ദര്‍ഭങ്ങളിലായി പഠിപ്പിക്കാന്‍ ശ്രമിച്ചു. മറ്റൊരു രംഗം കാണുക:

”നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്” (ക്വുര്‍ആന്‍ 29:17).

നിങ്ങള്‍ ആരാധിക്കുന്ന ഈ വസ്തുക്കളെല്ലാം നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കിയതല്ലേ? അല്ലാഹുവാണല്ലോ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നത്! നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഇവരൊന്നും അത് ചെയ്യുന്നില്ലല്ലോ. എന്നിട്ടും നിങ്ങള്‍ അവനെ വിട്ട് അവരെ ആരാധിക്കുന്നുവോ? ഇത്തരം ചോദ്യങ്ങളിലൂടെ ഇബ്‌റാഹീം നബി(അ) അവരുടെ ബുദ്ധിയെ തൊട്ടുണര്‍ത്തി തൗഹീദിലേക്ക് ക്ഷണിച്ച് നോക്കി. പിതാവ് ശിര്‍ക്കില്‍ തന്നെ ഉറച്ചുനിന്ന് വീട്ടില്‍ നിന്ന് മകനെ പുറത്താക്കുവാന്‍ തുനിയുകതന്നെയാണ്. ഇബ്‌റാഹീം നബി(അ) എല്ലാം അല്ലാഹുവില്‍ അര്‍പിച്ച് അവന്റെ പ്രീതി മാത്രം കാംക്ഷിച്ച് ആദര്‍ശം കൈമുതലാക്കി വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു. ആരാരും സ്വീകരിക്കുവാനില്ല, അഭയം നല്‍കുവാന്‍ ആരുമില്ല, സൗകര്യങ്ങള്‍ ഒന്നുമില്ല… എന്നിട്ടും ധീരനായി, പിതാവിന് മുന്നില്‍ ആദര്‍ശം അടിയറ വെക്കാതെ പ്രതികൂല സാഹചര്യത്തെ എതിരിടുവാന്‍ തീരുമാനിച്ചു. 

വീട് വിട്ടിറങ്ങേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന് ഒരു പതര്‍ച്ചയും വന്നില്ല. പിതാവ് വീട്ടില്‍ നിന്ന് പുറത്താക്കി. നാട്ടുകാരോട് തൗഹീദ് പറഞ്ഞ് അവരുടെ കൂടി വെറുപ്പ് സമ്പാദിക്കേണ്ട. അവര്‍ തോന്നിയത് പോലെ ജീവിച്ചുകൊള്ളട്ടെ എന്നൊന്നും ഇബ്‌റാഹീം(അ) ചിന്തിച്ചില്ല. നാട്ടുകാരോടും ഉപദേശിച്ചു; ബഹുദൈവാരാധനയില്‍ നിന്ന് പിന്മാറാന്‍. ബഹുദൈവാരാധനയുടെ നിരര്‍ഥകത അദ്ദേഹം മനസ്സിലാകുന്ന ശൈലിയില്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. 

”…അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട് കൊണ്ട്) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല” (ക്വുര്‍ആന്‍6:75-79).

സൂര്യചന്ദ്രനക്ഷത്രാദികളെയും ആരാധിക്കുന്നവരായിരുന്നു ആ ജനത. അതിലെ ബുദ്ധിശൂന്യത അതിവിദഗ്ധമായി അദ്ദേഹം അവരെ ബോധ്യപ്പെടുത്തുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അസ്തമിക്കുന്നവയും ഉദിക്കുന്നവയുമാണ്. അവയ്ക്ക് കേള്‍ക്കുവാനോ കാണുവാനോ കഴിയില്ല.  കഴിയുമെന്ന് സങ്കല്‍പിച്ചാല്‍ തന്നെ എപ്പോള്‍ ഏത് നാട്ടില്‍ ഉദിക്കുന്നുവോ അപ്പോഴേ അവ അവിടെയുള്ളവരെ കാണൂ. അസ്തമിച്ചാലോ കാണുകയുമില്ല. ചില സമയത്ത് കാണാന്‍ കഴിയുകയും ചില സമയത്ത് കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവയെ ആരാധിച്ചിട്ടെന്ത് കാര്യം? എപ്പോഴും കാണുന്ന, എപ്പോഴും കേള്‍ക്കുന്ന, എപ്പോഴും അറിയുന്നവനെ മാത്രമായിരിക്കണം ആരാധിക്കേണ്ടത്. അങ്ങനെയുള്ളവന്‍ ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ച് പരിപാലിക്കുന്നവനായ അല്ലാഹുവാണ്. ഈ യാഥാര്‍ഥ്യം അവരെ ഇബ്‌റാഹീം(അ) പഠിപ്പിച്ചു. അദ്ദേഹം നക്ഷത്രത്തെയും ചന്ദ്രനെയും സൂര്യനെയും ഒരു നിമിഷത്തേക്കെങ്കിലും തന്റെ റബ്ബായി വിശ്വസിച്ചുവെന്ന് കരുതിക്കൂടാ. കാരണം വീട് വിട്ട് ഇറങ്ങുന്ന വേളയില്‍ പിതാവിനോട് ‘നിങ്ങളെയും നിങ്ങള്‍ ആരാധിക്കുന്നവയെയും ഞാനിതാ ഒഴിവാക്കുന്നു’വെന്നാണല്ലോ പറഞ്ഞത്. അപ്പോള്‍ ‘ഇതാ എന്റെ റബ്ബ്’ എന്ന് നക്ഷത്രത്തെ കണ്ടപ്പോള്‍ പറഞ്ഞതും ‘ഇതാ എന്റെ റബ്ബ്’ എന്ന് ചന്ദ്രനെ കണ്ട സന്ദര്‍ഭത്തില്‍ പറഞ്ഞതും സൂര്യനെ കണ്ട സന്ദര്‍ഭത്തില്‍ ‘ഇതാ എന്റെ റബ്ബ് എന്ന്’ പറഞ്ഞതും അവ റബ്ബാണെന്ന് വിശ്വസിച്ചു കൊണ്ടല്ല. പിന്നെയോ, അവരുടെ വിശ്വാസ വൈകല്യം അവരെ ബോധ്യപ്പെടുത്തുവാന്‍ പറഞ്ഞതാണ്. ഈ രൂപത്തില്‍ ചിന്തോദ്ദീപകമായി സംവദിക്കുവാനുള്ള കഴിവ് അല്ലാഹു അദ്ദേഹത്തിന് നല്‍കിയിരുന്നു.

”ഇബ്‌റാഹീമിന് തന്റെ ജനതയ്‌ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമത്രെ” (ക്വുര്‍ആന്‍ 6:83).

സ്വന്തം കൈകളാല്‍ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഭജനമിരിക്കുകയും അവയെ പൂജിക്കുകയും അവയ്ക്ക് വഴിപാടുകള്‍ അര്‍പ്പിച്ച് ആരാധിക്കുകയും ചെയ്യുന്ന ആ ജനതയോടുള്ള ഇബ്‌റാഹീം നബി(അ)യുടെ ചോദ്യവും അവര്‍ നല്‍കുന്ന മറുപടിയും കാണുക: 

”മുമ്പ് ഇബ്‌റാഹീമിന് തന്റെതായ വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു. തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നിങ്ങള്‍ പൂജിച്ചുകൊണ്ടേയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച് വരുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു. അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത് സത്യവും കൊണ്ട് വന്നിരിക്കുകയാണോ അതല്ല, നീ കളി പറയുന്നവരുടെ കൂട്ടത്തിലാണോ?”(ക്വുര്‍ആന്‍ 21:51-55).

‘ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്. ഞങ്ങള്‍ അവരെ പിന്തുടരുകയാണ് ചെയ്യുന്നത്’ എന്ന മറുപടിയല്ലാതെ മറ്റൊന്നും അവര്‍ക്ക് പറയുവാനില്ല. നിങ്ങളുടെയും നിങ്ങളുടെ പൂര്‍വികരുടെയും നടപടി തെറ്റാണെന്നും നിങ്ങള്‍ വഴികേടിലാണെന്നും ഇബ്‌റാഹീം(അ) തുറന്നു പറയുന്നു. ‘ഇബ്‌റാഹീം, ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കൊന്നും അറിയാത്ത ഒരു സത്യമായിട്ടാണോ നീ വന്നിരിക്കുന്നത്, അതല്ല നീ ഞങ്ങളെ കളിയാക്കുകയാണോ?’ എന്നുള്ള അവരുടെ മറുചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. അത് കാണുക:

”അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട് പോയതിന് ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്…” (ക്വുര്‍ആന്‍ 21:56,57).

വിഗ്രഹങ്ങളുടെ കാര്യത്തില്‍ തന്ത്രം പ്രയോഗിക്കുമെന്ന് പറഞ്ഞത് ചിലപ്പോള്‍ മനസ്സില്‍ പറഞ്ഞതാകാം. യൂസുഫ്(അ)  മോഷണം നടത്തിയെന്ന് സഹോദരങ്ങള്‍  പറഞ്ഞപ്പോള്‍ യൂസുഫ്(അ) പറഞ്ഞത് ക്വുര്‍ആന്‍ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്

”അവര്‍ (സഹോദരന്‍മാര്‍) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല.) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ യൂസുഫ് അത് തന്റെ മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് (പ്രതികരണം) പ്രകടിപ്പിച്ചില്ല. അദ്ദേഹം (മനസ്സില്‍) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്” (ക്വുര്‍ആന്‍ 12:77).

ഇവിടെ യൂസുഫ്(അ) പറഞ്ഞത് മനസ്സിലാണ്. ഇത് പോലെയാകാം ചിലപ്പോള്‍ ഇബ്‌റാഹീം(അ) പറഞ്ഞത്. അതല്ല, ചിലരെല്ലാം കേള്‍ക്കുന്ന തരത്തിലുമാകാം ആ സംസാരം. കാരണം, താഴെയുള്ള വചനം കാണുക:

”ചിലര്‍ പറഞ്ഞു: ഇബ്‌റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിണ്ട്” (ക്വുര്‍ആന്‍ 21:60).

ഇബ്‌റാഹീം(അ) പ്രയോഗിച്ച തന്ത്രം ഇതാണ്:  

”അങ്ങനെ അദ്ദേഹം അവരെ (ദൈവങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ” (ക്വുര്‍ആന്‍ 21:58).

വിഗ്രഹങ്ങളില്‍ തന്ത്രം പ്രയോഗിക്കുന്നതിന് മുമ്പായി അദ്ദേഹം പിതാവിനോടും തന്റെ ജനതയോടും പറയുന്നത് കാണുക.

”തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്?  അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?  അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്? എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി. എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? നിങ്ങള്‍ക്കെന്തുപറ്റി?  നിങ്ങള്‍ മിണ്ടുന്നില്ലല്ലോ! തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈകൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു. എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു”(ക്വുര്‍ആന്‍ 37:85-93).

ലോക പരിപാലകനായ അല്ലാഹുവിനെ വെടിഞ്ഞ് സാങ്കല്‍പിക ദൈവങ്ങളെ സ്വീകരിച്ച് ആരാധിക്കുന്നതിലെ യുക്തിഹീനത മനസ്സിലാക്കിക്കൊടുത്തിട്ടും അവരത് ചെവിക്കൊണ്ടില്ല. അവര്‍ അവരുടെ പാരമ്പര്യ അന്ധവിശ്വാസത്തില്‍ നിലയുറപ്പിച്ചു. അവര്‍ ഒരു ഉത്സവത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തെയും അവര്‍ അതിന് ക്ഷണിച്ചു. അദ്ദേഹം അതില്‍ നിന്ന് പിന്മാറി. അവരെല്ലാവരും ഉത്സവത്തിന് പോയി. ഈ അവസരത്തിലാണ് അദ്ദേഹം അത് ചെയ്തത്.

അവരുടെ ആരാധ്യ വസ്തുക്കളുടെ നിസ്സഹായത അദ്ദേഹം സ്വയം ഒന്ന് മനസ്സിലാക്കി. മുമ്പിലുള്ള ഭക്ഷണം കഴിക്കുന്നില്ല. അനക്കമില്ല. സംസാരിച്ചു നോക്കി. പ്രതികരണമില്ല. അങ്ങനെ അവരെ ചിന്തിപ്പിക്കുവാനായി ആ തന്ത്രം പുറത്തെടുത്തു.

”അങ്ങനെ അദ്ദേഹം അവരെ (ദൈവങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ” (ക്വുര്‍ആന്‍ 21:58).

ഇവിടെ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. അദ്ദേഹത്തെ അവര്‍ ഉത്സവത്തിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹം നക്ഷത്രങ്ങളിലേക്ക് നോക്കിയെന്ന് പറഞ്ഞതിന്റെ അര്‍ഥമെന്ത്? അദ്ദേഹം നക്ഷത്രത്തെ നോക്കി നാള് തീരുമാനിക്കന്ന ആളായിരുന്നില്ല. പിന്നെ എന്തിനാണ് അവയെ നോക്കിയത്? അവയെ നോക്കിയെന്ന് പറയുന്നതിന്റെ ഉദ്ദേശം ആകാശത്തിലേക്ക് നോക്കി എന്നാണ്; ഈ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് ആലോചിച്ചുകൊണ്ടുള്ള നോട്ടം. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇബ്‌റാഹീം നബി(അ) – 02​

ഇബ്‌റാഹീം നബി(അ) - 02

മകന്റെ സൗമ്യതയും പിതാവിന്റെ പരുഷതയും

”തീര്‍ച്ചയായും ഇബ്‌റാഹീം സഹനശീലനും ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്” (ക്വുര്‍ആന്‍ 11:75).

”നിഷ്‌കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു)” (37:84).

”അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 4:125).

അല്ലാഹുവിന്റെ ഖലീല്‍ എന്ന സ്ഥാനം ഇബ്‌റാഹീം നബി(അ) ക്കും മുഹമ്മദ് നബി ﷺ ക്കുമാണ് നല്‍കപ്പെട്ടിട്ടുള്ളത്.

”(കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (53:37). അല്ലാഹുവുമായി ഏറ്റടുത്ത മുഴുവന്‍ കരാറും പൂര്‍ത്തിയാക്കിയെന്ന് അല്ലാഹുവാണ് അംഗീകരിക്കുന്നത്. ഹദീസുകളിലും ചില വിശേഷണങ്ങള്‍ കാണാം

അനസ്(റ)വില്‍ നിന്ന് നിവേദനം: ”ഒരാള്‍ അല്ലാഹുവിന്റെ ദൂതരുടെ അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു: ‘ഓ, മനുഷ്യരിലെ ഏറ്റവും ഉത്തമരേ.’ അപ്പോള്‍ റസൂല്‍ ﷺ  പറഞ്ഞു: ‘അത് ഇബ്‌റാഹീം(അ)യാണ്.’

മനുഷ്യരില്‍ ഏറ്റവും ഉത്തമന്‍ മുഹമ്മദ് നബി ﷺ  തന്നെ ആയിരുന്നിട്ടും എന്തുകൊണ്ട് ഇബ്‌റാഹീം(അ)നെ കുറിച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞുവെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ”നബി ﷺ  പിതാവായ ഇബ്‌റാഹീം നബി(അ)യുടെ കൂടെ തന്റെ എളിമയും വിനയവും കാണിച്ചതാണിത്. നബി ﷺ  പറഞ്ഞത് പോലെ; ‘നിങ്ങള്‍ മറ്റു പ്രവാചകന്മാരെക്കാള്‍ എന്നെ ശ്രേഷ്ഠനാക്കരുത്.’ അവിടുന്ന് പറഞ്ഞു: ‘മൂസയെക്കാള്‍ എന്നെ നിങ്ങള്‍ ശ്രേഷ്ഠനാക്കരുത്. കാരണം തീര്‍ച്ചയായും മനുഷ്യരെല്ലാം ക്വിയാമത്ത് നാളില്‍ ബോധരഹിതരായി വീഴും. അപ്പോള്‍ ഞാനായിരിക്കും ആദ്യം എഴുന്നേല്‍ക്കുന്നവന്‍. അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ അര്‍ശ് പിടിച്ച് നില്‍ക്കുന്നതായി മൂസായെ കാണും. എനിക്ക് മുമ്പ് എണീറ്റതാണോ അതോ ത്വൂറില്‍ വെച്ച് ബോധരഹിതനായത് ഇതിന് പകരമാണോ എന്ന് എനിക്ക് അറിയില്ല.’ (ഇബ്‌നു കഥീര്‍ തുടരുന്നു:) ‘ഇതൊന്നും ക്വിയാമത്ത് നാളില്‍ മനുഷ്യരുടെ നേതാവാണ് ഞാന്‍ എന്ന് മുതവാതിര്‍ കൊണ്ട് (ധാരാളം പരമ്പരകളിലൂട ഉദ്ധരിക്കപ്പെട്ടത്) സ്ഥിരപ്പെട്ടു വന്നതിന് എതിരാകുന്നില്ല.’

മുഹമ്മദ് നബി ﷺ ക്ക് മുമ്പ് നിയുക്തരായ എത്രയോ പ്രവാചകന്മാരുണ്ടായിട്ടും പല പ്രാര്‍ഥനകളിലൂടെയും നാം ഏറ്റവും കൂടുതല്‍ സ്മരിക്കുന്നത് ഇബ്‌റാഹീം(അ)നെയാണ്. പ്രാഭാതത്തിലെ പ്രാര്‍ഥനയില്‍ നാം ആ പേര് സ്മരിക്കുന്നു. നമസ്‌കാരത്തിലെ തശഹ്ഹുദിലും നാം ആ പേര് സ്മരിക്കുന്നുണ്ട്. എന്താണ് മറ്റു പ്രവാചകന്മാരുടെ പേരുകളൊന്നും സ്മരിക്കാതെ ഇബ്‌റാഹീം(അ)ന്റെ പേര് പരാമര്‍ശിക്കാനുള്ള കാരണം എന്ന് പണ്ഡിതന്മാര്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.

ക്വിയാമത്ത് നാളില്‍ അല്ലാഹു മനുഷ്യരെയെല്ലാം നഗ്‌നരായിട്ടാണല്ലോ ഉയര്‍ത്തെഴുന്നേല്‍പിക്കുന്നത്. അന്ന് ആദ്യം വസ്ത്രം ധരിക്കുന്നത് ഇബ്‌റാഹീം(അ) ആയിരിക്കുമെന്നതും അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണ്. ‘ക്വിയാമത്ത് നാളില്‍ സൃഷ്ടികളില്‍ ആദ്യമായി വസ്ത്രം ധരിപ്പിക്കപ്പെടുന്നത് ഇബ്‌റാഹീം(അ)നായിരിക്കും’ (മുസ്‌ലിം).

ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ഇസ്‌റാഇന്റെ രാത്രിയില്‍ ഞാന്‍ ഇബ്‌റാഹീം നബി(അ)നെ കണ്ടു. അപ്പോള്‍ എന്നോട് പറഞ്ഞു: ‘മുഹമ്മദ്! നിന്റെ സമുദായത്തിനോട് എന്റെ സലാം പറയണം. തീര്‍ച്ചയായും സ്വര്‍ഗത്തിലെ മണ്ണ് പരിശുദ്ധവും അതിലെ വെള്ളം രുചിയുള്ളതും ആണെന്ന് അവരെ അറിയിക്കുകയും ചെയ്യുക. തീര്‍ച്ചയായും അതിന്റെ മണ്ണില്‍ വെച്ചു പിടിപ്പിക്കാവുന്ന ചെടിയുണ്ട് എന്നും അറിയിക്കുക’ (തിര്‍മിദി).

കഅ്ബയുടെ നേരെ മുകളില്‍ ഏഴാം ആകാശത്തുള്ള ബൈതുല്‍ മഅ്മൂര്‍ എന്ന വിശുദ്ധ ഗേഹം, അതിന്റെ അടുത്ത് വെച്ച് നബി ﷺ  ഇബ്‌റാഹീം(അ)നെ കണ്ടിട്ടുണ്ട്. നബി ﷺ  പറയുന്നു:

”…പിന്നെ എന്നെ ഏഴാം ആകാശത്തേക്ക് കൊണ്ടുപോയി. ജിബ്‌രീല്‍ (വാതില്‍) തുറക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ പറയപ്പെട്ടു: ‘ആരാണിത്.’ (ജിബ്‌രീല്‍) പറഞ്ഞു: ‘ജിബ്‌രീല്‍.’ ചോദിക്കപ്പെട്ടു: ‘താങ്കളുടെ കൂടെ ആരാണ്.’ (ജിബ്‌രീല്‍) പറഞ്ഞു: ‘മുഹമ്മദ്.’ ‘ഇവിടേക്ക് നിയോഗിക്കപ്പെട്ടതാണോ’ എന്ന് ചോദിക്കപ്പെട്ടു. (ജിബ്‌രീല്‍) പറഞ്ഞു: ‘ഇവിടേക്ക് നിയോഗിക്കപ്പെട്ടതാണ്.’അങ്ങനെ കവാടം തുറന്നു. അപ്പോള്‍ ഇബ്‌റാഹീം(അ) ബൈതുല്‍ മഅ്മൂറിലേക്ക് ചാരിയിരിക്കുന്നതായി ഞാന്‍ കണ്ടു” (മുസ്‌ലിം).

ചെറിയ പ്രായത്തില്‍ മരണപ്പെട്ട മക്കളെ സ്വര്‍ഗത്തില്‍ ഏെറ്റടുത്തിരിക്കുന്നത് ഇബ്‌റാഹീം നബി(അ)യും, സാറ(റ)യുമാണെന്നും അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്: അബൂഹുറയ്‌റ(റ)വില്‍ നിന്ന്; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ‘മുസ്‌ലിംകളുടെ കുട്ടികള്‍ സ്വര്‍ഗത്തിലെ ഒരു പര്‍വതത്തില്‍ ആണ്. അവരെ ഇബ്‌റാഹീം(അ) യും സാറ(റ)യും ഏറ്റടുത്തിരിക്കുന്നു. ക്വിയാമത്ത് നാളില്‍ അവരുടെ പിതാക്കള്‍ക്ക് നല്‍കപ്പെടുന്നത് വരെ (അവര്‍ അവരെ ഏറ്റടുത്തിരിക്കുന്നു).”

ഇബ്‌റാഹീം നബി(അ)യുടെ പ്രബോധനം

ഇസ്‌ലാമിക പ്രബോധനം മുസ്‌ലിംകളുടെ ബാധ്യതയാണല്ലോ. പ്രബോധനം ആരില്‍ നിന്ന്, എന്തില്‍ നിന്ന് തുടങ്ങണം എന്നെല്ലാം പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹു എന്ന സന്ദേശം കൊണ്ടാണ് തുടങ്ങേണ്ടത്. സ്വന്തം കുടുംബത്തില്‍ നിന്ന്; ഏറ്റവും അടുത്തവരില്‍ നിന്ന് തുടങ്ങണം. ഇബ്‌റാഹീം(അ)ന്റെ ചരിത്രം ഇതു നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചതും ഇപ്രകാരം തന്നെയാണ്.

ഇബ്‌റാഹീം(അ) പിതാവിനെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നത് അല്ലാഹു ഇപ്രകാരം വിവരിക്കുന്നു:

”വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ; ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്” (ക്വുര്‍ആന്‍ 19:41-45).

ഗുണകാംക്ഷയും സൗമ്യതയും ഒത്തിണങ്ങിയ ശൈലിയില്‍ ‘എന്റെ പിതാവേ’ എന്ന് ആവര്‍ത്തിച്ച് വിളിച്ചുകൊണ്ട് ഇബ്‌റാഹീം (അ) പിതാവായ ആസറിനെ സത്യത്തിലേക്ക് ക്ഷണിക്കുകയാണ്.

‘ഒന്നും കേള്‍ക്കാത്ത, ഒന്നും കാണാത്ത, യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാത്തതിനെ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നത്? നമ്മുടെ ആവശ്യങ്ങള്‍ പറയുമ്പോള്‍ കേള്‍ക്കാനും നാം ചെയ്യുന്ന ആരാധനകള്‍ കാണാനും സാധിക്കുന്നവനെയാണല്ലോ ആരാധിക്കേണ്ടത്. നിങ്ങള്‍ ആരാധിക്കുന്ന ഈ ബിംബങ്ങള്‍ക്ക് അതിനൊന്നും സാധ്യമല്ലല്ലോ. പിന്നെ എന്തിന് അവയെ ആരാധിക്കണം? ഞാന്‍ നിങ്ങള്‍ക്ക് ശരിയായ അറിവ് നല്‍കാം. ആ അറിവ് എനിക്ക് ലഭിച്ചത് എല്ലാം കേള്‍ക്കുന്ന, എല്ലാം അറിയുന്ന, എല്ലാം കാണുന്ന, നമുക്ക് ഉപകാരം ചെയ്യുന്നവനില്‍ നിന്നാണ്. ആ അറിവിനെ പിന്തുടര്‍ന്നാല്‍ അങ്ങേക്ക് നേര്‍വഴിയിലാകാം. ഈ അചേതന വസ്തുക്കളെ ആരാധിക്കുവാനായി നിങ്ങള്‍ക്ക് പല ന്യായങ്ങളും തോന്നിപ്പിച്ച് ഈ ദുര്‍മാര്‍ഗത്തില്‍ നിങ്ങളെ ഉറപ്പിച്ച് നിര്‍ത്തുന്നത് പിശാചാണ്. അവനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കരുത്. അവന്‍ പരമ കാരുണികനായ അല്ലാഹുവിനോട് അനുസരണകേട് കാണിച്ചവനാണ്. ഇനിയും നിങ്ങള്‍ അതില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറില്ലെങ്കില്‍ എന്റെ പിതാവിനോട് എനിക്ക് പറയാനുള്ളത്, ‘നിങ്ങളുടെ ഈ പ്രവര്‍ത്തനത്തിന്റെ അനന്തരഫലം അല്ലാഹുവിങ്കല്‍ നിന്നുള്ള നരകമാണ്. അതിനാല്‍ നിങ്ങള്‍ ഇതില്‍നിന്ന് പിന്‍മാറണം, എന്നെ പിന്തുടരണം’ എന്നാണ്.

‘എന്റെ പിതാവേ’ എന്ന് സ്‌നേഹത്തോടെ, വിനയത്തോടെ വിളിച്ച് തൗഹീദിന്റെ വെളിച്ചം തെളിവ് കൊണ്ടും യുക്തികൊണ്ടും തെളിയിച്ചു സംസാരിച്ചപ്പോഴും പിതാവ് അതില്‍ തന്നെ ഉറച്ചുനിന്ന് ഗൗരവത്തില്‍ മകനോട് പറയുന്ന വാക്കുകള്‍ കാണുക: ”അയാള്‍ പറഞ്ഞു: ഹേ; ഇബ്‌റാഹീം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതില്‍ നിന്ന്) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം” (ക്വുര്‍ആന്‍ 19:46).

വിശ്വാസികള്‍ എത്ര മൃദുല ശൈലിയില്‍ സംസാരിച്ചാലും അവിശ്വാസികളുടെ പ്രതികരണം രൂക്ഷമായിട്ടായിരിക്കും. കാരണം ഹൃദയത്തിന്റെ കാഠിന്യം അവരെ സൗമ്യതക്ക് വിലങ്ങിടുകയാണ് ചെയ്യുന്നത്. ബനൂഇസ്‌റാഈല്യരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: ”പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു” (2:74).

തൗഹീദിന്റെ പ്രഭ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അതിന്റെ വാഹകരെ എതിര്‍ക്കുന്നവര്‍ പരുക്കന്‍ പ്രകൃതക്കാരായിരിക്കും. അവരെ സ്‌നേഹിക്കുവാനോ അവരോട് ദയ കാണിക്കുവാനോ അവര്‍ക്ക് കഴിയില്ല. ഇബ്‌റാഹീം(അ) മകന്‍ ഇസ്മാഈല്‍(അ)നെ വിളിച്ചിരുന്നത് ‘പൊന്നു മോനേ’ എന്നായിരുന്നല്ലോ. ആ സ്‌നേഹത്തിന്റെ വിളി ഇബ്‌റാഹീം(അ) എന്ന മകന് പിതാവായ ആസറില്‍ നിന്ന് കേള്‍ക്കുവാന്‍ പറ്റിയിട്ടില്ല; പരുക്കന്‍ പെരുമാറ്റമല്ലാതെ. എന്നാലും പിതാവിനോട് മകന്‍ പറയുന്നത് നോക്കൂ:

”അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു” (ക്വുര്‍ആന്‍ 19:47).

‘താങ്കള്‍ക്ക് സലാം’ എന്നത് വിശദീകരിച്ചുകൊണ്ട് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു: ”വെറുക്കപ്പെടുന്ന യാതൊന്നും നിങ്ങള്‍ക്ക് എന്നില്‍ നിന്നുണ്ടാകില്ല, യാതൊരു ഉപദ്രവവും എന്നില്‍ നിന്ന് ഉണ്ടാകില്ല. നിങ്ങള്‍ എന്റെ ഭാഗത്തുനിന്ന് സുരക്ഷിതനായിരിക്കും’ (എന്നിട്ട്) അദ്ദേഹത്തിന് നന്മകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.”

ശേഷം പിതാവിനോട് പറയുന്നത് ‘താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു’ എന്നാണ്! വ്യക്തിപരമായ ആക്ഷേപങ്ങളോ പകയോ ഒന്നും ആ മകന് ഉണ്ടായിരുന്നില്ല. ആദര്‍ശപരമായ വിയോജിപ്പ് മാത്രം. ഇങ്ങനെയെല്ലാം പറയുമ്പോഴും ഇടക്കിടക്ക് ആദര്‍ശം ഓര്‍മപ്പെടുത്തും!

”നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം” (ക്വുര്‍ആന്‍ 19:48).

പിതാവിനോട് യാത്ര പറയുന്ന നേരത്ത് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ചതും ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു: ”എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ. തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു” (ക്വുര്‍ആന്‍ 26:86).

ദീനിന്റെ കടുത്ത വിരോധികള്‍ക്ക് പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് ചോദിക്കാവതല്ലല്ലോ. തന്റെ പിതാവ് ഇനി ഒരിക്കലും മടങ്ങില്ലെന്നും അല്ലാഹുവിന്റെ ദീനിന്റെ ബദ്ധവൈരിയാണെന്നും ബോധ്യമായപ്പോള്‍ ആ തേട്ടത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

”ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്‌റാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു” (ക്വുര്‍ആന്‍ 9:114).

ബഹുദൈവാരാധകര്‍ക്കായി പാപമോചനം തേടല്‍ അനുവദനീയമല്ലെന്നത് ഇസ്‌ലാമിക തത്ത്വമാണ്: ”ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്‌നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍-അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും-പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല” (ക്വുര്‍ആന്‍ 9:113).

അപ്പോള്‍ ഇബ്‌റാഹീം(അ) പിതാവിന് വേണ്ടി നടത്തിയ പാപമോചനപ്രാര്‍ഥനയോ? അതിനെക്കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: ”ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു…” (ക്വുര്‍ആന്‍ 9:114).

ഇബ്‌റാഹീം(അ) പിതാവിനോട് വീട് വിട്ടിറങ്ങുന്ന വേളയില്‍ പറഞ്ഞിരുന്നല്ലോ; ഞാന്‍ താങ്കള്‍ക്ക് വേണ്ടി തേടാം എന്ന്. ആ വാഗ്ദാനം പാലിക്കുക മാത്രമാണ് ചെയ്തത്. പിതാവ് അല്ലാഹുവിന്റെ ശത്രുവാണെന്ന് ബോധ്യമായപ്പോള്‍ അതില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. വിശുദ്ധ ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് ഇബ്‌റാഹീം(അ) പിതാവിന് വേണ്ടി നടത്തിയ പാപമോചന പ്രാര്‍ഥനയെ സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്:

”നിങ്ങള്‍ക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്‌റാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്” (ക്വുര്‍ആന്‍ 60:4).

ഇബ്‌റാഹീം(അ)യുടെ ജീവിതത്തില്‍ നമുക്ക് പൂര്‍ണ മാതൃകയുണ്ടെന്ന് അറിയിക്കുന്നതോടൊപ്പം പിതാവിന് വേണ്ടി അദ്ദേഹം നടത്തിയ പാപമോചന തേട്ടത്തില്‍ മാതൃകയില്ലെന്നും ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി പാപമോചനം തേടാന്‍ പാടില്ലെന്നും ഈ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നു. ഇങ്ങനെയെല്ലാമായിരുന്നിട്ടും പിതാവിനോട് പിതാവെന്ന നിലയില്‍ അദ്ദേഹം സ്‌നേഹം നിലനിര്‍ത്തി.

ക്വിയാമത്ത് നാളില്‍ ഈ പിതാവും മകനും കണ്ടുമുട്ടുന്ന രംഗം നബി ﷺ  നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്. നബി ﷺ  പറയുന്നു:

”ഇബ്‌റാഹീം(അ) തന്റെ പിതാവ് ആസറിനെ ക്വിയാമത്ത് നാളില്‍ കണ്ടുമുട്ടും. (ആ സന്ദര്‍ഭത്തില്‍) പിതാവായ ആസറിന്റെ മുഖം പൊടിപുരണ്ട് ഇരുണ്ടതായിരിക്കും. അപ്പോള്‍ ഇബ്‌റാഹീം(അ) പിതാവിനോട് ചോദിക്കും: ‘എന്നോട് അനുസരണക്കേട് കാണിക്കരുതെന്ന് ഞാന്‍ ഉപ്പയോട് പറഞ്ഞിരുന്നില്ലയോ?’ അപ്പോള്‍ പിതാവ് പറയും: ‘ഇന്ന് ഞാന്‍ നിന്നോട് അനുസരണക്കേട് കാണിക്കുന്നതല്ല.’ അപ്പോള്‍ ഇബ്‌റാഹീം(അ) (അല്ലാഹുവിനോട്) പറയും: ‘എന്റെ റബ്ബേ, മനുഷ്യര്‍ ഉയര്‍ത്തഴുന്നേല്‍പിക്കപ്പെടുന്ന ദിവസം നീ എന്നെ അപമാനിക്കില്ലെന്ന് നീ എനിക്ക് വാഗ്ദത്തം നല്‍കിയതാണല്ലോ. എന്റെ പിതാവിന്റെ കാര്യത്തിലുള്ളതിനെക്കാളും വലിയ അപമാനം വേറെ എന്താണ് എനിക്കുള്ളത്!’ അപ്പോള്‍ അല്ലാഹു പറയും: ‘തീര്‍ച്ചയായും ഞാന്‍ അവിശ്വാസികള്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കിയിട്ടുണ്ട്.’ പിന്നീട് ചോദിക്കപ്പെടും: ‘ഓ, ഇബ്‌റാഹീം! നിന്റെ കാലിനടിയില്‍ എന്താണ്?’ അപ്പോള്‍ ഇബ്‌റാഹീം(അ) (കാലിനടിയിലേക്ക്) നോക്കും. അപ്പോഴതാ ചെളിപുരണ്ട കഴുതപ്പുലിയുടെ രൂപത്തില്‍ (പിതാവ്). അപ്പോള്‍ അതിന്റെ ഇരു കാലുകളും പിടിച്ച് നരകത്തിലേക്ക് എറിയപ്പെടും” (ബുഖാരി).

കൂടുതല്‍ വിവരിക്കാതെ തന്നെ മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് ഇബ്‌റാഹീം(അ)ന് പിതാവിനോടുള്ള സ്‌നേഹം എത്രയുണ്ടെന്ന് മനസ്സിലാകും.

പ്രതിഫല നാളിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ കോടതിയാണ് പരലോകം. അവിടെ ഇഹലോകത്തെ പോലെ സ്വാധീനം കൊണ്ട് രക്ഷപ്പെടാനാവില്ല. രക്തബന്ധത്തിനോ കുടംബബന്ധത്തിനോ സുഹൃദ് ബന്ധത്തിനോ വിവാഹബന്ധത്തിനോ ഒന്നും രക്ഷപ്പെടുത്താന്‍ കഴിയാത്ത ലോകം. ആര് ശരിയായ വിശ്വാസവും സല്‍കര്‍മങ്ങളുമായി റബ്ബിലേക്ക് എത്തിയോ അവന്‍ സുരക്ഷിതനാകുന്ന ലോകം. അന്യായമായ ശുപാര്‍ശകളില്ലാത്ത ലോകം. ശുപാര്‍ശ നടക്കണമെങ്കില്‍ തന്നെ അല്ലാഹുവിന്റെ അനുവാദം വേണ്ട ലോകം…

മുഹമ്മദ് നബി ﷺ  മകള്‍ ഫത്വിമയെ വിളിച്ച് പറയുന്നത് കാണുക: ”മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, എന്റെ സ്വത്തില്‍ നിന്ന് നീ ഉദ്ദേശിക്കുന്നത് ചോദിച്ചോളൂ (ഞാന്‍ നല്‍കാം). എന്നാല്‍ അല്ലാഹുവില്‍ നിന്ന് യാതൊന്നും നിനക്ക് നേടിത്തരാന്‍ എനിക്ക് ആവില്ല” (ബുഖാരി).

അത്‌കൊണ്ട് തന്നെ ഇബ്‌റാഹീം(അ)ന് പിതാവിനെ രക്ഷപ്പെടുത്താനും കഴിയില്ല. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക