സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ – 04

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ – 04

സ്ത്രീകളും മനുഷ്യരാണ്

ദാസന്മാര്‍ക്ക് സന്മാര്‍ഗവും കാരുണ്യവും വെളിച്ചവും പ്രകാശവും ഉല്‍ബോധനവുമായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ക്വുര്‍ആനിനെ നിരീക്ഷണ വിധേയമാക്കുന്നവര്‍ക്ക് സ്ത്രീയുടെ വിഷയത്തില്‍ മുഖ്യ പരിഗണനയും അവളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അങ്ങേയറ്റത്തെ പ്രോത്സാഹനവും അവള്‍ ക്കു നേരെയുള്ള അന്യായത്തിനെതിരിലും അതിക്രമത്തിനെതിരിലും ശക്തമായ താക്കീതും അതില്‍ കണ്ടെത്താനാവും. ഇത്തരം വിഷയങ്ങളെ സ്ഥിരീകരിക്കുന്ന ധാരാളം സൂക്തങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലുണ്ട്. എന്നു മാത്രമല്ല വിശുദ്ധ ക്വുര്‍ആനില്‍ അന്നിസാഅ് (സ്ത്രീകള്‍) എന്ന ഒരു അധ്യായം തന്നെയുണ്ട്! സ്ത്രീകളുമായി ബന്ധപ്പെട്ടതും അവര്‍ക്കുള്ള മഹത്തായ അവകാശങ്ങളെ വിവരിക്കുന്നതുമായ ധാരാളം വചനങ്ങള്‍ സൂറതുന്നിസാഇലുണ്ട്. സ്ത്രീകളോടുള്ള പെരുമാറ്റ വിഷയത്തില്‍ ശ്രദ്ധിക്കേണ്ട, ക്വുര്‍ആനിലെ ഏതാനും നിദര്‍ശനങ്ങള്‍ താഴെ കൊടുക്കുന്നു:

1. മഹത്തായ നിയമങ്ങള്‍ക്കും നേരായ മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് നന്മയുടെയും മാന്യതയുടെയും അതിരുകളിലൊതുങ്ങി സ്ത്രീകളോട് പെരുമാറുവാനുള്ള കല്‍പനകള്‍. സ്ത്രീയോട് അന്യായം കാണിക്കുന്നവര്‍ക്കും അവളോട് പെരുമാറുന്ന വിഷയത്തില്‍ അല്ലാഹു നിശ്ചയിച്ച അതിര്‍വരമ്പുകളെ മറികടക്കുന്നവര്‍ക്കും താക്കീത്. അല്ലാഹു പറഞ്ഞു:

”(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നല്‍കിയിട്ടുള്ളതില്‍നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമ പരിധികള്‍ പാലിച്ചുപോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്) അല്ലാഹുവിന്റെ നിയമ പരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമ പരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമ പരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍” (ക്വുര്‍ആന്‍ 33:59).

”ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമ പരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.” (ക്വുര്‍ആന്‍ 2:230).

”നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ ഒന്നുകില്‍ നിങ്ങളവരെ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മര്യാദയനുസരിച്ച് തന്നെ പിരിച്ചയ ക്കുകയോ ആണ് വേണ്ടത്. ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്. അപ്രകാരം വല്ലവനും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ തനിക്ക് തന്നെയാണ് ദ്രോഹം വരുത്തിവെക്കുന്നത്. അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:231).

”നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുമായി വിവാഹത്തില്‍ ഏര്‍പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത്; മര്യാദയനുസരിച്ച് അവര്‍ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍. നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണത്. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല” (ക്വുര്‍ആന്‍ 2: 232).

2. സ്ത്രീയെ ഭാര്യയായി വെക്കുമ്പോഴും അല്ലെങ്കില്‍ അവളെ വിവാഹമോചനം നടത്തി അയക്കുമ്പോഴും അവള്‍ക്കുള്ള ജീവിതച്ചെലവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ നിയങ്ങള്‍ നിശ്ചയിച്ചു. ഏത് അവസ്ഥകളിലും അവളോടുള്ള പെരുമാറ്റം നന്നാക്കുന്നതിന് പ്രാധാന്യം കല്‍പിക്കണമെന്ന നിര്‍ദേശത്തോടൊപ്പമാണിത്. 

”നിങ്ങള്‍ ഭാര്യമാരെ സ്പര്‍ശിക്കുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരുമായുള്ള ബന്ധം വേര്‍പെടുത്തിയാല്‍ (മഹ്ര്‍ നല്‍കാത്തതിന്റെ പേരില്‍) നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ അവര്‍ക്ക് നിങ്ങള്‍ മര്യാദയനുസരിച്ച് ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടതാണ്. കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ തന്റെ സ്ഥിതിക്കനുസരിച്ചും. സദ്‌വൃത്തരായ ആളുകള്‍ക്ക് ഇതൊരു ബാധധ്യതയത്രെ. ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞിരിക്കുകയും ആണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങള്‍ നല്‍കേണ്ടതാണ്). അവര്‍ (ഭാര്യമാര്‍) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്) (മഹ്ര്‍ പൂര്‍ണമായി നല്‍കിക്കൊണ്ട്) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല്‍ (ഭര്‍ത്താക്കന്‍മാരേ,) നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 2:236,237).

3. ഭര്‍ത്താവ് തീരുമാനിച്ച മഹ്ര്‍ ഭാര്യക്കു നല്‍കണമെന്നത് നിര്‍ബന്ധമാക്കി. എന്നാല്‍ അതില്‍നിന്ന് അവള്‍ വല്ലതും അവന്ന് വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ അത് അവന്ന് അനുവദീയമാകുന്നതാണ്. അല്ലാഹു പറഞ്ഞു:

”സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷ പൂര്‍വം സുഖമായി ഭക്ഷിച്ചു കൊള്ളുക” (ക്വുര്‍ആന്‍ 4:4).

4. മാതാപിതാക്കളും മറ്റു അടുത്ത ബന്ധുക്കളും വിട്ടേച്ച സ്വത്തില്‍ ബന്ധത്തിനനുസരിച്ചും അര്‍ഹിക്കുന്ന പരിധിക്കുള്ളിലും അനന്തരസ്വത്തില്‍ സ്ത്രീകള്‍ക്ക് സ്വത്തോഹരി നിശ്ചയിച്ചു. അല്ലാഹു പറഞ്ഞു:

”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സമ്പത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു” (ക്വുര്‍ആന്‍ 4:7).

5. സ്ത്രീയെ മുടക്കിയിടുക, അവള്‍ക്ക് ഇടുക്കമുണ്ടാക്കുക, അവളുടെ മഹ്ര്‍ തിരിച്ചുവാങ്ങുക എന്നിവയെ തൊട്ട് മുന്നറിയിപ്പു നല്‍കി. അല്ലാഹു പറഞ്ഞു:

”സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്. അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്‌തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം. നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ? നിങ്ങള്‍ അന്യോന്യം കൂടിച്ചേരുകയും അവര്‍ നിങ്ങളില്‍ നിന്ന് കനത്ത ഒരു കരാര്‍ വാങ്ങുകയും ചെയ്തു കഴിഞ്ഞിരിക്കെ നിങ്ങള്‍ അതെങ്ങനെ മേടിക്കും?” (ക്വുര്‍ആന്‍ 4:19-21).

6. ഭാര്യാഭര്‍ത്താക്കന്മാരില്‍ ഓരോരുത്തര്‍ക്കുമുള്ള സവിശേഷതകളും യോഗ്യതകളും വ്യക്തമാക്കി. രണ്ടിലൊരാള്‍ അപരനുള്ള യോഗ്യതയിലേക്ക് കണ്ണ് നടുന്നതിനെ തൊട്ട് മുന്നറിയിപ്പു നല്‍കി. അല്ലാഹു പറഞ്ഞു:

”നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” (ക്വുര്‍ആന്‍ 4:32).

7. അല്ലാഹുവിനു വഴിപ്പെടുന്നതിലും പുണ്യം പ്രവൃത്തിക്കുന്നതിലും പുരുഷന്റെ തുല്യയായി സ്ത്രീയെയും നിശ്ചയിച്ചു. പുരുഷനോടു കല്‍പിച്ച ആരാധനകള്‍ അവളോടും കല്‍പിച്ചു. രണ്ടില്‍ ഓരോരുത്തര്‍ക്കും അന്ത്യനാളില്‍ തന്റെ ആത്മാര്‍ഥയുടെയും അധ്വാനത്തിന്റേയും ആരാധനയുടെയും തോതനുസരിച്ച് പ്രതിഫലമുണ്ടായിരിക്കും. അല്ലാഹു പറഞ്ഞു: ”(അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍-ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു” (ക്വുര്‍ആന്‍. 4:32).

8. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തെറ്റും പിണക്കവും അതുപോലുള്ള അഭിപ്രായ ഭിന്നതയുമുടലെടുക്കുമ്പോള്‍ അത് ചികിത്സിക്കുവാനുള്ള കൃത്യമായ അടിസ്ഥാനങ്ങള്‍ നിശ്ചയിച്ചു. അല്ലാഹു പറഞ്ഞു:

”ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. ഒത്തുതീര്‍പ്പില്‍ എത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ടുമാറാത്തതാകുന്നു. നിങ്ങള്‍ നല്ലനിലയില്‍ വര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്) പൂര്‍ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 4:128,129).

9. പെണ്‍മക്കളോടുള്ള ബഹുദൈവവിശ്വാസികളുടെ വെറുപ്പില്‍ അവരെ അധിക്ഷേപിക്കുകയും അങ്ങേയറ്റം ആക്ഷേപിക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞു:

”അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!” (ക്വുര്‍ആന്‍ 16:58,59).

10. വിശ്വാസിനികളും പതിവ്രതകളുമായ സ്ത്രീകളെ, തങ്ങള്‍ അപരാധികളായ വിഷയത്തില്‍ അപവാദപ്രചരണം നടത്തുന്നവര്‍ക്ക് അതിഭീഷണമാം വിധം താക്കീതു നല്‍കി. അല്ലാഹു പറഞ്ഞു:

”ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മകാരികള്‍” (ക്വുര്‍ആന്‍ 24:4).

”പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്” (ക്വുര്‍ആന്‍ 24:23).

11. സമാധാനവും സ്‌നേഹവും കാരുണ്യവും സഫലീകരിക്കുന്ന, അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് വിവാഹമെന്ന് വ്യക്തമാക്കി. അല്ലാഹു പറഞ്ഞു:

”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (ക്വുര്‍ആന്‍ 30:21).

12. ത്വലാക്വ് (വിവാഹ മോചനം), ഇദ്ദഃ(ദീക്ഷാകാലം), ശുഹൂദ് (സാക്ഷികള്‍), വേര്‍പാടിന്റെ വേളയിലെ ജീവിതച്ചെലവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിശ്ചയിച്ചു. അല്ലാഹു പറഞ്ഞു:

”നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടുവന്നേക്കുമോ എന്ന് നിനക്ക് അറിയില്ല. അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും അവന്‍ കണക്കാക്കാത്തവിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്…” (ക്വുര്‍ആന്‍ 65:1-3).

”നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത് വരെ നിങ്ങള്‍ അവര്‍ക്കു ചെലവു കൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്നപക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ” (ക്വുര്‍ആന്‍ 65:6).

13. ബഹുഭാര്യത്വം നിരുപാധികമായിരുന്നതിനു ശേഷം ഒന്നിലധികം വിവാഹം ഉദ്ദേശിക്കുന്നവര്‍ക്ക്  ഇസ്‌ലാം നാലു ഭാര്യമാരായി എണ്ണം പരിമിതപ്പെടുത്തി. അല്ലാഹു പറഞ്ഞു:

”സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെ ങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.)” (ക്വുര്‍ആന്‍ 4:3). 

സ്ത്രീകളുമായും അവരോട് നന്മയില്‍ വര്‍ത്തക്കുന്നതുമായും ബന്ധപ്പെട്ട വിശുദ്ധ ക്വുര്‍ആനിന്റെ നിര്‍ദേശങ്ങളുടെയും അവരോടുള്ള പെരുമാറ്റത്തില്‍ സ്വീകരിക്കല്‍ അനിവാര്യമായ നിയമങ്ങളുടെയും ഏതാനും ഉദാഹരണങ്ങളാണിവ. യുക്തിപൂര്‍ണമായ മാനദണ്ഡങ്ങളും അവക്രമായ നിര്‍ദേശങ്ങളുമത്രെ ഇവ. ഇവ മുറുകെ പിടിക്കുകയും കണിശമായി പാലിക്കുകയും  ചെയ്യാതെ ജനങ്ങളുടെ അവസ്ഥകള്‍ വ്യവസ്ഥാപിതമാവുകയോ അവരുടെ കാര്യങ്ങള്‍ ചൊവ്വാകുകയോ ഇല്ല. സൃഷ്ടികളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും മതത്തില്‍ യുക്തിജ്ഞനുമായ ലോകരുടെ രക്ഷിതാവിന്റെ അവതീര്‍ണതയത്രെ അത്.

 

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
(വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
നേർപഥം വാരിക

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ – 03

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ - 03

സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന മതം

ഒരാള്‍ക്ക് വിശ്വാസം പുല്‍കുവാനുള്ള ഭാഗ്യം നല്‍കപ്പെടാതിരിക്കുകയും പരമകാരുണികന് വഴിപ്പെടുന്നത് അയാള്‍ സ്വയമേവ നിര്‍വഹിക്കുകയും ചെയ്തില്ലയെങ്കില്‍ അയാള്‍ അധമനും അനാദരണീയനുമാണ്. വാക്കിലും വിശ്വാസത്തിലും പ്രവൃത്തിയിലും ഈമാനിനുള്ള വിഹിതമെത്രയാണോ അതിനനുസരിച്ചാണ് ഒരു മനുഷ്യന് ആഭിജാത്യത്തിന്റെയും അപമാനത്തില്‍ നിന്നുള്ള സുരക്ഷിതത്വത്തിന്റെയും വിഹിതം. മതനിഷ്ഠയില്ലാതെ അന്തസ്സ് അന്വേഷിക്കുന്നവന്‍ നിന്ദ്യതയുടുക്കും. ഇസ്‌ലാമല്ലാത്തതില്‍ ആദരവ് ലക്ഷ്യമാക്കുന്നവന്‍ അപമാനം പേറും.

ഇവിടെ അറിയല്‍ അനിവാര്യമായ ഒന്നുണ്ട്. അഥവാ, ഒന്നാമത്തെ ഇനമായ തക്‌രീമുന്‍ ആമ്മ് രണ്ടാമത്തെ ഇനമായ തക്‌രീമുന്‍ ഖാസ്സ്വ് നേടുന്നതിനുള്ള കാരണങ്ങള്‍ യഥാവിധം നിര്‍വഹിക്കല്‍ മനുഷ്യന് അനിവാര്യമാണെന്നതാണത്. അഥവാ, അല്ലാഹുവിന് വഴിപ്പെടുന്ന മാര്‍ഗേണ തന്റെ കഴിവിനെ പരമാവധി വിനിയോഗിക്കുക, അല്ലാഹുവിന്റെ പ്രീതി നേടുന്ന വഴിയില്‍ തന്റെ അധ്വാനം സമര്‍പ്പിക്കുക എന്നത് സമ്പത്ത്, ആരോഗ്യം, സൗഖ്യം എന്നിവയാലും മറ്റും അല്ലാഹു ആദരിച്ച വ്യക്തിയുടെ ബാധ്യതയാ കുന്നു. ഇല്ലായെങ്കില്‍ ആ ആദരവിനെ കുറിച്ച് അന്ത്യനാളില്‍ അവനെ അല്ലാഹു ചോദ്യം ചെയ്യുന്നതാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അവര്‍ ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അന്ത്യനാളില്‍ ഞങ്ങളുടെ റബ്ബിനെ കാണുമോ?’ തിരുദൂതര്‍(സ്വ) പറഞ്ഞു: ‘കാര്‍മേഘം ഇല്ലാത്ത ഉച്ച സമയത്ത് സൂര്യനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകുമോ? കാര്‍മേഘം ഇല്ലാത്ത പൗര്‍ണമിരാവില്‍ ചന്ദ്രനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകുമോ?’ അവര്‍ പറഞ്ഞു: ‘ഇല്ല.’ നബി(സ്വ) പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം! അവ രണ്ടും കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമമില്ല എന്നത് പോലെ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാവുകയില്ല.’

അല്ലാഹു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: ‘അല്ലയോ മനുഷ്യാ, ഞാന്‍ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളെയും ഒട്ടകങ്ങളെയും കീഴ്‌പ്പെടുത്തിത്തരുകയും ‘ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ?’ ദാസന്‍ പറയും: ‘അതെ.’ അല്ലാഹു പറയും: ‘എന്നിട്ട് എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ?’ ദാസന്‍ പറയും: ‘ഇല്ല. അല്ലാഹു’ പറയും: ‘നിശ്ചയം ഞാന്‍ നിന്നെ കയ്യൊഴിക്കുന്നു; നീ എന്നെ വിസ്മരിച്ച തുപോലെ.’ 

ശേഷം അല്ലാഹു രണ്ടാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: ‘അല്ലയോ മനുഷ്യാ, ഞാന്‍ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്‌പ്പെടുത്തിത്തരുകയും ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ?’ ദാസന്‍ പറയും: ‘രക്ഷിതാവേ, അതെ.’ അല്ലാഹു പറയും: ‘എന്നിട്ടും എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ?’ ദാസന്‍ പറയും: ‘ഇല്ല.’ അല്ലാഹു പറയും: ‘നിശ്ചയം ഞാന്‍ നിന്നെ കയ്യൊഴിക്കുന്നു; നീ എന്നെ വിസ്മരിച്ചതുപോലെ.’ 

ശേഷം അല്ലാഹു മൂന്നാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു, അയാളോടും അതുപോലെ പറയും. ദാസന്‍ പറയും: ‘രക്ഷിതാവേ, ഞാന്‍ നിന്നെയും നിന്റെ വേദഗ്രന്ഥത്തെയും ദൂതന്മാരെയും വിശ്വസിച്ചംഗീകരിക്കുകയും നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ദാനം നല്‍കുകയും ചെയ്തു.’ അയാള്‍ക്ക് സാധ്യമാം വിധം അയാള്‍ സ്വന്തത്തെ പ്രശംസിച്ചു പറയും. അപ്പോള്‍ അല്ലാഹു പറയും: ‘എങ്കില്‍ (നീ ജല്‍പിച്ചതിന്നെതിരില്‍ സാക്ഷ്യം സ്ഥിരീകരിക്കുവാന്‍) നീ ഇവിടെ നില്‍ക്കുക.’     

ശേഷം അയാളോട് പറയപ്പെടും: ‘ഇപ്പോള്‍ നിന്റെ മേല്‍ നമ്മുടെ സാക്ഷിയെ ഞാന്‍ നിയോഗിക്കും.’ അയാളാകട്ടെ എന്റെമേല്‍ സാക്ഷി പറയുന്നവന്‍ ആരായിരിക്കുമെന്ന് തന്റെ മനസ്സില്‍ ആലോചിക്കും. അങ്ങനെ അയാളുടെ വായക്ക് മുദ്രവെക്കപ്പെടും. അയാളുടെ തുടയോടും മാംസത്തോടും എല്ലിനോടും പറയപ്പെടും: ‘സംസാരിക്കൂ.’ അതോടെ അയാളുടെ തുടയും മാംസവും എല്ലുകളും സംസാരിക്കും. അല്ലാഹു തന്റെ ഭാഗത്തുനിന്നുള്ള ഒഴിവുകഴിവ് കാണിക്കുന്നതിനു വേണ്ടിയാണത്. കപടവിശ്വാസിയാകുന്നു അയാള്‍. ആ വ്യക്തിയോടത്രേ അല്ലാഹു കോപിക്കുക”(മുസ്‌ലിം).

ആരോഗ്യം, സൗഖ്യം, സമ്പത്ത്, പാര്‍പ്പിടം, ഭക്ഷണം, പാനീയം തുടങ്ങിയുള്ളവ കൊണ്ട് അല്ലാഹു മനുഷ്യനെ ആദരിച്ചതില്‍ അവന്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനു ഈ ഹദീഥ് വ്യക്തമായ തെളിവാകുന്നു. കാരണം അല്ലാഹു അവനെ ആദരിച്ചത് അവന്‍ അല്ലാഹുവിന് വഴിപ്പെടുവാനും അവന്റെ പ്രീതിക്കായി പ്രവര്‍ത്തിക്കുവാനുമാണ്. അനുഗ്രഹത്തെ അനര്‍ഹമായ നിലയ്ക്ക് വിനിയോഗിച്ചാലും നേരല്ലാത്ത മാര്‍ഗത്തില്‍ ഉപയോഗിച്ചാലും അന്ത്യനാളില്‍ അതില്‍ മനുഷ്യന്‍ വിചാരണ ചെയ്യപ്പെടും.

ഇസ്‌ലാമില്‍ സ്ത്രീക്കുള്ള ആദരവ്

ഋജുവായ ഇസ്‌ലാമിക ദര്‍ശനം അതിന്റെ ശരിയായ നിദര്‍ശനങ്ങളിലൂടെയും യുക്തിഭദ്രമായ നിര്‍ദേശങ്ങളിലൂടെയും മുസ്‌ലിം സ്ത്രീയെ സംരക്ഷിച്ചു. അവള്‍ക്കുള്ള അന്തസ്സും ആദരവും സൂക്ഷിക്കുകയും അവള്‍ക്കുള്ള പ്രതാപത്തിന്റെയും സൗഭാഗ്യത്തിന്റെയും സാക്ഷാത്കാരം ഏറ്റെടുക്കുകയും സമൃദ്ധ ജീവിതത്തിനുവേണ്ട വിഭവങ്ങള്‍ അവള്‍ക്കായി ഇസ്‌ലാം ഒരുക്കുകയും ചെയ്തു. സംശയങ്ങളുടെയും കുഴപ്പങ്ങളുടെയും തിന്മകളുടെയും നാശങ്ങളുടെയും സാഹചര്യങ്ങളില്‍നിന്ന് അന്യംനിന്നുകൊണ്ടാണിത്.

ദാസന്മാരോടുള്ള അല്ലാഹുവിന്റെ മഹത്തായ കാരുണ്യത്തില്‍ പെട്ടതാണിതെല്ലാം; അവര്‍ക്ക് സാരോപദേശമേകിയും അവര്‍ വിതക്കുന്ന കുഴപ്പങ്ങളെ നന്നാക്കിയും അവരുടെ മാര്‍ഗഭ്രംശങ്ങളെ നേരാക്കിയും അവര്‍ക്ക് പുലരേണ്ട സൗഭാഗ്യത്തെ ഏറ്റെടുത്തും അവന്റെ ശരീഅത്തിനെ അവരില്‍ അവതിരിപ്പിച്ചുകൊണ്ടുമാണിത്. ഇസ്‌ലാം കൊണ്ടുവന്ന മഹത്തായ നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്കു സുരക്ഷിതത്വത്തിന്റെ രക്ഷാകവാടമായി എണ്ണപ്പെടുന്നു. എന്നു മാത്രമല്ല വിപത്തുകളും പരീക്ഷണങ്ങളും വന്നു ഭവിക്കുന്നതില്‍ നിന്നും കുഴപ്പങ്ങളും കഷ്ടതകളും അവരില്‍ വന്നിറങ്ങുന്നതില്‍നിന്നും മൊത്തം സമുദായത്തിനുതന്നെ അവ രക്ഷയുടെ സുരക്ഷാകവാടമായി എണ്ണപ്പെടുന്നു. 

സ്ത്രീകളുമായി ബന്ധപ്പെട്ട ഇസ്‌ലാമികമായ നിയമങ്ങള്‍ സമൂഹത്തോട് യാത്രപറഞ്ഞാല്‍ സമൂഹത്തില്‍ നാശം ഭവിക്കുകയും വിപത്തുകളും അപകടങ്ങളും തുടര്‍ക്കഥകളാവുകയും ചെയ്യും. ഇതിന്റെ ഏറ്റവും വലിയ സാക്ഷ്യം ചരിത്രമാണ്. സംസ്‌കാരങ്ങളുടെ തകര്‍ച്ച, സമൂഹങ്ങളുടെ ശൈഥില്യം, സ്വഭാവങ്ങളുടെ ദൂഷ്യത, നീചവൃത്തികളുടെ വ്യാപനം, മൂല്യങ്ങളുടെ തകര്‍ച്ച, കുറ്റകൃത്യങ്ങളുടെ സാര്‍വത്രികത എന്നിവയുടെ മുഖ്യകാരണം സ്ത്രീകളുടെ അണിഞ്ഞൊരുങ്ങിയുള്ള രംഗപ്രവേശവും നഗ്നതാ പ്രദര്‍ശനവും പരപുരുഷന്മാരോടൊത്തുള്ള കൂടിക്കലരലും ചമഞ്ഞൊരുങ്ങുവാനും അന്യരോടു ഇടപഴകുവാനുമുള്ള അവളുടെ അമിതമായ ഭ്രമവും പരപുരഷന്മാരോട് ഒഴിഞ്ഞിരിക്കലും സര്‍വവിധ അലങ്കാരവുമുടുത്ത്, മികച്ച ഉടയാടകളണിഞ്ഞ് സുഗന്ധം പൂശി പൊതുവേദികളില്‍ അവള്‍ നിത്യസന്ദര്‍ശകയായതുമാണെന്ന് ചരിത്രത്തിന്റെ സുദീര്‍ഘമായ ഇന്നലെകളെ നിരീക്ഷണം നടത്തുന്ന ഏതൊരാള്‍ക്കും കണ്ടെത്താനാകും.

ഇബ്‌നുല്‍ക്വയ്യിം(റഹി) പറഞ്ഞു: ”നിസ്സംശയം, പരപുരുഷന്മാരോട് ഇടപഴകുവാന്‍ സ്ത്രീകള്‍ക്ക് അവസരമേകിയതാണ് എല്ലാവിധ കുഴപ്പങ്ങളുടെയും തിന്മകളുടെയും അടിസ്ഥാന കാരണം. സര്‍വവ്യാപിയായ ശിക്ഷകള്‍ വന്നിറങ്ങുവാനുള്ള പല കാരണങ്ങളില്‍ പ്രധാനവും അതുതന്നെയാണ്. സാധാരണക്കാരുടെയും പ്രത്യേകക്കാരുടെയും പ്രശ്‌നങ്ങള്‍ അവതാളത്തിലാകുവാനുള്ള കാരണങ്ങളിലൊന്നും അതാണ്. പരപുരുഷന്മാരോടുള്ള കൂടിക്കുഴച്ചിലാണ് നീചവൃത്തികളും വ്യഭിചാരവും പെരുകുവാനുള്ള കാരണം. അതാകട്ടെ സമൂല നാശത്തിന്റെയും തുടര്‍ച്ചയായ മാറാവ്യാധികളുടെയും ഹേതുവുമാണ്. മൂസാൗയുടെ സമൂഹത്തിലേക്ക് അഭിസാരികകള്‍ ചേക്കേറുകയും നീചവൃത്തി അവരില്‍ സാര്‍വത്രികമാവുകയും ചെയ്തപ്പോള്‍ അവര്‍ക്കെതിരില്‍ അല്ലാഹു മാറാവ്യാധികളെ നിയോഗിച്ചു. അതോടെ ഒരു ദിനം എഴുപതിനായിരം ആളുകള്‍ക്ക് ജീവഹാനി നേരിട്ടു. ഈ സംഭവം ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പ്രസിദ്ധമാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരോട് കൂടിക്കലരുവാനും നഗ്നതപ്രദര്‍ശിപ്പിച്ചും സൗന്ദര്യപ്രകടനം നടത്തിയും അന്യര്‍ക്കിടയില്‍ ഉലാത്തുവാനും അവസരം സൃഷ്ടിച്ചത് കാരണത്താല്‍ വ്യഭിചാരം സാര്‍വത്രികമായതാണ് കൂട്ടനാശത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. ഇതിനാല്‍ മതം അപകടപ്പെടുന്നതിനു മുമ്പു തന്നെ ലോകവും ലോകരും അപകടത്തിലാകുന്നത് രക്ഷിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവരാകുമായിരുന്നു ഇത് തടയുന്നതില്‍ ഏറ്റവും തീവ്രത പുലര്‍ത്തുന്നവര്‍.

ഇത്തരം കുഴപ്പങ്ങളുടെ അടിവേരറുക്കുന്നതും സമുദായത്തെ ഇത്തരം അപായങ്ങളില്‍നിന്നും തിന്മകളില്‍നിന്നും രക്ഷപ്പെടുത്തുന്നതുമായ ചികിത്സാരീതികളും സുരക്ഷാപദ്ധതികളുമായാണ് ഇസ്‌ലാമിന്റെ ആഗമനം. വന്‍പാപങ്ങളെ വര്‍ജിക്കുവാനും നീചവൃത്തികളില്‍നിന്നും നാശഗര്‍ത്തങ്ങളില്‍നിന്നും വിദൂരപ്പെടുവാനും സഹായിക്കുന്ന അനുഗൃഹീതമായ അധ്യാപനങ്ങളത്രെ അത്. അല്ലാഹുവില്‍നിന്ന് ദാസന്മാര്‍ക്കുള്ള കാരുണ്യവും അവരുടെ അഭിമാനങ്ങള്‍ക്കുള്ള സുരക്ഷയും ഭൗതികലോകത്തെ നിന്ദ്യതയില്‍നിന്നും പരലോകത്തെ ശിക്ഷയില്‍നിന്നും അവര്‍ക്കുള്ള സുരക്ഷണവുമത്രെ ഈ അധ്യാപനങ്ങള്‍. 

സ്ത്രീകളാലുള്ള കുഴപ്പങ്ങള്‍ സംഭവിച്ചു കഴിഞ്ഞാല്‍ അളവറ്റതും പര്യവസാനം ശോചനീയവുമായ ധാരാളം കെടുതികളും തിന്മകളും അപകടങ്ങളും അതിനെ തുടര്‍ന്ന് തലപൊക്കുമെന്ന് അറിയിക്കുന്ന തെളിവുകള്‍ ഇസ്‌ലാം ബോധ്യപ്പെടുത്തുന്നുണ്ട്. 

ഉസാമഃ ഇബ്‌നു സെയ്ദി(റ)ല്‍നിന്നു ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു. തിരുനബി(സ്വ) പറയുന്നു: 

”പുരുഷനു സ്ത്രീകളെക്കാള്‍ വിനയായ ഒരു ഫിത്‌നയും ഞാന്‍ എന്റെ കാലശേഷം വിട്ടേച്ചിട്ടില്ല.”

അബൂസഈദില്‍ഖുദ്‌രി(റ)യില്‍നിന്നും ഇമാം മുസ്‌ലിം നി വേദനം ചെയ്യുന്നു. നബി(സ്വ) പറയുന്നു:

”നിങ്ങള്‍ ദുന്‍യാവിനെയും സ്ത്രീകളെയും സൂക്ഷിക്കുക. കാരണം, ഇസ്‌റാഈല്യരിലെ ആദ്യത്തെ ഫിത്‌നഃ സ്ത്രീകളുടെ വിഷയത്തിലായിരുന്നു.”

ഇതിനാലാണ് ഇസ്‌ലാം സ്ത്രീക്കും പുരുഷനും കൃത്യമായ നിയമങ്ങളും മഹനീയമായ നിര്‍ദേശങ്ങളും നിശ്ചയിച്ചത്. ഇവകൊണ്ട് യഥാവിധം നിലക്കൊള്ളുമ്പോഴാണ് ഇഹത്തിലും പരത്തിലുമുള്ള മുഴുവന്‍ നന്മകളും മഹത്ത്വങ്ങളും ആദരവുകളും സഫലീകൃതമാകുന്നത്. അല്ലാഹു പറയുന്നു:

”(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും നീ പറയുക” (ക്വുര്‍ആന്‍ 24:31,32). 

”പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്” (ക്വുര്‍ആന്‍ 33:32,33).

”നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 33:59).

ഈ വിഷയത്തില്‍ പ്രമാണ വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും ധാരാളമാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുവാനോ ജനജീവിതം കുടുസ്സാക്കുവാനോ ഇസ്‌ലാം ഈ നിയമങ്ങളെ നിശ്ചയിച്ചയിച്ചിട്ടില്ല. പ്രത്യുത സമൂഹത്തെ സംരക്ഷിക്കുവാനും അതിന്റെ ഔന്നത്യം കാക്കുവാനും അഭിമാനവും ആഭിജാത്യവും നിലനിര്‍ത്തുവാനും മാത്രമാണ് ഈ നിയമങ്ങളെ കല്‍പിച്ചത്.

മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുവാന്‍ വേണ്ടി ഇസ്‌ലാം ഈ നിയമങ്ങളെ അവളുടെമേല്‍ അടിച്ചേല്‍പിച്ചിട്ടില്ല. നാണക്കേടില്‍നിന്ന് അവളെ കാക്കുവാനും നീചവൃത്തിക്ക് ഇരയാകുന്നതില്‍നിന്ന് അവളെ സംരക്ഷിക്കുവാനും കുറ്റകൃത്യത്തിലും കുഴപ്പത്തിലും നിപതിക്കുന്നതില്‍നിന്ന് അവളെ തടുക്കുവാനും ഭക്തിയുടെയും വിശുദ്ധിയുടെയും പവിത്രതയുടെയും ഉടയാട അവളെ ധരിപ്പിക്കുന്നതിനു വേണ്ടിയുമാണ് പ്രസ്തുത നിയമങ്ങളെ ആവിഷ്‌കരിച്ചത്. നീചവൃത്തിയിലേക്ക് എത്തിക്കുകയും അധാര്‍മികതയില്‍ ആപതിപ്പിക്കുകയും ചെയ്യുന്ന സമഗ്ര വഴികളെയും ഇസ്‌ലാം അവകൊണ്ട് കൊട്ടിയടച്ചു. ഇതത്രെ സ്ത്രീകള്‍ക്കുള്ള യാഥാര്‍ഥ ആദരവ്.

 

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
(വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
നേർപഥം വാരിക

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ – 02

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ - 02

സ്ത്രീകളെ ആദരിക്കുന്ന ദർശനം

ആരാണ് സ്ത്രീ?

മര്‍അത്ത്(സ്ത്രീ) എന്നത് മര്‍അ് എന്നതിന്റെ സ്ത്രീലിംഗമാണ്. ഈ ഏകവചനത്തിന് ബഹുവചനമില്ല. എന്നാല്‍ നിസാഅ്, നിസ്‌വത്ത് എന്നിങ്ങനെയാണ് അത് ബഹുവചനമാക്കപ്പെടുക. പുരുഷനു തന്റെ ജീവിത പങ്കാളിയാകുവാന്‍ അല്ലാഹു ഉണ്മയേകിയ സൃഷ്ടിയത്രേ സ്ത്രീ. അടിസ്ഥാനപരമായി പുരുഷനില്‍നിന്നു തന്നെയാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സമ്പര്‍ക്കം സുചിന്ത്യവും ബന്ധവും അടുപ്പവും സുദൃഢവുമാകുന്നതിന് വേണ്ടിയാണത്. ഇണകള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും പ്രൗഢമായും അതിസുന്ദരമായും പുലരുന്നതിനു വേണ്ടിയുമാണത്. അല്ലാഹു പറയുന്നു:

”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍  4:1).

”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (വി. ക്വു. 30: 21).

”അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?”(ക്വുര്‍ആന്‍ 16:72).

ഹവ്വാഅ് ആദം(അ)ന്റെ ഭാര്യയാണ്, ആദമില്‍ നിന്നാണ് അവര്‍ സൃഷ്ടിക്കപ്പെട്ടത് എന്നീ കാര്യങ്ങളെ ഈ വചനങ്ങള്‍ അറിയിക്കുന്നു. അതില്‍ പിന്നെ അവര്‍ ഇരുവരില്‍നിന്നുമായി അല്ലാഹു ധാരാളം പുരുഷന്മാരൈയും സ്ത്രീകളെയും വൈവാഹിക ജീവിതത്തിലൂടെ വ്യാപിപ്പിച്ചു. വൈവാഹിക ജീവിതത്തിലൂടെയാണല്ലോ ഗര്‍ഭധാരണവും സന്താനോല്‍പാദനവും ഉണ്ടാകുന്നത്.

അല്ലാഹു പരുഷനില്‍ അവനുള്ള വ്യക്തിത്വങ്ങളും സവിശേഷതകളും പടച്ചു. സ്ത്രീയില്‍ സ്‌ത്രൈണതയുടെ വ്യക്തിത്വങ്ങളും സവിശേഷതകളും പടച്ചു. സ്ത്രീപുരുഷന്മാര്‍ ഓരോരുത്തരും തങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ടതില്‍ നിന്ന് പുറം ചാടുകയെന്നത് ശുദ്ധപ്രകൃതിയില്‍ നിന്നുള്ള വ്യതിചലനവും മാര്‍ഗ ഭ്രംശവുമായിട്ടാണ് പരിഗണിക്കപ്പെടുക. അബൂഹുറയ്‌റ(റ)യില്‍നിന്നുള്ള ഹദീഥില്‍ ഇപ്രകാരം വന്നിട്ടുണ്ട്. നബി(സ്വ) പറഞ്ഞു:

”നിശ്ചയം, സ്ത്രീ വാരിയെല്ലില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാരിയെല്ലുകളില്‍ ഏറ്റവും വളഞ്ഞത് മീതെയുള്ളതാകുന്നു. താങ്കള്‍ അത് നേരെയാക്കിയാല്‍ അതിനെ പൊട്ടിക്കും. താങ്കള്‍ അവളെ ആസ്വദിക്കുകയാണെങ്കില്‍ അവളെ ആസ്വദിച്ചു. അവള്‍ക്ക് ഒരു വളവുണ്ട്.” 

ഇമാം നവവി(റഹി) പറഞ്ഞു: ‘ആദമിന്റെ ഒരു വാരിയെല്ലില്‍ നിന്നാണ് ഹവ്വാഅ് സൃഷ്ടിക്കപ്പെട്ടതെന്ന കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ ചിലരുടെ അഭിപ്രായത്തിന് ഈ ഹദീഥില്‍ തെളിവുണ്ട്. അല്ലാഹു പറയുന്നു:

”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും… ചെയ്തവനായ…” (ക്വുര്‍ആന്‍ 4:1)

അടിസ്ഥാനപരമായ സൃഷ്ടിപ്പിലും നിര്‍മിതിയിലും ചില പ്രത്യേകതകളാലും വ്യക്തിത്വങ്ങളാലും സ്ത്രീ സവിശേഷമാക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത സവിശേഷതകളും വ്യക്തിത്വങ്ങളുമാണ് അവള്‍ക്ക് ജീവിതത്തില്‍ പ്രത്യേകമായൊരു രീതിയും നിര്‍ണിതമായൊരു ശൈലിയും നേടിക്കൊടുക്കുന്നത്. അതാകട്ടെ അവളുടെ സ്‌ത്രൈണത, മാതൃത്വം, നൈര്‍മല്യം, ദൗര്‍ബല്യം, അധികരിച്ചുള്ള അവസ്ഥാ മാറ്റങ്ങള്‍ എന്നിവയില്‍നിന്നൊക്കെയാണ് പ്രയാണം കുറിക്കുന്നത്. അവള്‍ ആര്‍ത്തവകാരിയാകുന്നു. ഗള്‍ഭം ധരിക്കുന്നു. ഗര്‍ഭിണിയായിരിക്കെ ആഗ്രഹങ്ങള്‍ പേറുന്നു. പ്രസവിക്കുന്നു. മുലയൂട്ടുന്നു. കുഞ്ഞിനെ പരിപാലിക്കുന്നു… തുടങ്ങി അവള്‍ക്ക് പ്രത്യേകമായ കാര്യങ്ങള്‍ അവള്‍ നിര്‍വഹിക്കുന്നു. ഇത് പോലെ പുരുഷനും അവന്റെതായ പ്രത്യേകതകളും വ്യക്തിത്വങ്ങളും ഉണ്ട്.   

സ്ത്രീ പുരുഷന്മാരിലൊരാള്‍ അപരന്റെ സവിശേഷതകളിലേക്ക് എത്തിനോക്കുക എന്നത് പാടുള്ളതല്ല. അല്ലാഹു പറഞ്ഞു:

”നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവിന്റെ ഔദാര്യത്തില്‍നിന്ന് അവനോടു നിങ്ങള്‍ ആവശ്യപ്പെട്ട് കൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” (ക്വുര്‍ആന്‍ 4:32).

പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്”(ക്വുര്‍ആന്‍ 4:34). 

സ്ത്രീയുടെ മേലുള്ള പുരുഷന്റെ നിയന്ത്രണാധികാരം അല്ലാഹു ചിലര്‍ക്ക് ചിലരെക്കാള്‍ നല്‍കിയ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. ബുദ്ധിപൂര്‍ണത, കരുത്ത്, ക്ഷമ, സഹനം, സഹിഷ്ണുത, ശക്തി എന്നിവയാല്‍ പുരുഷന്‍ സവിശേഷമാക്കപെട്ടിരിക്കുന്നു. ഇവ പുരുഷനുള്ളതുപോലെ സ്ത്രീക്ക് ഇല്ല. അതിനാലാണ് സ്ത്രീയുടെ കഴിവുകളോടും സൃഷ്ടിപരമായ ചട്ടങ്ങളോടും ഇണങ്ങും വിധമുള്ള പുരുഷനോടുള്ള കടമകള്‍ സ്ത്രീകളുടെമേല്‍ നിശ്ചയിച്ചത്. പുരുഷന്റെ കഴിവുകളോടും സൃഷ്ടിപരമായ ചട്ടങ്ങളോടും യോജിക്കും വിധമുള്ള അവകാശങ്ങള്‍ പുരുഷനന് സ്ത്രീയുടെ മേലും നിശ്ചയിച്ചത്.

മനുഷ്യനുള്ള ആദരവ്, വസ്തുതയെന്ത്?

പ്രമാണങ്ങളുടെ ആശയങ്ങളും തെളിവുകളുടെ അറിയിപ്പുകളം നിരീക്ഷിക്കുന്നവന് മനുഷ്യന് അല്ലാഹുവില്‍നിന്നുള്ള ആദരവ് രണ്ടു നിലക്കാണെന്ന് കണ്ടെത്താനാവും. അവ:

1. തക്‌രീമുന്‍ ആമ്മ്(പൊതുവായുള്ള ആദരവ്)

ഇതത്രെ വിശുദ്ധ വചനത്തില്‍ അല്ലാഹു വിവരിച്ച ആദരവ്.

”തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 17:70).

ഇമാം ക്വുര്‍ത്വുബി(റഹി) പറഞ്ഞു: ”നീണ്ടുനിവര്‍ന്ന് നല്ല രൂപത്തിലായുള്ള അവരുടെ സൃഷ്ടിപ്പും കരയിലും കടലിലും അവരെ വഹിക്കലും ഈ ആദരവില്‍ ഉള്‍പ്പെടുന്നു. മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും യാഥാര്‍ഥ്യമായിട്ടില്ലാത്തതാണെല്ലോ ഇത്. തന്റെ ഉദ്ദേശ്യത്തിനും വിചാരത്തിനും ആസൂത്രണത്തിനുമനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയെന്നതും അവര്‍ക്കു പ്രത്യേകമായ ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ കൊണ്ട് അവരെ സവിശേഷമാക്കി എന്നതും ഈ ആദരവില്‍ ഉള്‍പ്പെടുന്നു. ഇവകളില്‍ മനുഷ്യര്‍ക്ക് സ്വകര്യം നല്‍കപ്പെട്ടതു പോലെ ഒരു മൃഗത്തനും സൗകര്യം നല്‍കപ്പെട്ടിട്ടില്ലല്ല. കാരണം മനുഷ്യര്‍ സ്വത്ത് സമ്പാദിക്കുന്നു; മൃഗങ്ങള്‍ സമ്പാദിക്കുന്നില്ല. അവര്‍ വസ്ത്രം ധരിക്കുന്നു. ഭക്ഷണങ്ങളില്‍നിന്ന് പാകം ചെയ്തത് ആഹരിക്കുകയും ചെയ്യുന്നു. വേവിക്കാത്ത മാംസമോ പാകം ചെയ്യാത്ത ഭക്ഷണമോ തിന്നുവാനേ ഓരോ മൃഗത്തിനും കഴിയൂ.

ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ”ഏറ്റവും നല്ലതും പരിപൂര്‍ണവുമായ ഘടനയില്‍ മനുഷ്യനെ സൃഷ്ടിച്ചതിലൂടെയുള്ള മനുഷ്യരോടുള്ള അല്ലാഹുവിന്റെ ബഹുമാനത്തെ കുറിച്ചും അവര്‍ക്കുള്ള അവന്റെ ആദരവിനെ കുറിച്ചും അവന്‍ പറയുന്നു: ‘തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു’ (ക്വുര്‍ആന്‍ 95:4). അഥവാ മനുഷ്യന്‍ തന്റെ ഇരുകാലുകളില്‍ നേരെ നിവര്‍ന്ന് നടക്കുകയും അവന്റെ ഇരുകരങ്ങള്‍ കൊണ്ട് തിന്നുകയും ചെയ്യുന്നു. മറ്റു മൃഗങ്ങളാകട്ടെ നാലു കാലുകളില്‍ നടക്കുകയും വായകൊണ്ടു തിന്നുകയും ചെയ്യുന്നു. അല്ലാഹു മനുഷ്യന് കേള്‍വിയും കാഴ്ചയും ഹൃദയവും നല്‍കി. അവകൊണ്ട് അവന്‍ ഗ്രഹിക്കുകയും ഉപകാരമെടുക്കുകയും കാര്യങ്ങള്‍ക്കിടയില്‍ വേര്‍തിരിക്കുകയും ഇഹപര വിഷയങ്ങളില്‍ അവയിലെ ഉപകാരങ്ങള്‍, സവിശേഷതകള്‍, ഉപദ്രവങ്ങള്‍, എന്നിവ അവന്‍ മനസിലാക്കുകയും ചെയ്യുന്നു.”

2. തക്‌രീമുന്‍ ഖാസ്വ്(പ്രത്യേകമായുള്ള ആദരവ്)

ഇസ്‌ലാമിലേക്ക് മാര്‍ഗമരുളിയും ലോകരക്ഷിതാവിന് വഴിപ്പെടുവാന്‍ ഉദവിയേകിയുമുള്ള ആദരവാകുന്നു അത്. ഇതത്രെ യഥാര്‍ഥ ആദരവും സമ്പൂര്‍ണ പ്രതാപവും ഇഹത്തിലും പരത്തിലുമുള്ള നിത്യസൗഭാഗ്യവും. കാരണം ഇസ്‌ലാമാകുന്നു അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പുരോഗതിയുടെയും നേര്‍ജീവിതത്തിന്റെയും ആദര്‍ശമായ അല്ലാഹുവിന്റെ മതം. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാണല്ലോ പ്രതാപം.

അല്ലാഹുവിന്റെ മഹത്ത്വത്തിനുമുന്നില്‍ വിനയാന്വിതമാകല്‍ കൊണ്ടും അവന്റെ വലിപ്പത്തിനു വിധേയാകല്‍ കൊണ്ടും അവന്റെ കല്‍പനകളെ പ്രാവര്‍ത്തികമാക്കല്‍കൊണ്ടും മാത്രമാണ് അന്തസ്സുണ്ടാവുക എന്നത് വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു:

”ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും മനുഷ്യരില്‍ കുറെ പേരും അല്ലാഹുവിന് പ്രണാമം അര്‍പിച്ചുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു” (ക്വുര്‍ആന്‍ 95:4).

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
(വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
നേർപഥം വാരിക

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ – 01

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ - 01

മുസ്‌ലിമായ ഒരു ദാസന് നേരെയുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹനീയമാണ്. മഹത്തായ ഈ ഇസ്‌ലാമിക ആദര്‍ശത്തിലേക്ക് മാര്‍ഗമേകിയെന്നത് അവനോടുള്ള അല്ലാഹുവിന്റെ വലിയ ഔദാര്യമാണ്. അവന്‍ ദാസന്മാര്‍ക്ക് തൃപ്തിപ്പെട്ട് ഏകുകയും  അവര്‍ക്കായി പൂര്‍ത്തീകരിച്ച് നല്‍കുകയും ചെയ്ത അവന്റെ ആദര്‍ശമാണല്ലോ ദീനുല്‍ ഇസ്‌ലാം. ദാസന്മാരില്‍നിന്ന് ഇസ്‌ലാമല്ലാത്ത മറ്റൊരു ആദര്‍ശവും അവന്‍ സ്വീകരിക്കുകയുമില്ല.

 അല്ലാഹു പറയുന്നു: ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു” (വി.ക്വു. 5:3).

”തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു” (3:19).

”ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും” (3:85).

”എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു”(13:40).

അല്ലാഹു വിശ്വാസങ്ങളെയും സ്വഭാവങ്ങളെയും സമുദ്ധരിച്ചതും ഇഹപര ജീവിതങ്ങളെ സംസ്‌കരിച്ചതും മനുഷ്യരുടെ അകവും പുറവും അലങ്കരിച്ചതും ഇസ്‌ലാമിലൂടെയാണ്. അസത്യത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും അധമത്വത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍നിന്നും വ്യതിയാനത്തിന്റെയും വഴികേടിന്റെയും വേദികളില്‍നിന്നും ഈ ആദര്‍ശം ആശ്ലേഷിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്ത എല്ലാവരെയും അല്ലാഹു രക്ഷപ്പെടുത്തി. ഋജുവായതും ലക്ഷ്യങ്ങളിലും നിര്‍ദേശങ്ങളിലും നിദര്‍ശനങ്ങളിലും പര്യവസാനങ്ങളിലും ഫലങ്ങളിലുമെല്ലാം തീര്‍ത്തും യുക്തിഭദ്രവുമാകുന്നു ഇസ്‌ലാം. അതിലെ വൃത്താന്തങ്ങളെല്ലാം സത്യവും വസ്തുനിഷ്ഠവുമാകുന്നു. അതിലെ വിധികളെല്ലാം നീതിനിഷ്ഠവും ഗുണപ്രദവുമാകുന്നു. ഇസ്‌ലാം വിരോധിച്ചിരുന്നുവെങ്കില്‍ എന്ന് നേര്‍ബുദ്ധി പറയുന്ന ഒരു കാര്യവും ഇസ്‌ലാം കല്‍പിച്ചിട്ടില്ല. കല്‍പിച്ചിരുന്നുവെങ്കില്‍ എന്ന് നേര്‍ബുദ്ധി പറയുന്ന ഒരു കാര്യവും ഇസ്‌ലാം വിരോധിച്ചിട്ടുമില്ല. ഇസ്‌ലാമിന്റെ മഹിതമായ വൃത്താന്തങ്ങളെ ഖണ്ഡിക്കുന്ന ശരിയായ ഒരു ശാസ്ത്രവും ഒരിക്കലും വന്നിട്ടേയില്ല. അതിന്റെ ഋജുവായ വിധികളെ അസാധുവാക്കുന്ന നേരായ ഒരു വിധിയും ഒരിക്കലും വന്നിട്ടില്ല.

സത്യത്തിലേക്കും ചൊവ്വായ സരണിയിലേക്കും മാര്‍ഗദര്‍ശനമേകുന്ന മഹാപ്രസ്ഥാനമാകുന്നു ഇസ്‌ലാം. സത്യസന്ധതയാണ് അതിന്റെ ചിഹ്നം. നീതിയാണ് അതിന്റെ അച്ചുതണ്ട്. സത്യമാണ് അതിന്റെ വ്യവസ്ഥ. കാരുണ്യമാകുന്നു അതിന്റെ ആത്മാവും ലക്ഷ്യവും. നന്മയാകുന്നു അതിന്റെ കൂട്ട്. സംസ്‌കരണവും പരിഷ്‌കരണവുമാണ് അതിന്റെ ഭംഗിയും ധര്‍മവും. സന്മാര്‍ഗവും നേര്‍മാര്‍ഗവുമാണ് അതിന്റെ പാഥേയം. വല്ലവനും ഇസ്‌ലാമിനേയും ഇസ്‌ലാമിക മാര്‍ഗദര്‍ശനത്തെയും കയ്യൊഴിച്ചാല്‍ യഥാര്‍ഥ വിശ്വാസവും മഹനീയ കര്‍മങ്ങളും മാന്യവും ഉന്നതവുമായ സ്വഭാവങ്ങളും അവനില്‍നിന്ന് യാത്രയാകും. ഊഹങ്ങളും വിലകുറഞ്ഞ സങ്കല്‍പങ്ങളും ചീത്ത കര്‍മങ്ങളും ദുഷിച്ച സ്വഭാവങ്ങളും അവയുടെ സ്ഥാനത്ത് ഇടം നേടുകയും ചെയ്യും.

അതിനാല്‍ മഹത്തായ ഈ ആദര്‍ശത്തിലേക്ക് ദര്‍ശനമുണ്ടാവുകയെന്നതും അത് മുറുകെപ്പിടിക്കുവാനും അതിന്റെ മാര്‍ഗദര്‍ശനങ്ങളെ കാത്തുസൂക്ഷിക്കുവാനും നിദര്‍ശനങ്ങളും നിര്‍ദേശങ്ങളും നിത്യമായി പുല്‍കുവാനും അത് വിരോധിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതില്‍ നിന്ന് പരിപൂര്‍ണമായി വിട്ടുനില്‍ക്കുകയും തീര്‍ത്തും മുന്‍കരുതലെടുക്കുകയും ചെയ്യുവാനും ഉദവി നല്‍കപ്പെടുക എന്നതുമാണ് ഒരു ദാസന്‍ നേടിയെടുക്കുന്ന ഏറ്റവും വലിയ കറാമത്ത്.

മുസ്‌ലിം സ്ത്രീയെ ആദരിച്ചതും അവളെ സംരക്ഷിച്ചതും അവളുടെ അവകാശങ്ങളെ പരിഗണിച്ചതും അവള്‍ക്കു നേരെയുള്ള അതിക്രമം, അനീതി, ദൗര്‍ബല്യം ചൂഷണം ചെയ്യല്‍ തുടങ്ങിയവ തടഞ്ഞതും അവള്‍ക്കും അവളുടെ കൂടെ ജീവിക്കുന്നവര്‍ക്കും സമൃദ്ധമായ ജീവിതവും പൊരുത്തപ്പെട്ട വാസവും ഇഹപര സൗഭാഗ്യവും സമാധാനവും സാക്ഷാല്‍കരിക്കുമാറ് മഹനീയമായ നിയമങ്ങളും യുക്തിഭദ്രമായ നിര്‍ദേശങ്ങളും ശരിയായ നിദര്‍ശനങ്ങളും നിശ്ചയിച്ചുവെന്നതും ഉന്നതമായ ഈ മതത്തിന്റെ പൂര്‍ണ തയും സൗന്ദര്യവുമാണ്. 

സുപ്രധാന തത്ത്വങ്ങള്‍

ഒരു മുസ്‌ലിം ഏതാനും സുപ്രധാന തത്ത്വങ്ങളും ഗൗരവമേറിയ നിയമങ്ങളും ഈ അവസരത്തില്‍ അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്. അവ അറിഞ്ഞു മനസ്സിലാക്കുന്നതിലൂടെയും അതിനനുസരിച്ച് ചരിക്കുന്നതിലൂടെയും യഥാര്‍ഥമായ ആദരവും സമ്പൂര്‍ണവും സമഗ്രവുമായ അനുഗ്രഹവും ഇഹലോകത്തും പരലോകത്തുമുള്ള നിത്യസൗഭാഗ്യവും അവന്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണത്.

ഒന്ന്: ഏറ്റവും നല്ലതും ചൊവ്വായതും സമ്പൂര്‍ണവും സുന്ദരവുമായ വിധികള്‍ ലോകത്തിന്റെ രക്ഷിതാവും മുഴുലോകരുടെ സ്രഷ്ടാവുമായവന്റെ വിധികളാകുന്നുവെന്ന് ഒരു ദാസന്‍ ദൃഢമായും അറിഞ്ഞിരിക്കണം. അല്ലാഹു പറഞ്ഞു:

”വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല” (13:40).

”ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുള്ളത്?” (5: 50).

”അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍” (7:87).

”അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും വലിയ വിധികര്‍ത്താ വല്ലയോ?”(95:8).

 ”…അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ തെളിവുകള്‍ വിവരിച്ചു തരുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു”(24:59).

രണ്ട്: രക്ഷിതാവിന് വഴിപ്പെടുന്നതിലും അവന്റെ മതവിധികള്‍ മുറുകെ പിടിക്കുന്നതിലുമാണ് ദാസനുള്ള സൗഭാഗ്യവും ആദരവും പരിപൂര്‍ണമായും ബന്ധപ്പെട്ടു കിടക്കുന്നത് എന്നും വഴിപ്പെടലിന്റെയും മതനിഷ്ഠയുടെയും വിഹിതവും അളവുമനുസരിച്ചാണ് ദാസനുള്ള ഭാഗ്യത്തിന്റെ വിഹിതവും അളവുമെന്നും അവന്‍ ഉള്‍കൊള്ളേണ്ടതുണ്ട്. അല്ലാഹു പറഞ്ഞു:

”നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്” (5:31).

ആലുയാസീനിലെ ഒരു വിശ്വാസിയെ കുറിച്ച് അല്ലാഹു പറഞ്ഞു: 

”തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അത് കൊണ്ട് നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുക. സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തുകയും ചെയ്തതിനെ പറ്റി” (26:25-27). 

അല്ലാഹു പറഞ്ഞു: ”തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു” (91: 9,10).

”നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു” (5:15,16).

മൂന്ന്: മുസ്‌ലിമായ ദാസന്റെ സ്ഥാനം നഷ്ടപ്പെടുത്തുവാനും അവനുള്ള പ്രതാപത്തിന്റെയും സൗഭാഗ്യത്തിന്റെയും വഴികള്‍ അലങ്കോലപ്പെടുത്തുവാനും പരിശ്രമിക്കുന്ന, അവനെ അപകടപ്പെടുത്തുവാനും അപമാനപ്പെടുത്തുവാനും സാധ്യമായതെല്ലാം ചെയ്യുന്ന ധാരാളം ശത്രുക്കള്‍ ഈ ഭൗതിക ലോകത്ത് അവനുണ്ടെന്നതില്‍ അവന്‍ ഉല്‍ബുദ്ധനാകേണ്ടതുണ്ട്.

ഈ ശത്രുക്കളുടെ മുന്‍പന്തിയില്‍ അല്ലാഹുവിന്റെയും ഇസ്‌ലാമിന്റെയും വിശ്വാസികളുടെയും ശത്രുവായ പിശാചാകുന്നു. ഈ മതത്തിലൂടെ അല്ലാഹു വിശ്വാസികളെ ആദരിക്കുകയും ചൊവ്വായ പാതയിലേക്ക് അവരെ ആനയിക്കുകയും ചെയ്തത് പിശാചിനെ നന്നായി ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവന്‍ അവര്‍ക്കെതിരില്‍ നാനോന്മുഖങ്ങളായ ആക്രമണങ്ങള്‍ നടത്തുമെന്ന് പരസ്യമാക്കി. അവരെ തെറ്റിക്കുവാന്‍ എല്ലാ വഴികളിലും അവന്‍ ഇരിക്കും. അവന്‍ എല്ലാ ഭാഗങ്ങളിലൂടെയും അവരിലേക്ക് ചെല്ലും. വിശ്വാസികളുടെ മാന്യത കെടുത്തുവാനും അവരുടെ പ്രതാപവും സ്ഥാനവും നഷ്ടപ്പെടുത്തുവാനും അവന്‍ ഉദ്ദേശിക്കുന്നു.

”നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്‌ലീസൊഴികെ. അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ? അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞു തരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്‌പെടുത്തുക തന്നെ ചെയ്യും. അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ. അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു കൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു” (17:61-64).

”തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്” (25:6).

അതിനാല്‍ സന്മാര്‍ഗത്തില്‍നിന്ന് അകറ്റുവാന്‍ ലക്ഷ്യമിടുന്ന മുഴുവന്‍ ശത്രുക്കളില്‍നിന്നും പിശാചില്‍നിന്നും ജാഗ്രത പുലര്‍ത്തല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്.

നാല്: തനിക്കുള്ള ഉദവിയും തന്റെ കാര്യം ശരിയാകലും അവസ്ഥ നേരെയാകലും തനിക്കുള്ള മാന്യത പുലരലും തന്റെ യജമാനനും ഉടമസ്ഥനും മഹത്ത്വമുടയവനുമായ രക്ഷിതാവിന്റെ കയ്യാല്‍ മാത്രമാകുന്നുവെന്ന് മുസ്‌ലിമായ ദാസന്‍ വിശ്വസിച്ചംഗീകരിക്കേണ്ടതുണ്ട്. അല്ലാഹു പറഞ്ഞു:

”അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു” (22:6).

അതുകൊണ്ട് രക്ഷിതാവുമായുള്ള ബന്ധം സുദൃഢമാക്കലും തനിക്കുള്ള ആദരവ് നിലനിര്‍ത്താന്‍ അവനോട് പ്രാര്‍ഥിക്കലും  വിശ്വാസിയുടെ ബാധ്യതയാണ്. തിരുനബിലയുടെ ഒരു പ്രാര്‍ഥനയില്‍ ഇപ്രകാരം കാണാം:

”അല്ലാഹുവേ, എന്റെ കാര്യങ്ങള്‍ക്ക് സുരക്ഷിതത്വമായ എന്റെ ദീനിനെ നീ നന്നാക്കേണമേ. എന്റെ ജീവിതമുള്ള ദുനിയാവിനെയും നീ നന്നാക്കേണമേ. എന്റെ മടക്കമുള്ള പരലോകത്തെയും നീ നന്നാക്കേണമേ. എല്ലാ നന്മകളുടെ വിഷയത്തിലും ജീവിതം എനിക്കു നീ വര്‍ധിപ്പിച്ചു തരേണമേ. എല്ലാ വിപത്തുകളില്‍നിന്നും മരണത്തിലൂടെ നീ എനിക്ക് ആശ്വാസമേകണമേ.”’

തന്റെ കാര്യങ്ങള്‍ നേരെയാവുക, വിഷയങ്ങള്‍ ശരിയാവുക, തനിക്കുള്ള ആദരവും ബഹുമാനവും പുലരുക തുടങ്ങിയ വിഷയങ്ങളില്‍ ഒരാള്‍ക്കും തന്റെ രക്ഷിതാവിനെ കൂടാതെ സ്വയം പര്യാപ്തനാകുവാന്‍ കഴിയില്ലെന്നതിന് ഈ ഹദീഥില്‍ തെളിവുണ്ട്.

അഞ്ച്: അല്ലാഹുവിങ്കല്‍ താന്‍ ആദരണീയനാവുക എന്നത് ഒരു മുസ്‌ലിം ഈ ഭൗതിക ലോകത്തെ തന്റെ ഏറ്റവും വലിയ ഉദ്ദേശ്യമാക്കണം. അങ്ങനെ അവനുള്ള അല്ലാഹുവിന്റെ ആദരവ് നേടുന്നതിനും ആദരണീയരായ തന്റെ ദാസന്മാര്‍ക്ക് അവന്‍ ഒരുക്കിയതു കൊണ്ട് അവന്‍ സൗഭാഗ്യവാനാകുന്നതിനു വേണ്ടിയുമാണത്. അവരെ കുറിച്ചാണല്ലോ അല്ലാഹു പറഞ്ഞത്:

”അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു” (49: 35).

ഇതത്രെ യഥാര്‍ഥ കറാമത്ത്. രഹസ്യത്തിലും പരസ്യത്തിലും ദൃശ്യത്തിലും അദൃശ്യത്തിലും അല്ലാഹുവിലുള്ള ഭയഭക്തി സാക്ഷാല്‍കരിച്ച് കൊണ്ടു മാത്രമാണ്  അത് നേടിയെടുക്കുന്നത്.

”തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു” (70: 13).

അബൂഹുറയ്‌റ്യയില്‍നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീഥില്‍ ഇപ്രകാരമുണ്ട്. 

”തിരുനബിലയോട് ചോദിക്കപ്പെു: ജനങ്ങളില്‍ അത്യാദരണീയന്‍ ആരാണ്? നബില പ്രതിവചിച്ചു: ഏറ്റവും ഭക്തനാണ് അവരില്‍ ഏറ്റവും ആദരണീയന്‍” (ബുഖാരി).

ഇസ്‌ലാമല്ലാത്ത ആദര്‍ശത്തിലാണ് വല്ലവരും മാന്യത തേടുന്നതെങ്കില്‍ അവന്‍ മരീചികയിലാണ് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത്. നൈരാശ്യത്തിന്റെയും നാശത്തിന്റെയും പാതയിലാണ് അവന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

ആറ്: സ്ത്രീയുമായി ബന്ധപ്പെട്ട മതവിധികള്‍ അങ്ങേയറ്റം യുക്തിഭദ്രവും തീര്‍ത്തും കുറ്റമറ്റതുമാണെന്നും അതില്‍ യാതൊരു ന്യൂനതയും അനീതിയും വീഴ്ചയുമില്ലെന്നതും സ്ത്രീകള്‍ പ്രത്യേകിച്ച് അറിയല്‍ അനിവാര്യമാണ്. തന്റെ തീരുമാനത്തില്‍ യുക്തിജ്ഞനും ദാസന്മാരെ സൂക്ഷ്മമായി കണ്ടറിയുന്നവനും ദാസന്മാര്‍ക്ക് നന്മയും വിജയവും ഇഹപര സൗഭാഗ്യവും എവിടെയാണെന്ന് സസൂക്ഷ്മം അറിയുന്നവനുമായ ഏറ്റവും വലിയ വിധികര്‍ത്താവും ലോകരക്ഷിതാവുമായ അല്ലാഹുവില്‍ നിന്ന് അവ തീര്‍ണമാണ് പ്രസ്തുത വിധികളെന്നിരിക്കെ അവയില്‍ എങ്ങനെയാണ് ന്യൂനതയും കുറവും അനീതിയും കുറ്റവുമുണ്ടാവുക!  

അതിനാല്‍ തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ അല്ലാഹുവിന്റെ വിധികളില്‍ വല്ലതിനെ കുറച്ചും അതില്‍ അനീതിയുണ്ട്, അന്യായമുണ്ട്, അവകാശലംഘനമുണ്ട്, പിഴവുണ്ട് എന്നൊക്കെ പറയുന്നത് ഏറ്റവും വലിയ അതിര്‍ലംഘനവും അതികഠിനമായ കുറ്റവും അധിക്ഷിപ്തതയുമാണ്. വല്ലവനും അങ്ങനെയൊക്കെ പറഞ്ഞാല്‍, അവന്‍ തന്റെ റബ്ബിനെ കണക്കാക്കേണ്ട വിധം കണക്കാക്കിയിട്ടില്ല. റബ്ബിനെ ആദരിക്കേണ്ട  വിധം ആദരിച്ചിട്ടുമില്ല. പരമോന്നതനായ അല്ലാഹു പറയുന്നു: 

”നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല”(71:13) അഥവാ, അവനെ ആദരിക്കുന്നവര്‍ അവനോട് പെരുമാറുന്നതു പോലെ നിങ്ങള്‍ അവനോട് പെരുമാറുന്നില്ല. തൗക്വീര്‍ (ഗാംഭീര്യം നല്‍കല്‍) എന്നത് തഅഌീമ്(ആദരിക്കല്‍) ആകുന്നു. അല്ലാഹുവിന്റെ വിധികള്‍ സ്വീകരിക്കലും ആജ്ഞകള്‍ അനുസരിക്കലും അവന്റെ വിധികളിലും കല്‍പനകളിലുമാണ് സുരക്ഷയും പരിപൂര്‍ണതയും ഔന്നത്യവും ഉള്ളതെന്ന് വിശ്വസിക്കലും അവനോടുള്ള ആദരവില്‍ പെട്ടതാണ്. വല്ലവനും ഇതിന്നെതിരില്‍ അവയെ കുറിച്ച് വിശ്വസിച്ചാല്‍ അല്ലാഹുവിനെ ആദരിക്കുന്നതില്‍ നിന്ന് അവന്‍ ഏറെ ദൂരെയായിരിക്കുന്നു. ഇഹത്തിലും പരത്തിലും അവന്‍ അപമാനത്തിലും അക്ഷേപത്തിനും ഏറെ അര്‍ഹനുമായിരിക്കുന്നു.

സുപ്രധാനങ്ങളായ അടിസ്ഥാനങ്ങളും മഹത്തായ നിയമങ്ങളുമാകുന്നു ഈ അടിത്തറകള്‍. ഈയൊരു വിഷയത്തിനു മുന്നോടിയായി ഇവ അറിയലും ശ്രദ്ധിക്കലും അഭികാമ്യമാണ്. (തുടരും)

 

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
(വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
നേർപഥം വാരിക

നബി(സ്വ)യോട് സഹായം തേടാമോ?

നബി(സ്വ)യോട് സഹായം തേടാമോ?

'റസൂലേ സഹായിക്കേണമേ,' 'നബിയേ കാക്കേണമേ' എന്നിങ്ങനെ ഒരു വിഭാഗം (മുസ്‌ലിംകള്‍) വിളിച്ചുതേടുന്നതായി ഞങ്ങള്‍ കേള്‍ക്കുന്നു. അതിന്റെ ഇസ്‌ലാമികവിധി എന്താണ്?

ഇത്തരം വിളികള്‍ വലിയ ശിര്‍ക്കാകുന്നു. ഈ വിളിയുടെ അര്‍ഥം നബി(സ്വ)യോട് സഹായം തേടുക എന്നതാണ്. നബി(സ്വ)യുടെ സ്വഹാബികളും അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതരായ സ്വഹാബികളുടെ പിന്‍തുടര്‍ച്ചക്കാരും അമ്പിയാക്കളില്‍നിന്നും മറ്റും മരണപ്പെട്ടവരോടും മലക്കുകളില്‍നിന്നും അല്ലെങ്കില്‍ ജിന്നുകളില്‍നിന്നും മറ്റും മറഞ്ഞവരോടും വിഗ്രഹങ്ങളോടും കല്ലുകളോടും മരങ്ങളോടും നക്ഷത്രങ്ങളോടും അതുപോലുള്ളവയോടും സഹായാര്‍ഥന നടത്തുന്നത് വലിയശിര്‍ക്കാണെന്നതില്‍ ഏകോപിച്ചിരിക്കുന്നു. കാരണം, അല്ലാഹു പറഞ്ഞു:

”പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്” (സൂറഃ അല്‍ജിന്ന്: 18).

”അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരുവാന്‍ ആരുമില്ല” (അല്‍ഫാത്വിര്‍: 13,14).

”വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ചുപ്രാര്‍ഥിക്കുന്ന പക്ഷം- അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ- അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച” (അല്‍ മുഅ്മിനൂന്‍: 117).

ഈ അര്‍ഥത്തില്‍ സൂക്തങ്ങള്‍ ധാരാളമാണ്. ക്വുറൈശികളിലും മറ്റും ഉള്‍പ്പെട്ട ആദികാല ബഹുദൈവവിശ്വാസികളുടെ ആദര്‍ശമായിരുന്നു ഈ പ്രവൃത്തി. നിശ്ചയം അല്ലാഹു, ശിര്‍ക്കിനെ എതിര്‍ത്തുകൊണ്ടും അതിനെതിരില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടുമാണ് മുഴുവന്‍ ദൂതന്മാരെയും നിയോഗിച്ചയച്ചത്; സര്‍വവേദഗ്രന്ഥങ്ങളും അവതരിപ്പിച്ചതും. അല്ലാഹു പറഞ്ഞു:

”തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)”(അന്നഹ്ല്‍: 36).

”ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല” (അല്‍അമ്പിയാഅ്: 25).

”അലിഫ്-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയ’ഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനി യുമായ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ളതത്രെ അത്. എന്തെന്നാല്‍ അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. തീര്‍ച്ചയായും അവങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെ ഞാന്‍” (ഹൂദ്: 1,2).

ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു. തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ നീ ആരാധിക്കുക. അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും അവിശ്വാസിയുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച” (അസ്സുമര്‍: 1,2,3).

അല്ലാഹു ദൂതന്മാരെ നിയോഗിച്ചയച്ചതും വേദഗ്രന്ഥങ്ങള്‍ സര്‍വതും അവതരിപ്പിച്ചതും ഏകനും യാതൊരു പങ്കുകാരുമില്ലാത്ത അവന്‍ ആരാധിക്കപ്പെടുന്നതിനുവേണ്ടിയാണ്. അഥവാ ദുആഅ് (പ്രാര്‍ഥന), ഇസ്തിഗാഥഃ (സഹായതേട്ടം), ഖൗഫ് (ഭയം), റജാഅ് (പ്രതീക്ഷ), നമസ്‌കാരം, നോമ്പ്, ബലി, തുടങ്ങിയ ആരാധനയുടെ ഇനങ്ങള്‍കൊണ്ട് അവന്‍ മാത്രം ആരാധിക്കപ്പെടുന്നതിനുവേണ്ടി. അല്ലാഹു ഉപരിസൂചിത ആയത്തുകളില്‍ അത് വ്യക്തമാക്കി. ക്വുറൈശികളിലും മറ്റുമുള്ള ബഹുദൈവ വിശ്വാസികള്‍ പ്രവാചകനോടും മറ്റു സത്യപ്രബോധകന്മാരോടും പറഞ്ഞിരുന്നത് ഔലിയാക്കളെ ഞങ്ങള്‍ ആരാധിക്കുന്നത് അവര്‍ മധ്യവര്‍ത്തികളായി ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടിയാണ് എന്നും അല്ലാഹു ഉണര്‍ത്തുന്നു. അഥവാ, മുശ്‌രിക്കുകള്‍ അവരെ ആരാധിച്ചിരുന്നത് അവര്‍ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുന്നതിനുവേണ്ടിയും തങ്ങള്‍ക്കുവേണ്ടി അവര്‍ ശുപാര്‍ശ പറയുന്നതിനുവേണ്ടിയുമാണ്; അല്ലാതെ, അവരാണ് സൃഷ്ടിക്കുകയും ഉപജീവനം നല്‍കുകയും പ്രപഞ്ചത്തില്‍ കൈകാര്യകര്‍തൃത്വം നിര്‍വഹിക്കുകയും ചെയ്യുന്നത് എന്ന വിശ്വാസം അവര്‍ക്ക് ഉള്ളതിനാലല്ല. എന്നിട്ടും അല്ലാഹു അവരെ വ്യാജവാദികളെന്ന് പറയുകയും ആ വിശ്വാസം കാരണത്താല്‍ അവര്‍ അവിശ്വാസികളാണെന്ന് അറിയിക്കുകയുമാണ് ചെയ്തത്.

അല്ലാഹു പറഞ്ഞു:”അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും അവിശ്വാസിയുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച” (അസ്സുമര്‍: 3).

അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുന്ന ഔലിയാക്കള്‍ മധ്യവര്‍ത്തികളായി തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന അവരുടെ ജല്‍പനത്താല്‍ അവര്‍ വ്യാജന്മാരാണെന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കി. അതിനാല്‍ അവര്‍ കാഫിറുകളാണെന്ന് അവരുടെമേല്‍ അല്ലാഹു വിധിക്കുകയും ചെയ്തു. അതുകൊണ്ടാണ് ‘നുണയനും അവിശ്വാസിയുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച’ എന്ന് അല്ലാഹു പറഞ്ഞത്.

അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുന്ന ബഹുദൈവ വിശ്വാസികളുടെ ആരാധ്യന്മാരെ കുറിച്ച് അവര്‍ ജല്‍പിക്കുന്നത്, അല്ലാഹുവിങ്കല്‍ ഈ ആരാധ്യന്മാര്‍ തങ്ങളുടെ ശുപാര്‍ശകരാണ് എന്നാണ്. ഇക്കാര്യംസൂറഃ യൂനുസില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറഞ്ഞു:

”അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശ ക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു…” (യൂനുസ്: 18). എന്നാല്‍ അവരുടേത് കള്ളവാദമാണ് എന്ന് അല്ലാഹു തുടര്‍ന്ന് വ്യക്തമാക്കി:

”…(നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായി രിക്കുന്നു” (യൂനുസ്: 18).

അപ്പോള്‍, ജിന്നുകള്‍ക്കും ഇന്‍സുകള്‍ക്കും നിര്‍ബന്ധമായത്, അവര്‍ ആരാധനകള്‍ അല്ലാഹുവിനുമാത്രം നിഷ്‌ക്കളങ്കമാക്കുക എന്നതും അല്ലാഹുവെ കൂടാതെയുള്ള അമ്പിയാക്കളാകട്ടെ മറ്റുള്ളവരാകട്ടെ അവരെ, സഹായതേട്ടം കൊണ്ടോ ഇബാദത്തിന്റെ ഇനങ്ങളില്‍ മറ്റു വല്ലതുംകൊണ്ടോ ആരാധിക്കുന്നത് സൂക്ഷിക്കുക എന്നതുമാണ്. ഉപരിസൂചിത ആയത്തുകള്‍കൊണ്ടും അവയുടെ ആശയങ്ങളുള്ള ഇതര ആയത്തുകള്‍കൊണ്ടും അല്ലാഹുവിന്റെ തിരുദൂതരില്‍നിന്നും ഇതര പ്രവാചകരില്‍നിന്നും സ്ഥിരപ്പെട്ട ആദര്‍ശംകൊണ്ടും കര്‍മങ്ങളനുഷ്ഠിക്കുകയാണ് വേണ്ടത്. അമ്പിയാക്കളഖിലവും അല്ലാഹുവെ ഏകപ്പെടുത്തുന്നതിലേക്കും ആരാധനകള്‍ അവന് മാത്രമാക്കുന്നതിലേക്കും ആളുകളെ ക്ഷണിച്ചു. ആളുകള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതും അവനല്ലാത്ത വരെ ആരാധിക്കുന്നതും അവര്‍ വിരോധിച്ചു. ഏതൊരു അടിസ്ഥാനവുമായിട്ടാണോ അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തത്, ഏതൊരു അടിസ്ഥാനം കാരണത്താലാണോ അല്ലാഹു ജിന്നുകളെയും ഇന്‍സുകളെയും സൃഷ്ടിച്ചത്, ആ ഇസ്‌ലാമി ക അടിസ്ഥാന ആദര്‍ശമത്രെ ഇത്. അതിനാല്‍, വല്ലവനും അമ്പിയാക്കളെക്കൊണ്ടും മറ്റും സഹായാര്‍ഥന നടത്തുകയോ, അവരില്‍നിന്ന് രക്ഷതേടുകയോ, ഇബാദാത്തുകളില്‍ വല്ലതും അവരിലേക്ക് സമര്‍പിക്കുകയോ ചെയ്താല്‍ നിശ്ചയം, അവന്‍ അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്തിരിക്കുന്നു. അല്ലാഹുവോടൊപ്പം മറ്റുള്ളവരെ അവന്‍ ആരാധിച്ചിരിക്കുന്നു. ശിര്‍ക്കു ചെയ്താല്‍ ഉണ്ടാകുന്നതും വിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തിയതുമായ അപകടങ്ങളില്‍ അവന്‍ അകപ്പെടുകയും ചെയ്തിരിക്കുന്നു. ശിര്‍ക്കുചെയ്താല്‍ ഉണ്ടാകുന്ന അപകടത്തെകുറിച്ച് അല്ലാഹു പറഞ്ഞു:

”അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു” (അല്‍ അന്‍ആം: 88).

”തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും” (അസ്സുമര്‍: 65).

”തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്” (അന്നിസാഅ്: 48).

”അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല” (അല്‍മാഇദഃ: 72).

മുസ്‌ലിം നാടുകളില്‍നിന്ന് വിദൂരമായതിനാല്‍ പ്രബോധനവും വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും എത്തിയിട്ടില്ലാത്ത വ്യക്തി മാത്രമാണ് ഈ തെളിവുകളില്‍നിന്ന് ഒഴിവാക്കപ്പെടുക. അയാളുടെ കാര്യം അല്ലാഹുവിലേക്കാകുന്നു. അങ്ങനെയുള്ള വ്യക്തിയുടെ വിഷയങ്ങളില്‍ പണ്ഡിതന്മാരുടെ വാക്കുകളില്‍ സ്വഹീഹായത് അവന്‍ അന്ത്യനാളില്‍ പരീക്ഷിക്കപ്പെടുമെന്നും കല്‍പന അനുസരിച്ചാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നും ധിക്കരിച്ചാല്‍ നരകത്തില്‍ പ്രവേശിക്കുമെന്നുമാണ്. ഇപ്രകാരം പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുന്ന കുട്ടികളും ഈ തെളിവുകളില്‍നിന്ന് ഒഴിവാക്കപ്പെടും. അവരുടെ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ ശരിയായി വന്നിട്ടുണ്ട്.

ഒന്ന്: അവര്‍ അന്ത്യനാളില്‍ പരീക്ഷിക്കപ്പെടും. ഉത്തരമേകിയാല്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ധിക്കരിച്ചാല്‍ അവര്‍ നരകത്തില്‍ പ്രവേശിക്കും. കാരണം പ്രായപൂര്‍ത്തിയാകുന്ന തിന് മുമ്പ് മരണപ്പെടുന്ന കുട്ടികളെകുറിച്ച് നബി(സ്വ) ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു:

”അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു ആകുന്നു കൂടുതല്‍ അറിയുന്നവന്‍” (ബുഖാരി, മുസ്‌ലിം). അന്ത്യനാളില്‍ അവര്‍ പരീക്ഷിക്കപ്പെട്ടാല്‍ അവരെ കുറിച്ചുള്ള അല്ലാഹുവിന്റെ അറിവ് വെളിപ്പെട്ടു.

രണ്ട്: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുന്ന കുട്ടികള്‍ സ്വര്‍ഗാവകാശികളാണ്. കാരണം, അവര്‍ വിധിവിലക്കുകള്‍ ബാധകമാകുന്നതിനുമുമ്പ് ഫിത്വ്‌റത്തില്‍ മരണപ്പെട്ടവരാണ്. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു:

”എല്ലാ കുട്ടികളും ഫിത്‌റത്തി(ഇസ്‌ലാമില്‍)ലാണ് ജനിക്കുന്നത്. അതില്‍പിന്നെ അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ ക്രിസ്ത്യാനിയാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ അഗ്‌നിയാരാധകനാക്കുന്നു” (ബുഖാരി, മുസ്‌ലിം).

മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം കൂടിയുണ്ട്:

”അതില്‍പിന്നെ അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനോ ക്രിസ്ത്യാനിയോ അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കുന്നവനോ ആക്കുന്നു”. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ ”ഈ (ഇസ്‌ലാമിക) മില്ലത്തിലല്ലാതെ (ഒരു കുഞ്ഞും ജനിക്കുന്നില്ല)” എന്നാണുള്ളത്.

സ്വപ്‌നത്തില്‍ നബി(സ്വ) ദര്‍ശിച്ച കാര്യങ്ങള്‍ പറഞ്ഞത് സമുറഃ ഇബ്‌നു ജുന്‍ദുബ്(റ) റിപ്പോര്‍ട്ട് ചെയ്തതില്‍ ഇപ്രകാരം കാണാം:

”എന്നാല്‍, (സ്വര്‍ഗ)ത്തോപ്പില്‍ ഉള്ളതായ ഉയരമുള്ള വ്യക്തി, അത് ഇബ്‌റാഹീംൗ ആകുന്നു. അദ്ദേഹത്തിന് ചുറ്റുമുള്ള കുട്ടികള്‍ ഫിത്വ്‌റത്തില്‍ മരണപ്പെട്ട എല്ലാ കുട്ടികളുമാണ്. അപ്പോള്‍ മുസ്‌ലിംകളില്‍ ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, ബഹുദൈവവിശ്വാസികളുടെ കുട്ടികളുമുണ്ടോ? അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ബഹുദൈവ വിശ്വാസികളുടെ കുട്ടികളും ഉണ്ട്” (ബുഖാരി).

ഉപരിസൂചിത തെളിവുകളുടെ വെളിച്ചത്തില്‍, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുന്ന ബഹുദൈവവിശ്വാസികളുടെ കുട്ടികളുടെ വിഷയത്തില്‍ പറയപ്പെട്ട അഭിപ്രായങ്ങളില്‍ കൂടുതല്‍ സ്വഹീഹായത് ഈ രണ്ടാമത്തെ അഭിപ്രായമാകുന്നു. അല്ലാഹു പറഞ്ഞു:

”ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല” (അല്‍ ഇസ്‌റാഅ്: 15).

സ്വഹീഹുല്‍ ബുഖാരിയില്‍ കിതാബുല്‍ ജനാഇസില്‍ ‘പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുന്ന കുട്ടികളുടെ വിഷയത്തില്‍ പറയപ്പെട്ടത്’ എന്ന അധ്യായത്തിന്റെ വിശദീകരണത്തില്‍ ഇതാണ് പ്രാമാണികര്‍ എത്തിപ്പെട്ടതായ, തെരഞ്ഞെടുക്കപ്പെട്ടതും സ്വഹീഹായതുമായ അഭിപ്രായമെന്ന് ഇമാം ഇബ്‌നുഹജര്‍ജ രേഖപ്പെടുത്തിയിട്ടുണ്ട്.

ജീവിച്ചിരിപ്പുള്ള, ഹാജറുള്ള, വ്യക്തിയോട് അയാളുടെ കഴിവില്‍പെട്ടത് തേടുന്നത് ഇതില്‍നിന്ന് ഒഴിവാക്കപ്പെടും. അത് ശിര്‍ക്കല്ല. മൂസാനബിൗയുടെ കോപ്റ്റിക് വംശജനോടൊത്തുള്ള സംഭവത്തില്‍ അല്ലാഹു പറയുന്നു:

”അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി” (അല്‍ക്വസ്വസ്വ്: 15).

ഓരോ മനുഷ്യനും തന്റെ സഹോദരങ്ങള്‍ക്ക് ആവശ്യമായ വിഷയങ്ങളില്‍ തന്റെ കഴിവില്‍പെട്ടതുകൊണ്ട് അവരെ സഹായിക്കല്‍ ആവശ്യമായിവരും. അത് ശിര്‍ക്കില്‍പെട്ടതല്ല. പ്രത്യുത, അനുവദനീയമായ കാര്യങ്ങളില്‍പെട്ടതാണ്. തെളിവുകളുടെ തേട്ടമനുസരിച്ച് ചിലപ്പോള്‍ അത്തരം സഹകരണം സുന്നത്തായിരിക്കും; മറ്റുചിലപ്പോള്‍ നിര്‍ബന്ധവുമായിരിക്കും.

അല്ലാഹുവാകുന്നു തൗഫീക്വ് ഉടമപ്പെടുത്തിയവന്‍. അവന്‍ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.

 

ലജ്‌നത്തുദ്ദാഇമ
(വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
നേർപഥം വാരിക

അക്വീക്വത്ത് ചില പാഠങ്ങള്‍

അക്വീക്വത്ത് ചില പാഠങ്ങള്‍

മനസ്സിന് സന്തോഷവും സംതൃപ്തിയും നല്‍കുന്ന മക്കള്‍ ഉണ്ടാകണം എന്നത് ഏതൊരാളുടെയും അടങ്ങാത്ത ആഗ്രഹമാണ്. കുട്ടികളുടെ കലപിലകള്‍ ഇല്ലാത്ത കുടുംബം മൂകമാണെങ്കിലും അല്ലാഹുവിന്റെ പരീക്ഷണമായി അതിനെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് മുന്നോട്ടുള്ള ഗമനം പ്രയാസരഹിതമായിരിക്കും.

അല്ലാഹു പറയുന്നു: ”അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു.” (അശ്ശൂറാ: 49,50)

സ്രഷ്ടാവിന്റെ സര്‍വ അനുഗ്രഹങ്ങളിലൂടെയും ജീവിക്കുന്ന വിശ്വാസിക്ക് സന്താനസൗഭാഗ്യം സിദ്ധിക്കുക വഴി അവനിലേക്ക് കൂടുതല്‍ അടുക്കുവാനും വിനീതനായിരിക്കുവാനും സാധിക്കണം.

കുഞ്ഞിന് വേണ്ടി പ്രാര്‍ഥിക്കുക, അനുഗ്രഹത്തിന് രക്ഷിതാവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുക, നല്ല പേര് വിളിക്കുക തുടങ്ങിയവയെപ്പോലെ തന്നെയാണ് കുഞ്ഞിന് വേണ്ടിയുള്ള അറവും.

എന്താണ് അക്വീക്വത്ത്?

കുഞ്ഞ് ജനിച്ച് ഏഴാം ദിവസം മുടി കളയുന്നതിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന അറവിന്നാണ് അക്വീക്വത്ത് എന്ന് പറയുക. അറവ് നടത്താന്‍ കഴിയുന്ന സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് അക്വീക്വത്ത് ശക്തമായ സുന്നത്താണ് എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം.

പ്രവാചകന്റെ സുന്നത്ത് പ്രാവര്‍ത്തികമാക്കുക, മകനെ അറുക്കുവാന്‍ അല്ലാഹു കല്‍പിച്ചപ്പോള്‍ അത് ഏറ്റെടുക്കുവാന്‍ തയ്യാറായ ഇബ്‌റാഹീം നബി (അ)യെ അനുസ്മരിക്കുക, സാധുക്കള്‍ക്കും കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കും അക്വീക്വയുടെ അംശം നല്‍കുന്നതിലൂടെ സന്തോഷം പങ്കിടുക തുടങ്ങിയ തത്ത്വങ്ങള്‍ ഇതില്‍ കാണാവുന്നതാണ്.

തെളിവും പ്രാധാന്യവും

സമുറത്ത് ബ്‌നു ജുന്‍ദുബ് (റ)വില്‍ നിന്നും നിവേദനം. നബി(സ) പറഞ്ഞു: ”ഓരോ കുഞ്ഞും ഏഴാം ദിവസം അറുക്കപ്പെടുന്ന അവന്റെ അക്വീക്വയുമായി പണയത്തിലാണ്. തല മുണ്ഡനം ചെയ്യപ്പെടുകയും പേര് വിളിക്കപ്പെടുകയും ചെയ്യും.” (അബൂദാവൂദ്)

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കായി നബി(സ) ഈരണ്ട് ആടുകളെ അക്വീക്വത്ത് അറുത്തു.” (അന്നസാഈ)

അറുക്കപ്പെടേണ്ട മൃഗം

പ്രവാചക കാലഘട്ടത്തില്‍ അറേബ്യന്‍ ഉപദ്വീപില്‍ ഒട്ടകം, ആട്, പശു എന്നിവയെല്ലാം ഉണ്ടായിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ നബി(സ) നൂറ് ഒട്ടകങ്ങളെയാണ് ബലിയറുത്തത്. എന്നാല്‍ അക്വീക്വത്ത് അറവിനായി തിരുമേനി തിരഞ്ഞെടുത്തത് ആടിനെയാണ്. ഒട്ടകത്തെതാണ് അക്വീക്വത്ത് അറുക്കുവാന്‍ നിശ്ചയിച്ചിരുന്നതെങ്കില്‍ അത് എല്ലാവര്‍ക്കും നടപ്പിലാക്കല്‍ പ്രയാസകരമാകുമായിരുന്നു. സാധാരണക്കാര്‍ക്ക് പോലും അറുക്കുവാന്‍ വലിയ പ്രയാസമില്ലാത്ത ആടിനെ അതിനായി നിശ്ചയിച്ചതില്‍ നിന്നും കഴിയുന്നത്ര ആളുകള്‍ പ്രസ്തുത കര്‍മം നിര്‍വഹിക്കണം എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

വയര്‍ നിറയെ ഭക്ഷണമില്ലാതെ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയ നബി(സ) തന്റെ പേരക്കിടാങ്ങളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്ക് അക്വീക്വത്ത് അറുത്തിട്ടുണ്ട്. ഉദുഹിയ്യത്ത് അറുക്കുവാന്‍ ഏറ്റവും ഉത്തമമായ മൃഗം യഥാക്രമം ഒട്ടകം, പശു, ആട് എന്നിവയാണെങ്കിലും അക്വീക്വത്തിന് ഏറ്റവും യോഗ്യമായത് ആട് തന്നെയാണ്. കാരണം, നബി(സ)യില്‍ നിന്നും അതാണ് സ്ഥിരപ്പെട്ട് വന്നിരിക്കുന്നത്.

ആണ്‍കുട്ടിക്ക് രണ്ട് ആടും പെണ്‍കുട്ടിക്ക് ഒരു ആടും എന്ന തോതിലാണ് അറുക്കേണ്ടത്. നബി(സ) പറഞ്ഞു: ”ആണ്‍കുട്ടിക്ക് (പ്രായത്തിലും ഭംഗിയിലും) സമമായ രണ്ട് ആടും പെണ്‍കുട്ടിക്ക് ഒരു ആടുമാണ് (ആക്വീക്വത്ത് അറുക്കേണ്ടത്).” ഒരാള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതിനാല്‍ രണ്ട് ഉരുവിനെയാണ് അറുക്കേണ്ടതെങ്കിലും അയാള്‍ക്ക് ഒരാടിനെ അറുക്കുവാനുള്ള സാമ്പത്തിക ശേഷി മാത്രമേയുള്ളൂവെങ്കില്‍ അവന്‍ ഒന്നിനെയെങ്കിലും അറുക്കുകയാണ് വേണ്ടത്.

ശൈഖ് ഉഥൈമീന്‍ (റഹി) പറഞ്ഞു: ”ഒരാള്‍ക്ക് ഒരു ആട് മാത്രമേയുള്ളൂവെങ്കില്‍ അത് കൊണ്ട് അവന്‍ ലക്ഷ്യം നേടി. എന്നാല്‍ അല്ലാഹു ഒരാളെ ധന്യനാക്കിയാല്‍ ഏറ്റവും ഉത്തമം അവന്‍ രണ്ടെണ്ണത്തെ അറുക്കലാണ്” (ശറഹുല്‍ മുംതിഅ്).

തീരെ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ കടം വാങ്ങി അത് നിര്‍വഹിച്ചാല്‍ വീട്ടുവാന്‍ സാധിക്കുകയില്ല എന്ന് തോന്നുന്നുവെങ്കില്‍ അപ്പോള്‍ അറുക്കാതിരിക്കാം. അല്‍പ കാലം കഴിഞ്ഞ് അക്വീക്വത്ത് നിര്‍വഹിക്കുവാന്‍ കഴിയുമെങ്കില്‍ ആ സമയം വരെ കാത്തിരിക്കുകയാണ് അയാള്‍ ചെയ്യേണ്ടത്.

ആര് അറുക്കണം?

രക്ഷിതാവില്‍ നിന്ന് മക്കള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളില്‍ ഒന്നാണ് അക്വീക്വത്ത് എന്നതു കൊണ്ട് തന്നെ അത് അറുക്കുവാനുള്ള ചെലവ് വഹിക്കേണ്ടത് അദ്ദേഹം തന്നെയാണ്. മറ്റുള്ളവര്‍ അറുക്കുന്നതിനെക്കാള്‍ ഉത്തമം അയാളുടെ കൈകൊണ്ട് അറുക്കുന്നതുമാണ്.

അറുക്കേണ്ട സമയം

കുഞ്ഞ് ജനിച്ച് ഏഴാം ദിവസമാണ് അക്വീക്വത്ത് അറുക്കേണ്ടത് എന്ന് വ്യക്തമായി. അന്നേ ദിവസം അതിന് സാധിച്ചിട്ടില്ലെങ്കില്‍ മറ്റുള്ള ഏത് സമയത്തേക്കും അത് നീട്ടി വെക്കുകയാണ് വേണ്ടത്. കല്‍പനകള്‍ എത്രയും പെട്ടെന്ന് നിര്‍വഹിക്കണമെന്നാണ് ആവശ്യപ്പെടുന്നത് എന്നതിനാല്‍ അകാരണമായി അതിനെ വൈകിപ്പിച്ചു കൂടാ. പതിനാല്, ഇരുപത്തി ഒന്ന് എന്നിങ്ങനെയുള്ള ദിവസങ്ങള്‍ പ്രത്യേകമായി തെരഞ്ഞെടുക്കേണ്ടതുമില്ല.

പ്രായപൂര്‍ത്തി എത്തിയിട്ടും ഒരാള്‍ക്ക് അക്വീക്വത്ത് അറുത്തിട്ടില്ലെങ്കില്‍ അയാള്‍ തനിക്ക് വേണ്ടി അറുക്കുന്നതിന് വിരോധമില്ല. അനസ്(റ)വില്‍ നിന്ന് നിവേദനം: ”നബി(സ) പ്രവാചകത്വത്തിന് ശേഷം സ്വന്തത്തിന് വേണ്ടി അക്വീക്വത്ത് അറുക്കുകയുണ്ടായി” (മുസ്വന്നഫ് അബ്ദുറസാഖ്).

ഇബ്‌നു സീരീന്‍ (റഹി) പറഞ്ഞു: ”എനിക്കു വേണ്ടി അക്വീക്വത്ത് അറുക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞാന്‍ എനിക്കു വേണ്ടി അറുക്കുന്നതാണ്.” (ഇബ്‌നു ഇബീ ശൈബ).

ഗര്‍ഭസ്ഥ ശിശുവിന് നാല് മാസം പൂര്‍ത്തിയായതിന് ശേഷമാണ് മരണപ്പെട്ടതെങ്കില്‍ പേരിടുക, കഫന്‍ ചെയ്യുക, മറമാടുക എന്നീ കര്‍മങ്ങല്‍ നടത്തേണ്ടതാണ്. അതു പോലെ അക്വീക്വത്തും അറുക്കാവുന്നതാണ്.

അറുക്കുന്ന വേളയില്‍

”ബിസ്മില്ലാഹി, അല്ലാഹു അക്ബര്‍, അല്ലാഹുമ്മ മിന്‍ക, വലക ഹാദിഹി അക്വീക്വത്തു ഫുലാന്‍” (അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവേ, ഇത് നിന്നില്‍നിന്നാണ്; നിനക്കുമാണ്. ഇന്നാലിന്നവനുള്ള അക്വീക്വയാണിത്) എന്നാണ് ചൊല്ലേണ്ടത്.

ആര്‍ക്ക് വിതരണം ചെയ്യണം?

ശൈഖ് ഇബ്‌നു ബാസ് (റഹി) പറഞ്ഞു: ”അതിന്റെ ഉടമക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. അയാള്‍ക്ക് വേണമെങ്കില്‍ കുടുംബങ്ങള്‍, കൂട്ടുകാര്‍, ദരിദ്രര്‍ എന്നിവര്‍ക്കിടയില്‍ മാംസമായി വിതരണം നടത്തുകയോ അല്ലെങ്കില്‍ അത് പാചകം ചെയ്ത് അവരെ അതിലേക്ക് ക്ഷണിക്കുകയോ ചെയ്യാവുന്നതാണ്.”

അതുപോലെ വീട്ടുകാര്‍ക്ക് അതില്‍ നിന്ന് ഭക്ഷിക്കലും അനുവദനീയമാണ്. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് കൊണ്ട് അറുക്കപ്പെടുന്നവയില്‍ നിന്ന് അറുക്കുന്നവന്‍ ഭക്ഷിക്കണമെന്നതിന് പണ്ഡിതന്‍മാര്‍ സൂറത്തുല്‍ ഹജ്ജിലെ 28-ാം സൂക്തം തെളിവായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

ആരാധനകളില്‍ കൂട്ടുവാനോ, കുറക്കുവാനോ ഉള്ള അവകാശം സൃഷ്ടികള്‍ക്ക് ഇല്ലാത്തിനാല്‍ അക്വീക്വത്ത് പണമായി കൊടുക്കാതെ അറുത്ത് നല്‍കേണ്ടതാണ്. പൂര്‍ണ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കപ്പെടുന്ന ഒരു കര്‍മമാകയാല്‍ മറ്റ് നാടുകളില്‍ അറുക്കുവാനായി ഏല്‍പിക്കാതിരിക്കുകയാണ് വേണ്ടത്.

മറ്റു മതസ്ഥര്‍ക്കിടയില്‍ ജീവിക്കുന്ന നമ്മള്‍ അവരുമായി നീതിയിലും പുണ്യത്തിലുമാണ് വര്‍ത്തിക്കേണ്ടത് എന്നതിനാല്‍ അക്വീക്വത്തിന്റെ മാംസം അവര്‍ക്ക് നല്‍കുന്നതിന് വിരോധമൊന്നുമില്ല.

ജാഹിലിയ്യ കാലഘട്ടത്തില്‍ അക്വീക്വത്തിനോട് അനുബന്ധിച്ച് ഉണ്ടായിരുന്ന ചില മോശമായ സമ്പ്രദായങ്ങളെ നബി(സ) വിരോധിച്ചു.

ബുറൈദ(റ) പറയുന്നു: ”ജാഹിലിയ്യത്തില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നാല്‍ ഒരു ആടിനെ അറുക്കുകയും അതിന്റെ രക്തം കുഞ്ഞിന്റെ തലയില്‍ പുരട്ടുകയും ചെയ്യുമായിരുന്നു. ഇസ്‌ലാം സമാഗതമായപ്പോള്‍ ഞങ്ങള്‍ ആടിനെ അറുക്കുകയും തലയില്‍ കുങ്കുമം തേക്കുകയും ചെയ്തു.” (അബൂദാവൂദ്)

ആഇശ(റ) പറയുന്നു: ”ജാഹിലിയ്യത്തില്‍ കുഞ്ഞ് പിറന്നാല്‍ അക്വീക്വ അറുക്കുകയും രക്തത്തില്‍ തുണി മുക്കി കുഞ്ഞിന്റെ തലയില്‍ വെക്കുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: അതിന്റെ സ്ഥാനത്ത് നിങ്ങള്‍ സുഗന്ധക്കൂട്ട് വെക്കുക” (ഇബ്‌നു ഹിബ്ബാന്‍).

അക്വീക്വയോടനുബന്ധിച്ച് മുടി കളയുമ്പോള്‍ അത്തരം സുഗന്ധം കുഞ്ഞിന്റെ തലയില്‍ വെക്കാവുന്നതാണ്.

 

മുഹമ്മദ് സ്വാദിക്വ് അല്‍ മദനി
നേർപഥം വാരിക

ത്വല്‍ഹത്(റ) വെളിച്ചം കണ്ടെത്തിയ കഥ

ത്വല്‍ഹത്(റ) വെളിച്ചം കണ്ടെത്തിയ കഥ

ഫഹദ്ബ്‌നു ഉബൈദില്ല പറയുന്നു: ഞാന്‍ സിറിയയിലെ ബുസ്വ്‌റാ ചന്തയില്‍ പങ്കെടുത്തു. അപ്പോള്‍ ഒരു മഠത്തിലെ പുരോഹിതന്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ”ഈ സീസണിലെ വ്യാപാരികളില്‍ ഹറമില്‍നിന്ന്(മക്ക) വല്ലവരുമുണ്ടോ എന്ന് അന്വേഷിക്കൂ.” 

ഞാന്‍ പറഞ്ഞു: ”അതെ, ഞാന്‍ മക്കയില്‍ നിന്നാണ്.”

അദ്ദേഹം ചോദിച്ചു: ”അഹ്മദ് ഇനിയും രംഗപ്രവേശം ചെയ്തിട്ടില്ലേ?”

ഞാന്‍ ചോദിച്ചു: ”ആരാണ് അഹ്മദ്?”

അദ്ദേഹം പറഞ്ഞു: അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെ പുത്രന്‍. അദ്ദേഹം പ്രവാചകനായി വരുന്ന മാസമാണല്ലോ ഇത്. അദ്ദേഹം അന്ത്യപ്രവാചകനായിരിക്കും. ഹറമില്‍നിന്ന് നിയോഗിക്കപ്പെടും. അദ്ദേഹം പലായനം ചെയ്ത് അഭയാര്‍ഥിയായി എത്തുന്ന നാട് കറുത്ത കല്ലുകള്‍ പാകപ്പെട്ട കുന്നുകളുള്ളതും ഈത്തപ്പനകളുള്ളതും ചതുപ്പ് നിലമുള്ളതുമായിരിക്കും. അദ്ദേഹത്തിലേക്ക് വല്ലവരും നിന്നെ മുന്‍കടക്കുന്നതിന് മുമ്പ് വേഗത്തില്‍ ചെന്നെത്തി അദ്ദേഹത്തെ ആശ്ലേഷിക്കുക.” 

ത്വല്‍ഹത്(റ) തുടരുന്നു: പുരോഹിതന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ തറച്ചു. ഞാന്‍ മക്കയിലേക്ക് കുതിച്ചു. 

മക്കയിലെത്തിയ ഞാന്‍ അവിടെയുള്ളവരോട് ചോദിച്ചു: ”വല്ലതും സംഭവിച്ചിട്ടുണ്ടോ?”

അവര്‍ പറഞ്ഞു: ”അബ്ദുല്ലയുടെ മകന്‍ മുഹമ്മദിന് പ്രവാചകത്വം ലഭിച്ചിരിക്കുന്നു. അബൂ ക്വുഹാഫയുടെ മകന്‍ അബൂബക്ര്‍ മുഹമ്മദിനെ അനുഗമിച്ചിരിക്കുന്നു.”

ഞാന്‍ അബൂബക്‌റിന്റെ അടുക്കല്‍ ചെന്നുകൊണ്ട് ചോദിച്ചു: ”താങ്കള്‍ മുഹമ്മദിനെ സ്വീകരിച്ചുവോ?”

അബൂബക്ര്‍: ”അതെ. താങ്കളും മുഹമ്മദിന്റെ അടുക്കല്‍ ചെല്ലുക. അദ്ദേഹത്തെ പിന്‍പറ്റുക; കാരണം അദ്ദേഹം സത്യത്തിലേക്കാണ് ക്ഷണിക്കുന്നത്.”

ഞാന്‍ പ്രവാചക സവിധത്തിലെത്തി പറഞ്ഞു: ബുസ്വ്‌റായിലെ പുരോഹിതന്‍ പറഞ്ഞത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതില്‍ പ്രവാചകന്‍ എറെ സന്തുഷ്ടി പ്രകടിപ്പിച്ചു. 

ഞാന്‍ പ്രഖ്യാപിച്ചു: ”അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്” (യഥാര്‍ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്, അല്ലാഹുവിന്റെ തിരുദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)

”ഇതിന് മുമ്പ് നാം ആര്‍ക്ക് വേദഗ്രന്ഥം നല്‍കിയോ അവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഇതവര്‍ക്ക് ഓതിക്കേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീര്‍ച്ചയായും ഞങ്ങള്‍ കീഴ്‌പെടുന്നവരായിരിക്കുന്നു. അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്. അവര്‍ നന്മ കൊണ്ട് തിന്മയെ തടുക്കുകയും, നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും. വ്യര്‍ഥമായ വാക്കുകള്‍ അവര്‍ കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മങ്ങളും. നിങ്ങള്‍ക്കു സലാം. മൂഢന്മാരെ ഞങ്ങള്‍ക്ക് ആവശ്യമില്ല. (വിശുദ്ധ ക്വുര്‍ആന്‍ 28: 5255).

 

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

ശിര്‍ക്കോ…! അതെന്താ മോനേ?

ശിര്‍ക്കോ...! അതെന്താ മോനേ?

ഓട്‌മേഞ്ഞ ആ പഴയ തറവാട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ രണ്ട് മൂന്ന് സ്ത്രീകള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പുറത്തുണ്ടായിരുന്ന ആ സ്ത്രീകള്‍ ഞങ്ങളെ കണ്ടയുടനെ തട്ടം തലയിലേക്ക്‌വലിച്ചിട്ട് അകത്തേക്ക് ഓടുകയായിരുന്നു. 

പല മുസ്‌ലിം സ്ത്രീകളിലും സാധാരണ കണ്ടുവരാറുള്ള പ്രകൃതമാണിത്. ബസ് സ്റ്റാന്റിലോ അങ്ങാടിയിലോ വെച്ച് യാദൃച്ഛികമായി താടിയോ, തലക്കെട്ടോ ഉള്ളവരെ കണ്ടാല്‍ മാത്രം ഊര്‍ന്നുപോയ തട്ടം തലയിലേക്ക് ധൃതിയില്‍ വലിച്ചിടുന്ന ഒരു സ്വഭാവം. എന്നാല്‍ പറമ്പില്‍ തേങ്ങയിടാന്‍ വരാറുള്ളവരെയോ മീന്‍കാരനെയോ മറ്റോ കണ്ടാലോ തങ്ങളുടെ തലയല്‍ തട്ടമിടണമെന്ന് ഓര്‍മ അവര്‍ക്കുണ്ടാകില്ല. 

ഏതായാലും അവരുടെ അനുവാദം കിട്ടിയപ്പോള്‍ ചുമരില്‍ നിറയെ രാഷ്ട്രീയ നേതാക്കന്മാരുടെ ഫോട്ടോകള്‍ ഫ്രെയിം ചെയ്ത് വെച്ച ആ വീട്ടിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു.

എങ്ങനെ തുടങ്ങണമെന്ന ശങ്കയിലായിരുന്നു ഞങ്ങള്‍. മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ വന്നതാണെന്ന് പറയുന്നത് മണ്ടത്തരമാവില്ലേ? ഇസ്‌ലാം മതമെന്നാല്‍ കുറെ മാലകളും മൗലൂദുകളും ജാറവും ആണ്ടും നേര്‍ച്ചയും ശൈഖും ഖോജയുമെല്ലാം അടങ്ങിയ എന്തൊക്കെയോ ആണെന്ന് ധരിച്ച് വെച്ചിരുക്കുന്നവരുടെ കൂട്ടത്തിലാകും ഇവരെന്ന കാര്യത്തില്‍ സംശയമില്ല. കാരണം മുജാഹിദുകളുടെ ശബ്ദമെത്താത്ത പ്രദേശമാണത്.

അല്‍പനേരത്തെ ആലോചനക്ക് ശേഷം ‘ഞങ്ങള്‍ വരുന്ന വഴിക്ക് ഇടവഴിയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടു’ എന്ന് പറഞ്ഞ് ഞാന്‍ സംസാരത്തിന് തുടക്കമിട്ടു.

”ഹേ…ഹെന്ത്…മൂര്‍ഖന്‍ പാമ്പോ?… പാമ്പോ…? എവിടെ? എവിടെ…?”’മൂവരും ബേജാറോടെ ചോദിച്ചു.

”ങാ…മൂര്‍ഖന്‍ പാമ്പ് തന്നെ!” 

”എന്നിട്ട് നിങ്ങള്‍ കൊന്നോ?”

”ഹേയ്… കൊല്ലുകയോ? അതിന് പാമ്പെവിടെ?”

”നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്?” അവര്‍ പരസ്പരം നോക്കി.

”ഞാന്‍ പറഞ്ഞു തീര്‍ന്നില്ലല്ലോ? അതിന് മുമ്പേ നിങ്ങളെല്ലാവരും ഇങ്ങനെ പേടിച്ചാലോ? ഞാന്‍ പാമ്പിനെ കണ്ടു എന്നല്ല; ഞാന്‍ വഴിയില്‍ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാല്‍ പിന്നെ ആ വഴി പോകാന്‍ നിങ്ങള്‍ക്ക് ഭയമുണ്ടാവില്ലേ എന്നാണ് പറയാനുദ്ദേശിച്ചത്.”

”ഞങ്ങള്‍ എങ്ങനെ പേടിക്കാതിരിക്കും. ഇടയ്ക്കിടെ പാമ്പിനെ കാണാറുള്ളതാ…” കൂട്ടത്തില്‍ വയസ്സായ സ്ത്രീ പറഞ്ഞു.

”നോക്കൂ; ഒരു പാമ്പിനെപ്പറ്റി പറഞ്ഞപ്പോഴേക്കും നിങ്ങള്‍ എത്ര കണ്ട് ഭയപ്പെട്ടു! ഉഗ്ര വിഷമുള്ള പാമ്പിനെയും തേളിനെയും ഒക്കെ നാം ഭയപ്പെടുന്നു എന്നത് ശരിതന്നെ. എന്നാല്‍, അതിനേക്കാളെത്രയോ ഏറെ ഭയപ്പെടേണ്ടതായ ഒരാപത്ത് നാളെ നമുക്കെല്ലാം വരാനിരിക്കുന്നു എന്ന ഗൗരവമുള്ള ഒരു കാര്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ ഞങ്ങള്‍ വന്നതിന്റെ ഉദ്ദേശം.”

”പടച്ച റബ്ബിന്റെ ശിക്ഷ കിട്ടുന്ന കാര്യത്തെപ്പറ്റി വല്ലതും പറയാനായിരിക്കും അല്ലേ? നിങ്ങളുടെ താടി കണ്ടപ്പോള്‍ മനസ്സിലായി. ഞങ്ങളൊക്കെ നേരത്തോട് നേരം നിസ്‌കരിക്കാറുണ്ട്. നോമ്പ് നോല്‍ക്കാറുണ്ട്.  അറിഞ്ഞ് കൊണ്ട് ഞങ്ങളാരും ഒരു തെറ്റും ചെയ്യുന്നോരല്ല. പിന്നെന്തിന് ഞങ്ങള് നരകത്തിലെ ശിക്ഷയെപ്പറ്റി ബേജാറാകണം?”

”നിങ്ങള്‍ പറയുന്നത് ശരിയായിരിക്കാം. പക്ഷേ, നാം ചെയ്യുന്ന അമലുകളൊക്കെ അല്ലാഹു നമ്മില്‍ നിന്നും സ്വീകരിക്കണമെങ്കില്‍ നാം ഒരിക്കല്‍പോലും ശിര്‍ക്ക് ചെയ്യാത്തവരായിരിക്കണം. ശിര്‍ക്ക് ചെയ്യുന്ന ഒരാളുടെയും കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല എന്നതാണ് പ്രധാനമായും നാം അറിഞ്ഞിരിക്കേണ്ട കാര്യം.”

”ശിര്‍ക്കോ…? അതെന്താ മോനേ?” പ്രായം ചെന്ന സ്ത്രീയുടേതായിരുന്നു ആ ചോദ്യം!

പുരോഹിത വര്‍ഗം ഈ സമുദായത്തെ എത്രമാത്രം അജ്ഞതയിലാണ് തളച്ചിട്ടിരിക്കുന്നതെന്ന് അപ്പോള്‍ ചിന്തിച്ചുപോയി. എന്താണ് ‘ശിര്‍ക്ക്’ എന്ന്‌പോലും മനസ്സിലാവാതെ ശിര്‍ക്ക് ചെയ്ത് എത്ര പേര്‍ ജീവിച്ച് മരിച്ച് പോയിട്ടുണ്ടാവും നമ്മുടെ നാട്ടില്‍! ഇതുപോലെ എത്രപേര്‍ അതറിയാതെ ജീവിച്ചുകൊണ്ടിരിക്കുന്നു!

ഇത്തരം നിര്‍ഭാഗ്യവാന്മാരായ ആളുകെള സമീപിച്ച് അവര്‍ക്ക് തൗഹീദിന്റെ വെളിച്ചം എത്തിച്ചു കൊടുക്കാന്‍ ഭാഗ്യം സിദ്ധിച്ചതോര്‍ത്ത് ഞാന്‍ അല്ലാഹുവിനെ സ്തുതിച്ചുപോയി. 

”അല്ലാഹുവിന് മാത്രം അവകാശപ്പെട്ടത് അവനല്ലാത്തവര്‍ക്ക് വകവെച്ചുകൊടുക്കുന്നതാണ് ശിര്‍ക്ക്.”

”അത് ഞങ്ങള്‍ ചെയ്യുന്നില്ല. നിസ്‌കാരവും നോമ്പുമൊക്കെ അല്ലാക്ക് വേണ്ടി മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്.”

”പ്രാര്‍ഥനയും നേര്‍ച്ചകളും വഴിപാടുകളുമെല്ലാം അല്ലാഹുവിനോടാകണം. അവന്റെ മാത്രം പൊരുത്തം തേടിയാകണം.”

ഇത് കേട്ടപ്പോള്‍ അവര്‍ പരസ്പരം നോക്കി. 

”അല്ലാഹുവിനോടേ ഞങ്ങള്‍ പ്രാര്‍ഥിക്കാറുള്ളൂ. എന്നാല്‍ നേര്‍ച്ച…” വൃദ്ധ സ്ത്രീ അര്‍ധോക്തിയില്‍ നിര്‍ത്തി. 

”നേര്‍ച്ച…?”

”അത്… ജീലാനി ശൈഖിന്റെ പേരിലൊക്കെ നേര്‍ച്ചയാക്കാറുണ്ട്…”

”ശൈഖിനോട് പ്രാര്‍ഥിക്കാറുണ്ടോ?”

”ഹേയ്… അതില്ല. ശൈഖിനോട് തേടാറുണ്ട്; അല്ലാഹുവിന്റെ കാവല്‍ വാങ്ങിത്തരാന്‍.”

”നിങ്ങള്‍ പറഞ്ഞ ഈ തേട്ടം തന്നെയാണ് ഇത്താ പ്രാര്‍ഥന. അല്ലാഹുവിനോട് മാത്രം നടത്തേണ്ടത്. അത് ശൈഖിനോട് നടത്തിയാല്‍ ശിര്‍ക്കാണ്. നരകം ഉറപ്പാക്കുന്ന കുറ്റം.”

”അല്ല മക്കളേ, നിങ്ങള്‍ ഞങ്ങളെ നരകത്തിലാക്കാന്‍ വന്നവരാണോ? ഞങ്ങളെ ഉസ്താദുമാര്‍ പറഞ്ഞുതരുന്നതേ ഞങ്ങള്‍ ചെയ്യുന്നുള്ളൂ.”

”ആര് പറഞ്ഞിട്ടെന്താ? അല്ലാഹു പറഞ്ഞതിനെതിര് ചെയ്താല്‍ എങ്ങനെ രക്ഷ കിട്ടും?”

”ജീലാനി ശൈഖിനോട് തേടാന്‍ പാടില്ല എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടോ മക്കളേ?”

”അങ്ങനെ കാണില്ല. അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാന്‍ പാടുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അതില്‍ ജീലാനിയടക്കം എല്ലാവരും പെടും.”

”അവര്‍ക്ക് അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് ചോദിച്ചാല്‍ തെറ്റല്ല എന്നാണ് ഉസ്താദുമാര്‍ വഅളില്‍പറഞ്ഞു കേട്ടിട്ടുള്ളത്.”

”മരണപ്പെട്ട ശേഷം അവരുടെ കഴിവ് കൂടുകയാണോ കുറയുകയാണോ ചെയ്യുക?”

”അത്… പിന്നെ…”

”സംശയം വേണ്ട ഇത്താ. മരണത്തോടെ എല്ലാ കഴിവും നഷ്ടപ്പെടും. അതുകൊണ്ടാണല്ലോ നമ്മള്‍ മരിച്ചവരെ ക്വബ്‌റില്‍ മൂടുന്നത്. എല്ലാ കഴിവുമുള്ളവരെ ക്വബ്‌റടക്കുന്നത് ശരിയാണോ?”

”അങ്ങനെ ചോദിച്ചാല്‍…”

”നിങ്ങള്‍ ഉത്തരത്തിനായി ബുദ്ധിമുട്ടേണ്ട. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് നാനാവിധ ഭാഷകളില്‍ കോടിക്കണക്കിനാളുകള്‍ ഒരേസമയം വിളിച്ചു തേടിയാല്‍ ജീലാനി ശൈഖിന് ഉത്തരം നല്‍കാനുള്ള കഴിവ് ഉെണ്ടന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. അത് അല്ലാഹുവിന്റെ കഴിവാണ്. ആ കഴിവ് വേറെ ആര്‍ക്കുണ്ടെന്ന് വിശ്വസിച്ചാലും അതിന്റെ പേര് ശിര്‍ക്ക് എന്നാണ്. അല്ലാഹു പൊറുക്കാത്ത. എല്ലാ കര്‍മങ്ങളുടെയും പ്രതിഫലം നഷ്ടപ്പെടുത്തുന്ന മഹാ അപരാധം.”

”ഞങ്ങളെന്ത് ചെയ്യാനാ? ഉസ്താദുമാര്‍ പറയുന്നതും വീട്ടിലുള്ള ആണുങ്ങള്‍ പറയുന്നതും അനുസരിക്കാതിരിക്കാന്‍ കഴിയില്ല. പിന്നെ നമ്മുടെ പ്രയാസമൊക്കെ ബദ്‌രീങ്ങളോടും ജീലാനിയോടുമൊക്കെ പറയുമ്പോള്‍ നീങ്ങിപ്പോകാറുണ്ട്. പിന്നെ ഇതൊന്നും പറ്റൂലാന്ന് എങ്ങനെ…”

പാവങ്ങളുടെ നിഷ്‌കളങ്കതയും മതപരമായ അറിവില്ലായ്മയും ചൂഷണം ചെയ്യുന്ന പുരോഹിതന്മാരോട് വല്ലാത്ത ദേഷ്യം തോന്നി ഈ വാക്കുകള്‍ കേട്ടപ്പോള്‍. 

തൗഹീദിന്റെ പ്രാധന്യവും ശിര്‍ക്കിന്റെ ഗൗരവവും വിശദീകരിച്ച് കൊടുത്തപ്പോള്‍ കുറച്ചൊക്കെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിച്ചതായി മനസ്സിലായി. മനസ്സിലായ കാര്യം വീട്ടിലെ പുരുഷന്മാരുമായി പങ്കുവെക്കുവാനും സാധിക്കുന്നത്ര തൗഹീദില്‍ അടിയുറച്ച് നില്‍ക്കുവാനും ശിര്‍ക്കിനെ അങ്ങേയറ്റം ഭയന്ന് ജീവിക്കുവാനും ഉപദേശിച്ചുകൊണ്ട് ഞങ്ങള്‍ ആ വീട്ടില്‍നിന്ന് ഇറങ്ങി. 

 

എസ്.എ ഐദീദ് തങ്ങള്‍
നേർപഥം വാരിക

സുന്നത്ത്: തെളിമയാര്‍ന്ന മാതൃക

സുന്നത്ത്: തെളിമയാര്‍ന്ന മാതൃക

അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണ്. അത് മനുഷ്യര്‍ക്ക് എത്തിച്ച് കൊടുക്കുവാനായി അല്ലാഹു കാലാകാലങ്ങളില്‍ പ്രവാചകന്മാരെ നിയോഗിക്കുകയുണ്ടായി. അതില്‍ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് ﷺ . അവസാന വേദഗ്രന്ഥമായ ക്വുര്‍ആനും അന്തിമദൂതന്റെ ചര്യയുമനുസരിച്ചാണ് ഇനി അവസാനനാള്‍ വരെയുള്ള മനുഷ്യര്‍ ജീവിക്കേണ്ടത്. വിശുദ്ധ ക്വുര്‍ആന്‍ അനുസരിച്ച് എങ്ങനെ ജീവിക്കണമെന്നാണോ നബി(സ) തന്റെ ഇരുപത്തിമൂന്ന് വര്‍ഷ ജീവിതത്തില്‍ നമുക്ക് കാണിച്ച് തന്നത്; ആ ജീവിതചര്യക്കാണ് സുന്നത്ത് എന്ന് സാങ്കേതികമായി പറയുന്നത്. പ്രവാചകന്റെ ആ സുന്നത്ത് തെളിമയാര്‍ന്ന ഒരു മാതൃകയാണ് എന്നതില്‍ യാതൊരു സംശയവുമില്ല.

എന്താണ് സുന്നത്ത്?

കര്‍മശാസ്ത്ര ഭാഷയില്‍ ‘സുന്നത്ത്’ എന്ന പദം ഉപയോഗിക്കുന്നത് ‘എടുത്താല്‍ കൂലിയുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതുമായ’ ഐഛികമായ കാര്യ  ങ്ങള്‍ക്കാണ്. എന്നാല്‍ ഹദീഥ് നിദാന ശാസ്ത്രപണ്ഡിതന്മാര്‍ സുന്നത്തിനെ നിര്‍വചിക്കുന്നത് ‘പ്രവാചകന്റെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവക്ക് മൊത്തത്തില്‍ പറയുന്ന പേരാണ് സുന്നത്ത്’ എന്നാണ്. ഉദാഹരണമായി പറഞ്ഞാല്‍: പ്രവാചകന്‍ ﷺ  തന്റെ നമസ്‌കാരങ്ങളില്‍ പ്രാര്‍ഥിച്ച പ്രാര്‍ഥനകള്‍ അദ്ദേഹത്തിന്റെ വാചികമായ സുന്നത്തുകളാണ്. പ്രവാചകന്‍ ﷺ  തന്റെ നമസ്‌കാരം എങ്ങിനെ നിര്‍വഹിച്ചുവോ അത്‌പോലെ ചെയ്യല്‍ അദ്ദേഹത്തിന്റെ കര്‍മപരമായ സുന്നത്താണ്. പ്രവാചകന്റെ സാന്നിധ്യത്തില്‍ ചില സ്വഹാബികള്‍ ഉടുമ്പിന്റെ മാംസം കഴിക്കുകയുണ്ടായി (ബുഖാരി). ആ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ ആ മാംസം തിന്നുകയോ, സ്വഹാബികളോട് നിങ്ങള്‍ തിന്നരുതെന്ന് വിലക്കുകയോ ചെയ്തില്ല. ഇത് പ്രവാചകന്റെ അംഗീകാരമുള്ള ചര്യയില്‍ പെടുന്നു. ഒരു കാര്യം ഇസ്‌ലാമില്‍ അനുവദനീയമാകണമെങ്കില്‍, ഇസ്‌ലാമിക ശരീഅത്തില്‍ ഉള്‍കൊള്ളണമെങ്കില്‍ പ്രവാചകന്റെ വാക്കോ, പ്രവൃത്തിയോ, അംഗീകാരമോ വേണമെന്നര്‍ഥം.

സനദും മത്‌നും

നബി ﷺ യുടെ ഹദീഥുകള്‍ക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന്, സനദ്. രണ്ട്, മത്‌ന്. ഹദീഥുകള്‍ ഉദ്ധരിക്കുന്ന ആളുകളുടെ പരമ്പരക്കാണ് സനദ് എന്ന് പറയുന്നത്. ഹദീഥില്‍ പറയപ്പെട്ട വിഷയമെന്താണോ അതിനാണ് മത്‌ന് എന്ന് പറയുന്നത്. പ്രവാചകന്‍ പറഞ്ഞുവെന്ന് പറഞ്ഞ് ആരെങ്കിലും ഏതെങ്കിലും കാരൃം പറയുകയാണെങ്കില്‍ ആദ്യം ആ പറഞ്ഞ വ്യക്തിയെ സംബന്ധിച്ച് പഠിക്കുകയും അദ്ദേഹം ആരില്‍നിന്ന് കേട്ടു, അയാള്‍ ആരില്‍ നിന്ന് കേട്ടു എന്ന് വളരെ വിശദമായി പരിശോധിക്കുകയും ചെയ്ത ശേഷം എല്ലാം ശരിയാണെങ്കില്‍ മാത്രമെ ഒരു ഹദീഥ് സ്വീകരിക്കപ്പെടുകയുള്ളൂ. അത്‌പോലെ ഹദീഥില്‍ പറയപ്പെട്ട വിഷയവും ചില നിബന്ധനകള്‍ക്ക് വിധേയമാണ്. അവയെല്ലാം ശരിയായെങ്കില്‍ മാത്രമെ ഹദീഥ് സ്വീകരിക്കുകയുള്ളു. ഇല്ലായെങ്കില്‍ തള്ളിക്കളയും. ഈ വിഷയത്തില്‍ ഒരു വിജ്ഞാന ശാഖതന്നെ ഹദീഥ് നിദാന ശാസ്ത്ര പണ്ഡിതന്മാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആധുനിക കാലത്ത് ഹദീഥുകള്‍ മുഴുവനും ക്രോഡീകരിച്ച അനേകം ഹദീഥ് ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. ഇവയില്‍ ഏറ്റവും പ്രാധാന്യമുള്ളതും പ്രശസ്തിയാര്‍ജിച്ചതും പണ്ഡിതന്മാര്‍ കൂടുതല്‍ അംഗീകരിക്കുന്നതും സുനനുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്ന ആറ് ഹദീഥ് ഗ്രന്ഥങ്ങളാണ്. അവ ‘ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഇ, തിര്‍മിദി, ഇബ്‌നുമാജ എന്നീ ഹദീഥ് പണ്ഡിതന്മാര്‍ ക്രോഡീകരിച്ച ഹദീഥ് സമാഹാരങ്ങളാകുന്നു.  

സുന്നത്തും സുരക്ഷിതമാണ്

വിശുദ്ധ ക്വുര്‍ആന്‍ സംരക്ഷിക്കപ്പെട്ടത്‌പോലെ പ്രവാചകന്റെ ഹദീഥുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്വുര്‍ആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റടുത്തിട്ടുണ്ട്. അതുപോലെ ഹദീഥും മറ്റൊരു രൂപത്തില്‍ സംരക്ഷിതമാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്” (സൂറഃ അല്‍ഹിജ്‌റ് 9).

ഈ വചനത്തിലെ ‘ദിക്‌റ്’ എന്ന അറബി പദത്തിനാണ് ‘ഉല്‍ബോധനം’ എന്ന് അര്‍ഥം നല്‍കിയിട്ടുള്ളത്. ഈ ഉല്‍ബോധനത്തില്‍ പ്രവാചകന്റെ സുന്നത്തും ഉള്‍പ്പെടുന്നു. തിരുമേനിയുടെ ഹദീഥുകള്‍ സംരക്ഷിക്കുവാന്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള മാര്‍ഗം ‘സനദ്’ (പരമ്പര) ആണ്. ഹദീഥ് റിപ്പോര്‍ട്ട് ചെയ്തവരുടെ പരമ്പര പരിശോധിക്കുകയാണെങ്കില്‍ ഹദീഥ് സ്വീകാര്യമാണോ, ദുര്‍ബലമാണോയെന്ന് കണ്ടെത്തുവാന്‍ സാധിക്കുന്നതാണ്. ഇതിന് വേണ്ടി ഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ ചരിത്രം വളരെ വൃക്തവും സത്യസന്ധവുമായി രേഖപ്പെടുത്തിയ അനേകം ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക ലോകത്ത് നിലവിലുണ്ട്. മഹാനായ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനി ഈ വിഷയത്തില്‍ അവഗാഹം നേടിയ ആധുനിക പണ്ഡിതനായിരുന്നു.

സുന്നത്തും വഹ്‌യ് തന്നെ

പ്രവാചകന്‍ ﷺ  സുന്നത്തായി തന്റെ സമുദായത്തിന് നല്‍കിയിട്ടുള്ള മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിങ്കല്‍ നിന്നുള്ള ദിവ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. അല്ലാഹു പറയുന്നു: ”അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു” (സൂറഃ അന്നജ്മ് 3-4).

പ്രവാചകന് ക്വുര്‍ആന്‍ കൂടാതെ വേറെയും വഹ്‌യ് ലഭിച്ചിട്ടുണ്ടെന്നതിന് അനേകം തെളിവുകള്‍ പ്രമാണങ്ങളില്‍ കാണാനാവും. മിക്വ്ദാദ് ഇബ്‌നു മഹ്ദീ കരിബ് അല്‍കിന്‍ദി പറയുന്നു: ”പ്രവാചകന്‍ ﷺ  പറഞ്ഞു: ‘അറിയുക, എനിക്ക് ക്വുര്‍ആനും അതിനോട് കൂടെ അതുപോലെയുള്ള വേറെയൊന്നും നല്‍കപ്പെട്ടു…’ (അഹ്മദ്).

സുന്നത്തുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധം

സുന്നത്ത് സ്വീകരിക്കാതെ വെറും ക്വുര്‍ആന്‍ മാത്രം സ്വീകരിച്ചുകൊണ്ട് സത്യവിശ്വാസിയായി ജീവിക്കുവാന്‍ ലോകത്ത് ഒരാള്‍ക്കും സാധ്യമല്ല. കാരണം വിശുദ്ധ ക്വുര്‍ആനിന്റെ വിശദീകരണമാണ് പ്രവാചക സുന്നത്ത്. ക്വുര്‍ആനില്‍ പറഞ്ഞ പല കാര്യങ്ങളും വിശദമാക്കുന്നത് തിരുമേനിയുടെ സുന്നത്താകുന്നു. നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തണം എന്ന് അടിക്കടി ക്വുര്‍ആന്‍ ജനങ്ങളെ ഉല്‍ബോധിപ്പിക്കുന്നു, എന്നാല്‍ എങ്ങനെ നമസ്‌കരിക്കണമെന്നത് സുന്നത്തില്‍ നിന്ന് മാത്രമെ ഒരു വിശ്വാസിക്ക് ലഭിക്കുകയുള്ളു. ഇസ്‌ലാമിന്റെ ഏകദേശമെല്ലാ ആരാധനാ കര്‍മങ്ങളും ക്വുര്‍ആന്‍ മൊത്തത്തിലാണ് പറഞ്ഞിട്ടുള്ളത്. അതിന്റെ രൂപവും മറ്റും പ്രവാചകന്‍ തന്റെ സുന്നത്തിലൂടെയാണ് വിവരിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

”നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു; ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചു കൊടുക്കുവാന്‍ വേണ്ടിയും അവര്‍ ചിന്തിക്കുവാന്‍ വേണ്ടിയും” (സൂറഃ അന്നഹ്ല്‍ 44).

”അവര്‍ ഏതൊരു കാരൃത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കി കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്” (സൂറഃ അന്നഹ്ല്‍ 64).

”നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക” (സൂറഃ അല്‍ഹശ്ര്‍ 7).

മേല്‍ വിവരിച്ച സൂക്തങ്ങൡ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത് പ്രവാചകന്റെ സുന്നത്ത് നാം പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്ന കാരൃമാണ്. ഒന്നുകൂടി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

”തീര്‍ച്ചയായും സതൃവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു” (സൂറഃ ആലുഇംറാന്‍ 164).

ഇതിലെ ‘ഹിക്മത്’ (ജ്ഞാനം) എന്ന പദത്തിന് പല പണ്ഡിതന്മാരും നല്‍കിയിട്ടുള്ള വ്യാഖ്യാനം പ്രവാചകന്റെ സുന്നത്ത് എന്നാണ്. ഈ കാര്യം ഇബ്‌നുകഥീര്‍(റഹ്) തന്റെ തഫ്‌സീറിലും പറയുന്നുണ്ട്.

സുന്നത്തിനെ അവഗണിക്കുവാന്‍ പാടില്ല

ഒരു വിഷയത്തില്‍ പ്രവാചകന്റെ സുന്നത്ത് സ്ഥിരപ്പെട്ടാല്‍ അതിനെ അവഗണിക്കാന്‍ ഒരു വിശ്വാസിക്ക് പാടില്ല. അത് തനിക്ക് ഇഷ്ടമില്ലെങ്കിലും ശരി; മനഃസംതൃപ്തിയോടെ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. തന്റെ ബുദ്ധിക്ക് യോജിക്കുന്നില്ല, അതല്ലെങ്കില്‍ ആധുനിക നൂറ്റാണ്ടിന് യോജിച്ചതല്ല എന്നൊക്കെ പറഞ്ഞ്‌കൊണ്ട് അതിനെ അവഗണിക്കുകയോ, തള്ളുകയോ ചെയ്യുന്നവര്‍ സൂക്ഷിക്കേണ്ടതാണ്. അതിനെപ്പറ്റി അല്ലാഹു പറയുന്നു: ‘അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ” (സൂറഃ അന്നൂര്‍:63).

സുന്നത്ത് തെളിമയാര്‍ന്ന മാതൃക

വിശ്വാസിയുടെ ജീവിതം തെളിമയുള്ളതാവുക പ്രവാചകന്റെ ചര്യ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ മാത്രമാകുന്നു. അതുകൊണ്ട് തന്നെ അല്ലാഹു അവന്റെ അവസാന പ്രവാചകനിലൂടെ ലോകത്തിന് മുന്നില്‍ തുറന്ന് വെച്ചിട്ടുള്ള മാതൃക തെളിമയുള്ളതും പ്രകാശപൂര്‍ണവുമാണ്. ആരാണോ അത് സ്വന്തം ചര്യയാക്കി മാറ്റുന്നത് അവന് ഇഹലോകത്തും പരലോകത്തും അനുഗ്രഹത്തിന്റെ തെളിമയാര്‍ന്ന മാര്‍ഗത്തിലൂടെ സഞ്ചരിക്കുവാന്‍ സാധിക്കുന്നതാണ്. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്” (സൂറഃ അല്‍അഹ്‌സാബ് 21).  

ഈ ഉത്തമമായ മാതൃക പിന്‍പറ്റുകയാണെങ്കില്‍ ഒരിക്കലും ഒരാള്‍ വഴിതെറ്റുകയില്ല. ഇമാം മാലിക് ഉദ്ധരിക്കുന്ന ഒരു ഹദീഥ് ശ്രദ്ധിക്കുക; പ്രവാചകന്‍ ﷺ  പറയുകയുണ്ടായി: ”നിങ്ങള്‍ക്ക് ഞാന്‍ രണ്ട് കാര്യങ്ങള്‍ വിട്ടേച്ച് കൊണ്ടാകുന്നു പോകുന്നത്. അത് മുറുകെ പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ സുന്നത്തുമാകുന്നു” (മുവത്വ).

ഇബ്‌നുമാജ ഉദ്ധരിക്കുന്ന ഹദീഥില്‍ നമുക്ക് കാണാം: നബി ﷺ  പറയുന്നു: ”അല്ലാഹു തന്നെയാണ് സത്യം, നിങ്ങളെ ഞാന്‍ വിട്ടേച്ച് പോകുന്നത് തെളിമയാര്‍ന്ന ഒരു മാര്‍ഗത്തിലാകുന്നു, അതിന്റെ രാവും പകലും ഒരുപോലെയാകുന്നു.”

സുന്നത്ത് സമ്പൂര്‍ണം

ഇസ്‌ലാമിക ശരീഅത്ത് സമ്പൂര്‍ണമാക്കിയിട്ടാണ് പ്രവാചകന്‍ ﷺ  ഇഹലോകത്ത് നിന്ന് വിടപറഞ്ഞിട്ടുള്ളത്. ഈ സുന്നത്തില്‍ യാതൊന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുവാന്‍ ആര്‍ക്കും അവകാശമില്ല.

നബി ﷺ യില്‍ നിന്ന് ആഇശാ(റ) നിവേദനം ചെയ്യുന്നു: ”നമ്മുടെ ഈ കാരൃത്തില്‍ ആരെങ്കിലും വല്ലതും പുതുതായി കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളപ്പെടേണ്ടതാകുന്നു” (ബുഖാരി).

ജീവിതത്തിന്റെ മുഴുവന്‍ മേഖലകൡലും പ്രവാചകന്റെ സുന്നത്ത് നമുക്ക് കാണാനാവും. നാം വളരെ നിസ്സാരമായി കരുതുകയും അവഗണിക്കുകയും ചെയ്യുന്നതുമായ മേഖലയില്‍ പോലും പ്രവാചകന്റെ സുന്നത്ത് തെളിച്ചം നല്‍കുന്നതായി കാണാവുന്നതാണ്. സല്‍മാന്‍(റ)വിനോട് ഒരു ജൂതനായ വ്യക്തിചോദിച്ചു: ‘നിങ്ങളുടെ ദൂതന്‍ നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും പഠിപ്പിച്ച് തന്നിട്ടുണ്ടോ, വിസര്‍ജന മര്യാദകള്‍വരെ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതെ, ക്വിബ്‌ലക്ക് അഭിമുഖമായി വിസര്‍ജനം ചെയ്യുന്നതിനെയും മൂന്ന് കല്ലിനെക്കാള്‍ കുറഞ്ഞ എണ്ണം കൊണ്ട് ശൗച്യം ചെയ്യുന്നതിനെയും കാഷ്ഠം, എല്ല് എന്നിവകൊണ്ട് ശൗച്യം ചെയ്യുന്നതിനെയും വിലക്കിയിട്ടുണ്ട്”(മുസ്‌ലിം).

പ്രവാചകന്റെ  സുന്നത്ത് ജീവിതത്തിന്റെ മുഴുവന്‍ മേഖലയെയും വലയം ചെയ്തിരിക്കുന്നുവെന്ന് ഈ ഹദീഥ് നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു ഹദീഥ് കൂടി ശ്രദ്ധിക്കുക: ജാബിറില്‍(റ) നിന്ന്: ”ഉറങ്ങാന്‍ നേരത്ത് ജനങ്ങള്‍ പാലിക്കേണ്ട മര്യാദയെപ്പറ്റി നബി ﷺ  പറയുകയുണ്ടായി: ‘നിങ്ങള്‍ പാത്രങ്ങള്‍ അടച്ച് വെക്കുക, വെള്ളപ്പാത്രത്തിന്റെ മുഖം കെട്ടിവെക്കുക, വാതിലുകള്‍ അടക്കുക, ഇശാഇനോട് അടുത്ത സമയത്ത് കുട്ടികളെ വീട്ടില്‍ നിന്ന് പുറത്ത് വിടാതിരിക്കുക. കാരണം അപ്പോഴാണ് ജിന്നുകള്‍ ഭൂമിയില്‍ വ്യാപിക്കുന്നതും കുട്ടികളെ തട്ടിയെടുക്കുന്നതും. വിളക്കുകള്‍ കെടുത്തുകയും ചെയ്യുക. കാരണം എലികള്‍ വിളക്ക് തട്ടിമറിച്ച് തീപിടുത്തമുണ്ടായി വീട്ടിലുള്ളവരും വീട്ടുസാധനങ്ങളും കത്തിനശിക്കുവാന്‍ സാധ്യതയുണ്ട്” (ബുഖാരി).

പ്രവാചകന്റെ സുന്നത്ത് എത്ര സുന്ദരവും സമ്പൂര്‍ണവും തെളിമയാര്‍ന്നതുമാണെന്ന് നമുക്ക് മേല്‍ ഉദ്ധരിച്ച ഹദീഥുകളില്‍ നിന്നും വ്യക്തമാകുന്നു. സുന്നത്തുകള്‍ക്ക് പകരം വേറൊരു ഉദാത്ത മാതൃക കാണിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല.

സയ്യിദ് സഅ്ഫര്‍ സ്വാദിഖ്
നേർപഥം വാരിക

സഈദ്ബ്‌നു ആമിര്‍ അല്‍ജുമഹി(റ)

സഈദ്ബ്‌നു ആമിര്‍ അല്‍ജുമഹി(റ)

ക്വുറൈശി നേതാക്കന്മാരുടെ ആഹ്വാനം കേട്ട് തന്‍ഈമിലേക്ക് പുറപ്പെട്ട നൂറുകണക്കിനാളുകളില്‍ യൗവനത്തിന്റെ കരുത്തും ആവേശവും പേറി സഈദും ഉണ്ടായിരുന്നു. വഞ്ചനയിലൂടെ കീഴ്‌പെടുത്തിയ ഖുബൈബുബ്‌നു അദിയ്യ്(റ)വിനെ പരസ്യമായി ക്രൂശിക്കുന്നത് കാണാനുള്ള ആവേശത്തിലാണവര്‍. അബൂസുഫ്‌യാന്‍, സ്വഫ്‌വാനുബ്‌നു ഉമയ്യ തുടങ്ങി ക്വുറൈശി പ്രമുഖരുടെ നീണ്ടനിരതന്നെ അവിടെയുണ്ട്.

ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട തങ്ങളുടെ ശത്രുവിനെ നേരില്‍ കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെയുള്ളില്‍ ബദ്‌റില്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൊന്നവരോടുള്ള പകയും തങ്ങളുടെ മുഖ്യശത്രുവായ മുഹമ്മദിന് ശക്തമായ സന്ദേശം നല്‍കാന്‍ കിട്ടിയ ഇര ഏറ്റവും യോജിക്കുന്നതായി എന്ന സന്തോഷവും അലതല്ലുകയും ചെയ്യുന്നു.

ഖുബൈബി(റ)നെയും കൊണ്ടവര്‍ ക്രൂശിക്കുവാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. സഈദ് സംഘത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. ക്രൂശിക്കുവാന്‍ വേണ്ട മരത്തടി ഒരുക്കുന്ന തിരക്കിനിടയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആരവങ്ങള്‍ക്കിടയിലും ഒരു പതിഞ്ഞ ശബ്ദം അയാള്‍ കേട്ടു. ”ക്രൂശിക്കുന്നതിനു മുമ്പ് രണ്ടു റക്അത്ത് നമസ്‌കരിക്കുവാന്‍ നിങ്ങളെന്നെ അനുവദിക്കണം.”

ഖുബൈബ്(റ) കഅ്ബയിലേക്കു തിരിഞ്ഞ് രണ്ടു റക്അത്ത് നമസ്‌കരിച്ചു. ‘ഹാ! എന്തൊരു ഭംഗി! എന്തൊരു അച്ചടക്കമുള്ള ആരാധന’. സഈദിന്റെ മനസ്സില്‍ അതൊരു ആന്ദോളനം സൃഷ്ടിച്ചു. ഖുബൈബ്(റ) ക്വുറൈശികളുടെ നേരെ തിരിഞ്ഞു:

”മരണത്തെ പേടിച്ചാണ് മുഹമ്മദിന്റെ അനുയായി ദീര്‍ഘമായി നമസ്‌കരിക്കുന്നത് എന്ന് നിങ്ങള്‍ പറയില്ലായിരുന്നെങ്കില്‍ ഞാന്‍ സുദീര്‍ഘമായി നമസ്‌കരിച്ചേനെ.”

ആ കഠിനഹൃദയര്‍ അദ്ദേഹത്തിന്റെ ഇരുകണ്ണുകളും കുത്തിപ്പൊട്ടിച്ചു. ശരീരത്തില്‍ വാള്‍തലപ്പുകള്‍കൊണ്ട് മുറിവുകളുണ്ടാക്കി. അദ്ദേഹം വേദനകൊണ്ട് പുളയുന്നതിനിടയില്‍ അവര്‍ ചോദിച്ചുകൊണ്ടിരുന്നു:

”മുഹമ്മദിനെ ഇതിനു പകരമാക്കി രക്ഷപ്പെടാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?”

സ്വന്തം അനുയായി മുഹമ്മദിനെ തള്ളിപ്പറയുന്നതുപോലും അവര്‍ക്ക് ആനന്ദം നല്‍കിയിരുന്നു. ഖുബൈബിന്റെ മറുപടി: ”മുഹമ്മദിന് ഇതല്ല, ഒരു മുള്ള് തറക്കുന്നതുപോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.”

ശത്രുക്കള്‍ അദ്ദേഹത്തെ കുരിശിേലറ്റി. അവരുടെ ആക്രോശങ്ങള്‍ ഉയര്‍ന്നുപൊങ്ങി: ”കൊല്ലവനെ!”

സഈദുബ്‌നു ആമിര്‍(റ) കണ്ടത് ആകാശേത്തക്ക് കണ്ണയച്ചുകൊണ്ട് മരണ വെപ്രാളത്തിനിടയിലുംമന്ത്രിക്കുന്ന ഖുബൈബിനെയാണ്.

”അല്ലാഹുവേ! അവരെ നീ എണ്ണിക്കണക്കാക്കേണമേ. അവരെ നശിപ്പിക്കേണമേ. ഒരാളെയും വെറുതെ വിടരുതേ.”

ഖുബൈബ്(റ)വിന്റെ അവസാനശ്വാസവും നിലച്ചു. നിശ്ചലമായ ആ ശരീരത്തില്‍ കുന്തമുനകളാല്‍ മുറിവുകളേല്‍ക്കാത്ത ഒരു ഭാഗവുമുണ്ടായിരുന്നില്ല!

ഖുറൈശി ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി. ഖുബൈബ്‌സംഭവവും വിസ്മൃതിയിലായിത്തീര്‍ന്നു. പക്ഷേ, യൗവനത്തിന്റെ മൂര്‍ധന്യതയില്‍ തന്റെ കണ്ണിലും കാതിലും നിറഞ്ഞുനിന്ന ഖുബൈിന്റെ ദാരുണമരണം സഈദിന്റെ മനസ്സില്‍ വലിയ മുറിപ്പാടുകളുണ്ടാക്കി. കനവിലും നിനവിലും ഉറക്കത്തിലും ഉണര്‍ച്ചയിലുമെല്ലാം കണ്‍മുന്നില്‍ മായാതെ ഖുബൈബ്! കുരിശിലേറും മുമ്പുള്ള അദ്ദേഹത്തിന്റെ പരമശാന്തമായ നമസ്‌കാരം. കാതുകൡലാകട്ടെ ക്വുറൈശികള്‍ക്കെതിരിലുള്ള ഖുബൈബിന്റെ പ്രാര്‍ഥനയും! തന്റെ മീതെ ആകാശത്തുനിന്ന് എന്തോ ശിക്ഷ ഇറങ്ങാന്‍ പോകുന്നെന്ന ഭയം സഈദിനെ പിടികൂടി.

അന്നുമുതല്‍ ഖുബൈബ്(റ)വിന്റെ രക്തസാക്ഷിത്വം സഈദിനെ മുമ്പ് പഠിച്ചിട്ടില്ലാത്ത പലതും പഠിപ്പിക്കുകയായിരുന്നു.

‘ജീവിതം വിശ്വാസവും വിശ്വാസത്തിനുവേണ്ടി മരണം വരെ പൊരുതലുമാണ്.’

‘വിശ്വാസം മനസ്സില്‍ ആവാഹിച്ചാല്‍ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും’.

അദ്ദേഹം പഠിക്കുകയായിരുന്നു. അതോടൊപ്പം അദ്ദേഹം അറിഞ്ഞു; തന്റെ അനുചരന്മാര്‍ സ്വജീവനെക്കാള്‍ സ്‌നേഹിക്കുന്ന ആ മഹാനായ മനുഷ്യന്‍ ആകാശത്തുനിന്ന് വഹ്‌യ് നല്‍കപ്പെടുന്ന സത്യസന്ധനായ പ്രവാചകന്‍ തന്നെയാണെന്ന്. അവിടം മുതല്‍ അല്ലാഹു സഈദിന്റെ ഹൃദയത്തെ ഇസ്‌ലാമിന്റെ രാജകവാടത്തിലേക്ക് വിശാലമാക്കുകയായിരുന്നു.

മക്കയിലെ ജനക്കൂട്ടത്തിനിടയില്‍ വെച്ച് സഈദ് ഇസ്‌ലാം പ്രഖ്യാപിച്ചു. ക്വുറൈശികളുടെ ആരാധ്യന്മാരെ ആരാധിക്കുവാനും അവര്‍ കാട്ടിക്കൂട്ടുന്ന തിന്മകളില്‍ പങ്കാളിയാകാനും ഇനി ഞാനില്ല എന്ന് തുറന്നുപറഞ്ഞു.

മുസ്‌ലിമായ സഈദ്(റ) നബി ﷺ യുടെ മദീനയിലേക്ക് പലായനം ചെയ്തു. നബി ﷺ യുടെ കൂടെ സഹവസിച്ചു. ഖൈബര്‍ യുദ്ധമടക്കം നിരവധി യുദ്ധങ്ങളില്‍ പങ്കാളിയായി. നബി ﷺ യുടെ മരണശേഷം അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെ കൂടെ ഉറയില്‍നിന്നൂരിയ പടവാളായി അദ്ദേഹമുണ്ടായിരുന്നു.

സ്വതന്ത്രവും സ്വകാര്യവുമായി, ബഹളങ്ങളില്ലാതെ, പരലോകരക്ഷ മാത്രം മുന്നില്‍ കണ്ട് ജീവിച്ച  സ്വഹാബിയായിരുന്നു സഈദ്ബ്‌നു ആമിര്‍(റ). ഒരിക്കല്‍പോലും ഭൗതികവിഭവങ്ങള്‍ അദ്ദേഹത്തിന്റെ മനംകവര്‍ന്നില്ല.

നബി ﷺ യുടെ ആദ്യ രണ്ട് ഖലീഫമാരും അദ്ദേഹത്തിന്റെ സത്യസന്ധതയും തക്വ്‌വയും തിരിച്ചറിഞ്ഞവരും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടിയവരുമായിരുന്നു.

ഉമര്‍(റ)വിന്റെ ഭരണകാലം. സഈദ്ബ്‌നു ആമിര്‍(റ) ഖലീഫയുടെ മുന്നിലെത്തി അദ്ദേഹത്തോട് പറഞ്ഞു: ”അമീറുല്‍ മുഅ്മിനീന്‍! താങ്കള്‍ ജനങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടണം. ഒരിക്കലും ജനങ്ങളെ അല്ലാഹവിന്റെ കാര്യത്തില്‍ ഭയപ്പെടരുത്. താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വൈരുധ്യമുണ്ടാകരുത്. വൈരുധ്യമുണ്ടാകാത്ത വാക്കും പ്രവൃത്തിയും എത്ര ആനന്ദകരമാണ്! താങ്കളെ അല്ലാഹു ഏല്‍പിച്ച ജനങ്ങള്‍ക്കു വേണ്ടി താങ്കള്‍ നിലകൊള്ളുക. താങ്കളിഷ്ടപ്പെടുന്നതെല്ലാം അവര്‍ക്കുവേണ്ടിയും ആഗ്രഹിക്കുക. താങ്കള്‍  വെറുക്കുന്നത് അവര്‍ക്കുവേണ്ടിയും വെറുക്കുക. സത്യത്തിന് മുന്‍തൂക്കം നല്‍കുക. അല്ലാഹുവിന്റെ വിഷയത്തില്‍ ആരെയും ഭയപ്പെടാതിരിക്കുക.”

നീതിയുടെയും കരുത്തിന്റെയും പ്രതീകമായിരുന്ന ഉമര്‍(റ)വിനെ പോലും ഉപദേശിക്കുവാന്‍ മാത്രം പ്രാമുഖ്യമുള്ള സ്വഹാബിയായിരുന്നു സഈദ്(റ).

ഉമര്‍(റ) സഈദി(റ)നോട് ചോദിച്ചു: ”സഈദ്! ആര്‍ക്കാണ് ഇതിനെല്ലാം സാധിക്കുക?”

സഈദ്(റ) പറഞ്ഞു: ”താങ്കളെ പോലുള്ളവര്‍ക്ക്്! അതിനാണ് അല്ലാഹു മുഹമ്മദ് നബി ﷺ യുടെ സമൂഹത്തിന്റെ കാര്യം താങ്കളെ ഏല്‍പിച്ചത്.”

സഈദിനെ വിളിച്ച് ഉമര്‍(റ) പറഞ്ഞു: ”സഈദ്, താങ്കളെ ഞാന്‍ ഹിംസിന്റെ ഉത്തരവാദിത്തം ഏല്‍പിക്കുകയാണ്.”

അദ്ദേഹം പറഞ്ഞു: ”അമീറുല്‍ മുഅ്മിനീന്‍, ദയവായി എന്നെ പരീക്ഷണത്തിനു വിട്ടുകൊടുക്കരുത്.”

ഉമര്‍(റ) ശബ്ദമുയര്‍ത്തി: ”എല്ലാ ഭാരവും ഞാന്‍ ഒറ്റക്ക് ചുമക്കണമെന്നാണോ താങ്കള്‍ പറയുന്നത്? അല്ലാഹുവാണേ സാധ്യമല്ല. എന്നെ സഹായിച്ചേ തീരൂ.”

ഹിംസിന്റെ ഉത്തരവാദിത്തം സഈദി(റ)ല്‍ ഏല്‍പിക്കപ്പെട്ടു. ഉമര്‍(റ) ചോദിച്ചു: ”ബൈത്തുല്‍മാലില്‍നിന്ന് താങ്കള്‍ക്ക് എന്തെങ്കിലും വിഹിതം നിശ്ചയിക്കട്ടെയോ?”

സഈദ്(റ) പറഞ്ഞു: ”വേണ്ട. അതെനിക്ക് അധികമായിരിക്കും.” തുടര്‍ന്ന് അദ്ദേഹം ഹിംസിലേക്ക് േപായി.

 

അധികകാലം കഴിയും മുമ്പ് ഹിംസില്‍നിന്ന് കുറച്ചുപേര്‍ അമീറുല്‍ മുഅ്മിനീനെ കാണുവാന്‍ മദീനയിലെത്തി. ഉമര്‍(റ) അവരോട് പറഞ്ഞു: ”നിങ്ങള്‍ ഹിംസിലെ ദരിദ്രരുടെ പേരുകള്‍ എനിക്ക് നല്‍കുക. ഞാനവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചുതരാം.”

അവര്‍ നല്‍കിയ പരമദരിദ്രരുടെ പേരുകളില്‍ മുന്നിലുണ്ടായിരുന്നത് സഈദ്ബ്‌നു ആമിര്‍(റ)വിന്റെ പേരായിരുന്നു. ഉമര്‍(റ) ചോദിച്ചു: ”ആരാണീ സഈദ്?”

അവര്‍ പറഞ്ഞു: ”ഞങ്ങളുടെ അമീര്‍ തന്നെ.”

ഉമര്‍(റ): ”അദ്ദേഹം പരമദരിദ്രനാനെന്നോ?”

അവര്‍ പ്രതികരിച്ചു: ”അതെ, ദിവസങ്ങളോളം അദ്ദേഹത്തിന്റെ വീട്ടില്‍ അടുപ്പു പുകയാത്തത് ഞങ്ങള്‍ക്കറിയാം.”

ഉമര്‍(റ) കരഞ്ഞു; അദ്ദേഹത്തിന്റെ സമൃദ്ധമായ താടിരോമങ്ങള്‍ പോലുംകണ്ണീരില്‍ കുതിരുമാറ്. പിന്നീട് ആയിരം ദീനാറടങ്ങുന്ന ഒരു സഞ്ചി അവരെ ഏല്‍പിച്ചു. എന്നിട്ട് പറഞ്ഞു: ”നിങ്ങള്‍ അദ്ദേഹത്തോട് എന്റെ സലാം പറയുക. എന്നിട്ടിത് കൈമാറുക. ഇത് അദ്ദേഹത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ളതാണ്.”

യാത്രാസംഘം സഈദ്ബ്‌നു ആമിര്‍(റ)വിന്റെ അടുത്തെത്തി. അമീറുല്‍ മുഅ്മിനീന്റെ ഉപഹാരം ൈകമാറി. അദ്ദേഹം അത് തുറന്നുനോക്കി. ദീനാറുകളാണെന്നു കണ്ട സഈദ്(റ) അതില്‍ തൊടാന്‍ പോലും കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: ”ഇന്നാ ലില്ലാഹ്….”

ഇതു കേട്ട ഭാര്യ വീടിനകത്തുനിന്ന് വല്ല അപകട വാര്‍ത്തയുമാണോ എന്ന് ശങ്കിച്ചുകൊണ്ട് ചോദിച്ചു: ”അമീറുല്‍ മുഅ്മിനീന് വല്ലതും പറ്റിയോ?”

സഈദ്(റ): ”അതിനെക്കാള്‍ അപകടകരമാണിത്.”

ഭാര്യ: ”മുസ്‌ലിംകള്‍ക്ക് വല്ലതും..?”

സഈദ്(റ): ”അതിനെക്കാളും അപകടകരം.”

ഭാര്യ: ”എന്താണത്?”

സഈദ്(റ): ”ഇതാ, എന്റെ പരലോകം നഷ്ടപ്പെടുത്തുന്നതിനായി ദുന്‍യാവ് എന്റെ വീട്ടിലെത്തിയിരിക്കുന്നു! ഞാനിതാ പരീക്ഷിക്കപ്പെടുന്നു.”

ഭാര്യ: ”എങ്കില്‍ അതില്‍നിന്നും നമുക്ക് ഉടനെ രക്ഷപ്പെടണം.”

സഈദ്(റ): ”നീ എന്നെ സഹായിക്കുമോ?”

ഭാര്യ: ”തീര്‍ച്ചയായും”

അദ്ദേഹം അതെല്ലാം നാട്ടിലെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്തു. ദാരിദ്ര്യത്തിന്റെ ബലഹീനതകള്‍ക്കിടയിലും വീട്ടിലിരിക്കുന്ന സ്വര്‍ണ ഉരുപ്പടി തന്റെ നമസ്‌കാരമടക്കമുള്ള ഇബാദത്തുകള്‍ക്ക് വിഘാതമാകുമോ എന്ന് ശങ്കിച്ച് അവ ധര്‍മം ചെയ്യാന്‍ ധൃതികാണിച്ച പുണ്യപ്രവാചകന്‍ ﷺ യുടെ ഉത്തമനായ അനുചരന്‍ എ്രത നല്ല മാതൃക!

മറ്റൊരിക്കല്‍ ഉമര്‍(റ) ഹിംസിലെത്തി. ഹിംസ് ചെറിയ കൂഫ എന്നാണറിയപ്പെട്ടിരുന്നത്. ഭരണാധികാരികളോട് അല്‍പം പ്രതിഷേധം കാണിക്കുന്നവര്‍ അവിടങ്ങളിലുണ്ടായിരുന്നു. ഉമര്‍(റ) ഹിംസുകാരോട് അവരുടെ അമീറിനെക്കുറിച്ച് അനേ്വഷിച്ചു. സഈദ്ബ്‌നു ആമിര്‍(റ)വിനെക്കുറിച്ച് നാലു പരാതികളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഉമര്‍(റ) പറയുന്നു: ”ഞാനത് നാലും പരിശോധിച്ചു. ഒന്ന് മറ്റൊന്നിനെക്കാള്‍ വലുത്! അല്ലാഹുവേ എന്റെ വിശ്വസ്ത അനുയായിയെക്കുറിച്ച് എന്റെ മനസ്സില്‍ തെറ്റായ ചിന്ത വരരുതേ.” അദ്ദേഹത്തിന്റെ മനമുരുകി. അമീറുല്‍ മുഅ്മിനീന്‍ ഇരുകൂട്ടരെയും ഒന്നിച്ചിരുത്തി.

”എന്താണ് നിങ്ങളുടെ പരാതി?”

അവര്‍ പറഞ്ഞു: ”അദ്ദേഹം പകല്‍ കുറച്ചു കഴിഞ്ഞാണ് വീട്ടില്‍നിന്ന് പുറത്തിറങ്ങാറ്.”

ഉമര്‍(റ) ചോദിച്ചു: ”എന്താണ് സഈദ് ഈ പരാതിയുടെ നിജസ്ഥിതി?”

സഈദ്(റ) അല്‍പ നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു: ”അല്ലാഹുവാണെ, എനിക്കത് പറയാന്‍ ബുദ്ധിമുട്ടുണ്ട്.”

നിരപരാധിത്വം ബോധ്യപ്പെടുത്തല്‍ അനിവാര്യമാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ”എന്റെ വീട്ടില്‍ വേലക്കാരില്ല. എന്നും രാവിലെ ഭക്ഷണമുണ്ടാക്കുന്നതില്‍ ഞാന്‍ വീട്ടുകാരിയെ സഹായിക്കാറുണ്ട്. അതിനാലാണ് സമയം വൈകുന്നത്. അത് കഴിഞ്ഞാല്‍ ഞാന്‍ വുദൂഅ് ചെയ്ത് ജനങ്ങളുടെ മുമ്പിലെത്തും.”

ഉമര്‍(റ): ”എന്താണ് അടുത്ത പരാതി?”

അവര്‍ പറഞ്ഞു: ”അദ്ദേഹത്തെ രാത്രി കാണാന്‍ കഴിയാറില്ല.”

ഉമര്‍(റ): ”എന്താണ് സഈദ്?”

അദ്ദേഹം പറഞ്ഞു: ”അമീര്‍, നേരത്തെ പറഞ്ഞതിനെക്കാള്‍ ബുദ്ധിമുട്ടുണ്ട് പറയാന്‍.”

പറയാന്‍ നിര്‍ബന്ധിതനായപ്പോള്‍ ആ സ്വഹാബി പ്രതികരിച്ചതിപ്രകാരം: ”പകല്‍ ഞാന്‍ ജനങ്ങള്‍ക്കു വേണ്ടി മാറ്റിവെക്കും. രാത്രി എന്റെ രക്ഷിതാവിനു വേണ്ടിയും.”

ഹാ എത്ര മഹത്തരം!

ഉമര്‍(റ) ചോദിച്ചു: ”മറ്റെന്താണ്?”

അവര്‍ പറഞ്ഞു: ”മാസത്തില്‍ ഒരു ദിവസം അദ്ദേഹത്തെ തീരെ പുറത്തുകാണാറില്ല”

ഉമര്‍(റ) ചോദിച്ചു: ”എന്താണ് സഈദ്?”

സഈദ്: ”അമീറുല്‍ മുഅ്മിനീന്‍! ഞാന്‍ സേവകനെ നിയമിച്ചിട്ടില്ല. എന്റെ കയ്യില്‍ ഈ വസ്ത്രമല്ലാതെ മറ്റൊന്നില്ല. മാസത്തിലൊരിക്കല്‍ ഇത് അലക്കിയിടും. ഉണങ്ങുംവരെ വീട്ടിലിരിക്കും. ഉണങ്ങുമ്പോഴേക്കും വൈകുന്നേരമാകും.”

ഉമര്‍(റ) ചോദിച്ചു: ”നാലാമത്തെ പരാതി?”

അവര്‍ പറഞ്ഞു: ”അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ പോലും ഇടക്കിടെ ബോധരഹിതനാകുന്നു. ഇത് ഞങ്ങള്‍ക്ക് വല്ലാത്ത കുറച്ചിലാണ്.”

സഈദ്(റ) പറഞ്ഞു: ”അമീറുല്‍ മുഅ്മിനീന്‍! ഞാന്‍ മുശ്‌രിക്കായിരിക്കെ ഖുബൈബിനെ ശിക്ഷിക്കുന്ന സദസ്സില്‍ മുന്‍നിരയില്‍ പങ്കെടുത്തവനാണ്. ഓരോ ക്വുറൈശിയും ക്രൂശിതനായി നില്‍ക്കുന്ന ഖുബൈബ് തിരിച്ചാക്രമിക്കില്ല എന്ന ഉറപ്പില്‍ അദ്ദേഹത്തിന്റെ ദേഹത്ത് ആയുധങ്ങള്‍െകാണ്ട് വലിയ മുറിവുകള്‍ ഉണ്ടാക്കിക്കൊണ്ട് ആര്‍ത്ത് ചോദിച്ചു: ‘നിന്നെ ഈ അപകടത്തില്‍ ചാടിച്ച മുഹമ്മദിന് ഇങ്ങനെ വേദനിക്കാന്‍ നീ ഇഷ്ടപ്പെടുന്നുവോ?’ അദ്ദേഹത്തിന്റെ ‘ഇല്ല, മുഹമ്മദിന് ഒരു മുള്ളുപോലും ഏല്‍ക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല’ എന്ന മറുപടി എന്റെ മനസ്സിലാണ് തറച്ചത്.  ഖുബൈബ് രക്തംവാര്‍ന്ന്, വേദനതിന്ന് ഇഞ്ചിഞ്ചായി മരിക്കുന്നത് ഞാന്‍ നോക്കിനിന്നു. എനിക്കദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. ഞാനത് ചെയ്തില്ല. കഠിനമായ ആ പാപം അല്ലാഹു എനിക്ക് പൊറുത്ത് തരുമോ? ഇതാലോചിക്കുമ്പോള്‍ എന്റെ ബോധം നഷ്ടപ്പെടുകയാണ് അമീര്‍.”

ഇതു കേട്ട ഉമര്‍(റ) പ്രതിവചിച്ചത് ‘നാഥാ! നിനക്ക് സ്തുതി. എന്റെ സുഹൃത്തിന്റെ സത്യാവസ്ഥ നീ എനിക്ക് മനസ്സിലാക്കിത്തന്നല്ലോ’ എന്നായിരുന്നു. ഉമര്‍(റ) അദ്ദേഹത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള കുറച്ച് തുക വീണ്ടും വീട്ടിലെത്തിച്ചു. അതുകണ്ട ഭാര്യ സന്തോഷത്തോടെ പറഞ്ഞു: ”നമുക്കൊരു വേലക്കാരനെ വെക്കാം. അത്യാവശ്യം സാധനങ്ങളും വാങ്ങാം.”

സഈദ്(റ) തിരിച്ചു ചോദിച്ചു: ”അതിനെക്കാള്‍ ലാഭമുള്ളത് ചെയ്താലോ?”

ഭാര്യ: ”അതെന്താണ്?”

സഈദ്(റ): ”നമ്മള്‍ ഇത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു.”

ഭാര്യ പറഞ്ഞു: ”അത് കൂടുതല്‍ പുണ്യകരം തന്നെ.”

 തന്റെയൊരു കുടുംബക്കാരനെ വിളിച്ച് ആ പണം നാട്ടിലെ വിധവകള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും നല്‍കാന്‍ പറയുകയായിരുന്നു അദ്ദേഹം ചെയ്തത്!

പരലോകത്തിന്റെ മഹാധന്യതകള്‍ക്കു മുന്നില്‍ ദുന്‍യാവിന്റെ ഒരു ചെറിയ കറപോലും തന്റെ ദേഹത്ത് പുരളരുതെന്ന ഉത്തമബോധ്യത്തിന്റെ തെളിവുമായി ജീവിച്ച മഹാനായിരുന്നു സഈദ് ബ്‌നു ആമിര്‍ അല്‍ജുമഹി(റ).

 

ഡോ. മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം വാരിക