യൂസുഫ് നബി (അ) – 05

യൂസുഫ് നബി (അ) - 05

ജയിലില്‍നിന്നും അധികാരത്തിലേക്ക്

രാജാവിന് യൂസുഫ് നബി(അ)യെ സംബന്ധിച്ചുള്ള മതിപ്പ് വര്‍ധിച്ചു. നേരത്തെ തന്നെ യൂസുഫ്(അ) തെറ്റുകാരനല്ലെന്ന് കുപ്പായം കീറിയതിന്റെ അടയാളത്തില്‍ നിന്നും അദ്ദേഹം മനസ്സിലാക്കിയതാണ്. പിന്നെ അര്‍ഥവത്തായ സ്വപ്‌ന വ്യാഖ്യാനവും താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞാലല്ലാതെ ഈ ജയിലറയില്‍ നിന്ന് പുറത്തേക്കില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളും രാജാവിനെ കൂടുതല്‍ സ്വാധീനിച്ചു. രാജാവ് പറഞ്ഞു:

”…നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്ത് കൊണ്ടുവരൂ. ഞാന്‍ അദ്ദേഹത്തെ എന്റെ  ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു. അദ്ദേഹം (യൂസുഫ്) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും” (ക്വുര്‍ആന്‍ 12: 54,55).

രാജാവ് യൂസുഫ്(അ)ന് പ്രത്യേക സ്ഥാനം നല്‍കി. ഖജനാവുകളുടെ അധികാരം നല്‍കാന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ അധികാരം ചോദിക്കുന്നവന് അത് നല്‍കരുതെന്നതാണ് ഇസ്‌ലാമിന്റെ പൊതുനിയമം. എന്നാല്‍ ഒരാള്‍ സ്വാര്‍ഥതയില്ലാതെ, തന്നെക്കാള്‍ പ്രാപ്തനായ ഒരാളെ ആ സ്ഥാനത്തേക്ക് കാണാതെ വരുമ്പോള്‍ നാടിന്റെ നന്മക്കായി ആവശ്യപ്പെടുന്നത് തെറ്റല്ല. 

അനിസ്‌ലാമിക ഭരണധികാരിയുടെ കീഴില്‍ ജോലി ചെയ്യുന്നതും ശമ്പളം പറ്റുന്നതും ശിര്‍ക്കും കുഫ്‌റുമാണെന്ന് ചിലരൊക്കെ വാദിച്ചിട്ടുണ്ട്. വ്യതിയാന ചിന്തകളുടെ വിവിധ രൂപങ്ങള്‍ മാറി മാറി വന്നിട്ടുണ്ട്. എന്നാല്‍ യൂസുഫ്(അ)ന്റെ ചരിത്രം ഈ വാദത്തിന് മറുപടിയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

രാജാവ് യൂസുഫ്(അ)ന് സാമ്പത്തിക ഭക്ഷ്യ വകുപ്പുകള്‍ ഏല്‍പിച്ചു കൊടുത്തു. 

”അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക്  പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം” (12:56,57).

ജീവിതത്തില്‍ എന്ത് കഷ്ടപ്പാടുകള്‍ നാം അഭിമുഖീകരിക്കുമ്പോഴും അല്ലാഹുവിന്റെ വിധിയാണെന്നും അതില്‍ നന്മയേ ഉണ്ടാകൂ എന്നും നാം നമ്മുടെ മനസ്സിനെ നന്നായി പഠിപ്പിക്കണം. യൂസുഫ്(അ)ന്റെജീവിതത്തില്‍ ഇത്രയും നാം വിവരിച്ചതില്‍ എത്ര പരീക്ഷണത്തിന് വിധേയമായത് നാം കണ്ടു. അവസാനം അല്ലാഹു വലിയ നന്മയിലേക്ക് എത്തിച്ചു. പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ക്കാണ് നന്മയുടെ പര്യവസാനം.

ഈജിപ്തിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് യൂസുഫ്(അ) ആയി. ബുദ്ധിമാനും കഴിവുള്ളവനും അതിലുപരി സത്യസന്ധനും വിശ്വസ്തനുമാണ് മഹാനായ യൂസുഫ്(അ). രാജാവ് കണ്ട സ്വപ്‌നത്തിന്റെ വ്യഖ്യാനം നല്‍കിയ പ്രകാരം തന്നെ യൂസുഫ്(അ) അവയെല്ലാം നിയന്ത്രിച്ചു. ഏഴ് കൊല്ലം സുഭിക്ഷവും ഐശ്വര്യവുമുള്ളതായി തീര്‍ന്നു. ഈ ഏഴ് കൊല്ലം ധൂര്‍ത്തില്ലാതെ എല്ലാം നിയന്ത്രണ വിധേയമാക്കി. പിന്നീട് ഏഴ് കൊല്ലത്തെ കടുത്ത ക്ഷാമത്തില്‍ വലിയ പ്രയാസങ്ങളൊന്നും നേരിടാതെ സൂക്ഷിച്ചു വെച്ചതെല്ലാം വിതരണം ചെയ്ത് പ്രയാസങ്ങള്‍ നികത്തുവാന്‍ യൂസുഫ്(അ)ന് ഒരു പരിധി വരെ സാധിച്ചു.

ഈജിപ്തിന്റെ പരിസരത്തെല്ലാം ഈജിപ്തിലെ ഈ നല്ല ഭരണാധികാരിയെ കുറിച്ചുള്ള സംസാരമായി. അദ്ദേഹത്തിന്റെ അടുത്ത് പോയാല്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കും എന്ന് അവിടത്തുകാരെല്ലാം പറയാന്‍ തുടങ്ങി. അങ്ങനെ ‘കന്‍ആന്‍’ എന്ന തന്റെ ജന്മദേശത്തും ഈജിപ്ത് ചര്‍ച്ചയായി. ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് അവര്‍ക്കും അവലംബിക്കാവുന്ന ഒരു പ്രദേശമായി ഈജിപ്ത്. ദൂരെ നിന്നും വരുന്ന ദുരിത ബാധിതര്‍ക്കും ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് യൂസുഫ്(അ) തീരുമാനിച്ചിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് ആളുകളുടെ എണ്ണം നോക്കി ഒരു ഒട്ടകത്തിന് വഹിക്കാവുന്ന ചരക്ക് നല്‍കുവാനും യൂസുഫ്(അ) തീരുമാനിച്ചിരുന്നു.

ഈജിപ്തിലെ ഈ പുതിയ മന്ത്രിയുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിവരം യഅ്ക്വൂബ്(അ)യുടെ കാതിലുമെത്തി. തന്റെ പത്ത് മക്കളെയും അവിടേക്ക് പറഞ്ഞു വിടാം; എന്നാല്‍ അത്രയും വിഭവം ലഭിക്കുമല്ലോ എന്ന് അദ്ദേഹം ചിന്തിച്ചു. ബിന്‍യാമീനെ അവരോടൊപ്പം വിട്ടില്ല. കാരണം മുമ്പ് യൂസുഫ്(അ)ന്റെ കാര്യത്തിലെ ഭീതി ബിന്‍യാമീനെ സംബന്ധിച്ചും യഅ്ക്വൂബ്(അ)ന് ഉണ്ടായി. യഅ്ക്വൂബ്(അ)ന് പത്ത് മക്കള്‍ ഒരു ഭാര്യയിലും രണ്ട് മക്കള്‍ മറ്റൊരു ഭാര്യയിലുമാണ് ഉണ്ടായത്. 

യൂസുഫ്(അ)ന്റെ പത്ത് സഹോദരങ്ങള്‍ കന്‍ആനില്‍ നിന്നും ഈജിപ്തിലേക്ക് ചരക്കുകള്‍ക്കായി എത്തി. 

”യൂസുഫിന്റെ സഹോദരന്‍മാര്‍ വന്നു, അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. അങ്ങനെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരന്‍ നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്റെ അടുത്ത്‌കൊണ്ട് വരണം. ഞാന്‍ അളവ് തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാന്‍ നല്‍കുന്നത് എന്നും നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ അവനെ നിങ്ങള്‍ എന്റെ അടുത്ത് കൊണ്ട് വരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി എന്റെ അടുക്കല്‍നിന്ന് അളന്നുതരുന്നതല്ല. നിങ്ങള്‍ എന്നെ സമീപിക്കേണ്ടതുമില്ല. അവര്‍ പറഞ്ഞു: ഞങ്ങള്‍ അവന്റെ കാര്യത്തില്‍ അവന്റെ പിതാവിനോട് ഒരു ശ്രമം നടത്തിനോക്കാം.തീര്‍ച്ചയായും ഞങ്ങളത് ചെയ്യും” (12:58-61).

യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തി. യൂസുഫ്(അ) അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. ചെറുപ്പത്തില്‍ കണ്ടതാണല്ലോ. സ്വാഭാവികമായ ശാരീരിക മാറ്റങ്ങള്‍കൊണ്ടാവണം തിരിച്ചറിയാതെ പോയത്. യൂസുഫ്(അ) വീട്ടിലുള്ള അംഗങ്ങളെ കുറിച്ചെല്ലാം ചോദിച്ചു. അവര്‍ എല്ലാം വിസ്തരിച്ചു പറഞ്ഞു. യൂസുഫിനെ വരെ അതില്‍ പരാമര്‍ശിച്ചു. വീട്ടില്‍ ബിന്‍യാമീന്‍ എന്ന ഒരു സഹോദരനുമുണ്ട്. അവനെ പിതാവ് ഞങ്ങളുടെ കൂടെയൊന്നും പുറത്തേക്ക് വിടില്ല എന്നെല്ലാം അവര്‍ പറഞ്ഞു.

യൂസുഫ്(അ) അവര്‍ക്ക് ആവശ്യമുള്ള ചരക്കുകള്‍ തയ്യാറാക്കി നല്‍കി. അവര്‍ വീട്ടിലേക്ക് തിരിക്കുമ്പോള്‍ അടുത്ത പ്രാവശ്യം  വരുമ്പോള്‍ ബിന്‍യാമീനെ കൊണ്ടുവരാനും അവരോട് അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ അപ്രകാരം ചെയ്യാമെന്നും പിതാവിനോട് അതിനായി ശ്രമിക്കാമെന്നും യൂസുഫ്(അ)ന് വാക്ക് നല്‍കി. അവര്‍ മടങ്ങുമ്പോള്‍ യൂസുഫ്(അ) വേറൊരു സൂത്രവും പ്രയോഗിച്ചു.

”അദ്ദേഹം (യൂസുഫ്) തന്റെ ഭൃത്യന്മാരോട് പറഞ്ഞു: അവര്‍ കൊണ്ട് വന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ നിങ്ങള്‍ വെച്ചേക്കുക. അവര്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരത് മനസ്സിലാക്കിക്കൊള്ളും. അവര്‍ ഒരുവേള മടങ്ങി വന്നേക്കാം” (12:62).

അവര്‍ വീട്ടിലെത്തി ഭാണ്ഡം തുറക്കുമ്പോള്‍ രാജാവിന് തങ്ങള്‍ കൊടുത്തത് തിരിച്ച് തങ്ങള്‍ക്ക് തന്നെ തന്നത് കാണും, അവരില്‍ അത് അദ്ദേഹത്തെപ്പറ്റി കൂടുതല്‍ മതിപ്പുളവാക്കുകയും വീട്ടിലുള്ള എളിയ സഹോദരനെയും കൊണ്ട് വീണ്ടും ഈജിപ്തിലേക്ക് മടങ്ങുവാന്‍ അത്  പ്രേരണയാകുകയും ചെയ്യും.

അങ്ങനെ അവര്‍ അവരുടെ ഭാണ്ഡവുമായി കന്‍ആനിലേക്ക് മടങ്ങി. പിതാവിനോട് മന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം വിവരിച്ചു.

”അങ്ങനെ അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് തിരിച്ചെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക് അളന്നുതരുന്നത് മുടക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കള്‍ അയച്ചുതരണം. എങ്കില്‍ ഞങ്ങള്‍ക്ക് അളന്നുകിട്ടുന്നതാണ്. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും. അദ്ദേഹം (പിതാവ്) പറഞ്ഞു: അവന്റെ സഹോദരന്റെ കാര്യത്തില്‍ മുമ്പ് ഞാന്‍ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തില്‍ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകുമോ? എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു” (12:63,64).

യഅ്ക്വൂബ്(അ) മക്കള്‍ മുമ്പ് യൂസുഫിനെ കൊണ്ടുപോയതെല്ലാം ഓര്‍ത്തു. പിന്നീട് അല്ലാഹു സൂക്ഷിച്ചുകൊള്ളും എന്ന ദൃഢനിശ്ചയത്തില്‍ അവരോടൊപ്പം ബിന്‍യാമീനെ പറഞ്ഞുവിടാന്‍ സമ്മതം നല്‍കി. പിതാവിന്റെ സമ്മതം ലഭിച്ചതിന് ശേഷം അവര്‍ക്ക് ഈജിപ്തില്‍ നിന്നും കിട്ടിയ ചരക്ക് തുറക്കാന്‍ തുടങ്ങി.

”അവര്‍ അവരുടെ സാധനങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങളുടെ ചരക്കുകള്‍ തങ്ങള്‍ക്ക്  തിരിച്ചുനല്‍കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനി എന്തുവേണം? നമ്മുടെ ചരക്കുകള്‍ ഇതാ നമുക്ക് തന്നെ തിരിച്ചു നല്‍കപ്പെട്ടിരിക്കുന്നു. (മേലിലും) ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ട് വരാം. ഞങ്ങളുടെ സഹോദരനെ ഞങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യാം. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടുകയും ചെയ്യും. കുറഞ്ഞ ഒരു അളവാകുന്നു അത്” (ക്വുര്‍ആന്‍ 12:65).

ചരക്കുകള്‍ തുറന്ന് നോക്കിയപ്പോള്‍ അവര്‍ അങ്ങോട്ട് കൊടുത്തതെല്ലാം തിരിച്ചു തന്നതായി കാണുകയാണ്. തികച്ചും സൗജന്യമായിട്ടാണ് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചിരിക്കുന്നത്. അടുത്ത തവണ പോകുമ്പോള്‍ ബിന്‍യാമീനെ കൂടി ഞങ്ങളോടൊപ്പം വിട്ടാല്‍ ഒരു ഒട്ടകത്തിന് കൂടി വഹിക്കുവാനുള്ള ചരക്ക് നമുക്ക് ലഭിക്കുമെന്നും ഇവന്‍ ഞങ്ങളോടൊപ്പം ഉണ്ടെങ്കിലേ അത് ഞങ്ങള്‍ക്ക് ലഭിക്കുകയുമുള്ളൂ എന്നും അവര്‍ പിതാവിനെ ധരിപ്പിച്ചു. പറഞ്ഞു.

പിതാവ് അവരോട് പറഞ്ഞു: ”…തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്റെ അടുക്കല്‍ കൊണ്ട് വന്നു തരുമെന്ന് അല്ലാഹുവിന്റെ പേരില്‍ എനിക്ക് ഉറപ്പ് നല്‍കുന്നത് വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നുവെങ്കില്‍ ഒഴികെ. അങ്ങനെ അവരുടെ ഉറപ്പ് അദ്ദേഹത്തിന് അവര്‍ നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനാകുന്നു” (12:66).

നിങ്ങള്‍ വിചാരിക്കാത്ത മാര്‍ഗത്തിലൂടെ വല്ല ആപത്തും പിണഞ്ഞാലല്ലാതെ അവന് ഒന്നും സംഭവിക്കരുത്. അവനെ എനിക്ക് തന്നെ തിരികെ ഏല്‍പിക്കും എന്ന് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ എനിക്ക് ഒരു ഉറപ്പ് തന്നാലല്ലാതെ ഞാന്‍ അവനെ നിങ്ങളുടെ കൂടെ അയക്കുന്നതല്ല എന്ന് യഅ്ക്വൂബ്(അ) മക്കളോട് പറഞ്ഞു. അങ്ങനെ അല്ലാഹുവിന്റെ പേരില്‍ അവര്‍ പിതാവിന് അപ്രകാരം ഉറപ്പ് നല്‍കി. പരസ്പരം എടുത്ത കരാറുകള്‍ക്കും സംസാരത്തിനും എല്ലാം അല്ലാഹു മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അവരെ ഉണര്‍ത്തുകയും ചെയ്തു.

ഞങ്ങള്‍ അവനെ സൂക്ഷിച്ചു കൊള്ളാം എന്ന് പിതാവിനോട് മക്കള്‍ ആദ്യം പറഞ്ഞപ്പോള്‍ നിങ്ങളുടെ മേല്‍നോട്ടത്തിലല്ല എന്റെ വിശാലമായ പ്രതീക്ഷയെന്നും അല്ലാഹു ആകുന്നു ഏറ്റവും നന്നായി അവനെ സംരക്ഷിക്കുന്നവനെന്നും അവരോട് പറയുന്നത് യഅ്ക്വൂബ് നബി(അ)യുടെ അല്ലാഹുവിലുള്ള ദൃഢവിശ്വാസത്തെയാണ് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത്. പിന്നീട് പിതാവിന് അവര്‍ കരാര്‍ നല്‍കിയ വേളയിലും അല്ലാഹുവിന്റെ മേല്‍നോട്ടത്തെ കുറിച്ച് അവരെ ഒന്ന് അറിയിക്കുന്നതോടൊപ്പം സ്വയം ഒരു ആശ്വാസം കണ്ടെത്തലും അതിലുള്ളതായി നമുക്ക് മനസ്സിലാക്കാം.

അങ്ങനെ മക്കള്‍ പതിനൊന്ന് പേരും ഈജിപ്തിലേക്ക് പേകുമ്പോള്‍ അവര്‍ക്ക് അദ്ദേഹം മറ്റൊരു നിര്‍ദേശം നല്‍കി:

”അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെമേല്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കേണ്ടത്” (12:67).

ഈജിപ്തിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ചോ, അല്ലെങ്കില്‍ രാജ ദര്‍ബാറിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ചോ ആകാം പിതാവ് അവരോട് സംസാരിച്ചത്.

അവിടേക്ക് പ്രവേശിക്കുമ്പോള്‍ നിങ്ങള്‍ പതിനൊന്ന് പേരും ഒരേ വാതിലിലൂടേ  പ്രവേശിക്കരുതെന്നും വ്യത്യസ്ത കവാടത്തിലൂടെ പ്രവേശിക്കണമെന്നും അവരോട് അദ്ദേഹം നിര്‍ദേശിച്ചു. പിതാവ് അവരോട് ഇപ്രകാരം ഒരു നിര്‍ദേശം നല്‍കുവാനുള്ള കാരണം പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.

ഒന്ന്, യഅ്ക്വൂബ്(അ)ന്റെ മനസ്സില്‍ തോന്നിയ എന്തോ ഒരു ആവശ്യം അവരുമായി അദ്ദേഹം പങ്കുവെച്ചു എന്നാണ് അതിന്റെ ഉദ്ദേശ്യം. കാരണം ശേഷം വരുന്ന വചനത്തില്‍ (യഅ്ക്വൂബിന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം) എന്ന് വന്നിട്ടുണ്ട്.ആ ആവശ്യം എന്തായിരുന്നുവെന്ന് അല്ലാഹുവോ പ്രവാചകന്‍ ﷺ യോ നമുക്ക് വ്യക്തമാക്കിത്തരാത്തതിനാല്‍ അത് എന്താണെന്ന് ചൂഴ്ന്ന് അറിയേണ്ട ആവശ്യവും നമുക്കില്ല. ഈ അഭിപ്രായമാണ് കൂടുതല്‍ ശരിയെന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു.

രണ്ട്, കാഴ്ചയില്‍ ഈ മക്കള്‍ എല്ലാം ഏതാണ്ട് ഒരുപോലെയാണ്. അതോടൊപ്പം എല്ലാവരും നല്ല സുന്ദരന്മാരും. ആ സൗന്ദര്യവും അവരുടെ പ്രഭാവവും കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോകും. ഒരേ പിതാവിന്റെ പതിനൊന്ന് പേരടങ്ങുന്ന മക്കള്‍ എല്ലാവരും കൂടി ഒരേ വാതിലിലൂടെ പ്രവേശിക്കുമ്പോള്‍ അസൂയാലുക്കളുടെ കണ്ണേറ് തട്ടാതിരിക്കാനാണ് പിതാവ് അങ്ങനെ നിര്‍ദേശിച്ചതെന്ന് പറഞ്ഞ മുഫസ്സിറുകളും ധാരാളം ഉണ്ട്. അതില്‍ പ്രധാനിയാണ് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ).  അദ്ദേഹത്തിന് പുറമെ മുഹമ്മദ്ബ്‌നു കഅ്ബ്, മുജാഹിദ്, ള്വഹ്ഹാക്, ക്വതാദഃ, സുദ്ദി മുതലായവരും ഈ വിവരണം നല്‍കിയിട്ടുണ്ട്. ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏതാണ്ട് എല്ലാവരും ഈ അഭിപ്രായത്തെ പ്രത്യകം പരിഗണന നല്‍കി സ്വീകരിച്ചിട്ടുമുണ്ട്. 

കണ്ണേറിനെ ഭയന്നിട്ടാണ് യഅ്ക്വൂബ്(അ) അപ്രകാരം മക്കളോട് പറഞ്ഞതെന്ന് അല്ലാഹുവോ, റസൂലോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കണ്ണേറിന് യാഥാര്‍ഥ്യം ഉണ്ടെന്ന് തെളിയിക്കുന്ന ബലപ്പെട്ട ഹദീഥുകള്‍  ഉണ്ടെന്ന് കാണുവാന്‍ സാധിക്കും. മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീറിലും ഇതിന് എതിരായി യാതൊന്നും വന്നിട്ടില്ല. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉറുക്കും ഏലസ്സും കെട്ടലോ, കുപ്പി കെട്ടിത്തൂക്കലോ മറ്റോ അല്ല പരിഹാരം; മറിച്ച് അല്ലാഹുവില്‍ ഭരമേല്‍പിച്ച് അവനോട് പ്രാര്‍ഥിക്കലും ഇസ്‌ലാം പഠിപ്പിച്ച മന്ത്രവുമാണ്.

മൂന്ന്, ഒരു കൂട്ടം ആളുകളെ പെട്ടെന്ന് കാണുമ്പോള്‍, അവരെ പറ്റി പല സംശയങ്ങളും ജനങ്ങള്‍ക്ക് തോന്നുവാന്‍ ഇടയുള്ളതുകൊണ്ടാണ് യഅ്ക്വൂബ്(അ) അപ്രകാരം പറഞ്ഞത്. 

”അവരുടെ പിതാവ് അവരോട് കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് തടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യഅ്ക്വൂബിന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല” (12:68).

അവര്‍ എല്ലാവരും യൂസുഫ്(അ)ന്റെ സന്നിധിയില്‍ എത്തി. 

”അവര്‍ യൂസുഫിന്റെ അടുത്ത് കടന്ന് ചെന്നപ്പോള്‍ അദ്ദേഹം തന്റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തന്നെയാണ് നിന്റെ  സഹോദരന്‍. ആകയാല്‍ അവര്‍ (മൂത്ത സഹോദരന്മാര്‍) ചെയ്ത് വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല” (12:69).

യൂസുഫ്(അ) സഹോദരന്‍ ബിന്‍യാമിനെ ആശ്ലേഷിക്കുകയും ബിന്‍യാമിനോട് ഞാന്‍ നിന്റെ സഹോദരനാണെന്നും അവരുടെ ചെയ്തികളിലൊന്നും നീ ദുഃഖിക്കേണ്ടതില്ലെന്നും സ്വകാര്യത്തില്‍ അറിയിക്കുകയും ചെയ്തു.

ഒരു പക്ഷേ, ഇബ്‌നു കഥീര്‍(റ) സൂചിപ്പിച്ചത് പോലെ, നിന്നെ ഇവിടെ എന്റെ അടുക്കല്‍ തന്നെ നിറുത്തുവാനും അവരുടെ കൂടെ ഒന്നിച്ച് തിരിച്ചയക്കാതിരിക്കുന്നതിനും വല്ല മാര്‍ഗവും ഞാന്‍ വഴിയെ സ്വീകരിക്കുമെന്നുള്ള രഹസ്യം യൂസുഫ്(അ) ബിന്‍യാമീനെ അറിയിച്ചിരിക്കാം. അത് സ്വാഭാവികമാണല്ലോ. അല്ലെങ്കില്‍ ബിന്‍യാമീന്‍ പിടിപ്പിക്കപ്പെടുമ്പോള്‍ ഭയപ്പെടുവാനും വിഷമിക്കുവാനും കാരണം ആകുമല്ലോ.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 04

യൂസുഫ് നബി (അ) - 04

സത്യസന്ധത തെളിയിക്കപ്പെടുന്നു

യൂസുഫ് നബി(അ) ജയിലിലടക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങള്‍ ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്‌നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്” (ക്വുര്‍ആന്‍ 12:36).

യുസുഫ്(അ)ന്റെ വശ്യതയാര്‍ന്ന സ്വഭാവവും പെരുമാറ്റവും അറിഞ്ഞവരെല്ലാം അദ്ദേഹവുമായി നല്ല ബന്ധത്തിലായി.

യുസുഫ്(അ)ന്റെ കൂടെ രണ്ട് ചെറുപ്പക്കാരെയും തടവിലാക്കിയിരുന്നു. ആ ചെറുപ്പക്കാര്‍ക്ക് യൂസുഫ്(അ)നെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ അവരുടെ പല കാര്യങ്ങളും അദ്ദേഹവുമായി അവര്‍ പങ്കുവെച്ചു.

അങ്ങനെയിരിക്കവെ അവരിലൊരാള്‍ കണ്ട ഒരു സ്വപ്‌നം അവര്‍ യൂസുഫ്(അ)യുമായി പങ്കുവെച്ചു. ഒരാള്‍ പറഞ്ഞു: ‘ഞാന്‍ മദ്യം പിഴിഞ്ഞ് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നത് സ്വപ്‌നത്തില്‍ കണ്ടിരിക്കുന്നു.’ രണ്ടാമന്‍ പറഞ്ഞു: ‘ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു.’ ഈ സ്വപ്‌നങ്ങളുടെ വ്യാഖ്യാനം പറഞ്ഞു തരുവാന്‍ അവര്‍ യൂസുഫ് നബി(അ)യോട് ആവശ്യപ്പെടുന്നു.

യൂസുഫ്(അ)യുമൊന്നിച്ചുള്ള അല്‍പ കാലത്തെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്വഭാവ, പെരുമാറ്റ ഗുണങ്ങള്‍ അവര്‍ക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ മഹത്ത്വം മനസ്സിലാക്കിയ അവര്‍ അദ്ദേഹത്തിന് സ്വപ്‌ന വ്യാഖ്യാനം നടത്തുവാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതിനാലാണ് അവര്‍ അദ്ദേഹത്തോട് സ്വപ്‌ന വ്യഖ്യാനം അറിയുന്നതിനായി ചോദിച്ചത്. 

സ്വപ്‌നവ്യാഖ്യാനം ചോദിച്ചപ്പോഴേക്കും അദ്ദേഹം പറഞ്ഞുകൊടുത്തില്ല. അവര്‍ക്ക് തന്നോടുള്ള മതിപ്പും സ്വപ്‌ന വ്യാഖ്യാനം അറിയാനുള്ള താല്‍പര്യവും മനസ്സിലാക്കിയ യൂസുഫ് നബി(അ) അവരോട് അല്ലാഹുവിന്റെ ഏകത്വത്തെ സംബന്ധിച്ച് വിവരിച്ചു കൊടുക്കുവാനുള്ള ഒരു സുവര്‍ണാവസരമായി അതിനെ കണ്ടു. അവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കുന്നതിന് മുമ്പ് യൂസുഫ്(അ) തന്റെ കടമ നിറവേറ്റുകയാണ്. അദ്ദേഹം അവരോട് ഇപ്രകാരം പറഞ്ഞു:

”…നിങ്ങള്‍ക്ക് (കൊണ്ടുവന്ന്) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക് വന്നെത്തുന്നതിന്റെ മുമ്പായി അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എന്റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതില്‍ പെട്ടതത്രെ അത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 12:37).

”എന്റെ പിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല. ഞങ്ങള്‍ക്കും (ഇതര) മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത് (സന്‍മാര്‍ഗദര്‍ശനം.) പക്ഷേ, മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല” (12:38).

 ഈ സമയം മുതല്‍ അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചിട്ടുണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നത് അല്ലാഹു എന്നെ പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നാം ഒരു കാര്യം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കി പറയുമ്പോള്‍ അതിന് ജനങ്ങള്‍ പ്രത്യേകം കാതോര്‍ക്കും. 

അവരുടെ സ്വപ്‌നത്തിന്റെ വ്യാഖ്യാനം നല്‍കുന്നതിന് മുമ്പായി താന്‍ ആരാണെന്നും തന്റെ ആദര്‍ശം എന്താണെന്നും അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് യൂസുഫ്(അ). അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. എന്റെ പിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല… ഇങ്ങനെ തൗഹീദിന്റെ മഹത്ത്വം അദ്ദേഹം അവരെ പഠിപ്പിച്ചു. 

യൂസുഫ്(അ) തന്റെ വിശ്വാസത്തെ മുന്‍ഗാമികളായ നല്ലവരിലേക്ക് ചേര്‍ത്തി പറയുകയാണ്. ആദര്‍ശത്തില്‍ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയാന്‍ സാധിക്കണം. നമ്മുടെ വിശ്വാസ ആദര്‍ശ നിലപാടുകളെ പൂര്‍വികരായ സച്ചരിതരിലേക്ക് ചേര്‍ക്കാന്‍ കഴിയുന്ന പാരമ്പര്യമുള്ളവരാണ് വിജയിക്കുന്നവരുടെ സംഘം.

അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനല്ലാത്തവരെ ആരാധിക്കുന്നതില്‍ നിന്നും മാറി നില്‍ക്കുവാനും കഴിയുക എന്നത് അല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന ഔദാര്യമാണ്. ബഹുദൈവ വിശ്വാസം എന്നത് ചൂഷണാധിഷ്ഠിതമാണല്ലോ. ചൂഷണം ചെയ്യപ്പെടാത്ത തെളിമയാര്‍ന്ന വിശ്വാസം ഏകദൈവ വിശ്വാസമാണ്. എന്നാല്‍ ഈ സത്യം അറിയുന്നവര്‍ വളരെ കുറച്ചു പേരാണ്. 

യൂസുഫ്(അ) തുടരുന്നു: 

”ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ?”(12:39)

”അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല”(12:40).

അല്ലാഹുവിന് പുറമെ സൂര്യനെയും വിഗ്രഹങ്ങളെയും പശുക്കളെയും രാജാക്കന്മാരെയും വരെ പൂജിച്ചും വണങ്ങിയും ആരാധിക്കുന്നവരായിരുന്നു ഈജിപ്തുകാര്‍. ഓരോ ആവശ്യത്തിനും ഓരോ ദൈവം എന്നായിരുന്നു അവരുടെ വിശ്വാസം. അതിനാല്‍ യൂസുഫ് നബി(അ) അവരോട് ചോദിച്ചു; വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ എന്ന്.  അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇതിനൊന്നും യാതൊരു തെളിവുമില്ല. ആരെയാണ് ആരാധിക്കേണ്ടതെന്ന് വിധിക്കുവാനുള്ള അധികാരം അല്ലാഹുവിനേ ഉള്ളൂ. അല്ലാഹു കല്‍പിച്ചതാകട്ടെ, അവനെ മാത്രമെ ആരാധിക്കാവൂ എന്നുമാണ്. ഇതാണ് ശരിയായ മതം. ഇങ്ങനെയെല്ലാം, കിട്ടിയ അവസരം കൃത്യമായി ഉപയോഗപ്പെടുത്തി യൂസുഫ്(അ) അവരെ അറിയിച്ചു. അല്ലാഹുവിന്റെ ദീന്‍ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ അവസരം കിട്ടിയാല്‍ ഉപയോഗിക്കും.

ജയില്‍ വാസികളായ രണ്ടുപേരെയും അറിയിക്കേണ്ട പ്രധാന കാര്യം അറിയിച്ചതിനു ശേഷം അവരുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കി.

”ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അവര്‍ രണ്ട് പേരില്‍ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച ആളോട് അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിന്റെ യജമാനന്റെ അടുക്കല്‍ നീ എന്നെ പറ്റി പ്രസ്താവിക്കുക. എന്നാല്‍ തന്റെ യജമാനനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം (യൂസുഫ്) ജയിലില്‍ താമസിച്ചു” (ക്വുര്‍ആന്‍ 12:41,42).

ജയിലറകളില്‍ നിന്നും പുറത്ത് കടന്നാല്‍ നിങ്ങളില്‍ ഒരുവന്‍ രാജാവിന് മദ്യം കുടിപ്പിക്കുന്നവനും മറ്റേ ആള്‍ ക്രൂശിക്കപ്പെടുന്നവനുമായിരിക്കുമെന്നും അത് തീര്‍പ്പാക്കപ്പെട്ട കാര്യമാണെന്നും പ്രവാചകനായ യൂസുഫ്(അ) ദിവ്യ സന്ദേശത്തിന്റെ വെളിച്ചത്തില്‍ അവരുടെ സ്വപ്‌നത്തിന് വ്യാഖ്യാനം നല്‍കി.

ശിക്ഷയില്‍ നിന്നും രക്ഷപ്പെടുമെന്ന് കരുതിയവനോട് യൂസുഫ്(അ), നീ നിന്റെ യജമാനന്റെ അടുത്ത് എത്തിയാല്‍ ഈ ജലിലറയില്‍ കഴിയുന്ന നിരപരാധിയായ, യാതൊരു തെറ്റും ചെയ്യാത്ത എന്നെക്കുറിച്ച് പറയണമെന്നും അറിയിച്ചു. എന്നാല്‍ ഈ കാര്യം അയാള്‍ യജമാനന്റെ അടുത്ത് എത്തിയപ്പോള്‍ പറയാന്‍ മറന്നു; പിശാച് അത് മറപ്പിച്ചു കളഞ്ഞു. തല്‍ഫലമായി യൂസുഫ്(അ) പിന്നെയും വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞു. 

യൂസുഫ്(അ) ജയിലില്‍ കഴിഞ്ഞ വര്‍ഷം എത്ര എന്ന് കൃത്യമായി ഇവിടെ പറഞ്ഞിട്ടില്ല.  ‘ബിള്അ സിനീന്‍’ എന്നാണ് അതിനെ സംബന്ധിച്ച് പ്രയോഗിച്ചത്. ‘ബിള്അ്’ എന്നത് അറബിയില്‍ 3 മുതല്‍ 7 വരെയുള്ള അക്കങ്ങള്‍ക്കും ചിലപ്പോള്‍ 2 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ക്കുമാണ് പ്രയോഗിക്കാറ്. അത്രയും കൊല്ലം യൂസുഫ്(അ) ആ ജയിലില്‍ കഴിഞ്ഞു. ഏഴ് വര്‍ഷമായിരുന്നു അദ്ദേഹം ജയിലില്‍ കഴിച്ചു കൂട്ടിയതെന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം (അല്ലാഹുവാകുന്നു നന്നായി അറിയുന്നവന്‍).

വര്‍ഷങ്ങളോളം നിരപരാധിയായി ജലിലില്‍ കഴിഞ്ഞ യൂസുഫ്(അ)ന് മോചിക്കപ്പെടാനുള്ള വഴി ഒരുങ്ങുകയാണ്. ഈജിപ്തിലെ രാജാവ് ഒരു സ്വപ്‌നം കണ്ടു. ആ സ്വപ്‌നത്തിന്റെ വ്യാഖ്യാനം അവിടെയുള്ളവരോട് അദ്ദേഹം ആരാഞ്ഞു. ആ ഭാഗം ക്വുര്‍ആന്‍ ഇപ്രകാരം പ്രതിപാദിക്കുന്നു:

”(ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു. ഏഴ് പച്ചക്കതിരുകളും ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്‌നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്റെ ഈ സ്വപ്‌നത്തിന്റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ” (12:43).

താന്‍ കണ്ട ഈ സ്വപ്‌നം കേവലം ഒരു സ്വപ്‌നമല്ലെന്നും അതില്‍ എന്തോ ചില കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും രാജാവിന് തോന്നാന്‍ തുടങ്ങി. അങ്ങനെ രാജ ദര്‍ബാറിലെ ജ്യോത്സ്യന്മാരെയും കണക്കു നോട്ടക്കാരെയും എല്ലാം വിളിച്ച് വരുത്തി താന്‍ കണ്ട സ്വപനം പങ്കുവെച്ചു.

”അവര്‍ പറഞ്ഞു: പലതരം പേക്കിനാവുകള്‍! ഞങ്ങള്‍ അത്തരം പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല” (ക്വുര്‍ആന്‍ 12:44).

സ്വപ്‌ന വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരെന്ന കീര്‍ത്തി ലഭിച്ചവരോടാണ് രാജാവ് സ്വപ്‌നം പങ്കുവെച്ചത്. പക്ഷേ, അവര്‍ക്ക് അതിന് വ്യാഖ്യാനം നല്‍കുവാന്‍ കഴിഞ്ഞില്ല. ഇതെല്ലാം പേക്കിനാവുകളാണെന്നും പേക്കിനാവുകളെക്കുറിച്ചുള്ള വ്യാഖ്യാനം തങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. 

യജമാനന് മദ്യം വിളമ്പി നില്‍കുന്ന, ജയിലില്‍ യൂസുഫ്(അ)ന്റെ കൂടെ വസിച്ചിരുന്ന ആള്‍ ഇവര്‍ തമ്മിലുള്ള സംസാരത്തിന് സാക്ഷിയായിരുന്നു. മുമ്പ് അയാളോട് യൂസുഫ്(അ) തന്നെക്കുറിച്ച് നിന്റെ രാജാവിന്റെ അടുത്ത് സ്മരിക്കണം എന്ന് പറഞ്ഞിരുന്നുവല്ലോ. എന്നാല്‍ അത് പിശാച് അദ്ദേഹത്തെ മറപ്പിച്ചു കളയുകയാണ് ചെയ്തത്. രാജാവ് കണ്ട സ്വപ്‌നത്തിന് ശരിയായ വ്യഖ്യാനം നല്‍കുന്നതില്‍ അവിടെയുണ്ടായിരുന്നവരെല്ലാം പരാജയപ്പെട്ടു. ഈ അവസരത്തിലാണ് അയാള്‍ക്ക് യൂസുഫ്(അ)നെ ഓര്‍മ വരുന്നത്. ഉടനെ അയാള്‍ രാജാവിനോട് പറഞ്ഞു:

”…അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിച്ചു തരാം. നിങ്ങള്‍ (അതിന്) എന്നെ നിയോഗിച്ചേക്കൂ” (12:45).

സ്വപ്‌നത്തിന് ശരിയായ വ്യാഖ്യാനം നല്‍കുന്ന ഒരു നല്ല മനുഷ്യനുണ്ടെന്നും അദ്ദേഹം അതിന് പ്രാപ്തനാണെന്നും രാജാവിനോട് ഇയാള്‍ പറഞ്ഞു. തന്നെ ജയിലിലേക്ക് പറഞ്ഞു വിടുകയാണെങ്കില്‍ താന്‍ അദ്ദേഹത്തോട് ഇതിന്റെ വ്യാഖ്യാനം ചോദിച്ച് വരാം എന്നും അയാള്‍ പറഞ്ഞു. രാജാവ് അതിന് സമ്മതം നല്‍കി. അയാള്‍ ജയിലിലേക്ക് പോയി. യൂസുഫ്(അ)നെ കണ്ടു. രാജാവ് കണ്ട സ്വപ്‌നം യൂസുഫ്(അ)നെ അദ്ദേഹം ധരിപ്പിച്ചു:

 ”(അവന്‍ യൂസുഫിന്റെ  അടുത്ത് ചെന്ന് പറഞ്ഞു:) ഹേ, സത്യസന്ധനായ യൂസുഫ്, തടിച്ച് കൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്ന കാര്യത്തിലും ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കള്‍ ഞങ്ങള്‍ക്കു വിധി പറഞ്ഞുതരണം. ജനങ്ങള്‍ അറിയുവാനായി ആ വിവരവും കൊണ്ട് എനിക്ക് അവരുടെ അടുത്തേക്ക് മടങ്ങാമല്ലോ” (12:46).

യൂസുഫ്(അ)ന്റെ മുന്നില്‍ ചെന്ന് അയാള്‍ തന്റെ വരവിന്റെ ഉദ്ദേശം അറിയിച്ചപ്പോള്‍ ഇത്രയും കാലം തന്നെപ്പറ്റി രാജാവിനോട് പറയാത്തതിന്റെ പേരില്‍ അദ്ദേഹം അനിഷ്ടം കാണിച്ചില്ല. സ്വപ്‌നത്തിന്റെവ്യഖ്യാനം യൂസുഫ്(അ) വിവരിച്ചു നല്‍കി:

”അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് നിങ്ങള്‍ കൊയ്‌തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്റെ കതിരില്‍ തന്നെ വിട്ടേക്കുക. പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച് വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന് അല്‍പം ഒഴികെ. പിന്നീട് അതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും, അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും” (12:47-49).

യൂസുഫ്(അ)ന്റെ സ്വപ്‌ന വ്യഖ്യാനം കേട്ട മാത്രയില്‍ തന്നെ രാജാവ് അത്ഭുതപ്പെട്ടു. (യൂസുഫ്(അ) അല്ലാഹുവിന്റെ വഹ്‌യ് മുഖേനയാണ് സ്വപ്‌ന വ്യഖ്യാനം നല്‍കുന്നതെന്ന് മറക്കരുത്). തന്റെ ഭരണ കാലത്ത് നാട് നേരിടാനിരിക്കുന്ന വലിയ ഒരു പ്രതിസന്ധിയാണ് ഈ സ്വപ്‌നത്തിലടങ്ങിയതെന്ന  വ്യഖ്യാനം രാജാവിനെ വല്ലാതെ ആകൃഷ്ടനാക്കി. താന്‍ ജയിലിലടച്ചിട്ടുള്ള ആ ‘ജയില്‍പുള്ളി’ സാധാരണക്കാരനല്ലെന്നും അദ്ദേഹത്തിന് ബോധ്യമായി. അദ്ദേഹത്തെ തനിക്ക് എത്രയും പെട്ടെന്ന് കാണേണ്ടതുണ്ടെന്ന് ദര്‍ബാറിലുള്ളവരെ രാജാവ് അറിയിക്കുകയും ചെയ്തു.

”രാജാവ് പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്റെ  അടുത്ത് കൊണ്ട് വരൂ. അങ്ങനെ തന്റെ അടുത്ത് ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം (യൂസുഫ്) പറഞ്ഞു: നീ നിന്റെ യജമാനന്റെ  അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു” (12:50).

യൂസുഫ്(അ)നെ വിളിക്കാനായി രാജാവിന്റെ ദൂതന്‍ യൂസുഫ്(അ)ന്റെ അടുത്ത് എത്തി; രാജാവ് വിളിക്കുന്നുണ്ടെന്ന വിവരം അറിയിച്ചു. സ്വാഭാവികമായും ജയിലറയില്‍ വസിക്കുമ്പോള്‍ അതില്‍ നിന്ന് പുറത്ത് കടക്കണമെന്ന ചിന്തയായിരിക്കും ആര്‍ക്കുമുണ്ടാവുക. എന്നാല്‍ രാജാവിന്റെ ഉത്തരവ് പ്രകാരം യൂസുഫ്(അ)ന്റെ അടുത്തെത്തിയ ദൂതനോട് യൂസുഫ്(അ) ഇപ്രകാരം പറഞ്ഞു: ”നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക.” താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടാതെ രാജാവിന്റെ ഒരു ആവശ്യം തന്നാല്‍ സാക്ഷാല്‍കരിക്കപ്പെട്ടതിന് പുറത്തിറങ്ങുകയോ? അങ്ങനെ ഞാന്‍ ചെയ്താല്‍ ആളുകള്‍ക്കിടയില്‍ തന്നെക്കുറിച്ച് പല സംസാരങ്ങളും ഉണ്ടാകും. അതിനാല്‍ തനിക്ക് വലുത് രാജാവിന്റെ അംഗീകാരമല്ലെന്നും തന്റെ സത്യസന്ധത മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടലാണ് തനിക്ക് വലുതെന്നും അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അദ്ദേഹം രാജാവിന്റെ ദൂതനെ തിരിച്ചയച്ചു. രാജാവ് വിളിക്കുന്നുണ്ടെന്ന വിവരം കിട്ടിയപ്പോഴേക്ക് അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന യൂസുഫ്(അ)ന്റെ നിലപാടിനെ പ്രശംസിച്ച് നബി ﷺ  ഇപ്രകാരം പറയുകയുണ്ടായി:

”യൂസുഫ്(അ) (ജയിലില്‍) താമസിച്ച അത്ര കാലം ഞാന്‍ ജയിലില്‍ താമസിച്ചിരുന്നുവെങ്കില്‍ ആ ക്ഷണിതാവിന് ഞാന്‍ ഉത്തരം നല്‍കുമായിരുന്നു” (മുസ്‌ലിം). 

ഇമാം അഹ്മദിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”ഞാനായിരുന്നുവെങ്കില്‍ മറുപടി പെട്ടെന്ന് ആക്കുമായിരുന്നു. (അതിന്) യാതൊരു ഒഴികഴിവും പ്രതീക്ഷിക്കുമായിരുന്നില്ല.”

യൂസുഫ്(അ) തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ ജയിലില്‍ നിന്നും പുറത്തിറങ്ങാതെ ക്ഷമയോടെ കാത്തിരുന്നു. 

ദര്‍ബാറിലെ എല്ലാ സ്ത്രീകളെയും മറ്റു ആളുകളെയും വിളിച്ചു വരുത്തി. യൂസുഫ്(അ) അന്വേഷിക്കാനായി പറഞ്ഞ കാര്യത്തിന് തുടക്കം കുറിച്ചു:

”(ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്) അദ്ദേഹം (രാജാവ്) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹം സത്യവാന്മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. അത് (ഞാനങ്ങനെ പറയുന്നത്, അദ്ദേഹത്തിന്റെ) അസാന്നിധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു. ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ  രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(12:51-53).

യൂസുഫ്(അ)നെ വശീകരിക്കുവാന്‍ ശ്രമിച്ച മുഴുവന്‍ സ്ത്രീകളും യൂസുഫ്(അ) നിരപരാധിയാണെന്ന് രാജാവിന്റെ മുന്നില്‍ തുറന്ന് പറഞ്ഞു. രാജാവിന്റെ ഭാര്യയും ആ സന്ദര്‍ഭത്തില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവളും ഖേദത്തോടെ തന്റെ ദുര്‍വൃത്തിയെ സമ്മതിക്കുകയും യൂസുഫ്(അ)നെ നിരപരാധിയായി എല്ലാവരുടെയും മുന്നില്‍ തുറന്ന് പറയുകയും ചെയ്തു.

‘അത് (ഞാനങ്ങനെ പറയുന്നത്, അദ്ദേഹത്തിന്റെ) അസാന്നിധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു’എന്നതിന് പണ്ഡിതന്മാര്‍ രണ്ട് വിവരണങ്ങള്‍ നല്‍കിയത് കാണാം. ഒന്ന്, യൂസുഫിന്റെ അഭാവത്തില്‍ യൂസുഫിനെ ഞാന്‍ ചതിക്കില്ലെന്ന് യൂസുഫ് അറിയുന്നതിന് വേണ്ടി. രണ്ട്, ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭര്‍ത്താവിനെ ഞാന്‍ ചതിക്കില്ലെന്ന് ഭര്‍ത്താവ് അറിയുന്നതിന് വേണ്ടി. ഒന്നാമത്തെതാണ് കൂടുതല്‍ ശരിയായി കാണുന്നത്. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

താന്‍ ചെയ്ത തെറ്റ് അവള്‍ സമ്മതിച്ചു. ‘തീര്‍ച്ചായായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു’ എന്ന അവരുടെ പ്രസ്താവന ശ്രദ്ധേയമാണ്. 

മനുഷ്യന്റെ മനസ്സ് മൂന്ന് തരത്തിലാണെന്ന് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നതായി കാണാം. 

1. ചീത്ത കൊണ്ട് കല്‍പിക്കുന്ന മനസ്സ്. ഈ മനസ്സിന്റെ ഉടമക്ക് മനസ്സ് എപ്പോഴും തിന്മക്ക് പ്രേരണ നല്‍കും.

2. ആക്ഷേപിക്കുന്ന മനസ്സ്. ചെയ്തു പോയ വീഴ്ചകളും തിന്മകളും വേട്ടയാടുന്ന മനസ്സാണിത്. തിന്മ പ്രവര്‍ത്തിച്ചതിന് ശേഷം കുറ്റബോധവും മടങ്ങാനുള്ള തേട്ടവും ഉള്ള മനസ്സാണിത്. ഈ മനസ്സുള്ളവര്‍ക്കേ തൗബ ചെയ്യുന്നതിനും കൂടുതല്‍ അല്ലാഹുവിലേക്ക് അടുക്കുന്നതിനും സാധിക്കുകയുള്ളു..

3. ശാന്തിയടഞ്ഞ മനസ്സ്: പാപങ്ങളൊന്നും സ്പര്‍ശിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത മനസ്സ്. അഥവാ പ്രവാചകന്മാരുടെ മനസ്സ്. യുസുഫ്(അ)ന്റെ മനസ്സ് ഇത്തരത്തിലുള്ളതായിരുന്നു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 03

യൂസുഫ് നബി (അ) - 03

കൊട്ടാരത്തിലെ അഗ്‌നിപരീക്ഷണം

കൊട്ടാര ജീവിതത്തിനിടയില്‍ യൂസുഫ്(അ) വലിയ ഒരു പരീക്ഷണത്തിന് വിധേയനായി. അതിലേക്കാണ് ഇനി ക്വുര്‍ആന്‍ വെളിച്ചം വീശുന്നത്: 

”അവന്‍ (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു: അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന്‍ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല” (ക്വുര്‍ആന്‍ 12:23).

ധാരാളം തോഴിമാരും പരിചാരകരുമുള്ള, സുന്ദരിയായ, കൊട്ടാരത്തിലെ മുഴുവന്‍ സൗകര്യവും യഥേഷ്ടം ഉപയോഗിക്കുവാന്‍ അധികാരമുള്ള രാജ്ഞി; അവളില്‍ യൂസുഫ്(അ)നെ പ്രാപിക്കുവാനുള്ള ആഗ്രഹം മുളപൊട്ടി. അതിനായി യൂസുഫ്(അ)നെ വശീകരിക്കുവാനുള്ള ശ്രമം തുടങ്ങി.

യൂസുഫ്(അ) തന്നില്‍ ആകൃഷ്ടനാകുവാന്‍ വേണ്ടി ഭംഗിയാര്‍ന്ന വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി, രാജ്ഞി തന്റെ റൂമിലേക്ക് യൂസുഫി(അ)നെ വിളിച്ചു വരുത്തി. കതകടച്ചു. അവിഹിത ബന്ധത്തിന് ക്ഷണിക്കുന്നത് രാജ്ഞിയാണ്, അനുസരിച്ചില്ലെങ്കില്‍ പ്രശ്‌നമാകും എന്നൊക്കെ കരുതി യൂസുഫ് നബി(അ) അവള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നിന്നില്ല. അല്ലാഹുവിനെ ഭയന്ന്  ജീവിച്ചിരുന്ന മഹാനായിരുന്നു അദ്ദേഹം. ഒരു നിമിഷത്തേക്കെങ്കിലും മനസ്സ് പതറിയില്ല. അല്ലാഹുവിനോട് കാവല്‍ തേടുകയാണ് അദ്ദേഹം ചെയ്തത്. അവളുടെ വശീകരണത്തില്‍ വീഴാതെ അല്ലാഹു അദ്ദേഹത്തെ കാത്തു.

അല്ലാഹുവിനോട് അഭയം തേടിയതിന് ശേഷം യൂസുഫ്(അ) ‘നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്’ പറഞ്ഞുവല്ലോ. അല്ലാഹുവാണ് എന്റെ റബ്ബ് എന്നും അവനാണ് എനിക്ക് ഈ കൊട്ടാരത്തില്‍ ജീവിക്കുവാനുള്ള മാര്‍ഗം ഒരുക്കിത്തന്നതെന്നും, ആ റബ്ബ് വിലക്കിയിട്ടുള്ള വ്യഭിചാരം ഞാന്‍ ചെയ്താല്‍, ഞാന്‍ നന്ദികേട് കാണിക്കുന്ന അക്രമിയായിത്തീരുമെന്നും, അക്രമി ഒരിക്കലും വിജയിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. 

‘നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്’ എന്ന് പറഞ്ഞത് രാജാവിനെ ഉദ്ദേശിച്ചാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അതിന്റെ ആശയം ഇപ്രകാരമാകും: ഈ കൊട്ടാരത്തില്‍ എനിക്ക് ജീവിക്കുവാന്‍ ആവശ്യമായ സൗകര്യം തന്ന രാജാവിന്റെ രാജ്ഞിയാണല്ലോ നീ. നിന്റെ ഇംഗിതത്തിന് ഞാന്‍ വഴങ്ങിയാല്‍ അത് എന്റെ യജമാനനോട് ഞാന്‍ ചെയ്യുന്ന കടുത്ത അക്രമമായിരിക്കും.

ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശരി എന്നാണ് സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം അല്ലാഹുവിനോട് അഭയം തേടിയതിന് ശേഷമാണല്ലോ ‘നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്’ എന്ന് പറഞ്ഞിരിക്കുന്നത്. 

അന്ത്യനാളില്‍ കത്തിജ്ജ്വലിക്കുന്ന സൂര്യന് താഴെ ജനങ്ങള്‍ വിയര്‍പ്പില്‍ മുങ്ങിനില്‍ക്കുന്ന വേളയില്‍ അല്ലാഹു ചിലര്‍ക്ക് അവന്റെ സിംഹാസനത്തിന്റെ തണലിട്ട് കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തറവാടും സൗന്ദര്യവും ഉള്ള ഒരു പെണ്ണ് (ലൈംഗിക വേഴ്ചക്കായി) ഒരാളെ ക്ഷണിക്കുന്നു. അപ്പോള്‍ അവന്‍ ‘ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു’ എന്ന് പറഞ്ഞ് അതിന് വിസമ്മതിക്കുന്നു. ഈ ഉന്നത സ്വഭാവക്കാരാണ് ആ തണല്‍ ലഭിക്കുന്നവരില്‍ ഒരു വിഭാഗം. കാരണം അത് ദേഹേച്ഛയോടുള്ള വലിയ ജിഹാദാണ്. ഒരു സ്ത്രീയുടെ പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നല്ല മനക്കരുത്തും അടിയുറച്ച ദൈവചിന്തയും ആവശ്യമാണ്. അല്ലാഹു തുടര്‍ന്ന് പറയുന്നു:

”അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്‌കളങ്കരായ ദാസന്മാരില്‍ പെട്ടവനാകുന്നു” (ക്വുര്‍ആന്‍ 12:24).

യൂസുഫ്(അ)യില്‍ ആ സ്ത്രീക്ക് ആഗ്രഹം ജനിച്ചു; ദുഷിച്ച ചിന്തകള്‍ വളര്‍ന്നു. യൂസുഫ്(അ) അങ്ങേയറ്റം ഭയഭക്തിയോടെ ജീവിക്കുന്ന മഹാനായിരുന്നതിനാല്‍ അവളുടെ വശീകരണത്തില്‍ വീണില്ല. അല്ലാഹു കാണിച്ചുകൊടുത്ത പ്രമാണമനുസരിച്ച് അവളുടെ ക്ഷണത്തില്‍നിന്ന് അദ്ദേഹം വഴുതിമാറി. അല്ലാഹു അദ്ദേഹത്തിന് കാണിച്ചു കൊടുത്ത പ്രമാണം എന്തായിരുന്നുവെന്ന് ക്വുര്‍ആനിലോ ഹദീഥിലോ വ്യക്താമക്കപ്പെട്ടിട്ടില്ല.

രാജ്ഞി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതിന് ശേഷമാണ് യൂസുഫ്(അ)നെ ക്ഷണിക്കുന്നത്. അപകടം മനസ്സിലാക്കിയ യൂസുഫ്(അ) അവളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവിടം വിടാന്‍ ഒരുങ്ങി.

യൂസുഫ്(അ)ന് പല കാരണങ്ങളാലും അവളോടൊത്ത് ശയിക്കാമായിരുന്നു. താഴെ പറയുന്ന കാരണങ്ങളെല്ലാം അദ്ദേഹത്തിന് ഉണ്ടായിരുന്നിട്ടും അല്ലാഹുവിലുള്ള പേടി മാത്രമാണ് ആ തിന്മയില്‍ നിന്നും അദ്ദേഹത്തെ അകറ്റിയത്. ആ കാരണങ്ങള്‍ താഴെ കൊടുക്കുന്നു:

1) ഒരു പുരുഷന്‍ എന്ന നിലയ്ക്ക് സ്ത്രീയിലേക്കുണ്ടാകുന്ന ചായ്‌വ്. 

2) ആരോഗ്യവും സൗന്ദര്യവും ഒത്തിണങ്ങിയ ചെറുപ്പക്കാരന്‍.

3) അവിവാഹിതന്‍.

4) വിദേശി. ആരെയും ഭയപ്പെടേണ്ടതില്ല. (നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും എല്ലാം മറു നാട്ടില്‍. താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അവര്‍ക്കറിയില്ല).

5) സ്ത്രീയാവട്ടെ, സുന്ദരിയും പദവിയുമുള്ളവര്‍.

6) അവളാണ് എല്ലാ സൗകര്യങ്ങളും ഒരുക്കിയത്.

7) അവരുടെ അധികാരത്തിലുള്ള സ്ഥലത്തേക്കാണ് ക്ഷണം.

8) ആരെയും പേടിക്കാനില്ല. എല്ലാം ഭദ്രം. കതകുകള്‍ അടക്കപ്പെട്ടിരിക്കുന്നു. പാറാവുകാരും ഇല്ല.

9) അവള്‍ വിസമ്മതിക്കില്ല; തടസ്സം നില്‍ക്കുകയുമില്ല.

10) വീട്ടിലെ അടിമയുമാണ്; യജമാനന്‍ പറയുന്നത് അനുസരിക്കേണ്ടവന്‍.

11) ആ നാട്ടിലെ എല്ലാ തരുണികളും അവര്‍ക്ക് പിന്തുണയുമാണ്.

12) അവളുടെ ഭീഷണിയും ഉണ്ട്. തയ്യാറല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരും, നിന്ദ്യനാകും എന്നെല്ലാം.

13) ഭര്‍ത്താവ് ലോല നയമുള്ളവന്‍. വിഷയങ്ങളെ ഗൗരവത്തില്‍ കാണാത്തവന്‍.

യൂസുഫ്(അ) അല്ലാഹുവിന്റെ നിഷ്‌കളങ്കനായ ദാസനായിരുന്നു. നിഷ്‌കളങ്കന്മാരെ അല്ലാഹു കൈവിടില്ല. യൂസുഫ്(അ)യെ അല്ലാഹു അവളില്‍ നിന്ന് രക്ഷപ്പെടുത്തി. അവളുടെ അടുക്കല്‍ നിന്നും ഓടി രക്ഷപ്പെടാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അവളും അദ്ദേഹത്തിന്റെ പുറകെ ഓടി. ആ സന്ദര്‍ഭം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന് അവന്റെ കുപ്പായം (പിടിച്ചു. അത്) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം” (ക്വുര്‍ആന്‍ 12:25).

യൂസുഫ്(അ) അവളില്‍ നിന്നും ഓടിരക്ഷപ്പെടുന്നു; പുറകെ അവളും ഓടുന്നു! യൂസുഫ്(അ)ന്റെ അടുത്ത് എത്തിയ അവള്‍, പുറകില്‍നിന്നും അദ്ദേഹത്തിന്റെ കുപ്പായത്തില്‍ പിടിച്ചു; അത് കീറി. യൂസുഫ്(അ) കുതറിയോടി. വാതില്‍ക്കല്‍ എത്തിയപ്പോള്‍ യജമാനനെ കണ്ടു. ഭര്‍ത്താവിനെ കണ്ടപ്പോള്‍ ആ സ്ത്രീ സ്വന്തം തെറ്റുകള്‍ നിരപരാധിയായ യൂസുഫി(അ)ന്റെ ചുമലില്‍ വെച്ചുകെട്ടുന്നു. മാത്രമല്ല അദ്ദേഹത്തിന് നല്‍കേണ്ട ശിക്ഷ എന്തായിരിക്കണമെന്നും അവള്‍ പ്രഖ്യാപിക്കുന്നു.

നിരപരാധിയായ യൂസുഫ്(അ) തന്റെ നിരപരാധിത്വം യജമാനന്റെ മുന്നില്‍ കാര്യകാരണ സഹിതം തെളിയിക്കാന്‍ ശ്രമിച്ചു. എന്നാള്‍ യൂസുഫാണ് തെറ്റുകാരന്‍ എന്നതില്‍ ഉറച്ചുനിന്നു. ഈ തര്‍ക്കത്തിനിടയില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവളുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ കടന്നുവന്നു. അയാള്‍ അതില്‍ ഇടപെട്ട് ഒരു തീരുമാനത്തിലെത്തുകയാണ്:

”യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്. എന്നാല്‍ അവന്റെ കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ് പറഞ്ഞത്. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ്” (12:26,27).

നല്ല ഒരു അഭിപ്രായമാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. ആ അഭിപ്രായം പരിഗണിച്ച് പരിശോധന നടന്നു:

”അങ്ങനെ അവന്റെ (യൂസുഫിന്റെ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന് കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍ തന്റെ ഭാര്യയോട്) പറഞ്ഞു: തീര്‍ച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തില്‍ പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ” (12:28).

സത്യം യജമാനനും മനസ്സിലായി. അദ്ദേഹം യുസുഫ്(അ)നോട് പറഞ്ഞു:

”യൂസുഫേ, നീ ഇത് അവഗണിച്ചേക്കുക. (പെണ്ണേ,) നീ നിന്റെ പാപത്തിന് മാപ്പുതേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു” (12:29).

യൂസുഫേ, നീ നിരപരാധിയാണ്. അവള്‍ തന്നെയാണ് തെറ്റുകാരി. നീ അത് ഒഴിവാക്കുവാനും, അവളോട് നിന്റെ തെറ്റില്‍ നിന്ന് പാപമോചനം തേടുവാനും രാജാവ് അറിയിച്ചു. രാജ്ഞിയാണല്ലോ അവള്‍. അവള്‍ക്കെതിരില്‍ ശിക്ഷ നടപ്പിലാക്കുന്നത് രാജാവിനും മോശത്തരമല്ലേ.

കൊട്ടാരത്തില്‍ നടന്ന ഈ സംഭവം പിന്നീട് പുറത്ത് ഒരു സംസാര വിഷയമായി മാറി. കൊട്ടാരത്തിലെ റാണിയായ സുലൈഖ, തന്റെ കൊട്ടാരത്തിലെ അടിമയായ, കൊട്ടാരത്തില്‍ വളരുന്ന ചെറുപ്പാക്കരനുമായി പ്രണയത്തിലാണെന്നും ആ പ്രണയത്തില്‍ അവള്‍ അടിമപ്പെട്ടിരിക്കുന്നുവെന്നും അവള്‍ വലിയ പിഴവിലാണ് ഉള്ളതെന്നുമെല്ലാം സ്ത്രീകള്‍ക്കിടയില്‍ സംസാര വിഷയമായി.

ആ സമയത്ത,് ഞാന്‍ അപമാനിതയായി എന്ന് മനസ്സിലാക്കിയ ആ സ്ത്രീ താന്‍ ചെയ്തത് അത്ര വലിയ തെറ്റൊന്നുമല്ലെന്നും തന്റെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ അതിലും വലുത് സംഭവിക്കുമായിരുന്നുവെന്നും അവരെ ബോധ്യപ്പെടുത്തുവാനായി ഒരു സൂത്രം കണ്ടെത്തുകയും ആ സൂത്രത്തില്‍ അവള്‍ വിജയിക്കുകയും ചെയ്തു. ക്വുര്‍ആനില്‍ നമുക്കത് ഇങ്ങനെ കാണാം: 

”നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്റെ ഭാര്യ തന്റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു” (12:30).

”അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് അവള്‍ ആളെ അയക്കുകയും അവര്‍ക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരില്‍ ഓരോരുത്തര്‍ക്കും (പഴങ്ങള്‍ മുറിക്കാന്‍) അവള്‍ ഓരോ കത്തി കൊടുത്തു. (യൂസുഫിനോട്) അവള്‍ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍ അവര്‍ തന്നെ അറുത്ത് പോകുകയും ചെയ്തു. അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഇതൊരു മനുഷ്യനല്ല. ആദരണീയനായ ഒരു മലക്ക് തന്നെയാണ്” (12:31).

”അവള്‍ പറഞ്ഞു: എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോള്‍ അവന്‍ (സ്വയം കളങ്കപ്പെടുത്താതെ) കാത്തുസൂക്ഷിക്കുകയാണ് ചെയ്തത്. ഞാനവനോട് കല്‍പിക്കുന്ന പ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടുകയും നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും” (12:32).

”അവന്‍ (യൂസുഫ്) പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും” (12:33).

”അപ്പോള്‍ അവന്റെ പ്രാര്‍ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ” (12:34).

ആ നാട്ടിലെ പെണ്ണുങ്ങളെല്ലാം രാജാവിന്റെ ഭാര്യയുടെ ഈ പ്രണയത്തെ കുറിച്ചും, അവള്‍ യൂസുഫ്(അ)നെ വശീകരിക്കുവാന്‍ ഒപ്പിച്ച വേലയെപ്പറ്റിയും പറയാന്‍ തുടങ്ങി. പട്ടണത്തിലൂടെ തന്നെ കുറിച്ച് പറഞ്ഞു നടക്കുന്ന സ്ത്രീകെള കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തുന്നതിനായി ദൂതനെ പറഞ്ഞു വിട്ടു. അങ്ങനെ അവര്‍ വന്നെത്തി. അവര്‍ക്കായി സുലൈഖ നല്ല ഒരു വിരുന്ന് ഒരുക്കുകയും ചെയ്തു. ആ കാലത്ത് ഒരുക്കുവാന്‍ പറ്റുന്ന നല്ല സജ്ജീകരണങ്ങള്‍ ഒരുക്കി. എല്ലാവരെയും അവരുടെ ഇരിപ്പിടത്തില്‍ ഇരുത്തിയതിന് ശേഷം അവര്‍ക്കെല്ലാം സുലൈഖ ഓരോ കത്തി നല്‍കി. എല്ലാവര്‍ക്കും കൂടി ഒരു കത്തിയല്ല; ഓരോരുത്തര്‍ക്കും വേറെ വേറെ കത്തിയാണ്. അവള്‍ ഒരുക്കിയ വിരുന്നില്‍ ആ കത്തി കൊണ്ട് മുറിച്ചെടുക്കുവാന്‍ പറ്റുന്ന പഴങ്ങളും ഉണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

സുലൈഖ യൂസുഫ്(അ)നോട് നേരത്തെ തന്നെ ഞാന്‍ പറയുന്ന സമയത്ത് ഈ സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങി വരണം എന്ന് പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നു. സുലൈഖ അവിടെയുള്ള ആ സ്ത്രീകള്‍ക്കെല്ലാം കഴിക്കാനുള്ള പഴവും അത് മുറിക്കുവാനുള്ള കത്തിയും നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ. അവരെല്ലാം അതിനുള്ള ഒരുക്കത്തിലുമാണ്. ആ സന്ദര്‍ഭത്തില്‍ സുലൈഖ യൂസുഫ്(അ)നോട് പുറത്ത് വരാന്‍ കല്‍പിക്കുന്നു. യൂസുഫ്(അ)നെ കണ്ട മാത്രയില്‍ അവര്‍ വലിയ ആശ്ചര്യത്തിലാവുകയും അറിയാതെ പഴം മുറിക്കേണ്ടുന്നതിന് പകരം അവരുടെ കൈവിരലുകള്‍ മുറിക്കുകയും ചെയ്തു. ഒരു യന്ത്രത്തെ പോലെയായി അവരുടെ പ്രവര്‍ത്തനം. കാരണം അവരുടെ മനസ്സും ശ്രദ്ധയും സുന്ദരനായ യൂസുഫില്‍ മാത്രമാണ്. യൂസുഫ്(അ)ന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായ അവര്‍ ചെയ്യുന്നത് എന്തെന്ന് പോലും അവര്‍ക്ക് അറിയുന്നില്ല. കൈ മുറിഞ്ഞതിന്റെ വേദന പോലും അവര്‍ അറിയുന്നില്ല. 

യൂസുഫ്(അ)ന്റെ സൗന്ദര്യത്തെ സംബന്ധിച്ച് വന്ന ഒരു നബി വചനം കാണുക: തീര്‍ച്ചയായും റസൂല്‍ ﷺ  (മിഅ്‌റാജിന്റെ വേളയില്‍) മൂന്നാം ആകാശത്ത് വെച്ച് യൂസുഫ്(അ)ന്റെ അരികിലൂടെ നടന്നു. നബി ﷺ  പറയുന്നു: അപ്പോള്‍ അതാ യൂസുഫിന് ‘സൗന്ദര്യത്തിന്റെ പകുതി’ നല്‍കപ്പെട്ടിരിക്കുന്നു’ (മുസ്‌ലിം).

‘സൗന്ദര്യത്തിന്റെ പകുതി’യായ യൂസുഫ്(അ)നെ ആ സ്ത്രീകള്‍ കണ്ടപ്പോള്‍ സ്വയം മറന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ലല്ലോ. അല്ലാഹു എത്ര പരിശുദ്ധന്‍! ഇത് ഒരു മനുഷ്യനല്ല; മാന്യനായ മലക്കാണ് എന്ന് പോലും അവര്‍ പറഞ്ഞുപോയി! 

സുലൈഖയുടെ തന്ത്രം വിജയിച്ചു. അവരോട് അവള്‍ പറഞ്ഞു: ‘എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.’ 

നിങ്ങള്‍ ഒരിക്കല്‍ കണ്ടപ്പോഴേക്കും ഈ ചെറുപ്പക്കാരന്റെ സൗന്ദര്യത്തില്‍ മതിമറന്ന് ഇങ്ങനെയെല്ലാം ചെയ്തുവല്ലോ. കൊല്ലങ്ങളോളം ഈ കൊട്ടാരത്തില്‍ എനിക്ക് മുന്നില്‍ കഴിയുന്ന ഈ ചെറുപ്പക്കാരനില്‍ ഞാന്‍ ആകൃഷ്ടനായെങ്കില്‍ ഞാന്‍ എങ്ങനെ കുറ്റക്കാരിയാകും? ഇതാണ് അവളുടെ ചോദ്യം.

സുലൈഖ അവളുടെ ചെയ്തിയെ വീണ്ടും ന്യായീകരിക്കുകയാണ്. മറ്റുള്ളവരോ ഉത്തരം കിട്ടാതെയും! ‘യൂസുഫ് എന്റെ കല്‍പനക്ക് വഴങ്ങുന്നില്ലെങ്കില്‍ ഞാന്‍ അവനെ ജയിലില്‍ അടക്കുക തന്നെ ചെയ്യും. അങ്ങനെ അവന്‍ ആളുകള്‍ക്കിടയില്‍ നിന്ദ്യനായി മാറുകയും ചെയ്യും’ എന്ന് അദ്ദേഹം കേള്‍ക്കെ അവള്‍ പ്രഖ്യാപിക്കുകയും ചെയ്തു. യൂസുഫുമൊത്ത് ശയിച്ചേ തീരൂ എന്ന വാശിയിലാണവള്‍!

രാജ്ഞിയുടെ സംസാരം കേട്ട യൂസുഫ്(അ)ന് അപകടം കൂടുതല്‍ ബോധ്യമാകാന്‍ തുടങ്ങി. ഇതുവരെ രാജ്ഞി ഒറ്റക്കായിരുന്നു. അവളുടെ ചോദ്യം വന്നപ്പോള്‍ ഉത്തരം മുട്ടിയ ആ പെണ്ണുങ്ങളും അവളോട് ഒപ്പം കൂടി. അവരും തന്നിലേക്ക് കണ്ണ് വെക്കാന്‍ തുടങ്ങി. എല്ലാവരും തന്നെ വീഴ്ത്തുവാനായി കുതന്ത്രങ്ങള്‍ മെനയും. ഇവരുടെയെല്ലാം ഫിത്‌നയില്‍ താന്‍ കുടുങ്ങാന്‍ സാധ്യതയുണ്ട് എന്ന് ഭയന്ന മഹാനായ യൂസുഫ്(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു: ‘എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെവിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപ്പോകുകയും ചെയ്യും.’

യൂസുഫ്(അ) ഒരു മനുഷ്യനാണല്ലോ. പാപങ്ങള്‍ ചെയ്യാത്തവരാണ് പ്രവാചകന്മാര്‍. എന്നാലും മനുഷ്യനെന്ന നിലയ്ക്ക് വല്ല ദുഷ്ചിന്തയും വന്നാലോ എന്ന പേടിയാണ് അദ്ദേഹത്തിന്. ജയില്‍വാസം എന്നത് ആരും കൊതിക്കാത്തതാണല്ലോ. എന്നാല്‍ ഒരു ഹറാം ചെയ്യാനുള്ള സാഹചര്യം ഉള്ളതിനെക്കാളും നല്ലത് വല്ല ജയിലിലും കഴിയല്‍ തന്നെയാണ് എന്നാണ് അദ്ദേഹം ആശിക്കുന്നത്. അല്ലാഹുവിനെ ക്കുറിച്ചുള്ള ഭയമാണ് ഇതിന് പ്രേരകം. 

അല്ലാഹുവിനോട് ആത്മാര്‍ഥമായി ദുആ ചെയ്യുന്നവര്‍ക്ക് അല്ലാഹു ഉത്തരം ചെയ്യുമല്ലോ. യൂസുഫ്(അ)ന്റെ പ്രാര്‍ഥന അല്ലാഹു കേട്ടു, ഉത്തരം ചെയ്തു. അല്ലാഹുവാണല്ലോ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. 

യൂസുഫ്(അ) തെറ്റുകാരനല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. അല്ലാഹുവില്‍ അഭയം തേടി തന്റെ കുതന്ത്രത്തില്‍ നിന്നും യൂസുഫ്(അ) പിന്മാറുകയാണ് ചെയ്തതെന്ന് സുലൈഖ തന്നെ സമ്മതിച്ചു. കുപ്പായം കീറിയതിന്റെ തെളിവ് വെച്ച് അവളുടെ കുടംബത്തില്‍ പെട്ടവര്‍ക്കും അവളുടെ ഭര്‍ത്താവിന് തന്നെയും നിജസ്ഥിതി ബോധ്യമായി. സുലൈഖ ക്ഷണിച്ചുവരുത്തിയ സ്ത്രീകള്‍ക്കും യൂസുഫ്(അ) നിരപരാധിയാണെന്ന് വ്യക്തമായി. എന്നാല്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥന പോലെ തന്നെ നിശ്ചിത കാലം വരെ അദ്ദേഹത്തെ ജയിലിലടക്കാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. 

”പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിന് ശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്” (ക്വുര്‍ആന്‍ 12:35).

രാജാവിന് രാജ്ഞിയെ മറികടന്ന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് (അല്ലാഹുവാണ് നന്നായി അറിയുന്നവന്‍). 

രാജ്ഞി നാണക്കേടുണ്ടാക്കുന്നതില്‍ നിന്ന് രക്ഷ കിട്ടാനുള്ള വഴി എന്ന നിലയിലോ, യൂസുഫിനെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്താലോ ആയിരിക്കാം യൂസുഫ്(അ)നെ രാജാവ് ജയിലിലടച്ചു. അതെല്ലാം അല്ലാഹുവിന്റെ വ്യക്തമായ ഹിക്മത്തിന്റെ അടിസ്ഥാനത്തില്‍ അവനെടുത്ത ഓരോ തീരുമാനങ്ങളായിരുന്നു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 02

യൂസുഫ് നബി (അ) - 02

പൊട്ടക്കണറ്റില്‍ നിന്ന് കൊട്ടാരത്തിലേക്ക്

യഅ്ക്വൂബ് നബി(അ)യുടെ മക്കള്‍ക്കിടയില്‍ പിശാച് അസൂയയുടെ വിത്തിട്ടു. അത് ദ്രുതഗതിയില്‍ ഭീകരരൂപം പ്രാപിച്ചു. സഹോദരനെ കൊല്ലാം എന്ന് വരെ അഭിപ്രായം ഉയര്‍ന്നു. 

യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ പരസ്പരം പറയുന്നതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ‘ഇപ്പോള്‍ യുസുഫിന്റെ കഥ തീര്‍ക്കാം. എന്നിട്ട് നമുക്ക് പശ്ചാത്തപിച്ച് മടങ്ങാം’ എന്ന കാര്യം! പിന്നീട് പശ്ചാത്തപിച്ച് പാപമുക്തി നേടാം എന്ന ഉദ്ദേശത്തോടെ ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് അത് ചെയ്യാന്‍ പാടില്ല. ആ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്ന് ആര്‍ക്കാണ് ഉറപ്പിക്കാന്‍ സാധിക്കുക? പശ്ചാത്തപിക്കാന്‍ ആയുസ്സും അവസരവും കിട്ടും എന്നതിന് എന്താണ് ഉറപ്പ്? 

യൂസുഫിനെ കൊല്ലാന്‍ വേണ്ടി ആലോചനയുയര്‍ന്നപ്പോള്‍ അവരില്‍ ഒരാള്‍ അതിനെ എതിര്‍ത്തു. എന്നിട്ട് വേറെ ഒരു പരിഹാരം നിര്‍ദേശിച്ചു:

”…യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍ (ഒരു) കിണറ്റിന്റെ അടിയിലേക്ക് ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത്‌കൊള്ളും” (ക്വുര്‍ആന്‍ 12:10).

ആ അഭിപ്രായം എല്ലാവരും സ്വീകരിച്ചു. അങ്ങനെ തീരുമാനിച്ചുറപ്പിച്ചതിന് ശേഷം അവര്‍ പിതാവിനെ സമീപിക്കുന്നു: 

”(തുടര്‍ന്ന് പിതാവിന്റെ അടുത്ത് ചെന്ന്) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ; താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്റെ ഗുണകാംക്ഷികളാണ് താനും” (ക്വുര്‍ആന്‍ 12:11).

”നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചുതരിക. അവന്‍ ഉല്ലസിച്ച് നടന്നുകളിക്കട്ടെ. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുരക്ഷിച്ച് കൊള്ളാം” (ക്വുര്‍ആന്‍ 12:12).

മക്കളുടെ നന്മ മാത്രം കൊതിക്കുന്ന രക്ഷിതാക്കളോട് ചില മക്കള്‍ കളവു പറഞ്ഞ് കാര്യം നേടിയെടുക്കാറുണ്ടല്ലോ. പഠനാവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് കാശ് വാങ്ങുകയും ആ കാശ് തീരുംവരെ കൂട്ടുകാരുമൊത്ത് കറങ്ങിനടക്കുകയും ചെയ്യുന്ന മക്കളുണ്ട്.  ഒരു സംഭവം ഉണര്‍ത്തുകയാണ്: മാതാപിതാക്കള്‍ നല്ലവരാണ്. മകന്‍ മതപരമായി അത്ര താല്‍പര്യമില്ലാത്തവനും. ഒരു ദിവസം അവന്‍ ഉമ്മയോട് പറയുന്നു: ‘ഉമ്മാ, നാളെ മുതല്‍ എന്നെ സ്വുബ്ഹിക്ക് വിളിക്കണം. എനിക്ക് പള്ളിയില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കണം.’ ഉമ്മ ആശ്ചര്യപ്പെട്ടു. അവര്‍ വിദേശത്തുള്ള അവന്റെ ഉപ്പയോട് ഈ സന്തോഷം പങ്കുവെച്ചു. അവന്‍ സ്വുബ്ഹിക്ക് വിളിച്ചയുടന്‍ എഴുന്നേറ്റു.  ‘ഉമ്മാ, ടോര്‍ച്ച് വേണം’ അവന്‍ ആവശ്യപ്പെട്ടു. ടോര്‍ച്ച് കേടുവന്ന് കിടക്കുകയാണെന്ന് അവനറിയാം. അവന്‍ പ്രതീക്ഷിച്ച പോലെ ഉമ്മ ടോര്‍ച്ചിന്റെ ഉപയോഗത്തിനായി അവരുടെ മൊബൈല്‍ഫോണ്‍ കൊടുത്തു. എന്നാല്‍ അവന്‍ രാവിലെ എഴുന്നേറ്റ് പോയിരുന്നത് പള്ളിയിലേക്കായിരുന്നില്ല. ഒരു കടവരാന്തയിലേക്കായിരുന്നു. അവിടെ കൂട്ടുകാരും ഒത്തുകൂടും. ഇന്റര്‍നെറ്റില്‍നിന്ന് അശ്ലീല രംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കൂട്ടുകാരോടൊപ്പം അത് കണ്ട് ആസ്വദിക്കും. പാവം ഉമ്മയും ഉപ്പയും മകന്‍ നന്നായെന്ന് കരുതി സന്തോഷിക്കുകയായിരുന്നു അന്നേരം! നുണ പറഞ്ഞ് മാതാപിതാക്കളെ പറ്റിക്കുന്ന ഈ ഏര്‍പ്പാട് തന്നെയാണ് യഅ്ക്വൂബ് നബി(അ)യുടെ മക്കളും ചെയ്തത്.  

‘ഉപ്പാ, അവനെ എവിടേക്കും വിടാതെ വീട്ടില്‍ തന്നെ പിടിച്ചിരുത്തുകയാണോ? അവന്‍ കുട്ടിയല്ലേ, കളിച്ചു രസിക്കട്ടെ. ഞങ്ങളുടെ കൂടെ ആടുകളെ മേയ്ക്കാന്‍ പറഞ്ഞു വിടൂ. പ്രകൃതിസൗന്ദര്യം കണ്ട് അവന്‍ ആനന്ദിക്കട്ടെ. അവനെ ഞങ്ങള്‍ നന്നായി നോക്കും. ആപത്തൊന്നും വരാതെ സൂക്ഷിക്കും…’ ഇങ്ങനെയൊക്കെ പറഞ്ഞ് അവര്‍ പിതാവിനെ തെറ്റുധരിപ്പിച്ചു.

യഅ്ക്വൂബ്(അ) നബിയാണെങ്കിലും മുന്നില്‍ വന്ന് നില്‍ക്കുന്ന മക്കളുടെ മനസ്സിലിരുപ്പ് എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല! കാരണം മറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമെ അറിയൂ. അല്ലാഹു അറിയിച്ചാലേ നബിമാര്‍ക്കു പോലും അതറിയൂ. 

‘കുപ്പിയകത്തുള്ള വസ്തുവിനെ പോലെ

കാണ്‍മാന്‍ ഞാന്‍ നിങ്ങടെ ക്വല്‍ബകം എന്നോവര്‍’

‘കണ്ണില്‍ കാണാത്തതും ക്വല്‍ബകത്തുള്ളതും

കണ്‍കൊണ്ട് കണ്ട പോല്‍ കാട്ടിപ്പറഞ്ഞോവര്‍’ 

എന്നെല്ലാം ശൈഖ് ജീലാനി പറഞ്ഞതായും അദ്ദേഹം അത്ഭുതങ്ങള്‍ കാണിച്ചതായും വിവരിക്കുന്ന മാലപ്പാട്ടുകള്‍ ഭക്തിയോടെ പാടുന്നവര്‍ മുസ്‌ലിം സമുദായത്തില്‍ ഇന്ന് അനവധിയുണ്ട്. തന്റെ മുമ്പില്‍ നില്‍ക്കുന്ന മക്കളുടെ മനസ്സിലുള്ളത് എന്തെന്ന് യഅ്ക്വൂബ്(അ) എന്ന മഹാനായ പ്രവാചകന് അറിയാന്‍ കഴിഞ്ഞില്ല എന്നിരിക്കെ മുഹ്‌യിദ്ദീന്‍ ൈശഖിന് ആരുടെയും മനസ്സിലുള്ളത് അറിയും എന്ന് വിശ്വസിക്കുന്നതിനെക്കാള്‍ വലിയ വിഡ്ഢിത്തം എന്തുണ്ട്? ഇങ്ങനെ ഒരു വിശ്വാസം ക്വുര്‍ആനോ സുന്നത്തോ പഠിപ്പിക്കുന്നതായി നമുക്ക് കാണുക സാധ്യമല്ല.

യൂസുഫിന്റെ കാര്യത്തില്‍ ഗുണകാംക്ഷയോടെ സംസാരിക്കുന്ന മക്കളുടെ മനസ്സിലുള്ള രഹസ്യം എന്താണെന്ന് പിതാവായ യഅ്ക്വൂബ് നബി(അ)ന് അറിയാന്‍ സാധിച്ചില്ല. അവര്‍ അദ്ദേഹത്തോട് ഇത് പറഞ്ഞ വേളയില്‍ അദ്ദേഹത്തിനുണ്ടായ ഒരു ആശങ്ക അവരുമായി പങ്കുവെക്കുക മാത്രമാണ് ചെയ്യുന്നത്. അദ്ദേഹം അവരോട് പറഞ്ഞു:

”…നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത് തീര്‍ച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 12:13).

പിതാവിന്‍െര്‍ ഈ ആശങ്ക അവര്‍ക്ക് അവരുടെ അജണ്ട നടപ്പിലാക്കുന്നതിന് വീണു കിട്ടിയ ഒരു പിടിവള്ളിയുമായി. അവര്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:

”…ഞങ്ങള്‍ ഒരു (പ്രബലമായ) സംഘമുണ്ടായിട്ടും അവനെ ചെന്നായ തിന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ മഹാനഷ്ടക്കാര്‍ തന്നെയായിരിക്കും” (ക്വുര്‍ആന്‍ 12:14).

പിതാവിന് അവരുടെ കളവ് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവരുടെ ആവശ്യത്തിന് അദ്ദേഹം അവസാനം സമ്മതം മൂളി. 

”അങ്ങനെ അവര്‍ അവനെ(യൂസുഫിനെ)യും കൊണ്ടുപോകുകയും അവനെ കിണറ്റിന്റെ അടിയിലേക്ക് ഇടുവാന്‍ അവര്‍ ഒന്നിച്ച് തീരുമാനിക്കുകയും ചെയ്തപ്പോള്‍ (അവര്‍ ആ കടും കൈ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു.) തീര്‍ച്ചയായും നീ അവര്‍ക്ക് അവരുടെ ഈ ചെയ്തിയെപ്പറ്റി (ഒരിക്കല്‍) വിവരിച്ചുകൊടുക്കുമെന്ന് അവന്ന് (യൂസുഫിന്) നാം ബോധനം നല്‍കുകയും ചെയ്തു. (അന്ന്) അവര്‍ അതിനെ പറ്റി ബോധവാന്‍മാരായിരിക്കുകയില്ല” (ക്വുര്‍ആന്‍ 12:15).

അവര്‍ അവരുടെ അജണ്ട നടപ്പില്‍ വരുത്തി. കൊച്ചനുജനായ യൂസുഫിനെ കിണറ്റില്‍ തള്ളി. ആ സന്ദര്‍ഭത്തില്‍ യൂസുഫ്(അ)ന് അല്ലാഹു ബോധനം നല്‍കി; നിന്റെ സഹോദരങ്ങള്‍ ചെയ്ത ഈ കൃത്യത്തെ പറ്റി ഒരു കാലത്ത് നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുമെന്ന്.

യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കിയതിന് ശേഷം വിട്ടിലേക്ക് മടങ്ങുകയാണ്. പിതാവിനോട് എന്ത് പറയും? ‘നിങ്ങള്‍ അശ്രദ്ധരായി കളിച്ചിരിക്കുമ്പോള്‍ അവനെ ചെന്നായ പിടിക്കുമോ എന്ന പേടി എനിക്കുണ്ടെന്ന്’ പിതാവ് പറഞ്ഞിരുന്നല്ലോ. ചെന്നായ പിടിച്ചു എന്നു തന്നെ പറയാം എന്ന് അവര്‍ തീരുമാനിച്ചു. 

”അവര്‍ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞുകൊണ്ട് ചെന്നു. അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ മത്സരിച്ച് ഓടിപ്പോകുകയും യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് വിട്ടുപോകുകയും ചെയ്തു. അപ്പോള്‍ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ പോലും താങ്കള്‍ വിശ്വസിക്കുകയില്ലല്ലോ.’ യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ” (ക്വുര്‍ആന്‍ 12:16-18).

സന്ധ്യാ സമയത്ത് അവര്‍ പിതാവിന്റെ അടുത്തേക്ക് കള്ളക്കണ്ണീരുമായി ചെന്നു. തങ്ങള്‍ ഓട്ട മത്സരത്തിലും മറ്റും മുഴുകിയ നേരം യൂസുഫിനെ ഞങ്ങളുടെ ചരക്കുകളുടെ അടുത്തിരുത്തി. കളിയില്‍ അവന്റെ കാര്യം ഞങ്ങള്‍ മറന്നു. അങ്ങനെ അവനെ ഒരു ചെന്നായ പിടിച്ചു. ഞങ്ങള്‍ എത്ര സത്യം പറഞ്ഞാലും ഉപ്പ ഞങ്ങളെ വിശ്വസിക്കില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം (അവരുടെ കള്ളത്തരത്തെ സത്യമാണെന്ന് ഒന്നുകൂടെ പിതാവിനെ ഉറപ്പിക്കാനാണ് ഇപ്രകാരം അവര്‍ പറയുന്നത്). ഉപ്പാക്ക് വിശ്വാസമാകുന്നതിനായി ഞങ്ങളിതാ അവന്റെ രക്തം കലര്‍ന്ന കുപ്പായവും കൊണ്ടുവന്നിരിക്കുന്നു. എന്നിങ്ങനെ അവര്‍ വിശദീകരിച്ചു. 

യൂസുഫിന്റെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. അവര്‍ യൂസുഫിന് ഒന്നും സംഭവിക്കാത്ത രൂപത്തിലാണ് ആ കിണറ്റില്‍ താഴ്ത്തിയത്. പിന്നെ എങ്ങനെയാണ് യൂസുഫിന്റെ കുപ്പായത്തില്‍ രക്തം വന്നത്? അവര്‍ ആട്ടിന്‍ കുട്ടിയെയോ മറ്റോ അറുത്ത് അതിന്റെ രക്തം യൂസുഫിന്റെ വസ്ത്രത്തില്‍ പുരട്ടിയതാകാം. അതാകാം ‘കള്ളച്ചോര’ എന്ന് ക്വുര്‍ആന്‍ അതിനെ വിശേഷിപ്പിക്കാന്‍ കാരണം. ഏതായിരുന്നാലും യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ പിതാവായ യഅ്ക്വൂബ്(അ)ന്റെ മുന്നില്‍ ഇപ്രകാരമെല്ലാം വിവരിച്ചു.

ഏത് കളവ് നടത്തുന്നവരും ഒരു തെളിവ് അവിടെ വിട്ടേച്ച് പോകും. യൂസുഫ്(അ)ന്റെ സഹോദരങ്ങളുടെ വാക്കുകളിലും അവരുടെ തെളിവ് സമര്‍പ്പണത്തിലുമെല്ലാം പന്തികേടുള്ളത് പിതാവ് യഅ്ക്വൂബ്(അ)ന് മനസ്സിലായി. ഒരു ചെന്നായ പിടിച്ചാല്‍ എന്തായിരുന്നാലും അതിന്റെ നഖവും പല്ലും കൊണ്ട് കുപ്പായത്തിന്റെ പലഭാഗത്തും ചെറിയ രൂപത്തിലെങ്കിലും കീറലുണ്ടാകുമല്ലോ. അതൊന്നും സംഭവിച്ചിട്ടില്ല താനും. അപ്പോള്‍ ഇവര്‍ എന്തോ കുതന്ത്രം യൂസുഫിന്റെ കാര്യത്തില്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. എന്താണെന്ന് മനസ്സിലാകുന്നുമില്ല. ഏതെങ്കിലും കാലത്ത് യൂസുഫിനെ കാണാം എന്ന ഒരു പ്രത്യാശ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം പറഞ്ഞു: ‘മക്കളേ, നിങ്ങള്‍ക്ക് എന്തൊക്കെയോ ചിലത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ നന്നായി ക്ഷമിക്കുക തന്നെ ചെയ്യും. (യൂസുഫിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ചില പ്രത്യാശകളുണ്ട്. ആദ്യത്തെ സ്വപ്‌ന വിവരമെല്ലാം പിതാവിനോട് യൂസുഫ്(അ) പങ്കുവെച്ചിരുന്നുവല്ലോ). അല്ലാഹുവില്‍ ഭരമേല്‍പിച്ച് അവനോട് ഞാന്‍ സദാസമയം സഹായം തേടുകയും ചെയ്യും.’ 

യൂസുഫ്(അ) എത്ര നാള്‍ ആ കിണറ്റില്‍ കഴിച്ചു കൂട്ടി എന്ന് ക്വുര്‍ആനിലോ സുന്നത്തിലോ അറിയിക്കാത്തതിനാല്‍ നമുക്ക് അതിനെ പറ്റി അറിയില്ല.

പ്രയാസപ്പെടുന്നവന്റെ പ്രാര്‍ഥന കേള്‍ക്കുന്നവനും പ്രയാസത്തെ തരണം ചെയ്യാന്‍ കഴിവുള്ളവനും ഏകനായ അല്ലാഹുവാണല്ലോ. യഅ്ക്വൂബ്(അ) അല്ലാഹുവിനോട് സഹായം തേടുന്നു. അവസാനം യൂസുഫിന് അല്ലാഹു രക്ഷ നല്‍കുന്നു. അത് അല്ലാഹു രൂപം വിവരിക്കുന്നത് കാണുക:

”ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവന്‍ തന്റെ തൊട്ടിയിറക്കി. അവന്‍ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലന്‍! അവര്‍ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക് -ഏതാനും വെള്ളിക്കാശിന്- വില്‍ക്കുകയും ചെയ്തു. അവര്‍ അവന്റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു” (ക്വുര്‍ആന്‍ 12:19,20).

അധികനാള്‍ യൂസുഫ് ആ കിണറ്റില്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ചെറിയ കുട്ടിയാണല്ലോ. വിശപ്പ്, ദാഹം, കിണറ്റില്‍ എറിയപ്പെട്ടതിന്റെയും രാത്രിയിലെ ഇരുട്ടിന്റെയുമെല്ലാം പേടിയും ഉണ്ടാകുമല്ലോ. ഒരു പ്രവാചകനാകുവാനുള്ള വ്യക്തി എന്ന നിലയ്ക്ക് പ്രത്യേകമായ എന്തെല്ലാം സഹായം ഏതെല്ലാം രൂപത്തില്‍ കിട്ടിക്കാണും എന്നൊന്നും നമുക്ക് അറിയില്ല. 

യുസുഫ്(അ) ആ കിണറ്റില്‍ കഴിയുന്ന വേളയില്‍ അതുവഴി ഒരു യാത്രാസംഘം വന്നു. ആ യാത്രാ സംഘത്തിലെ വെള്ളം ശേഖരിക്കുന്നതിന്റെ ചുമതലയുള്ളയാള്‍ വെള്ളം കോരുന്നതിനായി ആ കിണറിന്നടുത്തേക്ക് ചെന്നതിനാല്‍ യൂസുഫിനെ കണ്ടെത്തുകയായിരുന്നു. അവരുടെ ചരക്കുകളുടെ കൂട്ടത്തിലെ ഒന്നായി യൂസുഫിനെയും അവര്‍ കണ്ടു. യൂസുഫിനെ വില്‍ക്കുന്നതിനായി അവരുടെ ചരക്കുകള്‍ക്കിടയില്‍ അവര്‍ മറച്ചുവെച്ചു.(വീണു കിട്ടിയതോ, കൊള്ളയിലൂടെയോ, പിടിച്ചുപറിയിലൂടെയോ, മോഷണത്തിലൂടെയോ കിട്ടിയ വസ്തു എത്ര തുച്ഛ വിലയ്ക്കാണെങ്കിലും വേഗം വിറ്റു പണമാക്കലാണല്ലോ പതിവ്. മുതല്‍ മുടക്കില്ലാതെയാകുമ്പോള്‍ കിട്ടുന്നത് ലാഭം). യാത്രാസംഘം യൂസുഫിനെ തുച്ഛമായ വെള്ളി നാണയങ്ങള്‍ക്ക് വിറ്റ് ഒഴിവാക്കി. 

ഈജിപ്തില്‍ അടിമക്കച്ചവടം ശക്തമായിരുന്ന കാലമായിരുന്നു അത്. വില്‍പനയ്ക്കുള്ള ചരക്ക് ഉയര്‍ന്ന സ്ഥലത്ത് വെച്ച് അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് വര്‍ണിച്ച് വില ഏറ്റിപ്പറയും. ചന്തയില്‍ അടിമകളെ വില്‍ക്കുന്ന ഭാഗത്ത് ഇവര്‍ യൂസുഫിനെ വില്‍ക്കാനായി നിര്‍ത്തി. യൂസുഫ്(അ)ന്റെ കാര്യത്തില്‍ അല്ലാഹു തീരുമാനിച്ചിട്ടുള്ള വിധി നടപ്പിലാകാന്‍ ഇതെല്ലാം സംഭവിക്കണമല്ലോ. 

ഈജിപ്ത് ഭരിക്കുന്ന രാജകുടുംബത്തിലെ അസീസ് എന്ന് പറയുന്ന ഒരാളാണ് സുന്ദരനായ യൂസുഫ് എന്ന കുട്ടിയെ വാങ്ങുന്നത്. യൂസുഫ്(അ) ഇങ്ങനെയാണ് ഈജിപ്തില്‍ എത്തുന്നത്. കുട്ടിയെയുമായി അയാള്‍ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിലെ തന്റെ റാണിയോട് പറഞ്ഞു: 

”ഈജിപ്തില്‍ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആള്‍ തന്റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൗകര്യം നല്‍കുക. അവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൗകര്യമുണ്ടാക്കികൊടുത്തു. സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്. അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷേ, മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല”(ക്വുര്‍ആന്‍ 12:21).

സന്താനങ്ങളില്ലാത്ത ഒരാളായിരുന്നു അസീസ് എന്നാണ് ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. അങ്ങനെ അല്ലാഹുവിന്റെ കൃത്യമായ തീരുമാനപ്രകാരം യൂസുഫ്(അ) രാജകൊട്ടാരത്തില്‍ ജീവിതം തുടങ്ങുകയാണ്. കൊട്ടാരജീവിതം അദ്ദേഹത്തിന് സ്വപ്‌ന വ്യാഖ്യാനം പഠിക്കുന്നതിന് ഒരു കാരണവുമാക്കി അല്ലാഹു. അല്ലാഹുവിന്റെ ഓരോ നടപടിയുടെയും കലാശം എങ്ങനെയായിരിക്കും എന്ന് ഒരാള്‍ക്കും പറയുവാന്‍ സാധ്യമല്ലല്ലോ. 

”അങ്ങനെ അദ്ദേഹം പൂര്‍ണവളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നു” (ക്വുര്‍ആന്‍ 12:22).

അല്ലാഹു അദ്ദേഹത്തിന് പ്രവാചകത്വവും കാര്യങ്ങള്‍ ഗ്രഹിക്കുവാനും വിവേകത്തോടെ വിധിപറയുവാനുമുള്ള ശേഷിയും നല്‍കി.

അടിമക്കമ്പോളത്തില്‍ നിന്ന് അസീസ് യൂസുഫ്(അ)നെ വിലയ്ക്ക് വാങ്ങിയത് കുട്ടിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായിട്ടായിരുന്നു. യൂസുഫ് വളര്‍ന്ന് വലുതായി. യൗവനയുക്തനായ അദ്ദേഹം അസാമാന്യ സൗന്ദര്യത്താല്‍ തിളങ്ങി. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 01

യൂസുഫ് നബി (അ) - 01

യഅ്ക്വൂബ് നബി(അ)യുടെ 12 മക്കളില്‍ ഒരാളും പ്രവാചകനുമായ വ്യക്തിയാണ് യൂസുഫ് നബി(അ). ഇളയ മകന്‍ ബിന്‍യാമീന്‍ ആയിരുന്നു. ബിന്‍യാമീനിന്റെ തൊട്ടു മുകളിലുള്ള പുത്രനാണ് യൂസുഫ് നബി(അ). ബാക്കി പത്തു പേരും യൂസുഫ്(അ)ന് മുകളിലുള്ളവരാണ്.

യൂസുഫ് നബി(അ)യെ സംബന്ധിച്ച് നബി ﷺ വിവരിച്ചു തന്നത് ഹദീഥുകളില്‍ കാണാം.

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”മാന്യന്റെ പുത്രനായ, മാന്യന്റെ പുത്രനായ, മാന്യന്റെ പുത്രനായ മാന്യന്‍.” (അഥവാ) ഇബ്‌റാഹീമിന്റെ പുത്രന്‍ ഇസ്ഹാക്വിന്റെ പുത്രന്‍ യഅ്ക്വൂബിന്റെ പുത്രന്‍ യൂസുഫ്.

അദ്ദേഹത്തിന്റെ സൗന്ദര്യത്തെ പറ്റി നബി ﷺ നമുക്ക് അറിയിച്ചുതന്നത് ഇപ്രകാരമാണ്: ”സൗന്ദര്യത്തിന്റെ പകുതി അല്ലാഹു അദ്ദേഹത്തിന് നല്‍കി.” 

യുസുഫ്(അ)ന്റെ ചരിത്രം വിവരിക്കുവാന്‍ തുടങ്ങുമ്പോള്‍ അതിനെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് ഏറ്റവും നല്ല വിവരണം എന്നാണ്: 

”നിനക്ക് ഈ ക്വുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു” (ക്വുര്‍ആന്‍ 12:3).

ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ള മുഴവന്‍ ചരിത്രവും നല്ല വിവരണമാണെന്നതില്‍ നമുക്കാര്‍ക്കും സംശയമില്ല. ക്വുര്‍ആനിന്റെ ഏത് വിവരണവും തെല്ലും സംശയത്തിന് ഇടം നല്‍കാത്തതും കൃത്യവുമാണ്. ഓരോ പ്രവാചകനും നേരിടേണ്ടി വന്നിട്ടുള്ള പരീക്ഷണങ്ങള്‍ വ്യത്യസ്തമായിരുന്നുവല്ലോ. ആ ചരിത്രങ്ങളെല്ലാം അല്ലാഹു നമുക്ക് വിവരിച്ച് തരുമ്പോള്‍ ഏറ്റവും നല്ല വിവരണമാണ് നല്‍കിയിട്ടുള്ളതെന്ന് സാരം. യൂസുഫ് നബി(അ)ന് നേരിടേണ്ടി വന്നിട്ടുള്ള പരീക്ഷണങ്ങളെ സംബന്ധിച്ചുള്ള വിവരണങ്ങളില്‍ ഏറ്റവും സത്യസമ്പൂര്‍ണവും ഗുണപാഠങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നതുമായ അവസ്ഥയില്‍ വിവരിച്ചിട്ടുള്ളതും ക്വുര്‍ആന്‍ മാത്രമാണെന്നാണ് ഈ പറഞ്ഞതിന്റെ സാരം.

പല പ്രവാചകന്മാരുടെയും ചരി്രതം ക്വുര്‍ആന്‍ പല സ്ഥലത്തും വിവരിച്ചിട്ടുണ്ട്. എന്നാല്‍ യൂസുഫ് നബി(അ)ന്റെ ചരിത്രം സൂറഃ യൂസുഫില്‍ മാത്രമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഈ അധ്യായത്തിലാകട്ടെ, സവിസ്തരം അത് പ്രതിപാദിച്ചിട്ടുമുണ്ട്.

യൂസുഫ്(അ) കണ്ട ഒരു സ്വപ്‌ന വിവരണത്തിലൂടെയാണ് അദ്ദേഹത്തിന്റെ ചരിത്രം വിവരിക്കുന്നതിന് തുടക്കം കുറിക്കുന്നത്.

”യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു” (12:4).

മാതാപിതാക്കളും മക്കളും തമ്മിലുള്ള ഒരുമയും ഇണക്കവും സ്‌നേഹവും ബഹുമാനവും ഈ വചനം നമ്മോട് വിളിച്ച് പറയുന്നുണ്ട്. മാതാപിതാക്കളും മക്കളും എന്നത് ഭൂമിയിലെ ഏറ്റവും വലിയ ബന്ധമാണല്ലോ. ആ ബന്ധത്തോളം വരില്ല മറ്റൊന്നും. ആ ബന്ധം സുദൃഢമാകുന്നത് പരസ്പരം സ്‌നേഹവും ബഹുമാനവും നല്‍കുന്നതിലൂടെയും തിരിച്ചറിയുന്നതിലൂടെയുമാണ്. ഇതു പ്രകാരമുള്ള മാതാപിതാക്കളും മക്കളും ഏത് കാലത്തും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാകും. സന്തോഷവും സന്താപവും പരസ്പരം പങ്കുവെച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗം ആരായുകയും കണ്ടെത്തുകയും ചെയ്യും. ഞെരുക്കവും പ്രയാസവും മാതാപിതാക്കളോട് പങ്കുവെക്കുക വഴി അവരില്‍ നിന്ന് അവരാല്‍ കഴിയുന്ന സഹായം ലഭ്യമാകും. കാരണം, അവര്‍ എന്നും മക്കളുടെ ഗുണകാംക്ഷികളായിരിക്കും. കൂട്ടുകാരിലും നാട്ടുകാരിലുമൊക്കെ നമുക്ക് ഗുണം വരാതിരിക്കാന്‍ ആശിക്കുന്നവരുണ്ടായേക്കാം. പുറമെ ചിരിക്കുന്നവരും തോളില്‍ കൈയിടുന്നവരുമെല്ലാം ഒരുപോലെയാകില്ല. എന്നാല്‍ മാതാപിതാക്കള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തരാണ്. ആയതിനാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ മനസ്സ് തുറന്ന് അവതരിപ്പിക്കുവാനുള്ള ദുന്‍യാവിലെ ഒരു കേന്ദ്രമാണ് മാതാപിതാക്കള്‍. 

ഇവിടെ യൂസുഫ്(അ) പിതാവിനോട് താന്‍ കണ്ട ഒരു സ്വപ്‌നം പങ്കുവെക്കുകയാണ്; അതിന്റെ ഉദ്ദേശം എന്തെന്ന് അറിയുവാനായി. ‘പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് സാഷ്ടാംഗം ചെയ്യുന്നത് ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു.’ അന്നേരം പിതാവ് മകനോട് ഇപ്രകാരം നിര്‍ദേശിച്ചു:

”അദ്ദേഹം (പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്‌നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു” (ക്വുര്‍ആന്‍ 12:5).

പിതാവ് യഅ്ക്വൂബ്(അ) പ്രവാചകനാണല്ലോ. അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്താല്‍ സംസാരിക്കുന്നവരാണ് നബിമാര്‍. യുസുഫി(അ)ന്റെ സ്വപ്‌ന വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹത്തിന് അതില്‍ ഒരു സന്തോഷ സൂചനയെണ്ടെന്ന് മനസ്സിലായി. അതിനാല്‍ ഈ സ്വപ്‌നം നീ ആരുമായും പങ്കുവെക്കരുതെന്നും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണെന്നും യൂസുഫ്(അ)നെ പിതാവ് ഓര്‍മപ്പെടുത്തി.

സഹോദരങ്ങളോട് നീ കണ്ട സ്വപ്‌നം പറയരുതെന്ന് പിതാവ് യൂസുഫിനോട് നിര്‍ദേശിക്കുവാനുള്ള കാരണം അവര്‍ മോശക്കാരായതിനാലൊന്നുമല്ല. പിശാചുണ്ടല്ലോ എല്ലാവരുടെയും കൂടെ വഴിപിഴപ്പിക്കുന്നതിനായി. അവന്‍ പരസ്പരം അസൂയയുടെ വിത്തിടും. അത് ആരില്‍ മുളച്ച് പൊന്തിയോ അസൂയയെന്ന മാരക രോഗത്താലായിരിക്കും പിന്നീടുള്ള അവന്റെ നീക്കങ്ങള്‍. അസൂയ ഒന്നും ചെയ്യുന്നതിന് തടസ്സമാകില്ല. എത്ര വലിയ നെറികേടിലേക്കും അത് എത്തിക്കുമെന്നതാണ് ചരിത്രം നമുക്ക് നല്‍കുന്ന പാഠം. ആദം നബി(അ)യുടെ മക്കളുടെ ചരിത്രം തന്നെ അതിന് വ്യക്തമായ ഉദാഹരണമാണ്. അതിനാല്‍ അസൂയാലുവിന്റെ കെടുതിയില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുവാന്‍ മുസ്‌ലിമിനോട് അല്ലാഹു അറിയിച്ചിട്ടുമുണ്ട്. ഒരേ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന്, ഒരേ ചോറ്റു പാത്രത്തില്‍ നിന്ന് കഴിച്ച് വളര്‍ന്ന സഹോദരങ്ങളില്‍ വരെ അസൂയ പടരും എന്നതും അത് കാരണമായി വലിയ അക്രമം തന്നെ ഉണ്ടായേക്കാമെന്നും നാം അറിയണം. 

അസൂയ ആരിലും വരാവുന്ന രോഗമാണ്. അല്ലാഹു നമുക്ക് നല്‍കുന്ന അനുഗ്രഹങ്ങള്‍ എല്ലാം എല്ലാവരോടും പങ്കുവെക്കാന്‍ പറ്റില്ല. ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം:

‘ചില ആവശ്യങ്ങളില്‍ വിജയിക്കുന്നതിനായി (അത് മറ്റുള്ളവരില്‍ നിന്ന്) മറച്ചുവെച്ച് സഹായം ചോദിക്കുവിന്‍. തീര്‍ച്ചയായും അനുഗ്രഹമുള്ളതായ എല്ലാവര്‍ക്കും അസൂയപ്പെടുന്നവരുമുണ്ട്.’ അതുപോലെ പ്രഭാത-പ്രദോഷ പ്രാര്‍ഥനകളിലൂടെയും ഉറങ്ങുവാന്‍ കിടക്കുന്ന വേളയിലും എല്ലാം പിശാചില്‍ നിന്ന് അഭയം ചോദിക്കുവാന്‍ നാം മറക്കാതിരിക്കുക.

അനുഗ്രഹം പങ്കുവെക്കുമ്പോള്‍ കേള്‍ക്കുന്നവരില്‍ അസൂയപ്പെടുന്നവരും ഉണ്ടാകാം. അതിനാല്‍ എല്ലാം മറ്റുള്ളവരുമായി തുറന്ന് പങ്കുവെക്കുന്നതും ശ്രദ്ധിക്കണമെന്നതാണ് നാം മനസ്സിലാക്കേണ്ടത്. പിശാചിന്റെ കുതന്ത്രങ്ങളെ പറ്റി നാം സദാ ബോധവാന്മാരായിരിക്കണം. 

യൂസുഫ്(അ)നോട് പിതാവ് സ്വപ്‌ന വിവരം സഹോദരങ്ങളോട് പങ്കുവെക്കരുതെന്ന് പറഞ്ഞതിന് ശേഷം ഇപ്രകാരം പറയുകയുണ്ടായി:

”അപ്രകാരം നിന്റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും സ്വപ്‌ന വാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചുതരികയും നിന്റെമേലും യഅ്ക്വൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്. മുമ്പ് നിന്റെ രണ്ട് പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്ഹാക്വിന്റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് സര്‍വജ്ഞനും യുക്തിമാനുമാകുന്നു” (12:6).

യുസുഫ്(അ)ന്റെ ജീവതത്തിലെ പല പരീക്ഷണങ്ങളിലേക്കും പ്രവേശിക്കുന്നതിന് മുന്നോടിയായി അല്ലാഹു നമ്മെ അറിയിക്കുന്ന കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.

”തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്” (12:7).

യൂസുഫ്(അ)ന്റെ സഹോദരങ്ങളുടെ മനസ്സില്‍, ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ലാത്ത ചില ചിന്തകള്‍ കടന്നുവന്നു. അത് കാരണണം അവര്‍ യൂസുഫിനെതില്‍ ചില തന്ത്രങ്ങള്‍ പ്രയോഗിക്കുവാന്‍ ശ്രമം നടത്തി നോക്കി. അവര്‍ക്ക് അതില്‍ വിജയം കണ്ടുവെന്ന് തല്‍ക്കാലം തോന്നിയെങ്കിലും വലിയ പരാജയമാണ് അത് അവരില്‍ ഉണ്ടാക്കിയത്.

യൂസുഫ്(അ)നെതിരില്‍ അരുതാത്ത ചിന്ത വരുവാനുണ്ടായ കാരണം എന്തായിരുന്നുവെന്നത് അവരുടെ വാക്കുകളില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം.

”യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു (പ്രബലമായ) സംഘമാണ് താനും. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്. നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ)” (12:8,9).

ഉപ്പാക്ക് ആദ്യം ഉണ്ടായ നമ്മളെ അത്ര ഇഷ്ടമല്ല; ഇളയ മക്കളോടാണ് പിരിശം. അവരോടാണ് സ്‌നേഹം. കരുത്തരായ, ഉപ്പാക്ക് എല്ലാവിധ സഹായം ചെയ്യുന്നതിനും കരുത്തരായ നമ്മളെ വേണം. എന്നാലോ, യൂസുഫിനെയും ബിന്‍യാമീനെയുമാണ് നമ്മളെക്കാള്‍ ഏറെ പ്രിയവും. മാത്രവുമല്ല, അവര്‍ അവരുടെ പിതാവിനെ കുറിച്ച് ഇപ്രകാരം കൂടി പറഞ്ഞു: ‘തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്.’ 

ഉപ്പ നമുക്കിടയില്‍ ഉച്ഛനീചത്തവും അനീതിയും കാണിക്കുന്നുവെന്ന ചിന്ത അവരുടെ മനസ്സില്‍ പിശാച് ഇട്ടു കൊടുത്തു. ഉപ്പ ഇവരുടെ ജനനത്തിന് മുമ്പ് നമുക്ക് നല്‍കിയ സ്‌നേഹവും ലാളനയും തിരികെ ലഭിക്കണമെങ്കില്‍ നമുക്ക് മുന്നില്‍ ഒരു പോംവഴിയേ കാണുന്നുള്ളൂ. ചെറിയ പുത്രന്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കല്‍ എവിടെയെങ്കിലും കൊണ്ടു പോയി തള്ളുക. ഉപ്പാക്ക് മക്കളായി നാം മാത്രമാകുമ്പോള്‍ ഉപ്പാന്റെ സ്‌നേഹവും പരിഗണനയും നമുക്ക് ഉണ്ടാകും എന്നെല്ലാം അവര്‍ ഗൂഢാലോചന ചെയ്തു.

യഅ്ക്വൂബ്(അ) മക്കള്‍ക്കിടയില്‍ പക്ഷപാതിത്തമോ അനീതിയോ കാണിച്ചിട്ടില്ല. ഒരു പ്രാവാചകന്‍ കൂടിയായ അദ്ദേഹം ഒരിക്കലും അപ്രകാരം ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കുവാനും പാടില്ല. പിന്നെ വലിയ മക്കളില്‍ എങ്ങനെ ഈ ചിന്ത കടന്നുവന്നു?  ഇന്നും മുതിര്‍ന്ന മക്കളില്‍ ചെറിയ മക്കളാല്‍ പിതാവിനെ കുറിച്ച് ഇത്തരം ചിന്തകള്‍ ഉണ്ടാകാറുണ്ട്. മുതിര്‍ന്ന മക്കള്‍ മാതാപിതാക്കളോട് പല സന്ദര്‍ഭത്തിലും ഇതൊരു പരാതിയായി അവതരിപ്പിക്കുകയും ചെയ്യുന്നത് നാം കേള്‍ക്കാറുണ്ടല്ലോ. വാസ്തവത്തില്‍ ഉപ്പാക്കും ഉമ്മാക്കും അങ്ങനെ ഒരു വേര്‍തിരിവ് ഉണ്ടാകുമോ? ഉണ്ടാകാന്‍ പാടില്ലല്ലോ. നാം ഒന്ന് ചിന്തിച്ചു നോക്കൂ… നാം ചെറുതായിരുന്നപ്പോഴും മാതാപിതാക്കളുടെ കഴിവിനും ആരോഗ്യത്തിനും അനുസരിച്ച് ഒത്തിരി നമ്മെ ലാളിക്കുകയും കളിപ്പിക്കുയും സ്‌നേഹിച്ചവരുമാണ്. പ്രത്യേകിച്ച് മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആദ്യ കുട്ടി. ആദ്യ കുട്ടിയെ നിലത്ത് വെക്കാതെ കൊഞ്ചിച്ചും തോളിലേറ്റിയും സ്‌നേഹിച്ച് വളര്‍ത്തും. ആ സ്‌നേഹം പിന്നീടുള്ളവര്‍ക്ക് കിട്ടുമോ? എന്നാല്‍ മാതാപിതാക്കള്‍ മക്കള്‍ക്കിടയില്‍ പക്ഷപാതിത്തം കാണിക്കുന്നുവെന്ന ആദ്യ പരാതിയുടെ വെടി പൊട്ടിക്കല്‍ ആദ്യത്തെ സന്താനവുമാകും! ഇത് പിശാച് കുടുംബത്തില്‍ കലഹം സൃഷ്ടിക്കുന്നതിനായി ഉണ്ടാക്കുന്ന അസൂയ എന്ന രോഗമാണ്. 

മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്‌നേഹത്തിന്റെ ആഴം അറിയാന്‍ താഴെയുള്ള ചെറു വിവരണം വായിക്കുക:

ഒരു സ്ത്രീ ചോദിക്കപ്പെട്ടു: ‘മക്കളില്‍ നിനക്ക് ഏറ്റവും പ്രിയം ആരോടാണ്?’ അവള്‍ പറഞ്ഞു: ‘രോഗി(യായ കുട്ടിയെ) അവന്‍ സുഖം പ്രാപിക്കുന്നത് വരെയും യാത്ര പോയ(കുട്ടിയെ)വനെ അവന്‍ തിരിച്ചുവരുന്നത് വരെയും ചെറിയ കുട്ടിയെ അവന്‍ വലുതാകുന്നത് വരെയും.’ 

അഥവാ മാതാപിതാക്കള്‍ക്ക് എത്ര മക്കളുണ്ടെങ്കിലും ശരി, അവരില്‍ ആര്‍ക്കാണോ അസുഖം പിടിപെട്ടത്; അവന്റെ രോഗം സുഖമാകുന്നത് വരെ അവനോടായിരിക്കും മാതാപിതാക്കള്‍ക്ക് സ്‌നേഹവും ശ്രദ്ധയും. മക്കളില്‍ ആരെങ്കിലും സ്ഥലത്തില്ല; എവിടെയോ പോയതാണെന്ന് സങ്കല്‍പിക്കുക. ആ കുട്ടി തിരികെ വരുന്നത് വരെ മാതാപിതാക്കളുടെ ചെവിയില്‍ ആ കുട്ടി വന്ന് വിളിക്കുന്ന ശബ്ദം തിരയടിക്കുകയാകും. ചെറിയ കുട്ടി വലുതാകുന്നത് വരെ അവനിലായിരിക്കും ശ്രദ്ധ. കാരണം, ആ പ്രായത്തില്‍ അവന് ലാളനയും ലഭിക്കല്‍ അനിവാര്യമാണ്. 

(തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യഅ്ക്വൂബ് നബി (അ)

യഅ്ക്വൂബ് നബി (അ)

ഇബ്‌റാഹീം നബി(അ)യുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാക്വ്(അ)ന്റെ പുത്രനാണ് യഅ്ക്വൂബ്(അ). വന്ധ്യയായ സാറ്യക്ക് ഇസ്ഹാക്വ് പിറക്കുമെന്നും ഇസ്ഹാക്വിന്റെ പിന്‍ഗാമിയായി യഅ്ക്വൂബ് പിറക്കുമെന്നും ഇബ്‌റാഹീം നബി(അ)ക്ക് മലക്കുകള്‍ സന്തോഷ വാര്‍ത്ത നല്‍കിയിരുന്നു.

”അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബി(അ)യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാക്വിനെപ്പറ്റിയും ഇസ്ഹാക്വിന്റെ പിന്നാലെ യഅ്ക്വൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു” (ക്വുര്‍ആന്‍ 11:71).

യഅ്ക്വൂബ് നബി(അ) ജീവിച്ചിരുന്നത് ഫലസ്ത്വീനിലായിരുന്നു. ഇസ്‌റാഈല്‍ എന്ന മറ്റൊരു നാമം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് ക്വുര്‍ആന്‍ മുഖേന സ്ഥിരപ്പെട്ടതാണ്. 

യഅ്ക്വൂബ് നബി(അ)ക്ക് പന്ത്രണ്ട് സന്താനങ്ങളാണ് ഉണ്ടായിരുന്നത്. ഈ പന്ത്രണ്ട് പേരും പിന്നീട് വന്ന സന്താന പരമ്പരകളും അടക്കം ഉള്ള സമൂഹത്തെയാണ്  ‘ഇസ്‌റാഈല്‍ സന്തതികള്‍’ എന്ന് വിളിക്കുന്നത്. 

ക്വുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ ‘ബനീ ഇസ്‌റാഈല്‍’ (ഇസ്‌റാഈല്‍ സന്തതികള്‍) എന്ന് പ്രയോഗിക്കപ്പെട്ടതായി കാണാം. സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്ന ഈ ജനവിഭാഗത്തില്‍ ധാരാളം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിരുന്നു. 

യഅ്ക്വൂബ്(അ)ന്റെ പ്രബോധന ചരിത്രത്തെയോ പ്രബോധിത സമൂഹങ്ങളുടെ സ്വഭാവത്തെയോ ക്വുര്‍ആന്‍ വിവരിച്ച് കാണുന്നില്ല. കുറെ കാലം ജീവിച്ച, ധാരാളം പ്രവാചകന്മാരുടെ പ്രപിതാവായ യഅ്ക്വൂബ്(അ) തന്റെ കുടുംബത്തിലും സമൂഹത്തിലും തൗഹീദ് ഭദ്രമാക്കുന്നതില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് നമുക്ക് വ്യക്താമാക്കിത്തരുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ കാണാവുന്നതാണ്.

കുടുംബത്തെ തൗഹീദിന്റെ മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ അദ്ദേഹം എത്രമാത്രം ശ്രദ്ധ ചെലുത്തിയിരുന്നു എന്നത് അദ്ദേഹത്തിന്റെ വഫാത്തിന്റെ സമയത്ത് മക്കള്‍ക്ക് നല്‍കിയ ഉപദേശനമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.

”ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്‌പെടുന്നവരായി(മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)” (ക്വുര്‍ആന്‍ 2:132).

”എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക എന്ന് യഅ്ക്വൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ?   അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാക്വിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും” (ക്വുര്‍ആന്‍ 2:133).

യഅ്ക്വൂബ്(അ) മക്കളോട് അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിച്ച് ജീവിക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്. ജീവിതം ഇസ്‌ലാമികമായാലാണല്ലോ മരണവും ഇസ്‌ലാമികമാവുക. മുസ്‌ലിമായി മരിക്കുവാന്‍ മക്കളെ അദ്ദേഹം പ്രത്യേകം അനുശാസിക്കുന്നത് ശ്രദ്ധിക്കുക.

ശുദ്ധമായ തൗഹീദിന്റെ മാര്‍ഗത്തില്‍ ജീവിതം നയിക്കുന്നവര്‍ക്കേ തങ്ങളുടെ മരണവേളയിലും മക്കള്‍ക്ക് പരലോകത്തിന്റെ കാര്യത്തില്‍ വസ്വിയ്യത്ത് നല്‍കാന്‍ സാധിക്കുകയുള്ളൂ. ‘എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക’ എന്ന ചോദ്യം അതാണ് നമ്മെ അറിയിക്കുന്നത്. അതിന് മക്കള്‍ നല്‍കിയ മറുപടിയാകട്ടെ ആ പിതാവിന്റെ മനം കുളിര്‍ക്കുന്നതും! 

യഅ്ക്വൂബ്(അ)ന്റെ മക്കള്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരൊന്നും അല്ലായിരുന്നു. എന്നിരുന്നാലും മനസ്സിന് സമാധാനവും ഉറപ്പും ലഭിക്കുന്നതിനും മക്കളുടെ മുന്നോട്ടുള്ള ജീവിതം ഇതുവരെ പുലര്‍ത്തിപ്പോന്ന ആദര്‍ശത്തില്‍ തന്നെയായിരിക്കാനുള്ള ഓര്‍മപ്പെടുത്തലുമാണ് യഅ്ക്വൂബ് നബി(അ)യുടെ വാക്കുകളില്‍ നിഴലിക്കുന്നത്. 

യഅ്ക്വൂബ്(അ)ന്റെ ചരിത്രത്തിലെ പല ഭാഗങ്ങളും പുത്രന്‍ യൂസുഫ്(അ)ന്റെ ചരിത്ര വിവരണത്തില്‍ വരുന്നതിനാല്‍ ബാക്കി കാര്യങ്ങള്‍ അതില്‍ വിവരിക്കാം. (ഇന്‍ശാ അല്ലാഹ്).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

അയ്യൂബ് നബി (അ)

അയ്യൂബ് നബി (അ)

ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായി അറിയപ്പെടുന്ന മഹാനായ പ്രവാചകനാണ് അയ്യൂബ്(അ). ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയിലാണ് അയ്യൂബ്(അ) വരുന്നത്. ഇബ്‌റാഹീം നബി(അ)യുടെ മകന്‍ ഇസ്ഹാക്വ്(അ)യുടെ മകന്‍ ഈസ്വ് എന്ന ആളുടെ മകനായാണ് അയ്യൂബ്(അ) ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയിലാണ് അയ്യൂബ്(അ) വരുന്നതെന്നതിന് താഴെ വരുന്ന സൂക്തം തെളിവാകുന്നു:

”അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി). അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു” (ക്വുര്‍ആന്‍ 6:84).

അയ്യൂബ് നബി(അ)യുടെ പേര് വിശുദ്ധ ക്വുര്‍ആനില്‍ നാല് സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നത് നമുക്ക് കാണാം. അയ്യൂബ്(അ) ഏത് ജനതയിലായിരുന്നുവെന്നോ, അദ്ദേഹം നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളെ പറ്റിയോ വിശുദ്ധ ക്വുര്‍ആനിലോ സ്വഹീഹായ നബി വചനങ്ങളിലോ വന്നതായി കാണുന്നില്ല.

അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതത്തില്‍ അനുഭവിക്കുന്ന വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളില്‍ എങ്ങനെ സഹനം കൈകൊള്ളണം എന്നതിനുള്ള മഹനീയ ഉദാഹരണമാണ് അയ്യൂബ്(അ)ന്റെ ചരിത്രത്തിലുള്ളത്.

കാലി സമ്പത്തടക്കമുള്ള വ്യത്യസ്ത രീതിയിലുള്ള വലിയ സമ്പത്തിന്റെ ഉടമയായിരുന്നു അയ്യൂബ്(അ). ആരോഗ്യവും സൗന്ദര്യവുമുള്ള ധാരാളം മക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു; ധാരാളം ബന്ധുക്കളും കുടുംബങ്ങളും ഉണ്ടായിരുന്നു.

അല്ലാഹു ഏറ്റവും കൂടുതല്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവരെ നന്നായി പരീക്ഷിക്കും. അയ്യൂബ് നബി(അ)യെ അല്ലാഹു നന്നായി പരീക്ഷിച്ചു. സമ്പത്ത് പതിയെ പതിയെ ഇല്ലാതെയായി. അങ്ങനെ സാമ്പത്തിക മേഖലയില്‍ കടുത്ത പരീക്ഷണത്തിന് അല്ലാഹു അദ്ദേഹത്തെ വിധേയനാക്കി. തുടര്‍ന്ന് പരമ ദരിദ്രനായി അദ്ദേഹം മാറി.

ചുറുചുറുക്കുള്ള, ആരോഗ്യമുള്ള മക്കള്‍ ഓരോന്നായി മരണപ്പെട്ട് പോയി. അങ്ങനെ മക്കളുടെയും വേണ്ടപ്പെട്ടവരുടെയും മരണം മുഖേനയും അയ്യൂബ്(അ) പരീക്ഷിക്കപ്പെട്ടു. അതിലും അവസാനിച്ചില്ല. ആരോഗ്യമുള്ള അയ്യൂബ്(അ) തന്നെ രോഗങ്ങളുടെ പിടിയിലായി. കഠിനമായ രോഗം മുഖേനയും ദാരിദ്ര്യം മുഖേനയും വേണ്ടപ്പെട്ടവരുടെ മരണം മുഖേനയും അല്ലാഹുവിന്റെ കടുത്ത പരീക്ഷണത്തിന് വിധേയനായപ്പോഴും അല്ലാഹുവിനോട് അവിടുന്ന് ഒരു പരാതിയും ബോധിപ്പിച്ചില്ലെന്ന അതിശ്രേഷ്ഠമായ സ്വഭാവ ഗുണത്തെയാണ് ക്വുര്‍ആന്‍ മനുഷ്യരുടെ മുന്നില്‍ അനാവരണം ചെയ്യുന്നത്.

പരീക്ഷണം മനുഷ്യന്റെ കൂടെപിറപ്പാണല്ലോ. ഒരാളും പരീക്ഷണങ്ങളില്‍ നിന്ന് മുക്തരാവില്ല. എല്ലാവരെയും വിവിധങ്ങളായ രീതിയില്‍ പരീക്ഷിച്ചു കൊണ്ടേയിരിക്കുമെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ യഥാര്‍ഥ അടിമ എന്ത് സമീപനമാണ് ആ പരീക്ഷണങ്ങളോട് സ്വീകരിക്കേണ്ടതെന്നെല്ലാം ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്:

”കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെഅധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 2:155-157).

ആയത്തില്‍ പറഞ്ഞ പ്രകാരം എല്ലാ വിധത്തിലുള്ള പരീക്ഷത്തിനും അദ്ദേഹം വിധേയനായപ്പോഴും അദ്ദേഹം അല്ലാഹുവിനോട് നിരാശ ബോധിപ്പിച്ചില്ല. മറിച്ച് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച്, ക്ഷമിച്ചും പ്രാര്‍ഥിച്ചും മുന്നോട്ടു പോയി. ക്വുര്‍ആന്‍ ആ കാര്യം പറയുന്നത് നോക്കൂ:

”അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്” (ക്വുര്‍ആന്‍ 21:83,84).

”നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം…” (ക്വുര്‍ആന്‍ 38:414-4).

പരീക്ഷണങ്ങളുടെ ചങ്ങലകള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ വരിഞ്ഞു മുറുക്കിയിട്ടും അദ്ദേഹത്തെ പതര്‍ച്ചയോ നിരാശയോ പിടികൂടിയില്ല; അല്ലാഹുവിനോട് പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്തത്. പരീക്ഷണങ്ങളില്‍ അക്ഷമരായി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അയ്യൂബ് നബി(അ)യുടെ ജീവിതം വലിയ പാഠമാണ്.

കുറെ കാലം പരീക്ഷിക്കപ്പെട്ട അയ്യൂബ്(അ) അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചതിന്റെ ഫലമായി അല്ലാഹു ഉത്തരം ചെയ്തു. അദ്ദേഹത്തെ ബാധിച്ച പ്രയാസം അല്ലാഹു നീക്കി. പകരം ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു.

അയ്യൂബ്(അ)ന് ബാധിച്ച രോഗത്തെ സംബന്ധിച്ച് പലരും പലതും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയുവാന്‍ പാടില്ലാത്തത് വരെ അതിലുണ്ടെന്നതും ഗൗരവത്തില്‍ നാം അറിയേണ്ടതുണ്ട്.

അയ്യൂബ്(അ)ന്റെ ശരീരത്തില്‍ മുറിവ് വന്ന് പഴുത്ത് അതിലൂടെ പുഴുക്കള്‍ അരിച്ചിറങ്ങി. അല്ലാഹുവിനെ സ്മരിക്കുന്ന നാവിനും ഹൃദയത്തിനും മസ്തിഷ്‌കത്തിനും ഒഴികെ മാരകമായ രോഗം പിടിപെട്ട് അടുപ്പമുള്ളവരെല്ലാം അദ്ദേഹത്തില്‍ നിന്നും ഒഴിഞ്ഞു മാറി എന്നെല്ലാം വിവരിച്ചവരുണ്ട്. ശരീരത്തിലെ മുറിവിലൂടെ പുറത്തേക്ക് പുഴുക്കള്‍ ചാടിയെന്നും, അവയെ അവിടുന്ന് എടുത്ത് ആ മുറിവിലേക്ക് തന്നെ വെച്ചുവെന്നും നിറം പിടിപ്പിച്ച കഥകള്‍ പറഞ്ഞവരുണ്ട്. മുറിവ് ബാധിച്ച് ശരീരം ചീഞ്ഞളിഞ്ഞ്, പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വന്നതിനാല്‍, ആ മണം സഹിക്കാന്‍ സാധിക്കാത്തതിനാല്‍ ആളുകള്‍ അദ്ദേഹത്തെ മാലിന്യ കൂമ്പാരമുള്ള സ്ഥലത്ത് കൊണ്ടു പോയി ഇട്ടുവെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. എല്ലുകളും ഞരമ്പുകളും ഒഴികെ മാംസമെല്ലാം കൊഴിഞ്ഞു വീണു എന്ന് വരെ പറഞ്ഞവരും ഉണ്ട്!

ഇതെല്ലാം അടിസ്ഥാന രഹിതങ്ങളായ വ്യാഖ്യാനങ്ങളാണ്. പ്രാമാണികമായി തെളിയിക്കപ്പെടാത്ത ജല്‍പനങ്ങളാണ്. ജനങ്ങള്‍ തന്നില്‍ നിന്ന് അകലാന്‍ കാരണമാകുന്ന ദുര്‍ഗന്ധം വമിക്കുന്ന അസുഖം ഒരു പ്രവാചകന് അല്ലാഹു നല്‍കില്ല.

അദ്ദേഹത്തിന് അല്ലാഹു നല്‍കിയ രോഗം കഠിനമായിരുന്നുവെന്നും കുറെ കാലം അത് നിലനിന്നിരുന്നുവെന്നതും സത്യമാണ്. എന്നാല്‍ ഇസ്‌റാഈലീ കഥകളിലെല്ലാം കാണുന്നത് പോലെയുള്ള ഇത്തരം അതിരുവിട്ട, പ്രമാണത്തിന്റെ പിന്‍ബലമില്ലാത്ത വ്യാജ കഥകളുടെ പുറകെ പോകാന്‍ നാം കല്‍പിക്കപ്പെട്ടിട്ടില്ല. ക്വുര്‍ആനിനും സുന്നത്തിനും എതിരായിട്ടുള്ള വ്യാഖ്യാനങ്ങള്‍ എവിടെ കണ്ടാലും സ്വീകരിക്കുവാന്‍ നമുക്ക് യാതൊരു ന്യായവും കാണുന്നില്ല.

ഈ വിഷയത്തില്‍ ഏറ്റവും നല്ല ഒരു അഭിപ്രായം പറഞ്ഞിട്ടുള്ള മഹാനായ പണ്ഡിതനാണ് ക്വാദ്വീ അബൂബക്ര്‍(റഹി). അദ്ദേഹം പറയുന്നു:

”അയ്യൂബ്(അ)ന്റെ കാര്യത്തില്‍ അല്ലാഹു അവന്റെ കിതാബിലെ രണ്ട് ആയത്തുകൡലൂടെ നമ്മെ അറിയിച്ചതല്ലാതെ (മറ്റൊന്നും) ശരിയായി വന്നിട്ടില്ല. (മുകളില്‍ നാം പറഞ്ഞിട്ടുള്ള ആ രണ്ട് വചനങ്ങളാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്). തുടര്‍ന്ന് അദ്ദേഹം പറയുന്നു: ഇതാകുന്നു അയ്യൂബ്(അ)നെ തൊട്ട് വന്നിട്ടുള്ളതില്‍ സ്വീകാര്യമായിട്ടുള്ളത്. ‘അയ്യൂബ്(അ) കുളിച്ചുകൊണ്ടിരിക്കവെ വെട്ടുകിളികളില്‍ ഒരു കൂട്ടം കുറെ സ്വര്‍ണം കൊണ്ടു വന്ന് ഇട്ടപ്പോള്‍ അദ്ദേഹം അത് ശേഖരിക്കുവാന്‍ ഒരുങ്ങി. അല്ലാഹു ചോദിച്ചു: അയ്യൂബേ, നിനക്ക് നാം കുറെ സമ്പത്ത് തന്നിട്ടില്ലയോ. അദ്ദേഹം പറഞ്ഞു: അതെ, എന്നാലും ഹലാലായ മാര്‍ഗത്തിലൂടെ നീ എനിക്ക് നല്‍കിയപ്പോള്‍ ആ അനുഗ്രഹം നേടാനാണ് ഞാന്‍ കൊതിച്ചത്’ എന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തതൊഴികെ വേറെ ഒരു അക്ഷരവും അയ്യൂബ്(അ)നെ സംബന്ധിച്ച് നബി(സ്വ)യില്‍ നിന്നും സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. ക്വുര്‍ആനിലും സുന്നത്തിലും പറഞ്ഞതൊഴികെ യാതൊന്നും സ്വഹീഹായി അയ്യൂബ്(അ)യെ സംബന്ധിച്ച് വന്നിട്ടില്ല…”

മുന്‍ വേദഗ്രന്ഥങ്ങളില്‍ വന്നത് ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്ന വിധത്തിലാണെങ്കില്‍ നമുക്ക് അത് ശരിയാണെന്ന് അംഗീകരിക്കാം. മുന്‍ വേദഗ്രന്ഥങ്ങളില്‍ വന്നത് ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കാത്ത വിധത്തിലാണെങ്കില്‍ നമുക്ക് അത് അംഗീകരിക്കാവതല്ല. മുന്‍ വേദഗ്രന്ഥങ്ങളില്‍ വന്നത് ക്വുര്‍ആനിലും സുന്നത്തിലും വരാത്തതും എന്നാല്‍ അത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും പരാമര്‍ശങ്ങളോട് എതിരാകാതിരിക്കുകയും ചെയ്താല്‍ അത് കൊള്ളാനും തള്ളാനും മുതിരാതിരിക്കുകയാണ് വേണ്ടത്.

അയ്യൂബ്(അ)നെ കുറിച്ച് വന്ന മുന്‍ പരാമര്‍ശങ്ങള്‍ ഒരു പ്രവാചകന് യോജിക്കാത്തതാണ്.  രോഗം പിടിപെടുകയെന്നത് സ്വാഭാവികമാണ്. അത് മൂര്‍ച്ഛിച്ചത് കാരണത്താല്‍ എല്ലാവരും ഒഴിവാക്കി ഒരു കുപ്പതൊട്ടിയില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയെന്നെല്ലാം പറയുന്നത് ഒരു പ്രവാചകന് യോജിച്ചതല്ല.

മാരകമായ രോഗത്താലുള്ള അല്ലാഹുവിന്റെ പരീക്ഷണത്തില്‍ വിജയിക്കാന്‍ കഴിയുന്നവന്‍ മഹാ ഭാഗ്യവാനാണ്. പലപ്പോഴും മാരകമായ ഒരു രോഗം ഒരാള്‍ക്ക് പിടിപെട്ടു എന്ന വാര്‍ത്ത പെട്ടെന്ന് കേള്‍ക്കുമ്പോള്‍ സന്ദര്‍ശകരുടെയും ആശ്വസിപ്പിക്കുന്നവരുടെയും ശുശ്രൂഷിക്കുന്നവരുടെയും എണ്ണം ആദ്യ നാളുകളില്‍ ധാരാളമുണ്ടാകും. പതുക്കെ പതുക്കെ അത് കുറഞ്ഞു വരും. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും വരവിനും പോക്കിനും എല്ലാം ഒരു അയവ് വരും. വല്ലപ്പോഴും വന്നെങ്കിലായി. പിന്നീട് കുടുംബക്കാരും ഏറ്റവും അടുത്ത അയല്‍വാസികളും വീട്ടുകാരും മാത്രമായി. പിന്നെ അതും കുറയും. അവസാനം ഇണയോ മക്കളോ മാതാപിതാക്കളോ മാത്രമാകും. ചിലപ്പോള്‍ അവരില്‍നിന്നും മുഷിപ്പിന്റെയും വെറുപ്പിന്റെയും നിവൃത്തികേടിന്റെയും സംസാരം കേള്‍ക്കാനിടയാകും. അതോടെ രോഗിക്ക് ജീവതത്തോട് മടുപ്പ് തോന്നും. ഇതൊക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.

നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്ന ഒരു പ്രാര്‍ഥന കാണുക: ”അല്ലാഹുവേ, ആയുസ്സിന്റെ അങ്ങേ അറ്റത്തിലേക്ക് ഞാന്‍ തള്ളപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നോട് കാവല്‍ തേടുന്നു.”

അയ്യൂബ് നബി(അ)യുട ക്ഷമയെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക: ”തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു” (ക്വുര്‍ആന്‍ 38:44).

അദ്ദേഹം ക്ഷമ കൈക്കൊള്ളുക മാത്രമല്ല ചെയ്തത്; രോഗത്താലുള്ള കടുത്ത പരീക്ഷണത്തില്‍ അല്ലാഹുവിന് ഇഷ്ടപ്പെടാത്ത വല്ലതും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടാകുമോ എന്നോര്‍ത്ത് അല്ലാഹുവിലേക്ക് നിരന്തരം ഖേദിച്ചു മടങ്ങുകയും ചെയ്തു!

ബൈബിളില്‍ അയ്യൂബ്(അ)നെ പരിചയപ്പെടുത്തുന്നത് ഇയ്യോബ് എന്ന പേരിലാണ്. ഇയ്യോബിന്റെ പുസ്തകത്തില്‍ അയ്യൂബ്(അ)നെ കുറിച്ചുള്ള വിവരണത്തില്‍ ചിലതെല്ലാം ക്വുര്‍ആനിന്റെ വിവരണത്തോട് യോജിക്കുന്നവയാണ്. എന്നാല്‍ ക്വുര്‍ആന്‍ വിവരിച്ചതിനോട് തികച്ചും എതിരായിട്ടുള്ള വിവരണം നല്‍കിയതും അതില്‍ കാണാം.

ദൈവത്തിനെതിരെയുള്ള ആവലാതികളുടെയും സ്വന്തം ദുരിതത്തെ ചൊല്ലിയുള്ള നിരന്തര വിലാപത്തിന്റെയും ആളായി അതില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പല പ്രാവശ്യം  ‘ഞാന്‍ ജനിച്ച ദിവസം നശിക്കട്ടെ; ഞാന്‍ ഗര്‍ഭ പാത്രത്തില്‍ വെച്ച് മരിക്കാത്തതെന്ത്? ഉദരത്തില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ പ്രാണന്‍ പോകാതിരുന്നതെന്ത്’ എന്നെല്ലാം വിലപിച്ചതായും ബൈബിൡ പറയുന്നുണ്ട്.

‘സര്‍വ ശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു. അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു. ദൈവത്തിന്റെ ഘോരത്വങ്ങള്‍ എന്റെ നേരെ അണി നിരന്നിരിക്കുന്നു… ഞാന്‍ പാപം ചെയ്തുവെങ്കില്‍, മനുഷ്യ പാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കു തന്നെ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്ക് ലക്ഷ്യമായി വെച്ചിരിക്കുന്നതെന്ത്? എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിപ്പിക്കാതെയും ഇരിക്കുന്നതെന്ത്?’ എന്നും അദ്ദേഹം ദൈവത്തോട് ചോദിച്ചെന്ന് ബൈബിള്‍ പറയുന്നു.

അദ്ദേഹത്തിന്റെ മൂന്ന് സ്‌നേഹിതന്മാര്‍ വന്ന് അദ്ദേഹത്തെ സമാശ്വസിപ്പിക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്നു. പക്ഷേ, അതൊന്നും അദ്ദേഹം തെല്ലും കൂട്ടാക്കുന്നില്ല. അവരുടെ ആശ്വാസ വചനത്തിന് മറുപടി നല്‍കുമ്പോള്‍ അദ്ദേഹം ഇടക്കിടെ ദൈവത്തില്‍ കുറ്റം ആരോപിക്കുകയും അല്ലാഹുവിന്റെ ഈ പ്രവൃത്തിയില്‍ യാതൊരു യുക്തിയും നന്മയുമില്ലെന്നും തന്നെപ്പോലുള്ള ഒരു ഭക്തനോട് കാണിക്കുന്ന അക്രമം മാത്രമാണിതെന്നും അവരെ മനസ്സിലാക്കിക്കൊടുക്കുവാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്യുന്നു!

‘ദുഷ്ടന്മാരെ അനുഗ്രഹിക്കുകയും ശിഷ്ടന്മാരെ ശപിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ നിലപാടിനെ’ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. താന്‍ ചെയ്ത സുകൃതങ്ങള്‍ ഓരോന്നായി എടുത്തു പറയുന്നു. പിന്നെ അവയ്ക്ക് പകരമായി ദൈവം തനിക്ക് നല്‍കിയിട്ടുള്ള ദുരിതങ്ങള്‍ വിവരിക്കുന്നു.

അനന്തരം, ദൈവത്തിന് വല്ല മറുപടിയുമുണ്ടെങ്കില്‍ ഏതൊരു കുറ്റത്തിന് പ്രതികാരമായിട്ടാണ് എന്നോടിപ്രകാരം ചെയ്യുന്നതെന്ന് പറഞ്ഞു തരട്ടെ എന്നാവശ്യപ്പെടുന്നു. സ്‌നേഹിതന്മാര്‍ അവസാനം അദ്ദേഹത്തോട് മറുപടി പറഞ്ഞിട്ട് കാര്യമില്ലെന്ന് തീരുമാനിക്കുന്നിടത്തോളം ദൈവത്തിനെതിരിലുള്ള അദ്ദേഹത്തിന്റെ വാചാലത അതിരു കടന്നു പോകുന്നു!

അപ്പോള്‍ അവര്‍ക്കു പിന്നില്‍ അതുവരെ മൗനം ദീക്ഷിച്ചിരുന്ന ഒരു നാലാമന്‍ ഇടപെടുന്നു. ഇയ്യോബ് ദൈവത്തെക്കാള്‍ തന്നെത്തന്നെ നീതീകരിച്ചതില്‍ കോപിഷ്ടനായിരുന്നു അയാള്‍. അയാളുടെ പ്രഭാഷണം അവസാനിക്കുന്നതിനു മുമ്പായി ദൈവം തന്നെ ഒരു ചുഴലിക്കാറ്റിലൂടെ അവര്‍ക്കിടയില്‍ സ്വയം സംസാരിച്ച് തന്റെ ചെയ്തികള്‍ നീതീകരിക്കുന്നു.

ഇയ്യോബ് പുസ്തകത്തിലെ ഒന്നും രണ്ടും അധ്യായങ്ങളുടെ സംഗ്രഹം പരിശോധിച്ചാല്‍ മൂന്നാം അധ്യായത്തില്‍ പറഞ്ഞതുമായി യോജിപ്പില്ല.

അവസാനം ദൈവകോപം ഭയന്നിട്ട് (ക്ഷമ കൊണ്ടോ നന്ദികൊണ്ടോ തവക്കുല്‍ കൊണ്ടോ അല്ല) ഇയ്യോബ് ക്ഷമായാചനം ചെയ്യുന്നു. ദൈവം അത് സ്വീകരിച്ച് അദ്ദേഹത്തിന്റെ ദുരിതങ്ങളകറ്റുകയും മുമ്പുണ്ടായിരുന്നതെല്ലാം അദ്ദേഹത്തിന് തിരികെ കൊടുക്കുകയും ചെയ്യുന്നു.

ഈ വിവരണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇതിലുള്ള മുഴുവന്‍ വരികളും ദൈവികമല്ല. അഥവാ മനുഷ്യനാല്‍ വിരചിതമായ വരികള്‍ ഇതിലുണ്ട്. അതിലെ പല വരികളും അത് ദൈവത്തിങ്കല്‍ നിന്ന് അവതീര്‍ണമായതല്ലെന്നും അയ്യൂബ്(അ)ന്റെ വാക്കുകളല്ല അതിലുള്ളതെന്നും ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. കാരണം ഒരു പ്രവാചകന്‍ അല്ലാഹുവിനെക്കുറിച്ച് ഇപ്രകാരം പറയില്ലല്ലോ.

അതിനാല്‍ ഏറ്റവും ചൊവ്വായ വിവരണവും മാര്‍ഗദര്‍ശനവും മനുഷ്യര്‍ക്ക് പകര്‍ന്ന് നല്‍കുന്ന ഒരേയൊരു വേദഗ്രന്ഥം ഇന്ന് ലോകത്തുള്ളൂ. അത് ക്വുര്‍ആണ്. ഇതാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നതും വിശ്വസിക്കേണ്ടതും. അതു തന്നെയാണ് സത്യവും.

അയ്യൂബ്(അ)ന് ബാധിച്ച കഷ്ടതയും അത് സുഖപ്പെടുന്നതിന് വേണ്ടി അല്ലാഹുവിനോട് അദ്ദേഹം തേടിയതും നാം മനസ്സിലാക്കി. ഇനി അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:

”നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം. (നാം നിര്‍ദേശിച്ചു:) നിന്റെ കാലുകൊണ്ട് നീ ചവിട്ടുക. ഇതാ, തണുത്ത സ്‌നാനജലവും കുടിനീരും! അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍. നീ ഒരു പിടി പുല്ല് നിന്റെ കൈയില്‍ എടുക്കുക. എന്നിട്ട് അതുകൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു” (ക്വുര്‍ആന്‍ 38:414-4).

രോഗിയായിരുന്ന സന്ദര്‍ഭത്തില്‍ ആവശ്യനിര്‍വഹണത്തിനായി ഭാര്യയുടെ കൂടെയാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്. ആവശ്യ നിര്‍വഹണം കഴിഞ്ഞ് ഭാര്യയുടെ കൂടെയാണ് തിരിച്ചു നടക്കാറ്. ഒരു ദിവസം ഭാര്യ അദ്ദേഹത്തിന്റെ അടുത്ത് എത്താന്‍ വൈകി എന്ന് പറയപ്പെടുന്നു. അപ്പോള്‍ അല്ലാഹു അയ്യൂബ്(അ)ന് ദിവ്യസന്ദേശം നല്‍കി: ‘അയ്യൂബേ, നീ നിന്റെ കാല് കൊണ്ട് നിലത്തൊന്ന് ചവിട്ടുക.’ അങ്ങനെ അവിടെ നിന്നും നല്ല തണുത്ത, ശുദ്ധ ജലം നിര്‍ഗളിക്കുവാന്‍ തുടങ്ങി. അല്ലാഹുവിന്റെ കല്‍പന പ്രകാരം അതില്‍ നിന്ന് കുളിക്കുവാനും കുടിക്കുവാനും അദ്ദേഹം അത് ഉപയോഗിച്ചു. തന്മൂലം രോഗം പരിപൂര്‍ണമായി ശമിക്കപ്പെടുകയും ചെയ്തു. വെള്ളം കുടിക്കലും കുളിയും കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ രോഗം മാറി എന്ന് മാത്രമല്ല, നല്ല സുന്ദരമായ തൊലിയും ആരോഗ്യവും അദ്ദേഹത്തിന് തിരികെ ലഭിക്കുകയും ചെയ്തു.

മുമ്പ് മക്കളുടെയെല്ലാം മരണത്തിലൂടെ അല്ലാഹു അദ്ദേഹത്തിന് വലിയ പരീക്ഷണം നല്‍കിയിരുന്നുവല്ലോ. രോഗം മാറിയതിന് ശേഷം അല്ലാഹു അതെല്ലാം തിരികെ നല്‍കി എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.

അയ്യൂബ്(അ) ഞാന്‍ ഒരാളെ നൂറ് അടി അടിക്കുക തന്നെ ചെയ്യുമെന്ന് ഒരു സത്യം ചെയ്തിരുന്നു. ആരെയെന്നോ എന്തിനാണെന്നോ ക്വൂര്‍ആനിലോ ഹദീഥിലോ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഭാര്യയെയാണെണ് ഉറപ്പിക്കാവതല്ലാത്ത റിപ്പോര്‍ട്ടുണ്ട്. ഏതായിരുന്നാലും ആരെയെന്നോ എന്തിനെന്നോ എന്നത് നാം അറിയല്‍ പ്രധാനമല്ല. പ്രധാനമായിരുന്നുവെങ്കില്‍ അല്ലാഹു പ്രവാചകനിലൂടെ അത് നമ്മെ അറിയിക്കുമായിരുന്നല്ലോ.

ഒരാള്‍ സത്യം ചെയ്ത് കഴിഞ്ഞാല്‍ അത് പാലിക്കല്‍ നിര്‍ബന്ധമാണല്ലോ. പാലിച്ചില്ലെങ്കില്‍ അതിന് പ്രായശ്ചിത്തം നല്‍കേണ്ടതുണ്ട്.  ഈ നിയമം അയ്യൂബ്(അ)ന്റെ കാലത്ത് ഇല്ലായിരുന്നു. അയ്യൂബ്(അ)ന്റെ കാലത്ത് ആ നിയമം ഉണ്ടായിരുന്നുവെങ്കില്‍ അത് അദ്ദേഹം ചെയ്യുമായിരുന്നു. എന്നാല്‍ അയ്യൂബ് നബി(അ)യോട് അല്ലാഹു താന്‍ ചെയ്ത സത്യം നിറവേറ്റുന്നതിനുള്ള മാര്‍ഗം പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെയാണ്:

‘നീ ഒരു പിടി പുല്ല് നിന്റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക…’

ശപഥം ചെയ്തത് നിറവേറ്റുന്നതിനായി 100 ചുള്ളി(കതിര് ആണോ) ഉള്‍കൊള്ളിച്ച് ഒരു അടി അടിക്കുവാന്‍ നിര്‍ദേശിച്ചു. ശപഥം പാലിക്കപ്പെട്ടു.

ആരെയാണ് അടിച്ചത് എന്നോ, എന്തിനാണ് അടിക്കുമെന്ന് ശപഥം ചെയ്തതെന്നോ ക്വുര്‍ആനും ഹദീഥും വെളിപ്പെടുത്താത്തതിനാല്‍ അതിനെ കുറിച്ച് നാം തലപുകഞ്ഞ് ചിന്തിക്കേണ്ടതില്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ശുഐബ് നബി (അ) – 02

ശുഐബ് നബി (അ) - 02

അവരുടെ പരിഹാസവും എതിര്‍പ്പും അവസാനിപ്പിച്ചില്ല. കള്ളനെന്നും മാരണം ബാധിച്ചവനെന്നും പറഞ്ഞ് അവഹേളിച്ചു. നീ പറയുന്നതാണ് സത്യമെങ്കില്‍ ഞങ്ങളോട് നീ വാഗ്ദാനം ചെയ്യുന്ന ശിക്ഷ കൊണ്ടു വരിക എന്ന് വെല്ലുവിളിക്കുവാനും അവര്‍ തയ്യാറായി.

”അതുകൊണ്ട് നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തുക” (ക്വുര്‍ആന്‍ 26:187).

”അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു” (ക്വുര്‍ആന്‍ 26:153).

”നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. തീര്‍ച്ചയായും നീ വ്യാജവാദികളില്‍പെട്ടവനാണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്” (ക്വുര്‍ആന്‍ 26:186).

സത്യത്തെ തെളിവിനാല്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ശത്രുക്കള്‍ സ്വീകരിക്കുന്ന മാര്‍ഗം അക്രമമായിരിക്കും. ശത്രുക്കള്‍ എന്നും ഏത് കാലത്തും ഈ രീതി അവലംബിച്ചതായി കാണാം. ശുഐബ് നബി(അ)യെ പ്രമാണിമാര്‍ ഭീഷണിപ്പെടുത്തുന്നത് കാണുക: 

”അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ)” (ക്വുര്‍ആന്‍ 7:88).

ഇവിടെ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.

1) വിശ്വാസം ഹൃദയ ബന്ധിതമാണ്. സമ്മര്‍ദത്താലോ, പ്രകോപനത്താലോ, പ്രലോഭനത്താലോ മതം മാറ്റം സംഭവിപ്പിക്കല്‍ തികഞ്ഞ വിഡ്ഢിത്തമാണ്. മനസ്സ് മാറാതെ എങ്ങനെ മതം മാറും? വിശ്വാസം മാറണമെങ്കില്‍ പ്രമാണം കൊണ്ടു ബോധ്യപ്പെടുത്താന്‍ കഴിയണം. ഏകദൈവ വിശ്വാസത്തില്‍ നിന്ന് ബഹുദൈവ വിശ്വാസത്തിലേക്ക് മാറ്റാന്‍ ഒരു പ്രമാണവും യുക്തിയും ഇല്ല തന്നെ. വിശ്വാസം മാറാതെ കൂടെ നിര്‍ത്തിയാല്‍ ഏത് കൂട്ടര്‍ക്കും പരാജയമായിരിക്കും സംഭവിക്കുക.

2) ഞങ്ങളുടെ മാര്‍ഗത്തിലേക്ക് നിങ്ങള്‍ മടങ്ങണം എന്നാണ് ശുഐബ്(അ)നോട് അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ശുഐബ്(അ) മുമ്പ് ബഹുദൈവാരാധകനായിരുന്നുവോ? അല്ല! ഒരു പ്രവാചകനും പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് ശിര്‍ക്ക് ചെയ്ത് ജീവിച്ചിട്ടില്ല. പിന്നെ എന്ത് കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്? നുബുവ്വത്തിന് മുമ്പ് അദ്ദേഹം ബഹുദൈവാരാധനക്കെതിരില്‍ ശബ്ദിച്ചിട്ടില്ല. അതിനാല്‍ അദ്ദേഹം ബഹുദൈവത്വം അംഗീകരിച്ചിരുന്നു എന്ന് അവര്‍ ധരിച്ചിട്ടുണ്ടാകും. ആ ധാരണ വാസ്തവ വിരുദ്ധമത്രെ.

ശുഐബ്(അ)യില്‍ വിശ്വസിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനായി താഴെ പറയും പ്രകാരവും അവര്‍ പറഞ്ഞു നോക്കി:

”അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അത് മൂലം നിങ്ങള്‍ നഷ്ടക്കാരായിരിക്കും” (ക്വുര്‍ആന്‍ 7:90).

ശുഐബ്(അ)ന്റെ എതിരാളികളായിട്ടുള്ളവരെല്ലാം സമ്പന്നരും മുതലാളിമാരും നാട്ടില്‍ വേണ്ടപ്പെട്ടവരുമാണ്. അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ വരാന്‍ പോകുന്ന ഭൗതിക നഷ്ടം ചൂണ്ടിക്കാണിച്ച് ജനങ്ങളെ അദ്ദേഹത്തില്‍ നിന്നും അകറ്റാനായി പ്രമാണിമാര്‍ ശ്രമിക്കുകയാണ്.

”അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറംതള്ളിക്കളഞ്ഞിരിക്കുകയാണോ? തീര്‍ച്ചയായും എന്റെ രക്ഷിതാവ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 11:91,92).

രക്തബന്ധം എന്നത് അറുത്തു മാറ്റാന്‍ കഴിയാത്തതാണല്ലോ. രക്ത ബന്ധത്തിലുളളവരെ ആരെങ്കിലും പ്രയാസപ്പെടത്തുമ്പോള്‍ വിശ്വാസമോ ആദര്‍ശമോ നോക്കാതെ അവര്‍ക്കു വേണ്ടി പ്രതിരോധം തീര്‍ക്കല്‍ മനുഷ്യസഹജമായ ഒന്നാണല്ലോ. ശുഐബ്(അ)ന്റെ കുടുംബത്തില്‍പെട്ടവരാരെങ്കിലും ഇപ്രകാരം ചെയ്തത് കൊണ്ടാകാം ഇങ്ങനെ ശത്രുക്കള്‍ക്ക് പറയേണ്ടിവന്നത്. 

മുഹമ്മദ് നബി ﷺ യുടെ ചരിത്രത്തിലും സമാനമായ സംഭവം കാണാം. അബൂത്വാലിബിന്റെ സംരക്ഷണം അതിന് വ്യക്തമായ ഉദാഹരണമാണ്. അബൂത്വാലിബ് വിശ്വാസി അല്ലാതിരുന്നിട്ടും അബൂത്വാലിബ് സംരക്ഷണം നല്‍കിയത് രക്ത ബന്ധത്തിന്റെ കരുത്തിലായിരുന്നു. ശത്രുക്കള്‍ മുഹമ്മദിനെ വിട്ടുതരണമെന്ന് അബൂത്വാലിബിനോട് ആവശ്യപ്പെട്ടപ്പോഴും അതിന് സമ്മതം കൊടുത്തില്ല. ശിഅ്ബ് അബീത്വാലിബില്‍ ശത്രുക്കളുടെ ഉപരോധത്തില്‍ കഴിയുന്ന കാലത്ത് പ്രവാചകന്‍ ﷺ ന് ഹാഷിം കുടുംബത്തിലുള്ളവരും അബ്ദുല്‍ മുത്ത്വലിബിന്റെ മക്കളും പേരമക്കളും മൂന്ന് കൊല്ലത്തോളം തുണയായി കൂടെ നിന്നിരുന്നുവെന്നത് ചരിത്രമാണ്. അവരാരും അന്ന് വിശ്വാസികളായിരുന്നില്ല. എന്നിട്ടും അവര്‍ പ്രവാചകനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതാണ് ‘കുടുംബ വികാര’ത്തിന്റെ പ്രത്യേകത!

വിശ്വാസിയല്ലാതിരുന്നിട്ടും അബൂത്വാലിബ് നബി ﷺ ക്ക് നിര്‍ഭയത്വം നല്‍കി. ചിലപ്പോള്‍ അങ്ങനെയുള്ള സഹായം വിശ്വാസികള്‍ക്ക് ലഭിക്കും. അബൂത്വാലിബിന്റെ കാല ശേഷമാണല്ലോ ക്വുറൈശികള്‍ നബി ﷺ ക്കെതിരില്‍ അക്രമം വര്‍ധിപ്പിച്ചത്.

എല്ലാവരെക്കാളും മുന്‍ഗണനയും പ്രാധാന്യവും നല്‍കേണ്ടത് സ്രഷ്ടാവായ അല്ലാഹുവിനാണല്ലോ. ശുഐബ്(അ) അവരോട് ഉപദേശിക്കുന്നതൊന്നും സ്വീകരിക്കുവാന്‍ അവര്‍ തയ്യാറാകുന്നില്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ശിക്ഷയെക്കാളും കോപത്തെക്കാളും കുടുംബാംഗങ്ങളുടെ സ്ഥാനമാണ് അവര്‍ പരിഗണിക്കുന്നത്. അതിനാലാണ് ‘എന്റെ ജനങ്ങളേ, എന്റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍’ എന്ന് അവരോട് അദ്ദേഹം ചോദിച്ചത്. മാത്രവുമല്ല, ‘എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ’ എന്ന് കൂടി അദ്ദേഹം ചോദിച്ചു. 

ശുഐബ് നബി(അ)യുടെ ‘നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല’ എന്ന വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.

പ്രവാചകന്മാര്‍ കല്‍പിക്കുന്നതിനോടും വിരോധിക്കുന്നതിേനാടും വിപരീതം ചെയ്യുന്നവരല്ലല്ലോ. അവര്‍ ജനങ്ങളോട് കല്‍പിക്കുന്ന നന്മകള്‍ ചെയ്യുന്നവരും ഏതൊരു തിന്മയില്‍ നിന്നാണോ വിലക്കുന്നത് അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമാണ്. നന്മകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടതും ഇന്ന് ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്നതുമായ മഹത്തായ ഒരു മൂല്യമാണ് ശുഐബ്(അ) അവരുടെ മുന്നില്‍ അടിവരയിട്ട് ഓര്‍മിപ്പിക്കുന്നത്. അത് അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. പ്രവാചകന്മാര്‍ക്കെതിരില്‍ ഇതിന്റെ പേരില്‍ യാതൊരു എതിര്‍പ്പും നേരിടേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വേദക്കാരോടായി ക്വുര്‍ആന്‍ സംസാരിക്കുമ്പോള്‍ ഇപ്രകാരം ഉണര്‍ത്തിയിട്ടുണ്ട്:

”നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്? (ക്വുര്‍ആന്‍ 2:44).

പ്രബോധകന്മാര്‍ നല്ലവണ്ണം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. വിശ്വാസികളോട് അല്ലാഹു അതിന്റെ ഗൗരവം ഓര്‍മപ്പെടുത്തുന്നത് കാണുക.

”സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു” (ക്വുര്‍ആന്‍ 61:2,3).

ജനങ്ങളോട് ഉപദേശിക്കുന്നതിനോട് വിപരീത ജീവിതം കൊണ്ടു നടക്കുന്നവരോട് നബി ﷺ  നല്‍കിയ മുന്നറിയിപ്പ് കാണുക.

ഉസാമ(റ) നിവേദനം ചെയ്യുന്നു: ”റസൂല്‍  ﷺ  പറയുന്നത് ഞാന്‍ കേട്ടു: അന്ത്യദിനത്തില്‍ ഒരാളെ കൊണ്ട്‌വന്ന് നരകത്തിലെറിയും. അനന്തരം അയാളൂെട കുടലുകള്‍ പുറത്ത് വരികയും കഴുതകള്‍ ആസുകല്ല് ചുറ്റുന്നത് പോലെ, കുടലും കൊണ്ട് അവന്‍ ചുറ്റിത്തിരിയുകയും ചെയ്യും. തദവസരത്തില്‍ നരകവാസികള്‍ അടുത്തുകൂടി ചോദിക്കും: നിനക്കെന്ത് സംഭവിച്ചു? നീ നല്ലത് കല്‍പിക്കുകയും ചീത്ത നിരോധിക്കുകയും ചെയ്തിരുന്നുവല്ലോ? അവന്‍ പറയും. അതെ! ഞാന്‍ നന്മ കല്‍പിച്ചിരുന്നു. പക്ഷെ, ഞാനത് പ്രവൃത്തിയില്‍ കൊണ്ടുവന്നില്ല. തിന്മ നിരോധിച്ചു. പക്ഷെ ഞാനത് പ്രവര്‍ത്തിച്ചു. (ബുഖാരി, മുസ്‌ലിം)

ശുഐബ്(അ)നെ അവരുടെ മാര്‍ഗത്തിലേക്ക് ഭീഷണിപ്പെടുത്തി ചേര്‍ക്കുവാനാണല്ലോ എറിഞ്ഞു കൊല്ലും എന്നെല്ലാം പറഞ്ഞത്. അവരുടെ ഈ ഭീഷണിക്ക് അദ്ദേഹം നല്‍കിയ മറുപടികള്‍ കാണുക: 

”നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങിവരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങിവരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍” (ക്വുര്‍ആന്‍ 7:89).

”എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്നും ആരാണ് കള്ളം പറയുന്നവരെന്നും പുറകെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ കാത്തിരിക്കുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്” (ക്വുര്‍ആന്‍ 11:93).

എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുന്നവരോട് അവസാനമായി പറയാനുള്ളത് ‘നിങ്ങള്‍ ഞങ്ങള്‍ക്കെതിരില്‍ പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തുകൊള്ളുക. ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ഞങ്ങളും ചെയ്യാം’ എന്നായിരുന്നു. ആര്‍ക്കാണ് നിന്ദ്യമായ ശിക്ഷ വരാന്‍ പോകുന്നതെന്നും ആരാണ് വ്യാജവാദികളെന്നും നമുക്ക് അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അങ്ങനെയാണ് ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍’ എന്ന് ആ പ്രവാചകന്‍ ആ സമൂഹത്തിനെതിരില്‍ മനസ്സ് നൊന്ത് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത്. അവസാനം എന്ത് സംഭവിച്ചു?

”അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാല്‍ മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു”(ക്വുര്‍ആന്‍ 26:189).

”നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു” (ക്വുര്‍ആന്‍ 11:94).

ശക്തമായ ഭൂമി കുലുക്കവും വന്‍ ഘോരശബ്ദവും മുഖേന അവരെ ശിക്ഷിക്കുകയാണ് അല്ലാഹു. മേഘം കൊണ്ട് തണല്‍ മൂടിയ ദിവസം എന്നത് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു അവരെ നശിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിശ്വാസികളെയും കൊണ്ട് രക്ഷപ്പെടാനായി ശുഐബ്(അ)ന് കല്‍പന നല്‍കി. പിന്നീട് ആ നാട്ടുകാര്‍ക്ക് കഠിനമായ ചൂട് ബാധിപ്പിച്ചു. ഏഴ് ദിവസത്തോളം ഒരു ഇല പോലും അനങ്ങാത്ത രൂപത്തില്‍ കാറ്റടിക്കാതെ അന്തരീക്ഷത്തെ അല്ലാഹു നിര്‍ത്തി. അതോടൊപ്പം വെള്ളം കൊണ്ടുള്ള ഉപകാരം നടക്കുന്നില്ല. (കുളിരേകുന്ന) തണുപ്പില്ല, വീട്ടില്‍ പ്രവേശിച്ചാലും അത്യുഷ്ണം!  അങ്ങനെ അവര്‍ എല്ലാവരും മരുഭൂമിയിലെ ഒരു സ്ഥലത്ത് ഒരുമിക്കാന്‍ തീരുമാനിക്കുകയും ഒരുമിച്ച് കൂടുകയും ചെയ്തു. അങ്ങനെ അവര്‍ക്ക് മേഘം മുഖേന തണലിട്ടു. അതിന്റെ തണല്‍ അനുഭവിക്കാന്‍ മേഘത്തിന് താഴെ അവര്‍ ഒരുമിച്ച് ചേര്‍ന്നു. അവര്‍ എല്ലാവരും ഒരു കേന്ദ്രത്തില്‍ ഒരുമിച്ചപ്പോള്‍ അല്ലാഹു തീ പൊരികള്‍ കൊണ്ടും തീജ്വാലകൊണ്ടും അവരെ എറിഞ്ഞ് (അവരിലേക്ക് ശിക്ഷ) അയച്ചു. ഭൂമി അവരെയും കൊണ്ട് കുലുങ്ങി. ആകാശത്ത് നിന്ന് ഘോരശബ്ദം അവര്‍ക്ക് വന്നു… അങ്ങനെ ആ ഭയങ്കരമായ ശിക്ഷക്ക് ഇരയായി ഒന്നടങ്കം അവര്‍ നശിച്ചു.

അല്ലാഹു അവരെ ശിക്ഷിച്ചതിന് ശേഷം, തങ്ങളെ ഭീഷണിപ്പെടുത്തിയ, പല രൂപത്തിലും സത്യത്തില്‍ നിന്ന് മുടക്കാന്‍ ശ്രമിച്ച ആ ജനതയെ കാണുന്ന ശുഐബ്(അ) പറയുന്നത് കാണുക: 

”അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം” (ക്വുര്‍ആന്‍ 7:93).

ശുഐബ്(അ) അവരോട് നടത്തിയ ഈ സംസാരത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് മുമ്പ് നാം വിവരിച്ചിട്ടുണ്ടല്ലോ. സാമ്പത്തിക ക്രയവിക്രയ രംഗത്ത് അഴിമതിയും പൂഴ്ത്തിവെപ്പും കൊള്ളയും തട്ടിപ്പും വെട്ടിപ്പും പലിശയും നടത്തി നിഷിദ്ധമായ മാര്‍ഗത്തിലൂടെ സമ്പാദിക്കുന്നവര്‍ക്ക് ശുഐബ്(അ)ന്റെ ജനത ഒരു പാഠമാണ്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ശുഐബ് നബി (അ) – 01

ശുഐബ് നബി (അ) - 01

ലൂത്വ് നബി(അ)യുടെ ജനതയായ സദൂം നിവാസികളെ നശിപ്പിച്ചതിന് ശേഷം അടുത്തുള്ള പ്രദേശമായ മദ്‌യനിലേക്ക് അല്ലാഹു അയച്ച പ്രവാചകനായിരുന്നു ശുഐബ് നബി(അ). ക്വുര്‍ആനില്‍ 11 സ്ഥലത്ത് അദ്ദേഹത്തെ പരാമര്‍ശിച്ചിട്ടുണ്ട്.

ഇബ്‌റാഹീം നബി(അ)യുടെ മക്കളായ ഇസ്മാഈല്‍(അ), ഇസ്ഹാക്വ്(അ) എന്നിവര്‍ക്ക് പുറമെ വേറെയും മക്കളുണ്ടായിരുന്നുവെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് നാം പറഞ്ഞിരുന്നുവല്ലോ. അതില്‍ ‘മദ്‌യന്‍’ എന്ന് പേരുള്ള മകനും ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. 

അറബികളുടെ പരമ്പരയില്‍ വരുന്ന നാല് പ്രവാചകന്മാരാണുള്ളത്. ഒരിക്കല്‍ നബി ﷺ  പറഞ്ഞു: ‘അബൂദര്‍റേ, നാല് പ്രവാചകന്മാര്‍ അറബികളില്‍ നിന്നാണ്. ഹൂദ്, സ്വാലിഹ്, ശുഐബ്, നിന്റെ പ്രവാചകനും’ (ഇബ്‌നു ഹിബ്ബാന്‍). ഈ പ്രവാചകന്മാര്‍ ഇസ്മാഈല്‍ നബി(അ)ന്റെ സന്താന പരമ്പരയിലാണ് വരുന്നത്. 

ജനങ്ങളോട് ഏറ്റവും നല്ല ശൈലിയില്‍ സംസാരിച്ചിരുന്ന പ്രവാചകനായിരുന്നു അദ്ദേഹം. ശത്രുക്കളോട് ഭംഗിയായി സംവദിക്കുവാന്‍ അദ്ദേഹത്തിന് അല്ലാഹു പ്രത്യേക കഴിവ് നല്‍കിയിരുന്നു. ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെ ‘പ്രവാചകന്മാരിലെ പ്രഭാഷകന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

സദൂം നിവാസികള്‍ വസിച്ചിരുന്ന ജോര്‍ദാനിന് അടുത്തുള്ള മുആന്‍ എന്ന് പറയുന്ന പ്രദേശം, അവിടെ മദ്‌യന്‍ എന്ന് അറിയപ്പെട്ടിരുന്ന നല്ല ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. പിന്നീട് ആ നാടിനെ ആ നല്ല ആളിലേക്ക് ചേര്‍ത്ത് വിളിക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് മദ്‌യന്‍കാര്‍ എന്ന് അവര്‍ വിളിക്കപ്പെട്ടത്. 

വൃക്ഷങ്ങളെയും മറ്റും ആരാധിക്കുന്നവരായിരുന്നു അവര്‍. ബഹുദൈവാരാധനക്ക് പുറമെ മറ്റു സാമൂഹ്യദൂഷ്യങ്ങള്‍ അവരിലും ഉണ്ടായിരുന്നു. അവരിലേക്കാണ് ശുഐബ്(അ) നിയോഗിക്കപ്പെടുന്നത്. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”ഐകത്തില്‍ (മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി. അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?”(ക്വുര്‍ആന്‍ 26:176,177).

അല്ലാഹുവിന്റെ ദൂതന്മാരില്‍ ഒരാളെ കളവാക്കിയാല്‍ തന്നെ മുഴുവന്‍ പ്രവാചകന്മാരെയും കളവാക്കിയതിന് സമാനമാണ്. ശുഐബ്(അ)ന്റെ ജനതയെപ്പറ്റി അല്ലാഹു പറയുന്നതും അവര്‍ ദൈവദൂതന്മാരെ കളവാക്കി എന്നാണ്.

‘ഐകത്ത്’കാര്‍ എന്ന് അവരെക്കുറിച്ച് പറയുവാന്‍ കാരണം, ആ പേരിലുള്ള ഒരു വൃക്ഷത്തെ അവര്‍ ആരാധിച്ചതാണ്.  

അല്ലാഹുവിന് മാത്രം നല്‍കേണ്ടുന്ന ആരാധനയുടെ ഏതെല്ലാം പ്രകടനങ്ങളുണ്ടോ അതെല്ലാം ഈ വൃക്ഷത്തിനും അവര്‍ സമര്‍പിച്ചിരുന്നു. അല്ലാഹുവിന് നല്‍കേണ്ട ഇബാദത്തിന്റെ ഏതെങ്കിലും ഒരു അംശം, ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ആരാധനാ മനോഭാവത്തോടെ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പിച്ചാല്‍ അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. മദ്‌യനുകാര്‍ ഈ ‘ഐകത്ത്’ എന്ന് പേരുള്ള വൃക്ഷത്തെ ആരാധിക്കുക വഴി അല്ലാഹുവില്‍ പങ്ക് ചേര്‍ത്തു.

വഴിയരികില്‍ ഇരുന്ന്, അതുവഴി പോകുന്ന യാത്രക്കാരെയും കച്ചവടക്കാരെയും കൊള്ളയടിച്ചും തട്ടിപ്പറിച്ചും ജീവിച്ചിരുന്ന ദുഷിച്ച സ്വഭാവത്തിന്റെ ആളുകളായിരുന്നു അവര്‍. അപ്രകാരം തന്നെ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരായിരുന്നു അവര്‍. കച്ചവടത്തില്‍ വന്‍ അഴിമതിയും വഞ്ചനയും നടത്തി കൊള്ളലാഭം നേടുന്നവരായിരുന്നു അവര്‍. അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച അവരെ ക്വുര്‍ആന്‍ പല സ്ഥലത്തും വിവരിച്ചിട്ടുണ്ട്. അവരോട് ശുഐബ്(അ) നടത്തിയ ഉപദേശം കാണുക:

”മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്തരുത്. ഭൂമിയില്‍ നന്മവരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. ഭീഷണിയുണ്ടാക്കിക്കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ധനവ് നല്‍കിയത് ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:85,86).

കച്ചവടത്തില്‍ ചതിയിലൂടെ കൊള്ളലാഭമെടുത്ത ആദ്യ സമൂഹമായിരുന്നു മദ്‌യന്‍കാര്‍. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവരോട് ലോകവസാനം വരേക്കുമുള്ള അല്ലാഹുവിന്റെ താക്കീത് കാണുക:

”അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്” (ക്വുര്‍ആന്‍ 83:13).

ജനങ്ങളെ വഞ്ചിച്ച് കൊള്ളലാഭം എടുത്തിരുന്ന മദ്‌യന്‍കാരോട് ശുഐബ്(അ) നല്‍കിയ ഉപദേശം നോക്കൂ:

”അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല” (ക്വുര്‍ആന്‍ 11:86).

‘അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്’ എന്നതിന്റെ ഉദ്ദേശ്യം പണ്ഡിതന്മാര്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

‘നിഷിദ്ധമായ മാര്‍ഗത്തിലൂടെ ലഭിച്ച കൂടുതല്‍ ലാഭത്തെക്കാള്‍ നിങ്ങള്‍ക്ക് നല്ലത്, നിങ്ങള്‍ക്ക് ലഭിക്കുന്ന (കുറഞ്ഞ) ലാഭമാണ്; അത് എത്ര കുറച്ചായിരുന്നാലും.’ അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്റെ വര്‍ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം” (ക്വുര്‍ആന്‍ 5:100).

അല്ലാഹു അനുവദിച്ചിട്ടുള്ള മാര്‍ഗത്തിലൂടെ സമ്പാദിച്ച് ലഭിക്കുന്നത് തിന്നുമ്പോള്‍ വല്ലാത്ത ആത്മസംതൃപ്തിയുണ്ടാകും. എന്നാല്‍ അല്ലാഹു ഹറാമാക്കിയ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതാണെങ്കില്‍ അത് തിന്നുമ്പോഴും തീറ്റിക്കുമ്പോഴും മനസ്സാക്ഷിക്കുത്തുണ്ടാകും. കാരണം, അപരന്റെ വിയര്‍പ്പിന്റെ ഫലമാണല്ലോ തിന്നുന്നത്. 

അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന മാര്‍ഗത്തില്‍ സമ്പാദിക്കുമ്പോഴാണ് അതില്‍ അല്ലാഹുവിന്റെ അനുഗ്രഹം ലഭ്യമാവുക. കൊള്ളലാഭത്തിലൂടെ നേടിയ പണംകൊണ്ട് കൊട്ടാരം പണിയുന്നത് കാണുമ്പോള്‍ അതില്‍ കണ്ണഞ്ചിപ്പോകാതിരിക്കാന്‍ വിശ്വാസികള്‍ക്കേ കഴിയൂ. ഒരിക്കലും നല്ലതും ചീത്തയും സമമാകില്ല. നല്ലത് എന്നും എപ്പോഴും എങ്ങനെയും നല്ലത് തന്നെയായിരിക്കും. ചീത്ത എന്നും എപ്പോഴും എങ്ങനെയും ചീത്തയുമായിരിക്കും. നല്ല മനസ്സുള്ളവര്‍ക്കേ അത് ഉള്‍ക്കൊള്ളാന്‍ കഴിയൂ.

കൊള്ളലാഭം കൊയ്യുന്ന മേഖലയാണല്ലോ പലിശ. കൊടുക്കുന്നതിനെക്കാള്‍ കൂടുതല്‍ ആവശ്യപ്പെട്ട് മറ്റുള്ളവരെ കഷ്ടപ്പെടുത്തി ചൂഷണത്തിലൂടെ സമ്പാദിക്കുന്നതാണ് പലിശ. നഷ്ടം വരുത്താതെ സമ്പത്ത് വര്‍ധിപ്പിക്കാം എന്നാണ് ഇതിലൂടെ ഇത്തരക്കാര്‍ ലക്ഷ്യമാക്കുന്നത്. എന്നാല്‍ അല്ലാഹു പറയുന്നത് കാണുക:

”അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല”(ക്വുര്‍ആന്‍ 2:276).

മദ്‌യന്‍കാര്‍ ക്ഷേമത്തിലും ഐശ്വര്യത്തിലുമായിരുന്നു. പട്ടിണിയോ, ദാരിദ്ര്യമോ അവര്‍ക്കില്ലായിരുന്നു. എന്നിട്ടും അവര്‍ യാത്രക്കാരെയും കച്ചവടക്കാരെയുമെല്ലാം കൊള്ളചെയ്തും പിടിച്ചുപറിച്ചും അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചും ജീവിച്ചു. ശുഐബ് നബി(അ) അവരെ അതിനെപ്പറ്റി ഓര്‍മിപ്പിച്ചിട്ടുമുണ്ട്:

”നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ധനവ് നല്‍കിയത് നോക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:86).

ഉപദേശം കൊണ്ട് അവരില്‍ ഒരു മാറ്റവും വരുന്നില്ല. അവര്‍ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. അവരോട് ശുഐബ്(അ) തന്റെ നിലപാട് വ്യക്തമാക്കിക്കൊടുക്കുന്നത് കാണുക: 

”അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ; ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്‍ എനിക്ക് അവന്റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും?). നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്) അനുഗ്രഹം ലഭിക്കുന്നത്. അവന്റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു” (ക്വര്‍ആന്‍ 11:88).

‘അല്ലാഹുവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിന്റെ വെളിച്ചത്തിലാണ് ഞാനിതെല്ലാം പറയുന്നത്,ആ രക്ഷിതാവ് തന്നെയാണ് എനിക്ക് ഉപജീവനം നല്‍കുന്നത്, അനുവദനീയമായ വഴിയിലൂടെയാണ് ഞാന്‍ സമ്പാദിക്കുന്നത്, നിങ്ങളോട് വിലക്കുന്ന കാര്യം ഞാന്‍ ഒരിക്കലും ചെയ്യില്ല, നിങ്ങളോട് ഉപദേശിക്കുന്നതിന് ഭൗതികമായ യാതൊന്നും ഞാന്‍ കൊതിക്കുന്നില്ല, നന്മ മാത്രമാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്…’ ശുഐബ് നബി(അ) അല്ലാഹുവില്‍ ഭരമേല്‍പിച്ച് ജനങ്ങളെ ഓര്‍മിപ്പിച്ചു.

ഉപദേശം മാത്രമല്ല, താക്കീതും അവര്‍ക്ക് അദ്ദേഹം നല്‍കി:

”എന്റെ ജനങ്ങളേ, നൂഹിന്റെ ജനതയ്‌ക്കോ, ഹൂദിന്റെ ജനതയ്‌ക്കോ, സ്വാലിഹിന്റെ ജനതയ്‌ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ല താനും. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്‌നേഹമുള്ളവനുമത്രെ” (ക്വുര്‍ആന്‍ 11:89,90).

അല്ലാഹുവിങ്കല്‍ നിന്നുള്ള തെളിവാണല്ലോ പ്രവാചകന്മാര്‍ ജനങ്ങളെ അറിയിക്കുന്നത്. മുഹമ്മദ് നബി ﷺ യുടെ മുമ്പ് പല ജനതകളെയും അല്ലാഹു അവരുടെ ധിക്കാരത്തിന്റെ കാരണത്താല്‍ നശിപ്പിച്ച് കളഞ്ഞിട്ടുണ്ട്. ശുഐബ്(അ)ന്റെ ജനതക്ക് പരിചയമുള്ളവരായിരുന്നു ലൂത്വ് നബി(അ)യുടെ ജനത. അവര്‍ നശിപ്പിക്കപ്പെട്ടത് അവര്‍ക്ക് അറിയുന്നതുമാണ്. സദൂമുകാരെ പറ്റി നന്നായി അറിയുന്നവരായിരുന്നു മദ്‌യന്‍കാര്‍; അവരുടെ അടുത്ത നാട്ടുകാരാണവര്‍. അവര്‍ നശിപ്പിക്കപ്പെട്ടിട്ട് കൂടുതല്‍ കാലമായിട്ടുമില്ല. 

താക്കീത് നല്‍കല്‍ മാത്രമല്ലല്ലോ പ്രവാചകന്മാരുടെ കര്‍ത്തവ്യം. അവര്‍ സന്തോഷ വാര്‍ത്തയും നല്‍കേണ്ടവരാണ്. പ്രതീക്ഷ നട്ടുപിടിപ്പിക്കേണ്ടവരാണ്. അതിനാല്‍ അവരോട് അദ്ദേഹം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവാനും ചെയ്തുപോയ പാപങ്ങള്‍ക്ക് അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാനും അതുവഴി അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുവാനും ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അദ്ദേഹത്തോട് തര്‍ക്കിക്കുവാനും കിടമത്സരം നടത്തുവാനുമാണ് ശ്രമിച്ചത്. ചിലരെല്ലാം അത് ചെവിക്കൊള്ളാന്‍ തയ്യാറായെങ്കിലും വലിയ ഒരു വിഭാഗം അതിന് ഒരുക്കമായിരുന്നില്ല. അവര്‍ അദ്ദേഹത്തോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

”അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല” (ക്വുര്‍ആന്‍ 11:91).

ആര്‍ക്കും സുഗ്രാഹ്യമായ, അവ്യക്തതയില്ലാത്ത ഭാഷയിലും ശൈലിയിലും സംസാരിച്ച പ്രവാചകനോട് അവര്‍ പറഞ്ഞത് ‘ശുഐബേ, നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല’ എന്നാണ്. അവര്‍ക്ക് മനസ്സിലാകില്ലല്ലോ അദ്ദേഹം പറയുന്നത്. കാരണം, അവരുടെ എല്ലാ തിന്മകള്‍ക്കും കൂച്ച്‌വിലങ്ങിടുന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. വക്രമനസ്സുള്ളപ്പോള്‍ എങ്ങനെയാണ് ഋജു മാര്‍ഗം സ്വീകരിക്കാന്‍ കഴിയുക. അതിനാലാണ് അവര്‍ അദ്ദേഹത്തോട് നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞത്. 

മുഹമ്മദ് നബി ﷺ യോട് ക്വുറൈശികളും ‘മുഹമ്മദേ, നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നീ ഞങ്ങളോട് ഉപദേശിക്കുവാനും വരേണ്ടതില്ല’ എന്നെല്ലാം  പറഞ്ഞിരുന്നുവല്ലോ.

‘അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു” (ക്വുര്‍ആന്‍ 41:5).

ശുഐബ്(അ) അവരോട് പറഞ്ഞു: ”ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പുകല്‍പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക. അവനത്രെ തീര്‍പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍” (ക്വുര്‍ആന്‍ 7:87).

ചിലരെല്ലാം അദ്ദേഹത്തില്‍ വിശ്വസിച്ചു. വലിയ ഒരു വിഭാഗം അവരുടെ അവിശ്വാസത്തില്‍ തന്നെ ഉറച്ചു നിന്നു, പരിഹസിച്ചു. അവരോട് അദ്ദേഹം പറഞ്ഞു: നിങ്ങേളാട് അറിയിക്കേണ്ടതെല്ലാം ഞാന്‍ അറിയിച്ചു കഴിഞ്ഞു. നിര്‍ബന്ധിച്ച് കൂടെ കൂട്ടാന്‍ ഞാന്‍ ആളല്ല. നിങ്ങള്‍ പരിഹസിച്ച് കൊണ്ടിരിക്കുന്ന അല്ലാഹുവിന്റെ ശിക്ഷയെ ക്ഷമിച്ച് കാത്തിരിക്കുക. നമുക്കിടയില്‍ തീര്‍പ് കല്‍പിക്കുവാന്‍ അല്ലാഹുവിനേ സാധിക്കൂ. 

ശുഐബ്(അ) കേവലം അവരിലെ സാമൂഹ്യ തിന്മകളെ മാത്രമായിരുന്നില്ല ചോദ്യം ചെയ്തിരുന്നത്. അവരിലെ ബഹുദൈവാരാധനയെയും അദ്ദേഹം എതിര്‍ത്തിരുന്നു. അതിനാല്‍ അവര്‍ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു: 

”അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്റെ ഈ നമസ്‌കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ”(ക്വുര്‍ആന്‍ 11:87).

ശുഐബ്(അ)നോട് അവര്‍ പരിഹാസത്തോടെ ചോദിക്കുന്ന ചില കാര്യങ്ങളാണ് ഈ വചനത്തിലുള്ളത്.

1) ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുപോരുന്നതിനെയാണല്ലോ ഞങ്ങളും ആരാധിക്കുന്നത്. അതില്‍ നിന്ന് നിന്നെ തടഞ്ഞു നിര്‍ത്തുന്നത് നിന്റെ നമസ്‌കാരമാണോ? 

2) ഞങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ഞങ്ങളുടെ ഇഷ്ടാനുസരണം ചെലവഴിക്കുന്നത് പോലെ, നിന്റെ പണം നിന്റെ ഇഷ്ടത്തിന് ചെലവഴിക്കുന്നതിന് നിന്നെ തടയിടുന്നത് നിന്റെ നമസ്‌കാരമാണോ? 

3) നീ ഒരു സഹനശീലനും വിവേകിയും തന്നെയാണ് (ഇത് അവര്‍ പരിഹസിച്ച് പറഞ്ഞതായിരുന്നുവെങ്കിലും അതൊരു വസ്തുതയാണ്).

നമസ്‌കാരം ഒരു ശ്രേഷ്ഠമായ ആരാധനയാണ്. അത് മ്ലേഛതകളില്‍ നിന്ന് നമ്മെ തടയുന്നതാണല്ലോ. നമസ്‌കാരം അല്ലാഹുവിനോടുള്ള അനുസരണത്തെയും കീഴൊതുക്കത്തെയും പഠിപ്പിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലാകമാനം അത് സ്വാധീനം ചെലുത്തുന്നതാണ്. കൃത്യനിഷ്ഠത, അടക്കവും ഒതുക്കവും, അച്ചടക്കം, സ്‌നേഹം, സാഹോദര്യം, സഹകരണം തുടങ്ങിയവയെല്ലാം പള്ളിയില്‍ നടക്കുന്ന ജമാഅത്ത് നമസ്‌കാരത്തില്‍ നമുക്ക് കാണാം. ക്വുര്‍ആന്‍ തന്നെ നമസ്‌കാരത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.

”(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു” (ക്വുര്‍ആന്‍ 29:45).

നമസ്‌കാരം ബഹുദൈവാരാധനയില്‍നിന്ന് തടയുന്നതിനും ക്രയവിക്രയത്തില്‍ മാന്യത കാണിക്കുന്നതിനും കാരണമാണെന്നതില്‍ സംശയമില്ല; അത് ആത്മാര്‍ഥമായി ചെയ്യുകയാണെങ്കില്‍. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ലൂത്വ് നബി (അ) – 02

ലൂത്വ് നബി (അ) - 02

സദൂമുകാരുടെ ദുരന്തപര്യവസാനം

മലക്കുകള്‍ ലൂത്വ്  നബി(അ)യോട് പറഞ്ഞതെന്താണെന്ന് കാണുക: ”നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. താങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്. താങ്കളുടെ ഭാര്യ ഒഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു” (ക്വുര്‍ആന്‍ 29:33). 

”അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്‍മാരാണ്. അവര്‍ക്ക് (ജനങ്ങള്‍ക്ക്) നിന്റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്റെ കുടുംബത്തെയും കൊണ്ട് യാത്ര പുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക് (ജനങ്ങള്‍ക്ക്) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത് തന്നെയല്ലേ” (ക്വുര്‍ആന്‍ 11:81). 

അവര്‍ക്ക് വലിയ ശിക്ഷ വരുന്നതിന് മുന്നോടിയായി അതിഥികളെ ഉപയോഗപ്പെടുത്തുന്നതിനായി ലൂത്വ്(അ)ന്റെ വീട്ടില്‍ വന്നവരുടെ കാഴ്ച മലക്കുകളുടെ ഒരു ചെറിയ ഇടപെടല്‍ നിമിത്തം ഇല്ലാെതയായി. അവര്‍ അന്ധന്മാരായിത്തീര്‍ന്നു. എന്നിട്ടും പാഠം ഉള്‍ക്കൊള്ളാതെ ലൂത്വ്(അ)നോട് അവര്‍ ഭീഷണി മുഴക്കി സംസാരിച്ചു.

”അദ്ദേഹത്തോട് (ലൂത്വിനോട്) അദ്ദേഹത്തിന്റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്റെ ശിക്ഷയും എന്റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ച് കൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു)” (ക്വുര്‍ആന്‍ 54:37). 

അവര്‍ക്ക് അല്ലാഹു നല്‍കിയ ഈ ശിക്ഷ അനുഭവിച്ചിട്ടു പോലും  അവര്‍ അവരുടെ ദുഷ്‌ചെയ്തികളില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമായില്ല. നേരം പുലര്‍ന്നിട്ട് വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തി പോകുകയാണ് അവര്‍ ചെയ്തത്. 

ശത്രുക്കള്‍ ഭീഷണി മുഴക്കി നാളെ വരാം എന്നു പറഞ്ഞാണല്ലോ പോയത്. എന്നാല്‍ അന്നു രാത്രിതന്നെ സ്ഥലം വിടുവാനായിരുന്നു അല്ലാഹുവിന്റെ കല്‍പന. ക്വുര്‍ആനിലെ ‘നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്റെ ഭാര്യയൊഴികെ’ എന്ന വാക്ക് ശ്രദ്ധിക്കുക. കുടുംബത്തെയും കൊണ്ട് പോകാനാണല്ലോ ആജ്ഞ. അപ്പോള്‍ ഭാര്യയും അതിലുണ്ടാകുമല്ലോ. ഒന്നുകില്‍ ഭാര്യ തിരിഞ്ഞു നോക്കും എന്നാവാം പറഞ്ഞത്. അല്ലെങ്കില്‍ ഭാര്യ ഒഴികെയുള്ളവരെ കൊണ്ടു പോകാനാകാം കല്‍പിച്ചത്. എന്നാല്‍ അധിക ക്വുര്‍ആന്‍ വ്യഖ്യാതക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത് അവളെ അദ്ദേഹം കൂടെ കൊണ്ടു പോയിട്ടില്ലെന്നും അവരുടെ കൂടെ പോകാന്‍ അവള്‍ തയ്യാറായിട്ടില്ലെന്നുമാണ്. ഭാര്യയെ മാറ്റി നിര്‍ത്തിയാല്‍ കുടുംബത്തില്‍ ബാക്കിയുള്ളവര്‍ ലൂത്വ് നബി(അ)യും രണ്ട് പെണ്‍മക്കളും മാത്രമാണ്.ആ നാട്ടില്‍ ആകെയുള്ള വിശ്വാസികള്‍ ഇവരാണ്. അവരെ അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്തു. അത് താഴെയുള്ള സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതുമാണ്. 

”അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത് കൊണ്ടു വന്നു. (രക്ഷപെടുത്തി). എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല” (ക്വുര്‍ആന്‍ 51:35,36). 

ലൂത്വ്(അ) മലക്കുകളോട് ഈ രാത്രി തന്നെ പുറപ്പെടേണ്ടതുണ്ടോ,  എപ്പോഴാണ് അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശിക്ഷ എന്നെല്ലാം ചോദിച്ചു. അവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ശിക്ഷ പ്രഭാതത്തിലാണെന്നും നിങ്ങള്‍ പേകുമ്പോള്‍ തിരിഞ്ഞ് നോക്കരുതെന്നും അറിയിച്ചു. തിരിഞ്ഞു നോക്കിയാല്‍ തിരിഞ്ഞു നോക്കുന്നവരെയും അത് ബാധിക്കും. അങ്ങനെ അവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ടത് അവര്‍ക്ക് വരികയായി.

”അങ്ങനെ സൂരേ്യാദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി” (ക്വുര്‍ആന്‍ 15:73).

”അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്‌മേല്‍ മറിക്കുകയും അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍). അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല”(ക്വുര്‍ആന്‍ 11:82,83).

ക്വുര്‍ആന്‍ വ്യാഖ്യാതാക്കളായ മുജാഹിദ്, ക്വതാദഃ, സുദ്ദീ(റ) എന്നിവരും അവരല്ലാത്തവരും ഇ്രപകാരം പറഞ്ഞിട്ടുണ്ട്: ‘ജിബ്‌രീല്‍(അ) അവരുടെ നാടിനെയും വീടിനെയും പിഴുതെടുത്തു. പിന്നീട് അവയെ അവരുടെ നായകളുടെ കുര ആകാശത്തുള്ളവര്‍ കേള്‍ക്കുന്നത് വരെ ആകാശത്തേക്ക് ഉയര്‍ത്തി. പിന്നീട് അവരെ ചെരിച്ചു. അങ്ങനെ അവയുടെ മുകള്‍ ഭാഗം താഴ്ഭാഗത്തേക്ക് ആക്കി (കീഴ്‌മേല്‍ മറിച്ചുവെന്ന് സാരം). പിന്നീട് ചുട്ടെടുത്ത കല്ലുകള്‍ അവരെ പിന്തുടര്‍ത്തുകയും ചെയ്തു’ (ഇബ്‌നു കഥീര്‍).

ചുരുക്കത്തില്‍, അതിശക്തമായിരുന്നു അവര്‍ക്ക് ഏല്‍ക്കേണ്ടി വന്ന ശിക്ഷ. അവരിലേക്ക് അല്ലാഹു വര്‍ഷിച്ചത്, തീച്ചൂളയില്‍ നിന്ന് എടുത്തത് പോലെയുള്ള അടയാളം വെച്ച, അഥവാ ഏത് കല്ല് ആരുടെ തലയില്‍ വീഴണം എന്ന് വരെ എഴുതി അടയാളപ്പെടുത്തിയ കല്ലുകൊണ്ടുള്ളതായിരുന്നു. ആ പ്രദേശമാണ് ഇന്ന് ചാവുകടല്‍ എന്ന് അറിയപ്പെടുന്നത് എന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. 

അവര്‍ക്ക് വന്ന ശിക്ഷയെ പറ്റി ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്തും ഇപ്രകാരം ആവര്‍ത്തിച്ചിട്ടുണ്ട്. 

”നിന്റെ ജീവിതം തന്നെയാണ സത്യം! തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു. അങ്ങനെ സൂരേ്യാദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു. നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്” (ക്വുര്‍ആന്‍ 15:7277).

കീഴ്‌മേല്‍ മറിച്ചു എന്നും കല്‍മഴ വര്‍ഷിച്ചുവെന്നും ക്വുര്‍ആന്‍ പറഞ്ഞ ആ പ്രദേശം സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1300 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്നു. കൂടിയ സാന്ദ്രത കാരണം ആ തടാകത്തില്‍ ഒരാള്‍ കിടന്നാല്‍ താണു പോവുകില്ല. ജീവ ജാലങ്ങളോ ബാക്ടീരിയ പോലുമോ അതിലില്ല. ചിന്തിക്കുന്നവര്‍ക്ക് പാഠമായി അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ ആ ചരിത്രസ്ഥലം മനുഷ്യന് മുന്നില്‍ ഇന്നും നില നില്‍ക്കുകയാണ്. മറ്റൊരു സ്ഥലത്ത് ക്വുര്‍ആന്‍ പറയുന്നത് നോക്കൂ.

സ്വവര്‍ഗലൈംഗികബന്ധത്തെ ഇസ്‌ലാം വളരെ ഗുരുതരമായ തിന്മയായിട്ടാണ് കാണുന്നത് എന്നത് വ്യക്തമാക്കുന്ന നബിവചനങ്ങളും കാണുവാന്‍ സാധിക്കും. 

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: ”ലൂത്വ്(അ)ന്റെ ജനതയുടെ പ്രവൃത്തി പ്രവര്‍ത്തിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു. ലൂത്വ്(അ)ന്റെ ജനതയുടെ പ്രവൃത്തി പ്രവര്‍ത്തിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു.” മൂന്ന് തവണ (അവിടുന്ന് ഇപ്രകാരം പറഞ്ഞു). (നസാഈ).

അനസ്(റ)വില്‍ നിന്ന്: റസൂല്‍ ﷺ പറഞ്ഞു: ”എന്റെ സമുദായത്തില്‍ നിന്ന് ആരെങ്കിലും ലൂത്വ് നബി(അ)യുടെ ജനത ചെയ്ത പ്രവൃത്തി ചെയ്ത് മരിച്ചാല്‍ അവരെ ഒരുമിച്ചു കൂട്ടുന്ന സ്ഥലത്തേക്ക് ഇവരെയും എത്തിക്കുന്നതാണ്.”

ഇബ്‌നുല്‍ ക്വയ്യിം(റ) പറയുന്നു: ”ഏറ്റവും വമ്പിച്ച അധര്‍മത്തില്‍ പെട്ടത് സ്വവര്‍ഗരതി മൂലമുള്ള അധര്‍മമായിരിക്കുന്നു. അതിനാല്‍ ഇഹലോകത്തിലും പരലോകത്തിലും അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കുകയും വേണം.”

ഖാലിദ്ബ്‌നുല്‍ വലീദ്(റ)വില്‍ നിന്ന് (ഇപ്രകാരം) സ്ഥിരപ്പെട്ടു വന്നിരിക്കുന്നു: അറബികളില്‍ ചിലര്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നത് പോലെ പുരുഷന്മാരെ വിവാഹം കഴിക്കുന്നത് കാണുകയുണ്ടായി. അപ്പോള്‍ (ഖലീഫയായ) അബൂബക്കര്‍(റ)വിന് അദ്ദേഹം (ഇത് അറിയിച്ചുകൊണ്ടുള്ള) ഒരു കത്ത് എഴുതി. അങ്ങനെ അബൂബക്കര്‍(റ) മറ്റു സ്വഹാബിമാരോട് ഈ കാര്യത്തില്‍ കൂടിയാലോചന നടത്തി. ആ കാര്യത്തില്‍ ഏറ്റവും ശക്തമായ സംസാരം നടത്തിയത് അലി(റ) ആയിരുന്നു. അദ്ദേഹം പറഞ്ഞു: മുന്‍ കഴിഞ്ഞ സമുദായങ്ങളില്‍ ഒരു വിഭാഗമല്ലാതെ ഈ പണി ചെയ്തിട്ടില്ല. അവരെ എന്താണ് അല്ലാഹു ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. തീയില്‍ കരിച്ച് കളയണം എന്നാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ അബൂബക്കര്‍(റ) ഖാലിദ്(റ)വിന് കത്ത് എഴുതി. അങ്ങനെ അവരെ കരിച്ചു കളഞ്ഞു.

ആധുനിക പഠന രംഗത്ത് ഹോസ്റ്റലുകളിലും ലോഡ്ജുകളിലുമെല്ലാമായി താമസിച്ച് പഠിക്കുന്ന മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കണ്ണും ചെവിയും ഹൃദയവും നല്‍കി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പത്ത് വയസ്സായാല്‍ ഒരേ ഗര്‍ഭ പാത്രത്തില്‍ വളര്‍ന്ന സഹോദരങ്ങളാണെങ്കില്‍ പോലും അവരെ ഒരു പുതപ്പിലായി കിടത്തിക്കൂടായെന്നും മാറ്റിക്കിടത്തണമെന്നും ഇസ്‌ലാം നിഷ്‌കര്‍ശിക്കുമ്പോള്‍, (മനുഷ്യനെ സൃഷ്ടിച്ച രക്ഷിതാവിന്നറിയാമല്ലോ മനുഷ്യ വികാര വിചാരങ്ങള്‍) അതില്‍ അടങ്ങിയിട്ടുള്ള രഹസ്യങ്ങള്‍ എന്തെല്ലാമുണ്ടെന്നത് ബുദ്ധി കൊടുത്ത് ചിന്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്.

ലോകത്ത് മുമ്പൊന്നും കേള്‍ക്കാത്ത പല രോഗങ്ങളും ഭീതിയോടെ കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവാരാണ് നാം. അതില്‍ ഏറ്റവും ഗുരുതരമാണല്ലോ എയ്ഡ്‌സ്. ഇത്തരം മ്ലേച്ഛതകള്‍ സമൂഹത്തില്‍ വ്യാപിക്കുമ്പോള്‍ മാരകമായ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് നബി ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. 

 മനുഷ്യന്‍ എന്ന നിലയ്ക്ക് തെറ്റുകള്‍ സംഭവിക്കാം. ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്നതില്‍ സംശയമില്ല.  

അല്ലാഹുവിന് വേണ്ടി ആത്മാര്‍ഥമായി ജീവിക്കുവാന്‍ ഒരുക്കമുള്ളവരെ അല്ലാഹു മ്ലേച്ഛതകളില്‍ നിന്ന് വഴി തിരിച്ചുവിടും. യൂസുഫ് നബി(അ)യെ കൊട്ടാരത്തിലെ സ്ത്രീ വശീകരിക്കുവാന്‍ ശ്രമിച്ചപ്പോഴും, അദ്ദേഹം അതില്‍ അകപ്പെടാതെ രക്ഷപ്പെടാനുണ്ടായ കാരണം അല്ലാഹു വിവരിക്കവെ അദ്ദേഹം നിഷ്‌കളങ്കനായിരുന്നുവെന്ന് പറയുന്ന് ശ്രദ്ധേയമാണ്. നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമകളായി അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി സമയവും ആരോഗ്യവും സമ്പാദ്യവും ചെലവഴിച്ച് ജീവിക്കുമ്പോള്‍ ഇത്തരം മ്ലേച്ഛതകളില്‍ നിന്ന് അല്ലാഹുവിന്റെ കാവല്‍ ലഭിക്കുന്നതാണ്.

ഒരു സമൂഹത്തെ അല്ലാഹു കീഴ്‌മേല്‍ മറിക്കുവാന്‍ മാത്രം കാരണമായ കൊടും പാതകമായ ഈ തിന്മക്ക് അടിമപ്പെടുന്നവര്‍ അല്ലാഹു അത്തരക്കാര്‍ക്ക് ഇഹലോകത്ത് തന്നെ നല്‍കിയ ശിക്ഷയെ കുറിച്ച് പഠിച്ചറിയേണ്ടതുണ്ട്. ജീവിതം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിയന്ത്രണ വിധേയമാക്കി ക്ഷമയോടെ മുന്നോട്ടു പോകുവാനും ശ്രമിക്കേണ്ടതുണ്ട്. മ്ലേഛതകളില്‍ നിന്നും നീചവൃത്തികളില്‍ നിന്നും മനുഷ്യന് ഒരു കവചമായിട്ടുള്ള അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിച്ചും കൂടെ ഐച്ഛിക നമസ്‌കാരങ്ങള്‍ അധികരിപ്പിച്ചും സുന്നത്തു നോമ്പുകള്‍, ക്വുര്‍ആന്‍ പാരായണം, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ മുതലായവ വര്‍ധിപ്പിച്ചും ജീവിച്ചാല്‍ തെറ്റുകളില്‍നിന്നും അകന്ന് ജീവിക്കുവാന്‍ സാധിക്കും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമപരമായി ഈ നീചവൃത്തിക്ക് പരിരക്ഷ ലഭിക്കുമ്പോള്‍ ഇത്തരം സ്വഭാവത്തിന് അടിമപ്പെട്ടവരെ ഇസ്‌ലാമിക അധ്യാപനങ്ങള്‍ കൊണ്ടല്ലാതെ രക്ഷപ്പെടുത്തുവാന്‍ സാധ്യമല്ല. സ്വവര്‍ഗ വിവാഹത്തിന് വേണ്ടി നിയമം കൊണ്ടുവരുവാനും, ഇതെല്ലാം വ്യക്തി സ്വാതന്ത്ര്യമായി കണ്ട്, അതിന് നിയമ സാധുത ഉണ്ടാക്കുവാനായി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങുവാന്‍ പോലും മനുഷ്യര്‍ ഇക്കാലത്ത് തയ്യാറാകുന്നു എന്നത് ധാര്‍മികമായ അധഃപതനത്തിന്റെ അടയാളമാണ്. 

ഇത്തരം ദുഃസ്വഭാവക്കാര്‍ക്കായി ലോകത്ത് സംഘടനകളും അതിന്റെ പ്രചാരണത്തിനായി മാസികകളും, അവയ്ക്ക് ലക്ഷക്കണക്കിന് വരിക്കാരും ഉണ്ടെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഇവര്‍ക്കുള്ള സ്വാധീനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം.

അല്ലാഹുവിന്റെ ദൂതന്‍ നല്‍കിയ ഉപദേശങ്ങളോടും താക്കീതുകളോടും ആ ജനത മുഖം തിരിഞ്ഞ് അഹങ്കാരികളും ധിക്കാരികളുമായി മാറിയപ്പോള്‍ അല്ലാഹു അവരെ ലോകത്തിന് ഒരു ദൃഷ്ടാന്തമായി നശിപ്പിച്ചു കളഞ്ഞു എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക