ബന്ധങ്ങളുടെ പവിത്രത

ബന്ധങ്ങളുടെ പവിത്രത

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായതിനാല്‍ തന്റെ ജീവിതയാത്രയില്‍ ബന്ധപ്പെടുന്നവരോടെല്ലാം മാന്യമായ നിലയില്‍ വര്‍ത്തിക്കേണ്ടതുണ്ട്. കുടുംബബന്ധം പുലര്‍ത്തുകയും കടമകളും കടപ്പാടുകളും നിര്‍വഹിക്കുകയും ചെയ്യേണ്ടതുണ്ട്. സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നത് കാണുക:

”അപ്പോള്‍ നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമെ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍. തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച്‌കൊണ്ട് ക്ഷമകൈക്കൊള്ളുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്!” (ക്വുര്‍ആന്‍ 13:19-24).

”അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ ബന്ധങ്ങള്‍ ചേര്‍ത്തിക്കൊള്ളട്ടെ” (ബുഖാരി, മുസ്‌ലിം) എന്ന് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. ക്വുര്‍ആനില്‍ പല ഭാഗങ്ങളിലായി അല്ലാഹുവിന്റെ ഈ കല്‍പന നമുക്ക് കാണാം:

”നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല” (ക്വുര്‍ആന്‍ 4:36).

 ”കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍” (ക്വുര്‍ആന്‍ 13:21).

അബൂദര്‍റ്(റ) പറയുന്നു: ”എന്റെ കൂട്ടുകാരന്‍ നബി ﷺ  എന്നോട് ഏഴു കാര്യങ്ങള്‍ ഉപദേശിച്ചു. അതില്‍ ഒന്ന്, കുടുംബക്കാര്‍ എന്നെ അകറ്റിയാലും ഞാന്‍ അവരോട് ബന്ധം ചേര്‍ക്കണമെന്നതായിരുന്നു.”

നബി ﷺ  പറയുന്നു: ”അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക. ഭക്ഷണം നല്‍കുക. ബന്ധങ്ങള്‍ ചേര്‍ക്കുക. രാത്രിയില്‍ ആളുകള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ നമസ്‌കരിക്കുക. സുരക്ഷിതരായി നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം” (തിര്‍മുദി).

അല്ലാഹു പറയുന്നു: ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 4:1).

വാക്ക് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ബന്ധം മുറിയാന്‍ കാരണമാകുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഭയപ്പെടേണ്ടതുണ്ട്. നബി ﷺ  പറയുന്നു: ”അന്ത്യനാളില്‍ ബന്ധങ്ങള്‍ ചേര്‍ത്തവന് സാക്ഷിയായി കുടുംബബന്ധം സ്വിറാത്വിന്റെ ഇരുവശങ്ങളിലും നില്‍ക്കും. ബന്ധങ്ങള്‍ മുറിച്ചവര്‍ക്കെതിരിലും അത് സാക്ഷി പറയും. സ്വിറാത്വിലൂടെ ഓരോരുത്തരും കടന്നുപോകുമ്പോള്‍ ‘അല്ലാഹുവേ, ഇവന്‍ ബന്ധം ചേര്‍ത്തവനാണ്’ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.”

ഒരു വ്യക്തി വന്നുകൊണ്ട് പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, എന്നെ സ്വര്‍ഗത്തില്‍  പ്രവേശിപ്പിക്കുന്നതും നരകത്തില്‍നിന്ന് അകറ്റുന്നതുമായ ഒരു കര്‍മം പറഞ്ഞുതരൂ.” നബി ﷺ  പറഞ്ഞു: ”നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് നല്‍കുക. കുടുംബബന്ധം ചേര്‍ക്കുക” (ബുഖാരി, മുസ്‌ലിം).

”കുടുംബബന്ധം അര്‍ശിനോട് ബന്ധിക്കപ്പെട്ടതാണ്. അത് പറയും: ‘എന്നെ ചേര്‍ത്തവനോട് അല്ലാഹു ബന്ധം ചേര്‍ക്കും. എന്നെ മുറിച്ചവനോട് അല്ലാഹു ബന്ധം മുറിക്കും” (ബുഖാരി, മുസ്‌ലിം).

ബന്ധം മുറിക്കുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിന് അര്‍ഹരായവരാണ്:

”എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 47: 22,23).

”ബന്ധങ്ങള്‍ മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെ”ന്ന് നബി ﷺ  അറിയിച്ചിട്ടുണ്ട്. (സ്വഹീഹുല്‍ ജാമിഅ് 7548).

ബന്ധങ്ങളില്‍ ഏറ്റവും വലുത് മാതാപിതാക്കളോടുള്ളതാണ്. അതില്‍ വീഴ്ച വരുത്തുന്നവനും അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവനും മഹാപാപമാണ് ചെയ്യുന്നത്. മഹാപാപങ്ങള്‍ എന്താണെന്ന് പഠിപ്പിച്ചുകൊണ്ട് നബി ﷺ  പറഞ്ഞു: ”അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍, മാതാപിതാക്കള്‍ക്ക് എതിരു പ്രവര്‍ത്തിക്കല്‍” (ബുഖാരി).

നീരസത്തിന്റെ ചെറിയ വാക്കുപോലും അവരോട് പറയാന്‍ പാടില്ല:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17:23,24).

നിസ്സാര പ്രശ്‌നങ്ങളുടെ പേരിലും സാമ്പത്തിക ഇടപാടുകളുടെ പേരിലും സ്വന്തം മാതാപിതാക്കളോട് ഇടഞ്ഞ് നില്‍ക്കുന്നവരും അവരെ അസഭ്യം പറയുന്നവരുമായ എത്രയോ മക്കള്‍ നമ്മുടെ നാട്ടിലുണ്ട്. മക്കളാല്‍ കൊല്ലപ്പെടുന്ന മാതാപിതാക്കളുമുണ്ട്! അല്ലാഹുവിന്റെ കഠിനമായ ശിക്ഷയെ അവര്‍ ഭയപ്പെടേണ്ടതുണ്ട്. ‘മാതാപിതാക്കളോടുള്ള നന്ദി പൂര്‍ണമാക്കാതിരുന്നാല്‍ അല്ലാഹുവോടുള്ള നന്ദി സ്വീകരിക്കപ്പെടുകയില്ലെ’ന്ന ഇബ്‌നുഅബ്ബാസ്(റ)വിന്റെ പ്രസ്താവന നാം ഓര്‍ക്കുക. ഇഹലോകത്തു വെച്ചുതന്നെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള തെറ്റുകളില്‍ പെട്ടതാണ് മാതാപിതാക്കളോട് കാണിക്കുന്ന അനീതി.

ഇങ്ങോട്ട് ബന്ധം പുലര്‍ത്തുന്നവരോട് മാത്രം അങ്ങോട്ട് ബന്ധം പുലര്‍ത്തുന്നവരാണേറെയും. എന്നാല്‍ മുറിഞ്ഞുപോയ ബന്ധം ചേര്‍ക്കാനാണ് ഒരു സത്യവിശ്വാസി ശ്രമിക്കേണ്ടത്.

നബി ﷺ  പറയുന്നു: ”പ്രത്യുപകാരം ചെയ്യുന്നവനല്ല യഥാര്‍ഥ ബന്ധം ചേര്‍ക്കുന്നവന്‍. മറിച്ച്, മുറിഞ്ഞുപോയ ബന്ധം ചേര്‍ക്കുന്നവനാണ്” (ബുഖാരി).

നമ്മള്‍ അങ്ങോട്ട് മാന്യമായി നിന്നാലും ഇങ്ങോട്ട് മോശമായി പെരുമാറുകയും അകല്‍ച്ചക്കു ശ്രമിക്കുകയും ചെയ്യുന്നവരുണ്ടാകും. അത് നാം വിലവെക്കേണ്ടതില്ല. നമ്മുടെ ഉത്തരവാദിത്തം നാം നിര്‍വഹിക്കുക.

ഒരു വ്യക്തി വന്നുകൊണ്ട് നബി ﷺ യോട് പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ചില ബന്ധുക്കളുണ്ട്. ഞാന്‍ അവരോട് ബന്ധം ചേര്‍ക്കുകയും അവര്‍ എന്നോട് ബന്ധം മുറിക്കുകയും ചെയ്യുന്നു. ഞാന്‍ അവരോട് നന്മ ചെയ്യുന്നു. അവര്‍ എന്നോട് മോശമായി പെരുമാറുന്നു. ഞാനവരോട് വിവേകം കാണിക്കുന്നു. അവരെന്നോട് വിവരക്കേട് കാണിക്കുന്നു.” നബി ﷺ  പറഞ്ഞു: ”നീ പറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ നീ അവരെ ചൂടുള്ള വെണ്ണീറു തീറ്റിക്കുകയാണ്. നീ ഈ അവസ്ഥ തുടരുന്നിടത്തോളം അല്ലാഹുവിന്റെ സഹായം നിന്നോടൊപ്പമുണ്ടായിക്കൊണ്ടിരിക്കും.”

കുടുംബ പ്രശ്‌നങ്ങള്‍ ഇന്ന് സമൂഹത്തില്‍ അനവധിയുണ്ട്. കുടുംബാംഗങ്ങള്‍ ക്ഷമ കൈക്കൊള്ളുകയും അല്ലാഹുവിന്റെ പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്താലേ രക്ഷയുള്ളൂ. നമ്മുടെ ഒരു നോട്ടമോ, സംസാരമോ, പ്രവൃത്തിയോ പോലും ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നത് നാം സൂക്ഷിക്കുക. മതപരമായ ബാധ്യതകള്‍ വിസ്മരിക്കാതിരിക്കുക.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

മക്കയുടെ ശ്രേഷ്ഠതകള്‍

മക്കയുടെ ശ്രേഷ്ഠതകള്‍

മക്ക എന്ന നാടിന് ഏറെ ശ്രേഷ്ഠതകളും സവിശേഷതകളുമുണ്ടെന്ന് പരിശുദ്ധ ക്വുര്‍ആനും സ്ഥിരപ്പെട്ട ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്. പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അതേപടി ഉള്‍ക്കൊള്ളുക എന്നത് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. മക്കയുടെ പവിത്രതയെക്കുറിച്ച് പ്രമാണങ്ങള്‍ എന്ത് പറയുന്നു എന്ന് പരിശോധിക്കാം.

പവിത്രതയുള്ള രാജ്യം

ഇബ്‌റാഹീം നബി(അ)യിലൂടെ അല്ലാഹു പവിത്രത നല്‍കിയ നാടാണ് മക്ക. അല്ലാഹു പറയുന്നു:

”(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്…” (ക്വുര്‍ആന്‍ 27:91).

”…നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്….’ (ക്വുര്‍ആന്‍ 28:57).

ജാബിര്‍(റ)വില്‍നിന്ന്. നബി ﷺ  പറഞ്ഞു: ”തീര്‍ച്ചയായും ഇബ്‌റാഹീം നബി(അ) മക്കയെ പവിത്രമാക്കി” (മുസ്‌ലിം).

ഇബ്‌നു ഉമര്‍(റ)വില്‍നിന്ന്. നബി ﷺ  മിനായില്‍വെച്ച് സ്വഹാബികളോട് ചോദിച്ചു: ”ഈ ദിവസം ഏതാണെന്ന് നിങ്ങള്‍ക്കറിയുമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും റസൂലിനുമറിയാം.” നബി ﷺ  പറഞ്ഞു: ”തീര്‍ച്ചയായും ഇത് പവിത്രമായ ദിവസമാണ്. ഈ നാട് ഏതാണെന്ന് നിങ്ങള്‍ക്കറിയുമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും റസൂലിനുമറിയാം.” നബി ﷺ  പറഞ്ഞു: ”ഇത് പവിത്രമാക്കപ്പെട്ട നാടാണ്…” (ബുഖാരി).

അല്ലാഹു സത്യംചെയ്തു പറഞ്ഞ നാട്

മക്കയുടെ മഹത്ത്വം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: ”ഈ രാജ്യത്തെ (മക്കയെ) കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു” (ക്വുര്‍ആന്‍ 90:1).

അന്തിമദൂതന്‍ നിയോഗിതനായ നാട്, ഹജ്ജിന്റെ കര്‍മങ്ങളായ ത്വവാഫും സഅ്‌യും നടക്കുന്ന, അനേകം വിശ്വാസികള്‍ സമ്മേളിക്കുന്ന നാട്; അതാണ് മക്ക.

നിര്‍ഭയത്വത്തിന്റെ നാട്

ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും വസിക്കുന്നതിനുമെല്ലാം അല്ലാഹു നിര്‍ഭയത്വം നല്‍കിയ നാടാണ് മക്ക. അല്ലാഹു പറയുന്നു:

”ഇബ്‌റാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 14:35).

”അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ -(വിശിഷ്യാ) ഇബ്‌റാഹീം നിന്ന സ്ഥലം- ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്…” (ക്വുര്‍ആന്‍ 3:97).

ജാബിര്‍(റ)വില്‍നിന്ന്. നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടു: ”മക്കയിലേക്ക് ആയുധം ചുമന്ന് കൊണ്ടുവരിക എന്നത് നിങ്ങളില്‍ ഒരാള്‍ക്കും അനുവദനീയമല്ല” (മുസ്‌ലിം).

ഇബ്‌റാഹീം നബി(അ)യുടെ പ്രതേ്യക പ്രാര്‍ഥനക്ക് വിധേയമായ നാട്

മക്കയുടെ പവിത്രതക്കും നിര്‍ഭയത്വത്തിനും അവിടെ താമസിക്കുന്നവര്‍ക്കുള്ള ഉപജീവനമാര്‍ഗത്തിനുമായി ഇബ്‌റാഹീം നബി(അ) പ്രത്യേകം പ്രാര്‍ഥിച്ചു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടുത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക)…” (ക്വുര്‍ആന്‍ 2:126).

”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം” (14:37).

അബ്ദുല്ലാഹിബ്‌നു സൈദ്(റ) നബി ﷺ യില്‍നിന്ന്: ”തീര്‍ച്ചയായും ഇബ്‌റാഹീം(അ) മക്കയെ പവിത്രമാക്കി; അതിനുവേണ്ടി പ്രാര്‍ഥിച്ചു…” (ബുഖാരി). മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ”അതിലെ ആളുകള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു” എന്നും കാണാം.

വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന രാജ്യം

അല്ലാഹു പറയുന്നു: ”അവര്‍ക്ക് (ശത്രുക്കള്‍ക്ക്) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍നിന്നും തടഞ്ഞു നിര്‍ത്തിയത്…” (ക്വുര്‍ആന്‍ 48:24).

”തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്)അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു)”(ക്വുര്‍ആന്‍ 3:96).

”(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്”(ക്വുര്‍ആന്‍ 27:91).

”ഇതാ, നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി(മക്ക)യിലും അതിന്റെ ചുറ്റു’ഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയുള്ളതുമാണ് അത്…” (ക്വുര്‍ആന്‍ 6:92).

ആദ്യത്തെ ആരാധനാലയം സ്ഥാപിക്കപ്പെട്ട രാജ്യം

അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനോടു മാത്രം പ്രാര്‍ഥിക്കാനുമായി ഒന്നാമതായി നിര്‍മിക്കപ്പെട്ട മന്ദിരമായ കഅ്ബ നിലകൊള്ളുന്നത് മക്കയിലാണല്ലോ. ”തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു)”(ക്വുര്‍ആന്‍ 3:96).

അബൂദര്‍റ്(റ)വില്‍നിന്ന്: ”ഭൂമിയില്‍ ഒന്നാമതായി സ്ഥാപിക്കപ്പെട്ട പള്ളിയെക്കുറിച്ച് ഞാന്‍ നബി ﷺ       േയാട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: ‘മസ്ജിദുല്‍ ഹറാം…” (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിനും റസൂലിനും ഏറെ ഇഷ്ടമുള്ള നാട്

അബ്ദുല്ലാഹിബ്‌നു അദിയ്യ്(റ)വില്‍നിന്ന്. റസൂല്‍ ﷺ  ഹസൂറയില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”അല്ലാഹുവാണെ, തീര്‍ച്ചയായും അല്ലാഹുവിന്റെ ഭൂമിയില്‍ നല്ലത് നീയാണ്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നീയാണ്. നിന്നില്‍നിന്ന് എന്നെ പുറത്താക്കിയിട്ടില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പുറത്ത് പോകുമായിരുന്നില്ല” (തിര്‍മിദി, നസാഈ, അഹ്മദ്).

ദജ്ജാല്‍ പ്രവേശിക്കാത്ത രാജ്യം

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും വലിയ പരീക്ഷണമായി അന്ത്യനാളിന്റെ അടയാളമായി വരാനുള്ളതാണ് ദജ്ജാല്‍. അവനും അവന്റെ ഫിത്‌നയും എത്താത്ത സ്ഥലങ്ങളില്‍ ഒന്നാണ് മക്ക. അനസ്(റ)വില്‍നിന്ന്. നബി ﷺ  പറഞ്ഞു: ”ദജ്ജാല്‍ ചവിട്ടാത്തതായ ഒരു നാടും തന്നെയില്ല; മക്കയും മദീനയും ഒഴികെ” (ബുഖാരി, മുസ്‌ലിം).

ഈമാന്‍ ചെന്ന്‌ചേരുന്ന നാട്

ഇബ്‌നു ഉമര്‍(റ)വില്‍നിന്ന്. നബി ﷺ  പറഞ്ഞു: ”നിശ്ചയം ഇസ്‌ലാമിന്റെ തുടക്കം അപരിചിതമാണ്. അതിലേക്ക് തന്നെ അത് മടങ്ങും. അത് രണ്ട് പള്ളികള്‍ക്കിടയില്‍ ചെന്ന് ചേരും; പാമ്പ് അതിന്റെ മാളത്തിലേക്ക് ചെന്ന് ചേരുന്നത് പോലെ” (മുസ്‌ലിം).

ക്വുര്‍ആനിന്റെ അവതരണത്തിന് തുടക്കംകുറിച്ച നാട്

മനുഷ്യകുലത്തെ നേര്‍മാര്‍ഗത്തിലേക്ക് വഴിനടത്തുന്ന അനുഗ്രഹപൂര്‍ണവും സത്യസമ്പൂര്‍ണവുമായ പരിശുദ്ധ ക്വുര്‍ആനിന്റെ അവതരണത്തിന് തുടക്കം കുറിച്ച നാടാണ് മക്ക. എണ്‍പത്തിയാറോളം അധ്യായങ്ങള്‍ അവതീര്‍ണമായത് മക്കയിലാണ്. അവ മക്കീ സൂറത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

മുഹമ്മദ് നബി ﷺ  പ്രബോധനത്തിന് തുടക്കംകുറിച്ച നാട്

നബി ﷺ യും സ്വഹാബത്തും ഏറെ പരീക്ഷണങ്ങള്‍ക്ക് വിധേയരായത് യഥാര്‍ഥ വിശ്വാസം ഉള്‍ക്കൊണ്ട് ജീവിച്ചതിനാലും അത് പ്രബോധനം ചെയ്യാനിറങ്ങിയതിനാലുമാണ്. പിറന്ന മണ്ണില്‍ തന്നെ പ്രബോധനം തുടങ്ങിയപ്പോള്‍ ഉറ്റബന്ധുക്കളും നാട്ടുകാരും കഠിനമായ ദ്രോഹത്തിന്റെ പാതയാണ് സ്വീകരിച്ചത്. പക്ഷേ, പതറാതെ മുന്നേറിയപ്പോള്‍ ആത്യന്തിക വിജയം പ്രവാചകനും അനുയായികള്‍ക്കും തന്നെയാണ് ലഭിച്ചത്.

മസ്ജിദുല്‍ ഹറമിന്റെ നാട്

മസ്ജിദുല്‍ ഹറം സ്ഥിതിചെയ്യുന്നത് മക്കയിലാണ്. ഹജ്ജ് കര്‍മത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് അവിടേക്ക് മുസ്‌ലിംകള്‍ ഒഴുകിയെത്തുന്നു. ഹറമില്‍ വെച്ചുള്ള നമസ്‌കാരത്തിന് മറ്റു പള്ളികളിലുള്ള നമസ്‌കാരത്തെക്കാള്‍ ഒരുലക്ഷം ഇരട്ടി പ്രതിഫലമുണ്ട്. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വില്‍നിന്ന്. നബി ﷺ  പറഞ്ഞു: ”എന്റെ ഈ പള്ളിയിലുള്ള നമസ്‌കാരം ആയിരം നമസ്‌കാരത്തെക്കാള്‍ ശ്രേഷ്ഠമാണ്; അതല്ലാത്തതില്‍ നിര്‍വഹിക്കുന്നതിനെക്കാള്‍. മസ്ജിദുല്‍ ഹറം ഒഴികെ. മസ്ജിദുല്‍ ഹറമില്‍ വെച്ചുള്ള നമസ്‌കാരം നൂറു നമസ്‌കാരത്തെക്കാള്‍ ശ്രേഷ്ഠമാണ്; ഈ പള്ളിയില്‍ വെച്ചുള്ളതിനെക്കാള്‍” (അഹ്മദ്, ഇബ്‌നുമാജ).

പ്രതേ്യകം പുണ്യംകൊതിച്ചുകൊണ്ടുള്ള യാത്ര മൂന്നു പള്ളികളിലേക്കെ പാടുള്ളൂ. അതില്‍ പ്രഥമസ്ഥാനം മസ്ജിദുല്‍ ഹറമിനാണ്. ലോക മുസ്‌ലിംകള്‍ നമസ്‌കാരത്തിന് തിരിഞ്ഞു നില്‍ക്കുന്ന കഅ്ബക്ക് ചുറ്റുമുള്ളതാണല്ലോ മസ്ജിദുല്‍ ഹറം. അവിടെ അധര്‍മം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് േപാലും ശിക്ഷാര്‍ഹമാണ്.

”തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും മനുഷ്യര്‍ക്ക്-സ്ഥിരവാസിക്കും പരദേശിക്കും- സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്നപക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്” (ക്വുര്‍ആന്‍22:25).

മസ്ജിദുല്‍ ഹറമിലേക്കുള്ള പ്രവേശനം ബഹുദൈവവിശ്വാസികള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു എന്നതും മക്കയുടെ മഹത്ത്വം അറിയിക്കുന്നു: ”സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ നജസ് തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്…”(ക്വുര്‍ആന്‍ 9:28).

സംസമിന്റെ നാട്

വറ്റാത്ത ഉറവയായ സംസം മക്കയിലാണ്. സംസം വെള്ളം എന്തിനുവേണ്ടി കുടിച്ചുവോ അതിനുള്ളതാെണന്നും അത് അനുഗ്രഹിക്കപ്പെട്ടതാണെന്നും നബി ﷺ  ഉണര്‍ത്തിയിട്ടുണ്ട്. അത് കുടിക്കുമ്പോഴുള്ള പ്രതേ്യക പ്രാര്‍ഥനയും അവിടുന്ന് പഠിപ്പിച്ചു.

മാതൃനഗരി

മക്ക മാതൃനഗരിയാണ്. മഹത്ത്വത്തില്‍ അതിന് കിടയൊക്കുന്ന മെറ്റാന്നില്ല. അല്ലാഹു പറയുന്നു: ”ഇതാ, നാം അവതരിപ്പിച്ച, നന്‍മനിറഞ്ഞ ഒരു ഗ്രന്ഥം! അതിന്റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി(മക്ക)യിലും അതിന്റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയുള്ളതുമാണ് അത്…” (ക്വുര്‍ആന്‍ 6:92).

മക്കയുടെ ശ്രേഷ്ഠതകള്‍ വെളിവാക്കുന്ന ഏതാനും കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. അല്ലാഹു പവിത്രമാക്കി എന്ന് പറഞ്ഞാല്‍ അത് മതത്തിന്റെ ചിഹ്നമായി. അതിനെ 

ആദരിക്കല്‍ വിശ്വാസിയുടെ കടമയും.

”അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ” (ക്വുര്‍ആന്‍ 22:32).

 


മൂസ സ്വലാഹി, കാര
നേർപഥം വാരിക

പടച്ചവനോട് ചോദിക്കുന്നതില്‍ പിശുക്ക് കാണിക്കരുത്

പടച്ചവനോട് ചോദിക്കുന്നതില്‍ പിശുക്ക് കാണിക്കരുത്

സുഉൗദി കവിയായ ഡോക്ടര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ അശ്മാവിയുടെ ഒരു കുറിപ്പ് കണ്ടു. അതിന്റെ തലക്കട്ട് ഇങ്ങനെ:
‘അസംഭവ്യമായതും അല്ലാഹുവിനോട് തേടുക.’
ഒരു അടിമ ഇരുകൈകളും ഉയര്‍ത്തി അല്ലാഹുവിനോട് ഒരു കാര്യം ചോദിച്ചാല്‍ അവ (ഉത്തരം നല്‍കാതെ) ശൂന്യമായി തിരിച്ചയാക്കാന്‍ അല്ലാഹു ലജ്ജിക്കുന്നു.


പ്രവാചകന്മാരുടെ പ്രാര്‍ഥനകളെക്കുറിച്ച് ചിന്തിച്ച് നോക്കുക. അല്ലാഹുവിനോട് അവരില്‍ പലരുംസാധാരണ നിലയില്‍ സംഭവിക്കാന്‍ ഇടയില്ലാത്തതും അറച്ചു നില്‍ക്കാതെ ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ട്?
‘അത്യുദാരന്‍’ എന്ന നാമവിശേഷണത്തിന്റെ പോരുള്‍ അവര്‍ ആഴത്തില്‍ ഗ്രഹിച്ചിരുന്നു. സുലൈമാന്‍ നബി(അ)യുടെ പ്രാര്‍ഥന പരിശോധിക്കുക. ‘അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തു തരികയും എനിക്കു ശേഷം ഒരാള്‍ക്കും കൈവരാത്ത ഒരു രാജവാഴ്ച നീ എനിക്കു പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണു എറ്റവും വലിയ ഉദാരമതി.’
സുലൈമാന്‍ നബി(അ) ഉദ്ദേശിച്ചത് ലോകത്ത് മറ്റാര്‍ക്കും കിട്ടാത്ത ഭരണാധികാരമാണ്. അതാണെങ്കില്‍ സമാനതകളില്ലാത്ത അസാധാരണത്വത്തിന്റെ കലവറയും. പ്രാര്‍ഥന കേട്ട അല്ലാഹു അദ്ദേഹത്തിന്നു പ്രവാചകത്വവും രാജാധികാരവും ജ്ഞാനവും യുക്തിദീക്ഷയും ഒന്നിച്ചു നല്‍കി. കാറ്റും ജിന്നും പറവകളും മനുഷ്യരും അശ്വക്കൂട്ടവും കാട്ടുമൃഗങ്ങളും അദ്ദേഹത്തിന്റെ അജ്ഞാനുവര്‍ത്തികളായി. നിശ്ശബ്ദ തരംഗങ്ങള്‍ക്കും അപ്പുറത്തുള്ള ഉറുമ്പിന്റെ ഭാഷാക്ഷരങ്ങള്‍ തന്റെ കര്‍ണപുടങ്ങള്‍ തിരിച്ചറിഞ്ഞതും സൃഷ്ടിപൂജയുടെ വിഡ്ഢിവേഷങ്ങള്‍ കെട്ടിയ ബില്‍ക്കീസിന്റെ പ്രജകളെ ഹുദ്ഹുദിനെ വിട്ടു താക്കീതു ചെയ്തതും പടച്ചവന്‍ നല്‍കുന്നതിന് കണക്കുവെക്കാനാവില്ലെന്നു ബോധ്യപ്പെടുത്തുന്നില്ലേ? 


അല്ലാഹുവിനോട് തേടുമ്പോള്‍ കൂടിപ്പോയോ എന്ന് കരുതി പിന്മാറേണ്ട. ഐഹിക കാര്യങ്ങള്‍ക്കുള്ള പ്രാര്‍ഥനയില്‍ ‘പരമാവധി’യുടെ ‘പരിധി’ എടുത്തു മാറ്റുക. പരലോക വിഷയമാണെങ്കിലോ ചോദിക്കുന്നെങ്കില്‍ ശങ്കിച്ചു നില്‍ക്കാതെ ഫിര്‍ദൗസു തന്നെ ചോദിക്കുക; ചോദിക്കുന്ന കാര്യത്തിന്നു നിങ്ങള്‍ക്കൊരര്‍ഹതയുമില്ലെന്ന് ഉത്തമ ബോധ്യമുണ്ടായാലും. കാരണം നിങ്ങളുടെ അപേക്ഷ ചെല്ലുന്നത് കൊടുത്താല്‍ തീരാത്ത ഖജനാവുകളുടെ ഉടമസ്ഥന്റെ സമക്ഷത്തിങ്കലാണ്. പ്രാര്‍ഥനതന്നെയല്ലേ വിശിഷ്ടമായ ആരാധന!


എന്നാല്‍ അധികപേരും ഈ യാഥാര്‍ഥ്യം ഓര്‍മിച്ചിരിക്കാത്തവരാണ്. പരിധിയില്ലാത്ത വിധം അവനോട് ചോദിക്കുന്നവരോടാണ് അവനിഷ്ടം. അല്ലാഹുവിനെക്കുറിച്ച സദ്‌വിചാരം തന്നെ ആരാധനയാണ്; വിശിഷ്യാ ഭാവിയെക്കുറിച്ച വ്യാകുലതകളും ആശങ്കകളും ഭൂലോകം നിറഞ്ഞു നില്‍ക്കുമ്പോള്‍. മനുഷ്യ ഹൃദയങ്ങളില്‍ നിന്നു ദുഃഖഭാരം ഇറക്കിവെക്കാന്‍ ഈ ആരാധന പര്യാപ്തമാണ്. വളരെ മനോഹരമായ ഒരാശയം നമ്മുടെ ജീവിത പതിവുകളില്‍ തുന്നിച്ചേര്‍ക്കാന്‍ മറക്കാതിരിക്കുക; അഥവാ പടച്ചവനെക്കുറിച്ച സദ്‌വിചാരത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ചാണ് ഇഹലോകത്ത് നമുക്കു നന്മകള്‍ വന്നണയുന്നതും തിന്മകള്‍ നമ്മില്‍നിന്ന് അകലേക്കു മാറിനില്‍ക്കുന്നതും. അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണ വെച്ചുപുലര്‍ത്തുക. അവന്‍ നിങ്ങളോടു കരുണ കാണിക്കും. നിങ്ങളുടെ പ്രാര്‍ഥനക്ക് ഉത്തരം ചെയ്യും. നിരാശയെ ആട്ടിയകറ്റുക; കാരണം അത് സത്യവിശ്വാസിയുടെ സ്വഭാവമല്ല.

 

പി.എന്‍ അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

ഒരുമയുടെ പെരുമ

ഒരുമയുടെ പെരുമ

1996ല്‍ എം.എസ്.എം തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്റില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ ‘ദൈവമൊന്ന് മാനവരൊന്ന്’ എന്ന പ്രമേയത്തിലുള്ള ലഘുലേഖ വിതരണം നടന്നു. ഒരു വിദ്യാര്‍ഥി തനിക്ക് കിട്ടിയ ലഘുലേഖ ചുരുട്ടി വീട്ടിലെ ചെടിച്ചട്ടിയിലേക്കെറിഞ്ഞു. അവരുടെ വീട്ടില്‍ പെയിന്റിംഗ് നടക്കുന്ന സന്ദര്‍ഭമായിരുന്നു അത്. പെയിന്ററുടെ കണ്ണിലേക്ക് അവിചാരിതമായി പെയിന്റ് തെറിച്ചു. അദ്ദേഹം തുടക്കാന്‍ നോക്കിയപ്പോള്‍ പെട്ടെന്ന് കണ്ണില്‍ പെട്ടത് ചെടിച്ചട്ടിയിലെ ചുരുണ്ട് കിടക്കുന്ന കടലാസായിരുന്നു. അദ്ദേഹം അത് എടുത്തു. അതിന്റെ ചുരുള്‍ നിവര്‍ത്തി. കണ്ണു തുടച്ചു. ശേഷം വെറുതെ അതിലെ വരികളിലൂടെ കണ്ണോടിച്ചു. വായിച്ചപ്പോള്‍ ചില സംശയങ്ങളുദിച്ചു. ആ സംശയങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടി. അദ്ദേഹം സമ്മേളനത്തിനെത്തി. ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുവാനാരംഭിച്ചു. സത്യം ഗ്രഹിച്ചു. ഇന്നദ്ദേഹം മുസ്‌ലിമായി ജീവിക്കുന്നു. സര്‍വ സ്തുതിയും അല്ലാഹുവിന് മാത്രം.

അദ്ദേഹത്തിനു മാത്രമല്ല, അദ്ദേഹത്തെപ്പോലെയുള്ള അനേകര്‍ക്ക് ഇത്തരുണത്തില്‍ അപ്രതീക്ഷിതമായി ഇസ്‌ലാമിന്റെ വെളിച്ചം ലഭിച്ചിച്ചിട്ടുണ്ടാകും. അവര്‍ക്കൊക്കെ ‘ഹിദായത്ത്’ കൊടുത്തത് അല്ലാഹു മാത്രമാണ്. അതിലൊരാള്‍ക്കും പങ്കില്ല. പക്ഷേ, അതിന് നിമിത്തമാകാന്‍ എം.എസ്.എമ്മിന് കഴിഞ്ഞു. സംഘടനയെന്ന നന്മകൊണ്ടുണ്ടാവുന്ന നേട്ടങ്ങള്‍ വിവരണാതീതമാണ്. ആ സമ്മേളനത്തിന് വേണ്ടി ചിന്തിച്ചവര്‍ക്കും പണിയെടുത്തവര്‍ക്കും പണം കൊടുത്തവര്‍ക്കുമൊക്കെ അതിന്റെ പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല; ആത്മാര്‍ഥമായി െചയ്തതാണെങ്കില്‍. 

സമ്മേളനം നടത്താന്‍ നിര്‍ദേശിച്ചവര്‍ക്ക് പ്രതിഫലമുണ്ട്. സംഘാടകര്‍ക്ക് പ്രതിഫലമുണ്ട്. ലഘുലേഖ എന്ന ആശയം മുന്നോട്ട് വെച്ചവര്‍ക്കും പ്രതിഫലമുണ്ട്. അതെഴുതിയവര്‍ക്കും കൊടുത്തവര്‍ക്കും ലാഭങ്ങളേറെ. കുറെ ആളുകള്‍ക്ക് പ്രതിഫലമുണ്ടാകുന്നത് കാരണത്താല്‍ ആര്‍ക്കെങ്കിലും കുറഞ്ഞുപോകുമോ? ഇല്ല! എല്ലാവര്‍ക്കുമുണ്ട്. ഈ ലോകവും അതിലുള്ളതുമെല്ലാം നേടുന്നതിനെക്കാള്‍ മഹത്തരമായ പ്രതിഫലം!

സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് സദ്ഫലങ്ങളേറെയാണ്. വ്യവസ്ഥാപിതമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനലക്ഷങ്ങളിലേക്ക് സന്ദേശമെത്തിക്കാമെന്നതില്‍ സംശയമില്ല. 

നമസ്‌കാരം സംഘം ചേര്‍ന്നാണ് നിര്‍വഹിക്കേണ്ടത്. ഹജ്ജും അങ്ങനെത്തന്നെ. സകാത്തിന്റെ സ്ഥിതിയാണെങ്കിലും മറിച്ചല്ല. ഇസ്‌ലാമിക പ്രബോധനവും അങ്ങനെത്തന്നെയാവണം. സംഘടിതമായി പ്രവര്‍ത്തിക്കുന്ന;  ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്ന സമൂഹമാകണം മുസ്‌ലിംകള്‍. അല്ലാഹു പറയുന്നു: ”നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍” (ക്വുര്‍ആന്‍ 3:104).

മതസംഘടനകളുടെ ലക്ഷ്യം വോട്ടുബാങ്കാവരുത്. ബാലറ്റ് കാണിച്ചു മുതലെടുപ്പ് നടത്തുന്നത് രണ്ടാംകിട ഏര്‍പാടാണ്. ഭൗതിക താല്‍പര്യങ്ങളൊന്നും അതിന് പിന്നിലുണ്ടാവരുത്. ദഅ്‌വത്തിന് വേണ്ടിയാണ് സംഘടന. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതിന് വേണ്ടി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവന് പ്രതിഫലമുണ്ട്.  

അല്ലാഹുവിന്റെ സഹായം സംഘത്തിനാണ് ഉണ്ടാവുകയെന്നതും നബിﷺയുടെ ഉപദേശം തന്നെ. ഒറ്റപ്പെട്ട് നില്‍ക്കുന്നവനെ പിശാചാണ് നയിക്കുക. സംഘത്തിന്റെ വലുപ്പം പ്രശ്‌നമല്ല. ആദര്‍ശമാണ് പ്രധാനം. ആദര്‍ശം കൃത്യമാണെങ്കില്‍ അല്ലാഹുവിന്റെ സഹായമുണ്ടാവും. സത്യസന്ദേശമുള്‍ക്കൊള്ളുന്ന കൊച്ചു സംഘങ്ങളെ സന്നാഹങ്ങളേറെയുള്ള വലിയ സംഘങ്ങളില്‍ നിന്ന് അല്ലാഹു രക്ഷിച്ചിട്ടുണ്ട്. ബദ്‌റിന്റെ ചരിത്രം ഇതിന് പ്രത്യക്ഷമായ തെളിവാണ്.

സംഘടിത പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരും സമൂഹത്തിലുണ്ട്. പക്ഷേ, അവരുടെ വാദങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്‍ബലമില്ല. വ്യത്യസ്ത സ്വഭാവങ്ങളും കാഴ്ചപ്പാടുകളും ഉള്ള ഒരുപാട് വ്യക്തികളാണ് സംഘടനയിലുണ്ടാവുക. അവര്‍ക്കിടയിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാണിച്ച് സംഘടനയില്‍ നിന്ന് പിരിഞ്ഞുനില്‍ക്കുന്നത് വിഡ്ഢിത്തമാണ്. അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് പ്രമാണങ്ങളിലേക്ക് മടങ്ങിക്കൊണ്ടായിരിക്കണം. അതല്ലാതെ സംഘടയില്‍ നിന്ന് വേറിട്ടു നിന്നുകൊണ്ടല്ല. 

അറിഞ്ഞത് പറഞ്ഞുകൊടുക്കാനാണ് പ്രവാചകﷺന്റെ നിര്‍ദേശം. ‘എന്നില്‍ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കുക’യെന്ന് നബിﷺ പറയുകയുണ്ടായി. ‘എല്ലാം അറിഞ്ഞ’ ശേഷമെ പ്രബോധനം നടത്താവൂ എന്ന് പറയുന്നത് ബാലിശമാണ്; അനിസ്‌ലാമികവുമാണ്. കാരണം നബിﷺ അങ്ങനെ പഠിപ്പിച്ചിട്ടില്ല. സ്വഹാബത്ത് ആ രൂപത്തില്‍ മനസ്സിലാക്കിയിട്ടില്ല. ഉത്തമ നൂറ്റാണ്ടുകാര്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടില്ല. 

പ്രവാചകന്മാരും അവരുടെ അനുയായികളും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നവരും അവരുമായി സംവദിച്ചവരുമാണ്. അവരൊന്നും അറിവ് ലഭിക്കുന്നത് പൂര്‍ത്തിയാകട്ടെ, അതിനു ശേഷം ജനങ്ങളോട് പറയാം എന്ന് പറഞ്ഞ് ഇരുന്നിട്ടില്ല. സ്വഹാബികളുടെയും താബിഉകളുടെയും ചരിത്രവും ഇക്കാര്യമാണ് നമ്മെ പഠിപ്പിക്കുന്നത്. 

സംഘടിത ശ്രമങ്ങള്‍ കൊണ്ട് ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന് കേരളത്തിനകത്തും പുറത്തും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള ചലനങ്ങള്‍ ചെറുതല്ല. അല്ലാഹു അല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കുന്നത് തെറ്റായി കാണാത്ത ജനലക്ഷങ്ങളെ  അവനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കുന്നവരാക്കി മാറ്റിയെന്ന് പറയുന്നത് ചെറിയ കാര്യമല്ല.  വിശ്വാസ രംഗത്തെപ്പോലെ ആചാരമേഖലകളിലും കടന്നുവന്ന അനാചാരങ്ങളെ ശക്തമായി എതിര്‍ക്കുവാനും സുന്നത്തിനെ പുനഃസ്ഥാപിക്കുവാനും സലഫി പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നവോത്ഥാനത്തിന്റെ നാമ്പുകള്‍ പാകിയതും അതിന് നായകത്വം വഹിച്ചതും മുജാഹിദ് പ്രസ്ഥാനമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കാര്യത്തിലും ഈ പ്രസ്ഥാനം ഒരിക്കലും പിന്നില്‍ നിന്നിട്ടില്ല. 

ആധുനിക സമൂഹത്തില്‍ മുജാഹിദ് പ്രസ്ഥാനം നടത്തിയ നവോത്ഥാന സംരംഭങ്ങളുടെയെല്ലാം മൊത്തക്കുത്തക ചിലരെല്ലാം അവകാശപ്പെടുന്നുണ്ട്. പക്ഷേ, അവരെല്ലാം തങ്ങളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവന്വേഷിക്കാന്‍ തയാറായാല്‍ ഉള്ളിയുടെ കാമ്പന്വേഷിച്ചവനെപ്പോലെ ഇളിഭ്യരായിത്തീരുമെന്നത് പരമയാഥാര്‍ഥ്യം മാത്രം. ഒരു കാലഘട്ടത്തില്‍ ക്വുര്‍ആന്‍ പഠനത്തെയും സ്ത്രീ വിദ്യാഭ്യാസത്തെയുമെല്ലാം എതിര്‍ത്തുകൊണ്ട് നവോത്ഥാന സംരംഭങ്ങള്‍ക്കെല്ലാം വിലങ്ങുതടിയാവാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സമൂഹത്തെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടാനായിരുന്നു ഈ ശ്രമം. ഇതെല്ലാം ഇക്കൂട്ടരുടെ ആദര്‍ശ പാപ്പരത്തമാണ് വിളിച്ചോതുന്നത്. 

സംഘടനയെന്ന വാഹനത്തില്‍ നാം കയറണം. കാരണം അത് നമ്മെ ലക്ഷ്യത്തിലേക്കെത്തിക്കുന്ന രക്ഷയുടെ വാഹനമാണ്. സ്വദേഹത്തെ നരകത്തില്‍നിന്ന് രക്ഷിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കലുമാണ് സംഘടനാ പ്രവര്‍ത്തനത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം. അതോടൊപ്പം സമുദായത്തിനും സമൂഹത്തിലുള്ള ഇതര വിഭാഗങ്ങള്‍ക്കും സൗഭാഗ്യത്തിലേക്കുള്ള വഴികാണിക്കലും നടക്കുന്നു.  

അല്ലാഹു പറയുന്നു: ”അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?” (ക്വുര്‍ആന്‍ 41:33). ഈ വാക്ക് ഉല്‍ഘോഷിക്കാനുള്ള സ്റ്റേജുകളും പേജുകളുമാണ് നമുക്ക് സംഘടന ഉണ്ടാക്കിത്തരുന്നത്.

സംഘടന മനുഷ്യ ശരീരത്തെപ്പോലെയാണ്. എല്ലാ അവയവങ്ങളും പ്രവര്‍ത്തന യോഗ്യമാണെങ്കില്‍ മാത്രമെ ആരോഗ്യത്തോടെ മുന്നോട്ട് പോകാനാവൂ. അതല്ലെങ്കില്‍ പ്രയാസങ്ങളും പ്രതിസന്ധികളും പിടികൂടും. സംഘടനയുടെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഒത്തൊരുമയോടെ, ആത്മാര്‍ഥതയോടെ, അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവിന്റെ സഹായമുണ്ടാകും. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അതിനെയൊന്നും കൂട്ടായ്മയെ തുരങ്കം വെക്കുവാനുള്ള ആയുധമാക്കരുത്.ഗുണകാംക്ഷയുള്ളവരൊന്നും അതിന് മുതിരുകയില്ല. നാം സജീവമായി ഇടപെടുക; നമ്മുടെ സ്വര്‍ഗ പ്രവേശനത്തിന് വേണ്ടി, റബ്ബിന്റെ തൃപ്തിക്ക് വേണ്ടി – അതുമാത്രമാകട്ടെ നമ്മുടെ ലക്ഷ്യം. 

 

മെഹബൂബ് മദനി ഒറ്റപ്പാലം
നേർപഥം വാരിക

പുത്തനാചാരത്തിനും പ്രമാണമോ?

പുത്തനാചാരത്തിനും പ്രമാണമോ?


ഇസ്‌ലാം മഹത്തായ അനുഗ്രഹവും സത്യസമ്പൂര്‍ണവുമാണ്. അതിന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റി ജീവിച്ചവര്‍ക്ക് മാത്രമാണ് പരലോക രക്ഷയുള്ളത്. അല്ലാഹു പറയുന്നു: ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്ത്തിപ്പെട്ടു തന്നിരിക്കുന്നു” (ക്വുര്‍ആന്‍ 5:3).

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇബ്‌നു കഥീര്‍(റ) ഉദ്ധരിക്കുന്നു: ”ഇത് ഇസ്‌ലാമാണ്. നിശ്ചയം നബിﷺക്കും വിശ്വാസികള്‍ക്കും അല്ലാഹു ഈമാനിനെ (സത്യവിശ്വാസത്തെ) അതിലേക്കൊന്നും കൂട്ടിച്ചേര്‍ക്കലാവശ്യമില്ലാത്ത വിധം പൂര്‍ത്തിയാക്കി. അതില്‍ നിന്ന് ഒന്നും കുറച്ചുകളയാനില്ലാത്ത വിധം അല്ലാഹു അതിനെ പരിപൂര്‍ണമാക്കി. അതിനെ ഒരിക്കലും വെറുക്കാന്‍ പാടില്ലാത്ത വിധം അല്ലാഹു തൃപ്തിപ്പെട്ടു” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍, വാള്യം 2, പേജ്, 18).

ഇമാം മാലിക്(റഹി) പറയുന്നു: ”ആരെങ്കിലും ഇസ്‌ലാമില്‍ പുതിയ വല്ലതും നിര്‍മിച്ചുണ്ടാക്കുകയും അതിനെ നല്ലതായി കാണുകയും ചെയ്താല്‍ അവന്‍ മുഹമ്മദ് നബി ﷺ തന്റെ ദൗത്യത്തിന്റെ കാര്യത്തില്‍ വഞ്ചന കാണിച്ചു എന്നാണ് വാദിക്കുന്നത്. കാരണം ഇന്ന് നിങ്ങളുടെ മതം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞു. അന്ന് മതത്തില്‍ ഉള്‍പെട്ടിട്ടില്ലാത്ത ഒരു കാര്യം ഇന്ന് മതമായി തീരുകയില്ല”(അല്‍ ഇഅ്തിസ്വാം, ഇമാം ശാത്വിബി,വാള്യം1, പേജ് 65).

എന്തും എവിടെനിന്നും എടുത്തുദ്ധരിച്ചാല്‍ പ്രമാണമാകുമെന്ന് കരുതിയ ചിലരുണ്ട്. മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ക്വുര്‍ആനും സുന്നത്തുമാണ്. വിശ്വാസ, കര്‍മ രംഗങ്ങളിലുണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം കിട്ടുക ഇവ രണ്ടില്‍ നിന്നുമാണ്. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും”(ക്വുര്‍ആന്‍ 4:59).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”മതത്തിന്റെ അടിസ്ഥാനപരവും ശാഖാപരവുമായ കാര്യങ്ങളില്‍ ജനങ്ങള്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ അതിനെ കുര്‍ആനിലേക്കും നബിചര്യയിലേക്കും മടക്കണമെന്നതിന് അല്ലാഹുവിന്റെ കല്‍പനയാണിത്” (ഇബ്‌നു കഥീര്‍, വാള്യം1).

‘ആഘോഷം പ്രമാണികം’ എന്ന പേരില്‍ 2018 നവംബറിലെ ‘സുന്നത്ത്’ മാസികയില്‍ വന്ന ഒരു ലേഖനം പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും മതവിരുദ്ധ നിലപാടുകളും വെളിവാക്കുന്നതുമായിരുന്നു. അതിലെ പ്രസക്തമായ ചില കാര്യങ്ങള്‍ മാത്രം പരിശോധിക്കാം:

ലേഖകന്‍ എഴുതുന്നു: ”ലോകാനുഗ്രഹിയായ തിരുനബിﷺ തങ്ങളുടെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ പുണ്യറബീഅ് ആഗതമായിരിക്കുകയാണ്. ഇനി ഓരോ വിശ്വാസിയുടെ മനസ്സും തിരുനബിയിലേക്ക്. ഒരു മാസം ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ്” (പേജ് 21).

റബീഉല്‍ അവ്വലിനെ ആഘോഷ മാസമാക്കി അവതരിപ്പിക്കാനാണ് ലേഖകന്‍ ശ്രമിക്കുന്നത്. നബിﷺയുടെ നിയോഗം ലോകര്‍ക്ക് കാരുണ്യവും അനുഗ്രഹവുമാണെന്ന് ക്വുര്‍ആന്‍ സൂറഃ ആലു ഇംറാനിലും സൂറഃ അമ്പിയാഇലും പറയുന്നുണ്ട്. ഈ അനുഗ്രഹം ഒരു മാസത്തിലോ ഒരു ദിവസത്തിലോ പരിമിതവുമല്ല. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍” (ക്വുര്‍ആന്‍ 49:7)

ഇതിന്റ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി)പറയുന്നു: ”നിങ്ങള്‍ അറിയുക, നിങ്ങള്‍ക്കിടയില്‍ അല്ലാഹുവിന്റെ പ്രവാചകനുണ്ട്. അദ്ദേഹത്തെ നിങ്ങള്‍ ആദരിക്കണം. ബഹുമാനിക്കണം. അദ്ദേഹത്തിന്റെ കല്‍പനക്ക് നിങ്ങള്‍ കീഴ്‌പെടുകയും മര്യാദ കാട്ടുകയും വേണം. നിങ്ങള്‍ക്കുള്ള നന്മകളെ കുറിച്ച് ഏറെ അറിയുന്നതും നിങ്ങളോട് ഏറെ സ്‌നേഹമുള്ളതും നിങ്ങളുടെ അഭിപ്രായങ്ങളെക്കാള്‍ ഏറ്റവും നല്ല അഭിപ്രായമുള്ളതും അല്ലാഹുവിന്റെ റസൂലിനാണ്” (വാള്യം 4, പേജ് 246).

ഇനി ലേഖകന്‍ നടത്തിയ ദുര്‍വ്യാഖ്യാനങ്ങള്‍ പരിശോധിക്കാം:

1. ”ഈ ആഘോഷം കൊണ്ടാടാന്‍ അല്ലാഹു ക്വുര്‍ആനിലൂടെ പറയുന്നുണ്ട്: നബിയേ, അല്ലാഹുവിന്റെ ഫദ്‌ല് കൊണ്ടും റഹ്മത്ത് കൊണ്ടും ജനങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു കൊള്ളട്ടെ. അത് അവരുടെ മുഴുവന്‍ സന്തോഷത്തെക്കാളും ഗുണകരമാണ്.’ ഇമാം സുയൂത്വി(റ) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: റഹ്മത്ത് കൊണ്ടുള്ള ഉദേശ്യം റസൂല്‍ﷺയാണ് (ദുര്‍റുല്‍ മന്‍സ്വൂര്‍ 4/327)” (സുന്നത്ത് മാസിക, 2018 നവംബര്‍, പേജ് 22).

ഇത് പച്ചയായ ദുര്‍വ്യാഖ്യാനവും തെറ്റിദ്ധരിപ്പിക്കലുമാണ്. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഇതിന് കൊടുത്ത വിശദീകരണം പൂര്‍ണമായും എടുക്കാതെ ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ ചികഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ലേഖകന്‍ ചെയ്തിരിക്കുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘അനുഗ്രഹ’മെന്നാല്‍ നിങ്ങളെ ആദരിച്ചതായ ക്വുര്‍ആനും ‘കാരുണ്യ’മെന്നാല്‍ നിങ്ങള്‍ക്ക് യോജിപ്പ് നല്‍കിയ ഇസ്‌ലാമുമാണ്” (തഫ്‌സീര്‍ ഇബ്‌നു അബ്ബാസ്, പേജ് 225).

ത്വബ്‌രി, ക്വുര്‍ത്വുബി, റാസി, ഇബ്‌നു കഥീര്‍ എന്നിവരും ഈ വിവരണം തന്നെയാണ് നല്‍കിയിട്ടുള്ളത്. ഇമാം സുയൂത്വിയും മുന്‍ഗണന കൊടുത്തത് ഈ വിശദീകരണത്തിനാണ്. അത് പൂഴ്ത്തി വെച്ച് ലേഖകന്‍ തന്റെ താല്‍പര്യമനുസരിച്ചുള്ള ഭാഗം മാത്രം അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇനി ഈ ആയത്തിന് സമസ്തയുടെ പണ്ഡിതന്മാര്‍ എഴുതിയ വിശദീകരണം എന്തെന്ന് നോക്കാം:

അബ്ദുറഹ്മാന്‍ മക്വ്ദൂമി പൊന്നാനി എഴുതുന്നു: ”വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ള സദുപദേശമാണ്. ഹൃദയങ്ങളിലുള്ള സത്യനിഷേധം, കാപട്യം, സംശയം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സിദ്ധൗഷധമാണ്. സന്മാര്‍ഗദര്‍ശനമാണ്. സത്യവിശ്വാസികള്‍ക്കുള്ള കാരുണ്യമാണ്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് നമുക്കത് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് നാം സന്തോഷിക്കുകയും അതനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും വേണം. മനുഷ്യര്‍ ശേഖരിക്കുന്ന സമ്പത്തുകളെക്കാളും സുഖ സജ്ജീകരണങ്ങളെക്കാളും എന്തുകൊണ്ടും അത്യുത്തമമാണത്” (ഫത്ഹുല്‍ അലീം 1/451).

കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് എഴുതുന്നു: ”മനുഷ്യര്‍ക്ക് എന്തെല്ലാം നേടുവാനും ശേഖരിക്കുവാനും കഴിയുന്നുവോ അതിനെക്കാളെല്ലാം വിലപിടിച്ചതും അവരുടെ ജീവിതവിജയങ്ങള്‍ക്ക് ഉപയുക്തവുമാണ് ക്വുര്‍ആന്‍. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും മൂലമാണ് അതവന്‍ മനുഷ്യര്‍ക്ക് നല്‍കിയത്. അതുകൊണ്ട് അതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്” (ഫത്ഹുര്‍റഹ്മാന്‍ 2:453,454).

ടി.കെ. അബ്ദുല്ല മുസ്‌ലിയാര്‍ എഴുതുന്നു: ”പറയുക; അല്ലാഹുവിന്റെ ഔദാര്യവും (ഇസ്‌ലാം) അവന്റെ കാരുണ്യവും (ക്വുര്‍ആന്‍) കൊണ്ട് അവര്‍ സന്തോഷിക്കട്ടെ. അവര്‍ സ്വീകരിക്കുന്നവയെക്കാള്‍ ഉത്തമം അതാകുന്നു” (തഫ്‌സീറുല്‍ ക്വുര്‍ആന്‍, പേജ് 284).

കൂടുതല്‍ വിശദീകരിക്കേണ്ടത്തവിധം സമസ്തയുടെ പണ്ഡിതന്മാര്‍ സത്യം എഴുതിവെച്ചിട്ടുണ്ടെന്ന് വ്യക്തമായല്ലോ. ദുര്‍വ്യാഖ്യാന വീരന്മാര്‍ക്ക് ഇത്തരം ഉദ്ധരണികള്‍ ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്.

2. ”ഇതിന് ഉപോല്‍ബലകമാണ് നബിതങ്ങളെ ക്വുര്‍ആന്‍ റഹ്മത്ത് എന്ന് വിശേഷിപ്പിച്ചതും. നബിദിനാഘോഷത്തിന് ക്വുര്‍ആനിന്റെ പിന്‍ബലവുമുണ്ടെന്നു ചുരുക്കം. മാത്രമല്ല ഈസാ നബിക്ക് പെരുന്നാള്‍ ആഘോഷത്തിന് സുപ്ര ഇറക്കിക്കൊടുത്ത സംഭവം വിവരിക്കുന്ന ആയത്തിനു തഫ്‌സീറായി ഇമാം ഇസ്മാഈലുല്‍ ഹീഖി(റ) പറയുന്നു: ഇതിനെക്കാളും വലിയ ബഹുമതിയാണ് നബിയുടെ മീലാദ്”(പേജ് 22).

മൂന്ന് തരം കബളിപ്പിക്കലാണ് ലേഖകന്‍ ഇവിടെ നടത്തിയത്. ഒന്ന്, നബിﷺക്ക് അല്ലാഹു നല്‍കിയ ‘റഹ്മത്ത്’ എന്ന വിശേഷണത്തിന്റെ അര്‍ഥത്തെ ‘ആഘോഷം’ എന്നാക്കി മാറ്റി. ഇമാം ക്വുര്‍തുബി(റഹി) പറയുന്നു: ”ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: മുഹമ്മദ്ﷺ ലോകര്‍ക്ക് കാരുണ്യമാണ്. ആര് റസൂലില്‍ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തുവോ അവന്‍ വിജയിക്കും” (തഫ്‌സീര്‍ ക്വുര്‍തുബി, പേജ് 6: 232, വാള്യം).

രണ്ട്, ഈസാ നബി(അ)യുടെ പ്രാര്‍ഥനാ ഫലമായി ആകാശത്തുനിന്ന് അല്ലാഹു ഇറക്കിക്കൊടുത്ത ദൃഷ്ടാന്തമായ ഭക്ഷണത്തളികയുടെ മറവില്‍ തന്റെ പ്രമാണ ദുര്‍വ്യാഖ്യാനത്തിന് പൊലിമ കൂട്ടല്‍.

മൂന്ന്, മീലാദ് ആഘോഷത്തിന്റെ പൂര്‍വപിതാക്കളായ സ്വൂഫികളിലെ പ്രധാന പണ്ഡിതന്‍ ഇസ്മാഈല്‍ അല്‍ ഹിഖിയുടെ വാക്കുകള്‍ എടുത്ത് അഹ്‌ലുസ്സുന്നയുടെ നിലപാടിനെ ഒഴിവാക്കി.

3. ”ക്വുര്‍ആന്‍ തന്നെ പറയുന്നു: നിശ്ചയം അല്ലാഹുവും അവന്റെ മാലാഖമാരും തിരുനബിക്ക് ‘സ്വലാത്ത്’ ചൊല്ലുന്നു. അതിനാല്‍ നിങ്ങളും സ്വലാത്തും സ്വലാമും ചൊല്ലുക.’ ഇവിടെ സ്വലാത്ത് എന്ന പദത്തിന്റ വിവക്ഷ നബിയുടെ ശ്രേഷ്ഠത വെളിവാക്കിക്കൊണ്ടും ബഹുമാനിച്ച് കൊണ്ടും നബിയുടെ ബര്‍ക്കത്ത് കൊണ്ടും ദുആ ഇരക്കുക എന്നതാണെന്ന് ഇമാം ബൈളാവി(റ) വ്യക്തമാക്കുന്നുണ്ട്” (പേജ്,22).

നബിﷺക്ക് കാരുണ്യവും ശാന്തിയും കിട്ടുന്നതിന് വേണ്ടി വിശ്വാസികള്‍ പ്രാര്‍ഥിക്കണമെന്ന കല്‍പനയാണ് സൂറഃ അഹ്‌സാബിലെ 56ാം വചനം. സ്വലാത്ത് എങ്ങനെ ചൊല്ലണമെന്നും അവിടുന്ന് പഠിപ്പിച്ചുതന്നിട്ടുണ്ട്. എന്നാല്‍ പല നിര്‍മിത സ്വലാത്തുകളും അതിലൂടെ നബിﷺയെ അമിതമായി പ്രശംസിക്കലും ശിര്‍ക്കും ബിദ്അത്തുമെല്ലാം ഈ ആയത്തിനെ മറവില്‍ പുരോഹിതന്മാര്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് ഈ ആയത്തിന് കൊടുത്ത വിശദീകരണം കാണുക: ”അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത് നിര്‍വഹിക്കുക എന്നത് മലക്കുകളുടെ അടുത്ത് വെച്ച് നബിﷺയെ പ്രശംസിക്കലാണെന്നും മലക്കുകള്‍ സലാത്ത് ചൊല്ലുക എന്നത് അവര്‍ നബിക്ക് വേണ്ടി പ്രാര്‍ഥിക്ക ലാണെന്നും ഇമാം അബുല്‍ ആലിയ(റ) പ്രസ്താവിച്ചതായി ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നു. അല്ലാഹു വിന്റെ ‘സ്വലാത്ത്’ അവന്റെ കാരുണ്യവര്‍ഷമാണെന്നും വ്യാഖ്യാനമുണ്ട്. സത്യവിശ്വാസികള്‍ സ്വലാത്ത് ചൊല്ലുക എന്നത് നബിﷺക്ക് അല്ലാഹുവിങ്കല്‍ നിന്നും കാരുണ്യം ചൊരിച്ചുകൊടുക്കുവാനായി പ്രാര്‍ഥിക്കലാണ്. സലാം എന്ന വാക്കിന് സമാധാനം, ശാന്തി, രക്ഷ എന്നീ അര്‍ഥങ്ങളുണ്ട്. നബിക്ക് സലാം ചൊല്ലുക എന്നതിന്റെ വിവക്ഷ നബിക്ക് ശാന്തിയും സമാധാനവും വര്‍ധിപ്പിച്ചുകൊടുക്കാന്‍ വേണ്ടി പ്രാര്‍ഥിക്കലാണ്” (ഫത്ഹുര്‍റഹ്മാന്‍ 3/545, 546).

ഇമാം ബൈളാവി(റഹി) പറയാത്ത ഒന്ന് അദ്ദേഹത്തിലേക്ക് ചേര്‍ത്തിപ്പറയുകയാണ് ലേഖകന്‍ ചെയ്തിരിക്കുന്നത്. ”അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന്റെ മഹത്ത്വം പ്രകടമാക്കുന്നതിനും അദ്ദേഹത്തെ മഹത്ത്വപ്പെടുത്തുന്നതിനും പരിഗണന നല്‍കുന്നു. (വിശ്വാസികളേ) നിങ്ങളും അത് പ്രകാരം പരിഗണന നല്‍കുക. കാരണം നിങ്ങളാണതിന് ഏറ്റവും അര്‍ഹരായിട്ടുള്ളത്” (തഫ്‌സീര്‍ ബൈളാവി 4/375) എന്ന ഈ വിവരണത്തെയാണ് മേല്‍പ്രകാരം ലേഖകന്‍ കോട്ടി മാട്ടിയിരിക്കുന്നത്.

4. ”തിരുനബിﷺ ഖദീജ ബീവിയെ പ്രകീര്‍ത്തിച്ചതും ആടിനെ അറുത്ത് ഭക്ഷണം കൊടുത്തതും ഇമാം ബുഖാരി (റ) സ്വഹീഹില്‍ ഉദ്ധരിക്കുന്നുണ്ട്. ഇതെല്ലാം മൗലിദിന് വ്യക്തമായ രേഖകളാണ്” (പേജ് 22).

വലിയ തെളിവായി നബിദിനാഘോഷവാദികള്‍ കൊണ്ട് നടക്കുന്ന സംഭവമാണിത്. ഇമാം ബുഖാരി(റഹി) മര്യാദകള്‍ പഠിപ്പിക്കുന്ന അധ്യായത്തിലും ഇമാം മുസ്‌ലിം(റഹി) സ്വഹാബത്തിന്റെ ശ്രേഷ്ഠതകള്‍ പറയുന്ന ഭാഗത്തുമാണ് ഈ ഹദീഥ് ചേര്‍ത്തിട്ടുള്ളത്. അല്ലാഹുവിലേക്കുള്ള അടുപ്പം, ദാനധര്‍മം, ഖദീജ(റ)യോടുള്ള സ്‌നേഹം തുടരല്‍, അവരുടെ കൂട്ടുകാരികളുമായുള്ള ബന്ധം ചേര്‍ക്കല്‍ ഇതെല്ലാമാണ് നബിﷺ ഇത് കൊണ്ട് ലക്ഷ്യം വെച്ചത്. അല്ലാതെ ജനനത്തിലും മരണത്തിലും സന്തോഷം പ്രകടിപ്പിച്ചോ, പ്രത്യേക സമയം കണ്ടോ അല്ല ഇത് ചെയ്തിട്ടുള്ളത്. പിന്നെ ഇതെങ്ങനെ നബിﷺയുടെ ജന്മദിനമാഘോഷിക്കാനും റബീഉല്‍ അവ്വല്‍ മാസം മുഴുവനായി ആടിത്തിമര്‍ക്കാനും ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാനും ഇവര്‍ക്ക് രേഖയാകും?

5. അബൂബക്ര്‍(റ) പറയുന്നു: ”ആരെങ്കിലും നബിയുടെ മൗലിദില്‍ ഒരു ദിര്‍ഹം ചിലവഴിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ എന്റെ സതീര്‍ഥ്യനാണ്.’ ഉമര്‍(റ) പറയുന്നു: ‘വല്ലവനും മൗലിദ് ആഘോഷം മഹത്ത്വമാക്കിയാല്‍ അവന്‍ ഇസ്‌ലാമിനെ ജീവിപ്പിച്ചു’ (ഇബ്‌നു ഹജര്‍(റ), നിഅ്മതുല്‍ കുബ്‌റാ).(സുന്നത്ത് മാസിക, പേജ് 23).”

മഹാന്മാരായ സ്വഹാബിമാരുടെ പേരില്‍ പറയുന്ന ശുദ്ധനുണയാണിതെന്ന് പറയാതിരിക്കാന്‍ വയ്യ. ഇരുവരെയും ഇസ്‌ലാമില്‍ നിന്ന് പുറത്താക്കണമെന്ന് പരസ്യപ്പെടുത്തിയ ശിയാക്കളുടെ ആദര്‍ശം പേറുന്നവര്‍ക്ക് എന്തും എഴുതിവിടാമല്ലോ.

6. ”നബിദിനത്തോടനുബന്ധിച്ച് ഇന്ന് കാണുന്ന ഘോഷയാത്രയും അന്നദാനവും മറ്റും സൂറത്ത് യൂനുസില്‍ പറഞ്ഞ ആഘോഷ പരിധിയില്‍ പെട്ടതാണ്. മുഅവ്‌വിദിന്റെ മകള്‍ റുബയ്അയുടെ വിവാഹ ദിവസം ബദര്‍ ശുഹദാഇനെ സ്മരിച്ച് ദഫ്മുട്ടി പാടുന്നത് നബിയുടെ ശ്രദ്ധയില്‍ പെടുകയും തങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തു. ഈ സംഭവം ബുഖാരിയില്‍ കാണാം. ഇതില്‍ നിന്ന് ആവശ്യത്തിന് ദഫ് ഉപയോഗിക്കാം എന്ന് വ്യക്തമാണ്” (സുന്നത്ത് മാസിക, പേജ്23).

