ചങ്ങാതി നന്നായാല്‍

ചങ്ങാതി നന്നായാല്‍

ഒരു സുഡാന്‍കാരനായ വ്യാപാരി സഊദ് എന്നു പേരുള്ള തന്റെ കൂറു കച്ചവടക്കാരനൊപ്പം പട്ടണത്തില്‍ കച്ചവടം നടത്തിവരികയായിരുന്നു. 

ഒരു ദിവസം ജുമുഅ നമസ്‌കരിക്കുവാന്‍ പട്ടണത്തിലെ വലിയ പള്ളിയില്‍ എത്തിയപ്പോള്‍ ഇമാം ജനാസ നമസ്‌കാരത്തിന്നു വിളിച്ചു പറയുന്നതു ശ്രദ്ധിച്ചു! ആരാണു മരണപ്പെട്ടത്? അയാളുടെ ജിജ്ഞാസ വര്‍ധിച്ചു. സതീര്‍ഥ്യന്‍ സഊദാണു മരണപ്പെട്ടതെന്നറിഞ്ഞപ്പോള്‍ സ്തബ്ധനായിപ്പോയി. കഴിഞ്ഞ രാത്രി അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത് അറിയാന്‍ കഴിഞ്ഞില്ല. 

ക്ഷിപ്ര വേഗത്തില്‍ വാര്‍ത്ത പരത്തുന്ന ആധുനിക വാര്‍ത്താ മാര്‍ഗങ്ങളോ മോബൈല്‍ ഫോണുകളോ ഇല്ലാത്ത ഹിജ്‌റ വര്‍ഷം 1415ലാണു സംഭവം. ഞെട്ടല്‍ വിട്ടുമാറാതെത്തന്നെ ഞങ്ങള്‍ ആത്മ സുഹൃത്തിന്നായി മയ്യിത്തു നമസ്‌കാരം നിര്‍വഹിച്ചു. 

മാസങ്ങള്‍ക്കു ശേഷം സഊദിന്റെ മക്കളും അനന്തരാവകാശികളുമായി സഊദും ഞാനും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ കൂട്ടിക്കിഴിക്കുവാന്‍ തീരുമാനിച്ചു. എനിക്കറിയാവുന്ന ഒരു സത്യമുണ്ടായിരുന്നു; ഒരു കച്ചവടക്കാരന്നു സഊദ് കൊടുത്ത് വീട്ടാനുണ്ടയിരുന്ന 3 ലക്ഷം രിയാലിന്റെ കടത്തെക്കുറിച്ച്. കടം തിരിച്ച് കിട്ടാനുണ്ടായിരുന്ന കച്ചവടക്കാരന്‍ സഊദിന്റെ കുട്ടികളുമായി സംസാരിക്കുവാന്‍ കടത്തെക്കുറിച്ചറിയാവുന്ന എന്നോട് കൂടെ വരാന്‍ ആവശ്യപ്പെട്ടു. 

നിരവധി ഇടപാടുകളിലൂടെയാണ് ഈ കടം കുന്നുകൂടിയത്. സ്ഥിരീകരണത്തിന്ന് ആവശ്യമായ വ്യക്തമായ രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല. ഇടപാടുകളില്‍ ചിലതെല്ലാം പിതാവ് വീട്ടിക്കാണുമല്ലോ എന്ന സന്ദേഹവും സഊദിന്റെ മക്കള്‍ക്കുണ്ടായി. 

കടം പിതാവ് കൊടുത്തു വീട്ടിയിട്ടില്ലെന്ന് ഉറപ്പു വരുത്തുന്ന രേഖകളുടെ അഭാവംമൂലം കടം വീട്ടാന്‍ മക്കള്‍ വിസമ്മതിച്ചു. ഞങ്ങള്‍ കച്ചവടക്കാര്‍ക്കിടയില്‍ പല ഇടപാടുകളും നടന്നിരുന്നത് പരസ്പര വിശ്വാസത്തിന്റെ പുറത്തായിരുന്നു. എല്ലാം പ്രമാണത്തില്‍ മുദ്രണം ചെയ്തുവെക്കുന്ന പതിവില്ല. ഞാന്‍ പറഞ്ഞ സാക്ഷിമൊഴി സ്വീകരിക്കുവാന്‍ കുട്ടികള്‍ തയ്യാറില്ലായിരുന്നു. സഊദിന്റെ മകന്‍ തുറന്നു പറഞ്ഞത്: ”ആകെ 6 ലക്ഷം ദിര്‍ഹമാണു പിതാവ് ഞങ്ങള്‍ക്കായി വിട്ടേച്ചു പോയത്. ഉത്തമര്‍ണന്‍ കടംവാങ്ങിയ വ്യക്തിരേഖകള്‍ കൊണ്ട് ഉറപ്പു വരുത്താത്ത ഈ കടം വീട്ടി ഞങ്ങള്‍ പണമില്ലാതെ കഴിയാനോ?” 

ഈ സാഹചര്യം എന്നെ പിടിച്ചുലച്ചു. എന്റെ കൂട്ടുകാരന്‍ ഈ കടത്തിന്റെ കുരുക്കില്‍ ക്വബ്‌റില്‍ സാഹസപ്പെടുന്നത് ഓര്‍ക്കാനാവുന്നില്ല. എന്റെ കളിക്കൂട്ടുകാരനും കൂറുകച്ചവടക്കാരനുമായ സഊദിനെ ഈ നിലയില്‍ വിട്ടുകളയുന്നത് എനിക്ക് ചിന്തിക്കാനായില്ല. രണ്ടു ദിവസം എനിക്ക് ഉറക്കം വന്നില്ല. ഉറങ്ങാനായി കണ്ണടച്ചു കിടക്കുമ്പോഴേക്കും എന്റെ സുഹൃത്ത് സഊദിന്റെ പുഞ്ചിരിക്കുന്ന മുഖം സഹായിക്കണേ എന്ന ഭാവത്തോടെ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടും. എന്റെ കച്ചവട സ്ഥാപനം ചരക്കുകള്‍ സഹിതം വിറ്റഴിച്ചു കിട്ടിയതു നാലര ലക്ഷം രിയാലാണ്. അതില്‍ നിന്നു ഞാന്‍ സഊദിന്റെ കടം വീട്ടി. 

പിന്നീടു നടന്നതെല്ലാം നമുക്കു മേല്‍ ഒരു റബ്ബുണ്ടെന്ന് ഉറപ്പാക്കുന്ന കാര്യങ്ങളാണ്. രണ്ടാഴ്ചക്കു ശേഷം സഊദിന്നു കടം നല്‍കിയ വ്യാപാരി ഒരു ലക്ഷം രിയാല്‍ എനിക്കു തിരികെ നല്‍കി. അന്തരിച്ച സ്‌നേഹിതന്റെ മാനം കാക്കാന്‍ ഞാന്‍ കടയടക്കം ഉള്ളതെല്ലാം പെറുക്കിവിറ്റാണു പണം സ്വരൂപിച്ചത് എന്നു ബോധ്യപ്പെട്ടപ്പോള്‍ കടത്തില്‍ നിന്ന് ഒരു ലക്ഷം ഇളവു ചെയ്തു കൊടുക്കാന്‍ വ്യാപാരി തയ്യാറാവുകയായിരുന്നു. എന്റെ കഥ ബുറൈദയിലെ എതാനും കച്ചവടക്കാരുമായി കടം തിരിച്ചു കിട്ടാനുണ്ടായിരുന്ന കച്ചവക്കാരന്‍ പങ്കുവെച്ചു. അതിലൊരാള്‍ സ്‌റ്റോറായി ഉപയോഗപ്പെടുത്തുന്ന രണ്ടു കടകള്‍ എനിക്ക് കച്ചവടം ചെയ്യാന്‍ വിട്ടുനല്‍കി. എന്റെ കച്ചവടം പുനരാരംഭിക്കുവാനും കടമുറികള്‍ക്ക് ഒരു രിയാല്‍ പോലും നല്‍കേണ്ടതില്ലെന്ന് അദ്ദേഹം ആണയിട്ടു. രണ്ടു കടകളും ഏറ്റുവാങ്ങി ഇന്ത്യന്‍ തൊഴിലാളികളോടൊപ്പം വൃത്തിയാക്കി ക്രമീകരിക്കുമ്പോഴേക്കതാ ഒരു വാഹനം, നിറയെ ചരക്കുമായി കടക്കു മുമ്പിലെത്തുന്നു. വാഹനത്തില്‍ നിന്നു ഇറങ്ങി വന്ന പയ്യന്‍ വ്യാപാരിയായ പിതാവ് പറഞ്ഞുവിട്ടതാണെന്നും ചരക്കു മുഴുവന്‍ നിങ്ങള്‍ക്കുള്ളതാണെന്നും വിറ്റഴിച്ച ശേഷം പകുതി വില തന്നാല്‍ മതിയെന്നും പകുതി നിങ്ങള്‍ക്കുള്ള ഹദ്‌യ ആണെന്നും ഇതു പിതാവിന്റെ നിര്‍ദേശമാണെന്നും പറഞ്ഞു. എപ്പോഴൊക്കെ ചരക്കിന് ആവശ്യം വരുന്നുവോ അപ്പോഴെല്ലാം താങ്കള്‍ക്കു ബന്ധപ്പെടാമെന്നും ആശ്വാസ വചനം മൊഴിഞ്ഞു. ഞാനറിയാത്തവര്‍ പലഭാഗത്ത് നിന്നുമായി എനിക്കു നേരെ സഹായ ഹസ്തങ്ങള്‍ നീട്ടുന്നു!

നാളുകള്‍കൊണ്ട് എന്റെ കച്ചവടം അഭിവൃദ്ധിപ്പെട്ടു. ഈ സംഭവത്തിന്നു മുമ്പുണ്ടായിരുന്നതിനെക്കാള്‍ മൂലധനം നിരവധി മടങ്ങായി! ഇന്ന് ഹിജ്‌റ വര്‍ഷം 1436 ആയി. ഈ വര്‍ഷം സകാത്തിനത്തില്‍ മാത്രം 3 മില്യണ്‍ രിയാല്‍ നല്‍കാനായി!

 ഗുണപാഠം: അനന്തരാവകാശ വിഹിതത്തില്‍ കുറവ് വരുമെന്ന ഭീതിയാല്‍ സഊദിന്റെ മക്കള്‍ കടം വീട്ടുവാന്‍ തയ്യാറായില്ല. സഊദിന്റെ ആത്മസുഹൃത്താകട്ടെ തന്റെ കൂട്ടുകാരനെ അയാളുടെ ക്വബ്‌റില്‍ കടം വേട്ടയാടാതിരിക്കാന്‍ തന്റെ ഉപജീവന മാര്‍ഗം പോലും ബലികൊടുത്ത് അയാളുടെ കടം വീട്ടി. ഇതാണ് നിഷ്‌കളങ്കവും നിഷ്‌കപടവുമായ ചങ്ങാത്തം. ദാനം കൊണ്ട് ഒരു ധനത്തിലും കുറവുവരില്ലെന്ന ഗുണപാഠവും ഈ സംഭവം നല്‍കുന്നു.

 

പി.എന്‍ അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

അറിയാതെ പോയ രോഗം

അറിയാതെ പോയ രോഗം

ഓഫീസില്‍ പലപ്പോഴും ആ വനിതാ ജീവനക്കാരി ലീവായിരുന്നു. ചിലപ്പോള്‍ ലീവ് ദിവസങ്ങള്‍ നീളും. ഓഫീസില്‍ ഉള്ള ചില ദിവസങ്ങള്‍ ഊര്‍ജസ്വലയല്ലാതെ ജോലി ചെയ്യുന്നതായും കാണപ്പെടാറുണ്ട്. ലീവ് ചിലപ്പോള്‍ അടിയന്തിര ജോലികള്‍ തീരാതെ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഓഫീസിലെ സീനിയര്‍ ഓഫിസര്‍ നല്ല ഒരു മനുഷ്യ സ്‌നേഹിയായിരുന്നു. എന്നാല്‍ കഠിനമായി ജോലി ചെയ്യുന്നയാളും ജോലിയിലെ വീഴ്ചയും ഉദാസീനതയും വെച്ചുപൊറുപ്പിക്കാത്ത സ്വഭാവക്കാരനുമായിരുന്നു.

ഒരുനാള്‍ അത്യാവശ്യമായ ഒരു നോട്ടീസ് യഥാസമയത്ത് ഓഫീസില്‍ നിന്ന് അയക്കാത്തതിനെ ചൊല്ലി അസ്വാരസ്യമുണ്ടായി. അത് ഒടുക്കം, ലീവെടുക്കുന്ന മേല്‍പറഞ്ഞ ജീവനക്കാരിയെ ശകാരിക്കുന്ന തലത്തിലേക്ക് വളര്‍ന്നു. സീനിയര്‍ ഓഫിസര്‍ അവരെ കാബിനില്‍ വിളിച്ച് ദേഷ്യപ്പെടുകയും വിശദീകരണം ആരായുകയും ചെയ്തു. അവര്‍ കരഞ്ഞു, കണ്ണീര്‍ പ്രവാഹമായി…

അന്ന് ലീവായിരുന്ന എന്നോട്, പിറ്റേന്ന് കാബിനിലെത്തി അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. സ്വാഭാവികമായും കണ്ണീരിന്റെയും തേങ്ങലിന്റെയും അകമ്പടിയോടെയായിരുന്നു സംസാരം. താന്‍ അലസയോ ജോലി ചെയ്യാന്‍ മടിയുള്ള ആളോ അല്ലെന്നും അസൂഖം കാരണമാണ് ലീവെടുക്കാന്‍ നിര്‍ബന്ധിതയാകുന്നതെന്നും അവര്‍ വിശദീകരിച്ചു. ഞാന്‍ ആശ്വസിപ്പിച്ച് തിരികെ പറഞ്ഞയച്ചു. സീനിയര്‍ ഓഫീസറെ ഞാന്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്നും പറഞ്ഞു.

പിന്നീട് ഓഫീസിലെ മറ്റൊരു ജീവനക്കാരി പറഞ്ഞാണ് കൃത്യമായ അസൂഖവിവരമറിഞ്ഞത്. അവര്‍ക്ക് ഒരു കിഡ്‌നിയേ ഉണ്ടായിരുന്നുള്ളു! മാറാത്ത പല അസുഖങ്ങളും അലട്ടിയപ്പോള്‍ നടത്തിയ വിശദ പരിശോധനയിലാണത് കണ്ടെത്തിയിരുന്നത്. ഒരു വൃക്കയുടെ കുറവ് നല്‍കുന്ന അനാരോഗ്യം, തൊട്ടടുത്ത ജില്ലയില്‍ നിന്ന് ഒരു മണിക്കൂര്‍ ബസ് യാത്ര ചെയ്ത് ഓഫീസില്‍ ജോലിക്ക് എത്താന്‍ സമ്മതിക്കാതിരുന്നത് കൊണ്ടായിരുന്നു പലപ്പോഴും അവര്‍ ലീവിലായിരുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് പോകുമ്പോഴായിരുന്നു മറ്റു ലീവുകള്‍.

രോഗവിവരമറിഞ്ഞ ഞാന്‍ തളര്‍ന്ന് പോയി. സീനിയര്‍ ഓഫീസര്‍ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്ത ഒരവസ്ഥയിലായി. അദ്ദേഹം എന്റെയടുത്തെത്തി കുറേ നേരം മിണ്ടാതിരുന്നു. പിന്നെ പശ്ചാത്താപ മനസ്സോടെ കുറെയേറെ പറഞ്ഞു. അദ്ദേഹം വല്ലാതെ തളര്‍ന്ന് പോയിരുന്നു. വിവരമറിയുന്ന ആരും തന്നോട് രോഗവിവരം പങ്ക് വെച്ചില്ലല്ലോയെന്ന് പരിതപിച്ചു. ഒടുക്കം ജീവനക്കാരിയോട് അദ്ദേഹം മാപ്പ് പറഞ്ഞു. സല്‍ക്കാരപ്രിയനായിരുന്ന ആ ഓഫീസര്‍ തൊട്ടടുത്ത ദിവസം ഒരു ഉച്ചഭക്ഷണ പാര്‍ടി ഏര്‍പ്പാട് ചെയ്ത് അന്തരീക്ഷം ലഘുകരിക്കാന്‍ ശ്രമിച്ചു.

മറ്റുള്ളവരുടെ വീഴ്ചകളില്‍, കുറവുകളില്‍ അവരെ കുറ്റപ്പെടുത്താന്‍, ശിക്ഷിക്കാന്‍ ഒരുമ്പെടുമ്പോള്‍ അക്കാര്യത്തില്‍ മറ്റുള്ളവരുടെ ഒരു മറു വശമുണ്ടാകുമെന്നും അവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കാനുള്ള സന്മനസ്സ് കാണിക്കണമെന്നുമാണ് ഈ സംഭവം നമ്മളെ ബോധ്യപ്പെടുത്തുന്ന ലളിതവും എന്നാല്‍ മുഖ്യവുമായ കാര്യം.

ആഇശ്യ നിവേദനം: ”തീര്‍ച്ചയായും സൗമ്യത ഏതൊന്നിലുണ്ടായാലും അത് അതിനെ അലംകൃതമാക്കും. ഏതെങ്കിലും ഒന്നില്‍ നിന്ന് അത് മാറ്റപ്പെട്ടാല്‍ അത് അതിനെ വിരൂപമാക്കുകയും ചെയ്യും.” (സ്വഹീഹ് മുസ്‌ലിം)

 

ഇബ്‌നു അലി എടത്തനാട്ടുകര
നേർപഥം വാരിക

സന്മനസ്സാണ് പ്രധാനം

സന്മനസ്സാണ് പ്രധാനം

ജോലിത്തിരക്കിനിടയിലാണു കൂട്ടുകാരന്റെ ഫോണ്‍ വിളി വന്നത്. പത്രം വായിച്ചില്ലേ എന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വാട്‌സാപിലേക്ക് അയച്ചിട്ടുണ്ടെന്നും മറുപടി. അവന്‍ വളരെ വിഷമത്തിലായിരുന്നു. കുറെ കഴിഞ്ഞ് അവന്‍ നേരിട്ട് വന്നു. അപ്പോഴും ഞാന്‍ വായിച്ചിട്ടില്ലായിരുന്നു. അന്ന് പത്രത്തില്‍ വന്ന,  ആസ്തമ രോഗിയായ അമ്മയും ഹൃദ്രോഗിയായ അഞ്ച് വയസ്സുകാരിയും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിത ജീവിതം നയിക്കുന്നതിന്റെ വാര്‍ത്തയാണ് അവന്‍ പങ്കുവെച്ചത്. ആ കുട്ടിയില്‍ അവന്‍ കണ്ടത് അവന്റെ മോളെയായിരുന്നു. ഉടനെ എന്തെങ്കിലും ചെയ്യണമെന്നും ഒരു നാലക്ക തുക താന്‍ മാറ്റിവെച്ചിട്ടുണ്ടെന്നും അവന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു നിര്‍ത്തി.

സഹായിക്കാന്‍ കൂട്ടുകാര്‍ രണ്ടുപേര്‍ കൂടിയുണ്ടെന്നും അന്ന് തന്നെ ആ വീട്ടുകാരെ കണ്ടെത്തി സഹായം എത്തിക്കണമെന്നും എക്കൗണ്ടന്റ് സ്ഥാപനം നടത്തുന്ന അവന്‍ നിര്‍ബന്ധം പിടിച്ചു. മാറ്റിവെച്ച പണം വകമാറ്റി ചെലവഴിക്കരുതെന്നും ചെറിയ തുക നല്‍കുന്നത് താല്‍കാലിക ആശ്വാസം മാത്രമെ ആകൂവെന്നും ആ കുടുംബത്തിന്റെ വേദനക്കൊരു സ്ഥിര സംവിധാനത്തെക്കുറിച്ച് ആലോചിക്കാമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ തിരിച്ചുപോയി. 

സാമൂഹ്യപ്രവര്‍ത്തകനായ മറ്റൊരു കൂട്ടുകാരനുമായി ചര്‍ച്ച ചെയ്ത് വേണ്ടത് ആലോചിച്ചു ചെയ്യാമെന്ന വിവരം ഞാന്‍ അന്ന് രാത്രി സുഹൃത്തിനെ വിളിച്ചറിയിച്ചു. ഇടക്കിടെ എന്തായിയെന്ന് ചോദിച്ച് എന്നെ അവന്‍ അലട്ടിക്കൊണ്ടേയിരുന്നു. 

ഒരു ഞായര്‍ ഒഴിവില്‍ കൂടുതല്‍ കൂട്ടുകാരുമായി ആ ഓലപ്പുരയില്‍ ഞങ്ങളെത്തി. വായിച്ചറിഞ്ഞതിനെക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു നേര്‍കാഴ്ച. ഒരു ചെറു കാറ്റു വീശിയാല്‍ പൊളിഞ്ഞു പോകാവുന്ന, ഒരു അരണക്കുപോലും കീറാവുന്ന ദൂര്‍ബലമായ കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റായിരുന്നു ചുമരും മേല്‍കൂരയുമെല്ലാം. മോളുടെ പഠന ചെലവും കുടുംബത്തിന്റെ ചെലവും വഹിക്കുമെന്ന് അവിടെവെച്ചുതന്നെ സാമുഹ്യ പ്രവര്‍ത്തകനായ കൂട്ടുകാരന്‍ നേരിട്ട് അറിയിച്ചു. ഞങ്ങള്‍ അവിടെ വെച്ച് തന്നെയൊരു കൂടിയാലോചന നടത്തി. അവിടുത്തെ നാട്ടു പ്രമുഖരെയും പള്ളി ഭാരവാഹികളെയും കണ്ട് ചര്‍ച്ച നടത്തി ആത്മ വിശ്വാസം നല്‍കി. കൂട്ടായി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യം നേടാന്‍ കഴിയുമെന്ന് മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ വീശദീകരിച്ചു. എങ്ങനെയൊക്കെ തുടങ്ങണമെന്നും മറ്റും വിശദമായി സംവദിച്ചു. മാറി നിന്നാല്‍, കണ്ണടച്ചാല്‍ പടച്ചവനോട് നാളെ മറുപടി പറയേണ്ടി വരുമെന്ന് ഓര്‍മിപ്പിച്ചു. മടങ്ങിയപ്പോള്‍ വല്ലാത്ത ആശ്വാസവും പ്രതീക്ഷയുമായിരുന്നു മനസ്സില്‍. അതിലേറെ ആശ്വാസമായിരുന്നു എക്കൗണ്ടന്റ് സുഹൃത്തിന്.

നാട്ടില്‍, പള്ളിയില്‍ ചര്‍ച്ചക്കൊടുവില്‍ ഞങ്ങള്‍ക്ക് വിളിയെത്തി. നാട്ടുകാരുടെ മീറ്റിംഗ് വിളിച്ചിരിക്കുന്നു; എത്തണം, നിയന്ത്രിക്കണം എന്നായിരുന്നു അഭ്യര്‍ഥന. കൂടുതല്‍ കൂട്ടുകാരുമായി ഞങ്ങള്‍ എത്തി. എല്ലാവരും സംസാരിച്ചു. കമ്മിറ്റിയായി. എഞ്ചിനീയറായ കൂട്ടുകാരന്‍ നിമിഷ നേരം കൊണ്ട് എസ്റ്റിമേറ്റ് ഉണ്ടാക്കി അവതരിപ്പിച്ചു. പണമായി, കല്ലായി, സിമന്റായി, മണലായി, കായികാധ്വാനമായി വാഗ്ദാനങ്ങള്‍ സദസ്സില്‍നിന്ന് ഒഴുകിയെത്തി. ഞങ്ങളും ആകുന്നത് വാഗ്ദാനം ചെയ്തു. അക്കൗണ്ടന്റ് സുഹൃത്ത് പഴയ നാലക്കത്തില്‍നിന്ന് ആറക്കത്തിലേക്കെത്തി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം; എല്ലാവര്‍ക്കും!

ബാങ്ക് അക്കൗണ്ട് തുടങ്ങി. വീട്പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പ്രാര്‍ഥനകള്‍ ആവശ്യപ്പെടുന്നു.

ഒന്നൊരുങ്ങിയാല്‍ നമുക്ക് പലതും ചെയ്യാനാവും. നന്മയില്‍ സഹകരിക്കാന്‍ നിരവധി നല്ല മനസ്സുകള്‍ കാത്തിരിപ്പുണ്ട്; മതത്തിന്റെയും പാര്‍ട്ടിയുടെയും വേലിക്കെട്ടുകള്‍ നോക്കാതെ തന്നെ. നന്മയുടെ വഴിയില്‍ ചരിക്കുന്നവര്‍ക്ക് പടച്ചവന്റെ കാരുണ്യ കടാക്ഷം കിട്ടാതിരിക്കില്ല. ഒരുമ്പെടാന്‍ ഒരു മനസ്സ് വേണമെന്ന് മാത്രം.

”അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല.” (ക്വുര്‍ആന്‍: 28:77)

 

ഇബ്‌നു അലി എടത്തനാട്ടുകര
നേർപഥം വാരിക

വന്ന വഴി മറക്കരുതാരും

വന്ന വഴി മറക്കരുതാരും

എന്റെ ഗ്രാമത്തില്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ഒരു ചടങ്ങ് നടക്കുകയാണ്. കൂട്ടുകാരന്റെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടന പാവപ്പെട്ട ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ക്ക് പുതുവസ്ത്രം-‘സ്‌നേഹപ്പുടവ’ നല്‍കുന്നതാണ് ചടങ്ങ്. വ്യവസായി സുഹൃത്തുക്കളും എക്കൗണ്ടിംഗ് രംഗത്തുള്ള കൂട്ടുകാരും പങ്കെടുക്കുന്നുണ്ട്.

സ്‌നേഹപ്പുടവ ഉദ്ഘാടനം നിര്‍വഹിച്ച വ്യവസായി സുഹൃത്ത് ആ സ്‌കൂളിലെത്തന്നെ ഒരു കുടുംബത്തിന് മാസം തോറും ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ സ്‌പോണ്‍സര്‍ ആണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പ്രസംഗ മധ്യേ, എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സ്‌കൂളിന്റെ വികസന പദ്ധതിയിലേക്ക് അദ്ദേഹം ആറക്ക സംഖ്യ വാഗ്ദാനം ചെയ്തു. ആശംസക്ക് എന്റെ ഊഴം വന്നപ്പോള്‍ മുന്നിലിരിക്കുന്ന കൊച്ചുകുട്ടികളെ നോക്കി ഞാന്‍ ഒരു കഥ പറയാമെന്നു പറഞ്ഞു. അത് കേട്ട് എല്ലാവരും ഉഷാറായി ഇരുന്നു.

‘പണ്ട് പണ്ട് നമ്മുടെ ഗ്രാമത്തിലൂടെ ഒരു ബസ്സ് സര്‍വീസ് നടത്തിയിരുന്നു. അതില്‍ തൊട്ടടുത്ത പ്രദേശത്തെ ഒരാള്‍ അതില്‍ തൊഴിലാളിയായിരുന്നു. സാമ്പത്തിക പ്രശ്‌നവും മറ്റുമായി അയാള്‍ക്ക് പഠനം നിറുത്തി ജോലിക്ക് പോകേണ്ടി വന്നതായിരുന്നു. അയാള്‍ ബസ്സിലെ തൊഴില്‍ നിര്‍ത്തി. മറ്റു ചില തൊഴിലുകള്‍ക്ക് ശ്രമിച്ചു. പിന്നീട് സൗദിയില്‍പോയി. വാഹനം ഓടിക്കുന്ന ജോലി. പിന്നീട് സാധനങ്ങളുടെ വിതരണ ചുമതല കൈവന്നു. ഒരു കട സ്വന്തമായി നടത്താന്‍ തുടങ്ങി, നാട്ടില്‍ നിന്ന് ബന്ധുക്കളില്‍ ചിലരേയും തുടര്‍ന്ന് കൂട്ടുകാരെയും ജോലിക്ക് കൊണ്ടുവന്നു. പങ്കാളിയായി നല്ലൊരു അറബി സുഹൃത്തിനെ ലഭ്യമായി. കടകളുടെ എണ്ണം കൂടി, വാഹനങ്ങളുടെ എണ്ണവും ഒപ്പം തൊഴിലാളികളുടെ എണ്ണവും വര്‍ധിച്ചു. ബിസിനസ്സ് ദുബായിലേക്ക് കൂടി വ്യാപിച്ചു. ജന്മനാടിനെ മറന്നില്ല. നാട്ടില്‍ ടൂള്‍സ് വ്യാപാരം തുടങ്ങി. ചൈനയില്‍ പോയി, അവിടെ തൊഴിലാളികളെ വെച്ച് ഫാക്ടറി ആരംഭിച്ചു. ഇറക്കുമതി തുടങ്ങി. അങ്ങനെ ബസ്സ് തൊഴിലാളിയായിരുന്ന ആ മനുഷ്യനു രണ്ട് ഡസനിലേറെ വാഹനങ്ങളായി, ഇരുന്നൂറിനടുത്ത് തൊഴിലാളികളായി.

ഔദ്യോഗിക കാര്യത്തിനിടെ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടാനുള്ള അവസരമുണ്ടായി. ആ പരിചയം സൗഹൃദമായി വളര്‍ന്നു. വിദേശത്ത് നിന്നുള്ള വിളികളും മെസ്സേജുകളും തുടര്‍ന്നു. പരിചയം ഇരുവരുടെയും കുടുംബങ്ങളിലേക്കും പടര്‍ന്നു. ആ മനുഷ്യന്‍ ഇപ്പോള്‍ നാട്ടിലുണ്ട്, നമ്മുടെ ഗ്രാമത്തിലുണ്ട്, എന്തിനേറെ നമ്മുടെ സ്‌കൂളില്‍ ഈ ചടങ്ങിനെത്തിയിട്ടുണ്ട്. നമ്മുടെ വേദിയിലുണ്ട്! അദ്ദേഹത്തെ തിരിച്ചറിഞ്ഞവര്‍ ആരൊക്കെയുണ്ട് കൂട്ടത്തില്‍? കാണട്ടെ.

ഞാന്‍ കഥ നിറുത്തി.

കൊച്ചുകുരുന്നുകള്‍ എഴുന്നേറ്റ് നിന്നു. നിറുത്താതെ കയ്യടിച്ച് അദ്ദേഹത്തെ ആദരിച്ചു. ആ കുരുന്നുകളുടെ സ്‌നേഹം അദ്ദേഹം പുഞ്ചിരിയോടെ ഏറ്റുവാങ്ങി.

വന്ന വഴികള്‍ മറക്കാത്ത അദ്ദേഹത്തിന് കൂടുതല്‍ ഐശ്വര്യത്തിനായി കുട്ടികള്‍ പ്രാര്‍ഥിച്ചിരിക്കണം. കുഞ്ഞുങ്ങള്‍ മാത്രമല്ല രക്ഷിതാക്കളും അധ്യാപകരും ഒപ്പം എന്റെ മനസ്സും!

 

ഇബ്‌നു അലി എടത്തനാട്ടുകര
നേർപഥം വാരിക

കണ്ണുനീർ കുടിപ്പിക്കുന്ന ന്യൂജെൻ തലമുറ

കണ്ണുനീർ കുടിപ്പിക്കുന്ന ന്യൂജെൻ തലമുറ

ഓഫീസിൽ, എന്റെ മുന്നിലെ കസേരയിലിരുന്ന്‌ അയാൾ തേങ്ങിത്തേങ്ങിക്കരഞ്ഞു. അയാളുടെ കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. ജാള്യതയോടെ അയാൾ കണ്ണീർ തുടച്ചെങ്കിലും കൂടുതൽ ശക്തിയോടെ അത്‌ ഒഴുകിക്കൊണ്ടേയിരുന്നു. സംസ്ഥാന സർക്കാരിലെ സാമാന്യം നല്ല പോസ്റ്റിൽ നിന്ന്‌ റിട്ടയർ ചെയ്‌ത ഉദ്യോഗസ്ഥനാണയാൾ.

മകനായിരുന്നു അയാളുടെ പ്രശ്‌നം. മകനൊരു കച്ചവടം നടത്തിയിരുന്നു; മറ്റൊരു സംസ്ഥാനത്തുനിന്ന്‌ ആരോഗ്യസംബന്ധിയായ ഉപകരണങ്ങൾ വാങ്ങി വിതരണം ചെയ്യൽ. എന്നാൽ നികുതി വകുപ്പിന്‌ ആവശ്യമായ രേഖകൾ സമർപ്പിക്കുകയോ നികുതി ഒടുക്കുകയോ ചെയ്യില്ല. ഓഫീസർമാർ അയക്കുന്ന മുന്നറിയിപ്പ്‌ നോട്ടീസുകൾക്ക്‌ മറുപടി ബോധിപ്പിക്കുകയോ വൈകിയെങ്കിലും ആവശ്യമായ റിട്ടേണുകൾ സമർപ്പിക്കുകയോ നികുതി അടക്കുകയോ ചെയ്‌തതുമില്ല. ഒടുവിൽ വകുപ്പ്‌ നിയമ നടപടികളും പെനാൽറ്റി നടപടികളുമായി മുന്നോട്ട്‌ പോയപ്പോഴാണ്‌ വയോധികൻ മൂന്ന്‌ നില കോണിപ്പടികൾ കയറി ഓഫീസിലെത്തി ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ടിരുന്നത്‌.

മകന്‌ കുറച്ച്‌ രാഷ്‌ട്രീയജ്വരമൊക്കെയുണ്ടായിരുന്നു. സൂത്രക്കാരായ കുറച്ച്‌ കൂട്ടുകാരും രാഷ്‌ട്രീയക്കാരും തരം പോലെ അവനെ കയ്യിലെടുത്തു. നാലാളുകൾക്ക്‌ മുമ്പിൽ ദയാലുവും ദീനാനുകമ്പയുമുള്ള നിസ്വാർഥനുമായി അവതരിപ്പിക്കപ്പെട്ടപ്പോൾ മകൻ പ്രശസ്‌തിയിലും മാധ്യമ ശ്രദ്ധയിലും വീണുപോയി.

വിലകൊടുത്ത്‌ വാങ്ങിയ ലക്ഷങ്ങളുടെ മെഷീനറി സൗജന്യമായി നൽകി. പുറമെ ലക്ഷങ്ങൾ സംഭാവനയായി നൽകാൻ തുടങ്ങി. ചെക്ക്‌ മടങ്ങിയപ്പോൾ കേസായി.

തിരഞ്ഞ്‌ വരുന്ന ആളുകളെയും കാശ്‌ കൊടുക്കാനുള്ളവെരയും കൂടുതൽ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ വന്നവരെയും കൊണ്ട്‌ പിതാവിന്‌ സ്വൈര്യം നഷ്‌ടപ്പെട്ടു. പെൻഷൻ പറ്റിയപ്പോൾ കിട്ടിയ തുകയൊക്കെയും മകന്റെ കടം വീട്ടാൻ വിനിയോഗിച്ചു. തികയാഞ്ഞിട്ട്‌ സ്ഥലം വിറ്റും കടം വീട്ടി. പിന്നെയും കടം ബാക്കി…!

മകളുടെ വിവാഹച്ചെലവിനായി വിൽക്കാൻ മാറ്റിവെച്ചിരുന്ന സ്ഥലവും കടംവീട്ടാൻ വിൽക്കേണ്ടി വന്നതിനാൽ വിവാഹം മുടങ്ങി. ഇങ്ങനെയൊരു മകനെയെന്തിന്‌ ദൈവം നൽകിയെന്ന്‌ അയാൾ വിലപിച്ചു. മകനുമായി ഇപ്പോൾ ബന്ധമൊന്നുമില്ലെന്നും അവനുമായി ബന്ധപ്പെട്ട ഒന്നിനും തന്നെ കാണാൻ ആരും വരരുതെന്നും ആ പിതാവ്‌ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, പോറ്റിവളർത്തി വലുതാക്കിയ മകനല്ലേ, കളയാനൊക്കുമോ?

പരിമിതികളിൽ നിന്ന്‌ പരമാവധി സഹായിക്കാമെന്നും അവസാന ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന്‌ മുമ്പ്‌ അദ്ദേഹത്തെ കൂടി അറിയിക്കാമെന്നും പറഞ്ഞ്‌ യാത്രയാക്കി.

മക്കളില്ലാത്തവർ അതിന്റെ പേരിൽ ദുഃഖം അനുഭവിക്കുമ്പോൾ മക്കൾ ഉണ്ടായതിന്റെ പേരിൽ സമാധാനവും കുടുംബജീവിതവും മാനവും പോയവർ എത്ര!

ആ പിതാവിനെവിടെയാണ്‌ പിഴച്ചത്‌? സ്‌നേഹവും പണവും കൂടുതൽ കൊടുത്തതിലോ? മകൻ പ്രശസ്‌തനാവുന്നത്‌ കണ്ട്‌ ആഹ്ളാദിച്ചതിലോ? വലിയ ബിസ്‌നസ്സും സെറ്റപ്പും മറ്റും കണ്ടപ്പോൾ മതിമറന്നതിലോ? അതല്ല ദൈവ വിശ്വാസവും ധാർമികബോധവും നൽകാതെ മകനെ വളർത്തിയതിലോ?

ഇത്തരം മുടിയരായ പുത്രന്മാർ ഇനിയും മാതാപിതാക്കളെയും കുടുംബത്തെയും കണ്ണീർ കുടിപ്പിക്കാതിരിക്കാൻ `ന്യൂജെൻ` തലമുറയെ ധാർമിക മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതം ചിട്ടപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്‌.

 

ഇബ്‌നു അലി എടത്തനാട്ടുകര
നേർപഥം വാരിക

സ്‌കൂള്‍ വാര്‍ഷികാനുഭവങ്ങള്‍

സ്‌കൂള്‍ വാര്‍ഷികാനുഭവങ്ങള്‍

കുറച്ചുവര്‍ഷങ്ങളായി അവരുടെ സ്‌കൂള്‍ വാര്‍ഷികത്തിന് ക്ഷണിക്കപ്പെടാറുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും അവര്‍ സമ്മാനം നല്‍കാറുമുണ്ട്. സമ്മാനം സ്‌പോണ്‍സര്‍ ചെയ്യാറുള്ളത് എന്റെ ഒരു കൂട്ടുകാരനാണ്. എന്നാല്‍ ആ കൂട്ടുകാരന്‍ ഇതുവരെ സ്‌കൂള്‍ വാര്‍ഷികത്തിന് എത്തിയിട്ടില്ല! മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കൂളാണെന്നതിനാല്‍ കണ്ടിരിക്കാന്‍ കഴിയില്ല എന്നതാണ് കാരണം.

ഒരു വാര്‍ഷിക ദിനത്തില്‍ കണ്ട കാഴ്ചകളിലൊന്ന് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.

കുറെ കുട്ടികള്‍ സ്റ്റേജില്‍ കളിക്കുകയാണ്. ഒപ്പനക്ക് സമാനമായ ഒരു കലാരൂപം. വ്യത്യസ്ത വസ്ത്രങ്ങള്‍ അണിഞ്ഞും മെയ്ക്കപ്പ് ചെയ്തുമുള്ള കളിക്കിടയില്‍ ഒരു കുട്ടിയുടെ ഉടുമുണ്ട് അഴിഞ്ഞു തുടങ്ങി. കാണികള്‍ക്ക് അത് വളരെ വിഷമമുണ്ടാക്കി. എന്നാല്‍ അതറിഞ്ഞിട്ടോ അല്ലാതെയോ അവന്‍ കളി തുടര്‍ന്നു. സ്റ്റേജിന്റെ പിന്‍ഭാഗത്തുള്ള ടീച്ചര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും അവനത് മനസ്സിലായില്ല എന്ന് തോന്നുന്നു. ഒടുക്കം ടീച്ചര്‍ അവന്റെ കളിക്കൊപ്പം കൂടെ നടന്ന് വസ്ത്രം ശരിയാക്കിക്കൊടുത്തു. അവന്‍ കളി തുര്‍ന്നുകൊണ്ടേയിരുന്നു. സാധാരണ ബുദ്ധിയുള്ള ഒരു കുട്ടിയല്ലാത്തതിനാല്‍ ഉടുമുണ്ടഴിഞ്ഞത് അവനെ സങ്കടപ്പെടുത്തിയില്ല!

തൊട്ടുമുമ്പുള്ള ഒരു വാര്‍ഷികത്തില്‍ എനിക്കും പ്രസംഗിക്കാനുള്ള അവസരം ലഭിച്ചു. മുന്‍സിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ തന്റെ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ സദസ്സിലെ വിദ്യാര്‍ഥികളിെലാരാള്‍ നിലത്ത് കിടന്നുരുണ്ട് നിര്‍ത്താതെ അലറിക്കരയുന്നു. കുട്ടിയാവട്ടെ സ്റ്റേജ് പരിപാടിക്കായി മെയ്ക്കപ്പ് ചെയ്ത് വര്‍ണ വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കുകയാണ്. കൂട്ടുകാരും രക്ഷിതാക്കളും ഇടപെട്ടെങ്കിലും കുട്ടി കിടന്നിടത്ത് നിന്നെണീക്കാനോ കരച്ചില്‍ നിര്‍ത്താനോ തയ്യാറായില്ല. അധ്യാപികമാര്‍ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്നു; പരിപാടി അലങ്കോലപ്പെടുമോയെന്ന സംശയത്തില്‍.

ഒടുവില്‍ ഉദ്ഘാടകന്‍ പ്രസംഗം നിര്‍ത്തി. വേദിയില്‍ നിന്ന് ഹെഡ്ടീച്ചര്‍ അവന്റെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. അത്ഭുത സ്പര്‍ശനം കൊണ്ടോ, മാന്ത്രിക വാക്കുകള്‍ കൊണ്ടോ എന്നപോലെ കുട്ടി കരച്ചില്‍ നിര്‍ത്തി! തന്റെ ഊഴവും കാത്ത് ഒന്നും സംഭവിക്കാത്തപോലെ കസേരയില്‍ ചെന്നിരുന്നു.

പ്രസംഗത്തിന് എനിക്കവസം ലഭിച്ചപ്പോള്‍ പറയണമെന്ന് കരുതിയ കാര്യങ്ങള്‍ എന്നെ കൈവിട്ടുപോയിരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കളെ നല്‍കിയതിലൂടെ പടച്ചവന്‍ പരീക്ഷിക്കുകയാണെന്നും ഇത്തരം കുട്ടികളുടെ മാതാക്കളും അവരുടെ അധ്യാപികമാരും നല്‍കുന്ന സ്‌നേഹവും കരുതലും മാതൃകാപരമാണെന്നും മറ്റും പറഞ്ഞൊപ്പിച്ചു.

വാക്കുകള്‍ അവസാനിപ്പിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വൈകല്യങ്ങളും കുറവുകളുമൊന്നുമില്ലാതെ നമ്മില്‍ ഭൂരിപക്ഷം പേര്‍ക്കും സന്താനങ്ങളെ സ്രഷ്ടാവ് നല്‍കിയിരിക്കുന്നു. നമ്മളെത്ര അനുഗൃഹീതര്‍. അതിന് നമ്മള്‍ നന്ദി കാണിക്കാറുണ്ടോ?

 

ഇബ്‌നു അലി എടത്തനാട്ടുകര
നേർപഥം വാരിക

സ്വർണത്തരിപോൽ പഞ്ചസാര

സ്വർണത്തരിപോൽ പഞ്ചസാര

സ്വർണത്തരികൾ ഒരു പാത്രത്തിലേക്ക്‌ പകരുന്നത്‌ പോലെ, അത്രമേൽ സൂക്ഷിച്ചാണ്‌ ആ പഞ്ചസാരത്തരികൾ ഒരു ഡപ്പിയിലേക്ക്‌ ചൊരിഞ്ഞത്‌. തൊട്ടടുത്ത കടയിൽ നിന്ന്‌ മകൻ കടലാസിൽ പൊതിഞ്ഞു കൊണ്ടുവന്നതായിരുന്നു ആ പഞ്ചസാര, അവരുടെ അതിഥിക്ക്‌ കട്ടൻ ചായ നല്കി സല്ക്കരിക്കാൻ.

ആ വിശേഷ അതിഥി എന്റെ സുഹൃത്തായ സാമൂഹ്യപ്രവർത്തകനായിരുന്നു.

താൻ നേതൃത്വം നല്കുന്ന സംഘടന നൂറുകണക്കിന്‌ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്‌ വഹിക്കുന്നുണ്ട്‌. അതിൽ ഒരു കുട്ടിയുടെ കുടുംബ വിവരം തിരക്കാനെത്തിയതായിരുന്നു സുഹൃത്ത്‌. വന്നപ്പോൾ കണ്ട കാഴ്‌ച അദ്ദേഹത്തെ ദേഷ്യമ്പിടിപ്പിച്ചു. ക്ളാസ്സ‍ിൽ പോകാതെ ആ കുട്ടി ഒരു ഒറ്റത്തോർത്തുടുത്ത്‌ കുടിലിനരികിൽ നില്ക്കുന്നു. ക്ളാസ്സ‍ിൽ പോകാത്തതിന്‌ സുഹൃത്ത്‌ കുട്ടിയെ ശാസിച്ച‍ു.

ശബ്‌ദം കേട്ടുവന്ന അമ്മയാണ്‌ ഫീസ്‌ കൊടുക്കാനില്ലാത്തതിനാൽ ക്ളാസ്സ‍ിൽ നിന്ന്‌ പുറത്താക്കിയതിനാലാണ്‌ പോകാത്തതെന്ന വിവരം സങ്കടത്തോടെ അറിയിച്ചത്‌. തൊട്ടടുത്ത മുതലാളിയുടെ വീട്ടിൽ അടക്കപൊളിച്ച്‌ കാശുണ്ടാക്കി ഫീസ്‌ കൊടുക്കാമെന്നും മകൻ അടക്ക പൊളിക്കാൻ അടുത്ത വീട്ടിൽ പോയിരുന്നതായും ആ അമ്മ കണ്ണിരൊല‍ിപ്പിച്ച്‌ പറഞ്ഞു. സർക്കാർ സ്‌കൂളിൽ ഫീസ്‌ വളരെ ചുരുങ്ങിയ തുകയാണ്‌ നല്കേണ്ടിയിരുന്നത്‌.

കുട്ടിയെ ശാസിച്ച സുഹൃത്തിന്‌ സങ്കടമായി. അതിഥിക്ക്‌ ഒരു ഗ്ളാസ്‌ ചായ കൊടുക്കാൻ പോലും ഗതിയില്ലായിരുന്നു ആ വീട്ടിൽ അന്നേരം. സുഹൃത്ത്‌ നല്കിയ നോട്ടുകളിൽ നിന്ന്‌ ഒരെണ്ണവുമായി കുട്ടി ഓടി; അടുത്ത കടയിൽ നിന്ന്‌ പഞ്ചസാര വാങ്ങിക്കാൻ. ആ പഞ്ചസാര തരികളാണ്‌ സ്വർണത്തരികളെക്കാൾ സൂക്ഷിച്ച്‌ ഭരണിയിലാക്കാനൊരുങ്ങുന്നത്‌. ഒരു തരി പഞ്ചസാരപോലും നഷ്‌ടപ്പെടരുത്‌, പാഴാക്കരുത്‌ എന്ന അതിസൂക്ഷ്‌മത!

നമ്മിൽ പലരുടെയും വീടുകളിൽ പാഴാക്കിക്കളയുന്ന ഭക്ഷ്യവസ്‌തുക്കൾ എത്ര! പാകം ചെയ്യപ്പെടാതെ നശിപ്പിക്കപ്പെടുന്നവയും! ഓരോ ദിവസവും എത്രയെത്ര വിഭവങ്ങളാണ്‌ അനാവശ്യമായി നശിപ്പിക്കപ്പെടുന്നത്‌. ഒരു കല്യാണമോ സല്ക്കാരമോ ആണെങ്കിൽ പറയാനുമില്ല.

ജീവിതയാത്രയിൽ ഒരു നേരത്തെ ഭക്ഷണത്തിന്‌ വേണ്ടി കഷ്‌ടപ്പെടുന്നവർ നമുക്ക്‌ ചുറ്റിലുമുണ്ട്‌. കാണണമെങ്കിൽ അകക്കണ്ണ്‌ തുറന്ന്‌ നോക്കണമെന്ന്‌ മാത്രം.

ഭക്ഷണം പാഴാക്കുമ്പോൾ, ആവശ്യത്തിലധികം വാങ്ങുമ്പോൾ, കഴിച്ചുതീരാത്തതും ഉപയോഗിച്ച്‌ ബാക്കിയാക്കിയതും വേസ്റ്റിലേക്ക്‌ തട്ടുമ്പോൾ ഓർക്കുക, അതിന്റെ ചെറിയൊരു പങ്ക്‌ പറ്റാൻ കാത്തിരിക്കുന്ന അനേകര‍ുണ്ട്‌ നമുക്ക്‌ ചുറ്റും.

ദുർവ്യയം ചെയ്യുന്നവർ വിശുദ്ധ ക്വുരാനിലെ ഈ വചനങ്ങൾ ശ്രദ്ധിക്കുക:

“…നീ (ധനം) ദുർവ്യയം ചെയ്‌ത്‌ കളയരുത്‌. തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച്‌ തന്റെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു“ (അലിസ്‌റാ‍്‌: 26,27).

”നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്‌തുകൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്‌. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുകയേയില്ല“ (അൽ ആ‍്‌റാഫ്‌: 31).

 

ഇബ്‌നു അലി എടത്തനാട്ടുകര
നേർപഥം വാരിക

രക്തദാനത്തിന്റെ വിലയറിഞ്ഞ നാളുകള്‍

രക്തദാനത്തിന്റെ വിലയറിഞ്ഞ നാളുകള്‍

അനന്തപുരിയിലേക്കുള്ള ഔദ്യോഗിക യാത്രക്കുശേഷം നാലാം നാള്‍ പുലര്‍ച്ചെയാണ് നാട്ടിലെത്തിയത്.

ഉറങ്ങിയെണീറ്റപ്പോളൊരിളം പനി. നാടന്‍ ക്രിയകളില്‍ ഒതുങ്ങാതിരുന്ന പനിയെ തുരത്താന്‍ പ്രാദേശിക ഭിഷഗ്വര സഹായത്താല്‍ പാരാസെറ്റമോള്‍, ആന്റിബയോട്ടിക് ഗുളികകളാല്‍ മൂന്നുനാള്‍ ശ്രമിച്ചെങ്കിലും പനികുറഞ്ഞതല്ലാതെ ക്ഷീണം വിട്ടുപോയില്ല.

നാട്ടു നടപ്പനുസരിച്ച് മെഡിക്കല്‍ ലാബിലെത്തി പ്ലേറ്റ്‌ലറ്റ് കണക്ക് നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി. ചുരുങ്ങിയത് ഒന്നര ലക്ഷം വേണ്ടിടത്ത് 29000 മാത്രം. 

ഉടനെ ബന്ധുക്കളെ കൂട്ടി ആശുപത്രിയിലേക്ക്. കോരിച്ചൊരിയുന്ന മഴ. പനിരോഗികളുടെ ആധിക്യം മൂലമുണ്ടായ സ്ഥലപരിമിതി കാരണം രോഗികളെ സ്വീകരിക്കാനാവാതെ ആശുപത്രികള്‍. പോരാത്തതിന് നേഴ്‌സുമാരുടെ സമര പ്രഖ്യാപനത്തിന്റെ നിഴലും.

സൗകര്യം കുറയേണ്ടെന്ന ധാരണയില്‍ ഇത്തിരി ദുരെയാണെങ്കിലും സ്വകാര്യമെഡിക്കല്‍ കോളേജിലേക്ക് തന്നെ തിരിച്ചു. കാഷ്വാലിറ്റിയിലേക്ക് അതിവേഗമെത്തിച്ചെങ്കിലും പിന്നെ കാര്യങ്ങള്‍ക്ക് ഒച്ചിനെക്കാള്‍ വേഗത കുറവ്. നിറഞ്ഞ കട്ടില്‍ കൂട്ടത്തിലൊന്നില്‍ സ്ഥാനം കിട്ടിയെങ്കിലും എന്താണെന്ന് അന്വേഷിക്കാന്‍ പോലും പൊടിക്കൊരു ഡോക്ടര്‍ പോലും അടുക്കുന്നില്ല. അടുത്തുകൂടെ നടന്ന ചിലരോട് ഭാര്യ അഭ്യര്‍ഥിച്ചെങ്കിലും വരും എന്ന വാമൊഴിയല്ലാതെ മറ്റൊന്നും കുറേ നേരത്തിനുണ്ടായില്ല.

വെട്ടിപ്പൊളിയുന്ന തലവേദനയുമായി സാന്ത്വനമൊന്നും ലഭിക്കാതെ കാഷ്വാലിറ്റിയിലെ തണുപ്പില്‍ ഞാന്‍ നിസ്സഹായനായി തളര്‍ന്നു കിടന്നു. ഒടുവില്‍ എന്റെ പരവശത കണ്ട ഒരു ലേഡി ഡോക്ടര്‍ കാര്യങ്ങള്‍ ആരാഞ്ഞ് കുറിപ്പെഴുതി മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടി ചില ടെസ്റ്റുകള്‍ക്ക് ഉത്തരവിട്ടു. മണിക്കൂറുകള്‍ കടന്നുപോയി. ഒടുവില്‍ പരിശോധന വിവരം എത്തി. കൗണ്ട് 29000 ല്‍ നിന്ന് 24000 ആയി കുറഞ്ഞിരിക്കുന്നു!

അഡ്മിറ്റ് വേണം, റുമില്ല! അഞ്ച് പേരുടെ രക്തം ഉടന്‍ വേണം, അല്ലെങ്കില്‍ ആശുപത്രിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്നിങ്ങനെ  ഭാര്യയെ ഭയപ്പെടുത്തുന്നത് തളര്‍ച്ചയിലും ഞാന്‍ കേട്ടു. രാത്രിയിലെവിടെ നിന്ന് രക്തം കിട്ടാന്‍!

പനിയെക്കാള്‍ വലിയ പരീക്ഷണമായിരുന്ന പിന്നീടെത്തിയ വാര്‍ഡില്‍. നിറയെ രോഗികള്‍, അവരുടെ കൂട്ടിരിപ്പുകാര്‍, തേങ്ങലുകള്‍, മുരളലുകള്‍, ഉപകരണങ്ങളുടെ നിലക്കാത്ത നിലവിളികള്‍. തലക്ക് മുകളില്‍ കത്തിനില്‍ക്കുന്ന ബള്‍ബുകള്‍. പരിമിതമായ ബാത്ത്‌റൂം സൗകര്യം. നേരിയ തണുപ്പായി ശരീരത്തിലേക്ക് അരിച്ചുകയറുന്ന ഗ്ലൂക്കോസ് ബോട്ടിലുമായി മണിക്കൂറുകള്‍.

പിറ്റേന്ന് റൂമിലേക്ക്. ക്രിക്കറ്റിലെ സ്‌കോര്‍ പോലെ പ്ലേറ്റ്‌ലറ്റ് കൗണ്ടിന് വേണ്ടിയുള്ള കാത്തിരിപ്പ്. ഔദ്യോഗിക വിളികള്‍, സന്ദര്‍ശക ബാഹുല്യം, സ്‌നേഹാന്വേഷണങ്ങള്‍. അര്‍ധ മയക്കത്തില്‍ പലരെയും കണ്ടു, കേട്ടു. ഒരു ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പോലുമാവാതെ നിസ്സഹായനായി ഞാന്‍.

കൗണ്ട് 15000ലേക്ക് താഴ്ന്നു. നാലു ബോട്ടില്‍ രക്തം(പ്ലേറ്റ്‌ലെറ്റ്) കുത്തിവെച്ചു. സഹോദരന്മാരും കൂട്ടുകാരുമത് സംഘടിപ്പിക്കാന്‍ ഏറെ പണിപ്പെട്ടു. കുത്തിവെയ്പിന് ശേഷം കൗണ്ട് 40000 എത്തിയ ആശ്വാസത്തിലായിരുന്നു രാത്രി ഉറക്കം.

പക്ഷേ, പിറ്റേന്ന് രാവിലെ 13000 ആയി കുറഞ്ഞു. പ്രാര്‍ഥനകളുടെ എണ്ണവും വണ്ണവും കൂടിയിരിക്കണം. ആറ് നാളിനകം 120000 കൗണ്ടിലേക്ക് എത്തിപ്പെട്ടു.

നേരിട്ടും അല്ലാതെയും വിവരങ്ങള്‍ അന്വേഷിച്ച സഹപ്രവര്‍ത്തകരെയും അതിലുപരി കൂട്ടുകാരെയും കുടുംബത്തെയും മറക്കാനാവില്ല. പക്ഷേ, രക്തം നല്‍കിയവരെക്കുറിച്ചോര്‍ക്കുമ്പോള്‍ സന്തോഷം, അത്ഭുതം ശമിക്കുന്നില്ല.

അയല്‍വാസി കൂലിപ്പണിയൊഴിവാക്കിയെത്തിയത്, സഹപ്രവര്‍ത്തകന്‍ നേരത്തെയെത്തിയത്, സഹോദരന്റെ വിവാഹത്തലേനാളിലെ തിരക്കിനിടയില്‍ നിന്ന് ഓടിക്കിതച്ചെത്തി രക്തം നല്‍കി മടങ്ങിയ അജ്ഞാത സുഹൃത്ത്, കൂട്ടുകാരന്റെ ബൈക്കിന് പുറകില്‍ മഴയത്ത് വന്ന് രക്തം നല്‍കി ഒരു നന്ദിവാക്കിന് പോലും അവസരം തരാതെ മടങ്ങിപ്പോയ അറിയാത്ത സുഹൃത്ത്… മനുഷ്യസൗഹാര്‍ദവും മതസൗഹാര്‍ദവും ജ്വലിച്ച് നില്‍ക്കുന്ന മറക്കാനാവാത്ത നേര്‍കാഴ്ചകള്‍…

ആരൊക്കെ എത്ര ശ്രമിച്ചാലും ജാതി മത വ്യത്യാസങ്ങള്‍ മറന്ന് പരസ്പരം സഹായിക്കാനുള്ള മലയാളികളുടെ വിശാല മനസ്‌കത ഇല്ലാതാവില്ലെന്നും രക്തദാനത്തിന്റെ അനിവാര്യതയും മഹത്ത്വവും ചെറുതല്ലെന്നും മനസ്സിലുറച്ച നാളുകള്‍…

‘താങ്കള്‍ക്കറിയാത്ത, താങ്കളെ അറിയാത്ത, ഏതോ ഒരാള്‍ക്ക് താങ്കളുടെ രക്തം ഉപകാരപ്പെടാതിരിക്കില്ല; താങ്കള്‍ രക്തം ദാനം ചെയ്താല്‍’ എന്നാണ് ഓരോ വായനക്കാരനോടും ഈയവസരത്തില്‍ പറയാനുള്ളത്. 

 

ഇബ്‌നു അലി എടത്തനാട്ടുകര
നേർപഥം വാരിക

ഇങ്ങനെയും ഒരു യുവാവ്!

ഇങ്ങനെയും ഒരു യുവാവ്!

ഒരാള്‍ പറഞ്ഞ കഥ: ”മക്കയില്‍ ജുമുഅ നമസ്‌കരിച്ച ശേഷം ഞാനും അമ്മാവനും കാറില്‍ തിരികെ യാത്ര പുറപ്പെട്ടു. കുറച്ച് ദൂരം സഞ്ചരിച്ചപ്പോള്‍ ഒരു ആളനക്കമില്ലാത്ത പള്ളി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. മക്കയിലേക്ക് പോകുമ്പോഴും ഈ പള്ളി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും ഈ പള്ളി കാണാം. ഞാന്‍ ആ പള്ളിയുടെ അടുത്തെത്തി പരിസരം നിരീക്ഷിച്ചു. അപ്പോഴാണ് പള്ളിയുടെ പരിസരത്തു നീല നിറമുള്ള ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ കാര്‍ വിജനമായ ഈ പള്ളിക്കരികെ എങ്ങനെ എത്തി എന്ന് ഞാന്‍ ചിന്തിച്ചു. പള്ളിയിലേക്കുള്ള മണ്‍പാതയിലൂടെ മുന്നോട്ടു നീങ്ങി പള്ളിയുടെ അടുത്തെത്തിയപ്പോള്‍ കൂടെയുള്ള അമ്മാവന്‍ ചോദിക്കുന്നുണ്ടായിരുന്നു, എന്താണ് എവിടെ കാര്യം എന്ന്. 

പള്ളിക്കടുത്തായി ഞങ്ങള്‍ കാര്‍ നിര്‍ത്തി. അപ്പോഴതാ ഒരാളുടെ ഉച്ചത്തിലുള്ള ക്വുര്‍ആന്‍ പാരായണം കേള്‍ക്കുന്നു. പുറത്ത് കാത്തിരുന്ന് ഈ പാരായണം ശ്രദ്ധിച്ചാലോ എന്ന് തോന്നിയെങ്കിലും എന്റെ ജിജ്ഞാസ മൂലം മൂന്നിലൊരുഭാഗം തകര്‍ന്ന ആ പള്ളിക്കകത്തു കയറി നോക്കാന്‍ തീരുമാനിച്ചു. ഒരു പക്ഷിക്കുഞ്ഞു പോലും ചേക്കേറാത്ത പള്ളി! പള്ളിക്കകത്ത് ഒരു ചെറുപ്പക്കാരന്‍! മുന്നിലൊരു മുസ്വല്ല നിവര്‍ത്തിയിട്ടിരിക്കുന്നു. കയ്യില്‍ ഒരു ചെറിയ ക്വുര്‍ആന്‍! അതില്‍ നോക്കിയാണ് പാരായണം. ഉറപ്പിച്ചു പറയട്ടെ, അയാള്‍ അല്ലാതെ ആ പള്ളിയില്‍ മറ്റാരുമില്ല. 

ഞാന്‍ സലാം ചൊല്ലി. ഈ സമയത്ത് ഇവിടെ നിങ്ങള്‍ എന്തിനു വന്നു എന്ന അത്ഭുത ഭാവത്തില്‍ അയാള്‍ ഞങ്ങളെ നോക്കിക്കൊണ്ടു സലാം മടക്കി. അസ്വ്ര്‍ നമസ്‌കരിച്ചോ എന്ന് ഞങ്ങള്‍ യുവാവിനോട് തിരക്കി. ഇല്ല എന്നായിരുന്നു മറുപടി. ഞങ്ങളും നമസ്‌കരിച്ചിരുന്നില്ല. നമസ്‌കാരം തുടങ്ങാന്‍ ഇക്വാമത്ത് കൊടുക്കാന്‍ ഉദ്യമിക്കുമ്പോഴതാ ആ യുവാന് ക്വിബ്‌ലയുടെ ഭാഗത്തേക്ക് നോക്കി ചിരിക്കുന്നു! ആരോടാണയാള്‍ ചിരിക്കുന്നത്? ഒന്നുമറിഞ്ഞുകൂടാ. നിശബ്ദദക്ക് വിരാമമിട്ടുകൊണ്ട് ആ യുവാവ് സംസാരിച്ചത് പറഞ്ഞു: ‘അബ്ഷിര്‍… സ്വലാതുല്‍ ജമാഅ”(സന്തോഷിക്കുക. ജമാഅത് നമസ്‌കാരമാണ്). കൂടെ നില്‍ക്കുന്ന എന്റെ അമ്മാവനെ അയാള്‍ അത്ഭുതത്തോടെ നോക്കുന്നു. 

ഞാന്‍ നമസ്‌കാരം ആരംഭിച്ചു. എന്റെ മനസ്സില്‍ അയാളുടെ വാക്കുകള്‍ ഓളംവെട്ടി; ‘അബ്ഷിര്‍…സ്വലാതുല്‍ ജമാഅ.’ ആരോടാണയാള്‍ അപ്പറഞ്ഞത്? ഈ ഉപേക്ഷിക്കപ്പെട്ട പള്ളിയില്‍ വേറെ ആരുമില്ലല്ലോ! ഇയാള്‍ക്ക് ഭ്രാന്താണോ? നമസ്‌കാരം കഴിഞ്ഞു പുറകിലുള്ള യുവാവിനെ ഞാന്‍ തിരിഞ്ഞു നോക്കി. അദ്ദേഹം ദിക്‌റില്‍ മുഴുകിയിരിക്കുകയാണ്. 

ഞാന്‍ ചോദിച്ചു: ”താങ്കളുടെ സ്ഥിതി എന്താണ്?” 

”ഖൈര്‍… അല്‍ഹംദുലില്ലാഹ്.” 

”താങ്കളുടെ വാക്കുകള്‍ നമസ്‌കാരത്തിലുടനീളം എന്റെ മനസ്സിനെ ജോലിയിലാക്കിക്കളഞ്ഞു” ഞാന്‍ പറഞ്ഞു. 

”എന്തുകൊണ്ട്?” അയാളുടെ ചോദ്യം. 

”നമസ്‌കാരം തുടങ്ങാന്‍ നേരം ‘അബ്ഷിര്‍… സ്വലാതുല്‍ ജമാഅഃ’ എന്ന് താങ്കള്‍ പറഞ്ഞത് ആരോടാണ്?” 

അയാള്‍ ചിരിച്ചു: ”അതിലെന്താണ് പ്രശ്‌നം?”  

”ഒന്നുമില്ല, ആരോടാണ് സംസാരിച്ചത് എന്ന് പറയൂ.” 

അയാള്‍ പുഞ്ചിരിച്ചു. അല്‍പനേരം താഴോട്ടു നോക്കി ചിന്തയിലാണ്ടു. 

”പറയൂ, താങ്കള്‍ ആരോടാണ് അങ്ങിനെ പറഞ്ഞത്? താങ്കള്‍ക്ക് മാനസിക പ്രശ്‌നമൊന്നും ഇല്ലല്ലോ! വളരെ ശാന്തമായ പ്രകൃതമാണല്ലോ താങ്കള്‍ക്കുള്ളത്. ഞങ്ങളോടൊപ്പം താങ്കള്‍ നമസ്‌കരിക്കുകയും ചെയ്തു. അപ്പോള്‍ താങ്കളുടെ വാക്കുകള്‍ അര്‍ഥമാക്കുന്നത് എന്താണ്?” 

അയാള്‍ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു: ”ഞാന്‍ പള്ളിയോടു സംസാരിക്കുകയായിരുന്നു.” 

ഈ മറുപടി എന്നെ ശരിക്കും നടുക്കി. ഇയാള്‍ക്ക് ഭ്രാന്തുണ്ടോ? 

”താങ്കള്‍ പള്ളിയോടു സംസാരിച്ചിട്ട് പള്ളി മറുപടി പറഞ്ഞോ?” 

അയാള്‍ മന്ദസ്മിതം തൂകി. ”എനിക്ക് ഭ്രാന്തുണ്ടോ എന്ന് താങ്കള്‍ സംശയിക്കുന്നു. പള്ളി സംസാരിക്കുമോ എന്ന് ചോദിക്കുന്നു. ഇത് കേവലം കല്ലുകളാണ്.” 

ഞാന്‍ പുഞ്ചരിച്ചുകൊണ്ടു ചോദിച്ചു: ”അതെ, സംസാരശേഷിയില്ലാത്ത ഈ കല്ലുകളോട് താങ്കളെന്തിന് സംസാരിക്കുന്നു?” 

നിലത്തേക്ക് കണ്ണുകള്‍ നട്ട് ചിന്താനിമഗ്‌നനായി അയാള്‍ സംസാരിച്ചു തുടങ്ങി: ”ഞാന്‍ പള്ളികളെ സ്‌നേഹിക്കുന്നവനാണ്. പൊളിഞ്ഞു വീഴാറായതോ പഴകി ജീര്‍ണിച്ചതോ ആള്‍പെരുമാറ്റമില്ലാത്തതോ ആയ പള്ളികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഞാന്‍ ആലോചിച്ചു തുടങ്ങും. ഇത് മുമ്പ് ജനങ്ങള്‍ നമസ്‌കരിച്ച സ്ഥലമാണല്ലോ. ഞാന്‍ ആത്മഗതം ചെയ്യും. ‘അല്ലാഹുവേ  ഒരു നമസ്‌കാരക്കാരനെ കിട്ടാന്‍ ഈ  പള്ളി എത്രമാത്രം കൊതിക്കുന്നുണ്ടാകും. അതില്‍ അല്ലാഹുവിന്റെ ദിക്ര്‍ ഉയര്‍ന്നു കേള്‍ക്കാന്‍ അതെത്ര ആശിക്കുന്നുണ്ടാവും? ഒരു തസ്ബീഹ്, അല്ലെങ്കില്‍ ഒരു ക്വുര്‍ആന്‍ വചനം അതിന്റെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചെങ്കില്‍ എന്ന് അതാഗ്രഹിക്കുന്നുണ്ടാകും. ആ പള്ളി ചിന്തിക്കുന്നുണ്ടാവും ‘ഞാന്‍ പള്ളികള്‍ക്കിടയില്‍ ഒരപരിചിതനാണ്’ എന്ന്. ഒരു റുകൂഇന്, ഒരു സുജൂദിന് അത് കാത്തിരിക്കുന്നു. വല്ല വഴിപോക്കനും കടന്നുവന്ന് ‘അല്ലാഹുഅക്ബര്‍’ എന്ന് പറയുന്നത് കേട്ടെങ്കില്‍ എന്ന് അത് ആഗ്രഹിക്കുന്നുണ്ടാകും. ഉപേക്ഷിക്കപ്പെട്ട പള്ളിയുടെ മൂകമായ വാചാലത കേട്ട് ഞാന്‍ പറയും: ‘നിന്റെ ദാഹം ഞാന്‍ ശമിപ്പിക്കാം. കുറച്ചു നേരത്തേക്കെങ്കിലും നിന്റെ ആ പഴയ പ്രതാപത്തിലേക്കു നിന്നെ തിരിച്ചു കൊണ്ടുവരാം!’ അങ്ങനെ ഞാന്‍ ആ പള്ളിയിലേക്ക് കടന്നു ചെല്ലും. രണ്ടു റക്അത്ത് നമസ്‌കരിക്കും. ക്വുര്‍ആനിന്റെ ഒരു ഭാഗം (ജുസ്അ്) മുഴുവനായും പാരായണം ചെയ്യും. ഇതൊരു അസാധാരണ പ്രവൃത്തിയാണെന്നു താങ്കള്‍ പറഞ്ഞേക്കരുത്. അല്ലാഹു തന്നെ സത്യം! എനിക്ക് പള്ളികളോട് ഇഷ്ടമാണ്.” 

എന്റെ കണ്ണുകള്‍ ഈറനണിഞ്ഞത് അയാളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഞാന്‍ താഴോട്ട് നോക്കി. പള്ളികളുമായി ഹൃദയബന്ധം സ്ഥാപിച്ച അയാളുടെ ഭാവവും വൈകാരികതയും ശൈലിയും എന്റെ മനോമുകരത്തില്‍ കൊടുങ്കാറ്റുണ്ടാക്കി. അയാളോട് എന്ത് പറയണം എന്ന് എനിക്കറിഞ്ഞുകൂടാ ‘ജസാകല്ലാഹു ഖൈറന്‍’ (അല്ലാഹു താങ്കള്‍ക്ക് നല്ലത് പ്രതിഫലം നല്‍കട്ടെ) എന്ന് മാത്രം ഞാന്‍ മറുപടി പറഞ്ഞു. ‘താങ്കളുടെ പ്രാര്‍ഥനകളില്‍ എന്നെ കൂടി മറക്കാതെ ഉള്‍പെടുത്തണമെന്ന അപേക്ഷയോടെ ഞാന്‍ സലാം ചൊല്ലി വേര്‍പിരിയാന്‍ ഭാവിച്ചു. അപ്പോഴതാ മറ്റൊരു അത്ഭുതത്തിന്നു ഞാന്‍ സാക്ഷിയാകുന്നു!

ഞാന്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങവെ കണ്ണുകള്‍ നിലത്തു നട്ടുകൊണ്ട് അയാള്‍ പറഞ്ഞു: ”ഇത്തരം വിജനമായ പള്ളികളില്‍ കയറി നമസ്‌കരിച്ച ശേഷം ഞാന്‍ പതിവായി പ്രാര്‍ഥിക്കാറുള്ളത് എന്താണെന്നു താങ്കള്‍ക്കറിയുമോ?” 

ഞാന്‍ ആശ്ചര്യത്തോടെ അയാളെ നോക്കി. അയാള്‍ സംസാരം തുടരുകയാണ്: ‘അല്ലാഹുവേ, നിന്റെ മാത്രം പ്രതിഫലം ആഗ്രഹിച്ച്, നിന്റെ ദിക്‌റുകള്‍ ഉരുവിട്ടും നിന്റെ വചനങ്ങള്‍ പാരായണം ചെയ്തും ഈ പള്ളിയുടെ ഏകാന്തതയില്‍ ഞാന്‍ അതിനൊരു കൂട്ടുകാരനായ പോലെ, ഏകരായി ക്വബ്‌റില്‍ കിടക്കുന്ന എന്റെ മാതാപിതാക്കള്‍ക്ക് ഒരു കൂട്ടുകാരനെ നിശ്ചയിച്ചു കൊടുക്കേണമേ. കാരുണ്യവാന്‍മാരില്‍ ഏറ്റവും മെച്ചപ്പെട്ട കാരുണ്യവാനാണ് നീ.’ അടിമുടി ഒരു പ്രകമ്പനം എന്റെ സിരകളില്‍ പാഞ്ഞുകയറി. ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ പൊട്ടിക്കരഞ്ഞു.” 

സഹോദരങ്ങളേ, ഇതെന്തൊരു ചെറുപ്പക്കാരന്‍! മാതാപിതാക്കളോടുളള അയാളുടെ സ്‌നേഹം എത്ര ശക്തം! അയാളുടെ മാതാപിതാക്കള്‍ എങ്ങനെയായിരിക്കും അയാളെ പോറ്റിവളര്‍ത്തിയത്! എത്ര നല്ല പരിപാലനം! നമ്മുടെ മക്കളെ ഏതു മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയാണ് നമ്മള്‍ വളര്‍ത്തുന്നത്? മാതാപിതാക്കളോട്-അവര്‍ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആവട്ടെ-നീതി പുലര്‍ത്തുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ എത്ര പേരുണ്ട്?  നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം; നല്ല കര്‍മവും നല്ല പര്യവസാനവും ലഭിക്കാന്‍.

 

പി.എന്‍ അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍ ഏവ ?. ജനാബത്തിന്‍റെ കുളി കുളിക്കേണ്ടതെങ്ങനെ ?​

കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍ ഏവ ?. ജനാബത്തിന്‍റെ കുളി കുളിക്കേണ്ടതെങ്ങനെ ?

ചോദ്യം: ജനാബത്തിന്റെ കുളി എപ്രകാരമാണ് ?.കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍ ഏവ ?.

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

വലിയ അശുദ്ധിയുള്ള ഒരാള്‍ക്ക് കുളി നിര്‍ബന്ധമാണ്‌. ശുക്ലസ്ഖലനം, സ്ത്രീ പുരുഷ സംയോഗം (സ്ഖലനം നടന്നില്ലെങ്കിലും) , ആര്‍ത്തവം, പ്രസവരക്തം,  എന്നിവയാണ് കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍. അതുപോലെ മരണവും കുളി നിര്‍ബന്ധമാക്കുന്ന കാര്യമാണ്. യുദ്ധത്തില്‍ ശഹീദായ മയ്യിത്തിനെ ഒഴികെ മറ്റെല്ലാ മയ്യിത്തിനെയും  കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്‌. ഒരാളുടെ ഇസ്‌ലാം സ്വീകരണത്തോടെ അയാള്‍ കുളിക്കുക എന്നത് നിര്‍ബന്ധമാണോ ഐച്ഛികമാണോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. പുണ്യകരമാണ് എന്നാല്‍ നിര്‍ബന്ധമില്ല എന്നതാണ് ശരിയായ അഭിപ്രായം.അതുപോലെ ജുമുഅയുടെ കുളിയും നിര്‍ബന്ധമാണോ എന്ന് ചര്‍ച്ചയുള്ള വിഷയമാണ്. അങ്ങേയറ്റം സ്ഥിരപ്പെട്ട ഒരു പുണ്യകര്‍മ്മമാണ് എന്നതാണ് പ്രബലമായ അഭിപ്രായം.

കുളിയുടെ രൂപം രണ്ട് വിധമുണ്ട്. 

ഒന്ന്: ചുരുങ്ങിയ രൂപം. അഥവാ ഒരാളുടെ അശുദ്ധി നീങ്ങാന്‍ ആവശ്യമായ ഏറ്റവും ചുരുങ്ങിയ രൂപം. ഒരാള്‍ ശുദ്ധി വരുത്തണമെന്ന ഉദ്ദേശത്തോടെ തന്‍റെ ദേഹമാസകലം വെള്ളം എത്തിക്കുകയും കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്‌താല്‍ തന്‍റെ ജനാബത്ത് നീങ്ങാന്‍ അത് മതിയാകുന്നതാണ്. ഇതിനാണ് الغسل المجزئ അഥവാ കുളി സാധുവാകാനുള്ള മിനിമം രൂപം എന്ന് പറയുന്നത്. ഒരാള്‍ ശവറിന് താഴെ നിന്നോ, കുളത്തില്‍ മുങ്ങിയോ, ദേഹത്ത് വെള്ളം കോരിയൊഴിച്ചോ എന്നിങ്ങനെ ഏത് വിധേന അത് നിര്‍വഹിച്ചാലും കുളിയായി.

രണ്ട്: കുളിയുടെ പൂര്‍ണ രൂപം. എല്ലാ സുന്നത്തുകളും നിര്‍വഹിച്ച് നബി (സ) കാണിച്ചു തന്നത് പ്രകാരം കുളിക്കുക എന്നതാണത്. ആഇശ (റ) യുടെയും മൈമൂന (റ) യുടെയും ഹദീസുകള്‍ ആണ് ഈ വിഷയത്തില്‍ വിശദമായി വന്നിട്ടുള്ളത്.

ആഇശ (റ) യുടെ ഹദീസ് ഇപ്രകാരമാണ്: 

عن عائشة رضي الله عنها قَالَتْ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا اغْتَسَلَ مِنْ الْجَنَابَةِ غَسَلَ يَدَيْهِ ، وَتَوَضَّأَ وُضُوءَهُ لِلصَّلَاةِ ، ثُمَّ اغْتَسَلَ ثُمَّ يُخَلِّلُ بِيَدِهِ شَعَرَهُ ، حَتَّى إِذَا ظَنَّ أَنَّهُ قَدْ أَرْوَى بَشَرَتَهُ أَفَاضَ عَلَيْهِ الْمَاءَ ثَلَاثَ مَرَّاتٍ ، ثُمَّ غَسَلَ سَائِرَ جَسَدِهِ.

ആഇശ (റ) നിവേദനം: “റസൂല്‍ (സ) ജനാബത്തില്‍ നിന്നും കുളിക്കുമ്പോള്‍ ഇപ്രകാരമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ കൈകള്‍ കഴുകും. ശേഷം നമസ്കാരത്തിനെടുക്കുന്നതുപോലെ വുളുവെടുക്കും. (തലയിലൂടെ വെള്ളമൊഴിച്ച്) കുളിക്കുകയും തന്‍റെ മുടിക്കിടയില്‍ നന്നായി വിരലുകള്‍ ചലിപ്പിക്കുകയും ചെയ്യും. തന്‍റെ തോലിയിലേക്ക് വെള്ളമെത്തി എന്ന് തോന്നിയാല്‍ മൂന്നു തവണ അതിനു മുകളില്‍ വെള്ളമൊഴിക്കും. ശേഷം തന്‍റെ ശരീരം മുഴുവനും കഴുകും”. – (സ്വഹീഹുല്‍ ബുഖാരി: 273, സ്വഹീഹ് മുസ്‌ലിം: 316).

മൈമൂന (റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം: 

عن ميمونة رضي الله عنها قالت : أَدْنَيْتُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غُسْلَهُ مِنْ الْجَنَابَةِ فَغَسَلَ كَفَّيْهِ مَرَّتَيْنِ أَوْ ثَلَاثًا ، ثُمَّ أَدْخَلَ يَدَهُ فِي الْإِنَاءِ ثُمَّ أَفْرَغَ بِهِ عَلَى فَرْجِهِ وَغَسَلَهُ بِشِمَالِهِ ، ثُمَّ ضَرَبَ بِشِمَالِهِ الْأَرْضَ فَدَلَكَهَا دَلْكًا شَدِيدًا ، ثُمَّ تَوَضَّأَ وُضُوءَهُ لِلصَّلَاةِ ، ثُمَّ أَفْرَغَ عَلَى رَأْسِهِ ثَلَاثَ حَفَنَاتٍ مِلْءَ كَفِّهِ ، ثُمَّ غَسَلَ سَائِرَ جَسَدِهِ ، ثُمَّ تَنَحَّى عَنْ مَقَامِهِ ذَلِكَ فَغَسَلَ رِجْلَيْهِ

മൈമൂന (റ) പറഞ്ഞു: “ഞാന്‍ നബി (സ) ക്ക് ജനാബത്തില്‍ നിന്നും കുളിക്കാനായുള്ള വെള്ളം കൊണ്ടുകൊടുത്തു. അദ്ദേഹം തന്‍റെ കൈകള്‍ രണ്ടോ മൂന്നോ തവണ കഴുകി. ശേഷം തന്‍റെ കൈ വെള്ളപാത്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം തന്‍റെ ഗുഹ്യസ്ഥാനത്ത് വെള്ളമൊഴിച്ച് ഇടതുകൈകൊണ്ട് കഴുകി. ശേഷം ഇടതുകൈ നിലത്തടിച്ച് ശക്തിയായി ഉരച്ചു വൃത്തിയാക്കി. ശേഷം നമസ്കാരത്തിന് എടുക്കാറുള്ളതുപോലെ വുളുവെടുത്തു. ശേഷം തന്‍റെ കൈക്കുമ്പിള്‍ നിറയും വിധം മൂന്ന്‍ കോരി വെള്ളം തലക്ക് മുകളില്‍ ഒഴിച്ചു. ശേഷം തന്‍റെ ശരീരം മുഴുവനായും കഴുകി. പിന്നീട് കുളിച്ചിടത്തു നിന്നും അല്പം മാറി അദ്ദേഹം തന്‍റെ കാലുകള്‍ കഴുകി”. – (സ്വഹീഹുല്‍ ബുഖാരി: 265, സ്വഹീഹ് മുസ്‌ലിം: 317).

ഈ രണ്ട് രൂപവും ഒരാള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഇതാണ് കുളിയുടെ പരിപൂര്‍ണ രൂപം. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍….

 

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Ref: fiqhussunna