മൂസാ നബി (അ) – 06

മൂസാ നബി (അ) - 06

മൂസാനബി(അ) ദൗത്യം ഏറ്റെടുക്കുന്നു

മൂസാനബി(അ)യോട് അല്ലാഹു നേരിട്ട് സംസാരിച്ച ചില കാര്യങ്ങള്‍ നാം മനസ്സിലാക്കിയല്ലോ. ഇനി, അദ്ദേഹത്തിലൂടെ അല്ലാഹു ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ ചില അസാധാരണ സംഭവങ്ങള്‍ വെളിപ്പെടുത്തുവാന്‍ പോകുകയാണ്. 

അല്ലാഹു പറഞ്ഞു: ”ഹേ; മൂസാ, നിന്റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു? അദ്ദേഹം പറഞ്ഞു: ഇത് എന്റെ  വടിയാകുന്നു. ഞാനതിന്മേല്‍ ഊന്നി നില്‍ക്കുകയും അത് കൊണ്ട് എന്റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്” (ക്വുര്‍ആന്‍ 20:17,18).

‘എന്താണ് നിന്റെ വലതുകയ്യിലുള്ളത്’ എന്ന് അല്ലാഹു ചോദിച്ചത് എന്താണെന്ന്  അറിയാത്തതിനാലല്ല, മറിച്ച് ശ്രദ്ധ തിരിക്കാനുള്ള ഒരു ചോദ്യം മാത്രം. ആടുകള്‍ക്ക് ഉയരത്തിലുള്ള ഇലകള്‍ അടിച്ചുവീഴ്ത്തിക്കൊടുക്കുന്നു എന്ന മറുപടിയില്‍നിന്ന് മദ്‌യനില്‍ പത്ത് കൊല്ലം ആ പിതാവിനോട് ചെയ്ത കരാറില്‍ അവരുടെ ആടുകളെ മേയ്ക്കുന്നതും ഉണ്ടായിരുന്നുവെന്ന്  മനസ്സിലാക്കാന്‍ കഴിയുന്നു. ഇനി കരാറില്‍ പെട്ടതല്ലെങ്കില്‍ പോലും ആ ജോലി ചെയ്തിരുന്നു എന്ന് വ്യക്തമാണ്. 

മൂസാ(അ)യുടെ കയ്യിലുള്ള ആ വടിയിലൂടെ അത്‌വരെയും അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ഈ വചനം വ്യക്തമാക്കുന്നു. ഇവിടെ മൂസാ(അ) ആ വടിയുടെ പ്രത്യേകതകളായി പറഞ്ഞതെല്ലാം ഏതൊരാള്‍ക്കും ചെയ്യാവുന്നതാണ്. അത് സൃഷ്ടികളുടെ കരങ്ങളാല്‍ സാധിക്കുന്നതാണ്. അസാധാരണമായ യാതൊന്നും ഈ പറഞ്ഞതില്‍ ഇല്ല. എന്നാല്‍ ഇനിയാണ് ആ വടിയിലൂടെ ചില അസാധാരണ സംഭവങ്ങള്‍ പ്രകടമാകാന്‍ പോകുന്നത്. 

”അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു. അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്” (ക്വുര്‍ആന്‍ 20:1921).

തന്റെ കയ്യിലുള്ള വടി നിലത്തിടുവാന്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു. മൂസാ(അ) അക്ഷരം പ്രതി അനുസരിച്ചു. അപ്പോഴതാ അത് വലിയ ഒരു പാമ്പായി ഓടുന്നു. ഇതുവരെയും ഊന്നി നില്‍ക്കുവാനും ആടുകള്‍ക്ക് ഇല പൊഴിക്കുവാനുമെല്ലാം ആണ് ആ വടി ഉപയോഗിച്ചിരുന്നത്. എന്തായിരുന്നാലും അദ്ദേഹം അതിന് മുമ്പ് പല തവണ ആ വടി നിലത്ത് ഇട്ടിട്ടുണ്ടാകുമല്ലോ. അന്നൊന്നും ആ വടിയില്‍ യാതൊരു അത്ഭുതവും അദ്ദേഹം കണ്ടിട്ടില്ല. ഇപ്പോഴിതാ, നിലത്തിട്ടപ്പോള്‍ വലിയ പാമ്പായി ഓടുന്നു. ഇതു കണ്ട മൂസാ(അ) നന്നായി പേടിച്ചു. ആ ഭാഗം സൂറത്തുല്‍ ക്വസ്വസ്വില്‍ അല്ലാഹു ഇപ്രകാരം വിവരിക്കുന്നു:

”നീ നിന്റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്‍പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്നാക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 28:31).

വടി നിലത്തിട്ടപ്പോള്‍ പാമ്പായി മാറി. ഇത് കണ്ട മൂസാ(അ) നന്നായി പേടിച്ചു. കാരണം ഇത് അപ്രതീക്ഷിതവും അസാധാരണവുമാണ്. പേടിക്കേണ്ടതില്ലെന്നും അതിനെ നീ പിടിക്കണമെന്നും നാം അതിനെ പൂര്‍വ സ്ഥിതിയിലേക്ക് തന്നെ മാറ്റുന്നതാണെന്നും പറഞ്ഞ് അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു.

പ്രവാചകന്മാരും ഔലിയാക്കളും സദാസമയം മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വിശ്വസിക്കുന്നവരുണ്ട്. മറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമെ അറിയൂ എന്ന വിശ്വാസത്തില്‍ സൃഷ്ടികളെ പങ്കു ചേര്‍ക്കലാണിത്. മൂസാ നബി(അ)യുടെ ഈ സംഭവം ഒന്ന് ശ്രദ്ധിക്കൂ. അദ്ദേഹത്തിന്  മറഞ്ഞ കാര്യം അറിയുമായിരുന്നുവെങ്കില്‍ പേടിക്കേണ്ട വല്ല കാര്യവും ഉണ്ടോ. അദ്ദേഹത്തിന് അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് അറിയാത്തതിനാലാണല്ലോ ഇങ്ങനെ അദ്ദേഹം പേടിച്ചത്. മറഞ്ഞകാര്യം അല്ലാഹുവിനല്ലാതെ അറിയില്ലെന്ന വിശ്വാസത്തിനാണ് ഇതെല്ലാം തെളിവ്. 

ഫിര്‍ഔന്‍ അടക്കമുള്ളവരിലേക്കാണല്ലോ മൂസാ(അ) പ്രവാചകനായി അയക്കപ്പെടുന്നത്. ധിക്കാരിയും അഹങ്കാരിയും ആയ ഫിര്‍ഔനിന്റെ മുന്നിലേക്കാണ് അദ്ദേഹത്തിന് പോകാനുള്ളത്. മൂസാ(അ) അങ്ങോട്ട് പോകുന്നതിന് മുമ്പായി അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന മുഅ്ജിസതുകളില്‍ ഒന്നായ, അദ്ദേഹത്തിന്റെ കയ്യിലുള്ള വടി നിലത്തിട്ടാല്‍ പാമ്പാകുക എന്നത് ആദ്യം കാണിച്ചു കൊടുത്തു. പിന്നെയും അല്ലാഹു അദ്ദേഹത്തിന് ചില മുഅ്ജിസതുകള്‍ കാണിച്ചു കൊടുത്തു.

”നീ നിന്റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത് വരുന്നതാണ്. ഭയത്തില്‍ നിന്ന് മോചനത്തിനായ് നിന്റെ  പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക് ചേര്‍ത്ത്  പിടിക്കുകയും ചെയ്യുക. അങ്ങനെ അത് രണ്ടും ഫിര്‍ഔനിന്റെയും അവന്റെ പ്രമുഖന്മാരുടെയും അടുത്തേക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു” (ക്വുര്‍ആന്‍ 28:32).

മൂസാ(അ)നോട് തന്റെ വലതുകൈ ഇടത് കൈയുടെ കക്ഷത്തേക്ക് പ്രവേശിക്കുവാന്‍ പറഞ്ഞു. എന്നിട്ട് കൈ അവിടെ നിന്നും എടുത്താല്‍ നല്ല വെള്ള നിറത്തില്‍ ശോഭ പരത്തുന്നതാണ്. നേരത്തെ മൂസാ(അ) നന്നായി പേടിച്ചിരുന്നല്ലോ. അതിനാല്‍ കൈകള്‍ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിക്കുവാന്‍ പറഞ്ഞു. അപ്പോള്‍ പേടി നീങ്ങുന്നതാണ്. മൂസാ(അ) അപ്രകാരം ചെയ്തു. ഭയം നീങ്ങുകയും ചെയ്തു. (ഇത് വിവരിക്കുന്നിടത്ത് മഹാന്മാരായ പണ്ഡിതന്മാര്‍ പേടിയുള്ള സന്ദര്‍ഭത്തില്‍ കൈകള്‍ ശരീരത്തിലേക്ക് ചേര്‍ത്ത് വെച്ച് പ്രാര്‍ഥിച്ചാല്‍ അല്‍പം ആശ്വാസം ലഭിക്കുമെന്ന് പറഞ്ഞതായി കാണാന്‍ കഴിയും). വടിയിലൂടെയുള്ള ദൃഷ്ടാന്തവും കയ്യിലൂടെയുള്ള ദൃഷ്ടാന്തവും ഫിര്‍ഔനിന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്ക് പോകുന്നതിന് മുമ്പായി അല്ലാഹു മൂസാനബി(അ)ക്ക് കാണിച്ചു കൊടുത്തു. ശേഷം അല്ലാഹു ഇപ്രകാരം കല്‍പിച്ചു:

”നീ ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു ” (ക്വുര്‍ആന്‍ 20:24).

വലിയ ഒരു ഉത്തരവാദിത്തമാണ് അല്ലാഹു മൂസാനബി(അ)യെ ഏല്‍പിക്കുന്നത്. ഫിര്‍ഔനിന്റെ അടുത്തേക്ക് പോകണം; അവന്‍ കടുത്ത ധിക്കാരിയാണെന്ന് അല്ലാഹു തന്നെ മൂസാനബി(അ)യെ അറിയിക്കുകയും ചെയ്തു.

ധിക്കാരിയായ ഫിര്‍ഔനിന്റെ ചെയ്തികള്‍ ക്വുര്‍ആന്‍ തന്നെ പലയിടങ്ങളിലും വിവരിച്ചിട്ടുണ്ട്. അഹങ്കാരിയായ അവന്‍ തന്റെ അധികാരത്തിന്റെ ശക്തി പ്രയോഗിച്ച് കടുത്ത സ്വേഛാധിപത്യം വ്യാപിപ്പിച്ചു. കിരാതമായ പല നിയമങ്ങളും നാട്ടില്‍ നടപ്പില്‍ വരുത്തി. പാവങ്ങളായ ഇസ്‌റാഈല്യരെ അടിമകളാക്കി വെച്ച് പീഡിപ്പിച്ചു. അവസാനം നിങ്ങള്‍ക്കുള്ള ആരാധ്യനും ഞാന്‍ തന്നെയെന്ന് വരെ പ്രഖ്യാപിച്ചു. ഫിര്‍ഔന്‍ താന്‍ ആരാധ്യനാണെന്ന് സ്വയം പ്രഖ്യാപിച്ച് ജനങ്ങളോട് പറഞ്ഞത് അല്ലാഹു ഇപ്രകാരം നമ്മെ അറിയിക്കുന്നു:

”അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്” (ക്വുര്‍ആന്‍ 26:29).

”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരേ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല” (ക്വുര്‍ആന്‍ 28:38)

”ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു” (ക്വുര്‍ആന്‍ 79:24).

താന്‍ റബ്ബാണെന്നും ആരാധ്യനാണെന്നുമാണ് ഫിര്‍ഔന്‍ വാദിക്കുന്നത്. തന്റെ സ്വേഛാധിപത്യത്തിലൂടെ അവന്‍ ജനങ്ങളെ അവനെ ആരാധിക്കുന്നവരാക്കി മാറ്റുകയും ചെയ്തു.

ഇബാദത്ത്, റബ്ബ് എന്നീ പദങ്ങള്‍ ചേര്‍ന്നുവന്നത് ക്വുര്‍ആനിലെ പല വചനങ്ങളിലും നമുക്ക് കാണാം. ഉദാഹരണം സുറതുല്‍ ബക്വറഃ ഇരുപത്തി ഒന്നാമത്തെ സൂക്തം. അതില്‍ ‘നിങ്ങള്‍ നിങ്ങളുടെ റബ്ബിനെ ആരാധിക്കുക’ എന്നാണ് പറയുന്നത്. മുഅവ്വിദതയ്‌നി (അഭയം തേടുന്ന രണ്ട് സൂറത്തുകള്‍) എന്ന് അറിയപ്പെടുന്ന സൂറതുല്‍ ഫലക്വ്, സൂറതുന്നാസ് എന്നിവയുടെ ആരംഭം ‘റബ്ബിനോട് ഞാന്‍ അഭയം തേടുന്നു’ എന്നാണ്. 

മറ്റുള്ളവര്‍ പറയുന്നതെല്ലാം കേള്‍ക്കുവാന്‍ സന്നദ്ധത കാണിക്കുന്നവനല്ല ഫിര്‍ഔന്‍; നിഷ്പക്ഷ മനോഭാവമുള്ളവനുമല്ല. ഒരു സാധാരണക്കാരന്റെ അടുത്തേക്ക് സംസാരിക്കാന്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയല്ല അഹങ്കാരിയും സ്വേഛാധിപതിയുമായ ഒരാളുടെ അടുത്തേക്ക് പോകുമ്പോള്‍ ഉണ്ടാകുക. ചെല്ലുന്നവരുടെ മനസ്സില്‍ പേടിയും ആധിയും ഉണ്ടാകുക സ്വാഭാവികം. 

അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ(അ) ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുകയാണ്. അല്ലാഹു തന്നില്‍ ഏല്‍പിച്ച ദൗത്യം ഭാരിച്ചതാണെന്ന് മൂസാ(അ)ന് നല്ല ബോധ്യമുണ്ടായിരുന്നു. താന്‍ പോകാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത് എന്ത് നെറികേടും ചെയ്യാന്‍ മുതിരുന്ന ഒരു ധിക്കാരിയുടെ അടുക്കലേക്കാണ്. തനിക്ക് ഇഷ്ടമില്ലാത്തത് പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെ വെച്ചുപൊറുപ്പിക്കാത്തവനാണവന്‍. അവന്റെ അടുത്തേക്ക് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സന്ദേശവുമായി ചെന്നാല്‍ അവന്‍ എതിര്‍ക്കുമെന്നത് തീര്‍ച്ചയാണല്ലോ. ആയതിനാല്‍ മാനസികമായ ധൈര്യവും ശാരീരികമായ ആരോഗ്യവും അത്യാവശ്യമാണ്. അത് ലഭിക്കേണ്ടത് അല്ലാഹുവില്‍ നിന്നാണല്ലോ. അതിനായി മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: 

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ.എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്. എന്റെ കുടുംബത്തില്‍ നിന്ന് എനിക്ക് ഒരു സഹായിയെ നീ ഏര്‍പെടുത്തുകയും ചെയ്യേണമേ. അതായത് എന്റെ സഹോദരന്‍ ഹാറൂനെ. അവന്‍ മുഖേന എന്റെ ശക്തി നീ ദൃഢമാക്കുകയും എന്റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ. ഞങ്ങള്‍ ധാരാളമായി നിന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി” (ക്വുര്‍ആന്‍ 20:2534).

ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും ചെയ്തികള്‍ ശരിക്കും അറിയുന്ന ആളാണല്ലോ മൂസാ(അ). അവന്റെ അടുത്ത് പോയി പറയാനുള്ളതാകട്ടെ, അവന്‍ സ്വയം വാദിക്കുന്നതിനെ തകര്‍ത്ത് കളയുന്ന സൃഷ്ടിപൂജക്കെതിരെയുള്ള കാര്യങ്ങളും. സ്രഷ്ടാവായ റബ്ബിലേക്ക് ക്ഷണിക്കുമ്പോള്‍ അവനില്‍ നിന്ന് എന്ത് പ്രതികരണവും പ്രതീക്ഷിക്കേണ്ടി വരുമല്ലോ. അതിനാല്‍ മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഹൃദയ വിശാലതയാണ്. പ്രബോധിതരുടെ ഭാഗത്ത് നിന്നും പ്രബോധകന് ഇഷ്ടമില്ലാത്തതോ വിഷമം ഉണ്ടാക്കുന്നതോ ആയ വാക്കുകളോ പ്രവര്‍ത്തികളോ നേരിട്ടേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ അക്ഷമ കാണിക്കുന്നത് ശരിയല്ലല്ലോ. നല്ല ക്ഷമ ആവശ്യമായി വരുന്ന സന്ദര്‍ഭമാണത്. ക്ഷമയും സ്ഥൈര്യവും കിട്ടുവാന്‍ അല്ലാഹുവിനോട് ചോദിക്കുകയും വേണം. അതാണ് മൂസാ(അ) ചോദിച്ചത്.

പ്രബോധിത സമൂഹത്തില്‍ നിന്നും പരിഹാസമോ ഒറ്റപ്പെടുത്തലുകളോ ബഹിഷ്‌കരണങ്ങളോ പീഡനങ്ങളോ ഭീഷണികളോ ഉണ്ടാകുമ്പോഴേക്കും പുറകോട്ട് പോകുന്ന മനസ്സായിരുന്നില്ല പ്രവാചകന്മാരുടെത്. അവര്‍ എല്ലാം സഹിച്ചു. സമൂഹം രക്ഷപ്പെടണം എന്ന് അതിയായി കൊതിച്ചു. അതിന് പരിഹാസമോ ഒറ്റപ്പെടുത്തലുകളോ ബഹിഷ്‌കരണങ്ങളോ പീഡനങ്ങളോ ഭീഷണികളോ അവര്‍ക്ക് തടസ്സമായിട്ടില്ല. മൂഹമ്മദ് നബി ﷺ ക്ക് അല്ലാഹു നല്‍കിയ ചില അനുഗ്രഹങ്ങളെ എടുത്ത് പറയുന്ന കൂട്ടത്തില്‍ അല്ലാഹു ആദ്യം തന്നെ പറയുന്നത് കാണുക:

”നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?” (ക്വുര്‍ആന്‍ 94:1).

മൂസാ(അ) ധിക്കാരിയായ ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഹൃദയ വിശാലതക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിന്റെ പൊരുള്‍ മനസ്സിലായല്ലോ. 

പിന്നീട് അദ്ദേഹം തേടുന്നത് ‘എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ’ എന്നാണ്. പ്രബോധന പ്രവര്‍ത്തനത്തില്‍ വിജയം കൈവരിക്കുവാന്‍ ആവശ്യമായ എന്തെല്ലാം ഉണ്ടോ അതെല്ലാം എളുപ്പമാകണം. അതുപോലെ താന്‍ പറയുന്നത് കേള്‍ക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയണമെങ്കില്‍ സംസാര വൈഭവം വേണം. തപ്പിപ്പിഴ ഉണ്ടാകുവാന്‍ പാടില്ല. അതിനാല്‍ മൂസാ(അ) അല്ലാഹുവിനോട് അതിനായി പ്രാര്‍ഥിച്ചു. മൂസാ(അ) മദ്‌യനിലേക്ക് വരുന്നതിന് മുമ്പ് ജീവിച്ചിരുന്നത് ഈജിപ്തിലായിരുന്നുവല്ലോ. പിന്നീട് മദ്‌യനിലെത്തി. അവിടെ കുറെ കാലം താമസിച്ചു. സ്വദേശത്ത് നിന്ന് വിദേശത്തേക്ക് മാറിയപ്പോള്‍ സ്വദേശത്തെ സംസാരഭാഷ കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യം മൂസാനബി(അ)ക്ക് ഉണ്ടായതുമില്ല.ഇന്നത്തെ പോലെ അന്ന് മീഡിയകളൊന്നും ഇല്ലല്ലോ പരസ്പരം ബന്ധപ്പെടുവാന്‍. കുറെ കൊല്ലം മദ് യനില്‍ താമസിച്ചതിനാല്‍ പഴയ ഭാഷ സംസാരിക്കുമ്പോള്‍ വിഷമം അനുഭവപ്പെടുക സ്വാഭാവികമാണല്ലോ. അങ്ങനെയുള്ള ഒരവസ്ഥയിലാണ് ഫിര്‍ഔനിന്റെ അടുത്തേക്ക് മൂസാ(അ) പോകുന്നത്. അപ്പോള്‍ ഫിര്‍ഔനടക്കം ഉള്ളവരോട് സംസാരിക്കുമ്പോള്‍ ഇതൊരു തടസ്സമാകുമോ എന്നൊരു മാനസിക പ്രയാസം മൂസാനബി(അ)ക്ക് ഉണ്ട്. അതിനാല്‍ ആ പ്രയാസം നീങ്ങിക്കിട്ടുവാനാണ് ഇപ്രകാരം പ്രാര്‍ഥിച്ചത്.  

മൂസാനബി(അ)ക്ക് സംസാരത്തിന്റെ വൈഭവത്തില്‍ അല്‍പം കുറവുണ്ടായിരുന്നതായി ചില റിപ്പോര്‍ട്ടുകളിലെല്ലാം വന്നിട്ടുണ്ട്. അതിനുള്ള കാരണം പല രൂപത്തില്‍ പറയുന്നതും കാണാം. മൂസാ(അ) കുഞ്ഞായിരിക്കെ ഫിര്‍ഔനിന്റെ കൊട്ടാരത്തിലാണല്ലോ വളര്‍ന്നിരുന്നത്. അങ്ങനെ ഫിര്‍ഔനിന്റെ മടിത്തട്ടില്‍ കളിച്ച് വളരുമ്പോള്‍ ഫിര്‍ഔനിന്റെ മുഖത്ത് ഒരു അടി കൊടുത്തു പോലും. അപ്പോള്‍ ഫിര്‍ഔനിന് ദേഷ്യം വന്നു. അങ്ങനെ കുഞ്ഞിനെ കൊന്നു കളയാന്‍ ഫിര്‍ഔന്‍ ഒരുങ്ങി. അപ്പോള്‍ ഫിര്‍ഔനിന്റെ ഭാര്യ ഇടപെട്ടു. കുഞ്ഞല്ലേ, വിവരം ഇല്ലല്ലോ. ക്ഷമിക്കണം എന്നെല്ലാം പറഞ്ഞു. അപ്പോള്‍ ഫിര്‍ഔന്‍ അതിനെ എതിര്‍ത്തു. കുഞ്ഞിന് വിവരം ഉണ്ടോ ഇല്ലേ എന്ന് പരീക്ഷിക്കുന്നതിനായി ഭാര്യ ഒരു കാര്യം ഫിര്‍ഔനിന്റെ മുന്നില്‍ വെച്ചു. അങ്ങനെ കുഞ്ഞിന് വിവരമുണ്ടോ എന്ന് തിരിച്ചറിയുവാന്‍ ഒരു പാത്രത്തില്‍ തീക്കട്ടയും വേറൊരു പാത്രത്തില്‍ കാരക്കയും വെച്ചു. കുട്ടി ഏതാണ് എടുക്കുക എന്ന് നോക്കി. കുഞ്ഞ് ആ തീക്കട്ട എടുത്തു വായിലിട്ടു. അങ്ങനെ നാവ് പൊള്ളി. അതുകാരണം, മൂസാ(അ)യുടെ നാവിന് ഒരു കൊഞ്ഞം വന്നു എന്നെല്ലാം പറയുന്ന ചില റിപ്പോര്‍ട്ടുകള്‍ കാണാം. എന്നാല്‍ ഇതൊന്നും കൃത്യമായ പരമ്പരയോടെ രേഖപ്പെടുത്താത്ത റിപ്പോര്‍ട്ടുകളാണെന്ന് നാം മനസ്സിലാക്കണം. ഇങ്ങനെ ചിലരെല്ലാം അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്നതല്ലാതെ അതിനൊന്നും വ്യക്തമായ രേഖ ഇല്ല എന്നര്‍ഥം.

അഹങ്കാരിയും ധിക്കാരിയും ക്രൂരനുമായ ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഭയം തോന്നുന്നത് സ്വാഭാവികം. പേടി വരുമ്പോള്‍ തന്നെ സംസാരിക്കുന്നതിന് ഒഴുക്ക് നഷ്ടപ്പെടുമല്ലോ. 

കൂടെ ഒരാള്‍ പിന്തുണക്കുവാനും സഹായിക്കുവാനും ഉണ്ടെങ്കില്‍ ദഅ്‌വത്തിന് ഒരു സൗകര്യമാകുമല്ലോ. അതിനാല്‍ സഹോദരനെ സഹായിയാക്കിത്തരുവാന്‍ അദ്ദേഹം അല്ലാഹുവിനോട് സഹായം തേടി. 

പ്രബോധന മാര്‍ഗത്തില്‍ വിയര്‍ക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ലഭിക്കുന്ന നിര്‍വൃതി ചെറുതൊന്നുമല്ലല്ലോ. ഒരാള്‍ക്ക് നാം സത്യം എത്തിക്കുന്നു. അത് അദ്ദേഹം  സ്വീകരിക്കുകയും ചെയ്യുന്നു. എങ്കില്‍ നാം മനസ്സ് അറിഞ്ഞ് അല്ലാഹുവിനെ സ്തുതിക്കും. അയാള്‍ അത് സ്വീകരിക്കുവാന്‍ കൂട്ടാക്കാതെ പോയാലോ, നാം അല്ലാഹുവിനോട് അയാളുടെ ഹിദായത്തിന് വേണ്ടി ചോദിക്കും. അതോടൊപ്പം സത്യം എത്തിച്ച് കൊടുത്തല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യും. അഥവാ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സായിരിക്കും ഒരു പ്രബോധകന് എപ്പോഴും ഉണ്ടാകുക.

ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിനെ ഓര്‍ക്കുന്നവനാകണം. അല്ലാഹു വിശ്വാസികളോട് അപ്രകാരം കല്‍പിക്കുകയും ചെയ്തിട്ടുണ്ട്.  അല്ലാഹുവിനെ ധാരാളം ഓര്‍ക്കുകയും അവനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മനസ്സ് നമുക്ക് വേണം. അത് നമുക്ക് പ്രതിസന്ധികളില്‍  മുതല്‍ക്കൂട്ടാണ്. യൂനുസ്‌നബി(അ) എപ്പോഴും അല്ലാഹുവിനെ പ്രകീര്‍ത്തിച്ചിരുന്നു എന്ന് പ്രത്യേകം ക്വുര്‍ആന്‍ എടുത്ത് പറഞ്ഞിട്ടുള്ളതായി കാണാം. അത് അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുവാന്‍ ഒരു കാരണവുമായിട്ടുണ്ട്. അല്ലാഹുവിനെ ഓര്‍ക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു വിസ്മരിക്കുകയില്ല. 

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ അല്ലാഹു കൈവിടില്ലല്ലോ. മൂസാ(അ) ആരുടെ അടുത്തേക്കാണ് പോകുന്നതെന്നും അതില്‍ അദ്ദേഹത്തിനുള്ള പ്രയാസവും എല്ലാം അല്ലാഹു നല്ല വണ്ണം കണ്ടറിയുന്നവനാണല്ലോ. അതും മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ എടുത്തു പറയുന്നുണ്ട്.

”തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 20:35).

മൂസാനബി(അ)യുടെ പ്രാര്‍ഥന അല്ലാഹു കേട്ടു; ഉത്തരം നല്‍കി:

”അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍20:36).

പ്രവാചകന്മാര്‍ അല്ലാഹുവുമായി വിശ്വാസം കൊണ്ടും സല്‍കര്‍മങ്ങള്‍ കൊണ്ടും അടുത്തവരായിരുന്നു. അല്ലാഹു കല്‍പിച്ചതെല്ലാം ചെയ്യുന്നവരും വിരോധിച്ചതെല്ലാം വെടിയുന്നവരുമായിരുന്നു അവര്‍. അതിനാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ക്ക് ഉടനെ ഉത്തരം നല്‍കപ്പെട്ടു. പ്രബോധനമാര്‍ഗത്തില്‍ മുന്നേറുവാന്‍ ഉത്തരം ലഭിക്കല്‍ അവര്‍ക്ക് ആവശ്യവുമായിരുന്നു. 

അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യങ്ങള്‍ എല്ലാം നാം ശരിയാം വിധം അനുഷ്ഠിക്കുകവഴി അല്ലാഹുവിലേക്ക് നമുക്ക് അടുക്കുവാന്‍ സാധിക്കുന്നതാണ്. അല്ലാഹു വിരോധിച്ചിട്ടുള്ള കാര്യങ്ങളില്‍ നിന്ന് പരിപൂര്‍ണമായും വിട്ടുനിന്ന്, അഥവാ വല്ല ഹറാമും ചെയ്താല്‍ ഉടനെ അതില്‍ നിന്ന് മാറി, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. നിര്‍ബന്ധ കാര്യങ്ങള്‍ അനുഷ്ഠിക്കുന്നതിന് പുറമെ, ഐച്ഛികമായ (സുന്നത്തായ) കര്‍മങ്ങളും നാം  ചെയ്യണം. അതിലൂടെ അടിമക്ക് അല്ലാഹുവിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുവാന്‍ സാധിക്കുന്നതാണ്. അങ്ങനെ അടുത്താല്‍ ‘അവന്റെ കണ്ണും കാതും കൈയും കാലും ഞാനായിത്തീരുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അഥവാ ആ കണ്ണ് അല്ലാഹുവിന് ഇഷ്ടമുള്ളതേ കാണൂ. അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേ ആ കണ്ണ് പിന്നെ അടിമ ഉപയോഗപ്പെടുത്തൂ. ആ കാത് അല്ലാഹുവിന് ഇഷ്ടമുള്ളതേ കേള്‍ക്കൂ, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേ ആ കാത് ഉപയോഗപ്പെടുത്തൂ. ആ കൈകൊണ്ട് അല്ലാഹുവിന് ഇഷ്ടമുള്ളതേ ചെയ്യൂ, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേ ആ കൈ ഉപയോഗപ്പെടുത്തൂ. ആ കാല് അല്ലാഹുവിന് ഇഷ്ടമുള്ളിടത്തേക്കേ നടക്കൂ, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലേക്കേ ആ കാല് ഉപയോഗപ്പെടുത്തൂ. അങ്ങനെ അല്ലാഹുവിലേക്ക് അടുക്കുന്ന ഒരു അടിമ അല്ലാഹുവിനോട് വല്ലതും ചോദിച്ചാല്‍ അല്ലാഹു അത് നല്‍കുന്നതാണ്. ആ അടിമ  അല്ലാഹുവിനോട് കാവല്‍ തേടിയാല്‍ കാവല്‍ നല്‍കുന്നതാണ്. ഇത് അല്ലാഹു നമ്മെ അറിയിച്ചിട്ടുള്ള സുവിശേഷമാണ്. ഈ കാര്യം നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്. അഥവാ ഞാനും എന്റെ റബ്ബും തമ്മിലുള്ള ബന്ധം എത്രയുണ്ടെന്ന് നാം സ്വയം വിലയിരുത്തേണ്ടതുണ്ട്.

ഏത് കാര്യത്തിന് നാം ഇറങ്ങുമ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിച്ച് ഇറങ്ങണം എന്ന ഒരു പാഠവും ഈ ചരിത്രം നമുക്ക് നല്‍കുന്നുണ്ട്. അല്ലെങ്കിലും ഏത് കാര്യത്തിനാണ് നമുക്ക് പ്രാര്‍ഥനയും ദിക്‌റും പഠിപ്പിക്കപ്പെടാതെ പോയിട്ടുള്ളത്! ഏതൊരു കാര്യം അല്ലാഹുവിന്റെ നാമത്താല്‍ നാം തുടങ്ങുന്നില്ലയോ, അതില്‍ അല്ലാഹുവിന്റെ ബറകത്ത് ഉണ്ടാകില്ലെന്ന് നബി ﷺ നമ്മെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 05​

മൂസാ നബി (അ) - 05

മൂസാ നബി (അ) ത്വുവാ താഴ്‌വരയില്‍

മകളുടെ അഭിപ്രായം കേട്ട പിതാവ് മൂസാ(അ)യോട് പറഞ്ഞു: ”…നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു” (ക്വുര്‍ആന്‍ 28:27,28).

ഇങ്ങനെയൊരു കരാര്‍ നല്ലവനായ ആ പിതാവും മൂസാ(അ)യും തമ്മില്‍ നടന്നു. പറഞ്ഞതുപോലെ എട്ടു വര്‍ഷമോ പത്തുവര്‍ഷമോ പൂര്‍ത്തിയാക്കുമെന്ന് മൂസാ(അ) സമ്മതിച്ചു. എട്ടുവര്‍ഷമാണെങ്കില്‍ വിരോധമുണ്ടാകരുതെന്ന് അദ്ദേഹം അപേക്ഷിക്കുകയും ചെയ്തു. 

നബി ﷺ ക്ക് പത്ത് വര്‍ഷത്തോളം സേവനം ചെയ്ത അനസ്(റ), നബി ﷺ യെക്കുറിച്ച് പറയുന്നത് കാണുക: ”ഞാന്‍ അല്ലാഹുവിന്റെ റസൂലിന് പത്ത് വര്‍ഷം സേവനം ചെയ്തു. അല്ലാഹുവാണെ സത്യം, ഛെ! എന്നൊരു വാക്കുപോലും എന്നോട് അവിടുന്ന് പറഞ്ഞിട്ടില്ല. ഒരു കാര്യത്തെക്കുറിച്ചും എന്തിന് അപ്രകാരം ചെയ്തു എന്നോ, നിനക്ക് ഇങ്ങനെ ചെയ്തുകൂടായിരുന്നോ എന്നോ എന്നോട് അവിടുന്ന് പറഞ്ഞിട്ടില്ല” (മുസ്‌ലിം).

തൊഴിലാളിയെ ബുദ്ധിമുട്ടിക്കുവാന്‍ പാടില്ല. വാക്ക് കൊടുത്താല്‍ പാലിക്കണം. കൂലി തൊഴിലാളിയുടെ അവകാശമാണ്. ജോലി കഴിഞ്ഞാല്‍ തൊഴിലാളിയുടെ അവകാശം നല്‍കണം. 

ഞാന്‍ നിന്നെ നിനക്ക് കഴിയാത്ത ഒരു പണി ഏല്‍പിച്ച് പ്രയാസപ്പെടുത്തില്ലെന്നും, നല്ല നിലയ്‌ക്കേ നിന്നോട് ഞാന്‍ വര്‍ത്തിക്കുകയുള്ളൂവെന്നും, കരാര്‍ പാലിക്കുന്നതിലൂടെയും സത്യസന്ധത പുലര്‍ത്തുന്നതിലൂടെയും അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നെ സദ്‌വൃത്തനായി നിനക്ക് കാണാം എന്നും ആ പിതാവ് മൂസാ(അ)യോട് പറഞ്ഞു. അല്ലാഹുവിനെ സാക്ഷിയാക്കി മൂസാ(അ) ആ കരാര്‍ സമ്മതിച്ചു.

ഒരു പിതാവിന് ഒരാളോട് എന്റെ മകളെ വിവാഹം ചെയ്യുമോ എന്ന് ചോദിക്കുന്നതില്‍ വിരോധമില്ല. ഇവിടെ പിതാവ് മൂസാ(അ)യോട് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുന്ന കാര്യം അങ്ങോട്ട് പറഞ്ഞതാണല്ലോ. മൂസാ(അ) പിതാവിനോട് ആവശ്യപ്പെട്ടതല്ല. 

വിവാഹം സാധുവാകണമെങ്കില്‍ മഹ്ര്‍ നിര്‍ബന്ധമാണ്. മഹ്‌റായി ആഭരണം തന്നെ ആകണം എന്ന് വിചാരിക്കുന്നവരും ഉണ്ട്. അതും ശരിയല്ല. മൂല്യമുള്ള എന്തും മഹ്‌റായി നിശ്ചയിക്കാം. ഇവിടെ പിതാവ് മൂസാ(അ)യോട് മഹ്‌റായി ആവശ്യപ്പെട്ടത് കൂലി വേലയാണ്. വേറെ ഒന്നും നല്‍കാന്‍  അദ്ദേഹത്തിന് കഴിയില്ലെന്ന് ആ പിതാവിനും അറിയാം. എന്നാല്‍ മൂസാ(അ) നല്ല ആരോഗ്യമുള്ള വ്യക്തിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുമുണ്ട്. ആയതിനാല്‍ കൂലിവേലയാണ് മഹ്‌റായി നിശ്ചയിക്കപ്പെട്ടത്. ആഭരണം തന്നെ മഹ്‌റായാലേ ആ വിവാഹം സാധുവാകുകയുള്ളൂവെന്ന് ആരും മനസ്സിലാക്കരുത്. ഒരു ദിവസം നബി ﷺ യുടെ മുന്നില്‍ ഒരു സ്വഹാബി ഇരിക്കുകയാണ്. ആ സമയം ഒരു സ്ത്രീ വന്ന് നബി ﷺ യോട് അവളെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടു. നബി ﷺ  അല്‍പ സമയം ആലോചിച്ചു. എന്നിട്ട് നബി ﷺ  പറഞ്ഞു: ‘ഇപ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.’ ഇത് കേട്ട് നില്‍ക്കുന്ന ഒരു സ്വഹാബി നബി ﷺ യോട് ‘എനിക്ക് വിവാഹം ചെയ്തു തരുമോ?’ എന്ന് ചോദിച്ചു. നബി ﷺ  ചോദിച്ചു: ‘നിന്റെ കയ്യില്‍ (മഹ്‌റായി) എന്താണ് ഉള്ളത്?’ അദ്ദേഹം പറഞ്ഞു: ‘എന്റെ കയ്യില്‍ ഒന്നുമില്ല.’ നബി ﷺ  പറഞ്ഞു: ‘വീട്ടില്‍ പോയി വല്ലതും കിട്ടുമോ എന്ന് ഒന്ന് പരതി നോക്കൂ.’ അദ്ദേഹം വീട്ടില്‍ പോയി നോക്കി. ഒന്നും കിട്ടിയില്ല. അപ്പോള്‍ നബി ﷺ  ചോദിച്ചു: ‘നിന്റെ പക്കല്‍ ഒരു ഇരുമ്പിന്റെ മോതിരമുണ്ടോ?’ അദ്ദേഹം പറഞ്ഞു:  ‘അതും ഇല്ല.’ നബി ﷺ  ചോദിച്ചു: ‘നിനക്ക് ക്വുര്‍ആനില്‍ എത്ര മനഃപാഠമുണ്ട്?’ അദ്ദേഹം പറഞ്ഞു:  ‘എനിക്ക് ഇന്നയിന്ന സൂറത്തൊക്കെ മനഃപാഠമുണ്ട്.’ നബി ﷺ  പറഞ്ഞു: ‘എങ്കില്‍ അത് അവളെ പഠിപ്പിക്കുക എന്നത് മഹ്‌റായി നിശ്ചയിച്ച് ഞാന്‍ നിനക്ക് അവളെ വിവാഹം ചെയ്തു തരാം.’ 

എത്ര കൊല്ലമാണ് മൂസാ(അ) അവിടെ കഴിച്ചുകൂട്ടിയത്? താബിഉകളില്‍ പെട്ട സഈദ്ബ്‌നു ജുബയ്ര്‍(റ) പറയുകയാണ്: ”ഞങ്ങളില്‍ ക്വുര്‍ആനിനെ പറ്റി ഏറ്റവും കൂടുതല്‍ അവഗാഹത്തോടെ മനസ്സിലാക്കിയ ആളായിരുന്നു അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ). ഞാന്‍ ഇബ്‌നു അബ്ബാസ്(റ)വിനോട് മൂസാ(അ) അവിടെ എത്ര വര്‍ഷം ജോലി ചെയ്തു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലായ മൂസാ(അ) പത്ത് വര്‍ഷം പൂര്‍ണമായും അവിടെ കഴിച്ചു കൂട്ടി.”

മഹ്‌റായി നിശ്ചയിച്ച അത്രയും കൊല്ലം അവിടെ കഴിച്ചു കൂട്ടിയതിന് ശേഷം അദ്ദേഹം തന്റെ കുടുംബത്തെയും കൂട്ടി സ്വദേശമായ ഈജിപ്തിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു.

”അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വതത്തിന്റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്റെ  കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നേക്കാം. നിങ്ങള്‍ക്ക് തീക്കായാമല്ലോ” (ക്വുര്‍ആന്‍ 28:29).

ഈ സംഭവം സൂറഃ ത്വാഹയില്‍ നമുക്ക് ഇപ്രകാരം വായിക്കാം: ”മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും” (ക്വുര്‍ആന്‍ 20:9,10).

വാസ്തവത്തില്‍ മൂസാ(അ) കണ്ടത് തീ ആയിരുന്നില്ല. അദ്ദേഹത്തിന് അങ്ങനെ തോന്നിയതിനാലാണ് അല്ലാഹു അതിനെ തീ എന്ന് പറഞ്ഞത്. 

മദ്‌യനില്‍ നിന്നും ഈജിപ്തിലേക്ക പോകുമ്പോള്‍ വഴിതെറ്റിയിരുന്നുവെന്ന് വിശദീകരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയിലായിരുന്നു ആ യാത്ര എന്നും ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിശൈത്യ സമയത്തുള്ള ഈ യാത്ര തുടരുമ്പോഴാണ് അങ്ങകലെ മൂസാ(അ) ആ തീ കാണുന്നത്. ‘ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു’ എന്ന് പറഞ്ഞതില്‍ നിന്നും ആ തീ കൂടെയുള്ളവര്‍ കണ്ടിട്ടില്ല എന്ന്  നമുക്ക് മനസ്സിലാക്കാം. 

‘അവിടെ ചെന്നാല്‍ ആ തീയുടെ അടുത്ത് ആരെയെങ്കിലും കാണാന്‍ കഴിഞ്ഞേക്കും. അവരോട് വഴി ചോദിച്ചറിയാം. അല്ലെങ്കില്‍ അവിടെ നിന്നും ഒരു തീക്കൊള്ളിയെങ്കിലും കിട്ടിയേക്കും. അതുകൊണ്ട്   ഈ തണുപ്പില്‍ നിന്ന് ആശ്വാസം ലഭിക്കുവാനായി തീക്കായാം’ എന്നെല്ലാം കുടുംബത്തോട് പറഞ്ഞ് അവരെ അവിടെ നിര്‍ത്തി മൂസാ(അ) ആ തീ കാണുന്ന ഭാഗത്തേക്ക് നടന്നു.

”അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത് നിന്ന്, ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ച യായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു” (ക്വുര്‍ആന്‍ 28:30).

മുഹമ്മദ് നബി ﷺ  ഈ സംഭവത്തിന് സാക്ഷിയായിട്ടില്ലല്ലോ. പിന്നെ എങ്ങനെ കഴിഞ്ഞുപോയ ഈ ചരിത്രം അദ്ദേഹം അറിഞ്ഞു? അല്ലാഹു പറയുന്നു: 

”(നബിയേ,) മൂസായ്ക്ക് നാം കല്‍പന ഏല്‍പിച്ച് കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്) സാക്ഷ്യംവഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല. പക്ഷേ, നാം (പിന്നീട്) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യന്‍കാര്‍ക്ക്  നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുത്തു കൊണ്ട് നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല. പക്ഷേ, നാം ദൂതന്മാരെ നിയോഗിക്കുന്നവനായിരിക്കുന്നു. നാം (മൂസായെ) വിളിച്ച സമയത്ത് ആ പര്‍വതത്തിന്റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷേ, നിന്റെ  രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച് തരികയാകുന്നു.) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ ഇത്. അവര്‍ ആലോചിച്ച് മനസ്സിലാക്കിയേക്കാം” (ക്വുര്‍ആന്‍ 28:44-46).

ചില പിഴച്ച സ്വൂഫീ ചിന്താഗതിക്കാര്‍ക്ക് ഈ കാര്യങ്ങള്‍ ക്വുര്‍ആന്‍ പറഞ്ഞ പ്രകാരം ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിട്ടില്ല. അവര്‍ വിശ്വസിക്കുന്നത് നബി ﷺ  മുന്‍ പ്രവാചകന്മാരുടെ കൂടെ ഉണ്ടായതിനാലാണ് അദ്ദേഹത്തിന് അവരുടെ ജീവിതത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത് എന്നാണ്. അല്ലാഹുവില്‍ അഭയം!

നബി ﷺ ക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജനിച്ച ശൈഖ് ജീലാനിയെക്കുറിച്ച് നമ്മുടെ നാട്ടില്‍ പലരും വിശ്വസിക്കുന്നത് അദ്ദേഹം നൂഹ്‌നബി(അ)യുടെ കൂടെ കപ്പലിലും, ഇബ്‌റാഹീം നബി(അ)യെ തീയിലിട്ടപ്പോള്‍ അവിടെയും കൂടെ ഉണ്ടായിരുന്നുവെന്നാണ്! അത്തരം വികല വിശ്വാസങ്ങള്‍ സമൂഹത്തില്‍ പടര്‍ത്താന്‍ കെട്ടിയുണ്ടാക്കിയ ക്ഷുദ്ര കൃതികള്‍ മലയാളമണ്ണിലുണ്ട്. 

അല്ലാഹു തുടരുന്നു: ”അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ! തീര്‍ച്ചയായും ഞാനാണ് നിന്റെ രക്ഷിതാവ്. അതിനാല്‍ നീ നിന്റെ ചെരിപ്പുകള്‍ അഴിച്ച് വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു. ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക. തീര്‍ച്ചയയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്‌നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്” (ക്വുര്‍ആന്‍ 20:11-16).

ഭൂമിയില്‍ വെച്ച് അല്ലാഹു നേരിട്ട് സംസാരിച്ച ഒരു വ്യക്തിയാണ് മൂസാനബി(അ). ആ പവിത്രമായ  താഴ്‌വരയില്‍ വെച്ച് അല്ലാഹു അദ്ദേഹത്തെ പ്രവാചകനായി നിശ്ചയിക്കുകയാണ്. അക്കാര്യം അല്ലാഹു അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും ചെയ്തു. വഹ്‌യ് അഥവാ ദിവ്യബോധനം നല്‍കപ്പെടുമ്പോള്‍ ആദ്യമായി മൂസാനബി(അ)ക്ക്അല്ലാഹു നല്‍കിയ വഹ്‌യ് എന്തായിരുന്നു? ‘തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല’ എന്നത് തന്നെ. അഥവാ തൗഹീദ് തന്നെ. എല്ലാ നബിമാര്‍ക്കും നല്‍കിയ അടിസ്ഥാന വിഷയമായ തൗഹീദില്‍ മൂസാനബി(അ)ക്ക് ദിവ്യസന്ദേശം ലഭിച്ചുതുടങ്ങി എന്ന് സാരം.  

ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചാണല്ലോ. ഒന്നാമത്തേത് സാക്ഷ്യവചനവും രണ്ടാമത്തേത് നമസ്‌കാരവും. ഇബാദത്തുകളുടെ കൂട്ടത്തില്‍ അതിപ്രാധാന്യമുള്ള ഒരു അനുഷ്ഠാനമാണ് നമസ്‌കാരം.

മൂസാനബി(അ)യോടും അല്ലാഹുവിന്റെ ഏകത്വത്തെ ഊന്നിപ്പറഞ്ഞ ശേഷം പറയുന്നത് നമസ്‌കാരത്തെക്കുറിച്ചാണ്. നമസ്‌കാരം എന്ന മഹത്തായ കര്‍മത്തിന്റെ പ്രാധാന്യം ഈ സന്ദര്‍ഭവും നമ്മെ അറിയിക്കുന്നുണ്ട്. അല്ലാഹു മൂസാനബി(അ)യോട് നേരിട്ടു പറഞ്ഞ അടിസ്ഥാന കാര്യങ്ങളില്‍ നമസ്‌കാരവും ഉള്‍പെട്ടിട്ടുണ്ട് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടുണ്ട്. ഇത്ര പ്രാധാന്യമുള്ള കര്‍മം അനുഷ്ഠിക്കുന്നതില്‍ നാം എത്ര ശ്രദ്ധയും സൂക്ഷ്മതയും കാണിക്കാറുണ്ടെന്നത് നാം ആലോചിക്കേണ്ടതുണ്ട്. 

നമസ്‌കാരം മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന് മാത്രം അല്ലാഹു നിശ്ചയിച്ചിട്ടുള്ള ഒരു അനുഷ്ഠാനമല്ല. മുന്‍ സമുദായങ്ങളിലും അത് ഉണ്ടായിരുന്നു എന്ന് വ്യക്തം. ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം വിവരിച്ചപ്പോള്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന നാം കണ്ടതാണല്ലോ. എന്നാല്‍ മുന്‍പ്രവാചകന്മാരിലൂടെ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരവും ഇന്നത്തെ നമസ്‌കാരവും ഒരുപോലെയായിരുന്നില്ല. അന്നത്തെ നമസ്‌കാരത്തിന്റെ രീതിയിലും ഭാവത്തിലും സമയത്തിലുമെല്ലാം വ്യത്യാസമുണ്ടായിരുന്നു. അല്ലാഹുവിന് വേണ്ടി സമയ ബന്ധിതമായി ആരാധന നിര്‍വഹിക്കുവാന്‍ നമുക്ക് മുമ്പുള്ള സമുദായക്കാരും കല്‍പിക്കപ്പെട്ടിട്ടുണ്ടാകും. അല്ലാഹുവാണ് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍.

നമസ്‌കാരം അല്ലാഹുവിനെ ഓര്‍ക്കുന്നതിന് വേണ്ടിയാകണം എന്നാണല്ലോ മൂസാ(അ)യോട് അല്ലാഹു പറയുന്നത്. നമസ്‌കാരം അല്ലാഹു നിശ്ചയിച്ച സമയങ്ങളില്‍ കൃത്യമായ നിലക്ക് നിര്‍വഹിക്കുന്നുവെങ്കില്‍ ജീവിതം മുഴുക്കെ അല്ലാഹുവിനെ സംബന്ധിച്ചുള്ള ഓര്‍മ നിലനിര്‍ത്താന്‍ അത് സഹായകമാകും. നീചപ്രവര്‍ത്തനങ്ങളില്‍ നിന്ന് അത് നമ്മെ തടയുകയും ചെയ്യും. 

അന്ത്യദിനത്തെ സംബന്ധിച്ചും അല്ലാഹു മൂസാ(അ)യോട് ആ പരിശുദ്ധമായ താഴ്‌വരയില്‍ വെച്ച് സംസാരിച്ചു. അന്ത്യസമയം എപ്പോഴാണ് സംഭവിക്കുക എന്നത് അല്ലാഹു ഒരാളെയും അറിയിച്ചിട്ടില്ല. അല്ലാഹുവിന്റെ അടുക്കലാണ് അന്ത്യസമയത്തെ കുറിച്ചുള്ള അറിവ്. മുഹമ്മദ് നബി ﷺ ക്ക് പോലും അത് അറിയില്ല. ഓരോരുത്തരുടെയും മരണം അവന്റെ അന്ത്യ സമയമാണ്. അതും ആര്‍ക്കും അല്ലാഹു അറിയിച്ച് തന്നിട്ടില്ല. 

മരണത്തിന് മുമ്പായി അധ്വാനിച്ചാല്‍ അതിന്റെ ഗുണം നമുക്ക് തന്നെയാണ്. ഇങ്ങനെ ഒരു ജീവിതവും മരണവും അല്ലാഹു നമ്മില്‍ നിശ്ചയിച്ചത് തന്നെ ആരാണ് നമ്മില്‍ നന്നായി കര്‍മം ചെയ്യുന്നതെന്ന് പരീക്ഷിക്കുവാനാണല്ലോ.

അല്ലാഹുവില്‍ വിശ്വാസമില്ലാത്തവര്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നത് കണ്ട്, അതില്‍ വിശ്വാസി വഞ്ചിതനാകരുത്. അല്ലാഹുവില്‍ വിശ്വാസമുള്ളവരുടെ ജീവിതരീതി അല്ലാഹു നല്‍കിയ മാര്‍ഗ ദര്‍ശനമനുസരിച്ചുള്ളതാണെങ്കില്‍ അല്ലാഹുവില്‍ വിശ്വാസമില്ലാത്തവരുടെ ജീവിതരീതി ദേഹേച്ഛക്കനുസൃതമായിരിക്കും. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 04

മൂസാ നബി (അ) - 04

മദ്‌യനില്‍ എത്തുന്നു

”മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്‌നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്. അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു” (ക്വുര്‍ആന്‍ 28:23,24).

യാത്രയിലെ പ്രയാസങ്ങളെല്ലാം അനുഭവിച്ച് വളരെ സാഹസപ്പെട്ട് മൂസാ(അ) മദ്‌യനില്‍ എത്തി. അദ്ദേഹം അവിടെ കണ്ട ഒരു കാഴ്ചയിലൂടെയാണ് മൂസാ(അ)യുടെ മദ്‌യനിലെ ജീവിതത്തിന്റെ പ്രാരംഭത്തെ കുറിച്ച് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത്.
ഒരു കിണറിന് സമീപം കുറെ പേര്‍ ആടുകളെ വെള്ളം കുടിപ്പിക്കുന്നതിനായി കൂട്ടം കൂടി നില്‍ക്കുന്നു. അവരുടെ തിക്കും തിരക്കിനുമിടയില്‍ തങ്ങളുടെ ആടുകളെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് രണ്ടു സ്ത്രീകള്‍ അല്‍പം അകലെ മാറി നില്‍ക്കുന്നു. മല്ലന്മാരായ ആണുങ്ങള്‍ അവരുടെ സാമര്‍ഥ്യം കൊണ്ട് അവരുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുന്നു. 

മൂസാ(അ) അവരുടെ രണ്ട് പേരുടെയും അടുക്കല്‍ ചെന്ന്, ആടുകളെ വെള്ളം കൂടിപ്പിക്കാതെ മാറി നില്‍ക്കുവാനുള്ള കാരണം അന്വേഷിച്ചു. ഈ പുരുഷന്മാരായ ഇടയന്മാര്‍ അവരുടെ ആടുകളെ കുടിപ്പിച്ച് കഴിയാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ കഴിയില്ല. ഈ മല്ലന്മാരായ ഇടയന്മാര്‍ക്കിടയില്‍ തിക്കും തിരക്കും കൂട്ടി ഞങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് തുണയായി ഒരു ആണും ഇല്ല. ഉള്ളത് വൃദ്ധനായ ഞങ്ങളുടെ പിതാവ് മാത്രമാണ്. അദ്ദേഹത്തിന് അതിന് കഴിയുകയുമില്ലല്ലോ. അതിനാലാണ് ഇവയെ തെളിച്ച് ഇങ്ങോട്ട് ഞങ്ങള്‍ വരുന്നത്.

മൂസാ(അ)ന് അവരുടെ സാഹചര്യം പിടികിട്ടി. പുരുഷന്മാര്‍ക്കിടയില്‍ കൂടിക്കലരാതെ അവര്‍ മാറി നില്‍ക്കുന്നതില്‍നിന്ന് നല്ല സംസ്‌കാരമുള്ള കുടുംബത്തിലെ പതിവ്രതകളാണ് അവരെന്നും അദ്ദേഹം മനസ്സിലാക്കി.

മൂസാ(അ) അവരെ സഹായിക്കാന്‍ തീരുമാനിച്ചു. അവിടെയുള്ള പുരുഷന്മാര്‍ക്കിടയില്‍ നിന്നും അവരുടെ ആടുകളെ വെള്ളം കുടിപ്പിച്ചു. മൂസാ(അ) അവരില്‍ നിന്ന് എന്തെങ്കിലും പ്രത്യുപകാരം കിട്ടും എന്ന് പ്രതീക്ഷിച്ചിട്ടല്ല അവരെ സഹായിക്കാന്‍ മുതിര്‍ന്നത്. 
നല്ല ചൂടുള്ള സമയമാണത്. മൂസാ(അ) അവരുടെ ആടുകളെ വെള്ളം കുടിപ്പിച്ചിട്ട് അവിടെ നിന്നും അല്‍പം മാറി ഒരു തണലില്‍ വിശ്രമിച്ചു. എന്നിട്ട് ഇപ്രകാരം അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: ‘എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.’ 

മദ്‌യനില്‍ എല്ലാവരും തനിക്ക് അപരിചിതരാണ്. കൂട്ടു കുടുംബങ്ങളോ, പരിചയക്കാരോ അവിടെ ഇല്ല. അല്ലാഹു മാത്രമാണ് കാവല്‍. 
സഹായത്തിന് ആവശ്യക്കാരായിട്ടുള്ളവരെ  സഹായിക്കുന്നതില്‍ നാം അമാന്തം കാണിച്ചുകൂടാ. കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. പരോപകാരം ചെയ്യുന്നവരെ അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്ന കാര്യം നാം മറക്കരുത്.

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: ഒരാള്‍ റസൂല്‍ﷺയുടെ അടുത്ത് വന്നു. എന്നിട്ട് അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, മനുഷ്യരില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം ആരോടാണ്? അല്ലാഹുവിന്ഏറ്റവും ഇഷ്ടമുള്ള കര്‍മങ്ങള്‍ ഏതാണ്?’ അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ‘മനുഷ്യര്‍ക്ക് നന്നായി ഉപകാരം ചെയ്യുന്നവനാണ് മനുഷ്യരില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍. ഒരു മുസ്‌ലിമിനെ സന്തോഷത്തില്‍ പ്രവേശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍. അല്ലെങ്കില്‍ ഒരു മുസ്‌ലിമിന്റെ വിഷമങ്ങള്‍ നീക്കാന്‍ നീ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് (അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍). അല്ലെങ്കില്‍ അവന്റെ കടത്തില്‍ നിന്ന് (അവന് ആശ്വാസം നല്‍കുന്ന വല്ല) പ്രവര്‍ത്തനങ്ങളും ചെയ്യുന്നതാണ് (അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍). അല്ലെങ്കില്‍ അവന്റെ വിശപ്പ് അകറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതാണ് (അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മങ്ങള്‍).’ (എന്നിട്ട് നബിﷺ ഇപ്രകാരം പറഞ്ഞു:) ‘ഒരു സഹോദരന്റെ ആവശ്യത്തിനായി, ഈ മസ്ജിദുന്നബവിയില്‍ ഒരു മാസം ഞാന്‍ ഭജനമിരിക്കുന്നതിനെക്കാളും അവന്റെ കൂടെ ഞാന്‍ നടക്കലാണ് എനിക്ക് ഏറ്റവും ഇഷ്ടം. ആരെങ്കിലും അവനോടുള്ള ദേഷ്യം അടക്കിപ്പിടിച്ചാല്‍ അല്ലാഹു അവന്റെ സ്വകാര്യതകളും മറച്ചു വെക്കുന്നതാണ്.

‘ആരെങ്കിലും തന്റെ സഹോദരന്റെ കൂടെ അവന്റെ ഒരു ആവശ്യം സുസ്ഥിരപ്പെടുത്തുന്നതിന് നടന്നാല്‍ സ്വിറാത്തില്‍ കാലിടറുന്ന ദിവസം അല്ലാഹു അവന്റെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതാണ്”(ത്വബ്‌റാനി). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ്: ‘ആരെങ്കിലും തന്റെ സഹോദരന്റെ കൂടെ അവന്റെ ഒരു ആവശ്യം സുസ്ഥിരപ്പെടുത്തുന്നത് വരെ നടന്നാല്‍ കാലുകള്‍ക്ക് ഇടര്‍ച്ച സംഭവിക്കുന്ന ദിവസം അല്ലാഹു അവന്റെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതാണ്” (ത്വബ്‌റാനി).

അപരനെ സഹായിക്കുന്നതിന്റെ മഹത്ത്വം എത്ര വലുതാണെന്ന് ഈ നബി വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അപരനെ സഹായിക്കാത്തവനെ മത നിഷേധിയായിട്ടാണ് സൂറത്തുല്‍ മാഊനിലൂടെ അല്ലാഹു പരിചയപ്പെടുത്തുന്നത്.
അപരനെ സഹായിക്കണം. സഹായിക്കുന്നതാകട്ടെ, സഹായിക്കപ്പെടുന്നവരില്‍ നിന്നും യാതൊന്നും മോഹിച്ച് കൊണ്ട് ആകുകയും ചെയ്യരുത്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള പ്രതിഫലം മാത്രം മോഹിച്ചിട്ടായിരിക്കണം അതിന് നാം തുനിയേണ്ടത്. 
അക്ഷമയുടെയോ, നിരാശയുടെയോ കണിക പോലുമില്ലാതെ ആത്മാര്‍ഥമായുള്ള മൂസാ(അ)യുടെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. അല്ലാഹു പറയുന്നു:

”അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്ക്  നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍ നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 28:25). 

ആ സ്ത്രീയുടെ ലജ്ജ ക്വുര്‍ആന്‍ ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധിക്കേണ്ടതുണ്ട്. ലജ്ജ ഈമാനിന്റെ ഭാഗമാണല്ലോ. നന്മകള്‍ ചെയ്യുന്നതില്‍ ലജ്ജ പാടില്ല. തിന്മകളില്‍ നിന്നും അകറ്റുന്നതുമാകണം അത്. അപ്പോഴേ അത് വിശ്വാസത്തിന്റെ ഭാഗമാകൂ. മതകാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതിലോ, മതകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലോ ലജ്ജ ഉണ്ടാകുവാന്‍ പാടില്ല.

സ്വന്തം മക്കള്‍ ആടുകളെ വെള്ളം കുടിപ്പിക്കാന്‍ പ്രയാസപ്പെട്ട് നില്‍ക്കുമ്പോള്‍ ആത്മാര്‍ഥമായി സഹായിച്ച ആ ചെറുപ്പക്കാരന്‍ നല്ല വ്യക്തിയാണെന്ന് ആ പിതാവിനും മനസ്സിലായി. അങ്ങനെ മകളെ മൂസാ(അ)യുടെ അടുത്തേക്ക് വീട്ടിലേക്ക് ക്ഷണിക്കാനായി പറഞ്ഞു വിട്ടു.
ക്ഷണം സ്വീകരിച്ച് മൂസാ(അ) അവളുടെ കൂടെ അവളുടെ പിതാവിന്റെ അടുത്തേക്ക് പോകുകയാണ്. മൂസാ(അ) ആ സമയം അവളോട് പിന്നില്‍ നടക്കുവാനും തനിക്ക് വഴി നിര്‍ദേശിച്ച് തരുവാനും ആവശ്യപ്പെട്ടു. സ്ത്രീയുടെ പിന്നില്‍ പുരുഷന്‍ നടക്കുമ്പോള്‍ കാറ്റോ മറ്റോ ഉണ്ടാകുമ്പോള്‍ അവരുടെ നഗ്‌നത കാണുവാനോ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുവനോ സാധ്യത കൂടുതലാണല്ലോ. ഈ സൂക്ഷ്മതയാകാം ഇത്തരം ഒരു നിര്‍ദേശം നല്‍കാന്‍ മൂസാ(അ)നെ പ്രേരിപ്പിച്ചത്.

മൂസാ(അ) ആ സ്ത്രീകളുടെ പിതാവിന്റെ അടുത്തെത്തി. ഈജിപ്തില്‍ നിന്നും മദ്‌യനില്‍ എത്തുവാനുള്ള കാരണങ്ങളെല്ലാം മൂസാ(അ) അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. മൂസാ(അ)യുടെ വിവരണമെല്ലാം ആ പിതാവ് കേട്ടു. നല്ല വാക്ക് പറഞ്ഞ് ആശ്വാസം പകര്‍ന്നു. 
ആ മനുഷ്യന്‍ ആരായിരുന്നു എന്നതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ട്. ഒരു വിഭാഗം പറയുന്നത്, അത് മദ്‌യനിലേക്ക് അയക്കപ്പെട്ട ശുഐബ് നബി(അ) ആണെന്നാണ്. ഒരു വിഭാഗം അത് ശരിയല്ലെന്നാണ് പറയുന്നത്. ശുഐബ് നബി(അ)യും മൂസാ(അ)യും തമ്മില്‍ കുറെ തലമുറകളുടെ കാലവ്യത്യാസം ഉണ്ടെന്നതാണ് അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം, ഇബ്‌റാഹീം നബി(അ)യുടെ കാലത്ത് ലൂത്വ്(അ)യും ഉണ്ട്. അദ്ദേഹത്തിന്റെ ജനത നശിപ്പിക്കപ്പെട്ടതിന് ശേഷം അതിന്റെ തൊട്ടടുത്ത പ്രദേശമായ മദ്‌യനിലേക്കാണ് ശുഐബ്(അ) നിയോഗിക്കപ്പെടുന്നത്. ശുഐബ്(അ)യില്‍ അവിശ്വസിച്ച ജനതയോട് ശുഐബ്(അ) സംസാരിക്കുമ്പോള്‍ അവരുടെ അടുത്ത നാട്ടുകാരും അവര്‍ക്ക് പരിചയക്കാരുമായ ലൂത്വ് നബി(അ)യുടെ ജനതയുടെ പര്യവസാനത്തെ കുറിച്ച് പറയുന്നുണ്ടല്ലോ. അപ്പോള്‍ ശുഐബ്(അ) ഇബ്‌റാഹീം നബി(അ)യുടെയും ലൂത്വ് നബി(അ)യുടെയും ഒക്കെ കാലത്തിനോട് അടുത്താണ് ജീവിച്ചിരുന്നത്. അതിനാല്‍ ഈ പിതാവ് ശൂഐബ്(അ) ആകുവാനുള്ള സാധ്യത ഇല്ല എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാര്‍ പറയുന്നത്. വ്യക്തമായ പ്രമാണങ്ങള്‍ ഈ കാര്യത്തില്‍ വരാത്തതിനാല്‍ അത് ശുഐബ് നബി(അ) ആണെന്നോ അല്ലെന്നോ പറയേണ്ടതില്ല. ഈ അഭിപ്രായമാണ് ഇബ്‌നുജരീറിനുള്ളത്. മാത്രമല്ല, ശുഐബ് നബി(അ)യുടെ ജനത നശിപ്പിക്കപ്പെട്ടതിന് ശേഷം അവിടെ ഉണ്ടായിരുന്നത് അദ്ദേഹത്തില്‍ വിശ്വസിച്ചവര്‍ മാത്രമായിരുന്നുവല്ലോ. അങ്ങനെയുള്ള ആ വിശ്വാസികള്‍ അവരുടെ പ്രവാചകന്റെ മക്കളെ കഷ്ട്ടപ്പെടുത്തുമോ? ഇതെല്ലാം അത് ശുഐബ്(അ) അല്ല എന്നതിലേക്കാണ് ഊന്നല്‍ നല്‍കുന്നത്. അങ്ങനെയാണെങ്കില്‍ ശുഐബ് നബി(അ) പില്‍ക്കാലക്കാരില്‍ ഒരാള്‍ ആയിരുന്നു എന്നാണ് വരിക.

മൂസാ(അ)യും ആ രണ്ട് സ്ത്രീകളുടെ പിതാവും സംസാരിക്കുന്നതിനിടയില്‍ ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു:
”…എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ” (ക്വുര്‍ആന്‍ 28:26).

മൂസാ(അ)ന് പ്രതിഫലം നല്‍കുന്നതിന് വേണ്ടിയാണല്ലോ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചത്. മൂസാ(അ)യാണെങ്കില്‍ ആരാരും ഇല്ലാതെ ഒരു വിദേശിയുമാണ്. ജീവിത മാര്‍ഗത്തിന് ഒരു ജോലി കിട്ടിയാല്‍ തന്നെ ഒരു ആശ്വാസമാകുന്ന സമയമാണല്ലോ.
വലിയ മല്ലന്മാരുടെ ഇടയില്‍ നിന്ന് തങ്ങളുടെ ആടുകള്‍ക്ക് വെള്ളം നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴും വീട്ടിലേക്ക് നടന്ന് പോകുമ്പോഴും അദ്ദേഹം കാണിച്ച സൂക്ഷ്മതയും അവരില്‍ അദ്ദേഹത്തെ സംബന്ധിച്ച് മതിപ്പുളവാക്കി. പിതാവിനോട് ഇദ്ദേഹം എന്തുകൊണ്ടും നമുക്ക് അനുയോജ്യനാണെന്ന് അറിയിക്കുകയും ചെയ്തു.

തൊഴിലാളിയെ സ്വീകരിക്കുന്നവര്‍ തൊഴിലാളിയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട രണ്ട് ഗുണങ്ങളാണ് തൊഴിലാളിയുടെ കഴിവും വിശ്വാസ്യതയും. കഴിവില്ലാത്ത തൊഴിലാളിയാണെങ്കില്‍ ഇരുവരുടെയും മനസ്സില്‍ വെറുപ്പുണ്ടാകും. മുതലാളിക്ക് താന്‍ കല്‍പിക്കുന്നത് ചെയ്യാത്തതിനാലുണ്ടാകുന്ന അമര്‍ഷവും തൊഴിലാളിക്ക് തനിക്ക് കഴിയാത്തത് ചെയ്യിപ്പിക്കുന്നതിലുള്ള അമര്‍ഷവും. ഇത് വലിയ അപകടം സൃഷ്ടിക്കുമെന്നത് പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് വിശ്വാസ്യത. പരസ്പര വിശ്വാസം ഉണ്ടെങ്കില്‍ സന്തോഷത്തോടെ അത് മുന്നോട്ട് പോകും.
 
 
ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 03

മൂസാ നബി (അ) - 03

ഈജിപ്ത് വിടുന്നു

മൂസാ(അ) ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന് വലുതായി. അങ്ങനെയിരിക്കെ ഈജിപ്ത് വിട്ട് മദ്‌യനിലേക്ക് അദ്ദേഹത്തിന് പലായനം ചെയ്യേണ്ടി വന്നു. അതിന്റെ സാഹചര്യമാണ് ഇനി  വിവരിക്കുന്നത്. ഒരു ദിവസം അദ്ദേഹം ഈജിപ്തിലെ ഒരു പട്ടണത്തിലേക്ക് ചെന്നു.  

”പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്റെ കഥകഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു” (ക്വുര്‍ആന്‍ 28:15).

മൂസാ(അ) കൊട്ടാരത്തില്‍ നിന്നും പുറത്തിറങ്ങി പട്ടണത്തില്‍ എത്തി. അപ്പോള്‍ അവിടെ രണ്ട് ആളുകള്‍ പരസ്പരം ശണ്ഠ കൂടുന്നത് അദ്ദേഹം കാണുകയുണ്ടായി. അതില്‍ ഒരാള്‍ മൂസാ(അ)യുടെ കക്ഷിയില്‍ പെട്ടവനും (ഇസ്‌റാഈല്യരില്‍ പെട്ടവന്‍), ഒരാള്‍ ശത്രുക്കളുടെ കൂട്ടത്തില്‍ (ക്വിബ്ത്വികളില്‍) പെട്ടവനുമായിരുന്നു.

ബനൂഇസ്‌റാഈല്യരെ ക്വിബ്ത്വികള്‍ കഠിനമായി ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്ന കാലമായിരുന്നുവല്ലോ അത്. മൂസാ(അ)യുടെ കക്ഷിയില്‍ പെട്ടവന്‍ ശത്രുവിനെതിരില്‍ മൂസാ(അ)യോട് സഹായം (ഇസ്തിഗാസ) ചോദിച്ചു.

ക്വുര്‍ആന്‍ ഈ സംഭവം വിവരിക്കുന്നിടത്ത് മൂസാ(അ)യോട് അദ്ദേഹത്തിന്റെ കക്ഷിയില്‍ പെട്ടവന്‍ സഹായം ചോദിച്ചു എന്ന് പറയുന്നതിന് പ്രയോഗിച്ചത് ‘ഇസ്തിഗാസ’ എന്ന പദമാണ്.

അല്ലാഹുവിന് പുറമെ മരണപ്പെട്ട മഹാത്മാക്കളോടു പ്രാര്‍ഥിക്കുന്നവര്‍ അവരുടെ പ്രാര്‍ഥനയെ ഇസ്തിഗാസ എന്ന് പേരു നല്‍കി ന്യായീകരണം നല്‍കുന്നത് കാണാറുണ്ടല്ലോ. ക്വുര്‍ആനും സുന്നത്തും പരിശോധിച്ചാല്‍ ഇസ്തിഗാസയുടെ രണ്ട് വിധം നമുക്ക് കാണാം. ഒന്ന് പ്രാര്‍ഥനയായതും മറ്റൊന്ന് പ്രാര്‍ഥനയല്ലാത്തതും.

ബദ്ര്‍ യുദ്ധത്തില്‍ നബിﷺയും വിശ്വാസികളും അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥനയെ കുറിച്ച് ക്വുര്‍ആന്‍ പ്രയോഗിച്ചത് ‘ഇസ്തിഗാസ’ എന്നാണ്. ഈ ഇസ്തിഗാസ പ്രാര്‍ഥനയാണ് അഥവാ ഇബാദത്താണ്. ഇവിടെ മൂസാ(അ)നോട് തന്റെ കക്ഷിയില്‍ പെട്ട ആള്‍ നടത്തിയ സഹായചോദ്യത്തെയും ഇസ്തിഗാസ എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ചത്. ഈ ഇസ്തിഗാസ ഇബാദത്തായ സഹായതേട്ടമല്ല. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അങ്ങേയറ്റത്തെ വിനയത്തോടെയും താഴ്മയോടെയും ഉള്ള സഹായ ചോദ്യം ഇബാദത്താണ്. ആ പ്രാര്‍ഥന അല്ലാഹുവിനോടേ പാടുള്ളൂ. ആ ചോദ്യം അല്ലാഹു അല്ലാത്തവരോട് ചോദിച്ചാല്‍ അത് അവര്‍ക്കുള്ള ഇബാദത്തുമായി. അത് ശിര്‍ക്കുമാണല്ലോ. അല്ലാഹുവിന് മാത്രം അവകാശപ്പെട്ടത് അല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കല്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണെന്നതില്‍ സംശയമില്ല.

മൂസാ(അ)നോട് അദ്ദേഹത്തിന്റെ കക്ഷിയില്‍ പെട്ട ആള്‍ നടത്തിയ സഹായചോദ്യത്തെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുവാനായി വളച്ചൊടിക്കുന്നത് അല്ലാഹുവിന്റെ ഗ്രന്ഥത്തോട് കാണിക്കുന്ന എത്ര വലിയ അക്രമമാണ്!

ചുരുക്കത്തില്‍, സൃഷ്ടികളോട് അങ്ങേയറ്റത്തെ വിനയവും താഴ്മയും ഇല്ലാതെ, കാര്യകാരണബന്ധങ്ങള്‍ക്ക് അധീനമായ ഒരു കാര്യം ആവശ്യപ്പെടുന്നുവെങ്കില്‍ അത് ഇബാദത്തിന്റെ പരിധിയില്‍ വരില്ല. ശാരീരികമോ സാമ്പത്തികമോ ആയ സഹായം ചെയ്യാന്‍ കഴിവുള്ള ഒരാളെ സമീപിച്ച് ആ സഹായം ചോദിക്കുന്നതിനെ ഭാഷാപരമായി ഇസ്തിഗാസ എന്ന് പറയുെമങ്കിലും അത് ശിര്‍ക്കല്ല എന്നര്‍ഥം. എന്നാല്‍ സൃഷ്ടികളോട് അങ്ങേയറ്റത്തെ വിനയവും താഴ്മയും ഇല്ലാതെ, കാര്യകാരണബന്ധങ്ങള്‍ക്ക് അധീനമായ എന്തും ചോദിക്കാന്‍ പറ്റുമോ? അതിലും അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതും ഉണ്ട്. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോട് കുടിക്കാന്‍ അല്‍പം കള്ള് തരുമോ എന്ന് ചോദിക്കാന്‍ പാടുണ്ടോ? ഇല്ല! ഇത്തരം വ്യത്യാസങ്ങള്‍ നാം മനസ്സിലാക്കണം.

മൂസാ(അ)യുടെ  കക്ഷിയില്‍ പെട്ടവന്‍ ക്വിബ്ത്വിക്കാരനെതിരില്‍ മൂസാ(അ)യോട് സഹായം ചോദിച്ചു. മൂസാ(അ) അവരില്‍ ഇടപെട്ടു. കടുത്ത അക്രമം അഴിച്ചുവിട്ട ക്വിബ്ത്വിക്കാരന് മൂസാ(അ) ഒരു ഇടി കൊടുത്തു. ആ ഇടിക്ക് അദ്ദേഹം വിചാരിച്ചതിനെക്കാള്‍ ഊക്ക് കൂടി. അത് ക്വിബ്ത്വിയുടെ മരണത്തിന് ഹേതുവാകുകയും ചെയ്തു. അവിചാരിതമായ ഈ സംഭവം അദ്ദേഹത്തില്‍ വല്ലാത്ത പ്രയാസം ഉണ്ടാക്കി. ഉടനെ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു’.

ഉച്ചസമയത്ത് കഠിനമായ ചൂട് കാരണം ജനങ്ങള്‍ വീടുകളില്‍ വിശ്രമിക്കുന്ന അവസരത്തിലാകാം ഇത് സംഭവിച്ചത്. അല്ലെങ്കില്‍ രാത്രി ആളുകളെല്ലാം പട്ടണത്തില്‍ നിന്നും ഒഴിവായതിന് ശേഷമാകാനും സാധ്യതയുണ്ട്. രണ്ട് പ്രകാരവും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഏതായിരുന്നാലും, മൂസാ(അ) പട്ടണത്തിലേക്ക് ചെന്നപ്പോള്‍ ആളുകളൊന്നും ഉണ്ടായിരുന്നില്ല.

ഏതൊരാളും രണ്ട് പേര്‍ക്കിടയിലുള്ള കലഹത്തില്‍ ഇടപെടുന്നത് പോലെ മൂസാ(അ) അവരിലും ഇടപെട്ടു. ഇടപെടുന്നവര്‍ ചിലപ്പോള്‍ കക്ഷികളോട് ദേഷ്യപ്പെടുകയോ ബലംപ്രയോഗിക്കുകയോ ഒക്കെ ചെയ്യാറുണ്ടല്ലോ. അപ്രകാരം ചെയ്യുക മാത്രമാണ് മൂസാ(അ) ചെയ്തത്. അദ്ദേഹം വിചാരിച്ചതിലും അപ്പുറം അദ്ദേഹത്തിന്റെ ഇടിക്ക് ശക്തി കൂടിപ്പോയി. അത് ക്വിബ്ത്വിയുടെ  മരണത്തിന് കാരണമാവുകയും ചെയ്തു. ഇതില്‍ അദ്ദേഹത്തിന് വലിയ പ്രയാസം ഉണ്ടായി. കാരണം തന്റെ കരങ്ങളാലാണല്ലോ ഒരു ജീവന്‍ പൊലിഞ്ഞത്. മനഃപൂര്‍വം ചെയ്തതുമായിരുന്നില്ല. അവിചാരിതമായി സംഭവിച്ചതാണ്. അല്ലാഹുവിനോട് തന്നില്‍ വന്ന ഈ പിഴവ് അദ്ദേഹം ഏറ്റു പറഞ്ഞു.

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 28:16).

ക്വുര്‍ആനിലും ഹദീഥുകളിലും അല്ലാഹുവിനോട് പാപമോചനം തേടുന്ന പല പ്രാര്‍ഥനകളും നമുക്ക് കാണാം. പല ഇടങ്ങളിലും ‘ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ’ എന്ന ഒരു ശൈലി നമുക്ക് കാണാന്‍ കഴിയും. 

പരലോകത്ത് അല്ലാഹു അടിമകളെ വിചാരണ നടത്തി ഐഹിക ജീവിതത്തിലെ കര്‍മങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ഗമോ നരകമോ നല്‍കി തീര്‍പ്പ് കല്‍പിക്കുമല്ലോ. സ്വര്‍ഗത്തില്‍ നിന്ന് ഏതൊരാള്‍ അകറ്റപ്പെടുന്നതും അവന്റെ പാപം കാരണത്താലായിരിക്കും. അഥവാ സ്വന്തം ദേഹത്തെ നരകത്തിന്റെ വിറകാക്കുന്നത് അവനവന്‍ ചെയ്ത പാപമാണ്. അപ്പോള്‍, ഒരാള്‍ പാപം ചെയ്താല്‍ അയാള്‍ നരക ശിക്ഷക്ക് അര്‍ഹനാകുമെങ്കില്‍, അത് സ്വദേഹത്തോടുള്ള വലിയ അക്രമം തന്നെയാണ്. അതിനാലാകാം, പാപിയാണെന്ന് പറയാതെ ‘ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു, അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ’ എന്ന് പറയുന്നത്. 

കൊലപാതകം വന്‍പാപമാണ്. മൂസാ(അ) മനഃപൂര്‍വം കൊല നടത്തിയിട്ടില്ല. ഈ സംഭവം നടക്കുന്നത് മൂസാ(അ) നബിയാകുന്നതിന് മുമ്പാണ്. പ്രവാചകന്മാര്‍ പാപ സുരക്ഷിതരാണല്ലോ. അവരില്‍ നിന്നും ഇത്തരം വന്‍പാപങ്ങള്‍ സംഭവിക്കുന്നതല്ല.

മൂസാ(അ) നബിയാകുന്നതിന് മുമ്പ് പൂര്‍വപിതാക്കളായ യൂസുഫ്(അ), യഅ്ക്വൂബ്(അ), ഇസ്ഹാക്വ്(അ), ഇബ്‌റാഹീം(അ) മുതലായവര്‍ സ്വീകരിച്ച ശരീഅത്തിലായിരുന്നു. അതിനാല്‍ അബദ്ധം സംഭവിച്ചാല്‍ ഉടനെ അല്ലാഹുവിനോട് പൊറുക്കലിനെ തേടണമെന്നും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങണമെന്നും അദ്ദേഹത്തിന് ശരിക്കും അറിയാമായിരുന്നു. അപ്രകാരം അദ്ദേഹം അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചു. അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തു.

ക്വുര്‍ആനിലെ ചില ആയത്തുകളെ, സലഫുസ്സ്വാലിഹുകള്‍ വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്തതിന് വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വ്യഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ചിലര്‍, പാപികള്‍ പാപം പൊറുത്തുകിട്ടുന്നതിനായി ആദ്യം അല്ലാഹുവിന്റെ റസൂലിനോടാണ് ആവശ്യപ്പെടേണ്ടതെന്ന് പറയാറുണ്ട്. എന്നാല്‍ പരിശുദ്ധ പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് പാപം പൊറുത്തുകിട്ടാനായി പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവിനോടാണ് എന്നാണ്. മൂസാ നബി(അ)യുടെ മുകളില്‍ ഉദ്ധരിച്ച പ്രാര്‍ഥന നോക്കൂ. ഈ വിശ്വാസം അദ്ദേഹത്തിന് നബിയാകുന്നതിന് മുമ്പേ ലഭിച്ചത് എവിടെ നിന്നാണ്? പൂര്‍വപിതാക്കളായ യൂസുഫ്(അ), യഅ്ക്വൂബ്(അ), ഇസ്ഹാക്വ്(അ), ഇബ്‌റാഹീം(അ) മുതലായവരില്‍ നിന്ന്!

തെറ്റുകള്‍ ചെയ്‌തെന്ന് കരുതി അല്ലാഹു അടിമയെ അവഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യില്ല. അതിനാല്‍ ആരും ഞാന്‍ ഒരു പാപിയാണ്, അല്ലാഹു ഇനി ഞാന്‍ എത്ര പൊറുക്കലിനെ തേടിയാലും പൊറുത്തുതരില്ല എന്നൊന്നും അടിമകളെ ഏറെ സ്‌നേഹിക്കുന്ന അല്ലാഹുവിനെക്കുറിച്ച് വിചാരിച്ചു കൂടാ. ഏത് പാപവും പൊറുക്കാന്‍ തേടിയാല്‍ പൊറുക്കുന്നവനാണ് നമ്മുടെ രക്ഷിതാവ്. പിഴവുകള്‍ വന്നാല്‍ അതില്‍ നിന്നും മടങ്ങുന്നതിന് പകരം അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയല്ല നാം ചെയ്യേണ്ടത്.

മൂസാ(അ) തന്നില്‍ വന്ന അപരാധം അല്ലാഹുവിനോട് ഏറ്റു പറഞ്ഞു. (ഈ സംഭവം നബിയാകുന്നതിന് മുമ്പുള്ളതാണെന്നത് നാം മറന്ന് പോകരുത്. കാരണം, നബിമാര്‍ പാപ സുരക്ഷിതരാണ്. അവരില്‍ നിന്നും ഇത്തരം ചെയ്തികള്‍ സംഭവിക്കാതെ അല്ലാഹു അവരെ സംരക്ഷിച്ചിട്ടുണ്ട്). അല്ലാഹു അദ്ദേഹത്തിന് മാപ്പ് നല്‍കി. 

അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ ഇങ്ങനെയും കാണാം:

”…എന്റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നല്‍കിയിട്ടുള്ളതു കൊണ്ട് ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു  സഹായം നല്‍കുന്നവനാവുകയില്ല” (കുര്‍ആന്‍ 28:17).

മൂസാ(അ) താന്‍ ജനിച്ചത് മുതല്‍ അല്ലാഹുവില്‍നിന്ന് ലഭിച്ച സഹായങ്ങളും അനുഗ്രഹങ്ങളും ഓര്‍ത്തുകൊണ്ട് കുറ്റവാളികള്‍ക്ക് യാതൊരു കാരണവശാലും പിന്തുണ നല്‍കില്ലെന്ന് ദൃഢനിശ്ചയം ചെയ്തു.

കുറ്റം ആര് ചെയ്താലും അതിനെ ന്യായീകരിക്കുവാനോ, തെറ്റുകാരന് പിന്തുണ നല്‍കുവാനോ പാടില്ലെന്നത് ഇവിടെ നാം പ്രത്യകം മനസ്സിലാക്കുക. മഹാന്മാരായ പ്രവാചകന്മാര്‍ ആരും തന്നെ കുറ്റവാളികള്‍ക്ക് (അവര്‍ക്ക് തിന്മ ചെയ്യാന്‍ കൂടുതല്‍ പ്രോത്സാഹനം കിട്ടുന്ന തരത്തില്‍) പിന്തുണ നല്‍കുന്നവരായിരുന്നില്ല.

ക്വിബ്ത്വി വംശക്കാരന്‍ കൊല്ലപ്പെട്ട സംഭവം പുറത്തറിഞ്ഞാല്‍ എന്താകും സംഭവിക്കുക എന്ന് ഓര്‍ത്തുനോക്കൂ! നടന്ന സംഭവത്തിന് മൂന്ന് പേരേ സാക്ഷിയായിട്ടുള്ളൂ. അതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ ഓര്‍ത്ത് മൂസാ(അ) വിഷമിച്ചു.

”അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന്‍ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു” (ക്വുര്‍ആന്‍ 28:18).

ഇന്നലെ നടന്ന സംഭവം ആരെങ്കിലും അറിഞ്ഞിരിക്കുമോ എന്ന പേടിയോടെയാണ് മൂസാ(അ)പട്ടണത്തില്‍ എത്തുന്നത്. അപ്പോഴതാ, ഇന്നലെ തന്നോട് സഹായം ചോദിച്ചവന്‍ ഇന്നും അതുപോലെ സഹായം ആവശ്യപ്പെടുന്നു! ഒരു ക്വിബ്ത്വിക്കാരന്‍ അയാളെ വല്ലാതെ മര്‍ദിച്ച് അവശനാക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. ആദ്യം ഇടപെടാന്‍ വിസമ്മതം കാണിച്ചെങ്കിലും, സ്ഥിരം വഴക്കാളിയാണെന്ന് കണ്ടതിനാല്‍ ‘നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു’ എന്ന് പറഞ്ഞെങ്കിലും ആ അലിവുള്ള മനസ്സിന്റെ ഉടമക്ക് അതില്‍ ഇടപെടാതെ മാറി നില്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ ഈ പ്രശ്‌നത്തിലും അദ്ദേഹം ഇടപെട്ടു.

”എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത് പോലെ നീ എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്. നന്മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ ഉദ്ദേശിക്കുന്നില്ല” (28:19).

ഈ വാക്കുകള്‍ ആരുടേതാണെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്്. ആ ക്വിബ്ത്വിയുടെ വാക്കുകളാണ് എന്നതാണ് ഒരു വ്യാഖ്യാനം. അപ്പോള്‍ ഒരും സംശയം ഉണ്ടാകും; അയാള്‍ എങ്ങനെയാണ് ഇന്നലെ മറ്റേ ക്വിബ്ത്വി മൂസാ(അ)യുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടത് അറിഞ്ഞത്? അതിന് ഈ വ്യാഖാതാക്കള്‍ പറയുന്നത്, അത് മൂസാ തന്നെ ആയേക്കുമെന്ന് ഊഹിച്ച് പറഞ്ഞതാകാം എന്നാണ്. അങ്ങനെ വരുമ്പോള്‍ സന്ദര്‍ഭവുമായി കൂടുതല്‍ യോജിക്കുന്നത് ഈ വ്യഖ്യാനത്തിനാണ്. അഥവാ ഈ സംസാരം ഈ ക്വിബ്ത്വിക്കാരന്റെത് തന്നെയാണ് എന്നതിന്. ഈ പറഞ്ഞത് ആ ഇസാഈല്യന്‍ തന്നെയാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ‘നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു’ എന്ന് പറഞ്ഞശേഷം ക്വിബ്ത്വിയുടെ നേരെ ചെന്നപ്പോള്‍ തന്റെ നേര്‍ക്കാണ് വരുന്നതെന്ന് ഇസ്‌റാഈല്‍ വംശജന്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഫിര്‍ഔനിന്റെ കൊട്ടാരത്തിലേക്ക് ഇയാള്‍ എത്തിച്ചിട്ടുണ്ടാകാം. അതിനാല്‍ ഈ ക്വിബ്ത്വിയും ഇന്നലെ നടന്ന സംഭവം അറിഞ്ഞുകാണും. ഏതായിരുന്നാലും വിവരം പുറത്തായല്ലോ. മൂസാ(അ)ന്റെ മനസ്സില്‍ ഭീതി കൂടി. 

വിവരം നാട്ടില്‍ പരന്നതോടെ രാജകൊട്ടാരത്തില്‍ മൂസാ(അ)ക്കെതിരില്‍ ഗൂഢാലോചന നടന്നു. ഫിര്‍്യഔന്‍ തന്റെ ഭരണ കര്‍ത്താക്കളെയെല്ലാം വിളിച്ചു വരുത്തി. മൂസായെ കാണുന്നിടത്ത് വെച്ച് കൊന്നു കളയണം എന്ന കല്‍പന പുറപ്പെടുവിച്ചു.

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ അവരുടെ അക്രമത്തിനും അനീതിക്കും കൂട്ടുനില്‍ക്കാത്ത ഒരു നല്ല മനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ ഫിര്‍ഔനിന്റെ കുടുംബത്തില്‍ പെട്ടവനും  ആദരണീയനുമായിരുന്നു. മൂസാ(അ)ക്കെതിരില്‍ പുറപ്പെടുവിച്ച വിധി അദ്ദേഹം അറിഞ്ഞു. മൂസാ(അ)യെ കൊന്നുകളയണമെന്ന വാര്‍ത്ത അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. ഫിര്‍ഔനും സംഘവും എടുത്ത തീരുമാനം മൂസാ(അ) അറിയുന്നില്ലല്ലോ. അതിനാല്‍ കിട്ടിയ വിവരം മൂസാ(അ)യെ അറിയിക്കുവാനായി അദ്ദേഹം മൂസാ(അ)യെ തേടി അവിടെ നിന്നും അതിവേഗം പുറപ്പെട്ടു.

”പട്ടണത്തിന്റെ അങ്ങേ അറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രമുഖവ്യക്തികള്‍ ആലോചന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ താങ്കള്‍ (ഈജിപ്തില്‍ നിന്ന്) പുറത്ത് പോയിക്കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു” (28:20).

അന്ന് പ്രവാചകനായിട്ടില്ലെങ്കിലും അല്ലാഹുവില്‍ വിശ്വാസമുള്ളതിനാല്‍ മനസ്സിന് സമാധാനിക്കുവാനും നിര്‍ഭയത്തം ലഭിക്കുവാനും ഇത് കാരണമായി. കാരണം ഏത് സമയത്തും എവിടെ വെച്ചും വിളിച്ചാല്‍ വിളികേള്‍ക്കുന്നവനും ഉത്തരം ചെയ്യുന്നവനുമാണല്ലോ അല്ലാഹു. മൂസാ(അ) പതറിയില്ല. 

വിവരം ലഭിച്ച ഉടനെ അദ്ദേഹം ഈജിപ്ത് വിടുകയായി. 

”അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ” (28:21).

ഫിര്‍ഔനിന്റെ ആളുകളുടെ കയ്യില്‍ അകപ്പെട്ടാല്‍ കൊന്നുകളയുമെന്നത് തീര്‍ച്ചയാണ്. ഈ

പേടിയോടെയും കരുതലോടെയും അദ്ദേഹം ഈജിപ്ത് വിടുകയാണ്. എങ്ങോട്ട് പോകും? എങ്ങനെ പോകും? അത്താണിയായ അല്ലാഹുവിനോട് സഹായം തേടിക്കൊണ്ട് മദ്‌യന് നേരെ മൂസാ(അ) യാത്ര തിരിച്ചു. യാത്രയില്‍ അദ്ദേഹം ‘എന്റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ’ എന്ന് പ്രാര്‍ഥിക്കുന്നുണ്ട്.

ഭീതിയുള്ള സമയങ്ങളില്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കണം. ആരെങ്കിലും നമ്മെ കടന്നാക്രമിക്കുമെന്നോ മറ്റോ നമുക്ക് തോന്നുകയും നമുക്ക് പേടി പിടിപെടുകയും ചെയ്താല്‍ ആ ശത്രുവിനെതിരില്‍ അല്ലാഹുവിനോട് കാവല്‍ തേടാന്‍ നബിﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

നബിﷺ ഒരു സമൂഹത്തെ സംബന്ധിച്ച് ഭയം തോന്നിയാല്‍ ഇപ്രകാരം പറയും: ”അല്ലാഹുവേ, അവരുടെ (ശത്രുക്കളുടെ) മുന്നില്‍ ഞങ്ങള്‍ നിന്നെ വെക്കുന്നു. അവരുടെ (ശത്രുക്കളുടെ) ഉപദ്രവത്തില്‍ നിന്നും നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു” (അബൂദാവൂദ്).

വിജയവും പരാജയവും തീരുമാനിക്കുന്നതും ആരുടെ തീരുമാനവും നടപ്പില്‍ വരുത്തുന്നതും അല്ലാഹുവാണല്ലോ. അതിനാല്‍ കാവല്‍ ചോദിക്കേണ്ടതും അല്ലാഹുവിനോടായിരിക്കണം. ഇതാണ് നമ്മുടെ പ്രതിരോധ മാര്‍ഗം. അല്ലാഹുവിനെക്കാളും വലിയ സഹായി മറ്റാരുമില്ല. ഭീതിയോടെ ജീവിക്കുന്നതിന് പകരം അല്ലാഹുവിനോട് കാവല്‍ തേടി ജീവിക്കുകയാണ് വിശ്വാസികള്‍ ഇത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ടത്. 

അല്ലാഹു അദ്ദേഹത്തിന്റെ മനസ്സില്‍ മദ്‌യന്‍ പ്രദേശത്തേക്ക് നീങ്ങുവാന്‍ തോന്നിപ്പിച്ചു. ഈജിപ്തില്‍ നിന്നും 800 മൈല്‍ ദൂരെയുള്ള പ്രദേശം. ഇരുട്ടില്‍ വഴികാട്ടാന്‍ വെളിച്ചമില്ല. വിശപ്പകറ്റാന്‍ ഭക്ഷണമില്ല. ദാഹം മാറ്റാന്‍ വെള്ളമില്ല. മിണ്ടിപ്പറയാന്‍ ഒരു കൂട്ടില്ല. അങ്ങനെ പ്രയാസങ്ങള്‍ ഏറെ സഹിച്ച് അദ്ദേഹം ഈജിപ്തില്‍ നിന്നും മദ്‌യന്‍ ലക്ഷ്യമാക്കി നീങ്ങി.

”മദ്‌യന്റെ നേര്‍ക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം” (28:22).

അല്ലാഹു മൂസാ(അ)യുടെ മനസ്സില്‍ മദ്‌യനിലേക്ക് പോകാന്‍ തോന്നിപ്പിച്ചത് എന്തിനാണ്? മദ്‌യനും മൂസാ(അ)യും തമ്മില്‍ ഒരു ബന്ധമുണ്ട്. മൂസാ(അ) ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയില്‍ പെട്ട ആളാണല്ലോ. ഈ കുടുംബ പരമ്പര മദ്‌യനില്‍ താമസിക്കുന്നുണ്ട്. അത് കൊണ്ടാവാം അല്ലാഹു മദ്‌യന്‍ തിരഞ്ഞെടുത്തത്. ഇപ്രകാരം അഭിപ്രായം രേഖപ്പെടുത്തിയ പണ്ഡിതന്മാരുണ്ട്.

നാട് വിടുമ്പോള്‍ ശത്രുവിന്റെ അധികാരം കയ്യാളുന്നിടത്തേക്ക് തന്നെ പോയിട്ട് കാര്യമില്ലല്ലോ. വേറെ നാട്ടിലേക്ക് പോകണം. ഫറോവയുടെ നിയമ വാഴ്ചയുള്ള പ്രദേശത്തേക്ക് പോയാല്‍ തന്റെ കാര്യത്തില്‍ അവരെടുത്ത തീരുമാനം നടപ്പിലാക്കുവാന്‍ നിഷ്പ്രയാസം കഴിയുമല്ലോ. അതിനാല്‍ ഫറോവയുടെ അധികാര പരിധിയില്‍ പെടാത്ത, ഏറെ ദൂരം സ്ഥിതിചെയ്യുന്ന രാജ്യം തിരഞ്ഞെടുക്കണം. അതിനാല്‍ റബ്ബ് അദ്ദേഹത്തിന്റെ മനസ്സില്‍ അതിന് പറ്റിയ പ്രദേശമായി മദ്‌യനെ തോന്നിപ്പിച്ചു കൊടുത്തു. 

ഈജിപ്തില്‍ നിന്നും മദ്‌യനില്‍ എത്തുന്നത് വരെയുണ്ടായ കാര്യങ്ങള്‍ ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തന്നിട്ടില്ല. നാം അറിയേണ്ടതെല്ലാം നമ്മെ അല്ലാഹു അറിയിച്ചു. അറിയേണ്ടതില്ലാത്തതൊന്നും നമ്മെ അറിയിച്ചിട്ടുമില്ല. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 02

മൂസാ നബി (അ) - 02

നദിയില്‍ നിന്ന് കൊട്ടാരത്തിലേക്ക്

”എന്നിട്ട് ഫിര്‍ഔനിന്റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു” (ക്വുര്‍ആന്‍ 28:8).

തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണല്ലോ ഫിര്‍ഔനും ഹാമാനും അവരുടെ പട്ടാളവും ബനൂഇസ്‌റാഈല്യര്‍ക്ക് ജനിക്കുന്ന മുഴുവന്‍ ആണ്‍കുട്ടികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ അനേകം കുഞ്ഞുമക്കളെ അറുകൊല നടത്തി. അനേകം മാതാപിതാക്കളെ കണ്ണുനീര്‍ കുടിപ്പിച്ചു. ഇങ്ങനെയെല്ലാം ക്രൂരനായ ആ രാജാവ് ചെയ്തുവെങ്കിലും രാജാക്കന്മാരെ ഭരിക്കുന്ന രാജാവിന്റെ തീരുമാനം എന്തോ അതാണല്ലോ നടപ്പില്‍ വരിക. മൂസാ എന്ന ബനൂഇസ്‌റാഈല്യരില്‍ ജനിച്ച ആണ്‍കുഞ്ഞ് ക്രൂരനായ ഭരണാധികാരിയായ ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ അവന്റെ ചെലവില്‍, അവന്റെ കൊട്ടാരത്തിലെ സുഖം അനുഭവിച്ച് വളര്‍ന്നുവന്നു. അവര്‍ ഏതൊരു കാര്യത്തെ തൊട്ടാണോ പേടിച്ചിരുന്നത് അത് ഈ കുട്ടിയിലൂടെ സംഭവിക്കാന്‍ പോകുകയാണ്. അതിന് വേണ്ടിയാണ് അവര്‍ ആ കുഞ്ഞിനെ കൊട്ടാരത്തില്‍ നോക്കി വളര്‍ത്തുന്നതും. അവരാകട്ടെ, അതിനെ സംബന്ധിച്ച് അറിവില്ലാത്തവരുമാണ്. 

അല്ലാഹു തോന്നിപ്പിച്ചതിനനുസരിച്ച് ഉമ്മ കുഞ്ഞിനെ ഒരു പെട്ടിയിലാക്കി നദിയില്‍ ഒഴുക്കി. പെട്ടി ഒഴുകി ഫിര്‍ഔനിന്റെ കൊട്ടാരത്തിന്റെ മുന്നിലെത്തി. രാജ്ഞിയുടെ ശ്രദ്ധയില്‍ അത് പെടുകയും അവര്‍ അതെടുത്ത് കൊട്ടാരത്തില്‍ എത്തിക്കുകയും ചെയ്തു. പെട്ടി തുറന്ന് നോക്കിയപ്പോള്‍ സുമുഖനായ ഒരു ആണ്‍കുട്ടി! രാജ്ഞിക്ക് ആ കുഞ്ഞില്‍ കൗതുകം തോന്നി. എന്നാല്‍ രാജാവായ ഫിര്‍ഔനിനാകട്ടെ, ആ കുഞ്ഞിനെയും കൊന്നുകളയുകയാണ് നല്ലതെന്നാണ് തോന്നിയത്. ബനൂഇസ്‌റാഈല്യരില്‍ പെട്ട കുഞ്ഞാകാം ഇതെന്നും നമ്മുടെ വിഭാഗത്തില്‍ പെട്ട, അഥവാ ക്വിബ്ത്വി വര്‍ഗത്തില്‍ പെട്ടവനാകില്ലെന്നും ഇവനെ കൊല്ലലാണ് നല്ലതെന്നും അത് നടപ്പിലാക്കുകയാണെന്നും ഫിര്‍ഔനിന്റെ സംസാരത്തില്‍ നിന്നും ഭാര്യക്ക് മനസ്സിലായി. ഉടനെ ഫിര്‍ഔനിന്റെ ഭാര്യ ഇപ്രകാരം പറഞ്ഞു:

”…എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി). അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ഥ്യം  ഗ്രഹിച്ചിരുന്നില്ല” (ക്വുര്‍ആന്‍ 28:9).

അങ്ങനെ ഇസ്‌റാഈല്യരില്‍ പിറന്ന് വീഴുന്ന ആണ്‍കുട്ടികളെ കൊല്ലുന്ന രാജാവിന്റെ തന്നെ കൊട്ടാരത്തില്‍ മൂസാ(അ) വളരുകയാണ്. എത്ര ആളുകള്‍ എന്ത് അജണ്ട നടപ്പിലാക്കാന്‍ പദ്ധതി രൂപപ്പെടുത്തിയാലും അല്ലാഹുവിന്റെ തീരുമാനമേ നടപ്പിലാവുകയുള്ളൂ എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണിത്.

കൊന്നുകളയാന്‍ ഫിഔന്‍ തീരുമാനിച്ചപ്പോഴും ഭാര്യ എതിര്‍ത്തു. അതിനെ മാനിച്ച് കൊല്ലാതിരിക്കുവാനും കൊട്ടാരത്തില്‍ വളര്‍ത്തുവാനും ഫിര്‍ഔന്‍ അനുവാദം നല്‍കി. ഇനി എന്തെല്ലാമാണ് മൂസാ(അ)യിലൂടെ സംഭവിക്കാന്‍ പോകുന്നത് എന്ന വിവരം ഇവര്‍ക്കുണ്ടോ അറിയുന്നു! 

മൂസാ(അ)യുടെ ശൈശവത്തിലെ സുപ്രധാന ഘട്ടമാണ് സൂറതുല്‍ ക്വസ്വസ്വില്‍ ഇതുവരെ വിവരിക്കപ്പെട്ടത്. ഉമ്മയാണല്ലോ കുഞ്ഞിനെ പുഴയില്‍ ഒഴുക്കിയത്. ആ ഉമ്മാക്ക് അതിനുശേഷം വല്ല സമാധാനവും ഉണ്ടാകുമോ? 

”മൂസായുടെ മാതാവിന്റെ മനസ്സ് (അന്യചിന്തകളില്‍ നിന്ന്) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്)” (ക്വുര്‍ആന്‍ 28:10).

തന്റെ ചോരപ്പൈതലിനെ രാജാവ് കൊന്നുകളയും എന്ന ഭയത്താല്‍ അല്ലാഹു മനസ്സില്‍ തോന്നിപ്പിച്ചതിനനുസരിച്ച് ഒരു പെട്ടിയിലാക്കി നദിയില്‍ ഒഴുക്കിയിരിക്കുകയാണല്ലോ. കൂഞ്ഞിന്റെ സ്ഥിതിഗതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. ഇപ്പോള്‍ എവിടെയാകും തന്റെ പൊന്നുമോന്‍ ഉള്ളതെന്ന് അറിയില്ല. വ്യാകുലതയോടെ ആ മാതാവ് തന്റെ കുഞ്ഞിന്റെ കാര്യം മാത്രം ഓര്‍ത്തിരിക്കുകയാണ്.

അല്ലാഹു ആ മാതാവിന്റെ മനസ്സിന് നല്ല സ്ഥൈര്യം നല്‍കി. അക്ഷമ കാണിച്ച് അല്ലാഹുവിന്റെ അതൃപ്തി നേടുവാന്‍ കാരണമാകുന്ന യാതൊന്നും അവര്‍ ചെയ്തില്ല. 

അല്ലാഹു ആ ഉമ്മയുടെ മനസ്സിന് ഇപ്രകാരം ഒരു ഉറപ്പ് നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കും സംഭവിക്കുക? അവര്‍ പരിഭ്രാന്തയായി വീട്ടില്‍നിന്നും പുറത്തിറങ്ങും. കുഞ്ഞിനെ അന്വേഷിക്കും. ബനൂഇസ്‌റാഈല്യര്‍ക്ക് പിറന്ന ഒരു കുഞ്ഞ് പുഴയില്‍ ഒഴുക്കപ്പെട്ടിട്ടുണ്ടെന്ന് നാടാകെ അറിയും. കുട്ടിയെ കിട്ടിയാല്‍ കൊന്ന് കളയുകയും ചെയ്യും. 

തൗഹീദുള്ള ഏതൊരാളും ഏത് സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ തീരുമാനത്തില്‍ നിരാശരാവില്ല. അല്ലാഹുവിന്റെ തീരുമാനത്തല്‍ ക്ഷമിച്ചും അവനില്‍ ഭരമേല്‍പിച്ചും അവനോട് മാത്രം തേടിക്കൊണ്ടിരിക്കുകയും ചെയ്യും. മൂസാ(അ)യുടെ മാതാവിന് അല്ലാഹുവില്‍ അചഞ്ചലമായ  വിശ്വാസം ഉള്ളതിനാല്‍ അല്ലാഹുവിന്റെ തീരുമാനത്തില്‍ ക്ഷമിച്ച് കഴിയുവാന്‍ സാധിച്ചു. ഇത് തൗഹീദുള്ളവര്‍ക്കേ കഴിയൂ. അല്ലാഹു അല്ലാത്തവരില്‍ നിന്ന് അഭൗതിക മാര്‍ഗത്തിലൂടെ ഗുണവും ദോഷവും പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ നിര്‍ഭയത്വം ലഭിക്കില്ല.

മൂസാ(അ)ന് ഒരു മുതിര്‍ന്ന സഹോദരിയുണ്ടായിരുന്നു. അവളോട് ഉമ്മ ഇപ്രകാരം പറഞ്ഞു:

”…നീ അവന്റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍ അതറിഞ്ഞിരുന്നില്ല” (ക്വുര്‍ആന്‍ 28:11).

ഉമ്മയുടെ കല്‍പനയനുസരിച്ച് കുഞ്ഞിനെയും അന്വേഷിച്ച് അവള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി. അങ്ങനെ ദൂരെ ഒരു കുട്ടിയുടെ ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതും കുട്ടിയെ പറ്റി സംസാരിക്കുന്നതും അവള്‍ കണ്ടു. കുട്ടിയുടെ ചുറ്റിനും നില്‍ക്കുന്നവര്‍ക്ക് ഇത് കുട്ടിയുടെ സഹോദരിയാണെന്ന് മനസ്സിലായതുമില്ല. മൂസാ(അ)യുടെ സഹോദരി കുട്ടിയുടെ അടുത്തേക്ക് ചെന്നു. ആ സമയം ദാഹവും വിശപ്പും കാരണം കുഞ്ഞ് വാവിട്ട് കരയുന്നുമുണ്ട്. കൈക്കുഞ്ഞാണല്ലോ. മുലപ്പാലാണ് നല്‍കേണ്ടത്. മുലയൂട്ടാനായി അവരുടെ പരിചയത്തിലുള്ള പല സ്ത്രീകളെയും അവിടേക്ക് കൊണ്ടുവന്നു. അവരെല്ലാം കുഞ്ഞിന് മുലയൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. കൊട്ടാരത്തിലുള്ളവരും നാട്ടിലുള്ളവരുമൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് പാല്‍ കുടിക്കാന്‍ കൂട്ടാക്കുന്നില്ല.

”അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ? അവര്‍ ഇവന്റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 28:12).

വിശപ്പും ദാഹവും ഉണ്ടായിട്ടും മുലയൂട്ടാന്‍ വന്ന സ്ത്രീകളില്‍ ഒരാളുടെയും പാല്‍ കുഞ്ഞ് കുടിക്കുന്നില്ല. അല്ലാഹു അദ്ദേഹത്തില്‍ നിശ്ചയിച്ച ഒരു അത്ഭുതമായിരുന്നു അത്. പെറ്റുമ്മയല്ലാത്ത മറ്റു സ്ത്രീകളുടെ പാല്‍ കുടിക്കുന്നതില്‍ നിന്നും അല്ലാഹു ആ കുഞ്ഞിനെ തടഞ്ഞു എന്നര്‍ഥം.

മൂസാ(അ)യുടെ സഹോദരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അവിടെയുള്ളവര്‍ക്കെല്ലാം വലിയ സന്തോഷം നല്‍കി. അവര്‍ അത് അംഗീകരിച്ചു.

അല്ലാഹുവിന്റെ അതിമഹത്തായ തീരുമാനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ മൂസാ(അ) സ്വന്തം മാതാവിന്റെ മടിത്തട്ടിലേക്ക് മടങ്ങുകയാണ്. അല്ലാഹു അക്ബര്‍. സൃഷ്ടികള്‍ എന്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചാലും അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കുവാന്‍ സാധ്യമല്ല എന്ന് വ്യക്തം.

കുട്ടിയെ പെട്ടിയിലാക്കി നദിയില്‍ ഒഴുക്കാന്‍ അല്ലാഹു മൂസാ(അ)യുടെ ഉമ്മയുടെ മനസ്സില്‍ തോന്നിച്ചപ്പോള്‍ തന്നെ ‘തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതാണ്’ എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടായിരുന്നല്ലോ. അത് അല്ലാഹു പൂര്‍ത്തിയാക്കുകയാണ്.

”അങ്ങനെ അവന്റെ  മാതാവിന്റെ കണ്ണ് കുളിര്‍ക്കുവാനും അവള്‍ ദുഃഖിക്കാതിരിക്കുവാനും അല്ലാഹുവിന്റെ  വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ ക്ക്  തിരിച്ചേല്‍പിച്ചു. പക്ഷേ, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല” (ക്വുര്‍ആന്‍ 28:13).

തെറ്റോ പിഴവോ തെല്ലും ഏല്‍ക്കാത്ത അല്ലാഹുവിന്റെ അതിമഹത്തായ തീരുമാനത്തിനൊടുവില്‍ ഉമ്മാക്ക് കുഞ്ഞിനെ തിരികെ ലഭിക്കുകയാണ്. 

കുഞ്ഞിനെ ഉമ്മയിലേക്ക് തന്നെ തിരിച്ച് ഏല്‍പിച്ചതില്‍ ചില കാര്യങ്ങളുണ്ട്. ഉമ്മയുടെ കണ്ണിന് കുളിര്‍മ ലഭിക്കുക, ദുഃഖം ഇല്ലാതാകുക, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അറിയിക്കുക എന്നിവയാണവ.

അല്ലാഹുവിന്റെ തീരുമാനം നമുക്ക് അനുമാനിക്കുവാനോ ചിന്തിക്കുവാനോ കഴിയാത്ത  മാര്‍ഗത്തിലൂടെ അവന്‍ നടപ്പിലാക്കുന്നു. മൂസാ(അ) എന്ന കൈക്കുഞ്ഞിനെ പെട്ടിയിലാക്കി നദിയില്‍ ഒഴുക്കുമ്പോള്‍ ഉമ്മാക്ക് ഒരിക്കലും ഇപ്രകാരം ആയിരിക്കും ഇതിന്റെ പര്യവസാനം എന്ന് അറിയുമായിരുന്നില്ല.

അല്ലാഹുവിനോട് നാം പല കാര്യങ്ങളിലും സഹായം തേടാറുണ്ടല്ലോ. ആവശ്യപ്പെട്ട കാര്യം എങ്ങനെയാണ് സഫലമാകുക എന്ന് ചോദിക്കുന്ന വേളയില്‍ ഒരു അടിമക്കും അറിയില്ല. കാര്യം സഫലമാകുമ്പോഴാണ് നിസ്സാരനായ അടിമ ആ കാര്യം അറിയുന്നത്. ഇപ്രകാരമാണ് അല്ലാഹുവിന്റെ ഇടപെടലുകള്‍. മറഞ്ഞ വഴിക്ക് അഥവാ അഭൗതികമായി ഏതെങ്കിലും സൃഷ്ടിയില്‍ ഏതെങ്കിലും സൃഷ്ടിക്ക് ഇടപെടാന്‍ കഴിയും എന്ന വിശ്വാസം ശിര്‍ക്കാണ്. കാരണം, സ്രഷ്ടാവിനേ മറഞ്ഞ വഴിക്ക് ഇടപെടാന്‍ കഴിയൂ. ഒരു സൃഷ്ടിക്കും അതിന് കഴിയില്ല. 

പല കാര്യങ്ങളും നാം തീരുമാനിക്കാറുണ്ട്. ചില കാര്യങ്ങളെല്ലാം നാം പ്രയാസമോ വിഷമമോ കാരണം ഒഴിവാക്കുകയും ചെയ്യാറുണ്ട്. നമ്മള്‍ വിചാരിക്കും, നാം തിരഞ്ഞെടുത്തതാണ് നല്ലതെന്ന്. എന്നാല്‍ നാം ചിലപ്പോള്‍ നല്ലതല്ലാത്തതായി കാണുന്നത് നമുക്ക് ഗുണകരവും നല്ലതായി കാണുന്നത് നമുക്ക് ദോഷകരവും ആകാറുണ്ട്. എന്നാല്‍ ഏതൊരു കാര്യത്തിന്റെയും ഗുണദോഷങ്ങള്‍ നന്നായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. 

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ മൂസാ(അ) കുറെ കാലം താമസിച്ചു. എത്ര കാലം താമസിച്ചുവെന്നത് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന രൂപത്തില്‍ ക്വുര്‍ആനിലോ ഹദീഥിലോ അതു സംബന്ധിച്ചു യാതൊന്നും നാം കാണുന്നില്ല. എന്നിരുന്നാലും കുറെ വര്‍ഷം അവിടെ കഴിച്ചുകൂട്ടിയിട്ടുണ്ടെന്നത് പില്‍ക്കാലത്ത് മൂസാ(അ)നോട് ഫിര്‍ഔന്‍ പറയുന്നതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

മൂസാ(അ)ന് മുലയൂട്ടുന്ന ഈ സ്ത്രീയെ പറ്റി കൊട്ടാരത്തിലുള്ളവര്‍ക്ക് യാതൊരു പിടിപാടുമില്ല. അവിടെയുള്ളവര്‍ക്കിടയില്‍ മൂസായുടെ ഉമ്മ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അവര്‍ പോറ്റുമ്മ എന്ന അര്‍ഥത്തിലാണ് അപ്രകാരം വിളിച്ചിരുന്നതെങ്കിലും അവര്‍ കേവലം ഒരു പോറ്റുമ്മ മാത്രമായിരുന്നില്ലല്ലോ. 

കൊട്ടാരത്തില്‍ വളരുന്ന കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുക എന്ന വലിയ ഒരു സ്ഥാനം അവര്‍ക്കുണ്ടല്ലോ. അതിന് ഭൗതികമായ പല നേട്ടങ്ങളും രാജകൊട്ടാരത്തില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിട്ടുണ്ടാവുകയും ചെയ്യും.

മൂസാ(അ) കൊട്ടാരത്തില്‍ വളര്‍ന്ന് വലുതായി. അങ്ങനെ അല്ലാഹു അദ്ദേഹത്തിന് കാര്യങ്ങള്‍ തീരുമാനിക്കുവാനുള്ള വിവേകവും അറിവും എല്ലാം നല്‍കി.

”അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്” (ക്വുര്‍ആന്‍ 28:14).

ഈ സമയത്തൊന്നും മൂസാ(അ) നബിയായിട്ടില്ലെന്നത് നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ ഇവിടെ അല്ലാഹു അദ്ദേഹത്തിന് വിവേകവും അറിവും നല്‍കി എന്ന് പറഞ്ഞത് എന്താണെന്ന് സംശയം ഉണ്ടാകും. ഇമാം മുജാഹിദ്(റ) പറയുന്നു: ”അത് പ്രവാചകത്വത്തിന് മുമ്പുള്ള അറിവും ബുദ്ധി ശക്തിയും പ്രവൃത്തിയുമാണ്.” ഇബ്‌നു ഇസ്ഹാക്വ്(റ) പറയുന്നു: ”അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പൂര്‍വ പിതാക്കളുടെയും മതത്തിലുള്ള അറിവും, അദ്ദേഹത്തിന്റെ മത കാര്യത്തിലുള്ള അറിവും അതിലെ നിയമങ്ങളും അതിന്റെ ശിക്ഷാമുറകളിലുള്ള അറിവും.” (ത്വബരി).

അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി എന്ന് പറഞ്ഞത് പ്രവാചകത്വത്തിന് മുമ്പുള്ള കാര്യത്തെ പറ്റിയാണെന്ന് മഹാന്മാരുടെ വിശദീകരണത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ അത് പ്രവാചകത്വത്തെ കുറിച്ച് തന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 01

മൂസാ നബി (അ) - 01

ക്വുര്‍ആനില്‍ 136ഓളം സ്ഥലങ്ങളില്‍ മൂസാനബി(അ)യുടെ പേര് അല്ലാഹു പരാമര്‍ശിച്ചിട്ടുണ്ട്. സൂറതുല്‍ ബക്വറഃ, സൂറതുല്‍ അഅ്‌റാഫ്, സൂറതു ത്വാഹാ, സൂറതുല്‍ ക്വസ്വസ്വ് തുടങ്ങിയ അധ്യായങ്ങളില്‍ അദ്ദേഹത്തിന്റെ ചരിത്രം വിശദമായി അല്ലാഹു വിവരിച്ചിട്ടുണ്ട്. മറ്റു ചില അധ്യായങ്ങളില്‍ സംക്ഷിപ്തമായും വിവരിക്കുകയോ സ്മരിക്കുകയോ ചെയ്തിട്ടുണ്ട്.

യഅ്ക്വൂബ്‌നബി(അ)യുടെ സന്താന പരമ്പരകളില്‍ ഇംറാന്റെ പുത്രനായിട്ടാണ് മൂസാ(അ) ജനിക്കുന്നത്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ധാരാളം അനുഗ്രഹം ലഭിച്ചിട്ടുള്ള ഒരു ജനതയിലേക്കാണ് മൂസാ(അ)യെ അല്ലാഹു തിരഞ്ഞെടുക്കുന്നത്. ‘ഇസ്‌റാഈല്‍ സന്തതികള്‍’ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ബനൂ ഇസ്‌റാഈല്യര്‍ക്ക് അല്ലാഹു ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങളെ പല തവണ അവരെ ഓര്‍മിപ്പിക്കുന്നത് ക്വുര്‍ആനില്‍ നമുക്ക് കാണാം. 

”ഇസ്‌റാഈല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും മറ്റു ജനവിഭാഗങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക” (ക്വുര്‍ആന്‍ 2:47).

‘മറ്റു ജനവിഭാഗങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍ലകി’ എന്നു പറഞ്ഞതിനര്‍ഥം അവരാണ് മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠര്‍ എന്നല്ല, ആ കാലത്ത് ഉണ്ടായിരുന്ന ജനവിഭാഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠര്‍ അവരായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, മുഹമ്മദ് നബി ﷺ യുടെ സമുദായത്തെസംബന്ധിച്ച് നിങ്ങളാണ് മനുഷ്യര്‍ക്കായി പുറത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായം എന്ന് പ്രത്യേകം അല്ലാഹു പറഞ്ഞിട്ടുണ്ട്. 

ധാരാളം പീഡനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും മൂസാ(അ) ഇരയായിട്ടുണ്ട്. സൂറഃ ത്വാഹയില്‍ അല്ലാഹു മൂസാ നബി(അ)യോട് തന്നെ ഈ കാര്യം പ്രത്യേകം എടുത്ത് പറയുന്നത് കാണാം: 

”…പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി…” (20:40).

ബനൂഇസ്‌റാഈല്യരുടെ രാജാക്കന്മാരാണ് ഫറോവമാര്‍ അഥവാ ഫിര്‍ഔനുമാര്‍. ഫിര്‍ഔന്‍ എന്നത് സ്ഥാനപ്പേരാണ്. സേച്ഛാധിപതികളും അഹങ്കാരികളും ആയിരുന്നു ആ രാജാക്കന്മാര്‍. റംസീസ് രണ്ടാമന്‍ എന്നായിരുന്നു മൂസാ നബി(അ)യുടെ കാലത്തെ രാജാവിന്റെ പേര്‍ എന്ന് ചരിത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അഹങ്കാരത്തിന്റെ മൂര്‍ധന്യത്തിലെത്തിയ അന്നത്തെ ഫിര്‍ഔന്‍ ഞാനാണ് റബ്ബെന്ന് വാദിച്ചു. ഇത്തരം ഒരു ധിക്കാരിയായ ഭരണാധികാരിയിലേക്കാണ് അല്ലാഹു മൂസാ നബി(അ)യെ അയക്കുന്നത്.

ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും കാലമെന്ന് ഘോഷിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് പോലും പല നാടുകളിലും ഭരണാധികാരികളുടെ സ്വജന പക്ഷപാതവും പാവപ്പെട്ടവരെ മര്‍ദിച്ചൊതുക്കലും നടമാടുന്നത് നാം അറിയുന്നു. എങ്കില്‍ പിന്നെ, സ്വേഛാധിപതിയായ ഫിര്‍ഔനിന്റെ ഏകാധിപത്യ ഭരണത്തെപ്പറ്റി പറയാനുണ്ടോ?!

ഈജിപ്തിലെ പൂര്‍വനിവാസികള്‍ ക്വിബ്ത്വികള്‍ (കോപ്റ്റിക് വംശജര്‍) ആയിരുന്നു. അവര്‍ ഭരണ കക്ഷിയില്‍ പെട്ടവരും ഉന്നതന്മാരുമായി ഗണിക്കപ്പെട്ടു പോന്നു.

യഅ്ക്വൂബ് നബി(അ)യുടെ മറ്റൊരു പേരാണല്ലോ ഇസ്‌റാഈല്‍ എന്നത്. യൂസുഫ്(അ) ഈജിപ്തിലെ മന്ത്രിയായതിന് ശേഷം കന്‍ആനില്‍ നിന്നും യഅ്ക്വൂബ്(അ)ഉം മക്കളും ഈജിപ്തില്‍ സ്ഥിര താമസമാക്കിയിരുന്നു. ബനൂഇസ്‌റാഈല്യര്‍ ഈജിപ്തിലേക്ക് കുടിയേറി പാര്‍ത്തവരാണെന്ന് ചുരുക്കം. അക്കാലത്ത് ഈജിപ്തില്‍ സ്വദേശികളായ ക്വിബ്ത്വികളും കുടിയേറി പാര്‍ത്തവരായ ബനൂ ഇസ്‌റാഈല്യരുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ യഅ്ക്വൂബ്(അ)ന്റെയും യൂസുഫ്(അ)ന്റെയും ചര്യ പിന്‍പറ്റി ജീവിച്ച നല്ലവരായിരുന്നു.

യഅ്ക്വൂബ്(അ)ന്റെയും യൂസുഫ്(അ)ന്റെയും മാര്‍ഗത്തില്‍ നിന്നും പില്‍കാലക്കാര്‍ (ഇസ്‌റാഈല്‍ മക്കള്‍) വഴിമാറി. അവരില്‍ ആദര്‍ശ വ്യതിയാനവും അധര്‍മവും ഉടലെടുത്തു. തൗഹീദില്‍ നിന്നും അവര്‍ വ്യതിചലിച്ചപ്പോള്‍, അവര്‍ക്കുള്ള ശിക്ഷയെന്നോണം പിന്നീട് അവരുടെ ഭരണാധികാരം ക്വിബ്ത്വികളുടെ സ്വേഛാധികാരത്തില്‍ വന്നു ഭവിച്ചു. അങ്ങനെ അവര്‍ അങ്ങേയറ്റം മര്‍ദിക്കപ്പെട്ടു. അവര്‍ അടിമകളെ പോലെ അടിച്ചമര്‍ത്തപ്പെട്ടു. മൃഗങ്ങള്‍ക്കുള്ള സ്ഥാനം പോലും അവര്‍ക്ക് ലഭിക്കാതെയായി. 

യഥാര്‍ഥ വിശ്വാസത്തില്‍ നിന്നും പിന്തിരിയുന്ന പക്ഷം സ്വേഛാധിപതികളായ ഭരണാധികരികളെ കൊണ്ട് പരീക്ഷിക്കുമെന്നത് നബി ﷺ  മുന്നറിയിപ്പ് നല്‍കിയതും നാം മനസ്സിലാക്കേണ്ടതുണ്ട്.

ഈജിപ്തില്‍ ഇന്നും വലിയ പിരമിഡുകള്‍ നമുക്ക് കാണാം. അതിന്റെ കല്ലുകളുടെ വലിപ്പം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ആധുനിക ഉപകരണങ്ങള്‍ കൊണ്ടു പോലും അവ പൊക്കിയെടുക്കാന്‍ സാധിച്ചേക്കുമോ എന്ന് നാം സംശയിച്ചു പോകും. അത്രയും വലിയ കല്ലുകളാലാണ് ആ പിരമിഡുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ കല്ലുകള്‍ അത്രയും ഉയരത്തിലേക്ക് എത്തിച്ച് പടുത്തുയര്‍ത്താന്‍ ബനൂഇസ്‌റാഈലുകാരെയാണ് അവര്‍ ഉപയോഗപ്പെടുത്തിയത്. ഫറോവമാര്‍ ശരിക്കും അവരുടെ അധികാരത്തിന്റെ ഹുങ്ക് കാണിപ്പിച്ചു. നിഷ്ഠൂരമായ പീഡനമായിരുന്നു ബനൂഇസ്രാഈല്യര്‍ക്ക് ഈജിപ്തിലെ ഭരണപക്ഷത്തു നിന്നും അനുഭവിക്കേണ്ടി വന്നത്. ഭാരം വഹിക്കുന്ന കഴുതകളോട് കാണിക്കുന്ന കാരുണ്യം പോലും ബനൂഇസ്‌റാഈല്യരോട് ക്വിബ്ത്വികള്‍ കാണിച്ചില്ല. ഈ കാലത്താണ് മഹാനായ മൂസാ നബി(അ)യുടെ ജനനം.

ഇസ്‌റാഈല്‍ മക്കള്‍ ഈജിപ്തില്‍ വര്‍ധിച്ചു വന്നു. ഈ വര്‍ധനവ് ക്വിബ്ത്വികളില്‍ ഭയപ്പാട് സൃഷ്ടിച്ചു. അവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ അവര്‍ക്ക് അസൂയയും ഉണ്ടാകാന്‍ തുടങ്ങി. ഇസ്‌റാഈല്യരുടെ എണ്ണം കൂടിയാല്‍ തങ്ങളുടെ അധികാര പീഠത്തിന്റെ അടിത്തറയിളകും എന്നതായിരുന്നു അവരുടെ പേടിയുടെ കാതല്‍. അങ്ങനെ സംഭവിച്ചാല്‍ ക്വിബ്ത്വികളുടെ ഭരണം നഷ്ട്പ്പെടുകയും ഇസ്‌റാഈല്യര്‍ തന്നെ ഈജിപ്ത് ഭരിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്യും എന്നെല്ലാം അവര്‍ കണക്കുകൂട്ടി.

ഫിര്‍ഔന്‍ പ്രധാനികളെ തന്റെ സഭയില്‍ വിളിച്ചു വരുത്തി. തങ്ങള്‍ അഭിമുഖീകരിക്കുവാന്‍ പോകുന്ന വലിയ ഒരു പ്രശ്‌നത്തെ അവിടെയുള്ളവരെ അറിയിച്ചു. അതിനുള്ള പരിഹാരം നിര്‍ദേശിക്കുകയും അത് നടപ്പിലാക്കുവാന്‍ ആജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. ബനൂഇസാഈല്യരില്‍ ഇനി ജനിക്കുന്ന മുഴുവന്‍ ആണ്‍കുട്ടികളെയും കൊന്നുകളയുക, ഇതായിരുന്നു സ്വേഛാധിപതിയായ ഫിര്‍ഔന്‍ പുറപ്പെടുവിച്ച കല്‍പന. ഫിര്‍ഔനില്‍ നിന്നും ബനൂഇസ്‌റാഈല്യര്‍ നേരിട്ട കടുത്ത പീഡനങ്ങളെ അല്ലാഹു നമുക്ക് വിവരിച്ചു തരുന്നുണ്ട്.

”ത്വാസീമീം. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔനിന്റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതിക്കേള്‍പിക്കുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു” (ക്വുര്‍ആന്‍ 28:14).

ഫിര്‍ഔന്‍ ഇസ്‌റാഈല്‍ മക്കളില്‍ കാണിച്ച കൊടും ക്രൂരത എന്തുമാത്രമാണെന്നത് വിശദീകരണം ആവശ്യമില്ലാതെ തന്നെ നമുക്ക് മനസ്സിലാകുന്നതാണ്.

പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കുകയും ആണ്‍കുട്ടികളെ അറുകൊല നടത്തുകയും ചെയ്യുന്ന ഈ ക്രൂരത തുടര്‍ന്നപ്പോള്‍ ക്വിബ്ത്വികളില്‍ ചില സംസാരമെല്ലാം ഉണ്ടായി എന്ന് ചരിത്രം പറയുന്നു. ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുകയാണല്ലോ. മുതിര്‍ന്നവര്‍ ഓരോരുത്തരായി മരണപ്പെടുകയും ചെയ്യുന്നു. സ്വാഭാവികമായും അവര്‍ക്ക് അടിമ വേല ചെയ്യാന്‍ ആളില്ലാതായിത്തുടങ്ങി. അതിന് ഒരു പരിഹാരം ഉണ്ടാക്കുന്നതിനായി അവര്‍ ചര്‍ച്ച ചെയ്തു. ഒരു വര്‍ഷം ജനിക്കുന്ന ആണ്‍കുട്ടികളെ കൊന്നാല്‍ അടുത്ത വര്‍ഷം ജനിക്കുന്ന ആണ്‍കുട്ടികളെ കൊല്ലാതെ ജീവിക്കാന്‍ വിടുക എന്ന ഒരു തീരുമാനത്തില്‍ അവസാനം അവര്‍ എത്തി. കൊല്ലേണ്ടതില്ല എന്ന് അവര്‍ നിശ്ചയിച്ച വര്‍ഷത്തില്‍ ഹാറൂന്‍(അ) ജനിച്ചു. അതിനാല്‍ ഹാറൂന്‍ നബി(അ)യുടെ കാര്യത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായില്ല. കൊന്നുകളയണം എന്ന് തീരുമാനിച്ച വര്‍ഷത്തിലാണ് മൂസാ(അ) ജനിക്കുന്നത്.

സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ക്ക് എന്നും അത് തുടരുവാന്‍ കഴിയില്ല. പീഡിതരുടെ വേദനകളും വേദനിക്കുന്ന ഹൃദയവും സഹായം കൊതിക്കുന്ന മനസ്സും അല്ലാഹു കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുമല്ലോ. അല്ലാഹുവിന്റെ നിശ്ചിത സമയം വരെ മാത്രമെ ഈ മേല്‍കോയ്മയും അന്യായം പ്രവര്‍ത്തിക്കലുമെല്ലാം നടക്കുകയുള്ളൂ. പിന്നീട് അല്ലാഹു ഉചിതമായ നടപടി സ്വീകരിക്കും.

ബനൂഇസ്‌റാഈല്യരെ ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും അക്രമങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന് അല്ലാഹു നേരത്തെ തീരുമാനിച്ചിട്ടുണ്ട്,

”നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും അവരെ നേതാക്കളാക്കുവാനും അവരെ (നാടിന്റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്” (ക്വുര്‍ആന്‍ 28:5).

പീഡിതരോട് കരുണയും ദയയും കാണിക്കുവാനും അവരുടെ മേലുള്ള ക്വിബ്ത്വികളുടെ സ്വേഛാധിപത്യം അവസാനിപ്പിക്കുവാനും ബനൂഇസ്‌റാഈല്യരെ അവരുടെ നാടിന്റെ അനന്തരാവകാശികള്‍ ആക്കുവാനും അല്ലാഹു തീരുമാനിച്ചു.

”അവര്‍ക്ക്  (ആ മര്‍ദിതര്‍ക്ക്) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും  അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു)” (ക്വുര്‍ആന്‍ 28:6).

ഫിര്‍ഔന്‍ പിറന്നുവീഴുന്ന ആണ്‍കുട്ടികളെയെല്ലാം അറുകൊല നടത്താന്‍ തീരുമാനിച്ചത് അവരുടെ അധികാരവും സ്വാധീനവും ഇസ്രാഈല്യര്‍ തട്ടിയെടുക്കുമെന്ന് ഭയന്നതിനാലാണല്ലോ. എന്നാല്‍ അല്ലാഹുവിന്റെ ഉദ്ദേശം അവര്‍ ഏതൊന്നിനെ തൊട്ട് ഭയപ്പെട്ടുവോ അത് അവരില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ്. അഹങ്കാരിയായ ഫിര്‍ഔനും, അവന്റെ അഹങ്കാരിയായ മന്ത്രിയായ ഹാമാനും അവരുടെ സൈന്യവും അത് അനുഭവിക്കുകയും ചെയ്യുമെന്ന് അല്ലാഹു തീരുമാനിച്ചു.

ഫിര്‍ഔനും കൂട്ടരും എടുത്ത തീരുമാനം നാം മനസ്സിലാക്കിയല്ലോ. ആ കാലത്തെ ഗര്‍ഭിണികളുടെ മനസ്സ് എന്തായിരിക്കും? തനിക്ക് ജനിക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുഞ്ഞാണെങ്കില്‍ തനിക്ക് അതിനെ നഷ്ടപ്പെടുമെന്ന് ഭയക്കാത്ത ബനൂഇസ്‌റാഈല്യരിലെ പെണ്ണുങ്ങള്‍ ഉണ്ടാകുമോ? ഒരിക്കലുമുണ്ടാകില്ല!

മൂസാ(അ)യുടെ മാതാവ് ഗര്‍ഭിണിയായി. മനസ്സില്‍ വലിയ പേടിയും ബേജാറും. കുഞ്ഞിന്റെ ഭാവിയോര്‍ക്കുമ്പോള്‍ സ്വാഭാവികമായും ഒരു ഉമ്മാക്ക് ഉണ്ടാകുന്ന പേടി.

”മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്ത് തന്നിട്ടുണ്ട്. അതായത് നിന്റെ മാതാവിന് ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍. നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. (ഹേ; മൂസാ,) എന്റെ പക്കല്‍ നിന്നുള്ള സ്‌നേഹം നിന്റെമേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്” (20:3739).

മൂസാ(അ)ന് അല്ലാഹു ചെയ്ത ഒരു വലിയ അനുഗ്രഹത്തെ ഓര്‍മിപ്പിക്കുകയാണ് ഈ സൂക്തത്തില്‍. കൂഞ്ഞായിരിക്കുമ്പോള്‍ തന്നെ അല്ലാഹുവിന്റെ പ്രത്യേക കാവലും സഹായവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. അത് എങ്ങനെയാണെന്നതാണ് അല്ലാഹു ഇവിടെ വിവരിക്കുന്നത്.

ജനിച്ച ഉടനെ ഒരു പെട്ടിയില്‍ കുഞ്ഞിനെ ആക്കുവാനും തുടര്‍ന്ന് ആ പെട്ടി നദിയില്‍ ഒഴുക്കുവാനും അല്ലാഹു മൂസാ(അ)യുടെ ഉമ്മയുടെ മനസ്സില്‍ തോന്നിപ്പിച്ചു. ചോരപ്പൈതലിനെ പെട്ടിയില്‍ ആക്കി നദിയില്‍ ഇടുക എന്നത് ഒരു മാതാവിന് ധൈര്യത്തോടെ ചെയ്യാന്‍ കഴിയുന്നതല്ലല്ലോ. എന്നാല്‍ അല്ലാഹു അതിനുള്ള ധൈര്യവും കുഞ്ഞിനെ രക്ഷിക്കുമെന്ന ആശ്വാസവും നല്‍കി. 

ഞാനാണ് അത്യുന്നതനായ റബ്ബെന്ന് പറഞ്ഞ് അഹങ്കരിക്കുന്ന ഫിര്‍ഔന്‍ എന്ന രാജാവ് തനിച്ച മുശ്‌രിക്കും സത്യനിഷേധിയുമാണെന്നതില്‍ സംശയമില്ലല്ലോ. അതിനാല്‍ അവന്‍ അല്ലാഹുവിന്റെയും മൂസാ(അ)യുടെയും ശത്രുവാണ്. ആ ശത്രു തന്നെ കുഞ്ഞിനെ ഏറ്റെടുക്കുമെന്നും നമ്മുടെ മേല്‍നോട്ടത്തില്‍ നീ തന്നെ കുഞ്ഞിനെ വളര്‍ത്തുമെന്നും നാം പ്രത്യേകമായി സ്‌നേഹം നിന്നില്‍ ഇട്ടുതന്നിരിക്കുന്നു എന്നും മൂസാ(അ)യുടെ മാതാവിന്റെ മനസ്സില്‍ അല്ലാഹു തോന്നിപ്പിച്ചു.

ഉമ്മാക്ക് ബോധനം നല്‍കി എന്ന് പറഞ്ഞത് പ്രവാചകന്മാര്‍ക്ക് അല്ലാഹു ബോധനം നല്‍കിയത് പോലെയല്ല. പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കുന്നത് വേറെ തന്നെയാണെന്നത് പ്രവാചകന്മാരില്‍ വിശ്വസിക്കേണ്ടതായ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ നാം വ്യക്തമാക്കിയത് ഓര്‍ക്കുമല്ലോ.

സൂറത്തുല്‍ ക്വസ്വസ്വില്‍ മൂസാ(അ)യുടെ മാതാവിന് അല്ലാഹു ബോധനം നല്‍കിയതിനെ സംബന്ധിച്ച് വിവരിച്ചത് ഇപ്രകാരമാണ്.

”മൂസായുടെ മാതാവിന് നാം ബോധനം നല്‍കി; അവന്ന് നീ മുല കൊടുത്തു കൊള്ളുക. ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും അവനെ ദൈവദൂതന്മാരില്‍ ഒരാളാക്കുന്നതുമാണ്” (ക്വുര്‍ആന്‍ 28:7).

വിശുദ്ധ ക്വുര്‍ആന്‍ ഒരു സ്ഥലത്ത് ചുരുക്കിപ്പറഞ്ഞത് മറ്റൊരു സ്ഥലത്ത് വിവരിച്ച് പറയും. ഒരു സ്ഥലത്ത് നിരുപാധികം പറഞ്ഞത് മറ്റൊരു സ്ഥലത്ത് സോപാധികമായി പറയും. ക്വര്‍ആനിലെ ഒരു വചനത്തില്‍ പറഞ്ഞിട്ടുള്ള കാര്യം വിശദമായി മറ്റൊരു സ്ഥലത്ത് വിവരിക്കും. ഇതെല്ലാം ക്വുര്‍ആനിന്റെ പ്രത്യേകതയാണ്.

ഈ വചനത്തില്‍ പറഞ്ഞത് സൂറഃ ത്വാഹയില്‍ വന്നതിനെക്കാളും അല്‍പം വിവരിച്ചു കൊണ്ടാണ്. കുഞ്ഞിനെ പ്രസവിച്ചാല്‍ കൂഞ്ഞിന് മുലയൂട്ടണമെന്നും ഫിര്‍ഔന്‍ അവനെ കൊന്നുകളയുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവനെ പെട്ടിയില്‍ ആക്കി നദിയില്‍ ഒഴുക്കുക എന്നുമാണ് മൂസാ(അ)യുടെ മാതാവിന് അല്ലാഹു തോന്നിപ്പിച്ചത്. യാതൊരു പേടിയും വ്യസനവും അവന്റെ കാര്യത്തില്‍ ഉണ്ടാകേണ്ടതില്ലെന്നും നിന്റെ കരങ്ങളാല്‍ തന്നെ അവനെ വളര്‍ത്തുവാനായി നിന്നിലേക്ക് അവനെ മടക്കിത്തരുന്നതാണെന്നും പിന്നീട് അവനെ പ്രവാചകന്മാരില്‍ ഒരുവനാക്കുന്നതാണെന്നുമെല്ലാം ഉമ്മയുടെ മനസ്സില്‍ അല്ലാഹു തോന്നിപ്പിച്ചു.

ഈ വചനത്തില്‍ അല്ലാഹു രണ്ട് കല്‍പനയും (അവന്ന് നീ മുലകൊടുത്തു കൊള്ളുക, ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക), രണ്ട് വിരോധവും (നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട), രണ്ട് സന്തോഷ വാര്‍ത്തയും (തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ടുവരുന്നതും അവനെ ദൈവദൂതന്മാരില്‍ ഒരാളാക്കുന്നതുമാണ്) നല്‍കുന്നത് ശ്രദ്ധേയമാണ്. 

ക്വുര്‍ആനിന്റെ സാഹിത്യഭംഗിയും വാചക ഘടനയുമെല്ലാം അത്ഭുതങ്ങളുടെ കലവറയാണ്. ക്വുര്‍ആനിന് തുല്യമായത് കൊണ്ടു വരിക എന്ന വെല്ലുവിളി ഏറ്റടുക്കാന്‍ ഇന്നുവരെ ലോകത്ത് ഒരാള്‍ക്കും സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. അത്രയും വലിയ ദൈവികദൃഷ്ടാന്തമാണ് ഈ ക്വുര്‍ആന്‍.

മുന്‍കഴിഞ്ഞ പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത് അഥവാ ദൈവിക ദൃഷ്ടാന്തം അവരുടെ കാലത്തോടെ ഇല്ലാതെയായി. കാരണം, മുഹമ്മദ് നബി ﷺ ക്ക് മുമ്പുള്ള നബിമാരെല്ലാം പ്രത്യക സമൂഹത്തിലേക്കോ രാജ്യത്തിലേക്കോ മാത്രമായി അയക്കപ്പെട്ടവരായിരുന്നു. എന്നാല്‍ മുഹമ്മദ് നബി ﷺ യെ ലോകാവസാനം വരെയുള്ള മുഴുവന്‍ ആളുകളിലേക്കുമാണ് അല്ലാഹു അയച്ചിട്ടുള്ളത്. അതിനാല്‍ മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത് ലോകാവസാനം വരെ നിലനില്‍ക്കേണ്ടതുണ്ട്. അതാണ് വിശുദ്ധ ക്വുര്‍ആന്‍. മുഹമ്മദ് നബി ﷺ  അല്ലാഹുവിന്റെ ദൂതനാണെന്നും അവസാനത്തെ പ്രവാചകനാണെന്നും ലോകത്തുള്ള മുഴുവന്‍ ആളുകള്‍ക്കും തിരിച്ചറിയുവാനായി ക്വുര്‍ആന്‍ അതിന്റെ മുഅ്ജിസത് ലോകത്തിനു മുന്നില്‍ അനാവരണം ചെയ്തുകൊണ്ടേയിരിക്കും. (തുടരും)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂനുസ് നബി (അ)

യൂനുസ് നബി (അ)

ബനൂ ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് യൂനുസ്(അ). യൂനുസ് ബ്‌നു മത്താ എന്നതാണ് പേര്. പിതാവിലേക്ക് ചേര്‍ത്തിക്കൊണ്ട് ഇപ്രകാരം നബി ﷺ പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകളില്‍ വന്നിട്ടുണ്ട്.

യഅ്ക്വൂബ് നബി(അ)യുടെ സന്താന പരമ്പരകളില്‍ വന്ന പ്രവാചകനാണ് യൂനുസ്(അ). യൂനുസ്(അ)യുടെ പേരില്‍ ഒരു അധ്യായം തന്നെ ക്വുര്‍ആനില്‍ ഉണ്ട്. പരിശുദ്ധ ക്വുര്‍ആനില്‍ നാല് സ്ഥലങ്ങളില്‍ ഈ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ക്വുര്‍ആനില്‍ തന്നെ മറ്റു രണ്ട് സ്ഥലങ്ങളില്‍  ‘സ്വാഹിബുല്‍ ഹൂത്,’ ‘ദുന്നൂന്‍’ എന്നിങ്ങനെയും പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചരിത്രത്തില്‍ ഒരു മത്സ്യവുമായി ബന്ധപ്പെട്ട സംഭവം ഉള്ളതിനാലാണ് ‘മത്സ്യത്തിന്റെ ആള്‍’ എന്ന അര്‍ഥത്തില്‍ ഈ പേരുകളില്‍ യൂനുസ്(അ)നെ പരാമര്‍ശിക്കുന്നത്.

ഇറാക്വിലെ മൗസ്വില്‍ എന്ന പ്രദേശത്തിന്റെ തലസ്ഥാനമായ നീനുവാ എന്ന ഭാഗത്തേക്കാണ് അല്ലാഹു യൂനുസ്(അ)നെ പ്രവാചകനായി നിയോഗിക്കുന്നത്.

നീനുവാ ദേശത്തുള്ളവര്‍ ബഹുദൈവാരാധകരും അന്ധവിശ്വാസികളും ആയിരുന്നു. ഏതൊരു പ്രവാചകന്‍ അവരുടെ  സമൂഹത്തോട് പ്രബോധനം ചെയ്തപ്പോഴും പ്രഥമവും പ്രധാനവുമായി കല്‍പിച്ചത് ഏകദൈവ വിശ്വാസമായിരുന്നുവല്ലോ. തൗഹീദിന്റെ മഹത്ത്വം അത്രത്തോളം ഉണ്ടെന്നതാണ് അതിലൂടെ നാം മനസ്സിലാക്കേണ്ടത്. യൂനുസ്(അ)ഉം തന്റെ ജനതയെ ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന തൗഹീദിന്റെ അടിത്തറയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ആ ക്ഷണം അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. അവരുടെ അന്ധവിശ്വാസത്തിലും ശിര്‍ക്കിലും ഉറച്ച് നില്‍ക്കുവാന്‍ അവര്‍ തീരുമാനിച്ചു.

ശിര്‍ക്കില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറല്ലെങ്കില്‍ അല്ലാഹുവില്‍ നിന്നും വരാനിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് യൂനുസ്(അ) അവര്‍ക്ക് ശക്തമായ താക്കീതും നല്‍കി. എന്നാല്‍ ഈ താക്കീതുകളൊന്നും തന്നെ അവരുടെ അന്ധവിശ്വാസത്തില്‍ നിന്നും ശിര്‍ക്കില്‍ നിന്നും അവരെ പിന്തിരിപ്പിച്ചില്ല. 

യൂനുസ്(അ) തന്നാല്‍ കഴിയുന്നത് പോലെ അവരോട് ഉപദേശിച്ച് നോക്കിയിട്ടും അവരില്‍ അത് ഫലം കാണാതെ വന്നപ്പോള്‍ അദ്ദേഹത്തില്‍ അത് വലിയ ദുഃഖം ഉണ്ടാക്കി. ആ ദുഃഖവും സങ്കടവും അല്‍പം കോപത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. അവസാനം യൂനുസ്(അ) ആ നാട് വിടാന്‍ തീരുമാനിച്ചു.

യൂനുസ്(അ) ആ നാടുവിട്ട് പോയപ്പോള്‍ നാട്ടുകാര്‍ക്ക് മാറ്റം വന്നു. യൂനുസ്(അ) പറഞ്ഞ കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയും മനസ്സിന് മാറ്റം വരികയും ചെയ്തു. യൂനുസ്(അ) മുന്നറിയിപ്പ് നല്‍കിയ ശിക്ഷയുടെ ചില പ്രാഥമിക ഘട്ടങ്ങള്‍ അവര്‍ കാണാന്‍ തുടങ്ങി. അവര്‍ പേടിച്ചു. അവര്‍ക്ക് മനസ്സിലായി, പ്രവാചകന്മാര്‍ കളവ് പറയില്ലെന്ന്. യൂനുസാകട്ടെ നാട് വിടുകയും ചെയ്തിരിക്കുന്നു. എന്തൊക്കെയോ സംഭവിക്കുവാന്‍ പോകുന്നു എന്ന് അവര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങി. അവരില്‍ മാറ്റം പ്രത്യക്ഷപ്പെടുവാനും തുടങ്ങി. മുന്‍ കഴിഞ്ഞ ഒരു സമൂഹത്തിലും കാണാത്ത ഒരു പ്രത്യേകതയായിരുന്നു അത്. മറ്റുള്ളവരെല്ലാം ശിക്ഷ അനുഭവിച്ചപ്പോള്‍ പാഠം പഠിച്ചവരായിരുന്നുവെങ്കില്‍ ഇവര്‍ ശിക്ഷ വരും മുമ്പെ കാര്യം ഗ്രഹിച്ച് നിലപാട് മാറ്റിയവരായിരുന്നു.

പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാവരും അവരുടെ ആടുമാടുകളെയും ആയി ഒരു മരുഭൂമിയിലേക്ക് മാറിനിന്നു. അവര്‍ അല്ലാഹുവിനോട് പാപമോചനം നടത്തുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും ചെയ്തു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും അവരെ കടുത്ത ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

”ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്? യൂനുസിന്റെ ജനത ഒഴികെ! അവര്‍ വിശ്വസിച്ചപ്പോള്‍ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിതകാലം വരെ നാം അവര്‍ക്ക്  സൗഖ്യം നല്‍കുകയും ചെയ്തു” (ക്വുര്‍ആന്‍ 10:98).

പ്രവാചകന്മാര്‍ അവരുടെ സമൂഹത്തോട് നേര്‍വഴി വിവരിക്കുമ്പോള്‍ അവര്‍ അതിനെ പുറകോട്ട് വലിച്ചെറിയുകയായിരുന്നല്ലോ പതിവ്. അവര്‍ പ്രവാചകന്മാരെ പിന്തുടര്‍ന്ന്, പ്രവാചകന്മാര്‍ പറയുന്നതില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അവരുടെ വിശ്വാസം അവര്‍ക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ അവര്‍ ആരും അപ്രകാരം ചെയ്തില്ല. എന്നാല്‍ യൂനുസ്(അ)ന്റെ ജനത മാത്രം അതില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതു കാരണം ഐഹിക ലോകത്തുവെച്ച് അവര്‍ക്ക് ഒരുക്കിവെച്ചിരുന്ന നിന്ദ്യതയുടെയും അപമാനത്തിന്റെയും ശിക്ഷയില്‍ നിന്നും അല്ലാഹു അവരെ ഒഴിവാക്കി.

ഒരു ലക്ഷത്തിലധികം ജനങ്ങളുണ്ടായിരുന്ന പ്രദേശമായിരുന്നു നീനുവാ. ക്വുര്‍ആന്‍ അവരുടെ എണ്ണം എടുത്ത് പറഞ്ഞിട്ടുണ്ട്.

”അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു. അങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക് അവര്‍ക്ക് നാം സുഖജീവിതം നല്‍കുകയും ചെയ്തു”  (ക്വുര്‍ആന്‍ 37:147,148).

യൂനുസ്(അ)ന്റെ പ്രബോധനത്താല്‍ ഒരു ലക്ഷത്തിലധികം വരുന്ന നീനുവക്കാര്‍ അവരുടെ ശിര്‍ക്കും അന്ധവിശ്വാസങ്ങളും ഒഴിവാക്കി തൗഹീദും യഥാര്‍ഥ വിശ്വാസവും സ്വീകരിച്ചു. പക്ഷേ, അതിന് മുമ്പേ അവര്‍ വിശ്വസിക്കാത്തതിനാല്‍, അവരുടെ പ്രവാചകന്‍ അവരോട് ദേഷ്യം കാണിച്ച് അവിടെ നിന്നും ഒരു കപ്പല്‍വഴി നാട് വിടാന്‍ തീരുമാനിച്ചു. 

”യൂനുസും ദൂതന്മാരിലൊരാള്‍ തന്നെ. അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദര്‍ഭം” (37:139,140).

നാട്ടുകാര്‍ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്നപ്പോഴും യൂനുസ്(അ) അവര്‍ക്കിടയില്‍ ക്ഷമിച്ച് പ്രബോധനം തുടരുകയായിരുന്നു വേണ്ടത്. എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അറിയിപ്പ് ലഭിക്കും മുമ്പെ യൂനുസ്(അ), അവര്‍ തന്നില്‍ വിശ്വസിക്കാത്തതിലുള്ള വ്യസനം കാരണം നാടുവിട്ടു. അങ്ങനെ ധാരാളം ഭാരം നിറക്കപ്പെട്ട കപ്പലില്‍ അദ്ദേഹം കയറി. അദ്ദേഹത്തിന്റെ ആ പോക്കിനെ സംബന്ധിച്ച് ക്വുര്‍ആന്‍ മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു:

”ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം” (21:87).

തന്റെ ജനത വിശ്വസിക്കാത്തതിലുള്ള സങ്കടം ദേഷ്യമായി മാറി. പ്രവാചകന്മാര്‍ മുഴുവനും അവരുടെ സമൂഹത്തെ അളവറ്റ് സ്‌നേഹിച്ചവരും അവരോട് അങ്ങേയറ്റത്തെ ഗുണകാംക്ഷയുള്ളവരുമായിരുന്നുവല്ലോ. എല്ലാ പ്രവാചകന്മാരും അവരുടെ നാട്ടുകാര്‍ അവരില്‍ വിശ്വസിക്കാത്തതില്‍ അങ്ങേയറ്റം ദുഃഖിച്ചവരുമാണ്.

താന്‍ ക്ഷണിക്കുന്ന ആദര്‍ശം സ്വീകരിക്കുവാന്‍ തയ്യാറാകാത്ത പക്ഷം നരകമായിരിക്കുമല്ലോ മരണാനന്തരം ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടത് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ പ്രവാചകനായിരുന്നു യൂനുസ്(അ). അതിനാലാണ് അവരോട് ദേഷ്യപ്പെട്ട് അവിടെ നിന്നും പോകാന്‍ യൂനുസ്(അ) തീരുമാനിച്ചത്.

അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഏതൊരു പ്രബോധകനും ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുമ്പോള്‍ അവരോട് വെറുപ്പോ അനിഷ്ടമോ മനസ്സില്‍ വെച്ചുകൊണ്ടല്ല ക്ഷണിക്കേണ്ടത്. അവര്‍ നന്നാകണം, നരകത്തിന്റെ ഇന്ധനമാകരുത്, അല്ലാഹുവിന്റെ ഇഷ്ട ദാസന്മാര്‍ക്കായി തയ്യാര്‍ ചെയ്തിട്ടുള്ള സ്വര്‍ഗത്തിന്റെ അവകാശികളാകണം എന്ന ഗുണകാംക്ഷാനിര്‍ഭരമായ മനസ്സോടെയാകണം ജനങ്ങളില്‍ പ്രബോധനം ചെയ്യേണ്ടത്.

യൂനുസ്(അ) കപ്പലില്‍ കയറി. കപ്പല്‍ വലിയ ഭാരം വഹിച്ചുള്ളതായിരുന്നുവെന്ന് നാം പറഞ്ഞുവല്ലോ. കപ്പല്‍ യാത്ര ആരംഭിച്ചു. കാറ്റും കോളും വന്ന് കപ്പല്‍ മറിയാനുള്ള ഭാവത്തിലായി. ഭാരം കുറച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങി പോകും എന്ന സ്ഥിതി എത്തിയപ്പോള്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. കപ്പലില്‍ നിന്നും  ചിലരെ എടുത്ത് പുറത്ത് തള്ളുവാനായിരുന്നു തീരുമാനം. അധികഭാരം വഹിച്ച് കപ്പല്‍ മുന്നോട്ട് പോകില്ലെന്ന് അവര്‍ക്ക് മനസ്സിലായതിനാലാണ് ഇപ്രകാരം ഒരു തീരുമാനത്തലേക്ക് അവര്‍ എത്തിയത്. ഇത്തരം സന്ദര്‍ഭത്തില്‍ വിവേചനം കാണിച്ച് തീരുമാനത്തിലെത്തുന്നത് ശരിയല്ലല്ലോ. ആരെ പുറത്തിടും എന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കുവാന്‍ കഴിയില്ല. എല്ലാവരും ജീവനുള്ള മനുഷ്യരാണല്ലോ. അവസാനം അവര്‍ നറുക്കെടുപ്പ് പരിഹാരമായി കണ്ടു. നറുക്കെടുപ്പ് നടത്തി. യൂനുസ് നബി(അ)ന്റെ പേരാണ് അതില്‍ വന്നത്. തീരുമാന പ്രകാരം അദ്ദേഹം കപ്പലില്‍ നിന്നും പുറത്താക്കപ്പെട്ടു.

യൂനുസ്(അ)ന്റെ മുഖപ്രസന്നതയും നിഷ്‌കളങ്ക മനോഭാവവും കണ്ട കപ്പല്‍ യാത്രക്കാര്‍ക്കെല്ലാം അദ്ദേഹത്തെ കപ്പലില്‍ നിന്നും പുറംതള്ളുന്നതില്‍ വലിയ വിഷമം ഉണ്ടായി. ആയതിനാല്‍, പല പ്രാവശ്യം നറുക്കെടുപ്പ് നടന്നു. എല്ലാത്തിലും പേര് യൂനുസ്(അ)ന്റെത് തന്നെ! (അല്ലാഹുവിന്റെ തീരുമാനത്തിന് മുകളില്‍ ആര് എന്ത് ചെയ്താലും നടപ്പില്‍ വരില്ലല്ലോ). അവസാനം യൂനുസ്(അ) സ്വയം കപ്പലില്‍ നിന്നും കടലിലേക്ക് എടുത്തു ചാടി എന്ന് ചരിത്രത്തില്‍ കാണാം.

യൂനുസ്(അ) കപ്പലില്‍ നിന്നും പുറത്താക്കപ്പെട്ടു. ഉടനെ ഒരു വലിയ മത്സ്യം (തിമിംഗലം) അദ്ദേഹത്തെ വിഴുങ്ങി. അപ്പോഴും അദ്ദേഹം ആക്ഷേപിക്കപ്പെട്ടവനായിരുന്നു. കാരണം, അല്ലാഹുവിന്റെ അനുവാദം ലഭിക്കാതെയാണ് അദ്ദേഹം നാടുവിട്ടിരിക്കുന്നത്. 

”ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം! നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു” (21:87).

യൂനുസ്(അ) നാട്ടുകാരെ വിട്ട് പോകുമ്പോള്‍ അല്ലാഹു അദ്ദേഹത്തെ ഒരു കാര്യത്തിലും കുടുസ്സത നല്‍കില്ലെന്നാണ് വിചാരിച്ചത്. 

കപ്പലില്‍ നിന്നും പുറത്താക്കപ്പെട്ട ഉടനെ ഒരു വലിയ മത്സ്യം യൂനുസ്(അ)നെ വിഴുങ്ങി എന്ന് നാം പറഞ്ഞുവല്ലോ. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിലൂടെ അല്ലാഹു ഒരു അസാധാരണ സംഭവം വെളിപ്പെടുത്തി. സാധാരണ ഒരു മത്സ്യം മനുഷ്യനെ വിഴുങ്ങുമ്പോള്‍ ആ മനുഷ്യന്റെ എല്ലുകള്‍ പൊട്ടും. ശ്വാസം കിട്ടില്ല. ഉള്ളിലെത്തിയാല്‍ ദഹിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇവിടെ അതൊന്നും സംഭവിച്ചില്ല. യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റിനകത്ത് ഇരുട്ടിലായി എന്ന് മാത്രം. സമുദ്രത്തിന്റെ അടിത്തട്ടിലെ ഇരുട്ട്, മത്സ്യത്തിന്റെ വയറിനകത്തെ ഇരുട്ട്, രാത്രിയുടെ ഇരുട്ട്, യൂനുസ്(അ)ന്റെ മനസ്സില്‍ അലയടിക്കുന്ന വിഷമത്താലുള്ള ഇരുട്ട്… എന്നാലും പതര്‍ച്ചയുണ്ടായില്ല. താന്‍ വിശ്വസിക്കുന്ന, ആരാധിക്കുന്ന, ഭരമേല്‍പിച്ചിട്ടുള്ള, തന്റെ സ്രഷ്ടാവിനോട് അദ്ദേഹം മനമുരുകി പ്രാര്‍ഥിച്ചു.

അല്ലാഹുവേ, നീയല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാണ്. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു എന്ന് അദ്ദേഹം അല്ലാഹുവിനോട് ദുആ ചെയ്തു. ഏത് പ്രതിസന്ധിയിലും അല്ലാത്തപ്പോഴും നാം പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവിനോട് മാത്രമാണല്ലോ. ചിലര്‍ വിചാരിക്കുന്നത് പ്രതിസന്ധിയില്‍ വിളിക്കുന്ന വിളി മാത്രമെ ദുആ (പ്രാര്‍ഥന) ആകുകയുള്ളൂ എന്നാണ്. അത് ഒരിക്കലും ശരിയല്ല. സന്തോഷത്താലും അല്ലാഹുവിനെ വിളിക്കാറില്ലേ, അതും പ്രാര്‍ഥനയാണല്ലോ.

അല്ലാഹു യൂനുസ്(അ)ന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കി: ”അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു” (21:88).

യൂനുസ് നബി(അ)ന്റെ പ്രാര്‍ഥന അല്ലാഹു കേട്ടു. അദ്ദേഹം അനുഭവിച്ച വിഷമത്തില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി.

എത്ര കാലം ആ മത്സ്യത്തിന്റെ വയറ്റില്‍ അദ്ദേഹം കഴിച്ചു കൂട്ടി എന്ന വിഷയത്തില്‍ പല അഭിപ്രായങ്ങളും പണ്ഡിതന്മാര്‍ പറഞ്ഞത് നമുക്ക് കാണുവാന്‍ സാധിക്കും. പ്രബലമായ രണ്ട് അഭിപ്രായമായി വന്നിട്ടുള്ളത് ഒരു ദിവസം എന്നും മൂന്ന് ദിവസം എന്നുമാണ്.

യൂനുസ്(അ) എപ്പോഴും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ആളായിരുന്നു. അതിനെ പറ്റി ക്വുര്‍ആന്‍ ഇപ്രകാരം നമുക്ക് സൂചന നല്‍കുന്നു: 

”എന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു” (37:143,144).

പ്രയാസം നേരുടന്ന വേളയില്‍ മാത്രം അല്ലാഹുവിനെ വിളിക്കുന്ന ആളായിരുന്നില്ല യൂനുസ്(അ). പ്രയാസത്തിന്റെ സമയത്ത് മാത്രം അല്ലാഹുവിനെ വിളിച്ചാല്‍ ആ വിളിക്ക് ഉത്തരം ലഭിച്ചു കൊള്ളണമെന്നില്ല. 

പ്രയാസ വേളയില്‍ മാത്രം അല്ലാഹുവിനെ ഓര്‍ക്കുകയും അവനിലേക്ക് താഴ്മയോടെ മടങ്ങുകയും സന്തോഷ വേളയില്‍ അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രങ്ങളെ മുഴുവനും വിസ്മരിച്ച് തള്ളി ധിക്കാരത്തോടെ ജീവിക്കുന്നത് അല്ലാഹുവിനോട് കാണിക്കുന്നത് നന്ദികേടാണെന്നത് പറയേണ്ടതില്ലല്ലോ. 

സമ്പത്തും അധികാരവും ആള്‍ബലവും ഉണ്ടാകുമ്പോള്‍ അല്ലാഹുവിനോട് ധിക്കാരം കാണിച്ച് ജീവിക്കുകയും മരണ സമയം ആകുമ്പോള്‍ അല്ലാഹുവിലേക്ക് മടങ്ങാനുള്ള മനസ്സ് കാണിക്കുകയും ചെയ്താല്‍, അല്ലാഹു അത്തരക്കാരുടെ മടക്കത്തെ പരിഗണിക്കുന്നതല്ല. യൂനുസ്(അ) അത്തരക്കാരില്‍ ആകാത്തതിനാല്‍ അല്ലാഹു അവിടുത്തെ വിളി കേട്ടു, സഹായിച്ചു. എന്നാല്‍ ഫിര്‍ഔന്‍ അത്തരക്കാരില്‍ പെട്ടവനായിരുന്നു. അവന്റെ വിളി അല്ലാഹു പരിഗണിച്ചില്ല. അധികാരത്തിന്റെ അഹങ്കാരത്തില്‍ താന്‍ റബ്ബാണെന്ന് വാദിച്ചും നാട്ടുകാരെ മുഴുവന്‍ അപ്രകാരം വിശ്വസിപ്പിച്ചും ജീവിച്ച ഫിര്‍ഔന്‍ മൂസാ നബി(അ)യും ഹാറൂന്‍ നബി(അ)യും പരിചയപ്പെടുത്തിയ റബ്ബിനെ അംഗീകരിക്കുവാന്‍ തയ്യാറായില്ല. അവസാനം അല്ലാഹു എന്നെന്നേക്കുമായി പിടിച്ചപ്പോള്‍ ഫിര്‍ഔന്‍ പറഞ്ഞത് ക്വുര്‍ആന്‍ നമ്മെ ഇപ്രകാരം ഉണര്‍ത്തുന്നു:

”അവന്‍ പറഞ്ഞു: ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്) കീഴ്‌പെട്ടവരുടെ കൂട്ടത്തിലാകുന്നു” (10:90).

യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റില്‍ വെച്ച് അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥന നാം ഓരോരുത്തരും മനഃപാഠമാക്കേണ്ടതുണ്ട്. കാരണം, നമുക്ക് വല്ല ആവശ്യവും നേരിടുന്ന വേളയില്‍ അല്ലാഹുവിനോട് ആ പ്രാര്‍ഥന നടത്തിയാല്‍ അതിന് ഉത്തരം നല്‍കപ്പെടുന്നതാണ് എന്ന് നബി ﷺ അരുളിയിട്ടുണ്ട്.

സഅദ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: റസൂല്‍ ﷺ പറഞ്ഞു:”യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റില്‍ ആയിരിക്കെ പ്രാര്‍ഥിച്ച പ്രാര്‍ഥന- ‘(അല്ലാഹുവേ,) നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാകുന്നു. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു’- നിശ്ചയമായും ഒരു മുസ്‌ലിമായ ആള്‍ ഏതൊരു കാര്യത്തില്‍ ഇത് കൊണ്ട് പ്രാര്‍ഥിക്കുന്നുവോ അല്ലാഹു അവന് ഉത്തരം നല്‍കാതിരിക്കില്ല” (തിര്‍മിദി).

ആവശ്യം പൂര്‍ത്തീകരിച്ചുതരാന്‍ അല്ലാഹുവിനേ സാധിക്കൂ. അതിനാണ് ഈ പ്രാര്‍ഥനയില്‍ അല്ലാഹുവിന്റെ ഏകത്വം ആദ്യം നമ്മെക്കൊണ്ട് അംഗീകരിപ്പിക്കുന്നത്. ആഗ്രഹ സഫലീകരണത്തിനും ഉദ്ദേശ്യ ലബ്ധിക്കുമായി ജാറങ്ങളിലും മക്വ്ബറകളിലും പോയി, അവിടെ മറമാടപ്പെട്ടിരിക്കുന്ന ആളോട് പ്രാര്‍ഥിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ ഏത് വിഷമ ഘട്ടത്തിലും, ആവശ്യ പൂര്‍ത്തീകരണത്തിനും നാം തേടേണ്ടത് ഏകനും സര്‍വലോക പരിപാലകനുമായ, എല്ലാം കേള്‍ക്കുന്ന, എല്ലാം അറിയുന്ന, ഭാഷ പ്രശ്‌നമല്ലാത്ത, ദേശം പ്രശ്‌നമല്ലാത്ത, സമയം പ്രശ്‌നമല്ലാത്ത, ഉറക്കമില്ലാത്ത, തളര്‍ച്ചയില്ലാത്ത, എല്ലാവരെയും കാണുന്ന, എല്ലാവരെയും കേള്‍ക്കുന്ന അല്ലാഹുവിനോടായിരിക്കണം. 

യൂനുസ്(അ)നെ അല്ലാഹു രക്ഷപ്പെടുത്തിയ ഘട്ടത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക:

”എന്നിട്ട് അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി. അദ്ദേഹത്തിന്റെ മേല്‍ നാം യക്വ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു” (10:145,146).

ജനവാസമില്ലാത്ത ഒരു സ്ഥലത്തേക്ക് ആ മത്സ്യം അദ്ദേഹത്തെ തുപ്പിക്കളഞ്ഞു. മത്സ്യത്തിന്റെ വയറ്റിലായിരുന്നുവല്ലോ അതുവരെയും അദ്ദേഹം ഉണ്ടായിരുന്നത്. എല്ലുകള്‍ പൊട്ടുകയോ മാംസം ദ്രവിക്കുകയോ ഒന്നും ചെയ്തിട്ടില്ലെങ്കിലും അദ്ദേഹം അവശനായിരുന്നു.

മത പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുള്ള പല സംഭവങ്ങളും ബുദ്ധികൊണ്ട് അളന്ന് തള്ളുകയും കൊള്ളുകയും ചെയ്യുന്ന മതയുക്തിവാദികള്‍ ഉണ്ട്. ഹദീഥുകളില്‍ വന്നിട്ടുള്ള ചില കാര്യങ്ങളെ ‘അത് ഹദീഥല്ലേ’ എന്നും പറഞ്ഞ് തള്ളുന്നവര്‍ ക്വുര്‍ആനില്‍ വന്നിട്ടുള്ള ഇത്തരം സംഭവങ്ങളെ എന്ത് ചെയ്യും? എങ്ങനെ ഇതെല്ലാം ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കും? പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട സംഭവങ്ങളെ സംശയം തെല്ലുമില്ലാതെ സ്വീകരിക്കുവാനും സത്യമാണെന്ന് അംഗീകരിക്കുവാനും സാധിക്കുന്ന മഹത്തായ ഒരു മനസ്സ് തന്ന അല്ലാഹുവിനെ സദാസമയവും നാം സ്തുതിക്കുകയും മഹത്ത്വപ്പടുത്തുകയും വേണം. 

അവശനായി കരയിലെത്തിയ യൂനുസ്(അ)ന് അല്ലാഹു ആരോഗ്യം നല്‍കി. അതിനായി യൂനുസ്(അ)യെ പുറംതള്ളിയ ആ സ്ഥലത്ത് ചുരങ്ങ വര്‍ഗത്തില്‍ പെട്ട ഒരു ചെടി അല്ലാഹു മുളപ്പിച്ചു.

‘ശജറത്’ എന്നത് മരത്തിനും ചെടികള്‍ക്കും പ്രയോഗിക്കുന്ന പദമാണ്. ‘യക്വ്ത്വീന്‍’ എന്ന് പന്തലുകളില്‍ വളരുന്ന; കുമ്പളം, മത്തന്‍ പോലെയുള്ള ചെടികള്‍ക്കാണ് പ്രയോഗിക്കുക.

ആ ചെടി വാഴയായിരുന്നുവെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. അത് എന്തായിരുന്നാലും ശരി, അദ്ദേഹത്തിന് ആരോഗ്യവും സൗഖ്യവും ലഭിക്കുവാന്‍ ഉതകുന്ന രൂപത്തില്‍ അവിടെ അല്ലാഹു ഒരു ചെടി സൗകര്യപ്പെടുത്തി എന്ന് മനസ്സിലാക്കാം.

പിന്നീട്, യൂനുസ്(അ)നെ അല്ലാഹു തന്റെ നാട്ടിലേക്ക് തന്നെ പറഞ്ഞയച്ചു.

യൂനുസ് നബി(അ)ക്ക് തന്റെ ജനത വിശ്വസിക്കാത്തതിനാല്‍ വലിയ സങ്കടം വന്നു. അത് അവരോട് ദേഷ്യം ആയി മാറുകയും ചെയ്തു. ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കുവാന്‍ മുഹമ്മദ് നബി ﷺ യെ അല്ലാഹു ഓര്‍മപ്പെടുത്തി:

”അതുകൊണ്ട് നിന്റെ രക്ഷിതാവിന്റെ വിധി കാത്ത് നീ ക്ഷമിച്ചുകൊള്ളുക. നീ മത്സ്യത്തിന്റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്. അദ്ദേഹം ദുഃഖനിമഗ്‌നനായിക്കൊണ്ട് വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു” (68:48-50).

മുഹമ്മദ് നബി ﷺ ഇരുപത്തിമൂന്ന് കൊല്ലത്തെ പ്രവാചക ജീവിതത്തില്‍ എത്രമാത്രം പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ഒറ്റപ്പെടുത്തലിനും ബഹിഷ്‌കരണങ്ങള്‍ക്കും ഇരയായി എന്നത് ചരിത്രമാണല്ലോ. വേണ്ടപ്പെട്ടവര്‍ മരണപ്പെടാന്‍ കിടക്കുന്ന സമയത്ത് പോലും ഇസ്‌ലാം സ്വീകരിക്കുവാന്‍ ഉപദേശിച്ചു നോക്കി. നിരാശയായിരുന്നുവല്ലോ ഫലം. പ്രവാചകന്‍ യൂനുസ്(അ)ന്റെ ചരിത്രം നബി ﷺ യെ അല്ലാഹു ഓര്‍മപ്പെടുത്തി. യൂനുസ്(അ) നീനുവക്കാര്‍ വിശ്വസിക്കാത്തതില്‍ മനസ്സ് വേദനിച്ച് നാടുവിട്ട് പോയതു പോലെ താങ്കള്‍ ആകരുത്. ക്ഷമിച്ച് നാട്ടുകാരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊള്ളുക എന്ന ഒരു പാഠവും ഇതിലൂടെ നല്‍കി.

യൂനുസ്(അ)നെ സംബന്ധിച്ചോ മറ്റു പ്രവാചകന്മാരെ സംബന്ധിച്ചോ മോശമായ യാതൊരു വിചാരവും നമുക്ക് ഉണ്ടായിക്കൂടാ. എന്തിനാണ് യൂനുസ്(അ) ജനങ്ങളോട് ദേഷ്യപ്പെട്ടതെന്നോ, അവരില്‍ നിന്നും ഓടിപ്പോയതെന്നോ, അദ്ദേഹം ആക്ഷേപിക്കപ്പെട്ടവനല്ലേ എന്നോ നാം ചിന്തിച്ചുകൂടാ. കാരണം, യൂനുസ്(അ) അവര്‍ നന്നാകുവാന്‍ തയ്യാറല്ലാത്തതിനാലുള്ള വിഷമം കാരണമാണ് ആ നാടുവിടുന്നത്. യൂനുസ്(അ)നെ കുറിച്ച് അല്ലാഹു തന്നെ പറഞ്ഞത്, അദ്ദേഹത്തെ അല്ലാഹു തിരഞ്ഞെടുത്തിട്ടുണ്ടെന്നും സ്വാലിഹുകളില്‍ പെട്ട ആളാണെന്നുമാണ്. യൂനുസ്(അ)ന്റെ ചരിത്രം ഓതിത്തന്ന മുഹമ്മദ് നബി ﷺ തന്നെ യൂനുസ്(അ)നെ കുറിച്ച് പറയുന്നത് എത്ര മാത്രം ശ്രദ്ധേയമാണ്.

ക്വുദ്‌സിയായ ഹദീഥില്‍ പ്രവാചകനില്‍നിന്ന് ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: അല്ലാഹു പറഞ്ഞു: ”നിശ്ചയമായും താന്‍ യൂനുസ്ബ്‌നു മത്തയെക്കാളും നല്ലവനായ ഒരാളാണെന്ന് പറയുക എന്നത് ഒരു അടിമക്ക് ചേര്‍ന്നതല്ല” (ബുഖാരി).

യൂനുസ്(അ) മഹാനായ പ്രവാചകനാണ്. യുനുസ്(അ) ചെയ്ത ആ കാര്യം നാം നമ്മുടെ വീക്ഷണ പ്രകാരം നോക്കുമ്പോള്‍ അദ്ദേഹം ഒരു ശരിയല്ലാത്തതും ചെയ്തിട്ടില്ല. കാരണം, ഭൗതികമായ സൗകര്യങ്ങള്‍ നാട്ടുകാരില്‍ നിന്ന് കിട്ടാത്തതിനാലോ, തന്റെതായ ഭൗതികമായ ഒരു ആവശ്യം നാട്ടുകാര്‍ നിവൃത്തിച്ച് തരാത്തതിലോ മനംനൊന്ത് നാട് വിട്ടതല്ല. നരകത്തിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുന്ന തന്റെ നാട്ടുകാര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തിട്ടും അതിലൂടെ അവര്‍ ചലിക്കാന്‍ തയ്യാറാകുന്നില്ല എന്ന അവരോടുള്ള അളവറ്റ  സ്‌നേഹം കൊണ്ടായിരുന്നു. എന്നിരുന്നാലും അവരില്‍ ക്ഷമിച്ച് നില്‍ക്കേണ്ടതിന് പകരം പെട്ടെന്ന് അവിടെ നിന്നും മാറിപ്പോയ യൂനുസ് നബി(അ)യുടെ നിലപാട് അത്ര ശരിയായില്ല. പക്ഷേ, അല്ലാഹുവിനെ സുഖദുഃഖങ്ങളിലെല്ലാം ഓര്‍ക്കുന്ന ആ മഹാനായ പ്രവാചകനെ അല്ലാഹു കൈവിട്ടില്ല. അവന്റെ അടിമകളില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മഹാനായിരുന്നു യൂനുസ്(അ).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 08

യൂസുഫ് നബി (അ) - 08

യാഥാര്‍ഥ്യമായ സ്വപ്‌നം

തങ്ങളുടെ ചില മുന്‍കാല ചെയ്തികള്‍ വെളിച്ചത്തായെന്ന് ബോധ്യമായ മക്കള്‍ പിതാവിന്റെ മുന്നില്‍ കുറ്റം ഏറ്റു പറയുകയും അല്ലാഹുവിനോട് തങ്ങളുടെ തെറ്റുകള്‍ പൊറുത്തു തരുന്നതിനായി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

”അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കു  വേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ഥിക്കണേ. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു” (ക്വുര്‍ആന്‍ 12:97).

”അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക്  വേണ്ടി എന്റെ രക്ഷിതാവിനോട് ഞാന്‍ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (12:98).

മക്കളുടെ എല്ലാ ചെയ്തികളും പൊറുത്തു കിട്ടാനായി അല്ലാഹുവിനോട് തേടാം എന്ന് മക്കള്‍ക്ക് യഅ്ക്വൂബ്(അ) വാക്ക് കൊടുക്കുകയും ചെയ്തു. തേടുന്നു എന്നല്ല തേടാം എന്നാണല്ലോ പിതാവ് അവരോട് പറഞ്ഞത്. അതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്.

തേട്ടം രാവിന്റെ അന്ത്യയാമത്തിലേക്ക് നീട്ടിവെച്ചു എന്നതാണ് അതിലൊന്ന്. ഈ സമയത്തെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ളതാണല്ലോ. (അത്താഴത്തിന് എഴുന്നേല്‍ക്കുന്ന വേളയിലെല്ലാം നമുക്ക് ഈ സമയം ഉപയോഗപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. പലരും അത്താഴം കഴിച്ച് ഫജ്‌റിന്റെ ബാങ്കിന് അല്‍പം സമയം ഉണ്ടെങ്കില്‍ ആ സമയം ഉറങ്ങാന്‍ കിടക്കുകയാണ് ചെയ്യാറുള്ളത്. വിലപ്പെട്ട സമയം പാഴാക്കലാണത്.)

അല്ലാഹു നമ്മോട് അടുത്തുള്ള ആകാശത്തിലേക്ക് ഇറങ്ങി വരുന്ന സമയമാണ് അതെന്നും, എന്നിട്ട് പശ്ചാത്തപിക്കുന്നവരായി ആരെങ്കിലുമുണ്ടോ, ഞാന്‍ അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ് എന്നും ചോദിക്കുന്നവര്‍ക്ക് നല്‍കാമെന്നും, പാപമോചനം നടത്തുന്നവര്‍ക്ക് പൊറുത്തുകൊടുക്കാമെന്നും പറയുമെന്ന് നബി ﷺ അറിയിച്ചതായി സ്വഹീഹായ ഹദീഥുകളില്‍ വന്നിട്ടുണ്ട്.

ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടുള്ള അല്ലാഹുവിന്റെ ഇറക്കത്തെ സംബന്ധിച്ച് മറ്റൊന്നിനോട് ഉപമിക്കാതെ, നിഷേധിക്കാതെ, വ്യഖ്യാനിക്കാതെ, പഠിപ്പിക്കപ്പെട്ടത് പോലെ വിശ്വസിക്കുക എന്ന അഹ്‌ലുസ്സുന്നയുടെ മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത്. 

മക്കള്‍ക്കായുള്ള പാപമോചന തേട്ടം യഅ്ക്വൂബ്(അ) ശ്രേഷ്ഠമായ സമയത്തേക്ക് നീട്ടി വെച്ചു. ഇപ്രകാരം ഒരു വ്യാഖ്യാനം നമുക്ക് കാണാന്‍ കഴിയും. അല്ലാഹുവാണ്  നന്നായി അറിയുന്നവന്‍.

യൂസുഫ്(അ) പിതാവിന്റെ മുഖത്തിടാനായി കൊടുത്തയച്ച കുപ്പായം, ഇബ്‌റാഹീം(അ)നെ അഗ്‌നിയിലേക്ക് എറിഞ്ഞത് നഗ്‌നനാക്കിയിട്ടാണെന്നും അഗ്‌നിയില്‍ കിടക്കുന്ന ഇബ്‌റാഹീം(അ)നെ സ്വര്‍ഗത്തില്‍ നിന്നുള്ള പട്ടിനാലുള്ള ഒരു വസ്ത്രം കൊണ്ടു വന്ന് ജിബ്‌രീല്‍(അ) ധരിപ്പിച്ചുവെന്നും, അഗ്‌നിയില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ആ കുപ്പായം പുത്രന്‍ ഇസ്ഹാക്വിന് കൈമാറി എന്നും, ഇസ്ഹാക്വ്(അ) തന്റെമകനായ യഅ്ക്വൂബ്(അ)ന് അത് കൈമാറി എന്നും, ആ കുപ്പായം ഒരും ഐക്കല്ല് പോലെ യൂസുഫ്(അ)ന്റെ കഴുത്തില്‍ കെട്ടി വെച്ചിരുന്നുവെന്നും, പിന്നീട് കിണറ്റില്‍ എറിയപ്പെട്ട വേളയില്‍ ജിബ്‌രീല്‍(അ) വന്ന് യൂസുഫ്(അ)നെ ധരിപ്പിച്ച കുപ്പായമാണ് ഇത് എന്നുമൊക്കെയുള്ള ഒരു കെട്ടു കഥ സമൂഹത്തില്‍ പ്രചാരത്തിലുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത കഥയാണിത്. ഐക്കല്ലും ഉറുക്കും മറ്റും കെട്ടിത്തൂക്കുന്നതിനുള്ള തെളിവായി ഈ കെട്ടുകഥയെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ക്വുര്‍ആനിലോ സ്വഹീഹായ ഹദീഥുകളിലോ ഇതു സംബന്ധമായി യാതൊരു തെളിവും ഇല്ല.

യൂസുഫ്(അ) സഹോദരങ്ങളോട് പറഞ്ഞത് പോലെ ഉപ്പയും ഉമ്മയും സഹോദരങ്ങളും ഒന്നടങ്കം ഈജിപ്തിലേക്ക് പുറപ്പെട്ടു.

”അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്) തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക” (12:99).

എത്രയോ കാലമായി കാണാന്‍ കഴിയാതെ പോയ ഉപ്പയെയും ഉമ്മയെയും ഈജിപ്തിന്റെ മന്ത്രിക്ക് കാണാന്‍ അവസരം വന്ന ദിവസം! സ്വാഭാവികമായും അന്ന് ഈജിപ്തില്‍ ഏറെ ആഹഌദം ഉണ്ടായിട്ടുണ്ടാകാം. കാരണം, ദൂര ദേശത്തു നിന്നും പ്രിയപ്പെട്ട മന്ത്രിയുടെ മാതാപിതാക്കള്‍ വരുന്ന ദിവസമാണല്ലോ അത്.

മാതാപിതാക്കളെ കണ്ടപാടെ സ്‌നേഹത്തോടെ യൂസുഫ്(അ) തന്നിലേക്ക് ഇരുവരെയും അണച്ചു പിടിച്ചു. എല്ലാവര്‍ക്കും അവിടെ നിര്‍ഭയത്തമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്‌നം പുലര്‍ന്നതാണിത്. എന്റെ  രക്ഷിതാവ് അതൊരു യാഥാര്‍ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്റെ അടുത്തേക്ക്) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു” (12:100).

ഇവിടെ യൂസുഫിന്റെ മുമ്പില്‍ അവര്‍ നടത്തിയ സുജൂദ് ആരാധനയുടെ സുജൂദല്ല. സുജൂദ് രണ്ട് വിധത്തിലുണ്ട്.

ഒന്ന്, ആരാധനയുടെ സുജൂദ്. ഇത് അല്ലാഹുവിന്റെ മുന്നിലേ പാടുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ഇത് ചെയ്യുന്നത് ഹറാമാണ്, ശിര്‍ക്കാണ്.

രണ്ട്, ബഹുമാനത്തിന്റെയും അഭിവാദ്യത്തിന്റെയും സുജൂദ്. ഉപചാരത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം സൂജൂദ് ഇബാദത്തിന്റെ പരിധിയില്‍ വരാത്തതാണ്. ഈ സുജൂദ് ചെയ്യുന്നവന്റെ മനസ്സില്‍ അങ്ങേയറ്റത്തെ വിനയമോ താഴ്മയോ പ്രകടമാകാത്തതിനാല്‍ അത് ഇബാദത്തിന്റെ ഗണത്തില്‍ പെടുത്തിക്കൂടാ. ഇന്നാല്‍ ഇത് പോലും മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന് നിഷിദ്ധമാക്കിയിട്ടുണ്ട്.

യമനില്‍ ഗവര്‍ണറായി നിശ്ചയിക്കപ്പെട്ട മുആദ്(റ) നബി ﷺ യുടെ സന്നിധിയില്‍ എത്തി. നബി ﷺ യെ കണ്ടപ്പോള്‍ അദ്ദേഹം സുജൂദ് ചെയ്തു. ഇത് എന്താണെന്ന് മുആദ്(റ)നോട് നബി ﷺ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘നബിയേ, അവിടത്തുകാര്‍ അവരുടെ രാജാക്കന്മാര്‍ക്ക് അവരെ ബഹുമാനിച്ച് സാഷ്ടാംഗ പ്രണാമം ചെയ്യാറുണ്ട്. എനിക്ക് അപ്രകാരം സുജൂദ് ചെയ്യാന്‍ അര്‍ഹന്‍ അവിടുന്നാണ്.’ നബി ﷺ അത് വിലക്കി. എന്നിട്ട് പറഞ്ഞു: ‘അല്ലാഹു അല്ലാത്ത ആര്‍ക്കെങ്കിലും സുജൂദ് ചെയ്യുവാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നുവെങ്കില്‍ ഭര്‍ത്താവിന് മുന്നില്‍ ഭാര്യയോട് സുജൂദ് ചെയ്യുവാന്‍ ഞാന്‍ കല്‍പിക്കുക തന്നെ ചെയ്യുമായിരുന്നു.’ ഇത് സ്വഹീഹായി വന്നിട്ടുള്ള ഒരു നബിവചനമാണ്. ഭാര്യ ഭര്‍ത്താവിന് മുന്നില്‍ ബഹുമാനത്തിന്റെ ഭാഗമായി സുജൂദ് ചെയ്യുന്നത് പോലും വിലക്കിയിട്ടുണ്ട് എന്നര്‍ഥം.

എല്ലാവരും യൂസുഫ്(അ)ന് മുന്നില്‍ സുജൂദ് ചെയ്തപ്പോള്‍ അദ്ദേഹം മുമ്പ് കണ്ട സ്വപ്‌നത്തെ പിതാവിനോട് ഓര്‍മിപ്പിക്കുകയും അല്ലാഹു അദ്ദേഹത്തിന് ചെയ്ത അനുഗ്രഹങ്ങളെ എടുത്തു പറയുകയും ചെയ്തു:

”(യൂസുഫ് പ്രാര്‍ഥിച്ചു:) എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കു കയും ചെയ്യേണമേ” (12:101).

ഏറ്റവും വലിയ വിജയം മുസ്‌ലിമായി മരിക്കലും നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കലുമാണല്ലോ. അതിന് വേണ്ടിയാണ് പ്രവാചകനായ യൂസുഫ്(അ) പ്രാര്‍ഥിച്ചത്. അപ്രകാരം നാം ഓരോരുത്തരും പ്രാര്‍ഥിക്കുകയും വേണം. 

(യൂസുഫ് നബി(അ)യുടെ ചരിത്രം അവസാനിച്ചു)

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 07

യൂസുഫ് നബി (അ) - 07

യൂസുഫ് നബി(അ): സത്യം വെളിപ്പെടുന്നു

യഅ്ക്വൂബ് നബി(അ) പറഞ്ഞു: ”എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ  സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച” (ക്വുര്‍ആന്‍ 12:87).

പ്രതിസന്ധികളില്‍ ആശയറ്റവരായി ജീവിക്കുവാനല്ല അടിമകളോട് അല്ലാഹു നിര്‍ദേശിക്കുന്നത്. അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരവും അല്ലാഹുവില്‍ നിന്നുള്ള സഹായവും പ്രതീക്ഷിച്ച് അവനില്‍ ഭരമേല്‍പിച്ച് ജീവിക്കേണ്ടവരാണ് അല്ലാഹുവിന്റെ നല്ല അടിമകള്‍. അല്ലാഹുവിനെക്കുറിച്ച് നാം നല്ല വിചാരത്തിലൂടെ കഴിയുമ്പോള്‍ അല്ലാഹു നമ്മില്‍ അനുഗ്രഹം ചൊരിഞ്ഞും പ്രതിസന്ധികളില്‍ സഹായിച്ചും നമ്മുടെ കൂടെയുണ്ടാകും. അല്ലാഹു പറയുന്നു:

”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ  ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും” (ക്വുര്‍ആന്‍ 39:53).

”അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ഥ്യത്തെ പറ്റി തന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ!” (ക്വുര്‍ആന്‍ 15:55,56).

ഈ രണ്ട് സൂക്തങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിരാശപ്പെടാന്‍ പാടില്ലെന്ന് വ്യക്തമായും നമ്മെ പഠിപ്പിക്കുന്നുണ്ട്.

പിതാവിന്റെ നിര്‍ദേശ പ്രകാരം മക്കളില്‍ ചിലര്‍ യുസുഫിനെയും ബിന്‍യാമീനെയും അന്വേഷിച്ച് പുറപ്പെട്ടു. കുറച്ച് പേര്‍ പിതാവിന്റെ അടുത്ത് തന്നെ നിന്നു. 

”അങ്ങനെ യൂസുഫിന്റെ  അടുക്കല്‍ കടന്നു ചെന്നിട്ട് അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്ക് അളവ് തികച്ചുതരികയും ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു ഉദാരമതികള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 12:88).

യൂസുഫ്(അ)ന്റെ അടുക്കല്‍ എത്തി ‘ഞങ്ങള്‍ക്ക് വലിയ ദുരിതം ബാധിച്ചിട്ടുണ്ട്. വലിയ ക്ഷാമത്തിലാണ്. ഞങ്ങളെ അങ്ങ് സഹായിക്കണം. വറുതിയും ക്ഷാമവും കാരണം നിങ്ങള്‍ നല്‍കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് പകരം നല്‍കുവാന്‍ മാത്രമുള്ള ചരക്കുകളൊന്നും ഇല്ലാതെയാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. എന്നിരുന്നാലും അങ്ങ് ഞങ്ങള്‍ക്കുള്ള അളവ് പൂര്‍ത്തിയാക്കിത്തരണം’ എന്നും അതിന് പുറമെ ധര്‍മമായിട്ടും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം’ എന്ന് പറഞ്ഞതിനെ പിടിച്ചുവെച്ച ഞങ്ങളുടെ സഹോദരനെ തിരികെ നല്‍കി ഔദാര്യം കാണിക്കണം എന്നും ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇതെല്ലാം പറയുന്നത് കേട്ട യൂസുഫ്(അ)ന്റെ മനസ്സിന് അലിവ് തോന്നി. അവര്‍ക്ക് ഇതു വരെ തിരിച്ചറിയാന്‍ കഴിയാതെ പോയ ആ രഹസ്യം അദ്ദേഹം അവരുടെ മുന്നില്‍ പ്രകടമാക്കി.

”അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്റെയും അവന്റെ സഹോദരന്റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച!” (ക്വുര്‍ആന്‍ 12:89,90).

വിവരവും വിവേകവും ഇല്ലാത്ത കാലത്ത് യൂസുഫിനെയും അവന്റെ സഹോദരനെയും ചെയ്തതിനെ കുറിച്ച് നിങ്ങള്‍ക്ക് വല്ല അറിവും ഉണ്ടോ (ബിന്‍യാമീനെയും അവര്‍ പല പരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയിട്ടുണ്ടെന്നാണ് യൂസുഫ്(അ)ന്റെ സംസാരത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്) എന്ന് യൂസുഫ്(അ) അവരോട് ചോദിച്ചു. ഇത് കേട്ടപ്പോള്‍ അവര്‍ക്ക് അത്ഭുതമായി. അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? ഉടനെ അദ്ദേഹം ആ സത്യം വെളിപ്പെടുത്തി.

യൂസുഫ്(അ)ന്റെ ജീവിതം ഇപ്രകാരം ഒരു വലിയ സ്ഥാനത്തിലേക്ക് എത്തുന്നതിന് പിന്നില്‍ സഹിക്കേണ്ടി വന്ന വിഷമങ്ങള്‍ നാം മനസ്സിലാക്കിയല്ലോ. സഹോദരങ്ങള്‍ കിണറ്റില്‍ എറിഞ്ഞത് യാത്രാ സംഘത്തിന് ലഭിക്കുവാന്‍ കാരണമായി. രാജാവിന്റെ കൊട്ടാരത്തില്‍ എത്തുവാന്‍ അടിമച്ചന്തയില്‍ തന്നെ വില്‍ക്കുവാന്‍ വെച്ചത് കാരണമായി. രാജാവിന്റെ ഭാര്യ തന്നെ വശീകരിക്കാന്‍ ശ്രമിച്ചതും അതില്‍ നിന്ന് അല്ലാഹുവിനെ പേടിച്ച് പിന്‍മാറിയതും അദ്ദേഹം ജയിലിലടക്കപ്പെടുവാനും കാരണമായി. ജയിലില്‍ രാജ കൊട്ടാരത്തിലുണ്ടായിരുന്ന ചിലരോടൊപ്പം കഴിച്ചു കൂട്ടിയത് കൊട്ടാരത്തില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി ഉയരാനുള്ള തുടക്കത്തിന് കാരണമായി. രാജാവ് കണ്ട സ്വപ്‌നത്തിനുള്ള വ്യാഖ്യാനം നല്‍കിയത് രാജ്യത്തിന്റെ നന്മക്ക് യൂസുഫ് വേണ്ടപ്പെട്ടവനാണെന്ന് രാജാവിന് തോന്നുവാനും മന്ത്രി പദം ഏല്‍പിക്കപ്പെടുവാനും കാരണമായി. എല്ലാം വലിയ സ്ഥാനത്തേക്കുള്ള പ്രയാണത്തിലെ ചവിട്ടു പടികളായിരുന്നു. അവസാനം, സഹോദരങ്ങള്‍ ഭക്ഷ്യ വസ്തുക്കള്‍ക്കായി വന്നത് അവരെയും ചെറിയ സഹോദരനായ ബിന്‍യാമീനെയും കാണുവാന്‍ കാരണമായി. ഭക്ഷ്യവസ്തുക്കള്‍ വാങ്ങി തിരിച്ചു പോകുമ്പോള്‍ ബിന്‍യാമീന്റെ  ഭാണ്ഡത്തില്‍ അളവുപാത്രം വെച്ചത് അവനെ കൂടെ പാര്‍പ്പിക്കുവാനും കാരണമായി. രണ്ടാമതും സഹോദരങ്ങള്‍ വന്ന് വീട്ടിലെ പ്രയാസവും കഷ്ടപ്പാടും പറഞ്ഞത് എല്ലാവരെയും പരസ്പരം തിരിച്ചറിയുന്നതിലേക്കും എത്തിച്ചു. ഇതെല്ലാം അല്ലാഹു തങ്ങളോട് ചെയ്ത അനുഗ്രഹങ്ങളാണെന്ന് യൂസുഫ്(അ) അവരെ അറിയിച്ചു.

അല്ലാഹുവിന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ വരുന്നതിനെ തൊട്ട് സൂക്ഷിക്കുകയും അല്ലാഹുവിന്റെ വിധികളിലും തീരുമാനങ്ങളിലും ക്ഷമിച്ച് ജീവിക്കുകയും ചെയ്താല്‍ അവരെ അല്ലാഹു കൈവെടിയുകയില്ല എന്ന ഒരു തത്ത്വം അദ്ദേഹം അവരെ പഠിപ്പിക്കുകയും ചെയ്തു.

സഹോദരങ്ങള്‍ ചെയ്തതെല്ലാം വെളിച്ചത്തായി എന്ന് അവര്‍ക്ക് ബോധ്യമായി. അവര്‍ പറഞ്ഞു: 

”…അല്ലാഹുവെതന്നെയാണ, തീര്‍ച്ചയായും അല്ലാഹു നിനക്ക് ഞങ്ങളെക്കാള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു” (12:91).

അല്ലാഹുവിന്റെ അടുക്കല്‍ യൂസുഫ് ശ്രേഷ്ഠനാണെന്നും തങ്ങളെക്കാളും സ്ഥാനമുള്ളവനാണെന്നും അവര്‍ സമ്മതിച്ചു. ചെയ്ത് പോയ അപരാധങ്ങള്‍ ഏറ്റുപറഞ്ഞു. അതിനുള്ള എന്ത് ശിക്ഷ സ്വീകരിക്കുവാനും അവര്‍ തയ്യാറാകുകയും ചെയ്തു.

”അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു” (12:92).

പ്രതികാര നടപടിക്കോ, ശിക്ഷ നടപ്പിലാക്കാനോ യൂസുഫ്(അ) തയ്യാറായില്ല. തന്നോട് ചെയ്ത അരുതായ്മകള്‍ക്ക് സഹോദരങ്ങള്‍ക്ക് പൊറുത്തു കൊടുക്കുകയും അവര്‍ക്കായി അല്ലാഹുവിനോട് പാപമോചനം നടത്തുകയുമാണ് അദ്ദേഹം ചെയ്തത്.

ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പോലും പകയും വിദ്വേഷവും ഉള്ളില്‍ വെച്ച് നടക്കുകയും ഒറ്റക്ക് കിട്ടിയാല്‍ തട്ടിക്കളയാന്‍ പോലും മടി കാട്ടാതിരിക്കുകയും ചെയ്യുന്ന ആധുനിക മനുഷ്യര്‍ക്ക് യൂസുഫ്(അ) അടക്കമുള്ള പ്രവാചകന്മാരുടെ ജീവിതം മാതൃകയാണ്. എന്ത് പ്രതികാര നടപടി സ്വീകരിക്കുവാനും പറ്റിയ അവസരം. അധികാരവും സാഹചര്യവും നൂറു ശതമാനം തനിക്ക് അനുകൂലം. ഇങ്ങനെയുള്ള അവസരത്തില്‍ മാപ്പ് നല്‍കലാണ് ഏറ്റവും വലിയ നടപടി എന്ന മഹത്തായ സന്ദേശം ലോകത്തെ പഠിപ്പിക്കുന്നു പ്രവാചകന്മാര്‍. മക്കാവിജയ ദിവസം നബി(സ്വ) കാണിച്ച സമീപനവും ഇതിന് മറ്റൊരു തെളിവാണ്. പിറന്ന നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍, കണ്‍മുന്നില്‍ വെച്ച് വേണ്ടപ്പെട്ടവരെ അറുകൊല നടത്തിയവര്‍, കൂക്കി വിളിച്ചും പരിഹസിച്ചും നടന്നവര്‍, കല്ലെറിഞ്ഞും തുപ്പിയും ദ്രോഹിച്ചവര്‍, ഇങ്ങനെ സാധ്യമാകും വിധത്തിലെല്ലാം ദ്രോഹിച്ചവര്‍ പരാജിതരായി തനിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അവിടുന്ന് മക്കക്കാരോട് ചോദിക്കുന്നു:

‘ക്വുറയ്ശ് സമൂഹമേ, ഞാന്‍ നിങ്ങളില്‍ എന്ത് ചെയ്യുമെന്നാണ് വിചാരിക്കുന്നത്?’ അവര്‍ പറഞ്ഞു: ‘നല്ലത്. (നീ) മാന്യനായ സഹോദരനാണ്, മാന്യനായ സഹോദരന്റെ പുത്രനുമാണ്.’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘യൂസുഫ് അദ്ദേഹത്തിന്റെ സഹോദരങ്ങളോട് പറഞ്ഞതാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. ഇന്ന് നിങ്ങളുടെമേല്‍ ഒരു ആക്ഷേപവുമില്ല. നിങ്ങള്‍ എല്ലാവരും പോയിക്കൊള്ളുക. നിങ്ങള്‍ സ്വതന്ത്രരാണ്.’

യാതൊരു പ്രതികാര നടപടിയും സ്വീകരിക്കാതെ യൂസുഫ്(അ) തന്റെ സഹോദരങ്ങള്‍ക്ക് മാപ്പുനല്‍കി. അദ്ദേഹത്തിന് അവരോട് ആവശ്യപ്പെടാനുണ്ടായിരുന്നത് ഇതാണ്:

”നിങ്ങള്‍ എന്റെ ഇൗ കുപ്പായം കൊണ്ടുപോയി എന്റെ പിതാവിന്റെ  മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരുകയും ചെയ്യുക” (12:93).

പിതാവ് യഅ്ക്വൂബ്(അ) വീട്ടിലാണല്ലോ. കൂടെ മക്കളില്‍ ചിലരും ഉണ്ട്. മറ്റു ചിലര്‍ യൂസുഫ്(അ)ന്റെഅടുത്തുമാണ്. വലിയ ഒരു മുഅ്ജിസത്താണ് ഇനി സംഭവിക്കാന്‍ പോകുന്നത്. ഈ സംഘം പിതാവിന്റെഅടുത്ത് എത്തുമ്പോള്‍ തന്നെ അത്ഭുതം പ്രകടമാകാന്‍ തുടങ്ങി!

രണ്ട് പ്രവാചകന്മാരിലൂടെ മുഅ്ജിസത്ത് പ്രകടമാവുകയാണ്. മുഅ്ജിസത്ത് എന്നാല്‍ സൃഷ്ടികള്‍ക്കാര്‍ക്കും ചെയ്യാന്‍ കഴിയാത്തതും പ്രവാചകന്മാരിലൂടെ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍  പ്രകടമാക്കുന്നതുമായ കാര്യമാണല്ലോ. 

തന്നെ കാണാത്തതില്‍ ദുഃഖിക്കുകയും കരയുകയും ചെയ്തതിനാല്‍ തന്റെ പിതാവിന്റെ കാഴ്ച വരെ നഷ്ടമായിട്ടുണ്ടെന്ന് യൂസുഫ്(അ) വഹ്‌യിലൂടെ അറിഞ്ഞിട്ടുണ്ട്. അതിനാലാണ് തന്റെ കുപ്പായം സഹോദരങ്ങളെ ഏല്‍പിക്കുന്നത്. ആ കുപ്പായം സാധാരണ കുപ്പായം തന്നെയാണ്. മറ്റു പ്രത്യേകതകളൊന്നും ഇല്ല. അല്ലാഹുവിന്റെ കല്‍പന പ്രകാരം യൂസുഫ്(അ) ചെയ്യുന്നു എന്ന് മാത്രം. 

എത്രയോ ദിവസങ്ങള്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരമാണ് ഈജിപ്തില്‍ നിന്നും കന്‍ആനിലേക്കുള്ളത്. എന്നാല്‍ ഈജിപ്തില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പേ യൂസുഫിന്റെ മണം പിതാവ് അനുഭവിച്ച് തുടങ്ങി. അത് യഅ്ക്വൂബ്(അ)ന് അല്ലാഹു നല്‍കിയ മുഅ്ജിസത്താണ്. അത് അവിടെയുള്ള മറ്റുള്ള ആരും അനുഭവിക്കുന്നുമില്ല താനും. 

”യാത്രാസംഘം (ഈജിപ്തില്‍ നിന്ന്) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് (അടുത്തുള്ളവരോട്) പറഞ്ഞു: തീര്‍ച്ചയായും എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ (നിങ്ങള്‍ക്കിത് വിശ്വസിക്കാവുന്നതാണ്)” (ക്വുര്‍ആന്‍ 12:94).

പ്രായം അങ്ങേയറ്റത്ത് എത്തിയതിനാലാണ് ഉപ്പ ഇങ്ങനെ പറയുന്നതെന്ന് മക്കള്‍ വിചാരിക്കരുത് എന്നു കരുതിയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. എന്നാല്‍ മക്കള്‍ മനസ്സിലാക്കിയത് പ്രായം കാരണം പിതാവ് എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നാണ്. അവര്‍ പിതാവിനോട് അത് പറയുകയും ചെയ്തു:

”അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും താങ്കള്‍ താങ്കളുടെ പഴയ വഴികേടില്‍ തന്നെയാണ്” (12:95).

ഈജിപ്തില്‍ നിന്നും മടങ്ങിയവരില്‍ ഒരാള്‍ നേരത്തെ പുറപ്പെട്ടിട്ടുണ്ട്. അവന്‍ വന്ന് പിതാവിന്റെ മുഖത്ത് യൂസുഫിന്റെ കുപ്പായം ഇട്ടു; കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു. ഇതാണ് ഇവിടെ സംഭവിച്ച മുഅ്ജിസത്ത്.

”അനന്തരം സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വന്നപ്പോള്‍ അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വെച്ച് കൊടുത്തു. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുണ്ട് എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?” (12:96).

നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടിയതിന് ശേഷം അദ്ദേഹം താന്‍ വഴികേടിലാണെന്നെല്ലാം പറഞ്ഞ മക്കളോട് ഇപ്രകാരം പറഞ്ഞു: ‘നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുണ്ട് എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?’ യൂസുഫിന്റെയും ബിന്‍യാമീന്റെയും കാര്യത്തില്‍ എന്തോ ചില കാര്യങ്ങള്‍ ഇവര്‍ മുഖേന നടന്നിട്ടുണ്ടെന്ന് യഅ്ക്വൂബ്(അ)ന് മനസ്സിലായിക്കാണണം. കാരണം യൂസുഫിനെ നഷ്ടമായപ്പോഴും ബിന്‍യാമീന്‍ പിടിക്കപ്പെട്ടപ്പോഴും എല്ലാം അദ്ദേഹം പറഞ്ഞത് നിങ്ങളുടെ മനസ്സുകള്‍ക്ക് ചില കാര്യങ്ങള്‍ നല്ലതായി തോന്നിയിരിക്കുന്നു എന്നാണ്. അതുപോലെ അവരെ അന്വേഷിച്ച് കണ്ടെത്തുവാനായി മക്കളോട് പറയുകയും ചെയ്തിരുന്നല്ലോ. 

യഅ്ക്വൂബ്(അ) യൂസുഫിനെയും ബിന്‍യാമീനെയും കന്‍ആനില്‍ ഇരുന്ന് കാണുന്നില്ല. യഅ്ക്വൂബ്(അ) അല്ലാഹുവില്‍ നിന്നും ചില കാര്യങ്ങള്‍ ഞാന്‍ അറിയുന്നുണ്ട് എന്ന് പറഞ്ഞത് യൂസുഫ്(അ)ന്റെ ജീവിതത്തിലുണ്ടായ വേദനപ്പിക്കുന്ന കാര്യങ്ങളല്ലായിരുന്നു. അങ്ങനെ അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം കാഴ്ച നഷ്ടപ്പെടുമാറ് കരയുകയും ദുഃഖിക്കുകയും ചെയ്യുമായിരുന്നില്ലല്ലോ.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യൂസുഫ് നബി (അ) – 06

യൂസുഫ് നബി (അ) - 06

മൂന്നു മക്കളുടെ നഷ്ട ദുഃഖം

യൂസുഫ് നബി(അ) ഒരു സൂത്രം പ്രയോഗിച്ചു. ഭക്ഷ്യവസ്തുക്കള്‍ അളന്നു നല്‍കിയിരുന്ന പാനപാത്രം ആരും അറിയാതെ ബിന്‍യാമീന്റെ ഭാണ്ഡത്തില്‍ ഒളിപ്പിച്ചു വെച്ചു.

”അങ്ങനെ അവര്‍ക്കുള്ള സാധനങ്ങള്‍ അവര്‍ക്ക്  ഒരുക്കിക്കൊടുത്തപ്പോള്‍ അദ്ദേഹം (യൂസുഫ്) പാനപാത്രം തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ വെച്ചു. പിന്നെ ഒരാള്‍ വിളിച്ചുപറഞ്ഞു: ഹേ; യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്” (ക്വുര്‍ആന്‍ 12:70).

അവര്‍ അവരുടെ ചരക്കുകളുമായി അവിടെ നിന്നും പുറപ്പെടുകയായി. അപ്പോഴാണ് ‘ഹേ യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്’ എന്ന് വിളിച്ചു പറയുന്നതായി കേട്ടത്.

”അവരുടെ നേരെ തിരിഞ്ഞ് കൊണ്ട് (യാത്രാസംഘം) പറഞ്ഞു: എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് രാജാവിന്റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്ന് തരുന്നവന് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത് (ധാന്യം) നല്‍കുന്നതാണ്. ഞാനത് ഏറ്റിരിക്കുന്നു” (12:71,72).

ആ അളവു പാത്രം സ്വര്‍ണം കൊണ്ടുള്ളതായിരുന്നുവെന്നും വെള്ളികൊണ്ടുള്ളതായിരുന്നുവെന്നും പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് എന്തുകൊണ്ടുള്ളതാണെന്ന് നാം അറിയുന്നതില്‍ നമുക്ക് നന്മ ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു നമുക്ക് അത് അറിയിച്ചു തരുമായിരുന്നു. അത് അറിയിച്ചു തരാത്തതിനാല്‍ അതിന്റെ പുറകെ നാം പോകുന്നില്ല. എന്തായിരുന്നാലും അത് മുന്തിയതും വിലപിടിപ്പുള്ളതുമാകാനേ വഴിയുള്ളൂ എന്ന് നമുക്ക് അനുമാനിക്കാം.

അളവ് പാത്രം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് കണ്ടെത്തുന്നവര്‍ക്ക് ഒരു ഒട്ടകത്തിന് വഹിക്കുവാനുള്ള ധാന്യം ലഭിക്കുന്നതാണെന്നും എന്നെ അത് നല്‍കുവാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള അറിയിപ്പിനോട് അവര്‍ ഇപ്രകാരം പ്രതികരിച്ചു:

”അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ! ഞങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വേണ്ടി വന്നതല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല” (12:73).

അപ്പോള്‍ അവരോട് ദര്‍ബാറിലുള്ളവര്‍ ചോദിച്ചു: ”…എന്നാല്‍ നിങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ അതിനു എന്ത് ശിക്ഷയാണ് നല്‍കേണ്ടത്?” (12:74).

”അവര്‍ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്റെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത് അവനെ പിടിച്ച് വെക്കുകയാണ് അതിനുള്ള ശിക്ഷ. അപ്രകാരമാണ് ഞങ്ങള്‍ അക്രമികള്‍ക്ക്  പ്രതിഫലം നല്‍കുന്നത്” (12:75).

മോഷ്ടിച്ചത് ആരാണോ, ആ മോഷ്ടാവിനെ ഏല്‍പിക്കലാണ് ഇബ്‌റാഹീം നബി(അ)യുടെ ശരീഅത്തില്‍ ഉണ്ടായിരുന്ന ഒരു നിയമം. ഇത് അറിയുന്നതിനാലാകാം അവര്‍ അപ്രകാരം അവരോട് പറഞ്ഞത്. ഇതാണ് കൂടുതല്‍ ശരി എന്നതാണ് അവരുടെ സംസാരത്തിലെ പ്രയോഗത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. അല്ലെങ്കില്‍, ഇവര്‍ എടുത്തിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാകാം അങ്ങനെ അവരോട് പറഞ്ഞത്. ഏതായിരുന്നാലും അവര്‍ പറഞ്ഞ പ്രകാരം തന്നെ ദര്‍ബാറുകാര്‍ അത് സ്വീകരിച്ചു. തദടിസ്ഥാനത്തില്‍ അവരുടെ ഭാണ്ഡക്കെട്ടുകള്‍ പരിശോധനക്ക് വിധേയമാക്കി.

”എന്നിട്ട് അദ്ദേഹം (യൂസുഫ്) തന്റെ സഹോദരന്റെ ഭാണ്ഡത്തെക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്” (12:76).

ബിന്‍യാമീന്റെ ഭാണ്ഡക്കെട്ടുകള്‍ പരിശോധിക്കുന്നതിന് മുമ്പായി മറ്റുള്ളവരുടെതെല്ലാം പരിശോധിച്ചു. അവസാനം ബിന്‍യാമീന്റെത് പരിശോധിച്ചു. അതില്‍ നിന്നും കാണാതായത് കണ്ടെടുക്കുകയും ചെയ്തു.

അല്ലാഹു യൂസുഫ്(അ)ന് വേണ്ടി പ്രയോഗിച്ച ഒരു തന്ത്രമാണിത്. ബിന്‍യാമീനെ പിടിച്ചുവെക്കുവാനായി ഒരു കാരണം ഇവിടെ സൃഷ്ടിക്കുകയാണ് ചെയ്തത്. 

അവര്‍ തന്നെ നിശ്ചയിച്ചുറപ്പിച്ച ശിക്ഷ വിധിക്കുകയും ചെയ്തു. അങ്ങനെ ബിന്‍യാമീനെ യൂസുഫ്(അ)ന്റെ അടുക്കല്‍ നിര്‍ത്തി. അല്ലാഹു ഇപ്രകാരം ഒരു തന്ത്രം യൂസുഫ്(അ)ന് നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ ബിന്‍യാമീനെ തന്റെ വസതിയില്‍ തടഞ്ഞു നിര്‍ത്താന്‍ യൂസുഫ്(അ)ന് സാധിക്കില്ലായിരുന്നു.

പിതാവ് ഏറെ സ്‌നേഹിക്കുന്ന എളിയ മകന്‍ മോഷണക്കേസില്‍ പിടിയിലായിരിക്കുന്നു! അവരുടെ മനസ്സില്‍ യുസുഫിന്റെ കാര്യത്തില്‍ മുമ്പുണ്ടായിരുന്ന പകയും അസൂയയും പുറത്തുവന്നു. നീയും നിന്റെ സഹോദരന്‍ യൂസുഫും മോഷ്ടാക്കളാണെന്ന് ആരോപിച്ചു. അവര്‍ യൂസുഫ്(അ)നും ബിന്‍യാമീനും എതിരെ നടത്തിയ പ്രസ്താവന കാണുക:

”അവര്‍ (സഹോദരന്മാര്‍) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല.) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ യൂസുഫ് അത് തന്റെ  മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് (പ്രതികരണം) പ്രകടിപ്പിച്ചില്ല. അദ്ദേഹം (മനസ്സില്‍) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്” (12:77).

യൂസുഫ്(അ)യും ബിന്‍യാമീനും ഒരു ഉമ്മാക്കും മറ്റു പത്ത് പേര്‍ വേറെ ഉമ്മാക്കും പിറന്നവരാണ്. ‘അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്’ എന്ന് പറഞ്ഞത് അവരുടെ പാരമ്പര്യം മോശമാണെന്ന് സൂചിപ്പിക്കുവാനാനാണ് എന്ന് മനസ്സിലാക്കാം. യഥാര്‍ഥത്തില്‍ ഇവര്‍ എല്ലാവരും സഹോദരങ്ങളാണ്. എന്നിട്ടും യൂസുഫ്(അ)നെ മാത്രം അതിലേക്ക് ചേര്‍ത്താന്‍ കാരണം മാതാവ് വേറെ ആയതിനാലാകാം.

അസൂയ ഒരാളില്‍ ഉണ്ടായാല്‍ അത് മനസ്സില്‍ നിന്നും മാറിപ്പോകണമെങ്കില്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം തന്നെ വേണം. ഒരു കവി പറയുന്നത് കാണുക.

”ഒരു അസൂയാലുവിന്റെ കണ്ണ് എന്നും നിന്റെ നേരെ (നിന്റെ ഓരോ കാര്യവും) നിരീക്ഷിച്ച് ഉണ്ടാകുന്നതാണ്. മോശപ്പെട്ടവയെല്ലാം അത് പുറത്തെടുത്തു കാണിക്കുകയും നന്മകളെയെല്ലാം മറപ്പിച്ചു വെക്കുന്നതുമാണ്. മുഖപ്രസന്നതയോടെ നിന്നെ അവന്‍ അഭിമുഖീകരിക്കുകയും അവന്റെ മുന്‍പല്ലുകള്‍ വരെ അവര്‍ക്ക് അവന്‍ വെളിവാക്കുകയും ചെയ്യും. അപ്പോഴും അവന്റെ ഹൃദയത്തില്‍ എന്തിനോടാണോ അസൂയ ഉള്ളത് അത് ഉള്ളില്‍ വെച്ചു നടക്കുന്നവനായിരിക്കും അവന്‍.” 

അസൂയാലുവിന്റെ ചിരിക്കുന്ന മുഖം നാം കണ്ടേക്കാം, തോളില്‍ കയ്യിട്ട് നമ്മോട് ഒത്തു ചേരുന്നുണ്ടായേക്കാം. പക്ഷേ, അവന്റെ മനസ്സ് അസൂയ കാരണം അസ്വസ്ഥതയിലായിരിക്കും. അവസരം കിട്ടിയാല്‍ അത് പ്രകടമാക്കും. നന്മകളെ അത് കാണില്ല. തിന്മകളെ എത്ര ചെറുതാണെങ്കിലും ഭീകരമാക്കി കാണിക്കാന്‍ ശ്രമിക്കും. 

യൂസുഫ്(അ)ലേക്കും അവര്‍ മോഷണം ചേര്‍ത്തി പറഞ്ഞു. യൂസുഫ്(അ) അതെല്ലാം മനസ്സില്‍ ഒളിപ്പിച്ചു വെച്ചു. അറിയാത്തത് പോലെ നടിച്ചു. മനസ്സില്‍ അദ്ദേഹം അവരുടെ ഈ മോശപ്പെട്ട സമീപനത്തെ പറ്റി പറയുകയും ചെയ്തു. അവരോട് കയര്‍ക്കുവാനോ പക്വത വിട്ട് സംസാരിക്കുവാനോ തുനിഞ്ഞില്ല. ശക്തമായ ക്ഷമ കൈകൊള്ളുകയാണ് ചെയ്തത്. ഈ കടുത്ത സഹനമാണല്ലോ യൂസുഫ്(അ)ന് ഇത്തരം ഒരു സ്ഥാനത്തേക്ക് എത്താന്‍ കാരണമായതും.

നഷ്ടപ്പെട്ട വസ്തു ആരില്‍ നിന്നാണോ കണ്ടെടുക്കുന്നത്, അവരെ പിടിച്ചു വെക്കുക എന്നതാണ് ശിക്ഷ എന്നത് ഇരു പക്ഷവും സമ്മതിച്ചു. ബിന്‍യാമീന്റെ ഭാണ്ഡത്തില്‍ നിന്ന് അത് കണ്ടെടുക്കുകയും ചെയ്തു. തീരുമാനിക്കപ്പെട്ടത് പോലെ ബിന്‍യാമീന്‍ പിടിക്കപ്പെടുമെന്ന് അവര്‍ക്ക് മനസ്സിലായി. അതാകട്ടെ, അവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തതുമാണ്. കാരണം, അത്രയും നിര്‍ബന്ധിച്ച് പറഞ്ഞിട്ടാണല്ലോ അവരോടൊപ്പം അദ്ദേഹം പറഞ്ഞുവിട്ടത്. ബിന്‍യാമീന്‍ കൂടെയില്ലാതെ പിതാവിന്റെ അടുത്തേക്ക് മടങ്ങി ച്ചെല്ലുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തതാണ്. അതിനാല്‍ അവര്‍ യൂസുഫ്(അ)നോട് ഇപ്രകാരം അപേക്ഷിച്ചു:

”അവര്‍ പറഞ്ഞു: പ്രഭോ! ഇവന് വലിയ വൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്റെ സ്ഥാനത്ത് ഞങ്ങളില്‍ ഒരാളെ പിടിച്ച് വെക്കുക. തീര്‍ച്ചയായും താങ്കളെ ഞങ്ങള്‍ കാണുന്നത് സദ്‌വൃത്തരില്‍ പെട്ട ഒരാളായിട്ടാണ്. അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യില്‍ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കില്‍ തീര്‍ച്ചയയായും നാം അക്രമകാരികള്‍ തന്നെയായിരിക്കും” (12:78,79).

‘അയ്യുഹല്‍ അസീസ്’ എന്നത് മന്ത്രിയെ ബഹുമാനിച്ചും ആദരിച്ചുമുള്ള വിളിയാണ്. ഇപ്രകാരം അവര്‍ യൂസുഫിനെ അഭിസംബോധന ചെയ്തു. എന്നിട്ട് അവര്‍ ഒരു കാര്യം ആവശ്യപ്പെടുകയാണ്: ‘ഇവന് പ്രായം ചെന്ന ഒരു പിതാവുണ്ട്. അതിനാല്‍ ഇവന് പകരം ഞങ്ങളില്‍ നിന്ന് ആരെയെങ്കിലും പകരം സ്വീകരിച്ചാലും. അവനില്ലാതെ ഞങ്ങള്‍ പിതാവിന്റെ അടുത്തേക്ക് തിരിച്ച് ചെന്നാല്‍ പിതാവിന് അത് വലിയ പ്രയാസം ഉണ്ടാക്കും. അങ്ങയെ നല്ല ഒരാളായിട്ടാണ് ഞങ്ങള്‍ കാണുന്നത്.’

‘തെറ്റ് ചെയ്തവന് പകരം വേറെ ഒരാളെ പിടിച്ചു വെക്കാന്‍ കഴിയില്ല. ആരാണോ കുറ്റക്കാരന്‍ അവനാണ് ശിക്ഷക്ക് അര്‍ഹന്‍. തെറ്റുകാരനെ വെറുതെ വിടുകയും നിരപരാധിയെ ശിക്ഷിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ വലിയ അക്രമികളായി മാറും’ എന്നായിരുന്നു യൂസുഫി(അ)ന്റെ മറുപടി.

ബിന്‍യാമീനെ വിട്ടുകിട്ടില്ലെന്ന് അവര്‍ക്ക് ഉറപ്പായി. ബിന്‍യാമീനെ കൂടാതെ പിതാവിനെ എങ്ങനെ അഭിമുഖീകരിക്കും? എല്ലാവരും വലിയ ധര്‍മ സങ്കടത്തിലായി. അവര്‍ പരസ്പരം കൂടിയാലോചന നടത്തി.

”അങ്ങനെ അവനെ(സഹോദരനെ)പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള്‍ പറഞ്ഞു: നിങ്ങളുടെ പിതാവ് അല്ലാഹുവിന്റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്റെ കാര്യത്തില്‍ മുമ്പ് നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ് കൂടേ? അതിനാല്‍ എന്റെ പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്‍. നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ അടുത്തേക്ക് മടങ്ങിച്ചെന്നിട്ട് പറയൂ: ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ലല്ലോ” (12:80,81).

അങ്ങനെ അവര്‍ മടങ്ങിച്ചെന്ന് പിതാവിനെ കാര്യം ധരിപ്പിച്ചു. വിശ്വാസം വരാന്‍ ഇങ്ങനെയും പറഞ്ഞു:

”ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ (ഇങ്ങോട്ട്) ഒന്നിച്ച് യാത്രചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച് നോക്കുക. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു” (12:82).

കന്‍ആന്‍ ദേശത്തു നിന്നും വന്ന ഒരു സംഘത്തില്‍ നിന്നും ഒരാള്‍ മന്ത്രിയുടെ അളവുപാത്രം മോഷ്ടിച്ചെടുത്തിട്ടുണ്ടെന്നത് പരസ്യമായ സത്യമാണ്. ഉപ്പാക്ക് വേണമെങ്കില്‍ അവിടെ വന്ന് ആ നാട്ടുകാരോട് ചോദിക്കാം. അല്ലെങ്കില്‍, ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റു യാത്രാ സംഘങ്ങളോടും ഉപ്പാക്ക് ചോദിക്കാം. പിതാവേ, തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവര്‍ തന്നെയാണ്.

”അദ്ദേഹം (പിതാവ്) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോ കാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം (ദുഃഖം) ഉള്ളിലൊതുക്കി കഴിയുകയാണ്” (12:83,84).

എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് യഅ്ക്വൂബ്(അ)ന് മനസ്സിലായിട്ടുണ്ട്. പക്ഷേ, എന്താണെന്ന് കൃത്യമായി അറിയുന്നുമില്ല. അതിനാല്‍ കടുത്ത ക്ഷമ സ്വീകരിച്ചു.

ആദ്യം യുസുഫിനെ നഷ്ടമായി. ഇപ്പോള്‍ ബിന്‍യാമീനെയും. യൂസുഫിന്റെയും ബിന്‍യാമീന്റെയുംനഷ്ടത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന് വ്യസനം. അത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. യഅ്ക്വൂബ്(അ) പറഞ്ഞത് ഇപ്രകാരമാണ്. 

”അവരെല്ലാവരെയും അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്” ‘ബിഹിം’ (അവരെയെല്ലാവരയും) എന്ന സര്‍വനാമം മൂന്നോ അതില്‍ കൂടുതലോ ഉള്ളപ്പോഴാണ് പ്രയോഗിക്കുക. ഇത് മൂന്ന് മക്കളുടെയും (യൂസുഫ്,  ബിന്‍യാമീന്‍, നാട്ടിലേക്ക് മടങ്ങാതിരുന്ന മകന്‍) നഷ്ടത്തില്‍ അദ്ദേഹം ദുഃഖിതാനാണെന്ന് മനസ്സിലാക്കിത്തരുന്നു.

യൂസുഫ്(അ) ചെറിയ കുട്ടിയായിരിക്കവെ കണ്ട സ്വപ്‌നം യഅ്ക്വൂബ്(അ)ന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. സ്വന്തം മക്കളെ കാണാത്തതില്‍ വ്യസനമുണ്ടെങ്കിലും എല്ലാം അറിയുന്ന അല്ലാഹുവില്‍ ഭരമേല്‍പിച്ച് ക്ഷമയോടെ കഴിയുകയാണ് പിതാവ് യഅ്ക്വൂബ്(അ).

ദുഃഖമുണ്ടാകുമ്പോള്‍ കരയലും കണ്ണുനീര് വരലും മനുഷ്യ പ്രകൃതമാണ്. പ്രവാചകന്മാര്‍ മനുഷ്യരാണല്ലോ. അവര്‍ക്കും ഇതെല്ലാം ഉണ്ടാകും. ഇതൊന്നും അക്ഷമയുടെ അടയാളമായി കാണാന്‍ പാടില്ല. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമായേ ഇതിനെ നാം കാണാവൂ. ക്ഷമകേട് കാണിക്കലും വേവലാതിപ്പെട്ടുകൊണ്ടിരിക്കലും നിരാശപ്പെടലും അല്ലാഹുവല്ലാത്തവരോട് സങ്കടം ബോധിപ്പിക്കലുമെല്ലാമാണ് ആക്ഷേപാര്‍ഹമായത്. ഈ ആക്ഷേപ പ്രകടനങ്ങള്‍ പ്രവാചകന്മാരില്‍ കാണില്ല.

നബി ﷺ  പുത്രന്‍ ഇബ്‌റാഹീം(അ) മരണപ്പെട്ട വേളയില്‍ കരഞ്ഞത് ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി ﷺ യോട് സ്വഹാബികള്‍ ‘അങ്ങും കരയുന്നോ പ്രവാചകരേ’ എന്ന് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് ‘തീര്‍ച്ചയായും കണ്ണ് കരയും, ഹൃദയം ദുഃഖിക്കും, എന്നാല്‍ നമ്മുടെ റബ്ബിന് തൃപ്തിയില്ലാത്ത യാതൊന്നും നാം പറയില്ല. ഇബ്‌റാഹീം, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്’ എന്നായിരുന്നു. (ബുഖാരി).

പിതാവിന്റെ ദുഃഖവും വ്യസനവും കണ്ട മക്കള്‍ക്ക് പിതാവിനോട് വലിയ അനുകമ്പ തോന്നി. അവര്‍ പറഞ്ഞു

”അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കള്‍ തീര്‍ത്തും  അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തു കൊണ്ടേയിരിക്കും” (12:85).

അവര്‍ പിതാവിനെ ആശ്വസിപ്പിക്കുവാനും ഉപദേശിക്കുവാനും തുടങ്ങി. അതിന് പിതാവ് അവരോട് ഇപ്രകാരം പ്രതികരിച്ചു:

”അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്” (12:86).

യഅ്ക്വൂബ്(അ)ന് അല്ലാഹുവില്‍ നിന്നും വലിയ പ്രതീക്ഷയുണ്ടായിരുന്നു. കാരണം, യൂസുഫ് കണ്ട സ്വപ്‌നം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. അതിനാല്‍ കാണാതായ മക്കളെ മുഴുവനും തിരിച്ച് ലഭിക്കും എന്ന ശുഭ പ്രതീക്ഷ അദ്ദേഹത്തിലുണ്ട്. വഹ്‌യ് ലഭിക്കുന്ന പ്രവാചകനാണല്ലോ. അതുപോലെ ബിന്‍യാമീന്‍ എന്ന പുത്രന്‍ മോഷ്ടിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. ഇതെല്ലാം അദ്ദേഹത്തില്‍ മക്കളെ തിരിച്ചു ലഭിക്കും എന്ന ശുഭപ്രതീക്ഷക്ക് ശക്തി പകരുന്നതാണ്. എന്നാലും ഇപ്പോള്‍ അവര്‍ എവിടെയാണെന്നും അവര്‍ക്ക് എന്താണ് സംഭവിച്ചതെന്നും യഅ്ക്വൂബ്(അ)ന് അറിയുന്നില്ല. മറ്റു മക്കളോട് അദ്ദേഹം അവരെ സംബന്ധിച്ച് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ടു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക