വഴിമുട്ടുന്ന നവനാസ്തിക ചിന്തകള്‍

വഴിമുട്ടുന്ന നവനാസ്തിക ചിന്തകള്‍

ദാര്‍ശനികമായി മൃതപ്രായമെത്തി നില്‍ക്കുകയാണ് നിരീശ്വരവാദം. യുക്തിസഹമായ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഡിങ്കന്‍കളിയിലൂടെയും 'കുരുട വിമര്‍ശന'ങ്ങളിലൂടെയും ശിഷ്ടകാലം തള്ളി നീക്കാനാണ് കൊട്ടിഘോഷിച്ച നവനാസ്തികതയുടെ വക്താക്കളുടെയും പദ്ധതിയെന്ന് വേണം മനസ്സിലാക്കാന്‍. യുക്തിവാദികളുടെ ആദര്‍ശ പരാജയം വെളിച്ചത്ത് കൊണ്ട് വരുന്ന ലേഖനം.

ഇതെഴുതുമ്പോള്‍ നിരീശ്വരവാദം ദാര്‍ശനികമായി ഏതാണ്ട് മരിച്ച നിലയിലാണ് എന്നുതന്നെ പറഞ്ഞു തുടങ്ങാം. ഓരോ ദര്‍ശനവും അത് മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആശയത്തിനുള്ള ന്യായം നല്‍കുന്നതിലൂടെ മാത്രമാണല്ലോ സജീവമാകുന്നത്. എങ്കില്‍ അന്ധമായ ദൈവമില്ലാവാദം മിനിറ്റില്‍ 60 വട്ടം ഛര്‍ദിച്ചുനടക്കുന്ന നവനാസ്തികതയ്ക്ക് ഇന്നോളമായിട്ടും ഈ അടിസ്ഥാന ആശയത്തെ ന്യായീകരിക്കുന്ന ഒരു വാദം പോലും മുന്നോട്ട്‌വെക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നവനാസ്തികതയും ചത്തൊടുങ്ങിയതായല്ലേ വിലയിരുത്തേണ്ടത്? സാധാരണയായി നാസ്തിക പ്രമുഖരോട് തന്നെ ഈ ദൈവമില്ലാ വാദത്തിന്റെ തെളിവന്വേഷിച്ചാല്‍ ‘ഇല്ല എന്ന് വാദിക്കാന്‍ തെളിവുകളൊന്നും വേണ്ട’ എന്ന മുട്ടുന്യായം പറച്ചില്‍ മാത്രമാണ് തിരിച്ച് കേള്‍ക്കേണ്ടി വരുന്നത്. എന്തിനേറെ പറയുന്നു; നവനാസ്തികതയുടെ അന്താരാഷ്ട്ര അപ്പോസ്ഥലനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് വരെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരു പബ്ലിക് ഡയലോഗിനിടെ താന്‍ നൂറുശതമാനം ദൈവമില്ലാന്ന് വാദിക്കുന്നവനല്ലെന്ന് സമ്മതിക്കുന്നുണ്ട്. വളരെ ചെറിയൊരു ശതമാനം മാത്രമാണ് അതിനുള്ള സാധ്യതയായി താന്‍ കരുതുന്നുള്ളൂവെന്ന് പറഞ്ഞ് അദ്ദേഹം അതിനെ ന്യായീകരിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഈ ഒരറ്റ പരാമര്‍ശത്തിലൂടെ ഡോക്കിന്‍സ് തന്നെ നാസ്തികവാദത്തിന്റെ വെടി തീര്‍ത്തിരിക്കുകയാണ് എന്ന് തന്നെ പറയാം. അല്‍പം ശതമാനമാണെങ്കിലും ദൈവമുണ്ടാവാനുള്ള സാധ്യതയുമുണ്ടെന്നംഗീകരിച്ചാല്‍ പിന്നെങ്ങനെയാണയാള്‍ നിരീശ്വരവാദിയാവുക? ദൈവം ഉണ്ടാവാനും ഇല്ലാതിരിക്കാനുമുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ആജ്ഞേയവാദി എന്നാണയാള്‍ അറിയപ്പെടുക.

യുക്തിയുക്തമായ ചോദ്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ഡോക്കിന്‍സിന് പോലും ചുവടുമാറ്റിക്കളിക്കേണ്ട ഗതികേടാണുള്ളത്. ദാര്‍ശനികമായി സ്വന്തം നിലപാടുകളെയോ, അതിന്റെ അടിസ്ഥാന ആശയങ്ങളെയോ ന്യായീകരിക്കാന്‍ ഇന്നും അതിന്റെ ആസ്ഥാന ദാര്‍ശനികര്‍ക്ക് പോലും കഴിയാതിരിക്കുന്നെങ്കില്‍ അതിനെ പരാജയമെന്ന് തന്നെയല്ലേ വിലയിരുത്തേണ്ടത്! നവനാസ്തികതയും ദാര്‍ശനികമായി ചത്തൊടുങ്ങിയ അവസ്ഥയിലാണെന്ന് പറഞ്ഞുതുടങ്ങിയത് അതുകൊണ്ടാണ്.

ഈ ആശയദാരിദ്ര്യം നേര്‍ക്കുനേരെ അനുഭവിക്കുന്നതുകൊണ്ടാവാം ‘ദൈവമില്ലാവാദം’ പറയാന്‍ ഡോക്കിന്‍സ് മുതല്‍ കേരളീയ യുക്തിവാദത്തിന്റെ സംഘത്തലവന്‍മാര്‍ക്ക് പോലും ഇന്ന് വലിയ ഉല്‍സാഹമൊന്നും കാണുന്നില്ല. ശിഷ്ടകാലം മതവിമര്‍ശനത്തിലൂടെയും ഡിങ്കന്‍കളിയിലൂടെയും അതിജീവിച്ച് പോവാമെന്ന പ്രത്യാശ മാത്രമാണ് നവനാസ്തികതയ്ക്ക് ബാക്കിയുള്ളതെന്ന് അവരുടെ വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചാല്‍ തന്നെ വ്യക്തമാണ്. സ്വന്തം ദര്‍ശനത്തെ ആദര്‍ശപരമായി സമര്‍ഥിക്കാന്‍ കഴിയാതെ മതങ്ങളെ കുറ്റംപറഞ്ഞും കൊഞ്ഞനം കുത്തിയും മാത്രം അതിജീവിച്ച് പോവാമെന്ന ഗതികേടിലേക്ക്് നവനാസ്തികതയ്ക്ക് പരിണമിക്കേണ്ടി വന്നെങ്കില്‍ ഇത് ആശയ ദാരിദ്രമല്ലാതെയെന്താണ്?

പലപ്പോഴും തങ്ങള്‍ ശാസ്ത്രവാദികളാണെന്ന ഓമനപ്പേരോടെയാണ് ചിലര്‍ ഈ ആശയദാരിദ്ര്യത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു കാണുന്നത്. എന്നാല്‍ ശാസ്ത്ര വളര്‍ച്ചയുടെ പ്രാരംഭഘട്ടം മുതല്‍ ഇങ്ങോട്ട് അതിന്റെ വളര്‍ച്ചയില്‍ ഭൂരിഭാഗം പങ്ക് വഹിച്ചിട്ടുള്ളതും വിവിധ മതദര്‍ശനങ്ങളാണെന്നിരിക്കെ പിന്നെ ഈ ശാസ്ത്രവാദി ചമയലുകൊണ്ട് എന്തര്‍ഥമാണുള്ളത്? നിരീശ്വരവാദികളെ കാര്യമായി ശാസ്ത്രരംഗത്ത് കണ്ടുതുടങ്ങിയത് തന്നെ ശാസ്ത്രം പണം സമ്പാദിക്കാനുള്ള ഉപാധിയായി മാറ്റപ്പെട്ടതില്‍ നിന്നിങ്ങോട്ട് മാത്രമാണ്. അതിനും മുമ്പേ ഒരുപാട് നാഗരികതകളില്‍ ശാസ്ത്രം പൂത്ത് തളിര്‍ത്ത് നിന്നിരുന്നു. മധ്യകാല ഇസ്‌ലാമിക ലോകത്തും ഭാരതത്തിലുമെല്ലാമുണ്ടായ ഈ ശാസ്ത്ര വളര്‍ച്ചയുടെ സുവര്‍ണകാലഘട്ടം നാസ്തികാന്ധവിശ്വാസികള്‍ക്ക് സ്വപ്‌നം പോലും കാണാന്‍ കഴിയാത്തതാണ്. നാസ്തിക ചരിത്രമെടുത്തു നോക്കിയാല്‍ ഭാരതത്തില്‍ കാണാന്‍ കഴിയുന്നതാവട്ടെ ജീവിതലക്ഷ്യങ്ങള്‍ തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക എന്നിങ്ങനെയുള്ള ചില അര്‍ഥശൂന്യ സിദ്ധാന്തങ്ങളിലൊതുക്കുന്ന ചാര്‍വാകന്‍മരെയാണ്. ഈ ഭൗതികവാദ വീക്ഷണമാണെങ്കില്‍ ശാസ്ത്രവളര്‍ച്ചയെത്തന്നെ നിരുത്സാഹപ്പെടുത്തുന്നതാണ്. ജീവിതം സുഖിച്ച് മാത്രം തീര്‍ക്കാനുള്ളതാണെന്ന് കരുതുന്നവര്‍ക്കെങ്ങനെയാണ് ഒരു ഫലം പോലും ലഭിക്കുമെന്നുറപ്പില്ലാത്ത, തീവ്രമായ ഏകാഗ്രത ആവശ്യമുള്ള, വിലപിടിച്ച സമയവും പ്രയത്‌നവും ത്യാഗങ്ങളും വേണ്ടിവരുന്ന ശാസ്ത്രത്തിന്റെ ജ്ഞാനമര്‍ഗത്തില്‍ പ്രവേശിക്കാനാവുക?

ഇസ്‌ലാമിക ദര്‍ശനം പ്രകൃതിയെയും പ്രപഞ്ചത്തെയും പഠിക്കല്‍ അതിന് പിറകിലെ ദൈവാസ്തിത്വത്തെ മനസ്സിലാക്കാനുള്ള മാര്‍ഗവും നാളെ പരലോകത്ത് പ്രതിഫലമര്‍ഹിക്കുന്ന പുണ്യകര്‍മമായും പഠിപ്പിക്കുമ്പോള്‍ ഇതിന് നിരീശ്വരന്മാര്‍ക്ക് എന്താണ് പ്രേരണയായുള്ളത്? എന്ന് മാത്രമല്ല നിരീശ്വരവാദത്തിന്റെ അടിസ്ഥാന ആശയമെടുത്ത് പരിശോധിച്ചാല്‍ തന്നെ അന്ധമായ ശാസ്ത്ര വിരുദ്ധത മാത്രമാണത് എന്ന് വ്യക്തമാണ്.

പേര്‍ സൂചിപ്പിക്കുന്നതുപോലെത്തന്നെ പഞ്ചേന്ദ്രീയാതീതമോ പ്രപഞ്ചഹേതുവോ ആയ ഒരസ്തിത്വത്തെ അന്ധമായി നിഷേധിക്കുക എന്നിടത്താണല്ലോ നിരീശ്വരവാദത്തിന്റെ നിലനില്‍പ്പ് തന്നെ. ഇതുപോലൊരു അന്ധമായ നിഷേധസ്വരം താങ്ങിനടക്കുന്നതിലുള്ള പ്രശ്‌നമിതൊക്കെയാണ്:

1) യാതൊരു തെളിവുകളുടെയും പിന്‍ബലം കൂടാതെ അന്ധമായി ‘ഇല്ല’ എന്ന വാദം ഛര്‍ദിക്കുന്നത് ഒന്നാംതരം ശാസ്ത്ര വിരുദ്ധതയാണ്.

2) ‘ഇല്ല’ എന്ന് തീര്‍പ്പ് കല്‍പിക്കുന്നിടത്ത് സകലവിധ അന്വേഷണങ്ങളും അവസാനിക്കുന്നു. ഉദാഹരണത്തിന് ആറ്റങ്ങളെ കണ്ണുകൊണ്ട് കാണുന്നില്ല; അതുകൊണ്ട് ആറ്റങ്ങള്‍ തന്നെയില്ല എന്നു വാദിക്കുന്ന ഒരാളെ സംബന്ധിച്ച് ആറ്റത്തിന്റെ ഘടനയെയോ, ഗുണത്തെയോ, നിലനില്‍പിനെയോ കുറിച്ച് യാതൊന്നും പഠിക്കേണ്ടി വരുന്നില്ല.

3) മനുഷ്യന്റെ അന്വേഷണബുദ്ധിക്കും അതിലൂടെ ആര്‍ജിച്ചെടുക്കുന്ന പുരോഗതിക്കുമൊക്കെ വിരുദ്ധമാണ് അന്ധമായി ഇല്ലായെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ഇത്തരമൊരു നാസ്തികത പിടിവാശി.

നിരീശ്വരവാദം അതിന്റെ അടിസ്ഥാന ആശയംകൊണ്ട് തന്നെ ഇത്രയും ശാസ്ത്രവിരുദ്ധവും അന്ധവിശ്വാസവുമാണെന്ന് വ്യക്തമാണെങ്കിലും അതിനെ ശാസ്ത്രത്തിന്റെ പേരില്‍ തള്ളിക്കയറ്റാന്‍ നോക്കുന്നവര്‍ക്ക് ശാസ്ത്രമെന്താണെന്ന് പോലും തിരിഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍. ഈ അന്ധവിശ്വാസത്തെ സ്ഥാപിക്കാന്‍ മറ്റൊരു ന്യായമായി പറയുന്നതാവട്ടെ പദാര്‍ഥപരമായ ഒരു വസ്തുവിനെ അനുഭവിച്ചറിയുന്നത് പോലെ ദൈവത്തെ ശാസ്ത്രമുപയോഗിച്ച് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് ദൈവമില്ലെന്നുമാണ്. എന്നാലിത് തന്നെ ഇവര്‍ക്ക് ശാസ്ത്രമെന്താണെന്നോ ദൈവമെന്താണെന്നോ മനസ്സിലായിട്ടില്ലെന്നതിന് ഉത്തമ ഉദാഹരണമാണ്. അല്ലെങ്കില്‍ ഇതുപോലുള്ള മഹാവൈരുധ്യങ്ങളെ ഒരു ന്യായമായി കൊണ്ടുനടക്കുമോ?

1) പദാര്‍ഥപരമായ സീമകള്‍ക്കെല്ലാം അപ്പുറവും പദാര്‍ഥലോകത്തിന്റെ തന്നെ ഉല്‍പത്തിക്ക് കാരണഹേതുവായതുമായ അസ്തിത്വത്തെയാണ് ദൈവമെന്ന് വിളിക്കുന്നത്.

2) പ്രപഞ്ചവു നാമനുഭവിക്കുന്ന സ്ഥലകാല ദ്രവ്യമാനങ്ങളുമെല്ലാം പ്രപഞ്ചോല്‍പത്തിയോടെ മാത്രമുണ്ടായവയാണ്.

3) അങ്ങനെയുള്ള പ്രപഞ്ചം മൊത്തമായെടുത്താല്‍ ഒരു മണ്‍തരിയുടെയത്ര പോലും സ്ഥാനമില്ലാത്തത്ര നിസ്സാരമായ ഭൂമിയില്‍ ജനിച്ചുജീവിക്കുന്ന, തന്റെ ചുറ്റുപാടിനനുസരിച്ചുള്ള യുക്തിയും ഇന്ദ്രിയങ്ങളുമടങ്ങിയ ജീവിയാണ് മനുഷ്യന്‍.

4) ഈ മനുഷ്യന്‍ അവന്റെ ചുറ്റുപാടിനെ പഠിക്കാനുപയോഗിക്കുന്ന ഉപാധി മാത്രമാണ് ശാസ്ത്രം.

(Science is the intellectual and practical activity encompassing the systematic study of the structure and behaviour of the physical and natural world through observation and experiment)

ഈ ശാസ്ത്രത്തിന്റെ methodology അനുസരിച്ച് ഒരു വിഷയം ശാസ്ത്രത്തിന്റെ കീഴില്‍ വരണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ ബാധകമാണ്.

1) Experimental ആവണം.

2) Observable ആയിരിക്കണം.

3) Physical/Natural ആവണം.

ദൈവം ഭൗതികമായ ഇത്തരം പരികല്‍പനകള്‍ക്കെല്ലാം അതീതവും ഇങ്ങനെയൊരു ഭൗതിക ലോകത്തിന്റെ തന്നെ സ്രഷ്ടാവുമാണെന്നിരിക്കെ പദാര്‍ഥത്തെ വിലയിരുത്തുന്ന ഈ methodology കൊണ്ട് അതിന്റെ സ്രഷ്ടാവിനെ നിരാകരിക്കാനിറങ്ങുന്നവര്‍ക്ക് വിവരമില്ലായ്മ ലേശമൊന്നുമല്ല എന്നുതന്നെ പറയാം. കാരണം ഒരു വിഷയത്തെ മനസ്സിലാക്കാന്‍ അതിന് യോജിച്ച ജ്ഞാനമാര്‍ഗത്തെ തന്നെ ഉപയോഗിക്കണം എന്നതാണ് യുക്തി. കാഴ്ച കാണുന്നതിന് കണ്ണിനെത്തന്നെ ഉപയോഗിക്കണം; മറിച്ച് കാതുകൊണ്ട് കാഴ്ച കാണുന്നില്ലെന്നും അതുകൊണ്ട് കാഴ്ച തന്നെയില്ലെന്നും വാദിച്ചാല്‍ അത് എത്ര വലിയ വിഡ്ഢിത്തമാവുമോ അതിന് സമാനമാണ് ഇത്തരം നാസ്തിക ന്യായങ്ങളും. ഉത്തരം മുട്ടുമ്പോള്‍ നാസ്തികവാദം ആകെ മുന്നോട്ട് വെക്കുന്ന വാദങ്ങള്‍ തന്നെ മഹാവൈരുധ്യങ്ങളാണെന്ന് ചുരുക്കം. ദൈവാസ്തിത്വത്തെ ബോധ്യപ്പെടാനാണെന്നുണ്ടെങ്കില്‍ അത് ശുദ്ധയുക്തിയില്‍ നിന്ന്തന്നെ വ്യക്തമാണെന്നതാണ് സത്യം. അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച പ്രസിദ്ധമായ ഹദീഥില്‍ ഇങ്ങനെ കാണാം: ‘എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. എന്നിട്ട് അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത്.’

മനുഷ്യന്റെ നൈസര്‍ഗികമായ പ്രകൃതത്തെ കാണിക്കാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദമാണ്  ‘ഫിത്വ്‌റത്’ എന്നത്.  ഇസ്‌ലാമിക ലോകത്ത് വലിയ രീതിയില്‍ വിശകലനവിധേയമാക്കപ്പെട്ട വാക്കാണിത്. പതിനാലാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ബഹുമുഖ പ്രതിഭയുമായ ഇബ്‌നു തൈമിയ്യ ഇതിനെ വിശദീകരിക്കുന്നതിങ്ങനെയാണ്: ‘സ്രഷ്ടാവിലുള്ള ബോധം സര്‍വ മനുഷ്യരുടെയും ഹൃദയങ്ങളില്‍ രൂഢമൂലമായി ഉള്ളതാണ്. മനുഷ്യന്റെ സൃഷ്ടിപ്പില്‍ നിന്നുണ്ടായ ബഹിസ്ഫുരണമാണത്.’ പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനായ അല്‍ റാഇബ് അല്‍ അസ്ഫാനിയും സമാനമായ രീതിയില്‍ ഇങ്ങനെ വിശദീകരിക്കുന്നു: ‘ദൈവത്തിലുള്ള ബോധം ആത്മാവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.’

ഇതില്‍ നിന്നും ദൈവവിശ്വാസത്തെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം ഇങ്ങനെ സംഗ്രഹിക്കാം:

1) സര്‍വ മനുഷ്യരും തന്റെ സ്രഷ്ടാവിന്റെ അസ്തിത്വത്തെ ഉള്‍ക്കൊള്ളുന്നവരായാണ് ജനിക്കുന്നത്. മനുഷ്യന്റെ നൈസര്‍ഗികമായ ഗുണം തന്നെയതാണ്.

2) ഈ ശുദ്ധപ്രകൃതിയില്‍ നിന്നുള്ള വ്യതിചലനമാണ് മനുഷ്യനെ ഇതര ചിന്താഗതിക്കാരാക്കുന്നത്.

ഇസ്‌ലാമികമായ ഈ സാമൂഹ്യവീക്ഷണത്തെ അംഗീകരിക്കുന്നത് തന്നെയാണ് ശാസ്ത്രീയമായി നടന്നിട്ടുള്ള മിക്ക പഠനഫലങ്ങളും. ഇവ്വിഷയത്തില്‍ ഇരുപത് രാജ്യങ്ങളിലായി വ്യത്യസ്ത സാമൂഹ്യ ചുറ്റുപാടുകളില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം പ്രധാനപ്പെട്ടതാണ്. മനുഷ്യന്‍ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കാനുതകുന്ന നൈസര്‍ഗിക ചോദനയോടെയാണ് ജനിക്കുന്നത് എന്നതുതന്നെയായിരുന്നു പഠനഫലങ്ങളും വ്യക്തമാക്കിയത്.

പ്രൊഫസര്‍ ജസ്റ്റിന്‍ ബാരറ്റ് (Prof. Justin Barrett)  തന്റെ Born Believers: The Science of Children’s Religious Belief എന്ന കൃതിയില്‍ ഈ ശുദ്ധപ്രകൃതിയെ അംഗീകരിച്ച് കൊണ്ട് കുഞ്ഞുങ്ങളിലെ ഈ നൈസര്‍ഗിക ബോധത്തെ വിളിക്കുന്നത് “Natural religion’ എന്നാണ്. അഥവാ മനുഷ്യന്‍ എങ്ങനെ തന്റെ ഇന്ദ്രിയങ്ങളുപയോഗിച്ച് ചുറ്റുപാടുകളെ മനസ്സിലാക്കുന്നുവോ അതുപോലെ തന്റെ ശുദ്ധപ്രകൃതിയില്‍ നിന്നുണ്ടാവുന്ന ആത്മീയമായ ബോധ്യമാണ് ദൈവാസ്തിത്വം. എന്ന് മാത്രമല്ല മനുഷ്യന്റെ ശാരീരിക സംവിധാനങ്ങള്‍ തന്നെ സ്രഷ്ടാവിലുള്ള ബോധ്യം വര്‍ധിപ്പിക്കുന്ന തരത്തിലാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇവ്വിഷകരമായി ഡ്യൂക്ക് യൂനിവേഴ്‌സിറ്റി (ഊസല ഡിശ്‌ലൃശെ്യേ)യിലെ ഗവേഷകര്‍ നടത്തിയ പഠനമിങ്ങനെയാണ്: 35നും 64നുമിടയില്‍ പ്രായമുള്ള 83 പുരുഷന്മാര്‍ക്കിടയില്‍ ചിലരില്‍ ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ (Oxycontin hormone) കുത്തിവെച്ചും ചിലരില്‍ അതല്ലാതെയും ഉപയോഗിച്ച് ഗവേഷണം നടന്നു. ഇവര്‍ക്കിടയില്‍ തന്നെ ആരിലൊക്കെയാണ് ഓക്‌സിടോസിന്‍ കുത്തിവയ്ക്കപ്പെട്ടതെന്നത് രഹസ്യമാക്കി വെക്കപ്പെട്ടു. ശേഷം നടന്ന പഠനഫലങ്ങള്‍ പറയുന്നത് ജീവിതത്തിന് അര്‍ഥതലം നല്‍കുന്ന ഉയര്‍ന്ന ഒരസ്തിത്വത്തിലുള്ള അവബോധം ഓക്‌സിടോസിന്‍ ഹോര്‍മോണുകള്‍ കുത്തിവയ്ക്കപ്പെട്ടവരില്‍ കൂടുതലായി ഉണ്ടാവുന്നു എന്നാണ്. സാധാരണയായിത്തന്നെ ഈ ഹോര്‍മോണുകള്‍ വിവിധ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യമസ്തിഷ്‌കത്തിലെ പ്രധാനഭാഗമായ ഹൈപ്പോതലാമസ് ഉല്‍പാദിപ്പിക്കുന്നുണ്ട്. അതിനര്‍ഥം സ്രഷ്ടാവിനെ സംബന്ധിച്ച പൊതുബോധം നൈസര്‍ഗികമായിത്തന്നെ മനുഷ്യനിലുണ്ടെന്ന് മാത്രമല്ല ആ അവബോധത്തെ വളര്‍ത്തിക്കൊണ്ടു വരുന്നതാണ് മനുഷ്യന്റെ ആന്തരിക സംവിധാനങ്ങള്‍ തന്നെ. അതായത് ദൈവം എന്നത് മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ടുകിടക്കുന്ന പരമാര്‍ഥമാണ് (Self evident truth). അല്ലാതെ പുറത്തുനിന്നും കേവലമായി പഠിച്ചെടുക്കുന്ന ഒന്നല്ല അത്. തന്നെ ചുറ്റിയുള്ള ലോകം പരമാര്‍ഥമാണെന്ന് മനുഷ്യന്‍ ശുദ്ധയുക്തിയില്‍ നിന്നുമുള്‍ക്കൊള്ളുന്ന പോലെ, നന്മയും തിന്മയും ഉണ്ടെന്ന് ഉള്‍ക്കൊള്ളുന്ന പോലെ ശുദ്ധയുക്തിയില്‍ നിന്നും അസ്തിത്വപരമായി വ്യക്തമായ ഉണ്മയാണ് ദൈവം. ഇവിടെ സ്വന്തം അസ്തിത്വത്തില്‍ നിന്ന് തന്നെ വ്യക്തമായ സത്യത്തെ നിരാകരിച്ച് അന്ധമായ ദൈവമില്ലാ സിദ്ധാന്തം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനാണ് തെളിവുകള്‍ ആവശ്യം.

രണ്ടാമതായി ഈ ശുദ്ധയുക്തിയെ നിരാകരിച്ച് അന്ധമായ ദൈവനിഷേധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരോടായി വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് സകലതിന്റെയും സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കാനും അതിലൂടെ യുക്തിയുപയോഗിച്ച് ദൈവാസ്തിത്വത്തെ മനസ്സിലാക്കാനുമാണ്.

”അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്?”(ക്വുര്‍ആന്‍ 52:35,36).

നമുക്ക് മുന്നിലൊരു പ്രപഞ്ചം നിലനില്‍ക്കുന്നുണ്ട് എന്നതൊരു സത്യമാണ്. എങ്കില്‍ അതിന്റെ ഉല്‍പത്തിക്ക് കാരണമായ സാധ്യതകളെ ഇങ്ങനെ വര്‍ഗീകരിക്കാം:

1) ഒന്നുമില്ലായ്മയില്‍ നിന്നുമുണ്ടായി.

2) സ്വയം സൃഷ്ടിച്ചു.

3) മറ്റൊരു ഭൗതിക അവസ്ഥ സൃഷ്ടിച്ചു.

4) ഭൗതികേതരമായ, കാര്യ കാരണങ്ങള്‍ക്കതീതമായ, സൃഷ്ടിക്കപ്പെടാത്ത ഒരസ്തിത്വം സൃഷ്ടിച്ചു.

നിരീശ്വരവാദത്തെ ഒരു സാധ്യതയായെങ്കിലും അംഗീകരിക്കണമെന്നുണ്ടെങ്കില്‍ മുകളില്‍ തന്നിട്ടുള്ളതില്‍ നിന്നും ആദ്യത്തെ മൂന്നെണ്ണത്തിലേതെങ്കിലുമൊന്ന് തെളിയിക്കണം. എന്നാല്‍ നിരീശ്വരാന്ധത മാറ്റിവച്ച് വിശകലനം ചെയ്താല്‍ ഇവ മൂന്നും സമ്പൂര്‍ണമായ അബദ്ധങ്ങളാണെന്ന് ശുദ്ധയുക്തിയില്‍ നിന്ന് തന്നെ വ്യക്തമാവും.

നമുക്കെല്ലാവര്‍ക്കുമറിയാം; ഒന്നുമില്ലായ്മയില്‍ നിന്നും ഒരുകാരണവും പ്രവര്‍ത്തിക്കാതെ വെറുതെഎന്തെങ്കിലും ഉണ്ടായിവരിക എന്നത് നിരര്‍ഥക സിദ്ധാന്തം മാത്രമാണെന്ന്. പൂജ്യം കൂട്ടണം പൂജ്യം കൂട്ടണം പൂജ്യം എന്നിങ്ങനെ എത്രതന്നെ കൂട്ടിയാലും ഒന്ന് എന്ന ഉത്തരം കിട്ടില്ലല്ലോ. അതുകൊണ്ട് തന്നെ ഇതിലെ ഒന്നാമത്തെ സാധ്യത യുക്തിസഹമല്ല. രണ്ടാമതായി പ്രപഞ്ചം സ്വയം സൃഷ്ടിച്ചു എന്ന് വാദിക്കണമെങ്കില്‍ സൃഷ്ടിക്കാന്‍ ആദ്യം തന്നെ ആ അസ്തിത്വം നിലനില്‍േക്കണ്ടേ? ഇല്ലാത്ത ഒന്നെങ്ങനെയാണ് സ്വയം സൃഷ്ടിക്കുക? നിങ്ങള്‍ നിങ്ങളെത്തന്നെ പ്രസവിക്കുകയായിരുന്നു എന്ന് പറയും പോലൊരു അബദ്ധ പ്രസ്താവന മാത്രമാണിതും. ഇനി ഭൗതികമായ മറ്റൊരു അവസ്ഥയാണ് ഈ പ്രപഞ്ചത്തിന് കാരണമെന്ന് വാദിച്ചാലോ? അതും യുക്തിസഹമാവില്ല! മറ്റൊരു ഭൗതിക അവസ്ഥയാണെന്നുണ്ടെങ്കില്‍ അതിന്റെ ഉല്‍പത്തിക്ക് കാരണമായതെന്തെന്ന ചോദ്യം വരും. ഇങ്ങനെ പിറകോട്ട് പോയാല്‍ കാര്യകാരണങ്ങളുടെ ഒരനന്തമായ ശ്രേണിയാവും ഉണ്ടാവുക. എന്നാലിതും സാധ്യമല്ല. അനന്തതയെന്നാല്‍ അറ്റമില്ലാത്തത് എന്നാണ്. എങ്കില്‍ പിന്നെയെങ്ങനെ അറ്റമില്ലാത്ത കാര്യകാരണ ബന്ധങ്ങളുടെ ഈയറ്റത്ത് നമ്മളുണ്ടാവും? അനന്തമായ (Infinite) രേഖയെ ഞാനിന്ന് മുറിച്ചുകടന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? ഇല്ലെങ്കില്‍ പിന്നെയെങ്ങനെ അനന്തമായ കാര്യകാരണ ബന്ധങ്ങളുടെ പിന്നാമ്പുറങ്ങളെ മുറിച്ച്കടന്ന് നാമിവിടെയെത്തും?

ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം: നിങ്ങള്‍ ഒരു പ്രവൃത്തി ചെയ്യാന്‍ പോവുന്നെന്നും അത് ചെയ്യാന്‍ മറ്റൊരാളുടെ സമ്മതം വേണമെന്നും കരുതുക. അയാള്‍ സമ്മതം നല്‍കാന്‍ മറ്റൊരാളുടെ സമ്മതവും. അതിന് മറ്റൊരാളുടെ സമ്മതവുമെന്നിങ്ങനെ ഈ ശൃംഖല പിറകോട്ട് അനന്തമായി നീണ്ടുപോകുന്നുവെന്നുമിരിക്കട്ടെ. നിങ്ങള്‍ക്കെന്നെങ്കിലും ആ പ്രവൃത്തി ചെയ്യാനുള്ള അനുവാദം വന്നെത്തുമോ? അതുപോലുള്ള, കാര്യകാരണബന്ധങ്ങളുടെ അനന്തമായ പിന്നാമ്പുറമാണ് പ്രപഞ്ചത്തിന് പിറകിലെങ്കില്‍ ആ അനന്തതയെയും താണ്ടി പ്രപഞ്ചമെന്ന ഫലം ഉണ്ടാകുമോ? ഇല്ല! അപ്പോള്‍ ഭൗതികവാദം മുന്നോട്ടുവയ്ക്കുന്ന ലോക വീക്ഷണങ്ങളെല്ലാം ഒരു സാധ്യതപോലും അവശേഷിക്കാത്ത അബദ്ധസിദ്ധാന്തങ്ങളാണെന്ന കാര്യം വ്യക്തമാണ്. എന്നുമാത്രമല്ല കാര്യകാരണ ബന്ധങ്ങള്‍ (Cause effect relation)ക്കെല്ലാം അതീതമായ സര്‍വതിനും കാരണമായ, സര്‍വതിനെയും ഈ രൂപത്തില്‍ സംവിധാനിച്ച ആദിഹേതുവായൊരസ്തിത്വം ഉണ്ടായിരിക്കുക എന്നത് മാത്രമാണ് യുക്തിപൂര്‍വമായി അവശേഷിക്കുന്ന ഏക സാധ്യതയെന്ന് വ്യക്തമാണ്.

 


ശാഹുല്‍ പാലക്കാട്
നേർപഥം വാരിക

മതരഹിത ചിന്തകളും കമ്യൂണിസവും

മതരഹിത ചിന്തകളും കമ്യൂണിസവും

ജാതിയും മതവും രേഖപ്പെടുത്താതെ ഒരു ലക്ഷത്തിലധികം കുട്ടികള്‍ സ്‌കൂള്‍ പ്രവേശനം നേടി എന്ന തെറ്റായ വാര്‍ത്തയോട് യുക്തിവാദികള്‍, വിശിഷ്യാ കമ്യൂണിസ്റ്റുകാര്‍ പ്രതികരിച്ചത് അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. മതചിന്തകള്‍ക്കെതിരെ വരുന്ന നേരിയ വിമര്‍ശനങ്ങള്‍ പോലും 'സംഗീതം പോലെ' ആസ്വദിക്കുന്ന തലത്തിലേക്ക് കേരളീയ കമ്യൂണിസ്റ്റുകള്‍ മാറിപ്പോയതെങ്ങനെ? ഏതൊരു സൈദ്ധാന്തിക അടിത്തറയാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രേരകമായി വര്‍ത്തിക്കുന്നത്?

ജാതിയും മതവും രേഖപ്പെടുത്താതെ ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന കുട്ടികള്‍ സ്‌കൂള്‍ പ്രവേശനം നേടി എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ ആഘോഷപൂര്‍വമാണ് ഇടതുപക്ഷ അനുഭാവികള്‍ വിശിഷ്യാ കമ്യൂണിസ്റ്റ് അനുഭാവികള്‍ സ്വീകരിച്ചത്. കണക്കുകള്‍ പിന്നീട് തിരുത്തിയെങ്കിലും അത്തരമൊരു വാര്‍ത്ത അവരുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് ഇടനാഴികളില്‍ നിന്നുയര്‍ന്നു വരുന്ന ആദ്യത്തെ ‘മതനിരപേക്ഷ പ്രതികരണമല്ല’ ഇതെന്ന് നമുക്കറിയാം. മതമില്ലാത്ത ജീവനും മതരഹിത സമൂഹവുമെല്ലാം കേരളത്തിന്റെ കമ്യൂണിസ്റ്റ് അനുയായികള്‍ക്ക് ഇഷ്ടവിഷയങ്ങളായി മാറിയിട്ട് കുറച്ചു കാലമായി. മതത്തിന്റെ ഉള്ളില്‍ തന്നെയുള്ള കാര്യങ്ങളെ വിമര്‍ശിക്കാനും അതിലെ വ്യക്തി സ്വാതന്ത്ര്യവും സ്ത്രീ സ്വാതന്ത്ര്യവും എല്ലാം ചര്‍ച്ചയാക്കാനും അവര്‍ മുതിരുന്നു. മതപ്രബോധനത്തെ വര്‍ഗീയമായി ചിത്രീകരിക്കാനും പ്രബോധകരുടെ വാക്കുകളെ മ്ലേച്ഛമായി അവതരിപ്പിക്കാനും ശ്രമിക്കുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ടെങ്കിലും കമ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നുള്ള അത്തരം ശബ്ദങ്ങള്‍ സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. പൊതുവെ ‘മതനിരപേക്ഷത പുലര്‍ത്തുന്നവര്‍’ എന്നറിയപ്പെടുന്ന അവരില്‍ ‘സംഘിസം’ ഉണ്ടോ എന്നു സംശയിക്കുന്ന വിശ്വാസികളും കുറവല്ല. ഈ ഒരു പശ്ചാത്തലത്തില്‍ കമ്യൂണിസം എങ്ങനെയാണ് മതത്തെ കാണുന്നത് എന്നും മതവും കമ്യൂണിസവും ആശയപരമായി ഏതു തലങ്ങളില്‍ നില്‍ക്കുന്നു എന്നും ആദര്‍ശപരമായി പരിശോധിക്കാനുള്ള ഒരെളിയ ശ്രമം നടത്തുകയാണ്.

വ്യാവസായികവിപ്ലവം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് മാര്‍ക്‌സ് ജീവിച്ചിരുന്നത്. മുതലാളിമാര്‍ മുതല്‍മുടക്കി വ്യവസായസ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും തൊഴിലാളികള്‍ കേവലം കൂലിവേലക്കാരാവുകയും ചെയ്യുന്ന കാലഘട്ടത്തില്‍. ചെറിയ കൂലി കൊടുത്ത് വലിയ ലാഭം കൊയ്യുന്ന, ചെറിയ മുതലാളിമാരെ മത്സരത്തിലൂടെ തോല്‍പിക്കുന്ന ബൂര്‍ഷ്വാ മുതലാളിമാര്‍ സമൂഹത്തില്‍ സൃഷ്ടിച്ച കടുത്ത സാമ്പത്തിക അസമത്വവും അനീതിയുമായിരിക്കണം തൊഴിലാളികളുടെ മോചനത്തിന് വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്ത കമ്യൂണിസമെന്ന ആശയമായി അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് രൂപപ്പെടാനുണ്ടായ കാരണം. മാര്‍ക്‌സിനു ചുറ്റുമുണ്ടായിരുന്ന മതമാവട്ടെ തൊഴിലാളികളുടെ അവസ്ഥ വെറും പരീക്ഷണമാണ് എന്നും നാളെയുടെ സ്വര്‍ഗത്തിന് വേണ്ടി എല്ലാം സഹിക്കാന്‍ തയ്യാറാവണം എന്നും ഉല്‍ബോധിപ്പിച്ചു. സ്വാഭാവികമായും മാര്‍ക്‌സിന്റെ അന്വേഷണങ്ങളില്‍ മതത്തിനും ദൈവത്തിനും സ്ഥാനമില്ലാതെയായി. ഹെഗലിന്റെയും ഫോയര്‍ബാക്കിന്റെയും എപ്പിക്യൂറസിന്റെയും ഡെമോക്രാറ്റിസിന്റെയുമെല്ലാം ഭൗതികവാദ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചു. അതില്‍ നിന്നാണ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം മതത്തിനും ദൈവത്തിനും കടന്നുവരാന്‍ യാതൊരു പഴുതുമില്ലാത്ത ‘ചരിത്രവും വൈരുധ്യാത്മകവുമായ ഭൗതികവാദമായി’ മാറുന്നത്.

ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന്റെ അടിസ്ഥാനമായി അനാദികാലം മുതല്‍ക്കേ നിലനില്‍ക്കുന്നത് ‘ഭൗതികവസ്തു’ മാത്രമാണ്. ചലനാത്മകവും വൈരുധ്യാത്മകവുമായ അതിന്റെ സ്വഭാവംമൂലം പ്രപഞ്ചത്തില്‍ പരിണാമം ഉണ്ടാവുകയും വിരുദ്ധ ശക്തികളുടെ സംഘട്ടനം മൂലം പുരോഗതിയുണ്ടാവുകയും ചെയ്യുന്നു. ഈ വൈരുധ്യാത്മക സ്വഭാവം മൂലമാണ് പ്രപഞ്ചത്തില്‍ സകല വസ്തുക്കളുമുണ്ടായത്. പ്രപഞ്ച വീക്ഷണത്തിന് ഉപയോഗിച്ച ഇതേ സിദ്ധാന്തം തന്നെയാണ് മാനവ ചരിത്രത്തെ നിര്‍വചിക്കാനും നിര്‍ണയിക്കാനും മാര്‍ക്‌സ് ഉപയോഗിച്ചത്. വൈരുധ്യങ്ങളുടെ സംഘട്ടനത്തിലൂടെയാണ് മാനവ ചരിത്രവും പുരോഗമിച്ചത് എന്നും വര്‍ഗസമരങ്ങള്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് നിദാനമായി എന്നും മാര്‍ക്‌സ് പറഞ്ഞു വെച്ചു. തങ്ങളെ ചൂഷണം ചെയ്യുന്ന മുതലാളി വര്‍ഗത്തിനെതിരെ ചൂഷിതരായ തൊഴിലാളി വര്‍ഗം സമരം ചെയ്യും. ആ പരസ്പര സംഘട്ടനത്തിലൂടെ മുതലാളി വര്‍ഗം ദുര്‍ബലമാവുകയും തൊഴിലാളി വര്‍ഗത്തിന് അനുകൂലമായ സാമൂഹ്യ സാഹചര്യം വരികയും ചെയ്യും. കര്‍ക്കശമായ സോഷ്യലിസ്റ്റ് ഭരണത്തിലൂടെ സ്വകാര്യസ്വത്ത് പൂര്‍ണമായും നശിക്കുകയും മനുഷ്യന്റെ സ്വാര്‍ഥത നശിക്കുകയും കുറ്റകൃത്യങ്ങളും അക്രമവും മാത്സര്യബുദ്ധിയും പൂര്‍ണമായും ഇല്ലാതെയാവുകയും ചെയ്യും. അങ്ങനെ കമ്യൂണിസം എന്ന സമത്വസുന്ദര ലോകം ഈ ഭൂമിയില്‍ സ്ഥാപിക്കപ്പെടും. ഇതാണ് ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ കമ്യൂണിസം മുന്നോട്ട് വെക്കുന്ന ആശയം.

ഈ ആശയത്തില്‍ നിന്നു കൊണ്ടാണ് മതവുമായും വിശ്വാസികളുമായും കമ്യൂണിസം സംവദിക്കുന്നത് എന്നാണ് നാം ഒന്നാമതായി മനസ്സിലാക്കേണ്ടത്. തികഞ്ഞ ഭൗതികവാദമായ കമ്യൂണിസത്തിന് ഒരിക്കലും ദൈവത്തെയോ മതത്തെയോ അംഗീകരിക്കാന്‍ ആവില്ല. പക്ഷേ, വര്‍ഗസമരത്തില്‍, കമ്യൂണിസമെന്ന സ്വപ്‌ന പ്രയാണത്തില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ വിശ്വാസികളെന്നോ അവിശ്വാസികളെന്നോ വേര്‍തിരിക്കാനും അതിനാവില്ല. ജനങ്ങളുടെ മനസ്സിലാണെങ്കില്‍ ദൈവവും മതവുമെല്ലാം ആഴത്തില്‍ പതിഞ്ഞു പോയിട്ടുമുണ്ട്. അതിനു നേരെ കണ്ണടക്കാനുമാവില്ല. ഈ ഒരു സങ്കീര്‍ണതയില്‍ നിന്നാണ് മതത്തെ നിര്‍വചിക്കാനും അതിനെ എങ്ങനെ സമീപിക്കണം എന്ന് പറയാനും കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ തുനിഞ്ഞത്. മതത്തെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസത്തിന്റെ അഭിപ്രായം മാര്‍ക്‌സിന്റെ തന്നെ പ്രസിദ്ധമായ പരാമര്‍ശത്തെ ഉദ്ധരിക്കാതെ തുടങ്ങാനാവില്ല. അതിങ്ങനെയാണ്:

 

‘മര്‍ദിതരുടെ നേടുവീര്‍പ്പാണ് മതം. ഹൃദ്യശൂന്യമായ ലോകത്തിന്റെ ഹൃദ്യമാണത്. ചൈതന്യരഹിത അവസ്ഥയിലെ ചൈതന്യമാണത്. അത് ജനങ്ങളെ മയക്കുന്ന കറുപ്പ് ആണ്.” (മാര്‍ക്‌സ് ഹെഗലിന്റെ നിയമ ദര്‍ശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന).

ഇതില്‍ മര്‍ദിതന്റെ നെടുവീര്‍പ്പായും ലോകത്തിന്റെ ഹൃദയമായും ചൈതന്യമായുമെല്ലാം മതത്തെ പറയുമ്പോഴും അതിനെ മനുഷ്യനെ മയക്കുന്ന കറുപ്പ് അല്ലെങ്കില്‍ അവനെ ബാധിച്ച ലഹരിയായി അവതരിപ്പിക്കുന്നതിലൂടെ മതമെന്ന ആശയത്തിന്റെ ‘നിരര്‍ഥകത’ ലോകത്തെ ബോധ്യപ്പെടുത്താനാണ് മാര്‍ക്‌സ് ശ്രമിക്കുന്നത്. ലഹരി കൃത്രിമമായ ഒരു ലോകം നമുക്ക് മുന്നില്‍ സൃഷ്ടിക്കുമല്ലോ. അത്തരം കൃത്രിമമായ ആശ്വാസമാണ് മതം നല്‍കുന്നത് എന്നും മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മതം മനുഷ്യനില്‍ നിന്ന് മറച്ചു പിടിക്കുന്നുവെന്നുമാണ് മാര്‍ക്‌സ് പറഞ്ഞതിന്റെ സാരം. കേവല യുക്തിവാദികളില്‍ നിന്ന് മാര്‍ക്‌സിയന്‍ ഭൗതികവാദികളെ വേര്‍തിരിക്കുന്നത് മാര്‍ക്‌സിസത്തിന്റെ ഈ വീക്ഷണമാണ്. അവര്‍ മതത്തെ തീവ്രമായി എതിര്‍ക്കുകയോ ശത്രു പക്ഷത്തു നിര്‍ത്തുകയോ ചെയ്യുന്നില്ല. മറിച്ച് അതൊരു ലഹരിയാണ് എന്ന് മനുഷ്യനെ ഉല്‍ബോധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

പ്രസ്തുത വചനത്തിലെ ‘കറുപ്പ്’ എന്ന പ്രയോഗവും പോസിറ്റിവ് ആയാണ് മാര്‍ക്‌സ് പ്രയോഗിച്ചത് എന്നു ചില കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രസംഗിച്ചു നടക്കാറുണ്ട്. ‘കറുപ്പ്’ ആ കാലഘട്ടത്തില്‍ വേദനാസംഹാരിയായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും മതം മനുഷ്യന്റെ വേദനകള്‍ മാറ്റുന്ന വേദനാ സംഹാരിയായി വര്‍ത്തിക്കുന്നുവെന്നുമാണ് അവര്‍ ഉന്നയിക്കുന്ന ന്യായം. ഇത് നമുക്ക് രണ്ടു രീതിയില്‍ ഖണ്ഡിക്കാനാകും. ഒന്ന് യാതൊരു വ്യാഖ്യാനവും മാര്‍ക്‌സിന്റെ വചനത്തിന് നല്‍കാതെ മാര്‍ക്‌സ് ഉദ്ദേശിച്ചത് എന്താണ് എന്ന് മാര്‍ക്‌സില്‍ നിന്നു തന്നെ മനസ്സിലാക്കുക. അതിനു ഈ വചനങ്ങള്‍ക്ക് ശേഷം മാര്‍ക്‌സ് പറഞ്ഞത് എന്താണ് എന്ന് നമുക്ക് പരിശോധിക്കാം:

‘ജനങ്ങളുടെ മിഥ്യാ സുഖമായ മതത്തെ ഇല്ലാതാക്കുന്നത് അവരുടെ യഥാര്‍ഥ സുഖത്തിന് ആവശ്യമാണ്. ഈ അവസ്ഥയെക്കുറിച്ചുള്ള വ്യാമോഹങ്ങള്‍ ത്യജിക്കാനുള്ള ആഹ്വാനം, ഈ വ്യാമോഹങ്ങള്‍ ആവശ്യമാക്കുന്ന സ്ഥിതി ത്യജിക്കാനുള്ള ആഹ്വാനമാണ്. അതിനാല്‍ മത്തെക്കുറിച്ചുള്ള വിമര്‍ശനം ദുഃഖസാഗരത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ഭ്രൂണരൂപമാണ്. ഈ ദുഃഖസാഗരത്തിന്റെ പരിവേഷമത്രെ മതം.

വിമര്‍ശനം ചങ്ങലയില്‍ നിന്ന് സാങ്കല്‍പിക പുഷ്പങ്ങളെ പറിച്ചെടുക്കുന്നത്, മനുഷ്യന്‍ മിഥ്യാബോധമോ ആശ്വാസമോ കൂടാതെ ചങ്ങല അണിയുമെന്ന് കരുതിയിട്ടല്ല. മറിച്ച്, അവന്‍ ചങ്ങല പൊട്ടിച്ചെറിഞ്ഞു ജീവനുള്ള പൂവിറുക്കുമെന്നു കരുതിയാണ്. മതത്തിന്റെ വിമര്‍ശനം, മനുഷ്യനെ മിഥ്യയില്‍ നിന്നും മുക്തനും പ്രജ്ഞയിലേക്ക് വന്നവനുമായ ഒരാളെപ്പോലെ, ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും അവന്റെ യാഥാര്‍ഥ്യം രൂപപ്പെടുത്താനും ശക്തനാക്കുന്നു. അത്‌കൊണ്ട് അവന്‍ തനിക്ക് ചുറ്റും, തന്റെ സത്യസൂര്യനു ചുറ്റും, പ്രദക്ഷിണം വെക്കും. മനുഷ്യന്‍ തനിക്ക് ചുറ്റും പ്രദക്ഷിണം വെക്കാത്തിടത്തോളം കാലം മാത്രം മനുഷ്യന് ചുറ്റും കറങ്ങുന്ന മിഥ്യാസൂര്യനാണ് മതം.” (അതേ പുസ്തകം. പ്രസ്തുത വചനത്തിന് ശേഷമുള്ള ഭാഗം).

സംശയങ്ങള്‍ക്ക് ഇടയില്ലാത്തവിധം സ്പഷ്ടമാണ് മാര്‍ക്‌സ് പറഞ്ഞതിന്റെ ആശയം. മതം കറുപ്പായി (ലഹരിയായി) മനുഷ്യന് മിഥ്യാ സുഖം നല്‍കുന്നു. അവന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അത് മറച്ചു പിടിക്കുന്നു. അത് കൊണ്ട് തന്നെ അതിനെ ഇല്ലാതെയാക്കുക എന്നത് കമ്യൂണിസത്തെ സംബന്ധിച്ചിടത്തോളം നന്മയാണ്. മനുഷ്യന് അവന്റെ യഥാര്‍ഥ സുഖം നേടിക്കൊടുക്കാനുള്ള പരിശ്രമം.

രണ്ടാമതായി, മാര്‍ക്‌സിയന്‍ വചനത്തിന് ഇവര്‍ നല്‍കിയ അര്‍ഥം നാം മുഖവിലക്കെടുത്തു എന്നു കരുതുക. എങ്കിലും അതിനെ ഖണ്ഡിക്കാന്‍ എളുപ്പമാണ്. വേദനാസംഹാരികള്‍ ഒരിക്കലും രോഗം മാറ്റുകയില്ല എന്ന് നമുക്കറിയാമല്ലോ. മറിച്ച് അത് താല്‍ക്കാലിക ആശ്വാസം നല്‍കുക മാത്രമാണ് ചെയ്യുന്നത്. മതം വേദനസംഹാരിയാണ് എന്ന് പറയുക വഴി മനുഷ്യന്റെ പ്രയാസങ്ങളെ ദൂരീകരിക്കാന്‍ മതത്തില്‍ പരിഹാരങ്ങളില്ല, മറിച്ച് അത് താല്‍ക്കാലിക ആശ്വാസം മാത്രം നല്‍കുന്നു എന്ന് മാര്‍ക്‌സ് പറയാന്‍ ശ്രമിച്ചു എന്നല്ലേ അതിനര്‍ഥം? അങ്ങനെ നോക്കുമ്പോഴും ലഹരി എന്നതിനും വേദനസംഹാരി എന്നതിനും പ്രത്യേകിച്ച് അര്‍ഥവ്യത്യാസങ്ങള്‍ ചമക്കേണ്ട ആവശ്യമില്ലല്ലോ. കമ്യൂണിസ്റ്റ് ആചാര്യന്മാരും ചിന്തകരുമെല്ലാം ഇതേ വീക്ഷണത്തില്‍ തന്നെയാണ് മതത്തെ നോക്കിക്കണ്ടതും. ഈ വചനത്തിന് അതില്‍ കവിഞ്ഞ് ഒരര്‍ഥം ആരും കാണുകയും ഉണ്ടായില്ല. ലെനിന്‍ പറയുന്നത് കാണുക:

”മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ‘ മതത്തെ സംബന്ധിച്ചിടത്തോളം ഉള്ള മാര്‍ക്‌സിന്റെ പരിപൂര്‍ണ നിഗമനം ഈ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെ മതങ്ങളെയും പള്ളികളെയും എല്ലാതരത്തിലുമുള്ള മതസംഘടനകളെയും തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യാനും അവരെ കൃത്രിമ ലഹരിയിലാഴ്ത്താനുമുള്ള ഉപകരണങ്ങള്‍ ആയിട്ടാണ് മാര്‍ക്‌സിസം കരുതുന്നത്” (മതത്തോടുള്ള തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സമീപനം: ലെനിന്‍).

മാര്‍ക്‌സിസത്തെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ച ലെനിന്‍ ഈ തത്ത്വം മുറുകെ പിടിച്ചുകൊണ്ടു തന്നെയാണ് തൊഴിലാളി വര്‍ഗത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചതും. അദ്ദേഹം എഴുതുന്നു:

”നാഗരിക ജീവിതത്തില്‍ പ്രബുദ്ധനായ തൊഴിലാളി മതവിധിയെ അവജ്ഞയോടെ വലിച്ചെറിയുന്നു. സ്വര്‍ഗത്തെ പുരോഹിതന്മാര്‍ക്കും ബൂര്‍ഷാ മതഭ്രാന്തന്മാര്‍ക്കുമായി വിട്ടുകൊടുത്ത് ഈ ഭൂമിയില്‍ മികച്ച ജീവിതം കെട്ടിപ്പടുക്കാന്‍ മതത്തിന്റെ മൂടല്‍മഞ്ഞിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രത്തിന്റെ സഹായം തേടുകയും വര്‍ത്തമാനകാലത്ത് മികച്ച ജീവിതത്തിനു വേണ്ടി പൊരുതാന്‍ തൊഴിലാളികളെ ഒരുമിച്ച് ചേര്‍ത്ത് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തില്‍ നിന്ന് അവരെ വിടര്‍ത്തിയെടുക്കുകയും ചെയ്യുന്ന സോഷ്യലിസത്തിന്റെ ഭാഗമാണ് ഇന്നത്തെ തൊഴിലാളി വര്‍ഗം” (ലെനിന്‍ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും സംസ്‌കാരവും).

മതമെന്ന ലഹരിയെ മനുഷ്യമനസ്സുകളില്‍ നിന്ന് തൂത്തെറിയാന്‍ മാര്‍ക്‌സിസത്തിനു നിശ്ശേഷം സാധിക്കുമെന്ന വിശ്വാസം കൊണ്ടാണ് ലെനിന്‍ ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം ജനങ്ങളോട് ഇങ്ങനെ വിളിച്ചു പറഞ്ഞത്:

”നാം ദൈവവുമായി മല്ലിടും. അത്യുന്നത സ്വര്‍ഗത്തില്‍ വെച്ച് അവനെ നാം കീഴടക്കും. അവന്‍ അഭയം തേടുന്നിടത്തെല്ലാം ചെന്ന് നാം അവനെ ശാശ്വതമായി നിഗ്രഹിക്കും.”

കമ്യൂണിസമെന്ന സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള പരിശ്രമത്തില്‍ വിലങ്ങുതടിയാവുന്ന മതവിശ്വാസം സ്വാഭാവികമായും വിപ്ലവപ്രസ്ഥാനങ്ങളുടെ ചരടുവലിക്കുന്നവരില്‍ ഉണ്ടായിക്കൂടല്ലോ. തൊഴിലാളി വര്‍ഗത്തില്‍ ആകട്ടെ മുന്‍പേ പറഞ്ഞ പോലെ വിശ്വാസികളുടെ എണ്ണം ചിലപ്പോള്‍ കൂടുതലും ആയേക്കാം. അത്തരം സാഹചര്യങ്ങളില്‍ പോലും മൗലികമായ ആദര്‍ശത്തെ കയ്യൊഴിഞ്ഞുകൊണ്ട് തീരുമാനങ്ങള്‍ എടുക്കാന്‍ കമ്യൂണിസ്റ്റുകള്‍ ശ്രമിച്ചിട്ടില്ല എന്ന് കമ്യൂണിസം പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ച നാടുകളുടെ ചരിത്രം പരിശോധിച്ചാല്‍ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. മതവിശ്വാസികളുടെ പാര്‍ട്ടി അംഗത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഇ.എം.എസ് പറയുന്നത് നോക്കൂ:

”സോവിയറ്റ് യൂണിയനും ഇന്ത്യയും അടക്കം എല്ലാ രാജ്യങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വത്തിനുള്ള പ്രാഥമികമായ വ്യവസ്ഥ പാര്‍ട്ടിയുടെ പരിപാടികളും ചട്ടങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ്. അതുണ്ടെങ്കില്‍ ഏതൊരാള്‍ക്കും പാര്‍ട്ടി അംഗത്വത്തിന് അപേക്ഷിക്കാം; അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തിന് ബോധ്യപ്പെട്ടാല്‍ അംഗത്വം കിട്ടുകയും ചെയ്യും. അതിനു മതവിശ്വാസം ഉപേക്ഷിക്കുക എന്ന ഒരു മുന്‍ ഉപാധി ഇല്ല.

പക്ഷേ, തുടക്കത്തില്‍ മതവിശ്വാസി ആണെങ്കിലും വൈരുധ്യാത്മക ഭൗതിക വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ടിയില്‍ അംഗത്വം കിട്ടുന്നതോടെ ഭൗതികവാദത്തിന്റെ ദാര്‍ശനിക സമീപനം ഉള്‍കൊള്ളാന്‍പാര്‍ട്ടി മെമ്പറായ ഓരോ ആളും പരിശ്രമിക്കണം. അതിന്റെ ഫലം സദാ പാര്‍ടി അവലോകനം ചെയ്തു കൊണ്ടിരിക്കും. എന്ന് വെച്ചാല്‍ മതവിശ്വാസത്തില്‍ നിന്ന് മാര്‍ക്‌സിസത്തിലേക്കുള്ള പുരോഗതി പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പാര്‍ട്ടി അംഗത്വം നേടുന്ന വ്യക്തിയും അദ്ദേഹത്തെ നയിക്കുന്ന പാര്‍ട്ടിയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.”(ഇ.എം.എസ്: മതവിശ്വാസവും കമ്യൂണിസ്റ്റുകാരും). 

”മാര്‍ക്‌സിസ്റ്റുകാരന്‍ ഭൗതികവാദിയായിരിക്കണം. അതായത് മതത്തിന്റെ ശത്രു.” (ഇ.എം.എസ് സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്‌സിസം) എന്നു പറഞ്ഞതും ഇതേ ഇ.എം.എസ് തന്നെയാണ്. ചുരുക്കത്തില്‍ മൗലികമായി തന്നെ കമ്യൂണിസം മതത്തെ അംഗീകരിക്കുന്നില്ല എന്നും അതിനു കാരണം അതിന്റെ ഭൗതികവാദപരമായ വീക്ഷണമാണ് എന്നും നാം മനസ്സിലാക്കിയല്ലോ. കമ്യൂണിസത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് മതരഹിതമായ ഒരു സാമൂഹ്യ സാഹചര്യം കെട്ടിപ്പടുക്കേണ്ടത് കമ്യൂണിസത്തിന്റെ ആവശ്യമായത് കൊണ്ടാണ് അത്തരം ആദര്‍ശങ്ങള്‍ അവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മതത്തെ പ്രതിക്കൂട്ടിലാക്കുന്ന സംവാദങ്ങള്‍ സജീവമായി നിര്‍ത്തുന്നതിന്റെ പിന്നിലും ഇതേ അടവുനയം തന്നെയാണ് കമ്യൂണിസ്റ്റുകള്‍ പയറ്റുന്നത്. കമ്യൂണിസത്തിന്റെ മതവിമര്‍ശനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് വിശ്വാസികളെ ‘ചിന്തിപ്പിക്കാം’ എന്നും സ്വന്തം വിശ്വാസത്തെ കുറിച്ചുള്ള സംശയങ്ങള്‍ അവരില്‍ ജനിപ്പിക്കുമെന്നും അവര്‍ വ്യാമോഹിക്കുന്നു. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ മതവിമര്‍ശനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ മുഖവുരയില്‍ കെ.ഇ.എന്‍ ഇങ്ങനെ എഴുതിയത്:

”മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് സമീപനങ്ങള്‍ വ്യക്തമാക്കുന്ന ഈ സമാഹാരം സാമാന്യബോധത്തിന്റെ ശീതളഛായയില്‍ സ്വസ്ഥരായിരിക്കുന്നവരെ അസ്വസ്ഥരാക്കും. വിടര്‍ന്ന് നില്‍ക്കുന്ന പൂക്കളെ നോക്കി പുളകിതരാകുന്നവരെ അത് വേരിന്റെ പരുക്കന്‍ അവസ്ഥകളിലേക്ക് വലിച്ചെറിയും. അന്തിമമായ ഉത്തരങ്ങളില്‍ തലചായ്ച്ചുറങ്ങുന്നവരെ ചോദ്യങ്ങളുടെ അശാന്തമായ സമുദ്രങ്ങളിലേക്ക് അത് പിടിച്ചു തള്ളും. എല്ലാം കണ്ടെത്തിക്കഴിഞ്ഞു എന്ന അലസ സംതൃപ്തിക്കുമേല്‍ അന്വേഷണത്തിന്റെ തീജ്വാലകളായ് ആളിക്കത്തും. സ്വന്തം സാധ്യതകളെ ബാധ്യതകളായി മാറ്റുന്ന ‘തത്ത്വചിന്താപരമായ വീഴ്ചകള്‍ക്കെതിരെ’ ഈ പുസ്തകം പിന്മടക്കമില്ലാത്ത ഒരു വെല്ലുവിളിയായി, ഇനിയും മരവിച്ചിട്ടില്ലാത്ത മനസ്സുകളില്‍ ചിന്തയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കും” (മതത്തെപ്പറ്റി, മുഖവുര: കെ.ഇ.എന്‍).

പക്ഷേ, യഥാര്‍ഥ വിശ്വാസികളെ അസ്വസ്ഥരാക്കാനോ സംശയത്തിലാക്കാനോ കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ല. അതിന്റെ നിരാശയില്‍ നിന്നാകണം ആധുനിക കമ്യൂണിസ്റ്റുകള്‍ മതത്തെ കടന്നാക്രമിച്ചു കൊണ്ട് പ്രതികരിക്കുന്നത്. ‘കമ്യൂണിസം എന്ന സ്വര്‍ഗ’ത്തിന് വേണ്ടി പണിയെടുക്കാന്‍ വിശ്വാസികള്‍ തയ്യാറായേക്കും എന്ന വിശ്വാസത്തിന് ഭംഗം വരുന്നത് കൊണ്ടായിരിക്കും ഒരുപക്ഷേ, മത പ്രബോധനവും ബോധവല്‍ക്കരണവും എല്ലാം അവര്‍ക്ക് അനിഷ്ടകരമായ സംഗതികളായി ഭവിക്കുന്നത്. അല്ലാത്ത വ്യാഖ്യാനങ്ങളെല്ലാം അസ്ഥാനത്താണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

 

അഫ്താബ് കണ്ണഞ്ചേരി
നേർപഥം വാരിക

തുരുമ്പിച്ച അളവുകോല്‍ കൊണ്ട് മതത്തെ അളക്കുന്ന യുക്തിവാദം

തുരുമ്പിച്ച അളവുകോല്‍ കൊണ്ട് മതത്തെ അളക്കുന്ന യുക്തിവാദം

മാനവികതയുടെ ശത്രുവായും ചൂഷണങ്ങളുടെ പ്രചോദനമായും പൗരോഹിത്യത്തിന്റെയും അടിമത്തത്തിന്റെയും തത്ത്വശാസ്ത്രമായും മതത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന യുക്തിവാദി സാഹിത്യങ്ങള്‍ സുലഭമാണ്. മതങ്ങളെ മൊത്തത്തില്‍ അളക്കുവാന്‍ യുക്തിവാദികള്‍ക്ക് മുന്‍നിര്‍ണിതങ്ങളായ ചില അളവുകോലുകളുണ്ട്. തുരുമ്പെടുത്തു നശിച്ചതാണെങ്കിലും ഇന്നും അതേ അളവുകോലുകള്‍ തന്നെയാണ് അവര്‍ ഉപയോഗിക്കുന്നത്. സ്രഷ്ടാവിന്റെ മഹിത ദര്‍ശനങ്ങളെ വിലയിരുത്താന്‍ യുക്തിവാദികളുടെ നിലവാരമില്ലാത്ത ഇത്തരം മാനദണ്ഡങ്ങള്‍ പര്യാപ്തമോ? പഠന-മനനങ്ങള്‍ക്ക് പുതിയ വാതായനങ്ങള്‍ തുറന്ന പുതിയ കാലത്ത് ഇവര്‍ക്ക് എങ്ങനെ മതവിമര്‍ശനങ്ങള്‍ സാധ്യമാവും? സുചിന്തിതമായ അവലോകനം.

കേരളീയ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചാവകാശികളാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്നവരാണ് കേരളത്തിലെ യുക്തിവാദികള്‍. നവോത്ഥാനവുമായും നവോത്ഥാന നായകരുമായും ബന്ധമുണ്ടെന്നുള്ള ഇവരുടെ അവകാശവാദം സ്വന്തം ചരിത്രശൂന്യതയ്ക്ക് മറയിടാനായി ഉന്നയിക്കുന്നതാണ് എന്നതാണ് വാസ്തവം. ഇവര്‍ക്ക് വാസ്തവത്തില്‍ സ്വന്തമായി ഒരു തത്ത്വശാസ്ത്രമോ ആചാര്യനോ ഇല്ല. വ്യക്തി കേന്ദ്രിതമായ ചില ആശയങ്ങളിലൂടെ വികാസം പ്രാപിച്ചുവന്ന ശിഥില ചിന്തകള്‍ യുക്തിവാദത്തിന്റെ മേല്‍വിലാസത്തില്‍ അറിയപ്പെടുകയാണുണ്ടായത് എന്നു കാണാം. ആദ്യം മുതല്‍ക്കു തന്നെ നിലനില്‍ക്കുന്ന ഈ പ്രശ്‌നമാണ് കേരളത്തിലെ യുക്തിവാദത്തെ എന്നും അഭ്യന്തരമായും ബാഹ്യമായും ശിഥിലീകരിച്ചകൊണ്ടിരുന്നത്. 

സംഘടനാസംവിധാനത്തെ അംഗീകരിക്കുന്നവരും സ്വതന്ത്രനിലപാടുകളെ പിന്തുടരുന്നവരും രാഷ്ട്രീയ ഇടപെടലുകള്‍ ആവശ്യപ്പെടുന്നവരും അരാഷ്ട്രീയ മുഖഛായ പിന്തുടരുന്നവരുമായി കേരളത്തിലെ യുക്തിവാദികള്‍ ചേരിതിരിഞ്ഞത് തുടക്കം മുതലേ അവര്‍ക്കിടയിലുണ്ടായിരുന്ന ആശയപരമായ അവ്യക്തതകളുടെ തുടര്‍ച്ചയാണ്. വ്യക്തിനിഷഠമായ കാരങ്ങളാല്‍ മതത്തോടും സാമൂഹ്യ ചിന്തകളോടും വേര്‍തിരിഞ്ഞു നിന്നവര്‍ സ്വതന്ത്ര ചിന്തയുടെയും മതനിഷേധത്തിന്റെയും ചില പാശ്ചാത്യ ആശയധാരകളുടെയും സഹായത്തോടെ സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക് യുക്തിവാദം എന്ന് വിളിച്ചു എന്ന് പറയുന്നതാണ് ശരി.

സ്വന്തം ദൗര്‍ബല്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് മതങ്ങള്‍ക്കുനേരെ, വിശിഷ്യാ ഇസ്‌ലാമിനു നേരെ വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്നതില്‍ യുക്തിവാദി ഗ്രൂപ്പുകള്‍ മതസരിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. 

‘ലോകത്തെങ്ങും അക്രമവും രക്തച്ചൊരിച്ചിലും നടന്നുകൊണ്ടിരിക്കുന്നു; അതിന്റെ മൂലകാരണം മതങ്ങളാണ്. അതിനാല്‍ മതങ്ങള്‍ നശിച്ച് ഇല്ലാതായിത്തീരേണ്ടതുണ്ട്’ എന്നാണ് യുക്തിവാദികള്‍ വര്‍ഷങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മതത്തിന്റെ നന്മകളെ പാടെ നിഷേധിക്കുകയും മനുഷ്യന്റെ സംസ്‌കാരവും മൂല്യബോധവും നിര്‍ണയിക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്കിനെ വിസ്മരിക്കുകയും ചെയ്യുന്ന യുക്തിവാദികള്‍ മതത്തിന്റെ നാശം മാനവികതയുടെ ഒരാവശ്യമായി ഉയര്‍ത്തിക്കാണിക്കുന്നത് വാസ്തവത്തില്‍ യുക്തിഹീനമായ നിലപാടാണ്. 

മാനവികതയുടെ ശത്രു, മനുഷ്യരാശിയുടെ പതനത്തിന്റെയും തിന്മകളുടെയും ഉത്ഭവകേന്ദ്രം, അവസാനിക്കാത്ത ചൂഷണങ്ങളുടെ പ്രചോദനം, പൗരോഹിത്യത്തിന്റെയും അടിമത്തത്തിന്റെയും തത്ത്വശാസ്ത്രം എന്നിങ്ങനെ മതത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന യുക്തിവാദി സാഹിത്യങ്ങള്‍ സുലഭമാണ്. മതങ്ങളെ മൊത്തത്തില്‍ അളക്കുവാന്‍ യുക്തിവാദികള്‍ക്ക് മുന്‍നിര്‍ണിതങ്ങളായ ചില അളവുകോലുകളുണ്ട്. തുരുമ്പെടുത്തു നശിച്ചതാണെങ്കിലും ഇന്നും അതേ അളവുകോലുകള്‍ തന്നെയാണ് അവര്‍ ഉപയോഗിക്കുന്നത്. മതം നിര്‍വഹിക്കുന്ന മാനവിക ദൗത്യം തിരിച്ചറിയാനും പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ മാനവവിരുദ്ധ ക്രൈസ്തവ മതകീയതയില്‍ നിന്ന് സ്വഭാവത്തിലും ഗുണത്തിലും വേറിട്ടുനില്‍ക്കുന്ന ശരിയായ ദൈവികമതത്തെ തിരിച്ചറിയുവാനും യുക്തിവാദികള്‍ ശ്രമിക്കാറില്ല; അല്ലെങ്കില്‍ അത് ബോധ്യമായിട്ടും അന്ധമായ എതിര്‍പ്പില്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യരാശിയെ വേട്ടയാടുന്ന അസ്തിത്വശൂന്യതയുടെ മറുമരുന്നായി വര്‍ത്തിക്കുന്ന ദൈവിക മതത്തിന്റെ സവിശേഷധര്‍മങ്ങള്‍ കണ്ടെത്തുവാന്‍ ബാലിശങ്ങളായ പ്രതിവാദങ്ങളെ മുറുകെ പിടിക്കുന്ന യുക്തിവാദികളുടെ മര്‍ക്കടമുഷ്ടി അനുവദിക്കുന്നില്ല എന്നതാണ് വസ്തുത.

സമൂഹത്തിലെ എല്ലാ അധാര്‍മികതകളുടെയും പിതൃത്വം മതങ്ങളുടെമേല്‍ വെച്ചുകെട്ടുവാന്‍ ശ്രമിക്കുന്നവരാണ് യുക്തിവാദികള്‍. ‘യുക്തിരേഖ’ മാസികയുടെ 2007 നവംബര്‍ ലക്കത്തിലെ പുറംചട്ടയില്‍ എഴുതിയത് കാണുക: ”ലോകത്തെങ്ങും കാണുന്നത് അസഹിഷ്ണുതയുടെ പര്യായങ്ങളായ മതപൗരോഹിത്യത്തെയും വിശ്വാസികളെയുമാണ്. ‘എനിക്കെനിക്ക് കൊത്തണം വാളും കയ്യേ’ എന്നലറിവിളിക്കുന്ന മതഭ്രാന്തരെയാണ്. സഹസ്രാബ്ദങ്ങളായി ദൈവത്തിന്റെ മതഗ്രന്ഥങ്ങള്‍ ഭക്തര്‍ക്കു പഠിപ്പിക്കുന്നു. ത്യാഗത്തിന്റെ ഉദ്ബുദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നു. ധ്യാനത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് വാചാടോപം ചെയ്യുന്നു. പ്രേമത്തിന്റെ ശ്രവണസുന്ദരമായ സങ്കീര്‍ത്തനങ്ങള്‍ രാഗ-താള-പല്ലവിയോടുകൂടി പാടുന്നു. യജ്ഞങ്ങളായ യജ്ഞങ്ങള്‍ ചെയ്യുന്നു. ജീവനകലയും ഗീതാരഹസ്യങ്ങളും പഠിപ്പിക്കുന്നു. എന്നിട്ടുമെന്തേ അസന്തുഷ്ടിയുടെയും അസംതൃപ്തിയുടെയും മൂര്‍ത്തീമദ്ഭാവങ്ങളായി വിശ്വാസിപ്പരിഷകള്‍ അങ്കംവെട്ടാന്‍ തയ്യാറാകുന്നു?”

മതം നശിച്ചാല്‍ പിന്നെ സമൂഹത്തില്‍ യാതൊരുവിധ അക്രമവും അനീതിയും വിഭാഗീയതയും ഉണ്ടാവില്ല എന്നാണ് യുക്തിവാദികള്‍ ജല്‍പിക്കുന്നത്. കേരളത്തില്‍ തന്നെ യുക്തിവാദികള്‍ക്കിടയില്‍ വിഭാഗീയതയും ചേരിതിരിവുമില്ലേ എന്നൊന്നും ആരും ചോദിച്ചുപോകരുത്! മുമ്പ് ഒരു യുക്തിവാദി നേതാവ് എഴുതി:

”മുസ്‌ലിമിനെ കൊല്ലുന്നത് ഹിന്ദുവിന് പുണ്യമാണ്. ഹിന്ദുവിനെ (കാഫിറിനെ) കൊന്നാല്‍ മുസ്‌ലിമിന് സ്വര്‍ഗവും. ഈ വിധത്തില്‍ മനുഷ്യരെ പരസ്പരം കഴുത്തറുക്കുവാന്‍ മതം പ്രോല്‍സാഹിപ്പിച്ചു. മതസംഘട്ടനത്തില്‍ മരിക്കുന്നവര്‍ക്ക് സ്വര്‍ഗം കിട്ടുമെന്ന് പറഞ്ഞ് സാധാരണക്കാരെ ഹിംസക്കും അക്രമത്തിനും പ്രേരിപ്പിച്ചു. ഏതാനും വര്‍ഷം മുമ്പ് ഭീവണ്ടിയിലും പൂവാറിലും തലശ്ശേരിയിലും നടന്ന വര്‍ഗീയലഹളകള്‍, ഭാരതത്തിലെ പഴയ ചരിത്രം-പണ്ട് മുസ്‌ലിംകളും ഹിന്ദുക്കളും പരസ്പരം കഴുത്തറുത്ത ചരിത്രമേ ഉണ്ടായിട്ടുള്ളു- വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കും എന്നതിന്റെ തെളിവാണ്. ഇതില്‍നിന്ന് മതം ഹ്യൂമനിസത്തിന് എതിരാണെന്ന് വ്യക്തമാണ്. മതം നശിക്കാത്തിടത്തോളം ഈ വര്‍ഗീയ ലഹളകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും”.

”വര്‍ഗീയത രോഗലക്ഷണം മാത്രമാണ്. മതമാണ് യഥാര്‍ഥ രോഗം. രോഗത്തിന് ചികിത്സിക്കാതെ രോഗലക്ഷണത്തിനു മാത്രം ചികിത്സിക്കാതെ രോഗലക്ഷണത്തിനു മാത്രം ചികിത്സിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. മതം നശിക്കുമ്പോള്‍ വര്‍ഗീയതയും അപ്രത്യക്ഷമാകും. അതുകൊണ്ട് മതത്തിനെതിരെയുള്ള പോരാട്ടം നാം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ഹ്യൂമനിസത്തില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും കടമയുമാണത്” (‘യുക്തിവാദത്തിന്റെ കാലിക പ്രസക്തി,’ പേജ്: 31-32 ,ജോസഫ് വടക്കന്‍, യുക്തിവാദ പ്രചരണവേദി പ്രസിദ്ധീകരണം, 1987).

അന്ധമായ മതവിദ്വേഷത്താല്‍ ചരിത്രപരമായ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുവാന്‍ യുക്തിവാദികള്‍ തയ്യാറാകാതിരുന്നതിനാലാണ് ഇത്തരത്തിലുള്ള അവാസ്തവങ്ങള്‍ വിളമ്പേണ്ടിവരുന്നത്. മാനവരാശിയുടെ ചരിത്രത്തിലെ സുദീര്‍ഘമായ കാലയളവില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള സംഘര്‍ഷങ്ങളുടെ പട്ടിക ഇതര കാരണങ്ങളാലുള്ള സംഘര്‍ഷങ്ങളുടെ പട്ടികയെക്കാള്‍ വളരെ ഹ്രസ്വമാണെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്; യുക്തിവാദികള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും.

മതത്തെ വര്‍ഗീയതയുടെ ഉത്ഭവസ്ഥാനമായും മാനവികതയ്‌ക്കെതിരായ മഹാരോഗവുമായി കാണുന്ന യുക്തിവാദ വീക്ഷണത്തിന്റെ ചരിത്രപരമായ വശം പരിശോധിക്കേണ്ടതുണ്ട്. 1857 മുതല്‍ 1977 വരെയുള്ള 120 വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ള വര്‍ഗീയലഹളകളെയും മതകലാപങ്ങളെയും കുറിച്ച് ഗവേഷണം നടത്തിയ ഡോ. ആന്‍ഫ്രാങ്ക് തന്റെ ‘കമ്യൂണല്‍ പ്രോബ്ലംസ് ഇന്‍ ദ സൊസൈറ്റി ഓഫ് ഇന്ത്യ’ എന്ന കൃതിയില്‍ ഇപ്രകാരം എഴുതുന്നു:

”രാഷ്ട്രീയവും മതബാഹ്യവുമായ പ്രശ്‌നങ്ങളുടെ പേരില്‍ മാത്രമാണ് ഇന്ത്യയുടെ മതകലാപങ്ങള്‍ മിക്കതും സംഭവിച്ചിട്ടുള്ളത്. എട്ട് നൂറ്റാണ്ടിലധികകാലം പൂര്‍ണമായോ ഭാഗികമായോ മുസ്‌ലിം ഭരണത്തില്‍ കീഴിലായിരുന്ന ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ മതകലാപങ്ങള്‍ തീരെ സംഭവിച്ചിരുന്നില്ല എന്നത് പ്രത്യേകം പരിഗണിക്കേണ്ട ഒരനുഭവമാണ്. ഇടക്കാലത്ത് സിക്കുകാരുടെയും രജപുത്രരുടെയും ആക്രമണകാരികളായ ചില ഹിന്ദുനാട്ടുരാജാക്കന്മാരുടെയും പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലം ഉത്ഭവിച്ച മതകലാപങ്ങള്‍ മറ്റൊരു രീതിയിലുള്ള വിലയിരുത്തല്‍ അര്‍ഹിക്കുന്നതാണ്. പൊതുവില്‍ ജാതിയുടെയും ഉപജാതിയുടെയും വര്‍ണത്തിന്റെയും ഉപവര്‍ണത്തിന്റെയും പേരില്‍ അത്യധികം ശിഥിലമായിപ്പോകേണ്ട ഇന്ത്യയില്‍ സംഘര്‍ഷങ്ങളും കലാപങ്ങളും നരഹത്യകളും തടയുന്നതില്‍ ഇസ്‌ലാമിന്റെ മാനവിക ദര്‍ശനങ്ങള്‍ കാര്യമായ പങ്കാണ് വഹിച്ചിട്ടുള്ളത്. മനുഷ്യരെ ഏകോപിപ്പിക്കുന്നതില്‍ മതത്തിനുള്ള പങ്ക് ഇന്ത്യയില്‍ നിര്‍വഹിച്ചുകാണുന്നത് ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇസ്‌ലാം തന്നെയാണ്”.

 

ഇസ്‌ലാം വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച മതമല്ല; നിരുത്സാഹപ്പെടുത്തിയ മതമാണ്. യാതൊരു തരത്തിലുള്ള അക്രമത്തെയും അനീതിയെയും അത് അംഗീകരിക്കുന്നില്ല. താലിബാനിസവും ഐ.എസ് ഭീകരതയുമെല്ലാം ആരുടെ സൃഷ്ടിയാണെന്ന് ലോകം മനസ്സിലാക്കിക്കിഞ്ഞു. ഇസ്‌ലാമിന് അത്തരം മനുഷ്യത്വരഹിതമായ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് ഇസ്‌ലാമിനെ പഠിച്ചറിഞ്ഞവര്‍ക്കറിയാം. പാശ്ചാത്യരായ ഇസ്‌ലാം വിമര്‍ശകരുടെ ഗ്രന്ഥങ്ങളില്‍നിന്ന് മാത്രം ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്ന യുക്തിവാദികള്‍ ഇസ്‌ലാമിനെതിരെ അത്തരം ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു; അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ!

 മുന്‍ധാരണകളും വിദ്വേഷവുമാണ് അവരെ നയിക്കുന്നത്. നന്മ, സദാചാരം, മൂല്യബോധം തുടങ്ങിയ മാനുഷികമായ എല്ലാ ഗുണങ്ങളും സമൂഹത്തില്‍ അങ്കുരിപ്പിച്ച ചരിത്രമാണ് ഇസ്‌ലാമിനുള്ളത്. ഈ വസ്തുത തമസ്‌കരിച്ചുകൊണ്ടാണ് ‘മതം മനുഷ്യനെ മൃഗമാകുന്നു’ എന്ന് യുക്തിവാദികള്‍ ജല്‍പിക്കുന്നത്. ഇതര ജീവികളില്‍നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്നത് വിവേകബോധമാണ്. മൃഗങ്ങള്‍ തോന്നുന്ന സമയത്ത് തോന്നുന്നത് ചെയ്യും. തീറ്റയും വിസര്‍ജിക്കലും ഇണചേരലുമെല്ലാം തോന്നുമ്പോള്‍ തോന്നിയേടത്തുവെച്ച്. എന്നാല്‍ മനുഷ്യന്‍ അങ്ങനെ ആകേണ്ടവനല്ല. അവന് ചില നിശ്ചിത നിയമങ്ങള്‍ ഏതിലും എവിടെയും ആവശ്യമാണ്. ഈ നിയമങ്ങളാണ് മതം പഠിപ്പിക്കുന്നത്. മൃഗീയത പാടെ ഒഴിവാക്കിയാലേ മതവിശ്വാസിയായി മാറൂ എന്നര്‍ഥം.

സദാചാര സംരക്ഷണം, സ്വാഭാവരൂപീകരണം, സാമൂഹ്യജീവിതം, സത്യബോധനം തുടങ്ങിവയ്‌ക്കെല്ലാം ശിക്ഷണം ആ വശ്യമാണ്. ഈ മഹത്തായ ദൗത്യമാണ് ഇസ്‌ലാം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുവാനുള്ള മഹത്തായശ്രമം. യുക്തിവാദികള്‍ അതിനെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇഷ്ടമുള്ള സ്ത്രീ-പുരുഷന്മാര്‍ ഇഷ്ടമുള്ള കാലത്തോളം ഇഷ്ടമുള്ള രൂപത്തില്‍ ഒരുമിച്ച് ജീവിക്കുക, മടുപ്പുതോന്നിയാല്‍ വേര്‍പിരിഞ്ഞ് മറ്റൊരു പങ്കാളിയെ കണ്ടെത്തുക ഇതാണല്ലോ ഒറിജിനല്‍ ഭൗതികവാദത്തിലെ ‘ദാമ്പത്യം’! അഥവാ സ്വതന്ത്രരതി വാദികളാണ് ഭൗതികവാദികള്‍. ഇഷ്ടമുള്ള വ്യക്തികളുമായി ലൈംഗിക ബന്ധത്തിലേര്‍പെടാം; അതില്‍ യാതൊരുവിധ വിലക്കുകളും ആശയതലത്തില്‍ അവര്‍ക്കിടയിലില്ല. മൃഗീയം എന്നു വിശേഷിപ്പിക്കാവുന്ന ചിന്ത. എന്നാല്‍ അത് പ്രവര്‍ത്തികമാക്കുവാന്‍ അവര്‍ തയാറാണോ? അല്ല; കാരണം മതം പഠിപ്പിക്കുന്ന ചില മൂല്യങ്ങള്‍ അറിയാതെ തന്നെ യുക്തിവാദികള്‍ പിന്തുടരുന്നുണ്ട്. അത് തെളിയിക്കുവാന്‍ ഞാന്‍ മുമ്പൊരിക്കല്‍ ഒരു യുക്തിവാദി നേതാവിനോടു ചോദിച്ചു:

”ഭൗതികവാദി, നിരീശ്വരവാദി, യുക്തിവാദി എന്നീ പേരുകളില്‍ അറിയപ്പെടുന്നവരെല്ലാം ഒരേ ജനുസ്സില്‍ പെടുന്നവരാണല്ലോ. ഈ ജനുസ്സില്‍ പെടുന്ന ഏതെങ്കിലുമൊരാള്‍ തന്റെ വീട്ടിലേക്ക് കയറിവരുമ്പോള്‍ തന്റെ ഇണ മറ്റൊരു പുരുഷന്റെ കൂടെ ശയിക്കുന്നതു കാണുകയാണെങ്കില്‍ എന്താണു ചെയ്യുക? ”ബലേഭേഷ്! നന്നായി! ഭൗതികവാദം വിജയിക്കട്ടെ; ദുഷിച്ച മതചിന്ത നശിക്കട്ടെ” എന്നൊക്കെ പറഞ്ഞ് അവര്‍ക്ക് ചൂടുള്ള ബദാം മില്‍ക്ക് കൊണ്ടുപോയിക്കൊടുക്കുമോ, അതോ കൊടുവാളുമായി അവരുടെ മുമ്പില്‍ ചാടി വീഴുമോ?”

”കുറെ വിധികളും വിലക്കുകളും ഉണ്ടെങ്കിലും വഴിതെറ്റിപ്പോകുന്ന ദമ്പതിമാര്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട്. അതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഭൗതികവാദിയുടെ കുടുംബത്തിലും കാണും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയുടെ ചുരുക്കം. പ്രശ്‌നം ഉണ്ടോ ഇല്ലേ എന്നതല്ല; അങ്ങനെയൊരു അനുഭവമുണ്ടായാല്‍ ഭൗതികവാദി എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എന്റെ ചോദ്യം. സ്വജീവിതത്തില്‍ അത്തരമൊരനുഭവമുണ്ടായാല്‍ തങ്ങളുടെ തത്ത്വശാസ്ത്രമനുസരിച്ച് അതിനെ അംഗീകരിക്കുമോ അതല്ല മത വിശ്വാസികളുടെ ധാര്‍മിക ബോധത്തോടെ അതിന് തടയിടുമോ?

”ഭാര്യയെ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊല്ലുന്നതിന് പകരം അവളെ അവളുടെ വഴിക്ക് വിടാന്‍ അനുവദിക്കും. പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത ദാമ്പത്യബന്ധങ്ങള്‍ നിലനിര്‍ത്താതിരിക്കുകയാണ് നല്ലത്…..” എന്നായിരുന്നു പിന്നീട് അദ്ദേഹം നല്‍കിയ വിശദീകരണം.

ഭാര്യയെ അവളുടെ വഴിക്ക് വിടും എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ഭാര്യയെ ഭാര്യയായി നിലനിര്‍ത്തിക്കൊണ്ടുതന്നെ അവള്‍ക്കിഷ്ടമുള്ള വരോടൊപ്പമെല്ലാം ശയിക്കുവാന്‍ അനുവാദം കൊടുക്കും എന്നാണോ, അതല്ല അവളെ ഒഴിവാക്കി അവള്‍ ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കുവാന്‍ അനുവാദം കൊടുക്കും എന്നാണോ? 

”പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത ദാമ്പത്യബന്ധങ്ങള്‍ നിലനിര്‍ത്താതിരിക്കുകയാണ് നല്ലത്” എന്ന പ്രസ്താവനയുടെ പൊരുള്‍ ഭാര്യഭര്‍ത്താവിന്റെയും ഭര്‍ത്താവ് ഭാര്യയുടെയും അവിഹിതബന്ധങ്ങള്‍ കണ്ടില്ലെന്നു നടിക്കണമെന്നല്ലേ? മതങ്ങള്‍ മണ്ണടിഞ്ഞാലുള്ള മനുഷ്യരുടെ ഐക്യം ഇത്തരത്തിലുള്ള ‘വിട്ടുവീഴ്ച’കളിലൂടെയായിരിക്കാമല്ലോ! ആ ഐക്യം മാനവരാശിയുടെ സമൂലനാശത്തിലേക്കുള്ള കാല്‍വെപ്പായിരിക്കമെന്നതില്‍ സംശയമില്ല.

