09: നല്ല കുടുംബാന്തരീക്ഷം നിലനിര്‍ത്തുക

09: നല്ല കുടുംബാന്തരീക്ഷം നിലനിര്‍ത്തുക

ശുദ്ധപ്രകൃതിയില്‍ ജനിച്ച്, അല്ലാഹു ഒരുക്കിയ അമൃത് നുണഞ്ഞ്, ചിരിയും കരച്ചിലും ഭാഷയാക്കി വളരാന്‍ തുടങ്ങുന്ന കുഞ്ഞിന്ന് ഇനി അനിവാര്യമായി വേണ്ടത് ‘അണുമുക്ത’മായ ഒരു കുടുംബ പരിസരമാണ്. മനുഷ്യനെ സംബന്ധിച്ച് ‘വളര്‍ച്ച’ എന്ന പദത്തിന് പ്രവിശാലമായ അര്‍ഥതലങ്ങളുണ്ട് ഇസ്‌ലാമില്‍. വൈവിധ്യമാര്‍ന്ന ഈ വളര്‍ച്ചയുടെ സന്തുലിതത്വം സാധ്യമാക്കാനുള്ള അനിവാര്യമായ പോഷകങ്ങളുടെ നിശ്ചയവും നിര്‍ണയവുമാണ് ഇസ്‌ലാമിക പാരന്റിംഗിലെ കാതലായ പാഠഭാഗങ്ങള്‍. പോഷകങ്ങളുടെ ഗുണലബ്ധി സാധ്യമാവണമെങ്കില്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഒരു പരിസരം യാഥാര്‍ഥ്യമാക്കുകയെന്നതാണ്. മനുഷ്യന്റെ പൂര്‍ണ വ്യക്തിത്വത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന അണുമുക്തമായ ഒരു കുടുംബ പരിസരത്തില്‍ മാത്രമെ അവന്റെ ശുദ്ധപ്രകൃതിയെ പരിക്കേല്‍ക്കാതെ പരിപോഷിപ്പിക്കാന്‍ സമൂഹത്തിനു സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം മനുഷ്യത്വത്തിന്റെ പച്ചപ്പിലേക്കുള്ള കുതിപ്പിന്ന് പകരം മനുഷ്യത്വ ഹീനതയുടെ ഇരുണ്ടതും വരണ്ടതുമായ ഭൂമികയിലേക്കുള്ള തിരിച്ചുനടത്തമായിരിക്കും ഉണ്ടാകുന്നത്. അതാകട്ടെ, ഒട്ടനവധി കഴിവുകളെ സന്നിവേശിപ്പിച്ച് ഈ ഭൂമിലോകത്തേക്ക് നാഥന്‍ അയച്ച ഒരു ഉത്തമ സൃഷ്ടിയെ മനുഷ്യകുലത്തിന്ന് നഷ്ടപ്പെടുത്തുകയും ചെയ്യും.

വളരുന്ന കുട്ടികളിലധികവും വഴികേടിലേക്ക് കൂപ്പ്കുത്തുന്ന ദുരന്ത കാഴ്ചയാണ് കുടുംബത്തിലും സമൂഹത്തിലും നാം കാണുന്നത്. നാം കാണുന്ന കുറ്റവാളികളെല്ലാം ദൈവിക സംവിധാനങ്ങളുടെ കൃത്യതയിലും വിശുദ്ധിയിലും ഭൂമിയിലേക്ക് അതിഥികളായി വന്നവരാണ്. ആരും കുറ്റവാളികളായി ജനിക്കുന്നില്ലന്ന് എല്ലാവരും സമ്മതിക്കുന്നു. എങ്കില്‍ ആരാണ്, എന്താണ് ഇവരെ വഴികേടിലേക്കും കുറ്റകൃത്യങ്ങളിലേക്കും വഴിനടത്തിയത്? അവിടെയാണ് അണുമുക്ത കുടുംബ, സാമൂഹ്യ പരിസരത്തിന്റെ പ്രസക്തി വ്യക്തമാവുന്നത്.

ഇളംതലമുറ വഴിതെറ്റിപ്പോകുന്നതിനുള്ള കാരണങ്ങളും അവയുടെ പ്രായോഗിക പരിഹാരങ്ങളും ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അന്വേഷിക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളത്. സുരക്ഷിതമായ ജീവിത വളര്‍ച്ച ഒരു കുഞ്ഞിന്റെ മൗലികാവകാശമായി കാണുന്ന ഇസ്‌ലാം, സന്താന പരിപാലനത്തിന്റെ ഉത്തരവാദിത്ത ലോകത്ത് മാതാപിതാക്കളെ മാത്രം കെട്ടിയിട്ട് വിചാരണ ചെയ്യുകയല്ല, മറിച്ച് അവരുടെ വീഴ്ചയിലോ അഭാവത്തിലോ ജീവിതാവകാശങ്ങള്‍ കുഞ്ഞിന്ന് തടയപ്പെടാതിരിക്കും വിധം പരിപാലനത്തിന്റെ കയറുകള്‍ ചിലപ്പോള്‍ കുടുംബക്കാരിലേക്കും സമൂഹത്തിലേക്കും സര്‍ക്കാരിലേക്കും കൂടി നീട്ടിക്കെട്ടുകയാണ് ചെയ്യുന്നത്.

എന്തൊക്കൊയാണ് കുട്ടികള്‍ വഴിതെറ്റിപ്പോകാനുള്ള കാരണങ്ങള്‍? ഇസ്‌ലാമില്‍ എന്താണ് അതിനുള്ള പരിഹാരങ്ങള്‍? നമുക്ക് അന്വേഷിക്കാം.

ദാരിദ്ര്യം: തനിക്കാവശ്യമുള്ള ഭക്ഷണവും വസ്ത്രവും വീട്ടില്‍ നിന്ന് ലഭ്യമാവാതിരിക്കുകയും ജീവിതാശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നവരെ അവിടെ കണ്ടെത്താതിരിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം വീടിന്റെ മതിലിനപ്പുറത്തേക്ക് ഏതൊരു കുട്ടിയുടെയും കണ്ണുകള്‍ പായും. തന്റെ ആവശ്യങ്ങള്‍ തേടി പുറം ലോകത്തേക്കിറങ്ങുന്ന കുട്ടികള്‍ പലപ്പോഴും എത്തിപ്പെടുന്നത് ചൂഷകരുടെയും കുറ്റവാളികളുടെയും കൈകളിലായിരിക്കും. അതോടു കൂടി പ്രതീക്ഷകള്‍ തളിര്‍ക്കുന്ന ജീവിതത്തിന്റെ കൃഷിഭൂമിയില്‍ നിന്ന് സ്വഭാവ ദൂഷ്യത്തിന്റെയും കുറ്റകൃത്യത്തിന്റെയും അവര്‍ ഇരുട്ടിലേക്ക് യാത്രയാരംഭിക്കുന്നു. ഈ കുട്ടികള്‍ പിന്നീട് ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും കടുത്ത വെല്ലുവിളിയായി മാറുന്നു.

സമൂഹത്തിന്റെ എല്ലാ ഘടകങ്ങളും ദൗത്യനിര്‍വഹണത്തില്‍ പങ്കാളിയാവുകയെന്നതാണ് ഇതിനുള്ളമുഖ്യ പരിഹാരം. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ സൃഷ്ടികര്‍ത്താവ് നീതിയില്‍ അധിഷ്ഠിതമായ മത നിയമങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ രംഗത് മുസ്‌ലിം സമൂഹം കാണിക്കുന്ന അമാന്തം പല കുടുംബങ്ങളെയും ദാരിദ്ര്യത്തിന്റെ ഊഷര ഭൂമിയിലേക്കു തള്ളിവിടാന്‍ കരണമാകുന്നുമുണ്ട്. ദരിദ്രന് ഭക്ഷണം നല്‍കുന്നത് പുണ്യകരമാക്കിയതിലൂടെ, ദാന ധര്‍മത്തില്‍ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിച്ചതിലൂടെ, സമ്പന്നന്റെ സമ്പത്തില്‍ ദരിദ്രര്‍ക്ക് നിര്‍ബന്ധ ദാനത്തിന്റെ ഓഹരി നിര്‍ണയിച്ച് നല്‍കിയതിലൂടെ, ദാരിദ്ര്യത്തെ പുറത്തുകാണിക്കാതെ ജീവിക്കുന്നവരെ പ്രത്യേകം കണ്ടത്തി പരിഗണിക്കണമെന്ന് പഠിപ്പിച്ചതിലൂടെ ഇസ്‌ലാം പ്രായോഗികമായി ദാരിദ്ര്യം തുടച്ചു നീക്കുകയും തന്മൂലം ജീവിക്കാനുള്ള മൗലികാവകാശത്തെ ദരിദ്രനും ഉറപ്പ് വരുത്തുകയും ചെയ്തു. നല്ല തലമുറയുടെ വളര്‍ച്ചക്കും സമൂഹത്തില്‍ കുറ്റവാളികള്‍ ഇല്ലാതാകുവാനുമുള്ള മുന്‍കരുതലുകളുടെ ഭാഗമാണിതെല്ലാം.

ദമ്പതികള്‍ക്കിടയിലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും: വളര്‍ന്നു വരുന്ന കുട്ടികളില്‍ പലരും തുടക്കത്തിലേ കണ്ടുവരുന്നത് വീട്ടിനുള്ളിലെ നിലയ്ക്കാത്ത തര്‍ക്കങ്ങളുടെ ഇടിമുഴക്കങ്ങളാണ്. ഈ കുട്ടികള്‍ ഈ ഭീകരാന്തരീക്ഷത്തില്‍ അല്‍പം ശാന്തത തേടി പുറത്തിറങ്ങുകയും സുരക്ഷിതമായ ഗൃഹാന്തരീക്ഷത്തിനുള്ളില്‍ നിന്ന് പരിശീലിക്കേണ്ട പല സദാചാര പാഠങ്ങളുടെയും പൊളിച്ചെഴുത്ത് പരിചയപ്പെടുകയും അതിന്റെ ഗുണഭോക്താക്കളായി മാറുകയും ചെയ്യുന്നു. വീടകം സംഘര്‍ഷ മുക്തമാക്കാന്‍ ആവശ്യമായ ഇസ്‌ലാമിക ഗൃഹപാഠങ്ങള്‍ വേണ്ടത്ര ലഭിക്കാത്തതോ, ലഭിച്ചതിനെ പ്രയോഗിക്കാത്തതോ ആണ് പല മുസ്‌ലിം ദമ്പതികളും ആഭ്യന്തര വഴക്കുകളിലും സംഘര്‍ഷങ്ങളിലും പൂണ്ട് കഴിയുന്നത്. ഒരു ‘അതിഥി’ കൂടി വീട്ടിലുണ്ടെന്ന ബോധം അവരെ കൂടുതല്‍ സൂക്ഷ്മതയും അവധാനതയും കാണിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നില്ല.

സ്‌നേഹവും വാത്സല്യവും പരസ്പരം കൈമാറാത്തതാണ് ഈ അവസ്ഥക്ക് ഒരു പരിധിവരെ കാരണം. ഈ ഭൂമിയില്‍ അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും കടപ്പെട്ടവനാണ് എന്റെ ഭര്‍ത്താവെന്ന് ഒരു സ്ത്രീ തിരിച്ചറിയുകയും, ആയതിനാല്‍ എന്റെ ആദരവും അനുസരണയും അര്‍ഹിക്കുന്നവന്റെ മുമ്പില്‍ തര്‍ക്കങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി മൗനമാണെന്നു മനസ്സിലാക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന ഫലം എത്രയാവും?! അത് പോലെ എനിക്കും കുടുംബത്തിനും എന്റെ ഭാര്യ നല്‍കുന്ന സേവനം പണം കൊടുത്തു നേടാന്‍ കഴിയാത്തത്ര ഉന്നതവും അതുല്യവുമാണെന്ന് ഭര്‍ത്താവും അംഗീകരിച്ചാല്‍ തന്നെ ഇടിമുഴക്കങ്ങള്‍ കുടുംബാന്തരീക്ഷത്തില്‍ നിന്ന് അപ്രത്യക്ഷമാവും.

ഈ തിരിച്ചറിവുകളുള്ള ദമ്പതികള്‍ വീട്ടിനുള്ളില്‍ ഉണ്ടാവണമെന്നതിനാലാണ് ഇസ്‌ലാം ദമ്പതികളുടെ തെരഞ്ഞടുപ്പിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും അതില്‍ മത ബോധത്തിന് പ്രഥമ സ്ഥാനം നല്‍കുകയും ചെയ്തത്. അവര്‍ക്ക് മാത്രമെ പരസ്പരം മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനും സാധിക്കുകയുള്ളൂ. ഇതില്‍ വരുന്ന വീഴ്ചകള്‍ ഗൃഹാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും കുട്ടിയുടെ വളര്‍ച്ചയെ മോശമാക്കുകയും ചെയ്യും.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

08: നവാതിഥിക്ക് അല്ലാഹു നല്‍കുന്ന അമൃത്

08: നവാതിഥിക്ക് അല്ലാഹു നല്‍കുന്ന അമൃത്

ഭൂമിയുടെ അപരിചിതത്വത്തിലേക്ക് കടന്നുവരുന്ന നവാഗതനായ അതിഥിക്ക് പ്രപഞ്ച സ്രഷ്ടാവ് ഒരുക്കി വെച്ച ‘വെല്‍ക്കംഡ്രിങ്കാ’ണ് മുലപ്പാല്‍. ചിന്തിക്കുന്ന മനുഷ്യന് ധാരാളം ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താവുന്ന ഒന്നാണിത്. ഒരു സര്‍വ സമീകൃതാഹാരം! മറ്റു ഭക്ഷ്യവസ്തുക്കള്‍ കഴിക്കാനുള്ള പല്ലുകളും ദഹിക്കാനുള്ള സംവിധാനവും ഇല്ലാത്ത നവാഗതശിശുവിന് ഏറ്റവും അനുയോജ്യമായ ആഹാരം.

മുലയൂട്ടുന്ന മനുഷ്യേതര ജീവികളുടെ മുലപ്പാലില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ് മനുഷ്യന്റെ മുലപ്പാല്‍. ആനയെ പോലുള്ള വലിയ ജീവികളുടെ മുലപ്പാലില്‍ ശാരീരിക വളര്‍ച്ചക്ക് ഉപയുക്തമായ ഘടകങ്ങളാണ് കൂടുതല്‍ അടങ്ങിയിട്ടുള്ളതെങ്കില്‍ സ്ത്രീയുടെ മുലപ്പാല്‍ തലയും തലച്ചോറും കൂടുതല്‍ വളരാന്‍ ആവശ്യമായ മൂലകങ്ങളും ഘടകങ്ങളുമടങ്ങിയതാണെന്നറിയുമ്പോഴാണ് മുലയൂട്ടലിന്റെ പ്രാധാന്യവും സ്രഷ്ടാവിന്റെ കാരുണ്യവും ഒരുപോലെ നമുക്കുള്‍ക്കൊള്ളാന്‍ കഴിയുക.

സ്ത്രീ പുരുഷന്മാരെ വിവാഹത്തിലൂടെ കണ്ണിചേര്‍ത്ത് കുടുംബബന്ധമെന്ന സ്ഥാപനത്തില്‍ സുരക്ഷിതമായി കുടിയിരുത്തി ഒരു ഉത്തമ സമൂഹസൃഷ്ടിക്ക് അനുയോജ്യമായ ഉത്തരവാദിത്തങ്ങള്‍ ഇരുവര്‍ക്കും നല്‍കി. അതിന്റെ ഭാഗമായി കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം പുരുഷന് നല്‍കി.ഗര്‍ഭം ചുമക്കുക, പ്രസവിക്കുക, കുഞ്ഞിനെ മുലയൂട്ടുക പോലുള്ള ഉത്തരവാദിത്തങ്ങള്‍ സ്ത്രീയെ ഏല്‍പിച്ചു.

അല്ലാഹു പറയുന്നു: ”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ട് കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാകണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നില്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്. ഒരു പിതാവിനും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതുപോലുള്ള ബാധ്യതകളുണ്ട്. ഇനി അവരിരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. ഇനി നിങ്ങളുടെ കുട്ടിക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല. (ആ പോറ്റുമ്മമാര്‍ക്ക്) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തുതീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക” (അല്‍ബക്വറ:233).

കേവലം മുലയൂട്ടേണ്ടുന്ന കാലാവധി സൂചിപ്പിക്കുകയോ മുലയൂട്ടണമെന്ന് കല്‍പിക്കുകയോ മാത്രമല്ല ഈ വചനത്തിലൂടെ അല്ലാഹു ചെയ്യുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന വിവാഹമോചനം, രോഗം മൂലമോ, മരണം മൂലമോ മറ്റോ മാതാവിന്റെ അസാന്നിധ്യമുണ്ടായാല്‍ പോലും കുഞ്ഞിന് ലഭിക്കേണ്ട മുലയൂട്ടല്‍ അവകാശം ലഭ്യമാകാനാവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നിയമ നിര്‍ദേശങ്ങളും സമീപന രീതികള്‍ എന്നിവ പോലും ഈ വചനത്തിലൂടെ അല്ലാഹു വിശദമാക്കുന്നുണ്ട്. അല്ലാഹുവിനെ സൂക്ഷിക്കണമെന്നും നിങ്ങളുടെ പ്രവൃത്തികള്‍ അവന്റെ നിരീക്ഷണത്തിലാണെന്നും പറഞ്ഞ് ഈ സൂക്തം അവസാനിക്കുമ്പോള്‍ അതില്‍ അമാന്തം കാണിക്കുന്നവര്‍ക്കുള്ള താക്കീതു കൂടി പ്രകടമാണ്.

വിവാഹമോചനം വരുത്തുന്ന പരസ്പര വിദ്വേഷ സാഹചര്യം പോലും ഈ വിഷയത്തെ സ്വാധീനിക്കാന്‍ പാടില്ലാത്തതാണ്. അതിനാല്‍ മുലയൂട്ടാന്‍ മാതാവ് തയ്യാറാവണമെന്നും അതിന് ആവശ്യമായ ചെലവ് പ്രത്യേകം പിതാവിന്റെ അടുക്കല്‍ നിന്ന് വസൂലാക്കാവുന്നതുമാണെന്നും, ഒരു നിലയ്ക്കും മാതാവ് തയ്യാറാവാത്ത അവസ്ഥ വന്നാല്‍ കൂലികൊടുത്തെങ്കിലും മറ്റൊരാളെ കണ്ടെത്തണമെന്നും ക്വുര്‍ആന്‍ കണിശമായി പറയുമ്പോള്‍ നിസ്സാര കാരണങ്ങളുടെ പേരില്‍ പോലും കുപ്പിപ്പാലില്‍ പരിഹാരം കണ്ടെത്തുന്ന സ്ത്രീകളുടെ കാര്യം പരലോകത്ത് എന്താവുമെന്നത് ചിന്തനീയമാണ്.

മാതൃത്വത്തിന്റെ അണമുറിയാത്ത, മുറിക്കാന്‍ കഴിയാത്ത ബന്ധത്തിന്റെ അടയാളം കൂടിയാണ് മുലയൂട്ടല്‍. മുലപ്പാല്‍ കുഞ്ഞിന് പോഷകമാവുന്നത് പോലെ, മുലയൂട്ടുന്ന മാതാവില്‍നിന്ന് കുഞ്ഞിലേക്ക് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും വികാരമാണ് പ്രസരിക്കുന്നത്. ലോകാവസാനത്തിന്റെ ഭീകരത മനുഷ്യന് ബോധ്യപ്പെടുത്താന്‍ അല്ലാഹു എടുത്തു കാണിക്കുന്ന വിവിധ രംഗങ്ങളില്‍ ഒന്ന് മുലയൂട്ടുന്ന മാതാവ് തന്റെ കുഞ്ഞിനെക്കുറിച്ച് അശ്രദ്ധയിലായിപ്പോകുമെന്നാണ്. അല്ലാഹു പറയുന്നു: ”മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും” (അല്‍ഹജ്ജ്: 1-2).

മുലയൂട്ടുന്ന മാതാവിന്റെയും തന്റെ കുഞ്ഞിന്റെയും ഇടയില്‍ വളര്‍ന്ന് പന്തലിക്കുന്ന ആത്മ ബന്ധത്തിന്റെ ശക്തി മനസ്സിലാക്കാന്‍ ഇതിലും വലിയ ഒരു ഉദാഹരണമില്ല.

നാട്ടില്‍ സുരക്ഷിതത്വം പൂര്‍ണമായി നഷ്ടപ്പെടുകയും ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ പിടിച്ച് കൊന്നുകളയുകയും ചെയ്യുന്ന അതിഭീകരമായ ഒരു ചുറ്റുപാട് നിലനിന്ന ഫറോവയുടെ ഭരണകാലത്ത് മൂസാ(അ)യെ സുരക്ഷിതമാക്കാന്‍ അല്ലാഹു ഏര്‍പെടുത്തിയ സംവിധാനത്തെ കുറിച്ച് നാം വിശുദ്ധ ക്വുര്‍ആനില്‍ വായിക്കുന്നുണ്ട്. കുട്ടിയെ പെട്ടിയിലാക്കി അല്ലാഹുവിന്റെ കല്‍പന ശിരസ്സാവഹിച്ച് നൈലിന്റെ ഒഴുക്കിലേക്ക് വെച്ചുകൊടുക്കുന്നു. സംരക്ഷണം അല്ലാഹു ഏറ്റെടുക്കുന്നു. ആ കുഞ്ഞിന് മാതാവിന്റെ മുലപ്പാല്‍ തന്നെ ലഭിക്കാനുള്ള അവസരം സ്രഷ്ടാവ് ഒരുക്കിവെക്കുന്നു!

സ്വന്തം മാതാവിന്റെ മുലപ്പാല്‍ കിട്ടാനുള്ള അവസരം നഷ്ടമാക്കിക്കൂടാ എന്നര്‍ഥം. മറ്റൊന്നും അതിന് പകരമാകില്ല. കാരണം അല്ലാഹു അതില്‍ ഭൗതികവും ആത്മീയവുമായി നമുക്കറിയുന്നതും അറിയാത്തതുമായ പലതും ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. എന്നാല്‍ അനിവാര്യമെങ്കില്‍ മറ്റൊരു സ്ത്രീയെ അതിന് തിരഞ്ഞെടുക്കാം. മുലയൂട്ടലാകുന്ന മഹനീയ ദൗത്യം നിര്‍വഹിക്കുന്ന അന്യയായ ആ സ്ത്രീയെ ഇസ്‌ലാം തന്മൂലം യഥാര്‍ഥ മാതാവിന്റെ സ്ഥാനത്തേക്കുയര്‍ത്തുന്നു. രക്തബന്ധം പോലെ ആ ബന്ധത്തെ പവിത്രമാക്കുന്നു. മാതാവിന്റെ മഹാദൗത്യം നിര്‍വഹിച്ചതിനാല്‍ അവര്‍ മാതാവും അവരുടെ മക്കള്‍ വിവാഹബന്ധം പാടില്ലാത്ത വിധം സഹോദര- സഹോദരിമാരും ആയിത്തീരുകയും ചെയ്യുന്നു. അഥവാ ഇസ്‌ലാം അവര്‍ക്ക് ആ പദവി നല്‍കുന്നു. അല്ലാഹു പറയുന്നു: ”നിങ്ങളെ മുലകുടിപ്പിച്ച പോറ്റുമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാ മാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.” (അന്നിസാഅ്: 23).

ഇമാം അഹ്മദ് ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഗാമിദിയാ ഗോത്രത്തിലെ ഒരു സ്ത്രീ വ്യഭിചാരക്കുറ്റം സ്വയം ഏറ്റുപറഞ്ഞ് ശിക്ഷ ചോദിച്ചുവാങ്ങിയ സംഭവം പറയുന്നുണ്ട്. അന്നേരം അവര്‍ ഗര്‍ഭിണിയായിരുന്നു. നബി(സ) അവരോട് പ്രസവം കഴിഞ്ഞ് വരാന്‍ പറഞ്ഞു. പ്രസവാനന്തരം കുഞ്ഞിനെയുംകൊണ്ട് വന്ന് തന്റെ ശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ച് പോയി മറ്റു ഭക്ഷണം കഴിക്കാന്‍ ആകുന്നതുവരെ കുഞ്ഞിന് മുലയൂട്ടുവാനാണ് നബി(സ്വ) കല്‍പിച്ചത്.

മാതാവിന്റെ മുലപ്പാലിന് പകരം മൃഗത്തിന്റെ പാല്‍ നല്‍കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മൃഗത്തിന്റെ മുലപ്പാലില്‍ അടങ്ങിയ പല മൂലകങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ്; പ്രത്യേകിച്ച് ആദ്യത്തെ ഒരു വര്‍ഷം. അത്‌പോലെ പ്രസവിച്ച ഉടന്‍ വരുന്ന കൊഴുപ്പുള്ള മഞ്ഞപ്പാല്‍ യാതൊരു കാരണവശാലും നിഷേധിക്കരുത്. കുഞ്ഞിന് അത്യാവശ്യമുള്ള ഒരുപാട് ഘടകങ്ങള്‍ നിറഞ്ഞ ഈ അമൃത് പിഴിഞ്ഞ് ഒഴിവാക്കുന്ന ഒരു രീതി ഉണ്ടായിരുന്നത് കേട്ടിട്ടുണ്ട്. പ്രസവിച്ച് അരമണിക്കൂറിനുള്ളിലും സിസേറിയനാണെങ്കില്‍ ഒരു മണിക്കൂറിനുള്ളിലും പാലൂട്ടാം. ഗര്‍ഭപാത്രം വേഗത്തില്‍ ചുരുങ്ങുന്നതിനും രക്തസ്രാവം കുറക്കുന്നതിനും നേരത്തെയുള്ള മുലയൂട്ടല്‍ സഹായകമാണ്. രണ്ട് വര്‍ഷമെങ്കിലും കൃത്യമായി മുലയൂട്ടുന്നത് അമ്മയുടെ ശരീരഭാരം ഗര്‍ഭത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

അല്ലാഹുവിന്റെ മതം പതിനാല് നൂറ്റാണ്ട് മുമ്പ് മനുഷ്യന് നല്‍കിയ മാര്‍ഗദര്‍ശനം എത്ര കൃത്യവും സുരക്ഷിതവുമാണ്! പക്ഷേ, നമ്മുടെ ന്യൂ ജനറേഷന്‍ മാതാക്കളെ മുലയൂട്ടലിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ഏതെങ്കിലും ആരോഗ്യമാസികയിലെ ലേഖനങ്ങള്‍ വേണ്ടിവരുന്നു! ഡോക്ടര്‍മാര്‍ പറയുമ്പോള്‍ തോന്നുന്ന ഗാംഭീര്യം എന്ത്‌കൊണ്ടോ അല്ലാഹുവും റസൂലും പറഞ്ഞത് കേള്‍ക്കുമ്പോള്‍ ഉണ്ടാകാതിരിക്കുന്നത് കേവലം അജ്ഞത മാത്രമല്ല, വിശ്വാസത്തിന്റെ ദൗര്‍ബല്യവും കൂടിയാണ് എന്ന് നാം ഭയപ്പെടണം.

കുഞ്ഞ് ജനിച്ച ശേഷം ആദ്യരണ്ടുവര്‍ഷത്തിലെ ഇസ്‌ലാമിക പാരന്റിംഗിലെ മുഖ്യ ദൗത്യം മുലയൂട്ടല്‍ തന്നെയാണ്. അമ്മിഞ്ഞപ്പാല്‍ അമൃതിന് തുല്യം എന്നാണല്ലോ ചൊല്ല്! നവാഗതനായ അതിഥിക്ക് സ്രഷ്ടാവ് തന്നെ പ്രത്യേകം ഒരുക്കിവെച്ച ഈ അമൃത് നല്‍കുക എന്നതാണ് മാതാവിന്റെ പ്രധാന കടമ. അതിനെന്തിന് മടി കാണിക്കണം?

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

07: പേര് പരതുമ്പോള്‍…​

07: പേര് പരതുമ്പോള്‍...

ഒരു കുഞ്ഞ് ജനിച്ചാല്‍ ഏത് രക്ഷിതാവും തേടി നടക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഒരു നല്ല പേര്. ഇസ്‌ലാമിക് പാരന്റിംഗില്‍ പേരിന് പൊരുളും പ്രാധാന്യവും ഉണ്ട്. കുഞ്ഞിന് നല്ല പേരിടുക എന്നത് മതപരമായ നിര്‍ദേശമാണ്. ആ വിഷയത്തില്‍ കൃത്യമായ മാര്‍ഗദര്‍ശനം ഇസ്‌ലാം നല്‍കിയിട്ടുണ്ട്. ഒരു കുഞ്ഞിന്റെ പേര് അവന്റെ മരണം വരെയും പരലോകത്തും വിളിക്കപ്പെടാനുള്ളതാണ്.

‘നല്ല പേര്’ എന്നത് മറക്കാവതല്ല. അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നേടത്ത് ‘നല്ല നാമങ്ങള്‍’ എന്ന പ്രയോഗം കാണാം. ഈ സുന്ദരനാമങ്ങള്‍ ഉപയോഗിച്ചാവണം അവനെ വിളിച്ച് പ്രാര്‍ഥിക്കേണ്ടതെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന് ഏറ്റവും നല്ല നാമങ്ങളുണ്ട്. അതിനാല്‍ ആ പേരുകളില്‍ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്റെ ഫലം അവര്‍ക്ക് വഴിയെ നല്‍കപ്പെടും” (7/180).

”നബിയേ; പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക, അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏത് തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഉത്കൃഷ്ടനാമങ്ങള്‍” (17/110).

സകരിയ്യാ നബിൗക്ക് ലഭിച്ച മകന് ‘യഹ്‌യ’ എന്ന പേര് നല്‍കിയത് അല്ലാഹുവാണെന്ന് മാത്രമല്ല, അതിനെ അല്ലാഹു പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം പേരിടല്‍ ശ്രദ്ധിച്ച് വേണമെന്നതിലേക്കുള്ള സൂചനകളാണ്. അതുകൊണ്ടാണ് നബി(സ്വ) ഇങ്ങനെ പറഞ്ഞത്: ”നിങ്ങള്‍ തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ വിളിക്കപ്പെടുക നിങ്ങളുടെയും പിതാക്കളുടെയും പേരിലായിരിക്കും. ആയതിനാല്‍ നിങ്ങളുടെ പേരുകള്‍ നന്നാക്കുക” (അബൂദാവൂദ്).

അബ്ദുല്ലാഹ്ബ്‌നു ഉമര്‍(റ) വില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ”നിങ്ങളുടെ പേരുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അബ്ദുല്ലലഹ്, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയ പേരുകളാണ്.”

ചിലപ്പോള്‍ മാതാപിതാക്കളുടെ അജ്ഞത നിമിത്തമോ അശ്രദ്ധനിമിത്തമോ മോശം പേരുകള്‍ നല്‍കപ്പെട്ടാല്‍ വിവേകമതികളും പണ്ഡിതന്മാരുമായവരുടെ ഇടപെടല്‍ മൂലമോ സ്വയം ബോധ്യത്താലോ അവ മാറ്റാവുന്നതാണ്. പ്രവാചകന്‍ (സ്വ) അപ്രകാരം ചെയ്യാറുണ്ടായിരുന്നതായി ആഇശ(റ) പറഞ്ഞതായി ഇമാം തിര്‍മിദി ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു ഉമര്‍ (റ) പറയുന്നു: ”ഉമര്‍(റ) വിന് ‘ധിക്കാരി’ എന്ന് അര്‍ഥമുള്ള ‘ആസ്വിയ’ എന്ന് പേരുള്ള ഒരു മകളുണ്ടായിരുന്നു. അല്ലാഹുവിന്റെ ദൂതര്‍ അവര്‍ക്ക് ‘സുന്ദരി’ എന്നര്‍ഥമുള്ള ‘ജമീല’ എന്ന് പേര് നല്‍കി.”

കുഞ്ഞിന് ലഭിക്കേണ്ട ആദ്യത്തെ ആദരവാണ് അവന്റെ/അവളുടെ പേര്. പ്രവാചകന്മാരുടെയും സച്ചരിതരായ മഹാന്മാരുടെയുമൊക്കെ പേരുകള്‍ തിരഞ്ഞെടുക്കുന്നത് പ്രോത്സാഹനാജനകമാണ്. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: ”ഇന്ന് രാത്രിയില്‍ എനിക്ക് ഒരു മകന്‍ ജനിച്ചു. ഞാനവന് എന്റെ (പൂര്‍വ) പിതാവായ ഇബ്‌റാഹീമിന്റെ പേര് നല്‍കി” (മുസ്‌ലിം).

മുസ്‌ലിംകള്‍ക്കിടയില്‍ മുഹമ്മദ് എന്ന് പേരിടുന്നതിലുള്ള താല്‍പര്യം ഒരു പക്ഷേ, ഈ വികാരത്തില്‍ നിന്നുണ്ടായതാവണം. മുഹമ്മദ് നബി(സ്വ)യുടെ പേരിടുന്നതും പ്രവാചകന്‍(സ്വ)യുടെ വിളിപ്പേരായ അബുല്‍ക്വാസിം എന്ന് വിളിക്കുന്നതും പ്രവാചകനോടുള്ള അനാദരവാകുമോ എന്ന് സ്വഹാബിമാര്‍ ഭയപ്പെട്ടിരുന്നു. ഒരിക്കല്‍ ജാബിര്‍(റ) പറഞ്ഞു: ”ഞങ്ങളില്‍ ഒരാള്‍ക്ക് ഒരു കുട്ടി ജനിക്കുകയും മുഹമ്മദ് എന്ന് പേരു നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘നിന്നെ ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന്റെ പേര് പറഞ്ഞ് വിളിക്കില്ല.’ (മുഹമ്മദ് എന്ന് ഒറ്റക്ക് വിളിക്കുന്നത് ഒരു അനാദരവായി അവര്‍ കണ്ടു. അവര്‍ പ്രവാചകരേ, ദൈവദൂതരേ എന്നൊക്കെയാണ് നബിയെ അഭിസംബോധന ചെയ്തിരുന്നത്). അപ്പോള്‍ അദ്ദേഹം കുട്ടിയെയും എടുത്തുകൊണ്ട് നബിസന്നിധിയില്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ എന്റെ കുഞ്ഞിന് മുഹമ്മദ് എന്ന് പേരിട്ടു. അപ്പോള്‍ എന്റെ ജനത പറയുന്നു, അല്ലാഹുവിന്റെ ദൂതരുടെ പേര് വെച്ച് നിന്നെ ഞങ്ങള്‍ വിളിക്കില്ല എന്ന്.’ അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: ‘എന്റെ പേര് കൊണ്ട് നിങ്ങള്‍ പേരിടുക. എന്റെ വിളിപ്പേര് നല്‍കാതിരിക്കുകയും ചെയ്യുക (അബുല്‍ക്വാസിം). തീര്‍ച്ചയായും ഞാന്‍ വീതംവെക്കുന്നവന്‍ (ക്വാസിം) ആണ്. നിങ്ങള്‍ക്ക് ഞാന്‍ വീതിച്ച് നല്‍കുന്നു” (മുസ്‌ലിം).

ഒരു കുഞ്ഞിന് ജനിച്ച ഉടനെ തന്നെ പേര് നല്‍കാവുന്നതാണ്. എന്നാല്‍ ഏഴാം നാളില്‍ പേരിടുന്നതാണ് ഉത്തമം. നബി(സ്വ) മകന്‍ ഇബ്‌റാഹീമിന് പേരിട്ടത് ജനിച്ച അതേ രാത്രിയില്‍ തന്നെയാണ്. ഏഴാം നാളില്‍ പേര് നല്‍കണമെന്ന നബി വചനങ്ങളും വന്നിട്ടുണ്ട്. ഇതില്‍ നിന്ന് നമുക്ക് മനസ്സിലാവുന്നത് പേര് പരമാവധി നേരത്തെ നല്‍കുകയാണ് ഉത്തമമെന്നും മുടിയെടുക്കുകയും അക്വീക്വ അറുക്കുകയും ചെയ്യുന്ന ദിവസം പേരിടല്‍ കൂടി നടക്കേണ്ടതുണ്ടെന്നുമാണ്.

ചില പേരുകളെ ഇസ്‌ലാം നിഷിദ്ധവും വെറുക്കപ്പെട്ടതും ആക്കിയിട്ടുണ്ട്. അല്ലാഹു അല്ലാത്തവരുടെ അടിമ, ദാസന്‍ എന്നര്‍ഥം വരുന്ന പേരുകള്‍ നബി(സ്വ) മാറ്റിയിട്ടുണ്ട്. ഒരിക്കല്‍ അബ്ദുല്‍ ഹജര്‍ എന്നുപേരുള്ള ഒരു വ്യക്തി നബിയുടെ അടുക്കല്‍ വരികയും പേര് ചോദിച്ചപ്പോള്‍ അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍) എന്ന് മറപടി പറയുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘താങ്കള്‍ അബ്ദുല്ലയാണ്’ (അദബുല്‍ മുഫ്‌റദ്). സത്യത്തില്‍ അബ്ദുല്‍ മനാഫ്, അബ്ദുല്‍ മുത്ത്വലിബ് തുടങ്ങി അല്ലാഹുവിന്റെ നാമവിശേഷണങ്ങളല്ലാത്തതിലേക്ക് അബ്ദ് (അടിമ) എന്ന പദം ചേര്‍ത്ത പേരുകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്നത് പേരിടുമ്പോള്‍ സൂക്ഷ്മത കാണിക്കാത്തിനാലാണ്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പേരുകള്‍ സ്വീകരിക്കുന്നതും തെറ്റാണ്. നബി(സ്വ) പറഞ്ഞു: ”അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും അപകടകരമായ പേര് ഒരാള്‍ രാജാക്കന്മാരുടെ രാജാവ് എന്ന് പേരിടലാണ്” (മുസ്‌ലിം).

ഇന്റര്‍നെറ്റില്‍ പരതി ചില അക്ഷരങ്ങളുടെ കൂട്ടായ്മയില്‍, അധികമറിയപ്പെടാത്ത ഒന്ന് രണ്ട് പദങ്ങള്‍ തിരഞ്ഞെടുത്ത് അതിന്റെ അര്‍ഥം തേടിപ്പിടിക്കാന്‍ ഉസ്താദുമാരെ ഏല്‍പിച്ച് സായൂജ്യമടയുന്നവരാണിന്ന് വിദ്യാസമ്പന്നരായ രക്ഷിതാക്കള്‍ പോലും. പലപ്പോഴും അതാത് കാലത്തെ കളിരംഗത്തോ, കലാരംഗത്തോ, ഫാഷന്‍ രംഗത്തോ ചായക്കോപ്പയിലെ ആവിയുടെ ആയുസ്സില്‍ പ്രശസ്തരായവരുടെ മുറിപ്പേരുകള്‍ ചാര്‍ത്തി നല്‍കുന്നു. ആണെന്നോ പെണ്ണെന്നോ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ തിരിച്ചറിയാന്‍ കഴിയാത്ത പേരുകള്‍! നല്ല ഗൃഹപാഠം ചെയ്ത് തിരഞ്ഞെടുക്കേണ്ട ദൗത്യമാണ് പേരിടല്‍ എന്നതാണ് പ്രവാചകാധ്യാപനങ്ങള്‍ മുസ്‌ലിമിനെ പഠിപ്പിക്കുന്നത്.

മക്കളുടെ പേരുകള്‍ പിതാവിന്റെ പേരിലേക്ക് ചേര്‍ത്തു വിളിക്കുവാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഭാര്യയുടെ പേരിലേക്ക് ഭര്‍ത്താവിന്റെ പേര് ചേര്‍ത്തു വിളിക്കുന്ന പതിവാണ് ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്നത്. സ്വാബിറ നൗഷാദ് എന്ന പേര് കണ്ടാല്‍ നൗഷാദിന്റെ ഭാര്യയെന്ന് ഉറപ്പ്. എന്നാല്‍ സ്വാബിറയുടെ പിതാവിന്റെ പേര് മുഹമ്മദ് എന്നാണെങ്കില്‍ സ്വാബിറ മുഹമ്മദ് അഥവാ സ്വാബിറ ബിന്‍ത് മുഹമ്മദ് എന്നാണ് വിളിക്കേണ്ടത്. ദത്ത് പുത്രന്മാരെപ്പോലും അവരുടെ പിതാക്കന്മാരിലേക്ക് ചേര്‍ത്ത് വിളിക്കണമെന്നാണ് ക്വുര്‍ആനിന്റെ കല്‍പന. അപ്പോള്‍ സ്വന്തം മക്കളെയോ? അല്ലാഹു പറയുന്നു: ”നിങ്ങള്‍ അവരെ (ദത്ത് പുത്രന്മാരെ) അവരുടെ പിതാക്കന്മാരിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ നീതിപൂര്‍വകമായിട്ടുള്ളത്” (അല്‍അഹ്‌സാബ്: 5).

പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒന്നാണിത്. സ്വന്തം നാടുവിട്ട് ലോകത്തെവിടെയും പോയി ജീവിക്കുന്ന സാഹചര്യം വര്‍ധിച്ച് വരുന്ന ഇന്ന് പേരിന്റെ കൂടെ വീട്ടുപേര് ചേര്‍ക്കുന്നത് വലിയ പ്രയോജനം ചെയ്യില്ല. പിതാവിന്റെ പേര് ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉത്തമം. വ്യക്തിയുടെ യഥാര്‍ഥ പേര്, പിതാവിന്റെ പേര്, കുടുംബ പേര്/വല്ല്യുപ്പയുടെ പേര്… എന്നിങ്ങനെയാണ് ലോകത്ത് പൊതുവെ പേരുകള്‍ ചേര്‍ക്കപ്പെടുന്നത്. ഒന്നിലധികം പേരുകള്‍ കണ്ടാല്‍തന്നെ അത് മനസ്സിലാക്കപ്പെടുന്നത് ഈ ക്രമത്തിലാണെന്ന് കൂടി നാം അറിയണം. പ്രത്യേകിച്ച് അറബ് ലോകത്ത്. ഉദാഹരണത്തിന് എന്റെ ഒരു കുട്ടിയുടെ പേര് ആമിര്‍ എന്നാണ്. അവന്റെ ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍ മുഴുവന്‍ റിക്കോര്‍ഡുകളിലും ആമിര്‍ മുഹമ്മദ് അഷ്‌റഫ് എന്നാണ്. എന്നാല്‍ എന്റെ പേര് റിക്കാര്‍ഡിലുള്ളത് മുഹമ്മദ് അഷ്‌റഫ് തയ്യുള്ളതില്‍ എന്നാണ്. ഈ തയ്യുള്ളതില്‍ എന്താണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള പ്രയാസം എന്റെ മക്കള്‍ക്കുണ്ടാവില്ലെന്നര്‍ഥം.

ഇതര ഭാഷയിലെ പദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് നമ്മുടെ ഭാഷയില്‍ എഴുതുമ്പോള്‍ അര്‍ഥവ്യത്യാസം വരാന്‍ സാധ്യതയില്ലാത്തതാകണം. ഉദാഹരണം, ഫള്‌ലുര്‍റഹ്മാന്‍ എന്ന് നാം പേരിടാറുണ്ട്. കാരുണ്യവാന്റെ ഔദാര്യം എന്നാണര്‍ഥം. ഈ അറബി നാമം മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം പലപ്പോഴും എഴുതുകയും പറയുകയും ചെയ്യുന്നത് ഫസ്‌ലുര്‍റഹ്മാന്‍ എന്നാണ്. ഫസ്വ്ല്‍ എന്നാല്‍ വേര്‍പെടുത്തുക എന്നാണര്‍ഥം. അപ്പോള്‍ കാരുണ്യവാന്റെ വേര്‍പെടുത്തല്‍ എന്നാവും. ഇങ്ങനെ മാറാന്‍ സാധ്യതയുള്ള പേരുകള്‍ ഒഴിവാക്കണം.

മൂത്ത ആണ്‍കുട്ടിയുടെ പേര് ചേര്‍ത്ത് പിതാവിനെ വിളിക്കുന്ന സമ്പ്രദായം പലസമൂഹങ്ങളിലും പണ്ടുമുതലേ നിലവിലുണ്ട്. അതനുസരിച്ച് നബി(സ്വ)യെ അബുല്‍ ക്വാസിം എന്നായിരുന്നവല്ലോ വിളിച്ചിരുന്നത്. ഇത് പ്രവാചകന്‍ വിലക്കിയില്ലെന്ന് മാത്രമല്ല, ഒരിക്കല്‍ ആഇശ(റ) നബി(സ്വ)യോട് പറഞ്ഞു: ”ഞാനല്ലാത്ത താങ്കളുടെ എല്ലാ ഭാര്യമാര്‍ക്കും താങ്കള്‍ കുന്‍യത്ത് (വിളിപ്പേര്) നല്‍കി.” അപ്പോള്‍ നബി (സ്വ) പറഞ്ഞു: ”നീ ഉമ്മു അബ്ദില്ലയാണ്” (ഇബ്‌നുമാജ). ആദരവായും പുകഴ്ത്തലായും വിളിപ്പേര് നല്‍കാറുണ്ട്. ഉദാഹരണത്തിന് നബി(സ്വ) അബൂബക്കര്‍(റ) വിന് ‘സ്വിദ്ദീക്വ്’ (സത്യപ്പെടുത്തുന്നവന്‍) എന്ന അധികപ്പേര് നല്‍കി. അതുപോലെ ഓമനപ്പേര് വിളിക്കാവുന്നതാണ്. നബി(സ്വ) കുട്ടികളെ അങ്ങനെ വിളിക്കാറുണ്ടായിരുന്നു.

കുഞ്ഞിന് പേരിടല്‍ നിസ്സാരമായി എടുക്കേണ്ട ഒരു വിഷയമല്ല എന്ന് ചുരുക്കം. മരണം വരെയും മരണാനന്തരം പരലോകത്തും ഒരു മനുഷ്യനെ വിട്ടുപിരിയാത്ത ഒന്നാണ് അവന്റെ പേര്. അതിനാല്‍ തന്നെ സ്രഷ്ടാവിന്റെ ദൈവികദര്‍ശനത്തിന്റെ വെളിച്ചത്തിലാവണം ഒരു മുസ്‌ലിം കുഞ്ഞിന്റെ പേര് പരതുന്നത്.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

06: നവാതിഥിയെ വരവേല്‍ക്കുമ്പോള്‍

06: നവാതിഥിയെ വരവേല്‍ക്കുമ്പോള്‍

ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നാം കഴിഞ്ഞ ലേഖനത്തില്‍ മനസ്സിലാക്കി. ഇനി കുഞ്ഞുകരച്ചിലിനു കാതോര്‍ക്കാം. പ്രസവത്തിന്റെ പ്രയാസങ്ങളും വേദനയും മുന്നില്‍ കണ്ട് അല്ലാഹുവിലേക്ക് വിനയപ്പെട്ടും പശ്ചാത്താപം പുതുക്കിയും കൊണ്ടാവണം പുതിയ അതിഥിയെ വരവേല്‍ക്കാന്‍ മാതാപിതാക്കള്‍ ഒരുങ്ങേണ്ടത്. മര്‍യമിന്റെ പ്രസവ സന്ദര്‍ഭം അല്ലാഹു നമുക്ക് വിശദീകരിച്ചു തരുന്നത് കാണുക: ”അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക…” (19:22-26).

അല്ലാഹുവിന്റെ ഇഷ്ടദാസിയായ മര്‍യമിന് പോലും പ്രസവസമയം എത്രമാത്രം പ്രയാസകരമായിരുന്നുവെന്നും അതോടൊപ്പം അല്ലാഹുവിലുള്ള വിശ്വാസവും പ്രാര്‍ഥനയും പ്രതീക്ഷയുമെല്ലാം എപ്രകാരമാണ് അവരുടെ പ്രയാസങ്ങളെ ലഘൂകരിച്ചതെന്നും ഈ സൂക്തങ്ങള്‍ വ്യക്തമാക്കിത്തരുന്നു.

ഗര്‍ഭപാത്രത്തിനു പുറത്തുള്ള അപരിചിതലോകത്തിലേക്ക് കണ്ണുതുറക്കുന്ന കുഞ്ഞ് ഒരു വി.ഐപി തന്നെയാണ്. അതിനാല്‍ ആ വി.ഐ.പിയെ സ്വീകരിക്കുവാന്‍ ചില പ്രോട്ടോകോളുകള്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഇസ്‌ലാമിക പാരന്റിംഗിന് തുടക്കം കുറിക്കുകയാണ്. ചില സുപ്രധാന കാര്യങ്ങള്‍ മനസ്സിലാക്കാം:

1. സന്തോഷവാര്‍ത്തയറിയിക്കല്‍: ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവന്ന് കരഞ്ഞുകൊണ്ട് സാന്നിധ്യമറിയിക്കുന്ന കുഞ്ഞിന്റെ ജനനം ഒരു ‘സന്തോഷവാര്‍ത്ത’ തന്നെയാണല്ലോ. അല്ലാഹു പറയുന്നു:”ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു…” (19:7).

”നമ്മുടെ ദൂതന്‍മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി…”(11:69). ”അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബിയുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാഖിനെപ്പറ്റിയും, ഇസ്ഹാഖിന്റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു”(11:72).

സന്തോഷത്തിലും സന്താപത്തിലും പരസ്പരം പങ്കുചേരേണ്ട സത്യവിശ്വാസികള്‍ ജനനത്തില്‍ സന്തോഷിക്കുകയും കുഞ്ഞിനും മാതാപിതാക്കള്‍ക്കും സന്തോഷം നല്‍കുംവിധം പ്രതികരിക്കുകയും പ്രാര്‍ഥിക്കുകയുമാണ് വേണ്ടത്. എന്നാല്‍ നവജാത ശിശുവിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകളോ ആശംസാവചനങ്ങളോ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നില്ല.

2. തഹ്‌നീക്ക്: ജനിച്ചയുടനെ കാരക്കനീരോ തേനോ കുഞ്ഞിന്റെ നാവില്‍ പുരട്ടുന്നതിനെയാണ് തഹ്‌നീക്ക് എന്ന് പറയുന്നത്.

ഒന്നിലധികം തവണ നബി(സ) ഇപ്രകാരം ചെയ്തതും സ്വഹാബികള്‍ നബി(സ)യുടെ അരികിലേക്ക് കുഞ്ഞുങ്ങളെകൊണ്ട് വന്നതും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂമൂസ(റ) പറയുന്നു: ”അദ്ദേഹത്തിന് കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിനെയുമായി നബി(സ)യുടെ സന്നിധിയില്‍ ചെന്നു. നബി(സ) അവന് ഇബ്‌റാഹീം എന്ന് പേര് നല്‍കുകയും കാരക്ക നീര് പുരട്ടിക്കൊടുക്കുകയും അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തിട്ട് എനിക്കവനെ തിരിച്ച് തന്നു.”(ബുഖാരി/മുസ്‌ലിം)

അബൂത്വല്‍ഹക്കും ഉമ്മുസുലൈമിനും കുഞ്ഞ് പിറന്നപ്പോള്‍ നബി(സ) ഇപ്രകാരം ചെയ്തത് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. കൂടാതെ അസ്മാഅ് ഗര്‍ഭിണിയായിരിക്കെ ഹിജ്‌റ പോവുകയും ഖുബായില്‍ എത്തിയപ്പോള്‍ അബ്ദുല്ലാഹ് ബ്‌നു സുബൈറിനെ പ്രസവിക്കുകയും ചെയ്തു. അവര്‍ പറയുന്നു: ”എന്നിട്ട് ഞാന്‍ നബി(സ)യുടെ സന്നിധിയില്‍ ചെന്ന് കുഞ്ഞിനെ അവിടുത്തെ മടിയില്‍വെച്ച് കൊടുത്തു. നബി(സ) കാരക്ക കൊണ്ട് വരാന്‍ കല്‍പിച്ചു. അത് ചവച്ചരച്ചിട്ട് അവന്റെ വായിലാക്കിക്കൊടുത്തു. അങ്ങനെ അവന്റെ ഉള്ളില്‍ ആദ്യം പ്രവേശിച്ചത് നബി(സ)യുടെ ഉമിനീരായി. പിന്നീട് അവന് വേണ്ടി അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു. അബ്ദുല്ലാഹ് ബ്‌നു സുബൈറാണ് മദീനയില്‍ എത്തിയ മുഹാജിറുകള്‍ക്ക് ആദ്യം പിറന്ന ആണ്‍കുഞ്ഞ്. അവന്റെ ജനനത്തില്‍ മുസ്‌ലിംകള്‍ എന്തെന്നില്ലാതെ സന്തോഷിച്ചു. കാരണം ജൂതന്മാര്‍ നിങ്ങള്‍ക്ക് സിഹ്‌റ് ചെയ്തതിനാല്‍ ആണ്‍കുട്ടികള്‍ ഉണ്ടാവുകയില്ലെന്ന ഒരു കിംവദന്തി ശത്രുക്കള്‍ പറഞ്ഞ് പരത്തിയിരുന്നു. (ആ ഇടക്കാണ് അബ്ദുല്ലയുടെ ജനനമുണ്ടായത്).” (ബുഖാരി/മുസ്‌ലിം)

3. മുടിനീക്കലും ബലികര്‍മവും (അഖീഖ): പ്രസവിച്ച് ‘ഏഴാംനാള്‍’ കുട്ടിയുടെ ജീവിതത്തിലെ പ്രധാന ദിനമാണ്. സംറത്ത് (റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു നബി(സ) പറഞ്ഞു: ”എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ പണയത്തില്‍ ബന്ധനസ്ഥനാണ്. ഏഴാം നാളിലാണ് അവന് വേണ്ടി അറവ് നടത്തുന്നത്. അന്ന് തന്നെയാണ് മുടി നീക്കേണ്ടതും, പേരിടേണ്ടതും.” (തിര്‍മിദി, നസാഇ, ഇബ്‌നുമാജ, അഹ്മദ്)

കുഞ്ഞിന്റെ ജനനത്തോടൊപ്പം ഉള്ള ആരംഭ മുടിനീക്കം ചെയ്യാനും അതിന്റെ തൂക്കത്തിനുള്ള അളവില്‍ വെള്ളി ദാനം ചെയ്യാനും നബി(സ) കല്‍പിച്ചതായി കാണാം. ഇബ്‌നു ഇസ്ഹാഖ് മുഹമ്മദ് ബ്‌നു അലിയില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”ഹസന്‍(റ)വിനെ പ്രസവിച്ചപ്പോള്‍ പ്രവാചകന്‍(സ) മകള്‍ ഫാത്തിമയോട് പറഞ്ഞു: ”നീ അവന്റെ മുടി നീക്കം ചെയ്യുക. അങ്ങിനെ ഫാത്തിമ(റ) അത് തൂക്കി നോക്കി. അത് ഒരു ദിര്‍ഹമോ അല്ലെങ്കില്‍ അല്‍പം കുറവോ ആയിരുന്നു.”

ഇതോടൊപ്പം നടക്കുന്ന ഒരു കര്‍മമാണ് അഖീഖ. ഒരു മൃഗത്തെ അറുത്ത് മാംസവിതരണം നടത്തുക എന്നതാണ് ഉദ്ദേശം. ഉമ്മുല്‍ കറസ് അല്‍ കഅബിയ എന്ന സ്വഹാബി വനിത അഖീഖയെകുറിച്ച് നബി(സ)യോട് ചോദിക്കുകയുണ്ടായി, നബി(സ) പറഞ്ഞു: ‘ആണ്‍കുട്ടിക്ക് രണ്ടാടും പെണ്‍കുട്ടിക്ക് ഒരാടും ആകുന്നു. അത് ആണാവുന്നതും പെണ്ണാവുന്നതും തടസ്സമില്ല.’ (അഹ്മദ്)

ഇമാം ത്വബ്‌റാനി(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇപ്രകാരമാണ്: അഖീഖ ഏഴാം നാളിലാണ് അറുക്കപ്പെടുക. അതല്ലെങ്കില്‍ 14ാം നാളില്‍, അല്ലെങ്കില്‍ ഇരുപത്തിയൊന്നാം നാളില്‍ ആണ്. കുഞ്ഞിന്റെ കുടുംബത്തിന്റെ സ്ഥിതി അനുസരിച്ച് ബലികര്‍മത്തിന്റെ നിബന്ധനയോട് കൂടിയ ഏത് മൃഗമാവാമെന്നും ആടാണ് നബിയുടെ കാലത്ത് അറുത്തിരുന്നതെന്നും, ദിവസങ്ങളില്‍ ഏറ്റവും പുണ്യകരം ഏഴാം നാളിലാണെന്നും അതിന് സാധിക്കാത്തവര്‍ക്ക് സാധ്യമാവുന്ന ഏത് സന്ദര്‍ഭത്തില്‍ നടത്തിയാലും സ്വീകരിക്കപ്പെടുമെന്നുമാണ് പണ്ഡിതാഭിപ്രായം. ഉളുഹിയ്യത്തിന്റെ രീതിശാസ്ത്രം തന്നെയാണ് മാംസവിതരണത്തിനുമുള്ളതെങ്കിലും വീട്ടില്‍ ഭക്ഷണമുണ്ടാക്കി വിരുന്നൂട്ടിയാലും മതിയാകുന്നതാണ്. ദരിദ്രരുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് മാത്രം.

4. പരിഛേദന കര്‍മം: ലിംഗാഗ്രത്തിലെ തൊലി നീക്കം ചെയ്യുന്ന, പ്രവാചക മാതൃകയാണിത്. പുരുഷന്മാര്‍ക്ക് മാലിന്യമുക്തി നേടാനും ആരോഗ്യ സംരക്ഷണത്തിനും സഹായകമായ ഒരു ദൈവിക നിര്‍ദേശമാണിത്. ആധുനിക വൈദ്യശാസ്ത്ര സൗകര്യങ്ങളുടെ സാധ്യതകള്‍ കൂടുതലുള്ള ഇക്കാലത്ത് പ്രസവാനന്തര നാളുകളില്‍ നടത്തുന്നതാണ് കൂടുതല്‍ നല്ലത്. മനുഷ്യപ്രകൃതിയുടെ ഭാഗമായാണ് പ്രവാചകന്‍(സ) ലിംഗപരിഛേദനത്തെ എണ്ണിയിട്ടുള്ളത്. (ബുഖാരി/മുസ്‌ലിം)

ഏഴാം നാളില്‍ ഹസന്‍, ഹുസൈന്‍(റ) എന്നിവര്‍ക്ക് വേണ്ടി അഖീഖ അറുക്കുകയും അവരുടെ പരിഛേദന കര്‍മം നിര്‍വഹിക്കുകയും ചെയ്തുവെന്ന് ഇമാം ബൈഹഖി ജാബിര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്. ഈ സമ്പ്രദായം ആരംഭം കുറിച്ചത് പ്രവാചകന്‍ ഇബ്‌റാഹീം നബിൗയില്‍ നിന്നാണെന്നും പിന്നീട് അത് പ്രവാചകന്‍മാരുടെ ഉത്തമമാതൃകയായിത്തീര്‍ന്നെന്നും, ഒരാള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നാല്‍ എത്ര പ്രായമുള്ളവനാണെങ്കിലും പരിഛേദനകര്‍മം നിര്‍വഹിക്കേണ്ടതുണ്ടെന്നും സ്വഹീഹായ ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടതെല്ലാം ഈ കര്‍മത്തിന്റെ അനിവാര്യതയും പ്രകൃതിപരതയും വിളിച്ചോതുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മുടികളയല്‍, അഖീഖ, പരിഛേദന കര്‍മം തുടങ്ങിയ കാര്യങ്ങളെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സവിസ്തരം ചര്‍ച്ചക്കെടുത്തത്. പ്രസ്തുത കര്‍മങ്ങളുടെ ഗൗരവമുള്‍ക്കൊണ്ട് ചെയ്യുമ്പോഴേ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലത്തിന് അര്‍ഹത ലഭിക്കൂ.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

05: ഗർഭകാല ചിന്തകൾ

05: ഗർഭകാല ചിന്തകൾ

പ്രാർഥനയും പ്രതീക്ഷയും നിറഞ്ഞ നല്ല തുടക്കത്തിന്റെ പ്രസക്തിയാണ്‌ മുമ്പ്‌ പ്രതിപാദിച്ചത്‌. സഹധർമിണിയുടെ ഗർഭധാരണത്തിന്റെ ശുഭവാർത്തയോട്‌ കൂടി ആ പ്രാർഥന സഫലമാവുകയായി. പ്രതീക്ഷകൾ നാമ്പെടുത്തു തുടങ്ങി. ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികൾ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.

ഗർഭധാരണം, ഗർഭസ്ഥ ശിശു തുടങ്ങിയവയെക്കുറിച്ച്‌ ക്വുർആനിലും നബിവചനങ്ങളിലും പരാമർശങ്ങൾ കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ കുഞ്ഞിന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടുള്ള സ്രഷ്ടാവിന്റെ പരാമർശങ്ങളാണ്‌. കുഞ്ഞിന്റെ സൃഷ്ടിപ്പിന്റെ സമയവും ലിംഗ നിർണയവും രൂപ സാദൃശ്യങ്ങളുമെല്ലാം അല്ലാഹുവിന്റെ മാത്രം അധികാര പരിധിയിൽ ഉള്ളതാണ്‌. അല്ലാഹു മനുഷ്യന്‌ നൽകിയ ഭൗതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലവസാനിക്കുന്നു മനുഷ്യന്റെ ഭാഗധേയം. കാലം, ലിംഗം, നിറം, രൂപം, ആകാരം, ആരോഗ്യം തുടങ്ങി കുഞ്ഞുമായി ബന്ധപ്പെട്ടതെല്ലാം ഗർഭാശയത്തിൽ നടക്കുന്നത്‌ അല്ലാഹുവിന്റെ വിവേചനാധികാരത്തിലും തീരുമാനത്തിലുമാണ്‌. അവ ചിലപ്പോൾ മനുഷ്യന്റെ പരിചയങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറമോ ഇപ്പുറമോ ആയേക്കാം. അല്ലാഹുവിന്റെ തീരുമാനം എന്തായാലും അതിൽ ആകുലപ്പെടാതെ സസന്തോഷം സ്വീകരിക്കുന്നവനാണ്‌ സത്യവിശ്വാസി. അല്ലാഹു പറയുന്നു: “നിന്റ രക്ഷിതാവ്‌ താൻ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുകയും (ഇഷ്ടമുള്ളത്‌ )തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർക്ക്‌ തെരഞ്ഞെടുക്കുവാൻ അർഹതയില്ല…” (28:68).

മറ്‌യമിന്റെ ഗർഭധാരണത്തെ പരാമർശിക്കുന്നിടത്ത്‌ അല്ലാഹു പറഞ്ഞു: “അവൾ(മറ്‌യം) പറഞ്ഞു: എനിക്ക്‌ എങ്ങനെയാണ്‌ കുട്ടിയുണ്ടാകുക? എന്നെ ഒരു മനുഷ്യനും സ്പർശിച്ചിട്ടില്ല! അല്ലാഹു പറഞ്ഞു: അങ്ങനെ തന്നെയാകുന്നു കാര്യം. താൻ ഉദ്ദേശിക്കുന്നത്‌ അവൻ സൃഷ്ടിക്കുന്നു. അവൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അത്‌ ഉണ്ടാകുന്നു” (3:47).

“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നത്‌ അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവന്‌ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ ആൺമക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കിൽ അവർക്ക്‌ അവൻ ആൺമക്കളെയും പെൺമക്കളെയും ഇടകലർത്തിക്കൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു. തീർച്ചയായും അവന്‌ സർവജ്ഞനും സർവശക്തനുമാകുന്നു” (42:49,50).

കുട്ടികളുടെ ലിംഗം, നിറം, രൂപസാദൃശ്യം തുടങ്ങിയവയിലൊന്നും ആരും ആരെയും പഴി പറഞ്ഞിട്ട്‌ കാര്യമില്ലെന്നർഥം. ഉണ്ടാവരുതെന്നു നിനച്ച നേരത്ത്‌ ലഭിക്കുന്ന കുട്ടിയോട്‌ നീരസം കാണിക്കുന്നത്‌ ഇസ്ലാമിക വിരുദ്ധവും അതിനാൽ തന്നെ മാനവിക വിരുദ്ധവുമാണെന്ന്‌ ദമ്പതികൾ മനസ്സിലാക്കണം.

അല്ലാഹു പറഞ്ഞു: “ഗർഭാശയങ്ങളിൽ താൻ ഉദ്ദേശിക്കുന്ന വിധത്തിൽ നിങ്ങളെ രൂപപ്പെടുത്തുന്നത്‌ അവനത്രെ. അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ പ്രതാപിയും യുക്തിമാനുമത്രെ” (3:6).

“ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതെന്തെന്ന്‌ അല്ലാഹു അറിയുന്നു. ഗർഭാശയങ്ങൾ കമ്മിവരുത്തുന്നതും വർധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്റെ അടുക്കൽ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു” (13:8).

ഗർഭധാരണം തുടങ്ങുന്നതോടെ ദമ്പതികൾക്കിടയിൽ വരാനിരിക്കുന്ന കുഞ്ഞിനെ ചുറ്റിപ്പറ്റിയുള്ള കണക്കു കൂട്ടലുകളും വർത്തമാനങ്ങളും ആരംഭിക്കുന്നത്‌ സ്വാഭാവികമാണ്‌. ഈ കണക്ക്‌ കൂട്ടലുകളുടെ പ്രതിഫലനം ചിലപ്പോഴെങ്കിലും ഏതെങ്കിലും ഒരാളിലെങ്കിലും നെഗറ്റിവായ സമീപനത്തിന്‌ വഴിവെക്കാറുണ്ട്‌. ആൺകുഞ്ഞിന്റെ ജനന വാർത്ത കേട്ടാൽ ഉണ്ടാകുമ്പോഴുള്ള ആവേശവും സന്തോഷവും പെൺകുഞ്ഞിന്റെ ജനന വാർത്ത കേട്ടാൽ ഉണ്ടാവാത്ത അവസ്ഥ ഇപ്പോഴും ചില കുടുംബങ്ങളിലെങ്കിലും ഉണ്ടെന്നത്‌ വസ്തുതയാണ്‌.

കുഞ്ഞിന്റെ സൃഷ്ടിപ്പിന്‌ പിന്നിലുള്ള സ്രഷ്ടാവിന്റെ അതുല്യമായ സംവിധാനങ്ങൾ ഏറെ ചിന്തനീയമാണ്‌. നിസ്സാരമെന്ന്‌ ഗണിക്കുന്ന ബീജത്തിൽ നിന്ന്‌ `മനുഷ്യൻ` രൂപപ്പെട്ടു വരുന്നതിനെ ക്വുർആൻ വിശദീകരിക്കുന്നുണ്ട്‌. ലഭിക്കുന്ന സന്താനത്തിന്റെ മൂല്യമറിയാനും കുഞ്ഞിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ അലംഭാവമില്ലാതിരിക്കാനും ഇതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ദമ്പതികളെ സഹായിക്കും; സന്താനത്തിന്റെ `ക്വാളിറ്റി`യുടെ ഏറ്റവ്യത്യാസം മാതാപിതാക്കളിൽ അന്യായമായ അഹങ്കാരമോ ന്യായീകരണമില്ലാത്ത അപമാനചിന്തയോ വളർത്തുന്നതിനെ തടയുകയും ചെയ്തേക്കും. ഇവ്വിഷയകമായി വന്ന ചില സൂക്തങ്ങൾ കാണുക:

“എന്നാൽ മനുഷ്യൻ ചിന്തിച്ചു നോക്കട്ടെ, താൻ എന്തിൽ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. മുതുകെല്ലിനും വാരിയെല്ലുകൾക്കുമിടയിൽ നിന്ന്‌ അത്‌ പുറത്തു വരുന്നു”(86:57).

“കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽ നിന്ന്‌ തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു”(76:2).

“നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു. മൂന്ന്‌ തരം അന്ധകാരങ്ങൾക്കുള്ളിൽ. സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു“ (39:6).

”തീർച്ചയായും നാമാണ്‌ നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്‌ ബീജത്തിൽ നിന്നും പിന്നീട്‌ ഭ്രൂണത്തിൽ നിന്നും അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങൾക്ക്‌ കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു…“(22:5).

”പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു…“ (23:13,14).

അതിസൂക്ഷ്മവും സങ്കീർണവുമായ ഈ മഹാ പ്രതിഭാസങ്ങളെല്ലാം നടക്കുന്നത്‌ തന്റെ സഹധർമിണിയുടെ അടിവയറ്റിലാണല്ലോ? അതിനാൽ തന്നെ `ഗർഭിണി` എന്ന്‌ പരിഗണനക്കും പരിചരണത്തിനും അവൾ അർഹയാണ്‌. ഗർഭധാരണവും പ്രസവവും പ്രയാസമേറിയ ദൗത്യമാണെന്ന്‌ അല്ലാഹു നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌: “ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗർഭം ചുമന്ന്‌ നടന്നത്‌. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്‌”(31:14).

“അവന്റെ മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗർഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്തു…”(46:15).

ഈ രണ്ടു വചനത്തിലൂടെയും ഗർഭ കാലഘട്ടത്തിലെ ക്ഷീണത്തെയും പ്രസവത്തിന്റെ പ്രയാസത്തെയും പടച്ചവൻ തന്നെ പരിചയപ്പെടുത്തുന്നു. അതിനാൽ ക്ഷീണവും പ്രയാസവും മുൻകൂട്ടി കണ്ടുകൊണ്ടും അല്ലാഹു ഏൽപിച്ച ദൗത്യത്തിന്റെ മഹത്ത്വം ഉൾക്കൊണ്ട്‌ കൊണ്ടും നന്മ നിറഞ്ഞ മനസ്സോടു കൂടിയാവണം ഗർഭധാരണത്തെയും ആ ഘട്ടത്തിലെ പ്രയാസങ്ങളെയും മുസ്ലിം ദമ്പതികൾ നോക്കിക്കാണേണ്ടത്‌. `ഇഷ്ടപ്പെടാത്ത നേരത്ത്‌` സംഭവിച്ച ഗർഭധാരണത്തോട്‌, അല്ലാഹുവിന്നു അതൃപ്തി ഉണ്ടാവും വിധം പ്രതികരിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളുണ്ടാവരുത്‌. പലപ്പോഴും ഈ `ഇഷ്ടപ്പെടാത്ത നേരം` യാതൊരുവിധ ന്യായീകരണവുമില്ലാത്തതായിരിക്കും. എഴുതിത്തീർക്കാൻ കാത്തിരിക്കുന്ന പരീക്ഷകൾ, കുടുംബത്തിൽ നടക്കാനിരിക്കുന്ന വിവാഹം, ചാർട്ട്‌ ചെയ്തുപോയ വിദേശ യാത്രകൾ, വിനോദ യാത്രകൾ… ഇതൊക്കെയായിരിക്കും പലപ്പോഴും ഈ നീരസത്തിന്ന്‌ നിദാനം. അവർ അല്ലാഹുവിന്റെ ദാനത്തിന്റെ വിലയും നിലയും അറിയാത്ത അവിവേകികളാണ്‌.

ഗർഭിണിയുടെ പ്രയാസത്തെ കുറിച്ചുള്ള ദൈവിക സൂചനകളിൽ നമുക്ക്‌ മറ്റൊരു പാഠവും കൂടിയുണ്ട്‌. തന്റെ ഇണ അനുഭവിക്കുന്ന ക്ഷീണത്തെയും പ്രയാസത്തെയും കണ്ടറിയാൻ ഭർത്താവിന്‌ കഴിയണം, സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തണൽ അവൾക്ക്‌ അത്യാവശ്യമാണ്‌ എന്ന പാഠം. ഗർഭധാരണത്തിന്റെ നാളുകൾ മുന്നോട്ട്‌ നീങ്ങും തോറും കുഞ്ഞിന്റെ ഭാരം പേറുന്ന മാതാവും അവളെ പരിചരിക്കുന്നതിന്റെ ഭാരം പേറുന്ന ഭർത്താവും സ്വാലിഹായ സന്താനത്തിന്ന്‌ വേണ്ടിയുള്ള പ്രാർഥന ശക്തിപ്പെടുത്തുക കൂടി വേണം. അല്ലാഹു പറയുന്നു: “ഒരൊറ്റ സത്തയിൽ നിന്ന്‌ തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവൻ. അതിൽ നിന്ന്‌ തന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി; അവളോടൊത്ത്‌ അവൻ സമാധാനമടയുവാൻ വേണ്ടി. അങ്ങനെ അവൻ അവളെ പ്രാപിച്ചപ്പോൾ അവൾ ലഘുവായ ഒരു (ഗർഭ)ഭാരം വഹിച്ചു. എന്നിട്ട്‌ അവളതുമായി നടന്നു. തുടർന്ന്‌ അവൾക്ക്‌ ഭാരം കൂടിയപ്പോൾ അവർ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട്‌ പ്രാർഥിച്ചു: ഞങ്ങൾക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കിൽ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.“

ചുരുക്കത്തിൽ, ദൈവിക മാർഗദർശനത്തിലുള്ള ഉറച്ച ബോധ്യവും നിശ്ചയ ദാർഢ്യത്തോട്‌ കൂടിയുള്ള പ്രാർഥനയും അനുയോജ്യമായ പരിപാലനവു മായി നീങ്ങുന്ന ദമ്പതികൾക്ക്‌ പ്രസവം അടങ്ങാത്ത ആശങ്കയായിരിക്കില്ല; ഒടുങ്ങാത്ത ആശയായിരിക്കും, തീർച്ച!

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

04: തുടക്കം നന്നായാല്‍…

04: തുടക്കം നന്നായാല്‍...

സന്താനങ്ങളെ സംബന്ധിച്ച് സ്രഷ്ടാവ് പഠിപ്പിച്ച ചില കാര്യങ്ങളാണ് മുന്‍ലക്കങ്ങളില്‍ നാം മനസ്സിലാക്കിയത്. ഇവ ഉള്‍ക്കൊണ്ട് വേണം രക്ഷിതാവ് പാരന്റിംഗ് ദൗത്യത്തിലേക്ക് കടക്കാന്‍. കാല,ദേശ വ്യത്യാസങ്ങളില്ലാത്തവനില്‍ നിന്നുള്ള അറിവാണ് അവ എന്നതിനാല്‍ തന്നെ അവയെ പരിഗണിക്കാതെ വിജയകരമായ ഒരു ഇസ്‌ലാമിക പാരന്റിംഗ് അസാധ്യമാണ്.

എവിടെ തുടങ്ങും? സ്വാഭാവികമായതാണ് ഈ ചോദ്യം. നിങ്ങള്‍ ഉള്ളിടത്ത് നിന്ന് എന്നതാണ് ശരിയുത്തരം. നിങ്ങള്‍ ആരുമാവാം. അവിവാഹിതന്‍/അവിവാഹിത/നവദമ്പതികള്‍ അല്ലെങ്കില്‍ രക്ഷിതാക്കള്‍. അറിഞ്ഞേടത്ത് വെച്ച് തിരുത്തിത്തുടങ്ങുകയെന്നതാണ് ഏത് വിഷയത്തിലും ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. നഷ്ടങ്ങളുടെ വിലാപകാവ്യമല്ല, അവസരങ്ങളുടെ ഉപയോഗമാണ് ജീവിതം.

തുടക്കം നന്നാക്കിയാല്‍, നേരത്തെയാക്കിയാല്‍ തീര്‍ച്ചയായും വിളവെടുപ്പും നന്നാക്കാം; നേരത്തെയാക്കാം. നല്ല മുന്നൊരുക്കങ്ങള്‍ ഈ ദൗത്യയാത്രയിലെ യാതനകളെയും വേദനകളെയും ലഘുവാക്കിത്തരും എന്നതാണ് വാസ്തവം. മനുഷ്യപ്രകൃതിയോട് ഇണങ്ങുന്ന നിയമങ്ങളും നിര്‍ദേശങ്ങളും നല്‍കി മനുഷ്യജീവിതം സുരക്ഷിതവും സമാധാനപൂര്‍വവുമാക്കിയ അല്ലാഹു, പാരന്റിംഗിന്റെ അടിത്തറ മികവുറ്റതാക്കുവാന്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളോരോന്നും ഏതൊരു ഭൗതികപഠനങ്ങളെയും പിന്നിലാക്കുന്നതും കുറ്റമറ്റതുമാണ്. അവയില്‍ ചിലത് നമുക്ക് പരിശോധനക്ക് വിധേയമാക്കാം.

1. തെരഞ്ഞടുപ്പ് നന്നാക്കുക: നല്ല സന്താനത്തെ സ്വപ്‌നം കാണുന്നവരുടെ മുമ്പിലുള്ള പ്രഥമ ചുവടുവെപ്പ് ജീവിതപങ്കാളിയെ തെരഞ്ഞടുക്കുന്നേടത്ത് കൂടുതല്‍ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുകയും ദൈവിക നിര്‍ദേശങ്ങളെ പരിഗണിക്കുകയും ചെയ്യുകയെന്നതാണ്. ഈ വഴിയില്‍ ഇസ്‌ലാം നല്‍കുന്ന വെളിച്ചത്തിന് മുന്നില്‍ ഒട്ടും അവ്യക്തതകള്‍ കാണാന്‍ സാധ്യമല്ല. ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ‘നിങ്ങളുടെ ബീജത്തിന് വേണ്ടി നല്ല തെരഞ്ഞടുപ്പ് നടത്തുക’ (ഇബ്‌നുമാജ, ഹാകിം).

ഈ അര്‍ഥത്തിലുള്ള ഒന്നിലധികം നിവേദനകള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ നബി(സ) പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ കൂടി ശ്രദ്ധിക്കുകയെന്നതാണ് വിശ്വാസിയുടെ ബാധ്യത. നബി(സ) അരുളി: ‘നാലു കാര്യങ്ങള്‍ക്കാണ് ഒരു സ്ത്രീ വിവാഹം ചെയ്യപ്പെടാറുള്ളത്; അവളുടെ സമ്പത്ത്, കുടുംബം, സൗന്ദര്യം, മതനിഷ്ഠ എന്നിവയാണവ. നീ മതനിഷ്ഠയുള്ളവരെ തെരഞ്ഞടുത്ത് വിജയം പ്രാപിക്കുക; നിന്റെ കയ്യില്‍ മണ്ണ് പുരണ്ടാലും'(ബുഖാരി).

‘ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നാലും’ എന്നാണ് ‘മണ്ണ് പുരളേണ്ടി വന്നാലും’ എന്നതിന്റെ വിവക്ഷയെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം. മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: ‘മതവും സ്വഭാവവും തൃപ്തികരമായ (നിലയില്‍) ഒരാള്‍ വിവാഹമന്വേഷിച്ച് വന്നാല്‍ നിങ്ങള്‍ അവന്നു വിവാഹം ചെയ്ത് കൊടുക്കുക. അല്ലാത്ത പക്ഷം ഭൂമിയില്‍ വ്യാപകമായ തോതില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും”(തിര്‍മിദി).

‘ബഹുദൈവാരാധകര്‍ക്കും വ്യഭിചാരികള്‍ക്കും തത്തുല്യരായവരാണ് അനുയോജ്യമാവുക’യെന്ന ക്വുര്‍ആനിന്റെ പ്രഖ്യാപനത്തില്‍ (24:3) വിശ്വാസവും ആദര്‍ശവും ജീവിതപങ്കാളിയുടെ തെരെഞ്ഞെടുപ്പില്‍ മുഖ്യ അളവുകോലാകേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നുണ്ട്. ഇണയാവാന്‍ പറ്റുമോ എന്ന അന്വേഷണത്തോടൊപ്പം മക്കളുടെ ഉപ്പയാകാന്‍, ഉമ്മയാകാന്‍ കൂടി പറ്റുമോ എന്ന അധിക ചോദ്യവും കൂടി തെരെഞ്ഞടുപ്പ് നേരത്തു വിശ്വാസിക്ക് അനിവാര്യമാണെന്നര്‍ഥം. അല്ലാഹു പറയുന്നു: ‘ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്മാര്‍ക്കും ദുഷിച്ച പുരുഷന്മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്മാര്‍ക്കും നല്ല പുരുഷന്മാര്‍ നല്ല സ്ത്രീകള്‍ക്കും ഉള്ളതാകുന്നു'(24:26).

നല്ല സന്താനങ്ങളുടെ അനിവാര്യത ബോധ്യപ്പെടുത്തുന്ന പ്രവാചകന്‍(സ) കുടുംബ പരിപാലനത്തിന് കഴിവുറ്റ പങ്കാളിയുണ്ടാവേണ്ട അനിവാര്യത മനസ്സിലാക്കിത്തരുന്നുണ്ട്.

അനസ് ബിന്‍ മാലിക് (റ)ല്‍ നിന്ന് നിവേദനം: നബി തിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ കൂടുതല്‍ പ്രസവിക്കുന്ന, നന്നായി സ്‌നേഹിക്കുന്നവരെ വിവാഹം കഴിക്കുക. ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ തീര്‍ച്ചയായും മറ്റു സമൂഹങ്ങള്‍ക്ക് മുമ്പില്‍ നിങ്ങളുടെ ആധിക്യം കൊണ്ട് ഞാന്‍ അഭിമാനിക്കും’ (ഇബ്‌നു ഹിബ്ബാന്‍).

അതിനാല്‍ നല്ല തെരഞ്ഞടുപ്പ് പ്രധാനം തന്നെയാണ്. കൃഷിക്കാരന്‍ നല്ല മണ്ണ് തേടുന്നത് അത്യാര്‍ത്തിയോ അനാവശ്യമോ അല്ല, മറിച്ച് ലക്ഷ്യപ്രാപ്തിക്കായുള്ള ഉറച്ച കാല്‍വെപ്പാണ്.

2 സന്താന ലബ്ദിക്കായുള്ള പ്രതീക്ഷയും പ്രാര്‍ഥനയുമായി ആരംഭിക്കുക. മനുഷ്യന്റെ ലൈംഗിക പൂര്‍ത്തീകരണത്തിന് അനുവദനീയ മാര്‍ഗമാണ് വിവാഹമെന്നതോടപ്പം തന്നെ മനുഷ്യവംശത്തിന്റെ തുടര്‍ച്ച കൂടി അതിന്റെ ലക്ഷ്യമാണ്.

അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ നിങ്ങള്‍ക്കവന്‍ പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും ചെയ്തു”(16:72).

മധുരനാളുകളില്‍ തന്നെ സച്ചരിതരായ സന്താനങ്ങളെ കുറിച്ചുള്ള ആശയും പ്രാര്‍ഥനയും ഉണ്ടാകണമെന്നാണ് ഇതിന്റെ താല്‍പര്യം. പ്രവാചകന്മാരുടെ മാതൃക കൂടിയാണത്. സകരിയ്യ നബി(അ)യുടെ പ്രാര്‍ഥന കാണുക: ‘അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ…”(3:38). ഇമാം ക്വുര്‍ത്വുബി ഈ സൂക്തം വിശദീകരിച്ചു കൊണ്ട് പറയുന്നു: ‘കുഞ്ഞിനെ ആവശ്യപ്പെടുകയെന്നത് ദൈവദൂതന്മാരുടെയും സത്യവാന്മാരുടെയും ചര്യയാണെന്നതിന് ഇത് തെളിവാണ.്’ ആരോഗ്യം ക്ഷയിച്ച് തുടങ്ങുകയും പ്രായം കൂടിവരികയും ചെയ്താല്‍ പോലും സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള ആശയും പ്രാര്‍ഥനയും കൈവിടാന്‍ പാടില്ലെന്ന സൂചന കൂടിയുണ്ട് സകരിയ്യ നബി(അ)യുടെ പ്രാര്‍ഥനയില്‍.

‘ദൈവിക മാര്‍ഗത്തില്‍ ധര്‍മസമരത്തിന് പാകമാകുന്ന മക്കളെ തേടല്‍’ എന്ന ഒരു അധ്യായം തന്നെ സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട്. ഇണകള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് (കേവല ലൈംഗിക ആസ്വാദനത്തിന്നപ്പുറം) ദൈവാനുഗ്രഹത്തിന്റെ ചൈതന്യമുള്ളതും പൈശാചികതയുടെ കരസ്പര്‍ശനമേല്‍ക്കാത്തതുമായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയോടും അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ടുമാവണം എന്ന് കൂടി നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ”നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്റെ കുടുംബത്തെ (ഇണയെ) സമീപിക്കാന്‍ ഉദ്ദേശിക്കുകയും എന്നിട്ട് അവന്‍ ‘അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മില്ലാഹ്), അല്ലാഹുവേ, ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ നല്‍കുന്നതില്‍ നിന്നും പിശാചിനെ നീ അകറ്റേണമേ’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യതാല്‍ ആ ബന്ധത്തില്‍ അല്ലാഹു അവര്‍ക്ക് കുഞ്ഞിനെ വിധിച്ചാല്‍ ഒരിക്കലും പിശാച് അവനെ ഉപദ്രവിക്കുകയില്ല’ (ബുഖാരി, മുസ്‌ലിം).

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

03: മക്കൾ ഒരു ഇസ്ലാമിക വായന

03: മക്കൾ ഒരു ഇസ്ലാമിക വായന

ഇസ്ലാമിക്‌ പാരന്റിംഗ്‌ എന്ന ദൗത്യനിർവഹണമേറ്റടുക്കുന്നവർ ആരാണ്‌/ എന്താണ്‌ മക്കൾ എന്നതിന്റെ ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌. ഏതൊന്നിന്റെയും പ്രകൃതിയെ അതിന്റെ ഉൽഭവ സ്രോതസ്സിൽ നിന്നും അടുത്തറിയുമ്പോൾ മാത്രമാണ്‌ ക്രിയാത്മകമായി അതിനോട്‌ ഇടപഴകാൻ കഴിയുക. ആരാണോ മക്കളെ നമ്മുടെ കയ്യിൽ ഏൽപിച്ചവൻ അവനാണ്‌ ഈ ചോദ്യങ്ങൾക്ക്‌ ശരിയായ ഉത്തരം നൽകാൻ കഴിയുന്നവൻ.

മക്കളുമായുള്ള ബന്ധത്തിന്റെ ആഴവും പരപ്പും പരിധിയും പരിമിതിയും എന്താണ്‌? അവരുടെ വളർച്ച, തളർച്ച, ചിലപ്പോൾ ഇടക്ക്‌ വെച്ചുള്ള നഷ്ടം (മരണം) തുടങ്ങിയ ഘട്ടങ്ങളിൽ നാം നിലനിർത്തേണ്ട കാഴ്ചപ്പാടുകളും സ്വീകരിക്കേണ്ട നിലപാടുകളും എന്താണ്‌? വിശുദ്ധ ക്വുർആനിലും നബി ജീവിതത്തിലും സന്താനങ്ങളെ വ്യത്യസ്ത രീതികളിൽ നമുക്ക്‌ നിർവചിച്ച്‌ തരുന്നുണ്ട്‌.

മക്കളോടുള്ള സ്നേഹവും താൽപര്യവും ഇഷ്ടവും മക്കളുണ്ടാകാനുള്ള അടങ്ങാത്ത ദാഹവുമെല്ലാം ജൈവഗുണമായി അല്ലാഹു മനുഷ്യനിൽ നിക്ഷേപിച്ച കാര്യമാണ്‌. ഇതില്ലായിരുന്നെങ്കിൽ ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കില്ലായിരുന്നു.

1. ഭൗതിക ജീവിതത്തിൽ അലങ്കാരമാണ്‌ മക്കൾ: മക്കളെ കാണുമ്പോൾ കണ്ണുകൾക്ക്‌ കുളിർമയും മനസ്സുകൾക്ക്‌ ആനന്ദവും ഹൃദയത്തിൽ സന്തോഷവും ജനിക്കുന്നു. അല്ലാഹു പറയുന്നു: “മക്കളും സമ്പത്തും ഭൗതിക ജീവിതത്തിന്റെ അലങ്കാരങ്ങളാകുന്നു..” (അൽകഹ്ഫ്‌:42).

“ഭാര്യമാർ, മക്കൾ, കൂമ്പാരമായിക്കൂട്ടിയ സ്വർണം, വെള്ളി, മേത്തരം കുതിരകൾ, നാൽകാലി വർഗങ്ങൾ, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യർക്ക്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു…” (ആലുഇംറാൻ 3:14).

2. മക്കൾ സ്രഷ്ടാവിന്റെ ദാനമാണ്‌: ഇസ്‌റാഈൽ സന്താനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട്‌ അല്ലാഹു പറയുന്നു: “സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതൽ സംഘബലമുള്ളവരാക്കിത്തീർക്കുകയും ചെയ്തു…” (അൽഇസ്‌റാഅ‍്‌: 6).

3. സൂക്ഷ്മാലുക്കളുടെ മാർഗത്തിലായിരിക്കുവോളം മക്കൾ കൺകുളിർമയാണ്‌: അല്ലാഹുവിന്റെ ഏറ്റവും ഇഷ്ട ദാസൻമാരുടെ ഗുണവിശേഷണങ്ങൾ വിവരിക്കുന്നിടത്ത്‌ അല്ലാഹു പറയുന്നു:

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക്‌ നീ കൺകുളിർമ നൽകുകയും ധർമനിഷ്ഠ പാലിക്കുന്നവർക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‌ പറയുന്നവരുമാകുന്നു അവർ” (അൽഫുർക്വാൻ: 74).

മക്കളോട്‌ കാണിക്കുന്ന കാരുണ്യം അല്ലാഹു ഹൃദയത്തിൽ ഉണ്ടാക്കുന്നതാണെന്നും അതില്ലാത്തവൻ ദൈവാനുഗ്രഹം തടയപ്പെട്ടവനാണെന്നും റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്‌. ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥിൽ ഇപ്രകാരം കാണാം: ഒരു ഗ്രാമീണൻ നബി(സ്വ)യുടെ അടുക്കൽ വന്ന്‌ ചോദിച്ചു: `താങ്കൾ കുട്ടികളെ ചുംബിക്കാറുണ്ടോ? ഞങ്ങൾ അങ്ങനെ ചെയ്യാറില്ല.` അപ്പോൾ നബി(സ്വ) അദ്ദേഹത്തോട്‌ ചോദിച്ചത്‌ `അല്ലാഹു കാരുണ്യം നിന്റെ മനസ്സിൽ നിന്ന്‌ ഊരിക്കളഞ്ഞതിന്‌ ഞാനെന്ത്‌ ചെയ്യും` എന്നാണ്‌. (അദബുൽ മുഫ്‌റദ്‌, ബുഖാരി).

ബുഖാരിയും മുസ്ലിമും ഉസാമ(റ)വിൽ നിന്ന്‌ നിവേദനം ചെയ്യുന്ന ഹദീഥിൽ കാണാം: പേരക്കുട്ടിയുടെ മരണവാർത്ത കേട്ട്‌ എത്തിയ പ്രവാചകൻ(സ്വ) അനുചരന്മാർക്കിടയിൽ വെച്ച്‌ കുഞ്ഞിന്റെ മയ്യിത്തെടുത്ത്‌ മടിയിൽ വെച്ചപ്പോൾ ചാഞ്ചല്യപ്പെടുകയും കണ്ണുനീർ പൊഴിക്കുകയും ചെയ്തു. അപ്പോൾ സഅ‍്ദ്‌(റ) ചോദിച്ചു: `അല്ലാഹുവിന്റെ ദൂതരേ, എന്താണിത്‌?` (താങ്കൾ കരയുകയോ?!) അപ്പോൾ നബി (സ) പ്രതിവചിച്ചു: `ഇത്‌ കാരുണ്യമാണ്‌. അത്‌ അല്ലാഹു തന്റെ ദാസൻമാരുടെ ഹൃദയത്തിൽ നിക്ഷേപിച്ചതാണ്‌.`

4. സന്താനങ്ങളുടെ ആൺ, പെൺ (ലിംഗ) തെരെഞ്ഞെടുപ്പ്‌ അല്ലാഹുവിന്റെതാണ്‌: മക്കൾ കൂടുതൽ ഉണ്ടാവണമെന്നും അവരിൽ കൂടുതൽ ആൺകുട്ടികളാവണമെന്നും മറ്റ്‌ ചിലപ്പോൾ പെൺകുട്ടികളാവണമെന്നുമെല്ലാം രക്ഷിതാക്കൾ ആഗ്രഹിക്കാറുണ്ട്‌. അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്‌ ലിംഗ വ്യത്യാസം അല്ലാഹുവിന്റെ വിവേചനാധികാരത്തിൽ പെട്ടതാണെന്നും, ലിംഗമേതായാലും സന്താനങ്ങളെ അല്ലാഹുഏൽപിച്ച അമാനത്തായി സ്വീകരിക്കുകയാണ്‌ വേണ്ടതെന്നുമാണ്‌.

“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നത്‌ അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ ആൺമക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കിൽ അവർക്ക്‌ അവൻ ആൺമക്കളെയും പെൺമക്കളെയും ഇടകലർത്തികൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ സർവജ്ഞനും സർവശക്തനുമാകുന്നു” (അശ്ശൂറ: 49,50).

മനുഷ്യർക്കിടയിൽ കാണുന്ന പെൺ വിവേചന പ്രവണത അന്ധകാര കാലത്തിന്റെ കാൽപാടുകളാണെന്നും, പെൺകുട്ടികൾ ഉണ്ടാകുന്നത്‌ അപമാനമോ ആക്ഷേപകരമോ അല്ലെന്നും മറിച്ച്‌ അത്‌ ഗുണകരവും രക്ഷയും അനുഗ്രഹവുമാണെന്നുമാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. പെൺകുഞ്ഞുങ്ങളുടെ ജനനം അപമാനമായും കുറച്ചിലായും കാണുന്ന സാമൂഹ്യബോധം അജ്ഞാന യുഗത്തിലെ ഇരുട്ടിന്റെ ഭാഗമാണ്‌; അത്‌ എത്ര ആധുനികതയുടെ പുറം ചട്ടക്കുള്ളിലാണെങ്കിലും! മക്കയിലെ അപരിഷ്കൃതരും അവിവേകളുമായ പിതാക്കളുടെ നിലപാടിനെ വിമർശിച്ച്‌ കൊണ്ട്‌ അല്ലാഹു പറയുന്നു:

“അവരിൽ ഒരാൾക്ക്‌ ഒരു പെൺകുഞ്ഞുണ്ടായ സന്തോഷവാർത്ത നൽകപ്പെട്ടാൽ കോപാകുലനായിട്ട്‌ അവന്റെ മുഖം കറുത്തിരുണ്ട്‌ പോകുന്നു. അവന്ന്‌ സന്തോഷവാർത്ത നൽകപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താൽ ആളുകളിൽ നിന്ന്‌ അവൻ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണിൽ കുഴിച്ച്‌ മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവർ എടുക്കുന്ന തീരുമാനം എത്ര മോശം!” (അന്നഹ്ല് 58,59).

എന്നാൽ ഈ മ്ളേഛബോധത്തിന്റെ ചില കറുത്ത പാടുകൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്‌. പെൺകുട്ടികളുണ്ടാകുന്നതിന്റെ ഗുണത്തെ കുറിച്ചും അവരെ നന്നായി വളർത്തിയാൽ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും നബി(സ്വ) പറഞ്ഞത്‌ ഏറെ ശ്രദ്ധേയമാണ്‌.

അനസ്‌ ബ്നു മാലിക്‌ (റ) നിവേദനം, നബി(സ്വ) പറഞ്ഞു: “ഒരാൾ തന്റെ രണ്ട്‌ പെൺകുട്ടികളെ പ്രായ പൂർത്തിയാകുന്നത്‌ വരെ വളർത്തിയാൽ ഞാനും അവനും ഉയർത്തെഴുന്നേൽപിന്റെ നാളിൽ (വിരലുകൾ വളരെ ചേർത്ത്‌ പിടിച്ച്‌ കൊണ്ട്‌ നബി(സ്വ) പറഞ്ഞു) ഇപ്രകാരം (അടുത്തായിരിക്കും)” (മുസ്ലിം).

ഉഖ്ബത്ത്‌ ബിൻ ആമിർ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “ഒരാൾക്ക്‌ മൂന്ന്‌ പെൺമക്കളുണ്ടാവുകയും അവരുടെ കാര്യത്തിൽ ക്ഷമിക്കുകയും തന്റെ ധനത്തിൽ നിന്ന്‌ വെള്ളവും വസ്ത്രവും നൽകുകയും ചെയ്താൽ അവർ അവന്ന്‌ നരകത്തിൽ നിന്നുള്ള കവചമായി തീരും. (അഹ്മദ്‌)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

02: എങ്ങനെ നല്ല രക്ഷിതാവാകാം?​

02: എങ്ങനെ നല്ല രക്ഷിതാവാകാം?

പ്രപഞ്ചനാഥന്റെ കല്‍പനകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയുകയും അങ്ങനെ മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗലബ്ധിക്ക് പ്രാപ്തി നേടുകയും ചെയ്യുന്ന ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ഇസ്‌ലാമിക് പാരന്റിംഗ.് അത് ലക്ഷ്യം വെക്കുന്ന രക്ഷിതാക്കള്‍ അനിവാര്യമായും സ്വാംശീകരിച്ച് നിലനര്‍ത്തേണ്ട ഒട്ടനവധി ചേരുവകളും ഗുണ മേന്‍മകളും നബി(സ്വ)യുടെ അധ്യാപനങ്ങളിലുണ്ട്.

മക്കള്‍ വളരുന്നു. പക്ഷേ, വഴങ്ങുന്നില്ല, വളയുന്നില്ല തുടങ്ങിയ ആവലാതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇതില്‍ ചില വിഭവങ്ങളുണ്ട്. ഏതൊരു മുസ്‌ലിമിനും പൊതുവായുണ്ടാകേണ്ടതാണ് ഈ ഗുണങ്ങളെല്ലാമെങ്കിലും മാതാപിതാക്കള്‍ക്ക് അത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളാണ്. കാരണം, മക്കള്‍ മാതാപിതാക്കളെ നോക്കുകയും വിലയിരുത്തുകയുമല്ല; മറിച്ച്, അവര്‍ മാതാപിതാക്കളെ കാണുകയും പകര്‍ത്തുകയുമാണ് ചെയ്യുന്നത്. അതിനാല്‍ നമുക്ക് ആര്‍ജിക്കാന്‍ കഴിയുന്ന, പകര്‍ത്താന്‍ പ്രയാസമില്ലാത്ത ചില ഗുണങ്ങള്‍ മനസ്സിലാക്കാം:

1. സഹനവും അവധാനതയും: പാരന്റിംഗ് ഒരു ചെറിയ കാലയളവിനുള്ളില്‍ ചെയ്ത് തീര്‍ക്കാവുന്ന ദൗത്യമല്ലെന്ന് നമുക്കറിയാം. പതിനെട്ട് വര്‍ഷമോ അതിലധികമോ നീളുന്ന ഒരു പ്രക്രിയയാണത്. ഒട്ടനവധി സാഹചര്യങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും കടന്നുപോകാന്‍ നിര്‍ബന്ധിതരാണ് രക്ഷിതാക്കള്‍. അവിടെ നമ്മെ വഴിനടത്തുന്ന ഒരു ഗുണമാണ് സഹനവും അവധാനതയും. ഒരിക്കല്‍ നബി(സ്വ)യുടെ അനുചരനായ അസദ് അബ്ദുല്‍ ഖൈസിനെ കണ്ടപ്പോള്‍ നബി(സ്വ) പറഞ്ഞു: താങ്കളില്‍ രണ്ട് കാര്യങ്ങളുണ്ട്. അവ രണ്ടും അല്ലാഹുവിന് ഇഷ്ടമാണ്. അത് സഹനവും അവധാനതയുമാണ്.”

കാര്യങ്ങളെ അവധാനതയോടെ വിലയിരുത്തുകയും പെട്ടെന്ന് തീരുമാനമെടുക്കാതെ സാവധാനം ക്ഷമയോടെ പ്രതികരിക്കുകയും ചെയ്യാന്‍ സാധിക്കുന്ന ഒരു ശൈലിയാണ് നാം പതിവാക്കേണ്ടത്. അപ്പോഴാണ് സത്യത്തില്‍ ഒരു രക്ഷിതാവിനെ അല്ലെങ്കില്‍ അധ്യാപകനെ കുട്ടികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നത്. കുടുംബത്തോട് നമസ്‌കാരം കല്‍പിക്കാനും അതില്‍ ക്ഷമയോടെ ഉറച്ച് നില്‍ക്കാനും നബിയോട് കല്‍പിക്കുന്ന അല്‍ബക്വറയിലെ 132-ാം വചനത്തിന്റെ പദപരമായ ശൈലി പഠനാര്‍ഹമാണ്. അതിന്റെ പ്രായോഗിക രീതിശാസ്ത്രം നബി(സ്വ)യുടെ കുടുംബ ജീവിതത്തില്‍ നിന്ന് നമുക്ക് പെറുക്കിയടുക്കാന്‍ സാധിക്കും.

2. ദയയും ദാക്ഷിണ്യവും നിലനിര്‍ത്തുകയും പാരുഷ്യവും ക്രൂരതയും വെടിയുകയും ചെയ്യുക: പാരന്റിംഗിന്റെ വിജയത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഗുണമാണ് ദയ. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ലഭിക്കേണ്ടിയിരുന്ന ദയാ ദാക്ഷിണ്യത്തിന്റെ അഭാവമാണ് പല മനുഷ്യരുടെയും വൈകൃത വ്യക്തിത്വ നിര്‍മിതിക്ക് നിമിത്തമാകാറുള്ളത്. നമ്മുടെ നാശം ആഗ്രഹിച്ച് നമ്മോട് ഇടപെടുന്നവന്റെ ദുരുദ്ദേശം മനസ്സിലായാല്‍ പോലും ദയാപൂര്‍ണമായ പ്രതികരണമാണ് വേണ്ടതെന്ന് നബി(സ്വ) പറയാറുണ്ടെന്ന് ആഇശ(റ) ഉദ്ധരിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു ജൂതന്‍ (അവര്‍ പതിവാക്കിയ പോലെ) ദുരുദ്ദേശ്യത്തോടെ നബി(സ്വ)ക്കും ഭാര്യ ആഇശ(റ)ക്കും അഭിവാദ്യമര്‍പിച്ചുകൊണ്ട്, ഇസ്‌ലാമിലെ അഭിവാദ്യ വാക്കിനോട് (അസ്സലാമുഅലൈക്കും) വളരെ സാമ്യമുള്ളതും എന്നാല്‍ നിങ്ങള്‍ക്ക് നാശമുണ്ടാകട്ടെ എന്ന അര്‍ഥമുള്ള ‘അസ്സാം അലൈക്കും’ എന്ന് പറയുകയും ആഇശ(സ്വ) അത് മനസ്സിലാക്കി താങ്കള്‍ക്കും അങ്ങനെത്തന്നെ നാശവും കൂടാതെ ശാപവും ഉണ്ടാകട്ടെ എന്നര്‍ഥം വരുന്ന പദങ്ങളില്‍ പ്രതിവചിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ആഇശാ! അല്ലാഹു ദയാപരനാണ്. അവര്‍ ദയ ഇഷ്ടപ്പെടുന്നു. പരുഷ സ്വഭാവം കൊണ്ട് നേടാന്‍ കഴിയാത്തതൊക്കെ ദയകൊണ്ട് നേടാം. പലത് കൊണ്ടും ലഭിക്കാത്തത് ദയകൊണ്ട് ലഭിക്കും” (മുസ്‌ലിം).

മറ്റൊരു വചനത്തില്‍ നബി(സ്വ) പറഞ്ഞതായി ആഇശ(റ) ഉദ്ധരിക്കുന്നു: ‘അല്ലാഹു ദയാലുവാണ്. എല്ലാ കാര്യത്തിലും അല്ലാഹു ദയ ഇഷ്ടപ്പെടുന്നു’ (ബുഖാരി, മുസ്‌ലിലം). കൂടാതെ നബി(സ്വ) പഠിപ്പിച്ചു: ‘ഏതൊരു കാര്യത്തില്‍ ദയ ഉള്‍ക്കൊള്ളുന്നുവോ അത് അതിനെ ഭംഗിയാക്കാതിരിക്കില്ല. ഏതൊരു കാര്യവും ദയാമുക്തമാകുന്നോ അത് വികൃതമാവാതിരിക്കില്ല’ (മുസ്‌ലിം).

നമ്മുടെ വ്യക്തിത്വത്തിന് മാറ്റ് കുറയുമെന്ന് ഭയന്ന് നാം മറ്റുള്ളവരോട് ദയ കാണിക്കാറുണ്ട്. എന്നാല്‍ സ്വന്തം മക്കളോടും വീട്ടുകാരോടും ദയകാണിക്കാന്‍ മനസ്സ് കാണിക്കാറില്ല.

പ്രഭാതത്തില്‍ മക്കളെ വിളിച്ചുണര്‍ത്തുന്ന രംഗം എടുത്തു നോക്കാം. ഒച്ച വെച്ചും കുരച്ച് ചാടിയും ഭീഷണി മുഴക്കിയുമാണ് മക്കളെ നാം ഉണര്‍ത്താന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ അവരുടെ അടുത്ത് ചെന്ന് തട്ടി വിളിച്ചും സലാം പറഞ്ഞും പറ്റുമെങ്കില്‍ അവരുടെ അടുത്ത് രണ്ട് മിനുട്ട് അവരെ കെട്ടിപ്പിടിച്ച് കിടന്നും എഴുന്നേല്‍ക്കുമ്പോഴുള്ള പ്രാര്‍ഥന ഉറക്കെ ചൊല്ലിക്കൊടുത്തും വിളിക്കുന്ന രീതിയിലേക്ക് ഉമ്മയോ ഉപ്പയോ ശൈലി മാറ്റി നോക്കൂ. ശബ്ദ വിസ്‌ഫോടനങ്ങളില്ലാതെ ലക്ഷ്യം നേടുന്നത് കാണാം. കാരണം മറ്റൊന്നുമല്ല; മാതാപിതാക്കളുടെ സ്പര്‍ശനമേറ്റ് കിടന്നുറങ്ങാനുള്ള അവരുടെ മോഹത്തിന് രണ്ട് മിനുട്ടിലൂടെയെങ്കിലും ശമനം നല്‍കിയ നിങ്ങളുടെ ആവശ്യത്തിന് മുമ്പില്‍ അവന്റെ/ അവളുടെ ഉറക്കച്ചടവ് അടിയറ വെക്കാന്‍ അവന്ന്/ അവള്‍ക്ക് മടിയില്ലാതെ വരുന്നുവെന്നതാണ് സത്യം.

3. രണ്ട്‌ കാര്യങ്ങൾക്കിടയിൽ ഏറ്റവും എളുപ്പമുള്ളത്‌ തെരഞ്ഞെടുക്കാൻ അവകാശം നൽകൽ (പാപകരമായ ഒന്നുമില്ലാത്ത അവസ്ഥയിൽ): അധിക രക്ഷിതാക്കളും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണിത്‌. നാം നിർദേശിക്കുകയോ താൽപര്യപ്പെടുകയോ ചെയ്യുന്ന കാര്യം പൂർത്തീകരിക്കാൻ കുറ്റകരമല്ലാത്ത ഒരു ചോയ്സ്‌ മക്കളുടെ അടുത്ത്‌ നിന്ന്‌ വന്നാൽ, നാം അത്‌ അനുവദിക്കുന്നതിലൂടെ മക്കൾക്കു സ്വന്തം അസ്തിത്വം അനുഭവിക്കാൻ സാധിക്കും. `ഞാൻ പറഞ്ഞ പോലെത്തന്നെ` ചെയ്താൽ മതിയെന്ന വാശിയാണ്‌ പലപ്പോഴും രക്ഷിതാക്കളുടെയും മക്കളുടെയും ഇടയിൽ വിടവ്‌ സൃഷ്ടിക്കുന്നത്‌. അതിൽനിന്നാണ്‌ അനുസരണക്കുറവ്‌ ജന്മമെടുക്കുന്നത്‌.

ആഇശ(റ) നബി(സ്വ)യെ കുറിച്ച്‌ പറഞ്ഞു: `രണ്ടു കാര്യങ്ങൾക്കിടയിൽ നബിക്ക്‌ തെരഞ്ഞടുപ്പിന്‌ അവകാശം നൽകപ്പെട്ടാൽ അതിൽ ഏറ്റവും എളുപ്പമുള്ളതാണ്‌ അദ്ദേഹം തെരഞ്ഞെടുക്കുക. അതിൽ കുറ്റകരമായത്‌ ഒന്നുമില്ലെങ്കിൽ…“ (ബുഖാരി, മുസ്ലിം).

ഇത്‌ പാരന്റിംഗിൽ ഒരു ടിപ്സായി എടുത്താൽ അതിന്റെ ഫലം നമുക്ക്‌ അനുഭവിക്കാം. ഒരു ഉദാഹരണം പറയാം: നമ്മുടെ മകനോട്‌ അൽപം അകലെയുള്ള കടയിൽ പോയി ഒരു സാധനം വാങ്ങിക്കൊണ്ടുവരാൻ നാം നിർദേശിക്കുന്നു. ഉടനെ അവൻ `സൈക്കിൾ എടുത്ത്‌ പോകട്ടേ?` എന്ന്‌ ചോദിക്കുന്നു. ഈ സമയം പ്രത്യേകിച്ച്‌ അപകടങ്ങൾ ഒന്നും കാണുന്നില്ലെങ്കിൽ `വേണ്ട,നടന്നു പോയാൽ മതി` എന്ന്‌ നാം വാശി പിടിക്കതിരുന്നാൽ രണ്ടു ഉപകാരമുണ്ട്‌. ഒന്ന്‌, സമയ ലാഭം. മറ്റൊന്ന്‌ അവന്റെ താൽപര്യത്തെ പരിഗണിച്ചതിൽ അവനുണ്ടാകുന്ന ഒരു മാനസിക ഔന്നിത്യ ബോധം.

4. കാരുണ്യം നിറഞ്ഞ ഹൃദയം: ഏതൊരു രക്ഷിതാവിന്നും അനിവാര്യമായ ഒന്നാണിത്‌. കാരുണ്യത്തിന്റെ നനവുള്ളതാകണം നമ്മുടെ കൽപനകളും തീരുമാനങ്ങളും. അത്‌ മക്കൾക്ക്‌ അനുഭവഭേദ്യമായാൽ നമ്മെ അനുസരിക്കുന്നതിൽ വേഗതയും ആത്മാർഥതയും നാമ്പെടുത്തു തുടങ്ങും. നബി തിരുമേനി(സ്വ)യുടെ കൂടെയുള്ളവർക്ക്‌ അദ്ദേഹത്തിന്റെ ഹൃദയകാരുണ്യം അനുഭവിക്കാൻ കഴിഞ്ഞിരുന്നു.

മാലിക്‌ ബിൻ ഹുവാരിസ്‌ (റ) പറയുകയാണ്‌: `ഞങ്ങൾ സമ പ്രായക്കാരായ ഒരു കൂട്ടം യുവാക്കൾ നബി(സ്വ)യുടെ അടുക്കൽ ചെന്ന്‌ എകദേശം ഇരുപതോളം രാത്രി (പഠിക്കാനായി) താമസിച്ചു. നബി(സ) കാരുണ്യവാനും ദയാലുവുമായിരുന്നു. ഞങ്ങൾക്ക്‌ ഞങ്ങളുടെ കുടുംബത്തിലേക്കെത്താൻ കൊതിയായി തുടങ്ങിയെന്ന്‌ അദ്ദേഹം ഊഹിച്ചെടുത്തു. അദ്ദേഹം ഞങ്ങളോട്‌ ഞങ്ങൾ വിട്ടുപോന്ന കുടുംബത്തെ കുറിച്ച്‌ ചോദിച്ചറിഞ്ഞു. തുടർന്ന്‌ അദ്ദേഹം ഞങ്ങളോട്‌ പറഞ്ഞു: നിങ്ങൾ വീട്ടിലിലേക്ക്‌ മടങ്ങി അവരോടൊപ്പം താമസിച്ചു കൊള്ളുക. അവരെ പഠിപ്പിക്കുകയും അവരോട്‌ പുണ്യം ചെയ്യുകയും ചെയ്യുക. ഇന്നിന്ന രീതിയിൽ ഇന്നിന്ന സമയങ്ങളിൽ നമസ്കരിക്കുക. സമയമായാൽ നിങ്ങളിൽ ഒരാൾ ബാങ്ക്‌ വിളിക്കുകയും മുതിർന്നവർ നമസ്കാരത്തിന്‌ നേതൃത്വം നൽകുകയും ചെയ്യുക“ (ബുഖാരി, മുസ്ലിം).

5. അയവും വഴക്കവും: കുട്ടികളോട്‌ ഇടപെടുമ്പോൾ അൽപം അയവുള്ള സമീപനം വേണം. ഉറച്ച ഒരു ശിലാരൂപ രീതി മുറുകെ പിടിക്കരുത്‌. അയവും വഴക്കവും കൊണ്ടു ഉദ്ദേശിക്കുന്നത്‌, മതം അനുവദിച്ച വിശാലതയിലും അനുവാദങ്ങളിലും നാം സ്വയം വേലി കെട്ടി കുടുസ്സാമാക്കരുതെന്നാണ്‌. ഇബ്നു മസ്ഊദ്‌(റ) പറയുകയാണ്‌: നബി(സ) പറഞ്ഞു: നരകം തടയപ്പെടുന്നവനെ കുറിച്ച്‌ ഞാൻ നിങ്ങൾക്ക്‌ അറിയിച്ചു തരട്ടെയോ? വഴക്കമുള്ള, വിനയമുള്ള, ലാളിത്യമുള്ള, സുമനസ്കരായ എല്ലാവർക്കുമാണ്‌ നരകം തടയപ്പെടുന്നത്‌” (തിർമിദി).

മതത്തിന്റെ അനുവാദ പരിധിയിൽ നിന്നുകൊണ്ട്‌ `മതം പിരിമുറുക്കമല്ലെ`ന്ന അനുഭവത്തിൽ വളർന്നു വലുതാകുന്ന വിശ്വാസികളുടെ തലമുറയെയാണ്‌ നാം ലക്ഷ്യം വെക്കുന്നത്‌.

6. കോപം നിയന്ത്രിക്കുക: ആവർത്തിക്കപ്പെടുന്ന ദേഷ്യപ്പെടലും ഭ്രാന്തമായ വാശിപിടിക്കലും സന്താന പരിപാലനത്തിൽ വിപരീത ഫലമുളവാക്കുന്ന ദുഃസ്വഭാവങ്ങളാണ്‌.നബി(സ) തന്റെ സമുദായത്തെ ആവർത്തിച്ച താക്കീത്‌ നൽകിയ കാര്യമാണിത്‌. സന്താന പരിപാലന ദൗത്യം ഒരു നീണ്ട യാത്രയാണല്ലോ. സുഖകരമാവേണ്ട ഈ യാത്രയിലെ വഴിമുടക്കികളാണ്‌ ഇവ രണ്ടും. തന്റെ അടുക്കൽ ഉപദേശം തേടി വന്ന ഒരു അനുചരനോട്‌ മൂന്ന്‌ പ്രാവശ്യം നബി(സ) ആവർത്തിച്ചത്‌ `നീ കോപിക്കരുത്‌` എന്നാണ്‌ (ബുഖാരി).

നമ്മുടെ ശക്തിയും ധീരതയും അളക്കുന്ന മാനദണ്ഡം കൂടിയാണ്‌ കോപത്തെ നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവ്‌ എന്നാണല്ലോ നബി(സ) പഠിപ്പിച്ചത്‌. അബൂഹുറയ്‌റ(റ )യിൽ നിന്ന്‌ ഉദ്ധരിക്കുന്ന ഒരു ഇപ്രകാരമാണ്‌: `മൽപിടുത്തതിൽ (കീഴ്പെടുത്തുന്നവൻ) അല്ല ശക്തൻ. മറിച്ച,്‌ കോപം വരുമ്പോൾ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ്‌` (ബുഖാരി).

മക്കളുമായി നിരന്തരം ഇടപെടേണ്ടി വരുന്ന രക്ഷിതാക്കൾ ഇക്കാര്യം എപ്പോഴും ഓർക്കണം.

7. മധ്യമ നിലപാട്‌ കൈവിടാതിരിക്കൽ: ഏതൊരു മേഖലയിലുമെന്ന പോലെ ഇസ്ലാം പഠിപ്പിക്കുന്ന മധ്യമ നിലപാട്‌ സ്വീകരിക്കൽ സന്താന പരിപാലനത്തിലും അത്യാവശ്യമാണ്‌. പാരന്റിംഗിൽ അനിവാര്യമായ ഒരു ഗുണമാണിത്‌. തീവ്രതയും അവഗണനയും ഒരുപോലെ നാശം കൊണ്ടുവരും. അരുതെന്ന്‌ പറയുമ്പോഴും ചെയ്യാൻ കൽപിക്കുമ്പോഴും സ്നേഹം പ്രകടിക്കുമ്പോഴുമെല്ലാം മധ്യമ സമീപനം കാത്തുസൂക്ഷിക്കണം.

പ്രഭാത നമസ്കാരത്തിന്‌ നേതൃത്വം നൽകുന്നയാൾ നമസ്കാരം ദീർഘിപ്പിക്കുന്നതിനാൽ ഞാൻ ഇനി നമസ്കാരത്തിന്‌വൈകിയേ പള്ളിയിൽ വരൂ എന്ന്‌ ഒരു അനുചരൻ പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടുകൊണ്ട്‌ നബി(സ്വ) പറഞ്ഞത്‌ ഇപ്രകാരമാണ്‌: `മനുഷ്യരേ! നിങ്ങളുടെ കൂട്ടത്തിൽ മനുഷ്യരെ വെറുപ്പിച്ച്‌ അകറ്റുന്നവരുണ്ട്‌. നിങ്ങളാരെങ്കിലും നമസ്കാരത്തിന്‌ നേതൃത്വം നൽകുകയാണെങ്കിൽ ഹ്രസ്വമാക്കുക. കാരണം നിങ്ങളുടെ പിന്നിൽ വൃദ്ധരും കുട്ടികളും മറ്റ്‌ ആവശ്യങ്ങൾ ഉള്ളവരും ഉണ്ടാകും` (ബുഖാരി, മുസ്ലിം).

കുട്ടികളെ ഏൽപിക്കുന്ന ഉത്തരവാദിത്തങ്ങളിലും അനുവദിക്കുന്ന വിനോദങ്ങളിലും ഊണ്‌, ഉറക്കം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലുമെല്ലാം ഈ നിലപാട്‌ പരിഗണിക്കാൻ നാം മറന്ന്‌ പോകരുത്‌.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

ഇസ്‌ലാമിക് പാരന്റിംഗ്: പ്രാധാന്യവും ലക്ഷ്യവും​

ഇസ്‌ലാമിക് പാരന്റിംഗ്: പ്രാധാന്യവും ലക്ഷ്യവും

‘പാരന്റിംഗ്’ എന്ന പദം ഏറെ ശ്രദ്ധേയമാണ്. വിദ്യാസമ്പന്നരും അല്ലാത്തവരുമായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന എല്ലാവരും ഒരുപോലെ ശ്രദ്ധിക്കുന്ന മേഖലയായി അത് മാറിയിരിക്കുന്നു. ഈ വിഷയത്തിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുടെയും പരിശീലന ക്ലാസ്സുകളുടെയും ആധിക്യവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. കടുത്ത മത്സരം നിറഞ്ഞ ജീവിതാവസരങ്ങളിലെവിടെയങ്കിലും ഭേദപ്പെട്ട ഇരിപ്പിടവും അല്‍പം ഉയര്‍ച്ചയും നേടാന്‍ ശ്രദ്ധയും ആസൂത്രണവും പരിശീലനവും ആവശ്യമുള്ള ഒരു മേഖലയായി പാരന്റിംഗ് മാറിയത് അത്ഭുതമില്ല. വിജയവും മികവും യാന്ത്രികമായി വന്നെത്തുന്ന യാദൃച്ഛികതയല്ല, സമയവും സന്ദര്‍ഭവും നോക്കി കുഞ്ഞിന്റെ ജീവിതാരംഭം മുതല്‍ ശ്രദ്ധയോടെ പ്രയോഗിക്കേണ്ട ദൗത്യമാണ് പാരന്റിംഗ് എന്ന തിരിച്ചറിവ് അതിന്റെ സൂത്രവാക്യങ്ങളെ തേടാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു.

ഭൗതികലോകത്തെ ചെറിയ കാലയളവിനുള്ളില്‍ നേടാന്‍ സാധ്യതയുള്ള വിജയത്തിനും മികവിനും ഉതകുന്ന ശിക്ഷണമാണ് പാരന്റിംഗ് എങ്കില്‍ ഇസ്‌ലാമിക് പാരന്റിംഗ് ആ പരിമിതമായ അതിര്‍ത്തിക്കപ്പുറത്തേക്ക് നീണ്ട് കടക്കുന്നതാണ്.

എന്താണ് ഇസ്‌ലാമിക് പാരന്റിംഗ്?

ഒരു മനുഷ്യനെ അതിന്റെ പൂര്‍ണതയില്‍ അല്ലാഹുവിന്റെ സമര്‍പ്പിതനായ അടിമയായി തീരാന്‍ ആവശ്യമായ രീതിയില്‍ സ്രഷ്ടാവിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചും പരിശിലീപ്പിച്ചും രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് നല്‍കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇസ്‌ലാമിക് പാരന്റിംഗ്. ‘എല്ലാ കുഞ്ഞുങ്ങളും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. അവരുടെ മാതാപിതാക്കളാണ് അവരെ ജൂതനോ തീയാരാധകനോ ക്രിസ്ത്യനോ ആക്കുന്നത്’ എന്ന നബിവചനം ശ്രദ്ധേയമാണ്.

ഇസ്‌ലാമിക് പാരന്റിംഗ് കേവലം ഭൗതിക ജീവിതത്തിലെ ചില്ലറ വിജയത്തിനല്ല. മറിച്ച്, ഈ ജീവിതത്തില്‍ സുരക്ഷയും സമാധാനവും അനുഭവിക്കാന്‍ കഴിയുന്നതോടൊപ്പം ശാശ്വത ജീവിതത്തിലെ സ്വര്‍ഗ പ്രവേശനവും നരകമോചനവും കൂടി സാധ്യമാക്കുന്ന ദൗത്യമാണ്.

അല്ലാഹു പറഞ്ഞു: ”സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും.”(സൂറതുത്തഹ്‌രീം: 6).

ഈ ഭാരിച്ച ദൗത്യം നിര്‍വഹിക്കാന്‍ അല്ലാഹു കേവലം ഒരു രാജകല്‍പന പുറപ്പെടുവിക്കുകയല്ല ചെയ്തത്. മറിച്ച്, അവ പ്രയാസരഹിതമായി നിര്‍വഹിക്കാന്‍ ആവശ്യമായ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും മാതൃകയും അവതരിപ്പിച്ച് തന്നിട്ടുണ്ട്. അവ അവധാനതയോടെ പഠിച്ചും പഠിപ്പിച്ചും ക്ഷമയോടും ആസൂത്രണത്തോടും ഒപ്പം നിരന്തര പ്രാര്‍ഥനയോടും കൂടി നിര്‍വഹിക്കേണ്ട ജോലിയാണ് ഇസ്‌ലാമിക് പാരന്റിംഗ്.

ലക്ഷ്യം നിര്‍ണയിക്കുക

ഏതൊരു ദീര്‍ഘകാല പദ്ധതിക്കും അതിന്റെ ലക്ഷ്യവും നിയോഗവും നിര്‍ണയിക്കേണ്ടതുണ്ട്. ഇസ്‌ലാമിക് പാരന്റിംഗിന്റെപ്രഥമ ലക്ഷ്യം ഉത്തമ പൗരനെ(വലദുന്‍ സ്വാലിഹ്) സൃഷ്ടിക്കലാണ്. ഏറ്റവും വലിയ ലക്ഷ്യമാവട്ടെ മുത്തഖീങ്ങളുടെ(സൂക്ഷ്മാലുക്കളുടെ) നേതൃഗുണമുള്ള ഒരു മനുഷ്യന്റെ നിര്‍മിതിയും. മരണശേഷം അവശേഷിക്കുന്ന കര്‍മങ്ങളിലൊന്നായി പ്രവാചകന്‍ എണ്ണിപ്പറഞ്ഞത് മരണപ്പെട്ടവന് വേണ്ടി പ്രാര്‍ഥിക്കുന്ന സ്വാലിഹായ സന്താനമാണ്. കൃത്യമായ ആസൂത്രണവും പരിശ്രമവും ക്ഷമയോടെ നിലനിര്‍ത്തുന്ന ഒരു രക്ഷിതാവിന് ഉയര്‍ന്ന ഫലങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. പരമകാരുണികന്റെ നല്ലവരായ ദാസന്‍മാരുടെ (ഇബാദു റഹ്മാന്‍) ഗുണങ്ങള്‍ വിശദീകരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതിലൊന്ന് മുത്തഖീങ്ങളുടെ നേതൃത്വത്തിലെത്താന്‍ പ്രാര്‍ഥിക്കുന്ന സംസ്‌കാരത്തെയാണ്. പ്രാര്‍ഥന കഠിനാധ്വാനത്തിന്റെ ബാക്കിപത്രമാണല്ലോ?

ചുരുക്കത്തില്‍, ‘വലദുന്‍ സ്വാലിഹി’ന്റെയും ‘ഇമാമുന്‍ മുത്തഖി’ന്റെയും ഇടയില്‍ എവിടെയെങ്കിലും ഒരു ഇരിപ്പിടം ലഭിക്കുവാന്‍ യോഗ്യതയുള്ള മുസ്‌ലിമിനെ രൂപപ്പെടുത്തുന്ന ബൃഹദ് പദ്ധതിയാണ് ഇസ്‌ലാമിക് പാരന്റിംഗ്. അതിന്റെ സൂത്രവാക്യങ്ങള്‍ നാം അന്വേഷിക്കേണ്ടത് മരണാനന്തരജീവിതം തന്നെ അംഗീകരിക്കാത്ത വിദഗ്ധന്‍മാരുടെ പുസ്തകങ്ങളിലോ പരിശീലന ക്ലാസ്സുകളിലോ അല്ല മറിച്ച്, മനുഷ്യശരീരത്തിന്റെയും മനസ്സിന്റെയും സംവിധായകനായ സ്രഷ്ടാവിന്റെ വേദഗ്രന്ഥത്തിലും അവന്റെ ദൂതന്റെ ജീവിതസന്ദേശങ്ങളിലും അവയില്‍ നിന്ന് വെളിച്ചം സ്വീകരിച്ച സച്ചരിതരായ മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങളില്‍ നിന്നുമാവണം. ആ വഴിയിലൂടെയുള്ള അന്വേഷണയാത്രയാണ് ഈ പംക്തിയിലൂടെ ഉദ്ദേശിക്കുന്നത്.

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

(അമേരിക്കന്‍ ക്രിയേറ്റിവിറ്റി അക്കാദമിയിലെ ഫാക്കല്‍റ്റിയാണ് ലേഖകന്‍)

സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനങ്ങളും വസ്തുതയും – 02

സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനങ്ങളും വസ്തുതയും - 02

സ്വഹീഹുല്‍ ബുഖാരിയോടുള്ള പൂര്‍വികരുടെ നിലപാട്

1971 ഡിസംബര്‍ മാസത്തിലെ അല്‍മനാര്‍ മാസികയില്‍ ശൈഖ് മുഹമ്മദ് മൗലവി എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം ‘സ്വഹീഹുല്‍ ബുഖാരിയില്‍ നിര്‍മിത ഹദീഥുകളോ?’ എന്നാണ്. പ്രസ്തുത ലേഖനത്തിലെ ചില വരികള്‍ കാണുക: ”കഴിഞ്ഞുപോയ മുസ്ലിം കാലഘട്ടങ്ങള്‍ ഓരോന്നും പ്രസ്തുത പരമാര്‍ഥം കണിശമായും അംഗീകരിക്കുകയും സ്വഹീഹുല്‍ ബുഖാരിയെ ഉല്‍കൃഷ്ടമായും ആദരവോടെയും കൈകാര്യ ചെയ്തിട്ടുമുണ്ട്. എന്നാല്‍ മറ്റെല്ലാ വിഷയത്തിലുമെന്നപോലെ പൊളിച്ചെഴുത്തിന്റെ പുതിയ കാലഘട്ടം സ്വഹീഹുല്‍ ബുഖാരിയെയും കരിതേക്കാതെ, കശക്കിയെറിയാതെ വിട്ടില്ല. ചിലര്‍ ഗ്രന്ഥം ആകപ്പാടെ തോട്ടിലെറിയണമെന്നാക്രോശിച്ചപ്പോള്‍ മറ്റുചിലര്‍ നല്ലപിള്ള ചമഞ്ഞ് ചുളുവില്‍ നിഷേധത്തിന് ധൃഷ്ടരായിരിക്കുന്നു.”

ശൈഖ് മുഹമ്മദ് മൗലവി ബുഖാരിക്കെതിരെയുള്ള ദാറക്വുത്‌നിയുടെ വിമര്‍ശനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അത്തരം വിമര്‍ശനങ്ങളുടെ അര്‍ഥശൂന്യത ഉദാഹരണസഹിതം വ്യക്തമാക്കിയതിന് ശേഷം എഴുതുന്നു: ”ഈ ഉദാഹരണങ്ങളില്‍ നിന്ന് ബുഖാരിയുടെയും മുസ്‌ലിമിന്റെയും റിപ്പോര്‍ട്ടര്‍മാരെ സംബന്ധിച്ചുള്ള ആക്ഷേപത്തിന്റെ നില നല്ലപോലെ വ്യക്തമാവുന്നതാണ്. അപ്പോള്‍ ആക്ഷേപങ്ങള്‍ നൂറ് ശതമാനവും ഈ തരത്തില്‍ പെട്ടതാകുന്നു” (മിശ്കാത്തുല്‍ ഹുദാ മാസികയില്‍ വന്ന ലേഖനം അല്‍മനാര്‍ മാസിക പുനഃപ്രസിദ്ധീകരിച്ചത്; 1994 ഒക്‌ടോബര്‍).

ഇന്നലെ എഴുതിയ ലേഖനം പോലെ തോന്നുന്ന ഇതിലെ ഓരോ വാചകത്തിനും വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. ചുരുക്കത്തില്‍, മുസ്ലിം ഉമ്മത്ത് സ്വീകരിച്ച നിലപാട് തന്നെയാണ് സ്വഹീഹുല്‍ ബുഖാരിയുടെ വിഷയത്തില്‍ കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനവും സ്വീകരിച്ചിരുന്നത്. മാത്രവുമല്ല ബുഖാരിക്കെതിരെ ചേകനൂര്‍ മൗലവിയും സി.എന്‍.അഹ്മദ് മൗലവിയും രംഗത്തുവന്നപ്പോള്‍ ശക്തമായ ഭാഷയില്‍ തന്നെ അവര്‍ക്ക് മറുപടി നല്‍കിയതും ഇസ്വ്‌ലാഹി പ്രസ്ഥാന നേതാക്കള്‍ തന്നെയായിരുന്നു.

ഏറ്റവും കുറ്റമറ്റ നിവേദക പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടിട്ടും ബുഖാരിയിലെ ഹദീസുകള്‍ തള്ളിക്കളയാനും അതിന്റെ സ്വീകാര്യതയില്‍ സംശയം പ്രകടിപ്പിക്കാനും ദുര്‍ബലത ആരോപിക്കാനും ഈ കക്ഷികളെ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകാര്യമല്ലെന്ന് പറയുന്നവരുടെ പ്രധാനപ്പെട്ട ‘ന്യായം’ അതില്‍ ക്വുര്‍ആനിനെതിരായ ഹദീസുകള്‍ ഉണ്ട് എന്നാണ്. ഇവിടെയും അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ക്വുര്‍ആനിനെതിരായി സ്വഹീഹായ ഒരു ഹദീസും വരില്ല. കാരണം ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. ഹദീസ് നബി ﷺ യുടെ വചനമാണെങ്കിലും അല്ലാഹുവില്‍ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ  സംസാരിച്ചിട്ടുള്ളത്.

”അദ്ദേഹം (നബി) തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് (നബി സംസാരിക്കുന്നത്) അദ്ദേഹത്തിന് നല്‍കപ്പെടുന്ന ദിവ്യബോധനമല്ലാതെ (മറ്റൊന്നും) അല്ല” (ക്വുര്‍ആന്‍: 53/4).

സ്വഹീഹായ ഹദീസുകളെല്ലാം അല്ലാഹുവില്‍നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ  സംസാരിച്ചതാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. സ്വഹീഹുല്‍ ബുഖാരിയിലെ പരമ്പരയോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുഴുവനും സ്വഹീഹാണെന്നതിന് മുസ്‌ലിം ഉമ്മത്തിന്റെ ഏകോപിതമായ അഭിപ്രായം (ഇജ്മാഅ്) ഉള്ളതായി പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത്‌കൊണ്ടു തന്നെ ബുഖാരിയിലെ ഹദീസുകളില്‍ ഒന്നുപോലും തള്ളിക്കളയാവുന്നതല്ല.

ക്വുര്‍ആനും ഹദീസും വഹ്‌യായതിനാല്‍ ക്വുര്‍ആനിനെതിരായി സ്വഹീഹായ ഒരു ഹദീസും വരില്ല. ചില ഹദീസുകള്‍ നോക്കുമ്പോള്‍ അത് ക്വുര്‍ആനിന് എതിരാണെന്ന് പ്രത്യക്ഷത്തില്‍ നമുക്ക് തോന്നുന്നുവെങ്കില്‍ ഉടന്‍ തള്ളുകയല്ല വേണ്ടത്. ഉദാഹരണത്തിന് ശവം ഹറാമാണെന്ന് മൂന്ന് തവണ (2:173, 5:3, 16:115) അല്ലാഹു ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ്. ഒരു ശവത്തെയും ഇതില്‍ പ്രത്യേകമായി ഒഴിച്ചു നിര്‍ത്തിയിട്ടില്ല. എന്നാല്‍ കടലിലെ വെള്ളം ശുദ്ധിയുള്ളതും അതിലെ ശവം നിങ്ങള്‍ക്ക് അനുവദനീയവുമാണെന്ന് നബി ﷺ  പറഞ്ഞതായി ഹദീസില്‍ കാണാം. (നസാഈ 59, അബൂദാവൂദ്: 83). പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ഇത് ക്വുര്‍ആനിനെതിരാണെന്ന് തോന്നാം. യഥാര്‍ഥത്തില്‍ കാര്യം അങ്ങനെയല്ല. നബിയുടെ ﷺ  സംസാരം ക്വുര്‍ആനിന്റെ വിശദീകരണവും വ്യാഖ്യാനവുമാണ്. ചില ഹദീസുകളുടെ ലക്ഷ്യം ക്വുര്‍ആനില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ വിശദീകരിക്കലുമായിരിക്കും. അതുകൊണ്ടുതന്നെ സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ അവ തമ്മില്‍ വൈരുധ്യമില്ലെന്നും ഒന്ന് മറ്റൊന്നിനെ വിശദീകരിക്കുകയാണ് ചെയ്യുന്നതെന്നും മനസ്സിലാക്കാന്‍ കഴിയും.

ഇമാം ഇബ്‌നുല്‍ ഖക്വയ്യിം(റഹി) പറഞ്ഞു: ”അല്ലാഹുവിനെയും അവന്റെ മലക്കുകളെയും സാക്ഷി നിര്‍ത്തി നാം ഉറപ്പിച്ചു തന്നെ പറയട്ടെ; നബിയുടെ ﷺ  ഹദീസില്‍ ക്വുര്‍ആനിന് വിരുദ്ധമായതോ തെളിഞ്ഞ ബുദ്ധിക്ക് നിരക്കാത്തതോ ആയ ഒന്നും തന്നെയില്ല. നബി ﷺ യുടെ സംസാരം ക്വുര്‍ആനിന്റെ വിശദീകരണവും വ്യാഖ്യാനവുമാണ്. ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് ആരെങ്കിലും വല്ല ഹദീസുകളെയും തള്ളുന്നുവെങ്കില്‍, അതെല്ലാം ക്വുര്‍ആനിനോട് യോജിക്കുന്നത് തന്നെയായിരിക്കും. അത്തരം ഹദീസുകളുടെ ലക്ഷ്യം ക്വുര്‍ആനില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ വിശദീകരിക്കലായിരിക്കും. അത് സ്വീകരിക്കാനാണ് നബി ﷺ  കല്‍പിച്ചതും” (അസ്സ്വവാഇക്വുല്‍ മുര്‍സലാ. 2/529).

സ്വഹീഹായ ഹദീസുകളെ തള്ളാന്‍ ക്വുര്‍ആനിന്റെ മറപിടിച്ചുകൊണ്ട് ചിലര്‍ രംഗപ്രവേശം നടത്തിയപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിച്ച് അവരുടെ തെറ്റായ വാദങ്ങളെ തകര്‍ത്തെറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. ഖവാരിജുകളാണ് ഈയൊരു പുത്തന്‍ വാദത്തിന് തുടക്കമിട്ടത്. അവരുടെ നിലപാടുകളെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറയുന്നു: ”ക്വുര്‍ആനിനെ അങ്ങേയറ്റം മഹത്ത്വവല്‍കരിക്കുക എന്നതാണ് ഇവരുടെ നയം. അത് പിന്‍പറ്റാന്‍ ഇവര്‍ പ്രത്യേകമായി പറയും. അഹ്‌ലുസ്സുന്നയില്‍നിന്ന് തെറ്റിപ്പോയവരാണവര്‍. ക്വുര്‍ആനിന് എതിരാണെന്ന് അവര്‍ക്ക് തോന്നിയ കാര്യങ്ങള്‍ തള്ളുന്നവരാണവര്‍. വ്യഭിചാരിണിയെ എറിഞ്ഞ് കൊല്ലല്‍, കട്ടവന്റെ കൈ മുറിക്കാനാവശ്യമായ കളവിന്റെ മൂല്യം എന്നിവ ഉദാഹരണം. പിഴച്ചുപോയ വിഭാഗമാണവര്‍. കാരണം, അല്ലാഹുവിന്റെ റസൂലിനാണ് ക്വുര്‍ആനെ കുറിച്ച് കൂടുതല്‍ അറിയുക” (ഫതാവാ. 3/208).

അപ്പോള്‍, തങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനെ ക്വുര്‍ആന്‍ വിരുദ്ധമെന്ന് പറഞ്ഞ് തള്ളുന്ന പ്രവണത ഖവാരിജുകളാണ് തുടങ്ങിവെച്ചത്. ഇത് പിന്നീട് പലരും ഏറ്റെടുത്തു. ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേഷം കെട്ടിയ ഓറിയന്റലിസ്റ്റുകള്‍ അത് പ്രചരിപ്പിച്ചു.

നബി ﷺ  വഹ്‌യിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ച സ്വഹീഹായ ഹദീസുകളെക്കാള്‍ തങ്ങളുടെ പരിമിതമായ ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്ന ചിലര്‍ മുസ്‌ലിം ലോകത്ത് പില്‍കാലത്ത് ഉടലെടുക്കുകയും ബുഖാരിയിലെ ഹദീസുകളെ തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും വഴങ്ങുന്നില്ലെന്നും പറഞ്ഞ് തള്ളിക്കളയുകയും അവയെക്കുറിച്ച് നിര്‍മിതം, ദുര്‍ബലം എന്നിങ്ങനെ വിധിയെഴുതുകയും ചെയ്തു. ഇസ്‌ലാമിക അധ്യാപനങ്ങളില്‍ നിന്നും ബഹുദൂരം അകന്നുപോയ മുഅ്തസില വിഭാഗത്തില്‍ നിന്നാണ് ഇത്തരം ശബ്ദം മുസ്‌ലിംലോകം ആദ്യം ശ്രവിച്ചത്.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ ബുദ്ധിയെക്കാളും പ്രമാണങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടത് ബുദ്ധിക്കെതിരാണെങ്കിലും അത് അംഗീകരിച്ചേ തീരൂ. വിശുദ്ധ ക്വുര്‍ആന്‍ പരിശോധിച്ചാല്‍ ബുദ്ധിക്കെതിരാണെന്ന് തോന്നുന്ന പല സംഭവങ്ങളും അതില്‍ കാണാം. ഉറുമ്പിന്റെ സംസാരം സുലൈമാന്‍ നബി(അ) കേട്ടത്, മൂസാനബി(അ)ക്ക് വേണ്ടി ചെങ്കടല്‍ പിളര്‍ന്നത് എന്നിവ ഉദാഹരണം. ഇതെല്ലാം നാം അപ്രകാരംതന്നെ അംഗീകരിക്കുന്നു. ഹദീഥിന്റെ വിഷയത്തിലും ഇതേ നിലപാടാണ് നാം അനുവര്‍ത്തിക്കേണ്ടത്. ഹദീസ് സ്ഥിരപ്പെട്ടതാണോ എന്ന കാര്യത്തില്‍ അഥവാ നബി ﷺ  പറഞ്ഞിട്ടുള്ളതാണോ എന്ന കാര്യത്തില്‍ നമുക്ക് നമ്മുടെ ബുദ്ധി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നമ്മുടെ ബുദ്ധി ഉപയോഗിച്ച് അത് നബി ﷺ  പറഞ്ഞിട്ടുള്ളതാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ഹദീസില്‍ പറഞ്ഞ കാര്യം ശരിയാണോയെന്ന് നമ്മുടെ ബുദ്ധികൊണ്ട് ചിന്തിക്കാന്‍ പാടില്ല. കാരണം നബി ﷺ  പറഞ്ഞ കാര്യമാണ് അതെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ അതിലേക്ക് കീഴൊതുങ്ങുകയാണ് സത്യവിശ്വാസി ചെയ്യേണ്ടത്.

”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല” (ക്വുര്‍ആന്‍: 4/65).

ഹദീഥുകളെ സ്വീകരിക്കുന്ന വിഷയത്തിലെ മുഅ്തസില ചിന്താഗതി കേരളത്തിലേക്കും പടര്‍ന്നിട്ടുള്ളത് നാം ഗൗരവപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്. ബുഖാരിയില്‍ ദുര്‍ബല ഹദീസുകളുണ്ടെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ ലേഖനം എഴുതുന്നേടത്തും ബുഖാരിയിലെ ചില ഹദീസുകള്‍ ആരുതന്നെ പറഞ്ഞാലും ഞങ്ങള്‍ക്കത് സ്വീകാര്യമല്ലെന്ന് പരസ്യമായി പറയുന്നേടത്തും വരെ കാര്യങ്ങളെത്തിയിട്ടുണ്ട്. തങ്ങളുടെ ബുദ്ധിയുടെ തേരോട്ടത്തിനിടയില്‍ സ്വഹീഹുല്‍ ബുഖാരിക്ക് സമൂഹമനസ്സിലുണ്ടായിരുന്ന സ്ഥാനവും ആദരവും തകര്‍ന്നുവീഴുന്നത് ഒരുപക്ഷേ, ഇവര്‍പോലും അറിയുന്നില്ല.

സ്വഹീഹുല്‍ ബുഖാരിയിലെ ഏതെങ്കിലും ഒരു ഹദീസ് തള്ളിക്കളയുന്നത് ഹദീസ് നിഷേധത്തില്‍പെട്ടതു തന്നെയാണ്. ബുഖാരിയിലെ ഹദീസുകളില്‍ സംശയത്തിന്റെ നിഴല്‍ പരത്തുന്നത് ഹദീസ് നിഷേധത്തിന്റെ ഒന്നാം പടിയാണ്. ആധുനിക ലോകത്തെ എല്ലാ ഹദീസ് നിഷേധികളും ആദ്യം കൈവെച്ചത് സ്വഹീഹുല്‍ ബുഖാരിയിലായിരുന്നു.

അല്ലാമാ അഹ്മദ് മുഹമ്മദ് ശാകിര്‍(റഹി) പറയുന്നു: ”പ്രവാചകന്റെ ഹദീസുകളെ ജനമധ്യത്തില്‍ വിലകുറച്ച് കാണിക്കാനോ മുഹദ്ദിസുകളുടെ പരിശ്രമങ്ങളെ നിസ്സാരവല്‍ക്കരിക്കാനോ ശ്രമിക്കുന്നവര്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളില്‍, പ്രത്യേകിച്ച് ബുഖാരിയിലെ ഹദീസുകളില്‍ സംശയം ജനിപ്പിക്കുകയായിരിക്കും ആദ്യം ചെയ്യുക. അവയില്‍ സംശയം സൃഷ്ടിച്ചാല്‍ ബാക്കിയുള്ള ഹദീഥ് ഗ്രന്ഥങ്ങളുടെ ആധികാരികതയില്‍ സംശയം സൃഷ്ടിക്കാന്‍ എളുപ്പമായിരിക്കുമല്ലോ. എന്നാല്‍ അറിയുക, അവയിലെ മുഴുവന്‍ ഹദീസുകളും പണ്ഡിതന്‍മാരുടെ പക്കല്‍ പൂര്‍ണമായും സ്വഹീഹാണ്” (സ്വഹാബിഉല്‍ ഫീ വജ്ഹിസ്സുന്ന:108).

ആധുനിക മുസ്‌ലിംലോകത്ത് ഹദീസ് നിഷേധികള്‍ക്ക് മറുപടി എഴുതിയിട്ടുള്ള വ്യക്തിയാണ് അബുല്‍ അഅ്‌ലാ മൗദൂദി സാഹിബ്. എന്നാല്‍ തന്റെ ബുദ്ധിക്ക് വഴങ്ങാത്ത ഹദീസുകള്‍; അത് സ്വഹീഹുല്‍ ബുഖാരിയിലുള്ളതാണെങ്കില്‍ പോലും അദ്ദേഹം അംഗീകരിക്കാതിരുന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: ”പൂര്‍ണമായും ശരിയായ ഗ്രന്ഥം ക്വുര്‍ആന്‍ മാത്രമാണ്. അതിന്‌ശേഷം സ്വഹീഹുല്‍ ബുഖാരി. പക്ഷേ, സനദിന്റെ (പരമ്പരയുടെ) അടിസ്ഥാനത്തില്‍ മാത്രമാണത്. മത്‌നിന്റെ (ആശയത്തിന്റെ) അടിസ്ഥാനത്തില്‍ അതിലുള്ളതെല്ലാം പൂര്‍ണമായും സ്വഹീഹാണെന്ന് ഉറപ്പിച്ച് പറയാനാവില്ല” (മൗക്വിഫില്‍ ജമാഅത്തില്‍ ഇസ്‌ലാമിയ്യ മിനല്‍ ഹദീസിന്നബവി).

മൗദൂദി സാഹിബിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികളും ബുഖാരിയിലെ ഹദീഥുകള്‍ ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് തള്ളുന്നുണ്ട്. ഒ.അബ്ദുറഹ്മാന്‍ സാഹിബ് എഴുതുന്നു: ”മറ്റ് ചില ഹദീസുകളില്‍ മുഹമ്മദ് നബിക്ക് ﷺ  സിഹ്‌റ് ബാധിച്ചിരുന്നതായി പറയുന്നു. നബി ﷺ  സിഹ്‌റ് ചെയ്യുന്നവനോ സിഹ്‌റ് ബധിച്ചവനോ ആയിരുന്നുവെന്ന ശത്രുക്കളുടെ ആരോപണത്തെ ഖണ്ഡിതമായി നിരാകരിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ നിലവിലിരിക്കെയാണ്, സിഹ്‌റ് ബാധിച്ചതിനാല്‍ കുറെ ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം മറവി ബാധിച്ചു നടന്നു എന്ന ഹദീസുകള്‍. അതും യഹൂദി സിഹ്ര്‍ ചെയ്തതു കൊണ്ട്” (പ്രബോധനം ഹദീഥ് പതിപ്പ് 2007, പേജ്:129).

കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസാധക വിഭാഗമായ ഐ.പി.എച്ച് ‘സിഹ്ര്‍’ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.മുഹമ്മദ് ആണ് ഗ്രന്ഥകര്‍ത്താവ്. ഈ ഗ്രന്ഥത്തില്‍ സ്വഹീഹുല്‍ ബുഖാരിയിലെ സിഹ്‌റിന്റെ ഹദീസുകള്‍ കൊടുത്തിട്ടുണ്ട്. അവസാനം അതെല്ലാം ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്തിട്ടുള്ളത്.

അതേപോലെ കേരളത്തില്‍ ഹദീസ് നിഷേധം പ്രചരിപ്പിച്ച വ്യക്തിയായ ചേകനൂര്‍ മൗലവിക്ക് മറുപടി എഴുതിയിരുന്ന വ്യക്തിയാണ് അബ്ദുസ്സലാം സുല്ലമി. എന്നാല്‍ തന്റെ ബുദ്ധിക്ക് വഴങ്ങാത്ത ഹദീസുകള്‍; അത് സ്വഹീഹുല്‍ ബുഖാരിയില്‍ ആയിരുന്നിട്ടുകൂടി അദ്ദേഹവും തള്ളിക്കളഞ്ഞിട്ടുണ്ട്.

അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം ‘വിമര്‍ശന വിധേയമായ ഹദീസുകള്‍ ബുഖാരിയിലും മുസ്‌ലിമിലും’ എന്നാണ്. എന്നിട്ട് അദ്ദേഹം ഇരുപതോളം ഹദീസുകള്‍ കൊടുത്തിട്ട് ചില വിര്‍മര്‍ശനങ്ങള്‍ ഉദ്ധരിക്കുന്നു. ശേഷം അദ്ദേഹം എഴുതി: ”ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസുകളെ പൂര്‍വികരായ ചില പണ്ഡിതന്‍മാര്‍ വിമര്‍ശിച്ചതിന് ചില ഉദാഹരണങ്ങള്‍ മാത്രം താഴെ ചേര്‍ക്കുന്നു. വിമര്‍ശനങ്ങള്‍ ഈ ലേഖകന്‍ അംഗീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നില്ല. നാം മുകളില്‍ വിവരിച്ച തത്ത്വം സ്ഥാപിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. വിമര്‍ശനങ്ങള്‍ മൊത്തം ശരിയാണെന്ന് വായനക്കാരും ധരിക്കേണ്ടതില്ല” (പ്രബോധനം ഹദീഥ് പതിപ്പ് 2007, പേജ്:185).

ഇവിടെ അദ്ദേഹം ഉദ്ധരിക്കുന്ന വിമര്‍ശനങ്ങള്‍ മൊത്തം ശരിയല്ലെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് വിമര്‍ശനങ്ങള്‍ മൊത്തം ശരിയാണെന്ന് വായനക്കാരും ധരിക്കേണ്ടതില്ലെന്ന് പറഞ്ഞത്. എങ്കില്‍പിന്നെ ഈ വിമര്‍ശനങ്ങളൊന്നും ശരിയല്ലെന്ന് പറഞ്ഞാല്‍ പോരേ? അത് പറയാന്‍ അദ്ദേഹത്തിന് കഴിയില്ല. കാരണം ബുഖാരിയിലെ പല ഹദീസുകളും അദ്ദേഹം തള്ളിയിട്ടുണ്ട്. അതുകൊണ്ടാണ് ‘നാം മുകളില്‍ വിവരിച്ച തത്ത്വം സ്ഥാപിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യ’മെന്ന് പറഞ്ഞിട്ടുള്ളത്. എന്താണ് അദ്ദേഹം ‘മുകളില്‍ വിവരിച്ച തത്ത്വം?’ ബുഖാരിയിലും മുസ്‌ലിമിലും വിമര്‍ശനവിധേയമായ ഹദീഥുകള്‍ ഉണ്ടെന്നും സനദിന്റെയും (പരമ്പരയുടെ) മത്‌നിന്റെയും (ആശയം) അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ ബുഖാരിയിലെ ഹദീഥുകളെ വിമര്‍ശിച്ചിട്ടുണ്ടെന്നതുമാണത്.

യഥാര്‍ഥത്തില്‍, അല്ലാമാ അഹ്മദ് മുഹമ്മദ് ശാകിര്‍(റഹി) പറഞ്ഞ ഹദീസ് നിഷേധത്തിന്റെ ഒന്നാം പടി, അതായത് ബുഖാരിയിലെ ഹദീഥുകളില്‍ സംശയം ജനിപ്പിക്കുക എന്നതാണിവിടെ ചെയ്തിട്ടുള്ളത്.

നബിക്ക്  ﷺ  സിഹ്‌റ് ബാധിച്ചുവെന്ന ബുഖാരിയിലെയും മുസ്‌ലിമിലേയും ഹദീഥിനെ കുറിച്ച് സുല്ലമി എഴുതുന്നു: ”അതിനാല്‍ ഈ ഹദീഥ് പരമ്പരക്കും മത്‌നിനും (ആശയം) ഹദീഥ് പണ്ഡിതന്‍മാര്‍ പറഞ്ഞ മുഴുവന്‍ വ്യവസ്ഥയും യോജിച്ചാല്‍ പോലും തെളിവിന് പറ്റുകയില്ല” (ജിന്ന്, പിശാച്, സിഹ്‌റ്; പേജ്: 138).

മാത്രമല്ല ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഈ ഹദീഥിനെ ആറോളം ‘ന്യായങ്ങള്‍’ പറഞ്ഞ് സുല്ലമി തള്ളുകയും ചെയ്തിരിക്കുന്നു.

സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകരിക്കുന്നവന്‍ അന്ധവിശ്വാസിയായിത്തീരുമെന്നാണ് ഇക്കൂട്ടരുടെ വാദം. അങ്ങനെയാണെങ്കില്‍ ഒന്നാമത്തെ അന്ധവിശ്വാസി നബി ﷺ  തന്നെ. അല്ലാഹുവില്‍ ശരണം! കാരണം നബി ﷺ  പറഞ്ഞ ഹദീഥുകളാണ് അതില്‍ അധികമുള്ളത്. പിന്നെ സ്വഹാബത്ത് മുതല്‍ താബിഉകള്‍, മുഴുവന്‍ മുഹദ്ദിസുകള്‍, ഇമാമുമാര്‍, പണ്ഡിതന്മാര്‍ വരെയുള്ളവരെല്ലാം അന്ധവിശ്വാസികളാകും.

സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ പൂര്‍ണമായും സ്വീകരിക്കണമെങ്കില്‍ അതിന് പ്രമാണം വേണമെന്ന വാദം പുതിയ ഗവേഷണഫലമാണ്. നബി ﷺ യുടെ ഹദീസുകള്‍ മുഴുവന്‍ സ്വീകരിക്കണമെങ്കില്‍ അതിന് പ്രമാണം വേണമെന്ന് വാദിക്കുന്നവന്‍ കുഫ്‌റിലാണ് എത്തിപ്പെടുക.

ചുരുക്കത്തില്‍ സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം മുസ്ലിം ഉമ്മത്ത് മൊത്തത്തിലാണ് ഏറ്റെടുത്തത്. അവരാണ് അതിലുള്ള മുസ്നദായ മുഴുവന്‍ ഹദീസുകളും സ്വീകാര്യമാണെന്ന് പറഞ്ഞത്. അപ്പോള്‍ ഈ ഉമ്മത്തിന്റെ നിലപാട് അറിയാത്ത ചില അല്‍പജ്ഞാനികളാണ് ഇതുപോലെ ബുഖാരിയിലെ ഹദീസുകള്‍ക്കെതിരെ വാളെടുക്കുന്നത്.

പൂര്‍വികരാരുംതന്നെ ബുഖാരിയിലെ ഹദീസുകളെ സംബന്ധിച്ച് ദുര്‍ബലമാണെന്നോ നിര്‍മിതമാണെന്നോ ക്വുര്‍ആനിന് എതിരാണെന്നോ ബുദ്ധിക്കെതിരാണെന്നോ പറഞ്ഞിട്ടില്ല. മറിച്ച് അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത് അവയെല്ലാം പൂര്‍ണമായി സ്വഹീഹാണെന്നാണ്. ഈ വിഷയത്തിലെ ഇജ്മാഇനെ എതിര്‍ക്കുന്നവര്‍ സലഫിന്റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവരാണ്.

 

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക