സമത്വത്തിന്റെ സന്ദേശം

സമത്വത്തിന്റെ സന്ദേശം

നബി(സ്വ) പറഞ്ഞു: `നിശ്ചയമായും നിങ്ങളുടെ ദൈവം ഒന്ന്‌. നിങ്ങളുടെയെല്ലാം പിതാവും ഒന്നുതന്നെ.

എല്ലാവരും ആദമിൽനിന്നുള്ളത്‌; ആദമോ മണ്ണിൽനിന്നും` (മുസ്ലിം, അബൂ ദാവൂദ്‌).

മനുഷ്യരെല്ലാം ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളും അവന്റെ സംരക്ഷണത്തിൽ കഴിയുന്നവരുമാണ്‌ എന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. യജമാനനും അടിമയും ധനികനും ദരിദ്രനും മുതലാളിയും തൊഴിലാളിയുമെല്ലാം സമന്മാരാണെന്നുള്ള പ്രഖ്യാപനം ഇസ്ലാമിന്റെ സവിശേഷതയാണ്‌. വർഗത്തിന്റെയും വർണത്തിന്റെയും ദേശത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ അത്‌ മനുഷ്യർക്കിടയിൽ ഉച്ചനീചത്വം കൽപിക്കുന്നില്ല. വിശുദ്ധ ക്വുർആൻ പ്രഖ്യാപിക്കുന്നു:

`ഹേ മനുഷ്യരേ, തീർച്ചയായും നാം നിങ്ങളെ ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു… തീർച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളിലേറ്റവും ശ്രേഷ്ഠൻ നിങ്ങളിലേറ്റവും ദൈവഭയമുള്ളവൻ മാത്രമാകുന്നു` (49:13).

നബി(സ്വ) പറഞ്ഞു: “മതനിഷ്ഠയും സൂക്ഷ്മതയുംകൊണ്ടല്ലാതെ ഒരാൾക്കും മറ്റൊരാളെക്കാൾ മഹത്ത്വമില്ല”(മിശ്കാത്ത്‌).

ഇസ്ലാമിന്റെ കണ്ണിൽ മനുഷ്യരെല്ലാം സമന്മാരാണെന്നും ഭയഭക്തിയുള്ളവന്‌ മാത്രമെ ദൈവത്തിങ്കൽ പ്രത്യേകം സ്ഥാനമുള്ളൂവെന്നും ഉപരിസൂചിത വചനങ്ങൾ നമ്മെ തെര്യപ്പെടുത്തുന്നു. സർവവിധ അസമത്വങ്ങളുടെയും കടയ്ക്കൽ ഇസ്ലാം കത്തിവെക്കുന്നു. എല്ലാവർക്കും നീതി ലഭിക്കണമെന്ന്‌ ഇസ്ലാം പ്രത്യാശിക്കുന്നു. `കറുത്തവന്റെ പുത്രാ` എന്ന്‌ ഒരാൾ മറ്റൊരാളെ വിളിക്കുന്നത്‌ കേട്ടപ്പോൾ നബി(സ്വ) അയാളെ താക്കീത്‌ ചെയ്തുകൊണ്ട്‌ പറഞ്ഞു: “അജ്ഞാതകാലത്തെ കിരാതത്വമുണ്ട്‌ നിങ്ങളിൽ.”

മഖ്സൂം ഗോത്രത്തിലെ ഒരു സ്ത്രീ മോഷണം നടത്തിയതായി നബി(സ്വ)യുടെ സന്നിധിയിൽ തെളിയിക്കപ്പെട്ടപ്പോൾ ഉസാമ(റ) അവർക്കു വേണ്ടി നബി(സ്വ)യോട്‌ ശുപാർശ ചെയ്തു. അപ്പോൾ നബി(സ്വ) ജനങ്ങളെ വിളിച്ചുകൂട്ടി താക്കീത്‌ ചെയ്തു: `ഉത്തമൻ മോഷ്ടിച്ചാൽ വെറുതെ വിട്ടയക്കുകയും അധമൻ മോഷ്ടിച്ചാൽ നിയമനടപടികൾ എടുക്കുകയും ചെയ്തതു കാരണം നിങ്ങൾക്ക്‌ മുമ്പുള്ളവർ നാശമടഞ്ഞിട്ടുണ്ട്‌. എന്നാൽ അല്ലാഹുവെ സാക്ഷിനിർത്തി ഞാൻ പറയുന്നു: മുഹമ്മദിന്റെ മകൾ ഫാത്തിമ മോഷ്ടിച്ചാലും ഞാൻ അവളുടെ കരം ഛേദിക്കുകതന്നെ ചെയ്യും.`

ഒരിക്കൽ രണ്ടാം ഖലീഫ ഉമറും(റ) ഭൃത്യനും ഊഴംവെച്ച്‌ ഒട്ടകപ്പുറത്ത്‌ സവാരി ചെയ്ത കഥ പ്രസിദ്ധമാണ്‌. ഖലീഫയുടെ ആഗമനത്തെ സ്വാഗതം ചെയ്യുവാൻ ജനങ്ങൾ കാത്തിരിക്കുമ്പോൾ വേലക്കാരൻ ഒട്ടകപ്പുറത്ത്‌ സവാരി ചെയ്തും ഖലീഫ ഒട്ടകത്തിന്റെ കയറിൽ പിടിച്ചും കടന്നുവരുന്നതാണ്‌ അവർ കണ്ടത്‌!

റോമിലേക്ക്‌ നയതന്ത്രപ്രതിനിധിയായി പോയ മുആദുബ്നു ജബൽ(റ)വിനോട്‌ ചക്രവർത്തിയായ ഖൈസറിന്റെ പ്രതാപവും മഹത്ത്വവും ഒരു ഉന്നത ഉദ്യോഗസ്ഥൻ വിവരിച്ചുകൊടുത്തപ്പോൾ തന്റെ രാജ്യത്തെ ഭരണാധികാരിയെപ്പറ്റി മുആദ്‌ ഇപ്രകാരം വിവരിച്ചുകൊടുത്തു: `ഞങ്ങളുടെ ഭരണാധികാരി ഞങ്ങളിൽപെട്ട ഒരാളാണ്‌. ഞങ്ങളുടെ വേദഗ്രന്ഥത്തെയും പ്രവാചകചര്യയെയും അദ്ദേഹം അനുസരിക്കുന്ന പക്ഷം ഞങ്ങൾ അദ്ദേഹത്തെ ഖലീഫയായി നിശ്ചയിക്കും. അത്‌ അംഗീകരിക്കുന്നില്ലെങ്കിൽ അധികാരസ്ഥാനത്തു നിന്ന്‌ ഞങ്ങൾ അദ്ദേഹത്തെ നീക്കം ചെയ്യും. അദ്ദേഹം മോഷണം നടത്തുകയാണെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന്റെ കൈ മുറിക്കും. വ്യഭിചരിക്കുകയാണെങ്കിൽ എറിഞ്ഞ്‌ കൊല്ലും. ആർക്കെങ്കിലും മുറിവേൽപിച്ചാൽ അതിന്‌ പ്രതികാരം ചെയ്യും. ഞങ്ങൾക്ക്‌ പ്രവേശനം തടഞ്ഞുകൊണ്ട്‌ അദ്ദേഹത്തിന്‌ അധികാരത്തിലിരിക്കുക സാധ്യമല്ല. ഞങ്ങളുടെയിടയിൽ അഹംഭാവം നടിക്കുകയോ അഹങ്കാരത്തോടു കൂടി ഞങ്ങളുടെമേൽ വാഴ്ച നടത്തുകയോ ചെയ്യുകയില്ല. യുദ്ധത്തിൽ കൈവന്ന സ്വത്തിൽ ഞങ്ങളെക്കാൾ കൂടുതലായി യാതൊരു അവകാശവും അദ്ദേഹത്തിനില്ല. ഞങ്ങളെപോലൊരു മനുഷ്യൻ മാത്രമാണ്‌ അദ്ദേഹവും` (ഫുതൂഹുശ്ശാം).

ആറാം നൂറ്റാണ്ടിന്റെ അന്ധകാരത്തിൽ യഥാർഥ മനുഷ്യസമത്വത്തിന്റെ വെളിച്ചംപരത്തിയ മതമാണ്‌ ഇസ്ലാം എന്ന്‌ മനസ്സിലാക്കിത്തരുന്ന ക്വുർആൻ സൂക്തങ്ങളും നബി വചനങ്ങളും ഇസ്ലാമിക ചരിത്രത്തിൽ നിന്നുള്ള ഉദ്ധരണികളും നിരത്തിവെക്കാൻ എമ്പാടുമുണ്ട്‌.

നബി(സ്വ) അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പ്രഖ്യാപിച്ചു: “സമ്പത്തിന്റെയും വർഗ പാരമ്പര്യത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ വെച്ചുപുലർത്തുന്ന എല്ലാ അനാചാരങ്ങളും ഇന്ന്‌ എന്റെ രണ്ട്‌ പാദങ്ങൾക്ക്‌ താഴെ ദുർബലപ്പെട്ടിരിക്കുന്നു. നിങ്ങളെല്ലാം ആദമിൽനിന്നും ആദം മണ്ണിൽനിന്നുമാണ്‌ ഉണ്ടായത്‌.”

 

അബൂ മുർശിദ
നേർപഥം വാരിക

 

പ്രവാചകന്മാരുടെ ചരിത്രം

ഇബ്‌റാഹീം നബിയുടെ സന്തതികള്‍

ഇബ്‌റാഹീം നബി(അ): 11

ഇബ്‌റാഹീം നബിയുടെ സന്തതികള്‍

ഇബ്‌റാഹീം നബി(അ)ക്ക് ഏഴ് മക്കളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ക്വുര്‍ആനില്‍ നിന്നും സ്വഹീഹായ ഹദീഥുകളില്‍ നിന്നും വ്യക്തമായും ഗ്രഹിക്കാന്‍ കഴിയുന്നത് രണ്ട് മക്കളെക്കുറിച്ചാണ്. ഹാജറില്‍ ജനിച്ച ഇസ്മാഈലും(അ) സാറയില്‍ ജനിച്ച ഇസ്ഹാക്വും(അ). രണ്ടു പേരും പ്രവാചകന്മാരുമായിരുന്നു.

ഇസ്മാഈല്‍(അ)

ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം വിവരിച്ച പോലെ മക്കളുടെ ചരിത്രം ക്വുര്‍ആന്‍ വിവരിച്ചിട്ടില്ല. ക്വുര്‍ആനില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ നാം ഇവിടെ വിവരിക്കുകയാണ്. അദ്ദേഹത്തെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക.

”വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. തന്റെ ആളുകളോട് നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു” (ക്വുര്‍ആന്‍ 19:54,55).

അല്ലാഹുവിങ്കല്‍ നിന്നുള്ള ഏത് കടുത്ത പരീക്ഷണത്തെയും ശക്തിയായ വിശ്വാസത്തോടെ നേരിട്ട മാതാപിതാക്കളുടെ മകനാണല്ലോ ഇസ്മാഈല്‍(അ). തന്നെ ബലിനല്‍കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നുവെന്ന് പിതാവ് അറിയിച്ചപ്പോള്‍ ‘അല്ലാഹു എന്താണോ അങ്ങയോട് കല്‍പിച്ചത്, അത് നിറവേറ്റുക’ എന്നതായിരുന്നുവല്ലോ ബാലനായ ഇസ്മാഈല്‍(അ) നല്‍കിയ മറുപടി. ഇപ്രകാരം അല്ലാഹുവിന്റെ ഏത് കല്‍പനയും പൂര്‍ണമായി പൂര്‍ത്തിയാക്കിയ റസൂല്‍ ആയിരുന്നു ഇസ്മാഈല്‍(അ).

നമസ്‌കാരം, സകാത്ത് മുതലായ അനുഷ്ഠാന കര്‍മങ്ങള്‍ ഇസ്മാഈല്‍(അ) കൃത്യമായി നിര്‍വഹിച്ചിരുന്നു എന്നല്ല ക്വുര്‍ആനില്‍ എടുത്തു പറഞ്ഞിട്ടുള്ളത്; കുടുംബത്തോട് അവ നിര്‍വഹിക്കാന്‍ കല്‍പിച്ചിരുന്നു എന്നതാണ്. പ്രവാചകന്മാര്‍ ഒരു കാര്യം ചെയ്യാന്‍ പറയുമ്പോള്‍ അവര്‍ അപ്രകാരം ജീവിക്കുന്നവരായിരുന്നുവെന്നത് വ്യക്തമാണല്ലോ. മാതാപിതാക്കള്‍ മക്കളെ എപ്രകാരം വളര്‍ത്തുന്നുവോ, അല്ലാഹു ഉദ്ദേശിച്ചാല്‍ ആ മക്കളും അപ്രകാരം ശേഷക്കാരെ വളര്‍ത്തും. മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാകണം; ഇസ്മാഈല്‍(അ)ന് മാതാപിതാക്കള്‍ മാതൃകയായത് പോലെ. 

നമസ്‌കാരം കൊണ്ട് വ്യക്തിശുദ്ധി ലഭിക്കുമ്പോള്‍ സകാത്ത് കൊണ്ട് സാമ്പത്തിക ശുദ്ധിയാണല്ലോ ഉണ്ടാകുന്നത്. സാമ്പത്തിക ശുദ്ധിയും ഇസ്‌ലാമില്‍ അതിപ്രധാനമാണ്. അതിലും അദ്ദേഹം നമസ്‌കാരത്തിന്റെ കാര്യത്തിലെന്ന പോലെ ശ്രദ്ധ നല്‍കിയിരുന്നു. ഇങ്ങനെ പൂര്‍ണമായി ശുദ്ധിയാര്‍ജിച്ച ഇസ്മാഈല്‍(അ) അല്ലാഹുവിന്റെ തൃപ്തി നേടുകയും ചെയ്തു.

അറബികളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിട്ടാണ് ഇസ്മാഈല്‍(അ) അറിയപ്പെടുന്നത്. പിതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയ തൗഹീദില്‍ അടിയുറച്ച് വളരുകയും പ്രവാചകനായപ്പോള്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇസ്മാഈല്‍ നബി(അ)യുടെ പാരമ്പര്യത്തില്‍ ആയിക്കൊണ്ട് പിന്നീട് അറബികള്‍ ജീവിച്ചുപോന്നു. 

പ്രവാചകന്മാരുടെ ചരിത്രത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വസ്തുതയുണ്ട്. പ്രവാചകന്മാരെ ഏതൊരു ജനതയിലേക്കാണോ അല്ലാഹു നിയോഗിക്കുന്നത്, ആ ജനതയില്‍പെട്ടവര്‍

അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്റെ കാലശേഷം അവരുടെ മുന്‍ അവസ്ഥയിലേക്ക് തന്നെ തിരിച്ച് പോയിട്ടുണ്ട്. ഇസ്മാഈല്‍(അ)ന്റെ ജനതയായ അറബികളും അദ്ദേഹത്തിന്റെ കാലശേഷം ബഹുദൈവ വിശ്വാസത്തിലേക്ക് വ്യതിചലിച്ചു. ഇസ്മാഈല്‍(അ) പഠിപ്പിച്ച തൗഹീദില്‍ നിന്ന് അറബികള്‍ എങ്ങനെയാണ് വ്യതിചലിച്ചത്? ആ ചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം: 

അറബികളുടെ വംശ പരമ്പര പല ഗോത്രങ്ങളായി പിരിഞ്ഞ് കുറെ കാലം കഴിഞ്ഞപ്പോള്‍ മക്ക ഉള്‍കൊള്ളുന്ന ഹിജാസിന്റെ ആധിപത്യം ഖുസാഅഃ ഗോത്രക്കാരിലായി. ക്വുറൈശികള്‍ക്ക് ആധിപത്യം ലഭിക്കുന്നതിന് മുമ്പുള്ള ചരിത്രമാണിത്.  ഈ ഗോത്രത്തിന്റെ തലവനായിരുന്നു അംറുബ്‌നു ലുഹയ്യ് അല്‍ ഖുസാഈ. അദ്ദേഹം വലിയ മഹാനായിട്ടാണ് അറിയപ്പെട്ടിരുന്നത്. ദാന ധര്‍മങ്ങള്‍ ധാരാളം ചെയ്യുന്ന, മതകാര്യങ്ങളോട് അങ്ങേയറ്റം തല്‍പരനായ ആളായിരുന്നു ഈ ഗോത്രത്തലവന്‍. ഇയാളുടെ ധര്‍മനിഷ്ഠ കാരണം ജനങ്ങള്‍ അദ്ദേഹത്തെ അങ്ങേയറ്റം ഇഷ്ടപ്പെട്ടു. ചരിത്രത്തില്‍ ഇപ്രകാരം കാണാം:

”അദ്ദേഹം നല്ല കാര്യങ്ങൡലും ദാനധര്‍മത്തിലും മതനിഷ്ഠയിലും വളര്‍ന്നു. ജനങ്ങള്‍ അദ്ദേഹത്തെ അങ്ങേയറ്റം ഇഷ്ടപ്പെട്ടു. അവരുടെ അധികാരം അവര്‍ അദ്ദേഹത്തെ ഏല്‍പിച്ചു. അങ്ങനെ മക്കയുടെ ആധിപത്യവും കഅ്ബയുടെ അധികാരവും അയാളുടെ കരങ്ങളിലായി. വലിയ പണ്ഡിതനായും ഔലിയാക്കളിലെ ശ്രേഷ്ഠനായും ആളുകള്‍ അയാളെ വിലയിരുത്തി. പിന്നീട് അദ്ദേഹം ശാമിലേക്ക് യാത്രപോയി. ശാമുകാരെ വിഗ്രഹത്തെ ആരാധിക്കുന്നതായി അദ്ദേഹം കണ്ടു. അത് അദ്ദേഹത്തിന് നല്ലതായും അതാണ് ശരിയെന്ന് തോന്നുകയും ചെയ്തു. കാരണം ശാം ദൈവദൂതന്മാരുടെയും വേദഗ്രന്ഥങ്ങളുടെയും മേഖലയാണല്ലോ. അതിനാല്‍ തന്നെ ശാമുകാര്‍ക്ക് ഹിജാസുകാരെക്കാളും മറ്റുള്ളവരെക്കാളും ശ്രേഷ്ഠതയുമുണ്ട്. അങ്ങനെ അയാള്‍ ഹുബ്‌ലിനെയും (ഒരു വിഗ്രഹമാണ്) കൊണ്ട് മക്കയിലേക്ക് മടങ്ങി. എന്നിട്ട്  ആ വിഗ്രഹം കഅ്ബഃയുടെ മധ്യത്തില്‍ നാട്ടി. എന്നിട്ട് മക്കക്കാരെ ഈ ശിര്‍ക്കിലേക്ക് അയാള്‍ ക്ഷണിച്ചു. അവര്‍ അയാള്‍ക്ക് അതിന് ഉത്തരം നല്‍കുകയും ചെയ്തു. മക്കക്കാരെയാണ് ഹിജാസുകാര്‍ മത കാര്യങ്ങളില്‍ പിന്തുടര്‍ന്നിരുന്നത്. കാരണം, ഹറമിന്റെ ആളുകളും കഅ്ബയുടെ മേല്‍നോട്ടക്കാരും അവരാണ്. അങ്ങനെ ഹിജാസുകാര്‍ അതാണ് (മക്കക്കാര്‍ ഈ ചെയ്യുന്നതാണ്) ശരിയെന്ന് വിചാരിച്ച് അവരെ പിന്തുടര്‍ന്നു. അങ്ങനെ ഇബ്‌റാഹീം നബി(അ)യുടെ ദീനുമായും അംറുബ്‌നു ലുഹയ്യ് പുതിയതായി ഉണ്ടാക്കിയതിനെ പൊളിച്ചുകൊണ്ടും മുഹമ്മദ് നബി ﷺ യെ അല്ലാഹു അയക്കുന്നത് വരെ അവര്‍ അതില്‍ തന്നെയായിരുന്നു.’ (ഇതാണ് മക്കയില്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി പടുത്തുയര്‍ത്തിയ കഅ്ബഃയില്‍ വിഗ്രഹാരാധന ഉടലെടുത്ത ചരിത്രം).

മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന് മുമ്പ് (ജവഹിലിയ്യത്തില്‍) ഈ അവസ്ഥയാണ് നിലനിന്നിരുന്നത്. ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും കൊണ്ടുവന്ന ദീനിനെ മഹാഭൂരിപക്ഷവും പൊളിച്ചെഴുതിയപ്പോഴും വിരലിലെണ്ണാവുന്ന ചിലര്‍ അത് സ്വീകരിക്കാതെ പഴയ ദീനില്‍ തന്നെ ഉറച്ച് നിന്നവരും ഉണ്ടായിരുന്നു. അതില്‍ പെട്ട ഒരാളായിരുന്നു സൈദ്ബ്‌നു അംറ്. 

അറബികള്‍ക്കിടയില്‍ ശിര്‍ക്ക് കൊണ്ടുവന്ന അംറിന്റെ അവസ്ഥയെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍ ﷺ  പറയുന്നത് കാണുക:

ഉര്‍വ(റ)യില്‍ നിന്ന് നിവേദനം. ആഇശ(റ) പറഞ്ഞു: ”റസൂല്‍ ﷺ  പറഞ്ഞു: ‘ഞാന്‍ നരകത്തെ കാണുകയുണ്ടായി. അപ്പോള്‍ അതില്‍ ചിലര്‍ ചിലരെ പൊതിയുന്നത് ഞാന്‍ കണ്ടു. (അപ്പോള്‍) ഞാന്‍ അംറിനെയും കാണുകയുണ്ടായി. അവന്‍ അവന്റെ കുടല്‍മാലകള്‍ പുറത്തേക്ക് ഇട്ട് അതുമായി വട്ടം കറങ്ങുകയാണ്. ആദ്യമായി മൃഗങ്ങളെ അല്ലാഹുവല്ലാത്തവര്‍ക്ക് ബലിയായി അഴിച്ചുവിട്ടതും അവനാണ്” (ബുഖാരി).

അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയായി കാര്‍ഷിക വിളകെളയും കന്നുകാലികളെയും മാറ്റി വെക്കുന്ന ശിര്‍ക്കിന്റെ ആരംഭം അറബികള്‍ക്കിടയില്‍ കൊണ്ടു വന്നവര്‍ക്കുള്ള ശിക്ഷ എന്താണെന്ന് മുകളിലെ ഹദീഥില്‍ നാം കാണുകയുണ്ടായി. ഇന്നും ഈ ശിര്‍ക്ക് കൊണ്ടുനടക്കുന്നവരുണ്ട്. നാണയമായും കാലികളായും കോഴികളായും കോഴിമുട്ടകളായും മക്വാമുകളിലേക്കും ജാറങ്ങളിലേക്കും ഉഴിഞ്ഞ് വെക്കുന്നവരില്ലേ? അത്തരക്കാരുടെ പര്യവസാനം അതിഭീകരമായിരിക്കും. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അല്ലാഹുവിന് വേണ്ടിയാണ് നേര്‍ച്ച നേരേണ്ടത്. അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ച നേരുന്നത് ശിര്‍ക്കാണ്. അംറുബ്‌നു ലുഹയ്യ് കൊണ്ടുവന്ന ശിര്‍ക്കന്‍ ആചാരങ്ങള്‍ക്ക് ശേഷം പിന്നീട് അവര്‍ മൃഗങ്ങളെ അല്ലാഹുവല്ലാത്തവര്‍ക്കായി നേര്‍ച്ച നേര്‍ന്നിരുന്നു. ബഹീറത്, സാഇബത്, വസ്വീലത്, ഹാമ് തുടങ്ങിയവ അവയുടെ പേരുകളായിരുന്നു. അതിനെ കറന്നെടുത്ത പാല്‍ പുരുഷന് അനുവദനീയവും സ്ത്രീക്ക് നിഷിദ്ധവുമായി അവര്‍ കണക്കാക്കിയിരുന്നു. ഇപ്രകാരം ഉഴിഞ്ഞിടപ്പെട്ട മൃഗങ്ങളുടെ പുറത്ത് യാത്ര ചെയ്യാന്‍ പാടില്ല. അതിന്റെ മാംസവും അനുവദനീയമല്ല. 

അംറ്ബ്‌നു ലുഹയ്യിനെ കുറിച്ച് നബി ﷺ  പറഞ്ഞത് മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:

‘ആദ്യമായി സാഇബത് എന്ന പേരിലുള്ള ബലിമൃഗത്തെ അഴിച്ചുവിട്ടതും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തത് അബൂഖുസാഅ അംറ്ബ്‌നു ലുഹയ്യാണ്. നരകത്തില്‍ അവന്‍ അവന്റെ കുടല്‍മാലകളുമായി ചുറ്റിക്കറങ്ങുന്നത് ഞാന്‍ കാണുകയുണ്ടായി’ (അഹ്മദ്). 

അവനാണ് ഇസ്മാഈല്‍(അ) പ്രബോധനം ചെയ്ത തെളിമയാര്‍ന്ന തൗഹീദിനെ മാറ്റി എഴുതിയത്. ഇത്തരം ബഹുദൈവാരാധകരെല്ലാം അവിടെ ഉണ്ടായിരുന്നുവെങ്കിലും നാം നേരത്തെ പറഞ്ഞത് പോലെ ഇതില്‍ നിന്നെല്ലാം ഒഴിവായി ഇസ്മാഈല്‍ നബി(അ)യുടെ മതത്തില്‍ നിലയുറപ്പിച്ച ചില വെള്ളി നക്ഷത്രങ്ങളുണ്ടായിരുന്നു. 

ഈ കൂരിരുട്ടിലാണ് ലോകത്തിന് പ്രഭ ചൊരിഞ്ഞ മുഹമ്മദ് നബി ﷺ  ഭൂജാതനായത്. അവര്‍ക്കിടയില്‍ തന്നെയാണ് വളര്‍ന്ന് വലുതായതെങ്കിലും ശിര്‍ക്കിന്റെ ഒരു അംശവും അദ്ദേഹത്തെ ബാധിച്ചില്ല. പലരും അവരുടെ ആരാധ്യ വസ്തുക്കളെ ഒന്ന് ആദരിക്കുന്ന രൂപത്തില്‍ കൈകൊണ്ട് ആംഗ്യം കാണിക്കുവാനെങ്കിലും ആവശ്യപ്പെട്ടെങ്കിലും തൗഹീദിന്റെ മാര്‍ഗത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ വളര്‍ന്നുവന്നു. മതപരമായ എല്ലാ വിഷയങ്ങളും അവിടുത്തേക്ക് അറിയില്ലായിരുന്നുവെങ്കിലും അടിത്തറ ഇളക്കം പറ്റാതെ നിലനിന്നിരുന്നു. അതിനെ സംബന്ധിച്ചാണ് അല്ലാഹു പറഞ്ഞത്:

”നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 93:7).

360ല്‍ അധികം വിഗ്രഹങ്ങള്‍ കഅ്ബയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ബഹുദൈവാരാധനയുടെ ആഴവും പരപ്പും ആ നാട്ടില്‍ എത്രത്തോളം ഉണ്ടാവാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വ്യഭിചാരവും ചൂതാട്ടവും മദ്യവും മയക്കു മരുന്നും കൊള്ളയും കൊലയും… തുടങ്ങി എല്ലാ നീച വൃത്തികളുമുള്ള നാട്ടില്‍ വളര്‍ന്ന നബി ﷺ യെ ചെറു പ്രായത്തിലോ, കൗമാരത്തിലോ, യൗവനത്തിലോ ഇതൊന്നും സ്പര്‍ശിച്ചതേയില്ല. അപ്രകാരം സ്ഫുടം ചെയ്ത് അല്ലാഹു അദ്ദേഹത്തെ വളര്‍ത്തി കൊണ്ടുവന്നു. ആ വ്യക്തിശുദ്ധി മക്കക്കാര്‍ക്കിടയില്‍ പ്രശസ്തവുമായിരുന്നു.

മുഹമ്മദ് നബി ﷺ യുടെ ആഗമനത്തെ കുറിച്ച് നന്നായി അറിയുന്നവരായിരുന്നു യഹൂദികളും നസ്വാറാക്കളും. പക്ഷേ, അവര്‍ നബി ﷺ യില്‍ വിശ്വസിച്ചില്ല. കാരണം, അവര്‍ ഇസ്ഹാക്വ് നബി(അ)യുടെ പരമ്പരയിലായിട്ടാണ് ഉള്ളത്. അത് വരെ കഴിഞ്ഞുപോയ നബിമാര്‍ അവരുടെ പരമ്പരയിലാണ് വന്നതും. ഇനി വരാനിരിക്കുന്ന അന്തിമ ദൂതനും തങ്ങളില്‍നിന്ന് തന്നെയാണ് വരിക എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇസ്മാഈല്‍ നബിയുടെ പരമ്പരയായ അറബികളില്‍ നിന്നാണ് അന്തിമദൂതന്‍ നിയുക്തനായത്. അത് അവര്‍ക്ക് ദഹിച്ചില്ല. അവര്‍ അസൂയപ്പെട്ടു, മുഹമ്മദ് നബി ﷺ യെ അവര്‍ കളവാക്കി. വാസ്തവത്തില്‍ അദ്ദേഹത്തെ ആദ്യം സ്വീകരിക്കേണ്ടത് അവരായിരുന്നു. കാരണം, അവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള വേദഗ്രന്ഥത്തില്‍ നിന്ന് അവരത് മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ആദ്യം നബിയില്‍ അവിശ്വസിക്കുന്ന വിഭാഗങ്ങളായി അവര്‍ മാറുകയാണുണ്ടായത്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

കോവിഡ് കാലത്തെ ചെറിയ പെരുന്നാള്‍

കോവിഡ് കാലത്തെ ചെറിയ പെരുന്നാള്‍

ആരാധനയുടെ ആത്മാവുള്‍ക്കൊണ്ട ആഘോഷമാണ് പെരുന്നാള്‍. വിശ്വാസികള്‍ക്ക് അല്ലാഹു കനിഞ്ഞരുളിയ രണ്ട് ആഘോഷങ്ങളിലൊന്നായ ചെറിയ പെരുന്നാള്‍ ആഹ്ലാദത്തിന്റെ സുദിനം കൂടിയാണ്. പേക്ഷ, നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയുടെ നടുവിലേക്കാണ് ഇപ്രാവശ്യം ഈദ് കടന്നുവരുന്നത്. പ്രവാസലോകത്തിരുന്ന് ലോക്ക്ഡൗണ്‍ സമയത്തെ ആഘോഷത്തെ നോക്കിക്കാണുകയാണ് ലേഖകന്‍.

ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയാവുകയാണ്. മാനത്ത് ശവ്വാലമ്പിളി പിറക്കുന്നതോടെ വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തുന്നു. തന്നെ സൃഷ്ടിച്ച നാഥന്റെ കല്‍പന ശിരസ്സാവഹിച്ച് ഒരു മാസം പകല്‍സമയം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച ദിനങ്ങള്‍. ലോകര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആനിന്റെ അര്‍ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠനവും പാരായണവും നടത്താന്‍ വിശ്വാസികള്‍ കൂടുതല്‍ സമയം കണ്ടെത്തി. മതാധ്യാപനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ കൂടുതല്‍ സമയം നീക്കിവെച്ചു. നമസ്‌കാരവും പ്രാര്‍ഥനയും അടക്കം ആരാധനാനിര്‍ഭരമായ രാപകലുകള്‍. ഏതൊരു വിശ്വാസിയെ സംബന്ധിച്ചേടത്തോളവും മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്ന നാളുകളാണ് റമദാന്‍.

എന്നാല്‍ പതിവില്‍ നിന്നും വ്യസ്ത്യസ്തമായിരുന്നു കോവിഡ് കാലത്തെ റമദാന്‍. കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കാന്‍ ആരോഗ്യ വിദഗ്ദര്‍ നിര്‍ദ്ദേശിച്ചതിന്റെ പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തേക്കായിരുന്നു ആദ്യ ലോക് ഡൗണ്. പിന്നീടത് മെയ് 3 വരെയും മെയ് 17 വരെയും അവസാനമായി മെയ് 31 വരെയും നീട്ടുകയായിരുന്നു. ലോക് ഡൗണ്‍കാലത്തെ റമദാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും പുതിയ അനുഭവമായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ വീടുകളില്‍ ഒതുങ്ങിക്കൂടിയ റമദാന്‍, ജമാഅത്ത് നമസ്‌കാരങ്ങളും തറാവീഹും ഇഫ്താറും അടക്കം വിശ്വാസികള്‍ പള്ളികളില്‍ സജീവമായി ഉണ്ടാകേണ്ട ദിനങ്ങള്‍… എന്നാല്‍ എല്ലാം വീടിന്റെ അകത്തളങ്ങളിലേക്ക് ചുരുക്കപ്പെട്ട നാളുകള്‍ എന്നത് നമ്മെയെല്ലാം അല്‍പം വേദനിപ്പിച്ചു എങ്കിലും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയെ നേരിടുന്നതില്‍ വിശ്വാസീ സമൂഹം മാതൃകാപരമായ പങ്ക് നിര്‍വഹിക്കുകയായിരുന്നു. ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരില്ലെന്ന് വിചാരിച്ച സാഹചര്യത്തില്‍ ഇസ്ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ തന്നെ വിശ്വാസികള്‍ തങ്ങളുടെ ആരാധനകള്‍ നിര്‍വഹിച്ചു ബാധ്യതകള്‍ നിറവേറ്റി. വീടെന്ന വലിയ ലോകത്തെ സൂക്ഷ്മമായി അറിയാനും കുടുംബവുമൊത്ത് ധാരാളം സമയം ചെലവഴിക്കാനും തിരക്കിട്ട ജീവിതപ്പാച്ചിലുകള്‍ക്ക് സഡന്‍ബ്രേക്ക് സമ്മാനിച്ച കോവിഡ് അവസരമൊരുക്കി. ഭാര്യാ ഭര്‍ത്താക്കന്മാരും മാതാപിതാക്കളും മക്കളും എല്ലാം നിനച്ചിരിക്കാതെ കിട്ടിയ ഈ സുവര്‍ണാവസരത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ തയ്യാറായി എന്നതാവണം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ നാളുകളിലെ നല്ല ഓര്‍മകള്‍. മതപരമായ ഉണര്‍ത്തലുകള്‍ ഓണ്‍ലൈന്‍ ആയി നിരന്തരം ലഭ്യമായി. കുടുംബത്തിന്റെ മതപരമായ ആചാര അനുഷ്ഠാനങ്ങളുടെയും അറിവിന്റെയും യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാനും അവിടെയെല്ലാം ഇടപെട്ട് അവയെല്ലാം കൂടുതല്‍ സജീവവും ഫലപ്രദവും ആക്കാനും കുടുബം ഒന്നിച്ചു പരിശ്രമിച്ച നാളുകളാണ് നമ്മില്‍ നിന്നും കടന്നുപോകുന്നത്. മക്കള്‍ക്ക് മാതാപിതാക്കളെ പരിചരിക്കാനും അവരോടുള്ള ബാധ്യതകള്‍ നിറവേറ്റാനും ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം അടുത്തറിയാനും കടമകള്‍ നിര്‍വഹിക്കാനും കഴിഞ്ഞു. മക്കളുമായി നല്ല ആത്മബന്ധം സ്ഥാപിക്കാനും തങ്ങളുടെ ബാധ്യതകള്‍ നിര്‍വഹിക്കാനും മാതാപിതാക്കള്‍ക്ക് ലോക്ക്ഡൗണ്‍ അവസരമായിരുന്നു. അതിലെല്ലാം ഉപരിവീട്ടിലെ ജമാഅത്ത് നമസ്‌കാരങ്ങളും ക്വുര്‍ആന്‍ പഠനവും ഓണ്‍ലൈന്‍ മതപഠന സംരംഭങ്ങളില്‍ കുടുംബസമേതം പങ്കെടുക്കാനും ഇസ്ലാമിക അധ്യാപനങ്ങള്‍ ചര്‍ച്ചചെയ്യാനും ഒക്കെ ഈ ദിനങ്ങള്‍ വിശ്വാസീ സമൂഹത്തിന് അവസരങ്ങള്‍ നല്‍കി. ഫലപ്രദമായി ഉപയോഗിച്ചവര്‍ക്ക് ഈ ദിനങ്ങള്‍ ഒരുപക്ഷെ ഒരിക്കലും തിരിച്ചുകിട്ടാത്ത അപൂര്‍വ അവസരമായിരുന്നു. സ്വന്തത്തെയും കുടുംബത്തെയും തിരിച്ചറിയാനും കുടുംബത്തെ നരകാഗ്‌നിയില്‍ നിന്നും രക്ഷിക്കാന്‍ ആവശ്യമായ അറിവുകളും ഇടപെടലുകളും നിര്‍വഹിക്കാനും അവസരം ലഭിച്ചതിന് അല്ലാഹുവിനോട് ഹൃദയം നിറഞ്ഞ് നന്ദി രേഖപ്പെടുത്താനും അവര്‍ക്ക് സാധിക്കും. കാരുണ്യത്തിന്റെ മാസമായ റമദാനില്‍ ഈ പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ ഇഫ്താര്‍ കിറ്റുകളും പെരുന്നാള്‍ കിറ്റുകളും ദാനധര്‍മങ്ങളും വഴി വിശ്വാസികള്‍ ആശ്വാസത്തിന്റെ തണല്‍ വിരിക്കാന്‍ സശ്രദ്ധം ഇടപെട്ടു എന്നതും സന്തോഷകരമാണ്. ആത്മാഭിമാനം ഓര്‍ത്ത് തങ്ങളുടെ വിഷമതകള്‍ പുറത്ത് പറയാതെ ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി കഴിഞ്ഞവരെ കണ്ടറിഞ്ഞ് സഹായിക്കാനും അവര്‍ക്ക് ആശ്വാസം നല്‍കാനും വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തി. നോമ്പില്‍ വന്ന പോരായ്മകള്‍ നികത്താന്‍ ഫിത്വ്ര്‍ സകാത്ത് എന്ന നിര്‍ബന്ധദാനം നല്‍കി ആരും പെരുന്നാള്‍ ദിവസം പട്ടിണി കിടക്കുന്നില്ല എന്നുറപ്പിക്കാനും ഓരോരുത്തരും ശ്രദ്ധിച്ചു.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആണ് നാം ഉള്ളത്. ലക്ഷക്കണക്കിന് സഹോദരങ്ങള്‍ വരും നാളുകളില്‍ നാടണയും. ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടുന്നു എന്നത് ഭീതിപ്പെടേണ്ട കാര്യമല്ല. അതീവ ജാഗ്രത വേണ്ട ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന് മുഖ്യമന്ത്രിയും ആരോഗ്യ വിദഗ്ധരും ഓര്‍മപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പരിശ്രമങ്ങളില്‍ ആത്മാര്‍ഥമായി പങ്കാളികളാവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. രോഗവ്യാപനം ഉണ്ടാവാതെ രോഗം ബാധിച്ചവരെ ഫലപ്രദമായി ചികിത്സിച്ചു രോഗമുക്തി നേടുവാനുള്ള അവസരം ഉണ്ടാവാന്‍ നാം എല്ലാവരും ജാഗ്രത കാണിക്കണം. അന്യനാടുകളില്‍ കുടുങ്ങിപ്പോയവര്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചു വരട്ടെ. അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോയാല്‍ നമുക്ക് വിജയിക്കാന്‍ സാധിക്കും. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ പലായനം ചെയ്യുന്ന പാവങ്ങളുടെ കണ്ണീര്‍ചിത്രങ്ങള്‍ ഹൃദയഭേദകമാണ്. രോഗഭീതി രാജ്യത്തിന്റെ വിവിധ കോണുകളില്‍ ആശങ്കയായി നിലനില്‍ക്കുന്നു. മാസങ്ങള്‍ ആയി ജോലിയില്ലാതെ കഴിയുന്നവര്‍ പട്ടിണിയുടെ പടിവാതില്‍ക്കല്‍ ആണ്. ഈ പ്രതിസന്ധികള്‍ക്ക് ആശ്വാസം തേടി ആത്മാര്‍ഥമായ പ്രാര്‍ഥന നിരന്തരം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവണം. ഈ യാഥാര്‍ഥ്യങ്ങളെ വിസ്മരിക്കുന്നതാവരുത് നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍. ലോകര്‍ക്ക് മാതൃകയായി അവതരിച്ച പ്രവാചകന്റെ അധ്യാപനങ്ങള്‍ ശിരസ്സാവഹിക്കുന്ന വിശ്വാസി സമൂഹം ലോകാവസാനം വരെ അതത് സമൂഹങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളാന്‍ തയ്യാറാവണം. അത് നമ്മുടെ ബാധ്യതയുമാണ്.

ഈ സന്ദര്‍ഭത്തിലെ പെരുന്നാളും പുതിയ അനുഭവമാണ്. ഈദ് നമസ്‌കാരങ്ങള്‍ വീടുകളില്‍ നിര്‍വഹിക്കാന്‍ ഇസ്ലാമിക സമൂഹം ആഹ്വാനം ചെയ്തു. അത് സംബന്ധിച്ച അധ്യാപനങ്ങള്‍ പണ്ഡിതന്മാര്‍ നമ്മെ ഓര്‍മപ്പെടുത്തി. വിശ്വാസികളുടെ ആഘോഷങ്ങള്‍ പ്രാര്‍ഥനാനിര്‍ഭരമാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ക്കാനും അവനെ വാഴ്ത്താനും ആണ് സന്തോഷവേളകള്‍ നാം ഉപയോഗപ്പെടുത്തേണ്ടത്. കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാം. ഉള്ളതില്‍ വെച്ച് ഏറ്റവും നല്ല വസ്ത്രം ധരിക്കണം. മാസപ്പിറവി കണ്ടത് മുതല്‍ നാവുകളില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങണം, കുടുംബത്തോടൊപ്പം തന്നെ. ഈദ് നമസ്‌കാരം നിര്‍വഹിക്കണം. കുടുംബ സൗഹൃദബന്ധങ്ങള്‍ പുതുക്കാന്‍ ആശയ വിനിമയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തട്ടെ. റമദാനിന്റെ ദിനരാത്രങ്ങള്‍ സമ്മാനിച്ച നന്മയുടെ ഊര്‍ജവും വെളിച്ചവും കെടാതെ ഈ ആഘോഷവേളകളെ നമുക്ക് ധാന്യമാക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പ്രതിസന്ധിയുടെ നിഴലില്‍ തന്നെയാണ് ഈദ് കടന്നുവരുന്നത്. കഴിഞ്ഞ രണ്ട് മാസത്തിലധികമായി പ്രവാസലോകം ഭാഗികമായോ പൂര്‍ണമായോ ലോക്ഡൗണിലാണ്. നമസ്‌കാരങ്ങള്‍ സ്വന്തം വീടുകളില്‍ നിര്‍വഹിക്കാന്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ആഹ്വാനം നല്‍കി. ജമാഅത്ത് നമസ്‌കാരങ്ങളും തറാവീഹും വീടുകളിലാണ് എന്നത് ഈ നോമ്പുകാലത്ത് വിശ്വാസികള്‍ക്ക് പുതിയ അനുഭവമാണ്. ഇരു ഹറമുകളില്‍ മാത്രമാണ് നിയന്ത്രിതമായി ജമാഅത്ത് നമസ്‌കാരങ്ങള്‍ നടന്നത്. ഇഅ്തികാഫിനും ഈ റമദാനില്‍ അവസരം ലഭിച്ചില്ല.

പ്രവാസലോകത്ത് എത്തിയത് മുതല്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ മാസം റമദാന്‍ ആയിരുന്നു എന്ന് പ്രവാസികള്‍ ഒരേപോലെ പറയും. കാരുണ്യത്തിന്റെ മാസത്തില്‍ സഹജീവികള്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്വദേശികളും വിദേശികളുമായ വിശ്വാസികള്‍ എന്നും ആവേശം കാണിച്ചിട്ടുണ്ട്. പള്ളികളിലും പൊതു ഇടങ്ങളിലും ഒക്കെയായി ഒരുക്കപ്പെടുന്ന ഇഫ്ത്വാര്‍ ടെന്റുകള്‍ റമദാന്‍ മാസത്തെ പ്രവാസലോകത്തെ മനോഹരമായ കാഴ്ചയാണ്. വിഭവസമൃദ്ധമായ നോമ്പ് തുറയാണ് മിക്കയിടങ്ങളിലും. ഇഫ്ത്വാറിനും അത്താഴത്തിനും ഇടയത്താഴത്തിനുമൊക്കെ ഈ നോമ്പ് തുറഭക്ഷണം മതിയാകുമായിരുന്നു. അത് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വലിയ ആശ്വാസവും സഹായവുമാണ്. പുറമെയാണ് പ്രവാസി കൂട്ടായ്മകള്‍ ഒരുക്കുന്ന ഇഫ്ത്വാര്‍ വിരുന്നുകള്‍. ഇഫ്ത്വാര്‍ ടെന്റുകളില്‍ ഒരുക്കുന്ന ചെറിയ ഉദ്‌ബോധന സദസ്സുകളും ഹൃദ്യമാണ്.

പതിവില്‍ നിന്നും വ്യത്യസ്തമായി സാധാരണ റമദാനില്‍ രാത്രികാലങ്ങളാണ് സജീവമാവുക. അത് സ്വുബ്ഹി വരെ നീണ്ടുനില്‍ക്കും. കമ്പോളങ്ങളും വഴിയോരങ്ങളുമെല്ലാം രാത്രി സജീവമായി പ്രവര്‍ത്തിക്കുന്നത് റമദാന്‍ കാലത്തെ പ്രത്യേകതയാണ്. എന്നാല്‍ ഇത്തവണ ഇഫ്ത്വാര്‍ ടെന്റുകള്‍ ഇഫ്ത്വാര്‍ കിറ്റുകള്‍ ആയി ആവശ്യക്കാരുടെ വീടുകളില്‍ എത്തി. ഉദ്‌ബോധനങ്ങള്‍ ഓണ്‍ ലൈന്‍ ഇടങ്ങളിലേക്ക് മാറി. ഈ റമദാനില്‍ പകലില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദം ലഭിച്ചത്. കൊറോണ വ്യാപനം തീര്‍ത്ത ഭീതിയില്‍ ജോലിക്കും മറ്റു പ്രധാന ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമെ ആളുകള്‍ പുറത്തിറങ്ങിയുള്ളൂ. ആള്‍ക്കൂട്ടങ്ങള്‍ നന്നേ കുറവായിരുന്നു. സൗഹൃദ സംഭാഷണങ്ങളും കുശലാന്വേഷണങ്ങളും വരെ നന്നേ കുറഞ്ഞു. എല്ലാവരും ഭീതിയിലാണ്. ദീര്‍ഘനാളായി തൊഴില്‍ നഷ്ടപ്പെട്ടതും ഒറ്റപ്പെട്ട് തങ്ങളുടെ വാസസ്ഥലങ്ങളില്‍ കഴിയേണ്ടിവന്ന ദുഃഖവും എല്ലാവര്‍ക്കുമുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ ആണ് ഇതിന് പകരമായി ആശ്വാസം കണ്ടെത്താന്‍ എല്ലാവരും ഉപയോഗിച്ചത്.

കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍  ഉലഞ്ഞവര്‍ക്ക് ആശ്വാസമായി നിരവധി പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യ പരിചരണവും ഭക്ഷണവും അടക്കം പരമാവധി ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തി. പ്രവാസലോകത്തെ സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഈ രംഗത്ത് അശ്രാന്ത പരിശ്രമം നടത്തി എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്. നാടണയാന്‍ കൊതിച്ചവര്‍ക്ക് സര്‍ക്കാര്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും ഭീമമായ ടിക്കറ്റ് ചാര്‍ജ് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് സഹായവുമായി പ്രവാസലോകം മുന്നോട്ടുവന്നു. മാനുഷിക ബന്ധങ്ങളുടെയും കാരുണ്യത്തിന്റെയും നാളുകളായിരുന്നു ഇന്നലെകള്‍. ഇന്നും നാളെയും അങ്ങനെ തന്നെയാണ് എന്നതും പ്രവാസികളുടെ പ്രത്യേകതയാണ്.

നോമ്പില്‍ സംഭവിച്ച പോരായ്മകള്‍ പരിഹരിക്കാനും പാവങ്ങളുടെ വിശപ്പകറ്റാനും ഓരോ വിശ്വാസിയും നിര്‍ബന്ധമായും നല്‍കേണ്ട സകാത്തുല്‍ ഫിത്വ്ര്‍ ശേഖരണവും വിതരണവും ഓരോ സംഘടനയുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചുറ്റുമുള്ള പലരും ഫിത്വ്‌റിന്റെ അവകാശികളായി മാറി എന്നതും ഈ വര്‍ഷത്തെ പ്രത്യേകത തന്നെയാണ്. ആയിരക്കണക്കിന് പ്രവാസി സഹോദരങ്ങള്‍ക്ക് ഇതിന്റെ ആശ്വാസം ലഭിക്കും എന്നത് സന്തോഷദായകമാണ്.

ശവ്വാലമ്പിളി മനസ്സില്‍ തീര്‍ക്കുന്ന സന്തോഷങ്ങള്‍ കോവിഡ് കാലത്ത് അല്‍പം വേദന നിറഞ്ഞതാണ്. ഗള്‍ഫില്‍ ഇതിനകം ഒന്നരലക്ഷത്തില്‍ അധികം കോവിഡ് രോഗികളാണ് ഉള്ളത്. നൂറോളം മലയാളികള്‍ ഇതിനകം മരണപ്പെട്ടു. ഹൃദയാഘാതം മൂലം മരിച്ചവര്‍ വേറെയും. നാട്ടുകാരും ബന്ധുക്കളും കോവിഡ് മൂലം മരിച്ചതിന്റെ ദുഃഖങ്ങള്‍ പ്രവാസി മനസ്സുകളില്‍ നൊമ്പരമായി അവശേഷിക്കുന്നു. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങളാണ് സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്. എല്ലാ രാജ്യങ്ങളിലും പൂര്‍ണമായോ ഭാഗികമായോ ലോക് ഡൗണ്‍ നിലവില്‍ ഉണ്ട്.

പുതുവസ്ത്രങ്ങള്‍ വാങ്ങാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഭൂരിപക്ഷം ആളുകള്‍ക്കും ലഭിച്ചിട്ടില്ലെന്നതും ഈ പെരുന്നാളിന്റെ പ്രത്യേകതയാണ്. നാട്ടില്‍നിന്നും വ്യത്യസ്തമായി മിക്കവാറും സ്വുബ്ഹിക്ക് മുമ്പ്തന്നെ കുളിച്ചൊരുങ്ങി സൂരേ്യാദയത്തിന് മുമ്പായി വിശ്വാസി സമൂഹം മൈതാനങ്ങളിലും പള്ളികളിലും എത്തും. സൂരേ്യാദയത്തിന് ശേഷം അധികം വൈകാതെ പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കും. ഈ വര്‍ഷം അങ്ങനെയൊരു ഒത്തുചേരല്‍ ഇല്ല. ഈദുല്‍ ഫിത്വ്ര്‍ പ്രമാണിച്ച് റമദാന്‍ 30 മുതല്‍ ശവ്വാല്‍ നാലു വരെ മിക്ക ഗള്‍ഫ് രാജ്യങ്ങളും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈദ് നമസ്‌കാരങ്ങള്‍ വീടുകളിലാകണം എന്ന് സുഊദി ഗ്രാന്റ് മുഫ്തി അബ്ദുള്‍ അസീസ് ആലുശൈഖ് പറഞ്ഞു. വീടുകളില്‍ പെരുന്നാള്‍ നമസ്‌കരിക്കുമ്പോള്‍ ഖുത്വുബ നിര്‍വഹിക്കേണ്ടതില്ലെന്നും അദ്ദേഹം ഉണര്‍ത്തി.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയുടെ മുന്നില്‍ ലോകം പകച്ചുനില്‍ക്കുമ്പോഴാണ് പെരുന്നാള്‍ നമ്മെ തേടിയെത്തുന്നത്. പ്രവാസലോകത്ത് ഒറ്റപ്പെടുന്ന ബഹുഭൂരിപക്ഷം ആളുകളുടെയും ആഘോഷവേളയാണ് പെരുന്നാളുകള്‍. മിക്കവാറും എല്ലാവര്‍ക്കും ഒന്നോ രണ്ടോ ദിവസം അവധി ലഭിക്കുക രണ്ട് പെരുന്നാളുകള്‍ക്കാണ്. ഒരു വര്‍ഷത്തെ ജോലിത്തിരക്കുകള്‍ക്കിടയില്‍ ലഭിച്ച ആശ്വാസദിനത്തില്‍ ഉല്ലാസയാത്ര പോകാനും കൂട്ടുകാരുമായി സൗഹൃദം പുതുക്കാനും സമയം ചെലവഴിക്കാനും ഭക്ഷണം കഴിക്കാനുമുള്ള  അവസരങ്ങളാണ് പെരുന്നാള്‍ ദിനങ്ങള്‍ സമ്മാനിച്ചിരുന്നത്. വിവിധ കൂട്ടായ്മകള്‍ ഒരുക്കുന്ന വിനോദപരിപാടികളും ഒത്ത് ചേരലുകളും പെരുന്നാള്‍ അവധികളെ ധന്യമാക്കുമായിരുന്നു. അതുകൊണ്ട്തന്നെ പ്രവാസനത്തിന്റെ പ്രയാസങ്ങള്‍ എല്ലാം മറക്കുന്ന ദിനങ്ങളാണ്  പ്രവാസിക്ക് പെരുന്നാള്‍. എന്നാല്‍ ഇന്ന് താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ പോലും പെര്‍മിഷന്‍ ഇല്ലാതെയാണ് പെരുന്നാള്‍ കടന്നുവരുന്നത്. പ്രവാസികളുടെ കുടുംബങ്ങളും നാട്ടില്‍ ഈ പ്രതിസന്ധിയുടെ ഞെരുക്കം അനുഭവിക്കുന്നുണ്ട്. സഹജീവികളുടെ നൊമ്പരങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഓടിനടക്കുന്ന ദിനങ്ങള്‍ എന്ന പുതിയ നിര്‍വചനം ഈ പെരുന്നാള്‍ കാലത്തിനെ വ്യത്യസ്തമാക്കുന്നു. ജോലിയും വരുമാനമാര്‍ഗങ്ങളും നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് മലയാളികള്‍ അധികൃതരുടെ കനിവും കാത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ട്. നൊമ്പരങ്ങള്‍ക്കിടയിലും സര്‍വലോക നിയന്താവും രക്ഷിതാവുമായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം വിശ്വാസി സമൂഹത്തിന് നല്‍കുന്ന പ്രതീക്ഷയും ആശ്വാസവും തെല്ലൊന്നുമല്ല.

ഓര്‍മകളില്‍ ധാരാളം പ്രത്യേകതകള്‍ നിറഞ്ഞ ദിനങ്ങളാണ് കടന്നപോയിക്കൊണ്ടിരിക്കുന്നത്. ക്വുര്‍ആനും പ്രവാചകാധ്യാപനങ്ങളും ചരിത്ര ഗ്രന്ഥങ്ങളും നമ്മെയുണര്‍ത്തിയ ത്യാഗത്തിന്റെ കഥകളും ഇന്നലകളിലെ സംഭവങ്ങളും കേവലം വായിച്ചു തീര്‍ക്കാനുള്ള ഏടുകളല്ല, മറിച്ച് അവ നമുക്ക് പാഠമുള്‍ക്കൊള്ളാനുള്ള അധ്യാപനങ്ങളാണ്. അവ നമ്മുടെ ജീവിതത്തിന് വെളിച്ചമാകേണ്ടതുണ്ട്.

മൂസാ നബിൗയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം ക്വുര്‍ആന്‍ വിവിവരിക്കുന്നിടത്ത് അല്ലാഹു പറയുന്നു: ”അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്, അവന്‍ എനിക്ക് വഴി കാണിച്ചുതരും” (ക്വുര്‍ആന്‍: 26/61-62).

കഴിഞ്ഞ കാലങ്ങളെ പിടിച്ചുലച്ച മഹാമാരികളും ദുരന്തങ്ങളുമെല്ലാം പരീക്ഷണങ്ങളാണെന്നും അതിനെ മറികടക്കാന്‍ നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥനിലേക്ക് ഖേദിച്ചു മടങ്ങുകയും അവന്റെനിയമനിര്‍ദേശങ്ങള്‍ ശിരസ്സാവഹിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുകയുമാണ് വേണ്ടതെന്നും വിശ്വാസിസമൂഹം മനസ്സിലാക്കണം. വിശ്വാസിക്ക് നേരിടുന്ന ഏതൊരു പ്രയാസവും നന്മയാണ് എന്ന ഇസ്‌ലാമിക അധ്യാപനം ഈ പ്രതിസന്ധികാലത്ത് വലിയ ആശ്വാസം നല്‍കുന്നു.

സുഹൈബി(റ)ല്‍ നിന്ന് നിവേദനം; നബില പറഞ്ഞു: ”ഒരു വിശ്വാസിയുടെ കാര്യം അതിശയകരം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണമായിരിക്കും. ഒരു വിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കുമതുണ്ടാവില്ല. അവന് സന്തോഷമായത് ലഭിച്ചാല്‍ അവന്‍ നന്ദികാണിക്കും. അപ്പോള്‍ അതവന് നന്മയാകും. അവന് ദോഷകരമായത് എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍ അതും അവന് നന്മയായിത്തീരും” (മുസ്‌ലിം).

അബൂസഈദ്(റ), അബൂഹുറയ്‌റ(റ) എന്നിവരില്‍ നിന്ന് നിവേദനം; നബില അരുളി: ”ഒരു മുസ്‌ലിമിന് വല്ല ക്ഷീണമോ രോഗമോ ദുഖമോ അസുഖമോ ബാധിച്ചാല്‍ അതുവഴി അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തില്‍ മുള്ള് തറക്കുന്നതായാലും ശരി”(ബുഖാരി).

അതുകൊണ്ട് തന്നെ നിരാശ ഒട്ടുമില്ലാതെയാണ് വിശ്വാസിസമൂഹം ഈ പെരുന്നാളും ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ അല്ലാഹുവിനെ മറക്കാനുള്ളതല്ല; മറിച്ച് അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും അവനെ പ്രകീര്‍ത്തിക്കാനും ഉള്ളതാണ്. ആ നിലയില്‍ ഈ മഹാമാരിക്കാലത്തും വ്രതാനുഷ്ഠാനത്തിനും മറ്റു ആരാധനാ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനും പെരുന്നാള്‍ ദിനത്തിന് സാക്ഷിയാവാനും അനുഗ്രഹിച്ചനോട് കൂടുതല്‍ നന്ദി കാണിക്കാം. റമദാന്‍ നല്‍കിയ ചൈതന്യം കെടാതെ സൂക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യാം.

”ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല, അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു” (ക്വുര്‍ആന്‍ 57/22).

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്ന വിശ്വാസത്തിന്റെ തണലില്‍ നമുക്ക് സമാധാനത്തോടെ മുന്നോട്ട് നീങ്ങാന്‍ സാധിക്കും.

അബൂഹുറയ്‌റയില്‍(റ) നിന്ന് നിവേദനം; നബില പറഞ്ഞു: ”നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക,നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അതാണ് അല്ലാഹുവിന്റെ (നിങ്ങളുടെ മേലുള്ള) അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് സഹായകരമായിട്ടുള്ളത്” (മുസ്‌ലിം).

ലോകം പ്രതിസന്ധയില്‍ ആടിയുലയുമ്പോള്‍ നോമ്പനുഷ്ഠിക്കാനും വലിയ പ്രയാസങ്ങള്‍ ഇല്ലാതെ ജീവിക്കാനും അനുഗ്രഹിച്ചവനാണ് അല്ലാഹു. നമുക്ക് ചുറ്റുമുള്ള ആയിരങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും കണ്ണീര്‍ കാഴ്ചകളും നമ്മുടെ മനസ്സ് തുറപ്പിക്കണം. നാഥന്‍ നല്‍കിയ അനുഗ്രഹങ്ങളെ വിസ്മരിക്കരുത്. കൂടുതല്‍ നന്മകളില്‍ മുഴുകാന്‍ മനസ്സിനെ പാകപ്പെടുത്തണം.

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു”(ക്വുര്‍ആന്‍ 67/2).

 

നബീല്‍ പയ്യോളി
നേർപഥം വാരിക

മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നവര്‍ ഖബറിനരികില്‍ വെച്ച് നമസ്കരിക്കല്‍.

മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നവര്‍ ഖബറിനരികില്‍ വെച്ച് നമസ്കരിക്കല്‍.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ പിന്നീട് ഖബറിനരികില്‍ പോയി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുന്നതിന്‍റെ വിധിയെന്ത്‌ ?, എത്ര കാലം വരെ അപ്രകാരം നിര്‍വഹിക്കാം ? തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

ഖബറിനരികില്‍ വെച്ച് റുകൂഉം സുജൂദും എല്ലാമുള്ള നമസ്കാരം നിര്‍വഹിക്കല്‍ അനുവദനീയമല്ല. മാത്രമല്ല അത് ജൂത-ക്രിസ്ത്യാനികളുടെ പ്രവര്‍ത്തിയാണ്. അക്കാരണത്താല്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) അവരെ ശപിചിട്ടുമുണ്ട്:

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ قَاتَلَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ

അബൂ ഹുറൈറ (റ) നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ജൂതന്മാരെ അല്ലാഹു നശിപ്പിക്കട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകള്‍ സുജൂദ് ചെയ്യുന്ന ഇടങ്ങളാക്കി” – [സ്വഹീഹുല്‍ ബുഖാരി: 1330].

عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- فِى مَرَضِهِ الَّذِى لَمْ يَقُمْ مِنْهُ « لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ». قَالَتْ فَلَوْلاَ ذَاكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خُشِىَ أَنْ يُتَّخَذَ مَسْجِدًا.

ആഇശ (റ) നിവേദനം: റസൂല്‍ (സ) അദ്ദേഹം പിന്നെ എഴുന്നേറ്റിട്ടില്ലാത്ത രോഗശയ്യയില്‍ ഇപ്രകാരം പറഞ്ഞു: “അല്ലാഹു ജൂത-ക്രൈസ്തവരെ ശപിച്ചിരിക്കുന്നു. അവര്‍ അവരുടെ നബിമാരുടെ ഖബറിടങ്ങള്‍ ആരാധനാലയങ്ങളാക്കി.” ആഇശ (റ) പറഞ്ഞു: അപ്രകാരമല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ ഉയര്‍ത്തപ്പെടുമായിരുന്നു. പക്ഷെ അത് ആളുകള്‍ ആരാധനാലയമാക്കുമെന്നതിനെ ഭയപ്പെട്ടത് കൊണ്ട് അപ്രകാരം ചെയ്തില്ല. – [സ്വഹീഹ് മുസ്‌ലിം: 1212]. 

ഇന്ന് ചില പിഴച്ച കക്ഷികള്‍ വാദിക്കുന്നത് പോലെ നബി (സ) യുടെ ഖബര്‍ കെട്ടിപ്പൊക്കപ്പെട്ടിരുന്നില്ല എന്നതിനും, തന്നെ ആരാധിക്കുക എന്നത് അല്ലാഹുവിന്‍റെ റസൂല്‍ (സ) അതിഗൗരവത്തോടെ വിലക്കിയിട്ടുണ്ട് എന്നതും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ഒപ്പം ഖബറിടം നമസ്കാരസ്ഥലമാക്കാന്‍ പാടില്ല എന്നും ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ത്തന്നെ ഉള്ളില്‍ ഖബറുകള്‍ ഉള്ള പള്ളിയില്‍ നമസ്കരിക്കാന്‍ പാടില്ല. അതുപോലെ ഖബര്‍സ്ഥാനും പള്ളിയും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് ഉണ്ടായിരിക്കുകയും ചെയ്യണം.

എന്നാല്‍ ജനാസ നമസ്കാരം ഖബറിടത്തില്‍ വെച്ച് നമസ്കരിക്കാം. അല്ലാഹുവിന്‍റെ റസൂല്‍ (സ) ബഖീഇല്‍ വെച്ചാണ് പൊതുവേ ജനാസ നമസ്കാരം നിര്‍വഹിച്ചിരുന്നത്. അതുപോലെ ഒരാള്‍ക്ക് ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാല്‍ മറമാടപ്പെട്ട ശേഷവും മരണപ്പെട്ട വ്യക്തിയുടെ ഖബറിനരികില്‍ പോയിക്കൊണ്ട് അവിടെ വച്ച് ആ വ്യക്തിക്ക് വേണ്ടി ജനാസ നമസ്കരിക്കാം എന്ന് ഹദീസുകളില്‍ കാണാം:

عَنِ ابن عباس أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- صَلَّى عَلَى قَبْرٍ بَعْدَ مَا دُفِنَ فَكَبَّرَ عَلَيْهِ أَرْبَعًا.

ഇബ്നു അബ്ബാസ് (റ) നിവേദനം: “മറവ് ചെയ്യപ്പെട്ടതിന് ശേഷം നബി (സ) ഒരു ഖബറിനരികില്‍ നിന്നുകൊണ്ട് നാല് തക്ബീറുകള്‍ കെട്ടി (മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചു).” – [സ്വഹീഹ് മുസ്‌ലിം: 2255].

ഇതേ ഹദീസ് അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നും ഇമാം മുസ്‌ലിം (റ) ഉദ്ദരിച്ചിട്ടുണ്ട്.

عَنْ أَبِى هُرَيْرَةَ أَنَّ امْرَأَةً  كَانَتْ تَقُمُّ الْمَسْجِدَ – أَوْ شَابًّا – فَفَقَدَهَا رَسُولُ اللَّهِ -صلى الله عليه وسلم- فَسَأَلَ عَنْهَا – أَوْ عَنْهُ – فَقَالُوا مَاتَ. قَالَ « أَفَلاَ كُنْتُمْ آذَنْتُمُونِى ». قَالَ فَكَأَنَّهُمْ صَغَّرُوا أَمْرَهَا – أَوْ أَمْرَهُ – فَقَالَ « دُلُّونِى عَلَى قَبْرِهِ ». فَدَلُّوهُ فَصَلَّى عَلَيْهَا ثُمَّ قَالَ « إِنَّ هَذِهِ الْقُبُورَ مَمْلُوءَةٌ ظُلْمَةً عَلَى أَهْلِهَا وَإِنَّ اللَّهَ عَزَّ وَجَلَّ يُنَوِّرُهَا لَهُمْ بِصَلاَتِى عَلَيْهِمْ ».

അബൂ ഹുറൈറ (റ) നിവേദനം: “പള്ളി അടിച്ചുവാരിയിരുന്ന ഒരു കറുത്ത സ്ത്രീ – അല്ലെങ്കില്‍ ഒരു പുരുഷന്‍ -[1] ഉണ്ടായിരുന്നു അവരെ കാണാതായപ്പോള്‍ നബി (സ) അവരെക്കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: അവര്‍ മരണപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് എന്നെ അറിയിക്കാമായിരുന്നില്ലേ ?!. അബൂ ഹുറൈറ (റ) പറയുന്നു: ആളുകള്‍ അവരുടെ കാര്യം നിസാരവല്‍ക്കരിച്ചത് പോലെയായിരുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: നിങ്ങള്‍ അവരുടെ ഖബര്‍ എനിക്ക് കാണിച്ചു തരിക. അങ്ങനെ അവര്‍ അദ്ദേഹത്തിന് അവരുടെ ഖബര്‍ കാണിച്ചു കൊടുക്കുകയും അദ്ദേഹം അവിടെ വച്ച് നമസ്കരിക്കുകയും ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: ഈ ഖബറുകളുടെ ആളുകള്‍ക്ക് അവ വളരെ ഇരുളടഞ്ഞതാണ്. എന്‍റെ നമസ്കാരം കൊണ്ട് അല്ലാഹു അവര്‍ക്കത് പ്രകാശപൂരിതമാക്കിക്കൊടുക്കും.” – [സ്വഹീഹ് മുസ്‌ലിം: 2259].

ഏതായാലും ഈ ഹദീസില്‍ മയ്യിത്ത് മറമാടിക്കഴിഞ്ഞ ശേഷവും നേരത്തെ ജനാസ നമസ്കരിചിട്ടില്ലാത്തവര്‍ക്ക് മയ്യിത്തിന് വേണ്ടി ഖബറിനരികില്‍ വെച്ച് ജനാസ നമസ്കാരം നിര്‍വഹിക്കാം എന്നതിനുള്ള സ്പഷ്ടമായ തെളിവാണ്.

عن يَزِيدَ بْنِ ثَابِتٍ رضي الله عنه :  أَنَّهُمْ خَرَجُوا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ فَرَأَى قَبْرًا جَدِيدًا ، فَقَالَ : مَا هَذَا ؟ قَالُوا : هَذِهِ فُلانَةُ ، مَوْلاةُ بَنِي فُلَانٍ ، فَعَرَفَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، مَاتَتْ ظُهْرًا وَأَنْتَ نَائِمٌ قَائِلٌ (أي : في القيلولة) فَلَمْ نُحِبَّ أَنْ نُوقِظَكَ بِهَا ، فَقَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَفَّ النَّاسَ خَلْفَهُ ، وَكَبَّرَ عَلَيْهَا أَرْبَعًا ، ثُمَّ قَالَ : لا يَمُوتُ فِيكُمْ مَيِّتٌ مَا دُمْتُ بَيْنَ أَظْهُرِكُمْ إِلا آذَنْتُمُونِي بِهِ ؛ فَإِنَّ صَلاتِي لَهُ رَحْمَةٌ

യസീദ് ബ്ന്‍ സാബിത്ത് (റ) നിവേദനം: അവര്‍ ഒരിക്കല്‍ റസൂല്‍ (സ) യുടെ കൂടെ പുറപ്പെട്ടു. അപ്പോള്‍ ഒരു പുതിയ ഖബര്‍ കാണാന്‍ ഇടയായി. അദ്ദേഹം ചോദിച്ചു: ഇതെന്താണ് ?. അവര്‍ പറഞ്ഞു: ഇത് ഇന്ന ഗോത്രക്കാരുടെ ഭൃത്യയായിരുന്ന ഇന്ന സ്ത്രീയാണ്. നബി (സ) ക്ക് അവരെ മനസ്സിലായി. ‘അവര്‍ ഉച്ച സമയത്താണ് മരണപ്പെട്ടത്. ആ സമയത്ത് അങ്ങ് ഉച്ചയുറക്കത്തിലായിരുന്നു. അങ്ങയെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെട്ടില്ല’ അവര്‍ പറഞ്ഞു. അപ്പോള്‍ റസൂല്‍ (സ) നമസ്കാരത്തിനായി നില്‍ക്കുകയും സ്വഹാബത്ത് അദ്ദേഹത്തിന്‍റെ പിന്നില്‍ സ്വഫ്ഫായി നില്‍ക്കുകയും ചെയ്തു. നാല് തക്ബീറുകള്‍ കെട്ടി (അദ്ദേഹം ജനാസ നമസ്കാരം നിര്‍വഹിച്ചു). എന്നിട്ടദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കെ നിങ്ങളിലാരെങ്കിലും മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ അറിയിക്കണം. കാരണം എന്‍റെ നമസ്കാരം അവര്‍ക്ക് കാരുണ്യമാണ്.” – [നസാഇ: 2022. അല്‍ബാനി: സ്വഹീഹ്].      

എന്നാല്‍ ഒരാള്‍ മറമാടപ്പെട്ട് കഴിഞ്ഞാല്‍ എത്ര കാലം വരെ അയാളുടെ ഖബറിനരികില്‍ ചെന്ന് നമസ്കാരം നിര്‍വഹിക്കാം എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക്  വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ട്. ഒരു മാസം വരെ, മൂന്ന്‍ ദിവസം വരെ എന്നിങ്ങനെയെല്ലാം ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അപ്രകാരം ഇത്ര ദിവസം വരെ മാത്രമേ അത് പാടുള്ളൂ എന്ന് പറയാന്‍ യാതൊരു വിധ തെളിവും കാണാന്‍ സാധിച്ചിട്ടില്ല.

ഇമാം ഇബ്നു ഹസം പറയുന്നു: “ഖബറിനരികില്‍ പോയി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുക എന്നത് മൂന്ന്‍ ദിവസം വരെ, മൂന്ന്‍ മാസം വരെ എന്നിങ്ങനെ പരിമിതപ്പെടുത്തല്‍ നിസ്സംശയം തെറ്റാണ്. കാരണം അത് പ്രമാണമില്ലാതെയുള്ള പരിമിതപ്പെടുത്തലാണ്”. – [അല്‍മുഹല്ല: 3/366].

എന്നാല്‍ നമ്മുടെ ജീവിത കാലത്ത് മരണപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമേ ഒരാള്‍ അപ്രകാരം ഖബറിനരികില്‍ ചെന്ന് നമസ്കരിക്കാവൂ എന്നതാണ് ശരി. കാരണം പിന്‍കാലത്ത് താബിഉകളോ, അവരുടെ പിന്മുറക്കാരോ  ആരെങ്കിലും ചെന്ന് നബി (സ) യുടെയോ സ്വഹാബത്തിന്‍റെയോ ഒക്കെ ഖബരിനരികില്‍ ചെന്ന് നമസ്കരിച്ചതായി നമുക്ക് കാണാന്‍ സാധിക്കില്ല.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: “മറമാടപ്പെട്ട് ഒരു മാസം പിന്നിട്ടതിന്‌ ശേഷമാണെങ്കിലും ഒരാളുടെ ഖബറിനരികില്‍ ചെന്ന് അയാള്‍ക്ക് വേണ്ടി ജനാസ നമസ്കരിക്കാം എന്നതാണ് ശരിയായ അഭിപ്രായം. എന്നാല്‍ ചില ഉലമാക്കള്‍ അതിന് വളരെ നല്ല ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ആരാണോ മറമാടപ്പെട്ട മയ്യിത്തിന് വേണ്ടി നമസ്കരിക്കുന്നത് അയാള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ മരണപ്പെട്ട വ്യക്തിയായിരിക്കണം അത് എന്നതാണ്‌ ആ നിബന്ധന”. – [الشرح الممتع :5 / 436].[2]

ഏതായാലും ഒരാള്‍ മരിക്കുമ്പോള്‍ സ്ഥലത്തില്ലാത്ത മക്കള്‍, സുഹൃത്തുക്കള്‍ ബന്ധുമിത്രാതികള്‍ തുടങ്ങിയവര്‍ക്ക് പിന്നീട് ആ മയ്യിത്തിന്‍റെ ഖബറിനരികില്‍ പോയി ജനാസ നമസ്കാരം നിര്‍വഹിക്കാവുന്നതാണ്‌. ഇതോടൊപ്പം സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം പലപ്പോഴും മക്കളോ മറ്റു ബന്ധുമിത്രാതികളോ ഒക്കെ സ്ഥലത്തില്ലാത്തത് കാരണം മറവ് ചെയ്യല്‍ വളരെ വൈകിപ്പിക്കുന്ന പ്രവണത തെറ്റാണ്. മറവ് ചെയ്യാന്‍ ധൃതി കൂട്ടുവാനാണ് നബി (സ) കല്പിച്ചത്. അതുകൊണ്ട് അപ്രകാരം സ്ഥലത്തില്ലാത്തവര്‍ക്ക് പിന്നീട് ഖബറിനരികില്‍ പോയി നമസ്കരിച്ചാല്‍ മതി. അവര്‍ വരുന്നത് വരെ മറമാടല്‍ വൈകിപ്പിക്കേണ്ടതില്ല. നമ്മുടെ സൌകര്യത്തെക്കാള്‍ മയ്യിത്തിന് കൂടുതല്‍ ഉചിതമേത് എന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ചിന്തിക്കേണ്ടത്. 

________________________________________

 

[1] – ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ ആര്‍ക്കെങ്കിലും ആണോ, പെണ്ണോ എന്ന് സംശയം ഉള്ളത് കൊണ്ടാണ് അപ്രകാരം പറഞ്ഞത്. അത് ഈ സംഭവത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല.

[2] – ഈ വിഷയം കൂടുതല്‍ സമഗ്രമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഗ്രന്ഥങ്ങള്‍ പരിശോധിക്കുക:

[الأم” 1/452: “المجموع” , 208/5-210 : : بدائع الصنائع” 1/315:  “الموسوعة الفقهية” , 16/35 ].

 

 


അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference:fiqhussunna.com

സ്ത്രീകള്‍ക്ക് ജനാസ നമസ്കരിക്കാമോ ?. പള്ളിയിലെ ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാമോ ?.

സ്ത്രീകള്‍ക്ക് ജനാസ നമസ്കരിക്കാമോ ?. പള്ളിയിലെ ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാമോ ?.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുന്നത് സംബന്ധമായി പലപ്പോഴും ചിലര്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഈ വിഷയത്തിലുള്ള പ്രാമാണികമായ നിലപാട് എന്ത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

ആഇശ (റ) ഉദ്ദരിച്ച ഹദീസില്‍ നിന്നും സ്ത്രീകള്‍ക്ക് ജനാസ നമസ്കാരം നിര്‍വഹിക്കാം എന്നത് വളരെ വ്യക്തമാണ്. മാത്രമല്ല പുരുഷന്മാര്‍ നിര്‍വഹിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ മയ്യിത്തിന്‍റെ മേല്‍ ജനാസ നമസ്കരിച്ചു എന്നതുകൊണ്ട്‌ യാതൊരു വിലക്കുമില്ല. നമ്മുടെ നാട്ടില്‍ ചില തല്പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത് പോലെ സ്ത്രീകള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കരുത്, അതല്ലെങ്കില്‍ സ്ത്രീകള്‍ ആദ്യം നമസ്കരിച്ചാല്‍ വാജിബായ നമസ്കാരം അവിടെ അവസാനിക്കില്ലേ തുടങ്ങിയ ചര്‍ച്ചകള്‍ അനാവശ്യമായ ചര്‍ച്ചകളാണ്. അല്ലാഹുവിന്‍റെ റസൂലോ (സ), സ്വഹാബത്തോ അപ്രകാരം പഠിപ്പിച്ചിട്ടില്ല. അവര്‍ക്കറിയാത്ത ദീന്‍ നമുക്കറിയുമോ ?!. അവരെക്കാള്‍ സൂക്ഷ്മത നമുക്കുണ്ടോ ?. മാത്രമല്ല പള്ളിയില്‍ വെച്ചും അവര്‍ക്ക് ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാം. ഇമാം മുസ്‌ലിം ഉദ്ദരിച്ച ആഇശ (റ) യുടെ ഹദീസ് തന്നെ ഈ വിഷയത്തില്‍ ഉള്ള സ്പഷ്ടമായ തെളിവാണ്:  

أَنَّ عَائِشَةَ رضي الله عنها أَمَرَتْ أَنْ يَمُرَّ بِجَنَازَةِ سَعْدِ بْنِ أَبِي وَقَّاصٍ فِي الْمَسْجِدِ ، فَتُصَلِّيَ عَلَيْهِ فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا ، فَقَالَتْ : مَا أَسْرَعَ مَا نَسِيَ النَّاسُ ! مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ الْبَيْضَاءِ إِلَّا فِي الْمَسْجِدِ

“ആഇശ (റ) സഅദ് ബ്ന്‍ അബീ വഖാസ് (റ) വിന്‍റെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ആവശ്യപ്പെട്ടു. അവര്‍ക്ക് അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കരിക്കാനായിരുന്നു അത്. അപ്പോള്‍ ആളുകള്‍ അവരെ എതിര്‍ത്തു. അവര്‍ പറഞ്ഞു: “ആളുകള്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മറക്കുന്നത്. നബി (സ) സുഹൈല്‍ ബ്ന്‍ ബൈളാഅ് (റ) വിന് വേണ്ടി പള്ളിയില്‍ വെച്ചല്ലാതെ ജനാസ നമസ്കരിചിട്ടില്ല”. – [സ്വഹീഹ് മുസ്‌ലിം: 973].

നബി (സ) യുടെ സുന്നത്തിലൂടെയാണ് ജനാസ നമസ്കാരം സ്ഥിരപ്പെട്ടിട്ടുള്ളത്. ജനാസ നമസ്കാരം എന്നത് അത്യധികം പ്രതിഫലാര്‍ഹമായ ഒരു ഇബാദത്താണ്. അതില്‍ സ്ത്രീയും പുരുഷനും എല്ലാം തുല്യരാണ്. സ്ത്രീകളെ ജനാസ നമസ്കാരത്തില്‍ നിന്നും വിലക്കിക്കൊണ്ടുള്ള യാതൊരു തെളിവും കാണുക സാധ്യമല്ല. എന്നാല്‍ മഖ്ബറയിലേക്ക് ജനാസയെ പിന്തുടര്‍ന്ന് കൊണ്ട് പോകുന്നതില്‍ നിന്നുമാണ് റസൂല്‍ (സ) സ്ത്രീകളെ വിലക്കിയിട്ടുള്ളത്.

ഇമാം നവവി (റ) പറയുന്നു:

” وأما النساء، فإن كن مع الرجال صلين مقتديات بإمام الرجال ، وإن تمحضن ، قال الشافعي والأصحاب : أستحب أن يصلين منفردات، كل واحدة وحدها، فإن صلت بهن إحداهن جاز، وكان خلاف الأفضل ، وفي هذا نظر ، وينبغي أن تسن لهن الجماعة كجماعتهن في غيرها، وقد قال به جماعة من السلف منهم الحسن بن صالح وسفيان الثوري وأحمد وأصحاب أبي حنيفة وغيرهم ، وقال مالك : فرادى “

 “എന്നാല്‍ സ്ത്രീകള്‍ അവര്‍ പുരുഷന്മാരുടെ കൂടെ പുരുഷന്മാരുടെ (ജമാഅത്തിനുള്ള) അതേ ഇമാമിനെ പിന്തുടര്‍ന്നുകൊണ്ടോ അതല്ലെങ്കില്‍ സ്വതന്ത്രമായോ അവര്‍ക്ക് നമസ്കരിക്കാം. ഇമാം ശാഫിഈ (റ) പറഞ്ഞത്: ഓരോരുത്തരും തനിയെ ഒറ്റൊക്കൊറ്റക്ക് നമസ്കരിക്കുന്നതാണ് താന്‍ കൂടുതല്‍ പുണ്യകരമായിക്കാണുന്നതെന്നും, അവരിലൊരാള്‍ അവര്‍ക്ക് ഇമാമായി നമസ്കരിക്കുന്നുവെങ്കില്‍ അത് അനുവദനീയമാണ്, പക്ഷെ ഒറ്റക്കൊറ്റക്കുള്ളതാണ് കൂടുതല്‍ ശ്രേഷ്ഠം എന്നുമാണ്. പക്ഷെ അദ്ദേഹത്തിന്‍റെ ഈ അഭിപ്രായം പരിശോധിക്കപ്പെടേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് മറ്റുള്ള നമസ്കാരങ്ങളെപ്പോലെ ഇതിലും ജമാഅത്തായി നമസ്കരിക്കല്‍ സുന്നത്താകുകയാണ് വേണ്ടത്. സലഫുകളില്‍ പെട്ട ഇമാം ഹസന്‍ ബ്ന്‍ സ്വാലിഹ്, ഇമാം സുഫ്യാന്‍ അസൗരി, ഇമാം അഹ്മദ്, ഇമാം അബൂഹനീഫയുടെ ശിഷ്യന്‍മാര്‍ മറ്റു ചിലരും എല്ലാം തന്നെ ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം മാലിക്ക് (റ) യും ഒറ്റക്കൊറ്റക്ക് നമസ്കരിക്കുക എന്ന അഭിപ്രായം പറഞ്ഞിട്ടുണ്ട്”. – [ശറഹുല്‍ മുഹദ്ദബ്: 5/172].

അവര്‍ക്ക് പുരുഷന്മാരുടെ ജമാഅത്തില്‍ പങ്കെടുക്കുകയോ, അതല്ലെങ്കില്‍ അവരില്‍ നിന്ന് തന്നെ ഒരു സ്ത്രീ ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുകയോ ചെയ്യാമെന്നതാണ് ഇമാം നവവി (റ) കൂടുതല്‍ പ്രബലമായി രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് വീട്ടില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കുകയോ, അതല്ലെങ്കില്‍ പുരുഷന്മാരുടെ പൊതുവായ ജനാസത്ത് നമസ്കാരത്തില്‍ പങ്കെടുക്കുകയോ ചെയ്യാവുന്നതാണ്.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: “സ്ത്രീകള്‍ക്ക് ജനാസ നമസ്കാരം നിര്‍വഹിക്കുന്നതിന് വിലക്കില്ല. പള്ളിയില്‍ വെച്ച് ആളുകളുടെ ജമാഅത്തില്‍ പങ്കെടുത്തുകൊണ്ടോ, അല്ലെങ്കില്‍ ജനാസയുള്ള വീട്ടില്‍ വെച്ചോ അവര്‍ക്കത് നിര്‍വഹിക്കാവുന്നതാണ്”. – [മജ്മൂഉ ഫതാവ വ റസാഇല്‍ ഇബ്നുഉസൈമീന്‍: വോ: 17 പേജ്: 158].  

അതുകൊണ്ട് സ്ത്രീകള്‍ക്ക് ജനാസ നമസ്കരിക്കുന്നതിനോ, പള്ളിയില്‍ പ്രവേശിക്കുന്നതിനോ ജമാഅത്തിന് പങ്കെടുക്കുന്നതിനോ വിലക്കുണ്ട് എന്ന് പറയുന്നവരുടെ വാദത്തില്‍ യാതൊരു കഴമ്പുമില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുന്ന പുരോഹിതന്മാര്‍ അവരുടെ അബദ്ധജടിലമായ വാദങ്ങള്‍ സാധാരണക്കാരായ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് മാത്രം.

 


അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference:fiqhussunna.com

മയ്യിത്ത് നമസ്കാരത്തിന് ഇമാമത്ത് നില്‍ക്കേണ്ടത് ആര് ?. ഇമാം ശിര്‍ക്കന്‍ വിശ്വാസമുള്ളയാള്‍ ആണെങ്കില്‍ എന്ത് ചെയ്യും ?.

മയ്യിത്ത് നമസ്കാരത്തിന് ഇമാമത്ത് നില്‍ക്കേണ്ടത് ആര് ?. ഇമാം ശിര്‍ക്കന്‍ വിശ്വാസമുള്ളയാള്‍ ആണെങ്കില്‍ എന്ത് ചെയ്യും ?.

മയ്യിത്ത് നമസ്കാരത്തിന് ഇമാമത്ത് നില്‍ക്കേണ്ടതാര്:

ഈ വിഷയസംബന്ധമായി കര്‍മശാസ്ത്രപരമായ ഒരു വിശകലനമാണ് ഉദ്ദേശിക്കുന്നത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിശദീകരിക്കാന്‍ എനിക്കും, അത് യഥാവിധം മനസ്സിലാക്കാന്‍ നിങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ. 

മറ്റു നമസ്കാരങ്ങളെപ്പോലെ ജനാസ നമസ്കാരത്തിനും ഇമാമത്ത് നില്‍ക്കാനുള്ള അവകാശം അതത് പ്രദേശത്തെ ഇമാമിനാണ്. ഇതാണ് ഇമാം അബൂഹനീഫ (റഹി) , ഇമാം മാലിക്ക് (റഹി), ഇമാം ശാഫിഇ (റഹി), ഇമാം അഹ്മദ് (റഹി) തുടങ്ങിയവരുടെയെല്ലാം അഭിപ്രായം. മയ്യിത്ത് തന്‍റെ ജനാസ നമസ്കാരത്തിന് നേതൃത്വം നിര്‍വഹിക്കേണ്ട വ്യക്തിയെ പ്രത്യേകം വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ആ അവകാശം ഇമാമിന് തന്നെയായിരിക്കും. എന്നാല്‍ ഇമാം തന്‍റെ അവകാശം മറ്റൊരാള്‍ക്ക് അനുവദിച്ചുകൊടുക്കുന്ന പക്ഷം മറ്റുള്ളവര്‍ക്ക് ഇമാം നില്‍ക്കാം.

കാരണം ഇമാമത്ത് എന്നുള്ളത് ഒരാളില്‍ നിക്ഷിപ്തമായാല്‍ അതൊരു അവകാശമാണ്. ആ അവകാശത്തില്‍ അനുവാദമില്ലാതെ മറ്റൊരാള്‍ക്കും കൈകടത്താന്‍ പാടില്ല. ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

عَنْ أَبِى مَسْعُودٍ الأَنْصَارِىِّ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « يَؤُمُّ الْقَوْمَ أَقْرَؤُهُمْ لِكِتَابِ اللَّهِ فَإِنْ كَانُوا فِى الْقِرَاءَةِ سَوَاءً فَأَعْلَمُهُمْ بِالسُّنَّةِ فَإِنْ كَانُوا فِى السُّنَّةِ سَوَاءً فَأَقْدَمُهُمْ هِجْرَةً فَإِنْ كَانُوا فِى الْهِجْرَةِ سَوَاءً فَأَقْدَمُهُمْ سِلْمًا وَلاَ يَؤُمَّنَّ الرَّجُلُ الرَّجُلَ فِى سُلْطَانِهِ وَلاَ يَقْعُدْ فِى بَيْتِهِ عَلَى تَكْرِمَتِهِ إِلاَّ بِإِذْنِهِ

“ അബൂ മസഊദ് (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: “സമൂഹത്തില്‍ ഇമാമത്ത് നില്‍ക്കേണ്ടത് അവരില്‍ നിന്നും ഏറ്റവും കൂടുതല്‍ അല്ലാഹുവിന്‍റെ കിതാബ് (വിശുദ്ധഖുര്‍ആന്‍) പഠിച്ച ആളാണ്‌. പാരായണത്തില്‍ അവരെല്ലാം തുല്യരാണെങ്കില്‍ അവരില്‍ വച്ച് ഏറ്റവും കൂടുതല്‍ നബി (സ) യുടെ ചര്യയെക്കുറിച്ച് അറിവുള്ള ആളാണ്‌ ഇമാമത്ത് നില്‍ക്കേണ്ടത്. നബിചര്യയെക്കുറിച്ചുള്ള അറിവില്‍ അവരെല്ലാം തുല്യരാണ് എങ്കില്‍ അവരില്‍ നിന്നും ഏറ്റവും ആദ്യം ഹിജ്റ ചെയ്ത ആള്‍ ആര് അയാള്‍ക്കാണ് മുന്‍ഗണന. ഹിജ്റയുടെ കാര്യത്തിലും അവര്‍ തുല്യരാണ് എങ്കില്‍ അവരില്‍ നിന്നും ഏറ്റവും ആദ്യം ഇസ്‌ലാം സ്വീകരിച്ചതാരോ അയാള്‍ക്കാണ് മുന്‍ഗണന. ഒരാളുടെ അധികാരപരിധിയില്‍ മറ്റൊരാള്‍ (കയറി) ഇമാം നില്‍ക്കരുത്. ഒരാളുടെ വീട്ടില്‍ അയാളുടെ മെത്തയില്‍ അയാളുടെ അനുവാദമില്ലാതെ ഇരിക്കരുത്.” – (സ്വഹീഹ് മുസ്‌ലിം : 1564).

ഒരു പള്ളിയില്‍ ഇമാമായി നിശ്ചയിക്കപ്പെട്ട വ്യക്തിക്കാണ് അവിടത്തെ ഇമാമത്തിനുള്ള അധികാരമുള്ളത്. അതുകൊണ്ടുതന്നെ ഒരാളുടെ അധികാര പരിധിയില്‍ അയാളുടെ അനുവാദമില്ലാതെ മറ്റൊരാള്‍ കയറി ഇമാമത്ത് നില്‍ക്കരുത് എന്ന് മേലുദ്ദരിച്ച കൃത്യമായി പരാമര്‍ശിക്കുന്നത് കാണാം. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഒരാളുടെ വീട്ടില്‍ വച്ച് വല്ല നമസ്കാരവും നിര്‍വഹിക്കപ്പെടുന്ന സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും, നമസ്കരിക്കാനും അറിയുമെങ്കില്‍ നേതൃത്വം നല്‍കാന്‍ ഏറ്റവും അര്‍ഹത അയാള്‍ക്കാണ്. അയാളുടെ അനുവാദമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് നില്‍ക്കാം. 

മേലുദ്ദരിച്ച ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റഹി) പറയുന്നു:

امام المسجد أحق من غيره وان كان ذلك الغير أفقه وأقرأ وأورع وأفضل منه وصاحب المكان أحق فان شاء تقدم وان شاء قدم من يريده وان كان ذلك الذي يقدمه مفضولا بالنسبة إلى باقي الحاضرين لأنه سلطانه فيتصرف فيه كيف شاء

ഒരു പള്ളിയിലെ ഇമാമിനാണ് ഇമാമത്ത് നില്‍ക്കാന്‍ മറ്റുള്ളവരേക്കാള്‍ അവകാശമുള്ളത്. മറ്റുള്ളവര്‍ അദ്ദേഹത്തെക്കാള്‍ ഫിഖ്ഹുള്ളവരോ, പാരായണം ചെയ്യുന്നവരോ, ഭക്തിയുള്ളവരോ, ശ്രേഷ്ഠരോ ആയിരുന്നാലും ശരി. (വീട് പോലെ) ഒരു സ്ഥലത്തിന്‍റെ ഉടമസ്ഥനാരോ അയാളാണ് അവിടെ ഇമാമത്ത് നില്‍ക്കാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍. അദ്ദേഹം ഉദ്ദേശിക്കുന്നുവെങ്കില്‍ ഇമാമത്ത് നില്‍ക്കാന്‍ മുന്നോട്ട് വരുകയോ താനുദ്ദേശിക്കുന്നവരെ ഇമാമത്ത് നിര്‍ത്തുകയോ ചെയ്യാവുന്നതാണ്. അവിടെ സന്നിഹിതരായ മറ്റു ആളുകളെക്കാള്‍ ശ്രേഷ്ടത കുറഞ്ഞയാളെയാണ് അയാള്‍ ഇമാമത്ത് നിര്‍ത്തിയത് എങ്കില്‍പോലും കുഴപ്പമില്ല. കാരണം അത് അയാളുടെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണ്. അതില്‍ അയാളുദ്ദേശിച്ച രൂപത്തില്‍ തീരുമാനമെടുക്കാം” – 

(ശറഹു മുസ്‌ലിം: 5/173)

ജനാസക്ക് ഇമാമത്ത് നില്‍ക്കാന്‍ കൂടുതല്‍ അര്‍ഹത ആര്‍ക്കാണ് എന്ന വിഷയത്തില്‍ ശൈഖ് ഇബ്നു ബാസ് (റഹി) യോട് ചോദിക്കപ്പെട്ടു: “മയ്യിത്ത് തന്‍റെ ജനാസക്ക് ഇന്നയാള്‍ നേതൃത്വം നല്‍കണം എന്ന് പ്രത്യേകം വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍ അയാളാണോ പ്രദേശത്തെ നിയമിതനായ ഇമാമിനേക്കാള്‍ ആ ജനാസക്ക് നേതൃത്വം നല്‍കാന്‍ യോഗ്യന്‍ ?. 

ശൈഖ് നല്‍കിയ മറുപടി: “ജനാസ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ വസ്വിയത്ത് ചെയ്യപ്പെട്ട വ്യക്തിയേക്കാള്‍ ഇമാമത്തിന് അര്‍ഹന്‍ പള്ളിയിലെ ഇമാമാണ്. കാരണം നബി (സ) ഇപ്രകാരം പറയുകയുണ്ടായി:

لا يؤمن الرجل الرجل في سلطانه

“ഒരാളുടെ അധികാരപരിധിയില്‍ മറ്റൊരാള്‍ ഇമാമത്ത് നില്‍ക്കരുത്” – (സ്വഹീഹ്: 1564). ഒരു പള്ളിയിലെ ഇമാം ആരോ അദ്ദേഹത്തിനാണ് ആ പള്ളിയിലെ അധികാരം.” – (മജ്മൂഉ ഫതാവ ഇബ്നു ബാസ് : 13/137).

അതുപോലെ ഇമാം ശൗക്കാനി തന്‍റെ ഫത്ഹുല്‍ ഖദീര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

وأولى الناس بالصلاة على الميت السلطان إن حضر؛ لأن في التقدم عليه ازدراء به ، فإن لم يحضر فالقاضي ؛ لأنه صاحب ولاية ، فإن لم يحضر فيستحب تقديم إمام الحي ؛ لأنه رضيه في حال حياته ثم الولي…” انتهى.

“മയ്യിത്തിന് വേണ്ടി നമസ്കരിക്കാന്‍ ഏറ്റവും അര്‍ഹന്‍ ഭരണാധികാരി (സുല്‍ത്താന്‍) അതില്‍ പങ്കെടുക്കുന്നുവെങ്കില്‍ അദ്ദേഹമാണ്. കാരണം അദ്ദേഹത്തെ മറികടന്ന് മറ്റൊരാള്‍ നേതൃത്വം നല്‍കുന്നത് അദ്ദേഹത്തെ കൊച്ചാക്കലാണ്. അദ്ദേഹം പങ്കെടുക്കുന്നില്ലെങ്കില്‍ അവിടെയുള്ള ഖാളി (ജഡ്ജി) ക്കാണ് ഏറ്റവും അര്‍ഹത. കാരണം (ഭരണാധികാരി കഴിഞ്ഞാല്‍ കൂടുതല്‍) വിലായത്ത് ഉള്ളത് അദ്ദേഹത്തിനാണ്. അദ്ദേഹവും അവിടെ സന്നിഹിതനല്ലെങ്കില്‍ പിന്നെ ഏറ്റവും അര്‍ഹന്‍ ആ പ്രദേശത്തെ ഇമാമാണ്. കാരണം ജീവിതകാലത്ത് അദ്ദേഹത്തെ ഇമാമായി തൃപ്തിപ്പെട്ട് (പിന്നില്‍ നിന്ന് നമസ്കരിച്ചതാണല്ലോ അപ്പോള്‍ അതുപോലെത്തന്നെ

യാണ് മരണശേഷവും). പിന്നീട് ഏറ്റവും അര്‍ഹതയുള്ളത് വിലായത്ത് ഉള്ള അടുത്ത ബന്ധുക്കള്‍ക്കാണ്.” – (ഫത്ഹുല്‍ ഖദീര്‍ : 2/117).

എന്നാല്‍ ഇബ്നുഹസ്മ് (റഹി) : മയ്യിത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ഇമാമത്ത് നില്‍ക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടതായിക്കാണാം. അതിനദ്ദേഹം തെളിവ് പിടിച്ചത് ഈ വിഷയത്തില്‍ പ്രത്യേകമായി വന്നതല്ലാത്ത എന്നാല്‍ പൊതുവായ അര്‍ത്ഥത്തില്‍ വന്ന ചില വചനങ്ങളാണ്.

  وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَى بِبَعْضٍ فِي كِتَابِ اللَّهِ

“രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്‍റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു.” – (അന്‍ഫാല്‍:75)

പക്ഷെ ഈ ആയത്ത് ജനാസ നമസ്കാരത്തിന്റെ വിഷയത്തില്‍ പ്രത്യേകമുള്ളതല്ലാത്തതിനാലും ഇമാമത്തിന്‍റെ വിഷയത്തില്‍ പ്രത്യേകമായ മറ്റു ഹദീസുകള്‍ വന്നതിനാലും ഈ ആയത്ത് ജനാസ നമസ്കാരത്തിന്‍റെ വിഷയത്തില്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

രണ്ടാമതായി അദ്ദേഹം തെളിവ് പിടിച്ചത് :

   ” ولا يؤمن الرجل في أهله “

“ ഒരാളുടെ കുടുംബത്തില്‍ (അയാളുണ്ടായിരിക്കെ) മറ്റൊരാള്‍ ഇമാമത്ത് നില്‍ക്കരുത്.”

യഥാര്‍ത്ഥത്തില്‍ ഈ ഹദീസ് ഗൃഹനാഥന്‍ ഉണ്ടായിരിക്കെ അയാളുടെ അനുവാദമില്ലാതെ അയാളുടെ ഭവനത്തില്‍ മറ്റൊരാള്‍ ഇമാം നില്‍ക്കരുത് എന്ന വിഷയത്തിലാണ്. അതല്ലെങ്കില്‍ ഒരാളുടെ അധികാരപരിധിയില്‍ അനുവാദമില്ലാതെ മറ്റൊരാള്‍ കയറി ഇമാമത്ത് നില്‍ക്കരുത് എന്ന അര്‍ത്ഥത്തിലാണ്. മാത്രമല്ല ഇത് ജനാസ നമസ്കാരത്തിന്റെ വിഷയത്തില്‍ പ്രത്യകമായുള്ള ഒരു ഹദീസ് അല്ല. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഫര്‍ള് നമസ്കാരങ്ങള്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ അതില്‍ സന്നിഹിതരാകുന്നവര്‍ മുഴുവനും തന്‍റെ ബന്ധുക്കളാണെങ്കിലും അവിടെയുള്ള ഇമാമിനെ മാറ്റി അടുത്ത ബന്ധുവിന് ഇമാം നില്‍ക്കാം എന്ന വാദം ഇബ്നു ഹസ്മ് (റഹി) ക്കുമില്ല.  അതുകൊണ്ടുതന്നെ ഇത് വീട്ടില്‍ വച്ച് നമസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസാണ് എന്നത് വ്യക്തമാണ്. മയ്യിത്ത് നമസ്കാരത്തിന്‍റെ വിഷയത്തില്‍ അതത് പ്രദേശത്തെ അധികാരപ്പെട്ടവരെ മുന്‍നിര്‍ത്തണം എന്നത് പഠിപ്പിക്കുന്ന പ്രമാണം പ്രത്യേകമായി വന്നതിനാല്‍ത്തന്നെ പൊതുവായ അര്‍ത്ഥത്തില്‍ വന്ന ആയത്തുകള്‍ കൊണ്ടോ ഹദീസുകള്‍ കൊണ്ടോ തെളിവ് പിടിക്കാന്‍ നിര്‍വാഹമില്ല എന്നത് ഉസ്വൂലുല്‍ ഫിഖ്ഹിലെ പൊതുതത്വമാണ്. എന്ന് ശൈഖ് അല്‍ബാനി (റഹി) ഇബ്നു ഹസ്മിന് (റഹി) മറുപടിയെന്നോണം അദ്ദേഹത്തിന്‍റെ അഹ്കാമുല്‍ ജനാഇസ് എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത് കാണാം.

ജനാസ നമസ്കാരത്തിന്റെ വിഷയത്തില്‍ അടുത്ത ബന്ധുക്കള്‍ക്കാണ് ഏറ്റവും അര്‍ഹത എന്ന വാദത്തിന് മറുപടിയായി തത് വിഷയത്തിലുള്ള ഹുസൈന്‍ (റ) വിന്റെ ഹദീസ് ആണ് ശൈഖ് അല്‍ബാനി (റഹി) ഉദ്ദരിച്ചിട്ടുള്ളത്:

عن أبي حازم قال: ” إني الشاهد يوم مات الحسن بن علي ، فرأيت الحسين بن علي يقول لسعيد بن العاص – يطعن في عنقه ويقول:  تقدم فلولا أنها سنة ما قدمتك ” (وسعيد أمير على المدينة يومئذ)

അബീ ഹാസിമില്‍ നിന്ന് നിവേദനം: ഹസന്‍ ബ്നു അലി (റ) മരണപ്പെട്ട ദിവസം ഞാന്‍ സാക്ഷിയാണ്. ആ സന്ദര്‍ഭത്തില്‍ സഈദ് ബ്നില്‍ ആസ്വിനോട് അദ്ദേഹത്തിന്‍റെ കഴുത്തില്‍ തോണ്ടിക്കൊണ്ട് ഹുസൈന്‍ ബ്നു അലി (റ) ഇപ്രകാരം പറയുന്നത് ഞാന്‍ കണ്ടു: (ഇമാമത്ത് നില്‍ക്കാന്‍) നീ മുന്നിലേക്ക് നില്‍ക്കുക. അതെങ്ങാനും സുന്നത്തല്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ അതിനുവേണ്ടി മുന്നിലേക്ക് നിര്‍ത്തുമായിരുന്നില്ല.” സഈദ് ബ്നില്‍ ആസ്വ് അന്ന് മദീനയിലെ അമീറായിരുന്നു. – (അഹ്കാമുല്‍ ജനാഇസ്: 1/100).

ഇവിടെ ശറഇയ്യായി ഇമാമാണ് (ഇമാമത്തുല്‍ കുബ്റ ആയാലും സുഗ്റ ആയാലും) ജനാസക്ക് ഇമാമത്ത് നില്‍ക്കാന്‍ കൂടുതല്‍ അര്‍ഹന്‍ എന്നതുകൊണ്ടാണ് അദ്ദേഹത്തെ ഇമാമത്ത് നില്‍ക്കാന്‍ മുന്നിലേക്ക് നിര്‍ത്തിയത് എന്ന് ഹുസൈന്‍ (റ) പ്രത്യേകം പരാമര്‍ശിച്ചുവെന്നത് ശ്രദ്ധേയമാണ്. സ്വാഭാവികമായും ഇബ്നു ഹസ്മ് (റഹി) ഉദ്ദരിച്ച തെളിവുകള്‍ ജനാസയുടെ വിഷയത്തില്‍ പ്രത്യേകമായുള്ള തെളിവുകള്‍ അല്ലാത്തതിനാല്‍ത്തന്നെ വിഷയസംബന്ധമായി പ്രത്യേകമായി വന്ന ഹുസൈന്‍ (റ) വിന്‍റെ ഹദീസിന്‍റെ പിന്‍ബലം കൂടി ഉള്ള സ്ഥിതിക്ക് അവയെ ഈ വിഷയത്തിലെ നിര്‍ണായക തെളിവുകളായി പരിഗണിക്കാന്‍ സാധിക്കില്ല.

ഏതായാലും അതത് പ്രദേശത്തെ ഇമാമുമാരാണ് ബന്ധുക്കളെക്കാള്‍ ജനാസക്ക് ഇമാമത്ത് നില്‍ക്കാന്‍ അര്‍ഹതയുള്ളയാള്‍ എന്ന് വ്യക്തമായല്ലോ. ഇമാമിന്റെ അനുവാദത്തോടെ മറ്റുള്ളവര്‍ ഇമാമത്ത് നില്‍ക്കുന്നുവെങ്കില്‍ തെറ്റില്ല. പക്ഷെ അടുത്ത ബന്ധുക്കളാണ് ഏറ്റവും അര്‍ഹപ്പെട്ടവര്‍ എന്ന വാദത്തിന് പിന്‍ബലമില്ല എന്നതാണ് ഈ വിഷയം പ്രാമാണികമായി ചര്‍ച്ച ചെയ്തതിലൂടെ ഈയുള്ളവന്‍ ഉദ്ദേശിച്ചത്.

ഗൃഹനാഥന്‍റെ അനുമതിയോടെ വീട്ടിലും ഇമാമിന്റെ അനുമതിയോടെ പള്ളിയിലും മറ്റൊരാള്‍ക്ക് ഇമാമത്ത് നില്‍ക്കാം. അതിന് ധാരാളം തെളിവുകളുണ്ട്:

ഒന്ന് നേരത്തെ പരാമര്‍ശിച്ച “ഒരാളുടെ അധികാരപരിധിയില്‍ മറ്റൊരാള്‍ ഇമാമത്ത് നില്‍ക്കരുത്” എന്ന ഹദീസിന്‍റെ പൂര്‍ണരൂപത്തില്‍ ഇപ്രകാരം കാണാം:

عَنْ أَبِي مَسْعُودٍ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( وَلا يَؤُمَّنَّ الرَّجُلُ الرَّجُلَ فِي سُلْطَانِهِ , وَلا يَقْعُدْ فِي بَيْتِهِ عَلَى تَكْرِمَتِهِ إِلا بِإِذْنِهِ

 ഇബ്നു മസ്ഊദ് (റ) നിവേദനം: “അനുമതിയോടു കൂടിയല്ലാതെ, ഒരാളുടെ അധികാരപരിധിയില്‍ മറ്റൊരാള്‍ ഇമാമത്ത് നില്‍ക്കുകയോ അയാളുടെ വീട്ടില്‍ അയാളുടെ ഇരിപ്പിടത്തില്‍ ഇരിക്കുകയോ ചെയ്യരുത്” – (സ്വഹീഹ് മുസ്‌ലിം: 673). ഇവിടെ ‘അനുമതോയോടു കൂടിയല്ലാതെ’ എന്നത് ഞാന്‍ അര്‍ത്ഥത്തില്‍ പരാമര്‍ശിച്ചത് പോലെ ഇമാമാത്തിനും, ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനും ഒരുപോലെ ബാധകമാകും വിധം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

ഇമാം ശൗക്കാനി (റഹി) പറയുന്നു: “ഉടമസ്ഥന്റെ അനുമതിയോടെ അഥിതി ഇമാമത്ത് നില്‍ക്കുന്നതില്‍ തെറ്റില്ല എന്നതാണ് കൂടുതല്‍ പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്. കാരണം ഇബ്നു മസ്ഊദ് (റ) ഉദ്ദരിച്ച ഹദീസില്‍ ‘അനുമതിയോടെയല്ലാതെ’ എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്”. – (നൈലുല്‍ ഔതാര്‍: 3/170).

മറ്റൊരു തെളിവാണ്:

عَنْ عِتْبَانَ بْنِ مَالِكٍ رضي الله عنه أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَاهُ فِي مَنْزِلِهِ فَقَالَ : ( أَيْنَ تُحِبُّ أَنْ أُصَلِّيَ لَكَ مِنْ بَيْتِكَ ؟ قَالَ : فَأَشَرْتُ لَهُ إِلَى مَكَانٍ , فَكَبَّرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَفَفْنَا خَلْفَهُ فَصَلَّى رَكْعَتَيْنِ .

ഇത്ബാന്‍ ബ്ന്‍ മാലിക്ക് (റ) നിവേദനം: നബി (സ) അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് വന്നു. നിനക്കായി നിന്‍റെ വീട്ടില്‍ എവിടെ വച്ച് ഞാന്‍ നമസ്കരിക്കാനാണ് നീ ഇഷ്ടപ്പെടുന്നത് ?. അദ്ദേഹം പറഞ്ഞു: ഞാന്‍ നബി (സ) ഒരിടം കാണിച്ചുകൊടുത്തു. അങ്ങനെ നബി (സ) നമസ്കാരത്തിനായി തക്ബീര്‍ കെട്ടി. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ പിന്നില്‍ സ്വഫ്ഫായി നിന്നു. അങ്ങനെ അദ്ദേഹം രണ്ട് റക്അത്ത് നമസ്കരിച്ചു”. – (സ്വഹീഹുല്‍ ബുഖാരി: 424 സ്വഹീഹ് മുസ്‌ലിം: 33).

അതുകൊണ്ട് ഇമാം അനുവദിക്കുന്ന പക്ഷം മറ്റൊരാള്‍ക്ക് ഇമാമത്ത് നില്‍ക്കുന്നതില്‍ തെറ്റില്ലതാനും.

ഇമാം ശിര്‍ക്കന്‍ വിശ്വാസമുള്ള വ്യക്തിയായാല്‍ ?!.  

ഇനി ഇമാം ഖബറിന് സുജൂദ് ചെയ്യുക, ഖബര്‍ ത്വവാഫ് ചെയ്യുക, ഖബറാളികളോട് ഇസ്തിഗാസ ചെയ്യുക, അല്ലാഹുവല്ലാത്തവര്‍ക്ക് വേണ്ടി നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുക, തുടങ്ങിയ ശിര്‍ക്കന്‍ പ്രവര്‍ത്തികള്‍  ചെയ്യുന്ന വ്യക്തിയോ, അത് അനുവദനീയമായിക്കാണുന്ന ആളോ ആണെങ്കില്‍ അയാളുടെ ഇമാമത്ത് അനുവദനീയമല്ല. കാരണം അത്തരം ആളുകളുടെ പിന്നില്‍ നിന്ന് നമസ്കരിക്കല്‍ അനുവദനീയമല്ല. അവരുടെ കര്‍മങ്ങളാകട്ടെ നിശ്ഫലവുമാണ്. അല്ലാഹു പറയുന്നു:

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ 

“തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത്‌ ഇതത്രെ: ( അല്ലാഹുവിന്‌ ) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും”. – [സുമര്‍: 65]. 

 അതുകൊണ്ടുതന്നെ അത്തരം സന്ദര്‍ഭങ്ങളില്‍ അത് ഏറ്റെടുക്കാന്‍ സാധിക്കുന്ന തൗഹീദ് ഉള്ള അടുത്ത ബന്ധുമിത്രാതികളോ മറ്റോ ഇമാമത്ത് ഏറ്റെടുക്കണം. അത് ഏറ്റെടുക്കാന്‍ സാധിക്കുമെങ്കില്‍ അത് നിര്‍ബന്ധവുമാണ്. കാരണം അയാളുടെ പിന്നില്‍ നിന്ന് നമസ്കരിക്കല്‍ അനുവദനീയമല്ല. ധാരാളം പണ്ഡിതോചിതമായ പഠനങ്ങള്‍ ഈ വിഷയത്തില്‍ ഉള്ളതിനാലും തത് വിഷയത്തിലുള്ള അഗാധമായ ചര്‍ച്ച വിഷയത്തില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ഇടവരുത്തും എന്നതിനാലും അത് സംബന്ധമായി കൂടുതല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ഒരിക്കല്‍ ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍ ഹഫിദഹുല്ലയുടെ ദര്‍സില്‍വച്ച് ഞങ്ങളുടെ നാട്ടിലുള്ള ഖബറാരാധകരായ സൂഫികളുടെ പിന്നില്‍ വച്ച് നമസ്കരിക്കാമോ എന്ന് ഈയുള്ളവന്‍ തന്നെ ചോദിച്ചപ്പോള്‍ ഒരിക്കലും പാടില്ല എന്ന് വളരെ ഗൗരവത്തോടെ അദ്ദേഹം മറുപടി നല്‍കിയിട്ടുമുണ്ട്.

ഇനി പലപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ടാകാറുള്ള പ്രശ്നങ്ങളില്‍ ഒന്നാണ് മഖ്ബറ ഖബര്‍സ്ഥാന്‍ ഉള്‍പ്പെടുന്ന പള്ളിയിലെ ഇമാം ശിര്‍ക്കന്‍ വിശ്വാസം വെച്ചുപുലര്‍ത്തുന്ന ആളായിരിക്കുകയും അവിടെ മറവ് ചെയ്യാന്‍ അയാളുടെ നേതൃത്വത്തില്‍ ജനാസ നമസ്കരിക്കുകയും ചെയ്യേണ്ട നിര്‍ബന്ധിതാവസ്ഥ. മറമാടല്‍, അധികം ദൂരമില്ലാത്ത മറ്റ് വല്ല പ്രദേശത്തേക്ക് മാറ്റിയാലും തൗഹീദ് ഉള്ള ആള്‍ക്ക് ഇമാമത്ത് നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ചെയ്യേണ്ടത്. എന്നാല്‍ സാധിക്കാത്ത പക്ഷം ഈ ഒരു കാരണത്താല്‍ മരണപ്പെട്ട തൗഹീദുള്ള വ്യക്തിക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം നാം ഉപേക്ഷിക്കാന്‍ പാടില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളത് പോലെ തൗഹീദുള്ള ഒരാളുടെ മരണശേഷം മറ്റുള്ളവര്‍ അയാളുടെ മേല്‍ നടത്തുന്ന അനാചാരങ്ങള്‍ കാരണത്താല്‍ അയാള്‍ക്ക് വേണ്ടിയുള്ള ജനാസയില്‍ പങ്കെടുക്കുന്നത് ഉപേക്ഷിക്കേണ്ടതില്ല. കാരണം ആ അനാചാരങ്ങള്‍ പ്രവര്‍ത്തിക്കുന്നവരോടല്ല മറിച്ച് മരണപ്പെട്ട വ്യക്തിയോടാണ് നമുക്കുള്ള ബാധ്യത. അതുകൊണ്ടുതന്നെ ബന്ധുമിത്രാതികളോ പ്രദേശത്തുകാരോ പിഴച്ചുപോയത് കാരണത്താല്‍ തൗഹീദുള്ള ഒരാളുടെ ജനാസ അവര്‍ കൈകാര്യം ചെയ്യുന്ന സാഹചര്യം വന്നാലും നാം അതില്‍ പങ്കെടുക്കണം. എന്നാല്‍ അനാചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും സാധിക്കും വിധം അതിനെ എതിര്‍ക്കുകയും ചെയ്യണം.

എന്നാല്‍ ശിര്‍ക്കന്‍ വിശ്വാസമുള്ള ഇമാമാണ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത് എങ്കില്‍ അയാളുടെ പിന്നില്‍ നിന്നാലും അയാളെ പിന്തുടരാതെ ഒറ്റക്ക് നമസ്കരിക്കുകയാണ് വേണ്ടത്. കാരണം അയാളുടെ ഇമാമത്ത് അനുവദനീയമല്ലാത്തത് കൊണ്ടുതന്നെ അയാളെ പിന്തുടരല്‍  ബാധകമാകുന്നില്ല. ബാധകമല്ല എന്ന് മാത്രമല്ല നിഷിദ്ധമാണ്താനും. മാത്രമല്ല ഇനി ഇമാമത്ത് അനുവദനീയമായ ആളുടെ പിന്നില്‍ നിന്നുപോലും عذر معتبر അഥവാ ശറഅ് പരിഗണിച്ച കാരണങ്ങള്‍ കൊണ്ട് مفارقة  അഥവാ അയാളുടെ ഇമാമത്ത് വെടിഞ്ഞ് ഒറ്റക്ക് നമസ്കരിക്കല്‍ അനുവദനീയമാണ്. മുആദ് (റ) വിന്‍റെ പിന്നില്‍ നിന്നുകൊണ്ട് നമസ്കരിച്ച സ്വഹാബി ദൈര്‍ഘ്യം കാരണത്താല്‍ ജമാഅത്തില്‍ നിന്നും മാറി ഒറ്റക്ക് നമസ്കരിക്കുകയും ശേഷം നബി (സ) യുടെ അരികില്‍ വന്ന്‍ പരാതി പറയുകയും ചെയ്ത സംഭവം ഇതിന് തെളിവായി പണ്ഡിതന്മാര്‍ ഉദ്ദരിച്ചത് കാണാം. പിന്നിലുള്ള ആളുകളെ മനസ്സിലാക്കിയാണ് ഇമാം ഇമാമത്ത് നില്‍ക്കേണ്ടത് എന്ന് ഉപദേശിക്കുകയാണ് നബി (സ) ആ സംഭവത്തില്‍ ചെയ്തത്. ജമാഅത്ത് നമസ്കാരത്തില്‍ നിന്നും വേര്‍പ്പെട്ട് സ്വയം നമസ്കാരം പൂര്‍ത്തിയാക്കിയ ആ സ്വഹാബിയെ വിമര്‍ശിച്ചില്ലതാനും.  

 പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിട്ട് ഉണ്ടായതുകൊണ്ടാണ്‌ ഈ വിഷയം ഇവിടെ പ്രത്യേകം സൂചിപ്പിച്ചത്. ഇന്ന് നമ്മുടെ നാട്ടില്‍ ശിര്‍ക്കന്‍ വിശ്വാസങ്ങളും ആചാരങ്ങളും ഉള്ള ആളുകളുടെ പള്ളികളും സ്ഥാപനങ്ങളും ഏവര്‍ക്കും അറിയാം എന്നതിനാല്‍ത്തന്നെ അവരുടെ വിശ്വാസം എന്ത് എന്ന് എനിക്കറിയില്ല അതിനാല്‍ ഞാന്‍ പിന്നില്‍ നിന്നുകൊണ്ട് നമസ്കരിക്കുന്നു എന്ന് പറയുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. ഇനി അവരുടെ പിന്നില്‍ നമസ്കരിക്കാതിരിക്കുന്നത് കാരണത്താല്‍ ഇന്നയിന്ന വ്യക്തികളെ ‘തക്ഫീര്‍ മുഅയ്യന്‍’ അഥവാ വ്യക്തിപരമായി കാഫിറാക്കുന്നു എന്നര്‍ത്ഥമില്ല. കാരണം അതിന് അതിന്‍റേതായ നിബന്ധനകളും കടമ്പകളും ഉണ്ട് താനും. നമ്മുടെ വിഷയം അത്തരം ആളുകള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട് നമസ്കരിക്കാമോ എന്നതാണ്.

 അവര്‍ക്ക് പൊതുവേ ഒരു പ്രഖ്യാപിത ആദര്‍ശമുണ്ട്. അത് ശിര്‍ക്കന്‍ ആദര്‍ശമാണ്. അടിസ്ഥാനപരമായി അവരുടെ പള്ളികളിലും സ്ഥാപനങ്ങളിലും ആ ആദര്‍ശക്കാരെ കാണൂ എന്നതാണ് വിഷയം. ഇനി അത്തരം കാഴ്ചപ്പാടുള്ള ആളുകളുടെ പള്ളിയില്‍ ഇമാമായി നില്‍ക്കുന്ന ഒരു വ്യക്തി ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ ഇല്ലാത്ത, അത് അനുവദനീയമായിക്കാണാത്ത ആള്‍ ആണ് എന്ന് ഒരാള്‍ക്ക് അറിയാമെങ്കില്‍ പിന്നില്‍ നിന്ന് നമസ്കരിക്കുന്നതില്‍ തെറ്റില്ലതാനും. ഒരാളുടെ പിന്നില്‍ നിന്ന് നമസ്കരിക്കുന്നതിന് മുന്‍പ് അയാളുടെ വിശ്വാസത്തെക്കുറിച്ച് ചോദിച്ച് ഉറപ്പ് വരുത്തണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. പൊതുവേ ശഹാദത്ത് കലിമ ഉച്ചരിച്ച ഏത് മുസ്‌ലിമിന്റെ പിന്നില്‍ നിന്നും നമുക്ക് നമസ്കരിക്കാം. പള്ളിയില്‍ കയറിയാല്‍ ഒരാളുടെ പിന്നില്‍ നിന്ന് നമസ്കരിക്കുന്നതിന് മുന്‍പ് അയാള്‍ വിശ്വാസിയാണോ എന്ന് സംശയിക്കേണ്ട ആവശ്യവുമില്ല. എന്നാല്‍ പ്രഖ്യാപിത ശിര്‍ക്കന്‍ ആദര്‍ശമുള്ള അത് പ്രച്ചരിപ്പിക്കുന്നവരാണ് എന്ന് നമുക്ക് അറിയുന്ന വിഭാഗങ്ങളില്‍പ്പെട്ടവരാണ് എന്ന് നമുക്കറിയുന്ന ആളുകളുടെ പിന്നില്‍ നിന്ന് നമസ്കരിക്കരുത് എന്നാണ് ഉദ്ദേശിച്ചത്.     

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല പറയുന്നു: “ഖുബൂരികള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട് നമസ്കരിക്കരുത്. കാരണം ശിര്‍ക്ക് ചെയ്യുന്നവരുടെ പിന്നില്‍ നിന്നുകൊണ്ട് നമസ്കരിക്കാന്‍ പാടില്ല. അതിനാല്‍ ഖബറിനെ ആരാധിക്കുന്നവരെ പിന്തുടര്‍ന്ന് നമസ്കരിക്കരുത്. അബ്ദുല്‍ഖാദര്‍ ജീലാനി, ഹുസൈന്‍ (റ), ബദവി, തുടങ്ങിയവരെ ആരാധിക്കുന്നവരെയും ബിംബാരാധകരെയും ഒന്നും തുടര്‍ന്ന് നമസ്കരിക്കാന്‍ പാടില്ല”. – [http://www.binbaz.org.sa/noor/7311].

സാധാരണ ജമാഅത്ത് നമസ്കാരങ്ങള്‍ ആയിരുന്നുവെങ്കില്‍ നമുക്ക് മറ്റു പള്ളികളിലേക്ക് പോകാമായിരുന്നു. എന്നാല്‍ മയ്യിത്ത് നമസ്കാരത്തില്‍ മയ്യിത്തിനോടാണ് ബാധ്യത എന്നതിനാല്‍ അവരുടെ പിന്നില്‍ നില്‍ക്കേണ്ട ഗതികേട് ഉണ്ടായാല്‍ പോലും പിന്നില്‍ നിന്ന് ഇമാമിനെ പിന്തുടരാതെ ഒറ്റക്ക് നിര്‍വഹിക്കുക എന്നതാണ് ഒരാള്‍ ചെയ്യേണ്ടത്. അതുപോലെ സാധിക്കുമെങ്കില്‍ ഫര്‍ദ് നമസ്കാരത്തോട് അനുബന്ധിച്ച് മയ്യിത്ത് നമസ്കാരം വെക്കാതിരിക്കുന്നത് ഫര്‍ദ് നമസ്കാരത്തിന്‍റെ വിഷയത്തില്‍ ഇത്തരം ഒരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ഇനി അഥവാ അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അവിടെയും പാലിക്കേണ്ടത് ഇതു തന്നെയാണ്. അല്ലാത്ത പക്ഷം അയാളുടെ ഫര്‍ദ് നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.

 


അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference:fiqhussunna.com

ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം. – ഇബ്നു ഉസൈമീന്‍ റഹിമഹുല്ല.

ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം. - ഇബ്നു ഉസൈമീന്‍ റഹിമഹുല്ല.

ചോദ്യം: ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിക്കുന്നതിന്‍റെ വിധി എന്താണ്. പ്രത്യേകിച്ചും മയ്യിത്തിന്‍റെ നാട്ടില്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ?.

 

ഉത്തരം: “ഗാഇബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം സുന്നത്തല്ല. ഏറ്റവും ശരിയായ അഭിപ്രായം മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്ക് വേണ്ടിയല്ലാതെ (ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം) നിര്‍വക്കാന്‍ പാടില്ല. ഉദാഹരണത്തിന് ഒരാള്‍ കടലില്‍ വച്ച് മരണപ്പെട്ടു. കടലില്‍ മുണ്ടിപ്പോയി. അദ്ദേഹത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. എങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കും. എന്നാല്‍ എവിടെയെങ്കിലും മയ്യിത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കില്ല. കാരണം നബി (സ) ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചിട്ടില്ല. തനിക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്കായല്ലാതെ. അദ്ദേഹമാണ് നജാശി (റ). (ഏത് സന്ദര്‍ഭത്തിലും) ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കരിക്കുന്നത് അനുവദനീയമായിരുന്നുവെങ്കില്‍ അത് ആദ്യം ഈ ഉമ്മത്തിന് അനുഷ്ടിച്ച് കാണിച്ചു തരുമായിരുന്നത് നബി (സ) യായിരുന്നു.  അതുപോലെത്തന്നെ സ്വഹാബത്തില്‍ നിന്നും (നജാശിയുടേതൊഴികെ) അവര്‍ ഏതെങ്കിലും ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിച്ചതായി വന്നിട്ടില്ല. ഉമറാക്കാളോ, ഖുലാഫാക്കളോ ഒക്കെ മരണപ്പെട്ടപ്പോഴും അവര്‍ക്ക് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കപ്പെട്ടില്ല. നമ്മള്‍ സൂചിപ്പിച്ച ഈ അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലയുടെ അഭിപ്രായം. ശരിയായ അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഈ വിഷയത്തില്‍ അദ്ദേഹം തൗഫീഖ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരണപ്പെട്ട ഒരാള്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാന്‍ ഭരണാധികാരി കല്പിച്ചാല്‍ അത് നിര്‍വഹിക്കല്‍ പുണ്യകരമായ കാര്യമാണ്. അഥവാ ഭരണാധികാരി ചെയ്യാന്‍ കല്പിച്ചാല്‍ അത് പുണ്യകരമായ കാര്യമായി മാറുന്നു. കാരണം നമ്മള്‍ അനുസരിക്കുവാന്‍ വേണ്ടി കല്പിക്കപ്പെട്ട ഭരണാധികാരിയോടുള്ള അനുസരണയില്‍ പെട്ടതാണത്.  അല്ലാഹു പറയുന്നു : “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക.” -[നിസാഅ്:59]. ശൈഖ് അബ്ദുല്‍ അസീസ്‌ ഇബ്നു ബാസിന് വേണ്ടി നമസ്കരിക്കാനായി ഭരണാധികാരി കല്പിച്ചപ്പോള്‍ ചില ആളുകള്‍ അത് ചെയ്യാതെ വിട്ടുനിന്നതായി നമുക്കറിയാന്‍ സാധിച്ചു. അവര്‍ക്ക് തെറ്റുപറ്റി. അതവരുടെ വിവരക്കേട് കൊണ്ടാണ്. കാരണം ഭരണാധികാരിയുടെ കല്പനപ്രകാരം നമ്മള്‍ ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചത്  അല്ലാഹുവിനുള്ള അനുസരണയെന്നോണമാണ്.   “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക.” -[നിസാഅ്:59].എന്ന് അല്ലാഹു പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍. ഇനി അത് ബിദ്അത്താണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഭരണാധികാരി ഒരു ബിദ്അത്ത് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് അനുസരിക്കേണ്ടതുണ്ടോ എന്നാണ് അവര്‍ പറയുന്നതെങ്കില്‍, നമുക്ക് പറയാനുള്ളത്: അല്ല അത് ബിദ്അത്തല്ല എന്നാണ്. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയമാണ്. ഫിഖ്ഹിയായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന കാര്യങ്ങനെ ബിദ്അത്ത് എന്ന് വിശേഷിപ്പിക്കാന്‍ പാടില്ല. അത്തരം കാര്യങ്ങളെ ബിദ്അത്ത് എന്ന് വിളിച്ചാല്‍ എല്ലാ ഫുഖഹാക്കളും മുബ്തദിഉകളായിത്തീരും. ഓരോരുത്തരും തന്‍റെ അഭിപ്രായത്തിനോട് യോജിക്കാത്തവരോട് നീ ബിദ്അത്തുകാരനാണ് എന്ന് പറയേണ്ടി വരും. അപ്രകാരം പണ്ഡിതന്മാരില്‍ ഒരാളും തന്നെ പറഞ്ഞതായി കാണാന്‍ സാധിക്കില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നു: അത് ബിദ്അത്താണ് എന്ന് വാദിച്ച സഹോദരങ്ങളുടെ ഇജ്തിഹാദ് അസ്ഥാനത്താണ്. ഏതായാലും ശരിയായ അഭിപ്രായം:  ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം സുന്നത്തല്ല. പക്ഷെ ഭരണാധികാരി അത് ചെയ്യാന്‍ വേണ്ടി കല്പിച്ചാല്‍ പുണ്യകരമാണ്. അത് അല്ലാഹുവിനോടുള്ള അനുസരണയില്‍ പെട്ടതാണ്. കാരണം അല്ലാഹു (ഭരണാധികാരികളെ അനുസരിക്കാന്‍) കല്പിച്ചിട്ടുണ്ട് ” –

അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference:fiqhussunna

ഗാഇബിന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം. – ഒരു ലഘു പഠനം.

ഗാഇബിന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം. - ഒരു ലഘു പഠനം.

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

കര്‍മശാസ്ത്രപരമായ ഒരു വിശകലനമാണ് ഉദ്ദേശിക്കുന്നത് അതിനാല്‍ പൂര്‍ണമായും വായിക്കുക…

ഗാഇബിന്‍റെ മയ്യത്തിന് വേണ്ടി അഥവാ മയ്യത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ മയ്യത്തിന് വേണ്ടി മയ്യത്ത് നമസ്കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഫുഖഹാക്കള്‍ക്ക് വ്യത്യസ്ഥ അഭിപ്രായമുണ്ട്.

അബിസീനിയയിലെ രാജാവായിരുന്ന നജാശി (റ) യുടെ മേല്‍ നബി(ﷺ) മയ്യിത്ത് നമസ്കരിച്ചതായി ഇമാം ബുഖാരി റഹിമഹുല്ലയും ഇമാം മുസ്‌ലിം റഹിമഹുല്ലയും ഉദ്ദരിച്ച ഹദീസ് ആണ് ഈ വിഷയത്തിലെ ആധാരം:

عن أبي هريرة: أن رسول الله صلى الله عليه وسلم نعى النجاشي في اليوم الذي مات فيه، وخرج بهم إلى المصلى، فصف بهم، وكبر عليه أربع تكبيرات .

അബൂ ഹുറൈറ (റ) വില്‍ നിന്നും നിവേദനം: “നജാശി (റ) മരണപ്പെട്ട ദിവസം നബി (ﷺ) അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത അറിയിച്ചു. എന്നിട്ട് സ്വഹാബത്തിനെയും കൂട്ടി മുസ്വല്ലയിലേക്ക് നീങ്ങി. അവരെ സ്വഫാക്കി നിര്‍ത്തി. എന്നിട്ടദ്ദേഹത്തിനുവേണ്ടി നാല് തക്ബീറുകള്‍ കെട്ടി (നമസ്കരിച്ചു).” – [ബുഖാരി: 1333, മുസ്‌ലിം: 951].

അതുപോലെ: 

وعن جابر رضي الله عنه أيضاً: “أن النبي صلى الله عليه وسلم صلى على النجاشي فكنتُ في الصف الثاني أو الثالث.

ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: “നബി(ﷺ) നജാശിക്ക് വേണ്ടി നമസ്കരിച്ചു. ഞാനപ്പോള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സ്വഫ്ഫിലായിരുന്നു.” – [ബുഖാരി: 1317].

പക്ഷെ ഈ ഹദീസുകളുടെ വിശദീകരണവുമായി ബന്ധപ്പെട്ട് കര്‍മശാസ്ത്രപരമായ അഭിപ്രായവിത്യാസം നിലനില്‍ക്കുന്നുണ്ട്. അതാണ്‌ ഈ വിഷയത്തിലെ അഭിപ്രായഭിന്നതക്ക്കാരണം. 

ഒന്നാമത്തെ അഭിപ്രായം: ഇമാം അബൂ ഹനീഫ റഹിമഹുല്ല, ഇമാം മാലിക് റഹിമഹുല്ല തുടങ്ങിയവര്‍ അത് നബി (ﷺ) ക്ക് മാത്രമാണ് അനുവദിക്കപ്പെട്ടത് എന്നും. അതുകൊണ്ട് തന്നെ മറ്റൊരാള്‍ക്കും അത് അനുവദനീയമല്ല എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ‘നബി(ﷺ) ക്ക് നമസ്കാരവേളയില്‍ നജാശിയുടെ മയ്യത്ത് അല്ലാഹു കാണിച്ചുകൊടുത്തു’ എന്ന് പരാമര്‍ശമുള്ള ഹദീസ് ആണ്  ഈ അഭിപ്രായക്കാര്‍ തെളിവ് പിടിക്കുന്നത്. കാരണം അപ്രകാരം നബി(ﷺ)ക്ക് മാത്രമേ കാണിക്കപ്പെടുകയുള്ളുവല്ലോ.

എന്നാല്‍ ‘അത് നബി(ﷺ) മക്ക് മാത്രം പ്രത്യേകമായി അനുവദനീയമായ കാര്യമാണ്, ഒരു സാഹചര്യത്തിലും മറ്റുള്ളവര്‍ക്ക് അത് അനുവദനീയമായി മാറുകയില്ല’ എന്ന അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കില്ല. കാരണം നബി(ﷺ)ക്ക് അദ്ദേഹത്തിന്‍റെ മയ്യത്ത് കാണിക്കപ്പെട്ടു എന്ന പരാമര്‍ശമുള്ള ഹദീസുകള്‍ ദുര്‍ബലമാണ്‌. സ്പഷ്ടമായ തെളിവില്ലാതെ അത് നബി(ﷺ)ക്ക്  മാത്രം ബാധകമായ കാര്യമാണ് എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇനി നമ്മള്‍ പരിശോധിക്കേണ്ടത് ഈ വിഷയത്തിലെ രണ്ടാമത്തെ അഭിപ്രായമാണ്.

ഈ വിഷയത്തിലെ രണ്ടാമത്തെ അഭിപ്രായം: നജാശി (റ) രാജാവിന്‍റെ സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിക്കാം എന്നതാണ്. എന്നാല്‍ നജാശി(റ) രാജാവിന്‍റെ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഗാഇബിന്‍റെ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം എന്ന് പറഞ്ഞ ഫുഖഹാക്കള്‍ക്കിടയിലും മൂന്ന്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് ഓരോന്നും പരിശോധിക്കാം:  

ഒന്ന്: ‘ ഏതൊരാള്‍ക്ക് വേണ്ടിയും അസാന്നിദ്ധ്യത്തില്‍ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം ‘ എന്ന അഭിപ്രായമാണ് അതില്‍ ഒരഭിപ്രായം.  ഇമാം അഹ്മദ് റഹിമഹുല്ലയും, ഇമാം ശാഫിഇ റഹിമഹുല്ലയും ഈ അഭിപ്രായക്കാരാണ്. അഥവാ നജ്ജാശി (റ) വിന്‍റെ സംഭവം ഏതൊരാള്‍ക്ക് വേണ്ടിയും അവരുടെ അസാന്നിദ്ധ്യത്തില്‍ മയ്യിത്ത് നമസ്കരിക്കാനുള്ള തെളിവാണ് എന്നതാണ് അവരുടെ അഭിപ്രായം. ആദ്യത്തില്‍ സൂചിപ്പിച്ച നജ്ജാശി (റ) യുടെ സംഭവം പരാമര്‍ശിക്ക പ്പെട്ടിട്ടുള്ള ഹദീസുകള്‍ തന്നെയാണ് ഇവര്‍ തെളിവ് പിടിച്ചിട്ടുള്ളത്.

രണ്ട്:   ‘എല്ലാവര്‍ക്ക് വേണ്ടിയും അപ്രകാരം ഗാഇബിന്‍റെ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാവതല്ല. എന്നാല്‍ നജ്ജാശി (റ) വിനെപ്പോലെ, മുസ്‌ലിം സമുദായത്തിലെ സ്ഥാനമുള്ള ഭരണാധികാരികള്‍, പണ്ഡിതന്മാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി  അസാന്നിദ്ധ്യത്തിലും മയ്യത്ത് നമസ്കാരം നിര്‍വഹിക്കാവുന്നതാണ്’ എന്നതാണ് രണ്ടാമത്തെ അഭിപ്രായം. ഇവരും തെളിവ് പിടിക്കുന്നത് നേരത്തെ സൂചിപ്പിച്ച നജാശി (റ) യുടെ ഹദീസ് തന്നെയാണ്. ഈ രണ്ടാമത്തെ അഭിപ്രായം ആണ് ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ അഭിപ്രായം. അദ്ദേഹം പറയുന്നു:

“إذا كان الغائب له شأن في الإسلام، كالنجاشي، فإن النبي صلى على النجاشي لما مات في بلاده، أخبر به الصحابة وصلى عليه صلاة الغائب، ولم يثبت عنه في الصلاة على الغائب إلا هذا الحديث، فإذا كان الغائب إمام عدل، وإمام خير صلي عليه صلاة الغائب، ولي الأمر يأمر بالصلاة عليه صلاة الغائب، وهكذا علماء الحق ودعاة الهدى إذا صلي عليهم صلاة الغائب فهذا حسن كما صلى النبي على النجاشي عليه الصلاة والسلام، أما أفراد الناس فلا تشرع الصلاة عليهم، لأن الرسول ما صلى على كل غائب، وإنما صلى على شخص واحد، له قدم في الإسلام.”

“അസാന്നിദ്ധ്യത്തിലുള്ള മയ്യത്ത് മുസ്‌ലിമീങ്ങള്‍ക്കിടയില്‍ സ്ഥാനമുള്ള നജ്ജാശി (റ))യെപ്പോലുള്ള ഒരാളാണെങ്കില്‍ (നമസ്കരിക്കാം). കാരണം നജ്ജാശി (റ) അദ്ദേഹത്തിന്‍റെ രാജ്യത്തുവച്ച് മരണപ്പെട്ടപ്പോള്‍, നബി(ﷺ) അത് സ്വഹാബത്തിനെ അറിയിക്കുകയും മയ്യത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ മയ്യത്ത് നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. ഗാഇബായ മയ്യിത്തിന് വേണ്ടി നമസ്കരിച്ചതുമായി ബന്ധപ്പെട്ട് നബി(ﷺ) യില്‍ നിന്നും ഇതല്ലാതെ മറ്റൊരു ഹദീസും വന്നിട്ടില്ല. മറഞ്ഞ മയ്യത്ത് നീതിമാനും നല്ലവനുമായ  ഭരണാധികാരിയാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം, ഒരു ഭരണാധികാരിക്ക് (നാട്ടിലെ ഉത്തരവാദിത്തപ്പെട്ട ആള്‍ക്ക്)  മറ്റുള്ളവരോട് ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാന്‍ വേണ്ടി കല്പിക്കാം. അതുപോലെത്തന്നെ സത്യത്തിനായി നിലകൊള്ളുന്ന പണ്ഡിതന്മാര്‍, സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പ്രബോധകന്മാര്‍ തുടങ്ങിയവര്‍ക്കൊക്കെ വേണ്ടി നബി(ﷺ) നജ്ജാശി (റ) ക്ക് വേണ്ടി നിര്‍വഹിച്ചത് പോലെ മറഞ്ഞ നിലക്ക് മയ്യത്ത് നമസ്കാരം നിര്‍വഹിച്ചാല്‍ അത് വളരെ നല്ലതാണ്. എന്നാല്‍ സാധാരണക്കാരായ ഒറ്റപ്പെട്ട ഓരോ വ്യക്തികള്‍ക്ക് വേണ്ടിയും  അസാന്നിദ്ധ്യത്തില്‍ മയ്യത്ത് നമസ്കാരം നിര്‍വഹിക്കുന്നത് അനുവദനീയമല്ല. കാരണം നബി(ﷺ) അത്തരത്തില്‍ എല്ലാ മയ്യത്തിനും വേണ്ടി അസാന്നിദ്ധ്യത്തില്‍ നമസ്കരിച്ചിട്ടില്ല. മറിച്ച് മുസ്‌ലിംഗള്‍ക്കിടയില്‍ സ്ഥാനമുള്ള ഒരു വ്യക്തിക്ക് വേണ്ടി മാത്രമാണ് നബി(ﷺ) നമസ്കരിച്ചത്”. – [source: http://www.binbaz.org.sa/node/14071].

മൂന്ന്:    ‘ഒരു മയ്യത്തിന് വേണ്ടി അദ്ദേഹം മരണപ്പെട്ട ദേശത്തെ ആരും മയ്യത്ത് നമസ്കാരം നിര്‍വഹിച്ചിട്ടില്ലെങ്കില്‍ മാത്രം മറ്റുള്ളവര്‍ക്ക് അദ്ദേഹത്തിന് വേണ്ടി മയ്യത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ നമസ്കരിക്കാവുന്നതാണ്. കാരണം നജ്ജാശി (റ) വിന് വേണ്ടി അദ്ദേഹത്തിന്‍റെ നാട്ടില്‍ ആരും നമസ്കരിക്കാത്തതിനാലാണ് നബി(ﷺ) അദ്ദേഹത്തിന് വേണ്ടി നമസ്കരിച്ചത്’.  ഇതാണ് ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം എന്ന് പറഞ്ഞവരില്‍ മൂന്നാമത്തെ അഭിപ്രായം. ഇമാം അഹ്മദ് റഹിമഹുല്ലയില്‍ നിന്നുമുള്ള മറ്റൊരു രിവായത്തും ഇതാണ്.  ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല, ഇബ്നുല്‍ ഖയ്യിം  റഹിമഹുല്ല, ഇബ്നു ഉസൈമീന്‍ റഹിമഹുല്ല തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്.

ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് ചോദിക്കപ്പെട്ട ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും.

ചോദ്യം: ഗാഇബിന്‍റെ മയ്യത്ത് നമസ്കരിക്കുന്നതിന്‍റെ വിധി എന്താണ്. പ്രത്യേകിച്ചും മയ്യത്തിന്‍റെ നാട്ടില്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ?.

ഉത്തരം: “ഗാഇബിന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം സുന്നത്തല്ല. ഏറ്റവും ശരിയായ അഭിപ്രായം മയ്യത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്ക് വേണ്ടിയല്ലാതെ (ഗാഇബിനുള്ള മയ്യത്ത് നമസ്കാരം) നിര്‍വക്കാന്‍ പാടില്ല എന്നതാണ്. ഉദാഹരണത്തിന് ഒരാള്‍ കടലില്‍ വച്ച് മരണപ്പെട്ടു. കടലില്‍ മുങ്ങിപ്പോയി. അദ്ദേഹത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. എങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കും.”  – [ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ് എന്നും, അതിനാല്‍ ഒരാളും എതിരഭിപ്രായക്കാരെ ബിദ്അത്തുകാര്‍ എന്ന് പറയരുത് എന്നും, ഭരണാധികാരി ഒരാള്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാന്‍ വേണ്ടി ആവശ്യപ്പെട്ടാല്‍ അത് ചെയ്യല്‍ പുണ്യകരമാണെന്നും ആ മറുപടിയില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

 ഈ വിഷയത്തിലെ പ്രബലമായ അഭിപ്രായം സൂചിപ്പിക്കുന്നതിന് മുന്‍പ് സുപ്രധാനമായ ഒരുകാര്യം മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അഥവാ ഈ വിഷയത്തിലുള്ള അഭിപ്രായഭിന്നത خلاف معتبر , അതായത് ഫിഖ്ഹിയായി, പ്രമാണത്തിന്‍റെ അവലംബിച്ചുകൊണ്ട് തന്നെ അഭിപ്രായ ഭിന്നതക്ക്  സാധുതയുള്ള അഭിപ്രായഭിന്നതയാണ്. അതിനാല്‍ത്തന്നെ തങ്ങള്‍ക്ക് ബോധ്യപ്പെട്ട പ്രമാണത്തിന്‍റെയും വിശദീകരണത്തിന്‍റെയും അടിസ്ഥാനത്തില്‍ ഒരഭിപ്രായം സ്വീകരിച്ചവര്‍ക്ക്, തങ്ങളുടെ അഭിപ്രായത്തിനുള്ള അടിസ്ഥാനമായി തങ്ങള്‍ സ്വീകരിച്ച തെളിവുകള്‍ പ്രകാരം, തങ്ങളുടെ വാദം വ്യക്തമാക്കാമെങ്കിലും എതിരഭിപ്രായക്കാരെ ആക്ഷേപിക്കാനോ പിഴച്ചവരെന്ന് മുദ്രകുത്താനോ പാടില്ല. ഇത് ഞാന്‍ നേരത്തെ സൂചിപ്പിച്ച ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ മറുപടിയില്‍ വളരെ വ്യക്തമായി അദ്ദേഹം പരാമര്‍ശിചിട്ടുമുണ്ട്. لا إنكار في مسائل الإجتهاد അഥവാ ശറഇയ്യായി ഇജ്തിഹാദിന് സാധുതയുള്ള خلاف معتبر ആയ ഒരു വിഷയത്തില്‍ അന്യോന്യം ആക്ഷേപിക്കാന്‍ പാടില്ല എന്നത് ഉസ്വൂലുല്‍ ഫിഖ്ഹിലെ ഒരു തത്വം കൂടിയാണ്.

ഇനി വിഷയത്തെ പഠന വിധേയമാക്കിയാല്‍ നജാശി (റ) യുടെ സംഭവത്തില്‍ ഉദ്ദരിക്കപ്പെട്ട ഹദീസുകള്‍ മാത്രമാണ് സ്ഥിരപ്പെട്ട തെളിവുകളായി ഈ വിഷയത്തിലുള്ളത് എന്ന് മനസ്സിലാക്കാം. ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കരിക്കാം എന്ന് പറഞ്ഞ മൂന്ന് അഭിപ്രായക്കാരില്‍ ആദ്യത്തെ രണ്ട് അഭിപ്രായക്കാരും ‘അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്‍റെ നാട്ടില്‍ മറ്റാരും നമസ്കരിച്ചിട്ടില്ല’ എന്ന കാര്യത്തെ പരിഗണിച്ചിട്ടില്ല. ഒരുപക്ഷെ  ‘അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്‍റെ നാട്ടില്‍ മറ്റാരും നമസ്കരിച്ചിട്ടില്ല’ എന്ന പരാമര്‍ശം സ്പഷ്ടമായ രൂപത്തില്‍ ഹദീസുകളില്‍ പരാമര്‍ശിച്ചുകാണാത്തതിനാലാണത്. അതിനാലാണ് ഒന്നാം അഭിപ്രായക്കാര്‍ നിരുപാധികം ഗാഇബിന്‍റെ മയ്യത്ത് നമസ്കരിക്കാം എന്നതിലേക്കും, രണ്ടാം അഭിപ്രായക്കാര്‍ മുസ്‌ലിം സമൂഹത്തില്‍ സ്ഥാനമാനമുള്ള ആളാണെങ്കില്‍ ഗാഇബിന്‍റെ മയ്യത്ത് നമസ്കരിക്കാം എന്നതിലേക്കും പോകാന്‍ കാരണം. നബി (ﷺ) നജാശിക്ക് വേണ്ടി മാത്രമേ അപ്രകാരം നമസ്കരിച്ചിട്ടുള്ളൂ എന്നതിനാലാണ് അദ്ദേഹത്തെപ്പോലെ സ്ഥാനമാനമുള്ള ആള്‍ മരണപ്പെട്ടാല്‍ എന്ന് രണ്ടാം അഭിപ്രായക്കാര്‍ പരിമിതപ്പെടുത്താന്‍ കാരണം, അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്കും വേണ്ടി നബി(ﷺ)യോ സ്വഹാബത്തോ ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചതായി സ്ഥിരപ്പെട്ട് വന്നിട്ടില്ല. മുആവിയതുബ്നു മുആവിയ അല്ലൈസി (റ) എന്ന സ്വഹാബി മരണപ്പെട്ടതായി നബി(ﷺ) ക്ക് ജിബ്‌രീല്‍ (അ) വഹ്’യിറക്കുകയും,  അദ്ദേഹത്തെ നബി(ﷺ) ക്ക് കാണുന്ന രൂപത്തില്‍ ജിബ്‌രീല്‍ അലൈഹിസ്സലാം ഭൂമിയെ ചുരുക്കുകയും , നബി(ﷺ) അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കുകയും ചെയ്തു എന്ന റിപ്പോര്‍ട്ട് ദുര്‍ബലമാണ്.

ഇനി നജാശി റഹിമഹുല്ല അദ്ദേഹം അബിസീനിയയില്‍ ആയിരുന്നു. അവിടത്തുകാര്‍ അവിശ്വാസികള്‍ ആയിരുന്നതിനാല്‍ അവര്‍ അദ്ദേഹത്തിനുവേണ്ടി നമസ്കരിചിരുന്നില്ല എന്നതാണ് മൂന്നാം അഭിപ്രായക്കാര്‍ ‘ഒരാള്‍ക്ക് വേണ്ടി ആരും നമസ്കരിച്ചില്ലെങ്കില്‍ മാത്രം  അയാളുടെ അഭാവത്തില്‍ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം’ എന്ന് പറയാനുള്ള കാരണം.  എന്നാല്‍ അദ്ദേഹത്തിനു വേണ്ടി അവിടെ ആരും നമസ്കരിച്ചിരുന്നില്ല എന്നത് ഹദീസുകളില്‍ സ്പഷ്ടമായ പരാമര്‍ശം ഉള്ളതായി കാണാന്‍ സാധിച്ചിട്ടില്ല. ഒരുപക്ഷെ സാഹചര്യത്തെളിവുകളിലൂടെ ഫുഖഹാക്കള്‍ അത്  മനസ്സിലാക്കിയെടുത്തതായാണ് ഞാന്‍ കരുതുന്നത്. ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍ അതിലേക്ക് വ്യക്തമായ സൂചന നല്‍കുന്നുണ്ട്:

“أن النبي صلى الله عليه وسلم قال : إن أخاكم مات بغير أرضكم، فقوموا فصلوا عليه.”

നബി(ﷺ) ഇപ്രകാരം പറഞ്ഞു : “നിങ്ങളുടെ സഹോദരന്‍, നിങ്ങളുടേതല്ലാത്ത ഒരു നാട്ടില്‍ മരണപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ എഴുന്നേറ്റ് അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കുക.” – [ഈ ഹദീസിന്‍റെ സനദ് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിക്കുന്ന ഹദീസുകളുടെ സനദിനോളം പ്രബലമാണ് – അല്‍ബാനി,  أحكام الجنائز : ص93 ].

“നിങ്ങളുടേതല്ലാത്ത ഒരു നാട്ടില്‍ വച്ച് നിങ്ങളുടെ ഒരു സഹോദരന്‍ മരണപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കുക” എന്നു പറഞ്ഞത്, അദ്ദേഹത്തിന് വേണ്ടി അവിടെ നമസ്കാരം നടന്നിട്ടില്ല എന്നതിലേക്ക് വ്യക്തമായ സൂചന നല്‍കുന്നു. എന്നാല്‍ സുവ്യക്തമായ രൂപത്തില്‍ അദ്ദേഹത്തിന് വേണ്ടി അവിടെ നമസ്കാരം നടന്നിട്ടില്ല എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ഉള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല.

ഒരുപക്ഷെ അതുകൊണ്ടായിരിക്കണം ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല നജാശി (റ) യെപ്പോലെ മുസ്‌ലിം സമൂഹത്തില്‍ പ്രത്യേകം ഇടമുള്ള നീതിമാന്മാരായ ഭരണാധികാരികളോ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന പണ്ഡിതന്മാരോ പ്രബോധകരോ മരണപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടി നജാശി (റ) യുടെ സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഗാഇബിന്‍റെ മയ്യത്ത് നമസ്കരിക്കാം എന്ന് രേഖപ്പെടുത്താന്‍ കാരണം.

ഏതായാലും ഈ വിഷയം പഠന വിധേയമാക്കിയപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ച പ്രബലമായ അഭിപ്രായം : ഒരാള്‍ക്ക് വേണ്ടി മയ്യത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത, സാഹചര്യത്തില്‍ മാത്രമാണ് ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം നിര്‍വഹിക്കാവുന്നത് എന്നതാണ്. അതുപോലെ പകർച്ചവ്യാധികളോ മറ്റോ കാരണത്താൽ മയ്യിത്ത് മുന്നിൽ വെച്ച് നമസ്കരിക്കാൻ സാധിക്കാതെ വന്നാലോ, ഇനി മയ്യിത്ത് ഏതെങ്കിലും പ്രത്യേക കാരണത്താൽ വിട്ടുകിട്ടാത്ത സാഹചര്യത്തിലോ ഒക്കെയും ഇത് നിർവഹിക്കാം.  കാരണം: ഇമാം  ഇബ്നുല്‍ ഖയ്യിം റഹിമഹുല്ലയെപ്പോലുള്ള പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത് പോലെ എത്രയോ സ്വഹാബി വര്യന്മാരും ശ്രേഷ്ഠരായ ആളുകളും നബി(ﷺ) യുടെയും മറ്റു സ്വഹാബത്തിന്‍റെയും അസാന്നിദ്ധ്യത്തില്‍ വഫാത്തായിട്ടുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും വേണ്ടി ഗാഇബിന്‍റെ മയ്യത്ത് നമസ്കാരം നിര്‍വഹിക്കപ്പെട്ടതായി കാണാന്‍ സാധിക്കുന്നില്ല. നാല് ഖുലഫാഉ റാഷിദീങ്ങളും അപ്രകാരം ചെയ്തതായി കാണാന്‍ സാധിക്കുന്നില്ല.

 

എന്നാല്‍ നജാശി (റ) വിന്‍റെ സംഭവത്തിലാകട്ടെ ‘നിങ്ങളുടേതല്ലാത്ത നാട്ടില്‍ നിങ്ങളുടെ സഹോദരന്‍ മരിച്ചിരിക്കുന്നു’ എന്ന് നബി(ﷺ) പറഞ്ഞത് അദ്ദേഹത്തിന് വേണ്ടി അവിടെ നമസ്കരിക്കപ്പെട്ടിട്ടില്ല എന്നതിലേക്ക് സൂചന നല്‍കുന്നു. അതുകൊണ്ടുതന്നെ അത്തരം ഒരു സാഹചര്യത്തില്‍ ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം എന്നതാണ് പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

ഇനി ഗാഇബിന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം നിരുപാധികം  അനുവദനീയമായിത്തീരുന്ന ഒരു ഘട്ടമുണ്ട്. ഒരു നാട്ടിലെ ഭരണാധികാരി ഒരാള്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാന്‍ കല്പിക്കുകയാണ് എങ്കില്‍ അവിടെ അത് ചെയ്യേണ്ടതാണ്. കാരണം ഉസ്വൂലുല്‍ ഫിഖ്ഹില്‍  (حكم الحاكم يرفع الخلاف) ‘അഭിപ്രായഭിന്നതയുള്ള ഒരു വിഷയത്തില്‍ ഭരണാധികാരിയുടെ തീരുമാനം അഭിപ്രായഭിന്നത ഇല്ലാതാക്കും’ എന്ന ഒരു അടിസ്ഥാന നിയമമുണ്ട്. ഇത് ഫിഖ്ഹിയായി ചര്‍ച്ചക്ക് സാധുതയുള്ള വിഷയമാണ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.

പ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ച പ്രബലമായ  അഭിപ്രായമാണ് നമ്മള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങള്‍ മനസ്സിലാക്കിയ തെളിവുകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അവര്‍ പിഴച്ചവരാണെന്നോ മറ്റോ നമുക്ക് വാദമില്ല. അപ്രകാരം പറയാനും പാടില്ല. തങ്ങള്‍ക്ക് കൂടുതല്‍ പ്രാമണബദ്ധം എന്ന് ബോധ്യപ്പെടുന്ന അഭിപ്രായം ഓരോരുത്തര്‍ക്കും സ്വീകരിക്കാം. സ്വഹീഹായ ഹദീസിനെ അടിസ്ഥാനപ്പെടുത്തിയുള്ള വീക്ഷണ വ്യത്യാസങ്ങളാണ് അവ.   അതുകൊണ്ടാണ് ഇത് ‘ഖിലാഫ് മുഅതബറായ’ അഥവാ ‘അഭിപ്രായ ഭിന്നതക്ക് സാധുതയുള്ള’ ഒരു കര്‍മശാസ്ത്ര വിഷയമാണ് എന്ന് ആമുഖമായിത്തന്നെ സൂചിപ്പിച്ചത്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference:fiqhussunna.com