”ദൈവിക നിയമങ്ങളില്‍ മാത്രമല്ല മനുഷ്യനിര്‍മിത ഭൗതികനിയമങ്ങളിലും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ നിയമങ്ങളുണ്ട്” എന്ന് യുക്തിവാദികള്‍ പറയാറുണ്ട്. അവനവനു തോന്നുന്നതെന്തോ അതെല്ലാമാണ് യുക്തിവാദിയുടെ സദാചാരം. യുക്തിവാദി നേതാവായിരുന്ന എം.സി. ജോസഫ് പറഞ്ഞു: ‘സദാചാരബോധത്തിനടിസ്ഥാനം ബുദ്ധിശക്തിയുടെയും യുക്തിബോധത്തിന്റെയും സ്വതന്ത്ര പ്രവര്‍ത്തനമാണ്.’

യുക്തിബോധത്തില്‍ നിന്ന് ഉടലെടുക്കുന്നതെല്ലാം സദാചാരമാണെന്ന യുക്തിവാദികളുടെ ആശയം സമൂഹം ഉള്‍ക്കൊണ്ടാല്‍ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? ‘മനുഷ്യര്‍ ഒന്നാവുമോ?’ തമ്മില്‍ തല്ലിമരിക്കുമോ? അമ്മയെ തല്ലുന്നവനും മക്കളെ കൊല്ലുന്നവനും തന്റെ യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലാണതു ചെയ്തതെന്നും അത് യുക്തിവാദ സദാചാരമാണെന്നും പറയാമല്ലോ!

ഒരു യുക്തിവാദിക്ക് സദാചാരമെന്നു തോന്നുന്നത് മറ്റൊരു യുക്തിവാദിക്ക് സദാചാരവിരുദ്ധമായി തോന്നാനും സാധ്യതയില്ലേ? സദാചാരം കാത്തുസൂക്ഷിച്ചാല്‍ ‘തിന്നുക, കുടിക്കുക, രമിക്കുക’ എന്ന ഭൗതികവാദ മുദ്രാവാക്യം വെള്ളത്തിലലിയില്ലേ?

സദാചാരത്തിന്റെ ആവശ്യകത യുക്തിവാദികള്‍ അംഗീകരിക്കുന്നുവെങ്കിലും മതം പഠിപ്പിക്കുന്ന സദാചാരത്തോട് അവര്‍ക്ക് പുച്ഛമാണ്. എന്നാല്‍ മതം പഠിപ്പിക്കുന്ന സദാചാരമൂല്യങ്ങളില്‍ ചിലതെങ്കിലും അവര്‍ക്ക് പിന്തുടരേണ്ടിവരികയും ചെയ്യുന്നുണ്ട്. വ്യവസ്ഥാരഹിതമായ യുക്തിവാദ സദാചാരത്തെക്കാള്‍ നിര്‍മാണാത്മകമായ ദൗത്യം നിര്‍വഹിക്കാന്‍ കഴിയുക മതം നിര്‍ബന്ധമായി കല്‍പിക്കുന്ന സദാചാരത്തിനല്ലേ? ജനങ്ങളെ കുത്തഴിഞ്ഞ ജീവിതത്തിലേക്കു നയിക്കുന്ന, അരാജകത്വം സമ്മാനിക്കുന്ന ഒന്നായിരിക്കും യുക്തിവാദസദാചാരമെങ്കില്‍ മതം പഠിപ്പിക്കുന്ന സദാചാരം ഉല്‍കൃഷ്ട വ്യക്തികളെയും  ഉത്തമസമൂഹത്തെയും സുഭദ്രമായ രാഷ്ട്രത്തെയും വാര്‍ത്തെടുക്കുന്നതായിരിക്കും.

ദൈവവിശ്വാസത്തിന്റെ പ്രേരണയും പിന്‍ബലവുമാണ് ഇസ്‌ലാം പഠിപ്പിക്കുന്ന സദാചാരത്തെ ശക്തമാക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ ശക്തമായി സ്വാധീനിക്കുന്ന ചില ഘടകങ്ങളില്ലെങ്കില്‍ എത്ര സുന്ദരമായ തത്ത്വശാസ്ത്രമായിരുന്നാലും മനുഷ്യര്‍ക്ക് പെട്ടെന്ന് സ്വീകരിക്കാന്‍ സാധിച്ചെന്നു വരില്ല. ഇസ്‌ലാമിക സദാചാരം സ്വര്‍ഗപ്രാപ്തിയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വം, വ്യക്തിവികാസം, മനുഷ്യപുരോഗതി തുടങ്ങിയ ബഹുവിധ ലക്ഷ്യങ്ങളും കരഗതമാക്കുന്നതാണ്. യുക്തിവാദികളുടെ യുക്തിരഹിതമായ സദാചാര സങ്കല്‍പത്തിനു വെല്ലുവിളിയായി നിലകൊള്ളുന്നത് ഇസ്‌ലാം മാത്രമാണ്. സദാചാരത്തെക്കുറിച്ചുള്ള യുക്തിവാദ വീക്ഷണവും ഇസ്‌ലാമികവീക്ഷണവും പരിശോധനാവിധേയമാക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.

സമൂഹത്തിന്റെ നിരീക്ഷണത്തിനു മുന്നില്‍ കൃത്രിമവും വികലവുമായ സദാചാരം പാലിക്കാന്‍ ആവശ്യപ്പെടുന്ന യുക്തിവാദ സദാചാരത്തിനു പകരം സദാ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തിയെ ഓര്‍ത്തുകൊണ്ട് സമൂഹത്തിന്റെ ദൃഷ്ടികളില്‍ നിന്ന് അകന്നു നില്‍ക്കുന്ന അവസ്ഥയില്‍ പോലും സദാചാരനിഷ്ഠ പുലര്‍ത്തുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വ്യക്തിക്കും സമൂഹത്തിനും ഇതുകൊണ്ട് ഗുണമല്ലാതെ മറ്റൊന്നും വരാനില്ല. മനുഷ്യര്‍ ഒന്നാവാനും നന്നാവാനും ഈ ശാശ്വതമൂല്യങ്ങള്‍ മുറുകെ പിടിച്ചാല്‍ മതി. മതം മണ്ണടിഞ്ഞാല്‍ മനുഷ്യര്‍ ഒന്നാകുമെന്നത് യുക്തിവാദികളുടെ വ്യാമോഹം മാത്രമാണ്.

മക്വ്ബറകളും ശവകുടീരങ്ങളും ആള്‍ദൈവങ്ങളും സിദ്ധന്മാരും നല്‍കുന്ന സന്ദേശം ഐക്യത്തിന്റെതല്ല. മനുഷ്യരില്‍ വികല ചിന്ത വളര്‍ത്തുകയും ഭക്തജനങ്ങളെ ആത്മീയമായോ സാമ്പത്തികമായോ ശാരീരികമായോ നിര്‍ദയം ചൂഷണം ചെയ്യുകയും ചെയ്യുന്ന പൗരോഹിത്യവും മനുഷ്യരെ ഏകോപിപ്പിക്കുന്നില്ല. പച്ചയായ യാഥാര്‍ഥ്യങ്ങളെ പാടെ നിഷേധിക്കുന്ന, മനുഷ്യരെ അരാജകത്വത്തിലേക്കും അധര്‍മങ്ങളിലേക്കും നയിക്കുന്ന യുക്തിവാദവും നിരീശ്വരവാദവും മനുഷ്യരെ ഒന്നിപ്പിക്കുവാന്‍ പര്യാപ്തമല്ല.

എന്നാല്‍ മനുഷ്യര്‍ നന്നാകുവാനും ഒന്നാകുവാനുമുള്ള മാര്‍ഗം കാലാകാലങ്ങളില്‍ വിവിധ ദേശങ്ങളില്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ പ്രപഞ്ച സ്രഷ്ടാവ് തന്നെ അറിയിച്ചു തന്നിട്ടുണ്ട്. അതാണ് പ്രകൃതിമതം. ഏകദൈവമല്ലാതെ ആരാധിക്കപ്പെടരുത് എന്ന് ആ മതം പഠിപ്പിക്കുന്നു. അത് സകലവിധ സങ്കുചിത ചിന്തകളില്‍ നിന്നും മനുഷ്യരെ മുക്തരാക്കുന്നു. ദേശം, ഭാഷ, വര്‍ഗം, വര്‍ണം, ജാതി, ഗോത്രം തുടങ്ങിയ പലതിന്റെയും പേരില്‍ ഭിന്നിക്കുകയും ശത്രുതാമനോഭാവം വെച്ചുപുലര്‍ത്തുകയും ചോരചിന്തുകയും ചെയ്യുന്ന നികൃഷ്ടതകളില്‍നിന്ന് ഏകദൈവാരാധന മനുഷ്യവര്‍ഗത്തെ രക്ഷിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നു. ഏകനായ ദൈവത്തിന്റെ കണ്ണില്‍ എല്ലാ മനുഷ്യരും സമന്മാരാണെന്നും തങ്ങള്‍ ഒരു മാതാപിതാക്കളുടെ സന്തതിപരമ്പരയില്‍ പെട്ടവരാണെന്നുമുള്ള ബോധത്തെക്കാള്‍ മനുഷ്യരെ ഒന്നിപ്പിക്കുന്ന മറ്റെന്താണുള്ളത്? എന്നിട്ടുമെന്തേ വിശ്വാസികള്‍ക്കിടയില്‍ മുന്‍ചൊന്ന തെറ്റുകള്‍ കാണപ്പെടുന്നു എന്ന് ചോദിച്ചേക്കാം. മതം അതിന് ഉത്തരവാദിയല്ല എന്നാണ് മറുപടി. മതം പഠിപ്പിക്കാത്ത വല്ലതും മതാനുയായികള്‍ ചെയ്യുന്നുവെങ്കില്‍ അത് മതത്തിന്റെ കുറ്റമല്ല. അത് അവരുടെ വിശ്വാസ ദൗര്‍ബല്യത്തിന്റെയും സ്വാര്‍ഥ താല്‍പര്യങ്ങളുടെയും അടയാളമാണ്. കേട് അവരിലായതിനാല്‍ അവരെയാണ് നന്നാക്കേണ്ടത്; മതത്തെയല്ല. ഈ സംസ്‌കരണപ്രക്രിയ മുസ്‌ലിം സമൂഹത്തില്‍ നന്നായി നടക്കുന്നുമുണ്ട്.

”ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്” (ക്വുര്‍ആന്‍/2:21).

ഇത് ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം; അല്ലാത്തവര്‍ക്ക് നിരാകരിക്കുകയുമാവാം. ആരുടെ മേലും ഇസ്‌ലാം ഇത് അടിച്ചേല്‍പിക്കുന്നില്ല.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

തുടര്‍ന്നുകൊണ്ടേയിരിക്കുന്ന പരിണാമ വഞ്ചനകള്‍

തുടര്‍ന്നുകൊണ്ടേയിരിക്കുന്ന പരിണാമ വഞ്ചനകള്‍

സൂക്ഷ്മവും സ്ഥൂലവുമായ ദൃശ്യപ്രപഞ്ചത്തിലെ അനേകായിരം കോടി ജൈവവൈവിധ്യങ്ങളെ സ്രഷ്ടാവിന്റെ സാന്നിധ്യത്തെ മാറ്റി നിര്‍ത്തി വിശദീകരിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഉപായമാണ് പരിണാമസിദ്ധാന്തം. കേവലം കുറേ അനുമാനങ്ങള്‍ മാത്രമായിരുന്നിട്ടു കൂടി ശാസ്ത്രലോകത്ത് ഇതിന് മേല്‍വിലാസം കണ്ടെത്താന്‍ സാധിച്ചു എന്നത് സര്‍വ ലോക രക്ഷിതാവായ സ്രഷ്ടാവിനെ നിഷേധിച്ചു എന്നത് കൊണ്ട് മാത്രമാണ്. എന്നാല്‍, ശാസ്ത്രപഠനം പുരോമഗമിക്കും തോറും പരിണാമസിദ്ധാന്തത്തിന്റെ അടിവേരിളകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇതിനെ മറികടക്കാന്‍ പരിണാമവാദികള്‍ നടത്തിയ തട്ടിപ്പുകള്‍ ഏറെ രസകരമാണ്. 

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയമാണ് ജൈവവൈവിധ്യങ്ങള്‍! ഒരു കോശം എന്ന് പോലും പറയാന്‍ സാധ്യമല്ലാത്ത, സൂക്ഷ്മദര്‍ശിനിയിലൂടെ പോലും ദൃശ്യമാകാത്ത സൂക്ഷ്മ ജൈവസാന്നിധ്യം മുതല്‍ തിമിംഗലം, ആന പോലുള്ളവ വരെയുള്ള ഭീമാകാരങ്ങളായ ജന്തുലോകം. ആ ജൈവ ലോകത്തിലെ അതിബുദ്ധിമാന്‍ എന്ന് സ്വയം അഭിമാനിക്കാന്‍ ശേഷിയുള്ള ജീവിയായ മനുഷ്യന്‍! ഇത്രയും മഹത്തായ ജൈവലോകത്തെ വിശകലനം ചെയ്യാന്‍ ബുദ്ധിമാനായ മനുഷ്യന്‍ സ്വയം ആവിഷ്‌കരിച്ച ഒന്നാണ് പരിണാമസിദ്ധാന്തം. പരിണാമവാദത്തിന് വ്യാപകമായ സ്വീകാര്യത വന്നത് ചാള്‍സ് ഡാര്‍വിന്‍ 1859ല്‍ തന്റെ ‘ജീവജാതികളുടെ ഉല്‍പത്തി’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് മുതലാണ്. പക്ഷേ, അതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പും ജൈവ പരിണാമം എന്ന സിദ്ധാന്തവും ചിന്തകളും രേഖപ്പെട്ടുകിടക്കുന്നുണ്ട.് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന് അന്നത്തെ പ്രത്യേക ചരിത്ര സാഹചര്യം കൂടുതല്‍ സ്വീകാര്യതയുണ്ടാക്കി എന്നത് വസ്തുതയാണ്. യൂറോപ്പിലെ വ്യാവസായിക വിപ്ലവവും തുടര്‍ന്ന് കമ്യൂണിസ്റ്റ് സ്വാധീനവുമാണ് പരിണാമ സിദ്ധാന്തത്തിന് സ്വീകാര്യത വര്‍ധിപ്പിച്ചത്. 

ആദ്യകാലത്ത് പരിണാമത്തിന് തെളിവുകളായി ചൂണ്ടിക്കാട്ടിയിരുന്നത് ഫോസിലുകളെയായിരുന്നു. ഡാര്‍വിന്‍ അക്കാര്യം തന്റെ ഗ്രന്ഥത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്ന് മാത്രമല്ല മധ്യവര്‍ഗ ഫോസിലുകളുടെ അഭാവം തന്റെ സിദ്ധാന്തത്തിന് നിലനില്‍ക്കാനുള്ള യോഗ്യത(Survival for fittest) നഷ്ടപ്പെടുത്തുമെന്നും ഭയപ്പെടുത്തിയിരുന്നു.(1) ജൈവലോകത്തെ വിശദീകരിക്കാന്‍ മനുഷ്യന്‍ ആവിഷ്‌കരിച്ച ഒരേയൊരു സിദ്ധാന്തം പരിണാമവാദമാണെന്ന് സൂചിപ്പിച്ചുവല്ലോ. അതിന്റെ അശാസ്ത്രീയതയും ശാസ്ത്ര വിരുദ്ധതയും പരിശോധിക്കാനുള്ള ശ്രമമല്ല ഈ കുറിപ്പിലുള്ളത്.

പരിണാമശാസ്ത്രശാഖയെ പക്ഷേ, ചില പ്രത്യയശാസ്ത്ര വക്താക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആ പ്രത്യയശാസ്ത്ര ഇടപെടല്‍ തന്നെയാണ് പരിണാമത്തെ അന്നും ഇന്നും നയിച്ചുകൊണ്ടിരിക്കുന്നത്. ലോകോത്തരമെന്ന് പറയപ്പെടുന്ന പരിണാമ പഠന ഗ്രന്ഥങ്ങളില്‍ പോലും ഈ പ്രത്യയശാസ്ത്രാന്ധതയും അശാസ്ത്രീയതയും നിറഞ്ഞുനില്‍ക്കുന്നതായി കാണാവുന്നതാണ്. 

എക്കാലത്തും ദൈവനിഷേധത്തിന് പഴുതുകള്‍ അന്വേഷിച്ചു നടക്കുക-(Science of gape) എന്നത് നിരീശ്വരവിശ്വാസികളുടെ ആദര്‍ശമായിരുന്നു. ഇന്ന് അവരുടെ ആകെയുള്ള പിടിവള്ളിയാവട്ടെ പരിണാമപ്രത്യയശാസ്ത്രമാണ്. അതുകൊണ്ട് തന്നെയാണ് മാര്‍ക്‌സും ഏംഗല്‍സും അതിനെ പാലൂട്ടിവളര്‍ത്തിയത്.(2) പരിണാമവാദം പ്രത്യയശാസ്ത്രവല്‍കരിക്കപ്പെട്ടതോടെ അതിന് ഇല്ലാത്ത ‘ശാസ്ത്രീയ’ തെളിവുകള്‍ സൃഷ്ടിക്കപ്പെടേണ്ട അനിവാര്യതയും പ്രത്യയശാസ്ത്ര വക്താക്കള്‍ക്ക് ഉണ്ടായി. അത് അക്കാലം മുതല്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിലെ ചില കുപ്രസിദ്ധ ഏടുകളെയാണ് നാം ഇതില്‍  വിശകലനത്തിന് വിധേയമാക്കുന്നത്. 

ഹെയ്ക്കല്‍ വരകള്‍ 

പരിണാമ വിശ്വാസം ശാസ്ത്രീയവും വാസ്തവവും ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പരിണാമ വാദികള്‍ ചില സൂത്രപ്പണികളും തട്ടിപ്പുകളും തുടങ്ങിവെച്ചത് ഇന്നും ഇന്നലെയുമല്ല എന്ന് പറഞ്ഞുവല്ലോ. പലപ്പോഴും സൂത്രപ്പണികളും തട്ടിപ്പുകളും മാത്രമല്ല കൊടും ചതികള്‍ തന്നെയാണ് ഇവര്‍ നടത്തിയിട്ടുള്ളത്. തന്റെ വിദഗ്ധ കരങ്ങളാല്‍ അതിമനോഹര ചിത്രങ്ങളും കലാസൃഷ്ടികളും നിര്‍മിച്ചിരുന്ന ഏണസ്റ്റ് ഹെയ്ക്കലാണ്(Ernst Haeckel) (1834-1919)(3) തന്റെ സുന്ദര സ്‌കെച്ചുകളാല്‍ അതിന് തുടക്കം കുറിച്ചത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഹെയ്ക്കലിന്റെ ആയിരക്കണക്കിന് ചിത്രങ്ങള്‍ അക്കാലത്തും ഇക്കാലത്തും പരിണാമ വിശ്വാസത്തിന്റെ ‘ശാസ്ത്രീയ’ തെളിവുകളാണ്! 1874ല്‍ പ്രസിദ്ധീകരിച്ച ഭ്രൂണവളര്‍ച്ചയെ തെളിയിക്കുന്ന ഒരു കലാസൃഷ്ടി(4)അടുത്തകാലത്തും നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വിധിക്കപ്പെട്ടിരുന്നു.

ചിത്രം 1 കാണുക. മത്സ്യം, ഉരകം, ഉഭയജീവി, പക്ഷി, സസ്തനി, മനുഷ്യന്‍ തുടങ്ങിയ നട്ടെല്ലുകളുള്ള എല്ലാ ജീവികളും ഭ്രൂണാവസ്ഥയില്‍ മത്സ്യം, പക്ഷി തുടങ്ങിയ പരിണാമ ഘട്ടങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് സമര്‍ഥിക്കുന്ന ചിത്രമായിരുന്നു ഏതാനും വര്‍ഷം മുമ്പുവരെ നമ്മുടെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്. പക്ഷേ, ഇന്ന് നമുക്കറിയാം ഇത് കേവല സങ്കല്‍പം മാത്രമാണെന്ന്! 

ചിത്രം 2ലെ ഹെയ്ക്കലിന്റെ കലാസൃഷ്ടിയും ചില ജീവികളുടെ ഭ്രൂണവളര്‍ച്ചയുടെ ഫോട്ടോകളും താരതമ്യം ചെയ്ത് കൂടി വിലയിരുത്തുക. ഈ തട്ടിപ്പ് 135 ലേറെ വര്‍ഷം പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നുഎന്നത് എത്ര ഗൗരവതരമല്ല! ഈ മത്സ്യ-മനുഷ്യഭ്രൂണ താരതമ്യം എത്രത്തോളം ബാലിശമാണെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. ഭ്രൂണതാരതമ്യത്തിലെ ജീവശാസ്ത്ര വിയോജിപ്പുകള്‍ ഈ കുറിപ്പിന്റെ അവസാന ഭാഗത്ത് വിശദീകരിക്കാം. 

കാട്ടുപന്നിയുടെ പല്ലില്‍നിന്നും മനുഷ്യന്‍!

ഇതിലും ഗൗരവമേറിയ മറ്റൊരു ചതിയാണ് ‘നബ്രാസ്‌ക മനുഷ്യന്‍!’ (Nebraska Man) 1917ല്‍ നബ്രാസ്‌കയില്‍ നിന്ന് കിട്ടിയ ഒരു കാട്ടുപന്നിയുടെ പല്ലില്‍ നിന്ന് സങ്കല്‍പിച്ച് നിര്‍മിച്ചെടുത്ത മനുഷ്യവര്‍ഗമാണ് ‘നബ്രാസ്‌ക മനുഷ്യന്‍.’ നബ്രാസ്‌ക മനുഷ്യനെ വിക്കിപീഡിയ പരിചയപ്പെടുത്തുന്നു: ”ഹെസ്പറോ പിതികസ് ഹറോള്‍ഡ് കുക്ക്(Hespero pithecus harold cook) എന്ന സാങ്കല്‍പിക ആള്‍ക്കുരങ്ങ് വര്‍ഗത്തെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പേരാണ് നബ്രാസ്‌ക മനുഷ്യന്‍. ഹെസ്പറോ പിതികസ് എന്ന വാക്കുകൊണ്ട് പടിഞ്ഞാറന്‍ ലോകം ആള്‍ക്കുരങ്ങ് എന്നാണ് അര്‍ഥമാക്കിയിരുന്നത്. വടക്കെ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ നട്ടെല്ലായി അത് വിളംബരം ചെയ്യപ്പെടുകയും ചെയ്തു. ഹറോള്‍ഡ് കുക്കി സ്പീഷിസ് നാമമാണ്. 1917ല്‍ നബ്രാസ്‌കയില്‍ നിന്ന് ജിയോളജിസ്റ്റായിരുന്ന ഹറോള്‍ഡ് കുക്ക് കണ്ടെത്തിയ ഒരു പല്ലിനെ അടിസ്ഥാനമാക്കിയാണ് നബ്രാസ്‌ക മനുഷ്യനെ സംബന്ധിച്ച് സങ്കല്‍പം വികസിച്ചുവന്നത് എന്നതുകൊണ്ടാണ് സ്പീഷിസ് നാമമായി ‘ഹറോള്‍ഡ് കുക്കി’ എന്ന് നല്‍കിയത്. 1922ല്‍ ഹെന്‍ഡ്രി ഫയര്‍ ഫീല്‍ഡ് ഓസ്ബണ്‍ ആണ് ആദ്യമായി ഈ പല്ലിനെ കുറിച്ച് വിശദമായി വര്‍ണിച്ചത്. നെബ്രാസ്‌ക മനുഷ്യന്റെത് എന്ന് പറയപ്പെടുന്ന പല്ല് കണ്ടെത്തിയത്, മനുഷ്യന്റെ മറ്റൊരു സാങ്കല്‍പിക മനുഷ്യ പൂര്‍വികനായി അവതരിപ്പിക്കപ്പെട്ട, എന്നാല്‍ പിന്നീട് വ്യാജമാണെന്ന് വ്യക്തമായ പില്‍റ്റ്ഡൗണ്‍ മനുഷ്യന്‍ കണ്ടെത്തപ്പെട്ട് ഏകദേശം പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.”(5)

മറ്റൊരു വെബ് സൈറ്റ് ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിക്കുന്നു: ”സ്‌കൂപ്പ് വിചാരണ(6) കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഈ പല്ല്‌വന്ന മൃഗത്തിന്റെ സമ്പൂര്‍ണ അസ്ഥികൂടം കണ്ടെടുക്കപ്പെട്ടു. അതില്‍ നിന്ന് വ്യക്തമായത് നബ്രാസ്‌ക മനുഷ്യന്‍ എന്ന സങ്കല്‍പം നിര്‍മിച്ചെടുക്കാന്‍ ഉപയോഗിച്ച പല്ല് യഥാര്‍ഥത്തില്‍ വംശനാശം സംഭവിച്ചുപോയ ഒരു പന്നി വര്‍ഗത്തിന്റെതാണ് എന്നായിരുന്നു! മിസ്റ്റര്‍ ബ്രയാനിന്റെ(Mr. Brayan)-(7) മേല്‍ അജ്ഞത ആരോപിച്ചുകൊണ്ടും പരിഹസിച്ചും അധികാരികള്‍ ഒരു പന്നിപ്പല്ലില്‍ നിന്ന് പൂര്‍ണ മനുഷ്യവംശത്തെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്! ശാസ്ത്രലോകത്തിന് എത്ര വലിയ അപമാനം! എന്നാല്‍ ഈ തട്ടിപ്പ് പുറത്തായ വാര്‍ത്ത തമസ്‌കരിക്കപ്പെട്ടു പോയി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. സാധാരണ, മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാനും വിരട്ടാനും ഉപയോഗിക്കപ്പെടുന്ന വിദഗ്ധ സാക്ഷിമൊഴികളുടെ ആധികാരികതയെക്കുറിച്ച് വലിയൊരു പാഠം നിശ്ചയമായും ഇതിലുണ്ട്. പല്ല് ഉപയോഗിച്ചുകൊണ്ടുതന്നെ നടത്തപ്പെട്ട ഇതുപോലുള്ള മറ്റൊരു കണ്ടെത്തലായിരുന്നു തെക്ക്പടിഞ്ഞാറന്‍ കൊളറാഡോ മനുഷ്യന്‍. ആ പല്ല് യഥാര്‍ഥത്തില്‍ ഒരു കുതിരയുടെതായിരുന്നു എന്ന് ഇപ്പോള്‍ അറിവായിട്ടുണ്ട്. ശാസ്ത്ര ‘വിദഗ്ധര്‍’ പലപ്പോഴും എന്ത് മാത്രം വിഭവ സമ്പന്നരും ഭാവനകളുമാണെന്ന് നോക്കൂ! അവര്‍ക്കൊരു പല്ല് കൊടുത്താല്‍ മതി, അത് മനുഷ്യന്റെത് ആകണമെന്ന് പോലുമില്ല; അതില്‍നിന്നും ഒരു മനുഷ്യവംശത്തിന്റെ ചരിത്രം പൂര്‍ണമായി അവര്‍ മനഃപൂര്‍വം സ്വരൂപിച്ചെടുക്കും.”(8) വിശദീകരണങ്ങളില്ലാതെ തന്നെ കാര്യം സ്പഷ്ടം. 

ഡെന്റിങ്ങ് കരവിരുതില്‍ തീര്‍ത്ത ദിനോസര്‍ 

1996 ല്‍ കിഴക്കന്‍ ബ്രസീലില്‍ നിന്ന് കിട്ടി എന്ന് അവകാശപ്പെടുന്ന 80 സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ഒരു എല്ലില്‍ കഷ്ണത്തില്‍ നിന്ന് നിര്‍മിച്ചെടുത്ത, ഇന്നും സജീവമായി നിലനില്‍ക്കുന്ന ദിനോസര്‍ ആണ് ബ്രസീലിയന്‍ ഇരിറ്റേറ്റര്‍.(Brazilian Irritator)(9) കമനീയമായ ഈ സൃഷ്ടി കണ്ടാല്‍ തീര്‍ച്ചയായും ആരും അന്ധാളിക്കും. ശരിക്കും അങ്ങനെയൊരു ജീവി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും. അതിന് പത്തുമീറ്റര്‍ നീളവും ഒരു ടണ്‍ ഭാരവും അവര്‍ നല്‍കിയിരുന്നു. മാത്രമല്ല, അതിന്റെ ഭക്ഷണ മെനു പോലും അതിന്റെസ്രഷ്ടാക്കള്‍ തീരുമാനിച്ചു. അത് ‘സീഫുഡ്’ മാത്രമെ ഇഷ്ടപ്പെട്ടിരുന്നുള്ളൂ എന്നത് എത്ര വലിയ കണ്ടെത്തല്‍!(10) പക്ഷേ, ഈ 80 സെന്റീമീറ്റര്‍ നീളമുള്ള എല്ലിന്‍ കഷ്ണം പോലും വിശ്വാസയോഗ്യമല്ല എന്നാണ് മനസ്സിലാകുന്നത്. ഏതോ ജീവിയുടെ കീഴ്ത്താടിയെല്ല് പശയും ഫൈബര്‍ ഗ്ലാസ് പോളിഷിംഗ് കോമ്പൗണ്ടും(11) ചേര്‍ത്ത് ഒട്ടിച്ചുണ്ടാക്കി ഫോസില്‍ കള്ളക്കടത്തുകാര്‍ മാര്‍ക്കറ്റിലെത്തിച്ച എല്ലിന്‍ കഷ്ണം(12) ഇന്ന് ബ്രസീലിലെ ഏറ്റവും പ്രശസ്തമായ ‘സായോപോളോ യൂണിവേഴ്‌സിറ്റി’യില്‍(13) സ്പിനോസോര്‍ഡ് ദിനോസര്‍ ഫോസിലായി(Spinosaurus dinosaur) സൂക്ഷിച്ചിരിക്കുന്നു!(14) ആ 80 സെന്റിമീറ്റര്‍ നീളമുള്ള കീഴ്ത്താടിയെല്ല് ദിനോസറിന്റെത് തന്നെയാവണമെന്നില്ല. അത് ഫാള്‍സ് ചീങ്കണ്ണിയുടെത് ആയിരിക്കാനുള്ള സാധ്യത ഒട്ടും അവഗണനീയമല്ല. എത്ര ഭാവനാസമ്പന്നവും സാങ്കേതിക നിറവും തികഞ്ഞതാണ് ഈ പുതിയ ദിനോസര്‍ മുത്തച്ഛന്‍!

