സല്‍വിചാരം

സല്‍വിചാരം

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 10)

തിന്മയുടെ ഭാഗത്തെക്കാള്‍ നന്മയുടെ ഭാഗത്തിന് പ്രാമുഖ്യം കല്‍പിക്കലാണല്ലോ സല്‍വിചാരത്തിന്റെ തേട്ടം. സത്യവിശ്വാസിയെ കുറിച്ച് ഒരു വാര്‍ത്ത കേട്ടാല്‍ സല്‍വിചാരത്തിന്റെ അടിസ്ഥാനത്തിലാണ് അത് വിലയിരുത്തുകയും അതില്‍ തീരുമാനം കൈകൊള്ളുകയും ചെയ്യേണ്ടത്. വ്യാജവാര്‍ത്തകള്‍ കേള്‍ക്കുകയായാല്‍ വിശ്വാസിക്കുണ്ടാകേണ്ട നിലപാട് വ്യക്തമാക്കി അല്ലാഹു—പറയുന്നു:

”നിങ്ങള്‍ അതു കേട്ടസമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല?” (ക്വുര്‍ആന്‍ 24:16).

ആളുകളെ കുറിച്ചുള്ള ദുര്‍വിചാരം വര്‍ജിക്കുവാനാവശ്യപ്പെട്ടും അതിന്റെ കാരണം വ്യക്തമാക്കിയും അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയുമരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു”(ക്വുര്‍ആന്‍ 49:12).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുക. നിശ്ചയം ഊഹം വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജംനിറഞ്ഞതാണ്….”(ബുഖാരി).

ഇബ്‌നുഅബ്ബാസി(റ)ല്‍നിന്ന് നിവേദനം: കഅ്ബയിലേക്ക് നോക്കിക്കൊണ്ടു നബി ﷺ  പറഞ്ഞു: ”കഅ്ബയേ, നിനക്കു സ്വാഗതം. നീ എത്ര മഹനീയമാണ്. നിന്റെ പവിത്രത എത്ര മഹനീയമണ്. ഒരു വിശ്വാസിക്ക് അല്ലാഹുവിങ്കല്‍ നിന്നെക്കാള്‍ മഹനീയമായ പവിത്രതയുണ്ട്. അല്ലാഹു നിന്നെത്തൊട്ട് ഒരു കാര്യമാണ് ഹറാമാക്കിയത്. ഒരു വിശ്വാസിയെതൊട്ട് അവന്‍ മൂന്ന് കാര്യങ്ങള്‍ ഹറാമാക്കിയിരിക്കുന്നു. അവന്റെ രക്തവും സമ്പത്തും അവനെക്കുറിച്ച് ദുര്‍വിചാരം വെച്ചുപുലര്‍ത്തപ്പെടുന്നതും” (സുനനുല്‍ബയ്ഹക്വി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നു ഉമറി(റ)ല്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടര്‍ ഇപ്രകാരമാണുള്ളത്: ”വിശ്വാസിയെ കുറിച്ച് സല്‍വിചാരമേ വെച്ചുപുലര്‍ത്താവൂ” (സുനനുഇബ്‌നിമാജ. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

വിശ്വാസികളുടെ മാതാവായ പ്രവാചക പത്‌നി സ്വഫിയ്യ(റ) പറയുന്നു: ”തിരുനബി ﷺ  ഇഅ്തികാഫ് ഇരിക്കുന്നവനായിരുന്നു. അപ്പോള്‍ ഞാന്‍ രാത്രിയില്‍ തിരുമേനിയെ സന്ദര്‍ശിക്കുവാന്‍ ചെന്നു.നബി ﷺ യോട് ഞാന്‍ സംസാരിച്ചു. ശേഷം മടങ്ങിപ്പോരുവാന്‍ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ എന്നെ അനുഗമിക്കുവാന്‍ തിരുമേനിയും എഴുന്നേറ്റു. ഉസാമ ഇബ്‌നു സെയ്ദിന്റെ വീട്ടിലായിരുന്നു അവരുടെ താമസം. അപ്പോള്‍, അന്‍സ്വാരികളില്‍ പെട്ട രണ്ടാളുകള്‍ നടന്നുവന്നു. അവര്‍ നബി ﷺ യെ കണ്ടപ്പോള്‍  ധൃതികൂട്ടി. നബി ﷺ  പറഞ്ഞു: ‘നിങ്ങള്‍ സാവകാശത്തില്‍ നടന്നാലും. നിശ്ചയം, ഇത് സ്വഫിയ്യ ബിന്‍ത്ഹുയയ്യ് ആകുന്നു.’ അവര്‍ രണ്ടു പേരും പറഞ്ഞു: ”അല്ലാഹു പരിശുദ്ധനാണ് തിരുദൂതരേ, (ഞങ്ങള്‍ താങ്കളെ കുറിച്ച് മോശമായി ഒന്നും വിചാരിച്ചില്ല).’ തിരുമേനി ﷺ  പറഞ്ഞു: ‘നിശ്ചയം പിശാച്, മനുഷ്യനില്‍ രക്തസഞ്ചാരം കണക്കെ സഞ്ചരിക്കും. നിങ്ങളുടെ ഹൃദയങ്ങളില്‍ അവന്‍ വല്ല വിപത്തും ഇട്ടേക്കുമോ എന്ന് ഞാന്‍ തീര്‍ച്ചയായും ഭയപ്പെട്ടു” (ബുഖാരി).

അല്ലാഹുവിനെക്കുറിച്ചുള്ള സദ്വിചാരം നിര്‍ബന്ധവും അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. അവന്‍ തനിക്കു മാപ്പേകുമെന്നും തന്നോടു പൊറുക്കുമെന്നും കരുണ കാണിക്കുമെന്നുമുള്ള വിചാരമാണത്. ജാബിറി(റ)ല്‍ നിന്ന് നിവേദനം: ”തിരുമേനി വഫാത്താകുന്നതിന്റെ മൂന്നുദിവസം മുമ്പ് പറയുന്നത് ഞാന്‍ കേട്ടു: ‘നിങ്ങളില്‍ ഒരാളും അല്ലാഹുവിനെ കുറിച്ച് നല്ല വിചാരമുള്ളവനായിക്കൊല്ലാതെ മരിക്കരുത്”(മുസ്‌ലിം).

നല്ലവിചാരം വെച്ചുപുലര്‍ത്തുകയും പ്രതീക്ഷ വളര്‍ത്തുകയും തവക്കുലില്‍ (അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍) സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന ഒരു ദാസന്റെയും പ്രതീക്ഷയെ അല്ലാഹു ഇച്ഛാഭംഗ പ്പെടുത്തുകയില്ല. നേതാക്കന്മാരും പ്രജകളും ഭാര്യഭര്‍ത്താക്കന്മാര്‍, സുഹൃത്തുക്കള്‍, ഇടപാടുകാര്‍ തുടങ്ങി പടപ്പുകളും അന്യോന്യം നല്ലവിചാരം കൊണ്ടുനടക്കേതുണ്ട്. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ) പറയാറുായിരുന്നു:

‘തന്റെ വിചാരം കൊണ്ട് ഗുണം കൊയ്യാത്തവന്‍ തന്റെ ശരീരംകൊണ്ടും ഗുണം നേടില്ല.’

മഹതി ഉമ്മുല്‍മുഅ്മിനീന്‍ ആഇശ(റ)യെ കുറിച്ച് കപടന്മാര്‍ അപവാദ പ്രചാരണം നടത്തിയ സംഭവം വലിയ ഫിത്‌നയായിരുന്നു. പലര്‍ക്കും അടിതെറ്റിയ പരീക്ഷണമായിരുന്നു അത്. നബി ﷺ യുടെ ഒരു സംസാരം ഈ വിഷയത്തിന്റെ ഗൗരവമറിയിക്കുന്നു:

”തിരുദൂതര്‍ എഴുന്നേറ്റു. അബ്ദുല്ലാഹ് ഇബ്‌നുഉബയ്യിന്റെ ദുഷ്‌ചെയ്തികളില്‍നിന്ന് അയാള്‍ക്ക് വിലങ്ങിടുവാന്‍ തീരുമാനിച്ചു. ആഇശ(റ) പറഞ്ഞു: തിരുദൂതര്‍ മിമ്പറില്‍ നിന്നുകൊണ്ട് പറഞ്ഞു: ‘മുസ്‌ലിം സമൂഹമേ, എന്റെ ഭാര്യയുടെ വിഷയത്തില്‍ എനിക്ക് ദ്രോഹമുണ്ടാക്കിയ ഒരു മനുഷ്യനോട് ഞാന്‍ പ്രതികാരം ചെയ്താല്‍ ഞാന്‍ നീതിയാണ് ചെയ്തതെന്ന് പറയുവാനും എനിക്ക് ഒഴിവ് കഴിവ് അന്വേഷിക്കുവാനും ആരുണ്ട്?” (ബുഖാരി, മുസ്‌ലിം).

അപവാദപ്രചാരണം വരുത്തിവെച്ച അപകടത്തിന്റെ ആഴമറിയുവാനാണ് ഈ സംസാരം ഉദ്ധരിച്ചത്. പ്രസ്തുത നാളുകളില്‍ മദീനയില്‍വെച്ച് സ്വഹാബിയായ അബൂഅയ്യൂബില്‍അന്‍സ്വാരി(റ)യും ഭാര്യ ഉമ്മുഅയ്യൂബും തമ്മില്‍ നടന്ന ഒരു സംഭാഷണം സല്‍വിചാരത്തിന്റെ ഉത്തമ ഉദാഹരണമാണ്. അത് ഇപ്രകാരമാണ്:

ഉമ്മുഅയ്യൂബ്(റ) പറഞ്ഞു: ‘ഓ അബൂഅയ്യൂബ്, ആഇശയുടെ വിഷയത്തില്‍ ജനങ്ങളുടെ സംസാരം താങ്കള്‍ കേട്ടില്ലേ?’ അബൂഅയ്യൂബ് (റ)പറഞ്ഞു: ‘അതെ. അത് കളവാകുന്നു. ഉമ്മു അയ്യൂബ്, നിങ്ങളായിരുന്നു അത് എങ്കില്‍ നിങ്ങള്‍ അപ്രകാരം ചെയ്യുമായിരുന്നോ?’ ഉമ്മുഅയ്യൂബ് പറഞ്ഞു: ‘അല്ലാഹുവാണേ ഇല്ല. ഞാന്‍ അത് ചെയ്യില്ല.’ അബൂഅയ്യൂബ് പറഞ്ഞു: ‘എങ്കില്‍ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടയാണ് ആഇശ.’

ഇപ്രകാരമായിരുന്നു സ്വഹാബികള്‍. അലി(റ)യുടെ ഭരണകാലത്ത് മുസ്‌ലിംകള്‍ക്ക് ഇടയില്‍ സംജാതമായ ജമല്‍യുദ്ധത്തില്‍ അലിയുടെ എതിര്‍പക്ഷത്തായിരുന്നു ത്വല്‍ഹത് ഇബ്‌നു ഉബയ്ദില്ല(റ). എന്നിട്ടും ത്വല്‍ഹ(റ) വധിക്കപ്പെട്ടപ്പോള്‍ അലി(റ) കരഞ്ഞതും ചരിത്രത്തില്‍ കാണാം:

”ത്വല്‍ഹത്ത് വധിക്കപ്പെടുകയും അദ്ദേഹത്തെ അലി(റ) കൊല്ലപ്പെട്ടവനായി കാണുകയും ചെയ്തപ്പോള്‍ അലി(റ) അദ്ദേഹത്തിന്റെ മുഖത്തുനിന്ന് മണ്ണ് തുടക്കുവാനും ഇപ്രകാരം പറയുവാനും തുടങ്ങി: ‘അബൂമുഹമ്മദ്, താങ്കള്‍ ആകാശ താരങ്ങള്‍ക്ക് കീഴെ നിലംപൊത്തി കിടക്കുന്നത് കാണല്‍ എനിക്ക് ഏറെ പ്രയാസകരമാണ്.’ ശേഷം അദ്ദേഹം പറഞ്ഞു: ‘എന്റെ ദുഃഖങ്ങളും വ്യഥകളും ഞാന്‍ അല്ലാഹുവോട് ബോധിപ്പിക്കുന്നു.’ ത്വല്‍ഹത്തിന്റെ ജനാസക്കരികിലിരുന്ന് അദ്ദേഹവും കൂടെയുള്ളവരും ഏറെ കരഞ്ഞു. അദ്ദേഹം പറഞ്ഞു: ‘ഈ ദിനം വന്നണയുന്നതിന്റെ ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ മരണപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!” (ഉസ്ദുല്‍ ഗാബഃ, ഉബ്‌നുല്‍ അഥീര്‍ 3:88,89).

ജമലില്‍ അമീറുല്‍മുഅ്മിനീന്‍ അലി(റ)യുടെ എതിര്‍പക്ഷത്തായിരുന്നു ഉമ്മുല്‍മുഅ്മിനീന്‍ ആഇശ(റ). മുസ്‌ലിംകള്‍ക്കിടയിലെ പ്രശ്‌നപരിഹാരത്തിന് അവര്‍ അവിടേക്ക് നയിക്കപ്പെടുകയാണുണ്ടായത്. അലിയോട് അവര്‍ക്കുണ്ടായിരുന്ന മതിപ്പും ആദരവും നല്ലവിചാരവും അറിയിക്കുന്ന ഒരു സംഭവം ഇപ്രകാരം ചരിത്രത്തില്‍ കാണാം. ശുറയ്ഹ് ഇബ്‌നുഹാനിഅ്(റ) പറഞ്ഞു:

”ഖുഫ്ഫകള്‍ തടവുന്നതിനെ കുറിച്ചു ചോദിക്കുവാന്‍ ഞാന്‍ ആഇശയുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘താങ്കള്‍ അലിയ്യ് ഇബ്‌നു അബീത്വാലിബിനെ സമീപിക്കുകയും അദ്ദേഹത്തോടു ചോദിക്കുകയും ചെയ്യുക. കാരണം അല്ലാഹുവിന്റെ റസൂലിനോടൊപ്പം അദ്ദേഹം യാത്ര ചെയ്യുമായി രുന്നു.’ അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അലി(റ) പറഞ്ഞു: ‘മൂന്നു പകലുകളും അവയുടെ രാവുകളും യാത്രക്കാരനും ഒരു രാവും പകലും നാട്ടില്‍ താമസിക്കുന്നവനും (ഖുഫ്ഫഃ തടവുവാന്‍) തിരുദൂതര്‍ നിശ്ചയിച്ചിരിക്കുന്നു.’ മറ്റൊരു നിവേദനത്തില്‍ ആഇശ(റ) പറഞ്ഞതായി ഇപ്രകാരമുണ്ട്: ‘താങ്കള്‍ അലിയുടെ അടുക്കല്‍ ചെല്ലുക. കാരണം അദ്ദേഹത്തിനാണ് അതിനെ കുറിച്ച് എന്നെക്കാള്‍ അറിയുന്നത്.’ അപ്പോള്‍ ഞാന്‍ അലിയുടെ അടുക്കല്‍ ചെന്നു. അദ്ദേഹം നബി ﷺ യില്‍ നിന്നും ഇതുപോലുള്ള ഒരു ഹദീഥ് പറഞ്ഞു.’

അലി(റ)യുടെ തന്നെ ഭരണകാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ സംജാതമായ മറ്റൊരു യുദ്ധമാണ് സ്വിഫ്ഫീന്‍ യുദ്ധം. ശത്രുക്കളുടെ കുതന്ത്രങ്ങളും കപടന്മാരുടെ ഇരട്ടമുഖങ്ങളും നിഷ്‌കളങ്കരായ സ്വഹാബത്തിനെ യുദ്ധമുഖത്ത് എത്തിക്കുകയായിരുന്നു എന്നതും പ്രസ്തുത യുദ്ധങ്ങളില്‍ പങ്കുകൊണ്ടസ്വഹാബികള്‍ വളരെ വിരളമായിരുന്നു എന്നതുമാണ് നേര്. അലി(റ)യും മുആവിയ(റ)യും ഇരുപക്ഷങ്ങളിലും നേതൃനിരയിലായിരുന്നു.

പില്‍കാലത്ത് അലി(റ) രക്തസാക്ഷിയായ വിവരം മുആവിയ(റ)ക്ക് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരം ചരിത്രത്തിലുണ്ട്:

അദ്ദേഹം കരയുകയായിരുന്നു. അദ്ദേഹത്തോട് ഭാര്യ ചോദിച്ചു: ‘ഇന്നലെ താങ്കള്‍ അദ്ദേഹത്തോട് യുദ്ധം ചെയ്തു. ഇന്ന് താങ്കള്‍ അദ്ദേഹത്തിന് വേണ്ടി കരയുകയോ?’ മുആവിയ(റ) പറഞ്ഞു: ‘നിനക്കു നാശം, അദ്ദേഹത്തിന്റെ വിവേകവും വിജ്ഞാനവും മഹത്ത്വവും നന്മയും പുണ്യങ്ങളിലേക്കുള്ള മുന്നേറ്റങ്ങളും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതിനാലാണ് ഞാന്‍ കരയുന്നത്.’

മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ഇപ്രകാരമാണ്: ‘നിനക്ക് നാശം. ജനങ്ങള്‍ക്ക് എത്ര നന്മയും വിജ്ഞാനവും പാണ്ഡിത്യവുമാണ് (അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ) നഷ്ടപ്പെട്ടത് എന്ന് നിനക്ക് അറിയില്ല” (അല്‍ബിദായ വന്നിഹായ, ഇബ്‌നുകഥീര്‍).

ഉമ്മുല്‍മുഅ്മിനീന്‍ ആഇശായുടെ സഹകളത്രിയായിരുന്ന ഉമ്മുല്‍മുഅ്മിനീന്‍ സയ്‌നബ് ബിന്‍ത് ജഹ്ശി(റ)ന് നബി ﷺ യുടെ അടുത്ത് വലിയ സ്ഥാനമായിരുന്നു. തിരുദൂതരുടെ അമ്മായി ഉമയ്മയുടെ മകളായിരുന്നു അവര്‍. തന്റെ സഹകളത്രിയായ സയ്‌നബി(റ)നെ കുറിച്ച് ആഇശ(റ) പറഞ്ഞതായ വചനങ്ങള്‍ നോക്കൂ: ”തിരുദൂതരുടെ അടുത്ത് സയ്‌നബിനുള്ള സ്ഥാനത്താല്‍ പ്രവാചക പത്‌നിമാരില്‍ അവരായിരുന്നു എന്നോടു കിടപിടിക്കാറുണ്ടായിരുന്നത്. മതനിഷ്ഠയിലും അല്ലാഹുവിലുള്ള തക്വ്‌വയിലും സത്യസന്ധമായ സംസാരത്തിലും കുടുംബബന്ധം ചാര്‍ത്തുന്നതിലും നന്നായി ദാനധര്‍മം നിര്‍വഹിക്കുന്നതിലും, ധര്‍മം നിര്‍വഹിക്കുക, അല്ലാഹുവോട് അടുക്കുക എന്നീ കര്‍മങ്ങളിലുള്ള തികഞ്ഞ അര്‍പ്പണബോധത്തിലും സയ്‌നബിനോളം ശ്രേഷ്ഠയായ ഒരു സ്ത്രീയെയും ഞാന്‍ കണ്ടിട്ടില്ല; അവരിലുണ്ടായിരുന്ന പെട്ടെന്നുള്ള ഈര്‍ഷ്യതാ സ്വഭാവമല്ലാതെ. ആ സ്വഭാവത്തില്‍ നിന്നാകട്ടെ അവര്‍ വേഗത്തില്‍ മടങ്ങുകയും ചെയ്യുമായിരുന്നു” (മുസ്‌ലിം).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

ദാനശീലവും ഔദാര്യവും

ദാനശീലവും ഔദാര്യവും

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 9)

ദാനശീലവും ഔദാര്യവായ്പും മനസ്സറിഞ്ഞുള്ള ധര്‍മവുമെല്ലാം മഹദ്ഗുണങ്ങളാണ്. ഇത്തരം ശീലങ്ങളെ പ്രോത്സാഹിപ്പിച്ചുള്ള പ്രമാണവചനങ്ങള്‍ ധാരാളമാണ്. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു:
”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്” (ക്വുര്‍ആന്‍ 2: 261).

”രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചുകൊിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല” (ക്വുര്‍ആന്‍ 2:274).
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുനബി ﷺ പറഞ്ഞു: ”ആദമിന്റെ പുത്രന്‍ (മനുഷ്യന്‍) മരിക്കുന്നതോടെ അവന്റെ കര്‍മങ്ങള്‍ നിലച്ചുപോകുന്നു; പ്രയോജനം നിലനില്‍ക്കുന്ന ദാനം, ഉപകരിപ്പെടുന്ന അവന്റെ അറിവ്, അവനുവേണ്ടി പ്രാര്‍ഥിക്കുന്ന സുകൃതവാനായ സന്തതി എന്നിവയൊഴികെ” (മുസ്‌ലിം).
പ്രയോജനം നിലനില്‍ക്കുന്ന ദാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വക്വ്ഫ് ചെയ്തത് എന്നാണ്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: ”താന്‍ പഠിപ്പിച്ചതും പ്രചരിപ്പി ച്ചതുമായ വിജ്ഞാനം, താന്‍ (ഇഹലോകത്തില്‍) വിട്ടിട്ടു പോയ സല്‍കര്‍മിയായ സന്താനം, അനന്ത രമാക്കിയ മുസ്വ്ഹഫ്, നിര്‍മിച്ച പള്ളി, താന്‍ വഴിയാത്രക്കാര്‍ക്കുവേണ്ടി നിര്‍മിച്ച വീട്, താന്‍ ഒഴുക്കിയ പുഴ, തന്റെ ജീവിതകാലത്തും ആരോഗ്യസമയത്തും താന്‍ നല്‍കിയ ദാനം എന്നിവയെല്ലാം സത്യവി ശ്വാസിക്ക് തന്റെ മരണശേഷവും വന്നണയുന്ന കര്‍മങ്ങളില്‍ പെട്ടതാണ്; ഇവ അവന്റെ മരണശേഷം അവന്റെയടുത്ത് വന്നുചേരുന്നതാണ്” (സുനനുഇബ്‌നിമാജഃ. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).
അബൂഉമാമതുല്‍ ബാഹിലി(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ”നാലു കൂട്ടര്‍, അവരുടെ പ്രതിഫലങ്ങള്‍ മരണശേഷവും അവര്‍ക്ക് വന്നുകൊണ്ടിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്നയാള്‍, ഒരാള്‍ ഒരു കര്‍മം ചെയ്തു; അയാള്‍ ചെയ്തതുപോലുള്ളത് അയാള്‍ക്ക് വന്നു കൊണ്ടിരിക്കും. ഒരാള്‍ ഒരു ദാനം ചെയ്തു; പ്രസ്തുത ദാനംനിലനില്‍ക്കുന്ന കാലമത്രയും അതിന്റെ പ്രതിഫലം അയാള്‍ക്കുണ്ടായിരിക്കും. ഒരാള്‍ സല്‍കര്‍മകാരിയായ സന്തതിയെ വിട്ടേച്ചു; പ്രസ്തുത സന്തതി അയാള്‍ക്കുവേണ്ടി പ്രാര്‍ഥന ചെയ്യുന്നു” (മുസ്‌നദു അഹ് മദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ താങ്കള്‍ ചെലവഴിച്ച ദീനാര്‍, അടിമമോചനത്തിനു താങ്കള്‍ ചെലവഴിച്ച ദീനാര്‍, ഒരു സാധുവിന് താങ്കള്‍ ചെലവഴിച്ച ദീനാര്‍, കുടുംബത്തിനു താങ്കള്‍ ചെലവഴിച്ച ദീനാര്‍; ഇതില്‍ ഏറ്റവും മഹത്തായ പ്രതിഫലമുള്ളത് താങ്കളുടെ കുടുംബത്തിന് ചെലവഴിച്ചതാകുന്നു” (മുസ്‌ലിം).

അബൂദര്‍റി(റ)ല്‍ നിന്നു നിവേദനം: ”തിരുനബി ﷺ കഅ്ബയുടെ തണലില്‍ ഇരിക്കുന്നവനായിരിക്കെ ഞാന്‍ തിരുമേനിയുടെ അടുക്കല്‍ ചെന്നു. എന്നെ കണ്ടപ്പോള്‍ തിരുമേനി എന്നോട് പറഞ്ഞു: ‘അല്ലാഹുവാണേ സത്യം, അവരാകുന്നു നഷ്ടക്കാര്‍.’ അങ്ങനെ ഞാന്‍ ചെന്നിരുന്നു. പിന്നീട് താമസംവിനാ ഞാന്‍ എഴുന്നേറ്റു. ഞാന്‍ ചോദിച്ചു: ‘തിരുദൂതരേ, ആരാണവര്‍?’ തിരുമേനി ﷺ പറഞ്ഞു: ‘അവരാകുന്നു സമ്പത്ത് കൂടിയവര്‍. തന്റെ മുന്നിലും പിന്നിലും വലതും ഇടതും ഭാഗങ്ങളില്‍ കൈകള്‍ കൊണ്ട് ഇപ്രകാരം ദാനം നല്‍കിയവര്‍ ഒഴിച്ച്. അവരാകട്ടെ വളരെ കുറവാകുന്നു…”(മുസ്‌ലിം).
അനസി(റ)ല്‍ നിന്ന് നിവേദനം: ”അല്ലാഹുവിന്റെ തിരുദൂതര്‍ ഇസ്‌ലാമിന്റെ പേരില്‍ വല്ലതും ചോദിച്ചാല്‍ അത് നല്‍കാതിരുന്നിട്ടില്ല. ഒരു വ്യക്തി തിരുദൂതരുടെ അടുക്കല്‍വന്നു. അപ്പോള്‍ ഇരുമലകള്‍ക്ക് ഇടയിലുായിരുന്ന ആട്ടിന്‍ പറ്റത്തെ തിരുമേനി അയാള്‍ക്കു നല്‍കി. അയാള്‍ തന്റെ ജനതയിലേക്ക് മടങ്ങി. അയാള്‍ പറഞ്ഞു: ജനങ്ങളെ നിങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുക. കാരണം, മുഹമ്മദ് ദാരിദ്ര്യം ഭയക്കാത്തവിധം വമ്പിച്ച ഔദാര്യം നല്‍കുന്നു”(മുസ്‌ലിം).

അല്ലാഹുവിന്റെ റസൂല്‍ ﷺ അബൂദര്‍റി(റ)നോട് പറഞ്ഞു:
”അബൂദര്‍റ്, ഉഹദ് മലയോളം സ്വര്‍ണം എനിക്ക് ഉണ്ടാവുകയും അതില്‍ ഒരു ദീനാര്‍ എന്റെ കയ്യില്‍ ബാക്കി ഉണ്ടാവുകയും അല്ലാഹുവിന്റെ അടിയാറുകള്‍ക്കിടയില്‍ അത് ഇപ്രകാരം വീതിച്ചുനല്‍കാതെ ( തിരുമേനി തന്റെ കൈകൊണ്ട് ഞങ്ങള്‍ക്കത്കാണിച്ചുതന്നു) ഒന്നോ അല്ലെങ്കില്‍ മൂന്നോ രാത്രി എനിക്ക് വരുകയും ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല; കടം വീട്ടുവാന്‍ ഞാന്‍ എടുത്തുവെക്കുന്ന ദീനാര്‍ ഒഴികെ.” എന്നിട്ട് (തിരുമേനി) പറഞ്ഞു: ”അബൂദര്‍റ്!” ഞാന്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, ഞാനിതാ അങ്ങേക്ക് ഉത്തരം ചെയ്യുന്നു. അതില്‍ ഞാന്‍ സൗഭാഗ്യം കാണുകയും ചെയ്യുന്നു.” തിരുമേനി ﷺ പറഞ്ഞു: ”(സമ്പത്ത്) കൂടിയവര്‍, അവരാണ് അന്ത്യനാളില്‍ (നന്മകള്‍) കുറഞ്ഞവര്‍; തന്റെ കൈകള്‍ കൊണ്ട് ഇപ്രകാരം നല്‍കിയവര്‍ ഒഴിച്ച്” (ബുഖാരി, മുസ്‌ലിം).
ഉമറി(റ)ന്റെ ദാനശീലത്തെ അറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്: അദ്ദേഹത്തിന് ഖയ്‌റില്‍ നിന്ന് ഒരു ഭൂസ്വത്ത് ലഭിച്ചു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഖയ്‌റില്‍ അല്‍പം ഭൂസ്വത്ത് ലഭിച്ചിട്ടുണ്ട്. അതിനെക്കാള്‍ അമൂല്യമായ സ്വത്ത്എനിക്ക് ലഭിച്ചിട്ടേയില്ല. താങ്കള്‍ എന്നോട് എന്താണ് കല്‍പിക്കുന്നത്?’ നബി ﷺ പറഞ്ഞു: ‘താങ്കള്‍ക്ക് അതിന്റെ അടിസ്ഥാനം നിലനിര്‍ത്തികൊണ്ടുതന്നെ അതുകൊണ്ട് ദാനം ചെയ്യാം. എന്നാല്‍ അതിന്റെ അടിസ്ഥാനം വില്‍ക്കപ്പെടാവതോ ദാനം ചെയ്യപ്പെടാവ തോ അനന്തമെടുക്കപ്പെടാവതോ അല്ല”(ബുഖാരി).

സാധുക്കളുടെ പിതാവ് എന്ന ഖ്യാതിയുള്ള സ്വഹാബിയാണ് ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബ്(റ). അഗതികള്‍ക്ക് അന്നം നല്‍കുകയും അശരണരെ സഹായിക്കുകയും ചെയ്തിരുന്നതിനാലാണ് അദ്ദേഹം അബുല്‍മസാകീന്‍, അല്‍ജവ്വാദ് എന്നീ പേരുകള്‍ക്ക് അര്‍ഹനായത്. അദ്ദേഹത്തിന്റെ ദാനശീലം അറിയിക്കുന്ന ഒരു സംഭവം അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:
”സാധുക്കള്‍ക്ക് ഏറ്റവും ഉത്തമനായിരുന്നു ജഅ്ഫര്‍ ഇബ്‌നുഅബീത്വാലിബ്. അദ്ദേഹം ഞങ്ങളെയും കൊണ്ട് പോവുകയും അദ്ദേഹത്തിന്റെ വീട്ടിലുള്ളത് ഞങ്ങളെ തീറ്റുകയും ചെയ്യുമായിരുന്നു. എത്രത്തോള മെന്നാല്‍ യാതൊന്നുമില്ലാത്ത നെയ്യിന്റെ തോല്‍പാത്രം അദ്ദേഹം പുറത്തെടുത്ത് അതു പിളര്‍ത്തുകയും അതിലുള്ളത് ഞങ്ങള്‍ നക്കിത്തുടച്ചു തിന്നുകയും ചെയ്യുമായിരുന്നു” (ബുഖാരി).

അല്ലാഹു ഒരാള്‍ക്ക് നല്‍കിയ അനുഗ്രഹത്തില്‍ അയാളോട് അസൂയവെക്കാനും അതില്‍ മോഹം വെക്കാനും വിശ്വാസിക്കു പാടുള്ളതല്ല. എന്നാല്‍ ഒരു വിശ്വാസിക്കു മോഹം വെക്കുവാന്‍ രണ്ടുവേദികളെ തിരുമേനി പഠിപ്പിക്കുന്നതു നോക്കൂ!
അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം. തിരുമേനി ﷺ പറഞ്ഞു: ”രണ്ട് കാര്യങ്ങളിലല്ലാതെ അസൂയ ഇല്ല. ഒരാള്‍, അല്ലാഹു അയാള്‍ക്ക് ക്വുര്‍ആന്‍ പഠിപ്പിച്ചു. അയാളാകട്ടെ രാപ്പകലുകളില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നു. അപ്പോള്‍ അയാളുടെ അയല്‍വാസി അതു കേള്‍ക്കുകയും ശേഷം പറയുകയും ചെയ്യുന്നു: ‘എനിക്കും ഇയാള്‍ക്ക് നല്‍കപ്പെട്ടതുപോലെ നല്‍കപ്പെട്ടിരുന്നുവെങ്കില്‍; അയാള്‍ അനുഷ്ഠിക്കുന്നതുപോലെ കര്‍മങ്ങള്‍ ഞാനും അനുഷ്ഠിക്കുമായിരുന്നു. മറ്റൊരാള്‍, അല്ലാഹു അയാള്‍ക്ക് സമ്പത്തു നല്‍കി. അയാളാകട്ടെ ആ സമ്പത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യഥേഷ്ടം ചെലവഴിക്കുന്നു. ഒരാള്‍ അപ്പോള്‍ പറയുന്നു: ഇയാള്‍ക്ക് നല്‍കപ്പെട്ടിരുന്നതു പോലെ എനിക്കും നല്‍കപ്പെട്ടിരുന്നുവെങ്കില്‍; അയാള്‍ അനുഷ്ഠിക്കുന്നതു പോലെ കര്‍മങ്ങള്‍ ഞാനും അനുഷ്ഠിക്കുമായിരുന്നു”(ബുഖാരി).

അബ്ദുല്ലാഹ് ഇബ്‌നുഉമറി(റ)ല്‍നിന്നു നിവേദനം. തിരുദൂതര്‍ പറഞ്ഞു:”രണ്ടു കാര്യങ്ങളിലല്ലാതെ അസൂയ ഇല്ല. ഒരാള്‍, അല്ലാഹു അയാള്‍ക്ക് ക്വുര്‍ആന്‍ നല്‍കി; അതുകൊണ്ട് അയാള്‍ രാപ്പകലുകളില്‍ പാരായണം ചെയ്യുന്നു. മറ്റൊരാള്‍, അയാള്‍ക്ക് അല്ലാഹു സമ്പത്ത് നല്‍കി; അയാളാകട്ടെ രാപ്പകലുകളില്‍ അതുകൊണ്ട് ദാനം ചെയ്യുന്നു”(ബുഖാരി).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

വിനയം

വിനയം

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 8)

വിനയം ഒരു വിശിഷ്ട സ്വഭാവമാണ്. നേതൃത്വമോഹമില്ലായ്മയും സ്ഥാനമാനങ്ങളോടുള്ള വിരക്തിയും വിനയത്തിന്റെ ലക്ഷണങ്ങളാണ്. ഇബാദുര്‍റഹ്മാന്റെ സവിശേഷതകളില്‍ ഒന്നായി അല്ലാഹു–പറയുന്നു:

”പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരാണ്” (ക്വുര്‍ആന്‍ 25:63).

ഇബ്‌നുല്‍ക്വയ്യിം പറയുന്നു: ‘അഥവാ ആഢ്യതയോ നിഗളിപ്പോ അഹങ്കാരമോ ഇല്ലാതെ സമാധാനവും അടക്കവും വിനയവുമുള്ളവരായി നടക്കുന്നവരാകുന്നു അവര്‍.’

ഇബ്‌നുകഥീര്‍ പറയുന്നു: ‘സ്വര്‍ഗവും മാറിപ്പോവുകയോ നീങ്ങിപ്പോവുകയോ ചെയ്യാത്ത നൈതികമായ സ്വര്‍ഗീയ അനുഗ്രഹവും അല്ലാഹു നിശ്ചയിച്ചത് വിനയാന്വിതരും വിശ്വാസികളുമായ അവന്റെ ദാസന്മാര്‍ക്കാണെന്ന് അവന്‍ പ്രസ്താവിക്കുന്നു.”

അല്ലാഹു പറയുന്നു: ”ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രികഭവനം നാം ഏര്‍പെടുത്തിക്കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും”(ക്വുര്‍ആന്‍ 28:83).

വിനയം കാണിക്കുവാനും സൗമ്യതയില്‍ വര്‍ത്തിക്കുവാനുമുള്ള അല്ലാഹുവിന്റെ കല്‍പനകള്‍ ധാരാളമാണ്. മാതാപിതാക്കളുടെ വിഷയത്തില്‍ അല്ലാഹു പറയുന്നു:

”കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17:24).

—”സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക” (ക്വുര്‍ആന്‍ 15:88).

”നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക”(ക്വുര്‍ആന്‍ 26:215).

ഇയാദ്വ് ഇബ്‌നുഹിമാരി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”നിങ്ങളില്‍ ഒരാളും ഒരാളോടും ഗര്‍വ് കാണിക്കാതിരിക്കുകയും ഒരാളും ഒരാളുടെ മേലും അതിക്രമം കാണിക്കാതിരിക്കുകയും ചെയ്യുവോളം നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്കു ബോധനം നല്‍കിയിരിക്കുന്നു”(മുസ്‌ലിം).

വിനയം കാണിക്കുന്നതിന്റെ മഹത്ത്വവും വിനയാന്വിതരുടെ മഹത്ത്വവും അറിയിക്കുന്ന ഹദീഥുകളും ധാരാളമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു:

”ദാനധര്‍മം ഒരു സ്വത്തും കുറച്ചിട്ടില്ല. വിട്ടുവീഴ്ച കാണിച്ചതിനാല്‍ അല്ലാഹു ഒരു ദാസനും പ്രതാപമല്ലാതെ വര്‍ധിപ്പിച്ചിട്ടുമില്ല. അല്ലാഹുവിന്നായി ഒരാളും വിനയം കാണിച്ചിട്ടില്ല; അവന്ന് അല്ലാഹു ഉയര്‍ച്ച നല്‍കാതെ”(മുസ്‌ലിം).

വിനയത്താല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നവന്റെ വിഷയത്തില്‍ നബി ﷺ  പറഞ്ഞു: ”വല്ലവനും അല്ലാഹുവിനോടുള്ള വിനയത്താല്‍ (ആര്‍ഭാട)വസ്ത്രം തനിക്ക് (അത് വാങ്ങി ഉപയോഗിക്കുവാന്‍) കഴിഞ്ഞിട്ടുകൂടി അതിനെ ഉപേക്ഷിച്ചാല്‍ അല്ലാഹു അദ്ദേഹത്തെ (മഹ്ശറില്‍) സൃഷ്ടികള്‍ക്കു മുന്നിലേക്ക് വിളിക്കുകയും പിന്നീട് ഈമാനിന്റെ ഉടയാടകളില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നത് തെരഞ്ഞെടുത്ത് ധരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യും”(സുനനുത്തിര്‍മിദി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

തിരുനബി ﷺ  എല്ലാ സല്‍സ്വാഭാവങ്ങളുടെയും നിറഞ്ഞ ഉദാഹരണമായിരുന്നു. അവയില്‍ ഒരു മഹനീയ സ്വഭാവമായിരുന്നു വിനയം. സ്രഷ്ടാവായ അല്ലാഹുവിനു മുമ്പില്‍ വിനയാന്വിതനായിരുന്നു അദ്ദേഹം. പടപ്പുകളോട് വിനയത്തിലും കാരുണ്യത്തിലുമായിരുന്നു നബി ﷺ  പെരുമാറിയുരുന്നത്.

”(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു” (ക്വുര്‍ആന്‍ 3:159).

അബൂദര്‍റ്(റ), അബൂഹുറയ്‌റ(റ) എന്നിവര്‍ പറയുന്നു: ”അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  തന്റെ അനുചരന്മാരോടൊത്ത് ഇരിക്കുമായിരുന്നു. എത്രത്തോളമെന്നാല്‍ അപരിചിതനായ ഒരു വ്യക്തി വന്നാല്‍ തങ്ങളില്‍ ആരാണ് നബിയെന്ന് ചോദിച്ചു മനസ്സിലാക്കുന്നതുവരെ അയാള്‍ക്ക് അറിയുമായിരുന്നില്ല. അതിനാല്‍ അപരിചിതന്‍ വന്നാല്‍ തിരുമേനിയെ തിരിച്ചറിയുവാന്‍ ഒരു ഇരിപ്പിടം ഉണ്ടാക്കിക്കൊടുക്കുവാന്‍ അദ്ദേഹത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടു” (സുനനുത്തിര്‍മിദി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അബ്ദുല്ലാഹ് ഇബ്‌നു ശിഖ്ഖീറി ﷺ ല്‍നിന്നും നിവേദനം: ”ബനൂആമിര്‍ സംഘത്തോടൊപ്പം ഞാന്‍ നബി ﷺ യുടെ അടുക്കല്‍ പോയി. ഞങ്ങള്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങളുടെ സയ്യിദ് ആണ്.’ തിരുമേനി പറഞ്ഞു: ‘സയ്യിദ് അല്ലാഹുവാണ്.’ ഞങ്ങള്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങളില്‍ അതിശ്രേഷ്ഠരും മഹത്തായ നേതൃത്വം ഉള്ളവരുമാകുന്നു.’ അപ്പോള്‍ തിരുമേനി ﷺ  പറഞ്ഞു: ‘നിങ്ങള്‍ക്ക് പറയുവാനുള്ള വാക്കുകള്‍ നിങ്ങള്‍ പറയുക. നിങ്ങളെ പിശാച് വഴിതെറ്റിക്കാതിരിക്കട്ടെ” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹാക്കിയത്).  

മറ്റൊരിക്കല്‍, ‘തിരുദൂതരേ, ഞങ്ങളില്‍ ശ്രേഷ്ഠരേ, ഞങ്ങളില്‍ ശ്രേഷ്ഠരുടെ പുത്രരേ! ഞങ്ങളുടെ സയ്യിദേ, ഞങ്ങളുടെ സയ്യിദിന്റെ പുത്രരേ… തുടങ്ങിയുള്ള വിളികളുമായി വന്നവരോടു തിരുമേനി ﷺ  പറഞ്ഞു: ”ജനങ്ങളേ, നിങ്ങളുടെ വാക്കുകള്‍ നിങ്ങള്‍ പറഞ്ഞുകൊള്ളുക. പിശാച് നിങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ഞാന്‍ അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദ് ആണ്. അല്ലാഹു എന്നെ അവരോധിച്ച സ്ഥാനത്തിന് മുകളിലേക്ക് നിങ്ങള്‍ എന്നെ ഉയര്‍ത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല” (മുസ്‌നദു അഹ്മദ്. അര്‍നാഊത്വ് ഹദീഥിന്റെ സനദ് സ്വഹീഹാണെന്ന് വിശേഷിപ്പിച്ചു).

 അനസി(റ)ല്‍നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ”അദ്ദേഹത്തിന്റെ വല്യുമ്മയായ മുലൈക, അവര്‍ പാകം ചെയ്ത ഭക്ഷണത്തിലേക്ക് തിരുമേനി ﷺ യെ ക്ഷണിച്ചു. അപ്പോള്‍ തിരുമേനി ﷺ  അതില്‍നിന്ന് ഭക്ഷിച്ചു. അവിടുന്ന് പറഞ്ഞു: ‘എഴുന്നേല്‍ക്കുക. ഞാന്‍ നിങ്ങളോടൊത്ത് നമസ്‌കരിക്കാം.’ അപ്പോള്‍ ഞാന്‍ ഞങ്ങളുടെ ഒരു പായ എടുക്കുവാന്‍ എഴുന്നേറ്റു. അത് ദീര്‍ഘനാള്‍ ഉപയോഗിച്ചതിനാല്‍ കറുത്തുപോയിരുന്നു. അങ്ങനെ ഞാന്‍ അതില്‍ വെള്ളംതളിച്ചു. തിരുദൂതര്‍ ﷺ  നമസ്‌കരിക്കുവാന്‍ നിന്നു. ഒരു അനാഥന്‍ എന്നോടൊപ്പവും. ഞങ്ങളുടെ പിന്നില്‍ വൃദ്ധയായ സ്ത്രീയും. അങ്ങനെ നബി ﷺ  ഞങ്ങളോടൊത്ത് രണ്ടു റക്അത്ത് നമസ്‌കരിച്ചു” (ബുഖാരി, മുസ്‌ലിം).

അബൂബകര്‍(റ) ഉമര്‍(റ)വിനോടു പറഞ്ഞു: ”…നമുക്കൊന്നിച്ച് ഉമ്മുഅയ്മന്റെ അരികിലേക്ക് പുറപ്പെടാം. തിരുദൂതര്‍ ﷺ  അവരെ സന്ദര്‍ശിച്ചിരുന്നതു പോലെ നമുക്കും അവരെ സന്ദര്‍ശിക്കാം…” (മുസ്‌ലിം).

 അനസി(റ)ല്‍ നിന്ന് നിവേദനം: ”യഹൂദനായ ഒരു കുട്ടി നബി ﷺ ക്ക് സേവനം ചെയ്തിരുന്നു. ആ കുട്ടി രോഗിയായി. അപ്പോള്‍ നബി ﷺ  കുട്ടിയെ രോഗസന്ദര്‍ശനം നടത്തുവാന്‍ വന്നു. നബി ﷺ  കുട്ടിയുടെ തലക്കരികില്‍ ഇരുന്നു. എന്നിട്ട് കുട്ടിയോട് പറഞ്ഞു: ‘നീ ഇസ്‌ലാം സ്വീകരിക്കൂ.’ ആ കുട്ടി തന്റെ അടുക്കലുള്ള പിതാവിലേക്ക് നോക്കി. പിതാവ് കുട്ടിയോടു പറഞ്ഞു: ‘അബുല്‍ക്വാസിമിനെ (നബിയുടെ വിളിപ്പേരാണ് അബുല്‍ക്വാസിം) അനുസരിക്കുക.’ അപ്പോള്‍ കുട്ടി ഇസ്‌ലാം സ്വീകരിച്ചു. ആ കുട്ടിയെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിനു മാത്രമാകുന്നു സ്തുതികള്‍ മുഴുവനും എന്നു പറഞ്ഞു കൊണ്ട് നബി ﷺ  പുറപ്പെട്ടു” (ബുഖാരി).

സഹ്ല്‍ ഇബ്‌നു സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ”അല്ലാഹുവിന്റെ തിരുദൂതര്‍ക്കരികിലേക്ക് ഒരു പാനീയം കൊണ്ടുവരപ്പെട്ടു. അദ്ദേഹം അതില്‍നിന്ന് കുടിച്ചു. നബിയുടെ വലതു ഭാഗത്ത് ഒരു കുട്ടിയും ഇടതു ഭാഗത്ത് പ്രായമുള്ളവരുമായിരുന്നു. നബി ﷺ  കുട്ടിയോടു ചോദിച്ചു: ‘ഇവര്‍ക്കു നല്‍കുവാന്‍ നീ അനുവാദം തരുമോ?’ കുട്ടി പറഞ്ഞു: ‘അല്ലാഹുവാണെ, തിരുദൂതരേ, താങ്കളില്‍നിന്നുള്ള എന്റെ വിഹിതത്തില്‍ ഞാന്‍ ഒരാള്‍ക്കും പ്രാമുഖ്യം കല്‍പിക്കില്ല.’ ഉടന്‍ തിരുദൂതര്‍ അത് ആ കുട്ടിയുടെ കയ്യില്‍ വെച്ചു കൊടുത്തു” (ബുഖാരി).

അനസി(റ)ല്‍ നിന്ന് നിവേദനം: ”ഒരു ജൂതന്‍ നബി ﷺ യെ ഗോതമ്പുറൊട്ടിയും മണപ്പകര്‍ച്ച വന്ന നെയ്യും (ഒരുക്കി അതിലേക്ക്) ക്ഷണിച്ചു. അപ്പോള്‍ തിരുമേനി ആ ജൂതനു ഉത്തരമേകി” (മുസ്‌നദുഅഹ്മദ്, അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

വിനയത്തിന്റെ നിറകുടമായിരുന്ന തിരുദൂതരുടെ മഹനീയ ജീവിതത്തിന്റെ ചില ചരിത്ര സാക്ഷ്യങ്ങള്‍ കൂടി ഇവിടെ നമുക്ക് വായിക്കാം. ഉമറി(റ)ല്‍ നിന്നും നിവേദനം:

”അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ഒരു പായയില്‍ കിടക്കുകയായിരുന്നു. തിരുമേനി ﷺ യുടെയും പായയുടെയും ഇടയില്‍ (വിരിപ്പൊന്നും) ഉണ്ടായിരുന്നില്ല. ഈത്തപ്പനനാരു നിറച്ച തോലിന്റെ ഒരുതലയിണ അദ്ദേഹത്തിന്റെ തലക്കടിയിലുണ്ടായിരുന്നു. തിരുമേനി ﷺ യുടെ കാലുകള്‍ക്കരികില്‍ തോലുകള്‍ ഊറക്കിടുവാന്‍ ഉപയോഗിക്കുന്ന കൊന്നയും തലക്കരികില്‍ കെട്ടിത്തൂക്കിയ തോല്‍സഞ്ചികളും ഉണ്ടായിരുന്നു. പായയുടെ അടയാളങ്ങള്‍ അല്ലാഹുവിന്റെ റസൂലിന്റെ പാര്‍ശ്വഭാഗത്ത് ഞാന്‍ കണ്ടു. ഞാന്‍ കരഞ്ഞു. തിരുമേനി ﷺ  ചോദിച്ചു: ‘താങ്കളെ കരയിക്കുന്നത് എന്താണ്?’ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, കിസ്‌റയും ക്വയ്‌സറും (അവിശ്വാസികളായിട്ടും) എത്രമാത്രം ഭൗതിക സുഖങ്ങളിലാണ്! താങ്കള്‍ അല്ലാഹുവിന്റെ റസൂലായിട്ടും (എത്രമാത്രം ഭൗതിക വിരക്തിയിലാണ്!)’ അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ‘അവരിരുവര്‍ക്കും ഇഹലോക സുഖങ്ങളും എനിക്ക് പാരത്രികവിജയവും ആകുന്നത് താങ്കള്‍ ഇഷ്ടപ്പെടുന്നില്ലേ?” (ബുഖാരി, മുസ്‌ലിം).

 സഹോദരീ പുത്രന്‍ ഉര്‍വ(റ)യുടെ ചോദ്യത്തിനു മറുപടിയായി ആഇശ(റ) പറയുന്നു: ”സഹോദരിയുടെ പുത്രാ, ഉദയചന്ദ്രനിലേക്ക് ഞങ്ങള്‍ നോക്കുമായിരുന്നു. പിന്നെയും നോക്കും. രണ്ടു മാസങ്ങളിലായി മൂന്ന് ഉദയചന്ദ്രന്മാര്‍. അല്ലാഹുവിന്റെ റസൂലി ﷺ ന്റെ വീടുകളില്‍ തീ കത്തിക്കപ്പെട്ടിട്ടുണ്ടാവില്ല.” (ഉര്‍വ(റ) പറയുന്നു:) ഞാന്‍ ചോദിച്ചു: ‘മാതൃസഹോദരീ, നിങ്ങളുടെ ജീവിതമാര്‍ഗം എന്തായിരുന്നു?’ അവര്‍ പറഞ്ഞു: ‘അല്‍അസ്‌വദാനി, അഥവാ വെള്ളവും കാരക്കയും”(ബുഖാരി).

 അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”ഗോതമ്പുറൊട്ടിയില്‍നിന്ന് വയറുനിറഞ്ഞിട്ടില്ലാത്ത അവസ്ഥയിലാണ് അല്ലാഹുവിന്റെ ദൂതര്‍ ﷺ  ഭൗതികലോകത്തുനിന്ന് യാത്രയായത്”(ബുഖാരി).

വ്യാജവാദികളും കപടന്മാരും ആഇശ(റ)ക്കെതിരല്‍ ആരോപണമുന്നയിക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്ത വിഷയത്തില്‍ അല്ലാഹു—അവരെ നിരപരാധിയാക്കി. അന്ത്യനാളുവരേക്കും പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ വചനങ്ങള്‍ അല്ലാഹു—അവരുടെ വിഷയത്തില്‍ അവതരിപ്പിച്ചു. അവര്‍ നല്ല സ്ത്രീകളില്‍ പെട്ടവരാണെന്ന് അല്ലാഹു— സാക്ഷ്യം പറഞ്ഞു. അല്ലാഹു—അവര്‍ക്കു പാപമോചനവും നല്ല ഉപജീവനവും വാഗ്ദാനം ചെയ്തു. ഇത്തരം ഉന്നത സ്ഥാനങ്ങളെല്ലാം ഉണ്ടായിട്ടും അവര്‍ അല്ലാഹു വിനു മുന്നില്‍ വിനയപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്തു:

”അല്ലാഹുവാണേ സത്യം! പാരായണം ചെയ്യപ്പെടുന്ന ഒരു വഹ്‌യ് (ദിവ്യബോധനം) എന്റെ പേരില്‍ അല്ലാഹു അവതരിപ്പിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്റെ വിഷയത്തില്‍ അല്ലാഹു വല്ലതും സംസാരിക്കുന്നതിനെക്കാള്‍ എത്രയോ എളിയവളാണ് ഞാന്‍ എന്നതാണ് എന്റെ കാര്യം” (ബുഖാരി).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

സമര്‍പ്പണം, സഹകരണം

സമര്‍പ്പണം, സഹകരണം

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 07)

മഹനീയവും ഉന്നതവുമായ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായി അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ശരീരവും സമ്പത്തും സമയവും വിനിയോഗിക്കലാണ് തദ്വ്ഹിയ്യഃ അഥവാ സമര്‍പ്പണം. സ്വാര്‍ഥതകളെ ബലികഴിച്ച്, ആദര്‍ശത്തിന് പ്രാമുഖ്യം നല്‍കി തനിക്ക് വിലപ്പെട്ടതും കനിപ്പെട്ടതുമെല്ലാം അല്ലാഹുവിനായി സമര്‍പ്പിച്ച ഇബ്‌റാഹീം നബി(അ)യുടെ സമര്‍പ്പണ കഥ  സുവിദിതമാണല്ലോ. പുത്രന്‍ ഇസ്മാഈലിനെ ബലിയറുക്കുവാനുള്ള അദ്ദേഹത്തിന്റെ ത്യാഗമനഃസ്ഥിതി ഏവര്‍ക്കും മാതൃകാപരവുമാണ്.

അഹ്‌സാബ് യുദ്ധത്തില്‍ തിരുനബി ﷺ  യുടെ സ്ഥൈര്യവും ക്ഷമയും സമര്‍പ്പണവും ജിഹാദും അനുധാവനം ചെയ്യുവാന്‍ അല്ലാഹു വിശ്വാസികളോട് കല്‍പിച്ചു. നബി ﷺ  യില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട്‌സ്വഹാബികള്‍ ധീരധീരമായ നിലപാടുകള്‍ സ്വീകരിക്കുകയും അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്തു. അല്ലാഹു– പറയുന്നത് നോക്കൂ:

”’തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്. സത്യവിശ്വാസികള്‍ സംഘടിത കക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ധിപ്പിക്കുക മാത്രമെ ചെയ്തുള്ളൂ. സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍(രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍(ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല” (ക്വുര്‍ആന്‍ 33: 21-23).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരം സമര്‍പ്പിച്ചുള്ള രക്തസാക്ഷ്യം സമര്‍പ്പണത്തിന്റെ ഏറ്റവും മികച്ച രൂപമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ   പറഞ്ഞു:

”ജനങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ ജീവിതം, ഒരു വ്യക്തി; അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ കുതിരയുടെ കടിഞ്ഞാണ്‍പിടിക്കുകയും അതിന്റെ പുറത്ത് കുതിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്റെ ആരവമോ ഭീതിപ്പെടുത്തുന്ന ശബ്ദമോ കേള്‍ക്കുകയായാല്‍ അവന്‍ അതിന്റെ പുറത്ത് കുതിക്കുകയും അവിടെ മരണമോ കൊലയോ കൊതിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ഒരു വ്യക്തി; മലമേട്ടിലോ താഴ്‌വാരത്തോ അയാള്‍ ഗനീമത്ത് (യുദ്ധാര്‍ജിത) സ്വത്തിലാണ്. അയാള്‍ നമസ്‌കാരം നിലനിര്‍ത്തുന്നു. സകാത്ത് നല്‍കുന്നു. മരണം വന്നെത്തും വരെ തന്റെ രക്ഷിതാവിനെ ആരാധിക്കുന്നു. ജനങ്ങളോടുള്ള അയാളുടെ വര്‍ത്തനം നന്മയില്‍ മാത്രമാകുന്നു”(മുസ്‌ലിം).

അനസ്(റ) പറയുന്നു: അദ്ദേഹത്തിന്റെ പിതൃവ്യന്‍ അനസ് ഇബ്‌നുന്നദ്വ്ര്‍(റ) ബദ്‌റില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ അദ്ദേഹം പറഞ്ഞു: ”നബി ﷺ  യോടൊത്തുള്ള ആദ്യയുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തില്ല. നബി ﷺ  യോടൊത്ത് ഒരു യുദ്ധത്തില്‍ അല്ലാഹു എന്നെ പങ്കെടുപ്പിച്ചാല്‍ എന്റെ ത്യാഗം അല്ലാഹു കാണുകതന്നെ ചെയ്യും.” അങ്ങനെ അദ്ദേഹം ഉഹ്ദില്‍ പങ്കെടുത്തു. ജനങ്ങള്‍ തോറ്റോടി. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവേ, മുസ്‌ലിംകള്‍ ചെയ്തതില്‍ ഞാന്‍ നിന്നോട് മാപ്പിരിക്കുന്നു. മുശ്‌രിക്കുകള്‍ കൊണ്ടെത്തിച്ചതില്‍ എന്റെ നിരപരാധിത്വം ഞാന്‍ നിന്നോട് ബോധിപ്പിക്കുന്നു.” അങ്ങനെ അദ്ദേഹം തന്റെ വാളുമായി മുന്നോട്ടായുകയും സഅ്ദ് ഇബ്‌നുമുആദിനെ കണ്ടുമുട്ടുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: ”സഅ്ദ്, എങ്ങോട്ടാണ്? ഉഹ്ദിന്നിപ്പുറത്ത് ഞാന്‍ സ്വര്‍ഗം അനുഭവിക്കുന്നു.’ അങ്ങനെ അദ്ദേഹം മുന്നേറുകയും രക്തസാക്ഷിയാവുകയും ചെയ്തു. തിരച്ചറിയാനാവാത്ത വിധം അദ്ദേഹം വികൃതമാക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയാണ് ഒരു കാക്കപ്പുള്ളി കൊണ്ട് അല്ലെങ്കില്‍ വിരലറ്റം കൊണ്ട് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. എണ്‍പതില്‍പരം കുത്തുകളും വെട്ടുകളും അമ്പുകൊണ്ടുള്ള ഏറുകളും അദ്ദേഹത്തിലുായിരുന്നു”(ബുഖാരി).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്നത് സമര്‍പ്പണത്തിന്റെ മേന്മയാര്‍ന്ന മറ്റൊരു രൂപമാണ്. സമ്പത്ത് ചെലവഴിക്കുവാനുള്ള ആഹ്വാനവും പ്രോത്സാഹനവും പൊരുളുമായി അല്ലാഹു പറയുന്നു:

”ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍ നിന്നു(മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു. ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടിഇരട്ടിപ്പിക്കുന്നതാണ്. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമുള്ളത്” (ക്വുര്‍ആന്‍ 57:10,11).

സമ്പത്ത് സ്വദകഃയാക്കിക്കൊണ്ടുള്ള സ്വഹാബികളുടെ സമര്‍പ്പണ മനഃസ്ഥിതിയുടെ ചരിത്രവും ഏറെ ശ്രദ്ധേയമാണ്. ഒരു ഉദാഹരണം ഇവിടെ നല്‍കുന്നു. ഉമര്‍(റ) പറയുന്നു:

”ദാനധര്‍മം നിര്‍വഹിക്കുവാന്‍ ഒരു ദിനം തിരുദൂതര്‍ ﷺ   ഞങ്ങളോട് കല്‍പിച്ചു. എന്റെ അടുക്കല്‍ സ്വത്തുള്ള ഒരു ദിവസമായിരുന്നു അത്. ഞാന്‍ പറഞ്ഞു: ‘ഇന്ന് അബൂബക്‌റിനെ ഞാന്‍ മുന്‍കടക്കും. ഒരു ദിവസം എനിക്ക് അദ്ദേഹത്തെ മുന്‍കടക്കാനായെങ്കില്‍.’ അങ്ങനെ ഞാന്‍ എന്റെ പകുതിസ്വത്ത് കൊണ്ടുവന്നു. തിരുദൂതര്‍ ﷺ   ചോദിച്ചു: ‘താങ്കള്‍ എന്താണ് കുടുംബത്തിന് ശേഷിപ്പിച്ചത്?’ ഞാന്‍ പറഞ്ഞു: ‘അതിനു തുല്യം.’ അബൂബക്ര്‍(റ) തന്റെ അടുക്കലുള്ള മുഴുവന്‍ സ്വത്തുമായി വന്നു. തിരുദൂതര്‍ ﷺ   അദ്ദേഹത്തോട് ചോദിച്ചു: ‘താങ്കള്‍ എന്താണ് കുടുംബത്തിന് ശേഷിപ്പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അവര്‍ക്കായി അല്ലാഹുവെയും തിരുദൂതനെയും ശേഷിപ്പിച്ചിട്ടുണ്ട്.’ ഞാന്‍ പറഞ്ഞു: ‘ഒരു കാര്യത്തിലേക്കും ഒരിക്കലും ഞാന്‍ താങ്കളോട് മത്സരിക്കില്ല” (സുനനു അബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

സഹകരണം

സൃഷ്ടികളില്‍ ഊട്ടപ്പെട്ട പ്രകൃതിയാണ് പരസ്പര സഹകരണവും സഹായവും. മനുഷ്യന്‍ വിശിഷ്യാ സാമൂഹ്യ ജീവിയാണ്. വിശുദ്ധ ക്വുര്‍ആനില്‍ ‘സത്യവിശ്വാസികളേ’ എന്ന് എണ്‍പത്തി ഒന്‍പത് തവണയും ‘മനുഷ്യരേ’ എന്ന് ഇരുപത് തവണയും ‘ആദം സന്തതികളേ’ എന്ന് അഞ്ച് തവണയും അഭിസംബോധന ചെയ്തത് കാണാം. സംഘടിക്കുന്നതിന്റെയും സഹകരിക്കുന്നതിന്റെയും പ്രധാന്യം ഇത് വിളിച്ച റിയിക്കുന്നുെന്ന് പണ്ഡിതന്മാര്‍ ഉണര്‍ത്തി.

സഹകരിക്കാനുള്ള ആജ്ഞകള്‍ പ്രമാണങ്ങളില്‍ ഏറെയാണ്. സൂറത്തുല്‍ അസ്വ്‌റില്‍ സത്യം അന്യോന്യം ഉപദേശിക്കുവാന്‍ അല്ലാഹു കല്‍പിച്ചു. അതത്രെ പുണ്യം കൊണ്ടും തക്വ്‌വകൊണ്ടുമുള്ള സഹകരണം. അല്ലാഹു–പറയുന്നു:

”കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളുവാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളുവാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ” (ക്വുര്‍ആന്‍ 103:1-3).

സല്‍പ്രവര്‍ത്തനങ്ങൡ സഹകരിക്കുവാന്‍ അനുശാസിച്ചുകൊണ്ട് അല്ലാഹു വിശ്വാസികളോട് കല്‍പിക്കുന്നത് നോക്കൂ: ”…പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്” (ക്വുര്‍ആന്‍ 5:2).

സഹകരണത്തിന്റെ വിഷയത്തില്‍ പ്രോത്സാഹനമേകുന്ന തിരുമൊഴികളും ധാരാളമാണ്. അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: ”നബി ﷺ   പറഞ്ഞു: ‘നിശ്ചയം ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് ഒരു എടുപ്പുപോലെയാണ്; അതില്‍ ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നു.’ നബി തന്റെ വിരലുകള്‍ കോര്‍ത്തുപിടിച്ചു”(ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ   പറഞ്ഞു: ”…ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ തന്റെ സഹോദരനെ അക്രമിക്കുകയോ അധിക്ഷിപ്തനാക്കുകയോ നിന്ദിക്കുകയോ ഇല്ല” (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് തന്നെയുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കൂടിയുണ്ട്: ”…അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരങ്ങളാവുക…” (ബുഖാരി).

നുഅ്മാന്‍ ഇബ്‌നുബശീറി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ   പറഞ്ഞു: ”പരസ്പര സ്‌നേഹത്തിലും വാത്സല്യത്തിലും കാരുണ്യത്തിലും മുസ്‌ലിംകളുടെ ഉപമ ഒരു ശരീരത്തിന്റെ ഉപമയാണ്. ശരീരത്തിലെ ഒരു അവയവം രോഗബാധിതമായി വേവലാതിപ്പെടുമ്പോള്‍ മറ്റു ശരീരാവയവങ്ങള്‍ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും രോഗബാധിതമായ അവയവത്തിനു വേണ്ടി പരസ്പരം നിലകൊള്ളും” (മുസ്‌ലിം).

അബ്ദുല്ലാഹ് ഇബ്‌നുഉമറി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ   പറഞ്ഞു: ”…ഒരു സഹോദരനോടൊപ്പം ഒരു ആവശ്യം വീട്ടുന്നതുവരെ അതിനുവേണ്ടി ഞാന്‍ നടക്കലാണ്, എനിക്ക് ഈ പള്ളി(മസ്ജിദുന്നബവി)യില്‍ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനെക്കാള്‍ ഏറെ ഇഷ്ടം… ഒരാള്‍ മുസ്‌ലിമായ തന്റെ സഹോദരനോടൊപ്പം അയാളുടെ ഒരു ആവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതുവരെ നടന്നുപോവുകയാണെങ്കില്‍ അയാളുടെ കാല്‍പാദങ്ങളെ അല്ലാഹു, കാലുകള്‍ പതറുന്ന നാളില്‍ (അന്ത്യനാളില്‍) ഉറപ്പിച്ചു നിര്‍ത്തും” (ത്വബ്‌റാനി. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു).

അബൂദര്‍റി(റ)ല്‍ നിന്നും നിവേദനം. അദ്ദേഹം തന്റെ ഒരു അടിമയെ ശകാരിച്ചപ്പോള്‍ അദ്ദേഹത്തെ ഗുണദോഷിച്ചുകൊണ്ട് തിരുനബി ﷺ   പറഞ്ഞു: ”അബൂദര്‍റ്! താങ്കള്‍ ജാഹിലിയ്യത്തുള്ള ഒരു വ്യക്തി തന്നെ. അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അവരെ അല്ലാഹു നിങ്ങളുടെ കീഴിലാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഭക്ഷിക്കുന്നതില്‍നിന്ന് നിങ്ങളവരെ ഭക്ഷിപ്പിക്കുക. നിങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ അവരെ ധരിപ്പിക്കുക. അവര്‍ക്കു കഴിയാത്തത് നങ്ങള്‍ അവരോട് കല്‍പിക്കരുത്. നിങ്ങള്‍ അവരോട് കല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കുക” (മുസ്‌ലിം).

സഹകരണം ഫലം കൊയ്യുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ദുല്‍ക്വര്‍നയ്‌നിയുടെയും അദ്ദേഹത്തോട് സഹായമര്‍ഥിച്ച ജനതയുടെയും ചരിത്രം. അക്രമികളായ ഒരു ജനവിഭാഗത്തിന് മറികടക്കുവാനും ദ്വാരമുണ്ടാക്കുവാനും കഴിയാത്ത വിധം ശക്തിമത്തായ ഒരു അണ നിര്‍മിക്കുവാന്‍ സാധിച്ചുവെന്നതാണ് ഈ സഹകരണത്തിന്റെ പ്രകടമായ മേന്മയും ഫലവും.

അല്ലാഹു—പറയുന്നു: ”അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ച് തരാം” (ക്വുര്‍ആന്‍ 18:83).

 ”അങ്ങനെ അദ്ദേഹം രണ്ട് പര്‍വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല. അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ്-മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം. നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ടുവന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്) തീപോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ. ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ. പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ്-മഅ്ജൂജിന്ന്) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല” (ക്വുര്‍ആന്‍ 18:93-97).

തിരുനബി ﷺ   തന്റെ കുടുംബത്തോട് സഹകരിക്കാറുള്ളത് ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങള്‍ ഇവിടെ നല്‍കാം. അല്‍അസ്‌വദി(റ)ല്‍ നിന്ന് നിവേദനം: ”ഞാന്‍ ആഇശ(റ)യോടു ചോദിച്ചു: ‘നബി ﷺ   തന്റെ വീട്ടില്‍ എന്താണ് ചെയ്തിരുന്നത്?’ അവര്‍ പറഞ്ഞു: ‘തിരുമേനി വീട്ടുകാരെ ഖിദ്മത്ത് (വീട്ടുജോലികളില്‍ സഹായിക്കുക) ചെയ്യുകയായിരിക്കും. നമസ്‌കാര സമയമായാല്‍ അദ്ദേഹം നമസ്‌കാരത്തിനു പുറപ്പെടും”(ബുഖാരി).

ആഇശ(റ)യില്‍ നിന്നുള്ള മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ”അല്ലാഹുവിന്റെ തിരുദൂതര്‍ രാത്രിയില്‍ നമസ്‌കരിക്കുമായിരുന്നു. തിരുമേനി വിത്‌റാക്കിയാല്‍ പറയും: ആഇശാ, എഴുന്നേറ്റ് വിത്ര്‍ നമസ്‌കരിക്കൂ” (മുസ്‌ലിം).

മദീനയിലേക്കുള്ള ഹിജ്‌റക്കു ശേഷം മസ്ജിദുന്നബവി നിര്‍മിക്കുവാന്‍ തന്റെ അനുചരന്മാരോടൊത്ത് തിരുമേനി സഹകരിച്ചതും അഹ്‌സാബ് യുദ്ധത്തില്‍ തന്റെ അനുചരന്മാരോടൊത്ത് കിടങ്ങു കുഴിച്ചതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. അന്‍സ്വാരികളുടെയും മുഹാജിറുകളുടെയും സഹകരണവും സഹകരണത്തില്‍ അന്‍സ്വാരികളുടെ വിശാല മനസ്‌കതയും വിശ്രുതമാണ്.

അബ്ദുര്‍റഹ്മാന്‍ ഇബ്‌നുഔഫ്(റ) പറഞ്ഞു: ”ഞങ്ങള്‍ മദീനയിലേക്ക് വന്നപ്പോള്‍ തിരുദൂതര്‍ ﷺ   എന്റെയും സഅ്ദ് ഇബ്‌നു റബിഇന്റെയും ഇടയില്‍ സാഹോദര്യമുണ്ടാക്കി. അപ്പാള്‍ എന്നോട് സഅ്ദ് പറഞ്ഞു: ‘അന്‍സ്വാരികളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളവനാണ്. എന്റെ സ്വത്തിന്റെ പകുതി ഞാന്‍ നിങ്ങള്‍ക്ക് ഭാഗിച്ചുതരുന്നു. എന്റെ രണ്ടു ഭാര്യമാരില്‍ താങ്കള്‍ ഇച്ഛിക്കുന്നവളെ നിങ്ങള്‍ കാണുക. അവളെ ഞാന്‍ താങ്കള്‍ക്കായി ഒഴിഞ്ഞുതരാം. അവളുടെ ദീക്ഷാകാലം കഴിഞ്ഞാല്‍ താങ്കള്‍ക്കവരെ വിവാഹം കഴിക്കാമല്ലോ.’ അപ്പോള്‍ അബ്ദുര്‍റഹ്മാന്‍(റ) പറഞ്ഞു: ‘അതില്‍ എനിക്ക് ആവശ്യമില്ല. കച്ചവടമുള്ള വല്ല അങ്ങാടിയുമുേണ്ടാ?’ അദ്ദേഹം പറഞ്ഞു: ‘ക്വയ്‌നുക്വാഅ് അങ്ങാടിയുണ്ട്…”(ബുഖാരി).

യജമാനനുമായി മോചന കരാറിലേര്‍പ്പെട്ട സല്‍മാനുല്‍ഫാരിസി(റ) കരാറനുസരിച്ച് മോചനസംഖ്യ ഉടമപ്പെടുത്തിയിരുന്നില്ല. അദ്ദേഹം ദരിദ്രനായിരുന്നു. അപ്പോള്‍ തിരുനബി ﷺ   സ്വഹാബത്തിനോട് പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ സഹോദരനെ സഹായിക്കുക.” അവര്‍ അദ്ദേഹത്തെ സഹായിക്കുകയും അടിമത്തത്തില്‍ നിന്ന് മോചിതനായി അദ്ദേഹം സ്വതന്ത്രനാവുകയും ചെയ്തു.

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

അവധാനത

അവധാനത

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 6)

ധൃതി വെടിയലും സാവകാശം കൈക്കൊള്ളലും കാര്യങ്ങള്‍ അവധാനതയോടെ ഉറപ്പാക്കലും തീര്‍പ്പാക്കലും നിയന്ത്രിക്കലും സല്‍സ്വഭാവങ്ങളില്‍ പെട്ടതാണ്. ഒരു വ്യക്തിയുടെ മികച്ച ബുദ്ധിയും ഹൃദയസമാധാനവുമാണ് അയാളുടെ അവധാനത വിളിച്ചറിയിക്കുന്നത്. വഴികേടില്‍ നിന്നും തെറ്റുകളില്‍നിന്നും ദുര്‍ഗുണങ്ങളില്‍ നിന്നും പൈശാചിക തന്ത്രങ്ങള്‍, ആധിപത്യം എന്നിവയില്‍ നിന്നും അത് മനുഷ്യനെ സംരക്ഷിക്കും. അല്ലാഹുവിന്റെ പ്രീതിയും ഇഷ്ടവും അത് മനുഷ്യന് നേടിക്കൊടുക്കുകയും ചെയ്യും.

അബ്ദുല്‍ക്വയ്‌സ് ഗോത്രത്തിലെ അശജ്ജിനോട് തിരുദൂതര്‍ ﷺ പറഞ്ഞു:

”താങ്കളില്‍ രണ്ട് സ്വഭാവങ്ങളുണ്ട്. അവരണ്ടും അല്ലാഹു ഇഷ്ടപ്പെടുന്നു. വിവേകവും അവധാനതയും”(മുസ്‌ലിം). അനസി(റ)ല്‍നിന്ന് നിവേദനം:

”സാവകാശം അല്ലാഹുവില്‍ നിന്നാണ്. ധൃതി പിശാചില്‍ നിന്നുമാണ്” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സാവകാശം അല്ലാഹുവില്‍ നിന്നാണ് എന്നു പറഞ്ഞാല്‍ അവന്‍ ഇഷ്ടപ്പെടുകയും പ്രതിഫലമേകുകയും ചെയ്യുന്ന കാര്യമാണത് എന്നാണ്. ധൃതി പിശാചില്‍ നിന്നാണ് എന്നാല്‍ വസ്‌വാസിലൂടെ ധൃതി കാണിക്കുവാന്‍ പ്രേരണയേകുന്നത് പിശാചാണെന്നാണ്; കാരണം ധൃതി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പര്യവസാനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും തടയിടുന്നു.

അബൂസഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം: ”സാവകാശം എല്ലാ വിഷയത്തിലും ഉത്തമമാണ്. പരലോകത്തിനായുള്ള കര്‍മങ്ങളിലൊഴികെ” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

വാര്‍ത്തകള്‍ വരുമ്പോഴും കേര്‍ക്കുമ്പോഴും അവധാനത കാണിക്കലും ഉറപ്പാക്കലും സ്ഥിരീകരിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പോയാല്‍ (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്. ഇഹലോക ജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്). എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അത് പോലെ (അവിശ്വാസത്തില്‍) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ (കാര്യങ്ങള്‍) വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 4:94).

”സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുംകൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കുവാന്‍ വേണ്ടി” (ക്വുര്‍ആന്‍ 49:06).

നമസ്‌കാരത്തിലേക്ക് പോകുമ്പോള്‍ സാവകാശവും സമാധാനവും പാലിക്കല്‍ കല്‍പിക്കപ്പെട്ട കാര്യമാണ്. ധൃതിയും തിരക്കുകൂട്ടലും വിരോധിക്കപ്പെട്ടതുമാണ്. അബൂക്വത്വാദ(റ) പറയുന്നു:

”നബിയോടൊപ്പം ഞങ്ങള്‍ നമസ്‌കരിച്ചുകൊണ്ടിരിക്കവെ ആളുകളുടെ കോലാഹലം നബി ﷺ  കേട്ടു. നബി ﷺ  നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ചോദിച്ചു: ‘നിങ്ങളുടെ കാര്യം എന്താണ്?’ അവര്‍ പ്രതികരിച്ചു: ‘നമസ്‌കാരത്തിലേക്ക് ധൃതികാണിച്ചതാണ്.’ തിരുമേനി ﷺ  പറഞ്ഞു: ‘നിങ്ങള്‍ ധൃതി കാണിക്കരുത്. നിങ്ങള്‍ നമസ്‌കാരത്തിലേക്ക് വരികയായാല്‍ നിങ്ങളില്‍ സമാധാനമുണ്ടാകണം. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങള്‍ പൂര്‍ത്തിയാക്കുക”(മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബൂഹുറയ്‌റ(റ) പറയുന്നു: ”നിങ്ങള്‍ ഇക്വാമത്ത് കേട്ടാല്‍ സമാധാനവും ഒതുക്കവുമുള്ളവരായി നമസ്‌കാരത്തിലേക്ക് നടന്നുചെല്ലുക. നിങ്ങള്‍ ധൃതികാണിക്കരുത്. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ് കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങള്‍ പൂര്‍ത്തിയാക്കുക” (ബുഖാരി).

വിജ്ഞാനം നുകരുമ്പോഴും അറിവ് അഭ്യസിക്കുമ്പോഴും ധൃതി വെടിയലും സാവകാശം കൈക്കൊള്ളലും അനിവാര്യമാണ്. തിരുദൂതരോട് അല്ലാഹു പറയുന്നു:

”നീ അത്(ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ടു നിന്റെ നാവ് ചലിപ്പിക്കേണ്ട” (ക്വുര്‍ആന്‍ 75:16).

സംസാരിക്കുമ്പോള്‍ മനസ്സിലാകുംവിധം സാവകാശത്തിലും വ്യക്തതയിലും സംസാരിക്കണം. നബി ﷺ യുടെ സംസാര മര്യാദയെ കുറിച്ച് ആഇശ(റ) പറയുന്നു:

”തിരുമേനി സംസാരിക്കുമായിരുന്നു. എണ്ണുന്ന ഒരാള്‍ അത് എണ്ണിയിരുന്നുവെങ്കില്‍ അതിനെ തിട്ടപ്പെടുത്താമായിരുന്നു”(സുനനു അബൂദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അനസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ  ഒരു വചനം പറഞ്ഞാല്‍ അത് തിരുമേനിയില്‍ നിന്ന് മനസ്സിലാക്കപ്പെടുവാന്‍ മൂന്നു തവണ ആവര്‍ത്തിക്കുമായിരുന്നു…” (ബുഖാരി).

നിരപരാധിയായിട്ടും ജയില്‍ജീവിതം നയിക്കേണ്ടിവന്നു യൂസുഫ് നബി(അ)ക്ക്. തന്നെ ജയിലിലടച്ച ഭരണാധികാരി അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ തീരുമാനിക്കുകയും പ്രസ്തുത വിവരം വിളിച്ചറിയിക്കുവാന്‍ ആളെ നിയോഗിക്കുകയും ചെയ്തപ്പോള്‍ യൂസുഫ് നബി(അ) ധൃതി കാണിക്കുകയോ എടുത്ത് ചാടുകയോ ചെയ്തില്ല. പ്രത്യുത അദ്ദേഹത്തിന്റെ പ്രതികരണം,

നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തംകൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. (ക്വുര്‍ആന്‍ 12:50)

യൂസുഫ് നബി കാണിച്ച അവധാനതയെ ഒരിക്കല്‍ തിരുദൂതര്‍ പറഞ്ഞു:

”യൂസുഫ് കഴിച്ചു കൂട്ടിയ കാലം ഞാന്‍ ജയിലില്‍ കഴിച്ചു കൂട്ടുകയും എന്നെ വിളിക്കുവാന്‍ രാജദൂതന്‍ വരുകയും ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ക്ഷണത്തിന് ഞാന്‍ ഉത്തരമേകുമായിരുന്നു.”(ബുഖാരി)

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

പുണ്യകര്‍മങ്ങള്‍

പുണ്യകര്‍മങ്ങള്‍

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 5)

ഇസ്‌ലാം പഠിപ്പിക്കുന്ന മഹത്തായ aസ്വഭാവഗുണങ്ങളില്‍ ഒന്നാണ് ‘ബിര്‍റ്.”’ബിര്‍റ്’ എന്തെന്നു വിശദീകരിച്ച് നബി ﷺ   പറഞ്ഞു: ”സല്‍സ്വഭാവമാകുന്നു ബിര്‍റ്. നിന്റെ മനസ്സിന് ചൊറിച്ചിലുണ്ടാക്കുകയും ജനങ്ങള്‍ നോക്കിക്കാണുന്നത് നിനക്ക് അനിഷ്ടകരമാവുകയും ചെയ്യുന്നത് പാപവും”(ബുഖാരി).

വാബിസ്വ ഇബ്‌നു മഅ്ദ്(റ) പറഞ്ഞു: ”ഞാന്‍ തിരുദൂതരുടെ അടുക്കല്‍ ചെന്നു. തിരുമേനി ﷺ   ചോദിച്ചു: ‘താങ്കള്‍ ബിര്‍റിനെ കുറിച്ചും പാപത്തെ കുറിച്ചും ചോദിക്കുവാനാണോ വന്നിരിക്കുന്നത്?’ ഞാന്‍ പറഞ്ഞു: ‘അതെ.’ തിരുമേനി ﷺ   പറഞ്ഞു: ‘താങ്കളുടെ മനസ്സിനോട് വിധി ചോദിക്കുക. മനസ്സ് സമാധാനമടഞ്ഞതേതോ അതാണ് ബിര്‍റ്. ഹൃദയം ശാന്തി കണ്ടതുമാണ് ബിര്‍റ്” (മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ബന്ധം ചാര്‍ത്തലും നന്മയേകലും നന്നായി വര്‍ത്തിക്കലുമാണ് ബിര്‍റ്. ഏഴു കാര്യങ്ങള്‍ ബിര്‍റിലെ നിധികളായി പരിചയപ്പെടുത്തപെട്ടിട്ടുണ്ട്. ആരാധനയിലുള്ള ആത്മാര്‍ഥത (ഇഖ്‌ലാസ്വ്), മാതാപിതാക്കള്‍ുള്ള പുണ്യം, കുടുംബബന്ധം ചാര്‍ത്തല്‍, അമാനത്തിന്റെ നിര്‍വഹണം, പാപത്തിന്റെ വിഷയത്തില്‍ ആരെയും അനുസരിക്കാതിരിക്കല്‍, ദേഹേച്ഛ പ്രവൃത്തിക്കാതിരിക്കല്‍, പുണ്യകര്‍മത്തില്‍ കഠിനാധ്വാനിയാകലും അല്ലാഹുവെ ഭയക്കലും അവന്റെ പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പ്പിക്കലും തക്വ്‌വ കൈകൊള്ളലും നാഥനെ ഭയക്കലും ബിര്‍റിനുള്ള മാര്‍ഗമാണ്. (സമര്‍ക്വന്ദിയുടെ തന്‍ബീഹുല്‍ഗാഫിലീന്‍ പേജ്: 253).

അല്ലാഹു—പറഞ്ഞു: ”പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍” (ക്വുര്‍ആന്‍ 2:189).

”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല” (ക്വുര്‍ആന്‍ 3:92).

ലുബ്ധ്, പിശുക്ക് എന്നീ രോഗങ്ങളില്‍നിന്ന് മനസ്സിനെ ചികിത്സിക്കുക, ദാനം നിര്‍വഹിക്കുക, നന്മയുടെ മാര്‍ഗത്തില്‍ ധനം വ്യയം ചെയ്യുവാനും പരിശ്രമിക്കുക എന്നിവ ബിര്‍റിന് സഹായകമാവുന്ന മാര്‍ഗമാണ്. അല്ലാഹു— പറഞ്ഞു:

”നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍” (ക്വുര്‍ആന്‍ 2:177).

ബിര്‍റിന്റെ മഹത്ത്വവും പ്രാധാന്യവും അറിയിച്ച് തിരുമേനി ﷺ   പറഞ്ഞു: ”പുണ്യം മാത്രമാകുന്നു ആയുസ്സില്‍ വര്‍ധനവുണ്ടാക്കുന്നത്. പ്രാര്‍ഥന മാത്രമാകുന്നു വിധിയെ തടുക്കുന്നത്” (സുനനു ഇബ്‌നി മാജ. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ   പറഞ്ഞു: ”നിങ്ങള്‍ സത്യസന്ധത കൃത്യമായി പാലിക്കുക. കാരണം സത്യസന്ധത നന്മയി(ബിര്‍റ്)ലേക്കു നയിക്കും. നന്മയാകട്ടെ സ്വര്‍ഗത്തിലേക്കും നയിക്കും”(മുസ്‌ലിം).

അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: ‘നിങ്ങള്‍ അല്ലാഹുവെ കാണുന്നതുപോലെ നിങ്ങള്‍ അവനെ ആരാധിക്കുക. നിങ്ങളെ നിങ്ങള്‍ മരണംവരിച്ചവരില്‍ എണ്ണുക. നിങ്ങള്‍ക്ക് ഐശ്വര്യമേകുന്ന തുച്ഛമായതാണ് നിങ്ങളെ അശ്രദ്ധമാക്കുന്ന കൂടുതല്‍ സമ്പത്തിനെക്കാള്‍ ഉത്തമം. ബിര്‍റ് ഒരിക്കലും നശിക്കുകയില്ലെന്നും പാപം ഒരിക്കലും മറയുകയില്ലെന്നും നിങ്ങള്‍ അറിയുക”  (മുസ്വന്നഫു ഇബ്‌നിഅബീ ശയ്ബ).

അബൂദര്‍റ് അല്‍ഗിഫാരി(റ) പറഞ്ഞു: ”ബിര്‍റ് ചെയ്യുന്നതോടൊപ്പം ദുആ, ഭക്ഷണത്തില്‍ ഉപ്പ് എത്രമാത്രം മതിയോ അത്രമാത്രം മതി” (മുസ്വന്നഫു ഇബ്‌നി അബീശെയ്ബ).

ഇബ്‌നുല്‍ക്വയ്യിം പറഞ്ഞു: ”പുണ്യപ്രവൃത്തികള്‍ ദാസനെ സജീവമാക്കുകയും അവനെ നിലനിര്‍ത്തുകയും ചെയ്യും. അവ അവനെയുംകൊണ്ട് അല്ലാഹുവിലേക്ക് കയറും. അവന് പുണ്യങ്ങളോടുള്ള ബന്ധത്തിന്റെ ശക്തിക്കനുസരിച്ച് അവയുടെ ഉയര്‍ച്ചയോടൊപ്പം അവനും ഉയര്‍ച്ചയുാകും” (ത്വരീക്വുല്‍ഹിജ്‌റതയ്ന്‍).

എല്ലാ സല്‍പ്രവൃത്തികളും ബന്ധം ചാര്‍ത്തലും നന്മയും ‘ബിര്‍റ്’ എന്ന പദം ഉള്‍കൊള്ളുന്നു. എന്നാല്‍ ബിര്‍റിന്റെ ഏറ്റവും പ്രധാനമായ ഒരു രൂപം മാതാപിതാക്കള്‍ക്കു നേരെയുള്ളതാകുന്നു. ഈസാ നബി(അ)യെയും യഹ്‌യാനബി(അ)യെയും പ്രശംസിച്ചു കൊണ്ട് അല്ലാഹു പറയുന്നത് നോക്കൂ:

”തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല” (ക്വുര്‍ആന്‍ 19:14).

”(അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല” (ക്വുര്‍ആന്‍ 19:32).

മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുന്നതിന്റെ മഹത്ത്വമറിയിക്കുന്ന ഏതാനും തിരുമൊഴികളും സംഭവങ്ങളും താഴെ നല്‍കുന്നു.

അബൂ ഉസയ്ദ് അസ്സാഇദീ(റ)യില്‍ നിന്ന് നിവേദനം:

”ഞങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതരോടൊപ്പമായിരിക്കെ ബനൂസലമ ഗോത്രത്തില്‍പെട്ട ഒരു വ്യക്തി തിരുസവിധത്തിലെത്തി. അയാള്‍ ചോദിച്ചു: ‘എന്റെ മാതാപിതാക്കളുടെ മരണാനന്തരം ഞാന്‍ അവര്‍ക്ക് നിര്‍വഹിക്കുവാന്‍ ശേഷിക്കുന്ന വല്ല ബിര്‍റും ഉേണ്ടാ?’ തിരുമേനി ﷺ   പറഞ്ഞു: ‘അതെ. അവരുടെ മേല്‍ ജനാസ നമസ്‌കാരം, അവര്‍ക്ക് വേണ്ടിയുള്ള പാപമോചന തേട്ടം, അവരുടെ വാഗ്ദാനങ്ങള്‍ അവരുടെ വിയോഗാനന്തരം നടപ്പിലാക്കല്‍, അവരിലൂടെ മാത്രം ചേര്‍ക്കപ്പെടുന്ന കുടുംബബന്ധം ചാര്‍ത്തല്‍, അവരുടെ കൂട്ടുകാരെ ആദരിക്കല്‍” (ഇബ്‌നി ഹിബ്ബാന്‍).

മുആവിയത് അസ്സുലമി(റ)യില്‍ നിന്ന് നിവേദനം: ”ഞാന്‍ അല്ലാഹുവിന്റെ റസൂലിന്നരികില്‍ ചെന്നു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗവും ഞാന്‍ ആഗ്രഹിക്കുന്നു.’ തിരുമേനി ﷺ   പറഞ്ഞു: ‘താങ്കള്‍ക്ക് നാശം, താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ഞാന്‍ പറഞ്ഞു: അതെ. തിരുമേനി പറഞ്ഞു: മടങ്ങിച്ചെന്ന് അവര്‍ക്ക് പുണ്യം ചെയ്യുക. ശേഷം ഞാന്‍ മറുഭാഗത്തിലൂടെ തിരുമേനി യെ സമീപിച്ചു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വര്‍ഗവും ഞാന്‍ആഗ്രഹിക്കുന്നു. തിരുമേനി പറഞ്ഞു: താങ്കള്‍ക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുോ ഞാന്‍ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി പറഞ്ഞു: മടങ്ങിച്ചെന്ന് അവര്‍ക്ക് പുണ്യംചെയ്യുക. പിന്നീട് ഞാന്‍ മുന്നിലൂടെ തിരുമേനി ﷺ  യെ സമീപിച്ചു. ഞാന്‍ പറഞ്ഞു: തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വര്‍ഗവും ഞാന്‍ ആഗ്രഹിക്കുന്നു. നബി(റ) പറഞ്ഞു: താങ്കള്‍ക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ ഞാന്‍ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി പ്രതികരിച്ചു: താങ്കള്‍ക്കു നാശം. അവരുടെ കാല്‍പാദത്തെ വിടാതെ കൂടുക. കാരണം അവിടെയാണ് സ്വര്‍ഗം” (സുനനുഇബ്‌നിമാജഃ. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: ”തന്റെ പിതാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോട് ബന്ധം ചാര്‍ത്തുകയെന്നത് ഏറ്റവും വലിയ പുണ്യമാകുന്നു.”(മുസ്‌ലിം)

മുഖപ്രസന്നത

സന്തോഷവും പുഞ്ചിരിയും നല്ല മുഖഭാവവും തന്മയത്തവും ആളുകളെ അഭിമുഖീകരിക്കുമ്പോഴുള്ള പ്രസന്നതയുമൊക്കെ അനിവാര്യവും അഭികാമ്യവുമാണ്. തിരുസുന്നത്തില്‍ തല്‍വിഷയത്തില്‍ കല്‍പനകളും നിര്‍ദ്ദേശങ്ങളും ഏറെയാണ്. അബൂദര്‍റില്‍ഗിഫാരി(റ)യില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. തിരുനബി എന്നോടു പറഞ്ഞു:

 ”നന്മയില്‍ യാതൊന്നും താങ്കള്‍ നിസാരവല്‍കരിക്കരുത്; താങ്കളുടെ സഹോദരനെ മുഖപ്രസന്നതയില്‍ കണ്ടുമുട്ടുന്നതായാല്‍പോലും.” (മുസ്‌ലിം) മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്:

 ”നിന്റെ സഹോദരന്റെ മുഖത്തു(നോക്കിയുള്ള) നിന്റെ പുഞ്ചിരി നിനക്കു സ്വദക്വഃയാണ്.” ജാബിറി(റ)

യില്‍ നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമാണുള്ളത്:

”എല്ലാ നന്മയും സ്വദക്വഃയാകുന്നു. നിശ്ചയം താങ്കളുടെ സഹോദരനെ മുഖപ്രസന്നതയില്‍ കണ്ടുമുട്ടുന്നത് നന്മയില്‍പെട്ടതാകുന്നു.” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

തിരുദൂതരുടെ മാതൃക ഈ വിഷയത്തില്‍ അനുചരന്മാരും പ്രവാചകപത്‌നിമാരും വര്‍ണിക്കുന്നത് ഏറെ വശ്യമാണ്. ഏതാനും വര്‍ണനകള്‍ ഇവിടെ നല്‍കുന്നു. ആഇശ(റ)യില്‍ നിന്ന് നിവേദനം:

”തിരുനബി ﷺ  യെ ഒരിക്കലും ഗൗരവതരത്തിലും ചെറുനാക്ക് കാണും വിധം ചിരിക്കുന്നതായും ഞാന്‍ കണ്ടിട്ടില്ല. തിരുമേനി പുഞ്ചിരിക്കുക മാത്രമായിരുന്നു.” (ബുഖാരി)

ജരീര്‍ ഇബ്‌നു അബ്ദില്ല(റ)യില്‍ നിന്ന് നിവേദനം: ”ഞാന്‍ ഇസ്‌ലാം സ്വീകരിച്ച നാളുമുതല്‍ തിരുനബി എന്നെ(തിരുദൂതരു ﷺ  ടെ അടുക്കലേക്ക് പ്രവേശിക്കുന്നത്) തടഞ്ഞിട്ടില്ല. എന്റെ മുഖത്തു നോക്കി പുഞ്ചിരിക്കാതെ എന്നെ തിരുമേനിക്ക് മുട്ടിയിട്ടുമില്ല.” (ബുഖാരി)

ബര്‍റാഅ് ഇബ്‌നു ആസിബില്‍ നിന്ന് നിവേദനം:

”തിരുനബി മനുഷ്യരില്‍ ഏറ്റവുമധികം മുഖസൗന്ദര്യം ഉള്ളവനായിരുന്നു.” (ബുഖാരി) അബൂ ഇസ്ഹാക്വി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. ബറാഇ(റ)നോട് ചോദിക്കപ്പെട്ടു:

”തിരുനബി ﷺ  യുടെ മുഖം തിളങ്ങുന്ന വാളു പോലെയായിരുന്നുവോ അദ്ദേഹം പറഞ്ഞു: അല്ല ചന്ദ്രനെപ്പോലെയായിരുന്നു.”(ബുഖാരി)

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

നിസ്വാര്‍ഥത

നിസ്വാര്‍ഥത

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 4)

 

ഉപകാരപ്രദമായ ഒരു വസ്തുവിന് താന്‍ ആവശ്യക്കാരനായിട്ടും തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതിന് ഈഥാര്‍ എന്ന് അറബി ഭാഷയില്‍ പറയും. ഔദാര്യത്തിന്റെയും ദാനവായ്പിന്റെയും ഏറ്റവും മികച്ച പദവിയാണത്. ഇത്തരം സ്വഭാവക്കാരെ പുകഴ്ത്തിയും ഇഹത്തിലും പരത്തിലും അവര്‍ വിജയികളാണെന്ന് വ്യക്തമാക്കിയും ഒരു വിശുദ്ധ വചനമുണ്ട്. മദീനയില്‍ നബി ﷺ യെയും മുഹാജിറുകളെയും മനസാ വാചാ കര്‍മണാ സ്വീകരിച്ച മദീനക്കാരായ അന്‍സ്വാരികളുടെ വിഷയത്തില്‍ അവതീര്‍ണമായതാണ് പ്രസ്തുത വചനം:

”അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും” (ക്വുര്‍ആന്‍ 59: 9).

ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ‘അഥവാ, അന്‍സ്വാരികള്‍ തങ്ങളുടെ ആവശ്യങ്ങളെക്കാള്‍ ഇതര ആവശ്യക്കാരെ മുന്തിപ്പിക്കുന്നു. തങ്ങള്‍ ഒരു കാര്യത്തിന് ആവശ്യമുള്ളവരായിരിക്കെ തന്നെ തങ്ങള്‍ക്കു മുമ്പായി അവര്‍ ജനങ്ങളില്‍ തുടങ്ങുന്നു.’

തങ്ങള്‍ക്കു സ്വാര്‍ഥമായത് ചെലവഴിക്കുന്നതിന്റെ മഹത്ത്വമറിയിച്ചുകൊണ്ട് അല്ലാഹു—പറയുന്നു: ”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 3:92).

”തീര്‍ച്ചയായും പുണ്യവാന്മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്റെ ചേരുവ കര്‍പ്പൂരമായിരിക്കും. അല്ലാഹുവിന്റെ ദാസന്മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്. അവരത് പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും. നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്നുപിടിക്കുന്ന ഒരു ദീവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയുംചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല” (ക്വുര്‍ആന്‍ 76:5-9).

തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതിന്റെ മഹത്ത്വവും അത്തരക്കാരുടെ സ്ഥാനവും അറിയിക്കുന്ന ഒരുസംഭവം ഇമാം ബുഖാരി അബൂമൂസല്‍അശ്അരി(റ)യില്‍നിന്ന് നിവേദനം ചെയ്യുന്നു:

”യുദ്ധത്തില്‍ അശ്അരികളുടെ ഭക്ഷണം തീര്‍ന്നാല്‍, അല്ലെങ്കില്‍ മദീനയില്‍ അവരുടെ കുടുംബത്തിന്റെ ഭക്ഷണം കമ്മിയായാല്‍ അവരുടെ അടുക്കലുള്ളതെല്ലാം ഒരു വസ്ത്രത്തില്‍ ശേഖരിക്കും. പിന്നീട് ഒരു പാത്രത്തില്‍ തന്നെ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. അവര്‍ എന്നില്‍ പെട്ടവരാണ്. ഞാന്‍ അവരില്‍ പെട്ടവനും”(ബുഖാരി).

ഭക്ഷണം കഴിക്കുമ്പോള്‍ മാന്യത കാണിക്കുക, സമത്വം കാണിക്കുക, സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുക എന്നിവയ്ക്കു പ്രോത്സാഹനമേകുന്ന ഒരു തിരുമൊഴി നോക്കൂ. ജാബിറി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു. തിരുദൂതര്‍ ﷺ  പറയുന്നത് ഞാന്‍ കേട്ടു:

”ഒരാളുടെ ഭക്ഷണം രണ്ടു പേര്‍ക്ക് മതിയാകും. രണ്ടു പേരുടെ ഭക്ഷണം നാലു പേര്‍ക്ക് മതിയാകും. നാലുപേരുടെ ഭക്ഷണം എട്ടു പേര്‍ക്ക് മതിയാകും” (മുസ്‌ലിം).

ജാബിര്‍(റ) പറയുന്നു: ഒരു യുദ്ധയാത്ര ഉദ്ദേശിച്ചപ്പോള്‍ നബി ﷺ  പറഞ്ഞു: ”മുഹാജിര്‍, അന്‍സ്വാരീ സമൂഹമേ, നിങ്ങളുടെ സഹോദരങ്ങളില്‍ ഒരു വിഭാഗത്തിന് സ്വത്തുക്കളോ സ്വന്തക്കാരോ ഇല്ല. അ തിനാല്‍ നിങ്ങളിലൊരാള്‍ ഒരു വ്യക്തിയെ അല്ലെങ്കില്‍ രണ്ടു വ്യക്തികളെ തന്നിലേക്ക് ചേര്‍ത്തു കൊള്ളട്ടെ. ഞങ്ങളിലാകട്ടെ ഒരാള്‍ക്കും അവരെ ഊഴമനുസരിച്ച് വഹിക്കാവുന്ന ഒരു ഒട്ടകമല്ലാതെ ഇല്ലതാനും. അങ്ങനെ ഞാന്‍ എന്നിലേക്ക് രണ്ട് അല്ലെങ്കില്‍ മൂന്ന് ആളുകളെ ചേര്‍ത്തു.”

ജാബിര്‍(റ) പറയുന്നു: എന്റെ ഒട്ടകപ്പുറത്ത് എനിക്കു സഞ്ചരിക്കുവാന്‍ അവര്‍ക്കുള്ള ഊഴമല്ലാതെ ഒരു ഊഴം എനിക്കുണ്ടായിരുന്നില്ല.”(1)

അനുപമ മാതൃകകള്‍

തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്ന തിരുദൂതരുടെയും അനുചരന്മാരുടെയും മഹനീയ മാതൃകകള്‍ ധാരാളമാണ്. ചിലത് ഇവിടെ നല്‍കുന്നു. സഹ്ല്‍ ഇബ്‌നു സഅദി(റ)ല്‍ നിന്ന് നിവേദനം:

”ഒരു മഹതി ഒരു ബുര്‍ദയുമായി വന്നു. സഹ്ല്‍(റ) ചോദിച്ചു: ‘ബുര്‍ദ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?’ അദ്ദേഹത്തോട് പറയപ്പെട്ടു: ‘കരയില്‍ നെയ്തുള്ള ഒരു വസ്ത്രമാണത്.’ ആ മഹതി പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയെ ധരിപ്പിക്കുവാന്‍ എന്റെ കൈകൊണ്ട് ഞാന്‍ ഇത് നെയ്തുണ്ടാക്കിയിരിക്കുന്നു.’ അതിന് ആവശ്യക്കാരനെന്ന നിലയ്ക്ക് തിരുമേനി അത് സ്വീകരിച്ചു. അത് ഉടുമുണ്ടായി ധരിച്ചുകൊണ്ട് അവിടുന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോള്‍ ജനങ്ങളില്‍ ഒരാള്‍ പറഞ്ഞു: ‘തിരുദൂതരേ, അത് എനിക്ക് ധരിപ്പിച്ചാലും.’ തിരുമേനി ﷺ  പറഞ്ഞു: ‘അതെ.’ നബി ﷺ  സദസ്സില്‍ ഇരുന്നു. ശേഷം തിരുമേനി മടങ്ങുകയും ആ തുണി മടക്കി ആ വ്യക്തിക്ക് കൊടുത്തയക്കുകയും ചെയ്തു. ആളുകള്‍ അയാളോട് പറഞ്ഞു: ‘താങ്കള്‍ ചെയ്തത് ശരിയായില്ല. ചോദിക്കുന്നവനെ നബി ﷺ  വെറുതെ മടക്കില്ലെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹത്തോട് താങ്കളത് ചോദിച്ചു.’ അയാള്‍ പറഞ്ഞു: ‘അല്ലാഹുവാണേ സത്യം! ഞാന്‍ മരിക്കുന്ന ദിവസം എന്റെ കഫന്‍ തുണിയാക്കുവാന്‍ മാത്രമാണ് അത് ഞാന്‍ ചോദിച്ചത്.’ സഹ്ല്‍(റ) പറയുന്നു: ‘അങ്ങനെ അതായിരുന്നു അയാളുടെ കഫന്‍ തുണി” (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”ഒരു വ്യക്തി നബി ﷺ യുടെ അടുക്കല്‍ വന്നു. തന്റെ ഭാര്യമാരുടെ അടുക്കലേക്ക് (ആഗതനെ സല്‍കരിക്കുവാന്‍ ഭക്ഷണമുേണ്ടാ എന്നന്വേഷിച്ച്) തിരുമേനി ആളെ വിട്ടു. അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ അടുക്കല്‍ വെള്ളം മാത്രമാണുള്ളത്.’ തിരുദൂതര്‍ ﷺ  പറഞ്ഞു: ‘ആരാണ് ഇയാളെ വിരുന്നുകാരനായി കൂടെകൂട്ടുക?’ അന്‍സ്വാരികളില്‍പെട്ട ഒരു വ്യക്തി ഞാന്‍ സന്നദ്ധനാണെന്ന് പറയുകയും തന്റെ ഭാര്യയുടെ അടുക്കലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹം ഭാര്യയോട് പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരുടെ അതിഥിയെ ആദരിക്കുക.’ അവര്‍ പറഞ്ഞു: ‘എന്റെ അടുക്കല്‍ മക്കള്‍ക്കുള്ള ഭക്ഷണമല്ലാതെ യാതൊന്നുമില്ല.’ അദ്ദേഹം പറഞ്ഞു: ‘ഭക്ഷണം ഒരുക്കുക. വിളക്ക് കത്തിക്കുക. കുട്ടികള്‍ രാത്രിഭക്ഷണം ആവശ്യപ്പെട്ടാല്‍ അവരെ ഉറക്കുക.’ അങ്ങനെ അവര്‍ ഭക്ഷണം തയ്യാറാക്കി, വിളക്കു കത്തിച്ചു, മക്കളെ കിടത്തിയുറക്കി. ശേഷം അവര്‍ വിളക്ക് ശരിയാക്കുവാനെന്നോണം എഴുന്നേല്‍ക്കുകയും വിളക്ക് കെടുത്തുകയും ചെയ്തു. ഭാര്യാഭര്‍ത്താക്കന്മാര്‍ ഭക്ഷിക്കുന്നവരായി അതിഥിക്കു മുന്നില്‍ നടിക്കുകയും വിശപ്പിനാല്‍ ചുരുണ്ടുകൂടി രാത്രി കഴിച്ചുകൂട്ടുകയും ചെയ്തു. പുലര്‍ന്നപ്പോള്‍ അവരിരുവരും തിരുദൂതരുടെ അടുക്കല്‍ ചെന്നു. തിരുമേനി ﷺ  പറഞ്ഞു: ‘നിങ്ങള്‍ രണ്ടു പേരുടെയും ചെയ്തികളില്‍ അല്ലാഹു ചിരിച്ചു-അല്ലെങ്കില്‍ ആശ്ചര്യപ്പെട്ടു.’ ഈ സന്ദര്‍ഭത്തില്‍ അല്ലാഹു—ഈ വചനം അവതരിപ്പിച്ചു:

”തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 59:10).

ഈ വിഷയത്തില്‍ അബൂബക്ര്‍(റ)മഹനീയ മാതൃകയാണ്. ഒരിക്കല്‍ അദ്ദേഹം അലിയ്യി(റ)നോട് പറഞ്ഞു: ”അല്ലാഹുവാണേ സത്യം! എന്റെ കുടുംബത്തോടു ബന്ധം ചാര്‍ത്തുന്നതിനെക്കാള്‍ നബി ﷺ യുടെ കുടുംബത്തോടുള്ള ബന്ധം ചാര്‍ത്തലാകുന്നു എനിക്ക് ഏറെ ഇഷ്ടകരം.”

അമീറുല്‍മുഅ്മിനീന്‍ ഉമറി(റ)ന് കുത്തേറ്റ സന്ദര്‍ഭത്തില്‍ മകന്‍ അബ്ദുല്ല(റ)യെ വിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഉമ്മുല്‍മുഅ്മിനീന്‍ ആഇശയുടെ അടുക്കലേക്ക് നീ ചെല്ലുക.’ ഉമറുബ്‌നുല്‍ഖത്ത്വാബ് നിങ്ങള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു എന്ന് പറയുകയും എന്റെ രണ്ട് കൂട്ടുകാരോടൊത്തു ഞാന്‍ മറമാടപ്പെടുന്നതിനെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്യുക.’ ആഇശ(റ) പറഞ്ഞു: ‘എനിക്കായി ഞാന്‍ ഉദ്ദേശിച്ച സ്ഥലമായിരുന്നു അത്. എന്നാല്‍ ഇന്ന് ഞാന്‍ അദ്ദേഹത്തിന് എന്നേക്കാള്‍ പ്രാമുഖ്യം കല്‍പിക്കുക തന്നെ ചെയ്യും.’ അബ്ദുല്ല(റ) തിരിച്ചു വന്നപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ‘എന്താണ് അവരുടെ പ്രതികരണം?’ ‘അമീറുല്‍ മുഅ്മിനീന്‍, അവര്‍ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു.’ ഉമര്‍(റ) പറഞ്ഞു: ‘ആ ക്വബ്‌റിടത്തോളം പ്രധാനമായ ഒന്നും എനിക്കുണ്ടായിരുന്നില്ല. ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ എന്റെ ജനാസ വഹിക്കുകയും സലാം പറയുകയും ഉമര്‍ അനുവാദം ചോദിക്കുന്നു എന്ന് പറയുകയും ചെയ്യുക. അവര്‍ എനിക്ക് അനുവാദം നല്‍കിയാല്‍ നിങ്ങള്‍ എന്നെ മറമാടുക. അനുവാദം നല്‍കിയില്ലെങ്കില്‍ മുസ്‌ലിംകളുടെ മക്വ്ബറയിലേക്ക് എന്നെ തിരിച്ചു കൊണ്ടുപോവുക.”

ആഇശ(റ)യില്‍ നിന്ന് നിവേദനം: ”എന്റെ അടുക്കലേക്ക് ഒരു സാധുസ്ത്രീ തന്റെ രണ്ടു പെണ്‍മക്കളെയും വഹിച്ചുകൊണ്ടുവന്നു. ഞാന്‍ അവര്‍ക്ക് മൂന്നു കാരക്കകള്‍ തിന്നുവാന്‍ നല്‍കി. അവര്‍ രണ്ടു കുട്ടികള്‍ക്കും ഒരോ കാരക്ക വീതം നല്‍കി. ഒരു കാരക്ക അവര്‍ തിന്നുവാന്‍ തന്റെ വായിലേക്ക് ഉയര്‍ത്തി. അപ്പോള്‍ ആ രണ്ടു പെണ്‍മക്കള്‍ ഉമ്മയോട് ആ കാരക്കയും അവര്‍ക്ക് തിന്നുവാന്‍ ചോദിച്ചു. അപ്പോള്‍ ആ ഉമ്മ താന്‍ തിന്നുവാന്‍ ഉദ്ദേശിച്ച കാരക്ക രണ്ടാക്കി ചീന്തി അവര്‍ക്കിടയില്‍ വീതിച്ചു നല്‍കി. അവരുടെ കാര്യം എന്നെ ആശ്ചര്യപ്പെടുത്തി. അവര്‍ പ്രവര്‍ത്തിച്ചത് അല്ലാഹുവിന്റെ ദൂതരോട് ഞാന്‍ ഉണര്‍ത്തി. അപ്പോള്‍ തിരുദൂതര്‍ ﷺ  പറഞ്ഞു: നിശ്ചയം, അല്ലാഹു അവര്‍ക്ക് ആ കാരക്കകൊണ്ട് സ്വര്‍ഗം അനിവാര്യമാക്കി. അല്ലെങ്കില്‍ അതിനാല്‍ അല്ലാഹു അവരെ നരകത്തില്‍ നിന്നും മോചിപ്പിച്ചു” (മുസ്‌ലിം).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

അമാനത്ത്

അമാനത്ത്

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 3)

ബാധ്യതകളുടെ നിര്‍വഹണവും സംരക്ഷണവുമാണ് അമാനത്ത്. ഒരാളുടെ മേല്‍ ബാധ്യതയാക്കപ്പെട്ട നമസ്‌കാരം, സകാത്ത്, നോമ്പ് പോലുള്ളതെല്ലാം അമാനത്തുകളാണ്. സൂക്ഷിപ്പുസ്വത്തുക്കള്‍, രഹസ്യങ്ങള്‍, സ്വകാര്യതകള്‍ തുടങ്ങിയവയും ഗൗരവപ്പെട്ട അമാനത്തുകളാകുന്നു. വിജയികളായ വിശ്വാസികള്‍ അമാനത്തിന്റെ പരിപാലകരും പരിരക്ഷകരുമാണ്. ഒരു വിശുദ്ധ വചനം നോക്കൂ:

”തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമത്രേ (ആ വിജയം പ്രാപിച്ചവരായ വിശ്വാസികള്‍)”

(ക്വുര്‍ആന്‍ 23:8)

വിധിവിലക്കുകള്‍ യഥാവിധം പാലിക്കല്‍ അമാനത്തിന്റെ നിര്‍വഹണമാണ്. കല്‍പനകളെ ശിരസ്സാവഹിച്ചും വിരോധങ്ങളെ വിട്ടകന്നും അമാനത്ത് പാലിക്കുവാന്‍ വിശുദ്ധ ക്വുര്‍ആന്‍ അനുശാസിച്ചിട്ടുണ്ട്. അമാനത്തുകള്‍ നിര്‍വഹിക്കേണ്ടുന്നതിന്റെ ഗൗരവവും പ്രധാന്യവുമാണ് പ്രസ്തുത അവതരണം അറിയിക്കുന്നത്.

”തീര്‍ച്ചയായും നാം ആ അമാനത്ത് (വിശ്വസ്ത ദൗത്യം, ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു” (ക്വുര്‍ആന്‍ 33:72).

അമാനത്തിന്റെ വിവരണത്തില്‍ ധാരാളം വാക്കുകള്‍ നല്‍കിയ ശേഷം ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ‘പുണ്യകര്‍മങ്ങള്‍, നിര്‍ബന്ധകര്‍മങ്ങള്‍, മതകാര്യങ്ങള്‍, ശിക്ഷാവിധികള്‍ എന്നിവയെല്ലാം അമാനത്തില്‍ പെട്ടതാണ്.’ അദ്ദേഹം പറഞ്ഞു: ‘ഈ അഭിപ്രായങ്ങളെല്ലാം ഒന്നൊന്നിനെ നിരാകരിക്കുന്നില്ല. പ്രത്യുത, വിധിവിലക്കുകള്‍ ബാധകമാക്കുക, കല്‍പനകളും വിരോധങ്ങളും അവയുടെ നിബന്ധനകള്‍ക്കൊത്ത് സ്വീകരിക്കുക എന്നതില്‍ എല്ലാം യോജിക്കുകയും പ്രസ്തുത ആശയത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. കല്‍പനകളും വിരോധങ്ങളും നിബന്ധനകള്‍ക്ക് ഒത്ത് സ്വീകരിക്കുക എന്നത് മനുഷ്യന്‍ അവ നിര്‍വഹിച്ചാല്‍ അവന് പ്രതിഫലം നല്‍കപ്പെടുമെന്നതും കയ്യൊഴിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്നതുമാണ്. എന്നാല്‍ അല്ലാഹു—നന്മയിലക്ക് ഉദവിനല്‍കിയവരൊഴിച്ചുള്ളവര്‍ തങ്ങളുടെ ദുര്‍ബലതയും അജ്ഞതയും അന്യായവുമുള്ള നിലയ്ക്ക് അവ സ്വീകരിച്ചു.’

ഉടമസ്ഥനോ അല്ലെങ്കില്‍ അയാളുടെ പ്രതിനിധിയോ പ്രതിഫലമൊന്നും നല്‍കാതെ സൂക്ഷിക്കുന്നവന്റെ അടുക്കല്‍ നിക്ഷേപിക്കുന്ന വസ്തുക്കളാണല്ലോ വദീഅത്തുകള്‍ (സൂക്ഷിപ്പുസ്വത്തുകള്‍). അവയെല്ലാം യഥാവിധം നിര്‍വഹിക്കല്‍ അമാനത്തിന്റെ തേട്ടമാകുന്നു. ഈ വിഷയത്തില്‍ അല്ലാഹുവിന്റെ വചനം നോക്കൂ:

”ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ(വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റട്ടെ” (ക്വുര്‍ആന്‍ 2:283).

”വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ നീതിയോടെതീര്‍പ്പു കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു” (ക്വുര്‍ആന്‍ 4:58).

നബി ﷺ  പറഞ്ഞു: ”നിന്നെ വിശ്വസിച്ചേല്‍പിച്ചവനിലേക്ക് അമാനത്ത് തിരിച്ചേല്‍പിക്കുക. നിന്നെ ചതിച്ചവനെ നീ ചതിക്കരുത്”(സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

‘അമാനത്ത്’ എന്നതിന്റെ വിപരീതപദമാണ് ‘ഖിയാനത്ത്.’ ഖിയാനത്ത് വഞ്ചനയാണ്. വഞ്ചന ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ട കൊടിയ കുറ്റവുമാണ്.

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്” (ക്വുര്‍ആന്‍ 8:27).

ഈ ആയത്തിന്റെ വിവരണത്തില്‍ ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ”ഈ ഖിയാനത്ത്(വഞ്ചന) ചെറുതും വലുതുമായ എല്ലാ പാപങ്ങളെയും പൊതുവില്‍ ഉള്‍കൊള്ളുന്നു; പ്രസ്തുത പാപങ്ങള്‍ സ്വന്തത്തോട് ചെയ്തതാകട്ടെ, അന്യരോട് ചെയ്തതാകട്ടെ.”

അലിയ്യ് ഇബ്‌നു അബീത്വല്‍ഹ(റ)യില്‍ നിന്നും ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി നിവേദനം: ”നിങ്ങള്‍ അമാനത്തുകളില്‍ വഞ്ചന കാണിക്കുകയും ചെയ്യരുത്. അമാനത്ത് എന്നാല്‍ അല്ലാഹു അടിയാറുകളെ വിശ്വസിച്ചേല്‍പിച്ച നിര്‍ബന്ധ കര്‍മങ്ങളാണ്. നിങ്ങള്‍ വഞ്ചന കാണിക്കരുത് എന്നാല്‍ നിങ്ങള്‍ അവ ലംഘിക്കരുത് എന്നുമാണ്. വഞ്ചന മുസ്‌ലിമിന്റെ ലക്ഷണമല്ല; വിശിഷ്യാ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളിലും വസ്തുവകകളിലും. അത് കപടന്മാരുടെ ദുര്‍ഗുണമാണ്.”

നബി ﷺ  പറഞ്ഞു: ”കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാകുന്നു. അവന്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ വഞ്ചിക്കും” (ബുഖാരി).

അമാനത്ത് നിര്‍വഹിക്കുന്നതിന്റെ പ്രാധാന്യമറിയിക്കുന്ന ഒരു തിരുമൊഴി ഇപ്രകാരം വന്നിട്ടുണ്ട്: ”നബി ﷺ  ഞങ്ങളോട് പ്രസംഗിക്കുമ്പോഴെല്ലാം ഇപ്രകാരം പറയുമായിരുന്നു: അമാനത്തില്ലാത്തവര്‍ക്ക് ഈമാനില്ല. കരാര്‍ പാലനമില്ലാത്തവര്‍ക്ക് ദീനുമില്ല”(മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

നബി ﷺ യും അബൂദര്‍റും(റ) തമ്മില്‍ നടന്ന ഒരു സംഭാഷണം അമാനത്തിന്റെ ഗൗരവം ഉറക്കെ വിളിച്ചോതുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു:

‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?’ അപ്പോള്‍ നബി ﷺ  തന്റെ കൈകൊണ്ട് എന്റെ ഇരുചുമലുകളിലും തട്ടി. ശേഷം തിരുമേനി പറഞ്ഞു: ‘അബൂദര്‍റ്! താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടെ അമാനത്തുമാണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെമേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്.’ (മുസ്‌ലിം).

അബൂദര്‍റി(റ)ല്‍നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ നബി ﷺ  പറഞ്ഞതായി ഇപ്രകാരമാണുള്ളത്: ”അബൂദര്‍റ്! താങ്കളെ ഞാന്‍ ദുര്‍ലബനായി കാണുന്നു. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ ആളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധനവും ഏറ്റെടുക്കരുത്’ (മുസ്‌ലിം).

മതനിഷ്ഠകളില്‍ ആദ്യമായി ആളുകള്‍ക്ക് കൈമോശം വന്നുപോകുന്നത് അമാനത്തായിരിക്കുമെന്ന മുന്നറിയിപ്പും വിഷയത്തിന്റെ ഗൗരവമാണറിയിക്കുന്നത്. അനസ് ഇബ്‌നുമാലികി ﷺ ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”നിങ്ങളുടെ ദീനില്‍ ആദ്യമായി നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് അമാനത്തായിരിക്കും. അതില്‍ അവസാനത്തേത് നമസ്‌കാരവുമായിരിക്കും” (മകാരിമുല്‍അഖ്‌ലാക്വ്, ഇമാം അല്‍ഖറാഇത്വി. അല്‍ബാനി സ്വഹീഹെന്ന്‌വിശേഷിപ്പിച്ചു).

അന്ത്യനാളിന്റെ അടയാളങ്ങള്‍ അനവധിയാണ്. അവയെക്കുറിച്ചുള്ള അനുസ്മരണ വേളയില്‍ അമാനത്തിനെ വിശേഷിച്ച് എണ്ണിയതും അമാനത്ത് നഷ്ടപ്പെടുത്തല്‍ അന്ത്യനാളിന്റെ അടയാളമാണെന്ന് പ്രത്യേകം പറഞ്ഞതും അതിന്റെ പ്രാധാന്യവും ഗൗരവവും തന്നെയാണ് അറിയിക്കുന്നത്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു സംഭവം നോക്കൂ:

”നബി ﷺ  ഒരു സദസ്സില്‍ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ഒരു ഗ്രാമീണ അറബി നബി ﷺ യുടെ അടുക്കല്‍ ആഗതനായി. അയാള്‍ ചോദിച്ചു: ‘അന്ത്യനാള്‍ എപ്പോഴാണ്?’ തിരുമേനി ﷺ  തന്റെ സംസാരം തുടര്‍ത്തികൊണ്ടുപോയി. ജനങ്ങളില്‍ ചിലര്‍പറഞ്ഞു: ‘അയാളുടെ ചോദ്യം റസൂല്‍ ﷺ കേട്ടിരിക്കുന്നു; എന്നാല്‍ അദ്ദേഹത്തിന് അതില്‍ നീരസമുണ്ടായി.’ ചിലര്‍ പറഞ്ഞു: ‘നബി ﷺ  അത് കേട്ടിട്ടില്ല.’ തിരുദൂതര്‍ ﷺ  തന്റെ സംസാരം അവസാനിപ്പിച്ചപ്പോള്‍ ചോദിച്ചു: ‘അന്ത്യനാളിനെ കുറിച്ച് ചോദിച്ച വ്യക്തി എവിടെയാണ്?’ അയാള്‍ പറഞ്ഞു: ‘തിരുദൂതരേ, ഞാന്‍ ഇതാ.’ നബി ﷺ  പറഞ്ഞു: ‘അമാനത്ത് നഷ്ടപ്പെടുത്തപ്പെട്ടാല്‍ താങ്കള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക.’ അയാള്‍ ചോദിച്ചു: ‘എങ്ങനെയാണ് അത് നഷ്ടപ്പെടുത്തല്‍?’ തിരുമേനി ﷺ  പറഞ്ഞു: ‘കാര്യങ്ങള്‍ അതിന്റെ അര്‍ഹരല്ലാത്തവരിലേക്ക് ഏല്‍പിക്കപ്പെട്ടാല്‍ താങ്കള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക’ (ബുഖാരി).

മഹച്ചരിതങ്ങള്‍

പ്രവാചകത്വത്തിനു മുമ്പുതന്നെ മക്കാനിവാസികളുടെ ‘അല്‍അമീന്‍’ (വിശ്വസ്തന്‍) ആയിരുന്നു നബി  ﷺ  എന്നത് സുവിദിതമാണല്ലോ. തിരുദൂതരുടെ സംസാരത്തിലെ സത്യസന്ധതയും അമാനത്ത് നിര്‍വഹണത്തിലെ കാര്യക്ഷമതയും സ്വഭാവ മാഹാത്മ്യവും മക്കയില്‍ പാട്ടായിരുന്നു. അതിനാലാണ് കുലീനയും സമ്പന്നയുമായ ഖദീജ(റ) തിരുമേനി ﷺ യെ വിളിച്ചുവരുത്തി സിറിയയിലേക്കുള്ള തന്റെ കച്ചവടച്ചരക്കുകളുടെ ചുമതല ഏല്‍പിച്ചത്. ഖദീജ(റ)യുടെ ഭൃത്യന്‍ മയ്‌സറയോടൊപ്പം കച്ചവട സംഘത്തെ നയിച്ച തരുദൂതരി ﷺ ല്‍ മയ്‌സറ കണ്ടത് സത്യസന്ധതയും വിശ്വാസ്യതയുമാണ്. പ്രസ്തുത സ്വഭാവ വിശേഷതകള്‍ തന്നെയാണ് ഖദീജ(റ)യെ നബി ﷺ യിലേക്ക് അടുപ്പിച്ചതും അവരില്‍ നിന്നുള്ള വിവാഹാഭ്യര്‍ഥനയിലേക്കെത്തിച്ചതും.

ഹിറോക്ലിയസ് രാജാവും റോമന്‍ അധിപന്മാരും അബൂസുഫ്‌യാന്‍(റ) അവിശ്വാസിയായിരുന്ന നാളില്‍ അദ്ദേഹവുമായി ഈലിയാ പട്ടണത്തില്‍ സന്ധിച്ചപ്പോള്‍ ഹിറോക്ലിയസ് ചോദിച്ചു: ‘മുഹമ്മദ് ചതിപ്രയോഗം നടത്താറുണ്ടോ?’ ഇല്ലെന്ന അബൂസുഫ്‌യാന്റെ പ്രതികരണത്തിന് ഹിറോക്ലിയസിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘അപ്രകരമാണ് ദൈവദൂതന്മാര്‍; അവര്‍ ചതിക്കുകയില്ല.’

മുഹമ്മദ് നബി ﷺ  അനുശാസിക്കുന്ന കാര്യങ്ങളേതെന്ന ഹിറോക്ലിയസിന്റെ ചോദ്യത്തിന് അബൂസുഫ്‌യാന്‍ നല്‍കിയ മറുപടിയും അമാനത്തിന്റെ പ്രധാന്യം വിളച്ചോതുന്നു. അബൂസുഫ്‌യാന്‍ പറഞ്ഞു: ‘നിങ്ങള്‍ ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കണം; അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കരുത്. നിങ്ങളുടെപൂര്‍വികര്‍ പറയുന്ന തെറ്റുകള്‍ നിങ്ങള്‍ കയ്യൊഴിക്കുക. കൂടാതെ, നമസ്‌കരിക്കുവാനും ദാനം നല്‍കുവാനും പരിശുദ്ധി പ്രാപിക്കുവാനും ബന്ധങ്ങള്‍ നല്ല രീതിയിലാക്കുവാനും കരാര്‍ പാലിക്കുവാനും അമാനത്ത് നിര്‍വഹിക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പിക്കുന്നു.’

നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് എന്നീനബിമാരുടെ ചരിത്രങ്ങള്‍ സൂറതുശ്ശുഅറാഇല്‍ അല്ലാഹു നല്‍കിയപ്പോള്‍ അവരെക്കുറിച്ച് പറഞ്ഞത് ‘തീ ര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു’ (ക്വുര്‍ആന്‍ 26:107) എന്നാണ്.

പ്രസ്തുത അധ്യായത്തിലെ 125, 143, 162,178 എന്നീ വചനങ്ങളും നബിമാരുടെ വിഷയത്തില്‍ ഇതേ സ്വഭാവഗുണം എടുത്തുപറയുന്നുണ്ട്.

മൂസാ നബി(അ) മദ്‌യന്‍കാരനായ വ്യക്തിയുടെ രണ്ട് പെണ്‍മക്കള്‍ക്ക് വെള്ളം കോരി നല്‍കിയപ്പോള്‍ അവരില്‍ ഒരു പെണ്‍കുട്ടി മൂസാനബി(അ)യെ കുറിച്ച് തന്റെ പിതാവിനോടു പറഞ്ഞതായി അല്ലാഹു പറയുന്നു:

 ”എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ” (ക്വുര്‍ആന്‍ 27:26).

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

ചങ്ങാത്തം

ചങ്ങാത്തം

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 2)

ഹൃദയം ഇണങ്ങിയുള്ള ചങ്ങാത്തവും ഐക്യത്തോടുകൂടിയുള്ള ഒത്തുകൂടലും ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച സ്വഭാവമാണ്. വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത് നോക്കൂ:

”’നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്” (ക്വുര്‍ആന്‍ 3:103).

പരസ്പര കലഹത്തിലും കലാപത്തിലും കൊലപാതകങ്ങളിലും കാലംകഴിച്ചിരുന്ന ജാഹിലീ അറബികളെ ഇസ്‌ലാമിലൂടെ ഇണക്കുകയും അവരെ പരസ്പരം വിളക്കിച്ചേര്‍ക്കുകയും ചെയ്തത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമായാണ് വിശുദ്ധക്വുര്‍ആന്‍ എടുത്ത് പറയുന്നത്:

”നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു” (3:103).

”ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍. അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു” (8:62,63.)

പാരസ്പര്യത്തിലും ഒത്തൊരുമയിലും ചങ്ങാത്തത്തിലും ജീവിക്കുന്നതിന്റെ സ്ഥാനവും മഹത്ത്വവും അറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”സത്യവിശ്വാസി ഇണങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യും. ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യാത്തവനില്‍ യാതൊരു നന്മയുമില്ല”(സുനനുദ്ദാറക്വുത്വ്‌നി. അല്‍ബാനി ഹസനുന്‍സ്വഹീഹെന്ന് വിധിച്ചത്).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”നിശ്ചയം, അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തിരിക്കുന്നവര്‍ പെരുമാറുവാന്‍ കൊള്ളുന്ന നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവര്‍ (തങ്ങളുടെ സ്വഭാവം കൊണ്ട്) ഇണങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യുന്നവരായിരിക്കും” (ത്വബ്‌റാനി. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

ഇമാം സുയൂത്വി പറഞ്ഞു: ”യഥാര്‍ഥ ആരാധ്യനായ അല്ലാഹുവാണെ സത്യം! ഐക്യം അനുഗ്രഹമാണ്. അനൈക്യം പീഡനവും.”

അബ്ശീഹീ പറഞ്ഞു: ”പരസ്പര ഐക്യം ശക്തിയുടെയും ശക്തി തക്വ്‌വയുടെയും കാരണമാകുന്നു. തക്വ്‌വയാകട്ടെ സുഭദ്രമായ കോട്ടയും സുശക്തമായ സ്തംഭവുമാകുന്നു.”

ചങ്ങാത്തത്തില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാന വിഷയം ആരുമായി ചങ്ങാതിയാകുന്നു എന്നതാണ്. നബി ﷺ യുടെ ഒരു വസ്വിയ്യത്ത് നോക്കൂ:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”ഒരാള്‍ തന്റെ കൂട്ടുകാരന്റെ ആദര്‍ശത്തിനനുസരിച്ചാണ്. അതിനാല്‍ നിങ്ങളിലൊരാള്‍ ആരോടു കൂട്ടുകൂടുന്നുവെന്ന് പര്യാലോ ചികട്ടെ” (സുനനു അബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചത്).

പരലോകത്ത് ഉപകരിക്കുന്ന ചങ്ങാതിമാരുടെ വിഷയ ത്തില്‍ അല്ലാഹു—പറഞ്ഞു: ”സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും; സൂക്ഷ്മത പാലിക്കുന്നവരൊഴികെ” (43:67).

ചങ്ങാത്തം കരഗതമാകുവാന്‍

ഒന്ന്: പരിചയപ്പെടുക, സഹവസിക്കുക.

നുഅ്മാന്‍ ഇബ്‌നുബശീറി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”പരസ്പര സ്‌നേഹത്തിലും വാത്സല്യത്തിലും കാരുണ്യത്തിലും മുസ്‌ലിംകളുടെ ഉപമ ഒരു ശരീരത്തിന്റെ ഉപമയാണ്. ശരീരത്തിലെ ഒരു അവയവം രോഗബാധിതമായി വേവലാതിപ്പെടുമ്പോള്‍ മറ്റു ശരീരാവയവങ്ങള്‍ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും രോഗബാധിതമായ അവയവത്തിനുവേണ്ടി പരസ്പരം നിലകൊള്ളും” (മുസ്‌ലിം).

രണ്ട്: അന്യോന്യം വിനയം കാണിക്കുക

ഇയാദ്വ് ഇബ്‌നുഹിമാരി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”നിങ്ങളില്‍ ഒരാളും ഒരാളോടും ഗര്‍വ് കാണിക്കാതിരിക്കുകയും ഒരാളും ഒരാളുടെ മേലും അതിക്രമം കാണിക്കാതിരിക്കുകയും ചെയ്യുവോളം നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്കു ബോധനം നല്‍കിയിരിക്കുന്നു” (മുസ്‌ലിം).

മൂന്ന്: ബാധ്യതകള്‍ നിറവേറ്റുക

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”ഒരു മുസ്‌ലിമിനു മറ്റൊരു മുസ്‌ലിമിനോട് ബാധ്യതയായി അഞ്ച് കാര്യങ്ങളുണ്ട്. സലാം മടക്കുക, രോഗിയെ സന്ദര്‍ശിക്കുക, ജനാസയെ പിന്തുടരുക, ക്ഷണത്തിനു ഉത്തരമേകുക, തുമ്മിയവനു വേണ്ടി പ്രാര്‍ഥിക്കുക (തശ്മീത്തുചെയ്യുക)”(ബുഖാരി).

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: ”ഒരു മുസ്‌ലിമിനു മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകള്‍ ആറാകുന്നു.” ചോദിക്കപ്പെട്ടു: ”അല്ലാഹുവിന്റെ തിരുദൂതരേ, അവ ഏതാണ്?” നബി ﷺ  പറഞ്ഞു: ”നീ അവനെ കണ്ടുമുട്ടിയാല്‍ അവനോട് സലാം പറയുക. അവന്‍ ക്ഷണിച്ചാല്‍ ഉത്തരമേകുക. ഉപദേശം ആരാഞ്ഞാല്‍ ഉപദേശിക്കുക. അവന്‍ തുമ്മിയ ശേഷം അല്‍ഹംദുലില്ലാഹ് പറഞ്ഞാല്‍ ‘യര്‍ഹമുകല്ലാഹ്’ എന്നു പറയുക. അവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കുക. അവന്‍ മരണപ്പെട്ടാല്‍ അവനെ അനുഗമിക്കുക” (മുസ്‌ലിം).

അല്‍ബര്‍റാഅ് ഇബ്‌നുആസിബി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ ഏഴ് കാര്യങ്ങള്‍ ഞങ്ങളോടു കല്‍പിച്ചു. രോഗസന്ദര്‍ശനം, ജനാസയെ അനുഗമിക്കല്‍, തുമ്മിയവനെ തശ്മീത്തു ചെയ്യല്‍, ദുര്‍ബലനെ സഹായിക്കല്‍, മര്‍ദിതനെ തുണക്കല്‍, സലാം വ്യാപിപ്പിക്കല്‍, സത്യം ചെയ്തതു നിറവേറ്റല്‍ എന്നിവയാണവ” (ബുഖാരി).

നാല്: സലാം വ്യാപിപ്പിക്കല്‍

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം! നിങ്ങള്‍ വിശ്വാസികള്‍ ആകുന്നതുവരെ നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ക്കു പരസ്പരം സ്‌നേഹിക്കാവുന്ന ഒരു സംഗതി ഞാന്‍ അറിയിച്ചുതരട്ടെയൊ? നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക!” (മുസ്‌ലിം).

അഞ്ച്: സന്ദര്‍ശനങ്ങള്‍

സന്ദര്‍ശനങ്ങള്‍ ഹൃദയങ്ങളെ അടുപ്പിക്കുകയും സാഹോദര്യം ഊട്ടിയുറപ്പിക്കുകയും ചെയ്യും. സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രതിഫലം മഹത്തരമാക്കിയതിലെ പൊരുളുകളിലൊന്നാണത്.

അനസി(റ)ല്‍ നിന്നും നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”സ്വര്‍ഗത്തില്‍ നിങ്ങളുടെ ആളുകളെ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെയോ?” ഞങ്ങള്‍ പറഞ്ഞു: ”അതെ. അല്ലാഹുവിന്റെ ദൂതരേ.” നബി ﷺ  പറഞ്ഞു: ”…പട്ടണത്തിന്റെ ഓരത്തുള്ള തന്റെ സഹോദരനെ സന്ദര്‍ശിക്കുന്ന വ്യക്തി, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മാത്രമാണ് ആ സന്ദര്‍ശനം നടത്തുന്നതെങ്കില്‍ അയാളും സ്വര്‍ഗത്തിലാണ്” (ത്വബ്‌റാനി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചത്).

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം. നബി ﷺ  പറഞ്ഞു:Ÿ”ഒരാള്‍ തന്റെ ഒരു സഹോദരനെ മറ്റൊരു നാട്ടില്‍ സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു. അപ്പോള്‍ അല്ലാഹു അയാളുടെ വഴിയെ ഒരു മലക്കിനെ നിരീക്ഷിക്കാനായി അയാളിലേക്കു നിയോഗിച്ചു. മലക്ക് അയാളുടെ അടുക്കലെത്തിയപ്പോള്‍ ചോദിച്ചു: ‘താങ്കള്‍ എവിടേക്കാണ് ഉദ്ദേശിക്കുന്നത്?’ അയാള്‍ പറഞ്ഞു: ‘ഈ നാട്ടില്‍ എന്റെ ഒരു സഹോദരനെ സന്ദര്‍ശിക്കുവാന്‍.’ മലക്ക് ചോദിച്ചു: ‘താങ്കള്‍ക്ക് ഉപകാരം ലഭിക്കുന്ന വല്ല അനുഗ്രഹവും താങ്കള്‍ക്കായി അയാളുടെ പക്കലുണ്ടോ?’ സന്ദര്‍ശകന്‍ പറഞ്ഞു: ‘ഇല്ല. പക്ഷേ, ഞാന്‍ അയാളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇഷ്ടപ്പെടുന്നു.’ മലക്ക് പ്രതികരിച്ചു: ‘എങ്കില്‍ ഞാന്‍ താങ്കളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു; താങ്കള്‍ അയാളെ ഇഷ്ടപ്പെട്ടതുപോലെ അല്ലാഹു താങ്കളെ ഇഷ്ടപ്പെട്ടിരിക്കുന്നു” (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ ദൂതര്‍ ﷺ  പറഞ്ഞു: ”ഒരാള്‍ തന്റെ സഹോദരനെ രോഗാവസ്ഥയില്‍ സന്ദര്‍ശനം നടത്തി, അല്ലെങ്കില്‍ ഒരു സൗഹൃദ സന്ദര്‍ശനം നടത്തി. അയാളോട് അല്ലാഹു–പറയും: ‘നീ നല്ലതു ചെയ്തു. നീ നിന്റെ നടത്തം നന്നാക്കി. സ്വര്‍ഗത്തില്‍ നിനക്കൊരു വീട് നീ തയ്യാറാക്കി” (ബുഖാരി).

ആറ്: മാന്യമായ ഭാഷണം

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”നീ എന്റെ ദാസന്മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കി വിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു”(ക്വുര്‍ആന്‍ 17: 53).

ഏഴ്: ദുര്‍ഗുണങ്ങള്‍ വെടിയുക

പിണക്കം സമ്മാനിക്കുകയും അനൈക്യം സൃഷ്ടിക്കുകയും ചെയ്യുന്ന ദുര്‍ഗുണങ്ങള്‍ വെടിയലും സല്‍സ്വഭാവം വെച്ചുപുലര്‍ത്തലും പാരസ്പര്യം ഊട്ടിയുറപ്പിക്കപ്പെടുവാന്‍ അത്യന്താപേക്ഷിതമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീഥിലെ വിരോധങ്ങളെ നോക്കൂ:

”….അന്യരെ പറ്റിക്കാന്‍ വില കയറ്റിപ്പറയരുത്…നിങ്ങള്‍ അന്യോന്യം വിദ്വേഷം വെച്ചുപുലര്‍ത്തരുത്… പരസ്പരം മുഖം തിരിക്കരുത്…”(മുസ്‌ലിം).

ഏഴ്: സമ്മാനങ്ങള്‍ നല്‍കുക

 സമ്മാനം നല്‍കല്‍ പാരസ്പര ബന്ധം സുദൃഢമാക്കമെന്നും സ്‌നേഹബന്ധം ഊഷ്മളമാക്കുമെന്നും നബി ﷺ  അറിയിച്ചിട്ടുണ്ട്.

ആഇശ(റ)യില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ”അന്യോന്യം സമ്മാനങ്ങള്‍ നല്‍കുക, എന്തുകൊെണ്ടന്നാല്‍ സമ്മാനങ്ങള്‍ നെഞ്ചകത്തെ പക എടുത്തുകളയുന്നു” (മുസ്‌നദുഅഹ്മദ്, അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചത്).

”നിങ്ങള്‍ സമ്മാനങ്ങള്‍ കൈമാറുക, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുക.”

പിണക്കം തീര്‍ക്കലും രജ്ഞിപ്പുണ്ടാക്കലും

ആളുകള്‍ക്കിടയിലെ പിണക്കങ്ങള്‍ തീര്‍ക്കുവാനും കുഴപ്പങ്ങള്‍ ഒതുക്കുവാനും ഇസ്‌ലാം കല്‍പിച്ചു. ഏതാനും പ്രമാണ വചനങ്ങള്‍ നോക്കൂ:

”അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 8: 01).

അബുദ്ദര്‍ദാഇ(റ)ല്‍ നിന്നും നിവേദനം; നബി ﷺ  പറഞ്ഞു: ”നോമ്പിനെക്കാളും നമസ്‌കാരത്തെക്കാളും ദാനധര്‍മങ്ങളെക്കാളും ഉല്‍കൃഷ്ടമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?” അവര്‍ പറഞ്ഞു; ”അതെ, അകന്നുനില്‍ക്കുന്നവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍. കാരണം, അകന്നുനില്‍ക്കുന്നവര്‍ക്കിടയിലെ കുഴപ്പമത്രെ ദീനിനെ നശിപ്പിക്കുന്നത്” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍

ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍

ഇസ്‌ലാമിക ശാസനകള്‍ – 01

സല്‍സ്വഭാവങ്ങള്‍ സ്വീകരിക്കുവാനുള്ള കല്‍പനകള്‍ പ്രമാണ വചനങ്ങളില്‍ ഏറെയാണ്. പ്രസ്തുത സ്വഭാവങ്ങളുടെ പ്രാധാന്യമാണ് അത് അറിയിക്കുന്നത്. ഏതാനും വചനങ്ങള്‍ കാണുക:

”നിശ്ചയം, അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍നിന്നും ദുരാചാരത്തില്‍നിന്നും അതിക്രമത്തില്‍നിന്നുമാണ്”

(ക്വുര്‍ആന്‍ 16:90).

”സദാചാരം കല്‍പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:199).

സ്വഭാവങ്ങള്‍ സമ്പാദിക്കാം

സ്വഭാവങ്ങളും പ്രകൃതങ്ങളും പ്രകൃതിദത്തവും സര്‍ഗസിദ്ധവുമെന്ന പോലെ ശീലിച്ചും അഭ്യസിച്ചും കാര്യകാരണങ്ങള്‍ എത്തിപ്പിടിച്ചും സമ്പാദിക്കാവുന്നതാണ്. പ്രമാണവചനങ്ങള്‍ ഈ വസ്തുതയറിയിക്കുന്നു. തിരുദൂതര്‍ ﷺ  പറഞ്ഞു: ”വിദ്യ അഭ്യസിച്ചുകൊണ്ടും വിവേകം സഹനംശീലിച്ചു കൊണ്ടും മാത്രമാണ് നേടാനാവുക. വല്ലവനും നന്മ തേടിയാല്‍ അവനത് നല്‍കപ്പെടും. വല്ലവനും തിന്മയെ സൂക്ഷിച്ചാല്‍ അവന് അതില്‍ നിന്നു സുരക്ഷ നല്‍കപ്പെടും.”

അബൂദര്‍റി(റ)ല്‍ നിന്നും മുആദ് ഇബ്‌നു ജബലി(റ)ല്‍ നിന്നും നിവേദനം. നബി ﷺ  പറഞ്ഞു:

”താങ്കള്‍ എവിടെയാണെങ്കിലും അല്ലാഹുവെ സൂക്ഷിക്കുക. തിന്മയെ നന്മ കൊണ്ട് തുടര്‍ത്തുക; തിന്മയെ നന്മ മായ്ച്ചുകളയും. ജനങ്ങളോടു നല്ല സ്വഭാവത്തില്‍ പെരുമാറുക” (സുനനുത്തുര്‍മുദി. തുര്‍മുദി ഹസനുന്‍ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു).

പ്രമാണവചനങ്ങള്‍ ഈ വിഷയത്തില്‍ ഏറെയാണ്. സ്വഭാവങ്ങളും പ്രകൃതങ്ങളും മാറ്റുവാനും തിരുത്തുവാനും സാധ്യമായവയാണെന്നാണ് ഇവയെല്ലാം അറിയിക്കുന്നത്. അവ മനുഷ്യരുടെ പ്രകൃതിയില്‍ ഊട്ടപ്പെട്ടത് മാത്രവും മാറ്റവും ഭേദഗതിയും അസാധ്യമായവയും ആയിരുന്നുവെങ്കില്‍ ഉപദേശ നിര്‍ദേശങ്ങള്‍ക്കും വസ്വിയ്യത്തുകള്‍ക്കും അച്ചടക്കനടപടികള്‍ക്കും പ്രസക്തിയുണ്ടാകുമായിരുന്നില്ല. എന്നു മാത്രമല്ല അസാധുവും അസാധ്യവുമായ വിധിവിലക്കുകളാകുമായിരുന്നു അവയെല്ലാം.

വ്യക്തിത്വ നിര്‍ണയത്തിന്റെ മാനദണ്ഡം

മുഖപ്രസന്നത, വിനയം, മാന്യവും മിതവുമായ ഭാഷണം, ഔദാര്യം, ആദരവ്, മനഃശുദ്ധി, വിവേകം, അവധാനത, സഹിഷ്ണുത, സഹനം, ക്ഷമ, ധീരത, തുടങ്ങിയുള്ള മാന്യഗുണങ്ങളും ഉത്തമ ശീലങ്ങളും സ്വീകരിച്ചുകൊണ്ടും ഇവയ്ക്കു നിരക്കാത്തതും ഇവയെ നിരാകരിക്കുന്നതുമായ സ്വഭാവങ്ങളും ശീലങ്ങളും വര്‍ജിച്ചു കൊണ്ടും ഒരാള്‍ ജീവിതത്തെ ധന്യമാക്കിയാല്‍ അയാളാണ് സല്‍ഗുണസമ്പന്നനും സല്‍സ്വഭാവിയും. മനുഷ്യന്‍ ദേഹം മാത്രമല്ല; ദേഹവും ദേഹിയുമാണ് അവന്‍. അവന്‍ പുറംതോട് മാത്രമല്ല. അവന്ന് അകവുമുണ്ട്. അവന്റെ വ്യക്തിത്വത്തെ നിലനിര്‍ത്തുന്നതിന് ആന്തരികമായ അവന്റെ രൂപത്തിനും ഭാവത്തിനുമുള്ള പങ്ക് വലുതാണ്. തിരുനബി ﷺ  പറഞ്ഞു:

”നിശ്ചയം, അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കും സമ്പത്തുകളിലേക്കും നോക്കുന്നില്ല. പ്രത്യുത അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മങ്ങളിലേക്കുമാണ്.”

നീളം, വീതി, വര്‍ണം, വര്‍ഗം, ദേശം, ഭാഷ, സമ്പത്ത് തുടങ്ങിയുള്ള അളവുകോലുകള്‍ കൊണ്ട് ഒരിക്കലും മനുഷ്യര്‍ അളക്കപ്പെടുകയില്ല; പ്രത്യുത കര്‍മങ്ങളും സ്വഭാവങ്ങളുമാണ് ആളുകളെ അളക്കുവാനുള്ള യഥാര്‍ഥ മാനഃദണ്ഡം. അല്ലാഹു പറയുന്നു:

”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 49:13).

മതാധ്യാപനങ്ങളും സല്‍സ്വഭാവങ്ങളും

ഇസ്‌ലാമിക വിശ്വാസകാര്യങ്ങള്‍ക്കും ആരാധനകള്‍ക്കും ഇടപാടുകള്‍ക്കും സ്വഭാവങ്ങളുമായുള്ള ബന്ധം സുദൃഢവും അവിഭാജ്യവുമാണ്. തണലും കനിയും കനിയാത്ത വൃക്ഷത്തെ പോലെയാണ് സല്‍സ്വഭാവമില്ലാത്തവന്റെ ഈമാനും ഇബാദത്തും. ഇടപാടുകള്‍ ഉത്തമ സ്വഭാവങ്ങളോടെയാണ് നിര്‍വഹിക്കേണ്ടതെന്ന് തിരുചര്യകള്‍ തെര്യപ്പെടുത്തുന്നു. ഈമാനും ഇബാദത്തും സ്വഭാവത്തെ വിളയിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു എന്നത് പ്രമാണങ്ങള്‍ വിളച്ചറിയിക്കുന്നു. നമസ്‌കാരത്തിന്റെ വിഷയത്തില്‍ അല്ലാഹു പറയുന്നു:

”നമസ്‌കാരം മുറ പോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു” (ക്വുര്‍ആന്‍ 29:45).

സല്‍സ്വഭാവങ്ങളുടെ മഹത്ത്വങ്ങള്‍

ഇഹപര നന്മകള്‍ നേടിത്തരുന്ന ധാരാളം മഹത്ത്വങ്ങള്‍ സല്‍സ്വഭാവങ്ങള്‍ക്കുള്ളതായി ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയില്‍ ചിലത് ചുവടെ നല്‍കുന്നു:

സ്വര്‍ഗ പ്രവേശനത്തിന് ഹേതുകം

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണെന്ന് തിരുദൂതര്‍ ﷺ  ചോദിക്കപ്പെട്ടു. അപ്പോള്‍ തിരുമേനി ﷺ  പറഞ്ഞു: ‘അല്ലാഹുവിലുള്ള തക്്വവയും സല്‍സ്വഭാവവും.’ ജനങ്ങളെ ഏറ്റവും കൂടുതല്‍ നരകത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണെന്ന് തിരുദൂതര്‍ ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പ്രതികരിച്ചു: ‘വായയും ഗുഹ്യാവയവവും”(സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്വര്‍ഗത്തില്‍ അത്യുന്നതങ്ങള്‍

അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: ”ആരാണോ തന്റെ സ്വഭാവം നന്നാക്കുന്നത് അവന് സ്വര്‍ഗത്തിന്റെ ഉന്നതിയില്‍ ഒരു വീടിന് ഞാന്‍ ജാമ്യം നില്‍ക്കുന്നു” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഈമാന്‍ പൂര്‍ണമാണെന്നതിന്റെ തെളിവ്

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”വിശ്വാസികളില്‍ പരിപൂര്‍ണ ഈമാനുള്ളവര്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവം ഉള്ളവരാണ്. നിങ്ങളില്‍ നല്ലവര്‍ തങ്ങളുടെ ഭാര്യമാരോട് സ്വഭാവം കൊണ്ട് നന്നായവരാണ്”(സുനനുത്തുര്‍മുദി. തുര്‍മുദി ഹസനെന്ന് വിശേഷിപ്പിച്ചു).

അല്ലാഹുവിന്റെ പ്രീതി നേടുന്നവര്‍

ഉസാമ ഇബ്‌നുശരീകി(റ)ല്‍ നിന്ന് നിവേദനം: ”അല്ലാഹുവിന്റെ അടിയാറുകളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ അവരിലെ സല്‍സ്വഭാവികളാണ്.”

നബി ﷺ യോട് അടുത്ത് കൂടുന്നവര്‍

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”നിശ്ചയം, അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവര്‍ പെരുമാറുവാന്‍കൊള്ളുന്ന നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവര്‍(തങ്ങളുടെ സ്വഭാവം കൊണ്ട്) ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യുന്നവരായിരിക്കും”(ത്വബ്‌റാനി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

തിരുദൂതരുടെ പ്രീതി നേടുന്നവര്‍

ജാബിര്‍ ഇബ്‌നുഅബ്ദില്ല(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”നിശ്ചയം, അന്ത്യനാളില്‍ നിങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവരും നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും”(സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

നന്മയുടെ തുലാസ് നിറക്കാം

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”സല്‍സ്വഭാവത്തെക്കാള്‍ അന്ത്യനാളില്‍ ഒരു സത്യവിശ്വാസിയുടെ തുലാസില്‍ കനം തൂങ്ങുന്ന യാതൊന്നുമില്ല. നിശ്ചയം, അല്ലാഹു നെറികെട്ടവനെയും തെമ്മാടിയെയും വെറുക്കുന്നു” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

പദവികള്‍ വര്‍ധിപ്പിക്കുവാന്‍

ആഇശ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”ഒരു വ്യക്തി തന്റെ സല്‍സ്വഭാവത്തിലൂടെ രാത്രി നമസ്‌കരിക്കുന്നവന്റെയും പകല്‍ നോമ്പനുഷ്ഠിക്കുന്നവന്റെയും പദവികള്‍ നേടുന്നതാണ്” (മുസ്‌നദ്. അര്‍നാഊത്വ് സ്വഹീഹുന്‍ലിഗയ്‌രിഹീയെന്ന് വിശേഷിപ്പിച്ചത്).

മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ”തീര്‍ച്ചയായും, ഒരു സത്യവിശ്വാസി തന്റെ സല്‍സ്വഭാവം കൊണ്ട് നോമ്പുകാരന്റെയും നമസ്‌കാരക്കാരന്റെയും പദവി കെണ്ടത്തുന്നതാണ്”(സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

ആയുസ്സ് വര്‍ധിപ്പിക്കാം

ആഇശ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”സല്‍സ്വഭാവവും നല്ല അയല്‍പക്കബന്ധവും ഭവനങ്ങളെ നന്നാക്കുകയും ആയുസ്സില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യും” (മുസ്‌നദു അഹ്മദ്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

മാതൃകാവ്യക്തിത്വം

അബ്ദുല്ലാഹ് ഇബ്‌നു അംറി(റ)ല്‍ നിന്നും നിവേദനം: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ  ദുഷിപ്പ് പറയുന്നവനോ ദുഷിച്ചത് ചെയ്യുന്നവനോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: ‘നിശ്ചയം, നിങ്ങളില്‍ ഉത്തമന്‍ നിങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാകുന്നു” (ബുഖാരി, മുസ്‌ലിം).

ഇഹ്‌സാന്‍

നന്മയില്‍ വര്‍ത്തിക്കുന്നതിനാണ് ഇഹ്‌സാന്‍ എന്ന് പറയുക. ഇഹ്‌സാന്‍ രണ്ടു തരമുണ്ട്:

ഒന്ന്: അല്ലാഹുവിനുള്ള ഇബാദത്തിലെ ഇഹ്‌സാന്‍. അഥവാ, അല്ലാഹുവിനെ നാം കാണുന്നില്ലെങ്കിലും അവനെ കാണുന്നതു പോലെ ആരാധന നിര്‍വഹിക്കുക, ഗുണകാംക്ഷാ നിര്‍ഭരവും സമ്പൂര്‍ണവുമായ നിലയ്ക്ക് അല്ലാഹുവിനുള്ള ബാധ്യതാനിര്‍വഹണം കാര്യക്ഷമമാക്കുക. പ്രതീക്ഷയും പേടിയും യഥാവിധം സമന്വയിപ്പിച്ചു കൊണ്ട് ഇബാദത്തെടുക്കുക. പ്രസ്തുത ഇഹ്‌സാനിനെ കുറിച്ച് നബി ﷺ  പറഞ്ഞു:

”അല്ലാഹുവിനെ നീ കാണുന്നതുപോലെ ആരാധിക്കുക, അവനെ നീ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്” (ബുഖാരി).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമുണ്ട്: ”അല്ലാഹുവിനെ നീ ഭയക്കുക; നീ അവനെ കാണുന്നതു പോലെ. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്” (മുസ്‌ലിം).

രണ്ട്: പടപ്പുകളോടുള്ള ഇഹ്‌സാന്‍. ഏതൊരു സൃഷ്ടിയോടായാലും നന്മയിലുള്ള വര്‍ത്തനമാണ് അതുകൊണ്ട് ഉദ്ദേശ്യം. മാതാപിതാക്കളോട്, അയല്‍വാസികളോട്, അനാഥകളോട്, അഗതികളോട്, ഇടപാടുകാരോട്, സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നവരോട്, തെറ്റ് ചെയ്തവരോട്, മൃഗങ്ങളോട് തുടങ്ങി പ്രസ്തുത വര്‍ത്തനം പലരോടുമാണ്.

അല്ലാഹു— ഇഹ്‌സാന്‍ കൊണ്ട് കല്‍പിച്ചു: ”തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനുമാണ്” (ക്വുര്‍ആന്‍ 16:90).

”അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക” (ക്വുര്‍ആന്‍ 28:77).

”നീ എന്റെ ദാസന്മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്” (ക്വുര്‍ആന്‍ 17:53).

”…നിങ്ങള്‍ ജനങ്ങളോട് നല്ല വാക്ക് പറയണം” (ക്വുര്‍ആന്‍ 2:83).

ശദ്ദാദ് ഇബ്‌നു ഔസി(റ)ല്‍ നിന്ന് നിവേദനം: ”എല്ലാ വസ്തുക്കളോടും നല്ല നിലയില്‍ വര്‍ത്തിക്കുവാനാണ് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. അതിനാല്‍ നിങ്ങള്‍ കൊല്ലുകയാണെങ്കില്‍ നല്ല നിലയില്‍ കൊല്ലുക. അറുക്കുകയാണെങ്കില്‍ നല്ല നിലയില്‍ അറുക്കുക. നിങ്ങളോരോരുത്തരും കത്തി മൂര്‍ച്ച കൂട്ടുകയും അറുക്കുന്ന ജീവിക്ക് ആശ്വാസം നല്‍കുകയും ചെയ്യേണ്ടതാണ്” (മുസ്‌ലിം).

അനസ് ഇബ്‌നുമാലികി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”നിങ്ങള്‍ വിധിച്ചാല്‍ നീതി പാലിക്കുക. നിങ്ങള്‍ വധിച്ചാല്‍ നല്ല നിലയിലാക്കുക. കാരണം അല്ലാഹു മുഹ്‌സിനാണ്. അവന്‍ മുഹ്‌സിനീങ്ങളെ ഇഷ്ടപ്പെടുന്നു” (മുഅ്ജമുത്ത്വബ്‌റാനി. അല്‍ബാനി സനദിനെ ജയ്യിദെന്ന് വിശേഷിപ്പിച്ചു).

ശദ്ദാദ് ഇബ്‌നു ഔസി(റ)ല്‍ നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമുണ്ട്: അല്ലാഹുവിന്റെ റസൂലി ﷺ ല്‍ നിന്ന് ഞാന്‍ രണ്ടു കാര്യങ്ങള്‍ മനഃപാഠമാക്കി.–

”നിശ്ചയം അല്ലാഹു മുഹ്‌സിനാകുന്നു. എല്ലാത്തിനോടും ഇഹ്‌സാന്‍ ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു…”(മുസ്വന്നഫു അബ്ദിര്‍റസാക്വ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”ഒരു വ്യക്തി ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അജ്ഞാനകാലത്ത്(ജാഹിലിയ്യത്തില്‍) പ്രവര്‍ത്തിച്ചതില്‍ ശിക്ഷിക്കപ്പെടുമോ?’ നബി ﷺ  പറഞ്ഞു: ‘വല്ലവനും ഇസ്‌ലാമില്‍ സുകൃതം പ്രവര്‍ത്തിച്ചാല്‍ ജാഹിലിയ്യത്തില്‍ ചെയ്തതില്‍ ശിക്ഷിക്കപ്പെടുകയില്ല. വല്ലവനും ഇസ്‌ലാമില്‍ തിന്മ പ്രവൃത്തിച്ചാല്‍ അവന്‍ ജാഹിലിയ്യത്തില്‍ ചെയ്തുപോയ തെറ്റിനാലും പില്‍കാലത്ത് ചെയ്ത തെറ്റിനാലും ശിക്ഷിക്കപ്പെടും” (ബുഖാരി).

ഇഹ്‌സാനിന്റെ മഹത്ത്വം, മുഹ്‌സിനുള്ള പ്രതിഫലം

അല്ലാഹു മുഹ്‌സിനുകളെ ഇഷ്ടപ്പെടുമെന്നും അവനും അവന്റെ കാരുണ്യവും അവരോടൊപ്പമാണെന്നും അവര്‍ക്ക് വര്‍ധിപ്പിച്ചു നല്‍കുമെന്നും അവര്‍ക്കു സുവിശേഷമുണ്ടെന്നും അവരുടെ പ്രതിഫലം പാഴാക്കില്ലെന്നും അറിയിച്ചു:

”നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും” (ക്വുര്‍ആന്‍ 2:195)

”തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു” (ക്വുര്‍ആന്‍ 7:56).

”…സല്‍കര്‍മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ്” (ക്വുര്‍ആന്‍ 7:161).

”തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും” (ക്വുര്‍ആന്‍ 16:128).

”…തീര്‍ച്ചയായും അല്ലാഹു സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം നഷ്ടപ്പെടുത്തിക്കളയുന്നതല്ല” (ക്വുര്‍ആന്‍ 9:120).

”…(നബിയേ,) സുകൃതം ചെയ്യുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്തയറിയിക്കുക” (ക്വുര്‍ആന്‍ 22:37).

സമാധാനത്തിന്റെയും സര്‍വസുഖങ്ങളുടെയും ഭവനമായ സ്വര്‍ഗവും സ്വര്‍ഗീയ അനുഗ്രഹങ്ങളുമാണ് മുഹ്‌സിനുകള്‍ക്ക് ലഭിക്കുന്ന മഹത്തായ മറ്റൊരു പ്രതിഫലം.

”അങ്ങനെ അവരീ പറഞ്ഞതു നിമിത്തം അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ പ്രതിഫലമായി നല്‍കി. അവരതില്‍ നിത്യവാസികളായിരിക്കും. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലമത്രെ അത്” (ക്വുര്‍ആന്‍ 5:85).

”തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു. അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും. (അവരോടു പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്” (ക്വുര്‍ആന്‍ 77:41-44)

സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വിശ്വാസികള്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹം അല്ലാഹു—വിന്റെ തിരുമുഖ ദര്‍ശനമാണ്. മുഹ്‌സിനുകളുടെ വിഷയത്തില്‍ അല്ലാഹുപറയുന്നതു നോക്കൂ:

”സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും (സ്വര്‍ഗവും) വര്‍ധനവുമുണ്ട്” (ക്വുര്‍ആന്‍ 10:26)

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക