നബി ചരിത്രം – 21​

നബി ചരിത്രം – 21: യഥ്‌രിബ്: പലായനത്തിന്റെ ഭവനം

യഥ്‌രിബ്: പലായനത്തിന്റെ ഭവനം

നബി ﷺ യുടെ ഹിജ്‌റയുടെ ഭവനമായി അല്ലാഹു മദീനയെ തിരഞ്ഞെടുത്തു. ഇസ്‌ലാമിക പ്രബോധനത്തിന് ഒരു കേന്ദ്രം കൂടിയായിരുന്നു അത്. ഇസ്‌ലാമിലേക്ക് അതിവേഗത്തില്‍ പ്രവേശിച്ച ആളുകള്‍ക്കുള്ള ആദരവായിരുന്നു മദീനയെ തന്നെ തിരഞ്ഞെടുക്കല്‍. നബി ﷺ യെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി തങ്ങളുടെ രാജ്യത്തേക്ക് അദ്ദേഹത്തെ ക്ഷണിച്ചതും അവര്‍ തന്നെയായിരുന്നു. പലകാരണങ്ങളാലും മദീന മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. യുദ്ധത്തിന്റെ പ്രകൃതിയില്‍നിന്നും സുരക്ഷിതമാക്കപ്പെട്ട രാജ്യമായിരുന്നു മദീന. പടിഞ്ഞാറുഭാഗത്ത് ‘വബ്‌റ’ കൊണ്ടും കിഴക്കുഭാഗത്ത് ‘വാഖം’ കൊണ്ടും ചുറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് മദീന. മദീനയുടെ വടക്കുഭാഗം വിശാലമായി തുറന്നു കിടക്കുന്ന പ്രദേശങ്ങളാണ്. മറ്റു ഭാഗങ്ങളാകട്ടെ ഈത്തപ്പനകളാലും ഇടതൂര്‍ന്ന കൃഷികളാലും നിറഞ്ഞുകിടക്കുന്നവയും. കൃഷികളുടെ ആധിക്യത്താല്‍ സൈന്യങ്ങള്‍ക്ക് ഇടുങ്ങിയ വഴിയിലൂടെ വേണമായിരുന്നു യാത്ര ചെയ്യാന്‍. 

നബി ﷺ  പറഞ്ഞതായി ആഇശ(റ) നിവേദനം ചെയ്യുന്നു: ”നിങ്ങളുടെ ഹിജ്‌റയുടെ പ്രദേശം എനിക്ക് കാണിക്കപ്പെട്ടു. അത് ഈത്തപ്പനകള്‍ കൊണ്ട് നിറഞ്ഞുകിടക്കുന്നതാണ്. രണ്ട് മലകള്‍ക്കിടയിലുള്ള പ്രദേശമാണിത്” (ബുഖാരി: 3905). 

പരസ്പരം കലഹിച്ചും വൈരാഗ്യത്തിലും കഴിയുന്ന ഔസ്, ഖസ്‌റജ് ഗോത്രക്കാരായിരുന്നു മദീനയിലുണ്ടായിരുന്നത്; പടയാളികളും ശക്തരുമായിട്ടുള്ള ആളുകള്‍. സ്വാതന്ത്ര്യം സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളുകള്‍. മറ്റൊരാള്‍ക്ക് മുമ്പിലും കീഴൊതുങ്ങാത്ത പ്രകൃതം. ഗോത്രങ്ങള്‍ക്കോ ഭരണവ്യവസ്ഥകള്‍ക്കോ വിധേയപ്പെടാന്‍ അവര്‍ തയ്യാറായിരുന്നില്ല. അതോടൊപ്പം ജനങ്ങളില്‍ ഏറ്റവും അഭിമാനമുള്ളവരും ഏറ്റവും മാന്യതയുള്ളവരും ലോലമനസ്‌കരും ആയിരുന്നു അവര്‍.

നബി ﷺ ക്കും അനുയായികള്‍ക്കുമുള്ള ഏറ്റവുംനല്ല സ്ഥലം തന്നെയായിരുന്നു മദീന. ഇസ്‌ലാമിക പ്രബോധനത്തിന്റെ കേന്ദ്രമായും താവളമായും സ്വീകരിക്കുവാനും ഇസ്‌ലാമിനെ ശക്തിപ്പെടുത്തുവാനും ശേഷം ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് ഇസ്‌ലാമിനെ പ്രചരിപ്പിക്കുവാനും ഒരു ഉത്തമ സ്ഥാനം തന്നെയായിരുന്നു അത്. അല്ലാഹുവിന്റെ മിത്രങ്ങള്‍ക്കും ശത്രുക്കള്‍ക്കും ഇടയിലുള്ള ഒരു വേര്‍തിരിവായിരുന്നു സത്യത്തില്‍ ഹിജ്‌റയില്‍ അടങ്ങിയിട്ടുള്ള രഹസ്യം. 

തന്റെ മതത്തെ ശക്തിപ്പെടുത്തുവാനും തന്റെ അടിമയും പ്രവാചകനുമായ നബിയെ സഹായിക്കുവാനും സത്യവിശ്വാസികള്‍ക്ക് അനന്തരമായി നല്‍കുവാനും ഭൂപ്രദേശങ്ങളെ ഉടമപ്പെടുത്തിക്കൊടുക്കുവാനും ഹിജ്‌റയെ അല്ലാഹു ഒരു മാര്‍ഗമായി സ്വീകരിച്ചു. രണ്ടാം അക്വബ ഉടമ്പടി അവസാനിച്ചപ്പോള്‍ നബി ﷺ ക്ക് വലിയ ആശ്വാസം തോന്നി. 73 പുരുഷന്മാരും രണ്ട് സ്ത്രീകളും ആയിരുന്നു അന്ന് അതില്‍ പങ്കെടുത്തത്. മക്കയില്‍ മുശ്‌രിക്കുകളുടെ പീഡനങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മദീനയിലേക്ക് മുസ്‌ലിംകള്‍ പലായനം ചെയ്യുന്നു എന്നുകൂടി അറിഞ്ഞപ്പോള്‍ അവരുടെ പീഡനങ്ങള്‍ ശക്തമാവുകയും കൂടുതല്‍ കുടുസ്സത ഉണ്ടാക്കുകയും ദ്രോഹങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. സ്വഹാബികള്‍ ഇത് നബി ﷺ യോട് പരാതിയായി പറഞ്ഞു. മദീനയിലേക്ക് പോകാന്‍ അവര്‍ അനുവാദം ചോദിക്കുകയും നബി ﷺ  അവര്‍ക്ക് അനുവാദം കൊടുക്കുകയും ചെയ്തു. അധികം താമസിയാതെ സ്വഹാബികള്‍ മദീനയിലേക്ക് ഹിജ്‌റ പോയി. അല്‍പ ദിവസങ്ങള്‍ക്ക് ശേഷം അല്ലാഹുവിന്റെ അനുമതിപ്രകാരം നബി ﷺ യും സന്തോഷത്തോടുകൂടി തന്റെ അനുയായികളിലേക്ക് പുറപ്പെട്ടു. 

നബി ﷺ  ഇപ്രകാരം പറഞ്ഞതായി ഹദീഥില്‍ കാണുവാന്‍ സാധിക്കും: ”ഞാന്‍ മക്കയില്‍നിന്നും ഒരുപാട് ഈത്തപ്പനകള്‍ ഉള്ള ഒരു സ്ഥലത്തേക്ക് ഹിജ്‌റ പോകുന്നതായി സ്വപ്‌നത്തില്‍ കണ്ടു. യമാമയോ ഹജര്‍ പ്രദേശമോ ആയിരിക്കും അത് എന്ന് എനിക്ക് തോന്നി. ഇപ്പോഴത് യഥ്‌രിബ് എന്ന പേരിലുള്ള മദീനയാണെന്ന് എനിക്ക് ബോധ്യമായി” (ബുഖാരി: 3662), (മുസ്‌ലിം: 2271). 

നബി ﷺ  മുഴുവന്‍ മുസ്‌ലിംകളോടും മദീനയിലേക്ക് ഹിജ്‌റ പോകുവാനും അവിടെയുള്ള അന്‍സ്വാറുകളായ തങ്ങളുടെ സഹോദരന്മാരോടൊപ്പം ചേരുവാനും കല്‍പിച്ചു. നബി ﷺ  പറയുന്നു:

”എല്ലാ രാജ്യങ്ങളെയും രക്ഷിക്കുന്ന ഒരു രാജ്യത്തേക്ക് പോകുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ‘യഥ്‌രിബ്’ എന്നാകുന്നു അതിന്റെ പേര്‍. അതാകുന്നു മദീന. ഉല ഇരുമ്പിന്റെ ചെളിയെ നീക്കം ചെയ്യുന്നത് പോലെ അത് ജനങ്ങളെ ശുദ്ധീകരിക്കുന്നതാണ്.” 

അല്‍പാല്‍പമായി നബി ﷺ യുടെ അനുചരന്മാര്‍ മദീനയിലേക്ക് പുറപ്പെട്ടു. രഹസ്യമായും പാത്തും പതുങ്ങിയും വാഹനത്തില്‍ കയറിയും ആ മഹാന്മാര്‍ മദീന ലക്ഷ്യം വെച്ച് നീങ്ങി. നബി ﷺ യാകട്ടെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള ഹിജ്‌റക്കുള്ള അല്ലാഹുവിന്റെ കല്‍പനയും പ്രതീക്ഷിച്ചിരുന്നു. മക്കയില്‍ നിന്നും മദീനയിലേക്ക് ആദ്യമായി ഹിജ്‌റ പോയത് അബൂസലമ ഇബ്‌നു അബ്ദില്‍അസദ് ആയിരുന്നു. ശേഷം ആമിര്‍ ഇബ്‌നുറബീഅതും അദ്ദേഹത്തിന്റെ ഭാര്യ ലൈലയും പിന്നീട് അബ്ദുല്ലാഹിബ്‌നു ജഹ്ശും മറ്റുള്ള ആളുകളും ആണ് പോയത്. അതിനുശേഷം സഹാബികള്‍ തുടരെത്തുടരെ പുറപ്പെട്ടു. ബര്‍റാഉബ്‌നു ആസിബ്(റ) പറയുന്നു: ”ഞങ്ങളിലേക്ക് ആദ്യമായി വന്നത് മിസ്അബ് ഇബ്‌നു ഉമൈര്‍ ആയിരുന്നു.”

‘ശേഷം ഞങ്ങളിലേക്ക് വന്നത് അമ്മാര്‍ ഇബ്‌നു യാസിറും ബിലാലും ആയിരുന്നു’ (ബുഖാരി: 3924)

ഒരാള്‍ക്ക് പിറകെ മറ്റൊരാളായി പ്രവാചകാനുചരന്മാര്‍ മദീനയിലേക്ക് പുറപ്പെട്ടു. അവസാനം മക്കയില്‍ ശേഷിച്ചത് മുഹമ്മദ് നബി ﷺ യും അബൂബക്ര്‍(റ)വും അലിയ്യുബ്‌നു അബീത്വാലിബ്(റ)വും രോഗത്താലും മറ്റു കാരണങ്ങളാലും തടയപ്പെട്ട കുറച്ചു മുസ്‌ലിംകളും ആയിരുന്നു. മുസ്‌ലിംകള്‍ മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുന്നു എന്ന വിവരമറിഞ്ഞപ്പോള്‍ അബിസീനിയയില്‍ ഉണ്ടായിരുന്ന മുസ്‌ലിംകളില്‍ ചിലര്‍ മക്കയിലേക്ക് മടങ്ങി. അവരില്‍ ചിലര്‍ മദീനയിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ മക്കയിലെ സത്യനിഷേധികള്‍ ചിലരെ തടഞ്ഞുവെച്ചു. ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബ്(റ)വും ചില മുഹാജിറുകളും അബിസീനിയയില്‍ തന്നെ നിലനിന്നു. ഹിജ്‌റ ഏഴാം വര്‍ഷം ഖൈബര്‍ യുദ്ധം നടക്കുന്ന സന്ദര്‍ഭത്തിലാണ് അബിസീനിയയില്‍ നിന്നും അവര്‍ മദീനയിലേക്ക് യാത്രയാകുന്നത്.

മക്കയില്‍ നിന്നും മദീനയിലേക്കുള്ള മുസ്‌ലിംകളുടെ ഹിജ്‌റ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകളുടെ ഹിജ്‌റ അവര്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്ന കാര്യമായിരുന്നു. പരുക്കന്‍ ശൈലികള്‍ സ്വീകരിച്ചുകൊണ്ടാണ് മക്കയിലെ സത്യനിഷേധികള്‍മുഹാജിറുകളെ തടയാന്‍ ശ്രമിച്ചിരുന്നത്. വ്യത്യസ്ത രൂപത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് അവര്‍ മുസ്‌ലിംകളെ വിധേയരാക്കി. ഇസ്‌ലാമില്‍ നിന്നും അവരെ തടയുവാന്‍ വേണ്ടിയായിരുന്നു അത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ രാജ്യമോ സമ്പത്തോ ശരീരമോ അവര്‍ക്ക് ഒന്നുമല്ല എന്നു തോന്നി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വേണ്ടിവന്നാല്‍ മരണം വരിക്കേണ്ടി വരുമെന്നും സമ്പത്തും രക്തവും സമര്‍പ്പിക്കേണ്ടിവരുമന്നും അവര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇതിനെല്ലാം അല്ലാഹുവിങ്കല്‍ നിന്നും വലിയ പ്രതിഫലം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയും വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു.

 ”അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍” (അല്‍ഹശ്ര്‍: 8). 

അങ്ങനെ മുഹാജിറുകള്‍ അല്ലാഹുവിന്റെ ദീനിനുവേണ്ടി പലതും ഉപേക്ഷിച്ചു. ഒരുപാട് ചെലവഴിച്ചു. അന്‍സ്വാറുകളാകട്ടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുഹാജിറുകള്‍ക്ക് വേണ്ടി എന്ത് ചെയ്യുവാനും സന്നദ്ധരായി. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെടുകയും ചെയ്തു.

”മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” (അത്തൗബ: 100).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 20

നബി ചരിത്രം – 20: രണ്ടാം അക്വബ ഉടമ്പടി

രണ്ടാം അക്വബ ഉടമ്പടി

മദീനയില്‍ ഇസ്‌ലാം ഏറെ പ്രചരിച്ചു. പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷം; ഹജ്ജിന് സമയമായപ്പോള്‍ അന്‍സ്വാറുകളില്‍ നിന്നുള്ള 73 ആളുകള്‍ ഒരുമിച്ചുകൂടി. മുഹമ്മദ് നബി ﷺ യെ മക്കയുടെ മലയിടുക്കുകളിലൂടെ ആട്ടിയോടിക്കപ്പെട്ടുകൊണ്ടും ഭയത്തോടുകൂടിയുള്ള ജീവിതം നയിച്ചുകൊണ്ടുംഎത്രകാലമാണ് നമ്മള്‍ വിട്ടേക്കുക എന്ന് അന്‍സ്വാറുകള്‍ ചിന്തിച്ചു. എല്ലാവരും ഒന്നിച്ച് ഹജ്ജിനു വേണ്ടി പുറപ്പെടുകയും മുഹമ്മദ് നബി ﷺ യെ അവിടെ വെച്ച് കണ്ടുമുട്ടുകയും ചെയ്യാമെന്ന് അവര്‍ തീരുമാനിച്ചു. 

അങ്ങനെ ശിര്‍ക്കിന്റെ ആളുകള്‍ ഉള്‍പ്പെടെ 500 ഓളം പേര്‍ മക്കയിലേക്ക് പുറപ്പെട്ടു. തങ്ങള്‍ മുസ്‌ലിംകളാണ് എന്നുള്ള കാര്യം രഹസ്യമാക്കി വെച്ചുകൊണ്ടാണ് അവര്‍ മക്കയിലേക്ക് പ്രവേശിച്ചത്. അവരുടെ കൂടെ മിസ്വ്അബ് ഇബ്‌നു ഉമൈറും ഉണ്ടായിരുന്നു. മക്കയിലെത്തിയ ഉടനെ അദ്ദേഹം ആദ്യമായി നബി ﷺ യുടെ വീട്ടിലേക്ക് ചെന്നു. എന്നിട്ട് അന്‍സ്വാറുകളെ കുറിച്ചുള്ള വിവരങ്ങള്‍ നബിയെ അറിയിച്ചു. അവര്‍ ഇസ്‌ലാമിലേക്ക് കാണിക്കുന്ന ധൃതിയെക്കുറിച്ചും വ്യത്യസ്ത ഗോത്രങ്ങളുടെ കാര്യങ്ങളെക്കുറിച്ചും അവരുടെ ശക്തിയെക്കുറിച്ചും കഴിവിനെക്കുറിച്ചുമെല്ലാം അദ്ദേഹം നബി ﷺ ക്ക് വിശദീകരിച്ചുകൊടുത്തു. ഇതെല്ലാം കേട്ട നബി ﷺ ക്ക് ഏറെ സന്തോഷമാവുകയും അവര്‍ക്കുവേണ്ടി അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്തു. അതിനുശേഷം നബി ﷺ ക്കും അന്‍സ്വാരികള്‍ക്കും ഇടയില്‍ രഹസ്യമായ ബന്ധങ്ങള്‍ നടന്നു. ഈ രഹസ്യ ബന്ധങ്ങളിലൂടെ അയ്യാമുത്തശ്‌രീക്വിന്റെ രാത്രിയില്‍ രണ്ടു വിഭാഗവും ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുവാനുള്ള തീരുമാനത്തിലെത്തി. മിനായില്‍ നിന്നും വരുമ്പോള്‍ ഒന്നാമത്തെ ജംറയുടെ അടുത്തുള്ള മലയിടുക്ക് ആയിരുന്നു അത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും മുഖ്യമായ ഒരു കരാര്‍ അവിടെ വെച്ചു നടക്കാന്‍ പോവുകയാണ്. രാത്രിയില്‍ പൂര്‍ണമായും രഹസ്യമായിക്കൊണ്ടായിരിക്കണം ഇത് ഉണ്ടായിരിക്കേണ്ടത് എന്നുള്ള തീരുമാനവും അവരിലുണ്ടായിരുന്നു. മദീനയില്‍ നിന്നും വന്ന ആളുകളുടെ കൂടെ മുശ്‌രിക്കുകളും ഉണ്ടായിരുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. അത്‌കൊണ്ടു തന്നെ അവര്‍ ആരും കാണാതെ രാത്രിയുടെ അവസാന സമയമായപ്പോള്‍ അതീവ രഹസ്യമായി അക്വബയുടെ അടുക്കലേക്ക് പോവുകയാണ്. അവര്‍ 70 പേരുണ്ടായിരുന്നു. കൂട്ടത്തില്‍ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. നസ്വീബ ബിന്‍ത് കഅ്ബ് ആയിരുന്നു അതിലൊന്ന്. ഉമ്മു അമ്മാറ എന്ന പേരിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. അസ്മാഅ് ബിന്‍ത് അംറ് ഇബ്‌നു അദിയ്യ്ബ്‌നു സാബിത് ആയിരുന്നു രണ്ടാമത്തെ സ്ത്രീ. ഉമ്മു മനീഅ് എന്നപേരിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.

മദീനക്കാര്‍ മലയിടുക്കില്‍ നബി ﷺ യെ കാത്തിരുന്നു. അവസാനം നബി ﷺ  അവരിലേക്ക് വന്നു. അന്ന് നബിയുടെ പിതൃവ്യന്‍ അബ്ബാസുബ്‌നു അബ്ദുല്‍ മുത്ത്വലിബും കൂടെയുണ്ടായിരുന്നു. അബ്ദുല്‍ മുത്ത്വലിബ് തന്റെ ജനതയുടെ മതത്തില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, തന്റെ സഹോദര പുത്രന്റെ കൂടെ സന്നിഹിതനാകാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു എന്നു മാത്രം. മദീനയില്‍ നിന്ന് വന്നവരും നബിയും ഒന്നിച്ചിരുന്നു. ആദ്യമായി സംസാരിച്ചത് അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ് ആയിരുന്നു. അദ്ദേഹം പറഞ്ഞു: 

‘അല്ലയോ ഖസ്‌റജ് ഗോത്രക്കാരേ, (അറബികള്‍ മദീനയിലുള്ള ഖസ്‌റജുകാരെയും ഔസുകാരെയും ഖസ്‌റജുകാര്‍ എന്ന് ഒന്നിച്ചായിരുന്നു വിളിച്ചിരുന്നത്. അതുകൊണ്ടാണ് അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ് ഇങ്ങനെ അഭിസംബോധന ചെയ്തത്). മുഹമ്മദിന്റെ അവസ്ഥ നിങ്ങള്‍ക്ക് അറിയാമല്ലോ. ഈ സമൂഹത്തില്‍ നിന്നും മുഹമ്മദിനെ ഞങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്. മുഹമ്മദിന് ഇപ്പോള്‍ സുരക്ഷിതത്വം ലഭിക്കുന്നു എന്നുള്ള കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ.’ 

മദീനക്കാര്‍ പറഞ്ഞു: ‘നിങ്ങള്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ കേട്ടു. ഇനി പ്രവാചകരേ, താങ്കള്‍ സംസാരിക്കുക. അതുകൊണ്ട് താങ്കള്‍ക്കും താങ്കളുടെ റബ്ബിനും വേണ്ടി താങ്കള്‍ ഇഷ്ടപ്പെടുന്ന നയം സ്വീകരിക്കുക.’ 

നബി ﷺ  സംസാരിക്കാന്‍ തുടങ്ങി . അവര്‍ക്ക് ക്വുര്‍ആന്‍ ഓതിക്കേള്‍പിച്ചു. അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. ഇസ്‌ലാമിന്റെ കാര്യത്തില്‍ അവരില്‍ താല്‍പര്യം ഉണ്ടാക്കി. എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരെയും നിങ്ങളുടെ മക്കളെയും സംരക്ഷിക്കുന്നത് പോലെ എന്നെയും സംരക്ഷിക്കുമെന്നതില്‍ ഞാന്‍ നിങ്ങളോട് ഉടമ്പടി ചെയ്യുന്നു.’ 

ഇത് കേട്ടയുടനെ ബര്‍റാഉബ്‌നു മഅ്‌റൂര്‍ നബി ﷺ യുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: ‘അതെ, അല്ലാഹുവാണ് സത്യം! ഞങ്ങള്‍ ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന വിഷയത്തിലെല്ലാം നിങ്ങളെയും സംരക്ഷിക്കാം. അതുകൊണ്ട് അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളോട് ഉടമ്പടി ചെയ്യുക. ഞങ്ങള്‍ യുദ്ധത്തിന്റെയും സത്യത്തിന്റെയും ആളുകളാണ്. മുന്‍ഗാമികളില്‍ നിന്ന് പകര്‍ന്നുകിട്ടിയ ആവേശമാണത്.’ 

സംസാരത്തിനിടയില്‍ കയറിക്കൊണ്ട് അബുല്‍ ഹൈസം ഇബ്‌നുത്തൈഹാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ക്കും മദീനയിലുള്ള മറ്റാളുകള്‍ക്കും ഇടയില്‍ ചില കരാറുകള്‍ ഉണ്ട്; അതായത് ജൂതന്മാരുമായി. ആ കരാറുകള്‍ അവര്‍ ലംഘിച്ചിരിക്കുന്നു. ഇപ്പോള്‍ എനിക്ക് ചോദിക്കുവാനുള്ളത് നിങ്ങള്‍ ഞങ്ങളിലേക്ക് വരികയും അങ്ങനെ അല്ലാഹു നിങ്ങള്‍ക്ക് വിജയം നല്‍കുകയും ചെയ്താല്‍ ഞങ്ങളെ ഉപേക്ഷിച്ചുകൊണ്ട് നിങ്ങള്‍ തിരിച്ചു പോകുമോ എന്നാണ്.’ 

ഇത് കേട്ടപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് നബി ﷺ  പറഞ്ഞു: ‘രക്തത്തിനു പകരം രക്തം. തകര്‍ച്ചക്കു പകരം തകര്‍ച്ച. ഞാന്‍ നിങ്ങളില്‍ പെട്ടവനാണ.് നിങ്ങള്‍ എന്നില്‍ പെട്ടവരുമാണ്. നിങ്ങള്‍ യുദ്ധം ചെയ്യുന്നവരോട് ഞാനും യുദ്ധം ചെയ്യും. നിങ്ങള്‍ സന്ധിയില്‍ ഏര്‍പ്പെടുന്നവരുമായി ഞാനും സന്ധിയില്‍ ഏര്‍പ്പെടും.’

അങ്ങനെ പരസ്പരമുള്ള ചര്‍ച്ചകള്‍ക്കു ശേഷം നബി ﷺ യും മദീനക്കാരും തമ്മില്‍ ഉടമ്പടി നടന്നു. ആദ്യമായി നബി ﷺ യുടെ കൈ പിടിച്ചുകൊണ്ട് ഉടമ്പടി ചെയ്തത് ബര്‍റാഅ് ബ്‌നു മഅ്‌റൂര്‍(റ) ആയിരുന്നു. അതിനെ തുടര്‍ന്ന് മറ്റുള്ള ആളുകളും ഉടമ്പടി ചെയ്തു. മദീനക്കാര്‍ നബിയുമായി ഉടമ്പടി നടത്തിയപ്പോള്‍ കഅ്ബയുടെ മുകള്‍ഭാഗത്തുനിന്നും പിശാച് അലറി: ‘അല്ലയോ മക്കക്കാരേ, ഇതാ നിങ്ങളുടെ നാശം. ഇവര്‍ നിങ്ങള്‍ക്കെതിരെ യുദ്ധത്തിന് ഒരുങ്ങിയിരിക്കുന്നു.’ 

നബി ﷺ  അവിടെ കൂടിയവരോട് പറഞ്ഞു: ‘ഇത് അല്ലാഹുവിന്റെ ശത്രുവിന്റെ ശബ്ദമാണ്.’ ശേഷം നബി ﷺ  പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ താമസ സ്ഥലങ്ങളിലേക്ക് പോയിക്കൊള്ളുക.’ 

ഈ സന്ദര്‍ഭത്തില്‍ അബ്ബാസ് ഇബ്‌നു ഉബാദ(റ) പറഞ്ഞു: ‘സത്യവുമായി നിങ്ങളെ നിയോഗിച്ചവന്‍ തന്നെയാണ് സത്യം! താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം ഞങ്ങളുടെ വാളുകള്‍ കൊണ്ട് മിനായില്‍ ഉള്ള ആളുകളെ ഒന്നിച്ച് ഞങ്ങള്‍ നേരിടാം.’ 

അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘അതിനുവേണ്ടി കല്‍പിക്കപ്പെട്ടവനല്ല ഞാന്‍.’ 

അങ്ങനെ നബി ﷺ യുടെ അനുചരന്മാര്‍ അവിടെ നിന്നും പോയി. നേരം പുലരുവോളം അവര്‍ ഉറങ്ങി. നേരം പുലര്‍ന്നപ്പോള്‍ ക്വുറൈശികളില്‍ പെട്ട ചില ആളുകള്‍ ഇവരുടെ താമസ സ്ഥലങ്ങളിലേക്ക് ചെന്നു കൊണ്ടു പറഞ്ഞു: ‘അല്ലയോ ഖസ്‌റജ് ഗോത്രക്കാരേ, ഞങ്ങളുടെ നാട്ടുകാരനായ മുഹമ്മദിന്റെ അടുക്കലേക്ക് നിങ്ങള്‍ വരികയും എന്നിട്ട് ഞങ്ങള്‍ക്കിടയില്‍ നിന്ന് മുഹമ്മദിനെ നിങ്ങള്‍ കൊണ്ടുപോകുകയും ചെയ്യുകയാണെന്ന വിവരം ഞങ്ങള്‍ക്ക് കിട്ടി. ഏത് പേരിലാണ് ഞങ്ങള്‍ മുഹമ്മദിനോട് യുദ്ധം ചെയ്തിരുന്നത;് ആ കാര്യത്തില്‍ നിങ്ങള്‍ മുഹമ്മദിനോട് ഉടമ്പടി ചെയ്യുകയും ചെയ്തിരിക്കുന്നു എന്ന് ഞങ്ങള്‍ കേട്ടു’ (അഹ്മദ്). 

പക്ഷേ, മുശ്‌രിക്കുകളുടെ ഇത്തരം സംസാരങ്ങള്‍ക്ക് ചെവികൊടുക്കാതെ അവര്‍ ഏറ്റെടുത്ത തങ്ങളുടെ ദൗത്യവുമായി മുന്നോട്ടു പോകുവാന്‍ തന്നെ ശക്തമായ തീരുമാനത്തിലേക്ക് എത്തിയിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും ഈ അക്വബ ഉടമ്പടി അന്‍സ്വാറുകളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള വലിയ അനുഗ്രഹമായിരുന്നു. 

അല്ലാഹു പറയുന്നത് കാണുക: ”അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെടത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍” (അല്‍ഹശ്ര്‍:8,9).

ബര്‍റാഅ്(റ) പറയുന്നു: ”നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ‘വിശ്വാസിയല്ലാതെ അന്‍സ്വാറുകളെ സ്‌നേഹിക്കുകയില്ല. കപടവിശ്വാസിയല്ലാതെ അന്‍സ്വാറുകളെ വെറുക്കുകയില്ല. ആരെങ്കിലും അവരെ സ്‌നേഹിച്ചാല്‍ അല്ലാഹു അവനെ സ്‌നേഹിച്ചു. ആരെങ്കിലും അവരെ വെറുത്താല്‍ അല്ലാഹു അവനെ വെറുക്കും” (ബുഖാരി:3783, മുസ്‌ലിം:75). 

നബി ﷺ  പറഞ്ഞതായി അനസ്(റ) പറയുന്നു: ”അന്‍സ്വാറുകളോടുള്ള സ്‌നേഹം ഈമാനിന്റെ അടയാളമാണ്. അന്‍സ്വാറുകളോടുള്ള വെറുപ്പ് കാപട്യത്തിന്റെ അടയാളമാണ്” (ബുഖാരി:3784, മുസ്‌ലിം: 74). 

അബൂഹുറയ്‌റ(റ) നബി ﷺ യില്‍ നിന്നും നിവേദനം ചെയ്യുന്നു: ”അന്‍സ്വാറുകള്‍ ഒരു താഴ്‌വരയിലൂടെയും മറ്റുള്ള ആളുകള്‍ മറ്റൊരു താഴ്‌വരയിലൂടെയും പ്രവേശിച്ചാല്‍ അന്‍സ്വാറുകള്‍ പ്രവേശിച്ച താഴ്‌വരയിലൂടെ ഞാന്‍ പ്രവേശിക്കും. ഹിജ്‌റ ഇല്ലായിരുന്നെങ്കില്‍ ഞാനും അന്‍സ്വാറുകളുടെ കൂട്ടത്തിലൊരാള്‍ ആകുമായിരുന്നു.” 

നബി ﷺ യുടെ പ്രബോധനം അന്‍സ്വാറുകള്‍ സ്വീകരിച്ചതിലും നബിയെ സഹായിക്കാന്‍ അവര്‍ തയ്യാറായതും അദ്ദേഹത്തിന്റെ ജനത ഇസ്‌ലാമിലേക്ക് കടന്നുവരുന്നതില്‍ വൈകിയതിലും എല്ലാം അറിയുന്ന അല്ലാഹുവിന്റെ വലിയ യുക്തി ഉണ്ടായിരുന്നു. നബി ﷺ യുടെ കുടുംബക്കാരും സ്വന്തക്കാരും സമൂഹവും ഈമാനിലേക്ക് ആദ്യമായി കടന്നുവന്നിരുന്നെങ്കില്‍ നേതൃത്വവും അഭിമാനവും ആഗ്രഹിക്കുന്ന ഒരാളെ ജനങ്ങള്‍ പിന്‍പറ്റി എന്ന് മറ്റുള്ളവര്‍ പറയുന്ന സാഹചര്യം വന്നെത്തുമായിരുന്നു. എന്നാല്‍ അകലത്തിലുള്ള ആളുകള്‍ വിശ്വസിക്കുകയും ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തപ്പോള്‍ അത് അവരുടെ ഈമാനിനോടുള്ള സത്യസന്ധതയും പ്രവാചകന്‍ കൊണ്ടുവന്ന ആദര്‍ശത്തോടുള്ള സ്‌നേഹവുമാണെന്ന് ബോധ്യപ്പെടുത്തി. മാത്രവുമല്ല ആ പ്രവാചകനില്‍ ആരൊക്കെ വിശ്വസിക്കുന്നുവോ അവര്‍ക്കെല്ലാം ഇതിലൂടെ അഭിമാനം ലഭിക്കുമെന്നുള്ള കാര്യവും യാഥാര്‍ഥ്യമായി. അല്ലാഹു തന്റെ കാരുണ്യം കൊണ്ട് താന്‍ ഉദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുന്നു. രണ്ടാം അക്വബ ഉടമ്പടി ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുപ്രധാനമായ സംഭവമായിരുന്നു. കാരണം അതിലൂടെയാണ് നബി ﷺ യുടെ അനുചരന്മാര്‍ക്ക് മദീനയിലേക്ക് ഹിജ്‌റക്ക് വേണ്ടിയുള്ള പാത തുറക്കപ്പെട്ടത്. അങ്ങനെ മദീനയില്‍ എത്തിയതോടുകൂടി ഇസ്‌ലാമിന്റെ നിയമങ്ങള്‍ പഠിപ്പിക്കപ്പെടുകയും ജിഹാദിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും ഇസ്‌ലാം പ്രചരിക്കുകയും വിജയിക്കുകയും ചെയ്തു. പല രാഷ്ട്രങ്ങളും ഇസ്‌ലാമിന്റെ കീഴില്‍ വരികയും ചെയ്തു. 

”നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍” (അന്നൂര്‍: 55).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 19

നബി ചരിത്രം – 19: ഒന്നാം അക്വബ ഉടമ്പടി

ഒന്നാം അക്വബ ഉടമ്പടി

പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷം കടന്നുവന്നു. മുഹമ്മദ് നബി ﷺ  അല്ലാഹുവിലേക്കുള്ള ക്ഷണവുമായി മുന്നോട്ടുപോകുകയാണ്. ക്വുറൈശികളുടെ പ്രയാസപ്പെടുത്തലുകളെ അദ്ദേഹം വകവച്ചില്ല. അവര്‍ പ്രചരിപ്പിക്കുന്ന കുപ്രചരണങ്ങളെ നബി ﷺ  ശ്രദ്ധിച്ചതേയില്ല. കാരണം അല്ലാഹുവില്‍ നിന്നും കൊണ്ടുവന്നതിനെ ജനങ്ങള്‍ക്ക് മുമ്പില്‍ തടയലായിരുന്നു അവരുടെ ലക്ഷ്യം. 

ഹജ്ജിന്റെ സമയം വന്നപ്പോള്‍ അല്ലാഹു തന്റെ ദീനിനെ പ്രകടമായി പരസ്യപ്പെടുത്താനും മുഹമ്മദ് നബിയെ ശക്തിപ്പെടുത്തുവാനും അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുവാനും ഉദ്ദേശിച്ചു. നബി ﷺ  തന്റെ വീട്ടില്‍ നിന്നും പുറപ്പെട്ടു. അക്വബയുടെ അടുത്തെത്തിയപ്പോള്‍ ഖസ്‌റജില്‍ നിന്നുള്ള ഒരു വിഭാഗത്തെ കണ്ടുമുട്ടി. അല്ലാഹു അവരുടെ കാര്യത്തില്‍ നന്മ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നു. 

നബി അവരോട് ചോദിച്ചു: ”നിങ്ങളാരാണ്?” 

അവര്‍ പറഞ്ഞു: ”ഞങ്ങള്‍ ഖസ്‌റജ് ഗോത്രത്തില്‍ നിന്നുള്ളവരാണ്.” 

നബി ﷺ  ചോദിച്ചു: ”യഹൂദികളുള്ള പ്രദേശത്തുനിന്നാണോ?” 

അവര്‍ പറഞ്ഞു: ”അതെ.” 

നബി ﷺ  ചോദിച്ചു: ”നിങ്ങള്‍ അല്‍പസമയം ഇരിക്കുമോ? ഞാന്‍ നിങ്ങളോട് ഒന്ന് സംസാരിക്കട്ടെ?” അവര്‍ പറഞ്ഞു: ”തീര്‍ച്ചയായും.” 

നബി ﷺ  അവരോടൊപ്പം ഇരുന്നു. അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അവര്‍ക്ക് മുമ്പില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തി. ക്വുര്‍ആന്‍ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുത്തു.

ജൂതന്മാരായ ആളുകള്‍ ഇവരോടൊപ്പം ഇവരുടെ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു. ജൂതന്മാര്‍ അറിവുള്ളവരും വേദഗ്രന്ഥത്തിന്റെ ആളുകളും ആയിരുന്നു. ഇവരാകട്ടെ വിഗ്രഹാരാധകരും ശിര്‍ക്കിന്റെ ആളുകളും ആയിരുന്നു. ഇവരുടെ രാജ്യത്തോട് ജൂതന്മാര്‍ യുദ്ധം ചെയ്യുമ്പോള്‍ അവര്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു: ”വളരെ വൈകാതെ തന്നെ ഒരു പ്രവാചകന്‍ നിയോഗിക്കപ്പടാനുണ്ട്. ആ പ്രവാചകന്റെ കാലം അടുത്തിരിക്കുന്നു. ആ പ്രവാചകന്‍ വന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റും. ആ പ്രവാചകന്റെ കൂടെ ഞങ്ങള്‍ നിങ്ങളോടു ചെയ്യും. ആദ് ഗോത്രവും ഇറം ഗോത്രവും നശിപ്പിക്കപ്പെട്ടത് പോലെ നിങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യും.”

മുഹമ്മദ് നബി ﷺ  അവരോട് സംസാരിക്കുകയും അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: ”ജനങ്ങളേ, നിങ്ങള്‍ക്കറിയാമല്ലോ; അല്ലാഹുവാണ് സത്യം! ജൂതന്മാര്‍ വാഗ്ദാനം ചെയ്ത പ്രവാചകന്‍ തന്നെയാണ് ഇത്. അതുകൊണ്ട് ജൂതന്മാര്‍ക്ക് മുമ്പ് നമുക്ക് ഈ പ്രവാചകനില്‍ വിശ്വസിച്ചു കൂടേ?” അങ്ങനെ അവര്‍ അത് അംഗീകരിക്കുകയും മുഹമ്മദ് നബി അവര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ച ഇസ്‌ലാമിനെ അവര്‍ സ്വീകരിക്കുകയും ചെയ്തു. ശേഷം അവര്‍ നബി ﷺ യോട് പറഞ്ഞു: ”ഞങ്ങളുടെ സമൂഹം പരസ്പരം യുദ്ധം ചെയ്യുന്നവരും പരസ്പരം ശത്രുതയിലുമാണ്. അല്ലാഹുവിന് നിങ്ങളെക്കൊണ്ട് അവരെ ഒന്നിപ്പിക്കുവാനും സാധിക്കും. അതുകൊണ്ട് ഞങ്ങള്‍ അവരിലേക്ക് പോവുകയാണ്. എന്തൊരു കാര്യത്തിലാണ് നിങ്ങളില്‍ നിന്ന് ഞങ്ങള്‍ വിശ്വസിച്ചത് അതിലേക്ക് ഞങ്ങള്‍ അവരെയും ക്ഷണിക്കും. അല്ലാഹു അവരെ നിങ്ങളുടെ പേരില്‍ ഒരുമിച്ചുകൂട്ടിത്തന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാള്‍ പ്രതാപവാനായ മറ്റൊരു വ്യക്തി വേറെ ഉണ്ടാവുകയില്ല.” 

ഇതു പറഞ്ഞ ശേഷം അവര്‍ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി. അല്ലാഹുവിലും അവന്റെ പ്രവാചകനിലും അവര്‍ വിശ്വസിച്ചിരുന്നു. ഖസ്‌റജ് ഗോത്രത്തില്‍നിന്നുള്ള 6 വ്യക്തികളായിരുന്നു അവര്‍. അസ്അദ് ഇബ്‌നു സുറാറ, ഔഫ് ഇബ്‌നുല്‍ ഹാരിസ്, റാഫിഉബ്‌നു മാലിക്, ഖുത്ബത് ഇബ്‌നു ആമിര്‍, ഉക്വ്ബത് ഇബ്‌നു ആമിര്‍, ജാബിറുബ്‌നു അബ്ദില്ലാഹിബിനുരിആബ് തുടങ്ങിയവരായിരുന്നു അവര്‍. ഈ ആറു പേര്‍ മദീനയിലേക്ക് മടങ്ങി. ഇസ്‌ലാമിലേക്കുള്ള പ്രബോധകരായിക്കൊണ്ടാണ് അവര്‍ മദീനയിലേക്ക് തിരിച്ചു ചെന്നത്. അവരിലൂടെ ഇസ്‌ലാം പ്രചരിച്ചു. മദീനയിലെ എല്ലാ വീടുകളിലും മുഹമ്മദ് നബി ﷺ യെക്കുറിച്ചുള്ള സംസാരങ്ങളും ചര്‍ച്ചകളുമായി. 

ഉമ്മയും ബാപ്പയും ഒത്ത സഹോദരന്മാരായിരുന്നു ഔസ്, ഖസ്‌റജ് ഗോത്രക്കാര്‍. ഔസ് ഗോത്രം ഔസ്ബ്‌നു ഹാരിസയിലേക്കും ഖസ്‌റജ് ഗോത്രം ഖസ്‌റജ്ബ്‌നു ഹാരിസയിലേക്കും ചേര്‍ത്തപ്പെട്ടവരായിരുന്നു. ഇതിനു മുമ്പ് അവര്‍ അവരുടെ ഉമ്മയായ ‘ഖൈലത്തി’ന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് നബി ﷺ  അവര്‍ക്ക് അന്‍സ്വാറുകള്‍ എന്ന് പേരിടുകയും ചെയ്തു. ജൂതന്മാര്‍ അവരുടെ ശക്തിയെ ഛിന്നഭിന്നമാക്കിയിരുന്നു. അവരുടെ ഐക്യത്തെ തകര്‍ത്തിരുന്നു. അവര്‍ക്കിടയില്‍ ശത്രുതയും യുദ്ധങ്ങളും ഉണ്ടാക്കിയിരുന്നു. 125 ഓളം വര്‍ഷം വരെ നീണ്ടു നിന്ന യുദ്ധം അവര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ അല്ലാഹു ഇസ്‌ലാം കൊണ്ട് അതിനെയെല്ലാം അണച്ചുകളഞ്ഞു. മുഹമ്മദ് നബിയിലൂടെ അവര്‍ക്കിടയില്‍ പരസ്പര സ്‌നേഹം ഉണ്ടാക്കി.

”നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി” (ആലു ഇംറാന്‍ 103).

ഈ ആറുപേര്‍ മദീനയില്‍ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഒരു വര്‍ഷം പിന്നിട്ടു . പ്രവാചകത്വത്തിന്റെ 12ാം വര്‍ഷം കടന്നുവന്നു. ഹജ്ജിനു വേണ്ടി മദീനയില്‍ നിന്നും 12 ആളുകള്‍ പുറപ്പെടുകയാണ്. രണ്ടുപേര്‍ ഔസ് ഗോത്രത്തില്‍ നിന്നും പത്ത് പേര്‍ ഖസ്‌റജ് ഗോത്രത്തില്‍ നിന്നും ആയിരുന്നു. അതില്‍ അഞ്ചുപേര്‍ കഴിഞ്ഞവര്‍ഷം നബി ﷺ യിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്നവരായിരുന്നു. ഖസ്‌റജ് ഗോത്രത്തില്‍നിന്ന് അസ്അദ് ഇബ്‌നു സുറാറ, ഔഫ് ഇബ്‌നുല്‍ ഹാരിസ്, മുആദ് ഇബ്‌നു ഹാരിസ്, റാഫിഇബ്‌നു മാലിക്, ഉബാദത്ത് ഇബ്‌നു സ്വാമിത്, യസീദ് ഇബ്‌നു സഅ്‌ലബ, അബ്ബാസ് ഇബ്‌നു ഇബാദ, ഖുത്ബത് ഇബ്‌നു ആമിര്‍, ഉക്വ്ബത് ഇബ്‌നു ആമിര്‍ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്. അബുല്‍ ഹൈസം ഇബ്‌നു തൈഹാന്‍, ഉവൈം ഇബ്‌നു സാഇദ തുടങ്ങിയവരായിരുന്നു ഔസ് ഗോത്രത്തില്‍നിന്നും ഉണ്ടായിരുന്നത്. ഇവര്‍ മക്കയിലെത്തിയപ്പോള്‍ മിനയില്‍ വെച്ച് അക്വബയുടെ സമീപത്ത് നബി ﷺ  അവരെ കണ്ടുമുട്ടി. അങ്ങനെയാണ് അവരുമായി ഒന്നാം അക്വബ ഉടമ്പടി ഉണ്ടാകുന്നത്. 

സന്തോഷ ഘട്ടങ്ങളിലും പ്രയാസങ്ങളിലും ഞെരുക്കസന്ദര്‍ഭത്തിലും ആശ്വാസത്തിന്റെ സന്ദര്‍ഭത്തിലും നബി ﷺ യെ അനുസരിക്കാനും കേള്‍ക്കാനും തയ്യാറാണെന്നും നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും ഞങ്ങള്‍ ഒരുക്കമാണ് എന്നും സത്യം പറയുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയപ്പെടുകയില്ല എന്നും മദീനയില്‍ വന്നാല്‍ നബിയെ ഞങ്ങള്‍ സഹായിക്കുകയും നബിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുമെന്നും സ്വന്തം മക്കളെയും കുടുംബത്തെയും ശരീരത്തെയും എന്തില്‍നിന്നെല്ലാം സംരക്ഷിക്കുമോ അതില്‍ നിന്നെല്ലാം മുഹമ്മദ് നബിയെയും സംരക്ഷിക്കുമെന്നുമായിരുന്നു ഒന്നാം അക്വബ ഉടമ്പടിയില്‍ ഉണ്ടായിരുന്ന കരാര്‍. (ഇമാം ബുഖാരിയുടെ 7199ാം നമ്പര്‍ ഹദീഥിലും മുസ്‌ലിമിന്റെ 1709ാം നമ്പര്‍ ഹദീഥിലും ഈ ആശയം കാണുവാന്‍ സാധിക്കും). 

ഹജ്ജിന്റെ സമയം കഴിഞ്ഞ് നടന്ന ഈ ഉടമ്പടിക്ക് ശേഷം അവര്‍ മദീനയിലേക്ക് മടങ്ങുകയാണ്. മുഹമ്മദ് നബി ﷺ  അവരുടെ കൂടെ മിസ്വ്അബ് ഇബ്‌നു ഉമൈര്‍(റ)വിനെയും അയച്ചു. അവരെ ഇസ്‌ലാമിനെക്കുറിച്ച് പഠിപ്പിക്കുവാനും ക്വുര്‍ആന്‍ ഓതിക്കൊടുക്കുവാനും മദീനയിലുള്ള ആളുകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുവാനും വേണ്ടിയായിരുന്നു നബി ﷺ  അദ്ദേഹത്തെ കൂടെ പറഞ്ഞയച്ചത്. ബര്‍റാഉബ്‌നു ആസിബ്(റ) പറയുകയാണ്: ‘നബി ﷺ യുടെ അനുചരന്മാരില്‍ നിന്ന് മദീനയിലേക്ക് ആദ്യമായി ഞങ്ങളിലേക്ക് വന്നത് മിസ്വ്അബ് ഇബ്‌നു ഉമൈര്‍, ഇബ്‌നു ഉമ്മിമക്തൂം എന്നിവരാണ്. അവര്‍ ഞങ്ങള്‍ക്ക് ക്വുര്‍ആന്‍ ഓതിത്തന്നു. ശേഷം അമ്മാറും ബിലാലും സഅ്ദും വന്നു. അതിനുശേഷം 20 ആളുകളോടൊപ്പം ഉമറുബ്‌നുല്‍ ഖത്ത്വാബും വന്നു. അതിനുശേഷമാണ് മുഹമ്മദ് നബി ﷺ  വരുന്നത്. ആ ദിവസം മദീനക്കാര്‍ സന്തോഷിച്ചത് പോലെ മറ്റൊന്നിലും അവര്‍ സന്തോഷിച്ചതായി ഞാന്‍ കണ്ടിട്ടില്ല. മദീനയിലെ കുട്ടികളും ചെറുപ്പക്കാരും ‘അല്ലാഹുവിന്റെ പ്രവാചകന്‍ ഇതാ വന്നിരിക്കുന്നു’ എന്ന് പറയുന്നത് ഞാന്‍ കാണുകയുണ്ടായി’ (ബുഖാരി 4941). 

മിസ്വ്അബ് ഇബ്‌നു ഉമൈറിലൂടെ മദീനയിലുള്ള ഒരുപാട് ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു. സഅദ് ബ്‌നു മുആദ്(റ), ഉസൈദ് ഇബ്‌നു ഖുളൈര്‍(റ) തുടങ്ങിയവര്‍ അതില്‍ പ്രധാനികളായിരുന്നു. ഇവര്‍ ഇസ്‌ലാം സ്വീകരിച്ചതിലൂടെ ബനൂ അബ്ദുല്‍അശ്ഹല്‍ ഗോത്രത്തില്‍പെട്ട എല്ലാ ആളുകളും ഇസ്‌ലാമിലേക്ക് കടന്നുവന്നു. അംറ്ബ്‌നു സാബിത് എന്ന വ്യക്തി മാത്രമാണ് അന്ന് ഇസ്‌ലാം സ്വീകരിക്കാതെ വൈകിയത്. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ഉഹ്ദ് യുദ്ധത്തില്‍ ശഹീദാവുകയും ചെയ്തു. മദീനയില്‍ വന്ന മിസ്വ്അബ് ഇബ്‌നു ഉമൈര്‍(റ) ഇബ്‌നു സുറാറയുടെ വീട്ടിലായിരുന്നു താമസം. അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ട് അദ്ദേഹം മദീനയില്‍ കഴിച്ചുകൂട്ടി. അന്‍സ്വാറുകളുടെ എല്ലാ വീടുകളിലും പുരുഷനായും സ്ത്രീയായും കുട്ടികളായും മുസ്‌ലിംകള്‍ ഉണ്ടായിവന്നു. അടുത്ത സീസണ്‍ വന്നപ്പോള്‍ മിസ്വ്അബ് ഇബ്‌നു ഉമൈര്‍ മക്കയിലേക്ക് മടങ്ങി. മദീനയില്‍ ഇസ്‌ലാം പ്രചരിച്ചതിനെ സംബന്ധിച്ച് നബി ﷺ യെ അറിയിച്ചു. ഇസ്‌ലാമിലേക്ക് കടന്നുവന്ന ആളുകളുടെ ആധിക്യവും പ്രവാചകനെ തെര്യപ്പെടുത്തി. ഇതുകേട്ട് നബി ﷺ  ഏറെ സന്തോഷിച്ചു. മദീനയിലുള്ള ആളുകള്‍ വളരെ പെട്ടെന്ന് ഇസ്‌ലാം സ്വീകരിക്കാന്‍ ചില കാരണങ്ങളുണ്ടായിരുന്നു. ഔസ്, ഖസ്‌റജ് ഗോത്രങ്ങളുടെ പ്രകൃതിയില്‍ അല്ലാഹു വച്ച മൃദുലതയും നൈര്‍മല്യതയുമായിരുന്നു അത്. അഹങ്കാരം അവര്‍ക്കുണ്ടായിരുന്നില്ല. സത്യത്തെ നിഷേധിക്കുന്നവര്‍ ആയിരുന്നില്ല അവര്‍. അവര്‍ അടിസ്ഥാനപരമായി യമനില്‍ നിന്നുള്ളവരാണ്. നബി ﷺ  ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ‘നിങ്ങളിലേക്ക് യമനില്‍ നിന്നുള്ള ആളുകള്‍ വന്നിരിക്കുന്നു. അവര്‍ ലോലമായ ഹൃദയത്തിന്റെയും മൃദുലമായ മനസ്സിന്റെയും ഉടമകളാണ്. ഈമാന്‍ യമനിന്റെതാണ്. അറിവ് യമനിന്റെതാണ്’ (ബുഖാരി 1388. മുസ്‌ലിം 52). 

120 വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിച്ചു. യുദ്ധങ്ങളുടെ തീയിലും കയ്പ്പുനീരിലുമാണ് അവര്‍ ജീവിച്ചിരുന്നത്. അങ്ങനെ അവര്‍ ഐക്യത്തെ ഇഷ്ടപ്പെട്ടു. യുദ്ധത്തില്‍ നിന്നുള്ള മോചനം അവര്‍ ആഗ്രഹിച്ചു. ഇസ്‌ലാമിലേക്കുള്ള അവരുടെ പ്രവേശനം വലിയ അനുഗ്രഹമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം. ക്വുറൈശികളും മറ്റു അറബി ഗോത്രങ്ങളും പ്രവാചകത്വത്തില്‍ നിന്നും പ്രവാചകന്മാരില്‍ നിന്നും ഒരുപാട് വിദൂരമായിരുന്നു. വിഗ്രഹാരാധനയിലും സകലമാന തിന്മകളിലും മുങ്ങിത്താഴ്ന്നവരുമായിരുന്നു അവര്‍. അതേ സ്ഥാനത്ത് ഔസും ഖസ്‌റജും ജൂതന്മാരില്‍ നിന്ന് നബിമാരെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. വരാനിരിക്കുന്ന ഒരു നബിയെക്കുറിച്ച് ജൂതന്മാര്‍ സംസാരിക്കുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 

”അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ക്വുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്) പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം” (അല്‍ബക്വറ 89). 

ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ നബി ﷺ  അവിടെയെത്തിയ മദീനക്കാരെ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അതോടുകൂടി അവരുടെ കണ്ണുകളിലെ എല്ലാ മൂടികളും നീങ്ങിപ്പോയി. ഈ ഒരു പ്രബോധനത്തെ ലക്ഷ്യംവെച്ചുകൊണ്ട് വന്നതുപോലെയായിരുന്നു അവര്‍. അതിനെല്ലാം ഉപരിയായി സത്യത്തെ സ്വീകരിക്കുവാനുള്ള അവരുടെ മനസ്സിനെ അല്ലാഹു അറിഞ്ഞു. അതോടെ അവരുടെ ഹൃദയങ്ങളെ അല്ലാഹു വിശാലമാക്കി. ഇസ്‌ലാമിനെ അവരുടെ ഹൃദയങ്ങളിലേക്ക് ഇട്ടുകൊടുത്തു. മറ്റുള്ള ആളുകളെക്കാള്‍ ധൃതിയില്‍ അവര്‍ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 18​

നബി ചരിത്രം – 18: പ്രബോധനവുമായി ഗോത്രങ്ങളിലേക്ക്

പ്രബോധനവുമായി ഗോത്രങ്ങളിലേക്ക്

ക്വുറൈശികളുടെ പീഡനങ്ങള്‍ മുഹമ്മദ് നബി ﷺ ക്ക് ശക്തമായപ്പോള്‍ അവിടുന്ന് ത്വാഇഫിലേക്ക് പുറപ്പെട്ടു. പക്ഷേ, അവിടെയും ഉദ്ദേശിച്ച ഗുണം കണ്ടില്ല. അവഗണനയും പരിഹാസവും സഹിച്ചുകൊണ്ട് വേദനിക്കുന്ന ഹൃദയവുമായി നബി ﷺ  തിരിച്ചുപോന്നു. കല്ലുകള്‍ കൊണ്ട് ഏറ് കിട്ടിയതിന്റെ ഭാഗമായി കാലുകള്‍ക്ക് മുറിവേറ്റു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു നല്‍കിയ ഒരു ആശ്വാസമായിരുന്നു ഇസ്‌റാഉം മിഅ്‌റാജും. ഇതിനുശേഷം നബി ﷺ  വ്യക്തികളെയും ഗോത്രങ്ങളെയും സന്ദര്‍ശിക്കുവാന്‍ തുടങ്ങി. മക്കയിലേക്ക് കടന്നുവരുന്ന ആളുകള്‍ക്കിടയില്‍ ഇസ്‌ലാമിക പ്രബോധനത്തിന് ഒരു പുതിയ വഴി കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. മാത്രവുമല്ല നിര്‍ഭയത്വത്തോടുകൂടി തന്റെ അനുയായികളോടൊപ്പം അല്ലാഹുവിനെ മാത്രം ആരാധിക്കുവാനുള്ള ഒരു സ്ഥലമായിരുന്നു അവിടുത്തെ ലക്ഷ്യം. ഹജ്ജിന്റെയും ഉംറയുടെയും സന്ദര്‍ഭങ്ങളിലും അറേബ്യയിലെ ചന്തകളിലും അറബികള്‍ ഒരുമിച്ചുകൂടുന്ന പ്രത്യേക സമയങ്ങളിലും അവരെ കണ്ടുമുട്ടുവാന്‍ നബി ﷺ  ശ്രമിച്ചു. തനിക്ക് സഹായവും സംരക്ഷണവും ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുവാന്‍ ഇത് അനിവാര്യവുമായിരുന്നു. 

ഈ നിലയ്ക്ക് വ്യക്തികളെയും ഗോത്രങ്ങളെയും സമീപിച്ചപ്പോള്‍ വ്യത്യസ്ത സമീപനങ്ങളാണ് അവരില്‍ നിന്നും ഉണ്ടായത്. ചിലര്‍ നബി ﷺ യെ അംഗീകരിച്ചു. മറ്റുചിലര്‍ നിഷേധിച്ചു. മറ്റു ചിലര്‍ ഒന്നും മിണ്ടിയില്ല. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ത്വാഇഫില്‍ നിന്നും മക്കയിലേക്ക് മടങ്ങിയ സന്ദര്‍ഭത്തില്‍ നബി ﷺ യുടെ നാട്ടുകാര്‍ അദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നു. ആ വര്‍ഷത്തെ ഹജ്ജിന്റെ സമയം അടുക്കുകയും ചെയ്തിരുന്നു. ഹജ്ജിനു വേണ്ടി വരുന്ന ഗോത്രങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ജനങ്ങളെ അവരുടെ വീടുകളിലും അവര്‍ കൂടുന്ന സ്ഥലങ്ങളിലും നബി ﷺ  സന്ദര്‍ശിച്ചു. അല്ലാഹുവിലേക്ക് അവരെ ക്ഷണിച്ചു. 

ജാബിര്‍(റ) പറയുന്നു: ”അറബികള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളായ ഉക്കാളയിലും മിജന്നയിലും ഹജ്ജ് സന്ദര്‍ഭത്തില്‍ മിനായിലും ജനങ്ങളുടെ പിറകെ ചെന്നു കൊണ്ട് പത്തുവര്‍ഷത്തോളം മുഹമ്മദ് നബി ﷺ  ഇപ്രകാരം ചോദിച്ചു: ”ആരുണ്ട് എനിക്ക് അഭയം നല്‍കാന്‍? ആരുണ്ട് എന്നെ സഹായിക്കാന്‍? അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ എന്റെ കൂടെ നില്‍ക്കാന്‍ ആരുണ്ട്? അവന് സ്വര്‍ഗം ഉണ്ട്.” യമനില്‍ നിന്നും മിസ്വ്‌റില്‍ നിന്നും വരുന്ന ആളുകളോടായിരുന്നു ഇപ്രകാരം നബി സംസാരിച്ചിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ക്വുറൈശികള്‍ നബി ﷺ യുടെ പിറകെ ചെന്നു കൊണ്ട് അവരോട് പറയും: ”ഈ ചെറുപ്പക്കാരനെ സൂക്ഷിക്കണം. അവന്‍ നിങ്ങളെ കുഴപ്പത്തില്‍ പെടുത്താതിരിക്കട്ടെ” (അഹ്മദ്).

‘അല്ലാഹുവിന്റെ വചനം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ നിന്നും ക്വുറൈശികള്‍ എന്നെ തടയുന്നു. അതുകൊണ്ട് ആരുണ്ട് എന്നെ സഹായിക്കാന്‍’ എന്ന് ചോദിച്ചുകൊണ്ട് നബി ﷺ  അവരുടെ പിറകെ കൂടിയിരുന്നു (അബൂദാവൂദ്: 4734). 

ഓരോ ഗോത്രത്തെയും കണ്ട് അവരോടെല്ലാം ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പിതൃവ്യന്‍ അബൂലഹബ് വന്നുകൊണ്ട് നബി ﷺ യെ വ്യാജമാക്കി സംസാരിക്കാറുണ്ടായിരുന്നു. നബിയില്‍ നിന്നും ജനങ്ങളെ അകറ്റാറുണ്ടായിരുന്നു. ‘ജനങ്ങളേ, നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയൂ, നിങ്ങള്‍ക്ക് വിജയിക്കാം’ എന്നായിരുന്നു ഓരോ ഗോത്രത്തോടും നബി ﷺ  പറഞ്ഞിരുന്നത്. അപ്പോള്‍ നബിയുടെ പിറകെ ക്വുറൈശികള്‍ വന്നുകൊണ്ട് ഇപ്രകാരം പറയും: ”അവന്‍ മതം മാറിയവനാണ്. അവന്‍ വ്യാജനാണ്.” അപ്പോള്‍ ആളുകള്‍ ചോദിച്ചു: ”ആരാണ് ഈ വ്യക്തി?” അവര്‍ പറഞ്ഞു: ”ഇതാണ് അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്.”  ഉടനെ അവര്‍ ചോദിച്ചു: ”ഈ മുഹമ്മദിനെ വ്യാജമാക്കി പിറകെ നടക്കുന്നത് ആരാണ്?” അപ്പോള്‍ ആളുകള്‍ പറഞ്ഞു: ”അത് അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂലഹബാണ്.” 

നബി ﷺ  ഇസ്‌ലാമിനെ പരിചയപ്പെടുത്തിയ പ്രധാന വ്യക്തികളുടെ പേരുകള്‍ നമുക്കൊന്ന് മനസ്സിലാക്കാം: 

1) സുവൈദ് ഇബ്‌നു സ്വാമിത്. തന്റെ ഗോത്രത്തിലെ മാന്യനായ വ്യക്തിയായിരുന്നു അദ്ദേഹം. നല്ല സമീപനം നബി ﷺ യോട് കാണിച്ചുവെങ്കിലും ഇസ്‌ലാം സ്വീകരിച്ചില്ല.

2) ളമാനുബ്‌നു സഅ്‌ലബതുല്‍ അസ്ദി. യമനില്‍ നിന്നും വന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. ജാഹിലിയ്യ കാലഘട്ടത്തില്‍ നബി ﷺ യുടെ കൂട്ടുകാരനായിരുന്നു. നബിയുടെ പ്രബോധനം കേട്ട ഉടനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു.

3) തുഫൈല്‍ ഇബ്‌നു അംറുദ്ദൗസി. യമനിലെ ദൗസ് ഗോത്രത്തിന്റെ നേതാവായിരുന്നു അദ്ദേഹം. നബി ﷺ  അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ക്വുര്‍ആന്‍ ഓതിക്കൊടുത്തു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പില്‍ക്കാലത്ത് ഇദ്ദേഹം ദൗസില്‍ നിന്നുള്ള എഴുപതോ എണ്‍പതോ കുടുംബങ്ങളില്‍നിന്നും ഇസ്‌ലാം സ്വീകരിച്ച ആളുകളുമായി മദീനയിലേക്ക് വരികയുണ്ടായി. നബി ﷺ  ഖൈബറില്‍ ആയിരിക്കെ അവരോടൊപ്പം ചേരുകയും ചെയ്തു.

4) ഇയാസ് ഇബ്‌നു മുആദ്. ബനൂ അബ്ദുല്‍ അശ്ഹല്‍ ഗോത്രത്തിലെ വ്യക്തിയായിരുന്നു ഇദ്ദേഹം. (ബുഖാരി 3777).

ഈ ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് പുറമെ പല പ്രധാന ഗോത്രങ്ങള്‍ക്ക് മുമ്പിലും നബി ﷺ  ഇസ്‌ലാമിനെ സമര്‍പ്പിച്ചു. അവയില്‍ ചിലതിന്റെ പേരുകള്‍ കാണുക: ബനൂആമിര്‍, ബനൂഫുസാറ, ബനൂമുര്‍റത്ത്, ബനൂഹനീഫ, ബനൂസുലൈം, ബനൂനസ്വ്ര്‍, ബനൂല്‍ഹാരിസ്, ബനൂഉദ്‌റ, ബനുമഹാറിബ് ബനൂഗസ്സാന്‍, ബനൂഹമദാന്‍, ബനൂസക്വീഫ്, ബനൂകല്‍ബ്, ബനൂഅബസ്, ബകര്‍ ഇബ്‌നു വാഇല്‍, ബനൂശയ്ബാന്‍. 

ഓരോ ഗോത്രക്കാരുടെയും നബി ﷺ യോടുള്ള സമീപനങ്ങള്‍ വ്യത്യസ്ത രീതികളില്‍ ആയിരുന്നു. ബനൂഹനീഫ ഗോത്രക്കാര്‍ വളരെ മോശമായി പെരുമാറി. ബനുശയ്ബാന്‍ ഗോത്രക്കാര്‍ മോശമല്ലാത്ത രീതിയിലും പെരുമാറി. 

”ആ ദാസന്‍മാരുടെ കാര്യം എത്ര പരിതാപകരം! ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹാസിക്കാതിരുന്നിട്ടില്ല. അവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവരുന്നില്ല എന്ന് അവര്‍ കണ്ടില്ലേ? തീര്‍ച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു” (യാസീന്‍: 30-32). 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മക്കയിലേക്ക് ഹജ്ജിനും ഉംറക്കും വരുന്ന ആളുകള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിനെ നബി ﷺ  സമര്‍പ്പിച്ചത് ഇസ്‌ലാമിക പ്രബോധനം ലൗകികമാണ് എന്നതിന് തെളിവായിരുന്നു. അല്ലാഹു പറയുന്നു: 

”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (അല്‍അമ്പിയാഅ്: 107). 

ജനങ്ങള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിനെ സമര്‍പ്പിക്കുമ്പോള്‍ പീഡനങ്ങള്‍ സ്വാഭാവികമാണ്. അത്‌കൊണ്ടു തന്നെ ഒരു പ്രബോധകന്‍ ക്ഷമ കൈക്കൊള്ളലും നിര്‍ബന്ധമാണ്. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം അവന്‍ ആഗ്രഹിക്കേണ്ടതും ഉണ്ട്. ഇങ്ങോട്ട് മോശമായി പെരുമാറിയ ആളുകളോട് അതേരൂപത്തില്‍ പ്രതികരിക്കരുത്. 

”പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു” (അല്‍ഫുര്‍ക്വാന്‍: 63).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 17

നബി ചരിത്രം – 17: ഇസ്‌റാഉം മിഅ്‌റാജും

ഇസ്‌റാഉം മിഅ്‌റാജും

മക്കയിലുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ശാമിലുള്ള മസ്ജിദുല്‍ അക്വ്‌സയിലേക്കുള്ള നബിﷺ യുടെ പ്രയാണമാണ് ഇസ്‌റാഅ്. ശാമിലെ മസ്ജിദുല്‍ അക്വ്‌സയില്‍ നിന്നും ഏഴ് ആകാശങ്ങള്‍ക്കപ്പുറമുള്ള സിദ്‌റത്തുല്‍ മുന്‍തഹ വരെയുള്ള നബിﷺ യുടെ യാത്രയാണ് മിഅ്‌റാജ്. നബിﷺ ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ ഒരു ആദരവായിരുന്നു ഇസ്‌റാഉം മിഅ്‌റാജും. നബിയുടെ പ്രവാചകത്വത്തിന്റെ ഏറ്റവും വലിയ അടയാളവും അല്ലാഹു നല്‍കിയ അനവധി അമാനുഷികതകളില്‍ ഏറ്റവും ഗാംഭീര്യം നിറഞ്ഞതുമായിരുന്നു മിഅ്‌റാജ്. മറ്റൊരു നബിക്കും നല്‍കപ്പെട്ടിട്ടില്ലാത്തതാണിത്. മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ഈ സംഭവങ്ങള്‍. നബിﷺ യുടെ ഉണര്‍വില്‍ തന്നെ ഒറ്റ രാത്രിയിലായിക്കൊണ്ടാണ് ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായത്. നബിﷺ യുടെ ശരീരം കൊണ്ടും ആത്മാവുകൊണ്ടും ആയിരുന്നു അത് സംഭവിച്ചത്. 

ത്വാഇഫില്‍ നിന്നും മടങ്ങിവന്ന പ്രയാസത്തിന്റെ കൈപ്പുനീരുകള്‍ അനുഭവിക്കുന്ന നബിക്ക് അല്ലാഹു നല്‍കിയ വലിയ ഒരു ആശ്വാസമായിരുന്നു ഇസ്‌റാഉം മിഅറാജും. ഇത് സംഭവിച്ചത് ഇന്ന മാസത്തിലാണ് എന്നും ഇന്ന ദിവസത്തിലാണ് എന്നും കൃത്യമായി പറയാന്‍ സാധിക്കുകയില്ല. വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും അഭിപ്രായങ്ങളും ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കുണ്ട്. നബിﷺ യുടെ ജീവിതം പരിശോധിച്ചാല്‍ അതില്‍ ഒട്ടനവധി പരീക്ഷണങ്ങളുടെ മേഖലകള്‍ നമുക്ക് കാണുവാന്‍ സാധിക്കും. വേദനാജനകമായ ചുറ്റുപാടുകളും സാഹചര്യങ്ങളും കടുപ്പമേറിയ അവസ്ഥകളുമെല്ലാം നബിക്ക് മിഅ്‌റാജിനു തൊട്ടുമുമ്പായി ഉണ്ടായിട്ടുണ്ട്.

തന്റെ സംരക്ഷകനായിരുന്ന അബൂത്വാലിബിന്റെ മരണവും തന്റെ വീട്ടിലെ ഐശ്വര്യവും സമാധാനവും ആയിരുന്ന ഖദീജയുടെ മരണവും ദീനിനെ സംരക്ഷിക്കുവാന്‍ വേണ്ടി തന്റെ അനുചരന്മാരുടെ അബിസീനിയയിലേക്കുള്ള യാത്രയും സമാധാനവും ആശ്വാസവും ലഭിക്കുമെന്ന പ്രതീക്ഷയോടുകൂടി അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടി ത്വാഇഫിലേക്ക് പോയി അവിടെ നിന്നും അനുഭവിച്ച പ്രയാസങ്ങളിലൂടെയുള്ള തിരിച്ചുവരവും താന്‍ കൊണ്ടുവന്ന ആദര്‍ശത്തെ മക്കയിലുള്ള ആളുകള്‍ അവഗണിച്ചതും തനിക്കെതിരെ എന്തും ചെയ്യാന്‍ അവര്‍ ധൈര്യം കാണിച്ചതും എല്ലാം നബിﷺ യുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കാര്യങ്ങളായിരുന്നു. തിരമാലകള്‍ പോലെ മേല്‍ക്കുമേല്‍ കടന്നുവന്ന ഇത്തരം പ്രയാസങ്ങളുടെ സന്ദര്‍ഭത്തില്‍ മിഅ്‌റാജ് എന്ന അതിമഹത്തായ മുഅ്ജിസത്തിത്തിലൂടെ അല്ലാഹു പ്രവാചകനെ ആദരിക്കുകയാണ് ചെയ്തത്. ആരൊക്കെ പ്രവാചകനെ അവഗണിച്ചാലും കുറ്റപ്പെടുത്തിയാലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്ലാഹു പ്രവാചകനെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും എന്നുള്ള ഒരു അറിയിപ്പ് കൂടിയായിരുന്നു മിഅ്‌റാജ്. 

”അവനാണ് സന്മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും” (അത്തൗബ: 33). 

ഇസ്‌റാഇനെയും മിഅ്‌റാജിനെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അല്ലാഹു നടത്തിയത് 2 സൂറത്തുകളിലാണ്. (അല്‍ഇസ്‌റാഅ്:1, അന്നജ്മ്: 13,18).

ഇസ്‌റാഇന്റെ രാത്രിയില്‍ ഇശാഇനു ശേഷം ജിബ്‌രീല്‍ നബിﷺ യുടെ അടുക്കലേക്ക് വന്നു. നബിﷺ യുടെ നെഞ്ച് പിളര്‍ത്തി സംസം വെള്ളം കൊണ്ട് വൃത്തിയാക്കി. ശേഷം ഈമാനും ഹിക്മത്തും അതില്‍ നിറച്ചു. ശേഷം പിളര്‍ക്കപ്പെട്ട നെഞ്ച് ചേര്‍ത്തുവച്ചു. ബനൂസഅദിന്റെ കൂടെ താമസിക്കുന്ന കാലഘട്ടത്തിലുണ്ടായ ഒന്നാമത്തെ നെഞ്ച് പിളര്‍ത്തലിനു ശേഷം നബിയുടെ ജീവിതത്തിലെ രണ്ടാമത്തെ നെഞ്ചുപിളര്‍ത്തിയ സംഭവമാണിത്. ശേഷം ജിബ്‌രീല്‍ ബുറാഖുമായി വന്നു. കഴുതയെക്കാള്‍ വലുപ്പമുള്ളതും കോവര്‍കഴുതയെക്കാള്‍ ചെറുതുമായ ഒരു മൃഗമാണ് ബുറാഖ്. അതിന്റെ നോട്ടം എവിടേക്കെത്തുന്നുവോ അവിടെയെല്ലാം അതിന്റെ കാല്‍പാദങ്ങളും എത്തും. നബിﷺ  അതില്‍ കയറി ബൈത്തുല്‍ മുക്വദ്ദസിലേക്ക് യാത്രയായി. ജിബ്‌രീലും കൂടെ ഉണ്ടായിരുന്നു. നബിമാര്‍ തങ്ങളുടെ മൃഗങ്ങളെ കെട്ടുന്ന ഭാഗത്ത് ബുറാഖിനെ ബന്ധിച്ചു. ശേഷം പള്ളിയില്‍ പ്രവേശിച്ചു. മറ്റുള്ള അമ്പിയാക്കളെ അല്ലാഹു അവിടെ ഒരുമിച്ച് കൂട്ടിയിരുന്നു. അവര്‍ക്ക് ഇമാമായി നിന്ന് രണ്ടു റക്അത്ത് നമസ്‌കരിച്ചു. മദ്യത്തിന്റെയും പാലിന്റെയും 2 പാത്രങ്ങളുമായി ജിബ്‌രീല്‍ വന്നു. നബിﷺ  പാല്‍ പാത്രം തിരഞ്ഞെടുത്തു. അതിനുശേഷം നബിക്കു മുമ്പില്‍ മിഅ്‌റാജ് കൊണ്ടുവരപ്പെട്ടു. ജിബ്‌രീലിനോടൊപ്പം അതില്‍ കയറി ആകാശ ലോകത്തേക്ക് യാത്രയായി. ഓരോ ആകാശത്തിലും എത്തുമ്പോള്‍ അവിടെയുള്ള കവാടങ്ങള്‍ തുറക്കാന്‍ കല്‍പിക്കപ്പെടുകയും ആകാശ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്തു. ഓരോ ആകാശങ്ങളിലും അമ്പിയാക്കളെ കണ്ടുമുട്ടി. ഏഴ് ആകാശങ്ങള്‍ക്ക് അപ്പുറമുള്ള ബൈത്തുല്‍ മഅ്മുറില്‍ എത്തിച്ചേര്‍ന്നു. അവിടെനിന്നും സിദ്‌റത്തുല്‍ മുന്‍തഹയിലേക്ക് ഉയര്‍ത്തപ്പെട്ടു. അവിടെ വെച്ചുകൊണ്ട് അഞ്ചുനേരത്തെ നമസ്‌കാരം ഈ ഉമ്മത്തിന് വേണ്ടി അല്ലാഹു നിര്‍ബന്ധമാക്കി നിശ്ചയിച്ചു കൊടുത്തു. നരകവും സ്വര്‍ഗവും കണ്ടു. അതിനുശേഷം ആകാശങ്ങളുടെ ഉന്നതികളില്‍ നിന്നും ബൈത്തുല്‍ മുക്വദ്ദസിലേക്ക് ജിബ്‌രീലിന്റെ കൂടെ യാത്രയായി. അവിടെനിന്നും ബുറാഖില്‍ കയറി മക്കയിലേക്ക് തിരിച്ചുപോന്നു. സുബ്ഹിയുടെ മുമ്പുതന്നെ മക്കയില്‍ എത്തിച്ചേരുകയും ചെയ്തു. ഇതാണ് ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും ചുരുക്കം. (ബുഖാരി: 3887. മുസ്‌ലിം: 264). 

മിഅ്‌റാജിന്റെ സന്ദര്‍ഭത്തില്‍ അല്ലാഹു ഈ ഉമ്മത്തിന് ആദ്യമായി നിര്‍ബന്ധമാക്കിയത് 50 നേരത്തെ നമസ്‌കാരമായിരുന്നു. എന്നാല്‍ മിഅ്‌റാജ് കഴിഞ്ഞ് തിരിച്ചുപോരുന്ന സന്ദര്‍ഭത്തില്‍ മുഹമ്മദ് നബിﷺ മൂസാ നബി(അ)യെ കണ്ടുമുട്ടി. മൂസാ നബി(അ) ചോദിച്ചു: ‘താങ്കളുടെ ഉമ്മത്തിന് എന്താണ് അല്ലാഹു നല്‍കിയിട്ടുള്ളത്?’ നബി പറഞ്ഞു: ‘ഓരോ ദിവസവും 50 സമയത്തെ നമസ്‌കാരങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.’ അപ്പോള്‍ മൂസാ നബി(അ) പറഞ്ഞു: ‘താങ്കളുടെ ഉമ്മത്തിന് 50 നേരത്തെ നമസ്‌കാരം എല്ലാദിവസവും സാധ്യമാവുകയില്ല. എന്റെ സമുദായത്തിന്റെ വിഷയത്തില്‍ ഞാന്‍ പരീക്ഷിച്ചതാണ്. ബനൂഇസ്‌റാഈല്യരില്‍ നിന്ന് വലിയ പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും ഈ വിഷയത്തില്‍ നിങ്ങളുട ഉമ്മത്തിന് ലഘൂകരണം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടുകയും വേണം.’ നബിﷺ  പറയുന്നു: ‘അങ്ങനെ ഞാന്‍ അല്ലാഹുവിങ്കലേക്ക് തിരിച്ചുചെന്നു. അല്ലാഹു എനിക്ക് 10 ഒഴിവാക്കി തന്നു. തിരിച്ചുപോരുന്ന സന്ദര്‍ഭത്തില്‍ മൂസാനബി വീണ്ടും എന്നോട് വിഷയങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഉണ്ടായ സംഭവങ്ങള്‍ അറിയിച്ചു. മൂസാനബി എന്നോട് പറഞ്ഞു: ‘നിങ്ങളുടെ സമുദായത്തിന് അതും സാധ്യമാവുകയില്ല. അതുകൊണ്ട് അല്ലാഹുവോട് ലഘൂകരണം ആവശ്യപ്പെടണം.’ ഈ നിലയ്ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള അല്ലാഹുവിന്റെ അടുക്കലേക്കുള്ള പോക്കും വരവും ഉണ്ടായപ്പോള്‍ അവസാനം അത് അഞ്ചായി നിര്‍ണയിച്ചു തന്നു. മൂസാ നബി(അ) മുഹമ്മദ് നബിﷺ യോട് പറഞ്ഞു: ‘താങ്കളുടെ ഉമ്മത്തിന് അഞ്ചുനേരത്തെ നമസ്‌കാരം സാധ്യമല്ല. അതുകൊണ്ട് ഇനിയും കുറച്ചുതരാന്‍ ആവശ്യപ്പെടണം. കാരണം എന്റെ സമുദായത്തെ ഞാന്‍ നന്നായി പരീക്ഷിച്ചതാണ്.’ അപ്പോള്‍ മുഹമ്മദ് നബി പറഞ്ഞു: ‘ഇനി എനിക്ക് ലജ്ജ തോന്നുകയാണ്. അതുകൊണ്ട് ഞാന്‍ ഇതില്‍ തൃപ്തിപ്പെടുകയും ഇത് അംഗീകരിക്കുകയും ചെയ്യുന്നു.’ നബിﷺ  പറയുകയാണ്: ‘ഞാന്‍ അവിടെ നിന്നും വിട്ടുകടന്നപ്പോള്‍ ഒരു വിളിയാളന്‍ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു: ‘ഞാന്‍ എന്റെ നിര്‍ബന്ധം നടപ്പിലാക്കിയിരിക്കുന്നു. അടിമകള്‍ക്ക് ഞാന്‍ ലഘൂകരണം നല്‍കിയിരിക്കുന്നു.’

നേരം പുലര്‍ന്നപ്പോള്‍ മുഹമ്മദ് നബിﷺ  മക്കക്കാരോട് തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചു. താന്‍ കണ്ട അത്ഭുതകരമായ കാര്യങ്ങള്‍ അവര്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. ഇതോടെ പ്രവാചകനെ വ്യാജമാക്കല്‍ ശക്തിപ്പെടുകയും അവരുടെ പരിഹാസങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. നബിﷺ  പറയുന്നു: ”ഇസ്‌റാഅ് ഉണ്ടായ ശേഷം ജനങ്ങള്‍ എന്നെ വ്യാജമാക്കുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഒരു ഭാഗത്ത് ദുഃഖിതനായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ ശത്രുവായ അബൂജഹ്ല്‍ അതിലൂടെ കടന്നുവന്നു. എന്നിട്ട് എന്റെ സമീപത്തിരുന്ന് ഒരു പരിഹാസ്യ ഭാഷയില്‍ ചോദിച്ചു: ‘എന്തെങ്കിലും സംഭവിച്ചോ?’ ഞാന്‍ പറഞ്ഞു: ‘അതെ, സംഭവിച്ചിട്ടുണ്ട്.’ ‘എന്താണുണ്ടായത്?’ ഞാന്‍ ഇസ്‌റാഇനെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അബൂജഹ്ല്‍ ചോദിച്ചു: ‘എങ്ങോട്ടാണ് ഉണ്ടായത്?’ ഞാന്‍ പറഞ്ഞു: ‘ബൈത്തുല്‍ മുക്വദ്ദസിലേക്ക്.’ അബൂജഹ്ല്‍ ചോദിച്ചു: ‘എന്നിട്ട് ഇത്രയും പെട്ടെന്ന് ഞങ്ങള്‍ക്കിടയിലേക്ക് നീ തിരിച്ചുവന്നുവോ?’ ഞാന്‍ പറഞ്ഞു: ‘അതെ.’ അബൂജഹ്ല്‍ ചോദിച്ചു: ‘നിന്റെ ഈ ജനതയെ നിന്റെ മുമ്പിലേക്ക് കൊണ്ടുവന്നാല്‍ എന്നോട് പറഞ്ഞ ഈ വിവരം നീ അവരോടും പറയുമോ?’ നബിﷺ  പറഞ്ഞു: ‘അതെ, പറയും.’ അബൂജഹ്ല്‍ കഅ്ബ് ഇബ്‌നു ലുഅയ്യ് ഗോത്രത്തെ അവിടേക്ക് വിളിച്ചുവരുത്തി. അബൂജഹ്ല്‍ പറഞ്ഞു: ‘എന്നോട് നീ പറഞ്ഞ കാര്യം ഈ ആളുകളോടും പറയൂ.’ അബൂജഹ്ല്‍ പറഞ്ഞത് പ്രകാരം നബിﷺ അവരോടു പറഞ്ഞു. അബൂജഹ്ല്‍ ചോദിച്ച ചോദ്യങ്ങള്‍ അവരും ചോദിച്ചു. മുഹമ്മദ് നബിﷺ  പറയുന്ന കാര്യങ്ങള്‍ കളവാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ചിലയാളുകള്‍ കയ്യടിച്ചു. ചിലയാളുകള്‍ തലക്ക് കൈവെച്ചു; എന്നിട്ട് ചോദിച്ചു: ‘മസ്ജിദുല്‍ അക്വ്‌സയെ കുറിച്ച് ഞങ്ങള്‍ക്ക് വര്‍ണിച്ചു തരാന്‍ സാധിക്കുമോ?’ (അവരുടെ കൂട്ടത്തില്‍ മസ്ജിദുല്‍ അക്വ്‌സയും ആ രാജ്യവും സന്ദര്‍ശിച്ചവര്‍ ഉണ്ടായിരുന്നു).മസ്ജിദുല്‍ അക്വ്്‌സയെക്കുറിച്ചും നബിﷺ  കണ്ട കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് മുമ്പില്‍ വര്‍ണിച്ചു കൊടുത്തു.'(അഹ്മദ്: 2819). 

മുഹമ്മദ് നബിﷺ യുടെ ഇസ്‌റാഇനെ കുറിച്ച് ജനങ്ങള്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചു. സംശയം പ്രകടിപ്പിച്ചിരുന്ന ചിലയാളുകള്‍ അബൂബക്ര്‍(റ)വിനോട് ചോദിച്ചു: ‘മുഹമ്മദ് ഇങ്ങനെയൊക്കെ പറയുന്നുണ്ട്. നീ അത് വിശ്വസിക്കുമോ? മുഹമ്മദ് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പോയി വന്നു എന്നാണ് പറയുന്നത്. നീ അത് അംഗീകരിക്കുമോ?’ അബൂബക്ര്‍(റ) ചോദിച്ചു: ‘മുഹമ്മദ് നബി അങ്ങനെ പറഞ്ഞിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘അതെ, മുഹമ്മദ് പറഞ്ഞിട്ടുണ്ട്.’ അബൂബക്ര്‍(റ) പറഞ്ഞു: ‘ഞാന്‍ അത് അംഗീകരിക്കുന്നു. ഞാന്‍ അത് വിശ്വസിക്കുന്നു.’ അപ്പോള്‍ അവര്‍ ചോദിച്ചു: ‘ഒറ്റ രാത്രി കൊണ്ട് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പോകുകയും നേരം പുലരുന്നതിനു മുമ്പ് തിരിച്ചു വരികയും ചെയ്തു എന്ന് പറയുകയും ചെയ്യുമ്പോള്‍ നീ അത് വിശ്വസിക്കുകയോ?’ അബൂബക്ര്‍(റ) പറഞ്ഞു: ‘അതെ, മുഹമ്മദ് നബി ഇതിനെക്കാള്‍ വിദൂരമായ കാര്യം പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. ആകാശത്തിലെ വര്‍ത്തമാനങ്ങള്‍ മുഹമ്മദ് നബി പറഞ്ഞാല്‍ ഞാനത് വിശ്വസിക്കുന്നുണ്ട്.’ അങ്ങനെയാണ് അബൂബക്‌റിന് സ്വിദ്ദീക്വ് എന്ന പേരു ലഭിച്ചത്’ (ഹാകിം: 3/62).

മിഅ്‌റാജ് വേളയില്‍ മുഹമ്മദ് നബിﷺ  തന്റെ ഹൃദയം കൊണ്ട് അല്ലാഹുവിനെ കണ്ടു. കണ്ണുകള്‍ കൊണ്ട് അല്ലാഹുവിനെ കണ്ടിട്ടില്ല. ഇഹലോകത്ത് വച്ചുകൊണ്ട് മനുഷ്യനേത്രങ്ങളാല്‍ അല്ലാഹുവിനെ കാണുക സാധ്യമല്ല. ഇത് ക്വുര്‍ആന്‍ പഠിപ്പിച്ച വസ്തുതയുമാണ്. മറയുടെ പിന്നില്‍ നിന്നല്ലാതെ അല്ലാഹു പ്രവാചകന്മാരോട് സംസാരിച്ചിട്ടില്ല. എന്നാല്‍ മുഹമ്മദ് നബി ജിബ്‌രീലിനെ തനതായ രൂപത്തില്‍ രണ്ട് തവണ കണ്ടിട്ടുണ്ട്. (ബുഖാരി: 4855. മുസ്‌ലിം: 177). 

അബൂദര്‍റ്(റ) നബിﷺ യോട് ചോദിച്ചു: ‘നിങ്ങള്‍ നിങ്ങളുടെ റബ്ബിനെ കണ്ടിട്ടുണ്ടോ?’ അപ്പോള്‍ മുഹമ്മദ് നബിﷺ  പറഞ്ഞു: ‘ഒരു പ്രകാശമാണ് ഞാന്‍ കണ്ടത്’ (മുസ്‌ലിം: 178).

ഇസ്‌റാഅ് കഴിഞ്ഞ് തിരിച്ചുവന്ന് ശേഷം പകലില്‍ ജിബ്‌രീല്‍ നബി(അ)യുടെ അടുക്കലേക്ക് വരികയും എന്നിട്ട് നമസ്‌കാര സമയങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. നബിﷺ  നമസ്‌കാരത്തിനു വേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടി. നബിﷺ യെയും കൊണ്ട് ജിബ്‌രീല്‍ നമസ്‌കരിച്ചു. നബിﷺ  ജനങ്ങളെ കൊണ്ടും നമസ്‌കരിച്ചു. ആ നമസ്‌കാരത്തിന് ‘ദുഹ്ര്‍’ എന്ന നാമം നല്‍കുകയും ചെയ്തു. 

ജാബിര്‍ ഇബ്‌നു അബ്ദുല്ല(റ) പറയുന്നു: ”സൂര്യന്‍ മധ്യത്തില്‍ നിന്നും തെറ്റിയശേഷം ജിബ്‌രീല്‍ നബിﷺ യുടെ അടുക്കലേക്ക് വന്നു. എന്നിട്ട് പറഞ്ഞു: ‘മുഹമ്മദ്! എഴുന്നേല്‍ക്കൂ, ദുഹ്ര്‍ നമസ്‌കരിക്കൂ.’ മുഹമ്മദ് നബിﷺ  എഴുന്നേല്‍ക്കുകയും സൂര്യന്‍ മധ്യത്തില്‍ നിന്നും തെറ്റിയതിന് ശേഷം നമസ്‌കരിക്കുകയും ചെയ്തു.’ ശേഷം ഒരു വ്യക്തിയുടെ നിഴല്‍ ആ വ്യക്തിയുടെ വലുപ്പത്തില്‍ ആയതിനു ശേഷം ജിബ്‌രീല്‍ വന്ന് കൊണ്ട് പറഞ്ഞു: ‘മുഹമ്മദ്! എഴുന്നേല്‍ക്കൂ. അസ്വ്ര്‍ നമസ്‌കരിക്കൂ.’ അങ്ങനെ അസ്വ്ര്‍ നമസ്‌കരിച്ചു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ ജിബ്‌രീല്‍ വന്നു പറഞ്ഞു: ‘മുഹമ്മദ്! എഴുന്നേല്‍ക്കൂ, മഗരിബ് നമസ്‌കരിക്കൂ.’ അസ്തമയ ശോഭ മറഞ്ഞു കഴിഞ്ഞപ്പോള്‍ ജിബ്‌രീല്‍ വന്നുകൊണ്ട് പറഞ്ഞു: ‘മുഹമ്മദ്! എഴുന്നേല്‍ക്കൂ, ഇശാഅ് നമസ്‌കരിക്കൂ.’ അങ്ങനെ മുഹമ്മദ് നബി എഴുന്നേല്‍ക്കുകയും ഇശാഅ് നമസ്‌കരിക്കുകയും ചെയ്തു. പ്രഭാതമായപ്പോള്‍ ജിബ്‌രീല്‍ വന്നുകൊണ്ട് പറഞ്ഞു:’മുഹമ്മദ്! എഴുന്നേല്‍ക്കൂ, ഫജ്ര്‍ നമസ്‌കരിക്കൂ.’ നബിﷺ  നമസ്‌കരിച്ചു. (നമസ്‌കാരത്തിന്റെ ആദ്യ സമയങ്ങളാണ് ഈ രൂപത്തില്‍ വന്നു കൊണ്ട് ജിബിരീല്‍ മുഹമ്മദ് നബിക്ക് പഠിപ്പിച്ചുകൊടുത്തത്. രണ്ടാമത്തെ ദിവസം വന്നുകൊണ്ട് നമസ്‌കാരത്തിന്റെ അവസാന സമയവും കാണിച്ചുകൊടുത്തു. അത് ഇപ്രകാരമായിരുന്നു:)

അടുത്ത ദിവസം ഒരു വ്യക്തിയുടെ നിഴല്‍ അതേ വലുപ്പത്തില്‍ ആയപ്പോള്‍ ജിബ്‌രീല്‍ വന്നു കൊണ്ട് പറഞ്ഞു: ‘മുഹമ്മദ്! എഴുന്നേല്‍ക്കൂ, നമസ്‌കരിക്കൂ.’ മുഹമ്മദ് നബിﷺ  എഴുന്നേല്‍ക്കുകയും നമസ്‌കരിക്കുകയും ചെയ്തു. അതിനുശേഷം ഒരു വ്യക്തിയുടെ നിഴല്‍ അയാളുടെ ഇരട്ടി വലുപ്പത്തില്‍ ആയപ്പോള്‍ ജിബ്‌രീല്‍ വന്നു കൊണ്ട് പറഞ്ഞു: ‘മുഹമ്മദ്! എഴുന്നേല്‍ക്കൂ, നമസ്‌കരിക്കൂ.’ നബിﷺ നമസ്‌കരിച്ചു. മഗ്‌രിബിന്റെ സമയമായപ്പോള്‍ തലേദിവസം വന്ന അതേ സമയത്ത് തന്നെ ജിബ്‌രീല്‍ വന്നുകൊണ്ട് പറഞ്ഞു: ‘മുഹമ്മദ്! എഴുന്നേല്‍ക്കൂ, നമസ്‌കരിക്കൂ.’ മുഹമ്മദ് നബിﷺ  നമസ്‌കരിച്ചു. രാത്രിയുടെ മൂന്നിലൊന്ന് കഴിയുന്ന സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍ വന്നുകൊണ്ട് പറഞ്ഞു: ‘മുഹമ്മദ്! എഴുന്നേല്‍ക്കൂ, ഇശാഅ് നമസ്‌കരിക്കൂ.’ അങ്ങനെ നബിﷺ  ഇശാഅ് നമസ്‌കരിച്ചു. പ്രഭാതം നന്നായി പൊട്ടിവിടര്‍ന്ന സമയത്ത് (സൂരേ്യാദയത്തിനു മുമ്പ്) ജിബ്‌രീല്‍ വന്നുകൊണ്ട് പറഞ്ഞു: ‘മുഹമ്മദ്! എഴുന്നേല്‍ക്കൂ, സുബ്ഹി നമസ്‌കരിക്കൂ.’ എന്നിട്ട് പറഞ്ഞു: ‘ഇതിന് രണ്ടിനും ഇടക്കാണ് ഓരോ നമസ്‌കാരത്തിന്റെയും സമയങ്ങള്‍.’ (അഹ്മദ് :1453).

 രണ്ടു ദിവസങ്ങളിലായി ജിബ്‌രീല്‍ മുഹമ്മദ് നബിﷺ യുടെ അടുക്കലേക്ക് വന്നുകൊണ്ട് നമസ്‌കാരത്തിന്റെ ആദ്യ സമയവും അതിന്റെ അവസാന സമയവും കാണിച്ചു കൊടുക്കുകയായിരുന്നു. ഇസ്‌റാഇന്റെ രാത്രിയില്‍ മുഹമ്മദ് നബിﷺ ക്കും ഈ സമുദായത്തിനും അല്ലാഹു നമസ്‌കാരം നിര്‍ബന്ധമാക്കിയപ്പോള്‍ ദുഹ്‌റും അസ്വ്‌റും രണ്ട് റക്അത്തുകള്‍ വീതം ആയിരുന്നു നമസ്‌കരിച്ചിരുന്നത്; മഗ്‌രിബ് മൂന്ന് റക്അത്തും. മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷമാണ് ചില നമസ്‌കാരങ്ങള്‍ 4 ആക്കി നിര്‍ബന്ധമാക്കുകയും യാത്രയുടെ നമസ്‌കാരം ആദ്യത്തേത് പോലെ രണ്ടില്‍ തന്നെ പരിമിതപ്പെടുത്തുകയും ചെയ്തത്. ഈ സംഭവം ആഇശ(റ) പറയുന്നു: ‘നമസ്‌കാരം നിര്‍ബന്ധമാക്കിയപ്പോള്‍ ഈരണ്ടു റക്അത്തുകളായിരുന്നു ആദ്യത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് യാത്രയുടെ നമസ്‌കാരം രണ്ടില്‍ തന്നെ ഒതുക്കുകയും മറ്റു നമസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു’ (ബുഖാരി: 350. മുസ്‌ലിം: 685). 

മക്കയില്‍ ആയിരുന്ന കാലഘട്ടത്തില്‍ ബൈത്തുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞുകൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. തന്റെയും ബൈത്തുല്‍ മുക്വദ്ദസിന്റെയും ഇടയിലായിരുന്നു ആ സന്ദര്‍ഭത്തില്‍ കഅ്ബ ഉണ്ടായിരുന്നത്. മദീനയിലേക്ക് ഹിജ്‌റ പോയതിനുശേഷം 16 മാസം കഴിഞ്ഞപ്പോള്‍ ക്വിബ്‌ല കഅ്ബയിലേക്ക് മാറ്റിയതായി ആയത്ത് ഇറങ്ങുകയും അതിനുശേഷം കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുകയും ചെയ്തു. 

”(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്…” (അല്‍ബക്വറ: 144). 

മിഅ്‌റാജിന്റെ ദിവസമോ മാസമോ കൃത്യമായി നിര്‍ണയിച്ചു പറയുക സാധ്യമല്ല. ആ രാത്രിക്ക് കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു രാത്രികളെക്കാള്‍ ഒരു പ്രത്യേകതയുമില്ല. കൂടുതല്‍ ആരാധനകള്‍ നിര്‍വഹിക്കാനായി ആ രാത്രിയെ അല്ലാഹു നിര്‍ണയിച്ചുതന്നിട്ടുമില്ല. ചിലയാളുകള്‍ പ്രത്യേകമായ ദിക്‌റുകളും നമസ്‌കാരങ്ങളും സ്വലാത്തുകളും ഉംറയും ആ ദിവസത്തില്‍ വര്‍ധിപ്പിക്കുന്നു എന്നതാണ് ഇത് പ്രത്യേകം പറയുവാനുള്ള കാരണം. ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും യാത്രയിലൂടെ ഒട്ടനവധി ദൃഷ്ടാന്തങ്ങളും ഒരുപാട് നിയമങ്ങളും അല്ലാഹു പഠിപ്പിക്കുകയാണ്. 

തന്റെ വലിയ്യുകളെ അല്ലാഹു സഹായിക്കുമെന്നും അവരെ ആദരിക്കുമെന്നുമുള്ള കാര്യം ഇവിടെ ബോധ്യപ്പെടുത്തുന്നു. ഇസ്‌ലാമില്‍ നമസ്‌കാരത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നുള്ള കാര്യവും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. ഇസ്‌ലാമിലെ എല്ലാ ആരാധനകളും ജിബ്‌രീല്‍ മുഖാന്തരമാണ് ഈ ഭൂമിയിലുള്ളവര്‍ക്ക് പഠിപ്പിച്ചുകൊടുത്തത്. എന്നാല്‍ നമസ്‌കാരത്തെക്കുറിച്ച് അത് നിര്‍ബന്ധമാണ് എന്ന നിലക്ക് സമൂഹത്തെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ മുഹമ്മദ് നബിﷺ യെ ഏഴ് ആകാശങ്ങക്കപ്പുറത്തേക്ക് കൊണ്ടുപോയി. ഇസ്‌ലാം സത്യമതമാണെന്നും മുഹമ്മദ് നബിﷺ  അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണെന്നുമുള്ള ഉത്തമ വിശ്വാസം ഇസ്‌റാഉം മിഅ്‌റാജും നല്‍കുന്നു. ഇസ്‌ലാം സ്വന്തം ബുദ്ധികൊണ്ട് മാത്രം തീരുമാനിക്കേണ്ട കാര്യമല്ല എന്നും ഇസ്‌ലാം എന്ന് പറഞ്ഞാല്‍ വഹ്‌യും പ്രമാണവും ആണെന്നും ഈ സംഭവങ്ങള്‍ മനുഷ്യരെ ബോധ്യപ്പെടുത്തുന്നു. ആരുടെയെങ്കിലും ഹൃദയത്തിന് പ്രകാശം നല്‍കിയിട്ടുണ്ടെങ്കില്‍ അവന്‍ തന്റെ ബുദ്ധിയെക്കാള്‍ വഹ്‌യിന് മുന്‍ഗണന നല്‍കുന്നതാണ്. ഈ പ്രകാശം ലഭിച്ചവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് അബൂബക്ര്‍ സ്വിദ്ധീക്വ്(റ). കാരണം നബിയുടെ ഇസ്‌റാഇനെയും മിഅ്‌റാജിനെയും കുറിച്ച് കേട്ടയുടന്‍ സംശയമേതുമില്ലാതെ അദ്ദേഹം വിശ്വസിച്ചു. ഇത് യഥാര്‍ഥ വിശ്വാസികളുടെ അടയാളം കൂടിയാണ്. 

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 16

നബി ചരിത്രം – 16: മുഹമ്മദ് നബി ﷺ  ത്വാഇഫിലേക്ക്

മുഹമ്മദ് നബി ﷺ  ത്വാഇഫിലേക്ക്

അബൂത്വാലിബിന്റെ മരണത്തോടുകൂടി മുഹമ്മദ് നബി ﷺ യെ സഹായിക്കുവാനും സംരക്ഷിക്കുവാനും ആളില്ലാതായി. ഇത് മുതലെടുത്തുകൊണ്ട് ക്വുറൈശികളായ മുശ്‌രിക്കുകള്‍ നബി ﷺ യെയും അനുചരന്മാരെയും പീഡിപ്പിക്കാനും പ്രയാസപ്പെടുത്തുവാനും തുടങ്ങി. പലപ്പോഴായി അബൂബക്കര്‍(റ) നബി ﷺ യോട് ചോദിച്ചിരുന്നു; ‘നമുക്ക് ഹിജ്‌റ പോയിക്കൂടേ’ എന്ന്. മുഹമ്മദ് നബി ﷺ  അബൂബക്കറി(റ)ന് പോകാനുള്ള അനുവാദം കൊടുത്തു. അങ്ങനെ അദ്ദേഹം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വഴിയില്‍വെച്ച് ഇബ്‌നു ദുഗന്ന എന്ന വ്യക്തി അദ്ദേഹത്തെ കാണുകയും തിരിച്ചുപോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ‘അങ്ങയെ പോലുള്ള ആളുകള്‍ ഇവിടെ നിന്ന് പുറത്ത് പോകാനും പുറത്താക്കപ്പെടാനും പാടില്ല’ എന്നായിരുന്നു അയാള്‍ പറഞ്ഞത്! ‘ഞാന്‍ നിനക്ക് അഭയം നല്‍കാം. അതുകൊണ്ട് മക്കയിലേക്ക് തിരിച്ചുപോകുകയും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്തുകൊള്ളുക’ എന്നും അയാള്‍ പറഞ്ഞു! 

അങ്ങനെ അബൂബക്കര്‍(റ) തന്റെ വീടിന്റെ മുമ്പില്‍ ചെറിയ ഒരു പള്ളി ഉണ്ടാക്കുകയും അവിടെ വെച്ചുകൊണ്ട് ഉച്ചത്തില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ക്വുറൈശികളായ മുശ്‌രിക്കുകള്‍ അബൂബക്കറിന് അഭയം നല്‍കിയ വ്യക്തിയെ കാണുകയും പരാതി പറയുകയും ചെയ്തു. അബൂബക്കര്‍(റ) അദ്ദേഹത്തിന്റെ സംരക്ഷണം ഒഴിവാക്കുകയും എനിക്ക് അല്ലാഹുവിന്റെ സംരക്ഷണം മതി എന്നു പറഞ്ഞുകൊണ്ട് അതില്‍ തൃപ്തിപ്പെടുകയും ചെയ്തു. പ്രയാസങ്ങളും പീഡനങ്ങളും ശക്തമായപ്പോള്‍ മുഹമ്മദ് നബി ﷺ  മക്കയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് ഹിജ്‌റ പോകുവാനുള്ള കാര്യത്തെക്കുറിച്ച് ചിന്തിച്ചു. അവിടെ എത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള ആളുകളെങ്കിലും തന്നെ സ്വീകരിക്കുകയും താന്‍ പറയുന്ന ആദര്‍ശങ്ങള്‍ അംഗീകരിക്കുകയും ചെയ്‌തെങ്കിലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. മാത്രമല്ല അല്ലാഹുവിന്റെ സന്ദേശം എത്തിച്ചു കൊടുക്കുന്ന കാര്യത്തില്‍ ഏതെങ്കിലും നിലക്കുള്ള സഹായികളെ അവിടെ നിന്ന് ലഭിച്ചേക്കും എന്നും നബി ﷺ  ആശിച്ചു. അങ്ങനെയാണ് നബി ﷺ  ത്വാഇഫിലേക്ക് പുറപ്പെടുന്നത്. 

മക്കയില്‍ നിന്ന് 80 കിലോമീറ്ററോളം അകലെയുള്ള സ്ഥലമാണ് ത്വാഇഫ്. നബി ﷺ  കാല്‍നടയായി ത്വാഇഫിലേക്ക് പുറപ്പെട്ടു. സൈദുബ്‌നു ഹാരിസയും കൂടെയുണ്ടായിരുന്നു. അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുക, അതോടൊപ്പം തനിക്ക് സംരക്ഷണവും ലഭിക്കുക എന്നുള്ളതായിരുന്നു ത്വാഇഫിലേക്കുള്ള യാത്രയുടെ ലക്ഷ്യം. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ശവ്വാല്‍ മാസത്തിലെ അവസാനത്തിലായിരുന്നു ഈ യാത്ര. നബി ﷺ  ത്വാഇഫില്‍ എത്തിയതിനുശേഷം അവിടെയുള്ള ചില നേതാക്കന്മാരെയും പ്രമാണികളെയും നേരില്‍ കണ്ടു.

അബ്ദുയാലീല്‍, മസ്ഊദ്, ഹബീബ്, അംറ് ഇബ്‌നു ഉമൈര്‍ ഇബ്‌നു ഔഫ് തുടങ്ങിയവരായിരുന്നു ആ പ്രമുഖര്‍. ക്വുറൈശി ഗോത്രത്തിലെ ബനൂ ജുമഹില്‍ നിന്ന് ഇവരില്‍ ചിലര്‍ വിവാഹവും കഴിച്ചിരുന്നു. നബി ﷺ  അവരോടൊപ്പം ഇരുന്നു. അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. ഞാന്‍ കൊണ്ടുവന്ന ആദര്‍ശത്തില്‍ നിങ്ങളെന്നെ സഹായിക്കണമെന്നും എന്റെ ജനതയില്‍നിന്ന് എനിക്ക് എതിരായി നിന്ന ആളുകള്‍ക്കെതിരെ നിങ്ങള്‍ എന്നോടൊപ്പം നില്‍ക്കണമെന്നും നബി ﷺ  അവരോട് ആവശ്യപ്പെട്ടു. ഇതു കേട്ടമാത്രയില്‍ അവരിലൊരാള്‍ പറഞ്ഞു: ”നിന്നെയാണോ അല്ലാഹു പ്രവാചകനായി അയച്ചത്?” മറ്റൊരു വ്യക്തി ചോദിച്ചു: ”നിന്നെയല്ലാതെ വേറെ ആരെയും അല്ലാഹു പ്രവാചകനാക്കാന്‍ കണ്ടില്ലേ?” മൂന്നാമതൊരാള്‍ പറഞ്ഞു: ”അല്ലാഹുവാണ് സത്യം, ഞാന്‍ നിന്നോട് ഒരിക്കലും സംസാരിക്കുകയില്ല. കാരണം നീ പറഞ്ഞതുപോലെ അല്ലാഹുവില്‍ നിന്നുള്ള ഒരു പ്രവാചകനാണ് നീ എങ്കില്‍ നീയാണ് ഏറ്റവും വലിയ അപകടം. അതിനാല്‍ ഒന്നും സംസാരിക്കാതിരിക്കലാണ് ഏറ്റവും നല്ലത്. ഇനി അതല്ല, നീ പറയുന്നത് കളവാണെങ്കില്‍ എനിക്ക് നിന്നോട് സംസാരിക്കേണ്ട ആവശ്യവുമില്ല.” 

മുഹമ്മദ് നബി ﷺ  അവിടെനിന്നും എഴുന്നേറ്റുപോയി. സഖീഫ് ഗോത്രത്തില്‍നിന്നും ഗുണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരാശ മാത്രം ബാക്കിയായി. നബി ﷺ  അവരോട് പറഞ്ഞു: ”നിങ്ങളുടെ സമീപനം ഇതാണ് എങ്കിലും എന്നെക്കുറിച്ച് നിങ്ങള്‍ ആരോടും പറയരുത്. എന്റെ കാര്യം നിങ്ങള്‍ മറച്ചുവെക്കണം.” 

മുഹമ്മദ് നബി ﷺ  താഇഫിലേക്ക് വന്ന വിവരം തന്റെ ജനത അറിയുന്നത് അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല. താഇഫിലെ ആളുകള്‍ മുഹമ്മദ് നബിക്കെതിരെ അന്നാട്ടിലെ വിവരമില്ലാത്ത ആളുകളെ തിരിച്ചുവിട്ടു. കുട്ടികളടക്കമുള്ളവര്‍ അസഭ്യങ്ങള്‍ പറഞ്ഞും ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കിയും നബിയുടെ പിറകെ കൂടി. ശബ്ദകോലാഹലങ്ങള്‍ കേട്ട് ജനങ്ങളെല്ലാം ഒരുമിച്ചുകൂടി. അവരെല്ലാവരും കൂടി മുഹമ്മദ് നബി ﷺ യെ ഒരു തോട്ടത്തിലേക്ക് ആക്കി. ഉതുബ, ശൈബ തുടങ്ങിയവരും അതിലുണ്ടായിരുന്നു. നബി ﷺ  അവരില്‍ നിന്നും മാറി ഒരു വലിയ മുന്തിരിവള്ളിയുടെ താഴേക്ക് നീങ്ങി. അവിടെ ഇരുന്നു. ഉത്ബയും ശൈബയും ത്വാഇഫുകാര്‍ ചെയ്യുന്ന കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. അല്‍പ സമയങ്ങള്‍ക്ക് ശേഷം നബി ﷺ ക്ക് ആശ്വാസം ലഭിച്ചപ്പോള്‍ തന്റെ റബ്ബിലേക്ക് തിരിഞ്ഞുകൊണ്ട് ഇപ്രകാരം പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, എന്റെ കഴിവില്ലായ്മ ഞാന്‍ നിന്നിലേക്ക് പരാതി പറയുകയാണ്. എനിക്ക് തന്ത്രങ്ങള്‍ കുറവാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ നിസ്സാരനാണ്. പരമകാരുണികനായ അല്ലാഹുവേ, നീ ദുര്‍ബലരുടെ റബ്ബാണ്. ആരിലേക്കാണ് നീ എന്നെ ഏല്‍പിക്കുന്നത്? എന്നെ അകറ്റിക്കളയുന്ന വിദൂരത്തുള്ളവരിലേക്കോ? എന്റെ കാര്യങ്ങള്‍ ഉടമപ്പെടുത്തുന്ന ശത്രുവിലേക്കോ? അല്ലാഹുവേ, നിനക്ക് എന്നോട് കോപം ഇല്ലെങ്കില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല. നീ നല്‍കുന്ന സൗഖ്യമാണ് എനിക്ക് ഏറ്റവും വിശാലമായിട്ടുള്ളത്. അല്ലാഹുവേ, നിന്റെ കോപം എന്നില്‍ ഇറങ്ങുന്നതിനെ തൊട്ട് നിന്റെ വദനത്തിന്റെ പ്രകാശം കൊണ്ട് ഞാന്‍ നിന്നോട് അഭയം തേടുന്നു. ആ പ്രകാശം കൊണ്ടാണ് ഇരുട്ടുകള്‍ പ്രകാശിക്കുന്നത്. ഇഹലോകത്തിന്റെയും പരലോകത്തും കാര്യങ്ങള്‍ നന്നായിത്തീരുന്നത്. നിന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവും ഇല്ല.”

മുഹമ്മദ് നബി ﷺ യുടെ പ്രയാസവും അവസ്ഥയും കണ്ടപ്പോള്‍ ഉത്ബ, ശൈബ എന്നിവര്‍ക്ക് അല്‍പം അലിവു തോന്നി. അവര്‍ തങ്ങളുടെ നസ്രാണി ഭൃത്യനായ അദ്ദാസിനെ നബിയുടെ അടുക്കലേക്കയച്ചു. അല്‍പം മുന്തിരിയും കൂടെ കൊടുത്തയച്ചു. അദ്ദാസ് അവര്‍ പറഞ്ഞതു പോലെ ചെയ്തു. നബിയുടെ മുമ്പില്‍ മുന്തിരി വെച്ച് കൊടുത്തപ്പോള്‍ നബി ﷺ  തന്റെ കൈ അതില്‍ വെച്ചുകൊണ്ട് പറഞ്ഞു: ‘ബിസ്മില്ലാഹ്.’ ശേഷം അത് ഭക്ഷിക്കുകയും ചെയ്തു. നബി ﷺ യുടെ മുഖത്തേക്ക് തന്നെ നോക്കി ക്കൊണ്ടിരിക്കുകയാണ് അദ്ദാസ്. ഈ നാട്ടുകാരാരും ഇങ്ങനെ ഒരു വചനം പറയാറില്ലല്ലോ എന്നാണദ്ദേഹം പറഞ്ഞത്. അപ്പോള്‍ നബി ﷺ  ചോദിച്ചു: ‘നീ ഏത് നാട്ടുകാരനാണ്?’ അദ്ദാസ് പറഞ്ഞു: ‘ഞാന്‍ നീനവ പ്രദേശത്തു കാരനാണ്.’ അപ്പോള്‍ നബി ﷺ  അദ്ദാസിനോടു പറഞ്ഞു: ‘യൂനുസ് ഇബ്‌നു മത്തായി എന്ന നല്ല വ്യക്തിയുടെ നാട്ടുകാരനാണോ നീ?’ അദ്ദാസ് ചോദിച്ചു: ‘യൂനുസ് ഇബ്‌നു മത്തായിയെ കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘അദ്ദേഹം എന്റെ സഹോദരനാണ്. അദ്ദേഹം ഒരു നബിയായിരുന്നു. ഞാനുമൊരു നബിയാണ്.’ ഇതുകേട്ട് അദ്ദാസ് മുഹമ്മദ് നബി ﷺ യുടെ കൈയും തലയും കാലും ചുംബിക്കാന്‍ തുടങ്ങി. ഇത് കണ്ട് ഉത്ബത്തും ശൈബത്തും പരസ്പരം പറഞ്ഞു: ‘നമ്മുടെ ഭൃത്യന്‍ നശിച്ചു എന്നാണ് തോന്നുന്നത്.’ അദ്ദാസ് തിരിച്ചു വന്നപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലയോ അദ്ദാസ്, നിനക്ക് നാശം! എന്തിനാണ് നീ ആ വ്യക്തിയുടെ കൈയും തലയും ചുംബിച്ചത്? അപ്പോള്‍ അദ്ദാസ് പറഞ്ഞു: ‘ഭൂമിയില്‍ അദ്ദേഹത്തോളം നല്ല മനുഷ്യന്‍ വേറെയില്ല. അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. നബിമാര്‍ക്കല്ലാതെ മറ്റാര്‍ക്കും അതറിയില്ല.’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘നിനക്ക് നാശം! നിന്റെ മതത്തില്‍ നിന്നും അവന്‍ നിന്നെ തെറ്റിച്ചു കളയാതിരിക്കട്ടെ. നിന്റെ മതം അവന്റെ മതത്തെക്കാള്‍ നല്ല മതമാണ്.’ 

മുഹമ്മദ് നബി ﷺ  ദുഃഖിതനായിക്കൊണ്ട് ത്വാഇഫില്‍ നിന്നും മടങ്ങി. മിനായുടെ സമീപത്തുള്ള മലമ്പ്രദേശമായ ക്വറ്‌നുസ്സആലിബ് എന്ന സ്ഥലത്ത് വെച്ചാണ് ശരിയാംവണ്ണം നബിക്ക് ബോധം തെളിഞ്ഞത്. ത്വാഇഫില്‍ ഉണ്ടായ ഈ അനുഭവത്തെ സംബന്ധിച്ചാണ് നബി ﷺ  ആഇശ(റ)യോട് തനിക്ക് ഉഹ്ദില്‍ ഉണ്ടായതിനെക്കാള്‍ പ്രയാസകരമായ ഘട്ടം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നു പറഞ്ഞത്. 

ഇവിടേക്കാണ് അല്ലാഹു നിയോഗിച്ച മലകളുടെ മലക്ക് കടന്നുവന്നതും ‘പ്രവാചകരേ, താങ്കള്‍ കല്‍പിക്കുന്ന പക്ഷം ഈ മലകളെ അവര്‍ക്കു മുകളില്‍ മറിച്ചിട്ടുകൊണ്ട് അവരെയെല്ലാം നശിപ്പിക്കാം’ എന്നും പറഞ്ഞത്. പക്ഷേ, നബി ﷺ  അതിനു സമ്മതിച്ചില്ല. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാത്ത ഒരു വിഭാഗം ആളുകള്‍ ഇവരുടെ തലമുറയില്‍ നിന്നെങ്കിലും വളര്‍ന്നു വരുമല്ലോ എന്ന പ്രത്യാശയായിരുന്നു നബിക്കുണ്ടായിരുന്നത്. (ബുഖാരി: 3231. മുസ്‌ലിം: 1795).

ആ രാത്രിയില്‍ നബി ﷺ  നമസ്‌കരിക്കാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ ജിന്നുകളില്‍ പെട്ട ഒരു വിഭാഗത്തെ അല്ലാഹു അങ്ങോട്ടയച്ചു. മുഹമ്മദ് നബി ﷺ യുടെ 

ക്വുര്‍ആന്‍ പാരായണം അവര്‍ കേട്ടു. നബിയാകട്ടെ അവരെക്കുറിച്ച് ഒന്നും അറിഞ്ഞതുമില്ല. അങ്ങനെയാണ് അല്ലാഹു ഈ വചനം അവതരിപ്പിച്ചു കൊടുക്കുന്നത്:

”ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും   അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു” (അല്‍അഹ്ക്വാഫ്: 29-32). 

മുഹമ്മദ് നബി ﷺ  മക്കയിലേക്ക് മടങ്ങി. ക്വുറൈശികള്‍ നബിക്കെതിരെ ആദ്യം ഉള്ളതിനെക്കാള്‍ കൂടുതല്‍ ശത്രുതയിലും അകല്‍ച്ചയിലും ആയിരുന്നു. മക്കയിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ സൈദുബ്‌നു ഹാരിസ പറഞ്ഞു: ‘പ്രവാചകരേ, നിങ്ങളെങ്ങനെ അങ്ങോട്ട് പ്രവേശിക്കും? താങ്കളെ അവിടെ നിന്നും പുറത്താക്കിയതല്ലേ?’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘അല്ലാഹു ഒരു മാര്‍ഗം കാണിക്കുക തന്നെ ചെയ്യും. അവന്‍ എന്നെ സഹായിക്കുക തന്നെ ചെയ്യും. തന്റെ പ്രവാചകനെ അവന്‍ ബലപ്പെടുത്തുക തന്നെ ചെയ്യും.’ 

മുഹമ്മദ് നബി ﷺ  ഹിറാഗുഹയുള്ള പര്‍വതത്തിലേക്ക് പോകുകയാണ്. അപ്പോള്‍ ഖുസാഅ ഗോത്രത്തില്‍ നിന്നുള്ള അബ്ദുല്ലാഹിബ്‌നു ഉറൈക്വിത് എന്ന വ്യക്തിയെ അഖ്‌നസ് ഇബ്‌നു ശുറൈഖിലേക്ക് അയച്ചു. മുഹമ്മദ് നബി ﷺ ക്ക് അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അയച്ചത്. പക്ഷേ, അയാള്‍ അത് വിസമ്മതിച്ചു. അഭയം നല്‍കാന്‍ തയ്യാറായില്ല. ശേഷം സുഹൈല്‍ ഇബ്‌നു അംറിലേക്കും അഭയം ചോദിച്ചുകൊണ്ട് ആളെ അയച്ചു. പക്ഷേ, അയാളും വിസമ്മതിച്ചു. അതിനുശേഷം മുത്ഇമുബ്‌നു അദ്യ്യിലേക്ക് അഭയം ചോദിച്ചു കൊണ്ട് ആളെ അയച്ചു. മുത്ഇം പറഞ്ഞു: ‘ഞാന്‍ അഭയം നല്‍കാം.’ അബ്ദുല്ലാഹിബ്‌നു ഉറൈക്വിതിനോട് ഈ വിവരം നബിയെ അറിയിക്കുവാനും പറഞ്ഞു. മുത്ഇം പ്രവാചകന്റെ അടുക്കലേക്ക് മടങ്ങിച്ചെന്നു. അന്ന് രാത്രി പ്രവാചകന്റെ കൂടെ കഴിച്ചു കൂട്ടി. നേരം പുലര്‍ന്നപ്പോള്‍ മുത്ഇം തന്റെ ആയുധം ധരിച്ചു. തന്റെ കൂടെ ആറോ ഏഴോ മക്കളെയും കൂട്ടി. അവര്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചു. നബി ﷺ യോട് പറഞ്ഞു: ‘നിങ്ങള്‍ ത്വവാഫ് ചെയ്തുകൊള്ളുക.’ മക്കളോട് കഅ്ബയുടെ ഓരോ മൂലകളില്‍ പ്രവാചകനെ സംരക്ഷിക്കുവാന്‍ വേണ്ടി നില്‍ക്കുവാനും പറഞ്ഞു. അബൂസുഫ്‌യാന്‍ മുത്ഇമിന്റെ അടുത്ത് വന്നുകൊണ്ട് ചോദിച്ചു: ‘അല്ല, നീ മുഹമ്മദിന് അഭയം നല്‍കിയിരിക്കുകയാണോ? അതോ മുഹമ്മദിന്റെ കൂടെ കൂടിയിരിക്കുകയാണോ?’ മുത്ഇം പറഞ്ഞു: ‘ഇല്ല, ഞാന്‍ മുഹമ്മദിന് അഭയം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്.’ അപ്പോള്‍ അബൂസുഫ്‌യാന്‍ പറഞ്ഞു: ‘എങ്കില്‍ ഞങ്ങള്‍ താങ്കളെ ആക്ഷേപിക്കുന്നില്ല. താങ്കള്‍ അഭയം കൊടുത്ത വ്യക്തിക്ക് ഞങ്ങളും അഭയം കൊടുത്തിരിക്കുന്നു.’ ഈ ഒരു സഹായം മുഹമ്മദ് നബി ﷺ  ഒരിക്കലും മറന്നില്ല. ബദ്ര്‍ യുദ്ധവേളയില്‍ ബന്ധികള്‍ പിടിക്കപ്പെട്ടപ്പോള്‍ നബി ﷺ  പറഞ്ഞു: ‘ബന്ധികളുടെ കൂട്ടത്തില്‍ മുത്ഇം ഉണ്ടെങ്കില്‍ ആര്‍ക്കുവേണ്ടിയാണോ സംസാരിക്കുന്നത് അയാളെ ഞാന്‍ വെറുത വിടും.’ (ബുഖാരി: 1139).

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന ഒരു വ്യക്തിയുടെ ലക്ഷ്യം ജനങ്ങളുടെ സന്മാര്‍ഗം മാത്രമായിരിക്കും. അവര്‍ക്ക് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കല്‍ മാത്രമായിരിക്കും. ലോകത്തിന് മുഴുവന്‍ കാരുണ്യമായിക്കൊണ്ടാണ് അല്ലാഹു മുഹമ്മദ് നബ(സ്വ)ിയെ നിയോഗിച്ചിട്ടുള്ളത്. അത് എല്ലാ കാലത്തേക്കും എല്ലാ രാജ്യത്തിലേക്കും ഉള്ളതാണ്. ഒരു നാട്ടുകാര്‍ ആ പ്രവാചകനില്‍ വിശ്വസിച്ചില്ലെങ്കില്‍ മറ്റൊരു നാട്ടുകാരിലേക്ക് അദ്ദേഹം പോകും. ഒരു വ്യക്തി ഇസ്‌ലാമിനെ വിസമ്മതിച്ചാല്‍ മറ്റൊരു വ്യക്തിയിലേക്ക് ആ പ്രവാചകന്‍ പോകും. വലിയവര്‍ സ്വീകരിച്ചില്ലെങ്കില്‍ ചെറിയവരിലേക്ക് ആ പ്രവാചകന്‍ പോകും.

”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (അല്‍അമ്പിയാഅ് 107).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 15

നബി ചരിത്രം – 15: ദുഃഖത്തിന്റെ വര്‍ഷം

ദുഃഖത്തിന്റെ വര്‍ഷം

അബൂത്വാലിബിന്റെ രോഗം ശക്തമായി. മലയിടുക്കില്‍ നിന്നും തിരിച്ചുവന്ന ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം അവസാനത്തിലായിരുന്നു ഇത്; ഹിജ്‌റയുടെ ഏതാണ്ട് 3 വര്‍ഷം മുമ്പ്. മരിക്കുമ്പോള്‍ 87 വയസ്സ് പ്രായമായിരുന്നു. മുഹമ്മദ് നബി ﷺ യെ ദ്രോഹിക്കുന്നവരില്‍ നിന്നെല്ലാം അദ്ദേഹത്തെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. 40 വര്‍ഷത്തില്‍ കൂടുതല്‍ അദ്ദേഹത്തിന്റെ സഹായം മുഹമ്മദ് നബി ﷺ ക്ക് ലഭിച്ചിട്ടുണ്ട്. എങ്കിലും അബൂതാലിബ് തന്റെ ജനതയുടെ മതത്തില്‍ തന്നെയായിരുന്നു. ഈ അവസ്ഥയിലാണ് അബൂത്വാലിബ് മരണപ്പെടുന്നതും. 

സഈദുബ്‌നുല്‍ മുസയ്യബ്(റ) തന്റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു; അദ്ദേഹം പറയുകയാണ്: ”അബൂത്വാലിബിന്റെ മരണ സമയമായപ്പോള്‍ മുഹമ്മദ് നബി ﷺ അവിടെ ചെന്നു. അബൂജഹല്‍, അബ്ദുല്ലാഹിബ്‌നു അബീഉമയ്യത് തുടങ്ങിയവര്‍ അവിടെ ഉണ്ടായിരുന്നു. മുഹമ്മദ്‌നബി ﷺ അബൂത്വാലിബിനോട് പറഞ്ഞു: ‘അല്ലയോ പിതൃവ്യാ, നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയൂ. അല്ലാഹുവിന്റെ മുമ്പില്‍ അങ്ങേക്കുവേണ്ടി ഞാന്‍ സാക്ഷി പറയാന്‍ പറ്റുന്ന ഒരു വചനം.’ അപ്പോള്‍ അബൂജഹലും അബ്ദുല്ലാഹിബ്‌നു അബീ ഉമയ്യതും ചോദിച്ചു: ‘അല്ല, അബൂത്വാലിബ്! താങ്കള്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മതം കൈവിടുകയോ?’ മുഹമ്മദ് നബി ﷺ അബൂത്വാലിബിന്റെ മുമ്പില്‍ കലിമത്ത് പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ, അവസാനം അബൂത്വാലിബ് അബ്ദുല്‍ മുത്ത്വലിബിന്റെ മില്ലത്തില്‍ എന്നു പറഞ്ഞു കൊണ്ടാണ് മരണപ്പെട്ടത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയാന്‍ അബൂത്വാലിബ് വിസമ്മതിച്ചു. ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബി ﷺ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം; എന്നോട് വിലക്കപ്പെടാത്തിടത്തോളം കാലം അങ്ങേക്കുവേണ്ടി ഞാന്‍ പാപമോചന പ്രാര്‍ഥന നടത്തുക തന്നെ ചെയ്യും.’ അപ്പോള്‍ അല്ലാഹു തആല ഈ വചനം ഇറക്കി: ”ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്‌നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ -അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും- പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല”(തൗബ: 113). അബൂത്വാലിബിന്റെ ഈമാന്‍ ഇല്ലാത്ത മരണത്തില്‍ മുഹമ്മദ് നബി ﷺ ക്ക് ഏറെ വിഷമം തോന്നി. അപ്പോള്‍ അല്ലാഹു ഈ വചനം അവതരിപ്പിച്ചു കൊടുത്തു: ”തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു” (ക്വസ്വസ്വ്: 56)(ബുഖാരി: 3884. മുസ്‌ലിം: 24).

അബൂഹുറയ്‌റ(റ) പറയുന്നു: ”മുഹമ്മദ് നബി ﷺ തന്റെ പിതൃവ്യനോട് പറഞ്ഞു: ‘നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയൂ. ഈ വചനം കൊണ്ട് അന്ത്യദിനത്തില്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ സാക്ഷി പറയാം.’ അപ്പോള്‍ അബൂത്വാലിബ് പറഞ്ഞു: ‘ക്വുറൈശികള്‍ എന്നെ ആക്ഷേപിച്ചു പറയുമായിരുന്നില്ലെങ്കില്‍ നിന്റെ കണ്ണിന് ഞാന്‍ കുളിര്‍മ നല്‍കുമായിരുന്നു. അതായത് അബൂത്വാലിബിന് ഭയം തോന്നി എന്ന് അവര്‍ എന്നെക്കുറിച്ച് പറയും.’ അപ്പോഴാണ് അല്ലാഹു മുകളില്‍ സൂചിപ്പിച്ച ആയത്ത് അവതരിപ്പിച്ചത് (മുസ്‌ലിം: 25).

അബൂത്വാലിബ് മുഹമ്മദ് നബി ﷺ യെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. അബൂത്വാലിബ് മുസ്‌ലിമാകണമെന്നും മുഹമ്മദ് നബി ﷺ ആഗ്രഹിച്ചിരുന്നു. പക്ഷേ, അബൂത്വാലിബിന്റെ മനസ്സില്‍ മുഹമ്മദ് നബിയോടാണ് സ്‌നേഹം ഉണ്ടായിരുന്നത്; മുഹമ്മദ് നബിയുടെ മതത്തോടായിരുന്നില്ല. ഏതായാലും അബൂത്വാലിബ് അവിശ്വാസിയായി മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ അലി(റ)യാണ് അദ്ദേഹത്തെ മറമാടിയത്. അബൂത്വാലിബിന്റെ പര്യവസാനം നരകമാണ്. പക്ഷേ, നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷയാണ് അബൂത്വാലിബിന് ഉള്ളത്. അതും മുഹമ്മദ് നബി ﷺ യുടെ ശുപാര്‍ശയുടെ ഭാഗമായിക്കൊണ്ടാണ് ലഭിക്കുക. അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്(റ) പറയുന്നു: അദ്ദേഹം മുഹമ്മദ് നബി ﷺ യോട് ചോദിച്ചു: ‘നിങ്ങളുടെ പിതൃവ്യന് നിങ്ങളെക്കൊണ്ട് വല്ല ഉപകാരവും ലഭിക്കുമോ? അങ്ങേക്കുവേണ്ടി കോപിക്കുകയും അങ്ങയെ സംരക്ഷിക്കുകയും ചെയ്തിരുന്നല്ലോ.’ അപ്പോള്‍ മുഹമ്മദ് നബി ﷺ പറഞ്ഞു: ‘അബൂതാലിബ് നരകത്തിന്റെ മുകള്‍തട്ടില്‍ ആയിരിക്കും. ഞാനില്ലായിരുന്നെങ്കില്‍ അബൂത്വാലിബ് നരകത്തിന്റെ ഏറ്റവും അടിയിലെ തട്ടില്‍ ആകുമായിരുന്നു’ (ബുഖാരി:1883, മുസ്‌ലിം: 209). ‘ഞാനില്ലായിരുന്നെങ്കില്‍’ എന്ന മുഹമ്മദ് നബി ﷺ യുടെ വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബിയുടെ ശുപാര്‍ശ ഇല്ലായിരുന്നെങ്കില്‍ എന്ന ആശയമാണ്. മറ്റൊരു ഹദീഥില്‍ ഇത് വ്യക്തമായി കാണുവാന്‍ സാധിക്കും. മുഹമ്മദ് നബി ﷺ യുടെ മുമ്പില്‍ തന്റെ പിതൃവ്യനെക്കുറിച്ച് പറയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അന്ത്യ ദിനത്തില്‍ എന്റെ ശുപാര്‍ശ അബൂത്വാലിബിന് ഫലം ചെയ്‌തേക്കാം. അങ്ങനെ നരകത്തിന്റെ മുകള്‍ ഭാഗത്ത് അബൂത്വാലിബിനെ ആക്കിയേക്കാം. അബൂത്വാലിബിന്റെ കാലുകളില്‍ പതിക്കുന്ന തീജ്വാല പോലും തലച്ചോറിനെ തിളച്ചു മറിക്കുന്നതായിരിക്കും.’ (ബുഖാരി: 1885. മുസ്‌ലിം: 210).

ഇബ്‌നുഅബ്ബാസി(റ)ന്റെ മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: നബി ﷺ പറയുന്നു: ‘നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന ആളാണ് അബൂത്വാലിബ്. രണ്ടു ചെരിപ്പുകള്‍ അബൂത്വാലിബിന് ധരിക്കുവാന്‍ നല്‍കും. അത് ധരിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ തലച്ചോര്‍ തിളച്ചു മറിയും’ (മുസ്‌ലിം: 212).

ഖദീജ(റ)യുടെ മരണം

ഖുവൈലിദിന്റെ മകള്‍ ഖദീജ(റ) നബി ﷺ യുടെ ഭാര്യയായിരുന്നു. അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് നല്‍കിയ വലിയ അനുഗ്രഹമായിരുന്നു ആ ഭാര്യ. അവര്‍ നബി ﷺ യില്‍ വിശ്വസിച്ചു. പ്രയാസപ്പെട്ട സന്ദര്‍ഭങ്ങളില്‍ ശക്തിനല്‍കി. തന്റെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിച്ചു. സമ്പത്ത്‌കൊണ്ടും ശരീരംകൊണ്ടും നബി ﷺ ക്ക് ആശ്വാസം നല്‍കി. അബൂത്വാലിബിന്റെ മരണം കഴിഞ്ഞ് അല്‍പ ദിവസങ്ങള്‍ക്ക് ശേഷം ഖദീജ(റ)യും ഈ ലോകത്തോട് യാത്ര പറഞ്ഞു. ഇതോടെ നബി ﷺ ക്ക് രണ്ട് പ്രയാസങ്ങളാണ് ഒന്നിച്ചു വന്നത്. (ഒന്ന്) പുറമെനിന്ന് തന്റെ സഹായിയായി വര്‍ത്തിച്ച പിതൃവ്യന്റെ മരണം. (രണ്ട്) അകത്തു നിന്ന് തനിക്ക് താങ്ങും തണലുമായി നിന്ന ഭാര്യയുടെ മരണം. 

അതോടെ നബി ﷺ തന്റെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടാന്‍ തുടങ്ങി. വളരെ വിരളമായി മാത്രമെ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. ഖദീജയുടെ വേര്‍പാടില്‍ നബി ﷺ ഏറെ ദുഃഖിച്ചു. ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പായിരുന്നു ഖദീജയുടെ മരണം. അതായത് പ്രവാചകത്വത്തിന്റെ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം. ഇസ്‌റാഉം മിഅ്‌റാജും ഉണ്ടാവുകയും അതിലൂടെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെടുകയും ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്. ഹുജൂന്‍ എന്ന സ്ഥലത്തുള്ള മക്കക്കാരുടെ ക്വബ്ര്‍സ്ഥാനില്‍ അവരെ മറവുചെയ്തു. നബി ﷺ തന്നെയാണ് ക്വബ്‌റില്‍ ഇറങ്ങി അവരെ വെച്ചത്. അന്ന് മയ്യിത്ത് നമസ്‌കാരം മതനിയമമാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. നബി ﷺ യുടെ കൂടെ 25 വര്‍ഷമാണ് അവര്‍ താമസിച്ചത്. ഖദീജ(റ) മരിക്കുമ്പോള്‍ അവര്‍ക്ക് 65 വയസ്സ് പ്രായമായിരുന്നു. നബി ﷺ ക്കാകട്ടെ 50 വയസ്സും. 

അബൂഹുറയ്‌റ(റ) പറയുന്നു: ജിബ്‌രീല്‍ നബി ﷺ യുടെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: ‘പ്രവാചകരേ, ഒരു പാത്രവുമായി നിങ്ങളുടെ അടുത്തേക്ക് ഖദീജ വരികയാണ്. അതില്‍ ഭക്ഷണവും കറിയും ഉണ്ട്. അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും എന്റെ ഭാഗത്തുനിന്നുമുള്ള സലാം പറയുക. സ്വര്‍ഗത്തില്‍ ഒരു വീടുണ്ട് എന്നുള്ള സന്തോഷവാര്‍ത്തയും അറിയിക്കുക. അതില്‍ ക്ഷീണവും പ്രയാസങ്ങളും ഇല്ല’ (ബുഖാരി: 3820. മുസ്‌ലിം: 2432). 

അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു; നബി ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘സ്ത്രീകളില്‍ ഏറ്റവും നല്ലവര്‍ മറിയം ബിന്‍തു ഇമ്രാന്‍ ആണ്. സ്ത്രീകളില്‍ ഏറ്റവും നല്ലവര്‍ ഖദീജ ബിന്‍ത് ഖുവൈലിദ് ആണ്'(ബുഖാരി:3815, മുസ്‌ലിം: 2430). 

ആഇശ(റ) പറയുന്നു:”ഖദീജയുടെ കാര്യത്തില്‍ ഈര്‍ഷ്യത ഉള്ളതുപോലെ പ്രവാചകന്റെ ഒരു ഭാര്യമാരുടെ വിഷയത്തിലും ഞാന്‍ ഈര്‍ഷ്യത കാണിച്ചിട്ടില്ല. ഞാനാകട്ടെ അവരെ കണ്ടിട്ടുമില്ല. പക്ഷേ, അവരെക്കുറിച്ച് ധാരാളമായി നബി(റ) പറയാറുണ്ടായിരുന്നു. ചിലപ്പോള്‍ നബി ﷺ ആടിനെ അറുക്കുകയും അതിനെ കഷ്ണം കഷ്ണമാക്കി ഖദീജയുടെ സുഹൃത്തുക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍ ഞാന്‍ നബി ﷺ യോട് പറഞ്ഞിട്ടുണ്ട്: ‘ഖദീജ അല്ലാതെ മറ്റൊരു സ്ത്രീകളും ലോകത്തില്ലാത്ത പോലെയുണ്ട് നിങ്ങള്‍ കാണിക്കുന്നത് കണ്ടാല്‍.’ അപ്പോള്‍ നബി ﷺ പറയും: ‘ഖദീജ ഇന്നയിന്ന സ്വഭാവങ്ങള്‍ ഒക്കെ ഉള്ള ആളായിരുന്നു. അവരില്‍ നിന്നാണ് എനിക്ക് മക്കള്‍ ഉണ്ടായത്” (മുഖാരി: 3818, മുസ്‌ലിം: 2435). ഖദീജ(റ)യുടെ മരണം വരെ നബി ﷺ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിട്ടില്ല. (മുസ്‌ലിം: 2436). 

മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തില്‍നിന്ന് ആദ്യമായി നബി ﷺ യില്‍ വിശ്വസിച്ച വനിത, അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ഏറ്റവും ആദ്യമായി ക്ഷണിച്ച സ്ത്രീകളില്‍ പെട്ടവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏറ്റവും ആദ്യമായി ധനം ചെലവഴിച്ച വ്യക്തി, നബി ﷺ യുടെ പിന്നില്‍ നിന്നുകൊണ്ട് ആദ്യമായി നമസ്‌കരിച്ച വ്യക്തി, ജിബ്‌രീലിന്റെ അടുക്കല്‍ അല്ലാഹു തആല ആദ്യമായി സലാം പറഞ്ഞയച്ച വ്യക്തി… ഇങ്ങനെ പല സവിശേഷതകളും ഉള്ള മഹതിയാണ് ഖദീജ(റ). 

നബി ﷺ യോട് അവര്‍ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല. അവരുടെ ഭാഗത്തുനിന്ന് ഒരു പ്രയാസങ്ങളും നബി ﷺ ക്ക് ഉണ്ടായിട്ടില്ല. വഴക്കു പറയുകയോ ആക്ഷേപിക്കുകയോ ചെയ്യേണ്ട സാഹചര്യം നബി ﷺ ക്ക് ഉണ്ടായിട്ടില്ല. ഇബ്‌റാഹീം ഒഴിച്ച് ബാക്കിയുള്ള എല്ലാ മക്കളും ഖദീജയില്‍ നിന്നാണ് ഉണ്ടായത്. ഇബ്‌റാഹീമിന്റെ ഉമ്മ മാരിയതുല്‍ ക്വിബ്തിയ്യ ആയിരുന്നു. ഖദീജ(റ)യുടെ മരണശേഷം നബി ﷺ ആഇശ(റ)യെ വിവാഹം ചെയ്തു. മദീനയിലേക്കുള്ള ഹിജ്‌റക്ക് ശേഷമല്ലാതെ നബി ﷺ അവരോടൊപ്പം ഒന്നിച്ചിട്ടില്ല. ആഇശ(റ)യെ വിവാഹം ചെയ്തതിനുശേഷം സൗദ ബിന്‍ത് സംഅ(റ)യെ മക്കയില്‍വെച്ച് കല്യാണം കഴിച്ചു.

ആഇശ(റ)യുമായി ഒന്നിക്കുന്നതിന് മുമ്പു തന്നെ സൗദ(റ)യുമായി നബി ﷺ ഒന്നിച്ചിട്ടുണ്ടായിരുന്നു. ബുദ്ധിമതിയായ  മഹതി സൗദ(റ) തന്റെ വാര്‍ധക്യാവസ്ഥ പരിഗണിച്ചു കൊണ്ട് തനിക്ക് അവകാശപ്പെട്ടരാത്രിപോലും നബി ﷺ യോടൊപ്പം കഴിയാന്‍ ആഇശ(റ)ക്ക് വേണ്ടി അനുവദിച്ചുകൊടുത്തിരുന്നു. മദീനയില്‍ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഖിലാഫത്തിന്റെ അവസാന സമയത്താണ് അവര്‍ മരണപ്പെടുന്നത്.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 14

നബി ചരിത്രം – 14: പലായനത്തിന്റെ തുടക്കം

പലായനത്തിന്റെ തുടക്കം

ഉക്വ്ബത്ബ്‌നു അബീമുഈത്വിന്റെ അവസ്ഥ ഇതിനെക്കാള്‍ കഷ്ടമായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘ഉക്വ്ബത്ബ്‌നു അബീമുഈത്വ് ഒരു യാത്ര കഴിഞ്ഞു തിരിച്ചുവന്നാല്‍ ഭക്ഷണം ഉണ്ടാക്കുകയും തന്റെ അയല്‍വാസികളായ ആളുകളെയും മക്കക്കാരെയും അങ്ങോട്ട് ക്ഷണിക്കുകയും ചെയ്യുക പതിവായിരുന്നു. നബിﷺയുടെ സദസ്സിലും പലപ്പോഴും അദ്ദേഹം പോയി ഇരിക്കാറുണ്ട്. നബിﷺയുടെ സംസാരം അദ്ദേഹത്തിന് ഏറെ ഇഷ്ടവുമായിരുന്നു. ഒരുദിവസം യാത്ര കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഉക്വ്ബത് ഭക്ഷണം ഉണ്ടാക്കുകയും ആ ഭക്ഷണം കഴിക്കാന്‍ പ്രവാചകനെ ക്ഷണിക്കുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ﷺ പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല എന്നും ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്നും നീ സാക്ഷ്യം വഹിക്കുന്നത് വരെ ഭക്ഷണം ഞാന്‍ കഴിക്കുകയില്ല.’ അപ്പോള്‍ ഉക്വ്ബത് പറഞ്ഞു: ‘സഹോദരപുത്രാ, ഭക്ഷണം കഴിക്കൂ.’ നബിﷺ വീണ്ടും അത് ആവര്‍ത്തിച്ചു. അപ്പോള്‍ ഉക്വ്ബത് സാക്ഷ്യവാക്യങ്ങള്‍ ഉച്ചരിച്ചു. ഉബയ്യുബ്‌നു ഖലഫിന് ഈ വിവരം ലഭിച്ചു. ഉടനെ അയാള്‍ ഉക്വ്ബയുടെ അടുക്കലേക്ക് ചെന്നു കൊണ്ട് ചോദിച്ചു: ‘അല്ല ഉക്വ്ബാ…നീ മതം മാറിയോ?’ ഉബയ്യിന്റെ കൂട്ടുകാരനായിരുന്നു ഉക്വ്ബ. ഉക്വ്ബ പറഞ്ഞു: ‘ഇല്ല, അല്ലാഹുവാണ് സത്യം! ഞാന്‍ മതം മാറിയിട്ടില്ല. പക്ഷേ, എന്റെ അടുക്കലേക്ക് ഒരാള്‍ വരുകയും ഞാന്‍ സാക്ഷ്യ വാക്യങ്ങള്‍ പറഞ്ഞാലല്ലാതെ ഭക്ഷണം കഴിക്കുകയില്ല എന്നു പറയുകയും ചെയ്തപ്പോള്‍ എന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോകുന്നതില്‍ എനിക്ക് ലജ്ജ തോന്നി. അങ്ങനെ ഞാന്‍ സാക്ഷ്യവാക്യങ്ങള്‍ പറയുകയും മുഹമ്മദ് ഭക്ഷണം കഴിക്കുകയും ചെയ്തു.’ അപ്പോള്‍ ഉബയ്യ് പറഞ്ഞു: ‘മുഹമ്മദിന്റെ അടുത്തുപോയി അവന്റെ മുഖത്തേക്ക് തുപ്പുന്നതുവരെ നിന്റെ കാര്യത്തില്‍ ഞാന്‍ ഒരിക്കലും തൃപ്തിപ്പെടുകയില്ല. മാത്രവുമല്ല അവന്റെ പിരടിയില്‍ നീ ചവിട്ടുകയും വേണം.’ ഉക്വ്ബത് അതുപ്രകാരം ചെയ്യുകയും നബിയുടെ ചുമലില്‍ ചവിട്ടുകയും മൃഗത്തിന്റെ കുടല്‍മാല ഇടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ നബിﷺ പറഞ്ഞു: ‘മക്കയുടെ പുറത്തുവെച്ചുകൊണ്ട് ഞാന്‍ നിന്നെ കണ്ടുമുട്ടിയാല്‍ വാളുകൊണ്ട് നിന്റെ തല ഉയര്‍ത്തപ്പെടാതിരിക്കുകയില്ല.’ ഇയാള്‍ ബദ്‌റില്‍ ബന്ധിയായി പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ബദ്‌റിലെ ബന്ധികളില്‍ ഇയാളല്ലാതെ ഒരാളും കൊല്ലപ്പെട്ടിട്ടില്ല. ആസിം ഇബ്‌നു സാബിത്ത് ഇബ്‌നു അഖ്‌ലഹാണ് അയാളെ കൊലപ്പെടുത്തിയത്’ (അബു നഈമിന്റെ ദലാഇലുന്നുബുവ്വ എന്ന ഗ്രന്ഥത്തില്‍ നിന്ന്.2/470). 

നബിﷺയെ ഏറെ പ്രയാസപ്പെടുത്തിയ മറ്റൊരു പ്രമാണിയായിരുന്നു അഖ്‌നസ് ഇബ്‌നു ശുറൈഖ്. നാട്ടുകാര്‍ക്കിടയില്‍ വലിയ കീര്‍ത്തിയും സ്ഥാനമാനവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഇയാള്‍. ഈ വ്യക്തിയെ സംബന്ധിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്: 

”അധികമായി സത്യം ചെയ്യുന്നവനും നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്. കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ. നന്മക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ. ക്രൂരനും അതിനു പുറമെ ദുഷ്‌കീര്‍ത്തി നേടിയവനുമായ” (അല്‍ക്വലം: 10-13).

ക്വുറൈശി നേതാക്കന്മാരില്‍ പെട്ട ഒരാളായിരുന്ന വലീദുബ്‌നു മുഗീറയോട് എപ്പോഴും ഇയാള്‍ തര്‍ക്കിക്കുമായിരുന്നു. ഞാന്‍ ക്വുറൈശികളുടെ നേതാവും വലിയ സമ്പന്നനുമാണ്. എന്നിട്ടും എന്നെ അവഗണിച്ച് മുഹമ്മദിന്റെ കൂടെ ആളുകള്‍ നില്‍ക്കുന്നുവോ എന്നൊക്കെ അഹങ്കാരത്തോടു കൂടി പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു. 

”ഈ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്റെ മേല്‍ എന്തുകൊണ്ട് ഈ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു. അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം” (അസ്സുഖ്‌റുഫ്: 31,32). 

നബിﷺയെ വളരെയേറെ പ്രയാസപ്പെടുത്തുകയും ശത്രുത പ്രകടിപ്പിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയായിരുന്നു ആസ്വുബ്‌നു വാഇല്‍. നബിﷺയുടെ മകന്‍ അബ്ദുല്ല മരണപ്പെട്ടപ്പോള്‍ ആസ്വ് പറഞ്ഞു: ‘ഇതോടു കൂടി മുഹമ്മദിന്റെ പരമ്പര അവസാനിച്ചിരിക്കുന്നു.’ മുഹമ്മദ് നബിയെക്കുറിച്ച് പറയപ്പെട്ടാല്‍ ഇയാള്‍ പറയും: ‘മുഹമ്മദിനെ വിട്ടേക്കൂ. അവന്‍ വാലറ്റവനാണ്. അവന് പിന്‍ഗാമികള്‍ ഇല്ല. ഇനി മുഹമ്മദ് മരണപ്പെട്ടാല്‍ മുഹമ്മദിനെക്കുറിച്ചുള്ള സ്മരണകളും അവസാനിക്കും. അതോടെ ആ ശല്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടുവാനും സാധിക്കും.’ ഇയാളെ സംബന്ധിച്ചാണ് അല്ലാഹു തആല ഇപ്രകാരം അവതരിപ്പിച്ചത്: 

”തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)” (അല്‍കൗഥര്‍: 1-3). 

ഖബ്ബാബ്(റ) പറയുന്നു: ”എനിക്ക് ആസ്വുബ്നു വാഇല്‍ കുറച്ച് പണം തരാനുണ്ടായിരുന്നു. അത് ചോദിക്കാന്‍ വേണ്ടി ഞാന്‍ അയാളെ സമീപിച്ചപ്പോള്‍ എന്നോട് പറഞ്ഞു: ‘നീ മുഹമ്മദിനെ നിഷേധിക്കുന്നതുവരെ നിന്റെ കടം ഞാന്‍ വീട്ടുകയില്ല.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘നീ മരിക്കുകയും അതിനു ശേഷം ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയും ചെയ്യുന്നതുവരെ മുഹമ്മദ് നബിയെ ഞാന്‍ നിഷേധിക്കുകയില്ല.’ അപ്പോള്‍ ആസ്വ് ചോദിച്ചു: ‘ഞാന്‍ മരണശേഷം ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയോ? എങ്കില്‍ നിനക്ക് തരാനുള്ളത് എന്റെ സമ്പത്തിലേക്കും എന്റെ മക്കളിലേക്കും മടങ്ങിച്ചെന്നതിനുശേഷം ഞാന്‍ നല്‍കാം.’ (മരിച്ചു പരലോകത്ത് എത്തിയാല്‍ തരാം എന്ന് അര്‍ഥം). അങ്ങനെയാണ് അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിക്കുന്നത്: ”എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിക്കുകയും എനിക്ക് സമ്പത്തും സന്താനവും നല്‍കപ്പെടുക തന്നെ ചെയ്യും എന്ന് പറയുകയും ചെയ്തവനെ നീ കണ്ടുവോ? അദൃശ്യകാര്യം അവന്‍ കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കില്‍ പരമകാരുണികന്റെ അടുത്ത് അവന്‍ വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ? അല്ല, അവന്‍ പറയുന്നത് നാം രേഖപ്പെടുത്തുകയും അവന്നു ശിക്ഷ കൂട്ടിക്കൊടുക്കുകയും ചെയ്യും. അവന്‍ ആ പറയുന്നതിനെല്ലാം (സ്വത്തിനും സന്താനത്തിനുമെല്ലാം) നാമായിരിക്കും അനന്തരാവകാശിയാകുന്നത്. അവന്‍ ഏകനായിക്കൊണ്ട് നമ്മുടെ അടുത്ത് വരികയും ചെയ്യും (മര്‍യം: 77-80)” (ബുഖാരി: 2091, മുസ്‌ലിം: 2795).

 

നബിﷺയെയും സ്വഹാബികളെയും അങ്ങേയറ്റം പ്രയാസപ്പെടുത്തിയ മറ്റൊരു ശത്രുവായിരുന്നു അബൂജഹല്‍ ബിന്‍ ഹിശാം. അബൂജഹല്‍ ഒരിക്കല്‍ നബിﷺയെ കണ്ടുമുട്ടിയപ്പോള്‍ ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, മുഹമ്മദ് ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ ചീത്ത പറയുന്നത് നിര്‍ത്തുക തന്നെ വേണം. അല്ലാത്തപക്ഷം നീ ആരാധിക്കുന്ന നിന്റെ ആരാധ്യനെയും ഞാന്‍ അസഭ്യം പറയും.’ അങ്ങനെ അല്ലാഹു ഈ സൂക്തം അവതരിപ്പിച്ചു: ‘അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടി രുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്’ (അല്‍ അന്‍ആം: 108). 

ഇസ്‌ലാമിക പ്രബോധന മേഖലയില്‍ നബിﷺക്ക് അനുഭവിക്കേണ്ടി വന്ന ചില പ്രയാസങ്ങളും പരിഹാസങ്ങളുമാണ് നാം മനസ്സിലാക്കിയത്. പക്ഷേ, അല്ലാഹു തആല മുഹമ്മദ് നബിﷺയെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും സമാധാനിപ്പിക്കുകയും വിജയത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്തു. 

”നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു” (അല്‍അന്‍ആം: 10). 

”അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.  ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക” (അല്‍ഹിജ്ര്‍: 97-99).

”(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്, പ്രത്യുത, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്”(അല്‍അന്‍ആം: 33).

”ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ” (അര്‍റൂം: 60). 

”ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?” (അല്‍അഹ്ക്വാഫ്: 35).

അബിസീനിയയിലേക്കുള്ള ഹിജ്‌റ

തന്റെ അനുചരന്മാര്‍ക്ക് ബാധിക്കുന്ന ശിക്ഷകളും പരീക്ഷണങ്ങളും കാണുകയും അവരെ തടയാന്‍ കഴിയാതെ വരികയും ചെയ്തപ്പോള്‍ നബിﷺ അവരോട് പറഞ്ഞു: ‘നിങ്ങള്‍ അബിസീനിയയിലേക്ക് പോയിക്കൊള്ളുക. അവിടെ ഒരു രാജാവ് ഉണ്ട്. അദ്ദേഹത്തിന്റെ അടുക്കല്‍ ആരും ആക്രമിക്കപ്പെടുകയില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രാജ്യത്തേക്ക് നിങ്ങള്‍ ചേര്‍ന്നുകൊള്ളുക. ഇപ്പോള്‍ നിങ്ങള്‍ ഉള്ള അവസ്ഥയില്‍ നിന്നും അല്ലാഹു നിങ്ങള്‍ക്ക് ഒരു വിശാലതയും രക്ഷാമാര്‍ഗവും നല്‍കിയേക്കാം’ (ബൈഹഖക്വി: 9/7). 

അതോടെ നബിﷺയുടെ അനുചരന്മാര്‍ അബിസീനിയന്‍ പ്രദേശത്തേക്ക് പുറപ്പെട്ടു. ശിക്ഷയില്‍ നിന്നുള്ള രക്ഷക്കും ദീനിനെ നിലനിര്‍ത്താനും വേണ്ടിയായിരുന്നു ആ യാത്ര. ഇസ്‌ലാമിലെ ഒന്നാമത്തെ ഹിജ്‌റയായി അബിസീനിയന്‍ ഹിജ്‌റ കണക്കാക്കപ്പെടുന്നു. ഉഥസ്മാനുബ്‌നു അഫ്ഫാന്‍, അദ്ദേഹത്തിന്റെ ഭാര്യയായ (നബിയുടെ മകള്‍) റുഖിയ(റ), അബ്ദുറഹ്മാന്‍ ഇബ്‌നുഔഫ്(റ), അബൂഹുദൈഫ(റ), ഉത്ബത്ബ്‌നു റബീഅ(റ), അദ്ദേഹത്തിന്റെ ഭാര്യയായ സഹല ബിന്‍തു സുഹൈലുബ്‌നു അംറ്(റ), അബൂസലമ ഇബ്‌നു അബ്ദുല്‍ അസദ്(റ), അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുസലമ(റ), ഉഥ്മാനുബ്‌നു മള്ഊന്‍(റ), ആമിര്‍ ഇബ്‌നു റബീഅ(റ), അദ്ദേഹത്തിന്റെ ഭാര്യ ലൈലാ ബിന്‍തു അബീഹസ്മ(റ) തുടങ്ങിയവരാണ് ആദ്യമായി അബിസീനിയയിലേക്ക് ഹിജ്‌റ പോയത്. 

കപ്പല്‍വഴി യാത്ര ചെയ്യാന്‍ വേണ്ടി ശുഐബ എന്ന് പറയുന്ന സ്ഥലത്തേക്ക് അവര്‍ എത്തി. അവരില്‍ ചിലര്‍ നടന്നും മറ്റു ചിലര്‍ ഒട്ടകപ്പുറത്തും ആണ് എത്തിച്ചേര്‍ന്നത്. അല്ലാഹുവിന്റെ അനുഗ്രഹം എന്നോണം രണ്ട് കച്ചവടച്ചരക്കുകളുമായി പോകുന്ന കപ്പലുകള്‍ അബിസീനിയയിലേക്ക് അവര്‍ക്ക് ലഭിച്ചു. 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്;11 പുരുഷന്മാരും 4 സ്ത്രീകളും. പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷം റജബ് മാസത്തിലായിരുന്നു അവര്‍ പുറപ്പെട്ടത്. അബിസീനിയയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഏറ്റവും നല്ല അയല്‍വാസിയായി അവരെ അവര്‍ കണ്ടു. തങ്ങളുടെ ദീനിന്റെ കാര്യത്തില്‍ അവര്‍ നിര്‍ഭയരാവുകയും അല്ലാഹുവിനെ ആരാധിച്ചുകൊണ്ട് ആരാലും ആക്രമിക്കപ്പെടാതെ, വെറുപ്പുളവാക്കുന്ന ഒരു വാക്കും കേള്‍ക്കാതെ അവിടെ അവര്‍ താമസമാക്കി. പക്ഷേ, അധികകാലം അബിസീനിയയില്‍ അവര്‍ താമസിച്ചില്ല. തൊട്ടടുത്ത റമദാന്‍ മാസത്തില്‍ തന്നെ അവര്‍ മക്കയിലേക്ക് മടങ്ങി. 

അബിസീനിയയിലേക്ക് ഹിജ്‌റ പോയ ആളുകള്‍ മക്കയിലേക്ക് മടങ്ങി വന്നപ്പോള്‍ മുശ്‌രിക്കുകളുടെ പീഡനങ്ങള്‍ വീണ്ടും ശക്തമാകുവാന്‍ തുടങ്ങി. അതോടെ നബിﷺ അവരോടു രണ്ടാംതവണയും അബിസീനീയയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. രണ്ടാം തവണ അബിസീനിയയിലേക്ക് പോകുമ്പോള്‍ ഏതാണ്ട് 83 പുരുഷന്മാരും 18 സ്ത്രീകളുമുണ്ടായിരുന്നു. അബിസീനിയയിലേക്കുള്ള മുസ്‌ലിംകളുടെ യാത്രയെ കുറിച്ച് അറിഞ്ഞപ്പോള്‍ ക്വുറൈശികള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് അംറുബ്‌നുല്‍ ആസ്, അബ്ദുല്ലാഹിബ്‌നു അബീ റബീഅ തുടങ്ങിയവരെ അങ്ങോട്ട് അയച്ചു. നജ്ജാശി രാജാവിനും അദ്ദേഹത്തിന്റെ കൂടെയുള്ള നേതാക്കന്മാര്‍ക്കും ഒട്ടനവധി സമ്മാനങ്ങളുമായിട്ടാണ് ഇവര്‍ പോയത്. 

നജ്ജാശിയുടെ അടുത്ത ആളുകള്‍ക്ക് കൈക്കൂലി എന്നോണം പലതും അവര്‍ നല്‍കുകയും ചെയ്തു. നജ്ജാശിയുമായി സംസാരിക്കുമ്പോള്‍ തങ്ങളുടെ കൂടെ നില്‍ക്കാന്‍ വേണ്ടിയും മുഹാജിറുകളായി വന്നിട്ടുള്ളവരെ മക്കയിലേക്കുതന്നെ തിരിച്ചയക്കാനും വേണ്ടിയായിരുന്നു ഈ പണികളെല്ലാം. പക്ഷേ, പെട്ടെന്ന് ഒരു അഭിപ്രായം പറയാന്‍ നജ്ജാശി തയ്യാറായില്ല. മക്കയില്‍ നിന്നും വന്ന, നബിﷺയുടെ അനുചരന്മാരെ തന്റെ മുമ്പില്‍ ഹാജരാക്കുവാന്‍ നജ്ജാശി ആവശ്യപ്പെട്ടു. അവര്‍ നജ്ജാശിയുടെ മുമ്പില്‍ വന്നു. ക്വുറൈശികള്‍ നിയോഗിച്ച രണ്ട് വ്യക്തികളും അവിടെ സന്നിഹിതരായിരുന്നു. നജ്ജാശിയുടെ മുമ്പില്‍ അവര്‍ സമ്മാനങ്ങള്‍ സമര്‍പ്പിച്ചു. മുസ്‌ലിംകള്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബ്‌നെയാണ് സംസാരിക്കാന്‍ വേണ്ടി തെരഞ്ഞെടുത്തത്.

നജ്ജാശി അവരോട് കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ തുടങ്ങി. അവരുടെ മതത്തെ കുറിച്ച് ചോദിച്ചു. ഈ സന്ദര്‍ഭത്തില്‍ ജഅ്ഫര്‍(റ) മറുപടി പറഞ്ഞു: ”അല്ലയോ രാജാവേ, ഞങ്ങള്‍ ജാഹിലിയ്യത്തിലായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നവന്നവരായിരുന്നു. ശവം ഭക്ഷിക്കുന്നവരായിരുന്നു. എല്ലാ തിന്മകളും ഞങ്ങള്‍ ചെയ്തിരുന്നു. ഞങ്ങള്‍ കുടുംബ ബന്ധങ്ങള്‍ മുറിച്ചിരുന്നു. അയല്‍വാസികളോട് മോശമായി പെരുമാറിയിരുന്നു. ഞങ്ങളിലെ ശക്തന്മാര്‍ ദുര്‍ബലരെക്കൊണ്ട് ഭക്ഷിച്ചിരുന്നു. ഈ അവസ്ഥയിലാണ് അല്ലാഹു ഞങ്ങളിലേക്ക് ഞങ്ങളില്‍ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ നിയോഗിക്കുന്നത്. ആ പ്രവാചകന്റെ പരമ്പരയും സത്യസന്ധതയും വിശ്വാസ്യതയും ചരിത്രവും എല്ലാം ഞങ്ങള്‍ക്കറിയാം. അദ്ദേഹം ഞങ്ങളെ അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ക്ഷണിച്ചു. അവനെ മാത്രം ഞങ്ങള്‍ ആരാധിക്കണമെന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ആരാധിച്ചുവന്നിരുന്ന കല്ലുകളെയും വിഗ്രഹങ്ങളെയും വെടിയണമെന്ന് പറഞ്ഞു…” 

നജ്ജാശിയും സ്വഹാബികളും തമ്മിലുള്ള സംസാരം തുടര്‍ന്നു കൊണ്ടിരുന്നു. ഈ ചര്‍ച്ച മക്കയില്‍ നിന്നും വന്ന മുശ്‌രിക്കുകളുടെ തന്ത്രങ്ങളെല്ലാം പാളിപ്പോകാന്‍ കാരണമായി. നഷ്ടക്കാരായിക്കൊണ്ട് അവര്‍ക്ക് തിരിച്ചു പോകേണ്ടിവന്നു. മുസ്‌ലിംകളാകട്ടെ സമാധാനത്തോടെ അവിടെ താമസമാക്കുകയും ചെയ്തു. ഈ ഹിജ്‌റയിലൂടെയും അല്ലാഹു സ്വഹാബിമാരെ പരീക്ഷിക്കുകയായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രാജ്യവും സമ്പത്തും സന്താനങ്ങളും ഒഴിവാക്കുവാന്‍ അവര്‍ തയ്യാറുണ്ടോ എന്നുള്ള പരീക്ഷണമായിരുന്നു അത്. ആ പരീക്ഷണത്തില്‍ അവര്‍ വിജയിച്ചു. ദീനിനുവേണ്ടി അല്ലാഹുവിന്റെ മാര്‍ഗത്തെ അവര്‍ തിരഞ്ഞെടുത്തു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അബിസീനിയയിലേക്ക് തങ്ങളുടെ ദീനുമായി അവര്‍ ഹിജ്‌റ പോവുകയും ചെയ്തു. മുസ്‌ലിംകളുടെ അബിസീനിയയിലേക്കുള്ള ഹിജ്‌റ മക്കാ മുശ്രിക്കുകളുടെ ഇടയില്‍ വലിയ കുലുക്കം ഉണ്ടാക്കി. അല്ലാഹു ഉദ്ദേശിച്ച അത്രയും കാലം മുഹാജിറുകള്‍ അബിസീനിയയില്‍ താമസിച്ചു. നബിﷺയുടെ മദീനയിലേക്കുള്ള ഹിജ്‌റക്ക് ശേഷമാണ് അവരില്‍ ചിലര്‍ മടങ്ങിവന്നത്. ബദ്ര്‍ യുദ്ധത്തിന് തൊട്ടു മുമ്പായിരുന്നു അത്. 33 പുരുഷന്മാരും 8 സ്ത്രീകളുമാണ് അന്ന് മദീനയിലേക്ക് മടങ്ങിയത്. ബാക്കിയുള്ള ആളുകള്‍ ജഅ്ഫറുബ്‌നു അബീത്വാലിബിന്റെ കൂടെ ഖൈബര്‍ യുദ്ധ വിജയത്തിനുശേഷം ഹിജ്‌റ ഏഴാം വര്‍ഷമാണ് മടങ്ങിയത്. ആ വര്‍ഷത്തിലാണ് നജ്ജാശി മരണപ്പെടുന്നതും. നജ്ജാശിയുടെ മരണത്തിനു മുമ്പ് അല്ലാഹു അദ്ദേഹത്തിന് ഇസ്‌ലാമിലേക്ക് വഴി കാണിച്ചു കൊടുത്തിരുന്നു. നബിﷺയും അനുയായികളും മദീനയില്‍വെച്ച് അദ്ദേഹത്തിന് വേണ്ടി മ യ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയുണ്ടായി. (ബുഖാരി: 1245, മുസ്‌ലിം: 951).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 13

നബി ചരിത്രം – 13: പരീക്ഷണങ്ങളില്‍ പതറാതെ

പരീക്ഷണങ്ങളില്‍ പതറാതെ

പ്രവാചകനെയും അനുയായികളെയും മുശ്‌രിക്കുകളുടെ പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ കഴിവുള്ളവനാണ് അല്ലാഹു. എന്നാല്‍ ശത്രുഭാഗത്തുനിന്ന് അവര്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നതില്‍ ചില നേട്ടങ്ങളുണ്ട്. അതിലൂടെ അവരുടെ വിശ്വാസം കൂടുതല്‍ തിളക്കമുള്ളതായിത്തീരും. സത്യമാര്‍ഗത്തില്‍ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് പില്‍ക്കാലക്കാരെ അത് ബോധ്യപ്പെടുത്തുന്നു. സത്യവിശ്വാസികള്‍ക്ക് പലവിധ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും.  

”ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും. അതല്ല, തിന്മ ചെയ്തുകൊണ്ടിരിക്കുന്നവര്‍ നമ്മെ മറികടന്ന് കളയാം എന്ന് വിചാരിച്ചിരിക്കുകയാണോ? അവന്‍ തീരുമാനിക്കുന്നത് വളരെ മോശം തന്നെ” (അല്‍അങ്കബൂത്: 2-4). 

നല്ലതും ചീത്തതും ഇതിലൂടെ വേര്‍തിരിക്കപ്പെടുകയാണ്. തങ്ങളുടെ വിശ്വാസത്തില്‍ ആരാണ് സത്യസന്ധമായി നിലകൊള്ളുന്നത് എന്നും ആരാണ് വ്യാജന്മാര്‍ എന്നും വേര്‍തിരിക്കപ്പെടുകയാണ്. അത് കൊണ്ടു തന്നെ മക്കാജീവിത കാലഘട്ടത്തില്‍ ഒരു കപടവിശ്വാസിയെയും നമുക്ക് കാണുക സാധ്യമല്ല. മദീനയില്‍ എത്തുകയും അവിടെ പീഡനങ്ങള്‍ ശക്തമാവുകയും ചെയ്തപ്പോഴാണ് കപടന്മാര്‍ രംഗപ്രവേശനം ചെയ്തത്. ഇസ്‌ലാമിനെതിരെ തന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്ന ചിലയാളുകള്‍ ഇസ്ലാമില്‍ പ്രവേശിച്ചു. 

പീഡനങ്ങളിലൂടെ മുശ്‌രിക്കുകള്‍ എന്തൊന്നാണോ ഉദ്ദേശിച്ചത് അതിന് നേര്‍വിപരീതമായിക്കൊണ്ടാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഇസ്‌ലാം കൂടുതല്‍ പ്രചരിക്കുവാന്‍ തുടങ്ങി. ശത്രുക്കളുടെ ശക്തമായ പീഡനങ്ങള്‍ മുസ്‌ലിംകളോട് ചില ശത്രുക്കള്‍ക്ക് അനുകമ്പ തോന്നുവാനും കാരണമായി മാറി. അതുകൊണ്ടുതന്നെ രഹസ്യമായി അവര്‍ മുസ്ലിംകളെയും ഇസ്‌ലാമിനെയും സഹായിച്ചു. പ്രവാചകന്റെ പിതൃവ്യനായ ഹംസ(റ)യുടെ കാര്യത്തില്‍ സംഭവിച്ചത് ഇതായിരുന്നു. നബി ﷺയെ അബൂജഹല്‍ വല്ലാതെ പീഡിപ്പിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഹംസ(റ) മസ്ജിദുല്‍ ഹറാമിലേക്ക് കയറിവന്നു. എന്നിട്ട് അബൂജഹലിന്റെ തലയ്ക്ക് ഒരടി കൊടുത്തു. ശേഷം ചോദിച്ചു: ‘നീ മുഹമ്മദിനെ ചീത്ത പറയുകയോ? ഞാന്‍ മുഹമ്മദിന്റെ മതത്തിലാണ്. മുഹമ്മദ് പറയുന്നതാണ് എനിക്കും പറയാനുള്ളത്. അതുകൊണ്ട് നിനക്ക് ആളുകളെ അതില്‍ നിന്നും മടക്കി കൊണ്ടുപോകാന്‍ കഴിയുന്ന വഴി നീ നോക്കുക.’ 

ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഇസ്‌ലാം സ്വീകരണവും ഈ രൂപത്തില്‍ തന്നെയായിരുന്നു. അദ്ദേഹം തന്റെ സഹോദരിയുടെ ഭര്‍ത്താവിനെ മര്‍ദിച്ചു. തടുക്കാന്‍ വന്ന സഹോദരിയെയും മര്‍ദിച്ചു. അവസാനം അതില്‍ ഖേദം തോന്നുകയും അങ്ങനെ ദാറുല്‍ അര്‍ക്വമില്‍ ഇരിക്കുന്ന നബി ﷺയുടെ അടുക്കല്‍ ചെല്ലുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഇസ്‌ലാമില്‍ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍ നബി ﷺയുടെ കൂടെ മുസ്ലിംകള്‍ക്ക് ഒരുമിച്ച് കൂടുവാന്‍ ഒരു സ്ഥലം അനിവാര്യമായി വന്നു. ദീനിന്റെ കാര്യങ്ങള്‍ അവരെ പഠിപ്പിക്കുവാന്‍ കൂടി വേണ്ടിയായിരുന്നു അത്. അങ്ങനെയാണ് അര്‍ക്വമുബ്‌നു അബില്‍ അര്‍ക്വം അല്‍മഖ്‌സൂമിയുടെ വീട് നബി ﷺ തെരഞ്ഞെടുത്തത്. സ്വഫാ മലയുടെ ഓരത്തായിരുന്നു ആ വീട്. പിന്‍ഭാഗത്തുള്ള അതിന്റെ വാതിലിലൂടെ പ്രവേശിക്കുന്ന ആളുകളെ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. പ്രവാചകത്വത്തിന്റെ അഞ്ചാംവര്‍ഷം പ്രബോധനത്തിന് ഒരു കേന്ദ്രമായി നബി ﷺ ഈ വീട് സ്വീകരിച്ചു. നല്ല ഒരു ചുറ്റുപാടിന്റെ നിര്‍മാണവും അത്യുത്തമമായ കൂട്ടുകെട്ടിന്റെ കേന്ദ്രവുമായിരുന്നു ആ വീട്. മറന്നുപോയ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുവാനും അറിയാത്ത കാര്യങ്ങള്‍ പഠിപ്പിക്കുവാനും അശ്രദ്ധമായ കാര്യങ്ങളെക്കുറിച്ച് ഉണര്‍ത്തുവാനും മുസ്‌ലിംകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുവാനും ഒരു കേന്ദ്രമായി ഈ വീടുമാറി. 

മുഹമ്മദ് നബിയെ അനുനയിപ്പിക്കാനുള്ള ചില ശ്രമങ്ങളും മക്കയിലെ മുശ്‌രിക്കുകള്‍ നടത്തിയിട്ടുണ്ട്. നബി ﷺ ഒരിക്കല്‍ കഅ്ബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ വലീദുബ്‌നു മുഗീറ, അസ്വദ് ബിന്‍ അല്‍മുത്ത്വലിബ്, ഉമയ്യതുബ്‌നു ഖലഫ്, ആസ്വ് ഇബ്‌നു വാഇല്‍ തുടങ്ങിയ മക്കയിലെ പ്രധാനികള്‍ നബിയോട് പറഞ്ഞു: ‘വരൂ, ഞങ്ങള്‍ ആരാധിക്കുന്നതിനെ നീയും ആരാധിക്കുക. നീ ആരാധിക്കുന്നതിനെ ഞങ്ങളും ആരാധിക്കാം. ഞങ്ങള്‍ ആരാധിക്കുന്നതിനെക്കാള്‍ നല്ലതിനെയാണ് നീ ആരാധിക്കുന്നത് എങ്കില്‍ അതിന്റെ വിഹിതം ഞങ്ങള്‍ക്കും കിട്ടുമല്ലോ. എന്നാല്‍ ഞങ്ങള്‍ ആരാധിക്കുന്നതാണ് നീ ആരാധിക്കുന്നതിനെക്കാള്‍ നല്ലത് എങ്കില്‍ അതിന്റെ വിഹിതം നിനക്കും ലഭിക്കുമല്ലോ.’ ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചത്:

”(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും” (അല്‍കാഫിറൂന്‍: 1-6).

‘മുഹമ്മദ് ഏതൊരു അവസ്ഥയിലാണോ നിലകൊള്ളുന്നത് അതില്‍ തന്നെ വിട്ടേക്കുന്നത് നല്ലതാണ്’ എന്ന് ചിലപ്പോഴൊക്കെ ക്വുറൈശികളായ മുശ്‌രിക്കുകള്‍ ചിന്തിച്ചിട്ടുണ്ട്. പരസ്പരം യോജിപ്പുണ്ടാക്കാന്‍ വേണ്ടിയായിരുന്നു അവര്‍ അങ്ങനെ ചിന്തിച്ചത്. 

”ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും നിങ്ങളില്‍ ആരാണ് കുഴപ്പത്തിലകപ്പെട്ടവനെന്ന്. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അവന്റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്. നീ വഴങ്ങികൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു” (അല്‍ക്വലം: 5-9). 

ഈ സന്ദര്‍ഭങ്ങളിലെല്ലാം അല്ലാഹു തന്റെ റസൂലിനെ സത്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയും തന്റെ സഹായംകൊണ്ട് ശക്തിപ്പെടുത്തുകയും ചെയ്തു. 

”നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു. എങ്കില്‍ ജീവിതത്തിലും ഇരട്ടിശിക്ഷ, മരണത്തിലും ഇരട്ടിശിക്ഷ; അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല” (അല്‍ഇസ്‌റാഅ്: 74,75). 

ദുര്‍ബലരായ വിശ്വാസികളുടെ മേല്‍ ഉപദ്രവം ശക്തമായിത്തുടങ്ങിയപ്പോള്‍ പ്രവാചകന്റെ അടുക്കലേക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് ഖബ്ബാബ്(റ) ചെന്നു. ആ സന്ദര്‍ഭത്തില്‍ നബി ﷺ അവര്‍ക്ക് മുന്‍ഗാമികള്‍ അനുഭവിച്ച പ്രയാസങ്ങളുടെ ഉദാഹരണങ്ങള്‍ പറഞ്ഞുകൊടുത്തു. അതോടെ അവര്‍ തൃപ്തരായിക്കൊണ്ട് സമാധാനത്തോടു കൂടിയും പരീക്ഷണങ്ങളില്‍ ക്ഷമിക്കുവാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടും പ്രവാചകന്റെ അടുക്കല്‍നിന്ന് പിരിഞ്ഞുപോവുകയും ചെയ്തു. 

ഖബ്ബാബ് ബിന്‍ അറത്ത്(റ) പറയുന്നു: ”കഅ്ബയുടെ തണലില്‍ ഒരിക്കല്‍ നബി ﷺ ഇരിക്കുമ്പോള്‍ ശാരീരിക പരാതികളുമായി ഞങ്ങള്‍ അങ്ങോട്ട് ചെന്നു. ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നില്ലേ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ചില ആളുകള്‍ക്ക് വേണ്ടി ഭൂമിയില്‍ കുഴികള്‍ കുഴിക്കപ്പെടുമായിരുന്നു. എന്നിട്ട് അവരെ അതില്‍ ഇറക്കി നിര്‍ത്തുകയും വാളുകള്‍ കൊണ്ടുവന്ന് അവരുടെ തലയില്‍ വെച്ച് ശരീരം രണ്ടു ഭാഗമായി മുറിക്കുകയും ചെയ്തിരുന്നു. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും അത് അവരെ തടഞ്ഞില്ല. ചീര്‍പ്പുകള്‍ കൊണ്ടുവന്ന് അവരുടെ ശരീരത്തിലെ മാംസവും എല്ലും വേറെ വേറെ ചീകിയെടുക്കാറുണ്ടായിരുന്നു. പക്ഷേ, അതൊന്നും തങ്ങളുടെ മതത്തില്‍ നിന്നും അവരെ തടഞ്ഞില്ല. അല്ലാഹുവാണ് സത്യം! സ്വന്‍ആഇല്‍ നിന്നും ഹദര്‍മൗത്ത് വരെ അല്ലാഹുവിനെ മാത്രം ഭയപ്പെട്ടുകൊണ്ട്, അല്ലെങ്കില്‍ ആടിനെ ചെന്നായ പിടികൂടുന്ന ഭയമല്ലാതെ മറ്റൊരു ഭയവും ഇല്ലാത്ത രൂപത്തില്‍ ഒരു വ്യക്തി സഞ്ചരിക്കുന്ന അവസ്ഥയില്‍ അല്ലാഹു ഈ ദീനിന്റെ കാര്യത്തെ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. പക്ഷേ, നിങ്ങള്‍ ധൃതി കാണിക്കുകയാണ്” (ബുഖാരി: 3612).

ശക്തരും പ്രമാണിമാരുമായിട്ടുള്ളവര്‍ ദുര്‍ബലരായ മുസ്‌ലിംകള്‍ക്കെതിരെ ശക്തമായ ശിക്ഷകളുമായി ഇറങ്ങി. പ്രവാചകനെ കണ്ടാല്‍ ശത്രുവിന്റെയും മിത്രത്തിന്റെയും മനസ്സില്‍ ഒരുപോലെ ബഹുമാനം തോന്നുമായിരുന്നു. അത്‌കൊണ്ടു തന്നെ ആദരവോടെയും ബഹുമാനത്തോടെയും ആയിരുന്നു പലയാളുകളും നബി ﷺയെ അഭിമുഖീകരിച്ചിരുന്നത്. അബൂത്വാലിബിന്റെ സംരക്ഷണം ലഭിക്കുന്നുവെന്നതും ഇതിനൊരു കാരണമായിരുന്നു. എന്നാല്‍ ക്വുറൈശികളിലെ നേതാക്കന്മാര്‍ നബി ﷺയെ ശക്തമായ നിലയ്ക്ക് പരിഹസിക്കാനും ആക്ഷേപിക്കുവാനും തുടങ്ങി. അദ്ദേഹത്തെയും അദ്ദേഹത്തെ പിന്‍പറ്റിയവരെയും അപമാനിക്കുവാനും അവരോട് തര്‍ക്കിക്കുവാനും ശ്രമിച്ചു. മുഹമ്മദ് എന്നതിനുപകരം മുദമ്മം(ആക്ഷേപാര്‍ഹന്‍) എന്നായിരുന്നു മക്കക്കാര്‍ നബിയെ വിളിച്ചത്! നബി ﷺയുടെ പിതൃവ്യനായ അബൂലഹബ് മക്കയില്‍ നബി പോകുന്നിടത്തെല്ലാം പിറകെ ചെല്ലുകയും എന്നിട്ട് അങ്ങാടികളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലുമെല്ലാം ജനങ്ങള്‍ക്ക് മുമ്പില്‍ നബിയെ വ്യാജനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണുവാന്‍ സാധിക്കും:

ജാഹിലിയ്യാ കാലഘട്ടത്തിലെ ചന്തയായിരുന്ന ‘അല്‍മിജന്ന’യില്‍ ചെന്നുകൊണ്ട് നബി ﷺ ഇപ്രകാരം വിളിച്ച് പറയും: ‘അല്ലയോ ജനങ്ങളേ, നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹു എന്നു പറയൂ. നിങ്ങള്‍ വിജയിക്കും.’ ആളുകള്‍ ഇത് കേട്ട് പ്രവാചകന് ചുറ്റും കൂടിയിട്ടുണ്ടായിരിക്കും. ഈ സന്ദര്‍ഭത്തില്‍ അബൂലഹബ് വിളിച്ചുപറയും: ‘ജനങ്ങളേ, ഇവന്‍ വ്യാജനാണ്, ഇവന്‍ മതം മാറിയവനാണ്.’ 

നബി ﷺ എങ്ങോട്ടെല്ലാം പോകുന്നുവോ അങ്ങോട്ടെല്ലാം അബൂലഹബും കൂടെ ചെല്ലും. ഉത്ബത്ബ്‌നു അബീലഹബ് നബിയെ വല്ലാതെ പീഡിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ ഷര്‍ട്ട് കീറിയിട്ടുണ്ട്. അതിന്റെ ഫലമായി അയാള്‍ക്കെതിരെ നബി ﷺ പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ശാമിലേക്കുള്ള ഒരു യാത്രയില്‍ ഇയാളെ സിംഹം പിടിച്ചുകൊണ്ടുപോയി എന്നാണ് ഇമാം ഹാകിമിന്റെ ഒരു ഹദീഥില്‍ കാണുവാന്‍ സാധിക്കുന്നത്. (ഹാകിം: 4037). 

ഉമയ്യതുബ്‌നു ഖലഫ് നബി ﷺയെ കണ്ടാല്‍ കുത്തിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്യും. ഈ വിഷയത്തില്‍ അല്ലാഹു താഴെ കൊടുക്കുന്ന വചനങ്ങള്‍ അവതരിപ്പിച്ചു:

”കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്‌നിയാകുന്നു; ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ. തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്” (അല്‍ഹുമസ: 1-9). 

ഇയാളുടെ സഹോദരനായ ഉബയ്യുബ്‌നു ഖലഫ് ഒരിക്കല്‍ ഒരു ദുര്‍ബലപ്പെട്ട എല്ലുമായി നബി ﷺയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് ‘അല്ലയോ മുഹമ്മദ്, എല്ലുകള്‍ ദുര്‍ബലപ്പെട്ടു പോയതിനു ശേഷം വീണ്ടും അല്ലാഹു പുനര്‍ജീവിപ്പിക്കും എന്നാണോ നീ വാദിക്കുന്നത്’ എന്ന് ചോദിച്ചുകൊണ്ട് അയാള്‍ തന്റെ കയ്യിലുള്ള എല്ലിന്‍ കഷ്ണം നബി ﷺയുടെ നേര്‍ക്ക് വീശി. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതെ, ഞാന്‍ അതുതന്നെയാണ് പറയുന്നത്. ഇതേപോലെ ദുര്‍ബലപ്പെട്ടതിനുശേഷം അല്ലാഹു നിന്നെയും ഉയര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്. ശേഷം നിന്നെ നരകത്തിലേക്ക് പ്രവേശിപ്പിക്കുന്നതുമാണ്.”

”അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ. പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍. അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍!” (യാസീന്‍ 78-83).

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 12

നബി ചരിത്രം – 12: പീഡനപര്‍വം

നബിമാരുടെ ശത്രുക്കള്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഒന്നുകില്‍ അതിനെ അംഗീകരിക്കും, അതല്ലെങ്കില്‍ ശക്തികൊണ്ട് അതിനെ നേരിടാന്‍ സാധ്യമാണെങ്കില്‍ അങ്ങനെയും ചെയ്യും. ശക്തികൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് പരിഹാസത്തിന്റെയും ആക്ഷേപത്തിന്റെയും മാര്‍ഗങ്ങള്‍ പലരും സ്വീകരിക്കുന്നത്. മക്കയിലെ മുശ്‌രിക്കുകളാകട്ടെ ചില സന്ദര്‍ഭങ്ങളില്‍ നബി ﷺയെ പരിഹസിക്കുകയും മറ്റുചില സന്ദര്‍ഭങ്ങളില്‍ ശാരീരികമായി വേദനിപ്പിക്കുകയും ചെയ്തു: 

”അല്ലാഹുവെയും അവന്റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്” (ക്വുര്‍ആന്‍ 33:57).

പ്രബോധനത്തിന്റെ പ്രചാരണത്തെ തടയുവാനും മുഹമ്മദ് നബി ﷺയുടെ പ്രബോധനത്തില്‍ പ്രവേശിച്ച ആളുകളെ നാശത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാനും വേണ്ടി മുശ്‌രിക്കുകള്‍ പലവിധത്തിലുള്ളശാരീരിക മര്‍ദനങ്ങള്‍ പ്രവാചകനെയും അനുചരന്മാരെയും ഏല്‍പിക്കുകയുണ്ടായി. അബൂലഹബ്, ഉക്വ്ബതുബ്‌നു അബീമുഈത്വ്, ഹകമുബ്‌നു അബില്‍ആസ്വ് തുടങ്ങിയവര്‍ പ്രവാചകനെ വീട്ടില്‍വെച്ചു തന്നെ പീഡിപ്പിച്ചവരായിരുന്നു. ഇവരെല്ലാം നബി ﷺയുടെ അയല്‍വാസികളായിരുന്നു! നബി ﷺ നമസ് കരിക്കുമ്പോള്‍ പോലും അവര്‍ പ്രയാസപ്പെടുത്തിയിട്ടുണ്ട്. 

ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ”നബി ﷺ കഅ്ബയുടെ അടുക്കല്‍ നമസ്‌കരിക്കുകയായിരുന്നു. അബൂജഹലും അനുയായികളും സമീപത്തുതന്നെ ഇരിക്കുന്നുണ്ട്. അപ്പോള്‍ ചിലര്‍ ചിലരോട് പറഞ്ഞു: ‘നിങ്ങളില്‍ ആരാണ് ഇന്ന ഗോത്രത്തില്‍ പോയി പഴകിയ കുടല്‍മാല കൊണ്ടുവരിക? എന്നിട്ട് മുഹമ്മദ് സുജൂദ് ചെയ്യുമ്പോള്‍ അവന്റെ മുതുകത്ത് ഇടുക?’ ഇത് കേട്ടയുടനെ അവരിലെ വൃത്തികെട്ട ഒരാള്‍ പോയി അത് കൊണ്ടുവന്നു. നബി ﷺ സുജൂദ് ചെയ്യാന്‍ അയാള്‍ കാത്തുനിന്നു. നബി ﷺ സുജൂദ് ചെയ്തപ്പോള്‍ നബി ﷺയുടെ ചുമലിലൂടെ ആ കുടല്‍മാലയിട്ടു. ഞാനത് നോക്കിനില്‍ക്കുകയായിരുന്നു. അത് തടയാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല. അങ്ങനെ അവര്‍ പരസ്പരം ചിരിക്കുവാനും ആഹ്ലാദിക്കുവാനും തുടങ്ങി. നബിയാകട്ടെ സുജൂദില്‍ നിന്ന് ഉയരാന്‍ പോലും കഴിയാതെ അതേ അവസ്ഥയില്‍ തുടര്‍ന്നു. അങ്ങനെയിരിക്കെ മകള്‍ ഫാത്വിമ കടന്നുവരികയും നബി ﷺയുടെ മുതുകത്തുനിന്നും അത് എടുത്ത് വലിച്ചെറിയുകയും ചെയ്തു. നബി ﷺ തന്റെ തല ഉയര്‍ത്തി. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവേ, ക്വുറൈശികളുടെ കാര്യത്തില്‍ നീ മതിയായവനാണ്.’ മൂന്ന് തവണ ഇത് ആവര്‍ത്തിച്ചു. അവര്‍ക്കെതിരെയുള്ള നബിയുടെ പ്രാര്‍ഥന അവര്‍ക്ക് വലിയ പ്രയാസമായി തോന്നി. കാരണം മക്കയില്‍ വെച്ചുകൊണ്ടുള്ള പ്രാര്‍ഥന ഉത്തരം ലഭിക്കപ്പെടുന്ന ഒന്നാണ് എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ശേഷം ഓരോരുത്തരുടെയും പേര് എടുത്തുപറഞ്ഞുകൊണ്ട് നബി ﷺ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, അബൂജഹലിന്റെ കാര്യം ഞാന്‍ നിന്നെ ഏല്‍പിക്കുകയാണ്. ഉത്ബയുടെയും ശൈബയുടെയും ഈ വലീദിന്റെയും ഉമയ്യത്തുബ്‌നു ഖലഫിന്റെയും ഉക്വ്ബതുബ്‌നു അബീമുഈത്വിന്റെയും കാര്യം ഞാന്‍ നിന്നെ ഏല്‍പിക്കുകയാണ്.’ ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ‘നബി ﷺ എണ്ണിപ്പറഞ്ഞ ആളുകളെല്ലാം ബദ്ര്‍ യുദ്ധ ദിവസത്തില്‍ ഖലീബില്‍ വീണ് കിടക്കുന്നത് ഞാന്‍ കണ്ടു” (ബുഖാരി: 240, മുസ്‌ലിം: 1794). 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ”ഒരിക്കല്‍ അബൂജഹല്‍ പറഞ്ഞു: ‘നിങ്ങളുടെ മുമ്പില്‍ വെച്ചുകൊണ്ട് മുഹമ്മദ് തന്റെ മുഖം നിലത്തു വെക്കാറുണ്ടോ?’ (സുജൂദ് ചെയ്യാറുണ്ടോ എന്നാണ് ഈ ചോദ്യത്തിന്റെ അര്‍ഥം). ഈ സന്ദര്‍ഭത്തില്‍ അവിടെയുള്ള ആളുകള്‍ പറഞ്ഞു: ‘അതെ, അങ്ങനെ ചെയ്യാറുണ്ട്.’ അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘ലാത്ത തന്നെയാണ് സത്യം, ഉസ്സ തന്നെയാണ് സത്യം, ഇനി മുഹമ്മദ് അങ്ങനെ ചെയ്യുന്നത് കണ്ടാല്‍ ഞാനവനെ പിരടിയില്‍ ചവിട്ടുക തന്നെ ചെയ്യും. അല്ലെങ്കില്‍ അവന്റെ മുഖം മണ്ണില്‍ വച്ചുകൊണ്ട് ഉരസുക തന്നെ ചെയ്യും.’ അങ്ങനെയിരിക്കെ നബി ﷺ നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ അബൂജഹല്‍ കടന്നുവന്നു. നബി ﷺയുടെ പിരടിയില്‍ ചവിട്ടാന്‍ വേണ്ടി പോയ സന്ദര്‍ഭത്തില്‍ പോയതുപോലെ തിരിച്ചുവരികയും തന്റെ കൈകൊണ്ട് എന്തോ തടയുകയും ചെയ്യുന്നതും ആളുകള്‍ കണ്ടു. അവര്‍ ചോദിച്ചു: ‘എന്തുപറ്റി താങ്കള്‍ക്ക്?’ അബൂജഹല്‍ പറഞ്ഞു: ‘എനിക്കും മുഹമ്മദിനും ഇടയ്ക്ക് ഒരു കിടങ്ങ് പ്രത്യക്ഷപ്പെട്ടതായി ഞാന്‍ കണ്ടു. അതേപോലെ ചില ഭീകര കാഴ്ചകളും ചിറകുകളും ഞാന്‍ കണ്ടു.’ നബി ﷺ പറയുകയാണ്: ‘അബൂജഹലെങ്ങാനും ആ സന്ദര്‍ഭത്തില്‍ എന്നിലേക്ക് അടുത്തിരുന്നുവെങ്കില്‍ മലക്കുകള്‍ കഷ്ണം കഷ്ണമായി അയാളെ പിച്ചിച്ചീന്തുമായിരുന്നു” (മുസ്‌ലിം: 2797). 

ഉര്‍വ്വത്ബ്‌നു സുബൈര്‍(റ) പറയുന്നു: ”മുശ്‌രിക്കുകളുടെ ഭാഗത്തുനിന്നും നബിക്ക് ഉണ്ടായ ഏറ്റവും ശക്തമായ മര്‍ദനത്തെക്കുറിച്ച് അബ്ദുല്ലാഹിബിനു അംറിനോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നബി ﷺ നമസ്‌കരിച്ചുകൊണ്ടിരിക്കെ ഉക്വ്ബത്ബ്‌നു അബീമുഈത്വ് അങ്ങോട്ടു വന്നു. അയാള്‍ തന്റെ മുണ്ട് ഊരിയെടുത്ത് നബി ﷺയുടെ കഴുത്തില്‍ ശക്തമായി വലിച്ചുമുറുക്കി. അപ്പോള്‍ അബൂബക്ര്‍(റ) വരികയും ഉക്വ്ബതിനെ തള്ളിമാറ്റുകയും ചെയ്തു. എന്നിട്ട് ചോദിച്ചു: ‘എന്റെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുകയും നിങ്ങളുടെ റബ്ബിന്റെ ഭാഗത്തുനിന്നും വ്യക്തമായ തെളിവുകളുമായി വരുകയും ചെയ്ത ഒരു വ്യക്തിയെ നിങ്ങള്‍ കൊല ചെയ്യുകയാണോ?” (ബുഖാരി: 3678). 

മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പീഡിപ്പിക്കപ്പെടുകയും അതില്‍ ക്ഷമിക്കുകയും ചെയ്തതുപോലെ അവിടുത്തെ അനുചരന്മാരും പീഡിപ്പിക്കപ്പെടുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമിക്കുകയും ചെയ്തിട്ടുണ്ട്. അബൂബക്ര്‍(റ) ഒരുദിവസം മസ്ജിദുല്‍ ഹറാമില്‍ പ്രസംഗിക്കാന്‍ വേണ്ടി എഴുന്നേറ്റു നിന്നു. മുശ്‌രിക്കുകള്‍ അദ്ദേഹത്തെ അടിച്ചു. ഉത്ബത്ബ്‌നു റബീഅഃ ആയിരുന്നു അദ്ദേഹത്തെ അടിച്ച ഒരു വ്യക്തി. തന്റെ രണ്ടു ചെരിപ്പുകള്‍ ഊരിക്കൊണ്ടായിരുന്നു അബൂബക്‌റി(റ)ന്റെ മുഖത്ത് അയാള്‍ അടിച്ചത്. മൂക്കും മുഖവും വേര്‍തിരിച്ച് അറിയാതെയായി എന്ന് ചരിത്രം പറയുന്നു. 

മിസ്അബ് ഇബ്‌നു ഉമൈര്‍(റ) മുസ്‌ലിമായ വിവരം അദ്ദേഹത്തിന്റെ മാതാവ് അറിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കി. സുഖലോലുപതയില്‍ കഴിഞ്ഞിരുന്ന ഒരു യുവാവായിരുന്നു അദ്ദേഹം. പക്ഷേ, വിശപ്പടക്കാന്‍ പോലും ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. 

അബ്ദുല്ലാഹിബിന് മസ്ഊദ്(റ) മസ്ജിദുല്‍ ഹറാമില്‍ വെച്ച് വിശുദ്ധ ക്വുര്‍ആന്‍ ഉറക്കെ പാരായണം ചെയ്തു. മുശ്‌രിക്കുകള്‍ അദ്ദേഹത്തെ ശക്തമായി അടിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് അടിയുടെ പാടുകള്‍ വീഴുകയും ചെയ്തു. മറ്റൊരാളും അനുഭവിച്ചിട്ടില്ലാത്ത പീഡനങ്ങളും പ്രയാസങ്ങളുമാണ് ബിലാലുബ്‌നു റബാഹ്(റ) എന്ന സ്വഹാബി അനുഭവിച്ചത്. കാരണം അദ്ദേഹം ഒരു അടിമയായിരുന്നു. ഉമയ്യത്തുബ്‌നു ഖലഫ് അദ്ദേഹത്തിന്റെ കഴുത്തില്‍ കയറിട്ട് കെട്ടി. എന്നിട്ട് മക്കയിലെ കുട്ടികള്‍ക്ക് അവിടത്തെ മലനിരകളിലൂടെ വലിക്കാന്‍ വേണ്ടി കൊടുത്തു. മക്കയിലെ മണല്‍ ചൂടുപിടിക്കുമ്പോള്‍ ബിലാലിനെ മരുഭൂമിയിലേക്ക് കൊണ്ടുവരികയും അവിടെ കിടത്തി വലിയ പാറക്കല്ലുകള്‍ അദ്ദേഹത്തിന്റെ നെഞ്ചത്ത് കയറ്റിവെക്കുകയും ചെയ്യുമായിരുന്നു. ‘ഈ അവസ്ഥയില്‍ നീ മരണപ്പെടും, അതല്ലെങ്കില്‍ മുഹമ്മദിന്റെ മതത്തെ നീ നിഷേധിക്കണം’ എന്നായിരുന്നു അവര്‍ ബിലാലിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പാറയെക്കാള്‍ വലിയ ഈമാനിനെ നെഞ്ചിലേറ്റിയ ബിലാലിന്റെ മറുപടി ‘അഹദ്… അഹദ്…’ (അല്ലാഹു ഏകന്‍) എന്നായിരുന്നു. അബൂബക്ര്‍(റ) ഇത് കാണുകയും ബിലാല്‍(റ)വിനെ വിലകൊടുത്തുവാങ്ങി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മോചിപ്പിക്കുകയും ചെയ്തു.

ഖബ്ബാബ് ബിന്‍ അറതി(റ)നെ മുശ്‌രിക്കുകള്‍ വ്യത്യസ്തങ്ങളായ പീഡനങ്ങള്‍ക്ക് വിധേയമാക്കി. അദ്ദേഹത്തിന്റെ നെഞ്ചത്ത് വലിയ കല്ലുകള്‍ കയറ്റിവെച്ചു. അദ്ദേഹത്തെ തീക്കനലില്‍ കയറ്റിവെച്ചു. അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ കരിച്ചുകളഞ്ഞുകൊണ്ടല്ലാതെ തീക്കനലുകള്‍ അണഞ്ഞിരുന്നില്ല! 

ബനൂമഖ്‌സൂം ഗോത്രത്തിലെ അടിമയായിരുന്നു അമ്മാറുബ്‌നു യാസിര്‍(റ). അമ്മാറും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഇസ്‌ലാം സ്വീകരിച്ചു. മക്കയിലെ മണലാരണ്യം ചൂടുപിടിച്ചാല്‍ അവര്‍ അദ്ദേഹത്തെ അങ്ങോട്ട് കൊണ്ടുപോകുകയും ചുട്ടുപഴുത്ത മണലില്‍ കിടത്തി വ്യത്യസ്തങ്ങളായ ശിക്ഷകള്‍ക്ക് വിധേയമാക്കുകയും ചെയ്യുമായിരുന്നു. 

ഒരിക്കല്‍ യാസിര്‍ കുടുംബം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കെ അവര്‍ക്ക് അരികിലൂടെ നബി ﷺ കടന്നുപോയി. അപ്പോള്‍ ഇപ്രകാരം പറഞ്ഞു: ”യാസിര്‍ കുടുംബമേ, ക്ഷമിച്ചുകൊള്ളുക. നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വര്‍ഗമാണ്.” ശിക്ഷയുടെ കാഠിന്യത്താല്‍ യാസിര്‍(റ) മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ ഗുഹ്യസ്ഥാനത്തിലൂടെ അബൂജഹല്‍ കുന്തംകുത്തിക്കയറ്റി. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒന്നാമത്തെ രക്തസാക്ഷിയായിരുന്നു അവര്‍. ആമിറുബ്‌നു ഫുഹൈറ(റ), ഹമാമ ഉമ്മു ബിലാല്‍(റ), അബു ഫക്വീഹ(റ), സന്‍ബുറ(റ), നെഹ്ദിയ്യ(റ), സുഹൈബുര്‍റൂമി(റ) തുടങ്ങിയവരായിരുന്നു പീഡിപ്പിക്കപ്പെട്ട മറ്റുചില ദുര്‍ബലര്‍.

ഇവര്‍ക്കു പുറമെ മക്കയില്‍ വെച്ചുകൊണ്ട് മറ്റു പലരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ), സുബൈറുബ്‌നുല്‍ അവ്വാം(റ), സൈദ്ബ്‌നു സൈദ്(റ), ഖാലിദ്ബ്‌നു സഈദ് ബ്‌നുല്‍ ആസ്വ്(റ) തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. ഇസ്‌ലാമിക പ്രബോധനം നിര്‍ത്തല്‍ ചെയ്യാന്‍ ക്വുറൈശികള്‍ക്ക് കഴിയാതെവരികയും മുഹമ്മദ് നബി ﷺ അത് അംഗീകരിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ക്വുറൈശികളിലെ നേതാക്കന്മാര്‍ ഒരുമിച്ചുകൂടുകയും ഇസ്‌ലാമിനോടും മുസ്ലിംകളോടുമുള്ള യുദ്ധം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. മുഹമ്മദിനെ പിന്‍പറ്റുന്ന ആളുകള്‍ക്കെല്ലാം ശക്തമായ പീഡനങ്ങള്‍ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുകള്‍ എല്ലാ ഗോത്രക്കാര്‍ക്കും അവര്‍ നല്‍കി. മുസ്‌ലിംകളുള്ള ഗോത്രക്കാര്‍ക്കെതിരെ അവര്‍ രംഗത്തിറങ്ങുകയും പലരെയും തടഞ്ഞുവെക്കുകയും ചെയതു. പലരെയും മര്‍ദിച്ചു. ഭക്ഷണം കൊടുക്കാതെയും വെള്ളം കൊടുക്കാതെയും പ്രയാസപ്പെടുത്തുകയും ചെയ്തു. 

”പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദകര്‍) ചുമത്തിയ കുറ്റം. ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു” (ക്വുര്‍ആന്‍ 85:8,9).

വിശ്വസിച്ച ആളുകള്‍ക്കായിരുന്നു വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നത്. അല്ലാഹു സുരക്ഷിതരാക്കിയവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഹമ്മദ് നബി ﷺയെ അല്ലാഹു അബൂത്വാലിബ് വഴി സഹായിച്ചു. കാരണം തന്റെ ജനതയിലെ കാര്യപ്പെട്ട വ്യക്തിയായിരുന്നു അബൂത്വാലിബ്. 

”സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്, തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്” (ക്വുര്‍ആന്‍ 85:10). 

ക്വുറൈശികള്‍ തന്നെയായിരുന്നു നബി ﷺയോടും നബിയോടൊപ്പം വിശ്വസിച്ച ആളുകളോടും ഏറ്റവും പ്രകടമായ നിലയ്ക്കുള്ള പീഡനമുറകള്‍ സ്വീകരിച്ചത്. അബൂലഹബ്, അബൂജഹല്‍, അബൂസുഫ്യാന്‍, ഹകം ഇബ്‌നു അബില്‍ ആസ്വ്, ഉക്വ്ബതുബ്‌നു അബീ മുഈത്വ്, വലീദുബ്‌നു മുഗീറ, ആസ്വ്ബ്‌നുവാഇല്‍, ഉമയ്യത്തുബ്‌നു ഖലഫ്, ഉബയ്യുബ്‌നു ഖലഫ്, അസദ്ബ്‌നുല്‍ മുത്ത്വലിബ്, അസദ് ഇബ്‌നു അബ്ദുയഗൂസ് തുടങ്ങിയവരായിരുന്നു അവരെ മര്‍ദിച്ചവരില്‍ പ്രധാനികള്‍.

 

ഫദ്‌ലുല്‍ ഹഖ് ഉമരി

നേർപഥം വാരിക