ക്വാറി മുതലാളിയുടെ തലയോട്ടി 

ഒരുപക്ഷേ, പരിണാമ ചരിത്രത്തിലെ ആദ്യം കണ്ടെത്തിയ മനുഷ്യ തലയോട്ടി 1866 ഫെബ്രുവരിയില്‍ കാലിഫോര്‍ണിയയിലെ ‘കലാവെറസ്’ പ്രവിശ്യയില്‍ നിന്ന് കണ്ടെത്തിയ ‘കലാവെറസ് തലയോട്ടി’യായിരിക്കും. ഡാര്‍വിന്‍ തന്റെ ജീവജാതികളുടെ ഉല്‍പത്തി പ്രസിദ്ധീകരിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ തന്നെ ഈ തലയോട്ടി കണ്ടെത്തി. സ്വദേശിയായ ഒരു ക്വാറി മുതലാളിയാണ് 40 മീറ്റര്‍ താഴ്ചയില്‍ നിന്ന് ഇത് കണ്ടെത്തിയത്. ഈ തലയോട്ടി കാലിഫോര്‍ണിയ ജിയോളജി സര്‍വേതലവനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ജിയോളജി പ്രൊഫസറുമായ ‘ജോസിയ വെറ്റിനി’ക്ക്(15) കൈമാറി. സൂക്ഷ്മ പഠനങ്ങള്‍ക്ക് ശേഷം 1866 ജൂലൈ 16ന് കാലിഫോര്‍ണിയ സയന്‍സ് അക്കാദമിയില്‍വച്ച് ‘പ്ലിയോസിന്‍ കാലഘട്ടത്തില്‍’ തെക്കേഅമേരിക്കയില്‍ മനുഷ്യവാസം ഉണ്ടായിരുന്നതിന് തെളിവാണ് ഈ തലയോട്ടി എന്ന് ജോസിയ ഔദേ്യാഗികമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പഠനത്തില്‍ മാമത്തുകളും ആനകളും മനുഷ്യരും ഇവിടെ ഒരുമിച്ച് ജീവിച്ചിരുന്നു എന്നും കണ്ടെത്തി!

ഈ മനുഷ്യപൂര്‍വികനെ പരിണാമവാദികള്‍ ഏറെ ആഘോഷിച്ചിരുന്നു. എന്നാല്‍ ഈ ആഘോഷം 13 വര്‍ഷം മാത്രമെ നിലനിന്നുള്ളൂ! അപ്പോഴേക്കും ഇത് അടുത്തകാലത്ത് മരിച്ച മനുഷ്യന്റെ തലോട്ടിയാണെന്ന് ഫ്‌ളൂറിന്‍ അനലൈസിലൂടെ തെളിയിച്ചു. 1911ല്‍ ഈ തലയോട്ടി തീര്‍ത്തും ചതിയായിരുന്നു എന്ന് വ്യക്തമായി. എന്നാലും ആ തലയോട്ടിപൂജകര്‍ അടുത്തകാലം വരെ ഉണ്ടായിരുന്നു. അവസാനം 1992ല്‍ നടത്തിയ കാര്‍ബണ്‍ ടെസ്റ്റില്‍ ആ തലയോട്ടിക്ക് കേവലം ആയിരം വര്‍ഷത്തെ പഴക്കമേയുള്ളൂ എന്ന് കണ്ടെത്തി.(16) ഇത് പഠനവിധേയമാക്കിയ ജിയോളജിസ്റ്റ് ജോസിയ വെറ്റിനി 3.5 മില്യണ്‍ വയസ്സ് നല്‍കിയ ‘കലാവെറസ് മനുഷ്യന്‍’ കേവലം ആയിരം വയസ്സുമാത്രം പ്രായമുള്ള ‘ചെറുപ്പക്കാരനായി’ മാറിയ കഥയും പരിണാമ തട്ടിപ്പ് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു! 

ഫോസില്‍ മെയ്ഡ് ഇന്‍ ചൈന 

‘മെയ്ഡ് ഇന്‍ ചൈന’ എന്ന് കണ്ടാല്‍ തന്നെ അതൊരു തട്ടിക്കൂട്ട് തട്ടിപ്പ് സാധനമാണെന്ന് ആര്‍ക്കും തോന്നും. അടുത്തകാലത്ത് നടത്തിയ അത്തരം ഒരു തട്ടിക്കൂട്ട് തട്ടിപ്പാണ് അടുത്തത്. ‘ആര്‍ക്കിയോറാപ്റ്റര്‍’ എന്നത് 1999ല്‍ നാഷണല്‍ ജിയോഗ്രഫി മാഗസിനില്‍, ചൈനയില്‍ നിന്നുള്ള ഒരു ഫോസിലിന് അനൗപചാരികമായി നല്‍കപ്പെട്ട ജനറിക് നാമമാണ്. പക്ഷികള്‍ക്കും കരജീവികളായിരുന്ന ദിനോസറുകള്‍ക്കും ഇടയിലുള്ള ഒരു നഷ്ടപ്പെട്ട കണ്ണിയാണ് ഫോസില്‍ എന്ന് മാഗസിന്‍ അവകാശപ്പെട്ടു. മാഗസിനില്‍ ഈ ലേഖനം വരുന്നതിന് മുമ്പ് തന്നെ ഫോസിലിന്റെ ആധികാരികത സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളുണ്ടായിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിവെക്കുകയും ഒടുവില്‍ കൂടുതല്‍ ശാസ്ത്രീയപഠനങ്ങള്‍ ഫോസില്‍ ഒരു തട്ടിപ്പായിരുന്നുവെന്ന് തെളിയുകയും ചെയ്തു. വ്യത്യസ്ത സ്പീഷിസുകളില്‍ പെട്ട വ്യത്യസ്ത ജീവികളുടെ എല്ലില്‍ തുട്ടുകള്‍ ഒപ്പിച്ച് ഒട്ടിച്ചു വെച്ചാണ് ഈ തട്ടിപ്പ് നടത്തിയത്!

ഈ ഫോസിലിന്റെ തലയും ശരീരത്തിലെ പ്രധാന ഭാഗങ്ങളും യഥാര്‍ഥത്തില്‍ പുരാതന പക്ഷി വര്‍ഗമായ ‘യനോര്‍നിസി’ല്‍നിന്ന്(17) എടുത്തതായിരുന്നു എന്ന് കണ്ടെത്തി. 2002ല്‍ നടന്ന മറ്റൊരു പഠനം ആ ഫോസിലിലെ വാല് കുഞ്ഞുവാലുള്ള ‘ഡ്രോമൈസറി’ന്റെതാണെന്നും കണ്ടെത്തി. കാലുകളും കാല്‍പാദവും മറ്റേതോ മൃഗത്തിന്റെതും!(18)

ഈ തട്ടിപ്പിനെക്കുറിച്ചുള്ള ഒരു വിശദീകരണം കാണുക: ”ഇതിനുശേഷം ഫിലിപ്പ് ക്യൂറിയെയും നാഷണല്‍ ജ്യോഗ്രഫിക് മാഗസിനെയും ഫോസില്‍ തട്ടിപ്പാണ് എന്ന് കണ്ടെത്തലിനെക്കുറിച്ച് അറിയിച്ചു. അവര്‍ ചൈനീസ് വിദഗ്ധനായ സൂ സിങ്ങിനോട് ചേര്‍ന്ന് ഫോസില്‍ പഠനവിധേയമാക്കാനും നാച്വറല്‍മാഗസിനില്‍ അത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിക്കാനും തുടര്‍ന്ന് ഒരു പത്രസമ്മേളനം നടത്താനും നാഷണല്‍ ജോഗ്രഫിന്റെ ഒരു ഫീച്ചര്‍ പതിപ്പ് പുറത്തിറക്കാനും സമ്മതിച്ചു. എന്നാല്‍ ആദ്യ വിശകലനത്തില്‍ തന്നെ ക്യൂറി ഫോസിലിന്റെ വാല്‍ അതിന്റെ ശരീരവുമായി ചേരുന്നില്ല എന്ന കാര്യം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ‘ടിം റോവി’നെ കൊണ്ട് സ്‌കാനിംഗിന് വിധേയനാക്കിച്ചു. ടിം കണ്ടെത്തിയത് ഫോസിലിന്റെ കാലുകളും വാലും ഫോസിലിന്റെ മറ്റു ശരീരഭാഗങ്ങളുമായി ഒരുനിലയ്ക്കും യോജിക്കുന്നില്ല എന്നു തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ആ ഫോസില്‍ ഒരു തട്ടിപ്പാണെന്നനിഗമനത്തിലെത്തിച്ചേരുകയും ചെയ്തു.(19)

റഫറന്‍സസ്:

1. ജീവജാതികളുടെ ഉല്‍പത്തി, ചാള്‍സ് ഡാര്‍വിന്‍. മലയാള പരിഭാഷ: എം. സുദര്‍ശനന്‍. മൈത്രി ബുക്‌സ്, തിരുവനന്തപുരം. പേജ് 185, 272.

2. https://en.wikipedia.org/wiki/influeces_on_Karl_Marx

3. https://en.wikipedia.org/wiki/Ernst_Haeckel

4. http://www.ichthus.info/Evolution/evolution.html

5. https://en.wikipedia.org/wiki/Nebraska_Man

6. https://en.wikipedia.org/wiki/Scopes_Trial

7. https://en.wikipedia.org/wiki/William_Jennings_Bryan

8. https://rdlindsey.com/flashfacts/nebraska.html

9. https://www.nhm.ac.uk/discover/dinodirectory/irritator.html

10. https://en.wikipedia.org/wiki/Irritator

11. https://www.amazon.co.uk/FillerGlassDavidsIsoponBridges/dp/B003HJMTPA

12. https://www.science20.com/between_death_and_data/5_greatest_palaeontology

13. https://en.wikipedia.org/wiki/University_of_S%C3%A3o_Paulo

14. https://en.wikipedia.org/wiki/Irritator

15. https://en.wikipedia.org/wiki/Josiah_Whitney

16. https://en.wikipedia.org/wiki/Calaveras_Skull

17. https://en.wikipedia.org/wiki/Yanornis

18. https://en.wikipedia.org/wiki/Archaeoraptor

19.https://www.science20.com/between_death_and_data 5_greatest_palaeontology

 

അലി ചെമ്മാട്
നേർപഥം വാരിക

അവർക്ക്‌ ദൈവത്തെ കാണണമത്രേ!

അവർക്ക്‌ ദൈവത്തെ കാണണമത്രേ!

`എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രമാണ്‌ അവസാന വാക്ക്‌. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും ഞാൻ അംഗീകരിക്കുകയില്ല. അത്‌ കൊണ്ട്‌ തന്നെയാണ്‌ ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തതും, എന്നെനിക്ക്‌ ശാസ്ത്രം ദൈവത്തെ കാണിച്ചു തരുന്നുവോ അന്നേ ഞാൻ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ.` ഒരു യുക്തിവാദി സുഹൃത്തിന്റെ വാക്കുകളാണിവ. ശാസ്ത്രത്തിലുള്ള ജ്ഞാനവും വിനയവും കൂടിച്ചേർന്നാൽ ഒരാൾ ദൈവവിശ്വാസിയും അൽപജ്ഞാനവും അഹങ്കാരവും കൂടിച്ചേർന്നാൽ ഒരാൾ ദൈവനിഷേധിയുമാകുന്നു എന്നാരോ പറഞ്ഞതിനെ സാധൂരികരിക്കുന്ന യുക്തിവാദികളുടെ പതിവ്‌ ക്ളീഷേ ഡയലോഗുകളിൽ ഒന്ന്‌ മാത്രമാണിത്‌.

ആത്മാവ്‌ എന്ത്‌?, ജീവോല്പത്തി എങ്ങനെ?, ധർമവും അധർമവും എന്ത്‌, എന്തിന്‌? ജീവിതത്തിന്റെ ലക്ഷ്യമെന്ത്‌? എന്ന്‌ തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ശാസ്ത്രത്തിനാവുമോ എന്നൊന്നും ഇവരോട്‌ ചോദിച്ചിട്ട്‌ കാര്യമില്ല, കാരണം അതൊക്കെ യുക്തിയുപയോഗിച്ച്‌ ചിന്തിക്കുന്നവരോട്‌ ചോദിക്കേണ്ടുന്ന ചോദ്യങ്ങളാണ്‌! അഥവാ E=m-c2 എന്ന ഫോർമുലക്ക്‌ ദ്രവ്യത്തെ പരിവർത്തിപ്പിച്ച്‌ എത്ര മാത്രം ഊർജ്ജം ലഭിക്കുമെന്ന്‌ മാത്രമേ പഠിപ്പിക്കാനാകൂ. ആ ഊർജ്ജം തന്റെ സഹോദരങ്ങളെ കൊന്നൊടുക്കാനും ഉപദ്രവിക്കാനും ഉപയോഗിക്കരുതെന്ന വിവരം നൽകുന്നില്ല. ഈ കണ്ടുപിടിത്തമുപയോഗിച്ച്‌ ഹിരോഷിമയിലും നാഗസാക്കിയിലും ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത നടമാടിയപ്പോൾ ഐൻസ്റ്റീന്‌ ലോകത്തോട്‌ `മനുഷ്യരാകൂ. മാനവികതയെ ഓർമിക്കൂ.` എന്ന്‌ വിളിച്ചു പറയേണ്ടി വന്നതും അത്‌ കൊണ്ട്‌ തന്നെയാണ്‌. ഒരു പരീക്ഷണ ശാലയിലും ഈ പറഞ്ഞ `മാനവികത`യെന്തെന്ന്‌ ഗവേഷണം നടത്തി കണ്ടുപിടിക്കാനാവുകയുമില്ല. അതുകൊണ്ട്‌ തന്നെ ശാസ്ത്രത്തിനപ്പുറമൊന്നുമില്ല എന്ന്‌ പറയുന്നവർ ശാസ്ത്രമെന്തെന്നു പോലും അറിയാത്തവരാണ്‌.

പദാർഥങ്ങളെ കുറിച്ചുള്ള പഠനമാണ്‌ ശാസ്ത്രം. പദാർഥം എങ്ങനെ പെരുമാറുന്നു എന്നതാണ്‌ ശാസ്ത്രത്തിന്റെ ചർച്ചാ മേഖല. അതിന്റെ മാർഗങ്ങളാകട്ടെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമാണ്‌. എന്നിരിക്കെ പദാർഥത്തിനു അതീതനായ ഒരു ശക്തിയെക്കുറിച്ച്‌ എങ്ങനെ ശാസ്ത്രത്തിനു പറയാനാകും? ഒന്നുകൂടി ലളിതമായി പറഞ്ഞാൽ പ്രപഞ്ചത്തിനകത്തുള്ളതിനെ കുറിച്ചുള്ള, അഥവാ സൃഷ്ടികളെ കുറിച്ചുള്ള പഠനമാണ്‌ ശാസ്ത്രം. അതിനാൽ തന്നെ പ്രപഞ്ചാതീതനായ, പദാർഥാതീതനായ, സ്രഷ്ടാവായ ദൈവത്തെ കുറിച്ച്‌ പഠിക്കാനും അറിയാനും ശാസ്ത്രത്തിന്റെ മാർഗങ്ങൾ അപര്യാപതമാണ്‌. എത്ര തന്നെ ശാസ്ത്രം മുന്നോട്ടു പോയാലും എത്ര ശക്തിയുള്ള ഉപകരണങ്ങൾ കണ്ടുപിടിച്ചാലും ദൈവത്തെ കാണാനാകുമെന്ന്‌ വേദഗ്രന്ഥങ്ങളൊന്നും വാദിക്കുന്നുമില്ല.

ചിലർക്ക്‌ ഇത്രയും കേട്ടാൽ മതിയാകും. `കൂടുതൽ വിശദീകരണങ്ങളൊന്നും വേണ്ട, ഏതായാലും ദൈവത്തെ ശാസ്ത്രം കണ്ടുപിടിച്ചു തരില്ലെന്ന്‌ നിങ്ങൾ തന്നെ സമ്മതിച്ചല്ലോ. കൂടുതലൊന്നും കേൾക്കണ്ടാ` എന്ന്‌ പറഞ്ഞ്‌ ഒരു പോക്കാണ്‌. ശരിയാണ്‌, ‍്രെപെമറി വിദ്യാർഥിക്ക്‌ മുൻപിൽ ട്രിഗോണോമെട്രി ക്ളാസെടുക്കുന്നത്‌ പോലെയാണ്‌ പോലെ യുക്തി(രഹിത)വാദിയോടു പ്രപഞ്ചാതീതവും പദാർഥാതീതവുമായ ശക്തിയെക്കുറിച്ചൊക്കെ സംസാരിക്കുന്നത്‌. ശരി, യുക്തിവാദിയുടെ നിലവാരത്തിലേക്ക്‌ താഴ്ന്നു കൊണ്ട്‌ സംസാരിക്കാം. പ്രപഞ്ചത്തിന്‌ അപ്പുറത്തുള്ള ശക്തിയെ കുറിച്ച്‌ ശാസ്ത്രത്തിന്‌ പറയാനാകുമോ എന്നതൊക്കെ അവിടെ നിൽക്കട്ടെ. പ്രപഞ്ചത്തിനുള്ളിലുള്ളതിനെ കുറിച്ചെങ്കിലും പൂർണമായി പറഞ്ഞ്‌ തരാൻ ശാസ്ത്രത്തിനാകുമോ എന്നൊന്ന്‌ ചെറിയ രണ്ട്‌ ഉദാഹരണങ്ങൾ വെച്ച്‌ പരിശോധിക്കാം.

സൂക്ഷ്മ പ്രപഞ്ചം

ആറ്റത്തിനേക്കാൾ ചെറുതായൊന്നുമില്ല എന്ന അജ്ഞതയിൽ നിന്നൊക്കെ ശാസ്ത്രം ഏറെ പുരോഗമിച്ചു കഴിഞ്ഞു. ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയുമൊക്കെ ലോകത്ത്‌ നടക്കുന്ന ഗവേഷണങ്ങൾ നമ്മെ കൂടുതൽ അമ്പരപ്പിലേക്കും ആശ്ചര്യത്തിലേക്കുമാണ്‌ എത്തികുന്നത്‌. സൂക്ഷ്മപ്രപഞ്ചത്തിലെ ഈ സങ്കീർണതകൾ അതിസൂക്ഷ്മനായ ഒരു സ്രഷ്ടാവിന്റെ കരങ്ങൾ പ്രവർത്തിച്ചു എന്നതിനുള്ള തെളിവായാണ്‌ വിനയമുള്ളവർക്ക്‌ ബോധ്യമാവുക. അഹങ്കാരികൾ അതും `യാദൃച്ഛികത`യുടെ അക്കൗണ്ടിലേക്ക്‌ വരവുവെച്ച്‌ സ്വയം വിഡ്ഢികളാകുന്നു.

വിഷയത്തിലേക്ക്‌ തിരിച്ചു വരാം. ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവമാണ്‌ (Dual Nature) ഇന്ന്‌ ശാസ്ത്രലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്‌. ഒരു ഇലക്ട്രോണിനെ വിശദീകരിക്കാൻ ?=h/p എന്ന ഡീബ്രോഗ്ലീ സമവാക്യം ഉപയോഗിക്കുമ്പോൾ ? തരംഗ സ്വഭാവത്തെയും (wave nature) ‍ു പാർട്ടിക്കിൾ (‍particle) സ്വഭാവത്തെയും കുറിക്കുന്നു. പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ്‌ ഹൈസൻബർഗിന്റെ `അനിശ്ചിതത്വ സിദ്ധാന്തം` (Heisenberg’s Uncertaintiy Principle).

h/2p ~ ?x?p

ഇതനുസരിച്ച്‌ ഇലക്ട്രോണിന്റെ സ്ഥാനവും മാസും പ്രവേഗവും ഒരേ സമയത്ത്‌ കൃത്യമായി കണക്കാക്കാൻ സാധ്യമല്ല! ഇലക്ട്രോണിന്റെ സ്ഥാനം കണക്കാക്കാൻ നാമുപയോഗിക്കുന്ന വസ്തു അതിന്റെ പ്രവേഗത്തെയും പ്രവേഗം കണക്കാക്കാൻ ഉപയോഗിക്കുന്ന വസ്തു അതിന്റെ മാസിനെയും കാര്യമായി സ്വാധീനിക്കുന്നു എന്നത്‌ കൊണ്ടാണത്രേ ഇത്‌.

ചുരുക്കത്തിൽ നിസ്സാരമായ ഒരു ഇലക്ട്രോണിന്റെ പോലും പൂർണമായി മനസ്സിലാക്കാൻ നമുക്ക്‌ സാധ്യമല്ല! ഇനിയും നമ്മുടെ ഗവേഷണങ്ങൾക്ക്‌ പരിധിയും പരിമിധികളുമില്ലെന്ന്‌ വിളിച്ചു കൂവുന്നവർക്ക്‌ എന്നാണ്‌ നേരം വെളുക്കുക?! പദാർഥ ലോകത്തിലെ സൂക്ഷ്മതകൾ പോലും പൂർണമായി മനസ്സിലാക്കാൻ കഴിയാത്തവരാണ്‌ പദാർഥാതീതനായ ശക്തിയെ കാണണമെന്ന്‌ വാശി പിടിക്കുന്നത്‌. ഹാ കഷ്ടം!

സ്ഥൂലപ്രപഞ്ചം

പ്രപഞ്ചത്തിന്റെ വലിപ്പത്തെ കുറിച്ച്‌ പൊട്ടക്കിണറ്റിലെ തവള പുറംലോകത്തെ കുറിച്ച്‌ വാചാലനാകുന്നത്‌ കണക്കെയാണ്‌ നാമിന്നും സംസാരിക്കുന്നത്‌. ഇന്നും നമ്മുടെ ദൃഷ്ടികൾ ചെന്നെത്തുക കൂടി ചെയ്യാത്ത നക്ഷത്രങ്ങളുണ്ട്‌. ഭൂമിക്ക്‌ പുറത്ത്‌ ജീവയോഗ്യമായ ഒരു തുണ്ട്‌ സ്ഥലമുണ്ടോ എന്ന ഗവേഷണം പോലും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനിടയിൽ ഇവയ്ക്കൊക്കെ പരിഹാരമാകുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. ശാസ്ത്രം മുന്നോട്ടു കുതിക്കുകയാണ്‌, ആ കുതിപ്പിനിടയിൽ നമുക്ക്‌ ഇന്ന്‌ ചിന്തിക്കാൻ പോലുമാകാത്ത അത്ര ശക്തിയുള്ള ടെലെസ്കോപ്പുകൾ കണ്ടെത്തിയേക്കാം. കൂടുതൽ നക്ഷത്രങ്ങളെയും ഗാലക്സികളെയും കുറിച്ച്‌ നമുക്ക്‌ പഠിക്കാൻ സാധിച്ചേക്കാം. പക്ഷെ അവിടെയും പരിധികളുണ്ടെന്നാണ്‌ ശാസ്ത്രം തന്നെ പറയുന്നത്‌. കാരണം പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ്‌ എന്നാണ്‌ ശാസ്ത്രജ്ഞന്മാരുടെ മുഴുവൻ അഭിപ്രായം. ഊതിവീർപ്പിക്കുന്ന ഒരു ബലൂണിലെ പുള്ളികൾ തമ്മിൽ അകലുന്നത്‌ പോലെ വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിനകത്തെ ഗ്യാലക്സികൾ തമ്മിൽ അകന്നു കൊണ്ടിരിക്കുകയാണ്‌.

അഥവാ മിൽകിവേ ഗ്യാലക്സിയിലാണ്‌ നാമുള്ളത്‌. മറ്റു ഗ്യാലക്സികൾ നമ്മിൽ നിന്ന്‌ അകന്നു കൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ അകന്നു പോകുന്നതിന്റെ വേഗത ഹബ്ൾ നിയമം (Hubble’s Law) കണക്കുകൂട്ടുന്നത്‌ ഇങ്ങനെയാണ്‌: v=Ho.D ഇതിൽ v എന്നാൽ ഗ്യാലക്സി അകലുന്നതിന്റെ വേഗത. Ho എന്നാൽ Hubble’s Constant. (ഈ കോൺസ്റ്റന്റ്‌ എത്രയാണ്‌ എന്നതിനെ കുറിച്ച്‌ ഇപ്പോഴും പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. 20km/sec/10,00,000 Light Years എന്ന സംഖ്യ തല്കാലമെടുക്കാം). D എന്നാൽ നമ്മിൽ നിന്നും ആ ഗ്യാലക്സിയിലേക്കുള്ള ദൂരം. ഇത്‌ പ്രകാരം 1500 കോടി പ്രകാശവർഷമോ അതിലധികമോ അകലെയുള്ള ഗ്യാലക്സികൾ നമ്മിൽ നിന്ന്‌ അകന്നു കൊണ്ടിരിക്കുന്നത്‌ പ്രകാശത്തെക്കാൾ വേഗതയിലാണ്‌! എന്ന്‌ വെച്ചാൽ അതിൽ നിന്നുള്ള പ്രകാശം ഒരിക്കലും നമ്മുടെ അടുത്ത്‌ എത്തുകയില്ല.! അഥവാ എത്ര ശക്തിയുള്ള ദൂരദർശിനിയുണ്ടായാലും ആ ഗ്യാലക്സികളെക്കുറിച്ച്‌ യാതൊരു അറിവും നമുക്ക്‌ ലഭിക്കാൻ പോകുന്നില്ല! ഇങ്ങോട്ട്‌ വരാത്ത പ്രകാശത്തെ പിടിച്ചെടുക്കാൻ എത്ര ശക്തിയുള്ള ടെലെസ്കോപ്പിനും കഴിയില്ലല്ലോ.

നോക്കൂ. 1500 കോടി പ്രകാശവർഷത്തിനകത്തെ വസ്തുക്കൾ മാത്രമേ എത്ര തന്നെ പുരോഗമിച്ചാലും നമുക്ക്‌ കാണാൻ സാധിക്കൂ. കാണാത്തതൊക്കെ നിഷേധിക്കുന്നവർ അതിനപ്പുറത്തെ പദാർഥലോകത്തെ തന്നെ നിഷേധിക്കുമോ ആവോ?! മുൻവിധിയും അഹങ്കാരവും ഒഴിവാക്കി ചിന്തകളെ സ്വതന്ത്രമാക്കുന്ന ആർക്കാണിനിയും ഇത്തരം ബാലിശമായ ന്യായങ്ങൾ ആവർത്തിക്കാനാവുക?!

സ്ഥൂലപ്രപഞ്ചത്തെയും സൂക്ഷ്മപ്രപഞ്ചത്തെയും പോലും പൂർണമായി മനസ്സിലാക്കാനും പഠിക്കാനും നമുക്ക്‌ സാധ്യമാകുന്നില്ല എന്ന യാഥാർത്യത്തിലേക്ക്‌ വിരൽചൂണ്ടാൻ രണ്ട്‌ ഉദാഹരണങ്ങൾ വിവരിച്ചു എന്ന്‌ മാത്രം. ആ നാമാണോ പ്രപഞ്ചത്തിന്‌ അതീതനായ ശക്തിയെ നമ്മുടെ ദുർബലമായ ഉപകരണങ്ങൾ കൊണ്ട്‌ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നത്‌ കൊണ്ട്‌ നിഷേധിക്കാനൊരുങ്ങുന്നത്‌? പദാർഥങ്ങളെ കുറിച്ച്‌ പോലും പൂർണമായി പഠിക്കാൻ സാധിക്കാത്തവർ പദാർഥാതീതനെ കാണാൻ സാധിക്കുന്നില്ലെന്ന കാരണം പറഞ്ഞ്‌ നിഷേധിക്കുന്നു! എന്തൊരു വിരോധാഭാസം?! ചുറ്റിലും ആ മഹാനായ സ്രഷ്ടാവിന്റെ കരങ്ങൾ പ്രവർത്തിച്ചതിന്റെ തെളിവുകളുണ്ടായിട്ടും, ഈ സങ്കീർണതകൾ പടച്ചവന്റെ കഴിവിനെയും മാഹാത്മ്യത്തെയും ബോധ്യപ്പെടുത്തുന്നതായിരുന്നിട്ടും എല്ലാം `യാദൃച്ഛിക`മെന്ന ഏറ്റവും വലിയ യുക്തിരഹിത `വിശ്വാസത്തെ` മുറുകെ പിടിക്കുന്നവർക്ക്‌ ചിന്തിക്കാനും പഠിക്കാനും മനസ്സ്‌ വിശാലമാകട്ടെ എന്ന്‌ പ്രാർഥിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

 

അബ്ദുല്ല ബാസിൽ സി.പി
നേർപഥം വാരിക

02 – നിരീശ്വരവാദികളും ശാസ്ത്രവും​

02 - നിരീശ്വരവാദികളും ശാസ്ത്രവും

ശാസ്ത്രവളര്‍ച്ചക്ക് വിഘാതമായി നിലകൊണ്ടു എന്ന് നിരീശ്വരവാദികള്‍ ആരോപിക്കുന്ന ഇസ്‌ലാം മതം യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. ശാസ്ത്രത്തിന്റെ ഈറ്റില്ലമാണെന്ന് അവകാശപ്പെടുന്ന യൂറോപ്പിലേക്ക് ശാസ്ത്രത്തിന്റെ തിരിനാളങ്ങള്‍ എത്തിച്ചേര്‍ന്നത് തന്നെ ഇസ്‌ലാമികലോകത്ത് നിന്നായിരുന്നു. മധ്യകാലഘട്ടത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വിജ്ഞാന ദാഹികള്‍ വിജ്ഞാന സമ്പാദനത്തിനായി എത്തിച്ചേര്‍ന്നിരുന്നത് ഇസ്‌ലാമിക ലോകത്തേക്കായിരുന്നു. 2% മാത്രം സാക്ഷരത ഉണ്ടായിരുന്ന ഒരു ജനവിഭാഗം ലോകത്തിന്റെ ഗുരുക്കന്മാരായി മാറിയത് എങ്ങനെ എന്ന ചോദ്യത്തിന് ഇസ്‌ലാം ഒന്ന ഒരേയൊരു ഉത്തരമേ ലഭിക്കുകയുള്ളൂ. ചിന്താപരമായി ‘വട്ടപ്പൂജ്യ’മായിരുന്ന അറേബ്യയിലെ ജനങ്ങള്‍ ചിന്തിക്കുവാനും അറിവ് നേടുവാനും ആരംഭിച്ചത് മുഹമ്മദ് നബി ﷺ യുടെ ആഗമനത്തോട് കൂടിയായിരുന്നു. അറിവ് ആര്‍ജിക്കാന്‍ അദ്ദേഹം അനുയായികളോട് ആവശ്യപെട്ടു. 

അനസ്(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ”വിജ്ഞാനം തേടി പുറെപ്പട്ടുപോകുന്നവന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാകുന്നു” (തിര്‍മിദി).

അനസ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ”വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്” (തിര്‍മിദി).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ”വിജ്ഞാനമുള്ള വാക്ക് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്” (തിര്‍മിദി).

അറിവിന്റെ കുത്തകവല്‍ക്കരണം അദ്ദേഹം നിരോധിച്ചു. ഉടമസ്ഥാവകാശം അനുവദിച്ചു. 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ പറഞ്ഞു: ”ആരെങ്കിലും ഒരുകാര്യത്തെ സംബന്ധിച്ചു ചോദിക്കപ്പെട്ടു. എന്നിട്ടവനത് മറച്ചുവെച്ചു. എങ്കില്‍ അന്ത്യദിനത്തില്‍ അവന്ന് തീയാലുള്ള കടിഞ്ഞാണിടപ്പെടും” (അബൂദാവൂദ്, തിര്‍മിദി).

രോഗം വന്നാല്‍ ചികില്‍സിക്കണമെന്ന് അദ്ദേഹം കല്‍പിച്ചു. വൈദ്യശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന സ്വഹാബിവര്യനായിരുന്നു ഹാരിഥ് ഇബ്‌നു കല്‍ദ(റ). ചില സ്വഹാബിമാര്‍ക്ക് അസുഖം വന്നപ്പോള്‍ നബി ﷺ ഇദ്ദേഹത്തെ ചികിത്സിക്കുവാന്‍ വിളിച്ചവരുത്തിയതായി ചരിത്രത്തില്‍ കാണാം.  

അബൂഹുറയ്‌റ(റ) നിവേദനം: നബി ﷺ അരുളി: ”ഔഷധമില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല” (ബുഖാരി).

റുബീഅഃ(റ) പറയുന്നു: ”ഞങ്ങള്‍ നബി ﷺ യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങള്‍ ജനങ്ങളെ ചികിത്സിക്കും. അവര്‍ക്ക് വേല ചെയ്തുകൊടുക്കും. വധിക്കപ്പെട്ടവരെ യുദ്ധക്കളത്തില്‍ നിന്ന് നീക്കും; മുറിവ് പറ്റിയവരെയും” (ബുഖാരി).

ജാബിര്‍(റ) നിവേദനം. നബി ﷺ പറഞ്ഞു: ”എല്ലാ രോഗത്തിനും മരുന്നുണ്ട്. രോഗത്തിന് അനുയോജ്യമായ മരുന്നു കണ്ടെത്തപ്പെട്ടാല്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം സുഖപെടുന്നു” (മുസ്‌ലിം).

ദൃശ്യപ്രപഞ്ചത്തെക്കുറിച്ച് പഠനം നടത്തുവാന്‍ അല്ലാഹു ക്വുര്‍ആനിലൂടെ ആഹ്വാനം ചെയ്യുന്നതായി കാണാം: ”ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്” (ക്വുര്‍ആന്‍ (88:17-20).

”അവരുടെ സ്വന്തത്തെപ്പറ്റി അവര്‍ ചിന്തിച്ച് നോക്കിയിട്ടില്ലേ? ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ശരിയായ മുറപ്രകാരവും നിര്‍ണിതമായ അവധിയോട് കൂടിയുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതില്‍ വിശ്വാസമില്ലാത്തവരത്രെ” (ക്വുര്‍ആന്‍ 30:8).

”അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുന്നില്ലേ? അവര്‍ ഇവരെക്കാള്‍ കൂടുതല്‍ ശക്തിയുള്ളവരായിരുന്നു. അവര്‍ ഭൂമി ഉഴുതുമറിക്കുകയും ഇവര്‍ അധിവാസമുറപ്പിച്ചതിനെക്കാള്‍ കൂടുതല്‍ അതില്‍ അധിവാസമുറപ്പിക്കുകയും ചെയ്തു”(ക്വുര്‍ആന്‍ 30:89).

”അതല്ല,  അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍” (ക്വുര്‍ആന്‍ 25:44).

”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍” (ക്വുര്‍ആന്‍ 3:190,191).

മനുഷ്യമനസ്സില്‍ ഒളിഞ്ഞുകിടന്നിരുന്ന ജിജ്ഞാസയെ തൊട്ടുണര്‍ത്താന്‍ ക്വുര്‍ആനിന് കഴിഞ്ഞു. കടുത്ത അന്വേഷണത്വരയും ജിജ്ഞാസയും പ്രകടമാക്കിയിരുന്ന ഇബ്‌റാഹീം(അ)നെയാണ് മാനവരാശിക്ക് ആകമാനം മാതൃകയായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. 

”എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചു തരേണമേ, എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്‌റാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടി വരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:260).

പുനരുത്ഥാനം സാധ്യമാകുന്നത് എപ്രകാരമാണെന്നറിയാനുള്ള ഇബ്ാഹീം നബി(അ)യുടെ ജിജ്ഞാസ എടുത്തുദ്ധരിക്കുക വഴി ഇസ്‌ലാം, ജിജ്ഞാസക്കും അന്വേഷണ ത്വരക്കും ചിന്തക്കും എത്രമാത്രം പ്രാധാന്യം കല്‍പിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു         

ബദ്‌റില്‍ ബന്ധികളായി പിടിക്കപ്പെട്ട ചിലരെ മോചിപ്പിക്കാനുള ഉപാധിയായി നബി ﷺ ആവശ്യപ്പെട്ടത് അക്ഷരാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവര്‍ക്ക് അക്ഷരാഭ്യാസം നല്‍കാനായിരുന്നു. അക്ഷരാഭ്യാസം സിദ്ധിച്ച സമൂഹത്തെ സൃഷ്ടിക്കുവാന്‍ പ്രവാചകന്‍ ﷺ ഇത്തരത്തില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തി. സാക്ഷരത കുത്തനെ ഉയര്‍ന്നു. ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ അറബി ഭാഷ ശക്തിപ്പെട്ടു. വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും അടിസ്ഥാനത്തില്‍ എകീകരിക്കപ്പെട്ട പോലെ ഭാഷയുടെ പേരിലും അറേബ്യ എകീകരിക്കപ്പെട്ടു. സുഗമമായ ആശയ കൈമാറ്റത്തിന് ഇത് കാരണമായി. 

ഉമര്‍(റ)വിന്റെ ഭരണ കാലഘട്ടത്തില്‍ ഒട്ടനവധി സാങ്കേതിക പദ്ധതികള്‍ നടപ്പിലാക്കി. കനാലുകള്‍ മുതല്‍ കാറ്റാടി യന്ത്രങ്ങള്‍ വരെ ഇസ്‌ലാമിക ലോകത്ത് യഥേഷ്ടം നിര്‍മിക്കപ്പെട്ടു. കാറ്റാടി യന്ത്രങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി അവയെ ജനകീയമാക്കിയത് മുസ്‌ലിംകള്‍ ആയിരുന്നു. മുആവിയ(റ)യുടെ പൗത്രന്‍ ഖാലിദ് ഇബ്‌നു യസീദിന്റെ കാലഘട്ടത്തില്‍ ശാസ്ത്ര ഗവേഷണ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്താന്‍ ആരംഭിച്ചു. രസതന്ത്ര ഗവേഷണത്തില്‍ പരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ജാബിര്‍ ഇബ്‌നു ഹയ്യാന്റെ ഗുരു ഇമാം ജഅ്ഫര്‍ സ്വാദിക്വ് ഖാലിദ് ഇബ്‌നു യസീദിന്റെ ശിഷ്യനായിരുന്നു. ഖാലിദ് ഇബനു യസീദിന്റെ കാലഘട്ടത്തില്‍ ആരംഭിച്ച ഈ വിവര്‍ത്തന പദ്ധതി അബ്ബാസിയ്യ രാജവംശത്തിന്റെ കാലഘട്ടത്തില്‍ കൂടുതല്‍ വിപുലീകരിക്കപെട്ടു. 

ശാസ്ത്ര ഗവേഷണങ്ങള്‍ക്കും വിവര്‍ത്തനത്തിനുമായി ‘ബൈതുല്‍ ഹിക്മ’ എന്ന പേരില്‍ ഒരു ആലയം ബാഗ്ദാദില്‍ സ്ഥാപിക്കപ്പെട്ടു. ഇൗജിപ്തിലും സ്‌പെയിനിലും ഇത്തരത്തിലുള്ള ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ക്കാവശ്യമായ ഫണ്ടുകള്‍ ഗവണ്‍മെന്റ് വര്‍ധിപ്പിച്ചു. സകല ശാസ്ത്ര മേഖലകളിലും മുസ്‌ലിംകള്‍ ഉയര്‍ന്ന് വന്നു. അള്‍ജിബ്രയുടെ പിതാവായ ഖവാരിസ്മി, ക്രിപ്റ്റനലൈസിസിന്റെ പിതാവായ അല്‍കിന്ദി, ശാസ്ത്രീയ രീതിക്ക് തന്നെ അടിത്തറ പാകിയ, ലോകത്തെ ആദ്യത്തെ തിയറെറ്റിക്കല്‍ ഫിസിസിസ്റ്റ് ആയി കണക്കാക്കപ്പെടുന്ന ഇബ്‌നു ഹയ്തം, വൈദ്യശാസ്ത്ര മേഖലയില്‍ യൂറോപ്യര്‍ അടക്കമുള്ളവര്‍ക്ക് ഗുരുവായിത്തീര്‍ന്ന ഇബ്‌നുസീന, ശസ്ത്രക്രിയ മേഖലയില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച അല്‍ സഹ്‌റാവി, ജേ്യാതിശാസ്ത്രരംഗത്ത് വിസ്മയകരമായ കണ്ടെത്തലുകള്‍ നടത്തിയ ഇബ്‌നു ഷാത്തിര്‍,  തൂസി, ഇന്‍ഡോളജിയുടെ പിതാവായ അല്‍ ബിറൂനി,  റെസിപ്രോക്കല്‍ ഇന്‍ഹിബിഷന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച അല്‍ബല്‍കി,  ശിശു രോഗ ചികിത്സയുടെ പിതാവായ അല്‍ റാസി, രക്തചംക്രമണ വ്യവസ്ഥ ആദ്യമായി വിശദീകരിച്ച ഇബ്‌നു നഫീസ്… തുടങ്ങിയ പ്രതിഭകള്‍ ശാസ്ത്ര മേഖലയില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ചു. വൈദ്യ ശാസ്ത്ര മേഖലകളിലും ജേ്യാതിശാസ്ത്ര മേഖലകളിലും ആധികാരിക ശബ്ദം മുസ്‌ലിംകളുടെതായി മാറി. മഹാനായ ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍ ‘മുക്വദ്ദിമ’ എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിക ലോകത്ത് ഉണ്ടായി വന്ന ശാസ്ത്ര വളര്‍ച്ചയെ കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: 

‘മറ്റൊരു ജനതയും നേടിയിട്ടില്ലാത്ത വിധം ശാസ്ത്രത്തെ മുസ്‌ലിംകള്‍ വളര്‍ത്തിയെടുത്തു. അവര്‍ വിവിധ ശാസ്ത്രശാഖകളില്‍ പ്രാവീണ്യം നേടി. ഈ രംഗത്ത് അവര്‍ കൈവരുത്തിയ പുരോഗതി അതില്‍ വീണ്ടും മെച്ചപ്പെടുത്താന്‍ ഒന്നും ശേഷിക്കാത്ത വിധമായിരുന്നു.’

ശാസ്ത്ര സാങ്കേതിക രംഗത്ത് അഭൂത പൂര്‍വമായ വളര്‍ച്ച മനുഷ്യന്‍ കൈവരിക്കുമെന്ന് പ്രവാചകന് അറിയാമായിരുന്നു. ഭാവിയില്‍ പടുകൂറ്റന്‍ കെട്ടിടങ്ങളുടെ നിര്‍മിതി ഉണ്ടാകുമെന്നും പ്രവാചകന്റെ പള്ളിയെ നോക്കിക്കൊണ്ട് ഈ വെള്ളക്കൊട്ടാരം ആരുടേതാണ് എന്ന് ദജ്ജാല്‍ ചോദിക്കുമെന്നും തുടങ്ങിയ പ്രവചനങ്ങള്‍,  ശാസ്ത്ര സാങ്കേതിക രംഗത്ത് മനുഷ്യന്‍ കുതിച്ചുയരും എന്ന് പ്രവാചകന്‍ മനസ്സിലാക്കിയിരുന്നു എന്ന് തെളിയിക്കുന്നു. 

ചാര്‍വാകന്മാരെ പോലെ ഇന്ദ്രിയങ്ങള്‍ക്ക് അപ്രമാദിത്യം നല്‍കുകയോ അനുമാനത്തെ തീര്‍ത്തും നിഷേധിക്കുകയോ ചെയ്യുന്നവരായിരുന്നില്ല മുസ്‌ലിംകള്‍. അനുമാനത്തെ കുറിച്ച് കൃത്യമായ നിലപാട് ക്വുര്‍ആന്‍ മുന്നോട്ടുവെച്ചു.

ഒരു അറിവ് ലഭിച്ചാല്‍ അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ചറിയണമെന്ന് ക്വുര്‍ആന്‍ നിര്‍ദേശിച്ചു: ”സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി” (ക്വുര്‍ആന്‍ 48:6).

ഇന്ദ്രിയങ്ങളുടെ പരിമിതികളെക്കുറിച്ച് മുസ്‌ലിംകള്‍ ബോധവാന്മാരായിരുന്നു. ‘അല്‍ മുന്‍ക്വിദു മിന ദ്ദലാല്‍’ എന്ന ഗ്രന്ഥത്തില്‍ ഇമാം ഗസ്സാലി ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഭീമാകാരമായ നക്ഷത്രങ്ങള്‍ നമ്മുടെ കണ്ണുകള്‍ക്ക് നാണയ വട്ടത്തോളം മാത്രം വലിപ്പമുള്ള ഒന്നായാണ് അനുഭവപ്പെടുന്നത്. ഗോളശാസ്ത്ര പ്രകാരം ഭൂമിയെക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ളതാണ് നക്ഷത്രങ്ങള്‍. അതുകൊണ്ടുതന്നെ പരിമിതമാണ് നമ്മുടെ ഇന്ദ്രിയങ്ങള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള നിലപാടിലൂടെ തീര്‍ത്തും നിഷ്പക്ഷമായി കൊണ്ടുള്ള പഠനമാണ് മുസ്‌ലിംകള്‍ നടത്തിയത്. അത് കൊണ്ട് തന്നെയാണ് ശാസ്ത്ര സാങ്കേതിക രംഗത്ത് മുസ്‌ലിംകള്‍ക്ക് ബഹുദൂരം മുന്നോട്ട് പോകാന്‍ കഴിഞ്ഞത്. 

ഇസ്‌ലാമിക ലോകത്തുണ്ടായ ശാസ്ത്രവളര്‍ച്ചയെ മുസ്‌ലിം പണ്ഡിതന്മാര്‍ എതിര്‍ത്തിരുന്നു എന്ന വാദം ചിലര്‍ ഉന്നയിക്കാറുണ്ട്. അതിനായി അവര്‍ ഉദ്ധരിക്കുന്നതാകട്ടെ ലോകം കണ്ട എക്കാലത്തെയും മികച്ച ധിഷണശാലികളില്‍ ഒരാളായ ഇമാം ഗസ്സാലിയെയും. ക്രിസ്താബ്ദം 1100കളില്‍ ജീവിച്ചിരുന്ന ഇമാം ഗസ്സാലി അക്കാലത്ത് ലഭ്യമായിരുന്ന ശാസ്ത്ര വിഷയങ്ങളിലെല്ലാം തന്നെ അവഗാഹം നേടിയിരുന്നു. ഗോളശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ തന്റെ വാദങ്ങളുടെ തെളിവുകളായി അദ്ദേഹം എടുത്തുദ്ധരിച്ചു. ഇന്ദ്രിയങ്ങളുടെ പരിമിതികളെ ‘അല്‍ മുന്ക്വിദു മിനള്ള്വലാല്‍’ എന്ന ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്തതിന് പുറമേ, ‘അല്‍ ഹിക്മതു ഫി മഖ്‌ലൂകാതുല്ലാഹ്’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു:

”വിജ്ഞന്‍മാര്‍ പറഞ്ഞ സംഗതികളെക്കുറിച്ച് ചിന്തിച്ചാല്‍, ഭൂമിയാകുന്ന ഈ മഹാസൃഷ്ടിയെ ആകാശത്തോട് തുലനം ചെയ്യുമ്പോള്‍, ഭൂമിയും അതിലുള്ളതൊക്കെയും കൂടി ഒരു മരുഭൂമിയില്‍ വീണു കിടക്കുന്ന മോതിരത്തോളമേയുള്ളൂ. ഗംഭീര സൃഷ്ടികളായ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവയെല്ലാം ഉള്‍കൊള്ളുന്ന ആകാശവും നിങ്ങളുടെ കണ്ണുകളില്‍ എങ്ങനെ ദൃശ്യമാകുന്നുവെന്ന് ചിന്തിച്ചു നോക്കുക.”

തന്റെ വാദങ്ങള്‍ക്ക് തെളിവായി ഗോളശാസ്ത്രം ഉദ്ധരിച്ച, ശാസ്ത്രജ്ഞന്മാരെ ‘വിജ്ഞന്മാര്‍’ എന്ന് വിശേഷിപ്പിച്ച ഇമാം ഗസ്സാലി ശാസ്ത്ര വിരുദ്ധനായിരുന്നു എന്ന് പറയുന്നത് എത്രമാത്രം മൗഢ്യമാണ്!

ഇസ്‌ലാമിക ധനശാസ്ത്രത്തിന്റെ പ്രയോഗത്തിന്റെയും ശാസ്ത്ര സാങ്കേതിക മേഖലകളിലുള്ള വളര്‍ച്ചയുടെയും ഫലമായി ഇസ്‌ലാമിക ലോകം ഒരു വിസ്മയമായി മാറി. ഇസ്‌ലാമിക ലോകത്തിന്റെ അസൂയാവഹമായ വളര്‍ച്ച, യൂറോപ്യരെ ശാസ്ത്ര സാങ്കേതിക രംഗത്തേക്ക് ആകര്‍ഷിച്ചു. ശാസ്ത്ര സാങ്കേതിക മേഖലയിലെ പഠനത്തിനായി യൂറോപ്യര്‍ ഇസ്‌ലാമിക ലോകത്തേക്ക് വരുകയും അറബി ഭാഷയിലുള്ള ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്തു. സൗരകേന്ദ്ര പ്രപഞ്ച സിദ്ധാന്തം കോപര്‍നിക്കസ് മുന്നോട്ട് വെച്ചപ്പോഴേക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ശാസ്ത്ര സമൂഹം യൂറോപ്പില്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. 

അച്ചടിയന്ത്രത്തിന്റെയും ആവിയന്ത്രത്തിന്റെയും ഓട്ടോമൊബൈലിന്റെയും കണ്ടുപിടിത്തം ശാസ്ത്ര സാങ്കേതിക വിദ്യ തഴച്ചുവളരാന്‍ കാരണമായി. ഇന്ന് ജീവിതത്തിന്റെ സകല മേഖലകളിലും ശാസ്ത്രം കൈയൊപ്പ് ചാര്‍ത്തിക്കഴിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രത്തോടുള്ള പ്രീതി വര്‍ധിച്ച സാഹചര്യത്തില്‍ ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് നിരീശ്വര വാദികള്‍ രംഗ പ്രവേശനം ചെയ്യുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ നിരീശ്വരവാദികള്‍ തങ്ങളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ന്നുവന്ന ശാസ്ത്ര ശാഖകളെ അവര്‍ ഉന്മൂലനം ചെയ്തു. അനുമാനത്തെ നിഷേധിച്ച ചാര്‍വാകന്മാരുടെ പിന്മുറക്കാര്‍ തികച്ചും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന പരിണാമസിദ്ധാന്തത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. തങ്ങളുടെ ആശയങ്ങളുമായി യോജിച്ചുപോകുന്നതിന് വേണ്ടി ശാസ്ത്രത്തിന്റെ പേരില്‍ നിരവധി തട്ടിപ്പുകള്‍ നടത്തി. പില്‍റ്റ്ഡൗണ്‍മാനെ പോലുള്ള തട്ടിപ്പുകള്‍ ശാസ്ത്ര ലോകത്ത് അരങ്ങേറിയതോട് കൂടി ശാസ്ത്രത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. ശാസ്ത്രത്തെ ഇത്രമേല്‍ ദ്രോഹിച്ച ഒരു പ്രത്യയശാസ്ത്രം വേറെ ഉണ്ടായിട്ടില്ല. ശാസ്ത്ര വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ യാതൊരു സംഭാവനകളും അര്‍പിച്ചിട്ടില്ലാത്ത, ശാസ്ത്ര വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ച ആശയങ്ങള്‍ മുന്നോട്ടു വെച്ച നിരീശ്വരവാദികള്‍ ഇന്നും ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ തങ്ങളാണെന്ന് അവകാശപെടുന്നത് എത്ര മാത്രം ലജ്ജാവഹമാണ്. 

 

അവലംബങ്ങള്‍ 

1. Science in the Ancient World An Encyclopedia Russel Lawson, William Earl Burns 

2. Helaine Selin Encyclopaedia of the History of Science, Technology and Medicine in Non western cultureSpringer Netherlands(2016)

3. W.K.C Guthrie A History of Greek Philosophy, vol 2 The Presocratict radition from Parmenides to Democritus Cambridge Universtiy Press(1965) 

4. W.K.C. Guthrie A History of Greek Philosophy, Vol3, Part 1: The Sophists Cambridge Universtiy Press(1977)

5. Classics in the History of Greek MathematicsRobert. S. Cohen, Jurgen Renn, Kostas Gavroglu

6. The Philosophers of the Ancient World:An AZ guideTrevor Curnow

7. Surendhranath GuptaA History of Indian Philosophy

8. Philip Kennedy Abu Nuwas: A Genius of Potery

9. Olival Freirie: Marxism and the Quantum Cotnrovesry

10. Nikolai L. Kremenstov Stalinist Science

11. Ehsan Masood Science and Islam (2008)

12. ക്വുര്‍ആന്‍ മലയാള പരിഭാഷ.

 

ശുക്കൂര്‍ വരിക്കോടന്‍
നേർപഥം വാരിക

01 – നിരീശ്വരവാദികളും ശാസ്ത്രവും

01 - നിരീശ്വരവാദികളും ശാസ്ത്രവും

മനുഷ്യജീവിതത്തില്‍ ശാസ്ത്രത്തിനുള്ള സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. സാംസ്‌കാരികമായി ഉന്നതി പ്രാപിച്ച ഏതാണ്ടെല്ലാ സമൂഹങ്ങളിലും ശാസ്ത്രം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. പ്രപഞ്ചത്തില്‍ ഒളിഞ്ഞിരിക്കുന്ന ഊര്‍ജരൂപങ്ങളെ പുറത്തെടുത്ത് തനിക്ക് ഉപകാരപ്രദമാകുംവിധം പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യന്‍. ശാസ്ത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രപഠനങ്ങള്‍ക്കാവശ്യമായ ഫണ്ടുകള്‍ കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് അനുസൃതമായി സമൂഹം പാടെ മാറിക്കഴിഞ്ഞു. ദിനംപ്രതി പുതിയ കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതുമ നിറഞ്ഞതായിരിക്കുന്നു! ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രതിഭകള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.   

ശാസ്ത്രത്തിന് അപ്രമാദിത്യം നല്‍കുന്നവരായി ഇന്ന് ചിലര്‍ മാറിക്കഴിഞ്ഞു. ‘സൈന്റിസം’ ഒരു മഹാമാരിയായി മുസ്‌ലിംകള്‍ക്കിടയിലും പടര്‍ന്നു പിടിച്ചിരിക്കുന്നു. ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്ന ഇക്കൂട്ടര്‍ ശാസ്ത്രത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ കുറിച്ച് അജ്ഞരാണെന്നത് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. ശാസ്ത്രം എന്നത് മനുഷ്യബുദ്ധിയുടെ ഉല്‍പന്നമാണ് എന്നുള്ളത് കൊണ്ട് തന്നെ മനുഷ്യബുദ്ധിക്ക് സംഭവിക്കാവുന്ന അപചയങ്ങള്‍ ശാസ്ത്രത്തിനും സംഭവിക്കുന്നതാണ്. ശാസ്തപഠനങ്ങളിലേര്‍പെട്ടവര്‍ക്ക് ഇക്കാര്യം നന്നേ ബോധ്യമുള്ളതാണ്. ശാസ്ത്രം മാറ്റങ്ങള്‍ക്ക് വിധേയമാണ് എന്ന കാര്യത്തില്‍ അവര്‍ സംശയം പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ മറ്റു ചിലര്‍ ശാസ്ത്രത്തിന് ഒരിക്കലും തന്നെ അബദ്ധം സംഭവിക്കുകയില്ല എന്ന പക്ഷക്കാരാണ്. ശരിയില്‍ നിന്നും കൂടുതല്‍ ശരിയിലേക്ക് ഗമിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. നിരീശ്വരവാദികളാണ് ഇത്തരത്തിലുള്ള വാദങ്ങള്‍ മുന്നോട്ട് വെക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ശാസ്ത്രത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അര്‍ഹതയുള്ളവര്‍ തങ്ങള്‍ മാത്രമാണ് എന്നാണ് അവരുടെ പക്ഷം. ശാസ്ത്രത്തെ വളര്‍ത്തി കൊണ്ടുവന്നത് തന്നെ തങ്ങളാണ് എന്ന് മാത്രമല്ല തങ്ങള്‍ക്ക് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടതാണ് ശാസ്ത്രം എന്ന നാട്യത്തിലാണ് അവര്‍ ശാസ്ത്രത്തെ കുറിച്ച് സംസാരിക്കാറുള്ളത്. തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായി ലഭിച്ച ജീവിത സൗകര്യങ്ങള്‍ അനുഭവിക്കാന്‍ മതവിശ്വാസികള്‍ക്ക് യാതൊരു അര്‍ഹതയുമില്ല എന്ന പക്ഷക്കാരാണ് അവര്‍. കാരണം അവരെ സംബന്ധിച്ചിടത്തോളം മതം കാരണത്താല്‍ ഏറെ വൈകി ഓടുന്ന ട്രെയിനിന് സമാനമാണ് ശാസ്ത്രം! വിശ്വാസം മനുഷ്യരില്‍ ശാസ്ത്ര തല്‍പരത ഇല്ലാതാക്കുമെന്നതിനാല്‍ ശാസ്ത്ര തല്‍പരതക്ക് മതനിരാസം അനിവാര്യമാണ് എന്നാണ് അവരുടെ വാദം. ദൈവവിശ്വാസം ഇല്ലാതായിക്കഴിഞ്ഞാല്‍ ശാസ്ത്ര ഗവേഷണങ്ങള്‍ തകൃതിയായി നടക്കും, ദൈവനിഷേധിയായ ഒരാള്‍ ഒരിക്കലും തന്നെ ഒരു മതവിശ്വാസിയെ പോലെ ശാസ്ത്രവിരുദ്ധനാകില്ല എന്നിങ്ങനെയാണ് അവരുടെ വാദങ്ങള്‍ മുന്നോട്ടുപോകുന്നത്. 

ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ എന്ന് സ്വയം അവകാശപെടുന്ന ഇവര്‍ പക്ഷേ, ശാസ്ത്ര വളര്‍ച്ചയുടെ പ്രാരംഭ നാളുകളില്‍ യാതൊരുവിധ ശാസ്ത്രസംഭാവനകളും അര്‍പിച്ചിട്ടില്ല എന്ന് മാത്രമല്ല ശാസ്ത്ര വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു അവരുടെ ആശയങ്ങള്‍. ആധുനിക ശാസ്ത്ര ചരിത്രകാരന്മാരുടേതടക്കം ഇന്ന് ലഭ്യമായ ചരിത്ര രേഖകളില്‍ നിന്നും, മെസപൊട്ടോമിയ, ഹാരപ്പ, മോഹന്‍ജെദാരോ, പുരാതന ഇൗജിപ്ത്, ഗ്രീസ്, റോം, ഭാരതം, ചൈന എന്നിവിടങ്ങളില്‍ ആണ് ശാസ്ത്രം പിച്ചവെച്ചു തുടങ്ങിയത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. 

1. മെസപൊട്ടോമിയ പോലുള്ള ഭൂപ്രദേശങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ശാസ്ത്രകാരന്മാരെ കുറിച്ച് നമുക്ക് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പുരാതന ഈജിപ്തിലെ സ്‌റ്റെപ്പ്ഡ് പിരമിഡുകളുടെ രൂപകല്‍പകനും വൈദ്യശാസ്ത്രജ്ഞനുമായിരുന്ന ഇംഹോടെപ്പിനാണ് ഇന്നറിവുള്ള ശാസ്ത്ര ചരിത്രത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞനായി കണക്കാക്കപ്പെടാന്‍ അര്‍ഹതയുള്ളത്. വിഖ്യാത ശാസ്ത്രചരിത്രകാരനായിരുന്ന വില്യം ഒസ്ലെറിന്റെ അഭിപ്രായത്തില്‍ വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന പദവി യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നത് ഇംഹോടെപ്പിനാണ്. വൈദ്യശാസ്ത്രത്തില്‍ ഒട്ടേറെ സംഭാവനകള്‍ അര്‍പിച്ച ഇംഹോടെപ്പ്, ആരാധനാലയത്തില്‍ അതിപ്രധാനമായ പദവി അലങ്കരിച്ചിരുന്ന വ്യക്തിയായിരുന്നു. പില്‍കാലത്ത് ഇംഹോടെപ്പിന്റെ പിന്‍ഗാമികളായി ഒട്ടനവധി പ്രതിഭകള്‍ ഉയര്‍ന്ന് വന്നു. പുരാതന ഗ്രീസ്, റോം, ഭാരതം… തുടങ്ങിയ രാജ്യങ്ങള്‍ ഥെയ്‌ലീസ്, അനക്‌സിമാണ്ടെര്‍, ഡെമോക്രിറ്റസ്, അനക്‌സഗോറസ്, പൈതഗോറസ്, ചരകന്‍, സുശ്രുതന്‍… തുടങ്ങിയ പ്രതിഭാശാലികള്‍ക്ക് ജന്മം നല്‍കി

2. കഠിനാധ്വാനത്തിലൂടെ ശാസ്ത്രത്തെ പോഷിപ്പിച്ച ഈ മഹാന്മാരൊന്നും തന്നെ നിരീശ്വരവാദികള്‍ ആയിരുന്നില്ല. തനിക്ക് ചുറ്റും വ്യവസ്ഥാപിതമായി ചലിച്ചുകൊണ്ടിരിക്കുന്ന സൂര്യചന്ദ്രനക്ഷത്രാതികളെ നോക്കിക്കൊണ്ട് ഇവയെല്ലാം യാദൃച്ഛികമായി താനെ ഉണ്ടായതാണ് എന്ന് പറയാന്‍ മാത്രം ബുദ്ധിശൂന്യരായിരുന്നില്ല അവര്‍. ഇന്ദ്രിയഗോചരമായ അറിവുകള്‍ മാത്രമെ അംഗീകരിക്കുകയുള്ളൂ എന്ന് വാശിയുള്ളവരോ ഇന്ദ്രിയങ്ങള്‍ക്ക് അപ്രമാദിത്വം നല്‍കുന്നവരോ ആയിരുന്നില്ല അവര്‍. 

3. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ ജീവിച്ച പ്രമുഖ ആജ്ഞേയവാദിയായിരുന്നു പ്രോട്ടഗോറസ്. ഒരു ഹേത്വാഭാസവാദിയായിരുന്ന പ്രോട്ടഗോറസ് ഡെമോക്രിറ്റസിന്റെ ശിഷ്യനായിരുന്നു. അദ്ദേഹം ഡെമോക്രിറ്റസിന്റെ ശിഷ്യനായതുമായി ബന്ധപെട്ട് ഒരു ഐതിഹ്യം ഉണ്ട്. ഒരു ചുമട്ടുക്കാരനായിരുന്ന പ്രോട്ടഗോറസ് കയര്‍ പ്രത്യേക തരത്തില്‍ കെട്ടുന്നത് ഡെമോക്രിറ്റസ് കാണാനിടയായി. പ്രോട്ടഗോറസ് ഒരു ഗണിതപ്രതിഭ ആയിരിക്കാമെന്ന് ഡെമോക്രിറ്റസിന് തോന്നി. എന്നാല്‍ കടുത്ത ആജ്ഞേയവാദിയായിരുന്ന പ്രോട്ടഗോറസ് ഗണിതശാസ്ത്ര ഗവേഷണത്തിനെതിരെ മുന്നോട്ട് വരികയും ക്ഷേത്രഗണിതജ്ഞരെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തു. ഗണിതശാസ്ത്ര പഠനങ്ങളില്‍ നിന്നും ഒന്നും തന്നെ ലഭിക്കാനില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഇത്തരം ഉപകാരപ്രദമല്ലാത്ത ശാസ്ത്ര വിഷയങ്ങള്‍ക്ക് പകരം ദൈനംദിന ജീവിതത്തില്‍ ഉപകാരപ്പെടുന്ന വിഷയങ്ങള്‍ മാത്രം പഠിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗണിതശാസ്ത്ര പഠനത്തെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ ശിഷ്യന്മാരടക്കം ഒട്ടനവധി ആളുകളെ സ്വാധീനിച്ചു. പില്‍കാലത്ത് ഉയര്‍ന്നുവന്ന ഗണിതശാസ്ത്ര പ്രതിഭയായിരുന്ന സിരിയിന്നിലെ തിയോഡോറസ്, തന്റെ യൗവന കാലഘട്ടത്തില്‍ പ്രോട്ടഗോറിയന്‍ തത്ത്വചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു. എന്നാല്‍ ഉള്ളിലൊരു ഗണിതശാസ്ത്ര പ്രതിഭ ഒളിഞ്ഞിരുന്ന തിയോഡോറസ് പ്രോട്ടഗോറിയന്‍ തത്ത്വചിന്ത പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു

4. കടുത്ത നിരീശ്വരവാദവുമായി അക്കാലങ്ങളില്‍ മുന്നോട്ട് വന്ന തത്ത്വചിന്തകരായിരുന്നു മെലോസിലെ ഡയഗോറസും നാസ്തികനായ തിയോഡോറസും. ഒരു സിരിയിന്നിക് തത്ത്വചിന്തകന്‍ ആയിരുന്ന തിയോഡോറസ്, സുഖഭോഗ ജീവിതം നയിക്കുക മാത്രമാണ് ഓരോ മനുഷ്യന്റെയും ജീവിതലക്ഷ്യം എന്ന ആശയം മുന്നോട്ട് വെച്ചു. 

5. ഭാരതത്തില്‍ ജീവിച്ചിരുന്ന നിരീശ്വരവാദികള്‍ ആയിരുന്ന ചാര്‍വാകന്മാരും ഇതേ ആശയക്കാരായിരുന്നു.

6. ഋണം ക്രിത്വ ഗ്രിതം പിബേത്, യവന്‍ ജീവേത്ത് സുഖം ജീവേത്ത്  (കടം വാങ്ങിയാണെങ്കിലും വെണ്ണ വാങ്ങി സേവിക്കുക) എന്ന ആശയം അവര്‍ മുന്നോട്ട് വെച്ചു. അക്കാലത്തെ ആഡംബര ഭക്ഷണമായിരുന്ന വെണ്ണ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴി സുഖജീവിതം നയിക്കുക എന്നത് മാത്രമാണ് മനുഷ്യജീവിതത്തിന്റെ ഏക ലക്ഷ്യം എന്ന ആശയമാണ് അവര്‍ യഥാര്‍ഥത്തില്‍ പ്രബോധനം ചെയ്തത്. സുഖഭോഗജീവിതം നയിക്കുക എന്ന തങ്ങളുടെ താല്‍പര്യത്തിന് വിഘാതമായി മതം നിലനില്‍ക്കുന്നു എന്നതുകൊണ്ട് മാത്രമാണ് നിരീശ്വരവാദികള്‍ എക്കാലത്തും മതത്തെ എതിര്‍ത്തുപോന്നത്. സുഖഭോഗ ജീവിതത്തോടുള്ള അഭിനിവേശം കടുത്ത ജിജ്ഞാസുക്കളെ പോലും ശാസ്ത്രഗവേഷണങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പര്യാപ്തമാണ്. സമര്‍പണ ബുദ്ധിയോടുകൂടി അതീവ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ചെയ്യുന്ന ശാസ്ത്രഗവേഷണങ്ങള്‍ പോലും കൈപ്പേറിയ ഫലങ്ങള്‍ നല്‍കിയേക്കാം. താന്‍ ഏറെ പ്രാധാന്യം നല്‍കുന്ന ഈ ജീവിതം തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു ഉദ്യമത്തില്‍ നിന്നും ഒരു നിരീശ്വരവാദി പിന്മാറുമെന്നത് സ്വാഭാവികമാണ്. അക്കാരണങ്ങള്‍കൊണ്ട് തന്നെയാണ് ശാസ്ത്ര വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ നിരീശ്വരവാദികളുടെതായി യാതൊരു ശാസ്ത്ര സംഭാവനകളും ഇല്ലാതെ പോയത്. 

ശാസ്ത്ര ഗവേഷണത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന അനുമാന(inference)ത്തെ ചാര്‍വാകന്‍മാര്‍ നിരാകരിച്ചു.

7. ഇന്ദ്രിയ ഗോചരമായ അറിവുകള്‍ മാത്രം സ്വീകരിക്കുക എന്ന ചാര്‍വാകന്മാരുടെ ആശയത്തോട് വൈശേഷിക ദര്‍ശനത്തിന്റെ ഉപജ്ഞാതാവായ കണാദന്‍, വൈദ്യശാസ്ത്രജ്ഞാനായിരുന്ന ചരകന്‍ എന്നിവര്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. പദാര്‍ഥങ്ങളുടെ സമന്വയം പഠനവിധേയമാക്കിക്കൊണ്ടും മറ്റും അനുമാനത്തിലൂടെ അണുസിദ്ധാന്തം മുന്നോട്ടുവെച്ച കണാദനും മനുഷ്യശരീരത്തിനെ ബാധിക്കുന്ന ജ്വരങ്ങളെ അനുമാനത്തിലൂടെ കണ്ടെത്തിയിരുന്ന ചരകനെ പോലൊരു വൈദ്യശാസ്ത്രജ്ഞനും അനുമാനത്തെ നിരാകരിക്കുക എന്നത് അസാധ്യമായിരുന്നു. ഇന്ദ്രിയഗോചരമായ അറിവുകളും അനുമാനത്തിലൂടെ ലഭിക്കുന്ന അറിവുകളും ഉള്‍പെടുത്തി, അനുമാനത്തിന് തെളിവ് കണ്ടെത്തുക എന്ന ശാസ്ത്രീയ രീതിയെത്തന്നെ ചോദ്യം ചെയ്യുകയാണ് ചാര്‍വാകന്മാര്‍ ചെയ്തത്. അനുമാനത്തെ നിഷേധിക്കുകവഴി ശാസ്ത്ര ഗവേഷണത്തിലേക്കുള്ള വാതില്‍ അവര്‍ കൊട്ടിയടച്ചു. കൂടാതെ ഈ ലോകത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവരെ ശാസ്ത്രഗവേഷണത്തില്‍ നിന്നും അകറ്റുകയും ചെയ്തു. 

മധ്യകാലഘട്ടത്തിലും നിരീശ്വരവാദികളില്‍ ഭൂരിഭാഗവും ഇതേ നിലപാട് തുടര്‍ന്ന് പോന്നു. അബൂനുവാസിനെ പോലുള്ള നിരീശ്വരവാദികള്‍ കുത്തഴിഞ്ഞ ജീവിതം നയിച്ചു. പീഡോഫീലിയയും സ്വവര്‍ഗപ്രേമവും പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കവിതകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഹാറൂണ്‍ അല്‍ റഷീദിന്റെ പുത്രന്‍ അമീന്‍,  ഖലീഫയായി അവരോധിക്കപ്പെട്ടതോട് കൂടി അബൂ നുവാസിന്റെ നല്ല നാളുകള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നു. പക്ഷേ, പിഞ്ചു ബാലന്മാരെ വരെ ചൂഷണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ കുത്തഴിഞ്ഞ ജീവിതം ഖലീഫ അമീനിന്റെ വരെ കോപത്തിന് കാരണമായി. ന്യൂനാല്‍ ന്യൂനപക്ഷമായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള സുഖഭോഗവാദികള്‍ മധ്യകാലഘട്ടത്തില്‍ ഉയര്‍ന്ന് വന്നു. സുഗഭോഗവാദത്തിന് ഒരു അപവാദമായി നിലകൊണ്ടത് അല്‍മാരി മാത്രമായിരുന്നു. ജന്മനാ അന്ധനായിരുന്ന അദ്ദേഹം തികച്ചും അന്തമുര്‍ഖനായിക്കൊണ്ട് ജീവിതം നയിച്ചു. തന്റെ വൈകല്യത്തെ കുറിച്ച് സദാ ആവലാതിപ്പെടുന്ന ഒരാളെയാണ് നമുക്ക് അല്‍മാരിയില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. അപകര്‍ഷതാബോധം അദ്ദേഹത്തെ ശക്തമായി വേട്ടയാടിയിരുന്നു എന്ന് അദ്ദേഹത്തിന്റെ കവിതകളില്‍ നിന്ന് നമ്മുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. തന്റെ വൈകല്യങ്ങള്‍ നല്‍കിയ പരിമിതികളായിരിക്കാം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നിരീശ്വരവാദം മുന്നോട്ടു വെച്ച സമാന ആശയക്കാരായിരുന്ന അല്‍വറക്ക്,  ഇബ്‌നുല്‍ റാവന്ധി തുടങ്ങിയവര്‍ അബദ്ധജടിലമായ വാദങ്ങള്‍ ഉന്നയിച്ച് മതത്തെ എതിര്‍ത്തു എന്നല്ലാതെ ശാസ്ത്രസാങ്കേതിക രംഗത്ത് അഭിനന്ദനാര്‍ഹമായ ഒരു സംഭാവനയും അര്‍പിക്കുകയുണ്ടായില്ല. 

 ചൂഷിത വര്‍ഗമായ തൊഴിലാളിവര്‍ഗത്തെ മുതലാളിത്തത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ഉയര്‍ന്നുവന്ന പ്രത്യയശാസ്ത്രമായിരുന്നു മാര്‍ക്‌സിസം. മുതലാളിത്തത്തെ നിഷ്‌കാസനം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ഉയര്‍ന്നുവന്ന മാര്‍ക്‌സിസം പച്ചപിടിച്ച രാജ്യങ്ങളിലെല്ലാം തന്നെ പക്ഷേ, മുതലാളിത്തം ശക്തി പ്രാപിക്കുകയോ തൊഴിലാളികള്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുകയോ ചെയ്തു. മാര്‍ക്‌സിസത്തിന്റെ കടന്നുവരവോടു കൂടി രക്തരൂക്ഷിതമായ ഒരു കാലഘട്ടത്തിന് ലോകം സാക്ഷ്യം വഹിച്ചു. അഞ്ച് കോടിയോളം മനുഷ്യര്‍ കൊല്ലപ്പെട്ടു. മാര്‍ക്‌സിയന്‍ ദര്‍ശനം പടുത്തയര്‍ത്തപ്പെട്ടത് പൂര്‍ണമായും നിരീശ്വരവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. തങ്ങളുടെ ആശയങ്ങളുമായും ആദര്‍ശങ്ങളുമായും വിയോജിപ്പ് പ്രകടിപ്പിച്ച എല്ലാത്തിനെയും അവര്‍ അടിച്ചമര്‍ത്തി. 

വൈരുധ്യാത്മക ഭൗതികവാദ തത്ത്വങ്ങളെ പാടെ നിരാകരിച്ചുകൊണ്ടാണ് ക്വാണ്ടം മെക്കാനിക്‌സ് എന്ന ശാസ്ത്രശാഖ ഉയര്‍ന്നുവന്നത്. മാക്‌സ് പ്ലാങ്കിന്റെ ആശയങ്ങളെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഏറ്റുപിടിച്ചതോടു കൂടി ക്വാണ്ടം മെകാനിക്‌സ് ശാസ്ത്രലോകത്ത് ചിരപ്രതിഷ്ഠ നേടി. വിശിഷ്ട ആപേക്ഷികതയും സാമാന്യ ആപേക്ഷികതയും ഐന്‍സ്റ്റീന്‍ അവതരിപ്പിച്ചതോട് കൂടി ശാസ്ത്രലോകം കിടുങ്ങുക തന്നെ ചെയ്തു. അക്കാലം വരെ ഉണ്ടായിരുന്ന ശാസ്ത്രലോകത്തിന്റെ ധാരണകളെയെല്ലാം ഐന്‍സ്റ്റീന്‍ കീഴ്‌മേല്‍ മറിച്ചു. ഐന്‍സ്റ്റീന്റെ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചം ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യേണ്ടതാണെന്ന് ഫ്രീഡ്മാന്‍ കണ്ടെത്തി. ഒരു പ്രാപഞ്ചിക സ്ഥിരാങ്കം(Co-smological Constant) തന്റെ സിദ്ധാന്തത്തിന്റെ സമീകരണത്തില്‍ ഉള്‍പെടുത്തിക്കൊണ്ട് ഐന്‍സ്റ്റീന്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. ഒരു അചര പ്രപഞ്ച സിദ്ധാന്തത്തിലുള്ള വിശ്വാസം അത്രമേല്‍ അക്കാലത്ത് ശക്തമായിരുന്നു. എന്നാല്‍ അധികം വൈകാതെ മഹാനായ ശാസ്ത്രജ്ഞന്‍ എഡ്വിന്‍ പി. ഹബ്ബിള്‍ ഈ പ്രപഞ്ചം വികസിക്കുന്നു എന്ന് കണ്ടെത്തി. മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പം തകിടം മറിഞ്ഞു. 

വികസിക്കുന്ന പ്രപഞ്ചത്തിന് ഒരു തുടക്കം അനിവാര്യമാണ് എന്നുള്ളത് കൊണ്ട് തന്നെ ദൈവാസ്തിത്വത്തിലേക്കുള്ള ചൂണ്ടുപലകയായി മാറി പുതിയ കണ്ടുപിടുത്തം. ക്വുര്‍ആന്‍ മുന്നോട്ട് വെക്കുന്ന പ്രപഞ്ചസൃഷ്ടിയുമായി നൂറ് ശതമാനം പൊരുത്തപ്പെടുന്നതായിരുന്നു പുതിയ കണ്ടുപിടുത്തം. തനിക്ക് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അമളിയായിരുന്നു പ്രാപഞ്ചിക സ്ഥിരാങ്കം എന്ന് ഐന്‍സ്റ്റീന്‍ പറയുകയുണ്ടായി. എന്നാല്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരെയുള്ള കനത്ത പ്രഹരമാണ് പുതിയ കണ്ടുപിടുത്തമെന്ന് മനസ്സിലാക്കിയ നിരീശ്വരവാദികള്‍ അതിനെതിരെ രംഗത്ത് വന്നു. തെളിവുകളുടെ അഭാവം കൊണ്ട് ശാസ്ത്രലോകത്ത് എക്കാലങ്ങളിലും തര്‍ക്കവിതര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ട് കൂടി തങ്ങളുടെ വിശ്വാസങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമാണ് എന്ന ഒറ്റ കാരണത്താല്‍ അവര്‍ വികസിക്കുന്ന പ്രപഞ്ചം എന്ന ആശയത്തെ എതിര്‍ത്തു. സോവിയറ്റ് റഷ്യയില്‍ ക്വാണ്ടം മെക്കാനിക്‌സ്, ആപേക്ഷികതാസിദ്ധാന്തം എന്നിവക്കെല്ലാം നിരോധനം ഏര്‍പെടുത്തി. തീര്‍ത്തും അശാസ്ത്രീയമായ സിദ്ധാന്തങ്ങള്‍ സോവിയറ്റ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്തു. വൈരുധ്യാത്മിക ഭൗതികവാദവുമായി യോജിച്ചു പോകുന്ന ശാസ്ത്രം വളര്‍ത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇത് പോലെ ജനിതക ശാസ്ത്രവും നിരോധിക്കപ്പെട്ടു. ജീനുകളിലൂടെയാണ് ജീവികളുടെ പാരമ്പര്യ സ്വഭാവങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന ആശയം പ്രകൃതി നിര്‍ധാരണ സിദ്ധാന്തവുമായി ഒത്തുപോകുന്നില്ല എന്ന് മനസ്സിലായതോടെയാണ് നിരോധിക്കപ്പെട്ടത്. ഒട്ടേറെ ശാസ്ത്ര പ്രതിഭകള്‍ പീഡിപ്പിക്കപ്പെട്ടു. ലിസെന്‍കോയുടെ നേതൃത്വത്തില്‍ മാര്‍ക്‌സിയന്‍ തത്ത്വങ്ങള്‍ക്ക് പിന്‍ബലമേകുന്ന തരത്തിലുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ ഉയര്‍ന്ന് വന്നു. ജനിതക ശാസ്ത്രം ബൂര്‍ഷ്വാ ശാസ്ത്രമെന്ന് മുദ്ര കുത്തപ്പെട്ടു. ജനിതക ശാസ്ത്രം പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തു. പാവ്‌ലോവിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച ശാസ്ത്രജ്ഞരെ സ്റ്റാലിന്റെ പിന്തുണയോട് കൂടി പീഡിപ്പിക്കുകയും ഗവേഷണം അടിച്ചമര്‍ത്തുകയും ചെയ്തു. പാവ്‌ലോവിന്റെ ആശയങ്ങളോട് വിയോജിപ്പുള്ള ശാസ്ത്ര ശാഖയായിരുന്നു സൈബര്‍നെറ്റിക്‌സ്. കമ്പ്യൂട്ടര്‍ സാങ്കേതികരംഗത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സൈബര്‍നെറ്റിക്‌സ് പാവ്‌ലോവിന്റെ ആശയങ്ങളോട് വിയോജിപ്പ് പുലര്‍ത്തുന്നു എന്ന കാരണത്താല്‍ റഷ്യയില്‍ നിരോധിക്കപ്പെട്ടു. നിക്കോലായി യാക്കെവ്‌ലെയിച് മുന്നോട്ട് വെച്ച ഭാഷാസിദ്ധാന്തം മാര്‍ക്‌സിയന്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന കാരണത്താല്‍ അവ നിരോധിക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. 

(അവസാനിച്ചില്ല)

 

ശുക്കൂര്‍ വരിക്കോടന്‍
നേർപഥം വാരിക

38: വ്യക്തിത്വ വളര്‍ച്ചയുടെ ചുവടുവെപ്പുകള്‍​

38: വ്യക്തിത്വ വളര്‍ച്ചയുടെ ചുവടുവെപ്പുകള്‍

ഭൗതിക-പാരത്രിക നേട്ടം ആഗ്രഹിക്കുന്ന ഒരു വിശ്വാസി വ്യക്തിത്വ വളര്‍ച്ച ആര്‍ജിക്കേണ്ടതുണ്ട്. ഇസ്‌ലാമിക നിര്‍ദേശങ്ങളില്‍നിന്നാണ് അതിനുള്ള വഴികള്‍ കണ്ടെത്തേണ്ടത്. ജീവിതത്തില്‍ ചില അടിസഥാന ഘടകങ്ങളെ നിലനിര്‍ത്തുന്നതിലൂടെയാണ് ഒരു മുസ്‌ലിന്റെ ജീവിതത്തില്‍ സൗഭാഗ്യവും സമാധാനവും വന്നുചേരുന്നത്. അഥവാ ആ ഘടകങ്ങള്‍ ഉണ്ടെങ്കിലേ അല്ലാഹു ഇവ നല്‍കുകയുള്ളൂ. അതില്‍ പ്രധാനമാണ് സ്വന്തത്തെ സംസ്‌കരിക്കുവാനാവശ്യമായ മര്യാദകളെ ശീലങ്ങളാക്കുകയെന്നത്. മുമ്പിലുള്ളതിലേക്ക് മാത്രം തുറന്നിടുന്ന ജാലകമല്ല മനുഷ്യനേത്രങ്ങള്‍. ഇടയ്ക്കിടക്ക് സ്വന്തത്തിലേക്കും അവ തുറന്ന് വെക്കണം.

സ്വന്തത്തെ വളര്‍ത്തുവാനും വൃത്തിയാക്കുവാനും സഹായകമായതല്ലാം സ്വാംശീകരിക്കുവാനും മലീമസമാക്കുന്നതിനെയല്ലാം മാറ്റിനിര്‍ത്തുവാനും കഴിവുള്ളവനാകണം വിശ്വാസി. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു” (ക്വുര്‍ആന്‍ 91: 9,10).

ഇസ്‌ലാമിക ശരീഅത്ത്, സ്വന്തത്തെ സംസ്‌കരിക്കുന്നതിനെയും വളര്‍ത്തുന്നതിനെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇക്കാര്യം പല രൂപത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവയില്‍ ചിലത് കാണുക: 

ഒന്ന്: ആത്മ സംസ്‌കരണത്തെക്കുറിച്ച് വിശുദ്ധ ക്വുര്‍ആനിലും നബിവചനങ്ങളിലും ആവര്‍ത്തിച്ചുള്ള ഓര്‍മപ്പെടുത്തല്‍: 

”അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം” (ക്വുര്‍ആന്‍ 79: 40,41). 

പ്രവാചകന്റെ പതിവു പ്രാര്‍ഥന: ”അല്ലാഹുവേ, എന്റെ ആത്മാവിന്ന് അതിന്റെ സൂക്ഷ്മതയും വിശുദ്ധിയും നീ നല്‍കേണമേ. നീയത്രെ അതിനെ സംസ്‌കരിക്കുന്നവരില്‍ ഉത്തമന്‍, നീയത്രെ അതിന്റെ രക്ഷാധികാരിയും ഉടമയും” (മുസ്‌ലിം).

രണ്ട്: പ്രവാചക നിയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായി ആത്മ സംസ്‌കരണത്തെ ഉള്‍പെടുത്തി. 

”തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു” (ക്വുര്‍ആന്‍ 3:164).

മൂന്ന്: ദൈവ സമര്‍പ്പണത്തിലൂടെയും മാലിന്യ വിപാടനത്തിലൂടെയും ജീവിതശുദ്ധി വരുത്തുന്നവര്‍ക്ക് ഉന്നതമായ പ്രതിഫലം നല്‍കപ്പെടുമെന്നും അല്ലാത്തവര്‍ക്ക് കഠിന ശിക്ഷയുണ്ടാകുമെന്നുമുള്ള വാഗ്ദാനം. 

”തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെ അടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന്‍ മരിക്കുകയില്ല.ജീവിക്കുകയുമില്ല” (ക്വുര്‍ആന്‍ 20:74).

നമ്മുടെ മുന്‍ഗാമികള്‍ ആത്മ സംസ്‌കരണത്തിലൂടെ ജീവിത വളര്‍ച്ചയും വിശുദ്ധിയും നേടുന്നതില്‍ വളരെയേറെ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വഭാവത്തിലും പെരുമാറ്റത്തിലും അവ നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നുവെന്നത് നമുക്ക് മാതൃകയാണ്. പ്രസ്തുത വിഷയത്തില്‍ അവരില്‍ ചിലര്‍ സ്വതന്ത്രമായ ഗ്രന്ഥ രചനകള്‍ തന്നെ നടത്തിയിട്ടുണ്ട്. അഹ്മദ്ബ്‌നു ഹമ്പലിന്റെ ‘വിരക്തി’ (അല്‍ സുഹ്ദ്) എന്ന ഗ്രന്ഥം അതില്‍ പ്രധാനമാണ്.  

മനുഷ്യ മനസ്സിനെ സംസ്‌കരിച്ചു വളര്‍ത്തിയെടുക്കുവാന്‍ ആവശ്യമായതും അനിവാര്യമായതുമായ ഒട്ടനവധി മാര്‍ഗങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവയില്‍ നാം പ്രയോഗത്തില്‍ വരുത്തേണ്ടതായ ചിലത് നമുക്കു പരിശോധിക്കാം:

ഒന്ന്) പശ്ചാതാപം: ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ പാപങ്ങളില്‍ നിന്നും അല്ലാഹുവിനോടുള്ള അനുസരണക്കേടില്‍ നിന്നും മുക്തമായി പാപങ്ങള്‍ പൊറുത്തു തരുവാന്‍ അലാഹുവോട് പ്രാര്‍ഥിക്കുകയെന്നതാണ്. എല്ലാ മനുഷ്യരോടും പാശ്ചാതപിച്ചു മടങ്ങാന്‍ അല്ലാഹു ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു പറയുന്നു:”…സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം” (ക്വുര്‍ആന്‍ 24:31). 

രണ്ട്) ആത്മ പരിശോധന: സ്വന്തത്തെ ഒരു സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയും രോഗം കണ്ടറിഞ്ഞ് മരുന്ന്  നിര്‍ണയിക്കുകയുമാണ് ഇതിന്റെ വിവക്ഷ. ജീവിതം നേര്‍പഥത്തിലൂടെ തന്നെയാണോ അതോ പിഴവും മാര്‍ഗഭ്രംശനവും സംഭവിച്ചാിട്ടുണ്ടോ എന്നതാവണം പരിശോധന. ഓരോ പരിശോധനക്ക് ശേഷവും പരിഹാര മാര്‍ഗങ്ങള്‍ പ്രയോഗത്തില്‍ വരുത്തി കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നേറുകയന്നതാണു സത്യവിശ്വാസിയുടെ ബാധ്യത. അല്ലാഹു  പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു” (ക്വുര്‍ആന്‍ 59:18).

മൂന്ന്) പ്രതിജ്ഞ പുതുക്കല്‍: ചെറുതും വലുതുമായ തെറ്റുകളിലൊന്നും ആപതിക്കുകയില്ലന്ന്  ഒരു മുസ്‌ലിം അല്ലാഹുവുമായി ആവര്‍ത്തിച്ചു കരാര്‍ ചെയ്തുകൊണ്ടിരിക്കുകയന്നത് സംസ്‌കരണത്തിന്റെയും അതിലൂടെ നിലനില്‍ക്കുന്ന വളര്‍ച്ചയുടെയും ചുവടുവെപ്പുകളില്‍ പ്രധാനപെട്ടതാണ്. ഒരു വിശ്വാസി എപ്പോഴും തന്റെ ചെറിയ പാളിച്ചകളെ പോലും കെണ്ടത്തി ശരിപ്പെടുത്തിക്കൊണ്ടിരിക്കണം. വല്ലപ്പോഴും ഇഛകളുടെ മുമ്പില്‍ ദുര്‍ബലത തോന്നിയാല്‍ അവന്‍ അല്ലാഹുവുമായി ചെയ്ത കരാറിനെ ഓര്‍ക്കുകയും മനസ്സിന്റെ മാന്യതയെ കാത്തു സൂക്ഷിക്കുകയും ചെയ്യും. അല്ലാഹു  പറയുന്നു: ”നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്” (ക്വുര്‍ആന്‍ 17:34). 

നാല്) ദൈവിക നിരീക്ഷണത്തെ അറിയല്‍: അല്ലാഹുവിന്റെ നിരീക്ഷണത്തെയും സാന്നിധ്യത്തെയും സദാ ഓര്‍ക്കുന്ന, അവന്‍ എന്റെ എല്ലാ രഹസ്യങ്ങളും സൂക്ഷ്മമായി അറിഞ്ഞുകൊണ്ടീരിക്കുന്നുണ്ടന്ന ഉറച്ച ബോധ്യമുള്ള ജീവിത രീതിയാണ് ഒരു മുസ്‌ലിമിന്ന് വേണ്ടത്.  അല്ലാഹു  പറയുന്നു: ”തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 4:1). 

ഈ ഒരു ഗുണത്തിലൂടെ അല്ലാഹുവിന്റെ കല്‍പനകളെ അതാത് സമയങ്ങളില്‍ ജീവിതത്തില്‍ കൊണ്ട് വരുവാനും മ്ലേഛതകളില്‍ നിന്നു മുക്തി നേടുവാനും ഒരു വിശ്വാസിക്ക് കഴിയുന്നു:

അഞ്ച്) നിതാന്ത പരിശ്രമം: കേവല പ്രാര്‍ഥനയോ ആഗ്രഹമോ ഉള്ളത് കൊണ്ട് മാത്രം ലക്ഷ്യത്തിലെത്തില്ല. ദേഹേഛയോട് പൊരുതി ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. ദേഹേഛ എപ്പോഴും വിശ്രമവും മടിയും തേടിക്കൊണ്ടിരിക്കും. അതിനോട് പൊരുതി അല്ലാഹുവിന്റെ ഇഛയെ നടപ്പില്‍ വരുത്താനുള്ള കഠിന പ്രയത്‌നം വലിയ ജിഹാദ് ആണ്. അല്ലാഹു   പറയുന്നു: 

 ”അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ(അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ക്വുര്‍ആന്‍ 79:40, 41).

”നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു” (ക്വുര്‍ആന്‍ 29:69).

ആത്മ സംസ്‌കരണത്തിന്റെ നേട്ടങ്ങള്‍

1. സ്രഷ്ടാവുമായി നിരന്തര ബന്ധം ഉണ്ടാകുന്നതിലൂടെ അവന്റെയടുക്കല്‍ ഉന്നത പദവി നേടാന്‍ കഴിയുന്നു. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്” (ക്വുര്‍ആന്‍ 67:12). 

2. ഭൗതിക ജീവിതത്തില്‍ വിജയം വരിക്കുകയും പാരത്രിക ജീവിതത്തില്‍ മോക്ഷം ലഭിക്കുകയും ചെയ്യും. ശുദ്ധിവരുത്തിയ രോഗമുക്തമായ ഹൃദയമുള്ളവര്‍ക്കല്ലാതെ സ്വര്‍ഗപ്രവേശനം സാധ്യമല്ല: ”അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ.  അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം.  കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. (അന്ന്) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്. ദുര്‍മാര്‍ഗികള്‍ക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്” (ക്വുര്‍ആന്‍ 26:87-91).

3. ഹൃദയ വിശാലതയും മനസ്സമാധാനവും ലഭിക്കുന്നു: അല്ലാഹു   പറയുന്നു: ”അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി” (ക്വുര്‍ആന്‍ 48:4).

4. മതത്തില്‍ ഉറച്ചു നില്‍ക്കാനും ആരാധനാ കര്‍മങ്ങളില്‍ നിരതനാവാനും കഴിയുന്നു. കാരണം അല്ലാഹുമായുളള ആത്മാര്‍ഥ ബന്ധം കാരണം അല്ലാഹു അവരുടെ ഹൃദയങ്ങളെ സന്മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തും. അല്ലാഹു പറയുന്നു: ”ഐഹികജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു” (ക്വുര്‍ആന്‍ 14:27).

5. പകയും വിദ്വേഷവും ഇല്ലാത്ത ഹൃദയത്തിന്റെ ഉടമകളാകുമ്പോള്‍ സ്രഷ്ടാവിനോെടന്ന പോലെ സൃഷ്ടികേളാടും നല്ല ബന്ധം സ്ഥാപിക്കുന്നതിലൂടെ അവര്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വ്യാപിക്കുന്നു. പരസ്പരം സ്‌നേഹിക്കുകയും ഉള്ളവര്‍ ഇല്ലാത്തവനുമായി പങ്കുവെക്കല്‍ നിലനില്‍ക്കുകയും ചെയ്യുന്നതിലൂടെ ഒരു ശരീരം പൊലെ സമൂഹം മാറി വരുന്നു. നബി ﷺ  പറഞ്ഞു:  ”സത്യവിശ്വാസികള്‍ അവരുടെ പരസ്പര സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉപമ ഒരു ശരീരം പൊലെയാണ്. അതില്‍ ഒരു അവയവത്തിന്നു വല്ലതും പറ്റിയാല്‍ മറ്റ് അവയവങ്ങള്‍ ഉറക്കമിളച്ചും പനി ബാധിച്ചും അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതു കാണാം” (മുസ്‌ലിം).

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

37: പെണ്‍മനസ്സിന്റെ ശാക്തീകരണം​

37: പെണ്‍മനസ്സിന്റെ ശാക്തീകരണം

പൗരാണികമെന്നോ ആധുനികമെന്നോ വ്യത്യാസമില്ലാതെ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ കിരണങ്ങളേല്‍ക്കാത്ത ഏതൊരു സമൂഹത്തിലും ദുര്‍ബലത പേറുന്ന ഒരു വിഭാഗമാണ് പെണ്‍കുഞ്ഞുങ്ങള്‍. പൊതുവെ നീതിപൂര്‍വമായ സമീപനം ലഭ്യമാക്കുന്നതില്‍ കുടുംബവും സമൂഹവും വരുത്തന്ന വീഴ്ച, പെണ്‍കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ അസന്തുലനം വരുത്തിവെക്കുന്നു. തന്മൂലം ‘ഞാന്‍ അത്രയേ ഉള്ളൂ’ (Iam not OK) എന്ന അധമത്വ ബോധം അവളുടെ മനസ്സിനെ അടിമപ്പെടുത്തുന്നു. അതെല്ലങ്കില്‍ ചുറ്റുപാടുകളോടുള്ള പ്രതികാരബോധം എല്ലാ ധാര്‍മിക പരിധികളെയും ലംഘിക്കുവാനുള്ള നിഷേധാത്മക ത്വര (I don’t care) അവളെ ഭരിക്കുന്നു. ഇവ രണ്ടും സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും അപകടമാണല്ലോ. അതുകൊണ്ടു തന്നെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഇവരുടെ മാനസിക വളര്‍ച്ച സമൂഹത്തിന്റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണ്.

എന്നാല്‍ ‘പെണ്ണുടലി’ന്റെ (മാത്രം) വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും വേണ്ടി ഒച്ചയുണ്ടാക്കുന്ന ഭൗതികന്മാരുടെ ബഹളത്തിനുള്ളില്‍ സമൂഹം അവഗണിക്കുന്നതോ  മറന്നുപോകുന്നതോ ആയ ഒരു തലമാണ് പെണ്ണിന്റെ മാനസിക വളര്‍ച്ചയും ശാക്തീകരണവും. പെണ്‍ പ്രശ്‌നങ്ങളെ പ്രശ്‌നവത്കരിക്കുന്നവരുടെ കണ്ണിന്റെയും ക്യാമറയുടെയും ലെന്‍സുകള്‍ അധികവും പെണ്ണിന്റെ ഉടലിനപ്പുറത്തേക്ക് കടന്നു മനസ്സിലേക്ക് എത്തി നോക്കാന്‍ ഇഷ്ടപ്പെടാറില്ല. കാരണം അത് അവരുടെ കപട താല്‍പര്യങ്ങളുടെ മുഖമൂടി തകര്‍ക്കും എന്നത് തന്നെ. ഇവിടെയാണ് പെണ്‍കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെ മറ്റു വളര്‍ച്ചയെ പോലെ പരിഗണിക്കുന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ വേറിട്ട് നില്‍ക്കുന്നതും അത് അവരുടെ സമ്പൂര്‍ണ വളര്‍ച്ചയെ സാധ്യമാക്കുന്നതും. 

പെണ്‍കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയോടു നീതിപൂര്‍വം സമീപിക്കുവാന്‍ സമൂഹത്തെ പാകപ്പെടുത്തിയെടുക്കുകയെന്ന പ്രാഥമിക ദൗത്യമാണ് ഇസ്‌ലാം ഈ രംഗത്ത് ആദ്യമായി ചെയ്യുന്നത്. ഈ അര്‍ഥത്തില്‍ പെണ്‍വിഷയത്തിലെ ‘പൊതുബോധ’ത്തെ ചികില്‍സിക്കുന്നതിനായി ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മൂന്ന് അടിസ്ഥാന തത്ത്വങ്ങള്‍ നമുക്ക് പരിശോധിക്കാം. അതാവട്ടെ പെണ്ണിന്റെ മാനസിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് കൂടിയാണ്.

1. പെണ്‍വര്‍ഗത്തോടുള്ള കാഴ്ചപ്പാടിനെ മാറ്റി മറിച്ചു 

അജ്ഞാതകാല സമൂഹങ്ങളില്‍ പെണ്‍ജനനത്തെ ദുശ്ശകുനമായും അവഹേളനമായും സമൂഹത്തിലെ സ്ഥാനക്കുറവായും കണ്ടിരുന്ന അവസ്ഥയെ മാറ്റി,  സന്തോഷവാര്‍ത്തയായി അതിനെ കാണുവാന്‍ അവരെ അല്ലാഹു പഠിപ്പിച്ചെടുത്തു. പെണ്‍ജനനം വെറുക്കപ്പെട്ടതായി തോന്നുന്ന കാഴ്ചപ്പാടിനെ വിമര്‍ശിച്ചു കൊണ്ട് അല്ലാഹുവിന്റെ വെളിപാട് വന്നെത്തി. സ്ത്രീജീവിതത്തിന്റെ ഇരുണ്ട ഭൂമികയില്‍ പുതിയ സൂരേ്യാദയത്തിന്റെ തുടക്കമായിരുന്നു അത്. അല്ലാഹു പറയുന്നു: ”അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ; അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം! പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു അത്യുന്നതമായ അവസ്ഥ. അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു”(ക്വുര്‍ആന്‍ 16:58-60). 

അവളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയും വിശ്വാസികളുടെ മനസ്സിനെ വിറെകാള്ളിക്കുകയും  ചെയ്യും വിധം വിചാരണ നാളിലെ രംഗം അല്ലാഹു ഓര്‍മപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ”(ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍; താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്”(ക്വുര്‍ആന്‍ 81:89). പെണ്‍ജനനത്തോടുള്ള അവരുടെ അജ്ഞാന കാലത്തെ കാഴ്ചപ്പാടിനെ ഇസ്‌ലാമില്‍ എത്തിയ ശേഷവും തുടരുന്നതിനെ നബി ﷺ  ശക്തമായി താക്കീത് ചെയ്തു. അവിടുന്ന് പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ”മൂന്നു കാര്യങ്ങള്‍ നിഷിദ്ധമാണ് (ഒരു നിവേദനത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയെന്നും മറ്റൊരു നിവേദനത്തില്‍ അല്ലാഹുവിന്റെ ദൂതന്‍ നിഷിദ്ധമാക്കി എന്നുമുണ്ട്). മാതാക്കളെ ധിക്കരിക്കല്‍, പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടല്‍, നല്‍കാനുള്ളത് കൊടുക്കാതിരിക്കലും അനര്‍ഹമായത് ചോദിക്കലും.”

വിശുദ്ധ ക്വുര്‍ആനിലെ സൂറതുശ്ശൂറയിലെ 49,50 വചനങ്ങളില്‍ അല്ലാഹു മനുഷ്യര്‍ക്കു മക്കളെ നല്‍കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഏറെ ചിന്തനീയമായ ആ വാക്യങ്ങള്‍ കാണുക: ”അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു.” 

ഈ വചനങ്ങള്‍ വിവരിച്ചുകൊണ്ട് ഇമാം ഇബ്ന്‍ ഖയ്യിം(റഹി) പറയുന്നു: ”അല്ലാഹു അവന്‍ ഉദ്ദേശിക്കും വിധം മക്കളെ നല്‍കുന്നുവെന്ന് പറഞ്ഞപ്പോള്‍ പെണ്ണിനെയാണ് മുന്തിച്ചത്. പിന്നെയാണ് ആണിനെ പരാമര്‍ശിക്കുന്നത്. അത് പെണ്ണിന്റെ ജനനം മോശമായിക്കണ്ട ഒരു സമൂഹത്തെ അതിന്റെ മഹത്ത്വം ബോധിപ്പിക്കുവാനാണ്. നാം പൊതുവെ ആണും പെണ്ണും എന്നാണ് പറയാറുള്ളത്!”

2. പെണ്‍കുട്ടികളെ പരിപാലിക്കുന്നതിന്റെ മഹത്വവും പ്രതിഫലവും എടുത്തു പറഞ്ഞു 

സമൂഹത്തിന്റെ ചിന്താാഗതിയുടെ മാറ്റത്തില്‍ ഒതുക്കിയില്ല പെണ്ണിന്റെ വളര്‍ച്ചയ്ക്കുള്ള ഇസ്‌ലാമിക അധ്യാപനങ്ങള്‍; മറിച്ച് അവരെ വളര്‍ത്തുന്നതിനുള്ള ഉന്നത പ്രതിഫലവും മഹത്വവും പ്രവാചകന്‍ ﷺ  ഇസ്‌ലാമിക സമൂഹത്തെ പഠിപ്പിച്ചു. ഗൃഹ സംസ്‌കരണത്തിന്റെ ഏറ്റവും നല്ല മാര്‍ഗം സ്ത്രീകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയെന്നതാണ്. അവരെ അറിവും സംസ്‌കാരവും ദൈവഭക്തിയും ഔന്നത്യബോധവും ഉള്ളവരാക്കി വളര്‍ത്തിയാല്‍ അതിന്റെ ഗുണഫലം അവരിലൂടെ സമൂഹത്തിനു ലഭിക്കും. അതിന് അനിവാര്യമായത് അവരെ സ്‌നേഹവും ലാളനയും സുരക്ഷിത ബോധവും നല്‍കി വളര്‍ത്തുകയെന്നതാണ്. മനസിക വളര്‍ച്ചയാണ് അവരെ ലക്ഷ്യപ്രാപ്തിയിലേക്ക് കൈപിടിക്കുന്നത്. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിഗണയും അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിനാല്‍ പെണ്‍കുട്ടികളുടെ പരിപാലനം ശ്രമകരം തന്നെയാണ്. അത്‌കൊണ്ട് തന്നെയാണ് അവരുടെ പരിപാലനത്തിന് പ്രത്യേകം പ്രതിഫലവും മഹത്ത്വവും എടുത്തു പറയുന്നത്.

അല്ലാഹുവിന്റെ തിരുദൂതര്‍ പറയുകയുണ്ടായി: ”ആരെങ്കിലും രണ്ടു പെണ്‍മക്കളെ പ്രായപൂര്‍ത്തിയാകുന്നത് വരെ നല്ല ശിക്ഷണവും വിദ്യാഭ്യാസവും നല്‍കി (ക്ഷമാപൂര്‍വം) വളര്‍ത്തിയാല്‍, ഞാനും അവനും ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഇതുപോലെയായിരിക്കും -എന്ന് പറഞ്ഞിട്ട് അദ്ദേഹം തന്റെ വിരലുകള്‍ അടുപ്പിച്ചു പിടിച്ചു കാണിച്ചു” (മുസ്‌ലിം). 

ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീഥില്‍ ആഇശ(റ), തന്റെ വീട്ടില്‍നിന്ന് വല്ലതും കിട്ടുവാന്‍ വേണ്ടി രണ്ടു പെണ്‍മക്കളെയുമായി വന്ന സ്ത്രീ, തനിക്ക് കിട്ടിയ കാരക്കച്ചുളകള്‍ രണ്ടു മക്കള്‍ക്ക് വീതിച്ചു കൊടുത്തതിനെ അശ്ച്യത്തോടെ നബിയോട് വിശദീകരിച്ചപ്പോള്‍ നബി ﷺ  അവരോടു പ്രതികരിച്ചത് ഇപ്രകാരമാണ്: ‘ഇത്തരം പെണ്‍കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആരെങ്കിലും പരീക്ഷിക്കപ്പെടുകയും എന്നാല്‍ ആ പെണ്‍കുഞ്ഞുങ്ങളെ നന്നായി നോക്കുകയും ചെയ്താല്‍ അവര്‍ അവള്‍ക്ക് (മാതാവിന്) നരകത്തില്‍ നിന്നുള്ള മറയാവും.’

മുസ്‌ലിമിന്റെ നിവേദനത്തില്‍ ‘അവര്‍ നിമിത്തം അവള്‍ക്ക് സ്വര്‍ഗം നിര്‍ബന്ധമാകും അല്ലെങ്കില്‍ നരക മോചനം നല്‍കും’ എന്നാണുള്ളത്. പെണ്‍മക്കളോ സഹോദരികളോ ആരാണങ്കിലും ഈ ശ്രദ്ധയും പരിഗണയും നല്‍കി വളര്‍ത്തിയാല്‍ അത്മൂലം അവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അബൂസഇദുല്‍ ഖുദ്‌രി(റ) നിവേദനം ചെയ്യുന്നു: ”ആര്‍ക്കെങ്കിലും മൂന്നു പെണ്‍മക്കളോ അല്ലെങ്കില്‍ മൂന്നു സഹോദരികളോ അല്ലെങ്കില്‍ രണ്ട് പെണ്‍മക്കളോ, രണ്ടു സഹോദരികളോ ഉണ്ടാവുകയും എന്നിട്ട് അവര്‍ക്ക് നല്ല ശിക്ഷണം നല്‍കി വളര്‍ത്തുകയും അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്താല്‍ അവന്നു തീര്‍ച്ചയായും സ്വര്‍ഗമുണ്ട്” (അബൂദാവൂദ്, തിര്‍മിദി).

നോക്കുക; ഇസ്‌ലാം എത്രമാത്രം സ്ത്രീകളെ പരിഗണിക്കുന്നു! ഇന്നും ഭൂരിപക്ഷം മനസ്സുകളെയും ഭരിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാണെന്ന ചിന്തയാണ്. പ്രസവ വാര്‍ത്ത കേട്ടാല്‍ ‘അതും പെണ്ണാണ്’ എന്ന പ്രതികരണത്തില്‍ ഈ ചിന്ത ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍ യഥാര്‍ഥ സത്യവിശാസികള്‍ക്ക് പെണ്‍കുഞ്ഞുങ്ങള്‍ എല്ലാ അര്‍ഥത്തിലും അല്ലാഹു പറഞ്ഞത് പോലെ സന്തോഷ വാര്‍ത്ത തന്നെയാണ്. കൂടുതല്‍ വാത്സല്യവും കാരുണ്യവും നല്‍കി രക്ഷിതാക്കള്‍ അവരെ സംരക്ഷിക്കണമെന്ന് മാത്രം. 

3. ആണ്‍, പെണ്‍ മക്കള്‍ക്കിടയില്‍ തുല്യത കാണിക്കുക 

പെണ്‍മക്കളുടെ മാനസിക ഉയര്‍ച്ചയും വളച്ചയും സാധ്യമാക്കാന്‍ ഇസ്‌ലാം നല്‍കുന്ന മറ്റൊരു മനഃശാസ്ത്രപരമായ നിര്‍ദേശമാണ് അവര്‍ക്കിടയില്‍ തുല്യത കാണിക്കുകയും ആണ്‍മക്കളെ പെണ്‍മക്കളെ ക്കാള്‍ ഉയര്‍ത്തി വെക്കാതിരിക്കുകയും ചെയ്യുകയെന്നത്. സ്‌നേഹത്തിലും വാത്സല്യത്തിലും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിലും സമ്മാനങ്ങളും മറ്റും നല്‍കുന്നതിലും അവര്‍ക്കിടയില്‍ വിവേചനമരുതെന്നാണ് ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിക്കുന്നത്. സാധാരണ നമ്മുടെ വീടകങ്ങളില്‍ കേള്‍ക്കുന്ന ഒരു പ്രതികരണമാണ് ‘നീ പെണ്ണല്ലേ’, ‘അവനൊരു ആണല്ലേ’, നിനക്ക് താണുകൊടുത്തുകൂടേ’ തുടങ്ങിയവ. ഇതെല്ലാം പെണ്ണിന്റെ മാനസിക വളര്‍ച്ചയില്‍ മരവിപ്പ് ഉണ്ടാക്കുന്നതാണ്. ഇതിനെ ഇസ്‌ലാം നിരാകരിക്കുന്നു. നബി ﷺ  പറയുന്നു: ”ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞ് ഉണ്ടാവുകയും അവളെ കുഴിച്ചു മൂടാതെയും നിന്ദിക്കാതെയും ആണ്‍കുഞ്ഞിനെ അവളെക്കാള്‍ മുന്തിക്കാതെയും വളര്‍ത്തിയാല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്” (അബൂദാവൂദ്).

ഏതൊരു മനഃശാസ്ത്ര വിദഗ്ധനെയും അമ്പരപ്പിക്കുന്ന സൂക്ഷ്മമായ അധ്യാപനങ്ങളും നിര്‍ദേശങ്ങളുമാണ് അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ  മനുഷ്യരുടെ മുന്നില്‍ വെക്കുന്നത്. ശാസ്ത്രീയവും പ്രായോഗികവുമായ ഈ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മക്കളെ വളര്‍ത്തുന്ന ഏതൊരു രക്ഷിതാവും സമൂഹത്തിനു സമ്മാനിക്കുന്നത്, സ്‌നേഹ നിധിയായ ഭാര്യയെയും വാത്സല്യത്തിന്റെ നിറകുടമാവാന്‍ പ്രാപ്തമായ മാതാവിനെയും പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് നീങ്ങാന്‍ ധൈര്യം പകരുന്ന അധ്യാപികയെയും ഒക്കെയാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ വെട്ടിത്തിളങ്ങുന്ന താരകങ്ങളായി ശോഭിച്ച പല മഹാന്‍മാരെയും പ്രസവിച്ചത് ദൃഢമായ സത്യവിശ്വാസവും ഔന്നത്യബോധവും മനസ്സിലുറച്ച ഇത്തരം സ്ത്രീകളാണ്. നമ്മുടെ പെണ്‍മക്കളിലും ഈ നിലവാരത്തിലുള്ള മാനസിക ശാക്തീകരണം ഉണ്ടാക്കുന്നതാവണം  ഇസ്‌ലാമിക് പാരന്റിംഗ്. 

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

36: കുട്ടികളുടെ മാനസിക വളര്‍ച്ച​

36: കുട്ടികളുടെ മാനസിക വളര്‍ച്ച

സ്‌നേഹവാത്സല്യങ്ങളുടെ വൈകാരിക ഉദ്ദീപനം കുട്ടിമനസ്സില്‍ സാധ്യമാക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പ്രവാചകാധ്യാപനങ്ങളുടെ വെള്ളി വെളിച്ചത്തില്‍ തെളിഞ്ഞു കാണുന്ന ഒട്ടനവധി വഴികള്‍ ഇനിയുമുണ്ട്. അതില്‍ പെട്ട ചിലത് കൂടി നമുക്ക് പരിശോധിക്കാം. 

കുഞ്ഞുങ്ങളുടെ തലയില്‍ തടവുക

കുട്ടികളുടെ മനസ്സിനെ വൈകാരികമായി ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന മനഃശാസ്ത്രപരമായ ഒരു നടപടിയാണ് കുട്ടികളുടെ തല തടവുകയെന്നത്. അതിലൂടെ അവര്‍ കാരുണ്യത്തിന്റെ നനവ് ആസ്വദിക്കുന്നു. വാത്സല്യത്തിന്റെ ശീതളക്കാറ്റ് അവരുടെ  ശരീരത്തിലും മനസ്സിലും അടിച്ചു വീശും. കാരുണ്യവാനായ പ്രവാചകന്റെ ജീവിത ശീലങ്ങളില്‍ ഒന്നായിരുന്നു അത്. അനസ്(റ) പറയുന്നു: ”നബി ﷺ അന്‍സ്വാറുകളെ സന്ദര്‍ശിക്കുകയും അവരുടെ കുട്ടികള്‍ക്കു സലാം പറയുകയും അവരുടെ ശിരസ്സുകളില്‍ തലോടുകയും ചെയ്യും” (സ്വഹീഹ് അല്‍ ജാമിഅ്, അന്നസാഈ).  

കുട്ടികളുടെ തല തടവുക മാത്രമല്ല, തന്റെ വിശുദ്ധ കരങ്ങള്‍ കൊണ്ട് കുട്ടികളുടെ കവിളുകളില്‍ തലോടി അതിലൂടെ അവരോടുള്ള സ്‌നേഹവും സന്തോഷവും പ്രകടമാക്കുകയും ചെയ്യുമായിരുന്നു നബി ﷺ . ജാബിറുബിന്‍ ഉസാമത്(റ) (വളരെ പ്രായം കുറഞ്ഞ സ്വഹാബിയായ ഒരു കുട്ടിയായിരുന്ന നേരത്ത്) പറയുന്നു: ”ഞാന്‍ നബി ﷺ യുടെ കൂടെ ഒന്നാമത്തെ നമസ്‌കാരം അഥവാ ദുഹ്ര്‍ നമസ്‌കാരം നിര്‍വഹിച്ചു. പിന്നീട് അദ്ദേഹം തന്റെ കുടുംബങ്ങളിലേക്ക് പുറപ്പെട്ടു പോയി. ഞാനും നബിയുടെ കൂടെ പോയി. അങ്ങനെ നബി ﷺ വീട്ടിലേക്കു കയറുമ്പോള്‍ രണ്ടു കുട്ടികള്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് കടന്നുവന്നു. നബി അവരുടെ ഓരോരുത്തരുടെയും ഇരു കവിളുകളിലും തടവിക്കൊണ്ടിരുന്നു. അങ്ങനെ എന്റെ കവിളിലും തടവി.  അപ്പോള്‍ എനിക്ക് തണുപ്പ് അനുഭവപ്പെട്ടു-അല്ലെങ്കില്‍ നല്ല സുഗന്ധം. അത്തര്‍ കുപ്പിയില്‍നിന്നെടുത്ത കൈകളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ കൈകള്‍” (ഇമാം മുസ്‌ലിം). 

നബി ﷺ ഈ പ്രവൃത്തി സൂചിപ്പിക്കുന്നത്, ഒന്നിലധികം കുട്ടികള്‍ ഉണ്ടെങ്കില്‍ എല്ലാവരെയും പരിഗണിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ്.  

പ്രസന്നതയോടെ സ്വീകരിക്കുക

കുട്ടികള്‍ക്ക് അവര്‍ കടന്നുവരുമ്പോഴും കണ്ടുമുട്ടുമ്പോഴും അവരെ  നല്ല മുഖപ്രസന്നതയോടെ സ്വീകരിക്കുക. പ്രഥമ സംഗമം പ്രസന്നവും മുഖം കൊടുത്തുകൊണ്ടുമാകുമ്പോള്‍ തുടര്‍ന്നുള്ള സംസാരത്തിന്നും സംഭാഷണത്തിനും ശ്രദ്ധയും ബഹുമാനവും കിട്ടും. മറിച്ചാണെങ്കില്‍ അവര്‍ക്ക് മനസ്സ് തുറക്കാനോ അവരുടെ വികാരങ്ങളെ രക്ഷിതാക്കളുമായി പങ്കുവെക്കാനോ അവര്‍ സന്നദ്ധരാവില്ല. മറിച്ച് അതെല്ലാം പുറത്തുള്ളവരുമായിട്ടാവും അവര്‍ പങ്കുവെക്കുക. അവര്‍ നല്ല മനസ്സുള്ളവരാണോ അതോ ചൂഷണ താല്‍പര്യക്കാരാണോ എന്നൊന്നും വേര്‍തിരിച്ചറിയാന്‍ കുട്ടികള്‍ക്കു കഴിയില്ലതാനും. ഇത് പല അപകടങ്ങളിലേക്കും വഴി നടത്തുകയും ചെയ്യും. നബി ﷺ യാത്രയില്‍ നിന്ന് വരുമ്പോഴും കുട്ടികള്‍ കടന്നുവരുമ്പോഴും അവരെ നല്ല മുഖ പ്രസന്നതയോടെ, അവര്‍ക്കു പരിഗണന നല്‍കിക്കൊണ്ട് സ്വീകരിക്കും. ഇമാം മുസ്‌ലിമും ഇമാം അഹ്മദും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥില്‍ അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) നിവേദനം: ”നബി ﷺ വല്ല യാത്രയും കഴിഞ്ഞു വന്നാല്‍ തന്റെ കുടുംബത്തിലുള്ള കുട്ടികളെ കാണും. നബി ﷺ യാത്ര കഴിഞ്ഞു വന്നാല്‍ ഞാന്‍ അവരെല്ലാവരെയും മുന്‍ കടന്നു നബിയുടെ അടുത്ത് എത്തും. എന്നെ അദ്ദേഹം മുമ്പില്‍ ഏറ്റും. ഫാത്വിമ(റ)യുടെ മക്കളില്‍ നിന്ന് ഹസനോ ഹുസൈനോ എത്തും. അവരെ പിന്നില്‍ കൂട്ടും. ഞങ്ങള്‍മൂന്നാളുകളെയും കൊണ്ട് പട്ടണത്തില്‍ പ്രവേശിക്കും” (മുസ്‌ലിം).

ശ്രദ്ധ നല്‍കുക

കുട്ടികളുടെ മനസ്സിന്നു സ്‌ഥൈര്യവും ദാര്‍ഢ്യതയും നല്‍കുന്ന ഒന്നാണ് അവരെ സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും കണ്ണില്‍ നിന്ന് അകന്നാല്‍ അഥവാ കാണാതായാല്‍ പെട്ടെന്ന് തന്നെ അവരെ അന്വേഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയെന്നത്. അവര്‍ ഒറ്റക്കാകുന്നതിനെ പേടിക്കുക. അത് അവരില്‍ ആത്മ വിശാസം വളര്‍ത്തും. ഞങ്ങളുടെ കാര്യത്തില്‍ ആശങ്കയുള്ളവരാണ് ഞങ്ങളുടെ മാതാപിതാക്കള്‍ എന്ന തോന്നല്‍ അവരില്‍ സുരക്ഷിത ബോധം വളര്‍ത്തും. നബി ﷺ എപ്പോഴും അവരുടെ കാര്യത്തില്‍ ശ്രദ്ധകൊടുത്തിരുന്നു. അവരെ കാണാതായാല്‍ ആശങ്കപ്പെടുകയും അന്വേഷിക്കുകയും ചെയ്യും. കാണുന്നില്ലെന്ന് വന്നാല്‍ ഇറങ്ങി  അവരെ തേടിപ്പോകും. ചുറ്റുമുള്ളവരോട് കുഞ്ഞുങ്ങളെ അന്വേഷിക്കുവാന്‍ പറയും. പ്രവാചകന്‍ ﷺ എത്ര നല്ല രക്ഷിതാവ് കൂടിയായിരുന്നെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക