സ്വലാത്തിനെ വരുമാനമാര്‍ഗമാക്കുന്നവര്‍

സ്വലാത്തിനെ വരുമാനമാര്‍ഗമാക്കുന്നവര്‍

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 3)

മൂഢവിശ്വാസങ്ങളെ മതവിശ്വാസങ്ങള്‍ക്കൊപ്പം കൂട്ടിക്കെട്ടി പ്രചാരണം കൊഴുപ്പിച്ച് അവയെ ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്ന പണ്ഡിത വേഷധാരികള്‍ ഇസ്‌ലാമിനുണ്ടാക്കുന്ന കളങ്കം ചെറുതല്ല. സ്വലാത്ത്, ദിക്‌റ്, മന്ത്രം, തബര്‍റുക്ക് തുടങ്ങി പലതിനെയും ഇവര്‍ കച്ചവടച്ചരക്കാക്കുന്നുണ്ട്.  

മലപ്പുറം കോണോംപാറയില്‍ വര്‍ഷങ്ങളായി ഒരു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു സ്വലാത്ത് കച്ചവടമുണ്ട്. അതിനെ സംബന്ധിച്ച് മുസ്‌ലിയാര്‍ തന്നെ പറയുന്നു: ‘മഅ്ദിന്‍ സ്വലാത്തും റമളാന്‍ ഇരുപത്തിയേഴാം രാവ് പ്രാര്‍ത്ഥനാ സമ്മേളനവുമെല്ലാം നല്ല നിലയില്‍ മുന്നോട്ടു പോകുന്ന സന്ദര്‍ഭം. നാടിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങള്‍ സ്വലാത്ത് നഗറിലേക്ക് ഒഴുകാന്‍ തുടങ്ങി” (സുന്നി വോയ്‌സ്, 2019 ആഗസ്റ്റ് 16-31, പേജ് 16).

മുസ്‌ലിയാര്‍ക്കും അനുയായികള്‍ക്കും ഇത് കേവലം അനുഭവം പങ്കുവെക്കല്‍ മാത്രമാകും. എന്നാല്‍ വലിയൊരു പുത്തനാചാരത്തിന് (ബിദ്അത്തിന്) കീര്‍ത്തിയുണ്ടാക്കലും അതിന് ന്യായം കണ്ടെത്തലുമാണ് ഇതിനു പിന്നിലുള്ളത്. പുണ്യമാസമായ റമദാനില്‍ ലൈലതുല്‍ക്വദ്ര്‍ പ്രതീക്ഷിച്ച് പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കേണ്ട സമയം പാടത്തേക്കും പറമ്പിലേക്കും ജനങ്ങളെ വലിച്ചിറക്കുക എന്നത് ഈ മുസ്‌ലിയാര്‍ ജന്മം നല്‍കിയ വിശ്വാസ ചൂഷണത്തിന്റെ പുതിയ രൂപമാണ്. ഇസ്‌ലാം പഠിപ്പിച്ച സ്വലാത്തിനെ അവമതിക്കല്‍, പവിത്രമാക്കപ്പെട്ട ലൈലതുല്‍ ക്വദ്‌റിനെ  അവഗണിക്കല്‍, പുതിയ ആചാരമുണ്ടാക്കല്‍, മതത്തെ പരിഹസിക്കല്‍, പാമരജനങ്ങളെ കബളിപ്പിക്കല്‍… ഇതൊക്കെയാണ് അവിടെ നടക്കുന്നത്.

നബി ﷺ യുടെ പേരില്‍ സ്വലാത്ത് ചൊല്ലണമെന്നത് ക്വുര്‍ആനിന്റെ നിര്‍ദേശമാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക” (33:56).

അബൂഹുറയ്‌റ(റ)യില്‍ നിന്ന്; നബി ﷺ പറഞ്ഞു: ”ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക് പത്ത് സ്വലാത്ത് വര്‍ഷിക്കും. പത്ത് പാപങ്ങള്‍ മായ്ക്കപ്പെടുകയും പത്ത് നന്മകള്‍ രേഖപ്പെടുത്തുകയും ചെയ്യും” (നസാഈ).

അബൂഹുറയ്‌റ(റ)യില്‍ നിന്ന്; നബി ﷺ  പറഞ്ഞു: ”ആരാണോ തന്റെയടുക്കല്‍ എന്നെക്കുറിച്ച് പറയപ്പെട്ടിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തത്; അവന്‍ നശിച്ചതു തന്നെ” (തിര്‍മിദി).

അലി(റ)യില്‍ നിന്ന്; നബി ﷺ  പറഞ്ഞു: ”എന്നെക്കുറിച്ച് പറയപ്പെട്ടിട്ടും എന്റെ പേരില്‍ സ്വലാത്ത് ചൊല്ലാത്തവനാണ് യഥാര്‍ഥ പിശുക്കന്‍” (തിര്‍മുദി).

ഞങ്ങള്‍ എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന അനുചരന്മാരുടെ ചോദ്യത്തിന് ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദിന്‍…’ (ബുഖാരി) എന്ന് തുടങ്ങുന്ന സ്വലാത്തിന്റെ രൂപംനബി ﷺ  പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതാണ് ഇസ്‌ലാം പഠിപ്പിച്ച സ്വലാത്ത്. ആട്ടം, ചാട്ടം, വര്‍ണ വെളിച്ചങ്ങള്‍, തോരണങ്ങള്‍, കൊടി, ബാനര്‍, പോസ്റ്ററുകള്‍, പ്രചാരണം, പണപ്പിരിവ് ഇവയൊന്നും ഇതിനാവശ്യമില്ല. പ്രത്യേകിച്ച് ഏതെങ്കിലും പാടമോ പറമ്പോ അതിനായി തെരഞ്ഞെടുേക്കണ്ടതുമില്ല. വിശ്വാസവും അനുസരണവും ഉദ്ദേശ ശുദ്ധിയുമാണ് പ്രധാനം. നാരിയ്യസ്വലാത്ത്, താജുസ്വലാത്ത്, കമാലിയ്യസ്വലാത്ത്, സ്വലാത്തുല്‍ മുന്‍ജിയാത്ത്, സ്വലാത്തു ദവാമി ഇങ്ങനെ കുറെ നിര്‍മിത സ്വലാത്തുകളും ഇവര്‍ ചൊല്ലുന്നുണ്ട്. വമ്പിച്ച പോരിശകളും ഭൗതിക നേട്ടങ്ങളും പറഞ്ഞ് ജനങ്ങളെക്കൊണ്ട് ചൊല്ലിപ്പിക്കുന്നുമുണ്ട്. ലക്ഷ്യം സാമ്പത്തിക നേട്ടമെന്ന് വ്യക്തം.

മറ്റൊരു കച്ചവടത്തെ കുറിച്ച് ലേഖകന്‍ പറയുന്നത് കാണുക: ‘മഹാന്മാരുടെ വാക്കുകള്‍, സ്പര്‍ശനങ്ങള്‍, അവരുടെ ശേഷിപ്പുകള്‍ക്കെല്ലാം ബറകത്തുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. പൂര്‍വികര്‍ അതെല്ലാം വളരെ ആദരവോടെയാണ് കണ്ടിരുന്നത്. അവരുടെ ബറകത്തെടുക്കലിന്റെ പാരമ്പര്യത്തില്‍ കണ്ണിചേര്‍ന്നാണ് ഇന്നും വിശ്വാസിലോകം മഹാന്മാരുടെ തിരുസവിധങ്ങളില്‍ ചെല്ലുന്നത്. അവര്‍ മന്ത്രിച്ച വെള്ളം, തേന്‍, പേന തുടങ്ങിയവയിലെല്ലാം ബറകത്തുണ്ട്. വിശ്വാസിലോകം ഈ പാഠങ്ങള്‍ ചരിത്രങ്ങളില്‍ നിന്ന് കടംകൊണ്ടതാണ്” (സുന്നി വോയ്‌സ്, പേജ്: 18).

പുണ്യമാക്കപ്പെട്ട കാര്യങ്ങളെപ്പറ്റി പ്രമാണങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അവയെ ദുരുപയോഗപ്പെടുത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മന്ത്രിച്ച വെള്ളം, തേന്‍, പേന തുടങ്ങിയവയില്‍ ബറകത്തുണ്ടെന്ന് ലേഖകന്‍ പറയുന്നു. ആരുടെത്? നബിയുടെയോ സ്വഹാബത്തിന്റെയോ പേനയും തേനുമല്ലെന്നുറപ്പ്! തന്നെ പോലുള്ള ‘മഹാന്മാര്‍’ മന്ത്രിച്ച വെള്ളവും തേനും തങ്ങള്‍ വിതരണം ചെയ്യുന്ന പേനയും വമ്പിച്ച ബറകത്തിന്റെ ഉറവിടങ്ങളാണെന്ന് പറയാതെ പറഞ്ഞ് കച്ചവടം നടത്തുകയാണ് ലേഖകന്‍ ഈ വാക്കുകളിലൂടെ. തബര്‍റുകിന്റെ മറപിടിച്ച് പുരോഹിതന്മാര്‍ ജനങ്ങളെ ചതിക്കുഴികളില്‍ കുടുക്കിയിടുകയാണെന്ന് അണികള്‍ തിരിച്ചറിയുന്നില്ല. കടുത്ത ബിദ്അത്തും ശിര്‍ക്കിലേക്കുള്ള വഴി വെട്ടിത്തുറക്കലുമാണിത്.

സ്വയം മഹാന്‍ ചമഞ്ഞ് ആളുകളെ തങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുന്ന തന്ത്രത്തില്‍ പെട്ടതാണിത്. ഏത് പ്രശ്‌നത്തിനുമുള്ള പരിഹാരവും തങ്ങളെ സമീപിച്ചാല്‍ ലഭ്യമാണ് എന്ന ധാരണ ഇവര്‍ ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്നു. അങ്ങനെ പ്രശ്‌ന പരിഹാരം തേടി ആളുകള്‍ ഇത്തരക്കാരെ സമീപിക്കുന്നു. അല്ലാഹുവിന്റെ കഴിവുകളെപ്പോലും വെല്ലും വിധമാണ് ചിലര്‍ക്കൊക്കെ ഇവര്‍ ചാര്‍ത്തിക്കൊടുത്ത കഴിവുകള്‍!

മന്ത്രം ഇസ്‌ലാമിലുണ്ട്; മന്ത്രവാദമില്ല. ഔഫ് ബ്‌നു മാലിക്(റ) പറഞ്ഞു: ‘ഞങ്ങള്‍ ജാഹിലിയ്യത്തില്‍ മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് താങ്കളുടെ അഭിപ്രായം? അവിടുന്ന് പറഞ്ഞു: ‘നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ചുതരിക. ശിര്‍ക്കില്ലാത്ത മന്ത്രത്തിന് കുഴപ്പമില്ല.’ (ബുഖാരി). ഇതിനെ ദുരുപയോഗം ചെയ്തവരും കാടുകയറി വ്യാഖ്യാനിച്ചവരും സമൂഹത്തിലുണ്ട്.

ആദ്യം മന്ത്രത്തിന്റെ പേരില്‍ ‘മന്ത്രവാദം’ പടച്ചുണ്ടാക്കി. ഇപ്പോഴിതാ പേനയും തേനുമൊക്കെയായി ഇറങ്ങിയിരിക്കുന്നു. പരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ ‘ആരോ’ മന്ത്രിച്ച പേനകൊണ്ടെഴുതിയാല്‍ വിജയം കൊയ്യുമത്രെ! മന്ത്രിച്ചൂതുന്നവന് എന്തോ അസാധാരണ കഴിവുണ്ടെന്ന അബദ്ധ ധാരണയും പൊതുവിലുണ്ട്. അഥവാ പുരോഹിതന്മാര്‍ അങ്ങനെയാണ് ജനങ്ങളെ പഠിപ്പിക്കുന്നത്. അല്ലാഹു യാതൊരു പരിധിയുമില്ലാതെ മഹാന്മാര്‍ക്ക് കഴിവുകള്‍ കൊടുക്കുമെന്നും ആ കഴിവില്‍നിന്ന് നമുക്ക് അവരോട് എന്തും ചോദിക്കാമെന്നുമാണ് ഇവര്‍ സാധാരണക്കാരെ പറഞ്ഞു പഠിപ്പിക്കുന്നത്.

അല്ലാഹു നല്‍കിയത് തടയാനും തടഞ്ഞത് നല്‍കാനും ആര്‍ക്കുമാവില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിധി വിശ്വാസവും പ്രാര്‍ഥനയും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കലും വിജയത്തിനായുള്ള ഒരുക്കവുമെല്ലാം ഇവര്‍ അവഗണിക്കുകയാണ്. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കികൊടുക്കുന്നു. (ചിലര്‍ക്കത്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 17:30).

സമൂഹം മുഴുവനായും അനുഭവിക്കുന്ന ദുരിതമായി അന്ധവിശ്വാസങ്ങള്‍ മാറിയീട്ടുണ്ട്. വിശ്വാസ ദൃഢതയും ശരിയായ അറിവും വിവേകപൂര്‍ണമായ പ്രതിരോധവും പരസ്പരമുള്ള സദുപദേശവുമാണ് ഇതിനെ നിര്‍വീര്യമാക്കാനുള്ള യഥാര്‍ഥ പോംവഴി.

മൂസ സ്വലാഹി, കാര
നേർപഥം വാരിക

വിസ്മയിപ്പിക്കുന്ന വിശുദ്ധ ക്വുര്‍ആന്‍

വിസ്മയിപ്പിക്കുന്ന വിശുദ്ധ ക്വുര്‍ആന്‍

ഇത് കനഡക്കാരനായ ഡോക്ടര്‍ ഗാരി മില്ലറിന്റെ കഥയാണ്. ക്രൈസ്തവ മതത്തില്‍ അഗാധ പാണ്ഡിത്യമുള്ള ഡോക്ടര്‍ ഗാരി മില്ലറിനെ അസ്വസ്ഥനാക്കിയിരുന്ന ഒരു വസ്തുതയായിരുന്നു ക്വുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദിന്ന്(സ്വ) സ്രഷ്ടാവില്‍ നിന്ന് അവതീര്‍ണമായതാണെന്നത്. അദ്ദേഹത്തിന്റെ മനസ്സ് അത് സമ്മതിച്ചു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ക്വുര്‍ആനില്‍ നിരവധി അബദ്ധങ്ങള്‍ ഉണ്ടെന്നും അത് പ്രവാചകന്‍(സ്വ) സ്വയം നിര്‍മിച്ചുണ്ടാക്കിയതാണെന്നും മില്ലര്‍ ഉറച്ചു വിശ്വസിച്ചു. ഈ ധാരണ ശരിയാണെന്നു സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. ‘പൈശാചിക ബോധനങ്ങള്‍ കോര്‍ത്തിണക്കി മുഹമ്മദ് സ്വയം ഭാവനയില്‍നിന്ന് നിര്‍മിച്ചുണ്ടക്കിയതാണു ക്വുര്‍ആന്‍’ എന്ന് സമര്‍ഥിക്കാന്‍ അദ്ദേഹം ക്വുര്‍ആനില്‍ നിന്നു തന്നെ തെളിവുകള്‍ തേടിയിറങ്ങി.

ലോകത്തു തന്നെ ക്രിസ്ത്യാനിസത്തിന്റെ ഏറ്റവും ശക്തനായ പ്രതിയോഗിയായി ഇസ്‌ലാമിനെ കാണുന്ന മില്ലര്‍ ഈ ആവശ്യത്തിന്നായി ക്വുര്‍ആനില്‍ തെറ്റുകള്‍ പരതാന്‍ തുടങ്ങി. ആരംഭ വചനങ്ങളില്‍ തന്നെ അദ്ദേഹം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. (അലിഫ് ലാം മീം. ദാലികല്‍ കിതാബു ലാ റൈ്വബ ഫീഹി…) ‘ആ ഗ്രന്ഥത്തില്‍ ഒരു സന്ദേഹവുമില്ല…’ എന്നോ? ഇതെങ്ങനെ അംഗീകരിക്കാനാകും? ഇതു ക്വുര്‍ആന്‍ നടത്തുന്ന ഒരു വെല്ലുവിളിയാണല്ലോ. എങ്ങനെയെങ്കിലും ക്വുര്‍ആനിന്റെ അപ്രമാദിത്വം പൊളിച്ചടുക്കണമെന്ന് അദ്ദേഹത്തിന്നു വാശിമൂത്തു. അപാകത കണ്ടെത്താന്‍ ക്വുര്‍ആന്‍ വായിച്ചു തുടങ്ങിയ അദ്ദേഹം ‘മര്‍യം’ എന്ന പത്തൊമ്പതാം അധ്യായത്തില്‍ എത്തി. അദ്ദേഹത്തിന്റെ ചിന്താമണ്ഡലം മുഴുവന്‍ അട്ടിമറിയുന്നത് ഇവിടെയെത്തിയപ്പോഴാണ്. ‘വിശുദ്ധ മര്‍യമിനെ’ക്കുറിച്ച് ക്വുര്‍ആനില്‍ ഒരധ്യായമോ? വിശ്വസിക്കാനായില്ല. അദ്ദേഹം പറയട്ടെ: ”ഞാന്‍ ‘ആഇശ’ എന്നു പേരുള്ള ഒരധ്യായം ക്വുര്‍ആനില്‍ തിരഞ്ഞു. പ്രവാചകന് ഏറ്റവും ഇഷ്ടപ്പെട്ട മഹതിയാണ് ആഇശ എന്നു മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ക്വുര്‍ആന്‍ ആദ്യന്തം മറിച്ചു നോക്കിയിട്ടും ‘ആഇശ’ എന്ന അധ്യായമോ ആ പേര്‍ പരാമര്‍ശിച്ച ഒരു വചനമൊ ക്വുര്‍ആനിലില്ല! ഇത് അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. അതേ സമയം മര്‍യമിന്റെ പേര്‍ ക്വുര്‍ആനില്‍ നാലു തവണ പ്രതിപാദിച്ചിട്ടുണ്ട്. ഇതൊരതിശയമല്ലേ? പിന്നീട് യേശുവിന്റെ നാമം ക്വുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ എന്നു പരതി. മഹാത്ഭുതം! 25 തവണ യേശുവിനെ പരാമര്‍ശിച്ചിരിക്കുന്നു. മുഹമ്മദിന്റെ പേര്‍ എത്ര തവണ വന്നിട്ടുണ്ട്? നാലു തവണ മാത്രം! തികച്ചു അവിശ്വസനീയം. മില്ലറിന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു. മുഹമ്മദ് സ്വയം നിര്‍മ്മിച്ചു എന്നു താന്‍ കരുതുന്ന ഖുര്‍ആനില്‍ അദ്ദേഹത്തിന്റെ പേര്‍ കേവലം നാലു തവണയും അതേ സമയം യേശുവിന്റെ പേര്‍ 25 തവണയും! ഇവിടെ ഗാരി മില്ലറിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ചോദ്യമുയര്‍ന്നു.  ക്വുര്‍ആന്‍ മുഹമ്മദ് പടച്ചുണ്ടാക്കിയതാണെന്നതിന് ഒരു തെളിവും കിട്ടാത്തതെന്തേ? മറിച്ചുള്ള തെളിവുകള്‍ ധാരാളവും!

മറ്റൊരുകാര്യം; ക്വുര്‍ആന്‍ തികച്ചും പൈശാചിക ദുര്‍ബോധനമായാണു മില്ലര്‍ കരുതിവന്നത്. ആ ക്വുര്‍ആന്‍ തന്നെ പിശാചിനെയും അവന്റെ ചെയ്തികളെയും കഠിനമായി ആക്ഷേപിക്കുന്നു. ഈ വൈരുധ്യമെങ്ങനെ സംഭവിച്ചു? അപ്പോള്‍ ഈ ഗ്രന്ഥം പിശാചില്‍ നിന്നാവാന്‍ വഴിയില്ല. മില്ലറിന്നു ഉള്‍ഭയം വര്‍ധിച്ചു വന്നു. ഇസ്‌ലാമിന്റെയും ക്വുര്‍ആനിന്റെയും ശക്തനായ പ്രതിയോഗി ഇവിടെ നിരായുധനാവുകയാണ്. ക്വുര്‍ആന്‍ പഠനം വര്‍ധിത വീര്യത്തോടെ അയാള്‍ തുടര്‍ന്നു. എവിടെയെങ്കിലും ഒരു പിടിവള്ളി കിട്ടാന്‍ തീവ്ര ശ്രമം നടത്തിനോക്കി. അങ്ങനെയാണ് ‘മസദ്’ എന്ന ചെറിയ അധ്യായത്തില്‍ ശ്രദ്ധ ഉടക്കിയത്. ‘തബ്ബത് യദാ അബീലഹബിന്‍ വ തബ്ബ്!’ ആരാണീ ഇരു കരങ്ങളും നശിച്ച അബൂലഹബ്? നബി(സ്വ)യുടെ പിതൃസഹോദരന്‍. മുഹമ്മദ് പടച്ചുണ്ടാക്കിയ ക്വുര്‍ആനില്‍ സ്വന്തം പിതൃവ്യന്‍ ഇത്ര കടുത്ത ഭാഷയില്‍ ആക്ഷേപിക്കപ്പെടുന്നത് എങ്ങനെ? അബൂലഹബ് അഗ്‌നികുണ്ഡാരത്തില്‍ വെന്തുരുകുന്ന ഹൃദയ ഭേദകമായ ചിത്രം സ്വന്തം സഹോദര പുത്രന്‍ വരച്ചുകാട്ടുകയോ? സാധ്യത വിദൂരം!

അപ്പോഴാണറിയുന്നത് ഈ സുക്തം അവതരിപ്പിക്കപ്പെട്ട ശേഷവും 10 വര്‍ഷം അബൂലഹബ് ജീവിച്ചിരുന്നു എന്ന്. എപ്പോഴെങ്കിലും ക്വുര്‍ആനിന്റെ ഈ പ്രവചനം തെറ്റെന്ന് സ്ഥാപിക്കാന്‍ കപടതന്ത്രം കാണിച്ച് ഞാന്‍ മുസ്‌ലിമായി എന്നു വിളിച്ചു പറഞ്ഞാല്‍ മതിയായിരുന്നില്ലേ? ക്വുര്‍ആനിന്റെ അമാനുഷികത അവിടെ തകര്‍ന്നടിയില്ലേ? ഈ കാലയളവില്‍ പല പ്രമുഖന്മാരും ഇസ്‌ലാമിലേക്കു കടന്നുവന്നിട്ടുണ്ട്. അവരുടെ കൂട്ടത്തില്‍ ഒരാളായി അബൂലഹബ് ഉണ്ടായില്ല. മാത്രമല്ല സഹോദര പുത്രനോടുള്ള ശത്രുത നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണുണ്ടായത്. കവി, ആഭിചാരക്കാരന്‍, ഭ്രാന്തന്‍ തുടങ്ങി നിരവധി ചീത്തപ്പേരുകള്‍ വിളിച്ച് പരിഹസിക്കുകയായിരുന്നു അബൂലഹബും ഭാര്യ ഉമ്മുജമീലും കൂട്ടരും. ഒരിക്കലെങ്കിലും അബൂലഹബിന് മുസ്‌ലിമാകണമെന്നു തോന്നാതിരുന്നത് എന്തുകൊണ്ടാണ്? ഇവിടെ ഗാരി മില്ലര്‍ സ്തബ്ധനായി. അവിടെവെച്ചു ആ സത്യത്തെ മില്ലര്‍ തിരിച്ചറിഞ്ഞു. 

ക്വുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയല്ല. മനുഷ്യ കരങ്ങള്‍ക്കതീതമായി ലോകരക്ഷിതാവില്‍ നിന്നവതരിപ്പിക്കപ്പെട്ടതാണ് ആ ഗ്രന്ഥം. ഇതു ബോധ്യപ്പെട്ട ആ ക്രിസ്തീയ പുരോഹിതന്‍ തന്റെ ളോഹ അഴിച്ചു വെച്ചു ‘അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹു…’ എന്ന സാക്ഷ്യവാക്യം ഉച്ചരിച്ചു മുസ്‌ലിമായി. ക്വുര്‍ആനിന്റെ ദൈവികത ബോധ്യപ്പെട്ട അദ്ദേഹം രചിച്ച ഗ്രന്ഥമാണ് “The Amazing Quraan’ (അത്ഭുതപ്പെടുത്തുന്ന ക്വുര്‍ആന്‍).

 

പി.എന്‍. അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

ഈമാന്‍: ഒരു ഹ്രസ്വ വിശകലനം

ഈമാന്‍: ഒരു ഹ്രസ്വ വിശകലനം

‘ഈമാന്‍,’ ‘മുഅ്മിന്‍’ എന്നിങ്ങനെയുള്ള പദങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ ധാരാളം കാണാം. ഭാഷയില്‍ ‘ഈമാന്‍’ എന്ന് പറഞ്ഞാല്‍ അംഗീകരിക്കലാണ്; അഥവാ ഒരു കാര്യം സത്യമാണെന്ന് സമ്മതിക്കലാണ്. മതപരമായ അര്‍ഥത്തില്‍ അത് ഹൃദയംകൊണ്ടുള്ള വിശ്വാസവും നാവുകൊണ്ടുള്ള മൊഴിയലും അവയവങ്ങള്‍കൊണ്ടുള്ള പ്രവര്‍ത്തനവുമാണ്. അല്ലാഹുവോടുള്ള അനുസരണംകൊണ്ട് അത് വര്‍ധിക്കുകയും പാപം കാരണം അത് ശുഷ്‌കിക്കുകയും ചെയ്യും.

അബൂഹുറയ്‌റ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ”ഈമാന് അറുപതോളം ശാഖകളുണ്ട്. അതില്‍ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജ ഈമാനിന്റെ ഭാഗമാണ്” (മുസ്‌ലിം).

നബി(സ്വ) പറഞ്ഞ ഈ കാര്യങ്ങള്‍ ഈമാനിന്റെ വിശദീകരണത്തില്‍ പ്രകടമാകുന്നതായി കാണാം. അറുപതോളം ശാഖകളുള്ള ഈമാനില്‍ ഏറ്റവും ശ്രേഷ്ഠമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്യം പറയല്‍ നാവുകൊണ്ടുള്ള മൊഴിയലാണ്. വഴിയില്‍നിന്നും ബുദ്ധിമുട്ടുകള്‍ നീക്കല്‍ ഈമാനിന്റെ വിഷയത്തിലുള്ള അവയവങ്ങള്‍കൊണ്ടുള്ള പ്രവര്‍ത്തനമാണ്. ഈമാനിന്റെ ഭാഗമായ ലജ്ജ ഹൃദയംകൊണ്ടുള്ള പ്രവര്‍ത്തനവുമാണ്. ഹൃദയം കൊണ്ടുള്ള അംഗീകാരം വ്യത്യസ്ത രീതിയിലുള്ളതായതുകൊണ്ട് ഈ ഈമാന്‍ കൂടുകയും കൂറയുകയും ചെയ്യുമെന്ന് അഹ്‌ലുസ്സുത്തിന്റെ പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു വാര്‍ത്ത കേള്‍ക്കുന്നതും കണ്ണ്‌കൊണ്ട് കാണുന്നത് അംഗീകരിക്കുന്നതും ഒരുപോലെയല്ല. ഒരാള്‍ പറഞ്ഞുകൊടുത്തതും ഒന്നില്‍ കൂടുതല്‍ ആളുകള്‍ പറഞ്ഞുകൊടുത്തതും അപ്രകാരം തന്നെ. അല്ലാഹു പറയുന്നു: ”എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്‌റാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:260). 

ഹൃദയംകൊണ്ട് അംഗീകരിക്കുന്നത് മുഖേന ലഭിക്കുന്ന ശാന്തിയും സമാധാനത്തിനുമനുസരിച്ച് ഈമാന്‍ വര്‍ധിക്കുന്നതാണ്. സ്വര്‍ഗത്തെയും നരകത്തെയും സംബന്ധിച്ചുള്ള ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ധിക്കും. അവ കണ്ണ്‌കൊണ്ട് കാണുന്നത് പോലെ തോന്നുകയും ചെയ്യും. എന്നാല്‍ അതേ ഉദ്‌ബോധനത്തില്‍ നിന്ന് വിരമിക്കുകയും അശ്രദ്ധയില്‍ മുഴുകുകയും ചെയ്താല്‍ പറയപ്പെട്ട ഈമാന്‍ കുറയുകയും ചെയ്യും.

ഇതുപോലെ തന്നെയാണ് നമ്മുടെ വാക്കിലൂടെ വര്‍ധിക്കുന്ന ഈമാനിന്റെയും അവസ്ഥ. ഒരു പ്രാവശ്യം അല്ലാഹുവിന്റെ നാമം ഉച്ചരിക്കുമ്പോഴും അതില്‍ കൂടുതലായി ഉച്ചരിക്കുമ്പോഴും ഈമാനില്‍ വ്യത്യാസമുണ്ടാകും. ദിക്‌റ് ഉള്‍പ്പടെയുള്ള അല്ലാഹുവിനുള്ള ആരാധന അതിന്റെ പരിപൂര്‍ണമായ രൂപത്തില്‍ നിര്‍വഹിക്കുമ്പോള്‍ ഒരാളുടെ ഈമാന്‍ വര്‍ധിക്കും. വീഴ്ചകളും ന്യൂനതകളും പ്രസ്തുത ആരാധനകളില്‍ സംഭവിച്ചാല്‍ അവനിലുള്ള ഈമാന്‍ കുറയുകയും ചെയ്യും. ഒരാള്‍ അവയവങ്ങള്‍ കൊണ്ട് ധാരാളം ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നതും അത് ചെയ്യാതിരിക്കുന്നതും അപ്രകാരംതന്നെ. 

ഈമാന്‍ കൂടുകയും കുറയുകയും ചെയ്യുമെന്ന കാര്യം അഹ്‌ലുസ്സുന്നഃ വല്‍ ജമാഅത്തിന്റെ അക്വീദ(വിശ്വാസം)യാണ്. ഹൃദയംകൊണ്ട് സത്യപ്പെടുത്തുന്നതും വാക്കുകള്‍കൊണ്ട് അത് പറയുന്നതും അവയവങ്ങള്‍കൊണ്ട് അത് പ്രവര്‍ത്തിക്കുന്നതുമാണ് ഈമാന്‍. സല്‍കര്‍മങ്ങള്‍ ഈമാന്‍ വര്‍ധിക്കുവാനും ദുഷ്‌കര്‍മങ്ങള്‍ ഈമാന്‍ കുറക്കാനും കാരണമാക്കുമെന്ന് ഇമാം ശാഫിഈ(റഹി), ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍(റഹി), ഇമാം ബുഖാരി(റഹി) തുടങ്ങിയ പ്രഗത്ഭരായ ധാരാളം മഹാന്‍മാര്‍ പരിശുദ്ധ ക്വുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും തെളിവുകള്‍ നിരത്തിക്കൊണ്ട് ചര്‍ച്ച ചെയ്തതായി കാണാം.   

മദീനയില്‍ താമസിച്ചിരുന്ന വേദക്കാരായ യഹൂദികളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു: ”നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു. എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ അവരെ പുറംതള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതികഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല” (2:84,85).

അല്ലാഹുവിന്റെ കല്‍പനകള്‍ പ്രവര്‍ത്തിക്കലും അല്ലാഹു വിരോധിച്ചത് വെടിയലും ഈമാനിന്റെ താല്‍പര്യത്തില്‍ പെട്ടതാണെന്നതിന് ഈ സൂക്തങ്ങള്‍ വലിയ തെളിവാണ്. പ്രശസ്ത പണ്ഡിതനായ അബ്ദുര്‍റഹ്മാനുബ്‌നു നാസര്‍ അസ്സഅദി(റഹി) അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഇക്കാര്യം വ്യക്തമായി വിശദീകരിക്കുണ്ട്. യഹൂദികള്‍ ഇവിടെ മൂന്ന് കാര്യങ്ങളാണ് പ്രവര്‍ത്തിച്ചത്: 1) അവര്‍ പരസ്പരം രക്തം ഒഴുക്കി. 2) അവര്‍ പരസ്പരം താമസസ്ഥലത്തുനിന്ന് പുറത്താക്കി. 3) യുദ്ധത്തടവുകാരെ മോചിപ്പിച്ചു. ഈ മൂന്നു കാര്യങ്ങളും പ്രവര്‍ത്തനങ്ങളാണ്. ഈ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് അല്ലാഹു അവരോട് ചോദിച്ചത്, ‘വേദഗ്രന്ഥത്തിന്റെ ചില ഭാഗത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും, ചില ഭാഗത്തില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണോ ചെയ്യുന്നത്’ എന്ന്. വേദഗ്രന്ഥത്തിലുള്ള ചില കാര്യങ്ങളില്‍ യഹൂദികള്‍ ഈമാന്‍ പ്രകടിപ്പിക്കുന്നു, ചില കാര്യങ്ങളില്‍ ഈമാനിന്റെ വിപരീതമായ കുഫ്‌റാണ് പ്രകടിപ്പിക്കുന്നത്. ഈമാന്‍ എന്നത് വെറും വിശ്വാസം മാത്രമല്ല, കര്‍മങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുന്നതാണെന്ന് സ്പഷ്ടം.

ഉപരിസൂചിത ആയത്തിന് ഉമര്‍ മൗലവി(റഹി) നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്: ”ഈമാനും കുഫ്‌റും മനസ്സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാര്യങ്ങളല്ല. മദീനായിലെ അറബി ഗോത്രങ്ങള്‍ ഔസും ഖസ്‌റജുമായിരുന്നു. വിഗ്രഹാരാധകരായിരുന്ന ഇവര്‍ തമ്മില്‍ യുദ്ധങ്ങള്‍ നടന്നിരുന്നു. ക്വയ്‌നുക്വാഅ്, നദീര്‍ എന്നീ യഹൂദി ഗോത്രങ്ങള്‍ ഖസ്‌റജുമായി സന്ധിയിലേര്‍പ്പെട്ടു. ക്വുറയഌഎന്ന യഹൂദി ഗോത്രവും ഔസും സഖ്യകക്ഷികളായിരുന്നു. യുദ്ധത്തില്‍ ജൂതന്മാര്‍ സഖ്യകക്ഷികളോടൊത്ത് പോരാട്ടത്തില്‍ പങ്കുചേരും. അതോടുകൂടെ എല്ലാ അതിക്രമങ്ങളും ചെയ്യും. അതില്‍ ജൂതന്മാരെന്നോ അറബികളെന്നോ ഒരു വ്യത്യാസവുമുണ്ടാകില്ല. കൊലയും കൊള്ളയും നടത്തും. വൂടുകളില്‍ നിന്ന് ആട്ടിയോടിക്കും. ശത്രുപക്ഷത്തുള്ളവരെ ബന്ധനസ്ഥരാക്കും. എന്നാല്‍ യുദ്ധം അവസാനിച്ചാല്‍, തടവിലുളള തങ്ങളുടെ സഹോദരന്മാരായ ജൂതന്മാരെ മോചിപ്പിക്കാന്‍ അവര്‍ തന്നെ ശ്രമിക്കുകയും ചെയ്യും. മോചനമൂല്യം കൊടുക്കാന്‍ അത് ശേഖരിച്ചുണ്ടാക്കും. തടവുകാരെ മോചിപ്പിക്കും. ഈ സംഗതിയാണ് ആയത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. സഹോദരന്മാരായ ജൂതന്മാര്‍ക്കെതിരില്‍ യുദ്ധം ചെയ്യുകയും പിന്നെ, തടവുകാരായാല്‍ മോചിപ്പിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്നതിന് ജൂതന്മാരുടെ മറുപടി ഇപ്രകാരമാണ്: ‘സഖ്യകക്ഷികളെ സഹായിക്കാന്‍ അവരുമായി ചേര്‍ന്ന് യുദ്ധം ചെയ്യുന്നു. കരാര്‍ ലംഘിക്കുന്നത് അപമാനകരമാണ്. തടവുകാരെ മോചിപ്പിക്കുന്ന കാര്യം ഞങ്ങളുടെ വേദത്തിലുള്ളതുമാണ്.’ അതാണ് ക്വുര്‍ആന്‍ ചോദിക്കുന്നത്: ‘സഹോദരങ്ങളെ വീട്ടില്‍നിന്ന്  പുറത്താക്കാന്‍ പാടില്ലെന്ന വേദകല്‍പന നിങ്ങള്‍ ധിക്കരിക്കുന്നു. മോചിപ്പിക്കുന്ന കാര്യം അനുസരിക്കുകയും ചെയ്യുന്നു. ചിലത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അവ സ്വീകരിക്കും. മറ്റു ചിലത് തള്ളിക്കളയുകയും ചെയ്യും. അത് മഹാ അക്രമമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക. ഇതിന് സമാനമായ നടപടി മുസ്‌ലിം സമുദായത്തിലുമുണ്ട്. നമസ്‌കരിക്കുന്നവര്‍ തന്നെ സകാത്ത് കൃത്യമായി കൊടുക്കില്ല. നോമ്പനുഷ്ഠിക്കുന്നവര്‍ പലിശ ഇടപാട് നടത്തും. ഇങ്ങനെ പലതും ജൂതമാതൃക തന്നെ!” (തര്‍ജുമാനുല്‍ക്വുര്‍ആന്‍. ഭാഗം 1, പേജ് 83).

മതം കല്‍പിച്ച കര്‍മങ്ങളൊന്നും ചെയ്യാതെ മുന്‍കാലത്ത് പ്രത്യക്ഷപ്പെട്ട ചിലര്‍ പറഞ്ഞു, ‘അല്ലാഹുവില്‍ എനിക്ക് വിശ്വാസമുണ്ട്. അവന്‍ എന്റെ ഹൃദയം കാണുന്നു. വിശ്വാസം മാത്രമായി കഴിയുന്നു.’ഇങ്ങനെ പറയുന്നവരുടെ ന്യായം അല്ലാഹു ഒരാളുടെ ഹൃദയത്തിലേക്കാണ് നോക്കുക എന്നതാണ്. ‘ഇബ്‌ലീസിന്റെ കക്ഷികള്‍’ എന്നാണ് അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്‍മാര്‍ ഇവരെ വിശേഷിപ്പിച്ചത്. ആദം നബിൗക്ക് സുജൂദ് ചെയ്യാന്‍ ഇബ്‌ലീസിനോട് അല്ലാഹുവിന്റെ കല്‍പന വന്നപ്പോള്‍ അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിച്ചിരുന്ന ഇബ്‌ലീസ് അന്ന് പറഞ്ഞത് പ്രകൃതിപരമായ ന്യായമായിരുന്നു. ‘തീയില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ഞാനെന്തിന് മണ്ണില്‍നിന്നും സൃഷ്ടിച്ച മനുഷ്യനായ ആദമിന് സുജൂദ് ചെയ്യണം!’ ഇവിടെ അല്ലാഹുവിന്റെ കല്‍പനയെ ഒഴിവാക്കാന്‍ ഇബ്‌ലീസ് ‘ന്യായം’ പറയുകയാണ് ചെയ്തത്. അല്ലാഹു കല്‍പിച്ച കര്‍മം ചെയ്യാന്‍ അന്നേരം ഇബ്‌ലീസ് തയ്യാറായില്ല. ആയതിനാല്‍ അല്ലാഹു ഉണ്ട് എന്ന ‘വിശ്വാസം’ മാത്രം പോരാ, പ്രസ്തുത വിശ്വാസത്തിന് അനുസൃതമായി കര്‍മങ്ങള്‍ കൂടി ചയ്യേണ്ടതുണ്ട്. വിശ്വാസത്തോടൊപ്പം അല്ലാഹു കല്‍പിച്ച കര്‍മങ്ങള്‍ ചെയ്താല്‍ മാത്രമാണ് ഒരു വ്യക്തിയുടെ ഈമാന്‍ ശരിയാവുന്നത്.

ഹൃദയംകൊണ്ട് വിശ്വസിക്കുകയും ആ വിശ്വാസം വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സാക്ഷാത്കൃതമാക്കുകയും ചെയ്യുന്ന രൂപത്തില്‍ ഈമാന്‍ എന്ന സാങ്കേതിക പദത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, അതുമായി ബന്ധപ്പെട്ട നമ്മുടെ കുറവുകള്‍ സ്വയം വിചാരണ ചെയ്യുവാനും പരിഹരിക്കാനും സാധിക്കുന്നതാണ്. 

 

അന്‍വര്‍ അബൂബക്കര്‍
നേർപഥം വാരിക

റവാതിബ് സുന്നത്തുകളുടെ ശ്രേഷ്ഠത

റവാതിബ് സുന്നത്തുകളുടെ ശ്രേഷ്ഠത

രണ്ടു സാക്ഷ്യ വാക്യങ്ങള്‍ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചവര്‍ അന്തിമ പ്രവാചകനെ പിന്‍പറ്റി ജീവിക്കേണ്ടത് നിര്‍ബ്ബന്ധമാണ്. അല്ലാഹു പറയുന്നു: 

”അവര്‍ പറയുന്നു; ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന.് പിന്നെ അതിന് ശേഷവും അവരില്‍ ഒരു വിഭാഗമതാ പിന്മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ” (24:47).

”അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍…” (24 /62)

”അല്ലാഹവിലും അവന്റ റസൂലിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്മാര്‍” (49:15).

പ്രവാചകനില്‍ വിശ്വസിച്ചത് കൊണ്ട് മാത്രം ഒരാള്‍ വിശ്വാസിയാവുകയില്ല; പ്രവാചകനെ അനുസരിക്കുക കൂടി ചെയ്യണം:   

”…അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക” (8:1). 

”പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല തീര്‍ച്ച” (3:31).

”…വല്ലവനും അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുന്ന പക്ഷം താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍  അവനെ പ്രവേശിപ്പിക്കുന്നതാണ.്  വല്ലവനും പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയശിക്ഷ അവന്നു നല്‍കുന്നതാണ്” (48:17). 

പ്രവാചകനില്‍ വിശ്വസിക്കണമെന്നും പ്രവാചകനെ അനുസരിക്കണമെന്നും പിന്‍തുടരണമെന്നും മുകളിലെ വചനങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നു. സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ വിശ്വാസിയുടെ കര്‍മഭാണ്ഡങ്ങള്‍ നിറക്കുന്നവയാണ് സുന്നത്തുകള്‍ അഥവാ പ്രവാചക ചര്യകള്‍. ശ്രദ്ധയില്ലായ്മയും അവഗണനയും മൂലം ഒത്തിരി സുന്നത്തുകള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും നഷ്ടപ്പെട്ടു പോകുന്നുണ്ട്.  അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സുന്നത്ത് നമസ്‌കാരങ്ങള്‍. സുന്നത്ത് നമസ്‌കാരങ്ങളുടെ കൂട്ടത്തിലെ വളരെ പ്രധാന പെട്ട ചില സുന്നത്തുകളാണ് താഴെ വിവരിക്കുന്നത്. സുന്നത്ത് നമസ്‌കാരങ്ങള്‍ ഒഴിവാക്കുന്നയാള്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടില്ല. അവ ഐഛികമാണ് എന്നര്‍ഥം. എന്നാല്‍ അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ലഭിക്കാനിരിക്കുന്നത് വമ്പിച്ച പ്രതിഫലമാണ്.  

ത്വല്‍ഹത്ത്(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥ് ബുഖാരിയിലും മുസ്‌ലിമിലും കാണാവുന്നതാണ്. നജ്ദ് നിവാസികളില്‍പ്പെട്ട  ഒരു വ്യക്തി നബി(സ്വ)യുടെ അടുത്ത് വന്നു ഇസ്‌ലാമിനെക്കുറിച്ച് ചോദിക്കുന്നു. അപ്പോള്‍  നബി(സ്വ) പറഞ്ഞു: ‘ഒരു രാവും പകലും കൂടി അഞ്ച് തവണ നമസ്‌കരിക്കണം.’ അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ഇതല്ലാതെ മറ്റു വല്ലതുമുേണ്ടാ?’ നബി(സ്വ) പറഞ്ഞു: ‘നീ സുന്നത്ത് നമസ്‌കരിച്ചാല്‍ ഒഴികെ.” 

നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പുറമെ പ്രവാചകന്‍ (സ്വ) പഠിപ്പിച്ച നമസ്‌കാരങ്ങളാണ് സുന്നത്ത് നമസ്‌കാരങ്ങള്‍. 

റബീഅത്തുബ്‌നു മാലികില്‍ അസ്‌ലമി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ‘ആവശ്യമുള്ളത് ചോദിച്ച് കൊള്ളുക.’ ഞാന്‍ പറഞ്ഞു: ‘സ്വര്‍ഗത്തില്‍ താങ്കളോടൊപ്പമുള്ള സഹവാസമാണ് എനിക്ക് താങ്കളോട് ചോദിക്കുവാനുള്ളത്.’ നബി(സ്വ) ചോദിച്ചു: ‘മറ്റു വല്ലതുമുണ്ടോ?’ ഞാന്‍ പറഞ്ഞ: ‘അതു തന്നെയാണുള്ളത്.’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘എന്നാല്‍ സുജൂദ് (നമസ്‌ക്കാരം) വര്‍ധിപ്പിക്കുക വഴി നിന്റെകാര്യത്തില്‍ നീ എന്നെ സഹായിച്ചു കൊള്ളുക’ (മുസ്‌ലിം).

ഐഛികമായ നമസ്‌കാരങ്ങള്‍ വര്‍ധിപ്പിച്ചാല്‍ ലഭിക്കുന്ന നേട്ടമാണ് ഈ ഹദീഥില്‍നിന്ന് വ്യക്തമാകുന്നത്.

പദവി ഉയര്‍ത്തും 

ഥൗബാന്‍(റ) പറയുന്നു: ”അല്ലാഹുവിന്റ ദൂതനോട് സ്വര്‍ഗ പ്രവേശനത്തിനുതകുന്ന പ്രവര്‍ത്തന ത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നീ സുജൂദ് വര്‍ധിപ്പിക്കുക. അത് മുഖേന അല്ലാഹു നിന്റ പദവികള്‍ ഉയര്‍ത്തും. അത് വഴി നിന്റ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുന്നതാണ്'(മുസ്‌ലിം).

നബി(സ്വ) പറഞ്ഞു: ”അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അല്ലാഹു മലക്കുകളോട് പറയും- അവനാണ് കുടുതല്‍ അറിയുന്നവന്‍-എന്റ അടിമയുടെ നമസ്‌കാരത്തില്‍ കുറവോ ന്യൂനതയോ വന്നിട്ടുേണ്ടാ? ഇല്ലെങ്കില്‍ അവന്റ കര്‍മങ്ങളെ പൂര്‍ണമായി രേഖപ്പെടുത്തുക. കുറവ് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അടിമ ഐഛികമായി വല്ലതും നിര്‍വഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉെണ്ടങ്കില്‍ നിര്‍ബന്ധ നമസ്‌കാരത്തില്‍ വന്ന ന്യൂനതകള്‍ ഐഛികമായത് കൊണ്ട് പൂര്‍ത്തിയാക്കുവിന്‍. അപ്രകാരമായിരിക്കും അവന്റ ഓരോ കര്‍മവും സ്വീകരിക്കുക” (സ്വഹീഹുല്‍ ജാമിഅ്: 2/355). 

സുന്നത്ത് നമസ്‌കാരത്തിന്റ ഇനങ്ങള്‍

1. റവാത്തിബ് സുന്നത്ത്:

നിര്‍ബന്ധ നമസ്‌കാരത്തോടനുബന്ധിച്ചുള്ള നമസ്‌കാരങ്ങള്‍ക്കാണ് റവാത്തിബ് നമസ്‌കാരങ്ങള്‍ എന്ന് പറയുന്നത്. 

ഉമ്മുഹബീബ(റ) പറയുന്നു: പ്രവാചകന്‍(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: ‘ഒരു ദിവസത്തില്‍ ആരെങ്കിലും (ഫര്‍ദ് നമസ്‌ക്കാരത്തിന്പുറമെ) പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു ഭവനം അല്ലാഹു ഒരുക്കുന്നതാണ്’ (മുസ്‌ലിം).

സുബ്ഹിയുടെ സുന്നത്ത്:

നബി(സ്വ) പ്രഭാത നമസ്‌കാരത്തിന് മുമ്പ് രണ്ട് റക്അത്താണ് നമസ്‌കരിച്ചിരുന്നത്. 

”നബി(സ്വ) പ്രഭാതത്തിലെ രണ്ട് റക്അത്തുകളെക്കാള്‍ ശക്തമായ നിലയില്‍ മറ്റ് ഒരു സുന്നത്ത് നമസ്‌കാരത്തിന്റ മേലും ശ്രദ്ധ പതിച്ചിരുന്നില്ല” (ബുഖാരി, മുസ്‌ലിം).

ആഇശ(റ) പറയുന്നു: ”സുബ്ഹി നമസ്‌കാരത്തിന്റ ബാങ്കിന്റയും ഇഖാമത്തിന്റയും ഇടയില്‍ ലഘുവായ രണ്ട് റക്അത്ത് നബി(സ്വ) നമസ്‌കരിക്കുമായിരുന്നു” (മുസ്‌ലിം).

സുബ്ഹിക്കു മുമ്പുള്ള ആ രണ്ട് റകഅത്തുകളില്‍ നബി(സ്വ) സൂറത്തുല്‍ കാഫിറൂനും സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്തിരുതായി ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യന്ന ഫദീഥില്‍ വന്നിട്ടുണ്ട്.

ദുഹ്‌റിന്റ സുന്നത്ത്

നബി(സ്വ) പറയുന്നു: ”ഒരു ദിവസത്തില്‍ ആരെങ്കിലും (ഫര്‍ദ് നമസ്‌കാരത്തിന് പുറമെ) പന്ത്രണ്ട് റ ക്അത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു ഭവനം അല്ലാഹു നിര്‍മിച്ചുകൊടുക്കുന്നതാണ.് ദുഹ്‌റിന് മുമ്പ് നാല,് ശേഷം രണ്ട്, മഗ്‌രിബിന് ശേഷം രണ്ട്, ഇശാഇന്ന് ശേഷം രണ്ട,് ഫജ്‌റിന് മുമ്പ് രണ്ട്.” പ്രവാചകന്‍(സ്വ) ദുഹ്‌റിന്റ സുന്നത്ത് നമസ്‌കരിച്ചതിനെ  കുറിച്ച്  ആഇശ(റ) പറയുന്നു: ”നബി(സ്വ) ദുഹ്‌റിന് മുമ്പുള്ള നാല് റക്അത്ത് (സുന്നത്ത്) നമസ്‌കാരം ഉപേക്ഷിക്കാറേ ഉണ്ടായിരുന്നില്ല” (ബുഖാരി)ഴ

മഗ്‌രിബിന്റ സുന്നത്ത്

ഇബ്‌നു ഉമര്‍(റ) പറയുന്നു: ”നബി(സ്വ)യില്‍ നിന്ന് പത്ത് റക്അത്ത് ഞാന്‍ മനഃപാഠമാക്കിയിരുന്നു. ദുഹ്‌റിനു മുമ്പ് രണ്ട് റക്അത്ത്, ശേഷം രണ്ട് റക്അത്ത്, മഗ്‌രിബിന് ശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്ത,് ഇശാഇന് ശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്ത്, സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്. നബി(സ്വ) പറഞ്ഞു: ‘മഗ്‌രിബ് നമസ്‌കാരത്തിന്റ ബാങ്കിന്റെയും ഇക്വാമത്തിന്റയും ഇടയില്‍ രണ്ട് റക്അത്ത് സുന്നത്തു നമസ്‌കാരമുണ്ട്.’ അബ്ദുല്ലാഹിബ്‌നു മുഗ്ഫലുല്‍മുസ്‌നി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ‘മഗ്‌രിബിന് മുമ്പ് നിങ്ങള്‍ (രണ്ട് റകാഅത്ത്) നമസ്‌കരിക്കുവിന്‍, മഗ്‌രിബിന് മുമ്പ് നിങ്ങള്‍ നമസ്‌കരിക്കുവിന്‍, പിന്നെ മൂന്നമത്തെ പ്രാവശ്യം പറഞ്ഞു- ഉദ്ദേശിക്കുന്നവര്‍ക്കാണത്” (ബുഖാരി). 

ഇശാഇന്റ സുന്നത്ത് 

ഇശാഈന്റ ശേഷം രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരമുള്ളതായി ഇബ്‌നു ഉമര്‍(റ)വില്‍ നിന്നുള്ള ഹദീഥില്‍നിന്ന് നാം മനസ്സിലാക്കി. 

ഫര്‍ദ് നമസ്‌കാരത്തില്‍ മാത്രം അവസാനിപ്പിക്കാതെ ഇത്തരത്തില്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന നമസ്‌കാരങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സ്രഷ്ടാവിനോട് കൂടുതല്‍ അടുക്കുവാന്‍ നാം ഉത്സാഹം കാണിക്കേണ്ടതുണ്ട്.

 

ശമീര്‍ മുണ്ടേരി
നേർപഥം വാരിക

ശയനത്തില്‍ ശ്രദ്ധിക്കേണ്ടത്

ശയനത്തില്‍ ശ്രദ്ധിക്കേണ്ടത്

മനുഷ്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉറക്കം. അല്ലാഹുവിന്റെയടുക്കല്‍ നിന്നുള്ള വലിയൊരനുഗ്രഹവും ദൃഷ്ടാന്തവുമായാണ് ക്വുര്‍ആന്‍ ഇതിനെ പരിചയപ്പെടുത്തുന്നത്. ആയുഷ്‌കാലത്തിലെ നാലിലൊരു ഭാഗമെങ്കിലും മനുഷ്യര്‍ ഉറങ്ങിത്തീര്‍ക്കുന്നുണ്ട്. അല്ലാഹു പറയുന്നത് കാണുക: 

”രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടു മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്”(30:23). 

”അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ് സമയമാക്കുകയും ചെയ്തിരിക്കുന്നു” (25: 47).

ചില അനുമാനങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കുകയെന്നതിലപ്പുറം ഉറക്കത്തെ കൃത്യമായി അപഗ്രഥിക്കാന്‍ ശാസ്ത്രലോകത്തിന് പോലും ഇതപര്യന്തം സാധിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. സര്‍വശക്തനായ അല്ലാഹുവിന്റെയടുക്കല്‍ നിന്നുള്ള ഈ അത്ഭുത പ്രതിഭാസത്തെ ഒരു മരണമായി ക്കൊണ്ടാണ് ക്വുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തുന്നത്:

”ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ച് വെക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധി വരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (39:42). 

ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ ചൊല്ലാന്‍ നബി(സ്വ) പഠിപ്പിച്ച പ്രാര്‍ഥനയിലും ഉറക്കം ഒരുതരം മരണമാണെന്നതിന്റെ സൂചന കാണാം. റസൂല്‍(സ്വ) ഉറക്കില്‍നിന്നെഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: ”ഞങ്ങളെ മരിപ്പിച്ചതിന് ശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും. അവനിലേക്കാകുന്നു ഒരുമിച്ചു കൂട്ടപ്പെടുന്നത്” (മുസ്‌ലിം).

ഇസ്‌ലാം ഉറക്കവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മര്യാദകള്‍ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഹദീഥുകളില്‍ സ്ഥിരപ്പെട്ടു വന്നവയാണ്:

ബിസ്മി ചൊല്ലി വാതിലുകളടക്കുക, പാത്രങ്ങള്‍ മൂടിവെക്കുക

നബി(സ്വ) പറഞ്ഞു: ”രാത്രി ഇരുട്ടിത്തുടങ്ങിയാല്‍ നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ തടഞ്ഞു വെക്കുക.  തീര്‍ച്ചയായും പിശാചുക്കള്‍ അപ്പോള്‍ വ്യാപിക്കുന്നതാണ്. ഇശാഅ് സമയം കഴിഞ്ഞാല്‍ അവരെ വിട്ടേക്കുക. നീ വാതില്‍ അടക്കുക, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. (ബിസ്മി ചൊല്ലുക). നീ വിളക്ക് അണക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. നിന്റെ പാനപാത്രം കെട്ടിവെക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. താങ്കളുടെ പാത്രം മൂടിവെക്കുക, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക; അതിന്‍മേല്‍ എന്തെങ്കിലുമൊന്ന് വിലങ്ങനെ വെച്ചിട്ടെങ്കിലും (പാത്രം മൂടുക)” (ബുഖാരി).

തീ അണക്കുക

റസൂല്‍ (സ്വ) പറഞ്ഞു: ”ഈ തീ തീര്‍ച്ചയായും നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ തീ അണക്കുക” (ബുഖാരി).

അടുപ്പിലെ തീയോ, വിളക്കോ അണക്കാതെ കിടന്ന കാരണത്താല്‍ അപകടമുണ്ടായ എത്രയോ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. അത്തരം ആപത്ത് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലാണിത്.

ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്ന് ശരീരത്തെ മുക്തമാക്കുക

നബി(സ്വ) പറഞ്ഞു: ”വല്ലവനും തന്റെ കയ്യിന്‍മേല്‍ നെയ്യ് ഉണ്ടായിട്ട് അത് കഴുകാതെ ഉറങ്ങുകയും എന്നിട്ട് അയാള്‍ക്ക് വല്ലതും സംഭവിക്കുകയും ചെയ്താല്‍ അയാള്‍ തന്നെത്തന്നെ ആക്ഷേപിക്കട്ടെ” (അബൂദാവൂദ്). 

ഭക്ഷണാവിശിഷ്ടങ്ങളില്‍ നിന്ന് വൃത്തിയായില്ലെങ്കില്‍ രാത്രി ഇഴജന്തുക്കളുടെയും മറ്റും അക്രമണത്തിനിരയാവാമെന്നര്‍ഥം.

വുദൂഅ് ചെയ്യുക

നബി (സ്വ) പറഞ്ഞു: ”നീ നിന്റെ കിടപ്പറയില്‍ ചെല്ലുവാന്‍ (ഉദ്ദേശിച്ചാല്‍) നമസ്‌കാരത്തിന് വുദൂഅ് ചെയ്യുന്നതു പോലെ വുദൂഅ് ചെയ്യുക” (ബുഖാരി). 

ഇങ്ങനെ ശുദ്ധിപാലിക്കുന്നവര്‍ക്ക് വേണ്ടി അവര്‍ ഉറക്കമുണര്‍ന്നാല്‍ ഒരു മലക്ക് ഇങ്ങനെ പ്രാര്‍ഥിക്കും: ”അല്ലാഹുവേ നിന്റെ അടിമക്ക് നീ പാപമോചനം നല്‍കണമേ, കാരണം അവന്‍ ശുദ്ധിയുള്ളവനായിട്ടാണ് രാത്രി കഴിച്ച് കൂട്ടിയത്” (ഇബ്‌നു ഹിബ്ബാന്‍).

വിരിപ്പ് കുടയുക

നബി(സ്വ) പറഞ്ഞു: ”നിങ്ങളിലൊരാള്‍ തന്റെ വിരിപ്പിലെത്തിക്കഴിഞ്ഞാല്‍ അത് മൂന്ന് പ്രാവശ്യം കുടയട്ടെ” (ബുഖാരി). 

വഴിയില്‍ കിടന്നുറങ്ങരുത്

നബി(സ്വ) പറഞ്ഞു:”പുല്ലും മേച്ചില്‍ സ്ഥലവുമുള്ള സ്ഥലത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ ട്ടകത്തിന് ആ സ്ഥലത്തുള്ള വിഹിതം നല്‍കുക.  വരണ്ട പ്രദേശത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ അവയുമായി നിങ്ങള്‍ ധൃതിയില്‍ പോകുക. ഉറങ്ങുവാനും വിശ്രമിക്കാനുമായി രാത്രിയില്‍ നിങ്ങള്‍ ഇറങ്ങിയാല്‍ വഴി നിങ്ങള്‍ ഒഴിവാക്കുക. കാരണം അത് വന്യമൃഗങ്ങളുടെ വഴിയും രാത്രിയില്‍ വിഷജന്തുക്കളുടെ അഭയസ്ഥാനവുമാകുന്നു” (മുസ്‌ലിം).

ഒറ്റക്ക് ഉറങ്ങാതിരിക്കുക

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: ”തീര്‍ച്ചയായും നബി(സ്വ) ഒറ്റപ്പെടലിനെ വിരോധിച്ചു. അതായത് ഒരാള്‍ തനിച്ച് രാപാര്‍ക്കുന്നതും ഒറ്റക്ക് യാത്ര ചെയ്യുന്നതും” (അഹ്മദ്).

തടവില്ലാത്ത സ്ഥലത്ത് ഉറങ്ങരുത്

നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും തടവില്ലാത്ത വീടിന് മുകളില്‍ രാപാര്‍ത്താല്‍ അവന് അല്ലാഹുവില്‍ നിന്നുള്ള കാവല്‍ ഇല്ലാതായി” (അബൂദാവൂദ്). 

തടവില്ലാത്ത ടെറസിന് മുകളികലും മറ്റും സുരക്ഷിതമല്ലാതെ കിടന്നുറങ്ങുന്നതിനെ ഇസ്‌ലാം വിലക്കുകയാണ് ചെയ്യുന്നത് എന്ന് ഈ ഹദീഥില്‍ നിന്നു മനസ്സിലാക്കാം.

ഭാര്യഭര്‍ത്താക്കന്മാര്‍ അല്ലാത്തവര്‍ ഒരുമിച്ച് കിടക്കരുത്

നബി(സ്വ) പറഞ്ഞു: ”ഏഴ് വയസ്സായാല്‍ നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളോട് നമസ്‌കാരം കല്‍പിക്കുക. പത്ത് വയസ്സായാല്‍ (നമസ്‌കരിക്കാത്തതിന്റെ പേരില്‍) അവരെ അടിക്കുകയും കിടപ്പറയില്‍ അവരെ വേറെയാക്കുകയും ചെയ്യുക” (അബൂദാവൂദ്). 

മറ്റൊരു ഹദീഥില്‍ ഇങ്ങനെ  കാണാം: ”ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ നഗ്നതയിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്കോ നോക്കരുത്. ഒരു വസ്ത്രത്തിന് കീഴില്‍ ഒരു പുരുഷന്‍ മറ്റൊരു പുരുഷനോട് ചേര്‍ന്നു കിടക്കരുത്. ഒരു വസ്ത്രത്തിന് കീഴില്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചേര്‍ന്ന് കിടക്കരുത്”(മുസ്‌ലിം).

കടബാധ്യതകളും വസ്വിയ്യത്തുകളും എഴുതി വെക്കുക

കടബാധ്യതകളെല്ലാം എഴുതി വെക്കണമെന്നത് അര്‍ഥശങ്കക്കിടയില്ലാത്ത വിധമുള്ള ക്വുര്‍ആനിന്റെ കല്‍പനയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ക്വുര്‍ആന്‍ വചനം ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്. വസ്വിയ്യത്തിനെ കുറിച്ച് നബി(സ്വ) പറഞ്ഞു: ”വല്ലതും വസ്വിയ്യത്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു മുസ്‌ലിമിന് പ്രസ്തുത വസ്വിയ്യത്ത് തന്റെയടുക്കല്‍ എഴുതപ്പെടാതെ രണ്ട് രാത്രികള്‍ കഴിച്ചു കൂട്ടല്‍  അര്‍ഹതപ്പെട്ടതല്ല” (മുസ്‌ലിം). 

നബി(സ്വ)യില്‍ നിന്നും ഈ അധ്യാപനം ഉള്‍ക്കൊണ്ട ശേഷം ഇബ്‌നു ഉമര്‍(റ) തനിക്ക് രേഖപ്പെടുത്തി വെക്കാനുള്ളവ എഴുതി വെക്കാതെ ഉറങ്ങാറുണ്ടായിരുന്നില്ല.

വലതുവശത്തേക്ക് ചെരിഞ്ഞ് കിടക്കുക

ബറാഅ ഇബ്‌നു ആസ്വിബ്(റ)നോട് നബി(സ്വ) പറഞ്ഞു: ”താങ്കള്‍ കിടക്കൂവാനായി വന്നാല്‍ നമസ്‌കാരത്തിന് വുദൂഅ് ചെയ്യുന്നതു പോലെ വുദൂഅ് ചെയ്യുക. ശേഷം താങ്കളുടെ വലത് ഭാഗം ചേര്‍ന്ന് കിടക്കുക” (അബുദാവൂദ്). 

കിടക്കുമ്പോള്‍ വലത് കൈ വലതു കവിളിനോട് ചേര്‍ത്താണ് വെക്കേണ്ടതെന്നും ഹദീഥുകളില്‍ നിന്ന് മനസ്സിലാക്കാം

പ്രാര്‍ഥനകളും ക്വുര്‍ആന്‍ പാരായണവും

ആഇശ(റ)വില്‍ നിന്ന് നിവേദനം: ”തീര്‍ച്ചയായും നബി(സ്വ) എല്ലാ രാത്രികളിലും വിരിപ്പിലേക്ക് വന്നാല്‍ ഇരു കൈപ്പടങ്ങളും ചേര്‍ത്തുവെക്കുകയും ശേഷം അവയില്‍ ഊതുകയും അവ രണ്ടിലും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലക്വും സൂറത്തുന്നാസും ഓതുകയും പിന്നീട് ഇരു കൈകള്‍ കൊണ്ടും സാധ്യമായിടത്തെല്ലാം തടവുകയും ചെയ്യും. തല, മുഖം, ശരീരത്തിന്റെ മുന്‍ഭാഗം എന്നിവിടങ്ങളില്‍ നിന്നും അത് ആരംഭിക്കും. ഇപ്രകാരം മൂന്ന് പ്രാവശ്യം ചെയ്യാറുണ്ടായിരുന്നു” (ബുഖാരി).

കൂടാതെ ആയത്തുല്‍ കുര്‍സിയ്യ്, സൂറത്തുല്‍ ബക്വറയിലെ അവസാന രണ്ടു വചനങ്ങള്‍  തുടങ്ങിയ വയും നബി(സ്വ) ഉറങ്ങുന്നതിന് മുമ്പ് പാരായണം ചെയ്യാറുണ്ടായിരുന്നു. 

ഉറങ്ങുന്നതിന് മുമ്പ് ചൊല്ലേണ്ട ദിക്‌റുകളുടെ പല രൂപങ്ങളും നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അവ നബി(സ്വ) പഠിപ്പിച്ച രൂപത്തില്‍ അറബിയില്‍ തന്നെ പ്രാര്‍ഥിക്കാന്‍ ശ്രദ്ധിക്കണം.  ചിലതിന്റെ മാത്രം അര്‍ഥം ഇവിടെ നല്‍കുന്നു:

ഹുദൈഫത്ത് ഇബ്‌നുല്‍ യമാനി(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ”നബി(സ്വ) വിരിപ്പിലേക്ക് അഭയം തേടിയാല്‍ അപ്രകാരം പറയുമായിരുന്നു: ”(അല്ലാഹുവേ) നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.”

ബറാഅ് ഇബ്‌നു ആസിബ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”നബി(സ്വ) വിരിപ്പിലേക്ക്  അഭയം പ്രാപിച്ചാല്‍ വലതുഭാഗം ചെരിഞ്ഞ് കിടക്കും. എന്നിട്ട് ഇപ്രകാരം പറയും: ‘അല്ലാഹുവേ, എന്നെ ഞാന്‍ നിന്നിലേക്കേല്‍പിക്കുകയും എന്റെ മുഖം നിന്നിലേക്ക് തിരിക്കുകയും എന്റെ കാര്യങ്ങള്‍ നിന്നിലര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ പ്രതിഫലത്തെ കാംക്ഷിച്ചു കൊണ്ടും നിന്റെ ശിക്ഷയെ ഭയന്നു കൊണ്ടുമാണത്. നിന്നിലേക്ക് മടങ്ങുകയല്ലാതെ (നിന്റെ ശിക്ഷയില്‍ നിന്ന്) അഭയമോ രക്ഷയോ ഇല്ല. നീ അവതരിപ്പിച്ച വേദഗ്രന്ഥത്തിലും നിന്റെ പ്രവാചകനിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു.’ അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറഞ്ഞു: ‘ആരെങ്കിലും ഇത് പ്രാര്‍ഥിക്കുകയും ഈ രാവില്‍ തന്നെ മരണമടയുകയും ചെയ്താല്‍ അവന്‍ ശുദ്ധ പ്രകൃതിയിലാണ് മരണമടഞ്ഞത്” (ബുഖാരി).

 

മെഹബൂബ് മദനി
നേർപഥം വാരിക

ഇസ്‌ലാമിക ചരിത്രം ഒരു അവലോകനം

ഇസ്‌ലാമിക ചരിത്രം ഒരു അവലോകനം

ഇന്നിന് ഗുണപാഠവും മാര്‍ഗദര്‍ശനവുമാണ് ഇന്നലെകള്‍. ഇന്ന് നാളത്തെ ചരിത്രമാണ്. മുന്‍ഗാമികളുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതരേഖകള്‍ നമുക്ക് ചിന്തിക്കുവാനുള്ള വക നല്‍കുന്നു. അവരിലെ നന്മകള്‍ പകര്‍ത്തുവാനും അവരുടെ നാശത്തിന് ഹേതുവായ കാര്യങ്ങളില്‍നിന്ന് അകലുവാനും അവരെക്കാള്‍ ഉന്നതിയിലേക്ക് കുതിക്കുവാനും ചരിത്ര പഠനത്തിലൂടെ സാധിക്കുന്നു.

ചരിത്ര പഠനം വളരെ പ്രാധാന്യമുള്ള വിഷയമാണ്. അസത്യങ്ങള്‍ കൂട്ടിക്കുഴച്ച ചരിത്ര വിവരണങ്ങള്‍ പുതുതലമുറയെ വഴിതെറ്റിക്കും എന്നതില്‍ സംശയമില്ല. ചരിത്രകാരനായ അമേരിക്കകാരന്‍ സി.എല്‍.റൗസ് 1962ല്‍ എഴുതിയ ‘ചരിത്രം: സ്വാധീനവും അതിന്റെ ഫലങ്ങളും’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: ”ഏതെങ്കിലും ഒരു കാലത്ത് ലോക രാഷ്ട്രങ്ങളെ ഭരിക്കുവാന്‍ അമേരിക്ക ഉദ്ദേശിക്കുന്നുവെങ്കില്‍ അമേരിക്കയിലെ ഭരണാധികാരികളോട് ഞാന്‍ പറയുന്നു; നിങ്ങള്‍ അമേരിക്കയിലെ സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും വളരെ പ്രാധാന്യത്തോടുകൂടി ചരിത്രം പഠിപ്പിക്കുകയും നല്ല പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ അതിന് തെരഞ്ഞെടുക്കുകയും രാഷ്ട്രീയ, സൈനിക, സാമൂഹ്യ ആസ്ഥാനങ്ങളിലെ ഉന്നത തലങ്ങളിലേക്ക് ചരിത്രത്തില്‍ നൈപുണ്യം നേടിയവരെ മാത്രം തെരഞ്ഞെടുക്കുകയും വേണം.”

ഫാസിസ്റ്റ് തീവ്രവാദ സംഘടനകള്‍ അവരുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കുവാനായി ചരിത്രത്തെ തലകീഴായി മറിക്കുന്നത് ഈ തത്ത്വം അനുസരിച്ചാണ്. ചരിത്ര സത്യങ്ങളായി ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പലതും അയാഥാര്‍ഥ്യങ്ങളാണ് എന്ന് നാം മനസ്സിലാക്കണം. മതപരമോ രാഷ്ട്രീയമോ ആയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചരിത്ര സത്യങ്ങളില്‍ കളവുകള്‍ തിരുകിക്കയറ്റിയ ചരിത്രകാരന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. തെറ്റും ശരിയും കൂട്ടിക്കലര്‍ത്തി ചരിത്ര രചനകള്‍ നടത്തുകയും യഥാര്‍ഥ ദിശാസൂചികകള്‍ നല്‍കാതിരിക്കുകയും ചെയ്തവരും അവരിലുണ്ട്. ശ്രദ്ധയാകര്‍ഷിക്കുവാനായി അതിശയോക്തികള്‍ കലര്‍ത്തി ചരിത്രം രചിച്ചവരും കുറവല്ല.

ക്വുര്‍ആന്‍ ഒരു ചരിത്ര പുസ്തകമല്ലെങ്കിലും ആദം നബി(അ) മുതലുള്ള ചരിത്രത്തിന്റെ പല താളുകളും അത് നമുക്ക് അറിയിച്ചുതരുന്നു. മനുഷ്യ സൃഷ്ടിപ്പ്, നൂഹ് നബി(അ)ന്റെ കാലത്തെ പ്രളയം; ആദ്, ഥമൂദ്, ഇറം അസ്ഹാബുല്‍ ഐകത്ത് എന്നീ സമൂഹങ്ങളുടെ നാശം, പ്രവാചകന്മാരുടെ ജീവിതത്തിലെ വിവധ പരീക്ഷണങ്ങള്‍, ഗുഹാവാസികള്‍, ദുല്‍കര്‍നൈന്‍, ബനൂഇസ്‌റാഈല്യര്‍, മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍… അങ്ങനെ ഒരുപാട് കാര്യങ്ങള്‍.

പ്രവാചകന്റെ ഇരുപത്തിമൂന്ന് വര്‍ഷ കാലത്തിനിടയിലെ വാക്കും പ്രവൃത്തിയും അംഗീകാരവുമടങ്ങുന്ന കാര്യങ്ങളുടെ ലിഖിതരൂപമാണല്ലോ ‘ഹദീഥ്.’ പ്രവാചക ചരിത്രം കേവലം ചരിത്രം മാത്രമല്ല മറിച്ച് മതപരമായ നിയമ നിര്‍ദേശങ്ങള്‍ കൂടിയാണ്. നബി(സ്വ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലാത്ത ഹദീഥുകള്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്തിപ്പറയാന്‍ പാടില്ല എന്നതുപോലെ തന്നെ ഇല്ലാത്ത കാര്യങ്ങള്‍ പ്രവാചക ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനും പാടില്ല. അതിനാല്‍തന്നെ ഹദീഥുമായി ബന്ധമില്ലാത്തവര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളെക്കാള്‍ സത്യസന്ധരും വിശ്വസ്തരുമായ ഹദീഥ് പണ്ഡിതന്മാര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളാണ് സ്വീകാര്യം. ഇമാം ബുഖാരിയുടെ അത്താരീഖുല്‍ കബീര്‍, ഇമാം ദഹബിയുടെ താരീഖുല്‍ ഇസ്‌ലാം, സിയറു അഅ്‌ലാമിന്നുബലാഅ്, സുയൂത്വിയുടെ താരീഖുല്‍ ഖുലഫാഅ് എന്നീ ഗ്രന്ഥങ്ങളാണ് അബുല്‍ ഫറജുല്‍ അസ്ഫഹാനിയുടെ അല്‍അഗാനി, യാഖൂത്തുല്‍ ഹമവിയുടെ മുഅ്ജമുല്‍ ഉദബാഅ് എന്നീ ചരിത്ര കൃതികളെക്കാള്‍ ഉത്തമം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ വിരചിതമായ പല ചരിത്ര രചനകളും വിഷലിപ്തമാണ്. കാരണം ഈ കാലയളവിലെ ചരിത്ര പണ്ഡിതന്മാരില്‍ പലരും ഇസ്‌ലാമിന്റെ ശത്രുക്കളായ ഓറിയന്റിലിസ്റ്റുകളും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുമായിരുന്നു. അവരാകട്ടെ തങ്ങളുടെ ആശയത്തിനനുസരിച്ചാണ് അവരുടെ പേനകള്‍ ചലിപ്പിച്ചത്.

ഇസ്‌ലാമിക ചരിത്രത്തെ പഠിക്കുന്ന ഒരാള്‍ക്ക് പ്രധാനമായും അതിനെ മൂന്ന് ഘട്ടങ്ങളായി മനസ്സിലാക്കാവുന്നതാണ്.

ഒന്ന്: മുഹമ്മദ് നബി(സ്വ)യുടെ മുമ്പുണ്ടായിരുന്ന ചില പ്രവാചകന്മാരുടെയും അവരുടെ സമുദായങ്ങളുടെയും ചരിത്രം. മുന്‍ സമൂഹങ്ങളുടെ ചരിത്രം ഇസ്‌ലാമിക ചരിത്രത്തിലേക്ക് ചേര്‍ക്കാന്‍ കാരണം, ക്വുര്‍ആനിലോ ഹദീഥിലോ കഴിഞ്ഞുപോയ പ്രവാചകന്മാരെ സംബന്ധിച്ചും അവരുടെ സമൂഹങ്ങളെ കുറിച്ചും വന്നതിനാലാണ്. നൂഹ്(അ) ഇബ്‌റാഹീം(അ), മൂസാ(അ) മുതലായ പ്രവാചകന്മാര്‍, അവരെ ധിക്കരിച്ച ആളുകള്‍ക്കുണ്ടായ പതനങ്ങള്‍ തുടങ്ങിയവ ഇതില്‍ പെടുന്നു.

രണ്ട്: മുഹമ്മദ് നബി(സ്വ)യുടെ ചരിത്രം.

മൂന്ന്: നാല് ഖലീഫമാരുടെയും ഉമവി, അബ്ബാസി തുടങ്ങിയ ഭരണകൂടങ്ങളുടെയും മൊത്തത്തിലുള്ള ചരിത്രം.

ഇസ്‌റാഈലിയാത്ത്

പ്രവാചകാഗമനത്തിന് മുമ്പ് അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന മരുഭൂവാസികളായ ജൂത- ക്രൈസ്തവര്‍ തങ്ങളുടെ മതത്തെ സംബന്ധിച്ച് മനസ്സിലാക്കിയതും അവരുടെ യുദ്ധ ചരിത്രങ്ങളുമെല്ലാം തങ്ങള്‍ മുസ്‌ലിമായതിന് ശേഷം റിപ്പോര്‍ട്ട് ചെയ്തതിനാണ് ഇസ്‌റാഈലിയാത്ത് എന്ന് പറയുന്നത്. ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും കാണപ്പെടുന്ന ഇത്തരം ചരിത്ര സംഭവങ്ങളെ മൂന്ന് തരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഒന്ന്: ഇസ്‌റാഈലിയാത്ത് സനദോടുകൂടി ഉദ്ധരിച്ചവര്‍. സനദുകള്‍ (നിവേദക പരമ്പര) സഹിതം രേഖപ്പെടുത്തിയതിനാല്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചു എന്നവര്‍ മനസ്സിലാക്കി. ഇസ്‌റാഈലിയാത്തുകളെ സനദ് സഹിതം നിവേദനം ചെയ്തവരില്‍പെട്ടയാളാണ് ഇബ്‌നുജരീര്‍ അത്ത്വബ്‌രി.

രണ്ട്: സനദുകള്‍ രേഖപ്പെടുത്താതെ ലഭിച്ചത് മുഴുവനായി എഴുതിയവര്‍. അക്കാരണത്താല്‍ സത്യവും അസത്യവും കൂടിക്കുഴഞ്ഞ ചരിത്ര ശകലങ്ങളില്‍നിന്നും യഥാര്‍ഥ വശം മനസ്സിലാക്കുവാന്‍ അവരുടെ ഗ്രന്ഥങ്ങളില്‍നിന്നും സാധിക്കാതെയായി.

മൂന്ന്: ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് ഇസ്‌റാഈലിയാത്തുകള്‍ സ്വീകരിക്കാതിരിക്കുകയും അവയെ ശക്തമായി എതിര്‍ക്കുകയും ചെയ്ത ശൗക്കാനി, റശീദുരിദാ, ആലൂസി തുടങ്ങിയ പണ്ഡിതന്മാരെപോലുള്ളവര്‍.

ഇസ്‌റാഈലിയാത്തിനോടുള്ള സമീപനം

ഒന്ന്: സ്വീകാര്യമായവ.

ക്വുര്‍ആനിനോടും പ്രവാചക തിരുമൊഴികളോടും അനുകൂലമായി വന്നവ സ്വീകാര്യമായ ഇസ്‌റാഈലിയാത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുക.

രണ്ട്: അസ്വീകാര്യമായവ.

ഇസ്‌ലാമിക പ്രമാണങ്ങളോട് എതിരായി നില്‍ക്കുന്നവ അസ്വീകാരവും തെളിവിന് സ്വീകരിക്കാന്‍ പറ്റാത്തവയുമാണ്.

മൂന്ന്: മൗനം പാലിക്കേണ്ടവ.

ഇസ്‌റാഈലിയാത്തില്‍ വന്ന കാര്യങ്ങള്‍ പ്രമാണങ്ങളോട് അനുകൂലമായോ പ്രതികൂലമായോ വരാത്ത രൂപത്തിലാണെങ്കില്‍ അവയെ സ്വീകരിക്കുവാനും തള്ളിക്കളയുവാനും പാടില്ല; മറിച്ച് അവയെക്കുറിച്ച് മൗനം ദീക്ഷിക്കുകയാണ് വേണ്ടത്.

അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം: ജൂതന്മാര്‍ തൗറാത്ത് ഹീബ്രുവില്‍ വായിക്കുകയും മുസ്‌ലിംകള്‍ക്ക് അത് അറബിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അവരെ നിങ്ങള്‍ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. അവരോട് പറയുക; ഞങ്ങള്‍ അല്ലാഹുവിലും ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അവതരിപ്പിച്ചതും വിശ്വസിച്ചിരിക്കുന്നു” (ബുഖാരി).

അബ്ദുല്ലാഹ് ഇബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ)വില്‍നിന്നും നിവേദനം. നബി(സ്വ) പറഞ്ഞു: ”ഒരു ആയത്തെങ്കിലും നിങ്ങള്‍ എന്നില്‍നിന്നും എത്തിക്കുക. ബനൂഇസ്‌റാഈല്യരില്‍ നിന്നും നിങ്ങള്‍ ഉദ്ധരിച്ചു കൊള്ളുക; വിരോധമില്ല. ആരെങ്കിലും എന്റെമേല്‍ കളവ് കെട്ടിപ്പറഞ്ഞാല്‍ അവന്റെ ഇരിപ്പിടം അവന്‍ നരകത്തില്‍ ഒരുക്കട്ടെ” (ബുഖാരി).

ചരിത്ര ഗ്രന്ഥങ്ങള്‍

ഇന്ന് നമുക്ക് മുമ്പിലുള്ള പ്രധാന ചരിത്ര ഗ്രന്ഥങ്ങള്‍ ഇബ്‌നു ഹിശാമിന്റെ സീറത്തുറസൂല്‍, ഇബ്‌നു ജരീര്‍ അത്ത്വബ്‌രിയുടെ അഖ്ബാറുല്‍ മുലൂക്, ഇബ്‌നു കഥീറിന്റെ അല്‍ബിദായതു വന്നിഹായ, ഇമാം ദഹബിയുടെ താരീഖുല്‍ ഇസ്‌ലാം…തുടങ്ങിയവയാണ്. പ്രസ്തുത കൃതികളൊക്കെയും മുന്‍ഗാമികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിരചിതമായതാണ്.

മുആവിയ(റ)വിന്റെ ഭരണ കാലത്ത് ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തുവാന്‍ അദ്ദേഹം ആഗ്രഹിക്കുകയും അതിനുവേണ്ടി യമനിലെ സ്വന്‍ആയില്‍നിന്നും ഉബൈദ് ഇബ്‌നു ശരിയ്യ അല്‍ജുര്‍ഹുമിയെ കൊണ്ടുവരികയും അദ്ദേഹം കിതാബുല്‍ മുലൂകി വഅഖ്ബാറുല്‍ മാളീന എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ഹിജ്‌റ 105ല്‍ മരണമടഞ്ഞ അബാന്‍ ഇബ്‌നു ഉഥ്മാന്‍ ഇബ്‌നു അഫ്ഫാന്‍ റസൂല്‍(സ്വ)യുടെ ചരിത്രത്തെ സംബന്ധിച്ച് ചിലത് രേഖപ്പെടുത്തി. അതില്‍ അദ്ദേഹം പ്രവാചക ജീവിതത്തെ സംബന്ധിച്ച് വന്ന ഹദീഥുകള്‍ ക്രോഡീകരിച്ചു. വഹബ്ഇബ്‌നു മുനബ്ബഹ് (മരണം ഹി: 110), ഇസാം ഇബ്‌നു ഉമര്‍ ഇബ്‌നു ഖത്താദ(120), ശുറഹ്ബീല്‍ ഇബ്‌നു സഅ്ദ്(123), ഇബ്‌നു ശിഹാബ് അസ്‌സുഹ്‌രി (124), അബ്ദുല്ലാഹ് ഇബ്‌നു അബീബകര്‍ ഇബ്‌നു ഹസം (135) തുടങ്ങിയവരെല്ലാം ഇസ്‌ലാമിക ചരിത്ര രചനയില്‍ പ്രത്യേക സംഭാവനകള്‍ നല്‍കിയവരാണ്.

ഇസ്‌ലാമിക യുദ്ധ ചരിത്രം കാര്യമായും രേഖപ്പെടുത്തിയത് ഹിജ്‌റ 141ല്‍ മരണമടഞ്ഞ മൂസ ഇബ്‌നു ഉഖ്ബ, മഅ്മര്‍ അറാശിദ് (150), മുഹമ്മദ് ഇബ്‌നു ഇസ്ഹാഖ് (151) എന്നിവരാണ്. ഇസ്‌ലാമിക ചരിത്ര രചനയിലെ പൗരാണികനും പ്രസിദ്ധനുമാണ് 207ല്‍ മരണമടഞ്ഞ അല്‍വാഖിദി. ഇബ്‌നു ഹിശാമിന്റെ സീറയുടെ റിപ്പോര്‍ട്ടുകളെല്ലാം ഇബ്‌നു ഇസ്ഹാഖ് വഴിയാണ്.

ത്വബ്‌രിയുടെ ചരിത്ര ഗ്രന്ഥം

ഹിജ്‌റ 310ല്‍ മരണമടഞ്ഞ പ്രസിദ്ധ ക്വുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ ഇബ്‌നുജരീര്‍ അത്ത്വബ്‌രിയുടെ ചരിത്ര ഗ്രന്ഥത്തിന്റെ പേര് താരീഖുല്‍ അഖ്ബാരി വല്‍മുലൂക് എന്നാണ്. സൃഷ്ടിപ്പിന്റെ തുടക്കം മുതല്‍ ഹിജ്‌റ 302 വരെയുള്ള ചരിത്രമാണ് അതില്‍ അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത്. പ്രസ്തുത ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നു: നമ്മുടെ ഈ ഗ്രന്ഥം വായിക്കുന്നവന്‍ അറിയേണ്ട വസ്തുത; ഇതില്‍ ഞാന്‍ പറഞ്ഞതിനെല്ലാമുള്ള അവലംബം ഞാന്‍ നിവേദനം ചെയ്ത കാര്യങ്ങളാണ്. അത് എനിക്ക് റിപ്പോര്‍ട്ട് ചെയ്തവരിലേക്ക് ഞാന്‍ ചേര്‍ക്കുകയാണ്. ഇതിലെ ചില വാര്‍ത്തകള്‍ മുന്‍കഴിഞ്ഞുപോയ ചിലരില്‍ നിന്നാണ്. ഇത് വായിക്കുന്നവന്‍ ഒരുപക്ഷേ, പ്രസ്തുത സംഭവങ്ങള്‍ വെറുക്കുകയും അത് കേള്‍ക്കുന്നതില്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്‌തേക്കാം. കാരണം അവ ശരിയല്ലാത്ത അടിസ്ഥാനരഹിതമായവയാണ്.എങ്കില്‍ അവര്‍ അറിയട്ടെ, അവയൊന്നും നാം കൊണ്ടുവന്നതല്ല. നമ്മോട് റിപ്പോര്‍ട്ട് ചെയ്തവരാണ് അത് ഉദ്ധരിച്ചത്. അത് എനിക്ക് ലഭിച്ചതുപോലെ ഞാന്‍ രേഖപ്പെടുത്തി എന്ന് മാത്രം.

 

മുഹമ്മദ് സ്വാദിഖ് മദീനി
നേർപഥം വാരിക

ഇസ്‌ലാമോഫോബിയ: പുരാതന ചരിത്രത്തിന്റെ വാര്‍പ്പു മാതൃകകള്‍

ഇസ്‌ലാമോഫോബിയ: പുരാതന ചരിത്രത്തിന്റെ വാര്‍പ്പു മാതൃകകള്‍

വര്‍ത്തമാനം പലപ്പോഴും ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊള്ളാനുണ്ട് എന്ന വാക്യം നിത്യപ്രസക്തമായി നിലകൊള്ളുന്നത്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഈ കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറം ജീവിച്ച മുഹമ്മദ് നബി(സ)യുടെ ജീവിതത്തെ സ്വജീവിതത്തില്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും പ്രതിസന്ധിഘട്ടങ്ങളിലെ അവിടുത്തെ പ്രതികരണരീതികളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ചെയ്യേണ്ടവരാണവര്‍. ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്…” (ക്വുര്‍ആന്‍ 33:21).

ചരിത്രത്തിന്റെ ദശാസന്ധികളില്‍ ഒട്ടനേകം പ്രതിസന്ധിഘട്ടങ്ങളിലൂടെ മുസ്‌ലിം സമൂഹം കടന്നുപോയിട്ടുണ്ട്. അതിനാല്‍ തന്നെ ആധുനിക കാലഘട്ടത്തില്‍ ഈ സമുദായം നേരിടുന്ന വെല്ലുവിളികളെ, അതേതായിരുന്നാലും പിന്നിട്ട കാലങ്ങളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. അവയെ തരണം ചെയ്യാന്‍ പ്രവാചകനും അനുചരന്മാരും സ്വീകരിച്ച മാര്‍ഗങ്ങളും വളരെ സുവ്യക്തം! തീവ്രവാദ ചിന്തകളുടെ കടന്നുകയറ്റവും പ്രമാണവും കേവല യുക്തിയും മുന്നില്‍വെച്ചുള്ള സംവാദങ്ങളും സ്വദേശത്തുനിന്ന് പുറത്താക്കപ്പെട്ട സമുദായവുമെല്ലാം ഇന്നത്തെ മാത്രം പ്രശ്‌നമല്ല. കഴിഞ്ഞ മാസം ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെയും അഭയാര്‍ഥികളെയും നിരോധിച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട ഉത്തരവിനെതിരെ ദേശമതഭേദമന്യെ മനുഷ്യസ്‌നേഹികള്‍ മുഴുവന്‍ ശബ്ദമുയര്‍ത്തുന്ന, പ്രതിഷേധങ്ങള്‍ അഴിച്ചുവിടുന്ന അവസരത്തില്‍ ചരിത്രത്തിലേക്കൊരു എത്തിനോട്ടം സന്ദര്‍ഭോചിതമാകും.

കാലചക്രം നൂറ്റാണ്ടുകള്‍ പിന്നോട്ട് തിരിക്കണം. വാദി മുഹസ്സമില്‍ മക്കയിലെ ബഹുദൈവാരാധകരുടെ യോഗം നടക്കുന്നു. മുമ്പെങ്ങുമില്ലാത്ത ഭയത്തിലാണവര്‍! ഉമര്‍(റ)വും ഹംസ(റ)വും ഇസ്‌ലാം സ്വീകരിച്ചു. ഏകദൈവാരാധനയുടെ പ്രബോധനവീഥിയില്‍ നിന്ന് താന്‍ പിന്മാറില്ല എന്ന് അര്‍ഥശങ്കകള്‍ക്കിടയില്ലാത്ത വിധം മുഹമ്മദ് നബി(സ) വ്യക്തമാക്കി. അതിലപ്പുറം അവരെ ഭയപ്പെടുത്തിയത് ബനൂഹാശിം, ബനു മുത്ത്വലിബ് കുടുംബങ്ങളിലെ വിശ്വാസികളും അവിശ്വാസികളും നബി(സ)യെ സംരക്ഷിക്കാന്‍ എടുത്ത തീരുമാനമായിരുന്നു. നബി കുടുംബത്തില്‍ നിന്ന് അബൂലഹബ് മാത്രമായിരുന്നു ആ കരാര്‍ അംഗീകരിക്കാതിരുന്നത്. നബി(സ)ക്കെതിരെ നേരിട്ട് ഒരാക്രമണം സാധ്യമല്ലാത്ത വിധത്തില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു!

ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ മക്കയില്‍ ‘ഇസ്‌ലാമോഫോബിയ’ വളരെ ശക്തമായിക്കഴിഞ്ഞിരിക്കുന്നു. മുഹമ്മദിനോടും അദ്ദേഹത്തെ പിന്തുണക്കുന്നവരോടും യാതൊരുവിധ ബന്ധവും -അത് സാമൂഹികമോ സാമ്പത്തികമോ ആവട്ടെ- പുലര്‍ത്താന്‍ പാടില്ല എന്നവര്‍ തീരുമാനിച്ചു. അവരുമായി കച്ചവടം നടത്തരുത്, സംസാരിക്കരുത്… പൂര്‍ണമായ ബഹിഷ്‌കരണം! ‘മുഹമ്മദിനെ വധിക്കാന്‍ തങ്ങള്‍ക്ക് വിട്ടുതരുന്നത് വരെ’ ഈ ബഹിഷ്‌കരണം തുടരാന്‍ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ തീരുമാനിച്ചു. മക്കയിലെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ശിഇബ് അബീത്വാലിബ് എന്ന താഴ്‌വരയിലേക്ക് പ്രവാചകന്‍(സ)ക്കും അനുചരന്മാര്‍ക്കും, അവരെ പിന്തുണച്ച ബനൂഹാശിം, ബനൂ മുത്ത്വലിബ് കുടുംബങ്ങള്‍ക്കും പിന്‍വാങ്ങേണ്ടിവന്നു. സാമൂഹിക ബന്ധങ്ങള്‍ പൂര്‍ണമായും വിഛേദിക്കപ്പെട്ടു.

വിശന്ന് കരയുന്ന പിഞ്ചുപൈതങ്ങളുടെ ശബ്ദം താഴ്‌വരയില്‍ അലയടിച്ചു. ഹൃദയത്തില്‍ കാരുണ്യത്തിന്റെ ഉറവ ഇനിയും വറ്റാത്ത ചില മക്കാനിവാസികള്‍ നല്‍കുന്ന ഭക്ഷണ സാമഗ്രികള്‍ മാത്രമായിരുന്നു ഉപജീവനത്തിന് ആശ്രയം. മക്കക്ക് പുറത്ത് പോയി ഭക്ഷണ സാധനങ്ങള്‍ വാങ്ങാം എന്ന്‌വെച്ചാല്‍ അതിനുള്ള സാമ്പത്തിക കഴിവും ഇല്ല.

വളരെ ദുര്‍ഘടമായ സാഹചര്യം. മൃഗങ്ങളുടെ തോലും ഇലകളും തിന്ന് മനുഷ്യര്‍ വിശപ്പടക്കുന്ന അവസ്ഥയൊന്ന് ചിന്തിച്ചുനോക്കൂ! മൂന്ന് വര്‍ഷം ഈ ദുരവസ്ഥ തുടര്‍ന്നു. എന്നാല്‍ ഒടുവില്‍ മക്കയിലെ അവിശ്വാസികളില്‍ നിന്ന് തന്നെ ഒരു വിഭാഗം ഈ അനീതിക്കെതിരെ രംഗത്തെത്തി. ബനൂഹാശിം കുടുംബവുമായി രക്തബന്ധമുണ്ടായിരുന്ന പലര്‍ക്കും തങ്ങളുടെ ബന്ധുക്കള്‍ സഹിക്കുന്ന ഈ പീഡനം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഹിശാമുബ്‌നു അംറ്, സുഹൈറുബ്‌നു അബീ ഉമയ്യ, മുത്ഇം ഇബ്‌നു അദിയ്യ്, അബുല്‍ ബുഖ്താരി, സമ്മഅ് ബിന്‍ അല്‍ അസ്‌വദ് എന്നീ അഞ്ച് പേര്‍ പരസ്യമായി കഅ്ബക്കുള്ളില്‍ കെട്ടിത്തൂക്കിയ ബഹിഷ്‌കരണ കരാര്‍ കീറിയെറിയാന്‍ പുറപ്പെട്ടു. അബൂജഹല്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല!

അതേസമയം അല്ലാഹുവിന്റെ നാമത്തില്‍ എന്ന വാചകമൊഴികെ കരാറിന്റെ മറ്റ് ഭാഗങ്ങളെല്ലാം ചിതലരിച്ച് പോയിരിക്കുന്നു എന്ന് തനിക്ക് ലഭിച്ച ദൈവിക വെളിപാട് മുഹമ്മദ് നബി(സ) പിതൃവ്യന്‍ അബൂത്വാലിബിനെ അറിയിച്ചു. ഇക്കാര്യം കരാര്‍ ലംഘിക്കാന്‍ വന്നവരോടും അബൂജഹലിനോടും അബൂത്വാലിബ് പറഞ്ഞപ്പോള്‍ ഇത് സത്യമാണെങ്കില്‍ ബഹിഷ്‌കരണം പിന്‍വലിക്കാന്‍ തയ്യാറാണ് എന്ന് ബഹുദൈവാരാധകര്‍ക്ക് സമ്മതിക്കേണ്ടി വന്നു. കരാര്‍ രേഖ എഴുതിയ തോല്‍ പരിശോധിക്കാന്‍ ചെന്ന മുത്ഇമുബ്‌നു അദിയ്യ് കണ്ട കാഴ്ച അത്ഭുതകരമായിരുന്നു!

‘ബിസ്മിക്കല്ലാഹുമ്മ’ എന്ന ഭാഗമൊഴികെ അനീതിയുടെയും പീഡനത്തിന്റെയും വാചകങ്ങളെല്ലാം ചിതല്‍ തിന്ന് നശിച്ചിരിക്കുന്നു. മൂന്ന് വര്‍ഷം നീണ്ട ബഹിഷ്‌കരണം പിന്‍വലിക്കാന്‍ ഇതോടെ സത്യനിഷേധികള്‍ നിര്‍ബന്ധിതരായി.

ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ മുസ്‌ലിം സമൂഹം പ്രവാചക ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. മുസ്‌ലിമാവാത്ത അബൂത്വാലിബും കുടുംബവും ആ അഞ്ച് ചെറുപ്പക്കാരും മുസ്‌ലിംകള്‍ക്കെതിരെയുള്ള ബഹിഷ്‌കരണത്തിനെതിരെ പൊരുതിയെങ്കില്‍ ഇന്ന് അമേരിക്കയിലും പുറത്തും അന്യമതസ്ഥരായ ആളുകള്‍ പോലും ഈ അനീതിക്കെതരിരെ പ്രതികരിക്കുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനം തന്നെയാണ്. അല്ലാഹുവും പ്രവാചകനും കല്‍പിച്ചത് പോലെ അന്യമത സമൂഹങ്ങളോട് നീതിപാലിക്കുവാനും അവര്‍ക്ക് നന്മ ചെയ്യുവാനും ഗുണകാംക്ഷയോട് കൂടി വര്‍ത്തിക്കുവാനും മുസ്‌ലിം സമൂഹത്തിന് ഊര്‍ജം പകരുന്നതാണ് നമുക്ക് ചുറ്റുമുയരുന്ന പ്രതിഷേധങ്ങള്‍. അതോടൊപ്പം നാളെ മറ്റു സമൂഹങ്ങള്‍ക്കെതിരെ അനീതിയോ അക്രമമോ സംഭവിച്ചാല്‍ അതാര് ചെയ്താലും സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‍ക്കാ ന്‍ നാം പ്രതിജ്ഞാബദ്ധരാണ് എന്ന ഓര്‍മപ്പെടുത്തലും!

ചരിത്രം ഇനിയും ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും. മക്കയിലെ മഹാമരുഭൂമിയില്‍ പ്രവാചകനും അനുയായികളും അനുഭവിച്ച ബഹിഷ്‌കരണത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ഇതൊക്കെ എത്ര ചെറുത്!

”അല്ല, നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയവര്‍ക്കുണ്ടായതുപോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കുമെന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ട്” (2:214).

 

മുഹമ്മദ് അജ്മല്‍ സി
നേർപഥം വാരിക

വിശ്വാസത്തെ മലിനമാക്കുന്ന സ്വൂഫിസവും സ്വൂഫിസത്തെ താലോലിക്കുന്ന സമസ്തയും

വിശ്വാസത്തെ മലിനമാക്കുന്ന സ്വൂഫിസവും സ്വൂഫിസത്തെ താലോലിക്കുന്ന സമസ്തയും

സ്വൂഫിസം, സ്വൂഫിവര്യന്‍ എന്നീ പദങ്ങള്‍ സമൂഹത്തില്‍ ഇന്ന് ഏറെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. സ്വൂഫിവര്യനെ ഒന്നു കാണുക, സ്പര്‍ശിക്കുക, കൈമുത്തുക, കൂടെ കഴിയുക, പ്രാര്‍ഥനയില്‍ സംബന്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏറെ പുണ്യകരവും ജീവിതസൗഭാഗ്യവുമായി ചിലര്‍ കരുതുന്നു. ഇസ്‌ലാമിന്റെ തനിമയെ തകര്‍ക്കുന്നതാണ് സ്വൂഫിസമെന്നതിനാല്‍തന്നെ സ്വൂഫിസമാണ് യഥാര്‍ഥ ഇസ്‌ലാമെന്ന ധാരണ പരത്തുന്നതില്‍ മുഖ്യധാരാമാധ്യമങ്ങളും ചില സാഹിത്യകാരന്മാരും നല്ല പങ്കുവഹിക്കുന്നുണ്ട്. സാമുദായിക പ്രസിദ്ധീകരണങ്ങളും പൗരോഹിത്യവും അതിനൊക്കെ വളംവെച്ചുകൊടുക്കുകയും ചെയ്യുന്നു. ഭൗതികവും പാരത്രികവുമായ വിജയം, ആഗ്രഹസഫലീകരണം, പാപമോചനം, അല്ലാഹുവിനോട് സാമീപ്യം നേടല്‍ തുടങ്ങിയ എണ്ണമറ്റ നേട്ടങ്ങളുടെ കേന്ദ്രബിന്ദുവായാണ് സ്വൂഫിദര്‍ശനത്തെ അതിന്റെ വക്താക്കള്‍ കാണുന്നത്. 

വിശുദ്ധ ക്വുര്‍ആനിലോ നബിവചനങ്ങളിലോ ‘സ്വൂഫി’ എന്ന പദം പ്രയോഗിക്കപ്പെട്ടതായി പോലും കാണുവാന്‍ സാധ്യമല്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും മൂന്നാം നൂറ്റാണ്ടിലുമായി പ്രചാരത്തില്‍വന്നതാണത് എന്നാണ് പണ്ഡിതാഭിപ്രായം.

നല്ലതിനോടുള്ള മനുഷ്യന്റെ ആഭിമുഖ്യത്തെയും ആേവശത്തെയും അതിരുകടന്നതാക്കി അവസാനം അവരെ വഴികേടിലെത്തിക്കുക എന്നത് പിശാചിന്റെ ഒരു തന്ത്രമാണ്. സ്രഷ്ടാവും സംരക്ഷകനുമായ ഏക ഇലാഹിനെ ആരാധിക്കുവാനുള്ള മനുഷ്യന്റെ നൈസര്‍ഗികബോധത്തില്‍ ഇടപെട്ട് അതില്‍ അതിരുകടത്തി ബഹുദൈവാരാധനയിലേക്കും അല്ലാഹുവിലേക്ക് ഇടയാളന്മാരെ സങ്കല്‍പിച്ച് അവരോട് ്രപാര്‍ഥിക്കുന്നതിലേക്കും നേര്‍ച്ചവഴിപാടുകള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കുന്നതിലേക്കുമെല്ലാം മനുഷ്യനെ നയിക്കുവാന്‍ ഇബ്‌ലീസ് ശ്രമിച്ചുകൊണ്ടിരിക്കും. 

സ്വൂഫിസവും ശിയാഇസവും വിശ്വാസതലത്തില്‍ ഉള്‍ക്കൊണ്ട, കേരളത്തിലെ ‘സമസ്ത’ക്കാരും ‘സംസ്ഥാന’ക്കാരുമൊക്കെയായ വിവിധ വിഭാഗക്കാരുടെ ലക്ഷ്യവും മാര്‍ഗവും ഒന്നുതന്നെയാണ്. മക്വ്ബറകളാണ് അവരുടെ ശ്രദ്ധാകേന്ദ്രം; വരുമാന മാര്‍ഗവും. 

‘സ്വൂഫിസം മനുഷ്യനെ വിപുലീകരിക്കുന്നു’ എന്ന തലക്കെട്ടില്‍ ‘രിസാല’ വാരികയില്‍ സയ്യിദ് അഫ്‌സല്‍ മിയ ബറകാതി(ഐ.പി.എസ്)യുമായി നടത്തിയ ഒരു അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞും ലോകസലഫികളെ താറടിച്ചുകാണിച്ചും സുഊദി അറേബ്യയെ വിമര്‍ശിച്ചും ‘കേരളശിയാ’ക്കളുടെ നേതാവായ കാന്തപുരത്തെ മദ്ഹ് ചെയ്തുമാണ് അഭിമുഖം മുന്നോട്ടു പോകുന്നത്. ഒരു ചോദ്യവും ഉത്തരവും കാണുക:

”അടുത്ത കാലത്തായി മധ്യപൗരസ്ത്യ ദേശത്തും ദക്ഷിണ മെഡിറ്ററേനിയന്‍ പ്രദേശങ്ങൡലും മുളച്ചുപൊന്തിയ റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് ഭീകരസംഘങ്ങള്‍ സ്വൂഫിവ്യവഹാരത്തെ നഖശിഖാന്തം എതിര്‍ക്കുകയും സ്വൂഫി സ്മാരകങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിലോമശക്തികള്‍ ഉയര്‍ന്നുവരാനിടയായ സന്ദര്‍ഭം എന്താണ്?” ”മുസ്‌ലിം ലോകത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയപരവുമായ അപചയത്തിന് ഹേതുവായ മുഖ്യപ്രതിലോമ പ്രത്യയശാസ്ത്രം വഹാബിസമാണ്. കഴിഞ്ഞ മുപ്പതു വര്‍ഷം ലോകത്തുണ്ടായ മുഴുവന്‍ ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ധൈഷണികാടിത്തറ വഹാബിസമാണ്” (രിസാല, 2015 മാര്‍ച്ച് 25, പേജ് 9).

ഉത്തരം മുന്‍കൂട്ടിയെഴുതി അതിനു വേണ്ടിയുണ്ടാക്കിയ ചോദ്യമാണിതെന്നു വ്യക്തം. ‘വഹാബിസ’ത്തിന്റെമേല്‍ സകല ഫിത്‌നകളുടെയും ഉത്തരവാദിത്തം കെട്ടിവെക്കാനും തങ്ങളുടെ നെറികേടുകളെ ന്യായീകരിക്കാനുമുള്ള വ്യഗ്രതയല്ലാതെ ഈ ചോദ്യത്തിനും മറുപടിക്കും പിന്നില്‍ മറ്റൊന്നുമില്ല. നെറികേടുകള്‍ക്കെതിരെ ശബ്ദിക്കുന്നതിനെയാണ് ചോദ്യകര്‍ത്താവ് ‘റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് ഭീകരസംഘങ്ങള്‍ എന്ന് വിളിക്കുന്നത്. അവര്‍ ചെയ്യുന്ന ‘പ്രതിലോമ പ്രവര്‍ത്തനം’ എന്നത് ‘സ്വൂഫിവ്യവഹാര’ത്തെ എതിര്‍ക്കലും! ഇസ്‌ലാമികാദര്‍ശത്തെ ‘വ്യാപാരം’ ചെയ്യലാണോ ‘സ്വൂഫിവ്യവഹാരം?’ ഇസ്‌ലാമികപ്രമാണങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു നൂതനരീതിശാസ്ത്രം പടച്ചുണ്ടാക്കി വിശ്വാസചൂഷണം നടത്തുന്നതിനെതിരെ പ്രതികരിക്കുന്നത് പ്രതിലോമപ്രവര്‍ത്തനമാണോ? ക്വബ്‌റാളികളെ വിളിച്ചുതേടാന്‍ കെട്ടിപ്പൊക്കിയ ജാറങ്ങളും ദര്‍ഗകളുമാണ് ഇവര്‍ പറയുന്ന തകര്‍ക്കപ്പെട്ട സ്വൂഫി സ്മാരകങ്ങള്‍! ഉയര്‍ത്തപ്പെട്ട ക്വബ്‌റുകള്‍ തട്ടിനിരപ്പാക്കാന്‍ കല്‍പിക്കപ്പെട്ട പ്രവാചകന്റെ അനുയായികള്‍ക്കെങ്ങനെ ക്വബ്‌റുകള്‍ കെട്ടിപ്പൊക്കാനാവും? 

കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രതിലോമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പാരമ്പര്യമല്ലേ ഇവര്‍ക്കുള്ളത്? ഇവരുടെ മുന്‍കാല നേതാക്കളല്ലേ മുസ്‌ലിം സമുദായത്തെ അന്ധകാരത്തിലേക്കു തള്ളിയിടാന്‍ ആവതും ശ്രമിച്ചത്? സ്ത്രീകള്‍ അക്ഷരാഭ്യാസം നേടാന്‍ പാടില്ല, ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്, ക്വുര്‍ആന്റെ അര്‍ഥം പറയാനോ അത് പരിഭാഷപ്പെടുത്താനോ പാടില്ല, അസുഖം വന്നാല്‍ ഐക്കല്ലിലും ഏലസ്സിലും മാലമൗലീദുകളിലും അഭയം തേടുകയാണ് വേണ്ടത്…. ഇങ്ങനെ നൂറുകൂട്ടം ഇരുട്ടറകളില്‍ മുസ്‌ലിം സമൂഹത്തെ തളച്ചിട്ട്, മതപരമായും സാംസ്‌കാരികമായു ധാര്‍മികമായും വിദ്യാഭ്യാസപരവുമായ അവരുടെ വളര്‍ച്ചയെയും പുരോഗതിയെയും തടഞ്ഞവരുടെ പിന്‍ഗാമികള്‍ എന്തൊക്കെ നുണക്കഥകള്‍ എഴുതിവിട്ടാലും ചരിത്രസത്യത്തെ മൂടിവെക്കാനാവില്ല. നവോത്ഥാന സംരംഭങ്ങള്‍ക്കെതിരെ പ്രതിലോമ പ്രവര്‍ത്തനം നടത്തിയവരാണ് തങ്ങളുടെ നേതാക്കളെന്ന സത്യം മൂടിവെച്ച് സത്യത്തിന്റെ വക്താക്കളെ ആക്ഷേപിച്ചതുകൊണ്ട് സത്യം സത്യമാകാതിരിക്കില്ല.

ശാസ്ത്രീയമായ രീതിയില്‍ മതവിദ്യാഭ്യാസം നല്‍കുവാന്‍ മദ്‌റസ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചപ്പോള്‍ അതിനെതിരെ പടവാളെടുക്കുകയും കോളറയും വസൂരിയും പിടിപെട്ടവര്‍ക്ക് ചികിത്സ നിഷേധിച്ച് മാലപ്പാട്ടുകള്‍ പാടിക്കൊടുത്ത് അനേകരെ മരണത്തിലേക്കു നയിക്കുകയും അതുവഴി അനാഥബാല്യങ്ങളെ സൃഷ്ടിക്കുകയും അങ്ങനെയുള്ള അനാഥരെ സംരക്ഷിക്കുവാന്‍ സത്യത്തിന്റെ വക്താക്കള്‍ അനാഥശാലകള്‍ സ്ഥാപിച്ചപ്പോള്‍ അതിനെ ആക്ഷേപിക്കുകയും ചെയ്തവരുടെ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്നവര്‍ക്ക് മുസ്‌ലിം സമൂഹത്തിന്റെ അപചയത്തെക്കുറിച്ച് സംസാരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? സത്യത്തെ കൊഞ്ഞനംകുത്തിക്കൊണ്ട് അഭിമുഖത്തില്‍ പറയുന്നത് കാണുക:

”കഴിഞ്ഞ മുപ്പതു വര്‍ഷം ലോകത്തുണ്ടായ മുഴുവന്‍ ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ധൈഷണികാടിത്തറ വഹാബിസമാണ്. സ്വൂഫീദര്‍ശനങ്ങളില്‍ പറയുന്ന ബഹുസ്വരതയുടെ ആപേക്ഷികമായ നിലനില്‍പിനെ വഹാബിസം അംഗീകരിക്കുന്നില്ല. വിശുദ്ധക്വുര്‍ആനില്‍നിന്നും പരിമിത ബുദ്ധികൊണ്ട് നേരിട്ട് വായിച്ചെടുത്ത കാര്യങ്ങളെ അപ്പടി അവതരിപ്പിക്കുകയാണ് വഹാബികള്‍. പക്ഷേ, സ്വൂഫിസം ക്വുര്‍ആനിനെയും സുന്നത്തിനെയും വായിക്കുന്നത് കൃത്യമായ അവതരണ പശ്ചാത്തലത്തിലൂടെയും ചരിത്രപരമായ സന്ദര്‍ഭങ്ങളെ വിശകലനം ചെയ്തുമാണ്. സ്വൂഫിസത്തിന്റെ ജ്ഞാനം ഗുരുമുഖങ്ങളില്‍നിന്നും പകര്‍ന്നതാണ്. നൂറ്റാണ്ടുകളായി കൃത്യമായ ശൃംഖലകളിലൂടെ ഒഴുകിപ്പരന്നതാണ് സ്വൂഫിസ ജ്ഞാനധാര. വഹാബി മൗലിക ഇസ്‌ലാമിക (Normative Islam) വായനയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ട് ഭീമമായ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. അത്തരം തീവ്ര പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്തുകയാണ് ഐ.എസ് വരെ എത്തിനില്‍ക്കുന്ന ഭീകരവാദികള്‍ ചെയ്യുന്നത്.”

സാമ്രാജ്യത്വ ശക്തികളുടെയും സ്വൂഫികളുടെയും കണ്ണിലെ കരടാണ് എന്നും സലഫികള്‍. അതിനാല്‍തന്നെ എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും സലഫികളുടെ തലയില്‍ കെട്ടിവെക്കാന്‍ അവര്‍ മത്സരിക്കുന്നു. വിശിഷ്യാ ജൂത പിന്തുണയുള്ള സ്വൂഫികള്‍. സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിച്ചപ്പോള്‍ സലഫികള്‍ സദ്ദാമിന്റെ കൂടെയാണ്, സദ്ദാം വഹാബിയാണ് എന്നൊക്കെയായിരുന്നു പ്രചാരണം. പിന്നീട് ഉസാമ ബിന്‍ലാദന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഉസാമ സലഫിയാണെന്ന് പ്രചരിപിക്കാന്‍ ശ്രമിച്ചു. മതരാഷ്ട്രവാദക്കാരും അക്കാര്യത്തില്‍ മാത്സര്യബുദ്ധി കാണിച്ചു.

സലഫികള്‍ ഇസ്‌ലാമിന്റെ തനതായ ആദര്‍ശത്തിലാണ് നിലകൊള്ളുന്നത്. മായംചേര്‍ത്ത ഇസ്‌ലാമിനെ അവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് സകല തിന്മകളെയും ചൂഷണങ്ങളെയും അവര്‍ എതിര്‍ക്കുന്നു. ഇതെങ്ങനെ നൂതനാശയങ്ങള്‍ ഇസ്‌ലാമില്‍ കടത്തിക്കൂട്ടിയവര്‍ക്കും ചൂഷകര്‍ക്കും സഹിക്കാന്‍ കഴിയും? അതുകൊണ്ടാണ് ഈ എതിര്‍പ്പുകളെല്ലാം. പലിശ, മദ്യം, ചൂതാട്ടം, സ്ത്രീശരീരം… തുടങ്ങിയവയിലൂടെ സാമ്പത്തികടിത്തറ ഭദ്രമാക്കുന്ന ദുഷ്ടശക്തികള്‍ക്കെങ്ങനെ തനതായ ഇസ്‌ലാമിനോടും അത് ജീവിതത്തില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സലഫികളോടും പ്രിയമുണ്ടാകും? എന്താണീ ‘സ്വൂഫീദര്‍ശനങ്ങളില്‍ പറയുന്ന ബഹുസ്വരത?’ ബഹുദൈവവാരാധനയെയും ഏകദൈവാരാധനയെയും ഒരുപോലെ ഉള്‍ക്കൊള്ളല്‍ തന്നെ! അതേതായാലും മുസ്‌ലിംകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഈ കൂട്ടുകൃഷി ഇസ്‌ലാം പഠിപ്പിച്ചതല്ല. ഏകത്വത്തില്‍ ബഹുത്വം എന്നത് ഇസ്‌ലാമികമല്ല. പൂരം..നേര്‍ച്ച.. ആന… ചെണ്ടമേളം…പുഷ്പാര്‍ച്ചന… നിലവിളക്ക് കൊളുത്തല്‍… പലരോടും പ്രാര്‍ഥിക്കല്‍… ഇങ്ങനെ ഒട്ടനവധി കാര്യങ്ങളില്‍ സമസ്തക്കാരും (കേരള ശിയാക്കള്‍/സ്വൂഫികള്‍) ഹൈന്ദവരും തമ്മില്‍ വല്ലാത്തൊരു താദാത്മ്യം കാണാം. സ്വൂഫിസത്തിലെ ഈ ബഹുസ്വരതയില്‍ ഇസ്‌ലാമിനു പങ്കില്ല.

ക്വുര്‍ആനും സുന്നത്തും അടിസ്ഥാന പ്രമാണമായി സ്വീകരിക്കുകയും സച്ചരിതരായ മുന്‍ഗാമികള്‍ മനസ്സിലാക്കിതുപോലെ മനസ്സിലാക്കുകയും അവതരണ, ചരിത്ര പശ്ചാത്തലം നോക്കി ഉള്‍ക്കൊള്ളേണ്ടത് അങ്ങനെത്തന്നെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ് ഇവര്‍ വഹാബികള്‍ എന്ന് മുദ്രകുത്തുന്ന സലഫികള്‍. കള്ളക്കഥകളെയും വാറോലകളെയും സ്വപ്‌നങ്ങളെയും പ്രമാണമാക്കുന്നവര്‍ സലഫികളുടെ പ്രമാണങ്ങളോടുള്ള നിലപാടിനെ വിമര്‍ശിക്കുന്നതില്‍ പരം തമാശ വേറെയെന്തുണ്ട്?! സന്ദര്‍ഭവും അവതരണ പശ്ചാത്തലവുമൊക്കെ നോക്കിയിട്ടാണോ കാന്തപുരം കൊട്ടപ്പുറം സംവാദത്തില്‍ മരിച്ചവരോട് പ്രാര്‍ഥിക്കാന്‍ ആയത്ത് ഉദ്ധരിച്ചത്? ഇന്ന് ഇഷ്ടാനുസരണം ആയത്തുകള്‍ ഓതി ഇവരുടെ മൗലാനമാര്‍ ശിര്‍ക്ക് ബിദ്അത്തുകള്‍ സ്ഥാപിക്കുവാന്‍ തുനിയുന്നത് അവതരണ പശ്ചാത്തലവും ചരിത്രസന്ദര്‍ഭവുമൊക്കെ വിശകലനം ചെയ്താണോ?  

”സ്വൂഫിസത്തിന്റെ ജ്ഞാനം ഗുരുമുഖങ്ങളില്‍നിന്നും പകര്‍ന്നതാണ്. നൂറ്റാണ്ടുകളായി കൃത്യമായ ശൃംഖലകളിലൂടെ ഒഴുകിപ്പരന്നതാണ് സ്വൂഫിസ ജ്ഞാനധാര” എന്നു പറഞ്ഞത് ശരിയായിരിക്കാം. എന്നാല്‍ ‘വഹാബി’കളുടെ ഗുരു മുഹമ്മദ് നബി(സ്വ)യാണ്. അതിലേറെ ശ്രേഷ്ഠനായ ഗുരു വേറെയില്ല. അവിടുന്ന് പഠിപ്പിച്ചത് അതേപോലെ പഠിപ്പിക്കുന്ന ഗുരുനാഥന്മാരില്‍നിന്നാണ് അവര്‍ അറിവ് നേടുന്നത്. ലോകസലഫികള്‍ ഐഎസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുകയും അത് അനിസ്‌ലാമികമായ പ്രവര്‍ത്തനമാണെന്നും ഖവാരിജുകളുടെ പിന്‍ഗാമികളാണ് അവരെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് ഈ ഐപിഎസ്സുകാരന്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അവര്‍ ഖവാരിജുകളോട് സാദൃശ്യമുള്ളവരാണെന്ന് ഇദ്ദേഹവും സമ്മതിക്കുണ്ട്! ‘മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍’ കേരളയാത്ര നടത്തിയ നേതാവും അനുയായികളും തങ്ങളിലേക്കുതന്നെ നോക്കിയാല്‍ തിരിച്ചറിയാനാകും ആരാണ് മാനവികമൂല്യങ്ങളെ പലപ്പോഴും ചവിട്ടിമെതിച്ചിട്ടുള്ളതെന്ന്. 

”രണ്ട് പ്രധാന രാഷ്ട്രങ്ങളാണ് ആഗോളഭീകരതക്ക് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുന്നത്; അമേരിക്കയും സൗദി അറേബ്യയും” എന്നും ഐപിഎസ്സുകാരന്‍ പറയുന്നുണ്ട്. അമേരിക്കയുടെ കാര്യം ശരിയാണ്. എന്നാല്‍ സൗദിയെ അക്കൂട്ടത്തില്‍ എണ്ണിയത് ഉള്ളില്‍ വിദ്വേഷത്തിന്റെ കനലെരിയുന്നതുകൊണ്ട് മാത്രമാണ്. സലഫികളാണല്ലോ അവിടെ ഭരിക്കുന്നത്! സൗദിയാകട്ടെ അക്രമകാരികളായ ഹൂതികളെ തുരത്താന്‍ യമനില്‍ ഇടപെടുകയും ചെയ്യുന്നു. ഇത് സഹിക്കാന്‍ ശിയാ/സ്വൂഫീ കുട്ടുകെട്ടിന് എങ്ങനെ കഴിയും? 

ഒരു ചോദ്യവും ഉത്തരവും കൂടി കാണുക:

”ആധ്യാത്മികധാരയില്‍നിന്ന് ജനങ്ങള്‍ അകലംപാലിച്ചതുകൊണ്ടാണ് ഇത്തരം നിലപാടുകള്‍ നമുക്കിടയില്‍ രൂപപ്പെട്ടതെന്ന് തോന്നുന്നു. ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയുടെ ഖാന്‍ഖാഹ് ഉത്തമമായ ഇന്ത്യന്‍ ബഹുസ്വരതയുടെ പ്രഭവകേന്ദ്രമായി മാറുന്നു?” ”അത് ശരിയാണ്. സ്വൂഫികളുടെ ഖാന്‍ഖാഹുകള്‍ മികച്ച മതസൗഹാര്‍ദത്തിന്റെയും ബഹുസ്വരദര്‍ശനങ്ങളുടെയും പൊതു ഇടമായിരുന്നു..”

മേല്‍പറഞ്ഞ ആധ്യാത്മികധാര ശിര്‍ക്ക് ഒലിച്ചിറങ്ങുന്ന ധാരയാണ്. അതില്‍നിന്ന് ജനങ്ങള്‍ അകലംപാലിച്ചുതുടങ്ങിയത് ക്വുര്‍ആനും സുന്നത്തും മനസ്സിലാക്കിയപ്പോഴാണ്. ജാറങ്ങളെല്ലാം മതസൗഹാര്‍ദത്തിന്റെ ഇടങ്ങളാണ്. പൂമൂടലും തേങ്ങയുടക്കലും സ്ത്രീപുരുഷ കൂടിക്കലരലും സാമ്പ്രാണിത്തിരിയുടെ പുകയുമെല്ലാം നല്‍കുന്ന ‘ആധ്യാത്മിക നിര്‍വൃതി’ നേടാന്‍ ജാതിമത വ്യത്യാസം മറന്ന് എല്ലാവരും എത്തുന്നുണ്ട്. ഈ ആത്മീയ നിര്‍വൃതി പൈശാചികമാണ്; ഇസ്‌ലാമികമല്ല എന്നു മാത്രം.

മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ മാറ്റാന്‍ ഇയാള്‍ നല്‍കുന്ന പരിഹാരമാര്‍ഗം രസകരമാണ്: ”നിങ്ങള്‍ കേരളത്തില്‍ ശൈഖ് അബൂബക്കറിന്റെ നേതൃത്വം പരിശോധിക്കുക. അദ്ദേഹമില്ലെങ്കില്‍ നിങ്ങളൂെട നാട് ഉത്തരേന്ത്യയെക്കാള്‍ ഭീകരമാകുമായിരുന്നു.”

ശൈഖ് അബൂബക്കര്‍ (കാന്തപുരം) ഇല്ലെങ്കില്‍ കേരളത്തിന്റെ കാര്യം ഉത്തരേന്ത്യയെക്കാള്‍ ഭീകരമാകുമായിയിരുന്നു എന്നത് ഈ വര്‍ഷത്തെ എറ്റവും നല്ല ഫലിതത്തിനുള്ള സമ്മാനം നേടാന്‍ യോഗ്യമായതാണ്. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ ആയത്തോതിയും തിരുകേശത്തിന്റെ പേരില്‍ നാടുചുറ്റിയും സമുദായത്തിന്റെ അന്തസ്സ് കെടുത്തിക്കളയാന്‍ ടിയാന്‍ ശ്രമിച്ചിട്ടും കേരള മുസ്‌ലിംകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് സലഫികളുടെ അവസരോചിതമായ ഇടപെടല്‍മൂലമാണ്. ഉത്തരേന്ത്യയില്‍ ഇയാളെപ്പോലെയുള്ളവരാണ് ഭൂരിപക്ഷവും എന്നതിനാലാണ് അവിടെയുള്ള മുസ്‌ലിംകള്‍ എല്ലാ മേഖലകളിലും ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്നത് എന്നതാണ് വാസ്തവം. 

 

അബ്ബാസ് ചെറുതുരുത്തി
നേർപഥം വാരിക

 

സ്വൂഫിസവും ഇസ്‌ലാമും തമ്മിലെന്ത്?

സ്വൂഫിസവും ഇസ്‌ലാമും തമ്മിലെന്ത്?

(സ്വൂഫിസവും ഫാസിസവു: 2)

 

ശക്തമായ ഏകദൈവ വിശ്വാസത്തില്‍ വാര്‍ത്തെടുക്കപ്പെട്ട പ്രവാചകാനുചരന്മാര്‍ക്കോ ഉത്തമരെന്ന് അറിയപ്പെട്ട തലമുറക്കോ ഇത്തരം ഒരു വിഭാഗത്തെ അന്യമായിരുന്നു. ഇമാം അബൂഹനീഫ(റഹി)യുടെ കാലഘട്ടം വരെ മുസ്‌ലിം സമൂഹത്തില്‍ ഇത്തരം ചര്‍ച്ചയേ ഉണ്ടായില്ല.’രാവിലെ സൂഫിയായവന്‍ ഉച്ചയാകുംമുമ്പേ വിഡ്ഢിയാകുമെന്ന’അതികഠിന ഭാഷയിലാണ് ഇമാം ശാഫിഈ(റഹി) ഇത്തരക്കാരെ വിമര്‍ശിച്ചത്. തുടര്‍ന്നു വന്ന അഹ്‌ലുസ്സുന്നയിലെ പണ്ഡിതന്മാര്‍ ഇതേ നിലപാടാണ് സ്വീകരിച്ച്‌പോന്നതും. ഇസ്‌ലാമിന്റെ ചരിത്രവഴിയില്‍ ദര്‍ഗാ പൈതൃകവാദികള്‍ക്ക് സ്ഥാനമില്ലെന്ന് ചുരുക്കം.

സ്വൂഫിസത്തിന്റെ ഉത്ഭവവും വളര്‍ച്ചയും പേര്‍ഷ്യയിലായിരുന്നതിനാല്‍ ശിയാക്കള്‍ക്കിടയില്‍ ശക്തമായ വേരോട്ടം ഇതിനുണ്ടായിരുന്നു. ഒരു ശിയാ ഒരു സ്വൂഫി കൂടിയായിരിക്കും. അമവികളെ പരാജയപ്പെടുത്തി അബ്ബാസീ ഭരണകൂടം നിലവില്‍ വരികയും അറബികളുടെ മേല്‍കോയ്മ അവസാനിക്കുകയും ചെയ്തു. അറബികളോട് പൂര്‍വ വൈരാഗ്യത്തിലായിരുന്ന പേര്‍ഷ്യക്കാര്‍ അബ്ബാസീ ഭരണത്തിന്റെ സിരാകേന്ദ്രങ്ങള്‍ കീഴടക്കി. ഈ വഴിവിട്ട ശിയാബന്ധം മുസ്‌ലിം സമൂഹത്തിലേക്ക് ഇസ്‌ലാം ആട്ടിപ്പുറത്താക്കിയ പല അനാചാരങ്ങളും തിരിച്ചുവരാന്‍ കാരണമായി. ഇസ്‌ലാമിന് അന്യമായ ചിന്താധാരകള്‍ പ്രചരിപ്പിക്കുവാനുള്ള ആസൂത്രിതമായ ശ്രമങ്ങളും ഇക്കാലത്ത് നടന്നു. ഭരണ മേല്‍കോയ്മക്ക് കോട്ടം തട്ടാതിരിക്കുവാന്‍ ഭരണാധികാരികള്‍ ഇവര്‍ക്കു വേണ്ട ഒത്താശകള്‍ കൂടിചെയ്തുപോന്നു. ഇതുവഴിയാണ് ശിയാവിഭാഗത്തിനും അവരുടെ പല വിശ്വാസങ്ങള്‍ക്കും മുസ്‌ലിം സമൂഹത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുവാന്‍ സാധിച്ചത്.

മുസ്‌ലിം സമൂഹത്തിലേക്ക്

ശിയാക്കളാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ പടര്‍ന്ന വരണ്ട ആശയങ്ങളില്‍ ഏറെ സ്വാധീനം നേടിയ ഒന്നാണ് സ്വൂഫിസം. ഭരണകക്ഷിയില്‍ ഉണ്ടായിരുന്ന ശക്തമായ ശിയാസ്വാധീനവും പുരോഹിതന്‍മാരുടെ രംഗ പ്രവേശനവും മതത്തിന്റെ മറവില്‍ പ്രമാണബദ്ധമല്ലാത്ത നവീന ചിന്താപ്രസ്ഥാനങ്ങള്‍ ഉടലെടുത്തതുമെല്ലാം ഇതിന് കാരണങ്ങളായി. പുറമെ മുസ്‌ലിം സമൂഹത്തിന് കാലങ്ങള്‍കൊണ്ടുണ്ടായ മന്ദിപ്പുകളും ഭരണാധികാരികളുടെ വഴിവിട്ട ഭരണക്കൂത്തുകളില്‍ മനംമടുത്ത ജനങ്ങളും എല്ലാംകൂടിയായപ്പോള്‍ സ്വൂഫിശൈഖുമാരിലും അവരുടെ പര്‍ണശാലകളിലും മുസ്‌ലിം സമൂഹം ഭക്തി സായൂജ്യരാകുവാനും കൂടുതല്‍ സ്വാധീനം നേടുവാനും കാരണങ്ങളായി.

അബ്ബാസീ ഭരണം തകര്‍ത്തുള്ള താര്‍ത്താരികളുടെ ആക്രമണവും തുടര്‍ന്നുണ്ടായസംഭവവികാസങ്ങളില്‍സ്വൂഫികള്‍ കൂട്ടത്തോടെ മുസ്‌ലിം രാജാക്കന്മാര്‍ ഭരിക്കുന്ന ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അഭയം പ്രാപിച്ചതും ലോക മുസ്‌ലിം സമൂഹത്തില്‍ ഇവര്‍ ഇത്രയധികം സ്വാധീനം ചെലുത്താനുള്ള മറ്റൊരു കാരണമായിത്തീര്‍ന്നു. ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഇതിനു വലിയ ഉദാഹരണങ്ങളാണ്.

നവോത്ഥാനത്തിന്റെ വഴിയില്‍

ചിന്തയെ മൂടിക്കെട്ടി അന്ധമായ അനുകരണമത(തക്വ്‌ലീദ്)ത്തില്‍ വിശ്വസിക്കുന്ന മുസ്‌ലിം സമൂഹത്തെ പ്രമാണബദ്ധമായി ചിന്തിപ്പിച്ചെടുക്കുകയാണ് സലഫിന്റെ പാത (സ്വഹാബത്തിന്റെയും സജ്ജനങ്ങളായ പൂര്‍വസൂരികളുടെയും പാത) പിന്‍പറ്റിയവര്‍ ചെയ്തത്. മുസ്‌ലിം സമൂഹത്തില്‍ മതപരമായും ഐഹികമായുമുള്ള അപചയങ്ങള്‍ വ്യാപിക്കുമ്പോഴും പ്രമാണവിരുദ്ധാശയങ്ങള്‍ തലപൊക്കിയപ്പോഴുമൊക്കെ പരിഷ്‌കര്‍ത്താക്കളുടെ ശബ്ദം ഉയര്‍ന്നു വന്നിട്ടുണ്ട്. ഉത്തമ സമൂഹത്തിന്റെ നിര്‍മിതിക്കായി കാലാനുസരണം വന്ന അപചയങ്ങള്‍ തിരുത്തി മാതൃകാ സമുദായമായി മുസ്‌ലിംകളെ തിരിച്ചു വഴിനടത്താന്‍ ഇവര്‍ക്ക് സാധിച്ചു.

മതവിഷയങ്ങളില്‍ അഭിപ്രായക്കാരും(റഅ്‌യ്) അനുമാനകരും(ക്വിയാസ്) വഴിവിട്ട സ്വാധീനം ചെലുത്തിത്തുടങ്ങിയപ്പോള്‍ കര്‍മശാസ്ത്ര രംഗത്ത് ഇയര്‍ന്നുവന്ന ഇമാം ശാഫിഈ (ഹിജ്‌റ രണ്ട്), ഹദീഥുകളിലെ നെല്ലും പതിരും വേര്‍തിരിച്ച് മനസ്സിലാക്കി നല്‍കുന്നതിലും ഹദീഥ് സ്വീകാര്യതക്ക് വളരെ സൂക്ഷ്മവും പ്രബലവുമായ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിലും അഗ്രേസരനായ ഇമാം ബുഖാരി (ഹിജ്‌റ മൂന്ന്),യുക്തിചിന്തയിലൂടെയുംതത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുംമതത്തെ ദുര്‍വ്യാഖ്യാനിച്ച് നൂതന ആശയങ്ങള്‍ ഭരണകര്‍ത്താക്കളെ സ്വാധിച്ച് ഇസ്‌ലാമിന്റെ പേരില്‍ കടത്തിക്കൊണ്ടുവന്നവര്‍ക്ക് എതിരെ ആഞ്ഞടിച്ചും വിശ്വാസ കാര്യങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചുംരംഗത്തുവന്ന ഇമാമുസ്സുന്ന ഇമാം അഹ്മദ് ബിന്‍ ഹന്‍ബല്‍ (ഹി: നാല്) തുടങ്ങിയവരെല്ലാം ഈ ശ്രേണിയിലെ ചിലരാണ്.

ഒരേ സമയം താര്‍ത്താരികളെയും ക്രിസ്ത്യാനികള്‍, നാസ്തികര്‍, ശിയാക്കള്‍, സ്വൂഫികള്‍ മറ്റു നൂതന ചിന്താഗതിക്കാരായ മുഅ്തസിലുകള്‍, അശ്അരി, ജബ്‌രി തുടങ്ങി ഇസ്‌ലാമിക വിശ്വാസ കര്‍മ സംസ്‌കൃതിയിലെല്ലാം അള്ളിപ്പിടിച്ച അനിസ്‌ലാമിക തത്ത്വശാസ്ത്രങ്ങള്‍ക്കെതിരെയും ഒരു പുരുഷായുസ്സ് മുഴുവന്‍ അഹോരാത്രം പരിശ്രമിച്ച അഹ്‌ലുസ്സുന്നഃയുടെ മഹാപണ്ഡിതവര്യനായിരുന്നു ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ. അദ്ദേഹത്തിന്റെ അറിവിന്റെയും പ്രവര്‍ത്തനത്തിന്റെയും പ്രഭ മുസ്‌ലിം ലോകത്ത് വെളിച്ചം വീശിയപ്പോള്‍ പുത്തന്‍ ആശയങ്ങള്‍ തമസ്സില്‍ മാഞ്ഞു. സ്വൂഫിസത്തിനും സ്വൂഫികളാല്‍ സ്വാധീനിക്കപ്പെട്ട് മുസ്‌ലിംകളില്‍ കടന്നു കൂടിയ അനാചാരങ്ങള്‍ക്കും മങ്ങലേല്‍ക്കുവാന്‍ തുടങ്ങി.

ശൈഖുല്‍ ഇസ്‌ലാമിനു ശേഷം ധാരാളം നവോത്ഥാന നായകര്‍ ലോകത്ത് കടന്നുവന്നു. ഇബ്‌നുല്‍ ഖയ്യിം,ശൈഖ് മുഹമ്മദ് ബ്‌നുല്‍ അബ്ദുല്‍ വഹാബ്,ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി,ശഹീദ് അഹ്മദ് എന്നിവര്‍ ഇതില്‍ ചിലരാണ്. ഇവരുടെ നവോത്ഥാന സംരംഭങ്ങള്‍ മുസ്‌ലിം ലോകത്ത് മാറ്റങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ ഒറ്റയായും സംഘടിതമായും രൂപംകൊണ്ടു. അറബ് ലോകത്തും ഇന്ത്യാ ഉപഭൂഖണ്ഡങ്ങളിലും പശ്ചിമേഷ്യ,ഈജിപ്ത് മറ്റു ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയിലുമെല്ലാം ഈ ചലനം വ്യവസ്ഥാപിതമായി തന്നെ മുന്നോട്ടു നീങ്ങി.

സലഫികള്‍ പ്രതിക്കൂട്ടിലേക്ക്!

ഫ്രഞ്ച് വിപ്ലവത്തോടെ യൂറോപ്യന്‍ യൂണിയന്‍ ഉണര്‍ന്ന് കഴിഞ്ഞിരുന്നു. ലോകരാജ്യങ്ങളെ പിടിച്ചടക്കിയും സമ്പത്ത് കൊള്ളയടിച്ചും മത്സരിച്ച് മുന്നേറുന്ന കൊളോണിയല്‍ സാമ്രാജ്യങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലെ ഈ നവജാഗരണം ഭയന്നു. വരും നൂറ്റാണ്ടുകള്‍ ഇസ്‌ലാമിന്റെതാണെന്ന് മനസ്സിലാക്കിയ പാശ്ചാത്യലോകം ഒരു ഭാഗത്ത് ഇസ്‌ലാം ഭീതി സൃഷ്ടിച്ചും മറുഭാഗത്ത് ഇസ്‌ലാമിക മിസ്റ്റിസത്തെ വാനോളം പുകഴ്ത്തിയും തിരശ്ശീലക്ക് പിന്നില്‍ ആസൂത്രണ പൂര്‍വം പ്രവര്‍ത്തിച്ചുകൊണ്ടിരിരുന്നു. ലോകത്തെ കൊള്ളയടിച്ചും ചൂഷണം ചെയ്തും രാജ്യങ്ങളെ വെട്ടിപ്പിടിച്ച് കോളനികളാക്കിയും മുന്നേറിയ യൂറോപ്യന്‍ യൂണിയനും കൈ്രസ്തവ മിഷനറി പ്രവര്‍ത്തകരും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഈ മുന്നേറ്റം ഭീതിയോടെയാണ് കണ്ടത്. മുസ്‌ലിം നവോത്ഥാന ഗര്‍ജനങ്ങള്‍ സാമ്രാജ്യശക്തികളുടെ കോട്ട കൊത്തളങ്ങളെ വിറപ്പിച്ചു.

അറബ് ലോകത്ത് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബിന്റെ നവോത്ഥാന മുന്നേറ്റവും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായ നവജാഗരണവും തുടര്‍ന്ന് ശാഹ് ഇസ്മായില്‍, ശാഹ് അഹ്മദ് ശഹീദ് എന്നിവരിലൂടെ ഉണ്ടായ സംഘടിത നീക്കങ്ങളും എല്ലാം യൂറോപ്യന്‍ കോളനികള്‍ക്കും സ്വൂഫികള്‍ക്കും ഒരേപോലെ പരാജയങ്ങളും തകര്‍ച്ചയും ഉണ്ടാക്കി.

ഇതിനെ വളരെ ആസൂത്രിതമായിത്തന്നെ സാമ്രാജ്യത്വം നേരിട്ടു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം സ്വീകരിച്ച ഇവര്‍ ക്വബ്ര്‍ പൂജകരായ സ്വൂഫികളെയും സ്വൂഫീ ആശയക്കാരെയും തന്നെ തെരഞ്ഞടുത്തു. സൃഷ്ടിപൂജയില്‍ അഭിരമിക്കുന്ന ഇക്കൂട്ടര്‍ എന്നും ഇവരോടൊപ്പം കൂട്ടുകൂടിയ ചരിത്രമാണുള്ളത്. ഇന്ന് ഫാസിസത്തോടുള്ള അതേ നയം മുമ്പ് മുതല്‍ക്കേ ക്രൈസ്തവ സാമ്രാജ്യത്വവുമായി അവര്‍ പുലര്‍ത്തിപ്പോന്നിരുന്നു. സ്വൂഫികളുടെ ദര്‍ഗാ സംസ്‌കാരം അംഗീകരിക്കാത്തവര്‍’വഹാബി’കളാണെന്നും അവര്‍ പാരമ്പര്യ നിഷേധികളാണെന്നും വരുത്തിത്തീര്‍ത്ത് അവരെ മുസ്‌ലിം സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തുവാന്‍ സാമ്രാജ്യത്വ ബുദ്ധികള്‍ക്ക് പ്രയാസം ഉണ്ടായില്ല. പിന്നീട് മുസ്‌ലിം ലോകത്തിന്റെ നാനാഭാഗത്തുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ തടയിടാന്‍ സ്വൂഫികളെ ചൂഷക കൊളോണിയല്‍ സാമ്രാജ്യത്വം നന്നായി ഉപയോഗിച്ചു. ഇരുകൂട്ടര്‍ക്കും പൊതുശത്രു ഒന്നുതന്നെ. അല്ലാത്തവരൊക്കെ വഹാബികളും സലഫികളും തീവ്രവാദികളുമെല്ലാമായി മാറി!

ശവകുടീര പൂജയെ എതിര്‍ക്കുന്ന’വഹാബിസം’ പൈതൃകത്തെ തള്ളിയവരും നൂതനാശയക്കാരുമാണെന്നുംസ്വൂഫി ചിന്താധാരകളെ എതിര്‍ക്കുന്ന മുസ്‌ലിം പണ്ഡിതന്‍മാരും സംഘടനകളും മതമൗലികവാദികളും അസഹിഷ്ണുത പുലര്‍ത്തുന്ന തിവ്രവാദികളുമാണെന്നും വരുത്തിത്തീര്‍ക്കുവാന്‍ ഇരുകൂട്ടരും സംഘടിതമായി പണ്ട് മുതല്‍ക്കേ ശ്രമിച്ചുപോരുന്നു. പൂര്‍വികരായ സജ്ജനങ്ങളുടെ പാത പിന്‍പറ്റണം എന്നു പറയുന്ന സലഫികളെ അസമാധാനത്തിന്റെ വക്താക്കളായി തെറ്റുധരിപ്പിച്ച് നവോത്ഥാന ശബ്ദത്തെ മൂടിക്കെട്ടുവാന്‍ ശ്രമിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വൂഫികളും സ്വൂഫീ ആശയം സ്വീകരിച്ചവരും ഈ നവോത്ഥാന സരണിക്കെതിരെ ഒറ്റയായും സംഘടിതമായും നിലയുറപ്പിച്ചു. ഇത്തരക്കാര്‍ക്ക് നവാബ്,ബഹദൂര്‍ പട്ടങ്ങള്‍ നല്‍കിയും എല്ലാ വിധ സൗകര്യങ്ങളും നല്‍കി ആദരിച്ചും സാമ്രാജ്യത്വ ശക്തികള്‍ കൂടെ നിര്‍ത്തി. അതേസമയം കൊളോണിയല്‍ ശക്തികള്‍ക്കെതിരെ പടനയിച്ച പണ്ഡിന്മാര്‍ക്കും സ്വാതന്ത്ര്യപോരാളികള്‍ക്കുമെതിരില്‍ ‘കാഫിര്‍’ഫത്‌വകള്‍ പുറപ്പെടുവിച്ചും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ മതവിരുദ്ധ സമരമായും പ്രഖ്യാപിച്ച് പൗരോഹിത്യം സാമ്രാജ്യത്വത്തിന് ഓശാന പാടി പ്രീണിപ്പിച്ചു.

ഇത് ആഗോളതലത്തില്‍ മെനെഞ്ഞുണ്ടാക്കുന്ന സാമ്രാജ്യത്വ ഭീകരതാ പ്രതിഭാസമാണ്. തൗഹീദിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ യഥാര്‍ഥ ചൈതന്യം ലോകത്ത് പരന്നുകഴിഞ്ഞാല്‍ അടിത്തറയില്ലാത്ത മതദര്‍ശന പ്രസ്ഥാനങ്ങള്‍ക്കും ലോകത്തെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ഭൗതിക സാമ്രാജ്യത്വ ശക്തികള്‍ക്കും കനത്ത പരാജയമേല്‍ക്കേണ്ടിവരുമെന്ന് നന്നായറിയുന്നവരാണ് ഇത്തരം നവോത്ഥാന ചലനങ്ങള്‍ക്കെതിരെ ആരോപണം നടത്തുന്നവര്‍. ഈ തൗഹീദ് ജാഗരണത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കുവാന്‍ ശവകുടീര പൂജകരായ സ്വൂഫികളെയും അവരുടെ അനുയായി വൃന്ദങ്ങളെയും അവസരോചിതം ഉപയോഗപ്പെടുത്തി. അതിനനുസരിച്ച് വളരെ ദീര്‍ഘദൃഷ്ടിയോടെ തന്നെ ചരിത്രത്തെ സൃഷ്ടിച്ചും വളച്ചൊടിച്ചും കുതന്ത്രങ്ങള്‍ മെനഞ്ഞും കള്ളക്കഥകളുണ്ടാക്കിയെടുത്തു. ഈ ഭീകരതക്ക് താങ്ങും തണലുമായി നിന്ന കൂട്ടുകെട്ട് പൈതൃകമാണ് ദര്‍ഗ അസോസിയേഷനുകള്‍ക്ക് പറയാനുള്ളത്. വരും നൂറ്റാണ്ട് ഇസ്‌ലാമിന്റെതാണെന്ന് മനസ്സിലാക്കിയ പാശ്ചാത്യലോകം ഒരു ഭാഗത്ത് ഇസ്‌ലാം ഭീതി സൃഷ്ടിച്ചും മറുഭാഗത്ത് ഇസ്‌ലാമിക മിസ്റ്റിസത്തെ കുറിച്ച് വാനോളം പുകഴ്ത്തിയും തിരശ്ശീലക്ക് പിന്നില്‍ ആസൂത്രണപൂര്‍വം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

മലയാളക്കരയും സാക്ഷിയാവുന്നു

പ്രവാചക കാലത്തു തന്നെ ഇസ്‌ലാമിനെ വരവേറ്റ കേരളം ലോകത്തു നടന്ന ചരിത്രവേലിയേറ്റങ്ങള്‍ക്ക് സാക്ഷിയാവുകയും അതില്‍ പങ്കാളികളാവുകയും ചെയ്തു. പല രാജ്യങ്ങളില്‍ നിന്നായി വന്ന പണ്ഡിതന്‍മാരും നേതാക്കളും കേരളത്തിലെ ജനസമൂഹത്തിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു.അത് ജാതി, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ ജനങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു.

അസ്തിത്വം നഷ്ടപ്പെട്ട താഴ്ന്ന ജാതിക്കാര്‍ സ്വാഭാവികമായും ആഗ്രഹിച്ച സ്വാതന്ത്ര്യം ഇസ്‌ലാം സ്വീകരണത്തോടുകൂടി നേടി. ക്വുര്‍ആനും ഹദീഥും പഠിച്ച ഒരു സമൂഹമായി മാറുവാനുള്ള അവസരം ലഭിക്കാത്തവരാണിവരില്‍ അധികവും. പില്‍ക്കാലത്ത് മുസ്‌ലിംലോകത്തുണ്ടായ സ്വൂഫീ സ്വാധീനം ഈ മുസ്‌ലിം ജനതയിലും ഉണ്ടായി.

പിന്നീട് മതത്തില്‍ സ്വൂഫീ ആചാരങ്ങള്‍ നിറഞ്ഞുനിന്നു. നേര്‍ച്ചകളുംശവകുടീരങ്ങളുംപൂജിക്കലും വലിയ്യ്, ബീവിമാര്‍ തുടങ്ങി നിലവിളക്കും എണ്ണത്തിരിയുംമാട്ടുംമാരണവുംവരവും പോക്കും കതീനയും വെടിമരുന്നും ഒരു ഭാഗത്ത്; പക്ഷിപ്പാട്ടും,കുപ്പിപ്പാട്ടും,മാലമൗലീദുകളും മറ്റൊരു ഭാഗത്ത്. ഇെതല്ലാം വിശ്വസിച്ചും പഠിച്ചും പഠിപ്പിച്ചും ജീവിക്കുന്ന സമൂഹവും പൗരോഹിത്യവും. ഈ വഴിവിട്ട ആശയങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചും പൗരോഹിത്യത്തെ തുറന്ന് കാണിച്ചും തൗഹീദിന്റെ പാത കാണിച്ചുകൊടുത്തും കേരളത്തിലും നവോത്ഥാനത്തിന്റെ കാറ്റ് വീശി. അങ്ങനെ മുസ്‌ലിം ലോകത്തുണ്ടായ നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളവും സാക്ഷിയായി.

1800ന്റെ അന്ത്യപാദത്തില്‍ സയ്യിദ് സനാഉല്ല മക്തിതങ്ങള്‍ ഒരേസമയം ക്രൈസ്തവ മിഷനറി ആദര്‍ശ പ്രചാരണത്തിനെതിരില്‍ ചെറുത്തുനിന്നും പൗരോഹിത്യ ചൂഷണത്തിനെതിരെ ശബ്ദിച്ചും മുസ്‌ലിം നവോത്ഥാനകൈരളിക്ക് തുടക്കംകുറിച്ചു. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ആപതിച്ച മുസ്‌ലിം സമൂഹത്തെ വിശ്വാസ ചൂഷണം ചെയ്ത് ക്രൈസ്തവ പാതിരിമാര്‍ ഇസ്‌ലാമിനെയും പ്രവാചകനെയും ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഒത്താശയോടു കൂടി അവഹേളിച്ചും തെറിവിളിച്ചും നാടുനീളെ മിഷനറി പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഇവര്‍ക്കെതിരില്‍ ശക്തമായ പടനയിച്ച മക്തിതങ്ങള്‍ക്കെതിരെ കുഫ്ര്‍ ഫത്‌വ ഇറക്കി. സ്വൂഫി പുരോഹിതന്മാര്‍ ക്രൈസ്തവ ബ്രിട്ടീഷ്‌കൊളോണിയന്മാര്‍ക്കും പാതിരിമാര്‍ക്കും ഒപ്പം നിന്ന് ചരിത്രം ആവര്‍ത്തിച്ചു. ഇത്തരം പ്രവൃത്തികള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇന്ത്യാരാജ്യത്തുടനീളം ബ്രിട്ടീഷുകാരും പൗരോഹിത്യവും ഇതേ ബന്ധം ഉപയോഗപ്പെടുത്തി നവോത്ഥാന ചലനങ്ങളെ തടയിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉത്തരേന്ത്യയിലെ മിഷനറിമാരുടെ ഉറക്കം കെടുത്തിയ മൗലാന അമൃതസരിക്കെതിരെ ഇതേ കുഫ്ര്‍ തന്ത്രം പ്രയോഗിച്ചത് മറ്റൊരുദാഹരണമാണ്. സമൂഹത്തെ അേധാഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ശ്രമിച്ചവരെയെല്ലാം വഹാബികള്‍, സലഫികള്‍ എന്നീ മുദ്രകുത്തി അകറ്റുവാന്‍ ശ്രമിച്ചു.

കേരളത്തിലെ മുസ്‌ലിംകളില്‍ സാമൂഹ്യ പുരോഗതിയും സൈ്വര്യജീവിതവും ആഗ്രഹിച്ച ഒരുപറ്റം സമുദായ സ്‌നേഹികള്‍ ഹമദാനി ശൈഖിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച നിഷ്പക്ഷ സംഘം പിന്നീട് കേരള മുസ്‌ലിം ഐക്യ സംഘമെന്നപേരില്‍1922ല്‍ വിപുലമായ രൂപത്തില്‍ പുനഃ സംഘടിപ്പിച്ച് കേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മഹത്തായ പ്രസ്ഥാനമായി മാറി. എന്നാല്‍ മുസ്‌ലിം അനൈക്യത്തിലും അന്ധവിശ്വാസത്തിലും മുതലെടുപ്പ് നടത്തിയിരുന്ന വിഭാഗങ്ങള്‍ക്ക് ഈ സംഘത്തെ എതിര്‍ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു.

ഉത്തരേന്ത്യയില്‍ നേരത്തെതന്നെ ആരംഭിച്ച ഈ നവോത്ഥാന മുന്നേറ്റം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കേരളത്തില്‍ തുടക്കംകുറിച്ചത്. കേരളത്തിന് സുഊദി ഗവണ്‍മെന്റുമായുള്ള ബന്ധം ഉണ്ടാകുന്നതിനു മുമ്പ് തന്നെ ഈ നവോത്ഥാന ചലനങ്ങള്‍ക്ക് വഹാബിസം എന്ന പേര് ആഗോളതലത്തിലെന്നപോലെ ഇവിടെയും ഉണ്ടായി. സാമ്രാജ്യത്വ ശക്തികള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഇസ്‌ലാമിക മുന്നേറ്റത്തിന് ഈ പേര് നല്‍കിയിരുന്നു. ദര്‍ഗാസംസ്‌കാരം ഇസ്‌ലാമികമല്ല എന്ന് പറയുന്നവര്‍ പൈതൃക പാരമ്പര്യത്തെ തള്ളിയ നൂതന ആശയക്കാരാണെന്ന് വരുത്തിവെച്ച് മുസ്‌ലിം നവജാഗാരണത്തെ തടയിടാന്‍ സാമ്രാജ്യത്വത്തിനു സാധിച്ചു.

കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണത്തിന്റെ രണ്ടു വര്‍ഷത്തിനു ശേഷം ഇതിനെ പിളര്‍ത്തി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘം ഇതേ സ്വൂഫിചിന്താധാരകളെ സംരക്ഷിക്കുവാനുള്ളതും തങ്ങള്‍ പൈതൃക പാരമ്പര്യവാദികളാണെന്ന് വിശേഷിപ്പിക്കുവാനുമുള്ളതുമായിരുന്നു. ഇതിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍ തികഞ്ഞ സ്വൂഫിയും ബ്രിട്ടീഷുകാരുമായി അടുത്തബന്ധം സ്ഥാപിച്ചിരുന്ന വ്യക്തി കൂടിയുമായിരുന്നുവെന്ന് കൂട്ടിവായിക്കുമ്പോള്‍ ചരിത്രം കേരളമണ്ണിലും ആവര്‍ത്തിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കാം. വഹാബികള്‍ എന്നു മുദ്രകുത്തിയ നവോത്ഥാനനായകര്‍ അന്ന് ബ്രിട്ടീഷ് ഗവണമെന്റിനെതിരെ സമരത്തിലേര്‍പെട്ടിരിക്കുമ്പോള്‍ ഇദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം മതവിരുദ്ധമായാണ് കണ്ടത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ എതിരാളിയായി നിലയുറപ്പിച്ചതോടെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രിയങ്കരനായി മുല്ലക്കോയ തങ്ങള്‍ മാറിയതും സ്മരണീയമാണ്.

അപ്പോള്‍ സമസ്തയും സമസ്തയെ പ്രതിനിധീകരിക്കുന്നവരും സ്വൂഫി സമ്മേളനത്തില്‍ പങ്കെടുക്കുന്നതുംസ്വൂഫി സമ്മേളനങ്ങളില്‍ രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെയും മറ്റും നേതാക്കള്‍ പങ്കെടുക്കുന്നതും കൂട്ടുകൂടുന്നതും ചരിത്രത്തിന്റെ പുനരാവര്‍ത്തനം എന്നല്ലാതെ മറ്റൊന്നുമല്ല. ഈ ബന്ധങ്ങള്‍ ഇനിയും തുടര്‍ന്ന് കൊണ്ടിരിക്കും.

സമീപഭാവിയില്‍ സ്വൂഫിസത്തിന്റെ മറവില്‍ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സ്വാര്‍ഥമോഹത്തില്‍ ഫാസിസ്റ്റുകളുമായി ചങ്ങാത്തം കൂടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കും. വരും ദിവസങ്ങളില്‍ ഫാസിസത്തിനനുകൂലമായ മതവിധികളും ഇവരില്‍നിന്നും നമുക്ക് പ്രതീക്ഷിക്കാം. ഈ സ്വാര്‍ഥകൂട്ടുകെട്ടില്‍ പങ്കുകൊള്ളാത്തവരൊക്കെ ഇവരുടെ കണ്ണില്‍ ‘സലഫി’കള്‍ അഥവാ ‘ഭീകരവാദി’കളുമായിരിക്കും.

 

വാല്‍കഷ്ണം:

മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം ഭീകരതയെ അപലപിച്ചതിനുശേഷവും മുസ്‌ലിംകളെ ഭീകരതയുമായി ബന്ധിപ്പിക്കുവാനുള്ള ശ്രമം ആഗോളതലത്തിലും ഇന്ത്യയിലും ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ആഗോളതലത്തില്‍ സാമ്രാജ്യത്വ ദാസ്യവും ഇന്ത്യയില്‍ ഹിന്ദുത്വ ഫാസിസ്റ്റ് പ്രീണനവും മുഖ്യ അജണ്ടയാക്കിയ സ്വൂഫിസത്തിന്റെ നിലപാടും,സ്വൂഫിസത്തെ സുഖിപ്പിക്കുന്ന ഫാസിസ്റ്റ് അജണ്ടയും തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ വിലനല്‍കേണ്ടിവരും എന്ന്അന്ധമായ സലഫീ വിരോധത്തില്‍’സ്വൂഫീസൗന്ദര്യം’ ആസ്വദിക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

 

ഫാസിസവും സ്വൂഫിസവും കൈകോര്‍ക്കുന്നതിലെ രസതന്ത്രം

ഫാസിസവും സ്വൂഫിസവും കൈകോര്‍ക്കുന്നതിലെ രസതന്ത്രം

സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷ പുകപടലങ്ങളിലെ വ്യക്തവും അവ്യക്തവുമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കുമ്പോള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭയമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് മനസ്സിലാക്കാനാവും. പരസ്പരവിരുദ്ധം എന്ന് കരുതിയ പ്രത്യയശാസ്ത്രങ്ങള്‍ തോളുരുമ്മി നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കരുതിയതിലുമപ്പുറം കുരുക്കിലാണ് കിടക്കുന്നതെന്നുവേണം അനുമാനിക്കാന്‍.

ജനാധിപത്യത്തെ ബലികഴിച്ച് മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത പ്രത്യയശാസ്ത്രത്തിലേക്ക്വര്‍ഗീയ പോര്‍വിളികളിലൂടെ ഒരു രാജ്യത്തിലെ ജനത മുഴുവന്‍ മാറണം എന്ന ധാര്‍ഷ്ട്യസ്വഭാവമുള്ള ഫാസിസവും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും;അനശ്വരമായ സ്‌നേഹവും അനുരാഗവും കോര്‍ത്തിണക്കിയ ആനന്ദഹര്‍ഷത്തിലൂടെ സര്‍വചക്രവാളങ്ങളെയും ഭേദിച്ച് മനുഷ്യഹൃദയങ്ങളില്‍ പ്രണയപ്രപഞ്ചത്തിന്റെ ജാലകം തുറക്കുന്ന ആത്മസഞ്ചാരികളും സാധകരുമെന്ന് പറയപ്പെടുന്ന സ്വൂഫികളും ഒരേ വേദി പങ്കിട്ടും തോളുരുമ്മിയും നില്‍ക്കുമ്പോള്‍ വൈരുധ്യം നിറഞ്ഞ വൈവിധ്യങ്ങള്‍ക്ക് നാം സാക്ഷികളാവുകയാണ്.

ഡല്‍ഹിയില്‍ വെച്ച് തീവ്ര ഹൈന്ദവ ചിന്താഗതിക്കാരുടെ എല്ലാവിധ സഹായ സഹകരണത്തോടെയും നടന്ന ലോകസ്വൂഫി സമ്മേളനത്തെക്കുറിച്ചുള്ളചില ന്യൂസ് ബാക്കപ്പുകള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തു വായിച്ചാല്‍ ഫാസിസത്തിന്റെയും സ്വൂഫിസത്തിന്റെയും ഇടയിലുള്ള രസത്രന്ത ചേരുവക്ക് ഒന്നുകൂടി തെളിച്ചം ലഭിക്കുന്നതായിരിക്കും. ജന്മഭൂമിയടക്കം പല പത്രങ്ങളും മറ്റു സോഷ്യല്‍ മീഡിയകളും ഇത്തരം വാര്‍ത്തകള്‍ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.’ഭാരത്മാതാ കീ ജയ് വിളിച്ച് പ്രധാനമന്ത്രിക്ക് സ്വാഗതം; അല്ലാഹു എന്നാല്‍ സമാധാനം'(മാര്‍ച്ച് 18, 2016; ജന്മഭൂമി).

”സ്വൂഫിസം സമാധാനത്തിന്റെ ശബ്ദമാണ്;

എല്ലാ മനുഷ്യരും ഒരുപോലെയെന്നതിന്റെ അടയാളമാണ്;അല്ലാഹുവിന്റെ99പേരുകളും അക്രമത്തിന് എതിരാണ്. ലോകമെമ്പാടുമുള്ള സ്വൂഫികള്‍ മോദിയുടെ ആരാധകരായതിങ്ങനെ; (മോദി),(Marunadan malayali Epapermarunada, Friday, 18 Mar). ലോകത്തിന് സമാധാനത്തിന്റെ സന്ദേശം നല്‍കുന്നത് സ്വൂഫിസം: പ്രധാനമന്ത്രി (The Indian Telegram, March 18, 2016. ‘യഥാര്‍ഥ ഇസ്‌ലാമിനെ കാണിച്ചു തരുന്നത് സൂഫിസം’- മോദി (ജന്മഭൂമി 31 ഓഗസ്റ്റ് 2015). ‘സ്വൂഫി പണ്ഡിതന്‍മാരുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു, സ്വൂഫി സന്യാസിമാര്‍ മുന്നോട്ട്‌വെച്ച സന്ദേശം ഇന്ത്യന്‍ ധാര്‍മികതയുടെ അഭിവാജ്യഘടകമാണെന്നും ഇന്ത്യയില്‍ ബഹുസ്വരതയാര്‍ന്ന ഒരു ബഹുസംസ്‌കാര സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അതു ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു’ (http://www.pmindia.gov.in/ml/page/21/?s&selected_category=196, 27Aug, 2015). ഡല്‍ഹിയില്‍ വച്ചുനടന്ന ആഗോള സ്വൂഫി സമ്മേളനത്തില്‍സെക്രട്ടറി ശിഹാബുദ്ദീന്‍ റസ്‌വിയുടെ പത്രസമ്മേളന വാര്‍ത്തയും കൂടി ഇതിലേക്ക് ചേര്‍ത്ത് വായിക്കാം.”വളര്‍ന്നു കൊണ്ടിരിക്കുന്ന വഹാബി ആശയങ്ങളെ ചെറുക്കുവാന്‍ ആര്‍.എസ്.എസ് പോലുള്ള സംഘടനകളോട് സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണ്.”

ഇപ്പോള്‍ ചിത്രം പൂര്‍ത്തിയായിത്തുടങ്ങി. ഇരുകൂട്ടരും പൊതുശത്രുവിന്റെ കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികള്‍. സ്വൂഫി ഇസ്‌ലാമും സലഫീ ഇസ്‌ലാമും എന്നീ രണ്ട് ധാരകളെ സൃഷ്ടിച്ചെടുത്ത് സലഫികളെ ഭീകരവാദികളും സ്വൂഫികളെ സമാധാനപ്രിയരുമായി ഫാസിസ്റ്റ് ചിന്താഗതിക്കാരും കാവി ചരിത്രനിര്‍മിതിക്കാരും ചിത്രീകരിച്ചെടുത്തു കഴിഞ്ഞു!

സ്വൂഫികളും വൈദിക മതവും

സ്വൂഫിസത്തിന്റെയും ഫാസിസത്തിന്റെയും ഇടയിലുള്ള സ്വരച്ചേര്‍ച്ചക്ക് കാരണമായി ചരിത്രപരമായ അന്വേഷണങ്ങള്‍ക്ക് ചിലത് പറയാനുണ്ട്. സ്വൂഫിസത്തിന്റെ പഴക്കത്തോളം തന്നെ ഈ ബന്ധത്തിനും പഴക്കമുണ്ട്! സ്വൂഫിസവും ഇന്ത്യയിലെ വൈദിക മതവും ചരിത്രപരമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. ഹിജ്‌റ500നു ശേഷമാണ് ഇസ്‌ലാമിക ലോകത്ത് സ്വൂഫിസം ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വളര്‍ന്നു പന്തലിച്ചത്. ഇന്ത്യയില്‍ ഇത് വ്യാപകമായി എത്തിച്ചേര്‍ന്നത് മുഗള്‍ ഭരണ കാലത്താണ്. ജാതിവര്‍ണ വ്യവസ്ഥയില്‍ വീര്‍പ്പുമുട്ടിയ അയിത്തജനം സ്വൂഫിശൈഖുമാരുടെ പര്‍ണശാലകളില്‍ കൂട്ടത്തോടെ അഭയം പ്രാപിച്ചു. ഹൈന്ദവ ചിന്തയും സ്വൂഫി ആത്മീയതയും കൂടി ചേര്‍ന്ന ഒരു സവിശേഷ ആത്മീയ ധാരയായിട്ടാണ് ഇന്ത്യന്‍ സ്വൂഫിസം വളര്‍ന്നത്. വിശ്വാസ, സംസ്‌കാര രംഗങ്ങളില്‍ കാര്യമായ പിഴുതെടുപ്പു നടത്താതെ തന്നെ സൗഹാര്‍ദ പൂര്‍ണമായ സങ്കലനതയിലേക്ക് ഇത്തരം ജനക്കൂട്ടം ഇഴുകിച്ചേര്‍ന്നു.

ഇന്ത്യയിലെ ബൗദ്ധ ബ്രാഹ്മണ സംസ്‌കാരത്തോട് സമന്വയം പ്രാപിച്ച ഒരു ആത്മീയധാരയായിട്ടാണ് സ്വൂഫിസം ഇവിടെ വളര്‍ന്നത്.സ്വൂഫി ചരിത്രത്തിലുടനീളം ഈ വൈദികബന്ധം ദര്‍ശിക്കാവുന്നതാണ്. സ്വൂഫി ആചാര്യനായ മന്‍സൂര്‍ ഹല്ലാജ് ഒമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ വരികയും വൈദിക തത്ത്വശാസ്ത്രങ്ങള്‍ പഠിക്കുകയുമുണ്ടായി. ഹിന്ദുമതത്തില്‍ നിന്നും സ്വൂഫിമതത്തിലേക്ക് വന്ന അബൂഅലി സിന്ധി എന്ന ശൈഖാണ് സ്വൂഫികള്‍ക്ക് വേദാന്തങ്ങള്‍ പഠിപ്പിച്ചു കൊടുത്തിരുന്നത്. ഇദ്ദേഹത്തിന്റെ ശിഷ്യനും സൂഫീ ലോകത്തിന്റെ മഹാത്മാവുമായ അബൂയസിദുല്‍ ബിസ്താമിയാണ് സ്വൂഫികള്‍ക്കിടയില്‍ വേദചിന്തകള്‍ വ്യാപിപ്പിച്ചത്. സ്വൂഫിസത്തിലുള്ള ഫനാ(ഉന്മാദാവസ്ഥ),സുക്ര്‍ (ഉന്മാദലഹരി),ഗലബ് (പരമാനന്ദം) പോലുള്ളതിന്റെയൊക്കെ ഉപജ്ഞാതാവും ഇതേ ബിസ്താമിയാണ്.

മുഗള്‍ ഭരണകാലത്ത് പല രാഷ്ട്രീയ സാഹചര്യത്താല്‍ ഇന്ത്യയിലേക്ക് സ്വൂഫികള്‍ കൂട്ടത്തോടെ ചേക്കേറുന്നതിനു മുമ്പു തന്നെ പല സ്വൂഫി ശൈഖുമാര്‍ ഇന്ത്യയില്‍ വന്ന് യോഗാചാര്യന്‍മാരില്‍ നിന്ന് വൈദിക തത്ത്വശാസ്ത്രങ്ങള്‍ പഠിക്കുകയുണ്ടായി. ഈ സ്വൂഫികള്‍ വേദാന്ത പാഠങ്ങള്‍ ഉള്‍കൊണ്ട് സ്വൂഫിസത്തിലെ ആധ്യാത്മികതയെ ഇന്ത്യയിലെ ആധ്യാത്മികത പോലെ വികസിപ്പിച്ചു.അബ്ബാസികളുടെ അവസാനത്തില്‍ സ്വൂഫികള്‍ ഇന്ത്യയിലേക്ക് എത്തിയശേഷം ഈ ആത്മീയ ബന്ധം ഏറെ മെച്ചപ്പെട്ടു. അമീര്‍ ഖുസ്രുവിനെ പോലെയുള്ള സ്വൂഫി കവികള്‍ ഹൈന്ദവാചാരങ്ങളെ പുകഴ്ത്തിപ്പാടി. ഗോളിയോറിലെ മുഹമ്മദ് ഗൗസ് സംസ്‌കൃതത്തിലും വേദങ്ങളിലും അവഗാഹമുള്ള സ്വൂഫിശൈഖായിരുന്നു. ഇദ്ദേഹമാണ് സംസ്‌കൃതത്തിലെ തത്ത്വശാസ്ത്ര ഗ്രന്ഥമായ’അമൃത കുണ്ഡം’പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇത്തരം മൊഴിമാറ്റങ്ങള്‍ ഹൈന്ദവ തത്ത്വശാസ്ത്ര ജ്ഞാനങ്ങള്‍ സ്വൂഫികളില്‍ വ്യാപിക്കുവാനും പഠനത്തിനും ആക്കംകൂട്ടി.

പേര്‍ഷ്യന്‍ സൂഫിവര്യന്‍ മീര്‍ അബ്ദുല്‍ ക്വാസിം ഫിന്തിരിസ്തി യോഗാസിഷ്ഠ പഠിച്ച് അതിന് കുറിപ്പെഴുതുകയും യോഗാസിഷ്ഠയിലെ സാങ്കേതിക പദങ്ങള്‍ക്ക് ഒരു നിഘണ്ടു തന്നെ തയ്യാറാക്കുകയും ചെയ്തു. ഹിന്ദുയോഗിമാരെ പൂര്‍ണമായും ഉള്‍ക്കൊണ്ട പാരമ്പര്യമാണ് സ്വൂഫി ചരിത്രത്തിന് പറയുവാനുള്ളത്. പ്രമുഖ സൂഫി ശൈഖായ ദാരാഷിക്കോ അമ്പതോളം ഉപനിഷത്തുകളും സുപ്രധാന തത്ത്വശാസ്ത്രങ്ങളും പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു. മാത്രവുമല്ല വേദാന്തത്തെ കുറിച്ച് സംസ്‌കൃതത്തില്‍ ഒരു പ്രബന്ധം തയ്യാറാക്കുക കൂടി ചെയ്തു. ദാരാഷിക്കൊ പേര്‍ഷ്യന്‍ ഭാഷയില്‍ (സ്വൂഫികള്‍ അറബിയെക്കാളേറെ ഉപയോഗിച്ചിരുന്ന ഭാഷ പേര്‍ഷ്യനായിരുന്നു) വേദാന്തവും സ്വൂഫിസവും കൈകാര്യം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. അദ്ദേഹം തന്റെ ഗ്രന്ഥത്തിന്റെ ആമുഖം തുടങ്ങുന്നത്’ഓം ശ്രീ ഗണേഷനമോ’ എന്ന മന്ത്രത്തോടെയാണ്. സിര്‍റുല്‍ അഖ്ബാര്‍ എന്ന ഗ്രന്ഥത്തിലൂടെ വേദാന്തങ്ങള്‍ വഴി താന്‍ മനസ്സിലാക്കിയ നിഗൂഢാര്‍ഥങ്ങളെ അദ്ദേഹം വിശദീകരിച്ചു. ക്വുര്‍ആന്‍ പഠിച്ചപ്പോള്‍ തന്റെ ഹൃദയത്തില്‍ സംശയങ്ങള്‍ ഉടലെടുത്തെന്നും ഉപനിഷത്ത് പഠനത്തിലൂടെയാണ് അന്വേഷിച്ചുകൊണ്ടിരുന്ന സംശയങ്ങള്‍ക്ക് ദൂരീകരണം ലഭിച്ചതെന്നുംഇവ സകല രഹസ്യങ്ങളുടെയും കലവറയാണെന്നും ദാരാ പ്രസ്താവിക്കുകയുണ്ടായി. ഇതിനുമപ്പുറം എന്തു സൗഹൃദബന്ധമാണ് സൂഫീ ആര്‍ഷഭാരത അപ്പോസ്തലന്മാര്‍ക്കിടയില്‍ ഉണ്ടാവാനുള്ളത്? ഇസ്‌ലാമിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന സ്വൂഫീ ചിന്തകള്‍ക്കെതിരെ നിലനില്‍ക്കുന്നവര്‍ മതമൗലികവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

ഭഗവത് ഗീതക്ക് പരിഭാഷ എഴുതിയ ശൈഖ് ഹുസൈന്‍ അംബാല്‍ ഖാന്‍, യോഗ സംഗ്രഹ പുസ്തകം രചിച്ച ശൈഖ് മുഹമ്മദ്,ഹിന്ദുദൈവങ്ങളും അവതാരങ്ങളും നബിമാരാണെന്ന് പ്രഖ്യാപിച്ച ശൈഖ് സയ്യിദ് സുല്‍ത്താന്‍,മഹാഭാരതം ഹൃദിസ്ഥമാക്കിയ മിര്‍സാബിദീന്‍, ‘ഹിന്ദുസ്ഥാന്‍ കി ദോ പൈഗംബര്‍ റാം ഔര്‍ കൃഷ്ണ സലാമുല്ലാഹി അലൈഹി’എന്ന കൃതിയുടെ കര്‍ത്താവ് സ്വൂഫി ഖാജാ ഹസന്‍ നിസാമി (സ്വൂഫി അഗ്രേസരനായ നിസാമുദ്ദീന്‍ ഔലിയയുടെ അനന്തിരവനാണ് ഇദ്ദേഹം)… ഇങ്ങനെ പോകുന്നു സ്വൂഫികളുടെ വൈദിക മതവുമായുള്ള ബന്ധങ്ങള്‍.

ഇത്തരം ഹൈന്ദവ തത്ത്വശാസ്ത്ര മൂശയിലൂടെ വാര്‍ത്തെടുത്ത് വിപുലീകരിച്ച സ്വൂഫി തത്ത്വങ്ങളെ യഥാര്‍ഥ മുസ്‌ലിംകള്‍ എതിര്‍ക്കുമെന്നും അതിനു നേതൃത്വം വഹിക്കുക സലഫികള്‍ ആയിരിക്കുമെന്നും സ്വൂഫികളെ പോലെത്തന്നെ മറുകക്ഷിക്കും നന്നായി അറിയും. ഇടക്കാലത്ത് ഫാസിസത്തിലേക്ക് കൂറുമാറിയ പല എഴുത്തുകാരും സ്വൂഫികളെ പുകഴ്ത്തിയും സലഫികളെ അസഹിഷ്ണുതയുള്ളവരും പരമത സ്വാതന്ത്ര്യം ഹനിക്കുന്നവരുമായി ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കുവാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

സ്വൂഫിസത്തെ അപഗ്രഥിക്കുകയല്ല; ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ സ്വൂഫി ശൈഖുമാരാല്‍ രൂപപ്പെടുത്തപ്പെട്ട ഹൈന്ദവതയില്‍ ഊട്ടപ്പെട്ട സംസ്‌കാര സമന്വയെത്ത ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ ഓമനിക്കുന്നതിന്റെ കാരണം വ്യക്തമാക്കുക മാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

ഇസ്‌ലാമില്‍ ശവകുടീര പൂജ മഹാപാപമാണെന്ന് പ്രഖ്യാപിക്കുന്ന സലഫികള്‍ കാരണമാണ് തങ്ങള്‍ക്ക് തകര്‍ച്ചയുണ്ടായതെന്ന് അറിയുന്ന സ്വൂഫികളും വേദസംസ്‌കാരത്തെ ഉള്‍ക്കൊണ്ടവര്‍ക്കല്ലാതെ ഭാരതത്തില്‍ നിലനില്‍പില്ലെന്ന് ആക്രോശിക്കുന്ന ഫാസിസവും ഭായി ഭായി ആയി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഇന്ത്യന്‍ ചരിത്ര പണ്ഡിതനായ താരാചന്ദ് ‘ഇന്‍ഫഌവന്‍സ് ഓഫ് ഇസ്‌ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചറി’ല്‍ രേഖപ്പെടുത്തിയപ്രകാരം സ്വൂഫിസത്തിലൂടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ വൈദിക മതദര്‍ശനവുമായി സമരസപ്പെടുകയും പരസ്പര ധാരണയിലേക്കെത്തുകയും ഹിന്ദു-മുസ്‌ലിം സംസ്‌കാരം അലിഞ്ഞു ചേര്‍ന്ന രൂപത്തിലാകുകയും ചെയ്തു. ഭരണ സ്ഥാപനങ്ങളിലും ഗാര്‍ഹിക ജീവിതത്തിന്റെ ഉള്ളറകളിലും സംഗീതം, വസ്ത്രധാരണ രീതി,പാചക സമ്പ്രദായം, വിവാഹ ചടങ്ങുകള്‍, ഉല്‍സവാഘോഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഈ സമരസം കാണാവുന്നതാണ്.

ഏകദൈവ വിശ്വാസം, ബഹുദൈവ വിശ്വാസം എന്നീ പരസ്പര വിരുദ്ധമായ ആശയമുള്ള ഹിന്ദുമതത്തിനും ഇസ്‌ലാമിനുമിടയില്‍ ഒരു പൊതുവേദിയായി സ്വൂഫികളും ഭക്തി പ്രസ്ഥാനവും ശക്തിയാര്‍ജിച്ചു. വിശ്വാസങ്ങള്‍, ചടങ്ങുകള്‍ എന്നിവയിലെ ഭിന്നതകള്‍ക്കതീതമായി ആത്മീയ ജീവിതത്തിന് ഒരു പൊതുഘടകം കണ്ടെത്തുവാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചു. ഇങ്ങനെ അസാധ്യമെന്നു തോന്നിയ ഒരു സംയോജനം സാധ്യമാക്കിത്തീര്‍ത്തത് വിശിഷ്യാ ഇന്ത്യന്‍ സ്വൂഫികള്‍ തന്നെ.

വിഗ്രഹാരാധനയെ ദൈവോപാസനത്തിന്റെ മറ്റൊരു മാര്‍ഗമായി വ്യാഖ്യാനിച്ചവരും വിഗ്രഹാരാധന തന്നെ സ്വീകരിച്ചവരും ഇതിലുണ്ടായിരുന്നു. മാംസാഹാരം വര്‍ജിക്കുക, അഹിംസ സ്വീകരിക്കുക, ക്വുര്‍ആനും ഇതര മതഗ്രന്ഥങ്ങളും ഒരു പോലെയാണെന്നും പറയുക തുടങ്ങി ഒട്ടനവധി ആശയ സംയോജന പ്രതിവര്‍ത്തന മതമായിരുന്നു സൂഫികളുടേത്.

കൃഷ്ണ ജയന്തി ദിവസത്തില്‍ ഭക്ഷണം തികയാതെ വന്നപ്പോള്‍ സ്വൂഫി ശൈഖായ അബ്ദുര്‍റസാഖ് തന്റെ കറാമത്ത് കൊണ്ട് അടുക്കള വാതില്‍ക്കല്‍’യാ ഗൗസുല്‍ അഅഌ’എന്ന് എഴുതിയാണത്രെ പരിഹരിച്ചത്. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷവും ഭക്ഷണം അവശേഷിച്ചു പോലും. അഹ്മദാബാദിലെ സുഹാഗന്‍ സ്വൂഫികളുടെ പുത്രന്മാര്‍ ഹിന്ദുക്കളെ പോലെ സാരിയും സിന്ദൂരവും അണിഞ്ഞിരുന്നു. (കഴിഞ്ഞ സ്വൂഫി സമ്മേളനത്തില്‍ പ്രകടിപ്പിച്ച ഹിജാബിനോടുള്ള നിലപാടും ഇതോടൊപ്പം വായിക്കുക) അയോധ്യയിലെ നവാബുമാര്‍ ഹോളി ആഘോഷിച്ചിരുന്നു. ഉത്തരേന്ത്യന്‍ സ്വൂഫികളില്‍ വസന്ത പഞ്ചമികൊണ്ടാടുന്നവരുണ്ട്. സരസ്വതി വന്ദനം ചൊല്ലുകയും സ്വൂഫിദര്‍ഗകളില്‍ കുങ്കുമ നിറത്തിലുള്ള പരവതാനി ഉപയോഗികുകയും ചെയ്തു പോരുന്നു. (കുങ്കുമവസ്ത്രമണിഞ്ഞ് മക്കയില്‍ വരെ എത്തിയ  സ്വൂഫികളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഈയിടെ പ്രചിരിച്ചിരുന്നത് ഓര്‍ക്കുക).

ആശയങ്ങള്‍ തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പെടുന്നില്ല; ആദര്‍ശങ്ങള്‍ പരസ്പരം ഉള്‍കൊള്ളുകയും ചെയ്യുന്നു. ചരിത്രത്തിന്റെ പുനരാവര്‍ത്തനമാണിത്; പരസ്പരം ഉള്‍ക്കൊണ്ട ചരിത്രബന്ധം.

സംജ്ഞകളുടെ സാദൃശ്യങ്ങള്‍

ഇരു കൂട്ടര്‍ക്കുമിടയില്‍ ആശയതത്ത്വങ്ങളുടെ സമന്വയം മാത്രമല്ല നടന്നിട്ടുള്ളത്; അതിന്റെ രൂപ സാദൃശ്യങ്ങള്‍ വരെ നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. ‘നിര്‍ഗുണ ബ്രഹ്മന്‍’ എന്ന അദൈ്വത വാദികളുടെ അതേ ആശയമാണ്’ദാതുല്‍ മുത്വലക്വ്,’ ജിവത്വ (റൂഹ്),ജീവമുക്ത(മൂതൂ ക്വബ്‌ല അന്‍ തമൂതൂ),വ്യക്ത-അവ്യക്ത(ദ്വാഹിര്‍-ബാത്വിന്‍),നിരുപാധിക-സോപാധിക(മുത്വ്‌ലക്വ്, മുക്വയ്യദ്),സത്-സത്യം (ഹക്ക്വ്-ഹക്വീക്വത്ത്),പരാവിദ്യ-അപരാവിദ്യ(ഇല്‍മുദ്ദ്വാഹിര്‍-ഇല്‍മുല്‍ ബാത്വിന്‍), ധ്യാനധാരണ(ദിക്‌റ് വ മുറാക്വബ),അഹം ബ്രഹ്മാസ്മി (അനല്‍ഹക്വ്) ഇങ്ങനെ അനേകം കാര്യങ്ങള്‍ വൈദിക മതത്തില്‍നിന്നും കടമെടുത്ത് സ്വൂഫികള്‍ ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത്രയും സൂചിപ്പിച്ചത് വൈദിക മത വേദോപനിഷത്തുകളുമായി സൂഫിസത്തിനുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുവാന്‍ മാത്രമാണ്. എന്തുകൊണ്ട് ചിലര്‍ സ്വൂഫിസത്തെ ഇത്രമേല്‍ സ്‌നേഹിക്കുന്നു എന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ.

(തുടരും)

(അടുത്ത ലക്കത്തില്‍: ഇസ്‌ലാമും സ്വൂഫിസവും തമ്മിലെന്ത്?)

 


അബൂഹാമി ഉഗ്രപുരം
നേർപഥം വാരിക