നബി ചരിത്രം – 01​

നബി ചരിത്രം - 01: ലോകഗുരു: മുഹമ്മദ് നബിﷺ

ലോകഗുരു: മുഹമ്മദ് നബിﷺ

അന്ത്യനാള്‍ വരെയുള്ള മാനവരാശിയുടെ മാര്‍ഗദര്‍ശകനായ മുഹമ്മദ് നബിﷺയുടെ സംഭവബഹുലവും മാതൃകായോഗ്യവുമായ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ ശ്രമിച്ചവരൊക്കെ അദ്ദേഹത്തിന്റെ അനുപമ വ്യക്തിത്വത്തില്‍ വിസ്മയിച്ച് പോയിട്ടുണ്ട്. സത്യവിശ്വാസികള്‍ക്ക് ആ ജീവിതത്തെ അടുത്തറിയുന്നതിലൂടെ വിശ്വാസ ദൃഢീകരണം ലഭിക്കുമെന്നതില്‍ സംശയമില്ല.

നബി സ്വയുടെ  ജീവചരിത്രം പഠിക്കുന്നതിലൂടെ ഒട്ടനവധി ഗുണങ്ങള്‍ ഒരു മുസ്‌ലിമിനെ ലഭിക്കാനുണ്ട്. അവ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം:

1. സ്വഭാവത്തിലും ജീവിതരീതിയിലും ഒരു സമ്പൂര്‍ണ മനുഷ്യന്റെ ഉദാത്ത മാതൃകയാണ് നബിയുടെ ജീവിതം. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ അന്വേഷിക്കുന്നതും അതുതന്നെയാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.” (ക്വുര്‍ആന്‍ 68:4).

2. ക്വുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള ഇസ്‌ലാമിക നിയമങ്ങളുടെ പ്രാവര്‍ത്തിക രൂപമാണ് നബിﷺയുടെയും സ്വഹാബിമാരുടെയും ജീവിതം. അത് പഠിക്കല്‍ ആരാധനയുടെ ഒരു ഭാഗം കൂടിയാണ്. അല്ലാഹു പറയുന്നു: ”…നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക…” (ക്വുര്‍ആന്‍ 59:7).

3. വാക്കിലും പ്രവൃത്തിയിലും ഉദ്ദേശ്യത്തിലും സ്വഭാവത്തിലും നബിﷺയെ പിന്‍പറ്റല്‍ മതപരമായ നിര്‍ബന്ധ കടമയാണ.് നബിﷺയുടെ ജീവിതവും അവിടത്തെ ചര്യകളും സ്വഭാവങ്ങളും പ്രത്യേകതകളും പ്രവാചകത്വത്തിന്റെ തെളിവുകളും മനസ്സിലാക്കിയെങ്കില്‍ മാത്രമെ ഈ പിന്‍പറ്റല്‍ സാധ്യമാവുകയുള്ളൂ. അല്ലാഹു പറയുന്നു: ”പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം” (ക്വുര്‍ആന്‍ 7:158).

4. ഉള്ളുകൊണ്ടും പുറംകൊണ്ടും നബിﷺയെ പിന്‍പറ്റല്‍ തന്റെ രക്ഷിതാവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. അതിന്റെ ഫലമാകട്ടെ റബ്ബിന്റെ സ്‌നേഹം തിരിച്ചു ലഭിക്കലും. അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 3:31).

5. എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ക്കും പ്രവാചക ജീവിതത്തില്‍ പാഠങ്ങളുണ്ട്. അവരെ ബാധിക്കുന്ന പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും ആശ്വാസമാണ് പ്രവാചക ജീവിതം. പ്രത്യേകിച്ചും പണ്ഡിതന്മാര്‍ക്കും ഭരണാധികാരികള്‍ക്കും. അല്ലാഹു പറയുന്നു: ”നിന്റെ രക്ഷിതാവിന്റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വം കാത്തിരിക്കുക. തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ കുറച്ച് സമയവും നക്ഷത്രങ്ങള്‍ പിന്‍വാങ്ങുമ്പോഴും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക” (ക്വുര്‍ആന്‍ 52:48,49).

6. പ്രവാചക ജീവിതം സഞ്ചരിച്ച ഈമാനിന്റെ പാതകളും ഉത്തമ സ്വഭാവങ്ങളും വിശ്വാസിയുടെ മനസ്സിന് ശക്തി പകരുകയും ഹൃദയങ്ങള്‍ക്ക് ആശ്വാസം ചൊരിഞ്ഞു കൊടുക്കുകയും നല്ല വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരണ നല്‍കുകയും പ്രതിഫലങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ”…അല്ലാഹുവെയും അവന്റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു” (ക്വുര്‍ആന്‍ 33:71).

7. ക്വുര്‍ആനും ഹദീഥും മനസ്സിലാക്കാനുള്ള ഒരു സഹായിയാണ് നബിചരിത്രം: ”വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും” (ക്വുര്‍ആന്‍ 16:44).

8. രാജാവും പ്രജകളും ഉള്‍ക്കൊള്ളേണ്ടുന്ന ഒട്ടനവധി പാഠങ്ങള്‍ നിറഞ്ഞതാണ് പ്രവാചക ചരിത്രം. അഹങ്കാരികളില്‍നിന്നും ധിക്കാരികളില്‍ നിന്നും രക്ഷ ലഭിക്കാനുള്ള മാര്‍ഗമെന്തെന്ന് മനസ്സിലാക്കാനുള്ള വഴിയാണ് പ്രവാചക ജീവിതം: ”തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്…” (ക്വുര്‍ആന്‍ 12:111).

9. വമ്പിച്ച വിജ്ഞാന ശേഖരമാണ് പ്രവാചകജീവിതം. അതില്‍ വിശ്വാസം, വിധിവിലക്കുകള്‍, ദഅ്‌വത്ത്, അധ്യാപനം, രാഷ്ട്രീയം, ജിഹാദ്, സ്വഭാവ മര്യാദകള്‍… എല്ലാം ഉള്‍ക്കൊള്ളുന്നു: ”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു” (ക്വുര്‍ആന്‍ 62:2). 

10. അല്ലാഹുവിലേക്കുള്ള ദഅ്‌വത്തിന്റെ അടിസ്ഥാനങ്ങള്‍ അല്ലാഹു ക്വുര്‍ആനില്‍ വിശദീകരിക്കുന്നു. നബിമാരുടെ പ്രബോധനത്തിന്റെ അടിസ്ഥാനങ്ങളും അവിടെ ആവശ്യമായ ക്ഷമയും ഗുണകാംക്ഷയും അല്ലാഹുവിന്റെ വചനത്തിന്റെ ഉന്നതിക്കുവേണ്ടി സര്‍വതും സമര്‍പ്പിക്കലും എന്തെന്നും എങ്ങനെയെന്നും അല്ലാഹു ക്വുര്‍ആനിലൂടെ പഠിപ്പിക്കുന്നു. അതിനുശേഷം നബിﷺ തന്റെ ജീവിതത്തില്‍ പ്രവൃത്തിപഥത്തിലൂടെ അത് കാണിച്ചു കൊടുക്കുന്നു. അങ്ങനെ ശത്രുക്കള്‍ പോലും മിത്രങ്ങളായി മാറിയെന്നാണ് ചരിത്രം. 

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല” (ക്വുര്‍ആന്‍ 41:34,35).

11. ക്വുര്‍ആന്‍ വചനങ്ങളുടെ അവതരണ കാരണങ്ങളും നാസിഖും മന്‍സൂഖും (നിയമ ഭേദഗതി വരുത്തപ്പെട്ട വചനങ്ങള്‍) നബിﷺയുടെ കരങ്ങളിലൂടെ അല്ലാഹു നടപ്പാക്കിയ അമാനുഷിക ദൃഷ്ടാന്തങ്ങളും പ്രവാചക ചരിത്രത്തിന്റെ വെളിച്ചത്തിലൂടെയല്ലാതെ മനസ്സിലാക്കാന്‍ സാധിക്കുകയില്ല.

”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു” (ക്വുര്‍ആന്‍ 53:3,4).

12. നബിയുടെ പ്രത്യേകതകള്‍ അവിടുത്തെ ചരിത്രം പഠിക്കുന്നതിലൂടെയല്ലാതെ മനസ്സിലാക്കാന്‍ കഴിയുകയില്ല. ഈമാനിന്റെയും ദഅ്‌വത്തിന്റെയും അധ്യാപനത്തിന്റെയും വിധിവിലക്കുകളുടെയും ഉസ്വൂലുകള്‍ (അടിസ്ഥാനങ്ങള്‍) വൈജ്ഞാനികമായും കര്‍മപരമായും മനസ്സിലാക്കണമെങ്കില്‍ പ്രവാചക ചരിത്രം അറിയുകതന്നെ വേണം.

”തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ)…”(ക്വുര്‍ആന്‍ 3:164).

പ്രവാചക ചരിത്രത്തിന്റെ അവലംബം ക്വുര്‍ആന്‍ തന്നെയാണ.് പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള കാര്യങ്ങള്‍ അല്ലാഹു അതില്‍ വിശദീകരിച്ചിട്ടുണ്ട്; അതുപോലെ തന്നെ ഹിജ്‌റക്ക് മുമ്പും ശേഷവും ഉള്ള കാര്യങ്ങളും.

പ്രവാചക ചരിത്രം മനസ്സിലാക്കാന്‍ ക്വുര്‍ആന്‍ പൂര്‍ണമായും ഉപയോഗപ്പെടണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ അനിവാര്യമാണ്:

1) അവതരണ കാരണങ്ങളും നാസിഖും മന്‍സൂഖും (നിയമ ഭേദഗതി വരുത്തപ്പെട്ട വചനങ്ങള്‍) വിശദീകരിക്കുന്ന ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലേക്ക് മടങ്ങുക.

2) നബിﷺയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളും സ്വഭാവപരവും ശാരീരികവുമായ വിശേഷണങ്ങളും ഉള്‍ക്കൊള്ളിച്ച അംഗീകൃത ഹദീഥ് ഗ്രന്ഥങ്ങളിലേക്ക് മടങ്ങുക. ബുഖാരി, മുസ്‌ലിം, മുസ്‌നദു അഹ്മദ്, സുനനുകള്‍ (സുനനുത്തിര്‍മുദി, അബൂദാവൂദ്, ഇബ്‌നു മാജ, നസാഈ) ജവാമിഉകള്‍ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. അതിനെത്തുടര്‍ന്ന് ചരിത്രഗ്രന്ഥങ്ങളും അവലംബിക്കേണ്ടതുണ്ട്

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

ഈസാ നബി (അ) – 11

ഈസാ നബി (അ) - 11

ഈസാ നബിയുടെ മരണം

ഈസാ നബി(അ) ദജ്ജാലിനെയും അവന്റെ കൂടെക്കൂടികളെയും വധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം കഴിഞ്ഞ ലക്കത്തില്‍ മനസ്സിലാക്കി. തുടര്‍ന്ന് ഭൂമിയിലേക്ക് യഅ്ജൂജ്, മഅ്ജൂജ് എന്ന്‌പേരുള്ള ഭീകരന്മാരായ ഒരു ജനവിഭാഗത്തിന്റെ പുറപ്പാട് ഉണ്ടാകുന്നതാണ്. അവരുടെ എണ്ണം വളരെ വലുതാണ്. അവര്‍ ആഗോള തലത്തില്‍ തന്നെ അങ്ങേയറ്റത്തെ അക്രമം അഴിച്ചുവിടുകയും ജനങ്ങളെ പൊറുതിമുട്ടിക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗമായിരിക്കുമെന്ന് ക്വുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

അക്രമികളായ, അരാജകത്വം വ്യാപിപ്പിക്കുന്ന ഈ വിഭാഗത്തെ പറ്റി ക്വുര്‍ആന്‍ നമുക്ക് പഠിപ്പിച്ചു തരുന്നത് കാണുക:

”അങ്ങനെ യഅ്ജൂജ്, മഅ്ജൂജ് ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും അവര്‍ എല്ലാ കുന്നുകളില്‍ നിന്നും കുതിച്ചിറങ്ങി വരികയും ആ സത്യവാഗ്ദാനം ആസന്നമാവുകയും ചെയ്താല്‍ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നുപോകുന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല, ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ (എന്നായിരിക്കും അവര്‍ പറയുന്നത്)” (21:96,97).

യഅ്ജൂജ്, മഅ്ജൂജ് എന്ന പരാമര്‍ശം ക്വുര്‍ആനില്‍ രണ്ടിടത്ത് നമുക്ക് കാണാന്‍ കഴിയും. ഇവര്‍ ക്വുര്‍ആന്‍ ഇറങ്ങുന്നതിന് മുമ്പ് ഭാഗികമായി പുറപ്പെട്ടിരുന്നുവെന്നും അവര്‍ കടുത്ത അക്രമം പ്രവര്‍ത്തിക്കുകയാണ് ചെയ്തത് എന്നും ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്.

”അങ്ങനെ അദ്ദേഹം രണ്ട് പര്‍വതനിരകള്‍ക്കിടയില്‍ എത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല. അവര്‍ പറഞ്ഞു: ഹേ, ദുല്‍ക്വര്‍നയ്ന്‍, തീര്‍ച്ചയായും യഅ്ജൂജ്, മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍ക്കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട്  നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം. നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ. ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ. പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ്മഅ്ജൂജിന്ന്) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല. അദ്ദേഹം (ദുല്‍ക്വര്‍നയ്ന്‍) പറഞ്ഞു: ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവര്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നു. (അന്ന്) അവരില്‍ ചിലര്‍ മറ്റു ചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും” (18:93-99).

ചുരമാര്‍ഗത്തിലൂടെ ഒരു നാട്ടില്‍ നിന്ന് മറുനാട്ടില്‍ കയറിപ്പറ്റി, ആ നാട്ടുകാരോട് അക്രമം കാണിക്കുകയും അവരെ കൊള്ളയടിക്കുകയും കുട്ടികളെ തട്ടിക്കൊണ്ട് പോകുകയും ജനങ്ങളില്‍ ഭീതി പടര്‍ത്തി തങ്ങളുടെ ചൊല്‍പടിക്ക് കീഴിലാക്കുകയുമാണ് അവര്‍ ചെയ്തത്.

അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ അവിടെയുള്ള ചക്രവര്‍ത്തിയായ ദുല്‍ക്വര്‍നയ്ന്‍ ആ ഭാഗം സന്ദര്‍ശിക്കുയുണ്ടായി. ദുല്‍ക്വര്‍നയ്ന്‍ ചക്രവര്‍ത്തി നല്ലവനായ ചക്രവര്‍ത്തിയായിട്ടാണ് അറിയപ്പെട്ടിരുന്നത്.

ജനങ്ങള്‍ക്കിടയിലെ ഭീതി നിറഞ്ഞ ആ സന്ദര്‍ഭത്തിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനം ജനങ്ങള്‍ക്ക് ഏറെ ആനന്ദമുണ്ടാക്കി. ചക്രവര്‍ത്തിയെ കണ്ടപ്പോള്‍ ജനങ്ങള്‍ കൂട്ടംകൂട്ടമായി അദ്ദേഹത്തെ സമീപിച്ചു. അവരുടെ വിഷമങ്ങള്‍ അദ്ദേഹത്തോട് അവര്‍ പങ്കുവെച്ചു. യഅ്ജൂജ്, മഅ്ജൂജ് വിഭാഗങ്ങളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിനായി നിങ്ങള്‍ക്ക് ഏതുവിധേനയുള്ള സഹായവും നല്‍കാം എന്നും അവര്‍ അദ്ദേഹത്തോട് പറഞ്ഞു.

യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാരുടെ കുഴപ്പം അത്ര ഭീകരമായതിനാലാണ് ആ നാട്ടുകാര്‍ ദുല്‍ക്വര്‍നയ്‌നിയോട് ഇങ്ങനെയെല്ലാം ആവശ്യപ്പെട്ടത്. എന്നാല്‍ ദുല്‍ക്വര്‍നയ്ന്‍ അവരുടെ സാമ്പത്തികമായ സഹായങ്ങളൊന്നും സ്വീകരിക്കാതെ തന്നെ അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹത്തെ ഓര്‍ത്ത് ആ പീഡിതരെ സഹായിക്കാന്‍ തയ്യാറായി. എന്നാല്‍ ആ ഉദ്യമം ദുല്‍ക്വര്‍നയ്‌ന് തനിച്ച് പൂര്‍ത്തിയാക്കല്‍ പ്രയാസകരമായിരുന്നു. അതിനാല്‍ അദ്ദേഹം അവരുടെ ശാരീരികമായ ശക്തിയുടെ സഹായം അവരോട് ആവശ്യപ്പെട്ടു.

ദുല്‍ക്വര്‍നയ്ന്‍ ആവശ്യപ്പെട്ടത് പ്രകാരം അവര്‍ അദ്ദേഹത്തിന് ഇരുമ്പിന്റെ കട്ടികള്‍ കൊണ്ടുപോയി കൊടുത്തു. എന്നിട്ട് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ഇറങ്ങിവരാറുള്ള ആ രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ അവ നിരത്തിവെച്ചു. പിന്നീട് അദ്ദേഹം അവരോട് ആ ഇരുമ്പിന്‍ കട്ടികള്‍ പഴുത്ത് ഉരുകുന്ന അവസ്ഥ ആയിത്തിരുന്നതിനായി അതിലേക്ക് നന്നായി ഊതാന്‍ ആവശ്യപ്പെട്ടു. അപ്രകാരം അവര്‍ ചെയ്തു. ആ ഇരുമ്പിന്‍ കട്ടികള്‍ നന്നായി പഴുത്തതിന് ശേഷം അതിലേക്ക് ഉരുകിയ ചെമ്പ് ഒഴിക്കുന്നതിനായി അത് കൊണ്ടുവരാനും ദുല്‍ക്വര്‍നയ്ന്‍ അവരോട് പറഞ്ഞു. അങ്ങനെ യാതൊരു വിടവും ഇല്ലാത്ത വിധം ഉരുകിയ ചെമ്പ് ആ ഇരുമ്പിന്‍ കട്ടികളെ ഭദ്രമാക്കി. അങ്ങനെ യഅ്ജൂജ്, മഅ്ജൂജിന് തകര്‍ക്കാന്‍ കഴിയാത്ത വിധം ശക്തമായ മതില്‍ക്കെട്ട് അദ്ദേഹം അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്തു.

ഈ മതില്‍ക്കെട്ടിന് അപ്പുറത്തുള്ള യഅ്ജൂജ്, മഅ്ജൂജ് ഒരുനാള്‍ അതിനെ തകര്‍ത്ത് വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ്. അതിലേക്ക് സൂചന നല്‍കിക്കൊണ്ടാണ് ദുല്‍ക്വര്‍നയ്ന്‍ ഇപ്രകാരം പറഞ്ഞത്:’ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവര്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നു.’

അന്ത്യനാളിനോട് അടുത്ത് അവര്‍ ഇനിയും വരും. അന്ന് അവര്‍ ആ മതില്‍കെട്ട് തകര്‍ത്ത് മനുഷ്യര്‍ക്കിടയില്‍ സമാനതകളില്ലാത്ത വിധം അക്രമം അഴിച്ചുവിടുന്നതാണ്. പിന്നീട് അന്ത്യദിനം സംഭവിക്കുകയും അവരെ അല്ലാഹു വിചാരണക്കായി ഒരുമിച്ച് കൂട്ടുകയും ചെയ്യുന്നതാണ്.

യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ആരായിരുന്നു, അവര്‍ ഏത് പ്രദേശക്കാരായിരുന്നു, അവര്‍  ഇറങ്ങി വന്നിരുന്ന ആ മലഞ്ചെരുവ് ഏതായിരുന്നു, അവരുടെ കൊടിയ പീഡനത്തിന് ഇരയായ ആ ജനങ്ങള്‍ എവിടത്തുകാരായിരുന്നു, പീഡിതരായ ആ ജനതക്ക് മോചകനായി വന്ന ദുല്‍ക്വര്‍നയ്ന്‍ ഏത് കാലക്കാരനായിരുന്നു എന്നീ കാര്യങ്ങളിലെല്ലാം മുഫസ്സിറുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. പ്രമാണങ്ങളില്‍ വിവരിക്കപ്പെടാത്തതിനാല്‍ ആരുടെ അഭിപ്രായത്തെയും ശരിപ്പെടുത്താന്‍ നമുക്ക് നിര്‍വാഹമില്ല. അവര്‍ (യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍) മങ്കോളികളാണെന്നും താര്‍ത്താരികളാണെന്നും എല്ലാം അഭിപ്രായപ്പെട്ടത് കാണാന്‍ കഴിയും. അവര്‍ ഇറങ്ങിവന്ന മലഞ്ചെരുവ് കൊക്കേഷ്യയിലെ ദാരിയാല്‍ ചുരമാണെന്നും അവിടെയുള്ള ഇരുമ്പ് മലയാണ് ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ആ മല എന്നും സൈറസ് രാജാവാണ് ദുല്‍ക്വര്‍നയ്ന്‍ എന്നും അഭിപ്രായങ്ങളുണ്ട്.

അന്ത്യനാളിന് മുന്നോടിയായി അവര്‍ വരുന്ന രംഗം അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. യഅ്ജൂജ്,മഅ്ജൂജ് വിഭാഗക്കാരെ പറ്റി ക്വുര്‍ആന്‍ രണ്ടിടത്ത് വിവരിച്ചതിലും നമുക്ക് അത് കാണാം.

മസീഹുദ്ദജ്ജാലിനെ ഈസാ നബികൊന്നതിന് ശേഷം, ഈസാ(അ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെയാണ് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ഇനി വരിക. അവര്‍ വന്നതിന് ശേഷം മനുഷ്യര്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നതാണ്. അപ്പോളുള്ള അവരുടെ രൂപത്തെക്കുറിച്ച് നബി ﷺ  നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. വട്ടത്തിലുള്ള പരന്ന മുഖവും കുറിയ കണ്ണുകളും ആയിരിക്കും അവര്‍ക്കുണ്ടാകുക. അവരുടെ മുടി ചുവപ്പു നിറമുള്ളതോ ചെമ്പിച്ചതോ ആയിരിക്കും. അവരുടെ എണ്ണം ധാരാളമായിരിക്കും.

അവര്‍ വന്നതിന് ശേഷം പ്രസിദ്ധമായ നദികളിലെ വെള്ളം കുടിച്ച് തീര്‍ക്കുന്നതാണ്. ഇതും അവരുടെ എണ്ണത്തിന്റെ ആധിക്യം നമുക്ക് അറിയിച്ച് തരുന്നുണ്ട്.

അവര്‍ വരുന്ന സമയത്ത് ഈസാ നബി(അ)യുടെ കൂടെ വിശ്വാസികള്‍ ഉണ്ടാകുന്നതാണ്. യുദ്ധം ചെയ്ത് തോല്‍പിക്കാന്‍ സാധിക്കാത്ത ഒരു വന്‍ശക്തി ഇറങ്ങിപ്പുറപ്പെടാന്‍ പോകുന്ന വിവരം അല്ലാഹു ഈസാ നബി(അ)ക്ക് അറിയിച്ചുകൊടുക്കും. അതിനാല്‍ തന്റെ അടിമകളെയും കൂട്ടി ത്വൂര്‍ പര്‍വതത്തിലേക്ക് പുറപ്പെടാന്‍ അല്ലാഹു ഈസാ നബി(അ)യോട് കല്‍പിക്കും. ഈസാ(അ) അപ്രകാരം ചെയ്യും. അപ്പോഴാണ് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ആ മതില്‍ തകര്‍ത്ത് തുടരെത്തുടരെയായി ഇരച്ച് പുറത്ത് കടക്കുക. ധാരാളം വെള്ളമുള്ള ത്വബ്‌രിയ്യ തടാകത്തിന്റെ അരികിലൂടെ യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാരിലെ ആദ്യ നിര നടന്ന് പോകും. അവര്‍ ആ തടാകത്തിലെ വെള്ളം കുടിച്ച് തീര്‍ക്കുകയും ചെയ്യും. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അത്ര എണ്ണം അവര്‍ ഉണ്ടായിരിക്കും എന്ന് വ്യക്തം!

ഈസാ(അ)യും വിശ്വാസികളും പ്രത്യേകമായ ഒരു സാഹചര്യത്തില്‍ ആയിത്തീരും. യഅ്ജൂജ്, മഅ്ജൂജ് വിഭാഗം ഈസാ നബി(അ)യെയും വിശ്വാസികളെയും വലയം ചെയ്യും. അവരില്‍ നിന്ന് ഈസാ നബി(അ)ക്കും വിശ്വാസികള്‍ക്കും രക്ഷപ്പെടാന്‍ സാധിക്കുകയില്ല. അങ്ങനെ അവര്‍ക്ക് കടുത്ത ക്ഷാമം നേരിടും. ഈസാ നബി(അ)യും വിശ്വാസികളും അവരുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാനായി മലയിടുക്കുകളിലും മറ്റും അഭയം തേടാന്‍ ശ്രമിക്കും. അവര്‍ അല്ലാഹുവിനോട് രക്ഷക്കായി പ്രാര്‍ഥിക്കും. അല്ലാഹു അവരുടെ പ്രാര്‍ഥന സ്വീകരിക്കുകയും ചെയ്യും. ശേഷം ആ ദുഷ്ടന്മാരുടെ പിരടികളില്‍ ഒരു തരം പുഴുക്കള്‍ പ്രത്യക്ഷപ്പെടുന്നതാണ്. അത് ബാധിച്ചതിന് ശേഷം അവര്‍ എല്ലാവരും നശിക്കുകയും ചെയ്യും.

പര്‍വതനിരകളില്‍ അഭയം തേടിയിട്ടുള്ള ഈസാ നബി(അ)യും വിശ്വാസികളും അവിടെ നിന്നും താഴേക്ക് ഇറങ്ങി വരും. അപ്പോള്‍ യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാരുടെ ശവശരീരങ്ങളുടെ എണ്ണം കൊണ്ട് അവര്‍ക്ക് ഭൂമിയില്‍ നടക്കാന്‍ പോലും സാധിക്കുകയില്ല. അങ്ങനെ ഈസാ നബി(അ)യും വിശ്വാസികളും അല്ലാഹുവിനോട് പ്രാര്‍ഥിക്കും. അപ്പോള്‍ അല്ലാഹു ചില പക്ഷികളെ ഇറക്കും. അവ ആ ശവശരീരങ്ങള്‍ കൊത്തിവലിച്ച് കൊണ്ടുപോകുന്നതാണ്. പിന്നീട് ഒരു മഴ വര്‍ഷിക്കും. അത്മുഖേന ഭൂമി വൃത്തിയാകുകയും ചെയ്യും. അവര്‍ക്ക് ജീവിക്കുവാന്‍ യോഗ്യമായ രൂപത്തില്‍ ഭൂമി മാറ്റപ്പെടുന്നതാണ്.

യഅ്ജൂജ്, മഅ്ജൂജിന്റെ നാശത്തിന് ശേഷം ഈസാ(അ) തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയാണ്. ഭൂമിയില്‍ നീതിപൂര്‍വം ഭരണം നടത്തുകയും കുരിശുകള്‍ തകര്‍ക്കുകയും പന്നികളെ കൊന്നുകളയുകയും കരം നിര്‍ത്തലാക്കുകയും ചെയ്യും.

ആ കാലം സമ്പന്നതകൊണ്ട് അനുഗൃഹീതമായിരിക്കും. ആളുകള്‍ക്ക് സമ്പത്ത് ആവശ്യമില്ലാത്ത ഒരു കാലമായിരിക്കും അത്. പകയോ വിദ്വേഷമോ അസൂയയോ ഇല്ലാത്ത ഒറ്റ മനസ്സോടെയായിരിക്കും അന്നത്തെ ജനങ്ങള്‍.

അന്ത്യസമയം അടുത്തിരിക്കുന്നു എന്നത് അവര്‍ക്ക് നന്നായി ബോധ്യപ്പെടുന്ന സമയമാണ് അത്. കാരണം, അടയാളങ്ങള്‍ ഓരോന്നും അവര്‍ കണ്ടും അനുഭവിച്ചും കഴിഞ്ഞു. അതിനാല്‍ ഭൂമിയിലുള്ള എല്ലാത്തിനെക്കാളും വലുത് ഒരു സുജൂദാണ് എന്ന അവസ്ഥയിലേക്ക് അവര്‍ മാറും. പരലോകത്തേക്ക് അവര്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതാണ്.

ഈസാ(അ) ഇറങ്ങിവന്നതിന് ശേഷം നാല്‍പത് കൊല്ലം ഭൂമിയില്‍ ജീവിക്കും. ശേഷം അദ്ദേഹം മരണപ്പെടുകയും അന്ന് ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നതാണ്. എവിടെയായിരിക്കും ഈസാ നബി(അ)യുടെ ക്വബ്ര്‍ ഉണ്ടാകുക എന്നത് സ്വീകാര്യമായ ഹദീസുകളില്‍ വന്നിട്ടില്ല. നബി ﷺ യുടെയും അബൂബകര്‍(റ)വിന്റെ ഉമര്‍(റ)വിന്റെയും അടുത്തായിരിക്കും ഈസാ നബി(അ)യുടെ ക്വബ്ര്‍ ഉണ്ടാകുക എന്ന് ദുര്‍ബലമായ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്.

ഈസാ നബി(അ) മരണത്തിന് മുമ്പ് നബി ﷺ  പഠിപ്പിച്ചത് പ്രകാരം ഒരു ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതാണ് എന്ന് നബി ﷺ  നമ്മെ അറിയിച്ചിട്ടുണ്ട്.

സുവിശേഷങ്ങളിലെ ദുരാരോപണങ്ങള്‍

തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മഹാന്മാരെ ചിത്രീകരിക്കുന്ന പ്രവണത യഹൂദ റബ്ബിമാരില്‍ നിന്ന് സുവിശേഷ നിര്‍മാതാക്കളിലേക്ക് പകര്‍ന്നതായി കാണാന്‍ കഴിയും.

ഇസ്രാഈലിന്റെ രക്ഷകനായി ക്രിസ്തുവിനെ അവതരിപ്പിക്കുന്ന സുവിശേഷങ്ങള്‍, പക്ഷേ, ഒരു മാതൃകാ വ്യക്തിത്വത്തിന് ഉണ്ടായിരിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അദ്ദേഹത്തില്‍ ആരോപിച്ചിട്ടുണ്ട്.

സ്വന്തം മാതാവിനെ ‘സ്ത്രീ’യെന്ന് അഭിസംബോധന ചെയ്തയാളായിട്ടാണ് ഈസാ നബിയെ സുവിശേഷം പഠിപ്പിക്കുന്നത്. ഗലീലിയയിലെ കല്യാണ വിരുന്നില്‍ വെച്ച് ക്രിസ്തു തന്നെ നൊന്തു പ്രസവിച്ച മാതാവായ മറിയയോട് പറയുന്നതായി ഇപ്രകാരം കാണാം: ‘സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല’ (യോഹന്നാന്‍ 2:5).

കാനായിലെ കല്യാണ വിരുന്നില്‍ വെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റി (യോഹന്നാന്‍2:9) എന്നും ‘ഹേ അണലി സന്തതികളേ…’ (മത്തായി 12:34) എന്ന് വിളിച്ച് മോശമായി ജനങ്ങളെ അഭിസംബോധന ചെയ്തു എന്നും കാണാം. ആളുകളെ ചാട്ട കൊണ്ടടിച്ച് പുറത്താക്കിയ (യോഹന്നാന്‍ 2:1317) ക്ഷിപ്രകോപിയായും പരിചയപ്പെടുത്തുന്നു. ഒരു യാത്രാമധ്യെ യേശുവിന് വിശന്നപ്പോള്‍ ദൂരെ കണ്ട ഇലകള്‍ നിറഞ്ഞ ഒരു അത്തിമരത്തിനടുത്തേക്ക് അത്തിപ്പഴം തിന്നാനായി അദ്ദേഹം ചെന്നു. അത് അത്തിപ്പഴമുണ്ടാകുന്ന കാലമല്ലാത്തതിനാല്‍ അതിന്മേല്‍ ഇലകളല്ലാതെ അദ്ദേഹം മറ്റൊന്നും കണ്ടില്ല. ഉടന്‍ തന്നെ കോപിഷ്ഠനായി അദ്ദേഹം പറഞ്ഞു: ‘ആരും  ഒരിക്കലും നിന്റെ ഫലം ഭക്ഷിക്കാതിരിക്കട്ട’ (മാര്‍ക്കോസ് 11:14). തല്‍ക്ഷണം ആ അത്തിമരം വാടിക്കരിഞ്ഞുപോയത്രെ. ഇങ്ങനെ ബൈബിള്‍ പരിചയപ്പെടുത്തുമ്പോള്‍ ക്രിസ്തുവില്‍ നല്ല മാതൃകയാണോ ചീത്ത മാതൃകയാണോ നമുക്ക് കാണാന്‍ കഴിയുക?!

പ്രവാചകന്മാരെ ആദരിക്കേണ്ടത് പോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അവരുടെ ജീവിത മാര്‍ഗമാണ് നാം പിന്തുടരേണ്ടത്.

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 10

ഈസാ നബി (അ) - 10

ഈസാ നബി (അ) യുടെ പുനരാഗമനം

അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ട ഈസാ(അ) അന്ത്യനാളിനോട് അടുത്ത സമയത്ത് വീണ്ടും ഈ ലോകത്തേക്ക് തിരിച്ചു വരുന്നതാണ്. വിശുദ്ധ ക്വുര്‍ആന്‍ ആ കാര്യത്തിലേക്ക് സൂചന നല്‍കുന്നുണ്ട്:

തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു…” (43:61).

വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും” (4:159).

ഇമാം ബുഖാരി(റ)യെ പോലുള്ള പണ്ഡിതന്മാര്‍ ഈസാ നബി(അ) അന്ത്യദിനത്തിന് മുമ്പായി വരുന്നമെന്നതിന് ഈ സൂക്തത്തെ തെളിവാക്കിയതായി കാണാം.

ഈസാ(അ) അന്ത്യദിനത്തിന് മുമ്പ് വരുമെന്നും ആ സമയത്ത് വേദക്കാരായ ജൂത-ക്രൈസ്തവര്‍ക്ക് സത്യം ബോധ്യപ്പെടുകയും അവര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുമെന്ന് അല്ലാഹു അറിയിക്കുകയാണ് ഈ സൂക്തത്തിലൂടെ. ഈ സൂക്തം ഈസാ(അ) മരണപ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കുന്നുണ്ട്. 

ഈസാ നബി(അ) രണ്ടാമത് വരുന്നതിനെ പറ്റി നബി   നമുക്ക് വിശദമായി പറഞ്ഞു തന്നിട്ടുണ്ട്. എവിടെയാണ് അദ്ദേഹം ഇറങ്ങുക, എപ്പോഴാണ് അദ്ദേഹം ഇറങ്ങുക എന്നെല്ലാം അദ്ദേഹം നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. ഇറങ്ങി വരുന്ന സമയത്തെ ശാരീരികമായ അവസ്ഥകള്‍ വരെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ദമസ്‌കസിന്റെ കിഴക്ക് ഭാഗത്തുള്ള വെള്ള മിനാരത്തിന്റെ സമീപത്തായിരിക്കും ഈസാ(അ) ഇറങ്ങുക.

ഗൂഗിളില്‍ ആ സ്ഥലത്തെ പറ്റി തിരയുന്നവര്‍ക്ക് മനാറത്തുല്‍ ബയ്ദ്വാഅ് (വെള്ള മിനാരം) എന്ന് അറബിയില്‍ എഴുതിയത് കാണാം. അതു തന്നെയാണോ ഹദീഥില്‍ പറഞ്ഞത് എന്ന് ഉറപ്പിച്ച് പറയാന്‍ നമുക്ക് സാധ്യമല്ല, ചിലപ്പോള്‍ ആ കാലത്തേക്ക് വേറെ അവിടെ ഉണ്ടാകുമോ എന്നും നമുക്ക് അറിയില്ല. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

ഈസാ(അ) ഇറങ്ങിവരുമ്പോള്‍ രണ്ട് മലക്കുകളുടെ ചിറകുകളില്‍ കൈ വെച്ച അവസ്ഥയായിരിക്കും. അദ്ദേഹത്തിന്റെ ചുമലുകള്‍ക്കിടയില്‍ കുങ്കുമ നിറത്തിലുള്ള -അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള- രണ്ട് പുതപ്പും ഉണ്ടായിരിക്കും. തല താഴ്ത്തുമ്പോള്‍ വെള്ളം ഇറ്റി വീഴുകയും തല ഉയര്‍ത്തിയാല്‍ മുത്തുമണികളെ പോലെ തുള്ളികള്‍ ഇറ്റി വീഴുകയും ചെയ്യും. അതൊരു അത്ഭുതകരമായ പ്രത്യേകതയാണ്. തല നനഞ്ഞ അവസ്ഥയാകും എന്ന് നാം വിചാരിക്കരുത്. ഒത്ത ശരീര പ്രകൃതിയുള്ള, ചുവപ്പും വെളുപ്പും കലര്‍ന്ന സുന്ദര രൂപമായിരിക്കും ഈസാ നബി(അ)ക്ക് ഉണ്ടാവുക.

ദജ്ജാലിന്റെ കുഴപ്പങ്ങള്‍ കാരണം വിശ്വാസികള്‍ പൊറുതിമുട്ടി നില്‍ക്കുന്ന സമയത്ത്, അവനെതിരില്‍ പോരാടല്‍ മാത്രമാണ് വഴി എന്ന് മനസ്സിലാക്കി അതിന് തയ്യാറായി;  സ്വുബ്ഹി നമസ്‌കാരത്തിന് അണികള്‍ ശരിപ്പെടുത്തുന്ന സമയത്ത്, അവരുടെ അന്നത്തെ ഇമാം വിശ്വാസികളെയും കൂട്ടി നമസ്‌കാരത്തിന് ഒരുങ്ങുന്ന വേളയിലായിരിക്കും ഈസാ നബി(അ) ഇറങ്ങി വരിക. ആ ഇമാമാണ് ഇമാം മഹ്ദിഎന്ന പേരില്‍ അറിയപ്പെടുന്നത്. ഇമാം മഹ്ദി ഈസാ നബി(അ)യെ കാണുമ്പോള്‍ അദ്ദേഹത്തെ മാനിച്ച് അദ്ദേഹം ഇമാമായി നില്‍ക്കുവാന്‍ പുറകിലേക്ക് മാറി നില്‍ക്കും. അപ്പോള്‍ ഈസാ നബി(അ) ഇമാം മഹ്ദിയുടെ രണ്ട് ചുമലുകള്‍ക്കിടയില്‍ കൈ വെച്ച് അദ്ദേഹത്തോട് തന്നെ ഇമാമായി നില്‍ക്കാന്‍ പറയും. ഇമാം മഹ്ദി ഇമാമായി നില്‍ക്കും. ഈസാ നബി(അ) അദ്ദേഹത്തെ പിന്തുടരുകയും ചെയ്യും.

എനിക്ക് ശേഷം ഒരു നബി വരാനില്ലഎന്ന നബിവചനത്തിന് എതിരല്ല ഈസാ നബി(അ)യുടെ ഈ വരവ്. കാരണം ഈസാ(അ) സ്വതന്ത്രനായ ഒരു നബിയായി ഇഞ്ചീലനുസരിച്ച് ജനങ്ങളെ വഴി നടത്താനല്ല വരുന്നത്. മറിച്ച് മുഹമ്മദ് നബി യുടെ ശരീഅത്തിലായി, അതനുസരിച്ച് നബിയെ പിന്തുടരുന്ന ആളായിട്ടാണ് വരുന്നത്. ദജ്ജാലിന്റെ കാലശേഷം ഈസാ(അ) ജനങ്ങളെ ഭരിക്കുന്നത് ക്വുര്‍ആനിന്റെയും മുഹമ്മദ് നബി യുടെ സുന്നത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. മുഹമ്മദ് നബി ക്ക് ശേഷം ഈസാ നബി(അ) വരുന്നതിനെ പറ്റി പ്രമാണങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തന്നിട്ടുള്ള കാര്യങ്ങളാണിത്. 

ഈസാ(അ) വന്ന് കഴിഞ്ഞാല്‍ ആദ്യമായി ചെയ്യുക ദജ്ജാലിനെ കൊല്ലലാണ്. ദജ്ജാല്‍ അപ്പോഴേക്കും രാജ്യം മുഴുവനും സഞ്ചരിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കും. പതിനായിരക്കണക്കിന് യഹൂദികള്‍ അവനെ പിന്തുടര്‍ന്നിരിക്കും. ധാരാളം സ്ത്രീകളും അവന്റെ പുറകിലുണ്ടായിരിക്കും.

ദജ്ജാല്‍ ഫലസ്തീനിലെ ഈലിയാ പര്‍വതത്തിന്റെ അടുത്ത് ചെല്ലും. അവിടെയുള്ള മുസ്‌ലിംകളെ അവന്‍ ഉപരോധിക്കും. അങ്ങനെ അവിടെയുള്ള മുസ്‌ലിംകള്‍ അവനെതിരില്‍ ഒരുമിക്കാന്‍ തയ്യാറാകും. ആ അവസരത്തില്‍ ഈസാ(അ) അവരുടെ അടുത്തേക്ക് ചെല്ലും; എന്നിട്ട് ദജ്ജാലും അണികളും ഉള്ള ഭാഗത്തെ കവാടം തുറക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെടും. വാതില്‍ തുറക്കുമ്പോള്‍ അതിന്റെ സമീപത്ത് ദജ്ജാല്‍ ഇരിപ്പുണ്ടാകും. അവന്റെ കൂടെ യുദ്ധത്തിന് സജ്ജരായി വാളുകളേന്തി എഴുപതിനായിരം ജൂതന്മാരും ഉണ്ടാകും.

ഉപ്പ് വെള്ളത്തില്‍ ലയിക്കുന്നത് പോലെ, ദജ്ജാല്‍ ഈസാ നബി(അ)യെ കാണുമ്പോഴേക്ക് തന്നെ ഉരുകിപ്പോകുന്നതാണ്. അവന്റെ ശക്തിയെല്ലാം ക്ഷയിക്കുന്നതാണ്. ഈസാ നബി(അ)ക്ക് ആ സമയത്തെ ശ്വാസോച്ഛ്വാസത്തിന് പ്രത്യേക ഗന്ധമുണ്ടാകുമെന്നാണ് നബി   നമ്മെ പഠിപ്പിക്കുന്നത്. അതും ഒരു അത്ഭുതമാണ്. അത് വിശ്വാസികള്‍ക്ക് യാതൊരു പ്രയാസവും സൃഷ്ടിക്കുന്നതല്ല. അവിശ്വാസികള്‍ അത് ശ്വസിക്കുമ്പോഴേക്ക് നശിക്കുകയും ചെയ്യും.

ഞാന്‍ റബ്ബാണെന്ന് വാദിച്ച, സ്വര്‍ഗവും നരകവും എന്റെ അടുത്തുണ്ട്, ജീവിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ ഞാനാണ് എന്ന് വാദിച്ച ദജ്ജാല്‍ ദുര്‍ബലനാവും. അങ്ങനെ ദജ്ജാല്‍ പേടിച്ച് ഓടും. ഈസാ(അ) അവനെ പിന്തുടരും. ഫലസ്തീനിലെ കിഴക്ക് ഭാഗത്തുള്ള ബാബുലുദ്ദ്എന്ന സ്ഥലത്ത് വെച്ച് അവനെ കാണും. അവിടെ വെച്ച് ഈസാ(അ) അവനെ കൊല്ലുകയും ചെയ്യും. അവനെ കൊന്നതിന് ശേഷം അവന്റെ രക്തം കുന്തത്തില്‍ പുരണ്ടത് ജനങ്ങള്‍ക്ക് കാണിക്കുകയും ചെയ്യും.

ദജ്ജാലിന്റെ കൂടെയുള്ള ജൂതപ്പട ശേഷം അഭയം തേടി ഓടിയൊളിച്ചിരിക്കും. മുസ്‌ലിംകളുടെ തകര്‍ച്ചക്ക് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന ജൂതന്മാര്‍ പരാജയപ്പെടുകയാണ്. നേതാവ് കൊല്ലപ്പെട്ടത് ജൂതന്മാര്‍ കണ്ടു. അവര്‍ എവിടെ മറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവയെല്ലാം മുസ്‌ലിംകള്‍ക്ക് പറഞ്ഞു കൊടുക്കും. ഓ അല്ലാഹുവിന്റെ അടിമേ…! എന്റെ പിന്നില്‍ ഒരു യഹൂദിയിരിക്കുന്നുഎന്നിങ്ങനെ കല്ലും മരങ്ങളും എല്ലാം വിളിച്ചു പറയും. ഗര്‍ക്വദ്മരം ഒഴികെ.

കല്ല്, മരം തുടങ്ങിയ വസ്തുക്കള്‍ സംസാരിക്കുന്നതിനെ അംഗീകരിക്കാന്‍ ചില മതയുക്തിവാദികള്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ റസൂല്‍   പറഞ്ഞ കാര്യത്തെ യഹൂദികള്‍ പോലും അംഗീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ യഹൂദികള്‍ ഇസ്രായേലില്‍ ധാരാളമായി നട്ടുപിടിപ്പിക്കുന്ന വൃക്ഷമുണ്ടെങ്കില്‍ അത് ഗര്‍ക്വദാണ്.മുഹമ്മദ് നബി യില്‍ നിന്ന് സത്യം വ്യക്തമായി തിരിച്ചറിഞ്ഞിട്ടും അംഗീകരിക്കുവാന്‍ തയ്യാറാകാതെ നിഷേധം കാണിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഈസാ നബി(അ)യുടെ പുനരാഗമനത്തെക്കുറിച്ച് നബി   നമുക്ക് മുന്നറിയിപ്പ് നല്‍കിയ ഓരോ കാര്യവും നമുക്ക് വിശ്വാസം വര്‍ധിപ്പിക്കുന്നതാകണം. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക 

ഈസാ നബി (അ) – 09

ഈസാ നബി (അ) - 09

ശത്രുക്കളുടെ കുതന്ത്രങ്ങള്‍

അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന സത്യത്തിലേക്കാണ് ഈസാ(അ) ജനങ്ങളെ ക്ഷണിച്ചത്. എന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ അനുസരിക്കാന്‍ തയ്യാറായില്ല. അവര്‍ അദ്ദേഹത്തെ ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. വ്യഭിചാരപുത്രന്‍, ചെപ്പടി വിദ്യക്കാരന്‍, കള്ളവാദി, രാജ്യദ്രോഹി, മതദ്രോഹി, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലഹവുമുണ്ടാക്കുന്നവന്‍ എന്നിങ്ങനെ അധിക്ഷേപിച്ചു. ഒടുവില്‍ അദ്ദേഹത്തെ കൊല്ലാന്‍ പോലും അവര്‍ സന്നദ്ധരായി.

ഈസാ നബി(അ)യുടെ പ്രബോധനത്തില്‍ ജനങ്ങള്‍ ആകൃഷ്ടരാകുന്നുണ്ടെന്ന് യഹൂദികള്‍ക്ക് മനസ്സിലായി. ജൂത പൗരോഹിത്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും പാരമ്പര്യാചാരങ്ങള്‍ക്കും അത് മൂലം ഹാനി നേരിടുമെന്ന ഭയവും അസൂയയും മാത്രമാണ് ഇതിനെല്ലാം കാരണം. ബൈബിളിന്റെ വിവരണങ്ങളനുസരിച്ച് സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ്:

‘റോമന്‍ കൈസറുടെ കീഴില്‍ പിലാത്തോസ് രാജാവായിരുന്നു ബൈത്തുല്‍ മുക്വദ്ദസിന്റെ ഭരണം നടത്തിയിരുന്നത്. ഈസാ നബി(അ)യെക്കുറിച്ച് യഹൂദികള്‍ രാജാവിന്റെ മുമ്പില്‍ പല ആരോപണങ്ങളും ഉന്നയിച്ചു. അദ്ദേഹം റോമന്‍ ഭരണകൂടത്തിനെതിരില്‍ പ്രചാരം നടത്തുകയാണ്, യഹൂദരുടെ രാജാവായിത്തീരാന്‍ ശ്രമം നടത്തുകയാണ്, ഞങ്ങള്‍ക്ക് രാജാവായി കൈസര്‍ തന്നെ മതി എന്നൊക്കെ പിലാത്തോസിനെ ധരിപ്പിച്ചു. കേവലം വിഗ്രഹാരാധകനായിരുന്ന പിലാത്തോസ് രാജാവ് ഈസാ നബി(അ)യെ വിളിച്ചു വരുത്തി വിചാരണ നടത്തുകയും ആരോപണങ്ങളൊന്നും ശരിയല്ലെന്ന് തെളിയുകയും ചെയ്തു. എന്നിട്ടും ‘അവനെ ക്രൂശിക്കുക’ എന്ന് ആര്‍ത്തു വിളിക്കുകയാണ് അവര്‍ ചെയ്തത്. നിങ്ങളുടെ ന്യായപ്രമാണം (തൗറാത്ത്) അനുസരിച്ച് വേണ്ടതു ചെയ്തു കൊള്ളുക എന്ന് പിലാത്തോസ് അവരോട് പറഞ്ഞു. നിയമപ്രകാരം അവനെ കൊല്ലേണ്ടതാണെന്നും കൊല്ലുവാന്‍ ഞങ്ങള്‍ക്ക് അധികാരമില്ലല്ലോ എന്നുമായിരുന്നു അവരുടെ മറുപടി.

അത്രയുമല്ല, അദ്ദേഹത്തെ കൊലപ്പെടുത്താത്ത പക്ഷം താന്‍ (പിലാത്തോസ് രാജാവ്) റോമന്‍ കൈസറുടെ എതിരാളിയാണെന്ന് കൈസര്‍ ചക്രവര്‍ത്തിയെ അറിയിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വധിക്കുന്ന പാപത്തില്‍ നിന്ന് ഞാന്‍ ഒഴിവാണെന്നും നിങ്ങള്‍ തന്നെ ആ പാപം ഏല്‍ക്കണമെന്നും അറിയിച്ചുകൊണ്ട് പിലാത്തോസ് യഹൂദികളുടെ ആവശ്യത്തിന് വഴങ്ങിക്കൊടുക്കുവാന്‍ നിര്‍ബന്ധിതനായി.

ഈസാ നബി(അ)യുടെ ശിഷ്യഗണങ്ങളില്‍ യൂദാസ് എന്നു പേരായ ഒരാള്‍ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുവാന്‍ മുപ്പത് പണം പ്രതിഫലം നിശ്ചയിച്ച് ഏറ്റിട്ടുണ്ടായിരുന്നു. അവന്‍ യഹൂദ പുരോഹിതന്മാരെയും പിലാത്തോസിന്റെ പട്ടാളത്തെയും കൂട്ടി പന്തം കൊളുത്തി രാത്രി ഈസാ നബി(അ)യെ തിരഞ്ഞു പോയി. അദ്ദേഹവും ഏതാനും ശിഷ്യന്മാരും ഒരു തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. യൂദാസ് ആംഗ്യം മുഖേന അദ്ദേഹത്തെ കാണിച്ചു കൊടുത്തു. കൂടെയുള്ളവര്‍ അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും മുള്‍ക്കിരീടം ധരിപ്പിക്കുക മുതലായ പല ക്രൂരതകളും ചെയ്തുകൊണ്ട് അദ്ദേഹത്തെ കുരിശില്‍ കയറ്റുകയും ചെയ്തു.’ ഇതാണ് ബൈബിള്‍ പറയുന്നതിന്റെ ചുരുക്കം.

യഥാര്‍ഥത്തില്‍ കുരിശു സംഭവത്തിന്റെ പര്യവസാനം മറ്റൊന്നായിരുന്നു. അവര്‍ ഒരാളെ പിടികൂടിയതും കുരിശില്‍ തറച്ചതും ശരി തന്നെ. പക്ഷേ, ആ ആള്‍ ഈസാ(അ) ആയിരുന്നില്ല. അവരറിയാതെ അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. അല്ലാഹു പറയുന്നു:

”അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 3:54).

എന്തായിരുന്നു അല്ലാഹു സ്വീകരിച്ച തന്ത്രം? ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണമായി ഏറ്റെടുക്കുകയും എന്റെ അടുക്കലേക്ക് നിന്നെ ഉയര്‍ത്തുകയും സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണ്. പിന്നെ എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കുന്നതാണ്. എന്നാല്‍ (സത്യം) നിഷേധിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്  അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു പൂര്‍ണമായി നല്‍കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല” (ക്വുര്‍ആന്‍ 3:55-57).

ശത്രുക്കളുടെ കുതന്ത്രം ഒന്നും തന്നെ ഫലം കണ്ടില്ല. അവര്‍ക്ക് അദ്ദേഹത്തെ കൊല്ലാനോ കുരിശില്‍ തറക്കാനോ സാധിച്ചില്ല. അല്ലാഹു തന്നിലേക്ക് അദ്ദേഹത്തെ പൂര്‍ണമായി ഏറ്റെടുക്കുകയും ഉയര്‍ത്തുകയുമാണ് ചെയ്തത്. എല്ലാ നബിമാരും മരണപ്പെട്ടത് പോലെയുള്ള ഒരു മരണം ഈസാ നബി(അ)ക്ക് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പൂര്‍ണമായി അല്ലാഹുവിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത് എന്നുമാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്; അങ്ങനെത്തന്നെയണ് നാം വിശ്വസിക്കേണ്ടതും. 

ഉപരിലോകത്തേക്ക് ഈസാ നബി(അ)നെ അല്ലാഹു ഉയര്‍ത്തി എന്നത് അംഗീകരിക്കാത്ത രണ്ട് കക്ഷികളെയാണ് നമുക്ക് കാണാന്‍ സാധിക്കുക.

ഒന്ന്, ഖാദിയാനികള്‍: അവര്‍ക്ക് ഈസാ നബി(അ) മരണപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കല്‍ അനിവാര്യമാണ്. മുഹമ്മദ് നബി(അ)യിലൂടെ പ്രവാചകത്വം അവസാനിച്ചു എന്നും ശേഷം ഒരു നബി വരില്ല എന്നുമാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അതാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം. എന്നാല്‍ ഈ വിശ്വാസത്തിന് എതിരാണ് ഖാദിയാനികളുടെ വിശ്വാസം. അതിനാല്‍ തന്നെ ഈ വിഭാഗം ഇസ്‌ലാമില്‍ നിന്ന് പുറത്താണ് എന്ന കാര്യത്തില്‍ ലോക മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. 

ക്വുര്‍ആനും സുന്നത്തും മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അന്ത്യദിനത്തിന് മുന്നോടിയായി വരും എന്ന് പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈസാ നബി(അ) മരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സ്ഥാനത്ത് മിര്‍സാ ഗുലാം അഹ്മദ് എന്ന പ്രവാചകന്‍ വന്നുകഴിഞ്ഞു എന്നുമാണ് ഖാദിയാനികള്‍ വിശ്വസിക്കുന്നത്. മിര്‍സയുടെ ആഗമനത്തിന് ഈസാ(അ) മരണപ്പെട്ടു എന്ന് സ്ഥാപിക്കല്‍ ഖാദിയാനികളുടെ ആവശ്യമായതിനാലാണ് ഈസാ(അ)നെ അല്ലാഹുവിലേക്ക് ഉയര്‍ത്തിയതിനെ ഇവര്‍ നിഷേധിക്കുന്നത്. 

ക്വുര്‍ആനും സുന്നത്തും മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അന്ത്യദിനത്തിന് മുന്നോടിയായി വരും എന്ന് പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അല്ല. ഇയാള്‍ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ഖാദിയാന്‍ ഗ്രാമത്തില്‍ മുര്‍തസ അലിയുടെയും ചിറാഗ് ബീവിയുടെയും മകനായി ജനിച്ച മിര്‍സാ ഗുലാം അഹ്മദാണ്.

രണ്ട്, മത യുക്തിവാദികള്‍: ഇവര്‍ ഇസ്‌ലാമിക പ്രമാണങ്ങളിലുള്ള പലതും അംഗീകരിക്കാന്‍ കഴിയാത്തവരും പലതിനെയും നിഷേധിക്കുന്നവരുമാണ്. അതിനായി ക്വുര്‍ആനിക പരാമര്‍ശങ്ങളെ തങ്ങള്‍ക്ക് അനുകൂലമായ രീതില്‍ ഇവര്‍ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യും. ‘ഇന്നീ മുതവഫ്ഫീക’ എന്നതിന് ‘നിന്നെ ഞാന്‍ മരണപ്പെടുത്തുന്നതാണ്’ എന്ന അര്‍ഥകല്‍പനയാണ് ഇവര്‍ നല്‍കിവരുന്നത്. ഈ പരാമര്‍ശത്തിന് ശേഷം എന്നിലേക്ക് ഉയര്‍ത്തി എന്ന് പറഞ്ഞതിനെ അവര്‍ക്ക് കടുത്ത ദുര്‍വ്യാഖ്യാനം ചെയ്യേണ്ടി വന്നു. അദ്ദേഹത്തിന് അല്ലാഹു നല്ല സ്ഥാനം നല്‍കി, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ റൂഹിനെ ഉയര്‍ത്തി എന്നൊക്കെ അവര്‍ അതിനെ ദുര്‍വ്യാഖ്യാനിച്ചു. 

എന്നാല്‍ സൂറതുന്നിസാഇലെ പരാമര്‍ശവും ഇവരുടെ ദുര്‍വ്യാഖ്യാനത്തെ തകര്‍ക്കുന്നതാണ്. അത് കാണുക:

”അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ (യാഥാര്‍ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 4:157,158).

 അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല, ക്രൂശിച്ചിട്ടില്ല, അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത് എന്നാണ് ഇതിലുള്ളത്. ഈ പരാമര്‍ശം ഏറെ ശ്രദ്ധിക്കേണ്ടതാകുന്നു. ഭാഷാ പ്രയോഗം അറിയുന്നവര്‍ക്ക് അത് വ്യക്തമാകുന്നതാണ്. ‘വമാ ക്വതലൂഹു’  (അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല), ‘വമാ സ്വലബൂഹു’ (അവര്‍ അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല),’ബല്‍ റഫഅഹു’ (എന്നാല്‍ അദ്ദേഹത്തെ ഉയര്‍ത്തി) ഇതില്‍ മൂന്നിലും ‘അദ്ദേഹത്തെ’ എന്ന് സൂചിപ്പിക്കുന്ന സര്‍വനാമം(ഹു) ഉണ്ട്. അദ്ദേഹത്തിന്റെ ആത്മാവിനെ ഉയര്‍ത്തി എന്നോ അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തി എന്നോ ആണ് ‘ബല്‍ റഫഅഹു’എന്നതിന് അര്‍ഥമെങ്കില്‍ ‘വമാ ക്വതലൂഹു’ എന്നതിലെയും ‘വമാ സ്വലബൂഹു’ എന്നതിലെയും സര്‍വനാമത്തെആത്മാവിലേക്ക് ചേര്‍ക്കുക എങ്ങനെയാണ്? 

ഈസാ നബി(അ)യെ അല്ലാഹു അവനിലേക്ക് ഉയര്‍ത്തി എന്നതാണ് ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന യഥാര്‍ഥ വിശ്വാസം എന്ന് മനസ്സിലാക്കുക. അദ്ദേഹം ഉപരിലോകത്ത് എവിടെയാണെന്നോ എങ്ങനെയാണെന്നോ നമുക്ക് അറിയില്ല. അതിനെപ്പറ്റി ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നത് അപ്രസക്തമാണ്. എവിടെയായിരുന്നാലും അവിടെ ജീവിക്കുവാനാവശ്യമായ എല്ലാ സാഹചര്യങ്ങളും അദ്ദേഹത്തിന് തയ്യാര്‍ ചെയ്യുവാനും അദ്ദേഹത്തിന്റെ പ്രകൃതത്തെ ആ സാഹചര്യങ്ങളുമായി ഇണക്കുവാനും കഴിവുള്ളവനാണല്ലോ അല്ലാഹു.

ഭൂമിയില്‍ ജീവിക്കുവാന്‍ ഭക്ഷണവും വെള്ളവും വായുവും അനിവാര്യമാക്കി വെച്ച അതേ സ്രഷ്ടാവിന് അവ കൂടാതെ ജീവിക്കുവാനുള്ള വല്ല വ്യവസ്ഥിതിയും ഏര്‍പ്പെടുത്തുവാനോ, അവിടേക്ക് യോജിച്ച വല്ല ജീവിത രീതിയും ഉണ്ടാക്കിക്കൊടുക്കുവാനോ പ്രയാസമൊന്നുമില്ല. നിലവിലുള്ള ഭൗതിക നിയമങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിക്കൊണ്ട് പിതാവില്ലാതെ അദ്ദേഹത്തെ ജനിപ്പിക്കുകയും മറ്റാര്‍ക്കും സിദ്ധിക്കാത്ത ഒരു പ്രത്യേകതയായി അദ്ദേഹത്തെ ഭൂമിയില്‍ നിന്ന് ഉയര്‍ത്തുകയും ചെയ്ത സ്ഥിതിക്ക് അദ്ദേഹത്തിന് പ്രത്യേകമായ ഒരു ജീവിത രീതി അല്ലാഹു അവിടെ നല്‍കിയെങ്കില്‍ അവിശ്വസനീയമായി ഒന്നും തന്നെയില്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 08

ഈസാ നബി (അ) - 08

ആകാശത്ത് നിന്നും ഭക്ഷണത്തളിക

ഈസാ നബി(അ) ജനങ്ങളെ തൗഹീദിലേക്ക് അഥവാ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചതിനുള്ള ഉദാഹരണം കൈകടത്തലുകള്‍ക്ക് വിധേയമായ പുതിയ നിയമത്തില്‍ നിന്നു തന്നെ നാം കാണുകയുണ്ടായി. അപ്രകാരം തന്നെ പരലോക വിശ്വാസത്തെ സംബന്ധിച്ചും അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചതായി കാണാം. നരകാഗ്‌നിയില്‍ നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ന് അദ്ദേഹം പഠിപ്പിച്ചു. നശ്വരമായ ഈ ലോകത്തിലെ സുഖഭോഗങ്ങളെക്കാള്‍ ഉദാത്തം അനശ്വരമായ സ്വര്‍ഗരാജ്യത്തിലെ ശാശ്വത വാസമാണെന്ന് ഈസാ നബി(അ) ജനങ്ങളെ പഠിപ്പിക്കുകയുണ്ടായി. എത്ര സുന്ദരമായ ഉദാഹരണങ്ങളിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചതെന്ന് കാണുക: ‘ഭൂമിയില്‍ നിക്ഷേപം കരുതിവെക്കരുത്. തുരുമ്പും കീടങ്ങളും അത് നശിപ്പിക്കും. കള്ളന്മാര്‍ തുരന്ന് നശിപ്പിക്കും. എന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവെക്കുക. അവിടെ തുരുമ്പും കീടങ്ങളും അതു നശിപ്പിക്കുകയില്ല. കള്ളന്മാര്‍ മോഷ്ടിക്കുകയില്ല’ (മത്തായി 6:19-21).

ശരീരം മുഴുവന്‍ നരകാഗ്‌നിയില്‍ പതിക്കുന്നതിനെക്കാള്‍ ഉത്തമം ഇവിടെ വെച്ച് പാപഹേതുവാകുന്ന അവയവങ്ങള്‍ ഛേദിച്ചു കളയുന്നതാണെന്ന് കര്‍ക്കശമായി പഠിപ്പിക്കുന്നു യേശുക്രിസ്തു. ഇഹലോകത്ത് ജീവന്‍ തന്നെ നഷ്ടപ്പെട്ടാലും പരലോകത്ത് നരകത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് ഉത്തമം എന്നും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചതില്‍ നമുക്ക് കാണാവുന്നതാണ്. ‘നീ പാപം ചെയ്യാന്‍ നിന്റെ കൈ കാരണമാകുന്നുവെങ്കില്‍ അത് വെട്ടിക്കളയുക. ഇരുകൈകളുമായി നരകത്തില്‍ വീഴുന്നതിനെക്കാള്‍ നല്ലത് വികലാംഗനായി ജീവനില്‍ പ്രവേശിക്കുന്നതാണ്. പാപം ചെയ്യാന്‍ നിന്റെ കാല്‍ കാരണമാകുന്നുവെങ്കില്‍ അത് വെട്ടിക്കളയുക. രണ്ടു കാലുള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് മുടന്തനായി ജീവനില്‍ പ്രവേശിക്കുന്നതാണ്. നീ പാപം ചെയ്യാന്‍ നിന്റെ കണ്ണ് കാരണമാകുന്നുവെങ്കില്‍ അത് ചൂഴ്‌ന്നെടുത്ത് കളയുക. ഇരു കണ്ണുകളുമായി നരകത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റക്കണ്ണുമായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതാണ്. ആ നരകത്തില്‍ അവരുടെ പുഴുക്കള്‍ നശിക്കുന്നതല്ല. തീ കെടുന്നുമില്ല. കാരണം എല്ലാവരിലും തീ കൊണ്ട് ഉപ്പ് ചേര്‍ക്കും’ (മാര്‍ക്കോസ് 9:43-50).

നന്മകള്‍ ചെയ്യുന്നിടത്ത് ആത്മാര്‍ഥതയാണ് വേണ്ടതെന്നും ജനങ്ങളെ കാണിപ്പിക്കരുതെന്നും ഈസാ(അ) ജനങ്ങളെ പഠിപ്പിച്ചു: ‘മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി അവരുടെ മുന്നില്‍ വെച്ച് നിങ്ങളുടെ സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവീന്‍. അല്ലെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്ക് പ്രതിഫലമില്ല’ (മത്തായി 6:1). 

‘വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും’ (മത്തായി 6:4).

കൊല്ലരുതെന്നും വ്യഭിചരിക്കരുതെന്നും ഈസാ(അ) ജനങ്ങളെ അനുശാസിച്ചിരുന്നു: ‘ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവരുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു’ (മത്തായി 5:27,28).

പലിശക്കെതിരിലും ഈസാ(അ) ശക്തമായി സംസാരിച്ചിട്ടുണ്ട്. അത് ഇന്ന് െ്രെകസ്തവര്‍ക്ക് അനുവദനീയമാണ് എന്നതാണ് വിചിത്രം!

സ്ത്രീ വേഷവിധാനത്തെ പറ്റി ഈസാ(അ) ജനങ്ങളോട് പറഞ്ഞത് കാണുക: ‘സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചു കളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ’ (1 കൊരിന്തിയര്‍ 11:6).

‘പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്. അങ്ങിനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവക്ക് വെറുപ്പാകുന്നു’ (ആവര്‍ത്തന പുസ്തകം 22:5).

അന്ത്യപ്രവാചകന്റെ വരവിനെക്കുറിച്ചും ഈസാ(അ) ജനങ്ങളെ അറിയിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം ഇന്നും ബൈബിളില്‍ നിലനില്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വേദ പുരോഹിതര്‍ ആ സന്ദേശത്തെ ദുര്‍വ്യാഖ്യാനിച്ച് നിഷേധിക്കുകയാണ് ചെയ്യുന്നത്. ഏത് കള്ളനും ചില അടയാളങ്ങള്‍ ശേഷിപ്പിക്കുമെന്ന് പറയുന്നത് പോലെ പല സത്യങ്ങളും ഇന്നും അവയില്‍ അവശേഷിച്ചു കൊണ്ടിരിക്കുന്നു. 

‘ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കാണ്. ഞാന്‍ പോകാതിരുന്നാല്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഇനിയും പലകാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല. എന്നാല്‍ താന്‍ കേള്‍ക്കുന്നതെന്തും അവന്‍ പറയും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും’ (യോഹന്നാന്‍: 16:12-14).

ഈസാ(അ) അന്ത്യപ്രവാചകന്റെ വരവിനെ പറ്റി അറിയിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

”മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു” (61:6).

ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ ഇഞ്ചീല്‍ പുരോഹിതന്മാര്‍ അങ്ങേയറ്റം വികൃതമാക്കി. അതിനാല്‍ തന്നെ ഇന്ന് ക്രിസ്ത്യാനികളുടെ പക്കലുള്ള ബൈബിളിനെ ഒരു വേദഗ്രന്ഥത്തിന്റെ സ്ഥാനത്ത് നാം കണ്ടുകൂടാ.

ബൈബിളില്‍ ക്വുര്‍ആനിനോടോ സുന്നത്തിനോടോ യോജിപ്പിള്ള ആശയങ്ങള്‍ കണ്ടാല്‍ ആ സന്ദേശം ദൈവികമാകാന്‍ സാധ്യതയുണ്ടെന്നും വിയോജിപ്പുള്ളവയാണെങ്കില്‍ അത് തീര്‍ത്തും ദൈവിക ഗ്രന്ഥത്തില്‍ നടത്തിയ കൈകടത്തലാണെന്നും ക്വുര്‍ആനിലും സുന്നത്തിലും ഉള്ളവക്ക് എതിരാകാതിരിക്കുകയോ അനുകൂലമാകാതിരിക്കുകയോ ചെയ്യുന്നതാണെങ്കില്‍ അതിനെ പറ്റി മൗനം പാലിക്കുകയാണ് ചെയ്യേണ്ടത് എന്നുമാണ് ബൈബിളിനോട് മുസ്‌ലിം സ്വീകരിക്കേണ്ട സമീപനമെന്ന് പണ്ഡിതന്മാര്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

ഓരോ മതക്കാര്‍ക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ ഈ ലോകത്ത് സ്വാതന്ത്ര്യമുണ്ട്. ഇതര മതക്കാരുടെ വിശ്വാസ ആചാരങ്ങളെ പഠന വിധേയമാക്കി സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കുന്നതിനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യം ഒരിക്കലും കയ്യേറ്റങ്ങള്‍ക്കോ വൈകാരിക പ്രകടനങ്ങള്‍ക്കോ ഇടയായിക്കൂടാ. ആശയങ്ങള്‍ തമ്മില്‍ പരസ്പരം മാറ്റുരച്ച് വിശദീകരിക്കുക മാത്രമാണ് ഈ സ്വാതന്ത്ര്യത്തില്‍ ഒതുങ്ങി നിന്ന് ചെയ്യേണ്ടത്. ഇപ്രകാരം മനുഷ്യര്‍ക്കിടയില്‍ പഠനങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് തെറ്റും ശരിയും വേര്‍തിരിച്ച് മനസ്സിലാക്കാനും പരസ്പരം അടുക്കാനും സാധിക്കും. ഇത്തരം ആശയ പ്രചാരണം നടക്കാതിരുന്നാല്‍ തെറ്റുധാരണകള്‍ വര്‍ധിക്കും. അത് മാനുഷികബന്ധങ്ങളെ സാരമായി ബാധിക്കും. 

ഈസാ നബി(അ) ജനങ്ങളെ ശുദ്ധമായ തൗഹീദിലേക്ക് ക്ഷണിച്ചു. എന്നാല്‍ എല്ലാ പ്രവാചകന്മാര്‍ക്കും ശത്രുക്കള്‍ ഉണ്ടായത് പോലെ അദ്ദേഹത്തിനും സ്വന്തം സമൂഹത്തില്‍ നിന്ന് ശത്രുക്കള്‍ ഉണ്ടായി. അദ്ദേഹത്തെ അവര്‍ കൊല്ലാന്‍ തയ്യാറായി. അവര്‍ക്ക് അതിന് സാധിച്ചില്ല എന്നു മാത്രം. ആ കാര്യങ്ങള്‍ നാം വിശദീകരിച്ചു. ശത്രുത വര്‍ധിച്ചപ്പോഴും പ്രബോധന വീഥിയില്‍ നിന്ന് അദ്ദേഹം പിന്മാറിയില്ല.

ശത്രുക്കളുടെ നിഷേധം നാള്‍ക്കുനാള്‍ വര്‍ധിച്ചു. ഈസാ നബി(അ)ക്ക് അവരുടെ ചെയ്തികളില്‍ നിന്ന് അത് മനസ്സിലായി. അപ്പോള്‍ അദ്ദേഹം തന്റെ സമൂഹത്തോട് ചോദിച്ചു: ആരുണ്ട് എന്റെ കൂടെ ഉറച്ച് നില്‍ക്കാന്‍? ആ സന്ദര്‍ഭത്തെ ക്വുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു.

”എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം. (തുടര്‍ന്ന്  അവര്‍ പ്രാര്‍ഥിച്ചു:) ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, (നിന്റെ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ. അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു” (3:52-54).

ഈസാ(അ) ജനങ്ങളെ ധാരാളം ഉപദേശിച്ചു. എന്നാല്‍ അധിക പേരും അവിശ്വസിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ഭൂരിപക്ഷം ജനങ്ങളുടെയും ഈ സമീപനം സ്വാഭാവികമായും ഈസാ(അ)നെ വിഷമിപ്പിച്ചു. ഈ ഘട്ടത്തില്‍ ചോദിച്ച കാര്യങ്ങളാണ് മുകളിലെ സൂക്തങ്ങളില്‍ നാം കണ്ടത്.

ഞാന്‍ നിങ്ങളോട് പറയുന്ന ദൈവിക സന്ദേശം കളങ്കമില്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രബോധനം നടത്താനും ‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല; ഈസാ അല്ലാഹുവിന്റെ ദൂതനാകുന്നു’ എന്ന മാര്‍ഗത്തില്‍ ഉറച്ച് നിന്ന് എന്നെ സഹായിക്കാനും നിങ്ങളില്‍ ആരാണ് തയ്യാറുള്ളവര്‍ എന്ന് ഈസാ(അ) ഇസ്രാഈല്യരോട് ചോദിച്ചു. ഈ ചോദ്യത്തിന് അവരില്‍ കുറച്ച് പേര്‍ ഉത്തരം നല്‍കി. അവരാണ് ഹവാരികള്‍. ‘ഹവാരിയ്യ്’ എന്നതിന് സഹായി എന്നാണ് നമുക്ക് അര്‍ഥം നല്‍കാന്‍ കഴിയുക. അഥവാ, അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യാം എന്ന് പറഞ്ഞ് മുന്നോട്ട് വന്നവര്‍. ഇവരാണ് ഈസാനബി(അ)യുടെ ശിഷ്യന്മാരായി അറിയപ്പെട്ടത്. ഇവര്‍ ‘അപ്പോസ്തലന്മാര്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അപ്പോസ്തലന്മാര്‍ പന്ത്രണ്ട് പേരായിരുന്നു എന്നാണ് ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

അല്ലാഹുവാണ് എല്ലാം പടച്ചവനെന്നും അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളിലും നാമഗുണ വിശേഷണങ്ങളിലും അവന്‍ ഏകനാണെന്നും അവന് തുല്യനായി യാതൊരു വസ്തുവുമില്ല എന്ന് നിഷ്‌കളങ്കമായി ഞങ്ങള്‍ വിശ്വസിക്കുന്നു എന്നതായിരുന്നു അവരുടെ ആദ്യ പ്രഖ്യാപനം. ഞങ്ങള്‍ മുസ്‌ലിംകളാണെന്നും അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണെന്നും അവര്‍ അവിടെ വെച്ച് പരസ്യമാക്കി. അവര്‍ ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്തു: ‘ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും (നിന്റെ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ.’

ഹവാരികള്‍ ആരാണെന്ന് നാം പറഞ്ഞുവല്ലോ. നബി ﷺ യും ഹവാരിയ്യ് എന്ന് പ്രയോഗിച്ചത് ഹദീഥില്‍ വന്നിട്ടുണ്ട്.

ജാബിര്‍(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: നബി ﷺ  പറഞ്ഞു: ‘അഹ്‌സാബ് യുദ്ധത്തിന്റെ ദിവസം (ശത്രു)സംഘത്തിന്റെ വിവരങ്ങള്‍ ആരാണ് എനിക്ക് കൊണ്ടുവന്നു തരിക?’ സുബൈര്‍(റ) പറഞ്ഞു: ‘ഞാന്‍.’ പിന്നെയും നബി ﷺ  ചോദിച്ചു: ‘(ശത്രു)സംഘത്തിന്റെ വിവരങ്ങളുമായി ആരാണ് എനിക്ക് കൊണ്ടുവന്നു തരിക?’ സുബൈര്‍(റ) പറഞ്ഞു: ‘ഞാന്‍.’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘തീര്‍ച്ചയായും എല്ലാ പ്രവാചകനും ഒരു ഹവാരിയ്യ് ഉണ്ട്. എന്റെ ഹവാരിയ്യ് സുബൈറാകുന്നു’ (ബുഖാരി, മുസ്‌ലിം).

വിവിധ കക്ഷികള്‍ ചേര്‍ന്ന് മുസ്‌ലിംകള്‍ക്കെതിരില്‍ പടക്കൊരുങ്ങിയ അപകടകരമായ ഒരു സന്ദര്‍ഭമായിരുന്നു അത്. ആ അവസരത്തില്‍ നബി ﷺ  യുദ്ധ തന്ത്രത്തിന്റെ ഭാഗമായി ശത്രു പാളയത്തിന്റെ നീക്കങ്ങളെ കുറിച്ച് അറിയല്‍ അനിവാര്യമായിരുന്നു. ആ വിവരം തനിക്ക് അറിയിച്ചു തരാന്‍ ആരാണ് നിങ്ങളുടെ കൂട്ടത്തില്‍ എന്നതായിരുന്നു മുഹമ്മദ് നബി ﷺ യുടെ ചോദ്യം. ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും സുബൈര്‍(റ) ഞാനെന്ന് പറഞ്ഞ് മുന്നോട്ടു വന്നു. നബി ﷺ  ആ സന്ദര്‍ഭത്തില്‍ പറഞ്ഞു: എല്ലാ പ്രവാചകനും ഒരു ഹവാരിയ്യ് ഉണ്ട്. എന്റെ ഹവാരിയ്യ് സുബൈറാകുന്നു. എന്ത് ത്യാഗം സഹിച്ചും സഹായിക്കാന്‍ സന്നദ്ധനാവുക എന്നതാണ് ഹവാരിയ്യ് എന്നതിന്റെ ഉദ്ദേശ്യം എന്ന് ഈ ഹദീഥും നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.

ഈസാ(അ)യുടെ ഹവാരിയ്യുകളെ ഉദാഹരിച്ച് കൊണ്ട് വിശ്വാസികളോട് അല്ലാഹുവിന്റെ സഹായികളാകാന്‍ ഉണര്‍ത്തിയത് ക്വുര്‍ആനില്‍ നമുക്ക് കാണാവുന്നതാണ്.

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക. മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ  സഹായികളാകുന്നു. അപ്പോള്‍ ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു” (61:14).

 സത്യവിശ്വാസികളേ എന്ന് വിളിച്ചുകൊണ്ടാണല്ലോ ക്വുര്‍ആന്‍ ഈ കാര്യം നമ്മോട് ഉണര്‍ത്തുന്നത്. സത്യവിശ്വാസികളേ എന്ന് വിളിച്ചുള്ള ക്വുര്‍ആനിന്റെ അഭിസംബോധന വിശ്വാസികള്‍ കണ്ണും കാതും കൊടുത്ത് ശ്രദ്ധിച്ച് കേള്‍ക്കണം എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്.

അല്ലാഹുവിന്റെ മതത്തെ വികലമാക്കി അവതരിപ്പിക്കുന്ന, ഇസ്‌ലാമിന് പുറത്തും അകത്തും നിന്നുള്ള ശത്രുക്കളുടെ വികല വാദങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിച്ചും പഠിച്ചിട്ടുള്ളവ ജീവിതത്തില്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നും മതം പ്രബോധനം ചെയ്തും അല്ലാഹുവിനെ സഹായിക്കാനാണ് ഈ സൂക്തത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ ഈ ആഹ്വാനത്തെ സ്വീകരിക്കാനും തിരസ്‌കരിക്കാനും ആളുകള്‍ ഉണ്ടാകും. അല്ലാഹുവിന്റെ ആഹ്വാനത്തെ സ്വീകരിക്കുന്നവര്‍ക്കാണ് വിജയമെന്നും അല്ലാഹു ഈ ആഹ്വാനത്തിലൂടെ വിശ്വാസികളെ അറിയിക്കുകയാണ്.

ഹവാരിയ്യുകളെ പറ്റി ഇനിയും ക്വുര്‍ആന്‍ മറ്റൊരു ഭാഗത്ത് പ്രസ്താവിക്കുന്നത് കാണുക: ”നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക്  ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക” (5:111).

ഹവാരികള്‍ക്ക് ഞാന്‍ വഹ്‌യ് നല്‍കി എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ചത്. അല്ലാഹു വഹ്‌യ് നല്‍കുന്നത് പ്രവാചകന്മാര്‍ക്കാണല്ലോ. അപ്പോള്‍ ഹവാരികള്‍ പ്രവാചകന്മാരാണോ? അല്ല! വഹ്‌യ് നല്‍കുക എന്ന ക്വുര്‍ആനിലെ എല്ലാ പ്രയോഗവും പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം നല്‍കുക എന്ന അര്‍ഥത്തിലല്ല ഉള്ളത്. തോന്നിപ്പിക്കുക എന്ന അര്‍ഥത്തില്‍ ധാരാളം സ്ഥലങ്ങളില്‍ ഉപയോഗിച്ചത് പല തവണ നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ അര്‍ഥത്തില്‍ തന്നെയാണ് ഈ സൂക്തത്തിലും ഉപയോഗിച്ചിരിക്കുന്നത്.

ഹവാരികള്‍ക്ക് അല്ലാഹുവിലും അവന്റെ റസൂലായ ഈസായിലും വിശ്വസിക്കാന്‍ തോന്നിപ്പിച്ചു. ഒരാള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിച്ചത് കൊണ്ട് അയാളുടെ വിശ്വാസം ശരിയാകുന്നതല്ല. അല്ലാഹു അയച്ചിട്ടുള്ള ദൂതന്മാരിലും വിശ്വസിക്കുമ്പോള്‍ മാത്രമെ അയാളുടെ വിശ്വാസം ശരിയാവുകയുള്ളൂ.

ഹവാരികള്‍ അല്ലാഹുവിന്റെ കല്‍പന സ്വീകരിച്ചു. അവര്‍ അവരുടെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്നും അല്ലാഹുവിന്റെ എല്ലാ കല്‍പനകള്‍ക്കും ഞങ്ങള്‍ കീഴ്‌പെട്ട് മുസ്‌ലിംകളായിരിക്കുന്നു എന്നും പ്രഖ്യാപിച്ചു.

ഈസാ(അ)യുടെ ശിഷ്യന്മാരായ ഹവാരികള്‍ ഒരിക്കല്‍ ഈസാ(അ)യോട് ഒരു കാര്യം ആവശ്യപ്പെട്ടു. അതിനെ പറ്റിയുള്ള ക്വുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക:

”ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കിതില്‍ നിന്ന് ഭക്ഷിക്കുവാനും അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും ഞങ്ങള്‍ അതിന് ദൃക്‌സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക് ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും നിന്റെ പക്കല്‍നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ. അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിന് ശേഷം നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും  ഞാന്‍ നല്‍കാത്ത വിധമുള്ള (കടുത്ത) ശിക്ഷ അവന്ന് നല്‍കുന്നതാണ്” (5:112-115).

ഈസാനബി(അ)യോട് ഹവാരികള്‍ ആകാശത്തുനിന്ന് അത്ഭുതകരമായി ഒരു ഭക്ഷണത്തളിക ഇറക്കിത്തരാന്‍ അല്ലാഹുവിന് സാധിക്കുമോ എന്നാണ് ചോദിച്ചത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെ സൂക്ഷിക്കുക എന്നാണ് അദ്ദേഹം ഉടന്‍ നല്‍കിയ മറുപടി. മുന്‍കാല പ്രവാചകന്മാരോട് വിശ്വാസികള്‍ അത്ഭുതകരമായ കാര്യങ്ങള്‍ ആവശ്യപ്പെടുകയും അത്ഭുതങ്ങള്‍ക്ക് സാക്ഷികളായതിന് ശേഷം നന്ദികേട് കാണിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കഴിഞ്ഞു പോയിട്ടുണ്ടല്ലോ. അതിനാലാകാം ഈസാ(അ) ശിഷ്യന്മാരോട് ഇപ്രകാരം മറുപടി പറഞ്ഞത്.

ശിഷ്യന്മാര്‍ ഏറെ ആഗ്രഹത്തോടെ വീണ്ടും ആവശ്യപ്പെട്ടു. അത്ഭുതകരമായ ആ തളികയില്‍ നിന്ന് ഭക്ഷിക്കാനും ആ അത്ഭുതം കാണുന്നതിലൂടെ ഞങ്ങള്‍ക്ക് വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പ് ലഭിച്ച് ആശ്വാസം ലഭിക്കുന്നതിനും താങ്കള്‍ ഞങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിനും ആ അത്ഭുതത്തിന് ഞങ്ങള്‍ സാക്ഷികളാകുന്നതിന് വേണ്ടിയും അല്ലാഹുവിനോട് താങ്കള്‍ ആവശ്യപ്പെട്ടാല്‍ അത് സാധിക്കുമോ എന്ന് വീണ്ടും അവര്‍ ഈസാ(അ)നോട് ആവശ്യപ്പെടുന്നു. അപ്പോള്‍ ഈസാ(അ) അല്ലാഹുവിനോട് അതിനായി തേടി. 

ഭക്ഷണത്തളിക നിങ്ങള്‍ക്ക് ഇറക്കിത്തരാമെന്ന് അല്ലാഹു ഉത്തരം നല്‍കി. എന്നാല്‍ ഈ അത്ഭുതം കണ്ടതിന് ശേഷം ആരെങ്കിലും നിഷേധിച്ചാല്‍ ഒരാള്‍ക്കും ലഭിച്ചിട്ടില്ലാത്ത വിധം ശക്തമായ ശിക്ഷയും നല്‍കുന്നതാണെന്ന് അല്ലാഹു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ക്വുര്‍ആന്‍ പറയുന്നില്ല. എന്നാല്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഭൂരിപക്ഷവും ഈ സൂക്തത്തിലെ പരാമര്‍ശത്തെ കണക്കിലെടുത്ത് കൊണ്ട് അല്ലാഹു അത് അവര്‍ക്ക് ഇറക്കിക്കൊടുത്തു എന്നാണ് അഭിപ്രായപ്പെടുന്നത്. മുജാഹിദ്(റ)വിനെ പോലെയുള്ള മഹാന്മാര്‍ പറയുന്നത് അല്ലാഹു അവര്‍ക്ക് അത് ഇറക്കിയിട്ടില്ലെന്നാണ്. കാരണം, അവസാനത്തിലെ അല്ലാഹുവിന്റെ താക്കീത് അവരെ പേടിപ്പെടുത്തി എന്നാണ്. ഈ കാര്യത്തെ സംബന്ധിച്ച് ഖണ്ഡിതമായി നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധ്യമല്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 07

ഈസാ നബി (അ) - 07

ഇഞ്ചീലിന്റെ ചരിത്രം

ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥമാണ് ഇഞ്ചീല്‍. ഇഞ്ചീലിനെ പറ്റി ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത് കാണുക:

”സന്മാര്‍ഗ നിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇഞ്ചീലും അദ്ദേഹത്തിന് നാം നല്‍കി” (5:46).

പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥങ്ങളില്‍ മുഴുവനും വിശ്വസിക്കുവാന്‍ കല്‍പിക്കപ്പെട്ടവനാണ് മുസ്‌ലിം.

ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ ഇഞ്ചീല്‍ സത്യസന്ധമാണെന്നും അത് മനുഷ്യനെ നേര്‍മാര്‍ഗത്തിലേക്ക് വഴിനടത്തുന്നതാണെന്നും വിശ്വസിക്കാത്തവന്റെ വിശ്വാസം ശരിയാകില്ല. എന്നാല്‍ ഇന്ന്, ഈസാ നബി(അ)ക്ക് നല്‍കപ്പെട്ട ഗ്രന്ഥമായി ക്രൈസ്തവര്‍ കണക്കാക്കുന്ന പുതിയനിയമം സാക്ഷാല്‍ ഇഞ്ചീലില്‍ നിന്നും എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാണ്. ഈസാ(അ) പഠിപ്പിച്ച മാര്‍ഗത്തിന് വിരുദ്ധമായ ആശയങ്ങള്‍ എത്രയോ അതില്‍ കടന്ന് കൂടിയതായി മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒരിക്കലും തെറ്റു പറ്റാത്ത, സത്യസന്ധമായ, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാകാത്ത ഒരു ഗ്രന്ഥം അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്കായി അല്ലാഹു ഇറക്കിയിട്ടുണ്ട്; അതാണ് ക്വുര്‍ആന്‍. ഇന്ന് ലോകത്ത് അല്ലാഹു അവതരിപ്പിച്ച അതേ രൂപത്തില്‍ നിലനില്‍ക്കുന്ന ഏക ഗ്രന്ഥം ക്വുര്‍ആനാണ്. അത് മാത്രമാണ് ഇനി നമുക്ക് അനുധാവനം ചെയ്യാനുള്ള വേദഗ്രന്ഥം.

ബൈബിള്‍ (പഴയ-പുതിയ നിയമങ്ങള്‍) അല്ലാഹു ഇറക്കിയതാണെന്ന് അതിന്റെ വക്താക്കള്‍ക്ക് തന്നെയും വാദമില്ല. പുതിയ നിയമം ദൈവത്തില്‍ നിന്ന് ഇറങ്ങിയതാണെന്നോ, ഈസാ(അ) പറഞ്ഞതാണെന്നോ, എഴുതിയതാണെന്നോ അവര്‍ വാദിക്കുന്നില്ല. ഈസാ(അ)യുടെ കാലത്ത് എഴുതപ്പെട്ടതാണെന്ന് പോലും അവര്‍ അവകാശപ്പെടുന്നില്ല.

ബൈബിളിനെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹ്) പറയുന്നത് കാണുക:

”എന്നാല്‍ ക്രിസ്ത്യാനികളുടെ കൈകളിലുള്ള ഇഞ്ചീലുകള്‍ നാലെണ്ണമാകുന്നു; മത്തായി, യോഹന്നാന്‍, ലൂക്കോസ്, മാര്‍ക്കോസ് എന്നിവരുടെ സുവിശേഷങ്ങള്‍. ലൂക്കോസും മാര്‍ക്കോസും മസീഹ് ഈസാ(അ)യെ കണ്ടിട്ടില്ലെന്നതില്‍ അവര്‍ ഏകോപിച്ചിട്ടുണ്ട്. മത്തായി, യോഹന്നാന്‍ എന്നിവര്‍ അദ്ദേഹത്തെ കണ്ടവരുമാണ്. ഇഞ്ചീല്‍ എന്ന് അവര്‍ പേര് വിളിക്കുന്നത് (ഇവരുടെ) ഈ നാല് പുസ്തകങ്ങള്‍ക്കാണ്. ചിലപ്പോള്‍ അവരിലുള്ളവരിലെ ഓരോരുത്തരുടെതിനും ഇഞ്ചീല്‍ എന്ന് പേര് വിളിക്കാറുണ്ട്. നിശ്ചയമായും മസീഹ് ഉയര്‍ത്തപ്പെട്ടതിന് ശേഷമാണ് ഇവര്‍ ഇവ എഴുതിയത്. അവര്‍ (ആരും) അതില്‍ അല്ലാഹുവിന്റെയോ മസീഹിന്റെയോ സംസാരമുണ്ടെന്നോ പറഞ്ഞിട്ടുമില്ല. മസീഹിന്റെ സംസാരത്തില്‍ നിന്ന് ചിലത് അവയില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ പെട്ടതും മുഅ്ജിസത്തുകളില്‍ പെട്ടതും (ചിലതെല്ലാം അവയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്).”

അല്ലാഹു ഇറക്കിയത് പോലെ വള്ളി പുള്ളിക്ക് മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഏക ഗ്രന്ഥം ക്വുര്‍ആന്‍ മാത്രമാണ്. അതിനെ എല്ലാ അര്‍ഥത്തിലും അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്. ഹദീഥുകളുടെ കാര്യം പരിശോധിച്ചാലും അത്ഭുതം മാത്രമെ നമുക്ക് ഉണ്ടാകൂ. ഓരോ നബിവചനവും രേഖപ്പെടുത്തിയിട്ടുള്ള മഹാന്മാര്‍ നബി ﷺ  വരെയുള്ള ഓരോ റിപ്പോര്‍ട്ടറെ സംബന്ധിച്ചും ഗഹനമായ പഠനം നടത്തുകയും നെല്ലും പതിരും വേര്‍തിരിക്കുന്നത് പോലെ സ്വീകാര്യമായതും അസ്വീകാര്യമായതും വേര്‍തിരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 

ബൈബിളിനെ വിശുദ്ധ ക്വുര്‍ആനിനെ പോലെ മഹത്ത്വമുള്ള ഒരു ഗ്രന്ഥമായി കാണാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇതാണ് മറുപടി:

ഒന്ന്) യേശുവിന്റെ ജീവിത കാലത്തിന് ശേഷം അഞ്ച് ദശാബ്ദങ്ങളെങ്കിലും കഴിഞ്ഞാണ് പുതിയ നിയമ പുസ്തകങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത്.

രണ്ട്) യേശുവിന്റെ ജീവചരിത്ര വിവരണങ്ങളായ സുവിശേഷങ്ങള്‍ എഴുതിയവരാരും തന്നെ യേശുവിനെ കാണുകയോ അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ക്ക് സാക്ഷികളാകുകയോ ചെയ്തവരല്ല.

മൂന്ന്) സുവിശേഷങ്ങള്‍ രചിച്ചതാരെന്ന് ഖണ്ഡിതമായി പറയാന്‍ കഴിയില്ല.

നാല്) പുതിയനിയമത്തിലെ പുസ്തകങ്ങളില്‍ ഒന്നുപോലും ക്രിസ്തുവിന്റെ ശിഷ്യന്മാരിലാരെങ്കിലും എഴുതിയതാണെന്ന് സംശയരഹിതമായി പറയുവാന്‍ സാധ്യമല്ല.

അഞ്ച്) യേശുവിന്റെ ജീവചരിത്രം എഴുതുന്നതിനു വേണ്ടി ശ്രമിച്ച സുവിശേഷ കര്‍ത്താക്കള്‍ തങ്ങള്‍ കേട്ടറിഞ്ഞ കാര്യങ്ങള്‍ ക്രോഡീകരിച്ചു കൊണ്ടാണ് സുവിശേഷങ്ങള്‍ രചിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേ സ്രോതസ്സില്‍ നിന്നുണ്ടായ മൂന്ന് സംഹിത സുവിശേഷങ്ങളും യോഹന്നാന്റെ സുവിശേഷവും നല്‍കുന്ന യേശു ചിത്രങ്ങള്‍ സാരമായ വ്യത്യാസങ്ങള്‍ ഉള്‍കൊള്ളുന്നവയാണ്.

ആറ്) ഇന്ന് പുതിയ നിയമത്തിലുള്‍പെടുത്തപ്പെട്ട പുസ്തകങ്ങളുടെ രചനക്കും പ്രചാരണത്തിനും മുമ്പു തന്നെ യേശുവിന്റെ ശിഷ്യന്മാര്‍ ഉപയോഗിച്ചിരുന്ന ഏതോ ഒരു രേഖ നിലനിന്നിരുന്നുവെന്ന് ആധുനിക ബൈബിള്‍ പണ്ഡിതന്മാരെല്ലാം സമ്മതിക്കുന്നു.

ചുരുക്കത്തില്‍, ‘പുതിയനിയമ’ പുസ്തകങ്ങളെല്ലാം എഴുതപ്പെടുന്നതിനു മുമ്പ് നിലനിന്നിരുന്ന, യേശുവിന് ദൈവം അവതരിപ്പിച്ചു കൊടുത്ത സുവിശേഷമാണ് ക്വുര്‍ആന്‍ പരിചയെപ്പടുത്തുന്ന ഇഞ്ചീല്‍. അതിലാണ് സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവും അടങ്ങിയിരിക്കുന്നത്. അതിനെയാണ് ക്വുര്‍ആന്‍ ശരിവെക്കുന്നത്. ഇന്ന് നിലനില്‍ക്കുന്ന പുതിയ നിയമ പുസ്തകങ്ങളാകട്ടെ; മത്തായി, ലൂക്കോസ്, മാര്‍ക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയതാണ്. 

”എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയുണ്ടാക്കിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം” (ക്വുര്‍ആന്‍ 2:79).

”വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്” ക്വുര്‍ആന്‍ (3:78).

”വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക). എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ” (ക്വുര്‍ആന്‍ 3:187).

വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ ജനങ്ങളോട് മൂടിവെക്കാതെ വ്യക്തമാക്കി കൊടുക്കുവാന്‍ അവരില്‍ നിന്ന് അല്ലാഹു കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ പല സത്യങ്ങളും അവര്‍ മൂടിവെച്ചു. പുതിയനിയമത്തില്‍ നിന്നും തിരസ്‌കരിക്കപ്പെട്ട ഒട്ടനവധി ഗ്രന്ഥങ്ങളുണ്ട്. കുറെയേറെ ലേഖനങ്ങളും സുവിശേഷങ്ങളും പുതിയ നിയമത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയാണ് ‘അപ്പോക്രിഫ’ എന്ന പേരില്‍ അറിയപ്പെടുന്നത്.

എന്തിന് അവര്‍ ഇതെല്ലാം ഒഴിവാക്കി? അവ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്നവ ആയതിനാല്‍ തന്നെ എന്ന് വ്യക്തം. പ്രവാചകന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ട ദൈവിക ഗ്രന്ഥങ്ങളുടെ ആശയങ്ങളെന്തായിരുന്നുവെന്ന് ഈ അപ്പോക്രിഫകള്‍ പഠന വിധേയമാക്കിയാല്‍ മനസ്സിലായേനെ. പക്ഷേ, ഇന്ന് അവ ലഭ്യമല്ല. പ്രവാചകന്മാരുടെ, വിശിഷ്യാ ഈസാനബിയുടെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളടങ്ങിയ പുസ്തകത്തെ ഇവര്‍ വേദപുസ്തകമെന്ന് വാഴ്ത്തി കൊണ്ടുനടക്കുകയാണ് ചെയ്യുന്നത്.

അല്ലാഹു ഇറക്കിയ വേദഗ്രന്ഥങ്ങളില്‍ നിന്ന് സത്യം മൂടിവെച്ചതിനെ പറ്റി ക്വുര്‍ആന്‍ താക്കീത് നല്‍കുന്നത് കാണുക:

”നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്” (2:159).

”അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്‌നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും” (2:174).

വേദപുസ്തകമായി ക്രൈസ്തവര്‍ കാണുന്ന സുവിശേഷങ്ങളില്‍ ധാരാളം വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ കാരണം ഈ പൂഴ്ത്തിവെക്കലും കൈകടത്തലുമാണ്. ക്വുര്‍ആനിനുള്ള ഒരു പ്രത്യേകത അതില്‍ വൈരുധ്യങ്ങള്‍ തെല്ലും ഇല്ലെന്നതാണ്. അത് ഒരു വെല്ലുവിളിയിലൂടെ ക്വുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഈസാ(അ)യുടെ പ്രബോധനം

എല്ലാ പ്രവാചകന്മാരും ജനങ്ങളെ ഏകദൈവ വിശ്വാസത്തിലേക്കാണല്ലോ ക്ഷണിച്ചത്. ഈസാ നബി(അ)യും അതുതന്നെയാണ് ചെയ്തത്. 

ത്രിയേകത്വ സിദ്ധാന്തം ഈസാ(അ) പ്രബോധനം ചെയ്തിട്ടില്ല. ഈസാ(അ) ജനങ്ങളോട് പ്രബോധനം ചെയ്തത് അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടിയാണ്. അദ്ദേം ജനങ്ങളോട് പറഞ്ഞത് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം” (3:51).

”(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം” (19:36).

ഈസാ നബി(അ)യെ ആരാധിച്ചിരുന്നതിനെപ്പറ്റി അന്ത്യനാളില്‍ വിചാരണ ചെയ്യുന്ന രംഗം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:  

”അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക). മര്‍യമിന്റെ മകന്‍ ഈസാ! അല്ലാഹുവിന് പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്മാാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും” (5:116-118).

ഈസാ നബി(അ)യെ ആരാധിക്കുകയും അദ്ദേഹത്തിന്റെ അനുയായികളാണെന്ന് അഭിമാനിക്കുകയും ചെയ്തവരെ അദ്ദേഹം തന്നെ അന്ത്യദിനത്തില്‍ തള്ളിപ്പറയുന്നതാണ് നാം കണ്ടത്. 

വൈരുധ്യങ്ങള്‍ നിറഞ്ഞ പുതിയ നിയമത്തില്‍ തന്നെ യേശു പറഞ്ഞതായി ഇങ്ങനെ കാണാം: ”കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ  പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്തായി7:21). 

”യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക. എന്തെന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമെ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു” (മത്തായി 4:10). 

ഈ ലോകത്തെ പടച്ചു പരിപാലിക്കുന്ന ഏക ദൈവത്തെ മാത്രം ആരാധിക്കുവാനാണ് ഇതില്‍ യേശു അഥവാ ഈസാ നബി(അ) കല്‍പിച്ചിരിക്കുന്നത്. എന്നാല്‍ ആ കല്‍പനയോട് അവര്‍ അനുസരണക്കേട് കാണിച്ചതിനാല്‍ അവര്‍ ശാപത്തിന് ഇരയായി.

”ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും, മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അനേ്യാന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ” (ക്വുര്‍ആന്‍ 5:78,79).

ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാരാണല്ലോ ദാവൂദ്(അ)യും ഈസാ(അ)യും. ഈ പ്രവാചകന്മാര്‍ നന്മയിലേക്ക് അവരെ ക്ഷണിച്ചു. ഇസ്‌റാഈല്‍ മക്കള്‍ അനുസരണക്കേട് കാണിച്ചു. വിശ്വാസപരമായും കര്‍മപരമായും അവര്‍ കാണിച്ചുകൊടുത്ത അതിര്‍വരമ്പുകളെ അവര്‍

ഭേദിച്ചു. അവസാനം ആ പ്രവാചകരുടെ നാവിനാല്‍ തന്നെ അവര്‍ ശപിക്കപ്പെടുകയാണ് ഉണ്ടായത്. പ്രവാചകന്മാര്‍ പഠിപ്പിച്ച ആശയങ്ങളോട് പുറംതിരിയുന്നവര്‍ക്ക് അവരുടെ ശാപമുണ്ടാകുമെന്നതും ഇതില്‍ നിന്ന് പഠിക്കാം. മാത്രവുമല്ല സമൂഹത്തില്‍ കാണുന്ന തിന്മകളെ വിലക്കാത്തവരായിരുന്നു അവര്‍ എന്നതും ക്വുര്‍ആന്‍ പ്രത്യേകം എടുത്തു പറയുന്നു. ഒരു സമൂഹത്തിന്റെ തകര്‍ച്ചക്ക് ഹേതുവാകാന്‍ മാത്രം ഗൗരവമുള്ള വിഷയമാണ് നന്മ കല്‍പിക്കാതിരിക്കലും തിന്മ വിരോധിക്കാതിരിക്കലും. അവരുടെ സ്വഭാവത്തെ പറ്റി നബി ﷺ  നമുക്ക് വിവരിച്ചു തരുന്നുണ്ട്.

ബനൂഇസ്‌റാഈല്യരില്‍ ആദ്യമായി കടന്നുകൂടിയ ന്യൂനത (ഇതായിരുന്നു:) ഒരാള്‍ മറ്റൊരാളെ കാണുമ്പോള്‍ അയാള്‍ പറയും: ‘ഏയ്, നീ അല്ലാഹുവിനെ സൂക്ഷിക്കണം. നീ ചെയ്യുന്ന (ആ കാര്യം) ഒഴിവാക്കുകയും വേണം. നിശ്ചയം അത് നിനക്ക് അനുവദനീയമല്ല.’ പിന്നീട് അടുത്ത ദിവസം അയാളെ (അപ്രകാരം തന്നെ) കണ്ടാല്‍ അതിനെ തൊട്ട് വിലക്കുകയുമില്ല. (പിന്നീട് ഉപദേശിക്കുന്നവന്‍) അവന്റെകൂടെ ഭക്ഷണം കഴിക്കുന്നവനും വെള്ളം കുടിക്കുന്നവനും ഇരിക്കുന്നവനും ആയിത്തീരും. അത് അവര്‍ ചെയ്തപ്പോള്‍ അവരില്‍ ചിലരുടെ ഹൃദയങ്ങളെ മറ്റു ചിലരുടെ ഹൃദയം കൊണ്ട് അടിപ്പിച്ചു. പിന്നെ നബി ﷺ  ഓതി: ”ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു…” (ക്വുര്‍ആന്‍ 5:78,79).

ജനങ്ങള്‍ക്ക് നന്മ കല്‍പിക്കലും അവരെ തിന്മയെ തൊട്ട് തടുക്കലും വിശ്വാസികളുടെ ചുമതലയാണ്. അതില്‍ നിന്ന് പിന്മാറുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ല. നന്മ കല്‍പിക്കാത്ത, തിന്മ വിരോധിക്കാത്ത ഒരു സമൂഹം ഉണ്ടായാല്‍ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമെന്നും പിന്നീട് അതില്‍ നിന്ന് രക്ഷ ലഭിക്കാന്‍ പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുന്നതല്ലെന്നും നബി ﷺ  നമ്മെ ഉണര്‍ത്തിയിട്ടുണ്ട്.

പ്രബോധനത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അല്ലാഹു ശിക്ഷയിറക്കും എന്ന് പറഞ്ഞതിനെ പണ്ഡിതന്മാര്‍, അത് ധനത്തിലാകാം എന്നും മാരക രോഗങ്ങളാലാകാം എന്നും മരണാധിക്യമാകാം എന്നും ശത്രുവിന്റെഅധികാരം വാഴലിലൂടെയാകാം എന്നും ഭൂകമ്പം, പ്രളയം, വറുതി, ക്ഷാമം തുടങ്ങിയവ കൊണ്ടാകാം എന്നുമെല്ലാം വിവരിച്ചതായി കാണാം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 06​

ഈസാ നബി (അ) - 06

ക്രൂശീകരണം: വസ്തുതയെന്ത്?

യേശുവിന്റെ കാലത്ത് എല്ലാവരും ഭയത്തോടും വെറുപ്പോടും കൂടി വീക്ഷിച്ചിരുന്ന ഒരു പീഡനോപകരണം മാത്രമായിരുന്നു കുരിശ്. കാരണം അവരുടെ വിശ്വാസപ്രകാരം യേശുവിനെ കുരിശില്‍ തറച്ചാണല്ലോ കൊന്നത്. (അധികാരി വര്‍ഗത്തിനിഷ്ടമില്ലാത്ത എത്രയോ നിരപരാധികളും പാവങ്ങളും മുന്‍ കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളിലായി ക്രൂശിക്കപ്പെട്ടിട്ടുണ്ട്). എന്നിട്ടും യേശുവിനോടുള്ള സ്‌നേഹവും ബന്ധവും സൂചിപ്പിക്കാനാണ് കുരിശിനെ തിരഞ്ഞെടുത്തതെങ്കില്‍ അതൊരു വിരോധാഭാസമായിപ്പോയി എന്ന് വേണം പറയാന്‍. ക്രിസ്തു വിരുദ്ധര്‍ തിരഞ്ഞെടുക്കേണ്ടിയിരുന്ന ആ ചിഹ്നം ക്രിസ്തു സ്‌നേഹികള്‍ ആദരപൂര്‍വം ഉയര്‍ത്തിപ്പിടിക്കാനും ചുമലിലേന്തി നടക്കാനും ഇടയായത് അവരും ക്രിസ്തുവുമായുള്ള അകലം സൂചിപ്പിക്കുന്നു.

കുരിശാരോഹണം ഒരു കെട്ടുകഥ മാത്രം

ഈസാ നബി(അ)യെ ക്രൂശിച്ചു എന്ന് പറയുന്ന സംഭവം ഒരു കെട്ടുകഥയാണ്. അതിന് യാതൊരു തെളിവുമില്ല.

”അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ, (യാഥാര്‍ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 4:157,158).

യേശുവിനെ തങ്ങള്‍ ക്രൂശിച്ച് കൊന്നു എന്നത് യഹൂദികളുടെ കേവലം അവകാശവാദം മാത്രമാകുന്നു. അവര്‍ക്ക് അദ്ദേഹത്തെ കൊല്ലാനോ ക്രൂശിക്കാനോ സാധിച്ചിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന് അവര്‍ക്ക് തന്നെ വ്യക്തതയില്ലാത്ത രൂപത്തില്‍ യാഥാര്‍ഥ്യം തിരിച്ചറിയാതാവുകയാണ് ചെയ്തത്. കുരിശുമരണത്തെ സംബന്ധിച്ച് ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുകയാണ്. യേശു കുരിശിലേറിയെങ്കിലും മരിക്കുന്നതിന് മുമ്പ് താഴെ ഇറങ്ങി എന്ന് പറയുന്ന ചിലരുണ്ട്. ഇറങ്ങിയിട്ടില്ല, അതില്‍ വെച്ച് തന്നെ മരണപ്പെട്ടു എന്ന് മറ്റു ചിലരും പറയുന്നു. കുരിശില്‍ വെച്ച് മരിച്ചിട്ടുമില്ല, താഴേക്ക് ഇറക്കിയിട്ടുമില്ല, നേരെ മുകളിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തതെന്ന് മറ്റു ചിലരും. കുരിശിലേറിയ പിറ്റേ നാള്‍ ശവക്കല്ലറയില്‍ വെച്ച് അദ്ദേഹത്തെ കണ്ടെന്നും കണ്ടില്ലെന്നും പറയുന്നവരുണ്ട്. ഇത്തരം വൈരുധ്യങ്ങള്‍ നിറഞ്ഞ ധാരാളം അഭിപ്രായങ്ങളിലാണ് അവരുള്ളത്. തെളിവില്ലാതെ, ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അവര്‍ ഇതെല്ലാം പറയുന്നതും. ഈ വിഷയത്തില്‍ ഖണ്ഡിതമായിട്ട് ക്വുര്‍ആന്‍ മാത്രമാണ് വിവരങ്ങള്‍ നല്‍കുന്നത്. ഉറപ്പായിട്ടും അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ലെന്നും അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത് എന്നും ക്വുര്‍ആന്‍ പറയുന്നു.

ഈസാ നബി(അ)യെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തി. (അല്ലാഹു ഉപരിലോകത്താണ് ഉള്ളത് എന്നതിന് ഈ പരാമര്‍ശവും തെളിവാണ്). അതിനെക്കുറിച്ചുള്ള വിശദവിവരം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തരാത്തതിനാല്‍ അതിനെ സംബന്ധിച്ചുള്ള ചര്‍ച്ച അപ്രസക്തമാണ്. ഈസാ(അ) ഭൂമിയിലേക്ക് രണ്ടാമതും വരും. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശേഷം നമുക്ക് വിശദീകരിക്കാം.

എ.ഡി 325ല്‍ മുപ്പതോളം സുവിശേഷങ്ങള്‍ നിലവിലുണ്ടായിരുന്നു. അതില്‍ നാലെണ്ണം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. യോഹന്നാന്റെ സുവിശേഷം, ലൂക്കോസിന്റെ സുവിശേഷം, മത്തായിയുടെസുവിശേഷം, മാര്‍കോസിന്റെ സുവിശേഷം എന്നിവയാണ് അവ. ബാക്കി വന്നവയെല്ലാം അവര്‍ ചുട്ട് കരിക്കുകയാണ് ഉണ്ടായത്. കുരിശുമരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വൈരുധ്യം തന്നെ കാരണം. എന്നിട്ടും നിലവിലെ സുവിശേഷങ്ങളും വൈരുധ്യങ്ങളില്‍ നിന്ന് മുക്തമല്ല എന്നതാണ് യാഥാര്‍ഥ്യം. അന്ത്യഅത്താഴം, കുരിശിലേറും മുമ്പെയുള്ള വിചാരണ, കുരിശിലെ സ്ഥിതി, വിലാപം, കല്ലറയില്‍ കാണാതായത്, ഉയിര്‍ത്തെഴുന്നേല്‍പ് തുടങ്ങിയ കാര്യങ്ങളില്‍ പരസ്പര വിരുദ്ധമായ വിവരണങ്ങളാണ് നിലവിലുള്ള സുവിശേഷങ്ങളിലും ഉള്ളത്.

യേശുവിന്റെ കാലത്ത് അദ്ദേഹത്തിന് ശിഷ്യപ്പെടാതിരിക്കുകയും കടുത്ത ശത്രുത വെച്ചുപുലര്‍ത്തുകയും ചെയ്ത സെന്റ് പോള്‍ (അഥവാ സെന്റ് പൗലോസ്) എന്ന ആള്‍ യേശുവിന്റെ കാല ശേഷം അദ്ദേഹത്തിന്റെ അനുയായി ആയിക്കൊണ്ട് പ്രത്യക്ഷപ്പെടുകയും ഇന്ന് ക്രൈസ്തവര്‍ക്കിടയില്‍ നിലവിലുള്ള, യേശുവിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ ചില വിശ്വാസങ്ങള്‍ പഠിപ്പിക്കുകയുമാണുണ്ടായത്. യഥാര്‍ഥത്തില്‍ ഇത് ക്രിസ്തുവിന്റെ മതമല്ല, പൗലോസിന്റെ മതമാണ്.

താന്‍ ഒരു ദിവസം നടന്ന് പോകവെ, യേശു തന്നെ വിളിച്ച് നീ എന്റെ യഥാര്‍ഥ ശിഷ്യനാണെന്ന് പറഞ്ഞു, തനിക്ക് യേശുവിന്റെ വെളിപാട് ഉണ്ടായിരിക്കുന്നു എന്നെല്ലാം പറഞ്ഞ് അയാള്‍ ക്രിസ്തു മതത്തിലേക്ക് രംഗപ്രവേശനം നടത്തി.

ഈസാ നബി(അ) പഠിപ്പിച്ച സത്യമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാനായി പല രൂപത്തിലുള്ള വികല വിശ്വാസങ്ങളും പൗലോസ് കൊണ്ടുവന്നു. തന്റെ ലക്ഷ്യം അദ്ദേഹം നേടിയെടുക്കുകയും ചെയ്തു.

ഈസാ നബി(അ)യുടെ ആദര്‍ശം തകര്‍ക്കാന്‍ സെന്റ് പോള്‍ രംഗപ്രവേശനം ചെയ്തത് പോലെ മുഹമ്മദ് നബി ﷺ  യുടെ സമുദായത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി മുസ്‌ലിം വേഷത്തില്‍ രംഗത്ത് വന്ന ജൂത ചാരനാണ് അബ്ദുല്ലാഹിബ്‌നു സബഅ്.

ഈസാ നബി(അ)യെ സംബന്ധിച്ച് കളവ് പറഞ്ഞവരെ പറ്റി അല്ലാഹു പറയുന്നത് കാണുക:

”മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്‌റാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല എന്നാണ.്അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്. (നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 5:72-76)

ക്രിസ്ത്യാനികള്‍ ഈസാ നബി(അ)യെ ദൈവമായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. അതു കാരണത്താല്‍ അവര്‍ സത്യനിഷേധികളായിത്തീരുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ ഈസാ നബി(അ) ‘എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുത്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് സ്വര്‍ഗം നിഷിദ്ധവും  നരകം ഉറപ്പും ആണ്’ എന്നാണ് ഇസ്‌റാഈല്യരെ ഉദ്‌ബോധിപ്പിച്ചത്.

പില്‍ക്കാലക്കാര്‍ വേദപുസ്തകത്തെ പല വിധത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കിയെങ്കിലും പല സത്യങ്ങളും അതിലുണ്ടെന്ന് നാം സൂചിപ്പിച്ചുവല്ലോ. എല്ലാറ്റിലും പ്രധാനപ്പെട്ട കല്‍പന ഏതാണെന്ന ചോദ്യത്തിന് യേശു നല്‍കിയ മറുപടിയായി മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇപ്രകാരം കാണാം: ”ഇതാണ് ഒന്നാമത്തെ കല്‍പന, ഇസ്രാഈലേ കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കുക” (മാര്‍ക്കോസ് 12:29,30).

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു പേരും ചേര്‍ന്നതാണത്രെ ദൈവം! ഈ സിദ്ധാന്തത്തിനാണ് ത്രിയേകത്വം എന്ന് ഇവര്‍ പേര് പറയുന്നത്. മൂന്ന് സ്വതന്ത്ര അസ്തിത്വം ചേര്‍ന്ന ഏകദൈവം! ബുദ്ധി കൊണ്ടോ പ്രമാണം കൊണ്ടോ ഉള്‍ക്കൊള്ളാനും തെളിയിക്കാനും സാധിക്കാത്ത ഈ സിദ്ധാന്തത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ക്രൈസ്തവ പണ്ഡിതര്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ത്രിയേകത്വ ദൈവസങ്കല്‍പത്തിന്റെ പൊരുള്‍ ഈ ജീവിതത്തില്‍ മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ലെന്ന് തുറന്ന് സമ്മതിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

ഈസാ നബി(അ) എല്ലാ പ്രവാചകന്മാരെയും പോലെ ഒരു പ്രവാചകന്‍ മാത്രമാണ്. അദ്ദേഹം ദൈവമോ ദൈവത്തിന്റെ പുത്രനോ അല്ല. ഇവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. അവര്‍ക്ക് അല്ലാഹു കൊടുത്തിട്ടുള്ള സ്ഥാനത്തിനപ്പുറത്തേക്ക് അവരെ ഉയര്‍ത്തിപ്പറയാന്‍ നമുക്ക് പാടില്ല. അത് വിശ്വാസ തകര്‍ച്ചയിലേക്കാണ് എത്തിക്കുക. അതാണ് ജൂത-െ്രെകസ്തവര്‍ക്ക് സംഭവിച്ചത്.

ഈസാ നബി(അ)യോടും മാതാവ് മര്‍യമിനോടും പ്രാര്‍ഥിക്കുന്നവരാണല്ലോ ക്രൈസ്തവര്‍. യേശുവും മര്‍യമും സംസാരിച്ച ഭാഷ പോലും ഇന്ന് നിലവിലില്ല. അവരാകട്ടെ, ഇന്നുള്ള ഇംഗ്ലീഷോ ഹിന്ദിയോ മലയാളമോ ഒന്നും അറിയാത്തവരുമായിരുന്നു. പിന്നെ, അവര്‍ എങ്ങനെ ഈ ഭാഷകളിലുള്ള പ്രാര്‍ഥനകള്‍ കേട്ട് മനസ്സിലാക്കും? എങ്ങനെ ഉപകാരം ചെയ്യും? 

ഈസാ നബി(അ)യും മാതാവും എല്ലാ മനുഷ്യരെയും പോലെ വിശപ്പ്, ദാഹം, ശ്വസനം, ഉറക്കം, സന്തോഷം, സന്താപം പോലെയുള്ള മനുഷ്യ പ്രകൃതങ്ങളായ എല്ലാ കാര്യങ്ങളും ഉള്ളവരായിരുന്നു.

മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ ബൈബിളില്‍ പോലും ഇതിന് ഉപോല്‍ബലകമായ തെളിവുകള്‍ കാണാം.

അബ്രഹാമിന്റെയും ദാവീദിന്റെയും പുത്ര പരമ്പരയില്‍ യേശു ജനിക്കുന്നു (ലൂക്കോസ് 2:21).

യേശു മുലകുടിക്കുന്നു (ലൂക്കോസ്11:27).

യേശു കഴുതപ്പുറത്ത് യാത്ര ചെയ്യുന്നു (മത്തായി 21:5).

യേശു ഭക്ഷണവും പാനീയവും ഉപയോഗിക്കുന്നു (മത്തായി 11:19).

യേശു വസ്ത്രമുപയോഗിക്കുന്നു (യോഹന്നാന്‍19:23).

യേശുവിന് വളര്‍ച്ചക്കനുസരിച്ച് ജ്ഞാനം വര്‍ധിക്കുന്നു (ലൂക്കോസ് 21:40).

യേശുവിന് സ്വമേധയാ ഒന്നും ചെയ്യാന്‍ കഴിയില്ല (യോഹന്നാന്‍ 5:30).

യേശുവിന് അത്തിമരത്തിന്റെ ഫലദായക സമയം എപ്പോഴാണെന്നറിയില്ല (മാര്‍ക്കോസ് 11:12).

യേശുവിന് വിശപ്പ് അനുഭവപ്പെടുന്നു (മാര്‍ക്കോസ് 11:12).

യേശുവിന് ദാഹം അനുഭവപ്പെടുന്നു (യോഹന്നാന്‍ 19:28).

യേശു ഉറങ്ങുന്നു (മത്തായി 8:24).

യേശു യാത്ര ചെയ്താല്‍ ക്ഷീണിക്കുന്നു (യോഹന്നാന്‍ 4:6).

യേശു അസ്വസ്ഥനായി നെടുവീര്‍പ്പിടുന്നു (യോഹന്നാന്‍ 11:33).

യേശു കരയുന്നു (യോഹന്നാന്‍ 11:35).

യേശു ദുഃഖിക്കുന്നു (മത്തായി 26:37).

യേശു യഹൂദന്മാരെ ഭയക്കുന്നു (യോഹന്നാന്‍ 18:12,13).

യേശു ഒറ്റുകൊടുക്കപ്പെടുന്നു (യോഹന്നാന്‍ 18:2).

യേശു ബന്ധിക്കപ്പെടുന്നു (യോഹന്നാന്‍ 18:12,13).

യേശു അപമാനിക്കപ്പെടുന്നു (മത്തായി 26:67).

യേശുവിന് അടികിട്ടുന്നു (യോഹന്നാന്‍ 18:12).

യേശു മരണത്തെ ഭയക്കുന്നു (മാര്‍ക്കോസ് 14:36).

യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നു (മത്തായി 26:42).

യേശു ദൈവമോ ദൈവപുത്രനോ അല്ലെന്ന് ഈ ഉദ്ധരണികള്‍ നോക്കുന്ന ആര്‍ക്കും മനസ്സിലാകും. അതെ, അദ്ദേഹം ഒരു പ്രവാചകന്‍ മാത്രമായിരുന്നു; മനുഷ്യനായ പ്രവാചകന്‍.

മുകളില്‍ പറഞ്ഞ, മനുഷ്യ പ്രകൃതിയിലെ ഗുണങ്ങളും ദൗര്‍ബല്യങ്ങളും ഈസാ(അ)ന് ഉണ്ടായിട്ടും അദ്ദേഹത്തെ ദൈവമായി ഗണിക്കുന്ന ക്രൈസ്തവ നടപടിയെ ക്വുര്‍ആന്‍ താക്കീത് ചെയ്യുന്നത് കാണുക:

”വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല). അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്” (4:171,172).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 05​

ഈസാ നബി (അ) - 05

മനുഷ്യര്‍ ജന്മനാ പാപികളോ?

‘നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്’ എന്നാണ് ഈസാ നബി(അ) ജനങ്ങളോട് പറഞ്ഞത്. പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന്റെ കൈകളിലൂടെ വെളിപ്പെടുമെങ്കിലും അവയുടെ യഥാര്‍ഥ കര്‍ത്താവ് അല്ലാഹുവാണ് എന്നാണ് ഇത് അറിയിക്കുന്നത്. പിന്നീട്, ദൃഷ്ടാന്തങ്ങളെ എണ്ണിപ്പറഞ്ഞപ്പോള്‍ അതെല്ലാം ഞാന്‍ ചെയ്യുന്നത് അല്ലാഹുവിന്റെ ‘അനുവാദ പ്രകാരം’ (ബി ഇദ്‌നില്ലാഹി) ആകുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ചെയ്തത് ശ്രദ്ധിക്കുക.

ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തതിനാല്‍ പ്രവാചകന്മാരും അല്ലാത്തവരുമായ പല മഹാന്മാര്‍ക്കും ചിലര്‍ ദിവ്യത്വം കല്‍പിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ആ മഹാത്മാക്കള്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവര്‍ക്ക് പല അസാധാരണ സംഭവങ്ങളും വെളിപ്പെടുത്തുവാനും ചില മറഞ്ഞകാര്യങ്ങള്‍ അറിയുവാനും കഴിയുമെന്നും അവര്‍ ധരിച്ചു വശായിരിക്കുന്നു. ഈ ധാരണ നിമിത്തം മുസ്‌ലിം സമുദായത്തില്‍ ശിര്‍ക്കു പരമായ എത്രയോ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടിയിരിക്കുകയാണ്.

ഈസാ നബി(അ)യിലൂടെ പ്രകടമായ ദൃഷ്ടാന്തങ്ങള്‍ ക്വുര്‍ആന്‍ വിവരിച്ചതിനെ ദുര്‍വ്യാഖ്യാനിച്ച് ക്രൈസ്തവര്‍ ക്വുര്‍ആനില്‍ തന്നെ ഇൗസാ നബി(അ)യുടെ ദിവ്യത്വത്തിന് തെളിവുണ്ടെന്ന് തെറ്റുധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഈസാ നബി(അ) തന്നെ തന്നിലൂടെ വെളിപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവാണ് ചെയ്യുന്നത് എന്ന് പറഞ്ഞതിനെ മറച്ചുവെക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മാത്രവുമല്ല ഞാന്‍ ഇതെല്ലാം ചെയ്യുന്നത് അല്ലാഹുവിന്റെ അനുവാദത്തോടെയാണ് എന്ന് ഈസാ(അ) തന്നെ ആവര്‍ത്തിച്ച്  പറഞ്ഞതും ശ്രദ്ധേയമാണ്. സൃഷ്ടിക്കുക, രോഗം സുഖപ്പെടുത്തുക, മരിച്ചവരെ ജീവിപ്പിക്കുക, മറഞ്ഞ കാര്യങ്ങള്‍ അറിയുക തുടങ്ങിയ അല്ലാഹുവിന്റെ മാത്രം അധികാരത്തില്‍ പെട്ട കാര്യങ്ങള്‍ ഒരു നിമിഷത്തേക്ക് പോലും അല്ലാഹു സൃഷ്ടികളില്‍ ഒരാള്‍ക്കും വിട്ടുകൊടുക്കുകയില്ല. അല്ലാഹു ക്വുര്‍ആനിലൂടെ നടത്തുന്ന ഒരു വെല്ലുവിളി ഏറെ ശ്രദ്ധേയമാണ്:

”ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടികളാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു”(31:11).

”അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്” (16:20).

ഈ രണ്ട് സൂക്തങ്ങളും അല്ലാഹുവല്ലാത്ത ആര്‍ക്കും യാതൊന്നും സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കുന്നു. അപ്പോള്‍ ഈസാ നബി(അ) പക്ഷിയെ ഉണ്ടാക്കി എന്ന് പറഞ്ഞതിന്റെ സാരം ഈസാ(അ) അല്ല അതിന്റെ യഥാര്‍ഥ കര്‍ത്താവ് എന്നാണെന്ന് വ്യക്തം. 

വവ്വാല്‍ എന്ന ജീവി ഈസാ നബി(അ) പടച്ചതാണെന്ന് വിശ്വസിക്കുന്ന ചിലര്‍ ഉണ്ട്. ആ വിശ്വാസം ശിര്‍ക്കാണ്. സൃഷ്ടിക്കാനുള്ള കഴിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. അല്ലാഹുവല്ലാതെ, ഒരു സൃഷ്ടിയും  യാതൊന്നും പടച്ചിട്ടില്ല. ഈസാ നബി(അ) ഉണ്ടാക്കിയ പക്ഷി വവ്വാലായിരുന്നു എന്നതിന് വിശ്വാസ യോഗ്യമായ യാതൊരു പ്രമാണവുമില്ല.

അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്ന പല കക്ഷികളും ഈ സംഭവം അവരുടെ വിതണ്ഡ വാദത്തിന് രേഖയാക്കാറുണ്ട്. എന്നാല്‍ ഈ സൂക്തങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കിയ പണ്ഡിതന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇമാം റാസി(റ) പറയുന്നു: ”നിശ്ചയമായും ഈസാ(അ) ഈ ഉപാധി (അല്ലാഹുവിന്റെ അനുവാദപ്രകാരം എന്നത്) പറഞ്ഞത് അവ്യക്തത നീക്കുന്നതിനും ഞാന്‍ ഈ രൂപം ഉണ്ടാക്കുകയാണ് എന്ന് ഉണര്‍ത്തുന്നതിനും വേണ്ടിയാകുന്നു. എന്നാല്‍ ജീവന്‍ സൃഷ്ടിക്കുക എന്നത് അല്ലാഹുവില്‍ നിന്ന് മാത്രമുള്ളതാകുന്നു. (അത്) പ്രവാചകന്മാരുടെ കൈകളിലൂടെ മുഅ്ജിസത്തുകള്‍ പ്രകടമാകുന്നതിന്റെ മാര്‍ഗമാകുന്നു” (തഫ്‌സീറുല്‍ കബീര്‍).

തഫ്‌സീറുല്‍ ക്വുര്‍ത്വുബിയില്‍ ഇപ്രകാരം കാണാം: ”മണ്ണ് ശരിപ്പെടുത്തലും (അതിലേക്ക്) ഊതലും ഈസാ(അ)യില്‍ നിന്നും സൃഷ്ടിപ്പ് നല്‍കല്‍ അല്ലാഹുവില്‍ നിന്നുമായിരുന്നു. ജിബ്‌രീലില്‍ നിന്ന് ഊതലും (ഈസാ നബി(അ)യുടെ സൃഷ്ടിയുടെ മുന്നോടിയായി മര്‍യമില്‍ ജിബ്‌രീല്‍(അ) ആണല്ലോ ഊതിയത്) അല്ലാഹുവില്‍ നിന്ന് സൃഷ്ടിപ്പും ഉണ്ടായത് പോലെ.”

തഫ്‌സീറുല്‍ ബൈദ്വാവിയില്‍ ഇപ്രകാരം കാണാം: ”അപ്പോള്‍ അല്ലാഹുവിന്റെ അനുവാദ പ്രകാരം പക്ഷിയായി. (അതായത്) അല്ലാഹുവിന്റെ കല്‍പന പ്രകാരം അത് ജീവനുള്ള ഒരു പക്ഷിയായി മാറി. അതിന് ജീവന്‍ നല്‍കല്‍ അല്ലാഹുവില്‍ നിന്നാണെന്നും അദ്ദേഹത്തില്‍ (ഈസായില്‍) നിന്നല്ലെന്നും അത് കൊണ്ട് അദ്ദേഹം അറിയിക്കുന്നു.”

അല്ലാഹുവിന്റെ അനുവാദ പ്രകാരം എന്നത് ആവര്‍ത്തിച്ചത് (ഈസാ(അ)യില്‍) ദിവ്യത്വം ഉണ്ടെന്ന ഊഹത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാകുന്നു. തീര്‍ച്ചയായും ജീവന്‍ നല്‍കല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതല്ല.

മുകളില്‍ കൊടുത്തിട്ടുള്ള ഓരോ ഉദ്ധരണിയും ഈസാ നബി(അ)യില്‍ സാധാരണ മനുഷ്യന്റെ കഴിവിന് അപ്പുറമുള്ള യാതൊരു കഴിവും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ്.

അല്ലാഹു ഓരോ പടപ്പിനും അതാതിന്റെ പ്രകൃതം നല്‍കിയിട്ടുണ്ട്. അത് പ്രകാരം സൃഷ്ടികള്‍ പ്രപഞ്ചത്തില്‍ ജീവിക്കുന്നു. ആ പ്രകൃതിക്ക് അപ്പുറം ഒരു സൃഷ്ടിക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല.

ഇവിടെ ഈസാനബി(അ)യിലൂടെ അല്ലാഹു പ്രകടമാക്കിയ അത്ഭുതങ്ങളെ പറ്റി പറഞ്ഞപ്പോഴാണ് അല്ലാഹുവിന്റെ കല്‍പന പ്രകാരം എന്ന് ചേര്‍ത്തി പറഞ്ഞത്. ആ കാര്യങ്ങളാകട്ടെ, അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമാണ്. എന്നാല്‍ മനുഷ്യപ്രകൃതി കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ആ പ്രകൃതിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും അല്ലാഹുവിന്റെ അനുവാദം വേണം. അല്ലാഹുവിന്റെ അനുവാദം കൂടാതെ ഇവിടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. നാം നടക്കുന്നു, ഓടുന്നു, ചാടുന്നു, പിടിക്കുന്നു… ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. ഇപ്രകാരം മനുഷ്യന് സാധാരണ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പ്രവാചകത്വത്തിന് തെളിവായി അല്ലാഹുവിന്റെ അനുവാദം കൂടാതെ എന്ന ഉപാധിയോടെ പറയുന്നതില്‍ അത്ഭുതമില്ലല്ലോ. അതിനാലാണ് സൃഷ്ടികളുടെ കരങ്ങളാല്‍ നടന്നു വരാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ ഈസാ(അ)യിലൂടെ പ്രകടമായതിനെ സംബന്ധിച്ച് ‘ബി ഇദ്‌നില്ലാഹി’ (അല്ലാഹുവിന്റെ അനുവാദ പ്രകാരം) എന്ന് പറഞ്ഞത്.

ഈസാ നബി(അ) ജനങ്ങള്‍ ഭക്ഷണം കഴിച്ചതിനെ പറ്റിയും വീട്ടില്‍ സൂക്ഷിച്ചു വെച്ചതിനെ പറ്റിയും പറയുന്നത് എങ്ങനെയാണ്? ഇതും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.

”എന്നാല്‍ അദ്ദേഹം ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെയും നേരത്തെ ചോദിച്ചറിയാതെയും അദൃശ്യമായതിനെ പറ്റി പറയുന്നത് അല്ലാഹുവില്‍ നിന്നുള്ള വഹ്‌യ് (ദിവ്യബോധനം) കൊണ്ടല്ലാതെ യല്ല” (തഫ്‌സീറുല്‍ കബീര്‍).

അല്ലാഹു ‘എന്റെ അനുവാദ പ്രകാരം’ (ബി ഇദ്‌നീ) എന്ന് നാല് സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചത് ജനങ്ങള്‍ സത്യത്തെ സത്യസന്ധമായി മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. ആ അത്ഭുത സംഭവങ്ങള്‍ ഈസാ(അ)യുടെ ഭാഗത്ത് നിന്നല്ല, മറിച്ച് അത് അല്ലാഹുവില്‍ നിന്നാകുന്നു. അല്ലാഹു അദ്ദേഹത്തിന്റെകരങ്ങളിലൂടെ അദ്ദേഹത്തിനുള്ള മുഅ്ജിസത്തായി പ്രകടിപ്പിക്കുകയാണ് ചെയ്തത്” (തഫ്‌സീര്‍ അബിസ്സുഊദ്).

ഈ അത്ഭുത സംഭവങ്ങള്‍ ഈസാ(അ) സ്വന്തം കഴിവിനാല്‍ ചെയ്യുന്നതല്ലെന്നും അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്തിന്റെ അടിസ്ഥാനത്തിലും മുഅ്ജിസത്തായുമാണ് അവ സംഭവിച്ചതെന്നുമാണ് പണ്ഡിതന്മാര്‍ വിവരിക്കുന്നത്.

ഈസാ നബി(അ)യുടെ പേരിലുള്ള ചില കളവുകള്‍

ഈസാ നബി(അ)യുടെ പേരില്‍ പില്‍കാലക്കാര്‍ ധാരാളം കളവുകള്‍ കെട്ടിച്ചമച്ചിട്ടുണ്ട്. അത്തരം കളവുകളെ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ധാരാളം പേരെ ലോകത്ത് നമുക്ക് കാണുവാന്‍ സാധിക്കും.

നമ്മുടെ നാട്ടിലെ കലണ്ടറുകളില്‍ ‘ദുഃഖവെള്ളി’ എന്ന് ഏപ്രില്‍ 14ന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയുടെ കള്ളിയില്‍ രേഖപ്പെടുത്തിയത് നമുക്ക് കാണാന്‍ കഴിയും. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ദിവസത്തെ ‘ഗുഡ് ഫ്രൈഡേ’ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭകള്‍ ‘വലിയ വെള്ളിയാഴ്ച’ അഥവാ ‘ഗ്രേറ്റ് ഫ്രൈഡേ’ എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ‘ഹാശാ വെള്ളി’ (കഷ്ടാനുഭവങ്ങളുടെ  വെള്ളിയാഴ്ച) എന്നും വിളിക്കുന്നു. 

ഈ വെള്ളിയാഴ്ചയുടെ മുമ്പുള്ള വ്യാഴം ‘പെസഹ വ്യാഴം’ എന്ന പേരിലും ആചരിക്കപ്പെടുന്നു. അന്നാണ് യേശു അന്ത്യ അത്താഴം കഴിച്ചത് എന്നാണ് അവരുടെ വിശ്വാസം. അന്ത്യ അത്താഴത്തിന് ശേഷമുള്ള വെള്ളിയാഴ്ച യേശു കുരിശിലേറ്റപ്പെട്ടെന്നും അങ്ങനെ അദ്ദേഹം മരിച്ചു എന്നും മൂന്നാംനാള്‍ ശവക്കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നും അവര്‍ വിശ്വസിക്കുന്നു. 

ഓരോരുത്തര്‍ക്കും ഈ ലോകത്ത് അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം അല്ലാഹു തന്നെ നല്‍കിയിട്ടുണ്ട്. പക്ഷേ, സത്യം എന്ത് എന്ന് അനേ്വഷിച്ചറിയുവാനുള്ള ബാധ്യത മനുഷ്യര്‍ക്കുണ്ട്. അറിവുള്ളവരുടെ മേല്‍ അറിയിച്ചുകൊടുക്കാനുള്ള ബാധ്യതയുമുണ്ട്.  

ഈസാ നബി(അ)യെ സംബന്ധിച്ചുള്ള ഈ വിശ്വാസത്തെ ഗുരുതരമായ പാപമായി ക്വുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ഉണര്‍ത്തിയിട്ടുണ്ട്.

ഒരേ വെള്ളിയാഴ്ചക്ക് തന്നെ ‘ദുഃഖവെള്ളി’ എന്നും ‘ഗുഡ് െ്രെഫഡേ’ എന്നും പേര് വരാനുള്ള കാരണം എന്താണ്? ദുഃഖവെള്ളി എന്ന് ആ ദിവസത്തിന് പേര് വിളിക്കുന്നവര്‍ ഗുഡ് െ്രെഫഡേ എന്ന വിളിയെ അംഗീകരിക്കുന്നവര്‍ തന്നെയാണ്. അതിന് അവര്‍ പല ന്യായങ്ങളും നിരത്തുന്നുമുണ്ട്. ആ ന്യായീകരണെത്ത ഇസ്‌ലാം അംഗീകരിക്കുന്നില്ല. അത് ഇപ്രകാരമാണ്: ‘ആദം വിലക്കപ്പെട്ട ആപ്പിള്‍ സ്ത്രീയുടെ പ്രലോഭനത്തിന് വഴങ്ങി തിന്നുപോയി. അങ്ങനെ ആദം പാപിയായി. ആദിപാപം കാരണമായി മുഴുവന്‍ മനുഷ്യരും ജന്മനാ പാപികളായി. അവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ദൈവം തന്നെ മനുഷ്യരൂപത്തില്‍ അവതരിച്ച് കുരിശിലേറി പാപങ്ങളില്‍ നിന്ന് സകല മനുഷ്യര്‍ക്കും മോചനം നല്‍കിയതിനാല്‍ അത് ‘ഗുഡ്’ അഥവാ ‘നല്ലത്’ ആയി. കുരിശിലേറിയത് ദുഃഖവുമായി!’ 

ആദം(അ) സ്വര്‍ഗത്തില്‍ വെച്ച് ആ പഴം കഴിച്ചത് ഹവ്വായുടെ പ്രലോഭനത്താല്‍ ആയിരുന്നു എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നില്ല. അങ്ങനെ ആദം പാപിയായെന്നും അതു കാരണത്താല്‍ മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ പാപിയാണ് എന്നതും ക്വുര്‍ആന്‍ അംഗീകരിച്ചിട്ടില്ലാത്ത വാദമാണ്. അതുപോലെ ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ച് അങ്ങേയറ്റത്തെ ത്യാഗം സഹിച്ച് കുരിശിലേറിയതിനാല്‍ മനുഷ്യര്‍ക്ക് മോചനം ലഭിച്ചു എന്നതും അല്ലാഹു നമുക്ക് പഠിപ്പിച്ചു തരാത്ത കാര്യമാണ്. തീര്‍ത്തും അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ വാദങ്ങളാകുന്നു ഇതെല്ലാം. ഈ കാര്യങ്ങളില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്താണ് പറയുന്നത്? മനുഷ്യന്‍ ജന്മനാ പാപിയാണോ? 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബിﷺ  പറഞ്ഞു: ”എല്ലാ കുഞ്ഞും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്. അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രിസ്ത്യാനിയും അഗ്‌നിയാരാധകനുമാക്കുന്നത്” (ബുഖാരി).

ശരിയായ രൂപത്തില്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവനെ സംബന്ധിച്ച് നബിﷺ  പറഞ്ഞത് അവന്‍ നവജാത ശിശുവിനെ പോലെയാണ് എന്നാണ്. പാപക്കറ പുരളാത്ത ശുദ്ധനാണ് എന്നര്‍ഥം. എന്നാല്‍ ഓരോരുത്തരും പാപികളാകുന്നത് തങ്ങളുടെ കര്‍മങ്ങളുടെ ഫലമായി മാത്രമാകുന്നു.

ബൈബിളില്‍ തന്നെയും യേശു പറഞ്ഞു എന്ന് പറയുന്നതായി ഇപ്രകാരം കാണാം: ”പാപരഹിതരായി കുട്ടികളെപ്പോലെയാവുക നിങ്ങള്‍.” ജന്മപാപ സിദ്ധാന്തത്തിന് ബൈബിള്‍ തന്നെ എതിരാകുന്നതാണ് ഇതിലൂടെ നാം കാണുന്നത്. പല വിധത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്കും വെട്ടിമാറ്റലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ബൈബിള്‍ വിധേയമായിട്ടുണ്ടെങ്കിലും അതില്‍ അങ്ങിങ്ങായി ചില സത്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് കാണാനാവും. 

പാപ ഭാരം ഏറ്റെടുക്കുകയോ?

ഒരാള്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ അയാള്‍ വഹിക്കുക തന്നെ ചെയ്യും. ഒരാളുടെ തെറ്റും മറ്റൊരാള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (പത്രികകളില്‍). അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും അവന്റെ പ്രയത്‌ന ഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും” (53:36-41).

ആരും ആരുടെയും പാപഭാരം വഹിക്കില്ലെന്നും ഓരോരുത്തര്‍ക്കും അവനവന്റെ ചെയ്തിക്കുള്ള പ്രതിഫലമാണ് ലഭിക്കുക എന്നുമാണ് എല്ലാ നബിമാരും പഠിപ്പിച്ചത്.

പാപഭാരം ഏറ്റുവാങ്ങി ദൈവപുത്രന്‍ കുരിശിലേറി എന്ന വിശ്വാസം എങ്ങനെ മനുഷ്യബുദ്ധി അംഗീകരിക്കും? താനോ മറ്റു മനുഷ്യരോ ചെയ്യാത്ത പാപത്തിന് അതിദയനീയമായ അന്ത്യം ഏറ്റുവാങ്ങുന്ന ദൈവപുത്രന്റെ അവസ്ഥ വിചിത്രമല്ലേ? മാത്രവുമല്ല, അങ്ങനെ മുഴുവന്‍ മനുഷ്യരുടെയും പാപഭാരം വഹിച്ചെങ്കില്‍ ഇവിടെ പാപികള്‍ ഉണ്ടായിക്കൂടല്ലോ. മനുഷ്യരില്‍ ഇന്ന് ഒളിഞ്ഞും തെളിഞ്ഞും സ്വന്തത്തെയും മറ്റുള്ളവരെയും ദ്രോഹിക്കുന്നവര്‍ എത്രയാണ്! പിന്നെ എന്തിന് ദൈവപുത്രന്‍ കുരിശിലേറി?

അതുപോലെ ആദം(അ) സ്വര്‍ഗത്തില്‍ വെച്ച് പഴം കഴിക്കാന്‍ കാരണം സ്ത്രീയാണെന്ന് പറഞ്ഞ് ബൈബിളില്‍ പലേടത്തും സ്ത്രീകളെ ആക്ഷേപിക്കുന്നതായി കാണാം. 

ജൂതന്മാരും ക്രിസ്ത്യാനികളും യേശു കുരിശിലേറി എന്നാണ് വിശ്വസിക്കുന്നത്. ജൂതന്മാര്‍ പറയുന്നത് യേശു ജാരസന്തതിയാണെന്നും ആഭിചാരക്കാരനാണെന്നും അവന് ഞങ്ങള്‍ അര്‍ഹതപ്പെട്ട മരണം നല്‍കി എന്നുമാണ്. എന്നാല്‍ ക്രൈസ്തവര്‍ പറയുന്നത് യേശു വിശുദ്ധനാണ്, എല്ലാവരുടെയും പാപഭാരം ഏറ്റെടുത്ത് അദ്ദേഹം കുരുശിലേറി എന്നാണ്. ഇരു കൂട്ടരും അദ്ദേഹം കുരിശിലേറ്റപ്പെടുകയും അങ്ങനെ മരണംവരിക്കുകയും ചെയ്തു എന്ന ആശയത്തില്‍ യോജിക്കുന്നവരാണ്. ക്വുര്‍ആന്‍ ഇരു കൂട്ടരുടെയും ഈ വിശ്വാസത്തെ ശക്തിയായി എതിര്‍ക്കുന്നു.

യേശു കുരിശിലേറിയതിനെ മഹത്തായ കാര്യമായിട്ടാണ് ക്രൈസ്തവര്‍ പരിഗണിക്കുന്നത്.  കുരിശുമരണ ചരിത്രം പറയുന്നത് യേശുവിനെ കുരിശില്‍ തറക്കാന്‍ യൂദാസ് ഒറ്റുകൊടുത്തു എന്നാണ്.കുരിശു മരണം നല്ല ഒരു കാര്യമാണെങ്കില്‍ യേശുവിനെ ഒറ്റുകൊടുത്ത യൂദാസ് നല്ല കാര്യമല്ലേ ചെയ്തത്? പിന്നെ, എന്തിന് ഇവര്‍ യൂദാസിനെ കുറ്റപ്പെടുത്തുന്നു? സര്‍വരെയും സ്വര്‍ഗസ്ഥരാക്കുവാന്‍ പാപം ഏറ്റെടുത്ത് കുരിശിലേറാന്‍ വന്നയാളെ കാണിച്ചു കൊടുത്തത് ഒരു നല്ല കാര്യമായി കണ്ട് യൂദാസിനെ വിശുദ്ധനായി പ്രഖ്യാപിക്കേണ്ടതിന് പകരം അയാളെ ഒറ്റുകാരനാണെന്നു പറഞ്ഞ് ആക്ഷേപിക്കുന്നതെന്തിന്? വേഷം മാറി നടന്ന യേശുവിനെ കാണിച്ചു കൊടുത്തുകൊണ്ട് ‘മാനവരാശിയെ പാപത്തില്‍ നിന്ന് രക്ഷിക്കാന്‍’ കൂട്ടുനിന്ന യൂദാസ് എങ്ങനെ പാപിയാകും? എന്തിന് അയാളെ സഭകള്‍ ശപിക്കണം? 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 04

ഈസാ നബി (അ) - 04

ദൈവിക ദൃഷ്ടാന്തങ്ങള്‍

പുരുഷാരം മുഴുവനും ഒരു വനിതയെ അപമാനിച്ചും കളിയാക്കിയും ചീത്തവിളിച്ചും ഒറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ കൈക്കുഞ്ഞായ മകന്‍ അത്രയും ജനങ്ങളെ സാക്ഷിയാക്കി, അവരെ അമ്പരപ്പിക്കുന്ന വിധത്തില്‍ പത്തോളം കാര്യങ്ങള്‍ അവിടെ വെച്ച് സംസാരിച്ചു. ഈസാ നബി(അ)യുടെ ജന സമക്ഷത്തിലുള്ള ആദ്യത്തെ സംസാരമായിരുന്നു അത്.

ഈസാ നബി(അ)യെ കുറിച്ച് പില്‍ക്കാലക്കാര്‍ ആരോപിച്ച ഏറ്റവും വലിയ കളവിനുള്ള ഖണ്ഡനമായിരുന്നു അതില്‍ ആദ്യത്തേത്. ഞാന്‍ അല്ലാഹുവിന്റെ അടിമയാകുന്നു എന്നതാണ് അത്. ക്രൈസ്തവര്‍ ഈസാ നബി(അ)യെ അമിതമായി പ്രശംസിച്ച് അല്ലാഹുവിന്റെ പുത്രനായി ചിത്രീകരിച്ചു. അതുവഴി അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നും മാറിപ്പോയി.

അല്ലാഹു എനിക്ക് വേദഗ്രന്ഥം തരികയും അവന്‍ എന്നെ നബിയാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് പിന്നീട് പറഞ്ഞ കാര്യങ്ങള്‍. മര്‍യമിനെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയും ഇതിലുണ്ട്. സമൂഹത്തില്‍ മോശമായി കാണുന്ന വ്യഭിചാരം, മദ്യപാനം, മോഷണം തുടങ്ങിയ നീചസ്വഭാവക്കാരായ മാതാപിതാക്കളിലൂടെയല്ല അല്ലാഹു നബിമാരെ കൊണ്ടുവരല്‍. അപ്പോള്‍ മര്‍യം(അ) ആ ദുഷ്ടന്മാര്‍ പറഞ്ഞതില്‍ നിന്നും സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. അവരെ  സത്യസന്ധയും അല്ലാഹുവിനെ ആരാധിക്കുന്ന നല്ല ഒരു മാതൃകാ വനിതയായിട്ടുമാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. 

ഈസാ(അ) കൈക്കുഞ്ഞായിരിക്കെയാണ് അല്ലാഹു എനിക്ക് കിതാബ് തന്നിരിക്കുന്നു, അവന്‍ എന്നെ നബിയാക്കിയിരിക്കുന്നുഎന്നെല്ലാം പറയുന്നത്. ഇത് പറയുന്ന സമയത്ത് തന്നെ അദ്ദേഹത്തിന് അല്ലാഹു കിതാബ് കൊടുത്തിരുന്നോ? അന്ന് തന്നെ അല്ലാഹു അദ്ദേഹത്തെ നബിയാക്കിയിരുന്നോ? ഭാവിയില്‍ നടക്കാന്‍ പോകുന്ന ഒരു കാര്യം നേരത്തെ തീര്‍ച്ചപ്പെടുത്തി പറയുക എന്നത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ഒരു ശൈലിയാണ്. പാരായണം ചെയ്യുന്നവര്‍ക്ക് വരാനിരിക്കുന്ന കാര്യത്തെ പറ്റി പ്രതീക്ഷ നല്‍കുന്നതിനും മറ്റുമാണ് ക്വുര്‍ആന്‍ ഈ ശൈലി സ്വീകരിച്ചിട്ടുള്ളത്.

ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗ്രഹിക്കപ്പെട്ടവനാക്കിയിരിക്കുന്നുഎന്നുപറഞ്ഞതിന് പല വ്യാഖ്യാനങ്ങളും പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്. ഓരോ വ്യാഖ്യാനവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. ഞാന്‍ എവിടെയായിരുന്നാലും ജനങ്ങള്‍ക്ക് ഞാന്‍ നന്മ പഠിപ്പിക്കുന്നവനായിരിക്കും, ഞാന്‍ എവിടെയായിരുന്നാലും ജനങ്ങളോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവനായിരിക്കും എന്നിങ്ങനെയാണ് ആ വ്യാഖ്യാനങ്ങള്‍. ഇത് രണ്ടും ചേര്‍ത്ത് വെച്ച് പണ്ഡിതന്മാര്‍ വിവരിക്കുന്നു: നന്മ പഠിപ്പിക്കല്‍ ഒരു അനുഗ്രഹമാണ്. അല്ലാഹു അവന്റെ കിതാബിനെ പറ്റിയും അനുഗ്രഹീതമായത് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. കാരണം അതില്‍ നിന്നാണ് ജനങ്ങള്‍ അറിവും സന്മാര്‍ഗവും പഠിച്ചെടുക്കുന്നത്. ജനങ്ങളെ നന്മ പഠിപ്പിക്കുന്നവന്‍ സന്മാര്‍ഗത്തെയാണ് പ്രചരിപ്പിക്കുന്നത്. അതുമുഖേന ജനങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും ഉപകാരം ലഭിക്കുകയും ചെയ്യുന്നു.

ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നുഎന്നാണ് പിന്നീട് ഈസാ(അ) പറയുന്നത്. നമസ്‌കാരം, സകാത്ത് എന്നീ ആരാധനാകര്‍മങ്ങള്‍ ഒരു പ്രത്യേക സമയത്ത് മാത്രം അനുഷ്ഠിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യേണ്ടതല്ല. പ്രായപൂര്‍ത്തിയെത്തിയ, സ്വബോധമുള്ള ഒരാള്‍ ജീവിതകാലം മുഴുവനും തുടര്‍ത്തിപ്പോരേണ്ടുന്ന കര്‍മമാകുന്നു നമസ്‌കാരം. സകാത്താകട്ടെ മതം അനുശാസിക്കുന്ന പരിധിയിലുള്ള സാമ്പത്തിക ശേഷിയുള്ള കാലമത്രയും നല്‍കേണ്ടതാണ്. നമസ്‌കാരം, സകാത്ത് തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ ഈ സമുദായത്തിന് മാത്രം നിര്‍ബന്ധമാക്കപ്പെട്ടവയല്ല, പൂര്‍വസമുദായങ്ങള്‍ക്കും അവ നിര്‍ബന്ധമായിരുന്നു.

മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്ന വിഷയമാണ് പിന്നെ പറയുന്നത്. ഇവിടെ മാതാവ് എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പിതാവില്ലാതെയാണ് അദ്ദേഹം ജനിച്ചത് എന്നത് ഈ സംസാരത്തിലും പ്രകടമാണ്. മക്കളുടെ ബാധ്യതയാണ് മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍. അതില്‍ യാതൊരു വീഴ്ചയും ഉണ്ടായിക്കൂടാ. അവര്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുവാനും നന്മ ചെയ്യാനും നമുക്ക് സാധിക്കണം. പ്രവാചകന്മാരോട് പോലും ഈ കാര്യം കൊണ്ട് അല്ലാഹു കല്‍പിച്ചിരിക്കുകയാണ്.

അല്ലാഹു എന്നെ അഹങ്കാരിയും ദൗര്‍ഭാഗ്യവാനുമാക്കിയിട്ടില്ലഎന്നതാണ് അടുത്ത സംസാരം. അഹങ്കാരം എന്ന ദുര്‍ഗുണത്തില്‍നിന്ന് ഈസാ നബി(അ)യെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിലോ അവനെ അനുസരിക്കുന്നതിലോ മാതാവിന് പുണ്യം ചെയ്യുന്നതിലോ ഉപേക്ഷവരുത്തല്‍ ദൗര്‍ഭാഗ്യമാണ്. അല്ലാഹു ഇസാനബി(അ)യെ ഒരര്‍ഥത്തിലും ദൗര്‍ഭാഗ്യവാനാക്കിയിട്ടില്ല.

ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എനിക്ക് സമാധാനമായിരിക്കുംഎന്നാണ് അവസാനമായി പറയുന്നത്. ഈ മൂന്ന് സമയങ്ങളുടെ പ്രത്യകത യഹ് യാ നബി(അ)യുടെ ചരിത്രം പറഞ്ഞിടത്ത് നാം വിവരിച്ചിട്ടുണ്ട്. 

ഈസാ(അ) കൈക്കുഞ്ഞായിരിക്കെ സംസാരിച്ച വിഷയങ്ങള്‍ പറഞ്ഞതിന് ശേഷം ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

അതത്രെ മര്‍യമിന്റെ മകനായ ഈസാ. അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥര്‍ഥമായ വാക്കത്രെ ഇത്. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം” (19:34-36).

രണ്ട് കക്ഷികളാണ് ഈസാ നബി(അ)യെ സംബന്ധിച്ച് അന്യായമായ തര്‍ക്കം നടത്തുന്നത്. ക്രൈസ്തവരും ജൂതന്മാരുമാണ് ആ കക്ഷികള്‍. ക്രൈസ്തവര്‍ ഈസാ നബി(അ)യെ ദൈവ പുത്രനായും ജൂതന്മാര്‍ ഈസാ(അ)യെ വ്യഭിചാരപുത്രനായും ആണ് വിശേഷിപ്പിക്കുന്നത്. ഈ രണ്ട് വാദങ്ങളെയും അല്ലാഹു ഈ സൂക്തങ്ങളിലൂടെ ഖണ്ഡിക്കുകയും ആരാണ് ഈസാ എന്ന് വെളിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

സ്രഷ്ടാവായ അല്ലാഹുവിന് ഒരു സന്താനമുണ്ടാകുക എന്നത് ഒരിക്കലും അനുയോജ്യമല്ലാത്ത കാര്യമാണ്. ഏതൊരു സൃഷ്ടിക്ക് കുഞ്ഞുണ്ടാകുന്നുവോ, ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ പ്രകൃതം ആ കുഞ്ഞിനും ഉണ്ടാകും. ഈസാ നബി(അ) അല്ലാഹുവിന്റെ പുത്രനാണെങ്കില്‍ അല്ലാഹുവിന്റെ എന്ത് ഗുണമാണ് ഈസാ നബി(അ)യില്‍ ഉള്ളത്? ഒന്നുമില്ല! വിശപ്പും ദാഹവും സന്തോഷവും ദുഃഖവും ക്ഷീണവും ഉറക്കവും ഒക്കെയുള്ള മനുഷ്യനായിരുന്നു ഈസാ നബി(അ). ഇതില്‍ ഒന്നു പോലും അല്ലാഹുവിന് ഇല്ല. അതെ, ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍!

വ്യഭിചാരപുത്രനാണ് എന്ന ജൂതന്മാരുടെ വാദവും കള്ളത്തരവും വിവരക്കേടുമാകുന്നു. കള്ളത്തരമാണ് എന്നത് ഈസാ നബി(അ)യുടെ ജനനത്തിലെ അത്ഭുതം നമുക്ക് തെളിയിച്ചു തരും. അജ്ഞതയാണ് എന്നത് അവര്‍ക്ക് അല്ലാഹുവിന്റെ കഴിവിലുള്ള വിശ്വാസക്കുറവും നമുക്ക് ബോധ്യപ്പെടുത്തിത്തരും. കാരണം, അല്ലാഹു പറയുന്നത് അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നുഎന്നാണ്.

ഈസാ നബി(അ)യുടെ കാര്യത്തില്‍ അതിരുകവിഞ്ഞ ഇരു കക്ഷികളുടെയും പൊള്ളവാദങ്ങളെ അല്ലാഹു കൃത്യമായി ഖണ്ഡിക്കുകയാണ് ചെയ്തത്. ആരാണ് ഈസാ എന്ന് അല്ലാഹു വ്യക്തമാക്കി. ഇനി ഈസാ(അ) തന്റെ ആദര്‍ശം പ്രഖ്യാപിക്കുന്നത് കാണുക:

തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം” (ക്വുര്‍ആന്‍ 3:51).

”(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം” (19:36).

ഈസാനബി(അ)യുടെ മുഅ്ജിസത്തുകള്‍

”(ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:). മര്‍യമിന്റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും മധ്യവയസ്‌കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്‌റാഈല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്റെ മാതാവിനും ചെയ്തു തന്ന അനുഗ്രഹം ഓര്‍ക്കുക; നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക” (ക്വുര്‍ആന്‍ 5:110-111).

അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. ഇസ്‌റാഈല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. (അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം, ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചുതരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം” (ക്വുര്‍ആന്‍ 3:48-51).

മുകളില്‍ കൊടുത്തിട്ടുള്ള സൂക്തങ്ങളില്‍ നിന്ന് ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ ദൃഷ്ടാന്തങ്ങള്‍ ഏതെല്ലാമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. ഈസാ നബി(അ) തന്റെ ജനതയോട് പറഞ്ഞ കാര്യങ്ങളാണ് ഈ സൂക്തങ്ങളിലുള്ളത്. അവയില്‍ അദ്ദേഹത്തിന് അല്ലാഹു നല്‍കിയ മുഅ്ജിസത്തുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും കാണാം. 

തൊട്ടിലില്‍ കിടക്കുന്ന (ശൈശവ) പ്രായത്തില്‍ സംസാരിച്ചത്, കളിമണ്ണില്‍ നിന്ന് പക്ഷിയുടെ രൂപം ഉണ്ടാക്കിയത്, അതില്‍ അദ്ദേഹം ഊതിയപ്പോള്‍ പക്ഷിയായി മാറിയത്, വെള്ളപ്പാണ്ട്, അന്ധത തുടങ്ങിയവ സുഖപ്പെടുത്തിയത്, മരണപ്പെട്ടവരെ ജീവിപ്പിച്ചത്, ജനങ്ങള്‍ ഭക്ഷിച്ചതും വീട്ടില്‍ സൂക്ഷിപ്പു സ്വത്തായി വെച്ചതും അദ്ദേഹം അവര്‍ക്ക് പറഞ്ഞു കൊടുത്തത് തുടങ്ങിയ മുഅ്ജിസത്തുകളെ ഈ വചനങ്ങളില്‍ പരാമര്‍ശിക്കുന്നു.

ഈ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചത് ഈസാ നബി(അ)യുടെ കഴിവ് കൊണ്ടായിരുന്നില്ല. ഒരു സൃഷ്ടിക്കും സ്വന്തമായി അപ്രകാരം ചെയ്യാന്‍ കഴിയില്ല. ഇതെല്ലാം അല്ലാഹു ഈസാ നബി(അ)യിലൂടെ പ്രകടമാക്കുന്നതാണ്.

മുഅ്ജിസത്ത് എന്നാല്‍ എന്താണ് എന്നതിനെ പറ്റി മുമ്പ് നാം വിശദീകരിച്ചിട്ടുണ്ട്. അശക്തമാക്കുക, കഴിവ് കെടുത്തുക എന്നൊക്കെയാണ് ആ പദത്തിന്റെ അര്‍ഥം. പ്രവാചകന്മാര്‍ അല്ലാഹു നിയോഗിച്ച  പ്രവാചകന്മാര്‍ തന്നെയാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിന് വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന അത്ഭുതങ്ങള്‍ക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. ഇപ്രകാരം പ്രകടമാകുന്ന മുഅ്ജിസത്തുകള്‍ ഒരാള്‍ക്കും ചെയ്യാന്‍ കഴിയാത്തതാണ്. മുഅ്ജിസത്തുകളെ വെല്ലാന്‍ ഒരാള്‍ക്കും സാധിക്കുകയുമില്ല. മുഹമ്മദ് നബി ക്ക് നല്‍കപ്പെട്ട ഏറ്റവും വലിയ മുഅ്ജിസത്ത് ക്വുര്‍ആന്‍ ആണല്ലോ. അതിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ ഇന്നു വരെ ഒരാള്‍ക്കും സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക 

ഈസാ നബി (അ) – 03

ഈസാ നബി (അ) - 03

പരിശുദ്ധയായ മാതാവ്, അനുഗ്രഹീതനായ കുഞ്ഞ്

വേദനയോടെ അല്ലാഹുവിനോട് പ്രാര്‍ഥിച്ച മര്‍യം ബീവി(റ)ക്ക് അല്ലാഹു ഉത്തരം ചെയ്തു. അല്ലാഹു പറയുന്നു:

”ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്. അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ” (ക്വുര്‍ആന്‍ 19:24-26).

താഴ്‌വരയില്‍ വെച്ച് മര്‍യം ബീവി(റ)യോട് ഈ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞത് ജിബ്‌രീല്‍(അ) ആകാനും ആ കുഞ്ഞ് തന്നെ ആകാനും സാധ്യതയുണ്ട്. ജിബ്‌രീല്‍(അ) ആണെന്നതാണ് പ്രബലമായ അഭിപ്രായം. വിഷമിക്കേണ്ടതില്ല, താഴ്ഭാഗത്ത് കൂടി അരുവി ഒഴുക്കിത്തരുന്നതാണ്, സമീപത്തുള്ള  ഈത്തപ്പന പിടിച്ചു കുലുക്കിയാല്‍ അതില്‍ നിന്ന് പഴം വീഴുന്നതാണ്, അതെടുത്ത് കഴിക്കുക, കുഞ്ഞിനെ നോക്കി കണ്‍കുളിര്‍ക്കുക, ജനങ്ങളോട് ഒന്നും സംസാരിക്കരുത് എന്നെല്ലാം അല്ലാഹു അറിയിച്ചു എന്ന് സാരം.

ഒരു സ്ത്രീ അങ്ങേയറ്റം അബലയും ദുര്‍ബലയുമായി മാറുന്ന ഘട്ടമാണല്ലോ പ്രസവം അടുത്ത സമയം. ഈ സമയത്ത് ഒരു ഈത്തപ്പന പിടിച്ചു കുലുക്കുവാനാണ് കല്‍പന. ഒരു ഈത്തപ്പന നല്ല ആരോഗ്യമുള്ള സമയത്ത് ഒരു പെണ്ണ് പിടിച്ചു കുലുക്കിയാല്‍ തന്നെ എത്രമാത്രം കുലുങ്ങും? ഈത്തപ്പഴം വീഴാന്‍ മാത്രം ശക്തിയില്‍ ഈത്തപ്പന കുലുക്കാന്‍ ഒരു യുവാവിനെക്കൊണ്ട് സാധിക്കുമോ? എന്നാല്‍ മര്‍യം ബീവി(റ)യോട് കല്‍പിക്കുന്നത് അവരുടെ അങ്ങേയറ്റത്തെ ദുര്‍ബല ഘട്ടത്തിലാണ്! ഇത് ഒരു അത്ഭുതമായിരുന്നു. അവര്‍ക്ക് കഴിക്കാനുള്ള ഈത്തപ്പഴം ലഭിക്കാന്‍ ഒരു കാരണം മാത്രമായിരുന്നു ആ കുലുക്കല്‍. യഥാര്‍ഥത്തില്‍ ഈത്തപ്പഴം വീണത് അവരുടെ കുലുക്കലിന്റെ ശക്തി കൊണ്ടായിരുന്നില്ല. അല്ലാഹു അത്ഭുതകരമായി വീഴ്ത്തിക്കൊടുക്കുകയായിരുന്നു.  

പ്രസവത്തോട് അടുത്ത് നില്‍ക്കുന്ന സമയത്താണല്ലോ ഈത്തപ്പഴം കഴിക്കാനായി കല്‍പന വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഇംറാന്‍ ഇബ്‌നു മൈമൂന്‍(റ) പറയുന്നു: ”ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് കാരക്കയെക്കാളും ഈത്തപ്പഴത്തെക്കാളും നല്ല ഒരു വസ്തുവില്ല.” എന്ന് പറഞ്ഞിട്ട് അദ്ദേഹം ”അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിര്‍ത്തിരിക്കുകയും ചെയ്യുക” എന്ന ആയത്ത് പാരായണം ചെയ്തു.

ഇമാം ക്വര്‍ത്വുബി(റ) തന്റെ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്: റബീഅ് ബ്‌നു ഖൈസം(റ) പറഞ്ഞു: ”ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് ഈത്തപ്പഴത്തെക്കാള്‍ നല്ല (ഒരു ഭക്ഷണം) എന്റെ അടുത്തില്ല. ഗര്‍ഭിണികള്‍ക്ക് ഈത്തപ്പഴത്തെക്കാള്‍ ശ്രേഷ്ഠമായത് ഉണ്ടെങ്കില്‍ അല്ലാഹു അത് ഭക്ഷിപ്പിക്കുമായിരുന്നു. അതിനാല്‍ അവര്‍ (പണ്ഡിതന്മാര്‍) പറഞ്ഞു: ‘ഗര്‍ഭിണികള്‍ക്ക് ആ സമയത്ത് ഈത്തപ്പഴം പതിവായിരുന്നു. അപ്രകാരം തന്നെ (നവജാത ശിശുവിന്) മധുരം നല്‍കലും.’ പ്രസവം ഞെരുക്കമായാല്‍ ഈത്തപ്പഴത്തെക്കാള്‍ നല്ലത് ഇല്ല എന്നും രോഗികള്‍ക്ക് തേനിനെക്കാള്‍ നല്ലതില്ല എന്നും പറയപ്പെട്ടിരിക്കുന്നു.”

ഈത്തപ്പഴം ഉപയോഗിക്കുന്നത് ചിലര്‍ക്ക് ചില വിഷമങ്ങള്‍ ഉണ്ടാക്കിയേക്കും. അത്തരക്കാര്‍ അത് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചാകണം എന്നും പണ്ഡിതന്മാര്‍ ഉണര്‍ത്തിയിട്ടുണ്ട്.

ഈത്തപ്പഴത്തിന്റെ അളവറ്റ ഗുണങ്ങള്‍ വൈദ്യശാസ്ത്രത്തിന് ഈ അടുത്ത കാലത്താണ് തെളിയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അല്ലാഹു ഇതിന്റെ ഗുണത്തെ ക്വുര്‍ആനിലൂടെ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു. 

പല മഹാന്മാരും ഈത്തപ്പഴ ഉപയോഗത്തിന്റെ നേട്ടത്തെ സംബന്ധിച്ച് പറഞ്ഞത് നാം കണ്ടല്ലോ. എന്നാല്‍ ഇവ്വിഷയകമായി വന്ന ഹദീഥുകള്‍ ഒന്നും സ്വീകാര്യമല്ലെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ഉദാഹരണം: ‘പ്രസവം അടുത്തിരിക്കുന്ന നിങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ ഈത്തപ്പഴം ഭക്ഷിപ്പിക്കുവിന്‍. ഇനി ഈത്തപ്പഴം കിട്ടിയില്ലെങ്കില്‍ കാരക്ക (ഭക്ഷിപ്പിക്കുവിന്‍). മരങ്ങളില്‍ വെച്ച് അല്ലാഹു ഏറ്റവും കൂടുതല്‍ ആദരിച്ചിട്ടുള്ള മരം മര്‍യം(റ) വിശ്രമിക്കാന്‍ ഇരുന്ന മരമാകുന്നു.’ ഈ റിപ്പോര്‍ട്ട് അസ്വീകാര്യമായ ഗണത്തിലാണ് പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മര്‍യം ബീവി(റ)യുടെ പ്രസവ വിവരം ജനങ്ങള്‍ അറിയാന്‍ പോകുന്ന ഒരു കാര്യമാണല്ലോ. ജനങ്ങള്‍ പല രൂപത്തിലും പ്രതികരിക്കും. അതിനാല്‍ തന്നെ മര്‍യമി(അ)നോട് സംസാരിക്കാതിരിക്കാനും താന്‍ മൗനവ്രതത്തിലാണ് എന്ന് അവരെ അറിയിക്കാനും കല്‍പിച്ചു.

മൗനവ്രതം അക്കാലത്ത് പുണ്യകരമായ ഒരു കര്‍മമായിരുന്നു. പുണ്യകരമായ കാര്യമായതിനാലാണല്ലോ അവര്‍ അത് നേര്‍ച്ചയാക്കിയത്. എന്നാല്‍ ഇന്ന് നമുക്ക് മൗനവ്രതം അനുഷ്ഠിക്കാന്‍ പാടില്ല. 

ഇബ്‌നുഅബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”നബി ﷺ ഖുത്വുബ പറയുന്നതിനിടയില്‍ ഒരാള്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. അപ്പോള്‍ നബി ﷺ അയാളെ പറ്റി ചോദിച്ചു. അവര്‍ പറഞ്ഞു: ‘അത് അബൂഇസ്‌റാഈലാകുന്നു. ഇരിക്കാതെ, നില്‍ക്കുവാനും തണല്‍ കൊള്ളാതിരിക്കുവാനും സംസാരിക്കാതിരിക്കുവാനും നോമ്പെടുക്കുവാനും അയാള്‍ നേര്‍ച്ചയാക്കിയിരിക്കുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അദ്ദേഹത്തോട് കല്‍പിക്കുക; അയാള്‍ സംസാരിക്കുകയും തണല്‍ കൊള്ളുകയും ഇരിക്കുകയും നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ” (ബുഖാരി).

മര്‍യം(റ) പ്രസവിച്ചു. കുഞ്ഞിനെയും കൂട്ടി അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് പുറപ്പെട്ടു. ക്വുര്‍ആന്‍ പറയുന്നു:

”അനന്തരം അവനെ(കുട്ടിയെ)യും വഹിച്ചുകൊണ്ട് അവള്‍ തന്റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്” (19:27).

ജനങ്ങള്‍ വിവരം അറിയുന്നതിന് മുമ്പ് തന്നെ കുടുംബം അത് അറിഞ്ഞിരുന്നു. അവരില്‍ നിന്ന് തന്നെ ഇഷ്ടക്കാരായ പലരുടെയും സംസാരവും അവര്‍ കേട്ടിരുന്നു. അവര്‍ ചോദിച്ചു: ‘ഓ, മര്‍യം! വിത്തില്‍ നിന്നല്ലാതെ കൃഷി ഉണ്ടാകുമോ?’ അവര്‍(മര്‍യം) പറഞ്ഞു: ‘അതെ! ആദ്യത്തെ കൃഷിയെ സൃഷ്ടിച്ചത് ആരാണ്?’ പിന്നീട് അയാള്‍ ചോദിച്ചു: ‘വെള്ളത്തില്‍ നിന്നും മഴയില്‍നിന്നുമല്ലാതെ വൃക്ഷം ഉണ്ടായിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘അതെ, അപ്പോള്‍ ആരാണ് ആദ്യത്തെ വൃക്ഷത്തെ സൃഷ്ടിച്ചത്?’ പിന്നീട് അയാള്‍ ചോദിച്ചു: ‘ഒരു പുരുഷനില്‍ നിന്നല്ലാതെ ഒരു കുഞ്ഞ് ഉണ്ടാകുമോ?’ അവര്‍ പറഞ്ഞു: ‘അതെ, അപ്പോള്‍ ആരാണ് ആണില്‍ നിന്നും പെണ്ണില്‍ നിന്നുമല്ലാതെ ആദ്യത്തെ മനുഷ്യനെ സൃഷ്ടിച്ചത്?'(അല്‍ ബിദായഃ വന്നിഹായഃ)

പരിഹസിക്കാനും താഴ്ത്തിക്കെട്ടാനുമായി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അവര്‍ യുക്തിഭദ്രമായ മറുപടി നല്‍കി. അതിന് സാക്ഷികളായ വിശ്വാസികള്‍ക്ക് അവരുടെ മറുപടി തൃപ്തികരമായി. എന്നാല്‍ മര്‍യമിനോട് വെറുപ്പും വിദ്വേഷവും വെച്ച് നടക്കുന്ന ശത്രുക്കള്‍ക്ക് അവരെ തകര്‍ക്കാന്‍ പറ്റിയ അവസരം കൈവന്നിരിക്കുകയാണല്ലോ. അവര്‍ അത് മുതലെടുത്തു. അവര്‍ അവരുടെ ആരോപണം ശക്തമാക്കി. സകരിയ്യാ നബി(അ)യെയും മര്‍യമി(റ)നെയും അവിടെ ഉണ്ടായിരുന്ന യൂസുഫ് അന്നജ്ജാറിനെയും ബന്ധപ്പെടുത്തി പലതും കെട്ടിയുണ്ടാക്കി അവര്‍ പ്രചാരണം തുടങ്ങിയിരുന്നു.

”ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ  പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല” (ക്വുര്‍ആന്‍ 19:28).

മര്‍യമിന്റെ പിതാവ് ഇംറാനും മാതാവ് ഹന്നയും ആ നാട്ടില്‍ പ്രശസ്തരായിരുന്നു. അവരാരും യാതൊരു ദുര്‍വൃത്തിയും ചെയ്തിരുന്നില്ലല്ലോ. പിന്നെ നീ എങ്ങനെ ഇങ്ങനെയായി എന്നതാണ് അവരുടെ ചോദ്യം. അന്യായമായി ആ ദുഷ്ടന്മാര്‍ മര്‍യം ബീവി(അ)യുടെയും മറ്റുള്ളവരുടെയും പേരില്‍ വ്യഭിചാരാരോപണം നടത്തി. 

മര്‍യം(അ)യുടെ സഹോദരനായി പരിചയപ്പെടുത്തിയ ഹാറൂന്‍ മൂസാ(അ)യുടെ സഹോദരന്‍ ഹാറൂന്‍(അ) അല്ല. മൂസാ നബി(അ)യുടെയും ഈസാ നബി(അ)യുടെയും ഇടയില്‍ പതിമൂന്ന് നൂറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട്. എന്നാല്‍ ഈ കാര്യം മനസ്സിലാക്കാത്ത ചിലര്‍ ക്വുര്‍ആനിലെ അബദ്ധമായി ഇതിനെ ഉയര്‍ത്തിക്കാട്ടാറുണ്ട്. യഥാര്‍ഥത്തില്‍ ഇത് മര്‍യം ബീവി(അ)യുടെ ഒരു സഹോദരന്‍ തന്നെയാണ്. ഇതിന് ബലം നല്‍കുന്ന ഒരു ഹദീഥ് കാണുക:

മുഗീറത്തുബ്‌നു ശുഅ്ബ(റ)യില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”ഞാന്‍ നജ്‌റാനില്‍ ചെന്നപ്പോള്‍ അവര്‍ എന്നോട് (പലതും) ചോദിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: ‘ഓ, ഹാറൂനിന്റെ സഹോദരീ എന്ന് നിങ്ങള്‍ പാരായണം ചെയ്യുന്നുണ്ടല്ലോ? മൂസാ ഈസാക്ക് മുമ്പ് ഇങ്ങനെയും ഇങ്ങനെയുമൊക്കെയാണല്ലോ. (കാലദൈര്‍ഘ്യം ഉണ്ടല്ലോ എന്നര്‍ഥം). അങ്ങനെ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്ന് അതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അവര്‍ അവരുടെ (മക്കള്‍ക്ക്) മുമ്പുണ്ടായിരുന്ന പ്രവാചകന്മാരുടെയും നല്ല ആളുകളുടെയും പേര് വിളിക്കാറുണ്ടായിരുന്നു”(മുസ്‌ലിം).

പ്രസ്തുത ക്വുര്‍ആന്‍ വചനത്തിലെ ഹാറൂന്‍ എന്ന വ്യക്തി മര്‍യം ബീവി(റ)യുടെ ഒരു സഹോദരന്‍ തന്നെയാണ് എന്ന് ഈ നബിവചനം നമുക്ക് വ്യക്തമാക്കിത്തരുന്നു. മാത്രവുമല്ല, ഹാറൂന്‍ എന്ന നാമം പിന്നീട് ആ സമൂഹത്തില്‍ ധാരാളം പേര്‍ക്ക് പേര് വിളിക്കപ്പെട്ടതായി പല റിപ്പോര്‍ട്ടുകളിലും കാണാവുന്നതാണ്. 

യഹൂദികള്‍ അല്ലാഹുവിന്റെ ശാപ കോപങ്ങള്‍ക്ക് വിധേയരായവരാണല്ലോ. അതിന് പല കാരണങ്ങളും ഉണ്ട്. അതില്‍ ഒന്ന് ക്വുര്‍ആന്‍ പറയുന്നു:

”അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും…” (4:156).

അല്ലാഹു ഏറെ മഹത്ത്വപ്പെടുത്തിയ മര്‍യം ബീവി(അ)യുടെ പേരില്‍ വമ്പിച്ച കളവ് പ്രചരിപ്പിച്ചതിനാല്‍ അല്ലാഹു അവരെ ശപിച്ചിരിക്കുന്നു.

മര്‍യം(അ) ജനങ്ങളിലേക്ക് കുഞ്ഞിനെയുമായി ചെന്നപ്പോള്‍ വമ്പിച്ച അപവാദങ്ങളും ഇല്ലാ കഥകളും തനിക്കും സകരിയ്യാ നബി(അ)ക്കും യൂസുഫ് എന്ന അവിടെയുണ്ടായിരുന്ന ആ നല്ല മനുഷ്യനും എതിരില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. മഹതിക്ക് അത് സഹിക്കാന്‍ സാധിച്ചില്ല. എന്ത് ചെയ്യും? ക്വുര്‍ആന്‍ പറയുന്നു:

”അപ്പോള്‍ അവള്‍ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?” (19:29)

ഈ പശ്ചാത്തലത്തെ പറ്റി ഇബ്‌നുകഥീര്‍(റ) വിവരിക്കുന്നത് കാണുക: ”ശത്രുക്കള്‍ മര്‍യമിനെ അങ്ങേയറ്റം പ്രയാസപ്പെടുത്തി. ‘അപ്പോള്‍ അവള്‍ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു.’ അതായത് അവനോട് സംസാരിച്ചുകൊള്ളുക. അവന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നതാണ്. അത് അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ ദേഷ്യത്തോടെ ചോദിച്ചു: ‘തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?’ 

അത്ഭുതം! ”അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും” (ക്വുര്‍ആന്‍ 19:30-33).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക