35: കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക​

35: കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക

കുട്ടികളില്‍ വൈകാരിക, മാനസിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ധാരാളം പ്രായോഗിക മാര്‍ഗങ്ങള്‍ പ്രവാചക ജീവിതത്തിന്റെ താളുകളില്‍ നമുക്ക് കാണുവാന്‍ കഴിയും. അതിലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അവരുമായി കളി തമാശകളില്‍ ഏര്‍പ്പെടുവാന്‍ പ്രവാചകന്‍ ﷺ സമയം കണ്ടത്തിയിരുന്നുഎന്നത്. മാത്രവുമല്ല അതില്‍ അദ്ദേഹം വൈവിധ്യം നിലനിര്‍ത്തി. ഒരിക്കല്‍ ഓടിക്കളിക്കലാണെങ്കില്‍ മറ്റൊരിക്കല്‍ മുതുകില്‍ കയറ്റി നടക്കലാവും. അതുമല്ലെങ്കില്‍ ഓമനപ്പേര് വിളിച്ച്… അങ്ങനെ അവരെ പലവിധത്തില്‍ ആനന്ദിപ്പിച്ചു. 

കേവലം ഉപദേശികളായോ കല്‍പന പുറപ്പെടിവിക്കുന്ന കോടതിയായോ മാത്രമായി പലപ്പോഴും രക്ഷിതാക്കള്‍ മാറിപ്പോകുന്നതാണ് കുട്ടികളില്‍ സ്വന്തം വീടിനോട് വിരക്തിയും ഉപദേശങ്ങളോട് അലസ ഭാവവും ഉണ്ടാക്കുന്നത്. ഒഴിവ് നേരങ്ങളില്‍ പരമാവധി വീട്ടില്‍ നില്‍ക്കാതിരിക്കുവാനും പുറത്തു ചുറ്റിത്തിരിയുവാനും കുട്ടികള്‍ക്കു താല്‍പര്യം വര്‍ധിപ്പിക്കുന്നതിനു കാരണം കളി തമാശകള്‍ക്ക് സ്വന്തം വീട്ടില്‍ ഇടം ലഭിക്കാത്തതു തന്നെയാവും. ഇവിടെയാണ് നബി ﷺ രക്ഷിതാക്കള്‍ക്ക് മാതൃകയാകുന്നത്. പ്രവാചക സാന്നിധ്യം കുട്ടികള്‍ക്ക് അലസതയല്ല, ആനന്ദവും ആഗ്രഹവുമാണ് സമ്മാനിച്ചത്. അത് കൂടുതല്‍ കിട്ടാന്‍ അവര്‍ താല്‍പര്യപ്പെട്ടുകൊണ്ടേയിരുന്നു. നമ്മുടെ മക്കളും അവരുടെ  ഒഴിവു വേളകളില്‍ നമ്മുടെ സാന്നിധ്യം കൊതിക്കുംവിധം അവരുമായി കളി തമാശകളില്‍ ഏര്‍പെടുവാന്‍ നാം സമയം കണ്ടത്തണം. 

അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ കുട്ടികളോെടാപ്പമായ ചില രംഗങ്ങള്‍ നാം പഠനവിധേയമാക്കി നോക്കുക. അബൂഹുറയ്‌റ(റ) പറയുകയാണ്: ‘എന്റെ ഈ രണ്ടു ചെവികൊണ്ട് ഞാന്‍ കേള്‍ക്കുകയുണ്ടായി, എന്റെ ഈ രണ്ടു കണ്ണു കൊണ്ട് ഞാന്‍ കാണുകയുണ്ടായി: നബി ﷺ തന്റെ ഇരുകരങ്ങള്‍കൊണ്ട് ഹസന്‍(റ)വിന്റെയോ (ഹുസൈന്‍(റ)വിന്റെയോ) കൈപടങ്ങളില്‍ പിടിച്ചു. എന്നിട്ട് അവരുടെ കാല്‍പാദം നബിയുടെ കാല്‍പാദത്തിന്മേല്‍ കയറ്റി വെച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു: ‘കയറൂ.’ അബൂഹുറയ്‌റ(റ) പറയുകയാണ്: ‘നബി ﷺ യുടെ നെഞ്ചില്‍ തന്റെ കാല്‍ എടുത്തു വെക്കും വരെ കുട്ടി കയറി.’ പിന്നീട് നബി ﷺ പറഞ്ഞു:  ‘നിന്റെ വായ തുറക്കൂ.’ പിന്നെ നബി ﷺ അവനെ ചുംബിച്ചു. എന്നിട്ട് അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, നീ ഇവനെ  ഇഷ്ടപ്പെടേണമേ, ഞാന്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു'(ബുഖാരി, അദബുല്‍ മുഫ്‌റദ്). 

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ (നിഹായ: ഇബ്‌നുല്‍ അസീര്‍) ‘കൊച്ചുകുട്ടീ… കൊച്ചുകുട്ടീ… കയറൂ… കണ്ണിറുങ്ങിയ കൊച്ചുകുട്ടീ…’ എന്നിങ്ങനെ പറഞ്ഞതായി കാണാം. വാത്സല്യം നിറഞ്ഞൊഴുകുമ്പോള്‍ പേര് ചുരുക്കിയും കുട്ടിത്തത്തെ ഉയര്‍ത്തിക്കാട്ടിയും നബി ﷺ അവരെ വിളിക്കുമായിരുന്നുവെന്നര്‍ഥം. ഇമാം ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിക്കുന്ന അനസ്(റ)വില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു: ”നബി ﷺ ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയായിരുന്നു. എനിക്ക് ഒരു സഹോദരന്‍ ഉണ്ടായിരുന്നു. അബൂ ഉമൈര്‍ എന്നായിരുന്നു അവനെ വിളിക്കാറുണ്ടായിരുന്നത്. അവന്‍  എപ്പോെഴങ്കിലും ഞങ്ങളുടെ അടുത്ത് വന്നാല്‍ നബി ﷺ അവനോടു ചോദിക്കും: ‘അബൂ ഉമൈര്‍! നിന്റെ പക്ഷിക്കുഞ്ഞിനെ നീ എന്ത് ചെയ്തു?’ അവന്‍ കളിപ്പിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞിപ്പക്ഷി ഉണ്ടായിരുന്നു. നബി ﷺ അതിനെപ്പറ്റിയായിരുന്നു ഇങ്ങനെ ചോദിക്കാറുള്ളത്.

ഇമാം അഹ്മദ് (റഹി) അനസ്(റ)വില്‍ നിന്ന് നിവേദനം: നബി ﷺ ഉമ്മു സുലൈമിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവര്‍ക്ക്  അബൂത്വല്‍ഹയില്‍ അബൂ ഉമൈര്‍ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവനെനബി ﷺ തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നബി ﷺ അവന്റെ അടുത്ത് ചെന്നപ്പോള്‍ വളരെ ദുഃഖിതനായി കണ്ടു. അന്നേരം അവിടുന്ന് കാരണം തിരക്കി. അവര്‍ പറഞ്ഞു: ‘അവന്റെ പക്ഷിക്കുഞ്ഞ് ചത്തുപോയി.’ അപ്പോള്‍ നബി ﷺ അവനോട് (തമാശയില്‍) ചോദിച്ചു: ‘അബാ ഉമൈര്‍! നീ പക്ഷിക്കുഞ്ഞിനെ എന്ത് ചെയ്തു?’ ഈ ഹദീഥിനെ പരാമര്‍ശിച്ചുകൊണ്ട് ഇബ്‌നു ഹജര്‍ ഫത്ഹുല്‍ബാരിയില്‍ എഴുതിയത് തമാശ പറയുന്നത് അനുവദനീയമാണെന്നതിനും കുട്ടികളോട് തമാശ പറയുന്നതില്‍ അനുവാദമുണ്ടെന്നതിനും ഇത് തെളിവാണ് എന്നാണ്.

നബി ﷺ ആളുകള്‍ക്കിടയിലൂടെ പേരക്കുട്ടിയായ ഹുസൈന്‍(റ)വിനെ പിടിക്കാന്‍ കൈ നീട്ടി ചെന്നതും അവനെ ചിരിപ്പിച്ചതുമായ സംഭവം മുമ്പ് വിവരിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. 

നബി ﷺ കുഞ്ഞുങ്ങളെ തോളില്‍ കയറ്റി വെക്കാറുണ്ടായിരുന്നു. അവര്‍ക്ക് കയറുവാന്‍ അനുവാദം നല്‍കാറുമുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ശിദാദി(റ)ല്‍ നിന്ന് ഉദ്ധരിക്കുകയും ഇമാം അല്‍ബാനി സ്വഹീഹ് എന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമായ ഒരു ഹദീഥിന്റെ ആശയം ഇപ്രകാരമാണ്: ഒരിക്കല്‍ ദുഹ്ര്‍ അല്ലെങ്കില്‍ അസ്വ്ര്‍ നമസ്‌കാരത്തിന് നബി ﷺ ഹുസൈന്‍(റ)വിനെ അല്ലെങ്കില്‍ ഹസന്‍(റ)വിനെ തോളിലേറ്റി കൊണ്ട് വന്നു. നമസ്‌കാരം തുടങ്ങുമ്പോള്‍ തന്റെ വലത് വശത്തു വെച്ച് ഇമാമായി നമസ്‌കരിച്ചു. നബി ﷺ സുജൂദില്‍ എത്തിയപ്പോള്‍ അവന്‍ നബി ﷺ യുടെ കഴുത്തില്‍ കയറി ഇരുന്നു. നബി (അവന്‍ ഇറങ്ങുന്നത് വരെ) സുജൂദ് വൈകിപ്പിച്ചു. നമസ്‌കാര ശേഷം സുജൂദിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ മകന്‍ എന്നെ വാഹനമാക്കി. അവന്റെ ആവശ്യം പൂര്‍ത്തീകരിക്കാതെ ധൃതി കാണിക്കുന്നത് ഞാന്‍ വെറുത്തു.’

ഇത്തരം സമീപനങ്ങള്‍ കുഞ്ഞുങ്ങളുടെ മാനസിക നിലവാരത്തെ ഉയര്‍ത്തുകയും വൈകാരിക തലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യും. നബിയുടെ ഈ സമീപനങ്ങള്‍ കണ്ട സ്വഹാബികള്‍, അതുകൊണ്ടു തന്നെ തങ്ങളുടെ മക്കളോട് ഇതേ രീതിയില്‍ പെരുമാറുകയും തന്മൂലം വൈകാരിക മൂല്യങ്ങളുള്ള തലമുറകളായി അവര്‍ വളരുകയും ചെയ്തു.

കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന മറ്റൊരു സമീപനമാണ് അവര്‍ക്ക് സമ്മാനങ്ങളും മറ്റും നല്‍കി സന്തോഷിപ്പിക്കുക എന്നത്. സമ്മാനങ്ങള്‍ നല്‍കുകയെന്നത് ഏതൊരു  മനുഷ്യ മനസ്സിലും സന്തോഷവും സാധീനവും ഉണ്ടാക്കുന്ന കാര്യമാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ചും. നബി ﷺ പറഞ്ഞു: ”നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുക. (അത് മൂലം) പരസ്പരം സ്‌നേഹിക്കുകയും ചെയ്യുക.” (ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി, ബുലൂഗുല്‍ മറാം).

ഇമാം മുസ്‌ലിം അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: കൃഷി വിളവെടുപ്പില്‍ ആദ്യത്തെ ഫലം നബി ﷺ ക്ക് എത്തിച്ചു കൊടുക്കും. അപ്പോള്‍ നബി ﷺ പ്രാര്‍ഥിക്കും: ‘അല്ലാഹുവേ, ഞങ്ങളുടെ പട്ടണത്തിനു നീ അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ ഫലവര്‍ഗങ്ങളിലും ഞങ്ങളുടെ അളവിലും നീ അനുഗ്രഹത്തിന് മേല്‍ അനുഗ്രഹം നല്‍കേണമേ.’ എന്നിട്ട് അതില്‍നിന്ന് അല്‍പമെടുത്ത് കൂടി നിന്നവരില്‍ ഏറ്റവും ചെറിയ കുട്ടികള്‍ക്കു നല്‍കും.

അബൂദാവൂദ് ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ നമുക്ക് ഇങ്ങനെ കാണാം: ഒരിക്കല്‍ നബി ﷺ ക്ക് നജ്ജാശി രാജാവില്‍ നിന്ന് കൊത്തുപണികളോട് കൂടിയ ഒരു മോതിരം പാരിതോഷികമായി കൊടുത്തയച്ചു. നബി ﷺ അത് തിരിച്ചും മറിച്ചും നോക്കിയതിന് ശേഷം സൈനബി(റ)ന്റെ മകള്‍ ഉമാമ ബിന്‍ത് അബുല്‍ ഇസ്സിനെ വിളിച്ചിട്ട് പറഞ്ഞു: ‘നീ ഇത് അണിഞ്ഞോ മോളേ.’ 

കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് സഹായിക്കുന്ന ഇതുപോലുള്ള പലതും നബി ﷺ യുടെ ജീവിതത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. (തുടരും)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

34: മാനസിക വളര്‍ച്ചക്ക് ഇസ്‌ലാം നല്‍കുന്ന വെളിച്ചം​

34: മാനസിക വളര്‍ച്ചക്ക് ഇസ്‌ലാം നല്‍കുന്ന വെളിച്ചം

മനുഷ്യന്‍ ബുദ്ധിയും  ശരീരവും മാത്രമല്ല മനസ്സും കൂടി ചേര്‍ന്ന, അല്ലാഹുവിന്റെ ഒരു അത്ഭുത സൃഷ്ടിയാണല്ലോ. വിവിധങ്ങളായ വൈകാരികതകളുടെ സംഗമസ്ഥലമാണ് മനുഷ്യ മനസ്സ്. ഒരു പരീക്ഷണമെന്ന നിലയ്ക്ക് അല്ലാഹു മനുഷ്യനില്‍ നിക്ഷേപിച്ച ഈ വൈകാരികതകളില്‍ സൃഷ്ടിപരതയായുള്ളതും നശീകരണ ശക്തിയുള്ളതും ഒരു പോലെ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെ മാനസിക ആരോഗ്യമെന്നതിനെ ഈ വൈകാരികതയുടെ സന്തുലിനമായ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് അളക്കുവാന്‍ സാധിക്കുക. അതാകട്ടെ ശാരീരിക വളര്‍ച്ചയോ ബൗദ്ധിക വളര്‍ച്ചയോ മൂലം മാത്രം ഉണ്ടാകുന്നതല്ല. അതിന്നു തീര്‍ത്തും അതിന്റെതായ സ്വതന്ത്രമായ, എന്നാല്‍ ഉള്‍ച്ചേരലുകളുള്ള ഒരു അസ്തിത്വമുണ്ട്. 

മുതിര്‍ന്നവരോട് കയര്‍ത്ത് സംസാരിക്കുന്ന സമര്‍ഥനായ വിദ്യാര്‍ഥിയും കുഞ്ഞിനെ സ്വന്തം കൈകൊണ്ട് പുഴയില്‍ എറിഞ്ഞു കൊല്ലുന്ന മാതാ പിതാക്കളും ഇതിന്റെ തെളിവുകളാണ്. അത്‌കൊണ്ടു തന്നെ മാനസിക  വളര്‍ച്ചയെ അതിന്റെതായ പോഷകങ്ങള്‍ നല്‍കി വളര്‍ത്തിയും  പരിപാലിച്ചും പോരേണ്ടതുണ്ട്. നന്മയാര്‍ന്ന ഒരുപാട് വികാരങ്ങളെ അല്ലാഹു നമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്, അത് പോലെ തിന്മയാര്‍ന്ന വികാരങ്ങളും ഉണ്ട്. പ്രസന്നതയും വിരസതയും അതിന്റെ വ്യത്യസ്തങ്ങളായ മുഖങ്ങളാണ്. ആഹ്ലാദം, സ്‌നേഹം, വാത്സല്യം, ആദരവ്, അനുകമ്പ  തുടങ്ങിയവ പ്രസന്നതയില്‍ നിന്ന് പൊട്ടിവിരിയുമ്പോള്‍ അരിശം, വെറുപ്പ്, ഭയം അസൂയ, പ്രതികാര വാസന തുടങ്ങിയവ വിരസതയില്‍ നിന്ന് പുറപ്പെട്ടു വരുന്നു.

വൈകാരിക വിരസതയും മരവിപ്പും വ്യക്തിയില്‍ ഉണ്ടാകുന്നത് കുടുംബ ജീവിതത്തിനും സാമൂഹ്യ ജീവിതത്തിനും ഭീഷണിയാണ്. വാത്സല്യം, അനുകമ്പ, സ്‌നേഹം, ബഹുമാനം, കാരുണ്യം തുടങ്ങിയവ പ്രകടിപ്പിക്കേണ്ട വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ യാതൊരു മാനസിക പ്രതികരണവും പ്രതിഫലനവും ഇല്ലാത്തവനോ ഇല്ലാത്തവളോ ആയി നില്‍ക്കേണ്ടി വരുന്ന ദുരന്താവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കുക. കുട്ടിക്കാലത്തെ പരിചരണത്തില്‍ ഇത്തരം വൈകാരികതകളുടെ വളര്‍ച്ചയില്‍ ആവശ്യമായ ചുവടുവെപ്പുകള്‍ മാതാപിതാക്കളുടെ ഭാഗത്തു നിന്ന് ലഭിക്കാതിരുന്നത് അതിന്റെ നിമിത്തങ്ങളില്‍ ഒന്നാണ്.

അനന്യമായ ഈ വൈകാരിക മൂല്യങ്ങളുടെ  വളര്‍ച്ചക്കാവശ്യമായ വിഭവങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമാണ് മാതാപിതാക്കള്‍. അവരിലൂടെയാണ് ഇത് കൈമാറ്റം ചെയ്യപ്പെടുന്നത്. അതിന്ന് അവരെ സഹായിക്കുന്ന ധാരാളം മാര്‍ഗങ്ങള്‍ നബി ﷺ  നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. നബി ﷺ യുടെ കുട്ടികളോടുള്ള ഇടപെടലുകളില്‍ അവരില്‍ വൈകാരികത തഴച്ചുവളരാന്‍ ഉതകുന്ന വേരുകള്‍ പടര്‍ത്തുന്നത് കാണാം. നമ്മുടെ ജീവിതത്തിലും അത് മാതൃകയാക്കി നാം മക്കളോട് ഇടപെട്ടാല്‍, അവരുടെ ചുറ്റുപാടുകളോട് വൈകാരിക സന്തുലിതാവസ്ഥയില്‍ അവര്‍ പ്രതികരിക്കുന്നത് നമുക്ക് കാണാം. അവയില്‍ ചിലത് നമുക്ക് പരിശോധിക്കാം:

ഒന്ന്: ചുംബനം, വാത്സല്യം, കാരുണ്യം തുടങ്ങിയവ കുട്ടികള്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യമാവല്‍: മക്കള്‍ക്ക് നല്‍കുന്ന ചുംബനങ്ങള്‍ക്ക് അവരുടെ മനസ്സിനെ ഉദ്ദീപിക്കുന്നതിലും അവരില്‍ മാനസിക വികാരങ്ങള്‍ ഉദ്പാദിപ്പിക്കുന്നതിലും വലിയ പങ്കാണുള്ളത്. കൂടാതെ വലിയവരുടെയും ചെറിയവരുടെയും ഇടയിലുള്ള ബന്ധം കെട്ടിയുറപ്പിക്കുന്നതിലും അതിന്നു വലിയ പങ്കുണ്ട്. വളരുന്ന കുട്ടിയോടുള്ള കരുണ്യത്തിന്റെ തെളിവ് കൂടിയാണത്. കുട്ടിയുടെ മനസ്സിനെ അത് ജീവസ്സുറ്റതാക്കുകയും ചുറ്റുപാടിനോട് സജീവമായി പ്രതികരിക്കാന്‍ അവനത് ആവേശം നല്‍കുകയും ചെയ്യും. എല്ലാറ്റിനും പുറമെ അത് നബി ﷺ യുടെ ജീവിത ചര്യകളില്‍ പെട്ടതുമാണ്.

ഇമാം ബുഖാരിയും മുസ്‌ലിമും ആഇശ(റ)യില്‍ നിന്ന് നിവേദനം: അവര്‍ പറയുകയാണ്: ”ഗ്രാമീണരായ ചില അറബികള്‍ നബി ﷺ യുടെ അടുത്ത് വന്നു. എന്നിട്ട് അവര്‍ നബി ﷺ യോട് ചോദിച്ചു: ‘താങ്കള്‍ താങ്കളുടെ മക്കളെ ചുംബിക്കാറുണ്ടോ?’ നബി ﷺ  പറഞ്ഞു: ‘അതെ.’ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ഞങ്ങള്‍ ചുംബിക്കാറില്ല.’ അപ്പോള്‍ നബി ﷺ  അവരോട് തിരിച്ചു ചോദിച്ചു: ‘അല്ലാഹു നിങ്ങളുടെ ഹൃദയത്തില്‍ നിന്നും കാരുണ്യം എടുത്തു കളഞ്ഞാല്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും?’

അബൂഹുറയ്‌റ(റ) പറയുകയാണ്: ”നബി ﷺ  ഹസന്‍ ഇബ്‌നു അലി(റ)വിനെ ചുംബിച്ചു. അപ്പോള്‍ അല്‍ അക്വ്‌റഉബിന്‍ ഹാബിസ്(റ)പറഞ്ഞു: ‘എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ നിന്ന് ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ല.’ അന്നേരം നബി ﷺ  പറഞ്ഞു: ‘കാരുണ്യം കാണിക്കാത്തവരോട് കാരുണ്യം കാണിക്കപ്പെടുകയില്ല’ (ബുഖാരി, മുസ്‌ലിം).

ഇബ്‌നു അസാകിര്‍ അനസ്(റ)വില്‍ നിന്ന് നിവേദനം: ”നബി ﷺ  കുടുംബങ്ങളോടും കുട്ടികളോടും എറ്റവും കാരുണ്യമുള്ളവനായിരുന്നു” (സ്വഹീഹ് അല്‍ ജാമിഅ്).

കുട്ടികളോട് കാരുണ്യം കാണിക്കുകയും അവരുടെ വിഷയത്തില്‍ അവരോട് കടുത്ത താല്‍പര്യം  നില നിര്‍ത്തുകയും ചെയ്യുകയെന്നത് നബിചര്യയുടെ പ്രകടനവും സ്വര്‍ഗ പ്രവേശനത്തിന്റെ നിമിത്തവും ആണ്. ഒരിക്കല്‍ രണ്ടു മക്കളെയുമായി ഒരു സ്ത്രീ ആഇശ(റ)യുടെ അടുത്ത് സഹായം ചോദിച്ചു വന്നു. അവര്‍ മൂന്നു കാരക്ക അവര്‍ക്ക് നല്‍കി. അതില്‍ രണ്ടണ്ണം അവര്‍ കുട്ടികള്‍ക്ക് വീതിച്ചു നല്‍കി. എന്നിട്ട് ഒന്ന് അവര്‍ (അവര്‍ക്ക് തിന്നാനായി) സൂക്ഷിച്ചു വെച്ചു. കുട്ടികള്‍ അവര്‍ക്ക് നല്‍കിയത് തിന്നു കഴിഞ്ഞ് ഉമ്മയുടെ മുഖത്തേക്ക് നോക്കി. അപ്പോള്‍ അവര്‍ കൈയിലുണ്ടായിരുന്ന മൂന്നാമത്തെ കാരക്ക രണ്ടായി പകുത്തു മക്കള്‍ക്ക് നല്‍കി. (അവര്‍ ഒന്നും തിന്നില്ല). ഈ സംഭവം ആഇശ(റ) നബി ﷺ  വന്നപ്പോള്‍ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. ആപ്പോള്‍ നബി ﷺ  പറഞ്ഞു: ‘നീ എന്താണ് ഇതില്‍ ഇത്ര അത്ഭുതപ്പെടുന്നത്? ആ സ്ത്രീ അവരുടെ കുട്ടിയോട് കാണിച്ച ഈ കാരുണ്യം നിമിത്തം അല്ലാഹു അവരോടു കാരുണ്യം ചെയ്തിരിക്കുന്നു” (ബുഖാരി). 

സ്വന്തക്കാരുടെ കുട്ടികള്‍ മാത്രമല്ല, മറ്റു കുട്ടികളും നബി ﷺ യുടെ കാരുണ്യത്തിന്റെ നനവും തണുപ്പും അനുഭവിച്ചവരാണ്. അനസ്(റ) ഉദ്ധരിക്കുന്നു: നബി ﷺ  പറഞ്ഞു: ”ഞാന്‍ നമസ്‌കാരത്തില്‍ പ്രവേശിക്കും. ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ ആഗ്രഹിച്ചുകൊണ്ടായിരിക്കും അത്. അപ്പോള്‍ ഞാന്‍ (സ്ത്രീകളുടെ ഭാഗത്തു നിന്ന്) കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കും. അപ്പോള്‍ ഞാന്‍ നമസ്‌കാരം ചുരുക്കും. അവരുടെ കരച്ചില്‍ അവരുടെ മാതാക്കളുടെ മനസ്സിലുടക്കുന്ന അവസ്ഥ പരിഗണിച്ചു കൊണ്ടാണത്” (ബുഖാരി). 

അബൂ ക്വതാദ(റ) പറയുകയാണ്: ”നബി ﷺ യുടെ മകളായ സൈനബി(റ)ന്റെ മകള്‍ ഉമാമയെ നബി  ﷺ  ചുമലില്‍ ഏറ്റിക്കൊണ്ട് ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കും. എന്നിട്ട് സുജൂദില്‍ പോകുമ്പോള്‍ അവളെ നിലത്തു വെക്കും, എഴുന്നേല്‍ക്കുമ്പോള്‍  എടുത്ത് ചുമലില്‍ വെക്കും” (ഇബ്‌നു ഖുസയ്മ).

ഈ രീതിയില്‍ വാത്സല്യം നിറഞ്ഞ ഹൃദയവുമായി മക്കളോട് ഇടപെടുന്ന രക്ഷിതാക്കള്‍ക്ക് മാത്രമെ മക്കള്‍ക്ക് മൂല്യബോധം പകര്‍ന്നുകൊടുക്കുവാന്‍ കഴിയുകയുള്ളൂ. മാതാപിതാക്കള്‍ കാണിക്കുന്ന വാത്സല്യവും പാരുഷ്യതയും മക്കളുടെ മാനസിക ആരോഗ്യത്തെയും വൈകാരിക വളര്‍ച്ചയെയും ശക്തമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഇത് പോലെ കുട്ടികളില്‍ മാനസിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മറ്റനേകം ഇടപെടലുകളിലേക്ക് ഇസ്‌ലാം വെളിച്ചം വീശുന്നുണ്ട്. (തുടരും)

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

33: കായിക ക്ഷമതയുടെ ഇസ്‌ലാമിക പാഠങ്ങള്‍ ​

33: കായിക ക്ഷമതയുടെ ഇസ്‌ലാമിക പാഠങ്ങള്‍

ശാരീരികവും മാനസികവുമായ വളര്‍ച്ച നേടുവാനും അവ പുഷ്ടിപ്പെടുവാനും ആവശ്യമായ കാര്യങ്ങളെ കുറിച്ചും പ്രവാചകന്‍ ﷺ  സൂചിപ്പിച്ചിട്ടുണ്ട്. വിശ്വാസികള്‍ മതശാസന എന്ന നിലയില്‍ തന്നെ അവ പഠിക്കേണ്ടതും പുലര്‍ത്തേണ്ടതുമാണ്. ആരോഗ്യവും ദൃഢതയുമുള്ള ഒരു ശരീരം ഏതൊരു മനുഷ്യന്റെയും ആഗ്രഹം മാത്രമല്ല അവകാശം കൂടിയാണ്. അത് നേടുവാനാവശ്യമായ നടപടിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടപ്പില്‍ വരുത്തേണ്ടത് കുട്ടിപ്രായത്തിലാണ്. അതാവട്ടെ രക്ഷിതാക്കളുടെ കൈകളില്‍ അര്‍പിതവുമാണ്. ജീവി വര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമേറിയ കുട്ടിക്കാലം ഉള്ള ഏക ജീവി മനുഷ്യനാണ്. ശരീരത്തിന്റെ ആകാരവും പേശികളും മറ്റു അനുബന്ധ അവയവങ്ങളും പെട്ടെന്ന് വളരുന്നതും പാകപ്പെടുന്നതും ഈ പ്രായത്തിലാണ്. അതുകൊണ്ടു തന്നെ ഇസ്‌ലാമിക പാരന്റിംഗിന്റെ ശ്രദ്ധ പതിയേണ്ട ഇടമാണിത്.

കളിയും ചലനാത്മകതയും കുട്ടികളുടെ ജന്മവാസനയാണ്. പ്രകൃതിപരമായിത്തന്നെ ശാരീരിക വളര്‍ച്ച സാധ്യമാവും വിധം അല്ലാഹുവാണ് മനുഷ്യനില്‍ അത് നിക്ഷേപിച്ചത്. ആ ചോദനയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് രക്ഷിതാക്കളും അധ്യാപകരും ഈ കാലയളവില്‍ ചെയ്യേണ്ടത്. കുട്ടികള്‍ക്ക് കളിക്കുവാനും ഇളകുവാനുമുള്ള അവസരങ്ങള്‍ നല്‍കുകയും അവരെ അതിന്നു പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത പക്ഷം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പിന്നീട് നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല. ഫാസ്റ്റ് ഫുഡ് തിന്നുകൊണ്ട് സോഫയില്‍ ചാരിയിരുന്ന് ദീര്‍ഘനേരം ടി.വിയില്‍ കാര്‍ട്ടൂണുകളും മറ്റും കണ്ടിരിക്കുന്ന കുട്ടികളിലാണ് ഇന്ന് ഇളക്കമില്ലായ്മ മൂലം ‘പൊണ്ണത്തടി’ എന്ന പ്രതിഭാസം കൂടുതലും കാണപ്പെടുന്നത് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കുക.  

ഇസ്‌ലാം ഈ രംഗത്ത് യുക്തവും ശാസ്ത്രീയവുമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരാള്‍ കുട്ടിക്കാലത്തെയും കൗമാരത്തെയും യാത്രയാക്കി കടന്നുകയറുന്നത് ഉത്തരവാദിത്തത്തിന്റെ ഭാരം തോളിലേറ്റേണ്ടുന്ന യുവത്വത്തിലേക്കാണ്. ഇസ്‌ലാമിക ബാധ്യതകളുടെ യഥാവിധ നിര്‍വഹണത്തിന് നല്ല ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. പഠനം, നമസ്‌കാരം, നോമ്പ്, ഹജ്ജ്, ധര്‍മ സമരം, പ്രബോധന മാര്‍ഗത്തിലെ ത്യാഗം, കുടുബ പരിപാലനം ഇവയെല്ലാം ഒരു വിശ്വാസിയുടെ ഉത്തരവാദിത്തങ്ങളുടെ പട്ടികയില്‍ വരുന്നതാണ്. ഇവയെല്ലാം ശാരീരികാരോഗ്യം ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ കുട്ടിക്കാലത്ത് ഈ രംഗത്ത് കുട്ടികള്‍ക്കു നല്‍കേണ്ട പരിശീലനത്തെയും പരിപാലനത്തെയും കുറിച്ചുള്ള പ്രവാചകചര്യകള്‍ മറ്റെന്തിനെക്കാളും വിശാസികള്‍ക്ക് പ്രധാനപ്പെട്ടതാണ്. ഈ രംഗത്തുള്ള ചില ഇസ്‌ലാമിക പാഠങ്ങള്‍ നമുക്ക് പരിശോധിക്കാം: 

കാലികമായ കായിക കലകളില്‍ ചെറുപ്പത്തിലേ പരിശീലനം നല്‍കല്‍

നബി ﷺ  ചില പ്രത്യേക കായിക ശീലങ്ങളെ പേരെടുത്തു പറഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നീന്തല്‍, കുതിര സവാരി, ഓട്ടമത്സരം, അമ്പെയ്ത്ത്, ഗുസ്തി തുടങ്ങിയ കലകളെ നബി ﷺ  പേരെടുത്തു പറഞ്ഞത് ഹദീഥുകളില്‍ കാണാവുന്നതാണ്. ഉമര്‍(റ) ശാമിലെ ജനങ്ങള്‍ക്ക് എഴുതാറുണ്ടായിരുന്നു: ‘നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നീന്തലും അമ്പെയ്ത്തും കുതിര സവാരിയും പഠിപ്പിക്കണം.’ വിശ്വാസിക്ക് വൈയക്തികമായും വിശ്വാസി സമൂഹത്തിന് സാമൂഹികമായും അനിവാര്യമായ ആയോധനമുറകളുടെപ്രാധാന്യം നബി ﷺ യില്‍ നിന്ന് ബോധ്യപ്പെട്ടതിനാലാകുമല്ലോ ഉമര്‍(റ) ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. നബി ﷺ  നീന്തല്‍ പരിശീലിക്കുന്നതിന് പ്രോത്സാഹനം നല്‍കിയതായി നമുക്ക് കാണാം. ദൈവിക സ്മരണകള്‍ ഊര്‍ന്നുപോകാത്ത വിനോദങ്ങള്‍ നബി ﷺ  പറഞ്ഞതില്‍ ഒന്ന് നീന്തല്‍ പരിശീലിക്കുക എന്നതാണ്. (അല്‍ ജാമിഅ്, ശൈഖ് അല്‍ബാനി). നബി ﷺ  പ്രോത്സാഹിപ്പിച്ച മറ്റൊരു ആയോധന മുറയാണ് അമ്പെയ്ത്ത്. ഇതിനെക്കുറിച്ച് ഒന്നിലധികം ഹദീഥുകള്‍ കാണാവുന്നതാണ്. സല്‍മ ഇബ്‌നുല്‍ അക്‌വാ(റ) നിവേദനം ചെയ്യുന്നു: ”ഒരിക്കല്‍ നബി ﷺ  അമ്പെയ്തുകൊണ്ടിരുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ അടുത്ത് കൂടെ നടന്നുപോയി. അപ്പോള്‍ നബി ﷺ  അവരോടായി പറഞ്ഞു: ‘ഇസ്മാഈല്‍ കുടുംബമേ, നിങ്ങള്‍ നന്നായി അമ്പെയ്യുക. നിങ്ങളുടെ പൂര്‍വ പിതാക്കന്മാര്‍ നല്ല അമ്പെയ്ത്തുകാരായിരുന്നു'(ബുഖാരി). ഉക്ബത് ബിന്‍ ആമിര്‍(റ) പറയുന്നു: ”നബി ﷺ  മിമ്പറില്‍ വെച്ച് ഒരിക്കല്‍ പറയുന്നത് ഞാന്‍ കേട്ടു: ‘നിങ്ങള്‍ ശക്തിയില്‍ നിന്ന് (ശത്രുക്കള്‍ക്കെതിരെ) സാധ്യമായത്ര ഒരുക്കങ്ങള്‍ നടത്തുക’ എന്ന ക്വുര്‍ആന്‍ വചനം പാരായണം ചെയ്തുകൊണ്ട് നബി ﷺ  പറഞ്ഞു: ‘തീര്‍ച്ചയായും ശക്തി അമ്പെയ്ത്താകുന്നു. തീര്‍ച്ചയായും ശക്തി അമ്പെയ്ത്താകുന്നു’ (മുസ്‌ലിം). അമ്പെയ്ത്ത് പരിശീലിച്ചിട്ട് അത് മറന്നു കളയുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന മറ്റൊരു നബി വചനം ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് വളരുന്ന തലമുറക്ക് മാനസിക സ്‌ഥൈര്യവും പ്രതിരോധ ബോധവും ശാരീരിക ഉറപ്പും പ്രദാനം ചെയ്യുന്ന കാലികവും പ്രാദേശികവും ആയ ആയോധന വിദ്യകളും കായിക വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ടെന്നും അത്തരം കലകെളയും അഭ്യാസങ്ങെളയും അടുത്ത തലമുറക്ക് ഉപകാരപ്പെടാത്ത വിധം അവഗണിക്കുവാന്‍ പാടില്ല എന്നുമാണ്. 

കായിക മത്സരങ്ങള്‍ സംഘടിപ്പിക്കല്‍

ഇത് കായിക വിദ്യാഭ്യാസത്തിലേക്ക് കുട്ടികളുടെ മനസ്സിനെ തിരിച്ചുവിടുകയും ശാരീരിക ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. നബി ﷺ  തന്റെ പിതൃവ്യന്‍ അബ്ബാസ്(റ)ന്റെ മക്കളുടെ ഇടയില്‍ ഓട്ട മത്സരം സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നിട്ട് ആദ്യം എത്തി വിജയികളാകുന്നവരെ സ്വീകരിക്കുകയും പിന്നീടെത്തുന്നവരെ പരിഗണിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.അബ്ദുല്ലാഹിബ്‌നു ഹാരിസ്(റ) നിവേദനം: ‘നബി ﷺ  അബ്ദുല്ലക്കും ഉബൈദുല്ലക്കും അബ്ബാസ് കുടുംബത്തിലെ മറ്റു മക്കള്‍ക്കും വരി നിര്‍ണയിച്ചു കൊടുത്ത് ഓട്ട മത്സരം നടത്തും. എന്നിട്ട് ആദ്യമെത്തുന്നവര്‍ക്ക് ഇന്നതും ഇന്നതും തരുമെന്ന് പറയും. അവര്‍ മത്സരിച്ചോടി വന്ന് നബി ﷺ യുടെ നെഞ്ചിലും മുതുകിലും ചെന്ന് പതിക്കും. നബി ﷺ  അവരെയെല്ലാം ആലിംഗനം ചെയ്യുകയും ഉമ്മ വെക്കുകയും ചെയ്യും’ (ഇമാം അഹ്മദ്). വിജയികളെ അനുമോദിക്കുക മാത്രമല്ല പിന്നിലുള്ളവരെ പരിഗണിക്കുക കൂടി ചെയ്യണമെന്ന് ഇതിലൂടെ നബി ﷺ  നമ്മെ പഠിപ്പിക്കുന്നുണ്ട്. 

കുട്ടികളോെടാപ്പം വലിയവരും കളിക്കുക

ഇന്നത്തെ അണുകുടുംബ സംവിധാനത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്. മുമ്പ് ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂട്ടുകുടുംബങ്ങളില്‍ പെട്ടവരും അയല്‍പക്കക്കാരുമായ ധാരാളം കുട്ടികളുമായി കൂട്ട് കൂടുവാന്‍ സാഹചര്യമുണ്ടായിരുന്നു. ഇന്ന് അവസ്ഥ മാറി. ഫഌാറ്റുകൡലും മതിലുകെട്ടി അടച്ച വില്ലകളിലും ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കൂടെ കളിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ കൂട്ടായി മുതിര്‍ന്നവരുണ്ടാകുന്നത് അനിവാര്യമാണ്. നബി  ﷺ  പേരക്കുട്ടികളായ ഹസനും ഹുസൈനുമായി എന്തെല്ലാം കളികളായിരുന്നു കളിച്ചിരുന്നത്! നബി ﷺ  കുതിരയായി കുനിഞ്ഞു കൊടുക്കുകയും അവരെ പുറത്തു കയറ്റി നടക്കുകയും ചെയ്തിട്ട് എത്ര നല്ല കുതിരയെന്നും കുതിരക്കാരനും പറഞ്ഞു പ്രോത്സാഹിപ്പിക്കുമായിരുന്നു. നബി ﷺ  അവരോെടാപ്പം കളിക്കുന്നത് കാണുന്ന സ്വഹാബികള്‍ ചോദിക്കും: ‘താങ്കള്‍ (അത്രയും) അവരെ ഇഷ്ടപ്പെടുന്നുണ്ടോ?’ അപ്പോള്‍ നബി ﷺ  പറയും: ‘ഇല്ലാതേ, അവര്‍ രണ്ടു പേരും എന്റെ രണ്ടു സുഗന്ധച്ചെടികളാണ്’ (ത്വബ്‌റാനി). 

കുട്ടികളെ കുട്ടികളോടൊപ്പം കളിക്കുവാന്‍ വിടുക

നബി ﷺ യുടെ കാലത്ത് കുട്ടികള്‍ കളിക്കുവാന്‍ പോകുകയും അവരുടെ കളിസ്ഥലങ്ങളിലേക്ക് നബി ﷺ  ചെന്നുകൊണ്ട് അവര്‍ക്ക് കൈകൊടുത്ത് സലാം പറയുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. നബി ﷺ യുടെ പേരക്കുട്ടികള്‍ മറ്റു കുട്ടികളോെടാപ്പം കളിക്കുവാന്‍ പോകുന്നതിനെ അവിടുന്ന് വിരോധിച്ചില്ല. മറിച്ച്, അവരെ വേണ്ടിവരുമ്പോള്‍ നബി ﷺ  കളിസ്ഥലത്തേക്ക് തിരഞ്ഞുചെന്ന് അവരെ പിടിച്ചു കൊണ്ട് വരുമായിരുന്നു. 

കളിക്കുവാനുള്ള സ്വഭാവിക സന്ദര്‍ഭങ്ങള്‍ ഇല്ലാത്തിടങ്ങളില്‍ അത്തരം സന്ദര്‍ഭങ്ങളെ ഉണ്ടാക്കിക്കൊടുത്ത് കുട്ടികളെകായിക വിനോദങ്ങളില്‍ പങ്കാളികളാക്കുന്നത് അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് സഹായകമാണ്. മാത്രവുമല്ല അത് അവരുടെ അവകാശം കൂടിയാണ്.

‘ഒരിക്കല്‍ ഏതാനും സ്വഹാബികള്‍ നബി ﷺ യുടെ കൂടെ ക്ഷണിക്കപ്പെട്ട ഒരു സദ്യയിലേക്ക് പുറപ്പെട്ടു. അന്നേരം ഹുസൈന്‍(റ) വഴിയില്‍ കുട്ടികളോെടാപ്പം കളിക്കുന്നത് കണ്ടു. നബി ﷺ  ആളുകള്‍ക്കു മുമ്പില്‍ അവനെ പിടിക്കാന്‍ കൈ നീട്ടി ചെന്നു. അപ്പോള്‍ ഹുസൈന്‍(റ) നബി ﷺ ക്ക് പിടികൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. ഒടുവില്‍ അവനെ പിടികൂടി. ഒരു കൈകൊണ്ട് താടിയിലും മറുകൈകൊണ്ട് പിരടിയിലും പിടിച്ചുകൊണ്ട് അവനെ ഉമ്മവെച്ചു…’ (ഇബ്‌നുമാജ). 

എന്നാല്‍ ഇസ്‌ലാമിക ശരീഅത്തിന്റെ ധാര്‍മിക വശങ്ങളെയും നിയമങ്ങളെയും നിരാകരിക്കുന്ന വിധം കളികളില്‍ ഏര്‍പെടുന്നതിനെ രക്ഷിതാക്കള്‍ വിലക്കേണ്ടതുണ്ട്. ഇസ്‌ലാമിക വസ്ത്രധാരണ നിയമങ്ങള്‍ പാലിക്കാത്ത വസ്ത്രം അണിയുക, അന്യരായ ആണ്‍ പെണ്‍ കൂടിക്കലരല്‍ ഉണ്ടാവുക, നമസ്‌കാരം, നോമ്പ് പോലുള്ള നിര്‍ബന്ധ ആരാധനാകര്‍മങ്ങള്‍ക്ക് വിഘാതം വരുന്നവിധം കളികളില്‍ ഏര്‍പെടുക, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, നിയമ വിരുദ്ധമായും മോശം ഉദ്ദേശത്തിലും പരിശീലനം നേടുക… ഇവയെല്ലാം ഇസ്‌ലാം അനുവദിക്കാത്ത കാര്യങ്ങളാണ്. സഈദ്ബിന്‍ ജുബൈര്‍(റ) പറയുകയാണ്: ”ഞാന്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) തുടങ്ങിയവരുടെ കൂടെ മദീനയിലേക്ക് പോകുന്ന വഴിയില്‍ ഒരു പറ്റം കുട്ടികള്‍ ഒരു കോഴിയുടെ നേരെ അമ്പെയ്തു കളിക്കുന്നത് കണ്ടു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) അവരോട് ദേഷ്യപ്പെട്ടുകൊണ്ട് ഇതെന്താണെന്നു ചോദിച്ചു. അപ്പോള്‍ അവര്‍ ചിതറിയോടി. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: ‘മൃഗങ്ങളെ കൊന്നു വികൃതമാക്കുന്നവരെ പ്രവാചകന്‍ ﷺ  ശപിച്ചിട്ടുണ്ട്” (ഇമാം അഹ്മദ്). 

വിനോദത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുക, മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാവാന്‍ സാധ്യതയുള്ള വിധം കല്ലുകള്‍ കൊണ്ടോ മറ്റോ എറിഞ്ഞു കളിക്കുക എന്നിവയെല്ലാം നബി ﷺ  നിരോധിച്ചിട്ടുണ്ട്. 

(തുടരും)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

32: അതിരു തീര്‍ക്കേണ്ട അനുകരണ ഭ്രമം​

32: അതിരു തീര്‍ക്കേണ്ട അനുകരണ ഭ്രമം

വേരറുക്കേണ്ട ദുസ്സ്വഭാവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചത്. അത്തരം ദുസ്സ്വഭാവങ്ങൡ ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് അനുകരണഭ്രമം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഇസ്‌ലാമിന്റെ വ്യക്തിത്വവും വ്യതിരിക്തതയും എന്താെണന്ന് പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ, ജീവിക്കുന്ന ചുറ്റുപാടിലുള്ളതിനെ അന്ധമായി അനുകരിക്കുന്ന പ്രവണത ഭൂഷണമല്ല. സംസ്‌കാരത്തിന്റെ സ്വാംശീകരണത്തില്‍ ശരി തെറ്റുകളുടെ ഒരു പരിശോധനയുമില്ലാതെ എല്ലാം വാരിപ്പുണരുന്ന കൂട്ടംകൂടികളാകുന്നത് നബി ﷺ നിരോധിച്ചത് ഇവിടെ ശ്രദ്ധേയമാണ്. നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ഒരാളും കൂട്ടം കൂടികളാകരുത്. (അഥവാ)ഒരാള്‍ പറയും: ‘ഞാന്‍ ജനപക്ഷത്താണ്, ജനങ്ങള്‍ നന്മ ചെയ്താല്‍ ഞാന്‍ നന്മ ചെയ്യും; അവര്‍ ചീത്തയായാല്‍ ഞാനും ചീത്ത ചെയ്യും.’ എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ മുന്നൊരുക്കം നടത്തണം. ജനങ്ങള്‍ നന്മ ചെയ്താല്‍ നിങ്ങളും നന്മയില്‍ ആവുക; ജനങ്ങള്‍ തിന്മയിലാകുമ്പോള്‍ നിങ്ങള്‍ അവരുടെ മോശം പ്രവൃത്തിയില്‍ നിന്ന് അകന്നു നില്‍ക്കുക” (തിര്‍മിദി).

എന്നാല്‍ ഇസ്‌ലാമിക വിരുദ്ധമല്ലാത്ത വിധം ജീവിത ശൈലിയുടെ മാറ്റങ്ങളോെടാപ്പം ഇഴചേരുന്നതില്‍ ഇസ്‌ലാമിക വിലക്കുകളില്ല. ഇസ്‌ലാം പ്രായോഗികവും മനുഷ്യ ജീവിതത്തിന്റെ വൈവിധ്യങ്ങളെ നിലനിര്‍ത്തുന്നതുമായ ദൈവിക മതമാണ്. ലോകത്തിന്റെ ഏതു കോണിലും ഏതു സമൂഹത്തിലും അവരില്‍ ഒരാളായി, എന്നാല്‍ ഇസ്‌ലാമിക വ്യക്തിത്വത്തോടെ ജീവിക്കുവാന്‍ പാകത്തിലാണ് ഇസ്‌ലാമിക നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. അഥവാ ജീവിക്കുന്ന ചുറ്റുപാടിന്റെ (ഇസ്‌ലാമിക വിരുദ്ധമല്ലാത്ത) ശൈലികളെയും രീതികളെയും വൈവിധ്യങ്ങളെയും ഇസ്‌ലാം അനുവദിക്കുന്നു. അതുകൊണ്ടാണ് തലപ്പാവ് ധരിക്കുന്ന (മക്കയിലെ) വസ്ത്ര രീതി നബി തിരുമേനി ﷺ യുടെ വസ്ത്ര രീതിയായത്. നിര്‍ണിത വസ്ത്രമോ നിറമോ തയ്യല്‍ രീതിയോ നിഷ്‌കര്‍ഷിക്കുന്നതിനു പകരം പൊതു വസ്ത്ര നിയമാമാണ് ഇസ്‌ലാം പഠിപ്പിച്ചത്. പ്രസ്തുത നിയമം പാലിച്ചു കൊണ്ട് ഏതു നാട്ടിലെ ശൈലി സ്വീകരിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. പുരുഷനാണെങ്കില്‍ നെരിയാണിക്ക് താഴെ ഇറങ്ങാതിരിക്കുകയും സ്ത്രീയാണെങ്കില്‍ ശരീരം  മുഴുവനും മറയുന്നതും ശരീരവടിവുകള്‍ പ്രദര്‍ശിപ്പിക്കാത്തതുമാവുക എന്നതാണ് ആ പൊതുനിയമം. എന്നാല്‍ ഈ ദൈവിക പൊതുനിയമം, നിലനില്‍ക്കുന്ന ഫാഷനുകള്‍ക്കോ കൃത്രിമമായി നിര്‍മിക്കപ്പെട്ട ‘പൊതുബോധ’ത്തിനോ അസ്വീകാര്യമാണെന്നു കരുതി ആ ഫാഷന്റെ ഭാഗമാവാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമില്ല. ഇവിടെയാണ് അനുകരണ ഭ്രമത്തിന്നു തടയിണ പണിയേണ്ടി വരുന്നത്. തുളകള്‍ നിറഞ്ഞ ജീന്‍സും മുട്ടിനു മേലെ അവസാനിക്കുന്ന സ്‌പോര്‍ട്‌സ് ഡ്രസ്സുകളും മുസ്‌ലിം ആണ്‍കുട്ടിക്കും, മുടി മറയാത്തതും തലമറയ്ക്കുന്ന വസ്ത്രം മാറിടത്തിലേക്ക് ഇറങ്ങി നില്‍ക്കാത്തതുമായ ഏതു വസ്ത്ര രീതിയും മുസ്‌ലിം പെണ്‍കുട്ടിക്കും സ്വീകരിക്കാവതല്ല. 

അത് പോലെ പുരുഷന്റെ താടിയുടെയും മീശയുടെയും കാര്യത്തിലും മതശാസനകളുണ്ട്. അതിനെ ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ മക്കളെ നാം പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. താടിയും മീശയുമെല്ലാം ന്യൂജെന്‍ ഫാഷനാകുമ്പോള്‍ ഉന്നത കാമ്പസുകളില്‍ പോലും അത് പ്രിയപ്പെട്ടതായി മാറുന്നു. പക്ഷേ, ഇന്നത്തെ ന്യൂജെന്‍ താടികൡ പലതിലും മയക്കു മരുന്നിന്റെ പൊടി പടലങ്ങള്‍ കൂടിയുണ്ടെന്നത് നമ്മെ ഭയപെടുത്തുന്നുണ്ട്. ഈയിടെ മയക്കു മരുന്നിന്റെ അമിതോപയോഗം മൂലം മരണം പിടികൂടിയ ഒരു ഐ.ഐ.ടി ബിരുദധാരിയും മറ്റൊരു കോളേജ് വിദ്യാര്‍ഥിയും (രണ്ടും മുസ്‌ലിം കുട്ടികള്‍) നല്ല നീളമുള്ള താടിയുള്ളവരായിരുന്നു. ജാതി മത വിത്യാസമില്ലാതെ അവരെ കാണാന്‍ ചെന്ന കൂട്ടുകാര്‍ക്കും താടി ഉണ്ടായിരുന്നുവന്നത് ശ്രദ്ധയില്‍പെട്ടു. അന്വേഷിച്ചപ്പോഴാണറിഞ്ഞത് അത് പുതിയ ഫാഷന്റെ ഭാഗം മാത്രമാണ് എന്ന്! സീസണുകളില്‍ വന്നുപോകുന്ന സംസ്‌കാരമല്ല; അല്ലാഹുവിന്റെ താല്‍പര്യങ്ങളെ പരിഗണിച്ച് പരിപാലിക്കപ്പെടുന്ന ശീലങ്ങളാണ് വേണ്ടത്. നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ബഹുദൈവ വിശാസികളോട് എതിരാവുക. നിങ്ങള്‍ മീശ വെട്ടിച്ചുരുക്കുകയും താടി വളര്‍ത്തി വിടുകയും ചെയ്യുക’ (ബുഖാരി). ഇമാം മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ‘മീശ വെട്ടുകയും താടി ഇടതൂര്‍ന്നു വളര്‍ത്തുകയും അഗ്‌നി ആരാധകരോട് എതിരാവുകയും ചെയ്യുക’ എന്നുകൂടിയുണ്ട്. 

നബിചര്യയെന്ന നിലയ്ക്ക് തക്വ്‌വയുടെ ഭാഗമായി മക്കള്‍ താടി വളര്‍ത്തുന്നതിനെ ആശങ്കയോടെ കാണുന്ന മുസ്‌ലിം രക്ഷിതാക്കളും ഇല്ലാതെയില്ല. താടിയെ തീവ്രവാദത്തിന്റെ അടയാളമായി വ്യാഖ്യാനിക്കുന്നവര്‍ പടച്ചുവിട്ട കൃത്രിമ പുക ശ്വസിച്ചവരാണവര്‍. നമ്മുടെ മക്കള്‍ അന്ധമായ അനുകരണങ്ങളോട് സന്ധിയാവാതെ ജീവിക്കുവാന്‍ ശ്രമിക്കുമ്പോള്‍ നാം അവര്‍ക്ക് ശക്തിയും തണലുമാവുകയാണ് വേണ്ടത്. ഇതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു രംഗമാണ്, മറ്റു മതവിശ്വാസികള്‍ അവരുടെ മതരീതികളുടെ ഭാഗമായി അംഗീകരിച്ചാചരിക്കുന്ന കാര്യങ്ങള്‍ അവരോെടാപ്പം തുല്യമായി അനുകരിക്കുകയെന്നത്. കാരണം നബി ﷺ അതിനെ വ്യക്തമായി നിരോധിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:’നാം അല്ലാത്തവരോട് സാദൃശ്യപ്പെടാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ പെട്ടവരല്ല. നിങ്ങള്‍ നസ്വാറാക്കളോടും യഹൂദരോടും സാദൃശ്യപ്പെടാവതല്ല’ (തിര്‍മിദി). 

ഇതുപോലെ വളരാന്‍ അനുവദിക്കാവതല്ലാത്ത മറ്റൊരു ദുസ്സ്വഭാവമാണ് ആര്‍ഭാടവും സുഖലോലുപതയും. ഇവ രണ്ടും സ്വഭാവത്തെ ചീത്തയാക്കുകയും പരലോകത്തെ വിസ്മരിപ്പിക്കുകയും ദൈവ സ്മരണയില്‍ നിന്ന് മനസ്സിനെ അകറ്റുകയും ചെയ്യും. നബി ﷺ പറഞ്ഞതായി മുആദ്ബ്‌നു ജബല്‍(റ) നിവേദനം ചെയ്യുന്നു: ‘നിങ്ങള്‍ സുഖലോലുപതയെ സൂക്ഷിക്കണം. അല്ലാഹുവിന്റെ ദാസന്മാര്‍ സുഖലോലുപന്മാര്‍ ആവുകയില്ല’ (ഇമാം അഹ്മദ്). 

ഉമര്‍(റ) പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് ഇപ്രകാരം എഴുതി അറിയിക്കുമായിരുന്നു: ‘നിങ്ങള്‍ സുഖലോലുപതയെയും ബഹുദൈവാരാധകന്മാരുടെ വേഷവിധാനത്തെയും സൂക്ഷിക്കണം'(ബുഖാരി, മുസ്‌ലിം). ബ്രാന്‍ഡുകളുടെ മാത്രം അടിമയായി മാറുന്ന ശീലത്തെ മക്കളില്‍ നാം വളര്‍ത്തിക്കൂടാത്തതാണ്. ജീവിതത്തിന്റെ മാറിവരുന്ന സാമ്പത്തിക കാലാവസ്ഥകളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഭാവിയില്‍ അവര്‍ കാല്‍ വഴുതിവീണു പോയെന്ന് വരും. പ്രകടനപരതയില്‍ നിന്ന് ഇസ്‌ലാം നമ്മെ അകറ്റി നിര്‍ത്തുന്നത് ഇത് കൊണ്ട് കൂടിയാവാം.

മക്കളുടെ സഭാവങ്ങളെ വൈകൃതങ്ങളിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്ന മെറ്റാരു പൈശാചികതയാണ് സംഗീതജ്വരം. ഇമാനിന്റെയും ഇസ്‌ലാമിലന്റെയും മറുപക്ഷത്ത് നില്‍ക്കുന്ന ജാഹിലിയ്യത്തില്‍ പെട്ടതായിട്ടാണ് സംഗീതെത്തയും നൃത്തനൃത്യങ്ങെളയുമെല്ലാം പ്രവാചകനും സ്വഹാബികളും ഉത്തമ നൂറ്റാണ്ടുകൡലെ വിശ്വാസികളും മതത്തില്‍ അവരുടെ പാത പിന്തുടര്‍ന്നരുമെല്ലാം മനസ്സിലാക്കിയത്. പൈശാചിക പ്രവണതകളെ ഉത്തേജിപ്പിക്കുന്ന വൈദുതി തരംഗങ്ങളാണ് സംഗീതങ്ങളും വാദേ്യാപകരങ്ങളും. അവയെ വിരോധിച്ച പ്രവാചക ചര്യയെ ധിക്കരിച്ചു കൊണ്ട് അനുവദനീയമായി കാണുന്ന, വരാനിരിക്കുന്ന തലമുറയെ കുറിച്ച് പ്രവാചകന്‍ ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാരിസ് ബിന്‍ അബീ ഉസാമ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ ﷺ : ‘തീര്‍ച്ചയായും അല്ലാഹു എന്നെ കാരുണ്യവും ലോകത്തിനു മാര്‍ഗദര്‍ശനവുമായിട്ടാണ് നിയോഗിച്ചിട്ടുള്ളത്. വീണകളും വാദേ്യാപകരണങ്ങളും അജ്ഞാത കാലത്ത് ആരാധിച്ചിരുന്നതും ക്ഷയിപ്പിക്കാന്‍ അല്ലാഹു എന്നോട് കല്‍പിച്ചു’ (അഹ്മദ്). ഇമാം ബുഖാരിയും ഇമാം അഹ്മദും റിപ്പോര്‍ട്ട് ചെയ്യുന്ന നബിവചനത്തില്‍ നമുക്ക് ഇങ്ങനെ കാണാം: അദ്ദേഹം പറഞ്ഞു: ‘എന്റെ സമുദായത്തില്‍ ഒരു ജനത ഉണ്ടാവും. അവര്‍ വ്യഭിചാരവും പട്ടും മദ്യവും വാദേ്യാപകരണങ്ങളും അനുവദനീയമാക്കും.’ 

ശബ്ദാസ്വാദന ദാഹത്തെ ശമിപ്പിക്കാന്‍ നല്ല ക്വുര്‍ആന്‍ പാരായണവും സംഗീത മുക്തമായ ഗാനങ്ങളും നമുക്ക് പകരം നല്‍കാവുന്നതാണല്ലോ. 

അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ ഗൗരവമായി നിരോധിച്ച മറ്റൊരു പ്രവണതയാണ് സ്ത്രീ പുരുഷന്മാര്‍ പരസ്പര രൂപ സാദൃശ്യം സ്വീകരിക്കുകയെന്നത്. വേഷ ഭൂഷാദികളിലും മറ്റും ഇന്ന് ഇത് സാര്‍വത്രികമായി പ്രകടമാണ്. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ നബിതിരുമേനി ﷺ ഇങ്ങനെ പറഞ്ഞതായി കാണാം: ‘സ്ത്രീകളോട് സാദൃശ്യപ്പെടാന്‍ ശ്രമിക്കുന്ന പുരുഷന്മാരെയും പുരുഷന്മാരോട് സാദൃശ്യപ്പെടുന്ന സ്ത്രീകളെയും അല്ലാഹു ശപിച്ചിരിക്കുന്നു’ (അഹ്മദ്, അബുദാവൂദ്).

ചുരുക്കത്തില്‍, മുമ്പ് വിശദീകരിച്ച ഇസ്‌ലാമിക സ്വഭാവ ശീലങ്ങള്‍ വേരുറപ്പിക്കുകയും ഇവിടെ വിശകലനം ചെയ്ത ദുസ്സ്വഭാവങ്ങള്‍ക്ക് തടയിണ പണിയുകയും ചെയ്യുന്നതിലൂടെയാണ് മക്കളില്‍ സ്വഭാവ വളര്‍ച്ച സാധ്യമാവുന്നത്. (തുടരും)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

31: വേരറുക്കേണ്ട ദുഃസ്വഭാവങ്ങള്‍ ​

31: വേരറുക്കേണ്ട ദുഃസ്വഭാവങ്ങള്‍

ഉല്‍കൃഷ്ടമായ സ്വഭാവ ശിക്ഷണത്തിന്റെ ഇസ്‌ലാമിക അടിസ്ഥാനം ശക്തമായ നിരീക്ഷണവും തിരുത്തലുകളും ആണല്ലോ. ആയതിനാല്‍ ഈ മേഖലയില്‍ വര്‍ത്തിക്കുന്ന മാതാപിതാക്കളും ശിക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള മറ്റുള്ളവരും വിജയകരമായ പേരന്റിംഗ് നേടിയെടുക്കാന്‍ ആവശ്യമായ സ്വഭാവ നിര്‍മിതിയില്‍ അനിവാര്യമായി നിലനിര്‍ത്തേണ്ട കാര്യങ്ങളാണ് മുന്‍ ലക്കത്തില്‍ നാം വായിച്ചത്. അവയുടെ വേരുറപ്പിക്കുകയും ജീവിതത്തില്‍ പടര്‍ന്നു പന്തലിക്കാന്‍ പരിസരം ഒരുക്കുകയുമാണ് നാം ചെയ്യേണ്ടത്. എന്നാല്‍ നല്ലതിന്റെ നിര്‍മാണത്തോെടാപ്പം ചീത്തയുടെ നിഷ്‌കാസനവും അജണ്ടയില്‍ വരേണ്ടതുണ്ട്. ഒരു മനുഷ്യെനന്ന നിലയില്‍ ഒരിക്കലും ജീവിതത്തിന്റെ സ്വഭാവ ഭൂമികയില്‍ മുളച്ചു പൊന്താന്‍ പാടില്ലാത്തതും, അഥവാ മുളപൊട്ടിയാല്‍ തന്നെ വേരറുക്കാന്‍  വൈകിക്കൂടാത്തതുമായ ചില ദുഃസ്വഭാവങ്ങളാണ് ഇവിടെ നാം പഠന വിധേയമാക്കുന്നത്.

കളവ്

കളവ് പറയാനും കാണിക്കാനും ഉള്ള പ്രവണതയെ ഏറ്റവും നികൃഷ്ട കാര്യമായാണ് ഇസ്‌ലാം കാണുന്നത്. അതിനാല്‍ തന്നെ മക്കള്‍ അതില്‍ ചെന്ന് പതിക്കാതിരിക്കാന്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. മാത്രവുമല്ല കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തി അതിന്റെ മോശത്തരം അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം; തന്മൂലം അവരുടെ മനസ്സില്‍ എന്നും അതൊരു വെറുക്കപ്പെട്ട കാര്യമായി നിലനില്‍ക്കണം. എങ്കില്‍ മാത്രമെ നമ്മുടെ അസാന്നിധ്യത്തിലും ആ പ്രവണതയെ അവര്‍ മാറ്റി നിര്‍ത്തുകയുള്ളൂ.

കാപട്യത്തിന്റെ  പ്രകടമായ അടയാളങ്ങളിലാണ് ഇസ്‌ലാം കളവിനെ എണ്ണിയിരിക്കുന്നത് എന്നത് തന്നെ അത് വെറുക്കപ്പെടാന്‍ മതിയായതാണ്. ഇമാം ബുഖാരിയും മുസ്‌ലിമും അബ്ദുല്ലാഹിബ്ന്‍ അംറുബിന്‍ ആസ്വി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീഥില്‍ ഇങ്ങനെ കാണാം: നബി(സ്വ) പറയുകയാണ്: ‘നാലു കാര്യങ്ങള്‍ ആരുടെ പക്കല്‍ ഉണ്ടെങ്കിലും അവന്‍ തനിച്ച കപട വിശ്വസിയാകുന്നു. എന്നാല്‍ അവയില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെകില്‍ അവ ഒഴിവാക്കുന്നത് വരെ അവന്റെ അടുക്കല്‍ കാപട്യത്തിന്റെ ഒരംശം ഉണ്ടാകും. വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കളവു പറയുക, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, തര്‍ക്കിച്ചാല്‍ ചീത്ത പറയുക.’

കളവ് അല്ലാഹുവിന്റെ കോപത്തിന്നും ശിക്ഷക്കും നിമിത്തമാണല്ലോ. അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥില്‍ ഇങ്ങനെ കാണാം: നബി(സ്വ) വിശദീകരിച്ചു: ‘മൂന്ന് വിഭാഗം ആളുകള്‍; അവരോട് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു സംസാരിക്കുകയില്ല, അവരെ സംസ്‌കരിക്കുകയില്ല. അല്ലാഹു അവരിലേക്ക് നോക്കുകയും ഇല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്: വ്യഭിചാരിയായ  വൃദ്ധന്‍, കളവു പതിവാക്കിയ രാജാവ്, അഹങ്കാരിയായ ദരിദ്രന്‍.’ 

കളവു പറയുന്ന സ്വഭാവം ആവര്‍ത്തിക്കപ്പെടുന്ന സ്ഥിതിവിശേഷം മക്കളില്‍ നിലനിന്നാല്‍ നന്നാക്കിയെടുക്കുവാന്‍ ഒരു പേരന്റിംഗ് ടിപ്‌സും ഉപകാരപ്പെടാത്ത അവസ്ഥയിലേക്ക് അത് തെന്നിമാറും. കാരണം അല്ലാഹുവിന്റെ അടുക്കല്‍ ‘കള്ളന്‍’ എന്ന് രേഖപ്പെടുത്തുന്ന ഗുരുതരാവസ്ഥയാണത്. പിന്നെ നമ്മുടെ ശ്രമങ്ങള്‍ വൃഥാവിലാവുക തന്നെ ചെയ്യും. അല്ലാഹുവിന്റെ പ്രവാചകന്‍(സ്വ) നമുക്ക് നല്‍കിയ താക്കീത് അതാണല്ലോ സൂചിപ്പിക്കുന്നത്. നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ കളവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും കളവ് അധര്‍മത്തിലേക്ക് വഴി നടത്തും; അധര്‍മം നരകത്തിലേക്കും. ഒരു അടിമ കളവു പറഞ്ഞു കൊണ്ടിരിക്കുകയും അതില്‍ മുന്നേറുകയും ചെയ്യുമ്പോള്‍ അല്ലാഹു അവന്റെ അടുക്കല്‍ അവനെ ‘കള്ളന്‍’ എന്ന് രേഖപ്പെടുത്തും” (ബുഖാരി, മുസ്‌ലിം).

 അല്ലാഹുവിന്റെ രേഖയില്‍ ‘കള്ളന്‍’ എന്ന് പേരു വന്ന ഒരുവനെ എങ്ങനെ നമുക്ക് മാറ്റിയെടുക്കുവാന്‍  കഴിയും?  അല്ലാഹുവില്‍ അഭയം! ഉന്നത മാതൃകയിലൂടെയാണ് മക്കള്‍ക്ക് ഈ രംഗത്ത് നാം പരിശീലനം നല്‍കേണ്ടത്. അവരുടെ കരച്ചില്‍ നിര്‍ത്തിക്കിട്ടാനോ, അല്ലെങ്കില്‍ എന്തിലെങ്കിലും പ്രോത്സാഹനം നല്‍കാനോ, അവരുടെ കോപത്തെ തണുപ്പിക്കാനോ താല്‍കാലികമായി കളവു പറയുന്ന പതിവ് രക്ഷിതാക്കള്‍ കണിശമായും ഒഴിവാക്കേണ്ടതാണ്. ഈ പ്രവണതയെ നബി(സ്വ) കണിശമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ലക്കത്തില്‍ നാം ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. നബി(സ്വ) പറഞ്ഞതായി ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്നു:  ”ആരെങ്കിലും ഒരു  കുട്ടിയോട് ‘ഇവിടെ വാ, ഇതെടുത്തോ’ എന്ന് പറഞ്ഞു (വിളിച്ചു വരുത്തിയിട്ട്) അവനത് കൊടുത്തിട്ടില്ലെങ്കില്‍ ആ വാക്ക് കളവായി (കണക്കാക്കപ്പെടും).”

മോഷണം

മറ്റൊരു ദുഃസ്വഭാവമാണ് മോഷണം. വീട്ടിനുള്ളില്‍ കുട്ടികള്‍ക്ക് കയ്യെത്തും ദൂരത്തുള്ള വസ്തു വകകള്‍ മുതിര്‍ന്നവരുടെ അനുവാദം കൂടാതെ എടുത്ത് കഴിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന പ്രവണത കണ്ടാല്‍ പോലും നാം അവരെ തിരുത്തണം. കാരണം മോഷണം എന്ന ഗുരുതര സ്വഭാവ വൈകൃതത്തിന്റെ മുളപൊട്ടലാണ് ആ ചെയ്തി. അതിനാല്‍ ഒരിക്കലും ‘വീട്ടിലല്ലേ’ എന്ന ചിന്തയില്‍ അതിനെ തള്ളിക്കളയരുത്. തനിക്കാവശ്യമുള്ളത് എവിടെയാണെങ്കിലും എടുത്ത് ഉപയോഗിക്കാം എന്ന ഒരു ചിന്ത അത് മൂലം കുട്ടിയില്‍ വളരും. പിന്നീടത് സ്‌കൂളിലേക്കും ആരാധനാലയങ്ങളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കുമൊക്കെ പടരും. കടുത്ത താക്കീതും വേദനയേറിയ ശിക്ഷയും നല്‍കിക്കൊണ്ടല്ല ഇതിനെ തുടക്കത്തില്‍ ചികില്‍സിക്കേണ്ടത്. മറിച്ച്, ഇത് കുട്ടിയുടെ മനസ്സില്‍ ഏറ്റവും വെറുക്കപ്പെട്ടതാക്കി മാറ്റാന്‍ ഉതകുന്ന നിലയില്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. എന്നിട്ടും ആവര്‍ത്തിക്കുമ്പോഴാണ് കടുത്ത താക്കീതും അനന്തരം ശിക്ഷയും നല്‍കേണ്ടി വരുന്നത്. മിക്ക പാപങ്ങള്‍ക്കും ശിക്ഷ അല്ലാഹു പരലോകത്താണ് ഒരുക്കി വെച്ചിരിക്കുന്നത്. എന്നാല്‍ മോഷണത്തിന് ഇഹലോകത്തും ശിക്ഷയുണ്ട്; കൈ മുറിക്കുക എന്ന ശിക്ഷ! ഇത് ഈ തെറ്റിന്റെ ഗൗരവം വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ വചനം മക്കളെ കേള്‍പ്പിക്കുന്നത് നല്ലതാണ്:

”മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (5:38).

കളവും വഞ്ചനയും പിടികൂടാന്‍ ഇന്ന് പലയിടങ്ങളിലും കേമറക്കണ്ണുകള്‍ തുറന്നു വെച്ചിരിക്കുന്നുവെങ്കിലും അല്ലാഹുവിന്റെ കണ്ണുകളെയാണ് നാം ഏറ്റവും ഭയപ്പെടേണ്ടതെന്നും അവന്റെ നിരീക്ഷണങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും അവനെ ഭയപ്പെട്ടു കൊണ്ട് മാത്രമാണ് നാം കളവും വഞ്ചനയും ഒഴിവാക്കേണ്ടതെന്നും മക്കളെ നാം ഉപദേശിക്കണം. 

അതിന്നു സഹായകമായ നല്ല മാതൃകകള്‍ ഉദാഹരണമായി നാം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് കൂടുതല്‍ ഉപകാരപ്പെടും. ഉമര്‍(റ) പാലില്‍ വെള്ളം ചേര്‍ക്കുന്ന ദുഃസ്വഭാവത്തെ രാജ്യ ഭരണത്തിന്റെ ഭാഗമായി നിയമം മൂലം നിരോധിച്ചു. പക്ഷേ, നിയമത്തിന്റെ കണ്ണുകള്‍ക്ക് എവിടെയെല്ലാം എത്താന്‍ കഴിയും? അല്ലാഹുവിനെ ഭയപ്പെടുന്നതിലൂടെയല്ലാതെ പൂര്‍ണമായി അത് സാക്ഷാത്കരിക്കാന്‍ കഴിയില്ല. അതാണ് ഉമര്‍ രാത്രി സഞ്ചാരത്തില്‍  കേട്ട  ഉമ്മയുടെയും മകളുടെയും  തത് വിഷയത്തിലുള്ള ചര്‍ച്ച. പാലില്‍ വെള്ളം ചേര്‍ക്കാന്‍  പറഞ്ഞ മാതാവിനോട്, ഖലീഫ ഉമര്‍ അത് നിരോധിച്ചിട്ടുണ്ടെന്ന് മകള്‍ പറഞ്ഞപ്പോള്‍, ഇവിടെ അത് കാണാന്‍ ഉമര്‍ ഇല്ലല്ലോ എന്നായിരുന്നു മാതാവിന്റെ മറുപടി. ‘ഖലീഫ ഉമര്‍ ഇവിടെ ഇല്ലെങ്കിലും ഉമറിന്റെ രക്ഷിതാവായ അല്ലാഹു ഇല്ലേ?’ എന്ന മറുചോദ്യമാണ് അന്നേരം മകളില്‍നിന്നുയര്‍ന്നത്. ഈ ചോദ്യം നമ്മുടെ മക്കള്‍ ചോദിക്കുന്ന പരുവത്തിലേക്ക് അവരുടെ ഈമാന്‍ വളരണം. 

ചീത്ത വാക്കുകള്‍ ഉപയോഗിക്കല്‍ 

ഇസ്‌ലാം നിരോധിച്ച കാര്യങ്ങളില്‍ വളരെ ഗൗരവമുള്ളവയാണ് ചീത്തവിളിക്കലും ചീത്തവാക്കുകളാല്‍ അഭിസംബോധന ചെയ്യലും. ഈ രണ്ടു ദുഃസ്വഭാവങ്ങളും മോശം മാതൃകയും ചീത്ത സഹവാസവും മൂലം മക്കളുടെ ജീവിതത്തിലേക്ക് കടന്നുവരും. മോശം പദങ്ങള്‍ കൊണ്ട് മക്കളെ വിളിക്കലും മാതാപിതാക്കള്‍ ദേഷ്യപ്പെടുമ്പോള്‍ പരസ്പരം ചീത്തവിളിക്കലുമെല്ലാം ഇതിനു വളമാണ്. അതുപോലെ ധാര്‍മികതയ്ക്ക് വില കല്‍പിക്കാത്ത വീട്ടില്‍ വളരുന്ന കുട്ടികളുമായുള്ള സഹവാസവും ഇതിനു നിമിത്തമാവും. ക്രിയാത്മകമായ പ്രതിരോധം തന്നെയാണ് പരിഹാര മാര്‍ഗം. ഈ വിഷയകമായി വന്ന അല്ലാഹുവിന്റെ ദൂതരുടെ(സ്വ) തിരുവചനങ്ങള്‍ മക്കളെ കേള്‍പ്പിക്കുക മൂലം അവരില്‍ സൂക്ഷ്മതയും ദൈവ ഭക്തിയും ഉണ്ടാക്കിയെടുക്കാന്‍ കഴിയും. 

നബി(സ്വ) പറയുന്നു: ”മുസ്‌ലിമിനെ ചീത്ത വിളിക്കുന്നത് തെമ്മാടിത്തമാണ്. അവനോട് ഏറ്റുമുട്ടുന്നത് അവിശ്വാസവും” (ബുഖാരി, മുസ്‌ലിം). ”വിശാസി കുത്തിപ്പറയുന്നവനോ ശപിക്കുന്നവനോ ദുര്‍നടപ്പുകാരനോ വൃത്തികെട്ടവനോ (ആകാവത്) അല്ല” (തിര്‍മിദി).

”ഒരു മനുഷ്യന്‍ അവന്റെ മാതാപിതാക്കളെ ചീത്തപറയുകയെന്നത് വന്‍ പാപങ്ങളില്‍ പെട്ടതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ആരെങ്കിലും സ്വന്തം മാതാപിതാക്കളെ ശപിക്കുമോ?’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അതെ, ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്ത പറയും. അപ്പോള്‍ അയാള്‍ ഇയാളുടെ പിതാവിനെ ചീത്ത പറയും; അയാളുടെ മാതാവിനെ ചീത്ത പറയും, അപ്പോള്‍ അയാള്‍ ഇയാളുടെ മാതാവിനെ ചീത്ത വിളിക്കും” (ബുഖാരി, മുസ്‌ലിം). ഇത്തരം നബിവചനങ്ങള്‍ മക്കള്‍ കേള്‍ക്കുമാറ് വീടകങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടണം.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

30: വേരുറക്കേണ്ട സ്വഭാവങ്ങള്‍​

30: വേരുറക്കേണ്ട സ്വഭാവങ്ങള്‍

1. ശ്രദ്ധയും മൗനവും

അല്ലാഹു മനുഷ്യന് നല്‍കിയ രണ്ടു മഹാ അനുഗ്രഹങ്ങളാണ് സംസാര ശേഷിയും കേള്‍വിശക്തിയും. അവ രണ്ടും അനിവാര്യമായ തോതുകളില്‍ മാത്രം ഉപയോഗിക്കുന്നതിലാണ് വ്യക്തിത്വത്തിന് മാര്‍ക്ക് കൂടുന്നതും കുറയുന്നതും. അതിനാല്‍ തന്നെ അവയുടെ അനിവാര്യ തോതുകളിലുള്ള ഉപയോഗവും അതിന്റെ പ്രാധാന്യവും കുട്ടികളില്‍ നാം ചെറുപ്പത്തിലേ ശീലമാക്കി കൊണ്ട്‌വരേണ്ടതുണ്ട്. മനുഷ്യന് അല്ലാഹു നല്‍കിയ ഈ രണ്ട് അനുഗ്രഹങ്ങളുടെയും അളവ് ഒന്ന് നോക്കൂ; രണ്ടു കാതുകള്‍ കേള്‍ക്കാന്‍ തന്നപ്പോള്‍ ഒരു നാവ് ആണ് സംസാരത്തിന്നായി തന്നത്! നാവിന്റെ ഇരട്ടി കാതുകളാണ് ഉപയോഗിക്കേണ്ടതെന്ന ഒരു തത്ത്വം അതിലടങ്ങിയിട്ടുണ്ടോ ആവോ? അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍.  

മനുഷ്യന് ഉണ്ടാവേണ്ട ഏറ്റവും നല്ല ഗുണങ്ങളില്‍ ഒന്നാണ് മറ്റുള്ളവരുടെ സംസാരം മൗനമായി ശ്രദ്ധിച്ചു കേള്‍ക്കുക എന്നത്. മറ്റുള്ളവരുടെ സംസാരത്തിനിടയില്‍ കയറി സംസാരിക്കാതിരിക്കുകയും അവര്‍ പറഞ്ഞു തീരും മുമ്പ് മറുപടി ‘എറിയാ’തിരിക്കുകയെന്നത് ഇസ്‌ലാമിക പാരന്റിംഗില്‍ വരുന്ന പരിശീലനമാണ്. ഇന്ന് വ്യക്തിത്വ വികാസത്തിന്റെ ഭാഗമായി നല്‍കുന്ന ക്ലാസ്സുകളിലെ ഒരു പ്രധാന ടിപ്പ് ഇതാണ് Listening skill. അഥവാ ആധുനിക സമൂഹം അത് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നര്‍ഥം. മറ്റൊരു സംസാരം കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിക്കാതെ ഏറ്റു പറയുകയോ സംസാരം മുറിക്കുകയോ ചെയ്യുന്നത് നല്ലതല്ല. വിശുദ്ധ ക്വുര്‍ആന്‍ പാരായണം കേള്‍ക്കുന്ന നേരത്ത് മൗനം അവലംബിക്കാനും ശ്രദ്ധ കൊടുക്കാനും കല്‍പിക്കുന്ന ഒരു വചനം ഉണ്ട് വിശുദ്ധ ക്വുര്‍ആനില്‍. അല്ലാഹു പറയുന്നു: 

”ക്വുര്‍ആന്‍ പരാമായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (7:204). പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കഥീര്‍(റഹി) ഈ വചനത്തിന്റെ വ്യഖ്യാനത്തില്‍ പറയുന്നത്, ഈ വചനം അവതരിച്ചത് ഒരു അന്‍സാരി ചെറുപ്പക്കാരന്റെ കാര്യത്തിലാണ്, നബി ﷺ ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോഴെല്ലാം അയാളും ഓതിക്കൊണ്ടിരിക്കും. അപ്പോഴാണ് ഈ വചനം ഇറങ്ങിയത് എന്നാണ്. ആശയം മനസ്സില്‍ കടക്കുംവിധം കേള്‍വിയെ തുറന്നിടണം എന്നാണ് ഇതിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. 

2. സത്യസന്ധത

സത്യസന്ധത ഇസ്‌ലാമിക സ്വഭാവങ്ങളിലെ  അടിസ്ഥാന ഗുണങ്ങളില്‍ ഒന്നാണ്. അത് ബാല്യത്തിലേ നട്ടുവളര്‍ത്തുകയും അതിന് ഉണക്കവും തളര്‍ച്ചയും കാണുന്നിടത്ത് തിരുത്തലുകള്‍ നല്‍കുകയും ചെയ്യുകയെന്നതാണ് പാരന്റിങ്ങിലെ ഒരു പ്രധാന ജോലി. അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ , കുട്ടികളില്‍ ഈ ഗുണം വളരെയേറെ ശ്രദ്ധിക്കുകയും അതിനെ വിപരീതമായി ബാധിക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു. പ്രത്യേകിച്ച് മാതാപിതാക്കളുടെ ഭാഗത്തു നിന്ന് അതിന്റെ ഗൗരവത്തെ ലളിതവത്കരിക്കുന്ന ഒന്നും വരാതിരിക്കാന്‍ നബി ﷺ കണിശ നിലപാട് കൈക്കൊള്ളുകയും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കാരണം മക്കള്‍ മാതൃകയായി ആദ്യം നോക്കുന്നത് അവരിലേക്കാണ്. മാതാപിതാക്കള്‍ സത്യം മാത്രം പറയുകയെന്ന ഇസ്‌ലാമിക രീതിയെ തെറ്റിച്ചാല്‍ അത് മക്കള്‍ക്ക് സത്യസന്ധരാവുകയെന്ന നിഷ്‌കര്‍ഷ സ്വഭാവത്തില്‍ വിട്ടുവീഴ്ചത്ത വരുത്താന്‍ പ്രോത്സാഹനമാകും. 

മക്കളോട് നിസ്സാര കാര്യത്തില്‍ പോലും കള്ളം പറയരുതെന്നും വഞ്ചന കാണിക്കരുതെന്നും അത് ഗാരവമുള്ളതാണെന്നും നബി ﷺ പഠിപ്പിക്കുമായിരുന്നു. അബ്ദുള്ളാഹിബ്‌നു ആമിറി(റ)ല്‍ നിന്ന് ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍, നബി ﷺ ഞങ്ങളുടെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അന്നേരം എന്റെ ഉമ്മ എന്നെ വിളിച്ചിട്ട് പറഞ്ഞു: ‘ഇങ്ങോട്ട് വാ, നിനക്ക് ഒരു സാധനം തരാം.’ ഇത് കേട്ട റസൂല്‍ ﷺ അവരോടു ചോദിച്ചു: ‘എന്താണ് നീ അവന് കൊടുക്കുവാന്‍ വിചാരിച്ചത്?’ ഉമ്മ  പറഞ്ഞു: ‘ഞാന്‍ അവന് കാരക്ക കൊടുക്കാനാണ് വിളിച്ചത്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്നാല്‍, നീ ഒന്നും കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെങ്കില്‍ (അവന്‍ വരാന്‍ വേണ്ടി മാത്രം അങ്ങനെ പറഞ്ഞതായിരുന്നെങ്കില്‍) അല്ലാഹു നിന്റെ മേല്‍ ഒരു കളവു രേഖപ്പെടുത്തുമായിരുന്നു.’ 

നമ്മുടെ കുട്ടികളോട് നാം കളവും  വാഗ്ദത്ത ലംഘനവും നടത്താറുണ്ടോ? അങ്ങനെ ചെയ്യുന്നവര്‍ മക്കളോട് ‘കളവു പറയരുതെ’ന്നും ‘സത്യം മാത്രമേ പറയാവൂ’ എന്നും ഉപദേശിക്കുന്നതിന്റെ നിരര്‍ഥകതയും അപകടവുമാണ് നബി ﷺ നമുക്ക് ഇതിലൂടെ വെളിപ്പെടുത്തി തരുന്നത്. 

3. രഹസ്യം സൂക്ഷിക്കല്‍

കുട്ടികളില്‍ വളരെയേറെ ഗൗരവത്തില്‍ ശീലിപ്പിക്കേണ്ട ഒരു ഇസ്‌ലാമിക ഗുണമാണിത്. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിലും തകര്‍ക്കുന്നതിലും ഈ രംഗത്തെ സൂക്ഷ്മതക്കും അവഗണനക്കും വലിയ പങ്കുണ്ട്. പറയേണ്ട രഹസ്യങ്ങള്‍ പറയേണ്ടവരോട് മാത്രം പറയുകയും, പറയാന്‍ പാടില്ലാത്തിടത്ത് അത് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുകയെന്നത് ഇസ്‌ലാമിക മൂല്യങ്ങളില്‍ ഒന്നാണ്. നബി ﷺ വളര്‍ത്തിയ കുട്ടികളില്‍ ഇത് രൂഢ മൂലമായിരുന്നു. അതിന്റെ ഗുണം വീടുകളിലും ഇസ്‌ലാമിക സമൂഹത്തിലും നിലനിന്നിരുന്നു. ഇന്ന് പല കുടുംബങ്ങളിലെയും ആഭ്യന്തര കലഹങ്ങള്‍ക്ക് കാരണം കുട്ടികളുടെ സാന്നിധ്യത്തില്‍ പറയപ്പെടുന്ന പലതും നിഷ്‌കളങ്കതയോടെ അവര്‍ പുറത്തു പറയുന്നതാണ്. ഇങ്ങനെ ഒരു ഗുണം നമുക്ക് ഉണ്ടാവേണ്ടതുണ്ടെന്നും അത് അല്ലാഹുവില്‍ പ്രതിഫലാര്‍ഹമാണെന്നും നാം മക്കളെ ബോധ്യപ്പെടുത്തണം. നബി ﷺ യുടെ സേവകനായിരുന്ന അനസ് എന്ന കുട്ടിയുടെ സംഭവം ഇവിടെ സ്മരണീയമാണ്. വീട്ടില്‍ എത്താന്‍ വൈകിയ മകനോട് എന്തുകൊണ്ടാണ് വൈകിയതെന്നു ചോദിച്ചപ്പോള്‍ ഞാന്‍ നബി ﷺ യുടെ ഒരു കാര്യത്തിന് പോയതാണ് എന്ന് പറഞ്ഞു. അതെന്തായിരുന്നുവെന്ന് ഉമ്മ തിരക്കിയപ്പോള്‍ നബി ﷺ യുട ശിക്ഷണത്തില്‍ വളര്‍ന്ന ആ കുട്ടിയുടെ മറുപടി ‘നബി ﷺ യുടെ രഹസ്യം ഞാന്‍ ആരോടും പറയുകയില്ല’ എന്നായിരുന്നു. ആ ഉമ്മയുടെ പ്രതികരണം അതിലും ഉത്തമമായിരുന്നു. അവര്‍ പറഞ്ഞു: ‘അപ്രകാരം തന്നെയാണ് വേണ്ടത്. നബി ﷺ യുടെ രഹസ്യങ്ങള്‍ നീ ആരെയും അറിയിക്കരുത്'(അദബുല്‍ മുഫ്‌റദ്, ബുഖാരി). കുടുംബത്തിലെയും അയല്‍ വീട്ടിലെയുമെല്ലാം രഹസ്യങ്ങള്‍ കുട്ടികളോട് കുത്തിക്കുത്തി ചോദിച്ച് പുറത്തെടുക്കുന്നവര്‍ക്ക് ഈ മാതാവില്‍ ഉത്തമമായ മാതൃകയുണ്ട്.  

4. വിശ്വസ്തത

മനുഷ്യന്റെ അഭിമാനവും സമ്പത്തും സുരക്ഷിതമായി നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും മുഖ്യ പങ്ക് വഹിക്കുന്ന ഒരു മാനവിക ഗുണമാണ് വിശ്വസ്തത. ഇസ്‌ലാം ഈ ഗുണത്തിന് വലിയ ഗൗരവം നല്‍കിയിട്ടുണ്ട്. ഇന്നത്തെ മക്കളാണ് നാളെ നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ളവര്‍. വിശ്വസ്തത കുഞ്ഞുനാളിലേ നാം മക്കളില്‍ വളര്‍ത്തിയെടുക്കണം. വീഴ്ചകള്‍ പരിശോധിക്കുകയും തെറ്റുകള്‍ തിരുത്തുകയും വേണം. 

മക്കളെ പാടെ അവിശ്വസിക്കുന്ന രീതിയോ അവരെ കഴിവ് കെട്ടവരായി കാണുന്ന രീതിയോ നല്ലതല്ല. പ്രായത്തിന് അനുയോജ്യമായ ഉത്തരവാദിത്തങ്ങള്‍ അവരെ ഏല്‍പിക്കണം. അതിന് നാം കരുത്തും പ്രോത്സാഹനവും നല്‍കണം. അമിതവ്യയം ചെയ്യുന്നതിലെ അപകടം അവരെ ബോധ്യപ്പെടുത്തണം. നമ്മുടെ ചുറ്റുപാടുകളില്‍ നിന്നുമുള്ള ഉദാഹരണങ്ങള്‍ അവര്‍ക്കു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിലൂടെയാകുമ്പോള്‍ ഇത് കൂടുതല്‍ ഫലപ്രദമായിരിക്കും. സാമ്പത്തികമായി നല്ല നിലയിലായിരുന്ന വീട്ടിലെ മക്കളുടെ ധൂര്‍ത്തിലൂടെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ചെന്ന് വീണ കുടുംബങ്ങളെ കാണിച്ചു കൊടുത്ത് സമ്പത്തും മറ്റും വിശ്വസ്തതയോടെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ദിശാബോധം നല്‍കുന്ന് ഏറെ ഗുണകരമായിരിക്കുമെന്നതില്‍ സംശയമില്ല. നബി ﷺ ഉണര്‍ത്തിയത് ശ്രദ്ധിക്കുക: ‘…മകന്‍ പിതാവിന്റെ സമ്പത്തില്‍ ഉത്തരവാദിത്തം ഉള്ളവനാണ്. അവന്‍ താന്‍ ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടും…'(ബുഖാരി).  

നബി ﷺ കുഞ്ഞുപ്രായത്തിലേ ഈ ഗുണവിശേഷണം നേടിയിരുന്നു. കുട്ടികളില്‍ അത് നിലനില്‍ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നബി ﷺ കൊടുത്തയച്ച കാരക്കയില്‍ നിന്ന് അവിടെ എത്തും മുമ്പ് ഒന്ന് എടുത്ത് തിന്നതിന്റെ പേരില്‍ നബി ﷺ ചെവിക്കു പിടിച്ചതായി സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു ബസ്വര്‍ പറഞ്ഞത് ഇമാം നവവി തന്റെ അല്‍ അദ്കാറില്‍ വിശദീകരിക്കുന്നുണ്ട്. 

ചുരുക്കത്തില്‍ ഇത്തരം ഗുണങ്ങളുടെ കൃഷിയിടമാണ് നമ്മുടെ കുടുംബാന്തരീക്ഷം. അതിന്റെ വിത്തു പാകലും കള പറിക്കലും എല്ലാം അതാത് സമയങ്ങളില്‍ വേണം. ഒരു നല്ല കൃഷിക്കാരന്‍ സദാ ജാഗരൂകനായിരിക്കും. മക്കളുടെ കാര്യത്തില്‍ ഒരു നല്ല വിശാസിയും തഥൈവ. (തുടരും)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

29: രൂപ ഭാവങ്ങളും പരിഗണനീയം തന്നെ​

29: രൂപ ഭാവങ്ങളും പരിഗണനീയം തന്നെ

കുട്ടികളുടെ പ്രത്യക്ഷ രൂപഭംഗിയില്‍ നബി(സ്വ) ശ്രദ്ധ കൊടുത്തിരുന്നു. ഹദീഥുകള്‍ പരിശോധിച്ചാല്‍ അവരുടെ തലമുടി എങ്ങനെയായിരിക്കണം എന്നതിലും വസ്ത്രത്തിന്റെ നിറത്തിലും ഒക്കെ നബിയു(സ്വ)ടെ മാര്‍ഗദര്‍ശനത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല.

മുടി വെട്ടുന്നതിലും ഇസ്‌ലാമികമായ മര്യാദയുണ്ടെന്നും അത് പാലിക്കണമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അബ്ദുലില്ലാഹിബിന് ഉമര്‍(റ) പറയുകയാണ്: ”ഒരിക്കല്‍ നബി(സ്വ) ഒരു കുട്ടിയെ കണ്ടു. അവന്റെ തലമുടിയില്‍ നിന്ന് ചില ഭാഗങ്ങള്‍ വടിച്ചു കളയുകയും മറ്റു ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. അപ്പോള്‍ നബി(സ്വ) അത് അവനോട് അത് നിരോധിച്ചു. എന്നിട്ടു പറഞ്ഞു: ‘ഒന്നുകില്‍ മുഴുവന്‍ വടിച്ചു കളയുക. അല്ലെങ്കില്‍ മുഴുവന്‍ വിട്ടേക്കുക” (അബു ദാവൂദ്). 

ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ”തലമുടിയില്‍ നിന്ന് ചില ഭാഗങ്ങള്‍ പൂര്‍ണമായി വടിച്ചു കളഞ്ഞു കൊണ്ട് മറ്റു ചില ഭാഗങ്ങള്‍ വിട്ടേക്കുന്നതിനെ നബി(സ്വ) വിരോധിച്ചിട്ടുണ്ട്” (ബുഖാരി, മുസ്‌ലിം).

ഈ ഹദീഥിനെ വിവരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ ‘അഹ്കാമല്‍ മൗലൂദ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”നബി(സ്വ) നിരോധിച്ച ‘ഭാഗികമായ മുടി വെട്ടല്‍’ എന്നാല്‍ കുട്ടിയുടെ തലയിലെ മുടിയില്‍ നിന്ന് അല്‍പം പൂര്‍ണമായി എടുക്കുകയും അല്‍പം പൂര്‍ണമായി വിട്ടേക്കുകയും ചെയ്യുകയെന്നതാണ്. അതാവട്ടെ. നാലു രൂപത്തിലാണ്: 

1. ചില വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് പൂര്‍ണമായി കളയുക, 

2. തലയുടെ മധ്യ ഭാഗത്തു നിന്ന് പൂര്‍ണമായി മുടി എടുത്തു കളയുക; ചുറ്റു ഭാഗത്തിലും മുടി വിട്ടേക്കുക.

3. തലയുടെ ചുറ്റിലും പൂര്‍ണമായി വടിച്ചുകളയുകയും മധ്യഭാഗത്ത് മുടി വിട്ടേക്കുകയും ചെയ്യുക. (ഇന്നത്തെ കുട്ടികളില്‍ കാണപ്പെടുന്നത് പോലെ).

4. മുന്‍ഭാഗത്തെ മുടി വെട്ടിക്കളയുകയും പിന്‍ഭാഗത്തേത് പൂര്‍ണമായും നിലനിര്‍ത്തുകയും ചെയ്യുക. (ഈ രീതികളിലെല്ലാം മുടിവെട്ടുന്നതിനെ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു).”

മരണമോ മറ്റു ദുരന്തങ്ങളോ വന്നുപെട്ടത് നിമിത്തം ദുഃഖാര്‍ത്തരായതിനാല്‍ നീണ്ട ദിവസങ്ങള്‍ മുടി വെട്ടി ചിട്ടപ്പെടുത്താതെ തുടരുന്നതും നബി(സ്വ) അനുവദിച്ചിരുന്നില്ല. മരണം മൂലം ഉണ്ടാകുന്ന ദുഃഖാചരണം കൂടിയാല്‍ മൂന്നു ദിവസമാണ്. അത് കഴിഞ്ഞാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങണം. മുഅ്തഃ യുദ്ധത്തില്‍ മരിച്ച പിതൃവ്യന്‍ ജഅ്ഫര്‍(റ)വിന്റെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) പറയുന്നു: ”നബി(സ്വ)ജഅ്ഫ്റിന്റെ കുടുമ്പത്തിനു മൂന്നു ദിവസം (ദുഃഖാചരണത്തിന്ന്) സാവകാശം നല്‍കി. പിന്നീട് അവരുടെ അടുത്ത് ചെന്ന് പറഞ്ഞു: ‘എന്റെ സഹോദരന്റെ കാര്യത്തില്‍ ഇനി നിങ്ങള്‍ കരഞ്ഞ് ഇരിക്കരുത്.’ എന്നിട്ടു പറഞ്ഞു: ‘എന്റെ സഹോദരന്റെ മക്കളെ എനിക്ക് വിളിച്ചു തരൂ.’ അപ്പോള്‍ ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടുവരപ്പെട്ടു. എന്നിട്ട് നബി(സ്വ) പറഞ്ഞു: ‘ഒരു ബാര്‍ബറെ കൊണ്ട് വരൂ.’ അങ്ങനെ നബി(സ്വ) അവരോട് കുട്ടികളുടെ മുടിയെല്ലാം കളയാന്‍ കല്‍പിച്ചു” (അബൂദാവൂദ്). (അവരെ ജീവിതത്തിന്റെ സാധാരണ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരുവാനും മുടി വെട്ടാനും നബി(സ്വ) തന്നെ മുന്‍കൈ എടുത്തു എന്നര്‍ഥം).

ഇതെല്ലാം സൂചിപ്പിക്കുന്നത് കുട്ടികളുടെ മുടി പോലും മാന്യതയുടെതും വൃത്തിയുടെയും പ്രകടമായ സൂചകങ്ങളാകണം എന്നതാണ്. മാറി മറിയുന്ന നിരര്‍ഥക മോഡലുകള്‍ക്ക് പിന്നാലെ പോയി പ്രാകൃത രൂപം തോന്നിക്കുന്ന മുടിവെട്ട് പരീക്ഷണത്തിന് മുസ്‌ലിം കുട്ടികള്‍ വിധേയമാക്കപ്പെട്ടുകൂടാ. 

ഇസ്‌ലാം ശ്രദ്ധ പുലര്‍ത്താന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുന്ന മറ്റൊരു മേഖലയാണ് വസ്ത്രങ്ങളുടെ തെരഞ്ഞടുപ്പ്. നിറങ്ങളുടെ തിരഞ്ഞെടുപ്പില്‍ പോലും നബി(സ്വ) മാര്‍ഗദര്‍ശനം നല്‍കിയതായി കാണാം. ഇമാം മുസ്‌ലിം അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: ”ഒരിക്കല്‍ നബി(സ്വ) എന്നെ രണ്ട് കാവി നിറത്തിലുള്ള (കുങ്കുമ നിറം കലര്‍ന്ന) വസ്ത്രത്തില്‍ കണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ഇത് നിന്റെ ഉമ്മ പറഞ്ഞിട്ടാണോ നീ ഉടുത്തത്?’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ഇത് രണ്ടും ഞാന്‍ അലക്കണമോ?’ അദ്ദേഹം പറഞ്ഞു: ‘അല്ല, അത് കരിച്ചുകളയുകയാണ് വേണ്ടത്.” മറ്റൊരു റിപ്പോര്‍ട്ടില്‍ ‘ഇത് അവിശ്വാസികളുടെ വസ്ത്രമാണ്, അത് നീ ധരിക്കരുത്’ എന്ന് കൂടിയുണ്ട്. 

പുരുഷന്മാര്‍ വെള്ളനിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം ഉത്തമമായി കാണുന്നു. സ്ത്രീകള്‍ കറുപ്പ്‌നിറത്തിലുള്ളതേ ധരിക്കാവൂ എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല എന്നതും ഓര്‍ക്കുക.

ഈ രംഗത്ത് ഇസ്‌ലാം നല്‍കുന്ന മറ്റൊരു നിര്‍ദേശമാണ് പുരുഷന് പട്ടുവസ്ത്രവും സ്വര്‍ണവും നിഷിദ്ധമാണെന്ന കാര്യം. അത് മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും നിഷിദ്ധമാണെന്ന കാര്യം നിസ്സാരമാക്കി തള്ളിക്കളയുന്നതായി കാണുന്നു. അവര്‍ക്ക് നബി(സ്വ)യുടെ സന്തത സഹചാരിയായ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിന്റെ ഈ വാക്കുകള്‍ വെളിച്ചം നല്‍കട്ടെ. ഇമാം ത്വബ്‌റാനി അബ്ദുല്ലാഹിബ്‌നു യസീദില്‍നിന്ന് ഉദ്ധരിക്കുന്നു: ”ഞങ്ങള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ അടുത്തായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കുട്ടി അവിടേക്കു വന്നു. അവന്‍ പട്ടിന്റെ ഒരു ഉടുപ്പ് ധരിച്ചിട്ടുണ്ട്. ആരാണ് മകന് ഇത് നല്‍കിയത് എന്ന് ചോദിച്ചപ്പോള്‍ ഉമ്മയാണെന്ന് പറഞ്ഞു. അദ്ദേഹം അത് ഊരി എടുത്തിട്ട് പറഞ്ഞു: ‘ഇതല്ലാത്ത ഒന്ന് ഉടുപ്പിച്ചു തരാന്‍ ഉമ്മയോട് പറയൂ.”

ഇവിടെ നിഷിദ്ധത്തിന്റെ വിഷയത്തില്‍ കുട്ടികളും മുതിര്‍ന്നവരും എന്ന വ്യത്യാസം കാണാവതല്ല. കാരണം പ്രവാചക വചനത്തില്‍ ‘എന്റെ ഉമ്മത്തിലെ ആണിന്’ എന്ന പ്രയോഗമാണ് ഉള്ളത്. കുട്ടികളാണ് അവ ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ പാപം അത് ധരിപ്പിച്ചവര്‍ക്കാണെന്ന് മാത്രം. ഉദാഹരണം: കള്ള് പോലെ. അത് ഒരു കുട്ടി കുടിച്ചാല്‍ അവന് അതിന്റെ പാപം ലഭിക്കില്ല; മറിച്ച് അത് കുടിപ്പിച്ചവര്‍ക്കാണ്. കാരണം കുട്ടികള്‍ നിഷിദ്ധത്തിന്റെ വിധിക്കുള്ളില്‍ എത്താത്തവരാണല്ലോ. ആണ്‍കുട്ടികളെ സ്വര്‍ണം ധരിപ്പിക്കുന്ന പതിവ് പാരമ്പര്യ വാദികള്‍ക്കിടയില്‍ എന്ന പോലെ പരിഷ്‌കൃതരിലും ഉല്‍പതിഷ്ണു കുടുംബങ്ങളിലും കാണപ്പെടുന്നു എന്നത് വസ്തുതയാണ്. അല്ലാഹുവില്‍ അഭയം.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

28: അരുത്, അനുവാദമില്ലാതെ അകത്തു കടക്കരുത്!​

28: അരുത്, അനുവാദമില്ലാതെ അകത്തു കടക്കരുത്!

ഇസ്‌ലാമിക ശരീഅത്തില്‍ മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും ബാധകമായ സാമൂഹ്യ അനിവാര്യതകളില്‍ ഒന്നാണ് അനുവാദമെടുക്കുക എന്നത്. സ്വന്തം വീടകം തന്നെയാണ് അതിന്റെ പരിശീലന കളരിയായി ഇസ്‌ലാം തിരഞ്ഞെടുത്തത്. വീട്ടിലെ ഓരോ ഇടവും ഓരോ ക്ലാസ് മുറിയാണെന്നതാണ് വാസ്തവം. തീന്‍മേശയിലെ അധ്യയനം കഴിഞ്ഞു; ഉറക്കമുറിയാണ് അടുത്ത അധ്യയനസ്ഥലം.

അനുവാദം ചോദിക്കുന്നതിന്റെ പ്രാധാന്യം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ബോധ്യപ്പെടേണ്ട ഒന്നാണെന്നതിന്റെ തെളിവാണ്, അതിന്റെ പ്രാധാന്യം ക്വുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കുന്നു എന്നത്. അതുകൊണ്ട് തന്നെ സ്വഹാബികളുടെ സന്താനങ്ങള്‍ അതിന്റെ മര്യാദകള്‍ നബിയില്‍ നിന്ന് പഠിച്ചുവെക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്നു. സഹാബി പ്രമുഖനായ ഉമര്‍(റ)വിന്നു പോലും നബിചര്യയുടെ ഈ പാഠഭാഗത്തിന് സാക്ഷി നല്‍കിയത് കുട്ടിയായ അബു സഈദ് അല്‍ ഖുദ്‌രി(റ) ആയിരുന്നു. 

ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു സംഭവം നോക്കുക. ഉബൈദ് ബിന്‍ ഉമൈരി(റ)ല്‍ നിന്ന് നിവേദനം: അബു മൂസ അല്‍ അശ്അരി ഉമര്‍ ബ്ന്‍ ഖത്വാബിന്റെ വീട്ടില്‍ എത്തി അനുവാദം ചോദിച്ചു. ഉമര്‍(റ) മറ്റെന്തോ ജോലിയിലായതിനാലോ മറ്റോ അത് കേട്ടില്ല. പ്രതികരണം കാണാത്തത് നിമിത്തം അബു മൂസ (റ) തിരിച്ചു പോയി. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ”അബ്ദുല്ല ഇബ്‌നു ഖൈസിന്റെ ശബ്ദമല്ലായിരുന്നോ ഞാന്‍ കേട്ടത്? അദ്ദേഹത്തോട് വരാന്‍ പറയൂ.” ആരോ പറഞ്ഞു: ”അദ്ദേഹം തിരിച്ചു പോയി.” ഉമര്‍(റ) അദ്ദേഹത്തെ വിളിച്ചു വരുത്തി കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നാം അപ്രകാരം (അനുവാദം കിട്ടിയില്ലെങ്കില്‍ തിരിച്ചു പോകണമെന്ന്) കല്‍പിക്കപ്പെട്ടിരിക്കുന്നു. (നബി അങ്ങിനെ നമ്മെ പഠിപ്പിച്ചിരിക്കുന്നു). ഈ വിവരം നബി(സ്വ)യുടെ സദസ്സില്‍ നിന്നോ നാവില്‍ നിന്നോ ഉമര്‍(റ) അറിഞ്ഞിട്ടുണ്ടായിരുന്നില്ല.) അദ്ദേഹം അബൂ മൂസയോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അന്‍സാറുകളുടെ സദസ്സില്‍ പോയി (ആരെങ്കിലും എനിക്ക് സാക്ഷി പറയുമോ എന്ന്) അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ”ഞങ്ങളുടെ കൂട്ടത്തിലെ എറ്റം ചെറിയവനായ അബൂ സഈദ് അല്‍ ഖുദ്‌രി നിനക്കു സാക്ഷി പറയും.” അങ്ങിനെ ഞാന്‍ അബൂ സഈദിനെയുമായി ഉമറിന്റെ അടുത്ത് ചെന്നു. (അനുവാദം കിട്ടിയില്ലെങ്കില്‍ തിരിച്ചു പോകണമെന്ന് നബി(സ്വ) പറഞ്ഞ വിവരം അദ്ദേഹം ഉണര്‍ത്തി) ഉമര്‍(റ) പറഞ്ഞു: ”ഞാന്‍ കച്ചവടത്തിന് അങ്ങാടിയില്‍ പോയതിനാല്‍ ആ സമയത്തുള്ള നബി കല്‍പന എനിക്ക് കിട്ടിയില്ല.” (അദബ് അല്‍ മുഫ്‌റദ്)  

രണ്ട് പാഠങ്ങളാണ് ഈ സംഭവത്തിന്‍ നിന്ന് നാം ഉള്‍ക്കൊള്ളേണ്ടത്. അനുവാദം ചോദിക്കുന്നത് മതപരമായി നബി(സ്വ) അവര്‍ക്ക്  പഠിപ്പിക്കുകയും അത് കുട്ടികള്‍ പോലും കേട്ട് ഓര്‍മ വെക്കുകയും ആവശ്യം വന്ന സമയത്ത് അവ തെളിവിനായി ഉദ്ധരിക്കുകയും ചെയ്തു എന്നതാണ് ഇതിലെ ഒന്നാമത്തെ പാഠം. നബി(സ്വ)യുടെ ഈ സുന്നത് ഉമര്‍(റ) അറിയാതെ വന്നപ്പോള്‍ നബിചര്യക്ക് സാക്ഷിയായത് കുട്ടിയായ അബൂ സഈദ്(റ) ആണ് എന്നതാണ് മറ്റൊരു പാഠം.  

അനുവാദം ചോദിക്കുന്നതിന്റെ മര്യാദകള്‍ വിശാസികളെ പൊതുവായി പഠിപ്പിക്കാന്‍ അല്ലാഹു ഒന്നിലധികം വചനങ്ങള്‍ ക്വുര്‍ആനില്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂറത്തുന്നൂറില്‍ പ്രസ്തുത വിഷയം സൂചിപ്പിക്കുന്നിടത്ത് കുട്ടികള്‍ക്കുള്ള നിയമം പ്രത്യേകം പ്രതിപാദിക്കുന്നത് ശ്രദ്ധേയമാണ്. ഇളംപ്രായത്തില്‍ ശീലിച്ചു തുടങ്ങേണ്ടതും ജീവിതത്തില്‍ നിലനിര്‍ത്തേണ്ടതുമായ പ്രധാന മര്യാദകളിലൊന്നാണ് ഇത് എന്നതിനാല്‍ തന്നെ അവ പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കപ്പെടേണ്ടതുമാണ്. 

സ്വകാര്യതകളെ കുറിച്ച് ഒരു ബോധവും വരാത്ത ഇളംപ്രായത്തില്‍ പോലും മൂന്ന് വ്യത്യസ്ത സമയങ്ങളില്‍ മുതിര്‍ന്നവരുടെ റൂമുകളിലേക്ക് പ്രവേശിക്കും മുമ്പ് അനുവാദം വാങ്ങി മാത്രമേ പ്രവേശിക്കാവൂ എന്ന് അവര്‍ക്ക് പരിശീലനം നല്‍കണമെന്നാണ് ക്വുര്‍ആന്‍ സത്യ വിശാസികളെ പഠിപ്പിക്കുന്നത്. അതാവട്ടെ, വിവസ്ത്രരാകാന്‍ സാധ്യത ഏറെയുള്ള മൂന്ന് സ്വകാര്യസമയങ്ങളിലാണ്. ഒന്ന് പ്രഭാതത്തിന് തൊട്ടു മുമ്പ്, മറ്റൊന്ന് ഉച്ചയൂണിന്ന് ശേഷമുള്ള വിശ്രമ നേരം. മൂന്നാമത്തേത് രാത്രി ഉറങ്ങാനായി വിരിപ്പിലേക്ക് മടങ്ങുന്ന സമയവുമാണത്. ഈ നേരങ്ങളില്‍ ചാരിയിട്ട കതകുകളില്‍ മുട്ടി സാന്നിധ്യമറിയിച്ചു കൊണ്ടല്ലാതെ കൊച്ചു മക്കളെ പോലും കയറാന്‍ അനുവദിക്കരുത്. അതായത് സൗന്ദര്യവും നഗ്‌നതയുമെല്ലാം അറിഞ്ഞു തുടങ്ങും വിധം വകതിരിവിന്റെ പ്രായത്തിലേക്കെത്തിയാല്‍ ഏതൊരാളെ പോലെയും കുട്ടികളും അനുവാദം ചോദിച്ചു കൊണ്ടേ അകത്തേക്ക് പ്രവേശിക്കാവൂ. അരുതാത്തത് കണ്ണില്‍ പെട്ട് പോവാതിരിക്കാന്‍ എല്ലാം അറിയുന്ന അല്ലാഹു നിശ്ചയിച്ച സംവിധാനമാണത്. പെടുന്നനെ കയറി വരുന്ന മക്കളെ ഒന്ന് രണ്ടു വട്ടം മടക്കി അയച്ച് വാതിലില്‍ മുട്ടി വരാന്‍ ശീലിപ്പിച്ചാല്‍ അടഞ്ഞു കിടക്കുന്ന ഏതൊരു വാതിലിന്റെ മുന്നിലും ഈ ശീലം അനുവര്‍ത്തിച്ചു കൊണ്ട് കടന്നുവരാന്‍ അവര്‍ക്കത് ശിക്ഷണമാവും. അല്ലാഹു പറയുന്നത് നോക്കുക.

”സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരും(അടിമകള്‍), നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്‌കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും, ഇശാ നമസ്‌കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. 

നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അവര്‍ക്ക് മുമ്പുള്ളവര്‍ സമ്മതം ചോദിച്ചത് പോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.”(24:58,59)

നോക്കൂ,  എവിടെയെങ്കിലും ചെന്ന് വാതില്‍ മുട്ടി അനുവാദം ചോദിക്കുകയാണെങ്കില്‍ എങ്ങിനെ, എവിടെ നില്‍ക്കണമെന്ന് പോലും നബി(സ്വ) നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. അബ്ദുല്ല ഇബ്‌നു ബസര്‍ (റ) വില്‍ നിന്ന് നിവേദനം: നബി(സ്വ) ഏതെങ്കിലും ഒരു വാതിലിന്റെ മുമ്പില്‍ ചെന്ന് അനുവാദം ചോദിക്കാന്‍ ഉദ്ദേശിച്ചാല്‍ വാതിലിന് മുഖാമുഖം നില്‍ക്കില്ല, മറിച്ചു വലതു ഭാഗത്തോ ഇടതു ഭാഗത്തോ മാറി നില്‍ക്കും. അനുവാദം ലഭിച്ചാല്‍ പ്രവേശിക്കും. ഇല്ലങ്കില്‍ മടങ്ങിപ്പോവും. (ബുഖാരി, അദബ് അല്‍ മുഫ്‌റദ്)

മറ്റുള്ളവരുടെ വീടുകളിലേക്കു പ്രവേശിക്കുമ്പോള്‍ അനുവാദം ചോദിക്കാനും അതിന്നു മുമ്പ് സലാം പറയാനും അല്ലാഹു നമ്മെ ഉപദേശിക്കുന്നുണ്ട്. കുട്ടികള്‍ അതോര്‍ത്തുവെക്കും വിധം നാം അത് പതിവാക്കേണ്ടതുണ്ട്. ഇതര വീടുകളിലേക്കുള്ള പ്രവേശനത്തിന്റെ ഇസ്‌ലാമിക മര്യാദയാണത്. അല്ലാഹു പറയുന്നു:

”ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ(ഇതു പറയുന്നത്). 

ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചുപോകൂ! എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.” (24:27,28)

ഏതെങ്കിലും ഇടങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രം ആവശ്യമുള്ളതല്ല അനുവാദം ചോദിക്കല്‍ എന്നത്. മറിച്ചു അനുവാദം ആവശ്യമുള്ളിടത്തെല്ലാം അത് ചോദിച്ചിരിക്കണമെന്ന നയമാണ് നാം മക്കളെ ബോധ്യപ്പെടുത്തേണ്ടത്. മറ്റുള്ളവരുടെ ഉടമസ്ഥതയില്‍ ഉള്ളതോ അവര്‍ക്ക് അവകാശപ്പെട്ടതോ എടുക്കുകയോ കൈമാറ്റം ചെയ്യുകയോ ആണങ്കില്‍ അനുവാദം ചോദിക്കുകയെന്ന മര്യാദ പാലിക്കേണ്ടതുണ്ട്. ഇത് കുട്ടികളുടെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. മറിച്ച് ഈ രംഗത്ത് നാമാണ് അവര്‍ക്ക് മാതൃകയാവേണ്ടത്. കുട്ടികള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങളില്‍ നാം അവരോട് അനുവാദം ചോദിക്കണം. അപ്പോള്‍ മാത്രമേ ഈ രംഗത്ത് ആരും പുറത്തല്ല എന്ന ബോധം മക്കളില്‍ ഉണ്ടാവുകയുള്ളൂ. നബി(സ്വ)യുടെ മാതൃക അതാണ്. നബി(സ്വ) കുട്ടികളോട് അനുവാദം ചോദിക്കുന്ന രംഗം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. കേവലം ചടങ്ങിന് ചോദിക്കുകയല്ല, അനുവാദം ലഭിക്കാതിരുന്നപ്പോള്‍ വൈമനസ്യമന്യെ ആ തിരസ്‌കാരം അംഗീകരിക്കാനുള്ള വിനയവും മാനവികതയുടെ മാര്‍ഗദര്‍ശി പ്രകടിപ്പിച്ചുവെന്നത് എത്ര വലിയ പാഠമാണ് സമൂഹത്തിനു നല്‍കുന്നത്. 

ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീഥില്‍ നമുക്ക് കാണാം: ”സഹല്‍ ബ്‌നു സഅദ് നിവേദനം ചെയ്യുന്നു. നബി(സ്വ)ക്ക് ഒരു പാനീയം കൊണ്ടുവരപ്പെട്ടു. നബി അതില്‍ നിന്ന് കുടിച്ചു, (ബാക്കി സദസ്സിലുള്ളവര്‍ക്ക് നല്‍കാന്‍ ആഗ്രഹിച്ചു കൊണ്ട് ചുറ്റിലേക്ക് നോക്കിയപ്പോള്‍) വലതു ഭാഗത്ത് ഒരു കുട്ടിയെയും ഇടത് ഭാഗത്ത് ഉന്നതരായ സഹാബികളെയുമാണ് കാണുന്നത്. വലതു ഭാഗം കൊണ്ട് തുടങ്ങുകയെന്ന സുന്നത്ത് പാലിക്കേണ്ടതുള്ളതിനാല്‍ കുട്ടിക്കാണ് ആദ്യം കൊടുക്കേണ്ടത്. അത് അവന്റെ അവകാശമാണെന്ന് മനസ്സിലാക്കിയ പ്രവാചകന്‍ അവനോടു ചോദിച്ചു: ”അവര്‍ക്ക്(മുതിര്‍ന്നവര്‍ക്ക്) കൊടുക്കാന്‍ (അവരുടെ ഭാഗത്തു നിന്ന് തുടങ്ങട്ടെ) എന്നെ അനുവദിക്കുമോ? കുട്ടി പറഞ്ഞു: ”ഇല്ല; അല്ലാഹുവാണ സത്യം അല്ലാഹുവിന്റെ ദൂതരെ! തങ്ങളില്‍ നിന്ന് എനിക്കുള്ള (നബി(സ്വ)യുടെ ചുണ്ടു തട്ടിയ ഭാഗത്തില്‍ നിന്ന്) ഓഹരി ഞാന്‍  മറ്റാര്‍ക്കും വിട്ടു കൊടുക്കില്ല.” അപ്പോള്‍ നബി പാനീയം അവന്റെ കയ്യില്‍ വെച്ച് കൊടുത്തു.” 

(തുടരും)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

27: തീന്‍മേശയിലെ സ്വഭാവ വിഭവങ്ങള്‍

27: തീന്‍മേശയിലെ സ്വഭാവ വിഭവങ്ങള്‍

മാതാപിതാക്കളുടെ ആശയും ആശങ്കയും നിറഞ്ഞാടുന്ന രംഗമാണ് മക്കളുടെ ആഹാര ശീലങ്ങളും അവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. മക്കള്‍ക്ക് കഴിക്കാന്‍ കൊടുക്കാന്‍ എന്തുണ്ട് എന്ന ആശങ്കയുടെ ദാരിദ്ര്യ കാലങ്ങള്‍ അസ്തമിച്ചു. കഴിക്കാനുള്ള വൈവിധ്യമാര്‍ന്ന പുത്തന്‍ വിഭവങ്ങളെക്കുറിച്ചുള്ള ചിന്തയാണ് ഇന്നുള്ളത്. തീന്‍മേശകളില്‍ വൈവിധ്യങ്ങള്‍ നിറച്ചു മക്കളെ ആകര്‍ഷിക്കാന്‍ ജീവിത പരിചയങ്ങള്‍ക്കപ്പുറത്തേക്ക് ടെലിവിഷന്‍ ഷോകളിലും യൂട്യൂബ് ചാനലുകളിലും പാചക കൈപുസ്തകങ്ങളിലും ഗവേഷണത്തിലായി ഒഴിവുസമയങ്ങളെ കഴിച്ചുകൂട്ടുന്ന കുടുംബിനികള്‍ നമുക്കിടയില്‍ ധാരാളമുണ്ടിന്ന്. 

ഇവിടെ നാം മറന്നു കൂടാത്ത ചില ചേരുവകളും വിഭവങ്ങളും ഈ വൈവിധ്യങ്ങളോടൊപ്പം നിറഞ്ഞു നില്‍ക്കേണ്ടതുണ്ട്. അവയാണ് മക്കളുടെ സ്വഭാവ വളര്‍ച്ചയില്‍ സഹായകമായ ഭക്ഷണ മര്യാദകള്‍. ഭക്ഷണത്തോടപ്പം അവ നാം ചേര്‍ത്തുകൊടുത്തുകൊണ്ടിരിക്കണം. പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്കപ്പുറം വീട്ടിനുള്ളിലെ പ്രായോഗിക പരിശീലനമാണ് ഈ രംഗത്ത് കൂടുതല്‍ ഫലപ്രദം. നബി(സ്വ)യുടെ ജീവിത മാതൃകയില്‍ അത് തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീഥില്‍ നമുക്ക് ഇങ്ങനെ കാണാം: അംറുബിന്‍ അബീ സലമ(റ) പറയുന്നു: ”ഞാന്‍ നബി (സ്വ)യുടെ വീട്ടില്‍ കുട്ടിയായി (നബിയോടൊപ്പം) ജീവിക്കുന്ന കാലത്ത് (ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍) എന്റെ കൈ ഭക്ഷണത്തളികയില്‍ എല്ലായിടത്തുമായി ചുറ്റിക്കളിക്കുമായിരുന്നു. അപ്പോള്‍ എന്നോട് അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) പറഞ്ഞു: ‘ഏ കുട്ടീ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. നിന്റെ വലതു കൈകൊണ്ടു തിന്നുക. നിന്റെ മുന്‍ഭാഗത്തു നിന്ന് (എടുത്തു) തിന്നുക.’ പിന്നീട് എന്റെ ഭക്ഷണ (രീതി) അപ്രകാരമായി തുടര്‍ന്നു.”

നോക്കുക നബി(സ്വ) ഇവിടെ ഒരു പിതാവിന്റെ റോള്‍ കൂടിയാണ് നിര്‍വഹിക്കുന്നത്. അംറുബിന്‍ അബീസലമ(റ), (പിതാവായ) അബൂസലമഃയുടെ മരണാന്തരം നബി(സ്വ)യുടെ ഭാര്യയായി വന്ന ഉമ്മു സലമയുടെ മകനാണ്. നബി(സ്വ)യുടെ വീട്ടില്‍ വളരുന്ന വളര്‍ത്തു മകന്‍! തത്സമയ അധ്യാപനം ആ കുട്ടിയുടെ ജീവിത രീതിയെ പുനഃക്രമീകരിച്ചെടുത്തു. 

സമൂഹത്തിലെ എല്ലാ നിലവാരത്തില്‍ ഉള്ളവരോടൊപ്പവും ഇരിക്കാനും ഉണ്ണാനുമുള്ള സന്നദ്ധത അവരില്‍ വളര്‍ത്തുകയും മുന്തിയതും അല്ലാത്തതുമായ ഭക്ഷണ സദസ്സിനോട് ഒരുപോലെ ബഹുമാനവും താല്‍പര്യവും കാണിക്കാന്‍ നമ്മുടെ മക്കളെ നാം ശീലിപ്പിക്കുകയും വേണം. എത്ര നിസ്സാരമാണെങ്കിലും ഭക്ഷണത്തെയും അതിലേക്കുള്ള ക്ഷണത്തെയും ചെറുതായി കാണാതിരിക്കാനും വിലകൂടിയതോ വിഭവങ്ങള്‍ നിറഞ്ഞതോ ആയ  ഭക്ഷണത്തിന്റെ മുമ്പില്‍ അനിയന്ത്രിതമായ ആര്‍ത്തി കാണിക്കാതെ ഇടപെടാനും കഴിവ് നേടിയവരാകണം നമ്മുടെ മക്കള്‍. പ്രവാചകന്‍ എന്ന നിലയ്ക്കും നേതാവെന്ന നിലയ്ക്കും നബി(സ്വ) ഉന്നത സ്ഥാനീയനായിട്ടും ധനിക-ദരിദ്ര വ്യത്യാസമില്ലാതെ ആരുടെ ക്ഷണവും സ്വീകരിക്കുകയും അവരോടൊപ്പം ലഭ്യമായ ഭക്ഷണത്തില്‍ സന്തോഷത്തോടെ പങ്ക് ചേരുകയും മറ്റുള്ളവരെ പങ്കടുപ്പിക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെത്. ഹലാലാണോ എന്ന നോട്ടം മാത്രമെ ഉണ്ടായിരുന്നുള്ളൂ. 

അനസ് ഇബ്‌നു മാലിക്(റ)വില്‍ നിന്ന് ഇബ്‌നു മാജയടക്കം ഒന്നിലധികം ഹദീഥ് ഗ്രന്ഥങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥിന്റെ ആശയം കാണുക: ”ഒരിക്കല്‍ ഉമ്മു സുലൈം അല്‍പം കാരക്ക നിറച്ച ഒരു കൈപാത്രം  നബിക്ക് കൊടുക്കുവാനായി എന്നെ പറഞ്ഞയച്ചു. അപ്പോള്‍ നബി(സ്വ) വീട്ടിലുണ്ടായിരുന്നില്ല.  അദ്ദേഹം തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ വേണ്ടപ്പെട്ട ഒരാളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. അവര്‍ നബിക്കായി  ഒരു ഭക്ഷണമുണ്ടാക്കി വിളിച്ചുവരുത്തിയതായിരുന്നു. അദ്ദേഹം അത് തിന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക്  ചെന്നു. അദ്ദേഹത്തോടൊപ്പം ഭക്ഷിക്കാന്‍ എന്നെയും വിളിച്ചു. അല്‍പം മാംസവും ഉണക്ക റൊട്ടിയുമായിരുന്നു അത്. മാംസത്തില്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തുടയെല്ലിന്റെ ഭാഗം ഞാന്‍ അദ്ദേഹത്തിന്റെ ഭാഗത്തേക്ക് നീക്കിവെച്ചുകൊടുത്തു. ഭക്ഷണം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നബിയുടെ വീട്ടിലേക്ക് മടങ്ങി. (നബിക്ക് ഉമ്മു സുലൈം കൊടുത്തു വിട്ട) കാരക്ക പാത്രം ഞാന്‍ നബിയുടെ മുമ്പില്‍ വെച്ചുകൊടുത്തു. നബി(സ്വ) അതില്‍ നിന്ന് കഴിക്കാന്‍ തുടങ്ങി. അങ്ങനെ അതിലുള്ള അവസാന കാരക്കയും തീരുന്നത് വരെ കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.” 

ഈ ഹദീഥ് നമുക്ക് നല്‍കുന്ന സന്ദേശം ചെറുതല്ല.  ക്ഷണിക്കുന്നവരുടെ സമൂഹത്തിലെ സ്ഥാനവും വിളമ്പുന്ന വിഭവങ്ങളുടെ നിലവാരവും നോക്കിയല്ല ക്ഷണം സ്വീകരിക്കേണ്ടത്. ആരുടെ സമ്മാനങ്ങളും -അത് വളരെ നിസ്സാരമാണെങ്കില്‍ പോലും അവരെ സന്തോഷിപ്പിക്കുകയും പരിഗണിക്കുകയും ചെയ്യുമാറ്-സ്വീകരിക്കുക, നിസ്സാരമായ ഭക്ഷണമാണെങ്കിലും സസന്തോഷം ഭക്ഷിക്കുക. അതാണ് നബി(സ്വ)യുടെ മാതൃക. ഒരു ഭക്ഷണ പാര്‍ട്ടി കഴിഞ്ഞു വീട്ടിലെത്തിയിട്ടും ഉമ്മുസുലൈം കൊടുത്തയച്ച കാരക്ക ചുളകള്‍ നിരസിക്കാതെ നബി(സ്വ) കഴിക്കുകയും മറ്റുള്ളവരെ കൂടി പങ്കാളികളാക്കുകയും ചെയ്തത് പ്രത്യേകം ശ്രദ്ധിക്കുക. 

പുതു തലമുറ ഭക്ഷണ വിഷയത്തിലെല്ലാം പ്രത്യേകം ‘സെലക്ടീ’വായി മാറുന്ന കാലമാണിത്. വിരുന്നു പോകുന്ന കുടുംബ വീടുകളിലും മറ്റും അവരുടെ ‘സെലക്ഷ’നോ ‘ഫേവറേറ്റോ’ ഉണ്ടായില്ലെങ്കിലും മറ്റുള്ളവരെ ബഹുമാനിച്ചും പരിഗണിച്ചും ഉള്ളതിനോട് ഇഷ്ടത്തോടെ പ്രതികരിക്കാന്‍ നാം അവരെ ശീലിപ്പിക്കണം. പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങളും, അല്ലാഹു ഭക്ഷണത്തില്‍ അല്‍പം വിശാലത നല്‍കിയ മറ്റുള്ളവരും. 

കൂട്ടമായും ഒറ്റയായും ഭക്ഷണം കഴിക്കുമ്പോളുള്ള പൊതു ഇസ്‌ലാമിക മര്യാദകള്‍ നമ്മള്‍ കുട്ടികളെ ശീലിപ്പിക്കണം. 

കുട്ടികളറിഞ്ഞിരിക്കേണ്ട ഈ പൊതു മര്യാദകള്‍ ഇമാം ഗസ്സാലി തന്റെ ഇഹ്യാഇല്‍ വിവരിക്കുന്നത് ഇപ്രകാരമാണ്:

ഒന്ന്) വലത് കൈകൊണ്ട് ഭക്ഷണമെടുക്കുക, ബിസ്മി ചെല്ലുക. 

രണ്ട്) പാത്രത്തില്‍ തന്റെ മുമ്പില്‍ നിന്ന് മാത്രം തിന്നുക.

മൂന്ന്) മറ്റുള്ളവരുടെ മുമ്പേ ഭക്ഷണത്തിലേക്ക് ധൃതി കാണിക്കാതിരിക്കുക.

നാല്) ഭക്ഷണത്തിലേക്കും തിന്നുന്നവരുടെ വായിലേക്കും തുടരെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് ഒഴിവാക്കുക.

അഞ്ച്) ഭക്ഷണം കഴിക്കുന്നതില്‍ അമിത വേഗത കാണിക്കാതിരിക്കുക.

ആറ്) ഭക്ഷണം നന്നായി ചവച്ചരക്കുക.

ഏഴ്: ഭക്ഷണ സാദനങ്ങള്‍ കൈയ്യിലും വസ്ത്രത്തിലും പുരളുന്നത് സൂക്ഷിക്കുക.

എട്ട്) ഏതെങ്കിലും ഒന്നോ രണ്ടോ ഇനം ഭക്ഷണത്തിന് മാത്രം അടിമയാകുന്നത് ഒഴിവാക്കി എല്ലാ തരം ഭക്ഷണവും കഴിക്കുവാന്‍ ശീലിക്കുക.

ഒമ്പത്) അമിത ഭോജനം മോശത്തരമായി തോന്നിപ്പിക്കുകയും ഭക്ഷണ മര്യാദകള്‍ പുലര്‍ത്തുന്ന കുട്ടികളെ പരസ്യമായി അഭിനന്ദിക്കുകുയും ചെയ്യുക.

പത്ത്) പരുത്ത (വില കുറഞ്ഞതും മുന്തിയതുമായ) ഭക്ഷണത്തിലും സംതൃപ്തി കണ്ടത്താന്‍ ശീലിപ്പിക്കുക. 

(തുടരും)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

26: ശീലമാവേണ്ട മര്യാദകള്‍

26: ശീലമാവേണ്ട മര്യാദകള്‍

കുട്ടികളുടെ സ്വഭാവ വളര്‍ച്ചയില്‍ മുഖ്യമായ തലം അവര്‍ക്ക് വീട്ടിലും നാട്ടിലും അനുവര്‍ത്തിക്കല്‍ അനിവാര്യമായ മര്യാദകളെ ബോധ്യപ്പെടുത്തി ശീലിപ്പിക്കുക എന്നതാണല്ലോ. അതില്‍ മാതാപിതാക്കളും ഗുരുനാഥന്മാരുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചത്. അനിവാര്യമായ മറ്റ് ചില മര്യാദകളെ കൂടി നമുക്ക് പഠിക്കാം,

രണ്ട്) മുതിര്‍ന്നവരോടുള്ള ബഹുമാനവും ആദരവും: തന്നെക്കാള്‍ മുതിര്‍ന്നവരോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിക്കുകയെന്നത് ഉയര്‍ന്ന വ്യക്തിത്വത്തിന്റെ പ്രകടമായ അടയാളമായി കുട്ടികള്‍ക്കു നാം മനസ്സിലാക്കി കൊടുക്കണം. പ്രായം തന്നെ പ്രധാനം. മറ്റെന്തിനെക്കാളും ഉപരി മനുഷ്യന്റെ പ്രായം അവര്‍ ബഹുമാനിക്കപ്പെടാന്‍ മതിയായ കാരണമായി നമ്മുടെ മക്കള്‍ കൊച്ചുപ്രായത്തിലെ മനസ്സിലാക്കേണ്ടതുണ്ട്. അതിന്നു വിരുദ്ധമായ പെരുമാറ്റമോ പ്രയോഗങ്ങളോ അവരില്‍ നിന്ന് നമ്മുടെ സാന്നിധ്യത്തിലുണ്ടായാല്‍ തത്സമയ തിരുത്തല്‍ നടക്കേണ്ടതുണ്ട്. 

ആദരവിനും ബഹുമാനത്തിനും ജാതിയും കുടുംബ മഹിമയും മാനദണ്ഡമാക്കുന്ന ചുറ്റുപാടില്‍ നിന്ന് വ്യത്യസ്തമാവണം നമ്മുടെ മക്കള്‍ നമ്മളില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതും. ജാതി നോക്കി മുതിര്‍ന്ന പൗരന്മാരെ പോലും പേര് വിളിക്കുന്ന ശീലം, ബഹുമാനത്തിന്റെ പദചേരുവകളില്ലാതെയും അതോടൊപ്പം അനാദരവിന്റെ പദാവലികള്‍ ചേര്‍ത്തും വിളിക്കുന്ന സ്വഭാവം ഇപ്പോഴും അവശേഷിക്കുന്നുണ്ട് നമ്മുടെ നാട്ടില്‍. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും കഥകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നാം കാണുന്നുണ്ട്. 

നാം അങ്ങനെയുള്ളവരാകരുത്. മക്കളെ അതിന് അനുവദിക്കരുത്. നമ്മുടെ വീട്ടിലും നാട്ടിലും ചെറിയ ജോലികളില്‍ ഏര്‍പ്പെടുന്നവരും (വീട്ടുജോലിക്കു വരുന്നവര്‍, തേങ്ങയിടുന്നവര്‍, പാടത്തു  പണിയെടുക്കുന്നവര്‍….) ആരായിരുന്നാലും നാം അവരെ അവരുടെ പ്രായം പരിഗണിച്ചുകൊണ്ടേ അഭിസംബോധന ചെയ്യാവൂ. ഇവിടെ പോലും നാം സൂക്ഷ്മത പാലിച്ചാല്‍ സ്വന്തം വീട്ടിലും കുടുംബത്തിലും നാട്ടിലും ഉള്ള തന്നെക്കാള്‍ പ്രായം കൂടിയവരെ ബഹുമാനിക്കാതിരിക്കാന്‍ വളര്‍ന്നു വരുന്ന മക്കള്‍ക്ക് കഴിയില്ല.

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ഇമാം അഹ്മദ്(റഹി), ഇമാം തിര്‍മിദി(റഹി) തുടങ്ങിയവര്‍ ഉദ്ധരിക്കുന്ന ഹദീഥില്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞതായി കാണാം: ”ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മുടെ മുതിര്‍ന്നവരുടെ മാന്യത അറിയാത്തവരും നമ്മില്‍ പെട്ടവരല്ല.” 

അനസ് ബിന്‍ മാലിക്(റ) പറയുകയാണ്: ”ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തേക്ക് ഒരു വൃദ്ധനായ മനുഷ്യന്‍ കടന്നുവരാന്‍ ശ്രമിച്ചു. ആളുകള്‍ അദ്ദേഹത്തിന് വേണ്ടവിധം വഴി ഒരുക്കുന്നതില്‍ അമാന്തം കാണിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നമ്മുടെ ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരോട് ഗാംഭീര്യം തോന്നാത്തവനും നമ്മില്‍ പെട്ടവനല്ല”(തിര്‍മിദി). 

നമ്മുടെ നാട്ടിലെ മുസ്‌ലിംകള്‍ക്കിടയില്‍ ചില പ്രത്യേക കുടുംബങ്ങളില്‍ പെട്ടവരെ, അവര്‍ കുട്ടികളാണെങ്കില്‍ പോലും ബഹുമാന സൂചകങ്ങള്‍ ഉപയോഗിച്ച് മാത്രം വിളിക്കുന്ന പതിവുണ്ട്. ഉമ്മമാര്‍ പോലും അവരുടെ കൊച്ചു മക്കളെ ‘നിങ്ങള്‍’ എന്ന് ബഹുമാനത്തോടെയേ വിളിക്കാറുള്ളൂ. ഇങ്ങനെയൊരു അനാവശ്യമായി ആദരിക്കുന്ന കുടുംബ മഹിമ ഇസ്‌ലാമിലില്ല.

നരബാധിച്ച ആളുകളോട് കാണിക്കുന്ന ആദരവ് അല്ലാഹുവിനോടുള്ള ആദരവിന്റെ ഭാഗമാണെന്നു (അബൂദാവൂദ്) പഠിപ്പിച്ച മതമാണ് ഇസ്‌ലാം. കേവല അഭിസംബോധനയില്‍ മാത്രമല്ല നടത്തത്തിലും ഇരുത്തത്തിലും സംസാരിക്കാനുള്ള അവസരങ്ങളില്‍ പോലും തന്നെക്കാള്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നതാണ് ഇസ്‌ലാമിക പാഠം. ഒന്നിലധികം ആളുകള്‍ ഒന്നിച്ചു നബി(സ്വ)യുടെ അടുക്കല്‍ വന്നു ഒരു കാര്യം സമര്‍പ്പിക്കുമ്പോള്‍ ‘കൂട്ടത്തില്‍ പ്രായത്തില്‍ മുതിര്‍ന്നവര്‍ സംസാരിക്കട്ടെ’ എന്ന് നബി(സ്വ) ആവശ്യപ്പെടുമായിരുന്നു (ബുഖാരി, മുസ്‌ലിം). 

ആയതിനാല്‍ മുതിര്‍ന്നവരോടുള്ള ആദരവും ബഹുമാനവും നാം ശീലമാക്കുകയും ആ രീതി നമ്മുടെ മക്കള്‍ കണ്ടു പകര്‍ത്തുകയും ചെയ്യുന്ന ജീവിത ശൈലിയാണ് നാം സ്വീകരിക്കേണ്ടത്. 

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് സ്വന്തം ജ്യേഷ്ഠ സഹോദരീ സഹോദരന്മാര്‍ക്ക് നല്‍കേണ്ട ബഹുമാനവും ആദരവും. പലപ്പോഴും കുട്ടികളുടെ പരിപാലനത്തില്‍ രക്ഷിതാക്കളുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ബാധ്യതപ്പെട്ടവര്‍ കൂടിയാവും ജ്യേഷ്ഠ സഹോദരങ്ങള്‍. അവര്‍ക്കിടയിലെ ബഹുമാനവും ആദരവും നിലനില്‍ക്കേണ്ടത് കുടുംബ പരിപാലനത്തിന്റെ അനിവാര്യതകളില്‍ ഒന്നാണ്. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ സഹോദരങ്ങള്‍ക്കിടയില്‍ സഹോദര്യവും സ്‌നേഹവും നിര്‍ഭയത്വവും നിലനില്‍ക്കണം എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. അതിന്നു വിഘാതമുണ്ടാക്കുന്ന ഒന്നും ഉണ്ടായിക്കൂടാത്തതാണ്. ഇമാം മുസ്‌ലിം അബൂഹുയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും ഒരാള്‍ തന്റെ സഹോദരനു നേരെ വല്ല ആയുധവും ചൂണ്ടിയാല്‍ അത് ഒഴിവാക്കുന്നത് വരെ മലക്കുകള്‍ അവനെ ശപിച്ചുകൊണ്ടിരിക്കും. അത് സ്വന്തം മാതാവിന്റെയും പിതാവിന്റെയും വഴിയുള്ള സഹോദരനാണെങ്കിലും ശരി.”

മൂന്ന്). അയല്‍വാസികളോടുള്ള  മര്യാദകള്‍: 

അയല്‍വാസികള്‍ക്ക് ഇസ്‌ലാമിക ശരീഅത്തില്‍ വലിയ അവകാശങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. അതാവട്ടെ സാമൂഹ്യ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. അതിനാല്‍ നമ്മുടെ മക്കളും അയല്‍പക്ക മര്യാദകള്‍ അറിഞ്ഞ് ആചരിക്കാന്‍ ശീലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് തന്റെ അയല്‍പക്കത്തുള്ള കുട്ടികളോടുള്ള പെരുമാറ്റ മര്യാദകള്‍. അയല്‍വാസികള്‍ക്ക് പ്രയാസകരമായതൊന്നും നമ്മില്‍ നിന്ന് ഉണ്ടാവാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. കുട്ടികളെ നാം അത് ബോധ്യപ്പെടുത്തണം. 

അയല്‍ക്കാരന്റെ കുട്ടികള്‍ക്കു പ്രാപ്യമല്ലാത്ത, അവര്‍ക്ക് മോഹമുണ്ടാക്കുന്ന വല്ലതും നമ്മുടെ കുട്ടികള്‍ക്ക് അനുഭവിക്കാനുണ്ടെങ്കില്‍ അത് അവരുടെ കണ്‍മുമ്പില്‍ വെച്ച് ആവാതിരിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നല്ല പഴങ്ങളോ മേറ്റാ, വില കൂടിയ കളിക്കോപ്പുകളോ അവര്‍ക്ക് കൂടി കൊടുക്കാനോ അവരെ പങ്ക് കൊള്ളിക്കാനോ പറ്റാത്തതാണെങ്കില്‍ സ്വന്തം വീട്ടിനുള്ളില്‍ വെച്ച് മാത്രമാവുക; തിന്നുന്നതും ഉപയോഗിക്കുന്നതും. പറ്റുമെങ്കില്‍ അവരുമായി പങ്കുവെക്കുക. ഇതാണ് ഇസ്‌ലാമിക മര്യാദ. 

ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി അദ്ദേഹത്തിന്റെ ഫത്ഹുല്‍ ബാരിയില്‍ ഉദ്ധരിക്കുന്ന, അയല്‍വാസികളോടുള്ള മര്യാദകള്‍ വിവരിക്കുന്ന ഒരു ഹദീഥില്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞതായി കാണാം: ‘…നീ ഒരു പഴം വാങ്ങിയാല്‍ നിന്റെ അയല്‍വാസിക്കും അതില്‍ നിന്ന് ഹദ്‌യ നല്‍കുക. അത് നിനക്ക് സാധ്യമല്ലെങ്കില്‍ നീ നിന്റെ വീട്ടിനുള്ളില്‍ (നിന്ന് കഴിക്കുക) സ്വകാര്യമാക്കുക. നിന്റെ മകന്‍ അവന്റെ മകനെ പ്രകോപിപ്പിക്കും വിധം അതുമായി പുറത്തു പോകരുത്.”  

എത്ര ഉദാത്തമായ അധ്യാപനങ്ങളാണ് അല്ലാഹുവിന്റെ തിരുദൂതര്‍ നമുക്കു നല്‍കുന്നത്! നമ്മുടെ മക്കള്‍ ഇപ്രകാരം ഇസ്‌ലാമികാധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിച്ചാല്‍, മറ്റുള്ളവര്‍ ഇസ്‌ലാമിനെ ആദരിക്കാന്‍ കൂടി അത് കാരണമാകും.

(തുടരും)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക