ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രം

ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രം

അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗദര്‍ശനമായി സ്രഷ്ടാവില്‍ നിന്ന് അവതീര്‍ണമായ ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ക്വുര്‍ആനിലെ ഓരോ വചനവും ഓരോ ആശയപ്രപഞ്ചം തന്നെ ഉള്‍ക്കൊള്ളുന്നുണ്ട്. എന്നിട്ടും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി പലരും അതിലെ ആശയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. എന്നാല്‍ മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ച് ക്വുര്‍ആനിന്റെ അവതരണം മാത്രമല്ല സംരക്ഷണം കൂടി സ്രഷ്ടാവിന്റെ പക്കലുള്ളതായതിനാല്‍ അതിന് യാതൊരു പോറലുമേല്‍പിക്കാന്‍ വിമര്‍ശകര്‍ക്ക് കഴിഞ്ഞില്ല. ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രീതിശാസ്തം അത്രമേല്‍ ഭദ്രവും ശാസ്ത്രീയവുമാണ് എന്നതിന് അതിന്റെ ഇതഃപര്യന്തമുള്ള ചരിത്രം സാക്ഷിയാണ്.

പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങളില്‍ (മുഅ്ജിസത്തുകളില്‍) വെച്ച് ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിശുദ്ധ ക്വുര്‍ആന്‍. അതിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട് എന്നത് അതിന്റെ സവിശേഷതയാണ്. ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുവാനും ആലോചിക്കുവാനും അല്ലാഹു മാനവരാശിയോട് ക്വുര്‍ആനിലുടെ ആവശ്യപ്പെടുകയും അതിന് മുതിരാത്തവരെ താക്കീത് ചെയ്യുകയും ചെയ്യുന്നുണ്ട്.

ചിന്തിക്കണമെങ്കില്‍ എന്താണ് ക്വുര്‍ആന്‍ പറയുന്നത് എന്ന് നമുക്ക് മനസ്സിലാകണം. ഇവിടെയാണ് അതിന്റെ വിവരണത്തിന്റെ (തഫ്‌സീര്‍) അനിവാര്യത നമുക്ക് ബോധ്യമാകുന്നത്.

‘തഫ്‌സീര്‍’ എന്ന പദത്തിന്റെ ഭാഷാര്‍ഥം വെളിവാക്കുക, മറനീക്കുക എന്നെല്ലാമാണ്. എന്നാല്‍, സാങ്കേതികമായി അതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘വിശുദ്ധ ക്വുര്‍ആനിന്റെ അര്‍ഥവും ആശയവും മനസ്സിലാക്കുവാനും അതിലെ വിധിവിലക്കുകള്‍, നിയമങ്ങള്‍, തത്ത്വങ്ങള്‍ തുടങ്ങിയവ അറിയുവാനും സഹായിക്കുന്ന വിജ്ഞാനശാഖ’ എന്നതാണ്.

തഫ്‌സീറിന്റെ ചരിത്രം

പരിശുദ്ധ ക്വുര്‍ആനിനോടൊപ്പം തന്നെ അതിന്റെ തഫ്‌സീറിന്റെയും ചരിത്രം തുടങ്ങുകയാണ്. അറബികള്‍ക്ക് ക്വുര്‍ആന്‍ അവരുടെ ഭാഷയിലായതിനാല്‍ ക്വുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ അത് കേള്‍ക്കുന്ന മാത്രയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. അതിനാല്‍ അത് അവരുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. ഇനി അറബികളായാലും അറബിഭാഷ പഠിച്ച അനറബികളായാലും അവര്‍ക്ക് സ്വമേധയാ മനസ്സിലാക്കാന്‍ പറ്റാത്ത അനവധി കാര്യങ്ങള്‍ ക്വുര്‍ആനിലുണ്ട്. അവിടെ തഫ്‌സീറിന്റെ സഹായം അനിവാര്യമത്രെ. അപ്പോള്‍ ആരാണ് ക്വുര്‍ആനിന്റെ തഫ്‌സീര്‍ നിര്‍വഹിക്കുക? ഒന്നാമതായി അല്ലാഹു തന്നെ എന്ന് പറയാം. പിന്നെ മുഹമ്മദ് നബി ﷺ . പിന്നെ നബി ﷺ യുടെ അനുചരന്മാര്‍ (സ്വഹാബികള്‍). സ്വഹാബികളില്‍ നിന്ന് ക്വുര്‍ആന്‍ പഠിച്ച താബിഉകളുടെ തഫ്‌സീറിനും വലിയ പ്രാധാന്യമാണുള്ളത്.

ക്വുര്‍ആന്‍ വ്യാഖ്യാന രീതി

ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് ഒരു രീതിശാസ്ത്രമുണ്ട്. അത് തോന്നിയപോലെ കൈകാര്യം ചെയ്യാന്‍ പാടില്ല. അതിനെ വ്യാഖ്യാനിക്കുന്നവര്‍ക്കും (മുഫസ്സിറുകള്‍) ചില നിബന്ധനകളുണ്ട്. അതിലൊന്ന് അവരുടെ അക്വീദ(വിശ്വാസം)യുമായി ബന്ധപ്പെട്ട വിഷയമാണ്. അഹ്‌ലുസ്സുന്നയുടെ അക്വീദയല്ലെങ്കില്‍ തങ്ങളുടെ നിരര്‍ഥകമായ അക്വീദക്കനുസരിച്ച് അവര്‍ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കും. അങ്ങനെ ജനങ്ങള്‍ വഴിതെറ്റാനിടയാവും.

രണ്ടാമത്തേത് മന്‍ഹജുമായി (മാര്‍ഗം) ബന്ധപ്പെട്ടതാണ്. തന്നിഷ്ടങ്ങള്‍ക്കും ദേഹേഛകള്‍ക്കും പ്രാധാന്യം കൊടുക്കുന്നവരാണെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ച് പ്രമാണങ്ങളെ അവര്‍ വളച്ചൊടിക്കും. അപ്പോള്‍ അക്വീദയും മന്‍ഹജും നന്നായവരും ദേഹേഛകളില്‍ നിന്ന് അകന്നവരുമാകണം മുഫസ്സിറുകള്‍. ഇങ്ങനെ മുഫസ്സിറുകളുമായി ബന്ധപ്പെട്ട് പല നിബന്ധനകളും പണ്ഡിതന്‍മാര്‍ പറഞ്ഞത് കാണാം.

ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് വിശദീകരിക്കല്‍

പരിശുദ്ധ ക്വുര്‍ആനിലെ വിഷയാവതരണങ്ങള്‍ക്ക് വിവിധ ശൈലികള്‍ ഉണ്ട്; വസ്തുതകള്‍ ചുരുക്കിപ്പറയുക, വിശദമായി പറയുക, മൊത്തത്തില്‍ പറയുക, നിരുപാധികം പറയുക, സോപാധികം പറയുക എന്നിങ്ങനെ.

ഒരിടത്ത് ചുരുക്കിപ്പറഞ്ഞത് മറ്റൊരിടത്ത് വിശദമായി പറയും. ഒരിടത്ത് പൊതുവായി പറഞ്ഞത് മറ്റൊരിടത്ത് പ്രത്യേകമായി പറയും. ക്വുര്‍ആന്‍ പഠനം പൂര്‍ത്തിയാകണമെങ്കില്‍ അത് ആദ്യവസാനം പഠിക്കേണ്ടതുണ്ട് എന്ന് വ്യക്തം.

ക്വുര്‍ആനിന്റെ ഖക്വുര്‍ആന്‍ വിശദീകരണത്തിന് വൈവിധ്യമാര്‍ന്ന രൂപങ്ങളാണ് ഉള്ളത്:

1. വിശദീകരണം തൊട്ട് പിന്നാലെ വരുന്നത്: ഉദാഹരണമായി സൂറതുത്ത്വാരിക്വിലെ ‘ത്വാരിക്വ്’ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം തൊട്ടുതാഴെ പറഞ്ഞിരിക്കുന്നു. അത് ‘അന്നജ്മുസ്സാക്വിബ്’ ആണ് (തുളച്ച് കയറുന്ന നക്ഷത്രം).

2. വിശദീകരണം തൊട്ടുതാഴെ വരാതെ വേറെ സ്ഥലങ്ങളില്‍ വരുന്നവ:

ഉദാഹരണം: സൂറതുല്‍ ഫാതിഹയിലെ ‘റബ്ബുല്‍ ആലമീന്‍’ എന്നതിലെ ‘ആലമീന്‍’ എന്ന പദത്തിന്റെ അര്‍ഥമെന്താണ്?

അതിന്റെ വിശദീകരണം സൂറതുശ്ശുഅറാഇല്‍ നമുക്ക് കാണാം: ”ഫിര്‍ഔന്‍ ചോദിച്ചു: എന്താണ് റബ്ബുല്‍ ആലമീന്‍? അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയും രക്ഷിതാവ്” (ശുഅറാഅ്: 23,24).

അപ്പോള്‍, ‘ആലമീന്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആകാശങ്ങളും ഭൂമിയും അവയിലുള്ള സകല വസ്തുക്കളുമടങ്ങുന്ന; അല്ലാഹു അല്ലാത്ത ലോകം എന്നാണ്.

3. ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് നബി ﷺ  വവരിച്ചുതരുന്നവ:

ഉദാഹരണം: സൂറതുല്‍ അന്‍ആമിലെ 82ാം മത്തെ വചനം: ”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കലര്‍ത്താതിരിക്കുകയും ചെയ്യുന്നവര്‍. അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവരാണ് നേര്‍വഴി സിദ്ധിച്ചവര്‍.” ഇതില്‍ പറഞ്ഞ ‘അക്രമം’ എന്താണ്? സ്വഹാബികള്‍ നബി ﷺ യോട്  ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളുടെ കൂട്ടത്തില്‍ അക്രമം ചെയ്യാത്തവരായി ആരാണുള്ളത്?’ അപ്പോള്‍ റസൂല്‍ ﷺ  മറുപടി കൊടുത്തു: ‘നിങ്ങള്‍ വിചാരിക്കുന്ന അക്രമമല്ല അത്. ലുക്വ്മാന്റെ(അ) വാക്ക് നിങ്ങള്‍ കേട്ടിട്ടില്ലേ? ‘എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കരുത്. തീര്‍ച്ചയായും ശിര്‍ക്ക് വമ്പിച്ച അക്രമമാകുന്നു.”

 വിശ്വാസത്തില്‍ അക്രമം കലര്‍ത്താത്തവര്‍ വചനത്തിലെ അക്രമം കൊണ്ടുദ്ദേശിക്കുന്നത് ശിര്‍ക്ക് എന്ന അക്രമമാണ് എന്ന് റസൂല്‍ ﷺ  ആയത്ത് ഓതിക്കൊണ്ട് വിശദീകരിച്ചുകൊടുത്തതാണ് നാം ഇതില്‍ കാണുന്നത്.

ഇതുപോലെ സ്വഹാബികളും താബിഉകളും മറ്റും ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് തന്നെ വ്യാഖ്യാനിച്ചതിന് ധാരാളം തെളിവുകള്‍ നമുക്ക് കാണാവുന്നതാണ്.

ക്വുര്‍ആനിനെ ഹദീസ് കൊണ്ട് വിശദീകരിക്കല്‍

വിശുദ്ധ ക്വുര്‍ആന്‍ വിവരണം നബി ﷺ യുടെ പ്രധാനപ്പെട്ട ഒരു ദൗത്യമത്രെ. അല്ലാഹു പറയുന്നു: ”താങ്കള്‍ക്ക് അല്ലാഹു ഈ ദിക്ര്‍ ഇറക്കിത്തന്നിരിക്കുന്നു. താങ്കളിത് ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടി” (സൂറതുന്നഹ്ല്‍: 44). തന്റെ ഈ ദൗത്യം റസൂല്‍ ﷺ  കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: ”റസൂല്‍ ﷺ  പരിശുദ്ധ ക്വുര്‍ആനിന്റെ പദങ്ങളും ആശയങ്ങളും തന്റെ സ്വഹാബത്തിന് വിശദീകരിച്ചു കൊടുത്തിരിക്കുന്നു എന്ന് അറിയല്‍ നിര്‍ബന്ധമാണ്” (മുക്വദ്ദിമതുന്‍ ഫീ ഉസ്വൂലിത്തഫ്‌സീര്‍).

നബി ﷺ യുടെ വിവരണം പല ശൈലികളിലായി നമുക്ക് കാണാന്‍ കഴിയും. ഉദാഹരണ സഹിതം ചിലത് വിശദീകരിക്കാം:

1. ആദ്യം ക്വുര്‍ആന്‍ വചനം ഓതുക, പിന്നെ വിശദീകരണം പറയുക: അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍ ﷺ  പറഞ്ഞു: ”ഇസ്രാഈല്യരോട് ‘നിങ്ങള്‍ കവാടത്തിലൂടെ സുജൂദ് ചെയ്തുകൊണ്ട് പ്രവേശിക്കുക. നിങ്ങള്‍ ‘ഹിത്ത്വതുന്‍’ (പശ്ചാതാപ വചനം) എന്ന് പറയുക. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തു തരും’ (അല്‍ബക്വറ:58) എന്ന് പറയപ്പെട്ടപ്പോള്‍ അവര്‍ ചന്തിയില്‍ ഇഴഞ്ഞു പ്രവേശിക്കുകയും ‘ഹിത്ത്വതുന്‍’ എന്നതിന് പകരം ‘ഹിന്‍ത്വതുന്‍ ഫീ ശഅ്‌റ’ (ഗോതമ്പുമണി) എന്ന് പറയുകയും ചെയ്തു” (ബുഖാരി, മുസ്‌ലിം)

2. ചിലപ്പോള്‍ ക്വുര്‍ആന്‍ വചനത്തിന്റെ ആശയം പറയുകയും പിന്നെ വചനം ഓതുകയും ചെയ്യും. ഉദാഹരണം: അബൂമൂസല്‍ അശ്അരി(റ) പറയുന്നു; നബി ﷺ  പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു അക്രമിക്ക് സമയം നീട്ടിവിട്ട് കൊടുക്കും, പിന്നെ അവനെ പിടികൂടും. അവന് രക്ഷപ്പെടാന്‍ കഴിയില്ല.” പിന്നെ റസൂല്‍ ﷺ  ആയത്ത് ഓതി: ”അക്രമികളായ നാട്ടുകാരെ പിടികൂടുമ്പോള്‍ അപ്രകാരമാണ് നിന്റെ രക്ഷിതാവിന്റെ പിടികൂടല്‍. തീര്‍ച്ചയായും അവന്റെ പിടികൂടല്‍ കഠിനവും വേദനാജനകവുമാണ്” (ഹൂദ്: 102)” (ബുഖാരി, മുസ്‌ലിം)

3. ക്വുര്‍ആന്‍ വചനങ്ങളെപ്പറ്റി സ്വഹാബികള്‍ സംശയം ചോദിച്ചപ്പോള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു: ഉദാ: ‘ഐഹിക ജീവിതത്തിലും പരലോകത്തിലും അവര്‍ക്കാണ് സന്തോഷവാര്‍ത്തയുള്ളത്’ (യൂനുസ്:64). ഉബാദതുബ്‌നു സ്വാമിതും(റ), അബൂദര്‍ദാഉം(റ) നബി ﷺ യോട് ഇതിനെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അത് മുസ്‌ലിം കാണുന്ന നല്ല സ്വപ്‌നങ്ങളാണ്’ (തുര്‍മുദി)

4. ക്വുര്‍ആനിന്റെ കല്‍പനകളും വിരോധങ്ങളും മറ്റും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്ന തഫ്‌സീര്‍: സൂറതുശ്ശുഅറാഇലെ ‘താങ്കളുടെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക’ എന്ന വചനം ഇറങ്ങിയപ്പോള്‍ സ്വഫാ മലയില്‍ കയറി കുടുംബക്കാരെ വിളിച്ചുവരുത്തി താക്കീത് ചെയ്ത സംഭവം ഒരുദാഹരണമാണ്. സൂറതുന്നസ്വ്‌റിലെ ‘അത് കൊണ്ട് താങ്കള്‍ താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക’ എന്ന വചനമിറങ്ങിയപ്പോള്‍ അത് വ്യാഖ്യാനിച്ച് കൊണ്ട് റസൂല്‍ ﷺ  തന്റെ റുകൂഇലും സുജൂദിലും ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക്കല്ലാഹുമ്മഗ്ഫിര്‍ലീ.’

ഇത്‌പോലെ ക്വുര്‍ആനിലെ ‘വഅക്വീമൂസ്സ്വലാത വആതുസ്സകാത’ പോലെയുള്ള കല്‍പനകള്‍ റസൂല്‍ തന്റെ ജീവിതം കൊണ്ട് വിവരിച്ചുകാണിച്ചു. വിരോധങ്ങളുടെ അവസ്ഥയും തഥൈവ. ‘നബി ﷺ യുടെ സ്വഭാവം ക്വുര്‍ആന്‍ ആയിരുന്നു’ എന്ന ആഇശ(റ)യുടെ വാക്ക് വളരെ ശ്രദ്ധേയമാണ്.

ക്വുര്‍ആനിലെ മുഴുവന്‍ വചനങ്ങളും റസൂല്‍ ﷺ  തഫ്‌സീര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്. ഉണ്ടെന്നാണ് ശൈഖുല്‍ ഇസ്‌ലാമിനെ പോലെയുള്ളവരുടെ അഭിപ്രായം. എന്നാല്‍ എതിരഭിപ്രായം പറഞ്ഞവരും ഉണ്ട്. സമൂഹത്തിന് ആവശ്യമുള്ളത് മാത്രമാണ് റസൂല്‍ ﷺ  വിശദീകരിച്ചത് എന്നാണവര്‍ പറയുന്നത്. അതില്‍പെട്ട ചിലതാണ് താഴെ പറയുന്നവ.

1. ക്വുര്‍ആന്‍ മൊത്തമായി പറഞ്ഞത് റസൂല്‍ ﷺ  വിശദീകരിക്കും. നമസ്‌കാരം, സകാത്ത് മുതലായവ ഉദാഹരണങ്ങളാണ്. നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് കൊടുക്കാനും ക്വുര്‍ആന്‍ പറഞ്ഞു. അതിന്റെ വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുന്നത്താണ്.

2. ആശയക്കുഴപ്പമുണ്ടാക്കുന്നവ വ്യക്തമാക്കിക്കൊടുക്കുക. ഉദാ: സൂറതുല്‍ ഹിജ്‌റിലെ 99ാം വചനം. ”താങ്കള്‍ക്ക് യക്വീന്‍ വരുന്നതുവരെ താങ്കളുടെ രക്ഷിതാവിന് ഇബാദത്തെടുക്കുക.’ ഇവിടെ പറഞ്ഞ ‘യക്വീന്‍’ തെറ്റായി മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. ‘ഉറപ്പ്,’ ‘ദൃഢമായ ഉറപ്പ്’ എന്ന അര്‍ഥം അതിനുണ്ട്. ആ അര്‍ഥം പറഞ്ഞു ചിലര്‍ ഇബാദത്ത് നിര്‍ത്തിവെച്ചുവെന്ന് വരാം. എന്നാല്‍ റസൂല്‍ ﷺ  ആ യക്വീന്‍ കൊണ്ടുള്ള ഉദ്ദേശ്യം മരണമാണ് എന്ന് വിവരിച്ചുതന്നു.

ഇത് പോലെ സൂറഃ അല്‍ബക്വറയില്‍ നോമ്പെടുക്കന്നവരോട് അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ കറുത്ത നൂലില്‍ നിന്ന് വെളുത്ത നൂല്‍ വ്യക്തമാകുന്നത് വരെ ഭക്ഷിക്കുക, കുടിക്കുക.’ ഇവിടെ പറഞ്ഞ കറുത്ത നൂലും വെളുത്ത നൂലും അദിയ്യുബ്‌നു ഹാതിം എന്ന സ്വഹാബിക്ക് മനസ്സിലായില്ല. അദ്ദേഹം രാത്രി കിടക്കുമ്പോള്‍ തന്റെ ശരീരത്തില്‍ കറുത്ത നൂലും വെളുത്ത നൂലും കെട്ടുമായിരുന്നു. റസൂല്‍ ﷺ  ‘അതിന്റെ ആവശ്യമില്ല. പകലിന്റെ വെളുപ്പും രാത്രിയുടെ ഇരുട്ടുമാണ് അതിന്റെ ഉദ്ദേശ്യമെന്ന്’ വിശദീകരിച്ച് കൊടുത്തു.

3. നിരുപാധികമായി പറഞ്ഞതിന് ഉപാധിവെക്കുക: ഉദാ: ക്വുര്‍ആന്‍ പറഞ്ഞു: ‘കട്ടവന്റെയും കട്ടവളുടെയും കൈകള്‍ നിങ്ങള്‍ മുറിക്കുക.” കൈ എവിടെ മുറിക്കണം എന്ന് ഇവിടെ പറഞ്ഞിട്ടില്ല. റസൂല്‍ ﷺ  അതിന് ഉപാധിവെച്ചു; അത് മുന്‍കൈ ആണ് എന്ന്.

സ്വഹാബികളുടെ ക്വുര്‍ആന്‍ വ്യാഖ്യാനം

വിശുദ്ധ ക്വുര്‍ആനിന് ക്വുര്‍ആന്‍ കൊണ്ടും സുന്നത്ത് കൊണ്ടുമുള്ള വ്യാഖ്യാനം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനപ്പെട്ടതും അവലംബനീയവുമായ വ്യാഖ്യാനമാണ് സ്വഹാബികളുടെ വ്യാഖ്യാനം. ശൈഖുല്‍ ഇസ്‌ലാം പറയുന്നു: ”ക്വുര്‍ആനിലോ സുന്നത്തിലോ തഫ്‌സീര്‍ നാം കണ്ടില്ലെങ്കില്‍ സ്വഹാബികളുടെ വാക്കുകളിലേക്ക് നാം മടങ്ങുന്നതാണ്. കാരണം അവരാണ് ഈ വിഷയത്തില്‍ ഏറ്റവും അറിവുള്ളവര്‍. അവരാണ് കൂടുതല്‍ മനസ്സിലാക്കിയവര്‍. അവരിലാണ് ശരിയായ അറിവും സല്‍കര്‍ങ്ങളുമുള്ളത്”(മുഖദ്ദിമ).

ഇമാം ശാത്വിബി പറയുന്നു: ”സംഭവങ്ങളില്‍ നേരിട്ട് ഇടപെട്ടതും കിതാബും സുന്നത്തുമാകുന്ന വഹ്‌യിന്റെ ഇറങ്ങലിന് സാക്ഷ്യം വഹിച്ചതും സ്വഹാബികളായതിനാല്‍ ക്വുര്‍ആന്‍ മനസ്സിലാക്കുവാനുള്ള കൂടുതല്‍ കഴിവ് അവര്‍ക്കാണുണ്ടാവുക. അവതരണ കാരണങ്ങളെപ്പറ്റി അവര്‍ക്കാണ് കൂടുതല്‍ അറിയുക. മറ്റുള്ളവര്‍ക്ക് ലഭിക്കാത്തത് അവര്‍ക്ക് ലഭിച്ചിരിക്കുന്നു. ഹാജറില്ലാത്തവന്‍ കാണുന്നതിനെക്കാള്‍ ഹാജറുള്ളവന്‍ കാണുമല്ലോ. നിരുപാധികമായി പറഞ്ഞതിന് ഉപാധിവെച്ചുകൊണ്ടും പൊതുവായി പറഞ്ഞതിനെ പ്രത്യേകമാക്കിക്കൊണ്ടുമുള്ള വിവരണങ്ങള്‍ അവരില്‍ നിന്ന് എപ്പോള്‍ വന്നുവോ അപ്പോള്‍ അതനുസരിച്ച് കര്‍മം ചെയ്യേണ്ടതാണ്. എന്നാല്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണെങ്കില്‍ ആ മസ്അല (പ്രശ്‌നം) ഇജ്തിഹാദി (ഗവേഷണാത്മകം) ആയിരിക്കും” (അല്‍മുവാഫക്വാത്ത്).

സ്വഹാബികളുടെ വ്യാഖ്യാനം ഇജ്തിഹാദിന് ഇടമില്ലാത്തതാണെങ്കില്‍, അതുപോലെ അവതരണ കാരണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ റസൂലിന്റെ വിശദീകരണം പോലെ പരിഗണിക്കേണ്ടതാണ് എന്ന് പണ്ഡിതന്‍മാര്‍ പ്രസ്താവിച്ചിരിക്കുന്നു.

സ്വഹാബികളില്‍ പ്രസിദ്ധരായ മുഫസ്സിറുകള്‍ പത്ത്‌പേരാണ്. നാല് ഖലീഫമാര്‍, ഇബ്‌നു മസ്ഊദ്(റ),  ഇബ്‌നു അബ്ബാസ്(റ), ഉബയ്യ് ബ്‌നു കഅ്ബ്(റ), സൈദുബ്‌നു സാബിത്(റ), അബൂമൂസല്‍ അശ്അരി(റ), അബ്ദുല്ലാഹ് ഇബ്‌നു സുബൈര്‍(റ) എന്നിവരാണവര്‍. ഏറ്റവും കൂടുതല്‍ തഫ്‌സീര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ) എന്നിവരില്‍ നിന്നാണ്.

താബിഉകളുടെ തഫ്‌സീര്‍

സ്വഹാബികള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ആധികാരിക തഫ്‌സീര്‍ താബിഉകളുടെതാണ്. അതിന് പലകാരണങ്ങളും ഉണ്ട്:

1. അനേകം ഇമാമുകള്‍ അവരുടെ തഫ്‌സീറിലേക്ക് മടങ്ങുന്നതിന് പ്രാധാന്യം കൊടുക്കുന്നു.

2. അവര്‍ അറിവ് സ്വീകരിച്ചത് വഹ്‌യിന് സാക്ഷ്യം വഹിച്ച സ്വഹാബികളില്‍ നിന്നാണ്.

3. അവര്‍ ഭിന്നിച്ചിരുന്നില്ല. ബിദ്അത്തുകളില്‍ നിന്നും തന്നിഷ്ടങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെട്ടിരുന്നു.

4. വ്യാഖ്യാനത്തിലുള്ള അഭിപ്രായ വ്യത്യാസം അവര്‍ക്കിടയില്‍ ശേഷക്കാരെ അപേക്ഷിച്ച് വളരെ കുറവായിരുന്നു.

5. നൂതനവാദികളായ (ബിദ്ഈ) കക്ഷികളുടെ ആധിക്യം കാരണവും അന്യതത്ത്വശാസ്ത്രങ്ങളാലും അവരുടെ ഹൃദയങ്ങള്‍ മലീമസമായിരുന്നില്ല.

താബിഉകളില്‍ പ്രസിദ്ധരായ അനവധി മുഫസ്സിറുകളുണ്ട്:

മുജാഹിദ് ബ്‌നുജബ്ര്‍, സഈദ് ബ്‌നു ജുബൈര്‍, ഇക്‌രിമ, അത്വാഅ് ഇബ്‌നു അബീറബാഹ്, ഹസനുല്‍ ബസ്വരി, മസ്‌റൂക്വ്, സഈദുബ്‌നുല്‍ മുസ്വയ്യിബ്, അബുല്‍ ആലിയ, റബീഅ് ഇബ്‌നു അനസ്, ള്വഹ്ഹാക് ബ്‌നു മുസാഹിം… തുടങ്ങിയവര്‍ അവരില്‍ പ്രധാനപ്പെട്ടവരാണ്.

അബൂബക്കര്‍ സലഫി
നേർപഥം വാരിക

മനുഷ്യന്‍ എന്ന വിസ്മയ സൃഷ്ടി

മനുഷ്യന്‍ എന്ന വിസ്മയ സൃഷ്ടി

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറെ സവിശേഷതകളുള്ള ഒരു സൃഷ്ടിയാണ് മനുഷ്യന്‍. മറ്റു സൃഷ്ടികള്‍ക്കില്ലാത്ത പല കഴിവുകളും മനുഷ്യനുണ്ട്. ചിന്താശേഷിയും സത്യവും അസത്യവും നന്മയും തിന്മയും  വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധിയും കൊണ്ട് അനുഗൃഹീതനാണ് മനുഷ്യന്‍. ഈ അനുഗ്രഹങ്ങളെല്ലാം നല്‍കി അല്ലാഹു മനുഷ്യനെ ഭൂമിയിലേക്കയച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവന് സമ്പൂര്‍ണമായി കീഴൊതുങ്ങി ജീവിക്കുവാനുമാണ്.

മനുഷ്യന്റെ പ്രത്യേകത

മനുഷ്യന്‍ ജന്മനാ ജിജ്ഞാസുവാണ്. കുട്ടിക്കാലത്ത് തന്നെ കളിപ്പാട്ടം തല്ലിയുടച്ച് അതിനുള്ളിലെന്താണുള്ളതെന്ന് അറിയാനുള്ള താല്‍പര്യം അവന്‍ കാണിക്കുന്നു. ശരീരം വളരുന്നതിനനുസരിച്ച് അവന്റെ ചിന്തകളും വളരുന്നു. തനിക്ക് ചുറ്റുമുള്ള ജീവജാലങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും സൃഷ്ടിവൈഭവങ്ങളെക്കുറിച്ചും അവന്‍ ചിന്തിക്കാന്‍ തുടങ്ങുന്നു.

മനുഷ്യന്‍ തന്നെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ സ്രഷ്ടാവിന്റെ വൈഭവം കണ്ടെത്താന്‍ സാധിക്കുന്നതാണ്. തന്റെ ശരീരത്തിലെ അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ആന്തരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നാഥനെ അവന്‍ നമിച്ചുപോകും. ഏത് സൃഷ്ടിയെക്കുറിച്ച് ചിന്തിച്ചാലും സ്രഷ്ടാവിന്റെ ഈ സൃഷ്ടിവൈഭവം കണ്ടെത്താന്‍ കഴിയും. അത്‌കൊണ്ടു തന്നെ അല്ലാഹു ജൈവ-അജൈവ വസ്തുക്കളെക്കുറിച്ച് ചിന്തിക്കുവാന്‍ ക്വുര്‍ആനിലൂടെ മനുഷ്യനെ പ്രേരിപ്പിക്കുന്നത് കാണാം:”

”ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.  ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്” (ക്വുര്‍ആന്‍ 88:17-20).

”ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പലദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?” (ക്വുര്‍ആന്‍ 51: 20,21).

മനുഷ്യശരീര ഘടന

”തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 95:4).

മനുഷ്യശരീരത്തിന്റെ നിസ്തുലമായ ഘടനയും അതിന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളും വിസ്മയകരമാണ്. അല്ലാഹു ചോദിക്കുന്നു:

”ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍” (ക്വുര്‍ആന്‍ 82:6-8).

നമ്മുടെ ആരുടെയും അഭിപ്രായ പ്രകാരമല്ല നാം ഇവിടെ ജനിച്ചതും ഇനി ഇവിടെ നിന്ന് വിടപറഞ്ഞ് പോകുന്നതും. ഒരു കുട്ടിയായി പിറന്ന് വാര്‍ധക്യത്തില്‍ എത്തി മരിക്കുന്ന ഒരു മനുഷ്യന്റെ ശരീര ഘടനയില്‍ വരുന്ന മാറ്റങ്ങളില്‍ ആ വ്യക്തിക്ക് യാതാരു പങ്കുമില്ല. എല്ലാം തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും അല്ലാഹു മാത്രം.

ഭൂമിയിലെ വര്‍ണാഭമായ കാഴ്ചകള്‍ കാണാന്‍ കണ്ണുകളും ഇമ്പമാര്‍ന്ന സ്വരങ്ങള്‍ ശ്രവിക്കാന്‍ കാതുകളും ആശയവിനിമയത്തിന് നാവും ചുണ്ടുകളും വിശ്രമമില്ലാതെ മിടിക്കുന്ന ഹൃദയവും അടക്കം എണ്ണിയാല്‍ ഒടുങ്ങാത്ത അനുഗ്രഹങ്ങള്‍ നല്‍കപ്പെട്ടവനാണ് മനുഷ്യന്‍.

എന്തില്‍നിന്ന്?

‘ഹേ, മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു”(49:13)

”തീര്‍ച്ചയായും കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു” (ക്വുര്‍ആന്‍ 76:2).

”അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്? അതല്ല നാമാണോ സൃഷ്ടികര്‍ത്താവ്”(ക്വുര്‍ആന്‍ 56:58,59).

”ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും എന്നിട്ട് അവനെ (അവന്റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു” (ക്വുര്‍ആന്‍ 80:18,19).

സ്രവിക്കപ്പെടുന്ന മുഴുവന്‍ ശുക്ലത്തില്‍നിന്നല്ല, മറിച്ച് ശുക്ലത്തിലടങ്ങിയിരിക്കുന്ന അനേകം കോടി ബീജങ്ങളിലൊന്നില്‍നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നതെന്ന വസ്തുത വ്യക്തമാക്കുന്ന ഒരു ക്വുര്‍ആന്‍ സൂക്തം കാണുക:

”അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍നിന്നുള്ള ഒരു കണമായിരുന്നില്ലേ?” (ക്വുര്‍ആന്‍ 75:37).

എന്നാല്‍ ശാസ്ത്രലോകം ആദ്യകാലങ്ങളില്‍ ഇതില്‍നിന്ന് വിഭിന്നമായ അഭിപ്രായങ്ങളാണ് മുന്നോട്ട് വെച്ചിരുന്നത്. പിതാവിന്റെ ശുക്ലത്തിലോ മാതാവിന്റെ രക്തത്തിലോ കുഞ്ഞിന്റെ ഒരു ചെറുരൂപം ഒളിഞ്ഞിരിക്കുന്നു; അതാണ് പിന്നീട് കുഞ്ഞായിമാറുന്നതെന്നും ആര്‍ത്തവരക്തം കട്ടപിടിച്ചാണ് കുഞ്ഞിന്റെ അവയവങ്ങളുണ്ടാക്കുന്നതെന്നുമായിരുന്നു അരിസ്റ്റോട്ടിലിന്റെ വാദം. 17ാം നൂറ്റാണ്ടില്‍ വില്ല്യം ഹാര്‍വി എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞത് സ്ത്രീയുടെ അണ്ഡാശയത്തില്‍ ഒരു ചെറിയ കുഞ്ഞുണ്ട്. ശുക്ലം ചേരുമ്പോള്‍ ആ കുഞ്ഞ് വളരുന്നു എന്നാണ്. ഇതേ ആശയവുമായി വോണ്‍ഹലാം എന്ന ശാസ്ത്രജ്ഞനും രംഗത്തുവന്നു. എന്നാല്‍ പുരുഷ ശുക്ലത്തിലാണ് ചെറിയ മനുഷ്യരൂപമുള്ളതെന്നും അത് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന് കുട്ടിയാകുന്നു എന്ന് വാദിച്ച് ഇതിനെതിരെ പല ശാസ്ത്രജ്ഞരും മുന്നോട്ട് വന്നു. ഇതോടെ ഭ്രൂണശാസ്ത്രജ്ഞന്മാര്‍ രണ്ട് ചേരികളായി മാറി. ഹാന്‍സ് അഡോള്‍ഫ് എഡ്വാര്‍ഡ് ഡ്രീഷ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍, ബീജവും അണ്ഡവും സംയോജിച്ചാണ് കുഞ്ഞുണ്ടാകുന്നതെന്ന് സാങ്കേതികമായി തെളിയിച്ചതോടെയാണ് ഈ തര്‍ക്കങ്ങള്‍ക്ക് വിരാമമായത്.

ഒരു യഹൂദിയുടെ ചോദ്യത്തിന് നബി ﷺ  നല്‍കിയ മറുപടിയില്‍ പുരുഷബീജവും സ്ത്രീബീജവും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്ന കാര്യം വ്യക്തമായി പ്രസ്താവിച്ചതായി കാണാം:

യഹൂദി ചോദിച്ചു: ‘ഹേ, മുഹമ്മദ്, എന്തുകൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്?’ നബി ﷺ  മറുപടി പറഞ്ഞു: ‘ഹേ, യഹൂദാ, (മനുഷ്യന്‍) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് രണ്ടില്‍ നിന്നും കൂടിയാകുന്നു; പുരുഷബീജത്തില്‍നിന്നും സ്ത്രീബീജത്തില്‍ നിന്നും'(അഹ്മദ്).

ഭ്രൂണവളര്‍ച്ച

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായി(നുത്വ്ഫത്)ക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്തേക്ക് വച്ചു. പിന്നീട് ആ ബീജത്തെ നാം ഒരു ഭ്രൂണമായി (അലക്വത്) രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡ(മുദ്ഗത്)മായി രൂപപ്പെടുത്തി. തുടര്‍ന്ന് ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു” (ക്വുര്‍ആന്‍: 12-14).

മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് നടക്കുന്ന ഭ്രൂണ വളര്‍ച്ചയെക്കുറിച്ച് ഗവേഷണം നടത്തുകയും പിന്നീട് ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്ത പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. കെയ്ത് മൂര്‍, അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തില്‍ ക്വുര്‍ആനില്‍ സൂചിപ്പിച്ച ഭ്രൂണവളര്‍ച്ചയുടെ 5 ഘട്ടങ്ങളെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

പിതാവിന്റെ കോടിക്കണക്കിന് ബീജങ്ങള്‍ മാതാവിന്റെ അണ്ഡാശയവാഹിനിയിലൂടെ കടന്ന് അണ്ഡത്തെ കണ്ടെത്തുന്നു. 20 കോടിയില്‍ പരം ബീജങ്ങളില്‍ ഒന്ന് മാത്രമാണ് മാതാവിന്റെ അണ്ഡാവരണത്തെ തുളച്ച് ഉള്ളില്‍ കടക്കുന്നത്. ശേഷം മാതാവിന്റെ ബീജവുമായി ചേര്‍ന്ന് സിക്താണ്ഡമായി രൂപപ്പെടുന്നു. ഇതാണ് ‘നുത്വ്ഫത്’ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 30 മണിക്കൂര്‍ കൊണ്ട് അണ്ഡം 2 കോശങ്ങളായും 40 മണിക്കൂര്‍കൊണ്ട് 4 കോശങ്ങളായും പിന്നീട് 4ഃ4 എന്ന അനുപാദത്തിലും കോശങ്ങള്‍ പെരുകും. 6ാം ദിവസത്തില്‍ ഗര്‍ഭാശയത്തില്‍ ഒട്ടിപ്പിടിക്കുന്ന അട്ടയെപ്പോലെ ഇതിന്റെ രൂപം മാറും. ബീജസങ്കലനം മുതല്‍ 21ാം ദിവസം വരെയാണ് ഇതിന്റെ കാലഘട്ടം. മനുഷ്യ വളര്‍ച്ചയുടെ ഈ രൂപമാണ് ഭ്രൂണം. പിന്നീട് ഭ്രൂണം ചവയ്ക്കപ്പെട്ട മാംസരൂപം പ്രാപിക്കുന്നു. ചവയ്ക്കുക എന്ന പദത്തില്‍ നിന്നാണ് ഇതിന് ‘മുദ്ഗത്’എന്നപേര് ലഭിച്ചത്. പല്ലുകള്‍ പതിഞ്ഞ പോലുള്ള ഭാഗത്തിന് സോമൈറ്റ്‌സ് എന്നാണ് പറയുക. ഇതിന് 3 ഭാഗങ്ങളുണ്ട്. ഒന്നാമത്തേത് സെര്‍മെറ്റോം, ഇതാണ് മനുഷ്യന്റെ തൊലിയായി രൂപപ്പെടുന്നത്. രണ്ടാമത്തേത് സ്‌ക്ലിയറോട്ടോം; ഇത് അസ്ഥികളായും രൂപം പ്രാപിക്കുന്നു. 36 മുതല്‍ 56 ദിവസം വരെയാണ് ഈ വളര്‍ച്ചകള്‍ നടക്കുന്നത്. അല്ലാഹു മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുക്കുമെന്ന് പറയാന്‍ കാരണം അത് വരെ കുട്ടിക്ക് ജീവന്‍ മാത്രമേയുള്ളൂ; ആത്മാവില്ല. കുട്ടിയുടെ വളര്‍ച്ചയുടെ 40-45 ദിവസങ്ങളിലാണ് ലൈംഗികാവയവം രൂപം കൊള്ളുന്നത്. ബീജസങ്കലം കഴിഞ്ഞ് 265 ദിവസം പിന്നിടുമ്പോള്‍ ഭ്രൂണം പൂര്‍ണ വളര്‍ച്ചയില്‍ എത്തുകയും പ്രസവിക്കപ്പെടുകയും ചെയ്യുന്നു. മരണവേദനയ്ക്ക് തുല്യമായ വേദന സഹിച്ച് കൊണ്ട് ഒാരോ മാതാവും പ്രസവിക്കുമ്പോള്‍ അല്ലാഹുവിന്റെ ഉല്‍കൃഷ്ടമായ സൃഷ്ടിയായ മനുഷ്യന്‍ പിറന്ന് വീഴുന്നു.

”ഗര്‍ഭാശയത്തില്‍ താനുദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ” (ക്വുര്‍ആന്‍ 3:6)

ചിന്തിച്ച് നോക്കുക; ഗര്‍ഭാശയത്തിലുള്ള കുഞ്ഞിന്റെ വളര്‍ച്ചയില്‍ മനുഷ്യര്‍ക്ക് എന്ത് പങ്കാണുള്ളത്? എല്ലാം സര്‍വശക്തന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അതിനാല്‍ അഹങ്കരിക്കാതിരിക്കുക. വിനയാന്വിതരായി ജീവിക്കുക. സ്രഷ്ടാവിനെ അനുസരിച്ച് നന്ദിയുള്ള ദാസന്മാരാവുക.

 

മുഹമ്മദ് അമല്‍
നേർപഥം വാരിക

ക്വുര്‍ആനും പൂര്‍വ വേദങ്ങളും മിഷണറി സാഹിത്യങ്ങളിലെ മിഥ്യകളും

ക്വുര്‍ആനും പൂര്‍വ വേദങ്ങളും മിഷണറി സാഹിത്യങ്ങളിലെ മിഥ്യകളും

ഒരു ട്രെയിന്‍ യാത്രയിലായിരുന്നു. പാസഞ്ചര്‍ ട്രെയിനാണ്. വലിയ തിരക്കൊന്നുമില്ല. ചൂടുള്ള കാപ്പി ആസ്വദിച്ച് കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു മധ്യവയസ്‌കന്‍ എല്ലാവര്‍ക്കും ലഘുലേഖ പോലെ എന്തോ വിതരണം ചെയ്തുകൊണ്ട് മുന്നിലെത്തിയത്. എനിക്കുനേരെയും നീട്ടി. ഞാനത് വാങ്ങി; രണ്ട് നോട്ടീസുകളും ഒരു ലഘുലേഖയും. അറബി ഭാഷയില്‍ തന്നെ ക്വുര്‍ആന്‍ സൂക്തങ്ങള്‍ അടങ്ങിയ ലഘുലേഖ യാത്രക്കാരായ മുസ്‌ലിം സ്ത്രീകളും പുരുഷന്മാരും സാകൂതം വായിക്കുന്നു.  ഇത്തരത്തിലുള്ള കുറെ ലഘുലേഖകളും ഗ്രന്ഥങ്ങളും കണ്ടും വായിച്ചും പരിചയമുള്ളതിനാല്‍ മാത്രം അത് ക്രിസ്ത്യന്‍ സാഹിത്യമാണെന്ന്  മനസ്സിലായി.

അദ്ദേഹം കമ്പാര്‍ട്ട്‌മെന്റിലെ എല്ലാവര്‍ക്കും നോട്ടീസ് വിതരണം ചെയ്ത ശേഷം കുറച്ചപ്പുറമുള്ള ഒരു സീറ്റില്‍ ചെന്നിരുന്നു. ഞാന്‍ എഴുന്നേറ്റ് അദ്ദേഹത്തിന്റെ സമീപം ചെന്നിരുന്നു. കൈകൊടുത്ത് പരിചയപ്പെട്ടു. സംസാരിക്കാന്‍ ഒരാളെ കിട്ടിയ ഉടന്‍ അയാള്‍ വാചാലനായി. യേശുവില്‍ വിശ്വസിക്കേണ്ടതിന്റെ അനിവാര്യതയടക്കം കുറെ പറഞ്ഞുതന്നു. ബൈബിളിന്റെ ദൈവികത, ത്രിയേകത്വ സിദ്ധാന്തം, ആദിപാപം, ക്രൂശീകരണം തുടങ്ങിയ വിഷയങ്ങളിലുള്ള എന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ‘ക്വുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ തന്നെ ഞാന്‍ പറഞ്ഞതെല്ലാം നിങ്ങള്‍ക്ക് മനസ്സിലാക്കാം’ എന്നു പറഞ്ഞ് ‘അല്‍നൂര്‍’ എന്ന് പേരുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ പഴയ ഏതാനും കോപ്പികള്‍ തന്ന് അടുത്ത സ്‌റ്റോപ്പില്‍ അദ്ദേഹം ഇറങ്ങി.

ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യരാജ്യമാണ്. എല്ലാവര്‍ക്കും അവനവന് ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും അതിന്റെ വിശ്വാസാചാരങ്ങള്‍ കൊണ്ടുനടക്കാനും അത് പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട്. ആശയ സംവാദങ്ങള്‍ നടത്തുവാനും മാന്യമായി വിമര്‍ശിക്കുവാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുവാനും അനുവാദമുണ്ട്. ഈ സ്വാതന്ത്ര്യം നിലനില്‍ക്കുക തന്നെ വേണം. പരസ്പരം അറിയാനും അറിയിക്കാനും ശ്രമിക്കുന്നത് മനസ്സുകളെ തമ്മില്‍ അടുപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനമാണെന്നതില്‍ സംശയമില്ല. അതില്‍ അസഹിഷ്ണുത കാണിക്കുക എന്നത് കുടുസ്സായ ചിന്താഗതിയുടെ അടയാളമാണ്.  

എന്നാല്‍ മനഃപൂര്‍വം തെറ്റുധരിപ്പിക്കുകയും പ്രമാണങ്ങളെ വികലമാക്കി ചിത്രീകരിക്കുകയും ചെയ്യുക എന്നത് ശരിയല്ല. അത് സത്യസന്ധമായ പ്രവര്‍ത്തനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

‘അല്‍നൂര്‍’ എന്ന പേരില്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു സ്വതന്ത്ര ക്രൈസ്തവ ത്രൈമാസികയായിരുന്നു അത്. മുസ്‌ലിം സമൂഹത്തിലേക്ക് ക്രൈസ്തവ ചിന്താഗതികള്‍ പ്രസരിപ്പിക്കുക, ഇസ്‌ലാമിന്റെ ആദര്‍ശത്തെയും മൂല്യങ്ങളെയും തങ്ങളാലാവും വിധത്തില്‍ വികലമായി ചിത്രീകരിക്കുക തുടങ്ങിയവയാണ് അല്‍നൂറിന്റെ ലക്ഷ്യമെന്ന് അതിന്റെ പേജുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോള്‍ തന്നെ ബോധ്യമായി.

ക്രൈസ്തവ സമൂഹത്തിന് അപരിചിതമായ ഒരു പേര് തിരഞ്ഞെടുക്കുകയും ആ പേരില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണം ‘സ്വതന്ത്ര ക്രൈസ്തവ പ്രസിദ്ധീകരണ’മാണെന്ന് വാദിക്കുകയും ചെയ്യുന്നതിലെ ഉദ്ദേശം എന്തെന്ന് മനസ്സിലാവാന്‍ അതിബുദ്ധിയൊന്നും വേണ്ടല്ലോ.

അല്‍നൂര്‍ ത്രൈമാസികയുടെ (2005 ജൂലൈ- ആഗസ്റ്റ് – സെപ്തംബര്‍) ലക്കത്തില്‍ കെ.വി സെബാസ്റ്റ്യന്‍ കുന്നത്തു കുഴിയില്‍ എന്ന വ്യക്തിയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ബൈബിളിന്റെ പരിശുദ്ധി: ഖുര്‍ആന്റേയും ഹദീസിന്റെയും അടിസ്ഥാനത്തില്‍’ എന്ന, മുസ്‌ലിംകളെ മാത്രം ഉദ്ദേശിച്ചുള്ള ലേഖനത്തെ ഒന്ന് പരിശോധനാ വിധേയമാക്കാം. ലേഖകന്‍ എഴുതുന്നു:

”മുഹമ്മദിന്റെ കാലത്ത് പഴയ നിയമവും പുതിയ നിയമവും ജനങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ഒട്ടേറെ വാക്യങ്ങള്‍ ഖുര്‍ആനില്‍ കാണാം. സൂറ: 10:94ല്‍ അല്ലാഹു ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു: ‘നാം നിനക്ക് നല്‍കിയ സന്ദേശങ്ങളില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ നിനക്ക് മുമ്പുള്ള ദൈവിക സന്ദേശങ്ങള്‍ പാരായണം ചെയ്തുക്കൊണ്ടിരിക്കുന്നവരോട് (പൂര്‍വ്വവേദക്കാരോട്) ഒന്ന് ചോദിച്ചു നോക്കുക” (10:94) യഹൂദരും ക്രൈസ്തവരുമാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്ന പൂര്‍വ്വ വേദക്കാര്‍. അവര്‍ പരായണം ചെയ്യുന്ന ദൈവിക ഗ്രന്ഥങ്ങള്‍ തൗറാത്തും ഇഞ്ചീലും” (പേജ്: 6).

ലേഖകന്‍ ഉദ്ധരിക്കുന്ന 10:94ന്റെ യഥാര്‍ഥ അര്‍ഥം: ”ഇനി നിനക്ക് നാം അവതരിപ്പിച്ചു തന്നതിനെപറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക് മുമ്പുതന്നെ വേദഗ്രന്ഥം വായിച്ചുവരുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്” (10:94).

തൗറാത്തും ഇഞ്ചീലും മുഹമ്മദ് നബി ﷺ യുടെ കാലത്ത് യഥാര്‍ഥ രൂപത്തില്‍ നിലനിന്നിരുന്നു എന്നതിനല്ല ഈ വാക്യം തെളിവാകുന്നത്. മുഹമ്മദ് നബി ﷺ യുടെ ദൗത്യം, അദ്ദേഹത്തിന് നല്‍കപ്പെട്ട ക്വുര്‍ആനിന്റെ ദൈവികത എന്നിവയാണ് ഈ വാക്യത്തിലൂടെ സ്ഥിരീകരിക്കപ്പെടുന്നത്. ക്വുര്‍ആനിന്റെയും അന്തിമ ദൂതന്‍ന്റെയും ആഗമനത്തെ കുറിച്ച് തൗറാത്തിലും ഇഞ്ചീലിലും സുവ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. പൂര്‍വ വേദക്കാര്‍ ആ പരാമര്‍ശങ്ങള്‍ പരായാണം ചെയ്തുവരുന്നതുമാണ്. എന്നാല്‍ പിന്നീട് അത്തരം പരാമര്‍ശങ്ങള്‍ അവയില്‍ നിന്നും നീക്കം ചെയ്യപ്പെടുകയോ അവയില്‍ അവ്യക്ത വരുത്തുകയോ ഉണ്ടായി.

ക്വുര്‍ആനിന്റെ ശരിവെക്കല്‍ എങ്ങനെ?

മനുഷ്യനിര്‍മിതങ്ങളും ദൈവിക മാര്‍ഗദര്‍ശനത്തിന് നിരക്കാത്തതുമായ അനേകം പരാമര്‍ശങ്ങളുള്ളവയാണ് പുതിയ-പഴയനിയമങ്ങള്‍. ക്വുര്‍ആനിന്റെ സാക്ഷീകരണം നേടിയവയാണ് ഇവ എന്ന് വരുത്തിത്തീര്‍ത്തുകൊണ്ട് തെറ്റുധരിപ്പിക്കും വിധം തുടര്‍ന്ന് എഴുതുന്നു:

”ഇഞ്ചീലിനെകുറിച്ചും ഖുര്‍ആന്‍ ഇതേ സാക്ഷ്യം നല്‍കുന്നു: അതില്‍ (ഇഞ്ചീലില്‍) മാര്‍ഗനിര്‍ദേശവും  പ്രകാശവുമുണ്ട്. അതിന്റെ മുന്നിലുള്ള തൗറാത്തിനെ ശരിവെച്ചുകൊണ്ടും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്  മാര്‍ഗനിര്‍ദേശവും തത്വേപദേശവുമായിക്കൊണ്ടാണത് വന്നിരിക്കുന്നത്(5.46)”

”തൗറാത്തിനെ ശരിവെച്ചുകൊണ്ട് ഇഞ്ചീല്‍ വന്നതുപോലെ തൗറാത്തിനൊപ്പം ഇഞ്ചീലിനെയും ശരിവെക്കാനാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അല്ലാഹു പലതവണ വ്യക്തമാക്കുന്നത് കാണാം. തൗറാത്തിനെ കുറിച്ച് പറയുന്നു: ”അള്ളാഹു അവതരിപ്പിക്കുന്നതില്‍ വിശ്വസിക്കുക; എന്ന് ഉപദേശിച്ചാല്‍  അവരുടെ (യഹൂദരുടെ) മറുപടി ഞങ്ങള്‍ക്ക് അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുന്നു. യഥാര്‍ത്ഥത്തിലോ അത് സത്യമായ സന്ദേശമാണ്. അവരുടെ പക്കലുള്ളതിനെ ശരിവെക്കുന്നതിനും. സൂറ: 2/91,3/3, 35/31, 12/11, 46/30 തുടങ്ങിയ വാക്യങ്ങളിലൊക്കെ പൂര്‍വ്വ വേദങ്ങള്‍ സത്യസന്ദേശമെന്ന് സാക്ഷ്യപ്പെടുത്തുന്നത് കാണാം”(പേജ് 6).

ക്വുര്‍ആനിന് മുമ്പ് വിവിധ കാലഘട്ടങ്ങൡലായി അല്ലാഹു അവതരിപ്പിച്ച തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നിവയെ അവയുടെ യഥാര്‍ഥ ഘടനയിലും സന്ദേശങ്ങളിലും ദൈവിക സ്വഭാവത്തിലും ക്വുര്‍ആന്‍ അംഗീകരിക്കുകയും അവയുടെ ആശയപരമായ തുടര്‍ച്ചയെ ക്വുര്‍ആന്‍ പ്രതിനിധീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ വസ്തുതയിലേക്ക് വെളിച്ചം വീശുന്ന നിരവധി പരാമര്‍ശങ്ങള്‍ ക്വുര്‍ആനിലുണ്ട് താനും. എന്നാല്‍ അവയൊന്നും ആധുനിക ക്രിസ്തുമതത്തിന്റെ പ്രമാണങ്ങളായ പുതിയ-പഴയ നിയമ ബൈബിളുകളുടെ സത്യതക്ക് തെളിവാകുന്നില്ല. 5:46 വാക്യമെന്ന നിലയില്‍ അല്‍നൂര്‍ ലേഖകന്‍ ഉദ്ധരിക്കുന്നതിന്റെ യഥാര്‍ഥ വാക്യരൂപത്തിലും പരാമര്‍ശിക്കപ്പെടുന്നത് ഇഞ്ചീല്‍ എന്ന ദൈവിക ഗ്രന്ഥം അതിന്റെ യഥാര്‍ഥ ഘടനയില്‍ മുമ്പുള്ള തൗറാത്തിനെ ആശയപരമായും താത്വികമായും പിന്തുടരുന്നു എന്ന സത്യമാണ്. മറിച്ച് ആധുനിക ബൈബിളിനെ (പുതിയനിയമം, പഴയനിയമം) സാക്ഷീകരിക്കുന്നു എന്ന വാദത്തിന് 5:46 തെളിവാകുകയില്ല. പ്രസ്തുത വാക്യം അതിന്റെ യഥാര്‍ഥ രൂപത്തില്‍ ഇപ്രകാരമാണ്:

”അവരെ (ആ പ്രവാചകന്‍മാരെ) തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മറിയമിന്റെ മകന്‍ ഈസായെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്‍മാര്‍ഗ നിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇഞ്ചീലും അദ്ദേഹത്തിന് നാം നല്‍കി. അതിന് മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സദുപദേശവുമത്രെ അത് ”(5:46).

ഈ വാക്യം സ്ഥിരീകരിക്കുന്നത് ക്രൈസ്തവ സുവിശേഷത്തെയല്ല; ഈസാനബി(അ)ക്ക് നല്‍കപ്പെട്ടിരിക്കുന്നതും ക്വുര്‍ആനിന് മുമ്പ് അവതീര്‍ണമായിരുന്നതും അല്ലാഹു ഈസാനബി(അ)യിലൂടെ അക്കാലത്തെ മുസ്‌ലിം സമൂഹത്തിന് നല്‍കിയിരുന്നതുമായ ദൈവിക ഗ്രന്ഥത്തെ കുറിച്ചാണ്. അതുകൊണ്ട് തന്നെ ഈ വാക്യം ക്രൈസ്തവ ആദര്‍ശത്തെ പിന്തുണക്കുന്നതല്ല.

2:91ന്റെ ആശയം യഹൂദ, ക്രൈസ്തവര്‍ക്കെല്ലാം ബാധകമാണ്. പ്രസ്തുത വാക്യത്തില്‍ ”അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ക്വുര്‍ആന്‍)” എന്ന പരാമര്‍ശം, പ്രസ്തുത വിഭാഗങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്ന വേദങ്ങളുടെ യഥാര്‍ഥ മൂല്യഘടനയെ കുറിച്ചുള്ളതാണ്. അല്‍നൂര്‍ ലേഖകന്‍, ബൈബിള്‍ പുതിയ-പഴയനിയമ പുസ്തകങ്ങള്‍ക്ക് ക്വുര്‍ആനിന്റെ പിന്തുണ ഉറപ്പിക്കാനായി ചൂണ്ടിക്കാട്ടിയ മറ്റുവാക്യങ്ങളെ ഇപ്രകാരം വായിക്കാം:

1. ”അല്ലാഹു അവതരിപ്പിച്ചതില്‍ (ക്വുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ക്വുര്‍ആന്‍)” (2:91).

2. ”അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൗറാത്തും ഇഞ്ചീലും അവതരിപ്പിച്ചു” (3:3).

3. ”നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്. തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്‍മാരെ പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു” (35:31).

4. ”തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത, അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും എല്ലാ കാര്യത്തെയും സംബന്ധിച്ച് ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് കാരുണ്യവും ആകുന്നു അത്” (12:111).

5. ”അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസാക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു” (46:30).

ഇത്തരം വാക്യങ്ങളിലെല്ലാം ഉപയോഗിക്കുന്ന ‘സത്യപ്പെടുത്തല്‍’ (തസ്ദീക്വ്) ആക്ഷരികമായ സത്യപ്പെടുത്തലല്ല. ആശയത്തിലും പൊതുദര്‍ശനത്തിലും ഊന്നിയുള്ള സത്യപ്പെടുത്തലാണ്. പൂര്‍വ വേദങ്ങള്‍ അവയുടെ യഥാര്‍ഥ ഘടനയില്‍, ആശയവൈകല്യങ്ങളിലകപ്പെടാതെ നിലനിന്നിരുന്ന കാലത്ത് അവയ്ക്ക് ദൈവിക ഗ്രന്ഥ പരിഗണന ഉണ്ടായിരുന്നെന്നും ദൈവിക ഗ്രന്ഥങ്ങളെ അവയുടെ യഥാര്‍ഥ ഘടനയില്‍ ക്വുര്‍ആന്‍ സാക്ഷീകരിക്കുന്നുണ്ട് എന്നും പൂര്‍വ വേദങ്ങളിലൂടെ ആദിമദൂതന്‍മാര്‍ക്ക് നല്‍കപ്പെട്ട സത്യസന്ദേശങ്ങളാണ് ക്വുര്‍ആനിലൂടെ മനുഷ്യരാശിക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് എന്നുമാണ് മുകളില്‍ ഉദ്ധരിച്ച വാക്യങ്ങളുടെ താല്‍പര്യം. മിഷണറി എഴുത്തുകാര്‍ പറയുന്നത് പോലെ, ഇന്നത്തെ പഴയ പുതിയ നിയമങ്ങള്‍ക്കുള്ള സാക്ഷ്യങ്ങളല്ല അവയൊന്നും.

സുവിശേഷങ്ങളും ക്വുര്‍ആനും

സുവിശേഷങ്ങളെ ക്വുര്‍ആന്‍ അംഗീകരിക്കുന്നുണ്ട് എന്ന വാദം ‘അല്‍നൂര്‍’ എഴുത്തുകാരന്‍ ഉന്നയിക്കുന്നുണ്ട്. ഇഞ്ചീല്‍ എന്ന പൂര്‍വവേദത്തെ ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും പുതിയ നിയമത്തിലെ സുവിശേഷങ്ങളെ ആ പരാമര്‍ശം ബാധിക്കുകയില്ല. കാരണം ഇഞ്ചീലും പുതിയ നിയമത്തിലെ സുവിശേഷങ്ങളും പൂര്‍ണമായ രൂപത്തില്‍ ഒന്നല്ല എന്നതുതന്നെ. ഈ വസ്തുത മറച്ചുവെച്ചുകൊണ്ട് അപ്പോസ്തലന്മാരും അല്ലാത്തവരും എഴുതിയ സുവിശേഷങ്ങള്‍ക്ക് ദൈവിക പദവി നല്‍കാനാണ് അല്‍നൂര്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നത്.

‘ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം’ എന്നു പറഞ്ഞുകൊണ്ടാണ്  മാര്‍ക്കോസ് തന്റെ ഗ്രന്ഥം ആരംഭിക്കുന്നത്.

‘കാലസമ്പൂര്‍ത്തിയില്‍ ദൈവം തന്റെ പുത്രന്‍ വഴി നമ്മോട് സംസാരിച്ചതിനെ’ കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഹൈബ്രായ ലേഖനകര്‍ത്താവ് തന്റെ രചന ആരംഭിക്കുന്നത.് ”പൂര്‍വ കാലങ്ങളില്‍ പ്രവാചകന്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി നമ്മോട് സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്ന് സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു” (ഹെബ്രായര്‍ 1:1-2).

”ഇവിടെയെല്ലാം വെളിവാക്കുന്നത് ഈശോമിശിഹായെ അവിടുത്തെ സമഗ്രതയില്‍ വിശ്വാസ സമൂഹത്തിന്, തലമുറകള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് ബൈബിള്‍ രചിക്കപ്പെട്ടത് എന്നാണ്. ഈശോയുടെ വാക്കുകളും പ്രവൃത്തികളുമാണ് അവയുടെ വിഷയം. അവ ഒരു തെറ്റും കൂടാതെ നിര്‍വ്വഹിക്കപ്പെട്ടു. ക്രിസ്താബ്ദം അമ്പതുകളില്‍ മത്തായിയും അറുപതുകളില്‍ മാര്‍ക്കോസും എഴുപതിനടുത്ത് ലൂക്കോയും 90 കളില്‍ യോഹന്നാനും അറിയിച്ച സുവിശേഷം തന്നെയാണ് ഇന്നും സഭ കയ്യിലേന്തുന്നതും തലമുറകള്‍ക്ക് കൈമാറിയതയും” (അല്‍നൂര്‍, പേജ് 8).

മാര്‍ക്കോസിന്റെ സുവിശേഷം രചിച്ചത് മാര്‍ക്കോസ് ആകയാല്‍ അത് ക്രിസ്തുവിന്റെ സുവിശേഷമല്ല. മാര്‍ക്കോസിന്റെ സുവിശേഷമാണ്. അല്‍നൂര്‍ ലേഖകന്‍ തന്നെ ആ സുവിശേഷത്തെ വിൡക്കുന്നത് ‘മാര്‍ക്കോസിന്റെ ഗ്രന്ഥം എന്നാണ്’ എന്നിരിക്കെ പ്രസ്തുത സുവിശേഷം ക്രിസ്തുവിന്റെ സുവിശേഷമല്ല. ‘ക്രിസ്തുവിന്റെ സുവിശേഷം’ എന്ന് പറയുമ്പോള്‍ ക്രിസ്തുവിനെക്കുറിച്ച് പണ്ട് വന്നിട്ടുള്ള സുവിശേഷമെന്നും ക്രിസ്തുവിന് ദൈവത്തില്‍നിന്ന് ലഭിച്ച സുവിശേഷമെന്നും അര്‍ഥമുണ്ട്. ഇതില്‍ അല്‍നൂര്‍ ലേഖകന്‍ പരിഗണിക്കുന്നത് രണ്ടാമത്തെ അര്‍ഥമാണ്. രണ്ടാം അര്‍ഥം പരിഗണിക്കുന്നതിലൂടെ മാര്‍ക്കോസിന്റെ രചന, ക്രിസ്തുവിലൂടെ ലഭിച്ച ദൈവികസന്ദേശമാണ് എന്ന് വരുത്തുകയാണ് ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യത്തിന്  മാര്‍ക്കോസിന്റെ സുവിശേഷം തന്നെ എതിരാണ്. മാര്‍ക്കോസിന്റെ സുവിശേഷം ക്രിസ്തുവിന് ദൈവത്തില്‍ നിന്ന് ലഭിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അല്‍നൂര്‍ ലേഖകന്‍ ആഗ്രഹിച്ചതെങ്കിലും പ്രസ്തുത സുവിശേഷത്തിന്റെ ആരംഭത്തിലെ പരാമര്‍ശം മാര്‍ക്കോസിന്റെ സുവിശേഷത്തിന് ബാധകമല്ലെന്ന് ആ പരാമര്‍ശത്തിന്റെ പൂര്‍ണരൂപത്തില്‍ നിന്ന് ഗ്രഹിക്കാം:

”ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം: ‘അവന്‍ നിനക്ക് മുമ്പായി എന്റെ ദൂതനെ അയക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും. കര്‍ത്താവിന്റെ വഴി ഒരുക്കുവീന്‍, അവന്റെ പാത നിരപ്പാക്കുവീന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്ക്’ എന്നിങ്ങനെ യെശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന പോലെ…” (മാര്‍ക്കോസ് എഴുതിയ സുവിശേഷം 1:1-3).

മാര്‍ക്കോസിന്റെ സുവിശേഷത്തെയല്ല അദ്ദേഹം തന്റെ ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ ‘ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം’ എന്ന് സൂചിപ്പിച്ചത്. മറിച്ച് ക്രിസ്തുവിനെ കുറിച്ചുള്ള മുന്‍ പ്രവചനത്തെയാണ്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ട് വായനക്കാരെ തെറ്റുധരിപ്പിക്കുവാനും മാര്‍ക്കോസിന്റെ സുവിശേഷത്തെ ദൈവത്തില്‍ നിന്നുള്ള സുവിശേഷമാക്കാനുമാണ് ‘അല്‍നൂര്‍’ ലേഖകന്‍ ശ്രമിക്കുന്നത്. ഹെബ്രായ ലേഖനത്തിന്റെ തുടക്കത്തില്‍ പൂര്‍വകാലങ്ങളില്‍ ദൈവം മാര്‍ഗദര്‍ശനത്തിനായി ദൂതന്മാരെ അയച്ച കാര്യം സമ്മതിക്കുന്നു. അതിനു ശേഷമാണ് ക്രിസ്തുവിന്റെ ദൈവപുത്രവാദം ഉന്നയിക്കുന്നത്. നാലു സുവിശേഷങ്ങളും പുതിയ നിയമത്തിലെ ലേഖനങ്ങളും പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ക്രിസ്തുവിനെ കുറിച്ചുള്ള ശരിയായ അറിവ് മറച്ചുവെക്കാനും അദ്ദേഹത്തിന് ദൈവത്തില്‍ നിന്ന് ലഭിച്ച വേദഗ്രന്ഥമായ ഇന്‍ജീലിന്റെ ആശയങ്ങള്‍ വികലമാക്കി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ബോധബോധപൂര്‍വം തന്നെ നടന്നിട്ടുണ്ട് എന്നാണ്. ക്രിസ്തുവിന് നല്‍കപ്പെട്ടിരുന്ന യഥാര്‍ഥ ഇന്‍ജീലിന്റെ പ്രതിപാദ്യങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളുമായിരുന്നില്ല; മറിച്ച് ദൈവിക ഉല്‍ബോധനങ്ങള്‍ മാത്രമായിരുന്നുവെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. വിവിധ കാലഘട്ടങ്ങളിലായി വിവിധ വ്യക്തികള്‍ എഴുതിയ കൃതികളാണ് ക്രൈസ്തവര്‍ ഇന്‍ജീല്‍ എന്ന് തെറ്റായി വിശേഷിപ്പിക്കുന്ന സമാഹാരത്തിന്റെ ഉള്ളടക്കമെന്നതിനാലും അക്കാര്യം അല്‍നൂര്‍ ലേഖകന്‍ തന്നെ സമ്മതിച്ചുതരികയും ചെയ്യുന്നതിനാലും ആ കൃതിയെ ദൈവിക ഗ്രന്ഥമെന്ന് പറയാവതല്ല.

(അവസാനിച്ചില്ല)

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

ഇസ്‌ലാം നല്‍കുന്ന ആത്മഹര്‍ഷം

ഇസ്‌ലാം നല്‍കുന്ന ആത്മഹര്‍ഷം


ഈ ലോകത്ത് ഓരോ മനുഷ്യനും കാരുണ്യവാനായ സൃഷ്ടികര്‍ത്താവിന്റെ അനവധി അനുഗ്രഹങ്ങള്‍ അനുഭവിച്ചും ആസ്വദിച്ചുമാണ് ജീവിക്കുന്നത്. വായു, വെള്ളം, വെളിച്ചം, കൈകാലുകള്‍, കണ്ണ,് കാത് തുടങ്ങി സമ്പത്ത്, കുടുംബം… എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേഖലകളില്‍ അത് വിശാലമാണ്.നബി ﷺ  പഠിപ്പിച്ച പോലെ അവയുടെ വിലയും വിശാലതയും അറിയണമെങ്കില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് ഓരോരുത്തരും നോക്കണമെന്നു മാത്രം. വായുവും വെള്ളവും ഭൂമിയും സൂര്യനും ചന്ദ്രനുമെല്ലാം നമുക്കു േവണ്ടി ഒരുക്കിയവനാണ് അല്ലാഹു:

”അവനാണ് നിങ്ങള്‍ക്ക് വേണ്ടി ‘ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” (2:29).

അവന്റെ അനുഗ്രഹങ്ങള്‍ നമുക്ക് ക്ലിപ്തമാക്കാന്‍ കഴിയില്ല:

”അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ” (16:18).

കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഏറ്റവും വലുതും അമൂല്യവുമായത് അവന്റെ മാര്‍ഗദര്‍ശനം അനുസരിച്ച് അവന് കീഴ്‌പെട്ട് ജീവിക്കുവാനുള്ള മഹാഭാഗ്യമാണ്. അഥവാ ഇസ്‌ലാം ഉള്‍ക്കൊള്ളുവാനും അതനുസരിച്ച് ജീവിക്കുവാനും അനുഗ്രഹിച്ചു എന്നതാണ്.

”അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു”(49:7,8).

മനുഷ്യരിലധികവും ജീവിതത്തിന്റെ പല മേഖലകളിലും കൃത്യമായ മാര്‍ഗദര്‍ശനമില്ലാതെ ഇരുട്ടില്‍ തപ്പുമ്പോള്‍ ഇസ്‌ലാം പുല്‍കാന്‍ അവസരം ലഭിച്ചവര്‍ കൃത്യമായ ദൈവിക നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്ജീവിതത്തില്‍ ഓരോ കാര്യവും ചെയ്യുന്നത്. മലമൂത്ര വിസര്‍ജന രംഗത്തുവരെയും ഇസ്‌ലാമികാധ്യാപനങ്ങളുണ്ടെന്ന് മനസ്സിലാക്കുമ്പോഴാണ് ഇസ്‌ലാം എത്രമാത്രം വ്യക്തികളെ ചൂഴ്ന്ന് നില്‍ക്കുന്നു എന്ന് ബോധ്യമാവുക. തീറ്റയും കുടിയും ഇരുത്തവും നടത്തവും കിടത്തവും നോട്ടവും എന്നുമാത്രമല്ല സര്‍വവും സ്വന്തമിഷ്ടങ്ങളെക്കാളുപരി ൈദവിക മാര്‍ഗനിര്‍ശേദമനുസരിച്ചാണ് സത്യവിശ്വാസികള്‍ ക്രമീകരിക്കുക. അതിലൂടെ എന്തെന്നില്ലാത്ത ആത്മനിര്‍വൃതിയും സമാധാനവുമാണ് കൈവരുന്നത്.

”പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്‌പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്” (6:162,163).

തനിക്ക് നല്ലതെന്ന് തോന്നുന്നതെന്തോ അതുമാത്രം ചെയ്തും ധര്‍മാധര്‍മങ്ങള്‍ പരിഗണിക്കാതെയും ജീവിക്കുന്നവര്‍ക്ക് ഈ അനുഭൂതിയും ശാന്തിയും  ലഭിക്കില്ല. പലരും ദേഹേഛകളെയും മറ്റുള്ളവരുടെ വാക്കുകളെയുമാണ് പിന്‍പറ്റുന്നതെങ്കില്‍ സത്യവിശ്വാസി പ്രപഞ്ച സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളെയാണ് പിന്‍പറ്റുന്നത്. സൃഷ്ടിപൂജകര്‍ നിസ്സാരരായ സൃഷ്ടികളെ പൂജിച്ച് അധമത്തം പേറുമ്പോള്‍ സത്യവിശ്വാസി സവശക്തനും സര്‍വലോക പരിപാലകനുമായ അല്ലാഹുവാണ് അത്യുന്നതനെന്നു പ്രഖ്യാപിച്ച് അവനെ മാത്രം ആരാധിച്ച് അവനില്‍ പരിപൂര്‍ണമായും ഭരമേല്‍പിച്ച് അന്തസ്സാര്‍ന്ന ജീവിതമാണ് നയിക്കുക. ദൈവികമാര്‍ഗദര്‍ശനം പിന്‍പറ്റാെത ജീവിച്ചവര്‍ പിന്നീട് ഖേദിക്കുമെന്ന് ക്വുര്‍ആന്‍ അനേകം സ്ഥലങ്ങളില്‍ ഉണര്‍ത്തിയതായി കാണാം. എന്നാല്‍ സത്യവിശ്വാസികള്‍ സന്തോഷത്തോടെ അല്ലാഹുവിനെ സ്തുതിക്കുകയും ആ മഹാഭാഗ്യത്തിന് നന്ദി പറയുകയുമായിരിക്കും ചെയ്യുക:

”അവരുടെ (വിശ്വാസികളുടെ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കിക്കളയുന്നതാണ്. അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്‍മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്. അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു”(7:43).

ആ സ്രഷ്ടാവിനെ പ്രകീര്‍ത്തിച്ചും അവന്റെ വിധിവിലക്കുകള്‍ പാലിച്ചും അവന് നന്ദി പ്രകടിപ്പിച്ചുംകൊണ്ടുള്ള ഇസ്‌ലാമിക ജീവിതവും അതൊന്നും പാലിക്കാതെയുള്ള ജീവിതവും എങ്ങനെയാണ് സമമാവുക?

”അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ? പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമെ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ” (67:22,23).

ഈ ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന അടിസ്ഥാനപരമായ ചോദ്യത്തിന് സത്യവിശ്വാസികള്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. എന്നാല്‍ സത്യനിഷേധികള്‍ ആ ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കും. അവര്‍ക്ക് ജീവിതയാത്രക്കിടയിലുണ്ടാകുന്ന പ്രതിസന്ധികളെ നേരിടാന്‍ കഴിയാതെ പ്രയാസപ്പെടേണ്ടിവരും. എന്നാല്‍ സത്യവിശ്വാസി ഉള്‍ക്കരുത്തോടെ അവയെ തരണം ചെയ്യും. സര്‍വാധിനാഥന്റെ പരീക്ഷണമെന്നു മനസ്സിലാക്കി സഹിക്കാനും ക്ഷമിക്കാനും അവന് കഴിയും.

”പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ‘ഭരമേല്‍പിക്കേണ്ടത്”(9:51).

ജീവിതത്തിലെ സുഖ,ദുഃഖങ്ങളെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് ഒരുപോലെ സ്വീകരിക്കാന്‍ വിശ്വാസിക്ക് കഴിയുമ്പോള്‍ അവിശ്വാസി പരീക്ഷണ ഘട്ടത്തില്‍ അങ്ങേയറ്റം നിരാശനും ദുഃഖിതനുമായിത്തീരും. ജീവിതനിരാശയും മടുപ്പും ഒരുവേള ആത്മഹത്യയിലേക്കുവരെ അവരെ നയിക്കും.

സത്യവിശ്വാസിയുടെ അവസ്ഥയെപ്പറ്റി നബി ﷺ  പറഞ്ഞു:”സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ. അവന്റെ എല്ലാ കാര്യവും അവന് നന്മ തന്നെ. ഒരു സന്തോഷകരമായ കാര്യമാണ് അവന് ഉണ്ടായതെങ്കില്‍ അവന്‍ അതിന്റെ പേരില്‍ അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കും. അതവന് ഗുണകരമാണ്. ഇനി വല്ല ബുദ്ധിമുട്ടുമാണ് അവനെ ബാധിച്ചതെങ്കില്‍ അവനതില്‍ ക്ഷമിക്കും. അതും അവന് ഗുണകരമാണ്. ഒരു സത്യവിശ്വാസിയല്ലാത്ത ഒരാള്‍ക്കും അതുണ്ടാവുകയില്ല.”

ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വെളിച്ചംവീശുന്ന ഈ മാര്‍ഗദര്‍ശനം സ്വീകരിക്കാന്‍ കഴിയുക എന്നത് ലോകരക്ഷിതാവിന്റെ അപാരമായ അനുഗ്രഹവും മഹാഭാഗ്യവുമാണെന്ന് പറയുന്നത് വസ്തുനിഷ്ഠമായി ചിന്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല.

”വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു” (2:257).

അതുകൊണ്ടുതന്നെയാണ് ഇസ്‌ലാം ആശ്ലേഷിച്ചുെവന്നത് ആരോടെങ്കിലും കാണിച്ച ഔദാര്യമല്ല; മറിച്ച് ദൈവികമായ മഹാ അനുഗ്രഹമാണെന്ന് ചിലരെ തിരുത്തിക്കൊണ്ട് ക്വുര്‍ആന്‍ പ്രസ്താവിച്ചത്:

”അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയരുത്. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (ഇത് നിങ്ങള്‍ അംഗീകരിക്കുക)” (49:17).

”അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്‌പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും”(3:83).

 

ശമീര്‍ മദീനി
നേർപഥം വാരിക

അല്ലാഹു: ഉപമകള്‍ക്കതീതന്‍

അല്ലാഹു: ഉപമകള്‍ക്കതീതന്‍

ഒരു മനുഷ്യന്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട വിജ്ഞാനീയങ്ങളില്‍ പ്രഥമമായത് തന്നെ സൃഷ്ടിച്ച അല്ലാഹുവിനെക്കുറിച്ചാണെന്നതില്‍ സംശയമില്ല. ”ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ അറിയുക” (47:19) എന്ന ക്വുര്‍ആന്‍ വചനം ഇതിലേക്ക് സൂചന നല്‍കുന്നതാണ്. സ്രഷ്ടാവിനെക്കുറിച്ചുള്ള പ്രമാണബദ്ധമായ വിശ്വാസമാണ് എല്ലാവിധ നന്മകളുടെയും അടിസ്ഥാനം. ഇത് കരഗതമാകുന്നതിലൂടെ മാത്രമെ മനുഷ്യര്‍ക്ക് നന്മകളില്‍ അടിയുറച്ച് നില്‍ക്കുവാനും തിന്മകളെ പാടെ ജീവിതത്തില്‍നിന്ന് ഒഴിവാക്കുവാനും സാധിക്കുകയുള്ളൂ.

സൃഷ്ടിനാഥനെക്കുറിച്ച വികലമായ ധാരണകളും വിശ്വാസങ്ങളുമാണ് അധികമാളുകെളയും സന്മാര്‍ഗസരണിയില്‍നിന്ന് തെറ്റിച്ചുകളയുന്നത് എന്നത് ഒരു പരമാര്‍ഥമാണ്. പ്രവാചകന്മാരാല്‍ പഠിപ്പിക്കപ്പെട്ട കളങ്കമുക്തമായ വിശ്വാസങ്ങളില്‍നിന്ന് തെന്നിമാറുന്നതോടെ അന്ധവിശ്വാസങ്ങളായിരിക്കും മനസ്സുകളില്‍ മുളപൊട്ടുക. അതാകട്ടെ നരകത്തിലേക്ക് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

”ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്….” (6:91).

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങള്‍ അഥവാ അസ്മാഉ വസ്സ്വിഫാതുകള്‍ പഠിക്കുന്നതിലൂടെയാണ് നമുക്ക് കാരുണ്യവാനായ നാഥനെക്കുറിച്ച് അടുത്തറിയാനാവുക. അല്ലാഹുവിന്ന് ഏറ്റവും അത്യുത്തമമായ നാമങ്ങളാണുള്ളത്. അവയെല്ലാം തന്നെ ഏറ്റവും നല്ല അര്‍ഥങ്ങളുള്ളതും അല്ലാഹുവിന്റെ മഹത്ത്വത്തിനും ഔന്നിത്യത്തിനും യോജിച്ചവയുമാണ്. അല്ലാഹു പറയുന്നു:

”അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും”(7:180).

ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ടുവന്ന നാമങ്ങളിലൂടെയാണ് നാം റബ്ബിനെക്കുറിച്ച് അറിയേണ്ടത്. നമുക്ക് തോന്നുന്ന രൂപത്തില്‍ അല്ലാഹുവിന് പേരുകള്‍ നല്‍കുന്നത് അനുവദനീയമല്ല. അത് വലിയ മാര്‍ഗഭ്രംശത്തിലേക്കാണ് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുക. മനുഷ്യബുദ്ധികൊണ്ട് ഒരിക്കലും അല്ലാഹുവിന്റെ പുതിയ നാമങ്ങളൊന്നും തേടിപ്പിടിക്കുവാന്‍ സാധ്യമല്ല. അത് റബ്ബിനോട് ചെയ്യുന്ന അന്യായമാണ്. അറിവ് നല്‍കപ്പെട്ടില്ലാത്ത കാര്യങ്ങള്‍ക്ക് പിന്നാലെ പോകുന്നത് നഷ്ടം മാത്രമെ വരുത്തിവെക്കൂ:

”നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്”(17:36).

അല്ലാഹുവിന്റെ നാമങ്ങളെ അടുത്തറിയുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി നബി ﷺ  പറഞ്ഞത് കാണുക: ”നിശ്ചയം! അല്ലാഹുവിന് 99 നാമങ്ങളുണ്ട്. നൂറില്‍ ഒന്ന് കുറവ്. വല്ലവനും അവയെ ‘ഇഹ്‌സ്വാഅ്’ ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു” (മുസ്‌ലിം).

‘ഇഹ്‌സ്വാഅ്’ ചെയ്യുക എന്നതിന്റെ ഉേദ്ദശ്യം അവയെ എണ്ണി തിട്ടപ്പെടുത്തുകയും മനഃപാഠമാക്കുകയും ചെയ്യലാണെന്നും, അവയുടെ അര്‍ഥവും തേട്ടവും അറിയലാണെന്നും, അവകൊണ്ട് പ്രാര്‍ഥിക്കലാണന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

മുകളില്‍ സൂചിപ്പിച്ച ഹദീഥില്‍നിന്ന് അല്ലാഹുവിന് 99 നാമങ്ങള്‍ മാത്രമെ ഉള്ളൂ എന്ന് ഒരിക്കലും മനസ്സിലാക്കിക്കൂടാ. കാരണം അല്ലാഹുവിന്റെ നാമങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ നമുക്ക് കഴിയാവുന്നതിലപ്പുറമാണെന്ന് മറ്റു ഹദീഥുകളില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ നാമങ്ങളില്‍നിന്ന് ‘ഇഹ്‌സ്വാഅ്’ െചയ്താല്‍ സ്വര്‍ഗപ്രവേശം സാധ്യമാകുന്നതിന്റെ എണ്ണത്തെയാണ് ആ എണ്ണംകൊണ്ട് അര്‍ഥമാക്കുന്നത്. നമുക്ക് വ്യക്തമാക്കിത്തരാത്ത നാമങ്ങള്‍ റഹ്മാനായ അല്ലാഹുവിനുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു ദുആയില്‍ ഇപ്രകാരം കാണാം: ”നീ നിന്റെ നഫ്‌സിന് പേരുവെച്ച, നിന്റെ സൃഷ്ടികളില്‍ ഒരാളെ പഠിപ്പിച്ച, നിന്റെ ്രഗന്ഥത്തില്‍ നീ അവതരിപ്പിച്ച,നിന്റെ അടുക്കലുള്ള അദൃശ്യജ്ഞാനത്തില്‍ നീ നിനക്ക് പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുകളും മുന്‍നിറുത്തി ഞാന്‍ നിന്നോട് തേടുന്നു”(അഹ്മദ്).

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ നിഷേധിക്കുവാനോ രൂപം പറയുവാനോ ഉപമിക്കാനോ സാദൃശ്യപ്പെടുത്താനോ പാടില്ലാത്തതാണ്. ഇസ്‌ലാമികലോകത്തെ അറിയപ്പെട്ട അക്വീദഃ ഗ്രന്ഥമായ ‘അക്വീദതുല്‍ വാസിത്വിയ്യഃ’യില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറയുന്നത് കാണുക: ”ഫിര്‍ക്വതുന്നാജിയ്യയുടെ, അത്ത്വാഇഫതുല്‍ മന്‍സ്വൂറയുടെ അഥവാ അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃയുടെ വിശ്വാസ സംഹിതയാണിത്. അതായത് അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവനയച്ച ദൂതന്മാരിലും മരണാനന്തര ജീവിതത്തിലും വിധിയിലും അതിന്റെ നന്മയിലും തിന്മയിലും വിശ്വസിക്കുക.

അല്ലാഹുവിലുള്ള വിശ്വാസത്തില്‍ പെട്ടതാണ് അല്ലാഹു അവനെപ്പറ്റി അവന്റെ ഗ്രന്ഥത്തില്‍ വിശേഷിച്ചതും അല്ലാഹുവിന്റെ ദൂതന്‍ അവനെപ്പറ്റി വിശദീകരിച്ചതുമായ വിശേഷണങ്ങള്‍ ദുര്‍വ്യാഖ്യാനിക്കാതെയും നിഷേധിക്കാതെയും സാമ്യപ്പെടുത്താതെയും ഉപമിക്കാതെയും വിശ്വസിക്കുക എന്നത്.

”അവന് സാമ്യമൊത്ത ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാണ്” (42:11) എന്ന് അല്ലാഹുെവ സംബന്ധിച്ച് അവര്‍ വിശ്വസിക്കണം. അവന്‍ സ്വന്തത്തെപ്പറ്റി വിശേഷിപ്പിച്ചതായ ഒന്നും അവര്‍ നിഷേധിക്കരുത്. പദങ്ങളെ അതിന്റെ യഥാര്‍ഥ സ്ഥാനത്തുനിന് കോട്ടിമാട്ടുകേയാ അല്ലാഹുവിന്റെ നാമങ്ങളിലും ആയത്തുകളിലും കൃത്രിമം കാണിക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെ വിശേഷണങ്ങളുടെ രൂപം പറയുകയോ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യപ്പെടുത്തുകയോ ചെയ്യരുത്. പരിശുദ്ധനായ അല്ലാഹുവിന് പേരൊത്തതായി ആരുമില്ല. അവന് സമന്മാരോ സദൃശ്യരോ ഇല്ല. പരിശുദ്ധനും ഉന്നതനുമായ അവനെ സൃഷ്ടികളോട് താരതമ്യം ചെയ്യാന്‍ കഴിയുന്നതുമല്ല.

തീര്‍ച്ചയായും സ്വന്തത്തെപ്പറ്റിയും ഏറ്റവും വസ്തുതാപരവും നല്ലതും അവന്റെ വാക്കുകളാണ്. ശേഷം വിശ്വസ്തരായ അവന്റെ ദൂതന്മാരുടെ (വാക്കുകളും). അല്ലാഹുവെക്കുറിച്ച് അറിവില്ലാത്തവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിന് വിരുദ്ധമായാണ് (കാര്യങ്ങള്‍). അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്: ‘പ്രതാപത്തിന്റെ നാഥനായ നിന്റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്മാര്‍ക്ക് സമാധാനം. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി” (അക്വീദതുല്‍ വാസിത്വിയ്യഃ, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ).

അല്ലാഹുവിനെക്കുറിച്ച് പ്രമാണബദ്ധമായി മനസ്സിലാക്കിയില്ലെങ്കില്‍ അത് മനുഷ്യരെ സ്രഷ്ടാവിനെക്കുറിച്ച തെറ്റായ ധാരണകളിലേക്കെത്തിക്കുകയും അത് മുഖേന അല്ലാഹുവിനെക്കുറിച്ച് അറിവില്ലാത്തത് പറയുകയും ചെയ്യും. ഇതാകട്ടെ വിലക്കപ്പെട്ട കാര്യവുമാണ്. അല്ലാഹു പറയുന്നത് കാണുക:

”പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും അധര്‍മവും ന്യായം കൂടാതെയുള്ള കയ്യേറ്റവും യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്”(7:33).

ക്വുര്‍ആനിലെ ഏറ്റവും ശ്രേഷ്ഠമായ വചനമായി നബി ﷺ  അറിയിച്ച ആയത്തുല്‍ കുര്‍സിയ്യ് അല്ലാഹുവിനെ സംബന്ധിച്ച വ്യക്തമായ ബോധം നമുക്ക് നല്‍കുന്നതാണ്:

”അല്ലാഹു-അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (2:255).

പ്രത്യേകതകള്‍ ഏറെയുള്ള സൂറത്തുല്‍ ഇഖ്‌ലാസും അല്ലാഹു ആരെന്ന് നമുക്ക് പറഞ്ഞുതരുന്നു. അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തുന്നവര്‍ക്കുള്ള കൃത്യമായ മറുപടിയും അത് നല്‍കുന്നു: ”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും” (112:1-4).

 

മെഹബൂബ് മദനി ഒറ്റപ്പാലം
നേർപഥം വാരിക

പ്രപഞ്ചത്തിന്റെ അനന്തവിശാലത

പ്രപഞ്ചത്തിന്റെ അനന്തവിശാലത

നാല്‍പതിനായിരം കിലോമീറ്റര്‍ ചുറ്റളവുള്ള, സൂര്യനില്‍ നിന്ന് 15 കോടി കിലോമീറ്റര്‍ അകലെ സൂര്യനെ ചുറ്റുന്ന ഭൂമി എന്ന ഗ്രഹത്തിലാണ് എഴുന്നൂറ്റി അന്‍പത് കോടി ജനങ്ങള്‍ ജീവിക്കുന്നത്. സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യന് പതിമൂന്നര ലക്ഷം ഭൂമിക്ക് തുല്യമായ വലിപ്പമുണ്ട്. സൂര്യനും അതിനെ ചുറ്റുന്ന 8 ഗ്രഹങ്ങളും അവയെ ചുറ്റുന്ന 193 ഉപഗ്രഹങ്ങളും ചേര്‍ന്നതാണ് സൗരയൂഥം.

ഭൂമിക്ക് ഒരു ഉപഗ്രഹമേയുള്ളൂ; അതാണ് ചന്ദ്രന്‍. സൂര്യനില്‍ നിന്ന് അകലക്രമമനുസരിച്ചുള്ള ഗ്രഹങ്ങള്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവയാണ്.

ഓരോ സെക്കന്റിലും 3 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന പ്രകാശം ഏറ്റവും അകലെയുള്ള നെപ്ട്യൂണിലേക്ക് സൂര്യനില്‍ നിന്ന് നാലേകാല്‍ മണിക്കൂര്‍ സഞ്ചരിക്കണം!

സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിലേക്ക് നാലേകാല്‍ വര്‍ഷം പ്രകാശം സഞ്ചരിക്കുന്നദൂരം, അഥവാ നാല്‍പത് ലക്ഷം കോടി കിലോമീറ്റര്‍ ദുരമുണ്ട്. അപ്രകാരം ചുരുങ്ങിയത് പതിനായിരം കോടി നക്ഷത്രങ്ങള്‍ ചേര്‍ന്ന ഒരു വമ്പന്‍ സമൂഹമാണ് നമ്മുടെ മില്‍കീ വേ ഗ്യാലക്‌സി. അതില്‍ പത്ത് ശതമാനത്തോളം സ്വന്തം പ്രകാശമില്ലാത്ത ഗ്രഹങ്ങള്‍ ആണ്. ഈ ഗ്യാലക്‌സിയുടെ ഒരറ്റത്തുള്ള നക്ഷത്രത്തില്‍ നിന്ന് മറ്റേ അറ്റത്തുള്ള നക്ഷത്രത്തിലേക്കുള്ള ദൂരം അഥവാ വ്യാസം ഒരുലക്ഷം പ്രകാശ വര്‍ഷമാണ്. അതിന്റെ സെന്ററില്‍ നിന്ന് മുപ്പതിനായിരം പ്രകാശവര്‍ഷം ദൂരത്താണ് നമ്മുടെ ഭൂമിയുടെ സ്ഥാനം. ഇതേപോലെ 54 ഗ്യാലക്‌സികള്‍ ചേര്‍ന്ന സമൂഹമാണ് നമ്മുടെ വിര്‍ഗോക്ലസ്റ്റര്‍. ഒരു ലക്ഷം ഗ്യാലക്‌സികള്‍ ചേര്‍ന്ന ലൈനാകിയാ സൂപ്പര്‍ ക്ലസ്റ്ററിന്റെ ഒരു ചെറുഭാഗമാണ് നമ്മുടെ വിര്‍ഗോ ക്ലസ്റ്റര്‍. സൂപ്പര്‍ ക്ലസ്റ്ററുകള്‍ പോലും പത്ത് ലക്ഷം എണ്ണം കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും അകലെയുള്ള ഏച്വ11 എന്ന ഗ്യാലക്‌സിയിലേക്ക് 1300 കോടി പ്രകാശ വര്‍ഷം ദൂരമുണ്ട്.

ഇതാണ് ഇതേവരെ കണ്ടെത്തിയ പ്രപഞ്ചം. മഹാപ്രപഞ്ചത്തിന്റെ ഒരു ചെറുഭാഗം മാത്രമെ ശാസ്ത്രത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ എന്ന് പ്രപഞ്ചശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്നു. ഇനിയുള്ളവയെ കണ്ടെത്താനുള്ള സാധ്യത എത്രയോ കുറവാണ്. കാരണം അവ പ്രകാശത്തെക്കാള്‍ വേഗതയില്‍ നമ്മില്‍നിന്ന് അകന്ന് കൊണ്ടേയിരിക്കുകയാണ്. അതിനാല്‍ പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുകയാണ് എന്ന് എഡ്വിന്‍ പി ഹബ്ള്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തി. 51ാം അധ്യായം സൂറതുദ്ദാരിയാത് 47ാം വചനത്തില്‍ ക്വുര്‍ആന്‍ പറയുന്നു:

”ഉപരിലോകമാകട്ടെ നാം അതിനെ ശക്തിയാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചുകൊണ്ടിരിക്കും.”

എല്ലാ ഗ്യാലക്‌സികളും അതിഭയാനകമായ വേഗതയില്‍ സഞ്ചരിച്ചിട്ടും എവിടെയും മുട്ടിയിട്ടില്ല. എല്ലാ ഗ്യാലക്‌സികളുടെയും പുറത്ത്കൂടെ എത്രയോ അകലത്തില്‍ ഒന്നാമത്തെ ആകാശം പൊതിഞ്ഞുനില്‍ക്കുന്നു. മുഹമ്മദ് നബി ﷺ  പറഞ്ഞു.

”….ഓരോ ആകാശങ്ങള്‍ക്കിടയിലുള്ള ദൂരം ഭൂമിയില്‍ നിന്ന് ഒന്നാം ആകാശത്തിലേക്കുള്ള ദൂരത്തിന് തുല്യമാണ്” (അബൂദാവൂദ്, ഇബ്‌നുമാജ, തുര്‍മുദി).

അങ്ങനെ ഏറ്റവും പുറത്തുകൂടി ഏഴാമത്തെ ആകാശവും അതില്‍ നിന്ന് എത്രയോ, അനന്തവിദൂരതയില്‍ അല്ലാഹുവിന്റെ സിംഹാസവും സ്ഥിതിചെയ്യുന്നു. ആ സിംഹാസനത്തില്‍ ഉപവിഷ്ടനായ അല്ലാഹുവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്ന വിസ്മയ ഗ്രന്ഥം. നബി ﷺ യുടെ ആകാശയാത്ര അഥവാ മിഅ്‌റാജ് യാത്രയില്‍ ജറുസലേമില്‍ നിന്ന് അല്ലാഹുവിന്റെ സിംഹാസനത്തിനടുത്ത് വരെ പോയ ശേഷമാണ് ജറുസലേമിലേക്ക് തിരിച്ചു വന്നതും അവിടുന്ന് ഏഴാമത്തെ ആകാശം ഉള്‍ക്കൊള്ളുന്ന പ്രപഞ്ചഗോളം മുഴുവനും ചേര്‍ന്നാല്‍ ദൈവിക സംഹാസനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മരുഭൂമിയിലേക്ക് എറിയപ്പെട്ട ഒരു കൊച്ചുവളയം പോലെ മാത്രമാണ് എന്ന് മുഹമ്മദ് നബി ﷺ  വിശദീകരിച്ചിട്ടുണ്ട്.

ഇനി നമുക്ക് തിരിച്ചുവരാം. അഖില പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ സിംഹാസനത്തിന് താഴെ എത്രയോ ചെറുത് മാത്രമാണ് ഏഴാം വാനം. ഏഴ് ആകാശങ്ങളില്‍ ഒന്ന് മാത്രമാണ് ഒന്നാംവാനം. അതിന് താഴെ കണ്ടെത്തിയ 10 ലക്ഷം സൂപ്പര്‍ ക്ലസ്റ്ററുകളില്‍ ഒന്ന് മാത്രമാണ് ലൈനാക്കിയ. അതിലെ ഒരുകൂട്ടം മാത്രമാണ് വിര്‍ഗോ ക്ലസ്റ്റര്‍. വിര്‍ഗോ ക്ലസ്റ്ററിലെ 54 ഗ്യാലക്‌സികളില്‍ ഒന്ന് മാത്രമാണ് മില്‍ക്കീവേ. അതിലെ കൂറെ ശാഖകളില്‍ ഒന്ന് മാത്രമാണ് ഓറിയോണ്‍ ആം. അതിലെ പതിനായിരം കോടി നക്ഷത്രങ്ങളില്‍ ഒന്ന് മാത്രമാണ് സൂര്യന്‍.

സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന എട്ട് ഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ് ഭൂമി. ഭൂമിയിലെ 195 രാഷ്ട്രങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യ. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഒന്ന് മാത്രമായ കേരളത്തിലെ മൂന്നേമുക്കാല്‍ കോടി ജനങ്ങളില്‍ ഒരു വ്യക്തി മാത്രമാണ് ഞാന്‍!

അപ്പോള്‍, അല്ലാഹുവേ! നിന്റെ മുന്നില്‍ ഞാന്‍ എത്രയോ ചെറിയവനും നീ എത്രയോ മഹാനുമാണ്. നാഥാ! നിരര്‍ഥകമായിട്ടല്ല ഈ പ്രപഞ്ചത്തെ നീ സൃഷ്ടിച്ചത്. ഈ ചിന്തയാണ് 3ാം അധ്യായം സൂറഃ ആലുഇംറാന്‍ 190,191 വചനങ്ങളിലൂടെ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്.

”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.”

 

ഡോ. അബ്ദുറസാഖ് സുല്ലമി
നേർപഥം വാരിക

ലാഭം കൊതിക്കുക; നഷ്ടത്തെ ഭയക്കുക

ലാഭം കൊതിക്കുക; നഷ്ടത്തെ ഭയക്കുക

ലാഭം, നഷ്ടം എന്നീ പദങ്ങള്‍ ഏവര്‍ക്കും ഏറെ സുപരിചിതമാണ്. ഇതില്‍ ആദ്യത്തേതിനെ എല്ലാവരും ഇഷ്ടപ്പെടുന്നുവെങ്കില്‍ രണ്ടാമത്തേതിനെ പാടെ വെറുക്കുന്നു എന്നതാണ് മനുഷ്യപ്രകൃതി. ഏതു മേഖലയിലും ലാഭം കൊതിക്കാത്തവരായി ആരുണ്ട്? ഒരു വിദ്യാര്‍ഥി പഠനമേഖലയിലെ ഉയര്‍ച്ചയില്‍ ലാഭം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഏത് ഉല്‍പന്നവും ഉല്‍പാദിപ്പിക്കുന്നവരുടെയും എല്ലാ കച്ചവടക്കാരുടെയു ലക്ഷ്യവും ലാഭം തന്നെ. ലാഭം കിട്ടിയാല്‍ വലിയ സന്തോഷം. നഷ്ടം സംഭവിച്ചാല്‍ കടുത്ത സങ്കടവും.

ഇതെല്ലാം ഭൗതികമായ കാര്യങ്ങള്‍. ഇസ്‌ലാം പഠിപ്പിക്കുന്ന ഏറെ ലാഭകരമായ കച്ചവടവും കൃഷിയുമുണ്ട്. അത് ഇഹലോകത്ത് ചെയ്യേണ്ടവയാണ്. അതിന്റെ ലാഭം കിട്ടുന്നേതാ പരലോകത്തും. ഇസ്‌ലാമിക പ്രബോധനം ഇത്തരത്തില്‍ പരലോകത്ത് വമ്പിച്ച ലാഭം നേടാന്‍ കഴിയുന്ന ഒന്നാണ്. പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മകള്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. എന്നാല്‍ അവയിലെല്ലാം നേര് എത്രത്തോളമുണ്ട് എന്ന പരിശോധന ആവശ്യമാണ്. സത്യത്തിലേക്കുള്ള ക്ഷണം വിശ്വാസികളുടെ ബാധ്യതയാണ്. അതിനായുള്ള കൂട്ടായ്മയില്‍ വിശ്വാസി ഭാഗഭാക്കാവേണ്ടതുണ്ട്. ഇത്തരമൊരു ഉത്തരവാദിത്തം തന്നില്‍ അര്‍പ്പിതമാണ് എന്ന് ആദ്യം തിരിച്ചറിയണം. ഭൗതികമായ യാതൊന്നും ഈ ഉത്തരവാദിത്ത നിര്‍വഹണത്തിന് തടസ്സമായിക്കൂടാ. സമയവും സമ്പത്തും ആരോഗ്യവുമെല്ലാം ദഅ്‌വത്തിനായി ഉപയോഗിച്ചാല്‍ പരലോകവിജയമാകുന്ന ലാഭം നേടാമെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ദഅ്‌വത്തുമായി ബന്ധപ്പെട്ട് വിശുദ്ധ ക്വുര്‍ആനും പ്രവാചകവചനങ്ങളും ഉണര്‍ത്തുന്ന കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ എക്കാലഘട്ടത്തിലും ദഅ്‌വത്തിനുള്ള പ്രാധാന്യവും അതിന് ലഭിക്കുന്ന അളവറ്റ പ്രതിഫലവും നമുക്ക് വ്യക്തമാകും.

ദഅ്‌വത്ത് നരകമോചനത്തിന്

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതത്രെ മഹത്തായ ഭാഗ്യം” (61:10-12).

അല്ലാഹുവിലും റസൂലിലും വിശ്വസിക്കുക, സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും റബ്ബിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുക തുടങ്ങിയ ‘കച്ചവട’ത്തിന് ലഭിക്കുന്ന ലാഭം നരകത്തില്‍നിന്നു രക്ഷയും പാപങ്ങള്‍ പൊറുക്കപ്പെടലും സ്വര്‍ഗപ്രവേശവുമാണെന്ന് ഈ സൂക്തങ്ങള്‍ അറിയിക്കുന്നു.

ശൈഖ് നാസ്വിറുസ്സഅദി ഈ വചനങ്ങളുടെ വിശദീകരണത്തില്‍ പറയുന്നു: ”വിശ്വസിക്കേണ്ട കാര്യങ്ങളില്‍ അല്ലാഹു കല്‍പിച്ചതുപോലെ ഉറച്ചു വിശ്വസിക്കലും അവയവങ്ങള്‍കൊണ്ട് (പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍) പ്രവര്‍ത്തിക്കലും വിശ്വാസത്തിന്റെ പൂര്‍ണതയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ പെട്ടതാണ്. അല്ലാഹുവിന്റെ ദീനിനെ സഹായിക്കുക, അവന്റെ വചനത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിന്റെ ശത്രുക്കളെ പ്രതിരോധിക്കാന്‍ നിങ്ങളുടെ ശരീരവും സമ്പത്തും നിങ്ങള്‍ ചെലവഴിക്കുക” (തഫ്‌സീറുസ്സഅദി, പേജ്: 1014).

അല്ലാഹു പറയുന്നു:”അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍” (49:15).

ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ശൈഖ് സഅദി പറയുന്നു: ”ഈമാനും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദും ഒരുമിപ്പിച്ച് ഒരാള്‍ ശത്രുവിനോട് പോരാടിയാല്‍ അവന്റെ ഹൃദയത്തിലുള്ള വിശ്വാസത്തിന്റെ പൂര്‍ണതയെ അത് അറിയിക്കുന്നു” (തഫ്‌സീറുസ്സഅദി, പേജ് 947).

ആദര്‍ശരംഗത്ത് വന്‍വീഴ്ചകള്‍ പറ്റിയ പല വിഭാഗവും നമ്മുടെ നാട്ടിലുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോടുമാത്രം പ്രാര്‍ഥിക്കുക എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമാണ്. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ശിര്‍ക്ക് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍… ഇസ്‌ലാമിനെ കേവല രാഷ്ട്രീയ പ്രസ്ഥാനമായി കാണുന്നവര്‍… പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചും പരിഹസിച്ചും നടക്കുന്നവര്‍… എല്ലാവരും അവകാശപ്പെടുന്നത് തങ്ങള്‍ സത്യസന്ധമായി ദഅ്‌വത്ത് ചെയ്യുന്നവരാണ് എന്നാണ്. എന്നാല്‍  യഥാര്‍ഥ ഈമാനിന്റെ അഭാവത്തില്‍ അതിനൊന്നും യാതൊരു വിലയുമില്ലെന്നാണ് ഉപരിസൂചിത ആയത്തുകള്‍ പഠിപ്പിക്കുന്നത്.

ദഅ്‌വത്ത് ശാശ്വത നഷ്ടത്തില്‍നിന്ന് രക്ഷനേടാന്‍

അല്ലാഹു പറയുന്നു: ”കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ” (103:1-3).

ശൈഖ് സഅദി ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ”ആദ്യത്തെ രണ്ടു കാര്യങ്ങള്‍ മനുഷ്യന്‍ അവനുവേണ്ടി പൂര്‍ത്തിയാക്കണം. അവസാനത്തെ രണ്ടുകാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പൂര്‍ത്തിയാക്കണം. ഈ നാലു കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ മനുഷ്യന്‍ നഷ്ടത്തില്‍നിന്ന് രക്ഷപ്പെടുകയും മഹത്തായ ലാഭംകൊണ്ട് വിജയിക്കുകയും ചെയ്യും” (തഫ്‌സീറുസ്സഅദി, പേജ്: 1103).

പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യം

പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത് അവര്‍ നിയോഗിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രബോധനം നടത്താനാണ്. സ്വര്‍ഗം നേടാനുള്ള മാര്‍ഗം, നരകത്തില്‍ അകപ്പെടാതിരിക്കാനുള്ള കാര്യങ്ങള്‍, സ്രഷ്ടാവിനെ മാത്രം ആരാധിക്കേണ്ടതിന്റെ അനിവാര്യത തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങളാണ് പ്രവാചകന്മാരഖിലവും പ്രഥമമായി പ്രബോധനം ചെയ്തത്. ‘എന്റെ സമൂഹമേ, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുക; അവനില്‍ യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്’ എന്ന് എല്ലാ നബിമാരും ജനങ്ങളെ ഉണര്‍ത്തി.

നൂഹ്‌നബി(അ): ”അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധിവരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടിക്കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു.എന്നിട്ട് എന്റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു” (71:2-6).

950 വര്‍ഷക്കാലം നൂഹ് നബി(അ) ദഅ്‌വത്ത് നടത്തി. വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരിഹാസങ്ങളുമൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല.

ഇബ്‌റാഹീം നബി(അ): അല്ലാഹു പറയുന്നു: ”അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തുടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം”(19:42,43).

ഭരണാധികാരിയും സ്വപിതാവും അദ്ദേഹത്തിനെതിരായി. കടുത്ത പരീക്ഷണങ്ങള്‍. പക്ഷേ, അദ്ദേഹം റബ്ബിലേക്ക് ക്ഷണിക്കുന്നതില്‍നിന്ന് പിന്‍മാറിയില്ല.

ഈസാ നബി(അ): അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക. മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായികളായി ആരുണ്ട്് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്‌റാഈല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു”(61:14).

ഇതിന്റെ വിശദീകരണത്തില്‍ ഇബ്‌നുകഥീര്‍(റഹി) പറയുന്നു: ”അല്ലാഹു വിശ്വാസികളായ തന്റെ അടിമകളോട് കല്‍പിക്കുന്നു; അവരുടെ എല്ലാ അവസ്ഥകളിലും വാക്കുകള്‍ കൊണ്ടും പ്രവൃത്തികൊണ്ടും ശരീരംകൊണ്ടും സമ്പത്ത്‌കൊണ്ടും അല്ലാഹുവിന്റെ സഹായികളായിത്തീരാനും ഈസാനബി(അ)യുടെ സഹായികള്‍ വിളിക്ക് ഉത്തരം നല്‍കിയപോലെ അല്ലാഹുവിന്റെയും റസൂലിന്റെയും വിളിക്ക് ഉത്തരം നല്‍കാനും” (ഇബ്‌നുകഥീര്‍ 4/430).

ശൈഖ് നാസ്വിറുസ്സഅദി പറയുന്നു: ”അതായത് വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും. അത് അല്ലാഹുവിന്റെ ദീന്‍ നിലനിര്‍ത്തലും നിലനിര്‍ത്താനുള്ള ആഗ്രഹവും മറ്റുള്ളവര്‍ക്ക് അത് എത്തിച്ചുകൊടുക്കലുമാണ്. ശരീരംകൊണ്ടും സമ്പത്ത്‌കൊണ്ടും അതിന്റെ ശത്രുക്കളോട് പോരാടലുമാണ്. ഒരാള്‍ മതത്തിന്റെ തെളിവുകളെ തള്ളിക്കളഞ്ഞ്, സത്യത്തെ എതിര്‍ത്ത,് തനിക്കുണ്ടെന്ന് വാദിക്കുന്ന അറിവുകൊണ്ട് നിരര്‍ഥകതയെ സഹായിച്ചാല്‍ അവനെ സൂക്ഷിക്കണം. അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ ചര്യയും പഠിക്കലും അതിന് പ്രേരണ നല്‍കലും നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും അല്ലാഹുവിന്റെ ദീനിനെ സഹായിക്കലാണ്” (തഫ്‌സീറുസ്സഅദി, പേജ് 1015).

മുഹമ്മദ് നബി ﷺ : അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ” (12:108).

ശൈഖ് സഅദി പറയുന്നു: ”അതായത് ഞാന്‍ ക്ഷണിക്കുന്നതായ എന്റെ വഴി. അത് അല്ലാഹുവിലേക്കും സ്വര്‍ഗത്തിലേക്കും എത്തിക്കുന്ന വഴിയാണ്. അടിമകള്‍ക്ക് അവരുടെ റബ്ബിലേക്ക് എത്താനുള്ള പ്രേരണയും താല്‍പര്യവും ഞാന്‍ നല്‍കുന്നു…” (തഫ്‌സീറുസ്സഅദി, പേജ് 470).

അല്ലാഹു പറയുന്നു: ”നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്” (33:45,46).

തങ്ങളാല്‍ കഴിയുന്ന നിലക്ക് ദഅ്‌വത്ത് നടത്തേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും അറിയിക്കുന്ന ഒരു ഹദീസ് കാണുക: ഇബ്‌നുമസ്ഊദി(റ)ല്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”എനിക്കു മുമ്പ് നിയോഗിക്കപ്പെട്ട എല്ലാ നബിമാര്‍ക്കും അവരുടെ സമുദായത്തില്‍നിന്നും അവരുടെ കല്‍പനകളെ അനുസരിക്കുകയും ചര്യ പിന്‍പറ്റുകയും ചെയ്യുന്ന ഹവാരിയ്യുകളും കൂട്ടാളികളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ക്കുശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്‍പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തലമുറ ഉടലെടുത്തു. അവരോട് ആെരങ്കിലും കൈകൊണ്ട് സമരം നടത്തിയാല്‍ അവന്‍ വിശ്വാസിയാണ്. ഹൃദയംകൊണ്ട് സമരം നടത്തുന്നവനും വിശ്വാസിയാണ്. അതിനപ്പുറം കടുക്മണിയോളം ഈമാനില്ല” (മുസ്‌ലിം).

ദഅ്‌വത്ത് വിശ്വാസികളിലൂടെ നിലനില്‍ക്കേണ്ടത്

അല്ലാഹു പറയുന്നു: ”നന്‍മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍”(3:104).

ശൈഖ് നാസ്വിറുസ്സഅദി പറയുന്നു: ”അല്ലാഹുവിന്റെ സൃഷ്ടികളെ അവന്റെ ദീനിലേക്ക് വഴിനടത്തുന്ന, അവന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രതിരോധസംഘം നിങ്ങളില്‍നിന്ന് ഉണ്ടാകട്ടെ എന്ന, വിശ്വാസികള്‍ക്കുള്ള നിര്‍ദേശമാണിത്. ഇതില്‍ പണ്ഡിതരും മതം പഠിപ്പിക്കുന്നവരും ഇതര മതസ്ഥരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നവരും ഉപദേശകരും വ്യതിയാനം സംഭവിച്ചവരെ യാഥാര്‍ഥ്യത്തിലേക്ക് വിളിക്കുന്നവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവരും ഉള്‍പെടുന്നു” (തഫ്‌സീറുസ്സഅദി, പേജ് 149).

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്”(9:71).

അബൂസഈദുല്‍ ഖുദ്‌രി(റ)വില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധകാര്യം കണ്ടാല്‍ തന്റെ കൈകൊണ്ട് അതിനെ തടയട്ടെ. അതിന് സാധ്യമല്ലെങ്കില്‍ തന്റെ നാവുകൊണ്ട്. അതിനും സാധ്യമല്ലെങ്കില്‍ ഹൃദയംകൊണ്ട്. അത് ഈമാനിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാണ്” (മുസ്‌ലിം).

ദഅ്‌വത്ത് നടത്തുന്നവന്‍ ഏറ്റവും നല്ല വാക്ക് പറയുന്നവന്‍

അല്ലാഹു പറയുന്നു: ”അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?”(41:33).

നബി ﷺ  പറഞ്ഞു: ”ഒരു നല്ല കാര്യത്തിന് പ്രേരണ നല്‍കുന്നവന്ന് അത് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം പോലുള്ളത് ഉണ്ടായിരിക്കും” (മുസ്‌ലിം).

ഈ പ്രാധാന്യം ഉള്‍ക്കൊണ്ടായിരിക്കണം പ്രബോധനം നടത്തേണ്ടത്. ആദര്‍ശം കൈവിട്ടും ആദര്‍ശത്തിനെതിരായും നടത്തുന്ന ദഅ്‌വത്ത് ഒരിക്കലും യഥാര്‍ഥ ദഅ്‌വത്താകില്ല എന്നും മനസ്സിലാക്കുക.

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

ജോലിയിലെ ആത്മാര്‍ഥത

ജോലിയിലെ ആത്മാര്‍ഥത

ഉദ്യോഗം ഒരു അമാനത്താണ്. ഉദ്യോഗസ്ഥന്‍ തന്റെ ജോലി ആത്മാര്‍ഥതയോടും താല്‍പര്യത്തോടും നിര്‍വഹിച്ചാല്‍ ഇഹത്തിലും പരത്തിലും അവന് പ്രതിഫലം ലഭിക്കും. അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ച് താല്‍പര്യപൂര്‍വം ജോലിയെടുക്കുന്നവന്‍ തന്റെ ചുമതല നിറവേറ്റിയവനും ഭൗതികമായി ജോലിക്കുള്ള കൂലി അര്‍ഹിക്കുന്നവനും പാരത്രികലോകത്തെ പ്രതിഫലം നേടി വിജയിക്കുന്നവനുമായിത്തീരും. മനുഷ്യര്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്കുള്ള പ്രതിഫലവും കൂലിയും ഉണ്ടാകുന്നത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതോടൊപ്പവും പ്രതിഫലേച്ഛയോടൊപ്പവുമാണ് എന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു:

അല്ലാഹു പറഞ്ഞു: ”അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്മയുമില്ല. വല്ല ദാനധര്‍മവും ചെയ്യുവാനോ, സദാചാരം കൈക്കൊള്ളുവാനോ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുവാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്നപക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്” (സൂറതുന്നിസാഅ്: 114).

അബൂമസ്ഊദ്(റ)വില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല ﷺ  പറഞ്ഞു: ”വല്ലവനും തന്റെ കുടുംബത്തിന് (അല്ലാഹുവില്‍നിന്ന്) പ്രതിഫലം മോഹിച്ച് ചെലവ് നല്‍കിയാല്‍ അത് അവന് സ്വദക്വഃയാണ്” (ബുഖാരി, മുസ്‌ലിം).  

അല്ലാഹുവിന്റെ റസൂല ﷺ  സഅ്ദ് ഇബ്‌നു അബീവക്വാസ്വ്(റ)വിനോട് പറഞ്ഞു:”അല്ലാഹുവിന്റെ പ്രീതിതേടിക്കൊണ്ട് താങ്കള്‍ ചെലവഴിക്കുന്ന യാതൊന്നുമില്ല; താങ്കള്‍ക്കതിന് പ്രതിഫലം നല്‍കപ്പെടാതെ. എത്രത്തോളമെന്നാല്‍ താങ്കള്‍ താങ്കളുടെ ഭാര്യയുടെ വായയില്‍ വെച്ചുകൊടുക്കുന്ന ഉരുളക്ക് പോലും” (ബുഖാരി, മുസ്‌ലിം).

ഒരു മുസ്‌ലിം, മറ്റുള്ളവരോട് തന്റെമേല്‍ നിര്‍ബന്ധമായ ബാധ്യത നിര്‍വഹിച്ചാല്‍ അവന്റെ ഉത്തരവാദിത്തം അവന്‍ നിറവേറ്റി. എന്നാല്‍ പ്രതിഫലവും കൂലിയും അവന്‍ നേടുന്നത് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോഴും അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുമ്പോഴും മാത്രമാണ്. ഇതാണ് ഉപരി സൂചിത പ്രമാണ വചനങ്ങള്‍ അറിയിക്കുന്നത്.

ജോലിസമയം ജോലിക്കുവേണ്ടി

തനിക്ക് നിശ്ചയിക്കപ്പെട്ട ജോലിക്ക് നിര്‍ണയിക്കപ്പെട്ട സമയം പ്രസ്തുത ജോലിക്കായി വിനിയോഗിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ജോലിക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്. ആ സമയത്ത് ഇതര കാര്യങ്ങളില്‍ വ്യാപൃതനായി സമയം കളയുന്നത് അമാനത്തില്‍ വരുത്തുന്ന വീഴ്ചയാണ്.

തന്റെ കൂലി സമ്പൂര്‍ണമായി സ്വീകരിക്കുവാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. അത് തെല്ലും കുറക്കപ്പെടുന്നത് അവന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ജോലിസമയം ജോലിയുടെ നന്മക്കല്ലാതെ മറ്റു കാര്യങ്ങളില്‍ വിനിയോഗിച്ച് തെല്ലും കുറക്കാതിരിക്കലും അയാളുടെ ബാധ്യതയാണ്.  

തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായി സ്വീകരിക്കുകയും അന്യരുടെ അവകാശങ്ങളില്‍ കുറവ് വരുത്തുകയും ചെയ്യുന്ന, അളവുകളിലും തൂക്കങ്ങളിലും കൃത്രിമം കാണിക്കുന്നവരെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: ”അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും  ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്! അതെ, ലോക രക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ്‌വരുന്ന ദിവസം” (സൂറത്തുല്‍ മുത്വഫ്ഫിഫീന്‍: 16).

ഉദ്യോഗസ്ഥനുണ്ടാകേണ്ട അടിസ്ഥാന യോഗ്യതകള്‍

ഉദ്യോഗസ്ഥനെയും ജോലിക്കാരനെയും തെരഞ്ഞെടുക്കുന്നതില്‍ അടിസ്ഥാനമാക്കേണ്ടത് അയാള്‍ പ്രാപ്തനും (ക്വവിയ്യ്) വിശ്വസ്തനും (അമീന്‍) ആവുക എന്നതാണ്. കാരണം, പ്രാപ്തിയുണ്ടെങ്കിലേ തന്നോട് ആവശ്യപ്പെട്ട ജോലി നിര്‍വഹിക്കുവാന്‍ ഒരാള്‍ക്ക് സാധിക്കൂ. അമാനത്തുകൊണ്ട് മാത്രമെ ആവശ്യപ്പെട്ടതായ ജോലി, തന്നെ ബാധ്യതാമുക്തനാക്കും വിധം ചെയ്യുവാനും അയാള്‍ക്ക് സാധിക്കൂ. അമാനത്ത് കൊണ്ടാണ് കാര്യങ്ങള്‍ അതിന്റെതായ സ്ഥാനങ്ങളില്‍ വെക്കാനാവുന്നതും ക്വുവ്വത് കൊണ്ടാണ് ഉത്തരവാദിത്തം നിര്‍വഹിക്കുവാന്‍ സാധ്യമാകുന്നതുമെന്നും സാരം.

മൂസാ(അ) മദ്‌യന്‍കാരനായ വ്യക്തിയുടെ രണ്ട് പെണ്‍മക്കള്‍ക്ക് വെള്ളംകോരി നല്‍കിയപ്പോള്‍ അവരില്‍ ഒരു പെണ്‍കുട്ടി മൂസാ(അ)യെ കുറിച്ച് പറഞ്ഞതായി അല്ലാഹു പറയുന്നു: ”എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ” (സൂറതുല്‍ ക്വസ്വസ്വ്: 26).

സുലൈമാന്‍ നബി(അ)ക്കുവേണ്ടി സബഇലെ രാജ്ഞി ബല്‍ക്വീസിന്റെ സിംഹാസനം കൊണ്ടുവരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ച, ജിന്ന് വര്‍ഗത്തിലെ ഇഫ്‌രീത്ത് പറഞ്ഞതായി ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: ”അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു” (സൂറതുന്നംല്: 39).

സിംഹാസനം ചുമക്കുവാനും ഹാജരാക്കുവാനുമുള്ള കഴിവിനെയും അതിലുള്ളത് സൂക്ഷിക്കുന്നതിനെയും ഒന്നിച്ച് പറഞ്ഞു എന്ന് സാരം.

യൂസുഫ്(അ) രാജാവിനോട് പറഞ്ഞതായി അല്ലാഹു പറയുന്നു:

‘താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും” (സൂറതു യൂസുഫ്: 55).

ശക്തിയുടെയും വിശ്വാസ്യതയുടെയും വിപരീതമാണ് അശക്തിയും വഞ്ചനയും. അശക്തിയും വഞ്ചനയുമാകട്ടെ ജോലിയില്‍ ആളുകളെ നിശ്ചയിക്കാതിരിക്കുവാന്‍ അടിസ്ഥാനവും ജോലിയില്‍നിന്ന് ആളുകളെ ഒഴിവാക്കുവാനുള്ള യഥാര്‍ഥ ന്യായവുമാണ്.

ഉമര്‍(റ) സഅദ്(റ)വിനെ കൂഫയുടെ അമീറായി നിശ്ചയിച്ചപ്പോള്‍ അവിടത്തെ വിവരദോഷികള്‍ സഅദ്(റ)വിനെ കുറിച്ച് ആക്ഷേപം പറഞ്ഞു. ഉമര്‍(റ)വിനോട് അദ്ദേഹത്തിനെതിരില്‍ അവര്‍ സംസാരിച്ചു. ഈ സന്ദര്‍ഭത്തില്‍ അരാജകത്വം ഒഴിവാക്കുവാനും ആരും സഅദിനെ കയ്യേറ്റം ചെയ്യാതിരിക്കുവാനും ഉമര്‍(റ) അദ്ദേഹത്തെ കൂഫയുടെ അമീര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിലാണ് നന്മയെന്ന് കണ്ടു. എന്നാല്‍ ഉമര്‍(റ) മരണാസന്നനായ വേളയില്‍ സ്വഹാബികളില്‍നിന്ന് ആറു പേരെ ഖലീഫയെ തെരെഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചപ്പോള്‍ അവരില്‍ സഅദുമുണ്ടായിരുന്നു. സഅദ്(റ) ഭരണനേതൃത്വത്തിന് കൊള്ളാത്തവനായതുകൊണ്ടാണ് താന്‍ അദ്ദേഹത്തെ സ്ഥാനമൊഴിപ്പിച്ചതെന്ന് തെറ്റിദ്ധരിക്കപ്പെടുമെന്ന് ഉമര്‍(റ) ഭയന്നു. പ്രസ്തുത തെറ്റിദ്ധരിക്കപ്പെടലിനെ അദ്ദേഹം ഇപ്രകാരം പറഞ്ഞുകൊണ്ട് നിരാകരിച്ചു:

”ഖിലാഫത്ത് സഅദിനാണ് ലഭിക്കുന്നതെങ്കില്‍ സഅദായിരിക്കണം ഖലീഫ. അദ്ദേഹമല്ലെങ്കില്‍ ആരാണോ ഖലീഫയായി നിശ്ചയിക്കപ്പെടുന്നത് അയാള്‍ സഅ്ദിനെ സഹായിയായി സ്വീകരിക്കട്ടെ. കാരണം ഞാന്‍ സഅദിനെ അദ്ദേഹത്തിന്റെ അശക്തത കാരണത്താലോ അദ്ദേഹം വഞ്ചന നടത്തിയതിനാലോ സ്ഥാനഭ്രഷ്ടനാക്കിയിട്ടില്ല”'(ബുഖാരി).

അബൂദര്‍റ് (റ)വില്‍നിന്ന് നിവേദനം. അദ്ദേഹം ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?” അപ്പോള്‍ തിരുമേനി ﷺ  തന്റെ കൈകൊണ്ട് എന്റെ ഇരു ചുമലുകളിലും തട്ടി. ശേഷം തിരുമേനി ﷺ  പറഞ്ഞു: ”അബൂദര്‍റ്, താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടെ അമാനത്തുമാണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെമേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്” (മുസ്‌ലിം).

അബൂദര്‍റില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ അല്ലാഹുവിന്റെ ദൂതന ﷺ  പറഞ്ഞതായി ഇപ്രകാരമാണുള്ളത്: ”അബൂദര്‍റ്, താങ്കളെ ഞാന്‍ ദുര്‍ലബനായി കാണുന്നു. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ രണ്ടാളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധനവും ഏറ്റെടുക്കരുത്” (മുസ്‌ലിം).

മുതിര്‍ന്നവര്‍ ചെറിയവര്‍ക്ക് മാതൃക

ഉത്തരവാദപ്പെട്ട മുതിര്‍ന്നവര്‍ ചെറിയവര്‍ക്ക് കാര്യക്ഷമതയിലും അലസതയിലും ഒരുപോലെ മാതൃകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി നിര്‍വഹിച്ചാല്‍ അവരുടെ കീഴ്ഘടകങ്ങള്‍ അതില്‍ അവരെ അനുധാവനം ചെയ്യും. ജോലിയിലുള്ള എല്ലാ മേലാധികാരികളും ത ന്നെക്കുറിച്ചും തന്റെ കീഴിലുള്ളവരെക്കുറിച്ചും ചോദിക്കപ്പെടും.

അബ്ദുല്ലാഹിബ്‌നുഉമര്‍(റ)വില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതന ﷺ  പറഞ്ഞു:

”നിങ്ങള്‍ എല്ലാവരും പ്രജാധിപന്മാരാണ്. തന്റെ പ്രജയെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. ജനങ്ങള്‍ക്ക് നേതാവായിട്ടുള്ളവന്‍ അവരുടെ മേല്‍നോട്ടക്കാരനാണ്. അയാള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. പുരുഷന്‍ തന്റെ കുടുംബത്തിന്റെ മേല്‍നോട്ടക്കാരനാണ്; അയാള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. സ്ത്രീ ഭര്‍തൃവീടിന്റെയും സന്താനങ്ങളുടെയും മേല്‍നോട്ടക്കാരിയാണ്. അവള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളാണ്. ഭൃത്യന്‍ തന്റെ യജമാനന്റെ സ്വത്ത് കയ്യാളുന്നവനാണ്; അയാള്‍ അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. അറിയുക, അതിനാല്‍ നിങ്ങള്‍ എല്ലാവരും മേല്‍നോട്ടക്കാരാണ്. നിങ്ങള്‍ മേല്‍നോട്ടം നടത്തുന്നവരെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്” (ബുഖാരി).

ഉന്നത ഉദ്യോഗസ്ഥര്‍ ജോലികള്‍ അതിന്റെ മുഴുസമയങ്ങളിലും സൂക്ഷിച്ച് നിര്‍വഹിക്കുന്നവരായാല്‍ അവര്‍ തങ്ങളുടെ കീഴ്ഘടകങ്ങള്‍ക്ക് ഉത്തമ മാതൃകയായി. ഒരു കവി പാടി:

കല്‍പന നല്‍കി നീ ചെയ്തു കാണിക്കുകില്‍

നിന്‍ ആജ്ഞകള്‍ക്കെല്ലാം വഴിപ്പെടുമാളുകള്‍.

 

ശൈഖ് അബ്ദുല്‍മുഹ്‌സിന്‍ ഇബ്‌നുഹമദ് അല്‍ബദ്ര്‍

ഇസ്‌ലാമിന്റെ സൗന്ദര്യം

ഇസ്‌ലാമിന്റെ സൗന്ദര്യം

മതത്തെയും മതനിയമങ്ങളെയും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യല്‍ ചില മുസ്‌ലിം നാമധാരികള്‍ക്ക് ഇന്ന് ഒരു ഹോബിയാണ്. പൊതുസമൂഹത്തില്‍ അംഗീകാരവും ആദരവും കിട്ടാന്‍ അതൊരു മാര്‍ഗമാണെന്നും അവര്‍ കരുതുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ വാസ്തവത്തില്‍ ചെയ്യുന്നത് അല്ലാഹുവിനെ എതിര്‍ക്കുകയും പരിഹസിക്കുകയുമാണ്.

മനുഷ്യര്‍ പരസ്പരം കൊച്ചാക്കുന്നതും പരിഹസിക്കുന്നതും പോലും ശക്തമായ ഭാഷയില്‍ ഇസ്‌ലാം എതിര്‍ത്തിട്ടുണ്ട്. അപ്പോള്‍ സ്രഷ്ടാവിനെ പരിഹസിച്ചാല്‍ എന്തായിരിക്കും അവസ്ഥ!

”സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കുന്നവര്‍) അവരെക്കാള്‍ നല്ലവരായിരിക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മികമായ പേര് വിളിക്കുന്നത് എത്ര ചീത്ത. അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍” (ഹുജുറാത് 11).

ആഇശ(റ) നബി ﷺ യോട് സ്വഫിയ്യ(റ)യെപ്പറ്റി ‘കുറിയവള്‍’ എന്ന് പരിഹാസച്ചുവയോടെ പറഞ്ഞപ്പോള്‍ നബി ﷺ  പറഞ്ഞു: ‘ആഇശാ! നീ പറഞ്ഞ വാക്ക് കടലില്‍ കലക്കിയാല്‍ അതിന്റെ നിറവും വാസനയും മാറുമായിരുന്നു.’

മതവിധികളുടെ മഹത്ത്വം

വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലുമാണ് മതവിധികള്‍ ഉള്ളത്. മാനവര്‍ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് പരിശുദ്ധ ക്വുര്‍ആനും അതിന്റെ വ്യാഖ്യാനമായ സുന്നത്തും. നബി ﷺ  പറഞ്ഞു: ”അല്ലാഹുവിന്റെ ഗ്രന്ഥം ആകാശത്തുനിന്ന് ഭൂമിയിലേക്ക് നീട്ടിയിടപ്പെട്ട പാശമാകുന്നു” (സ്വഹീഹുല്‍ ജാമിഅ് 4473).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍; അതിന്റെ ഒരറ്റം അല്ലാഹുവിന്റെ കയ്യിലും ഒരറ്റം നിങ്ങളുടെ കൈകളിലുമാണ്. അതിനാല്‍ അത് മുറുകെ പിടിക്കുക. എന്നാല്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല, നശിക്കുകയില്ല” (സില്‍സിലതുസ്സ്വഹീഹ: 1420).

ഇസ്‌ലാമിന്റെ സൗന്ദര്യം

ഇസ്‌ലാം പഠിപ്പിക്കുന്ന ഏകദൈവ സിദ്ധാന്തവും നീതിയിലും അക്രമരാഹിത്യത്തിലും സമാധാനത്തിലും അധിഷ്ഠിതമായ സാമൂഹ്യക്രമവും ആരാധനകള്‍, വിധിവിലക്കുകള്‍, ശിക്ഷാനിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളും മനുഷ്യര്‍ക്ക് നല്‍കുന്ന നിര്‍ഭയത്വവും സമാധാനവും അനിര്‍വചനീയമാണ്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ഒരു കറുത്ത സ്ത്രീയുടെ കഥപറയുന്നുണ്ട്. അവര്‍ മദീനയിലെ പള്ളിയുടെ ഒരു അരികില്‍  മറച്ചുകെട്ടി അതിലാണ് താമസിച്ചിരുന്നത്. എപ്പോഴും ആഇശ(റ)യുടെ അടുത്ത് ചെന്ന് സംസാരിച്ചിരിക്കുന്ന അവര്‍ എഴുന്നേറ്റ് പോകുമ്പോള്‍ രണ്ട് വരി കവിത പാടുമായിരുന്നു. അതിന്റെ ആശയം ഇതാണ്:

”അരപ്പട്ട (വിശാഹ്) നമ്മുടെ റബ്ബിന്റെ അത്ഭുതങ്ങളില്‍ പെട്ടതാണ്. അറിയുക അതാണ് അവിശ്വാസത്തിന്റെ നാട്ടില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയത്.”

ഒരിക്കല്‍ മഹതി ആഇശ(റ) അവരോട് ചോദിച്ചു: ”നിങ്ങള്‍ എഴുന്നേറ്റ് പോകുമ്പോള്‍ സ്ഥിരമായി ഈ രണ്ടു വരി കവിത ആലപിക്കുന്നത് എന്തിനാണ്? എന്താണ് അതിന്റെ ഉദ്ദേശ്യം?”

അവര്‍ പറഞ്ഞു: ”ഞാന്‍ ഒരു പ്രദേശത്ത് അടിമയായി ജീവിക്കുകയായിരുന്നു. എന്റെ യജമാനന്റെ ഒരു പെണ്‍കുട്ടിയിടെ കല്ല്യാണത്തിന് വേണ്ടി വിലപിടിച്ച മുത്തുകള്‍ കൊണ്ട് അലങ്കരിച്ച ഒരു അരപ്പട്ട (വിശാഹ്) അവര്‍ വാങ്ങിയിരുന്നു. കുളിക്കാന്‍ വേണ്ടി അവള്‍ അത് അഴിച്ചു വെച്ചപ്പോള്‍ മാംസമാണെന്ന് കരുതി ഒരു പരുന്ത് അതെടുത്ത് പോയി. അങ്ങനെയാണത് നഷ്ടെപ്പട്ടത് എന്ന് പറഞ്ഞിട്ട് അവര്‍ വിശ്വസിക്കുന്നില്ല. അത് ഞാന്‍ കട്ടതാണ് എന്ന് പറഞ്ഞ് അവര്‍ എന്നെ മര്‍ദിച്ചു. എന്റെ ശരീരം അവര്‍ പരിശോധിച്ചു. എന്റെ ജനനേന്ദ്രിയത്തിന്റെ ഭാഗത്ത് പോലും അവര്‍ പരിശോധിച്ചു. ഞാന്‍ റബ്ബിനോട് പ്രാര്‍ഥിച്ചു. അല്‍പ സമയം ആ പരുന്ത് ഞങ്ങളുടെ മുകളില്‍ വന്ന് ആ അരപ്പട്ട താഴെയിട്ടു. അവര്‍ക്ക് ബോധ്യമായി; എന്നോട് ചെയ്ത അക്രമങ്ങള്‍ എല്ലാം വെറുതെയായിരുന്നുവെന്ന്. അപ്പോള്‍ അടിമത്തത്തില്‍ നിന്ന് അവരെന്നെ മോചിപ്പിച്ചു. അതിന് ശേഷമാണ് ഞാനിവിടെ എത്തുന്നത്.”

ഇതിന് ശേഷം അവര്‍ അനുഭവിക്കുന്ന നിര്‍ഭയത്വവും മാനസിക സുഖവും സമാധാനവുമെല്ലാം വ്യക്തമാക്കുന്നതാണ് അവരുടെ ഈ രണ്ട് വരി കവിത.  

അവര്‍ക്ക് സ്വന്തമായി വീടില്ല. ഭര്‍ത്താവും കുടുംബങ്ങളുമില്ല. പക്ഷേ, ഇസ്‌ലാം സ്വീകരിച്ചതോടെ അവരുടെ മനസ്സിന് കൈവന്ന ധന്യത അളവറ്റതാണ്.

പഴയ ആ അടിമസ്ത്രീ മഹാനായ പ്രവാചകന്റെ പള്ളിയുടെ അരിക് മറച്ചുകെട്ടി അതില്‍ താമസിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥിരമായി ചെല്ലുന്നു. അവിടുത്തെ ഭാര്യയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിലെ ഉച്ചനീചത്വമില്ലായ്മയാണ് ഇത് വ്യക്തമാക്കിത്തരുന്നത്. അതെ, മുസ്‌ലിംകളെല്ലാം സമന്മാരാണ്. അവര്‍ക്കിടയില്‍ താഴ്ന്നവരും ഉന്നതരുമില്ല; വര്‍ഗ, ഭാഷ, ദേശ, വര്‍ണങ്ങളുടെ അതിര്‍വരമ്പുകളില്ല. തറവാടിത്തത്തിന്റെ പേരില്‍ വമ്പുപറച്ചിലുകളില്ല. ആരാണോ ദീനിന്റെ നിയമങ്ങള്‍ കൂടുതല്‍ അനുസരിച്ചു ജീവിക്കുന്നത് അവനാണ് അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതന്‍. അല്ലാഹു പറയുന്നു:

”ഹേ മനുഷ്യരേ! തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വ്യത്യസ്ത സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെയടുത്ത് നീങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ഹുജുറാത്ത് 13).

തന്റെ വിടവാങ്ങര്‍ പ്രസംഗത്തില്‍ നബി ﷺ  നബി ﷺ  പറഞ്ഞു: ”…മനുഷ്യരേ, അറിയുക: നിങ്ങളുടെ രക്ഷിതാവ് ഒന്നാണ്. നിങ്ങളുടെ പിതാവ് ഒന്നാണ്. അറിയുക, അറബിക്ക് അനറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ധര്‍മനിഷ്ഠകൊണ്ടല്ലാതെ” (അഹ്മദ്).

നബി ﷺ  പറഞ്ഞു: ”നിശ്ചയമായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുന്നത്; എന്നാല്‍ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് അവന്‍ നോക്കുന്നത്” (മുസ്‌ലിം).

എത്യോപ്യയില്‍ നിന്ന് വന്ന അടിമയായിരുന്ന ബിലാല്‍(റ)വിന്റെ നിറം കറുപ്പായിരുന്നു. കാണാന്‍ ഒട്ടും സൗന്ദര്യവുമുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം ഇസ്‌ലാമിന്റെ മുന്‍നിരയിലാണ്. അദ്ദേഹത്തിന്റെ ധര്‍മനിഷ്ഠയാണ് അതിനു കാരണം. അദ്ദേഹത്തെപ്പറ്റിയും അബൂബക്ര്‍(റ)വിനെപ്പറ്റിയും ഒരിക്കല്‍ ഉമര്‍(റ) പറഞ്ഞു: ”ഞങ്ങളുടെ നേതാവ് ഞങ്ങളുടെ നേതാവിനെ മോചിപ്പിച്ചു.” അബൂബക്ര്‍(റ) ആയിരുന്നു അദ്ദേഹത്തെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചത്.

ഹിജ്‌റ എട്ടിന് മക്കാവിജയമുണ്ടായി. നബി ﷺ  മക്കയിലേക്ക് തിരിച്ചുവരികയും മക്ക നൂറ് ശതമാനവും നബി ﷺ യുടെ നിയന്ത്രണത്തിന്‍ കീഴില്‍ ആവുകയും ചെയ്തപ്പോള്‍ നബി ﷺ  ചെയ്ത കാര്യങ്ങളില്‍ ഒന്ന് ബിലാല്‍(റ)വിനോട് കഅ്ബയുടെ മുകളിലേക്ക് കയറി ഉച്ചത്തില്‍ ബാങ്ക് കൊടുക്കാന്‍ പറഞ്ഞതായിരുന്നു. അതുവഴി മഹത്തായ ഒരു പാഠം നബി ﷺ  ലോകത്തെ പഠിപ്പിക്കുകയായിരുന്നു. തറവാട്, കുലമഹിമ, നാട്, നിറം, സമ്പത്ത്, ഭാഷ എന്നിങ്ങനെയുള്ളതൊന്നും മനുഷ്യന്റെ മഹത്ത്വവും മഹത്ത്വമില്ലായ്മയും അളക്കുന്ന മാനദണ്ഡങ്ങളല്ല; അതെല്ലാം അജ്ഞാനകാല ചിന്താഗതികളാണ് എന്ന പാഠം.

സാമൂഹ്യ നീതി

ഇസ്‌ലാമില്‍ നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. എത്ര കൊടിയ ശത്രുക്കളാണെങ്കിലും അവരോട് അനീതി ചെയ്യാന്‍ പാടില്ല. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുക, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള വിദ്വേഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക, അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. തീര്‍ച്ചയായും നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു” (അല്‍മാഇദ: 8).

അന്‍സ്വാരികളില്‍പെട്ട ഒരാള്‍ ഒരു പടയങ്കി കട്ടെടുക്കുകയുണ്ടായി. അയാള്‍ കപടവിശ്വാസിയായിരുന്നുവെന്ന് അഭിപ്രായമുണ്ട്. പക്ഷേ, കളവ് മുതല്‍ കണ്ടെടുക്കുമെന്നായപ്പോള്‍ അദ്ദേഹം ആ പടയങ്കി ഒരു യഹൂദിയുടെ വീട്ടില്‍ കൊണ്ടുപോയി വെച്ചു. കളവിന്റെ വിഷയത്തില്‍ ചിലര്‍ തന്നെ സംശയിക്കുന്നു എന്ന് ബോധ്യമായപ്പോഴാണ് അദ്ദേഹം അങ്ങനെ ചെയ്തത്. പടയങ്കി യഹൂദിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതിനാല്‍ യഹൂദിയായിരിക്കും കട്ടത് എന്ന് നബി ﷺ  വിചാരിച്ചു. എന്നാല്‍ ഈ യഹൂദിയുടെ നിരപരാധിത്വം തെളിയിച്ചു കൊണ്ട് അല്ലാഹു താഴെ കൊടുക്കുന്ന സൂക്തം അവതരിപ്പിച്ചു:

”നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടിവാദിക്കുന്നവനാകരുത്” (അന്നിസാഅ്: 104).

ഖൈബറിലെ യഹൂദികളുമായി നബി ﷺ  ഉടമ്പടി ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവിടെയുള്ള ഉല്‍പന്നങ്ങളുടെ നിശ്ചിത വിഹിതം വാങ്ങാന്‍ അവിടുന്ന് അബ്ദുല്ലാഹിബ്‌നു റവാഹ(റ)യെ പറഞ്ഞയച്ചു. അവിടെയെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇവിടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ മതിച്ച് ബൈതുല്‍ മാലിലേക്കുള്ള വിഹിതം കണക്കാക്കാന്‍ വന്നതാണ് ഞാന്‍.’ അപ്പോള്‍ അവര്‍ സ്ത്രീകളുടെ ചില ആഭരണങ്ങളും മറ്റും കൈക്കൂലിയായി കൊണ്ടുവന്നിട്ട് അബ്ദുല്ലാഹിബ്‌നു റവാഹ(റ)യോട് പറഞ്ഞു: ‘ഇത് നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ മതിച്ചു കണക്കാക്കുമ്പോള്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.’ അപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും മോശപ്പെട്ടവരായിട്ടാണ് ഞാന്‍ നിങ്ങളെ കാണുന്നത്. എന്നു വെച്ച് നിങ്ങളില്‍ നിന്ന് അമിതമായി ഈടാക്കി ഞാന്‍ നിങ്ങളോട് അനീതി ചെയ്യുകയുമില്ല. നിങ്ങള്‍ എന്റെ മുമ്പില്‍ സമ്മാനം എന്ന പേരില്‍ സമര്‍പ്പിച്ചത് കൈക്കൂലിയാണ്. അത് ഞങ്ങള്‍ ഭക്ഷിക്കാറില്ല. അത് ദുഷിച്ച സമ്പത്താണ്.’

വിധിവിലക്കുകള്‍

ഇന്നയിന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം, ഇന്നതെല്ലാം ചെയ്യരുത് എന്ന് അല്ലാഹു നമ്മെ ക്വുര്‍ആനിലൂടെയും നബി ﷺ  തന്റെ സുന്നത്തിലൂടെയും അറിയിച്ചിട്ടുണ്ട്. അതാണ് ഇസ്‌ലാമിലെ വിധിവിലക്കുകള്‍. അവയെ അങ്ങനെത്തന്നെ ചോദ്യം ചെയ്യാതെ സ്വീകരിക്കുകയാണ് നമ്മുടെ ബാധ്യത.

”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ  ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ  തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ വഴിപിഴവില്‍ ആയിരിക്കുന്നു” (അല്‍അഹ്‌സാബ്: 36).

”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം! അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായും സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നത് വരെ അവര്‍ വിശ്വാസികളാവുകയില്ല” (അന്നിസാഅ്: 65).

നമ്മെ സൃഷ്ടിച്ചത് അല്ലാഹുവാണ്. നമുക്ക് ഗുണകരമായതും ദോഷകരമായതും ഏത് എന്ന് നന്നായറിയുന്നവന്‍ അല്ലാഹു മാത്രമാണ്. നമ്മുടെ ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം കൃത്യമായി അവനാണറിയുക. അങ്ങനെയുള്ളവന്‍ ഇറക്കിത്തന്ന മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം. അതിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്  ക്വുര്‍ആനും സുന്നത്തും. അവയെ അവലംബിക്കാതെ സ്വന്തം ബുദ്ധിയെയും തന്നിഷ്ടത്തെയും മാത്രം അവലംബിച്ച് ജീവിച്ചാല്‍ ഇരുലോകത്തും നഷ്ടമായിരിക്കും ഫലം.  

മനുഷ്യന്റെ ബുദ്ധിക്ക് പരിധിയുണ്ട്. അത് കൊണ്ടാണ് അവന്റെ തീരുമാനങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കുന്നത്. പ്രായവും പരിതസ്ഥിതിയും ജീവിത സാഹചര്യങ്ങളും മനുഷ്യന്റെ ബുദ്ധിയെയും ഭാവനയെയും ഏറെ സ്വാധീനിക്കുന്നുണ്ട്. ചെറുപ്പത്തില്‍ കൗതുകം തോന്നുന്ന പലതും വലിപ്പത്തില്‍ ആകര്‍ഷകമായി തോന്നുകയില്ല. മുമ്പ് എടുത്തിരുന്ന പല നിലപാടുകളും തനി ബാലിശമായിരുന്നുവെന്ന് പിന്നെയവന് ബോധ്യമാവും. യൗവനത്തിലെ എടുത്തുചാട്ടം തനി വങ്കത്തമായിരുന്നുവെന്ന് മധ്യവയസ്‌കതയിലെ വിവേകം അവനെ പഠിപ്പിക്കും. എന്നാല്‍ സ്രഷ്ടാവിന്റെ അറിവിന് യാതൊരു പിരിധിയുമില്ല. അവന്‍ ത്രികാല ജ്ഞാനിയാണ്:

”…അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു…” (അല്‍ബക്വറ: 255).

അതിനാല്‍ നമ്മുടെ ആത്യന്തിക വിജയത്തിനും രക്ഷക്കും അവന്റെ നിര്‍ദേശങ്ങള്‍ക്ക് സര്‍വാത്മനാ കീഴൊതുങ്ങകയല്ലാതെ  മറ്റു പോംവഴികളൊന്നും നമ്മുടെ മുമ്പിലില്ല. പൂര്‍വസൂരികള്‍ ഈ വിഷയത്തില്‍ ഉന്നതമായ മാതൃകകളാണ് നമുക്ക് കാണിച്ചു തന്നിട്ടുള്ളത്.

അബൂബക്ര്‍(റ) പറഞ്ഞു: ”നബി ﷺ  പ്രവര്‍ത്തിച്ച ഒന്നും ഞാന്‍ ഒഴിവാക്കുകയില്ല. അവിടുന്ന് കല്‍പിച്ച ഏതെങ്കിലും കാര്യം ഞാന്‍ ഒഴിവാക്കിയാല്‍ വ്യതിചലിച്ച് പോകുമോ എന്ന് ഞാന്‍ തീര്‍ച്ചയായും ഭയപ്പെടുന്നു.”

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”നബി ﷺ  ഇങ്ങനെ പറഞ്ഞു എന്ന് ഞാന്‍ പറയുമ്പോള്‍ അബൂബക്ര്‍ ഇങ്ങനെ പറഞ്ഞു, ഉമര്‍ ഇങ്ങനെ പറഞ്ഞു എന്നാണോ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ക്കു മീതെ മുകളില്‍ നിന്ന് ശിക്ഷയായി പാറകള്‍ വീഴാറായിട്ടുണ്ട്.”

മദ്യം നിഷിദ്ധമാക്കിയിട്ടുണ്ട് എന്നു വിളിച്ചു പറയാന്‍ നബി ﷺ  അങ്ങാടിയിലേക്ക് ഒരാളെ പറഞ്ഞയച്ചു. അത് കേട്ടമാത്രയില്‍ കച്ചവടക്കാര്‍ മുഴുവനും മദ്യം ശേഖരിച്ചു വെച്ച അവരുടെ പാത്രങ്ങളെല്ലാം തച്ചുടക്കുകയും ഞങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു, വിരമിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്തു. മദീനയുടെ തെരുവിലൂടെ മദ്യം ചാലിട്ടൊഴുകി (ബുഖാരി).

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്ന മറ്റൊരു സംഭവം ഇങ്ങനെയാണ്: ”ജനങ്ങള്‍ ഖുബാഇല്‍ സ്വുബ്ഹി നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: ‘ക്വിബ്‌ല മാറിയിരിക്കുന്നു, കഅ്ബയിലേക്ക് തിരിയാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’ നമസ്‌കാരത്തില്‍വെച്ചു തന്നെ അവര്‍ കഅ്ബയിലേക്ക് തിരിഞ്ഞു” (ബുഖാരി, മുസ്‌ലിം).

ഒരിക്കല്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ നബി ﷺ  തന്റെ രണ്ടു ചെരിപ്പുകളും ഊരിവെച്ചു. അത് കണ്ട അനുചരന്മാരും അവരുടെ ചെരിപ്പുകള്‍ ഊരി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ നബി ﷺ  ചോദിച്ചു: ‘നിങ്ങള്‍ എന്തിനാണ് ചെരുപ്പുകള്‍ ഊരിവെച്ചത്?’ അവര്‍ പറഞ്ഞു: ‘താങ്കള്‍ അഴിച്ചുവെച്ചത് കണ്ടപ്പോള്‍ ഞങ്ങളും ചെയ്തു.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എന്റെ ചെരിപ്പില്‍ നജസുണ്ടെന്ന് ജിബ്‌രീല്‍ പറഞ്ഞതിനാലാണ് ഞാന്‍ ഊരിയത്.’

പരിഹസിക്കുന്നവരോട്

ഭാവിയില്‍ വ്യതിചലിച്ച പല കക്ഷികളും വരുമെന്ന് നബി ﷺ  പ്രവചിച്ചിട്ടുണ്ട്. അതില്‍ പെടാതെ റസൂലും സ്വഹാബത്തും സഞ്ചരിച്ച വഴിയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് അവിടുന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: ‘എനിക്ക് ശേഷം ജീവിക്കുന്നവര്‍ ധാരാളം അഭിപ്രായ വ്യത്യാസം കാണും. അപ്പോള്‍ നിങ്ങള്‍ എന്റെ സുന്നത്തിനെയും സച്ചരിതരായ പിന്‍ഗാമികളുടെ സുന്നത്തിനെയും മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട് അത് കടിച്ചുപിടിക്കുക.’

‘യഹൂദികള്‍ എഴുപത്തിയൊന്ന് കക്ഷികളായും നസ്വാറാക്കള്‍ 72 കക്ഷികളായും പിരിഞ്ഞു. എന്റെ സമുദായം 73 കക്ഷികളാവും. ഒരു കക്ഷിയല്ലാത്തതെല്ലാം നരകത്തിലാവും’ എന്ന് നബി ﷺ  പറഞ്ഞപ്പോള്‍ ‘ആരാണ് ആ രക്ഷപ്പെട്ട കക്ഷി’ അനുചരന്മാര്‍ ചോദിച്ചു. ‘ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തിലാണോ ആ മാര്‍ഗത്തില്‍ ജീവിക്കുന്നവര്‍’ എന്നായിരുന്നു പ്രവാചകന്റെ മറുപടി.

വ്യതിചലിച്ച കക്ഷികള്‍ പ്രമാണങ്ങളിലെ ചില കാര്യങ്ങളെ നിരാകരിക്കുന്നു, പരിഹസിക്കുന്നു, ചില ന്യായങ്ങള്‍ മെനഞ്ഞെടുത്ത് ഹദീഥുകളെ നിഷേധിക്കുന്നു. സത്യത്തെയും അസത്യത്തെയും വിവേചിക്കാന്‍ അവരുടെ ബുദ്ധിയെയും തന്നിഷ്ടങ്ങളെയും മാനദണ്ഡമാക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഇത് ക്വുര്‍ആനിന് എതിരാണ്. ഇത് ബുദ്ധിക്ക് എതിരാണ്. ഇത് ഖബര്‍ വാഹിദാണ്. ഇത് വിശ്വാസപരമാണ്. ഇത് ചരിത്രത്തിന് എതിരാണ്… ഇങ്ങനെ പൂര്‍വികര്‍ക്കൊന്നും പരിചയമില്ലാത്ത സ്വയംകൃത ന്യായങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഇവര്‍ രംഗത്ത് വരിക. ഇത്തരക്കാര്‍ ഈ വാദങ്ങളില്‍ നിന്ന് മാറി പശ്ചാത്തപിക്കുന്നില്ലെങ്കില്‍ വലിയ അപകടമാണ് അവരെ കാത്തിരിക്കുന്നത്.

അപകടങ്ങള്‍

”ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും (ഫിത്‌ന) വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ” (അന്നൂര്‍: 63).

ഇവിടെ പറഞ്ഞ ഫിത്‌ന പലനിലയില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു:

1. ഭൗതികമായ ശിക്ഷകളും പരീക്ഷണങ്ങളും അവരെ പിടികൂടുന്നതാണ്: നബി ﷺ യെ ഇകഴ്ത്തുകയും അവിടുത്തെ അധ്യാപനങ്ങളെ പരിഹസിക്കുകയും ചെയ്തവര്‍ക്ക് ഇവിടെ വെച്ചുതന്നെ പരീക്ഷണങ്ങള്‍ നേരിട്ട അനേകം സംഭവങ്ങള്‍ കാണാന്‍ കഴിയും. മുസ്‌ലിമാണെന്ന് പറഞ്ഞ് പ്രമാണങ്ങളെ ഇകഴ്ത്തുന്നവര്‍ കരുതിയിരിക്കുക. മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കും ഇത് ബാധകം തന്നെ. അതിന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ തെളിവ് പിടിക്കുന്ന ഒരു സംഭവം കിസ്‌റാ, ഖൈസര്‍മാരുടെ ചരിത്രമാണ്. അദ്ദേഹം പറഞ്ഞു: ‘ഖൈസര്‍ ചക്രവര്‍ത്തി നബി ﷺ യുടെ കത്തിനെ ആദരിച്ചു. അതിനാല്‍ അവരുടെ ആധിപത്യം ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ കിസ്‌റാ ചക്രവര്‍ത്തി നബി ﷺ യുടെ കത്ത് പിച്ചിച്ചീന്തുകയാണ് ചെയ്തത്. പുറമെ നബി ﷺ യെ നിസ്സാരമാക്കി സംസാരിക്കുകയും ചെയ്തു. അതിനാല്‍ അയാളുടെ ആധിപത്യം ഉടനത്തന്നെ തകരുകയും പിന്നെ അതിന്റെ നിലനില്‍പ് നഷ്ടപ്പെടുകയും ചെയ്തു.’

2. കുഫ്‌റില്‍ (അവിശ്വാസത്തില്‍) അകപ്പെടും: ഒരാള്‍ കാഫിറാകാന്‍ ബഹുദൈവാരധകനോ യഹൂദിയോ നസ്വ്‌റാണിയോ ആകല്‍ മാത്രമല്ല കാരണമായിട്ടുള്ളത്. വെറെയും പല കാരണങ്ങള്‍ ഉണ്ട്. അതില്‍പെട്ടതാണ് മതാധ്യാപനങ്ങളെ പരിഹസിക്കുക എന്നത്.

അല്ലാഹു പറയുന്നത് കാണുക: ”പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ ഒഴിവുകഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞു” (അത്തൗബ: 65,66).

മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ്(റഹി) ഒരാളുടെ ഇസ്‌ലാമിനെ തകര്‍ക്കുന്ന പത്ത് കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ അഞ്ചാമത്തേത് ഇങ്ങനെയാണ്:

‘റസൂല്‍ ﷺ  കൊണ്ടുവന്ന ഏതെങ്കിലും ഒന്നിനെ ഒരാള്‍ വെറുത്താല്‍ അയാള്‍ കാഫിറായി.’

അല്ലാഹു പറഞ്ഞു: ”അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു” (മുഹമ്മദ്: 9)

റസൂല്‍ തിരുമേനി ﷺ  കൊണ്ടുവന്നതില്‍ ഏതെങ്കിലും ഒന്നിനെ ഒരാള്‍ പരിഹസിച്ചാല്‍ അവന്‍ സത്യനിഷേധി (കാഫിര്‍) ആയിരിക്കുന്നു. അതിനുള്ള തെളിവ് ഇതാണ്: ”നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു…” (അത്തൗബ: 65,66).

3. കാപട്യത്തില്‍ അകപ്പെടും: നരകത്തിന്റെ അടിത്തട്ടിലായിരിക്കും കപടന്മാര്‍ എന്ന് നാം ഭയപ്പെടണം. കപടവിശ്വാസികളുടെ ലക്ഷണമാണ് പ്രമാണങ്ങളെ വെറുക്കലും പരിഹസിക്കലും.

4. ശിര്‍ക്കില്‍ അകപ്പെടും: മുകളില്‍ പ്രസ്താവിച്ച വചനത്തിലെ ഫിത്‌ന കൊണ്ടുദ്ദേശിക്കുന്നത് ശിര്‍ക്കാകുന്നു എന്ന് ഇമാം അഹ്മദ് ഇബ്‌നു ഹമ്പല്‍(റഹി) പറഞ്ഞിരിക്കുന്നു.

 

അബൂബക്കര്‍ സലഫി
നേർപഥം വാരിക

സൈന്യത്തോടുള്ള പ്രവാചകോപദേശങ്ങള്‍

സൈന്യത്തോടുള്ള പ്രവാചകോപദേശങ്ങള്‍

യുദ്ധത്തിനിറങ്ങുന്ന സൈന്യാധിപന്റെയും സേനാംഗങ്ങളുടെയും ഇഷ്ടത്തിനനുസരിച്ചല്ല ഇസ്‌ലാമിലെ യുദ്ധങ്ങള്‍; അവിടെയും ഇസ്‌ലാമിന്റെ കൃത്യമായ ഇടപെടലുകളും വിധിവിലക്കുകളും ഉപദേശ നിര്‍ദേശങ്ങളുമുണ്ട്.

പ്രവാചകാനുചരന്മാരില്‍ പെട്ട ബുറൈദ(റ) പറഞ്ഞു: ”നബി ﷺ  ഒരാളെ നായകനാക്കി ഒരു സൈന്യത്തെ നിയോഗിച്ചാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിക്കണമെന്നും കൂടെയുള്ളവരുടെ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകണമെന്നും പ്രത്യേകം നിര്‍ദേശിക്കുമായിരുന്നു. അവിടുന്ന് പറയും: ‘നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ പോരാടുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവന്റെ ശത്രുക്കളോട് ഏറ്റുമുട്ടുക. മോഷണവും ചതിയും വഞ്ചനയും കാണിക്കരുത്. അംഗവിഛേദം ചെയ്യരുത്. കുട്ടികളെ കൊല്ലരുത്. ബഹുദൈവാരാധകരായ ശത്രുക്കളെ കണ്ടുമുട്ടിയാല്‍ മൂന്ന് കാര്യങ്ങളിലേക്ക് നീ അവരെ ക്ഷണിക്കുക. അതില്‍ ഏതൊന്ന് അവര്‍ സ്വീകരിച്ചാലും നീ അതംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കണം. നീ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അതിന് അവര്‍ സന്നദ്ധരാണെങ്കില്‍ നീ അതംഗീകരിക്കുകയും യുദ്ധ നടപടികള്‍ നിറുത്തിവെക്കുകയും ചെയ്യുക. അപ്പോള്‍ മുസ്‌ലിംകള്‍ക്കുള്ള എല്ലാ അവകാശങ്ങളും  അവര്‍ക്കുമുണ്ടാകും. മുസ്‌ലിംകള്‍ക്ക് ബാധകമായ എല്ലാ ബാധ്യതകളും അവരുടെ മേലും ബാധ്യതയായുണ്ടാകും. ഇനി ഇസ്‌ലാം സ്വീകരിക്കാന്‍ അവര്‍ ഒരുക്കമല്ലെങ്കില്‍ നീ അവരോട് ‘ജിസ്‌യ’ (സംരക്ഷണ നികുതി) ആവശ്യപ്പെടുക. അവരത് തരാന്‍ തയ്യാറാണെങ്കല്‍ അവരുമായി ഏറ്റുമുട്ടല്‍ പാടുള്ളതല്ല. അതിനും അവര്‍ തയ്യാറല്ലെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് പ്രാര്‍ഥനയോടെ അവരുമായി പോരാടിക്കൊള്ളുക” (മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ).

ആളുകളെ യുദ്ധത്തടവുകാരും ബന്ധികളുമാക്കി പിടിച്ചുകൊണ്ടു വരുന്നതിനെക്കാള്‍ ഇരുലോകത്തും നേട്ടം കൈവരിക്കാനുതകുന്നവിധം ആദര്‍ശ സഹോദരങ്ങളാക്കി കൊണ്ടുവരാനായിരുന്നു ഇസ്‌ലാം താല്‍പര്യപ്പെട്ടത്. യുദ്ധരംഗത്തുപോലും ശത്രുതയവസാനിപ്പിച്ച് ഇസ്‌ലാമിനെ അറിയാനുള്ള സന്നദ്ധത അറിയിച്ചാല്‍ അതിന് അവസരമുണ്ടാക്കുകയും നിര്‍ഭയസ്ഥാനത്തെത്തിക്കുകയും ചെയ്യണമെന്നാണ് ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്:

”ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്” (ക്വുര്‍ആന്‍ 9:6).

ശത്രുരാജ്യത്തെ എല്ലാവരെയും ശത്രുവായി കണ്ടുകൊണ്ടുള്ള കാടടച്ചുള്ള ആക്രമണ രീതിയല്ല ഇസ്‌ലാമിന്റെത്. യുദ്ധത്തില്‍ പങ്കാളികളായ യോദ്ധാക്കളെയും അല്ലാത്തവരെയും രണ്ട് തരമായി കണ്ടുകൊണ്ടാണ് നബി ﷺ  സൈന്യത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. സ്ത്രീകളെയും കുട്ടികളെയും േജാലിക്കാരെയും വധിക്കുകയോ ആക്രമിക്കുകയോ ചെയ്യരുതെന്നുള്ള ശക്തമായ നിര്‍ദേശങ്ങളടങ്ങിയ യുദ്ധരംഗവുമായി ബന്ധപ്പെട്ട ധാരാളം ഉപദേശങ്ങള്‍ ഹദീഥുകളില്‍ കാണാം.  ഇതിനു വിരുദ്ധമായി വല്ല നീക്കങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ അവരെ പ്രത്യേകം ശാസിക്കുകയും ഉപദേശിക്കുകയും ചെയ്ത സംഭവങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്.

ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വന്നേക്കുമെന്നതിനാല്‍ അപ്രതീക്ഷിതമായ ആ ക്രമണങ്ങളെ നബി ﷺ  പ്രോത്സാഹിപ്പിച്ചിട്ടില്ല. അനസ്(റ) പറയുന്നു: ”നബി ﷺ  ഒരു വിഭാഗത്തിനെതിരെ ഏറ്റുമുട്ടാനായി രാത്രിയില്‍ എത്തിയാല്‍ പ്രഭാതം വരെയും അവര്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുകയില്ല” (ബുഖാരി).

ശത്രുക്കളെയും അവരുടെ സമ്പത്തിനെയും അഗ്നിക്കിരയാക്കുന്ന കാടന്‍ നടപടികള്‍ മുമ്പുകാലത്തും ഇപ്പോഴും ഉള്ളതാണ്. എന്നാല്‍ നബി ﷺ  ഇത്തരം രീതികളെ ശക്തമായി വിലക്കിയിട്ടുണ്ട്. ”തീ കൊണ്ട് ശിക്ഷിക്കാന്‍ അല്ലാഹുവിന്ന് മാത്രമേ അവകാശമുള്ളൂ” (മുസ്‌ലിം, അബൂദാവൂദ്) എന്ന് അവിടുന്ന് ഉപദേശിക്കുമായിരുന്നു.

ശത്രുക്കളെ ജീവനോടെ കയ്യില്‍ കിട്ടിയാല്‍ ഇഞ്ചിഞ്ചായി കൊല്ലുന്ന ക്രൂരവിനോദം ആധുനിക കാലത്തുപോലും ധാരാളമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്വാണ്ടനാമോയിലും മറ്റും തടവുകാരെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ ചിലത് നാം കണ്ടതാണ്. തീവെച്ചും വന്യമൃഗങ്ങള്‍ക്ക് തീറ്റയാക്കിയും വിഷവാതകം ശ്വസിപ്പിച്ചും പട്ടിണിക്കിട്ടും അടക്കം എന്തെല്ലാം ക്രൂരതകള്‍ ചെയ്യാന്‍ പറ്റുമോ അതെല്ലാം ശത്രുക്കള്‍ക്കെതിരില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നബി ﷺ യുടെ  ഉപദേശങ്ങള്‍ ഏറെ പ്രസക്തമാണ്.

ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വരെ നിര്‍ദയം തകര്‍ത്തും ദുര്‍ബലരും അവശരുമായ സാധാരണക്കാരെ കൊന്നൊടുക്കിയും ജീവജാലങ്ങളെയും കൃഷിയിടങ്ങളെയും നശിപ്പിച്ചും ‘ശത്രുസംഹാരം’ നടത്തുന്ന ആധുനിക സമൂഹത്തിന് നബി ﷺ യുടെ ഉപദേശങ്ങളോളം മാനവികവും മഹത്തരവുമായ യുദ്ധോപദേശങ്ങള്‍ എവിടെയാണ് കാണാനാവുക?

കൃഷി നശിപ്പിക്കരുതെന്നും മൃഗങ്ങളെയും അവശരെയും ആക്രമിക്കരുതെന്നും നബി ﷺ  പ്രത്യേകം ഉപദേശിച്ചിരുന്നു.

യുദ്ധം ചെയ്യുന്നവരോട് മാത്രം യുദ്ധം ചെയ്യുവാനും യുദ്ധരംഗത്ത് പോലും അതിക്രമങ്ങള്‍ പാടില്ലെന്നുമാണ് ക്വുര്‍ആന്‍ ഉപദേശിക്കുന്നത്: ”നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ” (ക്വുര്‍ആന്‍ 2:190).

”വിലക്കപ്പെട്ട മാസത്തിലെ യുദ്ധത്തിന് വിലക്കപ്പെട്ട മാസത്തില്‍ തന്നെ (തിരിച്ചടിക്കുക). വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:194).

സമാധാനത്തിനും സന്ധിസംഭാഷണങ്ങള്‍ക്കും ശത്രുക്കള്‍ സന്നദ്ധമായാല്‍ അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനും സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ സന്നദ്ധമാകുവാനും ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നു:

”ഇനി, അവര്‍ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്‌വ് കാണിക്കുകയും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍” (ക്വുര്‍ആന്‍ 8:61).

എന്നാല്‍ ന്യായമായ തിരിച്ചടി അനിവാര്യമാകുന്ന ഘട്ടത്തില്‍ യാതൊരു നീക്കുപോക്കുമില്ലാതെ സധൈര്യം ശത്രുസൈന്യത്തെ നേരിടുകയും വേണം അല്ലാഹു പറയുന്നു: ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ(നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 9:36).

ശത്രുവിനെ തേടിപ്പിടിക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ പോലും നിഷ്ഫലമാവില്ല എന്ന വിശ്വാസത്തിന്റെ കരുത്തിലാണ് ഇസ്‌ലാമിക സൈന്യത്തിന്റെ പുറപ്പാട്. അല്ലാഹു പറയുന്നു:

”ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൗര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു” (ക്വുര്‍ആന്‍ 4:104).

അനിവാര്യഘട്ടങ്ങളിലുള്ള പോരാട്ടങ്ങളില്‍ ജീവന്‍ ത്യജിക്കേണ്ടി വന്നാല്‍ പോലും വിശ്വാസികള്‍ക്ക് വമ്പിച്ച നേട്ടവും സ്വര്‍ഗീയ വിജയവുമാണ് കൈവരുന്നത്: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന് നിങ്ങള്‍ പറയേണ്ട. എന്നാല്‍ അവരാകുന്നു ജീവിക്കുന്നവര്‍. പക്ഷേ, നിങ്ങള്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല” (ക്വുര്‍ആന്‍ 2:154).

അവര്‍ക്കുള്ള സ്വര്‍ഗീയാനുഭൂതികളെ കുറിച്ചും ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു)” (ക്വുര്‍ആന്‍ 3:169-171).

യുദ്ധത്തടവുകാരോടുള്ള സമീപനങ്ങള്‍

യുദ്ധത്തിന്റെ ഭാഗമായി പിടിക്കപ്പെടുന്ന ബന്ധികളോടും യുദ്ധത്തടവുകാരോടും മാന്യമായി പെരുമാറണമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. തടവുകാരെ വധിക്കരുതെന്ന് പ്രത്യേകം നബി ﷺ  നിര്‍ദേശിച്ചിട്ടുണ്ട്.

യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരുടെ ജീവന്‍ വെച്ചുകൊണ്ട് വിലപേശുകയും അതിക്രൂരമായ മര്‍ദന മുറകള്‍ അവര്‍ക്കുനേരെ പ്രയോഗിക്കുകയും അത് വലിയ വിജയമായി കാണുകയും ചെയ്യുന്ന നവയുഗത്തിലെ യുദ്ധനിയമങ്ങള്‍ക്കു മുന്നില്‍ പതിനാലു നൂറ്റാണ്ട് മുമ്പ് ഇസ്‌ലാം നിര്‍ദേശിച്ച മാന്യമായ മോചന മാര്‍ഗം ഇന്നും ആര്‍ജവത്തോടെ തലയുയര്‍ത്തിനില്‍ക്കുകയാണ്:

”…എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ…” (ക്വുര്‍ആന്‍ 47:4).

ബദ്‌റിലെയും മറ്റും ബന്ധികളുടെ കാര്യത്തില്‍ മുഹമ്മദ് നബി ﷺ  അതിന്റെ പ്രായോഗിക മാതൃകയും ലോകത്തിന് കാണിച്ചുകൊടുത്തു. എഴുത്തും വായനയും അറിയാത്ത പത്ത് വീതം ആളുകള്‍ക്ക് ഓരോ തടവുകാരനും അക്ഷരജ്ഞാനം പകര്‍ന്നുകൊടുക്കുക എന്നതായിരുന്നു യുദ്ധത്തടവുകാര്‍ക്കുള്ള മോചനദ്രവ്യം. പ്രവാചകന്റെ ജന്മനാടായ മക്ക ജയിച്ചടക്കിയ ഘട്ടത്തിലാകട്ടെ ശത്രുക്കളെ നിലംപരിശാക്കുവാനുള്ള എല്ലാവിധ സാഹചര്യങ്ങളും അനുകൂലമായി വന്നിട്ടും ശത്രുക്കളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാവര്‍ക്കും മാപ്പുനല്‍കി നിരുപാധികം വിട്ടയച്ച, ലോകചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത വിട്ടുവീഴ്ചയുടെയും കാരുണ്യത്തിന്റെയും ചരിത്രമാണ് ഇസ്‌ലാമിനുള്ളത്.

 

ശമീര്‍ മദീനി
നേർപഥം വാരിക