മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം

മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം

അല്ലാഹു മനുഷ്യസമൂഹത്തെ സൃഷ്ടിച്ചിട്ടുള്ളത് അവനെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ്. അത് വിശദീകരിക്കുവാനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും വേദഗ്രന്ഥങ്ങളിറക്കിയതും. അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ പറയുന്നു:

”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (അദ്ദാരിയാത്:56).  

നമ്മെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് അവനെമാത്രം ആരാധിക്കുവാന്‍ വേണ്ടിയത്രെ. പ്രവാചകന്മാര്‍ മുഖേന അല്ലാഹു സന്മാര്‍ഗവും ദുര്‍മാര്‍ഗവും വ്യക്തമാക്കി തന്നിരിക്കുന്നു. സന്മാര്‍ഗത്തിലൂടെ സഞ്ചരിച്ച് മനുഷ്യന് നന്ദിയുള്ളവനായി മാറാം; ദുര്‍മാര്‍ഗത്തിലൂടെ സഞ്ചരിച്ച് നന്ദികെട്ടവനുമായിത്തീരാം. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും നാം അവന്ന് വഴികാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു” (അല്‍ഇന്‍സാന്‍: 3).

എല്ലാവരും അല്ലാഹുവിലേക്ക് മടക്കപ്പെടുന്നതാണ്. അല്ലാഹു പറയുന്നു:

”അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ?” (അല്‍മുഅ്മിനൂന്‍: 115).

മരണവും ജീവിതവും സൃഷ്ടിച്ചിരിക്കുന്നത് നന്മയുടെ വക്താക്കളാരാണെന്ന് പരീക്ഷിക്കുവാന്‍ വേണ്ടിയാണ്. അല്ലാഹു പറയുന്നു:

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (അല്‍മുല്‍ക്: 2).

 മേല്‍ വിവരിച്ചതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്, നമ്മെ സൃഷ്ടിച്ചതിനു പിന്നില്‍ ഉന്നതമായ ലക്ഷ്യമുണ്ട് എന്നാണ്. അത് നമ്മെ സൃഷ്ടിച്ച, സര്‍വലോക രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിച്ച് അവന്‍ വിശ്വാസികള്‍ക്കൊരുക്കിയ സ്വര്‍ഗം കരഗതമാക്കുകയെന്നതാണ്.

അല്ലാഹുവിനെ അറിയല്‍ വിശ്വാസികളുടെ ബാധ്യത

തന്റെ രക്ഷിതാവ് ആരാണെന്നും അവന്‍ എവിടെയാണെന്നും അവന്റെ നാമ വിശേഷണങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കല്‍ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. എങ്കില്‍ മാത്രമെ തന്റെ ആരാധനകള്‍ മുഴുവനും അവന്‍ നമുക്ക് അറിയിച്ച് തന്ന രൂപത്തില്‍ നിര്‍വഹിക്കുവാന്‍ സാധിക്കു കയുള്ളൂ. 

അല്ലാഹു ആര്? 

അല്ലാഹു ആരാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലതാനും” (സൂറത്തുല്‍ ഇഖ്‌ലാസ്: 1-4).

”അല്ലാഹു- അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്തുവാനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ (മറ്റൊ ന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (അല്‍ബക്വറ: 255).

അല്ലാഹു റബ്ബാണ്

ക്വുര്‍ആന്‍ പറയുന്നു: ”ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനി ല്‍ക്കുകയും ചെയ്യുക. അവന്നു പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയുമോ?” (മറ്‌യം: 65).

”സ്തുതി സര്‍വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു” (അല്‍ ഫാതിഹ: 1).

അല്ലാഹു ആരാധ്യനാണ്

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)” (അന്നഹ്ല്‍: 36).

”ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക” (മുഹമ്മദ്: 19).

അല്ലാഹുവിന് വിശുദ്ധ നാമങ്ങളുണ്ട്

അല്ലാഹു സ്വയം തന്നെ വിശുദ്ധക്വുര്‍ആനിലൂടെയും പ്രവാചക വചനങ്ങളിലൂടെയും അവന് അനേകം നാമങ്ങളുണ്ടെന്ന് സ്ഥാപിക്കുന്നു. ഈ നാമങ്ങള്‍ മുഴുവനും അവന് മാത്രം പ്രത്യേകമായിട്ടുള്ളതാണ്. അല്ലാഹു പറയുന്നു:

”അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചു കൊള്ളുക” (അല്‍അഅ്‌റാഫ്: 180).

”താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു. താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്ത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍. സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളവയും അവന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും” (അല്‍ഹശ്ര്‍: 22-24).

അല്ലാഹു മാത്രമാണ് പ്രാര്‍ഥന കേള്‍ക്കുന്നവന്‍

”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്, തീര്‍ച്ച!” (അല്‍ഗാഫിര്‍: 60). 

”അവനോടുള്ളത് മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവനു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുകയില്ല” (അര്‍റഅ്ദ്: 14).

”നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്” (അല്‍ബക്വറ: 186). 

അല്ലാഹു മാത്രം പാപം പൊറുക്കുന്നവന്‍: ”(നബിയെ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ വിവരമറിയിക്കുക” (അല്‍ഹിജ്ര്‍: 49).

അല്ലാഹു കാരുണ്യവാനാണ്

അല്ലാഹു മുഴുവന്‍ സൃഷ്ടികളോടും കാരുണ്യം കാണിക്കുന്നവനാണ്. അല്ലാഹു പറയുന്നു: ”പരമകാരുണികനും കരുണാനിധിയും” (അല്‍ഫാതിഹ: 3).

അല്ലാഹു വിചാരണ നാളിന്റെ അധിപനാണ്

”പ്രതിഫലനാളിന്റെ ഉടമസ്ഥന്‍” (അല്‍ ഫാതിഹ: 4).

”അവര്‍ വെളിക്കുവരുന്ന ദിവസമത്രെ അത്. അവരെ സംബന്ധിച്ച യാതൊരു കാര്യവും അല്ലാഹുവിന്ന് ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആര്‍ക്കാണ് രാജാധികാരം? ഏകനും സര്‍വാധിപതിയുമായ അല്ലാഹുവിന്” (അല്‍ഗാഫിര്‍: 16).

അല്ലാഹുവാണ് ഹിദായത്ത് നല്‍കുന്നവന്‍

”തീര്‍ച്ചയായും നിനക്കിഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താനുദ്ദേശിക്കുന്നവരെ നേര്‍വഴിലാക്കുന്നു. സന്മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു” (അല്‍ക്വസ്വസ്വ്: 56).

അല്ലാഹുവാണ് ഭരമേല്‍പിക്കുവാന്‍ അര്‍ഹന്‍

”(നബിയേ,) നീ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്റെ നാഥന്‍” (അത്തൗബ: 129).

”അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ” (ആലുഇംറാന്‍: 173).

അല്ലാഹു അവനില്‍ പങ്കുചേര്‍ക്കുന്നതിനെ പൊറുക്കാത്തവന്‍

”തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്” (അന്നിസാഅ്: 48).

അല്ലാഹു ഉപരിലോകത്ത്

അല്ലാഹു സിംഹാസനത്തില്‍ ഉപവിഷ്ടനാണെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

”പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു” (ത്വാഹാ:5). 

അല്ലാഹു ഉപരിലോകത്താണെന്നുള്ളതിന് വിശുദ്ധ ക്വുര്‍ആനില്‍ ധാരാളം വചനങ്ങള്‍ കാണാന്‍ സാധിക്കും. അല്ലാഹു പറയുന്നു:

”ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞ് കൊണ്ടിരിക്കും” (അല്‍മുല്‍ക്: 17). 

പ്രവാചക വചനങ്ങളിലും ഇതിന് ധാരാളം തെളിവുകള്‍ കാണാന്‍ കഴിയുന്നതാണ്. 

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: പ്രവാചകന്‍ﷺ പറയുന്നു: ”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം; ഒരാള്‍ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിച്ചിട്ട് അവള്‍ അതിന് വിസമ്മതിക്കുകയാണെങ്കില്‍ ഭര്‍ത്താവ് അവളില്‍ തൃപ്തിപ്പെടുന്നത് വരെ ആകാശത്തുള്ളവന്‍ അവളില്‍ കോപിക്കുന്നതാണ്” (മുസ്‌ലിം). 

”മുആവിയ്യതുബ്‌നു ഹഖമുസ്സുലമി(റ)യില്‍ നിന്ന് നിവേദനം: ”എനിക്ക് ആടുകളെ പരിപാലിക്കുന്ന ഒരു അടിമ സ്ത്രീ ഉണ്ടായിരുന്നു. ഒരു ദിവസം ചെന്നായ ഒരു ആടിനെ പിടിച്ചു. ഞാന്‍ ആദം സന്തതിയില്‍ പെട്ടതായത് കൊണ്ട് തന്നെ എനിക്ക് സങ്കടം വന്നു, മാത്രമല്ല ഞാനവളെ അടിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഞാന്‍ ചെയ്തത് ഒരു വലിയ പാതകമാണെന്ന് എനിക്ക് ബോധ്യമായത്. അത് കാരണത്താല്‍ ഞാന്‍ പ്രവാചകന്റെയടുത്ത് പോയി കാര്യം പറഞ്ഞു: ‘അല്ലയോ തിരുദൂതരേ, ഞാനവളെ മോചിപ്പിക്കട്ടെയോ?’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘നീ അവളെയും കൊണ്ട് വരൂ.’ അങ്ങനെ ഞാന്‍ അവളെയും കൊണ്ട് വന്നു. അപ്പോള്‍ നബിﷺ അവളോട് ചോദിച്ചു: ‘അല്ലാഹു എവിടെയാണ്?’ അവള്‍ പ്രതിവചിച്ചു: ‘ആകാശത്തില്‍.’ ‘ഞാന്‍ ആരാണ്?’ നബിﷺ ചോദിച്ചു. അവള്‍ പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകനാണ്.’ അപ്പോള്‍ നബിﷺ എന്നോട് പറയുകയുണ്ടായി: ‘നീ അവളെ മോചിപ്പിക്കുക, അവള്‍ സത്യവിശ്വാസിനിയാണ്” (മുസ്‌ലിം). 

അല്ലാഹു എല്ലാ സ്ഥലത്തും എല്ലാറ്റിലുമുണ്ടെന്ന വാദം വിശുദ്ധ ക്വുര്‍ആനിനും നബിവചനങ്ങള്‍ക്കും എതിരാണ്. അതിനാല്‍ സത്യവിശ്വാസികള്‍ അങ്ങനെയുള്ള വിശ്വാസം വെച്ചുപുലര്‍ത്തുവാന്‍ പാടില്ല. (അവസാനിച്ചില്ല)

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

അപമാനത്തെ അലങ്കാരമാക്കരുത്

അപമാനത്തെ അലങ്കാരമാക്കരുത്

തബൂക്ക് യുദ്ധവേളയില്‍ കപടവിശ്വാസികള്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞ് വഞ്ചനകാണിച്ചു. സത്യവിശ്വാസികളായ മൂന്ന് പേരും പിന്തിരിഞ്ഞവരില്‍ ഉണ്ടായിരുന്നു. കഅ്ബ് ഇബ്‌നു മാലിക്(റ), മറാറത്ത് ഇബ്‌നു റബീഅ്(റ), ഹിലാലുബ്‌നു ഉമയ്യ(റ) എന്നിവരാണവര്‍. യുദ്ധം അവസാനിച്ച് തിരിച്ചുവന്ന നബിﷺ യോട് കപട വിശ്വാസികളായ ആളുകള്‍ കളവ് പറഞ്ഞ് ഒഴിവ് കഴിവുകള്‍ ബോധിപ്പിച്ച് തല്‍ക്കാലം രക്ഷപ്പെട്ടു. എന്നാല്‍ ഈ മൂന്ന് സ്വഹാബികളും സത്യം മാത്രം പറഞ്ഞു. അവര്‍ പ്രത്യേകിച്ച് ഒഴിവ് കഴിവൊന്നും പറഞ്ഞില്ല. അന്നുവരെ ഇല്ലാത്ത മാനസിക സംഘര്‍ഷവും ബഹിഷ്‌കരണവുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അവരുടെ കാര്യത്തില്‍ അല്ലാഹു തീരുമാനമെടുക്കട്ടെ എന്നാണ് നബിﷺ പ്രതികരിച്ചത്.

വലിയ പ്രയാസങ്ങളും മാനസിക സംഘര്‍ഷവും ഉണ്ടായിട്ടും സത്യസന്ധത പുലര്‍ത്തിയ ആ സ്വഹാബിമാര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്തു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു മാസം കഴിച്ചു കൂട്ടിയ അവരുടെ മാനസിക പ്രയാസത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ”…ഭൂമി വിശാലമായിട്ട് കൂടി അവര്‍ക്കത് ഇടുങ്ങിയതായിത്തീരുകയും തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍…” (ക്വുര്‍ആന്‍ 9:118).

സത്യവിശ്വാസികളുടെ സത്യസന്ധതയും കപടന്മാരുടെ കള്ളത്തരവും പ്രകടമായ ഈ സംഭത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് നമുക്ക് വ്യക്തമാകുന്ന രണ്ട് കാര്യങ്ങളുണ്ട്. 

ഒന്ന്: സത്യത്തിന്റെ കൂടെ നില്‍ക്കുന്നതായി നടിക്കുകയും മനസ്സില്‍ കാപട്യം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരെ കാത്തിരിക്കുന്നത് പരാജയമാണ്. അവര്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുവാനും അവരുടെ തൃപ്തി നേടുവാനുമാണ് ശ്രമിക്കുന്നത്. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ തൃപ്തിയാണ് ആഗ്രഹിക്കേണ്ടത്. അല്ലാഹു പറയുന്നു:

”നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു അധര്‍മകാരികളായ ആളുകളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 9:96).

ആര് അതൃപ്തി കാണിച്ചാലും അല്ലാഹുവിന്റെ തൃപ്തി ലഭിക്കുവാനാണ് സത്യവിശ്വാസികള്‍ ശ്രമിക്കേണ്ടത്. നബിﷺ പറഞ്ഞു: ”ആരെങ്കിലും ജനങ്ങളുടെ വെറുപ്പ് സഹിച്ചുകൊണ്ട് അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കുന്നതില്‍ നിന്ന് അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിന്റെ കോപമുണ്ടായാലും ജനങ്ങളുടെ തൃപ്തി ലഭിക്കണമെന്നാശിച്ചാല്‍ അവനെ അല്ലാഹു ജനങ്ങള്‍ക്ക് ഏല്‍പിച്ചു കൊടുക്കും” (തിര്‍മിദി).

രണ്ട്: സത്യസന്ധരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുകയും സത്യവാന്മാരോടൊപ്പം നിലകൊള്ളുകയും ചെയ്യുക എന്നത് സത്യവിശ്വാസിയുടെ ബാധ്യതയാണ്. ഭൗതികമായ എന്ത് നഷ്ടവും അതിന്റെ പേരില്‍ സഹിക്കാന്‍ കഴിയണം. സത്യം പുണ്യത്തിലേക്ക് നയിക്കും പുണ്യം സ്വര്‍ഗത്തിലേക്കും വഴിനടത്തും; കളവ് അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കും. 

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യവാന്മാരുട കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 9:119).

സത്യസന്ധന്‍മാര്‍ക്ക് അതിമഹത്തായ സ്ഥാനമാണ് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ”ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ലകൂട്ടുകാര്‍!” (ക്വുര്‍ആന്‍ 4:69).

കളവിന്റെ പര്യവസാനം വളരെ ദാരുണമാണ്. അവര്‍ക്ക് എത്തിച്ചേരാനുള്ള സങ്കേതം ഭയാനകവും. അല്ലാഹുവിന്റെയടുക്കല്‍ ‘പെരുങ്കള്ളന്‍’ എന്ന പദവി ലഭിക്കുന്നത് എന്തുമാത്രം അപമാനകരമാണ്. 

ഒരു സത്യവിശ്വാസിക്ക് ഒരിക്കലും കളവ് പറയാന്‍ സാധ്യമല്ല. അവന്റെ നാവ് അതിന് സമ്മതിക്കുകയുമില്ല. കാരണം കളവ് പറയല്‍ കപട വിശ്വാസിയുടെ സ്വഭാവമാണ്. 

”…തീര്‍ച്ചയായും കപട വിശ്വാസികള്‍ കള്ളംപറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു” (ക്വുര്‍ആന്‍ 63:1).

എല്ലാതരം കളവുകളെയും നാം ഭയപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച് അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരിലുള്ള കളവുകളെ. അല്ലാഹുവിന് പങ്കുകാരുണ്ടെന്ന വാദം തനിച്ച കള്ളമാണ്. 

ഇബ്‌റാഹിം നബിൗ പിതാവിനോടും ജനതയോടും പറഞ്ഞത് ക്വുര്‍ആന്‍ എടുത്തുകാട്ടുന്നു: ”തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?” (ക്വുര്‍ആന്‍ 37:85-86).

ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം അന്യരെ സംബന്ധിച്ച് അപവാദം പ്രചരിപ്പിക്കുന്ന ആളുകളുണ്ട്. ഊഹങ്ങളെ സൂക്ഷിക്കണമെന്ന് നബിﷺ താക്കീത് നല്‍കിയിട്ടുണ്ട്. 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”നിങ്ങള്‍ ഊഹങ്ങളെ സൂക്ഷിക്കണം. കാരണം ഊഹമെന്നത് വര്‍ത്തമാനത്തിലെ ഏറ്റവും വലിയ കളവാണ്” (ബുഖാരി).

അന്യരുടെ ധനം അപഹരിച്ചെടുക്കുന്നതിനും മറ്റ് സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമായി കള്ളസത്യം പറയുന്നവരുണ്ട്. അവര്‍ വലിയ പാപമാണ് ചെയ്യുന്നത്. 

നബിﷺ പറഞ്ഞു: ”ആരെങ്കിലും സത്യം ചെയ്ത് ഒരു മുസ്‌ലിമിന്ന് അവകാശപ്പെട്ടത് അപഹരിച്ചെടുത്താല്‍ അല്ലാഹു അവന് നരകം നിര്‍ബന്ധമാക്കുകയും സ്വര്‍ഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കൂന്നു.” അപ്പോള്‍ ഒരാള്‍ ചോദിച്ചു: ”വളരെ നിസ്സാരമായതെന്തെങ്കിലുമാണെങ്കിലോ?” നബിﷺ പറഞ്ഞു: ”ഒരു അറാക്കിന്റെ കൊള്ളിയാണെങ്കിലും ശരി” (അഹമ്മദ്)

പരസ്പര ബന്ധങ്ങളിലും ഇടപാടുകളിലും കളവു വരുന്നതിനെ നാം സൂക്ഷിക്കണം. യഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ച് അവതരിപ്പിക്കുകയും മറ്റുള്ളവരുടെ പേരില്‍ കളവ് കെട്ടിച്ചമക്കുകയും ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. കേട്ടതിനെക്കാള്‍ അധികരിപ്പിച്ച്, പൊടിപ്പും തൊങ്ങലുംവെച്ച് കാര്യങ്ങള്‍ പറയുന്നത് ചിലര്‍ക്കൊക്കെ ഒരു വിനോദമാണ്. കേട്ടതൊക്കെ പറഞ്ഞുനടക്കല്‍ തന്നെ തെറ്റാണെന്ന് നബിﷺ പറഞ്ഞിരിക്കെ കേട്ടതില്‍ കളവ് കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കല്‍ എത്ര വലിയ പാപമാണ്!

മറ്റുള്ളവരെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവു പറയുന്നത് ഇന്നൊരു ട്രെന്‍ഡാണ്. പ്രവാചകന്‍ﷺ പറഞ്ഞു: ”സംസാരിക്കുമ്പോള്‍ ജനങ്ങളെ ചിരിപ്പിക്കുന്നതിനായി നുണ പറയുന്നവന് നാശം! അവനു നാശം! അവനു നാശം!” (തിര്‍മിദി).

നേതാക്കന്മാര്‍ക്ക് വേണ്ടി കള്ളം പ്രചരിപ്പിക്കുന്ന അണികളും സംഘടനക്ക് വേണ്ടിയോ സ്വന്തം താല്‍പര്യസംരക്ഷണാര്‍ഥമോ കള്ളം പറയുന്ന നേതാക്കളുമുണ്ട്. കച്ചവട രംഗത്തും രാഷ്ട്രീയരംഗത്തും കള്ളവും കള്ളത്തരവും ആവാം എന്ന ധാരണയും ചിലര്‍ക്കുണ്ട്. അങ്ങനെയൊരു ഇളവ് ഇസ്‌ലാം നല്‍കുന്നില്ല.

ഹിര്‍ഖല്‍ ചക്രവര്‍ത്തി മുഹമ്മദ് നബിﷺയെപ്പറ്റി അബൂസുഫ്‌യാനോട് ചോദിച്ചപ്പോള്‍ അന്ന് അവിശ്വാസിയായ അബൂസുഫ്‌യാന്‍ പോലും നബിﷺയെ കുറിച്ച് കളവ് പറയുവാന്‍ തുനിഞ്ഞില്ല എന്നത് ഓര്‍ക്കുക. പ്രവാചകന്‍ സത്യം മാത്രം പറയുന്നവനും വഞ്ചന കാണിക്കാത്തവനുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 

മതം പ്രചരിപ്പിക്കുവാന്‍ വേണ്ടി കളവ് പറയുവാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടില്ല. ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യഖ്യാനം ചെയ്യുവാനും വളച്ചൊടിക്കുവാനും മടിയില്ലാത്ത പണ്ഡിതവേഷധാരികള്‍ ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്? അതുകൊണ്ട് പരലോകത്ത് എന്ത് നേട്ടമാണ് അവര്‍ ആഗ്രഹിക്കുന്നത്? ലജ്ജയില്ലെങ്കില്‍ മനുഷ്യന്‍ തോന്നിയതുപോലെ എന്തും പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യും. 

ജീവിത വിശുദ്ധി പരമപ്രധാനമാണ്. ആകര്‍ഷകമായ വേഷഭൂഷാധികളും മലിനമായ മനസ്സുംകൊണ്ടജീവിച്ചാല്‍ ഭൗതികമായ തല്‍ക്കാലം വല്ല നേട്ടവും കിട്ടിയേക്കാം. എന്നാല്‍ പരലോകത്ത് അത്തരക്കാരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണ്. കരുതലോടെ ജീവിച്ചാല്‍ സ്രഷ്ടാവിന്റെ കാവലുണ്ടാകും. 

 

റിയാസ് സ്വലാഹി തളിപ്പറമ്പ്
നേർപഥം വാരിക

വംശീയത, വര്‍ഗീയത ക്വുര്‍ആനിക നിലപാട്

വംശീയത, വര്‍ഗീയത ക്വുര്‍ആനിക നിലപാട്

സ്വന്തത്തിനെയല്ലാതെ ഒന്നിനെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ദുരവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ലോകമിന്ന്. സംഘടിക്കുന്നത് പോലും മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാനെന്ന തരത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സമൂഹത്തിനോട് ഇസ്‌ലാമിന് പറയാനുള്ളതെന്ത്? ക്വുര്‍ആനിന്റെ ഈ രംഗത്തുള്ള അധ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രതിപാദനം.

ആധുനിക ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വംശീയതയും വര്‍ഗീയതയും. വികസിത, വികസ്വര, ദരിദ്ര രാഷ്ട്രങ്ങള്‍ ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രതിസന്ധി ഉണ്ടെങ്കില്‍ അത് വര്‍ഗീയതയുടെയും വംശീയതയുടെയും വിഷയമായിരിക്കും. മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന എല്ലാ ഭൂപ്രദേശങ്ങളിലും ഇന്ന് ഈ ഒരു വിഷയം ചര്‍ച്ചയാണ്. 2017ല്‍ അമേരിക്കയില്‍ മാത്രം 7100 വംശീയ അതിക്രമങ്ങള്‍ നടന്നു എന്നാണ് ഈയിടെ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത. 2016 നെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ച ഉണ്ടായി എന്നതാണ് കണക്ക്. അതില്‍ മുസ്‌ലിംകള്‍ക്കെതിരെ 300 വംശീയാതിക്രമങ്ങള്‍ നടന്നു എന്നും കണക്കുകള്‍ തെളിയിക്കുന്നു.

തൊലി കറുത്തു പോയതിന്റെ പേരില്‍ വിദ്യാഭ്യാസ, രാഷ്ട്രീയ, കായികരംഗങ്ങളിലെല്ലാം കടുത്ത വിവേചനമാണ് പല ആളുകളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. യുഎസില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ അപകടത്തില്‍ പെടുന്നവര്‍ അധികവും കറുത്ത വിഭാഗക്കാരാണ് എന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തിയ ഏജന്‍സികള്‍ കണ്ടെത്തിയത് വര്‍ണവിവേചനമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നതാണ്. ഭാഷയുടെ പേരില്‍ മനുഷ്യര്‍ ഭിന്നിക്കുന്ന അവസ്ഥ ലോകത്ത് ഇന്ന് ഉണ്ടല്ലോ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഭാഷയുടെ അടിസ്ഥാനത്തിലാണ് രൂപം കൊണ്ടിട്ടുള്ളത് എന്നുള്ളത് നമുക്കറിയാം. ജാതീയതയുടെ പേരില്‍ എന്തൊക്കെയാണ് നമ്മുടെ നാടുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്? ഒട്ടേറെ ജാതി സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു! പശുവിന്റെ പേരില്‍ പോലും കടുത്ത അക്രമങ്ങളാണ് നമ്മുടെ സംസ്ഥാനങ്ങളില്‍ അരേങ്ങറിക്കൊണ്ടിരിക്കുന്നത്. അഖ്‌ലാക് മുതല്‍ അട്ടപ്പാടിയിലെ മധു വരെയുള്ള, ആള്‍ക്കൂട്ട അക്രമത്തിന്റെ ഇരകളുടെ ലിസ്റ്റുകള്‍ നമ്മള്‍ കേട്ടു കഴിഞ്ഞതാണ്.

മനുഷ്യരെ മനുഷ്യരായി കാണാന്‍ കഴിയുന്നില്ല എന്നുള്ളതാണ് ഇവിടെ ഏറ്റവും വലിയ പ്രശ്‌നം. നാടിന്റെയും നിറത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും വ്യത്യാസങ്ങള്‍ക്കനുസരിച്ച് കടുത്ത വിവേചനമാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഇസ്‌ലാമിന്റെ നിലപാട് ഏറെ പ്രസക്തമാവുകയാണ്.

മനുഷ്യര്‍ എന്നുള്ള നിലയില്‍ മാനവര്‍ക്കിടയില്‍ യാതൊരു വ്യത്യാസവും പാടില്ല എന്നുള്ള കാഴ്ചപ്പാടാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. ക്വുര്‍ആനിന്റെ ഒന്നാമത്തെ അധ്യായം മുതല്‍ അവസാന അധ്യായം വരെ ഈ ഒരു സന്ദേശമാണ് നിറഞ്ഞുനില്‍ക്കുന്നത്. ഒന്നാം അധ്യായത്തിലെ രണ്ടാമത്തെ വചനം തന്നെ ‘ലോകരക്ഷിതാവിന് സര്‍വസ്തുതികളും’ എന്നതാണ്. അറബികളുടെ രക്ഷിതാവ് എന്നോ മുസ്‌ലിംകളുടെ പടച്ചവന്‍ എന്നോ അല്ല. അത്തരം കാഴ്ചപ്പാടുകള്‍ മനുഷ്യരില്‍ വിഭാഗീയത സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.  

ലോകത്തിന്റെ നാഥന്‍ ഭൂമിയിലേക്ക് പറഞ്ഞയച്ച പ്രവാചകനെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് മുഴുവന്‍ ജനങ്ങള്‍ക്കും ഉള്ള പ്രവാചകന്‍ എന്നാണ്:

”നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല” (സബഅ്: 28).

ആ പ്രവാചകന്‍ ലോകര്‍ക്കാകമാനം കാരുണ്യമാണ്: ”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (അല്‍അമ്പിയാഅ്: 107).

മുസ്‌ലിംകള്‍ക്ക് മാത്രമുള്ള പ്രവാചകനെന്നോ അറബികള്‍ക്ക് മാത്രമുള്ള പ്രവാചകന്‍ എന്നോ അല്ല മുഹമ്മദ് നബിﷺയെ ക്വുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള പ്രവാചകനാണ് അദ്ദേഹം. ലോകത്തിന്റെ പ്രവാചകന്‍ കൊണ്ടുവന്ന വേദഗ്രന്ഥമായ ക്വുര്‍ആനിനെ കുറിച്ചും അങ്ങനെ തന്നെയാണ് ഇസ്‌ലാം പരിചയപ്പെടുത്തിയിട്ടുള്ളത്. ജനങ്ങള്‍ക്കു മൊത്തത്തിലുള്ള മാര്‍ഗനിര്‍ദേശവും സന്മാര്‍ഗ ദര്‍ശനവുമാണ് ക്വുര്‍ആന്‍. മുസ്‌ലിംകളുടെ മാത്രം വേദഗ്രന്ഥമല്ല ക്വുര്‍ആന്‍. ലോകത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് അല്ലാഹു ക്വുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. അതില്‍ ദേശ, ഭാഷ, വര്‍ണ വ്യത്യാസമില്ല. ഏവര്‍ക്കും ഒരുപോലെ സ്വീകരിക്കാവുന്ന വേദഗ്രന്ഥം.

കറുത്തവരേ, വെളുത്തവരേ, അറബികളേ, അനറബികളേ എന്ന ഒരു വിളി ക്വുര്‍ആനില്‍ എവിടെയും നമുക്ക് കാണുക സാധ്യമല്ല. മനുഷ്യരേ എന്നാണ് ക്വുര്‍ആനിന്റെ ആദ്യത്തെ അഭിസംബോധന. ക്വുര്‍ആനിലെ അവസാന അധ്യായത്തില്‍ ജനങ്ങളുടെ ആരാധ്യന്‍, ജനങ്ങളുടെ രക്ഷിതാവ്, ജനങ്ങളുടെ ഉടമസ്ഥന്‍ എന്നൊക്കെയാണ് അല്ലാഹുവിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. ക്വുര്‍ആന്‍ ആദ്യാവസാനം മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് എന്ന കാര്യം അതിന്റെ വചനങ്ങളും അധ്യായങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട് എന്ന് സാരം.

മുഴുവന്‍ മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ക്കും അവരുടെ പ്രയാസങ്ങള്‍ക്കുമുള്ള പരിഹാര നിര്‍ദേശങ്ങളാണ് ക്വുര്‍ആന്‍ മുന്നോട്ടു വച്ചിട്ടുള്ളത്. അക്രമവും അനീതിയും ആര് കാണിച്ചാലും തുല്യനീതിയാണ് നടപ്പിലാക്കേണ്ടത്. അക്രമിയുടെ മതമോ ഭാഷയോ നാടോ ഒന്നും ഇസ്‌ലാം ഈ വിഷയത്തില്‍ പരിഗണിക്കുന്നില്ല. അല്ലാഹു പറയുന്നത് നോക്കൂ:

”അക്കാരണത്താല്‍ ഇസ്‌റഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു” (അല്‍മാഇദ: 32).

ഒരു മുസ്‌ലിമിനെ കൊന്നാല്‍ എന്നോ അതല്ലെങ്കില്‍ ഒരു അറബിയെ കൊന്നാല്‍ എന്നോ അല്ല ഈ വചനത്തിലുള്ളത്. ഏതു മനുഷ്യനെ അന്യായമായി കൊന്നാലും അവന്‍ മുഴുവന്‍ മനുഷ്യരെയും കൊന്നതിന് തുല്യമാണ് എന്ന മാനവികതയുടെ അത്യുന്നതമായ ആശയമാണ് ഈ സുക്തം ലോകത്തോട് വിളിച്ചു പറയുന്നത്. അതേസമയം ഒരു ജൂതനെ കൊന്നാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും കൊന്നവനെ പോലെയാണ് എന്ന വംശീയതയുടെയും വര്‍ഗീയതയുടെയും സന്ദേശങ്ങളാണ് ‘തല്‍മൂദി’ല്‍ നമുക്ക് കാണാനാവുക.

മനുഷ്യര്‍ എന്ന നിലയില്‍ നാം ഒന്നാണ് എന്ന സന്ദേശം ക്വുര്‍ആന്‍ അടിക്കടി മനുഷ്യരെ ഓര്‍മപ്പെടുത്തുന്നുണ്ട്. മനുഷ്യരുടെ സൃഷ്ടിപ്പ് ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് എന്ന, അഥവാ മനുഷ്യരുടെ മാതാവും പിതാവും ഒന്നാണ് എന്ന അതുല്യമായ മാനവികതയുടെ കാഴ്ചപ്പാടാണ് ലോകത്തിനു മുന്നിലേക്ക് ഇസ്‌ലാം വച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വര്‍മ, വര്‍ഗ, ജാതി, രാഷ്ട്ര വിവേചനങ്ങള്‍ക്കപ്പുറം മുഴുവന്‍ മനുഷ്യരെയും ഒന്നായി കാണുവാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നു:

”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു…” (അല്‍ഹുജുറാത്ത്: 13).

ഒരു മനുഷ്യന്റെ മൂല്യം അളക്കേണ്ടത് അവന്റെ ജാതിയോ നാടോ ഭാഷയോ കുടുംബമോ നോക്കിയല്ല, സ്രഷ്ടാവിന്റെ മുമ്പിലുള്ള അവന്റെ കീഴ്‌പ്പെടലും അവന്റെ ജീവിതത്തിലെ സൂക്ഷ്മതയും നോക്കിയാണ് എന്നതാണ് ക്വുര്‍ആനിക കാഴ്ചപ്പാട്. അല്ലാഹു പറയുന്നു: 

”…തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (അല്‍ഹുജുറാത്ത് 13).

വംശീയതയുടെയും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും വേരറുത്തുമാറ്റുന്ന മഹത്തായ സന്ദേശമാണ് ഇത് നല്‍കുന്നത്.

കുടുംബമഹിമ ഒരു മനുഷ്യന്റ മഹത്ത്വത്തിന് അടിസ്ഥാന കാരണമല്ല എന്നുള്ളത് ഇസ്‌ലാം പഠിപ്പിക്കുന്ന മഹത്തായ പാഠമാണ്. ക്വുര്‍ആനില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട അധ്യായങ്ങളില്‍ തന്നെ പ്രവാചകന്റെ പ്രത്യവ്യനായിരുന്ന അബൂലഹബിനെ കഠിനമായി ആക്ഷേപിച്ചത് കാണാം. ഈ വിഷയത്തില്‍ ഒരു അധ്യായം തന്നെ ക്വുര്‍ആനില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. പ്രവാചകന്റെ അടുത്ത കുടുംബക്കാരനായതു മൂലം അദ്ദേഹത്തിന് യാതൊരുവിധ മഹത്ത്വവും ഉണ്ടായിട്ടില്ല എന്നുള്ളത് ലോകത്തെ പഠിപ്പിക്കുകയാണ് ഈയൊരു അധ്യായം ചെയ്യുന്നത്. 

മനുഷ്യരെ മാനവികതയുടെയും സാഹോദര്യത്തിന്റെയും ഉദാത്ത മൂല്യങ്ങളുടെയും വക്താക്കളാക്കിത്തീര്‍ക്കുവാന്‍ ക്വുര്‍ആന്‍ എത്ര മാത്രം ഇടപെട്ടിട്ടുണ്ട് എന്നുള്ളത് വായിച്ചെടുക്കുവാന്‍ അറബികളുടെ മുന്‍കാല ചരിത്രം പഠിച്ചാല്‍ മതിയാകും. നിസ്സാര കാര്യങ്ങള്‍ക്കു പോലും വര്‍ഷങ്ങളോളം പോരടിക്കുകയും കുടുംബമഹിമയും തറവാട് പൊലിമയും പറഞ്ഞു തലക്കനം നടിക്കുകയും ചെയ്തിരുന്ന അറബികളെ, ഒരു മാലയിലെ മുത്തുമണികള്‍ പോലെ ഐക്യപ്പെട്ട് സാഹോദര്യത്തിന്റെ ഉന്നതങ്ങളിലേക്ക് നയിച്ചത് അല്ലാഹു ചെയ്ത വലിയ അനുഗ്രഹമാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ പിന്‍പറ്റിയുള്ള ജീവിതമാണ് അവരെ അതിന് പ്രാപ്തരാക്കിയത്. ഈയൊരു കാര്യം അല്ലാഹു ഉണര്‍ത്തുന്നത് കാണുക:

”നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി” (ആലുഇംറാന്‍: 103).

 ഭാഷയുടെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍, ഭാഷാവൈവിധ്യം അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് എന്നു പഠിപ്പിച്ച് അതിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യരില്‍ ഇത്ര മാത്രം വ്യത്യാസങ്ങള്‍ എങ്ങനെയുണ്ടായി? ചുണ്ടുകളും നാവുകളും ഒരേപോലുള്ളതായിട്ടു പോലും ഈ ഭാഷ വൈവിധ്യങ്ങള്‍ എവിടെനിന്ന് വന്നു? ഒരു ഭാഷയില്‍ തന്നെ വ്യത്യസ്തമായ ശൈലികള്‍! വ്യത്യസ്തമായ പ്രയോഗങ്ങള്‍! ഏറെ അത്ഭുതകരം തന്നെ! ഇക്കാര്യങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കി അത് ഉള്‍ക്കൊണ്ട് അല്ലാഹുവിന്റെ മഹത്ത്വം തിരിച്ചറിയുകയാണ് വേണ്ടത്. അല്ലാഹുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:

”ആകാശഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (അര്‍റൂം: 22).

 വൈജാത്യങ്ങള്‍ വികാരത്തിനല്ല വിചാരത്തിനാണ് ഹേതുവാകേണ്ടത് എന്ന കാഴ്ചപ്പാടാണ് ക്വുര്‍ആന്‍ മുന്നോട്ടു വച്ചിട്ടുള്ളത്.

ഈയൊരു സന്ദേശം ഹൃദയങ്ങളിലേക്ക് ആവാഹിച്ച് അതിലൂടെ വര്‍ഗീയ, വംശീയ മുക്തവും മാനവികമൂല്യങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടതുമായ ഒരു ജനത മക്കയിലും മദീനയിലുമായി ഉദയം കൊള്ളുകയായിരുന്നു. ബാഹ്യമായ ആരാധനാ കര്‍മങ്ങളിലും മനുഷ്യരെ ഒന്നാക്കി നിര്‍ത്തുവാന്‍ ഇസ്‌ലാം ശ്രദ്ധിച്ചിട്ടുണ്ട്. അഞ്ചുനേരവും നമസ്‌കാരത്തിന് വേണ്ടി പള്ളിയില്‍ നിന്ന് ബാങ്കുവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ‘നമസ്‌കാരത്തിലേക്ക് വരൂ… വിജയത്തിലേക്ക് വരൂ…’ എന്നതാണ് പള്ളി മിനാരങ്ങളില്‍ നിന്നും മുഴങ്ങിക്കേള്‍ക്കുന്നത്. ഭരണാധികാരികള്‍ക്കും ഭരണീയര്‍ക്കും വേറെ വേറെ വിളികളില്ല. കറുത്തവനും വെളുത്തവനും വേറെ വേറെ ബാങ്കൊലികള്‍ മുഴങ്ങുന്നില്ല. എല്ലാവര്‍ക്കും ഒറ്റ വിളി മാത്രം. ആ വിളി കേട്ട് പള്ളിയില്‍ എത്തുന്നവര്‍ -അത് ഭരണാധികാരിയാണെങ്കിലും പാവപ്പെട്ടവനാണെങ്കിലും- ഒരേ വരിയില്‍ തോളോട് തോള്‍ചേര്‍ന്ന് അല്ലാഹുവിന് മുമ്പില്‍ നില്‍ക്കുന്ന ആ രംഗം…ലോകത്ത് വര്‍ണ-വര്‍ഗ വിവേചനത്തിന് വേണ്ടി അധ്വാനിക്കുന്നവര്‍ കാണേണ്ട കാഴ്ചതന്നെയാണത്! ലക്ഷക്കണക്കിന് മുസ്ലിംകള്‍ പങ്കെടുക്കുന്ന ഹജ്ജ് കര്‍മത്തിലും യാതൊരുവിധ വ്യത്യാസങ്ങള്‍ കല്‍പിക്കലും നമുക്ക് കാണാന്‍ സാധ്യമല്ല. ധരിക്കുന്ന വസ്ത്രത്തില്‍ പോലും ഏകരൂപം!  

സ്വജനപക്ഷപാതിത്വം സമൂഹത്തില്‍ വിവേചനം വളര്‍ത്തും എന്നതിനാല്‍ വളരെ ഗൗരവത്തോടെയാണ് അതിനെതിരെ ഇസ്‌ലാം ശബ്ദിച്ചത്. മഖ്‌സൂമിയ്യ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീ കളവ് നടത്തിയപ്പോള്‍ ആ ഗോത്രക്കാര്‍, അവരില്‍പെട്ട ഒരു പെണ്ണിന്റെ കൈ മുറിക്കപ്പെടാതിരിക്കാന്‍ പ്രവാചകന്റെയടുക്കല്‍ ശുപാര്‍ശ പറയുവാന്‍ വേണ്ടി പ്രവാചകന് ഇഷ്ടപ്പെട്ട ഉസാമയുടെ അടുക്കല്‍ ചെന്ന് പറഞ്ഞ് അദ്ദേഹം ഈ വിഷയത്തില്‍ പ്രവാചകനോട് സംസാരിക്കണം എന്നവര്‍ ആഗ്രഹിച്ചു. ഇതുകേട്ട പ്രവാചകന്റെപ്രതികരണം ഇതായിരുന്നു: ”എന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയതെങ്കില്‍ പോലും അവളുടെ കൈ ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും!”

തന്റെ കുടുംബത്തെ മുഴുവനും വിളിച്ചുവരുത്തി നിങ്ങളെന്റെ കുടുംബക്കാരാണ് എന്നതുകൊണ്ട് പരലോകത്ത് നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തു തരുവാന്‍ എനിക്ക് സാധിക്കുകയില്ല എന്ന് പ്രവാചകന്‍ ഉണര്‍ത്തിയത് ചരിത്രത്തില്‍ കാണാന്‍ കഴിയും.

 മനുഷ്യരുടെ രൂപങ്ങളിലേക്കോ ശരീരങ്ങളിലേക്കോ അല്ല അല്ലാഹു നോക്കുന്നത് പ്രത്യുത, അവരുടെ ഹൃദയങ്ങളിലേക്കാണ് (മുസ്‌ലിം 2564) എന്ന ഹദീസ് ലോകത്തിനു നല്‍കുന്ന സന്ദേശം വലുതാണ്. 

പ്രവാചകന്‍ﷺ വളര്‍ത്തിയെടുത്ത സമൂഹത്തില്‍ വ്യത്യസ്ത നാട്ടുകാരും നിറക്കാരും തരക്കാരും ഉണ്ടായിരുന്നെങ്കിലും അവരെ ഒരേ മനസ്സുള്ളവരാക്കി മാറ്റുവാന്‍ പ്രവാചകന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നനായ ഉസ്മാനും(റ) സാധുവായ അബൂഹുറയ്‌റ(റ)യും അവരിലുണ്ടായിരുന്നു. ക്വുറൈശി ഗോത്രക്കാരനായ അബൂബക്‌റും(റ) ഭൃത്യനായ അനസും(റ) പ്രവാചകാനുയായികളായി സന്തോഷത്തോടെ ജീവിച്ചിട്ടുണ്ട്. കറുത്ത നിറക്കാരനായ ബിലാലി(റ)ന് സ്വഹാബികള്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്ഥാനം അതുല്യമായിരുന്നു. ഒരിക്കല്‍ കഅ്ബ പ്രദക്ഷിണത്തിനിടെ (ത്വവാഫ്) കരയുന്ന സൈനുല്‍ ആബിദീനെ (റ) കണ്ടപ്പോള്‍ അസ്മാഅ് ചോദിച്ചു: ‘നിങ്ങള്‍ എന്തിനു കരയണം; പേടിക്കണം? നിങ്ങള്‍ പ്രവാചകന്റെ കുടുംബക്കാരനല്ലേ?’ അദ്ദേഹം മറുപടി കൊടുത്തു: ‘അല്ലാഹു സ്വര്‍ഗം പടച്ചിരിക്കുന്നത് അവനെ അനുസരിക്കുന്നവര്‍ക്ക് വേണ്ടിയാണ്. അതൊരു അബിസീനിയക്കാരനായ അടിമ ആണെങ്കിലും ശരി. അവന്‍ നരകം പടച്ചിരിക്കുന്നത് അവനെ ധിക്കരിക്കുന്നവര്‍ക്കു വേണ്ടിയാണ.് അവര്‍ ക്വുറൈശി ആയിരുന്നാലും ശരി.’ 

‘ഇസ്‌ലാമിന്റെ വര്‍ഗീയ മുക്ത, മാനവിക സന്ദേശം അനുയായികള്‍ എത്രമാത്രം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് തെളിയിക്കുന്ന ചരിത്രത്തിലെ ചില സംഭവങ്ങളാണിവ. ലോകത്തിന്റെ പ്രവാചകന്‍ തന്റെ അറഫാ പ്രഭാഷണത്തില്‍ ലോകത്തോട് നല്‍കിയ വലിയ സന്ദേശങ്ങളില്‍ ഒന്നായിരുന്നു; ഒരു അറബിക്ക് അനറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ യാതൊരു പ്രത്യേകതയുമില്ല, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്കാണ് അവസാന വിജയമുണ്ടാവുക’ എന്ന മഹത്തായ സന്ദേശം.

 വര്‍ഗീയതയ്ക്ക് വേണ്ടി കൊല്ലപ്പെടുന്നതും കൊലചെയ്യുന്നതും ജാഹിലിയ്യത്തിന്റെ സ്വഭാവമാണ് എന്ന് പ്രവാചകന്‍ പഠിപ്പിച്ചു (മുസ്‌ലിം).

ചുരുക്കത്തില്‍ വംശീയതയും വര്‍ഗീയതയും കളിയാടുന്ന ആധുനികലോകത്തിന്റെ മുന്നില്‍ മാനവിക സ്‌നേഹത്തിന്റെ അതുല്യമായ സന്ദേശങ്ങളാണ് ഇസ്ലാമിക പ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. വംശീയതക്കും ജാതീയതക്കും അതീതമായി, മനുഷ്യരെ മനുഷ്യരായി കാണുവാന്‍ കഴിയുന്ന ഒരു പ്രത്യയശാസ്ത്രത്തിനു മാത്രമെ വര്‍ഗീയതയെയും വിഭാഗീയതയെയും ആത്മാര്‍ഥമായി എതിര്‍ക്കുവാന്‍ സാധിക്കൂ എന്നുള്ളത് നാം വിസ്മരിക്കരുത്.

 

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക

വെളിച്ചവും ഇരുളും

വെളിച്ചവും ഇരുളും

നബി ﷺ മരണപ്പെടുന്നതിനു മുമ്പ് ഉസാമതുബ്‌നു സൈദ്(റ)വിന്റെ നേതൃത്വത്തില്‍ എഴുന്നൂറ് അംഗസൈന്യത്തെ അവിടുന്ന് ശാമിലേക്ക് നിയോഗിച്ചിരുന്നു. ആ സൈന്യം മദീനയുടെ പ്രാന്തപ്രദേശമായ ‘ദീ ഖശബ്’ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് നബി ﷺ യുടെ വിയോഗവാര്‍ത്ത അറിഞ്ഞത്. അതുകൊണ്ട് തന്നെ ഉസാമ(റ)യുടെ സൈന്യം അവിടെ തമ്പടിച്ചു.

നബി ﷺ യുടെ മരണത്തെ തുടര്‍ന്ന് അബൂബക്ര്‍(റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പല ദുര്‍ബല വിശ്വാസികളും കപടന്മാരും മതപരിത്യാഗികളായി. ‘ഞങ്ങള്‍ സകാത്ത് കൊടുത്തിരുന്നത് മുഹമ്മദ് നബി ﷺ ക്കായിരുന്നു. നബി ﷺ മരിച്ചു; ഇനി സകാത്ത് കൊടുക്കുകയില്ല’ എന്ന് ചിലര്‍ പറഞ്ഞു. അവസരം കാത്തിരുന്ന യഹൂദ ക്രൈസ്തവരാകട്ടെ ലഭിച്ച സന്ദര്‍ഭം മുതലെടുത്ത് മദീനക്ക് നേരെ തലയുയര്‍ത്തുവാനും തുടങ്ങി. 

ഈ സന്ദര്‍ഭത്തില്‍ പ്രവാചകാനുയായികള്‍ (സ്വഹാബികള്‍) അബൂബക്ര്‍(റ)വിനോട് പറഞ്ഞു: ”സ്ഥിതിഗതികള്‍ കലുഷിതമാണിപ്പോള്‍. അതുകൊണ്ട് തന്നെ ഉസാമ(റ)യുടെ സൈന്യത്തെ ഇപ്പോള്‍ ശാമിലേക്ക് പറഞ്ഞുവിടേണ്ട. പരിസരം ഒന്ന് ശാന്തമാകട്ടെ.” ഇത് കേട്ടമാത്രയില്‍ അബൂബക്ര്‍(റ) പ്രതികരിച്ചത് ഇങ്ങനെ: ”അബൂബക്‌റിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം! വന്യമൃഗങ്ങള്‍ മലയിറങ്ങിവന്ന് എന്നെ തട്ടിക്കൊണ്ട് പോകും എന്ന് ഞാന്‍ ഉറപ്പിച്ചാലും ഈ മദീനയില്‍ ഞാന്‍ മാത്രമെ ശേഷിക്കുന്നുള്ളൂവെങ്കിലും ഉസാമ(റ)യുടെ സൈന്യത്തെ ഞാന്‍ നിയോഗിക്കുക തന്നെ ചെയ്യും; റസൂല്‍ ﷺ കല്‍പിച്ചത് പോലെ. റസൂല്‍ ﷺ ചെയ്ത ഏതൊരു പ്രവര്‍ത്തിയും ഞാന്‍ ഒഴിവാക്കുകയില്ല. ഞാനത് പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. റസൂലിന്റെ കല്‍പന വല്ലതും ഉപേക്ഷിക്കുകയാണെങ്കില്‍ മാര്‍ഗഭ്രംശത്തില്‍ അകപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു.”

എന്താണിവിടെ വിഷയം? ഉസാമ(റ)യെ അയക്കേണ്ട എന്ന് സ്വഹാബികള്‍ പറഞ്ഞിട്ടില്ല. മറിച്ച്, ഇപ്പോള്‍ ഈ അവസ്ഥയില്‍ ഉസാമ(റ)യുടെ സൈന്യത്തെ അയക്കേണ്ട എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. അതായത് സ്ഥിതിഗതികള്‍ മാറിയതിന് ശേഷം അയക്കാം. പക്ഷേ, അബൂബക്ര്‍(റ) എടുത്ത നിലപാട് ‘നബി ﷺ യുടെ ഒരു കല്‍പന ഞാന്‍ ഒഴിവാക്കുകയില്ല; ഈ നാട്ടില്‍ ഞാന്‍ തനിച്ചാണെങ്കിലും ശരി’ എന്നായിരുന്നു. നബി ﷺ യുടെ ഒരു പ്രവര്‍ത്തനത്തിനും എതിരു നില്‍ക്കില്ല എന്ന ഉറച്ച തീരുമാനത്തിന്റെ ഫലമാണിത്.

 നബി ﷺ യുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരം നല്‍കിയ കാര്യങ്ങള്‍ എന്നിവയാണ് സുന്നത്തുകള്‍ അഥവാ നബിചര്യ. ഇതിന് സാക്ഷികളായവര്‍ സ്വഹാബികളാണ്. സ്വഹാബികള്‍ പ്രവാചക ചര്യകളെ കൃത്യമായി അനുധാവനം ചെയ്യുകയായിരുന്നു. സുന്നത്തുകള്‍ പ്രയോഗവത്കരിക്കുന്നതിലൂടെ മാത്രമെ ഒരു അടിമക്ക് അല്ലാഹുവിനെ യഥാവിധി സ്‌നേഹിക്കുവാനും അനുസരിക്കുവാനും അവനെ സൂക്ഷിച്ച് ജീവിക്കുവാനും സാധിക്കുകയുള്ളൂവെന്ന് അല്ലാഹുവിന്റെ വചനങ്ങളില്‍ നിന്ന് അത് പഠിച്ചവരാണവര്‍.

അല്ലാഹു പറഞ്ഞു: ”പറയുക: നബിയേ, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുക. അപ്പോള്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും” (ആലു ഇംറാന്‍: 31).

”ആരാണോ റസൂലിനെ അനുസരിച്ചത് അവര്‍ അല്ലാഹുവിനെ അനുസരിച്ചു” (അന്നിസാഅ്: 8).

”…നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്”(അല്‍ഹശ്ര്‍: 7).

”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്” (അല്‍ അഹ്‌സാബ്: 21).

ആരാധനകളിലും ക്രയവിക്രയങ്ങളിലും സംസാരത്തിലും നോട്ടത്തിലും പെരുമാറ്റരീതിയിലും സ്വഭാവത്തിലുമെല്ലാം മഹാനായ പ്രവാചകന്‍ ﷺ നമ്മുടെ മാതൃകാപുരുഷനാണ്. ആ മാതൃകയനുസരിച്ച് ജീവിക്കലാണ് അല്ലാഹുവിനോടുള്ള സ്‌നേഹവും സൂക്ഷ്മതയും അനുസരണവും. 

തൂര്‍മുദിയിലെ സ്വഹീഹായ ഒരു ഹദീഥില്‍ അലിയ്യിബ്‌നുറബീഅ(റ) പറയുകയാണ്: ”ഞാനൊരിക്കല്‍ അലിയ്യിബ്‌നു അബീത്വാലിബി(റ)ന്റെ കൂടെയായിരിക്കുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഒരു വാഹനം കൊണ്ടുവരപ്പെട്ടു. ആ വാഹനത്തില്‍ തന്റെ കാലടുത്ത് വെച്ചപ്പോള്‍ അലി(റ) പറഞ്ഞു: ‘ബിസ്മില്ലാഹ്.’ തുടര്‍ന്ന് വാഹനപ്പുറത്ത് കയറിയിരുന്നുകൊണ്ട് അല്ലാഹുവിനെ സ്തുതിച്ചു: ‘അല്‍ഹംദുലില്ലാഹ്.’ ശേഷം വാഹനത്തില്‍ കയറിയാലുള്ള ദിക്‌റായ സൂറതുസ്സുഖ്‌റുഫിലെ 13,14 ആയത്തുകള്‍ ഓതുകയും, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍, എന്നിവ 3 പ്രാവശ്യം വീതം പറയുകയും ചെയ്തു. തുടര്‍ന്ന്, ‘അല്ലാഹുവേ, നീ പരിശുദ്ധനാണ്. ഞാന്‍ എന്നോട് തന്നെ അതിക്രമം ചെയ്തിരിക്കുന്നു. നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ പൊറുത്തു തരുന്നവന്‍ ആരുമില്ല’ എന്ന പ്രാര്‍ഥ നടത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം ചിരിച്ചു.

ഞാന്‍ ചോദിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍! നിങ്ങള്‍ എന്തിനാണ് ചിരിച്ചത്?’

”ഈ ചെയ്യുന്ന മാതിരി റസൂല്‍ ﷺ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നിട്ട് റസൂല്‍ ﷺ ചിരിക്കുകയും ചെയ്തിട്ടുണ്ട്’ അലി(റ) പ്രതിവചിച്ചു” (തുര്‍മുദി).

അമീറുല്‍ മുഅ്മിനീന്‍ അലിയ്യിബ്‌നു അബീത്വാലിബ്(റ) തിരുചര്യ അതുപോലെ തന്നെ പ്രാവര്‍ത്തികമാക്കി നിലനിര്‍ത്തുകയാണ്. റസൂല്‍ ﷺ ചിരിച്ചത് പോലും അദ്ദേഹം പകര്‍ത്തുന്നു! ഇതാണ് യഥാര്‍ഥപ്രവാചക സ്‌നേഹം. 

എന്നാല്‍ സുന്നത്തിന്റെ കാര്യത്തില്‍ നമ്മുടെ അവസ്ഥ എന്താണ്? എത്രയോ സുന്നത്തുകളെ അവഗണിക്കുകയും നിസ്സാരമാക്കി തള്ളിക്കളയുകയും ചെയ്യുന്നു! സ്ഥിരപ്പെട്ട നബിചര്യകളോട് താല്‍പര്യമില്ല എന്ന് മാത്രമല്ല അനാചാരങ്ങളെ സുന്നത്തെന്ന വിധത്തില്‍ കൊണ്ടാടുകയും ചെയ്യുന്നു. ഇസ്‌ലാം പഠിപ്പിക്കാത്ത കാര്യങ്ങളെ ഇസ്‌ലാമിന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കാന്‍ എന്ത് അവകാശമാണ് നമുക്കുള്ളത്?

അല്ലാഹു പറയുന്നു: ”അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.” (അശ്ശുറാ: 21).

ഇങ്ങനെ അല്ലാഹു ചോദിക്കുക വഴി യാതൊരു വിശദീകരണത്തിനും പഴുതില്ലാത്ത വിധം മതത്തിന്റെ സമ്പുര്‍ണത അല്ലാഹു തന്നെ വ്യക്തമാക്കി.

”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മത്തിലേക്ക് ചായ്വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു” (അല്‍മാഇദ: 3).

നബി ﷺ പറഞ്ഞു: ”ഒരു കാര്യവും ഞാന്‍ ബാക്കി വെച്ചിട്ടില്ല; സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന യാതൊരു സംഗതിയും നിങ്ങള്‍ക്ക് വിവരിച്ചു തരാതെ” (സില്‍സിലതുസ്സ്വഹീഹ: 2:416).

”രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചിരിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുവോളം നിങ്ങള്‍ പിഴച്ചു പോകില്ല. അല്ലാഹുവിന്റെ കിതാബും അവന്റെ നബി ﷺ യുടെ സുന്നത്തുമാണവ” (സ്വഹീഹുല്‍ ജാമിഅ്: 2937).

ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് പ്രവാചകന്‍ ﷺ ജീവിച്ചത്. നബി ﷺ യുടെ ജീവിതചരിത്രം രേഖപ്പെടുത്തി വെച്ചത് പോലെ ഒരു മഹാന്റെയും ജീവിതചരിത്രം എഴുതിവെക്കപ്പെട്ടിട്ടില്ല. നബി ﷺ യുടെ ജീവിതത്തിലെ ചെറുതും വലുതും പ്രധാനവും അപ്രധാനവുമായ കാര്യങ്ങളിലൊന്നും തന്നെ അടയാളപ്പെടുത്താതെ വിട്ടുപോയിട്ടില്ല.

”നബി ﷺ യുടെ ചര്യകള്‍ പിന്‍പറ്റി അല്ലാഹുവിലേക്ക് അടുക്കാന്‍ നമ്മോട് കല്‍പിച്ചതുപോലെ തിരുമേനി ﷺ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടും അദ്ദേഹത്തെ പിന്‍പറ്റാന്‍ നാം കല്‍പിക്കപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തിക്കല്‍ സുന്നത്തായ പോലെ വര്‍ജിക്കലും സുന്നത്താണ്. അതുകൊണ്ട് തന്നെ നബി ﷺ വര്‍ജിച്ചവ പ്രവര്‍ത്തിച്ചുകൊണ്ടും, അദ്ദേഹം പ്രവര്‍ത്തിച്ചവ വര്‍ജിച്ചുകൊണ്ടും നമുക്ക് അല്ലാഹുവിലേക്ക് അടുക്കുവാന്‍ സാധിക്കുകയില്ല. റസൂല്‍ ﷺ വര്‍ജിച്ചവ പ്രവര്‍ത്തിക്കുന്നവനും അദ്ദേഹം  പ്രവര്‍ത്തിച്ചവ വര്‍ജിക്കുന്നവനും യഥാര്‍ഥത്തില്‍ ഒരുപോലെയാണ്. അവര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല” (അല്‍ഇഅ്തിസ്വാം 1/57).

നബി ﷺ പറഞ്ഞു: ”നമ്മുടെ ഈ (മത)കാര്യത്തില്‍ അതിലില്ലാത്തത് ആരെങ്കിലും പുതുതായി നിര്‍മിച്ചാല്‍ അത് തള്ളിക്കളയണം” (ബുഖാരി, മുസ്‌ലിം).

”നമ്മുടെ കല്‍പനയില്ലാത്ത വല്ല കര്‍മവും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയണം” (മുസ്‌ലിം).

”നിങ്ങള്‍ പുത്തനാചാരങ്ങളെ കരുതിയിരിക്കണം. കാരണം എല്ലാ നൂതന സമ്പ്രദായങ്ങളും അനാചചാരങ്ങളാണ്. എല്ലാ അനാചാരങ്ങളും ദുര്‍മാര്‍ഗമാണ്” (അബൂദാവൂദ്, തുര്‍മുദി).

ബിദ്അത്തുകളെ സുന്നത്തായി കരുതുകയും  അത് കൊണ്ടാടപ്പെടുകയും ചെയ്യുന്ന ദാരുണ അവസ്ഥയാണ് സമൂഹത്തില്‍ ഇന്ന് നാം കാണുന്നത്! നിര്‍ബന്ധനമസ്‌കാര ശേഷമുള്ള കൂട്ടുപ്രാര്‍ഥന, മരണപ്പെട്ടവര്‍ക്കായി ക്വുര്‍ആന്‍ ഓതി ദാനം ചെയ്യല്‍, ചാവടിയന്തിരം, അനേക തരം മൗലൂദുകള്‍, ക്വബ്ര്‍കെട്ടി ഉയര്‍ത്തല്‍, അവിടെപ്പോയി ബറകത്ത് എടുക്കല്‍, മക്വ്ബറകളോടും ജാറങ്ങളോടും അനുബന്ധിച്ച് നേര്‍ച്ചകളും ഉറൂസുകളും സംഘടിപ്പിക്കല്‍ എന്നിങ്ങനെ എന്തെല്ലാം അനാചാരങ്ങളാണ് നാം കാണുന്നത്! പ്രവാചക ചര്യയുമായി ഇതിനൊന്നും യാതൊരു ബന്ധവുമില്ല. എന്നാല്‍ പ്രവാചക ചര്യയില്‍ സ്ഥിരപ്പെട്ട; പുരുഷന്മാര്‍ താടി വളര്‍ത്തല്‍, നെരിയാണിക്ക് താഴെയിറങ്ങാത്ത വസ്ത്രം ധരിക്കല്‍, വലതുകൈ കൊണ്ട് വെള്ളം കുടിക്കല്‍, ഹജ്ജ്, ഉംറ, തുടങ്ങിയ എല്ലാ ദീര്‍ഘദൂര യാത്രകളിലും സ്ത്രീകള്‍ മഹ്‌റമില്ലാതെ യാത്ര ചെയ്യാതിരിക്കല്‍… എന്നിങ്ങനെയുള്ള അനേകം കാര്യങ്ങളെ അവഗണിക്കുകയും നിസ്സാരമാക്കുകയും ചെയ്യുന്നു. 

ഉമര്‍(റ) മദീനക്കാര്‍ ഹജ്ജിനും ഉംറക്കും പോകുമ്പോള്‍ ഇഹ്‌റാം കെട്ടുന്ന ദുല്‍ഹുലൈഫയില്‍ വെച്ച് (ഇന്ന് പ്രസിദ്ധമായ അബ്‌യാര്‍ അലി) രണ്ടു റക്അത്ത് നമസ്‌കരിക്കുകയുണ്ടായി. ഇഹ്‌റാമില്‍ പ്രവേശിക്കുവാന്‍ ചില നിര്‍ണിത സ്ഥലങ്ങള്‍ (മീക്വാത്ത്) ഉണ്ട്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പ്രവേശിച്ച് -ഹജ്ജിനാകട്ടെ, ഉംറക്കാകട്ടെ- ഇഹ്‌റാമില്‍ പ്രവേശിക്കുമ്പോള്‍ പ്രത്യേകം രണ്ട് റക്അത്ത് നമസ്‌കാരം സുന്നത്തില്ല. പക്ഷേ, ദുര്‍ഹുലൈഫയാകുന്ന മദീനക്കാരുടെ മീക്വാത്തില്‍ കടക്കുന്ന ഒരാള്‍ക്ക് രണ്ട് റകഅത്ത് നമസ്‌കാരമുണ്ട്. കാരണം നബി ﷺ ദുല്‍ഹുലൈഫയില്‍ പ്രവേശിച്ചപ്പോള്‍ അത് അനുഗൃഹീത താഴ്‌വരയായതിനാല്‍ രണ്ട് റകഅത്ത് നമസ്‌കരിക്കേണ്ടതുണ്ടെന്ന് ജിബ്‌രീല്‍(അ) അറിയിച്ചു. ഇത് ഇഹ്‌റാമിന്റെ ഭാഗമായ നമസ്‌കാരമല്ല എന്ന് വ്യക്തം. 

ഇബ്‌നിസ്സിംത്വി പറയുന്നു: ഉമറുബ്‌നുല്‍ ഖത്വാബ്(റ) ദുല്‍ഹുലൈഫയില്‍ വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടു. അതിനെപ്പറ്റി ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതന്‍ ﷺ എങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടുവോ അതുപോലെ ഞാന്‍ ചെയ്യുന്നു” (മുസ്‌ലിം: 1616).

ഈ സംഭവം ഉമര്‍(റ)വിന്റെ സുന്നത്തിനോടുള്ള താല്‍പര്യം വ്യക്തമാക്കുന്നു. 

മക്ക-മദീന യാത്രയില്‍ ആളുകള്‍ ചില സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നതിന്നു വേണ്ടി പ്രത്യേകം താല്‍പര്യം കാണിക്കുന്നതായി ഉമര്‍(റ)വിന്റെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അതിന്‌വേണ്ടി തിക്കും തിരക്കും കാണിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം കാര്യം അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘യാത്രയില്‍ പ്രവാചകന്‍ ﷺ ഇവിടുന്ന് നമസ്‌കരിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.’ അപ്പോള്‍ ഉമര്‍(റ) അതിനെ എതിര്‍ത്തു. ശേഷം അദ്ദേഹം പറഞ്ഞു: ‘ഇങ്ങനെ തങ്ങളുടെ നബിമാരുടെ കാല്‍പാദങ്ങളെ പിന്‍പറ്റിയതാണ് പൂര്‍വകാല സമൂഹം നശിക്കുവാനുള്ള കാരണം. നമസ്‌കാരസമയമാകുമ്പോള്‍ നിങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ടെങ്കില്‍ ഇവിടുന്ന് നമസ്‌കരിക്കണം. അതല്ലെങ്കില്‍ നമസ്‌കരിക്കുവാന്‍ പാടുള്ളതല്ല” (ഇബ്‌നു അബീശൈബ, സ്വഹീഹ് അല്‍ബാനി).

നബി ﷺ ഒരു സ്ഥലത്ത് ചെന്നിറങ്ങി. നമസ്‌കാര സമയമായതിനാല്‍ അവിടുന്ന് നമസ്‌കരിച്ചു. നമസ്‌കാരസമയമായപ്പോള്‍ ആ പ്രദേശത്ത് വെച്ച് നമസ്‌കരിച്ചു എന്നതല്ലാതെ ആ സ്ഥലത്തിന് യാതൊരു വിധ പ്രത്യേകതയും കല്‍പിച്ചല്ല അവിടെ നമസ്‌കരിച്ചത്. എന്നാല്‍ ഒരു സ്ഥലത്തിന് പ്രത്യേകത കല്‍പിച്ചുകൊണ്ട് അവിടെ വെച്ച് പ്രവാചകന്‍ ﷺ നമസ്‌കരിച്ചുവെങ്കില്‍ നമുക്കുമത് പിന്‍പറ്റാം. ഇതാണ് മഹാനായ ഉമര്‍(റ) നമ്മെ ബോധ്യപ്പെടുത്തുന്നത്. 

അല്ലാഹു പറയുന്നു: ”ഇതത്രെ എന്റെ നേരായപാത. അത് നിങ്ങള്‍ പിന്‍തുടരുക. മറ്റ് മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ചു കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്” (ആലുഇംറാന്‍: 7).

”പിന്‍തുടരാന്‍ അല്ലാഹു ആവശ്യപ്പെടുന്ന അവന്റെ യഥാര്‍ഥ മാര്‍ഗമായ ‘സ്വിറാതുല്‍ മുസ്തക്വിം’ കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകന്റെ സുന്നത്താണ്. മറ്റ് മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്‍പറ്റരുത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം തെറ്റിപ്പോയവരുടെ മാര്‍ഗമായ ബിദ്അത്താണ്. ബിദ്അത്തുകാരുടെ എല്ലാമാര്‍ഗവും വര്‍ജിക്കേണ്ടതുണ്ട് എന്ന കാര്യവും ഈ ആയത്ത് പഠിപ്പിക്കുന്നു” (ഇമാം ശാത്വിബി: അല്‍ഇഅ്തിസ്വാം:1/76).

സുന്നത്തിനോടുള്ള ഒരാളുടെ ഇഷ്ടം നബി ﷺ യോടുള്ള അയാളുടെ സ്‌നേഹത്തെയാണ് അറിയിക്കുന്നത്. എന്നാല്‍ ബിദ്അത്തിനോടുള്ള ഒരാളുടെ അടുപ്പം പോലും അയാള്‍ അല്ലാഹുവിന്റെ ദൂതനെ പരിഹസിക്കുന്നതിനും നിന്ദിക്കുന്നതിനും തുല്യമാണ്.

ഇമാം മാലിക്(റഹി) പറഞ്ഞു: ”ആരെങ്കിലും ഇസ്‌ലാമില്‍ പുതുതായി വല്ലതും നിര്‍മിക്കുകയും അതിനെ നല്ലതായിക്കാണുകയും ചെയ്താല്‍ അവന്‍ മുഹമ്മദ് നബി ﷺ അദ്ദേഹത്തിന്റെ ദൗത്യത്തില്‍ വഞ്ചന കാണിച്ചു എന്ന് ജല്‍പിക്കുന്നതിന് തുല്യമാണ്. കാരണം ‘ഇന്ന് നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു’ എന്ന് അല്ലാഹു പറഞ്ഞുകഴിഞ്ഞു. അന്ന് മതത്തില്‍ ഉള്‍പെട്ടിട്ടില്ലാത്ത ഒരു കാര്യം ഇന്ന് മതമായി തീരുകയില്ല’ (ഇഅ്തിസ്വാം: 1/65).

നബി ﷺ പറഞ്ഞു: ”എല്ലാ ബിദ്അത്തുകാരില്‍ നിന്നും അല്ലാഹു തൗബയെ തടയുന്നതാണ്.” (സില്‍സിലതുസ്സ്വഹീഹ: 1620).

 

മുഹമ്മദ് അലി വാരം
നേർപഥം വാരിക

മക്വ്ദി തങ്ങള്‍ വരുത്തിയ മാറ്റം: മതപഠന മേഖലക്ക് മാറ്റ് കൂട്ടുന്നു

മക്വ്ദി തങ്ങള്‍ വരുത്തിയ മാറ്റം: മതപഠന മേഖലക്ക് മാറ്റ് കൂട്ടുന്നു

(വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 6)

 

മൗലാനാ ചാലിലകത്തിനെപ്പോലെയുള്ള പരിഷ്‌കര്‍ത്താക്കള്‍ക്ക് പ്രചോദനമായത് ഈ മേഖലയിലെ മക്വ്ദി തങ്ങളുടെ ആദ്യ കാല്‍വയ്പുകളാണ്. കീഴ്‌വഴക്കങ്ങളില്‍ തലകീഴായി നില്‍ക്കുന്ന ഒരു സമുദായം വിശുദ്ധ ക്വുര്‍ആന്‍ വിഭാവനം ചെയ്യുന്ന   മാറ്റത്തിലേക്ക് നടന്നടുക്കണമെങ്കില്‍ മതപാഠശാലകള്‍ അതിന് പാകമാകുന്ന ഉള്ളടക്കവും ഉള്‍ക്കനവും സ്വീകരിച്ചിരിക്കണം. ഫലപ്രദമായ പാഠ്യപദ്ധതിക്ക് പുറത്തുനിന്നവര്‍ എക്കാലത്തും മാറ്റങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നിന്ന് അന്യരുടെ കീഴില്‍ കഴിയാന്‍ മാത്രം ശീലിച്ചവരായിരിക്കും. അതുകൊണ്ടാണ് തങ്ങള്‍ പരിഷ്‌കൃത പാഠശാലകള്‍ സ്ഥാപിക്കാന്‍ ആഹ്വാനം നല്‍കിയത്. ‘മതഹൃദയം ഗ്രഹിച്ചവരും ജന പരിഷ്‌കാര തല്‍പരരുമായ മുസ്‌ലിം ആത്മാക്കള്‍ മതാവശ്യമായ മുഖ്യാവശ്യങ്ങളില്‍ അത്യാവശ്യമായ മതാഭിവൃദ്ധി ജന പരിഷ്‌കാരത്തിലും, ജന പരിഷ്‌കാരം വ്യവഹാരത്തിലുമാകയാല്‍ കാര്യാര്‍ത്ഥം പാഠശാലകള്‍ സ്ഥാപിക്കേണ്ടതാകുന്നു.'(1)

തങ്ങളുടെ ഈ രംഗത്തുള്ള നിര്‍ദേശങ്ങള്‍ കാണുക:

1. ‘ഓത്തുപുരയില്‍ ഒരു ബോര്‍ഡ് ഉണ്ടായിരിക്കണം. ആദ്യം ഓരോ അക്ഷരവുങ്ങളും ക്രമേണ കൂട്ടി എഴുതേണ്ട മുറകളും ഗുരുക്കന്മാര്‍ എഴുതിക്കാണിച്ചും കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചും ധരിപ്പിക്കയും അഭ്യസിപ്പിക്കയും വേണം.

2. അതാതു പാഠക്കാരെ തരം തിരിച്ച് ക്ലാസ്സ് (ദറജത്ത്) ആക്കണം.

3. ക്ലാസ്സ് മുറപ്രകാരം പാഠം കേള്‍ക്കണം. അതായത് ഒന്നാമന്‍ മുതല്‍ വായിക്കുകയും മറ്റവര്‍ നോക്കി തെറ്റു പറയുകയും വേണം എന്നും മറ്റും വിവരിക്കുന്ന ഒരു ചട്ടം ഉണ്ടാക്കി ‘സ്വലാഹുല്‍ ഇഖ്‌വാന്‍'(2) എന്ന നാമത്തില്‍ നടപ്പായിരുന്ന പത്രത്തില്‍ പ്രസിദ്ധപ്പെടുത്തി. പത്രാധിപരായിരുന്ന സി.സൈതാലിക്കുട്ടി(3) അത് അത്യാവശ്യമെന്നും മറ്റും അഭിപ്രായപ്പെടുകയും ചെയ്തു. എങ്കിലും ഇന്നത്തെ മൊല്ലമാര്‍ പൂര്‍വരീതി ഒഴിയാതെ നടന്നുവരുന്നു.'(4)

വിചക്ഷണന്മാരുടെ വീക്ഷണങ്ങള്‍ സമുദായത്തിന്റെ ആത്യന്തിക ഗുണത്തിനും ക്ഷേമത്തിനുമാണെന്ന് തിരിച്ചറിയാനുള്ള പക്വത സ്വയം നിര്‍മിത പാരമ്പര്യത്തില്‍ അളവറ്റ് ഊറ്റം കൊള്ളുന്ന മതനേതൃത്വത്തിനും അവരെ അന്ധമായി അനുകരിക്കുന്ന സമുദായാംഗങ്ങള്‍ക്കും അന്ന് കൈവന്നില്ല. ആവക തെറ്റുകളില്‍ പശ്ചാത്തപിക്കുന്നവരെയും അതേസമയം പരസ്യമായി ന്യായീകരിക്കുന്നവരെയും ഇന്ന് അവരുടെ പിന്‍ഗാമികളില്‍ കാണാനാവുന്നു എന്നത് എത്രമാത്രം വിരോധാഭാസമാണ്!

പകരം വെക്കാനില്ലാത്ത പാഠ്യക്രമമുണ്ടാക്കിയവനോടോ പുരോഹിത പരാക്രമം?

ഓരോ മാസത്തെയും അധ്യയന ശേഷം പഠിതാവിനുണ്ടാകുന്ന വികാസത്തെ ഇത്ര സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വിദ്യാഭ്യാസ വിചക്ഷണന്മാര്‍ നമുക്ക് ഇന്നുമില്ല. ഇത്രമേല്‍ ശാസ്ത്രീയമായ ഒരു പഠന സമ്പ്രദായത്തെ സ്വീകരിക്കാനുള്ള പ്രത്യുല്‍പന്നമതിത്വം പുരോഹിതന്മാര്‍ക്കും, മാറിച്ചിന്തിക്കാനുള്ള സ്വാതന്ത്യവും ജ്ഞാനവും ജനത്തിനുമുണ്ടായില്ല. അത്രക്ക് അജ്ഞാനാന്ധകാരങ്ങളില്‍ വഴിയറിയാതെ ഉഴലുന്ന തലമുറകള്‍ക്ക് ദിശാബോധത്തിന്റെ പുത്തന്‍ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ പരിഷ്‌കര്‍ത്താവിനെ പഴിപറയാന്‍ മാത്രം പണം പാഴാക്കുന്ന പണ്ഡിതന്മാരോട് നമുക്ക് സഹതാപം പോലുമില്ല.

വിശുദ്ധ ക്വുര്‍ആന്‍ കൊണ്ട് വിദ്യയാരംഭിച്ച് വിദ്വാന്മാരാകുന്ന ഒരു തലമുറയെ മനസ്സില്‍ കണ്ട് തങ്ങള്‍ സെമസ്റ്റര്‍ സമ്പ്രദായത്തിലുള്ള ഒരു സിലബസ് തന്റെ ഗ്രന്ഥങ്ങളിലും അക്കാലത്തെ ചില പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തി. തന്റെ കാലത്തെയും വരുംകാലത്തെയും വെല്ലുവിളികളെ നേരിടാന്‍ മുസ്‌ലിം സമൂഹത്തിന്ന് കരുത്തുപകരുന്ന വ്യവസ്ഥാപിതമായ ആ പാഠ്യക്രമത്തിന്റെ ആദ്യഭാഗങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം:

1-ാം തരം ശിശു

‘അഭ്യാസ ആരംഭം ക്വുര്‍ആന്‍ കൊണ്ടാകുന്നതു ഉത്തമം. എന്നാല്‍ അറബി അക്ഷരങ്ങള്‍ ധരിപ്പിക്കുന്നതോടു കൂടി അറബി മലയാളത്തിലേക്കു ആവശ്യമാകുന്ന അക്ഷരങ്ങളും ധരിപ്പിക്കേണം. അതു 1906 ജനുവരി 1 ‘സ്വലാഹുല്‍ ഇഖ്‌വാന്‍’ എന്ന അറബി മലയാള പത്രത്തില്‍ ഞാന്‍ പ്രസിദ്ധപ്പെടുത്തിയ ക്വുര്‍ആന്‍ അഭ്യാസ നിയമാനുസരണമായിരിക്കേണം. ഒരു മാസം കൊണ്ടു കൂട്ടിവായിക്കുകയും എഴുതുകയും ചെയ്യും. മൂന്നു മാസം കഴിഞ്ഞാല്‍ കയറ്റം കൊടുക്കണം.'(5)

1ല്‍ ബി (ആറുമാസം)

‘അല്‍ഹംദു(6) തുടങ്ങുന്നതിനോടു കൂടി ‘ഫര്‍ളുല്‍ ഐനായ'(7) അറിവുകളെ ക്രമപ്പെടുത്തി ചെറുതരം തര്‍ജമകള്‍ ചോദ്യോത്തരങ്ങളാക്കി ചമച്ചു അവസ്ഥപോലെ ആരംഭിക്കണം. ഉച്ചക്കു ശേഷം, നാം ഉണ്ടാക്കിയ ‘മുഅല്ലിമുല്‍ ഇഖ്‌വാന്‍’ എന്ന പുസ്തകം എടുത്തു അറബി അക്ഷരത്തിന്നൊത്ത മലയാള അക്ഷരങ്ങളും മറ്റും എഴുതി കാണിച്ചും എഴുതിച്ചും ധരിപ്പിക്കണം. അതോടൊന്നിച്ചു അറബി, മലയാളം, ഇംഗ്ലീഷ് ഈ മൂന്ന് തരം അക്കങ്ങളും 100 വരെ എഴുതാനും കൂട്ടാനും, കൂടാതെ മലയാളത്തിലും അറബി-മലയാളത്തിലും എഴുതാനും പഠിപ്പിക്കണം.

ഈ അവസരത്തില്‍ ക്വുര്‍ആന്‍ അഞ്ചു ജുസ്അ് തികച്ചും ഓതിക്കുന്നത് മദ്‌റസാ നിയമവും അതിലധികം ഓതുന്നത് അവരവരുടെ ഇഷ്ടവും ആകുന്നു. ആറാം മാസം കയറ്റം കൊടുക്കണം.

1 രണ്ടാാ തരം (ആറു മാസം)

സര്‍ക്കാര്‍ നിയമപ്രകാരം ഒന്നാം പാഠപുസ്തകവും അതിന്നനുസരണമായ പഠനങ്ങളും അതോടൊന്നിച്ചു ‘ഫിക്വ്ഹു’ എന്ന കര്‍മകാണ്ഠത്തില്‍ തര്‍ജമ ചെയ്തു കിത്താബാക്കി വായിക്കയും ധരിപ്പിക്കയും വേണം.

2ല്‍ (ആറു മാസം)

മലയാളം രണ്ടാം പുസ്തകവും അതിന്നനുസരിച്ച് നാമം, ക്രിയ, അവ്യയം ഇതുകളെ വിവരിക്കുന്ന അറബി വ്യാകരണം മലയാളത്തില്‍ ഭാഷപ്പെടുത്തി അതും ഫിക്വ്ഹ്-അക്വാഇദ് എന്നീ രണ്ടു വിധം അടങ്ങിയ കിതാബു തര്‍ജമ ചെയ്ത് അതും പഠിപ്പിക്കേണം.

ആറാം മാസത്തില്‍ തരംതിരിച്ച് ലൗകിക ശാഖയിലേക്കോ വൈദിക ശാഖയിലേക്കോ അവരവരുടെ ഇഷ്ടം പോലെ കയറ്റം കൊടുക്കണം. ലൗകിക ശാഖ- സര്‍ക്കാര്‍ മുറപോലെ ഇംഗ്ലീഷും മലയാളവും വായിച്ച് ക്രമമായി വര്‍ധിച്ചുകൊള്ളണം.

വൈദിക ശാഖ-അറബി വായനയോടുകൂടി മലയാള വ്യാകരണം മുതല്‍ കാണ്ഡം, കര്‍മ കാണ്ഡം മുതലായതുകളില്‍ വേണ്ടിവരുന്ന ഭാഷാ പദങ്ങള്‍ ഗ്രഹിക്കുന്നതിലേക്കു പ്രകരണങ്ങളും പുരാണങ്ങളും മറ്റും ആവശ്യം പോലെ വായിച്ച് അറബി ഭാഷാ ജ്ഞാനത്തിനൊത്ത ഭാഷാജ്ഞാനം മലയാളത്തിലും സമ്പാദിക്കേണം.

ഈ സ്വഭാവത്തില്‍ അഭ്യസിക്കുന്നതായാല്‍ ഇസ്‌ലാം ജനം വൈദിക-ലൗകികങ്ങളില്‍ പഴിതീര്‍ന്നവരായും പരിഷ്‌കൃതരായും ഭവിക്കും, നിശ്ചയം. എന്ന് മക്വ്ദി തങ്ങള്‍.'(8)

മതപാഠശാലകള്‍ക്കായി സ്വന്തമായി അദ്ദേഹം ഒരു നിഘണ്ടു നിര്‍മിക്കുകയും അവയുടെ നിയമാവലിയില്‍ അത് നിശ്ചയിച്ചുനല്‍കുകയും ചെയ്തു.

ഭാഷാഭ്യാസഹൃദയം

‘മലയാള മുസ്‌ലിം അറബി പദാര്‍ഥം അറിയാതെ അന്ധരായിത്തീരുന്ന ദോഷത്തില്‍ നിന്ന് രക്ഷതേടുന്ന മാര്‍ഗം എന്തെന്നു ആലോചിക്കണം.

പുത്തനായ മദ്‌റസ ഏര്‍പ്പെടുത്തിയാലും ഈ ദോഷം തീരുന്നതല്ല. ഇവിടുത്തെ ഗുരുക്കന്മാര്‍ പതിവുപോലെ പഠിപ്പിക്കും. പരദേശ്യര്‍ മലയാളം അറിയുന്നതുമില്ല. മധ്യസ്ഥാനത്തു മറ്റൊരു ഭാഷയെ ആശ്രയിച്ച് ക്രമപ്പെടുത്താമെന്നുള്ള ധൈര്യം ദുസ്സാധ്യമെങ്കിലും അതിന്നുള്ള പ്രയാസവും കാലതാമസവും എത്ര എന്നും തത്സമയമുള്ള ഗുരുക്കന്മാര്‍ക്ക് ഉപകരിക്കുമോ എന്നും, ചിന്തിക്കുന്ന മനുഷ്യബുദ്ധി ശഠിക്കും.'(9)

‘എന്നാല്‍ തല്‍ക്കാലാവസ്ഥക്ക് അത്യാവശ്യമായത് അര്‍ഥനിഘണ്ടു ആകുന്നു. അറബി പദത്തിനൊത്ത മലയാള പദവും സംസ്‌കൃത പദവും കാണിക്കുന്ന നിഘണ്ടു ചമച്ചു(10) പ്രസിദ്ധപ്പെടുത്തുന്നതായാല്‍ അത് പുതു പാഠശാലകള്‍ക്കും ശേഷമുള്ള എല്ലാ ജനങ്ങള്‍ക്കും ഗുണകരമായും ഉപകാരപ്രദമായും ഭവിക്കുമെന്നു അഭ്യാസാത്മാക്കളത്രയും സമ്മതിക്കും. ഭാഷാഭ്യാസ ഹൃദയം നിഘണ്ടുവാകുന്നു-മക്വ്ദി തങ്ങള്‍'(11)

മതപഠന മേഖലയില്‍ മാത്രം മക്വ്ദി തങ്ങള്‍ നല്‍കിയ സംഭാവനകളുടെ നേര്‍ചിത്രം നല്‍കാനാണ് നാല് ലക്കങ്ങളിലൂടെ നാം ശ്രമിച്ചത്. അറിവ് ഉല്‍പാദിപ്പിക്കാത്ത അറിവാളന്മാരും അറിവില്ലാതെ കാലം കഴിക്കുന്ന സമുദായവും മക്വ്ദി തങ്ങള്‍ക്ക് എന്നും തലവേദനയായിരുന്നു. മാതൃഭാഷയായ മലയാളത്തോട് മുഖംതിരിച്ച മാപ്പിളമാര്‍ അറിവിന്റെ മറ്റു മേഖലകളെക്കുറിച്ചും അജ്ഞരായിരുന്നു. ലോകത്ത് നടക്കുന്ന ആശാവഹവും ആശങ്കാജനകവുമായ മാറ്റങ്ങള്‍ അറിയാന്‍ പോലും അന്ന് അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല.

പക്ഷേ, പതുക്കെപ്പതുക്കെ, പരിവര്‍ത്തനത്തിന്റെ പരിമളം ‘മലയാള രാജ്യനിവാസികളുടെ'(12) നാസികയില്‍ ഇടംപിടിക്കാന്‍ തുടങ്ങി. പുതിയ പുലരിയുടെ പൊന്‍കിരണങ്ങള്‍ മെല്ലെ മെല്ലെ തലപൊക്കിയതിന്റെ ചരിത്രം ഇസ്വ്‌ലാഹി ചരിത്രകാരനായ ഇ.കെ. മൗലവിയുടെ തൂലികയിലൂടെ വായിച്ചെടുക്കാം:

‘1919ലാണ് ഞാന്‍ കൊടുങ്ങല്ലൂരില്‍ താമസം തുടങ്ങിയത്. ഇവിടെയും അയല്‍പ്രദേശങ്ങളിലും ചില വഹാബികളുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും അപരിചിതനായ എന്നെ അക്കാലത്തു ചില സുഹൃത്തുക്കള്‍ ഉപദേശിക്കുകയുണ്ടായി. അവര്‍ ആരാണെന്നറിയാന്‍ കൗതുകം ജനിക്കല്‍ സ്വാഭാവികമാണല്ലോ. സുഹൃത്തുക്കളോട് ഞാന്‍ അവരെപ്പറ്റി അന്വേഷിച്ചപ്പോള്‍ നാലഞ്ചാളുകളുടെ പേര് അവര്‍ പറഞ്ഞുതന്നു. ആ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം തികച്ചും പുത്തനാശയക്കാരായ ആ ‘വഹാബി’കളെ പരിചയപ്പെടണമെന്നായി എനിക്ക്. അതിന് പ്രയാസമൊന്നും നേരിട്ടില്ല. പരിചയപ്പെടുക മാത്രമല്ല, അവരുടെ വാദഗതികള്‍ ഞാന്‍ വിശദമായി മനസ്സിലാക്കുക പോലും ചെയ്തു.'(13)

‘മണ്‍മറഞ്ഞുപോയ ഔലിയാക്കന്മാരെയും ശൈഖന്മാരെയും വിളിച്ച് സഹായം തേടലും അവരുടെ ഖബറുകളെ പൂജിക്കലും മറ്റും ശിര്‍ക്കിന്റെ ഉഗ്രരൂപമാണെന്നായിരുന്നു അവരുടെ വാദത്തിന്റെ പൊരുള്‍. ഞാന്‍ അവരോട് ഇങ്ങനെ ചോദിച്ചു: ‘നിങ്ങളുടെ നാട്ടിലെ ബഹുഭൂരിപക്ഷത്തിനെതിരായ ഈ ആശയം നിങ്ങളെ പിടികൂടിയതെങ്ങനെ?’ ഇതിന് കൂട്ടത്തില്‍ ഒരാള്‍ നല്‍കിയ മറുപടി ഇതായിരുന്നു: ‘ഥനാഉല്ലാഹ് മക്വ്ദി തങ്ങളാണ് ഞങ്ങളില്‍ ഈ ആശയം പ്രചരിപ്പിച്ചത്.’

ഞാന്‍ അയാളോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു. അതിന്നു കിട്ടിയ മറുപടിയുടെ ചുരുക്കം. ഇങ്ങനെയാണ്: ‘മക്വ്ദി തങ്ങള്‍ ക്രിസ്ത്യാനികളുടെ കേന്ദ്രമായ പള്ളിപ്പുറത്തും കോട്ടപ്പുറത്തും പറവൂരും ഖണ്ഡനപ്രസംഗം നടത്താറുണ്ട്. പരിപാടി കഴിഞ്ഞാല്‍ അദ്ദേഹം എന്റെ വീട്ടില്‍വന്ന് താമസിക്കും. അപ്പോഴൊക്കെ, അദ്ദേഹത്തിന് ഒരു വിഷയമേ ഞങ്ങളോട് പറയാനുണ്ടാവൂ: ‘ക്രിസ്ത്യാനികള്‍ ഒരു പ്രത്യേക മതക്കാരാണ്. അവര്‍ എങ്ങനെയെങ്കിലും ജീവിക്കട്ടെ. നമ്മുടെ മുസ്‌ലിം സഹോദരന്മാരുടെ കാര്യത്തിലാണ് എനിക്ക് വ്യസനം. ഔലിയാക്കന്മാരെയും സ്വാലിഹുകളെയും അല്ലാഹുവിന്റെ സ്ഥാനത്തേക്കുയര്‍ത്തുകയും അവരുടെ മഖ്ബറകളില്‍ വിളക്കു കത്തിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതുപോലെ അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്ന എത്രയോ മുസ്‌ലിം സഹോദരന്മാരുണ്ട്! വാസ്തവത്തില്‍ ഇതൊക്കെ ശിര്‍ക്കിന്റെ തടിച്ച രൂപങ്ങളാണ്.'(14)

‘ഈ രീതിയില്‍ രഹസ്യമായും പരസ്യമായും മക്വ്ദി തങ്ങള്‍ തടത്തിയ ഉപദേശങ്ങളാണ് കൊടുങ്ങല്ലൂരില്‍ കുറെ പേരെയെങ്കിലും യഥാര്‍ഥ മുവഹ്ഹിദുകളാക്കി മാറ്റിയത്.'(15)

ഇത്രയൊക്കെ മനസ്സിലാക്കിയിട്ടും മക്വ്ദി തങ്ങള്‍ യാഥാസ്ഥിതികന്മാരുടെ ആദര്‍ശ പിതാവാണെന്നോ, പിന്തിരിപ്പനാണെന്നോ, നവോത്ഥാന നായകനല്ലെന്നോ, അദ്ദേഹത്തിന്റെ നവോത്ഥാനം മതകീയാടിത്തറകളില്‍ പണിതതല്ലെന്നോ മറ്റോ വിടുവാ വിടുന്നവരെ വെറുതെ വിടുക. അവരുടെ മുന്‍ഗാമികള്‍ മാതൃഭാഷയോടും ലോകപരിജ്ഞാനത്തോടും മാറ്റങ്ങളോടും അനുവര്‍ത്തിച്ചിരുന്ന ശത്രുതാ രീതിയുടെ ആവര്‍ത്തനമാണിതെന്ന്, തദ്‌സംബന്ധമായ ചര്‍ച്ചകള്‍ വരുമ്പോള്‍ എല്ലാ ഗവേഷണനാട്യക്കാര്‍ക്കും ബോധ്യപ്പെട്ടുകൊള്ളും.

ആധാരസൂചിക:

1 സമ്പൂര്‍ണ കൃതികള്‍, താള്‍ 443, മുസ്‌ലിം ജനവും വിദ്യാഭ്യാസവും.

2. 1899 മുതല്‍ 1908 വരെ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂരില്‍ നിന്ന് ഇറക്കിയിരുന്ന അറബി മലയാള പത്രം.

3. മക്വ്ദി തങ്ങളുടെ സമകാലികനായ വിദ്യാഭ്യാസ വിചക്ഷണന്‍ തിരൂര്‍ മുത്തൂര്‍ കണ്ണമാം കടവത്ത് അലവി മകന്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍.

4. സമ്പൂര്‍ണ കൃതികള്‍, താള്‍ 712,713, മക്തി മനഃക്ലേശം.

5. സമ്പൂര്‍ണ കൃതികള്‍, താള്‍ 446, മുസ്‌ലിം ജനവും വിദ്യാഭ്യാസവും.

6. വിശുദ്ധ ക്വുര്‍ആനിലെ ഒന്നാം അധ്യായത്തിലെ ഒന്നാം വചനം: സര്‍വസ്തുതികളും സര്‍വാധിനാഥന് എന്നര്‍ഥം.

7. വ്യക്തിഗത ബാധ്യത.

8. സമ്പൂര്‍ണ കൃതികള്‍, താള്‍ 446, 447; മുസ്‌ലിം ജനവും വിദ്യാഭ്യാസവും.

9. സമ്പൂര്‍ണ കൃതികള്‍, താള്‍ 447,448.

10. നിര്‍മിക്കുക.

11. സമ്പൂര്‍ണ കൃതികള്‍, താള്‍ 448; മുസ്‌ലിം ജനവും വിദ്യാഭ്യാസവും.

12. മലയാളികള്‍ എന്നതിന് അക്കാലത്തെ പ്രയോഗം എടുത്തുദ്ധരിച്ചതാണ്. മലയാളത്തിന്റെ നാട്ടില്‍ താമസിക്കുന്നുണ്ടെങ്കിലും മലയാളം ശരിയായി ഉച്ചരിക്കാത്തവരെയും ആ പ്രയോഗത്തില്‍ ഉള്‍ക്കൊള്ളിക്കാം എന്ന സൗകര്യമുണ്ട്.

13. കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനം, ഇ.കെ മൗലവി, ‘റാത്തീബും ഒരു കൊലയും’-അല്‍മുര്‍ശിദ് (മലയാളം), 1966 ആഗസ്റ്റ്, താള്‍ 6.

14. അതേ അവലംബം, താള്‍ 6.

15. അതേ അവലംബം, താള്‍ 6.

 

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
നേർപഥം വാരിക

സെമസ്റ്റര്‍ സംവിധാനവുമായി മക്വ്ദി തങ്ങളുടെ മതപാഠശാലകള്‍

സെമസ്റ്റര്‍ സംവിധാനവുമായി മക്വ്ദി തങ്ങളുടെ മതപാഠശാലകള്‍

[വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും: 05]

തിരിച്ചറിവിനാണ് മതത്തില്‍ മറ്റെന്തിനെക്കാളും മുന്‍ഗണന. ക്വുര്‍ആനിലെ ആദ്യവചനത്തിന്റെ അന്തസ്സത്തയും അതുതന്നെ. ആത്മസായൂജ്യം ആലസ്യമുണ്ടാക്കുമ്പോള്‍, വിമര്‍ശനങ്ങളാണ് പാകക്കേടുകള്‍ നന്നാക്കാനുതകുക. പക്ഷേ, മക്വ്ദി തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് പരാജിതവും നിഷേധാത്മകവും അടഞ്ഞതുമായ ഒരു സമുദായത്തെയായിരുന്നു. പുതിയ എന്തിനോടും യുദ്ധക്കളം തീര്‍ത്ത്, പഴമയുടെ പുറന്തോടില്‍ സുഖനിദ്ര കൊള്ളാനുള്ള വ്യഗ്രതയാണ് സമുദായം കാട്ടിയത്. ധീരമായ ചിന്തക്കോ പരീക്ഷണങ്ങള്‍ക്കോ അവിടെ ഇടമില്ലായിരുന്നു. ബുദ്ധിക്കും അറിവിനും നേരെ പുറംതിരിഞ്ഞുനിന്നിരുന്ന അത് വേദഗ്രന്ഥത്തെ പോലും മാതൃഭാഷയിലൂടെ മനസ്സിലാക്കാനോ, അതിന്റെ സാരവും വിശുദ്ധിയും ലാളിത്യവും ഗ്രഹിക്കാനോ കൂട്ടാക്കിയില്ല. ക്വുര്‍ആന്‍ പരിഭാഷ പുറത്തിറക്കാന്‍ ആര് ശ്രമിച്ചാലും അതിന്റെ പ്രതികളെടുത്ത് കടലില്‍ തള്ളുക എന്ന ഏക പോംവഴിക്കപ്പുറം അതിനെ ജീവിത സംസ്‌കാരത്തിന്റെ ഉപാധിയാക്കാനുള്ള തിരിച്ചറിവ് അത് കൈവരിച്ചിട്ടുണ്ടായിരുന്നില്ല. മതമേലങ്കിയണിഞ്ഞ് അതിന്റെ രക്ഷകദൗത്യം ഏറ്റെടുത്ത കപടസിദ്ധന്മാരുടെ ചതിക്കുഴികളില്‍ വീണ് അത് പ്രാണനുവേണ്ടി പിടയുകയായിരുന്നു. അതില്‍ നിന്ന് സമുദായത്തെ കരകയറ്റുക എന്ന ഭാരിച്ച ദൗത്യം നിര്‍വഹിക്കാനാണ് മക്വ്ദി തങ്ങള്‍ മുന്നോട്ടുവന്നത്.

ഇരുട്ടിനെതിരെ ചതുര്‍മുഖ യുദ്ധചാതുര്യം

ഇ.കെ. മൗലവി(1) ‘കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം’ എന്ന ശീര്‍ഷകത്തില്‍ ‘അല്‍മുര്‍ശിദ്’ മലയാളം മാസികയില്‍ 16 ലക്കങ്ങളായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ മക്വ്ദി തങ്ങള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. അതിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ വായിക്കാം:

”മക്വ്ദി തങ്ങള്‍ കേരളീയനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളീയരായിരുന്നില്ല. പിതാവ് ഹാശിമീവംശത്തില്‍ പെട്ട ഒരു സയ്യിദും(3) മാതാവ് മുഗള്‍(4) വംശജയുമായിരുന്നു. വെള്ളക്കാര്‍ ഇന്ത്യ പിടിച്ചടക്കിയപ്പോള്‍ കോഴിക്കോട് ഹജൂറില്‍(5) പേര്‍ഷ്യന്‍ ഭാഷയിലുള്ള വളരെയധികം ഫയലുകള്‍ ഉണ്ടായിരുന്നു. അവ പരിഭാഷപ്പെടുത്തുന്ന ജോലിക്ക് നിയമിതനായത് ഥനാഉല്ലാ മക്വ്ദി തങ്ങളുടെ പിതാവാണ്. പിതാവിന്റെ മരണാനന്തരം ഥനാഉല്ലാ മക്വ്ദി തങ്ങള്‍ സാള്‍ട്ടുവകുപ്പില്‍(6) ഒരു ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടു.”(7)

മക്വ്ദി തങ്ങള്‍ പറയുന്നു: ”ഞാന്‍ പതിവായി എന്നും കുന്നംകുളത്തും ചാവക്കാട്ടും പോകാറുണ്ടായിരുന്നു. അവിടങ്ങളില്‍ സാധാരണമായി ക്രിസ്ത്രീയ പുരോഹിതന്മാരുടെയും മിഷണറിമാരുടെയും പ്രസംഗങ്ങളുണ്ടാകാറുണ്ട്. ഞാനത് സശ്രദ്ധം കേള്‍ക്കും. മോക്ഷം കിട്ടണമെങ്കില്‍ യേശുക്രിസ്തുവില്‍, അഥവാ ക്രിസ്തുമതത്തില്‍ വിശ്വസിക്കണമെന്നും ഇസ്‌ലാംമതം മോക്ഷദായകമല്ലെന്നും മറ്റും അവര്‍ തട്ടിമൂളിക്കുക പതിവാണ്. വീട്ടില്‍ തിരിച്ചുവന്നാല്‍ ഞാന്‍ ആ പ്രസംഗങ്ങളെപ്പറ്റി അവഗാഢമായി ചിന്തിക്കും. ഇസ്‌ലാമിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും അവഹേളനങ്ങളും കേട്ടുമടുത്ത എന്റെ രക്തധമനികളിലൂടെ ഒഴുകിക്കൊണ്ടിരുന്ന ഹാശിമീരക്തവും മുഗിളരക്തവും പതച്ചുപൊങ്ങാന്‍ തുടങ്ങി. അവസാനം ഞാന്‍ ഇങ്ങനെ തിരുമാനിച്ചു. തുച്ഛമായ വരുമാനത്തിന്നു വേണ്ടിയുള്ള ഈ ഉദേ്യാഗം വലിച്ചെറിഞ്ഞ് ഇസ്‌ലാമിന്നു വേണ്ടി അടരാടുക തന്നെ.”(8)

”തീരുമാനത്തിന്ന് ഇളക്കമുണ്ടായില്ല. ഉദ്യോഗം രാജിവെച്ച്, എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് ആ ധീരഭടന്‍ സമരവേദിയിലിറങ്ങി. ഇതോടെ മക്വ്ദി തങ്ങള്‍ വിവിധ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടു.

ഒന്നാമത്തെ ശത്രു ദാരിദ്യം തന്നെ!

രണ്ടാമത്തേത് ക്രിസ്തീയ പാതിരിമാരും.

ഹൈന്ദവ പുരോഹിതന്മാരെയും അദ്ദേഹം സ്പര്‍ശിക്കാതിരുന്നില്ല. അതിനാ ല്‍ മുന്നാമത് ഒരു ശത്രു കൂടിയുണ്ടായി.

ഇവിടം കൊണ്ടും കാര്യം അവസാനിച്ചില്ല. മുസ്‌ലിംകള്‍ക്കിടയില്‍ നടമാടിക്കൊണ്ടിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും മക്വ്ദി തങ്ങള്‍ രൂക്ഷമായി എതിര്‍ക്കാന്‍ തുടങ്ങി. തന്നിമിത്തം നാലാമത്തെ ശത്രുവും തലപൊക്കി.

അങ്ങനെ ഒരേ സമയം ചതുര്‍മുഖങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പൊരുതേണ്ടതായി വന്നു.”(9)

ഉദ്യോഗം രാജിവെച്ചതോടെ വരുമാനം നിലച്ചു. പേനയും നാവും മാത്രം ബാക്കിയായി. പക്ഷേ, മുന്നോട്ടുവെച്ച കാല്‍ അദ്ദേഹം പിന്‍വലിച്ചില്ല. പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും ക്ഷമാപൂര്‍വം നേരിട്ടുകൊണ്ട് ഇസ്‌ലാമിക സേവനം അഭംഗുരം തുടര്‍ന്നു.”

”ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കുമെതിരില്‍ ക്രിസ്ത്യന്‍ പാതിരിമാരും ഹൈന്ദവ പുരോഹിതന്മാരും അഴിച്ചുവിടുന്ന അവഹേളനങ്ങള്‍, സ്വസമുദായത്തില്‍ സ്വാധീനം ചെലുത്തിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും- ഇതായിരുന്നു മക്വ്ദിതങ്ങളുടെ പ്രധാന സമരസംഗം.”(10)

”മുസ്‌ലിംകളില്‍ അനാചാരവും അന്ധവിശ്വാസവും കൊടികുത്തിവാഴുന്ന കാലം. ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തത്തിന്നു നിരക്കാത്ത പൈശാചിക കൃത്യങ്ങള്‍(11) നാട്ടിലുടനീളം സൈ്വരവിഹാരം നടത്തുകയായിരുന്നു. അവയ്ക്ക് മതഛായ നല്‍കാന്‍ പണ്ഡിതന്മാരും മുമ്പോട്ടുവന്നു. തൗഹീദിന്റെ രജതരേഖ ജനഹൃദയങ്ങളില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായി. അവിടെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കൂരിരുട്ട് വ്യാപിച്ചു.

ഈ ചുറ്റുപാടിലാണ് സയ്യിദ് ഥനാഉല്ലാ മക്വ്ദി തങ്ങള്‍ ജീവിച്ചിരുന്നത്. ക്രിസ്ത്യാനികള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ആ തെറ്റിദ്ധാരണകളെ നീക്കുന്നതിലും ക്രിസ്ത്യാനികളുടെ തൊലിയുരിച്ചുകാട്ടുന്നതിലും വ്യാപൃതനായിരുന്നു അദ്ദേഹം. പക്ഷേ, സ്വസമുദായത്തിലെ ദയനീയ ചിത്രങ്ങള്‍ അവഗണിക്കാന്‍ ആ പരിഷ്‌കര്‍ത്താവിന് എങ്ങനെ കഴിയും? ഇസ്‌ലാമിന്റെ സുന്ദരാശയങ്ങളെ അതിന്റെ അനുയായികള്‍ തന്നെ കശാപ്പു ചെയ്യുകയും വികൃതമാക്കുകയും ചെയ്യുമ്പോള്‍ ക്രിസ്ത്യാനികളെ ഖണ്ഡിച്ച് സംതൃപ്തിയടയാന്‍ ആ സമുദായസ്‌നേഹിക്ക് മനസ്സുവന്നില്ല. മുസ്‌ലിംകളില്‍ കടന്നുകൂടിയ മതവിരുദ്ധാചാരങ്ങളെയും വിശ്വാസങ്ങളെയും എതിര്‍ക്കാന്‍ അദ്ദേഹം രംഗത്തുവന്നു. തികച്ചും പ്രതികൂല പരിതഃസ്ഥിതിയില്‍ ഇതിന്ന് അദ്ദേഹം ധൈര്യപ്പെട്ടതു തന്നെ വിശ്വാസ ദാര്‍ഢ്യവും സേവനൗത്സുക്യവും കൊണ്ട് മാത്രമാണെന്നുള്ളതില്‍ സംശയമില്ല. നാട്ടില്‍ നിരാക്ഷേപം നടന്നുവരുന്ന അനാചാരങ്ങള്‍ക്കെതിരില്‍ സ്വരമുയര്‍ത്താന്‍ പോലും വയ്യാത്ത കാലമായിരുന്നു അതെന്നോര്‍ക്കണം.”(12)

മതപാഠശാലകളിലെ നിര്‍ഗുണ ബോധനരീതികളെ നിരാകരിച്ച വിദ്യാഭ്യാസ വിചക്ഷണന്‍

തലമുറകളായി തുടര്‍ന്നുവന്ന പ്രാക്തനരീതികള്‍ മതവിരുദ്ധമാണെന്ന് തങ്ങള്‍ പ്രഖ്യാപിച്ചു: ”മൗലവി പട്ടക്കെട്ട്- ഈ വട്ടം കൂട്ടലും ധര്‍മദോഷമാകുന്നു.”(13)

മതം നിരാകരിച്ച നിര്‍ഗുണ രീതികള്‍ സമുദായ മക്കളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന പുരോഹിത പ്രവൃത്തികള്‍ നിര്‍ബാധം തുടര്‍ന്നാല്‍, ഈ സമുദായാംഗങ്ങളുടെ നാമങ്ങള്‍ മീസാന്‍ കല്ലിലെഴുതി വെക്കുന്നതിനപ്പുറത്തൊന്നും ഈ സമുദായത്തിന് പുരോഗമനം സഭവിക്കുമായിരുന്നില്ല. ഈ ദുരന്തത്തെക്കുച്ച് തങ്ങള്‍ മുന്നറിയിപ്പ് നല്‍കി:

”ഈ നിലയില്‍ പാഠശാലകള്‍ അത്രയും മൗലവി സ്ഥാനത്തെ ഉദ്ദേശിച്ചു സ്ഥാപിക്കുന്നതും ഉദ്ദേശ നിയമങ്ങളില്‍ കുട്ടികളെ കെട്ടിക്കൂട്ടുന്നതും മതവിധിക്ക് വിപരീതമെന്നു മാത്രമല്ല മതത്തിന്നും ജനത്തിന്നും ദോഷമായും ഭവിക്കുന്നു.”(14)

പരിഷ്‌കര്‍ത്താക്കള്‍ പരവതാനിയിലൂടെ ആനയിക്കപ്പെട്ട ചരിത്രമല്ല ലോക മുസ്‌ലിം ചരിത്രത്തില്‍ എന്നുമുണ്ടായത് എന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. മാറ്റത്തിന്റെ കാറ്റ് തടഞ്ഞു നിര്‍ത്താന്‍ ഒരു കാലത്തിനപ്പുറം സാധിക്കുകയില്ലെന്ന് അദ്ദേഹം  ദീര്‍ഘദര്‍ശനം ചെയ്തു:

”മതവിധികള്‍ ഇപ്രകാരമായിരിക്കെ, മേല്‍കാണിച്ച തോന്നിവാസ നടപടികൊണ്ടു ജനം കഷ്ടപ്പെടുന്നതില്‍ മൂഢരും മുഠാളരും വൈരാഗ്യം പൂണ്ട് നിരസിക്കുന്നു. എങ്കിലും ക്രമേണ നമ്മുടെ വചനങ്ങള്‍ രത്‌നങ്ങളായിത്തീരുമെന്നും കൂട്ടത്തോടുള്ള കോട്ടത്തില്‍ നിന്നു ജനം രക്ഷപ്പെടുമെന്നും വിശ്വസിക്കുന്നു.”(15)

മക്വ്ദി തങ്ങള്‍ പ്രഖ്യാപിച്ചു: ”ദര്‍സ്, ദര്‍സ് എന്നാര്‍ത്തും കീര്‍ത്തിയില്‍ ആശിച്ചുല്‍സാഹിച്ചും നടന്നാല്‍ പോരാ; ആവശ്യം, അനാവശ്യം എന്നിവ വേര്‍തിരിച്ചും പരിഷ്‌കാര മാര്‍ഗം അന്വേഷിച്ചറിഞ്ഞും പ്രവൃത്തിക്കേണം.”(16)

ഇത്തരം മതപാഠശാലകളില്‍ നിന്ന് പുറത്തുവരുന്ന ഉല്‍പന്നങ്ങളുടെ കാര്യക്ഷമത നമുക്ക് പരിശോധിക്കാം. മക്വ്ദി തങ്ങള്‍ അത് കൃത്യമായി നിരീക്ഷിക്കുകയും എ മുതല്‍ എച്ച് വരെ അക്ഷരങ്ങളിട്ട് അവ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതില്‍ ഇവിടെ പ്രസക്തമായത് ഇങ്ങനെ വായിക്കാം.

”(ഡി) മലയാളം എഴുതിപ്പഠിക്കായ്കയാല്‍ അക്ഷര ഉച്ചാരണം ശക്തിപ്പെടാതെ രാസ്ത്രി(17), നസ്‌കേത്രം(18), കശുത്തു(19), എശുത്തു(20) എന്ന് പറഞ്ഞ് ഹസിക്കപ്പെടുന്നു.

(ഇ) ഇതരജനങ്ങളില്‍ ഇറങ്ങി പ്രസംഗിക്കാന്‍ ശങ്കിക്കുന്നു. അന്യജനം വരാത്ത സ്ഥലത്തും സമയത്തും പ്രസംഗിക്കുന്നു. ഇതിനാല്‍ മതാഭിവൃദ്ധിക്ക് ആവശ്യമായതും വേദം നിര്‍ബന്ധിക്കുന്നതുമായ പ്രസംഗം മുടങ്ങി നടപ്പില്ലാതായിരിക്കുന്നു.

(എഫ്) പത്ത് പതിനാലു കോല്ലം പഠിച്ച മുസ്‌ല്യാര്‍ അറബി ഭാഷയിലോ മലയാള ഭാഷയിലോ ഒരു വാചകം എഴുതാനും ഒരു സദസ്സില്‍ ഇറങ്ങി ഒരു വിഷയത്തെ സംബന്ധിച്ചു സംസാരിക്കാനും നിവൃത്തിയില്ലാതായിരിക്കുന്നു. ശൈഖിന്റെ ഗതിയും ഇതു തന്നെ. ഇതിന്റെ കാരണം ഭാഷ ഗ്രഹിക്കാത്തതു തന്നെ.

(ജി) മലയാളം എഴുതി പഠിക്കായ്ക കൊണ്ട് രാജ്യനിയമം അറിയാതെ ദോഷപ്പെടുന്നു. സമ്പാദ്യം അന്യര്‍ക്ക് കൊടുത്തു കഷ്ടപ്പെടുന്നു.”(21)

ആധാരസൂചിക:

1. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സ്ഥാപക നേതാവ് (1891-1974).

2. പ്രവാചകന്‍ മുഹമ്മദ്ﷺ ജനിച്ച ക്വുറൈശ് ഗോത്രത്തിലെ ഒരു കുടുംബവംശം.

3. തങ്ങള്‍ എന്നതിന് കേരളത്തില്‍ ഉപയോഗിച്ച വരുന്ന അറബി പദം.

4. പിതൃത്വം വഴി മധ്യേഷ്യന്‍ ഭരണാധികാരി തൈമൂറിന്റെ പിന്‍ഗാമികളും മാതൃത്വം വഴി മംഗോള്‍ നേതാവായ ജെംഗീസ് ഖാന്റെ പാരമ്പര്യവും ഉള്ളവരാണ് മുഗളര്‍.

5. ഹുദ്വൂര്‍ എന്ന അറബി പദത്തിന്റെ  വകഭേദം. മുഗളന്മാരാണ് അത് ഉപയോഗിച്ചു തുടങ്ങിയത്. പൊതുകാര്യാലയം എന്നര്‍ഥം.

6. 1876 ലാണ് സെന്‍ട്രല്‍ എക്‌സൈസ് ആന്റ് റവന്യൂ വകുപ്പിന്റെ കീഴില്‍ ഉപ്പ് നികുതി പിരിക്കാനായി പ്രത്യേക വിഭാഗങ്ങള്‍ ആരംഭിച്ചത്.

7. അല്‍മുര്‍ശിദ് പു:1, ല:5, 1960 ജൂലായ്, പേജ് 6.

8. അതേ അവലംബം, പേജ് 4.

9. അതേ അവലംബം, പേജ് 7.

10. അതേ അവലംബം, പേജ് 8.

11. കുത്ത്‌റാത്തീബ് പോലുള്ള മാരകമായ ആചാരങ്ങള്‍.

12. കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനം-2 ‘റാത്തീബൂം ഒരു കൊലയും,’ അല്‍മുര്‍ശിദ് 1966 ആഗസ്റ്റ്.

13. സമ്പൂര്‍ണ കൃതികള്‍, താള്‍ 440, മുസ്‌ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം.

14. അതേ അവലംബം, താള്‍ 440.

15. അതേ അവലംബം, താള്‍ 445. മുസ്‌ലിം ജനങ്ങള്‍ വിദ്യാഭ്യാസവും.

16. അതേ അവലംബം, താള്‍ 445.

17. രാത്രി എന്ന വാക്കിന് പകരം മാപ്പിളമാര്‍ ഉപയോഗിച്ചിരുന്ന പദം.

18. നക്ഷത്രം.

19. കഴുത്ത്.

20. എഴുത്ത്.

21. സമ്പൂര്‍ണ കൃതികള്‍, താള്‍ 442, 443. മുസ്‌ലിം ജനവും വിദ്യാഭ്യാസവും.

 

പത്തരമാറ്റ് പത്ത്കിതാബിനോ? മക്വ്ദി തങ്ങളുടെ ചോദ്യത്തിന് ഇന്നും ഉത്തരമില്ല

പത്തരമാറ്റ് പത്ത്കിതാബിനോ? മക്വ്ദി തങ്ങളുടെ ചോദ്യത്തിന് ഇന്നും ഉത്തരമില്ല

[വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും:04]

നാടുനീളെ ക്വുര്‍ആന്‍ പഠന സംരംഭങ്ങളാല്‍ സമ്പന്നമായ സമകാല മലയാള മണ്ണില്‍ നിന്നുകൊണ്ട്, വിശുദ്ധ ക്വുര്‍ആനിന്റെ ആശയ പരിസരവുമായി സമുദായത്തിനുണ്ടായിരുന്ന അകലം; പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരളക്കരയെ ബാധിച്ചിരുന്ന ജീര്‍ണതകള്‍ക്ക്, എങ്ങിനെയൊക്കെ വളം വെച്ചുകൊടുത്തു എന്ന്, ശോഭായമാനമായ ഒരു സമുദായം വളര്‍ന്നു വരിക എന്ന സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ജീവിതകാലം മുഴുവന്‍ പണിയെടുത്ത, തന്റെ കാലത്തെ സാധ്യതകള്‍ പൂര്‍ണമായി വിനിയോഗിച്ച, കേരള മുസ്ലിം നവോത്ഥാനത്തിന്റെ അമരക്കാരന്‍ സയ്യിദ് ഥനാഉല്ലാഹ് മക്വ്ദി തങ്ങളുടെ കണ്ണടയിലൂടെ നോക്കിക്കാണാം.

ക്വുര്‍ആന്‍ കോടതിയില്‍ വെക്കാനുള്ളതോ?

ദൈനംദിന ജീവിതത്തില്‍ വിശുദ്ധ ക്വുര്‍ആനിനെ പടിക്കുപുറത്ത് നിര്‍ത്തിയിരുന്ന അക്കാലത്തെ മുസ്ലിംകളില്‍ പലരും കോടതി വ്യവഹാരങ്ങള്‍ക്കുവേണ്ടി അതിനെ ദുരുപയോഗം ചെയ്തിരുന്നുവെന്ന് മക്വ്ദി തങ്ങളുടെ പ്രസ്താവനകളില്‍ നിന്ന് നാം മനസ്സിലാക്കുകയുണ്ടായി. അത്തരം പ്രവണതകളെ ശക്തിയുക്തം എതിര്‍ക്കാന്‍ മക്വ്ദി തങ്ങള്‍ തൂലികയും ജിഹ്വയും പടവാളാക്കുക മാത്രമല്ല, മതപണ്ഡിതന്മാരുമായി വ്യക്തിപരമായി ആശയവിനിമയം നിര്‍വഹിക്കുകയും ചെയ്തു. ഹൈന്ദവ, ക്രൈസ്തവ വേദങ്ങള്‍ കോടതിയില്‍ വെച്ചതിനാല്‍ ക്വുര്‍ആനും അക്കൂട്ടത്തില്‍ വേണം എന്നായിരുന്നു അന്നത്തെ പണ്ഡിതന്യായം! മക്വ്ദി തങ്ങളുടെ ‘ക്വുര്‍ആന്‍ വേദവിലാപം’ എന്ന പുസ്തകത്തില്‍ ‘മുതലുള്ളവരുണ്ടനേകര്‍; മതമുള്ളവരില്ലൊരുത്തര്‍’ എന്ന മക്വ്ദി വാക്യത്തിനു കീഴില്‍ വിവരിക്കുന്നത് കോടതിയില്‍ മുസ്ലിംകള്‍ക്ക് സത്യം ചെയ്യാനായി വെച്ചിരിക്കുന്ന മുസ്വ്ഹഫ് എടുത്തുമാറ്റാന്‍ വേണ്ടി ഒരു മുസ്ല്യാരുമായി അദ്ദേഹം നടത്തിയ സംഭാഷണമാണ്. അതിലെ ഒരു ഭാഗം ഇങ്ങനെ വായിക്കാം:

‘ഹാ കഷ്ടം! ക്വുര്‍ആന്‍മഹിമ അറിയുന്നില്ല. മുസല്‍മാനായിരിക്കുന്ന വാദിയും പ്രതിവാദിയും യോജിച്ചു ക്വുര്‍ആന്‍ എടുത്തു പറയേണ്ട ആവശ്യമില്ലെന്നു ബോധിപ്പിക്കുന്നതായാല്‍ കോടതി നിര്‍ബന്ധിക്കുന്നതല്ല. കക്ഷികളുടെ തൃപ്തിക്കായിക്കൊണ്ടു ചെയ്യിക്കുന്നതാകയാല്‍ സാധാരണ പോലെ ദൈവനാമ സത്യം മതിയാകുമെന്ന് കക്ഷികള്‍ രണ്ടും സമ്മതിക്കുന്ന പക്ഷം കോടതി അനുകൂലമാകാതിരിക്കുന്നതല്ല. അതു ചെയ്യാതെ ക്വുര്‍ആന്‍ പ്രമാണികളായ നിങ്ങള്‍ തന്നെ ക്വുര്‍ആന്‍ എടുത്തു സത്യം ചെയ്യണമെന്നു സിദ്ധാന്തിക്കുന്നു. സ്വല്‍പം സംഖ്യക്കുവേണ്ടി ദൈവ വചനമായ പരിശുദ്ധാധാരത്തെ അപമാനിക്കുന്നു. ‘കാര്യം സത്യമായാലും സത്യം ചെയ്യില്ല’ എന്നുള്ള വേദനിയമത്തെ നിരസിക്കുന്നു. ഇതിനാല്‍ ക്വുര്‍ആന്‍ പ്രമാണം കോടതികളില്‍ വെക്കുന്നതിന്നു കാരണമായതും നിങ്ങള്‍ തന്നെ എന്നും തെളിയുന്നു. ഹാ-കഷ്ടം-മഹാവ്യസനം! ഇതിന്നു കാരണമായതും ജ്ഞാനവിഹീനതയും ഹീനബുദ്ധിയും ആകുന്നു.”(1)

വിശുദ്ധ ക്വുര്‍ആന്‍ തീയില്‍ ദഹിക്കുമോ?

വിശുദ്ധ ക്വുര്‍ആനോടുള്ള പ്രാമാണിക പ്രതിബദ്ധതയാണ് മക്വ്ദി തങ്ങളുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. തന്റെ സംഘത്തിലുള്ളവരോ അല്ലാത്തവരോ ക്വുര്‍ആനെ സംബന്ധിച്ച് അതിനോടുള്ള ആദരവ് നിമിത്തമായിട്ടാണെങ്കില്‍ പോലും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് തങ്ങള്‍ അനുവദിച്ചുകൊടുക്കുമായിരുന്നില്ല. തന്റെ ശിഷ്യന്മാരിലൊരാളായ പാലശ്ശേരി കുഞ്ഞഹമ്മദ് എന്ന ഇസ്ലാം മത പ്രാസംഗികന്റെ ക്രിസ്തുമതഖന്ധന സംസാരമധ്യെ വന്നുപോയ ‘ബൈബിള്‍ ദഹിക്കും, ക്വുര്‍ആന്‍ ദഹിക്കാതിരിക്കും’ എന്ന ഒറ്റ വാചകത്തിലുള്ള ഒരു അബദ്ധത്തെപ്പറ്റി ചിലര്‍ നേരിട്ടും, മറ്റു ചിലര്‍ തപാലില്‍ കത്തയച്ചും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. അവയൊക്കെയും ഗുണകാംക്ഷയായി കണ്ട് ശിഷ്യനെ തിരുത്തിക്കുകയാണ് തങ്ങള്‍ ചെയ്തത്. തദ്വിഷയകമായി വന്ന തങ്ങളുടെ പരാമര്‍ശങ്ങള്‍ ചുവടെ വായിക്കാം:

”സുബുദ്ധിയാകുന്നത് പ്രവൃത്തി പഴക്കത്താലുണ്ടാകുന്ന ജ്ഞാനത്താലാകുന്നു. കല്ലുകടിക്കുന്നതും പിന്നെ പല്ലുകടിക്കുന്നതും സാധാരണയാകുന്നു.”(2)

”ബൈബിള്‍ ദഹിക്കും, ക്വുര്‍ആന്‍ ദഹിക്കാതിരിക്കും എന്ന് വാദിക്കുന്നതും അറിവില്ലായ്മ തന്നെ.”(3)

‘ഇതിനാല്‍ ക്വുര്‍ആന്‍ ലിഖിതങ്ങളില്‍ അഗ്‌നി സ്പര്‍ശിക്കുന്നതല്ലെന്നുള്ള വാദം ഇസ്ലാം മതത്തില്‍ ഇല്ലെന്ന് തീര്‍ച്ചയാകുന്നു.'(4)

ഇതായിരുന്നു മക്തി തങ്ങളുടെ സമീപന രീതി. അക്കാലത്ത് പ്രസംഗാബദ്ധങ്ങളെ പ്രബോധക സംഘത്തിന്റെ വിഭജനത്തിന് പ്രധാനായുധമാക്കുന്ന പ്രവണത പ്രചാരത്തിലുണ്ടായിരുന്നില്ല.

സയ്യിദ് ഥനാഉല്ലാഹ് മക്വ്ദി തങ്ങളുടെ കാലത്ത് പൊന്നാനിയിലും മറ്റു പ്രദേശങ്ങളിലും നിലനിന്നിരുന്ന മതപാഠശാലകള്‍ സമൂഹത്തിന് നല്‍കുന്ന ഗുണദോഷഫലങ്ങള്‍ വ്യവഛേദിച്ചറിയുവാന്‍ കഴിയുന്നവരോ, ഇതര മതപഠന സമ്പ്രദായങ്ങളെക്കുറിച്ച് കേട്ടറിവുള്ളവരോ, മതപഠനം എത്രമാത്രം വിദ്യാര്‍ഥി സൗഹൃദപരവും സമുദായോത്തേജകവും ആക്കി മാറ്റാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരോ, തദനുസൃതമായി മാറ്റത്തിനൊരുമ്പെടുന്നവരോ ആയി ഒരു മതപണ്ഡിതനെയും നേതാവിനെയും പ്രമാണിയെയും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഈ ഒരു ശൂന്യതയാണ് മക്വ്ദി തങ്ങളിലെ പരിഷ്‌കര്‍ത്താവിന് പരിസരമൊരുക്കിയത്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുക മാത്രമല്ല, ഫലപ്രദമായ ഉത്തരങ്ങള്‍ കണ്ടെത്തി സമുദായ ഗാത്രത്തിലടിഞ്ഞുകൂടിയ കട്ടപിടിച്ച അഴുക്കിനെ നിഷ്‌കാസനം ചെയ്യാനും അദ്ദേഹം മുതിര്‍ന്നു.

മതപാഠശാലകള്‍: ഒരു വിഹഗ വീക്ഷണം

അന്ന് നടപ്പിലുണ്ടായിരുന്ന മതാഭ്യാസ രീതികള്‍ ബാലികാബാലന്മാരെ എങ്ങനെയാണ് ബാധിച്ചിരുന്നത് എന്ന് മക്വ്ദി തങ്ങള്‍ വ്യക്തമാക്കുന്നു: ”വായനക്കാരേ! ക്വുര്‍ആന്‍ ഓത്തിന്റെ കഥ കേള്‍ക്കണം. അഞ്ചും ആറും വയസ്സ് പ്രായമുള്ള കുട്ടികളെ ഓത്തിനിരുത്തി മടിയില്‍ ഒരു പലക വെച്ചുകൊടുക്കുന്നു. സാമാന്യ ബുദ്ധിഗുണമുള്ളവനു ഒരു ആറേഴ് മാസം കൊണ്ടും ബുദ്ധി മന്ദിച്ചവനു കഷ്ടിച്ചാല്‍ ഒരു വത്സരം കൊണ്ടും അവസാനിപ്പിക്കാവുന്ന ക്വുര്‍ആന്‍ രണ്ടും മൂന്നും വത്സരം കൊണ്ട് അവസാനിപ്പിക്കാതെ കാലം കഴിക്കുന്നു. ഒരുവിധം അവസാനിപ്പിച്ചിരുന്നാലും പേന(ക്വലം) പിടിക്കേണ്ടത് എങ്ങിനെ? എഴുതേണ്ടത് എങ്ങിനെ? എന്നറിയുന്നില്ല.”(5)

നടപ്പുരീതി വിവരിച്ച് സങ്കടപ്പെടുകയല്ല മക്വ്ദി തങ്ങള്‍ ചെയ്തത്. അധ്യാപകര്‍ എന്തുകൊണ്ട് ഈ രീതി അവലംബിച്ചു എന്ന് അന്വേഷിക്കുകയും അതിന്റെ കാരണം കണ്ടെത്തുകയും ചെയ്തു. പ്രശ്നകാരണം അപഗ്രഥിക്കാതെ പരിഹാരത്തിലേക്ക് നീങ്ങാന്‍ കഴിയുകയില്ല എന്ന് പരിഷ്‌കര്‍ത്താവിന് ഉത്തമബോധ്യമുണ്ടായിരുന്നു. തൊലിപ്പുറത്ത് ചികില്‍സിക്കുന്ന മുറിവൈദ്യന്മാരെ നവോത്ഥാന നായക വേഷം കെട്ടിച്ച് എഴുന്നള്ളിക്കാനുള്ള ശ്രമം വ്യാപകമായ ഇക്കാലത്ത് മക്വ്ദി തങ്ങളുടെ പരിഷ്‌കരണ പരിശ്രമങ്ങളെപ്പറ്റി പിന്തുടര്‍ച്ചാവാദികള്‍ക്കെങ്കിലും സാമാന്യ ധാരണ അനിവാര്യമാണ്. അധ്യാപകരുടെ യോഗ്യതക്കുറവായിരുന്നു ഈ നിര്‍ഗുണ രീതി കാലങ്ങളോളം തുടരാന്‍ ഇടയാക്കിയത്. അവര്‍ക്ക് പരിശീലനം നല്‍കുന്ന സമ്പ്രദായമോ, അതിന് പ്രാപ്തരായ വിദഗ്ധരോ അന്ന് ഉണ്ടായിരുന്നില്ല. തങ്ങളുടെ തന്നെ വാക്കുകള്‍ വായിക്കുക: ”ഈ വക ദോഷങ്ങള്‍ക്കുള്ള കാരണം, പഠിപ്പിക്കേണ്ട മുറയും ക്രമവും അറിവില്ലായ്ക തന്നെ.”(6)

 കേരളമൊട്ടുക്കും ഈ മതപഠന രീതിയാണ് അക്കാലത്ത് വ്യാപകമായിരുന്നത് എന്നതിന് മക്വ്ദി തങ്ങള്‍ തന്നെ സാക്ഷിയാണ്. സാര്‍വത്രികതയാണ് ഈ ദുഷിച്ച സമ്പ്രദായത്തിന് മതപരമായ ആധികാരികത സാധാരണക്കാര്‍ക്കും പണ്ഡിതര്‍ക്കുമിടയില്‍ കല്‍പിച്ചു നല്‍കിയിരുന്നതെന്ന് തങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ക്വുര്‍ആന്‍ ഓതിക്കൊടുക്കാന്‍ മാത്രമറിയുന്ന അല്‍പജ്ഞരായ മൊല്ലമാരെയല്ലാതെ മറ്റാരെയും സമുദായത്തിലെ ബാലിക ബാലകന്മാര്‍ക്ക് പ്രാഥമിക മതവിദ്യാഭ്യാസം നല്‍കുന്നതിന് അന്ന് ലഭിക്കുമായിരുന്നില്ല. മക്വ്ദി തങ്ങള്‍ എഴുതിയത് കാണുക: ”അക്ഷരാഭ്യാസ പ്രാപ്തരാകുന്ന പുത്ര-പുത്രിമാരെ ക്വുര്‍ആന്‍ ഓതിക്കുന്ന മൊല്ലാമാരില്‍ ഏല്‍പിക്കുന്നു. ക്വുര്‍ആന്‍ അവസാനിക്കുന്നതുവരെ അതില്‍തന്നെ ശ്രമിക്കുന്നു. ഒന്നോ രണ്ടോ മൂന്നോ വത്സരം കൊണ്ട് ക്വുര്‍ആന്‍ അവസാനിപ്പിക്കുന്നു. ഉടനെ ‘പത്തുകിതാബ്’ എന്ന പുസ്തകം എടുക്കുന്നു.”(7)

ഒരു മുസ്ലിം വിദ്യാര്‍ഥിയുടെ ക്വുര്‍ആനുമായുള്ള ബന്ധം ഇതോടെ അവസാനിക്കുന്നു. മാനവര്‍ക്ക് മാര്‍ഗദീപമായി ലഭിച്ച പരിശുദ്ധ ഗ്രന്ഥവും അന്നത്തെ മുസ്ലിം സമുദായവും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ദൃക്സാക്ഷി വിവരണമാണ് തങ്ങളുടെ കൃതികളില്‍ നമുക്ക് കാണാനാകുന്നത്. 

”ക്വുര്‍ആന്‍ വായന ശുദ്ധമാക്കുന്നതല്ലാതെ പൊരുള്‍പ്പെടുത്തി പഠിക്കുന്നില്ല. അങ്ങിനെ പഠിക്കത്തക്ക പ്രായവുമില്ല. ഈ നിലയില്‍ പ്രിയപുത്രന്റെ വിലയേറിയ പ്രായമായ അഭ്യാസകാലം ഒന്നോ രണ്ടോ കൊല്ലം വായനാവശ്യത്തിലേക്ക് മാത്രം ചിലവഴിക്കുന്നത് ന്യായമോ?”(8)

വിശുദ്ധ ക്വുര്‍ആനിന്റെ കേവല വായനക്കപ്പുറത്ത് യാതൊന്നും ആര്‍ജിക്കാതെയാണ് നമ്മുടെ നിരവധി തലമുറകള്‍ ഈ മതത്തെ പ്രതിനിധീകരിച്ചുകൊണ്ട് കടന്നുപോയത് എന്നത് എത്രമാത്രം സങ്കടകരമാണ്! 

മക്വ്ദി തങ്ങളുയര്‍ത്തിയ ചോദ്യത്തിന് കിട്ടിയ ഉത്തരം ഇതായിരുന്നു: ”…എന്നുണ്ടാകുന്ന ബുദ്ധിയനുസരണ ചോദ്യത്തിനുത്തരം കാണാതെ മതവിധി എന്നും വേദാവശ്യമെന്നും ഉത്തരം പറയുന്നു. ഒഴിയുവാന്‍ പാടില്ലാത്തവിധത്തില്‍ ഉറപ്പിക്കുന്നു: ‘ഇത് മതക്രമം തന്നെ’. മതവിധികളും വേദനിയമങ്ങളും ബുദ്ധിയനുസരണ ചോദ്യത്തിനു സമാധാനമില്ലാത്തവയല്ലായ്കയാല്‍ ‘മതവിധി’ എന്നും ‘വേദാവശ്യ’മെന്നും ധരിച്ചതും പറഞ്ഞതും തെറ്റാകുന്നു.”(9)

ശീലബോധത്തെ പ്രമാണമായി വിലയിരുത്തുന്നതിലുപരി, യാതൊരു ആദര്‍ശ അടിത്തറയുമില്ലാത്ത സമുദായ നേതൃത്വത്തിന് എങ്ങനെയാണ് ആത്യന്തികമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാനാവുക?! ആ ഒരു നിര്‍ണായക ഘട്ടത്തിലാണ് മക്വ്ദി തങ്ങളുടെ മതവിജ്ഞാനവും സമുദായ സ്നേഹവും ഒരു പരിഷ്‌കര്‍ത്താവിന്റെ ചുമതലയേറ്റെടുക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നത്.

ക്വുര്‍ആന്‍ പഠിപ്പിക്കാത്ത ഉന്നത മതപഠന കേന്ദ്രങ്ങള്‍ സമുദായത്തിന് എന്ത് നല്‍കി?

വിശുദ്ധ ക്വുര്‍ആന്‍ വായിക്കാന്‍ പഠിച്ചു കഴിഞ്ഞാല്‍ ഒരു കുട്ടിക്ക് പഠിക്കാനുണ്ടായിരുന്ന പ്രധാന ഗ്രന്ഥം പത്ത്കിതാബ് എന്നറിയപ്പെട്ടിരുന്ന ഒറ്റവാള്യത്തിലുള്ള പത്ത് ലഘുഗ്രന്ഥങ്ങളുടെയും രണ്ട് അനുബന്ധ കൃതികളുടെയും സമാഹാരമായിരുന്നു. ഗ്രന്ഥകര്‍ത്താക്കളുടെ പേര് നല്‍കിയിട്ടില്ല. ഇന്നും അതിന്റെ അറബി-മലയാള പരിഭാഷയടക്കം വിപണിയിലുണ്ട്.

തങ്ങളുടെ കാലത്തുണ്ടായിരുന്ന അതേ പുസ്തകം ഇന്നും നമ്മുടെ പള്ളിദര്‍സുകളില്‍  പ്രഥമസ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നുണ്ട്. പൊന്നാനി പണ്ഡിതന്മാരില്‍ ചിലരുടെ നോട്ടീസുകളാണ് അതെന്നാണ് പ്രമുഖ അറബിപണ്ഡിതനും ചരിത്രകാരനുമായ കെ.കെ.മുഹമ്മദ് അബ്ദുല്‍കരീം സാഹിബിന്റെ നിഗമനം.(10) വിശ്വാസ-അനുഷ്ഠാന മുറകളാണ് അതിലെ പ്രതിപാദ്യം. അത് പഠിപ്പിച്ചിരുന്ന അക്കാലത്തെ രീതി മക്വ്ദി തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

”അത് അറബി ഭാഷയില്‍ ഉള്ളതാകയാല്‍ വാചകം ചൊല്ലി മലയാളഭാഷയില്‍ അര്‍ഥപ്പെടുത്തി പഠിപ്പിക്കുന്നു.”(11)

ക്വുര്‍ആനിന്റെ അര്‍ഥം പറഞ്ഞുകൊടുക്കാനറിയില്ലെങ്കിലും ഇത്തരം കൃതികളുടെ അര്‍ഥം പണ്ഡിതന്‍മാര്‍ പഠിച്ചു വെച്ചിരുന്നു എന്നര്‍ഥം. ഭാഷാന്തര രീതികള്‍ വിചിത്രമായിരുന്നു എന്നുള്ളത് മറ്റൊരു വസ്തുത. മലയാള ഭാഷയോടുള്ള അന്നത്തെ സമുദായത്തിന്റെ സമീപനവുമായി ബന്ധപ്പെട്ട വിഷയം വിശദ ചര്‍ച്ചയാവശ്യമുള്ള മേഖലയാണ്. 

ഈ അശാസ്ത്രീയ പള്ളിദര്‍സ് പഠന സമ്പ്രദായത്തെ ശക്തിയുക്തം വിമര്‍ശിച്ചുകൊണ്ട് മക്വ്ദി തങ്ങള്‍ ‘മതവിധിയാക്രമം’ എന്ന തലക്കെട്ടിനു കീഴില്‍ വ്യക്തമാക്കി:

”പത്തുകിതാബ്! ഈ പഠനവും അവകാശ ആക്രമം തന്നെ. എങ്ങനെയെന്നാല്‍ പത്ത് കിതാബില്‍ അടങ്ങിയിരിക്കുന്ന ജ്ഞാനവിഷയം ഒക്കെയും നിര്‍ബന്ധിതമല്ല. ‘ഫറളുല്‍ ഐനാ’യതുകളില്‍ കവിഞ്ഞ ഭാഗങ്ങളും അടങ്ങിയിരിക്കുന്നു.ആ അറിവ് മുഴുവനും ഉണ്ടാകുന്നത് ഗുണമെന്നുദ്ദേശിക്കുന്നതായാലും അറബി വാചകം ചൊല്ലി പഠിക്കുകതന്നെ വേണമെന്നും ഈ കിതാബു തന്നെ വായിക്കണമെന്നും മതം നിര്‍ബന്ധിക്കുന്നില്ല.”(12) 

പടച്ചവന്റെ കിതാബിനെക്കാള്‍ പത്തു കിതാബിന് പ്രാമുഖ്യം നല്‍കി അക്ഷരംപ്രതി പഠിപ്പിച്ചിരുന്ന ഒരു സമൂഹത്തില്‍ ഈ പൊളിച്ചെഴുത്ത് ഏറ്റവും അനിവാര്യമായിരുന്നു. 

പത്ത് കിതാബ് പഠിച്ചുകഴിഞ്ഞാല്‍ പിന്നെ ക്വുര്‍ആന്‍ പഠിച്ചിരുന്നോ എന്ന് നോക്കാം. അതും മക്വ്ദി തങ്ങള്‍ നമുക്കായി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്: ”ഈ കിതാബ് പത്തും പഠിച്ചാല്‍ മതപ്രകാരം അത്യാവശ്യമായ വിശ്വാസ കര്‍മങ്ങളും കര്‍മാചാരക്രമങ്ങളും (അക്വാഇദ്, ഫിക്വ്ഹ്) പഠിക്കുന്നു. ഫര്‍ളുല്‍ ഐനായ ‘നിര്‍ബന്ധിതമായ’ ജ്ഞാനം സിദ്ധിക്കുന്നു.”(13) 

ഇതായിരുന്നു മലയാളക്കരയുടെ ചിത്രമെങ്കില്‍ തമിഴ്നാടിന്റെ സ്ഥിതിയും ശുഭോദര്‍ക്കമായിരുന്നില്ല. ”വേലൂര്‍ മുതലായ രാജ്യങ്ങളില്‍ ഈ പത്തു കിതാബിന് പകരം ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളെ വായിപ്പിക്കുന്നു. നിര്‍ബന്ധിത ജ്ഞാനം പഠിപ്പിക്കുന്നു”(15)

രണ്ടു പ്രദേശങ്ങളിലെയും പഠനരീതികള്‍ പ്രാകൃതവും വിരസവുമായിരുന്നുവെന്ന് സ്വാനുഭവം വിശദമാക്കി മക്വ്ദി തങ്ങള്‍ പറയുന്നു: ”ഉടനെ അറബി വ്യാകരണമായ മഹാസമുദ്രത്തില്‍ ഇറക്കി മൗലവി ആവേണ്ട രീതിയില്‍ പിടികൂടുന്നു.അനേകര്‍ ഒഴിയുന്നു. അവസാനം വരെ സ്വന്തം ഭാഷയായ മലയാളമോ തമിഴോ പഠിക്കുന്നില്ല. മത വിരോധമോ ജനരോഷമോ ഉണ്ടെന്നഭിപ്രായപ്പെട്ടിരിക്കുന്നു.”(15)

ഈ പാഠ്യക്രമം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ സമുദായ പുരോഗതിയുടെ കടയ്ക്കല്‍ കത്തിവെച്ചു എന്നതിന് തെളിവായി മക്വ്ദി തങ്ങളുടെ സാക്ഷ്യം മാത്രം മതിയാവും: 

”ഈ നടപടിക്രമം മതവിധിയെ ആക്രമിച്ചും മതാഭിവൃദ്ധി മാര്‍ഗത്തെയും ജന പരിഷ്‌കാര രീതിയെയും ബന്ധിച്ചും ഇരിക്കുന്നു.”(16) 

”കഷ്ടാനുഭവം പൊന്നാനിയിലേക്ക് ഉന്തുന്നു. മുസ്ല്യാരാവാന്‍ ശ്രമിക്കുന്നു. അതിനാല്‍ ‘ഫര്‍ളുല്‍ കിഫായ’ എന്ന മതനിയമം ആക്രമിക്കപ്പെട്ടു. മുസ്ല്യാന്മാര്‍ അനവധിയായി. അവകാശപ്പെട്ട അവസ്ഥക്ക് നാശം ഭവിച്ചും, നിയമപ്രകാരം ഒരു രാജ്യത്ത് ഒന്നോ രണ്ടോ ഉണ്ടാകുന്നതില്‍ ജനം ഭക്തിയോടുകൂടി ആശ്രയിക്കുന്നതും ദാനം, സമ്മാനം മുതലായ വരുമാനങ്ങള്‍ ഉണ്ടാക്കുന്നതുമായ പൂര്‍വ്വാചാരം പിഴച്ചു. മുസ്ല്യാന്മാര്‍ അഷ്ടിക്ക് കഷ്ടപ്പെട്ടു. രാജ്യങ്ങള്‍ തോറും ഓടിയലയുവാനും പലരെ ആശ്രയിക്കാനും സംഗതി വന്നു.”(17)

മതപരമായ അവഗാഹം നേടിയവര്‍ ഒരു സമൂഹത്തില്‍ ഉണ്ടായിരിക്കുക എന്നത് ആ സമൂഹത്തിന്റെ പൊതുബാധ്യത എന്ന നിലക്ക് ആവശ്യാനുസരണം മതിയെന്നും അല്ലാത്തവര്‍ക്ക് അടിസ്ഥാനപരമായ മതവിജ്ഞാനം നേടി അനുവദനീയമായ മറ്റു വിദ്യകള്‍ അഭ്യസിക്കാം എന്നുമുള്ള മതത്തിന്റെ അനുവാദം വകവെക്കാതെ എല്ലാ ഓരോ വ്യക്തിയുടെ മേലും ഇത് അടിച്ചേല്‍പിച്ചപ്പോള്‍ ഉപജീവനത്തിനു പോലും വകയില്ലാതെ ഗതിമുട്ടിയ മുസ്ല്യാക്കള്‍ സമൂഹത്തിനു ഭാരമായിത്തീര്‍ന്നു. 

സമുദായത്തെ ഗ്രസിച്ച ജീര്‍ണതകള്‍ക്കെതിരെ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയും തമിഴ്നാട്ടിലും പ്രഭാഷണപരമ്പരകള്‍ നടത്തിയും പത്ര പ്രസിദ്ധീകരണങ്ങളിലൂടെയും ഗ്രന്ഥങ്ങളും ലഘുലേഖകളും വഴിയും ‘ഡോര്‍ ടു ഡോര്‍’ നടത്തിയും മഹാനായ മക്വ്ദി തങ്ങള്‍ പടവെട്ടി. പ്രതികൂലാവസ്ഥകള്‍ മാത്രമാണ് പിന്നിട്ട വഴികളില്‍ നിറഞ്ഞുനിന്നത്. ക്രൈസ്തവ പാതിരിമാരുടെ ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് യുക്തിസഹമായി മറുപടി നല്‍കാന്‍ അക്ഷീണം പ്രയത്നിച്ച മക്വ്ദി തങ്ങള്‍ മുസ്ലിം സമുദായത്തില്‍നിന്ന് അനുകൂലമായ പ്രതികരണങ്ങള്‍ ഏതെങ്കിലും ഒരു കാലത്ത് ഉണ്ടാകുമെന്ന് ജീവിത സായാഹ്നത്തിലും പ്രതീക്ഷിച്ചിരുന്നു. 

മഹാനായ പരിഷ്‌കര്‍ത്താവിന്റെ പ്രതീക്ഷാനിര്‍ഭരമായ വാക്കുകള്‍ ഇങ്ങനെ വായിക്കാം: ”നിങ്ങള്‍ വിശ്വസിച്ച മലയാളികളും, ഞാന്‍ പ്രവാചകന്റെ സന്താനവും ആയതുകൊണ്ട് മതത്തിലും മത കര്‍ത്താവിലും മതക്കാരായ ജനത്തിലും ഉണ്ടാകുന്ന ആക്ഷേപത്തില്‍ എനിക്കും പങ്കുണ്ടാകുന്നു. ആകയാല്‍ ഞാന്‍ വ്യസനിച്ചു നിങ്ങളെ ഗുണദോഷിക്കുന്നതില്‍ നിങ്ങള്‍ വഴിപ്പെടുമെന്നും ജന പരിഷ്‌കാരത്തില്‍ ശ്രമിക്കുമെന്നും വിശ്വസിക്കുന്നു. ക്വുര്‍ആന്‍ പ്രമാണത്തിലും മത കര്‍ത്താവിലും ഭക്തിയുള്ളവരായിരിപ്പാന്‍ ഉപദേശിക്കുന്നു.”(19)

പ്രമാണരേഖകള്‍ കാണാന്‍ പോലും ശ്രമിക്കാതെ അദ്ദേഹം വിമര്‍ശിച്ച പത്ത് കിതാബും മതത്തിന്റെ ആധികാരിക രേഖകളല്ലാത്ത അപ്രധാനമായ പണ്ഡിത കൃതികളും മറ്റും ‘പിടികൂടാന്‍'(20) വേണ്ടി ഇന്നും ആയുസ്സ് തീര്‍ക്കുന്ന പുരോഹിതര്‍ തന്നെ അദ്ദേഹത്തെ നവോത്ഥാന നായകരുടെ മുന്‍നിരയില്‍ നിര്‍ത്തുന്ന സ്ഥിതിവിശേഷം സംജാതമായല്ലോ. സര്‍വശക്തന് സര്‍വ സ്തുതികളും. 

മക്വ്ദി തങ്ങള്‍ ഇരുകരങ്ങളും നീട്ടി അന്ന് പ്രപഞ്ചാധിപനായ സര്‍വശക്തനോട് കേണു പ്രാര്‍ഥിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കാതെ വയ്യ.

”സര്‍വകര്‍ത്താവായ തമ്പുരാനേ! ക്രിസ്തീയ ജനത്തില്‍ കാണുന്ന മത സ്നേഹത്തിനൊത്ത സ്നേഹവും മത വര്‍ധനയില്‍ കാണുന്ന ഉത്സാഹത്തിനൊത്ത ഉത്സാഹവും ഈഴവ ജനത്തില്‍ കാണുന്ന പരിഷ്‌കാര പരിശ്രമത്തിനൊത്ത ശ്രമവും ജന വാത്സല്യത്തിനൊത്ത വാത്സല്യവും കേരളത്തിലുള്ള മുസ്ലിം ജനത്തിലും കല്‍പിച്ചു തരേണമേ. 22 വത്സരമായി ഞാന്‍ നടത്തിവരുന്ന പ്രോത്സാഹ ഫലം കണ്ട് മരിക്കുമാറാക്കി രക്ഷിക്കേണമേ!-ആമീന്‍.”(21)

Ref:

1) മക്തി മനഃക്ലേശം-സമ്പൂര്‍ണ കൃതികള്‍, പേജ് 564.

2) ലഘുലേഖ 4, പാലില്ലാ പായസം-സമ്പൂര്‍ണ കൃതികള്‍, പേജ് 482.

3) സ്വജനാര്‍ഥ വിലാപം-മക്തി മനഃക്ലേശം (ആത്മകഥ). സമ്പൂര്‍ണ കൃതികള്‍, പേജ് 689.

4) ലഘുലേഖ 4, പാലില്ലാ പായസം-സമ്പൂര്‍ണ കൃതികള്‍, പേജ് 482.

5) സ്വജനാര്‍ഥ വിലാപം-മക്തി മനഃക്ലേശം, സമ്പൂര്‍ണ കൃതികള്‍, പേജ് 712.

6) അതേ അവലംബം.

7) തമിഴ് രാജ്യം മുതല്‍ മലയാള രാജ്യനിവാസികളായ മുസ്ലിം ജനവും വിദ്യാഭ്യാസവും- മുസ്ലിം ജനവും വിദ്യാഭ്യാസവും-സമ്പൂര്‍ണ കൃതികള്‍, പേജ് 438.

8) അതേ അവലംബം, പേജ് 439.

9) അതേ അവലംബം, പേജ് 439.

10. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം- മക്വ്ദി തങ്ങളുടെ ജീവചരിത്രം, യുവത, 1997 ഡിസംബര്‍, പേജ് 28, 29.

11) തമിഴ് രാജ്യം മുതല്‍ മലയാള രാജ്യനിവാസികളായ മുസ്ലിം ജനവും വിദ്യാഭ്യാസവും- മുസ്ലിം ജനവും വിദ്യാഭ്യാസവും-സമ്പൂര്‍ണ കൃതികള്‍, പേജ് 438.

12) അതേ അവലംബം, പേജ് 440.

13) അതേ അവലംബം, പേജ് 438, 439.

14) ഇന്നത്തെ മലബാറിന്റെ മിക്ക പ്രദേശങ്ങളും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

15) മുസ്ലിം ജനവും വിദ്യാഭ്യാസവും-സമ്പൂര്‍ണ കൃതികള്‍, പേജ് 439.

16) അതേ അവലംബം, പേജ് 439.

17) അതേ അവലംബം, പേജ് 439.

18) അതേ അവലംബം, പേജ് 443. 

19) ക്വുര്‍ആന്‍ വേദവിലാപം, സമ്പൂര്‍ണ കൃതികര്‍, പേജ് 565.

20) തങ്ങളുടെ കാലത്തെ ശൈലി ഗ്രഹിക്കുക എന്നര്‍ഥം. അറബി ഭാഷയിലെ ഇദ്‌റാക് എന്ന പദത്തിന്റെ മൊഴിഭേദം.

21) ക്വുര്‍ആന്‍ വേദവിലാപം, സമ്പൂര്‍ണ കൃതികര്‍, പേജ് 565.

 

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
നേർപഥം വാരിക

മക്തി തങ്ങളുടെ തിക്താനുഭവങ്ങൾ

മക്തി തങ്ങളുടെ തിക്താനുഭവങ്ങൾ

[വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും:03]

വിശുദ്ധ ക്വുര്‍ആനിന്റെ സാരം അറിയല്‍ ശരിയായ ഇസ്‌ലാമിക ജീവിതക്രമം അനുശീലിക്കുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവ് കേരളക്കരയിലെ മുസ്‌ലിം സമുദായത്തിന് കൈവരുന്നത് നിരവധി പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമ ഫലമായിട്ടാണ്. മതപഠന സമ്പ്രദായങ്ങളുടെ നിര്‍ഗുണരീതികള്‍ മാറ്റിയെടുക്കാന്‍ അക്ഷീണം യത്‌നിച്ച മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കാള്‍ കടുത്ത ആഘാതമാണ് അദ്ദേഹത്തിന് മുമ്പ് തന്നെ അതിന് ശ്രമിച്ച മക്വ്ദി തങ്ങള്‍ക്കും സമുദായത്തിലെ പുരോഹിത- പ്രമാണി കൂട്ടുകെട്ട്  ഏല്‍പിച്ചത്. സമുദായത്തിന്റെ മതബോധത്തിനും മതപഠന സമ്പ്രദായങ്ങള്‍ക്കും  കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ തക്ക ശേഷിയുണ്ടാകണമെന്ന ദീര്‍ഘദര്‍ശനത്തോടെയാണ് അദ്ദേഹം തന്റെ വ്യക്തിപരമായ ഭൗതിക കാര്യങ്ങളെല്ലാം മാറ്റിവെച്ച് നിസ്വാര്‍ഥമായി സമുദായ സേവനത്തിനിറങ്ങിയത്.

മക്വ്ദി തങ്ങളുടെ ‘സമ്പൂര്‍ണ കൃതികള്‍’ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അതിന് അവതാരിക എഴുതാന്‍ ബാല്യകാലത്ത് തങ്ങളെ അനുഭവിക്കാന്‍ കഴിഞ്ഞ ചാലിലകത്തിന്റെയും ഹമദാനി തങ്ങളുടെയും ശിഷ്യനായ ഇ.മൊയ്തു മൗലവിക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിച്ചു.

മക്വ്ദി തങ്ങളുമായുള്ള ബാല്യാനുഭവങ്ങള്‍ മൗലവി പങ്കുവെക്കുന്നതിങ്ങനെയാണ്: ”എനിക്ക് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ സമ്പര്‍ക്കം സ്ഥാപിക്കാനുള്ള സന്ദര്‍ഭം ലഭിച്ചില്ലെന്നത് ഖേദകരമാണ്. ഞാന്‍ കുട്ടിക്കാലത്ത് അരൂക്കുറ്റി വടുതലയില്‍ ജനാബ് മുഹമ്മദ് മാഹിന്‍ ഹമദാനി ശൈഖ്(1) അവര്‍കളുടെ സന്നിധിയില്‍ പഠിക്കുന്ന കാലത്ത് ആ വന്ദ്യാത്മാവിന്റെ പഠനാര്‍ഹമായ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്. ഞാന്‍ ചെറുപ്പകാലത്ത് താല്‍പര്യപൂര്‍വം അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും വായിച്ചിരുന്നു. ഇന്നത്തെ യുവാക്കളില്‍ പലര്‍ക്കും ഇങ്ങനെയുള്ള ഒരു മഹല്‍വ്യക്തി ഈ കേരളത്തില്‍ വിശിഷ്യാ മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിരുന്ന വസ്തുതകൂടി അറിയുമെന്ന് തോന്നുന്നില്ല.”(2)

സ്വന്തം വേദപ്രമാണത്തെ പാര്‍ശ്വവല്‍ക്കരിച്ച ഒരു ജനതയുടെ ദയനീയ സ്ഥിതിക്ക് അറുതിവരുത്താന്‍ മക്വ്ദി തങ്ങള്‍ നടത്തിയ പരിശ്രമങ്ങളെയും സമുദായത്തിനകത്ത് അദ്ദേഹം നേരിട്ട എതിര്‍പ്പുകളെയും വരച്ചുകാണിക്കുക മാത്രമാണ് ഈ അധ്യായത്തില്‍ ഉദ്ദേശിക്കുന്നത്. ജീവചരിത്രവും ഗ്രന്ഥങ്ങളും വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അവ ലഭ്യമാണ്. കെ.കെ മുഹമ്മദ് അബ്ദുല്‍കരീം, എം.വി അലിക്കുട്ടി, ടി.വി അബ്ദുറഹ്മാന്‍ കുട്ടി, കെ.കെ അലി, മുസ്ത്വഫാ തന്‍വീര്‍, ബശീര്‍ സലഫി പൂളപ്പൊയില്‍ തുടങ്ങിയവരുടെ രചനകളും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സമാഹരിച്ച് വചനം ബുക്‌സ് പുറത്തിറക്കിയ മക്വ്ദിതങ്ങളുടെ സമ്പൂര്‍ണകൃതികളും അവലംബിക്കാവുന്നതാണ്.

വെളിയങ്കോട്ടുകാരനും പിന്നീട് കൊച്ചിയില്‍ താമസക്കാരനുമായ മക്വ്ദി തങ്ങളും തിരൂര്‍ സ്വദേശി കണ്ണമാന്‍ കടവത്ത് സി. സൈതാലിക്കുട്ടി മാസ്റ്ററും സാമൂഹ്യ പരിഷ്‌കരണരംഗത്ത് സഹവര്‍ത്തിത്വത്തോടെയാണ് പ്രവര്‍ത്തിച്ചത്.

ബന്ധുവാര്? ശത്രുവാര്?

സമുദായത്തില്‍ സ്വീകാര്യത ലഭിക്കാനിടയില്ലാത്തതും കടുത്ത എതിര്‍പ്പുകള്‍ വിളിച്ചു വരുത്തുന്നതുമായ പരിഷ്‌കരണ നടപടികള്‍ക്കുവേണ്ടി ഇറങ്ങിത്തിരിക്കാന്‍ മക്വ്ദിതങ്ങള പ്രേരിപ്പിച്ച ആശയപരിസരം എന്തായിരുന്നു എന്ന് ആര്‍ക്കും അവ്യക്തതയില്ലാത്തവിധം പരസ്യമായിരുന്നു. 

സനാഉല്ലാ മക്വ്ദി തങ്ങളുടെ ആദര്‍ശ പിന്‍ബലത്തെപ്പറ്റി പില്‍ക്കാലത്ത് ഗവേഷണപഠനം നടത്തിയ യാഥാസ്ഥിതിക പണ്ഡിതനായ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍(3) ‘രിസാല’ വാരികയില്‍ എഴുതിയത് ഇവിടെ വീണ്ടും വായിക്കാം:

”മക്വ്ദി തങ്ങളെക്കുറിച്ച് രിസാല മാസിക 264-ാം ലക്കത്തില്‍ വന്ന ലേഖനം കണ്ടു. ഒരാളെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു ഗ്രന്ഥത്തിലെ വരികള്‍ നോക്കിയല്ലെന്നും ജീവിത ചരിത്രം, ജീവിതകാല ബന്ധം എന്നിവ പരിഗണിച്ചാണെന്നും വിസ്മരിക്കരുത്. മുസ്‌ലിം ലോക ചരിത്രത്തിന്റെ അലയൊലികള്‍ ഇന്ത്യയെ വിശിഷ്യാ കേരളത്തെ എങ്ങനെ ബാധിച്ചു എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. 1912ല്‍ പരലോകം പ്രാപിച്ച മക്വ്ദി തങ്ങളുടെ ജീവിതകാലത്ത് വഹാബിയ്യത്ത് അതിന്റെ തനിനിറത്തില്‍ ദൃശ്യമായില്ലെന്നത് ശരിതന്നെ. ഇന്തുകൊണ്ട് മക്വ്ദിതങ്ങളുടെ ഏതെങ്കിലും ഒരു വാചകമെടുത്ത് അദ്ദേഹത്തെ വെള്ളപൂശുന്നത് ശരിയല്ല. അഫ്ഘാനില്‍ നിന്ന് നാടുകടത്തപ്പെടുകയും ആധുനിക അറബി ഭാഷക്ക് പോഷണം നല്‍കുകയും മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിന്റെ(4) ആശയത്തിലേക്ക്  ജനഹൃദയം തിരിച്ചുവിടുകയും ചെയ്തിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനിയും(5), അദ്ദേഹത്തിന്റെ സഹകാരികളായ റശീദ് രിളാ(6), മുഹമ്മദ് അബ്ദു(7), സര്‍ സയ്യിദ് അഹ്മദ് ഖാന്‍(8) എന്നിവരുമാണ് ഉല്‍പതിഷ്ണുക്കളില്‍ ഏറ്റം മുന്‍പന്തിയിലുള്ളവര്‍. അമീര്‍ ശക്കീബ് അല്‍സലാന്‍(9) പോലുള്ള ചില ആളുകളും അവരോടനുകരിച്ച് നീങ്ങിയവരാണ്. 1847-ല്‍ ജനിച്ച് 1912ല്‍ മരണമടഞ്ഞ മക്വ്ദി തങ്ങളെയും അക്കാലത്തുള്ള പണ്ഡിതന്മാര്‍ പ്രസ്തുത നിരയിലാണ് ദര്‍ശിച്ചിരുന്നത്”.(10)

ഹൈന്ദവ-ക്രൈസ്തവ-മുസ്‌ലിം ജനസമൂഹത്തിനിടയില്‍ പ്രചരിച്ച എല്ലാ ദുഷിച്ച വിശ്വാസങ്ങളെയും യുക്തിസഹമായി എതിര്‍ത്തിരുന്ന തങ്ങള്‍ക്ക് വിഭാഗിയതകള്‍ക്കതീതമായ സുഹൃദ്‌വലയങ്ങളുണ്ടായിരുന്നു. കുടുംബപരമായി ശാദുലീത്വരീഖത്തിന്റെ മുരീദുകളുടെ വൃന്ദത്തില്‍ ജന്മം കൊണ്ടിട്ടുകൂടി പരസ്പര തര്‍ക്കവിതര്‍ക്കങ്ങളും പള്ളി ബഹിഷ്‌കരണവുമായി സാമൂഹ്യാന്തരീക്ഷത്തെ മലീമസമാക്കിയിരുന്ന ഖാദിരീ, രിഫാഈ, നഖ്ശബന്തീ, ചിശ്ത്തി ത്വരീഖത്തുകളെ നിശിതമായി എതിര്‍ക്കാന്‍ മക്വ്ദി തങ്ങള്‍ ധൈര്യം കാണിച്ചു. 

വിശദ വിവരങ്ങള്‍ക്ക് 1909 ജൂണില്‍ അദ്ദേഹം കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ‘ലാ മൗജൂദില്‍ ലാ പോയിന്റ്'(11) എന്ന ലഘുലേഖ വായിക്കുക.

തളിപ്പറമ്പുകാരന്‍ കുപ്പത്ത് ഉമര്‍ മുസ്‌ലിയാര്‍, അരൂക്കുറ്റി വടുതല ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, ആലപ്പുഴ സുലൈമാനുബ്‌നു ആദം മൗലവി, കൊച്ചിയിലെ ചേനാത്ത് വളപ്പില്‍ അബ്ദുറഹ്മാന്‍ ഹൈദ്രോസ് എന്ന അടിമ മുസ്‌ലിയാര്‍ എന്നിവര്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കി. വിഖ്യാത പണ്ഡിതനായിരുന്ന ശുജായി മൊയ്തു മുസ്‌ലിയാര്‍ തങ്ങളുടെ രൂക്ഷ വിമര്‍ശനമത്തിനിരയായി. മുസ്‌ല്യാന്മാരില്‍ വലിയ വിഭാഗം അദ്ദേഹത്തിന്റെ വിരോധികളായി. ബ്രിട്ടീഷ് ഗവന്മെന്റിന്റെ പ്രേരണയാല്‍  മക്തിയുടെ മതപ്രഭാഷണം അനിസ്‌ലാമികമാണെന്ന് പൊന്നാനിയിലെയും മറ്റും മതപണ്ഡിതന്മാരില്‍ ചിലര്‍ ‘മതവിധി’ പുറപ്പെടുവിച്ചു. അദ്ദേഹം കാഫിറാണെന്ന് വാദിച്ചവരും ഉണ്ടായി. മഖ്ദൂം പുതിയകത്ത് അബ്ദുറഹ്മാന്‍ എന്ന ബാവ മുസ്‌ല്യാര്‍ തങ്ങള്‍ക്ക് അനുകൂലമായി ഒരു ഫത്‌വ സ്വലാഹുല്‍ ഇഖ്‌വാനില്‍ പ്രസിദ്ധീകരിച്ചു. 

മരുമക്കത്തായത്തെ വിമര്‍ശിച്ചു പ്രസംഗത്തിന്റെ പേരില്‍ കണ്ണൂരില്‍ നിന്ന് മഖ്ദിതങ്ങള്‍ ക്രരമര്‍ദനത്തിനിരയായി.

അരുമ ശിഷ്യന്‍ പി. മുഹമ്മദ് കുഞ്ഞിപ്പോക്കരുട്ടി സാഹിബ് മക്വ്ദി തങ്ങള്‍ക്കുണ്ടായ മറ്റൊരു തിക്താനുഭവം വിവരിക്കുന്നത് കാണുക:

”അല്ലാഹുവിനോടല്ലാതെ സൃഷ്ടികളോടൊന്നിനോടും അപേക്ഷിക്കരുതെന്നും ശൈഖന്മാരെ കൊണ്ടും ഔല്യാക്കന്മാരെ കൊണ്ടും നമ്മെ സഹായിക്കാന്‍ കഴിയുകയില്ലെന്നും അങ്ങനെ വിശ്വസിക്കുന്നവര്‍ മുസ്‌ലിമല്ലെന്നും ഖുര്‍ആന്‍ എടുത്തുകാണിച്ച്  തങ്ങള്‍ ഇസ്‌ലാമിന്റെ(12) ഇടയില്‍ പ്രസംഗിച്ചിരുന്നു. അതാണ് മുസ്‌ല്യാമതക്കാര്‍ക്ക് വലിയ കോപം അദ്ദേഹത്തോട് ഉണ്ടാകാന്‍ കാരണം.”(13)

പ്രചുരപ്രചാരം നേടിയ കായംകുളത്തെ ”ആട് മുഹ്‌യിദ്ദീന്‍ ആവുകയില്ല; മുഹ്‌യിദ്ദീന്‍ ആടാവുകയില്ല” എന്ന പ്രസംഗം കേരള മുസ്‌ലിംകള്‍ക്കിടയില്‍ സൃഷ്ടിച്ച പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ഇന്നും മുഴുങ്ങുന്നുണ്ട്.

അദ്ദേഹത്തിന്റെ ചില അടുത്ത സഹകാരികളെ ഇ.മൊയ്തു മൗലവി നമുക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്.

”മക്വ്ദി തങ്ങളുടെ കാലത്തുണ്ടായിരുന്ന ചില പ്രമുഖ വ്യക്തികള്‍ അദ്ദേഹത്തിന്റെ അടുത്ത സ്‌നേഹിതന്മാരും ആശയാദര്‍ശങ്ങളില്‍ യോജിപ്പുള്ളവരുമായിരുന്നു. അവരില്‍ ചലരെ ഞാനിപ്പോള്‍ ഓര്‍ക്കുന്നു:

1. വന്ദ്യ ഗുരുഭൂതരായ ചാലിലകത്തു മൗലാനാ കുഞ്ഞഹമ്മദ് ഹാജി,

2. മലയംകുളത്തില്‍ മരക്കാര്‍ മുസ്‌ല്യാര്‍ (എന്റെ വന്ദ്യ പിതാവ്),

3. ജനാബ് മുഹമ്മദ് മാഹിന്‍ ഹമദാനി ശൈഖ്,

4. വക്കം എം. മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവി.

എന്നിവര്‍ അക്കൂട്ടത്തില്‍ പ്രമുഖരാണ്. സമുദായമധ്യെ വ്യാപിച്ചിരുന്ന അന്ധവിശ്വാസാനാചാരങ്ങളെ ദൂരീകരിക്കാനും അറബിഭാഷാ പഠനരീതിയില്‍ ശാസ്ത്രീയ മാറ്റം വരുത്താനും, അറബി-മലയാളം ലിപി പരിഷ്‌കരിക്കുവാനും അവര്‍ അതീവയത്‌നം ചെയ്തിട്ടുണ്ട്. ഈ മഹാന്മാക്കളുടെ നിഷ്‌കളങ്കമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു മതിയായ പ്രതിഫലം നല്‍കട്ടെ എന്നു ഞാന്‍ അവസാനമായി പ്രാര്‍ഥിക്കുന്നു.”(14)

തിരൂര്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തന്റെ അറബി-മലയാളത്തിലുള്ള ‘സ്വലാഹുല്‍ ഇഖ്‌വാന്‍’ പത്രത്തിന്റെ താളുകളില്‍ മക്തി തങ്ങളുടെ രചനകള്‍ക്ക് വലിയ പ്രാധാന്യം നല്‍കി. തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ അദ്ദേഹത്തിന്റെ വീടിന് തീപിടിച്ചപ്പോള്‍ ക്രിസ്ത്യാനികളായ നാട്ടുകാര്‍ തീയണക്കാന്‍ വന്നത് നന്ദിപൂര്‍വം തങ്ങളെഴുതിയത് കാണുക:

”ഒരുവനായവന്‍ എന്റെ വീട്ടിന്നു മാത്രമല്ല, എന്റെ കൂടെ വന്നവനായ കുട്ടിയെയും വീട്ടിനെയും രക്ഷപ്പെടുത്തി. തീ കെടുത്തിയത് നസ്വാറാ ജനക്കൂട്ടമായിരുന്നു. അവര്‍ എന്റെ വീടും തീപിടിച്ച വീടുകളും കണ്ടിട്ട് അതിശയിച്ചു പറയുന്നതിലേക്ക് സംഗതി വന്നു: ”ആകാശഭൂമികളില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യമല്ലാതെ നടക്കപ്പെടുകയില്ല”(15)

ഹൈന്ദവ സഹോദരങ്ങള്‍ അദ്ദേഹത്തെ സഹായിച്ചതും മുസ്‌ലിംകള്‍ കയ്യൊഴിഞ്ഞതുമായ നിരവധി സന്ദര്‍ഭങ്ങള്‍ അദ്ദേഹം കൃതജ്ഞതയോടെ വിവരിച്ചിട്ടുണ്ട്. സമ്പൂര്‍ണ കൃതികളുടെ 718-724 പേജുകള്‍ വായിക്കുക.

അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ മക്വ്ദി തങ്ങളുടെ എതിര്‍ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്ന് വ്യക്തമാക്കാന്‍ പില്‍ക്കാല യാഥാസ്ഥിതികരുടെ സാക്ഷ്യം സഹായകമാകും. അത് ഇങ്ങനെ വായിക്കാം:

”ക്രിസ്ത്യാനികളെപ്പോലെ തന്നെയായിരുന്നു അദ്ദേഹം സുന്നി ആലിമീങ്ങളെ കാണുകയും സംബോധന ചെയ്യുകയും ചെയ്തിരുന്നതെന്ന് കാണാം.”(16)

ക്രിസ്ത്യാനികളുമായി താദാത്മ്യം പ്രാപിച്ചിരുന്നുവെന്ന് കരുതപ്പെടുന്നവരും മക്വ്ദിതങ്ങളുടെ എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്നവരുമായ അത്തരം പണ്ഡിതന്മാരുടെ യോഗ്യതകള്‍ ഇന്നത്തെ ഔദ്യോഗിക യാഥാസ്ഥിതിക പ്രസിദ്ധീകരണാലയം പുറത്തുവിട്ടത് കൂടി വായിക്കുക:

”ഇസ്‌ലാമിന്റെ വിശ്വാസപ്രമാണങ്ങളെ അവമതിച്ചും തിരുനബി ﷺ യെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയും മലയാളഭാഷയിലും അറബി മലയാളത്തിലുമൊക്കെ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച് വ്യാപകമായ പ്രചാരണങ്ങള്‍ നടത്തിയിരുന്ന മിഷനറി സംഘങ്ങളോട് പ്രതികരിക്കാന്‍ അക്കാലത്ത് മുസ്‌ലിംകളില്‍ നിന്നാരും രംഗത്തുവരികയുണ്ടായില്ല. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്ന ലഘുലേഖകള്‍ വായിച്ച് മനസ്സിലാക്കാനുള്ള പരിജ്ഞാനം പോലും അന്നത്തെ സാമാന്യ മുസ്‌ലിം ജനത്തിനും അവരുടെ നേതൃസ്ഥാനങ്ങളിലിരുന്ന ഉലമാക്കള്‍ക്കുമുണ്ടായിരുന്നില്ല എന്നതിനാല്‍ ഇസ്‌ലാമിനെതിരായ ഈ ആസൂത്രിത നീക്കങ്ങളോട് പ്രതികരിക്കാന്‍ മാപ്പിള മുസ്‌ലിംകളില്‍ നിന്നാരും രംഗത്തുവന്നില്ല.”(17)

സനാഉല്ലാ മക്വ്ദി തങ്ങളെയാണ് മഹത്തായ ഈ ചരിത്ര ദൗത്യം ഏറ്റെടുക്കാന്‍ അല്ലാഹു തിരഞ്ഞെടുത്തത് എന്ന് വിവരിക്കുന്ന ലേഖകന്‍ അദ്ദേഹത്തിന്റെ മത-ഭൗതിക വിജ്ഞാനങ്ങളുടെ ആഴം വിശദമാക്കുന്നുണ്ട്. ഉന്നതമായ ഈ മത-ഭൗതിക ജ്ഞാനമാണ് സധൈര്യം കാലത്തിന്റെ വെല്ലുവിളികളെ എതിരിടാന്‍ മക്വ്ദി തങ്ങളെ പ്രാപ്തമാക്കിയത് എന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്.

കാലത്തിന്റെ വെല്ലുവിളികള്‍ക്ക് മുമ്പില്‍ പകച്ചുപോയ യാഥാസ്ഥിതിക പണ്ഡിതരുടെ അറിവിന്റെ അടിത്തറ പരിശോധിക്കുന്നത് കൂടി കാര്യങ്ങള്‍ പകല്‍വെളിച്ചം പോലെ വ്യക്തമാകാന്‍ ഉപകരിക്കും. ശാഫിഈ മദ്ഹബ് ഗ്രന്ഥങ്ങളുടെ(18) അന്ധമായ അനുകരണത്തിനപ്പുറത്ത് വിശുദ്ധ ക്വുര്‍ആനിനെയും പ്രവാചകവചനങ്ങളെയും പ്രമാണമായി സ്വീകരിക്കുക എന്ന ബോധത്തിലേക്ക് അവരുടെ അറിവിന്റെ അടിത്തറ ഉയര്‍ന്നുവന്നില്ല. വിശുദ്ധ ക്വുര്‍ആനിന്റെ കേവലപാരായണത്തിലുപരി അര്‍ഥമറിയാവുന്ന പണ്ഡിതന്മാര്‍ വിരളമായിരുന്നു. പണ്ഡിതപരിശീലന കേന്ദ്രങ്ങളായ പള്ളിദര്‍സുകളുടെ പാഠ്യക്രമങ്ങളില്‍ പില്‍കാല കര്‍മശാസ്ത്രകൃതികളാണ് വിശുദ്ധ ക്വുര്‍ആനിനും തിരുനബി ﷺ യുടെ ഹദീഥുകള്‍ക്കും പകരം ഇടം നേടിയിരുന്നത്. പള്ളി ദര്‍സുകളില്‍ പഠിച്ചിരുന്ന ചില വിചിത്രവിധികള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഗുരുനാഥന്മാരും ശിഷ്യന്മാരും വിധിക്കപ്പെട്ടിരുന്നു. അതിലൊന്നിനെപ്പറ്റി മക്വ്ദി തങ്ങള്‍ വിവരിക്കുന്നുണ്ട്:

”നമസ്‌കരിക്കുമ്പോള്‍ പിന്‍ദ്വാരത്തില്‍ തുണിതീരേണ(19)മെന്നുണ്ടായ പൊന്നാനി നിയമവും മലയാളത്തിലെങ്ങും വ്യാപിച്ചിരിക്കുന്നു. എന്നാല്‍ നിര്‍ബന്ധിക്കപ്പെടുന്ന ഈ വിധി ഏതു പ്രമാണത്തിലുണ്ട്?! വ്യാഖ്യാനകര്‍ത്താക്കളില്‍ വല്ലവരും ഈ ദ്വാരത്തെ ആവര്‍ത്തിച്ചിട്ടുണ്ടോ? മലയാള രാജ്യമൊഴികെയുള്ള രാജ്യങ്ങളില്‍ പ്രത്യേകം അറബി രാജ്യത്ത് ഈ നടപടിയുണ്ടോ? എന്നീ അന്വേഷണമൊന്നും ചെയ്യാതെ പൊന്നാനി നിയമത്തെ മാത്രം പ്രധാനപ്പെടുത്തി കാലം കഴിപ്പാന്‍ വിധിയുണ്ടോ? ഇതു സങ്കടം തന്നെ”(20)

ലോക മുസ്‌ലിം പണ്ഡിതന്മാരുടെ തദ്വിഷയകമായ അഭിപ്രായങ്ങള്‍ പഠിച്ച ശേഷമായിരുന്നു മക്വ്ദി തങ്ങളുടെ ഈ പ്രതികരണം എന്ന് മനസ്സിലാക്കാം. ‘കേരള ഇസ്‌ലാം’, ‘ഗള്‍ഫ് ഇസ്‌ലാം’ എന്നിങ്ങനെ മതവിധികളെ ദേശാതിര്‍ത്തികള്‍ക്കകത്ത് മാറ്റി നിശ്ചയിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ അക്കാലത്താരെങ്കിലും ഇത്തരം അസംബന്ധങ്ങള്‍ക്കെതിരെ അസംതൃപ്തി പ്രകടിപ്പിക്കാന്‍ തുനിഞ്ഞാല്‍ എന്തായിരുന്നു പ്രതികരണം? അക്കാര്യവും തങ്ങള്‍ പറഞ്ഞുവെച്ചിട്ടുണ്ട്:

”പൊന്നാനി പഠനത്തിനൊത്ത പഠനം ഇല്ലെന്നും മുസ്‌ല്യാന്മാര്‍ പറയുന്ന വാക്കുകള്‍ ഒഴികെയുള്ള സംസാരം കാഫിറീങ്ങള്‍ക്കുള്ളതാകുന്നു. അതു പഠിക്കുന്നതും പറയുന്നതും തെറ്റാകുന്നു.”(21)

ഇത്രമേല്‍ ആധികാരികത അവകാശപ്പെടാനും അധീശത്വം നേടാനും പൗരോഹിത്യത്തിന് അക്കാലത്ത് കഴിഞ്ഞിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ മക്വ്ദിതങ്ങളും സഹപ്രവര്‍ത്തകരും അനുഭവിച്ച പ്രയാസങ്ങള്‍ ഗ്രഹിക്കാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യം വരുകയില്ല.

ക്രൈസ്തവ പുരോഹിതന്മാരും മുസ്‌ലിം യാഥാസ്ഥിതികരും മക്തി തങ്ങളുടെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ നിഷ്പ്രഭരായി. ക്രിസ്ത്യാനികള്‍ ബ്രിട്ടീഷ് മേധാവിത്വത്തിന്റെ സഹായത്തില്‍ അദ്ദേഹത്തിനെതിരെ കൊടുത്ത ചില കേസുകളില്‍ മക്വ്ദിതങ്ങള്‍ക്കെതിരില്‍ സാക്ഷി പറഞ്ഞവരുടെ കൂട്ടത്തില്‍ മുസ്‌ലിംകളുമുണ്ടായിരുന്നു. ഹൈന്ദവ സഹോദരന്മാരാണ് പല സന്ദര്‍ഭത്തിലും സഹായഹസ്തവുമായി മുന്നോട്ടുവന്നത്. തന്റെ രചനകളില്‍ മഖ്ദിതങ്ങള്‍ ആ തിക്താനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

”മതപ്രസംഗം വിധിക്കപ്പെട്ടിട്ടില്ലെന്നും(22) ആകയാല്‍ ആ വക പ്രസംഗങ്ങള്‍ക്കൊക്കെയും സന്തോഷിക്കയോ സഹായിക്കയോ ചെയ്യുന്നത് മതവിരോധമാണെന്നും ചില മുസ്‌ലിയാന്മാര്‍ ജനത്തോട് പറഞ്ഞും വിരോധിച്ചും നടന്നു.”(23)

”നമ്മുടെ പുറപ്പാട് ബലപ്പെട്ടും സ്ഥിരപ്പെട്ടും വരാതിരിപ്പാനായി(24) മതവിരോധികള്‍ പല പ്രകാരേണ ശ്രമിച്ചു. യഥാശക്തി പ്രവര്‍ത്തിക്കയും ഗവര്‍മെന്റിനോട് അപേക്ഷിക്കയും ചെയ്തു. കൂടാതെ നമ്മുടെ പ്രസംഗം അനര്‍ത്ഥകരമാണെന്നും കൊച്ചി നിവാസികളായ ഇസ്‌ലാമില്‍ (25) പലരും ഏകോപിച്ച് ബ്രിട്ടീഷ് ഗവര്‍മെന്റിനോട് അപേക്ഷിച്ചു. ഖുര്‍ആന്‍ പ്രമാണ പ്രകാരം ക്ഷണിത പ്രസംഗം വിരോധിക്കപ്പെട്ടിരിക്കുന്നെന്നു മുസ്‌ലീംകളില്‍ ഒരു മുസ്‌ലിം സത്യത്തിന്മേല്‍ മൊഴികൊടുത്തും പിഴക്കുകയും ചെയ്തു. മുപ്പതുവെള്ളിക്കാശിനു വേണ്ടി യഹൂദാ ‘ക്രിസ്തു’വിനെ (26) കഴുവേറ്റി. ഇവന്‍ ഇരുപതു വെള്ളിക്കാശിനു വേണ്ടി തന്റെ ഈമാനെ കഴുവേറ്റി.” (27)

ക്രൈസ്തവരില്‍ നിന്നും മുസ്‌ലിംകളില്‍ നിന്നും ഒരുവിഭാഗം ഒന്നിച്ചുനിന്നെതിര്‍ത്തപ്പോള്‍ തുണയായി നിന്ന ഹൈന്ദവ സഹോദരന്മാരുടെ മഹാമനസ്‌കത തനിക്ക് എത്രമാത്രം ആശ്വാസമേകിയിരുന്നു എന്ന് മക്തി തങ്ങള്‍ ആത്മകഥയില്‍ പറയുന്നുണ്ട്:

”തിരുവനന്തപുരത്തുള്ള ക്രിസ്തു ജനം കൂടിയാലോചിച്ച് ഭയങ്കരമായ ക്രിമിനല്‍ ചാര്‍ജ്ജുകള്‍ നിര്‍മ്മിച്ച് അകപ്പെടുത്തിയതില്‍ ഇടവലം കാണാതെ വ്യാകുലചിത്തനായി പരിഭ്രമിച്ച് ഇസ്‌ലാം ജനം അടുത്തു വരാതെയും അടുപ്പിക്കാതെയും ഒഴിഞ്ഞു മാറിമറിഞ്ഞതിനാല്‍ പട്ടന്മാരുടെ ഭക്ഷണശാലകളിലുണ്ടാകുന്ന ചോറും ചാറും വാങ്ങി അത്മാവിനെ രക്ഷിച്ചു. ആറു മാസം വ്യവഹരിച്ചു. ഇന്‍സ്‌പെക്ടര്‍മാര്‍ തെളിഞ്ഞു സാക്ഷി പറഞ്ഞെങ്കിലും സത്യസ്വരൂപന്റെ കടാക്ഷം കൊണ്ടുണ്ടായ ഹിന്ദുജന സഹായം കൊണ്ട് അവര്‍ ഇളിഞ്ഞു. നാം രക്ഷപ്പെടുകയും ചെയ്തു.”(28)

”കണ്ണൂര്‍ കണ്‍ടോന്‍മെന്റില്‍ വെച്ചുണ്ടായ പ്രസംഗമദ്ധ്യേ കല്ലെറിഞ്ഞും വടികൊണ്ടടിച്ചും ഉപദ്രവിച്ച് സമാധാന ലംഘനം ഉണ്ടാക്കി വിരോധിപ്പിക്കേണമെന്നുണ്ടായിരുന്ന മനോരാജ്യം സാധിക്കാതിരിക്കുന്നതിലേക്കുണ്ടായ ഒത്താശകളും ഹിന്ദുജനത്തില്‍ നിന്നുതന്നെ.”(29)

തന്റെ ആയുസ്സില്‍ മക്തി തങ്ങള്‍ താണ്ടിയ പീഡന പര്‍വം ആത്മകഥയില്‍ വിവരിച്ചതില്‍ നിന്ന് ഒരു വാചകം ഇവിടെ ഉദ്ധരിക്കാം:

”മേല്‍പറഞ്ഞ ആത്മീക സുഖങ്ങളും ദേഹോപദ്രവങ്ങളും ഏകനായി സഹിച്ച് മുപ്പതുകൊല്ലം വരെ നടന്നും നടത്തിയും വന്നതില്‍ ആത്മീക ജയം കൊണ്ട് സന്തുഷ്ടനായതല്ലാതെ, ദൈഹീക സുഖം(30) സ്വപ്‌നത്തില്‍ പോലും അനുഭവിച്ചിട്ടില്ല.”(31)

റഫറന്‍സ്:

(1) അരൂക്കുറ്റി വടുതലയില്‍ ജനിച്ച് തമിഴ്‌നാട്ടില്‍ വെല്ലൂര്‍ ലത്വീഫിയ്യ കോളേജില്‍ നിന്ന് ബിരുദമെടുത്ത് സമുദായ നവോത്ഥാനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച മഹാന്‍.

(2) ഇ.മൊയ്തു മൗലവി 1977 ഫെബ്രുവരി നാലിന് എഴുതിയ ‘ശ്ലാഘനിയമായ സംരംഭം’ എന്ന ലേഖനം – മക്വ്ദിതങ്ങളുടെ സമ്പൂര്‍ണകൃതികള്‍ എന്ന കൃതിയുടെ ആദ്യ പതിപ്പിന്റെ അവതാരിക. വചനം ബുക്‌സ് പ്രസിദ്ധീകരിച്ച പുതിയ പതിപ്പ്.

(3) സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപകാംഗം.

(4,5,6,7) ലോക മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍.

(8) അലീഗര്‍ കലാലയ സ്ഥാപകന്‍.

(9) സയ്യിദ് റശീദ് രിളയുടെ അടുത്ത സഹചാരിയായ മഹാ പണ്ഡിതനായ പരിഷ്‌കര്‍ത്താവ്.

(10) രിസാല, 1997 ജൂലൈ 25, പേജ് 16.

(11) ‘അല്ലാഹുവിനല്ലാതെ അസ്തിത്വമില്ല’ എന്ന അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിതരുടെ പിഴച്ച വിശ്വാസം.

(12) മുസ്‌ലിം പൊതുജനത്തിന്റെ ഇടയില്‍.

(13) സത്യപ്രബോധനം- മുഖവുര, പേജ് 4. ആമിനാ ബുക്സ്റ്റാള്‍, 1963; അവലംബം: കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം എഴുതിയ ജീവചരിത്രം.

(14) മക്വ്ദിതങ്ങളുടെ സമ്പൂര്‍ണ കൃതികള്‍- അവതാരിക, പേജ് 9.

(15) ‘സ്വലാഹുല്‍ ഇഖ്ഖാന്‍’ നാലാം വാള്യം പന്ത്രണ്ടാം ലക്കത്തില്‍ മക്വ്ദിതങ്ങള്‍ എഴുതിയ പര്യടനക്കുറിപ്പുകള്‍.

(16) എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, രിസാല വാരിക, 1997 ജൂലൈ 25, പേജ് 16.

(17) സൈനുദ്ദീന്‍ മന്ദലാംകുന്ന്, സയ്യിദ് സനാഉല്ലാ മക്വ്ദിതങ്ങള്‍; മതയാഥാസ്ഥിതികനും സാമൂഹിക പരിഷ്‌കര്‍ത്താവും (ലേഖനം). മൗലാനാ ചാലിലകത്ത്, മക്വ്ദിതങ്ങള്‍: നവോത്ഥാനത്തിന്റെ ദ്വിമാനങ്ങള്‍, ഇസ്‌ലാമിക് സാഹിത്യ അക്കാദമി, ജനുവരി 2015, പേജ് 14.

(18) ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഇമാം ശാഫിഈയുടെയും ശിഷ്യന്മാരുടെയും കര്‍മ്മ ശാസ്ത്ര വീക്ഷണ പ്രകാരമുള്ള ഗ്രന്ഥങ്ങള്‍.

(19) തിരുകുക.

(20) മക്വ്ദി തങ്ങള്‍- മുസ്‌ലിം ജനവും വിദ്യാഭ്യാസവും-തമിഴ് രാജ്യം മുതല്‍ മലയാള രാജ്യനിവാസികളായ മുസ്‌ലിം ജനവും വിദ്യാഭ്യാസവും, സമ്പൂര്‍ണ കൃതികള്‍. പേജ് 442.

(21) അതേ അവലംബം.

(22) മതനിഷിദ്ധം.

(23) മക്വ്ദി മനഃക്ലേശം, മക്വ്ദി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍. വചനം ബുക്‌സ്. 2012 നവംബര്‍. പേജ് 718,719.

(24) മക്വ്ദി തങ്ങളുടെ മുന്നേറ്റത്തെ തകര്‍ക്കാന്‍ വേണ്ടി.

(25) മുസ്‌ലിംകളില്‍

(26) ക്രൈസ്തവര്‍ക്കിടയില്‍ പ്രചാരത്തിലുള്ള വിശ്വാസപ്രകാരം.

(27) മക്വ്ദി മനഃക്ലേശം, മക്വ്ദി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍. വചനം ബുക്‌സ്. 2012 നവംബര്‍. പേജ് 718.

(28) അതേ അവലംബം. പേജ് 719.

(29) അതേ അവലംബം. പേജ് 719.

30) ശാരീരിക സുഖം.

31) മക്വ്ദി മനഃക്ലേശം, മക്വ്ദി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍. വചനം ബുക്‌സ്. 2012 നവംബര്‍. പേജ് 719.

 

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
നേർപഥം വാരിക

മതപഠനത്തോടുള്ള സമുദായത്തിന്റെ സമീപനം: ഒരു വാഴക്കാടന്‍ വായന

മതപഠനത്തോടുള്ള സമുദായത്തിന്റെ സമീപനം: ഒരു വാഴക്കാടന്‍ വായന

[വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും – 02]

വിശുദ്ധ ക്വുര്‍ആനിന്റെ സാരം ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കാത്ത, അതിന്റെ ചൈതന്യത്തെ കെടുത്തിക്കളയുന്ന, മനുഷ്യ ജീവിതത്തെ പ്രതിലോമകരവും ദുഷ്‌കരവുമാക്കിത്തീര്‍ക്കുന്ന സാമൂഹിക ശോചനീയാവസ്ഥയെ നിലനിര്‍ത്താനാണ് പുരോഹിത പ്രമാണിമാര്‍ കേരളക്കരയില്‍ ശ്രമിച്ചു പോന്നത്. ഉന്നത മതപഠനത്തിലൂടെ അവസ്ഥാ മാറ്റം ആഗ്രഹിച്ചവരെയൊക്കെ നിഷ്‌കാസനം ചെയ്യാന്‍ അവര്‍ പല്ലും നഖവും ഉപയോഗിച്ചു. യഥാര്‍ഥ ജ്ഞാനത്തിലൂടെ വെളിച്ചം പ്രസരിക്കാനുള്ള എല്ലാ കിളിവാതിലുകളും അവര്‍ അടച്ചു കുറ്റിയിട്ടു. ക്വുര്‍ആന്‍ പരിഭാഷകള്‍ പോലെയുള്ള വ്യക്തിഗത പഠനമാര്‍ഗങ്ങള്‍ അക്കാലത്ത് അചിന്ത്യമായിരുന്നു.

തിരൂര്‍ സി.സൈതാലിക്കുട്ടി മാസ്റ്ററുടെ സവിശേഷ സഹായത്തോടെ 1909ല്‍ ബഹുഭാഷാ പണ്ഡിതനും സമുദായ പരിഷ്‌കര്‍ത്താവുമായ മൗലാനാ ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി വാഴക്കാട് പള്ളി ദര്‍സിന്റെ സിലബസ് പരിഷ്‌കരിച്ച് മദ്‌റസാ പ്രസ്ഥാനത്തിന് നാന്ദി കുറിച്ചു. സ്വന്തം കുടുംബത്തിലെയും പൊന്നാനി മതപഠന കേന്ദ്രത്തിലെയും പ്രമുഖ പണ്ഡിതന്‍മാരുടെ അടുക്കല്‍ നിന്ന് വിദ്യ നുകര്‍ന്ന ശേഷം തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള ലത്വീഫിയ്യഃ കോളജിലെ പഠനമാണ് അദ്ദേഹത്തില്‍ പരിഷ്‌കരണ ചിന്ത വളര്‍ത്തിയത്. അവിടുത്തെ റഹ്മാനിയ്യഃ മദ്‌റസയിലെ മുദര്‍രിസായ അതിരാംപട്ടണം സ്വദേശി ശൈഖ് അഹ്മദില്‍ നിന്ന് പ്രമുഖ ഗോളശാസ്ത്ര ഗ്രന്ഥമായ രിസാലത്തുല്‍ മാറദീനിയുടെ അഭ്യസനത്തോടെയാണ് അദ്ദേഹത്തില്‍ പുതുചിന്തകള്‍ നാമ്പെടുക്കുന്നത്.

അന്നത്തെ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ വാഴക്കാട് മദ്‌റസക്കുള്ള സഹായം; കൃത്രിമമായ മതവിധികള്‍ ചമച്ച് അധികാരികളെ കാണിച്ച് നിറുത്തല്‍ ചെയ്യിച്ചു. പോയ പ്രദേശങ്ങളിലെല്ലാം മൗലാനയും ശിഷ്യന്‍മാരും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. ക്ഷുദ്രകൃതികൡലൂടെയും ദേഹോപദ്രവങ്ങളിലൂടെയും അവരെ പിന്തിരിപ്പിക്കാന്‍ യാഥാസ്ഥിതികള്‍ നിരന്തരം ശ്രമിച്ചു.

അന്നത്തെ ദയനീയസ്ഥിതി വിവരിച്ചു കൊണ്ട് 1955 ജൂണ്‍ 5ലെ അല്‍മനാര്‍ ലേഖനത്തില്‍ ഇങ്ങനെ എഴുതി:”’പുരോഗമനം ആവശ്യമുള്ളവര്‍ക്കെല്ലാം വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ആവശ്യമുള്ള വിദ്യ കരസ്ഥമാക്കുവാനായി ഇസ്‌ലാം ശാസിക്കുന്നു. വൈദികവും ലൗകികവുമെന്ന വ്യത്യാസം ഈ വിഷയത്തിലില്ല. വ്യക്തികളുടെയും സമുദായത്തിന്റെയും നിലനില്‍പിനും പുരോഗതിക്കും ഒഴിച്ചുകൂടാത്ത അറിവ് സമ്പാദിക്കേണ്ടത് നിര്‍ബന്ധം തന്നെയാകുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ മുസ്‌ല്യാക്കള്‍ വിദ്യാഭ്യാസത്തിനെതിരായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ആര്യനെഴുത്ത് പഠിക്കല്‍ ഹറാമാക്കി, ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്… എന്നെല്ലാമായിരുന്നു പ്രാചരവേല. അപ്രകാരം തന്നെ ഇടക്കാലത്ത് പരിഷ്‌കൃത രീതിയില്‍ മദ്‌റസകള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിനെയും അവര്‍ ആക്ഷേപിച്ചിരുന്നു. നമ്മുടെ ബാപ്പ ഉപ്പാപ്പമാര്‍ ഇങ്ങനെ ഒന്നുമല്ല പഠിച്ചിരുന്നത്, അവര്‍ മേശയും കസാലയും ബോര്‍ഡും ഉപയോഗിച്ചിട്ടില്ല, ഇതൊക്കെ ക്വിയാമത്തിന്റെ(1) അലാമത്താണ്;(2) അതിലൊന്നും പങ്കെടുക്കുന്നത് നമുക്ക് യോജിച്ചതല്ല… എന്നൊക്കെ പ്രസംഗിച്ച് നടക്കുകയാണ് അവര്‍ ചെയ്തിരുന്നത്. സ്ത്രീ വിദ്യാഭ്യാസത്തെയും അവര്‍ വളരെ ശക്തിപൂര്‍വം എതിര്‍ത്തിരുന്നു. സ്ത്രീകള്‍ക്ക് കയ്യെഴുത്ത് പഠിക്കല്‍ ഹറാമാണെന്ന്(3) അവര്‍ പ്രബോധനം ചെയ്തു. പക്ഷേ, ഫത്‌വകള്‍(4) പെണ്ണുങ്ങള്‍ എഴുത്ത് പഠിക്കല്‍ കറാഹത്താണെന്നായിരുന്നു.(5) അക്കാലത്ത് ദീനും(6) ദുന്‍യാവും(7) മനസ്സിലാവാത്ത പള്ളിയോത്ത് മാത്രമെ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ. പാമരന്‍മാരായ ബഹുജനങ്ങള്‍ അവരുടെ വാദങ്ങളെ ‘മതവിധി’കളായി സ്വീകരിച്ചു.”(8)

ബോര്‍ഡില്‍ എഴുതുന്ന സമ്പ്രദായം മതപഠന മേഖലയില്‍ ആദ്യം കൊണ്ടുവന്നത് മൗലാനാ ചാലിലകത്ത് ആയിരുന്നു. പലകമേല്‍ ചവിടി കൊണ്ട് പാഠങ്ങളെഴുതിക്കൊടുത്ത് പഠിപ്പിക്കുന്ന രീതി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. ബോര്‍ഡില്‍ ക്വുര്‍ആന്‍ എഴുതുമ്പോള്‍ താഴെ വീഴുന്ന ചോക്കിന്‍പൊടി ചവിട്ടുന്നത് ക്വുര്‍ആനിനെ നിന്ദിക്കലായതിനാല്‍ ചോക്ക് കൊണ്ട് ബോര്‍ഡില്‍ എഴുതുന്നത് നിഷിദ്ധമാണെന്ന് വിധി പുറപ്പെടുവിക്കുക മാത്രമല്ല, വാഴക്കാട് ദാറുല്‍ ഉലൂം മദ്‌റസയിലെ പാഠപുസ്തകങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനും പൗരോഹിത്യം പരിശ്രമിച്ചു. മതപഠനത്തിന് വേണ്ടി മാറ്റി വെച്ച വക്വഫ് സ്വത്തുക്കളില്‍ നിന്ന് ഇതിനായി ചെലവഴിക്കാന്‍ പാടില്ല എന്ന് ചില പണ്ഡിത വിധികള്‍ എഴുതിക്കൊണ്ടു വന്നു സ്ഥാപനാധികാരികളെ കാണിച്ചു. എതിര്‍പ്പുകള്‍ ശക്തമാക്കി ചാലിലകത്തിനെ പുറത്തു ചാടിക്കാനുള്ള സമ്മര്‍ദം സൃഷ്ടിച്ചു.

പൊന്നാനി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാര്‍, കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, രായിന്‍ കുട്ടി മുസ്‌ലിയാര്‍ എന്നീ പ്രമുഖ പണ്ഡിതന്‍മാരുടെ ഒരു സമിതി പാഠപുസ്തക പരിശോധനക്ക് നിയോഗിക്കപ്പെട്ടു. പരിശോധന സമയത്ത് മലബാറിലെ പ്രഗത്ഭരായ ചില പണ്ഡിതരും സന്നിഹിതരായിരുന്നു. അവയില്‍ മതവിരുദ്ധമായത് ഒന്നുമില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായ പാഠ്യരീതി നിലനിര്‍ത്തേണ്ടതാണെന്നും സമിതി പ്രസ്താവിച്ചു.

മദ്‌റസാ വിദ്യാര്‍ഥികളുടെ പഠന നിലവാരം കൂടി പരിശോധിക്കാന്‍ മൗലാനാ പരിശോധകരോട് അഭ്യര്‍ഥിച്ചു. അവരുടെ കഴിവില്‍ മതിപ്പ് രേഖപ്പെടുത്തുകയാണ് പരിശോധകര്‍ ചെയ്തത്.

പൗരോഹിത്യത്തിന്റെ തീക്ഷ്ണമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ 1914ല്‍ ദാറുല്‍ ഉലൂമിനോട് വിട പറഞ്ഞ മൗലാന വളപട്ടണം, പറവണ്ണ, പുളിക്കല്‍, നല്ലളം, കോഴിക്കോടിനടുത്ത കോട്ടുമ്മല്‍, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ പരിഷ്‌കരണ മദ്‌റസകള്‍ സ്ഥാപിക്കുകയും മേല്‍നോട്ടത്തിനായി ശിഷ്യന്‍മാരെ നിയമിക്കുകയും ശാസ്ത്രീയമായ പാഠപുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു.

മൗലാനയുടെ ശിഷ്യനും രണ്ടാമത്തെ മകള്‍ കുഞ്ഞായിശയുടെ ഭര്‍ത്താവുമായ പ്രമുഖ പണ്ഡിതന്‍ പി.കെ. മൂസാ മൗലവി മദ്‌റസാ പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകനായിരുന്നു. മൂസാ മൗലവിയെ കളിയാക്കിക്കൊണ്ട് യാഥാസ്ഥിതിക പണ്ഡിതനും ‘അരീക്കല്‍ ഓര്‍’ എന്ന് ആളുകള്‍ ബഹുമാനപൂര്‍വം വിളിക്കുന്നയാളുമായ മുയിപ്പോത്ത് അരീക്കല്‍ അമ്മദ് മുസ്‌ലിയാര്‍ ഒരു അറബി മലയാള ഗാനം തന്നെ രചിക്കുകയുണ്ടായി. പൈങ്ങോട്ടായി എ.കെ.കുഞ്ഞമ്മദ് സാഹിബിന്റെ കുറിപ്പുകളില്‍ നിന്ന് ടി.കെ അബ്ദുല്ല ശേഖരിച്ച ആ ഗാനത്തിലെ ചില വരികള്‍ കാണുക:

”ഇബ്‌ലീസ് മദ്‌റസയിട്ടു ഫീ അര്‍ദില്ലാ(9)

നാടാകെ ദീന് നടത്തി ലഅ്‌നതുല്ലാ(10)

മീമുന്‍ ലി മദ്‌റസതിന്‍ വ മീമു ജഹന്നമീ(11)

ഒന്നാണ് ചങ്ങാതീ ബിലാ തവഹ്ഹുമീ(12)

മൂസാ നബിക്കെതിരായി പണ്ടൊരു മൂസാ(13)

ഇസ്‌ലാമിന്നെതിരാണിന്ന് കുഞ്ഞിമ്മൂസാ(14)

ഒരു കാലത്തും ലാ തജ്അലുല്‍ ബനീന(15)

മദ്‌റസ വഴിയില്‍ യതഅല്ലമൂനാ(16)

മൗലൂദിനും തടസ്സമല്ലേ ഖാലൂ(17)

ഉണ്ടോ ഇവര്‍ക്ക് നാല് കാലും വാലും?!”(18)

ചാലിലകത്തിന്റെ മദ്‌റസ തന്നിലുണ്ടാക്കിയ മാറ്റം അന്ന് അദ്ദേഹത്തിന്റെ മറ്റൊരു ശിഷ്യനായിരുന്ന ഇ.മൊയ്തു മൗലവി തന്റെ ‘സലഫി പ്രസ്ഥാനം ആദ്യകാല ചരിത്രം’ എന്ന ലഘുഗ്രന്ഥത്തില്‍ ഹൃദയസ്പൃക്കായി വിവരിച്ചിട്ടുണ്ട്. യാഥാസ്ഥിതികരുടെ എതിര്‍പ്പുകളുടെ നിരര്‍ഥകതയും സ്വാനുഭവത്തിലൂടെ മൊയ്തു മൗലവി അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.കെ മൂസാ മൗലവി അന്നത്തെ അനുഭവങ്ങള്‍ കെ.എം. മൗലവി സ്മാരക ഗ്രന്ഥത്തിലും(20) സൂചിപ്പിച്ചിട്ടുണ്ട്. മൗലാനയുടെ മറ്റൊരു ശിഷ്യനായ ഇ.കെ മൗലവിയുടെ ‘കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനം'(21) എന്ന ലേഖന പരമ്പരയിലും ഇതിന്റെ വിശദീകരണങ്ങള്‍ കാണാം. മറ്റൊരു ശിഷ്യനായ സി.എ.മുഹമ്മദ് മൗലവി 1970ലെ തിരൂരങ്ങാടി യതീംഖാനയുടെ സില്‍വര്‍ ജൂബിലി സോവനീറിലും ഈ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 

ഇ.മൊയ്തു മൗലവി അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഈ സംഭവം വിവരിക്കുന്നതിങ്ങനെയാണ്:

”വാഴക്കാട് മദ്‌റസക്ക് ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. പക്ഷേ, അതിന്റെ നടത്തിപ്പ് ഒട്ടും തൃപ്തികരമായിരുന്നില്ല. പുതിയ നിലയിലുള്ള പഠന സമ്പ്രദായം നടപ്പാക്കണമെന്നു ചിലര്‍ക്ക് അഭിപ്രായമുണ്ടായി. അങ്ങനെ അക്കാലത്തെ മുതവല്ലിയായിരുന്ന കൊയപ്പത്തൊടി അഹ്മദ്കുട്ടി ഹാജി മുന്നോട്ടുവന്നു. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് വ്യവസ്ഥപ്പെടുത്തി. നവീന രീതിയിലുള്ള ഒരു മദ്‌റസയും ആരംഭിച്ചു. പെന്‍സില്‍, ഫൗണ്ടന്‍ പെന്‍, ബ്ലാക്ക് ബോര്‍ഡ്, കടലാസ് എന്നീ പഠനോപകരണങ്ങള്‍ മദ്‌റസാ ഹാളില്‍ സ്ഥലം പിടിച്ചു. മുസ്‌ലിയാക്കന്മാര്‍ വിറളി പൂണ്ടു. ഫത്‌വകള്‍ പുറപ്പെടുവിച്ചു.

മദ്‌റസാ നടത്തിപ്പുകാരനായിരുന്ന മാന്യന്‍ യാഥാസ്ഥിതിക പണ്ഡിതന്‍മാരുടെ വലയില്‍ അകപ്പെട്ടു പോയി. ഒടുവില്‍ ദാറുല്‍ ഉലൂം അറബി വിദ്യാലയം; മൗലവി കുഞ്ഞഹ്മദ് ഹാജിക്കും ശിഷ്യഗണത്തിനും മറ്റ് അധ്യാപകര്‍ക്കും ഉപേക്ഷിക്കേണ്ടതായി വന്നു. ഈ ദുഃസ്ഥിതി സംജാതമായത് കള്ള ഫത്‌വയുടെ ഫലമായിട്ടത്രെ.”(22)

തുടര്‍ന്ന്, മൊയ്തു മൗലവി ഈ ഫത്‌വയെ മക്തി തങ്ങളുടെ പ്രസിദ്ധമായ ഒരു വാക്യത്തോടു ചേര്‍ത്തു വായിക്കുന്നുണ്ട്. മക്തി തങ്ങള്‍ക്ക് സമാനമായ അനുഭവങ്ങളാണ് ചാലിലകത്തിനും ഉണ്ടായതെന്നാണ് അതിലൂടെ മൗലവി സമര്‍ഥിക്കുന്നത്. കള്ള ഫത്‌വക്കാരെ പറ്റിയുള്ള മക്തി തങ്ങളുടെ ആ മഹദ്‌വാക്യം അദ്ദേഹം കൂടെക്കൂടെ അനുസ്മരിച്ചിരുന്നു.

”ക്രൈസ്തവ പാതിരിമാരോടെന്ന പോലെ മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതിക മുസ്‌ലിയാക്കന്‍മാരോടും അദ്ദേഹം പടപൊരുതി. ആ മഹാനായ പരിഷ്‌കര്‍ത്താവിന്റെ മരിക്കാത്തൊരു വാക്യം ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്.”(23)

”അടുക്കള വിട്ട് പോയില്ല;

അറിവുള്ളോരെ കണ്ടില്ല

അറിവുകളൊന്നും പഠിച്ചില്ല

ഫത്‌വക്കൊന്നും മുട്ടില്ല”(24)

അക്കാലത്തെ പള്ളിയോത്തിന്റെ അശാസ്ത്രീയത വേണ്ടുവോളം അനുഭവിച്ച മൊയ്തു മൗലവി തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത് വായിക്കുമ്പോള്‍ ചാലിലകത്തിന്റെ പരിഷ്‌കരണ സംരംഭങ്ങളുടെ പ്രസക്തി എത്രമാത്രമുണ്ടെന്ന് നമുക്ക് ബോധ്യപ്പെടും. വഖഫ് സ്വത്ത് ദുരുപയോഗമെന്ന ഉമ്മാക്കി കാട്ടി ചാലിലകത്തിനെ നിശ്ശബ്ദമാക്കാന്‍ നടന്ന ശ്രമങ്ങളെപ്പറ്റി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആധികാരിക ചരിത്രമായ; ‘സമസ്ത: ചരിത്രത്തിന്റെ നാള്‍വഴികള്‍'(25) എന്ന ഗ്രന്ഥത്തിലും നിശ്ശബ്ദത പാലിക്കുന്നില്ല. ചാലിലകത്തിനെ സ്വന്തം പിതാവും മദ്‌റസാ പ്രസ്ഥാനത്തെ തങ്ങളുടെ സന്തതിയുമായി അവതരിപ്പിക്കാനുള്ള വിഫല ശ്രമങ്ങള്‍ക്കാണ് പിന്നീട് അവര്‍ നേതൃത്വം നല്‍കിയത്.

പഴയ കാലത്ത് കുരുന്നുകള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കിയിരുന്ന ‘നാഗദം’ എന്ന പള്ളിയോത്ത് മൊയ്തു മൗലവി ഓര്‍ത്തെടുക്കുന്നത് വായിക്കുക:

”സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന നാഗദം ഏര്‍പ്പാടാണ് അക്കാലത്ത് സമുദായത്തില്‍ നടപ്പുണ്ടായിരുന്നത്. അത് വെറും വായന മാത്രമാണ്. ഇരുപത്തിയെട്ട് ലിപികളുള്ള അക്ഷരമാലയാണ് അറബി ഭാഷയ്ക്കുള്ളത്. ആദ്യമായി കുഞ്ഞുകുട്ടികളെ ഹൃദിസ്ഥമാക്കാന്‍ പഠിപ്പിക്കുന്നു. അതോടു കൂടി എഴുത്ത് പഠിപ്പിക്കുന്നില്ല. ക്വുര്‍ആന്‍ പാരായണം തുടങ്ങി അതിലെ നാലാം ഖണ്ഡം പഠിച്ചതില്‍ ശേഷം മാത്രമേ ‘ക്വലം’ (തൂലിക) വിദ്യാര്‍ഥിക്ക് തൊടാന്‍ പാടുള്ളൂവെന്നാണ് വയ്പ്പ്. ഇന്നത്തെപ്പോലെ തുടക്കം മുതലേ കടലാസിലോ, സ്ലേറ്റിലോ എഴുതുന്ന ഏര്‍പ്പാടില്ല. അതിനു പകരം ചെത്തി മിനുക്കിയ പലകകളിന്‍മേല്‍ ഒരുതരം വെളുത്ത പൊടി (ചെവ്ടി) തേക്കും. ആ പലകമേല്‍ ചെത്തിക്കൂര്‍പ്പിച്ച മുളക്കഷ്ണം കൊണ്ട് എഴുതിക്കാണിക്കും. മണ്ണെണ്ണ വിളക്കു കത്തിച്ച്, അതിന്റെ പുകയേറ്റു കിട്ടുന്ന കരി വെളിച്ചെണ്ണയില്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മഷി. പെന്നിനുപകരം ചെത്തിക്കൂര്‍പ്പിച്ച മുളക്കഷ്ണം ആ മഷിയില്‍ മുക്കിയാണ് മേല്‍ പറഞ്ഞ പലക മേല്‍ എഴുതുന്നത്. അറബി പഠിപ്പിക്കുന്നതു തന്നെ യാതൊരു വിധ ചിട്ടയോ സിലബസോ ഇല്ലാതെയാണ്. മൊല്ലമാര്‍ അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് പഠിപ്പിക്കുന്നു. ക്വുര്‍ആനിനെയോ അതിലെ സാരംശത്തെയോ പറ്റി അറിവില്ലാത്ത മൊല്ലമാരായിരുന്നു അധ്യാപക ജോലി നടത്തിയിരുന്നത്. വായിക്കാന്‍ മാത്രമാണ് ഇവര്‍ പഠിപ്പിച്ചിരുന്നത്. ക്വുര്‍ആന്‍ പഠിക്കാന്‍ അഞ്ചും ആറും വര്‍ഷമാണെടുക്കുക. ക്വുര്‍ആന്‍(26) പഠിച്ചു കഴിഞ്ഞാല്‍ എല്ലാം ആയി എന്നായിരുന്നു അക്കാലത്ത് കരുതപ്പെട്ടിരുന്നത്. സ്ത്രീ വിദ്യാഭ്യാസം അതോടു കൂടി അവസാനിക്കുന്നു. പിന്നെ അവര്‍ ഇരുട്ടറയില്‍ നിന്നും പുറത്തേക്കു വരുന്നില്ല. ക്വുര്‍ആന്‍ പഠനത്തിനു(27) ശേഷമാണ് ആണ്‍കുട്ടികളെ കിതാബ്(28) ഓതാന്‍ പള്ളികളിലേക്ക് അയക്കുന്നത്.”(29)

മുസ്‌ലിം സമുദായത്തിലെ കൊച്ചു കുരുന്നുകളെ പറഞ്ഞയക്കാറുണ്ടായിരുന്നത് ഇത്തരം അശാസ്ത്രീയ സംവിധാനങ്ങളിലേക്കായിരുന്നുവെങ്കില്‍ അതിനു ശേഷമുള്ള മതപരമായ പഠന സമ്പ്രദായങ്ങള്‍ നിഷ്പ്രയോജനകരമായ ചില ഏര്‍പ്പാടുകളായിരുന്നു.

തന്റെ ചെറുപ്പകാലത്തെ മതപഠനത്തിന്റെ ഉപരി കേന്ദ്രങ്ങളായിരുന്ന പള്ളി ദര്‍സുകളുടെ അവസ്ഥ മൊയ്തു മൗലവി വിവരിക്കുന്നത് ഇങ്ങിനെയാണ്:

”പള്ളിപ്പഠനത്തിനും യാതൊരു സിലബസും പരിപാടിയുമുണ്ടായിരുന്നില്ല. പത്തു കിതാബ്(30) എന്ന പുസ്തകം വെച്ചാണ് പഠനം ആരംഭിക്കുന്നത്. ആ പുസ്തകം കുട്ടികളില്‍ എന്തു മാറ്റമാണ് ഉണ്ടാക്കുകയെന്നൊന്നും നോക്കാറില്ല. അതുമായി കുറേകാലം മല്‍പ്പിടുത്തം നടത്തിയ ശേഷം ഗ്രാമറിലേക്ക് പ്രവേശിക്കുന്നു. വളരെ കാലം വ്യാകരണം പഠിക്കാനായി വിനിയോഗിച്ച ശേഷം വീണ്ടും മതനിയമങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങളെ ശരണം പ്രാപിക്കുന്നു. ഇങ്ങനെ ജീവിതത്തിലെ നല്ലൊരു ഭാഗം യാതൊരു ചിട്ടയും ശാസ്ത്രീയതുമില്ലാത്ത പഠനത്തില്‍ ഏര്‍പ്പെടുക മൂലം പാഴായിപ്പോകുന്നു. പള്ളിയിലെ ഇത്തരം പഠനം കൊണ്ടു പറയത്തക്ക പ്രയോജനം ആര്‍ക്കും ഉണ്ടാകുന്നില്ല. ഈ ദുഷിച്ച നിലയ്ക്കു മാറ്റം വരുത്താന്‍ ശ്രമിച്ചവര്‍ക്കു യാഥാസ്ഥിതികന്‍മാരില്‍ നിന്നും വിവിധ തരത്തിലുള്ള മര്‍ദ്ദനങ്ങള്‍ക്കിരയാകേണ്ടി വന്നു.”(31)

മതപഠനമെന്ന പേരില്‍ നടത്തി വരുന്ന ഈ വ്യവഹാര രീതികളില്‍ മൊയ്തു മൗലവിയെപ്പോലെയുള്ള പ്രത്യുല്‍പന്നമതികളായ മഹാമനീഷികളുടെ ധിഷണക്ക് ചിതലു വരാതിരിക്കാന്‍ അവരും രക്ഷിതാക്കളും പുതിയ പഠനരീതികളെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

”ഞാനും പഠനം തുടങ്ങിയത് ഈ നിലയില്‍ത്തന്നെയായിരുന്നുവെങ്കിലും ഈ ദുഷിച്ച സമ്പ്രദായം പാടേ പിഴുതെറിയെണമെന്ന അഭിപ്രായക്കാരനായിരുന്നു എന്റെ പിതാവ്(32) എന്നതിനാല്‍ സംസ്‌കാര സമ്പന്നരും വിശാല വീക്ഷണഗതി ഉള്ളവരും സമുദായ ശരീരത്തെ ബാധിച്ച മഹാവ്യാധിയെ എന്തു ത്യാഗം ചെയ്തും അകറ്റാന്‍ കച്ചകെട്ടി പുറപ്പെട്ടിട്ടുള്ളവരുമായ ചില പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ചതു കൊണ്ട് എനിക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല. അക്കാലത്തു ജീവിച്ചിരുന്ന ഒരു മഹാപണ്ഡിതനും മതഭക്തനും ആളുകള്‍ ദിവ്യനെന്നു കരുതിയിരുന്ന ആളുമായ പിയാമു മുസ്‌ലിയാര്‍ തങ്ങളുടെ അടുത്തേക്കാണു കിത്താബ് ഓത്ത് ആരംഭിക്കാന്‍ പിതാവ് എന്നെ കൊണ്ടു പോയത്. പിന്നീട് പള്ളികളില്‍ വെച്ചു നടത്തപ്പെടുന്ന ‘ദര്‍സു’കള്‍ തന്നെ അവലംബിക്കേണ്ടി വന്നു. ആ നിലയില്‍ കൊല്ലങ്ങള്‍ പലതും കടന്നുപോയി. ഈ ഘട്ടത്തിലാണു പരിഷ്‌കൃതാശയനായ മര്‍ഹൂം ശൈഖ് ഹംദാനി സാഹിബുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ എനിക്കു ഭാഗ്യം ലഭിച്ചത്. അദ്ദേഹം എന്റെ വളര്‍ച്ചയില്‍ വളരെ ശുഷ്‌കാന്തി പ്രകടിപ്പിച്ചു. എന്നെ ഉറുദു ഭാഷ പഠിപ്പിച്ചു. ഉപരിപഠനത്തിനായി വെല്ലൂരിലേക്കു കൊണ്ടു പോകാന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് വാഴക്കാട് ദാറുല്‍ ഉലൂം മദ്‌റസയെപ്പറ്റി എനിക്കറിയാന്‍ കഴിഞ്ഞത്.”(33)

ഗുണകാംക്ഷികളുടെ ഉപദേശം സ്വീകരിച്ച് ഉപരി പഠനത്തിന്റെ പുതിയ ഭൂമിയും പുതിയ ആകാശവും കണ്ടെത്തിയവര്‍ പിന്നീട് മഹാ പ്രതിഭകളായിത്തീര്‍ന്നു. പക്ഷേ, പണ്ഡിതന്‍മാര്‍ക്കും പ്രമാണിമാര്‍ക്കും അവരുടെ സംശയങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. അന്നത്തെ ഫ്യൂഡല്‍ വ്യവസ്ഥിതി മാറ്റങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന ധാര്‍ഷ്ഠ്യമാണ് പ്രകടിപ്പിച്ചത്. സി.സൈതാലിക്കുട്ടി മാസ്റ്ററും ശൈഖ് മാഹിന്‍ ഹംദാനി തങ്ങളും സയ്യിദ് സനാഉല്ലാ മക്തി തങ്ങളും കൊച്ചി അബ്ദുല്‍ കരീം മൗലവിയും കോടഞ്ചേരി മരക്കാര്‍ മുസ്‌ലിയാരും എതിര്‍ത്തു തോല്‍പിക്കാന്‍ ശ്രമിച്ച ശോചനീയവസ്ഥകളെ പുനഃപ്രതിഷ്ഠിക്കാനാണ് യാഥാസ്ഥിതിക പണ്ഡിതരും പ്രമാണിമാരും തോളോട് തോള്‍ ചേര്‍ന്നത്.

ഉന്നതമായ മതപഠനത്തോടൊപ്പം ശാസ്ത്ര-ഭൗതിക വിജ്ഞാനീയങ്ങളുടെ വിഹായസ്സിലേക്ക് തുറന്നു വെച്ച ദാറുല്‍ ഉലൂം എന്ന കിളിവാതിലിന്ന് നിസ്സങ്കോചം അവര്‍ സാക്ഷയിടുകയായിരുന്നു.

മൗലാനാ ചാലിലകത്തിന്റെ ശിഷ്യന്‍ ഇ.കെ മൗലവി വഖഫ് സ്വത്ത് ഉപയോഗത്തിന്റെ കാര്യത്തില്‍ പരിശോധകരും പണ്ഡിതരും അധികാരിയും തമ്മില്‍ നടന്ന അവസാന വട്ട ചര്‍ച്ചയുടെ അനന്തരഫലം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്: 

”പ്രശസ്താതിഥികള്‍ക്ക് അധികാരിയുടെ വസതിയായ മണ്ണില്‍ തൊടികയില്‍ അന്ന് ഒരു സല്‍ക്കാരം ഏര്‍പ്പെടുത്തി. ശൈഖുനാ(34) അതില്‍ സംബന്ധിച്ചിരുന്നില്ല. വിചിത്രമെന്നു പറയട്ടെ, അവിടെ വെച്ച് സമുദായ നായകരായ ആ ആലിമുകള്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു: ‘നാം മദ്രസക്കായി വലിയ സംഖ്യ ചെലവുചെയ്യുന്നു. ആ സ്ഥിതിക്കു തര്‍ക്കത്തിലിരിക്കുന്ന ഒരു സ്ഥാപനത്തിന് ചെലവു ചെയ്യുന്നതിനേക്കാള്‍ തര്‍ക്കമില്ലാതെ വിഷയത്തില്‍ ചെലവഴിക്കുന്നതല്ലേ നല്ലത്?”

റഫറന്‍സസ്:

1. ലോകാവസാന ദിനം.

2. ലോാവസാനത്തിന് മുന്നോടിയായി സംഭവിക്കുന്ന അടയാളം.

3. മതനിഷിദ്ധം.

4. പണ്ഡിത വിധികള്‍.

5. അനഭിലഷണീയമായത്.

6. മതം.

7. ഇഹലോകം.

8. അല്‍മനാര്‍ മലയാള മാസിക, 06/06/1955, പു.6, ല.2&3. ‘അവര്‍ പിന്നാലെ വരുന്നു.’ കെ.എം തങ്ങള്‍ കോഴിക്കോട്

9. അല്ലാഹുവിന്റെ ഭൂമിയില്‍.

10. അല്ലാഹുവിന്റെ ശാപം.

11. മദ്‌റസ എന്ന അറബി വാക്കിലെ ആദ്യാക്ഷരമായ ‘മീം’ നരകം എന്നര്‍ഥം വരുന്ന ‘ജഹന്നമ്’ എന്ന വാക്കിലെ അവസാന അക്ഷരമാണ് എന്നര്‍ഥം. മദ്‌റസാ പഠനം നരക പ്രവേശനത്തിന് നിമിത്തമാകും എന്ന് സൂചന.

12. സംശയമന്യെ.

13. മൂസാ നബി(അ) തൗറാത്ത് സ്വീകരിക്കാന്‍ പോയപ്പോള്‍ പശുക്കുട്ടിയെ ഉണ്ടാക്കി വെച്ച് അതിനെ ആരാധിക്കാന്‍ ഇസ്‌റാഈല്‍ മക്കളെ പ്രേരിപ്പിച്ച വ്യക്തി.

14. പി.കെ മൂസാ മൗലവി.

15. മക്കളെ വിടരുത്.

16. മദ്‌റസയില്‍ പഠിക്കാന്‍.

17. മുഹമ്മദ് നബി ﷺ യുടെ ജന്മദിനാഘോഷത്തെ എതിര്‍ത്ത് സംസാരിക്കുന്നവരാണിവര്‍.

18. ടി.കെ അബ്ദുല്ല, ‘നടന്നു തീരാത്ത വഴികളില്‍’ (ആത്മകഥ). ഐ.പി.എച്ച്, 2015 ഒക്‌ടോബര്‍, ഒന്നാം പതിപ്പ്.

19. അല്‍ഹുദാ ബുക്‌സ്റ്റാള്‍ കോഴിക്കോട്, 1992 ഡിസംബര്‍, ഒന്നാം പതിപ്പ്.

20. കെ.എം മൗലവി മെമ്മോറിയല്‍ ട്രസ്റ്റ് കമ്മിറ്റി പുറത്തിറക്കിയത്.

21. അല്‍ മുര്‍ശിദ് മലയാളം മാസികയുടെ 1966-68 വര്‍ഷത്തിലെ 16 ലക്കങ്ങള്‍.

22. ഇ. മൊയ്തു മൗലവിയുടെ ആത്മ കഥ,  ഡി.സി.ബുക്‌സ്, ഡിസംബര്‍ 1985 (രണ്ടാം പതിപ്പ്) പേജ്:13

23. സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍. 

24. ഇ.മൊയ്തു മൗലവി, 04/02/1977 ‘ശ്ലാഘനീയമായ സംരംഭം’ (മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികളുടെ ആദ്യ പതിപ്പിന്റെ അവതാരിക).

25. രചന: പി.എ സ്വാദിഖ് ഫൈസി, താനൂര്‍. ഇസ കോഴിക്കോട്, 2016 ഒക്‌ടോബര്‍ ആദ്യ പതിപ്പ്, പേജ് 611. 

26. ക്വുര്‍ആന്‍ വായിക്കാന്‍.

27. ക്വുര്‍ആന്‍ വായനാ പഠനം.

28. പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങള്‍.

29, ഇ.മൊയ്തു മൗലവി, ‘മൗലവിയുടെ ആത്മകഥ,’ ഡി.സി ബുക്‌സ്, ഡിസംബര്‍ 1985, രണ്ടാം പതിപ്പ്, പേജ് 11,12.

30. ഇസ്‌ലാമിലെ വിശ്വാസ- അനുഷ്ഠാന കാര്യങ്ങള്‍ വിവരിക്കുന്ന ശാഫിഈ ചിന്താധാരയിലുള്ള പത്ത് ലഘുഗ്രന്ഥങ്ങള്‍ ഒറ്റ വാള്യത്തിലാക്കിയത്.

31.  ഇ.മൊയ്തു മൗലവി, ‘മൗലവിയുടെ ആത്മകഥ,’ ഡി.സി ബുക്‌സ്, ഡിസംബര്‍ 1985, രണ്ടാം പതിപ്പ്, പേജ് 11,12.

32. കോടച്ചേറി മലയംകുളത്തേല്‍ മരക്കാര്‍ മുസ്‌ലിയാര്‍, കൊച്ചി അബ്ദുല്‍ കരീം മൗലവിയുടെ ശിഷ്യന്‍.

33. ഇ.മൊയ്തു മൗലവി, ‘മൗലവിയുടെ ആത്മകഥ,’ ഡി.സി ബുക്‌സ്, ഡിസംബര്‍ 1985, രണ്ടാം പതിപ്പ്, പേജ് 11,12.

34. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി.

35. ഇ.കെ മൗലവി: കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനം, അല്‍മുര്‍ശിദ് മലയാള മാസിക, 1966 ഒക്‌ടോബര്‍

 

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
നേർപഥം വാരിക

വിശുദ്ധ ക്വുര്‍ആന്‍: ദൈവികം, കാലികം

വിശുദ്ധ ക്വുര്‍ആന്‍: ദൈവികം, കാലികം

ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗദര്‍ശനമായിക്കൊണ്ടാണ് ക്വുര്‍ആന്‍ അവതീര്‍ണമായത്. അതുകൊണ്ട് തന്നെ അത് എല്ലാ കാലത്തും പ്രസക്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മാറിവരുന്ന ജീവിതസാഹചര്യങ്ങളിലും ക്വുര്‍ആന്‍ വഴിനടത്തുന്നു എന്നതിന് ജനലക്ഷങ്ങള്‍ സാക്ഷിയാണ്; കാരണം അത് ദൈവത്തിങ്കല്‍ നിന്നുള്ളതാണ്.

മനുഷ്യരാശിയെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുവാനും പാരത്രിക വിജയത്തിന്റെ പാത ലോകത്തിന് പഠിപ്പിച്ചുകൊടുക്കുവാനുമായി പ്രപഞ്ച സ്രഷ്ടാവ് കാലാകാലങ്ങളായി അയച്ചുകൊണ്ടിരുന്ന ദുതന്‍മാരുടെ പരമ്പര അവസാനിക്കുന്നത് മുഹമ്മദ് നബി ﷺ യോടു കൂടിയാണ്. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ഏറ്റവും പൂര്‍ണമായ രൂപം മുഹമ്മദ് നബി ﷺ യിലൂടെ ലോകര്‍ക്ക് നല്‍കപ്പെട്ടു. ഇനി മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി ഒരു ദൂതനും വരാനില്ല, വിശുദ്ധ ക്വുര്‍ആന്‍ അന്തിമ വേദഗ്രന്ഥമാണ്; മറ്റൊരു വേദഗ്രന്ഥം ഇനി അവതരിക്കാനുമില്ല എന്ന അടിസ്ഥാനപരവും സുപ്രധാനവുമായ അധ്യാപനം കൂടി മുഹമ്മദ് നബി ﷺ യിലൂടെ നല്‍കപ്പെട്ടിരിക്കുന്നു.

ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ അപരിഷ്‌കൃതരായ ജനസഞ്ചയത്തെ സംസ്‌കൃതചിത്തരും ഉല്‍കൃഷ്ട സ്വഭാവത്തിന്റെയും എല്ലാ മാനവിക ഗുണങ്ങളുടെയും വക്താക്കളുമാക്കി മാറ്റിയ വിശുദ്ധ ക്വുര്‍ആന്‍ അന്നുമുതല്‍ ഇന്നുവരെയുള്ള അതിന്റെ ജൈത്രയാത്രയില്‍ തളര്‍ന്നു പോയിട്ടില്ല. ലോകത്തിന്റെ മുക്കുമൂലകളില്‍ അത് എത്തിച്ചേര്‍ന്നു. അതിന്റെ വെളിച്ചം അറിവിന്റെയും അന്വേഷണങ്ങളുടെയും പഠനത്തിന്റെയും വിവിധ മേഖലകളിലേക്ക് ജനങ്ങളെ നയിച്ചു. അധര്‍മത്തിന്റെയും ദൈവനിരാസത്തിന്റെയും ബഹുദൈവവാദത്തിന്റെയും അക്രമത്തിന്റെയും ഇരുട്ടുകളില്‍നിന്ന് ക്വുര്‍ആന്‍ മനുഷ്യരെ മോചിപ്പിച്ചുകൊണ്ടിരുന്നു.

ക്വുര്‍ആനിന്റെ വെളിച്ചത്തെ ഊതിക്കെടുത്താനുള്ള ശ്രമം പ്രവാചകന്റെ കാലം മുതല്‍ തുടങ്ങിയതാണ്. ഇന്നും ആ ശ്രമം ലോക വ്യാപകമായി നടന്നുവരുന്നുണ്ട്. ആധുനിക വിവരസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇന്നത്തെ എതിരാളികള്‍ ക്വുര്‍ആന്‍ വിമര്‍ശനം നടത്തുന്നത് എന്ന വ്യത്യാസം മാത്രമേയുള്ളൂ.

ലോകത്ത് ധാരാളം മതങ്ങള്‍ നിലവിലുണ്ട്. വേദഗ്രന്ഥമുള്ളവയും ഇല്ലാത്തവയും അതിലുണ്ട്. ഒട്ടനേകം പ്രത്യയശാസ്ത്രങ്ങളും ചിന്താധാരകളും ദാര്‍ശനിക-സാഹിത്യ ഗ്രന്ഥങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്; ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ ക്വുര്‍ആനിനെ പോലെ വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇരയായ മറ്റൊരു ഗ്രന്ഥവും ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. ക്വുര്‍ആനിനെ പോലെ ജനകോടികള്‍ ജീവിതമാര്‍ഗദര്‍ശനമായി നെഞ്ചോടു ചേര്‍ത്ത മറ്റൊരു ഗ്രന്ഥവും കാണുവാന്‍ സാധ്യമല്ല.

എന്തുകൊണ്ട് ക്വുര്‍ആന്‍?

ക്വുര്‍ആന്‍ തികച്ചും ദൈവപ്രോക്ത ഗ്രന്ഥമാണ്. ഈ സവിശേഷത മറ്റൊരു ഗ്രന്ഥത്തിനുമില്ല. അങ്ങനെ അവയൊന്നും അവകാശെപ്പടുന്നുമില്ല. ക്വുര്‍ആന്‍ തന്നെ പറയട്ടെ:

”തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു”(26:192).

”ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? അല്ല, അത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു”(32:2,3).

കാലപ്പഴക്കത്താല്‍ നശിച്ചുപോകുന്ന, ആശയങ്ങള്‍ അപ്രസക്തമായിത്തീരുന്ന, കാലത്തിനനുസരിച്ച് ഭാഷയില്‍ മാറ്റം വരുന്നതിനാല്‍ വായിച്ച് ഗ്രഹിക്കാന്‍ സാധിക്കാത്ത ഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ ക്വുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്ക് ശേഷവും ആശയത്തിലും അക്ഷരത്തിലും മാറ്റം വരാതെ നിലനില്‍ക്കുന്നു. ലോകാവസാനം വരെയും നിലനില്‍ക്കുകയും ചെയ്യും. കാരണം അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട്.

”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (15:9).

അവതരണ രീതി

 വിശുദ്ധ ക്വുര്‍ആന്‍ ഒറ്റത്തവണയായി ഒരു ഗ്രന്ഥരൂപത്തിലല്ല അവതരിക്കപ്പെട്ടത്; 23 വര്‍ഷത്തിനിടയില്‍ അല്‍പാല്‍പമായാണ്.

”നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ക്വുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു” (17:106).

”സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ക്വുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്…” (25:32).

ഇങ്ങനെ അവതരിപ്പിച്ചതില്‍ മഹത്തായ യുക്തിയും ലക്ഷ്യവുമുണ്ട്. മനുഷ്യന്റെ സ്രഷ്ടാവായ അല്ലാഹുവിനാണല്ലോ മനുഷ്യനെക്കുറിച്ച് ഏറ്റവും നന്നായി അറിയുക. ദീര്‍ഘകാലമായി സമൂഹത്തില്‍ നിലനിന്നുവരുന്ന ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും അധാര്‍മികതകളും ഒറ്റയടിക്ക് നിര്‍ത്തലാക്കുക പ്രയാസകരമാണ്. ഘട്ടങ്ങളായി മാത്രമെ അവ നിര്‍ത്തല്‍ ചെയ്യാനാകൂ. ഇതിന് ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നല്‍കുന്നു.

ജനങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്കും അപ്പപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും തദവസരത്തില്‍തന്നെ പരിഹാരമുണ്ടാകുന്ന രീതിയില്‍ ദൈവിക സന്ദേശങ്ങള്‍ ലഭിക്കുന്നത് പ്രബോധിത ജനതയില്‍ കൂടുതല്‍ ഫലപ്രദമായ പരിവര്‍ത്തനങ്ങളുണ്ടാകുന്നതിന് നിമിത്തമാകും.

ഒറ്റ പ്രാവശ്യമായി അവതരിപ്പിക്കപ്പെടുന്ന പക്ഷം അതിലെ നിയമനിര്‍ദേശങ്ങളെല്ലാം ഉടനടി തന്നെ നടപ്പിലാക്കേണ്ടതായി വരും. അത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഘട്ടങ്ങളായുള്ള അവതരണം വഴി ഈ പ്രയാസം ഇല്ലാതാക്കുവാനും ക്രമേണ പൂര്‍ണമായി സംസ്‌കരിക്കപ്പെട്ട ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുവാനും സാധിക്കും.

നിരക്ഷരനായ നബി ﷺ ക്ക് ക്വുര്‍ആന്‍ പഠിക്കുവാനും മനഃപാഠമാക്കുവാനും ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നല്‍കുന്നു. മറവിയോ അബദ്ധങ്ങളോ ഇല്ലാതിരിക്കുന്നതിനും ഇത് അവസരമൊരുക്കുന്നു. അതുപോലെ പ്രവാചകന്റെ അനുയായികള്‍ക്ക് ക്വുര്‍ആന്‍ മനഃപാഠമാക്കുന്നതിനും അതിലെ വിഷയങ്ങള്‍ വ്യക്തമായി പഠിക്കുന്നതിനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിനും അല്‍പാല്‍പമായുള്ള അവതരണം വഴി സാധിക്കും.

”തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു”(26:192).

”ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? അല്ല, അത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു”(32:2,3).

കാലപ്പഴക്കത്താല്‍ നശിച്ചുപോകുന്ന, ആശയങ്ങള്‍ അപ്രസക്തമായിത്തീരുന്ന, കാലത്തിനനുസരിച്ച് ഭാഷയില്‍ മാറ്റം വരുന്നതിനാല്‍ വായിച്ച് ഗ്രഹിക്കാന്‍ സാധിക്കാത്ത ഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ ക്വുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്ക് ശേഷവും ആശയത്തിലും അക്ഷരത്തിലും മാറ്റം വരാതെ നിലനില്‍ക്കുന്നു. ലോകാവസാനം വരെയും നിലനില്‍ക്കുകയും ചെയ്യും. കാരണം അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട്.

”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (15:9).

വൈരുധ്യമുക്തമായ ഗ്രന്ഥം

ക്വുര്‍ആനിന്റെ സവിശേഷത അതില്‍ അനേകം വിഷയങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. അതില്‍ ചരിത്രകഥനങ്ങളുണ്ട്. ഉദ്‌ബോധനങ്ങളും ഉപദേശങ്ങളുമുണ്ട്. താക്കീതുകളും സന്തോഷവാര്‍ത്തകളുമുണ്ട്. സ്വര്‍ഗ-നരക വിവരണങ്ങളുണ്ട്. ശാസ്ത്രസൂചനകളുണ്ട്… വ്യത്യസ്ത വിഷയങ്ങള്‍ ഇടകലര്‍ന്ന് വരുന്നുണ്ടെങ്കിലും അവതരണകാലവും സ്ഥലവും വ്യത്യസ്തമാണെങ്കിലും വൈരുധ്യം ക്വുര്‍ആനില്‍ കാണപ്പെടുന്നില്ല എന്നത് അതിന്റെ ദൈവികത വ്യക്തമാക്കുന്നു.

”അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു” (4:82).

വിമര്‍ശകര്‍ ക്വുര്‍ആനില്‍ വൈരുധ്യങ്ങളുണ്ടെന്ന് സ്ഥാപിക്കാന്‍ കിണഞ്ഞ് ശ്രമിക്കാന്‍ തുടങ്ങിയിട്ട് കാലമേെറയായെങ്കിലും അതില്‍ വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. വൈരുധ്യം തെളിയിക്കാനായി അവര്‍ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ അവ ഒന്നുകില്‍  വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി തെറ്റിദ്ധരിപ്പിക്കലാണ്. അല്ലെങ്കില്‍ വ്യത്യസ്ത സംഭവങ്ങളെ ഒരേ സംഭവങ്ങളായി തെറ്റിദ്ധരിപ്പിക്കലാണ്. അതുമല്ലെങ്കില്‍ വിവരണങ്ങളെ കൃത്യമായി മനസ്സിലാക്കാതെയുള്ളതോ പദപ്രയോഗത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ളതോ ആയ വിമര്‍ശനം മാത്രമാണ്.

ദൈവിക ഗ്രന്ഥം

ക്വുര്‍ആനിന്റെ ദൈവികതയില്‍ സംശയിക്കുന്നവരെ ക്വുര്‍ആന്‍ തന്നെ വെല്ലുവിളിച്ചത് 1400ല്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

”അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപോലെയുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍” (11:13).

”നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റെത് പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്)”(2:23).

”അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍” (10:38).

ഈ വെല്ലുവിളികള്‍ക്കൊന്നും ലോകത്ത് എവിടെനിന്നും കൃത്യമായ പ്രത്യുത്തരമുണ്ടായിട്ടില്ല എന്നത് തന്നെ ക്വുര്‍ആനിന്റെ ദൈവികത വ്യക്തമാക്കുന്നു. മുന്ന് ചെറുസൂക്തങ്ങള്‍ മാത്രമുള്ള ‘അല്‍കൗസര്‍’ എന്ന അധ്യായത്തോട് കിടപിടിക്കുന്ന ഒന്ന് കൊണ്ടുവരാന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല. അറബി സാഹിത്യത്തില്‍ പ്രശസ്തരായ പലരും പ്രവാചകന്റെ കാലത്ത് തന്നെ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ചരിത്രമാണുള്ളത്.

ക്വുര്‍ആന്‍ വചനങ്ങളുടെ വിപുലവും വിശിഷ്ടവുമായ അര്‍ഥപുഷ്ടിയും ഹൃദയാവര്‍ജകമായ ശൈലിയും ഈടുറ്റ വാചകഘടനയും അക്ഷരങ്ങളുടെ താളാത്മകമായ ക്രമീകരണവുമെല്ലാം അനുകരിക്കാന്‍ കഴിയാത്തവിധം വേറിട്ടു നില്‍ക്കുന്നതാണ്.

അത്‌കൊണ്ടു തന്നെ ക്വുര്‍ആനിന്റെ ദൈവികത നിഷേധിച്ച സാഹിത്യനായകന്മാരടങ്ങുന്ന എതിര്‍പക്ഷത്തോട്, നിങ്ങളെല്ലാവരും ഒത്തുചേര്‍ന്നിട്ട് ഇതുപോലെ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ കൊണ്ടുവരൂ എന്ന് ക്വുര്‍ആന്‍ വെല്ലുവിളിച്ചിട്ടും അവര്‍ക്ക് അതിന് സാധിച്ചില്ല.

”(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും” (17:88).

ക്വുര്‍ആനിന്റെ സാഹിത്യഭംഗി

വിശുദ്ധ ക്വുര്‍ആന്‍ ഒരു സാഹിത്യ ഗ്രന്ഥമല്ല. എന്നാല്‍ ക്വുര്‍ആന്‍ പോലെ മികച്ച ഒരു സാഹിത്യ ഗ്രന്ഥം വേറെയില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ഉന്നതമായ സാഹിത്യ നിലവാരം പുലര്‍ത്തുന്നതാണ് ക്വുര്‍ആന്‍. ക്വുര്‍ആന്‍ ഏതു വിഷയത്തെക്കുറിച്ച് പറയുമ്പോഴും അതിന്റെ രചനാസൗഷ്ടവം നിലനിര്‍ത്തുന്നു. മനുഷ്യനിര്‍മിത സാഹിത്യ കൃതികളില്‍ കളവുകളും ഭാവനകളും സ്വാഭാവികമാണ്. എന്നാല്‍ ക്വുര്‍ആന്‍ വചനങ്ങള്‍ ഉയര്‍ന്ന സാഹിത്യനിലവാരം പുലര്‍ത്തുന്നതോടൊപ്പം സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തുന്നവയുമാണ്. അസത്യത്തിന്റെ ചെറിയൊരംശം പോലും അതില്‍ കാണുക സാധ്യമല്ല.

സാഹിത്യകൃതികള്‍ക്ക് വഴങ്ങാത്ത വിഷയങ്ങളാണ് ക്വുര്‍ആനില്‍ പ്രതിപാദിക്കപ്പെടുന്നതെങ്കിലും പ്രസ്തുത വിവരണങ്ങളിലെല്ലാം അത് ഉന്നതമായ നിലവാരം പുലര്‍ത്തുകയും മനോഹാരിത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ആയാസരഹിതമായി പാരായണം ചെയ്യുവാനും മനഃപാഠമാക്കുവാനും അനുയോജ്യമായ വിധത്തിലുള്ള വാചക ഘടനയാണ് ക്വുര്‍ആനില്‍ നാം ദര്‍ശിക്കുക.

ക്വുര്‍ആനിലെ ചരിത്ര വിവരണങ്ങളും പ്രവചനങ്ങളും ശാസ്ത്ര സൂചനകളുമെല്ലാം അവയുടെ സത്യതയും കൃത്യതയും കൊണ്ട് ദൈവികമാണ് ക്വുര്‍ആന്‍ എന്ന് വിളിച്ചു പറയുന്നു.

വെളിച്ചത്തിലേക്ക് നയിക്കുന്നത്

ക്വുര്‍ആന്‍ വെറുതെ വായിച്ച് രസിക്കുവാനുള്ള ഗ്രന്ഥമല്ല. അത് മാനവരാശിയുടെ വഴികാട്ടിയാണ്. എല്ലാ രംഗത്തും മനുഷ്യന് സത്യപാത കാണിക്കുന്ന ഗ്രന്ഥം. അപഥ സഞ്ചാരമാര്‍ഗങ്ങൡനിന്നും നേര്‍പഥത്തിലേക്ക് ക്വുര്‍ആന്‍ ക്ഷണിക്കുന്നു:

”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (17:9).

 ”അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു” (5:16).

ക്വുര്‍ആനിലെ വിധിവിലക്കുകളില്‍ അക്രമത്തിനോ അനീതിക്കോ വേണ്ടിയുള്ള കല്‍പനകളൊന്നും ഉള്‍ക്കൊള്ളുന്നില്ല. നീതി, ന്യായം, സത്യസന്ധത, ആദരവ്, അനുസരണം, നല്ല പെരുമാറ്റം തുടങ്ങി എല്ലാ സദ്ഗുണങ്ങളും ജീവിതത്തില്‍ പകര്‍ത്തുവാനും കളവ്, വഞ്ചന, കാപട്യം, മദ്യപാനം, വ്യഭിചാരം, അഹങ്കാരം, അക്രമം, അനീതി തുടങ്ങി എല്ലാ അധര്‍മങ്ങളും വെടിയുവാനുമാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്.

ക്വുര്‍ആനിന്റെ കാലികപ്രസക്തി

‘ക്വുര്‍ആനിന്റെ സന്ദേശങ്ങള്‍ ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല, അതില്‍ മാനവവിരുദ്ധമായ ആശയങ്ങളുണ്ട്. ക്വുര്‍ആന്‍ സ്ത്രീവിരുദ്ധമാണ്. പുരുഷപക്ഷത്തുനിന്നാണ് അത് സംസാരിക്കുന്നത്. ആയതിനാല്‍ ക്വുര്‍ആനിനെ കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കേണ്ടതുണ്ട്. ഒന്നര സഹസ്രാബ്ദം മുമ്പുള്ള ക്വുര്‍ആനികാശയങ്ങള്‍ ആധുനിക മനുഷ്യന്‍ ഉള്‍ക്കൊണ്ട് ജീവിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല..’ ചില ഭൗതികവാദികള്‍ ഇപ്രകാരം വാദിക്കാറുണ്ട്.


ഒരു ഭൗതികവാദി എഴുതിയത് കാണുക: ”മുസ്‌ലിംകള്‍ പൊതുവെ വിശ്വസിക്കുന്നത് ഇസ്‌ലാം അവസാനത്തെ മതവും മുഹമ്മദ് അവസാനത്തെ പ്രവാചകനും ഖുര്‍ആന്‍ അവസാനത്തെ വേദഗ്രന്ഥവും ആണെന്നാണ.് (ആദിമ മനുഷ്യനായി സെമിറ്റിക് മതങ്ങള്‍ കരുതുന്ന ആദംതൊട്ട് ദൈവം ലോകത്തിനു നല്‍കി പ്പോന്നത് ഇസ്‌ലാം ആണെന്നും മുഹമ്മദ് നബിയിലൂടെ ആ മതം പൂര്‍ണമാക്കപ്പെടുകയാണ് ചെയ്തത് എന്ന വിശ്വാസവും മുസ്‌ലിംകള്‍ക്കിടയിലുണ്ട്). ഈ വിശ്വാസത്തിന് പതിനാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ലോകത്തിനുള്ള അന്തിമ സന്ദേശം ദൈവം നല്‍കിയിട്ട് ഒന്നര സഹസ്രാബ്ദത്തോളമായി എന്ന് ചുരുക്കം. സുദീര്‍ഘമായ ഇൗ കാലയളവില്‍ ലോകം അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ക്ക് വിധേയമാവുകയുണ്ടായി. ഒരുകാലത്ത് അസങ്കല്‍പനീയമായിരുന്ന ഒട്ടനവധി പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ പില്‍ക്കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. മധ്യശതക ഗോത്ര സമൂഹങ്ങള്‍ അഭിമുഖീകരിച്ചതിനെക്കാള്‍ എത്രയോ സങ്കീര്‍ണമായ സമസ്യകള്‍ പില്‍ക്കാല സമൂഹങ്ങള്‍ അഭിമുഖീകരിച്ചു. ഇവയ്ക്കും ഇനി വരാനിരിക്കുന്ന അനേകം സമസ്യകള്‍ക്കും ഉത്തരവും പരിഹാരവും നിര്‍ദേശിക്കാന്‍ ഇസ്‌ലാമിന്റെ വേദം പര്യാപ്തമാണെന്ന വിശ്വാസമാണ് പരമ്പരാഗത മുസ്‌ലിം പണ്ഡിതര്‍ വച്ചുപുലര്‍ത്തിയത്. അവരുടെ അഭിപ്രായത്തില്‍ ഖുര്‍ആന്‍ നല്‍കുന്ന ഉത്തരങ്ങള്‍ പിഴക്കില്ല. കാരണം അത് ദൈവികമാണ്” (ഹമീദ് ചേന്ദമംഗല്ലൂര്‍, പാഠഭേദം മാസിക, 2003 ഡിസംബര്‍, പേജ് 18).


ക്വുര്‍ആനികാശയങ്ങള്‍ പഴഞ്ചനായിത്തീര്‍ന്നിട്ടുണ്ടെന്നും ഇന്നത്തെ കാലത്ത് അതിന് യാതൊരു പ്രസക്തിയുമില്ലെന്നും അത്‌കൊണ്ടുതന്നെ കാലത്തിനനുസരിച്ച രൂപത്തിലുള്ള വ്യാഖ്യാനം നല്‍കി ക്വുര്‍ആനിനെ പുനര്‍വ്യാഖ്യാനിക്കേണ്ടതുണ്ട് എന്നുമാണ് അദ്ദേഹം തന്റെ ലേഖനത്തില്‍ പറയുന്നത്.


മുഹമ്മദ് നബി ﷺ ക്കും ക്വുര്‍ആനിന്റെ അവതരണത്തിനും ശേഷം മാവരാശിക്ക് നൂതനമായ പല സമസ്യകളെയും നേരിടേണ്ടിവന്നിരിക്കാം. ഭൂമുഖത്ത് ആവിര്‍ഭവിക്കുന്ന എല്ലാ സമസ്യകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം ക്വുര്‍ആനിലുണ്ട് എന്ന കണ്ണടച്ചുള്ള പ്രഖ്യാപനം ക്വുര്‍ആനിലില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെയും സ്രഷ്ടാവിന്റെ താല്‍പര്യങ്ങള്‍ ശരിയായി മനസ്സിലാക്കി മനുഷ്യജീവിതത്തെ അര്‍ഥവത്താക്കി മുന്നോട്ട് പോകുന്നതിന്റെയും രൂപരേഖയാണ് ക്വുര്‍ആന്‍ നല്‍കുന്നത്. മനുഷ്യന്‍ എത്ര പുരോഗമിച്ചാലും അവന്‍ സ്രഷ്ടാവിന്റെ സൃഷ്ടിയല്ലാതാവുകയോ അവന്‍ ദൈവവുമായുുള്ള ബന്ധത്തിന്റെയും ചുമതലകളുടെയും തലത്തില്‍നിന്ന് മുക്തമാവുകയോ ചെയ്യുന്നില്ല. ആയതിനാല്‍ സാര്‍വകാലികവും സാര്‍വദേശീയവുമായ ഒരു വേദത്തിലൂടെ സൃഷ്ടി-സ്രഷ്ടാവ് ബന്ധത്തിന്റെ നിത്യനൂതനമായ മാര്‍ഗം മനുഷ്യര്‍ക്ക് നല്‍കുകയാണ് ക്വുര്‍ആന്‍ ചെയ്തിരിക്കുന്നത്. ഭൂമിശാസ്ത്രപരവും ആവാസവ്യവസ്ഥിതിയുമായി ബന്ധപ്പെട്ടതും ശാസ്ത്രീയ-വൈജ്ഞാനിക സ്വഭാവമുള്ളതുമായ, മനുഷ്യജീവിതത്തിലെ ബാഹ്യഘടകങ്ങള്‍ ക്വുര്‍ആനിന്റെയും പ്രവാചകത്വത്തിന്റെയും പ്രമേയങ്ങളല്ല. മനുഷ്യരാശിയില്‍ ഓരോ കാലത്തും ആവിര്‍ഭവിക്കുന്ന ഉപരിപ്ലവ പ്രശ്‌നങ്ങളുടെ പരിഹാര നിര്‍ദേശങ്ങള്‍ ക്വുര്‍ആനില്‍ അന്വേഷിക്കണമെന്ന ചിന്താഗതി ഒരു കാലത്തും മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിട്ടുമില്ല.


ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് കൃത്യമായ ചില മാനദണ്ഡങ്ങളുമുണ്ട്. ക്വുര്‍ആനിലെ ഒരു പദത്തിനോ സൂക്തത്തിനോ ക്വുര്‍ആനികാശയങ്ങള്‍ക്ക് വിരുദ്ധമായ അര്‍ഥവും വ്യാഖ്യാനവും എത്ര വലിയ പണ്ഡിതന്‍ നല്‍കിയാലും അത് മുസ്‌ലിംകളാല്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നത് അനിഷേധ്യമാണ്. ആയിരത്തി നാനൂറ് വര്‍ഷം മുമ്പ് അവതരിച്ച ഒരു ഗ്രന്ഥം ഇന്ന് അതേ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, അതിലെ കല്‍പനാനിര്‍ദേശങ്ങള്‍ അന്നത്തെയാളുകള്‍ മനസ്സിലാക്കി പ്രാവര്‍ത്തികമാക്കിയതുപോലെ ഇന്നത്തെയാളുകളും പ്രാവര്‍ത്തികമാക്കുന്നുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നത് ആ ഗ്രന്ഥത്തിന്റെ ദൈവികതയും പ്രായോഗികതയുമാണ്.


അറേബ്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചല്ല പ്രവാചകന്‍ ﷺ ക്വുര്‍ആന്‍ വ്യാഖ്യാനിച്ചുകൊടുത്തത്; സ്രഷ്ടാവ് അറിയിച്ചുകൊടുത്തതനുസരിച്ചാണ്. കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് പലരും പലതും മനസ്സിലാക്കുന്നത് സ്വാഭാവികം. മൊബൈല്‍ ഫോണിനെക്കുറിച്ച് ക്വുര്‍ആനില്‍ പറഞ്ഞിട്ടില്ല എന്നത് ക്വുര്‍ആനിന്റെ ദൈവികതയെ ചോദ്യം ചെയ്യാന്‍ മുസ്‌ലിം നാമധാരിയായ ഒരു ഭൗതികവാദി ആയുധമാക്കിയത് ഓര്‍മവരുന്നു. ആറാം നൂറ്റാണ്ടിലെ പടച്ചവന്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പടച്ചവന്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന്‍ മൊബൈല്‍ കണ്ടുപിടിക്കുമെന്ന അറിവ് സര്‍വജ്ഞനായ അവന് ഇല്ലാതിരിക്കുകയുമില്ല. എന്നാല്‍ അതിനെക്കുറിച്ച് പറഞ്ഞില്ല എന്നതിലാണ് ക്വുര്‍ആനിന്റെ മഹത്ത്വം. കാരണം ക്വുര്‍ആന്‍ അന്ത്യനാള്‍ വരെയുള്ള മാനവരാശിക്കുള്ളതാണ്. ഏതാനും ദശകങ്ങള്‍ കഴിഞ്ഞാല്‍ അല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാകുമെന്നതിന് എന്താണുറപ്പ്? മൊബൈല്‍ എന്നല്ല എല്ലാ ആധുനിക ഉല്‍പന്നങ്ങളും മാറിക്കൊണ്ടേയിരിക്കുന്നു. ഒന്ന് മറ്റൊന്നിന് വഴിമാറിക്കൊണ്ടേയിരിക്കുന്നു. അപ്പോള്‍ ഇതില്‍ ഏതിനെക്കുറിച്ചാണ് ക്വുര്‍ആനില്‍ പറയുക? അന്ത്യനാള്‍വരെയുള്ള മുഴുവന്‍ കണ്ടുപിടുത്തങ്ങളെക്കിറിച്ചും പറയേണ്ടിവരില്ലേ? ഇനി ഇരുപതാം നൂറ്റാണ്ടില്‍ മൊബൈല്‍ ഫോണ്‍ എന്ന സാധനം കണ്ടുപിടിക്കും എന്ന് ക്വുര്‍ആനില്‍ പരാമര്‍ശമുണ്ടായി എന്നു സങ്കല്‍പിക്കുക. അടുത്ത നൂറ്റാണ്ടില്‍ അല്ലെങ്കില്‍ അതിനടുത്ത നൂറ്റാണ്ടില്‍ മൊൈബല്‍ അപ്രത്യക്ഷമാകുന്നു. മൊൈബല്‍ ഫോണ്‍ കണ്ടുപിടിക്കുമെന്നും പിന്നീട് അത് ഇല്ലാതായി മാറുമെന്നും എന്തുകൊണ്ട് പ്രവചിച്ചില്ല എന്നായിരിക്കില്ലേ അടുത്ത ചോദ്യം?


ക്വുര്‍ആനിലെ ഏതെങ്കിലും കല്‍പനകളും നിര്‍ദേശങ്ങളും വിധികളും വിലക്കുകളും അപ്രായോഗികമോ അമാനവികമോ ആണെന്ന് തെളിയിക്കുവാന്‍ ഒരു ഭൗതികവാദിക്കും ഇന്നേവരെ സാധിച്ചിട്ടില്ല. പകരം പുകമറകള്‍ സൃഷ്ടിച്ച് തെറ്റുധാരണകള്‍ പരത്തുവാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


”അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 61:8).

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക