ക്വുര്‍ആനിന്റെ വെളിച്ചവും വിശ്വാസിയുടെ ജീവിതവും

ക്വുര്‍ആനിന്റെ വെളിച്ചവും വിശ്വാസിയുടെ ജീവിതവും

മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളില്‍ അവസാനത്തേതാണ് വിശുദ്ധ ക്വുര്‍ആന്‍. അതിന്റെ അവതരണം മുതല്‍ ഇന്നുവരെ അതിന്റെ വെളിച്ചം സ്വീകരിച്ചവരെ അത് നന്മയിലേക്കല്ലാത നയിച്ചിട്ടില്ല. ക്വുര്‍ആനിന്റെ വെളിച്ചം

മനസ്സുകളിലേക്ക് തുളച്ചുകയറുന്നതാണ്. ശുദ്ധ മനസ്സോടെയും സദുദ്ദേശത്തോടെയും ക്വുര്‍ആന്‍ വായിക്കാനും പഠിക്കാനും സന്നദ്ധരാകുന്നവര്‍ക്ക് മുമ്പില്‍ അത് മാറ്റത്തിന്റെ വാതായനങ്ങള്‍ തുറന്നിടുമെന്നതില്‍ സംശയമില്ല.

കുര്‍ആന്‍ വെളിച്ചമാണ്

കുര്‍ആന്‍ വെളിച്ചമാണ് എന്ന് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു: ”മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു”(അന്നിസാഅ്: 174).

”…അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍” (അല്‍അഅ്‌റാഫ്: 157).

”അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്” (അത്തഗാബുന്‍: 8).

പ്രകാശിപ്പിക്കല്‍

ഈ പ്രകാശം മനുഷ്യ മനസ്സുകളിലേക്ക് പകര്‍ന്ന് കൊടുക്കാനാണ് അവസാന പ്രവാചകനായി മുഹമ്മദ് ﷺ യെ അല്ലാഹു നിയോഗിച്ചത്, അതാണ് താഴെ വരുന്ന ക്വുര്‍ആനിക സൂക്തം നമ്മെ ബോധ്യപ്പെടുത്തുന്നത്:

”അഥവാ അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ചു തരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി…”(അത്ത്വലാക്വ്: 11).

ക്വുര്‍ആനിന്റെ വെളിച്ചം ലഭിക്കുവാന്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും പ്രവാചകനില്‍ യഥാര്‍ഥ രൂപത്തില്‍ വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ ക്വുര്‍ആനിക ആശയം സ്വീകരിക്കുന്നവര്‍ക്ക് അത് ജീവിത വെളിച്ചമായി മാറുന്നു. ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അവന്റെ കാരുണ്യത്തില്‍ നിന്നു രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതാണ്. ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ക്ക് (ശരിയായ പാതയിലൂടെ) നടന്നു പോകാം. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്” (അല്‍ഹദീദ്: 28).

ഒരിക്കലും സമമാവുകയില്ല

ക്വുര്‍ആനിന്റെ വെളിച്ചം സ്വീകരിച്ചവരും അല്ലാത്തവരും ഒരിക്കലും സമമാവുകയില്ല. അത്‌പോലെ ആ പ്രകാശ കിരണം ഒരിക്കലെങ്കിലും കാണാന്‍ സൗഭാഗ്യം ലഭിച്ചവര്‍ പിന്നീടൊരിക്കലും അല്ലാഹുവിന് മാത്രം നല്‍കേണ്ട ആരാധനകളും പ്രാര്‍ഥനകളും അവന്റെ സൃഷ്ടികള്‍ക്ക് മുമ്പില്‍ ഒരിക്കലും സമര്‍പിക്കുകയില്ല. അല്ലാഹു പറയുന്നു:

”(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക: അല്ലാഹുവാണ്. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന്‍ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവന്‍ ഏകനും സര്‍വാധിപതിയുമാകുന്നു” (അര്‍റഅ്ദ്: 16).

”നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു” (അല്‍അന്‍ആം: 122).

അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക്

ക്വുര്‍ആനിക പ്രകാശം സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ അല്ലാഹു എല്ലാവിധ അന്ധകാരങ്ങൡ നിന്നും മോചിപ്പിക്കുകയും അവര്‍ക്ക് സ്വര്‍ഗപാത സുഗമമാക്കി കൊടുക്കുന്നതുമാണ്. അല്ലാഹു പറയുന്നു:

”വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യ വാസികളാകുന്നു” (അല്‍ബക്വറ: 257).

പ്രകാശം ഒന്ന് മാത്രം

ക്വുര്‍ആനിക പ്രകാശം ഒന്നേയുള്ളൂ, ഒന്നിലധികം പ്രകാശങ്ങളില്ല. അഥവാ ക്വുര്‍ആന്‍ പഠിപ്പിക്കുന്ന സ്വര്‍ഗത്തിലേക്കുള്ള സന്മാര്‍ഗ വെളിച്ചം ഒന്നേയുള്ളൂ. സ്വര്‍ഗത്തിലേക്ക് വ്യത്യസ്ത വഴികളില്ല. എന്നാല്‍ അന്ധകാരനിബിഢമായ അസത്യത്തിന്റെ വഴികള്‍ ഒട്ടനവധിയുണ്ട്.

”ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്” (അല്‍ അന്‍ആം: 153).

പരലോകത്തും പ്രകാശം

ക്വുര്‍ആനിന്റെ പ്രകാശം ലഭിച്ചവര്‍ക്ക് പരലോകത്തും പ്രത്യേകമായ പ്രകാശം ലഭിക്കുന്നതാണ്. അത് ലഭിക്കാത്തവര്‍ വിശ്വാസികളോട് ആ പ്രകാശത്തില്‍ നിന്ന് അല്‍പമെങ്കിലും ഞങ്ങള്‍ക്ക് നല്‍കുമോയെന്ന് കെഞ്ചി നോക്കും, പക്ഷേ, അത് കൊണ്ട് ഒരു കാര്യവുമുണ്ടാവില്ല.

”സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും, അവരുടെ പ്രകാശം അവരുടെ മുന്‍ഭാഗങ്ങളിലൂടെയും വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയില്‍ നീ കാണുന്ന ദിവസം! (അന്നവരോട് പറയപ്പെടും:) ഇന്നു നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത ചില സ്വര്‍ഗത്തോപ്പുകളെ പറ്റിയാകുന്നു. അവയുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കും. നിങ്ങള്‍ അതില്‍ നിത്യവാസികളായിരിക്കും. അത് മഹത്തായ ഭാഗ്യം തന്നെയാണ്. കപടവിശ്വാസികളും കപടവിശ്വാസിനികളും സത്യവിശ്വാസികളോട് (ഇങ്ങനെ) പറയുന്ന ദിവസം: നിങ്ങള്‍ ഞങ്ങളെ നോക്കണേ! നിങ്ങളുടെ പ്രകാശത്തില്‍ നിന്ന് ഞങ്ങള്‍ പകര്‍ത്തി എടുക്കട്ടെ. (അപ്പോള്‍ അവരോട്) പറയപ്പെടും: നിങ്ങള്‍ നിങ്ങളുടെ പിന്‍ഭാഗത്തേക്കു തന്നെ മടങ്ങിപ്പോകുക. എന്നിട്ട് പ്രകാശം അന്വേഷിച്ചുകൊള്ളുക! അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറഭാഗത്താകട്ടെ ശിക്ഷയും” (അല്‍ഹദീദ്: 12,13).

പൂര്‍ണമാക്കുക തന്നെ ചെയ്യും

”അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും” (തൗബ: 32).

”അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു” (അസ്സ്വഫ്ഫ്: 8)

അല്ലാഹു സംതൃപ്തനായിരിക്കുന്നു

ജാഹിലിയ്യ കാലത്തെ മുഴുവന്‍ അന്ധകാരങ്ങളെയും ജീവിത ദര്‍ശനമായി സ്വീകരിച്ച് വഴികേടിന്റെ അങ്ങേയറ്റത്ത് എത്തിയ ജനത ക്വുര്‍ആനിന്റെ വെളിച്ചം സ്വീകരിക്കാന്‍ സന്നദ്ധരായപ്പോള്‍ ഉത്തമമായ സമൂഹമായി മാറുകയും അല്ലാഹുവിന്റെ തൃപ്തിക്ക് പാത്രീഭൂതരാവുകയും ചെയ്തു. അതാണ് ക്വുര്‍ആനിന്റെ വെളിച്ചത്തിന്റെ പ്രത്യേകത!

”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു” (അല്‍ജുമുഅ: 2).

”മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” (അത്തൗബ: 100).

ക്വുര്‍ആന്‍ വെളിച്ചത്തിന്റെ മാസ്മരികത

ഒരിക്കല്‍ നബി ﷺ  മക്കയില്‍ വെച്ച് ക്വുര്‍ആനിലെ ഒരു സൂറത്ത് പാരായണം ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്ന ഇസ്‌ലാമിന്റെ ശത്രുക്കളടക്കം എല്ലാവരും പരിസരം പോലും മറന്ന് അതില്‍ ലയിച്ച് പോവുകയുണ്ടായി. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഒരു ഹദീഥ് ശ്രദ്ധിക്കുക:

അബ്ദുല്ലാഹ്(റ) നിവേദനം: ”ഒരിക്കല്‍ നബി ﷺ  മക്കയില്‍ വെച്ച് സൂറത്തുന്നജ്മ് പാരായണം ചെയ്യുകയും അതില്‍ (പാരായണത്തിന്റെ) സുജൂദ് ചെയ്യുകയും ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു വൃദ്ധനൊഴിച്ച് അവശേഷിക്കുന്നവരെല്ലാം നബി ﷺ യോടൊപ്പം സുജൂദ് ചെയ്തു. ആ വൃദ്ധന്‍ അല്‍പം ചരല്‍ക്കല്ലുകളോ മണ്ണോ എടുത്ത് തന്റെ നെറ്റിത്തടത്തില്‍ വെച്ച് കൊണ്ട് പറഞ്ഞു: ‘എനിക്ക് ഇത് മതി.’ നിവേദകന്‍ പറയുന്നു: ‘ആ വ്യക്തി സത്യനിഷേധിയായി കൊല്ലപ്പെടുകയുണ്ടായി” (ബുഖാരി).

വചനങ്ങളുടെ സവിശേഷത

സമൂഹത്തിന്റെ നാനാതുറകളിലുള്ള മുഴുവനാളുകള്‍ക്കും അവരവരുടെ ബുദ്ധിവൈഭവത്തിനനുസരിച്ച് സ്വാധീനം ചെലുത്തുവാനുതകുന്ന രൂപത്തിലുള്ള വെളിച്ചമാണ്  ക്വുര്‍ആനിലെ ഓരോ വചനങ്ങള്‍ക്കുമുള്ളത്. ഒരു വ്യക്തിക്ക് വെളിച്ചം നല്‍കിയ വചനമായിരിക്കില്ല മറ്റൊരു വ്യക്തിക്ക് വെളിച്ചം നല്‍കിയ വചനം. അങ്ങനെ മാനവരെ ഒന്നടങ്കം ഏറ്റവും ചൊവ്വായ മാര്‍ഗത്തിലേക്ക് നയിക്കാനുതകുന്ന വെളിച്ചം പ്രസരിപ്പിക്കുന്ന വചനങ്ങളാണ് ക്വുര്‍ആനിലുള്ളത്. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (അല്‍ഇസ്‌റാഅ്: 9).

വിപ്ലവകരമായ മാറ്റം

ക്വുര്‍ആനിന്റെ വെളിച്ചം സ്വീകരിച്ച് ജീവിതത്തില്‍ അവര്‍ണനീയമായ മാറ്റങ്ങള്‍ക്ക് വിധേയരായ അനേകം പേര്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്.

മക്കയിലെ മലമടക്കുകളില്‍ വീരപുരുഷനായി ഏവരെയും ഭയപ്പെടുത്തി മക്കാനിവാസികളില്‍ മേലാളനായി ജീവിച്ചിരുന്ന ഉമര്‍(റ)വിന്റെ കട്ടിയുള്ള ഹൃദയത്തെ മൃദുവാക്കിയത് പ്രവാചകന്‍ ﷺ യുടെ പ്രാര്‍ഥനക്കൊപ്പം വിശുദ്ധ ക്വുര്‍ആനിലെ സൂറഃ ത്വാഹായിലെ ഏതാനും ആയത്തുകള്‍ പ്രസരിപ്പിച്ച വെളിച്ചമാണെന്ന ചരിത്രം പ്രസിദ്ധമാണ്.

ഇമാം ഇബ്‌നുല്‍ ജൗസിയുടെ ‘മനാക്വിബു അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ്’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: ‘ഒരിക്കല്‍ സൂറതുത്ത്വൂര്‍ പാരായണം ചെയ്ത് തഹജ്ജുദ് നമസ്‌കരിക്കുന്ന ഒരാളെ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) കേള്‍ക്കുകയുണ്ടായി. അങ്ങനെ ‘തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാകുന്നു. അത് തടുക്കുവാന്‍ ആരും തന്നെയില്ല’ എന്ന ആശയം വരുന്ന ആയത്ത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘കഅ്ബയുടെ റബ്ബ് തന്നെ സത്യം!’ ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ഒരു മാസത്തോളം രോഗിയായി കിടക്കുകയും ജനങ്ങള്‍ അദ്ദേഹത്തിന്റെ രോഗവിവരമറിയാന്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു; അവര്‍ക്കറിയില്ലായിരുന്നു എന്താണ് ഉമറിനെ രോഗിയാക്കിയത് എന്ന്.’  

കണ്ണുകളെ ഈറനണിയിക്കും

പ്രവാചകാനുചരന്മാര്‍ ക്വുര്‍ആനിന്റെ വെളിച്ചം ദര്‍ശിച്ചപ്പോള്‍ അവരുടെ നയനങ്ങള്‍ നനയുകയും തൊലികള്‍ വിറകൊള്ളുകയും ചെയ്തിരുന്നു.

അബ്ദുല്ലാഹ് ഇബ്‌നു ഉര്‍വതുബ്‌നു സുബൈര്‍(റ) പറഞ്ഞു: ‘ഞാന്‍ എന്റെ വല്യുമ്മയായ അസ്മാഅ് ബിന്‍ത് അബൂബകറിനോട് ചോദിച്ചു: ‘ക്വുര്‍ആന്‍ കേള്‍ക്കുമ്പോള്‍ സ്വഹാബികളുടെ അവസ്ഥ എങ്ങനെയായിരുന്നു?’ അവര്‍ പറഞ്ഞു: ‘അല്ലാഹു അവരെ വിശേഷിപ്പിച്ച പോലെ അവരുടെ നയനങ്ങള്‍ നനയുകയും അവരുടെ തൊലികള്‍ വിറകൊള്ളുകയും ചെയ്തിരുന്നു’ (ശുഅബുല്‍ ഈമാന്‍ 1 /347).

സൂറതുല്‍ ഹദീദിലെ ‘വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും അവതരിച്ചുകിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ’ എന്ന ആശയം വരുന്ന സൂക്തത്തിന്റെ സ്വാധീനം കാരണമാണ് ഫുദൈലുബ്‌നു ഇയാദ് എന്ന വ്യക്തി അന്യസ്ത്രീയുമായുള്ള അവിഹിതബന്ധത്തില്‍നിന്ന് നിന്ന് പിന്തിരിഞ്ഞത്.

എതിര്‍ക്കാന്‍ വന്നവര്‍

ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഇസ്‌ലാം വ്യാപിച്ച് കൊണ്ടിരുന്നതില്‍ വിറളിപൂണ്ട ക്വുറൈശികള്‍ നബി ﷺ യോട് സംസാരിക്കാനായി അവരിലെ ബുദ്ധിയും വിവേകവും പ്രസംഗപാടവവുമുള്ള അബൂവലീദ് ഉത്ബതുബ്‌നു റബീഅയെ നിയോഗിച്ചു. അയാള്‍ നബി ﷺ യോട് കുറെ നേരം സംസാരിച്ചു. നബി ﷺ  മൗനമായിരിക്കുകയും ചെയ്തു. അങ്ങനെ അയാള്‍ സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ അവിടുന്ന് ചോദിച്ചു:’ അബൂവലീദ്, താങ്കള്‍ വിരമിച്ചുവോ?’ അയാള്‍ പറഞ്ഞു: ‘അതെ.’ ‘എങ്കില്‍ നിശബ്ദത പാലിക്കൂ’ എന്ന് പറഞ്ഞ് അവിടുന്ന് സൂറതുല്‍ ഫുസ്സ്വിലത്തിന്റെ പ്രാരംഭ ഭാഗം അയാള്‍ക്ക് പാരായണം ചെയ്തു കൊടുത്തു. അങ്ങനെ ‘എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക; ആദ്, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു’ എന്ന ആശയം വരുന്ന 13ാം വചനം വരെ എത്തിയപ്പോള്‍ ഉത്ബ പ്രവാചകന്റെ വായ (പൊത്തി) പിടിക്കുകയും കുടുംബ ബന്ധത്തെക്കുറിച്ച് പറയുകയും ചെയ്തുകൊണ്ട് തന്റെ കുടുംബത്തിലേക്ക് മടങ്ങുകയും ഒരുപാട് ദിവസം ക്വുറൈശികളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്തു’ (അല്‍വസീത്വ് ലിത്വന്‍ത്വാവി).

ചില റിപ്പോര്‍ട്ടുകൡ ഇപ്രകാരം കാണാം: ”അബൂവലീദ് ഉത്ബതുബ്‌നു റബീഅ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരില്‍ ചിലര്‍ മറ്റു ചിലരോട് പറഞ്ഞു: ‘നാം സത്യം ചെയ്യുന്നു! അബുല്‍ വലീദ് അദ്ദേഹത്തി(പ്രവാചക)ന്റെ അടുത്ത് പോയ പോലെയല്ല നിങ്ങളുടെ അടുത്തേക്ക് തിരിച്ച് വന്നിരിക്കുന്നത്.’ അങ്ങനെ അവര്‍ അയാളുമായി സംസാരിക്കാനിരുന്നപ്പോള്‍ ചോദിച്ചു: ‘എന്താണ് താങ്കള്‍ക്ക് സംഭവിച്ചത്?’ അയാള്‍ പറഞ്ഞു: ‘നിശ്ചയം! അല്ലാഹു സത്യം! ഞാനൊരു വാക്ക് കേട്ടു, ഞാന്‍ മുമ്പൊരിക്കലും ഇങ്ങനെയുള്ള ഒരു സംസാരം കേട്ടിട്ടില്ല. അല്ലാഹു സത്യം! അത് സിഹ്‌റല്ല, കവിതയുമല്ല, ജ്യോല്‍സ്യവുമല്ല. അല്ലയോ ക്വുറൈശീ സമൂഹമേ, നിങ്ങളെന്നെ അനുസരിക്കുവിന്‍. അതെനിക്ക് നല്‍കൂ. ആ മനുഷ്യനെയും അയാള്‍ പറയുന്നതിനെയും നിങ്ങള്‍ വിട്ടേക്കൂ. അദ്ദേഹത്തെ നിങ്ങള്‍ വിട്ടേക്കൂ. അല്ലാഹു സത്യം! നിശ്ചയം അദ്ദേഹത്തില്‍ നിന്ന് ഞാന്‍ കേട്ട സംസാരത്തില്‍ വൃത്താന്തം ഉണ്ട്. അറബികള്‍ അദ്ദേഹത്തെ ഉപദ്രവിക്കുകയാണെങ്കില്‍ നിങ്ങളല്ലാത്തവര്‍ അദ്ദേഹത്തെ നിങ്ങളില്‍ നിന്ന് സംരക്ഷിക്കും. അദ്ദേഹം അവരെ അതിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അധികാരം നിങ്ങളുടെയും അധികാരമാവും. അദ്ദേഹത്തിന്റെ പ്രതാപം നിങ്ങളുടെ പ്രതാപമാവും. നിങ്ങള്‍ ജനങ്ങളില്‍ ഏറ്റവും സൗഭാഗ്യവാന്മാരിയിക്കും.’ അപ്പോള്‍ ക്വുറൈശികള്‍ പറഞ്ഞു: ‘അബുല്‍വലീദ്! അദ്ദേഹം നാവ്‌കൊണ്ട് താങ്കളെ മാരണം ചെയ്തിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു: ‘ഈ കാര്യത്തില്‍ എന്റെ അഭിപ്രായം ഇതാണ്. നിങ്ങള്‍ക്ക് തോന്നുന്നത് പ്രവര്‍ത്തിക്കുക” (അല്‍വസീത്വ് ലിത്വന്‍ത്വാവി).

ജുബൈറുബ്‌നു മുത്ഇം

ക്വുറൈശികളിലെ പ്രമാണിയും കുടുംബ പരമ്പരയുടെ വിഷയത്തില്‍ പണ്ഡിതനുമായിരുന്ന ജുബൈറുബ്‌നു മുത്ഇം ഇബ്‌നുഅദിയ്യ്(റ) പറയുന്നു: ”ഞാന്‍ നബി ﷺ യുടെ അടുത്തേക്ക് വരികയുണ്ടായി. അവിടുന്ന് മഗ്‌രിബ് സമയത്ത് സൂറതുത്ത്വൂര്‍ പാരായണം ചെയ്തു. അങ്ങനെ ‘അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?’ (ത്വൂര്‍: 35-37) എന്ന ആശയം വരുന്ന വചനങ്ങള്‍ വരെ എത്തിയപ്പോള്‍ എന്റെ ഹൃദയം പറന്ന് പോകാറായി” (ബുഖാരി, മുസ്‌ലിം).

നജ്ജാശി രാജാവ്

ജഅ്ഫറുബ്‌നു അബീത്വാലിബ്(റ) സൂറതു മറ്‌യമിലെ ആദ്യ വചനങ്ങള്‍ നജ്ജാശി രാജാവിന്റെയും അവരുടെ പണ്ഡിത പ്രഭുക്കളുടെയും മുന്നില്‍ പാരായണം ചെയ്തു. ആ സമയം അവരുടെ താടി നനയുമാറ് അവര്‍ കരയുകയുണ്ടായി. ശേഷം അവരോട് നജ്ജാശി രാജാവ് പറഞ്ഞു: ‘നിശ്ചയം, ഇത് ഈസാ കൊണ്ടുവന്ന സ്രോതസ്സില്‍ നിന്ന് തന്നെയുള്ളതാണ്’ (സീറതുന്‍ ലി ഇബ്‌നുഹിശാം).

ജിന്നുകളെയും സ്വാധീനിച്ചു

വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യരില്‍ മാത്രമല്ല ജിന്ന് സമൂഹത്തിലും പ്രകാശം ചൊരിയുകയും അതി ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്ത കാര്യം ക്വുര്‍ആന്‍ എടുത്തുപറയുന്നുണ്ട്.  

”ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു” (അല്‍അഹ്ക്വാഫ്: 29-32).

ആയിരത്തി നാനൂറില്‍ പരം വര്‍ഷം മുമ്പ് അവതരിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആന്‍ മാനവകുലത്തിന് വെളിച്ചം നല്‍കി, അവതരിപ്പിക്കപ്പെട്ട അതേരൂപത്തില്‍ ഇന്നും നിലനില്‍ക്കുന്നു; യാതൊരു വിധ മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാകാതെ തന്നെ! വിമര്‍ശിക്കാന്‍ വേണ്ടി പഠിക്കുന്നവരും അതിന്റെ പ്രകാശത്താല്‍ സ്വാധീനിക്കപ്പെടുന്നു. അവസാനനാള്‍ വരെയും അത് വെളിച്ചം പകര്‍ന്നുകൊണ്ടേയിരിക്കും.

വിശുദ്ധ ക്വുര്‍ആനില്‍ നിന്നും തെളിയുന്ന വെളിച്ചമായിരിക്കണം നമ്മുടെ വിശ്വാസവും സ്വഭാവവും കര്‍മങ്ങളും ക്രയവിക്രയവും പെരുമാറ്റവും; അല്ല ജീവിതം മുഴുവനും! പ്രവാചകനും അനുചരന്മാരും ക്വുര്‍ആനിന്റെ വെളിച്ചം സ്വീകരിച്ച് ജീവിതം ചിട്ടപ്പെടുത്തിയത് പോലെ നമ്മളും ചിട്ടപ്പെടുത്തുക.  ആത്യന്തിക വിജയത്തിന് അതല്ലാതെ വേറെ മാര്‍ഗമില്ലെന്നറിയുക.

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

ഇസ്‌ലാമും യുദ്ധവും: തിരുത്തപ്പെടേണ്ട ധാരണകള്‍

ഇസ്‌ലാമും യുദ്ധവും: തിരുത്തപ്പെടേണ്ട ധാരണകള്‍

അസഹിഷ്ണുതയുടെയും അതിക്രമത്തിന്റെയും മതമായിട്ടാണ്ഇസ്‌ലാമിനെ വിമര്‍ശകര്‍ പരിചയപ്പെടുത്താറുള്ളത്. മുസ്‌ലിംകള്‍ നേതൃത്വം നല്‍കിയ ചെറുതും വലുതുമായ യുദ്ധങ്ങളെയെല്ലാം ഇതിന് ഉദാഹരണമായി അവര്‍ എടുത്തുദ്ധരിക്കാറുമുണ്ട്. യുദ്ധെത്ത കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാടെന്താണ്? പ്രവാചക കാലഘട്ടത്തില്‍ എന്തെല്ലാം കാരണങ്ങളാലാണ് യുദ്ധങ്ങള്‍ അരങ്ങേറിയത്? ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് യുദ്ധങ്ങളെ കുറിച്ച് എന്തെല്ലാം പറയാനുണ്ട്?

ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ‘സമാധാനം’ എന്ന് അര്‍ഥം വരുന്ന ‘സില്‍മ്’ എന്ന അറബി ധാതുവില്‍ നിന്നാണ് ‘ഇസ്‌ലാം’ എന്ന പദം നിഷ്പന്നമായിട്ടുള്ളത്. മുസ്‌ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യമര്‍പ്പിക്കുന്നതും താങ്കള്‍ക്ക്  ‘സലാം’ അഥവാ സമാധാനമുണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ടാണ്.

ഇസ്‌ലാം സമാധാനത്തിന്റെ മതമാണെങ്കില്‍ ഇസ്‌ലാമിന്റെ പ്രവാചകന്‍ എന്തുകൊണ്ട് പത്തോളം യുദ്ധങ്ങള്‍ നയിച്ചു? അതിലെ നാശനഷ്ടങ്ങള്‍ക്കും കെടുതികള്‍ക്കും എന്ത് ന്യായീകരണങ്ങളാണുള്ളത്? ഇസ്‌ലാം വിമര്‍ശകരില്‍നിന്ന് ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. അത് കേള്‍ക്കുന്ന ചിലര്‍ക്കെങ്കിലും ചില തെറ്റുധാരണകള്‍ ഇത് സംബന്ധമായി ഉണ്ടാകാന്‍ സാധ്യതയുണ്ട്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ തെറ്റുധാരണകള്‍ തീരുമെന്നതില്‍ സംശയമില്ല. ഇസ്‌ലാം യുദ്ധത്തെക്കുറിച്ച് എന്താണ് പറയുന്നത്? പ്രവാചകന്റെ കാലത്ത് നടന്ന യുദ്ധങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവയുടെ കാരണങ്ങളും അനന്തര ഫലങ്ങളും എന്തൊക്കെയായിരുന്നു?

എന്തിനൊക്കെയാണ് യുദ്ധങ്ങള്‍?

പ്രതിരോധത്തിനും രാഷ്ട്ര സംരക്ഷണത്തിനും ഇസ്‌ലാമിക പ്രബോധനത്തിന്റെ മുമ്പിലുള്ള മാര്‍ഗതടസ്സങ്ങള്‍ നീക്കുന്നതിനും അക്രമകാരികളെ അമര്‍ച്ച ചെയ്യുന്നതിനുമൊക്കെയാണ് ഇസ്‌ലാം യുദ്ധം അനുവദിക്കുന്നത്. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ആദ്യത്തെ പതിനഞ്ച് വര്‍ഷങ്ങള്‍ കടുത്ത പീഡനങ്ങളും മര്‍ദനങ്ങളും മുസ്‌ലിംകള്‍ക്ക് ഏല്‍ക്കേണ്ടിവന്നിട്ടും യുദ്ധമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യം പോലുമുണ്ടായി. ഒട്ടേറെ വിശ്വാസികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അപ്പോഴൊക്കെയും സഹനത്തിന്റെയും ക്ഷമയുടെയും പാഠങ്ങളായിരുന്നു നബി ﷺ  അനുയായികള്‍ക്ക് പകര്‍ന്നു കൊടുത്തിരുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് സായുധമായ പോരാട്ടത്തിന് അനുവാദം നല്‍കപ്പെട്ടത്.

ആയുധബലം പ്രകടിപ്പിക്കാനോ ‘കൈത്തരിപ്പ് മാറ്റാനോ’ ശത്രുതാപരമായ കയ്യേറ്റങ്ങള്‍ക്കോ വേണ്ടിയായിരുന്നില്ല ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍; പ്രത്യുത, രാഷ്ട്രത്തിന്റെയും മതത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയും മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്ന മര്‍ദിതര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയായിരുന്നു.

സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളാകുന്ന ഇസ്‌ലാമിന്റെ സന്ദേശം സര്‍വരിലേക്കും എത്തണമെന്നതും ചൂഷണങ്ങളില്‍ നിന്ന് മനുഷ്യരെ മുഴുവന്‍ രക്ഷപ്പെടുത്തണമെന്നതും ഇസ്‌ലാമിന്റെ അഭിലാഷമാണ്. ഇസ്‌ലാമിന്റെ സൗരഭ്യവും അതിന്റെ പ്രകാശവും എല്ലാവര്‍ക്കും ലഭ്യമാകണം. അതിന്റെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരാള്‍ക്കും അത് നിഷേധിക്കപ്പെട്ടുകൂടാ. എന്നാല്‍ ബലാല്‍ക്കാരമായി ആരെയും മതത്തില്‍ ചേര്‍ക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു.

”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 2:256).

ഈ മൗലികമായ അവകാശത്തിന് മുമ്പില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിലും അനിവാര്യമായ ഘട്ടത്തിലുമാണ് ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍ നടന്നിട്ടുള്ളത്. സാമൂഹ്യനീതിയും സമാധാനവും ഉറപ്പാക്കുവാനും മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുവാനും ഇസ്‌ലാമും ഇസ്‌ലാമിക രാഷ്ട്രവും പ്രതിജ്ഞാബദ്ധമാണ്.

അല്ലാഹു പറയുന്നു: ”മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന് ) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല” (2:193).

ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ബുഖാരി ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇബ്‌നു ഉമര്‍(റ) പറയുന്നത് കാണാം: ”നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക; ‘ഫിത്‌ന’ ഇല്ലാതിരിക്കുന്നത് വരെ” ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ”ഞങ്ങള്‍ നബി ﷺ യുടെ കാലത്ത് അതനുസരിച്ച് യുദ്ധം ചെയ്തു. മുസ്‌ലിംകള്‍ കുറവായിരുന്നതിനാല്‍ മതത്തിന്റെ പേരില്‍ ആളുകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. ഒന്നുകില്‍ കൊന്നുകളയും. അല്ലെങ്കില്‍ ശക്തമായി ഉപദ്രവിക്കും. അങ്ങനെ മുസ്‌ലിംകള്‍ അധികരിച്ചു. അപ്പോള്‍ പിന്നെ ആ ‘ഫിത്‌ന’ ഉണ്ടായില്ല” (ബുഖാരി).

ഹാഫിദ് ഇബ്‌നു കഥീര്‍(റഹി)യും ഈ സംഭവം ഈ വചനത്തിന്റെ വിവരണത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഇതാണ് യുദ്ധം അനിവാര്യമാകുന്നതിലെ പ്രധാന ഘടകം.

 

മതമെന്ന നിലയ്ക്ക് ഇസ്‌ലാമിനും ഒരു സമൂഹമെന്ന നിലയ്ക്ക് മുസ്‌ലിംകള്‍ക്കും അനിവാര്യ ഘട്ടത്തിലെ പ്രതിരോധം നിലനില്‍പിന്റെ അഥവാ അസ്തിത്വത്തിന്റെ പ്രശ്‌നം കൂടിയാണ്. നിലനില്‍ക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് അത് എന്ന് സാരം.

അതായത്, ഇസ്‌ലാം യുദ്ധം അനുവദിച്ച ഒരു സന്ദര്‍ഭം വിശ്വാസികളുടെയും മതത്തിന്റെയും ആദര്‍ശത്തിന്റെയും സംരക്ഷണത്തിനുമാണ്. ആ മാര്‍ഗത്തിലുള്ള പ്രതിരോധവുമാണത്.

അല്ലാഹു പറയുന്നു: ”യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്  അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും ക്രിസ്തീയദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു” (ക്വുര്‍ആന്‍ 22:39,40).

അപ്രകാരം തന്നെ അന്യായങ്ങളെയും അതിക്രമങ്ങളെയും തടയുവാനും മര്‍ദിതരുടെ സംരക്ഷണത്തിന്നും നീതിയും നന്മയും നാട്ടില്‍ നിലനില്‍ക്കുവാനും ചിലപ്പോള്‍ സായുധപോരാട്ടങ്ങള്‍ ആവശ്യമായി വന്നേക്കാം.

അല്ലാഹു പറയുന്നു: ”വിലക്കപ്പെട്ട മാസത്തിലെ യുദ്ധത്തിന് വിലക്കപ്പെട്ട മാസത്തില്‍ തന്നെ  തിരിച്ചടിക്കുക. വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക്കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക” (2:194).

”നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ” (2:190).

അതോടൊപ്പം ശ്രദ്ധേയമായ ഒരു സംഗതി; നബി ﷺ  ഒരൊറ്റ യുദ്ധത്തിനും തുടക്കക്കാരനായിട്ടില്ല എന്നതാണ്. അപ്രകാരം തന്നെ ഭൗതികമായ ലാഭങ്ങള്‍ മോഹിച്ചോ ശത്രുക്കളുടെ സ്വത്ത് ആഗ്രഹിച്ചോ രാജ്യത്തിന്റെ വിസ്തൃതി കൂട്ടുവാനോ അധികാരം മോഹിച്ചോ ഒന്നുമായിരുന്നില്ല അവിടുത്തെ സൈനിക നീക്കങ്ങളില്‍ ഒന്നു പോലും. മറിച്ച് മനുഷ്യരുടെ മൗലികാവകാശങ്ങള്‍ക്കു വേണ്ടിയും അനീതിക്കും അക്രമങ്ങള്‍ക്കുമെതിരിലുമായിരുന്നു. അനിവാര്യഘട്ടത്തില്‍ നടന്നതാണ് അവയൊക്കെയുമെന്നത് നിഷ്പക്ഷമായി പ്രവാചക യുദ്ധങ്ങളുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്നതാണ്.

യുദ്ധത്തിലെ നാശനഷ്ടങ്ങള്‍

ഒരേയൊരു മനുഷ്യനല്ലാതെ പ്രവാചക കരം കൊണ്ട് കൊല്ലപ്പെട്ടിട്ടില്ല എന്നത് അതിന്റെ ഏറ്റവും വലിയ തെളിവാണ്. ഹിജ്‌റ മൂന്നാം വര്‍ഷം മദീനയെ ആക്രമിക്കാന്‍ വന്ന ശത്രുക്കളെ നേരിട്ട ഉഹ്ദിന്റെ സന്ദര്‍ഭത്തില്‍ കോല്ലപ്പെട്ട ഉബയ്യുബ്‌നു ഖലഫാണ് ആ വ്യക്തി.

നബി ﷺ യുടെ കാലത്ത് നടന്ന പത്തോളം വരുന്ന യുദ്ധങ്ങളില്‍ ഇരു പക്ഷത്തുനിന്നുമായി ആകെ കൊല്ലപ്പെട്ടത് 1018 പേര്‍ മാത്രമാണ്. എന്നാല്‍ ഇസ്‌ലാമിന് യാതൊരു പങ്കാളിത്തവുമില്ലാത്ത എത്രയോ യുദ്ധങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. ഭീമമായ സാമ്പത്തിക നഷ്ടങ്ങള്‍ക്കുപരി ദശലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് അവയില്‍ ഹനിക്കപ്പെട്ടത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഈ വസ്തുത ബോധ്യപ്പെടും.

1914-18 കാല ഘട്ടത്തില്‍ നടന്ന ഒന്നാം ലോകമഹായുദ്ധത്തില്‍ മാത്രം 60 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. രണ്ട് കോടിയിലധികമാളുകള്‍ക്ക് പരിക്കു പറ്റിയിട്ടുമുണ്ട്. അത് വരുത്തിവെച്ച സാമ്പത്തിക നഷ്ടമാകട്ടെ കോടാനുകോടികളുടെതാണ്.

1939-45 കാലഘട്ടത്തില്‍ നടന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ കണക്ക് ഇതിലും അധികമാണ്. ഈ യുദ്ധങ്ങളിലൂടെ ലോകത്തിന് എന്ത് നേട്ടമാണുണ്ടായത്? എല്ലാവരും സമ്മതിക്കും; ഒരു നേട്ടവുമുണ്ടായിട്ടില്ല, നഷ്ടങ്ങളല്ലാതെ എന്ന്. എന്നാല്‍ ഇസ്‌ലാമിന്റെ യുദ്ധങ്ങളൊന്നും ഇങ്ങനെയായിരുന്നില്ല. അധിനിവേശം നടത്തലോ രക്തം ചിന്തലോ ആയിരുന്നില്ല അവ ഒന്നിന്റെയും പിന്നിലുള്ള ലക്ഷ്യവും പ്രേരകങ്ങളും. മറിച്ച് സാമൂഹിക നീതിയും ശാന്തിയും സമാധാനവും നടപ്പിലാക്കുക, മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക, വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുക മുതലായ ലക്ഷ്യങ്ങളായിരുന്നു അവയ്ക്കു പിന്നില്‍. അവ നേടിയെടുക്കുന്നതില്‍ വിജയിക്കുവാന്‍ ഭീമമായ നഷ്ടങ്ങളില്ലാതെ തന്നെ ആ പോരാട്ടങ്ങള്‍ക്ക് സാധിച്ചു എന്നതാണ് സത്യം.

സാധാരണ യുദ്ധങ്ങളില്‍ സൈനികര്‍ മാത്രമല്ല കൊല്ലപ്പെട്ടിരുന്നത;് സിവിലിയന്മാരും തികച്ചും നിരാലംബരും ദുര്‍ബലരുമായ സ്ത്രീകളും കുട്ടികളും അടക്കം കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ പോരാട്ടങ്ങളില്‍ ശാരീരികമായോ ബൗദ്ധികമായോ യുദ്ധത്തില്‍ പങ്കാളികളാകാത്ത ഒരാളും ആക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. കര്‍ഷകരും ജോലിക്കാരുമായ സാധാരണ പൗരന്മാര്‍ യുദ്ധത്തിന്റെ പേരില്‍ ഒരുവിധ കയ്യേറ്റങ്ങള്‍ക്കും വിധേയരായിട്ടില്ല. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടില്ല.

സൈനികരോടുള്ള നബി ﷺ യുടെ ഉപദേശങ്ങള്‍ മാനവ ചരിത്രത്തില്‍ കിടയറ്റതാണ്. ആ ഉപദേശങ്ങള്‍ മനസ്സിലാക്കിയ ഒരാള്‍ക്കും ചാവേറായി പൊട്ടിത്തെറിച്ച് നിരപരാധികളെ കൊന്നൊടുക്കാന്‍ കഴിയില്ല, അങ്ങനെ ചെയ്യുന്നവരെ യഥാര്‍ഥ മുസ്‌ലിംകളായി അംഗീകരിക്കാനും കഴിയില്ല.

(അടുത്ത ലക്കത്തില്‍: സൈന്യത്തോടുള്ള പ്രവാചകോപദേശങ്ങള്‍)

 

ശമീര്‍ മദീനി
നേർപഥം വാരിക

 

മുഖാവരണ നിരോധനം ഫാസിസത്തിന്റെ കാണാപ്പുറം

മുഖാവരണ നിരോധനം ഫാസിസത്തിന്റെ കാണാപ്പുറം

മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിനെ കുറിച്ച പൊതുസമൂഹത്തിന്റെ 'ആകുലതകള്‍ക്ക്' കാലങ്ങളുടെ പഴക്കമുണ്ട്. യുക്തിവാദികള്‍ തുടങ്ങി വെച്ച ഈ ആരോപണം തീവ്ര ചിന്താഗതി വെച്ച് പുലര്‍ത്തുന്ന പല സംഘടനകളും പിന്നീട് ഏറ്റുപിടിച്ചു. എന്നാല്‍ സമുദായത്തിനകത്തു നിന്ന് തന്നെ ഒരു കോടാലിക്കൈ ഇപ്പോള്‍ മുസ്‌ലിം സ്ത്രീകളുടെ മൂടുപടത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്താണ്നിഖാബിന്റെ യഥാര്‍ഥ പ്രശ്‌നം? ആരൊക്കെയാണ്പുതിയ വിവാദത്തില്‍ വിതയ്ക്കുന്നത്; കൊയ്യുന്നത്?

കേരളത്തില്‍ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും വിദ്യാര്‍ഥിനികളുടെ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെ മുസ്ലിം സമുദായത്തിനകത്തും പുറത്തും ചര്‍ച്ചകളും പ്രതിഷേധങ്ങളും കൊടുമ്പിരികൊണ്ടിരിക്കുകയാണ്. എം.ഇ.എസ് ഏകകണ്ഠമായി എടുത്ത നിലപാടല്ല, മറിച്ച് പ്രസിഡന്റിന്റെ തിട്ടൂരം മാത്രമാണ് ഈ ഉത്തരവിന് പിന്നിലുള്ളതെന്നാണ് എം.ഇ.എസ്സുമായി അടുപ്പമുള്ളവര്‍ അടക്കം പറയുന്നതെങ്കിലും വിഷയത്തില്‍ എം.ഇ.എസ്സിന് തന്നെയാണ് ഉത്തരവാദിത്തമുള്ളത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില അംഗങ്ങള്‍ രാജിവെച്ചതായും പത്രവാര്‍ത്തകള്‍ കാണാനിടയായി. 

ഇന്ത്യാരാജ്യത്ത് മുസ്ലിം അടയാളങ്ങളായി (Identity) പലതും അറിയപ്പെട്ടിട്ടുണ്ട്. അതില്‍ എല്ലാ കാര്യങ്ങള്‍ക്കും പ്രമാണത്തില്‍ അധിഷ്ഠിതമായ വിശദീകരണങ്ങള്‍ കാണാന്‍ സാധിക്കില്ലെങ്കിലും താടി, തലപ്പാവ്, സ്ത്രീകളുടെ മുഴുനീള വസ്ത്രം, പര്‍ദ, നിഖാബ് തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുസ്ലിം സമുദായാംഗങ്ങള്‍ അവരുടെ വേഷവും അടയാളവുമായി സ്വീകരിച്ചുവരുന്നവയാണ്. എന്നാല്‍ മുസ്ലിം സമുദായത്തില്‍ തന്നെ ഇതൊന്നും സ്വീകരിക്കാത്തവരുമുണ്ട്. ആധുനിക വേഷവിധാനങ്ങള്‍ സ്വീകരിച്ചുവരുന്ന മുസ്ലിംകളുമുണ്ട്. വേഷവിധാനങ്ങളുടെ കാര്യത്തില്‍ മുസ്ലിം സമുദായത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും ചിന്താഗതികളും കാണപ്പെടുന്നുണ്ട്. അവയിലെ ശരിതെറ്റുകള്‍ പണ്ഡിതന്മാര്‍ക്കിടയിലും വിവിധ പ്രസ്ഥാനങ്ങള്‍ക്കിടയിലും പലപ്പോഴും ചര്‍ച്ചയാവുകയും തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് കാരണമാവാറുമുണ്ട്. അതില്‍ ഓരോ വ്യക്തിയും അവരവര്‍ മനസ്സിലാക്കിയതനുസരിച്ച് ജീവിച്ചുവരുന്നു. 

സ്ത്രീകള്‍ മുഖം മറക്കുന്ന കാര്യത്തില്‍ സമുദായത്തിനകത്ത് നിഷിദ്ധം, അനുവദനീയം, ഉത്തമം, നിര്‍ബന്ധം എന്നിങ്ങനെ പ്രധാനമായും നാല് കാഴ്ചപ്പാടാണുളളത്. ഇതിലേതെങ്കിലും ഒരു കാഴ്ചപ്പാട് സ്വീകരിക്കുമ്പോള്‍ തന്നെ ഇതര കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരെ ഉള്‍ക്കൊള്ളാനും സഹിഷ്ണുതയോടെ കാണാനുമാണ് ശ്രമിക്കേണ്ടത്. ഓരോ വിഭാഗത്തിനും പുരോഗമനപരമല്ലെന്നു തോന്നുന്നത് മറ്റൊരു വിഭാഗത്തിന് പുരോഗമനപരമായിരിക്കാം. നേരെ തിരിച്ചും അങ്ങനെ തന്നെ. തല മറക്കുന്നത് തന്നെ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. ശരീരം മുഴുവന്‍ മറയുന്ന സാരി പോലെയുള്ള വസ്ത്രങ്ങളും ആധുനിക കാലഘട്ടത്തില്‍ ശരിയല്ലെന്നും സാരിയില്‍ ചുറ്റിപ്പൊതിഞ്ഞു വീര്‍പ്പുമുട്ടേണ്ട കാര്യമില്ലെന്നും പകരം അല്‍പംകൂടി ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തേക്ക് കാണുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുകയാണ് വേണ്ടതെന്നുമൊക്കെ അഭിപ്രായപ്പെടുന്നവരുണ്ട്. അതുകൊണ്ടുതന്നെ കേവലം ഒരു മുഖം മറക്കല്‍ മാത്രമല്ല ‘പിന്തിരിപ്പന്‍’ ആവുന്നത്. ഓരോരുത്തരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ചിലത് പഴഞ്ചനും അപരിഷ്‌കൃതവുമൊക്കെയായിത്തീരും. അതെല്ലാം ആപേക്ഷികമാണ്. 

മുസ്ലിം സ്ത്രീകളുടെ മുഖാവരണമാണല്ലോ ഇപ്പോള്‍ ചിലര്‍ വിവാദമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിംകളല്ലാത്ത വിഭാഗങ്ങള്‍ പോലും ആശങ്കയോടെയോ ഭയപ്പാടോടെയോ ഇതിനെ നോക്കിക്കാണുന്നില്ല. കഴിഞ്ഞ വര്‍ഷം ഡെന്മാര്‍ക്കില്‍ നിഖാബ് നിരോധിക്കപ്പെട്ടപ്പോള്‍ ആഗസ്റ്റ് 1ന് കോപ്പന്‍ഹേഗനില്‍ നടന്ന പ്രതിഷേധ റാലിയില്‍ അമുസ്ലിംകളടക്കം ധാരാളം പേര്‍ പങ്കെടുത്തിരുന്നു. മതസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമെന്നാണ് റാലിയില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് മുമ്പില്‍ തങ്ങള്‍ തല കുനിക്കാന്‍ തയ്യാറല്ല എന്നും അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. റാലിയില്‍ പങ്കെടുത്ത ഒരു ഡാനിഷ് പൗരന്‍ പറഞ്ഞത് ‘ഞാന്‍ നിഖാബിനു അനുകൂലമോ എതിരോ അല്ല; പക്ഷേ, ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം’ (റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്) എന്നായിരുന്നു. യൂറോപ്പില്‍ ആദ്യമായി മുഖാവരണം നിരോധിച്ച രാജ്യമാണ് ഫ്രാന്‍സ്. ഫ്രാന്‍സ് പാര്‍ലമെന്റില്‍ നിരോധനത്തിനെതിരെ വോട്ട് ചെയ്ത ഏകാംഗമായ ഡാനിയല്‍ ഗെറിഗ് പറഞ്ഞത് വളരെ പ്രസക്തമാണ്: ‘തീവ്ര സ്വഭാവമെന്നു വിശേഷണം നല്‍കിക്കൊണ്ട് നിഖാബിനെതിരെ പൊരുതുന്നത് വഴി ബഹുസ്വരത ഇല്ലാതായി രാജ്യം ഏകാധിപത്യ പ്രവണതയിലേക്ക് വഴുതിവീഴുകയായിരിക്കും ഫലം.’ ഗെറിഗ് പറഞ്ഞു. ഇങ്ങനെ മുഖാവരണ നിരോധനത്തിനെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള മതേതര വാദികള്‍ നല്‍കിയിരുന്ന സന്ദേശം വളരെ വ്യക്തമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെയും മതചിഹ്നങ്ങളെയും ഇല്ലാതാക്കുക വഴി അതാത് സമൂഹങ്ങളില്‍ ഫാസിസമായിരിക്കും തലപൊക്കുന്നത് എന്ന മുന്നറിയിപ്പായിരുന്നു പ്രസ്തുത സന്ദേശം. 

വളരെ നിരുപദ്രവകാരിയായ ഒരു വസ്ത്രരീതിയെ ‘ഭീകരത’യുടെ പര്യായമായി മുദ്രകുത്തി കശാപ്പ് ചെയ്യാനാണ് തീവ്ര സെക്കുലറിസത്തിന്റെ വേഷമണിഞ്ഞവരും ഫാസിസ്റ്റുകളും ഒരു പോലെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ശിവസേന മുഖപത്രമായ സാമ്നയില്‍ എഡിറ്റോറിയലിലൂടെ മുസ്‌ലിം സ്ത്രീകളുടെ മുഖാവരണം നിരോധിക്കണമെന്ന് നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികള്‍ മുഖാവരണം നിരോധിക്കണമെന്ന് മാത്രമല്ല കൂട്ടത്തില്‍ പര്‍ദയും തല മറക്കുന്ന തട്ടവുമെല്ലാം നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏകശിലാത്മക സംസ്‌കാരമെന്ന ആര്‍.എസ്.എസ് മുദ്രാവാക്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് സമാനമായ ആവശ്യവുമായി എം.ഇ.എസ്. പ്രസിഡന്റ് രംഗത്തുവരുന്നത്. ഡോ: ഫസല്‍ ഗഫൂറിന്റെതായി ‘ദ ഹിന്ദു’ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ വായിക്കാം: ‘എം.ഇ.എസ് മുസ്ലിം സ്ത്രീകളെ വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും പൊതുജീവിതത്തിലൂടെയും ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നത് സ്ത്രീ വിരുദ്ധ നടപടിയാണ്. ഈ അടുത്ത കാലത്ത് മാത്രമാണ് കേരളത്തില്‍ അത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.’ തുടര്‍ന്ന് ഫസല്‍ പറയുന്ന കാര്യം ശ്രദ്ധിക്കുക: ‘പര്‍ദ (ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം), ഹിജാബ് (കറുത്ത നിറത്തിലുള്ള, തലയും മുഖത്തിന്റെ ഒരു ഭാഗവും മറയ്ക്കുന്ന വസ്ത്രം), നിഖാബ് (കണ്ണുകള്‍ മാത്രം കാണിക്കുന്ന മുഖം മറക്കുന്ന വസ്ത്രം) എന്നിവ കേരളീയ സമൂഹത്തിനു കാല്‍ നൂറ്റാണ്ടു മുമ്പ് വരെ കേട്ടുപരിചയമില്ലാത്ത കാര്യങ്ങളാണ്.’

ഇവിടെയാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. പ്രത്യക്ഷത്തില്‍ ഇപ്പോള്‍ നിഖാബിനു മാത്രം നിരോധനം കൊണ്ടുവരികയും തുടര്‍ന്ന് തലമറക്കുന്ന സ്‌കാര്‍ഫ്, ശരീരം മുഴുവന്‍ മറയുന്ന പര്‍ദ എന്നിവക്കെതിരെ കൂടി പ്രചാരണവും ബോധവല്‍ക്കരണവും നടത്തി ഭാവിയില്‍ അവ കൂടി നിരോധനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുവാനുള്ള ഗൂഢതന്ത്രം ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നുവെന്നത് വളരെ വ്യക്തമാണ്. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവിടത്തെ വസ്ത്രരീതികള്‍ എങ്ങനെയായിരിക്കണമെന്ന് നിഷ്‌കര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന ന്യായം പറച്ചിലാണ് ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എം.ഇ.എസ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും വാങ്ങിയിട്ടുള്ള വിധിക്ക് കാരണമായി അവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വിധി കേരള ഹൈക്കോടതി 2018 ഡിസംബര്‍ 4ന് പുറപ്പെടുവിച്ച ഒരു വിധിയാണ്. ഒരു ക്രിസ്ത്യന്‍ സ്‌കൂളില്‍ രണ്ടു മുസ്ലിം വിദ്യാര്‍ഥിനികള്‍ അവര്‍ക്ക് തല മറക്കാനും മുഴുക്കൈ കുപ്പായം ധരിക്കാനുമുള്ള അവകാശത്തിനായി നല്‍കിയ പെറ്റിഷന്‍ തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് അത്. പ്രസ്തുത വിധിയെ ഉപയോഗപ്പെടുത്തി എം.ഇ.എസ്. എന്ന മുസ്ലിം സംഘടന ഇത്ര ലാഘവത്തോടെ പ്രവര്‍ത്തിക്കാന്‍ പാടുണ്ടോ? തലമറക്കാനും ഫുള്‍ സ്ലീവ് കുപ്പായം ധരിക്കാനുമുള്ള അവകാശം മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് നിഷേധിച്ചുകൊണ്ട് ഒരു ക്രിസ്ത്യന്‍ സ്‌കൂളിന് അനുകൂലമായി കോടതി നല്‍കിയ വിധിയെ ഉത്തരവാദപ്പെട്ട ഒരു മുസ്ലിം സംഘടന അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിക്കാനും പര്‍ദക്കെതിരെ സൂചനകള്‍ നല്‍കാനുമൊക്കെ ഉപയോഗിക്കുന്നത് സ്വന്തം സമുദായത്തോട് ചെയ്യുന്ന വഞ്ചനയും ക്രൂരതയുമല്ലാതെ മറ്റെന്താണ്?

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4ന് ഫാത്തിമ തസ്‌നീം, ഹഫ്‌സ പര്‍വീണ്‍ എന്നീ സഹോദരിമാരായ രണ്ടു മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇസ്ലാമിക വേഷവിധാനം സ്വീകരിച്ചുകൊണ്ട് പഠിക്കാനുള്ള അവകാശം സ്‌കൂള്‍ അധികൃതര്‍ തടഞ്ഞപ്പോള്‍ അവര്‍ കോടതിയില്‍ പോവുകയും കോടതി സ്‌കൂളിന് അനുകൂലമായ വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തു. പക്ഷേ, എം.ഇ.എസ്സിന് ഈ വിധി എങ്ങനെയാണ് അനുകൂലമാവുന്നത്? കോടതിയുടെ വിധി പ്രസ്താവത്തില്‍ പറയുന്ന സുപ്രധാന ഭാഗം ഇങ്ങനെയാണ്: ‘വിദ്യാര്‍ഥികളുടെതും സ്‌കൂളിന്റെതും ഒരു പോലെ മൗലികാവകാശമാണ്. മൗലികാവകാശങ്ങള്‍ രണ്ടു തരമാണ്. ഒന്ന് പൂര്‍ണമായ അവകാശമുള്ളത്. മറ്റൊന്ന് ആപേക്ഷികമായത്. മതപരമായ അവകാശങ്ങള്‍ ആപേക്ഷിക അവകാശങ്ങളിലാണ് പെടുന്നത്. ഒരാള്‍ക്ക് അയാള്‍ ഇച്ഛിക്കുന്നതുപോലെ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് (Private entity) അവരുടെ രീതിക്കനുസരിച്ച് സ്ഥാപനം ഭരിക്കാനുള്ള അവകാശവുമുണ്ട്.’ വിദ്യാര്‍ഥികളുടെ മൗലികാവകാശത്തെക്കാള്‍ സ്ഥാപനത്തിന്റെ മൗലികാവകാശത്തിനാണ് മുന്‍തൂക്കമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 

ക്രൈസ്റ്റ് നഗര്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളാണെന്നു മറച്ചുപിടിച്ചുകൊണ്ടാണ് എം.ഇ.എസ്. സംസാരിക്കുന്നത്. വിധി പ്രസ്താവത്തില്‍ ‘സ്വകാര്യ സംരംഭം അഥവാ Private Entity എന്ന് കോടതി പ്രസ്താവിച്ചത് വെറുതെയല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടെ സംസ്‌കാരമനുസരിച്ചു സ്ഥാപനങ്ങള്‍ ഉണ്ടാക്കാനുള്ള മൗലികാവകാശം വകവെച്ചുകൊടുത്തിട്ടുണ്ട്. അവിടങ്ങളില്‍ അതാത് മാനേജ്മെന്റുകള്‍ക്ക് വസ്ത്രരീതിയടക്കമുള്ള ചട്ടങ്ങള്‍ ആവിഷ്‌കരിക്കാം. പക്ഷേ, അവ പൂര്‍ണമായും ‘സ്വകാര്യ സ്ഥാപനം’ തന്നെയായിരിക്കണം. അവ സര്‍ക്കാര്‍ ശമ്പളം കൊടുത്തുകൊണ്ട് നടത്തപ്പെടുന്നവയായിരിക്കരുത്. ചട്ടങ്ങളില്‍ വിവേചനപരമായവ ഉണ്ടാവാനും പാടില്ല.

2008ലെ വളരെ പ്രസിദ്ധമായ ‘താടിക്കേസിലെ’ വിധികളും വാദങ്ങളും പഠിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും. മധ്യപ്രദേശിലെ ഒരു ക്രിസ്ത്യന്‍ സ്‌കൂളായ നിര്‍മല കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുകയായിരുന്ന മുഹമ്മദ് സലീം എന്ന പത്താം ക്ലാസുകാരന്‍ ഇസ്ലാമിക വിശ്വാസമനുസരിച്ച് താടി വെക്കുകയുണ്ടായി. എന്നാല്‍ സ്‌കൂള്‍ നിയമമനുസരിച്ച് താടിവെക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അക്കാരണത്താല്‍ ആ വിദ്യാര്‍ഥി അവിടെ നിന്നും പുറത്താക്കപ്പെട്ടു. സലീം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. സ്‌കൂള്‍ മൈനോറിറ്റി പദവിയുള്ളതായതുകൊണ്ട് കോടതി സ്‌കൂളിന് അനുകൂലമായി വിധിച്ചു. സലീം സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ സലീമിന്റെ അഭിഭാഷകന്‍ ബി.എ.ഖാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പൗരന് നല്‍കുന്ന മത സ്വാതന്ത്ര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വാദിച്ചു. സ്‌കൂളില്‍ പഠിക്കുന്ന സിഖ് വിദ്യാര്‍ഥികള്‍ക്ക് താടി വെക്കാനും തലപ്പാവ് ധരിക്കാനുമുള്ള അനുമതി അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. പക്ഷേ, സുപ്രീം കോടതി സലീമിന്റെ അഭിഭാഷകനോട് ഒരു കാര്യം മാത്രം അന്വേഷിച്ചു; സ്‌കൂള്‍ സര്‍ക്കാര്‍ സഹായം (ശമ്പളം) ലഭിക്കുന്ന സ്ഥാപനമാണോ എന്ന്. കാരണം ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് സ്‌കൂളുകള്‍ ഭരണഘടനാപരമായി രാഷ്ട്രത്തിന്റെ പൊതുസ്ഥാപനമായിട്ടാണ് പരിഗണിക്കപ്പെടുക. മൗലികാവകാശങ്ങള്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമെ പരിഗണിക്കാവൂ എന്നാണ് സുപ്രീം കോടതി പറഞ്ഞത്. നിര്‍മല കോണ്‍വെന്റ് ഒരു സ്വാശ്രയ സ്വകാര്യ സ്ഥാപനമാണ്. അവ സ്ഥാപിക്കപ്പെടുന്നത് ആര്‍ട്ടിക്കിള്‍ 30 അനുസരിച്ചാണ്. അവര്‍ക്ക് സ്വന്തമായ ചട്ടങ്ങള്‍ നിര്‍മിക്കാനുള്ള അധികാരമുണ്ട്. ‘താടി താലിബാനിസം’ ആണെന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം ഈ കേസിന്റെ വിസ്താരത്തിനിടയിലായിരുന്നു. അദ്ദേഹം പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചു. പിന്നീട് സുപ്രീം കോടതി തന്നെ ഒരു ഇടക്കാല ഉത്തരവിലൂടെ സലീമിനെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്നും കേവലം ഒരു താടിയുടെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ പറ്റില്ലെന്നും വിധിക്കുകയുണ്ടായി. 

ഈ വിധിയില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ക്ക് എതിരെ ചട്ടങ്ങള്‍ നിര്‍മിക്കാന്‍ അവകാശമില്ല. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സഹായം കിട്ടാത്ത സ്വാശ്രയ സ്ഥാപനങ്ങളില്‍ മാത്രമെ ഇത്തരം ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരമുള്ളൂ. അവയില്‍ തന്നെയും ഒരു വിഭാഗത്തിന് മാത്രമായി വിവേചനം പാടില്ല. സിഖുകാര്‍ക്ക് അവരുടെ വിശ്വാസപ്രകാരമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കാമെങ്കില്‍ ഇതര സമുദായങ്ങള്‍ക്കും അതുപോലെ പ്രവര്‍ത്തിക്കാം. വിവേചനം പാടില്ല. അത് ഭരണഘടനാവിരുദ്ധമാണ്. 

കേരളത്തിലെ നൂറോളം വരുന്ന എം.ഇ.എസ്. സ്ഥാപനങ്ങളില്‍ ഇനി മുതല്‍ മുഖാവരണം പാടില്ലെന്ന് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ എല്ലാ എം.ഇ.എസ്. സ്ഥാപനങ്ങളിലും ശമ്പളം കൊടുക്കുന്നത് എം.ഇ.എസിന്റെ ഓഫീസില്‍ നിന്നോ പ്രസിഡന്റിന്റെ വീട്ടില്‍ നിന്നോ അല്ലെന്ന കാര്യം ഓര്‍ക്കണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് അവിടെ ശമ്പളം നല്‍കുന്നത്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ഏതു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് പഠിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. ഭരണഘടനക്കപ്പുറം ഒരു സ്ഥാപന മാനേജ്‌മെന്റിനും നിയമങ്ങളുണ്ടാക്കാന്‍ സാധിക്കില്ല. അത് നിലനില്‍ക്കില്ല. സര്‍ക്കുലറുകളും ലെറ്റര്‍പാഡും സീലുമൊക്കെ അല്‍പകാലത്തേക്ക് ഉപയോഗിക്കാമെന്ന് മാത്രം. 

എം.ഇ.എസ്സിനോ ഇതര സ്ഥാപന മാനേജുമെന്റുകള്‍ക്കോ തങ്ങളുടെ സ്ഥാപനങ്ങളില്‍ മുഖാവരണം ധരിച്ച് വിദ്യാര്‍ഥിനികള്‍ വരുന്നതുകൊണ്ട് പ്രായോഗികമായ ബുദ്ധിമുട്ടുകളോ മറ്റു അക്കാദമികമായ പോരായ്മകളോ ഉണ്ടെന്ന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സമുദായത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചും സമുദായത്തിന്റെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയുമല്ല നടപടികള്‍ സ്വീകരിക്കേണ്ടത്. കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ചര്‍ച്ച നടത്തി ഒരു സമവായം സൃഷ്ടിക്കുവാനും പരിഹാരം കണ്ടെത്താനുമാണ് നോക്കേണ്ടിയിരുന്നത്. മുത്ത്വലാഖ് വിഷയത്തില്‍ അത് നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന വിഭാഗങ്ങള്‍ പോലും മുത്ത്വലാഖ് നിരോധിക്കുന്നതിനെതിരെ രംഗത്തുവരികയും സമുദായത്തില്‍ അക്കാര്യത്തില്‍ ഒരു സമവായം സൃഷ്ടിക്കുകയും ചെയ്ത കാര്യം നാം വിസ്മരിക്കരുത്. മുഖം മറക്കുന്നത് ഇഷ്ടമില്ലാത്തവരും മുഖം മറക്കുന്ന ന്യൂനപക്ഷത്തിന്റെ കൂടെ നിന്നുകൊണ്ട് അവരുടെ അവകാശം ഹനിക്കപ്പെടുന്നില്ലെന്നു അവരെ ബോധ്യപ്പെടുത്തി ഈ ഫാസിസ്റ്റുകാലത്ത് സമുദായത്തിനിടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാതെ നോക്കുകയാണ് വേണ്ടത്. 

 മുഖം മറക്കുന്ന സഹോദരിമാരെ മുഴുവന്‍ ഇടിച്ചുതാഴ്ത്തുന്നവരും അവര്‍ സമുദായത്തിനോ സമൂഹത്തിനോ കൊള്ളാത്തവരാണെന്നും അവര്‍ തീവ്രവാദികളാണെന്നും ആക്ഷേപിക്കുന്നവരുമാണ് യഥാര്‍ഥത്തില്‍ തീവ്രവാദം മനസ്സില്‍ സൂക്ഷിക്കുന്നവര്‍. അസഹിഷ്ണുതയുടെ ഭാണ്ഡങ്ങളാണ് അവര്‍ പേറിക്കൊണ്ടിരിക്കുന്നത്. മുഖം മറക്കുന്ന സ്ത്രീജനങ്ങളില്‍ പലരും വളരെ പെട്ടെന്ന് അവരുടെ മുഖാവരണങ്ങള്‍ അഴിച്ചുമാറ്റാവുന്ന മാനസികാവസ്ഥയിലല്ല ഉള്ളത്. ചെറുപ്പം മുതല്‍ ധരിക്കുകയും പാരമ്പര്യമായി ശീലിച്ചുവന്നിട്ടുമുള്ള ധാരാളം പേര്‍ അവരുടെ കൂട്ടത്തിലുണ്ട്. തല മറക്കുന്ന ഒരു സ്ത്രീയുടെ തലയില്‍ നിന്നും തട്ടം അഴിഞ്ഞുപോവുമ്പോള്‍ ഉണ്ടാവുന്ന അതേ പ്രയാസം മുഖം മറച്ചു ശീലിച്ച ഒരു സ്ത്രീയുടെ മുഖത്തുനിന്നും അവ നീങ്ങുമ്പോള്‍ കാണും. മുഖം മറച്ചുവെന്ന കാരണത്താല്‍ വിദ്യാഭ്യാസം നിഷേധിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനം കൂടിയായിരിക്കും. മുഖം മറച്ചതിന്റെ പേരില്‍ മാത്രം സാമൂഹിക പരിസരങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തിയാല്‍ നിരക്ഷരരും വിദ്യാഭ്യാസമില്ലാത്തവരുമായ ഒരു സമൂഹത്തെയായിരിക്കും അതുവഴി ഭാവിയില്‍ സമുദായത്തിനേറ്റെടുക്കേണ്ടി വരിക.

മുഖം മറക്കുന്നവര്‍ക്ക് മറക്കാത്തവരോടും പുച്ഛവും വെറുപ്പും ഉണ്ടാവേണ്ടതില്ല. നിങ്ങള്‍ക്ക് മറക്കാനുള്ള സ്വാതന്ത്ര്യമുള്ള പോലെ മറക്കാതിരിക്കാന്‍ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. മതവിഷയങ്ങളില്‍ പ്രവാചകന്റെയും സച്ചരിതരായ സലഫിന്റെയും മാര്‍ഗം സ്വീകരിക്കുമ്പോഴാണ്  മധ്യമ മാര്‍ഗത്തില്‍ എത്തിച്ചേരുക എന്ന് മുസ്ലിം സമുദായം തിരിച്ചറിയേണ്ടതുണ്ട്. അഭിപ്രായാന്തരങ്ങള്‍ക്കിടയിലും സഹിഷ്ണുതയുടെ മാര്‍ഗമാണ് അവര്‍ പഠിപ്പിച്ചത്. 

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചൂണ്ടിക്കാണിച്ച പോലെ മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതി ഉണ്ടാവണമെങ്കില്‍ അവര്‍ ജീവിക്കുന്ന ശൈലികളെയും അവരുടെ സംസ്‌കാരങ്ങളെയും അനുവദിച്ചുകൊണ്ട് തന്നെ പഠനം നടത്താനും ജോലി ചെയ്യാനും പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും സാധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന വരേണ്യവര്‍ഗങ്ങളില്‍ മാത്രമായി വിദ്യാഭ്യാസം ചുരുങ്ങിപ്പോകും. സമുദായ നേതൃത്വം ഈ വിഷയം ഗൗരവത്തില്‍ കണ്ടില്ലെങ്കില്‍ ഇസ്ലാമിക സംസ്‌കാരവും മുസ്‌ലിം അടയാളങ്ങളും അന്യംനിന്നു പോകുന്ന കാലം അനതിവിദൂരമല്ല.

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക

പ്രശസ്തി ആഗ്രഹിക്കുന്നവരോട്

പ്രശസ്തി ആഗ്രഹിക്കുന്നവരോട്

പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ വന്നുചേരുന്ന പ്രശസ്തിയും സ്ഥാനവും പലപ്പോഴും പലര്‍ക്കും വലിയ പരീക്ഷണങ്ങളാവാറുണ്ട്. ഒരാള്‍ക്ക് അയാളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രശസ്തി വന്നുചേരുന്നതിനെ മതം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരാള്‍ പ്രശസ്തി മാത്രം ആഗ്രഹിച്ചു കൊണ്ട് പ്രവര്‍ത്തിച്ചാല്‍ അത് അവനെ അപകടത്തിലേക്ക് എത്തിക്കും. 

പ്രശസ്തി ആഗ്രഹിക്കാത്തര്‍

പ്രമുഖ പണ്ഡിതനായ ഫുളൈല്‍ ഇബ്‌നു ഇയാദ്(റഹി) പറഞ്ഞു: ‘ആരെങ്കിലും പ്രശസ്തനാകുവാന്‍ ആഗ്രഹിച്ചാല്‍ അവനൊരിക്കലും പ്രശസ്തനാവുകയില്ല. എന്നാല്‍ പ്രശസ്തനാകുന്നതിനെ വല്ലവനും വെറുത്താല്‍ അവന്‍ പ്രശസ്തനാവുകയും ചെയ്യും.’ 

ഇസ്‌ലാമിക ചരിത്രത്തിലെ പ്രശസ്തരായവരെ എടുത്തു നോക്കൂ, അവരാരും ഇഹലോകത്തെ സ്ഥാനമാനങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നില്ല. അബൂബക്കര്‍ ബിന്‍ ഹയ്യാശിനോട് ചോദിച്ചു: ‘ചിലര്‍ ജനങ്ങളെ പഠിപ്പിക്കാന്‍ വേണ്ടി പള്ള ിയില്‍ ഇരിക്കുന്നു. അപ്പോള്‍ ജനങ്ങള്‍ അവര്‍ക്കു ചുറ്റും ഇരിക്കും. എന്തു കൊണ്ടാണത്?’ അദ്ദേഹം പറഞ്ഞു: ‘ആരെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി ഇരുന്നാല്‍ ജനങ്ങള്‍ അയാള്‍ക്ക് ചുറ്റും ഇരിക്കും. അത് സ്വാഭാവികമാണ്. എന്നാല്‍ (അങ്ങനെ ദീന്‍ പഠിപ്പിക്കുന്ന) അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ മരണപ്പെട്ടാല്‍ അവരുടെ മരണ ശേഷം അവരെ ജനങ്ങള്‍ ഓര്‍ത്തു കൊണ്ടിരിക്കും. അതു പോലെ ബിദ്അത്തിന്റെ ആളുകളും മരണപ്പെടും. അതോടെ അവരെക്കുറിച്ചുള്ള സ്മരണകളും മരിക്കും.’

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) ഇതിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: ”അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ നബി ﷺ കൊണ്ടുവന്നത് ജീവിപ്പിക്കാന്‍ വേണ്ടി പരിശ്രമിച്ചവരാണ്. അതുകൊണ്ട് തന്നെ നബി ﷺ യോട് അല്ലാഹു പറഞ്ഞ ‘താങ്കളുടെ കീര്‍ത്തിയെ ഞാന്‍ ഉയര്‍ത്തിയിരിക്കുന്നു’എന്ന വാഗ്ദാനം ഈ പണ്ഡിതന്മാര്‍ക്കും ലഭിക്കും.(അവര്‍ക്ക് പ്രശസ്തി ലഭിക്കും). ബിദ്അത്തിന്റെ ആളുകള്‍ നബി ﷺ കൊണ്ടുവന്നതിനെ എതിര്‍ത്തവരാണ്. അതുകൊണ്ട് തന്നെ അല്ലാഹു നബി ﷺ യോട് പറഞ്ഞതിന്റെ ഒരു വിഹിതം ഇവര്‍ക്കും ലഭിക്കും: ‘തീര്‍ച്ചയായും അവര്‍ തന്നെയാണ് വാലറ്റവര്‍…” (അവരെ ആരും ഓര്‍ക്കണെമന്നില്ല).

മദ്ഹബിന്റെ ഇമാമുകളായ ഇമാം മാലിക് (റഹി), ഇമാം അബൂഹനീഫ(റഹി), ഇമാം ശാഫിഈ (റഹി), ഇമാം അഹ്മദ്(റഹി), ഇമാം ബുഖാരി(റഹി), ഇമാം മുസ്‌ലിം (റഹി), പ്രമുഖ പണ്ഡിതന്മാരായ ശൈഖ് ഇബ്‌നുബാസ്(റഹി), ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (റഹി) തുടങ്ങിയ എത്രയോ മഹാപണ്ഡിതന്മാരെക്കുറിച്ച് ചിന്തിക്കുക. ഇവരൊന്നും പേരിനും പ്രശസ്തിക്കും വേണ്ടി ദീനീസേവനം ചെയ്തവരല്ല. എന്നാല്‍ എത്ര പ്രശസ്തരാണവര്‍!

വന്നുചേരുന്ന പ്രശസ്തി

അബൂദര്‍റ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: ഒരു വ്യക്തി ഒരു പ്രവര്‍ത്തനം ചെയ്യുന്നു. അതിലൂടെ അയാള്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ വജ്ഹ് (പ്രതിഫലം) മാത്രമാണ്. എന്നാല്‍ ആ പ്രവര്‍ത്തനം മൂലം അയാളെ ആളുകള്‍ വല്ലാതെ ഇഷ്ടപ്പെടുകയും പുകഴ്ത്തുകയും ചെയ്യുന്നു. അതിനെക്കുറിച്ച് നബി ﷺ യോട് ചോദിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അത് സത്യവിശ്വാസിക്ക് പെട്ടെന്ന് ലഭിക്കുന്ന സന്തോഷ വാര്‍ത്തകളാണ്…'(മുസ്‌ലിം). 

ഈ ഹദീഥിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റഹി) ഇപ്രകാരം പറയുന്നുണ്ട്: ‘ഇത് അല്ലാഹു അദ്ദേഹത്തെ ഇഷ്ടപ്പെട്ടതിന്റെ അടയാളമാണ്. ഇതെല്ലാം അയാള്‍ക്ക് ലഭിക്കുന്നത് പ്രശസ്തിയെ ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുമ്പോഴാണ്.’ 

നമ്മുടെ മുന്‍ഗാമികള്‍ അവരുടെ നന്മകള്‍ മറച്ചുവെച്ചരായിരുന്നു. പ്രശസ്തി അവര്‍ ആഗ്രഹിച്ചിരുന്നില്ല. അത് അവരുടെ ആത്മാര്‍ഥതകൊണ്ടും ലോകമാന്യത്തെ അവര്‍ ഭയപ്പെട്ടതു കൊണ്ടുമാണ്. 

മുഹമ്മദ്ബ്‌നു അലാഅ്(റഹി) പറഞ്ഞു: ‘ആരെങ്കിലും അല്ലാഹുവിനെ ഇഷ്ടപ്പെട്ടാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തനാകുന്നതിനെ അയാള്‍ ഇഷ്ടപ്പെടില്ല.’ 

അയ്യൂബു സിഖ്ത്തിയാനി(റഹി) പറഞ്ഞു: ‘എന്നെക്കുറിച്ച് ജനങ്ങള്‍ അവരുടെ സംസാരങ്ങളില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അതിനെ ഇഷ്ടപ്പെട്ടിട്ടില്ല.’ 

മുത്‌റഫ് ഇബ്‌നു അബ്ദുല്ല അശ്ശിഖിര്‍(റഹി) പറഞ്ഞു: ‘ഞാന്‍ രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും നേരും പുലരുമ്പോള്‍ ജനങ്ങളെല്ലാം എന്റെ ആരാധനെയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതിനെക്കാള്‍ എനിക്കിഷ്ടം രാത്രി നമസ്‌കരിക്കാതെ ഉറങ്ങുകയും നേരം പുലരുമ്പോള്‍ ആ നമസ്‌കാരം നഷ്ടപ്പെട്ടതില്‍ ഞാന്‍ ഖേദിക്കുകയും ചെയ്യുന്നതിനെയാണ്.’

പ്രശസ്തിക്ക് വേണ്ടി കര്‍മങ്ങള്‍ ചെയ്യുന്നതിലെ അപകടം തിരിച്ചറിഞ്ഞതിനാലാണ് ഈ മഹാന്മാര്‍ഇങ്ങനെ പറഞ്ഞിരിക്കുന്നത്. 

ഇത് വായിക്കുന്നവരില്‍ ഇസ്‌ലാമിക പ്രബോധകരുണ്ട്. ഇസ്‌ലാമിന് വേണ്ടി സമ്പത്ത് ചെലവഴിക്കുന്നവരുണ്ട്. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ കായികമായി അധ്വാനിക്കുന്നവരുണ്ട്. ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുണ്ട്. 

നാം സ്വയം ചോദിക്കുക. എന്തിനാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍? പ്രശസ്തി ആഗ്രഹിച്ചാണോ നാം അധ്വാനിക്കുന്നത്? പേരും പ്രശസ്തിയും ലഭിക്കാതിരിക്കുമ്പോള്‍ നിരാശ നമ്മെ പിടികൂടാറുണ്ടോ? 

തങ്ങള്‍ നടത്തുന്ന പ്രസംഗങ്ങളും ക്ലാസുകളും മറ്റും പ്രശസ്തിയിലേക്കുള്ള പടവുകളായി മാറണമെന്ന് പണ്ഡിതന്മാര്‍ ആഗ്രഹിക്കാറുണ്ടോ? മതരംഗത്ത് സമ്പത്ത് വിനിയോഗിച്ചത് എന്തു നേട്ടം ആഗ്രഹിച്ചാണ് എന്ന് സമ്പന്നര്‍ ചിന്തിക്കട്ടെ. എഴുത്തുകള്‍ കൊണ്ട് ഇസലാമിനെ സഹായിച്ചവര്‍ പേന പിടിച്ചത് ഏത് ഉദ്ദേശത്തിലാണെന്ന് ഓര്‍ത്തുനോക്കട്ടെ. തങ്ങളുടെആരോഗ്യവും ഒഴിവു സമയവും ദീനിന് വേണ്ടി മാറ്റിവെച്ചവര്‍ ‘സജീവ പ്രവര്‍ത്തകര്‍’ എന്ന സല്‍പേര് ലഭിക്കാന്‍ വേണ്ടിയാണോ പ്രവര്‍ത്തിച്ചത് എന്ന് ചിന്തിക്കണം. 

ആലോചിക്കുക, സ്വയം വിലയിരുത്തുക. പരലോക വിജയം നഷ്ടപ്പെടാതിരിക്കാന്‍ ബുദ്ധിപൂര്‍വം ജീവിക്കുക.

പ്രമുഖനായ ഒരു പണ്ഡിതന്റെ ലേഖനത്തെ അവലംബിച്ച് എഴുതിയതാണ് ഈ ചെറുകുറിപ്പ്. അല്ലാഹു അദ്ദേഹത്തിന് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. 

 

സമീര്‍ മുണ്ടേരി
നേർപഥം വാരിക

റജബ് മാസവും അനാചാരങ്ങളും

റജബ് മാസവും അനാചാരങ്ങളും

ഇസ്‌ലാമിന്റെ  യഥാര്‍ഥ രൂപം വികൃതമാക്കുകയും ജനങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടാക്കുകയും ചെയ്യുന്നവിധം പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തിന്റെ ലേബലില്‍ പ്രചരിപ്പിക്കുകയും ഏറെക്കുറെ അവ പാമരന്മാരായ ജനങ്ങളില്‍ സ്വാധീനം നേടുകയും ചെയ്യുന്നത് എക്കാലത്തും കാണാന്‍ കഴിയുന്ന ഒരു കാര്യമാണ്.  

മതത്തിന്റെ പേരില്‍ ഒരു കര്‍മം ചെയ്യുമ്പോള്‍ ക്വുര്‍ആനിലോ തിരുസുന്നത്തിലോ അത്  സ്ഥിരപ്പെട്ടതാണോ എന്ന് അറിയല്‍ അനിവാര്യമാണ്. 

അല്ലാഹു പറയുന്നത് കാണുക: ”ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനു വേണ്ടി അതിന്റെതായ പ്രവര്‍ത്തനം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അത്തരക്കാരുടെ പ്രവര്‍ത്തനം നന്ദിപൂര്‍വം സ്വീകരിക്കപ്പെടും (പ്രതിഫലാര്‍ഹമായിരിക്കും)”(അല്‍ഇസ്‌റാഅ് 19).

പരലോകം ലക്ഷ്യംവെച്ച് നാം പ്രവര്‍ത്തിക്കുന്ന ഏത് കാര്യവും മുകളില്‍ സൂചിപ്പിച്ച ക്വുര്‍ആന്‍ വചനത്തില്‍ പറയുന്ന നിബന്ധനകള്‍ക്ക് അനുസരിച്ചാണോ എന്ന് നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം പ്രവര്‍ത്തനങ്ങള്‍ നഷ്ടത്തിലായിരിക്കും കലാശിക്കുക എന്ന് ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

റജബ് മാസം അല്ലാഹു പവിത്ര മാസങ്ങളായി പ്രഖ്യാപിച്ച നാല് മാസങ്ങളില്‍ ഒന്നാണ്. ക്വുര്‍ആന്‍ അത് ഇപ്രകാരം വ്യക്തമാക്കുന്നു: ”ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് മാസങ്ങളുടെ എണ്ണം അല്ലാഹുവിങ്കല്‍ പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു”(അത്തൗബ 36). 

അവ ഏതൊക്കെയാണെന്ന് ഹദീഥിലൂടെ വ്യക്തമാക്കുന്നുണ്ട്. ദുല്‍ക്വഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിങ്ങനെ തുടരെവരുന്ന മൂന്ന് മാസങ്ങളും മറ്റൊന്ന് ജമാദുല്‍ ആഖിറിന്റെയും ശഅ്ബാനിന്റെയും ഇടയിലായി വരുന്ന റജബ് മാസവുമാകുന്നു അത്. (ബുഖാരി, മുസ്‌ലിം).

എന്നാല്‍ റജബ് മാസം യുദ്ധം വിലക്കപ്പെട്ട മാസങ്ങളില്‍ ഒന്നാണ് എന്ന് പഠിപ്പിച്ച പ്രവാചകന്‍ ﷺ പ്രസ്തുത മാസത്തില്‍ മറ്റു മാസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏതെങ്കിലും നിലക്കുള്ള ഇബാദത്തുകളോ (ആരാധനകള്‍), പ്രാര്‍ഥനകളോ, കീര്‍ത്തനങ്ങളോ പ്രത്യേകമായി നിര്‍വഹിക്കുകയോ ഉരുവിടുകയോ ചെയ്തതായി പ്രമാണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല. സ്വഹാബികളും അങ്ങനെ ചെയ്തിട്ടില്ല. ഉത്തമ നൂറ്റാണ്ടുകള്‍ എന്ന് പ്രവാചകന്‍ ﷺ വിശേഷിപ്പിച്ച ആദ്യ മൂന്ന് നറ്റാണ്ടുകളില്‍ ജീവിച്ച സലഫുസ്സ്വാലിഹുകളില്‍ നിന്നും അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമില്ല. 

അത്‌കൊണ്ട് തന്നെ റജബ് മാസത്തിന്റെ പ്രത്യേകതയായി പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഏതാനും വിഷയങ്ങളും അവയുടെ സത്യാവസ്ഥയും വ്യക്തമാക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.   

1. മിഅ്‌റാജ് മാസമെന്ന് കരുതി ആദരവ് കല്‍പിക്കല്‍ 

റജബ് മാസത്തിലാണ് നബി ﷺയുടെ മിഅ്‌റാജ് നടന്നിട്ടുള്ളത് എന്ന് കരുതി പ്രത്യേകമായി ആദരവു കല്‍പിക്കുന്നതിന് മതപ്രമാണങ്ങളില്‍ നിന്നുള്ള തെളിവുകളുടെ പിന്‍ബലമില്ല; നബി ﷺയുടെ ജീവിതത്തിലുണ്ടായിട്ടുള്ള അത്ഭുതസംഭവങ്ങളായ ഇസ്‌റാഉം മിഅ്‌റാജും നടന്നിട്ടുള്ളത് ഏത് മാസത്തിലാണ് എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. ഇനി പ്രസ്തുത സംഭവം നടന്നത് ഇന്ന മാസമാണെന്ന് തെളിഞ്ഞാല്‍ തന്നെ അതുമായി ബന്ധപ്പെട്ട് പ്രത്യേകമായി ഒരുതരത്തിലുള്ള ഇബാദത്തും മുസ്‌ലിംകള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിട്ടില്ല.

2. റഗാഇബ് നമസ്‌കാരം

റജബ് മാസത്തിലെ ആദ്യവെള്ളിയാഴ്ച രാത്രി ‘റഗാഇബ്’ എന്ന പേരില്‍ പ്രത്യേക സുന്നത്തു നമസ്‌കാരമുള്ളതായി വന്നിട്ടുള്ള എല്ലാ ഹദീഥുകളും ദുര്‍ബലവും ബാത്വിലുമാണ് എന്ന് ഇബ്‌നു റജബ്(റഹി) തന്റെ ‘ലത്വാഇഫ്’ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍ഗാമികളില്‍നിന്ന് ആരുംതന്നെ ഇങ്ങനെയൊരു നമസ്‌കാരത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ അത് ബിദ്അത്തും പ്രവര്‍ത്തിക്കല്‍ കുറ്റകരവുമാണ്. ഈ നമസ്‌കാരം തെളിവിന്റെ പിന്‍ബലമില്ലാത്തതും നിര്‍വഹിക്കല്‍ കുറ്റകരവുമാണ് എന്ന് ഇമാം അബൂശാമ(റഹി) തന്റെ ‘അല്‍ബാഇഥു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിഥി’ (പേജ് 174) എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

3. റജബ്മാസത്തിലെ നോമ്പ് 

റജബ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച നോമ്പ് നോല്‍ക്കുന്നത് സുന്നത്താണ് എന്ന് കരുതി അത് അനുഷ്ഠിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാല്‍ എന്താണ് മതം, അതെങ്ങനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്ന് പഠിപ്പിച്ചു തരാന്‍ നിയുക്തനായ പ്രവാചകന്‍ ﷺ തന്റെ ജീവിതത്തില്‍ അനുഷ്ഠിക്കുകയും അനുചരന്മാരെ പഠിപ്പിക്കുകയും ചെയ്ത നോമ്പുകള്‍ ഏതൊക്കെയാണ് എന്നത് ഹദീഥ് ഗ്രന്ഥങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട്. അക്കൂട്ടത്തില്‍ റജബ് മാസത്തില്‍ മാത്രമായി സുന്നത്തുള്ള ഒരു നോമ്പ് നമുക്ക് കാണാന്‍ കഴിയുന്നില്ല. അത്‌കൊണ്ട് തന്നെ അത്തരത്തിലുള്ള നോമ്പ് പിന്നീടുണ്ടായ ദുരാചാരമാണ് എന്നതില്‍ സംശയമില്ല. ദുരാചാരങ്ങള്‍ നരകത്തിലേക്ക് മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കുന്ന ദുര്‍മാര്‍ഗമാണ് എന്ന് നബി ﷺ തന്റെ എല്ലാ ഖുത്വുബകളുടെയും ആമുഖമായി സൂചിപ്പിക്കാറുള്ളതാണ്.  

അപ്രകാരം തന്നെ  റജബ് ഇരുപത്തിയേഴിനോ അതല്ലെങ്കില്‍ റജബ് മാസം മുഴുവനായോ നോമ്പ് നോല്‍ക്കുന്നതായും കണ്ടുവരുന്നു. ഇതും സ്വഹീഹായ ഹദീഥിന്റെ പിന്‍ബലമില്ലാത്ത കാര്യമാണ്. ഇക്കാര്യം ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) അദ്ദേഹത്തിന്റെ ‘തബ്‌യീനുല്‍ ഉജ്ബ് ഫീമാ വറദ ഫീ ശഹ്‌രി റജബ്'(പേജ് 9,19,64) എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

4. തൊണ്ണൂറ്റിയാറ് നോമ്പ് 

റമദാനിലെ നിര്‍ബന്ധ നോമ്പും ശവ്വാലിലെ ആറ് സുന്നത്ത് നോമ്പുമടക്കം റജബ്, ശഅ്ബാന്‍ എന്നീ രണ്ട് മാസങ്ങള്‍ മുഴുവനായും ചേര്‍ത്ത് 96 നോമ്പ് അനുഷ്ഠിക്കുന്ന പതിവും ചിലരിലുണ്ട്. ഇത് അടിസ്ഥാനമില്ലാത്തതാണ്. ഇത്തരക്കാര്‍ പലപ്പോഴും നബി ﷺ കല്‍പിച്ചതും നിര്‍വഹിച്ചതുമായ സുന്നത്തു നോമ്പുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാറുമില്ല! എന്നാല്‍ ഏത് മാസവും പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളിലെ നോമ്പ് സുന്നത്താണ്. അത് റജബിലും ശഅ്ബാനിലുമെല്ലാം നിര്‍വഹിക്കാവുന്നതാണ്.

5. റജബ് മാസത്തിലെ ഉംറ 

നബി ﷺ റജബ് മാസത്തില്‍ ഉംറ ചെയ്തതായോ, റജബ് മാസത്തിലെ ഉംറക്ക് പ്രത്യേകമായി മറ്റു മാസങ്ങളില്‍ ഉള്ളതിനെക്കാള്‍ പുണ്യമുള്ളതായി പറഞ്ഞതായോ ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടില്ല. നബി ﷺ നാല് അവസരങ്ങളില്‍ നാല് യാത്രകളിലായി നാല് ഉംറ മാത്രമാണ്  നിര്‍വഹിച്ചിട്ടുള്ളത്. (ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ നിര്‍വഹിക്കുന്നത് നബി ﷺയുടെ സുന്നത്തില്‍ പെട്ടതല്ല). 

മക്കാവിജയത്തിന്റെ അവസരത്തില്‍ പത്തൊമ്പത് ദിവസം നബി ﷺ മക്കയില്‍ താമസിക്കുകയുണ്ടായി; എന്നിട്ടും കൂടുതല്‍ ഉംറ നിര്‍വഹിക്കുകയുണ്ടായിട്ടില്ല. നബി ﷺ നിര്‍വഹിച്ച ഉംറകളില്‍ മൂന്നെണ്ണവും ദുല്‍ക്വഅദ് മാസത്തിലായിരുന്നു. മറ്റൊന്ന് ഹജ്ജത്തുല്‍ വിദാഇ(വിടവാങ്ങല്‍ ഹജ്ജ്)ന്റെ കൂടെ ദുല്‍ഹജ്ജ് മാസത്തിലുമായിരുന്നു. റജബ് മാസത്തിലെ ഉംറക്ക് പ്രത്യേകം പുണ്യമുണ്ടായിരുന്നുവെങ്കില്‍ പ്രവാചകന്‍ ﷺ അതിന് നിര്‍ദേശിക്കുമായിരുന്നു. അത്‌കൊണ്ട് തന്നെ റജബ് മാസത്തിലെ ഉംറക്ക് കൂടുതല്‍ പുണ്യമുണ്ടെന്ന ധാരണയും അടിസ്ഥാനരഹിതമാണ്. ഇക്കാര്യം  ഇബ്‌നുല്‍ ക്വയ്യിം(റഹി) ‘സാദുല്‍മആദ്’ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹുവിന്റെ മുന്നറിയിപ്പ് കാണുക: ”(നബിയേ,) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല” (അല്‍കഹ്ഫ് 103-106).

നല്ലതെന്ന് കരുതി പ്രവര്‍ത്തിച്ചിട്ടും നരകത്തില്‍ പോകേണ്ടിവരിക! ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് അല്ലാഹുവാണ് അറിയിക്കുന്നത്. അതിനാല്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത് മാത്രം ചെയ്യുക. സ്വര്‍ഗം ലഭിക്കാനും നരകത്തില്‍നിന്നു രക്ഷപ്പെടാനുമുള്ള ഒരു കാര്യവും ഞാന്‍ നിങ്ങളോട് പറയാതെ പോകുന്നില്ല’എന്ന പ്രവാചകവചനം അതാണല്ലൊ നമ്മെ അറിയിക്കുന്നത്. 

പരലോകത്ത് ഒരു വിഭാഗം ആളുകള്‍ കൈകടിച്ച് വിലപിക്കുന്ന കാര്യം ക്വുര്‍ആന്‍ സൂറഃ അല്‍ ഫുര്‍ക്വാനില്‍ വിവരിക്കുന്നുണ്ട്. അവര്‍ വിലപിക്കുന്ന അവസരത്തില്‍ എടുത്ത് പറയുന്ന ഒരു കാര്യം ‘ഞാന്‍ റസൂലിന്റെ മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’ എന്നും മറ്റൊന്ന് ‘ഞാന്‍ ഇന്ന ആളെ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ’ എന്നുമാണ്. അത്തരം ഹതഭാഗ്യരില്‍ പെട്ടുപോകാതിരിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഇക്കാര്യം നമുക്ക് മുന്‍കൂട്ടി അറിയിച്ചു തന്നിട്ടുള്ളത്.

പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന, സ്ഥിരപ്പെട്ട കര്‍മങ്ങള്‍ എത്രയോ ചെയ്യാനുണ്ടായിരിക്കെ അതൊക്കെ അവഗണിച്ച് ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ കാര്യങ്ങളെ സ്വര്‍ഗത്തിലെത്താനുള്ള മാര്‍ഗങ്ങളായി കാണുന്നവര്‍ ഇസ്‌ലാമിനെ അവഹേളിക്കുകയാണ് ചെയ്യുന്നത്. 

 

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
നേർപഥം വാരിക

ചാവേറാക്രമണം: ഇസ്‌ലാമിന് പറയാനുള്ളത്

ചാവേറാക്രമണം: ഇസ്‌ലാമിന് പറയാനുള്ളത്

ചാവേറാക്രമണങ്ങള്‍ ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചാവേറുകള്‍ പലരാജ്യങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഇസ്‌ലാമിക രാജ്യങ്ങളില്‍ വരെ ചാവേറാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിം പള്ളികള്‍ പോലും ഇന്നതില്‍ നിന്നൊഴിവല്ല. മദീനാ ഹറമിനടുത്തു വരെ ചാവേറാക്രമണം നടന്നത് ഈയടുത്ത കാലത്താണ്. മുസ്‌ലിം പേരുള്ളവരും അല്ലാത്തവരും ഇത്തരം ആക്രമണങ്ങളില്‍ പങ്കാളിയാകുന്നുണ്ട്. അതേസമയം ഒരു ചാവേറിന്റെ പേര് അറബിയാണെങ്കില്‍ അവന്റെ ചെയ്തികളെ ഇസ്‌ലാമിന്റെ തലയില്‍ വച്ചുകെട്ടുവാനും മൊത്തം മുസ്‌ലിംകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാനും പലപ്പോഴും പല ഭാഗത്തുനിന്നും ശ്രമങ്ങള്‍ നടന്നുവരാറുണ്ട്. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ നടന്നിട്ടുള്ള പല ചാവേറാക്രമണങ്ങളും നടത്തിയത് മുസ്‌ലിം പേരുള്ളവര്‍ ആയിരുന്നില്ല എങ്കിലും അതിനെ ക്രിസ്ത്യന്‍ മതത്തിലേക്കോ ജൂതമതത്തിലേക്കോ ചേര്‍ത്ത് പറയാന്‍ മാധ്യമങ്ങള്‍ തുനിഞ്ഞിട്ടില്ല. മുസ്‌ലിം പേരുള്ളവര്‍ എന്ത് നെറികേടുകള്‍ കാണിച്ചാലും ഇസ്‌ലാം അതിനു പഴികേള്‍ക്കേണ്ടി വരുന്ന അവസ്ഥ അത്ര ശുഭകരമല്ല. 

ചാവേറാക്രമണത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിംകളല്ല ഈയൊരു ആത്മഹത്യാ രീതി കണ്ടുപിടിച്ചത് എന്ന് കാണാനാവും. ക്രിസ്ത്യന്‍ പേരുള്ളവരാണ് ഇതിന്റെ തുടക്കക്കാര്‍. ശേഷം എല്ലാ മതവിഭാഗത്തില്‍ പെട്ട ആളുകളും ചാവേറുകളായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ചാവേറുകള്‍ മുസ്‌ലിം നാമധാരികള്‍ ചാവേറുകളാകുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ചാവേറുകളുടെ മതം പരിശോധിക്കുന്ന രീതിയുള്ളത്!

ചാവേറാക്രമണം എന്ന രീതി നൂറു ശതമാനവും തെറ്റാണ് എന്ന് മാത്രമല്ല നരകാവകാശിയായിത്തീരുന്ന വന്‍പാപമായിട്ടാണ് ഇസ്‌ലാം അതിനെ പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെ കുറിച്ച് ശരിയായ രീതിയില്‍ മനസ്സിലാക്കിയിട്ടില്ലാത്തവരോ തെറ്റായ രീതിയില്‍ ബോധനം നല്‍കപ്പെട്ടവരോ മാത്രം ആയിരിക്കും ഇത്തരം ക്രൂരതകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചാവേറാക്രമണം എന്തുകൊണ്ട് ഇസ്‌ലാമികമല്ല എന്നതിന്റെ തെളിവുകള്‍ നമുക്ക് പരിശോധിക്കാം.

ഒരു മനുഷ്യന്‍ സ്വന്തത്തെയോ മറ്റുള്ളവരെയോ വധിക്കാന്‍ പാടില്ല എന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്ന കണിശമായ താക്കീതാണ്. വധിക്കുന്നത് പോയിട്ട് ദേഹോപദ്രവം പോലും  വരുത്താന്‍ പാടില്ല. അല്ലാഹു പറയുന്നു:

”നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു” (ക്വുര്‍ആന്‍ 4:29).

സ്വന്തം ശരീരത്തെ അല്ലാഹുവിന്റെ വരദാനമായി മനസ്സിലാക്കുകയും അതിനെ പൂര്‍ണമായ അര്‍ഥത്തില്‍ സംരക്ഷിക്കുകയുമാണ് ഒരു യഥാര്‍ഥ വിശ്വാസി ചെയ്യേണ്ടത്. ശരീരത്തിന് ഹാനികരമാകുന്ന ഒരു പ്രവര്‍ത്തനവും വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. അതുകൊണ്ടാണ് മദ്യം, മയക്കുമരുന്ന്, മറ്റു ലഹരിപദാര്‍ഥങ്ങള്‍, ശരീരത്തിന് ദോഷകരമാകുന്ന വിഷാംശങ്ങള്‍… മുതലായവയൊന്നും ഒരു വിശ്വാസിക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് മതം പഠിപ്പിച്ചിട്ടുള്ളത്. സ്വന്തം ശരീരത്തിന്റെ വിഷയത്തില്‍ തികഞ്ഞ ജാഗ്രത കൈക്കൊള്ളുന്നവനായിരിക്കും വിശ്വാസി. എങ്കില്‍ ഒരു യഥാര്‍ഥ വിശ്വാസിക്ക് എങ്ങനെയാണ് സ്വന്തം ശരീരത്തെ തന്നെ കുരുതി കൊടുക്കാന്‍ കഴിയുക? എങ്ങനെയാണത് വിശ്വാസപരമായി ശരിയാവുക? അനിവാര്യമായ ഘട്ടത്തില്‍ നടത്തുന്ന യുദ്ധവേളയില്‍ പോലും സ്വന്തം ശരീരത്തെ സംരക്ഷിക്കുവാനാവശ്യമായ ഒരുക്കവും ജാഗ്രതയും പാലിക്കണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. അത്‌കൊണ്ടുതന്നെ പടയങ്കി, പടച്ചട്ട എന്നിവ (ലഭ്യമാണെങ്കില്‍) സ്വീകരിച്ചുകൊണ്ടേ യുദ്ധത്തിനു പോകാന്‍ പാടുള്ളൂ. ചാവേറായി മരിക്കല്‍ ആണ് യുദ്ധം കൊണ്ടുള്ള ലക്ഷ്യമെങ്കില്‍ ബദ്‌റിലേക്ക് പോയ ആരും തിരിച്ചു വരികയില്ലായിരുന്നു.

സ്വന്തം ശരീരത്തെ കുരുതികൊടുക്കുന്ന പ്രവര്‍ത്തനമാണ് അഥവാ ആത്മഹത്യയാണ് യഥാര്‍ഥത്തില്‍ ചാവേറാക്രമണം. ആത്മഹത്യ തിന്മയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ആത്മഹത്യ ചെയ്തവര്‍ക്കുള്ള ശിക്ഷ പ്രവാചകന്‍ ﷺ പഠിപ്പിച്ചത് ഇപ്രകാരമാണ്:

”ആരെങ്കിലും ഒരു കത്തികൊണ്ട് തന്റെ ശരീരത്തെ ഹനിച്ചാല്‍ അവന്‍ നരകത്തില്‍ ആ കത്തി പിടിച്ചുകൊണ്ട് തന്റെ വയറ്റില്‍ കുത്തിക്കൊണ്ടിരിക്കും. ഈ അവസ്ഥയില്‍ അവന്‍ നരകത്തില്‍ ശാശ്വതമായിരിക്കും” (സ്വഹീഹുല്‍ ബുഖാരി: 5442).

”ആരെങ്കിലും സ്വന്തം ശരീരത്തെ എന്തുകൊണ്ടെങ്കിലും ഹനിച്ചാല്‍ അവന്‍ നരകത്തില്‍ അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടുന്നതാണ്” (സ്വഹീഹ് മുസ്‌ലിം: 110).

അപ്പോള്‍ വിഷം കഴിച്ച് മരിച്ചവനും ആയുധമുപയോഗിച്ച്  ആത്മഹത്യ ചെയ്തവനും കത്തികൊണ്ട് മുറിവുണ്ടാക്കി മരിച്ചവനും നരകാവകാശിയാണെന്നതു പോലെ ചാവേറായി മരിച്ചവനും നരകാവകാശിയായിരിക്കും. ചാവേര്‍ നിരപരാധികളെ കൂടി കൊന്നൊടുക്കുന്നു എന്നതിനാല്‍ അയാളുടെ തെറ്റിന്റെ വ്യാപ്തി വര്‍ധിക്കുകയാണ് ചെയ്യുന്നത്. അത്തരക്കാര്‍ സ്വര്‍ഗീയ സുഖജീവിതമല്ല, നരകത്തിലെ കഠിന ശിക്ഷയാണ് അനുഭവിക്കുക. 

പ്രവാചകന്റെ കാലഘട്ടത്തില്‍ നടന്ന ഒരു യുദ്ധത്തില്‍ നല്ല രീതിയില്‍ യുദ്ധം ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യനെ നോക്കി പ്രവാചകാനുചരന്മാരില്‍ ചിലര്‍ നല്ല വാക്കുകള്‍ പറഞ്ഞപ്പോള്‍, അയാള്‍ നരകാവകാശിയാണ് എന്ന് പ്രവാചകന്‍ പ്രതിവചിച്ചു. ഇതു കേട്ട് അത്ഭുതം കൂറിയ അനുചരന്മാര്‍ക്ക് പിന്നീട് കാണാന്‍ കഴിഞ്ഞത് ആ യുദ്ധത്തില്‍ സംഭവിച്ച പരിക്കുമൂലം വേദന സഹിക്കാനാവാതെ വാള്‍ നിവര്‍ത്തിവച്ച് അതിലേക്ക് കമഴ്ന്ന് വീണ് അയാള്‍ ആത്മഹത്യ ചെയ്യുന്നതാണ്.(ബുഖാരി 6606).

 അയാളെ നരകാവകാശിയായാണ് പ്രവാചകന്‍ ﷺ പരിചയപ്പെടുത്തിയത് എന്നിരിക്കെ ചാവേറുകള്‍ ഏതു സ്വര്‍ഗം കൊതിച്ചുകൊണ്ടാണ് മരണം വരിക്കുന്നത്? ഏതു ഹൂറികളെ ആണ് സ്വര്‍ഗത്തില്‍ അവര്‍ പ്രതീക്ഷിക്കുന്നത്? ഏതു സ്വര്‍ഗത്തിലെ പരിമളമാണ് അവര്‍ക്ക് ലഭിക്കുക? ആത്മഹത്യ ചെയ്തവര്‍ക്കു വേണ്ടി പ്രവാചകന്‍ ﷺ മയ്യിത്തുനമസ്‌കാരം പോലും നിര്‍വഹിക്കാറുണ്ടായിരുന്നില്ല എന്നത് ആ തെറ്റിന്റെ ഗൗരവം സൂചിപ്പിക്കുന്നു.

സ്വര്‍ഗം കൊതിപ്പിച്ചും സ്വര്‍ഗീയ അനുഭവങ്ങളെക്കുറിച്ച് പ്രതീക്ഷ നല്‍കിയും ചെറുപ്പക്കാരെ ഇത്തരത്തിലുള്ള ആത്മഹത്യരീതിയിലേക്ക് തള്ളിവിടുന്നവരും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുക്കളാണ് എന്നതില്‍ സംശയമില്ല. 

അസ്വ്ഹാബുല്‍ ഉഖ്ദൂദിന്റെ സംഭവത്തിലെ കുഞ്ഞിന്റെ ചരിത്രം ഇത്തരക്കാര്‍ പലപ്പോഴും വളച്ചൊടിച്ച് അവതരിപ്പിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ആ കുട്ടി ആത്മഹത്യ ചെയ്തതല്ല; ഭരണാധികാരികള്‍ ആ കുഞ്ഞിനെ വധിച്ചു കളഞ്ഞതാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. 

അല്‍ബറാഅ് ഇബ്‌നു മാലിക്(റ) യമാമ യുദ്ധത്തില്‍, എന്നെ ശത്രുക്കളുടെ കോട്ടക്കുളളിലേക്ക് നിങ്ങള്‍ എറിയണം എന്നു പറഞ്ഞതും ഈ വിഷയത്തില്‍ തെളിവല്ല. കാരണം അദ്ദേഹം കോട്ടക്കുള്ളില്‍ കയറി ശത്രുക്കളുടെ വെട്ടുകള്‍ ഏല്‍ക്കുകയുണ്ടായെങ്കിലും അദ്ദേഹം കോട്ടയുടെ വാതില്‍ തുറന്ന് മുസ്‌ലിം സൈന്യത്തിന് ഉള്ളിലേക്ക് കയറാന്‍ അവസരം ഒരുക്കിക്കൊടുത്തു. അല്ലാതെ അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ കോട്ടയിലേക്ക് ചാടിയതല്ല.

തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചാവേര്‍ ആകുന്നവര്‍ ബറാഅ് ഇബ്‌നു മാലികിനെ ഉദ്ധരിക്കുന്നത് കടുത്ത അനീതിയാണ് എന്നു വ്യക്തം. പ്രവാചകന്‍ ﷺക്ക് കുറെ യുദ്ധങ്ങള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. എമ്പാടും ശത്രുക്കളും പ്രവാചകന് ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് അനുചന്മാരും പ്രവാചകന്റെ അടുക്കല്‍ ഉണ്ടായിരുന്നു. ഒരു അനുചരനെ (സ്വഹാബിയെ) പോലും ചാവേറായി പ്രവാചകന്‍ ﷺ പറഞ്ഞയച്ചതിന് യാതൊരു രേഖയും പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല.

അതുകൊണ്ടുതന്നെയാണ് ഈയൊരു വിഷയം ലോകത്ത് സംഭവിച്ചപ്പോള്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ അതിനെതിരെ ശക്തമായ മുന്നറിയിപ്പുകളുമായി രംഗത്തുവന്നിട്ടുള്ളത്.

ശൈഖ് ഇബ്‌നുബാസ്, ശൈഖ് അല്‍ബാനി, ശൈഖ് ഉഥൈമീന്‍ എന്നിവരെ പോലുള്ള ആധുനികകാല പണ്ഡിതശ്രേഷ്ഠര്‍ ഈ വിഷയത്തില്‍ ഒരേ ഫത്‌വയാണ് നല്‍കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ആത്മഹത്യ സ്‌കോഡുകളും ചാവേര്‍ ആക്രമണങ്ങളും അനിസ്‌ലാമികവും വന്‍പാപവുമാണ് എന്നാണ് അവരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്. നാം നേരത്തെ കണ്ട ക്വുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും തന്നെയാണ് അവര്‍ ഈ വിഷയത്തില്‍ തെളിവായി ഉദ്ധരിക്കുന്നത്.

ഇബ്‌നു ഉഥൈമീന്‍(റഹ്) പറയുന്ന വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്: ”ഇസ്‌ലാമിലെ ജിഹാദ് എന്ന് പറഞ്ഞാല്‍ അത് മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും സംരക്ഷണത്തിന് വേണ്ടി ഉള്ളതാണ്. എന്നാല്‍ ഇവര്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മുറിവുകള്‍ ഏല്‍പിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരാളുടെ ആത്മഹത്യകൊണ്ട് ഒരുപാട് മുസ്‌ലിംകള്‍ക്ക് ദോഷം ഉണ്ടാകുന്നുണ്ട്. ശത്രുക്കള്‍ക്കുണ്ടാവുന്നതിനെക്കാള്‍ എത്രയോ നഷ്ടം അതിലൂടെ മുസ്‌ലിംകള്‍ക്ക് ഉണ്ടാവുകയും ചെയ്യുന്നു. ഫലസ്തീനിലും മറ്റും നാം എത്രയോ ഇത് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത് അനുവദനീയമാണ് എന്ന് പറയുന്നവര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇതുകൊണ്ട് ഉണ്ടാകുന്ന വിപത്തുകള്‍ വിവരണാതീതമാണ്” (മജ്മഉ ഫതാവാ വ റസാഇല്‍ 25/358).

ഏതു വിഷയത്തിലുമെന്നപോലെ ഈ വിഷയത്തിലും സലഫീ പണ്ഡിതന്മാരുടെ ഫത്‌വകളും കൃതികളും തന്നെയാണ് ഈ വിഷയത്തിലും ലോകത്തിന് ശരിയായ കാഴ്ചപ്പാട് നല്‍കിയിട്ടുള്ളത്. 

ഇവ്വിഷയകമായി സലഫീ പണ്ഡിതന്മാരുടെ ഫത്‌വകള്‍ ക്രോഡീകരിച്ച് ഇറക്കിയ കൃതിയാണ് ‘ഫതാവല്‍ അഇമ്മഃ ഫിന്നവാസിലില്‍ മുദ്‌ലഹിമ.’ ഗള്‍ഫ് മേഖലയില്‍ ഈ കൃതി വ്യാപകമായ തോതില്‍ സൗജന്യമായി വിതരണം ചെയ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ തലപ്പത്തുള്ള ചിലര്‍ ഈ വിഷയത്തില്‍ നല്‍കിയ തത്ത്വദീക്ഷയില്ലാത്ത ഫത്വകള്‍ കൊണ്ട് മുസ്‌ലിംകള്‍ക്ക് പറ്റിയ പരിക്ക് ചെറുതല്ല. പ്രമാണങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ഇത്തരം വാദങ്ങളുടെ നിരര്‍ഥകത ബോധ്യപ്പെടും. 

ചുരുക്കത്തില്‍, ചാവേറാക്രമണം ആരു ചെയ്താലും അത് മതപരമായും സാമൂഹികമായും വലിയ തിന്മ തന്നെയാണ്. ഇസ്‌ലാമികമായി ഈ പ്രവര്‍ത്തനത്തെ ന്യായീകരിക്കാവുന്ന ഒരു തെളിവും  ഇസ്‌ലാമിക അധ്യാപനങ്ങളില്‍ കാണുവാന്‍ സാധ്യമല്ല. എന്നിരിക്കെ എവിടെയെങ്കിലും ആരെങ്കിലും ചാവേറായി പൊട്ടിത്തെറിക്കുമ്പോള്‍ അതിനെ ഇസ്‌ലാമിലേക്ക് വലിച്ചുകെട്ടാനുള്ള പ്രവണത തീര്‍ത്തും അന്യായമാണ്, അക്രമമാണ്. വികാരമല്ല വിവേകമാണ് മനുഷ്യനെ നയിക്കേണ്ടത് എന്ന തത്ത്വമാണ് ഇസ്‌ലാമിന്റെ അടിത്തറ. ചാവേറുകളുടെ പേരില്‍ മുസ്‌ലിംകളെ അധിക്ഷേപിക്കുന്നവര്‍ കാര്യം മനസ്സിലാക്കുക. മനസ്സിലാക്കിയിട്ടും ആക്ഷേപിക്കുന്നത് തീര്‍ത്തും അന്യായം തന്നെ!

 

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക

മരണാനന്തരം?

മരണാനന്തരം?

എണ്ണിയാലൊടുങ്ങാത്ത അക്രമങ്ങളും അനീതിയുമാണ് സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പലതും പിടിക്കപ്പെടുന്നു. എന്നാല്‍, പിടിക്കപ്പെടാത്തതും ആരാണ് ചെയ്തത് എന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്തതുമാണ് ഭൂരിഭാഗവും. ചിലപ്പോഴെങ്കിലും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു; അപരാധികള്‍ രക്ഷപ്പെടുന്നു. കിട്ടിയ ശിക്ഷയാവട്ടെ പൂര്‍ണമല്ല താനും. എന്താണ് കുറ്റം ചെയ്തവര്‍ക്കുള്ള ആത്യന്തിക ശിക്ഷ? നിരപരാധികളെന്ന് കണ്ട് നീണ്ട വര്‍ഷത്തെ തടവിന് ശേഷം വിട്ടയക്കപ്പടുന്നവര്‍ക്ക് എന്ത് നഷ്ടപരിഹാരം നല്‍കിയാലാണ് അനുഭവിച്ച പ്രയാസങ്ങള്‍ക്ക് പകരമാവുക? തെല്ലും പക്ഷപാതിത്വമില്ലാതെ, നീതിയുക്തമായ പരിഹാരം നിര്‍ദേശിക്കാന്‍ സൃഷ്ടിച്ച സ്രഷ്ടാവിനേ കഴിയൂ. അതിന് മരണാനന്തര ജീവിതവും പരലോകത്തെ രക്ഷ-ശിക്ഷാ വിധികളും മാത്രമെ ഉപകരിക്കൂ.

അമേരിക്കയിലെ വാഷിംഗ്ടണില്‍ നിന്നൊരു വാര്‍ത്ത: ഇരട്ട കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് 39 വര്‍ഷം ജയിലില്‍ കഴിയുകയും ഒടുവില്‍ നിരപരാധിയെന്നു കണ്ടെത്തി വിട്ടയക്കപ്പെടുകയും ചെയ്ത ക്രെഗ് കോലിക്ക് കാലിഫോര്‍ണിയയിലെ സിമിവാലി നഗരസഭ നഷ്ടപരിഹാരം നല്‍കിയത് 150 കോടി രുപ. 1978ല്‍ കാമുകി റോന്‍ഡവിറ്റ് (24), മകന്‍ ഡോണള്‍ഡ് (4) എന്നിവരെ ശ്വാസം മുട്ടിച്ച് കൊന്നുവെന്ന കേസിലാണ് കോലി പരോളില്ലാത്ത ജീവപര്യന്ത തടവിന് ശിക്ഷിക്കപ്പെട്ടത്. 32 വയസ്സുകാരനായി ജയിലില്‍ പോയ കോലി കഴിഞ്ഞവര്‍ഷം 71-ാം വയസ്സിലാണ് ജയില്‍ മോചിതനായത്. കൊലനടന്ന സ്ഥലത്തിനടുത്ത് കോലിയുടെ ട്രക്കും കോലിയെന്ന് തോന്നിക്കുന്ന ഒരാളിനെയും കണ്ടു എന്ന അയല്‍ക്കാരിയുടെ മൊഴിയാണ് ശിക്ഷയിലേക്ക് നയിച്ചത്. 1989ല്‍ കേസ് പുനരന്വേഷണത്തിനെടുക്കുകയായിരുന്നു. കുറ്റകൃത്യസ്ഥലത്ത് നിന്നു ശേഖരിച്ച ഡി.എന്‍.എ. തെളിവുകള്‍ അന്നു പരിശോധിച്ചിരുന്നില്ല. അവ പരിശോധന നടത്തിയപ്പോഴാണ് കൊലനടത്തിയത് കോലിയല്ലെന്നു തെളിഞ്ഞത്.

കുറ്റവാളിയല്ലാത്തയാള്‍ക്ക് ജയിലില്‍ കഴിച്ചുകൂട്ടേണ്ടിവന്നത് 39 വര്‍ഷം. ഇത് പോലെ എത്രയെത്ര നിരപരാധികള്‍ ലോകരാജ്യങ്ങളിലെ ജയിലുകളില്‍ തീ തിന്നു കഴിഞ്ഞുകൂടുന്നുണ്ടാകും?! നമ്മുടെ മലയാളക്കരയില്‍ തന്നെ എത്രയോ പേരുണ്ട് ജയിലുകളില്‍ കഴിഞ്ഞുകൂടുന്നു; കുറ്റപത്രം പോലും തയ്യാറാക്കപ്പെടാത്തവരായി. യഥാര്‍ഥത്തില്‍ വിചാരണകഴിഞ്ഞ്, ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെക്കാള്‍ അധികമുള്ളത് കുറ്റപത്രം പോലും സമര്‍പിക്കപ്പെടാതെ, റിമാന്‍ഡില്‍ കഴിയുന്നവരാണ് എന്നൊരു കണക്ക് കണ്ടതോര്‍ക്കുന്നു. ഒരു റിട്ടയേര്‍ഡ് ജഡ്ജി എഴുതിയ ലേഖനത്തില്‍ പറയുന്നു; സംശയത്തിന്റെ പേരില്‍ ആരെയും പൊലീസിനു പിടിക്കാം. പൊക്കി അകത്തിടാം. അകത്തായാല്‍ പിന്നെ, പുറത്തുവരാതിരിക്കാനുള്ള എല്ലാ ഏര്‍പ്പാടും അവര്‍ തന്നെ ചെയ്ത് കൊള്ളും എന്ന്! എന്തൊരു ലോകമാണിത്! നിയമവും പൊലീസും കോടതിയുമെല്ലാമുള്ള നാട്ടിലാണിത്! ശക്തമായ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നു എന്നു കൊട്ടിഘോഷിക്കപ്പെടുന്ന ഒരു രാജ്യത്താണിതെന്നോര്‍ക്കണം.

കുറ്റമാരോപിക്കപ്പെട്ട ആ അമേരിക്കക്കാരന്‍ 32ാം വയസ്സില്‍ കല്‍തുറുങ്കിലായി. 71ാം വയസ്സില്‍ പുറത്തുവന്നു. നീണ്ട മുപ്പത്തിയൊമ്പത് വര്‍ഷം! ആ യാതനകള്‍ക്കും വേദനകള്‍ക്കും പകരമാകുമോ 150 കോടി? അത്രയും പണം കൊണ്ട് ആ സാധുവിന് നഷ്ടമായതെല്ലാം തിരിച്ചുകൊടുക്കാനാകുമോ? അവിടത്തെ നിയമത്തിന്റെ ശക്തികൊണ്ട് നഷ്ടപരിഹാരം കിട്ടുകയെങ്കിലുമുണ്ടായി എന്ന് സമാധാനിക്കാം. ഒരു നഷ്ടപരിഹാരവും കിട്ടാത്തവരോ? നെല്‍സന്‍ മണ്ടേല 28 വര്‍ഷം ജയിലില്‍ കിടന്നു! എന്നാല്‍ അത് തന്റെ നാട്ടിന്റെയും നാട്ടുകാരുടെയും വര്‍ണവെറിയില്‍നിന്നുള്ള മോചനത്തിനായിരുന്നു. ജയില്‍ മോചിതനായ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി നാടുഭരിക്കുകയും ചെയ്തു. അതൊക്കെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കുന്ന കാര്യം!

ഇതിന്റെ നേരെ മറുവശത്ത് ഒരു കാഴ്ചയുണ്ട്; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സര്‍വതന്ത്രസ്വതന്ത്രരായി നടക്കുന്ന കാഴ്ച! നമ്മുടെ സംസ്ഥാനത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള അനേകമനേകം സംഭവങ്ങള്‍ കാണാം. കൊലയോ കൊള്ളിവെപ്പോ പെണ്‍വാണിഭമോ എന്ത് തന്നെ നടത്തിയവരായാലും പണവും അധികാരവും ഉന്നതങ്ങളില്‍ പിടിപാടും സമര്‍ഥരായ വക്കീലുമാരുമുണ്ടെങ്കില്‍ ജയിലിനു പുറത്തുതന്നെ സുഖമായി, സൈ്വര്യമായി ജീവിക്കാം എന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. അതൊന്നുമില്ലാത്തവര്‍ ജയിലിലടക്കപ്പെടുകയും ചെയ്യുന്നു. വമ്പന്‍ അഴിമതി നടത്തി കോടാനുകോടികള്‍ മുക്കി അന്യനാട്ടില്‍ പോയി ചിലരൊക്കെ വിലസുന്നതായി നാം അറിയുന്നു. കര്‍ണാടകയിലെ ഒരു നേതാവ് ഉന്നതരായ നേതാക്കള്‍ക്ക് 1800 കോടി വീതംവെച്ചു നല്‍കിയ വാര്‍ത്ത പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ കൊടുത്തത് നാം വായിച്ചു. 

യഥാര്‍ഥത്തില്‍ ഇങ്ങനെയായാല്‍ മതിയോ? പോരാ! ഇത് നീതിയല്ല, ന്യായമല്ല എന്ന് നമ്മുടെ മനസ്സ് പറയുന്നു. കുറ്റവാളി ശിക്ഷിക്കപ്പെടണം. നിരപരാധി ശിക്ഷിക്കപ്പെട്ടകൂടാ. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെട്ടുകൂടാ എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആധാരം മതിയോ? ഓരോരുത്തര്‍ക്കും അവനവന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഫലം കിട്ടണം. മര്‍ദിതനും അക്രമിക്കപ്പെട്ടവനും നഷ്ടപരിഹാരം ലഭിക്കണം. അക്രമവും അന്യായവും ചെയ്തവന് അതിന് തക്കതായ പ്രതിഫലവും നന്മയും ന്യായവും സല്‍കര്‍മവും ചെയ്തവന് കൃത്യമായ പ്രതിഫലവും ലഭിക്കണം. ഈ ലോകത്ത് അത് കിട്ടുന്നില്ലെന്നത് വ്യക്തം. നാം നിത്യേന പല തവണ കാണുന്ന അനുഭവമാണത്. 

ഭ്രാന്തമായ പക്ഷപാതിത്വ ചിന്തയാല്‍ ജനലക്ഷങ്ങളെ കൊന്നൊടുക്കിയ സ്റ്റാലിനും ലെനിനും ഹിറ്റ്‌ലറും പോള്‍പോട്ടും, അവരാല്‍ കൊല്ലപ്പെട്ടവരും ഒരേ പോലെയായാല്‍ പറ്റുമോ? വിഷപദാര്‍ഥങ്ങള്‍ മനുഷ്യര്‍ ഭക്ഷിക്കുന്ന വസ്തുക്കളില്‍ കലര്‍ത്തി വമ്പന്‍ ലാഭം കൊയ്യുന്ന കമ്പനിയുടമകളും കോര്‍പറേറ്റുകളും, അവ തിന്ന് മാരകമായ രോഗങ്ങള്‍ക്ക് അടിമകളാകുന്ന സാധാരണക്കാരും തുല്യമാകുന്നതെങ്ങനെ? സമൂഹത്തിന്റെ കുഴപ്പങ്ങളുണ്ടാക്കി ഛിദ്രതയും കൊലയും നടത്തി മറക്കുപിന്നില്‍ നില്‍ക്കുന്നവര്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ?

തീര്‍ച്ചയായും! ഈ ഭൗതികലോകത്തെ നിയമങ്ങള്‍ക്കോ നീതിപാലകര്‍ക്കോ കോടതികള്‍ക്കോ അതിന് സാധ്യമല്ല. കുറച്ചൊക്കെ നടപ്പാക്കാം. എന്നാല്‍ പൂര്‍ണമായ നീതി നടപ്പിലാക്കപ്പെടുന്ന ഒരു വേദിയുണ്ടെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. ഈ ഭൂമുഖത്ത് വന്ന ഒരു ലക്ഷത്തില്‍ പരം ദൈവദൂതന്മാരും ദൈവികഗ്രന്ഥങ്ങളും മനുഷ്യസമൂഹത്തെ പഠിപ്പിച്ച അടിസ്ഥാന വിഷയങ്ങളില്‍ ഒന്നാണത്. വിശുദ്ധ വേദഗ്രന്ഥങ്ങളില്‍ ഒടുവിലവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്റെ മൊത്തം പ്രതിപാദ്യത്തിന്റെ മൂന്നിലൊന്ന് ഇക്കാര്യമാണ്. മരണശേഷം മനുഷ്യരെയൊന്നടങ്കം രണ്ടാമതും ജീവിപ്പിക്കും. കൃത്യമായ വിചാരണ നടക്കും. നന്മക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം നല്‍കപ്പെടും. തിന്മക്ക് അതിന് തുല്യമായ പ്രതിഫലം മാത്രം ശിക്ഷയായി നല്‍കപ്പെടും.

ഇങ്ങനെ മരണശേഷം മനുഷ്യരെ വീണ്ടും ജീവിപ്പിക്കുമെന്നോ? മണ്ണില്‍ നുരുമ്പി നശിച്ചുപോയ, കത്തിച്ചാമ്പലായ, വെള്ളത്തില്‍ ജീവികള്‍ തിന്നുതീര്‍ത്ത… കോടാനുകോടി മനുഷ്യരെയൊക്കെ രണ്ടാമതും ജീവിപ്പിക്കുമെന്നു പറയുന്നത് സാധ്യമാണോ? മുന്‍കഴിഞ്ഞ എല്ലാ സമൂഹങ്ങളിലും ഇതിനെ നിഷേധിക്കുകയോ, ഇതില്‍ സംശയമുന്നയിക്കുകയോ ചെയ്തവര്‍ ധാരാളമുണ്ടായിട്ടുണ്ട്. നുരുമ്പിപ്പോയ എല്ലില്‍ തുണ്ടെടുത്ത് കയ്യിലിട്ട് ഉരച്ചുപൊടിയാക്കി ഊതിപ്പറപ്പിച്ച്, ഊതിയാല്‍ പാറിപ്പോകുന്ന ഈ എല്ലിനെ ആര് ജീവിപ്പിക്കും എന്ന് ഒരു നിഷേധി ചോദിക്കുന്ന രംഗ് ക്വുര്‍ആനില്‍ സൂറഃ യാസീന്റെ അവസാന ഭാഗത്ത് വരച്ചുകാണിക്കുന്നുണ്ട്. 

”മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു. അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ” (ക്വുര്‍ആന്‍ 36:77-79). 

ആ എല്ലിനെ ആദ്യമാര് സൃഷ്ടിച്ചുവോ അവന്‍ രണ്ടാമതും ജീവിപ്പിക്കും എന്ന് മറുപടി കൊടുക്കാന്‍ ക്വുര്‍ആന്‍ കല്‍പിക്കുന്നു. ആ എല്ല് ഒരു ജീവിയുടെ ശരീരത്തിലിവിടെ ഉണ്ടായിരുന്നു. ആ ജീവി ഭൂമിയില്‍ ജീവനോടെ നടന്നിരുന്നു. അന്ന് ആ ജീവിയെ സൃഷ്ടിച്ചതാരായിരുന്നു? ആ സ്രഷ്ടാവ് രണ്ടാമതും ജീവന്‍ നല്‍കും. ഒരിക്കല്‍ ജീവന്‍ കൊടുത്ത് സൃഷ്ടിച്ച് സംവിധാനിച്ചവന്ന് വീണ്ടും ഒരിക്കല്‍ കൂടി സൃഷ്ടിക്കുവാന്‍  എന്തുണ്ട് പ്രയാസം?

അതിനു ശേഷം ക്വുര്‍ആന്‍ ചില കാര്യങ്ങള്‍ ചിന്തിക്കാനായി ബുദ്ധിയുള്ളവര്‍ക്ക് മുമ്പിലിട്ടുതരുന്നു:”പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍. അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു” (36:80).

പച്ച മരത്തില്‍ നിന്ന് തീയുണ്ടാക്കിത്തരുന്നവനാണവന്‍. നിങ്ങളതാ അതില്‍ നിന്ന് കത്തിക്കുന്നു. പച്ചമരത്തില്‍ നിന്നെങ്ങനെയാണ് കത്തുന്ന തീയുണ്ടാകുന്നത്? ഒരത്ഭുതമല്ലേ അത്? എങ്ങനെയാണത് സംഭവിക്കുന്നത്? ഓട തമ്മില്‍ ഉരസിയാല്‍ തീയുണ്ടാകും. അങ്ങനെ കൊടുംകാട്ടില്‍ കാട്ടുതീ പടരും. മരങ്ങളുടെയും ജീവികളുടെയും ഫോസിലുകളില്‍ നിന്നാണ് ഇപ്പോള്‍ നാമുപയോഗിക്കുന്ന പെട്രോളും ഡീസലും ഗ്യാസുമുണ്ടാക്കുന്നത്. ഒരു കാലത്ത് പച്ചമരമായിരുന്നത് ഇപ്പോള്‍ നമ്മുടെ ഇന്ധനമായിത്തീര്‍ന്നിരിക്കുന്നു! ബയോഗ്യാസ്എന്തില്‍ നിന്നാണുണ്ടാകുന്നത്?

തുടര്‍ന്ന് ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത് പ്രപഞ്ചസൃഷ്ടിപ്പിനെ സംബന്ധിച്ചാണ്: ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു” (36:81,82). 

അനന്തവിശാലമായ ഈ അണ്ഡകടാഹവും മനുഷ്യജീവിതത്തിന്നായി എല്ലാം സംവിധാനിച്ച ഭൂമിയും സൃഷ്ടിച്ചൊരുക്കി നിയന്ത്രിക്കുന്ന മഹാസ്രഷ്ടാവിന് മനുഷ്യരെ രണ്ടാമതും സൃഷ്ടിക്കാനാണോ ഇത്രപാട് എന്ന് ക്വുര്‍ആന്‍ ചോദിക്കുകയാണ്. 

വളരെ അര്‍ഥവത്തായ, ചിന്താര്‍ഹമായ ചോദ്യമാണിത്. ഈ പ്രപഞ്ചത്തെയൊന്ന് നോക്കുക. സൂര്യന്‍ പ്രകാശിക്കുന്ന ഒരു നക്ഷത്രമാണ്. സൂര്യനുള്‍ക്കൊള്ളുന്ന നമ്മുടെ ക്ഷീരപഥത്തില്‍ പതിനായിരം കോടി നക്ഷത്രങ്ങള്‍! അത്തരത്തിലുള്ള 1300 ഗ്യാലക്‌സികള്‍ ഒരു ക്ലസ്റ്ററില്‍. അനേക കോടി ക്ലസ്റ്ററുകള്‍! നമ്മുടെ ക്ഷീരപഥത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷം. പ്രകാശം ഒരു വര്‍ഷത്തില്‍ സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവര്‍ഷമെന്നത്. ഒരു സെക്കന്റില്‍ പ്രകാശരശ്മികള്‍ മൂന്നുലക്ഷം കി.മീറ്റര്‍ സഞ്ചരിക്കുന്നു. അപ്പോള്‍ 3 ലക്ഷംX60X60X24X365. അതായത് ഏകദേശം ഒമ്പതര ലക്ഷം കോടി കി.മീറ്റര്‍. സൂര്യന്‍ ക്ഷീരപഥ കേന്ദ്രത്തെ ചുറ്റുന്ന വേഗത മണിക്കൂറില്‍ ഒരു ലക്ഷം കി.മീ. സൗരയൂഥം വൃത്താകാര പഥത്തിലൂടെ താരസമൂഹ കേന്ദ്രത്തെ ഭ്രമണം ചെയ്യുന്നു. സൗരയൂഥ (ഭൂമിയടക്കമുള്ള ഗ്രഹങ്ങളുള്‍ക്കൊള്ളുന്ന)ത്തിലെ ദ്രവ്യത്തിന്റെ 99.87% സൂര്യനാണ്. ബാക്കിയുള്ള ഒമ്പത് (എട്ട് എന്നും അഭിപ്രായമുണ്ട്) ഗ്രഹങ്ങളും ഉപഗ്രഹങ്ങളും എല്ലാം കൂടി 0.13% മാത്രമേ വരൂ. 

ഭൂമിയില്‍ നിന്ന് 14,94,07,000 കി.മീ. അകലെയാണ് സൂര്യന്‍. സൂര്യനില്‍ 81.76% ഹൈഡ്രജന്‍, 18.7% ഹീലിയം, സോഡിയം, കാല്‍സ്യം 0.07%… ഒരോ സെക്കന്റിലും സൂര്യനില്‍ 6570 ലക്ഷം ടണ്‍ ഹൈഡ്രജന്‍ ഹീലിയമായി മാറിക്കൊണ്ടിരിക്കുന്നു. അവിടെ ഒരു സെക്കന്റില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന 1025 ജൂള്‍ ഊര്‍ജം ഭൂമിയില്‍ പതിനായിരം വര്‍ഷത്തേക്കാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ മതിയാകും. ഒന്നര കോടി സെല്‍ഷ്യസാണ് താപനില. ഭൂതലത്തിലെ മര്‍ദത്തിന്റെ പത്ത് കോടി മടങ്ങാണവിടെ. ഭൂമി ഇപ്പോഴുള്ളതില്‍ നിന്ന് അല്‍പം കൂടി സൂര്യനില്‍ നിന്ന് അകന്നിരുന്നെങ്കില്‍ യൂറാനസ്, പ്ലൂട്ടോ ഗ്രഹങ്ങളെ പോലെ തണുത്തുറഞ്ഞ ഒരു ഗ്രഹമായി മാറുമായിരുന്നു. അല്‍പം കൂടി അടുത്തിരുന്നെങ്കില്‍ ബുധനെയും ശുക്രനെയും പോലെ ചുട്ടുപൊള്ളുന്ന ഗ്രഹമായി മാറുമായിരുന്നു. ഒരു സെക്കന്റില്‍ 30 കി.മീ. (മണിക്കൂറില്‍ 10,800) വേഗതയില്‍ ഭൂമി സൂര്യനെ ചുറ്റുന്നു. അതോടൊപ്പം ഭൂമി സ്വയം ഭ്രമണം ചെയ്യുന്നുണ്ട്. ഉപരിതലത്തില്‍ അനുഭവപ്പെടുന്ന വേഗത മണിക്കൂറില്‍ 1670 കി.മീറ്റര്‍. ഒരു ദിവസം 24 മണിക്കൂറല്ല. കൃത്യമായി പറഞ്ഞാല്‍ 23 മണിക്കൂര്‍, 56 മിനുട്ട്, 4.09 സെക്കന്റ് ആണ് ഒരുതവണ സ്വയം കറങ്ങാന്‍ വേണ്ടത്. സുര്യനില്‍ നിന്നുള്ള അകലം, സൂര്യനു ചുറ്റും കറങ്ങുന്നതിന്റെ വേഗത, സ്വയം ഭ്രമണത്തിന്റെ വേഗത, അച്ചുതണ്ടിന്റെ 23.27% ചെരിവ് ഇതൊക്കെ ഭൂമിയുടെ ജീവജാലങ്ങളുടെ നിലനില്‍പ്, കാലാവസ്ഥ മാറ്റം, ഋതുഭേദങ്ങള്‍, ദിനരാത്രങ്ങളുടെ ഏറ്റക്കുറച്ചില്‍ എന്നിവയുടെ നിദാനമാണ്. ചെരിവില്ലായിരുന്നെങ്കില്‍ എല്ലാകാലത്തും ഒരേ കാലാവസ്ഥയാകുമായിരുന്നു. ചെരിവ് അല്‍പം കൂടിയിരുന്നെങ്കില്‍ അത്യുഷ്ണത്തോടെ ഗ്രീഷ്മകാലവും അതിശൈത്യത്തോടെയുള്ള ശിശിരകാലവുമുണ്ടാകുമായിരുന്നു.

‘അനന്തമജ്ഞാതമവര്‍ണനീയ’മായ ഈ മഹാപ്രപഞ്ചത്തെ ഇത്ര സൂക്ഷ്മവും കൃത്യവുമായി സൃഷ്ടിച്ച്, സംവിധാനിച്ച്, നിയന്ത്രിക്കുന്നവന് മനുഷ്യരെ രണ്ടാമതും ജീവിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല എന്ന് ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യത്തില്‍ സംശയമുള്ളവരുടെ മുമ്പില്‍ വിശുദ്ധ ക്വുര്‍ആന്‍ സൂറഃ അല്‍ഹജ്ജില്‍ മൂന്നു കാര്യങ്ങള്‍ എടുത്തുകാണിക്കുന്നു:

”മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക). തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജത്തില്‍ നിന്നും പിന്നീട് ഭ്രൂണത്തില്‍നിന്നും അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു)…” (അല്‍ഹജ്ജ്: 5). 

ഗര്‍ഭസ്ഥ ശിശുവിന്റെ ഘട്ടങ്ങെളക്കുറിച്ച് പറയുമ്പോള്‍ നുത്വ്ഫഃ, അലക്വഃ, മുദ്ഗഃ എന്നിങ്ങനെയുള്ള വിസ്മയിപ്പിക്കുന്ന പദപ്രയോഗങ്ങളാണ് ക്വുര്‍ആിലൂടെ അല്ലാഹു നടത്തിയിട്ടുള്ളത്. (അടുത്ത കാലത്ത് മാത്രമാണ് ഇവ സൂക്ഷ്മവും കൃത്യവുമായ പദങ്ങളാണെന്ന് ശാസ്ത്രം മനസ്സിലാകിയത്. പതിനാലു നൂറ്റാണ്ടുമുമ്പ് എങ്ങനെ ഇത് കൃത്യമായറിഞ്ഞു എന്ന് ആശ്ചര്യപ്പെട്ട്, പഠിച്ച് ക്വുര്‍ആനില്‍ ആകൃഷ്ടരായവര്‍ ഏറെ!) ഈ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞ് ഒടുവില്‍ മനുഷ്യക്കുഞ്ഞായി പുറത്തുവരുന്നു. ഒറ്റ കോശം ഒമ്പത് മാസം കൊണ്ട് 2000 കോടി കോശങ്ങളും ഏതാനും മില്ലിഗ്രാം ഏതാണ്ട് മൂന്ന് കിലോഗ്രാമും ആയിത്തീരുന്നു! കോശങ്ങള്‍ വിഭജിച്ച് വളരുമ്പോള്‍ കണ്ണിന്റെ ഭാഗത്ത് കണ്ണും കാതിന്റെ ഭാഗത്ത് കാതും വായും നാവും ചുണ്ടും മോണയും ഹൃദയവും കരളും പാന്‍ക്രിയാസും… അങ്ങനെയങ്ങനെ ഓരോ ശരീരഭാഗങ്ങളും ഏറ്റവും വിസ്മയിപ്പിക്കുന്ന തലച്ചോറും  ഉണ്ടാകണമെന്ന് ആര് പ്ലാന്‍ ചെയ്തു? അതാതിന്റെ സഥാനത്ത് ആര് ഓരോന്നിനെയും ഘടിപ്പിച്ചു? ഇതെല്ലാം ചെയ്തവന്ന് മനുഷ്യരെ വീണ്ടും സൃഷ്ടിക്കാന്‍ ഒരു വിഷമവുമില്ല.

ജനിച്ചതിനു ശേഷം മനുഷ്യന്‍ വിവിധ ഘട്ടങ്ങള്‍ പിന്നിടുന്നതാണ് രണ്ടാമത് ചൂണ്ടിക്കാട്ടുന്നത്: ”…നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്…” (അല്‍ഹജ്ജ്: 5).

മലര്‍ന്ന് കിടന്നു കരയാന്‍ മാത്രമറിയുന്ന കുഞ്ഞ് ക്രമേണ കമിഴ്ന്ന് കിടന്നു, മുട്ടുകുത്തി, ഇരുന്നു, നടന്നു, ഓടി… ശൈശവ പ്രായം കഴിഞ്ഞ് ബാലനായിത്തീര്‍ന്നു. ശേഷം കുതൂഹലങ്ങളുടെ കൗമാരപ്രായം. പിന്നെ ചോരത്തിളപ്പിന്റെ യൗവനം. ശേഷം മധ്യവയസ്‌കനായി, വയസ്സനായി… ഒടുവില്‍ മരണത്തിലെത്തിച്ചേരുന്നു. ചെറുപ്രായത്തില്‍ മരിക്കുന്നവരുമുണ്ട്. വാര്‍ധക്യത്തിലെത്തി സ്വന്തം പേര് പോലും മറന്ന് അടുത്ത് ബന്ധുക്കളെയും മക്കളെയും പോലും തിരിച്ചറിയാതെയാകുന്നവരുമുണ്ട.് രണ്ടും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഈ ഘട്ടങ്ങളില്‍ മനുഷ്യാ, നിനക്ക് വല്ല നിയന്ത്രണവുമുണ്ടോ? ഇല്ലെങ്കില്‍ ഉറപ്പായും ഗ്രഹിച്ചുകൊള്ളുക; ഇതൊക്കെ നിയന്ത്രിക്കുന്നവന് മനുഷ്യരെ ഉയര്‍ത്തെഴുന്നേല്‍പിക്കാന്‍ ഒട്ടും പ്രയാസമില്ല.

വരണ്ടുണങ്ങിയ ഭൂമിയില്‍ മഴപെയ്താലുണ്ടാകുന്ന മാറ്റമാണ് മൂന്നാമതായി ക്വുര്‍ആന്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്: ”…ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു” (അല്‍ഹജ്ജ്: 5).

മണ്ണില്‍നിന്ന് വിവിധങ്ങളായ ചെടികളുടെ മുളകള്‍ ഉയര്‍ന്നുവരുന്നു. വൈവിധ്യമാര്‍ന്ന നിറങ്ങളിലും രൂപങ്ങളിലും രുചിയിലുമുള്ള കായ്കനികളും ഫലമൂലാദികളും അവയിലുണ്ടാകുന്നു. പാറപോലെ ഉറച്ചു കിടന്നിരുന്ന മണ്ണില്‍ ഇത്രയധികം വിത്തുകളുണ്ടായിരുന്നോ? വെള്ളമെത്തിയപ്പോഴുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നത് തന്നെ! വരണ്ടുണങ്ങിയ മണ്ണില്‍ നിന്ന് ചെടികളെ മുളപ്പിച്ചവന്ന്, നുരുമ്പി മണ്ണോട് ചേര്‍ന്ന മനുഷ്യരെ രണ്ടാമത് പടക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിക്കോള്ളുക.

ഗര്‍ഭസ്ഥ ശിശുവിന്റെ ഘട്ടങ്ങള്‍, ജനിച്ചതിനു ശേഷമുള്ള മനുഷ്യന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍, വരണ്ട ഭൂമിയില്‍ വെള്ളം നല്‍കി ചെടികളുല്‍പാദിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നത്… ഇത് മൂന്നും സത്യമാണെങ്കില്‍, യാഥാര്‍ഥ്യമാണെന്ന് നിങ്ങള്‍ക്ക് ബോധ്യമാകുന്നുണ്ടെങ്കില്‍, അത് പോലെ തന്നെ സത്യമാണ് മരണ ശേഷം വീണ്ടും മനുഷ്യര്‍ക്ക് ജീവന്‍ നല്‍കി ഒരുമിച്ചു കൂട്ടി രക്ഷാശിക്ഷകള്‍ നടപ്പാക്കുമെന്നത്. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.

 

മുബാറക്ബിന്‍ ഉമര്‍

നബിചര്യയെ പരിഹസിക്കുകയോ?

നബിചര്യയെ പരിഹസിക്കുകയോ?

കഴിഞ്ഞ ലക്കത്തില്‍ നമസ്‌കാരത്തില്‍ സ്വഫ്ഫുകള്‍ അഥവാ അണികള്‍ ശരിപ്പെടുത്തുന്നതിന്റെ പ്രാമാണികതയും പ്രാധാന്യവും നമ്മള്‍ മനസ്സിലാക്കി. പ്രാമാണികമായി ഇത്രയും പിന്‍ബലമുള്ള ഈ വിഷയത്തെ, അഥവാ ഈ സ്ഥിരപ്പെട്ട നബിചര്യയെ (സുന്നത്തിനെ) അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത ചിലരിലെങ്കിലും കാണപ്പെടുന്നുണ്ട്. അതില്‍ പണ്ഡിതന്മാരുമുണ്ടെന്നത് ഏറെ സങ്കടകരമാണ്. ഈ നബിചര്യ സ്വജീവിതത്തില്‍ പകര്‍ത്തുകയോ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുന്നതോടൊപ്പം ഇതിനെ കളിയാക്കുക കൂടി ചെയ്യുന്നവരുടെ മനസ്സിലിരിപ്പ് എന്തായിരിക്കും? 

ഹദീഥുകളെ തങ്ങളുടെ പരിമിതമായ ബുദ്ധികൊണ്ട് വിലയിരുത്തി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യല്‍ ശീലമാക്കിയ ഒരു വിഭാഗത്തിന്റെ വാരികയില്‍ സ്വഫ്ഫുകള്‍ ചേര്‍ന്നുനില്‍ക്കുന്നതിനെയും മറ്റു ചില സുന്നത്തുകളെയും പരിഹസിച്ചുകൊണ്ട് ഒരു ലേഖനം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. വിശ്വാസികളുടെ മനസ്സിനെ അതിലെ പരാമര്‍ശങ്ങള്‍ വല്ലാതെ വേദനിപ്പിക്കുമെന്നതില്‍ സംശയമില്ല. ഇത് വായിക്കുക:

”നവയാഥാസ്ഥിതികര്‍ വിശ്വാസരംഗങ്ങളില്‍ മായം ചേര്‍ത്തതു പോലെ അനുഷ്ഠാനരംഗത്തും മായം ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍, സുജൂദില്‍നിന്നും ഉയരുമ്പോള്‍ മുഷ്ടി ചുരുട്ടി നിലത്തുനിന്ന് എഴുന്നേല്‍ക്കല്‍, സ്വഫ്ഫ് നില്‍ക്കുമ്പോള്‍ വിരലുകള്‍ ഒപ്പിക്കല്‍ എന്നിവ അവയില്‍ ചിലതാണ്. കാല്‍വിരലുകള്‍ ഒപ്പിക്കാതെയും ചേര്‍ക്കാതെയും നിന്നാല്‍ അതിന്നിടയില്‍ പിശാച് വന്നുനില്‍ക്കും എന്നാണത്രെ ഇവരുടെ വാദം. പ്രസ്തുത വാദം ശരിയാണെങ്കില്‍ അതിന്നിടയില്‍ മാത്രമല്ല പിശാച് കാലുകള്‍ക്കിടയിലും രണ്ടാളുടെ തലകള്‍ക്കിടയിലും കയറിനില്‍ക്കില്ലേ? അങ്ങനെവരുമ്പോള്‍ നമസ്‌കരിക്കുന്ന ഓരോ വ്യക്തിയും കാലുകള്‍ക്കിടയില്‍ വിടവ് വരുത്താത്തവിധം അറ്റന്‍ഷനായ നിലയില്‍ നില്‍ക്കേണ്ടിവരും. തലകള്‍ ചേര്‍ത്തുവെച്ചാലും കഴുത്തുകള്‍ ചേര്‍ത്തുവെക്കാന്‍ സാധിക്കാത്തതിനാല്‍ ആ വിടവിലും പിശാച് വന്നുനില്‍ക്കാന്‍ സാധ്യതയുണ്ട്. വിരലുകള്‍ ഒപ്പിച്ചു നില്‍ക്കാന്‍ അല്ലാഹുവിന്റെ റസൂല്‍ എവിടെയും പറഞ്ഞിട്ടില്ല. അപ്രകാരം സ്വഫ്ഫ് നിന്നാല്‍ പാമ്പ് ചലിക്കുന്നതുപോലെയുണ്ടാകും. സ്വഫ്ഫ് ചെറിയ പാദമുള്ള വ്യക്തി നില്‍ക്കുന്നത് വലിയ പാദമുള്ള വ്യക്തിയോടൊപ്പമാണെങ്കില്‍ അല്‍പം കയറിനില്‍ക്കേണ്ടിവരും. ഇനി വലതുഭാഗം നില്‍ക്കുന്നത് ചെറിയപാദമുള്ള വ്യക്തിയാണെങ്കില്‍ വലിയ പാദമുള്ള വ്യക്തി പാദം സ്വഫ്ഫില്‍നിന്നും അല്‍പം താഴോട്ട് പിന്തിപ്പിക്കേണ്ടിവരും. ഇപ്പറഞ്ഞവിധം സ്വഫ്ഫു നില്‍ക്കുകയെന്നത് നബിചര്യയോ പ്രായോഗികമോ അല്ല” (ശബാബ്, 2014 ഡിസംബര്‍ 12. പേജ് 32,33).

‘സ്വഫ്ഫിനിടയിലെ പിശാച്’ എന്ന തലക്കെട്ടുള്ള ലേഖനത്തിലാണ് ഈ പരിഹാസമത്രയും എഴുതിവിട്ടിരിക്കുന്നത്. അല്ലാഹുവിന്റെ ശാപവും കോപവും ചോദിച്ചുവാങ്ങുന്ന പണിയല്ലേ ഇത്? ഈമാനുറപ്പുള്ളവരില്‍നിന്ന് ഇത്തരം ഒരു പരിഹാസം ഒരിക്കലുമുണ്ടാകില്ല. അല്ലെങ്കിലും ഇസ്‌ലാം ഹറാമാക്കിയ മ്യൂസിക്കിനുപോലും ക്വുര്‍ആനില്‍ തെളിവുണ്ടെന്നു പറഞ്ഞവരില്‍നിന്ന് ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍! ക്വുര്‍ആനും ഹദീഥുമാണല്ലോ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് ആ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങളെ മാറ്റിവെക്കാനോ തങ്ങള്‍ക്കിഷ്ടമില്ലാത്തതായതിനാല്‍ മാറ്റിമറിക്കാനോ കഴിയില്ല. 

നമസ്‌കാരത്തിന് അണിയായി നില്‍ക്കുമ്പോള്‍ പാദങ്ങള്‍ ചേര്‍ത്തുവെക്കാതിരുന്നാല്‍ ഇടയില്‍ പിശാച് പ്രവേശിക്കും എന്നത് വഹ്‌യ് ലഭിക്കുന്ന നബി ﷺ  പറഞ്ഞുതന്നതാണ്. ഒരാള്‍ മുസ്‌ലിമാണെങ്കില്‍ അത് അപ്പടി വിശ്വസിക്കും. ‘കഴുത്തും തലയും തമ്മില്‍ അകലമില്ലേ, അപ്പോള്‍ അതിനിടയിലും പിശാച് പ്രവേശിക്കില്ലേ’ എന്ന ചോദ്യം സുന്നത്തിനെ സ്വീകരിക്കുന്നവരെ കളിയാക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഉതകിയേക്കുമെങ്കിലും വിഡ്ഢിത്തവും നബി ﷺ യെ പരിഹസിക്കലാണ്. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതിനെ ചോദ്യം ചെയ്യലും മറുചോദ്യത്തിലൂടെ നിഷേധിക്കുന്നതും സലഫുകളുടെ മാര്‍ഗമല്ല.

വിശ്വാസത്തില്‍ മായം ചേര്‍ത്തവര്‍ എന്ന കള്ളത്തോടൊപ്പം മറ്റൊരു പച്ചക്കള്ളം ലേഖകന്‍ എഴുതിപ്പിടിപ്പിച്ചത് വായിച്ചപ്പോള്‍ അത്ഭുതം തോന്നി. ഇത് വായിക്കുന്നവര്‍ ഈ കള്ളം തിരിച്ചറിയുമെന്ന ബോധം അയാള്‍ക്കില്ലാതെ പോയി. നമസ്‌കാരത്തില്‍ വിരലുകള്‍ ഒപ്പിക്കണമെന്ന് പറയുന്നു എന്ന ഇല്ലാത്ത വാദമുന്നയിച്ചത് പരിഹാസത്തിന് മൂര്‍ച്ചകൂട്ടാനായിരിക്കും. ആരാണ് നമസ്‌കാരത്തില്‍ കാല്‍വിരലുകള്‍ ഒപ്പിച്ചു നില്‍ക്കണമെന്നു പറഞ്ഞത്? തെളിവുദ്ധരിക്കാന്‍ ലേഖകനു കഴിയുമോ? അങ്ങനെ ചെയ്താല്‍ സ്വഫ്ഫ് വളയുമെന്നും മടമ്പുകള്‍ ഒപ്പിച്ചു നില്‍ക്കണമെന്നുമല്ലേ നമ്മുടെ ഇമാമുകള്‍ വിളിച്ചു പറയാറുള്ളത്? സ്വഫ്ഫ് നില്‍ക്കുമ്പോള്‍ പരസ്പരം ശരീരം തട്ടുന്നതില്‍ വെറുപ്പുകാണിക്കുന്നതും പരമാവധി അകലം പാലിക്കുകയും ചെയ്യുന്നവരാണ് ഈ ആരോപകര്‍. വിശ്വാസിയായ സഹോദരനോട് വെറുപ്പുള്ളതുകൊണ്ടാണല്ലോ ഈ അകല്‍ച്ച. ഒരാളോട് അടുത്തു നില്‍ക്കുന്നതില്‍ മറ്റൊരാള്‍ അനിഷ്ടം കാണിച്ചാല്‍ അയാള്‍ തന്നെ വെറുക്കുന്നു എന്ന് അയാള്‍ മനസ്സിലാക്കും. അത് മാനസികമായ അകലം വര്‍ധിപ്പിക്കും. തമ്മില്‍ കണ്ടാല്‍ മിണ്ടാതാവും. അവിടെ പിശാച് ജയിക്കും എന്നര്‍ഥം. മറിച്ച് പരസ്പരം പാദം അടുപ്പിച്ച് ശരീരങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുന്നതില്‍ അനിഷ്ടം കാണിക്കാതിരിക്കുമ്പോള്‍ അറിയാതെ മാനസികമായ ഒരടുപ്പം വളര്‍ന്നുവരും. അതില്‍ സത്യവിശ്വാസികള്‍ അനുഭവിക്കുന്ന ഒരു ഈമാനിക മാധുര്യമുണ്ട്. അവിടെ പിശാച് പരാജയപ്പെടും. കറപുരണ്ട മനസ്സുകള്‍ക്ക് അത് മനസ്സിലാവില്ല. അല്ലാഹു പറയുന്നു: ”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല” (4:65). 

ഇബ്‌നുകഥീര്‍(റഹ്) പറയുന്നു: ”നിശ്ചയം, മുഴുവന്‍ കാര്യങ്ങളിലും നബി ﷺ  വിധിക്കുന്നത് സ്വീകരിക്കുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല. അവിടുന്ന് വിധിച്ചത് സത്യമാണ്. പ്രത്യക്ഷമായും പരോക്ഷമായും അതിന് കീഴ്‌പെടല്‍ നിര്‍ബന്ധവുമാണ് എന്നാണ് ഇൗ വിശുദ്ധ വാക്യത്തിലൂടെ അല്ലാഹു സത്യം ചെയ്തു പറയുന്നത.്”

‘എന്തിനാണ് ഇത്തരം നിസ്സാര കാര്യങ്ങളില്‍ ഇത്ര കണിശത കാണിക്കുന്നത്? ചെയ്യുന്നവര്‍ ചെയ്‌തോട്ടെ, അല്ലാത്തവര്‍ ഒഴിവാക്കട്ടെ, അതിലൊക്കെ എന്തിരിക്കുന്നു?’ പലരും ചോദിക്കാറുണ്ടിങ്ങനെ. 

നബി ﷺ യോട് എതിരാകാതിരിക്കാന്‍ സുന്നത്തുകള്‍ നാം ജീവിതത്തില്‍ പകര്‍ത്തണം. ഒരു സുന്നത്തിനോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ പ്രയാസമില്ല. അത് സ്വജീവിതത്തില്‍ പകര്‍ത്താന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ അതിനെ ബുദ്ധിമുട്ടായി കാണുകയില്ല. അതിനെ ബുദ്ധിമുട്ടും മാനക്കേടുമായി കാണുന്നവര്‍ പരിഹസിക്കുകയോ നിഷേധിക്കുകയോ ഒക്കെ ചെയ്യും. 

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

നമസ്‌കാരവും സ്വഫ്ഫ് ശരിപ്പെടുത്തലും

നമസ്‌കാരവും സ്വഫ്ഫ് ശരിപ്പെടുത്തലും

ഇസ്‌ലാം പഠിപ്പിക്കുന്ന ഒരു കാര്യം; അതെത്ര ചെറുതാകട്ടെ, വലുതാകട്ടെ, ഏത് സന്ദര്‍ഭത്തിലും സാഹചര്യത്തിലുമുള്ളതാകട്ടെ അതിനെ പരിപൂര്‍ണമായി ഉള്‍ക്കൊള്ളുക, അതിന് കീഴ്‌പെടുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറഞ്ഞു:
”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു”(ക്വുര്‍ആന്‍ 33:36).

ഇബ്‌നുകഥീര്‍ ഈ വചനത്തിനു നല്‍കിയ വിശദീകരണത്തില്‍ ഇങ്ങനെ കാണാം: ”ഈ വചനം മുഴുവന്‍ കാര്യങ്ങെളയും െപാതുവായി ഉള്‍െക്കാള്ളുന്നതാണ്. എന്തെന്നാല്‍ അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചാല്‍ അതിനെതിരാകലോ മറ്റൊന്ന് തെരഞ്ഞെടുക്കലോ അഭിപ്രായമോ വാക്കോ ഒരാള്‍ക്കും പാടില്ല” (ഇബ്‌നുകഥീര്‍ 3/641).

കാര്യം വ്യക്തമാണ്. കര്‍മപരവും വിശ്വാസപരവും സ്വഭാവപരവും ചരിത്രപരവുമൊക്കെയായ ഒട്ടനവധി കാര്യങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. പ്രമാണബദ്ധമായ അത്തരം കാര്യങ്ങളെ നിസ്സാരമായി കാണുന്നതും അവയെ പരിഹസിക്കുന്നതും അവയ്‌ക്കെതിരെ എഴുതുന്നതും സംസാരിക്കുന്നതുമെല്ലാം മഹാ അപരാധമാണ്. ശിക്ഷാര്‍ഹമായ പ്രവര്‍ത്തനമാണ്. അല്ലാഹു പറയുന്നു:
”…ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ” (ക്വുര്‍ആന്‍ 24:63).

ഇബ്‌നുകഥീര്‍ പറയുന്നു: ”അതായത് റസൂല്‍ ﷺ യുടെ കല്‍പനയെ തൊട്ട്. അവന്റെ രീതിയും വഴിയും ചര്യയും നിയമവുമെല്ലാം അതാകുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വാക്കുകളും പ്രവൃത്തികളും തൂക്കപ്പെടുക. അതിനോട് യോജിക്കുന്നത് സ്വീകരിക്കപ്പെടും. അതിനോട് എതിരാകുന്നത് ആരുടേതായാലും അത് പറഞ്ഞവനിലേക്കും പ്രവര്‍ത്തിച്ചവനിലേക്കും തള്ളപ്പെടും. അവരുടെ ഹൃദയത്തെ സത്യനിഷേധമോ കാപട്യമോ ബിദ്അത്തോ ബാധിക്കും” (ഇബ്‌നുകഥീര്‍ 3/1326).

നമസ്‌കാരത്തില്‍ സ്വഫ്ഫ് ശരിയാക്കുന്ന വിഷയത്തെ പരിഗണിക്കാതിരിക്കലും ഒരുവേള അതിനെ പരിഹസിക്കുന്നതുമായ ഒരു സ്വഭാവം ചിലരില്‍ അടുത്ത കാലത്തായി കണ്ടുവരുന്നുണ്ട്. അതില്‍ അത്ര കാര്യമില്ല എന്നാണ് ചില പണ്ഡിതന്മാര്‍ അണികളെ പഠിപ്പിക്കുന്നത്. അതിനാല്‍ സാധാരണക്കാര്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ, വളരെ അകലം പാലിച്ച് സ്വഫ്ഫ് നില്‍ക്കുകയും ചെയ്യുന്നു. 

‘സ്വഫ്ഫ്’ എന്ന അറബി പദത്തിന്റെ അര്‍ഥം ‘നേരെയുള്ള വരി’ എന്നാണ്. സംഘമായുള്ള നമസ്‌കാരത്തിന് നില്‍ക്കുന്നവരുടെ വരി വളയാതെയും ആളുകള്‍ക്കിടയില്‍ വിടവില്ലാതെയുമാക്കുക എന്നതാണ് സാങ്കേതികമായി ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. 

നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ സ്വഫ്ഫ് ശരിപ്പെടുത്തുന്ന വിഷയത്തെ നാം എത്രേത്താളം പരിഗണിക്കുന്നുവെന്ന് ചിന്തിക്കുക. അശ്രദ്ധയും അലസതയും സുന്നത്തിനോടുള്ള വെറുപ്പും നീരസവും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ വീഴ്ചവരുത്താന്‍ കാരണമാണ്. സ്വഫ്ഫ് ശരിപ്പെടുത്തി പാദങ്ങള്‍ ചേര്‍ത്തു നില്‍ക്കാന്‍ ഇമാം ഉണര്‍ത്തിയാല്‍ പോലും പലരും അത് പരിണഗണിക്കാറില്ല. ഇമാം ബുഖാരി, ഇബ്‌നു ഹസം, ഇബ്‌നുഖുസൈമ, ഹാഫിദ് ഇബ്‌നുമുന്‍ദിര്‍, ഇബ്‌നുഹജറുല്‍ അസ്‌ക്വലാനി, ഇബ്‌നുതീമിയ, ശൈഖ് ഇബ്‌നുബാസ്, ശൈഖ് അല്‍ബാനി, ശൈഖ് ഇബ്‌നു ഉഥൈമീന്‍ തുടങ്ങിയ പണ്ഡിതന്മാരെല്ലാം സ്വഫ്ഫ് ശരിപ്പെടുത്തല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞവരാണ്. ഇതുമായ ബന്ധപ്പെട്ട ചില ഹദീഥുകള്‍ കാണുക: 

1. നുഅ്മാനുബ്‌നു ബശീര്‍(റ)വില്‍ നിന്ന് നിവേദനം: ”റസൂല്‍ ﷺ പറഞ്ഞതായി ഞാന്‍ കേട്ടു: ‘നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫ് ശരിപ്പെടുത്തുക തന്നെ വേണം. അല്ലെങ്കില്‍ നിങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ അല്ലാഹു വേര്‍തിരിവുണ്ടാക്കും” (ബുഖാരി, മുസ്‌ലിം).
2. അനസ്(റ)വില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ നേരെയാക്കുകയും പരസ്പരം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുക” (ബുഖാരി).
3. അനസ്(റ)വില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക. നിശ്ചയം സ്വഫ്ഫുകള്‍ ശരിപ്പെടുത്തല്‍ നമസ്‌കാരത്തിന്റെ നിലനില്‍പില്‍ പെട്ടതാണ്” (ബുഖാരി).
4. അനസ്(റ)വില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക. നിശ്ചയം സ്വഫ്ഫുകള്‍ ശരിപ്പെടുത്തല്‍ നമസ്‌കാരത്തിന്റെ പൂര്‍ണതയില്‍ പെട്ടതാണ്” (ബുഖാരി).
5. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”നമസ്‌കാരത്തില്‍ നിങ്ങള്‍ സ്വഫ്ഫ്ശരിയാക്കുക. നിശ്ചയം സ്വഫ്ഫ് ശരിപ്പെടുത്തുക എന്നത് നമസ്‌കാരത്തിന്റെ നന്മയില്‍ പെട്ടതാണ്” (മുസ്‌ലിം).
6. നുഅ്മാനുബ്‌നു ബശീര്‍(റ)വില്‍നിന്ന് നിവേദനം: ‘നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക’ എന്ന് ജനങ്ങളിലേക്ക് തിരിഞ്ഞുനിന്ന് നബി ﷺ മൂന്ന് തവണ പറഞ്ഞു. ‘അല്ലാഹു തന്നെ സത്യം. നിങ്ങളുടെ സ്വഫ്ഫുകള്‍ നിങ്ങള്‍ നേരെയാക്കണം. അല്ലെങ്കില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകും.’ നുഅ്മാന്‍(റ) പറഞ്ഞു: ‘അന്നേരം ഒരാള്‍ തന്റെ മടമ്പും മുട്ടും ചുമലും തന്റെ കൂട്ടുകാരന്റെതിനോട് ഒട്ടിച്ചുവെക്കുന്നതായി ഞാന്‍ കണ്ടു” (അബൂദാവൂദ്).
7. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍നിന്ന്. നബി ﷺ പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക. നിങ്ങളുടെ ചുമലുകള്‍ നേരെയാക്കുക. സ്വഫ്ഫുകള്‍ക്കിടയിലെ വിടവുകള്‍ നിങ്ങള്‍ അകറ്റുക. നിങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ മൃദുലത കാണിക്കുക. പിശാചുക്കള്‍ക്കു വേണ്ടി വിടവുകള്‍ നിങ്ങള്‍ ഒഴിവാക്കരുത്. ആരെങ്കിലും സ്വഫ്ഫ് ചേര്‍ത്താല്‍ അല്ലാഹു അവനെയും ചേര്‍ത്തു. ആരെങ്കിലും സ്വഫ്ഫ് മുറിച്ചാല്‍ അല്ലാഹുവും അവനെ മുറിച്ചു” (ബുഖാരി).
8. ജാബിറുബ്‌നു സംറത്ത്(റ)വില്‍നിന്ന്. നബി ﷺ പറഞ്ഞു: ”മലക്കുകള്‍ അവരുടെ റബ്ബിന്റെ അടുക്കല്‍ അണിയണിയായി നില്‍ക്കുന്നതുപോലെ നിങ്ങള്‍ നില്‍ക്കുന്നില്ലേ?” ഞങ്ങള്‍ ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, എങ്ങനെയാണ് അല്ലാഹുവിന്റെ മലക്കുകള്‍ റബ്ബിന്റെയടുക്കല്‍ അണിയണിയായി നില്‍ക്കുന്ന്?” അവിടുന്ന് പറഞ്ഞു: ”ആദ്യ അണികള്‍ അവര്‍ പൂര്‍ത്തിയാക്കുന്നു. അവര്‍ സ്വഫ്ഫ് പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നു” (മുസ്‌ലിം).
9. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”നമസ്‌കാരത്തില്‍ സ്വഫ്ഫ് നേരെയാക്കല്‍ നിങ്ങള്‍ നന്നാക്കുക” (സ്വഹീഹുല്‍ ജാമിഅ്).

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

ഭൗതികവാദികളും ക്വുര്‍ആനിന്റെ പുനര്‍വായനയും

ഭൗതികവാദികളും ക്വുര്‍ആനിന്റെ പുനര്‍വായനയും

കാലോചിതമായ വായനക്ക് ഇസ്‌ലാമിക പ്രമാണങ്ങളും അന്യമല്ല എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആസ്വാദനപ്രദാനമായ രചനകളെ മാത്രം വിശകലനം ചെയ്ത് പരിചയമുള്ള നവോത്ഥാനനാട്യക്കാരാണ് ഇതിന് മുന്‍പന്തിയിലുള്ളത്. സ്രഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതില്‍ സൃഷ്ടികളുടെ മസ്തിഷ്‌കത്തെ കൂടി പരിഗണിക്കേണ്ടതുണ്ടോ? ദൈവികവചനങ്ങള്‍ മനുഷ്യബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിലെ സാംഗത്യമെന്ത്?

ഇസ്‌ലാമിനെ അല്ലെങ്കില്‍ ക്വുര്‍ആനിനെ പുനര്‍വായനക്ക് വിധേയമാക്കണമെന്നും കാലോചിതമായ പരിഷ്‌കരണം ഇസ്‌ലാമിക നിയമങ്ങളില്‍ നടപ്പിലാക്കമെന്നുമൊക്കെ ഇടയ്ക്കിടെ ചില ബുദ്ധിജീവി നാട്യക്കാര്‍ പ്രസ്താവിക്കാറുണ്ട്. ആ പ്രസ്താവനകള്‍ പ്രത്യേകിച്ചും ശ്രദ്ധിക്കപ്പെടും; നവോത്ഥാന ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്ന വര്‍ത്തമാന കാലത്ത് പ്രത്യേകിച്ചും. എന്താണ് ഇസ്‌ലാം, എന്താണ് ക്വുര്‍ആന്‍ എന്ന് കൃത്യമായി മനസ്സിലാക്കിയവര്‍ക്ക് ഈ വാദത്തിന്റെ അപ്രസക്തി ബോധ്യപ്പെടാതിരിക്കില്ല. എം.ടിയുടെ ‘നാലുകെട്ടി’നെ അല്ലെങ്കില്‍ അഴീക്കോടിന്റെ ‘തത്ത്വമസി’യെ അതുമല്ലെങ്കില്‍ തകഴിയുടെ ‘കയറി’നെ പുനര്‍വായിക്കണമെന്നു പറയുന്ന ലാഘവത്തോടെയാണ് ചില ബുദ്ധിജീവി നാട്യക്കാര്‍ ഇസ്‌ലാമിനെ അല്ലെങ്കില്‍ ക്വുര്‍ആനിനെ പുനര്‍വായിക്കണമെന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്. 

വിശുദ്ധ ക്വുര്‍ആന്‍ തകഴിയുടെ നോവല്‍ പോലെയുള്ള ഒരു ഗ്രന്ഥമല്ല. ഇസ്‌ലാം മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ പോലുള്ള ഒരു മാനിഫെസ്‌റ്റോയുമല്ല. എങ്കില്‍ പുനര്‍വായനയും വേണ്ടിവന്നാല്‍ പൊളിച്ചെഴുത്തുമൊക്കെ നടത്താമായിരുന്നു. എന്നാല്‍ ഇസ്‌ലാം പ്രപഞ്ച സ്രഷ്ടാവിന്റെ മതമാണ്. വിശുദ്ധ ക്വുര്‍ആന്‍ ആ സ്രഷ്ടാവിന്റെ വപനങ്ങളും. ഇക്കാര്യം ആത്മാര്‍ഥമായി അംഗീകരിക്കുന്ന ഒരാള്‍ക്കും ഇതിനെയൊക്കെ കാലത്തതിനനുസരിച്ച് വളച്ചും വിളക്കിയും ഒടിച്ചും മുറിച്ചും നേരെ പിടിച്ചും തലകുത്തനെ പിടിച്ചും കാലാനുസൃതമായി രൂപം മാറ്റുവാനും വായിക്കുവാനും ആവശ്യപ്പെടാന്‍ കഴിയില്ല. അപ്രായോഗികവും അര്‍ഥശൂന്യവുമാണ് ഈ പുനര്‍വായനാവാദം. ആരാണീ പുനര്‍വായന നടത്തേണ്ടത്? അതിന്റെ ദൈവികതയില്‍ ഒട്ടും വിശ്വാസമില്ലാത്ത ‘ദേശീയ മുസ്‌ലിം’ എന്ന ‘ഉന്നത സോപാന’ത്തിലിരിക്കുന്നവരോ? ഇസ്‌ലാമിക പണ്ഡിതന്മാരോ? ഒറ്റയ്‌ക്കൊറ്റയ്ക്കാണോ പുനര്‍വായിക്കേണ്ടത് അഥവാ പുനര്‍വ്യാഖ്യാനിക്കേണ്ടത്? അതോ കൂട്ടമായിട്ടോ? ഇതിനൊരുമ്പെട്ടാല്‍ ഇസ്‌ലാമിന്റെയും ക്വുര്‍ആനിന്റെയും എന്ത് അടയാളമാണ് ഭൂമുഖത്ത് ബാക്കിയുണ്ടാവുക? 

ഇസ്‌ലാമിന് നിശ്ചിതമായ ്രപമാണങ്ങളുണ്ട്. ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് കൃത്യമായ ചില മാനദണ്ഡങ്ങളുമുണ്ട്. ക്വുര്‍ആനിലെ ഒരു പദത്തിനോ സൂക്തത്തിനോ ക്വുര്‍ആനികാശയങ്ങള്‍ക്ക് വിരുദ്ധമായ അര്‍ഥവും വ്യാഖ്യാനവും എത്ര വലിയ പണ്ഡിതന്‍ നല്‍കിയാലും അത് മുസ്‌ലിംകളാല്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നത് അനിഷേധ്യമാണ്. ആയിരത്തി നാനൂറ് വര്‍ഷം മുമ്പ് അവതരിച്ച ഒരു ഗ്രന്ഥം ഇന്ന് അതേ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, അതിലെ കല്‍പനാനിര്‍ദേശങ്ങള്‍ അന്നത്തെയാളുകള്‍ മനസ്സിലാക്കി പ്രാവര്‍ത്തികമാക്കിയതുപോലെ ഇന്നത്തെയാളുകളും പ്രാവര്‍ത്തികമാക്കുന്നുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നത് ആ ഗ്രന്ഥത്തിന്റെ ദൈവികതയും പ്രായോഗികതയുമാണ്. 

അറേബ്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചല്ല പ്രവാചകന്‍ﷺ ക്വുര്‍ആന്‍ വ്യാഖ്യാനിച്ചുകൊടുത്തത്; സ്രഷ്ടാവ് അറിയിച്ചുകൊടുത്തതനുസരിച്ചാണ്. കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് പലരും പലതും മനസ്സിലാക്കുന്നത് സ്വാഭാവികം. മൊബൈല്‍ ഫോണിനെക്കുറിച്ച് ക്വുര്‍ആനില്‍ പറഞ്ഞിട്ടില്ല എന്നത് ക്വുര്‍ആനിന്റെ ദൈവികതയെ ചോദ്യം ചെയ്യാന്‍ മുസ്‌ലിം നാമധാരിയായ ഒരു ഭൗതികവാദി ആയുധമാക്കിയത്  ഓര്‍മവരുന്നു. ആറാം നൂറ്റാണ്ടിലെ പടച്ചവന്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പടച്ചവന്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന്‍ മൊബൈല്‍ കണ്ടുപിടിക്കുമെന്ന അറിവ് സര്‍വജ്ഞനായ അവന് ഇല്ലാതിരിക്കുകയുമില്ല. എന്നാല്‍ അതിനെക്കുറിച്ച് പറഞ്ഞില്ല എന്നതിലാണ് ക്വുര്‍ആനിന്റെ മഹത്ത്വം. കാരണം ക്വുര്‍ആന്‍ അന്ത്യനാള്‍ വരെയുള്ള മാനവരാശിക്കുള്ളതാണ്. ഏതാനും ദശകങ്ങള്‍ കഴിഞ്ഞാല്‍ അല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാകുമെന്നതിന് എന്താണുറപ്പ്? മൊബൈല്‍ എന്നല്ല എല്ലാ ആധുനിക ഉല്‍പന്നങ്ങളും മാറിക്കൊണ്ടേയിരിക്കുന്നു. ഒന്ന് മറ്റൊന്നിന് വഴിമാറിക്കൊണ്ടേയിരിക്കുന്നു. അപ്പോള്‍ ഇതില്‍ ഏതിനെക്കുറിച്ചാണ് ക്വുര്‍ആനില്‍ പറയുക? അന്ത്യനാള്‍വരെയുള്ള മുഴുവന്‍ കണ്ടുപിടുത്തങ്ങളെക്കിറിച്ചും പറയേണ്ടിവരില്ലേ? ഇനി ഇരുപതാം നൂറ്റാണ്ടില്‍ മൊബൈല്‍ ഫോണ്‍ എന്ന സാധനം കണ്ടുപിടിക്കും എന്ന് ക്വുര്‍ആനില്‍ പരാമര്‍ശമുണ്ടായി എന്നു സങ്കല്‍പിക്കുക. അടുത്ത നൂറ്റാണ്ടില്‍ അല്ലെങ്കില്‍ അതിനടുത്ത നൂറ്റാണ്ടില്‍ മൊൈബല്‍ അപ്രത്യക്ഷമാകുന്നു. മൊൈബല്‍ ഫോണ്‍ കണ്ടുപിടിക്കുമെന്നും പിന്നീട് അത് ഇല്ലാതായി മാറുമെന്നും എന്തുകൊണ്ട് പ്രവചിച്ചില്ല എന്നായിരിക്കില്ലേ അടുത്ത ചോദ്യം? പുനര്‍വായനാവാദികള്‍ക്ക് മൊബൈലിനെ പുനര്‍വായിക്കണം എന്നു പറയാനുള്ള സൗകര്യമുണ്ടാകുമെന്നു മാത്രം! 

അരുവികളും സ്വര്‍ഗവും

‘ക്വുര്‍ആനില്‍ പറയുന്ന സ്വര്‍ഗത്തെ സംബന്ധിച്ചുള്ള സങ്കല്‍പം പോലും ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന അറേബ്യന്‍ സമൂഹത്തിന് മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തിലുള്ളതാണ്. അന്നത്തെ ജനതക്ക് ആവശ്യമെന്ന് അന്ന് ജീവിച്ചിരുന്ന ആളുകള്‍ കണ്ടിരുന്ന കാര്യങ്ങളാണ് അതില്‍ പറയുന്നത്. സ്വര്‍ഗത്തില്‍ അരുവികളുണ്ട്, പൂങ്കാവനങ്ങളുണ്ട,് അതുപോലുള്ള ഒരുപാട് സൗഭാഗ്യങ്ങളുണ്ട്. ഒരു മരുഭൂമിയില്‍ ജീവിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ കാമ്യമായിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ സ്വര്‍ഗത്തിലുണ്ട്’- ഇതും ഒരു ഭൗതികവാദിയുടെ ആരോപണമാണ്.

സത്യത്തില്‍ ചിന്തിക്കാതെയുള്ള ഒരു കാടടച്ച് വെടിവെക്കലാണിത്. പണ്ടുമുതലേ പലരും ഉന്നയിച്ച ആേരാപണം! പുഴകള്‍, പൂങ്കാവനങ്ങള്‍, പച്ചിലക്കാടുകള്‍… ഇവയെല്ലാം എപ്പോഴും കണ്‍നിറയെ കാണുവാനും ആസ്വദിക്കുവാനും മരുഭൂവാസികള്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ അവര്‍ക്കിതെല്ലാം കാമ്യമാണ്. ശരിയാണ്. എന്നാല്‍ പുഴകളും തോടുകളും കടലും കായലുകളും കാടുകളും പൂങ്കാവനങ്ങളുമെല്ലാമുള്ള കേരളക്കാര്‍ക്കോ? ഇവിടെ ഇതെല്ലാമുള്ളതുകൊണ്ട് നമുക്ക് കാമ്യമായത് മരുഭൂമിയാണോ? 

നമ്മുടെ നാട്ടില്‍  നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോകുന്നു. നവദമ്പതികള്‍ മധുവിധുയാത്ര പോകുന്നു. കുടുംബാംഗങ്ങള്‍ ഉല്ലാസയാത്ര പുറപ്പെടുന്നു. എങ്ങോട്ടാണ് പോകാറുള്ളത്? സൗദി അറേബ്യയിലെ മരുഭൂമിയിലേക്കോ? രാജസ്ഥാനിലെ മണല്‍ക്കാടുകളിലേക്കോ? മരുഭൂവാസികള്‍ക്ക് പുഴയും പൂക്കളുമാണ് കാമ്യമെങ്കില്‍ പുഴയും പൂക്കളുമുള്ള നാട്ടില്‍ ജീവിക്കുന്ന നമുക്ക് താല്‍പര്യമുണ്ടാകേണ്ടത് മരുഭൂമിയോടാണല്ലോ! എന്നാല്‍ നമ്മുടെ ടൂറെല്ലാം ജലാശയങ്ങളും പൂങ്കാവനങ്ങളും കാടുകളും കാണാനല്ലേ? സഹാറ മരുഭൂമിയിലേക്കല്ല ബാംഗ്ലൂരിലെയും മൈസൂരിലെയും പൂങ്കാവനങ്ങളിലേക്കാണ് നമ്മുടെ കണ്ണ്. നമ്മുടെ നാട്ടില്‍ കായലിനരികത്തോ പുഴവക്കത്തോ മലിനജലമൊഴുകുന്ന കൃത്രിമ തോടുകളുടെ വക്കിനോ പോലും ഉയരുന്ന പല ഫ്‌ളാറ്റുകളുടെയും പരസ്യത്തിലെ പ്രധാന വാചകം ‘ഗ്രേറ്റ് വാട്ടര്‍ ഫ്രണ്ട് ലൈഫ്’ എന്നാണ്. പുഴകളും കായലും കടലുമെല്ലാം കണ്ട് മതിയായവരായിട്ടും ഒരു നീരുറവയ്ക്കു സമീപമുള്ള ഫ്‌ളാറ്റിലെ ജീവിതത്തെ ‘മഹത്തായത്’ എന്നു വിശേഷിപ്പിച്ച് ആകര്‍ഷിപ്പിക്കുന്നതെന്തിനാണ്? ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കു മാത്രമാണോ പുഴയോടും പൂക്കളോടും താല്‍പര്യം? 

അനന്തരസ്വത്തും സ്ത്രീയും  

പുനര്‍വായനാവാദികളുടെ മറ്റൊരു ആരോപണം ഇങ്ങനെയാണ്: ”അനന്തരസ്വത്തില്‍ യാതൊന്നും നല്‍കപ്പെടാതിരുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ക്കും അവകാശം നല്‍കണമെന്ന് പ്രവാചകന്‍, അല്ലെങ്കില്‍ ക്വുര്‍ആന്‍ പറയുന്നു. പക്ഷേ, ഇന്ന് അത്ര മതി എന്നു പറയുന്നത് ശരിയല്ല. അവിടെയാണ് ഒരു പുനര്‍വായന ആവശ്യമായിത്തീരുന്നത്. അന്ന് പുരുഷന് കിട്ടുന്നതന്റെ പകുതി സ്ത്രീകള്‍ക്ക് കിട്ടണമെന്ന് പറഞ്ഞുവെങ്കില്‍ ഇന്ന് നമ്മള്‍ എങ്ങനെയാണതിനെ കാണേണ്ടത്? ഇന്നെത്ത കാലത്ത് പുരുഷന്മാര്‍ക്ക് കിട്ടുന്നിന്റെ പകുതി തന്നെ കൊടുത്താല്‍ മതിയോ? അല്ലെങ്കില്‍ ക്വുര്‍ആനും പ്രവാചകനും മുന്നോട്ടു വെക്കുന്ന വീക്ഷണം സാമൂഹിക നീതിയാണെന്നു മനസ്സിലാക്കിയിട്ട് ഈ അനന്തര സ്വത്തവകാശത്തില്‍ സ്ത്രീപുരുഷ സമത്വം അംഗീകരിക്കുകയാണ് ചെേയ്യണ്ടത്.”

ഇവര്‍ പുനര്‍വായന കൊണ്ട് ഉദ്ദേശിക്കുന്നത് പൊളിച്ചെടുക്കലോ പൊളിച്ചടുക്കലോ ആണെന്ന് വ്യക്തം. സാമൂഹ്യനീതി എന്ന തുലാസിലിട്ട് തൂക്കമൊപ്പിക്കാന്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയും കൃത്യമായ നിര്‍ദേശങ്ങളെ നിരാകരിക്കുന്നതിനോട് വിശ്വാസികള്‍ക്കെന്തായാലും യോജിക്കാന്‍ കഴിയില്ല. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ മുഴുവന്‍ കാര്യങ്ങളെയും ഈ രൂപത്തില്‍ വേണമെങ്കില്‍ സാമൂഹ്യനീതി എന്നു പറഞ്ഞുെകാണ്ട് പാടെ നിഷേധിക്കുകയോ അവയുടെ അന്തസ്സത്ത നഷ്ടപ്പെടുത്തുന്ന രൂപത്തില്‍ പുനര്‍വായിക്കുകയോ ചെയ്യാമല്ലോ! ഓരോരുത്തരും അവരവരുടെ ജീവിത പശ്ചാത്തലത്തിനനുസരിച്ച് ക്വുര്‍ആനിനെ വ്യാഖ്യാനിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഭയാനകമായിരിക്കുമെന്നതില്‍ സംശയമില്ല. 

ഇസ്‌ലാമിന് ഒരു അവസാന വ്യാഖ്യാനം മുഹമ്മദ് നബിﷺ നല്‍കിയിട്ടുണ്ട്. അതിനെ അവലംബിക്കുകയാണെങ്കില്‍ സാമൂഹ്യനീതി പുലരുകയേയുള്ളൂ; തകരുകയല്ല ചെയ്യുക. ഇസ്‌ലാമിനെ പ്രമാണബദ്ധമായി പഠിച്ചാല്‍ അതിലൊരാള്‍ക്കും പുരുഷ പക്ഷ വ്യാഖ്യാനം കണ്ടെത്തുവാന്‍ കഴിയില്ല. ഇസ്‌ലാം സ്ത്രീപക്ഷത്തിന്റെയൊ പുരുഷ പക്ഷത്തിന്റെയോ മതമല്ല. മനുഷ്യപക്ഷത്തിന്റെ മതമാണ്. ഏതെങ്കിലും ഒരു പക്ഷത്തിന്റെ നിറമുള്ള കണ്ണടവെച്ച് ഇസ്‌ലാമിനെ വായിച്ചാലും മറ്റെന്തിനെ വായിച്ചാലും ആ കണ്ണടയുടെ നിറമുള്ള വായനാനുഭവമാണുണ്ടാവുക എന്നു മാത്രം. ആ കണ്ണട ഒഴിവാക്കിയാല്‍ സത്യം ഗ്രഹിക്കാം.  

സ്ത്രീക്ക് പുരുഷനു കിട്ടുന്നതിന്റെ പകുതി കിട്ടുന്നതാണ് സാമൂഹ്യനീതി എന്നും അനന്തര സ്വത്തവകാശത്തിലെ സ്ത്രീപുരുഷ സമത്വം അനീതിയാണെന്നും മനസ്സിലാക്കാന്‍ അത്രവലിയ ബുദ്ധിയൊന്നും വേണ്ട.

സത്യത്തില്‍, സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കുവാന്‍ ആഹ്വാനം ചെയ്യുന്ന ഏക മതഗ്രന്ഥമാണ് ക്വുര്‍ആന്‍. പരിഷ്‌കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. ക്വുര്‍ആനാകട്ടെ ഏഴാം നൂറ്റാണ്ടില്‍തന്നെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു: ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്”(4:7).

ബൈബിള്‍ പുതിയ നിയമത്തിലാകട്ടെ ദായക്രമത്തെക്കുറിച്ച് പുതിയ നിയമങ്ങളൊന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ക്രൈസ്തവസഭ പൊതുവെ ഇക്കാര്യത്തില്‍ പഴയ നിയമത്തിലെ കല്‍പനകള്‍ അനുസരിക്കുകയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ അടുത്ത കാലംവരെ അനന്തരാവകാശം മാത്രമല്ല, സ്വത്തു സമ്പാദിക്കുവാന്‍ വരെ സ്ത്രീകള്‍ക്ക്  അവകാശം നല്‍കപ്പെട്ടിരുന്നില്ല. സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848ലാണ്. 1850ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കുന്ന നിയമം പ്രാബല്യത്തിലായത്.

പുരുഷന്റെ സ്വകാര്യസ്വത്തായി സ്ത്രീയെ കണക്കാക്കുകയും അതുപ്രകാരമുള്ള നിയമങ്ങളാവിഷ്‌കരിക്കുകയും ചെയ്യുന്ന ഹൈന്ദവഗ്രന്ഥങ്ങള്‍ അവളെ അനന്തര സ്വത്തില്‍ പങ്കാളിയാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുപോലുമില്ല. ഭര്‍ത്താവിനു ദാനം ചെയ്യാനും വില്‍ക്കാനും ഉപയോഗിക്കുവാനുമെല്ലാം അവകാശമുള്ള സ്വകാര്യ സ്വത്താണ് ഭാര്യ എന്നാണ് ഇതിഹാസ കഥകള്‍ വായിച്ചാല്‍ നമുക്ക് ബോധ്യപ്പെടുക. അതിഥി പൂജക്കുവേണ്ടി സ്വന്തം ഭാര്യയെ നല്‍കുന്ന സുദര്‍ശനനും (മഹാഭാരതം അനുശാസനപര്‍വം) ഭാര്യയെ വസിഷ്ഠന് നല്‍കുന്ന മിത്രസഹനും (ശാന്തിപര്‍വം) നല്‍കുന്ന സൂചനയിതാണ്. പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് അവകാശമുള്ളതായി സൂചിപ്പിക്കുന്ന വചനങ്ങളൊന്നും ഹിന്ദുമതഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയില്ല. പുത്രന്മാരാണ് അനന്തര സ്വത്തില്‍ അവകാശികളായിട്ടുള്ളവരെന്നാണ് മനുസ്മൃതിയുടെ നിയമം.

മാതാപിതാക്കളുടെ സ്വത്തില്‍ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കുമുള്ള അവകാശം ക്വുര്‍ആന്‍ അംഗീകരിക്കുന്നു. പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും മാത്രമല്ല, മാതാപിതാക്കള്‍ക്കും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും സഹോദരീസഹോദരന്മാര്‍ക്കുമെല്ലാം മരണപ്പെട്ടയാളുടെ സ്വത്തിലുള്ള അവകാശം എത്രയാണെന്നും എങ്ങനെയാണെന്നുമെല്ലാം ക്വുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗം മാത്രമാണ് പുത്രന്റെയും പുത്രിയുടെയും അവകാശം. അനന്തരാവകാശത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങളുടെ (4:11,12) തുടക്കം ഇങ്ങനെയാണ്: ”നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്  നിര്‍ദേശം നല്‍കുന്നു. ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്” (4:11). മരിച്ചയാളുടെ പുത്രന് പുത്രിക്കു ലഭിക്കുന്നതിന്റെ ഇരട്ടി സ്വത്ത് അനന്തരമായി ലഭിക്കുമെന്ന് സാരം.

ഇത് സ്ത്രീകളോടുള്ള അവഗണനയാണോ? പുരുഷ പക്ഷപാതം പ്രകടിപ്പിക്കുന്ന നിയമമാണോ? വിധി പറയുന്നതിനുമുമ്പ് താഴെ പറയുന്ന വസ്തുതകള്‍ മനസ്സിലാക്കുക: 

ഒന്ന്: സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ക്വുര്‍ആന്‍ അംഗീകരിക്കുന്നു. എത്ര വേണമെങ്കിലും സമ്പാദിക്കാം. പ്രസ്തുത സമ്പാദ്യത്തില്‍ പുരുഷന് യാതൊരു അവകാശവുമില്ല. അവളുടെ സമ്പാദ്യം അവളുടേതു മാത്രമാണ്.

രണ്ട്: സ്ത്രീയുടെയോ കുട്ടികളുടെയോ മാതാപിതാക്കളുടെയോ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം ഒരു പരിതസ്ഥിതിയിലും സ്ത്രീയുടെ ബാധ്യതയായിത്തീരുന്നില്ല. 

മൂന്ന്: വിവാഹാവസരത്തില്‍ വരനില്‍നിന്ന് വിവാഹമൂല്യം നേടിയെടുക്കുവാന്‍ സ്ത്രീക്ക് അവകാശമുണ്ട്. പ്രസ്തുത വിവാഹമൂല്യം (മഹ്ര്‍) അവളുടെ സമ്പത്തായാണ് ഗണിക്കപ്പെടുന്നത്.

നാല്: കുടുംബത്തിന്റെ സംരക്ഷണം പുരുഷന്റെ ബാധ്യതയാണ്. ഭാര്യയുടെയും കുട്ടികളുടെയും ചെലവുകള്‍ വഹിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംരക്ഷിക്കേണ്ട ബാധ്യതയും പുരുഷന്റെതു തന്നെ. എല്ലാവിധ സാമ്പത്തിക ബാധ്യതയും പുരുഷനാണുള്ളതെന്നര്‍ഥം.

അഞ്ച്: ഭാര്യ എത്രതന്നെ വലിയ പണക്കാരിയാണെങ്കിലും അവളുടെ സ്വത്തില്‍നിന്ന് അവളുടെ അനുവാദമില്ലാതെ ഒന്നും എടുത്തുപയോഗിക്കുവാന്‍ ഭര്‍ത്താവിന് അവകാശമില്ല.

ഇനി പറയൂ, സ്ത്രീയോട് നീതി പുലര്‍ത്തുകയാണോ അതല്ല വിവേചനം കാണിക്കുകയാണോ എന്താണ് ക്വുര്‍ആന്‍ ചെയ്തിട്ടുള്ളത്?

സ്ത്രീക്ക് ലഭിക്കുന്ന അനന്തരസ്വത്ത് അവളുടേത് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ല. പുരുഷന് ലഭിക്കുന്നതോ? അവന്‍ വിവാഹമൂല്യം നല്‍കണം, സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണം, അവള്‍ക്കും കുട്ടികള്‍ക്കുമുള്ള ചെലവുകള്‍ വഹിക്കണം. എല്ലാം പുരുഷന്റെ ഉത്തരവാദിത്തം. അപ്പോള്‍ സ്ത്രീയെയാണോ പുരുഷനെയാണോ ക്വുര്‍ആന്‍ കൂടുതല്‍ പരിഗണിച്ചിരിക്കുന്നത്?

സാമ്പത്തിക ബാധ്യതകള്‍ പുരുഷനില്‍ നിക്ഷിപ്തമാക്കുന്ന മറ്റു മതഗ്രന്ഥങ്ങളെല്ലാം പ്രസ്തുത ബാധ്യതകള്‍ക്കു പകരമായി അനന്തരാവകാശം പുരുഷനില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ക്വുര്‍ആനാകട്ടെ എല്ലാ സാമ്പത്തിക ബാധ്യതകളും പുരുഷനാണെന്ന് പഠിപ്പിക്കുന്നതോടൊപ്പം തന്നെ സ്ത്രീക്ക് അനന്തരാവകാശം നല്‍കുകയും ചെയ്യുന്നു. പുരുഷന്റെ പകുതി അനന്തരസ്വത്ത് നല്‍കിക്കൊണ്ട് അത് അവളെ ബഹുമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.

ക്വുര്‍ആനിന്റെതല്ലാത്ത ഏത് നിര്‍ദേശമാണ് ഈ രംഗത്ത് പുനര്‍വായനക്കാരുടെ കൈവശമുള്ളത്? രണ്ട് നിര്‍ദേശങ്ങള്‍ ഉന്നയിക്കപ്പെടാം.

1. സ്ത്രീക്ക് പുരുഷന്റെ ഇരട്ടി സ്വത്ത് നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ നിക്ഷിപ്തമാക്കുക.

2. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ തുല്യമായി വീതിച്ചെടുക്കുക.

ഈ രണ്ട് നിര്‍ദേശങ്ങളിലും സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ കെട്ടിയേല്‍പിക്കുകയാണ് ചെയ്യുന്നത്. സ്‌ത്രൈണപ്രകൃതിക്ക് വിരുദ്ധമായ ഒരു ആശയമാണിത്. ഗര്‍ഭകാലത്തും പ്രസവകാലത്തുമെല്ലാം പുരുഷന്റെ പരിരക്ഷയും സഹായവുമാണ് അവള്‍ കാംക്ഷിക്കുന്നത്. സാമ്പത്തിക ബാധ്യതകള്‍ ഒരു നിയമമെന്ന നിലയില്‍ സ്ത്രീയുടെ ചുമലില്‍ വെക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് സ്ത്രീക്ക് ഏറ്റവും അനുഗുണമായ നിയമംതന്നെയാണ് സ്വത്തവകാശത്തിന്റെ വിഷയത്തില്‍ ക്വുര്‍ആന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. 

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക