ജന്മദിനാഘോഷം: ഇസ്‌ലാം എന്ത് പറയുന്നു?

ജന്മദിനാഘോഷം: ഇസ്‌ലാം എന്ത് പറയുന്നു?

അല്ലാഹു മാനവര്‍ക്കായി തൃപ്തിപ്പെട്ട മതമാണ് ഇസ്‌ലാം. പ്രവാചകന്മാര്‍ അഖിലവും പ്രബോധനം ചെയ്ത മതം. അന്ത്യപ്രവാചകന്‍ മുഹമ്മദ് ﷺ യിലൂടെ പൂര്‍ത്തീകരിപ്പെട്ട മതം. മനുഷ്യരെല്ലാം ഐഹികവും പാരത്രികവുമായ ജീവിത വിജയത്തിനായി സ്വീകരിക്കേണ്ട മതം. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ വിശുദ്ധ ക്വുര്‍ആനും പ്രവാചക ചര്യയുമാണ്. ഈ പ്രമാണങ്ങള്‍ സമ്പൂര്‍ണമാണ്. അതില്‍ വല്ലതും കൂട്ടിച്ചേര്‍ക്കുവാനോ അതില്‍ നിന്ന് വല്ലതും വെട്ടിച്ചുരുക്കാനോ ആര്‍ക്കും അധികാരമില്ല. അല്ലാഹു പറയുന്നു: 

”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു” (ക്വുര്‍ആന്‍ 5:3).

ഇസ്‌ലാമിനെ മതമായും അല്ലാഹുവിനെ ആരാധ്യനായും മുഹമ്മദ് നബി ﷺ യെ പ്രവാചകനായും അംഗീകരിക്കുന്ന ഒരു മുസ്‌ലിം ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുള്ള സംഗതികള്‍ മാത്രമെ ചെയ്യാവൂ. ഒരു മുസ്‌ലിം എന്തെല്ലാം ചെയ്യണം, ചെയ്യാതിരിക്കണമെന്ന് കൃത്യമായി നബി ﷺ പഠിപ്പിച്ചിരിക്കുന്നു. ഒരു ഹദീഥ് കാണുക: 

നബി ﷺ പറഞ്ഞു: ”നിങ്ങളെ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങളോട് ഞാന്‍ കല്‍പിക്കാതിരിന്നിട്ടില്ല. നിങ്ങളെ നരകത്തില്‍നിന്ന് അകറ്റുന്ന ഒരു കാര്യവും നിങ്ങളോട് ഞാന്‍ വിരോധിക്കാതിരുന്നിട്ടില്ല…” (അല്‍ബാനി(റഹി)യുടെ സില്‍സിലത്തുസ്സ്വഹീഹഃ).

മുസ്‌ലിംകളുടെ ജീവിതം പ്രവാചകന്‍ ﷺ യുടെ മാതൃകയനുസരിച്ചായിരിക്കണം. മുസ്‌ലിംകള്‍ക്ക് രണ്ട് ആഘോഷങ്ങള്‍ മാത്രമാണ് അല്ലാഹുവിന്റെ മതം അനുശാസിച്ചിട്ടുള്ളത്. 

അനസ്(റ)വില്‍ നിന്ന് നിവേദനം: ”നബി ﷺ മദീനയില്‍ വന്നപ്പോള്‍ അവര്‍ (മദീനക്കാര്‍) രണ്ട് ദിവസങ്ങളില്‍ കളിക്കുന്നതായി കാണുകയുണ്ടായി. അപ്പോള്‍ ചോദിച്ചു: ‘ഈ രണ്ട് ദിവസങ്ങള്‍ എന്താണ്?’ അവര്‍ ഉത്തരം നല്‍കി: ‘ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ കളിച്ചിരുന്ന ദിനങ്ങളാണിവ.’ അപ്പോള്‍ നബി ﷺ പറയുകയുണ്ടായി: ‘തീര്‍ച്ചയായും അല്ലാഹു അവയ്ക്ക് പകരമായി അവയെക്കാള്‍ ഉത്തമമായതിനെ പകരമായി നല്‍കിയിരിക്കുന്നു. ബലി പെരുന്നാളും, ഫിത്വ്ര്‍ പെരുന്നാളുമാണവ” (അബൂദാവൂദ്). 

നമ്മുടെ നാട്ടില്‍ ഇസ്‌ലാമിന്റെ പേരില്‍ ഒരുപാട് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് നാം കാണുന്നു. എന്നാല്‍ രണ്ട് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കൊഴിച്ച് മറ്റൊരു ആഘോഷത്തിനും ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുകളില്ല. പ്രവാചക ജന്മദിനാഘോഷം, നേര്‍ച്ചയുടെ പേരില്‍ നടമാടുന്ന പൂരങ്ങള്‍, ബര്‍ത്ത്‌ഡെ ആഘോഷം, വിവാഹ വാര്‍ഷികങ്ങള്‍, മരണവുമായി ബന്ധപ്പെട്ട കണ്ണൂക്ക്, അടിയന്തരം, ആണ്ട് തുടങ്ങിയ ഒരുപാട് അനാചാരങ്ങള്‍ ഇന്ന് മുസ്‌ലിം സമൂഹത്തില്‍ പടര്‍ന്ന് പന്തലിച്ചിട്ടുള്ള മാരക രോഗങ്ങളായ ബിദ്അത്തുകളാണ്. മുഴുവന്‍ മുസ്‌ലിംകളും ഈ അനാചാരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടതുണ്ട്.

പാശ്ചാത്യരില്‍ നിന്ന് കടന്ന് കൂടിയ മാരകമായ ഒരു അനാചാരമാണ് ബര്‍ത്ത്‌ഡേ കൊണ്ടാടുകയെന്നത്. ലോകത്തേക്ക് കടന്ന്‌വന്ന ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരില്‍ ആരും തന്നെ മറ്റൊരാളുടെ ജന്മദിനം കൊണ്ടാടിയിട്ടില്ല. മുഹമ്മദ്‌നബി ﷺ ഇസ്‌ലാമിന്റെ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍  ഒരു പ്രവാചകന്റെയും ജന്മദിനം അവിടുന്ന് കൊണ്ടാടിയിട്ടില്ല. സ്വഹാബികളോട് പ്രവാചകന്റെ ജന്മദിനംപോലും കൊണ്ടാടുവാന്‍ അവിടുന്ന് കല്‍പിച്ചിട്ടില്ല. തിരുനബി ﷺ ക്ക് അല്ലാഹു ഏഴ് സന്താനങ്ങളെ നല്‍കിയിട്ടുണ്ട്, അതില്‍ ഒരു കുട്ടിയുടെയും ജന്മദിനം അദ്ദേഹം കൊണ്ടാടിയിട്ടില്ല. 

പിന്നെ നാം എങ്ങിനെയാണ് അല്ലാഹുവില്‍ നിന്നും അനുഗ്രഹമായി ലഭിച്ച സന്താനങ്ങളുടെ ജന്മദിനം കൊണ്ടാടുക. ജന്മദിനത്തോടനുബന്ധിച്ച് മധുരപലഹാരങ്ങളുണ്ടാക്കുകയും, കേക്ക് മുറിക്കുകയും വിതരണം നടത്തുകയും ചെയ്യല്‍ മറ്റുള്ളവരില്‍നിന്ന് കടമെടുത്തതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ”ആരെങ്കിലും ഒരു സമുദായത്തോട് യോജിച്ചാല്‍ അവന്‍ അവരില്‍ പെട്ടവനായി തീരുന്നതാണ്” (അബൂദാവൂദ്).

ആയതിനാല്‍ ജീവിതത്തിന്റെ മുഴൂവന്‍ മേഖലകളിലും കഴിവിന്റെ പരമാവധി ഇസ്‌ലാമിന്റെ നിയമങ്ങള്‍ അനുധാവനം ചെയ്യാന്‍ നാം പരിശ്രമിക്കുക. ഒരു പ്രവാചകനും സ്വന്തത്തിന്റെയോ, മറ്റു പ്രവാചകന്മാരുടെയോ, സ്വന്തം മക്കളുടെയോ, മറ്റുള്ളവരുടെയോ ബര്‍ത്ത്‌ഡേ കൊണ്ടാടിയിട്ടില്ല. അത്‌കൊണ്ട് ഈ കാര്യം നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. പാശ്ചാത്യ സംസ്‌കാരം വാരിപ്പുണരേണ്ടവരല്ല മുസ്‌ലിംകള്‍. അല്ലാഹു പറയുന്നത് കാണുക: 

”'(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ”'(ക്വുര്‍ആന്‍ 3:31). 

പ്രവാചക ചര്യ അനുധാവനം ചെയ്യുന്നതിലൂടെ മാത്രമെ അല്ലാഹുവിന്റെ ഇഷ്ടം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ക്വുര്‍ആനും തിരുസുന്നത്തും ഒരു കാര്യം വ്യക്തമാക്കിക്കഴിഞ്ഞാല്‍ അതില്‍ പിന്നെ തര്‍ക്കിക്കുവാനും അതിനോട് എതിരാകുവാനും ഒരു മുസ്‌ലിമിന് പാടില്ല. 

റബീഉല്‍ അവ്വല്‍ മാസം കടന്നുവന്നാല്‍ നബി ﷺ യുടെ ജന്മദിനാഘോഷത്തിന്റെ ലഹരിയില്‍ അലിയുന്നവരാണ് നമ്മുടെ നാട്ടില്‍ നല്ലൊരു വിഭാഗം മുസ്‌ലിംകളും. അത് പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണ് എന്നാണ് സാധാരണക്കാര്‍ മനസ്സിലാക്കിവെച്ചിരിക്കുന്നത്. അത് നബി ﷺ പഠിപ്പിക്കാത്ത കാര്യമായതിനാല്‍ ഇസ്‌ലാമികമല്ല. നബി ﷺ യെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ ചര്യകള്‍ പിന്‍പറ്റുവാന്‍ താല്‍പര്യം കാണിക്കുകയാണ് വേണ്ടത്. പ്രമാണങ്ങള്‍ പഠിപ്പിക്കാത്ത ആചാരങ്ങള്‍ ചെയ്യുവാന്‍ മതം അനുവാദം തരുന്നില്ല.

അല്ലാഹു വ്യക്തമാക്കുന്നത് കാണുക: 

”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു” (ക്വുര്‍ആന്‍ 28:68).

”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരുവിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല” (ക്വുര്‍ആന്‍ 4:65).

 

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി
നേർപഥം വാരിക

വസ്‌വാസ്: കേവലമൊരു മനോവൈകല്യമോ?

വസ്‌വാസ്: കേവലമൊരു മനോവൈകല്യമോ?

സാധാരണയായി കണ്ടു വരുന്ന ഒരു മാനസിക വൈകല്യമാണ് സംശയരോഗം. ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെ കുറിച്ച് മനസ്സില്‍ തുടരെ തുടരെ ചിന്തകള്‍ കടന്നുവരികയും അത് വീണ്ടും വീണ്ടും ഉറപ്പുവരുത്തുകയും ചെയ്യുവാനുളള ഒരു പ്രവണതയാണിത്. ‘വസ്‌വാസ്’ എന്ന് നാമൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

 മനോരോഗ വിദഗ്ധരുടെ ഭാഷയില്‍ ഇതിന് പറയുന്ന പേരാണ് Obsessive Compulsive Disorder (OCD). (Obsession=വിടാതെ പിന്‍തുടര്‍ന്ന് ശല്യം ചെയ്യുക. Compulsion=നിര്‍ബന്ധിക്കുക. Disorder=വൈകല്യം). അതാത് വ്യക്തിയെ നിരന്തരമായി ചില പ്രത്യേക സംശയങ്ങള്‍/ചിന്തകള്‍ പിന്‍തുടര്‍ന്ന് വേട്ടയാടുന്നത് മൂലം എന്തെങ്കിലും ഒരു പ്രവര്‍ത്തനം ആവര്‍ത്തിച്ചു ചെയ്യാന്‍/ഉറപ്പു വരുത്താന്‍ വ്യക്തി നിര്‍ബന്ധിതനാകുന്ന അവസ്ഥ. ഉദാഹരണ സഹിതം ഇത് വ്യക്തമാക്കാം.

1. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കതക് അടച്ചിട്ടുണ്ടോ എന്ന തോന്നല്‍, അതിനാല്‍ അടിക്കടി വാതില്‍ക്കല്‍ വന്ന് കാര്യം ഉറപ്പു വരുത്തുന്നു. 

2. കുളിയും പല്ലു തേപ്പും കഴിഞ്ഞാല്‍ എന്തോ ഒരു അശുദ്ധി അല്ലെങ്കില്‍ ചെയ്തത് ശരിയായില്ലെന്ന് കരുതി വീണ്ടും ആവര്‍ത്തിക്കുക. 

3. കത്തി കണ്ടാല്‍ അത് ഉപയോഗിച്ച് ആരെയെങ്കിലും വ്രണപ്പെടുത്തണമെന്ന് തോന്നുക, തീ കണ്ടാല്‍ എപ്പോഴും എടുത്തു ചാടണമെന്നു തോന്നുക. 

4. തന്റെ ഭാര്യയെയോ മക്കളെയോ കുറിച്ച് എപ്പോഴും സംശയം തോന്നുക. അവരുടെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുക.

ഇവയെല്ലാം ഭൗതികമായ കാര്യങ്ങളാണെങ്കില്‍ (ഇവയാണ് സാധാരണയായി Psychiatry Clinicകളില്‍ വരാറ്). മതപരമായ മേഖലകളില്‍ ഈ വൈകല്യം കാണുന്നതിന് ചില ഉദാഹരണങ്ങള്‍ കാണുക. 

1. നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോഴോ മറ്റു മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ തയ്യാറെടുക്കുമ്പോഴോ സംശയങ്ങള്‍ ഉണ്ടാവുക.

ഉദാ: വുദൂഅ് എടുക്കുമ്പോള്‍ അവയവങ്ങള്‍ എത്ര തവണ കഴുകി, ശരിയായി നനഞ്ഞിട്ടുണ്ടോ എന്നിങ്ങനെ എപ്പോഴും സംശയം തോന്നുക. നമസ്‌കാരത്തില്‍ റക്അതുകളുടെ എണ്ണത്തില്‍ സ്ഥിരമായി സംശയിക്കുക. നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ ഉദ്ദേശ്യത്തില്‍ (നിയ്യത്തില്‍) സംശയിക്കുക. 

 

കാരണങ്ങള്‍ 

ഈ രോഗത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ മനോരോഗ വിദഗ്ധരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചിലര്‍ അതിന് മസ്തിഷ്‌കത്തിലെ ചില രാസമാറ്റങ്ങള്‍ കാരണമായി കാണുന്നു. (ഇതില്‍ വീണ്ടും അഭിപ്രായ വ്യത്യാസമുണ്ട്. ഒരു കൂട്ടര്‍ പറയുന്നു: Serotonin Imbalance മൂലമാണ് രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന്. മറ്റൊരു വിഭാഗം പറയുന്നു; രോഗമുണ്ടായത് കാരണമാണ് Serotonin Imbalance ഉണ്ടാകുന്നതെന്ന്). വേറെ ചിലര്‍ ഇതിന് ശാരീരികവും മാനസികവുമായ പ്രതിഭാസങ്ങളുമായും ബന്ധപ്പെടുത്തുന്നുണ്ട്. മനോരോഗ ഗവേഷണ മേഖലയിലെ ആധികാരിക ശബ്ദമായ അമേരിക്കയിലെ Diagnostics and Statical Manuelന്റെ നാലാമത്തെ പതിപ്പിന്റെ 457ാം പേജില്‍ പറയുന്ന ഒരു കാരണം കാണുക: 

The Individual Senses That The Content of Obsession is alien, Not withing His/Her Own Controll and not the Kind of Thought that he/she would ever expect to have.

”വ്യക്തിക്ക് ഇത്തരം തോന്നലുണ്ടാക്കുന്നത് ബാഹ്യമായ ഒരു ചോദനയാണെന്ന് അനുഭവപ്പെടുന്നു; അത് ഒരിക്കലും അവന്റെ/അവളുടെ നിയന്ത്രണത്തിലല്ല. അവന്‍/അവള്‍ ആഗ്രഹിക്കുന്ന ചിന്തകളല്ല താനും.” 

വ്യക്തിക്ക് ഇത്തരം ചിന്തകള്‍ വരുന്നത് തന്റേതല്ലാത്ത മറ്റേതോ ഉറവിടത്തില്‍ നിന്നാണ്; അത്തരം ചിന്തകള്‍ അയാള്‍ ആഗ്രഹിക്കാത്തതുമാണ്. ഈ ഉറവിടം പിശാച് ആയിക്കൂടേ?

 

ചികിത്സ 

ഇതിന് ധാരാളം ചികിത്സാരീതികള്‍ Psychiatristകള്‍ നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ ഒന്നും തന്നെ രോഗത്തെ പൂര്‍ണമായി ഭേദപ്പെടുത്തുന്നതല്ല തന്നെ. 

“..However, OCD Symptoms Persists at moderate levels even following adequate treatment course, and a completely Symptom free period is uncommon.”

”മതിയായ ചികിത്സകള്‍ക്കു ശേഷവും ചെറിയ രീതിയില്‍ OCD ലക്ഷണങ്ങള്‍ നിലനില്‍ക്കും, പൂര്‍ണമായി ലക്ഷണങ്ങള്‍ വിട്ടുമാറുന്ന സാഹചര്യം വിരളമാണ്” (Clinical Psychology : Eddy KT, Datra Bradly, P: 1011).

 

ഇസ്‌ലാമിക നിര്‍ദേശങ്ങള്‍  

സംശയങ്ങള്‍ ജനിപ്പിക്കുക എന്നത് പിശാചിന്റെ ഒരു പ്രവര്‍ത്തനമായി ക്വുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. 

”പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍”(ക്വുര്‍ആന്‍ 114:1-6).

ഇത്തരം പൈശാചിക ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗമായി നബി ﷺ ക്വുര്‍ആനിലെ അവസാനത്തെ മൂന്ന് ചെറിയ അധ്യായങ്ങളായ അല്‍ ഇഖ്‌ലാസ്, അല്‍ ഫലക്വ്, അന്നാസ് എന്നിവയും ആയത്തുല്‍ കുര്‍സിയ്യും മറ്റും ഓതാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നബി ﷺ പൈശാചിക ഉപദ്രവങ്ങളില്‍നിന്നും ഒഴിവാകുവാന്‍ മറ്റു പല പ്രാര്‍ഥനകളും പഠിപ്പിച്ചിട്ടുണ്ട്.

പിശാചിന് മനുഷ്യനെ വഴിതെറ്റിക്കുന്നതിന് ചില മുന്‍ഗണനാക്രമണങ്ങളുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു. അത് ഇപ്രകാരമാണ്:

പിശാച് സ്വര്‍ഗത്തില്‍ നിന്ന് പുറത്താവാന്‍ കാരണക്കാരനായ മനുഷ്യനെയും അവന്റെ വര്‍ഗത്തെയും സ്വര്‍ഗത്തില്‍ നിന്നും തടഞ്ഞ് നരകത്തിലേക്കെത്തിക്കുവാനാണ് ഒന്നാമതായി ശ്രമിക്കുക:

”പിശാച് അവന്റെ അനുയായികളെ ക്ഷണിക്കുന്നത് നരകാഗ്നിയിലേക്കാണ്” (ക്വുര്‍ആന്‍ 35:6).

1) അതിനായി ഒന്നാമതായി പിശാച് ക്ഷണിക്കുന്നത് ബഹുദൈവാരാധനയിലേക്കും സത്യനിഷേധത്തിലേക്കുമാണ്.

”…മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍ നിന്ന് വിമുക്തനാകുന്നു…” (59:16). 

2) ഒരാളെ സത്യനിഷേധത്തിലേക്ക് നയിക്കാനായില്ലെങ്കില്‍ പിന്നെ പിശാചിന്റെ അടുത്ത ശ്രമം, ആ വിശ്വാസിയുടെ വിശ്വാസത്തില്‍ സംശയം ജനിപ്പിക്കലാണ്.

പ്രവാചകന്‍ ﷺ പറഞ്ഞു: ”പിശാച് നിങ്ങളുടെ അടുക്കല്‍ വരും. എന്നിട്ട് ചോദിക്കും: (ദുര്‍ബോധനം നടത്തും) ‘നിന്നെ സൃഷ്ടിച്ചതാരാണ്.’ അവന്‍ പറയും: ‘അല്ലാഹു’. പിശാച്: ‘അപ്പോള്‍ അല്ലാഹുവിനെ സൃഷ്ടിച്ചതാര്?’ അങ്ങനെ നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍ നിങ്ങള്‍ പിശാചില്‍ നിന്നും അല്ലാഹുവിനോട് അഭയം തേടുക.”

3) ഒരാള്‍ ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടുകയും ശരിയായ വിശ്വസം ഉള്‍ക്കൊള്ളുകയും ചെയ്താല്‍ പിന്നീട് പിശാചിന്റെ ശ്രമം അയാളെ മതത്തില്‍ പുത്തനാചാരങ്ങളിലേക്ക് (ബിദ്അത്ത്) നയിക്കലാണ്. ബിദ്അത്ത് എന്നാല്‍ പ്രവാചകന്‍ ﷺ മതത്തില്‍ പഠിപ്പിക്കാത്ത കാര്യങ്ങള്‍ മനുഷ്യന്റെ വകയായി കടത്തിക്കൂട്ടലാണ്. അത് കേവല പാപങ്ങളെക്കാള്‍ ഗൗരവമേറിയതാണ്. കാരണം പാപം എന്നത് ഒരു വ്യക്തിയില്‍ നിക്ഷിപ്തമാണ.് എന്നാല്‍ മതത്തിലെ പുത്തനാചാരം എന്നത് മതവിശ്വാസികളെ മൊത്തത്തില്‍ വഴി തെറ്റിക്കുന്നുവെന്ന് മാത്രമല്ല, ഇസ്‌ലാമിനെ മാറ്റിമറിക്കലുമാണ്. അതുകൊണ്ട് തന്നെ പ്രവാചകന്‍ ﷺ പറഞ്ഞു: ”എല്ലാ പുത്തനാചാരങ്ങളും വഴികേടിലാകുന്നു. എല്ലാ വഴികേടും നരകത്തിലും.”

സുഫ്‌യാനുസ്സൗരി(റഹി) പറഞ്ഞു: ”പുത്തനാചാരങ്ങള്‍ (ബിദ്അത്ത്) പിശാചിനു മറ്റു പാപങ്ങളെക്കാള്‍ ഇഷ്ടമാണ്. കാരണം പാപങ്ങളില്‍ നിന്നും ഒരാള്‍ പാപമോചനം (തൗബ) ചെയ്‌തേക്കാം. എന്നാല്‍ ബിദ്അത്തില്‍ നിന്നും ഒരാള്‍ തൗബ ചെയ്യില്ല'(കാരണം അത് നല്ലതും മതത്തിന്റെ ഭാഗവുമാണെന്ന് അവന്‍ തെറ്റുധരിക്കുന്നു).”

4) ബിദ്അത്തിലേക്ക് ഒരു വിശ്വാസിയെ നയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിശാചിന്റെ അടുത്ത ശ്രമം മനുഷ്യനെ തിന്‍മയിലേക്കും പാപത്തിലേക്കും കൊണ്ടു പോകലാണ്.

ക്വുര്‍ആന്‍ പറയുന്നു: ”ദുഷ്‌കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്” (2:169)

5) അടുത്ത ശ്രമം സല്‍കര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തടയലാണ്. അവന്‍ ദാനം ചെയ്യുന്നതില്‍ നിന്നും നമസ്‌കരിക്കുന്നതില്‍ നിന്നും മറ്റും വിശ്വസിയെ പുറകോട്ട് പോകാന്‍ പ്രേരിപ്പിക്കും.

6) ഒരു വിശ്വസിയെ നന്മ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചില്ലെങ്കില്‍ പിശാചിന്റെ അടുത്ത തന്ത്രം; മനുഷ്യന്‍ ചെയ്യുന്ന സല്‍കര്‍മങ്ങളുടെ ഉദ്ദേശ്യത്തിലും ആത്മാര്‍ഥതയിലും സംശയിപ്പിക്കലാണ്.

ഒരിക്കല്‍ പ്രവാചകന്‍ ﷺ യുടെ അടുക്കല്‍ ഒരു അനുചരന്‍ തനിക്ക് നമസ്‌കാരത്തില്‍ ഉണ്ടാകുന്ന ചില ശ്രദ്ധക്കുറവിനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അവിടുന്ന് പിശാചിന്റെ ഉപദ്രവത്തില്‍നിന്ന് അല്ലാഹുവോട് രക്ഷചോദിക്കുവാന്‍ നിര്‍ദേശിക്കുകയുണ്ടായി.’

നമസ്‌കാരത്തില്‍ പിശാച് ചെയ്യുന്നത് എന്താണെന്നും പ്രവാചകന്‍ ﷺ പറഞ്ഞു തരുന്നു: ”(പിശാച്) നമസ്‌കാരത്തിന്റെയും അവന്റെയും ഇടയില്‍ വന്ന് പറയുന്നു: നീ ഇത് ഓര്‍ക്കുക, അത് ഓര്‍ക്കുക എന്നിങ്ങനെ. അക്കാര്യങ്ങള്‍ ആ മനുഷ്യന്‍ മുമ്പ് ചിന്തിക്കാത്തതായിരിക്കും. അങ്ങനെ എത്ര നമസ്‌കരിച്ചുവെന്ന് അവന്‍ മറക്കും”(ബുഖാരി). 

വിശ്വാസതലം മുതല്‍ കര്‍മങ്ങളില്‍ വരെ മനുഷ്യമനസ്സില്‍ സംശയവും ആശയക്കുഴപ്പവും ഉണ്ടാക്കാന്‍ പിശാച് ശ്രമിക്കും. അങ്ങനെ ചിലര്‍ക്ക് അത് വിടാതെ പിന്തുടരുന്ന ഒരു സംശയരോഗം (OCD) തന്നെ ആയിത്തീരും. 

ഉരുവിടലാണ് നിയ്യത്ത് എന്ന് തെറ്റായി മനസ്സിലാക്കിയ വ്യക്തിയാണെങ്കില്‍ താന്‍ പഠിച്ചിട്ടുള്ള വാക്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കും! വുദൂഅ് പലതവണ ആവര്‍ത്തിക്കും. മണിക്കൂറുകളോളം കുളിച്ചാലും ശുദ്ധിയായില്ല എന്ന തോന്നല്‍ അവരെ അലട്ടും. അങ്ങനെ ചെയ്യുന്നത് സുക്ഷ്മതയാണെന്നായിരിക്കും അത്തരക്കാര്‍ കരുതുക.  

മതം എളുപ്പമാണെന്നും സ്വയം അതിനെ കര്‍ക്കശമാക്കുവാന്‍ പാടില്ലെന്നും പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ നിലപാട് നമ്മെ മതത്തില്‍നിന്നും വിദൂരമാക്കിക്കളയുമെന്ന് നാം മനസ്സിലാക്കുക.’ 

ഈ രോഗത്തിന് ഒരു വിശ്വാസിക്ക് ചെയ്യാവുന്ന കാര്യം നമസ്‌കാരത്തില്‍ സംശയരോഗം പിടിപെട്ട സ്വഹാബിയോട് പ്രവാചകന്‍ പറഞ്ഞതുപോലെ പിശാചില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടുക എന്നതാണ്. 

 

ഡോ. സബീല്‍, പട്ടാമ്പി
നേർപഥം വാരിക

അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും എങ്ങനെ മനസ്സിലാക്കണം?

അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും എങ്ങനെ മനസ്സിലാക്കണം?

അല്ലാഹുവിനുള്ളതായി അല്ലാഹുവും റസൂലും(സ്വ) അറിയിച്ച ഒരു നാമവും വിശേഷണവും നാം നിഷേധിക്കാന്‍ പാടുള്ളതല്ല. കാരണം അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്. സൃഷ്ടികളില്‍വെച്ച് ഏറ്റവും നന്നായി അല്ലാഹുവിനെ അറിഞ്ഞത് മുഹമ്മദ് നബി(സ്വ)യുമാണ്. അതിനാല്‍ അല്ലാഹുവും റസൂലും അറിയിച്ച കാര്യങ്ങളെ നിഷേധിക്കല്‍ സത്യനിഷേധമാണ്.  

അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങളുടെ വിഷയത്തില്‍ ജഹ്മിയ്യാക്കള്‍ക്ക് പറ്റിയ ഭീമാബദ്ധം ഇതായിരുന്നു. അവര്‍ അല്ലാഹുവിന്റെ സ്വിഫാത്തുകളെ (വിശേഷണങ്ങളെ) നിഷേധിച്ചു കളഞ്ഞു. തങ്ങളുടെ പരിമിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തി അല്ലാഹു ആരായിരിക്കണമെന്ന് അവര്‍ സ്വയം തീരുമാനിച്ചു. അതിനുശേഷം വന്ന മുഅ്തസില വിഭാഗവും സ്വീകരിച്ചത് പ്രമാണങ്ങളെക്കാള്‍ തങ്ങളുടെ ബുദ്ധിക്ക് പ്രാധാന്യവും അപ്രമാദിത്വവും കല്‍പിച്ചുകൊണ്ടുള്ള ഇത്തരം സമീപനങ്ങളായിരുന്നു. അല്ലാഹുവിന് എന്തെല്ലാം വിശേഷണങ്ങളുണ്ടാവണമെന്നും ഉണ്ടായിക്കൂടാ എന്നും തീരുമാനിക്കാന്‍ ഇവരൊക്കെ ആശ്രയിച്ചത് പ്രമാണങ്ങളെ കൈവിട്ടുകൊണ്ടുള്ള ഗവേഷണങ്ങളെയായിരുന്നു. 

അല്ലാഹുവും റസൂലും അല്ലാഹുവിനുള്ളതായി അറിയിച്ച വിശേഷണങ്ങളെ നാം അംഗീകരിച്ചാല്‍ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലാണെന്നും അത് തൗഹീദിന് വിരുദ്ധമാണെന്നും അവര്‍ വാദിച്ചു. എന്നാല്‍ ഇവരൊക്കെയും അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കുന്നവരാണ്. സൃഷ്ടികളുടെ അസ്തിത്വങ്ങളെയും അംഗീകരിക്കുന്നുണ്ട്. അപ്പോള്‍ മേല്‍പറഞ്ഞ സാദൃശ്യപ്പെടുത്തല്‍ ഇവിടെയും വരില്ലേ എന്ന് ചോദിച്ചാല്‍, അല്ലാഹുവിന്റെ അസ്തിത്വം പോലെയല്ല സൃഷ്ടികളുടെ അസ്തിത്വം എന്നാണ് മറുപടി. എങ്കില്‍ ഇവരോട് നമുക്കും അല്ലാഹുവിന്റെ വിശേഷണങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളത്. അല്ലാഹുവിനെ പോലെ യാതൊന്നുമില്ല. അല്ലാഹു പറയുന്നു: 

”ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.” (42:11)

അല്ലാഹുവിന്റെ അനവധി സ്വിഫാത്തുകളുടെ കൂട്ടത്തില്‍ കേവലം ആറേഴെണ്ണത്തെ മാത്രം അംഗീകരിക്കുകയും ബാക്കിയുള്ളവയെ എല്ലാം മുഅ്തസിലികള്‍ ചെയ്തതുപോലെ വ്യാഖ്യാനിക്കുകയോ അല്ലെങ്കില്‍ ഒന്നും പറയാതെ അല്ലാഹുവിലേക്ക് മടക്കുകയോ ചെയ്ത (തഫ്‌വീളിന്റെയും തഅ്‌വീലിന്റെയും വക്താക്കളായ) അശ്അരീ- മാതുരീദി വിഭാഗവും അകപ്പെട്ടത് ഒരേ കുഴിയില്‍ തന്നെയാണ്.

ജഹ്മികളോടും മുഅ്തസിലികളോടും പറഞ്ഞതുപോലെ തന്നെ ഇവരോടും അഹ്‌ലുസ്സുന്നക്ക് പറയാനുള്ളത് ഇതാണ്: അല്ലാഹുവിന്റെ ഏഴ് സ്വിഫത്തുകളെ നിങ്ങളംഗീകരിക്കുകയും ബാക്കിയുള്ളവയെ നിരാകരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അറിവും ശക്തിയും കേള്‍വിയും കാഴ്ചയുമൊക്കെ നിങ്ങളംഗീകരിക്കുന്ന സ്വിഫാത്തുകളാണ്. എന്നാല്‍ സൃഷ്ടികള്‍ക്കും അറിവും കഴിവും കാഴ്ചയും കേള്‍വിയുമൊക്കെ ഉണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍, അല്ലാഹുവിന്റെ കഴിവും കാഴ്ചയും അറിവും കേള്‍വിയുമൊന്നും സൃഷ്ടികളുടേത് പോലെയല്ല എന്നാണ് മറുപടി. എങ്കില്‍ പ്രമാണങ്ങള്‍ നമ്മെ അറിയിച്ച ബാക്കിയുള്ള സ്വിഫാത്തുകളുടെ കാര്യത്തിലും അവയൊന്നും സൃഷ്ടികളുടെ വിശേഷണങ്ങള്‍ പോലെയല്ല; അല്ലാഹുവിന്റെ വിശേഷണങ്ങള്‍ അവന്റെ മഹത്വത്തിനും ഔന്നിത്യത്തിനും യോജിക്കുന്ന വിധത്തില്‍ പരിപൂര്‍ണതയുടെ ഗുണങ്ങളും സമാനതകളില്ലാത്തതുമാണ് എന്ന് പറയലല്ലേ പ്രമാണത്തോടും ശരിയായ ബുദ്ധിയോടും യോജിക്കുന്നത് എന്ന് ചോദിച്ചാലും വ്യാഖ്യാനത്തിന്റെ അനിവാര്യതക്കും സാധുതക്കും തെളിവുനിരത്താനായിരിക്കും അവരില്‍ ഭൂരിഭാഗവും പരിശ്രമിക്കുക.

പ്രസ്തുത കാര്യങ്ങളിലൊക്കെ തങ്ങള്‍ക്കുള്ള മാതൃകയും മുന്‍ഗാമികളും ആരൊക്കെയാണ് എന്ന് വേണ്ടവിധത്തില്‍ ആലോചിക്കാന്‍ പോലും അവര്‍ക്ക് സാധിക്കാതെ പോവുകയാണ്. നബി(സ്വ)യോ സ്വഹാബത്തോ താബിഉകളോ തബഉത്താബിഉകളോ അടങ്ങുന്ന സലഫുകളില്‍ നിന്ന് ഒരാളെ പോലും അവര്‍ക്ക് മാതൃകയായി ഉദ്ധരിക്കാന്‍ കഴിയില്ല എന്നതും നാം തിരിച്ചറിയേണ്ട വസ്തുതയാണ്. അവരാണല്ലോ നമ്മുടെ സച്ചരിതരായ മുന്‍ഗാമികള്‍. അവരെ പിന്‍പറ്റുവാനാണല്ലോ നാം കല്‍പിക്കപ്പെട്ടതും.

ഇവരുടെ വ്യാഖ്യാനത്തിന്റെ അപകടങ്ങള്‍

1. അല്ലാഹുവിന്റെ പേരില്‍ നാം വ്യക്തമായി അറിയാത്തവ പറയലാണ് ഇത്തരം വ്യാഖ്യാനങ്ങളിലൂടെ സംഭവിക്കുന്നത്. അതാകട്ടെ അല്ലാഹു ശക്തമായി നമ്മളോട് വിലക്കിയതാണ്.

”അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ”(2:80).

”അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്? അവര്‍ അവരുടെ രക്ഷിതാവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും”(11:18).

”മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്‌തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു”(20:61).

ആരെക്കുറിച്ചും വ്യക്തമായ അറിവില്ലാത്തത് പറഞ്ഞുകൂടാ. അപ്പോള്‍ അത് അല്ലാഹുവിനെ സംബന്ധിച്ച് ആകുമ്പോള്‍ എന്ത് മാത്രം അപകടകരമായിരിക്കും! 

”നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്” (17:36).

2. നാം നല്ലതായി കരുതുന്ന വ്യാഖ്യാനങ്ങള്‍ നല്ലതും മതത്തില്‍ അനിവാര്യവുമായ ഒന്നായിരുന്നെങ്കില്‍ അല്ലാഹുവും റസൂലും(സ്വ) അത് നമുക്ക് വിശദീകരിച്ചു തരേണ്ടതായിരുന്നുവല്ലോ! ഇതിനെക്കാള്‍ നിസ്സാരമായ വിഷയങ്ങള്‍ വിശദമായി വിശദീകരിച്ച മതപ്രമാണങ്ങള്‍ മൗലികമായ ഈ വിശ്വാസ കാര്യത്തെ വിശദീകരിക്കാതെ അവഗണിച്ചു കളഞ്ഞു എന്നതും ഉണ്ടാകുവാന്‍ യാതൊരു ന്യായവുമില്ല. അതിനാല്‍ സ്വന്തമായി നാം അവതരിപ്പിക്കുന്ന വ്യാഖ്യാനങ്ങള്‍ മതത്തില്‍ പലതും കൂട്ടിച്ചേര്‍ക്കലായിരിക്കും. 

 

3. സലഫുകളില്‍ ഒരാളില്‍ നിന്നുപോലും ഇത്തരം വ്യാഖ്യാനങ്ങള്‍ ഉദ്ധരിക്കപ്പെടുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. അപ്പോള്‍ അല്ലാഹു തൃപ്തിപ്പെട്ടവരും ഉത്തമ തലമുറക്കാരും ശുദ്ധ അറബി ഭാഷക്കാരുമായ സച്ചരിതരുടെ പാത കയ്യൊഴിച്ച് കൊണ്ട് നാം സ്വീകരിക്കുന്ന വ്യാഖ്യാനത്തിന്റെ രീതി ക്വുര്‍ആനും സുന്നത്തും നമ്മോട് പിന്‍പറ്റാന്‍ നിര്‍ദേശിച്ച പാതയെ കയ്യൊഴിക്കലും സന്മാര്‍ഗം വിട്ട് ദുര്‍മാര്‍ഗം സ്വീകരിക്കലുമായിരിക്കും എന്ന് തിരിച്ചറിയുക.

”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (4:115).

 

4. അല്ലാഹുവിന്റെ സ്വിഫത്തുകളെ കുറിച്ച് പറഞ്ഞ ക്വുര്‍ആനിക വചനങ്ങളെയും ഹദീഥുകളെയും സലഫുകള്‍ വ്യാഖ്യാനിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും എന്ന ചിന്ത പ്രസക്തമാണ്. നന്മയുള്ള കാര്യമാണ് ഈ വ്യാഖ്യാനമെങ്കില്‍ അവരായിരുന്നു നമ്മെക്കാള്‍ മുമ്പ് അത് ചെയ്യുകയും അതിന്റെ പ്രചാരകരാവുകയും ചെയ്യുക. ദീനിയായ ഒരു വിഷയത്തില്‍ അതും അസ്മാഉ വസ്വിഫാത്ത് പോലെയുള്ള അടിസ്ഥാനപരമായ ഒരു അഖീദാവിഷയത്തില്‍ സലഫുകള്‍ സ്വീകരിക്കാത്ത മാര്‍ഗമാണ് നാം സ്വീകരിക്കുന്നതെങ്കില്‍ പ്രസ്തുത വഴി പിഴച്ചതാണെന്നതിന് അതുമാത്രം മതിയാകും വ്യക്തമായ തെളിവായിട്ട്. അല്ലാതെ സച്ചരിതരായ മുന്‍ഗാമികള്‍ പിഴവിലും പില്‍ക്കാലത്തുള്ളവര്‍ ശരിയിലും നന്മയിലും എന്ന് ദീനിന്റെ ബാലപാഠങ്ങളെങ്കിലും മനസ്സിലാക്കിയവര്‍ക്ക് അനുമാനിക്കാനാവുമോ?

അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പങ്ങളുമുണ്ടാകുമ്പോള്‍ നമ്മളോട് പിന്‍പറ്റാന്‍ നബി(സ്വ) നിര്‍ദേശിച്ച നേരിന്റെ സുരക്ഷിതപാത സലഫിന്റെതാണല്ലോ.

 

5. നബി(സ്വ)യോ സ്വഹാബത്തോ ഒന്നും വിശദീകരിക്കാത്ത ഒരു വിവരണം നാം കല്‍പിക്കുമ്പോള്‍ വിശിഷ്ടരും വിശുദ്ധരുമായ ആ മുന്‍ഗാമികളെ മോശപ്പെട്ടവരും മതത്തിന്റെ അടിസ്ഥാന വിഷയങ്ങളില്‍ പോലും വേണ്ടത്ര ഗ്രാഹ്യത ഇല്ലാത്തവരുമായി ചിത്രീകരിക്കലും അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോകുന്നു എന്നത് നാം മറന്ന് കൂടാ.

ഇബ്‌നു മസ്ഊദ്(റ) വിശദമാക്കിയതുപോലെ അവരാണ് ഉത്തമര്‍. സംശയങ്ങള്‍ തീര്‍ത്ത് ഏറ്റവും ഉത്തമ ഗുരുവില്‍ നിന്ന് മതം ശരിയായ രൂപത്തില്‍ പഠിച്ച് മനസ്സിലാക്കിയവര്‍. ജാഡകളോ നാട്യങ്ങളോ ഇല്ലാത്ത, അറിവും ഭക്തിയും സമന്വയിച്ച മഹത്തുക്കള്‍. അവരുടെ മാര്‍ഗമാണ് നാം പിന്‍പറ്റേണ്ടത്.

പ്രസ്തുത മാര്‍ഗം വിട്ടുകൊണ്ട് വ്യാഖ്യാനത്തിന്റെ വക്താക്കള്‍ കൊണ്ടുവരുന്നതാകട്ടെ സത്യവിശ്വാസികള്‍ പോലുമല്ലാത്ത ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെയും വചനശാസ്ത്രത്തിന്റെയും ആളുകളുടെ വാക്കുകളും അഭിപ്രായങ്ങളുമാണ്.

 

6. വ്യാഖ്യാനത്തിന്റെ വക്താക്കളായി ആ മാര്‍ഗത്തില്‍ ആയുസ്സിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച് അതിന്റെ വക്താക്കളും പ്രയോക്താക്കളുമായി ജീവിച്ച പല മഹാന്മാരും ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ അതില്‍ നിന്ന് ഖേദിച്ച് മടങ്ങിയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും പ്രമാണങ്ങളും സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗവും വിട്ട് വക്താക്കള്‍ തന്നെ കയ്യൊഴിച്ച വാദഗതികളെ വിശുദ്ധമായി ഗണിച്ച് കൊണ്ടുനടക്കുന്നത് എത്രമാത്രം ബാലിശമാണ്!

 

7. വ്യാഖ്യാനത്തിന്റെ തുടക്കം തന്നെ പിഴവാണ്. കാരണം, അല്ലാഹുവിന്റെ ഗുണ വിശേഷണങ്ങളെ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാദൃശ്യപ്പെടുത്തി ഗ്രഹിക്കുന്നതില്‍ നിന്നാണ് വ്യാഖ്യാനത്തെ രക്ഷാമാര്‍ഗമായി കണ്ടെത്തുന്നത്. വാസ്തവത്തില്‍ അല്ലാഹുവിന്റെ മഹത്ത്വത്തിനും ഔന്നിത്യത്തിനും യോജിച്ച രീതിയില്‍ അവന്റെ വിശേഷണങ്ങളെ സ്വീകരിക്കുകയാണെങ്കില്‍ ഇത്തരം വ്യാഖ്യാനങ്ങളിലേക്കും നിഷേധങ്ങളിലേക്കും ഒന്നും പോകേണ്ടിവരില്ലായിരുന്നു. സത്യത്തില്‍ ഏതൊരു സാദൃശ്യപ്പെടുത്തലിനെയാണോ ഇവര്‍ ഭയന്നത് അതിലാണ് ഇവര്‍ ആദ്യം ചെന്നുചാടിയത്. രക്ഷപ്പെടാന്‍ വ്യാഖ്യാനമെന്ന മറ്റൊരു അപകടത്തിലേക്കും വഴുതിവീഴുകയാണുണ്ടായത്.

വ്യാഖ്യാനത്തിന്റെയാളുകള്‍ കൊണ്ടുവരുന്ന അര്‍ഥകല്‍പനകള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറമാണ് വാസ്തവത്തില്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന സ്വിഫത്തുകള്‍ നിലകൊള്ളുന്നത്. അഥവാ വ്യാഖ്യാനങ്ങളില്‍ പരിമിതമായ ചില അര്‍ഥ തലങ്ങളാണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ സലഫുകള്‍ സ്വീകരിച്ച ശരിയായ സ്വിഫത്ത് സ്ഥിരീകരണത്തില്‍ അതിലുപരി ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് സാരം.

ഉദാഹരണത്തിന,് അല്ലാഹുവിന്റെ ഇറക്കം (നുസൂല്‍) എന്ന സ്വിഫത്തിനെ അനുഗ്രഹം എന്നോ കല്‍പനയെന്നോ മലക്കുകള്‍ എന്നോ ഒക്കെ വ്യാഖ്യാനിക്കുമ്പോള്‍ വാസ്തവത്തില്‍ അതിന്റെ ഒരു ഭാഗം മാത്രമെ ആകുന്നുള്ളൂ. എന്നാല്‍ ഹദീഥില്‍ വ്യക്തമായി വിശദീകരിച്ചതാകട്ടെ അതിനുമപ്പുറമാണ്.

നബി(സ്വ) പറയുന്നു: ”രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് അവശേഷിക്കുമ്പോള്‍ ഓരോ രാത്രിയും അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങും. എന്നിട്ട് പറയും: ആരുണ്ട് എന്നോട് പ്രാര്‍ഥിക്കുന്നവരായി? ഞാന്‍ അവന് ഉത്തരം ചെയ്യാം. ആരുണ്ട് എന്നോട് ചോദിക്കുന്നവനായി? ഞാനവന് നല്‍കാം. ആരുണ്ട് എന്നോട് പാപമോചനം തേടുന്നവനായി? ഞാനവന് പൊറുത്ത് കൊടുക്കാം” (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിനെ കുറിച്ച് നബി(സ്വ) അറിയിച്ച ഒരു കാര്യത്തെപ്പറ്റി അതങ്ങനെയല്ല എന്ന് പറയാന്‍ ആര്‍ക്ക് എന്ത് അവകാശമാണുള്ളത്? അപ്രകാരം തന്നെ അല്ലാഹുവിന്റെ കൈ (യദുന്‍) എന്ന വിശേഷണത്തെ കേവലം ശക്തി അല്ലെങ്കില്‍ സഹായം എന്നൊക്കെ വ്യാഖ്യാനിക്കുമ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്.

ഈ വിഷയത്തില്‍ ഓരോ സത്യവിശ്വാസിയും സ്വീകരിക്കേണ്ട നിലപാട് ഇതായിരിക്കണം: സ്വീകാര്യയോഗ്യമായ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട സ്വിഫത്തുകളെയെല്ലാം വിശ്വസിച്ച് അംഗീകരിക്കുക. എന്നാല്‍ അവയെ ഒരിക്കലും സൃഷ്ടികളുടെ വിശേഷണങ്ങള്‍ക്ക് സമാനമെന്ന ചിന്താഗതി കടന്നുവന്നുവരാതെ സൂക്ഷിക്കേണ്ടതുമുണ്ട്. അല്ലാഹുവിന്റെ മഹത്വത്തിന് നിരക്കാത്ത ന്യൂനതകളുടെ യാതൊരു വിശേഷണവും അവനിലേക്ക് ചേര്‍ത്ത് പറയാതിരിക്കുകയും വേണം. എന്നാല്‍ സ്വീകാര്യയോഗ്യമല്ലാത്ത റിപ്പോര്‍ട്ടുകളും അവയില്‍ വന്നിട്ടുള്ള മോശമായ പ്രയോഗങ്ങളും നാം സ്വീകരിക്കേണ്ടതില്ല.

അല്ലാഹുവിന്റെ ഏതെങ്കിലും സ്വിഫത്തുകളെ കുറിച്ച് ആരെങ്കിലും അതെങ്ങനെയാണ് എന്ന് ചോദിച്ചാല്‍ ഇമാം റബീഅയും(റഹി) ഇമാം മാലികും(റഹി) മറ്റും പറഞ്ഞതുപോലെയാണ് മറുപടി പറയേണ്ടത്: ‘എങ്ങനെ എന്നത് അജ്ഞാതമാണ്. ആ വിശേഷണത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധവുമാണ്. എങ്ങനെയെന്ന ചോദ്യം ബിദ്അത്തുമാണ്.’ കാരണം, ആ ചോദ്യം മനുഷ്യന്റെ അറിവിന്റെ പരിധിയില്‍ വരുന്നതല്ല. അതുകൊണ്ടുതന്നെ അതിന് മറുപടി നല്‍കാനും മനുഷ്യന് സാധിക്കുകയില്ല.

അല്ലാഹുവിന്റെ സ്വിഫത്തുകളെ കുറിച്ച് അവ എങ്ങനെയെന്ന് ചോദിക്കുന്നവനോട് ‘അല്ലാഹു എങ്ങനെ’യെന്ന് ചോദിച്ചാല്‍ ‘അത് തനിക്കറിയില്ല’ എന്നതായിയിരിക്കും മറുപടി. എങ്കില്‍ അല്ലാഹുവിന്റെ വിശേഷണത്തെ കുറിച്ച് അത് എങ്ങനെയെന്ന് നമുക്കും അറിയില്ല എന്നതാണ് നമുക്കും പറയാനുള്ള മറുപടി. വിശേഷിപ്പിക്കപ്പെടുന്നതിന്റെ രൂപം എങ്ങനെയെന്നറിയാതെ വിശേഷണത്തിന്റെ രൂപം അറിയാന്‍ കഴിയില്ല. അല്ലാഹുവിന്റെ സത്ത (ദാത്ത്) എങ്ങനെ എന്നറിയാത്തവന്‍ അവന്റെ വിശേഷണം എങ്ങനെ എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല.

പ്രമാണങ്ങളുടെയും അത് അനുധാവനം ചെയ്ത സച്ചരിതരായ മുന്‍ഗാമികളുടെയും മാര്‍ഗം അവലംബിക്കാതിരുന്നാല്‍ ആശയക്കുഴപ്പങ്ങള്‍ അധികരിക്കുക മാത്രമെ ചെയ്യുകയുള്ളൂ. പ്രമാണങ്ങളെ ആത്മാര്‍ഥമായി സ്വീകരിച്ച സച്ചരിതരുടെ പാത പിന്‍പറ്റാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

 

ശമീര്‍ മദീനി
നേർപഥം വാരിക

ഉദുഹിയ്യത്ത് മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍

ഉദുഹിയ്യത്ത് മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍

ഉദുഹിയ്യത്ത് അറുക്കപ്പെടുന്ന മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകളെ സംബന്ധിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.   

ഒന്ന്: അറുക്കപ്പെടുന്ന മൃഗം കന്നുകാലി വര്‍ഗത്തില്‍ പെട്ടതായിരിക്കണം. ഒട്ടകം, മാടുകള്‍, ആട് എന്നിവയാണവ. 

അല്ലാഹു പറയുന്നു: ”ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്…” (ക്വുര്‍ആന്‍ 22:34). 

രണ്ട്: അറുക്കപ്പെടുന്ന മൃഗത്തിന് നിശ്ചിത പ്രായം തികയണം. ഹദീഥില്‍ ഇപ്രകാരം കാണാം: 

ജാബിര്‍ (റ) നിവേദനം: റസൂല്‍ (സ്വ) പറഞ്ഞു: ”നിങ്ങള്‍ ‘മുസിന്ന’ അല്ലാതെ അറുക്കരുത്. നിങ്ങള്‍ക്ക് അത് പ്രയാസകരമായാല്‍ ചെമ്മരിയാടില്‍ നിന്നും അറുത്ത് കൊള്ളുക” (സ്വഹീഹ് മുസ്ലിം: 1963).

‘മുസിന്ന’ എന്നാല്‍ കാലികളിലെ ഒരു പ്രായപരിധിയാണ്. ജനിക്കുമ്പോള്‍ ഉള്ള പല്ലുകള്‍ മാറി സ്ഥിരമായി നിലനില്‍ക്കുന്ന തീറ്റപ്പല്ല് വന്നവ എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

ഇമാം നവവി പറയുന്നു: ‘മുസിന്ന’ എന്നാല്‍ എല്ലാത്തില്‍ നിന്നും ആണ് (അഥവാ പാല്‍പല്ല് മാറി തീറ്റപ്പല്ല് വന്നവ). ആട്, പശു, ഒട്ടകം തുടങ്ങിയവയിലെല്ലാം ഇപ്രകാരം തന്നെ” (ശറഹു മുസ്ലിം: 6/456).

ഓരോ മൃഗവും അവയുടെ പ്രായപരിധിയും

കോലാട്: ഹനഫീ, മാലികീ, ഹമ്പലീ അഭിപ്രായപ്രകാരം ഒരു വയസ്സ് തികയണം. ശാഫിഈ അഭിപ്രായ പ്രകാരം രണ്ട് വയസ്സ് തികയണം. കോലാടിന് ഒരു വയസ്സ് തികഞ്ഞാല്‍ മതി എന്നതാണ് ഭൂരിപക്ഷാഭിപ്രായം. നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള ആടാണ് കോലാട്.  

ചെമ്മരിയാട്: ഹനഫീ, മാലികീ, ഹമ്പലീ അഭിപ്രായപ്രകാരം ആറു മാസം തികയണം. ശാഫിഈ അഭിപ്രായപ്രകാരം ഒരു വര്‍ഷമെത്തിയിരിക്കണം. ആറു മാസം എന്നതാണ് ഭൂരിപക്ഷാഭിപ്രായം. ചെമ്മരിയാടിന്റെ വിഷയത്തില്‍ മാത്രമുള്ള ഇളവാണ് ഇത്. ചെമ്മരിയാടില്‍ മാത്രമാണ് നബി(സ്വ) അനുവദിച്ചിട്ടുള്ളത്. പല്ല് പൊഴിയുന്ന പ്രായം അഥവാ ആറു മാസം പ്രായമെത്തിയവയാണവ.  എന്നാല്‍ ചെമ്മരിയാടിലും ഒരു വയസ്സ് തികയുകയാണ് എങ്കില്‍ അതാണ് ശ്രേഷ്ഠം. ചില പണ്ഡിതന്മാര്‍ മുകളില്‍ ഉദ്ധരിച്ച ഹദീഥിന്റെ അടിസ്ഥാനത്തില്‍ ഒരു വയസ്സ് തികഞ്ഞതിനെ കിട്ടിയില്ലെങ്കിലല്ലാതെ ആറു മാസം ഉള്ളതിനെ അറുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്.  

മാടുകള്‍: ഹനഫീ, ശാഫിഈ, ഹമ്പലീ അഭിപ്രായപ്രകാരം രണ്ട് വയസ്സ് തികഞ്ഞവ. മാലികീ അഭിപ്രായപ്രകാരം മൂന്ന് വയസ്സ് തികയണം. രണ്ട് വയസ്സ് എന്നതാണ് ഭൂരിപക്ഷാഭിപ്രായം. പോത്ത്, കാള തുടങ്ങിയവയെല്ലാം ഇപ്രകാരം തന്നെ.  

ഒട്ടകം: അഞ്ച് വര്‍ഷം തികഞ്ഞവയായിരിക്കണം. ഇതില്‍ നാല് ഇമാമുമാര്‍ക്കും എകാഭിപ്രായമാണ്. 

ചുരുക്കത്തില്‍: ആണ്‍ ആടാണ് എങ്കില്‍ ഒരു വയസ്സ് തികഞ്ഞതും, മാടുകളാണ് എങ്കില്‍ രണ്ട് വയസ്സ് തികഞ്ഞതും, ഒട്ടകം ആണ് എങ്കില്‍ 5 വയസ്സ് തികഞ്ഞതും. 

മൂന്ന്: ഉദുഹിയ്യത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന മൃഗങ്ങളില്‍ അവയുടെ മാംസം ചുരുങ്ങുകയോ, കേടുവരുത്തുകയോ ചെയ്യുന്നതായ ന്യൂനതകള്‍ ഉണ്ടായിരിക്കരുത്. ഹദീഥില്‍ ഇപ്രകാരം കാണാം: 

ബറാഅ് ബ്ന്‍ ആസിബ്(റ) നിവേദനം: നബി(സ്വ)യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ”ഉദുഹിയ്യത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ?” അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജ (നെയ്യ്) നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ” (മുസ്‌നദ്: 18675). 

ഹദീഥിലെ ‘പ്രകടമായ’എന്ന പ്രയോഗത്തില്‍ നിന്നും സാധാരണ കണക്കാക്കപ്പെടാത്ത നിസ്സാരമായ ന്യൂനതകള്‍ ആണ് അവക്കുള്ളതെങ്കില്‍ കുഴപ്പമില്ല എന്ന് മനസ്സിലാക്കാം. 

രോഗം പ്രകടമായവ, നടക്കാന്‍ പ്രയാസമുള്ളവ, ശരീരഭാഗങ്ങള്‍ മുറിഞ്ഞു പോയവ, കണ്ണ് പൊട്ടിയത്, കണ്ണ് തുറിച്ച് നില്‍ക്കുന്നത്, കാഴ്ച നഷ്ടപ്പെട്ടത്, അവശത ബാധിച്ചവ എന്ന് തുടങ്ങി മറ്റു മാടുകളോടൊപ്പം തീറ്റയിലും കുടിയിലും ഒപ്പമെത്താത്ത ന്യൂനതകളുള്ളവ ഉദുഹിയ്യത്തില്‍ അനുവദനീയമല്ല. അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതുമായവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

”രോഗബാധിതമായതിനെപ്പോലെ ഇറച്ചി കുറയാന്‍ കാരണമാകുന്ന ന്യൂനതയുള്ളവ ഉദുഹിയ്യത്തിന് അനുവദനീയമല്ല. ഇനി രോഗം നിസ്സാരമാണ് എങ്കില്‍ അതില്‍ തടസ്സമില്ല താനും. എന്നാല്‍ പ്രകടമായതും അതുകാരണം അവശതക്കും ഇറച്ചി ദുഷിക്കാനും ഇടവരുത്തുന്നതുമായ രോഗമാണ് ഉള്ളത് എങ്കില്‍ അത് അനുവദനീയമല്ല” (8/293).

എന്നാല്‍ മണി ഉടച്ചവക്ക് കുഴപ്പമില്ല. അത് ഇറച്ചിയുടെ രുചിയും മേന്മയും വര്‍ധിപ്പിക്കുകയാണ് ചെയ്യുക. 

ബലി മൃഗം ഗുണത്തിലും മേന്മയിലും ഭംഗിയിലും എത്രത്തോളം നല്ലതാകുന്നുവോ അത്രത്തോളം അത് ശ്രേഷ്ഠകരമാണ്. പക്ഷേ, ലോകമാന്യത ഉദ്ദേശിച്ചുകൊണ്ടോ, ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനോ ആണ് ഒരാള്‍ നല്ല ഇനം നോക്കി വാങ്ങുന്നത് എങ്കില്‍ അയാള്‍ക്ക് ശിക്ഷയാണ് ലഭിക്കുക. അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം ഏറ്റവും മുന്തിയ മൃഗത്തെ തിരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള പ്രചോദനം.  

നാല്: ഉദുഹിയ്യത്ത്  അറുക്കപ്പെടുന്ന മൃഗം തന്റെ ഉടമസ്ഥതയില്‍ ഉള്ളതോ, ശറഇയ്യായ നിലക്ക് തനിക്ക് അറുക്കുവാന്‍ അനുമതി ലഭിക്കപ്പെട്ടതോ ആയിരിക്കണം. 

മോഷ്ടിച്ചവ, തട്ടിയെടുത്തവ, അന്യായമായി കൈവശപ്പെടുത്തിയവ, ഒരാളുടെ ധനത്തില്‍ നിന്നും അയാളുടെ അനുവാദമില്ലാതെ അറുക്കപ്പെടുന്നവ എന്നിങ്ങനെയുള്ളവയൊന്നും ഉദുഹിയ്യത്തില്‍ സ്വീകാര്യമല്ല. കാരണം അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടല്ല അവന്റെ സാമീപ്യം കണ്ടെത്തേണ്ടത്. അവ ഉദുഹിയ്യത്തില്‍ മാത്രമല്ല അല്ലാത്ത സന്ദര്‍ഭങ്ങളിലും നിഷിദ്ധമാണ്.

അഞ്ച്: ആ മൃഗവുമായി ബന്ധപ്പെട്ട് മറ്റു അവകാശങ്ങള്‍ നിലനില്‍ക്കരുത്. ഉദാ: കടത്തിന് ഈടായി (പണയം) നല്‍കിയ മൃഗത്തെ ബലിയറുക്കാന്‍ പാടില്ല. കാരണം കടം തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ അത് ഈടാക്കാനുള്ള ഉപാധിയായി നിശ്ചയിക്കപ്പെട്ടതാണത്. 

ആറ്: ശറഇയ്യായി (മതപരമായി) നിര്‍ണിതമായ സമയത്ത് തന്നെ അത് അറുക്കപ്പെടണം. എങ്കിലേ അത് ഉദുഹിയ്യത്തായി പരിഗണിക്കപ്പെടുകയുള്ളൂ. പെരുന്നാള്‍ നമസ്‌കാര ശേഷം മുതല്‍ അയ്യാമുത്തശ്‌രീക്വിന്റെ ദിനങ്ങള്‍ അവസാനിക്കുന്നത് വരെയാണ് അതിന്റെ സമയ പരിധി. പെരുന്നാള്‍ ദിവസത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്‌രീക്വ് എന്ന് പറയുന്നത്. ഹദീഥില്‍ ഇപ്രകാരം കാണാം: 

”നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്‌കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ ശേഷം ബലികര്‍മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്‌കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉദുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല” (സ്വഹീഹുല്‍ ബുഖാരി: 965, സ്വഹീഹ് മുസ്ലിം: 5185). 

സാന്ദര്‍ഭികമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍

1. ആണ്‍, പെണ്‍ മൃഗങ്ങളെ ബലി കഴിക്കാം. ആണ്‍ മൃഗങ്ങളാണ് കൂടുതല്‍ ശ്രേഷ്ഠം എന്ന് ചില പണ്ഡിതന്മാര്‍ പറയാന്‍ കാരണം നബി(സ്വ) ആണാടിനെ അറുത്തതായി വന്ന റിപ്പോര്‍ട്ടുകള്‍ അവലംബമാക്കിയാണ്. രണ്ടും അനുവദനീയമാണ് എന്നതില്‍ തര്‍ക്കമില്ല.

2. സ്ത്രീക്കും പുരുഷനും ഉദുഹിയ്യത്ത് അറുക്കാം. സ്ത്രീയാകട്ടെ പുരുഷനാകട്ടെ  ശറഇയ്യായ നിലയ്ക്ക് അറുത്താല്‍ അത് ഭക്ഷിക്കാം. യാതൊരു വ്യത്യാസവും ഇല്ല. 

3. ഉദുഹിയ്യത്ത് അറുക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠം ഒട്ടകമാണ്, പിന്നെ മാടുകള്‍, പിന്നെ ആട്, ശേഷം ഒട്ടകത്തിലോ, മാടിലോ ഷെയര്‍ ചേര്‍ന്ന് അറുക്കുന്നതാണ്. ഒട്ടകത്തിലോ മാടിലോ ഷെയര്‍ ചേരുന്നതിനെക്കാള്‍ ഉചിതം സ്വന്തമായി ഒരാടിനെ അറുക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് എന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

4. എനിക്കും എന്റെ കുടുംബത്തിനും എന്ന നിലയ്ക്ക് ഒരാള്‍ അറുത്താല്‍ ഒരു വീട്ടില്‍ കഴിയുന്നവരാണ് എങ്കില്‍,  കുടുംബത്തിലെ അംഗങ്ങള്‍ക്ക് അത് മതിയാവുമെങ്കിലും, ഓരോരുത്തര്‍ക്കും സാമ്പത്തികമായി കഴിയുമെങ്കില്‍ അപ്രകാരം ചെയ്യുകയാണ് വേണ്ടത്. അതുപോലെ എനിക്കും കുടുംബത്തിനും എന്ന നിലയ്ക്ക് ഒരാള്‍ മൃഗത്തെ അറുത്താല്‍ ആ കുടുംബത്തിലെ അംഗങ്ങളെ അതില്‍ ഷെയര്‍ ചേര്‍ന്നവര്‍ എന്ന നിലയ്ക്ക് പരിഗണിക്കുന്നില്ല. പണം നല്‍കി ഭാഗമാകുന്നതാണ് ഷെയര്‍. ഒട്ടകത്തിലും മാടുകളിലും ഇങ്ങനെ ഏഴോളം പേര്‍ക്ക് വരെ ഷെയര്‍ കൂടാം. 

5. ഇന്ന് പല സ്ഥലങ്ങളിലും കാണുന്നത് പോലെ നിശ്ചിത സഖ്യ ഷെയര്‍ വാങ്ങുകയും ശേഷം മൊത്തം സംഖ്യ കൂട്ടി പല വിലകളിലുള്ള ഉരുക്കളെ വാങ്ങുകയും ചെയ്യുന്ന രീതി ശരിയല്ല. ഉദാ: എല്ലാവരില്‍ നിന്നും 5000 വീതം വാങ്ങിയാല്‍ ഒരു ഉരുവിന് ഏഴു പേര്‍ എന്ന തോതില്‍ 35000 രൂപ ആണ് വരുക. എന്നാല്‍ ചിലതിന് 30000, ചിലതിന് 40000 എന്ന രൂപത്തില്‍ ഉരു വാങ്ങിയാല്‍ ഒന്നില്‍ എട്ടു പേരും, മറ്റൊന്നില്‍ ആറു പേരും ആണ് യഥാര്‍ഥത്തില്‍ ഇതില്‍ പങ്കാളികളായത്. ഇത് ശറഇയ്യായി അനുവദിക്കപ്പെടുന്നില്ല. 

മറിച്ച് ഓരോ ഉരുവിന്റെയും ഉടമസ്ഥര്‍ ആയ ഷെയറുകാര്‍ ആര് എന്ന് നിശ്ചയിക്കുകയും, അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കുറവാണ് എല്ലാ ചിലവും കഴിച്ച് ആ ഉരുവിന് വന്നത് എങ്കില്‍, മിച്ചം വന്ന സംഖ്യ തുല്യമായി അവര്‍ക്ക് വീതിച്ചു നല്‍കുകയും, ഇനി അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കൂടുതലായാല്‍ അത് അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യണം. അതല്ലെങ്കില്‍ നേരത്തെ തന്നെ ആളുകള്‍ ഷെയര്‍ നല്‍കിയ ബഡ്ജറ്റിന്റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമെ ഉരുവിനെ വാങ്ങാവൂ. മറിച്ച് ഓരോരുത്തരുടെ ഉരു ഏത് എന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കാത്ത രൂപത്തിലുള്ള 14 പേര്‍ ചേര്‍ന്ന് രണ്ട് ഉരു അറുക്കുക, 21 പേര്‍ ചേര്‍ന്ന് മൂന്ന് ഉരു അറുക്കുക എന്നിങ്ങനെയുള്ള കൂട്ട അറവ് പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല. മറിച്ച് ഓരോ എഴ് പേരുടെയും ഉരു ഏത് എന്നത് നിര്‍ണിതമായിരിക്കണം.  

6. ഒരു ഉരു ഷെയര്‍ ആണ് എങ്കില്‍ എഴ് പേര്‍ ഉണ്ടായിരിക്കണം എന്ന നിബന്ധനയില്ല. മാക്‌സിമം എഴ് പേരെ പാടുള്ളൂ എന്ന് മാത്രം. എത്ര കണ്ട് ഷെയറുകള്‍ കുറഞ്ഞുകൊണ്ട് നിര്‍വഹിക്കാന്‍ സാധിക്കുമോ അത്രയും നല്ലതാണ്. ഒറ്റക്ക് സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും ശ്രേഷ്ഠം.

7. ആടുകളില്‍ ഒന്നിലധികം പേര്‍ ഷെയര്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍ എനിക്കും എന്റെ കുടുംബത്തിനും എന്ന നിലയ്ക്ക് ഒരാള്‍ ആടിനെ അറുക്കുന്നുവെങ്കില്‍ അത് ഷെയര്‍ ചെയ്യല്‍ അല്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ അതിന്റെ വില ഷെയര്‍ ചെയ്യുക എന്നതാണ് ഉദുഹിയ്യത്തുമായി ബന്ധപ്പെട്ട ഷെയര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം. 

8. എല്ലാവരും തുല്യമായ സംഖ്യ തന്നെ ഷെയര്‍ ചെയ്യണം എന്നില്ല. അത് പരസ്പരധാരണപ്രകാരം ചെയ്യാവുന്നതാണ്. അതുപോലെ ഒരു ഷെയര്‍ രണ്ട് പേര്‍ ചേര്‍ന്ന് എന്ന നിലയ്ക്കും പാടില്ല. കാരണം അത് ഒരു ഉരുവില്‍ പതിനാല് പേര്‍ പങ്കാളികളാകാന്‍ ഇടവരുത്തും. 

 

പി.എന്‍. അബ്ദുറഹ്മാന്‍
നേർപഥം വാരിക

ബറേല്‍വിസം: അവ്യക്തതകള്‍, ദുരൂഹതകള്‍

ബറേല്‍വിസം: അവ്യക്തതകള്‍, ദുരൂഹതകള്‍

ഭരണകൂടങ്ങളുടെ സകലമാന പിന്തുണകളും ആര്‍ജിച്ച് പുഷ്ടിപ്രാപിച്ച ബറേല്‍വികള്‍ ഇന്ന് ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ട്; പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍. ഇന്ത്യയില്‍ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയ ഖാദിയാനി-ബറേല്‍വി ഗ്രൂപ്പുകള്‍ക്ക് ബ്രിട്ടന്‍ ആവശ്യമായ താങ്ങുംതണലും നല്‍കുന്ന വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ഖാദിയാനി-സ്വൂഫി-ബറേല്‍വി വിഭാഗങ്ങളോട് വിസാ നിയമത്തില്‍ തന്നെ ഏറ്റവും ഉദാരമായ നയമാണ് ഈ രാജ്യങ്ങളുടെ എംബസികള്‍ പുലര്‍ത്തിവരുന്നത്.

എന്നാല്‍ നേരത്തെ വ്യാപകമായി അറിയപ്പെട്ടിരുന്ന”ബറേല്‍വി’കളെന്ന പേരില്‍ അറിയപ്പെടുന്നതില്‍ എന്തോ വൈമനസ്യം ഇക്കൂട്ടര്‍ക്ക് ഉള്ളതായും മനസ്സിലാകുന്നു. ഈയിടെയായി ‘ബറേല്‍വി’ എന്ന പേരുതന്നെ ഇവര്‍ വ്യാപകമായി പ്രയോഗിക്കാറില്ല. ബറേല്‍വിസത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള കേരള മുസ്‌ലിം സമൂഹത്തിന്റെ വൈമനസ്യത്തെപ്പറ്റി ഈ വിഷയത്തില്‍ പ്രഥമഗ്രന്ഥം തയ്യാറാക്കിയ ഷാഹുല്‍ ഹമീദ് ബാഖവി ശാന്തപുരത്തിന്റെ പരിഭവവും പരാതിയും നേരത്തെ വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടല്ലോ. ബ്രിട്ടണില്‍ ജംഇയ്യതു അഹ്‌ലുസ്സുന്ന, ജംഇയ്യതു തബ്‌ലീഗുല്‍ ഇസ്‌ലാം എന്നീ പേരുകളിലാണ് നിലവില്‍ ഈ വിഭാഗം അറിയപ്പെടുന്നത്. കേരളത്തില്‍നിന്നും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ‘വിദഗ്ധന്മാര്‍’ വടക്കേ ഇന്ത്യയിലെ ബറേല്‍വി നേതാക്കളുമായി ബന്ധം സുദൃഢമാക്കിയതോടേ സംഘടയുടെ ചട്ടക്കൂട് ആകെയും പരിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. ‘മര്‍കസ് അഹ്‌ലുസ്സുന്ന ബറകാത്ത് റദാ’ എന്നാണ് ബറേല്‍വികളുടെ പരിഷ്‌ക്കരിച്ച നാമധേയം.

കേരളത്തിലെ സുന്നികള്‍ എന്ന് അവകാശപ്പെടുന്നവരില്‍ തീവ്രസുസുന്നി വിഭാഗമായ കാന്തപുരം ഗ്രൂപ്പാണ് ബറേല്‍വികളുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യയിലെ ബറേല്‍വി/ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ മാത്രം വ്യാപകമായി കണ്ടുവന്നിരുന്ന പല നവീന ആചാരങ്ങളും ഈ ബന്ധത്തിലൂടെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു ഈ വിഭാഗം. ബറേല്‍വികളുടെ സഹകരണത്തോടെ ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കാന്തപുരം വിഭാഗം കലാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു.

ഗുജറാത്തിലെ അഹ്മദാബാദില്‍ ബറേല്‍വികള്‍ നടത്തിയ വമ്പന്‍ സമ്മേളനത്തിന്റെ രഹസ്യവും അജണ്ടകളും ഇന്നും ദുരൂഹമായി തുടരുന്നു. മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും പ്രത്യേക താല്‍പര്യ സംരക്ഷണത്തിനായി ദില്ലിയില്‍ അടുത്തിടെ തട്ടിക്കൂട്ടിയ ‘സൂഫി സമ്മേളന’ത്തില്‍ കേരളത്തില്‍നിന്നും ക്ഷണിക്കപ്പെട്ടത് കാന്തപുരവും മുട്ടിപ്പടി സ്വലാത്ത് നഗറിലെ ഇബ്രാഹീം ഖലീല്‍ ബുഖാരിയുമായിരുന്നു. സ്വൂഫി-ത്വരീക്വത്ത്-ആത്മീയ സരണികളെ അനുസരിക്കുകയും അംഗീകരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാണക്കാട്ടെ പ്രമുഖരും കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും കേരളത്തില്‍ നിലവിലുള്ളപ്പോള്‍ കാന്തപുരത്തെയും ഖലീല്‍ ബുഖാരിയെയും ‘മാത്രം’ സവിശേഷമായി ക്ഷണിച്ചുകൊണ്ട് ഇങ്ങനെ ഒരു ‘ആത്മീയ സമ്മേളനം’ സംഘപരിവാറിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടതിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നിടത്താണ് ‘ബറേല്‍വി’കളുടെ തനിസ്വരൂപം തിരിയുന്നത്. കാന്തപുരം വിഭാഗം പ്രസിദ്ധപ്പെടുത്തുന്ന ‘സിറാജ്’ ദിനപ്പത്രം ഈ സമ്മേളനത്തെ ന്യായീകരിക്കുന്ന നിലയില്‍ വാര്‍ത്തയും കവറേജും നല്‍കിയിരുന്നു.

ബറേല്‍വികളുടെ രാജ്യസ്‌നേഹം

ഏറനാട്ടിലെ പ്രമുഖ പണ്ഡിതനും ഖിലാഫത്ത് നേതാവുമായിരുന്ന തയ്യില്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (കെ.എം.മൗലവി) ബ്രിട്ടീഷുകാര്‍ക്കെതിരില്‍ പടനയിച്ചതിന്, ജീവനോടെയോ അല്ലാതെയോ അദ്ദേഹത്തെ പിടിച്ച് കൊടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരുന്ന വിവരം പ്രസിദ്ധമാണ്. ഈ സന്ദര്‍ഭത്തിലാണ് കെ.എം.മൗലവി കൊടുങ്ങല്ലൂരിലേക്ക് പലായനം ചെയ്യുന്നത്. ബ്രിട്ടീഷ് അനുഭാവികളും കെ.എം.മൗലവിയുടെ ആശയ വിരോധികളുമായ പുരോഹിതന്മാര്‍ ഈ സംഭവത്തെ വാലുംതലയും മുറിച്ച് ഇന്നും അപഹസിക്കാന്‍ ഉപയോഗിച്ചുവരുന്നു. ബ്രിട്ടീഷുകാര്‍ക്ക് സകല പിന്തുണയും പതിച്ചുനല്‍കി ‘ഖാന്‍ ബഹാദൂര്‍’ പട്ടവും ‘ഖാദിയാര്‍’ പദവിയും കൊട്ടാരസമാനമായ വീടും ജീവിത സൗകര്യങ്ങളും സ്വന്തം വീട്ടിലേക്ക് രാജവീഥിയുമെല്ലാം -അവസരത്തിനൊത്ത് തുള്ളിയതിന്റെ പേരില്‍- നിര്‍ലജ്ജം തരപ്പെടുത്തിയെടുത്തവരാണ് പുരോഹിതന്മാരില്‍ പലരും. ചരിത്രം പഠിക്കുന്നവര്‍ക്ക് ഈ വസ്തുതകളെ നിഷേധിക്കാന്‍സാധിക്കില്ല.

ബറേല്‍വിയിലൂടെ ശാലിയാത്തി മാര്‍ഗത്തില്‍ ബ്രിട്ടണിനോടുള്ള പ്രണയവും പ്രേമവും ഇവരില്‍ വളര്‍ന്നുവന്നു. ബ്രിട്ടണിനെതിരായി രാജ്യമെമ്പാടും വികാരം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിലും അവര്‍ക്കനുകൂലമായി കേരളത്തിലെ പുരോഹിതന്മാര്‍ ഫത്‌വ വനല്‍കി ‘കിഴി’ വാങ്ങി. പ്രായപൂര്‍ത്തിയും വിവേകവുമുള്ള എല്ലാ സ്ത്രീ-പുരുഷന്മാരും കോണ്‍ഗ്രസ്സില്‍ മെമ്പര്‍മാരാകണമെന്നും നെഹ്‌റു-ഗാന്ധി-ആസാദ്-അലി സഹോദരന്മാര്‍ നേതൃത്വം കൊടുക്കുന്ന സ്വാതന്ത്യ സമരത്തില്‍ സജീവമാകണമെന്നും വിവേകമതികളായ കേരള മുസ്‌ലിം നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ‘ഭരണകര്‍ത്താക്കളെ എതിര്‍ക്കലും അവരുടെ കല്‍പന അനാദരവ് ചെയ്യലും മതവിരോധമുള്ള കാര്യമായതിനാല്‍ കോണ്‍ഗ്രസ്സ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്’ എന്ന്’സമസ്ത-ബറേല്‍വി പുരോഹിതന്മാര്‍ പ്രമേയം പാസ്സാക്കി ബ്രിട്ടീഷ് മേധാവികളെ സുഖിപ്പിച്ചു.

ഇവിടെയും അവസാനിച്ചില്ല ഈ പുരോഹിതന്മാരുടെ ബ്രിട്ടനോടുള്ള വിധേയത്വം. ”സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ സംഘത്തിലെ അംഗങ്ങളായ മുസ്‌ല്യാന്മാര്‍ എല്ലാവരും കോണ്‍ഗ്രസ്സുകാര്‍ അല്ലാത്തവരും ഗവര്‍മ്മെന്റെ് കക്ഷിയും ആയിരിക്കണമെന്നും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസ നടപടികളെയും അതിനുള്ള ഉപകരണങ്ങളെയും പൊതുസമാധാന പാലനത്തെയും പുനര്‍ജ്ജീവിപ്പിക്കല്‍ മേപ്പടി സംഘത്തിന്റെ മൂലസിദ്ധാന്തങ്ങളില്‍ പെട്ടതാണന്നുള്ള മുന്‍നിശ്ചയത്തെ ഈ യോഗം പുനരാവര്‍ത്തിച്ചു ശക്തിപ്പെടുത്തുകയും ചെയ്യുന്നു…” എന്നും പ്രമേയത്തില്‍ പറഞ്ഞു.’

പുരോഹിതന്മാരുടെ ബ്രിട്ടനോടുള്ള സ്‌നേഹം ഖാന്‍ ബഹാദൂര്‍ പദവിയോടുള്ള വിധേയത്വവും അവിടെയും അവസാനിച്ചില്ല. അവര്‍ വീണ്ടും തുടരുന്നു: ”നമ്മുടെ വൈസ്രോയി ഇര്‍വിന്‍ പ്രഭു അവര്‍കളും പത്‌നിയും സര്‍ക്കീട്ടില്‍നിന്ന് മടങ്ങി ദല്‍ഹി പട്ടണത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍ ഏതോ ദുഷ്ടന്മാര്‍ ബോംബ് പ്രയോഗിച്ചതില്‍ ഈ യോഗം വ്യസനിക്കുകയും ഭാഗ്യവശാല്‍ യാതൊന്നും ഭലിക്കാതെ പോയതില്‍ അളവറ്റ സന്തോഷത്തെ വെളിവാക്കുകയും ചെയ്യുന്നു…” ‘

ഇതായിരുന്നു വഹാബി വിരോധം പറഞ്ഞുനടന്ന സമസ്ത- ബറേല്‍വി പുരോഹിതന്മാരുടെ രാജ്യസ്‌നേഹത്തിന്റെ അവസ്ഥ! ഈ രണ്ടു പ്രമേയങ്ങളും സമസ്തയുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച് പുരോഹിതന്മാരുടെ പിന്തുണയാര്‍ജിച്ചെടുക്കാന്‍ മുന്നില്‍ നിന്നിരുന്നത് ബ്രിട്ടീഷുകാരില്‍നിന്നും പട്ടും വളയും ഖാന്‍ബഹാദൂര്‍ പദവിയും സ്വന്തമാക്കിയ ഏറനാട് താലൂക്ക് ബോര്‍ഡ് മെമ്പര്‍ കെ.മമ്മൂട്ടി സാഹിബ്, കല്ലടി മൊയ്തുട്ടി സാഹിബ് എന്നിവരായിരുന്നു. സമസ്തയിലെ പ്രമുഖ നേതാക്കളായ പി.കെ.മുഹമ്മദ് മീരാന്‍ മൗലവി, എ.പി.അഹ്മദ് കുട്ടി മൗലവി എന്നിവര്‍ കുപ്രസിദ്ധമായ ഈ ബ്രിട്ടീഷ് അനുകൂല പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു.

ഈ വിവരങ്ങള്‍ സമസ്തയുടെ നേതൃത്വത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന ‘അല്‍ബയാന്‍’ അറബിമലയാളം മാസികയിലും ഇവര്‍തന്നെ പ്രസിദ്ധപ്പെടുത്തിയ സമസ്ത സമ്മേള റിപ്പോര്‍ട്ടിലും കണ്ടെത്താനാകും. ബ്രിട്ടീഷുകാരോട് അങ്ങേയറ്റം വിധേയത്വം കാണിച്ചിരുന്ന ബറേല്‍വിയുമായി ശാലിയാത്തി ബന്ധപ്പെടുന്നതോടേയാണ് കേരളത്തിലെ പുരോഹിതന്മാരില്‍ ഇത്തരം രൂപമാറ്റം സംഭവിച്ചതെന്ന് നാം മനസ്സിലാക്കുക. ഇന്നും ‘മതരംഗത്ത്’ കാലോചിതമായ ഇത്തരം പല രൂപമാറ്റങ്ങള്‍ക്കും നമ്മുടെ നാട് സാക്ഷ്യം വഹിക്കുന്നു. ഫാഷിസ്റ്റ് സ്വഭാവത്തോടെ സംഘപരിവാര്‍ നടത്തുന്ന ക്രൂരമായ നരഹത്യകളും മതന്യൂനപക്ഷ പീഡനങ്ങളും കണ്ടില്ലെന്ന് നടിക്കുകയും ഇവിടെ മുസ്‌ലിം സമൂഹത്തിന് പീഡനമില്ലെന്ന് പരസ്യമായി വിളിച്ചു പറയുകയും ചെയ്യുന്ന ബറേല്‍വി ശിഷ്യന്മാരുടെ മനഃസ്ഥിതി റിളാഖാന്‍ ബറേല്‍വിയുടെയും ശാലിയാത്തിയുടെയും തായ്‌വഴിയാണെന്ന് നാം ഗ്രഹിക്കുക.

ബ്രിട്ടീഷ് ഇന്ത്യയില്‍ വ്യാജപ്രവാചകനായി എഴുന്നള്ളിയ മിര്‍സാഗുലാം ഖാദിയാനിയുടെ ജ്യേഷ്ഠസഹോദരന്‍ ഗുലാംഖാദര്‍ബേക,് ബറേല്‍വി സാഹിബിന്റെ ഗുരുനാഥനായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയുന്ന യാഥാര്‍ഥ്യമാണ്. എന്നാല്‍ ഖാദിയാനികളുമായുള്ള ബന്ധം, അറബ് രാഷ്ട്രങ്ങളുമായുള്ള സൗഹൃദത്തില്‍ അപകടകരമായ വിള്ളല്‍ സമ്മാനിക്കാനിടയുണ്ടെന്ന് ബറേല്‍വികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ അടുത്തകാലത്തായി പ്രസിദ്ധീകരിക്കപ്പെട്ട ബറേല്‍വിയെപ്പറ്റിയുള്ള രചനകളില്‍നിന്നും വിവാദ നായകനായ ഗുലാംഖാദര്‍ബേകിന്റെ പേര് അതിവിദഗ്ധമായി ഒഴിവാക്കുന്നുണ്ട്.

ഇ.കെ വിഭാഗം സുന്നികള്‍ക്കും പ്രിയപ്പെട്ട ബറേല്‍വി

വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ബറേല്‍വികളുമായുള്ള ബന്ധത്തിലൂടെ ഏറ്റവുമധികം നേട്ടം കൈവരിക്കുന്നവര്‍ നിലവില്‍ കേരള സുന്നികളില്‍ കാന്തപുരം വിഭാഗമാണ്. എന്നാല്‍ പൊതുവെ മിതവാദി വിഭാഗമായി കരുതപ്പെടുന്ന ചേളാരി വിഭാഗം സുന്നികള്‍ക്കും ഈ ബറേല്‍വി നേതാവ് കാണപ്പെട്ട ദൈവം തന്നെയാണ്. ബറേല്‍വി സാഹിബിന്റെ ശിഷ്യത്വം സ്വീകരിച്ച വ്യക്തിയായിരുന്നു കേരളത്തിലെ ശാലിയാത്തിയെന്ന് ഇവര്‍ സമ്മതിക്കുന്നുണ്ട്. ബറേല്‍വിയെപ്പറ്റി ഇ.കെ.വിഭാഗം സുന്നികളിലെ പ്രമുഖന്മാര്‍ രേഖപ്പെത്തുന്നു: ”തബ്‌ലീഗ് ജമാഅത്തുകാരുടെ ഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വികലാശയങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന പണ്ഡിതനാണ് ഇമാമെ അഹ്‌ലുസ്സുന്നത്ത് മുജദ്ദിദെ മില്ലത്ത് അഹ്മദ് രിദാ മുഹദ്ദിസ് ബറേല്‍വി. അഅ്‌ലാ ഹദ്‌റത്ത് എന്ന പേരില്‍ അറിയപ്പെടുന്നു. കേരളത്തിലെ വിശ്രുത പണ്ഡിതനായിരുന്ന അഹ്മദ് കോയാ ശാലിയാത്തി അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പെടുന്നു.

റസൂല്‍ ﷺ തങ്ങളെ അളവറ്റ് സ്‌നേഹിച്ച അഅ്‌ലാ ഹദ്‌റത്തിനെ തബ്‌ലീഗീ ഗ്രന്ഥങ്ങളില്‍ നിറഞ്ഞുനിന്ന വാദമുഖങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. അവര്‍ക്കെതിരെ ശക്തമായി രംഗത്തുവരികയും ഗ്രന്ഥരചനകള്‍ നടത്തുകയും ചെയ്തു. ദയൂബന്ധി പണ്ഡിതരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് അറേബ്യന്‍ പണ്ഡിതര്‍ക്ക് അയച്ചു കൊടുക്കുകയും അവരില്‍നിന്നും ലഭിച്ച അംഗീകാര പത്രങ്ങള്‍ ‘ഹുസ്സാമുല്‍ഹറമൈന്‍’എന്നപേരില്‍ ഗ്രന്ഥമായി പുറത്തിറക്കുകയും ചെയ്തു…”

ചുരുക്കത്തില്‍, കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രമുഖ വക്താക്കളായി അവകാശപ്പെടുന്ന ഇരുവിഭാഗത്തിനും ബറേല്‍വിയും അയാളുടെ വികലമായ ആശയങ്ങളും എന്നും 18 കാരറ്റ് തന്നെ! ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിനെപ്പറ്റി എറ്റവും മോശമായ, കല്ലുവെച്ചനുണകള്‍ പ്രചരിപ്പിക്കുന്ന വിഷയത്തിലും ഇവര്‍ ദഹ്‌ലാനെയും ബറേല്‍വിയെയുമാണ് ശൈഖായി അംഗീകരിച്ചിട്ടുള്ളത്. മുകളില്‍ വിശദീകരിച്ച അവരുടെ പുസ്തകത്തില്‍ ഇതിന് ധാരാളം തെളിവുകള്‍ കണ്ടെത്താനാകും.

യഥാര്‍ഥ രാജ്യസ്‌നേഹികള്‍ ആരായിരുന്നു?

ബ്രിട്ടീഷ് ഗവര്‍മെന്റ് കനിഞ്ഞരുളുന്ന ബഹുമതികളും ആദരപത്രങ്ങളും സ്ഥാനമാനങ്ങളും സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രബലമായ തീരുമാനം. തുര്‍ക്കി ഖിലാഫത്തിന്റെ നിര്‍മാര്‍ജനത്തിന് ബ്രിട്ടീഷുകാര്‍ വഹിച്ച ദൗത്യം പ്രകടമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. ലക്‌നോ ദാറുല്‍ഉലൂം നദ്‌വത്തുല്‍ ഉലമ, ലക്‌നോ ഫറങ്കി മഹല്ലിലെ പണ്ഡിതന്മാര്‍, ദാറുല്‍ഉലൂം ദയൂബന്ദ് തുടങ്ങിയ പ്രമുഖ പണ്ഡിതകേന്ദ്രങ്ങളുടെ സംയുക്ത കൂട്ടായ്മയായിട്ടാണ് ജംഇയ്യത്തുല്‍ ഉലമായെ

ഹിന്ദ് രൂപീകരിക്കപ്പെട്ടത്. മൗലാനാ അബ്ദുല്‍ബാരി, ശൈഖുല്‍ഹിന്ദ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന മൗലാനാ മഹ്മൂദുല്‍ ഹസന്‍, സയ്യിദ് സുലൈമാന്‍ നദ്‌വി, ഹകീം അജ്മല്‍ ഖാന്‍, ഹാജി ഇസ്ഹാഖ് മലബാരി തുടങ്ങിയ പ്രമുഖര്‍ ഈ സംഘടനയെ നയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപ്രക്ഷോഭത്തില്‍ മുസ്‌ലിം സമൂഹം ഒന്നടങ്കം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നതായിരുന്നു ജംഇയ്യത്തിന്റെ തീരുമാനം.

എന്നാല്‍ ആദ്യകാലത്ത് ജംഇയ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബറേല്‍വി സാഹിബ്. പണ്ഡിതന്മാരെ നിഷ്‌ക്രിയരാക്കാനും ക്രമേണ ഈ കൂട്ടായ്മയില്‍നിന്നും പിന്നാക്കം വലിക്കാനും ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചു. അതിന് അനുകൂലമായി ബറേല്‍വി വിഭാഗം നിരത്തിയിരുന്ന കാരണങ്ങളും ബ്രിട്ടന്റെ മസ്തിഷ്‌ക്കത്തില്‍ ഉദിച്ചവയായിരുന്നു. ‘ഖാന്‍ബഹാദൂര്‍’ പദവിയും ബ്രിട്ടന്‍ നല്‍കുന്ന ‘ഖാദി’പദവിയുമൊന്നും ആദ്യകാലത്ത് സ്വീകരിക്കാതിരുന്ന പണ്ഡിത പുരോഹിതന്മാര്‍ പിന്നീട് അത് നേടിയെടുക്കാന്‍ സഹായകമാകുന്ന നിലയിലുള്ള ഫത്‌വകളും നിലപാടുകളും കൊണ്ട് ബ്രിട്ടന്റെ മനതാരില്‍ ‘കുളിരു’പകരുന്നതിന് രാജ്യം സാക്ഷ്യംവഹിച്ചു. ഗുലാം ഖാദിയാനിയെ ഇറക്കി പരാജപ്പെട്ട റോളുകളില്‍ ബറേല്‍വിയും അയാളുടെ അനുയായികളും ജയിച്ചുകയറുന്നതാണ് പിന്നീട് കണ്ടത്.

 

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
നേർപഥം വാരിക

അഹ്മദ് രിളാഖാന്‍ ബറേല്‍വി: തുടക്കവും പരിണാമവും

അഹ്മദ് രിളാഖാന്‍ ബറേല്‍വി: തുടക്കവും പരിണാമവും

പേരുകേട്ട ഹനഫീ പണ്ഡിതന്മാരുടെ കുടുംബത്തില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ബറേലിയിലാണ് അഹ്മദ് രിളാഖാന്‍ ബറേല്‍വി ജനിച്ചത്. പിതാവ് മുഹമ്മദെന്നും മാതാവ് അമ്മന്‍ മിയാനെന്നും പേരുവിളിച്ചെങ്കിലും ബറേല്‍വിക്ക് ഇതൊന്നും തൃപ്തികരമായില്ല. സ്വന്തമായി സ്വീകരിച്ച ‘അബ്ദുല്‍ മുസ്ത്വഫ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ഇസ്‌ലാമിക വിശ്വാസ പ്രമാണമനുസരിച്ച് മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകളാണ്. നബി ﷺ യുടെ അടിമ, അലി(റ)യുടെ അടിമ എന്നിങ്ങനെ സൃഷ്ടികളില്‍ ആരുടെയെങ്കിലും അടിമ എന്ന് ധ്വനിപ്പിക്കുന്ന എല്ലാ നാമകരണങ്ങള്‍ ഇസ്‌ലാം വിലക്കിയതാണെന്നതൊന്നും ബറേല്‍വിക്ക് വിലങ്ങുതടിയായില്ല!

ഇത് കേവലം ബറേല്‍വിയില്‍ മാത്രം പരിമിതമായിരുന്നില്ല. അയാളുടെ പിതാവിന്റെയും പിതാമഹന്റെയും പേരുകള്‍ സുന്നികള്‍ സ്വീകരിക്കുന്നവയായിരുന്നില്ല. ശിയാക്കള്‍ സാധാരണ സ്വീകരിക്കുന്ന പേരുകളായിരുന്നു അവര്‍ക്കുമുണ്ടായിരുന്നത്. ക്ഷിപ്രകോപിയും ആരെയും തെറിപറയുന്നതിന് യാതോരുവിധ മടിയുമില്ലാത്ത ബറേല്‍വിയുടെ ശാരീരിക, മാനസിക പ്രകൃതത്തെപ്പറ്റി നിരവധി രേഖകള്‍ തെളിവായുദ്ധരിക്കാന്‍ സാധിക്കും. 

ആരുടെയും ഉപദേശങ്ങള്‍ സ്വീകരിക്കുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത ബറേല്‍വിക്ക് തന്റെ ഗുരുനാഥന്മാരുമായിതന്നെ നിരന്തരം ഇടയേണ്ടിവന്നിട്ടുണ്ട്. ഇത്രമാത്രം അനുസരണംകെട്ട ഒരുവ്യക്തിയെ വഹാബി വിരോധിയായി കിട്ടിയതില്‍ എറ്റവും സന്തോഷിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ബറേല്‍വിയുടെ ശക്തമായ വഹാബി വിരോധത്തിന് അയാളുടെ മുരീദുമാര്‍ തന്നെ രേഖപ്പെടുത്തുന്ന ഒരുകഥ ഏറെ പ്രസിദ്ധമാണ്. യുവാവായ ബറേല്‍വി ഒരിക്കല്‍ അറിവ് സമ്പാദനത്തിന്റെ ഭാഗമായി ഒരു പ്രമുഖ പണ്ഡിതനെ സമീപിച്ചു. അദ്ദേഹം ബറേല്‍വിയുടെ അഭിരുചികളെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ചു. വഹാബി/ദയൂബന്ധികളെ വിമര്‍ശിക്കലും അവരെ താറടിക്കലുമാണ് തന്റെ ഹോബിയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാല്‍ ഈ സ്വഭാവം ഉപേക്ഷിക്കണമെന്നും ശരിയായ നടപടിയല്ലെന്നും ആ ഗുരുനാഥന്‍ ബറേല്‍വിയെ ഉപദേശിച്ചു. ഈ നിര്‍ദേശം ബറേല്‍വിയെ പ്രകോപിതനാക്കി. തന്നെ ഉപദേശിക്കാന്‍ ശ്രമിച്ച പണ്ഡിതനില്‍നിന്നും അറിവ് പഠിക്കാന്‍ കൂട്ടാക്കാതെ ബറേല്‍വി മടങ്ങിപ്പോയി. അത്രമാത്രം വിദ്വേഷവും കോപവും വഹാബികളെപ്പറ്റി തുടക്കംമുതല്‍ പുലര്‍ത്തിവന്നിരുന്ന വ്യക്തിയായിരുന്നു ബറേല്‍വി.

ചെറുപ്പത്തില്‍തന്നെ അതിശയകരമായ നിലയില്‍ ബുദ്ധിസാമര്‍ഥ്യവും കഴിവും പ്രകടിപ്പിച്ച ബറേല്‍വിയെപ്പറ്റി സ്വന്തം അനുയായികളും വ്യാപകമായ നിലയില്‍ കല്ലുവെച്ച നുണകളും കളവുകളും പറഞ്ഞുപരത്തി. ബറേല്‍വിയുടെ ജീവിതത്തിലെ അത്ഭുത സംഭവങ്ങളെന്ന നിലയിലായിരുന്നു ഈ പ്രചാരണങ്ങള്‍. ഈ പ്രചാരണങ്ങള്‍ പലപ്പോഴും ബറേലല്‍വിയെ പ്രവാചന്മാരുടെയും മലക്കുകളുടെയും പദവിക്ക് അപ്പുറത്തേക്ക് ഉയര്‍ത്തുന്ന സാഹചര്യമുണ്ടായി. മതപരമായിതന്നെ ഏറ്റവും ഗൗരവമുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ബറേല്‍വിക്കോ അയാളുടെ അനുയായികള്‍ക്കോ ഒരു ഗൗരവ വിഷയമായി ഭവിച്ചിരുന്നില്ല. നേരത്തെ വ്യാജ പ്രവാചകത്വം വാദിച്ചതിന്റെ പേരില്‍ മുസ്‌ലിം സമൂഹം ഒറ്റപ്പെടുത്തിയ മിര്‍സാ ഗുലാം ഖാദിയാനിയുടെ സഹോദരന്‍ മിര്‍സാഗുലാം ഖാദര്‍ ബെക് ആയിരുന്നു ബറേല്‍വിയുടെ മുഖ്യഗുരുനാഥന്‍.

ദേശീയ സ്വാതന്ത്ര്യ സമരം ശക്തമായി മുന്നേറുന്ന സാഹചര്യത്തില്‍ ബറേല്‍വിയെ വിപുലമായ നിലയില്‍ ഉപയോഗപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞു. ബ്രിട്ടീഷ് വിരോധികളായ എല്ലാ സമൂഹത്തിനെയും കക്ഷി ഭേദമന്യെ ‘വഹാബി’കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബറേല്‍വിയുടെ മതവിധികള്‍ ബ്രിട്ടീഷ് അധികാരികള്‍ തന്നെ വ്യാപകമായി പ്രചരിപ്പിച്ചു. വഹാബികളെപ്പറ്റി ബറേല്‍വി പ്രചരിപ്പിച്ച ഫത്‌വകളില്‍ ഇപ്രകാരം കാണാം: ”നിശ്ചയം വഹാബികള്‍ മുര്‍തദ്ദുകള്‍ (മതപരിത്യാഗം സംഭവിച്ചവര്‍) ആകുന്നു. അവരില്‍നിന്നും ജിസ്‌യ പിരിക്കാനോ അവര്‍ക്ക് സംരക്ഷണം നല്‍കാനോ പാടില്ല. അവരുടെ സ്ത്രീകളെ അടിമകളായി പിടിക്കാവുന്നതാണ്. അവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാനോ, അവര്‍ അറുത്തത് ഭക്ഷിക്കാനോ, അവരുടെ പേരില്‍ മയ്യിത്ത് നമസ്‌കാരമോ അനുവദനീയമല്ല. അവരുമായി സഹകരിക്കാനും വേദി പങ്കിടാനും സംഭാഷണം നടത്താനും പാടില്ല. അല്ലാഹു അവരെ നശിപ്പിച്ചുകളയട്ടെ.

ബറേല്‍വിയെ ആത്മീയഗുരുവും നേതാവുമായി പരിഗണിക്കുന്ന കേരളത്തിലെ സമസ്തക്കാരെന്ന പേരില്‍ അറിയപ്പെടുന്ന സുന്നികളും ഇതേവീക്ഷണം തന്നെയാണ് അവരുടെ മദ്‌റസാ പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി ഇവരുടെ ‘തീവ്രസുന്നിസത്തിന്’ അല്‍പം ചിലമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നതും കാണാതിരിക്കാനാവില്ല. സാമ്പത്തിക ലാഭം കൈവരിക്കാനാകുമെന്ന് ഉറപ്പുള്ളപക്ഷം എന്ത് വിട്ടുവീഴ്ചക്കും പുരോഹിതന്മാര്‍ തയ്യാറാകുമെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. ചെറുതും വലുതുമായ എല്ലാ ലേഖനങ്ങളിലും രചനകളിലും വഹാബികളെ ഒന്ന് കൊട്ടാതെ ബറേല്‍വി തന്റെ തൂലിക താഴെവച്ചിട്ടില്ല. എല്ലാം ബ്രിട്ടീഷ് സഹായം പ്രതീക്ഷിച്ചുകൊണ്ട് മാത്രമായിരുന്നു.

തികഞ്ഞ ബ്രിട്ടീഷ് ഭക്തനായിരുന്ന ബറേല്‍വിയുടെ അമിതഭക്തി കാരണം സ്വന്തം അനുയായികള്‍പോലും അയാളില്‍നിന്നും അകന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖിലാഫത്ത് സമരകാലത്ത് മുസ്‌ലിം സമൂഹം ഒന്നടങ്കം തുര്‍ക്കിയിലെ ഖലീഫക്ക് അനുകൂലമായി നിലകൊണ്ടപ്പോള്‍ തുര്‍ക്കിയിലെ ഉസ്മാനിയാ ഖലീഫമാര്‍ ക്വുറൈശികള്‍ അല്ലെന്നും അതിനാല്‍ അവരുടെ ഖിലാഫത്തിന് പദവിയില്ലെന്നുമായിരുന്നു ബറേല്‍വിയുടെ വിചിത്രമായ നിലപാട്. 

ബറേല്‍വി തികഞ്ഞ ബ്രിട്ടീഷ് ഭക്തനും അവരുടെ പിന്തുണക്കാരനുമായിരുന്നുവെന്ന വിഷയത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. മിര്‍സാ ഗുലാം ഖാദിയാനി നിര്‍വഹിച്ച എല്ലാ ദൗത്യങ്ങളും എറ്റെടുത്ത് നിര്‍വഹിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഏജന്റ് എന്ന് പറയലാകും കൂടുതല്‍ ശരി. ദയൂബന്ധി, അഹ്‌ലുല്‍ ഹദീഥ്, നദ്‌വത്തുല്‍ഉലമ തുടങ്ങിയ ഒട്ടുമിക്ക ചിന്താധാരകളും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ഒറ്റക്കെട്ടായി നിലകൊണ്ടപ്പോള്‍ വഹാബി വിരോധത്തിന്റെ പേരുംപറഞ്ഞ് ബ്രിട്ടീഷ് സപ്പോര്‍ട്ടറായി നിലകൊണ്ടിരുന്ന ബറേല്‍വിയെപ്പറ്റിയുള്ള ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുകള്‍ അത്ഭുതാവഹമാണ്.

Ahmad Raza Khan Barelvi was principally a supporter of British rule and declared jihad against the British to be unlawful. His fatwa can be found on page 447 of his treatise AlMohajat, Al Mohtamanat Fi Ayatal Mumtahanat. Francis Robinson, in his book Separatism Among Indian Muslims: The politics of UP Muslims 1860-1923 on page 268 confirms the pro government fatwas of Ahmad Raza Khan Barelvi. 

ബ്രിട്ടീഷ് യുഗത്തിലെ മുസ്‌ലിം അവസ്ഥകളെയും നിലപാടുകളെയും സംബന്ധിച്ച് സമഗ്രമായ അപഗ്രഥനം നടത്തിയ പ്രമുഖ യൂറോപ്യന്‍ ചരിത്രകാരനും നിരീക്ഷകനുമായിരുന്ന ഫാന്‍സിസ് റോബിന്‍സന്റെ വരികള്‍ ഇങ്ങനെ വായിക്കാം: ”നിശ്ചയം, ബറേല്‍വിയുടെ ജോലി ബ്രിട്ടീഷ് ഭരണകൂടത്തെ സഹായിക്കലായിരുന്നു. ഒന്നാംലോക മഹായുദ്ധത്തില്‍ അവര്‍ ഭരണകൂടത്തിന് ശക്തി പകര്‍ന്നു. ഇതേ സംരക്ഷണവും പിന്തുണയും 1921ലെ ഖിലാഫത്ത് പ്രക്ഷോഭംവരെ അവര്‍ തുടരുകയും ചെയ്തു. അവര്‍ ബറേലിയില്‍ നടത്തിയ മഹാസമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തോട് വിയോജിപ്പുള്ള എല്ലാനേതാക്കളും പണ്ഡിതന്മാരും പങ്കെടുത്തു. മുസ്‌ലിംകളിലെ മതപാഠശാലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവര്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു.”

ബറേല്‍വിയുടെ ചിന്തകള്‍ ശാലിയാത്തിയിലൂടെ കേരളത്തിലേക്ക്

ബറേല്‍വിയുടെ, പ്രതിസന്ധിഘട്ടത്തിലെ ഇത്തരം വിചിത്ര നിലപാടുകള്‍ കേവലം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം പരിമിതമായിരുന്നില്ല. ബറേല്‍വിയുടെ ആത്മീയ നായകത്വം അംഗീകരിക്കുകയും അയാളില്‍നിന്നും പരമ്പരാഗതമായി അറിവ് നേടുകയും ചെയ്ത എല്ലാ സമൂഹത്തിലും ഈ നിലപാടുകളിലെ വൈകല്യം കടന്നുപിടിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തിലെ സുന്നികള്‍ എന്നവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ അത്ഭുതകരമായ നിലനിലപാടുകളും മനംമാറ്റവും. അഹ്മദ് രിളാഖാന്‍ ബറേല്‍വിയില്‍നിന്നും അറിവ് സമ്പാദിച്ച കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിതനായിരുന്നു അഹ്മദ് കോയാ ശാലിയാത്തി(1884-1954). ഹൈദരാബാദിലെ നൈസാമിന്റെ ആസ്ഥാനത്ത് മുഫ്തിയായും ഇദ്ദേഹം ജോലി ചെയ്തിരുന്നതായി അനുയായികള്‍ പറയുന്നുണ്ട്. 

കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ആധികാരികമായി ഒരു മത സംഘടനയൂണ്ടാകണമെന്ന ലക്ഷ്യത്തില്‍ സ്ഥാപിക്കപ്പെട്ട കേരള ജംഇയ്യത്തുല്‍ ഉലമയെന്ന പണ്ഡിത കൂട്ടായ്മയില്‍ ആദ്യമായി ഭിന്നതയുടെ ശബ്ദമുയര്‍ത്തി അവര്‍ക്കിടയില്‍ ഗ്രൂപ്പിസം സംഭാവന ചെയ്തത് ബറേല്‍വിയുടെ ശിഷ്യപ്രമുഖനായിരുന്ന ചാലിയം അഹ്മദ് കോയ ആയിരുന്നു. വിശ്വാസികളെ ഭിന്നിപ്പിക്കുകയും പിഴപ്പിക്കുകയും ചെയ്യുന്നതിന്ന് തന്റെ ഗുരുവായ ബറേല്‍വി ചെയ്ത സേവനങ്ങളില്‍നിന്നും ഒട്ടും കുറയാത്ത നിലയിലുള്ള സേവനങ്ങള്‍ രചനകളായും ഫത്‌വകളായും ശാലിയാത്തിയും നല്‍കിയിട്ടുണ്ട്. 

1925 ഒക്ടോബര്‍ 16ന് കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ചാലിയം ജുമുഅ മസ്ജില്‍ നടന്ന സമ്മേളനത്തിലെ മുഖ്യസംഘാടകനും ശാലിയാത്തി ആയിരുന്നു. എന്നാല്‍ തന്റെ ഗുരുവായ അഹ്മദ് രിളാഖാനില്‍നിന്നും പരമ്പരാഗതമായി പകര്‍ന്നു ലഭിച്ച ഭിന്നിപ്പിക്കല്‍ പാരമ്പര്യവും ‘വഹാബിയാക്കല്‍’ സ്വഭാവവും കാരണം ശാലിയത്തിക്ക് പ്രസ്തുത കൂട്ടായ്മയില്‍ ഏറെക്കാലം തുടരാനായില്ല. ശാലിയാത്തിക്കൊപ്പം ബറേല്‍വി ആശയക്കാരായ പലരും സംഘടനയില്‍നിന്നും പുറത്തായി. തുടര്‍ന്നാണ് പഴയ സംഘടനയില്‍ ഒരു വാലുകൂടി ചേര്‍ത്തുകൊണ്ട് 1933 മാര്‍ച്ച് 5ന് സമസ്ത കേരളയെന്ന പുതിയ ബറേല്‍വി കൂട്ടായ്മക്ക് കേരളത്തില്‍ തുടക്കമിട്ടത്. 1934 നവംബര്‍14ന് സമസ്ത കേരളയെന്ന പേരില്‍ സംഘടന ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ അതില്‍ പത്താം നമ്പര്‍ മുശാവറ അംഗമായി ശാലിയാത്തിയുടെ പേരും എഴുതിച്ചേര്‍ത്തിരുന്നു. 

വാലും തലയുമില്ലാത്ത ശിയാ വിശ്വാസ, ആചാരങ്ങളെ സുന്നി ആചാരങ്ങളാക്കി കോലംമാറ്റി, ഫറോക്ക് സുന്നി സമ്മേളനത്തിലെ എട്ടാം നമ്പര്‍ പ്രമേയമായി അവതരിപ്പിച്ച് ആധികാരികത നേടിയെടുത്തതും ബറേല്‍വി സാഹിബിന്റെ ശിഷ്യനായ ശാലിയാത്തി ആയിരുന്നു. എട്ടാം നമ്പര്‍ പ്രമേയത്തില്‍ ‘സുന്നത്ത് ജമാഅത്തി’ന്റെ വിശ്വാസ പ്രമാണങ്ങളായി ശാലിയാത്തി കെട്ടിയിറക്കിയവയൊന്നും തന്നെ ‘അഹ്‌ലുസ്സുന്ന’യുടെ ഒരൊറ്റ ഗ്രന്ഥങ്ങളിലും അന്ത്യനാള്‍ വരെ തിരഞ്ഞാലും കാണാന്‍ കഴിയാത്തതാണ്. ‘കേരള മുസ്‌ലിംകള്‍ക്കിടയില്‍ അനേകം കൊല്ലങ്ങളായിട്ട് നിരാക്ഷേപമായി നടന്നുവരുന്നതും നടത്തിവരുന്നതും’എന്ന് പ്രമേയത്തിന്റെ ആദ്യത്തില്‍ പറഞ്ഞത് മാത്രമാണ് ലിസ്റ്റില്‍ പറഞ്ഞ ഖുറാഫാത്തുകള്‍ക്കുള്ള പ്രാമാണികമായ ആധികാരികത! ഒരു സംഗതി നിരാക്ഷേപമായി നടന്നുവന്നാല്‍ അത് കാലക്രമേണ ദീനായി (മതമായി) പരിഗണിക്കപ്പെടുമെന്ന അഭിനവ രീതിശാസ്ത്രം കൈരളിക്ക് സമ്മാനിച്ചതും ഈ ഫറോക്ക് സുന്നി സമ്മേളനമാണ്.

തുടര്‍ന്ന് അഹ്‌ലുല്‍ ഹദീഥ്/വഹാബികള്‍ തുടങ്ങിയവരുമായി സഹകരണമോ ബന്ധങ്ങളോ പാടില്ലെന്ന് പ്രഖ്യാപിക്കുന്ന സമസ്തയുടെ കുപ്രസിദ്ധമായ ‘തര്‍ക്കുല്‍ മുവാലാത്ത്’ പ്രഖ്യാപനം പുറത്തുവന്നു. ചാണിനു ചാണായും മുഴത്തിനു മുഴമായും ശാലിയാത്തി തന്റെ ഗുരുവായ ബറേല്‍വിയുടെ തലതിരിഞ്ഞ, വഴിപിഴച്ച ആശയങ്ങളെ കേരള മണ്ണില്‍ വിതക്കുകയായിരുന്നു. ശാലിയാത്തിയുടെ കടന്നുവരവോടെയാണ്, ന്യൂനപക്ഷമെങ്കിലും സത്യത്തിന്റെ വക്താക്കളായി നിലകൊണ്ടിരുന്ന കേരള മുസ്‌ലിം സമൂഹത്തില്‍ ശിയാ/ബറേല്‍വി ആശയങ്ങളും ശിര്‍ക്കന്‍ തത്ത്വങ്ങളും വ്യാപകമാകുന്നത്. 

മക്കയിലെ ഹുനഫാഉകളായ ക്വുറൈശികള്‍ക്കിടയില്‍ സിറിയയില്‍നിന്നും അഭ്യസിച്ച ശിര്‍ക്കന്‍ നടപടികളുമായി കടന്നുവന്ന അംറുബിന്‍ ലുഹയ്യിന്റെ പാരമ്പര്യവും ദൗത്യവുമാണ് ബറേല്‍വിയും പിന്നെ ശാലിയാത്തിയും ഈ മണ്ണില്‍ വിതച്ചതെന്ന് പറഞ്ഞാല്‍ അത് അധികപ്പറ്റാകില്ല. ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിനും അദ്ദേഹത്തിന്റെ ചിന്തകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഇസ്വ്‌ലാഹിന്റെയും തജ്ദീദിന്റെയും മാര്‍ഗത്തില്‍ ഗുണകാംക്ഷാ മനോഭാവത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന മുസ്‌ലിം സമൂഹത്തിനെതിരിലും ആക്ഷേപങ്ങളും പരിഹാസങ്ങളും കേരളമണ്ണില്‍ ഇറക്കുമതിചെയ്യപ്പെട്ടതും ബറേല്‍വി-ശാലിയാത്തിമാരുടെ കടന്നുവരവോടെയാണ്. 

കേരളത്തിലെ സുന്നികളെന്ന പേരില്‍ അറിയപ്പെടുന്നവര്‍ക്കിടയില്‍ ആചാരപരമായും വിശ്വാസപരമായും നിലവില്‍ നാം കണ്ടുവരുന്ന വൈകല്യങ്ങളുടെയെല്ലാം യഥാര്‍ഥ പിതാക്കള്‍ യഹൂദികളും നസ്വാറാക്കളുമാണ്. അവരില്‍നിന്നും അത് യഹൂദ പാരമ്പര്യാവകാശികളായ ശിയാക്കളിലേക്ക് എത്തിച്ചേര്‍ന്നു. ശിയാക്കളുമായുള്ള ഗുരു-ശിഷ്യ ബന്ധത്തിലൂടെ അത് ബറേല്‍വികള്‍ സ്വീകരിക്കുകയും അത് ക്രമേണ നമ്മുടെ കേരളക്കരയിലും എത്തിച്ചേരുകയും ചെയ്തുവെന്ന് മനസ്സിലാക്കുന്നതാണ് കൂടുതല്‍ ശരിയായ നിലപാട്.

(അവസാനിച്ചില്ല)

 

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
നേർപഥം വാരിക

ഇബ്‌നു അബ്ദില്‍ വഹാബ്: ആരോപണങ്ങളുടെ നിജസ്ഥിതിയെന്ത്?

ഇബ്‌നു അബ്ദില്‍ വഹാബ്: ആരോപണങ്ങളുടെ നിജസ്ഥിതിയെന്ത്?

മുഹമ്മദ്ബിന്‍ അബ്ദില്‍വഹാബ്(റഹി). ആ പേര് കേള്‍ക്കാത്തവര്‍ വളരെ വിരളമായിരിക്കും. ക്രിസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടില്‍ മതപ്രബോധനരംഗത്ത് മുസ്‌ലിം ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകന്‍.

പ്രവാചക ചര്യയും മുന്‍ഗാമികളുടെ മാര്‍ഗവും അണപ്പല്ല് ചേര്‍ത്ത് കടിച്ചു പിടിച്ചിരുന്ന സലഫുകള്‍ക്ക് ശേഷം വീണ്ടും മുസ്‌ലിം സമൂഹം മന്‍ഹജില്‍ നിന്ന് മാര്‍ഗഭ്രംശം സംഭവിച്ച് ജാഹിലിയ്യത്തിലേക്ക് തെന്നിയ ദുരവസ്ഥ സംജാതമായി. ഇസ്‌ലാമിന്റെ വിശ്വാസ, ആചാര സംബന്ധമായ മേഖലകളില്‍ നവീനമായ വാദങ്ങളുമായി പൗരോഹിത്യം ചൂഷണം ചെയ്യാന്‍ തുടങ്ങി. അല്ലാഹു ഉദ്ദേശിക്കുന്ന ഘട്ടങ്ങളില്‍ സത്യത്തിന്റെ ദീപശിഖയേന്തി പരിഷ്‌കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആ പരിഷ്‌കര്‍ത്താക്കളെല്ലാം ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ച ഒരു അടിസ്ഥാനപരമായ കാര്യമുണ്ടായിരുന്നു. പ്രവാചകനില്‍ നിന്ന് ഇസ്‌ലാമിനെ പൂര്‍ണമായും ഉള്‍ക്കൊണ്ട് സ്വഹാബത്തും അവരില്‍ നിന്ന് ഇസ്‌ലാമിനെ പഠിച്ച മുസ്‌ലിംകളും ജീവിച്ച മാര്‍ഗങ്ങള്‍ക്കപ്പുറം മറ്റൊന്നും മതത്തില്‍ കൊണ്ടുവരാന്‍ പാടില്ല എന്നതാണ് അത്.

എന്നാല്‍ പുരോഹിതന്മാരും അവരുടെ അനുയായികളും നവോത്ഥാന നായകന്മാരെ പുത്തന്‍ പ്രസ്ഥാനക്കാര്‍ എന്ന് വിളിച്ചാക്ഷേപിച്ചു. അവര്‍ കഴിയുംവിധം ഇവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിന്റെ കാര്യത്തിലും ഇതൊക്കെത്തന്നെയായിരുന്നു സംഭവിച്ചത്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിലെ മുസ്‌ലിം പുരോഹിതന്മാര്‍ പാടി പ്രചരിപ്പിച്ചിരുന്ന ചില വരികള്‍ നമ്മക്ക് ഇങ്ങനെ വായിക്കം:

‘നജ്ദിലെ ശൈത്വാന്‍ അറിവുണ്ടാ

വടിവിഴുങ്ങീട്ട് കഥകണ്ടാ

വിഡ്ഢിത്തങ്ങള്‍ വളരേണ്ടാ

വഹാബികളെ തുടരേണ്ടാ.’

പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളു എന്നും മാലകളിലും മൗലിദ് കിതാബുകളിലും മറ്റും അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും സലഫി പ്രസ്ഥാനം സമൂഹത്തെ ബോധ്യപ്പെടുത്താനിറങ്ങിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് ബോധ്യമായ പുരോഹിതര്‍ അഴിച്ചുവിട്ട പ്രചാരണങ്ങളില്‍ ഒന്നാണ് നാം മുകളില്‍ വായിച്ചത്.

മഹാനായ മുഹമ്മദ് ഇബ്‌നു അബ്ദില്‍ വഹാബി(റഹി)നെ കുറിച്ചുള്ള ഗുരുതരമായ ഒരാരോപണമാണ് ‘നജ്ദില്‍ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക’ എന്ന നബി ﷺ  വചനത്തിലെ ‘പിശാചിന്റെ കൊമ്പ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിനെയാണ് എന്നത്. പതിനാലു നൂറ്റാണ്ടിനിടയില്‍ ആധികാരിക പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും വിശദീകരിക്കാത്ത രൂപത്തില്‍ ഹദീഥിനെ ദുര്‍വ്യാഖ്യാനിച്ചിട്ടാണ് പുരോഹിതന്മാര്‍ തങ്ങളുടെ പിഴച്ചവാദത്തിന് കഴമ്പുണ്ടാക്കാന്‍ നോക്കുന്നത്.

ഇത് പറയുമ്പോള്‍ ഒരു ചരിത്രമാണ് ഓര്‍മ വരുന്നത്. ബഹുമാന്യ പണ്ഡിതന്‍ കെ. ഉമര്‍ മൗലവി മിഅ്‌റാജ് നോമ്പ് സുന്നത്തില്ലെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞു: ‘പൊന്നാനിക്കാരന്‍ ഒരു മുസ്‌ലിയാര്‍ നൂറു പേജുള്ള ഒരു പുസ്തകമെഴുതിയിട്ടുണ്ടല്ലോ അത് സുന്നത്താണെന്ന് തെളിയിച്ചുകൊണ്ട്.’ ഉടനെ ഉമര്‍ മൗലവിയുടെ മറുപടി: ‘അപ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ ഇല്ലാത്ത കാര്യത്തില്‍ തെളിവുണ്ടാക്കുകയാണെന്ന്. അല്ലെങ്കിലെന്തിനാ നൂറ് പേജുള്ള പുസ്തകം? ആയത്തോ ഹദീഥോ ഉണ്ടെങ്കില്‍ അത് പറഞ്ഞാല്‍ പോരേ?’

നജ്ദില്‍ നിന്ന് ഉത്ഭവിക്കുന്ന പിശാചിന്റെ കൊമ്പുകൊണ്ട് ഉദ്ദേശം മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബാണ് എന്ന വാദത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. ഇത് സമര്‍ഥിക്കാന്‍ ഇവര്‍ക്ക് ആകെയുള്ള ഞൊണ്ടിന്യായം അദ്ദേഹത്തിന്റെ നാടിന്റെ പേര് നജ്ദ് എന്നായിപ്പോയി എന്നത് മാത്രമാണ്. നജ്ദ് എന്ന് പേരുള്ള നാടുകളെല്ലാം ശപിക്കപ്പെട്ടതാണെങ്കില്‍ എത്ര പ്രദേശങ്ങള്‍ ആ ഗണത്തില്‍ ഇവര്‍ക്ക് ഉള്‍പ്പെടുത്തേണ്ടിവരും! രാജ്യങ്ങളെ കുറിച്ച് വിശാലമായി പ്രതിപാദിക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥമാണ് യാകൂത്ത് അല്‍ഹമാവി രചിച്ച ‘മുഅ്ജമുല്‍ ബുല്‍ദാന്‍.’ അതില്‍ നമുക്ക് ഇപ്രകാരം കാണാം: ‘അറേബ്യയില്‍ തന്നെ ധാരാളം നജ്ദുകള്‍. അതില്‍ പെട്ടതാണ് യമാമയിലെ ഒരു താഴ്‌വരയായ നജ്ദുല്‍ ബര്‍ഖ്, നജ്ദുല്‍ഖാല്‍ തുടങ്ങിയവ…’ ധാരാളമുള്ളതില്‍ നിന്ന് പന്ത്രണ്ടെണ്ണം മാത്രം അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തില്‍ എടുത്തു കൊടുത്തതായി കാണാം. ഈ നജ്ദുകളെല്ലാം ശപിക്കപ്പെട്ട സ്ഥലങ്ങളാണെന്നും അവിടെ നിന്നെല്ലാം പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്നും ആരും ഏതായാലും പറയില്ല. എങ്കില്‍ പിന്നെ ഈ നജ്ദുകളില്‍ ഏതിനെ കുറിച്ചാണ് നബി ﷺ  അങ്ങനെ പ്രവചിച്ചത്? ആ പ്രവചനത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ച നജ്ദില്‍ തന്നെയാണോ മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബ് ജനിച്ചത്? ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും അതിന് മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാനങ്ങളും നമുക്ക് പരിശോധിക്കാം:

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ (ഹദീഥ് 7092, 7093 നമ്പറുകളായി) റിപ്പോര്‍ട്ട് ചെയ്യുന്നു: ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: ”നബി ﷺ  കിഴക്കുഭാഗത്തേക്ക് തിരിഞ്ഞുനിന്നുകൊണ്ട് പറയുന്നതായി ഞാന്‍ കേട്ടു: ‘അറിയണേ, കുഴപ്പങ്ങള്‍ ഇവിടെ നിന്നാകുന്നു. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തു നിന്ന്.’

ബുഖാരിയിലെ തന്നെ മറ്റൊരു ഹദീഥ് (നമ്പര്‍ 7094) ഇപ്രകാരമാണ്: ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ”അല്ലാഹുവേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ശാമില്‍ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചെയ്യേണമേ.’ സ്വഹാബികള്‍ പറഞ്ഞു: ‘നബിയേ, ഞങ്ങളുടെ നജ്ദിലും.’ നബ ﷺ  പറഞ്ഞു: ‘അല്ലാഹുവേ, ഞങ്ങളുടെ ശാമില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനില്‍ ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചെയ്യേണമേ.’ അവര്‍ പറഞ്ഞു: ‘പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും.’ മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു; നബി ﷺ  ഇപ്രകാരം പറഞ്ഞു: ‘അവിടെയാണ് ഭൂമികുലുക്കങ്ങളും കുഴപ്പങ്ങളും; അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും.’

സ്വഹീഹുല്‍ ബുഖാരിയില്‍ ഇതേ ഹദീഥ് തന്നെ ആവര്‍ത്തിച്ചുവന്നതായി (3279, 3511) കാണാം. മാത്രമല്ല, സ്വഹീഹ് മുസ്‌ലിമിലും (5167, 5169, 5171, 5172), ഇമാം അഹ്മദ്(റഹി) തന്റെ മുസ്‌നദിലും (4738, 5152, 5401, 5758, 5968, 6020), ഇമാം മാലിക്(റഹി) തന്റെ മുവത്വയിലും (1544) ഇതേ ഹദീഥ് നല്‍കിയതായി കാണാവുന്നതാണ്. പദപ്രയോഗങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാം. ഈ റിപ്പോര്‍ട്ടുകളില്‍ എല്ലാം തന്നെ നബി ﷺ  കിഴക്കുഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്ന് വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടെയും കേന്ദ്രമാണ് കിഴക്കന്‍ ഭാഗമെന്ന് മറ്റു ധാരാളം ഹദീഥുകളിലും കാണാവുന്നതാണ്.

”കുഫ്‌റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു” (ബുഖാരി 3501, മുസ്‌ലിം 75). ഈ രൂപത്തിലുള്ള ഹദീഥുകള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ ധാരാളം വന്നതായി കാണാം.

അപ്പോള്‍ അടുത്ത ചോദ്യം; എങ്കില്‍ ഏതാണ് ഈ കിഴക്കുഭാഗം? ഒരു ഭൂപടം മാത്രം മതിയല്ലോ ഇതിന് ഉത്തരം കണ്ടുപിടിക്കാന്‍. നബി ﷺ  മദീനയില്‍നിന്നാണ് ഇത് പറയുന്നത്. പറഞ്ഞത് അവിടുത്തെ മിമ്പറില്‍വച്ച് എന്നും മിമ്പറിന്റെ സമീപത്തുവച്ച് എന്നുമൊക്കെ ഹദീഥില്‍ വന്നിട്ടുണ്ട് (ബുഖാരി 3511, അഹ്മദ് 5758, 5968). മദീനയിലെ കിഴക്കുഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസ്വറ എന്നിവ ഉള്‍കൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തില്‍ നിന്നുതന്നെ വളരെ വ്യക്തമാണ്. ഹദീഥുകളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നത് കാണാം. ഇമാം മുസ്‌ലിം(റഹി) തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥ് (7297) ഇപ്രകാരമാണ്:

സാലിം ഇബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: ‘അല്ലയോ ഇറാഖുകാരേ, ചെറിയകാര്യങ്ങളെക്കുറിച്ചു പോലും നിങ്ങള്‍ ചോദിച്ചറിയുന്നു. എന്നാല്‍ വലിയ വലിയ കാര്യങ്ങള്‍ (തിന്മകള്‍) നിങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) കിഴക്കുഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. തീര്‍ച്ചയായും കുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ്. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്.’

കാര്യങ്ങള്‍ ഇത്രയും വ്യക്തമാണ്. എന്നിട്ടും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും തങ്ങളുടെ പിഴച്ച ആദര്‍ശം മറച്ചുവയ്ക്കാന്‍ വേണ്ടിയും യാതൊരു കഴമ്പുമില്ലാത്ത വാദങ്ങളുമായി ഇവര്‍ രംഗത്ത് വരുന്നു!

നജ്ദുകൊണ്ടുള്ള ഉദ്ദേശം ഇബ്‌നു അബ്ദില്‍ വഹാബിന്റെ ജന്മനാടായ സുഊദി അറേബ്യയിലെ നജ്ദ് ആണെങ്കില്‍ ഹദീഥില്‍ സൂചിപ്പിക്കപ്പെട്ട ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമെന്നതും കുഫ്‌റിന്റെ കേന്ദ്രമാണെന്നതുമെല്ലാം ആ നജ്ദിന്റെ ചരിത്രത്തില്‍ കാണാന്‍ സാധിക്കേണ്ടതാണ്. പക്ഷേ, ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ അങ്ങനെ ഒന്ന് കാണാവതല്ല.

എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ എല്ലാ കുഴപ്പങ്ങളുടെയും കേന്ദ്രം ഇറാഖാണ് എന്ന് കാണാം. ഇതൊരു വസ്തുതയാണ്. മുസ്‌ലിം സമുദായത്തിന്റെ ഐക്യം തകര്‍ത്തതും അനൈക്യവും ഛിദ്രതയും വിദേ്വഷവും സമ്മാനിച്ചതും ഇറാഖ് തന്നെ. പിഴച്ച കക്ഷികള്‍ മിക്കവാറും ഉത്ഭവിച്ചത് ഇറാഖില്‍നിന്നാണെന്ന് കാണാം.

ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി മാറുമെന്നും അതില്‍ എഴുപത്തിരണ്ട് കക്ഷികള്‍ നരകക്കാരാണെന്നുമുള്ള ഹദീഥിനെ വിശദീകരിക്കവെ മുല്ലാ അലിയ്യുല്‍ഖാരി പറയുന്നു: ‘ബിദഈ കക്ഷികളുടെ അടിസ്ഥാനം ഏഴ് വിഭാഗങ്ങളാണ്. മുഅ്തസിലി, ശീആ, ഖവാരിജ്, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ എന്നിവരാണവര്‍. ഇവര്‍ യഥാക്രമം 20,22,20,3,1,5,1 എന്നീ എണ്ണം ഉപവിഭാഗങ്ങളായി പിന്നീട് ഭിന്നിച്ചു.’ (ആകെ 72).

ചുരുക്കത്തില്‍ പിഴച്ച കക്ഷികളായ 72 കക്ഷികളും ഉല്‍ഭവിച്ചത് ഈ ഏഴ് കക്ഷികളില്‍നിന്നാണ്. പിന്നീട് ലോകത്ത് പുതിയ കക്ഷികള്‍ ഉടലെടുത്തിട്ടുണ്ടെങ്കില്‍ അവരുടെ ആദര്‍ശം ഈ എഴുപത്തിരണ്ടില്‍ ഏതെങ്കിലും ഒന്നിന്റെതായിരിക്കും എന്നര്‍ഥം. ഈ ഏഴ് കക്ഷികളുടെയും നേതാക്കള്‍ ഇറാഖുകാരായിരുന്നു!

നേര്‍ക്കുനേര്‍ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന ഒരു കാര്യമാണ് മുഴുവന്‍ പിഴച്ച കക്ഷികളും വലിയ കുഴപ്പങ്ങളുമെല്ലാം പ്രത്യക്ഷപ്പെട്ടത് ഇറാഖിലെ നാടുകളില്‍ നിന്നാണ് എന്ന യാഥാര്‍ഥ്യം. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതുതന്നയാണ്. ഇതിന് ചരിത്രം സാക്ഷിയാണ്. ഉസ്മാന്‍(റ)വിന് എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗത്തുനിന്നായിരുന്നു. ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങള്‍ നടന്നതും ആ പ്രദേശങ്ങളില്‍ തന്നെ. അലി(റ) വധിക്കപ്പെടുന്നതും ഇറാഖില്‍വച്ചുതന്നെ. മുഅ്തസിലി, ശീഈ, ഖവാരിജ്, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ തുടങ്ങിയവരെല്ലാം ഉടലെടുത്തതും അവിടെനിന്നുതന്നെ. മാത്രമല്ല, കള്ളപ്രവാചകനായ മുഖ്താര്‍ പ്രവാചകത്വം വാദിച്ചതും അവിടെനിന്നുതന്നെ. ദജ്ജാലിന്റെയും യഅ്ജൂജ് മഅ്ജൂജിന്റെയും പുറപ്പാട് ആ ഭാഗത്തുനിന്നായിരിക്കുമെന്ന് ഹദീഥുകള്‍ വ്യക്തമാക്കുന്നുമുണ്ട്.

നബി ﷺ യുടെ പേരില്‍ ലക്ഷക്കണക്കായ ഹദീഥുകള്‍ വ്യാജമായി നിര്‍മിച്ചുണ്ടാക്കപ്പെട്ടതില്‍ ഭൂരിഭാഗവും ഇറാഖില്‍നിന്നായിരുന്നുവെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യം കൂടിയാണല്ലോ. ഒരുകാലത്ത് ‘ഹദീഥ് അടിക്കുന്ന കേന്ദ്രം’ എന്ന അപരനാമത്തില്‍ കുപ്രസിദ്ധമായതും ഇറാഖായിരുന്നുവല്ലോ. ഇക്കാര്യം ഹദീഥ് പണ്ഡിതന്മാര്‍ വ്യക്തമാക്കിയതുമാണ്. താബിഈ പണ്ഡിതനായ ഹിശാം ഇബ്‌നു ഉര്‍വ(റഹി) പറയുന്നു: ‘നിന്നോട് ഒരു ഇറാഖുകാരന്‍ ആയിരം ഹദീഥുകള്‍ പറഞ്ഞാല്‍ നീ അതില്‍ 990 എണ്ണം ഒഴിവാക്കുക. ബാക്കിയുള്ളത് നീ സംശയിക്കുകയും ചെയ്യുക.’ ഇമാം ശാഫിഈ(റ) പറയുന്നു: ‘ഇറാഖില്‍ നിന്നും വന്ന ഏതൊരു ഹദീഥുംതന്നെ ഹിജാസില്‍ അതിന് അടിസ്ഥാനമുണ്ടെങ്കിലല്ലാതെ നീ സ്വീകരിക്കരുത്.’

പ്രവാചകന്‍ ﷺ  പ്രാര്‍ഥിക്കാന്‍ വിസമ്മതിച്ചതും ഫിത്‌നയുടെ കേന്ദ്രമായും പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന സ്ഥലമായുമൊക്കെ പറഞ്ഞതും ഇറാഖിലെ നജ്ദിനെക്കുറിച്ചാണെന്ന് പ്രമാണങ്ങള്‍കൊണ്ടും ചരിത്ര യാഥാര്‍ഥ്യങ്ങള്‍കൊണ്ടും വ്യക്തമായി.

എന്നാല്‍ ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബിന്റെ ജന്മസ്ഥലമായ ഇന്നത്തെ സുഊദി അറേബ്യയുടെ ഭാഗമായ നജ്ദ് ഏതെങ്കിലും രൂപത്തില്‍ ശപിക്കപ്പെട്ടതായി ഹദീഥുകളില്‍ വന്നിട്ടുണ്ടാ? ഇല്ലെന്ന് മാത്രമല്ല നബി ﷺ  ബര്‍കത്തിനായി പ്രാര്‍ഥിച്ച പ്രദേശങ്ങളില്‍ പെട്ടതാണ് അത് എന്നതാണ് യാഥാര്‍ഥ്യം. അതായത് നബി ﷺ  ശാമിനും യമനിനും വേണ്ടി പ്രാര്‍ഥിക്കുകയും അവയെ പുകഴ്ത്തുകയും ചെയ്തത് ധാരാളം ഹദീഥുകളില്‍ സ്ഥിരപ്പട്ടിട്ടുണ്ട്. മക്ക തിഹാമയില്‍ പെട്ടതും തിഹാമ യമനില്‍ പെട്ടതുമാണ് എന്ന് ഇമാം നവവി(റഹി), അസ്‌ക്വലാനി(റഹി) തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തെളിവുകളും യാഥാര്‍ഥ്യവും ഇതാണെന്നിരിക്കെ പിന്നെയും എന്തിന് വേണ്ടിയാണ് പുരോഹിതന്മാര്‍ തങ്ങളുടെ വളഞ്ഞ വാദങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതും സത്യത്തെ മൂടിവെക്കാന്‍ പാടുപെടുന്നതുമെല്ലാം? ആരോടുള്ള വിദ്വേഷമാണ് അവരെ ഇത്തരത്തില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്? എന്താണ് അവരുടെ ലക്ഷ്യം? പരലോകവും സ്വര്‍ഗവും നരകവും യാഥാര്‍ഥ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക് ഇങ്ങനെ ചെയ്യാമോ?

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 5:8).

നമ്മുടെ തലച്ചോറും ബുദ്ധിയുമൊന്നും ഒരാളുടെയും കാല്‍കീഴില്‍ കൊണ്ടുപോയി പണയപ്പെടുത്തിയിട്ടില്ല എങ്കില്‍ നമ്മളോര്‍ക്കുക. ജനിച്ചത് ഏകാകിയായിട്ടാണെങ്കില്‍ മരിക്കുന്നതും അങ്ങനെയാകം. നമ്മുടെ ക്വബ്‌റില്‍ നമ്മള്‍ ഒറ്റക്കാണെങ്കില്‍ നമ്മുടെ വിചാരണയും നമ്മള്‍ ഒറ്റക്ക് തന്നെ നേരിടണം.

സത്യത്തിന്റെ പ്രകാശത്തെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ പരലോക വിജയത്തിന് വിഘാതമാകാതിരിക്കാന്‍ നാം ശ്രദ്ധിക്കണം.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (അവരെ) തടയുകയും ചെയ്യുന്നു…” (ക്വുര്‍ആന്‍ 9:34).

 

റൈഹാന്‍ അബ്ദുല്‍ ഷഹീദ്
നേർപഥം വാരിക

 

സ്വയംഭൂ സിദ്ധാന്തത്തിലെ നിരര്‍ഥകത

സ്വയംഭൂ സിദ്ധാന്തത്തിലെ നിരര്‍ഥകത

അന്തിമ പ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായ വിശുദ്ധ ഗ്രന്ഥമാണ് ക്വുര്‍ആന്‍. മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഗ്രന്ഥം. 

ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്കിടയില്‍ അറബി ഭാഷയിലാണ് ക്വുര്‍ആന്‍ അവതരിച്ചത്. എന്നാല്‍ ക്വുര്‍ആനിക സന്ദേശങ്ങള്‍ സാര്‍വകാലികവും മനുഷ്യസമൂഹത്തെ മുഴുവന്‍ ഉന്നം വെച്ചുള്ളതുമാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ക്വുര്‍ആനാണ്. ഏറ്റവും കൂടുതല്‍ തെറ്റുധരിപ്പിക്കപ്പെട്ട ഗ്രന്ഥവും ക്വുര്‍ആന്‍ തന്നെ! 

‘എല്ലാ മതങ്ങളുടെ അനുയായികളും ഇത്തരം അവകാശവാദങ്ങള്‍ നടത്തുന്നില്ലേ, മുമ്പെങ്ങോ രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവ ദൈവത്തില്‍ നിന്നാണ് എന്ന് അവകാശപ്പെട്ട് അന്ധമായ വിശ്വാസം പ്രചരിപ്പിക്കാനല്ലേ മതവിശ്വാസികള്‍ ശ്രമിക്കുന്നത്’ എന്ന് ചോദിക്കുന്നവരുണ്ട്.

ക്വുര്‍ആന്‍ ദൈവികമാണ് എന്ന് സ്വയം അവകാശപ്പെടുന്നതിനൊടൊപ്പം അതിന് ഉപയുക്തമായ തെളിവുകളും നല്‍കുന്നു എന്നതാണ് വസ്തുത. കേവല അവകാശവാദങ്ങള്‍ക്കപ്പുറം ശക്തമായ തെളിവുകളാണ് ക്വുര്‍ആനിനെ മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 

ക്വുര്‍ആനിന്റെ സന്ദേശം

ഞാന്‍ എന്തിനാണിവിടെ വന്നത്? എന്താണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം? ഓരോ വ്യക്തിയും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സ്വയം ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളാണിവ.

നമ്മള്‍ മുമ്പ് എന്തായിരുന്നു എന്ന് നിര്‍വചിക്കുവാന്‍ കഴിയാത്ത ഒരു കാലഘട്ടം കടന്നുപോയിട്ടില്ലേ? മനുഷ്യചിന്തയെ ഉണര്‍ത്തുന്ന ഒരു ചോദ്യം ക്വുര്‍ആന്‍ ചോദിക്കുന്നു: ‘മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?’ (76:1).

അതെ! എന്നാല്‍ ഇന്ന് നാം ഉണ്ട്! പ്രസ്താവ്യയോഗ്യമായ അസ്തിത്വം നമുക്ക് ഇന്നുണ്ട്. അതായത് നമുക്ക് ഒരു തുടക്കമുണ്ട്. 

ക്വുര്‍ആന്‍ വീണ്ടും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു:

 ”അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല” (52:35,36). 

ബുദ്ധിപൂര്‍വവും യുക്തിപരവുമായ ചില ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും ക്വുര്‍ആന്‍ മനുഷ്യമനസ്സുകളുമായി സംവദിക്കുന്നതായി നമുക്കിവിടെ  കാണാം.

മനുഷ്യരായ നമുക്ക് മാത്രമല്ല, മഹാ പ്രപഞ്ചത്തിനും ഒരു തുടക്കമില്ലേ? അത്യത്ഭുതകരമായ ഈ മഹാ പ്രപഞ്ചത്തിന്റെ തുടക്കം എങ്ങനെ എന്നതിനെ സംബന്ധിച്ച് കാലങ്ങളായി മനുഷ്യന്‍ ചിന്തിക്കുന്നു! ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചോല്പത്തിയെ സംബന്ധിച്ച് പ്രധാനമായും രണ്ടു വാദങ്ങളാണ് മുന്നോട്ടു വെച്ചത്.

‘പ്രപഞ്ചം അന്നും ഇന്നും എന്നും ഒരു പോലെ നിലനില്‍കുന്നു’ എന്നതാണ് അതിലൊന്ന്. ഇതിനെ അവര്‍ സ്റ്റഡി സ്‌റ്റേറ്റ് തിയറി എന്ന് വിളിച്ചു. ദൈവത്തില്‍ വിശ്വസിക്കാത്തവരുടെ ജീവവായുവായിരുന്നു സ്റ്റഡി സ്‌റ്റേറ്റ് തിയറി. തുടക്കമില്ലാത്ത പ്രപഞ്ചത്തിന് എന്തിനാണ് ഒരു സ്രഷ്ടാവ്!

‘ഭൗതികമായ എന്തിനും ഒരു തുടക്കമുള്ളത് പോലെ ഈ പ്രപഞ്ചത്തിനും ഒരു തുടക്കമുണ്ട്’ എന്നതാണ് രണ്ടാമത്തേത്.

സ്റ്റഡി സ്‌റ്റേറ്റ് തിയറിയുടെ തലക്കടിച്ച ഹബിള്‍!

1930കളില്‍ എഡ്വിന്‍ പി ഹബിള്‍ ആണ് പ്രപഞ്ചം വികസിക്കുന്നു എന്ന് കണ്ടെത്തിയത്. ഡോപ്ലര്‍ പ്രഭാവം ഉപയോഗിച്ചാണ് ഹബിള്‍ ഇത് കണ്ടെത്തിയത്. അതായത്, ഒരു ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അതിലെ പുള്ളികള്‍ പരസ്പരം അകന്നു പോകുന്നത് പോലെ ഈ പ്രപഞ്ചത്തിലെ ഗ്യാലക്‌സികള്‍ പരസ്പരം അകന്നു കൊണ്ടിരിക്കുന്നു!

അതായത് സമയം കടന്നു പോകുന്തോറും പ്രപഞ്ചം വലുതായിക്കൊണ്ടിരിക്കുന്നു. യുഗാന്തരങ്ങള്‍ക്കപ്പുറം ഗ്യാലക്‌സികളെല്ലാം അടുത്തായിരുന്നു എന്നര്‍ഥം. അതായത് വളരെ പിന്നിലേക്ക് ചിന്തിച്ചാല്‍ ഗ്യാലക്‌സികള്‍ എല്ലാം ഒരൊറ്റ വസ്തുവായിരുന്ന കാലഘട്ടം ഉണ്ടായിരുന്നു! അനന്തമായ സാന്ദ്രതയുള്ള ഒരു സമയം! എല്ലാ ഭൗതികശാസ്ത്ര നിയമങ്ങളും അവിടെ തകരുന്നു. ആ അവസ്ഥയെ ശാസ്ത്രം ‘സിംഗുലാരിറ്റി’ എന്ന് വിളിച്ചു. അതില്‍ നടന്ന ഒരു മഹാ വിസ്‌ഫോടന(ബിഗ് ബാംഗ്)ത്തിലൂടെയാണ് പ്രപഞ്ചം രൂപം കൊണ്ടത് എന്ന് ഇന്ന് ശാസ്ത്രം പറയുന്നു. സമയവും സ്ഥലവും രൂപം കൊണ്ടത് ഈ മഹാ വിസ്‌ഫോടനത്തിന് ശേഷമാണ്! തിയറികള്‍ മാറി മറിഞ്ഞെക്കാം. എന്നാല്‍ ഒരു കാര്യം ഇന്ന് ഉറപ്പാണ്പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട്!

ആ തുടക്കത്തിന് മൂന്ന് സാധ്യതകളുണ്ട്.  

1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി.

2. സ്വയം സൃഷ്ടിച്ചു.

3. മറ്റാരോ സൃഷ്ടിച്ചു.

ഈ മൂന്നു സാധ്യതകളില്‍ ഏതാണ് യാഥാര്‍ഥ്യം എന്ന ചോദ്യമാണ് നേരത്തെ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ (52:35,36) നാം കാണുന്നത്.   

”അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?” എന്ന ചോദ്യം ശ്രദ്ധിക്കുക.

ഒന്നുമില്ലായ്മയില്‍ നിന്ന് ഈ പ്രപഞ്ചത്തില്‍ ഒന്നുമുണ്ടായിട്ടില്ല എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. താങ്കള്‍ വായിക്കുന്ന ഈ പുസ്തകം തനിയെ ഉണ്ടായതാണ് എന്ന് താങ്കള്‍ വിശ്വസിക്കുമോ? ഇതാണ് ക്വുര്‍ആന്‍ ഉന്നയിക്കുന്ന  ഒരു ചോദ്യം! ഈ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന് വാദിക്കുന്നവരാണ് നിരീശ്വരവാദികള്‍. ആധുനിക കാലത്തെ നിരീശ്വരവാദികളില്‍ പ്രമുഖനായ ലോറന്‍സ് ക്രോസ് ‘എ യുനിവേഴ്‌സ് ഫ്രം നതിംഗ്’ (ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു പ്രപഞ്ചം) എന്ന പേരില്‍ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. 

‘ഒന്നുമില്ലായ്മ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വസ്തുവുമില്ലാത്ത അവസ്ഥ എന്നാണല്ലോ! നമ്മുടെ അന്തരീക്ഷം കാഴ്ചയില്‍ ഒന്നുമില്ലാത്തതായി നമുക്ക് തോന്നുന്നു.  എന്നാല്‍ അവിടെ വായുവുണ്ട്. വിവിധ വാതക പദാര്‍ഥങ്ങള്‍ ഉണ്ട്. ഇനി അന്തരീക്ഷത്തിനു പുറത്ത് ശൂന്യാകാശത്ത് ചെന്നാലോ? അവിടെയും യഥാര്‍ഥത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയില്ല. അവിടെ ‘ശൂന്യത’ ഉണ്ട്. ‘സ്ഥലം’ ഉണ്ട്. അതിനാലാണ് ബഹിരാകാശ പേടകങ്ങള്‍ക്ക് അതിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നത്! ഈ ശൂന്യത പോലുമില്ലാത്ത അവസ്ഥയെ നമുക്ക് ‘ഒന്നുമില്ലായ്മ’ എന്ന് വിളിക്കാം! എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍ നിന്ന് പദാര്‍ഥവും ഊര്‍ജവും ജീവനും ഉണ്ടാകുന്നത്? അത് തീര്‍ത്തും അസംഭവ്യം തന്നെ! 

ലോറന്‍സ ക്രോസ് പറയുന്നത് ‘ക്വാണ്ടം വാക്വം’ എന്ന അവസ്ഥയില്‍ ഊര്‍ജത്തിന്റെ പ്രവര്‍ത്തനം മൂലമാണ് ബിഗ്ബാംഗ് ഉണ്ടായത് എന്നാണ്. എന്നാല്‍ ഈ ‘ക്വാണ്ടം വാക്വം’ ഒന്നുമില്ലായ്മ അല്ലേ? അവയില്‍ പ്രവര്‍ത്തിച്ച ഊര്‍ജം എങ്ങനെ നിലവില്‍ വന്നു? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ക്രോസിന് ഉത്തരമില്ല! ഈ പ്രപഞ്ചത്തിലുള്ള ഏതൊരു വസ്തുവുമാകട്ടെ, ഒന്നും തനിയെ ഉണ്ടാകുന്നില്ല എന്നത് തീര്‍ത്തും യുക്തിപരമായ ഒരു വസ്തുതയാണ്.

‘അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?’ ഉപരിസൂചിത ക്വുര്‍ആന്‍ വചനത്തിലെ അടുത്ത ചോദ്യം ഇതാണ്. നമ്മളല്ല നമ്മെ സൃഷ്ടിച്ചത്. മനുഷ്യന്‍ സ്വയം രൂപപ്പെട്ടവനാണ് എന്ന വാദം തീര്‍ത്തും അബദ്ധ ജടിലവും വൈരുധ്യാത്മകവുമാണ്. പ്രവിശാലമായ പ്രപഞ്ചത്തിനും ഇത് ബാധകം തന്നെ! പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ച് അത് സ്വയംഭൂവാണെന്ന് ഒട്ടനവധി നിരീശ്വരവാദികള്‍ വാദിക്കുന്ന ഇക്കാലത്ത് അല്ലാഹുവിന്റെ ക്വുര്‍ആനിലൂടെയുള്ള ഈ ചോദ്യം ഏറെ പ്രസക്തവും ചിന്തനീയവുമാണ്. 

പിന്നെ ഏക സാധ്യത എന്താണ്? അത് ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നതാണ്! ഇക്കാര്യം വളരെ മനോഹരമായി, ചിന്തയെ തട്ടിയുണര്‍ത്തുന്ന രൂപത്തിലാണ് ക്വുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. 

ഈ പ്രപഞ്ചം ചലിക്കുന്നത് കൃത്യമായ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അധീനമായാണ്. ഒരു മൊട്ടുസൂചിപോലും തനിയെ ഉണ്ടാകില്ല  എങ്കില്‍ മഹത്തായ പ്രപഞ്ചം യാദൃച്ഛികതയുടെ ഉത്പന്നമാണ് എന്ന വാദമാണോ  അതോ ഈ വ്യവസ്ഥിതിക്ക് പിന്നില്‍ മഹാനായ ഒരു സംവിധായകന്റെ സര്‍ഗവൈഭവമുണ്ടെന്ന വസ്തുതയാണോ, ഏതാണ് യുക്തിസഹചമായത്? മനുഷ്യ മനസ്സുകളെ ദൈവാസ്തിത്വത്തെ സംബന്ധിച്ച സകല സംശയങ്ങളില്‍ നിന്നും മോചിപ്പിച്ച്, നാസ്തികതയുടെ അടിത്തറ ഇളക്കുന്നതാണ് ഈ രണ്ടു ചെറിയ വചനങ്ങള്‍! ഇങ്ങനെ ലളിതവും യുക്തിപരവുമായി മനുഷ്യ മനസ്സിനോട് സംവദിക്കുന്നു എന്നത് തന്നെയാണ് ക്വുര്‍ആന്‍ വചനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതങ്ങളില്‍ ഒന്ന്.

 

മുഹമ്മദ് അജ്മല്‍. സി
നേർപഥം വാരിക

സുന്നത്ത് നമസ്‌കാരങ്ങള്‍

സുന്നത്ത് നമസ്‌കാരങ്ങള്‍

ദിനംപ്രതിയുള്ള അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പുറമെയുള്ള നമസ്‌കാരങ്ങളാണ് ഐഛിക (സുന്നത്ത്) നമസ്‌കാരങ്ങള്‍. നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ വരുന്ന വീഴ്ചകളും പോരായ്മകളും ഐഛിക നമസ്‌കാരങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്.

തമീമുദ്ദാരി(റ) നിവേദനം: നബി(സ്വ) പറഞ്ഞു: ”അന്ത്യനാളില്‍ ഒരു അടിമ ആദ്യമായി (കര്‍മങ്ങളുടെ കൂട്ടത്തില്‍) ചോദ്യം ചെയ്യപ്പെടുന്നത് അവന്റെ നമസ്‌കാരത്തെ സംബന്ധിച്ചാണ്. അത് പരിപൂര്‍ണമായി നിര്‍വഹിക്കപ്പെട്ടതാണെങ്കില്‍ അവനത് പരിപൂര്‍ണമായി രേഖപ്പെടുത്തുന്നതാണ്. എന്നാല്‍, അത് പരിപൂര്‍ണമല്ലെങ്കില്‍ ഉന്നതനായ അല്ലാഹു തന്റെ മലക്കുകളോട് പറയും: എന്റെ ഇന്ന അടിമക്ക് ഐഛികമായ വല്ല നമസ്‌കാരവും ഉണ്ടോയെന്ന് നോക്കുക. അതിലൂടെ അവന്റെ നിര്‍ബന്ധമായ നമസ്‌കാരങ്ങളില്‍ വന്ന പോരായ്മകള്‍ പൂര്‍ത്തീകരിക്കുക. പിന്നീട് സകാത്ത് ഈ രൂപത്തില്‍ പൂര്‍ത്തീകരിക്കുക. ഇതേരൂപത്തിലാണ് എല്ലാ കര്‍മങ്ങളും സ്വീകരിക്കുന്നത്” (അബൂദാവൂദ്, ഇബ്‌നുമാജ).

അപ്പോള്‍ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ വരുന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ കൊണ്ട് സാധിക്കുന്നു. മാത്രമല്ല, സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ സാധിക്കുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും അല്ലാഹുവിന്റെ അടുക്കല്‍ പദവികള്‍ ഉയര്‍ത്തപ്പെടാന്‍ അത് കാരണമാകുകയും ചെയ്യും.

ഥൗബാന്‍(റ) നിവേദനം: നബി(സ്വ) അദ്ദേഹത്തോട് പറയുകയുണ്ടായി:”നീ സുജൂദ് (നമസ്‌കാരം) അധികരിപ്പിക്കുക. കാരണം, നീ അല്ലാഹുവിന് വേണ്ടി സുജൂദ് ചെയ്യുമ്പോഴെല്ലാം ഓരോ സുജൂദ് കൊണ്ടും അല്ലാഹു നിന്റെ പദവി ഉയര്‍ത്താതിരിക്കുകയില്ല. നിന്നില്‍ നിന്ന് പാപങ്ങള്‍ മായ്ച്ചുകളയാതിരിക്കില്ല” (മുസ്‌ലിം).

ഐഛിക നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ പ്രവാചകന്റെ സാമീപ്യം ലഭിക്കുന്നതാണ്: റബീഅത്ത് ബ്‌നു കഅബ് അല്‍അസ്‌ലമി(റ) നിവേദനം: അദ്ദേഹം പറഞ്ഞു: ”ഞാന്‍ നബി(സ്വ)യോടൊപ്പം രാപ്പാര്‍ക്കുകയുണ്ടായി. തിരുമേനി(സ്വ)ക്ക് വുദൂഅ് ചെയ്യുവാനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം ഞാന്‍ നല്‍കാറുണ്ടായിരുന്നു. അങ്ങനെ എന്നോട് പറയുകയുണ്ടായി: ‘ചോദിക്കുക.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തില്‍ താങ്കളുടെ സാമീപ്യം ഞാന്‍ ചോദിക്കുന്നു.’ നബി(സ്വ) പറഞ്ഞു: ‘വേറെ ഒരു കാര്യവും ഇല്ലേ?’ ഞാന്‍ പറഞ്ഞു: ‘എനിക്കതാണാവശ്യം.’ നബി(സ്വ) പറഞ്ഞു: ‘അതിനായി നീ ധാരാളം സുജൂദുകള്‍ ചെയ്ത് കൊണ്ട് എന്നെ സഹായിക്കുക’ (മുസ്‌ലിം).

സുന്നത്ത് നമസ്‌കാരങ്ങളുടെ കാര്യത്തില്‍ പ്രവാചകന്‍(സ്വ) കണിശത പുലര്‍ത്തിയിരുന്നു. അനുചരന്മാരോട് അതിനായി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ പരിപൂര്‍ണതയില്‍ പെട്ടതാണ് ഐഛികമായ കര്‍മങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത്.

ആഇശ(റ) നിവേദനം: ”രാത്രി കാലങ്ങളില്‍ നബി(സ്വ) കാലില്‍ നീര് വരുവോളം നിന്ന് നമസ്‌കരിക്കാറുണ്ടായിരുന്നു. ആഇശ(റ) ചോദിക്കുകയുണ്ടായി: ‘അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? അല്ലാഹു താങ്കള്‍ക്ക് മുന്‍ ഞ്ഞതും വരാന്‍ പോകുന്നതുമായ കാര്യങ്ങള്‍ പൊറുത്ത് തന്നിട്ടില്ലയോ?’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഞാന്‍ നന്ദിയുള്ള അടിമയായിത്തീരേണ്ടതില്ലേ?” (ബുഖാരി, മുസ്‌ലിം).

അതിനാല്‍ നാം സുന്നത്ത് നമസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കുക. സുന്നത്ത് നമസ്‌കാരങ്ങള്‍ പല പേരുകളിലും അറിയപ്പെടുന്നു.

1. റവാതിബ് സുന്നത്ത്

അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവും നിര്‍വഹിക്കാനുള്ള നമസ്‌കാരങ്ങള്‍ക്കാണ് റവാതിബ് സുന്നത്ത് എന്ന് പറയുന്നത്. ഇത് ആകെ പന്ത്രണ്ട് റക്അത്താണ്. ചില റിപ്പോര്‍ട്ടുകളില്‍ പത്ത് റക്അത്ത് എന്നും വന്നിട്ടുണ്ട്.

ഉമ്മുഹബീബ(റ) നിവേദനം. അവര്‍ പറഞ്ഞു: ”നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: ‘ആരെങ്കിലും രാപ്പകലുകളിലായി പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കപ്പെടുന്നതാണ്.”

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം: ”മുസ്‌ലിമായ ഒരു അടിമ അല്ലാഹുവിന് വേണ്ടി ഒരു ദിവസം നിര്‍ബന്ധമല്ലാത്ത പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കാരിക്കുകയില്ല.” അല്ലെങ്കില്‍ ”അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കുന്നതാണ്’ (എന്നാണ് പറഞ്ഞത്)” (മുസ്‌ലിം).

സുബ്ഹിക്ക് മുമ്പ് രണ്ടും ദുഹ്‌റിന് മുമ്പ് നാലും ശേഷം രണ്ടും മഗ്‌രിബിന് ശേഷം രണ്ടും ഇശാഇന് ശേഷം രണ്ടും എന്നിങ്ങനെയാണ് ആ പന്ത്രണ്ട് റക്അത്തുകള്‍.

സുബ്ഹിയുടെ റവാതിബ്

ആഇശ(റ) നിവേദനം: ”നബി(സ്വ) പറഞ്ഞു: സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്ത് ഈ ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാകുന്നു” (മുസ്‌ലിം).

നബി(സ്വ) ഏറ്റവുമധികം കണിശത കാണിച്ചിരുന്ന ഒരു സുന്നത്ത് നമസ്‌കാരമായിരുന്നു ഇത്. ഇതിന്റെ പ്രാധാന്യം കാരണത്താല്‍ യാത്രയില്‍പോലും പ്രവാചകന്‍ ഇത് നമസ്‌കരിക്കുമായിരുന്നു. യാത്രയില്‍ നിര്‍ബന്ധ നമസ്‌കാരത്തിന്റെ കൂടെയുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

ദുഹ്‌റിന്റെ റവാതിബ്

ഉമ്മുഹബീബ(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: ”നബി(സ്വ) പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: ‘ആരെങ്കിലും ദുഹ്‌റിനു മുമ്പ് നാല് റക്അത്തും ശേഷം നാല് റക്അത്തും പതിവായി നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവനെ നരകത്തിന് നിഷിദ്ധമാക്കുന്നതാണ്” (അഹ്മദ്).

മഗ്‌രിബിന്റെ റവാതിബ്

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം. അദ്ദേഹം പറഞ്ഞു: ”സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്തുകളിലും മഗ്‌രിബിന് ശേഷമുള്ള രണ്ട് റക്അത്തുകളിലും റസൂല്‍(സ്വ) ‘ക്വുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍,’ ‘ക്വുല്‍ ഹുവല്ലാഹു അഹദ്’ എന്ന സൂറത്തുകള്‍ ഓതുന്നത് എനിക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര പ്രാവശ്യം പാരായണം നടത്തുന്നത് ഞാന്‍ കേട്ടിട്ടുണ്ട്” (തിര്‍മിദി).

ഇശാഇന്റെ റവാതിബ്

ആഇശ (റ) നിവേദനം. നബി(സ്വ) പറഞ്ഞു: ആഇശ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും പന്ത്രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കുന്ന കാര്യത്തില്‍ കൃത്യത കാണിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു വീട് നിര്‍മിച്ച് നല്‍കുന്നതാണ്. ദുഹ്‌റിന് മുമ്പ് നാലും ശേഷം രണ്ടും മഗ്‌രിബിന് ശേഷം രണ്ടും ഇശാഇന് ശേഷം രണ്ടും സുബ്ഹിക്കു മുമ്പ് രണ്ടും റക്അത്തുകള്‍” (തിര്‍മിദി).

മറ്റു ചില സുന്നത്തുകള്‍

അസ്വ്‌റിന് മുമ്പ് നാല് റക്അത്ത്

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം. അദ്ദേഹം പറയുന്നു: ”നബി (സ്വ) പറയുകയുണ്ടായി: ‘അസ്വ്‌റിന് മുമ്പ് ആരെങ്കിലും നാല് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവനോട് കരുണ കാണിക്കുന്നതാണ്” (അഹ്മദ്).

മഗ്‌രിബിന് മുമ്പുള്ള റണ്ട് റക്അത്ത്

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) നിവേദനം. ”നബി(സ്വ) ‘മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പ് നിങ്ങള്‍ നമസ്‌കരിക്കുവിന്‍’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞു. മൂന്നാം തവണ പറഞ്ഞു: ‘ഉദ്ദേശിക്കുന്നവര്‍” (ബുഖാരി).

അനസ്(റ) പറയുന്നു: ”ഞങ്ങള്‍ മദീനയിലായിരിക്കെ, മഗ്‌രിബിന് മുഅദ്ദിന്‍ ബാങ്ക് വിളിച്ച് കഴിഞ്ഞാല്‍ തൂണുകള്‍ക്ക് പിന്നിലേക്ക് മാറിനിന്ന് ഞങ്ങള്‍ പെട്ടെന്ന് ഈരണ്ട് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. ഏതുവരെയെന്ന് ചോദിച്ചാല്‍ അപരിചിതനായ ഒരാള്‍ ആ സമയം പള്ളിയില്‍ വന്നാല്‍ (മഗ്‌രിബ്) നമസ്‌കാരം കഴിഞ്ഞുവെന്ന് തോന്നിപ്പോകും വിധം ഒരുപാടാളുകള്‍ ഈ രണ്ട് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു” (ബുഖാരി, മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) നിവേദനം: ”നബി(സ്വ) പറഞ്ഞു: എല്ലാ രണ്ട് ബാങ്കുകള്‍ക്കിടയിലും നമസ്‌കാരമുണ്ട്. എല്ലാ രണ്ടു ബാങ്കുകള്‍ക്കിടയിലും നമസ്‌കാരമുണ്ട്. മൂന്നാം പ്രാവശ്യം പറയുകയുണ്ടായി; ഉദ്ദേശിക്കുന്നവര്‍ക്ക് എന്ന്” (ബുഖാരി).

ഇതില്‍ പറഞ്ഞ രണ്ട് ബാങ്കില്‍ ഒന്ന് നമസ്‌കാരസമയമായി എന്നറിയിക്കാന്‍ കൊടുക്കുന്ന ബാങ്കും രണ്ടാമത്തേത് നമസ്‌കാരം ആരംഭിക്കാറായി എന്നറിയിക്കാന്‍ കൊടുക്കുന്ന ഇക്വാമത്തുമാണ്.

ജുമുഅക്ക് ശേഷം നാല് റക്അത്ത്

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ”നിങ്ങളില്‍ ആരെങ്കിലും ജുമുഅ നമസ്‌കരിച്ചാല്‍ അതിന് ശേഷം നാല് റക്അത്ത് നമസ്‌കരിക്കട്ടെ” (മുസ്‌ലിം).

വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നിര്‍വഹിക്കപ്പെടുന്ന സുന്നത്ത് നമസ്‌കാരമാണിത്. ജുമുഅക്ക് വന്നവര്‍ പള്ളിയില്‍വെച്ച് കൊണ്ട് ഈ നാല് റക്അത്ത് നമസ്‌കരിക്കണം. രണ്ട് റക്അത്ത് പള്ളിയില്‍വെച്ചും ബാക്കി രണ്ട് റക്അത്ത് വീട്ടില്‍വെച്ചുമാകാം.

അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ)വില്‍ നിന്ന്: അദ്ദേഹം ജുമുഅ നമസ്‌കരിച്ചു കഴിഞ്ഞാല്‍ വീട്ടില്‍പോയി രണ്ട് റക്അത്ത് നമസ്‌കരിക്കും. പിന്നീട് പറയുകയുണ്ടായി; നബി(സ്വ) ഇപ്രകാരമാണ് ചെയ്യാറുള്ളത്.” (മുസ്‌ലിം).

തഹിയ്യത്ത് നമസ്‌കാരം

പള്ളിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ പള്ളിയോടുള്ള ആദരസൂചകമായി നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമാണ് തഹിയ്യത്തുല്‍ മസ്ജിദ് അഥവാ തഹിയ്യത്ത് നമസ്‌കാരം.

അബൂഖത്വാദ(റ)വില്‍ നിന്ന്; നബി(സ്വ) പറയുകയുണ്ടായി: ”നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് നമസ്‌കരിക്കട്ടെ” (ബുഖാരി, മുസ്‌ലിം).

”നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുന്നതുവരെ അവന്‍ ഇരിക്കരുത്” (ബുഖാരി, മുസ്‌ലിം).

ദുഹാ നമസ്‌കാരം

അബൂഹുറയ്‌റ(റ) പറയുന്നു: ”എന്റെ കൂട്ടുകാരനായ റസൂല്‍(സ്വ) മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് നല്‍കിയിരുന്നു. (അത് മരണം വരെ ഞാന്‍ ഒഴിവാക്കിയിട്ടില്ല): എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കല്‍, റണ്ട് റക്അത്ത് ദുഹാ നമസ്‌കാരം, ഉറങ്ങുന്നതിന് മുമ്പ് വിത്‌റ് നമസ്‌കരിക്കല്‍” (ബുഖാരി, മുസ്‌ലിം).

രാത്രി നമസ്‌കാരം (ക്വിയാമുല്ലൈല്‍)

എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് നിര്‍വഹിക്കുന്ന നമസ്‌കാരമാണ് രാത്രി നമസ്‌കാരം. ഏറെ ശ്രേഷ്ഠകരമാണെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിച്ച ഒരു നമസ്‌കാരം കൂടിയാണിത്.

തറാവീഹ് നമസ്‌കാരം

സാധാരണ രാത്രി ഉറങ്ങുന്നതിന് മുമ്പ് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം വിശുദ്ധ റമദാനില്‍ നിര്‍വഹിക്കുമ്പോള്‍ അതിന് തറാവീഹ് എന്ന് പറയപ്പെടുന്നു.

ആഇശ(റ) നിവേദനം: ”നബി(സ്വ)യുടെ റമദാനിലെ നമസ്‌കാരം എങ്ങനെയായിരുന്നു എന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അവര്‍ പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതന്‍(സ്വ) റമദാനിലാകട്ടെ, അല്ലാത്ത സന്ദര്‍ഭങ്ങളിലാകട്ടെ പതിനൊന്ന് റക്അത്തിനെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല” (ബുഖാരി, മുസ്‌ലിം).

തഹജ്ജുദ് നമസ്‌കാരം

രാത്രി നമസ്‌കാരം (ക്വിയാമുല്ലൈല്‍), തറാവീഹ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന നമസ്‌കാരം രാത്രി ഉറക്കില്‍ നിന്ന് എഴുന്നേറ്റ് നിര്‍വഹിക്കുമ്പോള്‍ ആ നമസ്‌കാരത്തിന് പറയപ്പെടുന്ന പേരാണ് തഹജ്ജുദ് എന്ന്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബി(സ്വ) പറയുന്നു: ”റമദാനിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം രാത്രിയിലെ നമസ്‌കാരമാണ്” (മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം; അംറുബ്‌നു അബസ(റ)വില്‍ നിന്ന്: നബി(സ്വ) പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ”രക്ഷിതാവ് അടിമയുമായി ഏറ്റവും കൂടുതല്‍ അടുക്കുന്ന സമയം രാത്രിയുടെ അവസാന യാമത്തിലാകുന്നു. ആയതിനാല്‍ ആ സമയം അല്ലാഹുവിനെ ഓര്‍ക്കുന്നവരില്‍ ഉള്‍പ്പെടാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ നീ അപ്രകാരം ചെയ്യുക” (തിര്‍മിദി).

വിത്ര്‍ നമസ്‌കാരം

അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ”വിത്ര്‍ നമസ്‌കാരം ഓരോ മുസ്‌ലിമിന്റെയും അവകാശവും ബാധ്യതയുമാണ്. മൂന്ന് റക്അത്ത് നമസ്‌കരിച്ച് വിത്‌റാക്കാന്‍ ആരെങ്കിലും ഉദ്ദേശിച്ചാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ. ഒരു റക്അത്ത് നമസ്‌കരിച്ച് വിത്‌റാക്കാന്‍ ആരെങ്കിലും ഉദ്ദേശിച്ചാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ” (അബൂദാവൂദ്).

അലിയ്യിബ്‌നു അബീത്വാലിബ്(റ) നിവേദനം: ”നബി(സ്വ) വിത്ര്‍ നമസ്‌കരിച്ചു. തുടര്‍ന്ന് പറയുകയുണ്ടായി: ഓ, ക്വുര്‍ആനിന്റെ ആളുകളേ, നിങ്ങള്‍ വിതര്‍ നമസ്‌കരിക്കുക. കാരണം, തീര്‍ച്ചയായും അല്ലാഹു ഒരുവനാണ്. അവന്‍ ഒറ്റയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു” (നസാഇ).

വുദൂഇന് ശേഷം രണ്ട് റക്അത്ത്

അബൂഹുറയ്‌റ(റ) നിവേദനം: ”നബി(സ്വ) സുബ്ഹ് നമസ്‌കാരശേഷം ബിലാല്‍(റ)വിനെ വിളിച്ച് കൊണ്ട് പറയുകയുണ്ടായി: ‘ഓ, ബിലാല്‍, താങ്കള്‍ ഇസ്‌ലാമില്‍ പ്രവര്‍ത്തിച്ച ഏറ്റവും നല്ല പ്രവര്‍ത്തനത്തെ സംബന്ധിച്ച് എന്നോട് പറഞ്ഞ് തന്നാലും. കാരണം, സ്വര്‍ഗത്തില്‍ എന്റെ മുന്നില്‍ താങ്കളുടെ ചെരുപ്പിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുകയുണ്ടായി.’ ബിലാല്‍(റ) പറഞ്ഞു: ‘ഞാന്‍ രാത്രിയിലോ പകലിലോ ഏത് സമയം വുദൂഅ് ചെയ്താലും അതിനായി എനിക്ക് നിര്‍ദേശിക്കപ്പെട്ട രണ്ട് റക്അത്ത് ആ വുദൂഅ് ഞാന്‍ നമസ്‌കരിക്കും. അതല്ലാതെ മറ്റൊരു കര്‍മവും (പ്രത്യേകമായി) അതിന് ഞാന്‍ പ്രവര്‍ത്തിക്കുന്നില്ല” (ബുഖാരി, മുസ്‌ലിം).

ദൂരയാത്ര കഴിഞ്ഞ് വന്നാലുള്ള രണ്ട് റക്അത്ത്

ദൂരയാത്ര കഴിഞ്ഞ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാല്‍ അവിടെയുള്ള പള്ളിയില്‍ ചെന്ന് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ചശേഷം വീട്ടിലേക്ക് പോകാന്‍ നബി(സ്വ) പഠിപ്പിച്ചു.

ജാബിര്‍(റ) നിവേദനം. അദ്ദേഹം പറഞ്ഞു: ”നബി (സ്വ) എന്നില്‍ നിന്ന് ഒരു ഒട്ടകത്തെ വാങ്ങുകയുണ്ടായി. അങ്ങനെ ഞാന്‍ മദീനയിലേക്ക് പ്രവേശിച്ചപ്പോള്‍ എന്നോട് പള്ളിയില്‍ വന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കുവാന്‍ കല്‍പിച്ചു” (ബുഖാരി, മുസ്‌ലിം).

നന്മയെ ചോദിച്ചുകൊണ്ടുള്ള സുന്നത്ത് നമസ്‌കാരം

ജീവിതത്തിലെ സാഹചര്യങ്ങള്‍ നമ്മെക്കൊണ്ട് പലകാര്യങ്ങളും ചെയ്യിപ്പിക്കാറുണ്ട്. പലകാര്യങ്ങളും ചെയ്യാന്‍ നാം നിര്‍ബന്ധിതരാകാറുണ്ട്. ചിലത് നല്ലകാര്യങ്ങള്‍ക്കുള്ള തുടക്കങ്ങളുമാകാം. ഏത് നിലപാട് സ്വീകരിക്കുന്നതാണ് ഗുണകരം എന്നറിയാത്ത അവസ്ഥയുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍(സ്വ) പഠിപ്പിച്ച ഒരു സല്‍കര്‍മമാണ് നന്മയെ തേടിക്കൊണ്ടുള്ള നമസ്‌കാരം. ഇതിലെ പ്രാര്‍ഥന സ്വഹാബത്ത് ക്വുര്‍ആന്‍ മനഃപാഠമാക്കുന്നതുപോലെ പഠിക്കുമായിരുന്നു.

‘ജാബിറുബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: ”നബി(സ്വ) ക്വുര്‍ആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ സര്‍വ കാര്യങ്ങളിലും ഇസ്തിഖാറത്ത് ചെയ്യേണ്ടത് ഞങ്ങളെ പഠിപ്പിച്ചിരുന്നു. നബി(സ്വ) പറഞ്ഞു: ‘ഒരു കാര്യം ചെയ്യുന്നതിനെ കുറിച്ച് തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്താല്‍ ഉത്തമമായ മാര്‍ഗം പടച്ചവന്‍ കാണിച്ചുതരും.”

”അല്ലാഹുവേ, നിന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ നിന്നോട് ഉത്തമമേതെന്ന് ഞാന്‍ ചോദിക്കുന്നു. നിന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍ നിന്നോട് ഞാന്‍ കഴിവിനെ ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തില്‍ നിന്ന് ഞാന്‍ ചോദിക്കുകയും ചെയ്യുന്നു. കാരണം, നീ കഴിവുള്ളവനും ഞാന്‍ കഴിവില്ലാത്തവനുമാണ്. നീ എല്ലാം അറിയുന്നു. ഞാന്‍ അറിയുന്നുമില്ല. നീയാകട്ടെ എല്ലാ പരമ രഹസ്യങ്ങളും നല്ലപോലെ അറിയുന്നവനുമാണ്. അല്ലാഹുവേ (ഇവിടെ കാര്യമെന്തെന്ന് പറയുക) എനിക്ക് എന്റെ മതത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും -അഥവാ എന്റെ വര്‍ത്തമാനത്തിലും ഭാവിയിലും- ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കില്‍ അതെനിക്ക് വിധിക്കുകയും എനിക്കത് എളുപ്പമാക്കിത്തരികയും പിന്നീട് എനിക്കതില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഈ കാര്യം എന്റെ മതത്തിലും എന്റെ ഐഹിക കാര്യത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ എന്നെ അതില്‍ നിന്നും അതിനെ എന്നില്‍ നിന്നും തിരിച്ചു കളയേണമേ. നന്മ എവിടെയാണോ അതെനിക്ക് വിധിക്കുകയും എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ” (ബുഖാരി).

അല്ലാഹു സല്‍കര്‍മങ്ങള്‍ ധാരാളം ചെയ്യുവാനും അത് ജീവിതത്തില്‍ നിലനിര്‍ത്തുവാനും നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

 

ദുല്‍ക്കര്‍ഷാന്‍.എ
നേർപഥം വാരിക

ഹജ്ജ് നല്‍കുന്ന തൗഹീദിന്റെ സന്ദേശം

ഹജ്ജ് നല്‍കുന്ന തൗഹീദിന്റെ സന്ദേശം

ഇസ്‌ലാം കാര്യങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണല്ലൊ ഹജ്ജ്. ശരീരവും മനസ്സും സമ്പത്തും സമയവും ത്യാഗവും എല്ലാം ഒത്ത് ചേരുന്ന ഹജ്ജിനോളം ഗൗരവമേറിയ മറ്റൊരു ആരാധന ഒരു പക്ഷേ, നമുക്ക് കണ്ടെത്താനാവുകയുമില്ല. ജീവിതത്തില്‍ അധികമാളുകള്‍ക്കും അത് നിര്‍വഹിക്കാന്‍ അവസരം ലഭിക്കാറില്ലെന്നതുപോലെത്തന്നെ നിര്‍വഹിക്കുന്നവരില്‍ അധികമാളുകളും അതിന്റെ ലക്ഷ്യം കൈവരിക്കാതെ പോകുന്നു എന്നതും വാസ്തവമാണ്!

മഹാനായ മുജാഹിദ്(റ) ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിന്റെ അടുത്ത് വെച്ച് ഇപ്രകാരം പറഞ്ഞു: ‘എത്രമാത്രം ഹാജിമാരാണ് ഇപ്രാവശ്യം എത്തിയിട്ടുള്ളത്!’ അന്നേരം ഇബ്‌നു ഉമര്‍(റ) പറഞ്ഞു. എത്രയെത്ര യാത്രാ സംഘങ്ങളാണ് ഇപ്രാവശ്യം എന്ന് പറഞ്ഞാല്‍ മതി’ (മുസ്വന്നഫ് അബ്ദുര്‍റസാക്വ്). 

സ്വഹാബത്തിന്റെ കാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ, മേല്‍ പറയപ്പെട്ട വാക്ക് പറയേണ്ടതായി വന്നിട്ടുണ്ടെങ്കില്‍ ഇന്നത്തെ അവസ്ഥസ്ഥപറയേണ്ടതുണ്ടോ?

അതിനാല്‍ ഹജ്ജിന്റെ ആത്മാവ് എന്താണെന്ന് കൃത്യമായി നാം അറിയേണ്ടതുണ്ട്. അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹജ്ജ് ശഹാദത്ത് കലിമയുടെ പ്രഖ്യാപനമാണ് എന്നതാണ്. അല്ലാഹു, അവനല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്നും അതിനാല്‍ ആരാധനയുടെ ഏതൊക്കെ വശങ്ങളുണ്ടോ അവയൊക്കെയും അല്ലാഹുവിന് വേണ്ടി മാത്രമെ എന്നില്‍ നിന്നും ഉണ്ടായിത്തീരുകയുള്ളൂ എന്നും ജീവിതം കൊണ്ട് തെളിയിക്കലാണത്. അതുപോലെ ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ, മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ റസൂലാണ് എന്നതും തന്റെ ജീവിതം കൊണ്ട് പ്രഖ്യാപിക്കലാണ് അതില്‍ അടങ്ങിയിട്ടുള്ളത്.

ഹജ്ജും തൗഹീദും

നബി(സ്വ) ഒരു ഹജ്ജ് മാത്രമാണ് നിര്‍വഹിച്ചിട്ടുള്ളത്. പ്രസ്തുത ഹജ്ജിനെ സംബന്ധിച്ച് പറയുന്നിടത്ത് സ്വഹാബികള്‍ വിവരിക്കുന്നതില്‍ ഇപ്രകാരം നമുക്ക് കാണാന്‍ കഴിയും. ജാബിര്‍(റ) പറയുന്നു:

”നബി(സ്വ) തൗഹീദിന്റെ പ്രഖ്യാപനം നടത്തി”(മുസ്‌ലിം).

ഹജ്ജ് പൂര്‍ണമായും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യംവെച്ചായിരിക്കണം എന്നത് നബി(സ്വ)യുടെ ഹജ്ജിനെക്കുറിച്ച് പഠിക്കുമ്പോള്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാനാകും.

നബി(സ്വ) ഹജ്ജിലേക്ക് പ്രവേശിച്ചപ്പോള്‍ ഇപ്രകാരം പ്രാര്‍ഥിക്കുകയുണ്ടായി:

”അല്ലാഹുവേ, ലോകമാന്യതക്കും പ്രശസ്തിക്കുമുള്ള ഒരു ഹജ്ജാക്കാക്കി ഇതിനെ മാറ്റരുതേ” (ബുഖാരി).

തല്‍ബിയത്

”ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത ലക വല്‍ മുല്‍ക് ലാശരീക ലക്’ (അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല).

തൗഹീദിന്റെ പ്രഖ്യാപനവും വിളംബരവുമാണ് നാമിതില്‍ ദര്‍ശിക്കുന്നത്. 

കഅ്ബ

ഹജ്ജിന്റെ കര്‍മങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒരു സ്ഥാനമാണ് കഅ്ബക്കുള്ളത്. അല്ലാഹു പറയുന്നത് കാണുക:

”തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു)” (ആലു ഇംറാന്‍: 96). 

കഅ്ബയോടടുക്കുന്ന ഒരു ഹാജിയുടെ മനസ്സിലുണ്ടാകേണ്ടത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി ആദ്യം നിര്‍മിക്കപ്പെട്ട ഒരു ഭവനത്തിനടുത്താണ് ഞാനുള്ളത് എന്നതാണ്.  

സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഒരിക്കലും ബഹുദൈവ വിശ്വാസം കടന്നുവരാന്‍ പാടില്ല. ഏകനായ അല്ലാഹു മാത്രം ആരാധിക്കപ്പെടുന്ന ഭവനമായി കഅ്ബ സംരക്ഷിക്കപ്പെടണം. ഇബ്‌റാഹീം നബിൗക്ക് അല്ലാഹു അതിനുള്ള സ്ഥാനം നിര്‍ണയിച്ചു കൊടുത്തു.

”ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു)” (അല്‍ഹജ്ജ്: 26).

ത്വവാഫ് 

ഹജ്ജിന്റെയും ഉംറയുടെയും റുക്‌നുകളില്‍ പെട്ടതാണ് കഅ്ബ ത്വവാഫ് ചെയ്യല്‍. 

തൗഹീദിന് നിരക്കാത്തതൊന്നും കഅ്ബയുടെ അടുത്ത് വെച്ചും ത്വവാഫിനിടയിലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ത്വവാഫ് ആരംഭിക്കുന്നത് ‘അല്ലാഹു അക്ബര്‍’ എന്ന പ്രഖ്യാപനത്തോടെ ആയിരിക്കണം. ഹജറുല്‍ അസ്‌വദിന് അടുത്തുനിന്ന് അത് ആരംഭിക്കുവാന്‍ സാധിക്കുമെങ്കില്‍ അതിനെ ചുംബിച്ച് കൊണ്ട,് അതിന് കഴിഞ്ഞില്ലെങ്കില്‍ വലതു കൈ കൊണ്ട് അതിനെ തൊട്ട് കൈ മുത്തിക്കൊണ്ട,് അതിനും കഴിഞ്ഞില്ലെങ്കില്‍ വലതു കൈ മാത്രം ഉയര്‍ത്തി അതിനു നേരെ അഭിവാദ്യം ചെയ്തുകൊണ്ടായിരിക്കണം തുടക്കം. പ്രസ്തുത സന്ദര്‍ത്തില്‍ തൗഹീദിന്റെ ആദര്‍ശം കൈമോശം വന്നു പോകുന്നത് പ്രത്യേകം ശ്രദ്ധിക്കണം. മഹാനായ ഉമര്‍(റ) കഅ്ബ ത്വവാഫ് ചെയ്യുന്ന സമയം ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്:

”കല്ലേ, നീ ഒരു കല്ല് മാത്രമാണ.് എനിക്ക് ഉപകാരം ചെയ്തു തരാനോ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനോ നിനക്ക് ആകില്ല. നബി (സ്വ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല” (ബുഖാരി).

അല്ലാഹുവിന്റെ ഭൂമിയിലെ ഏറ്റവും പവിത്രമായ സ്ഥലം മക്ക. മക്കയിലെ അനുഗൃഹീത സ്ഥലം  ഹറം. ഹറമിലെ വിശുദ്ധമായ കഅ്ബ. കഅ്ബയിലെ, സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവരപ്പെട്ട കല്ലായ ഹജറുല്‍ അസ്‌വദ്. ശ്രദ്ധിച്ചില്ലെങ്കില്‍ ആദരവ് ആരാധനക്ക് വഴിമാറാന്‍ സാധ്യതയുണ്ട്. ഉപകാരം ചെയ്യുന്നവനും ഉപദ്രവങ്ങള്‍ നീക്കുന്നവനും അല്ലാഹു മാത്രമാണെന്ന ചിന്ത അവിടെവെച്ച് ഒരു വിശ്വാസിയില്‍ നിന്നും നഷ്ടപ്പെട്ടുകൂടാ. 

ത്വവാഫിന്റെ പൂര്‍ണത ത്വവാഫിനുശേഷം മ ക്വാമു ഇബ്‌റാഹീമിന്റെ പുറകിലായി രണ്ട് റക്അത്ത് നമസ്‌കാരം കൂടി നിര്‍വഹിക്കുന്നതോടു കൂടിയാണ് കൈവരിക്കപ്പെടുന്നത്. ജനബാഹുല്യത്താല്‍ അവിടെ വെച്ചു തന്നെ നമസ്‌കരിക്കാന്‍ കഴിയണമെന്നില്ല. ഹറമില്‍ സൗകര്യപ്പെടുന്നിടത്ത് അത് നിര്‍വഹിച്ചാല്‍ മതി. 

പ്രസ്തുത നമസ്‌കാരത്തില്‍ ഒന്നാം റക്അത്തില്‍ ഫാതിഹക്ക് ശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്യേണ്ടതുണ്ട്. രണ്ടും കൃത്യമായും തൗഹീദിനെ വ്യക്തമാക്കുന്ന അധ്യായങ്ങള്‍! 

മക്വാമു ഇബ്‌റാഹീം

അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനായി നിര്‍മിക്കപ്പെട്ട കഅബയുടെ പുനര്‍നിര്‍മാണ സമയത്ത് ഇബ്‌റാഹീം നബിൗ കയറി നിന്ന് പടുക്കാന്‍ ഉയരത്തിനായി ഉപയോഗിച്ച കല്ലാണ് അതെന്ന് പറയപ്പെടുന്നു. അതിന്റെയും ചരിത്രം തൗഹീദിന്റെ ഭാഗം തന്നെ. 

സ്വഫായും മര്‍വയും

ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ അവ രണ്ടിന്റെയും അവിഭാജ്യ ഘടകമായി അനു ഷ്ഠിക്കേണ്ടതാണ് സഅ്‌യ്. 

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വജ്ഞനുമാകുന്നു” (അല്‍ബക്വറ: 158).

‘ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് നടത്തുന്നതില്‍ കുറ്റമില്ല’ എന്ന് പറയാന്‍ പ്രത്യേക കാരണമുണ്ട്:

 ജാഹിലിയ്യ കാലത്ത് സ്വഫായില്‍ ‘ഇസാഫ്’ എന്നും മര്‍വയില്‍ ‘നാഇല’ എന്നും പേരുള്ള വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിഗ്രഹാരാധനയുടെ അപകടം മനസ്സിലാക്കിയ വിശ്വാസികള്‍ അവിടെ സഅ്‌യ് ചെയ്യുമ്പോള്‍ അത് അവരുടെ മനസ്സില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികം. അതുകൊണ്ട് നിങ്ങള്‍ വിഷമിക്കേണ്ടതില്ല; അവിടെ സഅ്‌യ് നടത്തുന്നത് കുറ്റകരമായ പ്രവര്‍ത്തനമല്ല എന്ന് അല്ലാഹു അവരെ ആശ്വസിപ്പിക്കുകയാണ്. പണ്ട് വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന സ്ഥലമാണെങ്കിലും ഇന്ന് ഞങ്ങളുടെ പ്രഖ്യാപനം ശിര്‍ക്കിനെതിരിലുള്ള തൗഹീദിന്റെ പ്രഖ്യാപനമാണ് എന്ന് ഹജ്ജും ഉംറയും നിര്‍വഹിക്കുന്നര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു:

”അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. അവ ന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. സ്തുതിയും അധികാരവും അവനു തന്നെ. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രെ. അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന്‍ തന്റെ വാഗ്ദത്തം പൂര്‍ത്തീകരിച്ചു. തന്റെ ദാസനെ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി”’

എവിടെയും തൗഹീദിന്റെ വിളംബരം!

അറഫ

ദുല്‍ഹജജ് ഒമ്പതിന് ഉച്ച മുതല്‍ അസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്നു. അവിടെയും അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനകള്‍. 

”അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. എല്ലാ സ്തുതി കളും ആധിപത്യവും അവനുതന്നെ. അവന്‍ എല്ലാറ്റിനും കഴിവുള്ളവനുമാണ്.”

മുസ്ദലിഫ

ദുല്‍ഹജ്ജ് ഒമ്പത് അസ്തമിച്ച, പത്തിന്റെ രാവില്‍ മുസ്ദലിഫയില്‍ രാപ്പാര്‍ക്കണം. അതിന് ശേഷം പത്തിന്റെ പ്രഭാതത്തില്‍ (സൂര്യോദയത്തിന് മുമ്പ്) മിനായിലേക്ക് പോകണം 

ജാഹിലിയ്യ കാലത്ത് മുസ്ദലിഫയിലെ ഥബീര്‍ പര്‍വത നിരകളിലേക്ക് നോക്കി ‘അല്ലയോ ഥബീര്‍ പര്‍വതമേ, സൂര്യനെ ഞങ്ങളിലേക്ക് ഉദിപ്പിക്കൂ’ എന്ന് പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ അത്തരം ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ക്ക് അവസരം കൊടുക്കാതെ സൂര്യോദയത്തിനു മുമ്പ് തന്നെ മുസ്ദലിഫയില്‍ നിന്നും പോകാന്‍ മുസ്‌ലിംകള്‍ കല്‍പിക്കപ്പെട്ടു. 

ബലിയറുക്കല്‍

ഹജ്ജിന്റെ കര്‍മങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബലിയറുക്കല്‍. അതാകട്ടെ അല്ലാഹുവിനുവേണ്ടി മാത്രമാകണം എന്നതാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്.

”നീ നിന്റെ റബ്ബിനുവേണ്ടി നമസ്‌കരിക്കുകയും ബലിയറുക്കുകയും ചെയ്യുക” (സൂറ: അല്‍കൗഥര്‍).

ജംറകളില്‍ കല്ലെറിയല്‍

അല്ലാഹു തന്നോടു കല്‍പിച്ച ആരാധനയുടെ ഭാഗമായാണ് താനിതു നിര്‍വഹിക്കുന്നത് എന്ന മനസ്സോടെ കടലമണിയോളം വലുപ്പമുള്ള ഏഴു കല്ലുകള്‍ കൊണ്ട് ഏഴു പ്രാവശ്യമാണ് ഓരോ ജംറകളിലും എറിയേണ്ടത്.

‘അല്ലാഹു അക്ബര്‍’ എന്ന് തൗഹീദിന്റെ വാക്യം ഉച്ചരിച്ചാണ് എറിയേണ്ടത്.

എല്ലാം അല്ലാഹുവിന്

ഹജ്ജിന്റെ കര്‍മങ്ങള്‍- ഇഹ്‌റാമില്‍ പ്രവേശിച്ച് തല്‍ബിയത്ത് ചൊല്ലല്‍ മുതല്‍ ത്വവാഫുല്‍ വിദാഅ് വരെയുള്ള എല്ലാ കര്‍മങ്ങളും തൗഹീദ് (ഏകദൈവവിശ്വാസം) മനസ്സിലും ജീവിതത്തിലും ഊട്ടിയുറപ്പിക്കാനാണ് നമ്മെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. ‘അല്ലാഹുവേ,  പങ്കുകാരില്ലാത്ത ഏകനായ റബ്ബേ’ എന്ന് ദിവസങ്ങളോളം രാപ്പകല്‍ വ്യത്യാസമില്ലാതെ ഉറക്കെ വിളിച്ച ഒരു ഹാജിക്ക് എങ്ങനെ അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാനും സങ്കടമുണര്‍ത്തി സഹായമര്‍ഥിക്കാനും സാധിക്കും? ഇല്ല, അതൊരിക്കലും ഉുണ്ടായിക്കൂടാ. തൗഹീദിന്നു വേണ്ടി ജീവിച്ച്, ആമാര്‍ഗത്തില്‍ നിരവധി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച്, സാക്ഷാല്‍ അഗ്‌നി പരീക്ഷണത്തിനു വിധേയനായ ഇബ്‌റാഹീം നബി(സ്വ)യുടെയും കുടംബത്തിന്റെയും ജീവിത മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച് അല്ലാഹുവോടല്ലാതെ പ്രാര്‍ഥിക്കുകയും നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന, ഇസ്‌ലാമിന്റെതല്ലാത്ത മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അവന് ഹജ്ജ് എന്തെന്ന് മനസ്സിലാക്കിയിട്ടില്ല. ഇബ്‌റാഹീം നബിയുടെ പ്രഖ്യാപനം നമുക്ക് ക്വുര്‍ആന്‍ പറഞ്ഞു തരുന്നത് കാണുക:

”നിങ്ങള്‍ക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്‌റാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:  ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്” (അല്‍മുംതഹിന: 4).

ഈ ആദര്‍ശം ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. എങ്കില്‍ മാത്രമെ നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയുള്ളൂ; അങ്ങനെ നമുക്കതിലൂടെ സ്വര്‍ഗം നേടുവാന്‍ സാധിക്കുകയുള്ളൂ.

പ്രതീക്ഷയും അര്‍പ്പണവും

വിജനമായ മരുഭൂമിയില്‍ പിഞ്ചു പൈതലിനെയും തന്നെയും തനിച്ചാക്കിക്കൊണ്ട് തിരിച്ചുപോകുന്ന ഭര്‍ത്താവിനോട് ‘ഇത് അല്ലാഹുവിന്റെ കല്‍പനപ്രകാരമാണെങ്കില്‍ അവന്‍ ഞങ്ങളെ കയ്യൊഴിക്കുകയില്ല’ എന്നു പറഞ്ഞ ഹാജറാബീവിയുടെ വിശ്വാസത്തിന്റെ കരുത്ത് അതുല്യമാണ്. അല്ലാഹു കൈവിട്ടില്ല. മരുഭൂമിയില്‍ നീരുറവ (സംസം) നല്‍കി അല്ലാഹു അവരെ സഹായിച്ചു. ഇതെല്ലാം നടന്ന സ്ഥലങ്ങള്‍ നേരില്‍ കാണുകയും അയവിറക്കുകയും അവരുടെ അന്നത്തെ പരിശ്രമം സഅ്‌യിലൂടെ ഓര്‍മിക്കുകയും ചെയ്യുന്ന ഹാജിയുടെ മനസ്സില്‍, തന്റെ ജീവിതവും അല്ലാഹുവിന്നര്‍പ്പിച്ച് അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കാനുള്ള പ്രതിജ്ഞ പുതുക്കലായിരിക്കണം. അതെ, അല്ലാഹുവിന്റെ വാഗ്ദാനം അതെത്ര സത്യം!

”ആര്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നുവോ അവര്‍ക്കവന്‍ മാര്‍ഗം കാണിച്ചു കൊടുക്കുകയും അവന്‍ വിചാരിക്കാത്ത വഴിയിലൂടെ ഉപജീവനം നല്‍കുകയും ചെയ്യും. ആര്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നുവോ അവന് അല്ലാഹു മതി, തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. (65:2,3)

അല്ലാഹു മഖ്ബൂലും മബ്‌റൂറുമായ (സ്വീകാര്യവും പുണ്യകരവുമായ) നിലയില്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുവാനും അതിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കുവാനും മുഴുവന്‍ സഹോദരങ്ങള്‍ക്കും തൗഫീഖ് നല്‍കട്ടെ. തങ്ങളുടെ മാതാക്കള്‍ തങ്ങളെ പ്രസവിച്ച ദിവസത്തിലേതു പോലെ പാപമുക്തരായി തിരിച്ചുവരാനും, പ്രതിഫലമായി സ്വര്‍ഗം കരഗമാക്കുവാനും ഹജ്ജ് ചെയ്യുന്ന മുഴുവന്‍ സഹോദരങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ.(ആമീന്‍).

 

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
നേർപഥം വാരിക