പറയപ്പെട്ട ആയത്തും ഹദീഥും ദീനില്‍ പുതുതായി ഉണ്ടാക്കപ്പെട്ട ആഘോഷത്തെ സംബന്ധിച്ചല്ലാത്തതിനാല്‍ ക്വുര്‍ആനിന്റെയും ഹദീഥിന്റെയും ഉദ്ദേശത്തെ തങ്ങള്‍ വിചാരിക്കുന്നതിലേക്ക് മാറ്റുക എന്ന സ്വഭാവം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഇവര്‍ക്കുള്ള മറുപടി ഇവരിലുള്ള ചിലര്‍ തന്നെ നല്‍കിയിട്ടുണ്ട്. മര്‍ക്കസ് ശരീഅത്ത് കോളേജ് പ്രൊഫസറായിരുന്ന അണ്ടോണ പി.കെ മുഹിയിദ്ദീന്‍ മുസ്‌ലിയാര്‍ എഴുതുന്നു: ”ഭക്തിപ്രകടനമായി ആരംഭിച്ച മൗലിദാഘോഷം സ്‌കൗട്ട്, വടി വീശല്‍, കുന്തപ്പയറ്റ്, പന്തംകൊളുത്ത് തുടങ്ങിയവയിലൂടെ ശക്തിപ്രകടനമായി മാറുന്നുണ്ട്. ഈമാനിന്റെ അത്യുന്നത ശിഖരം ലാഇലാഹ ഇല്ലല്ലാഹ് എന്നതാണെന്നും അതിന്റെ ഏറ്റവും താഴെ കിടയിലുള്ളത് മാര്‍ഗതടസ്സം നീക്കലാണെന്നും പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനത്തിന്റെ പേരില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിക്കുന്നത് ശരിയല്ല. വാഹനങ്ങള്‍ റൂട്ടുമാറ്റി വിടാറുള്ളത് കൊണ്ട് മാര്‍ഗതടസ്സം വരില്ലെന്നാണ് വാദമെങ്കില്‍ മാറിയ റൂട്ടിന്റെ നീളം കാരണം ധനനഷ്ടവും സമയനഷ്ടവും അനുഭവപ്പെടുമെന്ന് തീര്‍ച്ച. ഇത്തരം കാരണത്താല്‍ നബിﷺയെ വല്ലവരും പഴിക്കാന്‍ ഇടവന്നാല്‍ (നഊദുബില്ലാഹ്) അതിന്റെ പ്രത്യാഘാതം ഊഹാതീതമാണ്.

വീടിന്റെ ഉള്ളില്‍ അടങ്ങിയൊതുങ്ങിയിരിക്കാന്‍ കല്‍പിക്കപ്പെട്ട തരുണീമണികള്‍ കൈക്കുഞ്ഞുങ്ങളെയുമേന്തി അര്‍ധനഗ്‌നകളായി റോഡിനിരുവശത്തും സ്ഥലം പിടിച്ച് പരപുരുഷ ദര്‍ശനത്തിനും സ്പര്‍ശനത്തിനും കാരണമാകുന്നതിന്റെ മുഖ്യ പങ്ക് ഇന്നത്തെ സ്‌കൗട്ടിനും ദഫ്ഫിനും മറ്റുമാണെങ്കില്‍ ആ സ്‌കൗട്ടിന്റെയും ദഫ്ഫിന്റെയും കാര്യവും പണ്ഡിത സഭയുടെ ചിന്തക്ക് വിഷയീഭവിക്കേണ്ടതാണ്. അത് കൊണ്ട് അത്തരം കാര്യങ്ങള്‍ക്കൊന്നും ഇടം കൊടുക്കാത്ത വിധം ഭക്ത്യാദര പ്രകടനം മാത്രമായി നബിദിനാഘോഷം മാറേണ്ടിയിരിക്കുന്നു എന്നതാണ് എന്റെ വിനീതമായ അഭിപ്രായം” (അല്‍ ഇര്‍ഫാദ്, 1993 സെപ്തംബര്‍, പേജ് 9).

7. ‘അടുത്ത കാലം വരെ ഇതിലൊന്നും കാര്യമായി തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ എന്തും വിവാദമാക്കാനുള്ള പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ അജണ്ടയുടെ ഭാഗമായി മുത്ത് നബിയെ ചൊല്ലിയും മുസ്‌ലിം സമൂഹത്തില്‍ തര്‍ക്കമുയരുന്നത് നാം കാണേണ്ടി വന്നു. മുഹമ്മദ് നബിﷺയുടെ സ്ഥാനവും മാനവും മനസ്സിലാക്കുന്നതില്‍ ചിലര്‍ക്ക് കാര്യമായ തകരാറ് വന്നു എന്ന് നാം പറയുന്നത് ഇതിന്റെയടിസ്ഥാനത്തിലാണ്” (സുന്നത്ത് മാസിക, പേജ്21).

നബിﷺയെ സമൂഹമധ്യത്തില്‍ നിന്ദിക്കുന്ന തരത്തില്‍ മുടിയും വടിയും പൊടിയും ചെരിപ്പും ഇമ്മാതിരി ആഘോഷയാത്രയും ചുമന്ന് നടക്കുന്ന ഇവര്‍ക്ക് ബാധിച്ച തകരാര്‍ ഓര്‍ത്താല്‍ ആര്‍ക്കും സങ്കടംവരും. മതവിരുദ്ധ വിശ്വാസാചാരങ്ങള്‍ ആരില്‍ നിന്ന് എന്നെല്ലാം ഉണ്ടായിട്ടുണ്ടോ അന്നെല്ലാം സത്യസന്ധര്‍ മുഖം നോക്കാതെ എതിര്‍ത്തിട്ടുമുണ്ട്. അത് വിവാദമാക്കലല്ല, ശരിപ്പെടുത്തലാണ്.

നബിദിനാഘോഷം ഇസ്‌ലാമികമെന്ന് വാദിക്കുന്നവരാണ് തെളിവ് ഹാജറാക്കേണ്ടത്. ഒന്നുകില്‍ നേരിട്ട് വിഷയം പറയുന്നതോ, അല്ലെങ്കില്‍ വിഷയത്തെ ഉള്‍കൊള്ളുന്നതോ ആയ സ്വീകാര്യമായ തെളിവുകള്‍. അല്ലാതെ പ്രമാണങ്ങളെ വക്രീകരിച്ച് തെളിവു നിര്‍മിക്കുന്നത് പരലോകബോധമുള്ളവര്‍ക്ക് ഭൂഷണമല്ല.

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

വിശ്വാസികള്‍ക്കുള്ള വാഗ്ദാനങ്ങള്‍

വിശ്വാസികള്‍ക്കുള്ള വാഗ്ദാനങ്ങള്‍

കര്‍മനിരതമാകണം സത്യവിശ്വാസിയുടെ ജീവിതം. സല്‍കര്‍മങ്ങള്‍ സ്രഷ്ടാവിങ്കല്‍ സ്വീകാര്യമാകുന്നതാകട്ടെ സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ വിശ്വാസത്തെ വിമലീകരിക്കല്‍ അനിവാര്യമാണ്. എന്നാല്‍ അധികപേരും വിശ്വാസ സംസ്‌കരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താറില്ല. വിശ്വാസവിശുദ്ധി കാത്തുസൂക്ഷിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ ഇഷ്ടവും അല്ലാത്തവര്‍ക്ക് കോപവുമാണ് കിട്ടാനുള്ളത്. അല്ലാഹു പറയുന്നു: ”എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് ആരോ അവരുടെതായ പ്രതിഫലം അവര്‍ക്കവന്‍ നിറവേറ്റിക്കൊടുക്കുകയും അവന്റെ അനുഗ്രഹത്തില്‍ നിന്ന് കൂടുതലായി അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്. എന്നാല്‍ വൈമനസ്യം കാണിക്കുകയും അഹങ്കരിക്കുകയും ചെയ്തവരാരോ അവര്‍ക്കവന്‍ വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്. അല്ലാഹുവെ കൂടാതെ തങ്ങള്‍ക്ക് ഒരു ഉറ്റമിത്രത്തെയോ സഹായിയേയോ അവര്‍ കണ്ടെത്തുകയില്ല” (ക്വുര്‍ആന്‍ 4:173).

സത്യവിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്നവര്‍ക്ക് അല്ലാഹു ധാരാളം വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. അവയില്‍ പെട്ട ചില കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.

1. ഏറ്റവും വലിയ വിജയം

അല്ലാഹുവിലും പ്രവാചകന്മാരിലുമുള്ള വിശ്വാസം ഉറപ്പിച്ചവര്‍ സര്‍വസൗഭാഗ്യങ്ങള്‍ക്കും അര്‍ഹത നേടി കൈവരിക്കുന്ന ശാശ്വത വിജയമാണിത്; താല്‍ക്കാലികമായുള്ളതല്ല. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 23:1).

2. നേര്‍മാര്‍ഗം നല്‍കല്‍

അല്ലാഹു തന്റെ ഇഷ്ടദാസന്മാര്‍ക്ക് കണക്കാക്കുന്ന വിശ്വാസദൃഢതയാണിത്. സത്യത്തിലേക്ക് വഴിനടത്തലും അസത്യത്തില്‍ നിന്ന് വിട്ടുനിര്‍ത്തലും സ്വര്‍ഗപദവികള്‍ നല്‍കലും നരകത്തില്‍നിന്ന് രക്ഷപ്പെടുത്തലുമാണ് നേര്‍മാര്‍ഗം ലഭ്യമായാലുളള നേട്ടം. അല്ലാഹു പറയുന്നു: ”വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന് കീഴ്‌പെടുവാനുമാണ് (അത് ഇടയാക്കുക). തീര്‍ച്ചയായും അല്ലാഹുസത്യവിശ്വാസികളെ നേരായപാതയിലേക്ക് നയിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 22:54).

”അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 5:16).

3. യഥാര്‍ഥ സഹായം

മതത്തെ യഥാവിധി ജീവിതത്തില്‍ നിലനിര്‍ത്തി അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നവര്‍ക്ക് സഹായം നല്‍കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. മക്കാവിജയവേളയിലും മറ്റു പല നിര്‍ണായക ഘട്ടങ്ങളിലും ഈ സഹായം വിശ്വാസികള്‍ക്ക് ലഭിച്ചതായി ക്വുര്‍ആനും പ്രവാചക വചനങ്ങളും ചരിത്രവും വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”നിനക്ക് മുമ്പ് പല ദൂതന്മാരെയും അവരുടെ ജനതയിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്. എന്നിട്ട് വ്യക്തമായ തെളിവുകളും കൊണ്ട് അവര്‍ (ദൂതന്മാര്‍) അവരുടെയടുത്ത് ചെന്നു. അപ്പോള്‍ കുറ്റകരമായ നിലപാട് സ്വീകരിച്ചവരുടെ കാര്യത്തില്‍ നാം ശിക്ഷാനടപടി സ്വീകരിച്ചു. വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരുന്നു” (30:47)

”നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്…” (ക്വുര്‍ആന്‍ 3:123).

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്” (ക്വുര്‍ആന്‍ 47:7).

4. പ്രതാപം

അല്ലാഹുവാണ് പ്രതാപത്തിന്റെ നാഥന്‍: ”പ്രതാപത്തിന്റെ നാഥനായ നിന്റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍നിന്നെല്ലാം എത്ര പരിശുദ്ധന്‍!” (ക്വുര്‍ആന്‍ 37:180).

സര്‍വ പ്രതാപത്തിന്റെയും ഉടമയായ അല്ലാഹുവാണ് പ്രതാപം നല്‍കുന്നവന്‍. അല്ലാഹുവിനെ അനുസരിക്കുന്നവര്‍ക്ക് പ്രതാപവും അവനെ ധിക്കരിക്കുന്നവര്‍ക്ക് നിന്ദ്യതയുമാണ് കരഗതമാവുക. അല്ലാഹു പറയുന്നു: ”…അല്ലാഹുവിനും അവന്റെ ദൂതനും വിശ്വാസികള്‍ക്കുമാകുന്നു പ്രതാപം…” (ക്വുര്‍ആന്‍ 63:8).

5. പ്രാതിനിധ്യവും സ്വാധീനവും

നല്ലതിനെ പ്രതിനിധീകരിക്കാനും നന്മയില്‍ സഹകരിക്കാനും കഴിയുക എന്നത് വലിയ അനുഗ്രഹമാണ്. ജീവിതത്തിന്റെ രഹസ്യ-പരസ്യ രംഗങ്ങളില്‍ ഒരുപോലെ സ്രഷ്ടാവിനെ ഭയപ്പെടുകയും വിശ്വാസവും സല്‍കര്‍മങ്ങളും കൈവിടാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന ചില വാഗ്ദാനങ്ങള്‍ കാണുക: ”നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവര്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍” (ക്വുര്‍ആന്‍ 24:55).

6. പ്രതിരോധം

അധര്‍മം, ദുഷ്‌പ്രേരണ, അസത്യവാദം, പൈശാചിക ദുര്‍ബോധനം തുടങ്ങി തെറ്റുകുറ്റങ്ങളില്‍ നിന്നെല്ലാമുള്ള സംരക്ഷണം നല്‍കുക വഴി അല്ലാഹു തന്റെ നന്ദിയുള്ള അടിമകള്‍ക്ക് പ്രതിരോധ മേര്‍പ്പെടുത്തുന്നതാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പ്പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല തീര്‍ച്ച” (ക്വുര്‍ആന്‍ 22:38).

7. നിര്‍ഭയത്വം

സത്യമാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുക എന്നതാണ് യഥാര്‍ഥ നിര്‍ഭയത്വം. ശിര്‍ക്കിനെയാണ് ഏറെ ഭയപ്പെടേണ്ടത്. സ്വജീവിതത്തില്‍ ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്ന കടുത്ത അക്രമം സംഭവിക്കാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിശ്വാസത്തില്‍ ശിര്‍ക്കാകുന്ന അതിക്രമം കലര്‍ത്താത്തവര്‍ക്ക് ശിക്ഷ, ഭയം, ദൗര്‍ഭാഗ്യം എന്നിവയില്‍ നിന്നെല്ലാം അല്ലാഹു നിര്‍ഭയത്വം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു: ”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 6:82).

8. നല്ല ജീവിതം

മനുഷ്യമനസ്സുകള്‍ക്ക് സമാധാനവും സൗഖ്യവും കിട്ടുക നല്ല ജീവിതം കൊണ്ടാണ്. വിശ്വാസവും സല്‍കര്‍മവും ഒത്തുചേരുന്നവര്‍ക്ക് അല്ലാഹു ഇഹലോകത്തും പരലോകത്തും നല്‍കുന്നതാണിത്. ഉപജീവനമാര്‍ഗവിശാലതയും പരലോകത്തെ പ്രതിഫലം കാക്ഷിക്കലും ഇതിന്റെ ഫലമാണ്. അല്ലാഹു പറയുന്നു: ”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്നപക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും” (ക്വുര്‍ആന്‍ 16:97).

9. അനുഗ്രഹങ്ങള്‍ ലഭിക്കല്‍

വിശ്വാസികള്‍ക്കായി അല്ലാഹു ഒരുക്കിയ ആദരവാണിത്. നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കി സൂക്ഷ്മത പാലിക്കുന്നവര്‍ക്കേ ഇതിനര്‍ഹരാകാന്‍ കഴിയൂ. അല്ലാഹു പറയുന്നു: ”ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ചുതള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി” (ക്വുര്‍ആന്‍ 7:96).

10. അല്ലാഹുവിന്റെ സാമീപ്യം

വിശ്വാസത്തിലധിഷ്ഠിതമായി ജീവിതം നയിക്കുന്ന തന്റെ അടിമകള്‍ക്ക് അല്ലാഹു പ്രത്യേകം നല്‍കുന്ന സൗഭാഗ്യമാണിത്. വാക്കും പ്രവൃത്തിയും ചിന്തയും നേര്‍ദിശയില്‍ ചലിപ്പിക്കാന്‍ അല്ലാഹുവിന്റെ സഹായവും കാവലും ഇത്തരക്കാര്‍ക്കുണ്ടാകും. എണ്ണക്കുറവും ദുര്‍ബലതയും നേരിടുന്ന നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഈ അനുഗ്രഹം ഒന്നുകൂടി നിഴലിച്ച് കാണും. അല്ലാഹു പറയുന്നു: ”…അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്” (ക്വുര്‍ആന്‍ 8:19).

ഇതെല്ലാം അല്ലാഹുവിന്റെ വാഗ്ദാനങ്ങളാണ്; വ്യാജമായ വാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിപ്പിക്കുന്ന മനുഷ്യരുടെ പരസ്യവാചകങ്ങളല്ല.

 

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

ഉമ്മയുമായുള്ള ബന്ധം

ഉമ്മയുമായുള്ള ബന്ധം
ചോദ്യം: ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് കഴിയുന്നപോലെ പഠിച്ച് അതനുസരിച്ച് ജീവിക്കുവാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. എന്നാല്‍ എന്റെ മാതാവ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുലര്‍ത്തിപ്പോരുന്ന ഒരു വ്യക്തിയാണ്. ഇത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പ്രയാസപ്പെടുത്തുന്നു. ഉമ്മ അവരുടെ വിശ്വാസത്തിലേക്ക് എന്നെ നിര്‍ബന്ധിക്കുമ്പോള്‍ എനിക്ക് പ്രതികരിക്കേണ്ടി വരുന്നു. ഞാനെന്തു ചെയ്യും?
ഉത്തരം: ഉമ്മ തന്റെ വിശ്വാസം പൂര്‍ണമായും ശരിയാണെന്നും അതിനെതിരായുള്ളത് വഴികേടാണെന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അപ്പോള്‍ തന്റെ മകന്‍ വഴിപിഴച്ച് പോയതിലുള്ള വിഷമം കൊണ്ടായിരിക്കാം അവര്‍ നിരന്തരം താങ്കളെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഉമ്മയുടെ നിര്‍ബന്ധിക്കല്‍ താങ്കള്‍ക്കൊരിക്കലും അംഗീകരിക്കാനാവില്ല. കാരണം അത് അല്ലാഹുവിന്നും അവന്റെ പ്രവാചകന്നും എതിരായിരിക്കും, ചിലപ്പോള്‍ ശിര്‍ക്കായ കാര്യങ്ങളുമാവാം. അതനുസരിക്കാന്‍ നമുക്ക് ബാധ്യതയും ഇല്ലല്ലോ.

''നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്'' (ക്വുര്‍ആന്‍ 31:15).

താങ്കള്‍ക്ക് പ്രതികരിക്കുകയുമാവാം. പക്ഷേ, പ്രതികരണങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നത് വളരെ പ്രധാനമാണ്. താങ്കള്‍ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്നത് താങ്കള്‍ക്ക് അറിയുന്ന കാര്യമാണ.് അത് മാതാവിന് മനസ്സിലാകുമ്പോള്‍ മാത്രമെ അവര്‍ക്ക് താങ്കളെ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ.

അതിനുള്ള യുക്തിപരമായ വഴികള്‍ കണ്ടു പിടിക്കണം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

1. ഉമ്മയോട് വൈകാരികമായി പ്രതികരിക്കുമ്പോള്‍ താങ്കളുടെ ദീനിലുള്ള ആത്മാര്‍ഥത തന്നെ സംശയിക്കപ്പെടും. ഒരു പക്ഷേ, ഉമ്മ തന്നെ ചോദിക്കും 'നീ വലിയ ദീനിന്റെ ആളാണെങ്കില്‍ നിന്റെ ഉമ്മയായ എന്നോട് ഇങ്ങനെ ദേഷ്യപ്പെടാന്‍ പാടുണ്ടോ?' എന്ന്.

2. കാര്യങ്ങള്‍ ശരിയായി ബോധ്യപ്പെട്ടപ്പോഴാണല്ലോ താങ്കള്‍ ആശയപരമായി മാറിയത്. ഉമ്മയും ബോധ്യപ്പെടുമ്പോള്‍ മാറും. അത് വരെ അവധാനതയോടെ കാത്തിരിക്കുക.

3. ആര്‍ക്കും ഹിദായത്ത് നല്‍കല്‍ നമ്മുടെ കഴിവില്‍ പെട്ടതല്ല. നമുക്ക് ഒരു കാരണമാവാനേ കഴിയൂ. പിതൃവ്യനായ അബൂത്വാലിബിന്റെ കാര്യത്തില്‍ നബി ﷺ യെ അല്ലാഹു ഈ കാര്യം ഉണര്‍ത്തിയിട്ടുണ്ട്.' ''തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 28:56).

4. ഉമ്മ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്നത് തന്നെ ഉമ്മയിലേക്കെത്താനുള്ള വഴിയാണ്.

5. ഉമ്മ പറയുന്നതില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ താല്‍പര്യത്തോടെയും ആത്മാര്‍ഥതയോടെയും ചെയ്യുക.

6. നിര്‍ബന്ധിക്കാത്ത വിധത്തില്‍ മതപരമായ കാര്യങ്ങള്‍ കേള്‍ക്കാനും പഠിക്കാനും അവസരങ്ങള്‍ ഉണ്ടാക്കുക.

7. നേര്‍മാര്‍ഗത്തിന്നു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

ലഹരിയിലേക്കെത്തുന്ന വഴികള്‍​

ലഹരിയിലേക്കെത്തുന്ന വഴികള്‍
ചോദ്യം: എന്റെ പതിനേഴ് വയസ്സുള്ള മകന്‍ ലഹരിയ്ക്കടിമയാണ്. നേരത്തെ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. ഇനിയെന്ത് ചെയ്യും?
ഉത്തരം: ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തെക്കാളും നേരത്തെ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ് ഗൗരവപരമായി കാണേണ്ടത്. ഇസ്‌ലാമിക ശരീഅത്തിന്റെ തന്നെ അടിസ്ഥാനങ്ങൡലൊന്നാണ് തെറ്റിലേക്കുള്ള വഴി അടയ്ക്കല്‍ (സദ്ദു ദരീഅത്ത്). അന്യ സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള നോട്ടത്തെ വിരോധിച്ചത് വ്യഭിചാരത്തിലേക്ക് എത്താതിരിക്കുവാനാണ്. കാരണം എത്തിക്കഴിഞ്ഞ ശേഷം പിന്‍വാങ്ങല്‍ പ്രയാസകരമാണ്. പാപരഹിതമായി ജീവിക്കുവാനും അത് സഹായിക്കും. സ്ത്രീയും പുരുഷനും ഒറ്റയ്ക്കാവാന്‍ പാടില്ലെന്ന നിയമവും സ്ത്രീകളുടെ ഹിജാബുമെല്ലാം ഇതില്‍ ഉള്‍പെടും. ലഹരിയിലേക്കെത്തുന്ന സാഹചര്യങ്ങളെ ഇതിലേറെ ഗൗരവമായി നാം കാണണം.

മൂന്ന് സുഖങ്ങളാണ് ഏതൊരു മനുഷ്യനെയും പെട്ടെന്ന് സ്വാധീനിക്കുന്നത്. ഒന്ന് വിനോദങ്ങളാണ്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഗെയിമുകള്‍. ആളുകളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന ഭീകരാവസ്ഥയിലേക്ക് ചില ഗെയിമുകള്‍ എത്തിക്കഴിഞ്ഞു. രണ്ടാമത്തേത് ലൈംഗികതയാണ്. ഏതെങ്കിലും തരത്തില്‍ ഇത് ആസ്വദിക്കുന്നവരാണ് വലിയൊരു വിഭാഗം. മൂന്നാമത്തേതാണ് ലഹരിയുടെ സുഖം. പുകവലിയും മുറുക്കും പാന്‍പരാഗും ഇഞ്ചക്ഷനും ഗുളികകളും പാമ്പിനെക്കൊണ്ട് നാവില്‍ കൊത്തിക്കുന്നതുമടക്കം ലഹരിയുടെ എന്തെല്ലാം വഴികള്‍! അവസാനം ഉരുകിത്തീരുന്നു. വൈറ്റ്‌നര്‍ അടക്കം പല സ്‌റ്റേഷണറി സാധനങ്ങളും ചില മരുന്നുകളും മക്കള്‍ ലഹരിക്കായി ഉപയോഗിക്കുന്നു എന്ന കാര്യം അധികം രക്ഷിതാക്കള്‍ക്കുമറിയില്ല. ലഹരി വസ്തുക്കള്‍ സുലഭമായ ഇക്കാലത്ത് രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ലഹരിയിലേക്കെത്തുന്ന ചില കാരണങ്ങള്‍ കുറിക്കട്ടെ:

1. വളരെ ചെറുപ്രായത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം ആദ്യം പറയാം: കൃത്രിമ രുചിയള്ള ആഹാരങ്ങള്‍ കഴിവതും കുട്ടികളെ ശീലിപ്പിക്കാതിരിക്കുക. എന്തും രുചിച്ച് നോക്കുവാനും ഏത് രുചിയുമായും ഇണങ്ങുവാനും അത് മൂലം കുട്ടികള്‍ക്ക് സാധിക്കുന്നു. ഇത് ലഹരിയുണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗത്തിലേക്ക് എത്തിച്ചേക്കാം.

2. പുകവലി പലരെയും ലഹരിയിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കഞ്ചാവിന്റെ ഉപയോഗത്തിലേക്ക് എത്താന്‍ അത് എളുപ്പവഴിയാണ്. പുകവലിക്കുന്ന സ്വഭാവം കണ്ടുകഴിഞ്ഞാല്‍ അത് മാറ്റിയെടുക്കുവാനുള്ള ബുദ്ധിപൂര്‍വമായ ഇടപെടല്‍ വലിയ ദുരന്തങ്ങളെ ഒഴിവാക്കും.

3. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരോടൊപ്പമുള്ള സഹവാസമാണ് പലരെയും ലഹരിയിലേെക്കത്തിക്കുന്നത്. 'ഞാന്‍ ഉപയോഗിക്കാതിരുന്നാല്‍ പോരേ' എന്ന് ചോദിച്ച പലരും പിന്നീട് ലഹരിയിലേക്ക്എത്തിയിട്ടുണ്ട്.

4. ലഹരി ഉപയോഗിക്കുന്ന മാതാപിതാക്കളാണ് മറ്റൊരു കാരണം. മക്കള്‍ ലഹരിയെക്കുറിച്ച് മനസ്സിലാക്കുവാനും അത് തെറ്റായി കാണാതിരിക്കുവാനും അത് വഴിവെക്കുന്നു.

5. ആവശ്യത്തിലധികം പണം കയ്യില്‍ വരുന്നതും ലഹരി വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നതിലേക്കും ചീത്ത കൂട്ടുകാര്‍ കൂടെ കൂടുന്നതിനും കാരണമാകുന്നു.

6. സിനിമകളും സീരിയലുകളും ലഹരിയിലേക്കെത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

7. ഏത് തരത്തിലുള്ള ആഘോഷവേളകളിലും പരീക്ഷിക്കുന്ന തിന്മകളുടെ കൂട്ടത്തില്‍ മദ്യം പ്രധാനമാണ്.

8. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരുടെ ആയുധവും ലഹരിവസ്തുക്കളാണ്.

ലഹരി ഉപയോഗിക്കുന്നവരെ മാറ്റിയടുക്കുവാന്‍ പ്രഥമവും പ്രധാനവുമായി വേണ്ടത് സ്‌നേഹോപദേശമാണ്. അല്ലാഹുവിനെപ്പറ്റിയും പരലോകത്തെപ്പറ്റിയും ഓര്‍മിപ്പിക്കുന്ന ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെപ്പറ്റി ബോധവല്‍ക്കരിക്കുന്ന ഹൃദ്യമായ ക്ലാസുകളില്‍ പങ്കെടുപ്പിക്കുക എന്നതും ഒരു പരിഹാരമാണ്. മാതൃകാപരമായി നടക്കന്ന ഡി അഡിക്ഷന്‍ സെന്ററുകളും പ്രയോജനപ്പെടുത്താം.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

സൗഹാര്‍ദം തെറ്റാകുന്നതെങ്ങനെ?

സൗഹാര്‍ദം തെറ്റാകുന്നതെങ്ങനെ?
ചോദ്യം: സ്വന്തം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായുള്ള സൗഹൃദമല്ലേ പ്രേമം? ഇത് തെറ്റാകുന്നതെങ്ങനെ?
ഹയര്‍ സെക്കന്ററി വിദ്യാര്‍ഥി സമ്മേളനത്തില്‍ ഒരു വദ്യാര്‍ഥി ചോദിച്ച ചോദ്യമാണിത്. അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുള്ള അവിഹിത ബന്ധങ്ങള്‍ തെറ്റാണെന്ന് മനസ്സിലാക്കുവാന്‍ കഴിയാത്ത പുതുതലമുറയുടെ മനസ്സ് നമ്മെ ആശങ്കപ്പെടുത്തുന്നു. ഈ ചോദ്യം ചോദിക്കുന്ന സുഹൃത്തിന് ചെറിയൊരു ചിന്തയിലൂടെ മനസ്സിലാക്കാവുന്ന കാര്യമെ ഇതിലുള്ളൂ. തന്റെ സഹോദരിയുമായി അവളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഒരാണ്‍കുട്ടി സൗഹൃദം സ്ഥാപിക്കുകയും നിരന്തരം അവള്‍ക്ക് മെസ്സേജ് അയക്കുകയും കൂടെ ക്കൂടുകയും ചെയ്താല്‍ അതൊരു സൗഹൃദമല്ലേ എന്നു പറഞ്ഞ് അവഗണിക്കാനാകുമോ?

എല്ലാ അവിഹിത ബന്ധങ്ങളുടെയും തുടക്കം കേവല സൗഹാര്‍ദങ്ങളാണ്. അതാണ് പിന്നീട് വേര്‍പിരിയാനാവാത്ത ബന്ധങ്ങളും മാതാപിതാക്കളെയും മതത്തെും അവഗണിച്ച വിവാഹങ്ങളുമായി പരിണമിക്കുന്നത്. ഭൗതിക ജീവിത്തിലെ ഏറ്റവും വലിയ സന്തോഷവും ഇഹപര ജീവിതത്തിലെ പങ്കാളിയെ കണ്ടെത്താനുമുള്ള വിവാഹം കേവലം പരസ്പരം കണ്ടപ്പോഴുള്ള നെമിഷിക താല്‍പര്യത്തില്‍നിന്നും അവിഹിത ബന്ധത്തില്‍നിന്നും തുടങ്ങേണ്ടതാണോ? ഇത്തരം അവിഹിത ബന്ധങ്ങളുടെ ദുരന്തങ്ങളില്‍ ചിലത് ഇവിടെ സൂചിപ്പിക്കട്ടെ.

1. പ്രേമിക്കുന്നവരോടുള്ള സ്‌നേഹം ശക്തമാവുമ്പോള്‍ അത് ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കുന്നു. ചിലര്‍ മാനസിക രോഗികളാകുന്നു. ഒരു സ്ത്രീയുടെ അവിഹിതബന്ധം ഭര്‍ത്താവ് കണ്ടുപിടിക്കുകയും ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. ഫോണ്‍ ആവശ്യപ്പെട്ട് അവള്‍ കടുത്ത ഒരു മാനസിക രോഗിയെ പോലെയാണ് ഇപ്പോള്‍ പെരുമാറുന്നത്.

2. വിശ്വാസിയല്ലാത്ത ഒരാളുമായുള്ള പ്രേമം അവിശ്വാസത്തിലേക്ക് നയിച്ചേക്കാം.

3. കമിതാക്കളുടെ വിവാഹത്തിന് മാതാപിതാക്കള്‍ എതിരാകുമ്പോള്‍ അവരെ നിരാകരിക്കേണ്ടി വരുന്നു. അതാകട്ടെ മഹാപാപവുമാണ്.

4. അവിഹിത ബന്ധമായതിനാല്‍ ചതിക്കപ്പെടാനള്ള സാധ്യത കൂടുതലാണ്.

5. പ്രേമവിവാഹങ്ങളില്‍ സംശയരോഗത്തിന്റെ സാധ്യത കൂടുതലാണ്.

6. പ്രേമനൈരാശ്യം ആത്മഹത്യയിലേക്കും പ്രേമപരാജയം കൊലപാതകത്തിലേക്കുമെത്താം.

7. സുരക്ഷിതത്വവും വിശ്വാസ്യതയും സമാധാനവുമുള്ള ഒരു കുടുംബ ജീവിതം നഷ്ടപ്പെടുന്നു.

8. അഭിമാനവും അന്തസ്സും നഷ്ടമാവുന്നു.

9. പ്രേമിക്കുന്ന വ്യക്തിക്ക് തന്റെ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കാനല്ലാതെ മറ്റൊരു ചിന്തക്കും കഴിയാതെ വരുന്നു.

ഇത് ഇത്രയധികം പ്രത്യാഘാതങ്ങളുള്ള ഒരു തെറ്റാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത കൗമാര പ്രായക്കാരുടെയും ചില മാതാപിതാക്കളുടെയും മനസ്സ് നമ്മെ ഭയപ്പെടുത്തുന്നു.

അവിഹിത ബന്ധങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇതിന്റെ കാരണങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്. പെണ്‍കുട്ടികളുടെ വേഷം, സ്ംസാരം എന്നിവയ്ക്ക് ഇതില്‍ വലിയ പങ്കുണ്ട്. മഹ്‌റമല്ലാത്ത (അന്യരായ) പുരുഷന്‍മാരോട്, പ്രത്യേകിച്ചും ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികളോട് സ്വന്തം സഹോദരങ്ങളോട് പെരുമാറുന്ന പോലെയാണ് പല പെണ്‍കുട്ടികളുടെയും പെരുമാറ്റം.

വീട്ടിലെ സാഹചര്യവും മാതാപിതാക്കളുടെ പെരുമാറ്റവുമെല്ലാം കാരണങ്ങളായി വരാം. പ്രായത്തിനനുസരിച്ച മതബോധം തന്നെയാണ് ശരിയായ പരിഹാരം.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

മനസ്സ് മാറിക്കിട്ടാന്‍

മനസ്സ് മാറിക്കിട്ടാന്‍
ചോദ്യം: മകള്‍ ഒരു യുവാവുമായി അടുപ്പത്തിലായി. വാശി പിടിച്ചപ്പോള്‍ അയാളുമായി വിവാഹ നിശ്ചയം നടത്തി. പക്ഷേ, ചില തടസ്സങ്ങള്‍ വന്നു. അത് മുടങ്ങി. ഇപ്പോള്‍ അവള്‍ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരിക്കുന്നു. അയാളുമായുള്ള വിവാഹം നടത്തിക്കൊടുക്കുവാന്‍ നിര്‍ബന്ധിക്കുന്നു. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? അവളുടെ മനസ്സു മാറാന്‍ എന്തുചെയ്യണം?
ഉത്തരം: പ്രായപൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം നടത്തണം. അത് നബി ﷺ യുടെ നിര്‍ദേശമാണ്. അല്ലെങ്കില്‍ വ്യാപകമായ കുഴപ്പങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പെണ്‍കുട്ടിക്ക് ഒരു ജീവിത പങ്കാളി ആവശ്യമാണെന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാക്കാന്‍ മറ്റെന്ത് തെളിവാണിനി വേണ്ടത്? ഒരു പെണ്‍കുട്ടിയില്‍ പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത് മുതല്‍ തന്നെ ഒറ്റപ്പെടലും മാനസിക പിരിമുറുക്കങ്ങളും തുടങ്ങും. അതിന്റെ അര്‍ഥം മനസ്സും ശരീരവും ഒരു ഇണയെ തേടുന്നു എന്നതാണ്. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ട് പോകുന്നത് അപകടമാണ്. ഇത്തരം അവിഹിത ബന്ധങ്ങളെ പല രക്ഷിതാക്കളും നിസ്സാരമായി കാണുകയാണ് ചെയ്യുന്നത്.

കുട്ടികള്‍ക്കുള്ള ക്ലാസ്സില്‍ പ്രേമ വിവാഹങ്ങളുടെ ദുരന്തങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു കുട്ടി ചോദിച്ചു; മാതാപിതാക്കള്‍ക്ക് ഇഷ്ടമാണെങ്കില്‍ കുഴപ്പമുണ്ടോ എന്ന്! മാതാപിതാക്കളുടെ സമ്മതത്തോടെ നടക്കുന്ന പ്രേമങ്ങളുണ്ടെന്നത് ശരിതന്നെയാണ്. അവിഹിത ബന്ധങ്ങള്‍ ഉണ്ടാക്കുന്നവന്‍ എത്ര യോഗ്യനാണെങ്കിലും നമ്മുടെ മകളെ വിവാഹം കഴിക്കുവാന്‍ അയാള്‍ തീര്‍ത്തും അയോഗ്യനാണ്. നമ്മുടെ മരുമകന് ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മറ്റെന്ത് ഗുണങ്ങള്‍ അയാള്‍ക്കുണ്ടെങ്കിലും അയാളെ അംഗീകരിക്കാന്‍ നമുക്ക് കഴിയുമോ? ജോലിയോ പ്രായമോ സൗന്ദര്യമോ എത്ര തന്നെയുണ്ടെങ്കിലും വിശ്വാസ്യതയില്ലെങ്കില്‍ ആ ബന്ധത്തില്‍ എന്ത് സുരക്ഷിതത്വമാണുള്ളത്?

നിരന്തരം കാമുകന്മാരെ കണ്ടെത്തുകയും അത് തന്നെ നടക്കണമെന്ന് വാശി പിടിക്കുകയും ചെയ്യുന്ന മകളുടെ മനസ്സ് മാറ്റാനുള്ള വഴിയാണ് ഈ പിതാവ് ചോദിക്കുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതിരിക്കാന്‍ നോക്കുന്നതാണ് എന്ന് പറഞ്ഞതുപോലെ അവിഹിത ബന്ധങ്ങളുണ്ടാകാതെ ശ്രദ്ധിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. നേരത്തെതന്നെ അവിഹിത ബന്ധങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുക. അവിഹിത ബന്ധങ്ങളില്‍ പെട്ട ആണ്‍കുട്ടികളെ രക്ഷിതാക്കള്‍ മനസ്സു മാറ്റാന്‍ കൗണ്‍സിലിങ്ങിന് വളരെ വിരളമായേകൊണ്ടു വരാറുള്ളൂ. കാരണം അവര്‍ക്ക് കാര്യമായ നഷ്ടമൊന്നും സംഭവിക്കാനില്ല. എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ ഭാവി അപകടപ്പെടുത്തുന്നതില്‍ അവിഹിത ബന്ധങ്ങളെക്കാള്‍ വലുതായി മറ്റൊരു കാരണമില്ല. ഈ തിരിച്ചറിവില്ലാത്തത് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നു. താന്‍ ഇഷ്ടപ്പെട്ട പുരുഷന് എന്തോ കാര്യമായ സവിശേഷതകളുണ്ടെന്ന് തെറ്റുധരിച്ച പെണ്‍കുട്ടികളുണ്ട്. ഒരാണിന് പെണ്ണിനോട് തോന്നുന്ന ജീവശാസ്ത്രപരമായ ആകര്‍ഷണീയത എന്നതിനപ്പുറം അയാള്‍ക്ക് ഒരു പ്രത്യേകതയും ഇല്ല. ഇത്തരം ബന്ധങ്ങളുണ്ടാക്കുന്ന പുരുഷന്മാര്‍ അധികവും മനസ്സിന് രോഗമുള്ളവരായിരിക്കും. അവര്‍ക്ക് ഇതല്ലാതെയും ബന്ധങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. അത് ബോധ്യപ്പെട്ടാല്‍ മനസ്സിന് മാറ്റമുണ്ടാകാം. ചില പുരുഷന്മാരുടെ വീട്ടുകാര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടാകാം. അതും മനസ്സ് മാറ്റത്തിന് സഹായകരമാണ്. മാതാവിനും പിതാവിനും അതൃപ്തി ഉണ്ടെന്നറിഞ്ഞാല്‍ തന്നെ ചില പെണ്‍കുട്ടികള്‍ പിന്മാറും. സ്‌നേഹപൂര്‍വമായ സംസാരങ്ങള്‍ക്കേ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയൂ. കുറ്റപ്പെടുത്തലും മര്‍ദനങ്ങളും വാശി വര്‍ധിപ്പിക്കുവാനും കാമുകനിലേക്ക് കൂടുതല്‍ അടുക്കുവാനും വഴിയൊരുക്കും. നിരന്തരമായി മകളെ ഈ കാര്യത്തില്‍ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉമ്മമാര്‍ മനം മാറ്റത്തെ സഹായിക്കുന്നവരല്ല.

മനസ്സ് മാറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ദീനീബോധം തന്നെയാണ്. അവിഹിത ബന്ധത്തിലൂടെ വിവാഹത്തിലെത്തിയാല്‍ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാതെ പോകുമോ എന്ന് ചിന്തിച്ച് പ്രേമത്തില്‍ നിന്ന് പിന്തിരിഞ്ഞ എത്രയോ പെണ്‍കുട്ടികളുണ്ട്. മാതാപിതാക്കള്‍ക്ക് തൃപ്തിയില്ലാത്തതിനാല്‍ അല്ലാഹുവും തൃപ്തിപ്പെടാതിരിക്കുമോ എന്ന് ചിന്തിച്ച് മാറിയവരും കുറവല്ല. മതപരമായി അറിവുള്ള ഒരു കൗണ്‍സിലറുടെ സഹായവും അല്ലാഹുവിന്റെ സഹായവുമുണ്ടെങ്കില്‍ മനസ്സ് മാറും. മാതാപിതാക്കളുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുമെന്നാണല്ലോ ഹദീഥിലുള്ളത്. അല്ലാഹു മക്കളില്‍ നിന്ന് നമുക്ക് കണ്‍കുളിര്‍മ നല്‍കട്ടെ!

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക