പ്രാര്‍ഥനയില്‍ ശ്രദ്ധിക്കേണ്ടത്

പ്രാര്‍ഥനയില്‍ ശ്രദ്ധിക്കേണ്ടത്

പ്രാര്‍ഥനയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് വിവരിക്കുന്നത്.

1. നിഷ്‌കളങ്കത: ഇഖ്‌ലാസ്വ് അഥവാ നിഷ്‌കളങ്കത (ആത്മാര്‍ഥത) ഏതൊരു ആരാധനയിലും അനിവാര്യമായും ഉണ്ടായിരിക്കേണ്ടതാണ്. പ്രാര്‍ഥിക്കുന്നത് ആത്മാര്‍ഥതയോടെയായിരിക്കണം എന്ന് അല്ലാഹു കല്‍പിക്കുന്നുണ്ട്: 

”അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനോട് നിങ്ങള്‍ പ്രാര്‍ഥിക്കുക. അവിശ്വാസികള്‍ക്ക് അനിഷ്ടകരമായാലും ശരി” (ഗ്വാഫിര്‍:14).

2. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും പ്രവാചകന്റെ മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്ത്‌കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക.

ഫളാലബ്‌നു ഉബൈദി(റ)ല്‍ നിന്ന്: ”ഞങ്ങള്‍ നബിﷺ യോടൊത്ത് ഇരിക്കുമ്പോള്‍ ഒരാള്‍ വന്ന് നമസ്‌കരിച്ച ശേഷം പറഞ്ഞു: ‘അല്ലാഹുവേ, എനിക്ക് പൊറുത്തുതരികയും എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ.’ അപ്പോള്‍ പ്രവാചകന്‍ﷺ  അദ്ദേഹത്തോട് പറയുകയുണ്ടായി: ‘അല്ലയോ നമസ്‌കരിച്ചവനേ, നീ ധൃതികാണിക്കുകയുണ്ടായി. നീ നമസ്‌കരിച്ച് ഇരുന്നതിന് ശേഷം അല്ലാഹുവിനെ അര്‍ഹമായത് കൊണ്ട് സ്തുതിച്ച് എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തതിന് ശേഷം നീ പ്രാര്‍ഥിക്കുക” (തിര്‍മിദി).

നബിﷺ  പറഞ്ഞു: ”നബിﷺ യുടെ പേരില്‍ സ്വലാത്ത് ചൊല്ലാത്ത എല്ലാ പ്രാര്‍ഥനകളും തടയപ്പെടുന്നതാണ്.” (സ്വഹീഹുല്‍ ജാമിഅ്)

3. നിരന്തരം പ്രാര്‍ഥിക്കുക. ധൃതികൂട്ടാതിരിക്കുകയും ഉത്തരം ലഭിക്കുമെന്ന് ദൃഢമായി വിശ്വസിക്കുകയും ചെയ്യുക. 

പ്രവാചകന്‍ﷺ  പറഞ്ഞു: ”നിങ്ങളാരെങ്കിലും ചോദിക്കുകയാണെങ്കില്‍ ചോദിക്കുന്നത് അധികരിപ്പിക്കട്ടെ. കാരണം അവന്‍ തന്റെ രക്ഷിതാവിനോടാണ് ചോദിക്കുന്നത്.” (സില്‍സിലത്തു സ്വഹീഹ)

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകതിരുമേനിﷺ  പറഞ്ഞു: ”ഞാന്‍ പ്രാര്‍ഥിച്ചു, പക്ഷേ, എനിക്ക് ഉത്തരം ലഭിച്ചില്ലെന്ന് പറഞ്ഞ് ധൃതിപ്പെടാത്ത ഏതൊരുവന്റെയും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).

4. ഐശ്വര്യത്തിലും ബുദ്ധിമുട്ടുള്ള വേളകളിലും പ്രാര്‍ഥിക്കുക. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക.

അബൂഹുറയ്‌റ(റ)യില്‍ നിന്ന്: പ്രവാചകന്‍ﷺ  പറഞ്ഞു: ”ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉള്ളപ്പോള്‍ ആര്‍ക്കെങ്കിലും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഐശ്വര്യമുള്ളപ്പോള്‍ അവന്‍ പ്രാര്‍ഥന അധികരിപ്പിക്കട്ടെ” (തിര്‍മിദി. അല്‍ബാനി ഈ ഹദീഥ് ഹസനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്).

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ”നബിﷺ യുടെ പിന്നിലായിരിക്കെ ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു: ‘അല്ലയോ കുട്ടീ, നിനക്ക് ഞാന്‍ ചില വാചകങ്ങള്‍ പഠിപ്പിച്ച് തരട്ടെയോ? നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കാണാവുന്നതാണ്. നീ വല്ലതും ചോദിച്ചാല്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക. നീ മനസ്സിലാക്കുക; ലോകത്തുള്ള മുഴുവനാളുകളും ഒരുമിച്ച് നിനക്ക് വല്ല ഉപകാരവും ചെയ്യുവാന്‍ ഉദ്ദേശിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ല. അത്‌പോലെ നിനക്ക് വല്ല ഉപദ്രവം വരുത്താന്‍ അവര്‍ മുഴുവനും ഒരുമിച്ചാലും നിനക്ക് അല്ലാഹു വിധിച്ചതല്ലാതെ ഒരുപദ്രവത്തിനും അവര്‍ക്ക് സാധ്യമല്ല തന്നെ. പേനകള്‍ ഉയര്‍ത്തപ്പെടുകയും പേജുകള്‍ ഉണങ്ങുകയും ചെയ്തിരിക്കുന്നു” (തിര്‍മിദി, ഈ ഹദീഥ് സ്വഹീഹാണെന്ന് അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്).

5. കുടുംബത്തിനും സമ്പത്തിനും സന്താനങ്ങള്‍ക്കും സ്വന്തത്തിനും എതിരെ പ്രാര്‍ഥിക്കാതിരിക്കുക.

ജാബിര്‍(റ)വില്‍ നിന്ന്: തന്റെ മൃഗത്തെ ശപിച്ച ഒരാളുടെ കാര്യത്തില്‍ പ്രവാചകന്‍ﷺ  ചോദിച്ചു: ‘ആരാണ് തന്റെ മൃഗത്തെ ശപിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘ഞാനാകുന്നു റസൂലേ!’ പ്രവാചകന്‍ﷺ  പറഞ്ഞു: ‘നീ അതിന്റെ പുറത്ത് നിന്ന് ഇറങ്ങുക. ശപിക്കപ്പെട്ട ഒന്നിനെയും നീ ഞങ്ങളോടൊപ്പം കൂട്ടരുത്. നിങ്ങള്‍ സ്വന്തത്തിനെതിരിലും സന്താനങ്ങള്‍ക്കെതിരിലും സമ്പത്തിനെതിരിലും പ്രാര്‍ഥിക്കരുത്. അല്ലാഹുവിന്റെയടുത്ത് ഒരു സമയമുണ്ട്, ആ സമയത്ത് നിങ്ങള്‍ എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കത് നല്‍കാതിരിക്കില്ല’ (മുസ്‌ലിം). 

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബിﷺ  പറഞ്ഞു: ”പാപവും കുടുംബ ബന്ധം മുറിക്കലും ഇല്ലാത്ത ഏതെങ്കിലുമൊരു കാര്യത്തിനായി ഒരു മുസ്‌ലിം പ്രാര്‍ഥിച്ചാല്‍ മൂന്നില്‍ ഒരു കാര്യം അല്ലാഹു അവന് നല്‍കുന്നതാണ്. ഒന്നുകില്‍ അവന്‍ പ്രാര്‍ഥിച്ച കാര്യം പെട്ടെന്ന് നല്‍കുന്നു, അല്ലെങ്കില്‍ പരലോകത്തേക്ക് നീട്ടിവെക്കുന്നു. അതുമല്ലെങ്കില്‍ അതുപോലെയുള്ള തിന്മ അവനില്‍നിന്ന് തടയുന്നു.” സ്വഹാബികള്‍ ചോദിച്ചു: ”അപ്പോള്‍ ഞങ്ങള്‍ പ്രാര്‍ഥന അധികരിപ്പിക്കുകയോ?” പ്രവാചകന്‍ അരുളി: ”അല്ലാഹു തന്നെയാണ് സത്യം, അധികരിപ്പിക്കൂ” (അഹ്മദ്).

 6. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും ലഭിച്ച അനുഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് നന്ദി കാണിക്കുകയും ചെയ്യുക.

ശദ്ദാദ്ബ്‌നു ഔസി(റ)ല്‍ നിന്ന്: പ്രവാചകന്‍ﷺ  പറഞ്ഞു: ”പാപമോചനത്തിന്റെ നേതാവ് (ഇനി പറയുന്ന പ്രാര്‍ഥനയാകുന്നു): ‘അല്ലാഹുവേ, നീയാണെന്റെ നാഥന്‍. യഥാര്‍ഥത്തില്‍ നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. നീയാണെന്നെ സൃഷ്ടിച്ചത്. ഞാന്‍ നിന്റെ ദാസനാകുന്നു. നിന്നോടുള്ള കരാറും ഉടമ്പടിയും എനിക്ക് സാധ്യമാവുന്നിടത്തോളം ഞാന്‍ പാലിക്കുന്നതാണ്. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം നീയല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ല.’ എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘ആരെങ്കിലും ഇത് മനസ്സറിഞ്ഞുകൊണ്ട് പകലില്‍ പറയുകയാണെങ്കില്‍ വൈകുന്നേരമാകുന്നതിന് മുമ്പ് അവന്‍ മരിക്കുകയാണെങ്കില്‍ അവന്‍ സ്വര്‍ഗവാസിയായിരിക്കും. ആരെങ്കിലും രാത്രി മനസ്സറിഞ്ഞ് കൊണ്ട് പറഞ്ഞതിന് ശേഷം പ്രഭാതമാകുന്നതിന് മുമ്പ് അവന്‍ മരിക്കുകയാണെങ്കില്‍ അവന്‍ സ്വര്‍ഗ വാസിയായിരിക്കും.” (ബുഖാരി) 

7. ക്വിബ്‌ലയിലേക്ക് മുന്നിടുക: പ്രവാചകന്‍ﷺ  തന്റെ വിടവാങ്ങള്‍ ഹജ്ജില്‍ സ്വഫയിലും മര്‍വയിലും അറഫയിലും മശ്ഹറുല്‍ഹറമിലും ജംറതുസ്സ്വുഗ്‌റയിലും ജംറതുല്‍ വുസ്ത്വയിലും ഖിബ്‌യിലേക്ക് തിരിഞ്ഞ് നിന്ന് കൊണ്ടാണ് പ്രാര്‍ഥിച്ചിരുന്നത്.

അബ്ദുല്ലാഹിബ്‌നു സൈദി(റ)ല്‍ നിന്ന്: ”നബിﷺ  മഴക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മുസ്വല്ലയിലേക്ക് പുറപ്പെടുകയും മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. പിന്നീട് ക്വിബ്‌ലക്ക് അഭിമുഖമായി നില്‍ക്കുകയും തന്റെ തട്ടം തിരിച്ചിടുകയും ചെയ്തു” (ബുഖാരി).

ഇമാം അഹ്മദ് പറയുന്നതായി നമുക്ക് കാണാനാവും: ആരെങ്കിലും മദീനയില്‍ പ്രവാചകന്റെ ഖബറിനടുത്ത് നിന്ന് പ്രവാചകനും, അദ്ദേഹത്തിന്റെ രണ്ട് കൂട്ടുകാരനും സലാം പറഞ്ഞതിന് ശേഷം ആരെങ്കിലും പ്രാര്‍ഥിക്കുവാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍ അവിടെ നിന്നും പിന്‍തിരിഞ്ഞ് ഖിബ്‌ലക്കഭിമുഖമായി നില്‍ക്കട്ടെ. (അല്‍ബാനി അഹ്കാമുല്‍ ജനാഇസില്‍ ഉദ്ധരിച്ചത്)

8. ഒരു കാര്യം തന്നെ മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുക: ”പ്രവാചകന്‍ﷺ  പ്രാര്‍ഥിക്കുകയാണെങ്കില്‍ മൂന്ന് പ്രാവശ്യം പ്രാര്‍ഥിക്കുമായിരുന്നു. ചോദിക്കുകയാണെങ്കില്‍ മൂന്ന് പ്രാവശ്യം ചോദിക്കുമായിരുന്നു” (മുസ്‌ലിം).

9. തന്റെ ഭക്ഷണവും പാനീയവും വസ്ത്രവും അനുവദനീയമായ സമ്പത്ത് കൊണ്ടുള്ളതായിരിക്കണം. 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ﷺ  പറഞ്ഞു: ”അല്ലാഹു നല്ലവനാണ്, നല്ലതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല: അല്ലാഹു പറയുന്നു: ‘അല്ലയോ പ്രവാചകരേ, നിങ്ങള്‍ നല്ലത് ഭക്ഷിക്കുക, നന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക.’ അല്ലാഹു പറയുന്നു; ‘അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നല്ലത് ഭക്ഷിക്കുക.’ തുടര്‍ന്ന് പ്രവാചകന്‍ﷺ  ഒരാളെ സംബന്ധിച്ച് പറയുകയുണ്ടായി: അവന്‍ ദീര്‍ഘയാത്ര ചെയ്തിട്ടുണ്ട്. അവന്റെ മുടി ജഡപിടിച്ചിട്ടുണ്ട്, പൊടിപുരണ്ടിട്ടുണ്ട്. അവന്‍ കൈകള്‍ ആകാശത്തേക്കുയര്‍ത്തി പ്രാര്‍ഥിക്കുന്നു: ‘എന്റെ നാഥാ, എന്റെ നാഥാ!’ എന്നാല്‍ അവന്റെ ഭക്ഷണം നിഷിദ്ധമായതാണ്. അവന്റെ വസ്ത്രം നിഷിദ്ധമാണ്. അവന്റെ പാനീയവും നിഷിദ്ധം തന്നെ. അവന്‍ നിഷിദ്ധത്തില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. എങ്ങനെയാണ് അവന്ന് ഉത്തരം ലഭിക്കുക?” (മുസ്‌ലിം).

 10. അല്ലാഹുവിന്റെ സുന്ദരമായ നാമങ്ങള്‍,  ഉന്നതമായ വിശേഷണങ്ങള്‍ എന്നിവ കൊണ്ടോ, അല്ലെങ്കില്‍ താന്‍ നിര്‍വഹിച്ചിട്ടുള്ള സല്‍കര്‍മങ്ങള്‍ കൊണ്ടോ, അതുമല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന സ്വാലിഹുകളുടെ പ്രാര്‍ഥന കൊണ്ടോ അല്ലാഹുവിലേക്ക് വസ്വീല തേടുക.

”അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ച്(പ്രാര്‍ഥിച്ചു) കൊള്ളുക” (അല്‍അഅ്‌റാഫ്:180).

അബ്ദുല്ലാഹിബ്‌നു ബുറൈദ(റ) തന്റെ പിതാവില്‍ നിന്ന്: പ്രവാചകന്‍ﷺ  ഒരാള്‍ ഇങ്ങനെ പറയുന്നതായി കേട്ടു: ‘അല്ലാഹുവേ, നിന്നോട് ഞാന്‍ ചോദിക്കുന്നു. നീയല്ലാതെ ആരും തന്നെ ആരാധനക്കര്‍ഹനായി ഇല്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നീയാണ് ഒരുവന്‍. നീ പരാശ്രയം വേണ്ടാത്തവനാണ്. നീ ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ല. നിനക്ക് തുല്യനായി ആരും തന്നെയില്ല.’ അപ്പോള്‍ പ്രവാചകന്‍ﷺ  പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സ ത്യം, അദ്ദേഹം അല്ലാഹുവിന്റെ ഉന്നതമായ നാമങ്ങള്‍ കൊണ്ടാണ് ചോദിച്ചിട്ടുള്ളത്. അവകൊണ്ട് പ്രാര്‍ഥിക്കുകയാണെങ്കില്‍ ഉത്തരം നല്‍കപ്പെടും. അവകൊണ്ട് ചോദിച്ചാല്‍ നല്‍കപ്പെടുന്നതാണ്” (അബൂദാവൂദ്. അല്‍ബാനി സ്വഹീഹാണെന്ന് പറഞ്ഞത്).

ഗുഹയില്‍ അകപ്പെട്ട മൂന്നാളുകള്‍ തങ്ങള്‍ ചെയ്തിട്ടുള്ള സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ക്ക് അല്ലാഹു രക്ഷ നല്‍കിയതായി നബിﷺ  പറഞ്ഞ കഥ പ്രസിദ്ധമാണ്.

ഉമര്‍(റ)വിന്റെ കാലത്ത് വരള്‍ച്ചയുണ്ടായപ്പോള്‍ മഴക്ക് വേണ്ടി നബിﷺ യുടെ ജീവിച്ചിരിക്കുന്ന എളാപ്പയായ അബ്ബാസ്ബ്‌നു അബ്ദുല്‍ മുത്ത്വലിബിനെ ഇമാമാക്കിക്കൊണ്ട് പ്രാര്‍ഥിച്ചപ്പോള്‍ അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരമെന്നോണം മഴ വര്‍ഷിപ്പിച്ചു. ജീവിച്ചിരിക്കുന്നവരെക്കൊണ്ട് നമുക്ക് വേണ്ടി പ്രാര്‍ഥിപ്പിക്കാവുന്നതാണ് എന്ന് സാരം. നബിﷺ യുടെ ജീവിതകാലത്ത് സ്വഹാബികളാരെങ്കിലും ഉംറക്ക് പോകുമ്പോള്‍ അവിടുന്ന് തനിക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ മരിച്ച് പോയവര്‍ എത്ര വലിയ മഹാന്മാരാണെങ്കിലും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ അവരോട് ആവശ്യപ്പെടാന്‍ പാടില്ല.

11. ഹൃദയത്തില്‍ തട്ടിക്കൊണ്ട് ഭയഭക്തിയോടെ, ശബ്ദം താഴ്ത്തി പ്രാര്‍ഥിക്കുക:

”അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്ന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്‍) ഉത്തമ കാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു” (അല്‍അമ്പിയാഅ്: 90).

12. നിര്‍ബന്ധമായ കര്‍മങ്ങള്‍ക്ക് പുറമെ ധാരാളം സുന്നത്തായ കാര്യങ്ങള്‍ ചെയ്യുന്നത് പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുവാന്‍ കാരണമാകും. ഒരു സ്വഹാബി സ്വര്‍ഗം ലഭിക്കുവാനുള്ള പ്രവര്‍ത്തനത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ‘നീ അല്ലാഹുവിനുള്ള സുജൂദ് അധികരിപ്പിക്കുക’ എന്നായിരുന്നു മറുപടി. (മുസ്‌ലിം)

13. രഹസ്യമായി പ്രാര്‍ഥിക്കുക: ”നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) രഹസ്യമായതും അത്യന്തം നിഗൂഢമായതും അറിയും (എന്ന് നീ മനസ്സിലാക്കുക)” (ത്വാഹാ: 7).

അബൂമൂസാ(റ)വില്‍ നിന്ന്: ഞങ്ങള്‍ നബിﷺ യുടെ കൂടെ യാത്രയിലായിരുന്നു. ജനങ്ങള്‍ വളരെ ശബ്ദത്തില്‍ തക്ബീര്‍ ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ നബിﷺ  പറഞ്ഞു: ‘അല്ലയോ ജനങ്ങളേ, നിങ്ങള്‍ നിങ്ങളോട് തന്നെ മിതത്വം പാലിക്കുക. നിങ്ങള്‍ ബധിരനോടോ അജ്ഞനായവനോടോ അല്ല പ്രാര്‍ഥിക്കുന്നത്. നിങ്ങള്‍ പ്രാര്‍ഥിക്കുന്നത് കേള്‍ക്കുന്നവനോടും അടുത്തുള്ളവനോടുമാകുന്നു. അവന്‍ നിങ്ങളോടൊപ്പമാണ് താനും” (ബുഖാരി).

അല്ലാഹുവെ കേള്‍പ്പിക്കുവാന്‍ വേണ്ടി പ്രാര്‍ഥനയോ ക്വുര്‍ആന്‍ പാരായണമോ അത്യുച്ചത്തിലാക്കേണ്ടതില്ല. കാരണം, അല്ലാഹു ഏത് ശബ്ദവും കേള്‍ക്കുന്നവനാണ്. എന്നാല്‍ ശബ്ദം ഉയര്‍ത്തി ചൊല്ലാന്‍ നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ അങ്ങനെ തന്നെ ചൊല്ലണം. 

14. വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും പഠിപ്പിച്ച് തന്നിട്ടുള്ള പ്രാര്‍ഥനകള്‍ പ്രാവര്‍ത്തികമാക്കുക. കാരണം ഇവയിലുള്ള പ്രാര്‍ഥനകള്‍ തെറ്റില്‍ നിന്ന് മുക്തവും പ്രവാചകന്മാരുടെ പ്രാര്‍ഥനകളില്‍ പെട്ടവയുമാണ്. അതിനാല്‍ തന്നെ ഉത്തരം ലഭിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ളതുമായിരിക്കും.

15. പ്രാര്‍ഥിച്ചതിന് ശേഷം തന്റെ ആവശ്യത്തിന് യോജിക്കുന്ന, അല്ലാഹുവിന്റെ വിശേഷണങ്ങള്‍ പറയുക: ഉദാ: ‘അല്ലാഹുവേ, നീ എന്റെ പാപങ്ങള്‍ പൊറുത്ത് തരേണമേ. കാരണം നീ ഗഫൂറാ(എല്ലാം പൊറുക്കുന്നവന്‍)കുന്നു’ എന്നിങ്ങനെ പ്രാര്‍ഥിക്കുക.

16. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ചോദിക്കുക. 

17. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. 

19. ‘അല്ലാഹുവേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ എനിക്ക് പൊറുത്ത് തരേണമേ. നീ ഉ ദ്ദേശിക്കുകയാണെങ്കില്‍ ഇന്ന കാര്യം നല്‍കേണമേ’ എന്ന് പ്രാര്‍ഥിക്കാതെ, അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് തരേണമേ, എനിക്ക് നീ ഇന്ന കാര്യം നല്‍കേണമേ എന്ന് പ്രാര്‍ഥിക്കുക. കാരണം തിരുദൂതര്‍ ﷺ അങ്ങനെ പ്രാര്‍ഥിക്കുന്നത് വിലക്കിയിട്ടുണ്ട്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”നിങ്ങളാരെങ്കിലും പ്രാര്‍ഥിക്കുകയാണെങ്കില്‍ ‘അല്ലാഹുവേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ എനിക്ക് നീ പൊറുത്ത് തരേണമേ’ എന്ന് പ്രാര്‍ഥിക്കരുത്. മറിച്ച്, ആവശ്യപ്പെടുന്ന കാര്യം എനിക്ക് നീ നല്‍കേണമേയെന്ന് ഉറപ്പിച്ച് പറയുക. അത്‌പോലെ ആഗ്രഹങ്ങള്‍ ഉന്നതമാക്കുക. ഉദാഹരണമായി: എനിക്ക് നീ സ്വര്‍ഗം നല്‍കേണമേ, എനിക്ക് നീ പൊറുത്ത് തരേണമേ എന്ന് പ്രാര്‍ഥിക്കുന്നത് പോലെ. കാരണം അല്ലാഹുവിനോട് നിരന്തരം ചോദിക്കുന്ന കാര്യം അവന്‍ നല്‍കുക തന്നെ ചെയ്യുന്നതാണ്” (മുസ്‌ലിം).

20. സ്വന്തത്തിന് പ്രാര്‍ഥിക്കുന്നതോടൊപ്പം മാതാപിതാക്കള്‍ക്കും സത്യവിശ്വാസി വിശ്വാസിനികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക: വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു അതിന് വേണ്ടി വിശ്വാസികളെ പ്രേരിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

 ”കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക” (അല്‍ഇസ്‌റാഅ്: 24).

ഇബ്‌റാഹീം നബി(അ)യെപ്പറ്റി അല്ലാഹു പറയുന്നു: ”ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്ത് തരേണമേ” (ഇബ്‌റാഹീം: 41).

നൂഹ് നബി(അ)യെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ”എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവനും സത്യവിശ്വാസികള്‍ക്കും നീ പൊറുത്ത് തരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതെയൊന്നും നീ വര്‍ധിപ്പിക്കരുതേ” (നൂഹ്: 28).

അല്ലാഹു പറയുന്നു: ”നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവി ശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനം തേടുക)” (മുഹമ്മദ്:19).

21. പ്രാര്‍ഥനയില്‍ അതിര് കടക്കാതിരിക്കുക: ഉദാ: ‘അല്ലാഹുവേ, നീ എനിക്ക് നിന്റെ സിംഹാനത്തിന്റെ ചുവട്ടില്‍ ഒരു മണിമാളിക നല്‍കേണമേ’ തുടങ്ങിയ പ്രാര്‍ഥനകള്‍ ഒഴിവാക്കുക. അല്ലാഹുവിനോട് സ്വര്‍ഗത്തില്‍ കടക്കുവാനും നരകത്തില്‍ നിന്ന് മോചിതനാവാനും വേണ്ടി പ്രാര്‍ഥിക്കുക. താഴെ വരുന്ന ഹദീഥ് ശ്രദ്ധിക്കുക:

അബൂനആമ(റ)യില്‍ നിന്ന്: ”അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) തന്റെ മകന്‍ പ്രാര്‍ഥിക്കുന്നതായി കേട്ടു. അദ്ദേഹം പറയുന്നു: ‘ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ സ്വര്‍ഗത്തിന്റെ വലത് ഭാഗത്ത് നീ എനിക്ക് തൂവെള്ള കൊട്ടാരം നല്‍കുക.’ അപ്പോള്‍ മകനോട് അദ്ദേഹം പറയുകയുണ്ടായി: ‘കുഞ്ഞു മകനേ, അല്ലാഹുവിനോട് നീ സ്വര്‍ഗം ചോദിക്കുക. നരകത്തില്‍ നിന്ന് രക്ഷയും ചോദിക്കുക. കാരണം നബി ﷺയില്‍ നിന്ന് ഞാന്‍ കേള്‍ക്കുകയുണ്ടായി: ഈ സമുദായത്തില്‍ പ്രാര്‍ഥനയിലും ശുദ്ധി വരുത്തുന്നതിലും അതിരുകടക്കുന്ന ഒരു വിഭാഗം ഉണ്ടാവുക തന്നെ ചെയ്യുന്നതാണ്” (അബൂദാവൂദ്, ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്).

22. പ്രാര്‍ഥിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തുക: അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന്: ”നബി ﷺ പ്രാര്‍ഥിച്ചു. പിന്നെ കൈകള്‍ ഉയര്‍ത്തുകയും ചെയ്തു. അപ്പോള്‍ ഞാന്‍ പ്രവാചകന്റെ രണ്ട് കക്ഷത്തിലെയും വെള്ള നിറം കാണുകയുണ്ടായി” (ബുഖാരി).

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന്: നബി ﷺ തന്റെ രണ്ട് കൈകളും ഉയര്‍ത്തി. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവേ, ഖാലിദ് പ്രവര്‍ത്തിച്ചതിനെ സംബന്ധിച്ച് ഞാന്‍ നിന്നോട് നിരപരാധിത്വം ബോധിപ്പിക്കുന്നു’ (ബുഖാരി)

സല്‍മാന്‍(റ)വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ”തീര്‍ച്ചയായും ഉന്നതനായ നിങ്ങളുടെ രക്ഷിതാവ് മാന്യനും ലജ്ജയുള്ളവനുമാണ്. ഒരു അടിമ അവനിലേക്ക് തന്റെ കൈകള്‍ ഉയര്‍ത്തിയിട്ട് ഒന്നും നല്‍കാതെ വെറുതെ അത് മടക്കുന്നതിനെ തൊട്ട് ലജ്ജിക്കുന്നു” (അബൂദാവൂദ്, തിര്‍മിദി. ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്). 

എന്നാല്‍ ജുമുഅ ഖുത്വുബക്ക് ശേഷമുള്ള പ്രാര്‍ഥനയില്‍ ഇമാമും മഅ്മൂമും കൈകള്‍ ഉയര്‍ത്തുവാന്‍ പാടില്ല. ഖുത്വുബയുടെ ശേഷമുള്ള പ്രാര്‍ഥനയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണെങ്കില്‍ അപ്പോള്‍ കൈകള്‍ ഉയര്‍ത്താം.

23. ബുദ്ധിമുട്ടിക്കൊണ്ട് പ്രാസമൊപ്പിച്ചുള്ള പ്രാര്‍ഥനകള്‍ ഒഴിവാക്കുക. കാരണം പ്രവാചകന്‍ ﷺ അത് വിലക്കിയിട്ടുണ്ട്.

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ള ധാരാളം സ്ഥലങ്ങള്‍ പ്രവാചകന്‍ ﷺ അറിയിച്ചു തന്നിട്ടുണ്ട്. പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ താഴെ കൊടുക്കുന്നു:

1. അറഫയിലുള്ള പ്രാര്‍ഥന: അംറുബ്‌നു ശുഎൈബ്(റ) തന്റെ പിതാവില്‍ നിന്ന്: പ്രവാചകന്‍ ﷺ പറഞ്ഞു: ”പ്രാര്‍ഥനകളില്‍ ഉന്നതമായത് അറഫാദിനത്തിലെ പ്രാര്‍ഥനയാണ്. ഞാനും എന്റെ മുമ്പ് വന്നിട്ടുള്ള പ്രവാചകന്മാരും പറഞ്ഞ വാക്യത്തില്‍ ഏറ്റവും നല്ല വാക്യം: ‘അല്ലാഹുവല്ലാതെ യഥാര്‍ഥത്തില്‍ ആരാധനക്കര്‍ഹനായി ആരും തന്നെയില്ല. അവന്നാണ് ആധിപത്യം. അവന്നാണ് സര്‍വസ്തുതിയും. അവന്‍ എല്ലാത്തിനും കഴിവുള്ളവനാകുന്നു എന്നതാണ്” (തിര്‍മിദി. അല്‍ബാനി ഈ ഹദീഥ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്).

2. അയ്യാമുത്തശ്‌രീക്വില്‍ ജംറത്തുല്‍ സുഗ്‌റ, വുസ്ത്വാ എന്നിവയില്‍ എറിഞ്ഞ ശേഷമുള്ള പ്രാര്‍ഥന: 

 സുഹ്‌രി(റ) നിവേദനം: ”മിനായിലെ പള്ളിയോട് അടുത്ത് നില്‍ക്കുന്ന ജംറയില്‍ നബി ﷺ ഏഴ് കല്ലുകള്‍ എറിയുകയും ഓരോ ഏറിനോടൊപ്പം തക്ബീര്‍ ചൊല്ലുകയും ചെയ്തിരുന്നു. എന്നിട്ട് അല്‍പം മുന്നോട്ട് നീങ്ങി ക്വിബ്‌ലക്ക് അഭിമുഖമായി തന്റെ രണ്ട് കൈകളും ഉയര്‍ത്തി പ്രാര്‍ഥിക്കുമായിരുന്നു. ആ നിറുത്തം ദീര്‍ഘിപ്പിക്കുമായിരുന്നു. പിന്നെ രണ്ടാമത്തെ ജംറയില്‍ വന്ന് തക്ബീറോട് കൂടി ഏഴ് കല്ലുകള്‍ എറിയുകയും പിന്നീട് ഇടത് ഭാഗത്തുള്ള വാദിയിലേക്ക് മാറി ക്വിബ്‌ലക്ക് അഭിമുഖമായി നിന്ന് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് അടുത്ത ജംറയില്‍ വന്ന് തക്ബീറോട് കൂടി ഏഴ് കല്ലുകള്‍ എറിഞ്ഞ് അവിടെ നില്‍ക്കാതെ വിരമിക്കുമായിരുന്നു” (ബുഖാരി). 

3. കഅബയുടെ ഉള്‍ഭാഗം: ഉസാമത്ത്ബ്‌നുസൈദി(റ) നിവേദനം: ”നബി ﷺ കഅ്ബയില്‍ പ്രവേശിച്ച പ്പോള്‍ അതിന്റെ എല്ലാ ഭാഗത്ത് വെച്ചും പ്രാര്‍ഥിക്കുകയുണ്ടായി” (മുസ്‌ലിം).

4. സ്വഫ, മര്‍വയിലുള്ള പ്രാര്‍ഥന: ജാബിര്‍(റ)വില്‍ നിന്ന്: നബി ﷺ യുടെ അവസാന ഹജ്ജിനെ സംബന്ധിച്ച നീണ്ട ഹദീഥില്‍ നിന്ന്: ”…പിന്നീട് സ്വഫയിലേക്ക് നബി ﷺ പുറപ്പെട്ടു. സ്വഫയോട് അടുത്തപ്പോള്‍ അദ്ദേഹം ഇത് പാരായണം ചെയ്തു: ‘തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്‌നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു’ (അല്‍ബക്വറ:158). ‘അല്ലാഹു തുടങ്ങിയത് കൊണ്ട് ഞാന്‍ തുടങ്ങുന്നു’-സ്വഫയില്‍ നിന്ന് അദ്ദേഹം തുടര്‍ന്നു. അതിന്റെ മുകളിലേക്ക് കയറി കഅ്ബയെ കാണുന്ന രൂപത്തില്‍ ക്വിബ്‌ലക്ക് അഭിമുഖമായി നിന്നു. എന്നിട്ട് അല്ലാഹുവിന്റെ ഏകത്വത്തെ വാഴ്ത്തി, തക്ബീര്‍ ചൊല്ലി. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും മഹാനാണ്. അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ല. അവന്‍ ഏകന്‍. അവന്ന് യാതൊരു പങ്കുകാരനുമില്ല. രാജാധിപത്യവും സര്‍വസ്തുതിയും അവന്നുള്ളത് തന്നെ. അവന്‍ സര്‍വശക്തനാണ്. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അവന്‍ ഏകന്‍ മാത്രം. തന്റെ വാഗ്ദത്തം അവന്‍ നിറവേറ്റി. തന്റെ അടിമയെ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.’ ഈ രൂപത്തില്‍ മൂന്ന് പ്രാവശ്യം പ്രാര്‍ഥിച്ചു…(സ്വഫയില്‍ പ്രവര്‍ത്തിച്ചത് പോലെ മര്‍വയിലും ചെയ്തു)” (മുസ്‌ലിം).

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന വിഭാഗങ്ങള്‍

ചിലയാളുകള്‍ പ്രാര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹു ആ പ്രാര്‍ഥനക്ക് പെട്ടെന്ന് ഉത്തരം നല്‍കുന്നതാണ്. അവരുടെ പ്രാര്‍ഥന തടയുകയില്ല. 

 1. കഷ്ടപ്പെടുന്നവന്റെ പ്രാര്‍ഥന: കഷ്ടപ്പെട്ടവന്‍ വിളിച്ച് പ്രാര്‍ഥിച്ചാല്‍ അവന്ന് അല്ലാഹു ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും ചെയ്യും.  

അല്ലാഹു പറയുന്നു: ”അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല,അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ” (അന്നംല് 62).

2. അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന: അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: ”മൂന്ന് വിഭാഗമാളുകള്‍; അവരുടെ പ്രാര്‍ഥനകള്‍ തടയപ്പെടുകയില്ല: അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്ര ക്കാരന്റെ പ്രാര്‍ഥന, മക്കള്‍ക്ക് വേണ്ടി മാതാപിതാക്കളുടെ പ്രാര്‍ഥന” (തിര്‍മിദി, അല്‍ബാനി ഈ ഹദീഥ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്).

3. നോമ്പുകാരന്റെയും യാത്രക്കാരന്റെയും പിതാവിന്റെയും പ്രാര്‍ഥന: നബി ﷺ പറഞ്ഞു: ”മൂന്ന് പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കും: നോമ്പുകാരന്റെ പ്രാര്‍ഥന, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന.”

4. വിശ്വാസി തന്റെ കൂട്ടുകാരന് വേണ്ടി അവന്റെ അസാന്നിധ്യത്തില്‍ നടത്തുന്ന പ്രാര്‍ഥന: നബി ﷺ പറഞ്ഞു: ”മുസ്‌ലിമായ ഒരു വ്യക്തി, തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തില്‍ പ്രാര്‍ഥിക്കുന്നത് സ്വീകരിക്കപ്പെടുന്നതാണ്. അവന്റെ തലയുടെ ഭാഗത്ത് (കാര്യങ്ങള്‍) ഏല്‍പിക്കപ്പെട്ട ഒരു മലക്കുണ്ട്. തന്റെ സഹോദരന് നന്മക്ക് വേണ്ടിയുള്ള ഓരോ പ്രാര്‍ഥനാവേളയിലും മലക്ക് പറയും: ‘ആമീന്‍, നിനക്കും അതുപോലെയുണ്ടാവട്ടെ” (മുസ്‌ലിം).

5. ഐശ്വര്യ സമയത്തും ബുദ്ധിമുട്ടുള്ള സമയത്തുമുള്ള പ്രാര്‍ഥന: അബൂഹുറയ്‌റ(റ)വില്‍ നിന്ന്: പ്രവാകന്‍ ﷺ പറഞ്ഞു: ”ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉള്ളപ്പോള്‍ ആര്‍ക്കെങ്കിലും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഐശ്വര്യമുള്ളപ്പോള്‍ അവന്‍ പ്രാര്‍ഥന അധികരിപ്പിക്കട്ടെ” (തിര്‍മിദി. ഈ ഹദീഥ് ഹസനാണെന്ന് അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്).

6. അല്ലാഹുവിനെ ധാരാളം സ്മരിക്കുന്നവന്റെയും അക്രമിക്കപ്പെട്ടവന്റെയും നീതിമാനായ ഇമാമിന്റെയും പ്രാര്‍ഥന: അബൂഹുറയ്‌റ(റ) നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ”മൂന്ന് വിഭാഗമാളുകള്‍, അവരുടെ പ്രാര്‍ഥനകള്‍ തടയപ്പെടുകയില്ല. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്‍, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, നീതിമാനായ ഭരണാധികാരിയുടെ പ്രാര്‍ഥന” (ബൈഹഖി, ഈ ഹദീഥ് ഹസനാണെന്ന് അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്).

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

പ്രാര്‍ഥനയില്‍ സംഭവിക്കുന്ന ബിദ്അത്തുകള്‍

പ്രാര്‍ഥനയില്‍ സംഭവിക്കുന്ന ബിദ്അത്തുകള്‍

പ്രാര്‍ഥന ആരാധനയായത് കൊണ്ട്തന്നെ ഒരു വിശ്വാസി പ്രവാചക ചര്യക്ക് അനുസരിച്ചായിരിക്കണം പ്രാര്‍ഥിക്കേണ്ടത്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയല്ലേ എന്ന് പറഞ്ഞുകൊണ്ട് തനിക്ക് തോന്നിയ രൂപത്തില്‍ പ്രാര്‍ഥിക്കുവാന്‍ പാടില്ല. സാധാരണ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പ്രാര്‍ഥനകളിലെ ബിദ്അത്തുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്:

പ്രാര്‍ഥനക്ക് ശേഷം കൈകൊണ്ട് മുഖം തടവുക

ഇത് ബിദ്അത്താണ്. പ്രവാചകനിﷺ ല്‍ നിന്ന് ഇത് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അബൂദാവൂദ് ഉദ്ധരിച്ച ഒരു ഹദീഥ് ഈ വിഷയത്തിലുണ്ട്. അതിന്റെ നിവേദകപരമ്പരയില്‍ ബലഹീനതയുണ്ട്. അതിനാല്‍ ഈ ഹദീഥ് ദുര്‍ബലമാണെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി വിശദമാക്കിയിട്ടുണ്ട്.

രണ്ട് തള്ളവിരലുകളിലും ചുംബിച്ചുകൊണ്ട് കണ്ണുകള്‍ തടവുക 

സ്ഥിരപ്പെട്ട തെളിവുകളുടെ അഭാവം കൊണ്ട് ഇതും ബിദ്അത്തില്‍ പെട്ടതാണ്. ഇത് സംബന്ധിച്ച് വന്നിട്ടുള്ള ഹദീഥുകള്‍ മുഴുവനും സ്വഹീഹാണെന്ന് സ്ഥിരപ്പെടാത്തതാണ്.

കൂട്ടമായുള്ള പ്രാര്‍ഥന

നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഇമാം തിരിഞ്ഞിരുന്ന് കൊണ്ട് പ്രാര്‍ഥിക്കുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്ന കൂട്ടമായുള്ള പ്രാര്‍ഥന പ്രവാചകനില്‍ നിന്നോ സ്വഹാബികളില്‍ നിന്നോ സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതിനാല്‍ അത് ബിദ്അത്തില്‍ പെട്ടതാണ്. 

അത്‌പോലെ പ്ലേഗും മറ്റു പകര്‍ച്ചവ്യാധികളും പിടിപ്പെട്ടാല്‍ പള്ളികളില്‍ ജനങ്ങള്‍ ഒരുമിച്ച് കൂടി കൂട്ടമായി പ്രാര്‍ഥിക്കുന്നതിനും തെളിവുകളില്ല. അത് ബിദ്അത്തില്‍ പെട്ടതാണ്. മഹാനായ ഉമര്‍(റ)വിന്റെ കാലത്ത് പ്ലേഗ് ബാധിച്ചപ്പോള്‍ പ്രവാചകന്റെ സ്വഹാബികളിലാരും തന്നെ ഇങ്ങനെ ചെയ്തതായി തെളിവില്ല. 

പ്രവാചകനില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുള്ള കൂട്ടമായിട്ടുള്ള പ്രാര്‍ഥനകളുണ്ട്. അവ പ്രാവര്‍ത്തികമാക്കുവാന്‍ നാം താല്‍പര്യം കാട്ടേണ്ടതുണ്ട്.

പ്രാര്‍ഥനക്കിടയില്‍ കൈകള്‍ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിക്കുക

പ്രാര്‍ഥിക്കുമ്പോള്‍ പ്രവാചകന്‍ﷺ  തന്റെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ചെയ്തിരുന്നത്. അത്‌കൊണ്ട് തന്നെ തന്റെ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിക്കുന്ന സമ്പ്രദായം പ്രവാചകന്റെ സുന്നത്തില്‍ പെട്ടതല്ല. 

അനുവദനീയമല്ലാത്ത തവസ്സുല്‍ സ്വീകരിക്കുക

മൂന്ന്തരം തവസ്സുല്‍ അനുവദനീയമാണ്: 

ഒന്ന്) അല്ലാഹുവിന്റെ നാമവിശേഷങ്ങള്‍ മുന്‍നിറുത്തി നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാവുന്നതാണ്, ഇങ്ങനെ പ്രാര്‍ഥിക്കുന്നത് പ്രാര്‍ഥനയുടെ മര്യാദ കൂടിയാണ്. 

രണ്ട്) സല്‍കര്‍മങ്ങള്‍ മുന്‍നിറുത്തിക്കൊണ്ട് നമുക്ക് തവസ്സുല്‍ ചെയ്യാവുന്നതാണ്. ക്വുര്‍ആനില്‍ നമുക്കിതിന് തെളിവ് കണ്ടെത്താവുന്നതാണ്. നബിﷺ  നമ്മെ അറിയിച്ച, ഗുഹയില്‍ അകപ്പെട്ട മൂന്ന് ആളുകളുടെ പ്രസിദ്ധമായ കഥ സല്‍കര്‍മങ്ങള്‍ മുന്‍നിറുത്തിക്കൊണ്ട് നമുക്ക് തവസ്സുല്‍ ചെയ്യാമെന്നാണ് പഠിപ്പിക്കുന്നത്. 

മൂന്ന്) ജീവിച്ചിരിക്കുന്ന സത്യവിശ്വാസികളോട് നമുക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ പറയാവുന്നതാണ്. ഉംറക്ക് പോകുന്നവരോട് പ്രവാചകന്‍ﷺ  എനിക്കും നിങ്ങള്‍ പ്രാര്‍ഥിക്കണമെന്ന് പറയാറുണ്ടായിരുന്നു. അത്‌പോലെ പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്ത് സ്വഹാബികള്‍ അദ്ദേഹത്തെ കൊണ്ട് പ്രാര്‍ഥിപ്പിച്ചിരുന്നു. 

എന്നാല്‍ അനുവദനീയമല്ലാത്ത തവസ്സുല്‍ ജനങ്ങള്‍ക്കിടയില്‍ കാണാനാവും. മരിച്ച്‌പോയ പ്രാവാചകന്മാരെയും ഔലിയാക്കളെയും തവസ്സുലാക്കി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണ്. അതിന് വിശുദ്ധ ക്വുര്‍ആനിലോ പ്രവാചകന്മാരിലോ തെളിവ് കാണുവാന്‍ സാധ്യമല്ല.

നബിﷺ യുടെ ജാഹ് വസീലയാക്കി പ്രാര്‍ഥിക്കുക

പ്രവാചകന്റെ ജാഹ്(മഹത്ത്വം) മുന്‍നിറുത്തിയുള്ള പ്രാര്‍ഥനക്ക് ഒരു തെളിവും കാണാന്‍ സാധ്യമല്ല. ഒരുപാട് പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഒരുപ്രാര്‍ഥന പോലും ജാഹ് കൊണ്ടുള്ളതായി നമുക്ക് കാണുവാന്‍ സാധ്യമല്ല. എന്നാല്‍ ചിലയാളുകള്‍ തെളിവ് പിടിക്കുന്ന ഒരു ഹദീഥുണ്ട്. അതിനെപ്പറ്റി പണ്ഡിതന്മാര്‍ പറയുന്നത് ‘യാതൊരു അടിസ്ഥാനവുമില്ലാത്ത ഹദീഥ്’ എന്നാണ്. ആരോ കെട്ടിയുണ്ടാക്കിയതാണ് അത്. അത്‌കൊണ്ട് തന്നെ പ്രവാചകന്റെ ജാഹ്, ബറകത്ത് എന്നിവകൊണ്ടുള്ള പ്രാര്‍ഥന ബിദ്അത്തില്‍ പെട്ടതാണ്. 

ദുആ സമ്മേളനങ്ങള്‍

മുഹമ്മദ് നബിﷺ യുടെ മുഴുവന്‍ പ്രാര്‍ഥനകളും പരിശോധിക്കുകയാണെങ്കില്‍ അവയെല്ലാം അല്ലാഹുവിനോട് മാത്രമായിരുന്നുവെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. തന്റെ ജീവിതാന്ത്യത്തില്‍ പോലും നബിﷺ  പ്രാര്‍ഥിച്ചത് ‘അല്ലാഹുവേ, എന്റെ ക്വബ്‌റിനെ ആരാധിക്കപ്പെടുന്ന ഒരു ബിംബമാക്കല്ലേ’ എന്നായിരുന്നു. പ്രവാചകന്റെ അനുചരന്മാരെല്ലാം ജീവിതത്തിലുടനീളം അല്ലാഹുവിനോട് മാത്രമാണ്  പ്രാര്‍ഥിച്ചത്. നബിﷺ യുടെ 23 വര്‍ഷത്തെ പ്രവാചകത്വ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളും വാക്കുകളും മുഴുവന്‍ നമുക്ക് ഇന്ന് ലഭ്യമാണ്. 

നമ്മുടെ നാട്ടില്‍ ഇന്ന് കാണപ്പെടുന്ന ഒന്നാണ് വ്യവസായ രൂപത്തിലുള്ള ദുആ സമ്മേളനങ്ങളും സ്വലാത്ത് വാര്‍ഷികങ്ങളും. സ്വലാത്തും ദുആകളും നബിﷺ യാണ് പഠിപ്പിച്ചത്; 1400ല്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ്. സ്വലാത്തിന്റെ വാര്‍ഷികവും ദുആ സമ്മേളനങ്ങളും നബിﷺ യുടെ ചര്യയില്‍ പെട്ടതാണെങ്കി, അത് പരമ്പരാഗതമായി തുടര്‍ന്ന്‌വരുന്നതാണെങ്കില്‍ എത്രാം വാര്‍ഷികമായിരിക്കും ഇപ്പോള്‍ ആഘോഷിക്കുക? 

സാമ്പത്തിക ലാഭങ്ങള്‍ക്കായി ചിലര്‍ തട്ടിക്കൂട്ടിയ ഏര്‍പ്പാടുകളാണിത്. ലൈലതുല്‍ ക്വദ്ര്‍ പ്രതീക്ഷിച്ച് പള്ളികളില്‍ പ്രാര്‍ഥനയുമായി ഇഅ്തികാഫില്‍ കഴിഞ്ഞുകൂടേണ്ട വിശ്വാസികളെ പാടത്തേക്കും പറമ്പിലേക്കും ആട്ടിത്തെളിച്ച് കൊണ്ടുവരുന്ന ഏര്‍പ്പാടിനെ എങ്ങനെ ന്യായീകരിക്കാനാവും? നമ്മുടെ നാട്ടില്‍ അടുത്ത കാലത്താണ് ഇതിനെല്ലാം തുടക്കംകുറിച്ചിരിക്കുന്നത്. ഇതിന് മതപ്രമാണങ്ങളില്‍ യാതൊരു തെളിവുമില്ല. ഇവര്‍ പിന്‍പറ്റുന്ന മദ്ഹബുകളുടെ ഗ്രന്ഥങ്ങളിലും തെളിവില്ല. പഠിപ്പിക്കപ്പെട്ട കര്‍മങ്ങള്‍ ചെയ്യാതെ നൂതനമായവ കെട്ടിയുണ്ടാക്കി അവ ഭയഭക്തിയോടെ കൊണ്ടാടുന്ന ഏര്‍പ്പാടിലെ അപകടം ഇവര്‍ തിരിച്ചറിയാതെ പോകുന്നു!

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ വിശുദ്ധ ക്വുര്‍ആനില്‍

പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ വിശുദ്ധ ക്വുര്‍ആനില്‍

അല്ലാഹുവിന്റെ മതം ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുവാനായി അല്ലാഹു ഈ ലോകത്തേക്ക് അനേകം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ച യാതനകളുടെയും വേദനകളുടെയും സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് നേരിട്ട് മാത്രമാണ് പ്രാര്‍ഥിച്ചിട്ടുള്ളത്. ക്വുര്‍ആനിലൂടെ അല്ലാഹു അവരുടെ ചില പ്രാര്‍ഥനകള്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അവരുടെ മാര്‍ഗം പിന്തുടരുവാനാണ് അല്ലാഹു നമ്മോട് കല്‍പിക്കുന്നത്. അത്‌കൊണ്ട് നമ്മുടെ പ്രാര്‍ഥനകള്‍ അല്ലാഹുവിനോട് മാത്രമായിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ക്വുര്‍ആന്‍ പഠിപ്പിച്ചു തരുന്ന പ്രവാചകന്മാരുടെ ചില പ്രാര്‍ഥനകളുടെ അര്‍ഥം താഴെ കൊടുക്കുന്നു. ക്വുര്‍ആനില്‍ നിന്നും ആ പ്രാര്‍ഥനകള്‍ കണ്ടെത്തി അറബിയില്‍ തന്നെ മനഃപാഠമാക്കുവാനും പ്രാര്‍ഥിക്കുവാനും നാം ശ്രമിക്കേണ്ടതുണ്ട്. 

ആദം നബി(അ)യും ഇണയും നടത്തിയ പ്രാര്‍ഥന

”…ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (അല്‍അഅ്‌റാഫ്: 23).

ഈ പശ്ചാത്താപത്തോടെയുള്ള പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയതായി അല്ലാഹു പറയുന്നു: 

”അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്താപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു” (അല്‍ബക്വറ: 37).

നൂഹ് നബി(അ) 

”നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി” (അസ്‌സ്വാഫ്ഫാത്ത്:75-76).

”നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം മഹാദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം രക്ഷ നല്‍കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു. അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു കളഞ്ഞു” (അല്‍ അന്‍ബിയാഅ് 76-77).

ഇബ്‌റാഹീം നബി(അ) 

”എന്റെ രക്ഷിതാവെ, എനിക്ക് നീ തത്ത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ. പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂര്‍ണമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെട്ടവനാക്കേണമേ” (അശ്ശുഅറാഅ് 83-85).

കഅ്ബയുടെ നിര്‍മാണ വേളയില്‍ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പ്രാര്‍ഥിച്ചു: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (അല്‍ബക്വറഃ 126).

”എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ” (ഇബ്‌റാഹീം 40,41).

അയ്യൂബ് നബി(അ) 

”…എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ…”(അല്‍അന്‍ബിയാഅ് 83).

നീണ്ട കാലത്തെ പരീക്ഷണത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി: ”അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അത്രയും പേരെ വെറേയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍നിന്നുള്ള ഒരു കാരുണ്യവും ആരാധനാ നിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്” (അല്‍അന്‍ബിയാഅ് 84).

യൂനുസ് നബി(അ) 

”…നീയല്ലാതെ യാതൊരു ദൈവവമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ട ത്തില്‍ പെട്ടവനായിരിക്കുന്നു” (അന്‍ബിയാ:87).

മത്സ്യത്തിന്റെ വയറ്റില്‍വെച്ച് യൂനുസ് നബി(അ) നടത്തിയ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി: 

”അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു” (അല്‍അന്‍ബിയാഅ് 88).

സകരിയ്യാ നബി(അ) 

വാര്‍ധക്യവേളയിലെത്തിയിട്ടും നിരാശനാകാതെ ഒരു സന്താനത്തിനായി സകരിയ്യാനബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: 

”…എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ…” (ആലുഇംറാന്‍ 38).

”…എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍” (അല്‍അന്‍ബിയാഅ് 89). 

അദ്ദേഹത്തിന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു:

”അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്ന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്‍) ഉത്തമ കാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ച്‌കൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണി ക്കുന്നവരുമായിരുന്നു” (അല്‍അന്‍ബിയാഅ് 90).

സുലെമാന്‍ നബി(അ)

”…എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ” (അന്നംല് 19).

യഅ്ക്വൂബ് നബി(അ)

അങ്ങേയറ്റത്തെ പ്രയാസഘട്ടത്തിലും യഅ്ക്വൂബ് നബി(അ) സഹായം തേടിയത് അല്ലാഹുവിനോട് മാത്രം: ”യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈകൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ” (യൂസുഫ് 18).

യൂസുഫ് നബി(അ) 

”…എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെവിട്ട് നീ തിരിച്ച് കളയാത്തപക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങിനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപ്പോകുകയും ചെയ്യും”(യൂസുഫ് 33).

അല്ലാഹു ഈ പ്രാര്‍ഥന സ്വീകരിക്കുകയും യൂസുഫ് നബി(അ)യെ സഹായിക്കുകയും ചെയ്തു: ”അപ്പോള്‍ അവന്റെ പ്രാര്‍ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ” (യൂസുഫ് 34).

മൂസാ നബി(അ) 

”രക്ഷിതാവേ, നീ എനിക്ക് ഹൃദയ വിശാലത നല്‍കേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കി തരേണമേ. ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്നായി എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. എന്റെ കുടുംബത്തില്‍ നിന്ന് എനിക്ക് നീ ഒരു സഹായിയെ ഏര്‍പ്പെടുത്തുകയും ചെയ്യേണമേ. അതായത് എന്റെ സഹോദരന്‍ ഹാറൂനെ. അവന്‍ മുഖേന എന്റെ ശക്തി നീ ദൃഢമാക്കുകയും എന്റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ. ഞങ്ങള്‍ ധാരാളമായി നിന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി. തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ, മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു”’ (ത്വഹാ:25-36).

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്ത് തരേണമേ…”  (അല്‍ക്വസ്വസ്വ്:16)

”…അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്ത് കൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”  (അല്‍ക്വസ്വസ്വ് 16).

മുഹമ്മദ് നബി ﷺ യുടെയും അനുചരന്മാരുടെയും പ്രാര്‍ഥന

ശത്രുക്കളില്‍നിന്ന് പ്രയാസങ്ങള്‍ ഏല്‍ക്കേണ്ടി വന്നപ്പോളും ജീവിതത്തിലെ മറ്റു വിപല്‍ഘട്ടങ്ങളിലുമെല്ലാം നബി ﷺ യും അനുചരന്മാരും അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിച്ചിട്ടുള്ളത്. അല്ലാഹു അവരുടെ പ്രാര്‍ഥനയെക്കുറിച്ച് പറയുന്നത് കാണുക:

”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെ തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി. ഒരു സന്തോഷവാര്‍ത്തയായി കൊണ്ടും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് സമാധാനം നല്‍കുന്നതിന് വേണ്ടിയും മാത്രമാണ് അല്ലാഹു അത് ഏര്‍പ്പെടുത്തിയത്. അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (അല്‍അന്‍ഫാല്‍ 9,10).

”ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു. അവരെ ഭയപ്പെടണം എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അത് അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു” (ആലുഇംറാന്‍173,174).

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

നസ്ഖ്: പ്രമാണങ്ങള്‍ എന്തു പറയുന്നു?

നസ്ഖ്: പ്രമാണങ്ങള്‍ എന്തു പറയുന്നു?

ക്വുര്‍ആനിക വിജ്ഞാനീയങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ‘നസ്ഖ്’ അഥവാ ദുര്‍ബലപ്പെടുത്തപ്പെട്ട വചനങ്ങളെ കുറിച്ചുള്ള അറിവ്. അല്ലാഹു അവതരിപ്പിച്ച ഒരു നിയമത്തെയോ വചനത്തെയോ അവന്‍ തന്നെ മാറ്റം വരുത്തി പുതിയ നിയമം അവതരിപ്പിക്കുന്നതിനാണ് നസ്ഖ് എന്ന് സാങ്കേതികമായി പറയുന്നത്. ഇത് അറിയാത്ത ഒരാള്‍ മതം കൈകാര്യം ചെയ്താല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അതിനാല്‍ സ്വഹാബിമാര്‍ മുതലുള്ളവര്‍ മതം കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനയോഗ്യതയായി നാസിഖ്, മന്‍സൂഖ് (ദുര്‍ബലപ്പെടുത്തപ്പെട്ട വചനം/നിയമം ആദ്യ വചനത്തെ ദുര്‍ബലമാക്കി എന്നറിയിക്കുന്ന പുതിയ നിയമം/വചനം) എന്നിവയെക്കുറിച്ചുള്ള അറിവിനെ കണക്കാക്കിയിരുന്നു. ഒരിക്കല്‍ നാലാം ഖലീഫ അലി(റ) പള്ളിയില്‍ ഉദ്ബോധനം നടത്തുന്ന ഒരാള്‍ക്കരികിലൂടെ കടന്നുപോയി. അദ്ദേഹം ചോദിച്ചു. ”നിനക്ക് നാസിഖ് മന്‍സൂഖ് അറിയുമോ?” അയാള്‍ പറഞ്ഞു: ”ഇല്ല.” അലി(റ) പറഞ്ഞു: ”എങ്കില്‍ നീ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്തു.” ഇത്തരം ആളുകള്‍ ഇനി മുതല്‍ ഉദ്ബോധനം നടത്തരുതെന്ന കല്‍പന പോലും അലി(റ) പുറപ്പെടുവിക്കുകയുണ്ടായിട്ടുണ്ട്. മഹാനായ ഇബ്നു അബ്ബാസ്(റ)ല്‍ നിന്നും സമാനമായ സംഭവം ഉദ്ധരിക്കപ്പെട്ടുന്നുണ്ട്.

ഈ രംഗത്തെ അജ്ഞത പല തെറ്റിദ്ധാരണകള്‍ക്കും ഒരുവേള ക്വുര്‍ആന്‍ നിഷേധങ്ങളിലേക്കും വരെ പലരെയും കൊണ്ടെത്തിക്കുന്നു.

എന്താണ് നസ്ഖ്?

കോപ്പി ചെയ്യല്‍, ഉദ്ധരിക്കല്‍, ഒഴിവാക്കല്‍, ഉയര്‍ത്തല്‍ എന്നൊക്കെ അതിന് അര്‍ഥം പറയാം.

ക്വുര്‍ആനിലെ നസ്ഖ് എന്ന് പറയുമ്പോള്‍ ‘ഉയര്‍ത്തല്‍’ എന്നതാണ് അര്‍ഥം. ഒരു വചനം/നിയമം മാറ്റി പകരം മറ്റൊരു നിയമം കൊണ്ടുവരല്‍ എന്നര്‍ഥം.

അഥവാ ക്വുര്‍ആനിലോ ഹദീസിലോ അല്ലാഹു നിയമമാക്കി പഠിപ്പിച്ച ഒരു കാര്യത്തെ ക്വുര്‍ആനിന്റെയോ ഹദീസിന്റെയോ വചനത്തിലൂടെ അല്ലാഹു തന്നെ മാറ്റം വരുത്തി പുതിയ നിയമം അറിയിക്കലാണ് നസ്ഖ്.

എന്ത് കൊണ്ട് നസ്ഖ്?

മനുഷ്യര്‍ക്ക് ഓരോ അവസരത്തിലും ഏറ്റവും നല്ലത് ഏത് എന്നും ഒരു നിയമം നടപ്പാക്കുന്ന രംഗത്ത് എങ്ങനെയാണ് അത് വേണ്ടത് എന്നും ഏറ്റവും നന്നായി അറിയാവുന്നവന്‍ അല്ലാഹു മാത്രമാണ്. അതിനാല്‍ തന്റെ അടിമകള്‍ക്ക് ഏറ്റവും വലിയ നന്മ എന്താണോ അതിനനുസൃതമായി അല്ലാഹു നിയമങ്ങള്‍ പഠിപ്പിക്കുന്നു.

അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നസ്ഖ്. ചിലരെങ്കിലും തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് എല്ലാം അറിയുന്ന അല്ലാഹുവിന് എന്താണ് നസ്ഖിന്റെ ആവശ്യം, ആദ്യമെ യഥാര്‍ഥ നിയമം പഠിപ്പിച്ചാല്‍ പോരേ എന്നൊക്കെ ചോദിച്ചുകൊണ്ടാണ്.

നസ്ഖിനെ കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് ഈ ചോദ്യം ഉടലെടുക്കുന്നത്. വിശ്വാസ സംബന്ധമായ കാര്യങ്ങളിലോ ചരിത്രപരമായ കാര്യങ്ങള്‍ വിവരിക്കുന്ന വചനങ്ങളിലോ ഒരിക്കലും നസ്ഖ് ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അല്ലാഹുവിന് എല്ലാം അറിയില്ലേ, പിന്നെന്തേ അന്ന് അങ്ങനെ പറഞ്ഞു, ഇപ്പോള്‍ ഇങ്ങനെ മാറ്റിപ്പറഞ്ഞു എന്നൊക്കെയുള്ള ചോദ്യം പ്രസക്തമാകുമായിരുന്നു. മൊത്തം സമൂഹത്തിന് പൊതു നന്‍മയായി പഠിപ്പിച്ച ഒരു കാര്യവും നസ്ഖ് ചെയ്തിട്ടില്ല. സ്വഭാവ സംബന്ധമായി അല്ലാഹു ഒരിക്കല്‍ അവതരിപ്പിച്ച നിയമവും നസ്ഖ് ചെയ്യപ്പെട്ടിട്ടില്ല.

എന്നാല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യണം എന്ന് നിര്‍ദേശിച്ച് കൊണ്ട് ഒരു നിയമം അവതരിപ്പിക്കുകയും പിന്നീട് ഇനി മുതല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്ത് കൊള്ളുക എന്ന് അതില്‍ ഭേദഗതി നല്‍കുകയും ചെയ്യുന്നു. അതാണ് നസ്ഖ്. ഇത് ശരിയല്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ?

അത് തന്നെയും വഹ്യ് അവതരിച്ച് കൊണ്ടിരുന്ന കാലത്ത്, ഒരു ജനസമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്ന കാലഘട്ടത്തില്‍ മാത്രം. വഹ്യ് പൂര്‍ത്തിയായതിന് ശേഷം പിന്നെ നസ്ഖില്ല.

കാലങ്ങളായി അവര്‍ ശീലിച്ചുവന്ന തെറ്റായ ഒരു ശീലത്തെ മാറ്റിയെടുക്കുന്നതിലോ ജീവിത രീതിയെ തന്നെ മാറ്റിമറിക്കുന്ന പുതിയ ഒരു ശീലം ഉണ്ടാക്കിയെടുക്കുന്നതിലോ ആണ് അധിക നസ്ഖും ഉണ്ടായിട്ടുള്ളത്.

രണ്ട് ഉദാഹരണങ്ങള്‍ കാണുക:

1. മദ്യനിരോധനം

കാലങ്ങളായി മദ്യത്തില്‍ മുഴുകി ജീവിച്ച് വരുന്ന ഒരു ജനവിഭാഗത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഇസ്ലാം നടപ്പാക്കിയത് നാല് ഘട്ടങ്ങളിലായിട്ടാണ്:

1. അത് നല്ല ഒരു പാനീയമല്ല എന്ന് ആദ്യം പറഞ്ഞുവെച്ചു.

”ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു). അതില്‍ നിന്ന് ലഹരി പദാര്‍ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു.”

2. അതില്‍ കുറച്ചൊക്കെ നേട്ടങ്ങള്‍ ഉണ്ടെങ്കിലും അതിലേറെ വലിയ ഭവിഷ്യത്തുകള്‍ ഉണ്ട് എന്ന് അറിയിച്ചു.

”(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്…”(2:219).

3. നമസ്‌കാര സമയത്ത് ലഹരി ബാധിതരായി വരാന്‍ പാടില്ല എന്ന് പറഞ്ഞു.

”സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ…” (4:43).

4. ക്വുര്‍ആനില്‍ അവസാനമിറങ്ങിയ അധ്യായങ്ങളില്‍ ഒന്നായ അഞ്ചാം അധ്യായം സൂറതുല്‍ മാഇദയിലൂടെ മദ്യം പൂര്‍ണമായും നിരോധിച്ചു.

”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം…”(5:90).

ഇന്ന് നാം ജീവിതത്തില്‍ പാലിക്കേണ്ടത് നാലാമതായി പറഞ്ഞതാണ്. അതിനര്‍ഥം മറ്റു മൂന്ന് ക്വുര്‍ആന്‍ വചനങ്ങള്‍ നഷ്ടപ്പെട്ടു പോയി എന്നാണോ? അല്ലാഹുവിന് ആദ്യമെ സമ്പൂര്‍ണ നിരോധനം പ്രഖ്യാപിച്ചാല്‍ മതിയായിരുന്നില്ലേ എന്ന് സാമാന്യബുദ്ധിയുള്ള ഒരാള്‍ ചോദിക്കുമോ?

ആഇശ(റ) പറയുന്ന ഒരു സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചത് നോക്കു:

”അല്ലാഹു ആദ്യം അവതരിപ്പിച്ചത് നരക സ്വര്‍ഗങ്ങളെ പരാമര്‍ശിക്കുന്ന വചനങ്ങള്‍ അടങ്ങിയ അധ്യായങ്ങളാണ്. പിന്നീട് ജനങ്ങള്‍ മതം ഉള്‍ക്കൊണ്ടവരായി തീര്‍ന്നപ്പോഴാണ് നിയമങ്ങള്‍ അവതരിച്ചത്

നിങ്ങള്‍ മദ്യപിക്കരുത് എന്ന വചനമായിരുന്നു ആദ്യമായി അവതരിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മദ്യം ഉപേക്ഷിക്കുകയില്ലെന്ന് അവര്‍ പറയുമായിരുന്നു

നിങ്ങള്‍ വ്യഭിചരിക്കരുത് എന്നായിരുന്നു ആദ്യമേ അവതരിപ്പിച്ചതെങ്കില്‍ അവര്‍ പറയുമായിരുന്നു – ഞങ്ങള്‍ ഒരിക്കലും വ്യഭിചാരം ഉപേക്ഷിക്കുകയില്ല എന്ന്.” (ബുഖാരി)

2. നോമ്പ്

റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ട് നിയമം അവതരിച്ച ആദ്യഘട്ടത്തില്‍ അല്ലാഹു പറഞ്ഞു: ”…(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്…” (2:184).

എന്നാല്‍ പിന്നീട് അല്ലാഹു പറഞ്ഞു: ”… നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്…”(2:185).

ഈ ഉദാഹരണങ്ങളില്‍ നിന്ന് എന്താണ് നസ്ഖ് എന്ന് കൃത്യമായി ഗ്രഹിക്കാമല്ലോ

നസ്ഖ് മൂന്ന് രൂപത്തില്‍ വരാം:

1. വചനം നിലനില്‍ക്കും; നിയമം ഇല്ലാതാകും. മുകളില്‍ പറഞ്ഞ ഉദാഹരണം തന്നെ ഇതിന് തെളിവ്.

2. നിയമം നിലനിലനില്‍ക്കും; വചനം ഇല്ലാതാകും. ഉദാ: വിവാഹിതന്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞ് കൊല്ലണമെന്ന നിയമം.

ആ നിയമം നബി ﷺ യുടെ കാലം മുതല്‍ ഇന്ന് വരെ നിലനില്‍ക്കുന്നുണ്ട്. ക്വുര്‍ആനില്‍ പാരായണം ചെയ്യപ്പെടുന്ന വചനമായി തന്നെ ആദ്യഘട്ടത്തില്‍ ഇത് അവതരിച്ചിരുന്നു. പിന്നീട് അല്ലാഹു ആ വചനം ഒഴിവാക്കി. ക്വുര്‍ആനില്‍ നിന്ന് അത് ഒഴിവാക്കിയെങ്കിലും ധാരാളം ഹദീസുകളില്‍ അത് സ്ഥിരപ്പെട്ട് കിടക്കുന്നു.

3. വചനവും നിയമവും എടുത്തുകളയും. ഉദാ: മുലകുടി ബന്ധം.

പത്ത് തവണ മുലയൂട്ടിയാലാണ് ഒരു കുട്ടിക്ക് ഒരു സ്ത്രീയുമായി മുലകുടി ബന്ധം സ്ഥിരപ്പെടുക എന്ന് ക്വുര്‍ആനില്‍ വചനമായി തന്നെ ആദ്യം അവതരിച്ചിരുന്നു. പിന്നീട് ആ വചനവും ആ നിയമവും മാറ്റപ്പെട്ടു.

ആഇശ(റ) പറയുന്നു: ”പത്ത് തവണ മുലയൂട്ടണമെന്ന നിയമം അല്ലാഹു ക്വുര്‍ആനില്‍ വചനമായി ആദ്യം അവതരിപ്പിച്ചിരുന്നു. പിന്നീട് അത് അഞ്ച് തവണ മുലയൂട്ടിയാല്‍ മതി എന്ന നിയമം മുഖേന ദുര്‍ബ്ബലപ്പെടുത്തപ്പെട്ടു. പ്രവാചക വിയോഗത്തിന് ശേഷവും (ഈ വചനം ദുര്‍ബലപ്പെടുത്തപ്പെട്ടു എന്നറിയാത്തവര്‍) അത് പാരായണം ചെയ്തിരുന്നു” (ബുഖാരി). അഥവാ അത്രയും അവസാന കാലത്താണ് പ്രസ്തുത നിയമത്തില്‍ ഭേദഗതിയുണ്ടായത് എന്നര്‍ഥം (ഫത്ഹുല്‍ ബാരി).

ചില വചനങ്ങള്‍ അല്ലാഹു നീക്കം ചെയ്യുമ്പോള്‍ അന്ന് അത് ഹൃദിസ്ഥമാക്കിയിരുന്നവരുടെ മനസ്സുകളില്‍ നിന്ന് പോലും അത് മായ്ക്കപ്പെട്ട് പോയ സംഭവം ഉണ്ട്. എന്ന് മാത്രമല്ല അത് എഴുതിവെച്ച രേഖയില്‍ നിന്ന് പോലും സ്വയം മാഞ്ഞ് പോയ സംഭവങ്ങളുമുണ്ട്.

അബൂ ഉമാമ(റ) പറയുന്നു: ”ഒരു സംഘം സ്വഹാബിമാര്‍ ഒരു രാത്രിയില്‍ ക്വുര്‍ആനിലെ ഒരു അധ്യായം പാരായണം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ക്കത് ഓര്‍മ കിട്ടാത്ത വിധം അത് മറപ്പിക്കപ്പെട്ടിരിക്കുന്നു! അങ്ങനെ പ്രഭാതത്തില്‍ അവര്‍ ഒന്നടങ്കം നബിയെ സമീപിച്ച് കാര്യം പറഞ്ഞു. അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘ആ അധ്യായം ഇന്നലെ രാത്രി ദുര്‍ബലപ്പെടുത്തപ്പെട്ടിരിക്കുന്നു.’ അവരുടെ മനസ്സില്‍ നിന്ന് മാത്രമല്ല രേഖപ്പെടുത്തി വെച്ച എല്ലാ രേഖയില്‍ നിന്നും അത് മാഞ്ഞ് പോകുകയുമുണ്ടായി എന്ന് അവര്‍ പറയുന്നു” (ബൈഹക്വി). ചുരുക്കത്തില്‍ ഇതാണ് നസ്ഖ്.

ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ടോ ഹദീസ് കൊണ്ടോ നസ്ഖ് ചെയ്യാം. അതു പോലെ ഹദീസിനെയും ക്വുര്‍ആന്‍ കൊണ്ടോ ഹദീസ് കൊണ്ടോ നസ്ഖ് ചെയ്യാം.

ഉദാഹരണം: ബൈതുല്‍ ബുക്വദ്ദസ് ക്വിബ്‌ലയാക്കാനുള്ള നിര്‍ദേശം ഹദീഥിലാണുള്ളത്. എന്നാല്‍ ആ നിയമം മാറ്റി ഇനി മുതല്‍ കഅ്ബയെ ക്വിബ്‌ലയാക്കണമെന്ന നിര്‍ദേശം വന്നത് ക്വുര്‍ആനിലാണ്.

ക്വബ്ര്‍ സിയാറത്ത് പാടില്ലെന്ന നിര്‍ദേശം വന്നത് ഹദീഥിലാണ്. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ ക്വബ്റുകള്‍ സന്ദര്‍ശിച്ചു കൊള്ളുക എന്ന ഭേദഗതിയും ഹദീസില്‍ തന്നെയാണ് വന്നത്. ക്വുര്‍ആനും ഹദീസും വഹ്യ് ആണ് എന്ന് അംഗീകരിക്കുന്നവര്‍ക്ക് ഇതില്‍ സന്ദേഹമില്ല.

ചിലര്‍ക്കുള്ള സംശയം നിയമം ദുര്‍ബലമാക്കപ്പെട്ട ഒരു വചനം പിന്നെയും ക്വുര്‍ആനില്‍ നില നിര്‍ത്തുന്നതിന്റെ യുക്തി എന്ത് എന്നാണ്. ധാരാളം യുക്തികള്‍ അതിലുണ്ട്.

വചനത്തില്‍ ഉള്‍ക്കൊള്ളുന്ന നിയമം മാത്രമെ ദുര്‍ബലമാകുന്നുള്ളൂ. എന്നാല്‍ വചനത്തിന്റെ അമാനുഷികത, ഭാഷാസാഹിത്യത്തിലെ ദൈവികത, പാരായണത്തിന്റെ പ്രതിഫലം എന്നിവയൊന്നും ദുര്‍ബലമാകുന്നില്ല. അവയെല്ലാം ഇന്നും നില നില്‍ക്കുന്നു. മാത്രവുമല്ല അത് പഴയകാല നിയമങ്ങളെ ഓര്‍മിപ്പിക്കുകയും അത്വഴി കൂടുതല്‍ നന്ദിയുള്ളവരാകാനും സാധിക്കും എന്നത് കൂടി ലക്ഷ്യമാണ്

വചനം എടുത്തു മാറ്റുകയും നിയമം നിലനില്‍ക്കുകയും ചെയ്യുന്നതിന്റെ യുക്തി മറ്റൊന്നാണ്. അഥവാ ഒരു വചനം ക്വുര്‍ആനില്‍ കണ്ടില്ലെങ്കില്‍ പോലും അല്ലാഹുവും റസൂലും ഒരു നിയമം നിശ്ചയിച്ചാല്‍ അത് പിന്തുടരാനുള്ള വിശ്വാസിയുടെ സന്നദ്ധത പ്രവൃത്തിപഥത്തിലൂടെ ബോധ്യപ്പടലാണ് മുഖ്യ ലക്ഷ്യം. ക്രൈസ്തവര്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളിലുള്ള വചനങ്ങള്‍ തന്നെ മറച്ചുവെച്ച് അവയെ മറികടക്കാനാണ് ശ്രമിച്ചതെങ്കില്‍ വിശ്വാസികള്‍ വചനം കണ്ടില്ലെങ്കില്‍ പോലും അല്ലാഹുവും പ്രവാചകനും പറഞ്ഞാല്‍ പിന്നെ ചോദ്യം ചെയ്യാതെ അതംഗീകരിക്കാന്‍ സന്നദ്ധരാണ് എന്ന് തെളിയിക്കുന്നു ഇതിലൂടെ. അതോടൊപ്പം നിഷേധികളെയും കപടന്മാരെയും വേര്‍തിരിച്ച് അറിയാനും ഇത് നിമിത്തമാകുന്നു.

അല്ലാഹു പറയുന്നു: ”ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല” (16:101).

അല്ലാഹുവിനറിയാം ഒരോ കാലഘട്ടത്തിലെയും മനുഷ്യര്‍ക്ക് ഏത് തരം നിയമം വേണമെന്ന്. അല്ലാഹുവിനേ അറിയൂ,  മറ്റാര്‍ക്കും അറിയില്ല.

നസ്ഖ് ക്വുര്‍ആനില്‍ മാത്രമല്ല, എല്ലാ കാലത്തുമുള്ള മതനിയമങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

ആദം നബി(അ)യുടെ കാലത്ത് സഹോദരി, സഹോദരന്മാര്‍ക്ക് പരസ്പരം വിവാഹം ചെയ്യാമായിരുന്നു. കാരണം അന്ന് അതേ നിര്‍വാഹമുള്ളു. അതല്ലാത്ത സ്ത്രീകള്‍ അന്ന് ലോകത്തില്ലായിരുന്നു. എന്നാല്‍ തൗറാത്തില്‍ അതിനെ നിഷിദ്ധമാക്കിക്കൊണ്ട് നിയമം വന്നു.

യഅ്ക്വൂബ് നബി ﷺ യുടെ കാലഘട്ടത്തില്‍ ഒന്നിലധികം സഹോദരികളെ ഒരേസമയം ഒരാള്‍ക്ക് വിവാഹം കഴിക്കാമായിരുന്നു. എന്നാല്‍ തൗറാത്ത് അവതരിച്ചതോടെ ആ നിയമം നിര്‍ത്തലാക്കി.

 ഏത് തരം ജീവികളെയും ഭക്ഷിക്കാമെന്നായിരുന്നു നൂഹ് നബി(അ)യുടെ കാലത്തെ നിയമം. എന്നാല്‍ മൂസാനബി(അ)യുടെ കാലത്ത് അതില്‍ ഭേദഗതികള്‍ ഉണ്ടായി.

വിവാഹ മോചിതയായ സ്ത്രീയെ വിവാഹം ചെയ്യാമെന്ന് ബൈബിള്‍ പഴയ നിയമം പറയുമ്പോള്‍ അത് അനുവദനീയമല്ലെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. മുന്‍കാല സമൂഹങ്ങളിലെ പല നിയമങ്ങളെയും മാറ്റിക്കൊണ്ടാണ് ക്വുര്‍ആനും ഹദീഥുമാകുന്ന പ്രമാണങ്ങള്‍ അവതരിച്ചത് തന്നെ.

ഇങ്ങനെയൊക്കെയാണെങ്കിലും ചില വിമര്‍ശകര്‍ സ്വന്തം സമാധാനത്തിനായി പറയാറുള്ളത് ‘മത നിയമങ്ങളില്‍ വൈരുധ്യം ഉണ്ടെന്ന വാദത്തിന് മറുപടി പറയാനാവാതെ കുഴഞ്ഞതിനാല്‍ വിശ്വാസികള്‍ കണ്ടെത്തിയ ഒരു ഉപായമാണ് ഇത്’ എന്നാണ്! ഈ വിഷയം ഗ്രഹിച്ച ഒരു സത്യാനേഷി അങ്ങനെ പറയില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നസ്ഖ് മുന്‍കാല വേദങ്ങളില്‍ തന്നെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് തര്‍ക്കമില്ല.

നസ്ഖ് ഉണ്ടെന്നും ഉണ്ടാവാമെന്നും ആദ്യമായി പഠിപ്പിച്ചത് ക്വുര്‍ആന്‍ തന്നെയാണ്. അല്ലാഹു പറയുന്നു: ”വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനെക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?” (2:106).

”അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുകയും. (താന്‍ ഉദ്ദേശിക്കുന്നത്) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്റെ പക്കലുള്ളതാണ്” (13:39).

”ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല” (16:1).

”നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ.” (87:6).

2. നബി ﷺ യുടെ ധാരാളം വചനങ്ങളില്‍ നസ്ഖുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപാദിച്ചു കാണാം.

3. സ്വഹാബിമാര്‍ക്കിടയില്‍ നിരാക്ഷേപം അംഗീകരിക്കപ്പെട്ട കാര്യമാണ് നസ്ഖ്, ഇത് അറിയാത്തവന്‍ മതം കൈകാര്യം ചെയ്യാന്‍ പോലും പാടില്ല എന്നാണവര്‍ മനസ്സിലാക്കിയിരുന്നത്.

4. മുസ്ലിം ലോകം (അഹ്ലുസ്സുന്ന) ഏകോപിച്ച് സ്വീകരിച്ചു പോന്ന കാര്യമാണ് നസ്ഖ്.

ഗ്രന്ഥ രചനാ രീതി നിലവില്‍വന്ന കാലം മുതല്‍ തന്നെ ഈ വിഷയകമായ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.

ഹിജ്‌റ 117ല്‍ മരണപ്പെട്ട താബിഈ പ്രമുഖനായ ഇമാം ക്വതാദയാണ് അറിയപ്പെട്ടിടത്തോളം ആദ്യമായി ഈ വിഷയത്തില്‍ ഒരു സ്വതന്ത്രരചന നിര്‍വഹിച്ചത്. അന്നുമുതല്‍ ഇന്നുവരെയായി ദശക്കണക്കിന് ഗ്രന്ഥങ്ങള്‍ ഈ വിഷയകമായി മാത്രം രചിക്കപ്പെട്ടിട്ടുണ്ട്

ഇതെല്ലാം ഈ വിഷയത്തിലുള്ള സ്വതന്ത്ര കൃതികളാണെങ്കില്‍ തഫ്സീര്‍, ഉസ്വൂലു തഫ്സീര്‍, ഉസൂലുല്‍ ഫിക്ഹ്, ഉലൂമുല്‍ ക്വുര്‍ആന്‍ എന്നീ വിജ്ഞാനീയങ്ങളില്‍ വിരചിതമായ ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും ഈ വിഷയം പ്രത്യേകം അധ്യായങ്ങളായി തന്നെ പ്രതിപാദിച്ചത് കാണാം.

 ഏറ്റവും ചുരുങ്ങിയത് മുഹമ്മദ് അമാനി മൗലവി(റഹി) രചിച്ച വിശുദ്ധ ക്വുര്‍ആന്‍ വ്യഖ്യാനത്തിന്റെ ആമുഖം ഒന്ന് വായിക്കുകയെങ്കിലും ചെയ്താല്‍ ഈ വിഷയത്തില്‍ കൃത്യമായ ഒരു കാഴ്ചപ്പാട് ലഭിക്കും.

 

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

പ്രകൃതിദുരന്തങ്ങളും ദൈവനിഷേധികളും

പ്രകൃതിദുരന്തങ്ങളും ദൈവനിഷേധികളും

പ്രളയം തകര്‍ത്ത ജീവിതങ്ങളെയും സ്വപ്‌നങ്ങളെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ജനങ്ങള്‍. മത-രാഷ്ട്രീയ-കക്ഷി ഭേദമന്യെ സുമനസ്സുകള്‍ കൈകോര്‍ത്ത് കാരുണ്യത്തിന്റെയും പരസ്പരസ്‌നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ തീര്‍ക്കുമ്പോഴും ഇരകള്‍ക്ക് വേണ്ടി ചെറുവിരലനക്കാതെ, മാറി നിന്ന് പരിഹസിക്കുന്ന ഒരു വിഭാഗത്തെ ഏറെ അത്ഭുതത്തോടെയാണ് മലയാളികള്‍ നോക്കിക്കണ്ടത് ! വെള്ളമിറങ്ങിയിട്ടും മനസ്സിലെ ചെളി നീക്കാന്‍ കഴിയാത്ത ഇത്തരം ദൈവനിഷേധികളുടെ ജല്‍പനങ്ങളില്‍ എന്തെങ്കിലും യുക്തിയുണ്ടോ?

വീണ്ടുമൊരു പ്രളയത്തിന് കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ടവരെയും സ്വന്തം ശരീരം മാത്രം ബാക്കിയായവരെയും ഗ്രാമങ്ങള്‍ തന്നെ നാമാവശേഷമായതുമെല്ലാം വേദനയോടെ നാം കണ്ടു, അനുഭവിച്ചു. പ്രളയം തകര്‍ത്ത ജീവിതങ്ങളെയും സ്വപ്‌നങ്ങളെയും സാധിക്കുന്നിടത്തോളം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യസ്‌നേഹികള്‍. മനുഷ്യസ്‌നേഹത്തിന്റെയും അണപൊട്ടിയൊഴുകുന്ന കാരുണ്യത്തിന്റെയും ഉദാത്ത മാതൃകകള്‍ ബാക്കിവെച്ചാണ് ഇത്തവണയും വെള്ളമിറങ്ങുന്നത് എന്നത് ഏറെ സന്തോഷകരവും കൂടിയാണ്.

എന്നാല്‍ ഈ പ്രളയത്തെ ഒരു ‘അവസരമായി’ കണ്ട് തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിച്ച ചിലയാളുകളുണ്ട്. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ജനതയോട് ‘എവിടെ നിങ്ങളുടെ ദൈവം’ എന്ന് ചോദിക്കുന്ന ‘മഹാദുരന്ത’ങ്ങളുടെ അനൗചിത്യം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായെങ്കിലും അവര്‍ ഉയര്‍ത്തിവിട്ട ചില ചിന്തകള്‍ കൃത്യമായ വിശകലനത്തിന് വിധേയമാക്കേണ്ടത് കൂടിയുണ്ട് എന്ന് തോന്നുന്നു.

ദൈവനിഷേധികളുടെ എക്കാലത്തെയും ആയുധമാണ് മനുഷ്യനെ ബാധിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും. ദൈവമുണ്ടെങ്കില്‍, ആ ദൈവം കാരുണ്യവാനും എല്ലാറ്റിനും കഴിവുള്ളവനുമാണെങ്കില്‍ എന്തുകൊണ്ട് ദുരന്തങ്ങള്‍ തടഞ്ഞില്ല? എല്ലാറ്റിനും കഴിവുള്ളവനാണെങ്കില്‍ എന്തുകൊണ്ട് ഈ ലോകത്ത് നടക്കുന്ന തിന്മകള്‍ തടയുന്നില്ല? അതുകൊണ്ട് തന്നെ പ്രയാസങ്ങളും ദുരിതങ്ങളും തിന്മകളും ഉണ്ടാകുന്നതിന്റെ അര്‍ഥം ഒന്നുകില്‍ ദൈവമില്ല എന്നാണ്, അല്ലെങ്കില്‍ ആ ദൈവം നിങ്ങള്‍ പറയുന്നത് പോലെ കാരുണ്യവാനും എല്ലാറ്റിനും കഴിവുള്ളവനും അല്ല എന്നാണ്. ഇതാണ് ഇവരുടെ വാദത്തിന്റെ ആകെത്തുക.

ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട കാര്യമാണ് ഇതില്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നത്. ഇസ്ലാം പഠിപ്പിക്കുന്ന ദൈവവിശ്വാസത്തെ പറ്റിയുള്ള അജ്ഞതയില്‍ നിന്നാണ് ഈ സംശയം ഇവര്‍ ഉന്നയിക്കുന്നത്. തീര്‍ച്ചയായും ഇസ്ലാം പഠിപ്പിക്കുന്ന അല്ലാഹു കാരുണ്യവാനും (അര്‍റ്വഹ്മാന്‍) എല്ലാറ്റിനും കഴിവുള്ളവനും (അല്‍ക്വദീര്‍) തന്നെയാണ്. എന്നാല്‍ ഇത് മാത്രമാണ് ദൈവത്തിന്റെ വിശേഷണങ്ങള്‍ എന്ന് കരുതിയേടത്താണ് ഭൗതികവാദികള്‍ക്ക് തെറ്റുപറ്റിയത്. ഇതോടൊപ്പം തന്നെ മറ്റനേകം നാമഗുണവിശേഷണങ്ങള്‍ ദൈവത്തിനുണ്ട്. എന്നാല്‍ അങ്ങനെയുള്ള വിശേഷണങ്ങളെയെല്ലാം അവഗണിക്കുകയും കാരുണ്യവാന്‍, എല്ലാറ്റിനും കഴിവുള്ളവന്‍ എന്നീ രണ്ട് വിശേഷണങ്ങളെ മാത്രം പരിഗണിക്കുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.

ഉദാഹരണത്തിന് ദൈവത്തിന്റെ മറ്റൊരു വിശേഷണമാണ് ‘അല്‍ഹകീം’ അഥവാ ഏറ്റവും വിവേകശാലിയായവന്‍ എന്നത്. എന്നുവെച്ചാല്‍ പടച്ചവന്റെ തീരുമാനങ്ങളെല്ലാം ആ ദൈവികമായ വിവേകത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. നമ്മുടെ പരിമിതമായ അറിവും കഴിവും കൊണ്ട് എല്ലാറ്റിന്റെ പിന്നിലുമുള്ള ദൈവികമായ വിവേകം പൂര്‍ണമായി മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചുകൊള്ളണം എന്നില്ല. ദൈവത്തിന് അറിവിന്റെയും വിവേകത്തിന്റെയും പൂര്‍ണതയുണ്ടെന്നും നമ്മുടെത് പരിമിതമാണെന്നുമുള്ള തിരിച്ചറിവാണ് ഏറ്റവുമാദ്യം വേണ്ടത്. പ്രത്യക്ഷത്തില്‍ നമുക്ക് ദോഷകരമായി തോന്നുന്ന കാര്യങ്ങള്‍ക്ക് പിന്നിലും ദൈവികമായ ഒരു വിവേകമുണ്ട് എന്ന തിരിച്ചറിവ് വിശ്വാസികള്‍ക്ക് മനഃശക്തിയും ശുഭാപ്തിവിശ്വാസവുമാണ് ഉണ്ടാക്കുക. എല്ലാറ്റിന് പിന്നിലും ഒരു കാരണമുണ്ട് എന്ന് ‘അല്‍ഹകീം’ എന്ന വിശേഷണത്തിലൂടെ മനസ്സിലാക്കിയാല്‍ ഇവരുടെ വാദങ്ങള്‍ക്ക് നിലനില്‍പുണ്ടാകില്ല.  

ജീവിതത്തില്‍ നാമനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമെല്ലാം-അത് പ്രകൃതിദുരന്തങ്ങളാണെങ്കിലും മനുഷ്യര്‍ ചെയ്തുകൂട്ടുന്നതാണെങ്കിലും- ഇസ്‌ലാമിക ജീവിതവീക്ഷണ പ്രകാരം കൃത്യമായ വിശദീകരണങ്ങള്‍ നമുക്ക് നല്‍കാനാകും. അവയില്‍ ചിലത് മാത്രം സൂചിപ്പിക്കുകയാണ്:

1. ജീവിതം പരീക്ഷണമാണ്

‘കത്വയിലെ പിഞ്ചുകുഞ്ഞിനെ എട്ടുദിവസം മാറിമാറി പീഡിപ്പിക്കുന്നത് നോക്കി നിന്നവനാണ് നിങ്ങളുടെ ദൈവമെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല…’ എന്റെയൊരു ദൈവനിഷേധിയായ സുഹൃത്ത് പറഞ്ഞ വാചകമാണിത്!

ലോകത്ത് എന്ത് സംഭവിക്കുമ്പോഴും അപ്പപ്പോള്‍ ഇടപെട്ട് തീര്‍പ്പുണ്ടാക്കുന്ന ഒരു ദൈവമാണ് ഇവരുടെയൊക്കെ മനസ്സില്‍. അതിന് ദൈവത്തിന് കഴിവുണ്ടെങ്കില്‍ പോലും അങ്ങനെ ഇടപെടുന്നവനല്ല ദൈവം എന്ന് ഇസ്ലാമികാധ്യപനങ്ങളിലൂടെ വ്യക്തമായ കാര്യമാണ്. ഈ ലോകത്തെ നമ്മുടെ ജീവിതം തന്നെ ഒരു പരീക്ഷണമാണ്. നന്മയും തിന്മയും സ്വീകരിക്കാനുള്ള സ്വതന്ത്രമായ ഇഛ മനുഷ്യന് നല്‍കിയാണ്‌ദൈവം അവനെ സൃഷ്ടിച്ചത്.

”കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാന്‍ വേണ്ടി. അങ്ങനെ നാം അവനെ കേള്‍വിയുള്ളനും കാഴ്ചയുള്ളവാനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദി കെട്ടവനാകുന്നു” (ക്വുര്‍ആന്‍ 76:2,3).

 

എന്തുകാര്യത്തിലും നന്മയുടെ വഴി സ്വീകരിക്കാനും തിന്മയുടെ വഴി സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. അത് വ്യക്തിപരമായി തിന്മകള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. എന്തിനങ്ങനെ മനുഷ്യരെ തിന്മകള്‍ ചെയ്യാന്‍ അനുവദിക്കണം എന്നതിന്റെ ഉത്തരം; ജീവിതം പരീക്ഷണമാക്കി നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള അവസരം മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുണ്ട് എന്നത് തന്നെയാണ്. നന്മയും തിന്മയും തിരഞ്ഞെടുക്കാന്‍ അവസരമില്ലെങ്കില്‍ പിന്നെ പരീക്ഷണം എന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? നമ്മള്‍ തിന്മ ചെയ്യുമ്പോഴെല്ലാം ദൈവം ഇടപെട്ട് അത് ഇല്ലാതാക്കുകയോ തടയുകയോ ചെയ്യുകയാണെങ്കില്‍ പിന്നെ ‘പരീക്ഷണം’ അര്‍ഥശൂന്യമാണ്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥി തെറ്റ് എഴുതുമ്പോഴെല്ലാം ഇടപെട്ട് ശരിയുത്തരം ആക്കുകയാണെങ്കില്‍ പിന്നെ അതിനെ പരീക്ഷയെന്ന് പറയേണ്ട കാര്യമില്ലല്ലോ.

എന്നാല്‍ ഇങ്ങനെ തിന്മകള്‍ നടക്കുന്നു എന്നത് സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളെ അനുസരിപ്പിക്കാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണോ? ഒരിക്കലുമല്ല! കാരണം എല്ലാം അനുസരിക്കുന്ന, നന്മ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സൃഷ്ടിവര്‍ഗത്തെ (മലക്കുകളെ) സൃഷ്ടിച്ച ദൈവത്തിന് അതിന് സാധിക്കും എന്ന് വ്യക്തമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി നന്മയും തിന്മയും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള സൃഷ്ടികളെയും ദൈവത്തിന് സൃഷ്ടിക്കാനാവും എന്നതിന്റെ തെളിവാണ് മനുഷ്യരും ജിന്നുകളും.

പ്രകൃതിദുരന്തങ്ങളോ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന തിന്മകളോ ഉണ്ടാകുമ്പോള്‍  നാം അതിനോടെങ്ങനെ പ്രതികരിക്കുന്നു എന്നതാണ് നമുക്കുള്ള പരീക്ഷണം. പരീക്ഷണങ്ങളിലൂടെയാണ് ക്ഷമ എന്ന ഗുണം പരിപോഷിപ്പിക്കപ്പെടുന്നത്. സ്‌നേഹവും സഹാനുഭൂതിയും ദയയുമെല്ലാം അങ്ങനെത്തന്നെ. ഈ പരീക്ഷണങ്ങളില്‍ ഏറ്റവും നന്നായി പ്രതികരിക്കാന്‍ ഒരു വിശ്വാസിക്കാവുന്നു.

മുഹമ്മദ് നബി ﷺ പറഞ്ഞു: ”ഒരു വിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ! അവന് എന്ത് ബാധിച്ചാലും അതവന് നന്മയായി ഭവിക്കുന്നു. ഇത് വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. എന്തെങ്കിലും നല്ല കാര്യം അവനെ ബാധിച്ചാല്‍ അവന്‍ നന്ദി ചെയ്യുന്നു, അതവന് നന്മയാണ്. എന്തെങ്കിലും മോശം കാര്യം അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു, അതും അവന് നന്മയാണ്” (മുസ്ലിം).

എന്തിനാണ് ഇത്തരത്തില്‍ പരീക്ഷണം? അവിടെയാണ് ‘ഏറ്റവും നീതിമാന്‍’ എന്ന നിരീശ്വരവാദികള്‍ അവഗണിച്ച ദൈവത്തിന്റെ മറ്റൊരു വിശേഷണം പ്രസക്തമാകുന്നത്. എല്ലാവരെയും മരണാനന്തരം സ്വര്‍ഗത്തിലാക്കുകയാണെങ്കില്‍ അതൊരിക്കലും ഈ വിശേഷണത്തോട് യോജിക്കുകയില്ല. കത്വയില്‍ എട്ടു ദിവസം പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവരും ആ കുഞ്ഞും ഭൗതികവാദിയുടെ കണ്ണില്‍ മരണശേഷം ഒരുപോലെയായിരിക്കാം. പക്ഷേ, ഏറ്റവും നീതിമാനായ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയല്ല, അതിനുള്ള കൃത്യമായ നീതി നടപ്പിലാവുക തന്നെ ചെയ്യും!

2. കൂടുതല്‍ വലിയ നന്മകളിലേക്ക് നയിക്കുന്നു

പിന്നെയുള്ള പ്രശ്‌നം ഇത്തരം പ്രയാസങ്ങളും ദുരിതങ്ങളും ദൈവത്തിന്റെ മറ്റ് വിശേഷണങ്ങള്‍ കൊണ്ട് വിശദീകരിക്കാന്‍ സാധിച്ചേക്കാം, എന്നാല്‍ അത് ‘കാരുണ്യവാന്‍’ എന്ന വിശേഷണത്തിന് എതിരാവുകയില്ലേ എന്നതാണ്. നാം നമ്മുടെ വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങളെ വിലയിരുത്തുകയും ദൈവം നമ്മെ പോലെയാണ് എന്ന് കരുതുകയും ചെയ്യുമ്പോഴുള്ള പ്രശ്‌നം മാത്രമാണിത്.

പ്രത്യക്ഷത്തില്‍ നമുക്ക് നല്ലതായി അനുഭവപ്പെടുന്ന പല കാര്യങ്ങളുമുണ്ട്. ഭൗതിക നേട്ടങ്ങള്‍, സന്തോഷങ്ങള്‍ എന്നിങ്ങനെ പലതും. അവയെ നമുക്ക് ‘ഫസ്റ്റ് ഓര്‍ഡര്‍ ഗുഡ്’ (first order good) എന്ന് വിളിക്കാം. പ്രത്യക്ഷത്തില്‍ നമുക്ക് തിന്മയായി അനുഭവപ്പെടുന്ന ഭൗതികമായ വിഭവനഷ്ടം, ധനനഷ്ടം, ആള്‍നഷ്ടം എന്നിങ്ങനെയുള്ളവയെ നമുക്ക് first order evil എന്നും വിശേഷിപ്പിക്കാം. ഇങ്ങനെയുള്ള, പ്രത്യക്ഷത്തില്‍ നമുക്ക് ദോഷമായി ഭവിക്കുന്ന പലതും കൂടുതല്‍ വലിയ നന്മകളിലേക്ക് (second order good) വഴിവെക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും.

പ്രളയാനന്തര കേരളത്തിന് ഇത് പ്രത്യേകിച്ച് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല. മഹാപ്രളയത്തില്‍ ഒലിച്ചുപോയ ഭൗതിക വിഭവങ്ങളെ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രളയം കൊണ്ട് നിറംകെടുത്തിയവരാണ് നമ്മള്‍ മലയാളികള്‍. ‘നമ്മളൊന്നും കൊണ്ട് പോകില്ലല്ലോ, എല്ലാം അവന്‍ തരും’ എന്ന് മുകളിലേക്ക് കൈചൂണ്ടി ആത്മവിശ്വാസത്തോടെ കൈമറന്നു സഹായിക്കുന്ന നൗഷാദുമാര്‍ തന്നെ പോരേ ഇത് മനസ്സിലാക്കിത്തരാന്‍?! ഏതാനും വ്യക്തികള്‍ ചെയ്യുന്ന വലിയ നന്മകള്‍ മാത്രമല്ല, സമൂഹത്തില്‍ പൊതുവായി തന്നെ സ്‌നേഹവും കാരുണ്യവും സഹാനുഭൂതിയുമെല്ലാം വളര്‍ത്താന്‍ പ്രത്യക്ഷത്തില്‍ നമുക്ക് പ്രയാസമായി തോന്നുന്ന കാര്യങ്ങള്‍ വഴിവെക്കും എന്നതാണ് വസ്തുത. പ്രളയാനന്തരം എല്ലാ തിരക്കുകളും മാറ്റിവെച്ച് വീടുകള്‍ വൃത്തിയാക്കാനും മറ്റും ഒഴുകിയെത്തുന്ന യുവജനങ്ങളും വിവിധ ജില്ലകളില്‍ നിന്ന് നിര്‍ത്താതെ പ്രവഹിക്കുന്ന സാധനസാമഗ്രികളുടെ ‘ലോഡു’കളും വിവിധ മത-സാംസ്‌കാരിക സംഘടനകളുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമെല്ലാം അതിന്റെ ഉദാഹരണങ്ങള്‍ മാത്രമാണ്. ആ നന്മകള്‍ക്ക് ഒരിക്കലും നമുക്ക് ഭൗതികമായി അനുഭവിക്കുന്ന തിന്മകളുടെ അതേ മൂല്യവുമല്ല!

”പറയുക, നല്ലതും ചീത്തയും സമമാവുകയില്ല. ചീത്തയുടെ വര്‍ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം” (ക്വുര്‍ആന്‍ 5:100).

ഇങ്ങനെ എല്ലാറ്റിന് പിന്നിലും ദൈവത്തിന്റെ വിവേകവും നിശ്ചയവുമുണ്ട് എന്നതാണ് നാം മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനകാര്യം. മഹാനായ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തെയ്മിയയുടെ ഈ വിഷയത്തിലെ പരാമര്‍ശം ഏറെ പ്രസക്തമാണ്:

”പടച്ചവന്‍ ഒരിക്കലും കേവലമായ തിന്മ സൃഷ്ടിക്കുന്നില്ല. മറിച്ച് അവന്‍ സൃഷ്ടിക്കുന്ന എല്ലാറ്റിലും എന്താണോ നന്മ എന്നതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ദൈവിക നിശ്ചയമുണ്ട്. എന്നാല്‍ അതില്‍ ചിലര്‍ക്ക് ചില തിന്മകള്‍ ഉണ്ടായിരിക്കാം. അത് ഭാഗികമാണ്, അല്ലെങ്കില്‍ ആപേക്ഷികമാണ്. എന്നാല്‍ പൂര്‍ണമോ കേവലമോ ആയ തിന്മ എന്നതില്‍ നിന്നും പടച്ചവന്‍ ഒഴിവാണ്” (മജ്മഉല്‍ ഫതാവാ, വോള്യം 14, പേജ് 266).

എത്ര കൃത്യം, എത്ര വ്യക്തം! ആപേക്ഷികമായി നമുക്കനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും വേദനകള്‍ക്കും അപ്പുറം ആത്യന്തികമായ നന്മയും വിവേകവുമുണ്ടെന്ന തിരിച്ചറിവ് നല്‍കുന്ന ആശ്വാസവും മനഃശക്തിയും ചെറുതല്ല!

3. ഐഹികജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്നു

ഐഹിക ജീവിതത്തിലെ നൈമിഷികമായ സന്തോഷങ്ങള്‍ ആസ്വദിക്കലല്ല ജീവിതലക്ഷ്യമെന്നും സ്രഷ്ടാവായ ദൈവത്തിന് ആരാധനകള്‍ അര്‍പ്പിക്കുന്നതിലൂടെ കൈവരിക്കുന്ന മാനസിക സംതൃപ്തിയും സമാധാനവും പാരത്രിക വിജയവുമാണ് ലക്ഷ്യമാക്കേണ്ടത് എന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

”ജിന്നുകളെയോ മനുഷ്യരെയോ എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല”

(ക്വുര്‍ആന്‍ 51:56)

ഒരു യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതാണ് മുഖ്യമായ കാര്യം. എല്ലാ സൗകര്യങ്ങളും അനുഭവിച്ച്, ഒരു പ്രയാസവുമില്ലാതെ ജീവിച്ച്, അതില്‍ മതിമറന്ന് ആരാധനകള്‍ ഒഴിവാക്കിയവനെയും പ്രയാസങ്ങളിലും ദുരിതങ്ങളിലും അകപ്പെടുമ്പോള്‍ സ്രഷ്ടാവില്‍ മാത്രം അഭയം തേടിയാലേ രക്ഷയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് ആരാധനളില്‍ മുഴുകി ജീവിച്ചവനെയുമെടുത്താല്‍ രണ്ടാമനാണ് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ഉയര്‍ന്നവനും വിജയിച്ചവനും.

എത്രയോ നിസ്സാരമാണ് ഇഹലോക ജീവിതമെന്നും നമ്മുടെ കഴിവുകള്‍ എത്രമാത്രം പരിമിതമാണെന്നും നമ്മോടു വീണ്ടും വീണ്ടും വിളിച്ചുപറയുകയാണ് പ്രയാസങ്ങളും ദുരന്തങ്ങളും. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കുതിച്ചുപാച്ചിലില്‍ ഇനിയൊന്നും കീഴടക്കാനില്ലെന്ന അഹംഭാവമാണ് മൂന്നുദിവസം നിര്‍ത്താതെ പെയ്ത മഴയില്‍ ഒലിച്ചുപോയത്! ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനും നഷ്ടം നികത്താനുമല്ലാതെ മറ്റൊന്നും നമ്മെക്കൊണ്ട് സാധിക്കില്ലെന്നും എല്ലാം ‘മുകളിലുള്ളവന്റെ’ കൈകളിലാണെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത് ആരും പറഞ്ഞു പഠിപ്പിച്ചതുകൊണ്ടല്ല, മറിച്ച് അനുഭവങ്ങളില്‍ നിന്ന് മനുഷ്യമനസ്സ് വായിച്ചെടുത്തതാണ്!

സ്വന്തം നിസ്സഹായാവസ്ഥ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോള്‍ ഹൃദയത്തില്‍ നിന്ന് സ്രഷ്ടാവിലേക്കുയരുന്ന ഒരു തേട്ടമുണ്ട്. അഹന്ത വെടിഞ്ഞ്, പരിമിതികള്‍ തിരിച്ചറിഞ്ഞ്, നിസ്സാരത ബോധ്യപ്പെട്ട് സകലതിനെയും നിയന്ത്രിക്കുന്ന സ്രഷ്ടാവിലേക്കുയരുന്ന ആ മനസ്സിന്റെ തേട്ടമാണ് പ്രാര്‍ഥന!

”അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ” (ക്വുര്‍ആന്‍ 27:62).

ദുരന്തങ്ങള്‍ ഭൗതികവാദ കാഴ്ചപ്പാടില്‍

ദുരന്തങ്ങള്‍ വിശ്വാസിക്ക് മനഃശക്തിയും ശുഭാപ്തിവിശ്വാസവും നേടാനും സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞ് വിനയാന്വിതനായി സ്രഷ്ടാവിലേക്ക് മടങ്ങാനുമുള്ള വഴിതുറക്കുന്നു എന്നത് നാം മനസ്സിലാക്കി. എന്നാല്‍ ഭൗതികവാദികളുടെ വീക്ഷണപ്രകാരം ദുരന്തങ്ങള്‍ അര്‍ഥശൂന്യമായ യാദൃച്ഛികതകള്‍ മാത്രമാണ്. അന്ധമായ ഏതൊക്കെയോ ചില ഭൗതിക പ്രക്രിയകളുടെ ‘ഇരകള്‍’ മാത്രമാണ് ഓരോ പ്രയാസമനുഭവിക്കുന്നവനും! അവന് കൂടുതല്‍ നല്ല എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കാനോ ആശ്വസിക്കാനോ യാതൊരു വകുപ്പുമില്ല! താന്‍ അനുഭവിക്കുന്നതിന് ഭൗതികേതരമായ എന്തെങ്കിലുമൊരു കാര്യമോ കാരണമോ കണ്ടെത്താനാവാതെ നഷ്ടങ്ങളെ വെറും നഷ്ടങ്ങളായും പ്രയസങ്ങളനുഭവിച്ഛത് അര്‍ഥശൂന്യമായും മാത്രം കാണാനേ അവന് സാധിക്കൂ. ജീവിതകാലം മുഴുവന്‍ പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിച്ചവനും മണിമാളികകളില്‍ ആര്‍ത്തുല്ലസിച്ച് പ്രയാസങ്ങളെന്തെന്നറിയാതെ ജീവിച്ചവനും മരിക്കുന്നതോടെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന് വെറും ഭൗതികപദാര്‍ഥങ്ങളായി ഇല്ലാതാകുന്നു! പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ തളര്‍ത്താനും വിഷാദരോഗികളാക്കാനും ഇതിനപ്പുറം വേറെന്തുവേണം?!

എന്നാല്‍ വിശ്വാസികളുടെ കാര്യമോ? അവന് ബാധിക്കുന്ന ഓരോ പ്രയാസവും, അവന്‍ അനുഭവിക്കുന്ന ഓരോ വേദനയും അവന്റെ മരണാനന്തര ജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടാണ്.

”മുഹമ്മദ് നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമിനെ ഒരു ദുരിതവും ബാധിക്കുന്നില്ല. അവന്റെ ചില തിന്മകളെ അല്ലാഹു പൊറുത്തുകൊടുത്തിട്ടല്ലാതെ. അതൊരു കാലില്‍ മുള്ള് തറക്കുന്നതായാല്‍ പോലും” (ബുഖാരി)

എല്ലാറ്റിന് പിന്നിലും കാരുണ്യവാനും വിവേകിയും കരുണാനിധിയുമായ സ്രഷ്ടാവിന്റെ നിശ്ചയവും കല്‍പനയുമുണ്ട് എന്നും, ജീവിതമാകുന്ന പരീക്ഷയിലെ ഒരു പരീക്ഷണം മാത്രമാണിതെന്നും, യഥാര്‍ഥവും അനന്തവുമായ ജീവിതം മരണശേഷമാണെന്നും ആ ജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടായിരിക്കണം ഇപ്പോഴത്തെ തന്റെ പ്രവര്‍ത്തികള്‍ എന്നും ചിന്തിക്കുന്ന വിശ്വാസിയുടെ മാനസികനില ഭൗതികവാദികളുടേതുമായി താരതമ്യത്തിനെങ്കിലും യോഗ്യമാണോ?!

 

അബ്ദുല്ല ബാസില്‍ സി.പി
നേർപഥം വാരിക

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ – 08

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ - 08

സ്ത്രീ: ഇസ്‌ലാമിന്റെ സുരക്ഷയില്‍

ഇസ്‌ലാം സ്ത്രീകള്‍ക്ക് സൂക്ഷ്മമായ ചില നിയമ വ്യവസ്ഥകള്‍ നിശ്ചയിച്ചു. പ്രസ്തുത വ്യവസ്ഥകളിലൂടെയാണ് അവള്‍ക്ക് അവളുടെ അന്തസ്സും ലൈംഗികമായ സുരക്ഷയും അഭിമാനത്തിന്റെ സംരക്ഷണും നേടാനാവുക. ഇസ്‌ലാം അവളോട് ഹിജാബ് സ്വീകരിക്കുവാന്‍ കല്‍പിച്ചു. ആവശ്യങ്ങള്‍ക്കു മാത്രം വീടിന് പുറത്തിറങ്ങിയാല്‍ മതി എന്ന് നിഷ്‌കര്‍ഷിച്ചു. സൗന്ദര്യപ്രദര്‍ശനത്തില്‍ നിന്നും നഗ്നത പ്രകടിപ്പിക്കുന്നതില്‍ നിന്നും സുഗന്ധമണിഞ്ഞ് പുറത്തിറങ്ങുന്നതില്‍നിന്നും അവളെ വിലക്കി. പരപുരുഷന്മാരോട് കൂടിക്കലരുന്നതില്‍ നിന്ന് അവളെ വിരോധിച്ചു. ഗൗരവതരമായ നിയമങ്ങള്‍ വേറേയു മുണ്ട്. നാണക്കേടില്‍നിന്ന് കാവലും തിന്മകളില്‍നിന്നും നെറികേടില്‍നിന്നും സുരക്ഷയുമായിക്കൊണ്ട് മാത്രമാണ് ഈ നിയമങ്ങള്‍ പാലിക്കാന്‍ സ്ത്രീ കല്‍പിക്കപ്പെട്ടത്. അവള്‍ളെ പവിത്രതയുടെയും പരിശുദ്ധിയുടെയും ഉടയാടകള്‍ അണിയിക്കുന്നതിനു വേണ്ടിയുമാണ് ഇത്തരം വ്യവസ്ഥകള്‍. അവള്‍ ഇസ്‌ലാമിന്റെ തുലാസില്‍ അമൂല്യമായ മുത്തും വിലയേറിയ പവിഴവുമാണ്. അവള്‍ എല്ലാ ഉപദ്രവങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടണം. അവള്‍ക്ക് എല്ലാ മ്ലേച്ഛതകളില്‍ നിന്നും സുരക്ഷ നല്‍കപ്പെടുകയും വേണം.

പ്രസ്തുത നിയമങ്ങളില്‍നിന്നും മര്യാദകളില്‍നിന്നും അതിപ്രധാനമായവയെ കുറിച്ചുള്ള സംക്ഷിപ്തമായ വിവരണം താഴെ കൊടുക്കുന്നു:

ഹിജാബ്

തന്റെ മുഴുവന്‍ ശരീരവും അലങ്കാരങ്ങളും പരപുരുഷന്മാരില്‍ നിന്ന് മറച്ചുകൊണ്ടാണ് സ്ത്രീ ഹിജാബ് അണിയേണ്ടത്. അല്ലാഹു പറഞ്ഞു:

”നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 33:59).

”നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവ രുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്…” (ക്വുര്‍ആന്‍ 33:53).

ആവശ്യത്തിനല്ലാതെ പുറപ്പെടരുത്

അല്ലാഹു പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്” (ക്വുര്‍ആന്‍ 33:33).

നബി ﷺ പറഞ്ഞതായി ഇമാം തുര്‍മുദി നിവേദനം ചെയ്യുന്നു: ”സ്ത്രീ ഔറത്താകുന്നു. അവള്‍ പുറപ്പെട്ടാല്‍ ശെയ്ത്വാന്‍ അവളെ പരപുരുഷന്മാര്‍ക്ക് അലംകൃതമാക്കി കൊടുക്കും.”

അനുനയസ്വരത്തില്‍ സംസാരിക്കരുത് 

വല്ലവരോടും ആവശ്യത്തിനു സംസാരിക്കുകയാണെങ്കില്‍ അനുനയത്തില്‍ സംസാരിക്കരുത്. അല്ലാഹു പറഞ്ഞു: ”…നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക” (ക്വുര്‍ആന്‍ 33:32).

പരപുരുഷന്മാരോടൊപ്പം ഒഴിഞ്ഞിരിക്കരുത് 

തിരുനബി ﷺ പറഞ്ഞതായി ഇബ്‌നുഅബ്ബാസി(റ)ല്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു: ”ഒരു പുരുഷനും വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട വ്യക്തിയോടൊപ്പമല്ലാതെ ഒരു സ്ത്രീയോടൊപ്പം ഒഴിഞ്ഞിരിക്കരുത്.”

പുരുഷന്മാരോട് കൂടിക്കലരരുത്

നബി ﷺ പറഞ്ഞതായി ഹദീഥില്‍ ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്: ”സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവയില്‍ അവസാനത്തേതാണ്. ഏറ്റവും മോശമായത് അവയില്‍ ആദ്യത്തേതുമാണ്.” ഇത് പള്ളിയിലാണ്. അപ്പോള്‍ പിന്നെ ഇതരസ്ഥലങ്ങളില്‍ എങ്ങനെയായിരിക്കും? 

അന്യരായ സ്ത്രീപുരുഷന്മാര്‍ കൂടിക്കലരുന്നതിലുള്ള അപകടങ്ങള്‍ അനവധിയാണ്. വിനകളാകട്ടെ അസംഖ്യവുമാണ്. അവയില്‍ ചിലതിലേക്ക് സൂചന നല്‍കിയല്ലോ. 

മഹ്‌റമിനോടൊപ്പമല്ലാതെ യാത്ര പാടില്ല

നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു: ”തനിക്ക് വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട ഒരു വ്യക്തി ഒപ്പമില്ലാതെ ഒരു സ്ത്രീയും യാത്രപോകല്‍ അനുവദനീയമല്ല.”

പുറത്തിറങ്ങുമ്പോള്‍ സുഗന്ധമുപയോഗിക്കരുത്

നബി ﷺ പറഞ്ഞതായി ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു: ”നിങ്ങളിലൊരുവള്‍ പള്ളിയില്‍ ഹാജരാകുവാനുദ്ദേശിച്ചാല്‍ അവള്‍ സുഗന്ധം തൊടരുത്.”

നബി ﷺ പറഞ്ഞതായി ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു: ”ഏതൊരു സ്ത്രീയാണോ സുഗന്ധം പൂശുകയും പുറപ്പെടുകയും ആളുകള്‍ അവളുടെ സുഗന്ധം അനുഭവിക്കുന്നതിനുവേണ്ടി അവരിലൂടെ നടക്കുകയും ചെയ്യുന്നത് അവള്‍ അഭിസാരികയാണ്…”

അന്യപുരുഷന്മാരുടെ ദൃഷ്ടി തന്നിലേക്കു തിരിക്കുവാന്‍ ശ്രമിക്കരുത്

അല്ലാഹു പറഞ്ഞു: ”തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്” (ക്വുര്‍ആന്‍ 24:31).

പരപുരുഷന്മാരെ നോക്കുന്നതില്‍നിന്ന് ദൃഷ്ടി താഴ്ത്തുക അല്ലാഹു പറഞ്ഞു: ”സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും കല്‍പിക്കുക”(ക്വുര്‍ആന്‍ 24:31).

അല്ലാഹുവിന് വഴിപ്പെടുന്നതും ഇബാദത്തെടുക്കുന്നതും യഥാവിധം സൂക്ഷിക്കുക 

അല്ലാഹു പറഞ്ഞു: ”…നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക…”(ക്വുര്‍ആന്‍ 33:33). 

മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെടുന്നതും വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും വന്നതുമായ ഇവയും ഇവയല്ലാത്തതുമായ മുഴുവന്‍ നിയമങ്ങളും സ്ത്രീക്കുള്ള രക്ഷാകവചവും അവളുടെ അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും കാവലാളുമായി ഗണിക്കപ്പെടുന്നു.

അതിനാല്‍ തന്നെ മുസ്‌ലിം സ്ത്രീക്ക് അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹം അതിമഹനീയവും ഔദാര്യമാകട്ടെ വലുതും വമ്പിച്ചതുമാണ്. അവള്‍ക്കുള്ള സൗഭാഗ്യത്തിന്റെയും അവളുടെ മഹത്ത്വം സംരക്ഷിക്കുന്നതിന്റെയും പവിത്രത പരിരക്ഷിക്കുന്നതിന്റെയും അന്തസ്സ് നിലനിര്‍ത്തുന്നതിന്റെയും കുഴപ്പങ്ങളും കെടുതികളും അവളെത്തൊട്ട് ചെറുക്കുന്നതിന്റേയും മാര്‍ഗങ്ങളെ അവള്‍ക്ക് അവന്‍ ഒരുക്കിക്കൊടുത്തു കൊണ്ടാണത്. സംസ്‌കരണവും സ്വഭാവ ശുദ്ധിയും സുരക്ഷിതത്വവുമുള്ളവളായി, നിര്‍ലജ്ജയുടെയും നാണക്കേടിന്റെയും വഴികളില്‍നിന്ന് സംരക്ഷിക്കപ്പെട്ടവളായും വഴികേടിന്റെയും മാര്‍ഗഭ്രംശത്തിന്റെയും അശ്ലീലത്തിന്റെയും മാര്‍ഗങ്ങളില്‍നിന്ന് സുരക്ഷിതയായും അവള്‍ ശേഷിക്കുന്നതിനു വേണ്ടിയാണത്.

അതെ, ഇസ്‌ലാം സ്ത്രീയെ ഏറ്റവും നല്ലനിലക്കാണ് ആശിര്‍വദിച്ചിരിക്കുന്നത്. അവള്‍ക്ക് ഏറ്റവും വലിയ സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. അന്തസ്സുറ്റ ജീവിതമാണ് അവള്‍ക്ക് ഏറ്റിരിക്കുന്നത്. മറയും പവിത്രതയുമാണ് അതിന്റെ ശിആര്‍ (അടിവസ്ത്രം). സംശുദ്ധിയും സംസ്‌കാരവുമാണ് അതിന്റെ ദിഥാര്‍(മേല്‍വസ്ത്രം). മര്യാദയുടെ പ്രചാരണവും സ്വഭാവങ്ങളുടെ സ്ഥിരീകരണവുമാണ് അതിന്റെ കൊടിക്കൂറ. അന്തസ്സ് സംരക്ഷിക്കലും ആഭിജാത്യം കാത്തുരക്ഷിക്കലുമാണ് അതിന്റെ ഉന്നം. മുസ്‌ലിം സ്ത്രീ പ്രതാപമുള്ളവളും ഔന്നത്യമുള്ളവളും സല്‍സ്വഭാവിയുമായി ശേഷിക്കും; സകലമാന വിശാലമനസ്‌കതയോടെയും വിശ്വാസ്യതയോടെയും മനഃസമധാനത്തോടെയും അവള്‍ അവളുടെ ആദര്‍ശ ത്തെ മുറുകെ പിടിക്കുകയും അവളുടെ നാഥന്റെ ശാസനകള്‍ കാത്തുസൂക്ഷിക്കുകയും അവളുടെ പ്രവാചകനെ ﷺ അനുസരിക്കുകയും അല്ലാഹുവിന്നായി അവളുടെ മുഖം സമര്‍പ്പിക്കുകയും അല്ലാഹുവിന്റെ മതനിയമങ്ങള്‍ക്കും മതവിധികള്‍ക്കും അവള്‍ കീഴൊതുങ്ങുകയും ചെയ്യുന്ന കാലമത്രയുമാണത്. അതിലൂടെ അവള്‍ ഇഹലോകത്ത് ആശ്വാസവും സൗഭാഗ്യവും പരലോകത്ത് മഹത്തായ പ്രതിഫലവും വമ്പിച്ച കൂലിയും നേടുകയും ചെയ്യുന്നു.

നബി ﷺ പറഞ്ഞതായി ഹദീഥില്‍ ഇപ്രകാരമുണ്ട്: ”ഒരു സ്ത്രീ അവളുടെമേല്‍ (നിര്‍ബന്ധമായ) അഞ്ചുനമസ്‌കാരങ്ങള്‍ നമസ്‌കരിക്കുകയും (റമദാന്‍) മാസത്തില്‍ നോമ്പെടുക്കുകയും അവളുടെ ഗുഹ്യാവയവം പവിത്രമായി സൂക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ സ്വര്‍ഗീയ കവാടങ്ങളില്‍ താനുദ്ദേശിക്കുന്നതിലൂടെ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.” 

 ഈ ഹദീഥ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം ഇബ്‌നു ഹിബ്ബാന്‍ തന്റെ സ്വഹീഹില്‍ നിവേദനം ചെയ്തതാണ്.  

അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫി(റ)ല്‍ നിന്ന് ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു:

”ഒരു സ്ത്രീ അവളുടെമേല്‍ (നിര്‍ബന്ധമായ) അഞ്ചുനമസ്‌കാരങ്ങള്‍ നമസ്‌കരിക്കുകയും, അവളുടെ (റമദ്വാന്‍) മാസത്തില്‍ നോമ്പെടുക്കുകയും, അവളുടെ ഗുഹ്യാവയവം സൂക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍. അവളോടു പറയപ്പെടും: സ്വര്‍ഗീയ കവാടങ്ങളില്‍ നീ ഉദ്ദേശിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക.” 

നീചവൃത്തികളുടെയും ഫിത്‌നകളുടെയും പ്രബോധകന്മാരായ ചപ്പടാച്ചികള്‍ക്ക് മുഖം കൊടുക്കാതെ, ഇത്തരം ആദരണീയമായ നിര്‍ദേശങ്ങളെ പ്രയോഗവല്‍കരിച്ചു ജീവിച്ചാല്‍ ഈ അനുഗൃഹീത വാഗ്ദാനവും മഹനീയ പ്രതിഫലവും നേടുന്ന മുസ്‌ലിം സ്ത്രീക്കാകുന്നു മാംഗളാശംസകള്‍. 

”അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ (നേര്‍വഴിയില്‍ നിന്ന്) വന്‍തോതില്‍ തെറ്റിപ്പോകണമെന്നാണ്”(ക്വുര്‍ആന്‍ 4:27).

സ്ത്രീയുടെ പവിത്രതയെ വലയിലാക്കുന്ന, അഭിമാനം പിച്ചിച്ചീന്തുന്ന, ആഭിജാത്യം തകര്‍ക്കുന്ന, അന്തസ്സ് കുഴിച്ചുമൂടുന്ന, ദീനീനിഷ്ഠയെയും ആദര്‍ശത്തെയും ചഞ്ചലിതമാക്കുന്ന, വേശ്യകളുടെയും അധര്‍മകാരികളുടെയും നിരയില്‍ അവളെ കൊണ്ടെത്തിക്കുന്ന രൂക്ഷമായ സംഘട്ടനങ്ങള്‍ക്കും ഉള്‍പകയുള്ള ഗൂഢാലോചനകള്‍ക്കും ഹീനമായ ഗൂഢപദ്ധതികള്‍ക്കും ഈ കാലഘട്ടങ്ങളില്‍ മുസ്‌ലിം സ്ത്രീ വിധേയയാകുന്നു എന്നത് വാസ്തവത്തില്‍ വേദനാജനകമായ കാര്യമാണ്. സംഹാരാത്മകമായ ചാനലുകളിലൂടെയും തറ സംസ്‌കാരമുള്ള അശ്ലീല പത്രമാസികകളിലൂടെയും ‘നഗ്നതയുടുപ്പിക്കുന്ന’ വിവിധ ഉടയാടകളില്‍ അവളെ തളച്ചും തെറ്റിനെ തിരുത്തുന്ന വിശ്വാസമോ, തിന്മയെ തടയുന്ന സല്‍സ്വഭാവമോ കുറ്റത്തിന് മറയിടുന്ന മര്യാദയോ ഒട്ടുമില്ലാതെ ഭൂമിക്കുപരിയില്‍ ഉലാത്തുന്ന അവിശ്വാസികളായസ്ത്രീകളോട് സാദൃശ്യപ്പെടുവാനുള്ള ഭ്രമം അവളുടെ ഹൃദയത്തില്‍ ഇളക്കിവിട്ടുമാണ് മുസ്‌ലിം സ്ത്രീയെ ഇതിനെല്ലാം വിധേയയാക്കുന്നത്. ഇസ്‌ലാമിക ശരീഅത്ത് അവള്‍ ദൂരെയെറിയുവാനും നിന്ദ്യതയുടെ ഉടയാടകള്‍ അവള്‍ വലിച്ചു നടക്കുവാനും പരിശുദ്ധിയും ശ്രേഷ്ഠതയും പ്രവഹിക്കുന്ന വേദികളില്‍നിന്ന് അവള്‍ ദൂരപ്പെടുവാനുമാണ് ഇവയിലൂടെ അവര്‍ അവളെ വലിച്ചിഴക്കുന്നത്. അവരുടെ ഉദ്ദേശ്യപൂര്‍ത്തീകരണത്തിന് അല്ലാഹു അവസരം നിഷേധിക്കുമാറാകട്ടെ. 

(അവസാനിച്ചു)

 

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
(വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
നേർപഥം വാരിക

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ – 07

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ - 07

ഇസ്‌ലാം സ്ത്രീയുടെ രക്ഷകന്‍

ഇസ്‌ലാമിന്റെ അന്തസ്സുറ്റ അധ്യാപനങ്ങളുടെയും മഹനീയമായ മാര്‍ഗനിര്‍ദേശങ്ങളുടെയും തണലില്‍ മുസ്‌ലിം സ്ത്രീയുടെ അവസ്ഥയിലേക്ക് കണ്ണോടിക്കുന്ന ഒരു വ്യക്തിക്ക് മ്ലേച്ഛ സംസ്‌കാരങ്ങളുടെ ദ്രംഷ്ടങ്ങളില്‍നിന്ന് സ്ത്രീക്കുള്ള രക്ഷയും അധാര്‍മികതയുടെ ചളിക്കുണ്ടില്‍നിന്ന് സ്ത്രീക്കുള്ള മോക്ഷവും ഇസ്‌ലാമാണെന്ന് കണ്ടെത്താനാവും. ഇസ്‌ലാമിന്റെ സംരക്ഷണത്തിലും സംസ്‌കരണത്തിന് കീഴിലും പരിശുദ്ധിയുടെയും പാവനത്വത്തിന്റെയും മറയുടെയും ലജ്ജയുടെയും ജീവിതമാണ് സ്ത്രീ നയിക്കുന്നത്. മഹനീയ മര്യാദയില്‍, മഹദ്‌സ്വഭാവത്തില്‍, വേണ്ടത്ര ലജ്ജയില്‍, ഉന്നത സ്ഥാനവും സുരക്ഷിതത്വവും ഉള്ളവളാണ് അവള്‍. ചെന്നായ്ക്കളുടെ അക്രമങ്ങളില്‍ നിന്നും തെമ്മാടികളുടെ തലയിടലുകളില്‍നിന്നും കുറ്റവാളികളുടെ കുതന്ത്രങ്ങളില്‍ നിന്നും വിദൂരമാക്കപ്പെട്ടവളുമാണ് അവള്‍ ഇസ്‌ലാമില്‍. ഇസ്‌ലാമിനു മുമ്പുള്ള സ്തീകളുടെ സ്ഥിതിഗതികളും ഇസ്‌ലാമിന്റെ തണലിലെ അവളുടെ സ്ഥിതിഗതികളും നിരീക്ഷിക്കുന്നവര്‍ക്ക് ഈ യാഥാര്‍ഥ്യം സുതരാം വ്യക്തമാകുന്നതാണ്.

തിരുനബി(സ്വ)യുടെ പത്‌നി ആഇശ(റ) പറഞ്ഞതായി ഉര്‍വ്വതുബ്‌നുസ്സുബയ്‌റി(റ)ല്‍ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു: ”അജ്ഞാന കാലത്ത് വിവാഹം നാല് വിധത്തിലായിരുന്നു. അവയില്‍ ഒന്ന് ഇന്നത്തെ ജനങ്ങളുടെ വിവാഹ രീതിയായിരുന്നു. ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് തന്റെ ഉടമസ്ഥതയിലുള്ള പെണ്ണിനെ അല്ലെങ്കില്‍ മകളെ വിവാഹമന്വേഷിക്കുകയും അവള്‍ക്ക് വിവാഹമൂല്യം നല്‍കി അവളെ വിവാഹം കഴിക്കുകയും ചെയ്യുക.

മറ്റൊരു വിവാഹ രീതി ഇപ്രകാരമായിരുന്നു: തന്റെ ഭാര്യ ആര്‍ത്തവ ശുദ്ധിയുള്ളവളായി കഴിഞ്ഞാല്‍ ഭര്‍ത്താവ് അവളോട് ഇന്ന വ്യക്തിയുടെ അടുക്കലേക്ക് പോകുവാനും അയാളുമായി രമിച്ച് കഴിയുവാനും ആവശ്യപ്പെടുകയും അയാള്‍ അവളില്‍നിന്ന് അകന്ന് കഴിയുകയും ചെയ്യും. താന്‍ രമിച്ച പുരുഷനില്‍നിന്നു ള്ള അവളുടെ ഗര്‍ഭധാരണം വ്യക്തമാകുന്നതുവരെ ഒരിക്കലും ഭര്‍ത്താവ് അവളെ സ്പര്‍ശിക്കുകയില്ല. അവളുടെ ഗര്‍ഭം വ്യക്തമായാല്‍, ഭര്‍ത്താവ് ഇഷ്ടപ്പെട്ടാല്‍ അവളെ പ്രാപിക്കും. കുട്ടി ബുദ്ധി വൈഭവമുള്ളവനാകണമെന്ന താല്‍പര്യത്താല്‍ മാത്രമായിരുന്നു അയാള്‍ അപ്രകാരം ചെയ്തിരുന്നത്. നികാഹുല്‍ ഇസ്തിബ്ദാഅ് ആയിരുന്നു ഈ വിവാഹം.

മറ്റൊരു വിവാഹ രീതി: പത്തില്‍ കുറഞ്ഞ ഒരു സംഘം ആളുകള്‍ ഒരുമിച്ചു കൂടുകയും അവര്‍ ഒരു സ്ത്രീയുടെ അടുക്കലേക്ക് കടന്നു ചെല്ലുകയും അവരെല്ലാവരും അവളെ ലൈംഗികമായി പ്രാപിക്കുകയും ചെയ്യും. അവള്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും പ്രസവാനന്തരം ഏതാനും രാവുകള്‍ കഴിഞ്ഞ് പോകുകയും ചെയ്താല്‍ ആ സംഘത്തെ ക്ഷണിച്ചു വരുത്താന്‍ അവള്‍ ആളെ നിയോഗിക്കും. സംഘത്തിലെ ഒരാള്‍ക്കും വിസമ്മതിക്കുവാന്‍ സാധിക്കില്ല. അവര്‍ അവളുടെ അടുക്കല്‍ ഒത്ത് കൂടിയാല്‍ അവള്‍ അവരോടു പറയും: നിങ്ങളും ഞാനും തമ്മിലുണ്ടായിരുന്ന ബന്ധം നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ പ്രസവിച്ചിരിക്കുന്നു. അവരില്‍ തനിക്കിഷ്ടപ്പെട്ട ഒരാളെ അയാളുടെ പേരു വിളിച്ച് അവള്‍ പറയും: ഇത് നിന്റെ കുട്ടിയാകുന്നു. അവളുടെ കുട്ടിയെ അയാളിലേക്ക് ചേര്‍ക്കും. അയാള്‍ക്ക് വിസമ്മതിക്കുവാന്‍ സാധിക്കുകയില്ല.

നാലാമത്തെ വിവാഹ രീതി: ധാരാളമാളുകള്‍ ഒരുമിച്ച് കൂടുകയും അവര്‍ ഒരു സ്ത്രീയുടെ അടുക്കല്‍ പ്രവേശിക്കുകയും ചെയ്യും. തന്റെ അടുക്കല്‍ വരുന്നവരെ അവള്‍ തടയുകയില്ല. അഭിസാരികകളാകുന്നു അത്തരം സ്ത്രീകള്‍. ഒരു അടയാളമെന്ന നിലയില്‍ അവര്‍ തങ്ങളുടെ വീട്ടു വാതിലുകളില്‍ കൊടികള്‍ സ്ഥാപിക്കുമായിരുന്നു. അവരെ വേണ്ടവര്‍ക്ക് അവരുടെ അടുക്കല്‍ കടന്നുചെല്ലാം. സ്ത്രീ ഗര്‍ഭം ധരിച്ച് പ്രസവിച്ചാല്‍ അവളെ പ്രാപിച്ചവരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുകയും ലക്ഷണം പറയുന്ന ആളെ ക്ഷണിച്ച് വരുത്തുകയും ചെയ്യും. ശേഷം അവളുടെ കുട്ടിയെ അവരെല്ലാവരും അഭിപ്രായപ്പെടുന്ന ഒരാളോട് ചേര്‍ക്കും. അയാള്‍ ആ കുട്ടിയുമായി ബന്ധം ചാര്‍ത്തുകയും അയാളുടെ മകനെന്ന് വിളിക്കപ്പെടുകയും ചെയ്യും. അത് അയാള്‍ വിസമ്മതിക്കില്ല.   

സത്യദീനുമായി മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ടപ്പോള്‍ ജാഹിലിയ്യത്തിലെ വിവാഹരീതികളെല്ലാം ഉടച്ചുവാര്‍ത്തു; ഇന്നത്തെ ജനങ്ങളുടെ വിവാഹ രീതി ഒഴിച്ച്.”

മൃഗങ്ങളും ചരക്കുകളുമെന്ന പോലെ കൊള്ളക്കൊടുപ്പിനുള്ള വിഭവമായിരുന്നു സ്ത്രീ. വിവാഹത്തിനും വേശ്യാവൃത്തിക്കും അവള്‍ നിര്‍ബന്ധിക്കപ്പെടുമായിരുന്നു. അവള്‍ അനന്തരമെടുക്കുമായിരുന്നില്ല. അവളെ അനന്തരമെടുക്കപ്പെടുമായിരുന്നു. അവളെ ഉടമപ്പെടുത്തുമായിരുന്നു. അവള്‍ ഉടമപ്പെടുത്തിയിരുന്നില്ല. അവളെ ഉടമപ്പെടുത്തിയവരില്‍ ഭൂരിഭാഗവും അവള്‍ ഉടമപ്പെടുത്തിയതില്‍ പുരുഷന്റെ അനുവാദം കൂടാതെ ഇടപാട് നടത്തുന്നതില്‍ അവള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അവളുടെ സ്വത്തില്‍ ഭര്‍ത്താവിന് കൈകാര്യകര്‍തൃത്വമുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു; അവള്‍ക്കാകട്ടെ അതിന് അനുവാദമുണ്ടായിരുന്നില്ല താനും. ചില നാടുകളില്‍ ചിലര്‍ സ്ത്രീ പുരുഷനെ പോലെ ദേഹവും ദേഹിയുമുള്ള ഒരു മനുഷ്യനാണോ അല്ലേ, അവള്‍ക്ക് മതം പഠിക്കാമോ പാടില്ലേ, അവളുടെ ആരാധന സാധുവാകുമോ ഇല്ലേ, അന്ത്യനാളില്‍ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ ഇല്ലേ എന്നീ വിഷയങ്ങളില്‍ തര്‍ക്കിച്ചിരുന്നു! 

റോമയില്‍ ഒരു സഭ സ്ത്രീ നിത്യജീവനും ചൈതന്യവുമില്ലാത്ത ഒരു മലിന ജീവിയാണെന്നും എന്നാലും ആരാധനയും സേവനവും അവള്‍ക്ക് നിര്‍ബന്ധമാണെന്നും തീരുമാനിക്കുകയുണ്ടായി. സ്ത്രീ പൈശാചികമായ കെണിയാണെന്നതിനാല്‍ അവള്‍ ചിരിക്കുന്നതും സംസാരിക്കുന്നതും തടയുവാന്‍ ഒട്ടകത്തിന്റെയും കടിക്കുന്ന പട്ടിയുടേയും വായ മൂടിക്കെട്ടുന്നതു പോലെ അവളുടെയും വായ മൂടിക്കെട്ടണമെന്നും തീരുമാനിക്കുകയുണ്ടായി. തന്റെ മകളെ കൊല്ലുവാന്‍ പിതാവിന് അവകാശമുണ്ടെന്നും മാത്രവുമല്ല അവളെ ജീവനോടെ കുഴിച്ചു മൂടണമെന്നും അറബികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. പുരുഷന്‍ സ്ത്രീയെ വധിച്ചാല്‍ പുരുഷനില്‍ ക്വിസ്വാസ്വും(പ്രതിക്രിയ) ദിയതും(ദായ ധനം) ഇല്ലെന്ന് അഭിപ്രായപ്പെടുന്നവരും അവരിലുണ്ടായിരുന്നു.’ഇതുപോലെ സ്ത്രീയെ അവഗണിക്കുകയും കൈപുനീര്‍ കുടിപ്പിക്കുകയും ചെയ്തിരുന്ന അക്രമങ്ങളുടെയും അപഹസിക്കലിന്റെയും ഉദാഹരണങ്ങള്‍ വേറേയുമുണ്ട്.

വര്‍ത്തമാനകാലത്ത് അനിസ്‌ലാമികതയുടെ നിഴലില്‍ ജീവിക്കുന്ന പല സ്ത്രീകളും തീക്ഷ്ണമായ യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. എത്രത്തോളമെന്നാല്‍ മുസ്‌ലിം സ്തീയോടുള്ള പെരുമാറ്റം തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെങ്കിലെന്ന് അവരില്‍ ചിലര്‍ അഭിലഷിക്കുന്നു. 

പ്രസിദ്ധ എഴുത്തുകാരി മിസ്സ് അത്‌റോഡ് പറയുന്നു: ”നമ്മുടെ പെണ്‍മക്കളെ വീടുകളില്‍ ഭൃത്യരായി അല്ലെങ്കില്‍ ഭൃത്യരെപ്പോലെ  ജോലി ചെയ്യിക്കലാണ് ജോലി സ്ഥലങ്ങളില്‍ അവരെ വേല ചെയ്യിക്കുന്നതിലേറെ ഉത്തമവും പ്രയാസം കുറഞ്ഞതും. പെണ്‍കുട്ടികളുടെ ജീവിത ഭംഗി എന്നെന്നേക്കുമായി പൊയ്‌പ്പോകുന്ന മാലിന്യങ്ങളാല്‍ അവള്‍ അവിടങ്ങളില്‍ മലീമസയാകുന്നു. നമ്മുടെ നാടുകള്‍ മുസ്‌ലിം നാടുകളെ പോലെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മുസ്‌ലിം നാടുകളില്‍ ലജ്ജയും പവിത്രതയും പരിശുദ്ധിയുമുണ്ട്. ഭൃത്യയും അടിമയും സമൃദ്ധമായ ജീവിതമാണ് അനുഭവിക്കുന്നത്. വീട്ടിലെ സന്താനങ്ങളോട് പെരുമാറുന്നതുപോലെയാണ് അവരോട് പെരുമാറുന്നത്. അഭിമാനങ്ങള്‍ക്ക് ക്ഷതമേല്‍ക്കുന്നുമില്ല.”

അതെ, പുരുഷന്മാരോട് യഥേഷ്ടം കൂടിക്കലര്‍ന്നുകൊണ്ട് അവഹേളനങ്ങള്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ ഇരയാക്കുക എന്നത് ബ്രിട്ടീഷ് നാടുകള്‍ക്ക് മാനക്കേട് തന്നെയാണ്. വീട്ടു ജോലി നിര്‍വഹിക്കുക പോലുള്ള സ്ത്രീയുടെ പ്രകൃതിക്കിണങ്ങുന്ന ജോലിയെടുക്കുവാന്‍ അവളെ നിശ്ചയിക്കാനും സ്ത്രീയുടെ മാനം കാക്കുവാന്‍ പുരുഷന്റെ ജോലികള്‍ പുരുഷന് ഒഴിവാക്കിക്കൊടുക്കുവാനും നാം എന്തുകൊണ്ട് ശ്രമിക്കുന്നില്ല?

അലായ്‌കോ എന്ന പത്രത്തില്‍ ലേഡി കോക്ക് എന്ന എഴുത്തുകാരി എഴുതുന്നു: ”കൂടിക്കലരുന്നത് പുരുഷനാണ് ചേരുക. അതിനാല്‍ തന്നെ തന്റെ പ്രകൃതിയോട് എതിരാവുന്നതിലാണ് സ്ത്രീ അതിമോഹം കാണിച്ചത്. പരപുരുഷ സ്ത്രീ സങ്കലനം വര്‍ധിക്കുന്നതനുസരിച്ച് ജാരസന്താനങ്ങളുടെ പെരുപ്പമുണ്ടാകുന്നു. ഇവിടെയാണ് സ്ത്രീക്കുള്ള വമ്പിച്ച പരീക്ഷണവും. അവള്‍ ബന്ധം സ്ഥാപിച്ച പുരുഷന്‍ അവളെയും അവളുടെ ആവശ്യങ്ങളെയും കയ്യൊഴിക്കും. അവളാകട്ടെ ഇല്ലായ്മയുടെയും വല്ലായ്മയുടെയും കിടപ്പറയില്‍ ചഞ്ചലിതയായി കഴിയുകയും നിന്ദ്യതയുടെയും അപമാനത്തിന്റെയും അപഹാസ്യതയുടെയും എന്നു മാത്രമല്ല മരണത്തിന്റെ തന്നെ കൈപ്പുനീര്‍ ആസ്വദിക്കുകയും ചെയ്യേ ണ്ടി വരുന്നു. ഗര്‍ഭധാരണവും ഗര്‍ഭ ഭാരവും ആഗ്രഹങ്ങളും തല കറക്കവും ജോലിയെടുക്കുന്നത് തടയുന്ന കാര്യങ്ങളായതിനാലാണ് അവള്‍ക്ക് വല്ലായ്മയുണ്ടാകുന്നത്. ജോലിയാണല്ലോ അവള്‍ക്ക് അന്നം നേടിക്കൊടുക്കുന്നത്.

സ്വയം എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തയും പരവശയുമായി മാറുന്നതിനാലാണ് അവള്‍ക്ക് വല്ലായ്മയനുഭവിക്കേണ്ടി വരുന്നത്. ഇതിനപ്പുറം വലിയ ആക്ഷേപവും അപമാനവും മറ്റെന്താണ്? ആത്മഹത്യയിലൂടെ അവള്‍ക്ക് സ്വന്തത്തെ തന്നെ ഹനിക്കേണ്ടി വരുന്നതിനാലാണ് അവള്‍ക്ക് മരണത്തിന്റെ കൈപ്പുനീരും ആസ്വദിക്കേണ്ടി വരുന്നത്.     

പുരുഷനാകട്ടെ, ഇതില്‍ യാതൊന്നും തൊട്ടുതീണ്ടുന്നില്ല. ഇതിനെക്കാളെല്ലാം ഉപരിയായി സ്ത്രീയുടെ പിരടിയിലാകുന്നു ഉത്തരവാദിത്തമെന്നുള്ളതാണ്. കുറ്റഭാരവും അവള്‍ക്കാകുന്നു. സ്ത്രീ പുരുഷന്മാര്‍ കൂടിക്കലരാനുള്ള പ്രേരകങ്ങള്‍ പുരുഷനില്‍ നിന്നാണ് താനും.

പാശ്ചാത്യ പൗരയുടെ മേല്‍ ആക്ഷേപമായി ഭവിക്കുന്ന ഈ ദുരിതങ്ങള്‍ ലഘൂകരിക്കുവാന്‍ (അത് തുടച്ചു നീക്കുവാന്‍ എന്നു നാം പറയുന്നില്ല) നമുക്ക് സമയമായില്ലേ? യാതൊരു കുറ്റവും ചെയ്യാത്ത ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ കൊല്ലുന്നത് തടയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ നമുക്ക് സമയമായില്ലേ? 

പുരുഷനിലാണ് കുറ്റമെല്ലാം; വാഗ്ദാനങ്ങളിലൂടെ പുരുഷനുണ്ടാക്കുന്ന ദുര്‍മന്ത്രണങ്ങളെയും അവന്‍ ജനിപ്പിക്കുന്ന ആഗ്രഹങ്ങളെയും സത്യപ്പെടുത്തുവാന്‍ ഉതകുമാറുള്ള ലോലഹൃദയം പ്രകൃത്യായുള്ള സ്ത്രീയെ പ്രലോഭിപ്പിക്കുന്നത് അവനാണല്ലോ. അങ്ങനെ തന്റെ ആവശ്യം പൂര്‍ത്തീകരിച്ചാല്‍ അവനവളെ വലിച്ചെറിയുന്നു.

ഇപ്രകാരം പീഡനങ്ങളും ക്ലേശങ്ങളും മാനക്കേടുകളും സ്ത്രീക്ക് തുടര്‍ക്കഥയാകുന്നു. നോവേറുന്ന പീഡനം അവള്‍ സഹിക്കേണ്ടി വരുന്നു. ജീവിത വ്യഥകള്‍ അവള്‍ കുടിച്ചിറക്കുന്നു. തന്റെ പ്രകൃതിക്കും സൃഷ്ടിപ്പിനും സര്‍ഗസിദ്ധിക്കും അനുയോജ്യമായ ശരിയായ ജീവിതത്തിനുവേണ്ടി ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരുന്നുവെങ്കില്‍ എന്ന് അവള്‍ ആഗ്രഹിക്കുന്നു. ഈ പീഡനങ്ങളില്‍ നിന്നെല്ലാം സ്ത്രീക്കുള്ള ഏക രക്ഷകനും മോചകനും അവള്‍ക്കുള്ള അന്തസ്സും ആശ്വാസവും ശാന്തിയും ഇസ്‌ലാം മാത്രമായി ശേഷിക്കുന്നു.

 

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
(വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
നേർപഥം വാരിക

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ – 06

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ - 06

സ്ത്രീ സംരക്ഷിക്കപ്പെടണം

സഹോദരിയും പിതൃസഹോദരിയും മാതൃസഹോദരിയുമായാല്‍

സഹോദരിയോടും പിതൃസഹോദരിയോടും മാതൃസഹോദരിയോടും ബന്ധം ചാര്‍ത്തുവാനും നല്ല രീതിയില്‍ പെരുമാറുവാനും അവരുടെ അവകാശങ്ങള്‍ വകവെക്കുവാനും ഇസ്‌ലാം കല്‍പിക്കുകയും അതിന് മഹത്തായ പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു.

അല്ലാഹുവിന്റെ തിരുദൂത(സ്വ) മൊഴിയുന്നത് കേട്ടതായി മിക്വ്ദാം ഇബ്‌നു മഅ്ദീ കരിബി(റ)ല്‍നിന്ന് ഇമാം ബുഖാരിയും (അദബുല്‍മുഫ്‌റദ്) ഇബ്‌നുമാജയും നിവേദനം:

”നിങ്ങള്‍ മാതാക്കള്‍ക്ക് പുണ്യം ചെയ്യണമെന്ന് നിശ്ചയം നിങ്ങളോട് അല്ലാഹു കല്‍പിക്കുന്നു. പിന്നെയും മാതാക്കള്‍ക്ക് പുണ്യം ചെയ്യണമെന്ന് അവന്‍ നിങ്ങളോട് കല്‍പിക്കുന്നു. ശേഷം നിങ്ങള്‍ നിങ്ങളുടെ പിതാക്കള്‍ക്ക് പുണ്യം ചെയ്യണമെന്ന് അല്ലാഹു കല്‍പിക്കുന്നു. പിന്നീട് മാതാപിതാക്കളോട് ഏറ്റവും അടുത്തവര്‍, പിന്നീട് അവരോട് അടുത്തവര്‍ എന്നീ ക്രമത്തില്‍ പുണ്യം ചെയ്യണമെന്ന് നിങ്ങളോട് അല്ലാഹു കല്‍പിക്കുന്നു.”

അബൂ സഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് ഇമാം അബൂദാവൂദും തുര്‍മുദിയും നിവേദനം. അല്ലാഹുവിന്റെ ദൂതര്‍(സ്വ) പറഞ്ഞു:

”നിങ്ങളിലൊരാള്‍ക്ക് മൂന്നു പെണ്‍മക്കള്‍ അല്ലെങ്കില്‍ മൂന്നു സഹോദരിമാര്‍ ഉണ്ടാവുകയും അവരോട് നന്മയില്‍ വര്‍ത്തിക്കുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും.”

ആഇശ(റ)യില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം. തിരുനബി(സ്വ) പറഞ്ഞു:

”കുടുംബ ബന്ധം അല്ലാഹുവില്‍നിന്നുള്ള സുദൃഢമായ ബന്ധമാകുന്നു. വല്ലവനും അതു ചാര്‍ത്തിയാല്‍ അല്ലാഹു അവനോട് ബന്ധം ചാര്‍ത്തും. വല്ലവനും അത് മുറിച്ചാല്‍ അല്ലാഹു അവനോട് ബന്ധം മുറിക്കും.”

അനസി(റ)ല്‍നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ”തന്റെ ഉപജീവനം വിശാലമാക്കപ്പെടുവാനും ആയുസ്സ് ദീര്‍ഘമാക്കപ്പെടുവാനും വല്ലവനും ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബ ബന്ധം ചാര്‍ത്തട്ടെ.”

അന്യ സ്ത്രീയാണെങ്കില്‍

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ അവന്റെ ബന്ധുവല്ല; അവളാകട്ടെ ഒരു സഹായവും പരിഗണനയും ആവശ്യമായ അവസ്ഥയിലാണ് എങ്കില്‍ അവളെ പരിഗണിക്കുവാനും അവള്‍ക്ക് സുകൃതം ചെയ്യുവാനും അവളെ സഹായിക്കുവാനും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും അതിന് മഹനീയമായ പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു. നബി(സ്വ) പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം:

õ”വിധവകളുടെയും അഗതികളുടെയും വിഷയത്തില്‍ അധ്വാനിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യോദ്ധാവിനെ പോലെയോ ക്ഷീണമില്ലാതെ (രാത്രി) നമസ്‌കരിക്കുന്നവനെ പോലെയോ മുറിക്കാതെ നോമ്പനുഷ്ഠിക്കുന്നവനെ പോലെയോ ആകുന്നു.”

ഇസ്‌ലാമിക അധ്യാപനങ്ങളുടെ തണലില്‍ ഒരു സ്ത്രീ നേടുന്ന ആദരവിന്റെയും ഔദാര്യത്തിന്റെയും നേരിയ പരാമര്‍ശമാണിത്. അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് തൃപ്തിപ്പെട്ടേകിയ ഈ മഹനീയ മതമല്ലാത്ത ഇതര മതങ്ങളില്‍ ഇതുപോലുള്ളതോ ഇതിനോട് അടുത്തതോ ആയ വമ്പിച്ച പരിഗണയും സ്വീകാര്യമായ മാന്യതയും മതിയായ നന്മയും ഒരു സ്ത്രീ കണ്ടെത്തുകയെന്നത് അതിവിദൂരമാകുന്നു.

സ്ത്രീ സംരക്ഷിക്കപ്പെടണമെന്ന ബോധം

സ്ത്രീകളെ സംരക്ഷിക്കുവാനുള്ള ബോധം മുസ്‌ലിം മനസ്സുകളില്‍ ഇസ്‌ലാം നട്ടുവളര്‍ത്തി എന്നത് മുസ്‌ലിം സ്ത്രീയെ ഇസ്‌ലാം ആദരിച്ചതിന്റെ വശ്യമായ രൂപങ്ങളിലൊന്നാണ്, തീര്‍ച്ച. ഗീറത്ത് അഥവാ അഭിമാന സംരക്ഷണാര്‍ഥമുള്ള രോഷം മഹനീയ സ്വഭാവവും മാന്യമായ വിശേഷണവുമാണ്. ഒരു മുസ്‌ലിമിന്റെ ഹൃദയത്തില്‍ കുടിക്കൊള്ളുന്ന സ്വഭാവമാകുന്നു അത്; തന്റെ സംരക്ഷണത്തിലുള്ള സ്ത്രീയെ പരിപാലിക്കുവാനും അവര്‍ക്ക് കാവലാകുവാനും അവരുടെ അന്തസ്സും ആഭിജാത്യവും സംരക്ഷിക്കുവാനും നഗ്നതാ പ്രദര്‍ശനത്തില്‍നിന്നും അലങ്കാര പ്രദര്‍ശനത്തില്‍നിന്നും അന്യരോടൊത്തുള്ള കൂടിക്കലരലില്‍നിന്നും അവരെ തടയുവാനും പ്രസ്തുത സ്വഭാവം പ്രേരിപ്പിക്കും.

അഭിമാനത്തെ തൊട്ട് പ്രതിരോധിക്കലും തന്റെ സംരക്ഷണത്തിലുള്ള സ്ത്രീയുടെ വിഷയത്തില്‍ അഭിമാന രോഷമുണ്ടാകലും ജിഹാദായിട്ടാണ് ഇസ്‌ലാം എണ്ണുന്നത്. പ്രസ്തുത മാര്‍ഗേണ ജീവന്‍ നഷ്ടപ്പെടുന്നവന് സ്വര്‍ഗത്തില്‍ ശഹീദിന്റെ പദവി പ്രതിഫലമായി നല്‍കപ്പെടുകയും ചെയ്യും.

സഈദ് ഇബ്‌നുസെയ്ദി(റ)ല്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു: ”ഒരാള്‍ തന്റെ സമ്പത്ത് (സംരക്ഷിക്കുന്നതിനു)വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. ഒരാള്‍ തന്റെ ദീന്‍ (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. ഒരാള്‍ തന്റെ രക്തം (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. ഒരാള്‍ തന്റെ ഇണയെ (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാളും രക്തസാക്ഷിയാണ്.”

മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ”ഒരാള്‍ തന്റെ അഭിമാനം (സംരക്ഷിക്കുന്നതിനു)വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ ശഹീദാണ്.”

എന്നു മാത്രമല്ല, ഈമാനിന്റെ സ്വഭാവങ്ങളില്‍ കറകളഞ്ഞ സ്വഭാവമായിട്ടാണ് അഭിമാന സംരക്ഷണാര്‍ഥമുള്ള രോഷത്തെ ഇസ്‌ലാം ഗണിക്കുന്നത്. മുഗീറ(റ)യില്‍ നിന്ന് നിവേദനം:

”സഅ്ദ് ഇബ്‌നു ഉബാദ(റ) പറഞ്ഞു: ”എന്റെ ഭാര്യയോടൊപ്പം ഒരു വ്യക്തിയെ ഞാന്‍ കാണുകയായാല്‍ അവനെ ഞാന്‍ വാളു കൊണ്ട് നിഷ്‌ക്കരുണം വെട്ടും.” ഈ വാര്‍ത്ത തിരുദൂതരുടെ സവിധത്തിലെത്തി. അപ്പോള്‍ തിരുമേനി(സ്വ) പറഞ്ഞു: ”സഅ്ദിന്റെ അഭിമാനരോഷത്തില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നുവോ? തീര്‍ച്ചയായും ഞാന്‍ സഅ്ദിനെക്കാള്‍ രോഷമുള്ളവനാണ്. അല്ലാഹുവാകട്ടെ എന്നെക്കാള്‍ രോഷമുള്ളവനാണ്. അല്ലാഹുവിന് രോഷമുള്ളതിനാലാണ് അവന്‍ പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിഷിദ്ധമാക്കിയത്.”

അബൂഹുറയ്‌റയേില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ”നിശ്ചയം അല്ലാഹു രോഷം കൊള്ളും. വിശ്വാസിയും രോഷംകൊള്ളും. അല്ലാഹു ഹറമാക്കിയത് ഒരു വിശ്വാസി ചെയ്യുകയെന്നത് അല്ലാഹുവിനെ രോഷാകുലനാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ്.”

ഗയൂറിന്റെ വിപരീത പദമാണ് ദയ്യൂഥ്. തന്റെ കുടുംബത്തില്‍ നീചവൃത്തി സമ്മതിക്കുന്നവനാണ് ദയ്യൂഥ്. കുടുംബത്തിന്റെ വിഷയത്തില്‍ അവന് യാതൊരു വിധ സംരക്ഷണ ബോധവുമുണ്ടായിരിക്കില്ല. ഇത്തരക്കാരുടെ വിഷയത്തില്‍ ശക്തമായ മുന്നറിയിപ്പ് ഇസ്‌ലാം നല്‍കിയിരിക്കുന്നു.

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ”മൂന്ന് കൂട്ടര്‍, അല്ലാഹു അന്ത്യനാളില്‍ അവരിലേക്ക് നോക്കുകയില്ല. തന്റെ മാതാപിതാക്കളെ ദ്രോഹിക്കുന്നവന്‍, പുരുഷന്മാരോട് സദൃശ്യരായി ആണ്‍കോലം കെട്ടുന്ന സ്ത്രീകള്‍. കടുംബത്തില്‍ ഹീനതക്ക് കൂട്ടുനില്‍ക്കുന്ന ഗൃഹനാഥന്‍.”

മുസ്‌ലിംകള്‍ക്ക് അവരുടെ ഭാര്യമാരുടെ വിഷയത്തിലുള്ള അഭിമാനരോഷത്തിലുള്ള കണിശതയെയും ഈ കാര്യത്തിലുള്ള അവരുടെ സജീവ ശ്രദ്ധയെയും ആഖ്യാനിക്കുന്ന സംഭവങ്ങളാല്‍ ചരിത്രം ധന്യമാണ്.

ഇബ്‌നുല്‍ജൗസി തന്റെ അല്‍മുന്‍തള്വിമെന്ന ഗ്രന്ഥത്തില്‍ നല്‍കിയത് ഈ വിഷയത്തില്‍ അത്ഭുത സംഭവങ്ങളിലൊന്നാണ്. മുഹമ്മദ് ഇബ്‌നു മൂസല്‍ ക്വാദി പറയുന്നു:

”ഹിജ്‌റാബ്ദം ഇരുന്നൂറ്റി എണ്‍പത്തി ആറില്‍ മൂസാ ഇബ്‌നുഇസ്ഹാക്വ് അല്‍ക്വാദ്വിയുടെ മജ്‌ലിസില്‍ ഞാന്‍ സന്നിഹിതനായിരിന്നു. അപ്പോള്‍ ഒരു സ്ത്രീ മുന്നിട്ട് വന്നു. തന്റെ ഭര്‍ത്താവ് അഞ്ഞൂറ് ദീനാര്‍ മഹ്‌റായി തനിക്ക് നല്‍കുവാനുണ്ടെന്ന് അവള്‍ വാദിച്ചു. ഭര്‍ത്താവ് അത് നിഷേധിച്ചു. ക്വാദ്വി വാദിയോട് പറഞ്ഞു: ‘താങ്കള്‍ സാക്ഷികളെ ഹാജറാക്കണം.’ ‘ഞാന്‍ അവരെ ഹാജറാക്കിയിട്ടുണ്ട്’ വാദി പ്രതികരിച്ചു. സാക്ഷ്യനിര്‍വഹണത്തില്‍ വിരല്‍ ചൂണ്ടുവാന്‍ സ്ത്രീയെ കാണണമെന്ന് സാക്ഷികളില്‍ ചിലര്‍ വാദിച്ചു. സാക്ഷി എഴുന്നേറ്റ് സ്ത്രീയോട് പറഞ്ഞു: ‘എഴുന്നേല്‍ക്കൂ.’ അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ സാക്ഷി പറഞ്ഞു: ‘താങ്കളുടെ ഭാര്യയെ അറിയുമെന്നതിന്റെ സാധുതക്ക് മുഖം തുറന്ന നിലക്ക് കാണുവാന്‍ അവര്‍ അവളിലേക്ക് നോക്കുകയാണ്.’ ഭര്‍ത്താവ് പറഞ്ഞു: ‘എങ്കില്‍ ഞാന്‍ ക്വാദ്വിയെ സാക്ഷിയാക്കി പ്രഖ്യാപിക്കുന്നു; അവള്‍ വാദിക്കുന്ന മഹ്ര്‍ ഞാന്‍ നല്‍കാമെന്നേറ്റിരിക്കുന്നു. അവള്‍ മുഖം വെളിപ്പെടുത്തരുത്.’ അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: ‘എങ്കില്‍ ക്വാദ്വിയെ സാക്ഷിയാക്കി ഞാനും പ്രഖ്യാപിക്കുന്നു; ഈ മഹ്ര്‍ ഞാന്‍ അദ്ദേഹത്തിനു ദാനമായി നല്‍കിയിരിക്കുന്നു. അതില്‍ നിന്ന് ഇഹത്തിലും പരത്തിലും ഞാന്‍ അദ്ദേഹത്തിന് ഒഴിവ് നല്‍കിയിരിക്കുന്നു.’ ഉടന്‍ ക്വാദി പറഞ്ഞു: ‘മാന്യ സ്വഭാവങ്ങളെ കുറിച്ചുള്ള രചനയില്‍ ഈ വ്യക്തി രേഖപ്പെടുത്തപ്പെ ടണം.”

അതെ, മഹത്തായ സ്വഭാവങ്ങള്‍, ഉത്തമ മര്യാദകള്‍, ഉന്നത മൂല്യങ്ങള്‍ എന്നിവയില്‍ ഈ വ്യക്തി രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. തന്റെ ഭാര്യക്ക് യാതൊരു നിലയും കല്‍പിക്കാത്ത, മാന്യമായ പെരുമാറ്റമോ സല്‍സ്വഭാവങ്ങളോ തന്റെ കുടുംബത്തോട് പ്രകടിപ്പിക്കാത്ത വ്യക്തിയെവിടെ? ഈ വ്യക്തി എവിടെ?

 

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
(വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
നേർപഥം വാരിക

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ – 5

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ - 5

ഇസ്‌ലാമിന്റെ തണലില്‍ സ്ത്രീ സുരക്ഷിതയാണ്

ഇസ്‌ലാമിന്റെ ഋജുവായ അധ്യപനങ്ങളുടെയും യുക്തിഭദ്രമായ നിര്‍ദേശങ്ങളുടെയും തണലില്‍ മാന്യമായ ജീവിതമാണ് മുസ്‌ലിം സ്ത്രീ നയിക്കുന്നത്. ഭൗതിക ജീവിതത്തിലേക്ക് അവള്‍ ആഗതമാകുന്ന ആദ്യനാള്‍ മുതല്‍ മകള്‍, മാതാവ്, ഭാര്യ, സഹോദരി, മാതൃസഹോദരി, പിതൃസഹോദരി തുടങ്ങി അവളുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നിറഞ്ഞ ബഹുമാനത്തോടും ആദരവോടും കൂടിയാണത്. ജീവിതത്തിലെ ഈ ഓരോ സാഹചര്യത്തിലും അവള്‍ക്ക് പ്രത്യേകമായ അവകാശങ്ങളും സ്‌നേഹത്തിന്റെയും ബഹുമാനാദരവിന്റെയും വിഹിതവുമുണ്ട്.

1. പുത്രിയാകുമ്പോള്‍: മകളോട് പെരുമാറ്റം നന്നാക്കുവാനും അവളുടെ ആത്മീയ വളര്‍ച്ചയിലും പരിപാലനത്തിലും സംസ്‌കരണത്തിലും ശ്രദ്ധിക്കുവാനും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. സല്‍ഗുണ സമ്പന്നയും പവിത്രയും പതിവ്രതയുമായ സ്ത്രീയായി അവള്‍ വളരുന്നതിനു വേണ്ടിയാണത്. പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചു മൂടുകയും അവളുടെ ജനന വാര്‍ത്തയറിഞ്ഞാല്‍ നീരസപ്പെടുകയും ചെയ്തിരുന്ന അജ്ഞാന കാലക്കാരെ ഇസ്‌ലാം ശക്തമായി ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

”അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!” (ക്വുര്‍ആന്‍ 16:58,59).

മുഗീറത്ത് ഇബ്‌നുശുഅ്ബയി(റ)ല്‍ നിന്നും നിവേദനം. നബി(സ്വ) പറഞ്ഞു:

”ഉമ്മമാരെ ഉപദ്രവിക്കല്‍, താന്‍ നല്‍കേണ്ടത് നല്‍കാതിരിക്കുകയും തനിക്ക് അര്‍ഹമല്ലാത്തത് ആവശ്യപ്പെടുകയും ചെയ്യല്‍, പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടല്‍ എന്നിവ അല്ലാഹു നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നു” (ബുഖാരി, മുസ്‌ലിം).

ഇബ്‌നുഹജര്‍(റഹി) പറയുന്നു: ”ഇസ്‌ലാമിനു മുമ്പുള്ള അജ്ഞരായ അറബികള്‍ക്ക് പെണ്‍മക്കളെ വധിക്കുന്നതില്‍ രണ്ട് രീതികളായിരുന്നു ഉണ്ടായിരുന്നത്: ഒന്ന്, തന്റെ ഭാര്യയുടെ പ്രസവമടുത്താല്‍ ഒരു കുഴിയുടെ അരികില്‍ പ്രസവിക്കുവാന്‍ ഭര്‍ത്താവ് കല്‍പിക്കുമായിരുന്നു. ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കില്‍ അതിനെ നിലനിര്‍ത്തും. പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കില്‍ കുഴിയില്‍ അതിനെ ഉപേക്ഷിക്കും. രണ്ട്, കുഞ്ഞിന് ആറു വയസ്സ് പ്രായമായാല്‍ ചിലര്‍ കുഞ്ഞിന്റെ ഉമ്മയോട് അതിനെ അണിയിച്ചൊരുക്കുവാനും സുഗന്ധം പൂശുവാനും ആജ്ഞാപിക്കും. കുഞ്ഞിനെയും കൊണ്ട് ബന്ധുക്കളെ സന്ദര്‍ശിക്കുവാനാണെന്ന വ്യാജേനയാണത് ചെയ്യുന്നത്. ശേഷം അവളെയും കൊണ്ട് മരുഭൂമിയില്‍ വിദൂരതയിലുള്ള കിണറിനരികിലേക്ക് പോയി അവളോട് പറയും: ‘കിണറിലേക്ക് നോക്കൂ.’ അവളെ പിന്നില്‍ നിന്ന് അതിലേക്കു തള്ളി മണ്ണിട്ടു മൂടിക്കളയുകയും ചെയ്യും.”  

എന്നാല്‍ ഇസ്‌ലാം പെണ്‍കുഞ്ഞിനെ അല്ലാഹുവില്‍നിന്നുള്ള മഹത്തായ അനുഗ്രവും അമൂല്യമായ ദാന വായ്പുമായാണ് എണ്ണുന്നത്.

”അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു” (ക്വുര്‍ആന്‍ 42: 49,50).

നബി(സ്വ) പറഞ്ഞതായി ഇമാം അഹ്മദ് മുസ്‌നദില്‍ നിവേദനം ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്:

”ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞുണ്ടാവുകയും അവന്‍ അതിനെ ജീവനോടെ കുഴിച്ചു മൂടാതിരിക്കുകയും അവളെ അപമാനിക്കാതിരിക്കുകയും ആണ്‍കുഞ്ഞിന് അവളെക്കാള്‍ പ്രാമുഖ്യം കല്‍പിക്കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്.”

ഉക്വ്ബത്ത് ഇബ്‌നുആമിറി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു: ”ആര്‍ക്കെങ്കിലും മൂന്ന് പെണ്‍മക്കളുണ്ടാവുകയും അവരുടെ വിഷയത്തില്‍ അവന്‍ ക്ഷമിക്കുകയും അവന്റെ സമ്പാദ്യത്തില്‍നിന്ന് അവരെ ധരിപ്പിക്കുകയും ചെയ്താല്‍ അവര്‍ അവന്ന് നരകത്തില്‍ നിന്ന് മറയായിരിക്കും.”

തിരുനബി(സ്വ) പറഞ്ഞതായി ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു: ”ഒരാള്‍ രണ്ട് പെണ്‍മക്കളെ പ്രായപൂര്‍ത്തിയാകുന്നതുവരെ ചെലവുനല്‍കി പോറ്റിവളര്‍ത്തിയാല്‍ അയാളും ഞാനും  അന്ത്യനാളില്‍ വരും. പ്രവാചകന്‍ തന്റെ വിരലുകള്‍ ചേര്‍ത്തുവെച്ചു.”

നബി(സ്വ) പറഞ്ഞതായി ഇമാം അഹ്മദ് മുസ്‌നദില്‍ നിവേദനം ചെയ്യുന്നു:

”ഒരാള്‍ രണ്ട് പെണ്‍മക്കളെ അല്ലെങ്കില്‍ മൂന്ന് പെണ്‍മക്കളെ, രണ്ട് സഹോദരിമാരെ അല്ലെങ്കില്‍ മൂന്ന് സഹോദരിമാരെ അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ അല്ലെങ്കില്‍ അയാള്‍ അവരില്‍നിന്ന് മരിച്ചു പോകുന്നതുവരെ ചെലവുനല്‍കി പോറ്റിവളര്‍ത്തിയാല്‍ അയാളും ഞാനും സ്വര്‍ഗത്തില്‍ ഇവ രണ്ടും പോലെയായിരിക്കും.” നബി(സ്വ) തന്റെ ചൂണ്ടുവിരല്‍ കൊണ്ടും മധ്യവിരല്‍കൊണ്ടും വിരലുകൊണ്ടും സൂചിപ്പിച്ചു.

ജാബിര്‍ ഇബ്‌നുഅബ്ദുല്ല(റ)യില്‍നിന്ന് ഇമാം ബുഖാരി അദബുല്‍ മുഫ്‌റദില്‍ നിവേദനം ചെയ്യുന്നു. തിരുദൂതര്‍(സ്വ) പറഞ്ഞു: ”ആര്‍ക്കെങ്കിലും മൂന്ന് പെണ്‍മക്കളുണ്ടാവുകയും അവര്‍ക്ക് അവന്‍ അഭയം നല്‍കുകയും അവരെ പോറ്റുകയും അവരോട് കാരുണ്യം കാണിക്കുകയും ചെയ്താല്‍ അവന് സ്വര്‍ഗം നിര്‍ബന്ധമായി.” ആളുകളില്‍നിന്ന് ഒരു വ്യക്തി ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, രണ്ടു പെണ്‍മക്കളാണെങ്കിലോ?” നബി(സ്വ) പറഞ്ഞു: ”രണ്ടു പെണ്‍മക്കളാണെങ്കിലും ശരി.”

ആഇശ(റ)യില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു: ”നബി(സ്വ)യുടെ അടുക്കലേക്ക് ഒരു അഅ്‌റാബി വന്നു. അയാള്‍ ചോദിച്ചു: ‘നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ചുംബിക്കുമോ? ഞങ്ങള്‍ ചുംബിക്കാറില്ല.’ നബി(സ്വ) പറഞ്ഞു: ‘നിന്റെ ഹൃദയത്തില്‍ നിന്ന് കാരുണ്യത്തെ അല്ലാഹു എടുത്ത് മാറ്റിയിട്ടുണ്ടെങ്കില്‍ നിനക്കായി ഞാന്‍ അത് ഉടമപ്പെടുത്തുകയോ?” 

2. ഉമ്മയാകുമ്പോള്‍: ഉമ്മയാകുന്ന അവസ്ഥയില്‍ സ്ത്രീക്ക് പ്രത്യേകവും മഹനീയവുമായ ആദരവ് നല്‍കുവാനാണ് ഇസ്‌ലാമിന്റെ ആഹ്വാനം. മാതാവിന് പുണ്യം ചെയ്യുക, അവരോട് നന്മയില്‍ വര്‍ത്തിക്കുക, അവര്‍ക്ക് സേവനം ചെയ്യുന്നതിനു പരിശ്രമിക്കുക, അവര്‍ക്കു വേണ്ടി ദുആ ചെയ്യുക, ഒരു നിലക്കുള്ള ഉപദ്രവങ്ങള്‍ക്കും അവരെ വിധേയമാക്കാതിരിക്കുക, ഏറ്റവും നല്ല സഹചാരിയോടും ഏറ്റവും നല്ല കൂട്ടുകാരനോടുമുള്ള  പെരുമാറ്റം അവരോടാവുക. അല്ലാഹു പറഞ്ഞു:

”തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടു കൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 46:15).

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17: 23,24).

അബൂഹുറയ്‌റഃയേില്‍നിന്ന് നിവേദനം. ചോദിക്കപ്പെട്ടു: ”അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ പുണ്യം ചെയ്യേണ്ടത് ആര്‍ക്കാണ്?” തിരുമേനി(സ്വ) പറഞ്ഞു: ”നിന്റെ മാതാവിന്.” ചോദിച്ചു: ”പിന്നീട് (പുണ്യം ചെയ്യേണ്ടത്) ആര്‍ക്കാണ്?” തിരുമേനി(സ്വ) പറഞ്ഞു: ”നിന്റെ മാതാവിന്.” ചോദിച്ചു: ”പിന്നീട് ആര്‍ക്കാണ്?” തിരുമേനി(സ്വ) പറഞ്ഞു: ”നിന്റെ പിതാവിന്.”

അബ്ദുല്ലാഹ് ഇബ്‌നു അംറി(റ)ല്‍നിന്ന് അബൂദാവൂദും ഇബ്‌നുമാജഃയും നിവേദനം: ”ഹിജ്‌റയുടെ വിഷയത്തില്‍ പ്രതിജ്ഞ ചെയ്യുവാന്‍ ഒരു വ്യക്തി നബി(സ്വ)യുടെ അടുക്കലേക്കു വന്നു. അയാള്‍ തന്റെ മാതാപിതാക്കളെ കരയുന്ന നിലയിലാണ് വിട്ടേച്ചു പോന്നത്. നബി(സ്വ) പറഞ്ഞു: ”അവരിലേക്ക് തിരിച്ചു ചെല്ലുകയും അവരെ കരയിച്ചതു പോലെ അവരെ ചിരിപ്പിക്കുകയും ചെയ്യുക.”

ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു: ”കര്‍മങ്ങളില്‍ അല്ലാഹുവിന് ഏതാണ് ഏറ്റവും ഇഷ്ടകരമെന്ന് ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. അവിടുന്ന്  പ്രതികരിച്ചു: ”നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കലാണ്.” ഞാന്‍ ചോദിച്ചു: ”പിന്നീട് ഏതാണ്?” നബി(സ്വ) പറഞ്ഞു: ”മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യലാണ്.” ഞാന്‍ ചോദിച്ചു: ”പിന്നീട് ഏതാണ്?” അവിടുന്ന് പറഞ്ഞു: ”അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദാണ്.”

മാതാപിതാക്കളെ ദ്രോഹിക്കുന്നതിനെ തൊട്ടും ഏതെങ്കിലും നിലയ്ക്കുള്ള ഉപദ്രവങ്ങള്‍ അവര്‍ക്ക് ഏല്‍പിക്കുന്നതിനെ തൊട്ടും ഇസ്‌ലാം അതിഭീഷണമാം വിധം മുന്നറിയിപ്പ് നല്‍കുകയും അന്ത്യനാളില്‍ വിചാരണ ചെയ്യപ്പെടുന്ന ദ്രോഹമായി അതിനെ എണ്ണുകയും ചെയ്തു. എന്നു മാത്രമല്ല വന്‍പാപങ്ങളില്‍ അതിനെ ഗണിക്കുകയും ചെയ്തു.

അബൂബക്ര്‍(റ)വില്‍ നിന്നും ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു. തിരുദൂതര്‍(സ്വ) പറഞ്ഞു: ”ഞാന്‍ നിങ്ങള്‍ക്ക് മഹാപാപങ്ങളെക്കുറിച്ച് അറിയിച്ചുതരട്ടെയോ?” (മൂന്നുതവണ തിരുമേനി ഇത് ആവര്‍ത്തിച്ചു) അവര്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, അതെ.” നബി(സ്വ) പറഞ്ഞു: ”അല്ലാഹു വില്‍ പങ്കുചേര്‍ക്കല്‍, മാതാപിതാക്കളെ ധിക്കരിക്കല്‍.” ചാരി ഇരിക്കുകയായിരുന്ന തിരുമേനി(സ്വ) നേരെയിരുന്ന ശേഷം പറഞ്ഞു: ”അറിയുക, കള്ളം പറയല്‍; അറിയുക, കള്ളസാക്ഷ്യം നിര്‍വഹിക്കല്‍. തിരുമേനി(സ്വ) അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എത്രത്തോളമെന്നാല്‍ ഞങ്ങള്‍ പറഞ്ഞുപോയി: ‘തിരുമേനി(സ്വ) മൗനം ദീക്ഷിച്ചുവെങ്കില്‍!’ (ബുഖാരി, മുസ്‌ലിം).

അലി(റ)വില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം. നബി(സ്വ) പറഞ്ഞു: ”തന്റെ മാതാപിതാക്കളെ ശപിച്ചവരെ അല്ലാഹു ശപിച്ചിരിക്കുന്നു.”

3. ഭാര്യയാകുമ്പോള്‍: സ്ത്രീ ഭാര്യയാകുമ്പോള്‍ അവരെ ആദരിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു. ഭാര്യക്ക് ഭര്‍ത്താവിനോട് ബാധ്യതയായ സഗൗരവമായ അവകാശങ്ങള്‍ ഉള്ളതു പോലെ ഭര്‍ത്തവിന്റെ ബാധ്യതയായി ധാരാളം അവകാശങ്ങള്‍ അവള്‍ക്ക് ഇസ്‌ലാം നിശ്ചയിച്ചു. മാന്യമായ ദാമ്പത്യ ജീവിതം, ഭക്ഷണവും പാനീയവും വസ്ത്രവും മാന്യമാക്കല്‍, മൃദുലമായ പെരുമാറ്റം, അവളുടെ വിഷയത്തില്‍ ക്ഷമിക്കല്‍, ആദരണീയമായ ഇടപഴകല്‍ എന്നിവയെല്ലാം ഭാര്യയോട് ഭര്‍ത്തവിന് ബാധ്യതയായ അവകാശങ്ങളാണ്. ഭാര്യയോട് ഉത്തമമായി വര്‍ത്തിക്കുന്നവനാണ് ഇസ്‌ലാമില്‍ ജനങ്ങളിലെ ഏറ്റവും ഉത്തമന്‍. ഭാര്യയെ മതം പഠിപ്പിക്കുക, അവളുടെ വിഷയത്തില്‍ അഭിമാന രോഷമുണ്ടാവുക, അവളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക, അവളോടുള്ള പെരുമാറ്റം നന്നാക്കുക എന്നിവയും അവള്‍ക്കുള്ള അവകാശമാണ്. ഭാര്യക്കുള്ള അവകാശങ്ങളെ മൊത്തത്തില്‍ അറിയിക്കുന്ന വചനങ്ങളില്‍പെട്ടതാണ് ”അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്” (ക്വുര്‍ആന്‍ 4:19) എന്നത്. 

ഭാര്യയുടെ അവകാശങ്ങളെ പരിഗണിക്കുന്നതിനെയും പരിപാലിക്കുന്നതിനെയും അരക്കിട്ടുറപ്പിക്കുന്ന വിഷയത്തില്‍ ധാരാളം ഹദീഥുകള്‍ സുന്നത്തില്‍ വന്നിട്ടുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീഥ് അതില്‍ പെട്ടതാണ്. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) പറഞ്ഞു: ”സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കണമെന്ന വസ്വിയ്യത്ത് നിങ്ങള്‍ സ്വീകരിക്കുക. നിശ്ചയം, സ്ത്രീ വാരിയെല്ലില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാരിയെല്ലുകളില്‍ ഏറ്റവും വളഞ്ഞത് മീതെയു ള്ളതാകുന്നു. താങ്കള്‍ അത് നേരെയാക്കിയാല്‍ അതിനെ പൊട്ടിക്കും. താങ്കള്‍ അതിനെ വിട്ടേക്കുകയാണെങ്കിലോ അത് വളഞ്ഞു തന്നെയിരിക്കും. അതിനാല്‍ സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കണമെന്ന വസ്വിയ്യത്ത് നിങ്ങള്‍ സ്വീകരിക്കുക.” 

ഇമാം നവവി(റഹി) പറഞ്ഞു: ”സ്ത്രീകളോടു മൃദുലമായി പെരുമാറണമെന്നും നന്മയില്‍ വര്‍ത്തിക്കണമെന്നും അവരുടെ വക്രസ്വഭാവങ്ങളിലും ദുര്‍ബല ബുദ്ധിയുടെ സാധ്യതയിലും ക്ഷമയവലം ബിക്കണമെന്നും അകാരണമായി അവരെ ത്വലാക്വ് ചൊല്ലല്‍ വെറുക്കപ്പെട്ടതാണെന്നും അവര്‍ നേരെ നിലക്കൊള്ളുവാന്‍ അത്യാര്‍ത്തി കാണിക്കരുതെന്നും ഈ ഹദീഥ് അറിയിക്കുന്നു.”

അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം അഹ്മദും അബൂദാവൂദും തുര്‍മുദിയും നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) പറഞ്ഞു: ”സത്യവിശ്വാസികളില്‍ വിശ്വാസം പൂര്‍ണമായവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവക്കാരനാണ്. തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍.”

ജാബിര്‍ ഇബ്‌നുഅബ്ദില്ല(റ)യില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) തന്റെ വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തില്‍ പറഞ്ഞു:

”സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. കാരണം അല്ലാഹുവിന്റെ കരാറിലാണ് നിങ്ങള്‍ അവരെ സ്വീകരിച്ചത്. അല്ലാഹുവിന്റെ വചനം(സാക്ഷ്യവചനങ്ങള്‍) കൊണ്ടാണ് നിങ്ങള്‍ അവരുടെ ലൈംഗികാവയവങ്ങളെ അനുവദനീയമാക്കിയത്. നിങ്ങള്‍ക്ക് അനിഷ്ടമുള്ള ആരെയും നിങ്ങളുടെ വിരിപ്പില്‍ ചവിട്ടിക്കാതിരിക്കുകയെന്നത് അവരുടെമേല്‍ നിങ്ങള്‍ക്കുള്ള അവകാശമാകുന്നു. അവര്‍ അപ്രകാരം ചെയ്താല്‍ മുറിവേല്‍പ്പിക്കാത്ത നിലയില്‍ നിങ്ങള്‍ അവരെ അടിക്കുക. മാന്യമായ നിലക്ക് അവര്‍ക്കുള്ള ഉപജീവനവും വസ്ത്രവും നിങ്ങളുടെ മേല്‍ ബാധ്യതയാണ്” (മുസ്‌ലിം).

ഈ ഹദീഥിലെ,’നിങ്ങള്‍ക്ക് അനിഷ്ടമുള്ള ആരെയും നിങ്ങളുടെ വിരിപ്പില്‍ അവര്‍ ചവിട്ടിക്കാതിരിക്കുക’  എന്നതിന്റെ ഉദ്ദേശ്യം, നിങ്ങളുടെ ഭവനങ്ങളില്‍ പ്രവേശിക്കുന്നതിലും നിങ്ങളുടെ താമസസ്ഥലങ്ങളില്‍ കയറിയിരിക്കുന്നതിലും നിങ്ങള്‍ക്ക് അനിഷ്ടമായ ഒരാള്‍ക്കും അത് ആണാകട്ടെ പെണ്ണാകട്ടെ, അവര്‍ അനുവാദം നല്‍കാതിരിക്കുക എന്നതാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ”ഒരു വിശ്വാസിയും വിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ അവളില്‍നിന്ന് മറ്റൊന്ന് അല്ലെങ്കില്‍ അതൊഴികെയുള്ളത് അവന്‍ ഇഷ്ടപ്പെടും.” 

തനിക്ക് അനിഷ്ടകരമായ ഒരു സ്വഭാവം തന്റെ ഭാര്യയില്‍ ഒരാള്‍ കണ്ടാല്‍ അവളില്‍തന്നെ ഉല്‍കൃഷ്ട സ്വഭാവങ്ങളും മാന്യമായ പെരുമാറ്റങ്ങളും ധാരാളമായുണ്ട് എന്നത് ഓര്‍ക്കേണ്ടതുണ്ട്. 

ആഇശ(റ)യില്‍നിന്ന് ഇമാം അഹ്മദും അബൂദാവൂദും തുര്‍മുദിയും നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) പറഞ്ഞു: ”നിശ്ചയം സ്ത്രീകള്‍ പരുഷന്മാര്‍ക്ക് ശക്വാഇക്വ് (സ്വഭാവങ്ങളിലും പ്രകൃതിയിലും സമന്മാര്‍) ആകുന്നു.” ഇബ്‌നുല്‍ അഥീര്‍ പറഞ്ഞു: ”അഥവാ സ്വഭാവങ്ങളിലും പ്രകൃതിയിലും സമന്മാരും തുല്യരുമാകുന്നു. സ്ത്രീകള്‍ പുരുഷന്മാരില്‍നിന്ന് അടര്‍ത്തിയെടുക്കപ്പെട്ടത് പോലെയാണ്. കാരണം ആദമി(അ)ല്‍നിന്നാണ് ഹവ്വാഅ് സൃഷ്ടിക്കപ്പെട്ടത്. ഒരു വ്യക്തിയുടെ ശക്വീക്വ് എന്നാല്‍ അയാളുടെ പിതാവിലും മാതാവിലും ഒത്ത പൂര്‍ണ സഹോദരന്‍ എന്നാണ്. അതിന്റെ ബഹുവചനം അശിക്ക്വാഅ് എന്നാണ്.”

പെരുമാറ്റം നന്നാക്കുവാനും സഹവര്‍ത്തിത്വം മെച്ചപ്പെടുത്തുവാനും മൃദുലമായി പെരുമാറുവാനും സുകൃതം ചെയ്യുവാനുമുള്ള ആഹ്വാനമാണ് സുവ്യക്തമാം വിധം ഈ തിരുമൊഴിയിലടങ്ങയിട്ടുള്ളത്.

 

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
(വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
നേർപഥം വാരിക