സുലൈമാന്‍ നബി (അ) – 06

സുലൈമാന്‍ നബി (അ) - 06

അനുഗ്രഹങ്ങളും പരീക്ഷണവും

സുലൈമാന്‍ നബി(അ)യുടെ ജീവിതത്തില്‍ നടന്ന മറ്റൊരു സംഭവത്തിലേക്ക് ക്വുര്‍ആന്‍ വെളിച്ചം നല്‍കുന്നത് കാണുക:

”സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സിംഹാസനത്തിന്മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി. അദ്ദേഹം പറഞ്ഞു. എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലന്‍” (ക്വുര്‍ആന്‍ 38:34,35).

അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയരായവര്‍ അല്ലാഹുവിന്റെ പ്രവാചകന്മാരാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എത്ര അടിയുറച്ച് നില്‍ക്കുന്നുവോ, അതിനനുസരിച്ച് അല്ലാഹു അവരെ പരീക്ഷിക്കുന്നതാണ്. ആ പരീക്ഷണങ്ങള്‍ അവരുടെ ഉയര്‍ച്ചക്ക് നിമിത്തമാകുന്നതുമാണ്. എല്ലാ നബിമാര്‍ക്കും മറ്റു മഹാന്മാര്‍ക്കും പലവിധ പരീക്ഷണങ്ങളെ തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട് എന്നത് ചരിത്രം നമുക്ക് നല്‍കുന്ന ഗുണപാഠമാകുന്നു. അല്ലാഹുവില്‍ വിശ്വസിച്ചു എന്നത് കൊണ്ട് പരീക്ഷണങ്ങള്‍ ഇല്ലാതെ കഴിയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

”ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത്‌കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും” (ക്വുര്‍ആന്‍ 29:2,3).

അല്ലാഹുവില്‍ വിശ്വസിച്ച കാരണത്താല്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് വിശ്വാസികള്‍ വിധേയരാക്കപ്പെട്ടേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഇടര്‍ച്ചയോ പതര്‍ച്ചയോ കൂടാതെ, അല്ലാഹുവിന്റെ നിയമ നടപടികളെ പഴിക്കാതെ ക്ഷമിക്കാന്‍ കഴിയുന്നവര്‍ക്കാണ് തന്റെ വിശ്വാസം മുഖേന വിജയത്തില്‍ എത്താന്‍ സാധിക്കുകയുള്ളൂ എന്നതാണ് ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന അറിവ്.

സുലൈമാന്‍ നബി(അ)യെയും അല്ലാഹു പരീക്ഷിക്കുകയുണ്ടായി. എന്തായിരുന്നു ആ പരീക്ഷണം എന്ന് ക്വുര്‍ആനിലോ സുന്നത്തിലോ വ്യക്തമായ നിലയ്ക്ക് വരാത്തതിനാല്‍ ഇന്നതായിരുന്നു ആ പരീക്ഷണം എന്ന് ഉറപ്പിച്ചു പറയുവാന്‍ നമുക്ക് നിര്‍വാഹമില്ല.

‘സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി’ എന്ന് പറഞ്ഞതിന് ശേഷം ക്വുര്‍ആന്‍ പറയുന്നത് ‘അദ്ദേഹത്തിന്റെ സിംഹാസനത്തിന്മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി’ എന്നാണല്ലോ. ശേഷം അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതാണ് എടുത്തു പറഞ്ഞിരിക്കുന്നത്. ആ പ്രാര്‍ഥന എന്തായിരുന്നു എന്നതും വ്യക്തമാണ്.

അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചുകൊണ്ടാണ് അദ്ദേഹം പ്രാര്‍ഥിക്കുന്നത്. അല്ലാഹുവിന്റെ പരീക്ഷണത്തില്‍ സുലൈമാന്‍(അ)ക്ക് ചെറിയ എന്തോ വീഴ്ച സംഭവിച്ചതിനാലാകാം അദ്ദേഹം അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചത്.

സുലൈമാന്‍(അ)യെ അല്ലാഹു പരീക്ഷിച്ചതുമായി ബന്ധപ്പെട്ട ഈ പരാമര്‍ശത്തെ വ്യാഖ്യാനിച്ച് പല കള്ളക്കഥകളും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രവാചകനിലേക്ക് ചേര്‍ത്തു പറയാന്‍ പറ്റാത്ത വിധത്തിലാണ് പല വ്യാഖ്യാനങ്ങളും വന്നിട്ടുള്ളത്. അത് കേള്‍ക്കുകയും സത്യമാണെന്ന് കരുതുകയും ചെയ്തവര്‍ക്ക് തെറ്റുധാരണ തിരുത്താന്‍ സഹായകമാകും എന്നതിനാല്‍ മാത്രം അത്തരത്തില്‍ വന്ന ഒരു ദുര്‍വ്യാഖ്യാനത്തിന്റെ ചുരുക്ക വിവരണം ഇവിടെ നല്‍കാം: ‘സുലൈമാന്‍ നബി(അ)യുടെ കഴിവും രാജാധിപത്യവും നിലനിന്നിരുന്നത് അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന ഒരു മാന്ത്രിക മോതിരത്തിലായിരുന്നു. ‘സുലൈമാന്റെ മോതിരം’ എന്ന പേരില്‍ അത് ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രശസ്തമായിരുന്നു. ഈ മോതിരം ഇല്ലാതെ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ബാത്ത്‌റൂമില്‍ പ്രവേശിക്കുന്ന സമയത്ത് ഈ മോതിരം അദ്ദേഹം കൊണ്ടു പോകാറില്ലായിരുന്നു. അങ്ങനെ ഒരു ദിവസം അദ്ദേഹം ബാത്ത്‌റൂമില്‍ പ്രവേശിക്കുമ്പോള്‍ ആ മോതിരം അദ്ദേഹത്തിന്റെ ഭാര്യയെ ഏല്‍പിച്ചു. അപ്പോള്‍ പിശാച് സുലൈമാന്‍ നബി(അ)യുടെ രൂപത്തില്‍ ഭാര്യയുടെ അടുത്ത് വന്നു. എന്നിട്ട് പിശാച് ചോദിച്ചു: എവിടെ മോതിരം? ഭാര്യ ആ മോതിരം പിശാചിന് കൊടുത്തു. പിശാച് ആ മോതിരം ധരിച്ചതോടെ അവനായി രാജാവ്. അങ്ങനെ എല്ലാവരും ഈ പിശാചിന് സേവനം ചെയ്യാന്‍ തുടങ്ങി. പിന്നീട് പിശാച് അവിടം വിട്ടുപോയി. സുലൈമാന്‍(അ) ബാത്ത് റൂമില്‍ നിന്ന് പുറത്ത് വന്ന് ഭാര്യയോട് തന്റെ മോതിരം ചോദിച്ചു. അത് താങ്കള്‍ വാങ്ങിയില്ലേ എന്ന് അവര്‍ തിരിച്ചു ചോദിച്ചു. അങ്ങനെ കുറെ കാലം പിശാച് അവിടെ ഭരണം നടത്തി. പിന്നീട് പിശാച് ആ മോതിരം സമുദ്രത്തിലേക്ക് എറിഞ്ഞു. സുലൈമാന്‍ നബി(അ)ക്ക് അവിടെ ജീവിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. അങ്ങനെ ഒരു ദിവസം അദ്ദേഹം മീന്‍ പിടിക്കാനായി സമുദ്രത്തിലേക്ക് പോയി. അന്ന് ഒരു മത്സ്യം ലഭിച്ചു. അതിനെ മുറിക്കുമ്പോള്‍ അതിന്റെ വയറ്റില്‍ നിന്ന് ആ മോതിരം കിട്ടി. അങ്ങനെ അദ്ദേഹം അത് ധരിച്ചു. തന്റെ രാജാധിപത്യം തിരികെ ലഭിക്കുകയും ചെയ്തു.’ ഇതാണ് സുലൈമാന്‍ നബി(അ)ക്ക് ഉണ്ടായ പരീക്ഷണം എന്ന് ഇവര്‍ വ്യാഖ്യാനിക്കുന്നു. ഇത് സുലൈമാന്‍ നബി(അ)യുടെ പേരില്‍ കെട്ടിയുണ്ടാക്കിയിട്ടുള്ള കള്ളക്കഥയാണെന്ന് വ്യക്തമാണ്. 

ഒരു പ്രവാചകന്റെ രൂപത്തിലും പിശാച് വരില്ല എന്നത് ഉറപ്പാണ്. നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ‘തീര്‍ച്ചയായും പിശാച് എന്റെ രൂപം പ്രാപിക്കുന്നതല്ല’ (ബുഖാരി, മുസ്‌ലിം).

നബിമാരുടെ രൂപത്തില്‍ പിശാചുക്കള്‍ക്ക് രൂപം പ്രാപിക്കുവാന്‍ കഴിയില്ല. എന്നാല്‍ വേറെ ഏതെങ്കിലും രൂപത്തില്‍ സ്വപ്‌നത്തിലോ മറ്റോ വന്ന് ഞാന്‍ നബിയാണെന്ന് പറഞ്ഞേക്കാം. ഇക്കാലത്ത് പലരും പല രൂപത്തിലുള്ള ദിക്‌റുകളും പ്രാര്‍ഥനകളും വഴിപാടുകളും കിതാബ് രചിക്കലും എല്ലാം ചെയ്തു വരുന്നു; എന്നിട്ട് അവര്‍ പാമര ജനങ്ങളുടെ മുന്നില്‍ വന്ന് യാതൊരു മടിയും കൂടാതെ പറയുന്നു; ഇത് നബി ﷺ എന്നോട് ഉറക്കത്തില്‍ വന്ന് പറഞ്ഞതാണ് എന്ന്! ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ പരിഹസിക്കുവാനും കളവാക്കുവാനും ജനങ്ങളുടെ ഹൃദയങ്ങളില്‍ ദീനിനോട് പുച്ഛ മനോഭാവം സൃഷ്ടിക്കുവാനും ഇറങ്ങി പുറപ്പെടുന്ന ഇത്തരം ചൂഷകരെ നാം തിരിച്ചറിയാതിരുന്നു കൂടാ.

നബി ﷺ യെ യഥാര്‍ഥ രൂപത്തില്‍ സ്വപ്‌നം കാണുവാന്‍ സ്വഹാബിമാര്‍ക്കേ സാധിക്കൂ. കാരണം, അവരാണ് ഉണര്‍ച്ചയില്‍ അദ്ദേഹത്തെ കണ്ടവര്‍. നബി ﷺ യെ നേരില്‍ കാണാത്ത ഒരാള്‍ക്ക് താന്‍ കണ്ടത് അല്ലാഹുവിന്റെ റസൂലിനെത്തന്നെയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും? 

സുലൈമാന്‍ നബി(അ)യെ പരീക്ഷിച്ചതുമായി ബന്ധപ്പെട്ടു വന്ന ശരിയായ വ്യാഖ്യാനം നമുക്ക് ഇപ്രകാരം ചുരുക്കി മനസ്സിലാക്കാം: ‘ഒരു രാത്രിയില്‍ തന്റെ പല ഭാര്യമാരുടെ അടുക്കല്‍ താന്‍ ചെല്ലുമെന്നും അങ്ങനെ അവരെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യത്തക്ക ഓരോ കുതിരപ്പടയാളിയായ മകനെ പ്രസവിക്കുമെന്നും സുലൈമാന്‍(അ) പറയുകയുണ്ടായി. പക്ഷേ, അദ്ദേഹം ‘ഇന്‍ശാ അല്ലാഹു’ എന്ന് പറയുകയുണ്ടായില്ല. എന്നാല്‍ ഒരു ഭാര്യ ഒഴിച്ച് മറ്റാരും പ്രസവിച്ചില്ല. പ്രസവിച്ച കുട്ടിയാകട്ടെ ഒരു അപൂര്‍ണ കുഞ്ഞും. ‘ഇന്‍ശാ അല്ലാഹു’ എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കില്‍ എല്ലാവരില്‍ നിന്നും ഓരോ കുതിരപ്പടയാളിയായ കുഞ്ഞ് ഉണ്ടാകുമായിരുന്നു.’ ഈ വ്യാഖ്യാനവും നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഏതാണ്ട് യോജിക്കാവുന്ന ഒരു വ്യാഖ്യാനമാണിത്.

ഈ വ്യാഖ്യനത്തിന് കൂടുതല്‍ സ്വീകാര്യത കൊടുക്കാന്‍ കാരണം ഇത് നബി ﷺ നമുക്ക് അറിയിച്ചു തന്നിട്ടുള്ള ഒന്നായതിനാലാണ്. ഹദീസ് ഇപ്രകാരമാണ്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”സുലൈമാന്‍(അ) പറഞ്ഞു: ‘ഒരു രാത്രിയില്‍ ഞാന്‍ എഴുപത് ഭാര്യമാരെ സന്ദര്‍ശിക്കുന്നതാണ്. (അങ്ങനെ) അവര്‍ ഒരോ സ്ത്രീയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന കുതിരപ്പടയാളിയെ പ്രസവിക്കുന്നതാണ്. അപ്പോള്‍ അദ്ദേഹത്തോട് (അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന) ആള്‍ പറഞ്ഞു: ‘ഇന്‍ശാ അല്ലാഹു.’ എന്നാല്‍ സുലൈമാന്‍(അ) അത് പറഞ്ഞില്ല. (അങ്ങനെ) ഒരാള്‍ അല്ലാത്ത ആരും പ്രസവിച്ചില്ല.” 

എന്നിട്ട് നബി ﷺ പറഞ്ഞു: ”സുലൈമാന്‍(അ) അത് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ എല്ലാവരും (പ്രസവിക്കുകയും അങ്ങനെ എല്ലാ മക്കളും) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്യുമായിരുന്നു”(ബുഖാരി).

സുലൈമാന്‍ നബി(അ)യുടെ സിംഹാസനത്തില്‍ ഇടപ്പെട്ട ആ മൃതശരീരം ഈ കുഞ്ഞിന്റെതാണ് എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവാണ് നന്നായി അറിയുന്നവന്‍. 

അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചതിന്റെ കൂടെ ആര്‍ക്കും തന്നെ തരപ്പെടാത്ത വിധത്തിലുള്ള ഒരു രാജവാഴ്ചക്കായും സുലൈമാന്‍(അ) തേടിയല്ലോ. അധികാരത്തോടും ഭൗതിക സൗകര്യങ്ങളോടും ആര്‍ത്തിയില്ലാത്തവരാണല്ലോ നബിമാര്‍. അപ്പോള്‍ ഒരു പ്രവാചകന്‍ എങ്ങനെയാണ് അല്ലാഹുവിനോട് ഐഹിക സൗകര്യങ്ങള്‍ ആവശ്യപ്പെടുക എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. അതിനുള്ള ഉത്തരം ഇപ്രകാരമാകുന്നു: സുലൈമാന്‍(അ) ഇഹലോകത്തിലെ അധികാരം ലക്ഷ്യം വെച്ചല്ല അല്ലാഹുവിനോട് അപ്രകാരം തേടിയത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ വേണ്ടിയാണ് സുലൈമാന്‍(അ)  ഭൗതികലോകത്തിലെ അധികാരം ചോദിച്ചത്. ‘താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും’ എന്ന് യൂസുഫ്(അ) മന്ത്രിയായിരിക്കെ രാജാവിനോട് ആവശ്യപ്പെട്ടത് പോലെ; നീതി ജനങ്ങള്‍ക്കിടയില്‍ വിശ്വസ്തതയോടെ വ്യാപിക്കുന്നതിനുവേണ്ടിയുമാണ് സുലൈമാന്‍(അ) അല്ലാഹുവിനോട് ചോദിക്കുന്നത്. അന്യായമായ രൂപത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കുന്ന പരിസര രാജ്യങ്ങളിലെ രാജാക്കന്മാരുടെ അധികാരം പോലുള്ള അധികാരത്തെയല്ല സുലൈമാന്‍(അ) അല്ലാഹുവിനോട് ചോദിച്ചത്.

തന്റെ രാജ്യത്ത് ദൈവിക മാര്‍ഗത്തിലൂടെ ജനങ്ങളെ വഴി നടത്തുവാന്‍ തന്റെ അധികാരം ഏറെ ഉപകരിക്കുമെന്ന് സുലൈമാന്‍(അ) മനസ്സിലാക്കിയതിനാലാണ് അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചതിന്റെ കൂടെ വിശാലമായ അധികാരവും അല്ലാഹുവിനോട് ചോദിച്ചത്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

സുലൈമാന്‍ നബി (അ) – 05​

സുലൈമാന്‍ നബി (അ) - 05

ബില്‍ക്വീസ് രാജ്ഞി സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തില്‍

ബില്‍ക്വീസ് രാജ്ഞി തന്റെ അടുക്കല്‍ വരുമ്പോള്‍, അവളുടെ ബുദ്ധിശക്തി പരീക്ഷിക്കണമെന്നും അല്ലാഹു തനിക്ക് നല്‍കിയിട്ടുള്ള പ്രവാചകത്വമടക്കമുള്ള വമ്പിച്ച അനുഗ്രഹങ്ങളിലേക്ക് അവളുടെ ശ്രദ്ധ തിരിക്കണമെന്നും സുലൈമാന്‍ നബി(അ) ഉദ്ദേശിച്ചു. അതിനായി, അവള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാതിരിക്കത്തക്ക വണ്ണം സിംഹാസനത്തിന്റെ ബാഹ്യരൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹം തന്റെ സേവകന്മാരോടാവശ്യപ്പെട്ടു.

ഒരു പക്ഷേ, പാരമ്പര്യമായി സ്വാഭാവികമായും ആ സിംഹാസനത്തില്‍ ഉണ്ടായേക്കാവുന്ന അനിസ്‌ലാമിക കലാവൈഭവത്തിന്റെ പ്രതീകങ്ങളായ വശങ്ങളില്‍ മാറ്റം വരുത്തുകയായിരിക്കും ചെയ്തിരിക്കുക. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍). അതു സംബന്ധമായി ക്വുര്‍ആന്‍ പറയുന്നത് കാണുക:

”’അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: നിങ്ങള്‍ അവളുടെ സിംഹാസനം അവള്‍ക്ക് തിരിച്ചറിയാത്ത വിധത്തില്‍ മാറ്റുക. അവള്‍ യാഥാര്‍ഥ്യം  മനസ്സിലാക്കുമോ, അതല്ല അവള്‍ യാഥാര്‍ഥ്യം  കണ്ടെത്താത്തവരുടെ കൂട്ടത്തിലായിരിക്കുമോ എന്ന് നമുക്ക് നോക്കാം. അങ്ങനെ അവള്‍ വന്നപ്പോള്‍ (അവളോട്) ചോദിക്കപ്പെട്ടു: താങ്കളുടെ സിംഹാസനം ഇതുപോലെയാണോ? അവള്‍ പറഞ്ഞു: ഇത് അത് തന്നെയാണെന്ന് തോന്നുന്നു. ഇതിനു മുമ്പ് തന്നെ ഞങ്ങള്‍ക്ക്  അറിവ് നല്‍കപ്പെട്ടിരുന്നു. ഞങ്ങള്‍ മുസ്‌ലിംകളാവുകയും ചെയ്തിരുന്നു” (27:41,42).

‘ഇത് അത് തന്നെയാണെന്ന് തോന്നുന്നു’ എന്നായിരുന്നു ബില്‍ക്വീസിന്റെ മറുപടി. സിംഹാസനം തന്റെത് തന്നെയാണെന്നോ അല്ലെന്നോ വ്യക്തമാക്കാത്ത, യുക്തിപൂര്‍വമുള്ള മറുപടി നല്‍കി.

അതോടൊപ്പം അല്ലാഹുവിന്റെ അപാരമായ ശക്തി, സുലൈമാന്‍ നബി(അ)യുടെ പ്രവാചകത്വം, അദ്ദേഹത്തിന് അല്ലാഹു കൊടുത്തനുഗ്രഹിച്ചിട്ടുള്ള വമ്പിച്ച അനുഗ്രഹങ്ങള്‍, അദ്ദേഹത്തിന്റെ ശക്തി, പ്രതാപം എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ ഇവിടെ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും ഞങ്ങള്‍ ഞങ്ങളുടെ ബഹുദൈവ വിശ്വാസം ഉപേക്ഷിച്ച് മുസ്‌ലിംകളായി കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അറിയിക്കുകയും ചെയ്തു. സുലൈമാന്‍ നബി(അ)യുടെ കത്തില്‍ നിന്നും സമ്മാനവുമായി അയക്കപ്പെട്ട ദൂതന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നും ഏറെക്കുറെ സ്ഥിതിഗതികള്‍ അവര്‍ക്ക് മുമ്പെ തന്നെ മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.

മാറ്റംവരുത്തപ്പെട്ട സിംഹാസനം ചൂണ്ടി ഇത് തന്റെത് തന്നെയാണോ എന്ന ചോദ്യത്തിന് രാജ്ഞി  നല്‍കിയ മറുപടിയില്‍ നിന്ന് അവള്‍ ബുദ്ധിമതിയും സദ്‌വിചാരക്കാരിയുമാണെന്നും സുലൈമാന്‍ നബി(അ)ക്ക് വ്യക്തമായി. തുടര്‍ന്ന് അല്ലാഹു പറയുന്നു:

”അല്ലാഹുവിന് പുറമെ അവള്‍ ആരാധിച്ചിരുന്നതില്‍ നിന്ന് അദ്ദേഹം അവളെ തടയുകയും ചെയ്തു. തീര്‍ച്ചയായും അവള്‍ സത്യനിഷേധികളായ ജനതയില്‍ പെട്ടവളായിരുന്നു” (27:43).

ബില്‍ക്വീസിനെ സ്വീകരിക്കുവാന്‍ സ്ഫടികം കൊണ്ടുള്ള ഒരു കൊട്ടാരം സുലൈമാന്‍(അ) തന്റെപട്ടാളത്തോട് നിര്‍മിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. ആ കൊട്ടാരം അതീവ സൗന്ദര്യമുള്ളതായിരുന്നു. അതിന്റെ അടിഭാഗത്ത് വെള്ളം നിറച്ച് അതില്‍ മത്സ്യങ്ങളും മറ്റും ഇട്ട് മീതെ സ്ഫടികം പാകിയിരുന്നു എന്ന് പറയപ്പെടുന്നു. 

”കൊട്ടാരത്തില്‍ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവളത് കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും തന്റെ കണങ്കാലുകളില്‍ നിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടികക്കഷ്ണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്‌പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 27:44).

സുലൈമാന്‍(അ) അവള്‍ക്കായി നിര്‍മിച്ച ആ കൊട്ടാരത്തിലേക്ക് അവള്‍ പ്രവേശിക്കുകയാണ്.  നിലത്ത് വെള്ളമാണെന്ന് അവള്‍ വിചാരിച്ചു. സ്വാഭാവികമായും ഒരാള്‍ വെള്ളമുള്ള സ്ഥലത്തിലൂടെ  നടക്കുമ്പോള്‍ വസ്ത്രം ഉയര്‍ത്തുമല്ലോ. അവള്‍ അപ്രകാരം ചെയ്തപ്പോള്‍ അവളോട് സുലൈമാന്‍(അ)’ഇത് സ്ഫടികക്കഷ്ണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു’ എന്ന് പറഞ്ഞു. ഈ അത്ഭുതക്കാഴ്ചകള്‍ കണ്ട അവള്‍ തന്റെ വിശ്വാസം അവിടെ വെച്ച് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

 ഇതിന് ശേഷമുള്ള സംഭവങ്ങള്‍ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടില്ല. സുലൈമാന്‍(അ) അവളെ വിവാഹം ചെയ്തു എന്ന് പറയുന്നവരുണ്ട്. അതല്ല, അവളെ സബഇലേക്ക് തന്നെ തിരിച്ചയച്ചു എന്നും എന്നിട്ട് അവിടെ അവള്‍ ഇസ്‌ലാമിക ഗവണ്‍മെന്റ് സ്ഥാപിച്ചു എന്നെല്ലാം പറയുന്നവരുണ്ട്. അല്ലാഹു നമുക്ക് അതിനെ പറ്റി അറിയിച്ച് തരാത്തതിനാല്‍ നാം അതിന്റെ ചര്‍ച്ചകളിലേക്ക് പോകുന്നില്ല.

ഈ സംഭവത്തിലും പ്രവാചകന്മാരുടെ ജീവിതത്തിന് നിരക്കാത്ത ചില വ്യാഖ്യാനങ്ങളെല്ലാം ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇസ്‌റാഈലീ കെട്ടുകഥകള്‍ മാത്രമാണ് അവരുടെ അവലംബം. ഒരു പ്രവാചകനെ സംബന്ധിച്ച് ചിന്തിക്കാനേ പാടില്ലാത്ത അടിസ്ഥാന രഹിതങ്ങളായ കഥകളെ നാം അവഗണിക്കുക. 

സുലൈമാന്‍ നബി(അ)യുടെ ചരിത്രം ഇത്രയും വിവിരിച്ചത് സൂറതുന്നംലിലെ വചനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇനി നാം സൂറതുസ്സ്വാദിലെ (38ാം അധ്യായം) ചില വിവരണങ്ങളിലേക്കാണ് നീങ്ങുന്നത്. അല്ലാഹു പറയുന്നു:

”ദാവൂദിന് നാം സുലൈമാനെ (പുത്രന്‍) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു” (ക്വുര്‍ആന്‍ 38:30).

മനുഷ്യന്‍ നന്മതിന്മകള്‍ ചെയ്യുന്ന പ്രകൃതിയിലാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തെറ്റുകള്‍ ചെയ്യുന്നവരെ അവഗണിച്ചുകളയുന്നവനല്ല അല്ലാഹു. തന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നവരെ അല്ലാഹുവിന് ഏറെ പ്രിയമാണ്. അവര്‍ക്ക് അല്ലാഹു അവന്റെ കാരുണ്യം നല്‍കുകയും ചെയ്യുന്നതാണ്.

നബിമാര്‍ അല്ലാഹുവിലേക്ക് സദാ ഖേദിച്ചുമടങ്ങുന്നവരായിരുന്നു. അതിനര്‍ഥം അവര്‍ പാപം ചെയ്തിരുന്നു എന്നല്ല; അല്ലാഹുവിനോട് അത്രയും വിനീതരായ ദാസന്മാരായിരുന്നു അവര്‍ എന്നതാണ്. സൂറതുസ്സ്വാദില്‍ സുലൈമാന്‍ നബി(അ)യെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത് തന്നെ അദ്ദേഹം അല്ലാഹുവിലേക്ക് ഏറ്റവുമധികം ഖേദിച്ചു മടങ്ങുന്നവനായിരുന്നു എന്നാണ്.

”കുതിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവിന്റെ സ്മരണയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യത്തെ ഞാന്‍ സ്‌നേഹിച്ചിട്ടുള്ളത്. അങ്ങനെ അവ (കുതിരകള്‍) മറവില്‍ പോയി മറഞ്ഞു.(അപ്പോള്‍ അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അവയെ എന്റെ അടുത്തേക്ക് തിരിച്ചു കൊണ്ട് വരൂ. എന്നിട്ട് അദ്ദേഹം (അവയുടെ) കണങ്കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി” (38:31-33).

‘അശിയ്യ്’ എന്ന് അറബിയില്‍ പ്രയോഗിക്കുന്നത് ദുഹ്ര്‍ മുതല്‍ പകലിന്റെ അവസാനം വരെയുള്ള സമയത്തിനോ അസ്വ്ര്‍ മുതല്‍ പകലിന്റെ അവസാനം വരെയുള്ള സമയത്തിനോ ആണ്. ഒരു സന്ധ്യാ സമയത്താകാം ഈ സംഭവം നടക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. അതിവേഗത്തില്‍ കുതിക്കുന്ന, സൗന്ദര്യമുള്ള കുറച്ച് കുതിരകള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഈ വൈകുന്നേര സമയത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടു. ആ കുതിരകള്‍ അദ്ദേഹത്തിന്റെ പട്ടാളത്തില്‍ പെട്ടവയായിരുന്നു. 

സുലൈമാന്‍ നബി(അ)യുടെ പട്ടാളത്തിലെ കുതിരകളുടെ വിശേഷണമായി ക്വുര്‍ആന്‍ പ്രയോഗിച്ച പദങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. കുതിരകളെ സംബന്ധിച്ച് അറിയാവുന്നവര്‍ക്കിടയില്‍ ഈ വിശേഷണമുള്ള കുതിരകള്‍ക്ക് മുന്തിയ സ്ഥാനമാണ് ഉള്ളത്. സുലൈമാന്‍ നബി(അ)യുടെ മുന്നിലുള്ള കുതിരകളുടെ ആ നില്‍പ് ആരുടെയും കണ്ണിനെ ആനന്ദിപ്പിക്കുന്നതും കുളിര്‍മ നല്‍കുന്നതുമാണ്. അദ്ദേഹം അവയെ നോക്കുന്ന വേളയില്‍ അവ അവയുടെ മൂന്ന് കാലുകള്‍ നിലത്തുവെച്ച് ഒരു കാല്‍ ഉയര്‍ത്തിപ്പിടിച്ച് എന്തിനും സജ്ജമായി നില്‍ക്കുന്നവയായിട്ടാണ് കാണുന്നത്.

ഒരു ദിവസം വൈകുന്നേരം അദ്ദേഹം തന്റെ പട്ടാളത്തിലെ കുതിരകളെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. തനിക്ക് ലഭിച്ചിട്ടുള്ള ഭൗതിക സൗകര്യങ്ങളുടെ സൗന്ദര്യം ആസ്വദിക്കലായിരുന്നില്ല സുലൈമാന്‍(അ) അവയെ നിരീക്ഷിക്കുന്നതു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. മറിച്ച്, അല്ലാഹു അവന്റെ മതത്തിന്റെ പ്രചാരണത്തിനും മറ്റുമായി തനിക്ക് അധീനപ്പെടുത്തിത്തന്ന സൗകര്യങ്ങളെ ഓര്‍ത്ത് അവനോട് നന്ദി കാണിക്കുവാന്‍ വേണ്ടിയായിരുന്നു. അത്‌കൊണ്ടു തന്നെ അവയെ എത്ര നിരീക്ഷിക്കുന്നുവോ, അതിനനുസരിച്ച് അല്ലാഹുവോടുള്ള സ്‌നേഹം രൂഢമൂലമായിക്കൊണ്ടിരുന്നു. ഞാന്‍ ഈ കുതിരകളെ ഇഷ്ടപ്പെടുന്നതും സ്‌നേഹിക്കുന്നതും അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ നിമിത്തമാകുന്നു എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. 

കുതിരകളെ അദ്ദേഹം നോക്കിനില്‍ക്കെ അവ ഓടിയോടി അദ്ദേഹത്തിന്റെ കാഴ്ചയുടെ പരിധിയില്‍ നിന്നും മാറി. അല്ലെങ്കില്‍ അവയുടെ കുതിപ്പിന്റെ വേഗതയാല്‍ പൊടിപടലം കാരണം അദ്ദേഹത്തിന് കാണാതെയായതും ആകാവുന്നതാണ്. രണ്ടായിരുന്നലും ശരി, അദ്ദേഹത്തിന് അവയെ കാണാതെയായി. ഉടനെ കൂടെയുള്ളവരോട് സുലൈമാന്‍(അ) അവയെ തന്റെ അരികില്‍ എത്തിക്കാന്‍ കല്‍പന പുറപ്പെടുവിച്ചു. കല്‍പന പ്രകാരം അവയെ സുലൈമാന്‍(അ) അടുത്ത് എത്തിച്ചു. അപ്പോള്‍ സുലൈമാന്‍(അ) അവയുടെ കണങ്കാലുകളിലും കഴുത്തുകളിലും സ്‌നേഹത്തോടെ തടവിക്കൊടുത്തു.

സത്യത്തിന്റെ ശത്രുക്കള്‍ക്കെതിരില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും അതിനായി സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്യേണ്ടത് ഭരണാധികാരികളുടെ കടമയാണല്ലോ. അതിന് വേണ്ടി അല്ലാഹു കല്‍പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ശക്തി സംഭരണങ്ങളൊന്നും കേവലം ആര്‍ഭാടങ്ങളുടെ കൂട്ടത്തില്‍ പെട്ടതല്ല. അല്ലാഹുവിന്റെ സ്മരണയാകുന്ന പുണ്യ കര്‍മങ്ങളുടെ ഇനത്തില്‍ പെട്ടവയാണവ. ആ ലക്ഷ്യത്തോടും ഉദ്ദേശത്തോടും കൂടിയായിരിക്കുകയും അപ്രകാരം ചെയ്യേണ്ടത്. അല്ലാഹു നബി ﷺ യോടും വിശ്വാസികളോടും പറയുന്നത് കാണുക:

”അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റു ചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്ക് അതിന്റെ  പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല” (ക്വുര്‍ആന്‍ 8:60).

സത്യത്തിന്റെ മാര്‍ഗത്തില്‍ ഇപ്രകാരം തയ്യാറാക്കി വെക്കല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുവാന്‍ കാരണമായതാകുന്നു. നബി ﷺ  ഇപ്രകാരം പറഞ്ഞതായി കാണാം:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്നവനായും അവന്റെ വാഗ്ദാനത്തെ സത്യപ്പെടുത്തുന്നവനായും  അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു കുതിരയെ വളര്‍ത്തിയുണ്ടാക്കിയാല്‍, തീര്‍ച്ചയായും അതിന്റെ വിശപ്പ് മാറ്റുന്നതും അതിന്റെ ദാഹം മാറ്റുന്നതും അതിന്റെ കാഷ്ഠവും അതിന്റെ മൂത്രവും അന്ത്യനാളില്‍ അവന്റെ തുലാസ്സില്‍ വരുന്നതാണ്” (ബുഖാരി). 

സുലൈമാന്‍(അ)യുടെ ചരിത്രത്തില്‍ ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ഈ സംഭവം എന്താണെന്നത് പല രൂപത്തിലും വ്യാഖ്യാനിക്കപ്പെട്ടതായി നമുക്ക് കാണാവുന്നതാണ്. പരിശുദ്ധ ക്വുര്‍ആനിന്റെ പരാമര്‍ശത്തോട് യോജിക്കുന്ന നിലക്കുള്ള വിവരണമാണ് ഇതുവരെ നാം വായിച്ചത്. ഈ വ്യാഖ്യാനമാണ് ഇമാം ത്വബ്‌രി(റഹി)യും റാസി(റഹി)യും എല്ലാം ശരിവെച്ചിട്ടുള്ളതും.

മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. ആ വ്യാഖ്യാനം പരിശുദ്ധ ക്വുര്‍ആനിന്റെ ഈ ആശയത്തോട് പൂര്‍ണമായും കൂറ് പുലര്‍ത്താത്തതാകുന്നു. അത് ഇപ്രകാരമാണ്: ‘കുതിരപ്പട്ടാള പ്രദര്‍ശനത്തില്‍ ശ്രദ്ധ മുഴുകിയതു നിമിത്തം സുലൈമാന്‍ നബി(അ) വൈകുന്നേരത്തെ നമസ്‌കാരം നിര്‍വഹിക്കുന്ന കാര്യം മറന്നുപോയി. സൂര്യാസ്തമയത്തിന് ശേഷമാണ് ഓര്‍മ വന്നത്. അതിനാല്‍ അവയെ തിരിച്ചു കൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും അല്ലാഹുവിന്റെ സ്മരണക്കു വിഘാതമായിത്തീര്‍ന്ന ആ കുതിരകളെ കഴുത്തും കാലും വെട്ടി അറുക്കകയും മാംസം ദാനം ചെയ്യുകയും ചെയ്തു.’

മറ്റു വ്യാഖ്യാനങ്ങളും ഈ സംഭവത്തിന് നല്‍കപ്പെട്ടതായി നമുക്ക് കാണാവുന്നതാണ്. എന്നാല്‍ നാം നേരത്തെ പറഞ്ഞതുപോലെ ആദ്യത്തെ വ്യാഖ്യാനമാണ് ക്വുര്‍ആനിലെ പരാമര്‍ശങ്ങളോടും ആശയങ്ങളോടും ഏറ്റവും അടുത്തു നില്‍ക്കുന്നത്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

സുലൈമാന്‍ നബി (അ) – 04​

സുലൈമാന്‍ നബി (അ) - 04

ബില്‍ക്വീസിന്റെ സിംഹാസനം

സുലൈമാന്‍ നബി(അ)യുടെ കത്ത് ലഭിച്ചയുടന്‍ അവര്‍ അത് ദര്‍ബാറിലെ പ്രമുഖരെ വായിച്ചു കേള്‍പിച്ചതായി നാം മനസ്സിലാക്കി. എന്നിട്ട് ബില്‍ക്വീസ് രാജ്ഞി പറയുകയാണ്:

”അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍. അവര്‍ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധികാരം അങ്ങേക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക” (ക്വുര്‍ആന്‍ 27:32,33).

തീരുമാനമെടുക്കാനുള്ള അധികാരം രാജ്ഞിക്കാണെന്നും എന്ത് തീരുമാനവും പൂര്‍ണ മനസ്സോടെ തങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണന്നും അവിടെ സന്നിഹിതരായിരുന്നവര്‍ പറഞ്ഞു. അന്നേരം രാജ്ഞി ഇങ്ങനെ പ്രഖ്യാപിച്ചു:

”അവള്‍ പറഞ്ഞു: തീര്‍ച്ചയയായും രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്മാരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്” (ക്വുര്‍ആന്‍ 27:34,35).

സാധാരണ രാജാക്കന്മാരുടെ സ്വഭാവവും ചെയ്തികളും എന്താണെന്ന് നന്നായി അറിയുന്ന ബില്‍ക്വീസ് രാജ്ഞി അക്കാര്യം അവരെ ഓര്‍മപ്പെടുത്തി. ഒരു നാട്ടില്‍ അധിനിവേശം നടത്തിയാല്‍ ആ നാടിനെയാകെ നശിപ്പിക്കുന്ന രാജാക്കന്മാരെക്കുറിച്ചേ അവര്‍ക്ക് അറിവുള്ളൂ. 

സുലൈമാന്‍ നബി(അ) എങ്ങനെയുള്ള രാജാവാണെന്ന് പരീക്ഷച്ചറിയുവാന്‍ അവര്‍ തീരുമാനിച്ചു. വിലപിടിപ്പുള്ള ഒരു സമ്മാനം കൊടുത്തയക്കുക. ധനത്തോട് ആര്‍ത്തിയുള്ള രാജാവാണെങ്കില്‍ വിലപിടിപ്പുള്ള ഈ പാരിതോഷികം കിട്ടിയാല്‍ അദ്ദേഹം ഒതുങ്ങും. പക്ഷേ, അദ്ദേഹം എഴുതിയിരിക്കുന്നത് മുസ്‌ലിമായി വരണം എന്നാണ്. അപ്പോള്‍ ഭൗതിക നേട്ടമല്ല ലക്ഷ്യം. എങ്കിലും ഒന്ന് ശ്രമിക്കാം എന്ന് ബില്‍ക്വീസ് ചിന്തിച്ചേക്കാം എന്ന് ഈ വചനത്തെ പണ്ഡിതന്മാര്‍ വിശദീക്കുന്നത് കാണാം.

അങ്ങനെ സബഇലെ ബില്‍ക്വീസ് രാജ്ഞി അമൂല്യമായ ഒരു സമ്മാനം ദൂതന്‍ മുഖേന സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തില്‍ എത്തിച്ചു. അദ്ദേഹത്തെ മയപ്പെടുത്തുവാനും യുദ്ധത്തിനുള്ള ശ്രമമുണ്ടെങ്കില്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാനുമായി ബില്‍ക്വീസ് കൊടുത്തയച്ച സമ്മാനം കണ്ടപ്പോള്‍ സുലൈമാന്‍(അ) നടത്തിയ പ്രതികരണമാണ് തുടര്‍ന്നുള്ള സൂക്തങ്ങളില്‍ നാം കാണുന്നത്:

”അങ്ങനെ അവന്‍ (ദൂതന്‍) സുലൈമാന്റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമം. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു” (ക്വുര്‍ആന്‍ 27:36).

വിലകൂടിയ സമ്മാനം കണ്ടപ്പോള്‍ സുലൈമാന്‍ നബി(അ)ക്ക് താല്‍പര്യം തോന്നിയില്ല. നിങ്ങളുടെ സാമ്പത്തിക സഹായം എനിക്ക് ആവശ്യമില്ലെന്നും ഇതിനെക്കാള്‍ ഉത്തമമായത് അല്ലാഹു എനിക്ക് തന്നിട്ടുണ്ടെന്നും നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുന്നുവെങ്കിലും എനിക്കതില്‍ പ്രത്യേകിച്ച് സന്തോഷമൊന്നുമില്ലെന്നും അദ്ദേഹം അവരോട് വ്യക്തമാക്കി. ഭൗതിക വിഭവങ്ങള്‍ക്ക് വേണ്ടി ഏതറ്റംവരെ പോകാനും മടികാണിക്കാത്ത; അല്ലാഹുവിനെ മറന്നുപോകുന്ന ഇന്നത്തെയാളുകള്‍ക്ക്  അല്ലാഹുവിനോട് ഏറെ കീഴ്‌വണക്കം കാണിച്ച സുലൈമാന്‍ നബി(അ)യുടെ ജീവിതത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ട്.  

തുടര്‍ന്ന് സുലൈമാന്‍ നബി(അ) ബില്‍ക്വീസ് രാജ്ഞിയുടെ ദൂതനോട് പറഞ്ഞു: ”നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക്  നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്” (27:37).

ദൂതന്‍ തിരിച്ച് ബില്‍ക്വീസിന്റെ ദര്‍ബാറിലെത്തി സുലൈമാന്‍ നബി(അ)യുടെ നിലപാടും അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ അവസ്ഥകളും വിവരിച്ചു. സുലൈമാന്‍ നബി(അ) തന്റെ കത്ത് ഒരു പക്ഷിമുഖേന കൊടുത്തയച്ചതില്‍നിന്നു തന്നെ അദ്ദേഹത്തിന് ചില സവിശേഷതകള്‍ ഉള്ളതായി രാജ്ഞി മനസ്സിലാക്കിയിരിക്കണം. താന്‍ കൊടുത്ത വിലപിടിപ്പുള്ള പാരിതോഷികം നിരാകരിക്കുകയും അല്ലാഹു തനിക്ക് നല്‍കിയതാണ് ഉത്തമം എന്ന് പറയുകയും ചെയ്ത സുലൈമാന്‍ നബിയെക്കുറിച്ച് രാജ്ഞിയില്‍ മതിപ്പ് വര്‍ധിച്ചു. സുലൈമാന്‍(അ) ഒരു സാധാരണ രാജാവല്ലെന്നും ദൈവികമായ സഹായം ലഭിച്ച് കൊണ്ടിരിക്കുന്ന മഹാനാണെന്നും അവര്‍ തിരിച്ചറിയുകയാണ്. അങ്ങനെ സുലൈമാന്‍ നബി(അ)യുടെ അടുത്ത് മുസ്‌ലിമായി ചെല്ലാന്‍ അവര്‍ തീരുമാനിച്ചു. ഈ വിവരം സുലൈമാന്‍ നബി(അ)ക്ക് ലഭിക്കുകയും ചെയ്തു. ഈ വിവരം അദ്ദേഹത്തിന് ലഭിച്ചത് ഹുദ്ഹുദ് എന്ന പക്ഷിമുഖേനയോ അല്ലാഹുവിന്റെ വഹ്‌യ് മുഖേനയോ ആയിരിക്കാം. ഈ വിവരം ലഭിച്ചപ്പോള്‍ സുലൈമാന്‍(അ) അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മറ്റൊരു കാര്യം ചെയ്യുകയാണ്.

”അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ; പ്രമുഖന്മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരിക? ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നു തരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു. വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടുവന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു” (27:38-40).

ബുദ്ധിമതിയായ രാജ്ഞി പട്ടാളത്തോടൊപ്പം തന്റെ കൊട്ടാരത്തില്‍ എത്തുന്നതിന് മുമ്പായി അവര്‍ക്ക് മനസ്സിലാക്കാനായി ഒരു വലിയ ദൃഷ്ടാന്തം അവിടെ സംഭവിക്കുകയാണ്. അതിന് വേണ്ടി സുലൈമാന്‍(അ) തന്റെ രാജ ദര്‍ബാര്‍ വിളിച്ചുചേര്‍ത്തു. പട്ടാളവും മറ്റു വേണ്ടപ്പെട്ടവരെല്ലാവരും അതില്‍ ഒരുമിച്ചു കൂടി. സുലൈമാന്‍ നബി(അ)യുടെ സൈന്യത്തിന്റെ പ്രത്യേകത നാം മുമ്പ് മനസ്സിലാക്കിയിട്ടുണ്ട്. അതില്‍ മനുഷ്യര്‍ക്ക് പുറമെ ജിന്നുകളും പക്ഷികളും ഉണ്ടായിരുന്നു. ജിന്നുകളില്‍ തന്നെ ചെകുത്താന്‍മാരുമുണ്ടായിരുന്നു. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ മറ്റു സ്ഥലങ്ങളിലും വിവരിച്ചിട്ടുണ്ട്.

”പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം കീഴ്‌പെടുത്തികൊടുത്തു). അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ച് കൊണ്ടിരുന്നത്” (ക്വുര്‍ആന്‍ 21:82).

”…അദ്ദേഹത്തിന്റെ രക്ഷിതാവിന്റെ കല്‍പന പ്രകാരം അദ്ദേഹത്തിന്റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് വേണ്ടി ഉന്നത സൗധങ്ങള്‍, ശില്‍പങ്ങള്‍, വലിയ ജലസംഭരണിപോലെയുള്ള തളികകള്‍, നിലത്ത് ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവര്‍ (ജിന്നുകള്‍) നിര്‍മിച്ചിരുന്നു” (34:12,13).

”എല്ലാ കെട്ടിടനിര്‍മാണ വിദഗ്ധരും മുങ്ങല്‍ വിദഗ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്‌പെടുത്തികൊടുത്തു.ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ(പിശാചുക്കളെ)യും (അധീനപ്പെടുത്തികൊടുത്തു) (38:37,38).

ജിന്നുകളെ അല്ലാഹു സുലൈമാന്‍ നബി(അ)ക്ക് കീഴ്‌പെടുത്തി കൊടുത്തിരുന്നു, അദ്ദേഹം അവരോട് കല്‍പിക്കുന്നതെല്ലാം അവര്‍ അനുസരിച്ച് വിവിധങ്ങളായ ജോലികള്‍ ചെയ്ത് കൊടുത്തിരുന്നു എന്നുമെല്ലാം ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.

അല്ലാഹുവിന് പുറമെ നബിമാരോടും വലിയ്യുകളോടും  പ്രാര്‍ഥിക്കുന്നതിനായി സുലൈമാന്‍ നബി(അ)യുടെ ചരിത്രം വളച്ചൊടിച്ച് തെളിവുണ്ടാക്കുന്ന ചില ആളുകളുണ്ട്. അവരുടെ വാദം ഇപ്രകാരമാണ്: ‘മുജാഹിദുകളുടെ പ്രാര്‍ഥനയുടെ നിര്‍വചനം തെറ്റാകുന്നു. മറഞ്ഞ വഴിക്ക് അല്ലാഹു അല്ലാത്തവര്‍ക്ക് ഗുണമോ ദോഷമോ വരുത്താന്‍ കഴിയുകയില്ല. ഈ വാദം ക്വുര്‍ആനിന് എതിരാണ്. കാരണം, ജിന്നുകളെ നമുക്ക് കാണാന്‍ കഴിയില്ല. ആ വര്‍ഗത്തോട് സുലൈമാന്‍(അ) പല കാര്യങ്ങളും ആവശ്യപ്പെടുകയും അവരെക്കൊണ്ട് പല ഉപകാരങ്ങളും ചെയ്യിപ്പിച്ചിരുന്നു. അപ്പോള്‍ മുജാഹിദുകളുടെ നിര്‍വചന പ്രകാരം സുലൈമാന്‍(അ) ശിര്‍ക്ക് ചെയ്തു എന്നായി…’ ഇങ്ങനെ പോകുന്നു അവരുടെ വാദം. 

എന്നാല്‍ മുജാഹിദുകള്‍ പ്രാര്‍ഥനക്ക് നല്‍കിയ നിര്‍വചനം തെറ്റിയിട്ടില്ല. മറഞ്ഞ മാര്‍ഗത്തിലൂടെ അഥവാ അഭൗതിക മാര്‍ഗത്തിലൂടെ അല്ലാഹുവിനല്ലാതെ യാതൊരു ഗുണമോ ദോഷമോ ചെയ്യാന്‍ സാധ്യമല്ല എന്നത് തന്നെയാണ് ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്. മറഞ്ഞ കാര്യം എന്നത് എന്താണെന്നത് ഇവര്‍ക്ക് മനസ്സിലായില്ല എന്നതാണ് വസ്തുത. മറഞ്ഞ കാര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കണ്ണില്‍ കാണാത്തത് എന്നാണെന്ന് ചിലര്‍ ധരിച്ചു പോയിട്ടുണ്ട്. സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യത്തെയാണ് മറഞ്ഞ കാര്യം അല്ലെങ്കില്‍ മറഞ്ഞ മാര്‍ഗം എന്നത് കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത്. സുലൈമാന്‍(അ) ജിന്നുകളെ കൊണ്ട് ജോലി ചെയ്യിച്ചതും ഉപകാരം നേടിയതും ജിന്നുകള്‍ക്ക് അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് എന്തെല്ലാം കഴിവ് ഉണ്ടായിരുന്നു എന്നത് മുകളിലെ സൂക്തങ്ങള്‍ നമുക്ക് അറിയിച്ചു തരുന്നുണ്ട്.

കിലോമീറ്ററുകള്‍ അകലെ കിടക്കുന്ന ബില്‍ക്വീസിന്റെ സിംഹാസനം സുലൈമാന്‍ നബി(അ)യുടെ അടുത്ത് എത്തിക്കുന്നതിനായി സുലൈമാന്‍(അ) ജിന്നുകള്‍ അടക്കമുള്ളവരോട് സഹായം ചോദിച്ചത് അഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായ തേട്ടമാണെന്ന് വരുത്തി അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നവരുണ്ട്. സുലൈമാന്‍ നബി(അ)യുടെ ഈ ചരിത്രത്തില്‍ അഭൗതികമായ യാതൊരു സഹായ തേട്ടവും ഇല്ല. ഒരോ സൃഷ്ടിക്കും അല്ലാഹു പ്രകൃത്യാ പല കഴിവുകളും നല്‍കിയിട്ടുണ്ട്. ആ കഴിവ് ഉപയോഗപ്പെടുത്തുന്നതോ, ആ കഴിവ് അനുസരിച്ച് അവര്‍ എന്തെങ്കിലും ചെയ്യുന്നതോ അംഗീകരിക്കുന്നതിനാല്‍ അവിടെ ശിര്‍ക്ക് വരുന്നില്ല. ഇവിടെ സുലൈമാന്‍(അ) അഭൗതിക മാര്‍ഗത്തിലൂടെയുള്ള യാതൊരു സഹായ തേട്ടവും നടത്തിയിട്ടില്ല. കാരണം, അവര്‍ക്ക് ചെയ്യാന്‍ കഴിവുള്ള ഒരു കാര്യം ചെയ്യാന്‍ അവരോട് കല്‍പിക്കുക മാത്രമാണ് ചെയ്യുന്നത്.

എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തതിന് ശേഷം സുലൈമാന്‍(അ) ചോദിച്ചത് അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്റെ  അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടു വന്ന് തരിക എന്നാണ്. ബില്‍ക്വീസിന്റെ സിംഹാസനം വമ്പിച്ചതായിരുന്നുവെന്ന് ഹുദ്ഹുദ് മുമ്പ് നല്‍കിയ വിവരത്തില്‍ നിന്ന് വ്യക്തമാണ്. 

ചോദ്യം കേട്ട പാടെ, ജിന്നുകളിലെ മല്ലനായ ഒരു ജിന്ന് അതിന് മുന്നോട്ടു വന്നു; അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം എന്ന് പ്രഖ്യാപിച്ചു. 

സുലൈമാന്‍ നബി(അ)യുടെ രാജദര്‍ബാറിലെ ചര്‍ച്ചള്‍ പലപ്പോഴും വൈകുന്നേരം രണ്ടോ മൂന്നോ മണിക്കൂറുകള്‍ നീളുന്നതായിരുന്നു. അങ്ങനെയുള്ള ആ സദസ്സ് പിരിയുന്നതിന് മുമ്പായി ബില്‍ക്വീസിന്റെ സിംഹാസനം തന്റെയടുത്ത് എത്തിക്കുവാനാണ് സുലൈമാന്‍(അ) കല്‍പന പുറപ്പെടുവിച്ചത്. അത് ഇഫ്‌രീത് ഏറ്റടുക്കുവാന്‍ തയ്യാറായി. ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാണെന്നും ഇഫ്‌രീത് പറയുന്നുണ്ട്. ഏകദേശം ആയിരത്തി അഞ്ഞൂറ് കി.മീറ്റര്‍ അകലെയുള്ള സിംഹാസനം കൊണ്ടുവരാനുള്ള സമയം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം! ഈ സമയത്തിനുള്ളില്‍ മൂവായിരം കി.മീറ്റര്‍ യാത്ര ചെയ്യാനും അത് വഹിച്ച് കൊണ്ടുവരാനും ഇഫ്‌രീതിന് കഴിയുമായിരുന്നു. അതാണ് അവന്‍ സുലൈമാന്‍(അ)നോട് പറയുന്നത്. രാജ്ഞിയുടെ സിംഹാസനം എടുക്കാനാണല്ലോ പോകുന്നത്. കൊട്ടാരത്തില്‍ വലിയ വിലപിടിപ്പുള്ള, ഒട്ടനേകം വസ്തുക്കള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ അതിലൊന്നും താന്‍ കൈകടത്തുകയില്ലെന്നും സത്യസന്ധനായി ആ സിംഹാസനം ഇവിടെ എത്തിക്കുന്നതുമാണ് എന്നതാവാം ഞാന്‍ വിശ്വസ്തനാണെന്ന് ഇഫ്‌രീത് പറഞ്ഞതിന്റെ താല്‍പര്യം.

ഇഫ്‌രീത് സിംഹാസനം കൊണ്ടുവരാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ വേദത്തില്‍ ജ്ഞാനം നല്‍കപ്പെട്ട ആള്‍ സുലൈമാന്‍ നബി(അ)യോട് പറഞ്ഞു: ‘താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പായി ഞാനത് നിങ്ങളുടെ സന്നിധിയില്‍ എത്തിക്കുന്നതാണ്.’

ആരായിരുന്നു ഈ വേദത്തില്‍ ജ്ഞാനം നല്‍കപ്പെട്ട വ്യക്തി? ക്വുര്‍ആന്‍ വ്യാഖ്യാതക്കള്‍ പല അഭിപ്രായങ്ങളും ഇതു സംബന്ധമായി പ്രകടിപ്പിച്ചിട്ടുള്ളതായി നമുക്ക് കാണാം. അത് ഒരു മലക്കാണെന്ന് അഭിപ്രായം പറഞ്ഞവരുണ്ട്. കാരണം ഇത്ര വേഗത്തില്‍ അങ്ങ് അകലെയുള്ള സിംഹാസനം എത്തിക്കാന്‍ മലക്കിന് സാധിക്കുമെന്നതിനാലാകാം ചിലര്‍ ഈ അഭിപ്രായം പറഞ്ഞത്. എന്നാല്‍ ഈ പറഞ്ഞ വ്യക്തി സുലൈമാന്‍(അ) തന്നെ ആകാമെന്നാണ് ഇമാം റാസി(റ)യുടെ അഭിപ്രായം. ഇഫ്‌രീത് സുലൈമാന്‍ നബി(അ)യോട് ആ സദസ്സ് പിരിയുന്നതിന് മുമ്പായി എത്തിക്കുമെന്നാണല്ലോ പറഞ്ഞത്. അപ്പോള്‍ സുലൈമാന്‍(അ) ഇഫ്‌രീതിനോട് പറഞ്ഞു: ‘അതിനെക്കാള്‍ വേഗത്തില്‍, താങ്കളുടെ കണ്ണ് ഇമവെട്ടി തുറക്കുന്നതിന് മുമ്പായി ഞാനത് എത്തിക്കും.’ അല്ലാഹു അദ്ദേഹത്തിലൂടെ പല അത്ഭുതങ്ങളും പ്രകടമാക്കിയിട്ടുണ്ടല്ലോ. അഥവാ, സുലൈമാന്‍ നബി(അ)ക്ക്അല്ലാഹു നല്‍കിയ ഒരു മുഅ്ജിസത്തായിരുന്നു അത്. അത് എങ്ങനെയാണ് മുഅ്ജിസത്താകുക? ഇഫ്‌രീത് സുലൈമാന്‍(അ)നോട് പറയുമ്പോള്‍ അവസാനം പറഞ്ഞത് ഞാന്‍ അതിന് കഴിവുള്ളവനാണെന്നാണല്ലോ. അത് സുലൈമാന്‍(അ) പറഞ്ഞോ? ഇല്ല! കാരണം, അത് സംഭവിക്കാന്‍ പോകുന്നത് അഭൗതിക മാര്‍ഗത്തിലൂടെയാണ്. അഥവാ അത് ദൈവിക ദൃഷ്ടാന്തമാണ്. ആസ്വിഫ് ബ്‌നു ബര്‍ഖിയ എന്ന് പേരുള്ള സ്വാലിഹായ വ്യക്തി ആ പട്ടാളത്തിലുണ്ടായിരുന്നു; അദ്ദേഹമാണ് അങ്ങനെ പറഞ്ഞത് എന്നും അഭിപ്രായപ്പെട്ടവരുണ്ട്. അപ്പോള്‍ വേദഗ്രന്ഥത്തില്‍ നിന്നുള്ള പ്രത്യേക അറിവ് ഉണ്ടായിരുന്നു എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അദ്ദേഹത്തിന് ‘ഇസ്മുല്‍ അഅ്‌ളം’ അറിയാമായിരുന്നു. അത് വെച്ച് അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ ഞൊടിയിടകൊണ്ട് ആ കാര്യം സാധിക്കുമായിരുന്നു. അങ്ങനെ അദ്ദേഹം തനിക്ക് പ്രത്യേകമായി പഠിപ്പിക്കപ്പെട്ട ആ പ്രാര്‍ഥന നിര്‍വഹിച്ചു. (ആ പ്രാര്‍ഥനയുടെ രൂപം ചില റിപ്പോര്‍ട്ടുകളില്‍ നമുക്ക് കാണാവുന്നതാണ്). അങ്ങനെ ആ സിംഹാസനം സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തിങ്കല്‍ എത്തി. താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പായി ഞാന്‍ ആ സിംഹാസനം ഇവിടെ എത്തിക്കാം എന്ന് പറഞ്ഞതില്‍ അഭൗതികമായ യാതൊന്നും സംഭവിക്കുന്നില്ല. ഇഫ്‌രീതാണ് അത് പറഞ്ഞതെങ്കില്‍ അല്ലാഹു അവന്പ്രകൃത്യാ നല്‍കിയ കഴിവ് കൊണ്ട് അത് എത്തിച്ചു. അപ്പറഞ്ഞത് സുലൈമാന്‍ നബി(അ) ആണെങ്കില്‍ അത് മുഅ്ജിസത്താണ്. അതല്ല ആസ്വിഫ് ആണെങ്കില്‍ അത് അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടമാക്കുന്ന കറാമത്തും. മുഅ്ജിസത്തും കറമാത്തും അല്ലാഹുവാണല്ലോ അടിമകളിലൂടെ പ്രകടമാക്കുന്നത്.

ബില്‍ക്വീസിന്റെ സിംഹാസനം തന്റെ മുന്നില്‍ കണ്ടപ്പോള്‍ സുലൈമാന്‍(അ) നന്ദിയോടെ അല്ലാഹുവിനെ സ്മരിച്ചു.’ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ  ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു’ എന്ന് വിനയത്തോടെ അദ്ദേഹം പറഞ്ഞു.

പല വാഹനങ്ങളിലും കടകളിലും വീടുകളിലുമെല്ലാം നാം കാണുന്ന ഒന്നാണ് ‘ഹാദാ മിന്‍ ഫദ്‌ലി റബ്ബീ’ എന്നെഴുതിയ സ്റ്റിക്കര്‍. ‘എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്’ എന്നര്‍ഥം. എപ്പോഴും സിനിമയിലും സംഗീതത്തിലും മുഴുകിയിരിക്കുന്ന ആളുകളുള്ള വീടിന്റെ പുറംചുമരില്‍ ഇത് എഴുതിവെക്കുന്നതില്‍, വാഹനങ്ങളില്‍ ഇത് ഒട്ടിച്ചുെവക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? അശ്ലീല പ്രസിദ്ധീകരണങ്ങളും പുകയില ഉല്‍പന്നങ്ങളും മയക്കുമരുന്നുകളും വില്‍ക്കുന്നവര്‍ കടകളില്‍ ആളുകള്‍ കാണുംവിധം ഇത് പ്രദര്‍ശിപ്പിക്കുന്നത് ആ വചനത്തെ അപഹസിക്കലല്ലേ? എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ അര്‍ഥം അറിയാത്തതിനാല്‍ തന്നെ! ‘ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്’ എന്നാണ് അതിന്റെ പൂര്‍ണരൂപം. കടയും വാഹനവും വീടുമെല്ലാം നാം നന്ദികാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് പരീക്ഷിക്കുവാനായി രക്ഷിതാവ് നല്‍കിയ അനുഗ്രഹങ്ങളില്‍ പെട്ടതാണ് എന്നര്‍ഥം. അകത്തിരുന്ന് നന്ദികേട് കാണിക്കുകയും പുറത്ത് ഇത് എഴുതിവെക്കുകയും ചെയ്യല്‍ എത്ര നിരര്‍ഥകമാണ്. 

നബിﷺക്കും സ്വഹാബിമാര്‍ക്കും വീടില്ലായിരുന്നോ? വാഹനമുണ്ടായിരുന്നില്ലേ? എന്നിട്ട് അവര്‍ ആരെങ്കിലും ഇപ്രകാരം എഴുതിത്തൂക്കിയിരുന്നോ? ഇങ്ങനെ എഴുതിത്തൂക്കുന്നതില്‍ തന്നെ യാതൊരു പ്രത്യേകതയുമില്ല എന്ന് മനസ്സിലാക്കുക.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

സുലൈമാന്‍ നബി (അ) – 03

സുലൈമാന്‍ നബി (അ) - 03

‘ബിസ്മി’കൊണ്ടൊരു കത്ത്

സുലൈമാന്‍ നബി(അ) രാജ്ഞിക്ക് എഴുതിയ കത്ത് ‘ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം'(പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറഞ്ഞായിരുന്നു തുടങ്ങിയിരുന്നത്. വിശുദ്ധ ക്വുര്‍ആനില്‍ ആകെ 114 അധ്യായങ്ങളാണ് ഉള്ളത്. അതില്‍ 113 അധ്യായങ്ങളുടെ തുടക്കത്തിലും ‘ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം’ എന്ന് കാണാം. ഒമ്പതാമത്തെ അധ്യായത്തിന്റെ തുടക്കത്തില്‍ ‘ബിസ്മി’ ഇല്ല. എന്നാല്‍ 27ാം അധ്യായത്തില്‍ 30ാം വചനത്തില്‍ ഒരു ബിസ്മി കൂടിയുണ്ട്. അതാണ് സബഇലെ രാജ്ഞി സൂചിപ്പിച്ച ഭാഗം. ക്വുര്‍ആനില്‍ 114തവണ ‘ബിസ്മി’ കാണാം എന്നര്‍ഥം. 

സുലൈമാന്‍ നബി(അ)യുടെ കത്തിന്റെ ശൈലിയില്‍ നിന്ന് നമുക്ക് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. ഏതൊരു നല്ല കാര്യത്തിന്റെ തുടക്കവും അല്ലാഹുവിന്റെ നാമംകൊണ്ടായിരിക്കണം. അപ്രകാരം അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്ന കാര്യങ്ങളില്‍ അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതാണ്.

നാം ഏതൊരു കാര്യം ചെയ്യുമ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മയുണ്ടെങ്കില്‍ അത് നമുക്ക് കൂടുതല്‍ ഉപകാരം ചെയ്യും. ഒരു സദസ്സിലാണെങ്കില്‍ പോലും അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ അത്യാവശ്യമാണ്. സദസ്സ് പിരിയുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാനായി നബിﷺ പ്രത്യേകം പ്രാര്‍ഥന തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നത് ഓര്‍ക്കുക. 

ഇസ്‌ലാമിലെ പല കാര്യങ്ങളുടെയും ആരംഭത്തെ കുറിച്ച് പരിശോധിച്ചാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതായി നമുക്ക് കാണാവുന്നതാണ്. ക്വുര്‍ആന്‍ അവതരണം തുടങ്ങിയത് ‘അല്ലാഹുവിന്റെ നാമത്തില്‍ നീ വായിക്കുക’ എന്ന കല്‍പനയോടെയായിരുന്നു. അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്ന ഏതൊരു കാര്യവും അല്ലാഹുവിലുള്ള അര്‍പ്പണബോധം വിശ്വാസിയില്‍ വര്‍ധിപ്പിക്കുന്നതായി കാണാം.അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുവാനുള്ള മനസ്സുണ്ടെങ്കില്‍ അത് നമ്മുടെ വിശ്വാസ ദാര്‍ഢ്യതയുടെ അടയാളമാണ്.

നൂഹ് നബി(അ)യുട ജനത അദ്ദേഹത്തെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ഘോരമായ പ്രളയത്തിലൂടെ നശിപ്പിക്കുവാനും നൂഹ് നബി(അ)യെയും വിശ്വാസികളെയും രക്ഷപ്പെടുത്തുവാനും തീരുമാനിച്ചു. നൂഹ് നബി(അ)യും വിശ്വാസികളും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടുവാനായി അല്ലാഹുവിന്റെ കല്‍പനപ്രകാരം ഉണ്ടാക്കിയ കപ്പലില്‍ കയറി. ഈ സന്ദര്‍ഭം അല്ലാഹു വിവരിച്ചുതരുന്നത് കാണുക: 

”അദ്ദേഹം (അവരോട്) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്റെ  ഓട്ടവും നിര്‍ത്തവും അല്ലാഹുവിന്റെ പേരിലാകുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്” (ക്വുര്‍ആന്‍ 11:41). 

അല്ലാഹുവിന്റെ നാമത്തിലും അവനില്‍ ഭരമേല്‍പിച്ചുമാണ് യാത്രക്കായി നാം വാഹനത്തില്‍ കയറേണ്ടത്. 

മുഹമ്മദ് നബിﷺ ഹിര്‍ക്വല്‍ രാജാവിന് കത്ത് എഴുതിയപ്പോള്‍ ബിസ്മി കൊണ്ടായിരുന്നു തുടങ്ങിയിരുന്നത്: ”പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, റോമിന്റെ മഹാനായ ഹിര്‍ക്വലിന് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദില്‍ നിന്ന്. സന്മാര്‍ഗത്തെ പിന്തുടരുന്നവര്‍ക്ക് സമാധാനം. തീര്‍ച്ചയായും ഞാന്‍ താങ്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. (അതിനാല്‍) താങ്കള്‍ മുസ്‌ലിമാകുക, എന്നാല്‍ താങ്കള്‍ (അല്ലാഹുവിങ്കല്‍) സുരക്ഷിതനാകും…” (മുസ്‌ലിം) എന്നിങ്ങനെയായിരുന്നു ആ കത്ത്.

ഹിര്‍ക്വല്‍ മുസ്‌ലിമായിരുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനവും പദവിയും അംഗീകരിച്ചു കൊണ്ടുള്ളതായിരുന്നു മുഹമ്മദ് നബിﷺയുടെ കത്ത്. മൂസാ നബി(അ)യെയും ഹാറൂന്‍ നബി(അ)യെയും ഫിര്‍ഔനിന്റെ അടുത്തേക്ക് അയക്കുമ്പോള്‍ അല്ലാഹു ഇരുവരോടും എങ്ങനെയായിരിക്കണം ഫിര്‍ഔനിനോട് സംസാരിക്കേണ്ടത് എന്ന് നര്‍ദേശിച്ചത് അവരുടെ ചരിത്രം വായിച്ചിടത്ത് നാം മനസ്സിലാക്കിയതാണല്ലോ. മുസ്‌ലിമല്ലാത്തതിനാല്‍ അവരെ അവഹേളിക്കണമെന്നോ അകറ്റി നര്‍ത്തണമെന്നോ പ്രവാചകന്മാരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നില്ല. അവരോട് മാന്യമായി പെരുമാറുവാനും ഗുണകാംക്ഷയോടെ ഉപദേശിക്കുവാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അറിവില്ലായ്മയും അവിവേകവുമാണ്. 

‘ബിസ്മി’ എഴുതിയ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ മനസ്സില്‍ ചൊല്ലിയിട്ടെങ്കിലുമാകണം ആ കത്തിന്റെ ആരംഭം കുറിക്കേണ്ടത് എന്ന് നാം മനസ്സിലാക്കുക.

നബിﷺയുടെ സംരക്ഷണത്തില്‍ കഴിയുന്ന ഉമര്‍ എന്ന കുട്ടി ഒരിക്കല്‍ കൂട്ടത്തില്‍ ഇരുന്ന് ആഹരിക്കുകയായിരുന്നു. കുട്ടികളാകുമ്പോള്‍ ചിലപ്പോള്‍ മര്യാദകളൊന്നും പാലിച്ചില്ലെന്ന് വരാം. ഈ കുട്ടി ഭക്ഷണത്തളികയില്‍ അവിടെയും ഇവിടെയുമെല്ലാം കൈയിട്ട് വാരി ഭക്ഷിക്കുന്നത് കണ്ടപ്പോള്‍ നബിﷺ അവനോട് പറഞ്ഞു:”കുഞ്ഞേ, ബിസ്മി ചൊല്ലുക. വലതുകൈ കൊണ്ട് കഴിക്കുക. നിന്റെ ഭാഗത്തുനിന്ന് കഴിക്കുക.” 

നബിﷺയുടെ ഈ ഉപദേശം കേട്ട സ്വഹാബിമാര്‍ ഭക്ഷണം കഴിക്കുന്ന വേളയില്‍ ഈ മര്യാദ പാലിച്ചുകൊണ്ട് ജീവിച്ചു.  ഇന്ന് ചിലരോട് ബിസ്മി ചൊല്ലാന്‍ പറഞ്ഞാല്‍ ‘ഞാന്‍ മനസ്സില്‍ പറഞ്ഞിട്ടുണ്ട്, എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല’ എന്നെല്ലാം പറഞ്ഞ് കയര്‍ക്കാറുണ്ട്. വലതുകൈ കൊണ്ട് വെള്ളം കുടിക്കൂ എന്ന് പറഞ്ഞാല്‍ അത് ഉള്‍കൊള്ളാനാവാതെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെയും കാണാം. ഇതിലൊക്കെ എന്തിരിക്കുന്നു എന്ന ചിന്ത ഒരു സത്യവിശ്വാസിക്ക് ചേര്‍ന്നതല്ല എന്നേ പറയാനുള്ളൂ. 

ഒരു ചരിത്ര സംഭവം കാണുക: അനസ്(റ)വില്‍ നിന്ന് നിവേദനം: ക്വുറയ്ശികള്‍ നബിﷺയോട് രജ്ഞിപ്പിനായി വന്നു. (അപ്പോള്‍) അവരില്‍ സുഹൈലുബ്‌നു അംറും ഉണ്ട്. അങ്ങനെ നബിﷺ അലി(റ)വിനോട് പറഞ്ഞു: ‘ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം എന്ന് എഴുതുക.’ സുഹൈല്‍ പറഞ്ഞു:’ബിസ്മില്ലയോ? ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം എന്താണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ ഞങ്ങള്‍ക്ക് അറിയാവുന്ന; ‘ബിസ്മികല്ലാഹുമ്മ’ (അല്ലാഹുവേ, നിന്റെ നാമം കൊണ്ട്) എന്ന് എഴുതിക്കൊള്ളുക.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലായ മുഹമ്മദില്‍ നിന്ന് എന്ന് എഴുതുക.’ അവര്‍ പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങള്‍ക്ക് അറിയാമെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ പിന്തുടരുമായിരുന്നല്ലോ. (അതിനാല്‍) താങ്കളുടെ പേരും താങ്കളുടെ പിതാവിന്റെ പേരും എഴിതിക്കൊള്ളുക.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘അബ്ദുല്ലയുടെ മകന്‍ മുഹമ്മദില്‍നിന്ന് എന്ന് എഴുതുക.’ നിങ്ങളില്‍ നിന്ന് ആരെങ്കിലും (ഞങ്ങളിലേക്ക്) വന്നാല്‍ അയാളെ നിങ്ങളിലേക്ക് ഞങ്ങള്‍ മടക്കില്ലെന്നും ഞങ്ങളില്‍ നിന്ന് നിങ്ങളിലേക്ക് ആരെങ്കിലും വന്നാല്‍ അയാളെ ഞങ്ങളിലേക്ക് മടക്കിവിടണമെന്നും അവര്‍ നബിയോട് നിബന്ധന വെച്ചു. അപ്പോള്‍ അവര്‍ (സ്വഹാബിമാര്‍) ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഇത് എഴുതുകയോ?’ നബിﷺ പറഞ്ഞു: ‘അതെ, നമ്മളില്‍ നിന്ന് ആരെങ്കിലും അവരിലേക്ക് പോയാല്‍ അവരെ അല്ലാഹു അകറ്റുന്നതും അവരില്‍ നിന്ന് ആരെങ്കിലും നമ്മളിലേക്ക് വന്നാല്‍ അല്ലാഹു അവന് ഒരു തുറവിയും പോംവഴിയും നല്‍കുന്നതുമാണ്’ (മുസ്‌ലിം).

വീട്ടില്‍ പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ ബിസ്മി ചൊല്ലണമെന്ന് റസൂല്‍ﷺ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. ജാബിറുബ്‌നു അബ്ദില്ല(റ)വില്‍ നിന്ന്: നബിﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുകയും അങ്ങനെ അവന്‍ അവന്റെ പ്രവേശനസമയത്തും ആഹരിക്കുന്ന സമയത്തും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താല്‍, (അപ്പോള്‍) പിശാച് പറയും: ‘നിങ്ങള്‍ക്ക് (ഇവിടെ) രാത്രി താമസിക്കാനിടമോ രാത്രി ഭക്ഷണമോ ഇല്ല.’ (എന്നാല്‍) ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിക്കാതിരുന്നാല്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനിടം കിട്ടിയിരിക്കുന്നു.’ (ഇനി) ഭക്ഷണം കഴിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനുള്ള ഇടവും രാത്രി ഭക്ഷണവും കിട്ടിയിരിക്കുന്നു’ (മുസ്‌ലിം).

ബിസ്മി ചൊല്ലല്‍ പിശാചിനെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടാന്‍ കാരണമാകുന്നു എന്ന് ചുരുക്കം. വീട്ടില്‍ പ്രവേശിച്ച് കതക് അടക്കുമ്പോഴും ബിസ്മി ചൊല്ലി അടക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ജാബിറുബ്‌നു അബ്ദില്ലാഹ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ”രാത്രി ഇരുള്‍മുറ്റിയാല്‍, അല്ലെങ്കില്‍ വൈകുന്നേരമായാല്‍ നിങ്ങള്‍ നിങ്ങളുടെ ചെറിയ കുട്ടികളെ തടഞ്ഞു വെക്കണം. തീര്‍ച്ചയായും പിശാചുക്കള്‍ ആ സമയങ്ങളില്‍ വിഹരിക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ കതകുകള്‍ അടക്കുകയും അല്ലാഹുവിന്റെ നാമം സ്മരിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും പിശാച് (അങ്ങനെ) അടക്കപ്പെട്ട വാതിലുകള്‍ തുറക്കുകയില്ല. നിങ്ങളുടെ പാത്രങ്ങളെല്ലാം കെട്ടിവെക്കുകയും ചെയ്യുക. അല്ലാഹുവിന്റെ നാമം സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ പാത്രങ്ങള്‍ മൂടി വെക്കുകയും ചെയ്യുക, അല്ലാഹുവിന്റെ നാമം സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ നിങ്ങളുടെ വിളക്കുകളെല്ലാം അണച്ചുകളയുകയും ചെയ്യുവിന്‍” (ബുഖാരി).

ഒരുപാട് കാര്യങ്ങള്‍ നബിﷺ ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നു. മതയുക്തിവാദികള്‍ക്ക് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല. പാത്രങ്ങള്‍ അടച്ചുവെക്കുക, അതുപോലെ രാത്രി കിടക്കുമ്പോള്‍ വിളക്കുകള്‍ കെടുത്തുക എന്നതിലൊക്കെയുള്ള ഉപകാരം എന്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ കാലത്ത് ഇന്നത്തെ പോലെ വൈദ്യുതിയുണ്ടായിരുന്നില്ല. എണ്ണകൊണ്ട് കത്തിക്കുന്ന വിളക്കാണുണ്ടായിരുന്നത്. വൈദ്യുതി വരുന്നതിനുമുമ്പ് നമ്മുടെ നാട്ടിലും വിളക്കായിരുന്നല്ലോ ഉപയോഗിച്ചിരുന്നത്. വൈദ്യുതി പോയാല്‍ ഇന്നും മണ്ണണ്ണ വിളക്ക് ഉപയോഗിക്കുന്ന വീടുകള്‍ നന്നേ കുറവെങ്കിലും ഉണ്ട്. വിളക്കുകള്‍ കെടുത്താതെ ഉറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന അപകടം എത്ര വലുതാണെന്ന് പറയേണ്ടതില്ലേല്ലാ. വലിയ അഗ്‌നിബാധ വരെ സംഭവിക്കാന്‍ അത് കാരണമാകുമല്ലോ. തന്റെ സുദായത്തിന്റെ  ഇഹപര രക്ഷയില്‍ ഒരുപോലെ താല്‍പര്യം കാണിച്ച മഹാനാണ് നബിﷺ എന്നതിന്റെ തെളിവ് കൂടിയാണിത്.

ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഉറക്കില്‍നിന്ന് ഞെട്ടിയുണര്‍ന്നാല്‍,  വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍…ഈ സന്ദര്‍ഭങ്ങളിലുള്ള പ്രാര്‍ഥനകളുടെയെല്ലാംതുടക്കം ബിസ്മികൊണ്ടാണ്. 

അനസ് ബ്‌നു മാലിക്(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ”ആരെങ്കിലും തന്റെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ‘അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മില്ലാഹി), ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല ‘എന്ന് പറഞ്ഞാല്‍ അവനോട് പറയപ്പെടും: ‘നീ ഹിദായത്തിലാക്കപ്പെട്ടിരിക്കുന്നു. നിനക്ക് ഇത് മതിയായതാണ്. നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.’ പിശാച് അവനില്‍നിന്ന് മാറിപ്പോകുന്നതുമാണ്” (തിര്‍മിദി).

ഒരാള്‍ തന്റെ ഇണയെ പ്രാപിക്കുന്നത് പോലും ബിസ്മി ചൊല്ലിയായിരിക്കണം തുടങ്ങേണ്ടത്. 

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ”തീര്‍ച്ചയായും അവരില്‍ ഒരാള്‍ തന്റെ ഇണയെ പ്രാപിക്കാന്‍ ഉദ്ദേശിച്ചു; അയാള്‍ ബിസ്മില്ലാഹി, അല്ലാഹുവേ പിശാചിനെ ഞങ്ങളില്‍ നിന്ന് നീ അകറ്റേണമേ. (അല്ലാഹുവേ) ഞങ്ങള്‍ക്ക് നീ നല്‍കുന്നതില്‍ നിന്നും പിശാചിനെ നീ അകറ്റേണമേ എന്ന് പറഞ്ഞു. അങ്ങനെ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ ഒരു സന്താനത്തെ തീരുമാനിച്ചാല്‍ ആ സന്താനത്തെ പിശാച് ഒരിക്കലും ഉപദ്രവിക്കുന്നതല്ല” (മുസ്‌ലിം).

പ്രഭാത- പ്രദോഷ നേരങ്ങളില്‍ ചൊല്ലേണ്ടുന്ന ദിക്‌റുകളിലും അല്ലാഹുവിന്റെ നാമം പറയുന്നതിന്റെ മഹത്ത്വം നബിﷺ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.

ഉസ്മാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ﷺ പറയുന്നതായി ഞാന്‍ കേട്ടു: ”ആരെങ്കിലും എല്ലാ പകലിന്റെ പ്രഭാതത്തിലും എല്ലാ രാത്രിയുടെ പ്രദോഷത്തിലും ‘അല്ലാഹുവിന്റെ നാമത്തില്‍, അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമമുച്ചരിച്ച് തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍പിക്കുകയില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (അബൂദാവൂദ്). ഈ ദിക്ര്‍ രാവിലെയും വൈകുന്നേരവും മൂന്ന് തവണ വീതമാണ് ചൊല്ലേണ്ടത്.

അറവ് നടത്തുമ്പോഴും ബിസ്മി ചൊല്ലണം. അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് അറുത്ത മാംസമെ കഴിക്കാന്‍ അനുവാദമുള്ളൂ. അല്ലാഹുവിന്റെ നാമത്തില്‍ അറുത്തതല്ലെങ്കില്‍ അത് കഴിക്കല്‍ നിഷിദ്ധവുമാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍  (അല്ലാഹുവോട്) പങ്കുചേര്‍ക്കുന്നവരായിപ്പോകും” (6:121).

അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്ത മാംസം ശവമാണ്. അത് കഴിക്കല്‍ നിഷിദ്ധവുമാണ്. എന്നാല്‍ അതില്‍ എന്താണ് കുഴപ്പം. ‘അറുത്തതായാലും അല്ലാതെ ചത്തതായാലും രണ്ടും ജീവന്‍ പോയതല്ലേ. ഒന്ന് അനുവദനീയവും മറ്റേത് നിഷിദ്ധവുമാകുന്നതില്‍ എന്ത് യുക്തിയാണുള്ളത്’ എന്ന് മതയുക്തിവാദികളോ മറ്റാരെങ്കിലുമോ പൈശാചിക പ്രേരണയാല്‍ കുതര്‍ക്കം നടത്തിയേക്കാന്‍ സാധ്യതയുണ്ട്. അത്തരക്കാരെ അനുസരിച്ച് അല്ലാഹുവിന്റെ കല്‍പനക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള താക്കീത് ഈ വചനത്തില്‍ നാം കാണുന്നു. 

വേട്ടക്കായി പരിശീലിപ്പിച്ചെടുത്ത നായയെ ബിസ്മി ചൊല്ലി വിടുകയും അത് മൃഗത്തെ പിടിച്ചു കൊണ്ടുവരികയും ചെയ്താല്‍ ആ മൃഗത്തെ ഭക്ഷിക്കല്‍ അനുവദിക്കപ്പെട്ടതാകുന്നു. എന്നാല്‍ ആ വേട്ട നായ അതില്‍ നിന്നും വല്ലതും കഴിച്ചിട്ടുണ്ടെങ്കില്‍ അത് നമുക്ക് കഴിക്കാവതല്ല. 

വുദൂഅ് ചെയ്യുന്നതിന് മുമ്പ് ബിസ്മില്ലാഹ് എന്ന് പറയണം. മനഃപൂര്‍വം അത് ഉപേക്ഷിക്കാന്‍ പാടില്ല. രോഗിക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോഴും ബിസ്മി ചൊല്ലാന്‍ നബിﷺ നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഉസ്മാനുബ്‌നു അബില്‍ആസ്വ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം മുസ്‌ലിമായത് മുതല്‍ അദ്ദഹത്തിന്റെ ശരീരത്തില്‍ അനുഭവിക്കുന്ന ഒരു വേദനയെ തൊട്ട് അല്ലാഹുവിന്റെ ദൂതനോട് പരിഹാരം ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തോട് നബിﷺ പറഞ്ഞു: ”നീ നിന്റെ കൈ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് വെക്കുക, (എന്നിട്ട്) മൂന്ന് തവണ ‘ബിസ്മില്ലാഹ്’ എന്ന് പറയുക. (ശേഷം) ഏഴ് തവണ ഞാന്‍ അനുഭവിക്കുന്നതിന്റെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ പേടിക്കുന്നതില്‍നിന്നും അല്ലാഹുവില്‍ അവന്റെ(പ്രത്യേകമായ) ക്വുദ്‌റത്തിനാല്‍ ഞാന്‍ കാവല്‍ തേടുന്നു’ എന്നും പറയുക” (മുസ്‌ലിം).

നബിﷺ പറഞ്ഞുതന്ന ഈ ദിക്ര്‍ നാം ശീലമാക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ റസൂലിﷺനെ പിന്‍പറ്റിയതിനുള്ള കൂലിയും അല്ലാഹു നിശ്ചയിച്ചതാണെങ്കില്‍ ശമനവും നമുക്ക് ലഭിക്കുന്നതാണ്. ഉസ്മാന്‍(റ)വിന് ഈ ദിക്ര്‍ ചൊല്ലിയതിന് ശേഷം ആ വേദന ഉണ്ടായിട്ടില്ലെന്നതില്‍ നിന്ന് അദ്ദേഹത്തിന്റെ ദൃഢമായ ഈമാനും ആ പ്രാര്‍ഥനയുടെ മഹത്ത്വവും നമുക്ക് വ്യക്തമാകുന്നു. ചെറിയ കുട്ടികള്‍ക്ക് വേദന വരുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ഇപ്രകാരം ചെയ്ത് കൊടുക്കാവുന്നതാണ്. (ചികിത്സയും മരുന്ന് കഴിക്കലും ഒഴിവാക്കണമെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം). 

നബിﷺക്ക് വല്ല രോഗവും വരുമ്പോള്‍ ജീബ്‌രീല്‍(അ) വന്ന് പ്രാര്‍ഥിച്ചിരുന്നതായി ഹദീഥുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.

നബിﷺയുടെ ഭാര്യയായ ആഇശ(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ﷺ രോഗിയായാല്‍ ജിബ്‌രീല്‍ അവിടുത്തെ മന്ത്രിച്ചുകൊണ്ട് ‘അല്ലാഹുവിന്റെ നാമത്തില്‍, (അല്ലാഹു) അങ്ങേക്ക് ശമനം നല്‍കട്ടെ, എല്ലാ രോഗത്തില്‍ നിന്നും അങ്ങേക്ക് (അല്ലാഹു) ശമനം നല്‍കുമാറാകട്ടെ. അസൂയാലു അസൂയപ്പെടുമ്പോള്‍ (അതിന്റെ) കെടുതിയില്‍ നിന്നും എല്ലാ ദുഷിച്ച കണ്ണുകളുടെ കെടുതിയില്‍ നിന്നും (അല്ലാഹു ശമനം നല്‍കുമാറാകട്ടെ) എന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു” (മുസ്‌ലിം).

ഈ പ്രാര്‍ഥനയുടെ തുടക്കത്തിലും ബിസ്മിയാണുള്ളതെന്ന് ശ്രദ്ധിക്കുക. അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്നതിന്റെ പ്രാധാന്യമാണ് ഇതില്‍നിന്നെല്ലാം നാം ഗ്രഹിക്കേണ്ടത്.

ഈ പ്രാര്‍ഥനയുടെ അവസാനഭാഗം ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ദുഷിച്ച കണ്ണുകളുടെ കെടുതിയില്‍ നിന്നും രക്ഷതേടലാണത്. കണ്ണേറ് ഒരു യാഥാര്‍ഥ്യമാണ്. അല്ലാഹു ഈ ലോകത്ത് ഓരോ പ്രതിഭാസത്തിനും വ്യത്യസ്തമായ കാരണങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്. അവയെല്ലാം മനുഷ്യന്റെ അല്‍പബുദ്ധിയുടെ പഠനത്തിനോ അന്വേഷണത്തിനോ വിധേയപ്പെടുത്താന്‍ കഴിയുന്നവയാകണമെന്നില്ല. വിശ്വാസികളുടെ പ്രത്യേകത അല്ലാഹുവും റസൂലും അറിയിച്ചിട്ടുണ്ടെങ്കില്‍ തെല്ലും സംശയമില്ലാതെ സത്യമാണെന്ന ഉറച്ച വിശ്വാസത്തോടെ അവ സ്വീകരിക്കലാകുന്നു.

ഒരാള്‍ക്ക് വല്ല ഉപദ്രവവും ഉണ്ടായാല്‍  അത് കണ്ണേറ് തട്ടിയതാണെന്ന് നമുക്ക് ഉറപ്പിച്ച് പറയുവാനും സാധിക്കില്ല. എന്നാല്‍ സംശയിക്കപ്പെടുന്ന അവസ്ഥയാണെങ്കില്‍ അതിനുള്ള പ്രതിവിധി എന്താണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ഏതെങ്കിലും കോലം നാട്ടുകയോ, കിരിങ്കണ്ണാ നോക്ക് എന്നത് പോലെയുള്ള ഏതെങ്കിലും വാചകങ്ങള്‍ എഴുതി വെക്കലോ, മുട്ടറുക്കലോ, ഹോമം നടത്തലോ, ചരട് കെട്ടലോ, കുപ്പി സ്ഥാപിക്കലോ ഒന്നുമല്ല അതിനുള്ള പരിഹാരം. എല്ലാം സൃഷ്ടിച്ച അല്ലാഹുവിനോട് മാത്രം പ്രയാസങ്ങള്‍ നീക്കിത്തരാന്‍ പ്രാര്‍ഥിക്കുകയാണ് വേണ്ടത്. അതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

സുലൈമാന്‍ നബി (അ) – 02​

സുലൈമാന്‍ നബി (അ) - 02

ഹുദ്ഹുദ്

സുലൈമാന്‍ നബി(അ) തന്റെ സൈന്യ സമേതമുള്ള യാത്രയില്‍ ഉണ്ടായ മറ്റൊരു സംഭവം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു; എന്തുപറ്റി? മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലം വിട്ടു പോയ കൂട്ടത്തിലാണോ? ഞാനതിന് കഠിനശിക്ഷ നല്‍കുകയോ, അല്ലെങ്കില്‍ അതിനെ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അതെനിക്ക് ബോധിപ്പിച്ചു തരണം” (27:20,21).

സുലൈമാന്‍ നബി(അ)യുടെ സൈന്യത്തില്‍ പക്ഷികളും ഉണ്ടായിരുന്നല്ലോ. തന്റെ സൈന്യങ്ങളെ പരിശോധിക്കുന്ന വേളയില്‍ പക്ഷികളുടെ കൂട്ടത്തില്‍ ഹുദ്ഹുദിനെ (മരംക്കൊത്തിയെ) കാണുന്നില്ല. സര്‍വസൈന്യാധിപനായ സുലൈമാന്‍ നബി(അ)യെ അറിയിക്കാതെ ഹുദ്ഹുദ് എവിടേക്കോ പോയി. അതിനാല്‍ തന്നെ ഹുദ്ഹുദിനെതിരില്‍ ശക്തമായ നടപടി സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. ശിക്ഷയില്‍ നിന്ന് രക്ഷലഭിക്കണമെങ്കില്‍ വ്യക്തമായ കാരണം ബോധിപ്പിേക്കണ്ടതുണ്ട്. 

കുപ്പിയിലുള്ള വസ്തുവിനെ ഒരു സാധാരണക്കാരന് കാണാന്‍ കഴിയുന്നത് പോലെ മഹാന്മാര്‍ക്ക് നമ്മുടെ ഹൃദയത്തിലുള്ള കാര്യങ്ങള്‍ അറിയാന്‍ കഴിയും എന്ന് അവരെ പറ്റി ബഹുമാനിച്ചും ആദരിച്ചും പലരും ചൊല്ലിപ്പറയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇത് ഇസ്‌ലാം പഠിപ്പിക്കുന്ന യഥാര്‍ഥ വിശ്വാസത്തിന് എതിരാകുന്നു. മഹാന്മാരുടെ ചരിത്രം ക്വുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തതിനാലാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ജനങ്ങള്‍ അടിമപ്പെട്ടിരിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നുള്ള എത്രയെത്ര അനുഗ്രഹങ്ങള്‍ കിട്ടിയ നബിയാണ് സുലൈമാന്‍(അ). അദ്ദേഹം മഹാനല്ല എന്ന് ഒരു മുസ്‌ലിമിന് വിശ്വസിക്കാന്‍ കഴിയില്ലല്ലോ. ഹുദ്ഹുദിന്റെഅസാന്നിധ്യം കണ്ടപ്പോള്‍ അദ്ദേഹം അതിന് എന്തുപറ്റി എന്ന് ചോദിക്കുന്നു. ഹുദ്ഹുദ് എവിടെയാണെന്ന് അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞില്ല. കാരണം അല്ലാഹു അറിയിച്ചാലല്ലാതെ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നില്ല. 

ഹുദ്ഹുദിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ പ്രവാചകനും രാജാവുമായിരുന്ന അദ്ദേഹത്തിന് അറിയില്ലായിരുന്നു; ഒരു വമ്പിച്ച വര്‍ത്തമാനവുമായി ഹുദ്ഹുദ് അവിടെ എത്തുമെന്ന്. 

”എന്നാല്‍ അത് എത്തിച്ചേരാന്‍ അധികം താമസിച്ചില്ല. എന്നിട്ട് അത് പറഞ്ഞു: താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്. സബഇല്‍ നിന്ന് യഥാര്‍ഥമായ ഒരു വാര്‍ത്തയും കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാകാര്യങ്ങളില്‍ നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അവള്‍ക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്. അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്. പിശാച് അവര്‍ക്ക്  തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല. ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞു കിടക്കുന്നത് പുറത്ത് കൊണ്ട് വരികയും നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ പ്രണാമം ചെയ്യാതിരിക്കുവാന്‍ വേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു). മഹത്തായ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല” (ക്വുര്‍ആന്‍ 27:22-26).

സുലൈമാന്‍(അ) ഹുദ്ഹുദിനെ പറ്റി സംസാരിച്ച് സമയം അധികം ആയില്ല. അപ്പോഴേക്കും ഹുദ്ഹുദ് അവിടെ പാറി വന്നു. എന്നിട്ട് സുലൈമാന്‍(അ)നോട് താന്‍ കണ്ട വിവരങ്ങളെല്ലാം വിവരിച്ചു. ‘യമനിലെ സബഅ് എന്ന ദൂരദേശത്ത് നിന്നും ഒരു ഉറപ്പുള്ള വാര്‍ത്തയുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ആ വാര്‍ത്ത നിങ്ങള്‍ സൂക്ഷ്മമായി അറിയാത്തതുമാകുന്നു.’ ദൂര ദേശത്തുള്ള ഒരു കാര്യം സുലൈമാന്‍(അ) അറിയണമെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനം വേണമല്ലോ. അത് അദ്ദേഹത്തിന് എത്താത്തതിനാല്‍ അതിനെ പറ്റി അദ്ദേഹത്തിന് അറിയില്ലെന്ന് ആ പക്ഷിക്കും മനസ്സിലായി. തുടര്‍ന്ന് സബഇല്‍ കണ്ട ആ കാഴ്ച ഹുദ്ഹുദ് വിവരിക്കാന്‍ തുടങ്ങി. സബഇലെ ഭരണ സംവിധാനത്തെ സംബന്ധിച്ചാണ് ഹുദ്ഹുദ് ആദ്യം സംസാരിച്ചത്. ‘സബഇലെ ആളുകളെ ഭരിക്കുന്ന ഒരു റാണിയെ ഞാന്‍ കാണുകയുണ്ടായി. അവള്‍ക്ക് അവിടെ ഭരണം നടത്താനുള്ള എല്ലാ സൗകര്യങ്ങളും നല്‍കപ്പെട്ടിട്ടുമുണ്ട്. മാത്രവുമല്ല, അവള്‍ക്ക് വമ്പിച്ച ഒരു സിംഹാസനവും ഉണ്ട്.’ തുടര്‍ന്ന് അവളുടെയും അവളുടെ ജനതയുടെയും വിശ്വാസ സംബന്ധമായ കാര്യങ്ങളും അറിയിച്ചു. ‘അല്ലാഹുവിനെ കൂടാതെ സൂര്യനെ നമിക്കുന്ന ബഹുദൈവ വിശ്വാസികളാണ് അവര്‍. അവരുടെ ചെയ്തികളെ പിശാച് അവര്‍ക്ക് അലങ്കാരമാക്കിയിരിക്കുന്നു, അവരെ അവന്‍ വഴികേടിലാക്കിയിരിക്കുന്നു.’ 

തുടര്‍ന്ന് അല്ലാഹുവിനെ മാത്രമെ വണങ്ങാവൂ എന്നതിന്റെ കാരണവും അത് വിവരിക്കുന്നുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നും ധാരാളം പേര്‍ അല്ലാഹുവിനെ മാത്രം വണങ്ങേണ്ടുന്നതിന് പകരം അല്ലാഹുവിന്റെ പടപ്പുകളില്‍ ചിലരെയും വണങ്ങുന്നു; ആരാധനകള്‍ അര്‍പ്പിക്കുന്നു. 

ഹുദ്ഹുദ് എന്ന ഈ പക്ഷിക്ക് ഭൂഗര്‍ഭജലം എവിടെയാണ് ഉള്ളതെന്ന് മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു നല്‍കിയിരുന്നു എന്നും സുലൈമാന്‍ നബി(അ)യോട് സൈന്യത്തിന് വെള്ളം ആവശ്യമായി വരുന്ന സമയത്ത് അതിനെ പറ്റി ഹുദ്ഹുദ് പറയാറുണ്ടായിരുന്നു എന്നും ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ഹുദ്ഹുദിന് ഇങ്ങനെ ഒരു കഴിവ് ഉണ്ടായിട്ടും അത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന വേളയില്‍ അല്ലാഹുവാണ് ആകാശ ഭൂമികള്‍ക്ക് ഉള്ളില്‍ നിന്നും മറഞ്ഞു കിടക്കുന്നവയെ പുറത്ത് കൊണ്ടുവരുന്നവന്‍ എന്ന് പറയുന്നത് ശ്രദ്ധിക്കുക. ഹുദ്ഹുദിനും അറിയാം തനിക്കുള്ള ഈ കഴിവ് അല്ലാഹു നല്‍കിയതാണെന്ന്.

സബഇലെ രാജ്ഞിയെ പറ്റിയുള്ള വിവരം ഹുദ്ഹുദ് അറിയിച്ചപ്പോള്‍ അതിന്റെ യാഥാര്‍ഥ്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായി. അതിനാല്‍ അദ്ദേഹം പറഞ്ഞു:

”…നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം” (ക്വുര്‍ആന്‍ 27:27).

ഹുദ്ഹുദ് പറഞ്ഞത് സത്യമാണോ അല്ലേ എന്ന് ഉറപ്പിക്കുവാന്‍ സുലൈമാന്‍ നബി(അ)ക്ക് ശരിയായ അന്വേഷണം ആവശ്യമായി വന്നത്, അദ്ദേഹത്തിന് മറഞ്ഞ കാര്യങ്ങള്‍ അറിയാനുള്ള കഴിവില്ലാത്തതിനാലാണെന്ന് വ്യക്തം. 

സബഇലെ രാജ്ഞിയെ പറ്റിയും ആ നാട്ടുകാരെ പറ്റിയും നല്‍കിയ വിവരണത്തിന്റെ വസ്തുത അറിയുന്നതിനായി സുലൈമാന്‍(അ) ഹുദ്ഹുദിന്റെ അടുത്ത് ഒരു കത്ത് കൊടുത്തു വിട്ടു.

എല്ലാ പ്രവാചകന്മാരും അതാത് സമൂഹത്തിലേക്ക് അല്ലാഹുവിന്റെ സന്ദേശവുമായി ചെല്ലുന്ന വേളയില്‍ ആ നാടിന്റെ ഭരണാധികാരികള്‍ക്കും സന്ദേശം എത്തിക്കുന്നതില്‍ അതീവ ശ്രദ്ധ കാണിച്ചിരുന്നു. നേരില്‍ കാണാന്‍ കഴിഞ്ഞ രാജാക്കന്മാരെ നേരില്‍ കണ്ടു. അല്ലാത്തര്‍ക്ക് എഴുത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും എത്തിച്ചുകൊടുത്തു.  ഇബ്‌റാഹീം(അ), അന്നത്തെ രാജാവായി അറിയപ്പെട്ടിരുന്ന നംറൂദിന്റെ സന്നിധിയില്‍ അല്ലാഹുവിന്റെ സന്ദേശം എത്തിച്ചതും അവിടെ നടന്ന സംവാദവും നാം ഇബ്‌റാഹീം നബി(അ)യുടെ ചരിത്രത്തില്‍ വിവരിച്ചിട്ടുണ്ട്. അതുപോലെ മൂസാ നബി(അ) ഫിര്‍ഔനെന്ന സ്വേച്ഛാധിപതിയുടെ മുന്നില്‍ ധീരതയോടെ അല്ലാഹുവാണ് ഏക ആരാധ്യനെന്ന സത്യം ഉത്‌ഘോഷിച്ചതും നാം വിവരിച്ചിട്ടുണ്ട്.

മഹാനായ മുഹമ്മദ് നബിﷺയുടെ അടുത്തേക്ക് മറുനാടുകളില്‍ നിന്നുള്ള നിവേദക സംഘം എത്തുമ്പോള്‍ അദ്ദേഹം അവരെ പ്രത്യേകം പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്ത് അവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുവാന്‍ ശ്രമിച്ചിരുന്നു. നേരില്‍ കാണാന്‍ കഴിയാത്ത ഇതര രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് അവിടുന്ന് എഴുത്ത് കൊടുത്തയക്കാറുമുണ്ടായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായ ഹിര്‍ക്വലിനും നജ്ജാശി രാജാവിനും കിസ്‌റ, കൈസര്‍ ചക്രവര്‍ത്തിമാര്‍ക്കും സന്ദേശം കൊടുത്തയച്ചിരുന്നു. നബിﷺയുടെ എഴുത്ത് കിട്ടിയപ്പോള്‍ മുസ്‌ലിമായവരും അഹങ്കാരത്തോടെ എഴുത്ത് പിച്ചിച്ചീന്തിയവരും ഉണ്ടായിട്ടുണ്ട്. കടുത്ത അവഗണന നേരിട്ടപ്പോഴും നബിﷺ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം തുടര്‍ന്നു പോന്നു.

സുലൈമാന്‍നബി(അ)ക്ക് മറുനാട്ടിലെ രാജ്ഞിയുടെയും പ്രജകളുടെയും വിശ്വാസത്തിലെ അപകടത്തെ സംബന്ധിച്ചുള്ള വിവരം ഹുദ്ഹുദിലൂടെ ലഭിച്ചപ്പോള്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് സുലൈമാന്‍(അ) ഒരു കത്ത് എഴുതുകയാണ്. ആ എഴുത്ത് ഹുദ്ഹുദിനെ ഏല്‍പിച്ചു. എന്നിട്ട് ഇപ്രകാരം സുലൈമാന്‍(അ) പറഞ്ഞു:

”നീ എന്റെ ഈ എഴുത്ത് കൊണ്ടു പോയി അവര്‍ക്ക്  ഇട്ടുകൊടുക്കുക. പിന്നീട് നീ അവരില്‍ നിന്ന് മാറി നിന്ന് അവര്‍ എന്ത് മറുപടി നല്‍കുന്നു എന്ന് നോക്കുക” (ക്വുര്‍ആന്‍ 27:28).

സുലൈമാന്‍(അ) എഴുതിയ ആ കത്തില്‍ എന്താണ് ഉള്ളതെന്ന് ഈ സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ശേഷം വരുന്ന സൂക്തങ്ങളില്‍ നിന്ന് നമുക്ക് അത് മനസ്സിലാക്കാവുന്നതാണ്.

ഹുദ്ഹുദ് എന്നത് സുലൈമാന്‍ നബി(അ)യുടെ സൈന്യത്തിലെ രഹസ്യാന്വേഷണ വകുപ്പ് കൈകാര്യം ചെയ്ത ഒരു മനുഷ്യനാണെന്ന് ചില മതയുക്തിവാദികള്‍ ദുര്‍വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് വാസ്തവ വിരുദ്ധമാണ്. ഇവര്‍ ദുര്‍വ്യാഖ്യാനിക്കുന്നത് പോലെ ഹുദ്ഹുദ് ഒരു മനുഷ്യനല്ല. കാരണം സുലൈമാന്‍(അ) ഹുദ്ഹുദിനോട് കല്‍പിക്കുന്നത് ‘നീ എന്റെ ഈ എഴുത്ത് കൊണ്ടു പോയി അവര്‍ക്ക്  ഇട്ടുകൊടുക്കുക’ എന്നാണ്. ഒരു മനുഷ്യനായ ദൂതനോട് ഒരു രാജാവിനുള്ള കത്ത് കൊണ്ടുപോയി ‘ഇട്ടു കൊടുക്കുവാന്‍’ കല്‍പിക്കുമോ? 

കത്ത് അവരിലേക്ക് ഇട്ട് കൊടുക്കണമെന്നും എന്നിട്ട് അവിടെ നിന്നും അല്‍പം മാറിനിന്ന് രംഗം നിരീക്ഷിക്കണമെന്നും എന്താണ് എന്റെ കത്തിന് അവരുടെ പ്രതികരണമെന്നും നീ നന്നായി അറിയണം എന്ന് സുലൈമാന്‍(അ) ഹുദ്ഹുദിന് നിര്‍ദേശം നല്‍കി.

കല്‍പന പ്രകാരം ഹുദ്ഹുദ് യമനിലെ സബഅ് പ്രദേശത്തേക്ക് കത്തുമായി പാറി. രാജ്ഞിയുടെ സന്നിധിയിലേക്ക് ഹുദ്ഹുദ് ആ കത്ത് ഇട്ടുകൊടുത്തു. അതിന് ശേഷം അത് അവിടെ നിന്ന് പോകുകയും ചെയ്തു.

കയ്യില്‍ കിട്ടിയ കത്ത് രാജ്ഞി വായിച്ചു. വായിച്ചു നോക്കിയപ്പോള്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഗൗരവപ്പെട്ട ചില കാര്യങ്ങളാണ് കാണാന്‍ കഴിഞ്ഞത്. മാന്യമാണ് ആ എഴുത്തിന്റെ ശൈലി. മനസ്സിനെ സ്വാധീനിക്കാന്‍ പര്യാപ്തമായ വാക്കുകള്‍. ഒരു രാജാവിന്റെ കല്‍പനയുടെ എല്ലാ ഘടകങ്ങളും ആ കത്തില്‍ അടങ്ങിയിട്ടുമുണ്ട്. ബില്‍ക്കീസ് രാജ്ഞി പരിഭ്രമിച്ചു. അവര്‍ ബേജാറായി. എന്തു ചെയ്യും? ഇതൊരു സാധാരണ എഴുത്തല്ലല്ലോ. ഇത്രകാലം സബഅ് ഭരിച്ചിട്ട് താന്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. കത്തിന്റെ ഉള്ളടക്കവും ശൈലിയും അവരില്‍ അസ്വസ്ഥത സൃഷ്ടിച്ചു.

സബഇന്റെ രാജ്ഞിയാണെങ്കിലും അവര്‍ ഒരു സ്വേച്ഛാധിപതിയല്ല. അവര്‍ എന്തൊരു തീരുമാനം എടുക്കുന്നതിനും ദര്‍ബാറിലെ പ്രമുഖരുമായി കൂടിയാലോചന നടത്തുന്ന ആളാണെന്നാണ് ക്വുര്‍ആനിന്റെ പ്രതിപാദന രീതിയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. അങ്ങനെ കൂടിയാലോചനക്കായി ബന്ധപ്പെട്ടവരെയെല്ലാം രാജ്ഞി വിളിച്ചു ചേര്‍ത്തു.

”അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്മാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു. അത് സുലൈമാന്റെ പക്കല്‍ നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും കീഴൊതുങ്ങിയവരായിക്കൊണ്ട് (മുസ്‌ലിംകളായിക്കൊണ്ട്) നിങ്ങള്‍ എന്റെ അടുത്ത് വരികയും ചെയ്യുക” (ക്വുര്‍ആന്‍ 27:29-31).

‘ഉല്‍ക്വിയ ഇലയ്യ’ എന്നതിന് ‘എന്നിലേക്ക് ഇടപ്പെട്ടിരിക്കുന്നു’ എന്നതാണ് നേര്‍ക്കുനേരെയുള്ള അര്‍ഥം. ഒരു രാജാവും മറ്റൊരു രാജാവിന് കത്ത് ഇട്ടു കൊടുക്കില്ലല്ലോ. 

രാജ്ഞി പ്രമുഖരെ വിളിച്ചു ചേര്‍ത്ത് തനിക്ക് ലഭിച്ച കത്തിലെ ഉള്ളടക്കം അവരെ വായിച്ചു കേള്‍പിച്ചു. 

മുസ്‌ലിംകളായി നിങ്ങള്‍ എന്റെ അടുത്ത് വരണം എന്ന് പറഞ്ഞതിന് പണ്ഡിതന്മാര്‍ രണ്ട് രൂപത്തില്‍ വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. രണ്ടും ക്വുര്‍ആനിന്റെ ആശയത്തോട് പൊരുത്തപ്പെടുന്നത് തന്നെയാണ്. ഞാന്‍ പറയുന്ന കല്‍പനകള്‍ അനുസരിച്ചു കൊണ്ട്, ഈ രാഷ്ട്രത്തിന് കീഴടങ്ങി ഈ രാജ്യത്തേക്ക് വളരെ വിനയത്തോടെ വരണം എന്നതാണ് അതിലെ ഒരു വ്യാഖ്യാനം. അല്ലാഹുവിനു പുറമെയുള്ളവരെ ആരാധിക്കുന്ന സമ്പ്രദായം ഒഴിവാക്കി അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരായി, മുസ്‌ലിംകളായി നിങ്ങള്‍ എന്റെ അടുത്തേക്ക് വരണം എന്നതാണ് രണ്ടാമത്തെ വ്യാഖ്യാനം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

സുലൈമാന്‍ നബി(അ) – 01​

സുലൈമാന്‍ നബി(അ) - 01

ദാവൂദ് നബി(അ)ക്ക് ധാരാളം സന്തതികള്‍ ഉണ്ടായിരുന്നു. അവരില്‍ ഏറെ പ്രത്യേകതകളുള്ള ആളായിരുന്നു സുലൈമാന്‍(അ). അദ്ദേഹത്തിന്റെ നാമം ക്വുര്‍ആനില്‍ പതിനേഴ് തവണ പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഒരു സ്ഥലത്ത് അല്ലാഹു ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്:

”സുലൈമാന്‍ ദാവൂദിന്റെ അനന്തരാവകാശിയായി…” (27:16).

ദാവൂദ് നബി(അ)യില്‍ നിന്ന് സുലൈമാന്‍(അ) അനന്തരമെടുത്തത് എന്താണെന്ന് പറഞ്ഞിട്ടില്ല. ധനമായിരുന്നോ അദ്ദേഹം അനന്തരം എടുത്തത്? ഒരിക്കലുമല്ല! കാരണം, നബിമാര്‍ വിട്ടേച്ചു പോകുന്ന ധനത്തിന്റെ അനന്തരാവകാശം സന്താനങ്ങള്‍ക്ക് ലഭിക്കില്ല; അത് അല്ലാഹു നിയമമാക്കിയതാണ്. നബിﷺ പഠിപ്പിച്ചതായി ബുഖാരിയിലും മുസ്‌ലിമിലുമെല്ലാം നമുക്ക് ഇപ്രകാരം കാണാവുന്നതാണ്. ഞങ്ങള്‍ (പ്രവാചകന്മാര്‍) അനന്തരമെടുക്കപ്പെടുന്നവരല്ലെന്നും ഞങ്ങള്‍ ഉപേക്ഷിക്കുന്നത് സ്വദക്വയാണെന്നും അവിടുന്ന് അരുളിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അനന്തരെടുക്കത്തക്ക വിധത്തില്‍ പ്രവാചകന്മാര്‍ സമ്പത്ത് വിട്ടേച്ചു പോകുന്നവരല്ല എന്നര്‍ഥം.

”തീര്‍ച്ചയായും പണ്ഡിതന്മാര്‍ നബിമാരെ അനന്തരമെടുക്കുന്നവരാകുന്നു. തീര്‍ച്ചയായും പ്രവാചകന്മാര്‍ ദിനാറോ ദിര്‍ഹമോ അനന്തരമാക്കി പോകുന്നവരല്ല. നിശ്ചയമായും അവര്‍ അനന്തരമാക്കുന്നത് അറിവിനെയാകുന്നു” (മിശ്കാത്ത്).

ദാവൂദ് നബി(അ)ക്ക് പതിനെട്ടോളം മക്കളുണ്ടായിരുന്നെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അവരില്‍ സുലൈമാന്‍ എന്ന പുത്രനെ മാത്രം പരാമര്‍ശിച്ചതില്‍ നിന്ന് സമ്പത്തല്ല ഇവിടെ ഉദ്ദേശം എന്ന് വ്യക്തമാണല്ലോ. അതുപോലെ പിതാവ് മരണപ്പെട്ടാല്‍ മക്കള്‍ അനന്തരമെടുക്കുമെന്നതും പ്രത്യേകം എടുത്തു പറയേണ്ടതുമില്ല. അപ്പോള്‍, നബിﷺ വിവരിച്ചത് പോലെ പ്രവാചകന്മാര്‍ ഇവിടെ സമ്പത്ത് അനന്തര സ്വത്തായി ഉപേക്ഷിച്ചു പോകുന്നവരല്ല. അറിവാണ് അവര്‍ വിട്ടേച്ചു പോകുന്നത്. അഥവാ, ദാവൂദ് നബി(അ)യില്‍ നിന്ന് മകന്‍ സുലൈമാന്‍ അനന്തരമെടുത്തത് അറിവിനെയും വിവേകത്തെയുമാണ്. പ്രവാചകത്വ പദവിയും അല്ലാഹു അദ്ദേഹത്തിന് നല്‍കി അനുഗ്രഹിച്ചു.

ഓരോ പ്രവാചകനും വ്യത്യസ്തങ്ങളായ പ്രത്യേകതകള്‍ അല്ലാഹു നല്‍കിയത് നമുക്ക് കാണാന്‍ കഴിയും. അപ്രകാരം സുലൈമാന്‍ നബി(അ)ക്കും അല്ലാഹു ചില പ്രത്യേകതകള്‍ നല്‍കിയിരുന്നു. ക്വുര്‍ആന്‍ അത് സംബന്ധമായി പറയുന്നത് കാണുക:

”സുലൈമാന്‍ ദാവൂദിന്റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളില്‍ നിന്നും നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഇത് തന്നെയാകുന്നു പ്രത്യക്ഷമായ അനുഗ്രഹം” (27:16).

സുലൈമാന്‍(അ), അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹങ്ങളെ ജനങ്ങളുടെ മുന്നില്‍ അറിയിക്കുന്നതാണ് ഈ വചനത്തിലൂടെ നാം കാണുന്നത്. അല്ലാഹു അദ്ദേഹത്തിന് പക്ഷികളുടെ സംസാരം പഠിപ്പിച്ചു കൊടുത്തിരുന്നു എന്നത് അതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

സുലൈമാന്‍ നബി(അ)യുടെ സൈന്യത്തിലെ അംഗങ്ങള്‍  മനുഷ്യര്‍ മാത്രമായിരുന്നില്ല. അല്ലാഹു പറയുന്നു:

”സുലൈമാന്ന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു” (ക്വുര്‍ആന്‍ 27:17).

സൂലൈമാന്‍ നബി(അ)യുടെ സൈന്യത്തില്‍ ജിന്നുകളും മനുഷ്യരും പക്ഷികളും ഉണ്ടായിരുന്നു എന്നാണ് ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നത്.

അല്ലാഹു അവന്റെ ഓരോ സൃഷ്ടിക്കും അതിന്റെതായ കഴിവും പ്രകൃതവും നല്‍കിയവനാണ്. അത് അനുസരിച്ച് ഓരോ സൃഷ്ടിയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പല സൃഷ്ടികളും പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നുണ്ട്. പലതിനെ പറ്റിയും നാം അറിയുന്നു. പലതിനെ പറ്റിയും നാം അജ്ഞരുമാണ്. നമുക്ക് സാധാരണ നിലയില്‍ കാണാന്‍ കഴിയാത്ത ഒരു സൃഷ്ടി അല്ലാഹു അതിന് നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍ നമ്മില്‍ ഇടപെടുന്നുണ്ടെന്ന് വിശ്വസിക്കുന്നത് മറഞ്ഞ മാര്‍ഗത്തിലൂടെ അല്ലാഹുവിന് മാത്രമെ നമ്മില്‍ ഇടപെടാന്‍ സാധിക്കൂ എന്ന വിശ്വാസത്തിന് എതിരല്ല. അഥവാ തൗഹീദിന് വിരുദ്ധമല്ല. മറഞ്ഞ മാര്‍ഗവും തെളിഞ്ഞ മാര്‍ഗവും നാം വേര്‍തിരിക്കേണ്ടത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണോ അല്ലയോ എന്ന് നോക്കിയാണ്. 

ജിന്നുകളും മലക്കുകളും അഭൗതികസൃഷ്ടികളാണെന്നും അവര്‍ നമ്മില്‍ ഇടപെടുന്നുണ്ട് എന്ന് വിശ്വസിക്കുന്നത് ശിര്‍ക്ക് ആണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ‘ജിന്നുകളെ അല്ലാഹു സുലൈമാന്‍ നബി(അ)ക്ക് കീഴ്‌പെടുത്തി കൊടുത്തില്ലേ? അത് അദ്ദേഹത്തിന് അല്ലാഹു നല്‍കിയ മുഅ്ജിസത്താണ്. മുഅ്ജിസത്ത് കാര്യകാരണ ബന്ധത്തിന് അപ്പുറത്തുള്ളതുമാണ്. അപ്പോള്‍ ജിന്നുകള്‍ കാര്യകാരണ ബന്ധത്തിന് അപ്പുറത്തല്ലേ? അതിനാല്‍ അവര്‍ നമ്മില്‍ ഇടപെടാന്‍ കഴിയും എന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാണ്’ എന്നാണ് ഇവരുടെ വ്യാഖ്യാനം.

ഉപരിസൂചിത ക്വുര്‍ആന്‍ വചനത്തില്‍ അല്ലാഹു സുലൈമാന്‍ നബി(അ)ക്ക് കീഴ്‌പെടുത്തി കൊടുത്തതിന്റെ കൂട്ടത്തില്‍ ജിന്നുകള്‍ മാത്രമാണോ ഉള്ളത്? പക്ഷികളെയും കൂട്ടത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. പക്ഷികള്‍ക്ക് നമ്മില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെടാന്‍ കഴിയും എന്നതില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത്? എങ്കില്‍ ആ വിശ്വാസവും ശിര്‍ക്കാണെന്ന് പറയേണ്ടിവരില്ലേ? അപ്പോള്‍ ആരാണ് ശിര്‍ക്കില്‍ നിന്ന് മുക്തരാവുക? വിശ്വാസം സ്വന്തമായി ഉണ്ടാക്കി അതിനനുസരിച്ച് പ്രമാണങ്ങളെ വ്യഖ്യാനിക്കുമ്പോള്‍ സംഭവിക്കുന്ന വിവരക്കേടുകളാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.

ഇവിടെ സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്ത് ജിന്നുകളെയും മലക്കുകളെയും കീഴ്‌പെടുത്തിക്കൊടുത്തു എന്നതാണ്. അത് സാധാരണ മനുഷ്യര്‍ക്ക് സാധിക്കാത്ത കാര്യമാണല്ലോ. 

സുലൈമാന്‍ നബി(അ) തന്റെ ഈ സൈനികരെയെല്ലാം ഒരുമിച്ച് കൂട്ടുകയും അവരെ എണ്ണി പരിശോധിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു അവരെല്ലാവരും.

ഒരിക്കല്‍ അവര്‍ ഒരു യാത്ര പുറപ്പെട്ടു. ആ യാത്രക്കിടയില്‍ ഉണ്ടായ രണ്ട് സംഭവങ്ങളാണ് നംല് എന്ന അധ്യായത്തില്‍ അല്ലാഹു നമുക്ക് വിവരിച്ചു തരുന്നത്. ഈ രണ്ട് സംഭവത്തിലും അത്ഭുതകരമായ ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ യാത്രയെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിത്തേച്ചുകളയാതിരിക്കട്ടെ” (ക്വുര്‍ആന്‍ 27:18).

സുലൈമാന്‍ നബി(അ) ഉള്‍പെടുന്ന ആ സൈനികവ്യൂഹം യാത്ര പുറപ്പെട്ടു. അങ്ങനെ അവരുടെ യാത്ര ധാരാളം ഉറുമ്പുകളുള്ള ഒരു താഴ്‌വരയില്‍ എത്തി. ആ സന്ദര്‍ഭത്തില്‍ ആ ഉറുമ്പിന്‍ കൂട്ടത്തില്‍ നിന്ന് ഒന്നാണ് തന്റെ ആശങ്ക വിളിച്ചു പറഞ്ഞത്. 

ഉറുമ്പിന്റെ സംസാരം സുലൈമാന്‍(അ) കേട്ടു. അദ്ദേഹത്തിന് കാര്യം മനസ്സിലാകുകയും ചെയ്തു. എന്നാല്‍ മനുഷ്യര്‍ക്ക് അസാധ്യമായ ഈ കഴിവ് അല്ലാഹു തനിക്ക് നല്‍കിയതിന്റെ പേരില്‍ അേദ്ദഹം അഹങ്കരിച്ചില്ല. കേവലം ഒരു ഉറുമ്പിന്റെ സംസാരത്തെ കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം ചിന്തിച്ചില്ല.  

ഏതൊരു അനുഗ്രഹം ലഭിക്കുമ്പോഴും അത് നല്‍കിയവനെ ഓര്‍മിക്കലും നന്ദി കാണിക്കലുമാണ് നല്ലവരുടെ ലക്ഷണം. അത് അഹങ്കാരത്തിനോ ദുരഭിമാനത്തിനോ നിമിത്തമാക്കുന്നത് മോശപ്പെട്ടവരുടെ അടയാളമാണ്.

ഉറുമ്പിന്റെ സംസാരം സുലൈമാന്‍ നബി(അ)ക്ക് മനസ്സിലാക്കാന്‍ സാധിച്ചത് അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടര്‍ന്ന് സുലൈമാന്‍(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ്:

”അപ്പോള്‍ അതിന്റെ വാക്ക് കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്ക്കും  നീ ചെയ്ത് തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 27:19).

മൂന്നു കാര്യങ്ങള്‍ക്കായാണ് സുലൈമാന്‍(അ) അല്ലാഹുവിനോട് തേടുന്നത്. ഒന്ന്, അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ തോന്നിപ്പിക്കാന്‍. രണ്ട്, അല്ലാഹുവിന് തൃപ്തിയുള്ള സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ തോന്നിപ്പിക്കാന്‍. മൂന്ന്, സദ്‌വൃത്തരായ ദാസന്മാരുടെ കൂടെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍.

അല്ലാഹുവാണ് മുഴുവന്‍ അനുഗ്രഹങ്ങളുടെയും ഉടമസ്ഥന്‍. അത് നമ്മുടെ മനസ്സിനെ ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്ന വചനമാണ് സൂറത്തുല്‍ ഫാതിഹയിലെ ‘അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍’ (ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും) എന്നത്. ലോകത്തുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും അവയ്ക്ക് ആവശ്യമായത് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. അവനോട് നന്ദികാണിക്കല്‍ അടിമകളുടെ ബാധ്യതയാണ്. അല്ലാഹുവിന് ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കലും അല്ലാഹുവിന് ഇഷ്ടമുള്ളത് മാത്രം ചെയ്യലുമാണ് യഥാര്‍ഥമായ നന്ദികാണിക്കല്‍. അവന്‍ നല്‍കിയ അനുഗ്രഹങ്ങളെ നന്മയില്‍ മാത്രം ഉപയോഗപ്പെടുത്തല്‍ അവയുടെ പേരിലുള്ള നന്ദി പ്രകടിപ്പിക്കലാണ്. 

മനുഷ്യരില്‍ അല്ലാഹുവിന് നന്ദികാണിക്കുന്നവരില്‍ മുന്‍നിരക്കാരാണ് പ്രവാചകന്മാര്‍. അല്ലാഹുവിന് കീഴ്‌പെടുന്ന വിഷയത്തില്‍ അവരോളം ഉയരാന്‍ മറ്റുള്ളവര്‍ക്ക് കഴിയില്ല. ആ പ്രവാചകന്മാരില്‍ ഒരാളായ സുലൈമാന്‍(അ) ആണ് അല്ലാഹുവിനോട് നന്ദി കാണിക്കാന്‍ തോന്നിപ്പിക്കണേ എന്ന് പ്രാര്‍ഥിക്കുന്നത്.

‘നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‌കേമണമേ’ എന്നതാണ് അടുത്ത തേട്ടം. അല്ലാഹുവിന് തൃപ്തിയുള്ള കര്‍മങ്ങള്‍ ചെയ്യലാണല്ലോ നന്ദിയുള്ള അടിമകളുടെ സ്വഭാവം. പ്രവാചകന്മാര്‍ ആ കാര്യത്തില്‍ മുന്‍പന്തിയിലാണെന്ന കാര്യത്തില്‍ നമുക്ക് സംശയവുമില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രത്യേകമായ പാപസുരക്ഷിതത്വം നല്‍കപ്പെട്ടവരാണല്ലോ അവര്‍. അതിനാല്‍ തന്നെ തിന്മകളിലേക്ക് ഒരിക്കലും വഴുതി വീഴുന്നതല്ല അവര്‍. അതോടൊപ്പം, അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുന്നതിനായി ധാരാളം സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരുമാണ് അവര്‍. എന്നാലും  അല്ലാഹുവിനോട് അനുസരണ കാണിക്കുന്നതില്‍ വീഴ്ച സംഭവിക്കുമോ എന്ന പേടി അവര്‍ക്കുണ്ടായിരുന്നു. അത് അവരെ കൂടുതല്‍ വിനയാലുക്കളാക്കി. സല്‍കര്‍മനിരതരായി ജീവിക്കുവാന്‍ അവര്‍ ശ്രദ്ധപുലര്‍ത്തി. അതിനായി പ്രാര്‍ഥിച്ചു. നാം ചിന്തിക്കുക; അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്ന കാര്യത്തില്‍ നാം എത്ര മാത്രം ആഗ്രഹം വെച്ചുപുലര്‍ത്തുന്നുവെന്ന്.

മൂന്നാമതായി അദ്ദേഹം തേടുന്നത് ‘നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ’ എന്നാണ്. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും കൂടുതല്‍ സാമീപ്യം അര്‍ഹിക്കുന്നവരാണല്ലോ പ്രവാചകന്മാര്‍. അവര്‍ സ്വര്‍ഗാവകാശികളാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നിട്ടും സുലൈമാന്‍ നബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് നോക്കൂ! മറ്റു പ്രവാചകന്മാരും ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു എന്ന് ക്വുര്‍ആന്‍ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

സുലൈമാന്‍ നബി(അ)യും സൈന്യവും തങ്ങളുടെ സഞ്ചാരപാതയിലൂടെ വരുന്നുണ്ടെന്ന് ആ ഉറുമ്പുകള്‍ക്ക് മനസ്സിലായല്ലോ. അദ്ദേഹത്തിന്റെ പേര് പോലും മനസ്സിലായിട്ടുണ്ട് എന്നാണ് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്. 

ഉറുമ്പിന്റെ സംസാരം സുലൈമാന്‍ നബി(അ) കേട്ടു എന്നതും ഉറുമ്പ് അവരെക്കുറിച്ച് മനസ്സിലാക്കി എന്നതും ക്വുര്‍ആന്‍ വ്യക്തമാക്കിയതാണെങ്കിലും ചില മതയുക്തിവാദികള്‍ക്ക് അത് വിശ്വസിക്കാന്‍ സാധിക്കാത്ത ഒന്നാണ്. അല്ലാഹുവിന്റെ വചനങ്ങളില്‍ പലതിനെയും നേര്‍ക്കുനേര്‍ അംഗീകരിക്കാന്‍ മനസ്സ് വരാത്ത ഇക്കൂട്ടര്‍ ഈ സംഭവത്തെയും അവരുടെ പരിമിതമായ ബുദ്ധികൊണ്ട് ദുര്‍വ്യാഖ്യാനിച്ച് തള്ളിക്കളയുകയാണ് ചെയ്യുന്നത്. 

ഉറുമ്പുകള്‍ സംസാരിച്ചു എന്നതും സുലൈമാന്‍ നബി(അ)യുടെയും പട്ടാളത്തിന്റെയും വരവ് അവ മനസ്സിലാക്കി എന്നതും ഉള്‍ക്കൊള്ളാന്‍ ഇവര്‍ തയ്യാറല്ല. അതിനാല്‍ തന്നെ ക്വുര്‍ആനിന്റെ വ്യക്തമായ ഈ പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്യുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഉറുമ്പിന്റെ താഴ്‌വര (വാദിന്നംല്) എന്ന ക്വുര്‍ആനിലെ പ്രയോഗെത്ത അവിടുത്തെ ഒരു പ്രദേശത്തിന്റെ പേരായി അവര്‍ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. 

ഉറുമ്പ് എന്താണ് പറഞ്ഞത് എന്ന് അല്ലാഹു വ്യക്തമാക്കിയതാണ്. ഉറുമ്പ് സംസാരിക്കുക, ഉറുമ്പ് കാര്യങ്ങള്‍ ഗ്രഹിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവരുടെ ബുദ്ധിക്കും യുക്തിക്കും ഉള്‍കൊള്ളുവാന്‍ കഴിയുന്നില്ല. അതിനാല്‍ ഉറുമ്പ് സംസാരിച്ചു എന്നതിന് ‘നംലത്ത് ഗോത്രക്കാരിയായ ഒരു പെണ്ണ് പറഞ്ഞു’ എന്ന് ഇവര്‍ ദുര്‍വ്യാഖ്യാനിച്ചു. അതിലെ വിഡ്ഢിത്തം അവര്‍ കാണാതെ പോയി. ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിത്തേച്ചുകളയാതിരിക്കട്ടെ’ എന്നാണല്ലോ ഉറുമ്പ് പറഞ്ഞത്. നംലത്ത് ഗോത്രക്കാരിയായ പെണ്ണിന്റെ വാക്കാണിതെങ്കില്‍ എന്തായിരിക്കും ഇതിന്റെ ആശയം? സുലൈമാന്‍ നബി(അ)യുടെയും കൂടെയുള്ളവരുടെയും കണ്ണില്‍ പെടാത്തതിനാല്‍ ചവിട്ടിയരക്കപ്പെടും വിധം ചെറിയ മനുഷ്യരായിരുന്നു നംലത്ത് ഗോത്രക്കാരെന്ന്! ബുദ്ധിയുള്ളവര്‍ ചിന്തിക്കുക. 

അല്ലാഹുവിന്റെ വചനങ്ങള്‍ നബിﷺ അനുചരന്മാര്‍ക്ക് ഓതിക്കേള്‍പിച്ചപ്പോള്‍ അല്‍പം പോലും സംശയമില്ലാതെ അവര്‍ അത് സ്വീകരിക്കുകയും ഉള്‍കൊള്ളുകയുമാണ് ചെയ്തത്. അതാണ് സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ ചെേയ്യണ്ടത്. 

 

ദാവൂദ് നബി (അ) – 04​

ദാവൂദ് നബി (അ) - 04

സ്വരമാധുര്യം നല്‍കപ്പെട്ട പ്രവാചകന്‍

സംസാര ശേഷിയെ പോലെ തന്നെ പ്രധാനമാണല്ലോ ശബ്ദ ഭംഗിയും. അല്ലാഹു ദാവൂദ് നബി(അ)ക്ക്അതും നല്‍കിയിരുന്നു.

”…ദാവൂദിന് നാം സബൂര്‍ (സങ്കീര്‍ത്തനം) നല്‍കി” (ക്വുര്‍ആന്‍ 4:163). 

ദാവൂദ് നബി(അ)ക്ക് അല്ലാഹു നല്‍കിയ ഗ്രന്ഥമാണ് സബൂര്‍. അത് പാരായണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത് കേള്‍ക്കുന്നതിനായി പക്ഷികളും മറ്റു ജന്തുക്കളും അദ്ദേഹത്തിന്റെ ചുറ്റും ഇരിക്കാറുണ്ടായിരുന്നു എന്ന് ഇമാം ഔസാഈ(റഹി) പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്രയും നല്ല സ്വരമായിരുന്നു അദ്ദേഹത്തിന്റെത് എന്നര്‍ഥം. 

മുഹമ്മദ് നബിﷺ ദാവൂദ് നബി(അ)യുടെ ശബ്ദമാധുര്യത്തെ കുറിച്ച് നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അബൂമൂസല്‍അശ്അരി(റ)യുടെ ക്വുര്‍ആന്‍ പാരായണം അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ സൗന്ദര്യത്താല്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ പാരായണം കേട്ടപ്പോള്‍ അദ്ദേഹത്തോട് നബിﷺ ഇപ്രകാരം പറയുകയുണ്ടായി:

”ഓ, അബൂമൂസാ…! തീര്‍ച്ചയായും താങ്കള്‍ക്ക് ദാവൂദ് കുടുംബത്തില്‍ നിന്നുള്ള ശബ്ദമാധുര്യം (മിസ്മാര്‍) നല്‍കപ്പെട്ടിരിക്കുന്നു” (ബുഖാരി).

‘മിസ്മാര്‍’  എന്ന അറബി പദത്തിന് ‘പുല്ലാങ്കുഴല്‍’ എന്ന് അര്‍ഥമുണ്ട്.  ദാവൂദ് നബി(അ)യുടെ ആകര്‍ഷകമായ ശബ്ദഭംഗിയെ സൂചിപ്പിക്കുവാന്‍ നബിﷺ പ്രയോഗിച്ച ഈ പദം എടുത്ത്, നിഘണ്ടുവിലുള്ള അതിന്റെ അര്‍ഥങ്ങള്‍ നോക്കി, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കല്‍ അനുവദനീയമാണെന്നതിന് ഇത് തെളിവാണെന്ന് ചിലര്‍ സമര്‍ഥിക്കാറുണ്ട്. 

എന്നാല്‍ നബിﷺ ആ പദം പ്രയോഗിച്ചത് അബൂമൂസല്‍ അശ്അരി(റ)യുടെ ശബ്ദസൗന്ദര്യത്തെ സൂചിപ്പിക്കുവാനാണ് എന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. അദ്ദേഹത്തിന്റെ ക്വുര്‍ആന്‍ പാരായണം കേട്ട സന്ദര്‍ഭത്തിലാണല്ലോ നബിﷺ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ തല്‍പര കക്ഷികളുടെ ദുര്‍വ്യാഖ്യാനം ദാവൂദ്(അ) സംഗീതോപകരണം ഉപയോഗിച്ചിരുന്നു എന്നാണ്.

ഈ ഹദീഥിന്റെ വെളിച്ചത്തില്‍ അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാര്‍ ആരും തന്നെ സംഗീതോപകരണം ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് പറഞ്ഞിട്ടില്ല. ബുഖാരിയില്‍ വന്ന ഇതേ ആശയം ഇമാം മുസ്‌ലിം തന്റെ സ്വഹീഹിലും ഉദ്ധരിച്ചിട്ടുണ്ട്. സ്വഹീഹ് മുസ്‌ലിമിന് വിശദീകരണം നല്‍കിയ ഇമാം നവവി(റഹി)യും സ്വഹീഹുല്‍ ബുഖാരിക്ക് വിശദീകരണം എഴുതിയ ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി)യും സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് എന്താണ് പറഞ്ഞിട്ടുള്ളത്? ഈ ഹദീഥിനെ വിവരിച്ചിടത്ത് അവ അനുവദിക്കപ്പെട്ടതാണെന്ന് പറഞ്ഞിട്ടുണ്ടോ? ഇമാം നവവി ഈ ഹദീഥിനെ വിവരിക്കുന്നിടത്ത് പറയുന്നത് കാണുക:

”പണ്ഡിതന്മാര്‍ പറയുന്നു: ഇവിടെ മിസ്മാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ശബ്ദമാണ്… ദാവൂദ്(അ) ഏറ്റവും നല്ല ശബ്ദമുള്ള ആളായിരുന്നു” (ശറഹു മുസ്‌ലിം).

സംഗീതോപകരണങ്ങളെ അനുവദനീയമായി കാണുന്നവര്‍ തെളിവായി ഉദ്ധരിക്കുന്ന മറ്റൊന്നാണ് അബൂബക്ര്‍(റ)വുമായി ബന്ധപ്പെട്ട, ആഇശ(റ) ഉദ്ധരിക്കുന്ന ഒരു സംഭവം. അതിന്റെ ചുരുക്കം ഇതാണ്: ഒരു പെരുന്നാള്‍ ദിവസം രണ്ട് ചെറിയ പെണ്‍കുട്ടികള്‍ നബിﷺയുടെ അടുത്തിരുന്ന് പാടിക്കൊണ്ടിരിക്കെ അബൂബക്ര്‍(റ) അവിടെ കടന്നുവരികയും ‘പിശാചിന്റെ പുല്ലാങ്കുഴലാണോ (മിസ്മാര്‍) (നബിയുടെ അടുക്കല്‍)’ എന്ന് രണ്ട് തവണ ചോദിക്കുകയും ചെയ്തു. അപ്പോള്‍ നബിﷺ പറഞ്ഞു: ‘അബൂബക്ര്‍, അവരെ ഇരുവരെയും വിട്ടേക്കുക. എല്ലാ സമൂഹത്തിനും ഒരു ആഘോഷമുണ്ട്. തീര്‍ച്ചയായും നമ്മുടെ ആഘോഷ ദിനം ഇന്നാകുന്നു.’ 

ഈ ഹദീഥില്‍ അബൂബക്ര്‍(റ) കുട്ടികളുടെ പാട്ടിനെ പറ്റി ‘മിസ്മാര്‍’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. അതിനര്‍ഥം ആ കുട്ടികളുടെ അടുത്ത് വാദേ്യാപകരണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇവരുടെ വാദം. എന്നാല്‍ അവരുടെ സ്വരമാധുര്യത്തോടെയുള്ള പാട്ടിനെയാണ് അബൂബക്ര്‍(റ) മിസ്മാര്‍ എന്ന് വിശേഷിപ്പിച്ചത്. 

ദാവൂദ് നബി(അ) ‘സബൂര്‍’ ശ്രവണ മാധുര്യത്തോടെയാണ് പാരായണം ചെയ്തിരുന്നത്. സബൂര്‍ ധാരാളം സമയമെടുത്ത് പാരായണം ചെയ്താലേ സാധാരണ ഒരാള്‍ക്ക് തീര്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ദാവൂദ്(അ) അതിലെ അക്ഷരങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ ഒന്നും യാതൊരു വീഴ്ചയും വരുത്താതെ പെട്ടെന്ന് പാരായണം ചെയ്തിരുന്നു എന്ന് ഹദീഥുകളില്‍ കാണാവുന്നതാണ്. അല്ലാഹു അദ്ദേഹത്തിന് നല്‍കിയ പ്രത്യേക അനുഗ്രഹമാണത്.

പ്രവാചകന്മാര്‍ അല്ലാഹുവിലേക്ക് ഏറെ വിനിയം കാണിക്കുന്നവരായിരുന്നു. പാപങ്ങള്‍ ചെയ്യാത്ത ശുദ്ധ മനസ്‌കരും തങ്ങളില്‍ വല്ല വീഴ്ചയും വന്നിട്ടുണ്ടാകുമോ എന്ന് ഭയപ്പെട്ട് അല്ലാഹുവിനോട് സദാസമയവും പ്രാര്‍ഥിക്കുന്നവരുമായിരുന്നു. ദാവൂദ് നബി(അ)യും അല്ലാഹുവിന് വഴിപ്പെടുന്നതില്‍ കണിശത പുലര്‍ത്തിയ ഭക്തനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം ക്വുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു:

”വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ഥനാമണ്ഡപത്തിന്റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ? അവര്‍ ദാവൂദിന്റെ അടുത്ത് കടന്നുചെല്ലുകയും അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം. ഇതാ, ഇവന്‍ എന്റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു. അദ്ദേഹം (ദാവൂദ്) പറഞ്ഞു: തന്റെ  പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്. തുടര്‍ന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യവും മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവുമുണ്ട്” (ക്വുര്‍ആന്‍ 38:21-25).

ഒരു വാദിയും പ്രതിയും തര്‍ക്കിച്ചു കൊണ്ട് ദാവൂദ് നബി(അ)യുടെ അടുക്കല്‍ ചെന്ന സംഭവമാണ് ഇത്. അല്ലാഹുവിനെ ആരാധിക്കുന്നതിനായി, ഏകനായി, കവാടങ്ങളെല്ലാം അടച്ച്, ഒരാള്‍ക്കും അങ്ങോട്ട് പ്രവേശിക്കാന്‍ കഴിയാത്ത നിലക്ക് ദാവൂദ്(അ) പ്രാര്‍ഥനാ മണ്ഡപത്തില്‍ ഇരിക്കുമ്പോള്‍ മതില്‍ ചാടി രണ്ടാളുകള്‍ അവിടേക്ക് പ്രവേശിച്ചു. ഏകാന്തനായി ഒരിടത്ത് ഇരിക്കവെ പെട്ടെന്ന് രണ്ട് പേര്‍ അവിടേക്ക് പ്രവേശിച്ചപ്പോള്‍ ദാവൂദ്(അ) പേടിച്ചു. അദ്ദേഹം ഭയപ്പെട്ടിട്ടുണ്ടെന്ന് വന്നവര്‍ക്ക് മനസ്സിലാകുകയും ചെയ്തു. ‘ഞങ്ങള്‍ എന്തെങ്കിലും അക്രമം ചെയ്യുന്നതിനോ അനിഷ്ടം പ്രവര്‍ത്തിക്കുന്നതിനോ വന്നവരല്ല. അതിനാല്‍ അങ്ങ് പേടിക്കേണ്ടതില്ല’ എന്ന് ആഗതര്‍ പറഞ്ഞു. ഞങ്ങള്‍ക്കിടയിലെ തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. 

തുടര്‍ന്ന് അവരില്‍ ഒരാള്‍ അവര്‍ക്കിടയിലെ പ്രശ്‌നം അവതരിപ്പിക്കുവാന്‍ തുടങ്ങി. ഇതെന്റെ സഹോദരനാണ് എന്ന് പറഞ്ഞ് മാന്യമായ നിലക്കാണ് പ്രശ്‌നം ബോധിപ്പിച്ചു തുടങ്ങുന്നത്. സഹോദരന്‍ എന്ന് വിശേഷിപ്പിച്ചത് രക്തബന്ധത്തിലുള്ള സഹോദരന്‍ എന്ന അര്‍ഥത്തിലല്ല, ആദര്‍ശ സഹോദരന്‍ എന്ന നിലയ്ക്കാണ്. 99 പെണ്ണാടുകള്‍ അദ്ദേഹത്തിനും ഒന്ന് എനിക്കും ഉണ്ട്. എന്റെ ഈ ഒരു ആടിനെ കൂടെ അവന് നല്‍കണം എന്നാണ് അവന്‍ പറയുന്നത്. അതിനായി അവന്‍ സംസാരിച്ച്, എന്നെ ഉത്തരം മുട്ടിച്ചിരിക്കുന്നു. യഥാര്‍ഥത്തില്‍ ഇതൊരു അക്രമമാണ്. ഈ അക്രമത്തില്‍ താങ്കള്‍ നീതിയുക്തമായ ഒരു തീരുമാനം എടുത്താലും എന്നിങ്ങനെ അയാള്‍ വിഷയം അവതരിപ്പിച്ചു.

കേസ് കേട്ടതിന് ശേഷം ദാവൂദ്(അ) അവരില്‍ വിധി പറഞ്ഞു. പ്രശ്‌നം അവതരിപ്പിച്ചവന്റെ അടുക്കല്‍ ഒരു ആടാണല്ലോ ഉള്ളത്. അതിനെ കൂടെ മറ്റെയാള്‍ക്ക് നല്‍കണം എന്ന് പറയുക നിമിത്തം അയാള്‍ വലിയ അതിക്രമമാണ് ചെയ്തിരിക്കുന്നത്. 

തുടര്‍ന്ന് ദാവൂദ്(അ) അവരെ ഒരു കാര്യം ഉണര്‍ത്തി: ‘തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ.’

സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാന്‍ കഴിയാത്തവര്‍ക്ക് ബിസിനസ്സില്‍ പങ്കാളിയെ സ്വീകരിക്കാവുന്നതാണ്.  എന്നാല്‍ പങ്കാളിയെ തെല്ലും വഞ്ചിക്കാതെ വിജയകരമായ രീതിയില്‍ അത് മുന്നോട്ട് കൊണ്ടു പോകുന്നവരുടെ എണ്ണം വളരെ വിരളവുമാണ്. പങ്കാളിക്കുള്ള വിഹിതം കുറക്കുന്നതിനായി കണക്കുകളില്‍ കൈക്രിയയും മറ്റു കള്ളത്തരങ്ങള്‍ നടത്തുന്നവരും ധാരാളമുണ്ട്. അതിന്റെ പേരില്‍ എത്രയോ ബന്ധങ്ങള്‍ മുറിഞ്ഞുപോവുകയും എത്രയോ പേര്‍ കൊല്ലെപ്പടുകയും ചെയ്തിട്ടുണ്ട്. ‘തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്’ എന്ന ദാവൂദ് നബി(അ)യുടെ പരാമര്‍ശത്തില്‍നിന്നും പണ്ടുമുതലേ കച്ചവട രംഗത്ത് ഈ ചതി നിലനിന്നിരുന്നു എന്ന് വ്യക്തമാകുന്നു. 

ഈ സംഭവം മുഖേന അല്ലാഹു തന്നെ പരീക്ഷിച്ചതാണെന്ന് ദാവൂദ്(അ) കരുതിയെന്നും അങ്ങനെ അദ്ദേഹം അല്ലാഹുവിനോട് പാപമോചനം തേടുകയും റുകൂഉം സുജൂദും ചെയ്ത് ഖേദിച്ചു മടങ്ങുകയും ചെയ്തുവെന്നും അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തു എന്നും ദാവൂദ്(അ)ന് അല്ലാഹുവിന്റെഅടുക്കല്‍ സാമീപ്യമുണ്ടെന്നും നല്ല മടക്കസ്ഥാനമുണ്ടെന്നും ക്വുര്‍ആന്‍ നമുക്ക് വ്യക്തമാക്കിത്തരുന്നു.

അല്ലാഹു തന്നെ പരീക്ഷിച്ചിരിക്കുന്നു എന്ന് ദാവൂദ് നബി(അ)ക്ക് ബോധ്യമായെന്ന് പറഞ്ഞല്ലോ. ഈ സംഭവത്തില്‍ ദാവൂദ് നബി(അ)യില്‍ എന്ത് അബദ്ധമാണ് സംഭവിച്ചത് എന്നത് നമുക്ക് ഖണ്ഡിതമായി പറയാന്‍ കഴിയില്ല. ഇതു സംബന്ധമായി ക്വുര്‍ആന്‍ വ്യാഖ്യാതക്കള്‍ രണ്ട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. 

ഒന്ന്, കേസിനെ പറ്റി കൂടുതല്‍ അന്വേഷിക്കാതെയും പ്രതിയുടെ പക്ഷം കേള്‍ക്കാതെയും വിധി പറഞ്ഞതായിരിക്കാം. 

രണ്ട്, പെട്ടെന്ന് അതിക്രമിച്ചു കടന്ന അവരുടെ മേല്‍ എന്തെങ്കിലും ശക്തിയായ നടപടി എടുക്കുവാന്‍ പ്രഥമ വീക്ഷണത്തില്‍ അദ്ദേഹം ഉദ്ദേശിച്ചതായിരിക്കാം.

ബനൂഇസ്‌റാഈല്യരുടെ സ്വഭാവം നന്നായി അറിയുന്ന ആളാണല്ലോ ദാവൂദ്(അ). എത്രയോ പ്രവാചകന്മാരെ അവര്‍ കൊന്നുകളഞ്ഞിട്ടുമുണ്ട്. അല്ലാഹുവിനെ ആരാധിക്കുവാനായി തന്റെ മണ്ഡപത്തില്‍ ഏകാന്തനായി ഇരിക്കുമ്പോള്‍ അതിക്രമിച്ച് കയറി വന്നവരോട് സ്വാഭാവികമായും രൂക്ഷമായി പ്രതികരിക്കാനും സാധ്യതയുണ്ടല്ലോ. എന്തായിരുന്നാലും നാം സൂചിപ്പിച്ചത് പോലെ ആ പരീക്ഷണം എന്തായിരുന്നു എന്ന് തീര്‍ത്ത് പറയുവാന്‍ നമുക്ക് സാധ്യമല്ല.

ഏതായിരുന്നാലും ദാവൂദ്(അ) തന്റെ ധാരണയിലോ പ്രവൃത്തിയിലോ ഉണ്ടായ ആ നിസ്സാര പിഴവിന് പോലും അല്ലാഹുവിലേക്ക് അങ്ങേയറ്റം ഖേദിച്ചു മടങ്ങി. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും ചെയ്യുകയുണ്ടായി. അല്ലാഹുവിന്റെ വിനീതനായ അടിമയായ ദാവൂദ്(അ)നെ അല്ലാഹു പ്രത്യേകം സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തു.

”(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്റെ  മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക്  തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്”(ക്വുര്‍ആന്‍ 38:26).

ദാവൂദ്(അ)നെ അല്ലാഹു ആ നാട്ടിലെ ഭരണാധികാരിയാക്കിയല്ലോ. ഭരണാധികാരികള്‍ക്ക് ഭരണീയരോട് നീതിയില്‍ വര്‍ത്തിക്കാന്‍ കഴിയുക എന്നത് പരമപ്രധാനമാണ്. തന്റെ കീഴില്‍ കഴിയുന്നവരെയെല്ലാം ഒരുപോലെ കാണാനും അവരില്‍ ആര്‍ക്കും തന്നെ സ്വാധീനിക്കാന്‍ കഴിയാത്ത വിധം ശരിയായ ചിന്തയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കാനും ഒറ്റുകാരെയും പരദൂഷണക്കാരെയും പ്രത്യേകം തിരിച്ചറിയാനും ആളുകളുടെ സമൂഹത്തിലുള്ള പദവി നോക്കാതെ ന്യായത്തിന്റെ കൂടെ നില്‍ക്കാനും തീരുമാനങ്ങള്‍ നടപ്പിലാക്കാനുമെല്ലാം കഴിയുക എന്നത് ഭരണാധികാരികളുടെ വിജയമാണ്. മുന്‍വിധിയില്ലാതെ, സ്വേച്ഛകള്‍ക്ക് സ്ഥാനം നല്‍കാതെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും സാധിക്കണം.

പരദൂഷണക്കാരുടെയും പകയുമായി നടക്കുന്നവരുടെയും വാക്കുകള്‍ കേട്ട് കുറ്റം ആരോപിക്കുമ്പോള്‍ അതിലെ വസ്തുത അന്വേഷിക്കാതെ നടപടി സ്വീകരിക്കുന്നത് തീര്‍ത്തും ന്യായമാണല്ലോ. കുടുംബമഹിമയും സാമ്പത്തിക മേന്മയും മറ്റും നോക്കി അവര്‍ക്ക് അനുകൂലമായി വിധിപറയുന്നതും അനീതിയും അക്രമവുമാണ്. 

‘ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്’ എന്നിങ്ങനെ ദാവൂദ് നബി(അ)ക്ക് അല്ലാഹു ഉപദേശം നല്‍കിയത് അദ്ദേഹം ഏതെങ്കിലും തരത്തില്‍ അന്യായം കാണിച്ചതിനാലല്ല, മറിച്ച് കൂടുതല്‍ ശ്രദ്ധിക്കുവാനും ശേഷക്കാര്‍ക്ക് ഒരു പാഠമാകുന്നതിനും വേണ്ടിയാണ്.

ഈ സംഭവവുമായി ബന്ധപ്പെടുത്തി ചില തഫ്‌സീറുകളില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇസ്‌റാഈലീ കഥകള്‍ എടുത്ത് ഉദ്ധരിച്ചതും നമുക്ക് കാണാവുന്നതാണ്. ഇത്തരം അടിസ്ഥാനരഹിതങ്ങളായ കഥകളെയോ റിപ്പോര്‍ട്ടുകളെയോ നാം സ്വീകരിക്കുന്നില്ല.

മഹാന്മാരായ പ്രവാചകന്മാരുടെ പേരില്‍ ധാരാളം കള്ളം പ്രചരിപ്പിച്ചവരായ യഹൂദികള്‍ ദാവൂദ് നബി(അ)യുടെ പേരിലും ഗുരുതരമായ ആരോപണങ്ങള്‍ പടച്ചുവിട്ടിട്ടുണ്ട്.

മഹാനായ ദാവൂദ് നബി(അ)യെ അവര്‍ പ്രവാചകനായി പോലും അംഗീകരിക്കുന്നില്ലെന്നാണ് പഴയനിയമം വായിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുക. രാജന്‍ എന്നാണ് ദാവൂദ് നബി(അ)യെ ബൈബിളില്‍ വിശേഷിപ്പിച്ചു കാണുന്നത്. അപ്രകാരം തന്നെയാണ് സുലൈമാന്‍ നബി(അ)യുടെ കാര്യവും.  

ശമുവേലിന്റെ രണ്ടാം പുസ്തകത്തില്‍ ദാവൂദ് നബി(അ)യെ പറ്റി പറയുന്നത് ഒരു സാധാരണക്കാരനെ പറ്റി പോലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്! അതില്‍ ഇങ്ങനെ കാണാം: ‘ഒരു ദിവസം ദാവീദ് തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു. ദാവീദ് ആളയച്ച് അവളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്റെ പടയാളിയായ ഊറിയായുടെ ഭാര്യ ബത്‌ശേബയാണ് അതെന്ന് മനസ്സിലായി. ദൂതന്മാരെ അയച്ച് ദാവീദ് അവളെ തന്റെ കിടപ്പറയിലേക്ക് വരുത്തി. ദാവീദ് അവളോടൊപ്പം ശയിച്ചു. സ്വഭവനത്തിലേക്ക് മടങ്ങിയ അവള്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ദാവീദിനെ അറിയിച്ചു. ഈ സമയത്ത് യുദ്ധഭൂമിയിലായിരുന്ന ഊറിയായെ ദാവീദ് കൊട്ടാരത്തിലേക്ക് വരുത്തി. അയാളെ സ്വഗൃഹത്തിലേക്ക് പറഞ്ഞയച്ച് തന്റെ കുഞ്ഞിന്റെ  പിതൃത്വം പടയാളിയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. പക്ഷേ, ഊറിയാ തന്റെ വീട്ടില്‍ പോകാന്‍ തയ്യാറായില്ല… ആ ശ്രമം പരാജയപ്പെട്ടു.

പിറ്റേന്ന് പ്രഭാതത്തില്‍ ദാവീദ് ഊറിയായെ യുദ്ധ ഭൂമിയിലേക്ക് പറഞ്ഞയച്ചു. അയാളുടെ കൈവശം സേനാ നായകനായ യോവാബിന് ഒരു കത്തും കൊടുത്തുവിട്ടു. കത്തില്‍ ദാവീദ് ഇപ്രകാരമെഴുതി: പൊരിഞ്ഞ യുദ്ധം നടക്കുന്നിടത്ത് മുന്‍ നിരയില്‍ ഊറിയായെ നിര്‍ത്തുക. പിന്നീട് അയാളില്‍ നിന്ന് പിന്തിരിയുക. അയാള്‍ വെട്ടേറ്റ് വീണ് മരിക്കണം’ (2 ശമുവേല്‍ 11:15).

കല്‍പന പോലെ സേനാനായകന്‍ പ്രവര്‍ത്തിച്ചു. ഊറിയാ കൊല്ലപ്പെട്ടു. വിലാപ കാലത്തിനു ശേഷം ഊറിയായുടെ ഭാര്യയെ തന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. അവള്‍ അയാളുടെ ഭാര്യയാവുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 

ദാവീദിന്റെ മക്കള്‍ നടത്തിയ തോന്നിവാസങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നാണ് പഴയനിയമം പറയുന്നത്. ഒരു മകനായ അമ്‌നോന്‍ കാമാന്ധത നിമിത്തം സഹോദരിയായിരുന്ന താമാറിനെ ബലാല്‍ സംഗം ചെയ്തു (2 ശാമുവേല്‍ 13:114). മറ്റൊരു മകനായ അബ്ശലോം സ്വന്തം പിതാവിന്റെ ഭാര്യമാരെ പ്രാപിച്ചു (2 ശാമുവേല്‍ 16:20-23).

നോക്കൂ…! ഒരു പ്രവാചകനെയും കുടുംബത്തെയും പറ്റിയാണ് ഇപ്പറഞ്ഞതെല്ലാം!  മഹാന്മാരായ പ്രവാചകന്മാരുടെ പേരില്‍ ഇത്തരം കളവ് പ്രചരിപ്പിക്കുന്ന വിശ്വാസ വൈകല്യങ്ങളില്‍ നിന്ന് നാം രക്ഷപ്പെട്ടതിന് അല്ലാഹുവിനെ സ്തുതിക്കുക.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ദാവൂദ് നബി (അ) – 03

ദാവൂദ് നബി (അ) - 03

നിപുണനായ ഭരണാധികാരി

പക്ഷികളുടെ പ്രകീര്‍ത്തനം 

ദാവൂദ് നബി(അ)ക്ക് വേറെയും ധാരാളം അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കിയിരുന്നു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”തീര്‍ച്ചയായും ദാവൂദിന് നാം നമ്മുടെ പക്കല്‍നിന്ന് (ധാരാളം) അനുഗ്രഹം നല്‍കുകയുണ്ടായി. (നാം നിര്‍ദേശിച്ചു) ഹേ, പര്‍വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും…” (ക്വുര്‍ആന്‍ 34:10). 

ദാവൂദ്(അ) അല്ലാഹുവിനെ പ്രകീര്‍ത്തിക്കുമ്പോള്‍ കൂടെ പക്ഷികളും പര്‍വതങ്ങളും ഉണ്ടായിരുന്നു. പക്ഷികളും പര്‍വതങ്ങളും തസ്ബീഹ് ചൊല്ലുന്നു എന്നത് അല്ലാഹുവിന്റെ വചനമാണ്. അതിനെ നിഷേധിക്കുന്നവന്‍ സത്യവിശ്വാസിയല്ല. ഇപ്രകാരം വിശ്വസിച്ചേ പറ്റൂ. ഇതേ കാര്യം അല്ലാഹു മറ്റൊരിടത്തും പറഞ്ഞിട്ടുണ്ട്:

”ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വതങ്ങളെയും പക്ഷികളെയും നാം കീഴ്‌പെടുത്തിക്കൊടുത്തു”(ക്വുര്‍ആന്‍ 21:79).

ഈ സൂക്തത്തിലും പക്ഷികളും പര്‍വതങ്ങളും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നുണ്ടെന്നാണല്ലോ പറയുന്നത്. പക്ഷേ, അവയുടെ പ്രകീര്‍ത്തനം എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. അല്ലാഹുവിനെ പക്ഷികളും പര്‍വതങ്ങളും മാത്രമല്ല പ്രകീര്‍ത്തിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക:

”ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 17:44).

അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യാത്ത യാതൊന്നും ഈ പ്രപഞ്ചത്തില്‍ ഇല്ലെന്നതാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ അത് എപ്രകാരമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. 

ഇത്തരം കാര്യങ്ങള്‍ക്കെല്ലാം ഭൗതിക വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവരുണ്ട്. പര്‍വത വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സൗകര്യപ്പെടുത്തിക്കൊടുത്തു. പക്ഷി വര്‍ഗത്തിലെ വിവിധ ഇനങ്ങളെ നാട്ടിന്റെ അഭിവൃദ്ധിക്കു വേണ്ടി ഉപയോഗപ്പെടുത്തുവാന്‍ സൗകര്യം ചെയ്തു കൊടുത്തു… എന്നൊക്കെയാണ് ഈ പറഞ്ഞവയുടെ ഉദ്ദേശം എന്ന് ഇവര്‍ ജല്‍പിക്കുന്നു. ഈ ദുര്‍വ്യാഖ്യാനം നാം തള്ളിക്കളയേണ്ടതാകുന്നു. കാരണം, ക്വുര്‍ആന്‍ പലയിടങ്ങളിലായി ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള കാര്യത്തെ ഇങ്ങനെ വ്യാഖ്യാനിക്കുവാന്‍ യാതൊരു തെളിവുമില്ല. 

ക്വുര്‍ആനില്‍ മറ്റൊരിടത്ത് പറയുന്നത് കാണുക: 

”സന്ധ്യാസമയത്തും സൂരേ്യാദയ സമയത്തും സ്‌തോത്രകീര്‍ത്തനം നടത്തുന്ന നിലയില്‍ നാം പര്‍വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്‌പെടുത്തുക തന്നെ ചെയ്തു. ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും (നാം കീഴ്‌പെടുത്തി). എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു” (ക്വുര്‍ആന്‍ 38:18,19).

ഈ വചനത്തിലും മലകളുടെയും പക്ഷികളുടെയും പ്രകീര്‍ത്തനത്തെ പറ്റി വ്യക്തമാക്കുന്നു. മാത്രമല്ല, അതിന്റെ സമയം വരെ അല്ലാഹു നമുക്ക് പറഞ്ഞു തന്നിരിക്കുന്നു. തീര്‍ന്നില്ല, അവ ദാവൂദ്(അ)ന് വിനയം കാണിക്കുന്നവയായിരുന്നു എന്നും പറഞ്ഞിരിക്കുന്നു. പൂര്‍ണമായ അനുസരണയോടെയായിരുന്നു അവ നിലകൊണ്ടിരുന്നത് എന്നല്ലേ നമുക്ക് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്?!

തസ്ബീഹ് എങ്ങനെ?

എങ്ങനെയാണ് പക്ഷികളുടെയും മലകളുടെയും പ്രകീര്‍ത്തനം? എങ്ങനെയെന്ന് നമുക്കറിയില്ല. ഒരു കാര്യത്തിന്റെ നിജസ്ഥിതി നമുക്ക് അറിയില്ല എന്നതിനാല്‍ അങ്ങനെയൊരു കാര്യമില്ല എന്നു പറയുന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണ്. ക്വുര്‍ആനില്‍ അല്ലാഹു പറഞ്ഞ കാര്യം എന്താണെങ്കിലും അത് അപ്രകാരം അംഗീകരിക്കുക എന്നതായിരിക്കണം വിശ്വാസിയുടെ നിലപാട്.

അല്ലാഹു അവന്റെ സൃഷ്ടികളില്‍ അവന്റെ ഉദ്ദേശ്യം ഏതും നടപ്പിലാക്കാന്‍ കഴിവുള്ളവനാണ്. ഇന്ന് നാം നമ്മുടെ നാവ് കൊണ്ടാണ് സംസാരിക്കുന്നത്. എന്നാല്‍ ക്വിയാമത്ത് നാളില്‍ നമ്മുടെ മറ്റു ചില അവയവങ്ങള്‍ സംസാരിക്കുമെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

”തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 41:21).

ക്വിയാമത്ത് നാളില്‍ മനുഷ്യരുടെ തൊലികള്‍ സംസാരിക്കുമെന്നാണ് ഈ സൂക്തം നമ്മെ അറിയിക്കുന്നത്. അതെങ്ങനെ സംഭവിക്കുന്നു? അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യാന്‍ കഴിയുന്നവനാണെന്ന മറുപടിയേ നമുക്ക് പറയാന്‍ കഴിയൂ. ഇതിലൊന്നും അവിശ്വസനീയമായി യാതൊന്നുമില്ല. ഇനി ഹദീഥുകളില്‍ സ്ഥിരപ്പെട്ട് വന്ന ചില അത്ഭുതങ്ങള്‍ കാണുക:

ജാബിറുബ്‌നു സമുറ(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ‘ഞാന്‍ പ്രവാചകനായി അയക്കപ്പെടുന്നതിന് മുമ്പ് എന്നോട് സലാം പറഞ്ഞിരുന്ന മക്കയിലെ ഒരു കല്ലിനെ എനിക്ക് അറിയാം. തീര്‍ച്ചയായും ഇപ്പോഴും എനിക്ക് അതിനെ അറിയുന്നതാകുന്നു” (മുസ്‌ലിം).

നബിﷺക്ക് മിമ്പര്‍ നിര്‍മിക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹം ഖുത്വുബ പറയാന്‍ കയറിനിന്നിരുന്ന മരത്തടി ചെറിയ കുട്ടികളെ പോലെ കരഞ്ഞ സംഭവം ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്.

കല്ല് എങ്ങനെയാണ് സലാം പറയുക, മരത്തടി കരയുകയോ, ഇതെങ്ങെന വിശ്വസിക്കും, ഇതൊക്കെ അസംഭവ്യമാണ് എന്നെല്ലാം ചിലര്‍ പറയാറുണ്ട്. ഇതൊക്കെ വിവരക്കേടാണെന്ന് അവര്‍ ജല്‍പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്; സലാം പറഞ്ഞ കല്ലിനെപ്പറ്റി നബിﷺയാണ് നമുക്ക് പറഞ്ഞുതന്നത്. മരത്തടി കരഞ്ഞതിന് അവിടുത്തെ അനുചരന്മാരും സാക്ഷികളാണ്. മരം കരയുകയോ?  കല്ല് സംസാരിക്കുകയോ? എന്നെല്ലാം വല്ലവനും നമ്മോട് ചോദിച്ചാല്‍ യാതൊരു സംശയവും കൂടാതെ നാം പറയും അതെ എന്ന്. കാരണം ഒരിക്കലും കളവ് പറയാത്ത നബിﷺയാണ് ഇത് നമ്മെ അറിയിച്ചത്.  

പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടമാക്കുന്ന മുഅ്ജിസത്തുകളില്‍ വിശ്വസിക്കാന്‍ ചിലരൊക്കെ വിമുഖത കാണിക്കാറുണ്ട്. ആര്‍ക്കും സ്വന്തമായി ചെയ്യാന്‍ കഴിയാത്തതും സാധാരണ സൃഷ്ടികളുടെ കരങ്ങളാല്‍ നടന്നുവരാറില്ലാത്തതുമായ കാര്യങ്ങളാണ് മുഅ്ജിസത്ത്. മുഅ്ജിസത്ത് എന്ന അറബി പദത്തിന് നാം സാധാരണ മലയാളത്തില്‍ അര്‍ഥം പറയുന്നത് തന്നെ അസാധാരണ സംഭവം എന്നാണല്ലോ. മുഅ്ജിസത്തുകളുടെ പ്രത്യേകത മറ്റുള്ളവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്തതും സാധാരണ നടപ്പില്‍ വരാത്തതുമായ സംഭവങ്ങളാണ് എന്നതാണ്. അവ നമ്മുടെ കേവല ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. വിശ്വാസികള്‍ക്ക് അവ നന്നായി ഉള്‍ക്കൊള്ളുവാനും അവരുടെ വിശ്വാസത്തിന് കരുത്ത് പകരാന്‍ അവ നിമിത്തമാവുകയും ചെയ്യും. ദാവൂദ് നബി(അ)യുടെ  കൂടെ മലകളും പക്ഷികളും തസ്ബീഹ് ചൊല്ലാന്‍ ഒരുമിച്ചിരുന്നു എന്നത് അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടമാക്കിയ മുഅ്ജിസത്തായിരുന്നു.  പക്ഷികളും മലകളും തസ്ബീഹ് നടത്തിയത് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇതും അദ്ദേഹത്തിന്റെ പ്രകൃത്യായുള്ള കഴിവില്‍ പെട്ടതല്ല. 

ധാരാളം അറിവ് നല്‍കപ്പെട്ടു 

”ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നല്‍കുകയുണ്ടായി. തന്റെ വിശ്വാസികളായ ദാസന്മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു” (ക്വുര്‍ആന്‍ 27:15).

ദാവൂദ് നബി(അ)യുടെയും സുലൈമാന്‍ നബി(അ)യുടെയും ചരിത്രത്തില്‍നിന്ന് പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാനുണ്ട്. 

ദാവൂദ് നബി(അ)ക്ക് അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് നല്ല അവഗാഹം ഉണ്ടായിരുന്നു. രാജ്യഭരണം എങ്ങനെ ശരിയായ രൂപത്തില്‍ കൈകാര്യം ചെയ്യാമെന്ന അറിവും അല്ലാഹു അദ്ദേഹത്തിന് നല്‍കി. അതുകൊണ്ട് തന്നെ നാല്‍പത് വര്‍ഷത്തോളം തന്റെ സൈന്യത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും തന്റെതായ നൈപുണ്യം തെളിയിച്ച് ദാവൂദ്(അ) ആ നാട്ടില്‍ ഭരണം നടത്തി.

ഇത്രയെല്ലാം പദവികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടും അല്ലാഹുവിനോടുള്ള ബാധ്യത നിറവേറ്റുന്നതില്‍ തെല്ലും വീഴ്ച വരുത്തിയില്ല. അല്ലാഹുവിനെ ആരാധിക്കുന്നതില്‍ അദ്ദേഹം ധാരാളം സമയം ഉപയോഗപ്പെടുത്തിയിരുന്നു. രാജ്യഭരണം നിര്‍വഹിക്കുന്നതോടൊപ്പം ദാവൂദ് നബി(അ) നിത്യവൃത്തിക്കായി തൊഴില്‍ ചെയ്തിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ സദ്ഗുണം അദ്ദേഹത്തില്‍ ഉള്ളതിനാല്‍ അല്ലാഹു അദ്ദേഹത്തെ ഏറെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്:

”(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു” (ക്വുര്‍ആന്‍ 38:17).

‘നമ്മുടെ ദാസന്‍’ എന്ന പ്രയോഗം തന്നെ അദ്ദേഹത്തിന് അല്ലാഹുവിങ്കലുള്ള സ്വീകാര്യതയും സ്ഥാനവും അറിയിക്കുന്നുണ്ട്.

‘ദല്‍ അയ്ദി’ എന്നതിനാണ് ‘കയ്യൂക്കുള്ളവന്‍’ എന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ‘ദല്‍ അയ്ദി’എന്ന പദത്തിന് ‘ധാരാളം കൈകളുള്ള’ എന്നതാണ് നേര്‍ക്കുനേരെയുള്ള അര്‍ഥം. അപ്പോള്‍ അതിന്റെ ഉദ്ദേശ്യം അദ്ദേഹം എല്ലാ കാര്യങ്ങള്‍ക്കും പ്രാപ്തനും ശക്തനുമായിരുന്നു എന്നാകുന്നു.

അല്ലാഹുവിന്റെ പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്ന് നാം മുമ്പ് വിവരിച്ചിരുന്നു. അവര്‍ അല്ലാഹുവിനോട് ഏറെ വിനീതവിധേയരുമായിരുന്നു. അല്ലാഹുവിനോടുള്ള കടമകള്‍ നിറവേറ്റുന്നതില്‍ വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടാകുമോ, സംഭവിക്കുമോ എന്ന ഭയവും ഭക്തിയും അവര്‍ക്ക് എപ്പോഴുമുണ്ടായിരുന്നു. അതിനാല്‍ തന്നെ അവര്‍ ധാരാളമായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നവരായിരുന്നു. ദാവൂദ് നബി(അ)യെ പറ്റി ‘തീര്‍ച്ചയായും അദ്ദേഹം ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു’ എന്നു പറഞ്ഞത് ശ്രദ്ധിക്കുക.

പ്രവാചകത്വം, രാജഭരണം, കായികബലം, അറിവ് തുടങ്ങിയവ കൊണ്ടെല്ലാം അനുഗ്രഹിക്കപ്പെട്ട മഹാനായ  ദാവൂദ്(അ) അതിന്റെ പേരില്‍ അല്‍പം പോലും അഹങ്കരിച്ചില്ല. അല്ലാഹുവിനോടുള്ള  കടപ്പാടുകള്‍ നിറവേറ്റി നന്ദിയുള്ള ദാസനായി ജീവിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചു. നബിﷺ പറയുന്നത് കാണുക:

അബ്ദുല്ലാഹിബ്‌നു അംറ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”എന്നോട് അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ‘അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള നോമ്പ് ദാവൂദിന്റെ നോമ്പാകുന്നു. അദ്ദേഹം ഒരു ദിവസം നോമ്പ് പിടിക്കുകയും ഒരു ദിവസം നോമ്പ് എടുക്കാതിരിക്കുകയും ചെയ്യും. അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള നമസ്‌കാരം ദാവൂദിന്റെ നമസ്‌കാരമാകുന്നു. അദ്ദേഹം രാത്രിയുടെ പകുതി ഉറങ്ങുകയും എന്നിട്ട് അതിന്റെ മൂന്നില്‍ ഒന്ന് നില്‍ക്കുകയും (നമസ്‌കരിക്കുകയും) അതിന്റെ ആറില്‍ ഒന്ന് ഉറങ്ങുകയും ചെയ്യുന്ന ആളായിരുന്നു” (ബുഖാരി, മുസ്‌ലിം).

നിര്‍ബന്ധ നോമ്പിനെ കുറിച്ചോ നിര്‍ബന്ധനമസ്‌കാരത്തെ കുറിച്ചോ അല്ല ഇവിടെ നബിﷺ നമുക്ക് അറിയിച്ചു തരുന്നത്; ഐച്ഛികമായ ആരാധനകളെ കുറിച്ചാണ്. എല്ലാ ദിവസവും ഐച്ഛികമായ നോമ്പ് നോല്‍ക്കാതെ ഇടവിട്ടുള്ള ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നു. രാത്രിയുടെ മുഴുവന്‍ സമയവും നമസ്‌കാരത്തില്‍ മുഴുകി സ്വന്തത്തെ പീഡിപ്പിച്ചില്ല. കണ്ണിനോടും ഇണയോടുമെല്ലാമുള്ള ബാധ്യതകള്‍ നിര്‍വഹിച്ചു. എന്നാല്‍ രാത്രിയില്‍ ദീര്‍ഘമായി നമസ്‌കരിക്കുവാനും സമയം കണ്ടെത്തിയിരുന്നു. അപ്രകാരമുള്ള നോമ്പും രാത്രി നമസ്‌കാരവും അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതാണെന്ന് നബിﷺ ഇതിലൂടെ നമുക്ക് വിവരിച്ചു തരുന്നു.

മഹാനായ അംറുബ്‌നുല്‍ ആസ്വ്(റ)വുമായി ബന്ധപ്പെട്ട ഒരു സംഭവം ഇതിന്റെ കൂടെ നാം വായിക്കേണ്ടതുണ്ട്.

അബ്ദുല്ലാഹിബ്‌നു അംറ്(റ) പറഞ്ഞു: ”അല്ലാഹുവാണെ സത്യം! ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം പകല്‍ മുഴുവന്‍ നോമ്പ് എടുക്കുക തന്നെ ചെയ്യുന്നതാണ്. (അതുപോലെ) രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യും എന്ന് ഞാന്‍ പറയുന്നതായ വിവരം അല്ലാഹുവിന്റെ ദൂതന് അറിയിക്കപ്പെടുകയുണ്ടായി. അങ്ങനെ ഞാന്‍ നബിﷺനോട് പറഞ്ഞു: ‘എന്റെ ഉമ്മയെയും ഉപ്പയെയും അങ്ങേക്ക് സമര്‍പ്പിക്കുന്നു. ഞാന്‍ അങ്ങനെ പറഞ്ഞിരിക്കുന്നു.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘തീര്‍ച്ചയായും നിനക്ക് അത് (തുടര്‍ത്തിക്കൊണ്ടുപോകാന്‍) സാധിക്കുകയില്ല. അതിനാല്‍ നീ നോമ്പ് എടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യുക. രാത്രിയില്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുക. (അതിനായി) മാസത്തില്‍ മൂന്ന് ദിവസങ്ങളില്‍ നോമ്പ് എടുക്കുകയും ചെയ്യുക. അപ്പോള്‍ തീര്‍ച്ചയായും അത് (ഒരോന്നും) പത്തിന് തുല്യമാകുന്നതാകുന്നു. അത് ഒരു വര്‍ഷത്തെ നോമ്പിന് തുല്യവുമാകുന്നു.’ (അപ്പോള്‍) ഞാന്‍ പറഞ്ഞു: ‘തീര്‍ച്ചയായും എനിക്ക് അതിനെക്കാള്‍ ശ്രേഷ്ഠമായി ചെയ്യാന്‍ കഴിയുന്നതാകുന്നു.’ നബിﷺ പറഞ്ഞു: ‘എന്നാല്‍ നീ ഒരു ദിവസം നോമ്പെടുക്കുകയും രണ്ട് ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്യുക.’ ഞാന്‍ പറഞ്ഞു: ‘തീര്‍ച്ചയായും എനിക്ക് അതിനെക്കാള്‍ ശ്രേഷ്ഠമായി ചെയ്യാന്‍ കഴിയുന്നതാകുന്നു.’ നബിﷺ പറഞ്ഞു: ‘എന്നാല്‍ നീ ഒരു ദിവസം നോമ്പെടുക്കുകയും ഒരു ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്യുക. അതാകുന്നു ദാവൂദ്(അ)ന്റെ നോമ്പ്. അതാകുന്നു നോമ്പുകളില്‍ ശ്രേഷ്ഠമായതും.’ ഞാന്‍ പറഞ്ഞു: ‘തീര്‍ച്ചയായും എനിക്ക് അതിനെക്കാള്‍ ശ്രേഷ്ഠമായി ചെയ്യാന്‍ കഴിയുന്നതാകുന്നു.’ നബിﷺ പറഞ്ഞു: ‘അതിനെക്കാള്‍ ശ്രേഷ്ഠമായത് ഇല്ല”  (ബുഖാരി).

ഭരണ നൈപുണ്യം, ആധിപത്യം

ദാവൂദ് നബി(അ)ക്ക് അല്ലാഹു നല്‍കിയ ഒരു പ്രത്യേക അനുഗ്രമായിരുന്നു ഭരണത്തിലെ നൈപുണ്യം. ക്വുര്‍ആന്‍ പറയുന്നത് കാണുക.

”അദ്ദേഹത്തിന്റെ ആധിപത്യം നാം സുശക്തമാക്കുകയും അദ്ദേഹത്തിന് നാം തത്ത്വജ്ഞാനവും തീര്‍പ്പു കല്‍പിക്കുവാന്‍ വേണ്ട സംസാരവൈഭവവും നല്‍കുകയും ചെയ്തു” (ക്വുര്‍ആന്‍ 38:20).

ദാവൂദ് നബി(അ)യുടെ ഭരണകാലത്ത് ആ നാട് വളരെ കെട്ടുറപ്പുള്ള ഒരു അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ സൈന്യം ഏത് കാര്യത്തിനും സുസജ്ജമായി നിലകൊണ്ടു. പ്രവാചകത്വവും തത്ത്വജ്ഞാനവും സംസാര വൈഭവവുമെല്ലാം അല്ലാഹു അദ്ദേഹത്തിന് നല്‍കി. 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ദാവൂദ് നബി (അ) – 02​

ദാവൂദ് നബി (അ) - 02

യുദ്ധം ജയിക്കുന്നു

യുദ്ധത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും വിശ്വാസദൗര്‍ബല്യം അവരില്‍ ഒരു ചെറു സംഘത്തെയല്ലാതെ ത്വാലൂത്തിന്റെ കൂടെ നിര്‍ത്തിയില്ല. അവരുടെ എണ്ണത്തെ കുറിച്ച് സ്വഹാബികള്‍ പറയുന്നത് നോക്കൂ.

അബൂഇസ്ഹാക്വ്(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”നബിﷺയുടെ സ്വഹാബിമാര്‍ ബദ്‌റില്‍ പങ്കെടുത്തവരെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബറാഅ്(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നിശ്ചയമായും അവര്‍ ത്വാലൂത്തിന്റെ ആള്‍ക്കാരുടെ എണ്ണത്തിന്റെ അത്രയായിരുന്നു; (അഥവാ) അദ്ദേഹത്തിന്റെ കൂടെ ആ നദി വിട്ടുകടന്നവര്‍. (അവര്‍) മൂന്നൂറ്റിപ്പത്തില്‍ പരം പേരാണ് ഉണ്ടായിരുന്നത്” (ബുഖാരി). 

എണ്‍പതിനായിരം പേരുണ്ടായിരുന്ന അവര്‍ മൂന്ന് പരീക്ഷണം കഴിഞ്ഞപ്പോഴേക്കുംമുന്നൂറ്റിപ്പത്തില്‍ പരം പേര്‍ മാത്രമുള്ള ഒരു കൊച്ചു സംഘമായി മാറി. അപ്പോഴാണ് ആ കൂട്ടത്തിലെ വിശ്വാസികള്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചും അവനില്‍ ഭരമേല്‍പിച്ചും ജാലൂത്തിനെ നേരിടാന്‍ തീരുമാനിച്ചത്.

ഇസ്‌ലാമിക സമൂഹത്തില്‍ അല്ലാഹു പല പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കും. കാലം കുറെ കഴിയുമ്പോള്‍ വിശ്വാസ വ്യതിയാനം സംഭവിച്ച് ഒന്നിച്ച് പോകുമ്പോള്‍ ആ കൂട്ടത്തില്‍ എല്ലാ ചപ്പും ചവറും ഉണ്ടാകുമല്ലോ. അതെല്ലാം ഈ മഹത്തായ സംഘത്തില്‍ നിന്ന് ഇല്ലാതെയാകാന്‍ അല്ലാഹു വ്യത്യസ്ത രീതിയില്‍ പരീക്ഷണം നടത്തും. അങ്ങനെ നല്ലതും ചീത്തയും വേര്‍തിരിക്കപ്പെടും. അല്ലാഹു നല്ലതും ചീത്തയും വേര്‍തിരിക്കുന്നതിനെ പറ്റി പറഞ്ഞത് നോക്കൂ.

”നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല…” (ക്വുര്‍ആന്‍ 3:179).

ക്ഷമയോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുന്നവരെ അല്ലാഹു സഹായിക്കും. അല്ലാഹുവിന്റെ സഹായം ലഭിക്കാന്‍ കാരണമാകുന്ന ഈമാന്‍ നമുക്കുണ്ടോ എന്നതാണ് നാം വിലയിരുത്തേണ്ടത്.

എണ്ണത്തില്‍ കുറവുള്ള ത്വാലൂത്തിന്റെ സംഘം അല്ലാഹുവിന്റെ സഹായത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു. വാളും തോക്കും ബോംബുമല്ല യഥാര്‍ഥ ആയുധം; അല്ലാഹുവിലുള്ള ശരിയായ വിശ്വാസവും ആ വിശ്വാസത്തില്‍ നിന്നും ഉയരുന്ന പ്രാര്‍ഥനയുമാണ്. അതിനോളം വലിയ ആയുധം മറ്റൊന്നില്ല. ജാലൂത്തിനെ എതിരിടാനായി തയ്യാറായ ആ കൊച്ചു സംഘം അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി.

”അങ്ങനെ അവര്‍ ജാലൂത്തിനും സൈന്യങ്ങള്‍ക്കുമെതിരെ പോരിനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 2:250).

ജാലൂത്തിന്റെ സംഘം സര്‍വായുധ സജ്ജരാണല്ലോ. അവരോട് ഏറ്റുമുട്ടാന്‍ അല്ലാഹുവിന്റെ സഹായം കൂടിയേ തീരൂ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാന്‍ കടുത്ത ക്ഷമയും ആവശ്യമാണ്. അതിനായി അവര്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ഥനയിലെ ആവശ്യങ്ങള്‍ ഓരോന്നും നാം നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ആദ്യം തന്നെ അവര്‍ ചോദിച്ചത് ‘ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞു തരേണമേ’ എന്നാണ് ‘നീ ഞങ്ങളെ ക്ഷമാലുക്കളില്‍ ചേര്‍ക്കണേ’ എന്നല്ല. പിന്നെ ആവശ്യപ്പെട്ടത് ‘ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചുനിര്‍ത്തണേ’ എന്നാണ്. യുദ്ധക്കളത്തില്‍  പതര്‍ച്ചയില്ലാതെ നിലകൊള്ളാനുള്ള തേട്ടം. ‘സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കേണമേ’ എന്നതാണ് പ്രാര്‍ഥനയുടെ അവസാനത്തിലുള്ളത്. അല്ലാഹുവിന്റെ സഹായത്തില്‍ ആത്മാര്‍ഥമായി പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനയാണിത്. 

ജാലൂത്തിനെതിരിലുള്ള വിശ്വാസികളുടെ പ്രാര്‍ഥന അല്ലാഹു കേട്ടു. പിന്നീട് എന്താണ് സംഭവിച്ചത്?

”അങ്ങനെ അല്ലാഹുവിന്റെ അനുമതിപ്രകാരം അവരെ (ശത്രുക്കളെ) അവര്‍ പരാജയപ്പെടുത്തി. ദാവൂദ് ജാലൂത്തിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് അല്ലാഹു ആധിപത്യവും ജ്ഞാനവും നല്‍കുകയും താന്‍ ഉദ്ദേശിക്കുന്ന പലതും പഠിപ്പിക്കുകയും ചെയ്തു. മനുഷ്യരില്‍ ചിലരെ മറ്റു ചിലര്‍ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരോട് വളരെ ഉദാരനത്രെ” (ക്വുര്‍ആന്‍ 2:251).

അങ്ങനെ വിശ്വാസികള്‍ക്കെതിരില്‍ സര്‍വായുധ സജ്ജരായി പുറപ്പെട്ട ജാലൂത്തിനെയും പട്ടാളത്തെയും അല്ലാഹുവിന്റെ അനുവാദപ്രകാരം ത്വാലൂത്തും സംഘവും പരാജയപ്പെടുത്തി.

ദാവൂദ് നബി(അ)യുടെ ചരിത്രത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്. ഇവിടെ മുതലാണ് അദ്ദേഹത്തിന്റെ പേര് അല്ലാഹു വെളിപ്പെടുത്തുന്നത്.

ത്വാലൂത്തിന്റെ സൈന്യത്തില്‍ ചെറുപ്പക്കാരനായ ദാവൂദ്(അ) ഉണ്ടായിരുന്നു. അന്ന് അദ്ദേഹം നബിയായിരുന്നില്ല. അദ്ദേഹത്തിന്റെ അന്നത്തെ പ്രായം പതിനേഴ് വയസ്സായിരുന്നു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹമാണ് ജാലൂത്തെന്ന ശത്രു സേനയുടെ നേതാവിനെ നിലം പരിശാക്കിയത്. 

യുദ്ധഭൂമിയില്‍ ജാലൂത്ത് ഇറങ്ങി വന്ന് ആരുണ്ട് എന്നോട് എതിരിടാന്‍ എന്ന് മുസ്‌ലിം പക്ഷത്തെ വെല്ലുവിളിച്ചു. ആ വെല്ലുവിളിയെ ദാവൂദ്(അ) എന്ന ചെറുപ്പക്കാരന്‍ തെല്ലും പേടിയില്ലാതെ സ്വീകരിച്ചു.

ആ യുദ്ധത്തില്‍ അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സഹോദരന്മാരും ഉണ്ടായിരുന്നു. കൂട്ടത്തില്‍ ചെറുത് ദാവൂദ് ആയിരുന്നു. ഇളയ സഹോദരനാണ് ജാലൂത്തിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നത്. ജാലൂത്ത് ദാവൂദ്(അ) വെല്ലുവിളി സ്വീകരിച്ചതിനെ നീരസത്തോടെയാണ് കണ്ടത്. 

അവന്‍ പറഞ്ഞു: ‘നീ ചെറിയ കുട്ടിയല്ലേ?’ 

ദാവൂദ്: ‘ഞാന്‍ തന്നെയാണ് വരുന്നത്.’ 

ജാലൂത്ത് പറഞ്ഞു: ‘എങ്കില്‍ ഇങ്ങോട്ട് വരിക.’ 

അങ്ങനെ ദാവൂദ്(അ) ജാലൂത്തിനെതിരില്‍ പുറപ്പെട്ടു. 

ജാലൂത്ത് ചോദിച്ചു: ‘നീ ചെറിയ കുട്ടിയല്ലേ? നിനക്ക് എങ്ങനെ എന്നോട് യുദ്ധം ചെയ്യാനാകും?’ 

അപ്പോള്‍ ദാവൂദ്(അ) പറഞ്ഞു: ‘ഞാന്‍ നിന്നെ കൊല്ലും!’ 

ഈ വാക്ക് ജാലൂത്തിനെ ദേഷ്യംപിടിപ്പിച്ചു. അവന്‍ ദാവൂദിനെ വെട്ടാന്‍ ഉദ്ദേശിച്ചു. ദാവൂദ്(അ) അതിനെ തടഞ്ഞു. എന്നിട്ട് തന്റെ കയ്യിലുണ്ടായിരുന്ന കല്ല് ചുഴറ്റി അവനെ എറിഞ്ഞു. അത് അവന് നന്നായി ഏറ്റു. അങ്ങനെ അവന്‍ വീഴുകയും മരണപ്പെടുകയും ചെയ്തു. ഇത് കണ്ട് ജാലൂത്തിന്റെ പട്ടാളം വിരണ്ടോടി. മുസ്‌ലിംകള്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു. അങ്ങനെ ജാലൂത്തിന്റെ സൈന്യം ആ യുദ്ധത്തില്‍ പരാജയപ്പെട്ടു. 

ഈ യുദ്ധത്തിന് ശേഷം അല്ലാഹു ദാവൂദി(അ)ന് നല്‍കിയ സ്ഥാനവും മഹത്ത്വ വും ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു അദ്ദേഹത്തിന് ആധിപത്യവും ഹിക്മതും (ജ്ഞാനം) നല്‍കി എന്ന് ക്വുര്‍ആന്‍ 2:251ല്‍ പറയുന്നു. ‘ഹിക്മത്’ എന്നതിന്റെ വിവക്ഷ പ്രവാചകത്വമാണ് എന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ (മുഫസ്സിറുകള്‍) പറയുന്നത്. അഥവാ അദ്ദേഹത്തെ അല്ലാഹു രാജാവും പ്രവാചകനുമാക്കി. അതോടൊപ്പം അല്ലാഹു ഉദ്ദേശിച്ചവയെല്ലാം അദ്ദേഹത്തെ അവന്‍ പഠിപ്പിക്കുകയും ചെയ്തു. പക്ഷികളുടെ ഭാഷ അറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അങ്ങനെ പല കഴിവുകളും ജ്ഞാനങ്ങളും അല്ലാഹു അദ്ദേഹത്തിന് നല്‍കി. ഇന്‍ശാ അല്ലാഹ്, അവയെ പറ്റി സന്ദര്‍ഭോചിതം വിവരിക്കുന്നതാണ്. 

ത്വാലൂത്ത്-ജാലൂത്ത് യുദ്ധത്തെ കുറിച്ച് വിവരിച്ചതിന് ശേഷം അല്ലാഹു ഒരു പൊതു തത്ത്വം നമ്മെ അറിയിച്ചു: ‘മനുഷ്യരില്‍ ചിലരെ മറ്റു ചിലര്‍ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു.’

ഭൂമിയിലാകമാനം കുഴപ്പങ്ങളും അക്രമങ്ങളും അനീതിയും നടമാടുന്നതിനെ തടയിടാന്‍ അല്ലാഹു സ്വീകരിക്കുന്ന മാര്‍ഗമാണിത്. 

ത്വാലൂത്തെന്ന മഹാനായ വ്യക്തിത്വത്തിന്റെ നേതൃത്വത്തിലാണ് ജാലൂത്തിനെതിരിലുള്ള യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടതെങ്കിലും, ആ നേതൃത്വത്തിന്‍ കീഴില്‍ അച്ചടക്കത്തോടെയും അനുസരണയോടെയും ഉണ്ടായിരുന്ന കേവലം ഒരു യുവാവ് മാത്രമായിരുന്നു ദാവൂദ് എന്ന വ്യക്തി. ശത്രുപക്ഷത്തിന്റെ നേതാവായ ജാലൂത്തിനെ വധിച്ചതിന് ശേഷം ആ നാടിന്റെ നായകത്വം അദ്ദേഹത്തിലേക്കാണ് വന്നത്. അതോടൊപ്പം പ്രവാചകത്വം എന്ന മഹത്തായ പദവിയും അല്ലാഹു അദ്ദേഹത്തിന് നല്‍കി.

പ്രവാചകത്വവും അധികാരവും ലഭിച്ചപ്പോഴും വ്യക്തിപരമായി അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്ന പരിശുദ്ധിയും വീട്ടുവീഴ്ചയും അദ്ദേഹം നിലനിര്‍ത്തിപ്പോന്നു. അധികാരം ലഭിച്ചപ്പോള്‍ അത് ഉപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്ത് അദ്ദേഹം ജീവിച്ചില്ല. അല്ലാഹു അദ്ദേഹത്തിന് നല്‍കിയ അറിവും ആരോഗ്യവും ഉപയോഗപ്പെടുത്തി നിത്യവൃത്തിക്കായി അധ്വാനിച്ചു എന്നാണ് മുഹമ്മദ് നബിﷺ ദാവൂദ്(അ)നെ പറ്റി നമുക്ക് പഠിപ്പിച്ച് തരുന്നത്.

മിക്വ്ദാം(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ﷺ പറഞ്ഞു: ”തന്റെ കൈകൊണ്ട് പ്രവര്‍ത്തിച്ചതില്‍ നിന്ന് ഭക്ഷിക്കുന്നതിനെക്കാള്‍ നല്ലതായ ഒരു ആഹാരവും ഒരാളും തീരെ കഴിച്ചിട്ടില്ല. തീര്‍ച്ചയായും അല്ലാഹുവിന്റെ പ്രവാചകന്‍ ദാവൂദ്(അ) തന്റെ കൈകൊണ്ട് ജോലി ചെയ്ത് ഭക്ഷിക്കുന്നയാളായിരുന്നു” (ബുഖാരി). 

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ﷺ പറഞ്ഞു: ”തീര്‍ച്ചയായും ദാവൂദ് നബി(അ) തന്റെ കൈകൊണ്ട് ജോലി ചെയ്യുന്നതില്‍നിന്നല്ലാതെ ഭക്ഷിക്കാത്ത ആളായിരുന്നു” (ബുഖാരി).

ജനങ്ങള്‍ക്ക് ഏറെ പ്രയാജനം സിദ്ധിക്കുമാറ്, പില്‍ക്കാലത്തുകാര്‍ക്കും ഏറെ പ്രയോജനം ലഭിച്ച ഒരു അറിവുകൊണ്ടാണ് ദാവൂദ്(അ) അനുഗ്രഹിക്കപ്പെട്ടത്. ദാവൂദ്(അ)ന് അല്ലാഹു നല്‍കിയ ആ അനുഗ്രഹം എന്തായിരുന്നു എന്ന് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”നിങ്ങളുടെ (ഇടയിലുണ്ടാകുന്ന) പടയില്‍ നിങ്ങളെ കാത്തുരക്ഷിക്കുവാനായി നിങ്ങള്‍ക്ക് വേണ്ടി പടച്ചട്ട നിര്‍മാണം അദ്ദേഹത്തിന് നാം പഠിപ്പിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ കൃതജ്ഞത കാണിക്കുന്നവരാണോ?” (ക്വുര്‍ആന്‍ 21:80).

യുദ്ധങ്ങളില്‍ ശത്രുവിനെ പ്രതിരോധിക്കാന്‍ പടയങ്കിയും പടച്ചട്ടയുമെല്ലാം ആവശ്യമാണല്ലോ. ആധുനിക കാലത്ത് യുദ്ധത്തിനായി തീ തുപ്പുന്ന ബോംബുകള്‍, ഒരു രാജ്യത്തെ മുഴുവനായും നശിപ്പിക്കുവാനും വരുംതലമുറകളെ പോലും ദോഷകരമായി ബാധിക്കുന്ന രൂപത്തിലുള്ള ആണവായുധങ്ങള്‍, വിദൂര രാജ്യങ്ങളെ ബോംബിട്ടു നശിപ്പിക്കുവാനുള്ള മിസൈലുകള്‍ തുടങ്ങിയവയാണല്ലോ ഉപയോഗിക്കുന്നത്. ഇതെല്ലാം അടുത്തകാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ടവയാണ്. മുമ്പ് അമ്പുകളും വാളുകളുമൊക്കെയാണ് ഉണ്ടായിരുന്നത്. അവയില്‍ നിന്ന് രക്ഷനേടാനുള്ള ഏകവഴിയായിരുന്നു ഇരുമ്പു കവചങ്ങള്‍ ധരിക്കല്‍. അവ ധരിക്കലും അവ ധരിച്ച് പോരാടലും വലിയ പ്രയാസകരമായ കാര്യമായിരുന്നു. എന്നാല്‍ ധരിക്കുവാനോ ഉപയോഗപ്പെടുത്തുവാനോ പ്രയാസമില്ലാത്ത രൂപത്തില്‍ പടച്ചട്ട നിര്‍മിക്കുവാന്‍ അല്ലാഹു ദാവൂദ് നബി(അ)യെ പഠിപ്പിച്ചു. അത് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ഒരു മുഅ്ജിസത് (ദൈവികദൃഷ്ടാന്തം) ആയിരുന്നു.

അല്ലാഹു പറയുന്നു: ”…അദ്ദേഹത്തിന് നാം ഇരുമ്പിനെ മയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. (നാം കല്‍പിച്ചു) പൂര്‍ണ വലുപ്പമുള്ള കവചങ്ങള്‍ നിര്‍മിക്കുകയും അതിന്റെ കണ്ണികള്‍ ശരിയായ അളവിലാക്കുകയും… ചെയ്യുക എന്ന്…” (ക്വുര്‍ആന്‍ 34:10,11).

സാധാരണ ഗതിയില്‍ ഇരുമ്പിനെ നാം വിചാരിക്കുന്ന രൂപത്തിലേക്ക് മാറ്റണമെങ്കില്‍ ശക്തമായ തീയിലിട്ട് പഴുപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ദാവൂദ്(അ) സാധാരണ നാം മാവ് കുഴക്കുന്നത് പോലെ ഇരുമ്പ് കുഴച്ച് അദ്ദേഹം വിചാരിക്കുന്ന രൂപത്തിലേക്ക് മാറ്റിയിരുന്നു. അത്ഭുതമല്ലേ ഇത്?! ഇത് ദാവൂദ്(അ)ലൂടെ അല്ലാഹു പ്രകടമാക്കിയ ഒരു ദൃഷ്ടാന്തമായിരുന്നു. 

ക്വതാദഃ(റ) പറയുന്നത് കാണുക: ”ആദ്യമായി പടച്ചട്ട നിര്‍മിച്ചത് ദാവൂദ്(അ) ആയിരുന്നു. നിശ്ചയമായും (അത് ആദ്യകാലത്ത് ഒന്നാകെയുള്ള ചില) പലകകള്‍ ആയിരുന്നു. എന്നാല്‍ അതിന് ആദ്യമായി (കൃത്യമായ) കണ്ണികള്‍ നല്‍കിയതും അതിന് തോത് നിശ്ചയിച്ചതും അദ്ദേഹമായിരുന്നു” (ക്വുര്‍ത്വുബി).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ദാവൂദ് നബി (അ) – 01​

ദാവൂദ് നബി (അ) - 01

പരിശുദ്ധ ക്വുര്‍ആനില്‍ പതിനാറ് സ്ഥലങ്ങളില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രവാചകനാണ് ദാവൂദ്(അ). പ്രവാചകത്വപദവിയും രാജപദവിയും ഒന്നിച്ച് നല്‍കപ്പെട്ട ആദ്യത്തെ നബിയുമാണ് ദാവൂദ്(അ). നാല്‍പത് കൊല്ലത്തോളം അദ്ദേഹം ഭരണം നടത്തി എന്ന് പറയപ്പെടുന്നു.

ദാവൂദ്(അ)യുടെ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി, ചില കാര്യങ്ങള്‍ നമുക്ക് ആമുഖമായി മനസ്സിലാക്കാനുണ്ട്.

മൂസാനബി(അ)യുടെ കൂടെ ഒരു ശുശ്രൂഷകനായും, യാത്രകളിലും മറ്റും ഉണ്ടായിരുന്ന ഒരു നബിയായിരുന്നു യൂശഅ്ബ്‌നു നൂന്‍(അ). ഫലസ്തീനില്‍ പ്രവേശിച്ച ഇസ്‌റാഈല്യര്‍ മൂസാ(അ)ക്ക് ശേഷം യൂശഅ്(അ)ന്റെ കൂടെയാണ് ജീവിച്ചുപോന്നിരുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ മരണം വരെ ബനൂഇസ്‌റാഈല്യര്‍ യൂശഅ്(അ)ന്റെ നിയന്ത്രണത്തിലായിരുന്നു. ഫലസ്തീനില്‍ എത്തിയ ശേഷം അവരിലെ ഓരോ ഗോത്രക്കാര്‍ക്കും അവരുടെ താമസ സ്ഥലം നിര്‍ണയിച്ച് കൊടുത്തു. അതുപോലെ അവരിലെ ഓരോ ഗോത്രക്കാരിലും ഓരോ ന്യായാധിപരെ നിശ്ചയിച്ച് കൊടുത്തിരുന്നു. ആ ന്യായാധിപന്മാര്‍ പ്രവാചകന്മാരുടെ നിര്‍ദേശപ്രകാരം കാര്യങ്ങള്‍ നിയന്ത്രിച്ചു പോന്നു. 

മൂസാ(അ)ന്റെ കാലശേഷം നാല് നൂറ്റാണ്ട് കഴിഞ്ഞ് ഏതാണ്ട് പകുതിയാകുന്നത് വരെ അവരില്‍ രാജാക്കന്മാര്‍ ഉണ്ടായിരുന്നില്ല. അവരിലേക്ക് അല്ലാഹു പ്രവാചകന്മാരെ അയക്കുകയും ആ പ്രവാചകന്മാര്‍ നിയമിക്കുന്ന ന്യായാധിപന്മാരെ പിന്തുടരുകയുമായിരുന്നു പതിവ്. പ്രവാചകന്മാര്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ചില കാലങ്ങളില്‍ പ്രവാചകന്മാര്‍ തന്നെ ന്യായാധിപന്മാരായി നിലനിന്നു പോരുകയും ചെയ്തിരുന്നു.

കാലക്രമേണ ഇസ്‌റാഈല്‍ മക്കളില്‍ ബിംബാരാധന ഉടലെടുത്തു. അല്ലാഹുവിന് പുറമെ ആരാധ്യ വസ്തുക്കളായി പല പ്രതിഷ്ഠകളെയും അവര്‍ സ്ഥാപിച്ചു. അതിന്റെ പേരില്‍ അല്ലാഹു അവരെ ശിക്ഷിക്കുകയുണ്ടായി. ഇസ്‌റാഈല്‍ മക്കളെ നിയന്ത്രിക്കുന്ന മര്‍ദക ഭരണകൂടത്തെ അല്ലാഹു അവരില്‍ കൊണ്ടുവന്നുകൊണ്ടായിരുന്നു അവരില്‍ ശിക്ഷ നടപ്പിലാക്കിയത്.

ഇടക്കാലത്ത് അമാലിക്വ എന്ന വിഭാഗം ഭരണാധികാരം ഏറ്റടുത്തു. അമ്മോന്യര്‍, മെദ്യാനികള്‍, ഫെലസ്ത്യര്‍, മോവാബ്യര്‍ മുതലായ അമാലിക്വ വര്‍ഗക്കാരും ഇസ്‌റാഈല്‍ വര്‍ഗവും തമ്മില്‍ പല യുദ്ധങ്ങളും നടക്കുകയുണ്ടായി. നാലാം നൂറ്റാണ്ടില്‍ ഫെലിസ്ത്യരുമായുണ്ടായ യുദ്ധത്തില്‍ ഇസ്‌റാഈല്യര്‍ക്ക് ദാരുണമായ പരാജയം നേരിട്ടു. മാത്രമല്ല, തങ്ങളുടെ വിജയവും രക്ഷയും ഉദ്ദേശിച്ചു കൊണ്ട് തങ്ങള്‍ ഒപ്പം കൊണ്ടുപോയിരുന്ന നിയമ പെട്ടകം എന്നറിയപ്പെടുന്ന താബൂത്തും തൗറാത്തും ഫെലസ്ത്യര്‍ പിടിച്ചെടുത്തു കൊണ്ടുപോയി. ഇതുമൂലം അവര്‍ വമ്പിച്ച വിലാപത്തിലാവുകയും അവരുടെ വീര്യവും ശൗര്യവും നശിക്കുകയും ചെയ്തു.

ഇക്കാലത്ത് ഇസ്‌റാഈല്യരില്‍ പ്രവാചകന്മാര്‍ ഉണ്ടായിരുന്നില്ല. പ്രവാചക പാരമ്പര്യമുണ്ടായിരുന്ന കുടുംബത്തിലെ ഒരു സ്ത്രീ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. കുഞ്ഞിന് ഷംവീല്‍ എന്ന് പേരിടുകയും ചെയ്തു. ഒരു പ്രവാചകന്‍ ഞങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചവരായിരുന്നു അന്നുള്ളവര്‍. അവരുടെ ആ പ്രാര്‍ഥനക്ക് ഉത്തരം കിട്ടി എന്ന അര്‍ഥത്തിലാണത്രെ കുഞ്ഞിന് അപ്രകാരം നാമം വിളിച്ചത്. ഷംവീല്‍ എന്നതിന് സ്വംവീല്‍ എന്നും ആ പേര് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് പിന്നീട് പ്രവാചകത്വവും സിദ്ധിച്ചു. അദ്ദേഹം അവരുടെ പ്രവാചകനും ന്യായാധിപനുമായിത്തിര്‍ന്നു.

അദ്ദേഹത്തിന് വാര്‍ധക്യം പിടിപെട്ടപ്പോള്‍ തങ്ങളെ നയിക്കുവാനും യുദ്ധത്തിലും മറ്റും നേതൃത്വം നല്‍കുവാനും പ്രാപ്തനായ ഒരു ന്യായാധിപന്റെ അഭാവം അവര്‍ മുന്‍കൂട്ടി മനസ്സിലാക്കി. അതിനാല്‍ അവര്‍ ആ പ്രവാചകനോട് ഒരു രാജാവിനെ നിയോഗിച്ചു തരണമെന്ന് ആവശ്യപ്പെട്ടു.

ഒരു രാജാവ് നിലവില്‍ വന്നാല്‍ അവരിലുണ്ടാകുന്ന പ്രതികരണം എപ്രകാരമായിരിക്കുമെന്ന് അവരുമായി ഇടപഴകിയ ആ പ്രവാചകന് ഊഹിക്കാമല്ലോ. നിങ്ങള്‍ പിന്മാറി അനുസരണക്കേട് കാണിച്ചേക്കുമോ എന്ന ചോദ്യം അദ്ദേഹം ചോദിക്കുവാനുള്ള കാരണം അതായിരുന്നു. (സംഭവം വഴിയെ വിവരിക്കുന്നതാണ്, ഇന്‍ശാ അല്ലാഹ്). ഇല്ല എന്നൊക്കെ അവര്‍ പറഞ്ഞെങ്കിലും അവസാനം സംഭവിച്ചത് ആ പ്രവാചകന്റെ സംശയം പോലെ തന്നെയായിരുന്നു. ക്വുര്‍ആന്‍ അതു സംബന്ധമായി വിവരിക്കുന്നത് കാണുക: 

മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്‌റാഈലീ പ്രമുഖര്‍ തങ്ങളുടെ പ്രവാചകനോട്, ഞങ്ങള്‍ക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. (അദ്ദേഹത്തിന്റെ നേതൃത്വത്തില്‍) ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദര്‍ഭം നീ അറിഞ്ഞില്ലേ? അദ്ദേഹം (പ്രവാചകന്‍) ചോദിച്ചു: നിങ്ങള്‍ക്ക് യുദ്ധത്തിന്ന് കല്‍പന കിട്ടിയാല്‍ നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ? അവര്‍ പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ നിന്നും സന്തതികള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ പുറം തള്ളപ്പെട്ട സ്ഥിതിക്ക് ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ കഴിയും? എന്നാല്‍ അവര്‍ക്ക് യുദ്ധത്തിന് കല്‍പന നല്‍കപ്പെട്ടപ്പോഴാകട്ടെ അല്‍പം പേരൊഴിച്ച് (എല്ലാവരും) പിന്മാറുകയാണുണ്ടായത്. അല്ലാഹു അക്രമകാരികളെപ്പറ്റി (നല്ലവണ്ണം) അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 2:246).

മൂസാ നബി(അ)ക്ക് ശേഷം ബനൂഇസ്‌റാഈല്യരിലെ പൗരപ്രമാണിമാരുടെ അവസ്ഥയെ പറ്റി നബിക്ക് അല്ലാഹു വിവരിച്ചു കൊടുക്കുകയാണ്. ആ പ്രധാനികള്‍ അവരിലേക്ക് അല്ലാഹു അയച്ച പ്രവാചകനോട് (ആ പ്രവാചകന്റെ പേര് ക്വുര്‍ആന്‍ വെളിപ്പെടുത്തിയിട്ടില്ല. ചരിത്രത്തില്‍ ഷംവീല്‍ എന്ന പേരിലാണ് ആ പ്രവാചകന്‍ അറിയപ്പെടുന്നത്) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ക്ക് നേത്യത്വം നല്‍കാന്‍ കഴിവുള്ള ഒരു രാജാവിനെ നിശ്ചയിച്ചു തന്നാലും എന്ന് ആവശ്യപ്പെട്ടു. അവരുടെ സ്വഭാവം നന്നായി അറിയുന്നതിനാല്‍ ആ പ്രവാചകന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ ആവശ്യപ്പെട്ടത് പോലെ നിങ്ങള്‍ക്ക് യുദ്ധത്തിനുള്ള അനുവാദം ലഭിച്ചാല്‍ നിങ്ങള്‍ പിന്തിരിയുമോ? അവര്‍ ആ പ്രവാചകനോട് തിരിച്ചു ചോദിച്ചു: ഞങ്ങള്‍ എങ്ങനെ യുദ്ധം ചെയ്യാതിരിക്കും? യുദ്ധം ചെയ്യാതിരിക്കുവാന്‍ ഞങ്ങള്‍ക്ക് ഒരു ന്യായവും ഇല്ലല്ലോ. മാത്രവുമല്ല, യുദ്ധം ചെയ്യാനുള്ള സാഹചര്യമാണല്ലോ ഞങ്ങള്‍ക്കുള്ളത്. അവരുടെ സാഹചര്യവും അവര്‍ വിശദീകരിച്ചു. ഞങ്ങളെ ഞങ്ങളുടെ വീടുകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും പുറത്താക്കി. അവരോട് യുദ്ധം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരേയൊരു തടസ്സമേ ഉള്ളൂ. അതായത്, യുദ്ധത്തിന്‌നേതൃത്വം നല്‍കാന്‍ ഒരു രാജാവില്ല. ഇതായിരുന്നു അവരുടെ ആദ്യത്തെ പ്രതികരണം.

പ്രവാചകന്റെ സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു പിന്നീട് അവരുടെ അവസ്ഥ. യുദ്ധത്തിനുള്ള കല്‍പന വന്നപ്പോള്‍ പലരും പിന്തിരിഞ്ഞു. കുറച്ച് പേര്‍ മാത്രം ആ കല്‍പന സ്വീകരിക്കുയും ചെയ്തു.

അവര്‍ ആ പ്രവാചകനോട് രാജാവിനെ നിശ്ചയിച്ചു തരാന്‍ ആവശ്യപ്പെട്ടിരുന്നല്ലോ. അല്ലാഹു അവരുടെ ആശക്കൊത്ത് അവര്‍ക്ക് ഒരു രാജാവിനെ നല്‍കുകയും ചെയ്തു. അപ്പോള്‍ അവരില്‍ എന്താണ് സംഭവിച്ചത്?

അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീരശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെ വകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു” (2:247).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിന് ഒരു രാജാവ് ഇല്ലാത്തതിന്റെ കുറവേ ഞങ്ങള്‍ക്ക് ഉള്ളൂ എന്ന രൂപത്തില്‍ സംസാരിച്ചവരായിരുന്നല്ലോ അവര്‍. കരുത്തനായ ഒരു രാജാവ് അവര്‍ക്ക് വേണം എന്നതായിരുന്നു അവരുടെ ആവശ്യം. അല്ലാഹുവിന്റെ കല്‍പന പ്രകാരം ആ പ്രവാചകന്‍ അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ത്വാലൂത്തിനെ അവരുടെ രാജാവാക്കി നിശ്ചയിച്ചു. അപ്പോള്‍ അവരുടെ നിറം മാറി.

ത്വാലൂത്തിനെ അവരുടെ രാജാവായി അല്ലാഹു തെരഞ്ഞെടുത്തപ്പോള്‍ അവര്‍ക്ക് അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ ത്വാലൂത്തിനെ രാജാവായി തൃപ്തിയോടെ സ്വീകരിച്ചതുമില്ല. രാജപദവി അവരുടെ കുടുംബത്തില്‍ നിന്നായിരിക്കുമെന്നായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. അവര്‍ വിചാരിച്ചത് പോലെ അത് സംഭവിച്ചില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: ഇവനെങ്ങനെ ഞങ്ങളെ ഭരിക്കാന്‍ സാധിക്കും? അവനെക്കാള്‍ അധികാരത്തിന് അര്‍ഹര്‍ ഞങ്ങളാണല്ലോ. ഒരു രാജാവ് ആകണമെങ്കില്‍ രാജ പാരമ്പര്യം വേണ്ടേ? അത് ഇവനില്ലല്ലോ. അല്ലെങ്കില്‍ പ്രവാചക പാരമ്പര്യം വേണം. അതും ഇവന് ഇല്ലല്ലോ. ഇവന്‍ ഒരു സാധാരണ കുടുംബത്തില്‍ പിറന്നവനാണ്. രാജ പാരമ്പര്യവും പ്രവാചക പാരമ്പര്യവുമെല്ലാം ഉള്ള ഞങ്ങള്‍ ഇവിടെ ഉള്ളപ്പോള്‍ ത്വാലൂത്തിനെ രാജാവായി നിശ്ചയിക്കുന്നത് ശരിയല്ല. ഇതായിരുന്നു ത്വാലൂത്തിനെ രാജാവായി അംഗീകരിക്കാതിരിക്കാനുള്ള ഇവരുടെ ന്യായം.

ത്വാലൂത്ത് ഒരു സാധാരണക്കാരനാണല്ലോ. രാജാവ് ആകണമെങ്കില്‍ കുറച്ചൊക്കെ സമ്പത്ത് വേണമല്ലോ. അതും ഞങ്ങള്‍ക്ക് തന്നെയാണ് ത്വാലൂത്തിനെക്കാള്‍ കൂടുതല്‍. ഇതായിരുന്നു അവരുടെ മറ്റൊരു ന്യായം. ത്വാലൂത്തിനെ രാജാവായി അംഗീകരിക്കാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു: ത്വാലൂത്തിനെ രാജാവായി തെരഞ്ഞെടുത്തത് അല്ലാഹുവാണ്. അല്ലാഹുവാണ് ആര്‍ക്ക് അധികാരം നല്‍കണം, ആരില്‍ നിന്ന് അധികാരം നീക്കം ചെയ്യണം എന്ന് നന്നായി അറിയുന്നവന്‍. അവന്‍ തെരഞ്ഞെടുത്ത ഒരാളെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമാണ് ഉള്ളത്? അല്ലാഹു തെരഞ്ഞെടുത്തവനെ നിങ്ങള്‍ പിന്തുടരുക. ഇതായിരുന്നു അവര്‍ക്ക് ആ പ്രവാചകന്‍ നല്‍കിയ ഒന്നാമത്തെ മറുപടി. 

വീണ്ടും തുടര്‍ന്നു: സമ്പത്ത് അദ്ദേഹത്തില്‍ കുറവാണെങ്കിലും എല്ലാവരെയും ഭരിക്കാന്‍ മാത്രം പോന്ന വിശാലമായ അറിവും നല്ല ശരീരവും അല്ലാഹു നല്‍കിയിട്ടുണ്ട്. സമ്പത്തിനെക്കാളും വലിയ നേട്ടം നല്ല അറിവും ആരോഗ്യവുമാണ്. അത് രണ്ടും ഉള്ളവര്‍ക്കേ സമ്പത്ത് നേരാംവണ്ണം കൈകാര്യം ചെയ്യാന്‍ കഴിയൂ.

രാജാധികാരത്തിന്റെ സാക്ഷാല്‍ ഉടമ അല്ലാഹുവാണല്ലോ. അതില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കും. അതിനെ ചോദ്യംചെയ്യാന്‍ നാം ആളല്ല. അല്ലാഹു വളരെ വിശാലനും എല്ലാ കാര്യത്തെ പറ്റിയും നന്നായി അറിയുന്നവനുമാകുന്നു. ഇതെല്ലാം കേട്ടപ്പോള്‍ മനസ്സില്ലാ മനസ്സോടെ അവര്‍ ത്വാലൂത്തിന്റെ അധികാരത്തെ സമ്മതിച്ചു. ത്വാലൂത്തിന്റെ അധികാരത്തെ അവര്‍ സമ്മതിച്ചെങ്കിലും അവര്‍ക്കത് ഉള്‍കൊള്ളാന്‍ പ്രയാസമായിരുന്നു. ആ സംശയത്തെ നീക്കുവാനായി അവരോട് വീണ്ടും ആ പ്രവാചകന്‍ തുടര്‍ന്നു:

അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്” (ക്വുര്‍ആന്‍ 2:248).

താബൂത്തും തൗറാത്തും നഷ്ട്ടപ്പെട്ടതില്‍ ദുഃഖിതരായിരുന്നല്ലോ അവര്‍. അവരുടെ ആ പേടകവും തൗറാത്തും ത്വാലൂത്ത് നിങ്ങള്‍ക്ക് തിരിച്ചുകൊണ്ടുവരുന്നതാണ്. അത് നിങ്ങള്‍ക്ക് ത്വാലൂത്തിന്റെ അധികാരത്തിലെ സംശയത്തെ ഇല്ലാതെയാക്കുവാന്‍ സഹായകമാകുന്നതുമാണ്.

താബൂത്ത് എന്ന അവരുടെ പേടകം അവരില്‍ നിന്ന് ശത്രുക്കള്‍ പിടിച്ച് കൊണ്ട് പോയതാണണല്ലോ. അത് അവരുടെ പക്കല്‍ ഉണ്ടായിരുന്നപ്പോഴെല്ലാം അവര്‍ക്ക് വിജയമുണ്ടെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ആ പേടകം നിങ്ങളുടെ യാതൊരു പരിശ്രമവും ആവശ്യമില്ലാത്ത വിധം മലക്കുകള്‍ നിങ്ങള്‍ക്ക് വഹിച്ചു കൊണ്ടുവരുന്നതായിരിക്കും. ആ പേടകത്തില്‍ അല്ലാഹുവില്‍ നിന്നുള്ള സമാധാനവും ഉണ്ടായിരിക്കുന്നതാണ്. അതുപോലെ മൂസാകുടുംബവും ഹാറൂന്‍ കുടുംബവും അവശേഷിപ്പിച്ചതും അതില്‍ ഉണ്ടായിരിക്കുന്നതാണ്. തൗറാത്തിന്റെ പകര്‍പ്പാണെന്നും അല്ലെങ്കില്‍ അത് എഴുതിയ ചില പലകകളോ അതിന്റെ കഷ്ണങ്ങളോ ആകാം എന്നും അല്ലെങ്കില്‍ മൂസാ(അ)ന്റെയും ഹാറൂന്‍(അ)ന്റെയും വടികള്‍ ആകാം എന്നും അല്ലെങ്കില്‍ അവരുടെ വസ്ത്രങ്ങള്‍ ആകാം എന്നുമെല്ലാം അതിനെ പറ്റി പണ്ഡിതന്മാര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മലക്കുകള്‍ അതിനെ വഹിച്ചുകൊണ്ടുവരുന്നതാണ് എന്നതിനെ വിശദീകരിച്ച് ഇമാം ക്വതാദഃ(റ) പറയുന്നത് മലക്കുകള്‍ അത് ത്വാലൂത്തിന്റെ വീട്ടില്‍ കൊണ്ടുവന്നു വെച്ചു എന്നാണ്. ഒന്നോ രണ്ടോ പശുക്കളെ കെട്ടിയ ഒരു വണ്ടിയില്‍ മലക്കുകള്‍ അത് കൊണ്ടുവന്നു എന്ന് ഇമാം സൗരി(റഹി)യില്‍ നിന്നും നിവേദനം വന്നിട്ടുണ്ട്. ഏതായാലും താബൂത്തിന്റെ വരവ് ത്വാലൂത്തിന്റെ രാജത്വത്തിനു തെളിവും അടയാളവും തന്നെയായിരുന്നു.

വീണ്ടും അല്ലാഹു അവരെ പരീക്ഷിച്ചു. ഓരോ ജനതയിലും അല്ലാഹു പല രൂപത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നത്, അവരില്‍ ശുദ്ധീകരണം വരുത്തുന്നതിന് വേണ്ടിയായിരുന്നല്ലോ.

അവര്‍ക്ക് യുദ്ധത്തിനുള്ള കല്‍പന കിട്ടിയതിനാല്‍ അവര്‍ യുദ്ധത്തിനുള്ള പുറപ്പാടിലാണ്. യുദ്ധത്തിന് പോകുമ്പോള്‍ അയോഗ്യരുണ്ടായാല്‍ വിജയം ലഭിക്കില്ല. നല്ല കരുത്തരായ ആളുകളെ അല്ലാഹു തെരഞ്ഞെടുക്കും. അതിനായി ഇടക്കിടെ ചില പരീക്ഷണങ്ങള്‍ അവര്‍ നേരിടേണ്ടി വന്നു. ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് ഏറെ ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍ അതിന് അവര്‍ക്ക് തടസ്സമായിട്ടുള്ളത് നേതൃത്വം നല്‍കാന്‍ ഒരു രാജാവ് ഇല്ല എന്നതായിരുന്നു. അവര്‍ അപ്രകാരം അവരുടെ പ്രവാചകനോട് ആവശ്യപ്പെടുമ്പോള്‍ അവരുടെ എണ്ണം എണ്‍പതിനായിരം ആയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഒരു പരീക്ഷണം എന്ന നിലക്ക് യുദ്ധം നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ കുറെ പേര്‍ പേടിച്ച് പിന്തിരിഞ്ഞു. ഒരു വലിയ ശുദ്ധീകരണം അവര്‍ക്കിടയില്‍ അപ്പോള്‍ നടന്നു. അങ്ങനെ എണ്‍പതിനായിരത്തില്‍ നിന്ന് കുറെ എണ്ണം കുറഞ്ഞു.

യുദ്ധമുഖത്തേക്ക് പോകുമ്പോള്‍ ശരിയായ ഈമാന്‍ ഇല്ലാത്തവരാണെങ്കില്‍ വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വരും. അഥവാ യുദ്ധത്തിന് പോകുന്നവര്‍ വിശ്വാസം അടിയുറച്ചവരായിരിക്കണം. അതിനായി അടുത്ത ഒരു പരീക്ഷണം അവരില്‍ നടക്കുകയാണ്.

ഇസ്‌റാഈല്യരില്‍ അച്ചടക്കരാഹിത്യവും വിശ്വാസ ദൗര്‍ബല്യവും ഉള്ളവരും രാജാവിനെ കുറിച്ച് ആശങ്ക പുലര്‍ത്തുന്നവരും ത്യാഗസന്നദ്ധരല്ലാത്തവരും ഉണ്ടായിരിക്കുമല്ലോ. അങ്ങനെയുള്ളവരെയും നിഷ്‌കളങ്കരെയും രണ്ടായി തന്നെ വേര്‍തിരിക്കപ്പെടണം. അതിനായി അല്ലാഹു അവരെ ഒരു പരീക്ഷണം നടത്തി.

അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്…” (ക്വുര്‍ആന്‍ 2:248).

ത്വാലൂത്ത് തന്റെ കൂടെയുള്ളവരുമായി യുദ്ധത്തിന് യാത്രയായി. അവര്‍ സഞ്ചരിക്കുന്ന വഴിയില്‍ പ്രസിദ്ധമായ ഒരു നദിയുണ്ടായിരുന്നു; ജോര്‍ദാന്‍ നദി. ഫലസ്തീനില്‍ ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്ന നദിയാണത്. ആ നദിയില്‍ നിന്ന് പിരിഞ്ഞ് ഒഴുകിക്കൊണ്ടിരുന്ന പല പോഷക നദികളും ഉണ്ടായിരുന്നു. അതിലെ ഒരു നദി മുറിച്ച് കടന്നിട്ട് വേണം ത്വാലൂത്തിനും സംഘത്തിനും ശത്രുക്കളോട് അടരാടാന്‍ പോകാന്‍. ഇനി ശത്രുക്കളുടെ മുന്നില്‍ എത്തുമ്പോള്‍ വളരെ കറകളഞ്ഞ വിശ്വാസികളാകണം ഉണ്ടാകേണ്ടത്. അതിനായി അവരെ പരീക്ഷിക്കുന്നതിനായി ത്വാലൂത്ത് അവരോട് പറഞ്ഞു: അല്ലാഹു നിങ്ങളെ ഒരു നദി മുഖേന പരീക്ഷിക്കുന്നതാണ്.ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: നല്ല ഉഷ്ണവും ദാഹവും ഉള്ള സന്ദര്‍ഭത്തിലായിരുന്നു അവരുടെ യാത്ര. 

അത്തരം ഒരു സന്ദര്‍ഭത്തില്‍ നദി മുറിച്ച് കടക്കുമ്പോള്‍ അതില്‍ നിന്ന് കുടിക്കരുതെന്ന് പറയുമ്പോള്‍ അത് വലിയ പരീക്ഷണം തന്നെയാണ്. വെള്ളത്തിന് ആവശ്യമുള്ളപ്പോള്‍ ആര് അത് ഒഴിവാക്കും എന്ന് അറിയുന്നതിലാണല്ലോ പരീക്ഷണമുള്ളത്. അതിനാല്‍ ആ നദി മുഖേന അല്ലാഹു അവരെ പരീക്ഷിക്കുന്നതാണെന്ന് ത്വാലൂത്ത് അവരോട് പറഞ്ഞു. പരീക്ഷണം എങ്ങനെയാണെന്നും അദ്ദേഹം അവരെ അറിയിച്ചു:

”…അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെ കൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്…”(2:249).

ആര് ആ നദിയില്‍ നിന്ന് തന്റെ കൈകൊണ്ട് ഒരു കോരലിനപ്പുറം കുടിക്കുന്നുവോ അവര്‍ എന്റെ കൂടെ പുറപ്പെടേണ്ടതില്ല. അവര്‍ക്ക് സൈന്യത്തില്‍ സ്ഥാനമില്ല. നല്ല ചൂടും ദാഹവും ഉള്ള കാലമാണല്ലോ. തീരെ കുടിക്കാതെ പ്രയാസപ്പെടുത്തിയില്ല. ഒരു കോരല്‍ അവര്‍ക്ക് അനുവദിച്ചു. എന്നാല്‍ അതിനപ്പുറം അവര്‍ക്ക് അനുവദിച്ചതുമില്ല. എന്താണ് അവരില്‍ സംഭവിച്ചെതന്ന് കാണുക:

”…അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു…”(2:249).

കുറെ പേര്‍ രാജാവിന്റെ കല്‍പനയെ അനുസരിക്കാതെ ഇഷ്ടാനുസരണം അതില്‍ നിന്നും വെള്ളം കുടിച്ചു. അതോടെ സൈന്യത്തിലെ എണ്ണം കുറഞ്ഞു. ഓരോ പരീക്ഷണത്തിലും വിശ്വാസത്തിന്റെ ദൗര്‍ബല്യം കാരണം എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നു. എണ്‍പതിനായിരം പേരുണ്ടായിരുന്ന ഇവര്‍ യുദ്ധത്തിന്റെ സമയത്ത് എത്ര പേരായി ചുരുങ്ങി എന്ന് നബി വിവരിച്ചു തരുന്നുണ്ട്.

രാജാവിന്റെ കല്‍പന അനുസരിച്ചവരെ മാത്രമായി കൊണ്ട് രാജാവ് അവരെയും കൊണ്ട് പുറപ്പെട്ടു. 

”…അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി(ഗോലിയത്ത്)നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല…” (ക്വുര്‍ആന്‍ 2:249).

നദി മുറിച്ചുകടന്ന് ശത്രുക്കളുടെ ഭാഗത്ത് അവര്‍ എത്തി. ശത്രുപാളയത്തിന്റെ സേനാ നായകനാണ് ജാലൂത്ത്. അയാളോടാണ് ഇവര്‍ക്ക് പോരാടാനുള്ളത്. അയാളും അയാളുടെ സൈന്യവും സര്‍വ യുദ്ധ സന്നാഹങ്ങളോടെയും നില്‍ക്കുന്നിടത്തേക്കാണ് ത്വാലൂത്തും സംഘവും എത്തുന്നത്. ഈ യുദ്ധ സന്നദ്ധരായ സൈന്യത്തെ കണ്ടപ്പോള്‍ വിശ്വാസം ഉറക്കാത്തവര്‍ക്ക് വീണ്ടും പതര്‍ച്ച തുടങ്ങി. അവര്‍ പേടിച്ചു. അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു. ഈ വലിയ സംഘത്തോട് നാം എങ്ങനെ പോരാടും? യുദ്ധക്കോപ്പുകളുമായി തയ്യാറെടുത്ത് നില്‍ക്കുകയാണ് ജാലൂത്തും സംഘവും. നമുക്ക് അവരോട് പോരാടാന്‍ കഴിയില്ല എന്നും പറഞ്ഞ് കുറെ പേര്‍ വീണ്ടും പിന്‍മാറി. എന്നാല്‍ ഉറച്ച വിശ്വാസമുള്ള ആളുകള്‍ ഒരു പതര്‍ച്ചയും കൂടാതെ പ്രഖ്യാപിച്ചു: 

”…തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീഴ്‌പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു”(ക്വുര്‍ആന്‍ 2:249).

പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടണം എന്ന് ആഗ്രഹിക്കുന്ന വിശ്വാസം ഉറച്ചവരായ ആ നല്ലവര്‍ അവരോട് പറഞ്ഞു: ആള്‍ബലത്തിലോ ആയുധബലത്തിലോ അല്ലല്ലോ വിജയം. ആരെല്ലാം ഒന്നിച്ചാലും അല്ലാഹുവിന്റെ സംഘത്തെ പരാജയപ്പെടുത്താന്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ നടക്കില്ല. അതിനാല്‍ ധൈര്യമായി നാം മുന്നോട്ട് വരിക. യഥാര്‍ഥത്തില്‍ ഈമാന്‍ മനസ്സില്‍ ദൃഢമായവര്‍ക്ക് അല്ലാഹുവിന്റെ ദീനിന് വേണ്ടി യുദ്ധം ചെയ്യുന്നതിന് എതിര്‍കക്ഷിയുടെ അംഗബലമോ ആയുധബലമോ ഒന്നും ഭീതിപ്പെടുത്തുന്നതായില്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക