സുന്നത്ത്: സ്വഹാബിമാരുടെ പ്രതിബദ്ധത

സുന്നത്ത്: സ്വഹാബിമാരുടെ പ്രതിബദ്ധത

നബിﷺ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ നേരിട്ടനുസരിക്കുകയായിരുന്നു സ്വഹാബികളുടെ പതിവ്. ”ഞാന്‍ എപ്രകാരം നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അപ്രകാരം നിങ്ങള്‍ നമസ്‌കരിക്കുക, ”എന്നില്‍നിന്ന് നിങ്ങളുടെ ആരാധനാകര്‍മങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക” എന്നിപ്രകാരം നബിﷺ പറയുകയും ചെയ്തിരിക്കുന്നു. മാത്രമല്ല തന്റെ ഒരു പ്രവൃത്തി അതേപടി സ്വീകരിക്കുവാന്‍ സ്വഹാബികളില്‍ ആര്‍ക്കെങ്കിലും മനപ്രയാസമുണ്ടെന്നറിഞ്ഞാല്‍ അദ്ദേഹം കോപിക്കുകപോലും ചെയ്തിരുന്നു. 

ഹുദൈബിയ സംഭവ ദിവസം ഉംറക്ക് ഇഹ്‌റാമില്‍ പ്രവേശിച്ചവരോട് അതില്‍നിന്ന് ഒഴിവാകുവാനും മുടി നീക്കുവാനും നബിﷺ കല്‍പിച്ചു. എന്നാല്‍ ചിലരത് ചെയ്യുവാന്‍ കൂട്ടാക്കിയില്ല. ഇതറിഞ്ഞ പ്രവാചകന്‍ﷺ പെട്ടെന്നെഴുന്നേറ്റ് തന്റെ മുടി നീക്കി ഇഹ്‌റാമില്‍ നിന്നൊഴിവായതായി കാണിച്ചുകൊടുത്തു. അതു കണ്ട് സ്വഹാബികളും അങ്ങനെ ചെയ്തു.

റസൂല്‍ﷺ ഒരു കാര്യം ചെയ്തുകണ്ടാല്‍ അതിന്റെ കാരണമന്വേഷിക്കാതെ തന്നെ സ്വഹാബികള്‍ അദ്ദേഹത്തെ പിന്തുടരുമായിരുന്നു. ഒരിക്കല്‍ റസൂല്‍ﷺ ഒരു സ്വര്‍ണമോതിരം ധരിച്ചു. അതുകണ്ട് സ്വഹാബികളും സ്വര്‍ണമോതിരം ധരിച്ചു. പിന്നീട് നബിﷺ അതൊഴിവാക്കിക്കൊണ്ട് പറഞ്ഞു:’ഇനി ഞാനൊരിക്കലും ഇതുപയോഗിക്കുകയില്ല.’ അപ്പോള്‍ ജനങ്ങളും അതൊഴിവാക്കി. (ബുഖാരി ഇബ്‌നു ഉമറി(റ)ല്‍നിന്ന് ഉദ്ധരിച്ചത്).

അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ”ഞങ്ങളൊരിക്കല്‍ നബിﷺയുടെ കൂടെ നമസ്‌കരിക്കാന്‍ നില്‍ക്കുകയാണ്. നബിﷺ തന്റെ ചെരിപ്പൂരി ഇടതുഭാഗത്ത് വെച്ചു. ഇതു കണ്ട് സ്വഹാബത്തും അതേപോലെ ചെയ്തു. നമസ്‌കാരം കഴിഞ്ഞ് നബിﷺ ചോദിച്ചു: ‘നിങ്ങളെല്ലാം എന്തിനാണ് ചെരിപ്പൂരി വെച്ചത്?’ അവര്‍ പറഞ്ഞു: ‘അങ്ങ് ചെയ്തതുകൊണ്ട്.’ നബിﷺ പറഞ്ഞു: ‘എന്റെ ചെരിപ്പിന്‍മേല്‍ അശുദ്ധിയുണ്ടെന്ന് ജിബ്‌രീല്‍ അറിയിച്ചതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്.’

നബിﷺയെ അനുസരിക്കുന്ന കാര്യത്തില്‍ സ്വഹാബത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്ന ഒരു ഉദാഹരണം കൂടി കാണുക: അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഒരിക്കല്‍ ജുമുഅ നമസ്‌കാരത്തിന് പള്ളിയിലെത്തിയപ്പോള്‍ നബിﷺ പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം വാതില്‍ക്കലെത്തിയതേയുള്ളു. അപ്പോള്‍ കേള്‍ക്കുന്നത് ‘നിങ്ങള്‍ ഇരിക്കുവിന്‍’ എന്ന നബിﷺയുടെ കല്‍പനയാണ്. ഇത് കേട്ടമാത്രയില്‍ അബ്ദുല്ല(റ) വാതില്‍ക്കല്‍ ഒറ്റയിരിപ്പിരുന്നു. ഇതു കണ്ട നബിﷺ വിളിച്ചുപറഞ്ഞു: ‘അബ്ദുല്ലാ, മുന്നോട്ടു വന്നിരിക്കൂ’ (അബൂദാവൂദ്, ഇബ്‌നു അബ്ദില്‍ബര്‍റ്).

ഇതായിരുന്നു സ്വഹാബികളുടെ നിഷ്ഠ. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും അംഗീകാരവും അവര്‍ മതനിയമമായിത്തന്നെ സ്വീകരിച്ചു. അക്കാര്യങ്ങളില്‍ ബദല്‍ നിര്‍ദേശിക്കാനോ അഭിപ്രായം പ്രകടിപ്പിക്കാനോ അവര്‍ മുതിര്‍ന്നില്ല. കാരണം അവ ദൈവിക ബോധനമനുസരിച്ച് ചെയ്യുന്നതാണെന്ന് അവര്‍ മനസ്സിലാക്കി. എന്നാല്‍ മതനിയമമല്ലെന്നു തോന്നിയ വിഷയങ്ങളില്‍ അവര്‍ മര്യാദയോടെ അഭി്രപായം പ്രകടിപ്പിച്ചു. യുക്തമെന്നു തോന്നിയ നിര്‍ദേശങ്ങള്‍ നബിﷺ അംഗീകരിക്കുകയും ചെയ്തു. ബദ്ര്‍ യുദ്ധ സമയത്ത് മുസ്‌ലിംകള്‍ക്ക് താവളമടിക്കാന്‍ നബിﷺ തെരഞ്ഞെടുത്ത സ്ഥലം യുദ്ധതന്ത്രത്തിനു പറ്റിയതല്ലെന്ന് ഹുബ്ബാബ്(റ) അഭിപ്രായപ്പെട്ടപ്പോള്‍ നബിﷺ അവിടെനിന്ന് മാറിയത് ഇതിന് ഉദാഹരണമാണ്.

നബിﷺയുടെ മരണശേഷം

പ്രവാചകനെ അനുസരിക്കണമെന്ന ക്വുര്‍ആനിലെ കല്‍പനകള്‍ക്ക് കാലനിര്‍ണയമില്ല. മനുഷ്യസമൂഹത്തിന്റെ സമ്പൂര്‍ണജീവിതദര്‍ശനമായി അല്ലാഹു അവതരിപ്പിച്ച ക്വുര്‍ആന്‍ ജീവിതവല്‍കരിച്ചു കാണിച്ചു കൊടുത്ത റസൂലിന്റെ ആ സുന്നത്തും കാലദേശ പരിസ്ഥിതികള്‍ക്കതീതമായ ഒരു ജീവിതമാതൃകയാണെന്ന് സൂക്ഷ്മനീരീക്ഷകര്‍ക്ക് േബാധ്യെപ്പടും. പിതാവ്, പുത്രന്‍, ഭര്‍ത്താവ്, പ്രബോധകന്‍, പടയാളി, വ്യാപാരി, തൊഴിലാളി, തൊഴിലുടമ, യജമാനന്‍, സ്‌നേഹിതന്‍, സമുഹനായകന്‍ എന്നിങ്ങനെ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും അദ്ദേഹം മാതൃകകള്‍ സൃഷ്ടിച്ചത് മനുഷ്യകുലത്തിന് എക്കാലത്തും മാതൃകയായിരിക്കണമെന്ന അല്ലാഹുവിങ്കല്‍നിന്നുള്ള നിശ്ചയപ്രകാരം തന്നെയാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ സ്വഹാബികള്‍ ആ ജീവിത ശൈലി നേരില്‍ കണ്ടു, കേട്ടു, അനുകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അവിടുത്തെ ചര്യ തലമുറകള്‍ കൈമാറി. ആ ചര്യയില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതിരിക്കാന്‍ പ്രവാചകന്റെ ജീവിതകാലത്തെന്നപോലെ മരണശേഷവും സ്വഹാബികള്‍ ശ്രദ്ധിച്ചു. 

മുആദ്(റ)വിനെ യമനിലേക്ക് നിയോഗിച്ചയച്ചുകൊണ്ട് നബിﷺ ചോദിച്ചു: ‘ഒരു വിഷയത്തില്‍ വിധി നല്‍കേണ്ടിവന്നാല്‍ നീ എന്തുചെയ്യും?’ മുആദ്(റ) പറഞ്ഞു: ‘ക്വുര്‍ആനിനെ അടിസ്ഥാനപ്പെടുത്തി  ഞാന്‍ വിധിപറയും.’ നബിﷺ ചോദിച്ചു: ‘ക്വുര്‍ആനിലില്ലെങ്കിലോ?’ മുആദ്(റ) പറഞ്ഞു: ‘ദൈവദൂതരുടെ ചര്യ അവലംബിക്കും’. ‘അതിലും കണ്ടില്ലെങ്കിലോ?’-നബിﷺ ചോദിച്ചു. ‘ഞാന്‍ കാര്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി അഭിപ്രായം രൂപീകരിക്കും. ഒട്ടും വീഴ്ച വരുത്തുകയില്ല.’ ഇതുകേട്ട നബിﷺ മുആദിന്റെ നെഞ്ചില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ നിയോഗിച്ചയച്ച ഈ ദൂതന്  അല്ലാഹുവിന്റെ റസൂലിന് ഇഷ്ടമുള്ളവിധം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവു നല്‍കിയ അല്ലാഹുവിന് സര്‍വസ്തുതിയും’ (അഹ്മദ്, അബൂദാവൂദ്).

ക്വുര്‍ആനിലും നബിചര്യയിലും നേര്‍ക്കുനേരെ വിധികാണാത്ത കാര്യങ്ങളില്‍ അവ ആധാരമാക്കി പരിശോധിച്ചു വിധി തീരുമാനിക്കുമെന്ന മുആദിന്റെ പ്രഖ്യാപനവും റസൂലിന്റെ അംഗീകാരവും ഒരു കാര്യം വ്യക്തമാക്കുന്നു. പ്രവാചകന്റെ ശേഷം മനുഷ്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ക്വുര്‍ആനിന്റെ അടിസ്ഥാനത്തിലും പിന്നീട് സുന്നത്തിന്റെ അടിസ്ഥാനത്തിലും ഇതു രണ്ടിലും കാണാത്തത് ഇൗ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധന നടത്തിയും തീര്‍പ്പുകല്‍പിക്കേണ്ടതാണ് എന്ന്.

പ്രവാചകന്റെ മരണശേഷവും തന്റെ ചര്യ പിന്തുടരാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാെണന്ന് നബിﷺ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ‘നിങ്ങള്‍ക്കു ഞാന്‍ രണ്ടു കാര്യം വിേട്ടച്ചു പോകുന്നു. അവ മുറുകെ പിടിക്കും കാലം നിങ്ങളൊരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണത്.’

‘എന്റെ സമുദായം മുഴുവനും സ്വര്‍ഗത്തില്‍ കടക്കം.; വിസമ്മതിച്ചവര്‍ ഒഴികെ.’ ഇതു കേട്ടവര്‍ ചോദിച്ചു: ‘ആരാണ് റസൂലേ വിസമ്മതിച്ചവര്‍?’ അദ്ദേഹം പറഞ്ഞു: ‘എന്നെ അനുസരിച്ചവര്‍ സ്വര്‍ഗത്തില്‍ കടക്കും. എന്നോട് അനുസരണക്കേട്  കാണിച്ചവര്‍ വിസമ്മതിച്ചവരത്രെ.’

നബിﷺ ഹജ്ജ് വേളയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞതായി ഹാകിം ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു: ”നിങ്ങളുെട നാട്ടില്‍ ചെകുത്താന്‍ ആരാധിക്കപ്പെടുന്ന കാര്യത്തില്‍ അവന്‍ നിരാശപ്പെടുകതന്നെ ചെയ്തിരിക്കുന്നു. എന്നാല്‍ അതല്ലാത്ത, നിങ്ങള്‍ നിസ്സാരമാണെന്ന് കരുതുന്ന നിങ്ങളുടെ കര്‍മങ്ങള്‍ കൊണ്ട് അവന്‍ സംതൃപ്തനാകുന്നതാണ്. അതുകൊണ്ട് ജാഗ്രത പുലര്‍ത്തുക. നിങ്ങള്‍ മുറുകെ പിടച്ചാല്‍ പിഴച്ചുപോകാതിരിക്കാന്‍ പര്യാപ്തമായത് ഞാന്‍ നിങ്ങളില്‍ ബാക്കിവെച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥവും നബിയുടെ ചര്യയുമാണത്.”

നബിﷺ ഞങ്ങളോട് സാരസമ്പൂര്‍ണമായ ഒരു ഉപദേശം നല്‍കി. അതുകേട്ട് ഞങ്ങളുടെ ഹൃദയം വിറച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞങ്ങള്‍ ചോദിച്ചു: ‘അങ്ങ് യാത്ര ചോദിക്കുന്നതുപോലെ തോന്നുന്നുവല്ലോ. അതിനാല്‍ ഞങ്ങളോട് വസ്വിയ്യത്ത് ചെയ്താലും.’ നബിﷺ പറഞ്ഞു: ‘ഞാന്‍ വസ്വിയ്യത്ത് ചെയ്യുകയാണ്; നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും നിങ്ങളുടെ നേതാവ് ഒരു എത്യോപ്യന്‍ അടിമയാണെങ്കില്‍ പോലും നിങ്ങള്‍ കേട്ടനുസരിക്കണമെന്നും. നിങ്ങളില്‍ ആയുസ്സുള്ളവര്‍ ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണാനിടയാകും. അപ്പോള്‍ എന്റെ ചര്യയും സന്മാര്‍ഗികളും സച്ചരിതരുമായ പിന്‍ഗാമികളുടെ ചര്യയും നിങ്ങള്‍ അവലംബിക്കണം. അണപ്പല്ലുകൊണ്ട് അവ കടിച്ചുപിടിക്കുക. പുതുതായി വരുന്ന കാര്യങ്ങള്‍ (ബിദ്അത്തുകള്‍) നിങ്ങള്‍ കരുതിയിരിക്കണം. കാരണം ബിദ്അത്തുകളെല്ലാം വഴികേടാണ്.”

മേലുദ്ധരിച്ചതും മറ്റുമായ ഒട്ടേറെ തിരുമൊഴികള്‍ ഉള്‍ക്കൊണ്ട സ്വഹാബികള്‍ നബിചര്യ അവലംബിക്കുന്ന കാര്യത്തിലും അത് പിന്‍തലമുറക്ക് കൈമാറുന്ന കാര്യത്തിലും നിഷ്‌കര്‍ഷ പുലര്‍ത്തി. പ്രവാചകന്‍ﷺ അതിനവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു:

”എന്റെ വാക്കുകള്‍ കേട്ടിട്ട് കേട്ടപോലെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. നേരില്‍ കേട്ടവരെക്കാള്‍ അവരില്‍ നിന്ന് അറിഞ്ഞ എത്രയോ പേര്‍ കൂടുതല്‍ കാര്യം ഗ്രഹിക്കുന്നവരായേക്കാമല്ലോ.”

സ്വഹാബികളുടെ ജാഗ്രത

സ്വഹാബത്ത് പ്രവാചകനോടൊപ്പമാണ് ജീവിച്ചത്. നാട്ടിലും വീട്ടിലും മസ്ജിദിലും അങ്ങാടിയിലുമെല്ലാം അവരദ്ദേഹെത്ത അനുഗമിച്ചു. മുഴുവന്‍ സമയവും സഹവസിക്കാന്‍ സാധിക്കാത്തവര്‍ അതിന് പരിഹാരം കണ്ടെത്തി. കാരണം അവര്‍ അജ്ഞരായിരുന്നു. ഇപ്പോഴാണവര്‍ വിശ്വാസികളായി മാറിയത്. എന്താണ് വിശ്വാസം, കര്‍മങ്ങള്‍ എന്ന് റസൂലില്‍നിന്ന് അറിയുക തന്നെ വേണം. അതിന്നായി കഴിയുന്നത്ര റസൂലിനോട് ഒത്തുകൂടാന്‍ അവര്‍ ബദ്ധപ്പെട്ടു. ഉമര്‍(റ)വില്‍ നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ”ഞാനും അന്‍സ്വാറുകളില്‍ പെട്ട എന്റെ അയല്‍ക്കാരനും കൂടി ഊഴംവെച്ച് നബിﷺയോട് സഹവസിക്കുകയാണ് പതിവ്. ഇത് പോലെ ദൂരദിക്കുകളില്‍ താമസിക്കുന്ന ഗോത്രങ്ങള്‍ നബിﷺയുടെ അടുത്ത് വന്ന് കാര്യങ്ങള്‍ പഠിക്കുവാന്‍ പ്രതിനിധികളെ അയച്ചു. മക്കയില്‍ താമസിച്ചുവരുന്ന ഉക്വ്ബത്ത്ബ്‌നു ഹാരിസിന്റെ അടുത്ത് ഒരുദിവസം ഒരു സ്ത്രീ വന്നു പറഞ്ഞു: ‘നിനക്കും നിന്റെ ഭാര്യക്കും ഞാന്‍ മുലപ്പാലു തന്നിട്ടുണ്ട്.’ ഇതുകേട്ട ഉക്വ്ബത്ത് എത്രയും വേഗം മദീനയിലേക്ക് നബിﷺയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. അവിടെയെത്തി ഈ പ്രശ്‌നത്തെപ്പറ്റി നബിﷺയോട് ചോദിച്ചു. മുലകുടിബന്ധത്തിലുള്ള സഹോദരിയെ അറിയാതെ വിവാഹം ചെയ്താല്‍ എന്തു ചെയ്യണം? നബിﷺ പറഞ്ഞു: ‘ആ സ്ത്രീ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി എന്തു ചെയ്യാനാണ്?’ (വിവാഹബന്ധം ദുര്‍ബലപ്പെട്ടു എന്നര്‍ഥം). അദ്ദേഹം മക്കയിലേക്ക് മടങ്ങി ഭാര്യയുമായി വേര്‍പിരിഞ്ഞു’ (ബുഖാരി ഉദ്ധരിച്ചത്).

സ്വഹാബത്തിന്ന് നേരിട്ടു പഠിക്കാന്‍ പ്രയാസമുള്ള നബിﷺയുടെ കുടുംബജീവിതത്തിലെ ചര്യകളെപ്പറ്റി അവിടുത്തെ പത്‌നിമാരോട് ചോദിക്കാവുന്നതെല്ലാം അവര്‍ ചോദിക്കുമായിരുന്നു. അതിന്ന് പറ്റാത്ത കാര്യങ്ങള്‍ക്കായി തങ്ങളുടെ ഭാര്യമാരെ നബിﷺയുടെ വീട്ടിലേക്കയച്ച് ചോദിപ്പിക്കുകയായിരുന്നു പതിവ്. നോമ്പുകാരന് ഭാര്യയെ ചുംബിക്കാമോ എന്ന് അന്വേഷിക്കാന്‍ ഒരു സ്വഹാബി തന്റെ ഭാര്യയെ പ്രവാചക പത്‌നി ഉമ്മുസലമ(റ)യുടെ വീട്ടിേലക്കയച്ചു. നബിﷺ അങ്ങനെ ചെയ്തിരുന്നതായി ഉമ്മുസലമ(റ) പറയുകയും ചെയ്തു. ഈ വിവരം ആ സ്ത്രീ ചെന്ന് തന്റെ ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ റസൂലിനെപ്പോലെയല്ല. റസൂലിന് അല്ലാഹു അതൊക്കെ അനുവദിച്ചുകാണും. ‘ഈ വിവരം പിന്നീട് അറിഞ്ഞപ്പോള്‍ നബിﷺ കോപത്തോടുകൂടി പറഞ്ഞു: ‘ഞാനാണ് അല്ലാഹുവിനോട് കൂടുതല്‍ അടുത്തവന്‍. അവന്റെ നിയമ പരിധികള്‍ നന്നായി അറിയുന്നതും എനിക്കാണ്’ (മുസ്‌ലിം).

സ്ത്രീകളെ മാത്രം ബാധിക്കുന്ന ആര്‍ത്തവസംബന്ധമായ വിധികളും മറ്റും ചിലപ്പോള്‍ നബിﷺയോട് സ്വഹാബി വനിതകള്‍ ചോദിക്കുമ്പോള്‍ പത്‌നിമാരോട് ചോദിക്കുവാന്‍ നബിﷺ നിര്‍ദേശിക്കാറുണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം, നസാഈ-ആഇശ(റ)യില്‍ നിന്ന്).

ഇങ്ങനെ നബിﷺയില്‍ നിന്ന് വിജ്ഞാനം നേടുന്ന വിഷയത്തില്‍ സ്വഹാബികള്‍ സ്വാഭാവികമായും തുല്യരായിരുന്നില്ല. കാരണം അവരുടെ കൂട്ടത്തില്‍ അങ്ങകലെയുള്ള മരുഭൂവാസികളും വ്യാപാരത്തിനും മറ്റുമായി നാടുചുറ്റി നടക്കുന്നവരും നാട്ടില്‍തന്നെ ജീവിതപ്രശ്‌നങ്ങൡ മുഴുകിയവരും മറ്റു ജോലികളൊന്നുമില്ലാതെ കിടപ്പാടം പോലുമില്ലാതെ പ്രവാചകന്റെ പള്ളിയുടെ മൂലയില്‍ നിത്യവും കഴിഞ്ഞുകൂടിയിരുന്നവരുമെല്ലാമുണ്ടായിരുന്നു. അതിനാല്‍ ചിലര്‍ക്ക് നബിﷺയോടാപ്പം വളരെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. ചിലര്‍ക്ക് കുറച്ചുമാത്രവും. എല്ലാവരും ഒത്തുചേരുക ജുമുഅക്കും പെരുന്നാള്‍ ദിവസങ്ങളിലുമായിരിക്കും. ഇതിന്നു പുറമെ ജനങ്ങളെ ഉപദേശിച്ചു മടുപ്പിക്കാതിരിക്കാനും നബിﷺ ശ്രദ്ധിച്ചിരുന്നു. 

ആദ്യത്തെ നാലു ഖലീഫമാര്‍, നബി പത്‌നിമാര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തുടങ്ങിയവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നബിചര്യ കൂടുതല്‍ അറിയാമായിരുന്നു. അതുപോലെ നബിﷺയെ ചുറ്റിപ്പറ്റി മാത്രം ജീവിച്ചവരോ, നബിയുടെ എഴുത്തുകാരോ ഒക്കെയായിരുന്നവര്‍ക്കും ആപേക്ഷികമായി സുന്നത്ത്കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിച്ചു. അബൂഹുറയ്‌റ(റ), അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്(റ) എന്നിവര്‍ ഈ രണ്ടാം വിഭാഗത്തില്‍ പെടുന്നവരാണ്. കൂടുതല്‍ കാലം നബിﷺയോട് സഹവസിച്ചവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. കാലദൈര്‍ഘ്യം കുറവാണെങ്കിലും കൂടുതല്‍ സമയം അദ്ദേഹത്തോട് സഹവസിച്ചവര്‍ക്കും കൂടുതല്‍ കേള്‍ക്കാനും കാണാനും അനുഭവിക്കാനും അവസരം ലഭിക്കുക സ്വാഭാവികം മാത്രം. ഇതുകൊണ്ടാണ് പല സ്വഹാബികളും നന്നെക്കുറച്ചു മാത്രം ഹദീഥുകള്‍ ഉദ്ധരിച്ചപ്പോള്‍ മറ്റു ചിലര്‍ ചെറിയതും വലിയതുമായ ഒട്ടേറെ ഹദീഥുകള്‍ ഉദ്ധരിച്ചത്.

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

മന്‍ഹജ് വിരോധത്തിന്റെ അന്തര്‍ധാരകള്‍

മന്‍ഹജ് വിരോധത്തിന്റെ അന്തര്‍ധാരകള്‍

പണ്ഡിതരും പഠിതാക്കളും പ്രബോധകരും പ്രബോധിതരും ഇന്നേറെ കേട്ടും ഉപയോഗിച്ചും പരിചയിച്ച പദമാണ് ‘മന്‍ഹജുസ്സലഫ്’ എന്നത്. പ്രമാണങ്ങളുടെ വെളിച്ചെത്തില്‍ മതകാര്യങ്ങളെ അറിയാനും പഠിപ്പിക്കാനുമുള്ള രീതിശാസ്ത്രമാണിത്. ചിലരെങ്കിലും തെറ്റുധരിച്ചപ്പോലെ ഇതൊരു മദ്ഹബോ പ്രമാണമോ അല്ല. തന്നിഷ്ടങ്ങളെ പിന്‍പറ്റി കേവല ബുദ്ധികൊണ്ട് മാത്രം ദീനിനെ അറിഞ്ഞവര്‍ക്ക് ഇതെന്നും അലോസരമായിട്ടുണ്ട്. ക്വദ്‌രിയാക്കള്‍, ഖവാരിജുകള്‍, ശിയാക്കള്‍, മുഅ്തസിലിയാക്കള്‍, സ്വൂഫികള്‍ തുടങ്ങിയ വ്യതിയാന കക്ഷികളെല്ലാം അതിന്റെ വ്യക്തമായ തെളിവുകളാണ്.

മതവിഷയങ്ങളെ ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ക്കൊപ്പിച്ച് വിശദീകരിക്കാതെ ഉത്തമ തലമുറയില്‍ ജീവിച്ചവരില്‍ നിന്ന് മനസ്സിലാക്കുന്ന രീതിയാണ് ശരി. ഇതിനെ ഉപേക്ഷിക്കുന്നവര്‍ വലിയ പിഴവുകളിലകപ്പെടുന്നതില്‍ സംശയമില്ല. 

2018 സെപ്റ്റംബര്‍ 16-30 ലക്കം ‘സത്യധാര’യില്‍ ‘സലഫി മന്‍ഹജ് ഇവിടെ വന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം’ എന്ന തലക്കെട്ടില്‍ സി.പി. ഉമര്‍ സുല്ലമിയുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിച്ചതായി കണ്ടു. മുജാഹിദുകള്‍ എന്നോ മറുപടി നല്‍കിക്കഴിഞ്ഞ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന അഭിമുഖത്തിലെ ഓരോ വാക്കുകള്‍ക്കും ഈ കുറിപ്പിലൂടെ മറുപടിയാന്‍ ഉദ്ദേശിക്കുന്നില്ല. മന്‍ഹജ് വിരോധത്തിലെ പൊള്ളത്തരം വ്യക്തമാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

സലഫുകളുടെ മന്‍ഹജ് അനുസരിച്ച് പ്രമാണങ്ങളെ മനസ്സിലാക്കുന്നത് ഒരു മഹാപാപമാണെന്ന്‌സമര്‍ഥിക്കുവാനാണ് ഇരു വിഭാഗവും ഇതിലൂടെ ശ്രമിക്കുന്നത്. അദ്ദേഹം പറയുന്നത് കാണുക: ”സലഫി മന്‍ഹജിന്റെ ഇറക്കുമതിയാണ് മുജാഹിദ് പ്രസ്ഥാനത്തിനകത്തെ എല്ലാ പ്രശ്‌നങ്ങളുടെയും കാരണം. നമ്മള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്താണെന്നു പറയുന്നവരാണ്. നമ്മുടെ സീലും മുദ്രയും അങ്ങനെയാണ്. അതിന്റെ കൂടെ ഒരു ‘മന്‍ഹജുസ്സലഫി’ ചേര്‍ക്കേണ്ടതില്ല. മന്‍ഹജുസ്സലഫിയെന്നാല്‍ ഒരു സലഫിയുടെ മന്‍ഹജാണല്ലോ. ഏതു സലഫിയുടെ മന്‍ഹജാണത്?” (സത്യധാര/പേജ്10).

ക്വുര്‍ആനിനോടും സുന്നത്തിനോടും പ്രതിബദ്ധതയില്ലാത്തവര്‍ക്കും അഹ്‌ലുസ്സുന്നയുടെ മാര്‍ഗത്തെ അവഗണിച്ചവര്‍ക്കും മാത്രമെ ഇങ്ങനെ വിളിച്ചു പറയാനാകൂ. കാരണം പ്രമാണങ്ങള്‍ പഠിക്കുന്നതിന്റെ അടിസ്ഥാനം മന്‍ഹജാകണമെന്നത് ഇസ്‌ലാമിന്റെ നിര്‍ദേശമാണ്. 

അല്ലാഹു പറയുന്നു: ”നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ” (ക്വുര്‍ആന്‍ 2:137).

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

”അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ”(ക്വുര്‍ആന്‍ 30:32). 

ഈ ആയത്തിനെ (30:32) വിശദീകരിച്ച് ഇബ്‌നു കഥീര്‍(റഹി)പറയുന്നു: ”ഈ സമൂഹത്തിലും വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്നൊഴികെ എല്ലാം വഴികേടാണ്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബിﷺയുടെ ചര്യയെയും സ്വഹാബത്താകുന്ന ആദ്യ തലമുറയെയും താബിഉകളെയും ആധുനികരും പൗരാണികരുമായ മുസ്‌ലിം പണ്ഡിതന്മാരെയും മുറുകെ പിടിക്കുന്ന അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയാണവര്‍ (വഴികേടിലാകപ്പെടാത്തവര്‍)” (ഇബ്‌നു കഥീര്‍ വാള്യം 3, പേജ് 574)

അബ്ദുല്ലാഹ്ബ്‌നു അംറ്(റ)വില്‍ നിന്ന്: നബിﷺ പറഞ്ഞു: ”നിശ്ചയം ബനൂഇസ്‌റാഈല്യര്‍ എഴുപത്തി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമൂഹം എഴുപത്തി മൂന്ന് വിഭാഗങ്ങളായി പിരിയും. ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലായിരിക്കും.” സ്വഹാബത്ത് ചോദിച്ചു: ”ആരാണ് ആ വിഭാഗം?” നബിﷺ പറഞ്ഞു: ”ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട മാര്‍ഗത്തില്‍ നിലകൊണ്ടവര്‍ ആരാണോ അവര്‍” (തുര്‍മുദി).

അബ്ദുല്ല(റ)വില്‍ നിന്ന്: നബിﷺ പറഞ്ഞു: ”എന്റെ തലമുറയാണ് ഉത്തമ തലമുറ. പിന്നെ അവരെ പിന്‍പറ്റി വരുന്നവര്‍. പിന്നെ അവരെ പിന്‍പറ്റി വരുന്നവര്‍” (മുസ്‌ലിം).

ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ”നിങ്ങളില്‍ ആരെങ്കിലും മാതൃകയാക്കുന്നുവെങ്കില്‍ മുഹമ്മദ് നബിﷺയുടെ സ്വഹാബത്തിനെ മാതൃകയാക്കട്ടെ. അവരാണ് ഈ സമൂഹത്തിലെ ഏറ്റവും നല്ല അവസ്ഥയിലുള്ളവര്‍, അഗാധജ്ഞാനമുള്ളവര്‍, കൃത്രിമത്വം ഒട്ടും ഇല്ലാത്തവര്‍, നേര്‍മാര്‍ഗത്തില്‍ നിലകൊണ്ടവര്‍. തന്റെ പ്രവാചകന്റെ അനുയായികളാവാന്‍ അല്ലാഹു തെരെഞ്ഞെടുത്തവരാണവര്‍. നിങ്ങള്‍ അവരുടെ ശ്രേഷ്ഠത അംഗീകരിക്കണം. അവരുടെ കാല്‍പാടുകളെ നിങ്ങള്‍ പിന്‍പറ്റണം. കാരണം അവരായിരുന്നു നേര്‍മാര്‍ഗത്തില്‍ നിലകൊണ്ടവര്‍” (ഇബ്‌നു അബ്ദുല്‍ ബര്‍റ്, ജാമിഉ ബയാനില്‍ ഇല്‍മ്).

ആദ്യമായി ക്വദ്‌റിനെ നിഷേധിച്ച മഅ്ബദുല്‍ ജുഹ്‌നി ബസ്വറയില്‍ വന്നപ്പോള്‍ താബിഉകളായ യഹ്‌യബ്‌നു യഅ്മറും ഹുമൈദ്ബ്‌നു അബ്ദിറഹ്മാന്‍ അല്‍ഹിമൈരിയും ഇതിനെപ്പറ്റി അറിയാന്‍ സ്വഹാബത്തിനെ തേടിപ്പോയ, ഇമാം മുസ്‌ലിം ഉദ്ധരിച്ച സംഭവം മന്‍ഹജുസ്സലഫിന്റെ പ്രാധാന്യം ബോധ്യമാക്കിത്തരുന്നു.

ഇമാമുസ്സുന്ന എന്നറിയപ്പെടുന്ന അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) പറഞ്ഞു: ‘നമ്മുടെ അടുക്കല്‍ സുന്നത്തിന്റെ അടിസ്ഥാനമെന്നത് റസൂല്‍ﷺയുടെ അനുചരന്മാര്‍ നിലകൊണ്ട മാര്‍ഗം മുറുകെ പിടിക്കലും അവരുടെ മാതൃക പിന്‍പറ്റലുമാണ്” (ഉസ്വൂലുസ്സുന്ന).

ഇത്രയധികം പ്രമാണ പിന്‍ബലമുള്ള ഒന്നിനെ ‘ഇറക്കുമതി,’ ‘മന്‍ഹജുസ്സലഫി’ എന്നിങ്ങനെ പരിഹസിക്കുന്നത് അജ്ഞതയും അവിവേകവുമാണ്.

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ ഹസനുല്‍ ബസ്വരി, സുഫിയാനു ഥൗരി, ലൈസ്ബ്‌നുസഅദ്, അബൂഹനീഫ, മാലിക് ബ്‌നു അനസ്, അഹ്മദ്ബ്‌നു ഹമ്പല്‍, ശാഫിഈ, നുഅമുല്‍ ഹമ്മാദ്, ബുഖാരി, മുസ്‌ലിം, ഇബ്‌നു ഖുസൈമ, ലാലകായി, ആജുരി, ത്വബ്‌രി, ക്വുര്‍ത്വുബി എന്നീ പണ്ഡിതരും മന്‍ഹജിന്റെ മഹത്ത്വം ഉള്‍ക്കൊണ്ടവരും അത് സമൂഹത്തെ ഉണര്‍ത്തിയവരുമാണ്.

ഇനി പ്രസ്ഥാന ചരിത്രം പരിശോധിക്കാം. 1924ല്‍ ‘കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ’യും 1950ല്‍ ‘കേരള നദ്‌വതുല്‍ മുജാഹിദീനും’ രൂപീകരിക്കപ്പെട്ടത് ഈ ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ വേണ്ടി മാത്രമാണ്. സംഘടനയുടെ പ്രഥമ പ്രസിഡന്റായ കെ.എം മൗലവി എഴുതുന്നു: ‘അതായതു നബിﷺ ക്വുര്‍ആന്‍ സ്വഹാബികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും തിരുമേനിﷺയുടെ വാക്കുമൂലവും പ്രവൃത്തിമൂലവും ക്വുര്‍ആനിന്റെ ഉദ്ദേശവും താല്‍പര്യവും അവരെ മനസ്സിലാക്കുകയും ഇങ്ങനെ ക്വുര്‍ആനിനും ഹദീഥിനുമനുസരിച്ചു ജീവിക്കുവാന്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി പരിശുദ്ധ ക്വുര്‍ആനും ഹദീഥും വേണ്ടതിന്‍വണ്ണം ഗ്രഹിക്കുകയും അവയെ പരിപൂര്‍ണമായി അനുസരിച്ചുകൊണ്ടുള്ള ജീവിതം നയിച്ചു പരിശീലനം സിദ്ധിക്കുകയും ചെയ്ത ഒരു ജനത തിരുമേനിയുടെ മരണത്തിന് മുമ്പുതന്നെ നിലവില്‍ വന്നിട്ടുണ്ട്. സ്വഹാബത്ത് താബിഈങ്ങള്‍ക്ക് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും അര്‍ഥം പഠിപ്പിച്ചുകൊടുത്തിട്ടുമുണ്ട്. ക്വുര്‍ആനിനും ഹദീഥിനും സ്വഹാബത്തും താബിഈങ്ങളും കൊടുത്തിട്ടുള്ള അര്‍ഥങ്ങള്‍ക്കും അവയില്‍ നിന്നു മനസ്സിലാക്കിയിട്ടുള്ള സിദ്ധാന്തങ്ങള്‍ക്കും എതിരായി അര്‍ഥം കൊടുക്കുവാനോ വ്യാഖ്യാനം നല്‍കുവാനോ അവരാരും പറയാത്ത അര്‍ഥം സ്വയം കൊടുത്തു ക്വുര്‍ആനിന്റെയും ഹദീഥിന്റെയും ഉദ്ദേശത്തെ അലങ്കോലപ്പെടുത്തുവാനോ ആര്‍ക്കും അവകാശമില്ല തന്നെ” (പരപ്പനങ്ങാടി വാദപ്രതിവാദം, പേജ് 59,60). 

വീണ്ടും അദ്ദേഹം എഴുതുന്നു: ”അല്ലാഹു ഇല്ലെന്നും യാതൊരു നബിമാരെയും അല്ലാഹു അയച്ചിട്ടില്ലെന്നും ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും തനിക്ക് മനസ്സിലായിട്ടുണ്ടെന്നും അതിനാല്‍ തനിക്കതനുസരിച്ചുനടക്കാമോ എന്നും ചോദിക്കും പോലെയാണ് ഈ ചോദ്യം. അത്തരക്കാരോടുള്ള മറുപടി സ്വഹാബത്തും താബിഈങ്ങളും ക്വുര്‍ആനും ഹദീഥും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതനുസരിച്ചു പഠിക്കുവാനും മനസ്സിലാക്കുവാനും ശ്രമിക്കണമെന്നും എന്നിട്ട് അതിന്നനുസരിച്ചു പ്രവര്‍ത്തിക്കണമെന്നും ആകുന്നു” (അതേ പുസ്തകം, പേജ് 61). 

അമാനി മൗലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തിന് 1964ല്‍ കെ.എം മൗലവി എഴുതിയ അവതാരികയില്‍ ഇപ്രകാരം കാണാം: ”ഈ പരിഭാഷയും ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം ‘സലഫീ’ങ്ങളുടെ മാതൃകയനുസരിച്ചുകൊണ്ടുള്ളതാണെന്ന് എനിക്ക് തീര്‍ച്ചയായും പറയുവാന്‍ കഴിയുന്നതാണ്. പൗരാണിക മഹാന്മാരുടെ മാതൃക പിന്‍പറ്റുന്നതിലാണ് നമ്മുടെ എല്ലാ നന്മയും സ്ഥിതി ചെയ്യുന്നത്. പില്‍കാലക്കാരുടെ പുത്തന്‍ നിര്‍മാണങ്ങളിലാണ് എല്ലാ തിന്മയും നിലകൊള്ളുന്നത്” (വാള്യം1, പേജ്12).

ഇതിനെയെല്ലാം ചവിട്ടിമെതിച്ചുകൊണ്ടല്ലാതെ മന്‍ഹജ് വിരോധ പരാക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനാവില്ല. പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലം കണ്ടുതുടങ്ങുന്നതിനിടിയില്‍ സമസ്ത, ജമാഅത്തെ ഇസ്‌ലാമി, സി.എന്‍ അഹ്മദ് മൗലവി, ചേകനൂര്‍ മൗലവി തുടങ്ങിയവര്‍ സച്ചരിതരായ പൂര്‍വസൂരികളുടെ പാത വിട്ട് സഞ്ചരിക്കാന്‍ തുടങ്ങി. 

മന്‍ഹജുസ്സലഫ് മാത്രമല്ല സലഫി എന്ന പേരുതന്നെ പരമാവധി ഒഴിവാക്കുവാനും മുജാഹിദ് പ്രസ്ഥാനത്തെ ഇഖ്‌വാനിസത്തിന്റെ ആലയത്തില്‍ കൊണ്ടുപോയി തളയ്ക്കുവാനും അണിയറ ശ്രമങ്ങള്‍ നടത്തിയ മടവൂര്‍ വിഭാഗത്തിന് 2002ല്‍ പ്രസ്ഥാനത്തില്‍ നിന്ന് വേറിട്ടു പ്രവര്‍ത്തിക്കേണ്ട അവസ്ഥ വന്നത് ഓര്‍ക്കുക. സലഫി മന്‍ഹജിനെ അഞ്ചാം മദ്ഹബ് എന്ന് പരിഹസിക്കാനും ഇവര്‍ മടികാണിച്ചില്ല. എന്നാല്‍ കേരളത്തില്‍ മന്‍ഹജുസ്സലഫിനെ പരിഹസിച്ചു നടന്ന അതേസമയം തന്നെ സുഊദി അറേബ്യയിലെ പണ്ഡിതന്മാരുടെയും ഭരണാധികാരികളുടെയും പിന്തുണയും സഹായസഹകരണങ്ങളും ലഭിക്കുവാന്‍ തങ്ങള്‍ സലഫി മന്‍ഹജ് പിന്തുടര്‍ന്ന് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്ന് പ്രചിപ്പിക്കുന്ന ഇരട്ടത്താപ്പ് നയവും ഇവര്‍ കാണിച്ചിരുന്നു. 

2002ല്‍ കെ.എന്‍.എം എറണാകുളത്തുവെച്ച് ആറാം സംസ്ഥാന സമ്മേളനം നടത്തിയപ്പോള്‍ വേറെ സംഘടനയുണ്ടാക്കി പുറത്തുപോയ മടവൂര്‍ വിഭാഗം കോഴിക്കോട് വെച്ച് ആറാം സംസ്ഥാന സമ്മേളനം നടത്തുകയുണ്ടായി. 2002 ഡിസംബര്‍ 15 മുതല്‍ 18 കൂടിയ ദിവസങ്ങളിലായിരുന്നു പ്രസ്തുത സമ്മേളനം. ഈ സമ്മേളനവുമായി ബന്ധപ്പെട്ട് മക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തില്‍ (2002 ഡിസംബര്‍ 12ന് പുറത്തിറങ്ങിയത്) സമ്മേളനവുമായി ബന്ധപ്പെട്ട പ്രസ്താവന വന്നിരുന്നു. (അതിന്റെ ഫോട്ടോ കാണുക).

അര നൂറ്റാണ്ടുകാലമായി സലഫി മന്‍ഹജും വിശ്വാസവും അനുസരിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് തങ്ങള്‍ എന്ന് അതില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്! എന്നാല്‍ കേരളത്തില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നത് സലഫി മന്‍ഹജ് ഗള്‍ഫിലെ ഇറക്കുമതിയാണെന്നും അഞ്ചാം മദ്ഹബെന്നും! മടവൂര്‍ സാഹിബ് വീണ്ടും വഴിതിരിഞ്ഞപ്പോള്‍ മുജാഹിദുകളെ ശത്രുക്കളായി മാത്രം കാണുന്നവര്‍ക്ക് അവരുടെ പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കി ഉമര്‍ സുല്ലമി ഇതാ (2002ലെ പിളര്‍പ്പിനെ തുടര്‍ന്നും ഇദ്ദേഹം ഈ മാര്‍ഗം പിന്തുടര്‍ന്നിരുന്നു) രംഗത്തുവന്നിരിക്കുന്നു. 

മന്‍ഹജിനെ മുജാഹിദുകള്‍ സ്വതന്ത്രമായ ഒരു പ്രമാണമായിട്ടാണ് കാണുന്നത് എന്ന് വരുത്തിത്തീര്‍ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം കാണുക: ”മുമ്പ് സമാനമായ ഒരു പ്രശ്‌നം ഉടലെടുത്തപ്പോള്‍ ഇരുപക്ഷത്തുനിന്നുമുള്ള പത്തുവീതം പണ്ഡിതന്മാര്‍ ചേര്‍ന്നു നമ്മുടെ പ്രമാണമെന്താണെന്ന് തീരുമാനിച്ചതാണ്. അതുപ്രകാരം വിശുദ്ധക്വുര്‍ആന്‍, സ്വഹീഹായ ഹദീസ്, സര്‍വാംഗീകൃത ഇജ്മാഅ്, വ്യക്തമായ ഖിയാസ് എന്നിവയാണ് പ്രമാണങ്ങളെന്ന് അംഗീകരിച്ചതാണ്. അതിനു പുറമെ സലഫീ മന്‍ഹജ് എന്ന പേരില്‍ ഒരു പ്രമാണമില്ല” (പേജ്10).

ഇസ്‌ലാം പ്രമാണമാക്കാത്ത ഒന്നിനെ യഥാര്‍ഥ മുജാഹിദുകളാരും ഇന്നുവരെ പ്രമാണമാക്കിയിട്ടില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. കെ.എം മൗലവി എഴുതുന്നു: ”ക്വുര്‍ആനിന്റെയും ഹദീഥിന്റയും വ്യാഖ്യാനത്തില്‍ സ്വഹാബത്ത് വിവരിച്ചതും ഗ്രഹിച്ചതുമാണ് പ്രമാണമാക്കേണ്ടത് എന്ന സംഗതി അഹ് ലുസ്സുന്നഃ വല്‍ജമാഅഃ ആണ് തങ്ങളെന്ന് ഓരോ കക്ഷിയും വാദിക്കുന്നതു കൊണ്ടു വ്യക്തമായിരിക്കുന്നു” (പരപ്പനങ്ങാടി വാദപ്രതിവാദം, പേജ് 15).

‘ആദര്‍ശ വ്യതിയാനം ആരോപിച്ച് കൊണ്ടാണല്ലോ രണ്ടായിരത്തില്‍ ഞങ്ങളെ മാറ്റിനിര്‍ത്തിയത്’ എന്ന് സുല്ലമി പരിതപിക്കുന്നുണ്ട്. മാറ്റിനിര്‍ത്തപ്പെട്ട വിഭാഗത്തിന് ആദര്‍ശ വ്യതിയാനം ഉണ്ടെന്ന് 2000 ല്‍ ചൂണ്ടിക്കാണിക്കപ്പെട്ടതില്‍ ഒന്നാമത്തേത് മന്‍ഹജ് തന്നെയാണ്. 2001ല്‍ ഇദ്ദേഹമടക്കം ഇരുപത് പേര്‍ ഒപ്പിട്ട തീരുമാനങ്ങള്‍ ഇവിടെ ചേര്‍ക്കാം.

വ്യതിയാനം: ‘ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാര്‍ഗം(മന്‍ഹജ്) അവലംബിക്കേണ്ടതില്ലെന്നും അങ്ങനെ ഒരു മന്‍ഹജ് തന്നെ ഇല്ലെന്നുമുള്ള വാദം നാം ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ്.’

പ്രതികരണം:’ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റ മാര്‍ഗം അവലംബിക്കേണ്ടതില്ലെന്ന വാദം ഞങ്ങള്‍ക്കില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മന്‍ഹജ് ഇല്ല.’

തീരുമാനം: ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റ മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത് എന്ന് യോഗം അംഗീകരിച്ചു’ (കെ.ജെ.യു നിര്‍വാഹകസമിതി യോഗ തീരുമാനങ്ങള്‍).

ഇതിന്‌ശേഷം ഉമര്‍ സുല്ലമി തന്റെ, ‘എന്റെ നിലപാട്’ എന്ന കൃതിയില്‍ എഴുതിയത് കാണുക: ‘എന്നാല്‍ ഒരഞ്ചാം പ്രമാണത്തിന്റെ അനുകരണം അതിലേക്ക് കടന്നുവരുന്നത് മുജാഹിദുകള്‍ ഒരിക്കലും അംഗീകരിക്കുകയില്ല’ (പേജ് 3).

മേല്‍വിലാസമില്ലാതെ ഇവര്‍ പുറത്തിറക്കിയ നീലപുസ്തകവും ഇവരുടെ മന്‍ഹജ് വ്യതിയാനം സത്യമാണെന്ന് തെളിയിക്കാന്‍ ആക്കം കൂട്ടി. 2014ല്‍ ശബാബില്‍ തന്നെയും വന്നത് ഇങ്ങനെ: ‘മദ്ഹബിനെയും തഖ്‌ലീദിനെയും എതിര്‍ക്കുന്നുവെങ്കിലും ഒരു സലഫീമന്‍ഹജ് വാദം പ്രത്യക്ഷപ്പെട്ടു’ (ശബാബ് 2014 ഫെബ്രുവരി 7, പേജ്10). 

ആദര്‍ശ ശത്രുവിന് സുല്ലമി തന്റെ അഭിമുഖത്തിലൂടെ മുഴുവന്‍ മുജാഹിദുകെളയും അടിക്കുവാന്‍ കൊടുത്ത മുട്ടന്‍ വടി കാണുക: ”ഈ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം മുജാഹിദ് പ്രസ്ഥാനത്തിനകത്ത് സലഫീ മന്‍ഹജ് കടന്ന് കൂടിയതാണ്. കാരണം സലഫികളില്‍ തീവ്രവാദികളുണ്ട്” (പേജ് 13). 

സച്ചരിതരായ പൂര്‍വികരെ പിന്‍പറ്റി ജീവിക്കുന്നവരാണ് സലഫികള്‍. ഈ പേരില്‍ തീവ്രവാദികളെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. സ്വന്തം തീവ്രത മറയ്ക്കലാണതിന്റെ ഉദ്ദേശ്യം. ആദര്‍ശ നിഷ്ഠയും പ്രമാണങ്ങളെ പിന്‍പറ്റല്‍ അനിവാര്യമാണെന്ന ബോധവും ആരിലാണോ ഒന്നിക്കുന്നത് അവര്‍ ആരോപണങ്ങള്‍ക്ക് വിധേയരാവുക സ്വാഭാവികം. കാരണം ഇസ്‌ലാം അതിന്റെ തനിമയോടെ ലോകത്ത് നിലനിക്കുന്നത് പലരുടെയും ഉറക്കം കെടുത്തുന്ന കാര്യമാണ്. 

ശിര്‍ക്കും ബിദ്അത്തും പ്രചരിപ്പിക്കുന്നതില്‍ മത്സരിക്കുന്ന സമസ്ത വിഭാഗങ്ങള്‍ അഹ്‌ലുസ്സുന്ന വല്‍ ജമാഅയായി അവതരിപ്പിക്കപ്പെടുന്നതും ബുദ്ധിക്ക് പ്രമാണത്തെക്കാള്‍ മുന്‍ഗണന നല്‍കുന്ന അക്വ്‌ലാനികള്‍ പ്രവാചകാധ്യാപനങ്ങളെ പിന്‍പറ്റുന്നവരായി അറിയപ്പെടുന്നതും എത്രമേല്‍ വൈരുധ്യം നിറഞ്ഞതാണോ അത്രമേല്‍ വൈരുധ്യം നിറഞ്ഞതാണ് മുജാഹിദുകള്‍ക്കെതിരുള്ള ആരോപണങ്ങളും.

സത്യത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ ആരാണെങ്കിലും അവര്‍ക്കൊന്നും അല്ലാഹുവിന്റെ പ്രകാശത്തിന് മങ്ങലേല്‍പിക്കാന്‍ കഴിയില്ല. ആത്മാര്‍ഥത വറ്റാത്ത, ഊര്‍ജസ്വലതയുള്ള ഒരു ചെറു സംഘം നേരിനായി എപ്പോഴും പ്രത്യക്ഷമായി തന്നെ നിലകൊള്ളും. അല്ലാഹു പറയുന്നു: 

”അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 61:8).

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

തൗഹീദും അതിന്റെ ഇനങ്ങളും

തൗഹീദും അതിന്റെ ഇനങ്ങളും

മനുഷ്യന്‍ നേടുന്ന അറിവുകളില്‍ ഏറ്റവും വലിയ അറിവ് തൗഹീദിനെക്കുറിച്ചുള്ളതാണ്. ‘അല്‍ഫിഖ്വ്ഹുല്‍ അക്ബര്‍’ എന്നാണ് ചില പണ്ഡിതന്മാര്‍ ഇതിനെക്കുറിച്ച് പറയാറുള്ളത്. കര്‍മങ്ങളുടെ സ്വീകാര്യതക്ക് അനിവാര്യമായ ഒന്നാണത്. അത്‌കൊണ്ടുതന്നെ ഒരു മുസ്‌ലിം തൗഹീദിന്ന് പ്രധാന്യം കൊടുക്കുകയും അത് പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യേണ്ടതുണ്ട്.

എന്താണ് തൗഹീദ്?

‘വഹ്ഹദ’ എന്ന് പറഞ്ഞാല്‍ ‘അഫ്‌റദ’ അഥവാ ‘ഏകനാക്കുക’ എന്നാണ് അര്‍ഥം. ‘റുബൂബിയ്യഃ’ (സൃഷ്ടികര്‍തൃത്വം), ഉലൂഹിയ്യഃ (ആരാധ്യത), ‘അല്‍അസ്മാഉ വസ്സ്വിഫാത്’ (നാമവിശേഷണങ്ങള്‍) തുടങ്ങിയ വിഷയങ്ങളില്‍ അല്ലാഹുവിനെ ഏകനാക്കലാണ് തൗഹീദ്.

ഈ വിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ തൗഹീദിനെ മുന്‍ഗാമികള്‍ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

1) തൗഹീദുര്‍റുബൂബിയ്യഃ

2) തൗഹീദുല്‍ ഉലൂഹിയ്യഃ

3) തൗഹീദുല്‍ അസ്മാഇ വസ്സിഫാത്

തൗഹീദുര്‍റുബൂബിയ്യഃ

അല്ലാഹു മാത്രമാണ് പ്രപഞ്ചത്തിന്റെയും അതിലുള്ളതിന്റെയും സ്രഷ്ടാവും നിയന്താവും ഉപജീവനംനല്‍കുന്നവനും എന്ന് വിശ്വസിക്കലാണിത്. എന്നാല്‍ റുബൂബിയ്യത്തില്‍ മാത്രം ഒരു വ്യക്തി വിശ്വസിച്ചത് കൊണ്ട് അവന്റെ തൗഹീദ് പരിപൂര്‍ണമാവുകയില്ല. അല്ലാഹു രക്ഷിതാവാ(റബ്ബ്)ണെന്ന് ഇബ്‌ലീസും അംഗീകരിച്ചിട്ടുണ്ട്. 

”അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ” (ക്വുര്‍ആന്‍ 15:36).

”അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച”(ക്വുര്‍ആന്‍ 15:39).

മക്കയിലെ മുശ്‌രിക്കുകളും റുബൂബിയ്യത്ത് അംഗീകരിക്കുന്നവരായിരുന്നു: ”ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?” (ക്വുര്‍ആന്‍ 29:61). 

എന്നാല്‍ ആരാധന അല്ലാഹുവിനു മാത്രം എന്ന തൗഹീദുല്‍ ഉലൂഹിയ്യഃയില്‍ ശിര്‍ക്ക് വന്നതിനാല്‍ ഇവര്‍ യഥാര്‍ഥ തൗഹീദിന്റെ വക്താക്കളല്ല. 

തൗഹീദുര്‍റുബൂബിയ്യത്തിനുള്ള തെളിവുകള്‍:

1) മനുഷ്യന്റെ ശുദ്ധപ്രകൃതി. 

2) ബുദ്ധി. 

3) പ്രവാചകന്മാരുടെ മുഅ്ജിസത്ത് (അമാനുഷിക ദൃഷ്ടാന്തം). 

4) അല്ലാഹു മുസാനബി(അ)യോട് സംസാരിച്ചത്. 

5) പ്രാപഞ്ചിക അടയാളങ്ങള്‍ (ദൃഷ്ടാന്തങ്ങള്‍).

മനുഷ്യന്റെ ശുദ്ധപ്രകൃതി

അല്ലാഹുവിന്റെ അസ്തിത്വത്തെ ഏതൊരു സൃഷ്ടിയും പ്രകൃത്യാതന്നെ അംഗീകരിക്കുന്ന രൂപത്തിലാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്.

നബിﷺ പറഞ്ഞു: ”ഏതൊരു കുഞ്ഞും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനാക്കുന്നതും ക്രിസ്ത്യാനിയാക്കുന്നതും മജൂസിയാക്കുന്നതും.” 

അല്ലാഹുവാണ് വലിയവനെന്നും സമ്പൂര്‍ണനെന്നും ഉന്നതനെന്നുമുള്ള കാര്യം ഏതൊരു മനുഷ്യ മനസ്സും അംഗീകരിക്കുന്നതാണ്. മനുഷ്യന്റെ പ്രകൃതിയെ മാറ്റിക്കളയുന്ന പ്രേരകങ്ങളൊന്നും ഇല്ലായെങ്കില്‍ യഥാര്‍ഥതൗഹീദിലേക്കും നബിമാര്‍ കൊണ്ടുവന്ന ആദര്‍ശത്തിലേക്കും തന്നെയാണ് മനുഷ്യന്റെ ചിന്തയും ബുദ്ധിയും വശീകരിക്കപ്പെടുക. 

നബിമാരൊക്കെയും ജനങ്ങളെ തൗഹീദുല്‍ ഉലൂഹിയ്യത്തിലേക്കാണ് ക്ഷണിച്ചത്; തൗഹീദുര്‍റുബൂബിയ്യത്തിലേക്ക് ക്ഷണിക്കേണ്ടിവന്നിട്ടില്ല. അല്ലാഹുവിന്റെ അസ്തിത്വത്തില്‍ ഒരു സംശയവും ഇല്ലാത്തവരെഅഭിമുഖീകരിക്കുന്ന പോലെയുള്ള ശൈലിയാണ് അവര്‍ സ്വീകരിച്ചതും.

”അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയമുള്ളത്? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരു അവധി വരെ നിങ്ങള്‍ക്ക് സമയം നീട്ടിത്തരുവാനുമായി അവന്‍ നിങ്ങളെ ക്ഷണിക്കുന്നു” (ഇബ്‌റാഹിം:10).

ബുദ്ധി: വക്രതയില്ലാത്ത ബുദ്ധി അല്ലാഹുവിന്റെ അസ്തിത്വത്തെ അംഗീകരിക്കും. ഏതൊരു സൃഷ്ടിക്കും പിന്നില്‍ ഒരു സ്രഷ്ടാവുണ്ട്. ഒന്നുമില്ലാത്ത സ്ഥലത്തിലൂടെ ഒരാള്‍ കടന്നുപോകുകയും ആസ്ഥലത്ത് പിന്നീടൊരിക്കല്‍ എത്തിയപ്പോള്‍ അവിടെ ധാരാളം കെട്ടിടങ്ങള്‍ കാണപ്പെടുകയും ചെയ്താല്‍ ഇവ താനെ ഉണ്ടായതാണെന്ന് ബുദ്ധിയുള്ള ഒരാളും പറയുകയില്ല. അതുകൊണ്ടാണ് അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം ചോദിച്ചത്: 

”അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?” (ക്വുര്‍ആന്‍ 52:35).

ഇമാം അബൂഹനീഫയെക്കുറിച്ച് ഇപ്രകാരം ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നു: അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ച് ചില നിരീശ്വരവാദികള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘അല്‍പനേരത്തേക്ക് എന്നെ ഒന്നു വിട്ടേക്കൂ. ഞാന്‍ കേട്ട ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.  ചില ആളുകള്‍ എന്നോട് പറഞ്ഞു: ഒരുകപ്പല്‍ കടലിലൂടെ സഞ്ചരിക്കുന്നു. അതില്‍ കച്ചവടച്ചരക്കുകളുണ്ട്, എന്നാല്‍ അതിനെ നയിക്കുന്ന കപ്പിത്താനില്ല. എന്നിട്ടും കൃത്യസ്ഥാനത്തേക്ക് അത്‌പോകുകയും വരികയും ചെയ്യുന്നു. തിരമാലകളെ കീറിമുറിച്ച് തരണം ചെയ്ത് മുന്നോട്ട് പോകുന്നു’ എന്ന്. ഇതുകേട്ട നിരീശ്വരവാദികള്‍ പറഞ്ഞു: ‘ബുദ്ധിയുള്ള ഒരാളും ഇത് പറയുകയില്ല.’ അപ്പോള്‍ ഇമാം അബൂഹനീഫ പറഞ്ഞു: ‘എങ്കില്‍ ഈ പ്രപഞ്ചവും അതിലുള്ള സകലതും താനെ ഉണ്ടായി എന്നും താനെ പ്രവര്‍ത്തിക്കുന്നു എന്നും നിങ്ങളെങ്ങനെ പറയുന്നു? അവയ്‌ക്കൊരു നിര്‍മാതാവില്ലേ?’ നിരീശ്വരവാദികളായിരുന്നവര്‍ ഹൃദയം തുറക്കുകയും സത്യത്തിലേക്ക് മടങ്ങുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്തു. (തഫ്‌സീര്‍ ഇബ്‌നുകഥീര്‍ 1/58).

പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍

നബിമാരെ സത്യപ്പെടുത്തിയും ശക്തിപ്പെടുത്തിയും അല്ലാഹു നടപ്പിലാക്കുന്ന മനുഷ്യകഴിവിന്നപ്പുറമുള്ള കാര്യങ്ങള്‍ക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. ഉദാ:

1. ഇബ്‌റാഹിം നബി(അ)യെ തീയിലിട്ടു, ആ തീ തണുപ്പുള്ളതായിമാറി.

”അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്” (ക്വുര്‍ആന്‍ 21:68-70).

2. മൂസാനബി(അ)യുടെ വടികൊണ്ട് അടിച്ചപ്പോള്‍ കടല്‍ പിളര്‍ന്നു, കല്ലില്‍ അടിച്ചപ്പോള്‍ ഉറവുകളുണ്ടായി, കക്ഷത്തുവെച്ച് പുറത്തെടുത്ത കൈ പ്രകാശിച്ചു…

”അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു. അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട, നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്. നീ നിന്റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് പുറത്ത് വരുന്നതാണ്. അത് മറ്റൊരു ദൃഷ്ടാന്തമത്രെ” (ക്വുര്‍ആന്‍ 20:19-22).

3. മുഹമ്മദ് നബിﷺയുടെ മുഅ്ജിസത്തുകള്‍ ഒട്ടനവധിയാണ്. ചന്ദ്രന്‍ പിളര്‍ന്നത്, ഇസ്‌റാഉം മിഅ്‌റാജും, വിരലുകള്‍ക്കിടയിലൂടെ വെള്ളം വന്നത്… തുടങ്ങിയവയെല്ലാം അതില്‍ പെട്ടതാണ്. ഇതില്‍ ഏറ്റവും വലിയ മുഅ്ജിസത്ത് വിശുദ്ധ ക്വുര്‍ആനാണ്. ഈ ലോകം നിലനില്‍ക്കുന്നിടത്തോളം നിലനില്‍ക്കുന്ന ദൃഷ്ടാന്തം. മാറ്റത്തിരുത്തലുകളില്‍ നിന്നും സുരക്ഷിതം.

 ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (ഹിജ്ര്‍:9).

ഇജ്മാഅ്: തൗഹീദുര്‍റുബൂബിയ്യത്ത് ലോകത്തുള്ള ഏതുജനതയും അംഗീകരിച്ചിട്ടുണ്ട്. വിശേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും തത്തുല്യമായ രണ്ട് സ്രഷ്ടാക്കള്‍ ലോകത്തിനുണ്ടെന്ന് ആരും തന്നെ പറഞ്ഞിട്ടില്ല.

”ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?” (ക്വുര്‍ആന്‍ 29: 61).

എന്നാല്‍ നംറൂദ്, ഫിര്‍ഔന്‍ പോലുള്ളവര്‍ റുബൂബിയ്യത്തിനെ നിഷേധിച്ചത് അഹങ്കാരവും നേതൃത്വ മോഹവും കാരണത്താലായിരുന്നു. 

മൂസാ നബി(അ)യോട് അല്ലാഹു സംസാരിച്ചു

പല സന്ദര്‍ഭങ്ങളിലായി മൂസാനബി(അ)യോട് അല്ലാഹു സംസാരിക്കുകയും ആ സംസാരം മൂസാനബി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അസ്തിത്വത്തെയാണിത് സൂചിപ്പിക്കുന്നത്.

പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍

ലോകത്തുള്ള ഏതൊന്നും ഒരു സ്രഷ്ടാവിനെ അറിയിക്കുന്നു.

1. ആകാശം: അതിന്റെ വലുപ്പം, സൂര്യചന്ദ്രന്മാര്‍, രാവും പകലും മാറിമാറി വരുന്നത്…

”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്” (ക്വുര്‍ആന്‍ 3:190).

2. ഭൂമി: ജീവിച്ചിരിക്കുന്നവര്‍ക്ക് മുകള്‍ഭാഗവും മരണപ്പെട്ടവര്‍ക്ക് ഉള്‍ഭാഗവും എന്ന നിലയ്ക്ക് എല്ലാവരെയും ഉള്‍കൊള്ളുന്ന ഭൂമി. അതിലുള്ള കോടാനുകോടി സൃഷ്ടിജാലങ്ങള്‍, നദികള്‍, മലകള്‍, സമുദ്രങ്ങള്‍, ഭൂമിയിലേക്ക് മഴയിറങ്ങുന്നു. മനുഷ്യനാവശ്യമായ എല്ലാം അതില്‍ നിന്നും മുളച്ചുവരുന്നു. 

”ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട”(ക്വുര്‍ആന്‍ 13:4).

3. കടലുകള്‍: അതിലെ വെള്ളം, തിരമാല, മുത്തുകള്‍ പവിഴങ്ങള്‍, മത്സ്യങ്ങള്‍, അത്ഭുത ജീവികള്‍, കടലിന്നടിയിലെ മലകള്‍, പവിഴപ്പുറ്റുകള്‍… 

”നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ് (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്)” (ക്വുര്‍ആന്‍ 16:14).

4. മനുഷ്യന്റെ സൃഷ്ടിപ്പ്, അവന്റെ സൗന്ദര്യം, ശരീരം, തലച്ചോറ്, ഹൃദയം… ഇവയുടെ പ്രവര്‍ത്തനങ്ങള്‍, നാഡീവ്യൂഹ വ്യവസ്ഥ, രക്തചംക്രമണം, ദഹനവ്യവസ്ഥ, വ്യത്യസ്ത ഭാഷകള്‍, ശബ്ദങ്ങള്‍, ശൈലികള്‍, നിറങ്ങള്‍… 

”നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?” (ക്വുര്‍ആന്‍ 51: 21). 

ഇതെല്ലാം കാണുന്ന ഒരു മുസ്‌ലിം തീര്‍ച്ചയായും പറയും:

”നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീഎത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ” (ക്വുര്‍ആന്‍ 3:191).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

ക്വുര്‍ആനിന്റെ അനുയായികളോട്: 2

ക്വുര്‍ആനിന്റെ അനുയായികളോട്: 2

ക്വുര്‍ആനിന്റെ ആളുകളാണ് ഇമാമത്തിനും നേതൃത്വത്തിനുമര്‍ഹര്‍

നബി ﷺ പറഞ്ഞു: ”ഉന്നതനായ അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതല്‍ പാരായണം ചെയ്യു(അറിയു)ന്നവര്‍ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കട്ടെ” (മുസ്‌ലിം). 

നബി ﷺ യുടെ അടുത്ത് ഒരു സ്ത്രീ വന്നുകൊണ്ട് ‘പ്രവാചകരേ, ഞാന്‍ എന്നെ താങ്കള്‍ക്ക് സമര്‍പിച്ചിരിക്കുന്നു’വെന്ന് പറഞ്ഞ വേളയില്‍ ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് പറയുകയുണ്ടായി: ‘പ്രവാചകരേ, അവളില്‍ താങ്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ അവരെ താങ്കളെനിക്ക് വിവാഹം കഴിച്ചു തന്നാലും.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ക്വുര്‍ആനില്‍ നിന്ന് എന്താണ് താങ്കള്‍ക്കറിവുള്ളത്?’ അയാള്‍ പറഞ്ഞു: ‘എനിക്ക് ഇന്നയിന്ന സൂറത്തുകളെല്ലാം അറിയാം.’ അപ്പോള്‍ അവിടുന്ന് ചോദിച്ചു: ‘അത് താങ്കള്‍ക്ക് മനഃപാഠമായി പരായണം ചെയ്യാന്‍ സാധിക്കുമോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അവിടുന്ന് പറഞ്ഞു: ‘ക്വുര്‍ആനില്‍ നിന്ന് താങ്കള്‍ക്ക് മനഃപാഠമുള്ളതിന് (അതവള്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയെന്ന മഹ്‌റില്‍) അവളെ നീ ഉടമപ്പെടുത്തിയിരിക്കുന്നു” (ബുഖാരി, മുസ്‌ലിം).

മരണപ്പെട്ടതിനു ശേഷം മറമാടുമ്പോള്‍ പോലും ക്വുര്‍ആനിന്റെയാളുകള്‍ക്ക് പ്രത്യേകതയുണ്ട്

ജാബിറുബ്‌നു അബ്ദുല്ലാഹ്(റ)വില്‍ നിന്ന് നിവേദനം: ”ഉഹ്ദ് യുദ്ധത്തില്‍ മരണപ്പെട്ടവരില്‍ രണ്ട് വീതമാളുകളെ നബി ﷺ ഒരു വസ്ത്രത്തില്‍ കഫന്‍ ചെയ്തിരുന്നു. ആ സമയം അവിടുന്ന് ചോദിച്ചു: ‘ഇവരില്‍ ആര്‍ക്കാണ് ക്വുര്‍ആന്‍ കൂടുതല്‍ അറിയുക?’ അവരില്‍ ഒരാളെ ചൂണ്ടിക്കാണിച്ചാല്‍ ആ വ്യക്തിയെ ക്വബ്‌റിലേക്ക് മുന്തിപ്പിക്കുമായിരുന്നു…” (ബുഖാരി).

ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് പിശാചില്‍ നിന്നും അവന്റെ കുതന്ത്രങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്

നബി ﷺ പറഞ്ഞു: ”നിശ്ചയം സൂറത്തുല്‍ ബക്വറ പാരായണം ചെയ്യുന്ന വീട്ടില്‍ നിന്ന് പിശാച് ഓടിപ്പോകുന്നതാണ്”(മുസ്‌ലിം).

ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് രക്ഷ ലഭിക്കുന്നതാണ്. 

അബൂദര്‍ദാഅ്(റ) നിവേദനം: നബി ﷺ പറഞ്ഞു: ”ആരെങ്കിലും സൂറത്തുല്‍ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകള്‍ മനഃപാഠമാക്കിയാല്‍ അവന് ദജ്ജാലില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്” (മുസ്‌ലിം).

നാശം വന്നണയുന്ന ഈ ഭൂമിയില്‍ വെച്ച് ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് ലഭിക്കുന്ന ഏതാനും മഹത്ത്വങ്ങളാണിതെല്ലാം. എന്നാല്‍ എന്നെന്നും നിലനില്‍ക്കുന്ന പാരത്രിക ലോകത്ത് അവര്‍ക്ക് ഉന്നതമായ സ്ഥാനവും മഹത്ത്വവും ശ്രേഷ്ഠതയും ലഭിക്കുന്നതാണ്. 

അബ്ദുല്ലാഹ്ബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം: നബി ﷺ പറഞ്ഞു: ”ക്വുര്‍ആനിന്റെ ആളുകളോടു പറയും, നീ പാരായണം ചെയ്യുക, ദുന്‍യാവില്‍ വെച്ച് പാരായണം ചെയ്ത പോലെ സ്വര മാധുര്യത്തോടെ പാരായണം ചെയ്യുക. അവസാനമായി പാരായണം ചെയ്ത ആയത്തിനടുത്തായിരിക്കും നിന്റെ സ്ഥാനം (പരലോകത്ത്)” (അബൂദാവൂദ്, തിര്‍മിദി).

ബുറൈദ(റ) നിവേദനം: നബി ﷺ പറഞ്ഞു: ”ആരെങ്കിലും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവനെ പരലോകത്ത് പ്രകാശം കൊ ണ്ടുള്ള കിരീടം അണിയിക്കുന്നതാണ്. അതിന്റെ പ്രകാശം സൂര്യപ്രകാശം പോലെയായിരിക്കും. അവന്റെ മാതാപിതാക്കളെ രണ്ട് ഉടയാടകള്‍ അണിയിക്കും. ദുന്‍യാവ് പോലും അവക്ക് പകരമാവില്ല. അപ്പോള്‍ മാതാപിതാക്കള്‍ ചോദിക്കും: ‘എന്ത്‌കൊണ്ടാണ് ഞങ്ങളെ ഇത് അണിയിച്ചത്?’ അപ്പോള്‍ പറയും: ‘നിങ്ങളുടെ സന്താനം ക്വുര്‍ആനിനെ സ്വീകരിച്ചതുകൊണ്ട്” (ഹാകിം ഈ ഹദീഥ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അതിനോട് ദഹബി യോജിച്ചിട്ടുമുണ്ട്).

അബൂഹുറയ്‌റ(റ) നിവേദനം: നബി ﷺ പറഞ്ഞു: ”അവസാന നാളില്‍ ക്വുര്‍ആന്‍ വന്നുകൊണ്ടു പറയും: ‘എന്റെ രക്ഷിതാവേ, അവനെ അണിയിക്കുക.’ അങ്ങിനെ ‘താജുല്‍ കറാമ’ (ആദരവിന്റെ കിരീടം) അണിയിക്കും. ശേഷം പറയും: ‘എന്റെ രക്ഷിതാവേ, അവന് വര്‍ധിപ്പിച്ച് നല്‍കൂ.’ അങ്ങനെ ‘കറാമ’യുടെ വസ്ത്രമണിയിക്കും. തുടര്‍ന്ന് പറയും: ‘എന്റെ രക്ഷിതാവേ, അവനെ തൃപ്തിപ്പെടുക.’ അവനെ തൃപ്തിപ്പെടുന്നു. പിന്നെ പറയപ്പെടും: ‘നീ പാരായണം ചെയ്യുക.’ ഓരോ ആയത്തിനും നന്മകള്‍ അധികരിപ്പിക്കുകയും ചെയ്യും'(തിര്‍മിദി).

പരലോകത്ത് ജനങ്ങള്‍ വെപ്രാളത്തില്‍ കഴിയുമ്പോള്‍ ക്വുര്‍ആനിന്റെ ആളുകള്‍ നിര്‍ഭയരായിരിക്കും. ജനങ്ങള്‍ ഭയക്കുമ്പോള്‍ അവര്‍ സമാധാനമുള്ളവരായിരിക്കും. അല്ലാഹുവിന്റെ കാരുണ്യത്തിനു ശേഷം അവരുടെ ശുപാര്‍ശകര്‍ ക്വുര്‍ആനായിരിക്കും, അവിടെ അവരുടെ വഴികാട്ടിയും നേതാവും ക്വുര്‍ആനിക സൂറത്തുകളായിരിക്കും.

അബൂ ഉമാമ(റ) നിവേദനം: നബി ﷺ പറഞ്ഞു: ”നിങ്ങള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുക. കാരണം അവസാന നാളില്‍ ക്വുര്‍ആന്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശക്കാരായി വരുന്നതാണ്” (മുസ്‌ലിം).

നബി ﷺ പറഞ്ഞു: ”അവസാന നാളില്‍ ക്വുര്‍ആനിനെ കൊണ്ടുവരും. അതനുസരിച്ച് പ്രവര്‍ത്തിച്ചവരെയും അവരുടെ മുന്നില്‍ സൂറതുല്‍ബക്വറയും സൂറതു ആലുഇംറാനുമുണ്ടായിരിക്കും. അവ രണ്ടും തങ്ങളുടെ ആളുകളെ കുറിച്ചു വാദിച്ചുകൊണ്ടിരിക്കും” (മുസ്‌ലിം).

നമ്മുടെ ബാധ്യത

നമുക്ക് ക്വുര്‍ആനിനോട് ഒരുപാട് ബാധ്യതകളുണ്ട്. അതില്‍ ഒന്ന് ക്വുര്‍ആനിനെ കുറിച്ച് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ത് വിശ്വസിച്ചുവോ അത് നാമും വിശ്വസിക്കുക.

അത്, ക്വുര്‍ആന്‍ ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ കലാമാകുന്നു. അത് അല്ലാഹുവില്‍ നിന്ന് അവതരിച്ചതാണ്. ക്വുര്‍ആന്‍ സൃഷ്ടിയല്ല. അല്ലാഹുവില്‍ നിന്ന് ആരംഭിക്കുകയും അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. അല്ലാഹുവിന്റെ സംസാരിച്ച കലാമാകുന്നു ക്വുര്‍ആന്‍. നബി ﷺ ക്ക് അവതരിപ്പിച്ച അവന്റെ വഹ്‌യുമാണത്. അതിന്റെ അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവിന്റെതാണ്, ജിബ്‌രീല്‍(അ) മുഖേനയാണ് അവസാന പ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് അത് അവതരിച്ചത്.

വിശുദ്ധ ക്വുര്‍ആനിന് നല്‍കേണ്ട സ്ഥാനം നല്‍കുകയെന്നതും അതിന്റെ അവകാശത്തില്‍ പെട്ടതാണ്. അതിനെ ആദരിക്കലും, മഹത്തരമാക്കലും അതിനോടുള്ള സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമാകുന്നു. അത് നമ്മുടെ രക്ഷിതാവിന്റെ കലാമാണ്, അതിനെ ഇഷ്ടപ്പെടല്‍ അത് പറഞ്ഞവനെ ഇഷ്ടപ്പെടലുമാകുന്നു. 

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”ആരെങ്കിലും അല്ലാഹു തന്നെ ഇഷ്ടപ്പെടുന്നുവോ എന്നറിയാന്‍ സ്വന്തത്തെ ക്വുര്‍ആനുമായി പരിശോധിക്കട്ടെ. അവന്‍ ക്വുര്‍ആനിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അല്ലാഹു അവനെ ഇഷ്ടപ്പടുന്നതാണ്. കാരണം ക്വുര്‍ആന്‍ അല്ലാഹുവിന്റെ കലാമാകുന്നു.” (ത്വബ്‌റാനി).

ക്വുര്‍ആനിനെ പഠിക്കലും പഠിപ്പിക്കലും അതിലേക്ക് ക്ഷണിക്കലും അതിന്റെ അവകാശത്തില്‍ പെട്ടതാകുന്നു:

നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ഉത്തമര്‍ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു” (ബുഖാരി).

അല്ലാഹുവിലേക്ക് അടുക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗവും ഏറ്റവും നല്ല ആരാധനയുമാകുന്നു ക്വുര്‍ആന്‍ പാരായണം.

ആയതിനാല്‍ ക്വുര്‍ആന്‍ തജ്‌വീദോടെ പാരായണം ചെയ്യുവാനും പഠിക്കുവാനും അതിന്റെ ഓരോ അക്ഷരവും കൃത്യമായി ഉച്ചരിക്കുവാനും പരിശ്രമിക്കുക.

നബി ﷺ പറഞ്ഞു: ”ഭംഗിയായി ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന്‍ ഉന്നതരായ മലക്കുകളോടൊപ്പമായിരിക്കും. തപ്പിത്തടഞ്ഞ് പ്രയാസപ്പെട്ട് ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്” (മുസ്‌ലിം).

ഒരു മനുഷ്യന്‍ മുസ്‌ലിമായിത്തന്നെ ജീവിച്ച് വയോവൃദ്ധനായിട്ടും ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനെക്കാള്‍ വലിയ നിന്ദ്യത മറ്റെന്തുണ്ട്?

അറിവില്ലാതെ പറയുന്നതും സ്വന്തം അഭിപ്രായത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതും കരുതിയിരിക്കുക. അബൂബക്കര്‍(റ)വിനോട് അറിയാത്ത ഒരു ആയത്തിനെ കുറിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് ശ്രദ്ധിക്കുക:

‘അല്ലാഹുവിന്റെ ഗ്രന്ഥത്തെ കുറിച്ച് എനിക്ക് അറിയാത്തത് ഞാന്‍ പറഞ്ഞാല്‍ ഏത് ഭൂമിയാണ് എന്നെ വഹിക്കുക? ഏത് ആകാശമാണ് എനിക്ക് തണല്‍ നല്‍കുക?’

താങ്കളുടെ മുഖത്തെ അല്ലാഹു നരകത്തിനു നിഷിദ്ധമാക്കുമാറാവട്ടെ. വിശുദ്ധക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ആത്മാര്‍ഥതയോടുകൂടിയാവാന്‍ പരിശ്രമിക്കുകയും അല്ലാഹുവിനോടു സഹായം ചോദിക്കുകയും ചെയ്യുക.

അവസാന നാളില്‍ ആദ്യമാദ്യം നരകത്തില്‍ വീഴുന്നവരെ കുറിച്ചു വന്ന ഹദീഥ് നാം കാണുക:  നബി ﷺ പറഞ്ഞു:

”ഒരാള്‍ പഠിക്കുകയും പഠിപ്പിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവനെ കൊണ്ടുവരികയും അവന് നല്‍കിയ അനുഗ്രഹങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യും. ശേഷം അവനോടു ചോദിക്കും: ‘അവകൊണ്ട് നീ എന്താണ് പ്രവര്‍ത്തിച്ചത്?’ അവന്‍ പറയും: ‘ഞാന്‍ അറിവ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. നിനക്ക് വേണ്ടി ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തു.’ അപ്പോള്‍ പറയപ്പെടും: ‘നീ കളവാണ് പറഞ്ഞത്. മറിച്ച് നീ പഠിച്ചത് പണ്ഡിതനാണ് എന്ന് പറയുവാനാണ്. ക്വുര്‍ആന്‍ പാരായണം ചെയ്തത് ഓത്തുകാരന്‍ ആണെന്ന് പറയുവാന്‍ വേണ്ടിയാണ്, അതങ്ങനെ പറയപ്പെട്ടു.’ പിന്നെ അദ്ദേഹത്തെ കേള്‍പിക്കപ്പെടും; മുഖം കുത്തി നരകത്തില്‍ വലിപ്പെറിയപ്പെടാന്‍”(മുസ്‌ലിം).

ക്വുര്‍ആന്‍ കൃത്യതയോടെ, തജ്‌വീദോടെ പാരായണം ചെയ്യുകയെന്നതും ക്വുര്‍ആനിന്റെ അവകാശത്തില്‍ പെട്ടതാകുന്നു. അല്ലാഹു പറയുന്നു:  

”തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു” (ഫാത്വിര്‍:29). 

അതെ, എങ്ങിനെ ആ കച്ചവടം നഷ്ടമാവും? പരിപൂര്‍ണമായ ലാഭം മാത്രം!

നബി ﷺ പറഞ്ഞു: ”ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താല്‍ അവന് ഒരു നന്മയുണ്ട്. ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലം ലഭിക്കും. ‘അലിഫ് ലാം മീം’ എന്നത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, ‘അലിഫ്’ ഒരു അക്ഷരവും ‘ലാം’ ഒരു അക്ഷരവും ‘മീം’ ഒരു അക്ഷരവുമാകുന്നു'(തിര്‍മിദി).

ഓരോ ദിവസവും പതിവായി ക്വുര്‍ആന്‍ പാരായണം ചെയ്യുവാന്‍ പരമാവധി പരിശ്രമിക്കുക. അങ്ങനെ പതിവായി അല്ലാഹുവിന്റെ ഗ്രന്ഥം പരിപൂര്‍ണമാക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്നതാണ്.

ഭയഭക്തിയോടെ  ഉറ്റാലോചിച്ച് തജ്‌വീദിന്റെ നിയമങ്ങള്‍ പാലിച്ച് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വിശദമാക്കുന്ന ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ അത് ചോദിച്ചും ശിക്ഷയുടെയും താക്കീതിന്റെ ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ അതില്‍ നിന്ന് രക്ഷ ചോദിച്ചും കൃത്യതയോടെ പാരായണം ചെയ്യുക. അതുപോലെ സ്വരമാധുര്യത്തോടെ പാരായണം ചെയ്യുക.

ക്വുര്‍ആനില്‍ ഉള്‍ക്കൊണ്ട ആശയങ്ങളും ആദര്‍ശങ്ങളും എന്താണെന്ന് കൃത്യതയാര്‍ന്ന രൂപത്തില്‍ ചിന്തിച്ച് കൊണ്ട് പാരായണം ചെയ്യുവാനാണ് ക്വുര്‍ആന്‍ അവതരിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

”നിനക്ക് നാം അവതരിപ്പിച്ചു തന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധി മാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി” (സ്വാദ്:29).

ഒരു മുസ്‌ലിം ക്വുര്‍ആനില്‍ നിന്ന് അല്‍പമെങ്കിലും മനഃപാഠമാക്കേണ്ടതുണ്ട്, കാരണം നബി ﷺ പറയുന്നു: 

”ക്വുര്‍ആനില്‍ നിന്ന് അല്‍പം പോലും മനഃപാഠമില്ലാത്തവന്‍ പൊട്ടിപ്പൊളിഞ്ഞ് നാശമായ വീടു പോലെയാണ്’ (തിര്‍മിദി).

ക്വുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തുകയെന്നത് ഐഹികവും പാരത്രികവുമായ ജീവിതവിജയത്തിന് നിദാനമാണ്.

നാമും ക്വുര്‍ആനിനെ അവഗണിച്ചവരാണോ? അല്ലാഹു പറയുന്നു:

”(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു” (ഫുര്‍ഖാന്‍: 30).

ക്വുര്‍ആനിനെ അവഗണിക്കുകയാണെങ്കില്‍ നിശ്ചയമായും പരലോകത്ത് അത് നമുക്ക് എതിരെ സാക്ഷിയായി വരുന്നതാണ്. ആയതിനാല്‍ തൗബ ചെയ്യുക, ഇസ്തിഗ്ഫാര്‍ നടത്തുക, ക്വുര്‍ആനിലേക്ക് മടങ്ങുക. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ, ആമീന്‍.

 

മുഹമ്മദ് അര്‍റക്ബാന്‍
നേർപഥം വാരിക

ക്വുര്‍ആനിന്റെ അനുയായികളോട് – 01​

ക്വുര്‍ആനിന്റെ അനുയായികളോട് - 01

അന്ധകാരങ്ങളുടെ പടുകുഴിയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനായി അല്ലാഹു മുഹമ്മദ് ﷺ യെ നിയോഗിക്കുകയുണ്ടായി. ആ പ്രവാചകനെ വ്യക്തമായ ദൃഷ്ടാന്തങ്ങളും, മഹത്തായ മുഅ്ജിസത്തുകളും നല്‍കി സ്തുത്യര്‍ഹനായ അല്ലാഹു ആദരിക്കുകയുണ്ടായി.

അതില്‍ ഏറ്റവും അനുഗൃഹീതവും അമൂല്യമായ സ്ഥാനവും, മഹത്തരവുമായത് വിശുദ്ധ ക്വുര്‍ആനാകുന്നു. നബി ﷺ പറയുന്നു:

നബി ﷺ പറഞ്ഞു: ”മനുഷ്യര്‍ പ്രവാചകന്മാരില്‍ വിശ്വസിക്കേണ്ടതിനായി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. നിശ്ചയം എനിക്ക് നല്‍കപ്പെട്ടത് ദിവ്യസന്ദേശമാകുന്നു. അവസാന നാളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്‍പറ്റപ്പെട്ടവന്‍ ഞാനാകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” (ബുഖാരി, മുസ്‌ലിം).

അത് അല്ലാഹുവിന്റെ വിശുദ്ധ ക്വുര്‍ആനാകുന്നു, അവന്റെ അനുഗൃഹീതമായ വഹ്‌യാ(ദിവ്യസന്ദേശം) കുന്നു.

”ഒരു പ്രമാണ ഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ളതത്രെ അത്” (ഹൂദ്:1).

ക്വുര്‍ആന്‍…അല്ലാഹുവിന്റെ കലാമാകുന്നു, അത് സൃ ഷ്ടിയല്ല, അവനില്‍ നിന്നാണത് ആരംഭിച്ചത്, അവനിലേക്ക് തന്നെ അത് മടക്കപ്പെടുകയും ചെയ്യും.…

”തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്ഥാത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്ന; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)” (ശുഅറാഅ്: 192-195).

അത് വ്യവസ്ഥിതിയില്‍ ഏറ്റവും ഭംഗിയുള്ളതും വിശദീകരണത്തില്‍ സമ്പൂര്‍ണവും വാക്കുകളില്‍ സ്ഫുടതയും ഹലാലിന്റെയും ഹറാമിന്റെയും കാര്യത്തില്‍ ഏറ്റവും വ്യക്തതയുമുള്ള ഗ്രന്ഥമാകുന്നു.

”അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല.യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നി ന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്” (ഫുസ്സ്വിലത്ത്:42).

അതി(ക്വുര്‍ആനി)ലുള്ളത് അതീവ ഗൗരവതരമാണ്, തമാശയല്ല. അഹങ്കാരം മുഖേന അതിനെ ആരെങ്കിലും ഉപേക്ഷിച്ചാല്‍ അല്ലാഹു അവനോട് പകരം വീട്ടുന്നതാണ്. അതല്ലാത്ത മാര്‍ഗദര്‍ശനം ആരെങ്കിലും സ്വീകരിച്ചാല്‍ അല്ലാഹു അവനെ വഴികേടിലാക്കുന്നതാണ്. അത് അല്ലാഹുവിന്റെ ബലിഷ്ടമായ കയറും യുക്തിമത്തായ ദിക്‌റും ചൊവ്വായ മാര്‍ഗദര്‍ശനവുമാകുന്നു. അത് തന്നിഷ്ടത്തിലേക്ക് വഴിനടത്തുകയോ, നാവുകള്‍ക്ക് ആശയകുഴപ്പമുണ്ടാക്കുകയോ ചെയ്യില്ല. അതില്‍ നിന്ന് പണ്ഡിതന്മാര്‍ക്ക് വിശപ്പടങ്ങുകയോ, വിമര്‍ശനങ്ങളുടെ ആധിക്യം അതിനെ നശിപ്പിക്കുകയോ ചെയ്യില്ല. അതിലെ അത്ഭുതങ്ങള്‍ അവസാനിക്കുകയില്ല. അത്‌കൊണ്ട് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ സത്യം പറഞ്ഞു. അത്‌കൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന്‍ പ്രതിഫലാര്‍ഹനായിരിക്കും, അത്‌കൊണ്ട് ആരെങ്കിലും വിധിച്ചാല്‍ അവന്‍ നീതിചെയ്തു. ആരെങ്കിലും അതിലേക്ക് ക്ഷണിച്ചാല്‍ ചൊവ്വായ മാര്‍ഗത്തിലേക്കാണ് അവന്‍ മാര്‍ഗദര്‍ശനം നല്‍കിയിരിക്കുന്നത്.

”എന്നാല്‍ അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്റെ കാര്യത്തില്‍ അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി” (നിസാഅ്: 166).

ലോകര്‍ക്ക് അനുഗ്രഹമായിട്ടും പ്രവേശിക്കുന്നവര്‍ക്ക് വ്യക്തമായ വഴിയായിട്ടും മുഴുവന്‍ സൃഷ്ടികള്‍ക്കെതിരെയുള്ള തെളിവുമായിട്ടാണ് അല്ലാഹു അതി(ക്വുര്‍ആനി)നെ അവതരിപ്പിച്ചത്. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും നേതാവിന്റെ അവശേഷിക്കുന്ന മുഅ്ജിസത്തുമാണത്.

അല്ലാഹു അതിന്റെ സ്ഥാനത്തെ പ്രതാപമാക്കുകയും അതിന്റെ അധികാരത്തെ ഉന്നതമാക്കുകയും ജനങ്ങള്‍ക്കിടയിലുള്ള അതിന്റെ സ്ഥാനത്തെ ഘനമുള്ളതാക്കുകയും ചെയ്തിരിക്കുന്നു.

ആരെങ്കിലും അതിനെ ഉയര്‍ത്തിയാല്‍ അല്ലാഹു അവനെയും ഉന്നതിയിലാക്കുന്നതാണ്. ആരെങ്കിലും അതിനെ അവഗണിച്ചാല്‍ അല്ലാഹു അവനെയും അവഗണിക്കുന്നതാണ്.

നബി ﷺ പറഞ്ഞു: ”ഈ ഗ്രന്ഥം മുഖേന അല്ലാഹു ചില സമുഹങ്ങളെ ഉയര്‍ത്തുകയും മറ്റുചിലരെ താഴ്ത്തുകയും ചെയ്യുന്നതാണ്” (മുസ്‌ലിം).

അത് ആദരവാണ്,…എത്ര നല്ല ആദരവ്! നമ്മുടെ രക്ഷിതാവിന്റെ ഗ്രന്ഥം നമ്മുടെ കൈകളില്‍. നമ്മുടെ രക്ഷിതാവിന്റെ കലാം…എല്ലാത്തിനെയും ചൂഴ്ന്ന് നില്‍ക്കുന്ന വിജ്ഞാനം.…

സഹോദരങ്ങളേ, ചിന്തിക്കൂ; ക്വുര്‍ആനുമായി നമ്മുടെ ബന്ധം എന്താണ്?

പാരായണത്തിലും പഠനത്തിലും നാമതിനെ അവഗണിച്ചിരിക്കുന്നു. മനഃപാഠമാക്കുന്നതിലും ഓതുന്നതിലും നാം അലസതയിലാകുന്നു. അതിനെപ്പറ്റി ചിന്തിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നാം അശ്രദ്ധയിലായിരിക്കുന്നു. അത്ഭുതകരം തന്നെ ഈ സമുദായത്തിന്റെ കാര്യം! മാഗസിനുകളും പത്രങ്ങളും വായിക്കുവാനും സീരിയലുകളും മറ്റു പരിപാടികളും കാണുവാനും സംഗീതവും മറ്റു ആസ്വാദനങ്ങളും കേള്‍ക്കുവാനുമാണ് അധികസമയവും പാഴാക്കിക്കളയുന്നത്. അവരുടെ സമയങ്ങളില്‍ വിശുദ്ധക്വുര്‍ആനിന് സ്ഥാനമില്ല, അതിലെ അഭിസംബോധനകളില്‍ ഭയപ്പെടാനും ഗുണപാഠമുള്‍ക്കൊള്ളാനും അവസരവുമില്ല!

ഈ രണ്ടു കാര്യങ്ങളില്‍ ഏത് കാര്യമാണ് അവര്‍ക്ക് കൂടുതല്‍ ഇ ഷ്ടകരം… ഈ രണ്ട് കാര്യങ്ങളില്‍ ഏതാണ് അവരിലേക്ക് കൂടുതല്‍ അടുത്തത്

നബി ﷺ പറയുന്നു: ”ഒരു മനുഷ്യന്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ളതിന്റെ കൂടെയായിരിക്കും പരലോകത്ത്” (ബുഖാരി, മുസ്‌ലിം).

നമ്മളില്‍ ഒരാള്‍ ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ പദങ്ങള്‍ കൃത്യമായി ഉച്ചരിക്കാന്‍ കഴിയുന്നില്ല,അതിന്റെ ആശയങ്ങളെ സംബന്ധിച്ച് ഉറ്റാലോചിക്കുവാനോ ഉദ്ദേശങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനോ സാധിക്കുന്നില്ല.…

കരഞ്ഞവര്‍ കരയുകയും ഭയഭക്തി കാണിച്ചവര്‍ ഭയഭക്തി കാണിക്കുകയും ചെയ്ത ആയത്തുകളിലൂടെ നമ്മള്‍ സഞ്ചരിച്ചാലും നമുക്ക് ഒന്നും അനുഭവപ്പെടുന്നില്ല. എന്തത്ഭുതം! അത് വല്ല മലയിലെങ്ങാനും അവതരിച്ചിരുന്നെങ്കില്‍…

”…അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു” (ഹശ്ര്‍:21).

നമ്മുടെ ഹൃദയം മൃദുലമാവുന്നില്ല. മനസ്സുകള്‍ക്ക് ഭയഭക്തി ലഭിക്കുന്നില്ല. കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കുന്നില്ല. ഇത് വ്യക്തമാക്കിയ അല്ലാഹു പറഞ്ഞത് എത്ര സത്യം!

”പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു” (അല്‍ബഖറ: 74).

ക്വുര്‍ആനിനെ ഇങ്ങനെ വെടിയുന്നതിനെക്കാള്‍ വലിയ വെടിയല്‍ മറ്റെന്തുണ്ട്? ഈ നഷ്ടത്തെക്കാള്‍ വലിയ നഷ്ടം മറ്റെന്തുണ്ട്?

നബി ﷺ പറയുന്നു: ”ക്വുര്‍ആന്‍ നിനക്ക് സാക്ഷിയാവും, അല്ലെങ്കില്‍ നിനക്കെതിരെ (സാക്ഷിയാവും)” (മുസ്‌ലിം).

ഉഥ്മാന്‍(റ) പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിച്ചിരുന്നെങ്കില്‍ നിങ്ങളുടെ രക്ഷിതാവിന്റെ കലാമുകളെ കൊണ്ട് നിങ്ങളുടെ വയറ് നിറയില്ലായിരുന്നു.”

ക്വുര്‍ആനിന്റെ ആളുകളെയും അവരുടെ ശ്രേഷ്ഠതകളെയും കുറിച്ച് അറിയുക. ഒരുപക്ഷേ, ഓര്‍മപ്പെടുത്തല്‍ ഒരു ഉറച്ച തീരുമാനമെടുക്കാനും നാം ആ മഹത്തായ അനുഗ്രഹത്തെ കുറിച്ച് ചിന്തിക്കാനും ഒരു തുടക്കമായിരിക്കാം.

ക്വുര്‍ആനിന്റെയാളുകള്‍ മാത്രമാണ് ക്വുര്‍ആനിനെ തങ്ങളുടെ ജീവിതത്തിന്റെ മാര്‍ഗരേഖയും സ്വഭാവങ്ങളുടെ മാനദണ്ഡവുമാക്കിയിട്ടുള്ളത്. അവര്‍ക്കേ അതിനു സാധിക്കുകയുള്ളൂ. അവരുടെ പ്രതാപത്തിനും സമാധാനത്തിനും നിദാനം വിശുദ്ധ ക്വുര്‍ആന്‍ തന്നെ!…

അല്ലാഹുവിന്റെ ഗ്രന്ഥത്തിന് അര്‍ഹമായ സ്ഥാനവും അവകാശവും അവര്‍ നല്‍കുകയുണ്ടായി. അതിന്റെ പാരായണവും മനഃപാഠവും അതിന്റെ അവകാശമാണ്. ഉറ്റാലോചനയും ആശയങ്ങള്‍ യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കലും അതിന്റെ അവകാശമാണ്. അത് പ്രാവര്‍ത്തികമാക്കലും ജീവിതത്തില്‍ പകര്‍ത്തലും അതിന്റെ അവകാശത്തില്‍ പെട്ടതു തന്നെയാണ്.

അവരെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നതു കാണുക:

”അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍” (അന്‍ഫാല്‍:2).

ക്വുര്‍ആനിന് അവര്‍ അതിന്റെ യഥാര്‍ഥ സ്ഥാനം നല്‍കിയതിനാല്‍ അല്ലാഹു അവരുടെ പദവികള്‍ ഉയര്‍ത്തുകയുണ്ടായി. 

അനസ്ബ്‌നു മാലിക്(റ) നിവേദനം: നബി ﷺ പറഞ്ഞു: ”ജനങ്ങളില്‍ അല്ലാഹുവിന് രണ്ട് വിഭാഗം ആളുകളുണ്ട്. അതില്‍ ക്വുര്‍ആനിന്റെ ആളുകള്‍ അല്ലാഹുവിന്റെ ആളുകളും അവന്റെ അടുത്തയാ ളുകളുമാകുന്നു” (അഹ്മദ്, നസാഇ).

അവര്‍ ക്വുര്‍ആനിനെ മഹത്ത്വപ്പെടുത്തി, അപ്പോള്‍ അവരെ അല്ലാഹുവും മഹത്ത്വപ്പെടുത്തി.

അനസ്ബ്‌നു മാലിക്(റ) നിവേദനം: റസൂലുല്ലാഹ് ﷺ പറഞ്ഞു:”അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതില്‍ പെട്ടതാണ് വയോവൃദ്ധരായ മുസ്‌ലിംകളെ ആദരിക്കലും ക്വുര്‍ആനിനെ അവഗണിക്കുകയോ, അതിര് കവിയുകയോ ചെയ്യാതെ പരിഗണിക്കുന്നതും” (അബൂദാവൂദ്).

ഒരാളുടെയും ശ്രേഷ്ഠത പോലെയല്ല അവരുടെ ശ്രേഷ്ഠത. അവരുടെ പ്രതാപം ഒരാളുടെയും പ്രതാപം പോലെയല്ല.…അവര്‍ ജനങ്ങളില്‍ വെച്ച് നല്ലരൂപത്തില്‍ സംസാരിക്കുന്നവരാണ്. സദസ്സുകളിലും മറ്റും ഏറ്റവും ശ്രേഷ്ഠരാണവര്‍, അവരുടെ സദസ്സുകളെ മലക്കുകള്‍ വലയം ചെയ്യുകയും അവര്‍ക്ക് സമാധാനമിറങ്ങുകയും ചെയ്യും.…

നബി ﷺ പറഞ്ഞു: ”സമാധാനമിറങ്ങാതെയും കാരുണ്യം ചുറ്റിപ്പൊതിയാതെയും മലക്കുകള്‍ വലയം ചെയ്യാതെയും അല്ലാഹു അവന്റെയടുത്ത് ഉള്ളവരോട് അവരെപ്പറ്റി പറയാതെയും ഒരു സമൂഹവും അല്ലാഹുവിന്റെ വീടുകളില്‍ ഒരു വീട്ടിലും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയോ, അവര്‍ക്കിടയില്‍ പഠനം നടത്തുകയോ ചെയ്യുന്നില്ല” (മുസ്‌ലിം).

(അവസാനിച്ചില്ല)

 

മുഹമ്മദ് അര്‍റക്ബാന്‍
നേർപഥം വാരിക

നമസ്‌കാരത്തില്‍ ആനന്ദം കണ്ടെത്തുക

നമസ്‌കാരത്തില്‍ ആനന്ദം കണ്ടെത്തുക

മനുഷ്യന്‍ ചെയ്യുന്ന ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠവും മുഖ്യമായതുമാണ് നമസ്‌കാരം. മതത്തിന്റെ സ്തംഭങ്ങളില്‍ പെട്ടതും സത്യവിശ്വാസികള്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയതുമായ ആരാധനയാണ് അത്. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തന്നതാണ് നമസ്‌കാരം. നമസ്‌കാരമില്ലാത്തവന് മതമില്ല എന്നുതന്നെ വേണമെങ്കില്‍ പറയാം. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. മനസ്സില്‍ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ബോധമില്ലാത്തവനാണ് നമസ്‌കാരത്തില്‍ വീഴ്ച വരുത്തുന്നതും അതില്‍ നിസ്സംഗത കാണിക്കുന്നതും. നബിﷺ നമസ്‌കാരത്തെക്കുറിച്ച് പറഞ്ഞു: ”കാര്യങ്ങളുടെ അടിസ്ഥാനം ഇസ്‌ലാമും അതിന്റെ നെടുംതൂണ്‍ നമസ്‌കാരവുമാണ്.” 

ഇസ്‌ലാമിലെ എല്ലാ ആരാധനകളും ദിവ്യബോധന(വഹ്‌യ്)ത്തിലൂടെ ഭൂമിയില്‍ വെച്ചാണ് ലഭിച്ചതെങ്കില്‍ നമസ്‌കാരം മിഅ്‌റാജിന്റെ വേളയില്‍ ആകാശത്ത് വെച്ച് ലഭിച്ചു എന്നത് അതിന്റെ സ്ഥാനത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. അമ്പത് സമയങ്ങളില്‍ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരം അഞ്ചാക്കി ചുരുക്കി എന്നത് അല്ലാഹു സത്യവിശ്വാസികളോട് കാണിച്ച കാരുണ്യത്തെ സൂചിപ്പിക്കുന്നു. വിശുദ്ധ ക്വുര്‍ആനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമസ്‌കാരത്തെ കുറിച്ച് പറഞ്ഞു എന്നതുതന്നെ അതിന്റെ ഗൗരവം മനസ്സിലാക്കാന്‍ നമുക്ക് മതിയായതാണ്. 

നമസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരാള്‍ക്കും വിട്ടുവീഴ്ചയില്ലെന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നിന്ന് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഇരുന്നും അതിനും കഴിയില്ലെങ്കില്‍ കിടന്നും ശരീരം ചലിപ്പിക്കാന്‍ സാധ്യമല്ലെങ്കില്‍ സൂചനയിലൂടെയും മനസ്സുകൊണ്ടും വുദൂഇന്ന് സാധ്യമല്ലെങ്കില്‍ തയമ്മമിലൂടെയും അതിനും കഴിയില്ലെങ്കില്‍ ഒരു നിബന്ധനയും ഇല്ലാതെയും നമസ്‌കരിക്കണമെന്നാണല്ലോ! അപ്പോള്‍ കല്യാണ വീടുകളിലും ടൂര്‍ വേളകളിലും എന്നല്ല, ഒരു കാരണവുമില്ലാതെ മനഃപൂര്‍വം നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ ഗതിയെന്താണ്? യാത്രാവേളയിലാണെങ്കില്‍ നാല് റക്അത്തുള്ളത് രണ്ടായി ചുരുക്കാനും ഈരണ്ടു നമസ്‌കാരങ്ങള്‍ ഒന്നിച്ച് നമസ്‌കരിക്കാനും ഇസ്‌ലാം അനുമതി നല്‍കി. കാരണം യാത്രയുടെ ക്ലേശം പറഞ്ഞ് നമസ്‌കാരം ഉപേക്ഷിക്കാന്‍ പാടില്ല. 

നബിﷺ മരണയാതനയില്‍ കിടക്കുന്ന ദിവസങ്ങളില്‍ പോലും- മരണത്തിന്റെ നിമിഷങ്ങള്‍ക്ക് മുമ്പ് പോലും- സ്വഹാബികളെ ഉണര്‍ത്തിയത് ‘നമസ്‌കാരം ശ്രദ്ധിക്കണേ’ എന്നായിരുന്നു. മരിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെ ഇശാഇന്ന് വുദൂഅ് എടുത്ത് പള്ളിയിലേക്ക് പോകാന്‍ പുറപ്പെട്ടപ്പോള്‍ നബിﷺക്ക് ബോധക്ഷയം സംഭവിച്ചു. ബോധം തെളിഞ്ഞപ്പോള്‍ ആദ്യമായി ചോദിച്ചത് ‘ആഇശാ ജനങ്ങള്‍ നമസ്‌കരിച്ചോ?’എന്നായിരുന്നു.

എല്ലാ കാലത്തുമുള്ള സമൂഹങ്ങള്‍ക്കും നമസ്‌കാരം നിര്‍ബന്ധമായിരുന്നു എന്നത് നമസ്‌കാരം അല്ലാഹുവിന് എത്രമാത്രം ഇഷ്ടമുള്ള ഇബാദത്താണെന്ന് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഇബ്‌റാഹീം(അ), ലൂത്വ് (അ), യഅ്ക്വൂബ് (അ). ഇസ്മാഈല്‍ (അ) തുടങ്ങിയവരെക്കുറിച്ച് പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു: ”അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്” (ക്വുര്‍ആന്‍ 21:73).

ഇബ്‌റാഹീം(അ) പ്രാര്‍ഥിക്കുന്നു: ”അല്ലാഹുവേ, എന്നെ നീ നമസ്‌കാരം നിലനിര്‍ത്തുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ നിന്നും…” (ക്വുര്‍ആന്‍ 14:40). ഹാജറയെയും ഇസ്മാഈലിനെയും മക്കയില്‍ വിട്ടേച്ച് പോകുമ്പോള്‍ ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചു: ”നാഥാ നിന്റെ പരിപാവന ഭവനത്തിനു സമീപം കൃഷിയോജ്യമല്ലാത്ത താഴ്‌വരയില്‍ എന്റെ സന്താനത്തെ ഞാനിതാ താമസിപ്പിക്കുന്നു. ഞങ്ങളുടെ നാഥാ അവര്‍ നമസ്‌കാരം നിലനിര്‍ത്താന്‍ വേണ്ടിയാകുന്നു (ഞാനിത് ചെയ്യുന്നത്)” (ക്വുര്‍ആന്‍ 14: 37). ഈസാ നബി(അ) പറയുന്നു: ”നമസ്‌കരിക്കാനും സകാത് നല്‍കാനും എന്നോട് (എന്റെ നാഥന്‍) കല്‍പിച്ചിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം…” (ക്വുര്‍ആന്‍ 19:31). മൂസാ നബി(അ)യോട് അല്ലാഹു പറയുന്നു: ”നിശ്ചയമായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധ്യനില്ല. അതിനാല്‍ എന്നെ മാത്രം ആരാധിക്കുക. എന്നെ ഓര്‍ക്കാന്‍ നമസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുക” (ക്വുര്‍ആന്‍ 20:14). മുഹമ്മദ് നബിﷺയോട് അല്ലാഹു പറയുന്നു: ”നിന്റെ കുടുംബത്തെ നീ നമസ്‌കാരത്തിനു കല്‍പിക്കുകയും അതില്‍ നീ ക്ഷമ അവലംബിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 20:132), സജ്ജനങ്ങളുടെ സ്വഭാവം വിശദീകരിച്ച് അല്ലാഹു പറയുന്നു: ”വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 7:170).

നമസ്‌കാരത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നു എന്ന് മാത്രമല്ല, അത് നഷ്ടപ്പെടുത്തുന്നവര്‍ക്കുള്ള ശിക്ഷയും ശക്തമായ താക്കീതുകളും ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. സന്മാര്‍ഗദര്‍ശനം നല്‍കപ്പെട്ട നബിമാരെക്കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: ”എന്നിട്ട് അവര്‍ക്കുശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്” (ക്വുര്‍ആന്‍ 19:59).

പരലോകത്ത് മുഖം ചുളിഞ്ഞ് പോകുന്ന, ഭയവിഹ്വലരാകുന്ന ആളുകള്‍ ഈ അവസ്ഥയില്‍ എത്താനുളള കാരണം അല്ലാഹു പറയുന്നു: ”എന്നാല്‍ അവര്‍ വിശ്വസിച്ചില്ല. നമസ്‌കരിച്ചതുമില്ല. പക്ഷേ, അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു. എന്നിട്ടു ദുരഭിമാനം നടിച്ചുകൊണ്ട് അവന്‍ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി. (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായു തന്നെ. നിനക്കേറ്റവും അര്‍ഹമായതുതന്നെ. മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ അവന്‍ വെറുതെയങ്ങ് വിട്ടേക്കപ്പെടുമെന്ന്” (ക്വുര്‍ആന്‍:75:31-36). സ്വര്‍ഗക്കാര്‍ നരകക്കാരോട് ‘നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണ്’ എന്ന് ചോദിക്കുമ്പോള്‍ അവരുടെ മറുപടി ‘ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല’ എന്നായിരിക്കും. (ക്വുര്‍ആന്‍ 74:42,43).

‘പരലോകത്ത് ആദ്യമായി വിചാരണ ചെയ്യുക നമസ്‌കാരത്തെക്കുറിച്ചായിരിക്കും,’ ‘നമ്മളും അവരും (അവിശ്വാസികള്‍) തമ്മിലുള്ള അന്തരം നമസ്‌കാരമാണ്,’ ‘മനഃപൂര്‍വം വല്ലവനും അത് ഒഴിവാക്കിയാല്‍ അവന്‍ അവിശ്വാസിയായി’… തുടങ്ങിയ നബിവചനങ്ങളെ വളരെ ഗൗരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്. നമസ്‌കാരം ഒഴിവാക്കുന്നവനെക്കുറിച്ച് അവന്‍ ഫാസിക്വാണോ (മ്ലേഛം ചെയ്യുന്നവന്‍), കാഫിറാണോ അതോ മുസ്‌ലിമാണോ എന്ന ചര്‍ച്ച പോലും പണ്ഡിതന്‍മാര്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും നമസ്‌കാരം ഒഴിവാക്കുന്ന യുവാക്കളേ ചിന്തിക്കുക! കാരുണ്യവാനായ അല്ലാഹു, വിദ്യാഭ്യാസം, സമ്പത്ത്, ആരോഗ്യം, കുടുംബം തുടങ്ങിയ ഒട്ടനവധി അനുഗ്രഹങ്ങള്‍ കോരിച്ചൊരിഞ്ഞ് തന്നിട്ടും അവന്റെ മുമ്പില്‍ സുജൂദ് ചെയ്യാനും റുകൂഅ് ചെയ്യാനും നമുക്കാകുന്നില്ല എങ്കില്‍ പിന്നെ എന്തിന് നാം മുസ്‌ലിമിന്റെ പേരിട്ട് നടക്കണം? നരകശിക്ഷ ഒരു നേരത്തേക്ക് സഹിക്കാന്‍ നമുക്ക് സാധ്യമാണോ? വയസ്സ് നാല്‍പതും അമ്പതും കഴിഞ്ഞിട്ട് പോലും നമസ്‌കാരത്തില്‍ വീഴ്ച വരുത്തുന്ന എത്രയെത്ര മുസ്‌ലിം സഹോദരങ്ങള്‍ ഇന്ന് സമൂഹത്തില്‍ ജീവിക്കുന്നു! അവരും ശ്വസിക്കുന്നത് നമസ്‌കരിക്കാന്‍ കല്‍പിച്ച അല്ലാഹുവിന്റെ വായു. അവര്‍ കുടിക്കുന്നത് അല്ലാഹുവിന്റെ വെള്ളം. അവര്‍ ഉപയോഗപ്പെടുത്തുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍. എന്തൊരു നന്ദികേടാണിത്. ഇവിടെ സുജൂദ് ചെയ്യാത്ത ആളുകള്‍ക്ക് നാളെ പരലോകത്ത് അല്ലാഹു ഇറങ്ങി വരുമ്പോള്‍ സുജൂദ് ചെയ്യാന്‍ കഴിയില്ല; സുജൂദ് ചെയ്യാന്‍ പരലോകത്ത് അവര്‍ ശ്രമിച്ചാലും ശരി. 

”സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 66:6).

നമസ്‌കാരം സ്ഥിരമായി പാഴാക്കുന്നവന്‍ തിന്മയില്‍ ആപതിച്ചുകൊണ്ടേയിരിക്കും. മദ്യപാനം, വ്യഭിചാരം, മാതാപിതാക്കളോടും ഭാര്യയോടും കാണിക്കുന്ന ക്രൂരതകള്‍, നന്മ ചെയ്യാന്‍ തോന്നാതിരിക്കല്‍ തുടങ്ങിയവയെല്ലാം നമസ്‌കാരം പാഴാക്കിയതിന്റെ ദുരന്തഫലങ്ങളാണ്. നമസ്‌കാരം കൃത്യമായി അഞ്ചുനേരം ജമാഅത്തായി നിര്‍വഹിക്കുന്നവന് വൃത്തികേടുകള്‍ പറയാനും പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും സാധിക്കുകയില്ല: ”നിശ്ചയമായും നമസ്‌കാരം മ്ലേഛവും നികൃഷ്ടവുമായ കാര്യങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നു” (ക്വുര്‍ആന്‍ 29:45).

എന്തുകൊണ്ട് നമസ്‌കരിക്കുന്നില്ല എന്ന് ചിലരോട് ചോദിച്ചാല്‍ പലതരം മറുപടികള്‍ ലഭിക്കുന്നു. 

1. ‘അവന്‍ സ്ഥിരമായി നമസ്‌കരിക്കുന്നവനല്ലേ, എന്നിട്ടും അവനെന്ത് ഗുണം? അവന്റെ മക്കള്‍ക്ക് എന്നും അസുഖമാണ.് അവനെന്നും ദാരിദ്ര്യമാണ്. ഞാനിതാ നമസ്‌കരിക്കാെതയിരുന്നിട്ട് പോലും സുഖമായി കഴിയുന്നു.’ 

സുഹൃത്തേ! ഇഹലോകത്തെ സുഖങ്ങള്‍ക്കുള്ളതല്ല നമസ്‌കാരം. മറിച്ച് കത്തിയാളുന്ന നരകത്തില്‍ നിന്ന് രക്ഷപ്പെടാനുള്ളതാണ്. അവിടെ സമ്പത്തും കൂട്ടുകെട്ടും രക്തത്തിളപ്പും ഫലം ചെയ്യുകയില്ല. 

2. ‘നമസ്‌കരിക്കുന്ന എത്രയെത്രയാളുകള്‍ മോഷ്ടിക്കുന്നു, വ്യഭിചരിക്കുന്നു, മദ്യപിക്കുന്നു! നമസ്‌കരിക്കാത്ത ഞാനല്ലേ അവരെക്കാള്‍ നല്ലവന്‍?’ 

മറ്റുള്ളവരുടെ ദോഷങ്ങള്‍ എന്തിന് നാം നമ്മുടെ സല്‍കര്‍മങ്ങള്‍ ഒഴിവാക്കാന്‍ ന്യായീകരണമായി കാണുന്നു. അവര്‍ ചെയ്ത തിന്മകളുടെ പേരില്‍ അല്ലാഹു നമ്മോട് ചോദിക്കുകയോ നമ്മെ ശിക്ഷിക്കുകയോ ഇല്ല. നമസ്‌കരിച്ചിട്ടും ചില ആളുകള്‍ തിന്മ ചെയ്യുന്നു എന്നത് നമസ്‌കരിക്കാത്ത നമ്മുടെ ശിക്ഷ ഇല്ലാതാക്കുകയില്ലല്ലോ. പിന്നെ എന്തിനീ ന്യായീകരണം. അവര്‍ മോശക്കാരായിക്കൊള്ളട്ടെ. നാം നന്നാകാന്‍ ശ്രമിക്കുക. അവരുടെ ക്വബ്‌റിലേക്ക് നമ്മളില്ല. നമ്മുടെ ക്വബ്‌റിലേക്ക് അവരുമില്ല.

നമസ്‌കാരത്തിലൂടെയാണ് വിജയം. ”സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരായ”(ക്വുര്‍ആന്‍ 23: 1-2). 

നമസ്‌കരിക്കുന്നവര്‍ക്കാണ് സ്വര്‍ഗം: ”തങ്ങളുടെ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍)”(ക്വുര്‍ആന്‍ 23:9). 

നമസ്‌കാരം തിന്മകളെ മായ്ച്ച് കളയും: ”പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്” (ക്വുര്‍ആന്‍ 11:114). 

നമസ്‌കാരം നമ്മുടെ അടയാളമായിരിക്കണം. കണ്‍കുളിര്‍മയാകണം. നമസ്‌കരിക്കാതിരുന്നാല്‍ മനസ്സ് അസ്വസ്ഥമാകണം. മരണമെന്ന യാഥാര്‍ഥ്യം കടന്നുവന്ന്, നമ്മുടെ സഹോദരങ്ങള്‍ മൂന്ന് വെള്ളത്തുണിയില്‍ നമ്മളെ പൊതിഞ്ഞ് കൊണ്ടുപോയി, നമുക്ക് വേണ്ടി അവര്‍ മയ്യിത്ത് നമസ്‌കരിക്കുമ്പോള്‍ അത് നമുക്ക് ഗുണം ചെയ്യണമെങ്കില്‍ നമുക്ക് വേണ്ടി നമ്മള്‍ മരണത്തിനുമുമ്പായി നമസ്‌കരിക്കുക: ”തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമകൈക്കൊള്ളുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും തിന്മയെ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്…”(ക്വുര്‍ആന്‍ 13: 22,23).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

വിലായത്ത്, കറാമത്ത്, ഗൈബ്: ഒരു നേര്‍വായന

വിലായത്ത്, കറാമത്ത്, ഗൈബ്: ഒരു നേര്‍വായന

മതത്തിന്റെ പേരില്‍ ഒട്ടനവധി ചൂഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ആത്മീയ ചൂഷണം എക്കാലത്തും ഏറെ ലാഭകരമായ ഒന്നാണ്. മറ്റേത് ചൂഷണത്തെക്കാളുമുപരി ആത്മീയ ചൂഷണത്തിന് എക്കാലത്തും വലിയ മാര്‍ക്കറ്റ് ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സുപ്രധാനമായ ചര്‍ച്ചകളില്‍ ഒന്നാണ് വിലായത്തും കറാമത്തും ഗൈബുമായി ബന്ധപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഏറെ ചര്‍ച്ചാവിഷയമായ ഒരു കാര്യമാണിത്. ചില ആളുകള്‍ സ്വമേധയാ വലിയ്യായി അവതരിക്കുന്നു, എന്നിട്ട് എനിക്ക് അദൃശ്യകാര്യങ്ങള്‍ അറിയാം, എനിക്ക് കറാമത്തുണ്ട് എന്നെല്ലാം വാദിക്കുന്നു. അല്ലെങ്കില്‍ അവരെ വലിയ്യായി ചിലര്‍ അവരോധിക്കുകയും ഇല്ലാത്ത കറാമത്തിന്റെ പോരിശകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ആളുകള്‍ അത് വിശ്വസിച്ച് അവരുടെ ചൂഷണങ്ങളില്‍ വീണു പോവുകയും ചെയ്യുന്നു. എന്നാല്‍ മറ്റു ചിലര്‍ എന്താണ് യാഥാര്‍ഥ്യം, ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയാതെ ആശങ്കാകുലരുമാണ്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മയ്യിത്ത് എവിടെയാണ് ഉള്ളത് എന്ന് ഒരാള്‍ പ്രസ്താവിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് ഗൈബ് (അദൃശ്യകാര്യം) അറിയുമോ, ഇത് അദ്ദേഹത്തിന്റെ കറാമത്താണോ എന്നീ ചര്‍ച്ചകള്‍ വാട്‌സാപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും തകൃതിയായി നടന്നതിന് നമ്മള്‍ സാക്ഷികളാണ്. 

ഈയൊരു സാഹചര്യത്തില്‍ അഹ്‌ലുസ്സുന്ന വല്‍ ജമാഅയുടെ നിലപാടില്‍ എന്താണ് വിലായത്ത്, ആരാണ് വലിയ്യ്, എന്താണ് കറാമത്ത് എന്ന് മനസ്സിലാക്കല്‍ ഉചിതമായിരിക്കും. അവ വളരെ ചുരുക്കി വിവരിക്കുവാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. 

അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവനാണ് വലിയ്യ്. വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും അല്ലാഹുവിന്റെ കല്‍പനകളും നിരോധനങ്ങളും പാലിച്ച് അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ജീവിക്കുന്നതിലൂടെ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന പ്രത്യേക സ്ഥാനമാണ് വിലായത്ത്. അറബിക്കോളേജില്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവനോ, പ്രത്യേക വേഷംധരിച്ച് സമൂഹത്തില്‍ നിന്ന് ഭിന്നമായി ജീവിക്കുന്നവനോ അല്ല വലിയ്യ്. അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിക്കുന്നവനാണ് യഥാര്‍ഥ വലിയ്യ്. 

അല്ലാഹു പറയുന്നു: ”ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍” (ക്വുര്‍ആന്‍ 10:62,63).

ഇതാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ അടുക്കല്‍ വലിയ്യിനെ സംബന്ധിച്ചുള്ള നിലപാട്. എന്നാല്‍ സ്വൂഫിയാക്കള്‍ ചില നിശ്ചയിക്കപ്പെട്ട ആളുകളെയാണ് വലിയ്യായി കാണുന്നത്. ഇസ്‌ലാമില്‍ അങ്ങനെ നിശ്ചയിക്കപ്പെട്ട ആളുകള്‍ക്ക് വിലായത്ത് കൊടുക്കുന്ന സമ്പ്രദായം ഇല്ല. അത് പുത്തന്‍വാദികള്‍ ഉണ്ടാക്കിയതാണ്. ഈമാനും തക്വ്‌വയും ഉള്ളവനാണ് വലിയ്യ്. അല്ലാഹുവിന്റെ ആജ്ഞാനിരോധനങ്ങളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാകുന്നത് ആരാണോ അവരാണ് വലിയ്യുകള്‍ എന്നര്‍ഥം. 

സ്വൂഫിയാക്കള്‍ ചില മാനദണ്ഡങ്ങളുണ്ടാക്കുകയും അങ്ങനെയുള്ളവര്‍ക്ക് മാത്രമെ വിലായത്ത് ലഭിക്കൂ  എന്ന് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും യാതൊരു പിന്‍ബലവുമില്ലാത്ത വാദങ്ങള്‍ നടത്തുകയും ചെയ്തു. അവര്‍ക്കിടയില്‍ വലിയ്യിന് ചില തസ്തികകളുണ്ട്. അവര്‍ പറയുന്നത് ലോകത്ത് നാല് ഔതാദൂകളുണ്ട് എന്നാണ്. തെക്ക്, കിഴക്ക്, വടക്ക്, പടിഞ്ഞാറുകളിലായി ലോകത്തെ കൈകാര്യം ചെയ്യുന്നവരാണ് അവര്‍. അതുപോലെ തന്നെ 7 അബ്ദാലുകളുണ്ട്. അവര്‍ 7 ആകാശങ്ങളിലായി നിലകൊള്ളുന്നു. അവര്‍ മുഖാന്തരമാണ് അല്ലാഹു ലോകത്തിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. അതുപോലെ 40 നുജബാക്കളുണ്ട്, അവര്‍ സൃഷ്ടികളുടെ പ്രയാസങ്ങളും ഭാരങ്ങളും ഏറ്റെടുക്കുന്നവരാണ്. പിന്നീട് 300 നുഖബാക്കള്‍, അവര്‍ മനുഷ്യരുടെ ആന്തരികമായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരാണ്. പിന്നെ ഒരു ക്വുത്വുബ് (അല്‍ ഗൗസുല്‍ അഅ്‌ളം). ഇങ്ങനെയാണ് അവര്‍ വലിയ്യുകളെ തരംതിരിച്ചിരിക്കുന്നത്. 

സ്വൂഫികള്‍ വലിയ്യിന് നബിയെക്കാള്‍ സ്ഥാനം കല്‍പിക്കുന്നു. നുബുവ്വത്തിനെക്കാള്‍ ശ്രേഷ്ഠമായ പദവിയാണ് വിലായത്ത് എന്നവര്‍ വാദിക്കുന്നു. നബിﷺക്ക് നുബുവ്വത്തും വിലായത്തും ഉണ്ട്. നബിﷺയെ ശ്രേഷ്ഠനാക്കിയത് നുബുവ്വത്തല്ല, വിലായത്താണ് എന്നാണ് അവര്‍ വാദിക്കുന്നത്. അവരുടെ വാദപ്രകാരം അവരുടെ വലിയ്യിന് തെറ്റുപറ്റില്ല. ആയത് കൊണ്ട് വലിയ്യ് വല്ലതും പറഞ്ഞാല്‍ അനുസരിക്കല്‍ നിര്‍ബന്ധമാണ്. വലിയ്യുകള്‍ വീഴ്ചകളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നവരാണ്. ഇെതാക്കെയാണ് വലിയ്യുകളെ സംബന്ധിച്ചുള്ള സ്വൂഫികളുടെ വിശ്വാസം. 

ഇമാം ത്വഹാവിയ്യ(റഹി) പറയുന്നു: ‘ഒരു വലിയ്യിനും നാം ഒരു നബിയെക്കാളും ശ്രേഷ്ഠത നല്‍കുകയില്ല. മറിച്ച് നാം പറയും: ഒരു നബി സകല വലിയ്യുകളെക്കാളും ശ്രേഷ്ഠനാണ്.’

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറഞ്ഞത് ‘സത്യവിശ്വാസികള്‍ എല്ലാവരും അല്ലാഹുവിന്റെ വലിയ്യുകളാണ്’ എന്നാണ്.  

വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും അല്ലാഹുവിന്റെ ആജ്ഞാനിരോധനങ്ങളെ അനുസരിച്ച് ജീവിക്കുന്നവനാണല്ലോ ‘മുഅ്മിന്‍’ അഥവാ ‘സത്യവിശ്വാസി.’ 

ഒരാള്‍ വലിയ്യായിത്തീരുമ്പോള്‍ അല്ലാഹുവില്‍നിന്ന് അവന് ലഭിക്കുന്ന ബഹുമാനമാണ്/ആദരവാണ് കറാമത്ത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ ആജ്ഞകളനുസരിച്ച്  ജീവിക്കുന്ന നല്ല വ്യക്തികളിലൂടെ അല്ലാഹു നടപ്പാക്കുന്ന അസാധാരണ സംഭവമാണ് കറാമത്ത്. അപ്പോള്‍ കറാമത്തുണ്ടാകാനുള്ള യോഗ്യത വലിയ്യാവുക എന്നത് മാത്രമാണ്. വലിയ്യ് വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും  അല്ലാഹുവിന്റെ കല്‍പനാനിരോധനങ്ങളെ അനുസരിച്ച് ജീവിക്കുന്നവനാണ്.

അല്ലാഹു രണ്ട് രീതിയിലാണ് അവന്റെ അടിമകളില്‍ കറാമത്ത് നടപ്പാക്കുക:

1) അവന്റെ വിശ്വാസത്തിന് ബലം നല്‍കുവാന്‍.

2) അവനുള്‍ക്കൊണ്ടത്  സത്യമാണെന്ന് ബോധ്യപ്പെടുത്തുവാന്‍.

കറാമത്തിനെ കുറിച്ച് പഠിക്കുമ്പോള്‍ മൂന്ന് വിഭാഗക്കാരെ നമുക്ക് കാണാന്‍ കഴിയും:

1) മുഅ്തസിലുകള്‍: അവര്‍ കറാമത്തിനെ അംഗീകരിക്കുന്നില്ല. പ്രവാചകന്മാര്‍ക്ക് മുഅ്ജിസത് ഉണ്ടാകുന്നു എന്നതല്ലാത്ത ഒന്നും അവര്‍ അംഗീകരിക്കില്ല. അവര്‍ പിഴച്ച കക്ഷികളാണ്.

2) സ്വൂഫികള്‍: കറാമത്തിനെ പരിധില്ലാത്ത വിധം അംഗീകരിക്കുന്നവരാണവര്‍. പ്രത്യേകം ചില ആളുകള്‍ക്ക് വിലായത്ത് നിശ്ചയിച്ച് അവര്‍ക്ക് ഇല്ലാത്ത സ്ഥാനമാനങ്ങള്‍ നല്‍കുന്നവരാണ് ഇവര്‍. 

3) അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ (സലഫികള്‍): കറാമത്തിനെ അംഗീകരിക്കുന്നവരാണ് സലഫികള്‍. ഇമാം ത്വഹാവിയ്യ (റഹി) പറഞ്ഞു: ‘ശരിയായ റിപ്പോര്‍ട്ട് പ്രകാരം അവരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട കറാമാത്തുകള്‍ നാം അംഗീകരിക്കുന്നു. അത് അന്ത്യനാള്‍ വരെ ഉണ്ടാകുകയും ചെയ്യും എന്ന് ശൈഖുല്‍  ഇസ് ലാം ഇബ്‌നുതൈമിയ്യ പറഞ്ഞിട്ടുണ്ട്.’ ക്വുര്‍ആനില്‍ പ്രസ്താവിച്ച മറിയം ബീവിയുടെയും ഖിള്ര്‍(അ)യുടെയും സംഭവങ്ങള്‍ കറാമത്തിനുള്ള ഉദാഹരണങ്ങളാണ്.

 എന്നാല്‍ കറാമത്ത് ചില നിബന്ധനകള്‍ക്ക്  വിധേയമാണ് എന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സലഫികള്‍ പറയുന്നു:

1. വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും  അല്ലാഹുവിന്റെ ആജ്ഞാ നിരോധനങ്ങളെ അനുസരിച്ച് ജീവിക്കുന്നവന്‍ മാത്രമാണ് വലിയ്യാവുക. 

2. വലിയ്യ് ഒരിക്കലും കറാമത്തിലൂടെ മുഅ്ജിസത്തിന്റെ പദവിയിലേക്ക് എത്തുകയില്ല. 

3. കറാമത്ത് ഉണ്ടാവുക എന്നത് വിലായത്തിന്റെ നിബന്ധന(ശര്‍ത്വ്)യൊന്നുമല്ല. വലിയ്യായ എല്ലാവ്യക്തികള്‍ക്കും കറാമത്ത് ഉണ്ടാകണമെന്നുമില്ല.

4. പണ്ഡിതന്മാരെക്കാള്‍ ഉപരിയായി ചിലപ്പോള്‍ സാധാരണക്കാരിലാവും കറാമത്ത് വെളിവാവുക. അത് കൊണ്ട് കറാമത്ത് ലഭിച്ച വ്യക്തി പണ്ഡിതനെക്കാള്‍ വലിയ സ്ഥാനം കരസ്ഥമാക്കിയവനാവുകയില്ല. സാധാരണക്കാരനെക്കാള്‍ അല്ലാഹു പണ്ഡിതന്മാര്‍ക്ക് പദവി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ തെറ്റുധാരണകളാണുള്ളത്.

ചില പണ്ഡിതന്മാര്‍ അസാധാരണ സംഭവങ്ങളെ ഏഴായി തിരിച്ചിട്ടുണ്ട്.

1) അല്‍ ഇര്‍ഹാസാത്ത്: നബിമാരെ ലോകത്തിലേക്ക് നിയോഗിക്കുന്നതിനുമുമ്പ് അല്ലാഹു ലോകത്ത് നടപ്പാക്കിയ ചില അത്ഭുത പ്രതിഭാസങ്ങള്‍.

2) മുഅ്ജിസത്ത്: നബിമാര്‍ക്ക് മാത്രം ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍.

3) കറാമത്ത്: അല്ലാഹുവിന്റെ വലിയ്യുകളില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍.

4) അല്‍ഔന്‍: അല്ലാഹുവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സഹായം, അത് മുസ്‌ലിമായ ആരിലും ഉണ്ടാകാം.

ഇവ നാലും നന്മയാണ്. 

5) സിഹ്‌റ്.

6) തന്‍ജീം: നക്ഷത്ര മണ്ഡലവും അതിന്റെ സഞ്ചാര പഥ വ്യവസ്ഥകളും മറ്റും പഠിച്ച് പ്രവചിക്കുന്ന ഒരു ശാസ്ത്രം. അതിലൂടെ മനുഷ്യരില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുമെന്നാണ് അവരുടെ വിശ്വാസം.

7) ജ്യോതിഷം.

ഇവ മൂന്നും ശര്‍റാണ്  അഥവാ തിന്മയാണ്. നിഷിദ്ധവും പിശാചിന്റെ ഭാഗത്തുനിന്നുള്ളതുമാണ്.

അഹ്‌ലുസ്സുന്നയില്‍ നിന്നും വ്യതിചലിച്ച് ചില പിഴച്ചവാദങ്ങളാല്‍ പിഴച്ചുപോയ ഒരു വിഭാഗമാണ് അശ്അരികള്‍. അവര്‍ കറാമത്തിനെയും മുഅ്ജിസത്തിനെയും വേര്‍തിരിക്കുന്നില്ല. അവര്‍ പറയുന്നത് അസാധാരണസംഭവങ്ങളെല്ലാം ഒന്നാണ് എന്നാണ്. ആ വാദം ശരിയല്ല. ചില കാരണങ്ങളാല്‍ അവ വേര്‍തിരിക്കല്‍ അനിവാര്യമാണ.്

1. നുബുവ്വത്ത് വാദം സത്യമാണെന്നറിയിക്കുന്ന അസാധാരണ സംഭവങ്ങള്‍ക്കാണ് മുഅ്ജിസത്ത് എന്ന് പറയുക. എന്നാല്‍ ഔലിയാക്കളില്‍ നിന്നും വെളിവാകുന്നതാണ് കറാമത്ത്.

2. മുഅജിസത്ത് വെളിവാക്കാനുള്ളതാണ്. എന്നാല്‍ കറാമത്ത് മറച്ചുവെക്കാനുള്ളതാണ്. വെളിവാക്കിയാല്‍ ചിലപ്പോള്‍ ലോകമാന്യം സംഭവിച്ചേക്കാം. 

3. നബിമാര്‍ കുഫ്‌റില്‍ (അവിശ്വാസം) നിന്നും നിഫാക്വില്‍ (കാപട്യം) നിന്നും പാപകര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും സുരക്ഷിതരാണ്. എന്നാല്‍ വലിയ്യ് ഇവ മൂന്നില്‍നിന്നും നിര്‍ഭയനല്ല. വലിയ്യിന് തെറ്റുപറ്റാം. അവനില്‍ നിന്നും ഹറാമുകള്‍ ഉണ്ടായേക്കാം. 

4. കറാമത്ത് വെളിവായി എന്നത് കൊണ്ട് ഒരു വ്യക്തി സമൂഹത്തിന്റെ നബിയോ ഖലീഫയോ അെല്ലങ്കില്‍ അനുസരിക്കപ്പെടേണ്ടവനോ പിന്‍പറ്റപ്പെടേണ്ടവനോ ആകുന്നില്ല. ബിദ്ഇകളായ സ്വൂഫികളാണ് ആ നിലപാട് തുടങ്ങിയത്.

എന്നാല്‍ മുഅ്ജിസത്ത് ലഭിക്കുക നബിമാര്‍ക്കാണ്. അവരെ അനുസരിക്കലും പിന്‍പറ്റലും സ്‌നേഹിക്കലും ധിക്കരിക്കാതിരിക്കലും അവരുടെ സമൂഹത്തിന് നിര്‍ബന്ധമാണ്. 

5). നുബുവ്വത്തും രിസാലത്തും ഒരാളില്‍ ഉണ്ടായാല്‍ പിന്നീട് അത് അവനില്‍ നിന്നും നീങ്ങിപ്പോവുകയില്ല. എന്നാല്‍ വിലായത്ത് അങ്ങനെയല്ല; അത് അവനില്‍ നിന്നും ഇല്ലാതാകാം. 

കറാമത്തിന്റെ പേരു പറഞ്ഞ് ഗൈബ് വാദിക്കുന്നവരായി സ്വൂഫികളില്‍ ഒരുപാട് പേരുണ്ട്. ഗൈബ് അല്ലാഹുവിന് മാത്രമെ അറിയൂ. അല്ലാഹു അല്ലാത്ത ഒരു വ്യക്തിയും അല്ലാഹു അറിയിച്ചുകൊടുക്കാതെ ഗൈബ് അറിയുകയില്ല. 

എന്നാല്‍ ഔലിയാക്കള്‍ക്ക് ഗൈബ് അറിയാന്‍ സാധിക്കുമെന്ന് വാദിക്കുന്നവരാണ് സ്വൂഫികള്‍.  പ്രവാചകന്മാര്‍ക്ക് മാത്രമെ അല്ലാഹു ഗൈബിയ്യായ കാര്യങ്ങള്‍ അറിയിച്ച് കൊടുക്കൂ.  അല്ലാഹു പറയുന്നു: ”അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്” (ക്വുര്‍ആന്‍ 72: 26,27).

ഔലിയാക്കള്‍ക്ക് ലഭിക്കുന്നത് ഇല്‍ഹാമാണ്. അെല്ലങ്കില്‍ മുകാശഫാത്തിലൂടെയോ തഹ്ദീസാത്തിലൂടെയോ ആണ്. അദൃശ്യമായ ചില കാര്യങ്ങള്‍ ചിലപ്പോള്‍ അല്ലാഹു അവന്റെ അടിമകളില്‍ ചിലര്‍ക്ക് അറിയിച്ചു കൊടുക്കും. അത് രണ്ട് രീതിയിലാണ്: 

1) അല്ലാഹുവിന്റെ നബിമാര്‍ക്ക്: അവര്‍ക്ക് വഹ്‌യ് മുഖേനെ അല്ലാഹു ഗൈബ് അറിയിച്ചുകൊടുക്കും. 

2) ഔലിയാക്കള്‍ക്ക് അല്ലാഹു ഇല്‍ഹാമുകളിലൂടെയോ തഹ്ദീസാത്തിലൂടെയോ മുകാശഫാത്തിലൂടെയോ അറിയിച്ചു കൊടുക്കും. അത് ഔലിയാക്കള്‍ക്കുള്ള കറാമത്തിന്റെ ഭാഗമായാണ്. അല്ലാതെ ഗൈബറിയലല്ല.

അല്ലാഹു ഗൈബിയ്യായ കാര്യം മുഅ്ജിസത്തിലൂടെ നബിമാര്‍ക്ക് അറിയിച്ചു കൊടുക്കുമ്പോള്‍ അവര്‍ ഒരിക്കലും സ്വന്തമായി ഗൈബ് അറിയുന്നവരാകുന്നില്ല. അപ്രകാരം കറാമത്തിന്റെ ഭാഗമായി മൂകാശഫാതിലൂടെയോ ഇല്‍ഹാമാതിലൂടെയോ അല്ലാഹു എന്തെങ്കിലും അദൃശ്യമായ കാര്യം വിശ്വാസികള്‍ക്ക് അറിയിച്ചു കൊടുത്താലും അവര്‍ ഗൈബ് അറിയുന്നവരാകുന്നില്ല. മറിച്ച് അവര്‍ക്കെല്ലാം അല്ലാഹു അറിയിച്ചു കൊടുക്കുകയാണ്. അവരാരും ഗൈബ് അറിയുന്നില്ല. അറിയിച്ച് കൊടുക്കാതെ അറിയുമ്പോഴാണ് ‘ഗൈബറിയുന്നവര്‍’ എന്ന് പറയുക. 

യഥാര്‍ഥ ഗൈബും ആപേക്ഷിക ഗൈബുമുണ്ട്. തൊട്ടടുത്ത മുറിയില്‍ എന്ത് നടക്കുന്നു എന്ന് ചുമരിന്റെ തടസ്സം കാരണം ഒരാള്‍ക്ക് സാധാരണനിലയില്‍ അറിയാന്‍ സാധിക്കില്ല. അത് ആപേക്ഷികമായ ഗൈബാണ്. ആ റൂമില്‍ ഒരു നിരീക്ഷണ ക്യാമറയുണ്ടെങ്കില്‍ അവിടെ നടക്കുന്നത് സ്‌ക്രീനിലൂടെ കാണുവാന്‍ അയാള്‍ക്ക് സാധിക്കുകയും ചെയ്യും. ഒരാള്‍ അറിയാത്തത് മറ്റൊരാള്‍ അറിയുന്നു എന്ന കേവലാര്‍ഥത്തില്‍ ഗൈബറിയുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ സ്വൂഫികള്‍ വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ അര്‍ഥത്തിലല്ല. അവരുടെ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ അത് ബോധ്യമാകുന്നതാണ്. അത് കൊണ്ടാണ് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ക്ക് ഈ വിഷയം ജനങ്ങളെ പഠിപ്പിക്കേണ്ടി വന്നത്.  

ഇതൊന്നും അറിയാതെയാണ് ചിലര്‍ കറാമത്തിന്റെ മറവില്‍ ഏത് അദൃശ്യകാര്യവും എപ്പോഴുമറിയാം എന്ന് വാദിക്കുന്നത്. ആരെങ്കിലും തനിക്ക് ഗൈബിയ്യായ കാര്യങ്ങള്‍ അറിയുമെന്ന് വാദിച്ചാല്‍ അവന്‍ കാഫിറാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു അബ്ദുല്‍ വഹാബ്(റഹി) എണ്ണിപ്പറഞ്ഞ കുഫ്‌റിന്റെ അഹ്‌ലുകാരായ അഞ്ച് കൂട്ടരില്‍ പെട്ട ഒരു കൂട്ടര്‍ ഗൈബിയ്യായ അറിവുണ്ടെന്ന് വാദിക്കുന്നവരാണ്. അല്ലാഹുവാണ് ഏറെ അറിയുന്നവന്‍.

 

മുഹമ്മദ് ശഹീറുദ്ദീന്‍ ചുഴലി
നേർപഥം വാരിക

അനുഗ്രഹം നഷ്ടപ്പെടുന്ന കച്ചവടരംഗം‍

അനുഗ്രഹം നഷ്ടപ്പെടുന്ന കച്ചവടരംഗം‍

പുരോഗതിയെ കുറിച്ചാണ് നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്; മനുഷ്യജീവിതത്തില്‍ വന്ന വിവിധ രംഗങ്ങളിലുള്ള അത്ഭുതകരമായ പുരോഗതികളെ കുറിച്ച്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിസ്മയാവഹമായ വളര്‍ച്ചയും അവ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നവലോകക്രമവും നമ്മുടെ മുന്‍കാല സങ്കല്‍പങ്ങളില്‍ കടന്നുവരിക പോലും ചെയ്യാത്തതും ഉള്‍കൊള്ളാനാവത്തതുമാണ് എന്നതാണ് വസ്തുത.

കച്ചവടമാണ് കൃഷി കഴിഞ്ഞാല്‍ ആദിമ കാലം മുതല്‍ തന്നെ മനുഷ്യന്‍ അവന്റെ വളര്‍ച്ചയുടെ വഴിയില്‍ സ്വീകരിച്ച ഉപാധി. പക്ഷേ, കാലം ചെല്ലുന്തോറും കച്ചവടരംഗത്ത് നന്മയും സത്യസന്ധതയും വിശ്വസ്തതയും നഷ്ടപ്പെടുകയും ചതിയും കളവും കച്ചവടത്തിന്റെ മുഖമുദ്രയായി മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

കാലം മുന്നോട്ടു പോകുംതോറും മനുഷ്യരുടെ നല്ല ചിന്തകള്‍ക്ക് കോട്ടം തട്ടുകയും ആര്‍ത്തിയും ദുരയും കൂടി വരികയും ചെയ്യുന്നത് സങ്കടകരമായ കാര്യമാണ്. ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഉപാധി എന്നതില്‍ നിന്നും കുറഞ്ഞ സമയംകൊണ്ട് ഏത് വിധേനയും കൂടുതല്‍ പണമുണ്ടാക്കാനുള്ള മത്സരങ്ങളിലേക്ക് കച്ചവടരംഗം മാറിയതാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെ ആണിക്കല്ല്. ഇത്തരമൊരു സമൂഹത്തില്‍ മാന്യതയും സത്യസന്ധതയും നഷ്ടപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

കച്ചവട രംഗത്ത് ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും വന്നതോടുകൂടി കൃത്രിമത്വം അതിന്റെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് കഴിഞ്ഞിരിക്കുന്നു. അമിതമായ ലാഭക്കൊതി മനുഷ്യനെ കീഴടക്കിയപ്പോള്‍ കൂടുതല്‍ പണം നേടുന്നതിനായി ഏതു നെറികെട്ട മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യര്‍ തയ്യാറായിരിക്കുന്നു.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യവസ്തുക്കള്‍ക്ക് വിവിധ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട നമ്മുടെ കൊച്ചു കേരളമാണ് ഇതിന്റെ അതിരൂക്ഷമായ പരിണിത ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്നത്. ഇന്ന് നമ്മുടെ നാട്ടില്‍ മായമില്ലാതെ കിട്ടുന്നതെന്താണ്? വെളിച്ചെണ്ണയുടെ നൂറുകണക്കിന് ബ്രാന്‍ഡുകളാണ് ദിവസവും പൂട്ടുന്നത്. താമസിയാതെ തന്നെ അവ പുതിയ പേരില്‍ പുറത്തിറങ്ങുന്ന വിരോധാഭാസം വേറെ.

ഹോര്‍മോണ്‍ കുത്തിവെക്കപ്പെടുന്ന കോഴികളുടെ മാംസം… മാരകവിഷം തെളിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും… മായം ചേര്‍ത്ത പലവ്യജ്ഞന സാധനങ്ങള്‍… റെഡ് ഓക്‌സൈഡിനാല്‍ നിറം നല്‍കപ്പെട്ട അരി… എന്തിലും ഏതിലും മായവും വിഷവും!

ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത് മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ പ്രയോഗമാണ്, അമോണിയം പ്രയോഗം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്.

ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇന്ന് ഭക്ഷ്യവസ്തുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തി കര്‍ശനമായ പരിശോധനാ ക്രമങ്ങളും അവക്കുവേണ്ടിയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളും ക്രമീകരിക്കുന്ന കാലത്താണ് നമ്മുടെ രാജ്യം ഇത്തരം സാമൂഹ്യദ്രോഹികളെ ഒന്നു ഭയപ്പെടുത്താന്‍ പോലുമാകാതെ തരിച്ച് നില്‍ക്കുന്നത്.

മുസ്‌ലിം സഹോദരങ്ങള്‍ ഈ വിഷയത്തില്‍ തിരിച്ചറിയേണ്ട ഗൗരവതരമായ ചില കാര്യങ്ങളുണ്ട്. കച്ചവടത്തെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള മതമാണ് ഇസ്‌ലാം. പലിശയെ നിഷിദ്ധമാക്കുകയും കച്ചവടത്തെ അനുവദിക്കുകയും മാന്യമായ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മതം. കച്ചവടത്തിന്റെ ലാഭം പ്രതീക്ഷിക്കുന്നിടത്ത് ദൈവാനുഗ്രഹം എടുത്തു പറഞ്ഞ ആദര്‍ശം. ഈ തത്ത്വത്തില്‍ ഊന്നിനില്‍ക്കാന്‍ മുസ്‌ലിം കച്ചവടക്കാര്‍ക്കെങ്കിലും കഴിഞ്ഞാല്‍ മാതൃകാപരമായ ഒരു മാര്‍ക്കറ്റ് നമുക്ക് നാട്ടില്‍ തിരിച്ച് കൊണ്ടുവരാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല. കച്ചവടത്തിലെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ആത്യന്തികമായി നമ്മുടെ പരലോകം ശുഭകരമാകും എന്നതിലും രണ്ടഭിപ്രായമില്ല.

”’സത്യ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യസന്ധരോടൊപ്പം നിലകൊള്ളുകയും ചെയ്യുക” (ക്വുര്‍ആന്‍ 9:119).

നബിﷺ ഒരിക്കല്‍ പള്ളിയിലേക്ക് പോകുകയായിരുന്നു. വഴിയില്‍ കണ്ട കച്ചവടക്കാരോട് അദ്ദേഹം പറഞ്ഞു: ”കച്ചവടക്കാര്‍ അന്ത്യദിനത്തില്‍ അധര്‍മകാരികളായി ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്; അല്ലാഹുവിനെ ഭയപ്പെടുകയും നന്മ കാംക്ഷിക്കുകയും സത്യസന്ധരായി കച്ചവടത്തിലേര്‍പെടുകയും ചെയ്തവനൊഴികെ.”

മറ്റൊരിക്കല്‍ റസൂല്‍ﷺ പറഞ്ഞു: ”കച്ചവടക്കാര്‍ക്ക് വില്‍പനവസ്തു മടക്കാന്‍ സ്വതന്ത്ര്യമുണ്ട്; കച്ചവടം പൂര്‍ത്തിയാകുന്നത് വരെ. അവര്‍ സത്യസന്ധരായാണ് കച്ചവടം നടത്തിയതെങ്കില്‍ അതില്‍ അനുഗ്രഹം ചൊരിയപ്പെടും. മറച്ചുവെച്ചും കളവ് പറഞ്ഞുമാണെങ്കില്‍ അനുഗ്രഹം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകും.” 

മനുഷ്യന്‍ സമ്പാദിക്കുന്ന നല്ല സമ്പാദ്യങ്ങളില്‍ നബിﷺ എണ്ണിയത് മറച്ചുവെക്കാതെ, വഞ്ചിക്കാതെ നടത്തുന്ന കച്ചവടത്തിലൂടെ നേടുന്ന വരുമാനത്തെയാണ്.

മറ്റൊരിക്കല്‍ ‘വിശ്വസ്തനും സത്യസന്ധനുമായ കച്ചവടക്കാരന്‍ പരലോകത്ത് പ്രവാചകന്മാരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും” എന്നും തിരുനബിﷺ പറഞ്ഞുവച്ചിട്ടുണ്ട്.

‘മാന്യനായ കച്ചവടക്കാരന് അല്ലാഹുവിന്റെ തണല്‍ ലഭിക്കു’മെന്നും നബിﷺ പറഞ്ഞത് കാണാനാകും.

കൂടുതല്‍ സൂക്ഷ്മത കടന്നുവരേണ്ട രംഗമായി കച്ചവട രംഗം മാറിയിരിക്കുന്നു. എല്ലാവരും കൊള്ളയും ചതിയുമല്ലേ നടത്തുന്നത്, ഞാനായിട്ട് മാറിനിന്നിട്ട് എന്തു കാര്യം എന്ന് ചിന്തിക്കേണ്ടവനല്ല വിശ്വാസി. ഞാന്‍ അത്തരം ദുഷ്പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനിന്നാല്‍ ആ കാരണത്തിലൂടെ അല്ലാഹുവിന്റെ ഇടപെടല്‍ ഭൂമുഖത്തുണ്ടാകും. അത് മുഖേന നന്മകള്‍ പൂക്കുന്ന സാഹചര്യമുണ്ടാകും. കാരണക്കാരനായ എനിക്ക് പരലോകത്ത് ആദരവുകള്‍ ലഭിക്കും എന്ന ബോധം നമ്മെ നയിക്കേണ്ടതുണ്ട്. 

 

ഡോ. മുഹമ്മദ് റാഫി.സി
നേർപഥം വാരിക

ഗൈബ് വിശ്വാസത്തിന്റെ താക്കോല്‍

ഗൈബ് വിശ്വാസത്തിന്റെ താക്കോല്‍

‘മറഞ്ഞത്’ എന്ന് അര്‍ഥം വരുന്ന ‘ഗൈബ്’ എന്ന അറബിപദം ഇസ്‌ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണ്. അല്ലാഹുവിന്റെ കാലാതീതമായ അറിവിന്റെ ഭാഗം. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെല്ലാം മറഞ്ഞ കാര്യങ്ങളാണെന്ന വസ്തുത നാം ഓര്‍ക്കുക.

അല്ലാഹു നമുക്ക് അദൃശ്യമാണ്. സ്വര്‍ഗം നമ്മുടെ അറിവുകള്‍ക്കപ്പുറത്താണ്. നരകം നമുക്ക് മറഞ്ഞതാണ്. മരണത്തിനപ്പുറത്തുള്ള ബര്‍സഖിയായ ജീവിതവും ക്വബ്‌റിലെ രക്ഷയും ശിക്ഷയും നമ്മുടെ ഇന്ദ്രിയപരിധിക്കപ്പുറത്താണ്. മലക്കുകള്‍ അദൃശ്യരാണ്. ‘അന്ത്യദിനം’ പ്രമാണങ്ങള്‍ പഠിപ്പിച്ചതിനപ്പുറം നമുക്കജ്ഞാതം… ഇങ്ങനെ വിശ്വാസത്തിന്റെ നെടുംതൂണുകളിലെല്ലാം നാം വിശ്വസിക്കുന്നത് അദൃശ്യമായിട്ടുതന്നെ.

അല്ലാഹു അവന്റെ അറിവിന്റെ ഖജനാവില്‍ നിന്ന് ദിവ്യബോധനത്തിലൂടെ അവന്റെ ദാസന്മാര്‍ക്കറിയിച്ചുകൊടുത്തതിനപ്പുറം അവന്റെ അറിവുകളിലേക്ക് ഊളിയിട്ടിറങ്ങാന്‍ ആര്‍ക്കാണാവുക? ഒരാള്‍ക്കും അതിന് സാധ്യമല്ല. പ്രവാചകന്മാര്‍ക്ക് പോലും അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ അദൃശ്യകാര്യം അറിയില്ല.  ക്വുര്‍ആന്‍ ഇത് ആവര്‍ത്തിച്ചു പറയുന്നുണ്ട്.

”(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല”(ക്വുര്‍ആന്‍ 29:65). 

”…ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവന്‍ എത്ര കാഴ്ചയുള്ളവന്‍. എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്) യാതൊരു രക്ഷാധികാരിയുമില്ല. തന്റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല” (ക്വുര്‍ആന്‍ 18:26)

നബി ﷺ യോട് അല്ലാഹു പ്രഖ്യാപിക്കുവാന്‍ പറയുന്നതിതാണ്: ”പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?” (ക്വുര്‍ആന്‍ 6:50).

വഹ്‌യിന്റെ പിന്‍ബലമില്ലാതെ മറഞ്ഞ കാര്യങ്ങള്‍ പ്രവാചകന്മാര്‍ പോലും അറിയില്ല എന്നതിന് ക്വുര്‍ആനില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാനാകും.

ഇബ്‌റാഹീം നബി(അ)യുടെ അടുക്കല്‍ മലക്കുകള്‍ വന്നപ്പോള്‍ അദ്ദേഹം അറിയാതെ പോയത്, മൂസാ നബി(അ)യുടെ കൈയിലുള്ള വടി പാമ്പാകുന്നതിന് തൊട്ടുമുമ്പുവരെ എന്ത് സംഭവിക്കുമെന്നദ്ദേത്തിനറിയാതെ പോയത് തുടങ്ങിയവ ഉദാഹരണം.

മുഹമ്മദ് നബി ﷺ തന്നെ പറയുന്നതെന്താണ്? ”എനിക്ക് അദൃശ്യജ്ഞാനമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ നന്മകള്‍ വര്‍ധിപ്പിക്കുമായിരുന്നു, യാതൊരു തിന്മയും എന്നെ ബാധിക്കില്ലായിരുന്നു” എന്ന്!

നബി ﷺ ക്ക് ജീവിത വഴിയില്‍ പ്രതിസന്ധികള്‍ ഉണ്ടായില്ലേ? എല്ലാം നേരത്തേ അറിയാമായിരുന്നെങ്കില്‍ വഴിമാറി നടക്കാമായിരുന്നില്ലേ?

മക്കക്കാരുടെ ഉപദ്രവം സഹിക്കവയ്യാതെ നബി ﷺ ത്വാഇഫിലേക്ക് പോയപ്പോള്‍ എന്തായിരുന്നു പ്രതീക്ഷ? അവിടെയുള്ള ബന്ധുക്കള്‍ തന്നെ സംരക്ഷിക്കുമെന്ന്! സംഭവിച്ചതോ? അവര്‍ നിഷ്‌ക്കരുണം കല്ലെടുത്തെറിഞ്ഞാട്ടി! 

വറക്വത്ത്ബ്‌നു നൗഫല്‍ ‘മക്കക്കാര്‍ താങ്കളെ ജന്മനാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും’ എന്ന് പറഞ്ഞപ്പോള്‍ അത്ഭുതം കൂറിയ നബി ﷺ മക്കക്കാര്‍ പുറത്താക്കുന്ന ഘട്ടമെത്തിയപ്പോള്‍ അത്യധികം വേദനിച്ചത് എന്ത്‌കൊണ്ടായിരുന്നു?

ഉഹ്ദ്‌യുദ്ധ വേളയില്‍ തൊട്ടുമുന്നിലുള്ള ചതിക്കുഴിപോലും നബിക്ക് അറിയാതെ പോയത് എന്തുകൊണ്ട്? ഉംറക്ക് വേണ്ടി പോയപ്പോള്‍ ഹുദൈബിയയില്‍ തങ്ങള്‍ തടയപ്പെടും എന്ന് നബി ﷺ ക്ക് അറിയാതെ പോയത് എന്തുകൊണ്ട്?

ഇങ്ങനെ എത്രയോ സന്ദര്‍ഭങ്ങള്‍, സങ്കടങ്ങള്‍, ദുഃഖങ്ങള്‍ നബി ﷺ ക്ക് അനുഭവിക്കേണ്ടി വന്നില്ലേ? എന്തുകൊണ്ട് തൊട്ടുമുന്നിലുള്ള മറഞ്ഞ കാര്യങ്ങള്‍ പോലും അറിയാന്‍ കഴിഞ്ഞില്ല? ദിവ്യബോധനം വഴി അല്ലാഹു അറിയിച്ച് കൊടുത്താലല്ലാതെ അറിയില്ലെന്ന് വ്യക്തം. 

എന്നാല്‍ വഹ്‌യ് മുഖേന അല്ലാഹു അവന്റെ അറിവില്‍ നിന്ന് പ്രവാചകന്മാരെ അറിയിച്ച സന്ദര്‍ഭങ്ങളിലെല്ലാം പ്രവാചകന്മാര്‍ മറഞ്ഞകാര്യങ്ങള്‍ അറിയുകയും പറയുകയും ചെയ്ത് പോന്നിട്ടുണ്ട്.

ഇസ്‌ലാമിക വിശ്വാസത്തില്‍ മായം ചേര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ എന്നും ശ്രദ്ധിച്ചു പോന്നിട്ടുള്ളത് മഹാന്മാര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയും എന്ന ധാരണ സാധാരക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടാണ്.

ഈ അബദ്ധധാരണയിലാണ് സകല ജാറ വ്യവസായങ്ങളും സിദ്ധന്മാരും തങ്ങന്മാരും ബീവിമാരും നിലനിന്ന് പോരുന്നത്. ഈ വിഷയത്തില്‍ ഒരു മുസ്‌ലിമിന്ന് കൃത്യത കൈവന്നാല്‍ അതോടെ അവന്‍ ജാറ പൂജ ഒഴിവാക്കും. സിദ്ധന്മാരെയും തങ്ങന്മാരെയും കയ്യൊഴിയും. ആഗ്രഹ സഫലീകരണത്തിന് അല്ലാഹുവിനെ മാത്രം ആശ്രയിക്കുന്നവനായി മാറും. അങ്ങനെ യഥാര്‍ഥ ഏകദൈവാരാധകനായി അവന്‍ മാറും.

അതിനാല്‍ തന്നെ ഓരോ സന്ദര്‍ഭത്തിലും മഹാന്മാര്‍ക്ക് മറഞ്ഞ കാര്യമറിയുമെന്ന പിഴച്ച വിശ്വാസം സാധാരണക്കാരില്‍ അടിച്ചേല്‍പിക്കാന്‍ പുരോഹിതന്മാര്‍ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കാറുണ്ട്. അതില്‍ പെട്ട ഒന്നാണ് കോഴിക്കോട് ജില്ലയില്‍ താമരശ്ശേരിക്കടുത്ത് ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ ഒരു തങ്ങളുടെ പേരില്‍ വ്യാജ കറാമത്ത് സൃഷ്ടിക്കാന്‍ ഒരു മുസ്‌ലിയാര്‍ നടത്തിയ ശ്രമം. 

വിശ്വാസികള്‍ ഇത്തരം ഘട്ടത്തില്‍ സൂക്ഷ്മമായ ജാഗ്രത പുലര്‍ത്തുന്നവരും ശിര്‍ക്കിന്റെ വഴികളിലേക്ക് പരസ്യമായും രഹസ്യമായും ആളെ കൂട്ടുന്നവരെ തുറന്നെതിര്‍ക്കുന്നതില്‍ അല്‍പം പോലും ശങ്കയില്ലാത്തവരുമായിരിക്കണം. ശിര്‍ക്ക് മനസ്സുകളില്‍ നിന്ന് കുടഞ്ഞെറിയാനുള്ള അവസരമായി ഇതിനെ കാണാനാകണം; യഥാര്‍ഥ വിശ്വാസം അരക്കിട്ടുറപ്പിക്കാനുള്ള സാഹചര്യവും. ആത്യന്തിക വിജയത്തിന്റെ മാര്‍ഗത്തിലായിരിക്കട്ടെ നമ്മുടെ പരിശ്രമങ്ങള്‍.

 

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം വാരിക

യേശുക്രിസ്തു ക്വുര്‍ആനില്‍

യേശുക്രിസ്തു ക്വുര്‍ആനില്‍

മഹാനായ യേശുക്രിസ്തുവിനെ (ഈസാ നബി(അ)) കുറിച്ച് അതിരുകവിഞ്ഞ നിലപാടുകള്‍ വെച്ചു പുലര്‍ത്തുന്ന രണ്ട് വിരുദ്ധ ചേരികളാണ് ജൂതരും ക്രിസ്ത്യാനികളും. ജൂതന്മാര്‍ അഥവാ യഹൂദികള്‍ വ്യഭിചാര പുത്രനും വ്യാജ പ്രവാചകനും മരക്കുരിശില്‍ തൂക്കപ്പെട്ട അഭിശപ്തനുമെന്ന് വിധിച്ച് ക്രിസ്തുവിനെ തള്ളിക്കളയുമ്പോള്‍; ദൈവപുത്രനും സാക്ഷാല്‍ ദൈവവും യേശു തന്നെയാണെന്ന് വാദിച്ച് ക്രൈസ്തവര്‍ അതിരുകവിയുന്നു. ഫലത്തില്‍ രണ്ടു വാദവും അതീവ ഗുരുതരം തന്നെ. 

തെളിവുകളുടെ പിന്‍ബലമില്ലാത്തതും ഊഹാപോഹങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ടതുമായ ഇത്തരം അബദ്ധധാരണകളെയും വികല വിശ്വാസങ്ങളെയും മിഥ്യാസങ്കല്‍പങ്ങളെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിﷺയിലൂടെ സ്രഷ്ടാവ് അവതരിപ്പിച്ച ദൈവിക ഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുകയും തിരുത്തുകയും ഈസാ നബി(അ)യുടെ തെളിമയാര്‍ന്ന വ്യക്തിത്വം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയും ക്രിസ്തുമതമല്ല ക്രിസ്തുവിന്റെ മതമെന്ന് പ്രാമാണികമായി തെളിയിച്ചു കൊടുക്കുകയും ചെയ്യുന്നു.

അല്ലാഹുവിന്റെ അടിമ

യേശു അഥവാ ഈസാനബി(അ) ദൈവമോ ദൈവപുത്രനോ അല്ലെന്നും അല്ലാഹുവിന്റെ വിനീതനായ ദാസന്‍ മാത്രമാണെന്നും ക്വുര്‍ആന്‍ പറയുന്നു:

1) ”അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 43:59).

2) ”അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല). അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്” (ക്വുര്‍ആന്‍ 4:172).

3) ”അവന്‍ (കുട്ടിയായ യേശു) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 19:30).

4) ”ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും” (ക്വുര്‍ആന്‍ 19:93).

അല്ലാഹുവിന്റെ സൃഷ്ടി

”മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ” (ക്വുര്‍ആന്‍ 5:17).

മനുഷ്യനായ ദൈവദൂതന്‍

”മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്” (ക്വുര്‍ആന്‍ 5:75).

സദ്‌വൃത്തനായ ദൈവദാസന്‍

”…അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്ത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും” (ക്വുര്‍ആന്‍ 3:45,46).

പ്രവാചകശൃംഖലയിലെ ഒരു കണ്ണി

”അദ്ദേഹത്തിന് (ഇബ്‌റാഹിമിന്) നാം ഇസ്ഹാക്വിനെയും യഅ്ക്വൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി). അപ്രകാരം സദ്വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. സകരിയ്യാ, യഹ്യാ, ഈസാ, ഇല്‍യാസ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ. ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു” (ക്വുര്‍ആന്‍ 6:84-86).

”അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്റെ സന്തതികളില്‍ പെട്ടവരും നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍ പെട്ടവരും ഇബ്‌റാഹീമിന്റെയും ഇസ്‌റാഈലിന്റെയും സന്തതികളില്‍ പെട്ടവരും നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്” (ക്വുര്‍ആന്‍ 19:58).

ദൃഢമനസ്‌ക്കരായ അഞ്ച് ദൂതന്മാരില്‍ ഒരാള്‍

”നൂഹിനോട് കല്‍പിച്ചതും നിനക്ക് (മുഹമ്മദ്‌നബി) നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം – നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം – അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു…”(ക്വുര്‍ആന്‍ 42:13).

ജനനത്തില്‍ സവിശേഷത

”അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു” (ക്വുര്‍ആന്‍ 3:59).

വചനവും ആത്മാവും

”വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി” (ക്വുര്‍ആന്‍ 4:171).

അന്ത്യനാളിന്റെ അടയാളം

”തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) പറ്റി നിങ്ങള്‍ സംശയിച്ചുപോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത” (ക്വുര്‍ആന്‍ 43:61).

ദൈവികദൃഷ്ടാന്തം

”മര്‍യമിന്റെ പുത്രനെയും അവന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു” (ക്വുര്‍ആന്‍ 23:50).

പരിശുദ്ധാത്മാവിന്റെ പിന്‍ബലം

”ആ ദൂതന്‍മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചിട്ടുള്ളവര്‍ അവരിലുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്. മര്‍യമിന്റെ മകന്‍ ഈസായ്ക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിന് നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്” (ക്വുര്‍ആന്‍ 2:253).

യോഹന്നാന്‍ സ്‌നാപകനാല്‍ സത്യപ്പെടുത്തപ്പെട്ടു

”അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം മിഹ്റാബില്‍ പ്രാര്‍ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്യാ(എന്ന കുട്ടി)യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ (ഈസയെ) ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍” (3:38,39)

ഇസ്‌റാഈല്‍ ജനതയിലേക്കുള്ള ദൈവദൂതന്‍

”…അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. ഇസ്‌റാഈല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും…” (ക്വുര്‍ആന്‍ 3:48,49).

”മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇ്‌റസാഈല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍…” (ക്വുര്‍ആന്‍ 61:6). 

മോശെ (മൂസാ) പ്രവാചകന്റെ ന്യായപ്രമാണത്തെ (തൗറാത്ത്) സത്യപ്പെടുത്തി

”എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍” (ക്വുര്‍ആന്‍ 3:50).

ദൈവത്തിന്റെ സുവിശേഷം (ഇന്‍ജീല്‍) പഠിപ്പിച്ചു

”അവരെ(ആ പ്രവാചകന്‍മാരെ)ത്തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്റെ മകന്‍ ഈസായെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്”(ക്വുര്‍ആന്‍ 5:46).

”പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്മാരെ തുടര്‍ന്നയച്ചു. മര്‍യമിന്റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി…”(ക്വുര്‍ആന്‍ 57:27).

മുഹമ്മദ് നബിﷺയുടെ വരവിനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു

”മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്‌റാഈല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍…” (ക്വുര്‍ആന്‍ 61:6). 

ഏകദൈവ വിശ്വാസത്തിലേക്ക് ഇസ്‌റാഈല്യരെ വിളിച്ചു

”(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം” (ക്വുര്‍ആന്‍ 19:36).

ഏക സത്യദൈവമായ അല്ലാഹുവോട് മാത്രം പ്രാര്‍ഥിച്ചു

”മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞു: (പ്രാര്‍ഥിച്ചു) ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ” (ക്വുര്‍ആന്‍ 5:114).

ബഹുദൈവ വിശ്വാസത്തിന്റെ ഗൗരവം മനുഷ്യരെ ബോധ്യപ്പെടുത്തി

”മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്‌റാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല എന്നാണ്” (ക്വുര്‍ആന്‍ 5:72).

നമസ്‌കാരവും നിര്‍ബന്ധദാനവും നിര്‍വഹിച്ചു

”ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 19:31).

മാതാവിന് നന്മ ചെയ്ത് നല്ല മകനായി ജീവിച്ചു

”അവന്‍(അല്ലാഹു) (എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല”(ക്വുര്‍ആന്‍ 19:32).

അല്ലാഹുവിന്റെ അനുമതി പ്രകാരം അത്ഭുത പ്രവര്‍ത്തികള്‍ ചെയ്തു

”ഇസ്‌റാഈല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍” (ക്വുര്‍ആന്‍ 3:49).

മര്‍യമിന്റെ മകന്‍ ഈസാ എന്ന പേരില്‍ അറിയപ്പെട്ടു

”ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്റെ രക്ഷിതാവിന് സാധിക്കുമോ?…” (ക്വുര്‍ആന്‍ 5:112).

”മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു” (ക്വുര്‍ആന്‍ 3:45).

ഇതാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന യേശുക്രിസ്തു

”അതത്രെ മര്‍യമിന്റെ മകനായ ഈസാ. അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ഥമായ വാക്കത്രെ ഇത്” (ക്വുര്‍ആന്‍ 19:34).

”തീര്‍ച്ചയായും ഇത് യഥാര്‍ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല തന്നെ. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പ്രതാപവാനും യുക്തിമാനും” (ക്വുര്‍ആന്‍ 3:62).

 

സലീം പട്‌ല
നേർപഥം വാരിക