04 -സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

04 -സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

ഇമാം ഇബ്‌നുഅബീദാവൂദ്(റഹി)യുടെ 'അല്‍മന്‍ളൂമതുല്‍ ഹാഇയ്യഃ' എന്ന ഗ്രന്ഥത്തിന്റെ ആദ്യ വരിയുടെ വിശദീകരണം).

അബ്ബാസീ ഭരണാധികാരി മഅ്മൂനിബിനു ഹാറൂണ്‍ അര്‍റശീദിന്റെ ഭരണ കാലം വരെ അഹ്‌ലുസ്സുന്നയുടെ നിലപാട് ശക്തമായിരുന്നു. അദ്ദേഹത്തിന്റെ കാലമായപ്പോഴേക്ക് (ഹിജ്‌റ 198-218 വരെ) ബിദ്അത്തിന്റെ വാതായനങ്ങള്‍ മലക്കെ തുറക്കപ്പെട്ടു. ഫല്‍സഫക്കും (തത്ത്വശാസ്ത്രം) ഇല്‍മുല്‍കലാമിനും (വചനശാസ്ത്രം) നല്ല വേരോട്ടം ലഭിച്ചു.

റസൂല്‍ ﷺ പറഞ്ഞു: ”യഹൂദികള്‍ എഴുപത്തി ഒന്ന് വിഭാഗവും നസ്വാറാക്കള്‍ എഴുപത്തി രണ്ട് വിഭാഗവും ആയി. ഈ ഉമ്മത്ത് പിന്നീട് എഴുത്തി മൂന്ന് വിഭാഗമാകും. എല്ലാവരും നരകത്തിലായിരിക്കും; ഒരു കൂട്ടരൊഴികെ.” അവര്‍ ചോദിച്ചു: ”ആരാണ് പ്രവാചകരേ ആ ഒരു സംഘം?” പ്രവാചകന്‍ ﷺ പറഞ്ഞു: ”ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊരു നിലപാടിലാണോ അതില്‍ നിലകൊള്ളുന്നവര്‍” (അബൂദാവൂദ്, തിര്‍മിദി, അഹ്മദ്).

ഈ വിഭാഗങ്ങളെ സംബന്ധിച്ച് പഠിക്കലും അവരുടെ വികലാശയങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കലും അതില്‍ നിന്ന് വിട്ട് നില്‍ക്കലും സത്യാന്വേഷികളുടെ ബാധ്യതയാണ്.

ഇവരെ സംബന്ധിച്ചുള്ള വിശദ ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പ് ഇവര്‍ ഈ വാദഗതികളില്‍ ഏര്‍പെടാനുള്ള കാരണങ്ങളെ സംബന്ധിച്ച് ഒരു ധാരണ ആവശ്യമാണ്. പ്രധാനമായും മൂന്ന് കാരണങ്ങളാലാണ് ഏതൊരു കക്ഷിയും വ്യക്തിയും പിഴച്ചുപോകുവാന്‍ ഇടയാകുന്നത്.

(അ) വിശ്വാസ കാര്യങ്ങളുടെ വിവര ശേഖരണത്തിനും വിശദ പഠനത്തിനും ക്വുര്‍ആനിനും സുന്നത്തിനും ഉപരി മറ്റു പലതിനെയും പ്രമാണമാക്കി അല്ലെങ്കില്‍ അവലംബമാക്കി. ഇതാണ് ഒന്നാമത്തെ കാരണം.

ക്വുര്‍ആനിനെയും സുന്നത്തിനെയും മാത്രം പ്രമാണമായി സ്വീകരിക്കുക എന്നതായിരുന്നു അഹ്‌ലുസ്സുന്നയുടെ നേതാക്കന്മാരായ സ്വഹാബത്തടക്കം സ്വീകരിച്ചു പോന്ന നിലപാട്. അതാണ് സത്യത്തിന്റെ പാത.

അല്ലാഹു പറഞ്ഞു: ”ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്” (ക്വുര്‍ആന്‍ 6:153).

”അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്” (ക്വുര്‍ആന്‍ 16:64).

എന്നാല്‍ ക്വുര്‍ആനിനെയും സുന്നത്തിനെയും പ്രമാണമാക്കുന്നതില്‍ നിന്നും അകന്ന് ഒരുപാട് വിഭാഗങ്ങള്‍ പിഴച്ചുപോയിട്ടുണ്ട്.

1. ഇല്‍മുല്‍ കലാമിന്റെ ആളുകളായ മുഅ്തസിലികളും അശ്അരികളും: ഇവര്‍ ഫല്‍സഫയെയാണ് അവലംബിച്ചത്. ബുദ്ധിയാണിവര്‍ക്ക് വിധികര്‍ത്താവ്. അവര്‍ പറയും: ക്വുര്‍ആനിന്റെയും മുതവാതിറായ സുന്നത്തിന്റെയും ആശയങ്ങള്‍ ബുദ്ധിക്ക് യോജിക്കുന്നുവെങ്കില്‍ അതേപടി സ്വീകരിക്കും. ഇല്ലായെങ്കില്‍ അതിന് ബുദ്ധി തേടുന്ന മറ്റൊരര്‍ഥം പരമാവധി ശ്രമിച്ച് നല്‍കും. അല്ലാഹുവും റസൂലും ഉദ്ദേശിക്കാത്തതാണെങ്കിലും ശരി. മുതവാതിറല്ലാത്ത ഹദീഥുകള്‍ അവര്‍ അക്വീദക്ക് എടുക്കുക തന്നെയില്ല. അതെത്ര സ്വഹീഹായാലും. അതുകൊണ്ട് തന്നെ ഇവര്‍ ഇല്‍മുല്‍ കലാമിലേക്കും ഫല്‍സഫയിലേക്കും തിരിയുകയും അതില്‍ വ്യാപൃതരാവാന്‍ താല്‍പര്യം കാണിക്കുകയും ചെയ്തു. അങ്ങനെ ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും അകന്നു.

2. സ്വൂഫികള്‍: വെളിപാടാണ് അവരുടെ വിധി കര്‍ത്താവ്! ദൗഖ്, വജ്ദ് എന്നൊക്കെ അവര്‍ ഇതിനെ പേരിട്ട് വിളിക്കുന്നു. അവര്‍ ദീനിനെ രണ്ടാക്കി തിരിച്ചു. ഒന്ന്, ശരീഅത്ത്. രണ്ട്, ഹക്വീക്വത്ത്. ശരീഅത്ത് എന്നാല്‍ ക്വുര്‍ആനിലും സുന്നത്തിലും വന്ന കാര്യങ്ങളും പൂര്‍വികരുടെയും കര്‍മ ശാസ്ത്ര പണ്ഡിതന്മാരുടെയും വാക്കുകളും. ഇതിനെയവര്‍ പ്രകടമായ അറിവ് എന്നാണ് വിളിക്കുക. ഹക്വീഖക്വത്ത് എന്നാല്‍ വെളിപാടിലൂടെയും സ്വപ്‌ന ദര്‍ശനത്തിലൂടെയും ലഭിക്കുന്ന റൂഹാനിയ്യായ കാര്യങ്ങള്‍. ഇതിനെയവര്‍ ഉള്‍സാര വിജ്ഞാനം എന്നാണ് വിളിക്കുക. ഒന്നാമത്തെത് പേപ്പറിലെ അറിവും രണ്ടാമത്തേത് അസാധാരണ അറിവുമാണ്. അത്‌കൊണ്ട് അവരുടെ ഇമാമുമാര്‍ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരോട് പറയാറുണ്ട്; നിങ്ങള്‍ മരിച്ചവരില്‍ നിന്നുമാണ് അറിവ് സ്വീകരിക്കുന്നത,് ഞങ്ങള്‍ ജീവിക്കുന്നവരില്‍ നിന്നുമാണ് അറിവ് തേടുന്നത് എന്ന്. അതായത്, എന്റെ റബ്ബിനെ തൊട്ട് എന്റെ ഹൃദയം എനിക്ക് പറഞ്ഞു തന്നു എന്ന്.

ഇക്കാരണത്താല്‍ തന്നെ സ്വൂഫികള്‍ അറിവ് തേടി പോകുകയില്ല. ഹദീഥിന്റെയും കര്‍മശാസ്ത്രത്തിന്റെയും കിതാബുകളെ അവര്‍ ആക്ഷേപിക്കുകയും ചെയ്യും. ഒറ്റക്ക് ഇരിക്കുവാനാണവര്‍ക്ക് താല്‍പര്യം. അവര്‍ നസ്വാറാപുരോഹിതന്മാരെയും മറ്റും കണ്ട് അറിവിന്റെ അവസ്ഥകളെ സംബന്ധിച്ചും അതിന്റെ ആന്തരിക കാര്യങ്ങളെ സംബന്ധിച്ചും ആരായും. പാട്ടും സംഗീതവും കേട്ട് ഹൃദയത്തിന് ഇളക്കമുണ്ടാക്കുന്നതിലാണ് അവര്‍ വ്യാപൃതരാവുക. ക്വുര്‍ആനില്‍ നിന്നും അതിന്റെ പാരായണത്തില്‍ നിന്നും അവര്‍ അകന്നു.

3. ശീഈ ബാത്വിനികള്‍: അവരുടെ പ്രമാണം അവരുടെ ഇമാമുമാരുടെ വാക്കുകളാണ്. അവരുടെ അടിസ്ഥാന തത്ത്വം തന്നെ അവരുടെ ഇമാമുമാര്‍ക്ക് അടിസ്ഥാന കാര്യങ്ങളിലോ ശാഖാപരമായ കാര്യങ്ങളിലോ പിഴവ് പറ്റുകയില്ല എന്നതാണ്. അവരുടെ പണ്ഡിതന്മാരും ഗവേഷകരും അവരുടെ ഇമാമാരുടെ പകരക്കാരാണ്. അവര്‍ ഈ ഊഹ പ്രമാണത്തെ മുറുകെ പിടിക്കുകയും ക്വുര്‍ആനില്‍ നിന്നും അകലുകയും ചെയ്തു.

(ആ) ബിദ്അത്ത് കടന്നുകൂടാനുള്ള രണ്ടാമത്തെ കാരണം ദീനില്‍ ചിലത് സ്വീകരിക്കുകയും ചിലതിനെ തള്ളുകയും ചെയ്തു എന്നതാണ്.

ദീന്‍ പൂര്‍ണമാണ്. എല്ലാം ഉള്‍ക്കൊണ്ടതാണ്. ദീനില്‍ വാഗ്ദാനങ്ങളും താക്കീതുകളും വിധികളും ആദാബുകളും എല്ലാം ഉണ്ട്. ചിലതിനെ ഉള്‍ക്കൊള്ളുകയും ചിലതിനെ തള്ളുകയും ചെയ്യല്‍ പിഴവാണ്. അത് പരസ്പരം വിദ്വേഷത്തിനും വിഘടനത്തിനും കാരണമാകുകയും ചെയ്യും. അങ്ങനെ പിഴച്ച് പോയ കക്ഷികളാണ് ഇവര്‍:

1. ഖവാരിജ്: അവര്‍ താക്കീതിന്റെ ആയത്തുകള്‍ മാത്രം എടുത്തു. വാഗ്ദാനങ്ങളുടെ ആയത്തുകളെ പരിഗണിച്ചില്ല. ഇക്കാരണത്താല്‍ വന്‍ പാപം ചെയ്തവര്‍ മുഅ്മിനല്ല എന്നവര്‍ വാദിക്കുകയും അവര്‍ക്കുള്ള ശഫാഅത്തിനെ നിഷേധിക്കുകയും ചെയ്തു.

2. മുര്‍ജിയ: ഇവര്‍ വാഗ്ദാനങ്ങളുടെ ആയത്തുകള്‍ മാത്രം സ്വീകരിച്ചു. താക്കീതുകളുടെ ആയത്തുകളെ പരിഗണിച്ചില്ല. ഒരു വ്യക്തി ശിര്‍ക്കല്ലാത്ത ഏത് പാപം ചെയ്താലും അവന്‍ പൂര്‍ണ വിശ്വാസിയാണെന്നവര്‍ വാദിച്ചു.

3. ശീഈകള്‍: ഇവര്‍ അലി(റ)വിന്റെ ശ്രേഷ്ഠതകള്‍ മാത്രം സ്വീകരിച്ചു. മറ്റ് മൂന്ന് ഖലീഫമാരെയും അവഗണിച്ചു. എത്രത്തോളമെന്നാല്‍ അലി(റ) ഇലാഹാണെന്നും മറ്റ് മൂന്ന് പേരും കാഫിറുകളാണെന്നു പോലും അവര്‍ വാദിച്ചു. എന്നാല്‍ ഖവാരിജുകള്‍ നേരെ തിരിച്ചും! അലി(റ) കാഫിറാണെന്നാണ് അവരുടെ പക്ഷം.

4. ഇല്‍മുല്‍ കലാമിന്റെ ആളുകള്‍: അവര്‍ പറഞ്ഞു: ‘ഇസ്‌ലാം ബുദ്ധിയുടെയും ചിന്തയുടെയും മതമാണ്.’ അവരുടെ ഈ വാദം ശരിയാണ്. പക്ഷേ, ഇവര്‍ അതില്‍ അതിര് കവിഞ്ഞു. ക്വുര്‍ആനും സുന്നത്തും സ്വീകരിക്കുന്നിടത്ത് അവര്‍ ബുദ്ധിക്ക് സ്ഥാനം കൊടുത്തു. അങ്ങിനെ അവര്‍ കറാമത്തുകളെയും സിഹ്ര്‍, ക്വബ്ര്‍ ശിക്ഷ, മീസാന്‍, സ്വിറാത്ത് പോലുള്ള കാര്യങ്ങളെ നിഷേധിച്ചു. കാരണം, അവരുടെ ഭാഷ പ്രകാരം ഇതെല്ലാം ബുദ്ധിക്ക് എതിരാണ്. ഈ വിഷയത്തില്‍ അവര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളവരും ഉണ്ട്. ഇവര്‍ക്ക് നേരെ എതിരുള്ളവരാണ് സ്വൂഫിയാക്കള്‍ അവര്‍ ബുദ്ധിയെ പാടെ നിഷേധിച്ചു. ദീനില്‍ ബുദ്ധിക്ക് യാതൊരു സ്ഥാനവുമില്ലെന്നവര്‍ വാദിച്ചു. അങ്ങനെ ഭാവനകളെയും സ്വപ്‌നങ്ങളെയും അന്ധവിശ്വാസങ്ങളെയും അവര്‍ പുല്‍കി. വെളിപാട്, അസാധാരണ കഴിവ്, യാഥാര്‍ഥ്യങ്ങള്‍ എന്നെല്ലാം ഇതിനവര്‍ പേരിട്ടു വിളിച്ചു.

5. ഖദ്‌രിയ്യ: ഇവര്‍ സൃഷ്ടികളുടെ ഉദ്ദേശവും ഉത്തരവാദിത്തവും സ്ഥിരീകരിക്കുന്നതില്‍ അതിര് കവിഞ്ഞു. അല്ലാഹുവിന്റെ ഉദ്ദേശത്തെ നിഷേധിക്കുകയും ചെയ്തു. ഇവര്‍ക്ക് നേരെ വിപരീതമായവരാണ് ജബ്‌രിയ്യാക്കള്‍. അല്ലാഹുവിന്റെ ഉദ്ദേശത്തെ സ്ഥിരീകരിക്കുന്നതില്‍ അവര്‍ അതിര് കവിഞ്ഞു. സൃഷ്ടികളുടെ ഉദ്ദേശത്തെ പൂര്‍ണമായും നിഷേധിച്ചു. അവര്‍ പറഞ്ഞു: പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത് അല്ലാഹുവിന്റെ ഉദ്ദേശ പ്രകാരം മാത്രമാണ്. സൃഷ്ടികള്‍ക്ക് അതില്‍ യാതൊരു ഉദ്ദേശ്യവും ഇല്ല.

6. മുശബ്ബിഹാക്കളും മുഅത്തിലകളും: മുശബ്ബിഹാക്കള്‍ അല്ലാഹു അവന് സ്ഥിരപ്പെടുത്തിയ വിശേഷണങ്ങളുടെ വചനങ്ങള്‍ (ആയത്തുകള്‍) സ്വീകരിച്ചു. പക്ഷേ, അത് സൃഷ്ടികളെപ്പോലെയല്ല; സൃഷ്ടികളുടേതുമായി സാദൃശ്യപ്പെടുത്താന്‍ പാടില്ല എന്ന ഭാഗം അവഗണിച്ചു. മുഅത്തിലകള്‍ അല്ലാഹു സൃഷ്ടികളോട് സാദൃശ്യമാവുകയില്ല എന്ന ഭാഗം എടുത്ത് അല്ലാഹു അവന് സ്ഥിരപ്പെടുത്തിയ വിശേഷണങ്ങള്‍ അംഗീകരിക്കല്‍ സാദൃശ്യപ്പെടുത്തലാണെന്നും വാദിച്ച് നിഷേധിച്ചു. അവരുടെ വാദപ്രകാരം അങ്ങനെ ചെയ്യലാണ് സൃഷ്ടികളുടെ ഗുണങ്ങളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തല്‍.

7. അതുപോലെ തന്നെ പണ്ഡിതന്മാരില്‍ ഒരു വിഭാഗം ആഡംബരത്തിലും ഭൗതിക സുഖങ്ങളിലും മുഴുകി. മറ്റു ചിലര്‍ ഭൗതിക വിരക്തിയും ത്യാഗവുമായി കഴിഞ്ഞുകൂടി. ചിലര്‍ വിധിവിലക്കുകളില്‍ മാത്രം ശ്രദ്ധിച്ചു. ആദാബുകളും പ്രാര്‍ഥനകളും വിസ്മരിച്ചു. ചിലര്‍ ഫിക്വ്ഹില്‍ മാത്രം കഴിഞ്ഞു കൂടി. ഹദീഥുമായി യാതൊരു ബന്ധവുമില്ലാതായി. ചിലര്‍ ദഅ്‌വത്തുമായി മാത്രം കഴിഞ്ഞു കൂടി. വിജ്ഞാനപരമായ കാര്യങ്ങളില്‍ അശ്രദ്ധരായി. അങ്ങനെ പല കാര്യങ്ങളിലും ചിലതിനെ സ്വീകരിക്കുക, ചിലതിനെ തള്ളുക എന്ന ഒരു സ്വഭാവം അറിഞ്ഞോ അറിയാതേയോ വന്നു കൂടി. ഈ അവസാനം പറഞ്ഞ വിഭാഗം ബിദ്ഇകളില്‍ പെടുകയില്ലയെങ്കിലും പണ്ഡിതന്മാര്‍ ശ്രദ്ധിക്കേണ്ട മുഖ്യമായ കാര്യമാണിത്. അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃ ഇതെല്ലാം ശ്രദ്ധിച്ചിരുന്നു. അല്ലാഹുവാണ് ഏറെ അറിയുന്നവന്‍.

(ഇ) ഇസ്‌ലാമില്‍ ബിദ്ഈ കക്ഷികള്‍ ഉടലെടുക്കാനുള്ള മൂന്നാമത്തെ കാരണം ശത്രുക്കളുടെ കുതന്ത്രമാണ്. ജൂത-നസ്വാറാക്കളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് അതാണ്:

”യഹൂദര്‍ക്കോ നസ്വാറാക്കള്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല” (ക്വുര്‍ആന്‍ 2:1020)

”സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച് പോയാല്‍ അവര്‍ നിങ്ങളെ പിറകോട്ട് തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകും” (ക്വുര്‍ആന്‍ 3:149)

ഇസ്‌ലാമിന്റെ ശത്രുക്കള്‍ രാപകല്‍ വ്യത്യാമില്ലാതെ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്തുവാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഇസ്‌ലാമിനെ തകര്‍ക്കുക എന്ന വിഷയത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്ന. ഇസ്‌ലാം കലര്‍പില്ലാത്ത വിശ്വാസത്തിന്റെയും തുല്യതയില്ലാത്ത സംസ്‌കാരത്തിന്റെയും നീതിയുക്ത വിധിതീര്‍പുകളുടെയും സംസ്ഥാപനമാണ് ലക്ഷ്യം വെക്കുന്നത് എന്ന തിരിച്ചറിവാണ് ഈ വിദ്വേഷത്തിന്റെ കാരണം. ഈ വക കാര്യങ്ങളൊന്നും അവരുടെ മതങ്ങളില്‍ കാണുന്നില്ല. അതുപോലെ തന്നെ ദേഹേഛക്കാരുടെയും തല്‍പര കക്ഷികളുടെയും സ്വപ്‌നങ്ങള്‍ക്ക് ഇസ്‌ലാം എതിരാണു താനും. ഇസ്‌ലാമിന്റെ പുറത്തു നിന്ന് ഇസ്‌ലാമിനെ അക്രമിക്കുവാന്‍ സാധ്യമല്ല എന്നതിനാല്‍ ഇസ്‌ലാമിന്റെ അകത്ത് കടന്നുകൂടി ഛിദ്രതയുണ്ടാക്കി. ചില പിഴച്ച ചിന്താഗതിയുള്ളവരെ വളര്‍ത്തിയെടുത്തു. അങ്ങനെ ഇസ്‌ലാമിന്റെ ശത്രുക്കളിലൂടെ ഉണ്ടായ ചില കക്ഷികളാണ്:

1. ശീഈകള്‍: അബ്ദുല്ലാഹിബ്‌നു സബഅ് എന്ന യഹൂദിയാണതിന്റെ സ്ഥാപകന്‍.

2. അതിരു കവിഞ്ഞ ഇഅ്തിസാലീ ചിന്തകള്‍: ഇബ്‌റാഹീം അന്നിളാമും അബുല്‍ ഹുദൈല്‍ അല്‍ അല്ലാഫുമാണ് അതിന്റെ സ്ഥാപകര്‍. ഇവര്‍ ഈ ആശയം സ്വീകരിച്ചത് നിരീശ്വരവാദികളായ മജൂസികളില്‍ നിന്നാണ്.

3. ബാതിനിയാക്കള്‍: ഇതിന്റെ സ്ഥാപകന്‍ അബ്ദുല്ലാ ഹിബ്‌നു മൈമൂന്‍ അല്‍ ഖദാഹ് ആണ് അദ്ദേഹം ഫാരിസീ യഹൂദിയാണ്.

4. സ്വിഫാത്തുകളെ നിഷേധിക്കുന്നവര്‍: ഇതിന്റെ സ്ഥാപകന്മാരായ അല്‍ജഅ്ദിബിനു ദിര്‍ഹമും അല്‍ ജഅ്മിബ്‌നു സ്വഫ്‌വാനും ഈ ആശയം സ്വീകരിച്ചത് യഹൂദി ഫല്‍സഫയില്‍ നിന്നാണ്.

5. ക്വദ്ര്‍ നിഷേധം: ഇതിന്റെ സ്ഥാപകന്മാരായ മഅ്ബദുല്‍ ജുഹ്‌നിയും ഗീലാന്‍ അദ്ദിമശ്ഖിയും ഈ ആശയം സ്വീകരിക്കുന്നത് നസ്വാറാ ഫല്‍സഫയില്‍ നിന്നാണ്.

6. സൂഫിയാക്കള്‍: ഇതിനെ ആദ്യമായി സ്ഥാപിച്ചതും അതിനെ ഇസ്‌ലാമിലേക്ക് ചേര്‍ത്തതും ഹൈന്ദവ-മജൂസികളില്‍ നിന്നുമുള്ള നിരീശ്വരവാദികളാണ്. പിന്നീടത് വ്യാപിച്ചു. അതില്‍ അതിര് കവിഞ്ഞവരും മധ്യമ നിലപാട് സ്വീകരിച്ചവരും പിന്നീടവരില്‍ ഉണ്ടായി. (തുടരും)

 

ശഹീറുദ്ദീന്‍ ചുഴലി
നേർപഥം വാരിക

03 -സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

03 -സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

(ഇമാം ഇബ്‌നുഅബീദാവൂദ്(റഹി)യുടെ 'അല്‍മന്‍ളൂമതുല്‍ ഹാഇയ്യഃ' എന്ന ഗ്രന്ഥത്തിന്റെ ആദ്യ വരിയുടെ വിശദീകരണം)

ഭാഷാപരമായി ബിദ്അത്ത് എന്ന് മുന്‍മാതൃകയില്ലാതെ പുതുതായി ആവിഷ്‌കരിക്കുന്ന കാര്യങ്ങള്‍ക്കാണ് പറയുക. ‘ബദീഉസ്സമാവാതി വല്‍ അര്‍ദ്വ്’ എന്ന് അല്ലാഹുവിനെ സംബന്ധിച്ച് പറഞ്ഞത് ഈ അര്‍ഥത്തിലാണ്. മുന്‍മാതൃകയില്ലാതെ ആകാശ ഭൂമികളെ പടച്ചവന്‍ എന്നാണ് അതിന്റെ സാരം. ഞാന്‍ പ്രവാചകന്‍മാരില്‍ ആദ്യത്തെ ആളല്ല, പുതിയ ആളല്ല എന്ന് പറയുവാന്‍ നബി ﷺ യോട് അല്ലാഹു കല്‍പിച്ചപ്പോഴും അല്ലാഹു പ്രയോഗിച്ചത് ‘ബിദ്അത്ത്’ എന്ന പദമാണ്. 

”(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല” (സൂറഃ അഹ്ഖാഫ്:9).

ഭാഷാ പണ്ഡിതന്മാരെല്ലാം ‘ബദഅ’ എന്ന ക്രിയക്ക് ഈ അര്‍ഥമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ശറഇല്‍ (മതത്തില്‍) ബിദ്അത്ത് എന്നാല്‍ എന്ത് എന്ന് പ്രവാചകന്‍ ﷺ തന്നെ പഠിപ്പിച്ചിട്ടുണ്ട്. റസൂല്‍ ﷺ പറഞ്ഞു: ”ആരെങ്കിലും ദീനില്‍ (മതത്തി ല്‍) പെടാത്ത വല്ലതും ദീനില്‍ ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്”(ബുഖാരി, മുസ്‌ലിം).

ഇതില്‍ റസൂല്‍ ﷺ ഒരു കാര്യം ബിദ്അത്താകാന്‍ മൂന്ന് കാര്യങ്ങള്‍ വേണമെന്ന് പഠിപ്പിക്കുന്നുണ്ട്:

1. പുതുതായി ഉണ്ടാക്കുക.

2. അത് ദീനില്‍ ചേര്‍ക്കുക.

3. അതിന് പൊതുവായോ പ്രത്യേകമായോ രേഖയില്ലാതിരിക്കുക.

ഈ മൂന്ന് കാര്യങ്ങള്‍ ഒത്തുചേര്‍ന്ന് വന്നാല്‍ അത് ബിദ്അത്താണ്. ഇതേ ആശയത്തില്‍ തന്നെ റസൂല്‍ ﷺ പറഞ്ഞ മറ്റൊരു ഹദീഥ് കൂടി ശ്രദ്ധിക്കുക:

”ആരെങ്കിലും നമ്മുടെ കല്‍പനയില്ലാത്ത ഒരു കാര്യം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്” (മുസ്‌ലിം)

ശേഷക്കാരായ പണ്ഡിതന്മാരെല്ലാം റസൂല്‍ ﷺ പറഞ്ഞ ഇതേ വിശദീകരണമാണ് ബിദ്അത്തിന് നല്‍കിയിട്ടുള്ളത്. വളരെ പ്രധാനപ്പെട്ട ചില വിശദീകരണങ്ങള്‍ താഴെ കൊടുക്കാം:

ഇമാം ഇബ്‌നു റജബ് അല്‍ ഹമ്പലി(റഹി)യുടെ വിശദീകരണം: അദ്ദേഹം തന്റെ പ്രസിദ്ധ ഗ്രന്ഥമായ ജാമിഉല്‍ ഉലൂമി വല്‍ഹികം എന്ന ഗ്രന്ഥത്തില്‍ മേല്‍ സൂചിപ്പിച്ച ഹദീസ് വിശദീകരിക്കവെ പറഞ്ഞു: ”ബിദ്അത്ത് എന്നാല്‍ ശരീഅത്താണെന്നറിയിക്കുന്ന രേഖകളൊന്നുമില്ലാത്ത, പുതുതായി ഉണ്ടായ കാര്യങ്ങളാണ്. ഇനി ശരീഅത്തില്‍ പെട്ടതാണെന്നറിയിക്കുന്ന വല്ല രേഖയുമുണ്ടെങ്കില്‍ അത് ശറഇല്‍ ബിദ്അത്തല്ല ഭാഷാപരമായി ബിദ്അത്തെന്ന് പറയുമെങ്കിലും” (ജാമിഉല്‍ ഉലൂം). 

റസൂല്‍ ﷺ പറഞ്ഞ അതേ വിശദീകരണമാണ് ഇമാം ഹമ്പലിയും നല്‍കിയിട്ടുള്ളത്. ബിദ്അത്തിന്റെ വിശദീകരണം പറയുന്നിടത്ത് പണ്ഡിതന്‍മാരെല്ലാവരും ശ്രദ്ധിച്ച ഒരു കാര്യമാണ് പൊതുവായോ പ്രത്യേകമായോ രേഖയുണ്ടോ എന്നത്. പൊതുവായോ പ്രത്യേകമായോ രേഖയുണ്ടെങ്കില്‍ അത് ബിദ്അത്തല്ല. തെളിവില്ലായെങ്കിലാണ് ബിദ്അത്താവുക.

ബിദ്അത്തിനെ വിശദീകരിച്ച മറ്റൊരു പണ്ഡിതനാണ് ഇമാം ശാത്വിബി(റഹി). അദ്ദേഹം തന്റെ വിശ്വ പ്രസിദ്ധ ഗ്രന്ഥമായ അല്‍ ഇഅ്തിസ്വാമില്‍ പറഞ്ഞു: ”ശറഇയ്യായ പ്രവര്‍ത്തനങ്ങളോട് സാദൃശ്യമുള്ളവ ചെയ്യുമ്പോള്‍ ശറഇയ്യായ കാര്യങ്ങള്‍ ചെയ്യുന്ന പ്രതീതിയോടെ ചെയ്യുന്ന, ദീനില്‍ ഉണ്ടാക്കപ്പെട്ട മാര്‍ഗത്തിനാണ് ബിദ്അത്ത് എന്ന് പറയുക.”

ഇവിടെ ഇമാം ശാത്വിബി, ഇബ്‌നു റജബുല്‍ ഹമ്പലി പറയാത്ത ഒരു കാര്യം എടുത്തു പറഞ്ഞു: അത് ‘ചെയ്യുന്നതിലൂടെ പ്രതിഫലം ആഗ്രഹിക്കുക’ എന്നതാണ്; ‘ശറഇയ്യായ കാര്യങ്ങള്‍ ചെയ്യുന്ന പ്രതീതിയോടെ’ എന്നതുകൊണ്ട്ïഅതാണുദ്ദേശിക്കുന്നത്. ഇത് റസൂല്‍ ﷺ പഠിപ്പിച്ച മൂന്ന് കാര്യങ്ങളില്‍ രണ്ടാമത്തേതിന്റെ കീഴില്‍ വരുന്നതാണ്. കാരണം, ദീനില്‍ ചേര്‍ക്കുമ്പോള്‍ സ്വാഭാവികമായും പ്രതിഫലം ആഗ്രഹിക്കും. സ്വാഭാവികമായതിന്റെ പേരിലോ ദീനില്‍ ചേര്‍ക്കുക എന്ന് പറയുന്നതിലൂടെ ആ അര്‍ഥവുംകിട്ടും എന്നത് കൊണ്ടോ ആവണം ഇമാം ഇബ്‌നു റജബുല്‍ ഹമ്പലി അത് പറയാതിരുന്നത്. മാത്രവുമല്ല, ബിദ്അത്തിന്റെ പ്രധാന മാനദണ്ഡം തന്നെ അതിന് ദീനില്‍ തെളിവുണ്ടോ ഇല്ലേ എന്നതാണ്.

ബിദ്അത്തിന് വിശദീകരണം നല്‍കിയ മറ്റൊരു പണ്ഡിതനാണ് ഇമാം ഹാഫിദ്വ് ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി (റഹി). അദ്ദേഹം തന്റെ ലോക പ്രശസ്ത ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയില്‍ റസൂല്‍ ﷺ യുടെ ‘എല്ലാ ബിദ്അത്തുകളും വഴികേടാണ്’ എന്ന വാചകം വിശദീകരിച്ച് കൊണ്ട് പറഞ്ഞു: ”അതായത് ദീനില്‍ പൊതുവായോ പ്രത്യേകമായോ തെളിവില്ലാത്ത പുതുതായി ഉണ്ടായ കാര്യമാണ് ബിദ്അത്ത്.”

റസൂല്‍ ﷺ യുടെ ‘പുതുതായി ഉണ്ടായ കാര്യങ്ങളെ സൂക്ഷിക്കുക’ എന്ന വാചകത്തെ വിശദീകരിച്ചും അദ്ദേഹം പറഞ്ഞു: ”അതു കൊണ്ടുള്ള ഉദ്ദേശം ദീനില്‍ യാതൊരു രേഖയുമില്ലാത്ത പുതുതായി ഉണ്ടായ കാര്യങ്ങളാണ്. ദീനിന്റെ ഭാഷയില്‍ അതിന് ബിദ്അത്ത് എന്നാണ് പറയുക. എന്നാല്‍ ശറഇല്‍ രേഖയുള്ള കാര്യമാണെങ്കില്‍ അത് ബിദ്അത്തല്ല താനും.”

ഇമാം ഹാഫിദ്വിന്റെ ഈ വാക്കുകളിലൂടെ ബിദ്അത്ത് എന്താണെന്ന് വ്യക്തമാണ്. റസൂല്‍ ﷺ ബിദ്അത്തിനെക്കുറിച്ച് പറഞ്ഞ അതേ ആശയമാണ് ഈ പണ്ഡിതന്മാരെല്ലാം വിശദീകരിച്ചതെന്ന് വ്യക്തം. 

ഇബ്‌നു ഉസൈമീന്‍ (റഹി) പറഞ്ഞു: ”ബിദ്അത്തെന്നാല്‍ വിശ്വാസത്തിലോ കര്‍മത്തിലോ പ്രവാചകന്‍ ﷺ യും സ്വഹാബത്തും നിലകൊണ്ട പാതയ്‌ക്കെതിരായുള്ള പുതുതായ കാര്യങ്ങളാണ്” (ശറഹു ലുംഅത്തുല്‍ ഇഅ്തിക്വാദ്).

വളരെ സംക്ഷിപ്തവും എന്നാല്‍ വിശാലമായ അര്‍ഥമുള്ളതുമായ ഒരു വിശദീകരണമാണിത്. ഇതുപോലെ വിശദീകരണം നല്‍കിയ മറ്റൊരു പണ്ഡിതനാണ് ഹാഫിദ്വുല്‍ ഹകമീ. അദ്ദേഹം മആരിജുല്‍ ക്വുബൂല്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: ”ബിദ്അത്തെന്നാല്‍ അല്ലാഹു അനുവദിക്കാത്തതും പ്രവചാകനോ സ്വഹാബത്തോ നിലകൊള്ളാത്തതുമായ കാര്യം ശറആക്കലാണ്.” 

ഈ പറഞ്ഞ വിശദീകരണങ്ങളൊന്നും വൈരുധ്യം പുലര്‍ത്തുന്നില്ല. എല്ലാം വൈവിധ്യങ്ങളുള്ള വിശദീകരണങ്ങളാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ബിദ്അത്തെന്നാല്‍ പൊതുവായോ പ്രത്യേകമായോ രേഖയില്ലാത്ത, പ്രവാചകന്റെയും സ്വഹാബത്തിന്റെയും മാര്‍ഗത്തിനെതിരായ പുതിയ കാര്യങ്ങള്‍ അല്ലാഹുവിന്റെ ദീനില്‍ നിയമമാക്കലാണ്. അല്ലാഹുവാണ് ഏറെ അറിയുന്നവന്‍.

ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെറ്റുന്നവര്‍ ചെന്നെത്തുന്നത് ബിദ്അത്തിലാണ് എന്നതിനാല്‍ ബിദ്അത്തിനെ സംബന്ധിച്ച് ഒരല്‍പം കാര്യഗൗരവത്തോടെ വിശദീകരിക്കേണ്ടതുണ്ട്.

ജനങ്ങള്‍ ഒരു കാലത്ത് ഒറ്റ സമൂഹമായിരുന്നു. പിന്നീടവര്‍ ഭിന്നിച്ച് സത്യത്തില്‍ നിന്നും വ്യതിചലിച്ച് വിഭിന്ന കക്ഷികളായി മാറി.

അല്ലാഹു പറയുന്നു: ”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്‌സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു” (ക്വുര്‍ആന്‍ 2:213).

അങ്ങനെ അവസാന പ്രവാചകന്‍ മുഹമ്മദ് ﷺ യെ അല്ലാഹു നിയോഗിക്കുമ്പോള്‍ ജനങ്ങള്‍ വ്യക്തമായ വഴികേടിലായിരുന്നു. കല്ലുകളെയും മരങ്ങളെയും ജിന്നുകളെയും മലക്കുകളെയും നക്ഷത്രങ്ങളെയും ജോത്സ്യന്മാരെയും പിശാചുക്കളെയും മറ്റും ആരാധിക്കുന്നവരായിരുന്നു. അവരില്‍ തത്ത്വജ്ഞാനികളും കവികളും പ്രാസംഗികരും ഭക്തന്മാരുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും അവര്‍ക്ക് വെളിച്ചം നല്‍കാന്‍ പര്യാപ്തമായിരുന്നില്ല. നബി ﷺ യുടെ വരവോടു കൂടി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടില്‍ കഴിഞ്ഞവര്‍ സത്യവിശ്വാസത്തിന്റെയും സദാചാരത്തിന്റെയും വെളിച്ചത്തിലേക്ക് വഴി നടക്കുകയുണ്ടായി. അങ്ങനെ റസൂല്‍ ﷺ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. നല്ല ഒരു തലമുറയെ വാര്‍ത്തെടുത്തു. അദ്ദേഹത്തിന്റെ വിയോഗത്തിന് മുമ്പ് തെളിമയാര്‍ന്ന മാര്‍ഗം അവര്‍ക്ക് അദ്ദേഹം വരച്ചു കാണിച്ചു. അങ്ങനെ സ്വഹാബാക്കള്‍ ക്വുര്‍ആനിനെയും സുന്നത്തിനെയും മൂലപ്രമാണങ്ങളാക്കി ദീന്‍ മനസ്സിലാക്കുകയും അതിനെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്തു. അവരില്‍ പിഴച്ചവരുണ്ടായില്ല. ദീനിനെ വളച്ചൊടിച്ചവരോ വിതണ്ഡ വാദക്കാരോ അവരില്‍ തലപൊക്കിയില്ല. അതെ, അവര്‍ നേരായ പാതയില്‍ തന്നെയായിരുന്നു. അടിസ്ഥാനപരമായി അവര്‍ ഐക്യത്തിലും സത്യത്തിലുമായിരുന്നു. 

എന്നാല്‍ ഉസ്മാന്‍(റ)വിന്റെ ഭരണ കാലത്ത് ചില തല്‍പര കക്ഷികള്‍ ഇസ്‌ലാമിലേക്ക് രംഗ പ്രവേശനം നടത്തി. കുഴപ്പങ്ങളുണ്ടാക്കി മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പും ചേരിതിരിവുമുണ്ടാക്കി.

ഈ ഭിന്നിപ്പിന്റെ മുഖ്യധാരയിലുണ്ടായിരുന്നവര്‍ രണ്ട് കൂട്ടരാണ്.

1. ഇസ്‌ലാമിനെ നശിപ്പിക്കുവാന്‍ വേണ്ടി ഒരുങ്ങിപ്പുറപ്പെട്ട അസൂയാലുക്കള്‍.

2. ദേഹേഛക്കാരും അനാചാരക്കാരും.

ഖേദകരമെന്ന് പറയട്ടെ, ഇവരുടെ ഈ ദുഷ് പ്രവര്‍ത്തനത്തെ അറിവില്ലാത്തവരും തുടക്കക്കാരും വഞ്ചിക്കപ്പെട്ട ചില സാധാരണക്കാരും പിന്താങ്ങി. അങ്ങനെ ഈ ഉമ്മത്തിലും വിഭിന്ന കക്ഷികള്‍ ആരംഭം കുറിക്കുകയുണ്ടായി.

ബിദ്ഇകളില്‍ നേതൃത്വത്തിലുള്ളവര്‍

ബിദ്ഈ കക്ഷികളില്‍ പെട്ട പ്രധാനികളായ ചിലരെ സംബന്ധിച്ച് നമുക്ക് ചെറിയ തോതില്‍ മനസ്സിലാക്കാം. എല്ലാ ബിദ്ഈ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനം ചില പ്രധാന വിഭാഗങ്ങളിലേക്കാണ് മടങ്ങുന്നത്.

1) ഖവാരിജുകള്‍

 അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയില്‍ നിന്നും വിഘടിച്ച് പുറത്തുപോയ ആദ്യവിഭാഗമാണ് ഇവര്‍. ഇവരോട് സ്വഹാബാക്കള്‍ സംവാദം നടത്തുകയും തെളിവ് നിരത്തുകയും ചെയ്തിട്ടുണ്ട്. ചിലര്‍ മടങ്ങി, പശ്ചാതപിച്ചു. ബാക്കിയുള്ളവരോട് സ്വഹാബത്തിന് യുദ്ധംചെയ്യേണ്ടി വന്നിട്ടുണ്ട്. 

2) ശീഈകള്‍ 

ഖവാരിജുകളുടെ രംഗപ്രവേശനത്തിന് ശേഷം തൊട്ടുപിറകില്‍ വന്ന മറ്റൊരു കക്ഷിയാണ് ശീഈകള്‍ (ശിയാക്കള്‍). അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതനാണ് ഇതിന്റെ സ്ഥാപകന്‍. എല്ലാ ഫിത്‌നകളുടെയും ചെങ്കോല്‍ വഹിച്ച ദുഷ്ടന്‍. ഇവരോടും സ്വഹാബാക്കള്‍ ശക്തമായി എതിര്‍ത്തു നിന്നിട്ടുണ്ട്.

3) ക്വദ്‌രികള്‍

സ്വഹാബാക്കളുടെ കാലഘട്ടത്തിന്റെ അവസാന സമയത്ത് രംഗപ്രവേശനം ചെയ്തവരാണ് ക്വദ്‌രികള്‍. ഇവരോടും സ്വഹാബാക്കളുടെ നിലപാട് തഥൈവ. ഇവരോട് എതിരിടുന്നതില്‍ സ്വഹാബാക്കള്‍ കാര്‍ക്കശ്യം കാണിച്ചു. ഇവരില്‍നിന്ന് പൂര്‍ണമായും ഒഴിവാകുവാന്‍ അവര്‍ കല്‍പിച്ചു. 

ഗീലാന്‍ അദ്ദിമശ്കീ എന്ന ഇവരുടെ നേതാവിനെ ചില താബിഈങ്ങളുടെ ഫത്‌വ പ്രകാരം ഉമവീ ഭരണാധികാരി ഹിശാമി ബ്‌നു അബ്ദില്‍ മാലിക് വകവരുത്തുക വരെയുണ്ടായി. 

4) ജഹ്മികള്‍

സ്വഹാബാക്കളുടെ കാലശേഷം അല്‍ ജുഹ്ദിബിനു ദിര്‍ഹമിന്റെയും ശിഷ്യന്‍ ജഹ്മിബ്‌നു സ്വഫ് വാന്റെയും കരങ്ങളാല്‍ സ്ഥാപിതമായ ബിദ്ഈ കക്ഷിയാണ് അല്ലാഹുവിന്റെ സ്വിഫാത്ത് (വിശേഷണങ്ങള്‍) നിഷേധികളായ ഇവര്‍. എന്നാല്‍ മുസ്‌ലിം സമൂഹം ഇവരോടും ശക്തമായ നിലപാടിലായിരുന്നു. ഈ രണ്ടു നേതാക്കന്മാരും പിന്നീട് വധിക്കപ്പെടുകയാണുണ്ടായത്.

5) മുഅ്തസിലികള്‍

അതേസമയം രംഗത്തുവന്ന മറ്റൊരു ബിദ്ഈ കക്ഷിയാണിത്. ഹസനുല്‍ ബസ്വരി(റഹി)യുടെ ശിഷ്യന്മാരായ വാസിലു ബ്‌നു അത്വാഉം അംറു ബ്‌നു ഉബൈദും അദ്ദേഹത്തോട് ഈമാനിന്റെ വിഷയത്തില്‍ തെറ്റിപ്പിരിഞ്ഞാണ് ഈ ചിന്താഗതി രൂപപ്പെടുന്നത്. ഹസനുല്‍ ബസ്വരി(റ)യോട് തെറ്റിപ്പിരിഞ്ഞതിനാലാണ് ഇവര്‍ മുഅ്തസിലികള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടത്.

ഈമാനിന്റെ വിഷയത്തിലാണ് തെറ്റിയതെങ്കിലും പിന്നീട് ക്വദ്‌റിനെയും സ്വിഫാത്തിനെയും നിഷേധിക്കുന്നിടത്തേക്ക് അവരെത്തി. ഇവരുടെ മുന്‍ തലമുറകളോടുള്ള അതേ സമീപനമാണ് അഹ്‌ലുസ്സുന്ന ഇവരോടും സ്വീകരിച്ചത്.

6) മുര്‍ജിയാക്കള്‍

ഖവാരിജീ, മുഅ്തസിലീ ചിന്താഗതികള്‍ക്ക് നേര്‍വിപരീതമായ വാദവുമായി രംഗത്ത് വന്നരാണിവര്‍. ഇവരില്‍ അഹ്‌ലുസ്സുന്ന കുഫ്ര്‍ വിധിച്ചവരും വഴികേടിലാണെന്ന് പറഞ്ഞവരുമുണ്ട്. അഹ്‌ലുസ്സുന്നയുടെ ഇവരോടുള്ള സമീപനവും മറ്റൊന്നായിരുന്നില്ല എന്നര്‍ഥം.

ഈ ആറ് വിഭാഗക്കാരാണ് ബിദ്ഇകളില്‍ പ്രധാനികള്‍. ഇവരില്‍ മുഅ്തസിലികളും ക്വദ്‌രികളും ഏകദേശം തുല്യ വാദക്കാരാണ്. ഈ പിഴച്ച ചിന്താധാരകളുടെ ബാക്കിപത്രങ്ങളായ മറ്റു വിഭാഗങ്ങള്‍ പില്‍ക്കാലത്ത് രംഗപ്രവേശനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരോടുള്ള അഹ്‌ലുസ്സുന്നയുടെ നിലപാട് സുവ്യക്തവും സുതാര്യവുമായിരുന്നു. ഇവരോടുള്ള സമീപനം എക്കാലത്തും ഒന്നായിരുന്നു.

(തുടരും)

 

ശഹീറുദ്ദീന്‍ ചുഴലി
നേർപഥം വാരിക

സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍..

സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍..

ഭാഗം: 2

ഇമാം ഇബ്‌നു അബീദാവൂദ്(റഹി) അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിന്റെ ആദ്യ വരി ആരംഭിക്കുന്നത് ഇപ്രകാരമാണ്:

1) അല്ലാഹുവിന്റെ പാശത്തില്‍ നീ മുറുകെ പിടിക്കുകയും സന്മാര്‍ഗം പിന്‍പറ്റുകയും ചെയ്യണം, നീ പുത്തന്‍വാദി ആകരുത്; എങ്കില്‍ നീ വിജയിച്ചേക്കാം.

ഈ വരിയിലൂടെ ഇമാം ഇബ്‌നു അബീദാവൂദ്(റഹി) അഹ്‌ലുസ്സുന്നയുടെ തെളിമയാര്‍ന്ന മാര്‍ഗം വിശദീകരിച്ച് തരികയാണ്. അതിലൂടെയാണ് ശ്വാശ്വതമായ വിജയം കൈവരിക്കുവാന്‍ സാധിക്കുക എന്നും അദ്ദേഹം ഉണര്‍ത്തുന്നു. അതിനായി സുപ്രധാനമായ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുവാനാണ് ഈ വരികളിലൂടെ അദ്ദേഹം നിര്‍ദേശിക്കുന്നത്. 

1. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക.

2. സന്മാര്‍ഗം പിന്‍പറ്റുക.

3. പുത്തനാശയത്തയത്തെയും അനാചാരങ്ങളെയും വെടിയുക.

ഇവ മൂന്നുമാണ് ഇഹത്തിലെയും പരത്തിലെയും വിജയത്തിന്റെ മാനദണ്ഡം. ഇവയെ അല്‍പം വിശദീകരിക്കാം.

1. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക എന്ന പ്രയോഗം ക്വുര്‍ആനിന്റെ പ്രയോഗമാണ്. സൂറ ആലുഇംറാനിലെ 103-ാം വചനത്തില്‍ അല്ലാഹു പറയുന്നു:

”നിങ്ങള്‍ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്.” 

ഇവിടെ അല്ലാഹുവിന്റെ പാശം എന്നത് കൊണ്ടുള്ള വിവക്ഷ എന്ത് എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ പല രീതിയില്‍ വിശദീകരണം പറഞ്ഞിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘നിങ്ങള്‍ അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിക്കുക.’ ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ‘അത് അല്‍ജമാഅയാണ്.’ (അല്‍ ജമാഅയെന്നാല്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ). അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ സംഘത്തെ മുറുകെ പിടിക്കുക. അതാണ് അല്ലാഹു കല്‍പിച്ചത്. നിങ്ങള്‍ സംഘത്തിലും അനുസരണയിലും വെറുക്കുന്ന കാര്യം ഭിന്നിപ്പിലും വിഘടനതയിലും നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യത്തെക്കാള്‍ ഉത്തമമാണ്.’ 

ഇമാം മുജാഹിദ്(റഹി)യും അത്വാഅ്(റഹി)യും പറഞ്ഞു: ‘അത് അല്ലാഹുവിന്റെ കരാറാണ്.’ ഇമാം ക്വതാദയും സുദ്ദിയും പറഞ്ഞു: ‘അത് ക്വുര്‍ആനാണ്.’

ഈ പറഞ്ഞ വിശദീകരണങ്ങള്‍ വ്യത്യസ്ത പ്രയോഗങ്ങളാണെങ്കിലും ഒരേ ആശയം ഉള്‍ക്കൊള്ളുന്നവയാണ്. എല്ലാ പ്രയോഗങ്ങളും ഇമാം ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞ ‘അല്ലാഹുവിന്റെ ദീന്‍’ എന്ന പ്രയോഗത്തെ പ്രതിനിധീകരിക്കുന്നു. 

ഇതേ പ്രയോഗം നബി ﷺ യും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതായി അബൂഹുറയ്‌റ(റ) പറയുന്നു: ‘അല്ലാഹു നിങ്ങള്‍ക്ക് മൂന്ന് കാര്യങ്ങള്‍ തൃപ്തിപ്പെടുകയും മൂന്ന് കാര്യങ്ങള്‍ കോപിക്കുകയും ചെയ്യുന്നു. അല്ലാഹു തൃപ്തിപ്പെടുന്ന മൂന്ന് കാര്യം നിങ്ങള്‍ അല്ലാഹുവില്‍ പങ്കുകാരെ ആക്കാതെ അവനെ മാത്രം ആരാധിക്കലും അവന്റെ പാശത്തെ മുറുകെ പിടിക്കലും അല്ലാഹു നിങ്ങളുടെ കാര്യം ഏല്‍പിച്ചവരോട് (ഭരണാധികാരികളോട്) ഗുണം കാംക്ഷിക്കലുമാണ്.

ഇമാം ബഗവിയും ഇബ്‌നു കഥീറും അവരുടെ തഫ്‌സീറുകളില്‍ ഉദ്ധരിച്ച ഇബ്‌നു മസ്ഊദ്(റ)വിന്റെ മറ്റൊരു ഹദീഥില്‍ റസൂല്‍ ﷺ ഇങ്ങെന പറഞ്ഞതായി കാണാം: ‘തീര്‍ച്ചയായും ക്വുര്‍ആന്‍ അല്ലാഹുവിന്റെ പാശമാണ്. അത് വ്യക്തമായ പ്രകാശമാണ്. ഉപകാരപ്രദമായ ശമനമാണ്. അതിനെ മുറുകെ പിടിക്കുന്നവന് സുരക്ഷിതത്വവും അതിനെ പിന്‍പറ്റുന്നവന് വിജയവും ഉണ്ടാകുന്നതാണ്.’

ഇമാം ത്വബ്‌രി(റഹി) അല്ലാഹുവിന്റെ പാശം എന്ന പ്രയോഗത്തെ വിശദീകരിച്ച് ഒരുപാട് പണ്ഡിതന്മാരുടെ ഉദ്ധരണികള്‍ അദ്ദേഹത്തിന്റെ തഫ്‌സീറില്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍ അവയെല്ലാം വൈവിധ്യങ്ങളാണ്. വൈരുധ്യമല്ല. എല്ലാ പ്രയോഗങ്ങള്‍ കൊണ്ടും അര്‍ഥമാക്കുന്നത് ഇസ്‌ലാമാണ്. അതു തന്നെയാവണം ഇവിടെ ഇമാം ഇബ്‌നു അബീദാവൂദ് (റഹി) ഉദ്ദേശിച്ചതും.

2. ഇവിടെ സന്മാര്‍ഗം പിന്‍പറ്റുക എന്നത് കൊണ്ടുള്ള ഉദ്ദേശം അല്ലാഹു പ്രവാചകന്‍ ﷺ മുഖേന അവതരിപ്പിച്ച വിശ്വാസപരവും കര്‍മപരവുമായ കാര്യങ്ങളെ പിന്‍പറ്റുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ്.

ഹിദായത്തിന്റെ ഭാഷാപരമായ അര്‍ഥം ‘വഴി കാണിക്കുക’ എന്നാണ്. ‘ഹദാഹുല്ലാഹു’ എന്ന് പറഞ്ഞാല്‍ ‘അല്ലാഹു അവനെ ദീനിലേക്ക് വഴി കാണിച്ചു’ എന്നാണ് അര്‍ഥം.

‘ഹുദ’ എന്ന് പറഞ്ഞാലും ‘ഹിദായത്ത്’ എന്ന് പറഞ്ഞാലും ഒരേ അര്‍ഥമാണ്. ഹിദായത്ത് രണ്ട് രീതിയിലാണ്. ഒന്ന്. ഹിദായത്തുല്‍ ബയാന്‍. രണ്ട് ഹിദായത്തു തൗഫീക്വ്.

ജീവിത വിജയം കൈവരിക്കുവാന്‍ ഹുദയെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. ഇതാണ് ആദം നബിൗമിനോട് അല്ലാഹു സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറക്കിയതിന് ശേഷം കല്‍പിച്ചത്.

”നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും” (അല്‍ബക്വറ: 38,39).

”എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല” (ത്വാഹ:123).

ഇവിടെ അല്ലാഹു പറഞ്ഞ ‘ഹുദ’ വിശ്വാസപരവും കര്‍മപരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട വ്യക്തമായ തെളിവുകളും ഉല്‍ബോധനങ്ങളും ആണ്. അഥവാ യഥാര്‍ഥ ദീന്‍ ഉള്‍ക്കൊള്ളുക എന്നത്.

ഈ വചനങ്ങളെ വിശദീകരിച്ച് ഇമാം സഅദി പറഞ്ഞു: ‘അതുകൊണ്ട് ഈ മാര്‍ഗത്തെ പിന്‍പറ്റണമെന്നും ഇതല്ലാത്തത് പിന്‍പറ്റിയാല്‍ നിങ്ങള്‍ വഴി പിഴച്ച് പോകുമെന്നും അല്ലാഹു നിര്‍ദേശിച്ചു.’

”ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്” (അല്‍ അന്‍ആം: 153).

നിര്‍ദേശം നല്‍കുക, തെളിവുകള്‍ നിരത്തുക എന്നതാണ് ഹിദായത്തുല്‍ ബയാന്‍. തെളിവുകള്‍ സ്വീകരിക്കുവാനുള്ള അവസരവും തൗഫീക്വും നല്‍കുക എന്നതാണ് ഹിദായത്തു തൗഫീക്വ.് ആദ്യത്തെ അര്‍ഥമാണ് ഇവിടെ ഉദ്ദേശം. തൗഫീക്വ് നല്‍കുക എന്ന അര്‍ഥത്തിലുള്ള ഹിദായത്ത് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു” (അല്‍ ഖസ്വസ്വ്:56).

ഇതില്‍ പിന്‍പറ്റലില്ല. ഇത് അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കനിഞ്ഞരുളുന്ന അവന്റെ ഔദാര്യമാണ്. പിന്‍പറ്റേണ്ടത് അവന്റെ തെളിവുകളും നിര്‍ദേശങ്ങളുമാകുന്ന ഹിദായത്തുകളെയാണ്. ജീവിത വിജയം കൈവരിക്കുവാന്‍ ഹുദയെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. ഇഹത്തിലെയും പരത്തിലെയും വിജയം ഇവയെ പിന്‍പറ്റുന്നതിലൂടെയാണ് കരഗതമാകുക. ഇതാണ് സ്വര്‍ഗലോകത്ത് നിന്ന് പുറത്താക്കിയ ശേഷം ആദം നബിൗമിനോട് കല്‍പിച്ചത്. (തുടരും)

 

ശഹീറുദ്ദീന്‍ ചുഴലി
നേർപഥം വാരിക

സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

ഇമാം ഇബ്‌നുഅബീദാവൂദ്(റഹി)യുടെ ‘അല്‍മന്‍ളൂമത്തുല്‍ ഹാഇയ്യഃ’ എന്ന ഗ്രന്ഥത്തിന്റെ ആദ്യ വരിയുടെ വിശദീകരണമാണിത്. മുപ്പത്തി മൂന്ന് വരിയുള്ള ആ കവിതാസമാഹാരത്തില്‍ അഹ്‌ലുസ്സുന്നയുടെ വിശ്വാസ കാര്യങ്ങളില്‍ സുപ്രധാനങ്ങളായ ചില കാര്യങ്ങളെയാണ് പരാമര്‍ശിക്കുന്നത്. അതില്‍ ആദ്യത്തെ രണ്ട് വരി അഹ്‌ലുസ്സുന്നയുടെ മന്‍ഹജ് എന്താവണം എന്ന് നിര്‍ദേശിക്കുകയാണദ്ദേഹം.

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രമാണ് ഈമാന്‍ അഥവാ വിശ്വാസം. ഇഹലോകത്തും പരലോകത്തും വിജയം അത്തരക്കാര്‍ക്കാണ്. 

”ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക” (ക്വുര്‍ആന്‍ 40:30).

ഈ വചനത്തെ വിശദീകരിച്ച് ഇമാം സഅദി(റഹി) പറഞ്ഞു: 

”അതായത്, അല്ലാഹുവിന്റെ റുബൂബിയ്യത് (സൃഷ്ടികര്‍തൃത്വം) അംഗീകരിക്കുകയും തൃപ്തിപ്പെടുകയും പ്രഖ്യാപിക്കുകയും അവന്റെ കല്‍പനകള്‍ക്ക് കീഴതൊങ്ങുകയും വിശ്വാസപരവും കര്‍മപരവുമായ കാര്യങ്ങളില്‍ നേരായ പാതയില്‍ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് ഇഹലോകത്തും പരലോകത്തും സന്തോഷ വാര്‍ത്തയുണ്ട്” (തഫ്‌സീറുസ്സഅ്ദി).

വിശ്വാസ കാര്യങ്ങള്‍ പഠിക്കല്‍ വിശ്വാസികളെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. കര്‍മം അതിന്റെ പൂര്‍ത്തീകരണം മാത്രമാണ്. എങ്കിലും കര്‍മം ഈമാനിന്റെ ഭാഗമാണ്; ഈമാനില്‍ നിന്ന് പുറത്തല്ല. അക്വീദ ശരിയാവാത്ത കര്‍മങ്ങള്‍ നിഷ്ഫലമാണ്. കപടവിശ്വാസികളുടെ കര്‍മങ്ങള്‍ സ്വീകരിക്കാതിരിക്കുവാനുള്ള കാരണമായി അല്ലാഹു പറഞ്ഞത്, അവരുടെ അക്വീദ പിഴച്ചതാണെന്നാണ്. 

”അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും മടിയന്മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്‌കാരത്തിന് ചെല്ലുകയില്ല എന്നതും വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്”(ക്വുര്‍ആന്‍ 9:54).

അഖീദ ശരിയാകാത്തവരുടെ കര്‍മങ്ങള്‍ ധൂളികളാക്കി മാറ്റുമെന്നാണ് അല്ലാഹു പറഞ്ഞത്:

”അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 25:23).

ഈ സൂക്തത്തെ വിശദീകരിച്ച് ഇമാം സഅ്ദി പറഞ്ഞു:

”അല്ലാഹു സ്വീകരിക്കുന്ന കര്‍മം നിഷ്‌ക്കളങ്കതയോടെ വിശ്വസിക്കുകയും വിശ്വാസത്തില്‍ പ്രവാചകന്മാരെ പിന്‍പറ്റുകയും ചെയ്യുന്നവരില്‍ നിന്നുമാണ്”(തഫ്‌സീറുസ്സഅ്ദി)

എന്താണ് അക്വീദ, ആരാണ് അഹ്‌ലുസ്സുന്ന, എന്താണ് അവരുടെ പാത എന്നതെല്ലാം മറ്റെന്തിനെക്കാളും ഏറെ നാം പഠിക്കേണ്ട കാര്യങ്ങളാണ്.

 

എന്താണ് അക്വീദ?

ഭാഷാപരമായി അക്വീദ എന്നാല്‍ ദൃഢത, ഉറപ്പ്, സ്ഥിരപ്പെട്ടത്, ഭദ്രമായത് എന്നൊക്കെയാണ് അര്‍ഥം. അക്വീദ ‘അക്വ്ദ്’ എന്ന ക്രിയാനാമത്തില്‍ നിന്നുമുണ്ടായതാണ്. കെട്ടിയിടുക, ഉറപ്പിക്കുക, ശക്തിപ്പെടുത്തുക എന്നൊക്കെയാണ് ‘അക്വദ’ യുടെ അര്‍ഥം.

ഇതില്‍ നിന്നാണ് വിവാഹക്കരാര്‍ എന്ന (ഉക്വ്ദത്തുന്നികാഹ്) പ്രയോഗം ഉണ്ടായത്. അതുപോലെയാണ് വിശ്വാസക്കരാര്‍ എന്നതും (ഉക്വ്ദത്തുല്‍ യമീന്‍) ഉണ്ടായത്. ഈ പ്രയോഗം ക്വുര്‍ആനില്‍ കാണാവുന്നതാണ്: 

”ബോധപൂര്‍വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത് ശപഥങ്ങളഉടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്” (ക്വുര്‍ആന്‍ 5:89).

”(വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കുവാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്” (ക്വുര്‍ആന്‍ 2:235).

”അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്) (മഹ്ര്‍ പൂര്‍ണമായി നല്‍കിക്കൊണ്ട്) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ” (ക്വുര്‍ആന്‍ 2:237).

മൂസാ നബിൗയുടെ പ്രാര്‍ഥനയില്‍ ഇങ്ങനെ കാണാം: ”എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ” (ക്വുര്‍ആന്‍ 20:27).

മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: ”നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക.”(ക്വുര്‍ആന്‍ 4:33).

ചുരുക്കിപ്പറഞ്ഞാല്‍ ‘സംശയത്തിനിടയില്ലാത്ത വിധി’ക്കാണ് ഭാഷയില്‍ അക്വീദ എന്ന് പറയുക. മതത്തില്‍ ‘അക്വീദ’ എന്ന് വിശ്വാസപരമായ കാര്യങ്ങള്‍ക്കാണ് പറയുക.

സത്യമാകട്ടെ, അസത്യമാകട്ടെ ഒരു വ്യക്തി തന്റെ ഹൃദയത്തില്‍ ഉറപ്പിക്കുന്ന (കെട്ടിയിടുന്ന) കാര്യത്തിനും ഭാഷയില്‍ അക്വീദ എന്ന് പറയും. 

‘യാതൊരു സംശയവും കടന്ന് കൂടാത്ത വാസ്തവത്തോട് യോജിച്ച ദൃഢമായ വിശ്വാസത്തിനാണ് സാങ്കേതികമായി അക്വീദ എന്ന് പറയുന്നത്. ദൃഢതയില്ലാത്ത അറിവിന് അക്വീദ എന്ന് പറയുകയില്ല.

മനുഷ്യന്‍ ഒരു കാര്യത്തെ തന്റെ ഹൃദയത്തില്‍ കെട്ടി ഭദ്രമാക്കുന്നതിനാലാണ് ഇതിന് അക്വീദ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 

അല്‍ അക്വീദത്തുല്‍ ഇസ്‌ലാമിയ്യ എന്ന് നിരുപാധികം പറഞ്ഞാല്‍ അത് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ അക്വീദയാണ്.

അക്വീദക്ക് അസ്സുന്ന, അശ്ശരീഅ, ഉസൂലുദ്ദീന്‍, അത്തൗഹീദ് എന്നെല്ലാം പേരുകളുണ്ട്.

 

ആരാണ് അഹ്‌ലുസ്സുന്ന?

‘സലഫ്’ എന്ന പ്രയോഗം കൊണ്ട് എന്താണോ വിവക്ഷിക്കപ്പെടുന്നത് അതു തന്നെയാണ് ‘അഹ്‌ലുസ്സുന്ന’ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതും. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ വിവക്ഷ എന്താണെന്ന് ഇമാം ബര്‍ബഹാരി പറയുന്നു:

”സുന്നത്ത് എന്നാല്‍ നബി ﷺ ചര്യയാക്കിയതും ജമാഅത്തെന്നാല്‍ അബൂബക്ര്‍(റ), ഉമര്‍(റ), ഉഥ് മാന്‍(റ) എന്നിവരുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികള്‍ ഏകോപിച്ചതുമായ കാര്യമാണ്” (ശറഹുസ്സുന്ന).

രണ്ടര്‍ഥത്തില്‍ പണ്ഡിതന്മാര്‍ അഹ്‌ലുസ്സുന്ന എന്ന് പ്രയോഗിക്കാറുണ്ട്.

1. പ്രത്യേകാര്‍ഥത്തില്‍.

2. പൊതുവായ അര്‍ഥത്തില്‍.

* പ്രത്യേകാര്‍ഥത്തില്‍ അഹ്‌ലുസ്സുന്ന എന്നാല്‍ അവര്‍ സ്വഹാബികളും താബിഉകളും തബഉത്താബിഉകളും അവരുടെ പാതയില്‍ നിലകൊണ്ടവരുമാണ്. ഇവരാണ് റസൂല്‍ ﷺ നന്മയിലാണെന്ന് സാക്ഷ്യം വഹിച്ചവര്‍:

”ഏറ്റവും നല്ല തലമുറ ഞാന്‍ നിയോഗിക്കപ്പെട്ട തലമുറയും പിന്നെ ശേഷക്കാരും പിന്നെ ശേഷക്കാരും ആണ്” (ബുഖാരി, മുസ്‌ലിം).

ഈ അര്‍ഥത്തില്‍ ബിദ്ഈ കക്ഷികളെല്ലാം അഹ്‌ലുസ്സുന്ന എന്ന പ്രയോഗത്തിന്റെ പുറത്താണ്. അഹ്‌ലുസ്സുന്ന എന്ന് പണ്ട് മുതലേ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

അല്ലാഹു പറയുന്നു: ”ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍” (ക്വുര്‍ആന്‍ 3:106).

ഈ വചനത്തെ വിശദീകരിച്ച് ഇമാം ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇബ്‌നു കഥീര്‍(റഹി) ഉദ്ധരിക്കുന്നു:

”അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ മുഖങ്ങള്‍ വെളുക്കും, ബിദ്അത്തിന്റെയും വിഘടന കക്ഷികളുടെയും മുഖങ്ങള്‍ കറുക്കും” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

ഹദീഥുകളില്‍ വന്ന ‘ജമാഅ’ കൊണ്ടുള്ള വിവക്ഷ ഇവരാണ്. ആദ്യത്തെ മൂന്ന് തലമുറകളാണ് സലഫുകള്‍. അവരും അവരുടെ മാര്‍ഗം പിന്തുടര്‍ന്നവരുമാണ് അഹ്‌ലുസ്സുന്ന.

നബി ﷺ പറഞ്ഞു: ”യഹൂദികള്‍ എഴുപത്തി ഒന്ന് വിഭാഗവും നസ്വാറാക്കള്‍ എഴുപത്തി രണ്ട് വിഭാഗവും ആയി. ഈ ഉമ്മത്ത് പിന്നീട് എഴുപത്തി മൂന്ന് വിഭാഗമാകും. എല്ലാവരും നരകത്തിലായിരിക്കും; ഒരു കൂട്ടരൊഴികെ.” അവര്‍ ചോദിച്ചു: ”ആരാണ് പ്രവാചകരേ, ആ ഒരു സംഘം?” പ്രവാചകന്‍ ﷺ പറഞ്ഞു: ”ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊരു നിലപാടിലാണോ അതില്‍ നിലകൊള്ളുന്നവര്‍” (അബൂദാവൂദ്, തിര്‍മിദി, അഹ്മദ്).

പ്രവാചകനും മൂന്ന് ഉത്തമ നൂറ്റാണ്ടുകാരും നിലകൊണ്ട പാതക്കാണ് ‘അസ്സലഫിയ്യ’ എന്ന് പറയുന്നത്. ഈ സംഘവും ഈ പാതയും അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ ലോകത്ത് പ്രകടമായി തന്നെ നിലകൊള്ളും. 

റസൂല്‍ ﷺ പറയുന്നു: ”എന്റെ ഉമ്മത്തില്‍ നിന്നും ഒരു സംഘം എപ്പോഴും സത്യത്തിലായിരിക്കും. അവരെ കയ്യൊഴിഞ്ഞവര്‍ അവര്‍ക്ക് യാതൊരു ദോഷവും ചെയ്യുകയില്ല. അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ അവര്‍ ആ പാതയിലായിരിക്കും” (മുസ്‌ലിം).

ഈ സംഘത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

”മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” (ക്വുര്‍ആന്‍ 9:100).

ഈ വചനത്തിലൂടെ അല്ലാഹു മുഹാജിറുകളെയും അന്‍സ്വാറുകളെയും അവരെ പിന്‍പറ്റിയവരെയും പുകഴ്ത്തുകയും അവരില്‍ അല്ലാഹു തൃപ്തനാണെന്ന് പറയുകയും അവര്‍ക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുന്നു.

മറ്റൊരു വചനത്തില്‍ അവര്‍ക്കെതിരാകുന്നവരെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ”തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

ഭിന്നതകള്‍ ഉടലെടുക്കുമ്പോള്‍ ഈ പാത മുറുകെ പിടിക്കാനാണ് റസൂല്‍ ﷺ സമുദായത്തോട് നിര്‍ദേശിച്ചത്:

”നിങ്ങളില്‍ ജീവിക്കുന്നവര്‍ പിന്നീട് പല അഭിപ്രായ ഭിന്നതകളും കാണും. അപ്പോള്‍ എന്റെ പാതയും എന്റെ സച്ചരിതരായ ഖുലഫാഉകളുടെ പാതയും മുറുകെ പിടിക്കുകയും അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക.”

ഇമാം ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”നിങ്ങളാരെങ്കിലും വല്ലവരെയും പിന്‍പറ്റുന്നുണ്ടെങ്കില്‍ മരിച്ച് പോയവരെ പിന്‍പറ്റുക. ജീവിച്ചിരിക്കുന്നവര്‍ ഫിത്‌നയില്‍ നിന്നും നിര്‍ഭയരല്ല. അവര്‍ (മരിച്ച് പോയവര്‍) മുഹമ്മദ് നബി ﷺ യുടെ സ്വഹാബികളാണ്. അവര്‍ ഈ ഉമ്മത്തിലെ നന്മ നിറഞ്ഞ ഹൃദയമുള്ളവരാണ്. അഗാധമായ അറിവുള്ളവരാണ്. കൃത്രിമത്തം തീരെ ഇല്ലാത്തവരാണ്. പ്രവാചകനോടൊത്ത് സഹവസിക്കുവാനും ദീനിനെ നിലനിര്‍ത്തുവാനും അല്ലാഹു അവരെയാണ് തെരഞ്ഞെടുത്തത്. അവരോടുള്ള ബാധ്യത നീ തിരിച്ചറിയുകയും അവരുടെ പാത മുറുകെ പിടിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവര്‍ നേരായ പാതയിലാണ്.”

ശേഷക്കാരായ പണ്ഡിതന്മാരെല്ലാം ഈ പാത മുറുകെ പിടിച്ചവരും പ്രോല്‍സാഹിപ്പിച്ചവരുമാണ്.

ഇമാം ഔസാഈ (റഹി) പറയുന്നു: ”നീ സുന്നത്തില്‍ ക്ഷമിച്ച് നില്‍ക്കുക സ്വഹാബക്കള്‍ നിന്നിടത്ത്.”

 

ശഹീറുദ്ദീന്‍ ചുഴലി
നേർപഥം വാരിക

അന്ധമായ അനുകരണം മതശാസനയോ?

അന്ധമായ അനുകരണം മതശാസനയോ?

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 9)

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനും അതിന്റെ വിശദീകരണമായ നബിചര്യയുമാണല്ലോ മതവിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്രോതസ്സുകള്‍. നബി ﷺ യുടെ അനുചരന്മാരാണ് ഇതിന്റെ പ്രഥമ പ്രയോക്താക്കളും നേര്‍സാക്ഷികളും. പ്രമാണങ്ങളെ അവര്‍ അറിഞ്ഞ രീതി അനുസരിച്ചാണ് നാം അറിയേണ്ടത്.

വിശ്വാസ, കര്‍മ കാര്യങ്ങളെ പ്രാമാണികമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ പണ്ഡിതന്മാര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അറിയപ്പെട്ട നാല് മദ്ഹബുകളുടെ ഇമാമുമാര്‍ അവരില്‍ പ്രധാനികളാണ്. വിശ്വാസ കാര്യങ്ങളില്‍ ഇവര്‍ ഒരു നിലപാടിലാണെങ്കിലും തെളിവുകളുടെ അപര്യാപ്തത, ഗവേഷണ പാടവത്തിലെ ഏറ്റക്കുറവ് എന്നീ കാരണങ്ങളാല്‍ കര്‍മശാസ്ത്ര ചര്‍ച്ചകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. എന്നാല്‍ തെളിവുകള്‍ ആധാരമാക്കിയാണ് അത്തരം കാര്യങ്ങളെ സമീപിക്കേണ്ടതെന്ന് അവര്‍ ഉണര്‍ത്തിയിട്ടുമുണ്ട്.

ശിയായിസത്തിന്റെ പ്രചാരകരായ സമസ്തക്കാര്‍ നാലാലൊരു മദ്ഹബിനെ അന്ധമായി അനുകരിക്കണമന്ന വാദം പേറുന്നവരാണെങ്കിലും മദ്ഹബിന്റെ ഇമാമുമാര്‍ പറഞ്ഞതൊന്നും അവര്‍ ഉള്‍ക്കൊള്ളാറില്ലെന്നതാണ് വാസ്തവം. 2019 ഒക്ടോബര്‍ 1-15 ലക്കം ‘സുന്നി വോയ്‌സി’ല്‍ സാക്ഷാല്‍ കാന്തപുരം മുസ്‌ലിയാര്‍ ഹസന്‍ മുസ്‌ലിയാരെ അനുസ്മരിച്ചെഴുതിയതില്‍ നിന്ന് ഇവര്‍ ഇന്നും അന്ധമായ അനുകരണ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നവരാണെന്ന് ബോധ്യമാകുന്നു.

മുസ്‌ലിയാര്‍ എഴുതുന്നു: ”ശാഫിഈ മദ്ഹബ് പ്രകാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, പ്രഭാഷണം, ഫത്‌വ നല്‍കല്‍ തുടങ്ങിയവയെല്ലാം. എന്നാല്‍ മദ്ഹബ് വിരോധികളായ ബിദഇകള്‍ ആയത്തും ഹദീസും മാത്രം ഓതി വാദപ്രതിവാദങ്ങളില്‍ വരുമ്പോള്‍ അദ്ദേഹം അവരെ അതേ രീതിയില്‍ ഖണ്ഡിച്ചു” (പേജ്: 38).

സമസ്തക്കാര്‍ ശാഫിഈ മദ്ഹബിന്റെ വക്താക്കളാണെന്നും സലഫികള്‍ മദ്ഹബുകളെ വെറുക്കുന്നവരാണെന്നും വരുത്തിത്തീര്‍ക്കാനാണ് ഈ വാക്കുകളിലൂടെ മുസ്‌ലിയാര്‍ ശ്രമിക്കുന്നത്. ഇത് ആദ്യകാലം മുതല്‍ തന്നെയുള്ള സമസ്തയുടെ വിശ്വാസമാണ്. അവര്‍ എഴുതി വെച്ചത് കാണുക:

”ഇസ്‌ലാമില്‍ കര്‍മപരവും വിശ്വാസപരവുമായ കാര്യങ്ങളുണ്ട്. വിശ്വാസ കാര്യങ്ങള്‍ ഇമാം അശ്അരിയും ഇമാം മാതുരീദിയും ക്രോഡീകരിച്ചിട്ടുണ്ട്. അതിനെതിരായ വിശ്വാസം ഇസ്‌ലാമിന്റെ വിശ്വാസമല്ല. കര്‍മപരമായ കാര്യങ്ങള്‍ നാലിലൊരു മദ്ഹബനുസരിച്ചാകലും അനിവാര്യമാണ്. വിശ്വാസവും കര്‍മവും ഇപ്പറഞ്ഞതിനെതിരായാല്‍ അത് ഇസ്‌ലാമിലില്ലാത്തതാണ്. ഇങ്ങനെയാണ് മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ തീരുമാനം” (ഇവരെ എന്ത് കൊണ്ട് അകറ്റണം?/ചാലിയം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍/ പേജ്: 19).

 ‘ഇസ്‌ലാമിക വ്യവസ്ഥിതി നാല് മദ്ഹബുകളില്‍ ഖണ്ഡിതമാണ്. പ്രമാണങ്ങളുടെ മൊത്തവും മദ്ഹബുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മദ്ഹബ് പഠനം യഥാര്‍ത്ഥ ഇസ്‌ലാമിനെ സംബന്ധിച്ച പഠനമാണ്. മദ്ഹബ് പഠിക്കാത്ത ഒരാള്‍ക്കും മുസ്‌ലിമായി ജീവിക്കാന്‍ കഴിയില്ല” (ശാഫിഈ മദ്ഹബ് /പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍).

ഇ.കെ വിഭാഗത്തിലെ ഒരു മുസ്‌ലിയാര്‍ എഴുതുന്നു: ”സാധാരണക്കാരന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, കളവ് പറയട്ടെ, അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ഇജ്മാഅ് ഉണ്ട്(മുസ്തഫ 2/123).” (മുജാഹിദ് പ്രസ്ഥാനം എങ്ങോട്ട്? അബ്ദുല്‍ ഹമീദ് ഫൈസി, പേജ്: 23).

എന്നാല്‍ ഇവര്‍ പറയുന്നതിന് നേര്‍വിരുദ്ധമാണ് ഇമാമുമാരുടെ നിലപാടുകള്‍. നാല് മദ്ഹബുകളുടെ ഇമാമുമാര്‍ തന്നെ അവരുടെ അഭിപ്രായങ്ങള്‍ പിന്‍പറ്റപ്പെടുന്നതിനെ കുറിച്ച് പറഞ്ഞത് കൂടി വായിക്കാം:

ഇമാം അബൂഹനീഫ(റഹി) (ഹിജ്‌റ 80-150) പറയുന്നു: ”ഹദീഥ് സ്വഹീഹായി വന്നാല്‍ അതാകുന്നു എന്റെ അഭിപ്രായം”(ഹാശിയത്തു ഇബ്‌നു ആബിദീന്‍ 1/63).

”അല്ലാഹുവിന്റെ കിതാബിനും റസൂല്‍ ﷺ യുടെ സുന്നത്തിനും എതിരായി ഞാന്‍ വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ വാക്കുകള്‍ നിങ്ങള്‍ ഉപേക്ഷിക്കുക” (ഈകാദുല്‍ ഫഹ്മ, ശൈഖ് സ്വാലിഹ് ഫുല്ലാനി, പേജ്: 50).

ഇമാം മാലിക്ബ്‌നു അനസ്(റഹി) (ഹിജ്‌റ 95-179): ”ശരിയും തെറ്റുമൊക്കെ സംഭവിക്കുന്ന ഒരു മനുഷ്യന്‍ മാത്രമാണു ഞാന്‍. അതിനാല്‍ എന്റെ അഭിപ്രായങ്ങള്‍ നിങ്ങള്‍ നോക്കുക. ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നത് നിങ്ങള്‍ സ്വീകരിക്കുക. ക്വുര്‍ആനിനോടും സുന്നത്തിനോടും വിയോജിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക” (ഉസ്വൂലുല്‍ അഹ്കാം, ഇബ്‌നു ഹസ്മ്: 6/149).

”പ്രവാചകന്‍ ﷺ  ഒഴികെ ആരുടെ വാക്കിലും സ്വീകരിക്കാവുന്നതും തള്ളേണ്ടതുമുണ്ടായിരിക്കും”(ഉലുല്‍ അഹ്കാം: 6/140).

  ഇമാം ശാഫിഈ(റഹി) (ഹിജ്‌റ 150-204) പറയുന്നു: ”എന്റെ ഗ്രന്ഥത്തില്‍ നബി ﷺ യുടെ സുന്നത്തിന് വിരുദ്ധമായത് വല്ലതും നിങ്ങള്‍ കണ്ടാല്‍ നബി ﷺ യുടെ സുന്നത്ത് നിങ്ങള്‍ സ്വീകരിക്കുക. ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഉപേക്ഷിക്കുക” (ശര്‍ഹുല്‍ മുഅദ്ദബ്, ഇമാം നവവി(റഹി), 1/63).

”ഹദീഥ് സ്വഹീഹായി വന്നാല്‍ അതാകുന്നു എന്റെ അഭിപ്രായം”(ഇമാം ബൈഹക്വി).

 ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) (ഹിജ്‌റ 164-241) പറയുന്നു: ”നീ എന്നെയോ മാലികിനെയോ, ശാഫിഈയെയോ, ഔസാഈയെയോ അന്ധമായി പിന്‍പറ്റരുത്. അവര്‍ എവിടെ നിന്നാണോ (മതം) സ്വീകരിച്ചത് അവിടെ നിന്ന് നീ സ്വീകരിക്കുക” (അല്‍ ഇഅ്‌ലാം, ഇബ്‌നുല്‍ ക്വയ്യിം, 2/302).

”അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ ഹദീഥ് ഒരാള്‍ തള്ളിയാല്‍ അവന്‍ നാശത്തിന്റെ വക്കിലാണ്”(ഇബ്‌നുല്‍ജൗസി).

ഇതൊന്നും വകവെക്കാതെയാണ് പണ്ഡിതാഭിപ്രായങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങാനും ‘വാക്ക് കൊണ്ട്’ മാത്രം ഏതെങ്കിലുമൊരു മദ്ഹബിന്റെ പക്ഷത്ത് നില്‍ക്കാനും ശരിയായ സ്രോതസ്സുകളില്‍ നിന്ന് മതവിധികള്‍ തേടുന്നവരെ ആക്ഷേപിക്കാനും സമസ്ത തുനിഞ്ഞിറങ്ങുന്നത്.

വിശ്വാസാചാരങ്ങളെ സമസ്ത എടുത്തിട്ടുള്ളത് ശാഫിഈ മദ്ഹബ് പ്രകാരമാണെന്നാണ് സമൂഹ മധ്യത്തില്‍ പറയാറുള്ളത്. യഥാര്‍ഥത്തില്‍ ഇവര്‍ ഇച്ഛകള്‍ക്കൊത്ത് മാത്രം ചലിക്കുന്ന ‘മാഫീ മദ്ഹബു’കാരാണ്. സമസ്ത സഭ മെനഞ്ഞുണ്ടാക്കി തരംതിരിച്ചു വെച്ച ഒറ്റ അനാചാരത്തെയെങ്കിലും ഇമാം ശാഫിഈ അനുകൂലിച്ചിട്ടുണ്ടോ? ഇല്ലെന്ന് വ്യക്തം! ഹസന്‍ മുസ്‌ലിയാര്‍ എല്ലാം നിര്‍വഹിച്ചത് ശാഫിഈ മദ്ഹബ് പ്രകാരമായിരുന്നു എന്നാണല്ലോ മുസ്‌ലിയാരുടെ അവകാശവാദം. അങ്ങനെയെങ്കില്‍ ന്യായമായും തോന്നിയ ചില സംശയങ്ങള്‍ ഇന്നത്തെ പണ്ഡിതന്മാരോട് ചോദിക്കട്ടെ:

1. പ്രാര്‍ഥന അല്ലാഹുവല്ലാത്തവരോടുമാകാം എന്ന ശിര്‍ക്കിനെ ഇമാം ശാഫിഈ അനുവദിച്ചിട്ടുണ്ടോ?

2. സഹായതേട്ടം മരണപ്പെട്ടവരോടുമാകാം എന്ന ശിര്‍ക്കിനെ അംഗീകരിച്ചിട്ടുണ്ടോ?

3. മതം പഠിപ്പിക്കാത്ത കാര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഇടതേട്ടം ഇമാം ശാഫിഈയുടെ വിശ്വാസമാണോ?

4. ക്വബ്ര്‍ പൂജയും ജാറ വ്യവസായവും ഇമാം ശാഫിഈ പഠിപ്പിച്ചതാണോ?

5. സ്ത്രീകള്‍ക്ക് ജമാഅത്ത്, ജുമുഅ നമസ്‌കാരങ്ങള്‍ പള്ളിയില്‍ വന്ന് നിര്‍വഹിക്കാമെന്ന ഇസ്‌ലാമിന്റെ അനുവാദത്തെ ഇമാം ശാഫിഈ നിഷിദ്ധമാക്കിയിട്ടുണ്ടോ?

6. മരിച്ച വ്യക്തിക്ക് കൂലി കിട്ടാന്‍ വേണ്ടി സൂറതുയാസീന്‍  ഓതുക എന്ന ബിദ്അത്തിനെ ഇമാം ശാഫിഈ അനുകൂലിച്ചിട്ടുണ്ടോ?

7. നബി ﷺ യുടെ ജന്മ ദിനത്തെ ആഘോഷമാക്കി കൊണ്ടാടാന്‍ ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ടോ?

8.അല്ലാഹുവിന്റെ വിശേഷണങ്ങളെ പരിഹസിക്കുന്നതിനും സൃഷ്ടികള്‍ക്ക് വകവെച്ച് കൊടുക്കുന്നതിനും ഇമാം ശാഫിഈയുടെ ഫത്‌വകളുണ്ടോ?

9.നമസ്‌കാര ശേഷമുള്ള കൂട്ട പ്രാര്‍ഥന എന്ന ബിദ്അത്ത് ഇമാം ശാഫിഈ ചെയ്ത് കാണിച്ചതാണോ?

10. ബുര്‍ദ, ഹദ്ദാദ്, കുത്ത്‌റാത്തീബ് തുടങ്ങിയവയെല്ലാം ഇമാം ശാഫിഈ പഠിപ്പിച്ചതാണോ?  

11. ആണ്ട് നേര്‍ച്ചകളും ഉറൂസുകളുമെല്ലാം ഇമാം ശാഫിഈ തുടങ്ങിയതാണോ?

12. മരണാനന്തരമുള്ള 3,7,40 എന്നിങ്ങനെ തീയതി കുറിച്ചു കൊണ്ടുള്ള സദ്യകള്‍ ഇമാം ശാഫിഈ നിര്‍ദേശിച്ചതാണോ?

ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി ‘അതെ,’ ‘ഉണ്ട്,’ ‘കാണിച്ചു തരാം,’ ‘വായിച്ചു തരാം’ എന്നീ പദപ്രയോഗങ്ങള്‍ സമസ്ത നേതാക്കന്മാരുടെ പക്കല്‍ സ്‌റ്റോക്കുണ്ട്. എന്നാല്‍ ഇമാം ശാഫിഈ(റഹി)യുടെ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് തെളിയിക്കാന്‍ ഇക്കാലമത്രയും ഇവര്‍ക്കായിട്ടില്ല. ഇനി ആവുകയുമില്ല.

മതപഠിതാക്കളില്‍ മൂന്ന് തരക്കാറുണ്ട്.

1. ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും നേരിട്ട് വിഷയങ്ങളെ നോക്കാന്‍ കഴിയുന്നവര്‍. ഇതിലേക്ക് സൂചന നല്‍കുന്ന ധാരാളം ആയത്തുകളുണ്ട്. അല്ലാഹു പറയുന്നു: ”സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു”(4:83).

പണ്ഡിതന്മാര്‍ നടത്തുന്ന ഗവേഷണം ശരിയായാല്‍ രണ്ട് കൂലിയും തെറ്റായാല്‍ ഒരു കൂലിയും ഉണ്ടെന്നും ശിക്ഷയില്ലെന്നും നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങളില്‍ ഏതാണോ പ്രാമാണികം അതാണ് പരിഗണിക്കേണ്ടത്.

2. തെളിവുകളോട് ഏറ്റവും അടുത്ത പണ്ഡിത നിലപാടുകളെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന മതപഠിതാക്കള്‍. ഇതില്‍ പൊതുവായ അറിയിപ്പ് ക്വുര്‍ആന്‍ നല്‍കിയീട്ടുണ്ട്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും” (4:59).

3. പ്രമാണങ്ങള്‍ തുറന്ന് വായിച്ച് മതവിധി കണ്ടെത്താന്‍ സാധിക്കാത്തവരും അറിയാത്ത കാര്യങ്ങളെ അറിവുള്ളവരോട് ചോദിച്ച് പഠിക്കല്‍ നിര്‍ബന്ധമായവരുമായവര്‍. അല്ലാഹു പറയുന്നു:

”നിനക്ക് മുമ്പ് പുരുഷന്‍മാരെ(ആളുകളെ)യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ച് നോക്കുക” (21:7).

മത വിഷയങ്ങളെ സമീപിക്കുന്നതിന് ഇസ്‌ലാം അനുവദിച്ച വഴികള്‍ ഇത്ര ലളിതമായിരിക്കെ തെളിവു നോക്കാതെയുള്ള അനുകരണത്തെ നിര്‍ബന്ധമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അല്ലാഹു പറയുന്നു: ”തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍”(24:51).

തഖ്‌ലീദ് എന്നത് മറ്റൊരു നിലയ്ക്ക് ദീനിനെ അടുത്തറിയാനുള്ള വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടല്‍ കൂടിയാണ്. തല്‍ഫലമായി മത നിയമങ്ങള്‍ മൂടപ്പെടുന്നു. ഇത് അതീവ ഗൗരവമുള്ള കാര്യമാണ്. അല്ലാഹു പറയുന്നു:

”അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്‌നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും” (2:174).

മാത്രവുമല്ല ഇത്തരക്കാര്‍ക്കു നേരെ പരലോകത്ത് വെച്ച് സകലരും  തിരിയുന്ന രംഗത്തെ കുറിച്ചും ക്വുര്‍ആന്‍ താക്കീത് നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ”അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്‌മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.)” (33:67-69).

പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മതാധ്യാപനങ്ങളെ ഗൗനിക്കാതെ മതവാണിഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം താക്കീതുകളെ ഓര്‍ക്കുന്നത് സകല അനാചാരങ്ങളെയും നിര്‍ത്തലാക്കാന്‍ സഹായമാകും.

മൂസ സ്വലാഹി, കാര
നേർപഥം വാരിക

സുന്നത്തുകളെ മരവിപ്പിച്ച് ബിദ്അത്തുകളെ ജീവിപ്പിക്കുന്നവര്‍

സുന്നത്തുകളെ മരവിപ്പിച്ച് ബിദ്അത്തുകളെ ജീവിപ്പിക്കുന്നവര്‍

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 8)

യഥാര്‍ഥ സത്യവിശ്വാസികള്‍ ജീവിതത്തില്‍ കഴിയുന്നത്ര നബിചര്യയെ സജീവമാക്കിയും അതിന് പ്രേരണ നല്‍കിയും ബിദ്അത്തുക്കളെ (നൂതനാചാരങ്ങള്‍) സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ പ്രയത്‌നിച്ചും ജീവിക്കുന്നവരാണ്. എന്നാല്‍ പുത്തനാചാരങ്ങള്‍ക്ക് വിത്ത് പാകി വെള്ളവും വളവും നല്‍കി അതിനെ വളര്‍ത്തി വലുതാക്കുന്ന ചിലരുണ്ട്. 2019 സെപ്തംബര്‍ മാസത്തെ ‘സുന്നത്ത്’ മാസികയിലെ ‘അഹ്‌ലുസ്സുന്നഃ അടിത്തറയുള്ള വിശ്വാസധാര’ എന്ന തലക്കെട്ടിലുള്ള ലേഖനം അതിനുള്ള ഏറ്റവും പുതിയ ഒരു ഉദാഹരണമാണ്. കഴിഞ്ഞ ലക്കം ‘നേര്‍പഥ’ത്തില്‍ അതിലെ ഏതാനും കാര്യങ്ങള്‍ നാം വിശകലനം ചെയ്തു.

ലേഖകന്‍ എഴുതുന്നു: ”നബി ﷺ  നിസ്‌കാരത്തില്‍ സുന്നികള്‍ കൈകെട്ടിയിരുന്നത് പോലെയാണ് കൈകെട്ടിയിരുന്നതെന്നും ഹദീസിലുണ്ട്” (പേജ് 31).

നബി ﷺ  എപ്രകാരമാണോ നമസ്‌കരിച്ചു കാണിച്ചത് അതു പ്രകാരം നമസ്‌കരിക്കണമെന്നത് ഹദീഥില്‍ സ്ഥിരപ്പെട്ടതാണ്. കൈകെട്ടുക എന്നത് നമസ്‌കാരത്തിലെ ചെറിയൊരു കാര്യമാണെങ്കിലും അതില്‍ തന്നിഷ്ടം പ്രവര്‍ത്തിക്കാനുള്ള വാതില്‍ തുറന്നിട്ടിട്ടില്ല. അത് എങ്ങനെ, എവിടെ ആകണമെന്നത് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്.

വാഇല്‍ ഇബ്‌നു ഹുജ്ര്‍(റ) വില്‍ നിന്ന്: ”ഞാന്‍ നബി ﷺ യുടെ കൂടെ നമസ്‌കരിച്ചു. അദ്ദേഹം തന്റെ വലതുകൈ ഇടത് കൈയിന്മേലായി നെഞ്ചത്ത് വെച്ചു” (ഇബ്‌നു ഖുസൈമ).

അബൂദാവൂദ്(റഹ്), തിര്‍മിദി(റഹ്), അഹ്മദ്(റഹ്) എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകളിലും ഇതിലേക്കുള്ള സൂചനകളുണ്ട്. ഈ വിഷയത്തില്‍ വന്ന തെളിവുകളില്‍ പ്രബലവും സ്വീകാര്യയോഗ്യവുമായത്  ഇതായിരിക്കെ മുസ്‌ലിയാര്‍ വയറിന്മേല്‍ കൈ കെട്ടുന്നതിനെ സുന്നത്തും അത്തരക്കാരെ സുന്നികളുമാക്കിയത് എന്തടിസ്ഥാനത്തിലാണ്? സ്വഹാബികള്‍ ശീലിച്ച ഒരു സുന്നത്തിനെ തമസ്‌കരിക്കുന്നതെന്തിനാണ്? സുന്നത്തിനെ സ്‌നേഹിക്കുന്നവരെ പുത്തന്‍വാദികളാക്കി മുദ്രകുത്താന്‍ മതിയായ തെളിവല്ല ഇതെന്നും സ്വയം പുത്തന്‍വാദികളായി മാറുകയാണ് ഇതിലൂടെ എന്നും സാമാന്യബുദ്ധിയുള്ളവര്‍ തിരിച്ചറിയും.  

ലേഖകന്‍ തുടരുന്നു: ”സുന്നികള്‍ തറാവീഹിന് ഇരുപത് റക്അത് നിസ്‌കരിക്കുന്നു. സ്വഹാബികളും ഇങ്ങനെയാണ് നിസ്‌കരിച്ചിരുന്നതെന്ന് ഹദീസുകളിലുണ്ട്” (പേജ്: 31).

തറാവീഹിന്റെ റക്അതുകളുടെ എണ്ണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വിശാലമാണ്. എന്നാല്‍ നബി ﷺ യുടെ രാത്രിനമസ്‌കാരം എല്ലായ്‌പോഴും ഒരു രീതിയിലായിരുന്നു എന്നത് ഹദീഥുകളില്‍ നിന്ന് വ്യക്തവുമാണ്. അബൂസലമഃ(റ)വില്‍ നിന്ന്: ”ഞാന്‍ ആഇശ(റ)യോട് ചോദിച്ചു: ‘നബി ﷺ യുടെ റമദാനിലെ രാത്രി നമസ്‌കാരം എങ്ങനെയായിരുന്നു?’ അപ്പോള്‍ ആഇശ(റ) പറഞ്ഞു: ‘നബി ﷺ  റമദാനിലും അല്ലാത്തപ്പോഴും പതിനൊന്ന് റക്അതില്‍ കൂടുതല്‍ വര്‍ധിപ്പിക്കാറില്ല” (ബുഖാരി, മുസ്‌ലിം).

ഈ ഹദീഥ് കേള്‍ക്കുമ്പോള്‍ മുസ്‌ലിയാക്കന്മാര്‍ പറയാറുള്ളത്  ‘അത് വിത്ര്‍ നമസ്‌കാരത്തെപ്പറ്റിയാണ്, തറാവീഹിനെപ്പറ്റിയല്ല’ എന്നാണ്. ഇമാം ബുഖാരി(റ) തന്റെ ഗ്രന്ഥത്തില്‍ ‘കിതാബു സ്വലാതുത്ത റാവീഹ്’ എന്ന അധ്യായത്തിലാണ് 2013ാം നമ്പര്‍ ഹദീഥായി ഇത് ഉദ്ധരിക്കുന്നത് എന്ന വസ്തുത ഇവര്‍ മറച്ചുവെക്കുകയും ചെയ്യും.

ഇരുപത് റക്അതിനെ സുന്നത്താക്കാന്‍ മുസ്‌ലിയാര്‍ എഴുതിക്കൂട്ടിയ തെളിവുകള്‍ നോക്കാം:

”വാഇലുബ്‌നു യസീദ്(റ)വില്‍ നിന്ന് നിവേദനം: ഉമര്‍(റ) മഹാനായ ഉബയ്യ്(റ)വിന്റെ നേതൃത്വത്തില്‍ തറാവീഹ് ഇരുപത് റക്അത് നിസ്‌കരിക്കാറുണ്ടായിരുന്നു.(സുനനുല്‍ കുബ്‌റാ). നബി ﷺ  റമളാനില്‍ ഇരുപത് റക്അതും പുറമെ വിത്‌റും നിസ്‌കരിക്കാറുണ്ടായിരുന്നുവെന്ന ഹദീസ് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നുള്ള നിവേദനത്തിലും നബി ﷺ യുടെ കാലത്ത് നിര്‍വഹിക്കപ്പെട്ടത് പോലെത്തന്നെ സിദ്ദീഖ്(റ)വിന്റെ കാലത്തും നിര്‍വഹിക്കാറുണ്ടായിരുന്നുവെന്ന ഹദീസ് അബൂഹുറയ്‌റ(റ)വിന്റെ നിവേദനത്തിലും കാണാം. ഉസ്മാന്‍(റ)വിന്റെ കാലത്തും ഇരുപത് റക്അത് തന്നെയാണ് തറാവീഹ് നിര്‍വഹിച്ചിരുന്നത്. അലി(റ) റമദാനില്‍ ദരിദ്രരെ ക്ഷണിച്ചുവരുത്തി സദ്യനടത്തുകയും ശേഷം അവരിലൊരാളെ ഇമാമാക്കി ഇരുപത് റക്അത് തറാവീഹും ശേഷം വിത്‌റും നിസ്‌കരിക്കുകയും ചെയ്തിരുന്നു(സുനന്‍ 2/418)(പേജ്, 31,32).”

എന്താണ് ഇപ്പറഞ്ഞിലെ വസ്തുത?  ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹ്) പറയുന്നു: ”നബി ﷺ  റമദാനില്‍ ഇരുപത് റക്അതും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഇബ്‌നു അബീശൈബ ഉദ്ധരിക്കുന്ന ഹദീഥ,് അതിന്റെ സനദ് ദുര്‍ബലമാണ്. മറ്റുള്ളവരെക്കാള്‍ നബി ﷺ യുടെ രാത്രി അവസ്ഥയെ കുറിച്ച് ഏറ്റവും നന്നായി അറിയുന്ന ആഇശ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിച്ച ഹദീഥിന് തീര്‍ച്ചയായും അത് എതിരായിട്ടുമുണ്ട്” (ഫത്ഹുല്‍ ബാരി, വാള്യം 5, പേജ് 2644).

സമസ്തക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഇമാം സുയൂത്വിയുടെ അഭിപ്രായം കൂടി വായിക്കാം: ”നിശ്ചയം, ഇരുപത് റക്അത് നബി ﷺ യുടെ പ്രവൃത്തിയില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഹിബ്ബാന്റെ സ്വഹീഹില്‍ നിന്ന് നാം ഉദ്ധരിച്ച ഒന്ന,് അതുതന്നെയാണ് ഇമാം ബുഖാരിയുടെ, ആഇശ(റ)യില്‍ നിന്ന് വന്ന ‘നബി ﷺ  റമദാനിലും അല്ലാത്ത സമയത്തും പതിനൊന്നില്‍ കൂടുതല്‍ വര്‍ധിപ്പിക്കാറില്ല’ എന്ന ഹദീഥ് കൊണ്ടും നാം ലക്ഷ്യമാക്കുന്നത്. അത് ഇതിനോട് യോജിക്കുന്നതാകുന്നു. എങ്ങനെയെന്നാല്‍ അവിടുന്ന് എട്ടും പിന്നെ വിത്‌റും അങ്ങനെ പതിനൊന്ന് റക്അതാണ് തറാവീഹ് നമസ്‌ക്കരിച്ചത്”(അല്‍ഹാവി ലില്‍ ഫതാവ, വാള്യം 2, പേജ് 75).

വസ്തുത ഇതില്‍നിന്നും വ്യക്തമാണ്. എന്നിട്ടും അഭിപ്രായ വ്യത്യാസങ്ങള്‍ക്കു പിന്നാലെ ഓടുവാനാണ് ചിലര്‍ക്ക് താല്‍പര്യം.  

ലേഖകന്‍ എഴുതുന്നു: ”പൈശാചിക ശല്യങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷ നേടാനായി സുന്നികള്‍ നടത്തുന്ന മന്ത്രവും അവര്‍ ഉപയോഗിക്കുന്ന ഏലസ്സും പിഞ്ഞാണമെഴുത്തും മുന്‍ഗാമികളുടെ മാതൃക തന്നെയാണ്” (പേജ് 32).

ക്വുര്‍ആന്‍കൊണ്ടും സ്ഥിരപ്പെട്ട പ്രാര്‍ഥനകള്‍കൊണ്ടും മന്ത്രിച്ച് പ്രാര്‍ഥിക്കുക എന്നത് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതും നബി ﷺ  ചെയ്ത് കാണിച്ചതുമാണ്. ഇതില്‍ അഹ്‌ലുസ്സുന്നക്ക് തര്‍ക്കമോ, സംശയമോ ഇല്ല. എന്നാല്‍ ഇതിന് മന്ത്രവാദമെന്ന് പേരിട്ട്, ചില പ്രത്യേക വേഷത്തില്‍ ഒഴിഞ്ഞിരുന്ന്, കനത്ത വരുമാനമാര്‍ഗമാക്കി കച്ചവടവത്കരിച്ച്, തനിച്ച ശിര്‍ക്കും ബിദ്അത്തും അതുവഴി പ്രചരിപ്പിക്കുന്ന രീതി ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല, പ്രോത്സാഹിപ്പിച്ചിട്ടുമില്ല.

ഉത്ബതുബ്‌നു ആമിര്‍(റ)വില്‍ നിന്ന്; ”നബി ﷺ  പറഞ്ഞു: ‘നിശ്ചയം, വല്ലവനും ഏലസ്സ് കെട്ടിയാല്‍ അവന്‍ ശിര്‍ക്ക് ചെയ്തു” (അഹ്മദ്).

ഔഫ്ബ്‌നു മാലിക്(റ) പറഞ്ഞു: ”ഞങ്ങള്‍ ജാഹിലിയ്യത്തില്‍ മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് താങ്കളുടെ അഭിപ്രായം?’ അവിടുന്ന് പറഞ്ഞു: ‘നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ചുതരിക. ശിര്‍ക്കില്ലാത്ത മന്ത്രത്തിന് കുഴപ്പമില്ല” (ബുഖാരി).

മുസ്‌ലിയാര്‍ തന്റെ വാദത്തിന് എടുത്ത തെളിവുകള്‍ പരിശോധിക്കാം:

”ആയിശ(റ)യില്‍ നിന്ന് നിവേദനം: ‘നബി ﷺ  മന്ത്രിക്കാറുണ്ടായിരുന്നു'(സ്വഹീഹുല്‍ ബുഖാരി). മഹതി തന്നെ പറയട്ടെ: ‘നബി ﷺ  ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ മുഅവ്വിദതൈനി ഓതി രോഗിയെ ഊതാറുണ്ടായിരുന്നു. അവിടുന്ന് രോഗബാധിതനായപ്പോള്‍ സ്വയം ഇവ കൈയില്‍ ഊതുകയും ശരീരത്തില്‍ തടവുകയും ചെയ്തിരുന്നു'(സ്വഹീഹ് മുസ്‌ലിം)(പേജ്, 32).”

ഇസ്‌ലാം അനുവദിച്ചതും വിശ്വാസികള്‍ അംഗീകരിക്കുന്നതുമായ മന്ത്രമാണിത്. അല്ലാഹുവില്‍ നിന്ന് രോഗശമനം ആഗ്രഹിച്ച് ക്വുര്‍ആനിലെ അവസാനത്തെ മൂന്ന് സൂറത്തുകള്‍(മുഅവ്വിദാത്ത്) ഓതി രോഗികള്‍ക്ക് മന്ത്രിച്ചു കൊടുക്കാമെന്ന് പഠിപ്പിക്കുന്ന പ്രബലമായ തെളിവുകളാണിത്. ഈ ഹദീഥുകള്‍ ഉദ്ധരിച്ച ഇമാം ബുഖാരി(റഹ്), ഇമാം മുസ്‌ലിം(റഹ്) എന്നിവര്‍ ശിര്‍ക്കില്ലാത്ത മന്ത്രമാകാം എന്നതിന് തെളിവെടുത്തതും ഇതില്‍ നിന്നു തന്നെയാണ്. മുസ്‌ലിയാരുടെ ശിര്‍ക്കന്‍ വിശ്വാസത്തിന് സഹായമാകുന്ന ഒരു വാക്കുപോലും ഇതിലില്ല.

ലേഖകന്‍ തുടരുന്നു: ”അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടി കൊടുത്തിരിന്നു (റാസി 1/82)(പേജ് 32).”

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിന്റെതായി മുസ്‌ലിയാര്‍ ഉദ്ധരിച്ച സംഭവം സ്വഹീഹല്ലെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. കാരണം ഇതിന്റെ പരമ്പരയിലെ മുഹമ്മദ്ബ്‌നു ഇസ്ഹാക്വ് എന്നയാള്‍ മുദല്ലസ്സായ(ന്യൂനത മറച്ചുവെക്കുന്ന) റിപ്പോര്‍ട്ടറാണ്.

ലേഖകന്റെ അടുത്ത വ്യാജവാദം കാണുക: ”പരപുരുഷന്മാരോടൊന്നിച്ച് സ്ത്രീകള്‍ ജുമുഅ ജമാഅത്തുകളില്‍ സംബന്ധിക്കുന്നത് നിഷിദ്ധമാണെന്ന സുന്നീ വിശ്വാസം സ്വഹാബികളുടെ ആദര്‍ശം തന്നെയാണ്” (പേജ് 32).

മതനിയമങ്ങള്‍ പാലിച്ച് ജുമുഅ ജമാഅത്തുകളില്‍ സ്ത്രീകള്‍ക്ക്  പങ്കെടുക്കാം എന്നത് ഇസ്‌ലാം അനുവദിച്ചതും അവര്‍ക്കുള്ള അവകാശവുമാണ്.

അബ്ദുല്ലാഹ് ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന്: ”നബി ﷺ  പറഞ്ഞു: ‘അല്ലാഹുവിന്റെ അടിമകളായ സ്ത്രീകള്‍ക്ക് നിങ്ങള്‍ അല്ലാഹുവിന്റെ ഭവനം തടയരുത്”(ബുഖാരി, മുസ്‌ലിം).

ആഇശ(റ)യില്‍ നിന്ന്: ”സത്യവിശ്വാസിനികളായ സ്ത്രീകള്‍ അവരുടെ പുതപ്പ് മൂടിപ്പുതച്ചു കൊണ്ട് നബി ﷺ യുടെ കൂടെ സ്വുബ്ഹി നമസ്‌കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌കാരം കഴിഞ്ഞ് അവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ഇരുട്ടുകാരണം അവരെ തിരിച്ചറിയാറുണ്ടായിരുന്നില്ല” (ബുഖാരി, മുസ്‌ലിം).

ശാഫിഈ മദ്ഹബിന്റെ നിലപാടും ഈ വിഷയത്തില്‍ വ്യക്തമാണ്. ഇമാം ശാഫിഈ(റഹ്) തന്റെ മുസ്‌നദില്‍ ഇതു സംബന്ധിച്ച് ധാരാളം ഹദീഥുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇമാം നവവി(റഹ്) പറയുന്നു: ”ഇബ്‌നുല്‍ മുന്‍ദിറും മറ്റുള്ളവരും ഇജ്മാആയി  ഉദ്ധരിച്ചിരിക്കുന്നു: ‘ഒരു സ്ത്രീ പള്ളിയില്‍ ഹാജറായി ജുമുഅ നമസ്‌കരിക്കുന്ന പക്ഷം അത് അനുവദനീയമാണ്. പുരുഷന്മാരുടെ പിന്നില്‍ നബി ﷺ യുടെ പള്ളിയില്‍ നബി ﷺ യുടെ പിന്നില്‍ സ്ത്രീകള്‍ നമസ്‌കരിച്ചു എന്നത് തീര്‍ച്ചയായും നിരന്തരമായി വന്നിട്ടുള്ള നിരവധി സ്വഹീഹായ ഹദീഥുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ്: 4/484).

കാര്യം ഇതായിരിക്കെ മുസ്‌ലിയാര്‍ എന്തിനാണിങ്ങനെ വ്യാജം എഴുതിവിടുന്നത്? നിഷിദ്ധമല്ലാത്ത ഒന്നിനെ നിഷിദ്ധമാക്കുന്നതെന്തിന്? പുരുഷന്മാരോടൊന്നിച്ചാണോ ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ പള്ളികളില്‍ നമസ്‌കരിക്കുന്നത്? സ്വഹാബത്തിനില്ലാത്ത വിശ്വാസം അവരുടെ മേല്‍ കെട്ടിവെക്കുന്ന് കടുത്ത അപരാധമല്ലേ? പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട മതവിധിയെ മൂടിവെക്കുന്നത് എന്തിനാണ്?

ലേഖകന്‍ സ്ത്രീകളെ പള്ളികളില്‍നിന്ന് തടയാനായി അവതരിപ്പിക്കുന്ന തെളിവുകള്‍ നോക്കാം:

”അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ജുമുഅ ദിവസം പള്ളിയില്‍ നിന്ന് സ്ത്രീകളെ എറിഞ്ഞ് ഓടിക്കാറുണ്ടായിരുന്നു’ (മുസ്വന്നഫ് ഇബ്‌നി അബീശൈബ). ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ജുമുഅ ദിവസം പള്ളിയില്‍ വെച്ച് നിസ്‌കാരം നിര്‍വഹിക്കുന്നതിനെക്കുറിച്ച് ഒരു സ്ത്രീ അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ‘വീടിന്റെ അകത്തളത്തിലുള്ള നിസ്‌കാരമാണ് മറ്റു എത് സ്ഥലത്തുള്ള നിസ്‌കാരത്തെക്കാളും നിങ്ങള്‍ക്ക് ശ്രേഷ്ഠമായത്’ (മുസ്വന്നഫ് ഇബ്‌നി അബീശൈബ). ഉമ്മു ഹുമൈദിനി സ്വാഇദി(റ) നബി ﷺ യോട് പള്ളിയില്‍ വെച്ചുള്ള നിസ്‌കാരത്തിന് അനുമതി ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞതും വീടിന്റെ ഉള്ളറയില്‍ വെച്ച് നിസ്‌കരിക്കാനാണ്.(മുസ്‌നദ് അഹ്മദ്)(പേജ്,32).”

ഈ ഹദീഥുകളുടെ സത്യാവസ്ഥ മുസ്‌ലിയാര്‍ മറച്ച് വെക്കുകയാണ് ചെയ്യുന്നത്.സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി സൗന്ദര്യം പ്രകടമാകുന്ന രീതിയില്‍ വന്ന സന്ദര്‍ഭത്തില്‍ ഇബ്‌നു മസ്ഊദ് (റ) എടുത്ത നിലപാടിനെയാണ് പള്ളിയില്‍ പോകാനേ പാടില്ല എന്നതിന് തെളിവാക്കുന്നത്. അങ്ങനെ പള്ളിയില്‍ പോകുന്ന സ്ത്രീകളോട് ഇന്നും ആ നിലപാട് തന്നെയാണെടുക്കേണ്ടതെന്നതില്‍ സംശയമില്ല. നബി ﷺ  യും ഇബ്‌നുഅബ്ബാസ്(റ)വും ചോദ്യകര്‍ത്താക്കളുടെ അവസ്ഥക്കനുസരിച്ച് പറഞ്ഞ മേല്‍ മറുപടികളില്‍ എവിടെയാണ്  അനുവദനീയം എന്ന വിധിയെ തടഞ്ഞ് നിഷിദ്ധമാക്കിയതായുള്ളത്?

കെ.കെ സദഖത്തുല്ല മൗലവി ഈ വിഷയകമായി കൊടുത്ത മറുപടി കൂടി വായിച്ചാല്‍ കാര്യം എളുപ്പത്തില്‍ വ്യക്തമാണ്.

”ചോ: സ്ത്രീകള്‍ പള്ളിയില്‍ ജമാഅത്തിന് പോയിരുന്നത് ഹിജാബിന്റെ ആയത്ത് ഇറങ്ങിയതിന്റെ മുമ്പ് മാത്രമോ അതല്ല പിന്നെയും പോയിരുന്നോ? ആഇശ(റ)യുടെയും ഇബ്‌നു ഉമര്‍(റ)വിന്റെയും വാക്കില്‍ നിന്ന് റസൂലിന്റെ അവസാനം വരെ പോയിരുന്നുവെന്നു വരുമോ?”

ഉത്തരം: ഹിജാബിന്റെ ആയത്ത് ഇറങ്ങിയ ശേഷവും സ്ത്രീകള്‍ പള്ളിയില്‍ ജമാഅത്തിന് പോകാറുണ്ടായിരുന്നു. ഉമര്‍(റ)വിന്റെ ഭാര്യ സ്വുബ്ഹ് നമസ്‌കാരത്തിനും ഇശാ നമസ്‌കാരത്തിനും പള്ളിയില്‍ ജമാഅത്തിന് ഹാജരായിരുന്നു. ഉമര്‍(റ)വിന് ഇത് വിമ്മിട്ടമാണെന്നറിഞ്ഞിരിക്കെ നിങ്ങളെന്തുകൊണ്ട് പള്ളിയില്‍ പോയി നമസ്‌കരിക്കുന്നുവെന്ന് അവരോട് ചോദിക്കപ്പെട്ടു. എന്നെ തടയുന്നതിന് അദ്ദേഹത്തിന്(ഉമറിന്) എന്താണ് തടസ്സമെന്നാണവര്‍ അതിന് മറുപടി പറഞ്ഞത്. അല്ലാഹുവിന്റെ ദാസിമാരെ പള്ളിയില്‍ നിങ്ങള്‍ തടയരുത് എന്ന് റസൂല്‍ ﷺ  പറഞ്ഞതാണ് തടയുന്നതിന് ഉമര്‍(റ)വിനെ നിരോധിച്ചതെന്ന് ഇബ്‌നു ഉമര്‍(റ) പറഞ്ഞിട്ടുണ്ട്.(സ്വഹീഹുല്‍ ബുഖാരി). ഉമര്‍(റ) വിന് കുത്ത് തട്ടിയപ്പോള്‍ പ്രസ്തുത സ്ത്രീ പള്ളിയിലുണ്ടായിരുന്നുവെന്ന് ഫത്ഹുല്‍ബാരി പ്രസ്താവിച്ചിട്ടുണ്ട്(2/306).”

‘റസൂലി ﷺ ന്റെ ശേഷം സ്ത്രീകള്‍ ഉണ്ടാക്കിയ പേക്കൂത്തുകള്‍ റസൂല്‍ ﷺ  കണ്ടിരുന്നെങ്കില്‍ ഇസ്രായീലി സന്തതികളില്‍ പെട്ട സ്ത്രീകളെ പള്ളിയെ തൊട്ട് തടയപ്പെട്ടതുപോലെ റസൂല്‍ ﷺ  തടയുമായിരുന്നു എന്ന് ആയിശ(റ)യില്‍ നിന്ന് ബുഖാരി രിവായത്ത് ചെയ്ത ഹദീസില്‍ നിന്ന് ഹിജാബിന്റെ ആയത്ത് ഇറങ്ങിയ ശേഷം സ്ത്രീകള്‍ പള്ളിയില്‍ ജമാഅത്തിന് വരാറുണ്ടായിരുന്നുവെന്ന് വ്യക്തമാകും. എന്തുകൊണ്ടെന്നാല്‍ ഹിജാബിന്റെ ആയത്ത് ഇറങ്ങുന്നതിനുമുമ്പ് സ്ത്രീകള്‍ വന്നിരുന്നുവെന്ന് അവിതര്‍ക്കിതമാണ്. ഹിജാബിന്റെ ആയത്തിന്റെ ശേഷം റസൂല്‍ ﷺ  വഫാത്താകുന്നത് വരെ തടഞ്ഞിട്ടുമില്ല. റസൂലി ﷺ ന്റെ ശേഷം സ്ത്രീകള്‍ ഉണ്ടാക്കുന്ന പേക്കൂത്തുകള്‍ അല്ലാഹു അറിഞ്ഞിട്ടും സ്ത്രീകളെ വിലക്കണമെന്ന് അല്ലാഹു അവന്റെ റസൂലിന് വഹ്‌യ് അറിയിച്ചിട്ടുമില്ല’ (ഫത്ഹുല്‍ ബാരി, 2/279)(സമ്പൂര്‍ണ്ണ ഫതാവ, പേജ്,142).”

വിശദീകരണം ആവശ്യമില്ലാത്തവിധം കാര്യം വ്യക്തമായല്ലോ.

യാത്രക്കാരികളായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ പ്രത്യേക സ്ഥലമൊരുക്കിയതിന്റെയും പ്രഭാഷണ സദസ്സുകളിലേക്ക് പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങി വരുന്നതിന്റെയും അനിസ്‌ലാമിക ആഘോഷങ്ങളായ ഉറൂസ്, ആണ്ട് നേര്‍ച്ച, മീലാദ്, ഖുതുബിയ്യത്ത് എന്നിവക്ക് സ്ത്രീകള്‍ ഹാജറാകുന്നതിന്റെയുമെല്ലാം വകുപ്പ് എന്താണാവോ? അവിടെ ഫിത്‌ന പേടിക്കേണ്ടതില്ലേ? പള്ളിയില്‍ വരുന്നത് മാത്രമാണോ അപകടകരം? ആലോചിക്കുക.

ലേഖകന്‍ പറയുന്നു: ”ചുരുക്കത്തില്‍ സുന്നികള്‍ അനുവര്‍ത്തിച്ചുവരുന്ന വിശ്വാസങ്ങളെല്ലാം തൗഹീദിന്റെ പരിധിയില്‍ നിലകൊള്ളുന്നതും തിരുനബി ﷺ യും സ്വഹാബത്തും പ്രവര്‍ത്തിച്ചുകാണിച്ചു തന്നവയുമാണ്. പ്രാമാണികമായി സ്ഥിരപ്പെട്ട ഇത്തരം വിഷയങ്ങളില്‍ ആധികാരിക പഠനം നടത്തുന്നവര്‍ക്കെല്ലാം ഇക്കാര്യം ബോധ്യമാകും (പേജ് 32).

ഇത് വായിക്കുന്നവര്‍ക്ക് ഉള്ളില്‍ ചിരിയും സഹതാപവുമൊക്കെ ഉയര്‍ന്നേക്കാം. ശിര്‍ക്കന്‍ വിശ്വാസങ്ങളെ തൗഹീദായും ബിദ്അത്തുകളെ സുന്നത്തായും കണക്കാക്കുന്നവര്‍ എങ്ങനെ അഹ്‌ലുസ്സുന്നയുടെ വക്താക്കളാകും?

 


മൂസ സ്വലാഹി, കാര
നേർപഥം വാരിക

നബിദിനാഘോഷത്തിന് ക്വുര്‍ആനില്‍ തെളിവോ?

നബിദിനാഘോഷത്തിന് ക്വുര്‍ആനില്‍ തെളിവോ?

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 7)

മതം പഠിപ്പിക്കാത്ത കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മതാചാരങ്ങളെ ഊതിക്കെടുത്തുക എന്ന ലക്ഷ്യത്തിലാണ് സമസ്ത ഇപ്പോഴും മുന്നേറുന്നത്. മതപ്രമാണങ്ങളെ ദുരുപയോഗം ചെയ്ത് പുത്തനാചാരങ്ങള്‍ക്ക് ശക്തിപകരുക എന്നത് സമസ്ത പിന്തുടര്‍ന്നുവരുന്ന ചര്യയാണ്. 2019 സെപ്തംബര്‍ ലക്കം ‘സുന്നത്ത്’ മാസികയില്‍ ‘അഹ്‌ലുസ്സുന്നഃ അടിത്തറയുള്ള വിശ്വാസധാര’ എന്ന ശീര്‍ഷകത്തില്‍ വന്ന ലേഖനം അതിനുള്ള വലിയ തെളിവാണ്.

ലേഖകന്‍ എഴുതുന്നു: ”മരണപ്പെട്ടര്‍ക്കു വേണ്ടി സുന്നികള്‍ നടത്തിവരുന്ന ഖുര്‍ആന്‍ പാരായണവും മതപ്രമാണങ്ങളുടെ പിന്‍ബലമുള്ള സുകൃതം തന്നെ” (പേജ് 31).

പുത്തനാചാരക്കാര(ബിദ്ഇകള്‍)ല്ലാതെ യഥാര്‍ഥ സുന്നികള്‍ ഇത് അംഗീകരിക്കുകയില്ല. ഇല്ലാത്ത പ്രമാണങ്ങളുടെ മറവില്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് അവരുടെ സമയവും ഊര്‍ജവും പാഴാകുമെന്നല്ലാതെ മയ്യിത്തിനും അവര്‍ക്കും ഒന്നും കിട്ടാന്‍ പോകുന്നില്ല.

ഇസ്‌ലാം ഈ വിഷയത്തില്‍ പഠിപ്പിക്കുന്നത് എന്താണ്? അല്ലാഹു പറയുന്നു: ”മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും…” (ക്വുര്‍ആന്‍ 53:39).

ഇബ്‌നുകഥീര്‍(റഹി) ഇതിനെ വിശദീകരിച്ചുകൊണ്ട് തന്റെ തഫ്‌സീറില്‍ പറയുന്നു: ”ഈ പരിശുദ്ധമായ ആയത്തില്‍ നിന്നാണ് ഇമാം ശാഫിഈയും അദ്ദേഹത്തെ പിന്‍പറ്റിയവരും, മയ്യിത്തിനുവേണ്ടി ക്വുര്‍ആന്‍ ഓതി ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് എത്തുകയില്ലെന്ന മതവിധി നിര്‍ധരിച്ചെടുത്തത്. കാരണം അത് അവരുടെ (മരിച്ചവരുടെ) പ്രവര്‍ത്തനമോ സമ്പാദ്യമോ അല്ല. നബി ﷺ ഈ കാര്യം തന്റെ സമുദായത്തിന് സുന്നത്താക്കുകയോ അത് ചെയ്യാന്‍ പ്രേരിപ്പിക്കുകയോ കല്‍പനയാലോ സൂചനയാലോ അതിലേക്ക് വഴികാണിക്കുകയോ ചെയ്തിട്ടില്ല. അത് നന്മയാണെങ്കില്‍ അതിലേക്കവര്‍ മുന്‍കടക്കുമായിരുന്നു. ഇപ്രകാരം സ്വഹാബികളില്‍ പെട്ട ഒരാളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുമില്ല…” (വാള്യം 4, പേജ് 299).

ഇവര്‍ അംഗീകരിക്കുന്ന മദ്ഹബിന്റെ ഇമാമിന്റെ വിശ്വാസമാണ് നടേസൂചിപ്പിച്ചത്. എന്നാല്‍ അതിന്എതിരായ ആശയം ജനങ്ങളെ പഠിപ്പിക്കാനാണ് ഇവര്‍ പാടുപെടുന്നത്!

ലേഖകന്‍ തന്റെ വാദത്തെ സ്ഥാപിക്കാന്‍ ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കിയെടുക്കുന്നത് കാണുക: ”അന്‍സ്വാറുകളില്‍ പെട്ട ആരെങ്കിലും വഫാത്തായാല്‍ അവരുടെ ഖബറിനു സമീപം ചെന്ന് അന്‍സ്വാറുകള്‍ ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു (ശറഹുസ്സുദൂര്‍). അന്‍സ്വാറുകള്‍ മയ്യിത്തിനു സമീപമിരുന്ന് സൂറതുല്‍ ബഖറ പാരായണം ചെയ്യാറുണ്ടായിരുന്നു (മുസ്വന്നഫ് ഇബ്‌നു അബീശൈബ)” (പേജ് 31).

ഇതിന്റെ നിവേദക പരമ്പരയിലെ മുജാലിദ് ഇബ്‌നു സഈദ് എന്ന വ്യക്തി പ്രബലനല്ല (ലൈസബില്‍ ക്വവിയ്യ്) എന്ന് ഇമാം നസാഈ, ഇബ്‌നുമുഈന്‍, ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുര്‍ബലമോ നിര്‍മിതമോ ആയ പുല്‍ക്കൊടികളല്ലാതെ പുത്തനാചാരങ്ങള്‍ക്ക് തെളിവായി ഹാജറാക്കാന്‍ സാധിക്കില്ല; ഒരാള്‍ക്കും.

സ്വഹാബികളില്‍ ആരും ചെയ്യാത്ത ഒന്നിനെ അവരുടെമേല്‍ വെച്ച് കെട്ടാനുള്ള ധൈര്യം അപാരം തന്നെ! ഈ വരികളും ഇത് വായിച്ച് അനുകരിക്കുന്നവരുമൊക്കെ എതിരാകുന്ന ഒരു ദിവസം വരാനുണ്ടെന്ന് ഓര്‍ക്കുന്നത് നന്ന് എന്നേ പറയാനുള്ളൂ.

വളരെ ബാലിശമായ ഒരു തെളിവ് കൂടി മുസ്‌ലിയാര്‍ ഉദ്ധരിക്കുന്നത് കാണുക: ”അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ‘നിങ്ങളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവരെ തടഞ്ഞുവെക്കരുത്. വേഗം ഖബറിലേക്ക് കൊണ്ടുപോവുക. മയ്യിത്തിന്റെ തലഭാഗത്തുവെച്ച് അല്‍ബഖറയുടെ ആദ്യഭാഗവും കാല്‍ ഭാഗത്തു വെച്ച് അവസാന ഭാഗവും പാരായണം ചെയ്യുക(മിശ്കാത്ത്)” (പേജ് 31).

ഇതിന്റെ പരമ്പരയിലെ അബ്ദുറഹ്മാന്‍ ഇബ്‌നുല്‍ അലാഅ് ഇബ്‌നുല്ലജ്‌ലാജ് എന്ന വ്യക്തി അജ്ഞനും ബലഹീനനുമാണെന്ന് അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ ബുഖാരി(റഹി), ഇബ്‌നു അബീഹാതിം(റഹി), ഇബ്‌നുഹജറുല്‍അസ്‌ക്വലാനി(റഹി) തുടങ്ങിയവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിദ്അത്തുകളെ നബിചര്യയാക്കാന്‍ വ്യഗ്രത കാട്ടുമ്പോള്‍ എടുത്തുദ്ധരിക്കുന്ന തെളിവുകളുടെ അകവും പുറവും പരിശോധിക്കുന്നത് വളരെ നല്ലതാണ്.

രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റഹി) ഈ കാര്യത്തില്‍ പറഞ്ഞത് കൂടി വായിക്കാം:”ശാഫിഈ മദ്ഹബിലെ പ്രസിദ്ധ അഭിപ്രായം മയ്യിത്തിനുവേണ്ടി ക്വുര്‍ആന്‍ ഓതിയാല്‍ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുകയില്ല എന്നതാണ്” (ശറഹ് മുസ്‌ലിം: വാള്യം1, പേജ് 138). സ്വന്തമെന്ന് അഭിമാനിക്കുന്ന മദ്ഹബിന്റെ പിന്തുണ പോലും ഈ വിഷയത്തില്‍ മുസ്‌ലിയാര്‍ക്കില്ലെന്ന് വ്യക്തം.

ലേഖകന്‍ തുടരുന്നു: ”തിരുനബി ﷺ യുടെ ജന്മത്തില്‍ എപ്പോഴും, വിശിഷ്യാ റബീഉല്‍ അവ്വലില്‍ സുന്നികള്‍ നടത്തിവരുന്ന ആഘോഷങ്ങള്‍ക്കും ഖുര്‍ആനിന്റെ പിന്‍ബലമുണ്ട്. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ (യൂനുസ്:58) എന്ന സൂക്തത്തിലെ കാരുണ്യം കൊണ്ട് ഉദ്ദേശ്യം നബി ﷺ യാണെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്” (പേജ് 31).

 മേല്‍ സൂചിപ്പിക്കപ്പെട്ട ആയത്തിലെ കാരുണ്യം എന്നതിന്റെ ഉദ്ദേശം ഇസ്‌ലാം, വിശ്വാസം, ക്വുര്‍ആന്‍ തുടങ്ങിയവയാണെന്ന് മിക്ക മുഫസ്സിറുകളും വിശദീകരിച്ചിട്ടുണ്ട്. പ്രബലാഭിപ്രായം ക്വുര്‍ആനാണെന്ന കാര്യം മുസ്‌ലിയാര്‍ മറച്ചുവെക്കുകയാണ് ചെയ്തിട്ടുള്ളത്. ശിയാക്കള്‍, സ്വൂഫികള്‍, ബറേല്‍വികള്‍ എന്നീ പിഴച്ച കക്ഷികള്‍ ഈ ആയത്തിനെ എന്തിനാണോ തെളിവാക്കുന്നത് അതിന് വേണ്ടി തന്നെയാണ് സമസ്തയും ഇതിനെ എടുത്തിട്ടുള്ളത്.

സൂറഃ യൂനുസിലെ 58ാം വചനത്തില്‍ റബീഉല്‍ അവ്വലില്‍ നബിദിനാഘോഷം നടത്താനുള്ള തെളിവുണ്ടെന്നാണ് മുസ്‌ലിയാര്‍ പറയുന്നത്. ഈ ആയത്ത് നബി ﷺ ക്കോ സ്വഹാബത്തിനോ മനസ്സിലായിട്ടില്ല എന്നല്ലേ ഇപ്പറഞ്ഞതിനര്‍ഥം? ക്വുര്‍ആനിന്റെ ഏത് കല്‍പനയും അപ്പടി പ്രാവര്‍ത്തികമാക്കിയിരുന്ന നബി ﷺ യും അനുചരന്മാരും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ നബിദിനാഘോഷം നടത്തിയിട്ടുണ്ടോ? ഉെണ്ടങ്കില്‍ തെളിവെന്ത്? ഇല്ലെങ്കില്‍ എന്ത് കൊണ്ട് നടത്തിയില്ല? ലേഖകന്‍ മറുപടി പറയേണ്ടതുണ്ട്.

മൗലിദാഘോഷത്തെ ഇസ്‌ലാമികമാക്കാന്‍ മുസ്‌ലിയാര്‍ സമര്‍പ്പിക്കുന്ന വലിയൊരു തെളിവ് കാണുക: ”മൗലിദാഘോഷം കാലങ്ങളായി മുസ്‌ലിംകള്‍ നടത്തിവരുന്ന ഒരു ആഘോഷമാണെന്ന് ഇമാം ഖസ്ത്വല്ലാനി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകള്‍ കാലങ്ങളായി തിരുനബി ﷺ യുടെ ജന്മ മാസത്തില്‍ ഒരുമിച്ചുകൂടുകയും പ്രത്യേകം സദ്യയൊരുക്കുകയും ചെയ്യാറുണ്ട്. റബീഉല്‍അവ്വല്‍ രാവുകളില്‍ അവര്‍ വിവിധയിനം ദാനധര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും സുകൃതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അവിടുത്തെ മൗലിദ് പാരായണത്തില്‍ ബദ്ധശ്രദ്ധരാവുകയും ചെയ്തിരുന്നു(അല്‍മവാഹിസ്)” (പേജ്, 31).

ക്വുര്‍ആനില്‍ തെളിവുണ്ടെന്ന് ആദ്യം പറഞ്ഞുകഴിഞ്ഞു. പിന്നെ എന്തിന് തെൡവുതേടി മറ്റു കിതാബുകള്‍ പരതണം?

പ്രമാണങ്ങളുടെ അംഗീകാരമില്ലാത്ത ഒരാഘോഷത്തിനെ ആര് മഹത്ത്വപ്പെടുത്തിയാലും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ അതിന് സ്വീകാര്യത നല്‍കുകയില്ല. പ്രമാണങ്ങളെ പിന്‍പറ്റുന്നവര്‍ ഖസ്ത്വല്ലാനിയുടെ ഈ വരികളെ ഗൗനിക്കുക പോലുമില്ല. മുസ്‌ലിയാരുടെ നിലപാടിന് ഖണ്ഡനമായി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ഈ വാക്കുകള്‍ തന്നെ മതിയാകുന്നതാണ്: ”ശൈഖുനാ പറഞ്ഞുവത്രെ: ‘ഞാന്‍ ഖസ്ത്വല്ലാനിയുടെ മുഖല്ലിദാണോ അദ്ദേഹം പറഞ്ഞത് അപ്പടി സ്വീകരിക്കാന്‍?” (സുന്നി അഫ്ക്കാര്‍,1996 ഡിസംബര്‍, പേജ് 2).

മുസ്‌ലിയാര്‍ എഴുതുന്നു: ”തിരുകേശമടക്കം മഹാന്മാരുമായി ബന്ധപ്പെട്ട സര്‍വ്വ വസ്തുക്കള്‍ക്കും ബറകത്തുണ്ടെന്ന സുന്നി വിശ്വാസവും സ്വഹാബികള്‍ നമുക്ക് പകര്‍ന്നുതന്ന പാഠമാണ്” (പേജ് 31).

അനുഗ്രഹപൂര്‍ണന്‍ അല്ലാഹു മാത്രമാണ്. ഓരോരുത്തരിലും അത് കണക്കാക്കുന്നവനും അവന്‍ തന്നെ. ബറകത്താക്കപ്പെട്ടത് ഏതെല്ലാമാണെന്ന് നമ്മളല്ല തീരുമാനിക്കുന്നത്. നബി ﷺ യുടെ വസ്ത്രവുംമുടിയുമൊക്കെ ബറകത്തുള്ളവ തന്നെയാണ്. എന്നാല്‍ ഇന്ന് ഇതിലേതെങ്കിലും ആരുടെയെങ്കിലും പക്കലുണ്ടെന്ന വാദം വ്യാജമാണ്. തെളിയിക്കാന്‍ കഴിയാത്തതാണ്. ആ തിരുശേഷിപ്പുകള്‍ അന്ത്യനാള്‍ വരെ സൂക്ഷിക്കപ്പെടുമെങ്കില്‍ അതിന് പ്രമാണങ്ങളില്‍ തെളിവുണ്ടാകേണ്ടതാണ്. അങ്ങനെയൊരു തെളിവും കാണുവാന്‍ സാധ്യമല്ല. വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ പറ്റിയ കച്ചവടച്ചരക്കായി തട്ടിക്കൂട്ടിയതാണ് തിരുമുടിയും പൊടിയും പാത്രവും വടിയും ചെരിപ്പും തുണിയുമെല്ലാം. മുസ്‌ലിയാരുടെ വരികള്‍ ഈ വ്യാപാര മേഖലയെ കൊഴുപ്പിക്കല്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മനസ്സിലാകാന്‍ വലിയ ബുദ്ധിയാന്നും വേണ്ട.

മുസ്‌ലിയാര്‍ ഈ വാദത്തിനായി കൊണ്ടുവന്ന തെളിവും അതിന്റെ വസ്തുതയും പരിശോധിക്കാം: ”അസ്മാഅ്(റ) പറയുന്നു: തിരുനബി ﷺ യുടെ ഈ ജുബ്ബ ആയിശ(റ)യുടെ കൈവശമാണ് ഉണ്ടായിരുന്നത്. ഇത് നബി ﷺ ധരിക്കാറുണ്ടായിരുന്ന വസ്ത്രമാണ്. ഞങ്ങള്‍ ഇത് കഴുകിയ വെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട് (സ്വഹീഹ് മുസ്‌ലിം). ഈ ഹദീഥിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) പറയുന്നു: ”മഹാന്മാരുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം നേടാമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു”(ശര്‍ഹു മുസ്‌ലിം)” (പേജ് 31).

ഇപ്പറഞ്ഞതിന് പ്രമാണങ്ങളില്‍ തെളിവു കാണാന്‍ സാധ്യമല്ല. നബി ﷺ യുടെ വസ്ത്രം കൊണ്ട് സ്വഹാബത്ത് ബറകത്തെടുത്തു എന്നത് ശരിയാണ്. ആ വസ്ത്രം ഇന്നുണ്ടെങ്കില്‍ നമുക്കും എടുക്കാം. അത് നബി ﷺ യുടെ മാത്രം പ്രത്യേകതയാണ്. പ്രവാചകന്റെ സവിശേഷത പറയുന്ന ഹദീഥുകളില്‍ നിന്ന് സ്വാലിഹുകളുടെ ശേഷിപ്പുകള്‍ കൊണ്ട് പുണ്യമെടുക്കാം എന്ന് സ്വഹാബത്തില്‍ ഒരാള്‍ പോലും മനസ്സിലാക്കിയിട്ടില്ല, പഠിപ്പിച്ചിട്ടുമില്ല. അങ്ങനെ ഉണ്ടെങ്കില്‍ നബി ﷺ യുടെ വഫാത്തിനു ശേഷം സമൂഹത്തിന്റെ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട അബൂബക്കര്‍(റ)വിനെയോ, പിന്നീട് വന്ന മൂന്ന് ഖലീഫമാരെയോ ആ നിലയ്ക്ക് സ്വഹാബത്ത് കാണുമായിരുന്നു. അങ്ങനെ സംഭവിച്ചിട്ടുമില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ ഇതിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ വ്യക്തമായ തെളിവുകളാല്‍ സ്ഥിരപ്പെടാത്തതിനാല്‍ സ്വീകരിക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കില്ല.

 


മൂസ സ്വലാഹി, കാര
നേർപഥം വാരിക

അഹ്‌ലുസ്സുന്നയുടെ പേരില്‍ ശിര്‍ക്കിനെ കുടിയിരുത്തുന്നവര്‍

അഹ്‌ലുസ്സുന്നയുടെ പേരില്‍ ശിര്‍ക്കിനെ കുടിയിരുത്തുന്നവര്‍

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 6)

അഹ്‌ലുസ്സുന്നതി വല്‍ജമാഅഃ എന്ന സത്യധാരയെ ഉയര്‍ത്തിക്കാട്ടി സകല അന്ധവിശ്വാസങ്ങളുടെയും പ്രചാരകരായി നാടുനീളെ വിലസുന്നവരാണ് സമസ്തക്കാര്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. 2019 സെപ്തംബര്‍ ലക്കം ‘സുന്നത്ത്’ മാസികയില്‍ ‘അഹ്‌ലുസ്സുന്ന, അടിത്തറയുള്ള വിശ്വാസധാര’ എന്ന തലക്കെട്ടില്‍ വന്ന ഒരു ലേഖനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

അഹ്‌ലുസ്സുന്നയെന്നത് തോന്നിയത് പോലെ ആദര്‍ശം മാറ്റിമറിക്കുന്നവരുടെ പേരല്ല; മറിച്ച് വിശ്വാസ ദൃഢതയും പ്രമാണ നിഷ്ഠയും പരലോക ബോധവുമുള്ളവര്‍ക്ക് അല്ലാഹു ഒരുക്കിയ മാര്‍ഗമാണത്. എന്നാല്‍ ആ സത്യമാര്‍ഗത്തില്‍ പ്രവേശിക്കാതെ ദുര്‍മാര്‍ഗത്തില്‍ ജീവിക്കുന്നവരാണ് കൂടുതല്‍.

അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു” (ക്വുര്‍ആന്‍ 16:9).

മുസ്‌ലിയാര്‍ എഴുതുന്നു: ”സ്വയം സഹായിക്കാന്‍ കഴിവുണ്ടെന്ന് മനസ്സിലാക്കി സൃഷ്ടിയെ സമീപിക്കുന്നത് ശിര്‍ക്കാണ്. അല്ലാഹുവിന്റെ അനുവാദമോ തീരുമാനമോ കൂടാതെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ വരുത്താന്‍ അല്ലാഹു അല്ലാത്ത വല്ലതിനും കഴിയുമെന്ന വിശ്വാസവും തദനുസൃതമായ പ്രവര്‍ത്തനവുമാണ് ശിര്‍ക്ക്” (പേജ് 29).

ശിര്‍ക്കിന് പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത നിര്‍വചനമാണ് മുസ്‌ലിയാര്‍ നല്‍കിയിരിക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ച് യഥാവിധി അറിയാത്തത് കൊണ്ടും താന്‍ പ്രതിനിധാനം ചെയ്യുന്ന സഭയുടെ വികലമായ ആദര്‍ശങ്ങളെ സംരക്ഷിക്കാന്‍ നോക്കുന്നത് മൂലവുമാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. ഈ വാദമനുസരിച്ച് കല്ലിനെയും മരത്തിനെയും വിഗ്രഹത്തെയുമൊക്കെ ആരാധിക്കാം. അല്ലാഹുവിന്റെ അനുവാദവും തീരുമാനവും അവന്‍കൊടുത്ത കഴിവും കൊണ്ട് മാത്രമെ ഇവയ്ക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ വരുത്താന്‍ കഴിയൂ എന്ന് വിശ്വസിച്ചുകൊണ്ടാകണം എന്ന് മാത്രം!

അല്ലാഹുവിന്റെ റുബൂബിയ്യത്ത് (രക്ഷാകര്‍തൃത്വം), ഉലൂഹിയ്യത്ത് (ആരാധ്യത), അസ്മാഉ വസ്സ്വിഫാത്ത് (നാമഗുണ വിശേഷണങ്ങള്‍) തുടങ്ങി അവന് മാത്രം അവകാശപ്പെട്ട കാര്യങ്ങളില്‍ വല്ലതിനെയും പങ്കാളികളാക്കലാണ് യഥാര്‍ഥത്തില്‍ ശിര്‍ക്ക്.

അല്ലാഹു പറയുന്നു: ”അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു” (6:102).

ക്വുര്‍ആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറതുല്‍ ഇഖ്‌ലാസും ഇതിന് മതിയായ തെളിവാണ്.

മുസ്‌ലിയാര്‍ എന്തിനാണ് ഇത്തരമൊരു നിര്‍വചനം എഴുതി വിട്ടതെന്ന് അദ്ദേഹം തന്നെ തുറന്നെഴുതുന്നു: ”എന്നാല്‍ സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സൃഷ്ടികളെ സമീപിക്കുന്നത് ശിര്‍ക്കാവുകയില്ല” (പേജ് 29).

മക്കാ മുശ്‌രിക്കുകള്‍ കൊണ്ടുനടന്ന ഈ പിഴച്ചവാദത്തെ ബലപ്പെടുത്താന്‍ വേണ്ടിയായിരുന്നു എന്ന് സാരം. സ്വയം സഹായിക്കാന്‍ കഴിവില്ല; അല്ലാഹു കൊടുത്ത കഴിവേയുള്ളൂ എന്ന വിശ്വാസത്തോടെയായിരുന്നു മക്കാമുശ്‌രിക്കുകള്‍ ലാത്തയോടും മനാത്തയോടുമൊക്കെ പ്രാര്‍ഥിച്ചിരുന്നത്. ആ വിശ്വാസത്തോടെ ഏത് സൃഷ്ടിയോടും പ്രാര്‍ഥിക്കാമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ലേഖകന്‍ സമ്മതിക്കുകയാണിവിടെ! ഇത് ഏതായാലും ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസമല്ല.

മുശ്‌രിക്കുകളുടെ വിശ്വാസത്തെപ്പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന് ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ച് കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്” (14:30).

ഈ ആദര്‍ശത്തെ ഊട്ടിയുറപ്പിക്കാന്‍ അവര്‍ പറഞ്ഞ കാരണങ്ങളില്‍ ഒന്നാണ് ആരാധ്യന്മാര്‍ക്ക് സ്വയം കഴിവില്ലെന്നത്. അവരുടെ തല്‍ബിയ്യത്ത് ഇതിന് മതിയായ സാക്ഷ്യവുമാണ്:

‘അല്ലാഹുവേ നിന്റെ പങ്കാളി സ്വയം കഴിവുള്ളവനല്ല. അയാള്‍ക്കുള്ള കഴിവ് നിനക്കുള്ളതാക്കുന്നു. ആ കഴിവെല്ലാം നിന്റെ അധീനത്തിലാകുന്നു’ (മുസ്‌ലിം).

ശിര്‍ക്കെന്ന വന്‍പാപത്തെ വെള്ളപൂശാന്‍ വേണ്ടിയാണല്ലോ മുസ്‌ലിയാര്‍ ഇങ്ങനെയൊക്കെ പറഞ്ഞൊപ്പിക്കുന്നത്. ഇസ്‌ലാം ഈ വിഷയത്തില്‍ നല്‍കിയ മുന്നറിയിപ്പുകളെ മറക്കാതിരിക്കുന്നത് നന്ന്. അല്ലാഹു പറയുന്നു: ”…അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്‌കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്” (2:22).

”അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!)” (2:165).

അബ്ദുല്ല(റ)യില്‍ നിന്ന്; ഞാന്‍ നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും വലിയ പാപം ഏതാണ്?” അവിടുന്ന് പറഞ്ഞു: ”നിന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നീ സമന്മാരെ ഉണ്ടാക്കലാണ്…”(ബുഖാരി).

ഇസ്‌ലാം വിരോധിച്ച രീതിയിലുള്ള തവസ്സുല്‍ പഠിപ്പിക്കാന്‍ മുസ്‌ലിയാര്‍ നടത്തിയ ദുര്‍വ്യാഖ്യാനം നോക്കൂ: ”ഉസ്മാനുബ്‌നു ഹുനൈഫ്(റ)വില്‍ നിന്ന് നിവേദനമുളള ഹദീസില്‍ കാണാം. കാഴ്ചശക്തിയില്ലാത്ത ഒരാള്‍ തിരുനബി ﷺ യെ സമീപിച്ച് രോഗം സുഖപ്പെടാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നു. വേണമെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം. ക്ഷമിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത് എന്നായിരുന്നു നബി ﷺ യുടെ മറുപടി. വീണ്ടും പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടപ്പോള്‍ തിരുനബി ﷺ  അദ്ദേഹത്തോട് പൂര്‍ണ്ണ വുളൂഅ് നിര്‍വഹിക്കാന്‍ ആവശ്യപ്പെടുകയും ശേഷം ഇപ്രകാരം ദുആ ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു: കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി ﷺ യെ മുന്‍നിര്‍ത്തി ഞാന്‍ നിന്നിലേക്ക് മുന്നിടുകയും എന്റെ ആവശ്യം ഞാന്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു. എന്റെ കാര്യത്തില്‍ നബി ﷺ യുടെ ശിപാര്‍ശ നീ സ്വീകരിക്കണേ” (തുര്‍മുദി)(പേജ് 30).”

ബിദ്അത്തായ തവസ്സുല്‍ നടത്തി ജനങ്ങള്‍ക്ക് ശിര്‍ക്കിലേക്ക് എത്താനുള്ള വഴിയാണ്  ഇതിലൂടെ  മുസ്‌ലിയാര്‍ പഠിപ്പിക്കുന്നത്. സമസ്തക്കാര്‍ എക്കാലത്തും ഏറ്റി നടക്കുന്ന ദുര്‍ബലമായ ഈ പുല്‍ക്കൊടിയില്‍ നബി ﷺ യുടെ ഹഖ്, ജാഹ് കൊണ്ടുള്ള തെറ്റായ തവസ്സുല്‍ അനുവദനീയമാക്കാനുള്ള വകുപ്പൊന്നും കാണാന്‍ സാധ്യമല്ല. ഉണ്ടെങ്കില്‍ അന്ധനായ വ്യക്തി നബി ﷺ യുടെ അടുത്ത് വന്ന് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയോ, അവിടുന്ന് പ്രാര്‍ഥന പറഞ്ഞ് കൊടുക്കുകയോ ചെയ്യുമായിരുന്നില്ല. തന്റെ പ്രാര്‍ഥനയെക്കാള്‍ നബി ﷺ യുടെ പ്രാര്‍ഥനക്ക് സ്വീകാര്യത ലഭിക്കുമെന്നത് കൊണ്ടാണ് തനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. നബി ﷺ യുടെ പ്രാര്‍ഥനക്ക് പെട്ടെന്ന് ഉത്തരം കിട്ടിയ അമാനുഷിക സംഭവമായിട്ടാണ് പണ്ഡിതന്മാര്‍ ഇതിനെ എണ്ണിയിട്ടുള്ളത്.

മുസ്‌ലിയാര്‍ എഴുതുന്നു: ”ബദ്‌രീങ്ങളെ കാക്കണേ, മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ തുടങ്ങി സുന്നികളുടെ നാവില്‍ സ്ഥിരമായി വരാറുള്ള പ്രയോഗങ്ങളും (ഇസ്തിഗാസ) മതത്തില്‍ രേഖയുള്ള കാര്യങ്ങള്‍ തന്നെയാണ്. അല്ലാഹു നല്‍കുന്ന കഴിവ് കൊണ്ട് മഹാന്മാര്‍ സഹായിക്കുമെന്ന വിശ്വാസം ഒരിക്കലും തൗഹീദിന് എതിരല്ല” (പേജ് 30).

ഇസ്‌ലാമിന്റെ ബാലപാഠം മാത്രം മനസ്സിലാക്കിയവര്‍ പോലും ഇതുപോലുള്ള അസംബന്ധം എഴുന്നള്ളിക്കുകയില്ല. പരലോകം വരാനിരിക്കുന്നു എന്ന ദൃഢവിശ്വാസമുള്ളവര്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ല. സമുദായത്തെ ശിര്‍ക്കില്‍ തളച്ചിടാനുള്ള ഇവരുടെ ഉല്‍സാഹം കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. സൃഷ്ടികളുടെ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള സഹായതേട്ടം അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്ന കാര്യം മതത്തിന്റെ അടിസ്ഥാനമാണെന്നത് ഏത് സാധാരണക്കാരനായ മുസ്‌ലിമിനും അറിയാം.

അല്ലാഹു പറയുന്നു: ”നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു” (ക്വുര്‍ആന്‍ 1:5). ഇബ്‌നു അബ്ബാസ്(റ)വിനെ നബി ﷺ  ഇങ്ങനെ പഠിപ്പിച്ചതായി കാണാം: ”നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് തേടുക” (തിര്‍മിദി).

അബൂഹുറയ്‌റ(റ)ക്ക് കൊടുത്ത ഉപദേശങ്ങളില്‍ ‘നീ അല്ലാഹുവിനെ കൊണ്ട് സഹായം തേടുക’ (മുസ്‌ലിം) എന്നുമുണ്ട്.  ഇതെല്ലാം പ്രമാണങ്ങളില്‍ ഉണ്ടായിരിക്കെ സഹായതേട്ടത്തിനായി മരിച്ചവരുടെ പിന്നാലെ പായുന്നതെന്തിനാണ്? നബി ﷺ ക്ക് തന്നെയും ഇരുലോകത്തും കഴിയാത്ത കാര്യമെങ്ങനെയാണ് മറ്റുള്ളവര്‍ക്ക് സാധ്യമാവുക?

മുസ്‌ലിയാര്‍ നടത്തിയ മറ്റൊരു ദുര്‍വ്യാഖ്യാനം കാണുക: ‘തിരുനബി ﷺ യുടെ ജീവിത കാലത്ത് സ്വഹാബികള്‍ സഹായാര്‍ത്ഥനയുമായി അവിടുത്തെ സവിധത്തിലെത്തിയ സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്. സലമ(റ)വിന്റെ കാലില്‍ ഖൈബര്‍ യുദ്ധദിവസം വെട്ടേറ്റു. സലമ(റ)ക്ക് അപകടം പറ്റി എന്ന് അപ്പോള്‍ ജനങ്ങള്‍ വിളിച്ചു പറഞ്ഞു. ഉടനെ അദ്ദേഹം നബി ﷺ യുടെ സമീപത്തെത്തി. അവിടുന്ന് അദ്ദേഹത്തിന്റെ മുറിവില്‍ മൂന്ന് തവണ ഊതി. അതിനു ശേഷം അദ്ദേഹത്തിനൊരിക്കലും ആ മുറിവ് മൂലം വേദനയുണ്ടായിട്ടില്ല(ബുഖാരി)” (പേജ്,31).

നബി ﷺ യോടൊപ്പം ഏഴോളം യുദ്ധങ്ങളില്‍ പങ്കെടുത്ത് ഒരുപാട് വിശേഷണങ്ങള്‍ക്ക് അര്‍ഹനായി മുവത്വ യുദ്ധത്തില്‍ ശഹീദായ സലമത്ബ്ന്‍ അല്‍അക്‌വഹ്(റ)വിനെ സംബന്ധിച്ചുള്ളതാണിത്. ഇതിന് മുസ്‌ലിയാര്‍ ഉദ്ദേശിച്ച ഇസ്തിഗാസയുമായി എന്ത് ബന്ധം? നബി ﷺ യുടെ മുഅ്ജിസത്തായി ഉണ്ടായ ഈ കാര്യത്തെ സൂത്രത്തില്‍  മരണപ്പെട്ടവരോടുള്ള ഇസ്തിഗാസക്കായി തെൡവാക്കുന്നത് പ്രമാണങ്ങളോട് കാണിക്കുന്ന അനീതിയല്ലേ? ഈ സംഭവത്തെ ഇമാം ബുഖാരി(റ) ‘ഖൈബര്‍ യുദ്ധം,’ ഇമാം അബൂദാവൂദ് ‘മന്ത്രം എങ്ങനെ?’ ഇമാം അഹ്മദ് സലമത്ബ്ന്‍ അക്‌വഹിന്റെ സംഭവം’ എന്നീ തലക്കെട്ടുകള്‍ക്ക് കീഴിലാണ് തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിരിക്കുന്നത്. അവരൊന്നും കാണാത്ത തെളിവ് മുസ്‌ലിയാര്‍ കണ്ടു എന്നത് അതിബുദ്ധിയോ വക്രബുദ്ധിയോ?

കാലങ്ങളായി ഇവര്‍ ഇസ്തിഗാസക്ക് തെളിവായി ദുര്‍വ്യഖ്യാനിച്ചുപോരുന്ന സംഭവം ഇവിടെയും മുസ്‌ലിയാര്‍ എടുത്ത് ഉദ്ധരിക്കുന്നത് കാണുക: ”തിരുനബി ﷺ യുടെ ജീവിതകാലത്തു മാത്രമല്ല, അവിടുത്തെ വഫാത്തിനു ശേഷവും സഹായാര്‍ത്ഥനയുമായി അവിടുത്തെ ഖബ്‌റിന്നരികിലെത്തുന്നത് സ്വഹാബികളുടെ ശീലമായിരുന്നു. മാലിക്(റ)വില്‍ നിന്ന് നിവേദനം: ഉമര്‍(റ)വിന്റെ കാലത്ത് കനത്ത ജലക്ഷാമം അനുഭവപ്പെട്ടു. അപ്പോള്‍ ഒരു സ്വഹാബി തിരുനബി ﷺ യുടെ ഖബ്‌റിന്നരികില്‍ വന്നു പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവിനോട് മഴയാവശ്യപ്പെടുക. ജനങ്ങള്‍ മുഴുവന്‍ പ്രയാസത്തിലാണ്.’ പിന്നീട് നബി ﷺ യെ അദ്ദേഹം സ്വപ്‌നത്തില്‍ ദര്‍ശിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ഉമര്‍(റ)വിനെ സമീപിച്ച് എന്റെ സലാം പറയണം. അവര്‍ക്ക് വെള്ളം ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്യുക(അല്‍ ബിദായത്തുവന്നിഹായ)” (പേജ് 31).

ഈ സംഭവം ഹദീഥ് ഉദ്ധരിക്കുന്നതില്‍ ക്ലിപ്തത വരുത്താത മാലികില്‍ നിന്നുള്ളതായതിനാല്‍ ഇത് സ്വഹീഹല്ല. ക്വബ്‌റിങ്കല്‍ വന്നു എന്ന് പറയപ്പെടുന്ന വ്യക്തി ആരെന്നറിയില്ല. ഒരാള്‍ വന്നു എന്നതിനെ സ്വഹാബിയാക്കി മുസ്‌ലിയാര്‍ ഇവിടെ എഴുതിയത് ശുദ്ധ തട്ടിപ്പാണ്. സ്വഹാബത്ത് ജീവിതകാലത്ത് നബി ﷺ യോടും അബ്ബാസ്(റ)വിനോടും മഴക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ശരിയായ രീതിക്ക് തീര്‍ത്തും എതിരാണിത്. ഇത്തരം ഘട്ടങ്ങളില്‍ മഴക്ക് വേണ്ടി നമസ്‌കരിക്കണമെന്ന ഇസ്‌ലാമിന്റെ മാതൃകാപരമായ നിയമത്തിന് വിരുദ്ധവുമാണിത്. ഏതോഒരാളുടെ സ്വപ്‌നദര്‍ശനത്തിന്റെ അടിസ്ഥാനത്തിലല്ല മതത്തെ മനസ്സിലാക്കേണ്ടത്. ഒട്ടനേകം പ്രശ്‌നങ്ങള്‍ പ്രവാചകന്റെ വഫാത്തിനുശേഷം നാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഒരു സ്വഹാബിയും അതിനുള്ള പരിഹാരം തേടി നബി ﷺ യുടെ ക്വ്ബ്‌റിന്റെ അരികില്‍ ചെന്നോ അല്ലാതെയോ നബിയോട് സഹായം തേടിയതായി തെളിവില്ല. അല്ലാഹുവിലേക്ക് ഉയരുന്ന കൈകളെ അല്ലാഹുവിന്റെ സൃഷ്ടികളിലേക്ക് തിരിപ്പിക്കുന്നവരറിയുക; പരലോകം വരാനിരിക്കുന്നു. അവിടെ ഒരു കുതന്ത്രവും വിലപ്പോകില്ല.

 


മൂസ സ്വലാഹി, കാര
നേർപഥം വാരിക

സമസ്തയുടെ വക ദുശ്ശകുനത്തില്‍ നിന്ന് മുഹര്‍റത്തിന് മോചനം

സമസ്തയുടെ വക ദുശ്ശകുനത്തില്‍ നിന്ന് മുഹര്‍റത്തിന് മോചനം

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 5)

ഇസ്‌ലാമിന് അന്യമായ ശീഈ വിശ്വാസങ്ങളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യല്‍ നിരുപാധികം തുടര്‍ന്നുകൊണ്ടിരിക്കുന്നവരാണ് സമസ്തക്കാര്‍.

ദിവസങ്ങളില്‍ ചിലതിന് ദോഷമുണ്ടെന്നും അന്നേദിവസങ്ങളില്‍ നല്ലതായ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നുമുള്ള ദുശ്ശകുന (നഹ്‌സ്) വിശ്വാസം കാലങ്ങളായി അവര്‍ സമുദായത്തെ പഠിപ്പിച്ചകൊണ്ടിരിക്കുകയാണ്. എല്ലാ മാസങ്ങളിലും പ്രത്യേകിച്ച് മുഹര്‍റം മാസം ഒന്നു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളില്‍ നഹ്‌സ് ഉണ്ടെന്ന വിശ്വാസം സമസ്തയുടെ ആദര്‍ശമാണ്. ഹുസൈന്‍(റ) വധിക്കപ്പെട്ട കര്‍ബല യുദ്ധത്തെ അനുസ്മരിച്ച് വര്‍ഷംതോറും പ്രധാന കേന്ദ്രങ്ങളില്‍ ഇവര്‍ ആണ്ടാഘോഷിക്കുന്നുമുണ്ട്. ശിയാക്കളില്‍നിന്ന് കടംകൊണ്ടതാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  

പ്രമാണങ്ങള്‍ക്ക് മുമ്പില്‍ പതറുന്നത് കൊണ്ടോ, ഈ പോക്ക് പോയാല്‍ സംഘടന ശുഷ്‌കമായിപോകുമെന്ന പേടികൊണ്ടോ എന്തോ സമസ്തക്ക് ഈയിടെ ചെറിയതോതില്‍ ‘ബോധോദയം’ വന്നിരിക്കുന്നു! 2019 സെപ്തംബര്‍ ആദ്യലക്കം (01-15) ‘സുന്നിവോയ്‌സി’ലൂടെ ഒരു മുസ്‌ലിയാര്‍ തങ്ങള്‍ക്ക് മുഹര്‍റം മാസത്തിലെ നഹ്‌സില്‍ വിശ്വാസമില്ലെന്ന് പറഞ്ഞൊപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ടതാണ് ഇങ്ങനെ പറയാന്‍ കാരണം.

അദ്ദേഹം എഴുതിയത് കാണുക: ”മുഹമ്മദ് നബി ﷺ യുടെ പേരമകന്‍, ഹുസൈന്‍(റ)വിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടാണ് ആ നാടിന്റെ പ്രശസ്തി. രക്തം പടര്‍ന്ന ദിനം എന്നതിന്റെ പേരില്‍ ചിലര്‍ വിശുദ്ധമായ ദിനത്തെയും ശഹ്‌റുല്ലാഹ് എന്ന് ആദരിക്കപ്പെട്ട മുഹര്‍റം മാസത്തെയും നഹ്‌സായി കണക്കാക്കുകയും ചെയ്യുന്നു. ആചാരങ്ങളും അനാചാരങ്ങളും സ്വയം പീഡനങ്ങളും കൊണ്ട് കര്‍ബല മണ്ണിനെ ഓരോ ആശൂറാഅ് ദിനത്തിലും രക്തം പുരട്ടി ചുവപ്പിക്കുന്ന വഴിപിഴച്ച വിഭാഗം വേറെയും”(പേജ് 29).

സമസ്തയുടെ കീഴിലുള്ള പള്ളികള്‍, സ്ഥാപനങ്ങള്‍, അനുഭാവികളുടെ വീടുകള്‍ തുടങ്ങിയവയിലെല്ലാം തൂങ്ങിക്കിടക്കുന്ന ഈ വര്‍ഷത്തെ കലണ്ടറിലും ഇവരുടെ പണ്ഡിതന്മാര്‍ എഴുതിയ പുസ്തകങ്ങളിലും ശകുന തീയതികള്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നതും ഇതൊക്കെ ശരിയാണെന്ന് വിശ്വസിക്കുന്ന അനേകായിരം പ്രവര്‍ത്തകര്‍ ഉണ്ടെന്നതും വിസ്മരിക്കാവതല്ല. എന്നിട്ടും അത് തെറ്റാണെന്ന് പറയാന്‍ തയ്യാറായതിനെ അഭിനന്ദിക്കുന്നു. മുജാഹിദുകള്‍ പറയുന്നതിനെ ആദ്യം എതിര്‍ക്കുകയും സാവധാനം അത് പിന്‍പറ്റുകയും ചെയ്യുന്നതാണല്ലോ സമ്‌സതയുടെ ശൈലി. നിലവിലുള്ള ശിര്‍ക്ക് ബിദ്അത്തുകളെ സംബന്ധിച്ചു കൂടി ഇത്തരമൊരാലോചനയുണ്ടായാല്‍ സമുദായം രക്ഷപ്പെടും.

നഹ്‌സിന്റെ വിഷയത്തില്‍ സമസ്തക്കാര്‍ മുമ്പ് എഴുതിവെച്ചത് കാണുക:

”നഹ്‌സ് നോക്കല്‍: എല്ലാ അറബി മാസങ്ങളില്‍ നിന്നും താഴെ പറയുന്ന ദിവസങ്ങളില്‍ പുതുവസ്ത്രം ധരിക്കുക, വിവാഹം ചെയ്യുക, വൃക്ഷങ്ങള്‍ നടുക, കിണര്‍ കുഴിക്കുക, കെട്ടിടം ഉണ്ടാക്കുക, ഭരണാധികാരിയെ സമീപിക്കുക എന്നീ പ്രധാന കാര്യങ്ങള്‍ സൂക്ഷിക്കേണ്ടതാണ്. 3,5,13,16,21,24,25 ഒടുവിലെ ബുധന്‍…” (മമ്പുറം സ്വലാത്തും സ്വര്‍ഗ നിധിയും, കോയക്കുട്ടി ബാഖവി അച്ചിപ്ര, പേജ് 27).

”എല്ലാ മാസവും 24 നഹ്‌സാണ്. റമദാന്‍ 24 കടുത്ത നഹ്‌സാണ്” (നഹ്‌സ്, റിയാസ് ഫൈസി വെള്ളില, പേജ് 17).

”എല്ലാ മാസവും 3,5,13,16,21,24,25,28 എന്നിവ ശുഭകരമല്ലെന്നാണ് ചരിത്രസത്യങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ശൈഖ് ശാലിയാത്തി സ്പഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ സഫര്‍ മാസം 10, മുഹര്‍റം 10, റജബ് 10, ജമാദുല്‍ ഊല 22 എന്നിവയെയും ഉത്തമവും ശുഭവുമായി പണ്ഡിതരില്‍ ചിലര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രസ്തുത ദിനങ്ങളിലും ഉദ്ദേശ്യകാര്യങ്ങള്‍ നടത്താതിരിക്കുന്നത് അഭികാമ്യമെന്ന് പറയാം” (ഇസ്‌ലാമിലെ വിവിധ ആഘോഷങ്ങള്‍, റിയാസ് ഫൈസി, പേജ് 48).

 പുതിയ വെളിപാട് മുഹര്‍റം മാസത്തിലെ നഹ്‌സ് വിശ്വാസം തെറ്റാണ് എന്നാണ്. എന്നാല്‍ ഇത്രയും കാലം ജനങ്ങളെ പറഞ്ഞു പറ്റിച്ചത് മുഹര്‍റം ആദ്യ പത്തില്‍ ഒരു നല്ല കാര്യവും ചെയ്യാന്‍ പാടില്ല എന്നായിരുന്നു. സാധാരണക്കാര്‍ ആ വിശ്വാസം അത്രവേഗം കയ്യൊഴിയുമോ? ആത്മാര്‍ഥമായി പറഞ്ഞതാണെങ്കില്‍ ഓരോ പ്രദേശത്തെയും പ്രവര്‍ത്തകരെ ഈ വിഷയത്തില്‍ ഉദ്‌ബോധിപ്പിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകേണ്ടതുണ്ട്.  

ദുശ്ശകുന വിശ്വാസം കൊണ്ടുനടക്കുന്നവര്‍ വികലവിശ്വാസത്തിലും വഴികേടിലും അകപ്പെട്ടവരാണ്. ഇത് ചരിത്ര സത്യമാണ്. ഫിര്‍ഔനിന്റെ കൂട്ടരെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ”എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്. ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്. അല്ല, അവരുടെ ശകുനം അല്ലാഹുവിന്റെ പക്കല്‍ തന്നെയാകുന്നു. പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല” (ക്വുര്‍ആന്‍ 7:131).

തങ്ങളുടെ അടുക്കല്‍ വന്ന ദൂതന്മാരോട് ഒരു ജനത പറഞ്ഞത് ഇപ്രകാരമാണ്: ”അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത് തന്നെയാകുന്നു. നിങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഇതാണോ (നിങ്ങളുടെ നിലപാട്?) എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു” (ക്വുര്‍ആന്‍ 36:18,19).

സ്വാലിഹ് നബി(അ)യുടെ ജനതയെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നു: ”അവര്‍ പറഞ്ഞു: നീ മൂലവും നിന്റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ (ദൈവികമായ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു” (ക്വുര്‍ആന്‍ 27:47).

നബി ﷺ യുടെ കാലഘട്ടത്തിലുണ്ടായിരുന്ന അവിശ്വാസികളും ഒട്ടും വ്യത്യസ്തരല്ലായിരുന്നു.സ്വഫര്‍, ശവ്വാല്‍ മാസങ്ങളില്‍ വിവാഹം നടത്തല്‍ പോലുള്ളവ നല്ലതല്ലെന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. അത്തരം വിശ്വാസങ്ങള്‍ മൂഢധാരണകളാണെന്ന് നബി ﷺ ഉദ്‌ബോധിപ്പിച്ചു.

ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”ലക്ഷണം നോക്കല്‍ ശിര്‍ക്കാണ്… അവിടുന്ന് ഇത് മൂന്ന് പ്രാവിശ്യം ആവര്‍ത്തിച്ചു”(അബൂദാവൂദ്).

‘ലക്ഷണം നോക്കലില്ല’ എന്നും ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസിലുണ്ട്. നബി ﷺ ആഇശ(റ) യുമായി വീട് കൂടിയത് ശവ്വാലിലായിരുന്നു. അബൂസലമ(റ) സൈന്യത്തെ ബനൂഅസദിലേക്കും മുഹമ്മദ് ബ്‌നു മുസ്‌ലമയെ നജ്ദിലേക്കും നിയോഗിച്ചയച്ചതും നബി ﷺ ഖൈബറിലേക്ക് പുറപ്പെട്ടതും മുഹര്‍റംമാസത്തിലായിരുന്നു.

മുആവിയതുബ്‌നുല്‍ ഹകം(റഹി) പറയുന്നു: ”ഞാന്‍ പറഞ്ഞു: ഞങ്ങളില്‍ ശകുനം നോക്കുന്നവരുണ്ട് (അതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?). നബി ﷺ പറഞ്ഞു: ‘അത് അവരുടെ ഹൃദയങ്ങളിലുണ്ടാക്കുന്ന ചില തോന്നലുകളാണ്. അത് അവരെ (വിചാരിച്ച കാര്യങ്ങളില്‍ നിന്ന്) തടയാതിരിക്കട്ടെ” (മുസ്‌ലിം).

ദുശ്ശകുനത്തിന്റെ പേരില്‍ ഒരു നല്ല കര്‍മവും ചെയ്യാതിരിക്കുക എന്നത് സത്യവിശ്വാസിക്ക് യോജിച്ചതല്ല എന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടും ഇക്കൂട്ടര്‍ ആ തെളിവുകളെ കണ്ടില്ലെന്ന് നടിക്കുകയാണ്. അല്ലെങ്കില്‍ ഇവര്‍ എല്ലാവിധ ദുശ്ശകുന ചിന്തകള്‍ക്കെതിരിലും ശബ്ദിക്കുമായിരുന്നു.

മുസ്‌ലിയാര്‍ വീണ്ടും എഴുതുന്നു: ”ആശൂറാഅ് ദിനത്തില്‍ കര്‍ബലയില്‍ രക്തം ചിന്തപ്പെട്ടുവെന്നത് കൊണ്ട് ആ ദിവസത്തിന്റെ പുണ്യം ഇല്ലാതാകില്ല. അതു കാരണം ദുശ്ശകുനമോ നഹ്‌സിന്റെ ദിനമോ ആകുന്നില്ല” (പേജ് 33).

ഇവിടെ സ്വാഭാവികമായും ഉണ്ടാകുന്ന ചില സംശയങ്ങളുണ്ട്:

1. നഹ്‌സ് വാദത്തിനായി ഇതുവരെയും നടത്തിയ പ്രമാണ ദുര്‍വ്യാഖ്യാനങ്ങളുടെ വിധിയെന്ത്?

2. ഇസ്‌ലാമിക ചരിത്രത്തെ വളച്ചൊടിച്ചതിന്റെ അവസ്ഥയെന്ത്?

3. മതനിയമമല്ലാത്ത ഒന്നിനെ മതമാക്കി അവതരിപ്പിച്ചതിന്റെ ഉദ്ദേശ്യമെന്ത്?

4. നബി ﷺ യുടെ മേല്‍ കളവ് പറഞ്ഞത് എന്തിനായിരുന്നു?

5. സ്വഹാബത്തിനെ കൂട്ടുപിടിച്ച് നഹ്‌സ് വാദം സ്ഥാപിക്കാന്‍ നോക്കിയതിലെ താല്‍പര്യമെന്ത്?

6. അറിവില്ലാത്തവരെ പറഞ്ഞ് പറ്റിച്ചതിന് പരിഹാരമെന്ത്?

7. അഹ്‌ലുസ്സുന്നയുടെ പണ്ഡിതരില്‍ നിന്ന് ഇതിന്നായി കൂട്ടുപിടിച്ചവരുടെ നിരപരാധിത്വം തെളിയിക്കാന്‍ സമസ്ത തയ്യാറാകുമോ?

8. ദുശ്ശകുന വിശ്വാസം പറഞ്ഞും പഠിപ്പിച്ചും ജീവിച്ചിരുന്ന ശാലിയാത്തിയടക്കമുള്ള മുന്‍കാല നേതാക്കന്മാരെ സംബന്ധിച്ച് ഇവരുടെ നിലപാടെന്ത്?

9. ഈ വിശ്വാസം ഇസ്‌ലാമികമാണെന്ന ധാരണയില്‍ ജീവിച്ച് മരണപ്പെട്ടവരുടെ പരലോകത്തിലെ അവസ്ഥയെന്ത്?

10. നഹ്‌സ് സ്ഥാപിക്കാന്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ തിരുത്തുമോ അതോ പിന്‍വലിക്കുമോ?

ഹുസൈന്‍(റ)വിന്റെ പേരില്‍ ശിയാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജാറാഘോഷ പരിപാടികളെ മുമ്പ് സമസ്തക്കാര്‍ വാനോളം  പ്രശംസിച്ചെഴുതിയത് കാണുക:

”യാ ഹുസൈന്‍, യാ സിബ്ത്തന്നബി എന്ന് വിളിച്ച് മഖ്ബറക്കരികില്‍ തങ്ങളുടെ ആവശ്യങ്ങളും പ്രതിസന്ധികളും എണ്ണിപ്പറഞ്ഞു ചോദിക്കുകയാണ് ആയിരക്കണക്കിന് വിശ്വാസികള്‍. മുസ്‌ലിം ലോകം ആ തിരുസന്നിധിയില്‍ തീര്‍ക്കുന്ന പ്രവാചക സ്‌നേഹത്തിന്റെ പ്രകടനങ്ങള്‍ക്കു മുമ്പില്‍ ഞങ്ങള്‍ ഒന്നും അല്ലാതാവുന്നതുപോലെ തോന്നി. മൗലിദുകള്‍, പ്രവാചക പ്രകീര്‍ത്തനങ്ങള്‍, നശീദകള്‍, സ്വലാത്തുകള്‍, ക്വുര്‍ആന്‍ പാരായണം, സിയാറത്ത്, പ്രാര്‍ത്ഥന തുടങ്ങി സജീവമായ മഖ്ബറയും പരിസരവും ഇപ്പോഴും മനസ്സില്‍ ഒരു ആത്മസംതൃപ്തിയുടെ ഇടമായി നിലകൊള്ളുകയാണ്” (അല്‍ഇര്‍ഫാദ് മാസിക, 2009 ഡിസംബര്‍, പേജ്, 22).

സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി ബിദ്അത്തുകള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് അതില്‍ നിന്ന് പെട്ടെന്നൊന്നും വിട്ടുനില്‍ക്കാന്‍ കഴിയില്ല. ദുശ്ശകുനവാദം മുഴുവനായും കര്‍ബലയുടെ പേരിലുള്ള കാട്ടിക്കൂട്ടലുകളും പാടെ വര്‍ജിക്കുവാന്‍ സമസ്ത തയ്യാറാകേണ്ടതുണ്ട്. അതില്‍ മൂടുറച്ച അണികളെ സത്യം ധരിപ്പിക്കാതെ ഞങ്ങള്‍ക്ക് അങ്ങനെയൊരു വാദവും വിശ്വാസവുമില്ല എന്ന് സംവാദവേദികളിലും മറുപടി പ്രസംഗങ്ങളിലും ഉയര്‍ത്തിപ്പിടിച്ചുകാണിക്കാനുള്ള തെളിവിനായി മാത്രം സ്വന്തം പ്രസിദ്ധീകരണത്തില്‍ നിഷേധരൂപത്തില്‍ ലേഖനമെഴുതിയതുകൊണ്ട് കാര്യമില്ല.

അല്ലാഹു പറയുന്നു: ”നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. എന്നാല്‍ പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും (സത്യം ജനങ്ങള്‍ക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 2:159,160).

 


മൂസ സ്വലാഹി, കാര
നേർപഥം വാരിക

വെള്ളിയാഴ്ചയിലെ പ്രത്യേക സ്വലാത്ത്

വെള്ളിയാഴ്ചയിലെ പ്രത്യേക സ്വലാത്ത്

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍: 4)

വെള്ളിയാഴ്ചയുടെ പ്രത്യേകതകളായി പ്രമാണങ്ങള്‍ പഠിപ്പിച്ച കുറെ കാര്യങ്ങളുണ്ട്. നബിﷺ  യുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുക എന്നത് അതില്‍ പെട്ടതാണ്.

അനസ്(റ)വില്‍ നിന്ന്; നബിﷺ  പറഞ്ഞു: ”വെള്ളിയാഴ്ചയുടെ രാവിലും വെള്ളിയാഴ്ച ദിവസവും എന്റെ മേല്‍ നിങ്ങള്‍ സ്വലാത്ത് അധികരിപ്പിക്കുക. ആരാണോ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയത് അല്ലാഹു അവന് പത്ത് സ്വലാത്തിനെ കണക്കാക്കും” (ബൈഹക്വി).

ഔസ്ബ്‌നു ഔസ്(റ)വില്‍ നിന്ന്; നബിﷺ  പറഞ്ഞു: ”ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ചയാണ്. അതിനാല്‍ അന്നേദിവസം എന്റെമേല്‍ നിങ്ങള്‍ സ്വലാത്ത് അധികരിപ്പിക്കുക. നിങ്ങളുടെ സ്വലാത്ത് എനിക്ക് പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്”(അബൂദാവൂദ്).

എന്നാല്‍ ഈ ദിവസം സ്വലാത്തിനായി പ്രത്യേക സമയമോ എണ്ണമോ സ്ഥലമോ നിശ്ചയിക്കേണ്ടതില്ല. എന്നും പുത്തനാചാരങ്ങളോട് അങ്ങേയറ്റത്തെ സ്‌നേഹം വച്ചുപുലര്‍ത്തുന്ന ശിയാഇസത്തിന്റെ പ്രചാരകരായ സമസ്തക്കാര്‍ ഇല്ലാത്ത പോരിശകളും വേണ്ടാത്ത രൂപങ്ങളും കാലങ്ങളായി സ്വലാത്തിന്  നല്‍കിപ്പോരുന്നു.

2019 സെപ്തംബര്‍ ആദ്യലക്കം ‘സുന്നിവോയ്‌സി’ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ”വെള്ളിയാഴ്ച ദിവസത്തില്‍ എന്റെ മേല്‍ 80 സ്വലാത്ത് ചൊല്ലിയാല്‍ അവന്റെ 80 വര്‍ഷത്തെ ദോഷങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് പ്രവാചകര്‍ﷺ  അരുളിയിട്ടുണ്ട്” (പേജ് 34).

സ്വഹീഹായ ഒരു ഹദീസിലും ഇപ്രകാരമില്ല. നബിﷺ  പറയാത്തത് അദ്ദേഹത്തിന്റെ പേരില്‍ പറഞ്ഞ് പരത്തുന്നത് കടുത്ത അപരാധമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന്; നബിﷺ  പറഞ്ഞു: ”ആരെങ്കിലും എന്റെ മേല്‍ മനഃപൂര്‍വം കളവ് പറഞ്ഞാല്‍ അവന്‍ നരകത്തില്‍ അവന്റെ സീറ്റ് ഉറപ്പിക്കട്ടെ”(മുസ്‌ലിം).

നബിﷺ യുടെ പേരിലേക്ക് ചേര്‍ത്തിപ്പറയുന്നത് ഇല്ലാത്തതാണെന്ന് ബോധ്യമായിട്ടും അത് ഏറ്റുപിടിച്ചാല്‍ അത്തരക്കാര്‍ കളവ് പറയുന്നവരില്‍ ഉള്‍പ്പെടുമെന്നും അവിടുന്ന് ഉണര്‍ത്തിയിട്ടുണ്ട്. അലി(റ) വില്‍ നിന്ന്; നബിﷺ  പറഞ്ഞു: ”കളവാണെന്നറിഞ്ഞിട്ടും ഒരാള്‍ എന്നില്‍ നിന്നുള്ളതായി വല്ലതും പറഞ്ഞാല്‍ അവന്‍ കളവ് പറഞ്ഞവരില്‍ ഒരാളായി”(ഇബ്‌നുമാജ).

മുസ്‌ലിയാര്‍ ഉദ്ധരിച്ച ഹദീസിന്റെ പരമ്പരയിലെ അലി ഇബ്‌നു സൈദ് ഇബ്‌നു ജദ്ഹാന്‍ അല്‍ ബസ്വരി, ഹജ്ജാജ് ബ്‌നു സിനാന്‍, ഔന്‍ ഇബ്‌നു ഉമാറത്ത് എന്നിവര്‍  ദുര്‍ബലരായതിനാല്‍ ആ റിപ്പോര്‍ട്ട് സ്വീകാര്യയോഗ്യമല്ല. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരായ ഇമാം ഹാകിം, അബൂസുര്‍ഹ, അബൂദാവൂദ്, ദാറക്വുത്‌നി, ഇബ്‌നു ഹജര്‍ അല്‍അസ്‌ക്വലാനി(റ) എന്നിവര്‍ ഇവരുടെ അയോഗ്യത വ്യക്തമാക്കിയിട്ടുണ്ട്. ഇത് പോലെയുള്ള ദുര്‍ബലവും നിര്‍മിതവുമായ റിപ്പോര്‍ട്ടുകള്‍ തപ്പിയെടുത്ത് അണികള്‍ക്ക് ഇട്ടുകൊടുക്കുക എന്നത്  ബിദ്അത്തുകളെ സംരക്ഷിക്കാന്‍ പുരോഹിതന്മാര്‍ ചെയ്തുവരുന്ന ദുഷ്‌ചെയ്തിയാണെന്ന് പറയാതിരിക്കാന്‍ വയ്യ.

മുസ്‌ലിയാര്‍ തുടരുന്നു: ”ഇമാം ഇസ്ബഹാനി(റ) രേഖപ്പെടുത്തുന്നു: ‘ഞാനൊരിക്കല്‍ തിരുനബിﷺ യെ സ്വപ്‌നത്തില്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: നബിയേ ഇമാം ശാഫിഈ(റ)ക്ക് അങ്ങ് വല്ല പ്രത്യേകതയും കൊടുത്തിട്ടുണ്ടോ?’ അവിടുന്ന് പറഞ്ഞു: ‘അതെ. അദ്ദേഹത്തെ ഹിസാബ് കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഞാന്‍ അല്ലാഹുവോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.’ ‘എന്താണ് അതിനു കാരണം?’ അവിടുന്ന് പറഞ്ഞു: ‘ഇതുവരെ ആരും ചൊല്ലിയിട്ടില്ലാത്ത ഒരു സ്വലാത്ത് അദ്ദേഹം എന്റെ മേല്‍ ചൊല്ലാറുണ്ടായിരുന്നു”(പേജ് 34).

ശേഷം ഉണ്ടാക്കപ്പെട്ട ആ നിര്‍മിത സ്വലാത്തിന്റെ രൂപം മുസ്‌ലിയാര്‍ ചേര്‍ത്തിട്ടുണ്ട്. നബിﷺ  പഠിപ്പിക്കാത്ത ഒരു കാര്യം ചെയ്താല്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പോകാമെന്ന് വിശ്വസിക്കുന്നവരുടെ വിശ്വാസം എന്ത് വിശ്വാസമാണ്? ഇവര്‍ ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്?

മുസ്‌ലിയാര്‍ തന്നെ ഈ പുത്തനാചാരത്തിന് ഒന്ന് കൂടി ആകര്‍ഷണീയത കൂട്ടുന്നത് കാണുക: ”ഇമാം ജസൂലി(റ) രചിച്ച സ്വലാത്ത് പ്രാര്‍ത്ഥനാ ഗ്രന്ഥമായ ദലാഇലുല്‍ ഖൈറാത്തിലെ വെള്ളിയാഴ്ച ദിവസത്തില്‍ ചൊല്ലേണ്ട ഭാഗം ഏറെ ശ്രദ്ധേയമാണ്. ‘ഹിസ്ബു യൗമില്‍ ജുമുഅ’ എന്ന പേരില്‍ പ്രസ്തുത ഭാഗം സുലഭമായി ലഭ്യം” (പേജ് 34).

ഇത്തരത്തില്‍ സമസ്തയും ‘അവരുടെ ഔലിയാക്കളും’ പറയുന്നതും പ്രചരിപ്പിക്കുന്നതും അവര്‍ക്ക് മാത്രമുള്ള മതനിയമങ്ങളാണ്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ അവയൊന്നും കാണാനാകില്ല.  നബിചര്യയിലില്ലാത്ത; നൂതനാചാരങ്ങളെ മതമായി കാണുന്ന ഇവര്‍ ക്വുര്‍ആന്‍ നല്‍കിയ മുന്നറിയിപ്പ് കാണാത്തവരാണോ? അല്ലാഹു പറയുന്നു: ”അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും” (25:23).

മുസ്‌ലിയാര്‍ തുടരുന്നു: ”തലപ്പാവ് മുസ്‌ലിമിന്റെ അടയാളമാണ്. വെള്ളിയാഴ്ച ജുമുഅക്കും മറ്റു നിസ്‌കാരങ്ങള്‍ക്കും തലപ്പാവ് ധരിക്കല്‍ പ്രത്യേകം സുന്നത്താണ് (ഫത്ഹുല്‍ മുഈന്‍ 144)” (പേജ് 35).

നബിﷺ യുടെ വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്നു തലപ്പാവ് ധരിക്കല്‍. അന്നത്തെ അവിശ്വാസികളും തലപ്പാവ് ധരിക്കുന്നവരായിരുന്നു. ഇസ്‌ലാം അതിനെ പ്രത്യേകം സുന്നത്തോ മതത്തിന്റെ അടയാളമോ ആക്കിയിട്ടില്ല. എന്നാല്‍ ധരിക്കുന്നവരെ ആക്ഷേപിക്കുകയോ ധരിക്കാത്തവരെ കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. പ്രസിദ്ധിക്ക് വേണ്ടി തലപ്പാവ് അണിയുന്നതും ശരിയല്ല.  

മുസ്‌ലിയാര്‍ ഇവിടെയും നിര്‍ത്തുന്നില്ല: ”പണ്ഡിതന്മാര്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കും അവര്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള തലപ്പാവ് സുന്നത്താകുന്നു. ‘വെള്ളിയാഴ്ച തലപ്പാവ് ധരിക്കുന്നവരുടെ മേല്‍ അല്ലാഹുവും മലക്കുകളും സ്വലാത്ത് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു’ (ത്വബ്‌റാനി)” (പേജ് 35).

തലപ്പാവ് ധരിക്കുന്നതിന് പ്രത്യേകതയുണ്ടെന്ന് പറയപ്പെടുന്ന എല്ലാ റിപ്പോര്‍ട്ടുകളും നിര്‍മിതവും ദുര്‍ബലവുമാണ്. മേല്‍ സൂചിപ്പിക്കപ്പെട്ട വാക്ക് അയ്യൂബ്‌നു മുദ്‌രിക് എന്ന പെരുംകള്ളനില്‍ നിന്നുള്ളതാണ്. അത് സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ല.

മറ്റൊരു ദുര്‍ബല റിപ്പോര്‍ട്ടും മുസ്‌ലിയാര്‍ ഉദ്ധരിക്കുന്നത് കാണുക: ”പ്രവാചകര്‍ﷺ  പറഞ്ഞു: നമ്മുടെയും മുശ്‌രിക്കുകളുടെയും ഇടയിലുള്ള വ്യത്യാസം തൊപ്പിവെച്ച് അതിനു മുകളില്‍ തലപ്പാവ് കെട്ടലാണ് (അബൂദാവൂദ്)” (പേജ് 35).

ഇതിന്റെ പരമ്പരയിലുള്ള അബുല്‍ഹസന്‍ അല്‍അസ്‌ക്വലാനി, ഇബ്‌നുറുകാന എന്നിവര്‍ ഒട്ടും സ്വീകരിക്കാന്‍ പറ്റാത്തവരും അജ്ഞരുമാണ്.

എന്തിനാണ് ഇവര്‍ ഇങ്ങനെ ദുര്‍ബലവും വ്യാജവുമായ റിപ്പോര്‍ട്ടുകളെ അവലംബിക്കുന്നത്? പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ എമ്പാടുമുണ്ടായിരിക്കെ അവയിലേക്ക് ജനങ്ങളെക്ഷണിക്കലല്ലേ അഭികാമ്യം? നബിﷺ യുടെ ഈ മുന്നറിയിപ്പ് ബിദ്അത്തിനു പിന്നാലെ പോകുന്ന എല്ലാവര്‍ക്കും ബാധകമാണ്:

ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന്; നബിﷺ  പറഞ്ഞു: ”എനിക്ക് ശേഷം നിങ്ങളുടെ കാര്യത്തില്‍ ചിലര്‍ നിങ്ങളുടെ നേതൃത്വത്തില്‍ വരും. അവര്‍ സുന്നത്തിനെ കെടുത്തുന്നവരും ബിദ്അത്ത് പ്രവര്‍ത്തിക്കുന്നവരും നമസ്‌കാരത്തെ അതിന്റെ സമയത്തില്‍നിന്ന് പിന്തിക്കുന്നവരുമായിരിക്കും.” ഞാന്‍ ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, അവരെ ഞാന്‍ കണ്ടാല്‍ എന്ത് ചെയ്യണം?” അവിടുന്ന് പറഞ്ഞു: ”ഇബ്‌നു ഉമ്മി അബ്ദ്! താങ്കള്‍ എന്ത് ചെയ്യണമെന്നാണോ എന്നോട് ചോദിക്കുന്നത്? അല്ലാഹുവിനെ ധിക്കരിച്ച ഒരുവന് അനുസരണമില്ല” (ഇബ്‌നുമാജ).

പുരോഹിതന്മാര്‍ ഒരുക്കിയ കെണിയിലകപ്പെട്ടവര്‍ക്ക് നബിﷺ യെ അടുത്തറിഞ്ഞ് സ്‌നേഹിക്കാനും പിന്‍പറ്റാനും സാധിക്കുകയില്ലെന്നത് വ്യക്തം. നബിജീവിതത്തെ ആധാരമാക്കി ജീവിക്കാനും പ്രവര്‍ത്തിക്കാനും ഒരുങ്ങാത്തവര്‍ വിജയം പ്രാപിക്കുകയില്ലെന്നും അവര്‍  കുഴപ്പത്തിലകപ്പെടുമെന്നും ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ” (ക്വുര്‍ആന്‍ 24:63).

ഇബ്‌നു കസീര്‍(റഹി) പറയുന്നു: ”പ്രവാചകന്റെ കല്‍പനകള്‍ എന്നതിന്റെ ഉദ്ദേശം അവിടുത്തെ വഴി, മാര്‍ഗം, രീതി, ചര്യ, ശരീഅത്ത് എന്നതാണ്. വാക്കുകളും പ്രവര്‍ത്തനങ്ങളും നബിയുടെ വാക്കിനോടും പ്രവര്‍ത്തനത്തോടുമാണ് തുലനം ചെയ്യണ്ടത്. അതിനോട് യോജിക്കുന്നത് സ്വീകരിക്കണം. അല്ലാത്തത് തള്ളപ്പെടണം; ആര് പറഞ്ഞതും പ്രവര്‍ത്തിച്ചതുമാണെങ്കിലും ശരി. ഇമാം ബുഖാരി, മുസ്‌ലിം എന്നിവര്‍ ഒരുമിച്ച് ഉദ്ധരിച്ച ഹദീസില്‍ ‘നമ്മുടെ ഈ കാര്യത്തില്‍(മതത്തില്‍) അതിലില്ലാത്തത് ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെട്ടേണ്ടതാണ്’ എന്ന് വന്നിട്ടുണ്ട്. അത് കൊണ്ട് പ്രവാചക നിയമത്തിന് എതിരായി നില്‍ക്കുന്നവര്‍ പേടിക്കുകയും സൂക്ഷിക്കുകയും ചെയ്യട്ടെ.”

 


മൂസ സ്വലാഹി, കാര
നേർപഥം വാരിക