പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍

പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍

അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള മൈത്രീബന്ധത്തിനു പുറമെ സത്യവിശ്വാസികളോടും ബന്ധം പുലര്‍ത്തണമെന്ന് ക്വുര്‍ആന്‍ പറയുന്നു; വിശിഷ്യാ അവരിലെ പണ്ഡിതന്മാരോട്. അവര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അവരെ അല്ലാഹു നക്ഷത്രസ്ഥാനീയരാക്കി. മുസ്‌ലിംകളിലെ പണ്ഡിതന്മാര്‍ അവരില്‍ ഏറ്റവും ഉത്തമരാണ്. നബി ﷺ യുടെ പിന്‍ഗാമികളാണവര്‍. നബിചര്യകളില്‍ നിന്ന് വിസ്മരിക്കപ്പെടുന്നവയെ ഓര്‍മിപ്പിക്കുന്നവരാണ്. അവരിലൂടെയാണ് വേദഗ്രന്ഥം സജീവമാകുന്നത്. വേദഗ്രന്ഥത്തിലൂടെ അവരും സജീവമാകുന്നു. അവരെക്കുറിച്ച് ക്വുര്‍ആന്‍ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്. അവര്‍ ക്വുര്‍ആന്‍ കൊണ്ട് സംസാരിക്കുന്നവരാണ്.

സമൂഹം ഒന്നടങ്കം അംഗീകരിക്കുന്ന പണ്ഡിതന്മാര്‍ മനഃപൂര്‍വമായി നബി ﷺ യുടെ സുന്നത്തുകളില്‍ ഒന്നിനോടും -അതെത്ര ചെറുതോ വലുതോ ആകട്ടെ-എതിരു നില്‍ക്കുകയില്ല. അവരൊക്കെയും ഏകസ്വരത്തില്‍ ഉറപ്പിച്ചു പറഞ്ഞിട്ടുള്ള സംഗതിയാണ് നബി ﷺ യെ നിര്‍ബന്ധമായും പിന്‍പറ്റണമെന്നത്. നബി  ﷺ  ഒഴികെയുള്ള ആരുടെ വാക്കുകൡലും എടുക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമുണ്ടാകും എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവരുടെ ആരുടെയെങ്കിലും വാക്കുള്‍ക്കെതിരായി സ്വീകാര്യയോഗ്യമായ ഹദീസ് കാണപ്പെട്ടാല്‍ അത് എടുക്കാതിരിക്കാനുള്ള ന്യായമായ വല്ലകാരണവു മുണ്ടായിരിക്കുമെന്നത് നാം മനസ്സിലാക്കണം. അഥവാ മനഃപൂര്‍വ്വം അവരാരും നബി ﷺ യുടെ അധ്യാപനങ്ങളെ കയ്യൊഴിക്കുകയില്ല.

അത്തരം ന്യായമായ കാരണങ്ങള്‍ മൂന്ന് തരത്തിലാണുണ്ടാവുക:

1) നബി ﷺ  അപ്രകാരം പറഞ്ഞതായി ആ പണ്ഡിതന്‍ കരുതാതിരിക്കുക.

2) അതല്ലെങ്കില്‍ പ്രസ്തുത വാക്കുകൊണ്ട് ആ വിഷയം ഉദ്ദേശിക്കപ്പെടുന്നതായി കരുതാതിരിക്കുക.

3) അതുമല്ലെങ്കില്‍ പ്രസ്തുത വിധി ദുര്‍ബലപ്പെടുത്തപ്പെട്ട ആദ്യകാല നിയമം (മന്‍സൂഖ്) ആണെന്ന് കരുതുക.

ഈ മൂന്ന് കാര്യങ്ങള്‍ തന്നെ മറ്റ് അനവധി കാരണങ്ങളായി വരുന്നതാണ്.

1) പ്രസ്തുത ഹദീസ് ആ പണ്ഡിതന് കിട്ടാതിരിക്കുക. ഒരു ഹദീസ് ലഭിച്ചിട്ടില്ലാത്തയാളെ സംബന്ധിച്ചിടത്തോളം അയാള്‍ അതിന്റെ തേട്ടമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ശഠിക്കാവതല്ല. അങ്ങനെ പ്രസ്തുത ഹദീസ് കിട്ടാത്ത സ്ഥിതിക്ക് ആ വിഷയത്തില്‍ അയാള്‍ ഏതെങ്കിലും ആയത്തുകളുടെയോ മറ്റു ഹദീസുകളുടെയോ ബാഹ്യമായ തേട്ടമനുസരിച്ചായിരിക്കും വിധി പറഞ്ഞിട്ടുണ്ടാവുക. അതല്ലെങ്കില്‍ മറ്റു നിയമങ്ങളോട് ബന്ധിപ്പിച്ചുകൊണ്ടോ ഗവേഷണാന്മകമായ താരതമ്യത്തിലൂടെ(ഖിയാസ്)യോ മറ്റോ ആയിരിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ വാക്ക് ആ ഹദീസിനോട് യോജിച്ചുവരാം. ചിലപ്പോള്‍ എതിരായും വരാം. ഇതാണ് സച്ചരിതരായ മുന്‍ഗാമികളുടെ വാക്കുകളില്‍ ഹദീസിനോടു എതിരായി കാണപ്പെടുന്നവയില്‍ മഹാഭൂരിഭാഗവും. നബി ﷺ യുടെ ഹദീസുകളെയെല്ലാം പരിപൂര്‍ണമായി ഉള്‍കൊണ്ടുകൊണ്ടുള്ള സമുദ്രസമാനമായ അറിവ് ആര്‍ക്കും തന്നെ ഉണ്ടായിട്ടില്ല. നബി ﷺ  ചില കാര്യങ്ങള്‍ സംസാരിക്കും, അല്ലെങ്കില്‍ ‘ഫത്‌വ’ കൊടുക്കുകയോ പറയുകയോ ചെയ്യും. അല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കും. അപ്പോള്‍ അവിടെ ഹാജരുള്ളവര്‍ അത് കേള്‍ക്കുകയും കാണുകയും ചെയ്യും. അവര്‍ ഹാജറില്ലാത്തവര്‍ക്ക് അത് എത്തിച്ചുകൊടുക്കും. അങ്ങനെ ആ അറിവ് സ്വഹാബികളിലും താബിഉകളിലുമുള്ള അല്ലാഹു ഉദ്ദേശിച്ചവരിലേക്ക് എത്തും. പിന്നീട് മറ്റൊരു സദസ്സില്‍ നബി ﷺ  സംസാരിക്കുകയോ ‘ഫത്‌വ’ നല്‍കുകയോ വിധിപറയുകയോ അല്ലെങ്കില്‍ വല്ലതും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ ആദ്യസദസ്സിലില്ലാതിരുന്ന ചിലര്‍ സാക്ഷികളായിട്ടുണ്ടാവും. അവരും അവര്‍ക്ക് സാധിക്കുന്നവരിലേക്ക് ആ അറിവ് പകര്‍ന്നുകൊടുക്കും. അങ്ങനെ ചിലരുടെ പക്കലില്ലാത്ത അറിവ് മറ്റു ചിലരുടെ പക്കലുണ്ടാവുകയെന്നത് സ്വാഭാവികമാണ്. സ്വഹാബികളിലും ശേഷക്കാരിലുമൊക്കെയുള്ള പണ്ഡിതന്മാരിലെ മഹത്വത്തിന്റെ ഏറ്റവ്യത്യാസം ഇത്തരം ജ്ഞാനവര്‍ധനവിനും അതിന്റെ ഗുണനിലവാരത്തിനും അനുസരിച്ചുമായിരിക്കും ഉണ്ടാവുക.

എന്നാല്‍ നബി ﷺ യുടെ ഹദീസുകളെല്ലാം പരിപൂര്‍ണമായി ഒരാള്‍ ഗ്രഹിക്കുകയെന്നത് തീരെ അവകാശപ്പെടാന്‍ പറ്റുകയില്ല.

നബി ﷺ യുടെ അവസ്ഥകളും ചര്യകളുമൊക്കെ കൂടുതലറിയുന്ന ഖുലഫാഉര്‍റാശിദുകളുടെ കാര്യം തന്നെ എടുക്കുക. വിശിഷ്യാ അബൂബക്കര്‍ സ്വിദ്ദീക്വ്(റ); നബി ﷺ യോടൊപ്പം യാത്രയിലും അല്ലാത്തപ്പോഴുമൊക്കെ സദാസമയമുണ്ടായിരുന്നു അദ്ദേഹം. മുസ്‌ലിംകളുടെ കാര്യങ്ങളില്‍ രാത്രി നബി ﷺ യോടൊപ്പം അദ്ദേഹം സംസാരിച്ചിരിക്കുമായിരുന്നു; അപ്രകാരംതന്നെ ഉമര്‍(റ)വും.  പലപ്പോഴും നബി ﷺ  ഇങ്ങനെ പറയാറുണ്ടായിരുന്നു: ”ഞാനും അബൂബക്കറും ഉമറും അവിടെ പ്രവേശിച്ചു.” ”ഞാനും അബൂബക്കറും ഉമറും അവിടുന്ന് പുറപ്പെട്ടു.” എന്നിരുന്നിട്ടുകൂടി അബൂബക്കര്‍(റ)വിനോട് പിതാമഹിയുടെ (വല്ലിമ്മ) അനന്തരാവകാശത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:

”അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് ഒരു വിഹിതവും ഉള്ളതായി അറിവില്ല. നബി ﷺ യുടെ സുന്നത്തിലും നിങ്ങള്‍ക്ക് വല്ലതും അവകാശപ്പെട്ടതായി എനിക്കറിയില്ല. അതിനാല്‍ നിങ്ങള്‍ മറ്റുള്ളവരോട് കൂടി അന്വേഷിക്കുക.” അങ്ങനെ അവര്‍ ചോദിച്ചപ്പോള്‍ മുഗീറത്തുബ്‌നു ശുഅ്ബ(റ)യും മുഹമ്മദുബ്‌നു മസ്‌ലമ(റ)യും പറഞ്ഞു: ”നബി ﷺ  അവര്‍ക്ക് ആറില്‍ ഒന്ന് (1/6)നല്‍കിയിട്ടുണ്ട്”(അബൂദാവൂദ്, തിര്‍മുദി). ഇംറാനുബ്‌നു ഹുസൈ്വന്‍(റ)വും ഇക്കാര്യം അറിയിക്കുന്നുണ്ട്.

ഇവര്‍ മൂന്ന് പേരും (അറിവുകൊണ്ടും സ്ഥാനം കൊണ്ടും) അബൂബക്കര്‍(റ)വിനെ പോലെയോ മറ്റ് ഖലീഫമാരെ പോലെയോ അല്ല. എന്നിട്ടും ഇസ്‌ലാമിക സമൂഹം ഏകകണ്ഠമായി അംഗീകരിച്ച് പ്രവര്‍ത്തിച്ചുപോരുന്ന ഇക്കാര്യം ഇവര്‍ക്ക് മാത്രമാണ് കിട്ടിയത്.

അപ്രകാരം തന്നെ വീട്ടില്‍ കടക്കാന്‍ അനുവാദം ചോദിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസിനെ കുറിച്ച് അബൂമൂസല്‍ അശ്അരി(റ) അറിയിക്കുകയും അന്‍സ്വാരികള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ഉമര്‍(റ)ന് ഇത് അറിയില്ലായിരുന്നു. ഉമര്‍(റ) ആകട്ടെ ഈ സുന്നത്തിനെ കുറിച്ച് സംസാരിച്ചവരെക്കാള്‍ മറ്റു വിഷയങ്ങളില്‍ അറിവുള്ളയാളാണ് താനും.

ഭര്‍ത്താവിന്റെ ദായധനത്തില്‍ നിന്നും ഭാര്യക്ക് അനന്തര വിഹിതം കിട്ടുമെന്ന കാര്യം ഉമര്‍(റ)വിന് അറിയില്ലായിരുന്നു. ഭാര്യയല്ലാത്ത മറ്റ് അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് അത് അവകാശപ്പെട്ടത് എന്നായിരുന്നു ഉമര്‍(റ) ധരിച്ചു വെച്ചിരുന്നത്. അങ്ങനെ ദഹ്ഹാക്ക്ബ്‌നു സുഫ്‌യാന്‍(റ) അദ്ദേഹത്തിന് എഴുതി അറിയിച്ചു: (അദ്ദേഹം നബി ﷺ യുടെ നിര്‍ദേശ പ്രകാരം ചില പ്രദേശങ്ങളുടെ ഭരണ ചുമതലയുള്ള വ്യക്തി -അമീര്‍-ആണ്) ”നിശ്ചയം നബി ﷺ  അശ്‌യംഅദ്ദുബാബിയുടെ ഭാര്യക്ക് അദ്ദേഹത്തിന്റെ ദായധനത്തില്‍ നിന്ന് അനന്തരാവകാശം നല്‍കിയിട്ടുണ്ട്.” (അഹ്മദ്, അബുദാവൂദ്, തിര്‍മിദി). അപ്പോള്‍ ഉമര്‍(റ) തന്റെ അഭിപ്രായം ഉപേക്ഷിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ”ഇതിനെകുറിച്ച വിവരം നാം കേട്ടില്ലായിരുന്നുവെങ്കില്‍ അതിന് എതിരായി വിധിച്ചുകളയുമായിരുന്നു!”

അപ്രകാരം തന്നെ ‘ജിസ്‌യ’യുടെ കാര്യത്തില്‍ മജൂസികള്‍ക്കുള്ള വിധിയെന്താണെന്ന് അദ്ദേഹത്തിനറിയുമായിരുന്നില്ല. ‘വേദക്കാര്‍ക്കുള്ള വിധി അവര്‍ക്കും നടപ്പിലാക്കുക’ എന്ന് നബി ﷺ  പറഞ്ഞതായുള്ള വിവരം അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. (ഇത് ഇമാം ശാഫിഈ(റ) തന്റെ മുസനദില്‍ ‘മുര്‍സലായിട്ട്’ ഉദ്ധരിച്ചതാണ്. ഈ പദങ്ങളില്‍ വേറെയും ‘മുര്‍സല്‍’ രൂപത്തിലുള്ള നിവേദനങ്ങളുണ്ട്).

ഇമാം അഹ്മദ്, ബുഖാരി, അബൂദാവൂദ്, തിര്‍മിദി മുതലായവര്‍ ഉദ്ധരിക്കുന്നു: ”ഉമര്‍(റ) മജൂസികളില്‍ നിന്നും ജിസ്‌യ വാങ്ങിയിരുന്നില്ല. നബി ﷺ  ഹിജ്‌റിലെ മജൂസികളില്‍ നിന്ന് ജിസ്‌യ വാങ്ങിയിരുന്നതായി അബ്ദുറഹ്മാനുബ്‌നു ഔഫ്(റ) സാക്ഷ്യപ്പെടുത്തിയപ്പോഴാണ് അദ്ദേഹം അത് സ്വീകരിച്ചത്.”

സിറിയയിലേക്കുള്ള യാത്രയില്‍ ‘സര്‍ഗ്’ എന്ന സിറിയയുടെ അതിര്‍ത്തി പ്രദേശത്തെത്തിയപ്പോഴാണ് അവിടെ പ്ലേഗ് പടര്‍ന്നതായി അറിയുന്നത്. എന്തുചെയ്യണം എന്ന വിഷയത്തില്‍ കൂടെയുണ്ടായിരുന്ന മുഹാജിറുകളോടും പിന്നെ അന്‍സ്വാറുകളോടും പിന്നീട് മറ്റുള്ളവരോടും കൂടിയാലോചനകള്‍ നടത്തി. ഓരോരുത്തരും അവരുടെതായ അഭിപ്രായം പറഞ്ഞു. ഒരാളും നബി ﷺ യുടെ തദ്വിഷയകമായ അധ്യാപനത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. അങ്ങനെയിരിക്കെ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) വന്നു. ആ വിഷയകമായി നബി ﷺ  പഠിപ്പിച്ച സുന്നത്ത് അദ്ദേഹം അറിയിച്ചു: ”നിങ്ങള്‍ ഒരു പ്രദേശത്തായിരിക്കെ അവിടെ പ്ലേഗ് ബാധിച്ചാല്‍ നിങ്ങള്‍ അവിടെ നിന്ന് പേടിച്ച് പുറത്ത് പോകരുത്. മറ്റൊരു നാട്ടില്‍ പ്ലേഗുള്ളതായി കേട്ടാല്‍ അവിടേക്കും നിങ്ങള്‍ ചെല്ലരുത്” (അഹ്മദ്, ബുഖാരി, മുസ്‌ലിം).

ഉമര്‍(റ)വും ഇബ്‌നു അബ്ബാസ്(റ)വും നമസ്‌കാരത്തില്‍ സംശയമുണ്ടായാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ വിഷയത്തിലുള്ള നബിചര്യ (സുന്നത്ത്) അവര്‍ക്ക് ലഭിച്ചിരുന്നില്ല. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) നബി ﷺ  പറഞ്ഞതായ ഹദീസ് അവരെ കേള്‍പിച്ചു: ”സംശയം ഒഴിവാക്കി ഉറപ്പുള്ളതിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുക” (അഹ്മദ്, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി മുതലായവര്‍ അബൂ സഈദില്‍ ഖുദ്‌രി(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അബ്ദുറഹ്മാനു ഔഫി(റ)ന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്: ”നിങ്ങളിലാരെങ്കിലും നമസ്‌കാരത്തില്‍ സംശയിക്കുകയും ഒരു റക്അത്താണോ രണ്ട് റക്അത്താണോ നമസ്‌കരിച്ചത് എന്ന് അറിയാതിരിക്കുകയും ചെയ്താല്‍ അതിനെ ഒരു റക്അത്തായി കണക്കാക്കട്ടെ…” ഇതില്‍ ‘സംശയം ഒഴിവാക്കി ഉറപ്പുള്ളതിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുക’ എന്ന ഭാഗം ഇല്ല (അഹ്മദ്, തിര്‍മുദി, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ചത്).

ഒരിക്കല്‍ ഉമര്‍(റ) ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ശക്തമായി കാറ്റടിച്ചു വീശാന്‍ തുടങ്ങി. അന്നേരം അദ്ദേഹം ചോദിച്ചു: ”കാറ്റിനെ കുറിച്ച് ആരാണ് നമുക്ക് ഹദീസ് പറഞ്ഞു തരിക?” അബൂഹുറയ്‌റ(റ) പറഞ്ഞു: ”ഞാന്‍ ഏറ്റവും പിന്നിലായിരുന്നു. ഈ വിവരം ഞാനറിഞ്ഞപ്പോള്‍ വാഹനം തിരക്കി അദേഹത്തിന്റെ അടുക്കലെത്തി. എന്നിട്ട് കാറ്റടിച്ച് വീശുമ്പോള്‍ ചെയ്യാന്‍ നബി ﷺ  കല്‍പിച്ച കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു.” അതായത്, അവര്‍ പറഞ്ഞു: ”കാറ്റടിച്ച് വീശിയാല്‍ നബി ﷺ  ഇപ്രകാരം പറയുമായിരുന്നു: ‘അല്ലാഹുവേ, ഇതിന്റെയും ഇതില്‍ അടങ്ങിയിട്ടുള്ളതിന്റെയും ഇത് അയക്കപ്പെട്ടതിലെയും നന്മ ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇതിന്റെയും ഇതിലടങ്ങിയിട്ടുള്ളതിന്റെയും ഇത് അയക്കപ്പെട്ടതിലെയും തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു.”

എന്നാല്‍ അബൂദാവൂദും ഇബ്‌നുമാജയും അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം ചെയ്തതില്‍ ഇങ്ങനെയാണുള്ളത്: നബി ﷺ  പറഞ്ഞതായി ഞാന്‍ കേട്ടു: ”കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഭാഗമാണ്. അത് ചിലപ്പോള്‍ കാരുണ്യത്തെയും മറ്റു ചിലപ്പോള്‍ ശിക്ഷയെയും കൊണ്ടുവരും. അതിനാല്‍ കാറ്റടിച്ചു വീശുന്നതായി നിങ്ങള്‍ കണ്ടാല്‍ അതിനെ ചീത്ത വിളിക്കരുത്. മറിച്ച് അതിന്റെ നന്മക്കുവേണ്ടി നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയും അതിന്റെ തിന്മയില്‍ നിന്ന് അല്ലാഹുവിനോട് രക്ഷതേടുകയും ചെയ്യുക.” ഇബ്‌നു ഹജര്‍(റ) പറഞ്ഞപോലെ ഇത് സ്വഹീഹായ ഹദീസാണ്.

എന്നാല്‍ ഈ പറഞ്ഞവയൊക്കെയും ഉമര്‍(റ)വിന് അറിയാതിരുന്നതും അദ്ദേഹത്തെക്കാള്‍ താഴെയുള്ളവര്‍ അദ്ദേഹത്തിന് അതിലെ നബിചര്യ അറിയിച്ചുകൊടുക്കുകയും ചെയ്തതായ സന്ദര്‍ഭങ്ങളാണ്. വേറെ ചില സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അതിലെ സുന്നത്ത് അദ്ദേഹത്തിന് കിട്ടാതിരുന്നത് കൊണ്ട് ആ വിഷയത്തില്‍ സുന്നത്തിനനുസരിച്ചല്ലാത്ത വിധി പറയുകയും ‘ഫത്‌വ’ നല്‍കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വിരലുകളുടെ ദായധനത്തില്‍ (ദിയയില്‍) അദ്ദേഹം വിധിപറഞ്ഞതുപോലെ: ”വിരലുകളുടെ ഉപകാരവും പ്രയോജനവുമനുസരിച്ച് ദിയ വ്യത്യസ്തമാണ്.”

എന്നാല്‍ അബൂമൂസ(റ), ഇബ്‌നു അബ്ബാസ്(റ) എന്നിവരുടെ അടുക്കല്‍ ഇതു സംബന്ധമായ ഒരു ഹദീസ് ഉണ്ടായിരുന്നു. വാസ്തവത്തില്‍ ഇവര്‍ രണ്ടുപേരും ഉമര്‍(റ)വിനെക്കാള്‍ അറിവില്‍ വളരെ താഴെയായിരുന്നു.

നബി ﷺ  പറഞ്ഞു: ”ചെറുവിരലും പെരുവിരലും സമമാണ്” (ബുഖാരി, അബൂദാവൂദ്, നസാഈ, ഇബ്‌നു മാജ).

ഈ പ്രവാചകവചനം മുആവിയ(റ)വിന്റെ ഭരണകാലത്ത് അദ്ദേഹത്തിന് ലഭ്യമാവുകയും അദ്ദേഹം അതനുസരിച്ച് വിധിക്കുകയും ചെയ്തു. മറ്റുള്ളവര്‍ അത് പിന്‍പറ്റുകയും ചെയ്തു. എന്നാല്‍  ഈ ഹദീസ് തനിക്ക് ലഭിച്ചില്ല എന്നത് ഉമര്‍(റ)നെ സംബന്ധിച്ച് ഒരു ആക്ഷേപവുമല്ല താനും.

അപ്രകാരം തന്നെ ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പും ജംറതുല്‍ അക്വബയിലെ കല്ലേറിന് ശേഷം ത്വവാഫുല്‍ ഇഫാദയക്ക് മുമ്പും സുഗന്ധം ഉപയോഗിക്കുന്നത് ഉമര്‍(റ) വിലക്കാറുണ്ടായിരുന്നു.

ഉമര്‍(റ) മാത്രമല്ല മകന്‍ അബ്ദുല്ല(റ)യും മറ്റുപല പ്രമുഖരും അത് വിലക്കിയിരുന്നു. കാരണം അവര്‍ക്ക് ആഇശ(റ) ഉദ്ധരിച്ച ഹദീസ് ലഭിച്ചിരുന്നില്ല.

ആഇശ(റ) പറയുന്നു: ”ഞാന്‍ നബി ﷺ ക്ക് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പും ഇഹ്‌റാമില്‍ നിന്ന് തഹമ്മുലായപ്പോള്‍ ഇഫാദക്കു മുമ്പും സുഗന്ധം പുറട്ടിക്കൊടുത്തു.”

ഖുഫ്ഫ ധരിച്ചവരോട് ഒരു നിശ്ചിത സമയ പരിധിയില്ലാതെ അത് അഴിക്കുന്നത് വരെ എത്ര ദിവസം വേണമെങ്കിലും അതിന്‍മേല്‍ തടവാന്‍ അദ്ദേഹം നിര്‍ദേശിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായം തന്നെയായിരുന്നു മുന്‍ഗാമികളില്‍പ്പെട്ട വേറെ ചിലര്‍ക്കും ഉണ്ടായിരുന്നത്. ഇവരുടെയത്ര വൈജ്ഞാനിക വിധാനത്തിലേക്കെത്തിയിരുന്നില്ലാത്ത മറ്റു ചിലര്‍ക്ക് കിട്ടിയ, ഖുഫ്ഫയിന്മേല്‍ തടവുന്നതിലെ സമയ പരിധി നിര്‍ണയിച്ചുകൊണ്ടുള്ള ഹദീസുകള്‍ അവര്‍ക്ക് ലഭിച്ചില്ല എന്നതായിരുന്നു അതിനു കാരണം. വ്യത്യസ്തങ്ങളായ നിരവധി വഴികളിലൂടെ അത് നബി ﷺ യില്‍ നിന്ന് സ്വഹീഹായ നിലയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് താനും.

അലി(റ)വില്‍ നിന്ന് ഇമാം അഹ്മദും ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്, ഖുസൈമതുബ്‌നു സാബിതില്‍(റ) നിന്ന് അഹ്മദ്, അബൂദാവൂദ്, തിര്‍മിദി എന്നിവരും, സ്വഫ്‌വാനുബ്‌നു അസ്ആല്‍(റ)ല്‍ നിന്ന് നസാഇ, തിര്‍മിദി, ഇബ്‌നു ഖുസൈമ എന്നിവരും, നുഫൈഉബ്‌നുല്‍ ഹാരിസി(റ)ല്‍ നിന്ന് ദാറക്വുത്വ്‌നി, ഇബ്‌നു ഖുസാമ എന്നിവരും ഉദ്ധരിച്ച ഹദീസുകളുമൊക്കെ ഖുഫ്ഫകളില്‍ തടവുന്നതിന് സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിരിക്കുന്നവയാണ്. അതായത്, നാട്ടിലുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു രാവും ഒരു പകലും സമയം. യാത്രക്കാര്‍ക്കാണെങ്കില്‍ മൂന്ന് രാത്രികളും മൂന്ന് പകലുകളും.

അപ്രകാരം തന്നെ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ ഭര്‍ത്താവിന്റെ വീട്ടിലാണ് ഇദ്ദഃയാചരിക്കേണ്ടതെന്ന കാര്യം ഉസ്മാന്‍(റ)വിന് അറിയുമായിരുന്നില്ല. അബൂസഈദില്‍ ഖുദ്‌രി(റ)വിന്റെ സഹോദരി ഫുറൈഅ ബിന്‍ത് മാലിക്(റ)വിന്റെ വിഷയത്തില്‍ നബി ﷺ  നിര്‍ദേശിച്ച കാര്യം പറഞ്ഞപ്പോഴാണ് അദ്ദേഹം അത് അറിയുന്നത്. (അബൂദാവൂദ്, തിര്‍മിദി, നസാഇ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ചിട്ടുള്ളത്. തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍, ഹാകിം മുതലായവര്‍ അത് സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്). അപ്പോള്‍ ഉസ്മാന്‍(റ) അത് അംഗീകരിക്കുകയും ചെയ്തു.

അപ്രകാരം തന്നെ ഒരിക്കല്‍ ഉസ്മാന്‍(റ)വിന് വേണ്ടി വേട്ടയാടിപ്പിടിച്ചു കൊണ്ടുവന്ന ഒരു വേട്ടമൃഗത്തെ നല്‍കിയപ്പോള്‍ അത് ഭക്ഷിക്കുവാനായി ഉഥ്മാന്‍(റ) ആഗ്രഹിച്ച സമയത്താണ് അലി(റ) ഈ വിഷയത്തില്‍ തനിക്കറിയാവുന്ന പ്രവാചകാധ്യാപനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്: ”നബി ﷺ  തനിക്കുവേണ്ടി സമര്‍പിക്കപ്പെട്ട വേട്ടമൃഗത്തെ ഇഹ്‌റാമിന്റെ വേളയില്‍ നിരാകരിച്ചു” (അഹ്മദ്).

ഇതു തന്നെയാണ് നാലാം ഖലീഫ അലിയ്യ്(റ)ന്റെയും സ്ഥിതി. അദ്ദേഹം പറയുന്നു: ”ഞാന്‍ നബി ﷺ യില്‍ നിന്ന് വല്ല ഹദീസും കേട്ടാല്‍ അത് സ്വീകരിക്കുകയും അല്ലാഹു ഉദ്ദേശിച്ചത്ര ഉപകരാം എനിക്കതിലൂടെ കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റാരെങ്കിലും എന്നോട് നബി ﷺ  പറഞ്ഞതായി ഹദീസുകള്‍ പറഞ്ഞാല്‍ ഞാന്‍ അവരോട് സത്യം ചെയ്യാനാവശ്യപ്പെടുമായിരുന്നു. അങ്ങനെ എന്നോട് സത്യം ചെയ്ത് പറഞ്ഞാല്‍ ഞാനത് സത്യപ്പെടുത്തി അംഗീകരിക്കുമായിരുന്നു. അബൂബക്കര്‍(റ) എന്നോട് ഹദീസ് പറഞ്ഞിട്ടുണ്ട്. അബൂബക്കര്‍(റ) സത്യമാണ് പറഞ്ഞത്. പ്രസിദ്ധമായ തൗബയുടെ നമസ്‌കാരത്തെക്കൂറിച്ച് പറയുന്ന ഹദീസ് അദ്ദേഹം പറഞ്ഞു: (ഇമാം അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ മുതലായവര്‍ റിപ്പോര്‍ട്ടു ചെയ്ത ഹദീസ്).

അബൂബക്കര്‍(റ) പറയുന്നു: ”നബി ﷺ  പറഞ്ഞത് ഞാന്‍ കേട്ടു: ‘എന്തെങ്കിലും തെറ്റ് ചെയ്തു പോയ ഏതൊരാളും നല്ല രൂപത്തില്‍ വുദൂഅ് ചെയ്ത് രണ്ടു റക്അത്ത് നമസ്‌കരിക്കുകയും എന്നിട്ട് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്താല്‍ അല്ലാഹു പൊറുക്കാതിരിക്കുകയില്ല.” ശേഷം അവിടുന്ന് ആലുഇംറാനിലെ 153ാമത്തെ ആയത്ത് ഓതി.

ഇബ്‌നുഹജര്‍(റ) ഈ ഹദീസിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘നല്ല പരമ്പരയോടു കൂടിയ ഹദീസാണിത്.’

സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള കാലമേതാണോ-അഥവാ 4 മാസവും 10 ദിവസവും അല്ലെങ്കില്‍ പ്രസവം നടക്കുന്നത് വരെ- ഇതില്‍ രണ്ടിലും ഏറ്റവും ദീര്‍ഘിച്ച അവധി ഏതാണോ അതാണ് ഇദ്ദാകാലഘട്ടമായി പരിഗണിക്കേണ്ടത് എന്ന് അലിയ്യ്(റ)വും ഇബ്‌നു അബ്ബാസ്(റ)വും മറ്റും പറഞ്ഞിട്ടുണ്ട്. കാരണം, സുബൈഅത്തുല്‍ അസ്‌ലമിയ്യ(റ)യുടെ വിഷയത്തില്‍ നബി ﷺ  പറഞ്ഞ ഹദീസ് അവര്‍ക്ക് ലഭിച്ചിരുന്നില്ല. സുബൈഅ(റ)യുടെ ഭര്‍ത്താവ് മരണപ്പെട്ടുമ്പോള്‍ അവര്‍ക്ക് നബി ﷺ  നല്‍കിയ ഫത്‌വ പ്രസവിക്കുന്നതുവരെ ഇദ്ദ ആചരിക്കുവാനായിരുന്നു. (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, ഇബ്‌നു മാജ മുതലായവര്‍ സമാനമായ പദങ്ങളിലൂടെ സുബൈഅത്തുല്‍ അസ്‌ലമിയ്യ(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് ഈ സംഭവം).

അലി(റ)വും സൈദ്(റ)വും ഇബ്‌നു ഉമര്‍(റ)വും മറ്റുമൊക്കെ ഫത്‌വ നല്‍കിയിരുന്നത് മഹ്‌റ് നിശ്ചയിക്കാതെ വിവാഹം ചെയ്യപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെട്ടാല്‍ അവള്‍ക്ക് മഹ്‌റിന് അവകാശമില്ല എന്നായിരുന്നു. കാരണം, ബര്‍വഅ് ബിന്‍ത് വാശിഖ്(റ)യുടെ കാര്യത്തിലുള്ള നബി ﷺ  ഹദീസ് അവര്‍ക്ക് കിട്ടിയിരുന്നില്ല. (ഇമാം അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, നസാഇ, ഇബ്‌നുമാജ എന്നിവര്‍ ഇത് സ്വഹീഹാെണന്ന് പറഞ്ഞിട്ടുണ്ട്. ബര്‍വഅ്(റ)യുടെ ഭര്‍ത്താവ് ഹിലാലുബ്‌നു മുര്‍റ അല്‍അശ്ജീ ആണ്).

ഇത് വിശാലമായ ഒരു മേഖലയാണ്. നബി ﷺ യില്‍ നിന്ന് നേരിട്ട് ദീന്‍പഠിച്ച സ്വഹാബികളില്‍ നിന്ന് ഈ രൂപത്തില്‍ ഉദ്ധരിക്കപ്പെടുന്നത് നിജപ്പെടുത്താന്‍ സാധിക്കാത്ത അത്രയുണ്ടാകും. സ്വഹാബികള്‍ ഈ ഉമ്മത്തിലെ ഏറ്റവും പാണ്ഡിത്യവും പരിജ്ഞാനവുമുള്ളവരാണ്. ഏറ്റവും സൂക്ഷമാലുക്കളും ശ്രേഷ്ഠരുമാണ്. അവര്‍ക്ക് ശേഷമുള്ളവരാകട്ടെ ഇത്തരം കാര്യങ്ങളില്‍ അവരെക്കാള്‍ വളരെ സ്ഥാനം കുറഞ്ഞവരാണ്. എന്നിട്ടും പ്രവാചകാധ്യാപനങ്ങളില്‍ ചിലത് അവരില്‍ ചിലര്‍ക്ക് അപ്രാപ്യമായി എന്നത് വിശദീകരണമാവശ്യമില്ലാത്തവിധം വ്യക്തമായ സംഗതിയാണ്. എന്നിരിക്കെ നബി ﷺ യുടെ സ്വഹീഹായ എല്ലാ ഹദീസുകളും ഇമാമീങ്ങളില്‍ ഓരോരുത്തര്‍ക്കും ലഭിച്ചുവെന്നോ അതല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേക ഇമാമിന് അവയെല്ലാം കിട്ടിയെന്നോ ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അയാള്‍ വ്യക്തമായ പിഴവിലും അബദ്ധ ധാരണയിലുമാണുള്ളത്.

ഹദീസുകളെല്ലാം ക്രോഡീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അവ ഇമാമീങ്ങള്‍ക്ക് ലഭിക്കാതെ പോവുക എന്നത് അതിവിദൂരമാണ് എന്നൊന്നും  ഒരാള്‍ക്കും പറയുവാന്‍ സാധ്യമല്ല. കാരണം, സുപ്രസിദ്ധമായ ഈ ഹദീസ് സമാഹാരങ്ങളൊക്കെയും മദ്ഹബിന്റെ ഇമാമീങ്ങളുടെ കാലങ്ങള്‍ക്ക് ശേഷം ക്രോഡീകരിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നബി ﷺ യുടെ ഹദീസുകളെല്ലാം ഏതെങ്കിലും പ്രത്യേക ഗ്രന്ഥങ്ങളില്‍ സമ്പൂര്‍ണമായി ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വാദിക്കാന്‍ സാധ്യമല്ല. ഇനി, നബി ﷺ യുടെ അധ്യാപനങ്ങളെല്ലാം അപ്രകാരം ഏതെങ്കിലും ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു എന്ന് സങ്കല്‍പിച്ചാല്‍ തന്നെ, അവയെല്ലാം ഏതെങ്കിലും ചില പണ്ഡിതന്മാര്‍ക്ക് അറിയുമെന്ന് കരുതാനും ന്യായമില്ല. അങ്ങനെയൊരു സംഗതി ഒരാള്‍ക്കും ഉണ്ടാകാന്‍ പോകുന്നതല്ല. നേരെ മറിച്ച് ചിലപ്പോള്‍ ചിലരുടെ കൈവശം ധാരാളം ഗ്രന്ഥ ശേഖരങ്ങളുണ്ടായേക്കാം, എന്നാല്‍ അവയിലുള്ളത് മുഴുവനും അയാള്‍ ഗ്രഹിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല, ഈ ഗ്രന്ഥശേഖരങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നവരാണ് വാസ്തവത്തില്‍ പില്‍കാലക്കാരെക്കാള്‍ സുന്നത്തുകളെ സംബന്ധിച്ച് കൂടുതല്‍ ഗ്രാഹ്യതയുണ്ടായിരുന്നവര്‍.

ഹദീസുകള്‍ പ്രചരിക്കുകയും പ്രസിദ്ധമാവുകയുമൊക്കെ ചെയ്തിരിക്കും. എന്നാല്‍ അവ പല പണ്ഡിതന്മാര്‍ക്കും ദുര്‍ബലമായ വഴികളിലൂടെയായിരിക്കും കിട്ടിയിട്ടുണ്ടാവുക. അതോടൊപ്പം വേറെ ചിലര്‍ക്ക് ഈ ദുര്‍ബല മാര്‍ഗങ്ങളിലൂടെയല്ലാതെ പ്രബലമായ പരമ്പരയിലൂടെ തന്നെ പ്രസ്തുത ഹദീസുകള്‍ കിട്ടിയിട്ടുണ്ടാവുകയും ചെയ്യും. അപ്പോള്‍ ഈ വഴിയിലൂടെ വന്നത് പ്രബലവും തെളിവിന്ന് കൊള്ളുന്നതുമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇതിന്ന് എതിരായ വിധി പറഞ്ഞ പണ്ഡിതന്മാര്‍ക്ക് ഈ ഹദീസുകള്‍ ലഭ്യമായിട്ടുണ്ടാകില്ല എന്നും വരാം. അതുകൊണ്ടാണ് ഹദീസിന്റെ പ്രബലതയുമായി ബന്ധപ്പെടുത്തിക്കൊണ്ട് പല ഇമാമീങ്ങളും ഇപ്രകാരം പറയുന്നത്: ”ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഇന്നതാണ്. ഇതില്‍ ഇന്ന രൂപത്തില്‍ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് പ്രബലമാണെങ്കില്‍ എന്റെ അഭിപ്രായം അതാണ്.” (അവസാനിച്ചില്ല)

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

പ്രവാചകന്റെ വിവേകപൂര്‍ണമായ നിലപാടുകള്‍

പ്രവാചകന്റെ വിവേകപൂര്‍ണമായ നിലപാടുകള്‍

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം ഉണ്ടാക്കിയതിന് ശേഷം പ്രവാചകന്‍  ﷺ  ചെയ്തത് ജാഹിലിയ്യത്തിന്റെ ശൈഥില്യങ്ങളില്‍ നിന്നും മുന്‍കാല തര്‍ക്കങ്ങളില്‍ നിന്നുമെല്ലാം മുക്തമായ പരസ്പര ഉടമ്പടി കരാറുകളായിരുന്നു. മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ കരാറുണ്ടാക്കുകയും മദീനയിലെ ജൂതന്മാരെ കൂടി ഉള്‍പെടുത്തിക്കൊണ്ടുള്ള സന്ധിയില്‍ ഏര്‍പ്പെടുകയും ചെയ്തു. നബി ﷺ യുടെ യുക്തിപൂര്‍ണമായ ഒരു നടപടിയായിരുന്നു ഇത്.

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ പ്രവാചകന്‍ ﷺ  കരാര്‍ എഴുതിത്തയ്യാറാക്കിയ ശേഷം യഹൂദികളെ അതില്‍ ഇണക്കിച്ചേര്‍ത്ത് അവരുമായും കരാറിലേര്‍പ്പെട്ടു. ഈ പ്രവര്‍ത്തനം പ്രവാചകന്റെസൂക്ഷ്മമായ ലക്ഷ്യവും പൂര്‍ണമായ ഹിക്മത്തും വിളിച്ചറിയിക്കുന്നതാണ്. മദീനയിലെ യഹൂദികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ശക്തമായ സഖ്യം ഉണ്ടാക്കുവാനും മദീനയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുവാനും ഇതുവഴി സാധിക്കുകയും ചെയ്തു.

പള്ളിനിര്‍മാണം, ജൂതന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കല്‍, വിശ്വാസികള്‍ക്കിടയില്‍ സാഹോദര്യം ഉണ്ടാക്കല്‍, അവര്‍ക്ക് ശിക്ഷണം നല്‍കല്‍, കരാര്‍ ഉടമ്പടി എന്നിവകൊണ്ടെല്ലാം പ്രവാചകന്‍ ﷺ  അല്ലാഹുവിന്റെ ഔദാര്യത്താല്‍ മദീനാവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുസ്‌ലിം ഹൃദയങ്ങളെ ഏകോപിപ്പിച്ചു. മദീനയുമായി ഇഴുകിച്ചേര്‍ന്ന സമൂഹത്തെ രൂപപ്പെടുത്തിയതിന് ശേഷം അതിനെതിരില്‍ വന്ന ശക്തികളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും ചെയ്തു. 56 സൈനിക നീക്കങ്ങള്‍ പ്രവാചകന്റെ കാലത്ത് നടന്നിട്ടുണ്ട്. 27 എണ്ണത്തില്‍ പ്രവാചകന്‍ ﷺ  നേരിട്ട് നായകത്വം വഹിക്കുകയും ചെയ്തു.

യുദ്ധസന്ദര്‍ഭങ്ങളിലെ യുക്തിപൂര്‍ണമായ നിലപാട്

ബദ്ര്‍ യുദ്ധം: യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രവാചകന്‍ ﷺ  ഹിക്മത്തിലധിഷ്ഠിതമായ നിലപാട് വ്യക്തമാക്കി. കാരണം അന്‍സ്വാറുകളുടെ നിലപാട് അറിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മദീനയില്‍വെച്ച് നബി ﷺ യെ തങ്ങളുടെ ശരീരത്തെക്കാളും സമ്പത്തിനെക്കാളും ഇണകളെക്കാളും സന്താനങ്ങളേക്കാളും സംരക്ഷിക്കും എന്ന് അവര്‍ അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്തിരുന്നു. എന്നാല്‍ മദീനക്ക് പുറത്ത് ആക്രമണം ഉണ്ടായാല്‍ അന്‍സ്വാറുകള്‍ സംരക്ഷിക്കുമോ എന്നാണ് പ്രവാചകന് അറിയാനുണ്ടായിരുന്നത്. അതിന്റെ സൂചനകള്‍ നല്‍കി പ്രവാചകന്‍ ﷺ  സംസാരിച്ചു. അപ്പോള്‍ അബൂബക്കര്‍(റ) എഴുന്നേറ്റ് നിന്ന് പിന്തുണ അറിയിച്ച് സംസാരിച്ചു. പിന്നെ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) സംസാരിച്ചു. പ്രവാചകന്‍ ﷺ  രണ്ടാമതും സൂചനകളിലൂടെ സംസാരിച്ചു. അപ്പോള്‍ മിഖ്ദാദ്(റ) എഴുന്നേറ്റ് സംസാരിച്ചു. ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹു താങ്കളോട് എന്താണോ കല്‍പിക്കുന്നത് അത് നടപ്പില്‍ വരുത്തിക്കൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്. അല്ലാഹുവാണെ സത്യം! ഞങ്ങള്‍ താങ്കളോട് ബനൂ ഇസ്‌റാഈല്യര്‍ മൂസാനബിയോട് പറഞ്ഞത് പോലെ പറയുകയില്ല. മൂസാ നബിയോട് അദ്ദേഹത്തിന്റെ ജനത പറഞ്ഞത് നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക. ഞങ്ങള്‍ ഇവിടെ ഇരിക്കാം എന്നാണ്. എന്നാല്‍ ഞങ്ങള്‍ പറയുന്നത് താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്യുക; ഞങ്ങളും താങ്കേളാടൊപ്പം യുദ്ധം ചെയ്യുന്നവരായിരിക്കും എന്നാണ്. ഞങ്ങള്‍ താങ്കളുടെ വലത്തും ഇടത്തും മുന്നിലും പിന്നിലും യുദ്ധം ചെയ്യും.’ മൂന്നാമതും സൂചന നല്‍കിയപ്പോള്‍ അന്‍സ്വാറുകള്‍ക്ക് മനസ്സിലായി അവരെയാണ് ഉദ്ദേശിച്ചതെന്ന്. സഅദ്ബ്‌നു മുആദ്(റ) ധൃതിയില്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ‘പ്രവാചകരേ, താങ്കള്‍ ഞങ്ങളെയാണോ ഉദ്ദേശിക്കുന്നത്? അന്‍സ്വാറുകള്‍ അവരുടെ വീടുകളില്‍ വെച്ചല്ലാതെ താങ്കളെ സഹായിക്കില്ല എന്ന് താങ്കള്‍ ഭയപ്പെടുന്നുണ്ടോ? എങ്കില്‍ അവര്‍ക്ക് വേണ്ടി ഞാന്‍ ഉത്തരം നല്‍കുന്നു. താങ്കള്‍ ഉദ്ദേശിച്ചിടത്തേക്ക് പോവുക. ഉദ്ദേശിച്ചവരുമായി ബന്ധം ചേര്‍ക്കുക. ഉദ്ദേശിച്ചവരുമായി ബന്ധം വിഛേദിക്കുക. ഞങ്ങളുടെ സമ്പത്തില്‍ നിന്ന് താങ്കള്‍ ഉദ്ദേശിച്ചത്ര എടുത്ത് കൊള്ളുക. താങ്കള്‍ ഉദ്ദേശിച്ചത് ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക. താങ്കള്‍ ഞങ്ങളില്‍ ഉപേക്ഷിച്ചതിനെക്കാള്‍ ഞങ്ങളില്‍ നിന്ന് എടുത്തതിനെയാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം. താങ്കള്‍ ഞങ്ങളോട് ഏതൊരു കല്‍പന കല്‍പിക്കുന്നുവോ അത് ഞങ്ങള്‍ പിന്തുടരും. താങ്കള്‍ ഞങ്ങളോട് ഒരു സമുദ്രത്തിന്റെ നടുവിലേക്കാണ് ഇറങ്ങാന്‍ പറയുന്നതെങ്കില്‍ ഞങ്ങള്‍ അതും അനുസരിക്കും. ഒരാളും ഞങ്ങളില്‍നിന്ന് പിന്തിരിയില്ല.’ ഇത്രയും കേട്ടപ്പോള്‍ പ്രവാചകന് അങ്ങേയറ്റത്തെ സന്തോഷമായി. അവിടുന്ന് പറഞ്ഞു:

‘നിങ്ങള്‍ സഞ്ചരിച്ചുകൊള്ളുക, നിങ്ങള്‍ സന്തോഷിച്ച് കൊള്ളുക. തീര്‍ച്ചയായും രണ്ടിലൊരു സഖ്യത്തെ വിജയിപ്പിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ഇപ്പോള്‍ ജനങ്ങള്‍ യുദ്ധം ചെയ്യുന്നത് എനിക്ക് കാണുന്നത് പോലെയുണ്ട്'(ഇബ്‌നു ഹിശാം).

ബദ്‌റിലെ ഏറ്റവും പ്രധാനപ്പെട്ട നിലപാട് അല്ലാഹുവിലുള്ള ഭരമേല്‍പിക്കലായിരുന്നു. കാരണം നബി ﷺ ക്ക് അറിയാമായിരുന്നു; ആളുകളുടെ ആധിക്യമല്ല സഹായം ലഭിക്കുന്നതിന് നിദാനമെന്നും മറിച്ച് കാരണങ്ങളെ സമീപിക്കുന്നതോടൊപ്പം റബ്ബിലുള്ള അചഞ്ചലമായ തവക്കുലാണ് എന്നും.

ഉമര്‍(റ) നിവേദനം: ”ബദ്ര്‍ യുദ്ധത്തില്‍ നബി ﷺ  ബഹുദൈവവിശ്വാസികളെ നോക്കി. അവര്‍ ആയിരം പേരുണ്ടായിരുന്നു. നബി ﷺ യുടെ സ്വഹാബിമാര്‍ 319 പേരായിരുന്നു. അല്ലാഹുവിന്റെ പ്രവാചകന്‍ ക്വിബ്‌ലക്ക് അഭിമുഖമായി നിന്നു. പിന്നെ കൈ ഉയര്‍ത്തി, എന്നിട്ട് അല്ലാഹുവിനോട് ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവേ, എന്നോട് നീ വാഗ്ദാനം ചെയ്തത് പാലിക്കേണമേ. അല്ലാഹുവേ, എന്നോട് നീ വാഗ്ദാനം ചെയ്തത് എനിക്കു തരൂ. അല്ലാഹുവേ, ഇസ്‌ലാമിന്റെ വക്താക്കളായ ഈ സംഘം നശിച്ചാല്‍ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല.’

പ്രവാചകന്‍ ﷺ  റബ്ബിനോട് ഇരുകരങ്ങളും നീട്ടി ക്വിബ്‌ലക്ക് അഭിമുഖമായി നിന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ചുമലില്‍ നിന്നും തട്ടം താഴെ വീണു. അപ്പോള്‍ അബൂബക്കര്‍(റ) വന്ന് തട്ടമെടുത്തു ചുമലില്‍ ഇട്ടുകൊടുത്തു. പിന്നെ നബി ﷺ യുടെ പിറകില്‍ തന്നെ നിന്നു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, മതി താങ്കളുടെ റബ്ബിനോടുള്ള തേട്ടം. തീര്‍ച്ചയായും അവന്‍ താങ്കളോട് ചെയ്ത കരാര്‍ നിറവേറ്റുക തന്നെ ചെയ്യും.’ അപ്പോള്‍ അല്ലാഹു ഇങ്ങനെ വചനമിറക്കി: ‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി. അങ്ങനെ അല്ലാഹു മലക്കുകളെകൊണ്ട് സഹായിച്ചു.”

ഉഹ്ദ് യുദ്ധം

 നബി ﷺ യുടെ ധീരമായ നിലപാടുകള്‍ക്കും പ്രതിസന്ധികളില്‍ ക്ഷമിക്കാനുള്ള കഴിവിനുമുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഉഹ്ദ് യുദ്ധം. മഹത്തായ യുദ്ധതന്ത്രമാണ് അതില്‍ പ്രവാചകന്‍ ﷺ  കാഴ്ച വെച്ചത്. ആദ്യ സന്ദര്‍ഭത്തില്‍ ഉഹ്ദില്‍ മുസ്‌ലിംകള്‍ക്കായിരുന്നു വിജയം. സ്ത്രീകളെ മാത്രം ബാക്കിവെച്ച് കൊണ്ട് മുശ്‌രിക്കുകള്‍ യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞോടി. മുസ്‌ലിംകള്‍ യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടുന്നത് കണ്ടപ്പോള്‍ പ്രവാചകന്റെ കല്‍പന കിട്ടുന്നത് കാത്തുനില്‍ക്കാതെ മലയില്‍ നിര്‍ത്തിയിരുന്ന അമ്പെയ്ത്തുകാര്‍ മുശ്‌രിക്കുകള്‍ ഇനി മടങ്ങിവരില്ലെന്ന ധാരണയാല്‍ താഴേക്ക് ഇറങ്ങിവന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകളുടെ കുതിരപ്പടയാളികളില്‍ ഒഴിഞ്ഞ പ്രദേശത്തിലൂടെ കയറിവരികയും മുസ്‌ലിംകളെ കീഴടക്കുകയും ചെയ്തു. എഴുപതോളം സ്വഹാബിമാര്‍ രക്തസാക്ഷികളായി. സ്വഹാബികളില്‍ ചിലര്‍ പിന്തിരിഞ്ഞോടി. പ്രവാചകന് പരിക്കുപറ്റി. അദ്ദേഹത്തെ പ്രതിരോധിച്ചിരുന്ന സ്വഹാബത്തിനെ കൊലപ്പെടുത്തി.

”അനസ്ബ്‌നു മാലിക്(റ) നിവേദനം: ”നബി ﷺ  ഉഹ്ദ് ദിനത്തില്‍ ഏഴു അന്‍സ്വാറുകളുടെയും ക്വുറൈശികളായ രണ്ടാളുകളുടെയും ഇടയിലായി ഒറ്റപ്പെട്ടുപോയി. (ശത്രുക്കള്‍) നബി ﷺ യെ വളഞ്ഞപ്പോള്‍ നബി ﷺ  പറഞ്ഞു: ‘ഞങ്ങളെ ഇവരില്‍ നിന്ന് തടുക്കുവാന്‍ ആരുണ്ട്? അവനു സ്വര്‍ഗമുണ്ട്. (അല്ലെങ്കില്‍) അവന്‍ സ്വര്‍ഗത്തില്‍ എന്റെ സ്‌നേഹിതനാണ്.’ അപ്പോള്‍ അന്‍സ്വാറുകളില്‍ നിന്ന് ഒരാള്‍ മുന്നോട്ട് വന്നു. അദ്ദേഹം യുദ്ധം ചെയ്തു. അങ്ങനെ വധിക്കപ്പെട്ടു. പിന്നെയും അവര്‍ നബി ﷺ യെ വളഞ്ഞു. അപ്പോഴും നബി ﷺ  പറഞ്ഞു: ‘ഞങ്ങളെ ഇവരില്‍ നിന്നു തടുക്കുവാനാരുണ്ട്? അവന് സ്വര്‍ഗമുണ്ട്. (അല്ലെങ്കില്‍) അവന്‍ സ്വര്‍ഗത്തില്‍ എന്റെ സ്‌നേഹിതനാണ്.’ അപ്പോഴും അന്‍സ്വാറുകളില്‍ നിന്ന് ഒരാള്‍ മുന്നോട്ട് വന്നു. യുദ്ധം ചെയ്തു. വധിക്കപ്പെട്ടു. ഇപ്രകാരം ആ (അന്‍സ്വാറുകളായ) ഏഴുപേരും വധിക്കപ്പെട്ടു. അപ്പോള്‍ നബി ﷺ യുടെ കൂടെയുള്ള രണ്ട് സ്‌നേഹിതന്മാരോട് പറഞ്ഞു: ‘നമ്മുടെ സ്വഹാബിമാരോട് നാം നീതി കാണിച്ചില്ല.’ (ആരാണ് നമ്മെ തടയുകയെന്ന് നബി  ﷺ  ചോദിച്ചപ്പോള്‍ കൂടെയുള്ള ഏഴു അന്‍സാറുകളും മുന്നോട്ടുവന്നു മരണം വരിക്കാന്‍ തയ്യാറായി. എന്നാല്‍ ക്വുറൈശികളായ രണ്ടുപേരും മുന്നോട്ടു വന്നില്ല. അതുകൊണ്ടാണ് നബി ﷺ  പറഞ്ഞത്; നാം അവരോട് നീതി കാട്ടിയില്ലെന്ന്)” (മുസ്‌ലിം).

സഹ്‌ലുബ്‌നു സഅദ്(റ) നബി ﷺ ക്ക് ഉഹ്ദില്‍ (പറ്റിയ) മുറിവിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരുടെ മുഖത്ത് മുറിവേറ്റു. കോമ്പല്ലുകള്‍ പൊട്ടിപ്പോയി. തലയിലുണ്ടായിരുന്ന ചട്ട തകര്‍ക്കപ്പെട്ടു. റസൂലി ﷺ ന്റെ പുത്രി ഫാത്വിമ(റ) രക്തം കഴുകിക്കൊണ്ടിരുന്നു. അലി(റ) വെള്ളം ഒഴിച്ചുകൊടുത്തു. വെള്ളം ഒഴിക്കുമ്പോള്‍ രക്തം കൂടുതല്‍ ഒഴുകുന്നത് ഫാത്വിമ(റ) കണ്ടപ്പോള്‍ ഒരു പായക്കഷ്ണം കത്തിച്ച് അത് ചാരമായപ്പോള്‍ മുറിവില്‍ പതിച്ചുവെച്ചു. അപ്പോള്‍ രക്തമൊഴുക്ക് നിലച്ചു.”

ഇത്തരം ഉപദ്രവങ്ങളെല്ലാം ഏല്‍ക്കേണ്ടിവന്നിട്ടും പ്രവാചകന്‍ ﷺ  അവര്‍ക്കെതിരില്‍ പ്രാര്‍ഥിച്ചില്ല. മറിച്ച്, അവര്‍ക്ക് പൊറുത്ത് കൊടുക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണ് ചെയ്തത്!

മുഴുവന്‍ പ്രവാചകന്മാരും ഇങ്ങനെയായിരുന്നു. വിവേകവും  ഉള്‍ക്കാഴ്ചയുമുള്ള സമീപനമാണ് ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അവരില്‍നിന്നും ഉണ്ടായിട്ടുള്ളത്. തങ്ങളെ ഉപദ്രവിച്ച ജനതയോട് അവര്‍ വിട്ടുവീഴ്ചയും അനുകമ്പയും കാണിച്ചു. അതോടൊപ്പം അവരുടെ ഹിദായത്തിനും അവരുടെ അവിവേകങ്ങള്‍ക്ക് പൊറുത്ത് കൊടുക്കാനും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

 

അബ്ബാസ് ചെറുതുരുത്തി
നേർപഥം വാരിക

പ്രതിസന്ധി ഘട്ടങ്ങളിലെ ഖുനൂത്

പ്രതിസന്ധി ഘട്ടങ്ങളിലെ ഖുനൂത്

ഇന്ത്യന്‍ ജനത മൊത്തത്തിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രത്യേകിച്ചും ഒരു പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍. രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ ന്യായവും യുക്തവുമായ വഴികളിലൂടെയും രാജ്യത്തെ നിയമങ്ങള്‍ അനുവദിക്കുന്ന മാര്‍ഗങ്ങൡലൂടെയും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്. ഭൗതികമായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ വിശ്വാസികള്‍ ഏത് പ്രതിസന്ധിയിലും ഏറ്റവും വലിയ രക്ഷാമാര്‍ഗമായി കാണേണ്ടത് പ്രപഞ്ച സ്രഷ്ടാവിനോടുള്ള മനമുരുകിയ പ്രാര്‍ഥന തന്നെയാണ്.

ഏതവസരങ്ങളിലും പ്രാര്‍ഥന വിശ്വാസിയുടെ കൈമുതലാണെങ്കിലും പ്രതിസന്ധികളില്‍ അതിന് പ്രത്യേക പ്രാധാന്യം മതപ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. അവയില്‍ പ്രാധാന്യാര്‍ഹിക്കുന്ന ഒന്നാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍വഹിക്കുവാനായി പഠിപ്പിക്കപ്പെട്ട ക്വുനൂത്. ‘ക്വുനൂതുന്നാസിലഃ’ എന്നാണിത് അറിയപ്പെടുന്നത്.

അനസ്(റ) പറയുന്നു: ”അല്ലാഹുവോടും പ്രവാചകനോടും ധിക്കാരം കാണിച്ച റഅ്‌ല്, ദക്‌വാന്‍ എന്നീ ഗോത്രങ്ങള്‍ക്കെതിരായി പ്രാര്‍ഥിച്ചുകൊണ്ട് നബി ﷺ  ഒരു മാസം ക്വുനൂത് നിര്‍വഹിച്ചു” (ബുഖാരി, മുസ്‌ലിം).

ഇത് അഞ്ചുസമയ നമസ്‌കാരങ്ങളിലും നബി ﷺ  നിര്‍വഹിച്ചിരുന്നതായി വ്യത്യസ്ത ഹദീഥുകള്‍ പഠിപ്പിക്കുന്നു.

ഈ ഹദീഥുകളെയെല്ലാം അടിസ്ഥാനപ്പെടുത്തി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: ”വിപല്‍ ഘട്ടങ്ങളില്‍ ക്വുനൂത് സുന്നത്താണ് എന്നത് ഖുലഫാഉര്‍റാശിദുകളുടെ മാര്‍ഗവും കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ പൊതുവായ അഭിപ്രായവുമാണ്” (മജ്മൂഅ്: 23/108).

അവസാന റക്അത്തില്‍ റുകൂഇന്ന് ശേഷമാണ് നബി ﷺ  ഈ ക്വുനൂത് നിര്‍വഹിച്ചിരുന്നത് എന്ന് അബൂഹുറയ്‌റ(റ) പറയുന്നു (ബുഖാരി, മുസ്‌ലിം).

അഞ്ച് സമയ നമസ്‌കാരങ്ങളിലും ക്വുനൂത് നിര്‍വഹിക്കാമെങ്കിലും നബി ﷺ  ഏറ്റവുമധികം നിര്‍വഹിച്ചത് സ്വുബ്ഹി, മഗ്‌രിബ്, ഇശാഅ് എന്നീ നമസ്‌കാരങ്ങളിലാണ് എന്ന് ഹദീഥുകള്‍ അറിയിക്കുന്നു. നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ മാത്രമാണ് നബി ﷺ  ഇത് നിര്‍വഹിച്ചിട്ടുള്ളത്.

ജുമുഅ നമസ്‌കാരത്തില്‍ നബി ﷺ  ഈ ക്വുനൂത് നിര്‍വഹിച്ചതായി പ്രത്യേകം ഉദ്ധരിക്കപ്പെടുന്നില്ല. അതിനാല്‍ പല പണ്ഡിതരും ജുമുഅയില്‍ ഇത് നിര്‍വഹിക്കാവുന്നതല്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

ഇബ്‌നു തൈമിയ്യ(റഹി), ഇബ്‌നുല്‍ മുന്‍ദിര്‍

(റഹി) എന്നിവര്‍ ഈ അഭിപ്രായമാണ് കൂടുതല്‍ ശരി എന്ന പക്ഷക്കാരാണ.് എന്നാല്‍ ആധുനികകാല പണ്ഡിതന്മാരില്‍ പ്രമുഖരായ ശൈഖ് ഇബ്‌നു ഉസൈമീന്‍(റഹി) ജുമുഅയിലും ക്വുനൂത് നിര്‍വഹിക്കാമെന്ന പക്ഷക്കാരനാണ് (ശര്‍ഹുല്‍ മുംതിഅ്).

ഇബ്‌നു അബ്ദില്‍ ബര്‍റ്(റഹി) പറയുന്നു: ”സ്വഹാബിമാരില്‍ ഒരാള്‍ പോലും ജുമുഅ നമസകാരത്തില്‍ ക്വുനൂത് നിര്‍വഹിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല” (അല്‍ ഇസ്തിദ്കാര്‍ 2/282).

വളരെ ഹ്രസ്വമായ രൂപത്തിലാണ് നബി ﷺ 

ക്വുനൂത് നിര്‍വഹിച്ചിട്ടുള്ളത് എന്നതിനാല്‍ അനാവശ്യമായ രീതിയില്‍ നീട്ടി വലിച്ച് പ്രാസം കൂട്ടിയുള്ള ശൈലി പ്രോത്സാഹനജനകമല്ല (ഫതാവാ ഇബ്‌നു ഉസൈമിന്‍).

പ്രത്യേക വ്യക്തികളെ രക്ഷപ്പെടുത്താനായി അവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ക്വുനൂത്വില്‍ പ്രാര്‍ഥിക്കാവുന്നതാണ്. അയ്യാഷ് ബിന്‍ അബീ റബീഅ, വലീദ്ബ്‌നുല്‍ വലീദ്, സലമത്ബ്‌നുല്‍ ഹിശാം എന്നിവരുടെ പേരെടുത്ത് പറഞ്ഞും ശേഷം അടിച്ചമര്‍ത്തപ്പെട്ട വിശ്വാസികള്‍ക്ക് വേണ്ടി പൊതുവായും നബി ﷺ  ക്വുനൂതില്‍ പ്രാര്‍ഥിച്ചു എന്ന് അബൂഹുറയ്‌റ(റ) പറയുന്നു. (ബുഖാരി).

എന്നാല്‍ എത്ര വലിയ ശത്രുവിനെതിരായ പ്രാര്‍ഥനയാണെങ്കിലും അവരെ പേരെടുത്ത് പറഞ്ഞ് അവര്‍ക്കെതിരായി പ്രാര്‍ഥിക്കാന്‍ പാടില്ല. കാരണം അവര്‍ ജീവിതത്തില്‍ ശിഷ്ട കാലം എന്താകുമെന്നും ഏത് അവസ്ഥയിലാണ് അവര്‍ മരണപ്പെട്ടുപോകുക എന്നും നമുക്ക് അറിയില്ലല്ലോ. ഒരു നിലയ്ക്കും സഹിക്കാനാവാത്ത വിധം മുസ്‌ലിംകളെ ദ്രോഹിക്കുന്ന കൊടിയ ശത്രുവിനെതിരെ വ്യക്തിപരമായി തന്നെ പ്രാര്‍ഥിക്കാമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്.

ഏത് വിപത്താണോ അനുഭവിക്കുന്നത് അതിന് അനുയോജ്യമായ വചനങ്ങള്‍ തെരഞ്ഞെടുത്ത് പ്രാര്‍ഥിക്കുകയാണ് ചെയ്യേണ്ടത്.

ഇമാം ഉറക്കെ പ്രാര്‍ഥിക്കുകയാണ് വേണ്ടത്. നബി ﷺ  ഉറക്കെയാണ് ക്വുനൂത് നിര്‍വഹിച്ചത്. (ബുഖാരി).

ക്വുനൂതിന്റെ സന്ദര്‍ഭത്തില്‍ നബി ﷺ  കൈ ഉയര്‍ത്തിയതായി ഞാന്‍ കണ്ടു എന്ന് അനസ്(റ) പറയുന്നു (അഹ്മദ്).

ഉമര്‍(റ) കൈ ഉയര്‍ത്തി ഉറക്കെ പ്രാര്‍ഥിച്ചുകൊണ്ട് ക്വുനൂത് നിര്‍വഹിച്ചു. ഞാന്‍ അദ്ദേഹത്തിന് പിന്നില്‍ നമസ്‌കരിച്ചു എന്ന് അബൂറാഫിഅ്(റ) പറയുന്നു (ബൈഹക്വി).

എന്നാല്‍ ക്വുനൂതിന് ശേഷമോ മറ്റു പ്രാര്‍ഥനകള്‍ക്ക് ശേഷമോ കൈ കൊണ്ട് മുഖം തടവണമെന്നത് സ്ഥിരപ്പെട്ടിട്ടില്ല. ഈ വിഷയകമായി ഉദ്ധരിക്കപ്പെട്ട ഹദീഥുകള്‍ എല്ലാം തന്നെ ദുര്‍ബലങ്ങളാകുന്നു. (സുനനുല്‍ ബൈഹഖി).

ഇമാം പ്രാര്‍ഥിക്കുമ്പോള്‍ മഅ്മൂമിനും കൂടെ പ്രാര്‍ഥിക്കാവുന്നതാണ്. (മജ്മൂഅ്: 23/115).

വ്യക്തികള്‍ക്ക് സ്വന്തമായി അവരുടെ നമസ്‌കാരങ്ങളില്‍ ക്വുനൂത് നിര്‍വഹിക്കാമെന്നതാണ് കൂടുതല്‍ പ്രബലം. പല സ്വഹാബികളും അങ്ങനെ നിര്‍വഹിച്ചിട്ടുണ്ടെന്നും ഇമാമിന് മാത്രമാണ് ഇത് സുന്നത്തെന്ന് പറയാന്‍ പ്രത്യേകം തെളിവില്ലെന്നുമാണ് ഇതിന് അടിസ്ഥാനമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നാണ് ശൈഖ് ഇബ്‌നു ജിബ്‌രീന്‍ (റഹി) പറയുന്നത്.

ചില ഹദീഥുകളില്‍ നബി ﷺ  റുകൂഇന് മുമ്പായി ക്വുനൂത് നിര്‍വഹിച്ചു എന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. അതിനാല്‍ റുകൂഇന്ന് മുമ്പോ ശേഷമോ നിര്‍വഹിക്കാവുന്നതാണ്.

 

പ്രബോധനത്തിലെ യുക്തിദീക്ഷ: പ്രവാചകന്റെ നിലപാടുകള്‍

പ്രബോധനത്തിലെ യുക്തിദീക്ഷ: പ്രവാചകന്റെ നിലപാടുകള്‍

മുഹമ്മദ് നബി ﷺ  അന്തിമദൂതനാണ്. മാനവരാശിക്ക് വഴികാട്ടാന്‍ ഇനി മറ്റൊരു പ്രവാചകന്‍ വരാനില്ല. വിശുദ്ധ ക്വുര്‍ആന്‍ ആ പ്രവാചകനിലൂടെ അല്ലാഹു മാനവര്‍ക്കേകിയ അന്തിമവേദവുമാണ്. ലോകര്‍ക്കാകമാനം മാതൃകയായ നബി ﷺ  അല്ലാഹുവിലേക്ക് തന്റെ ജനതയെ ക്ഷണിച്ചത് യുക്തിദീക്ഷ(ഹിക്മത്ത്)യോടെയായിരുന്നു. ഓരോ പ്രബോധകനും തന്റെ പ്രബോധന രംഗത്ത് ഹിക്മത്ത് പ്രയോഗവത്കരിക്കല്‍ അനിവാര്യമാണ്. കാരണം, പ്രവാചകന്റെ നടപടിക്രമം അപ്രകാരമായിരുന്നു. അത് പിന്തുടരാനാണ് ഓരോ വിശ്വാസിയും കല്‍പിക്കപ്പെട്ടിരിക്കുന്നത്.

”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്”(അല്‍അഹ്‌സാബ്: 21).

ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത് ഹിജ്‌റക്ക് മുമ്പും ശേഷവുമുള്ള പ്രവാചകന്റെ നിലപാടുകളാണ്.

രഹസ്യപ്രബോധന മേഖലയില്‍ പ്രവാചകന്റെ നിലപാടുകള്‍

കഅ്ബയുടെ സേവകരും അതോടൊപ്പം വിഗ്രഹാരാധകരുമായിരുന്ന അറബികളുടെ മതകേന്ദ്രമായിരുന്നു മക്ക എന്നത് അറിയപ്പെട്ട കാര്യമാണ്. ഇങ്ങനെയുള്ളൊരു സ്ഥലത്തെ വിശ്വാസ വിമലീകരണം കഠിനവും ശ്രമകരവും ആയിരിക്കും എന്നതില്‍ സംശയമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൃഢവും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കാന്‍, പ്രയാസങ്ങളിലോ ബുദ്ധിമുട്ടുകളിലോ പതറാതിരിക്കുന്നവര്‍ക്കേ സാധിക്കൂ എന്നതില്‍ സംശയമില്ല. മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാന്‍ യുക്തിദീക്ഷയുള്ളവര്‍ക്കേ സാധ്യമാകൂ. അപ്പോള്‍ മാത്രമെ പ്രബോധനം വിജയിക്കൂ. എല്ലാ ഹിക്മത്തും അനുഗ്രഹവും ഏറ്റവും വലിയ യുക്തിമാനായ ലോകരക്ഷിതാവില്‍ നിന്നാണ്. അല്ലാഹു പറഞ്ഞു:

”താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന് (യഥാര്‍ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതുവഴി) അത്യധികം നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമെ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ”(അല്‍ബക്വറ: 269).

അല്ലാഹു നല്‍കുമെന്ന് പറഞ്ഞ ഹിക്മത്ത് കൊണ്ടാണ് പ്രവാചകന്‍ ﷺ  രഹസ്യമായി ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചത്. ശിര്‍ക്കും കുഫ്‌റും നിറഞ്ഞാടിയ നാട്ടില്‍ പ്രബോധനം നടത്താന്‍ അല്ലാഹുവില്‍ നിന്ന് കല്‍പനയുണ്ടായി.

”ഹേ, പുതച്ച് മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീതു ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക. കൂടുതല്‍ നേട്ടം കൊതിച്ചുകൊണ്ട് നീ ഔദാര്യം ചെയ്യരുത്. നിന്റെ രക്ഷിതാവിനുവേണ്ടി നീ ക്ഷമ കൈകൊള്ളുക”(അല്‍മുദ്ദസ്സിര്‍: 1-7).

പ്രവാചകന്‍ ﷺ  തന്റെ പ്രബോധനം തുടങ്ങിയത് ജനങ്ങളില്‍ തന്നോട് ഏറ്റവും അടുത്തവരെയുംതന്റെ കുടുംബത്തില്‍ പെട്ടവരെയും കൂട്ടുകാരെയും രഹസ്യമായി ക്ഷണിച്ചുകൊണ്ടാണ്. അവരില്‍ സത്യം മനസ്സിലാക്കുകയും അത് സ്വീകരിക്കുകയും ചെയ്തവരുണ്ട്. സത്യത്തിലും നന്മയിലും ഒരുമിച്ചവരുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ അവര്‍ നന്മയില്‍ മുന്‍കടന്നവര്‍ എന്ന് അറിയപ്പെട്ടു. അവരില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് പ്രവാചക പത്‌നി ഖദീജ(റ)യും പിന്നെ അലിയ്യുബ്‌നു അബീത്വാലിബും(റ) പ്രവാചകന്റെ ദത്തുപുത്രനായ സൈദ്ബ്‌നു ഹാരിസും(റ) പ്രവാചക സുഹൃത്തായ അബൂബക്കര്‍ സ്വിദ്ദീക്വും(റ) ആയിരുന്നു.

അബൂബക്കര്‍ സ്വിദ്ദീക്വ്(റ) തനിക്ക് സത്യമത സന്ദേശം ലഭിച്ചപ്പോള്‍ വളരെ ഊര്‍ജസ്വലനായിക്കൊണ്ട് പ്രബോധന രംഗത്ത് സജീവമാകുകയും അതിന്റെ നല്ല പ്രതിഫലനങ്ങള്‍ പ്രകടമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി ഇസ്‌ലാമിലേക്ക് വന്ന പ്രമുഖരാണ് ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍(റ), സുബൈര്‍ ഇബ്‌നുല്‍ അവ്വാം(റ), അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ), സഅ്ദ് ഇബ്‌നു അബീവക്വാസ്(റ), ത്വല്‍ഹത്ത് ഇബ്‌നു ഉബൈദില്ല(റ) എന്നിവര്‍.

മക്കയില്‍ ഇസ്‌ലാം പതുക്കെ വ്യാപിച്ചു തുടങ്ങി. അതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംസാരമായി. അതേസമയം പ്രവാകന്‍ ﷺ  രഹസ്യമായി ഇസ്‌ലാമിലേക്ക് വന്നവരെ ഒരുമിച്ച് കൂട്ടി അവര്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. രഹസ്യവും വ്യക്തികേന്ദ്രീകൃതവുമായ പ്രബോധനം തുടര്‍ന്നുകൊണ്ടിരുന്നു. സൂറഃ അല്‍മുദ്ദസ്സിറിലെ ആദ്യവചനങ്ങള്‍ ഇറങ്ങിയതിനുശേഷം വഹ്‌യ്(ദിവ്യസന്ദേശം) ഇറങ്ങുന്നതിന് ശക്തിയാര്‍ജിച്ചു. എന്നാല്‍, പ്രവാചകന്‍ ﷺ  ക്വുറൈശി പൊതുസമൂഹത്തില്‍ പ്രബോധനം പ്രകടമാക്കിയില്ല. ക്വുറൈശികളുടെ ജാഹിലിയ്യ കാല സമ്പ്രദായങ്ങളോടും ബിംബാരാധനയോടുമുള്ള അങ്ങേയറ്റത്തെ താല്‍പര്യം അദ്ദേഹത്തിന് അറിയാമായിരുന്നു.

മുസ്‌ലിംകളുടെ എണ്ണം നാല്‍പതോളം ആയപ്പോഴും പ്രബോധനം പരസ്യമായിരുന്നില്ല. കാരണം, പ്രവാചകന് അറിയാമായിരുന്നു നാല്‍പത് എന്നത് മതിയായ എണ്ണമായിരുന്നില്ല എന്നത്. അതേസമയം ഇസ്‌ലാം സ്വീകരിച്ചവരെ വിജ്ഞാനം നല്‍കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും ഒരുമിച്ചു കൂട്ടുക എന്നത് അത്യാവശ്യമായി വന്നു. ഇബ്‌നു അബില്‍അര്‍ക്വമിന്റെ ഭവനമാണ് അതിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ ദാറുല്‍ അര്‍ക്വം ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യത്തെ കേന്ദ്രമായി മാറി. താമസിയാതെ തന്നെ കേന്ദ്രത്തിന്റെ ശാഖാ കേന്ദ്രങ്ങള്‍ ഉണ്ടായി. ചിലപ്പോഴെല്ലാം പ്രവാചകന്‍ ﷺ  നേരിട്ടും മറ്റുചില സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ നിര്‍ദേശിക്കുന്നവരും അവിടങ്ങൡലേക്ക് പോകുകയായിരുന്നു പതിവ്. അത്തരം ശാഖാ കേന്ദ്രങ്ങള്‍ക്ക് ഉദാഹരണമാണ് സഈദ് ഇബ്‌നു സൈദ്(റ)വിന്റെ വീട്. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായതും ഒളിവ് കാലത്തും ദുര്‍ബലതയുടെ കാലത്തും മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വിജയിച്ചതും ദാറുല്‍ അര്‍ക്വം ആയിരുന്നു. മൂന്ന് വര്‍ഷം ഇങ്ങനെ കഴിഞ്ഞുപോയി. പ്രബോധനം രഹസ്യവും വ്യക്തികേന്ദ്രീകൃതവുമായി തുടര്‍ന്നു. ഈയൊരു കാലയളവിനുള്ളില്‍ അല്‍പമാത്രമായ വിശ്വാസികള്‍ക്കിടയില്‍ പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം രൂഢമൂലമായി.

പ്രവാചക പിതൃവ്യനായ ഹംസ(റ)യുടെയും മറ്റു പ്രമുഖരുടെയും ഇസ്‌ലാംമത സ്വീകരണത്തിന് ശേഷം വിശ്വാസികള്‍ കുറച്ച് കൂടി ശക്തരായി. ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ)വിനെ പോലെയുള്ളവരെ കൊണ്ട് ഇസ്‌ലാമിക സംഘം ശക്തിപ്പെട്ടു. അല്ലാഹു പറഞ്ഞു:

”അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. അല്ലാഹുവോടൊപ്പം മറ്റു ദൈവത്തെ സ്ഥാപിക്കുന്നവരായ പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. അവര്‍ (പിന്നീട്) അറിഞ്ഞുകൊള്ളും” (അല്‍ഹിജ്ര്‍: 94-96).

തികച്ചും യുക്തിദീക്ഷയോടുകൂടിയായിരുന്നു നബി ﷺ യുടെ പ്രബോധനം. അതുകൊണ്ടാണ് ജനങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. പരസ്യപ്രബോധനത്തിന് അല്ലാഹു അനുമതി നല്‍കിയപ്പോള്‍ അതിന് മുന്നിട്ടിറങ്ങി. അതോടെ ഉപദ്രവങ്ങള്‍ ഏറെ നേരിടേണ്ടി വന്നു.

മക്കയിലെ പരസ്യപ്രബോധനത്തില്‍ പ്രവാചകന്റെ നിലപാടുകള്‍

അല്ലാഹു നബി ﷺ യോട് തന്റെ അടുത്ത കുടുംബങ്ങള്‍ക്ക് താക്കീത് നല്‍കാന്‍ കല്‍പിച്ചു.

”നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുകയും നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന് നീ പറഞ്ഞേക്കുക”(അശ്ശുഅറാഅ്: 214-216).

അല്ലാഹുവിന്റെ കല്‍പന പ്രവാചകന്‍ ﷺ  നടപ്പില്‍ വരുത്തി. ശിര്‍ക്കിന്റെ വിപാടനത്തിനും  തൗഹീദിന്റെ സംസ്ഥാപനത്തിനും വേണ്ടി പ്രവാചകന് അല്ലാഹു നല്‍കിയതായ ഹിക്മത്ത് പ്രയോഗിച്ച് കൊണ്ട് തന്റെ കുടുംബത്തെ മുഴുവന്‍ താക്കീത് ചെയ്തു. അതിന് വേണ്ടി പ്രവാചകന്‍ ﷺ  എടുത്ത നടപടികള്‍:

1. സ്വഫാ കുന്നിലേക്ക് കയറിക്കൊണ്ട് നബി ﷺ  തന്റെ ജനതയെ വിളിച്ചുവരുത്തി:

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ‘നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുകയും…’ എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ പ്രവാചകന്‍ ﷺ  സ്വഫാ കുന്നിലേക്ക് കയറുകയും എന്നിട്ട് വിളിച്ച് പറയുകയും ചെയ്തു: ‘അല്ലയോ ബനൂഫിഹ്ര്‍, ബനൂഅദിയ്യ്…’ അവരെല്ലാം ഒരുമിച്ച് കൂടി. നേരിട്ട് എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രതിനിധികളെ അയച്ചു. അബൂലഹബും ക്വുറൈശികളും വന്നു. പ്രവാചകന്‍ ﷺ  അവരോടായി പറഞ്ഞു: ‘നിങ്ങളെ ആക്രമിക്കാന്‍ തയ്യാറായി ഒരു കുതിര സംഘം ഈ താഴ്‌വരയില്‍ നില്‍ക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളുടെ അഭിപ്രായമെന്തായിരിക്കും? നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?’ അവര്‍ ഒന്നടങ്കം പറഞ്ഞു: ‘അതെ, ഞങ്ങള്‍ വിശ്വസിക്കും. നിന്നില്‍ നിന്ന് ഞങ്ങള്‍ സത്യമല്ലാതെ കേട്ടിട്ടില്ല.’ നബി ﷺ  പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് വരാനിരിക്കുന്ന ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് തരാന്‍ വന്ന താക്കീതുകാരനാകുന്നു ഞാന്‍.’ അപ്പോള്‍ അബൂലഹബ് പറഞ്ഞു: ‘നിനക്ക് നാശം! ഇതിനുവേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്?’ അപ്പോഴാണ്, ഈ അധ്യായം ഇറങ്ങിയത്: ‘അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവന്  ഉപകാരപ്പെട്ടില്ല. തീ ജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. വിറകു ചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈത്തപ്പന നാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും”(അല്‍മസദ്: 1-5).

മറ്റൊരു റിപ്പോര്‍ട്ടില്‍ അബൂഹുറയ്‌റ(റ) പറയുന്നു: ”പ്രവാചകന്‍ ﷺ  ഓരോ ഉപഗോത്രങ്ങളെയും പേരെടുത്ത് വിളിച്ചു. എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ സ്വയം നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷിക്കുക.’ പിന്നെ പറഞ്ഞു: ‘ഓ, ഫാത്തിമാ! നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന് കാത്തുരക്ഷിക്കുക. അല്ലാഹുവിന്റെ അടുക്കല്‍ നിനക്ക് വേണ്ടി യാതൊന്നും ഞാന്‍ ഉടമപ്പെടുത്തിയിട്ടില്ല.”(ബുഖാരി, മുസ്‌ലിം).

അറബികള്‍ക്ക് തങ്ങളുടെ കുടുംബത്തോടുള്ള അങ്ങേയറ്റത്തെ അടുപ്പം പ്രബോധന വിഷയത്തില്‍ പ്രവാചകനെ സ്വാധീനിച്ചിട്ടില്ല എന്ന് ഇത് വ്യക്തമാക്കുന്നു. അല്ലാഹുവില്‍ നിന്നുള്ള ദിവ്യസന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും ബിംബാരാധന തെറ്റാണെന്ന് പറയുകയും സ്വര്‍ഗത്തോട് താല്‍പര്യം ഉണ്ടാക്കുകയും നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തപ്പോള്‍ മക്കക്കാര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. അവര്‍ക്കത് അപരിചിതമായ ആശയമായിരുന്നു; ഏറെ വെറുപ്പുള്ളതും. അതിനാല്‍ എതിര്‍പ്പിന്റെ വിഷയത്തില്‍ അവര്‍ കാര്‍ക്കശ്യം കാണിച്ചു. എന്നാല്‍ പ്രവാചകന്‍ ﷺ  എതിര്‍പ്പുകളെ വകവെക്കാതെ മുന്നോട്ടുപോയി. കാരണം അദ്ദേഹം അല്ലാഹുവിന്റെ റസൂലാണ്. അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്, അവനില്‍ ഭരമേല്‍പിച്ച് തന്റെ ദൗത്യം നിര്‍വഹണത്തില്‍ അദ്ദേഹം സജീവമായി.

നബി ﷺ  രാവും പകലും, രഹസ്യമായും പരസ്യമായും അല്ലാഹുവിലേക്കുള്ള ക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരാളുടെയും വിലക്കോ, ബഹിഷ്‌കരണ ഭീതിയോ, സമ്മര്‍ദമോ, ഭീഷണിയോ പ്രവാചകനെ അതില്‍ നിന്നും തടഞ്ഞില്ല. ജനങ്ങള്‍ സമ്മേളിക്കുന്ന ചന്തകളിലും അങ്ങാടികളിലും കൂട്ടായ്മകളിലുമൊക്കെ എത്തിക്കൊണ്ട് എല്ലാവരെയും സത്യമതത്തിലേക്ക് ക്ഷണിച്ചു.

മക്കയിലെ ക്വുറൈശികളായ മുശ്‌രിക്കുകളിലെ പ്രമാണികള്‍ വാചികമായും കായികമായും അതിനെ നേരിടാന്‍ തയ്യാറായി. തങ്ങളുടെ ആരാധ്യരെ വിട്ടൊഴിയാനുള്ള ഉദ്ദേശമില്ലാത്തവരുടെ പ്രതിഷേധം മക്കയില്‍ പൊട്ടിപ്പുറപ്പെട്ടു. പക്ഷേ, പ്രവാചകന്‍ ﷺ  ഈ പ്രക്ഷോഭങ്ങള്‍കൊണ്ടൊന്നും പ്രബോധനം  നിര്‍ത്തിയില്ല; ഇസ്‌ലാമിലേക്ക് പ്രവേശിച്ചവര്‍ക്ക് പ്രത്യേകമായ തര്‍ബിയ്യത്തും പരിഗണനയും നല്‍കുന്നത് ഉപേക്ഷിച്ചതുമില്ല. ക്വുറൈശികളുടെ കണ്ണില്‍പെടാത്ത വിദൂരത്തുള്ള വീടുകളില്‍ മുസ്‌ലിംകളുമായി ഒരുമിച്ച് കൂടുകയും ഈ കൂട്ടായ്മയില്‍ നിന്നും ഇസ്‌ലാമിക പ്രചാരണത്തിന് യോഗ്യരായ ധീരന്മാരെ വളര്‍ത്തിയെടുക്കുകയും ചെയ്തു. ഇത് മുഖേന ആദ്യകാല വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസത്തെശക്തിപ്പെടുത്താനും തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങി ജീവിക്കുവാനും നേതൃത്വത്തെ അനുസരിക്കുവാനും പ്രത്യേകമായൊരു ഭാഗ്യം സിദ്ധിക്കുകയുണ്ടായി. മതത്തോടും പ്രമാണങ്ങളോടും അവര്‍ക്ക് ഗാഢമായ ബന്ധവും വിധേയത്വവും ഉണ്ടായി. ഏത് പ്രതിസന്ധികളെയും പ്രതിരോധിക്കാനുള്ള മനക്കരുത്ത് നേടാനും സ്വജീവനെക്കാള്‍ റബ്ബിനെയും പ്രവാചകനെയും സ്‌നേഹിക്കാനും അവര്‍ക്ക് സാധിച്ചു.

യുക്തിഭദ്രമായ നിലപാടിനാല്‍ പ്രവാചകന് തന്നില്‍ അര്‍പ്പിതമായ ദൗത്യം ഭംഗിയായി നിര്‍വഹിക്കുവാന്‍ സാധിച്ചു. അതിലൂടെ പ്രബോധനത്തിന്റെകൃത്യമായ മാര്‍ഗം എക്കാലത്തുമുള്ള പ്രബോധകര്‍ക്ക്  വരച്ച് കാണിച്ചു. ആ മാര്‍ഗം പിന്തുടരലാണ് വിശ്വാസികളുടെ ബാധ്യത.

വലീദുബ്‌നു മുഗീറ, ആസ്വ്ബ്‌നു വാഇലുസ്സഹമി, അബൂജഹല്‍, അബൂലഹബ്, നള്‌റുബ്‌നു ഹാരിസ്, ഉക്വ്ബത്ത്, ഉബയ്യുബ്‌നു ഖലഫ്, ഉമയ്യത്തുബ്‌നു ഖലഫ് എന്നിവരൊക്കെയായിരുന്നു പ്രവാചകനോടും വിശ്വാസികളോടും കഠിനമായ ശത്രുത പ്രകടിപ്പിച്ചിരുന്ന മുശ്‌രിക്കുകളുടെ നേതാക്കള്‍. ഇവരാണ് പ്രവാചകനും മുസ്‌ലിംകള്‍ക്കും കൂടുതല്‍ ഉപദ്രവം ഉണ്ടാക്കിയവര്‍. എന്നാല്‍ അവരെ തിരിച്ച് ഉപദ്രവിക്കുവാനോ കൊല്ലുവാനോ നബി ﷺ  അനുയായികളോട് കല്‍പിച്ചില്ല. സഹിക്കുവാനും ക്ഷമിക്കുവാനുമാണ് കല്‍പിച്ചത്. ഇസ്‌ലാമിന്റെ സഞ്ചാര പാത ദുര്‍ഘടമാക്കുന്നതിലേക്ക് നയിക്കാന്‍ സാധ്യതയുള്ള ഒന്നും നബി ﷺ  ചെയ്യില്ല. കാരണം, പ്രവാചകനെ നിയോഗിച്ചിട്ടുള്ളത് യുക്തിമാനായ അല്ലാഹുവാണ്.

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന മുഴുവന്‍ പ്രബോധകരും ഹിജ്‌റക്ക് മുമ്പും ഹിജ്‌റക്ക്‌ശേഷവുമുള്ള പ്രവാചകന്റെ പ്രബോധന രീതിശാസ്ത്രം മനസ്സിലാക്കി ആ മാര്‍ഗത്തില്‍ പ്രബോധനം ചെയ്യല്‍ നിര്‍ബന്ധമാണ്. അതില്‍നിന്ന് വ്യതിചലിച്ചുള്ള മാര്‍ഗം ഗുണം ചെയ്യില്ല. കാരണം ആ മാര്‍ഗം തികച്ചും യുക്തിദീക്ഷയില്‍ അധിഷ്ഠിതമാണ്.

 

അബ്ബാസ് ചെറുതുരുത്തി
നേർപഥം വാരിക

ക്വുര്‍ആനിനെക്കുറിച്ച് ക്വുര്‍ആനില്‍ പറയുന്നത്

ക്വുര്‍ആനിനെക്കുറിച്ച് ക്വുര്‍ആനില്‍ പറയുന്നത്

മുഹമ്മദ് നബി ﷺ ക്ക് അവതീര്‍ണമായതും സൂറത്തുല്‍ ഫാതിഹകൊണ്ട് തുടങ്ങി സൂറത്തുന്നാസില്‍ അവസാനിക്കുന്നതുമായ അല്ലാഹുവിന്റെ കലാമാണ്(വചനം) വിശുദ്ധ ക്വുര്‍ആന്‍. അന്ത്യനാള്‍വരെയുള്ള മാനവസമൂഹത്തിന്റെ മാര്‍ഗദര്‍ശക ഗ്രന്ഥമാണത്. അതിലൂടെയല്ലാതെ പരലോകരക്ഷ സാധ്യമല്ല.

ക്വുര്‍ആനിന്റെ സവിശേഷതകളും മഹത്ത്വങ്ങളും വിവരിക്കാന്‍ എമ്പാടുമുണ്ട്. ക്വുര്‍ആനിലൂടെ അല്ലാഹു പരിചയപ്പെടുത്തുന്ന ക്വുര്‍ആനിന്റെ ചില സവിശേഷതകളാണ് താഴെ കൊടുക്കുന്നത്.

ക്വുര്‍ആന്‍ സദുപദേശമാണ്: അല്ലാഹു പറഞ്ഞു:”മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശം നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു” (യൂനുസ്: 57).

ക്വുര്‍ആന്‍ ഉത്‌ബോധനമാണ്: ”തീര്‍ച്ചയായും അത് നിനക്കും നിന്റെ ജനതയ്ക്കും ഒരു ഉല്‍ ബോധനം തന്നെയാകുന്നു” (സുഖുറുഫ്: 44). ”സ്വാദ്. ഉല്‍ബോധനം ഉള്‍കൊള്ളുന്ന ക്വുര്‍ആന്‍ തന്നെ സത്യം” (അസ്സ്വാദ്: 1).

ക്വുര്‍ആന്‍ സന്മാര്‍ഗമാണ്: ”ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ നാം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവര്‍ക്കു നാം കൊണ്ടുവന്നു കൊടുത്തു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്” (അല്‍അഅ്‌റാഫ്: 52). ”ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍” (അല്‍ബക്വറ: 185).

ക്വുര്‍ആന്‍ സത്യമാണ്: ”നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്….” (അല്‍ഫാത്വിര്‍: 31).

”സത്യത്തോടുകൂടിയാണ് നാം അത് (ക്വുര്‍ആന്‍) അവതരിപ്പിച്ചത്. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (അല്‍ഇസ്‌റാഅ്: 105).

ക്വുര്‍ആന്‍ അനുഗൃഹീതവും കാരുണ്യവുമാണ്: ”നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി” (അസ്സ്വാദ്: 29). ”എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും. മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്” (അന്നഹ്ല്‍: 89).          

ക്വുര്‍ആന്‍ ശിഫയാണ്: ”സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ക്വുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിക്കുന്നു….” (അല്‍ഇസ്‌റാഅ്: 82). ”മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള (രോഗത്തിന്) ശമനവും നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു)” (യൂനുസ്: 57).

ക്വുര്‍ആന്‍ പ്രകാശമാണ്: ”മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു” (അന്നിസാഅ്: 174).”അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ(ക്വുര്‍ആനിനെ) പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍” (അല്‍അഅ്‌റാഫ്: 157).   ”പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന വര്‍ക്ക് നാം വഴി കാണിക്കുന്നു” (അശ്ശൂറാ: 52).

ക്വുര്‍ആന്‍ മഹാത്ഭുതമാണ്: ”(നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ക്വുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു” (അല്‍ജിന്ന്:1).          

ക്വുര്‍ആന്‍ സത്യാസത്യ വിവേചനവും പ്രമാണവുമാണ്: ”തന്റെ ദാസന്റെമേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം(ക്വുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനുവേണ്ടിയത്രെ അത്” (അല്‍ഫുര്‍ക്വാന്‍:1). ”മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള  ന്യായപ്രമാണംവന്നുകിട്ടിയിരിക്കുന്നു” (അന്നിസാഅ്: 174).          

ക്വുര്‍ആന്‍ സന്തോഷവാര്‍ത്തയും താക്കീതുമാണ്: ”വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം.) സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത് നല്‍കുന്നതുമായിട്ടുള്ള (ഗ്രന്ഥം). എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ട് മനസ്സിലാക്കുന്നില്ല”(അല്‍ ഫുസ്സ്വിലത്ത്: 3,4).

”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു)” (അല്‍ ഇസ്‌റാഅ്: 9,10).ûകുû  ക്കുû   ങ്കുû  ണുû  

ക്വുര്‍ആന്‍ ഉന്നതവും ആദരണീയവും പ്രതാപമുള്ളതുമാണ്: ”തീര്‍ച്ചയായും അത് മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ.) അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു” (സുഖുറുഫ്: 4).    €û

”തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ക്വുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്” (അല്‍വാക്വിഅഃ: 77,78). ”…തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു” (ഫുസ്സ്വിലത്ത്: 41).

ക്വുര്‍ആന്‍ തത്ത്വസമ്പൂര്‍ണമാണ്: ”യാസീന്‍. തത്ത്വസമ്പൂര്‍ണമായ ക്വുര്‍ആന്‍ തന്നെയാണ സത്യം” (യാസീന്‍: 1,2).

ക്വുര്‍ആന്‍ അതിമഹത്തായതാണ്: ”ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ക്വുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്” (അല്‍ഹിജ്ര്‍: 87).    €û

”ക്വാഫ്. മഹത്ത്വമേറിയ ക്വുര്‍ആന്‍ തന്നെയാണ്, സത്യം” (ക്വാഫ്:1). ”അല്ല, അത് മഹത്ത്വമേറിയ ഒരു ക്വുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്” (അല്‍ബുറൂജ്: 21,22).

ക്വുര്‍ആന്‍ വിളംബരമാണ്: ”ഇത് മനുഷ്യര്‍ക്കായുള്ള ഒരു വിളംബരവും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സാരോപദേശവുമാകുന്നു” (ആലുഇംറാന്‍: 138).

ക്വുര്‍ആന്‍ നിത്യചൈതന്യ സന്ദേശമാണ്: ”അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാ ക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴികാണിക്കുന്നു” (അശ്ശൂറാ: 52).

അല്ലാഹുവില്‍നിന്ന് നല്‍കപ്പെട്ട ഗ്രന്ഥം: ”തീര്‍ച്ചയായും യുക്തിമാനും സര്‍വജ്ഞനുമായിട്ടുള്ളവന്റെ പക്കല്‍നിന്നാകുന്നു നിനക്ക് ക്വുര്‍ആന്‍ നല്‍കപ്പെടുന്നത്” (അന്നംല്: 6).

അല്ലാഹുവിന്റെ കലാമായ ഗ്രന്ഥം: ”ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം (കലാം) അവന്‍ കേട്ടു ഗ്രഹിക്കുവാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്” (അത്തൗബഃ: 6).

വെളിച്ചത്തിലേക്ക് നയിക്കുന്ന ഗ്രന്ഥം: അല്ലാഹു പറഞ്ഞു:”അലിഫ് ലാം റാ. മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്” (ഇബ്‌റാഹീം: 1).

വക്രതയില്ലാത്ത ഗ്രന്ഥം: ”അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ക്വുര്‍ആന്‍. അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി”(അസ്സുമര്‍: 28). ”തന്റെ ദാസന്റെ മേല്‍ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന് ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. ചൊവ്വായ നിലയില്‍” (അല്‍കഹ്ഫ്:1,2).

ജീവിച്ചിരിക്കുന്നവര്‍ക്ക് താക്കീത്: ”അദ്ദേഹത്തിന് (നബിക്ക്) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ക്വുര്‍ആനും മാത്രമാകുന്നു. ജീവനുള്ളവര്‍ക്ക് താക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ ഇത്. സത്യനിഷേധികളുടെ കാര്യത്തില്‍ (ശിക്ഷയുടെ) വചനം സത്യമായിപുലരുവാന്‍ വേണ്ടിയും” (യാസീന്‍: 69,70).

നേര്‍വഴി കാണിക്കുന്നതും നേര്‍വഴിയിലേക്ക് നയിക്കുന്നതുമായ ഗ്രന്ഥം: ”അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്” (അല്‍ബക്വറഃ: 1,2). ”അവര്‍(ജിന്നുകള്‍) പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് നയിക്കുന്നു” (അല്‍അഹ്ക്വാഫ്: 30).

ഏറ്റവും നല്ലതിലേക്കും ശരിയിലേക്കും നയിക്കുന്ന ഗ്രന്ഥം: ”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു…” (അല്‍ഇസ്‌റാഅ്:11). ”…തീര്‍ച്ചയായും അത്ഭുതകരമായ ഒരു ക്വുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. അത് സന്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു…” (ജിന്ന്:11). ”നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു” (അല്‍മാഇദ:15,16).

വെല്ലുവിളി ഉയര്‍ത്തുന്ന ഗ്രന്ഥം:

”(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ടുവരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും” (അല്‍ഇസ്‌റാഅ്: 88).

û”നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനിനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതുപോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്). നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്”(അല്‍ ബക്വറ:23,24).

അസത്യം കടന്നുവരാത്ത ഗ്രന്ഥം: ”തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍തന്നെ). തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്” (അല്‍ബക്വറ: 23,24).

മാറ്റിത്തിരുത്തില്‍നിന്ന് സംരക്ഷിക്കപ്പെടുന്ന ഗ്രന്ഥം: ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (അല്‍ഹിജ്ര്‍: 9).

മനസ്സിലാക്കുവാന്‍ എളുപ്പമുള്ള ഗ്രന്ഥം: ”തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” (അല്‍ക്വമര്‍: 9).

ഹൃദയങ്ങളില്‍ സൂക്ഷിക്കപ്പെടുന്ന ഗ്രന്ഥം: ”എന്നാല്‍ ജ്ഞാനം നല്‍കപ്പെട്ടവരുടെ ഹൃദയങ്ങളില്‍ അത് സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല” (അങ്കബൂത്ത്: 49).

ഹൃദയങ്ങളെ ഉറപ്പിച്ച് നിര്‍ത്തുന്ന ഗ്രന്ഥം: ”സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ക്വുര്‍ആന്‍ ഒറ്റ തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു” (അല്‍ഫുര്‍ക്വാന്‍: 32).

നിര്‍ജീവ വസ്തുക്കളെ പോലും സ്വാധീനിക്കുന്ന ഗ്രന്ഥം: ”ഈ ക്വുര്‍ആനിനെ നാം ഒരു പര്‍വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത്(പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു” (അല്‍ഹശ്ര്‍: 21).

ചരിത്രവിവരണ ഗ്രന്ഥം: ”നിനക്ക് ഈ ക്വുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്” (യൂസുഫ്:3).്യു”അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതുനിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു…” (അസ്സുമര്‍: 23).

മുന്‍വേദങ്ങളെ സത്യപ്പെടുത്തുന്ന ഗ്രന്ഥം: ”നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്. തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു” (ഫാത്വിര്‍:31).

മുന്‍വേദങ്ങളെ കാത്തുരക്ഷിക്കുന്ന ഗ്രന്ഥം: ”(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്…” (അല്‍മാഇദ: 48).

പ്രവചനങ്ങള്‍ ഏറെയുള്ള ഗ്രന്ഥം: ”ഇസ്‌റാഈല്‍ സന്തതികള്‍ അഭിപ്രായഭിന്നത പുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ മിക്കതും ഈ ക്വുര്‍ആന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു. തീര്‍ച്ചയായും ഇത് സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു” (അന്നംല്: 76,77).

”റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. അടുത്തനാട്ടില്‍ വെച്ച്. തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയംനേടുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ” (അര്‍റും: 2-4).

വിശദീകരണമായ ഗ്രന്ഥം:

 ”…എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്” (അന്നഹ്ല്‍: 89).

കണ്ണുതുറപ്പിക്കുന്ന തെളിവുകളുള്ള ഗ്രന്ഥം: ”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്റെ ഗുണം അവന്ന് തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്റെ ദോഷവും അവന്നുതന്നെ” (അല്‍ആം: 104). ”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കണ്ണുതുറപ്പിക്കുന്ന തെളിവുകളും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണ് ഇത് (ക്വുര്‍ആന്‍).  ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (അല്‍അഅ്‌റാഫ്: 104).

സുന്നത്തില്‍ വിവരണമുള്ള ഗ്രന്ഥം

”നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചു കൊടുക്കുവാന്‍ വേണ്ടിയും അവര്‍ ചിന്തിക്കുവാന്‍ വേണ്ടിയും” (അന്നഹ്ല്‍: 44). ”അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കി കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്” (അന്നഹ്ല്‍: 64).

 

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

ലൈംഗിക വിശുദ്ധിയുടെ ഇഹപര നേട്ടം

ലൈംഗിക വിശുദ്ധിയുടെ ഇഹപര നേട്ടം

സ്ത്രീ പീഡങ്ങളുടെ, മാനഭംഗങ്ങളുടെ ചൂടുള്ള വാര്‍ത്തകളുമായാണ് ദിനേന പത്ര മാധ്യമങ്ങള്‍ നമ്മുടെ കൈകളിലെത്തുന്നത്! മൂന്നു വയസ്സുള്ള പിഞ്ചു ബാലികയും  തൊണ്ണൂറു വയസ്സുള്ള പടുവൃദ്ധയും പീഡനത്തിനിരയായ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞെട്ടലുളവാകാത്ത രൂപത്തില്‍ അത് പതിവ് വാര്‍ത്തയായി മാറിയിരിക്കുന്നു. പിതാവ് മകളെ, അധ്യാപകന്‍ വിദ്യാര്‍ഥിനിയെ, സഹോദരന്‍ സഹോദരിയെ…! പിന്നെ വാണിഭങ്ങളും! മാതാപിതാക്കള്‍ കൗമാരം കടക്കാത്ത പെണ്‍മക്കളെ കാശിനു വില്‍ക്കുന്നു! സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരും സമ്പന്നരും സാധാരണക്കാരുമൊക്കെ ഉപഭോക്താക്കളായി മാറുന്നു!

സിനിമ പോലുള്ള മാധ്യമങ്ങളും ഇന്റര്‍നെറ്റ് സംവിധാനവും മറ്റും വല്ലാത്തൊരു അവസ്ഥയിലേക്കാണ് സമുഹത്തെ ആനയിക്കുന്നത്. അവയുടെ ചീത്തവശങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലാണ് മനുഷ്യര്‍ക്ക് താല്‍പര്യം. വിവാഹപൂര്‍വ ലൈംഗികബന്ധത്തെയും സ്വവര്‍ഗാനുരാഗത്തെും ആദര്‍ശവല്‍ക്കരിക്കുവാനും അതിലൊന്നും യാതൊരു തെറ്റുമില്ലെന്ന് വരുത്തിത്തീര്‍ക്കുവാനും ശ്രമിക്കുന്നത് ആധുനിക മാധ്യമങ്ങളും ചില പുരോഗമന(?) ചിന്താഗതിക്കാരുമാണ്. വഴിവിട്ട ലൈംഗികതയുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന ജനസമൂഹങ്ങളുടെ ദുരസ്ഥ അറിഞ്ഞിട്ടും ആ നാശത്തിന്റെ പാതയിലേക്ക് പാഞ്ഞടുക്കാന്‍ വെമ്പല്‍കൊള്ളുന്നവര്‍ അനുഭവിച്ചറിയും. അതിന്റെ ദുരന്തം അല്ലാത്തവരെയും ബാധിക്കും എന്നതാണ് ഏറെ സങ്കടകരം.

ലൈംഗിക രംഗത്തെ അരാജകത്വം ഏറ്റവും അപകടകരമായ പാപമാണെന്നതിനാല്‍ ഇസ്‌ലാം അതി ശക്തമായി എതിര്‍ക്കുകയും അതിലേക്കുള്ള സകല വഴികളും കൊട്ടിയടക്കുകയും ചെയ്തിട്ടുണ്ട്. വിവാഹേതരവും പ്രകൃതിവിരുദ്ധവുമായ എല്ലാതരം ലൈംഗിക ബന്ധങ്ങളെയും ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട്.

വിവാഹം എന്ന സംവിധാനം നിശ്ചയിച്ചു തന്നത് അല്ലാഹുവാണ്. വിവാഹം എന്ന സംവിധാനത്തിന് എതിരാകുന്നതും അതിന്റെ മൂല്യങ്ങളെ നിരാകരിക്കുന്നതുമായ എല്ലാറ്റിനെയും അവന്‍ വിലക്കിയിട്ടുണ്ട്. അല്ലാഹു അനുവദിച്ച രീതിയിലും, വിവാഹത്തിലടങ്ങിയ മൂല്യങ്ങളും യുക്തിയും അന്വര്‍ഥമാക്കുന്ന മാര്‍ഗത്തിലൂടെയുമല്ലാതെ തങ്ങളുടെ ലൈംഗിക വികാരങ്ങള്‍ ശമിപ്പിക്കുകയില്ല എന്നത് സത്യവിശ്വാസിയുടെ ഒരു സുപ്രധാന ലക്ഷണമാണ്.

വ്യഭിചാരം എന്നത് ഈ ജീവിതത്തില്‍ വന്‍വിപത്തുണ്ടാക്കുന്നതും  ചെയ്തവന്ന് പരലോകത്ത് വെച്ച് കഠിനശിക്ഷ ലഭിക്കുന്നതുമായ ഒരു വന്‍പാപമാണ്. ഇസ്‌ലാം വ്യഭിചാരത്തെ മാത്രമല്ല വിലക്കുന്നത്. അതിലേക്ക് നയിക്കുന്ന എല്ലാറ്റിനെയും വിലക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

”നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.” (അല്‍ ഇസ്‌റാഅ് 32).

വ്യഭിചാരത്തിലേക്ക് സമീപിക്കുന്നതിനെ വിലക്കുന്നതിലൂടെ, നോട്ടം, ശൃംഗാരം, സ്പര്‍ശനം, ചുംബനം, തുടങ്ങി അതിലേക്ക് നയിക്കുന്ന സകല കുറ്റകൃത്യങ്ങളെയും വ്യക്തമായി വിലക്കുകയാണ് ചെയ്യുന്നത്.

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ”ആദമിന്റെ സര്‍വസന്താനങ്ങളുടെ മേലും വ്യഭിചാരത്തില്‍ നിന്നുള്ള ഒരു ഓഹരി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതവന്‍ കരസ്ഥമാക്കുക തന്നെ ചെയ്യും. അതില്‍ അസംഭവ്യതയില്ല. കണ്ണിന്റെ വ്യഭിചാരം നോട്ടമാണ്. കാതിന്റെ വ്യഭിചാരം കേള്‍വിയാണ്. നാവിന്റെ വ്യഭിചാരം സംസാരമാണ്. വായയുടെ വ്യഭിചാരം ചുംബനമാണ്. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ് (അല്ലെങ്കില്‍ സ്പര്‍ശനമാണ്). കാലിന്റെ വ്യഭിചാരം (പാപത്തിലേക്കുള്ള) നടത്തമാണ്. മനസ്സ് (അല്ലെങ്കില്‍ ഹൃദയം) അഭിലഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അവയെ സത്യപ്പെടുത്തുകയും കളവാക്കുകയും ചെയ്യുന്ന.” (ബുഖാരി, മുസ്‌ലിം).  

ഈ ഹദീഥില്‍ പരാമര്‍ശിച്ച ചെയ്തികളൊന്നും തന്നെ സമ്പൂര്‍ണ വ്യഭിചാരത്തിന് സമമല്ല. സമ്പൂര്‍ണ വ്യഭിചാരത്തിന് നല്‍കുന്ന ഭൗതിക ശിക്ഷ ഇവയ്ക്ക് ബാധകമല്ല.  എന്നാല്‍, അവയെ ശ്രദ്ധിക്കാതെ വിടുകയാണെങ്കില്‍ ആത്യന്തികമായി അതിലേക്ക് നയിക്കും.

അബൂമൂസല്‍ അശ്അരി(റ) ഉദ്ധരിക്കുന്നു: റസൂല്‍ ﷺ  പറഞ്ഞു:

”എല്ലാ കണ്ണുകളും വ്യഭിചരിക്കും. ഒരു സ്ത്രീ സുഗന്ധം പൂശിയ ശേഷം (പുരുഷന്മാരുടെ) ഒരു സദസ്സിന് മുന്നിലൂടെ നടന്നുപോകുകയാണെങ്കില്‍, അവള്‍ ഇന്ന ഇന്ന രൂപത്തിലുള്ളവളാണ് (അഥവാ, വ്യഭിചാരിണിയാണ്)” (തിര്‍മിദി).

കുറ്റകൃത്യത്തില്‍ സഹകരിക്കുകയോ, ഒരു വിശ്വാസിയെ പ്രലോഭിപ്പിക്കാന്‍ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് പാപത്തിന്റെ ഒരു ഓഹരിയുണ്ടെന്ന് ഇത് തെളിയിക്കുന്നു.

അതിനാല്‍, മറ്റുള്ളവര്‍ കാണുംവിധം ഔറത്ത് വെളിവാക്കുന്നത് വ്യഭിചാരത്തിന്റെ ചില തലങ്ങളിലേക്കുള്ള വ്യക്തമായ ക്ഷണമാണ്. അതുകൊണ്ട് തന്നെ, ഔറത്ത് വെളിവാക്കുന്നത് വലിയൊരു പാപവും ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യവുമാണ്.

നിഷിദ്ധമായ ഔറത്തുകളിലേക്കുള്ള നോട്ടമാണ് കണ്ണിന്റെ വ്യഭിചാരമെന്നതിനാല്‍ തങ്ങളുടെ ദൃഷ്ടികളെ നിയന്ത്രിക്കാന്‍ അല്ലാഹു വിശ്വാസിളോട് കല്‍പിക്കുന്നു: ”(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു” (അന്നൂര്‍ 30).

അല്ലാഹു സത്യവിശ്വാസിനികളോടും ഇത് തന്നെ കല്‍പിക്കുന്നുണ്ട്.

ആദ്യത്തെ നോട്ടം മാത്രമേ ഒരാള്‍ക്ക് അനുവദിച്ചിട്ടുള്ളൂ. ശേഷമുള്ള നോട്ടങ്ങള്‍ പാപമാണ്. ബുറയ്ദ(റ) നിവേദനം: നബി ﷺ  അലി(റ)യോട് പറഞ്ഞു:

”ഓ അലി, ഒരു നോട്ടത്തെ മറ്റൊരു നോട്ടം കൊണ്ട് നീ പിന്തുടര്‍ത്തരുത്. എന്തെന്നാല്‍, ഒന്നാമത്തേത് നിനക്കുള്ളതാണ്. അടുത്തത് നിനക്കുള്ളതല്ല.” (അഹ്മദ്, നസാഈ).  

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികബന്ധം അടഞ്ഞ വാതിലുകള്‍ക്കും മറയ്ക്കും പിന്നില്‍ സ്വകാര്യതയിലാണ് നടക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ സ്വകാര്യതയിലും രഹസ്യസ്വഭാവത്തിലും നിലനില്‍ക്കണം. അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് വിശ്വാസികളുടെ മനസ്സില്‍ ദുഷ്ചിന്തകള്‍ വരാന്‍ കാരണമാകും. വ്യഭിചാരത്തിലേക്ക് നയിക്കുന്ന ഒരു കവാടമാണിത്. അതിനാല്‍, അത് പൂര്‍ണമായും അടയ്ക്കണം.  

ദമ്പതികള്‍ തമ്മിലുള്ള കിടപ്പറ രഹസ്യങ്ങളെയും അതുപോലെത്തന്നെ ലൈംഗികവികാരത്തെ ഉത്തേജിപ്പിക്കുന്ന മറ്റു കാര്യങ്ങളെയും കുറിച്ച് സംസാരിക്കുന്നത് വലിയ പാപമാണെന്ന് വ്യക്തം. ഈ പ്രവൃത്തി നാവിന്റെയും കാതിന്റെയും വ്യഭിചാരമാണ്. ലൈംഗികതാല്‍പര്യം ജനിപ്പിക്കുന്ന ഏത് കാര്യവും സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത് നാവിന്റെയും കാതിന്റെയും വ്യഭിചാരത്തിന്റെ പരിധിയില്‍ പെടും. ശൃംഗാരം, ലൈംഗികോത്തേജകമായ പാട്ടുകള്‍, കാമോദ്ദീപകമായ തമാശകള്‍ എന്നിവ അതിന്നുദാഹരണങ്ങളാണ്.

സ്വന്തം ഭര്‍ത്താവിനും മഹ്‌റമുകള്‍ക്കുമിടയിലും മാത്രമെ ഒരു സ്ത്രീക്ക് സുഗന്ധം ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഒരു സ്ത്രീ അപരിചിതര്‍ക്കിടയില്‍ സുഗന്ധം പൂശി നടന്നാല്‍, അത് ഏറ്റവും ചുരുങ്ങിയത് അവളുടെ സൗന്ദര്യം പരിഗണിക്കാനുള്ള ക്ഷണമായി പരിണമിക്കും. അപ്രകാരം ഒരു സ്ത്രീ ചെയ്താല്‍, അവള്‍ ലഘുവായ വ്യഭിചാരമാണ് ചെയ്യുന്നത്.

മഹ്‌റമല്ലാത്ത പുരുഷന്റെ കൂടെ ഒരു സ്ത്രീ സ്വകാര്യതയില്‍ കഴിച്ചുകൂട്ടുവാന്‍ പാടില്ല. ഈ ‘സ്വകാര്യത’ എന്നത് വീടോ, ഓഫീസോ, കാറോ, ലിഫ്‌റ്റോ, അതുമല്ലെങ്കില്‍ ഒരു നിരീക്ഷകന്റെ സാന്നിധ്യമുണ്ടാകാന്‍ നേരിയ സാധ്യത മാത്രമുള്ള തുറസ്സായ പാര്‍ക്കോ ആകാം. അത് പിശാചിന് കെണിയൊരുക്കാനും മനസ്സില്‍ ദുഷ്ടവിചാരം ഉണ്ടാക്കുവാനും അവസരം നല്‍കലാണ്.

സ്വന്തം ഭാര്യ, കുടുംബത്തിലെ മറ്റു സ്ത്രീകള്‍ എന്നിവരുടെ  കാര്യത്തില്‍ ശ്രദ്ധചെലുത്താത്ത ചില പുരുഷന്മാരുണ്ട്. പാപത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യുന്നത് അയാള്‍ ശ്രദ്ധിക്കുകയില്ല. ഉദാഹരണത്തിന്; നഗ്‌നത വെളിവാക്കല്‍, പരപുരുഷന്മാരുമായി അയവുള്ള സമീപനം സ്വീകരിക്കല്‍, പാര്‍ട്ടികളിലും ജോലിസ്ഥലങ്ങളിലും മറ്റും യാതൊരു നിയന്ത്രണവുമില്ലാത്ത വിധം പുരുഷന്മാരുമായി കൂടിക്കലരല്‍ എന്നിത്യാദി കാര്യങ്ങള്‍ തന്റെ കീഴിലുള്ള സ്ത്രീകളിലുണ്ടായാലും അയാള്‍ അത് ഗൗരവത്തിലെടുക്കുകയില്ല. പലപ്പോഴും തന്റെ കുടുംബത്തിലുള്ള സ്ത്രീകളെ അന്യപുരുഷന്മാരോടൊപ്പം പോകാന്‍ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്ന പുരുഷനെ ‘ദയ്യൂഥ്’ എന്നാണ് നബി ﷺ  വിശേഷിപ്പിച്ചത്.

ദയ്യൂഥിന്റെ ഈ അധാര്‍മിക ചെയ്തി ഒരു വന്‍പാപമാണ്. അത് ചെയ്യുന്നവന്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് താക്കീത് നല്‍കപ്പെട്ടിട്ടുണ്ട്.

അമ്മാര്‍ ഇബ്‌നു യാസര്‍(റ) നിവേദനം: റസൂല്‍ ﷺ  പറഞ്ഞു:

”മൂന്നാളുകള്‍-അവര്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല: ദയ്യൂഥ്, പുരുഷന്മാരോട് സാദൃശ്യം പുലര്‍ത്തുന്ന സ്ത്രീ, മദ്യപാനത്തിന് അടിമപ്പെട്ടവന്‍” (ത്വബ്‌റാനി).  

ഇബ്‌നു ഉമര്‍(റ) നിവേദനം: റസൂല്‍ ﷺ  പറഞ്ഞു:

”മൂന്നാളുകളുടെ മേല്‍ സ്വര്‍ഗം നിഷിദ്ധമാണ്. മദ്യപാനത്തിന് അടിമപ്പെട്ടവന്‍, മാതാപിതാക്കളോട് മോശമായി പെരുമാറുന്നവന്‍, സ്വന്തം കുടുംബത്തിലെ മ്ലേച്ഛത അംഗീകരിക്കുന്ന ദയ്യൂഥ്” (അഹ്മദ്, ഹാകിം).

 

അബൂമുജാഹിദ് വളപട്ടണം
നേർപഥം വാരിക

വിവാഹപ്രായം: മഞ്ഞക്കണ്ണടവെച്ച വിമര്‍ശകര്‍

വിവാഹപ്രായം: മഞ്ഞക്കണ്ണടവെച്ച വിമര്‍ശകര്‍

വിവാഹിതരാകുന്നതിന് ഇസ്‌ലാം പ്രത്യേക പ്രായം നിശ്ചയിച്ചിട്ടില്ല. പക്വതയെത്തിയ ആണിനും പെണ്ണിനും നിയതമായ മാര്‍ഗത്തിലൂടെ ഒന്നാവാന്‍ ഇസ്‌ലാമിക നിയമങ്ങള്‍ തടസ്സവുമല്ല. എന്നാല്‍ കടുംബമെന്ന സങ്കല്‍പം തന്നെ നിരാകരിക്കുന്ന ദര്‍ശനത്തിന്റെ വക്താക്കള്‍ ഇസ്‌ലാമിക വൈവാഹിക മൂല്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് പതിവാണ്. വിവാഹപ്രായവുമായി ബന്ധപ്പെട്ട മതത്തിന്റെ നിലപാടെന്താണ്? അത് എത്രത്തോളം ശാസ്ത്രീയമാണ്?

ഇസ്‌ലാമിക നിയമങ്ങള്‍ കാലാതിവര്‍ത്തിയാണ് എന്നതിനുള്ള തെളിവാണ് വിവാഹത്തിന് ഇസ്‌ലാമില്‍ ഒരു നിശ്ചിത പ്രായം നിശ്ചയിച്ചിട്ടില്ല എന്നുള്ളത്. ഓരോ നാട്ടിലെയും സാമൂഹിക സാഹചര്യങ്ങളനുസരിച്ച് എന്താണോ നാട്ടില്‍ പൊതുവായി നടക്കുന്ന സമ്പ്രദായം അത് ധാര്‍മികമൂല്യങ്ങള്‍ക്ക് വിരുദ്ധമല്ലെങ്കില്‍ പിന്തുടരാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമുണ്ട്.

മുഹമ്മദ് നബിﷺ  മതത്തിന്റെതായി പഠിപ്പിച്ച കാര്യങ്ങളില്‍ നിര്‍ബന്ധമായവയും (ഫര്‍ദ്) ഐച്ഛികമായയും (സുന്നത്ത്) ഉണ്ട്. അവയെ അങ്ങനെത്തന്നെ കാണുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുവാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. അവ അനുഷ്ഠിക്കുവാന്‍ നിയതമായ സമയവും ദിവസവും രൂപവുമൊക്കെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ മറ്റു ജീവിത വ്യവഹാരങ്ങള്‍ അങ്ങനെയല്ല. അവയില്‍ നമുക്ക് നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇടപെടാന്‍ സ്വാതന്ത്ര്യമുണ്ട്.

ഉദാഹരണം പറയാം: മുഹമ്മദ് നബിﷺ യുടെ കാലത്ത് അേദ്ദഹം ഒട്ടകപ്പുറത്തും കുതിരപ്പുറത്തും ഒക്കെയായിരുന്നു സഞ്ചരിച്ചിരുന്നത്. അതുകൊണ്ട് ഇന്നത്തെ കാലത്തും മുസ്‌ലിംകള്‍ ഒട്ടകപ്പുറത്തും കുതിരപ്പുറത്തും മാത്രമെ സഞ്ചരിക്കാന്‍ പാടുള്ളൂ എന്നില്ല. പ്രവാചകന്റെ ഭക്ഷണം ഈത്തപ്പഴം, ബാര്‍ലി, ഒട്ടകപ്പാല്‍, ഒട്ടകത്തിന്റെ ഇറച്ചി പോലുള്ളവയായിരുന്നു. അതുകൊണ്ട് മുസ്‌ലിംകള്‍ ഇതൊക്കെയാണ് കഴിക്കേണ്ടത്; ചോറും കറിയും പൊറോട്ടയും മീനുമൊന്നും കഴിച്ചുകൂടാ എന്നുമില്ല. അനുവദനീയമായ (ഹലാല്‍) ഏതു ഭക്ഷണവും കഴിക്കാം എന്നുള്ളതാണ് ഇസ്‌ലാമിന്റെ നിലപാട്.

പ്രവാചകന്റെ വീട് ഈത്തപ്പനയോല കൊണ്ട് മേഞ്ഞ ഒരു ചെറിയ കുടിലായിരുന്നു, ഉറങ്ങിയിരുന്നത് ഈത്തപ്പനയുടെ ഓല കൊണ്ട് മെടഞ്ഞ പായയില്‍ ആയിരുന്നു. അതിനാല്‍ മുസ്‌ലിംകള്‍ ആധുനിക കോണ്‍ക്രീറ്റ് വീടുകളില്‍ താമസിക്കാന്‍ പാടില്ല; നല്ല മെത്തയില്‍ കിടന്നുറങ്ങരുത് എന്നോ മതം പഠിപ്പിക്കുന്നില്ല. ഇതിലെല്ലാം കാലത്തിന്റെയും ദേശത്തിന്റെയും മാറ്റത്തിനനുസരിച്ചും പുതിയ കണ്ടെത്തലുകള്‍ ഉപയോഗപ്പെടുത്തിയും അവനവന് ഇഷ്ടമുള്ളത് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ മതത്തിന്റെ കാര്യമായിക്കൊണ്ട് ഇസ്‌ലാം എന്ത് പഠിപ്പിച്ചുതന്നുവോ അത് അങ്ങനെത്തന്നെ പിന്തുടരല്‍ മുസ്‌ലിംകളുടെ ബാധ്യതയുമാണ്.

പ്രവാചകന്‍ﷺ  65 വയസ്സുകാരിയും വിധവയുമായ സൗദ(റ)യെ വിവാഹം കഴിച്ചിട്ടുണ്ട്; അതുകൊണ്ട് മുസ്‌ലിംകള്‍ 65 വയസ്സുകാരിയെ വിവാഹം ചെയ്യണം എന്നോ ഒന്‍പത് വയസ്സുള്ള ആഇശ(റ)യെ വിവാഹം കഴിച്ചിട്ടുള്ളതിനാല്‍ എല്ലാ മുസ്‌ലിം പുരുഷന്മാരും ആ പ്രായത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്നോ ഇസ്‌ലാം നിയമമാക്കിയിട്ടില്ല. എന്നാല്‍ പ്രവാചകന്റെ വിവാഹങ്ങളുടെ പേരില്‍ അദ്ദേഹത്തെ അവഹേളിക്കുവാന്‍ യുക്തിവാദികളും മറ്റു വിമര്‍ശകരും നിരന്തരം ശ്രമിച്ചികൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

കാലാതിവര്‍ത്തിയായ ഇസ്‌ലാം വിവാഹത്തിന് പ്രത്യേകിച്ച് പ്രായം നിശ്ചയിച്ചിട്ടില്ല. ഏഴാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും എല്ലാം ഇസ്‌ലാമിന്റെ ഈ ഒരു കാഴ്ചപ്പാട് പ്രായോഗികമായ ഒന്നാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്; തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ലോകത്തെ വിവിധ രാജ്യങ്ങൡലെ ജനസമൂഹങ്ങളില്‍ വിവാഹപ്രായം വ്യത്യസ്തമാണ്. 50-100 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹ പ്രായം 10 വയസ്സ് ആയിരുന്നു. 1998ല്‍ UNICEF international cetnre for research on women ഇന്ത്യയില്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത് 47 ശതമാനം വിവാഹങ്ങളും ബാലവിവാഹം ആയിരുന്നു എന്നതാണ്. ഐക്യരാഷ്ട്ര സംഘടന 2005ല്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ ബാലവിവാഹം 30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും കണ്ടെത്തി. 2001ലെ ഇന്ത്യന്‍ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 14 ലക്ഷം പെണ്‍കുട്ടികള്‍ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിലാണ് എന്നാണ്. 15 വയസ്സിനും 18 വയസ്സിനും ഇടയില്‍ വിവാഹിതരായവര്‍ 4 കോടി 63 ലക്ഷം പേരായിരുന്നു.

നമ്മുടെ നാട്ടിലെ പലരും ധരിച്ചുവെച്ചിരിക്കുന്നത് ലോകവ്യാപകമായി 18 വയസ്സ് സ്ത്രീകള്‍ക്കും 21 വയസ്സും പുരുഷന്മാര്‍ക്കും എന്നതാണ് വിവാഹത്തിന്റെ മിനിമം പ്രായമായി നിശ്ചയിച്ചിരിക്കുന്നത് എന്നാണ്. മറ്റു ചിലരുടെ ധാരണ ചില ‘അപരിഷ്‌കൃത അറബ് രാജ്യങ്ങളില്‍’ മാത്രം വിവാഹ പ്രായം 18 നും താഴെയാണ്; പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം 18 വയസ്സിന് മുകളിലാണ് എന്നൊക്കെയാണ്. എന്താണ് യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.

ലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം. 2019 സെപ്റ്റംബറിലെ കണക്കെടുത്താല്‍ അമേരിക്കയിലെ 13 സ്‌റ്റേറ്റുകളില്‍ ഔദേ്യാഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. ഔദേ്യാഗികമായി നിശ്ചയിച്ചിട്ടില്ലെങ്കിലും പെണ്‍കുട്ടിക്ക് 12 വയസ്സും ആണ്‍കുട്ടിക്ക് 14 വയസ്സും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവെ നിയമ വൃത്തങ്ങളില്‍ കരുതപ്പെടുന്നു. എന്നാല്‍ ഇതില്‍ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്‌നങ്ങളില്ല.

അലാസ്‌കയിലും നോര്‍ത്ത് കരോലിനയിലും കുറഞ്ഞ വിവാഹപ്രായമായി 14 വയസ്സ് നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കയിലെ 19 സ്‌റ്റേറ്റുകളില്‍ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സാണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വര്‍ഷങ്ങളിലെ രണ്ടുലക്ഷത്തിലധികം ശൈശവ വിവാഹങ്ങള്‍ അമേരിക്കയില്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്.

അമേരിക്കയിലെ 48 സ്‌റ്റേറ്റുകളിലും ചില നിബന്ധനകളോടുകൂടി ഈ മിനിമം പ്രായത്തിലും താഴെയുള്ള വിവാഹങ്ങളും അനുവദനീയമാണ്. പെണ്‍കുട്ടി ഗര്‍ഭിണിയാവുക, പ്രസവിക്കുക, മാതാപിതാക്കള്‍ക്ക് വിവാഹത്തിന് സമ്മതം ഉണ്ടായിരിക്കുക ഇങ്ങനെയുള്ള അവസ്ഥകളില്‍ ഇതിലും താഴെയുള്ള പ്രായങ്ങളില്‍ (12 വയസ്സിനു താഴെ) പോലും അമേരിക്കയില്‍ underage marriage നിയമപരമായി തന്നെ ഇന്നും അനുവദനീയമാണ്.

ഇന്നത്തെ നിലയനുസരിച്ച് അഥവാ 2019 സെപ്റ്റംബറിലെ അവസ്ഥ അനുസരിച്ച് ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 വയസ്സാണ്.

ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14-16 വയസ്സാണ് എന്ന് കാണാനാകും. യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളിലെയും കുറഞ്ഞ വിവാഹപ്രായം പെണ്‍കുട്ടിക്ക്16 വയസ്സും ആണ്‍കുട്ടിക്ക് 18 വയസ്സുമാണ്. മിക്ക രാജ്യങ്ങളും നിബന്ധനകളോട് കൂടി ഇതില്‍ താഴെ പ്രായമുള്ള ആളുകളുടെ വിവാഹങ്ങളും നിയമപരമായി അംഗീകരിക്കുന്നുണ്ട്

 1880ല്‍ അമേരിക്കയിലെ ഭൂരിപക്ഷം സ്‌റ്റേറ്റുകളിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള മിനിമം പ്രായം പത്തു വയസ്സ് ആയിരുന്നു. Delaware സ്‌റ്റേറ്റില്‍ ഇത് വെറും ഏഴ് വയസ്സായിരുന്നു!

ഇന്ത്യയില്‍ ബാലികമാരെ വിവാഹം കഴിച്ച ചില പ്രശസ്ത വ്യക്തികളുടെ പേരും അവര്‍ വിവാഹം കഴിക്കുമ്പോള്‍ അവരുടെ ഭാര്യമാരുടെ വയസ്സും താഴെ കൊടുക്കുന്നു:

മഹാത്മാഗാന്ധി കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോള്‍ രണ്ടുപേര്‍ക്കും പ്രായം 13 വയസ്സ്.

ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്‍ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ വിവാഹം കഴിക്കുമ്പോള്‍ ഭാര്യ ജാനകിയമ്മാള്‍ക്ക് 10 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ഭൗതികശാസ്ത്രജ്ഞന്‍ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തന്റെ ഇരുപതാം വയസ്സില്‍ 11 വയസ്സുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് 9 മക്കള്‍ ജനിച്ചു. ബോസ് ഐന്‍സ്റ്റീന്‍-സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞന്‍ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ബോസോണ്‍ കണികകള്‍ക്ക് ശാസ്ത്രലോകം ആ പേര് നല്‍കിയത്.

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗിവര്യനുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്‍ തന്റെ ഇരുപത്തി മൂന്നാം വയസ്സില്‍ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു. സ്വാമി വിവേകാനന്ദന്‍ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.

മലയാള മനോരമയുടെ സ്ഥാപകന്‍ മാമ്മന്‍ മാപ്പിളയുടെ മകന്‍ കെ.എം മാത്യുവിന്റെ ‘എട്ടാം മോതിരം’ വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മന്‍ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവര്‍ പതിനൊന്നാം വയസ്സില്‍ പ്രസവിക്കുകയും ചെയ്തു

കേരള രാഷ്ട്രീയത്തിലെ അതികായന്‍ ആയ എ. കെ ഗോപാലന്‍ (AKG) അദ്ദേഹത്തിന്റെ രാഷ്ട്രീയ ഒളിവ് ജീവിതത്തില്‍ ഒളിച്ചുതാമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയായ പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി അദ്ദേഹത്തിന്റെ ജീവിതകഥയില്‍ വിവരിക്കുന്നുണ്ട്.

എല്ലാ അര്‍ഥത്തിലും തമിഴ്‌നാട്ടിലെ അതികായനായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയെല്ലാം ഉപജ്ഞാതാവായ, വലിയ സാമൂഹിക പരിഷ്‌കര്‍ത്താവായ തന്തൈ പെരിയാര്‍ എന്നറിയപ്പെടുന്ന പെരിയാര്‍ ഇ.വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെയാണ് വിവാഹം ചെയ്തത്. പെരിയാര്‍ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്

തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന പാര്‍വതീഭായി(സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഇളയമ്മ)യെ അവരുടെ പന്ത്രണ്ടാം വയസ്സില്‍ കിളിമാനൂര്‍ രാഘവര്‍മ കോയിത്തമ്പുരാന്‍ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സില്‍ അവര്‍ രാജ്യഭാരം എല്‍ക്കുകയും ചെയ്തു.

മഹാകവി കുമാരനാശാന്‍ തന്റെ നല്‍പത്തിയഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തു. ‘മാതൃഭൂമി’യുടെ സ്ഥാപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കേശവമേനോന്‍ ആദ്യ വിവാഹം ചെയ്യുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.

ഝാന്‍സി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന മനുകര്‍ണിക പതിമൂന്നു വയസ്സുള്ളപ്പോഴാണ് 45 വയസ്സുള്ള ഝാന്‍സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്റെ രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

പ്രസിദ്ധ ആത്മജ്ഞാനിയും ബാല വിവാഹത്തിനെതിരെയും വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യല്‍ കോണ്‍ഫറന്‍സ് മൂവ്‌മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനഡെ (മരണം: 1901) തന്റെ ആദ്യ പത്‌നി മരണപ്പെട്ടപ്പോള്‍ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിര്‍ദേശം അവഗണിച്ച് രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു.

വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രശസ്തനായ മഹര്‍ഷി കര്‍വെ എന്ന ഡോക്ടര്‍ ധോണ്ടോ കേശവ് കാര്‍വെ(മരണം 1962)യുടെ ആദ്യ പത്‌നി ഒമ്പത് വയസ്സുകാരിയായിരുന്നു.

ഇനിയും ഒരുപാട് പ്രശസ്തര്‍ ഇതുപോലെയുണ്ട്. ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതുകൊണ്ട് നിര്‍ത്തുന്നു. ഇത് ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ്. മറ്റു രാജ്യക്കാരുടെ ലിസ്റ്റ് എടുത്താല്‍ ഗ്രന്ഥങ്ങള്‍ തന്നെ വേണ്ടിവരും എഴുതിത്തീര്‍ക്കാന്‍. ഇന്നും ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ശൈശവ വിവാഹങ്ങള്‍ വ്യാപകമായിത്തന്നെ നടക്കുന്നുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ വന്ന വലിയ അഭിവൃദ്ധിയുടെ ഫലമായി സംഭവിച്ച ഒരു കാര്യം മാത്രമാണ് വിവാഹപ്രായം ഉയര്‍ന്നു എന്നുള്ളത്.

മാറിയ സാഹചര്യങ്ങളില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ഈ ആളുകളൊക്കെ ചെറിയ പെണ്‍കുട്ടികളെ കല്യാണം കഴിച്ചു എന്നുള്ളത് നമുക്ക് വളരെ മോശം കാര്യമായി തോന്നാം. എന്നാല്‍ അന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ ഇത് വളരെ സാധാരണമായ കാര്യം മാത്രമായിരുന്നു. ഒമ്പതും പത്തും വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പടുന്നത് ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് വളരെ മോശമായ കാര്യമായി മാത്രമെ തോന്നുകയുള്ളൂ. എന്നാല്‍ പണ്ട് അത് സമൂഹത്തില്‍ വളരെ നോര്‍മല്‍ ആയ, ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കിടയിലും അംഗീകൃതമായ കാര്യം മാത്രം ആയിരുന്നു.

2007ല്‍ അമേരിക്കയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ CDC നടത്തിയ പഠനത്തില്‍ 48 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സമ്മതിച്ചു. 2017ല്‍ നടത്തിയ പുതിയ സര്‍വേയില്‍ ഇത് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വിവാഹപൂര്‍വ ബന്ധങ്ങളുടെ കണക്കാണ് ഇത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ചുരുക്കിപ്പറഞ്ഞാല്‍ ഇസ്‌ലാം വിവാഹത്തിന് ഒരു പ്രത്യേക വയസ്സ് നിശ്ചയിച്ചിട്ടില്ല. സമൂഹത്തില്‍ പൊതുവെ അംഗീകൃതമായ പ്രായങ്ങളില്‍ വിവാഹം കഴിക്കാം. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന് ലോകത്തെ ഏതു രാജ്യത്തും അവിടെയുള്ള നിയമ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് വിവാഹം ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല.

നേരത്തെ പറഞ്ഞ ആളുകളൊക്കെ ശൈശവ വിവാഹം നടത്തിയത് അടുത്തകാലത്താണ്. എന്നാല്‍ 1400 വര്‍ഷം മുമ്പാണ് മുഹമ്മദ് നബിﷺ  9 വയസ്സുള്ള ആഇശ(റ)യെ വിവാഹം കഴിച്ചത്. അന്നത്തെ സാമൂഹ്യസാഹചര്യത്തില്‍ അത് സാര്‍വത്രികമായിരുന്നു എന്നറിയുക. മാത്രമല്ല എന്നിട്ടും അതിന്റെ പേരില്‍ ആ മഹാ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്തായിരിക്കും? മുഹമ്മദ് നബിയുടെ വിവാഹം മാത്രമാണ് വിമര്‍ശിക്കപ്പെടേണ്ടത് എന്ന ചിന്ത കടുത്ത വിദ്വേഷത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് വ്യക്തം.

 

ഡോ. ജൗസല്‍
നേർപഥം വാരിക

 

ഭരണവും നേതൃത്വവും ഉത്തരവാദിത്തമാണ്

ഭരണവും നേതൃത്വവും ഉത്തരവാദിത്തമാണ്

(18/3/2011ന് ഹുസൈന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ആലുശൈഖ് മസ്ജിദുന്നബവിയില്‍ നടത്തിയ ഖുത്വുബയുടെ വിവര്‍ത്തനം )

മുസ്‌ലിം സഹോദരങ്ങളേ, ഭരണരംഗത്തും നേതൃരംഗത്തും ഏല്‍പിക്കപ്പെട്ട അമാനത്തുകള്‍ അതിന്റെ മുഴുവന്‍ മേഖലകളിലും കാത്ത് സൂക്ഷിക്കുകയെന്നതും, ചതിയും വഞ്ചനയും പാടെ ഉപേക്ഷിക്കുകയെന്നതും ഈ ദീനിന്റെ മഹത്തായ അടിസ്ഥാന നിയമങ്ങളില്‍ പെട്ടതാകുന്നു. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്” (8:27).

നബി ﷺ പറഞ്ഞു: ”നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്, തങ്ങളുടെ ഭരണീയരെ സംബന്ധിച്ച് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇമാം ഭരണകര്‍ത്താവാണ്, അദ്ദേഹം തന്റെ ഭരണീയരെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടും” (ബുഖാരി, മുസ്‌ലിം).

മേല്‍ സൂചിപ്പിക്കപ്പെട്ട അടിസ്ഥാന നിയമങ്ങള്‍ പാലിക്കുന്നതില്‍ സംഭവിച്ചിട്ടുള്ള പിഴവു കാരണമാണ് ആധുനിക കാലഘട്ടത്തില്‍ സമുദായത്തെയും മനുഷ്യരെ പൊതുവിലും ബാധിച്ചിട്ടുള്ള സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അരാജകത്വവും അപകടങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുള്ളത്. ഏല്‍പിക്കപ്പെട്ട അമാനത്തുകളില്‍ വീഴ്ച വന്നത് കാരണത്താല്‍ എത്രയെത്ര രാജ്യങ്ങളിലാണ് അക്രമങ്ങളും ജീവനാശവും സാമ്പത്തിക നഷ്ടവും ദുരന്തങ്ങളും ഉണ്ടായിട്ടുള്ളത്!

വളരെ പ്രധാനപ്പെട്ട ഒന്നാണ് ഭരണ നേതൃത്വ രംഗത്തെ അമാനത്തുകള്‍. അത് ഏത് മേഖലയിലാണെങ്കിലും, ചെറുതും വലിയതുമായവയാണെങ്കിലും കൃത്യമായി പാലിക്കേണ്ടതുണ്ട്. അത്‌കൊണ്ട് തന്നെയാണ് ഈ വിഷയത്തെ സംബന്ധിച്ച് ഇസ്‌ലാമില്‍ കര്‍ക്കശമായ നിയമങ്ങളും വ്യവസ്ഥകളും ശരീഅത്ത് അനുശാസിക്കുന്നത്. അബൂദര്‍റ്(റ)വിന്റെ സംഭവം നാം ശ്രദ്ധിക്കുക:

അബൂദര്‍റ്(റ)വില്‍ നിന്ന്; ഞാന്‍ പറഞ്ഞു: ”തിരുദൂതരേ, എന്നെ നിങ്ങള്‍ ചുമതലയേല്‍പിക്കുന്നില്ലയോ?” അപ്പോള്‍ നബി ﷺ തന്റെ കൈകൊണ്ട് എന്റെ ചുമലില്‍ തട്ടിക്കൊണ്ട് പറയുകയുണ്ടായി: ”ഓ, അബൂദര്‍റ്! താങ്കള്‍ ദുര്‍ബലനാണ്. തീര്‍ച്ചയായും അത് അമാനത്താണ്. തീര്‍ച്ചയായും പദവികളും സ്ഥാനങ്ങളും അര്‍ഹമായ രൂപത്തില്‍ ലഭിക്കുകയും അര്‍ഹമായ രൂപത്തില്‍ അത് നിറവേറ്റുകയും ചെയ്യാത്തവര്‍ക്കത് പരലോകത്ത് നിന്ദ്യതയും ഖേദവുമായിരിക്കും” (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന്; നബി ﷺ പറയുകയുണ്ടായി: ”നേതൃത്വത്തിന് വേണ്ടി നിങ്ങള്‍ അത്യാഗ്രഹം കാണിക്കുക തന്നെ ചെയ്യുന്നതാണ്; എന്നാല്‍ അത് പരലോകത്ത് ഖേദം തന്നെയായിരിക്കും” (ബുഖാരി).

ഈ അടിസ്ഥാനത്തില്‍, മുഴുവന്‍ ഭരണവും നേതൃത്വവും കൃത്യമായ കല്‍പനകളും വിരോധങ്ങളും ഉള്‍കൊള്ളുന്ന ചട്ടക്കൂടുകള്‍ക്ക് വിധേയമായിട്ടായിരിക്കണം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് മഹത്തായ ശരീഅത്ത് നിര്‍ദേശിക്കുന്നുണ്ട്. എപ്പോഴെല്ലാം ഈ കാര്യങ്ങള്‍ പരിഗണിക്കപ്പെടുകയും പരലോക ഭയം ഉണ്ടാവുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം അമാനത്ത് അതിന്റെ പരിപൂര്‍ണ രൂപത്തില്‍ നിര്‍വഹിക്കപ്പെടുകയും, ഭരണം അതിന്റെ വ്യത്യസ്ത മേഖലകളിലും നന്മ പ്രദാനം ചെയ്യുകയും, വ്യത്യസ്ത തിന്മകളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ്. അപ്പോള്‍ അതിന്റെ പര്യവസാനം സ്തുത്യര്‍ഹവും ചരിത്രം നല്ലതും ഫലങ്ങള്‍ തൃപ്തികരവുമായിരിക്കും.

മുസ്‌ലിം സഹോദരങ്ങളേ, ഭരണനേതൃത്വ രംഗങ്ങളില്‍ പാലിക്കേണ്ട ചട്ടക്കൂടുകളില്‍ പെട്ട ഒരു കാര്യമാണ് ഭരണകര്‍ത്താക്കളോ, വിധികര്‍ത്താക്കളോ ആയവര്‍ തങ്ങളില്‍ ഏല്‍പിക്കപ്പെട്ട മുഴുവന്‍ മേഖലകളിലും പരിപൂര്‍ണ നീതി നടപ്പാക്കല്‍ അനിവാര്യമാകുന്നു എന്നത്. അതാണ് ക്വുര്‍ആന്‍ പറയുന്നത്:

”ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും” (28:83).

ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട മേഖലകളിലും നേതൃത്വമേല്‍പിക്കപ്പെട്ട രംഗങ്ങളിലും നീതി പ്രവര്‍ത്തിക്കുന്നവരെ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ പുകഴ്ത്തിതായി കാണാം. അല്ലാഹുവിന്റെ തണലല്ലാതെ മറ്റാരുടെയും തണല്‍ ലഭിക്കാത്ത സന്ദര്‍ഭത്തില്‍ അല്ലാഹു തണല്‍ നല്‍കി ആദരിക്കുന്ന ഏഴ് വിഭാഗങ്ങില്‍ ഒന്ന് പറഞ്ഞിരിക്കുന്നത് ‘നീതിമാനായ ഭരണാധികാരി’യെയാകുന്നു. (ബുഖാരി, മുസ്‌ലിം).

അബ്ദുല്ലാഹ് ഇബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുകയുണ്ടായി: ”തീര്‍ച്ചയായും നീതി നടപ്പിലാക്കുന്നവര്‍ അല്ലാഹുവിന്റെയടുത്ത് പ്രകാശം കൊണ്ടുള്ള മിമ്പറുകളിലായിരിക്കും; തങ്ങളുടെ വിധികളിലും കുടുംബങ്ങളിലും പ്രജകളിലും നീതി നടപ്പാക്കുന്നവര്‍”(മുസ്‌ലിം).

ഭരണ നേതൃത്വ രംഗങ്ങളില്‍ ശരീഅത്ത് അനുശാസിക്കുന്ന അടിസ്ഥാന നിയമങ്ങളില്‍ പെട്ടതാണ് അനീതി കടന്നുവരുന്ന മുഴുവന്‍ മേഖലകളെയും സൂക്ഷിക്കുകയെന്നത്. അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്നു:

”എന്റെ അടിമകളേ, അനീതി ഞാന്‍ സ്വയംതന്നെ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും ഞാനതിനെ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ അനീതി ചെയ്യരുത്.”

മുആദ്(റ)വിനെ യമനിലേക്ക് നിയോഗിച്ച വേളയില്‍ റസൂല്‍ ﷺ നല്‍കുന്ന നിര്‍ദേശങ്ങളില്‍ നമുക്ക് ഇങ്ങനെ കാണാം:

”അനീതിക്കിരയായവ(അക്രമിക്കപ്പെട്ടവ)ന്റെ പ്രാര്‍ഥന നീ സൂക്ഷിക്കുക. കാരണം അവനും (അക്രമിക്കപ്പെട്ടവന്‍) അല്ലാഹുവിനുമിടയില്‍ മറയുണ്ടായിരിക്കുകയില്ല” (ബുഖാരി, മുസ്‌ലിം).

മുസ്‌ലിംകളില്‍ ഒരു വിഭാഗത്തിന്റെ നേതൃത്വമോ ഭരണമോ ലഭ്യമായതിന് ശേഷം ഏതെങ്കിലും രൂപത്തിലുള്ള അനീതിയോ അക്രമമോ ചെയ്യുന്നതിനെതിരെ നബി ﷺ താക്കീത് നല്‍കുന്നത് കാണുക:

”തീര്‍ച്ചയായും അല്ലാഹു അക്രമികള്‍ക്ക് (അവസരങ്ങള്‍) നീട്ടികൊടുക്കുന്നതാണ്. എന്നാല്‍ അവരെ പിടിക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരിക്കലും കുതറിമാറാന്‍ സാധ്യവുമല്ല.” ശേഷം ഈ ക്വുര്‍ആന്‍ വചനം പാരായണം ചെയ്യുകയുണ്ടായി:

”വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്” (11:102).

മുസ്‌ലിം സമൂഹമേ, മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വമോ, ഭരണമോ നിങ്ങളുടെ കൈകളില്‍ വന്നാല്‍ നിങ്ങള്‍ ജനങ്ങളെ ഉപദേശിക്കുകയും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ ആത്മാര്‍ഥത കാണിക്കുകയും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ സത്യസന്ധത കാണിക്കുകയും ചെയ്യുക. നബി ﷺ പറയുന്നു:

”ഒരു സമൂഹത്തിന്റെ നേതൃത്വം അല്ലാഹു തന്റെ ഒരു അടിമക്ക് നല്‍കിയതിന് ശേഷം ആ പ്രജകളെ വഞ്ചിച്ച് കൊണ്ടാണ് അവന്‍ മരണപ്പെടുന്നതെങ്കില്‍ അവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കാതിരിക്കുകയില്ല.” മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണുള്ളത്: ”തന്റെ സമൂഹത്തിന് ഗുണകാംക്ഷ നല്‍കുന്നില്ല എങ്കില്‍ അവന് സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല” (ബുഖാരി, മുസ്‌ലിം).

മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത് കാണുക: ”ഒരു വിഭാഗം മുസ്‌ലിംകളുടെ അമീറായി നിയോഗിക്കപ്പെട്ടതിന് ശേഷം അവരെ ഉപദേശിക്കുവാന്‍ അവന്‍ പരിശ്രമിക്കുന്നില്ലായെങ്കില്‍ അവന്‍ അവരോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല തന്നെ” (മുസ്‌ലിം).

ഈ രംഗത്തുള്ള, ഇസ്‌ലാമിലെ മറ്റൊരു നിയമമാണ് ഭരണ നേതൃത്വ രംഗത്തുള്ളവര്‍ തങ്ങളുടെ കീഴിലുള്ളവരോട് അനുകമ്പയും ദയയും കരുണയും കാണിക്കുകയെന്നത്.

 ആഇശ(റ) പറയുന്നു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ എന്റെ ഈ വീട്ടില്‍ വെച്ച് പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: ‘അല്ലാഹുവേ, എന്റെ സമുദായത്തിന്റെ ഏതെങ്കിലും കാര്യത്തില്‍ ആര്‍ക്കെങ്കിലും നേതൃത്വം ലഭിച്ചതിന് ശേഷം അത് മുഖേന അവരെ പ്രയാസപ്പെടുത്തുകയാണെങ്കില്‍ അവന് നീ പ്രയാസവും കുടുസ്സതയും നല്‍കേണമേ. എന്റെ സമുദയാത്തിന്റെ ഏതെങ്കിലും കാര്യത്തില്‍ ആര്‍െക്കങ്കിലും നേതൃത്വം ലഭിച്ചതിന് ശേഷം അത് മുഖേന തന്റെ കീഴിലുള്ളവരോട് കരുണ കാണിക്കുകയാണെങ്കില്‍ അവന് നീ കാരുണ്യം നല്‍കേണമേ” (മുസ്‌ലിം).

ആയിദ്ബ്‌നു അംറ്(റ)വില്‍ നിന്ന്; അദ്ദേഹം ഉബൈദുല്ലാഇബ്‌നു സിയാദി(റ)ന്റെയടുത്ത് പ്രവേശിച്ചപ്പോള്‍ അദ്ദഹം പറയുകയുണ്ടായി: ”എന്റെ കുഞ്ഞുമകനേ, റസൂലുല്ലാഹ് ﷺ പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: ‘നേതൃത്വം ലഭിച്ചവരില്‍ ഏറ്റവും മോശപ്പെട്ടവര്‍ ‘ഹുത്വമ’യുടെ ആളുകളാണ്. നീ അവരില്‍ ഉള്‍പ്പെടുന്നതിനെ സൂക്ഷിക്കുക” (ബുഖാരി, മുസ്‌ലിം).

‘ഹുത്വമ’ എന്ന് പറഞ്ഞാല്‍; ‘തന്റെ കീഴിലുള്ളവരോട് പരുഷതയോടെ, കാഠിന്യത്തോടെ, യാതൊരു കരുണയും സൗമ്യതയും കൂടാതെ പെരുമാറുന്നവരാകുന്നു.’

ഒരു വിഭാഗം മുസ്‌ലിംകളുടെ ഉത്തരവാദിത്തവും നേതൃത്വവും ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അവര്‍ തങ്ങളുടെ കീഴിലുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും കേള്‍ക്കുകയും ചെയ്യുകയെന്നതും, അവരുടെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസ്സിലാക്കുവാന്‍ പരിശ്രമിക്കലും, ഏതെല്ലാം രൂപത്തില്‍ അവരുടെ അവസ്ഥകള്‍ ഭംഗിയാക്കാന്‍ കഴിയുമോ അതിന് വേണ്ടി അധ്വാനിക്കലും, അതിനായി സമയം കണ്ടെത്തലും അനിവാര്യമാണ് എന്നത് ഇസ്‌ലാമിന്റെ ഈ വിഷയത്തിലുള്ള നിയമത്തില്‍ പെട്ടതാകുന്നു. നേതൃത്വമേല്‍പിക്കപ്പെട്ടവര്‍ തങ്ങളുടെ കീഴിലുള്ളവരുടെ അവസ്ഥകളും പ്രശ്‌നങ്ങളും മനസ്സിലാക്കുന്നതിന് യാതൊരുവിധ തടസ്സവും മറയും നേതൃത്വത്തിനും പ്രജകള്‍ക്കുമിടയില്‍ ഉണ്ടാക്കുവാന്‍ പാടില്ല.

അബൂമറ്‌യം അല്‍ അസദി(റ)വില്‍ നിന്ന്, അദ്ദേഹം മുആവിയ്യ:(റ)വിനോട് പറയുകയുണ്ടായി: ‘റസൂലുല്ലാഹ് ﷺ പറയുന്നതായി കേള്‍ക്കുകയുണ്ടായി: ‘മുസ്‌ലിംകളുടെ ഏതെങ്കിലും കാര്യത്തില്‍ അല്ലാഹു ഒരാളെ ചുമതലയേല്‍പിച്ചാല്‍ അവരുടെ ആവശ്യങ്ങള്‍ക്കും, ദാരിദ്ര്യത്തിനുമിടയില്‍ മറയിടുകയാണെങ്കില്‍ പരലോകത്ത് അല്ലാഹു അവന്റെ ആവശ്യങ്ങള്‍ക്കും, ദാരിദ്ര്യത്തിനുമിടയില്‍ മറയിടുന്നതാണ്”. അത്‌കൊണ്ട് തന്നെ മുആവിയ്യ(റ) ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കുവാനും നിര്‍വ്വഹിക്കുവാനുമായി ഒരാളെ നിയമിച്ചിരുന്നു” (അബൂദാവൂദ്, തിര്‍മിദി. ഈ ഹദീസിന്റെ സനദ് സ്വഹീഹാകുന്നു).

മുസ്‌ലിം സഹോദരങ്ങളേ, തക്വ്‌വയുള്ള സല്‍കര്‍മികളെയും നന്മകള്‍ ചെയ്യുന്ന സന്‍മാര്‍ഗികളെയും തമ്മില്‍ അടുപ്പിക്കുകയും അവര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയും ചെയ്യുകയെന്നതും, കുഴപ്പുങ്ങളും ഉപദ്രവങ്ങളും ഉണ്ടാക്കുകയും ദേഹേച്ഛകളെ പിന്‍തുടരുകയും ചെയ്യുന്നവരെ അകറ്റുകയും അവരെ ഉപദേശിക്കുകയും ചെയ്യുകയെന്നതും ഭരണനേതൃത്വം ലഭിച്ചവരുടെ നിര്‍ബന്ധ ബാധ്യതയായിട്ടാണ് ഇസ്‌ലാമിക നിയമങ്ങള്‍ പഠിപ്പിക്കുന്നത്.

അബൂഹുറയ്‌റ(റ), അബൂസഈദ്(റ)വില്‍ നിന്ന്; നബി ﷺ പറഞ്ഞു: ”രണ്ട് കാര്യങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കാതെ അല്ലാഹു ഒരു നബിയെയും നിയോഗിച്ചിട്ടില്ല; ഒരു ഖലീഫയെയും ഖിലാഫത്ത് ഏല്‍പിക്കുകയും ചെയ്തിട്ടില്ല. അതില്‍ ഒന്ന് നന്‍മ കല്‍പിക്കുകയും അതിന് പ്രേരണ നല്‍കുകയും ചെയ്യുകയെന്നതും, രണ്ടാമത്തേത് തിന്‍മ ചെയ്യുകയും അതിന് പ്രേരണ നല്‍കുകയും ചെയ്യുകയെന്നതാണ്. അല്ലാഹു പാപസുരക്ഷിതത്വം നല്‍കിയവര്‍ക്കാണ് പാപസുരക്ഷിതത്വമുള്ളത്”(ബുഖാരി).

ആഇശ(റ) തന്റെ പിതാവില്‍ നിന്ന്; അവര്‍ പറയുന്നു: ”അല്ലാഹു ഒരു അമീറിന് (നേതാവിന്) നന്മ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവനെ സത്യത്തിന്റെ മന്ത്രിയാക്കും. അവന്‍ മറന്നുപോയാല്‍ അവനെ ഓര്‍മിപ്പിക്കും. അവന്‍ ഓര്‍മിച്ചാല്‍ അത് ചെയ്യാന്‍ അവനെ സഹായിക്കും. അല്ലാഹു മറ്റുവല്ലതും അവനെക്കൊണ്ട് ഉദ്ദേശിക്കുകയാണെങ്കില്‍ അവനെ ചീത്ത മന്ത്രിയാക്കും. അവന്‍ മറന്നാല്‍ ഓര്‍മിപ്പിക്കുകയോ അവന്‍ ഓര്‍ത്താല്‍ അതിനവനെ സഹായിക്കുകയോ ചെയ്യില്ല” (അബൂദാവൂദ്, നസാഈ. ഈ ഹദീസിന്റെ സനദ് സ്വഹീഹാകുന്നു).

പദവികളും നേതൃത്വവും അത് എത്ര തന്നെ ഉന്നതമായിരുന്നാലും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കും ഗുണത്തിനും അതുപയോഗിക്കുകയെന്നത് ഇസ്‌ലാം കര്‍ശനമായി നിരോധിച്ചരിക്കുന്നുവെന്നത് ഭരണ നേതൃത്വ രംഗത്തുള്ള ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍ പെട്ടതാകുന്നു.

നബി ﷺ പറയുകയുണ്ടായി: ”ചിലയാളുകളുണ്ട്; അവര്‍ യാതൊരു അവകാശവും കൂടാതെ അല്ലാഹുവിന്റെ സമ്പത്ത് (പൊതുസ്വത്ത്) അനുഭവിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അവസാന നാളില്‍ നരകം തന്നെയായിരിക്കും”(ബുഖാരി).

തന്റെ പദവികളും സ്ഥാനമാനങ്ങളും നേതൃസ്ഥാനവും ഉപയോഗിച്ച് തനിക്ക് അനനുവദനീയമായ പൊതുമുതല്‍ കരസ്ഥമാക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നവര്‍ മനുഷ്യരിലേക്കും ജിന്നുകളിലേക്കും നിയുക്തനായ പ്രവാചകന്‍ ﷺ യുടെ ശക്തമായ താക്കീത് കേള്‍ക്കുക:

 ”നിങ്ങളില്‍ ആരെയെങ്കിലും നാം ഒരു ചുമതലയേല്‍പിച്ചിട്ട് അതില്‍ നിന്ന് ഒരു ചെറിയ സൂചിയോ, അതിനു മുകളിലുള്ളതോ വഞ്ചിച്ചെടുത്താല്‍ അവസാന നാളില്‍ അവനതുമായി വരുന്നതാണ്” (മുസ്‌ലിം).

ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ മറ്റൊരു നിയമമാണ് ഭരണ നേതൃത്വങ്ങളിലുള്ളവര്‍ തങ്ങളുടെ കീഴിലുള്ളവരില്‍ നിന്ന് ആത്മാര്‍ഥതയോടെ സത്യസന്ധതയോടെ, നന്‍മയും ഐക്യവും ഉദ്ദേശിച്ച്‌കൊണ്ട് ശരീഅത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി കാര്യങ്ങളവതരിപ്പിക്കുന്നവര്‍ക്ക് ചെവികൊടുക്കലും അവരെ ശ്രദ്ധിക്കലും അവരില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരായാലും. വിധികര്‍ത്താക്കളുടെയെല്ലാം നേതാവായ തിരുദൂതരെ സംബന്ധിച്ച് ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക:

”(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക്‌വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്”(3:159).

മുസ്‌ലിം സമൂഹമേ, മുസ്‌ലിംകളുടെ നേതൃത്വവും നായകത്വവും തുടരെ ലഭിച്ചിട്ടുള്ളവരേ! നിങ്ങള്‍ ആ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും തങ്ങളുടെ കീഴിലുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുക. അതുപോലെ തിരഞ്ഞെടുക്കുമ്പോള്‍ അതിന് യോജിക്കുന്നവരെയും അമാനത്തും പ്രാപ്തിയുമുള്ള നീതി നിര്‍വഹിക്കുകയും ചെയ്യുന്നവരെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. വ്യക്തിപരമായ നേട്ടമോ, തുഛമായ ലാഭമോ, മറ്റുവല്ല പ്രേരകങ്ങളോ ഈ കാര്യത്തില്‍ ഒരിക്കലും പരിഗണിക്കാതിരിക്കുക. ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ” (28:26).

താഴെ കൊടുക്കുന്ന പ്രസിദ്ധമായ ഒരു വാചകം കൂടി നാം ഓര്‍ക്കുക: ”ആരെങ്കിലും ഒരു സംഘത്തിന്റെ നേതൃത്വത്തില്‍ വരികയും അദ്ദേഹത്തെക്കാള്‍ അല്ലാഹുവിന് ത്യപ്തിയുള്ള പ്രാപ്തനായവന്‍ അവരില്‍ ഉണ്ടാകുകയും ചെയ്താല്‍ അവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയും വഞ്ചിച്ചിരിക്കുന്നു.”

 

(വിവ: സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി)

കുറ്റകൃത്യങ്ങളും മാധ്യമ അത്യുക്തിയും

കുറ്റകൃത്യങ്ങളും മാധ്യമ അത്യുക്തിയും

സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കായി കുറ്റകൃത്യങ്ങള്‍ ആഘോഷിക്കുന്ന പ്രവണത മലയാള പത്രപ്രവര്‍ത്തനരംഗത്തും സജീവമാവുകയാണ്. പ്രതികളുടെയും പ്രതിസ്ഥാനത്ത് ആരോപിക്കുന്നവരുടെയും ആത്മാഭിമാനത്തെ പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യുന്ന സമീപനം എന്ത് മാധ്യമ നൈതികതയുടെ പേരിലായാലും നീതീകരിക്കത്തക്കതല്ല തന്നെ.

പതിനാറു വര്‍ഷങ്ങളില്‍ വ്യത്യസ്ത കാലങ്ങളിലായി കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ഒരു കുടുംബത്തില്‍ സംഭവിച്ച മരണങ്ങളുടെ കാരണങ്ങള്‍ തേടി കേരളപോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കണ്ടെത്തിയ നിരീക്ഷണങ്ങള്‍ വളരെയധികം ഞെട്ടലുളവാക്കുന്നതാണ്. 2002 മുതലുള്ള മരണങ്ങള്‍ എല്ലാം തന്നെ സ്വാഭാവിക മരണങ്ങളാണെന്നാണ് കരുതപ്പെട്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പോലീസിന്റെ പ്രാഥമികാന്വേഷണ രേഖകള്‍ അവയെല്ലാം കൊലപാതകങ്ങളായിരുന്നുവെന്നാണ് പറയുന്നത്. കൊലപാതക കുറ്റകൃത്യത്തിന്റെ കേന്ദ്രബിന്ദു കുടുംബത്തില്‍ പെട്ട ഒരാള്‍ തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. പോലീസിന്റെ കണ്ടെത്തലുകള്‍ സത്യമാണെങ്കില്‍ സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണ്. കേരളത്തിന്റെ കുടുംബ സാമൂഹിക വ്യവസ്ഥിതികളില്‍ സംഭവിച്ച വിള്ളലുകളും വ്യക്തികളുടെ അപചയവും എത്രമാത്രം വലുതായിരിക്കുന്നുവെന്ന് അത് ബോധ്യപ്പെടുത്തുന്നുണ്ട്.

സ്വന്തം ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ പിതാവ്, മാതാവ് മറ്റു അടുത്ത ബന്ധുക്കള്‍ തുടങ്ങിയ വളരെ പ്രിയപ്പെട്ടവരെയും കൊന്നൊടുക്കുവാന്‍ ഒരു സ്ത്രീ മാനസികമായി തയ്യാറായതും സ്വന്തം കൈകള്‍ കൊണ്ട് തന്നെ കൃത്യം നിര്‍വഹിക്കുകയും ചെയ്തത് കൊണ്ട് മാത്രമല്ല; ഒന്നിന് പിറകെ ഓരോന്നായി അത് നിര്‍വഹിക്കാന്‍ മാത്രം ആ മനസ്സ് കരിമ്പാറയെക്കാള്‍ ഉറച്ചുപോയതും ഒരിക്കല്‍ പോലും കുറ്റകൃത്യത്തെ കുറിച്ച് അവര്‍ക്ക് മനസ്താപം തോന്നുകയും ചെയ്തില്ല എന്നതും അറിയുമ്പോള്‍ ദൈവം കനിഞ്ഞരുളിയ മനുഷ്യത്വം എന്ന സവിശേഷഗുണം ഒരു തരിമ്പ് പോലും ആ വ്യക്തിയില്‍ ഉണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലാക്കാന്‍ കഴിയുക?

ആസൂത്രിത കൊലപാതകങ്ങള്‍ കേരളത്തില്‍ ധാരാളം നടന്നിട്ടുണ്ട്. ചില കേസുകളില്‍ ഇതുവരെയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ചില കേസുകളില്‍ പിടികൂടപ്പെട്ട പ്രതികളില്‍ ചിലര്‍ അപ്രത്യക്ഷരായ സംഭവങ്ങളുമുണ്ട്. മറ്റുചിലതില്‍ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുമുണ്ട്. മിക്ക കൊലപാതകങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് സാമ്പത്തിക ലക്ഷ്യങ്ങളാണ്. 1984ലെ വളരെ പ്രമാദമായ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ വധക്കേസില്‍ പ്രതിയായ സുകുമാരക്കുറുപ്പിനെ ഇന്നുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. മരണപ്പെട്ടത് സുകുമാരക്കുറുപ്പാന്നെന്നു വരുത്തിത്തീര്‍ത്ത് ഇന്‍ഷൂറന്‍സ് തുകയായ എട്ടു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. കേരളത്തില്‍ ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് എന്ന സ്ഥലത്തുകാരനായ സുകുമാരക്കുറുപ്പ് തന്റെ ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കേ, വേഗത്തില്‍ വലിയൊരു പണക്കാരനാകാനുള്ള പദ്ധതി അയാളുടെ മനസ്സില്‍ ഉദിച്ചു. ഇതിനോടനുബന്ധിച്ച്, അബുദാബിയില്‍ വച്ച് 301616 ദിര്‍ഹമിനുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസി അയാള്‍ എടുത്തു. തുടര്‍ന്ന്, താന്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്താന്‍ അയാള്‍ തീരുമാനിച്ചു. അങ്ങനെയാകുമ്പോള്‍, ഇന്‍ഷുറന്‍സ് തുക മുഴുവന്‍ അയാളുടെ ഭാര്യയ്ക്ക് കൈപ്പറ്റാമെന്നും തുടര്‍ന്ന് അവര്‍ക്ക് എവിടെയെങ്കിലും സുഖമായി ജീവിക്കാന്‍ സാധിക്കുമെന്നും കണക്കുകൂട്ടിയാണ് സുകുമാരക്കുറുപ്പിനോട് ഏകദേശം രൂപസാദൃശ്യം തോന്നിക്കുന്ന ചാക്കോയെ കാറില്‍ കയറ്റുകയും കാര്‍ പെട്രോള്‍ ഒഴിച്ച് ഒരു നെല്‍വയലിലേക്ക് തള്ളിയിടുകയും ചെയ്തത്. കാര്‍ കത്തി ചാക്കോ വെന്തുചാമ്പലായി. ഈ കേസില്‍ ഇപ്പോഴും സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

1980കളുടെ അവസാനത്തില്‍ ഉത്തരകേരളത്തില്‍ അരങ്ങേറിയ കൊലപാതകപരമ്പരയില്‍ കേരളം വിറങ്ങലിച്ചു. ‘റിപ്പര്‍ ചന്ദ്രന്‍’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുതുകുറ്റി ചന്ദ്രന്‍ പതിനഞ്ചോളം കൊലപാതകങ്ങള്‍ നടത്തിയത് തനിക്ക് നേരത്തെ പരിചയമുള്ളവരെയോ മറ്റെന്തെങ്കിലും ശത്രുതയുള്ളവരെയോ ആയിരുന്നില്ല. രാത്രിയുടെ മറവില്‍ പുരുഷന്മാരെ തലക്കടിച്ചു കൊല്ലും. സ്ത്രീകളെയാണെങ്കില്‍ തലക്കടിച്ചു വീഴ്ത്തി മദ്യം കുടിപ്പിച്ച് ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തും. ഇതായിരുന്നു ഒരു സൈക്കോ കൊലപാതകിയായിരുന്ന ചന്ദ്രന്റെ കൊലപാതക രീതി. 1888ല്‍ അമേരിക്കയില്‍ നിരവധി പേരെ തലക്കടിച്ചുകൊന്നു കുപ്രസിദ്ധി നേടിയ ‘ജാക്ക് ദ റിപ്പര്‍’ എന്ന അജ്ഞാത കൊലയാളിയുടെ കൊലപാതക രീതിയോട് സാമ്യമുള്ളതിനാലായിരുന്നു മുതുകുറ്റി ചന്ദ്രന്‍ ‘റിപ്പര്‍ ചന്ദ്രന്‍’ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്. ചന്ദ്രനെയും ആദ്യം പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചന്ദ്രന്‍ തളിപ്പറമ്പിലെ ഒരു സ്ത്രീയെ നിഷ്ഠൂരമായി വധിച്ചത് നേരില്‍ കണ്ട സ്ത്രീയുടെ പിഞ്ചുബാലന്‍ പോലീസിന് നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ചന്ദ്രന്‍ പിടിക്കപ്പെടുന്നത്. 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചന്ദ്രനെ തൂക്കിലേറ്റി. പക്ഷേ, അതിനുമുമ്പ് നടന്ന ചില നാടകീയ സംഭവങ്ങള്‍ ചന്ദ്രനെപ്പോലുള്ളവര്‍ എങ്ങനെയാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് പ്രവേശിക്കുന്നതെന്ന് നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. തൂക്കിക്കൊല്ലുന്നതിനു മുമ്പായി അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോള്‍ അമ്മയെ കാണണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ കോടതി അക്കാര്യം സാധിപ്പിച്ചുകൊടുത്തു. കരഞ്ഞുകൊണ്ട് അടുത്തുവന്ന അമ്മയെ ചന്ദ്രന്‍ വാരിപ്പുണര്‍ന്നു. പിടുത്തം മുറുകി. അമ്മയുടെ നിലവിളികേട്ട് ഓടിവന്ന പോലീസുകാര്‍ കണ്ടത് അമ്മയുടെ ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നതായിരുന്നു. താന്‍ സ്വന്തം അമ്മയോടെന്തിനിത് ചെയ്തുവെന്ന ചോദ്യത്തിന് കലങ്ങിയ കണ്ണുകളോടെ, ഇടറിയ ശബ്ദത്തോടെ ചന്ദ്രന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ‘ഈ തള്ളയാണ് എന്റെ ഈ അവസ്ഥയ്ക്ക് കാരണം. ചെറുപ്പത്തില്‍ ഞാന്‍ ചെയ്ത കൊച്ചു കൊച്ചു കള്ളത്തരങ്ങള്‍ ഇവര്‍ പ്രോത്സാഹിപ്പിച്ചു. കൂട്ടുകാരുടെ പേനയും പുസ്തകവും മോഷ്ടിച്ചുകൊണ്ടുവരുമ്പോള്‍ അവര്‍ എന്നെ തിരുത്തിയില്ല. പകരം പ്രോത്സാഹിപ്പിച്ചു. അന്നവര്‍ എന്നെ വിലക്കി നേര്‍വഴിക്ക് നടത്തിയിരുന്നുവെങ്കില്‍ എനിക്കിന്നീ ഗതി വരുമായിരുന്നില്ല.”അയാള്‍ ഏങ്ങലടിച്ചു കരഞ്ഞു.

1996 ജൂലൈ 11നായിരുന്നു കണ്ണൂര്‍ പയ്യന്നൂരിലെ കരാറുകാരനായിരുന്ന മുരളീധരനെ കാമുകി ഡോ. ഓമന കൊലപ്പെടുത്തുന്നത്. ഊട്ടിയിലെ റെയില്‍വേസ്റ്റേഷനിലെ വിശ്രമമുറിയില്‍ വെച്ച് വിഷം കുത്തിവെക്കുകയും പിന്നീട് ലോഡ്ജില്‍ വെച്ച് രക്തം കട്ടിയാവാനുള്ള മരുന്ന് കുത്തിവെക്കുകയും ചെയ്തുകൊണ്ടാണ് ഓമന മുരളീധരനെ വധിക്കുന്നത്. മുരളീധരന്‍ മറ്റൊരു വിവാഹം ചെയ്യുമെന്ന ധാരണയായിരുന്നു ഓമനയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. വധിച്ചതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി കേരളത്തിന്റെ പലഭാഗങ്ങളിലായി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുന്നതിനിടയില്‍ ടാക്‌സി ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഓമന പിടിക്കപ്പെടുന്നത്. 2001ല്‍ ജ്യാമത്തിലിറങ്ങിയ ഓമന പിന്നെ അപ്രത്യക്ഷയായി. ഇതുവരെയും ഓമനയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ഈ മൂന്നു സംഭവങ്ങള്‍ ഇവിടെ എടുത്തുപറയാനുള്ള കാരണം, കുറ്റകൃത്യങ്ങളിലേക്ക് കുറ്റവാളികളെന്ന് നാം വിളിക്കുന്നവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ ചൂണ്ടിക്കാണിക്കുവാനാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍, ജീവിതാസ്വാദനം, രക്ഷിതാക്കളുടെ കുറ്റകരമായ അലംഭാവം, സമൂഹത്തോടുള്ള പക, വഴിവിട്ട ബന്ധങ്ങള്‍ തുടങ്ങിയവയാണ് പ്രേരകഘടകങ്ങളായി കാണാന്‍ കഴിയുക. ഭൗതികജീവിതത്തിലെ നൈമിഷിക സുഖങ്ങള്‍ നേടിയെടുക്കാനും ജീവിതകാലം മുഴുവനും സാമ്പത്തിക ഭദ്രത നേടിയെടുക്കാനും സുഖിച്ചുല്ലസിച്ച് ജീവിക്കുവാനുമുള്ള മനുഷ്യന്റെ പ്രകൃതിപരമായ ത്വരയാണ് ഇവിടെ യഥാര്‍ഥ കുറ്റവാളി. ഈ ഒരു ത്വര മനുഷ്യനില്‍ സ്വാഭാവികമായി ഉടലെടുക്കുന്നതാണ്.

മാനവചരിത്രത്തിലെ വിവിധ ദശാസന്ധികളെ പരിശോധിച്ചാല്‍ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനകാരണം ഭൗതികജീവിതത്തോടുള്ള മനുഷ്യന്റെ വീക്ഷണവും ജീവിതത്തിനു ശേഷമുള്ള പരലോകത്തെ കുറിച്ചുള്ള അറിവില്ലായ്മ, സംശയം, അവിശ്വാസം തുടങ്ങിയവയുമാണെന്നു നിരീക്ഷിക്കാന്‍ സാധിക്കും. മനുഷ്യനില്‍ അന്തര്‍ലീനമായിക്കിടക്കുന്ന കുറ്റകൃത്യങ്ങളെ ശമിപ്പിക്കുവാനും നിയന്ത്രിക്കുവാനും ശാന്തമായ മനസ്സുകൊണ്ട് മാത്രമെ സാധിക്കൂ. ശാന്തമായ മനസ്സ് നേടിയെടുക്കണമെങ്കില്‍ സ്രഷ്ടാവിനെ കുറിച്ചുള്ള സ്മരണയാണ് അനിവാര്യമായിട്ടുള്ളത്. ജീവിതത്തെ കുറിച്ചുള്ള യഥാര്‍ഥ വീക്ഷണം മനുഷ്യന് ലഭ്യമാവുന്നത് സ്രഷ്ടാവില്‍ നിന്നാണ്. സ്രഷ്ടാവായ ജഗന്നിയന്താവ് അവന്റെ ദൂതന്മാര്‍ വഴി മനുഷ്യരെ നന്മ തിന്മകളും ശരിതെറ്റുകളും എന്തെന്ന് പഠിപ്പിക്കുന്നു. ഭൗതികജീവിതത്തില്‍ വഴിതെറ്റിപ്പോവാതിരിക്കാനും വലിയ നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനും ഈ നിയമങ്ങള്‍ പാലിച്ചേ മതിയാവൂ. ധര്‍മചിന്തകള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ സമൂഹത്തെ സംസ്‌കരിച്ചെടുക്കാന്‍ സാധിക്കൂ.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ആക്ഷേപിച്ചും അവരുടെ ചെയ്തികളെ ഊഹങ്ങളിലൂടെ പെരുപ്പിച്ചും മാധ്യമങ്ങളിലൂടെ നിറം പിടിപ്പിച്ച വാര്‍ത്തകള്‍ സൃഷ്ടിച്ചും കഥകളും സീരിയലുകളും സിനിമകളും ഉണ്ടാക്കിയും ആഘോഷിക്കാനാണ് ഇന്ന് ഭൂരിപക്ഷവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. റിപ്പര്‍ ചന്ദ്രന്റെയും സുകുമാരക്കുറുപ്പിന്റെയും ഡോ. ഓമനയുടെയുമെല്ലാം സംഭവങ്ങള്‍ കേരളീയസമൂഹം സ്വയം തിരുത്തുവാനുള്ള ഉപകരണമായെടുത്തില്ല. മറിച്ച് അവയെ സെന്‍സേഷണലായി ആഘോഷിച്ച് ഇക്കിളിവാര്‍ത്തകളും പൈങ്കിളിക്കഥകളും മെനഞ്ഞുണ്ടാക്കുന്നതിലായിരുന്നു താല്‍പര്യം. കൂടത്തായി സംഭവത്തിലും മാധ്യമങ്ങള്‍ അമിതോത്സാഹം കാണിച്ച് ‘ജോളിയടിക്കുവാനാണ്’ താല്‍പര്യപ്പെടുന്നത്. പോലീസും കോടതിയുമെല്ലാം ഇക്കാര്യം തുറന്നു പറഞ്ഞുകഴിഞ്ഞു. പോലീസ് നടത്തുന്ന അന്വേഷണം പോലെ സംശയിക്കപ്പെടുന്നവരെയെല്ലാം ഇന്റര്‍വ്യൂ ചെയ്ത് പോലീസ് താല്‍കാലികമായി അന്വേഷണത്തിന്റെ ഭാഗമായി രഹസ്യമാക്കി വെക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ പുറത്തുവിട്ട് അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നിരപരാധികളായ പലരെയും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ അവരുടെ വീടുകളില്‍ വന്ന് അന്വേഷിക്കുകയോ പതിവുള്ള കാര്യമാണ്. ഇങ്ങനെ പോലീസ് അന്വേഷിക്കുന്നവരെപ്പോലും സമൂഹത്തിന്റെ മുമ്പില്‍ ഇടിച്ചുകാണിക്കുന്ന രീതി അനീതിയാണ്. മാധ്യമങ്ങള്‍ പെരുപ്പിക്കുന്ന ഊഹക്കഥകള്‍ വഴി പലപ്പോഴും തകര്‍ന്നടിയുന്നത് പാവങ്ങളായ പലരുടെയും ഭാവിജീവിതമാണ്. വര്ഷങ്ങളോളം മാനസികപീഡ അനുഭവിച്ച നമ്പി നാരായണന്റെയും മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും നിരപരാധിത്വവും യഥാര്‍ഥ ചിത്രവും നാം മനസ്സിലാക്കുന്നത് പതിറ്റാണ്ടുകള്‍ പിന്നിട്ട ശേഷമാണ്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന മഹത്തായ കാഴ്ചപ്പാട് ലോകത്തിന് സമ്മാനിച്ച രാജ്യമാണ് ഇന്ത്യ. പോലീസ് നടപടികളില്‍ അഴിമതിയോ പക്ഷപാതിത്വമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ തുറന്നു കാണിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട് എന്നതിനെ നിഷേധിക്കുന്നില്ല.

കുറ്റവാളികളോടാണെങ്കില്‍ പോലും സ്വീകരിക്കേണ്ട ചില മാന്യതയും മര്യാദയുമുണ്ട്. കുറ്റകൃത്യത്തെയാണ് വെറുക്കേണ്ടത്; കുറ്റവാളിയെയല്ല. 99 പേരെ കൊന്ന ആളുടെ മുമ്പില്‍ പോലും പശ്ചാത്താപത്തിന്റെ വാതില്‍ തുറന്നുകിടപ്പുണ്ടെന്നാണ് മതം പഠിപ്പിക്കുന്നത്. അതേസമയം അവര്‍ ഭൂമിയില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തമായ ഭൗതിക ശിക്ഷകളും ആവശ്യമാണ്. ശിക്ഷകള്‍ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും കോടതിയും ഭരണകൂടവുമാണ്. മാധ്യമങ്ങളോ രാഷ്ട്രീയ പ്രതിയോഗികളോ കുടുംബവിരോധമുള്ളവരോ അല്ല.  പത്രങ്ങള്‍ വായിച്ചും ദൃശ്യമാധ്യമങ്ങള്‍ കണ്ടുരസിച്ചും അറിയാത്ത കാര്യങ്ങളെ കുറിച്ച് വിധിപറയുന്ന പ്രേക്ഷകനുമല്ല. ട്രോളുകളുണ്ടാക്കി വ്യക്തിയെ അധിക്ഷേപിക്കാനും പരിഹസിക്കാനും ഒരു മതവും ഭരണഘടനയും അനുമതി നല്‍കുന്നില്ല. ട്രോളുകളും പരിഹാസങ്ങളും കുറ്റകൃത്യങ്ങളുടെ ഗൗരവം സമൂഹത്തില്‍ കുറച്ച് കാണിക്കുക മാത്രമാണ് ചെയ്യുന്നത്.

ഒരു സ്ത്രീ ചെയ്ത കുറ്റത്തിന്  മുഴുവന്‍ സ്ത്രീകളെയും ഭാര്യമാരെയും പരിഹസിക്കുന്ന തരത്തിലുള്ള ക്രൂരമായ വിനോദങ്ങള്‍ നിര്‍ത്തേണ്ടതുണ്ട്. പുരുഷസമൂഹത്തില്‍ എത്രയോ പേര്‍ നിത്യേന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഒരു സ്ത്രീയും തന്റെ ഭര്‍ത്താവിനെ ‘ട്രോളി’യതായി കണ്ടിട്ടില്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരുഷന്മാര്‍ക്ക് ‘വീരചക്രം’ പലരും സമ്മാനിക്കുന്നത് സ്ത്രീകള്‍ക്ക് കൂടി ലഭിക്കുന്നതിനുള്ള അസഹ്യതയാണോ ഈ പുരുഷ ട്രോളുകളുടെ പിന്നിലെന്നും സംശയിക്കേണ്ടതുണ്ട്!

പരിഹാസങ്ങളും ആക്ഷേപങ്ങളും അവസാനിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ മിഷനറികള്‍ സഗൗരവം മുന്നോട്ട് വരികയാണ് വേണ്ടത്. ഉത്തരവാദപ്പെട്ട മതസംഘടനകള്‍ പോലും ഇങ്ങനെയുള്ള കാര്യങ്ങളെ ഗൗനിക്കുന്നില്ല. സംഘടനാ പ്രതിബദ്ധതയെക്കാള്‍ സാമൂഹിക, മാനവിക, പ്രതിബദ്ധത വളര്‍ത്താന്‍ സംഘടനകളും തയ്യാറാവണം. വ്യക്തികളോടും സമൂഹങ്ങളോടും കലഹിക്കാതെ അവരില്‍ സ്‌നേഹവും അനുകമ്പയും വളര്‍ത്തിയെടുത്ത് കുറ്റകൃത്യങ്ങളില്‍ നിന്നും അവരെ  സംരക്ഷിച്ചെടുക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മത നേതൃത്വങ്ങള്‍ തയ്യാറായാല്‍ ഒരു പരിധി വരെ കുറ്റകൃത്യങ്ങളുടെ തോത് കുറക്കാന്‍ കഴിയും. അറ്റുപോകുന്ന അയല്‍പക്കബന്ധമാണ് കുറ്റകൃത്യങ്ങള്‍ പെരുകുവാനുള്ള മറ്റൊരു കാരണം. സ്വന്തം വീടിനപ്പുറത്ത് ജീവിക്കുന്നത് തങ്ങളെ പോലുള്ള മനുഷ്യരാണെന്ന ബോധമില്ലാതെ വലിയ വലിയ മതിലുകള്‍ സൃഷ്ടിച്ച് ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന ചിന്താഗതിയുമായി നടക്കുന്നവര്‍ മാറിച്ചിന്തിക്കേണ്ടതുണ്ട്. തെറ്റായ കാര്യങ്ങള്‍ കാണുമ്പോള്‍ ഉപദേശിക്കുവാനും തിരുത്തുവാനും ശക്തമായി ശാസിക്കുവാനും വീട്ടുകാരും അയല്‍പക്കങ്ങളും നാട്ടുകാരും ഭരണ പ്രതിനിധികളും മതനേതൃത്വങ്ങളും ശ്രദ്ധിച്ചാല്‍ എത്രയോ അനാശാസ്യങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും നാടിനെ സംരക്ഷിക്കാന്‍ സാധിക്കും.

മാധ്യമങ്ങള്‍ക്ക് വലിയൊരു ധര്‍മമുണ്ട്. അവരത് മറന്നുകൂടാ. റേറ്റിംഗ് കൂട്ടാനും കോപ്പികള്‍ വര്‍ധിപ്പിക്കാനും വളരെ വിലകുറഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. കുറ്റകൃത്യങ്ങളെ ദയവു ചെയ്ത് ആഘോഷിക്കരുത്. വാര്‍ത്തകളില്‍ ‘ത്രെ’ എന്ന വാക്ക് ചേര്‍ത്താല്‍ ഏതു കളവിനെയും സത്യമായി അവതരിപ്പിക്കാന്‍ സാധിക്കുമെന്ന മാധ്യമമിടുക്ക് ഒരിക്കലും സംസ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കാം. പക്ഷേ, അതോടൊപ്പം സമൂഹത്തെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണ് വേണ്ടത്. വ്യക്തികളുടെ അന്തസ്സും അഭിമാനവും പിച്ചിച്ചീന്തുകയല്ല, മറിച്ച് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സ്വദേശാഭിമാനിയുടെയും വക്കം മൗലവിയുടെയും പിന്മുറക്കാരായ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.

 

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക

പ്രാര്‍ഥന: സ്വര്‍ഗത്തിലേക്ക് തുറക്കുന്ന വാതില്‍

പ്രാര്‍ഥന: സ്വര്‍ഗത്തിലേക്ക് തുറക്കുന്ന വാതില്‍

സ്വര്‍ഗം കൊതിക്കുന്നവര്‍ അല്ലാഹുവിനോടല്ലാതെ പ്രാര്‍ഥിക്കുകയില്ല. അവനിലേക്കല്ലാതെ കൈകളുയര്‍ത്തുകയില്ല. സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷം അവര്‍തന്നെ പറയുന്നത് ശ്രദ്ധിക്കുക:

”പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്‌നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും” (ക്വുര്‍ആന്‍ 52:25-28).

ഒരിക്കലും മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിനോട് മാത്രമെ ഇവര്‍ പ്രാര്‍ഥിക്കുകയുള്ളൂ. അല്ലാഹു ഇവരെക്കുറിച്ച് പറയുന്നു:

”ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല” (ക്വുര്‍ആന്‍ 32:16-17).

എന്തുകൊണ്ട് പ്രാര്‍ഥന അല്ലാഹുവോട് മാത്രം? എന്തുകൊണ്ട് അവനിലേക്ക് മാത്രം കൈകളുയര്‍ത്തണം? എന്തുകൊണ്ട് അവന്റെ മുമ്പില്‍ മാത്രം സാഷ്ടാംഗം ചെയ്യണം? സമൂഹം ഇൗ വിഷയത്തില്‍ വ്യതിചലിച്ച് പോയിട്ടുണ്ടെങ്കിലും സത്യം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അല്ലാഹു ക്വുര്‍ആനിലൂടെ നല്‍കുന്ന മറുപടികള്‍ എത്രയോ മതിയായതാണ്.

1). പ്രാര്‍ഥിക്കണമെന്നും അത് എന്നോട് തന്നെ ആകണമെന്നും നമ്മോട് കല്‍പിച്ചത് അല്ലാഹുവാണ്:

”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച” (ക്വുര്‍ആന്‍ 40:60).

”താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധിവിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” (ക്വുര്‍ആന്‍ 7:55).

അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നബി ﷺ പറയുന്നു: ”ഉത്തരംകിട്ടുമെന്ന ഉറച്ച വിശ്വാസത്തോടെ നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക” (സില്‍സിലതുസ്സ്വഹീഹ: 594).

”സംഭവിച്ചതിനും സംഭവിച്ചിട്ടിട്ടില്ലാത്തതിനും പ്രാര്‍ഥന ഫലം ചെയ്യും. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക” (സ്വഹീഹുല്‍ ജാമിഅ്: 3403).

2). പ്രാര്‍ഥനക്കുത്തരം തരാമെന്നേറ്റവന്‍ അല്ലാഹു മാത്രമാണ്:

”നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്” (ക്വുര്‍ആന്‍ 2:186).”

3). ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് പ്രാര്‍ഥന. ആരാധനയുടെ ഇനത്തില്‍പെട്ട ഒന്നും അല്ലാഹുവിനോടല്ലാതെ പാടില്ല:

നബി ﷺ പറയുന്നു: ”പ്രാര്‍ഥന; അതുതന്നെയാണ് ആരാധന” (സ്വഹീഹുല്‍ ജാമിഅ് 3401). ശേഷം നബി ﷺ ഈ ആയത്ത് പാരായണം ചെയ്തു: ”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച” (ക്വുര്‍ആന്‍ 40:60).

ഈ വചനത്തില്‍ പ്രാര്‍ഥനയെയാണ് അല്ലാഹു ആരാധനയായി പറഞ്ഞത്. മാത്രമല്ല നബി ﷺ പറഞ്ഞു: ”പ്രാര്‍ഥനയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധന” (സില്‍സിലതുസ്സ്വഹീഹ 1579).

”പ്രാര്‍ഥനയെക്കാള്‍ ആദരണീയമായ മറ്റൊന്ന് അല്ലാഹുവിന്റെ അടുക്കലില്ല” (തിര്‍മിദി 2284).

”പ്രാര്‍ഥനയില്‍ ന്യൂനത വരുത്തിയവനാണ് ഏറ്റവും വലിയ ന്യൂനതക്കാരന്‍” (സില്‍സിതുസ്സ്വഹീഹ 601).

4). അല്ലാഹുവോട് പ്രാര്‍ഥിക്കാത്തപക്ഷം അവന്‍ കോപിക്കും. ആരാധിക്കപ്പെടുന്ന വസ്തുക്കളും വ്യക്തികളും അനേകമുണ്ടെങ്കിലും ഈ സ്വഭാവം അല്ലാഹുവിന് മാത്രമേയുള്ളൂ. അടിമ തന്നോട് ചോദിക്കുന്നതും അവര്‍ക്ക് ഉത്തരം നല്‍കുന്നതും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്: ”അല്ലാഹുവിനോട് വല്ലവനും ചോദിച്ചില്ലെങ്കില്‍ അല്ലാഹു അവനോട് കോപിക്കും” (തിര്‍മിദി 2686).

രാവും പകലും അല്ലാഹുവോട് ചോദിച്ചുകൊണ്ടിരിക്കുക. അവന്‍ കോപിക്കുകയില്ല. മനുഷ്യേരാട് ഒരുതവണ ചോദിച്ച് വീണ്ടും ആവര്‍ത്തിച്ചാല്‍ അവന്‍ കോപിക്കും. വാതില്‍ കൊട്ടിയടക്കും. എന്നാല്‍ അല്ലാഹു വാതില്‍ തുറന്നിട്ടിരിക്കുകയാണ്; തൗബ സ്വീകരിക്കാന്‍, മാപ്പ് കൊടുക്കാന്‍, പ്രാര്‍ഥനക്കുത്തരം നല്‍കാന്‍.

5). അല്ലാഹു മാത്രമാണ് ധന്യന്‍. അവന്റെ ഖജനാവിലുള്ളത് അവസാനിക്കുകയില്ല. അവന്‍ നല്‍കാന്‍ തയാറുള്ളവനുമാണ്. മനുഷ്യര്‍ (അവര്‍ ആരോ ആകട്ടെ) ഒന്നുംതന്നെ ഉടമപ്പെടുത്തുന്നില്ല. ദരിദ്രരാണവര്‍. സ്വയം നിലനില്‍പില്ലാത്തവരാണവര്‍. നല്‍കാന്‍ കഴിയാത്തവരാണവര്‍. പ്രാര്‍ഥന കേള്‍ക്കാന്‍ അവരെക്കൊണ്ടാവില്ല.

”മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു” (ക്വുര്‍ആന്‍ 35:15).

”രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (ക്വുര്‍ആന്‍ 35:13,14).

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ  സ്വര്‍ഗക്കാരുടെ ഈ ലോകത്തെ  സവിശേഷതകള്‍ എടുത്തു പറയുന്നേടത്ത് ഇങ്ങനെ കാണാം:

”ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു” (ക്വുര്‍ആന്‍ 25:65,66).

”അല്ലാഹുവേ, നരകത്തില്‍ നിന്നും എന്നെ നീ രക്ഷിക്കണേ” (തിര്‍മിദി 2079) എന്ന് നബി ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

നരകമോചനം ആഗ്രഹിക്കുന്നവര്‍, മക്കളെ വേണ്ടവര്‍, രോഗശമനം കൊതിക്കുന്നവര്‍, ജീവിതത്തില്‍ അഭിവൃദ്ധി തേടുന്നവര്‍… എല്ലാവരും അല്ലാഹുവോട് പ്രാര്‍ഥിക്കുക.

സ്വര്‍ഗാവകാശികളായി മാറിയ പ്രവാചകന്മാര്‍ പല പ്രയാസങ്ങളും ഉള്ളവരായിരുന്നു. മുമ്പ് കഴിഞ്ഞുപോയ ഒരു നബിയുടെയും ക്വബ്ര്‍ തേടി അവര്‍ പോയിട്ടില്ല. അല്ലാഹുവോടല്ലാതെ ആവലാതി പറഞ്ഞിട്ടില്ല. വയസ്സേറെയായിട്ടും മക്കളില്ലാത്തിന്റെവിഷമം സഹിച്ചവരായിരുന്നു ഇബ്‌റാഹീംനബി(അ)യും സകരിയ്യാ നബി(അ)യും. അവരുടെ പ്രാര്‍ഥനകള്‍ കാണുക:

”എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു” (ക്വുര്‍ആന്‍ 37:100-101).

”അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു”(ക്വുര്‍ആന്‍ 3:38).

മക്കളിലൂടെ കണ്‍കുളിര്‍മ ലഭിക്കണമെങ്കില്‍ സ്വര്‍ഗക്കാരുടെ പ്രകൃതംതന്നെ സ്വീകരിക്കുക: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍” (ക്വുര്‍ആന്‍ 25:74).

ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ച പോലെ പ്രാര്‍ഥിക്കുകയും ചെയ്യുക:

”എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 14:40).

ദുരിതങ്ങളിലും പ്രയാസങ്ങളിലും അകപ്പെട്ടാല്‍ യൂനുസ് നബി(അ)യുടെ പ്രാര്‍ഥനയില്‍ നമുക്ക് മാതകയുണ്ട്: ”…അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു” (ക്വുര്‍ആന്‍ 21:87,88).

ഇഹലോകത്ത് നാം ഒറ്റപ്പെട്ടു. എല്ലാവരും നമ്മെ കൈവിട്ടു. എന്നാലും നമ്മള്‍ നിരാശപ്പെടേണ്ട. ഒറ്റപ്പെട്ട സന്ദര്‍ഭത്തില്‍ മൂസാനബി(അ) അവലംബിച്ചത് പ്രാര്‍ഥനയെയാണ്. അതിന് ഉത്തരം ലഭിക്കുകയും ചെയ്തു:  

”അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നുചെന്നിട്ട്  പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 28:24,25).

ആരുമില്ലാത്ത മൂസാനബി(അ)ക്ക് പ്രാര്‍ഥനയുടെ ഫലമായി കിട്ടിയത് ശത്രുവില്‍നിന്നുള്ള സുരക്ഷ, ജോലി, നല്ലവളായ ഭാര്യ തുടങ്ങിയ അനുഗ്രഹങ്ങളാണ്!

രാത്രിയുടെ അന്ത്യയാമങ്ങളില്‍ എഴുന്നേറ്റ് ഉള്ളുരുകി പ്രാര്‍ഥിക്കുക. തീര്‍ച്ചയായും അല്ലാഹു ഉത്തരം തരും. ‘ഏതു പ്രാര്‍ഥനയാണ് കൂടുതല്‍ സ്വീകരിക്കപ്പെടുക?’ എന്ന ചോദ്യത്തിന് നബി ﷺ നല്‍കിയ മറുപടി ‘രാത്രിയുടെ അവസാന ഭാഗത്തിലും നിര്‍ബന്ധ നമസ്‌കാര ശേഷവും ഉള്ളത്’ (തിര്‍മിദി 2782) എന്നായിരുന്നു. ‘ബാങ്കിനും ഇക്വാമത്തിനും ഇടക്കുള്ള സമയം തള്ളപ്പെടുകയില്ല. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക’ എന്നും ഹദീഥില്‍ കാണാം (ഇര്‍വാഉല്‍ ഗലീല്‍ 244).

‘ഒരു അടിമ തന്റെ റബ്ബിലേക്ക് ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കെയാണ്. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന വര്‍ധിപ്പിക്കുക’ എന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.  അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളും വിശേഷണങ്ങളും ഉപയോഗിച്ച് പ്രാര്‍ഥിച്ചാല്‍ അത് സ്വീകാര്യതക്ക് ശക്തി കൂട്ടും.

”അല്ലാഹുവിനാണ് ഏറ്റവും നല്ല നാമങ്ങള്‍. അതിനാല്‍ അവകൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുക” (ക്വുര്‍ആന്‍ 7:180).

നമ്മള്‍ ചെയ്ത സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി നാം ചെയ്യുന്ന പ്രാര്‍ഥനകളും കൂടുതല്‍ സ്വീകാര്യതക്ക് കാരണമാണ്. ഹറാമായ സമ്പാദ്യംകൊണ്ട് ജീവിതം നയിക്കുന്നവന്‍ എത്ര പ്രാര്‍ഥിച്ചാലും അത് നിഷ്ഫലമായിരിക്കും. അതിനാല്‍ ഹലാലായ മാര്‍ഗത്തില്‍ സമ്പാദിച്ച് ഹലാലായത് തിന്നും കുടിച്ചും ധരിച്ചും ജീവിക്കുക. പ്രാര്‍ഥന സ്വീകരിക്കപ്പെടും.

സ്വര്‍ഗം ലക്ഷ്യമാക്കി നീങ്ങുന്ന നമ്മള്‍ ഒരിക്കലും പ്രാര്‍ഥനയെ നിസ്സാരമായി കാണരുത്. തന്റെ ദുര്‍ബലതയും ഇല്ലായ്മയും വിനയവുമെല്ലാം സര്‍വശക്തന്റെ മുമ്പില്‍ പ്രകടമാക്കുന്ന, തുറന്നു പറയുന്ന ഭവ്യതയുടെ പ്രകടരൂപമാണ് പ്രാര്‍ഥന. പ്രാര്‍ഥനയില്ലായെങ്കില്‍ അല്ലാഹു നമ്മെ പരിഗണിക്കുകയേയില്ല എന്ന് ക്വുര്‍ആന്‍ നമ്മെ അറിയിക്കുന്നത് നാം ഗൗരവത്തില്‍ കാണുകതന്നെ വേണം.

 

അബൂ ഇഹ്‌സാന്‍
നേർപഥം വാരിക