സുന്നിവിഭാഗത്തിന്റെ പരിഭാഷകള്‍

സുന്നിവിഭാഗത്തിന്റെ പരിഭാഷകള്‍

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 7)

കേരളക്കരയില്‍ സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഭാഗം ആദര്‍ശപരമായി വഴിതെറ്റിയ സ്വൂഫിസത്തോട് അടുത്ത് നില്‍ക്കുന്നവരാണ്. പണ്ട് മുതലേ അവരിലെ മിക്ക പണ്ഡിതരും ഏത് രീതിയിലും ഭാഷയിലും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിന് എതിരുനിന്നവരാണ്. ക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിനെതിരില്‍ സമൂഹത്തിന്ന് മുന്നറിയിപ്പ് നല്‍കുകയും ‘തഹ്ദീറുല്‍ ഇഖ്‌വാന്‍ മിന്‍ തര്‍ജമത്തില്‍ ക്വുര്‍ആന്‍’ പോലുള്ള ഗ്രന്ഥരചന നടത്തുകയും ചെയ്ത ചിലര്‍ അവരിലുണ്ട്. പ്രസ്തുത ഗ്രന്ഥകര്‍ത്താവ് വായനക്കാര്‍ക്ക് തന്റെ പിഴച്ച വാദങ്ങള്‍ സംക്ഷിപ്തമായി നല്‍കിയത് ഇപ്രകാരം ഗ്രഹിക്കാം: ”ക്വുര്‍ആനില്‍നിന്ന് ഒരു ആയത്തിന്റെയും അര്‍ഥം പഠിക്കല്‍ പൊതുജനങ്ങള്‍ക്ക് നിര്‍ബന്ധമില്ല. ഓതല്‍ നിര്‍ബന്ധമായത് ഫാതിഹ മാത്രമാണ്. അതും അര്‍ഥം പഠിക്കല്‍ നിര്‍ബന്ധമില്ല. പ്രത്യേക സുന്നത്തുമില്ല.” 

സുന്നികളില്‍ തന്നെയുള്ള കെ.വി.മുഹമ്മദ് മുസ്‌ലിയാരുടെ വിശുദ്ധക്വുര്‍ആന്‍ പരിഭാഷക്ക് എതിരായിട്ടാണ് പ്രസ്തുത ഗ്രന്ഥം പുറത്തിറങ്ങിയത്. (കെ. വിയുടെ പരിഭാഷയെക്കുറിച്ച് പിന്നീട് നാം സംസാരിക്കുന്നുണ്ട്). കെ.വി.മുഹമ്മദ് മുസ്‌ലിയാര്‍ പരിഭാഷ നിര്‍വഹിക്കാമെന്ന് സ്ഥാപിക്കുന്നത് ഇപ്രകാരമാണ്: ‘പണ്ഡിതന്മാര്‍ ക്വുര്‍ആന്‍ വ്യാഖ്യാനിക്കുകയും അവരുടെ ദര്‍സുകളിലും വഅ്‌ളുകളിലും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അതിന്റെ ആശയങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിരിക്കെ പ്രസ്തുത പരിഭാഷകള്‍ ഗ്രന്ഥങ്ങളില്‍ എഴുതുകയും ജനങ്ങള്‍ക്ക് ഉപകാരപ്പെടുമാറ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന് എന്താണ് തടസ്സം?’  

തഹ്ദീറുല്‍ ഇഖ്‌വാനിന്റെ രചയിതാവ് ഇ. കെ. അദ്ദേഹത്തിന് മറുപടി പറയുന്നു: ‘വരമൊഴി (എഴുത്ത്) അങ്ങനെയല്ല. അത് സ്ഥിരപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്നു. അപ്പോള്‍ പരിഭാഷയെഴുതിയാല്‍ ആ തെറ്റ് സ്ഥിരപ്പെടുന്നു എന്നതിനാലും അത് പ്രചരിക്കുന്നു എന്നതിനാലും എതിര്‍ക്കുന്നു. വാമൊഴി (സംസാരം) അങ്ങനെയല്ല. അത് എതിര്‍ത്തില്ലെങ്കിലും ഉടന്‍ തേഞ്ഞുമാഞ്ഞ്‌പോകും. മാത്രമോ, എതിര്‍ക്കാന്‍ കഴിവുള്ളവര്‍ കേട്ടില്ലെന്നും വരാം. എതിര്‍ത്താല്‍ തന്നെ നിഷേധിക്കുകയും ചെയ്യാം. ഈ കാര്യം മനസ്സിലാക്കാന്‍ കഴിയാത്തതിനാലാണ് എന്തുകൊണ്ട് എഴുതിക്കൂടായെന്ന് കെ.വി.ചോദിക്കുന്നത്. പറയുന്നതിനെ എതിര്‍ക്കാത്തവര്‍ എഴുത്ത് എതിര്‍ക്കുന്നത് എന്ത് എന്ന ചോദ്യം വിഡ്ഢിത്തമല്ലേ?’

ഇക്കുട്ടര്‍ വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകള്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും, വിശിഷ്യാ തൗഹീദീ പ്രബോധകരായ സലഫികളില്‍ നിന്നും ഇറങ്ങുന്നത് കണ്ടപ്പോള്‍, തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റാനുംമുമ്പൊരിക്കലും മറ്റൊരു ഗ്രന്ഥകാരനോ പരിഭാഷകനോ ചെയ്യാത്ത തീവ്രമായ വ്യതിയാനങ്ങള്‍ പരിഭാഷയായി പ്രസിദ്ധീകരിക്കാനും തുടങ്ങി. അവ പിന്നീട് നാം വിശദീകരിക്കുന്നുണ്ട്.

സുന്നികളില്‍ തന്നെയുള്ള, തര്‍ജമയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പരിഭാഷകള്‍ തയ്യാറാക്കിത്തുടങ്ങി. ഇസ്‌ലാമിന് അന്യമായതും സലഫുസ്സ്വാലിഹുകള്‍ പറയാത്തതുമായ പുതിയതും വിചിത്രവുമായ വാദമുഖങ്ങള്‍ അവര്‍ കൊണ്ടുവന്നു. പ്രമാണങ്ങള്‍ അവര്‍ മാറ്റിമറിക്കുകയും വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങളില്‍ തെളിവന്വേഷിക്കുന്നതില്‍ സന്ദേഹങ്ങള്‍ ഇളക്കിവിടുകയും ചെയ്തു. വഹ്ദതുശ്ശുഹൂദ്, (ജഗത്തായ ജഗത്തിലെല്ലാം അല്ലാഹു ഉണ്ട്), കശ്ഫ്(വെളിപാട്), ക്വുത്വുബ്(അച്ചുതണ്ട്), ഗൗഥ്(സഹായി) തുടങ്ങിയ, സ്വൂഫികള്‍ വ്യാജമായി നിര്‍മിച്ചതും അപകടകരവുമായ ചിന്തകള്‍ സുന്നികള്‍ക്കിടയിലും അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തുതുടങ്ങി. ഇവിടെയാണ് സുന്നികളിലും സ്വൂഫികളിലും വലിയ സാദൃശ്യത നാം ദര്‍ശിക്കുന്നത്. കാരണം ഈ രണ്ട് കൂട്ടരും അല്ലാഹു അല്ലാത്തവരോട് സഹായാര്‍ഥന നടത്തലും അല്ലാഹുവിലേക്ക് ഔലിയാക്കളെയോ സ്വാലിഹുകളെയോ തവസ്സുലാക്കലും അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയാക്കലും അറുക്കലും പ്രശ്‌നലേശമന്യെ അനുവദനീയമായി കാണുന്നവരാണ്. ഖേദകരമെന്ന് പറയട്ടെ, ഭൂരിപക്ഷ മുസ്‌ലിംകളും സത്യദീനിലും വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലുമുള്ള അജ്ഞത നിമിത്തം ഇത്തരക്കാരുടെ വാദഗതികളാല്‍ വഞ്ചിതരായി. അല്ലാഹുവേ നിന്റെ കാവല്‍! 

സുന്നി വിഭാഗത്തിന്റെ പരിഭാഷകള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍:

കെ.വി. മുഹമ്മദ് മുസ്‌ലിയാരുടെ പരിഭാഷ 

 

‘ഫത്ഹുര്‍റ്വഹ്മാന്‍ ഫീ തഫ്‌സീറില്‍ ക്വുര്‍ആന്‍’ എന്നാണ് കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടിന്റെ പരിഭാഷയുടെ പേര്. 1972-1980 കാലയളവില്‍ നാല് വാള്യങ്ങളിലായാണ് കൂറ്റനാട് തന്റെ പരിഭാഷ പൂര്‍ത്തീകരിച്ചത്. മലയാളക്കരയില്‍ സുന്നികളുടെ പ്രഥമ പരിഭാഷയായിട്ടാണ് ഇത് എണ്ണപ്പെടുന്നത്. പരിഭാഷയുടെ വണ്ണവും വലിപ്പവും അത് കേവലം ഒരു പരിഭാഷ മാത്രമല്ല, പ്രത്യുത വിവരണം കൂടിയാണെന്ന് വിളിച്ചറിയിക്കുന്നു. 

കെ.വി തന്റെ വിശദീകരണത്തിലും അടിക്കുറിപ്പുകളിലും ബിദ്ഈ ചിന്തകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചതായി കാണാം. അതോടൊപ്പം അടിക്കുറിപ്പുകളില്‍ വിഷലിപ്തമായ തന്റെ വ്യതിചലിച്ച ചിന്തകളിലേക്ക് സൂചനകള്‍ നല്‍കുന്നതും കാണാം. ഉദാഹരണമായി സൂറഃ അല്‍ഫാത്വിറിലെ 14-ാം വചനം:

”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.” 

പരിഭാഷകന്‍ പറയുന്നു: ”മുസ്‌ലിമീങ്ങള്‍ മഹാന്മാരോട് സഹായത്തിന് അപേക്ഷിക്കുന്നത് അവര്‍ക്ക് ഇബാദത്ത് ചെയ്യല്‍ അല്ല. കാരണം അവര്‍ ഇലാഹുകളാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. ഇവിടെ വഹാബി നേതാക്കളായ എ. അലവി മൗലവി, മുഹമ്മദ് അമാനി മൗലവി എന്നിവര്‍ എഴുതിയ ക്വുര്‍ആന്‍ പരിഭാഷയില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതു കണ്ട് ആരും വഞ്ചിതരാവരുത്.” 

ഇത് സത്യപ്രബോധകര്‍ക്കെതിരിലും തൗഹീദിന്റെ കാവലാളുകള്‍ക്കെതിരിലുമുള്ള ശബ്ദമാണ്. കെ. വി.തന്റെ പരിഭാഷയുടെ ആമുഖക്കുറിപ്പില്‍ ഈ പൊതുമുന്നറിയിപ്പ് രേഖപ്പെടുത്തിയതിന്റെ ആശയച്ചുരുക്കം ഇപ്രകാരമാണ്: യുവാക്കള്‍ അറബിമലയാളം ഭാഷ ഉപയോഗിക്കുന്നതില്‍നിന്നും തുടര്‍ന്ന് പ്രസ്തുത ഭാഷയില്‍ രചിക്കപ്പെട്ട തങ്ങളുടെ രചനകളില്‍നിന്നും അകലുകയും മാതൃഭാഷയായ മലയാളത്തിലേക്കവര്‍ ചായുകയും ചെയ്തപ്പോള്‍ തങ്ങളുടെ ചൊല്‍പ്പടിയിലുള്ള യുവാക്കള്‍ പുത്തന്‍വാദികള്‍ എന്ന് തങ്ങള്‍ വിശേഷിപ്പിക്കുന്ന സത്യത്തിന്റെ വക്താക്കള്‍ (സലഫികള്‍) നിര്‍വഹിച്ച വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകളിലും തങ്ങളുടെ വിശ്വാസാചാരങ്ങള്‍ക്കെതിരിലുള്ള പ്രസിദ്ധീകരണങ്ങളിലും വശംവദരാകുമോ എന്ന് കെ.വി ഭയപ്പെട്ടു. ആയതിനാലാണ് കെ.വി തങ്ങളുടെ യുവാക്കളെ ‘രക്ഷപ്പെടുത്തുവാന്‍’ ഒരു വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ തയ്യാറാക്കാന്‍ തിരക്കുകൂട്ടിയത്. ഈ ഭാഷ്യം തന്റെ പരിഭാഷയുടെ ഒന്നിലധികം സ്ഥലങ്ങളില്‍ കെ.വി ആവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയോടുള്ള കൂറ് കാണിക്കലും തന്റെ കരാറും പരിഭാഷയിലുടനീളം കെ.വി.നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം സത്യത്തിന്റെ വക്താക്കളെ കൈകാര്യം ചെയ്യുകയും സ്വൂഫികളിലും മുബ്തദിഉകളിലും പെട്ട ദേഹേച്ഛയുടെ വക്താക്കളെ ന്യായീകരിച്ച് പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. 

ടി. കെ. അബ്ദുല്ല മുസ്‌ലിയാരുടെ പരിഭാഷ

1977ല്‍ മരണപ്പെട്ട ടി.കെ.അബ്ദുല്ല മുസ്‌ലിയാരുടെ വിശുദ്ധക്വുര്‍ആന്‍ പരിഭാഷ വിവര്‍ത്തനത്തോടൊപ്പം ജലാലൈനി തഫ്‌സീറിന്റെ പരിഭാഷ കൂടിയാണ്. ടി.കെയുടെ പരിഭാഷയും കെ.വിയുടെ പരിഭാഷയും ഏകദേശം സമകാലീനമാണ്. ടി. കെയുടെ പരിഭാഷയും കേരളക്കരയില്‍ വലിയ കോളിളക്കം സ്യഷ്ടിച്ചു. സലഫി പണ്ഡിതരില്‍ നിന്നും സുന്നികളില്‍ നിന്ന് പോലും തീവ്രമായ നിരൂപണമാണ് ടി. കെ. അബ്ദുല്ല മുസ്‌ലിയാര്‍ക്ക് നേരെയുണ്ടായത്. 

സുന്നികള്‍ അദ്ദേഹത്തെ എതിര്‍ക്കാനിടയായ കാരണം സുന്നികള്‍ക്ക് നിഷിദ്ധവും അനനുവദനീയവുമായ പരിഭാഷക്ക് അദ്ദേഹം മുതിര്‍ന്നു എന്നതും പ്രസ്തുത വിവര്‍ത്തനം അമുസ്‌ലിംകള്‍ കൈയിലെടുക്കുകയും പാരായണം നടത്തുകയും ചെയ്യുന്നതോടെ വിശുദ്ധ ക്വുര്‍ആനിന്റെ സ്ഥാനവും പാവനത്വവും കളഞ്ഞു കുളിക്കാന്‍ അയാള്‍ കാരണക്കാരനായി എന്നതുമായിരുന്നു. എന്നാല്‍ ടി.കെ. തന്റെ പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരില്‍ തിരിയുമെന്ന് കണക്ക്കൂട്ടിയിരുന്നു. അദ്ദേഹം തന്റെ പരിഭാഷയുടെ ആമുഖക്കുറിപ്പില്‍ ‘താനീ പരിഭാഷ ഇറക്കുന്നത് മുസ്‌ലിംകള്‍ക്ക് മാത്രമാണ്, ഒരിക്കലും അമുസ്‌ലിംകള്‍ക്ക് വേണ്ടിയല്ല’ എന്നെഴുതിയത് വിളിച്ചറിയിക്കുന്നത് പ്രസ്തുത കണക്ക് കൂട്ടലിനെയാണ്. 

എന്നാല്‍ സലഫി പണ്ഡിതര്‍ അദ്ദേഹത്തെ നിരൂപിക്കാനുണ്ടായ കാരണം ടി.കെ.ധാരാളം വിശുദ്ധ വാക്യങ്ങളെ (ജലാലൈനി തഫ്‌സീറിനെതിരായി പോലും) തന്റെ വിവര്‍ത്തനത്തില്‍ സ്വേച്ഛാനുസാരം വ്യാഖ്യാനിച്ചു എന്നതാണ്. ചില ഉദാഹരണങ്ങള്‍:

ഒന്ന്. സൂറഃ അല്‍ബക്വറയിലെ 165ാം വചനം: ”അല്ലാഹുവിന് പുറമെയുള്ളവരെ അവന്ന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു…” 

ഈ വചനത്തിന്റെ പരിഭാഷയുടെ അടിക്കുറിപ്പില്‍ ടി.കെ.പറയുന്നു: ”അപ്പോള്‍ സത്യവിശ്വാസികള്‍ മാത്രമാണ് അല്ലാഹുവിനെ യഥാര്‍ഥമായി സ്‌നേഹിക്കുന്നവര്‍. എന്നാല്‍ അമ്പിയാ, ഔലിയാ പോലുള്ളവരെ സ്‌നേഹിക്കല്‍ അല്ലാഹുവിനെ സ്‌നേഹിക്കല്‍ തന്നെയാണ്. അങ്ങിനെയാണെങ്കില്‍ അവിശ്വാസികളും തങ്ങളുടെ ആരാധ്യവസ്തുക്കളെ അല്ലാഹുവിങ്കല്‍ അടുപ്പിക്കുന്നതിനായി സ്‌നേഹിക്കുന്നുണ്ടല്ലോ. അപ്പോള്‍ അത് അല്ലാഹുവിനോടുള്ള സ്‌നേഹമാകണ്ടേ എന്നതിന്നു മറുപടി: അവര്‍ അവയെ സ്‌നേഹിക്കല്‍ കൊണ്ട് മാത്രമല്ല അവിശ്വാസികളായത്, അവയെ ആരാധിക്കല്‍ കൊണ്ടാണ്. അപ്പോള്‍ ആരാധനയും സ്‌നേഹവും തമ്മില്‍ അന്തരമുണ്ട്. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും ആരാധന  പാടില്ല. സ്‌നേഹം അങ്ങിനെയല്ല. അമ്പിയാ, ഔലിയാ തുടങ്ങിയവര്‍ അല്ലാഹുവിന്റെ സ്‌നേഹം നേടിയവരാകയാല്‍ അവരെ സ്‌നേഹിക്കേണ്ടതാണ്.” 

സലഫുസ്സ്വാലിഹുകളില്‍പെട്ട പ്രാമാണികരായ മുഫസ്സിറുകളുടെ വരികള്‍ക്ക് എതിരാണ് പ്രസ്തുത വിവരണം. കാരണം, വിശുദ്ധ വചനത്തിലെ ‘അന്‍ദാദ്’ എന്ന പദംകൊണ്ട്അര്‍ഥമാക്കുന്നത് ‘അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുകയും അല്ലാഹുവിനെപ്പോലെ സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന തുല്യന്മാര്‍, സമന്മാര്‍’ എന്നാണ്. ഇതാണ് ഇമാം ഇബ്‌നുകഥീര്‍(റഹ്)യെ പോലുള്ളവര്‍ പറയുന്നത്. അതില്‍ ബിംബങ്ങളും അവയല്ലാത്തവയും ഉള്‍പെടും. ഇബാദത്തുമായി ബന്ധപ്പെട്ട സ്‌നേഹവും സഹായാര്‍ഥനയും നേര്‍ച്ചയും ആഗ്രഹതേട്ടവും ഭയവും ഭരമേല്‍പിക്കലും എല്ലാം അല്ലാഹു അവനൊരുവന്നു മാത്രം. പ്രസ്തുത ആയത്ത് കൊണ്ട് തെളിയുന്നത് ആരെങ്കിലും അല്ലാഹു അല്ലാത്തവരെ അല്ലാഹുവോടുള്ള സ്‌നേഹത്തെപ്പോലെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കുകയാണ്; സ്‌നേഹിക്കപ്പെടുന്നവര്‍ ബിംബങ്ങളായാലും അല്ലാഹുവിന്റെ ദാസന്മാരാണെങ്കിലും എന്നാണ്. ഈ ആയത്തിലും ഇതുപോലുള്ള ഇതര ആയത്തുകളിലും ഉദ്ദേശിക്കപ്പെടുന്നത് ബിംബങ്ങള്‍ മാത്രമാണെന്ന് സച്ചരിതരായ മുന്‍ഗാമികള്‍ ആരും പറഞ്ഞിട്ടില്ല. 

ഇമാം ഇബ്‌നുകഥീര്‍ പറയുന്നു: ”എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ…’ (ക്വുര്‍ആന്‍ 2:165). അല്ലാഹുവിനെ അവര്‍ സ്‌നേഹിക്കുന്നതിനാലും പരിപൂര്‍ണമായി അറിയുന്നതിനാലും ആദരിക്കുന്നതിനാലും ഏകപ്പെടുത്തുന്നതിനാലും അവര്‍ അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കുന്നില്ല. പ്രത്യുത അവര്‍ അവനെ മാത്രം ആരാധിക്കുകയും അവനില്‍ ഭരമേല്‍പിക്കുകയും അവരുടെ മുഴുവന്‍ കാര്യങ്ങളിലും അവനില്‍ അഭയം തേടുകയും ചെയ്യുന്നു.”

രണ്ട്: സൂറഃ അസ്സുമറിലെ 45ാം വചനം: ”അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.”

ഈ വചനത്തിന്റെ പരിഭാഷയുടെ അടിക്കുറിപ്പില്‍ ടി.കെ. എഴുതുന്നു: ”ഇവിടെ പരലോകത്തില്‍ വിശ്വസിക്കാത്ത ബിംബാരാധകര്‍ സന്തോഷിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. അത് ‘നേര്‍ച്ചക്കാരെ കൂട്ടി പറഞ്ഞാല്‍ സന്തോഷിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ഥ മുഅ്മിനുകളല്ല’ എന്ന് ചില പരിഭാഷകന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്തത് മനഃപൂര്‍വം മുസ്‌ലിംകളെ മുശ്‌രിക്കുകളാക്കലാണ്. അങ്ങനെ സന്തോഷിക്കുന്നവര്‍ മുസ്‌ലിംകളില്‍ ഉണ്ടായിരിക്കയില്ല.” ഇത് ടി.കെയുടെ വിശദീകരണത്തിന്റെ രത്‌നച്ചുരുക്കവും അടിക്കുറിപ്പില്‍ രേഖപ്പെടുത്തിയതുമാണ്. 

മുകളില്‍ ഉദ്ധരിച്ച രണ്ട് ഉദാഹരണങ്ങളില്‍ നിന്ന് ടി. കെയുടെ തൗഹീദിനെക്കുറിച്ചുള്ള വീക്ഷണവും മഹല്ലിയും സുയൂത്വിയും ഒരിക്കലും തങ്ങളുടെ തഫ്‌സീറില്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത വ്യതിചലിച്ച ചിന്തകള്‍ പ്രചരിപ്പിക്കുന്നതിലുള്ള ശ്രദ്ധയും നമുക്ക് മനസ്സിലാക്കാം. ഇതെല്ലാം താന്‍ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ മികവുറ്റ ശ്രദ്ധയില്‍നിന്ന് ഉടലെടുത്തതാണ്. അക്വീദയുമായി ബന്ധപ്പെട്ട മിക്ക ആയത്തുകളുടെയും തര്‍ജമയില്‍ ഇത് നന്നായി പ്രകടമാകുന്നുണ്ട്. അത്‌പോലെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നതിനെ അതികഠിനമായി എതിര്‍ക്കുന്ന വചനങ്ങളുടെ പരിഭാഷകളിലും ടി.കെ. ക്വുര്‍ആന്‍ സ്ഥാപിച്ചതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കാണാം. പ്രസ്തുത വചനങ്ങളുടെ പരിഭാഷയില്‍ ടി.കെ. പറയുന്നു:

”നിശ്ചയം ഇവിടെ ഉദ്ദേശം ഇബാദത്ത് ആണ്. ദുആഅ് ഇബാദത്തില്‍ പെട്ടതല്ല. ഇത്‌പോലെ ഔലിയാക്കളോടും സ്വാലിഹീങ്ങളോടുമുള്ള സഹായാര്‍ഥനയും നേര്‍ച്ചയും ഇബാദത്തില്‍ പെട്ടതല്ല. ഇപ്രകാരം ആരെങ്കിലും ക്വുര്‍ആന്‍ വ്യാഖ്യാനിക്കുന്നപക്ഷം അവന്‍ ക്വുര്‍ആന്‍ ഗ്രഹിച്ചിട്ടില്ല, തഫ്‌സീര്‍ മനസ്സിലാക്കിയിട്ടുമില്ല.” 

അല്ലാഹുവിന്റെ ഏകത്വവും അക്വീദയുമായി ബന്ധപ്പെട്ട വിശുദ്ധ വചനങ്ങള്‍ക്കുള്ള അടിക്കുറിപ്പുകളിലെല്ലാം വിവര്‍ത്തകന്‍ ആവര്‍ത്തിക്കുന്നത് ഇതാണ്. ഉദാഹരണത്തിന് ഏതാനും ആയത്തുകള്‍: (1) സൂറഃ അസ്സുഖ്‌റൂഫ്: 40. (2) സൂറഃ അസ്സുമര്‍: 45. (3) സൂറഃ അല്‍അഹ്ക്വാഫ്: 4. (4) സൂറഃ അശ്ശൂറാ: 8.

അഹ്മദ് സ്വാവിയുടെ ഒരു വാക്യം അടിക്കുറിപ്പില്‍ ടി.കെ. കൊടുക്കുന്നത് കാണുക: ‘അല്ലാഹു അല്ലാത്തവരെ കൊണ്ട് ഇടതേടുന്നവരെയും സഹായാര്‍ഥന നടത്തുന്നവരെയും കാഫിറാക്കുന്നവര്‍ ഖവാരിജുകളാണ്. അവരെ സൂക്ഷിക്കുക.”

സൂറഃ അല്‍ഫത്ഹ്‌ലെ പത്താം വചനത്തില്‍ ”നിശ്ചയം നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍” എന്ന വചനം വിവര്‍ത്തനം ചെയ്യവെ സ്വാവിയുടെ വരി ടി. കെ. ഉദ്ധരിക്കുന്നത് കാണുക: ‘നമ്മുടെ ഇക്കാലത്ത് സ്വൂഫി ത്വരീഖത്തിന്റെ ശൈഖുമാര്‍ക്ക് അവരുടെ മുരീദുകള്‍ നല്‍കുന്ന ബൈഅത്ത് ഈ ഗണത്തില്‍ പെട്ടതാണ്. അതിനാലാണ് സ്വൂഫിയാക്കള്‍ ബൈഅത്ത് ചെയ്യുമ്പോള്‍ ഈ ആയത്ത് പാരായണം ചെയ്യുന്നതായി നാം കാണുന്നത്.”

മുസ്ത്വഫല്‍ ഫൈസിയുടെ പരിഭാഷ

സുന്നി വിഭാഗത്തിനിടയില്‍ വിശുദ്ധക്വുര്‍ആന്‍ വിവര്‍ത്തനം വികാസംപൂണ്ടു. അതോടെ അട്ടിമറി വിവര്‍ത്തനത്തിന്റെ മര്‍മത്തില്‍ തന്നെയായി. മുന്‍മാതൃകയില്ലാത്തവിധം മാറ്റത്തിരുത്തലില്‍ വിവര്‍ത്തകര്‍ മത്സരിച്ചു തുടങ്ങി. സുന്നികളില്‍ അറിയപ്പെട്ട എഴുത്തുകാരനായ മുസ്തഫല്‍ ഫൈസി ഒരു അപകടകാരിയായ തര്‍ജമയാണ് പുറത്തിറക്കിയിരിക്കുന്നത്. വിശ്വാസികളെ വേദനിപ്പിക്കുന്നതാണ് പ്രസ്തുത പരിഭാഷ. അതില്‍ സൂറതുല്‍ഫാതിഹയുടെ പരിഭാഷ മാത്രമാണ് ഞാന്‍ നോക്കിയത്. അതുതന്നെ മതിയായി. അല്ലാഹുവേ നിന്റെ കാവല്‍! 

അയാള്‍ അല്ലാഹുവില്‍  പങ്കുചേര്‍ക്കുന്നവര്‍ക്ക് തന്റെ തര്‍ജമയിലൂടെ നിര്‍ലോപം രംഗം വിശാലമാക്കിക്കൊടുക്കുകയും ശിര്‍ക്കിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് കൊടുക്കുകയുമാണ് ചെയ്തിട്ടുള്ളത്. 

”ഇയ്യാകനഅ്ബുദു’ എന്നതിന്റെ വിവര്‍ത്തനമായി ‘നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു’ എന്നും ‘ഇയ്യാക നസ്തഈന്‍’ എന്നതിന്റെ വിവര്‍ത്തനമായി ‘നന്മ ഞങ്ങള്‍ നിന്നോട് ആവശ്യപ്പെടുന്നു’ എന്നുമാണ് അയാള്‍ നല്‍കിയിട്ടുള്ളത്. ഈ വിശുദ്ധ വചനത്തില്‍ അന്തര്‍ലീനമായ ‘മാത്രം’ എന്ന ആശയം മനഃപൂര്‍വം വിട്ടുകളഞ്ഞിരിക്കുന്നു. ഇന്നുവരെ വിശ്വാസയോഗ്യരായ ഒരു മുസ്‌ലിം പണ്ഡിതനും ഇങ്ങനെ പറഞ്ഞിട്ടില്ല; തന്നിഷ്ടങ്ങള്‍ക്കൊത്ത് ചലിച്ചവരൊഴികെ. അല്ലാഹുവേ, നിന്നെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശേഷിയുമില്ല. 

തീര്‍ത്തും വിചിത്രമായ ഈ തര്‍ജമക്ക് ന്യായവാദമെന്നോണം ഫൈസി പറഞ്ഞു: ‘ഔലിയാക്കളോടും സ്വാലിഹീങ്ങളോടും സഹായം തേടല്‍ അല്ലാഹു നമ്മോട് കല്‍പിച്ച കാര്യമാണ്. അതും ഇബാദത്ത് ആണ്.’ അഥവാ ഫൈസിയുടെ വാദപ്രകാരം ‘മാത്രം’ എന്ന അര്‍ഥം ഉണ്ടായാലും ഇല്ലെങ്കിലും ആയത്തിന്റെ വിവക്ഷ ‘നിന്നോടും നീ അല്ലാത്തവരോടും ഞങ്ങള്‍ ദുആ ഇരക്കുന്നു, എല്ലാം നിനക്കുള്ള ദുആയാണ്’ എന്നാണ്! 

‘ഇയ്യാക നസ്തഈന്‍’ എന്നതിന്റെ വിവര്‍ത്തനക്കുറിപ്പില്‍ ഫൈസി പറയുന്നു: ‘നിന്നോട് ഞങ്ങള്‍ നന്മ തേടുന്നു. കാരണം നന്മകള്‍ മുഴുവന്‍ നിന്നില്‍നിന്നാണ്. എന്നാല്‍ സഹായം അത് അല്ലാഹുവില്‍ നിന്നും നബിമാര്‍, ഔലിയാക്കള്‍ പോലുള്ള അല്ലാഹു അല്ലാത്തവരില്‍ നിന്നും തേടാവുന്നതാണ്. അടിസ്ഥാനപരമായി അതും അല്ലാഹുവില്‍നിന്നുള്ള സഹായം തേടല്‍ തന്നെയാണ്.’ 

ഈ രീതിയില്‍ ശിര്‍ക്കിനെ സ്ഥാപിക്കുവാനും തൗഹീദിനെ തകര്‍ക്കുവാനും തന്റെ മനസ്സ് വിവര്‍ത്തകന് പ്രേരണയേകി. പക്ഷേ, അല്ലാഹു സത്യത്തെ സ്ഥാപിക്കും. അസത്യത്തെ ഫലശൂന്യമാക്കും; ബഹുദൈവവിശ്വാസികള്‍ വെറുത്താലും. 

പ്രാമാണികരുടെ വിശദീകരണങ്ങള്‍

മുസ്‌ലിംകള്‍ പൊതുവായും കേരള മുസ്‌ലിംകള്‍ വിശേഷിച്ചും പ്രശ്‌നത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനു വേണ്ടി, ഇവ്വിഷയകമായി പ്രാമാണികരായ പണ്ഡിതന്മാരില്‍നിന്ന് ഉദ്ധരിക്കപ്പെട്ട വചനങ്ങളില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. അത് ഇപ്രകാരമാണ്:

‘മനുഷ്യന്‍ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തനത്തിന്റെയും ഫലവും വിജയവും നിലകൊള്ളുന്നത് അതിലേക്ക് നയിക്കുന്ന നിമിത്തങ്ങളായി ദൈവയുക്തി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതിനാലാണ്, അതിന് തടസ്സങ്ങളായി ദൈവയുക്തി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ ഇല്ലാതാകുന്നതിലുമാണ്. അല്ലാഹു മനുഷ്യന് നല്‍കിയ അറിവും കഴിവും കൊണ്ട് അത്തരം തടസ്സങ്ങളില്‍ ചിലത് നീക്കാനും അത്തരം നിമിത്തങ്ങളില്‍ ചിലത് നേടാനും അവന് സൗകര്യം ചെയ്ത് കൊടുത്തിരിക്കുന്നു. അവയില്‍ മറ്റു ചിലത് അവന് നിഷേധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവയില്‍ നിന്ന് നമുക്ക് കഴിയുന്നത് നിര്‍വഹിക്കാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ കര്‍മങ്ങള്‍ കഴിയുന്നത്ര ഭദ്രമാക്കുന്നതിനു വേണ്ടി പരമാവധി ശക്തിയും കഴിവും നാം വിനിയോഗിക്കേണ്ടതാണ്, നാം പരസ്പരം സഹകരിക്കേണ്ടതാണ്, പരസ്പരം സഹായിക്കേണ്ടതാണ്. നമ്മുടെ കഴിവനപ്പുറമുള്ള കാര്യങ്ങള്‍ എല്ലാറ്റിനും കഴിയുന്ന അല്ലാഹുവിനെ ഏല്‍പിക്കേണ്ടതാണ്. നാം അഭയം തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്, നമ്മുടെ കര്‍മങ്ങളുടെ ഫലപ്രാപ്തിക്കും പരിസമാപ്തിക്കും വേണ്ട സഹായം തേടേണ്ടത് അവനോട് മാത്രമാണ്; മറ്റാരോടും ആയിക്കൂടാ. കാരണം, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ നല്‍കപ്പെട്ട കാര്യകാരണങ്ങള്‍ക്കപ്പുറമുള്ളത് സാധിപ്പിക്കാന്‍ കാര്യകാരണങ്ങള്‍ നിശ്ചയിച്ച, ഉടമകളുടെ ഉടമസ്ഥനായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.’ 

‘നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ എന്ന വചനം ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു’ എന്ന വചനത്തിന്റെ ആശയം പൂര്‍ത്തിയാക്കുന്നു. കാരണം, ദുആ എന്നാല്‍ ഹൃദയത്തില്‍നിന്ന് അല്ലാഹുവിലേക്ക് പോകുന്ന ഭയപ്പാടാണ്, ആത്മാവിന് അവനോടുള്ള ബന്ധമാണ്, അത് ആരാധനയുടെ മജ്ജയാണ്. ഒരു അടിമ അതുമായി അല്ലാഹു അല്ലാത്തവരിലേക്ക് തിരിഞ്ഞാല്‍ ആ നടപടി ക്വുര്‍ആനിന്റെ അവതരണകാലത്തും അതിന്റെ മുമ്പും പ്രചാരത്തിലുണ്ടായിരുന്ന വിഗ്രഹാരാധനയുടെ ഒരിനമായിത്തീരും. ഇക്കാര്യം പ്രത്യേകമായി പറഞ്ഞത്, അല്ലാഹുവിന് പുറമെ ഔലിയാക്കളെ സ്വീകരിച്ച് അവരോട് സഹായം തേടുന്നതും ആര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത, കാര്യകാരണബന്ധങ്ങള്‍ക്കപ്പുറമുള്ള വിഷയങ്ങളില്‍ അവരോട് സഹായമര്‍ഥിക്കുന്നതും കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണ ജനങ്ങളോട് സഹായം ചോദിക്കുന്നതു പോലെയാണെന്ന് വിവരദോഷികള്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ്. ഈ സംശയം അല്ലാഹു തന്റെ അടിയാറുകള്‍ക്ക് ദൂരികരിച്ചുകൊടുക്കാന്‍ ഉദ്ദേശിച്ചു. മനുഷ്യരുടെ കഴിവില്‍ പെട്ട കാര്യങ്ങളില്‍ സഹായം ചോദിക്കുന്നത് അല്ലാഹു നിശ്ചയിച്ച നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഒരു രീതി മാത്രമാണ്. യന്ത്രസാമഗ്രികള്‍ക്ക് എന്ത് സ്ഥാനമാണോ ഉള്ളത് അതേ സ്ഥാനം തന്നെയായിരിക്കും അതിനുമുള്ളത്. എന്നാല്‍, അവര്‍ക്ക് ദാനമായി നല്‍കപ്പെട്ട കഴിവുകള്‍ക്കും തോതുകള്‍ക്കും അപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുന്നത് അങ്ങനെയല്ല. രോഗശമനത്തിനായി ഔഷധങ്ങള്‍, പ്രതിവിധികള്‍ എന്നിവക്ക് അപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുക, ശത്രുവിനെ പരാജയപ്പെടുത്താന്‍ ആള്‍ബലം, യുദ്ധസന്നാഹം എന്നിവക്ക് അപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുക ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം അല്ലാഹു അല്ലാത്തവരിലേക്ക് തിരിയുന്നതും ഭയപ്പാടോടുകുടി അവരെ സമീപിക്കുന്നതും അനുവദിക്കപ്പെടാത്തതാകുന്നു. 

‘നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക’  എന്ന നബിവചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റഹ്) പറഞ്ഞു: ‘അടിയാന്‍ തന്റെ മനസ്സ് അല്ലാഹു അല്ലാത്തവരില്‍ ബന്ധിച്ചിടാന്‍ പാടില്ല എന്ന് ഇതില്‍ സൂചനയുണ്ട്. മറിച്ച് തന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പിക്കണം. ഹിദായത്ത്, പാണ്ഡിത്യം, ക്വുര്‍ആനിലും സുന്നത്തിലുമുള്ള അറിവ്, രോഗശമനം, ഇഹത്തിലും പരത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍നിന്നും ശിക്ഷകളില്‍നിന്നും ഉള്ള കാവല്‍ പോലെ താന്‍ തേടുന്ന കാര്യങ്ങള്‍ സാധാരണ നിലയില്‍ സ്യഷ്ടികളുടെ കൈക്ക് നടക്കുന്നതല്ലെങ്കില്‍ അത് അല്ലാഹുവിനോട് മാത്രം ചോദിക്കുക. കരകൗശല വിദ്യകളും ജോലിവേലകളും ചെയ്യുന്നവര്‍ ഭരണകര്‍ത്താക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പോലെ സാധാരണനിലയില്‍ സൃഷ്ടികളുടെ കൈക്ക് അല്ലാഹു നടത്തുന്ന കാര്യങ്ങളാണ് താന്‍ തേടുന്നതെങ്കില്‍ അവരുടെ ഹ്യദയങ്ങളില്‍ തന്നോടുള്ള അനുകമ്പ ജനിപ്പിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.’ അങ്ങനെ അദ്ദേഹം ഇത്രവരെ പറഞ്ഞു:’സൃഷ്ടികളോട് ചോദിക്കുന്നതും അവരെ അവലംബിക്കുന്നതും അധിക്ഷേപാര്‍ഹമായ നടപടിയാണ്. വേദങ്ങളില്‍ അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: അവന്‍ തന്റെ ഹ്യദയവികാരങ്ങളുമായി അവരവരുടെ കവാടങ്ങള്‍ മുട്ടുകയാണോ, എന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നുകിടന്നിട്ടും ഞാന്‍ എല്ലാറ്റിനും കഴിവുറ്റ രാജാധിരാജനായിരിക്കെ വിപല്‍ഘട്ടങ്ങളില്‍ മറ്റുള്ളവരിലാണോ അവന്‍ പ്രതീക്ഷയര്‍പിക്കുന്നത്? ഇതരരില്‍ പ്രതീക്ഷയര്‍പിച്ചവനെ ഞാന്‍ നിന്ദ്യതയുടെ മേലാടയണിക്കും തീര്‍ച്ച.’

(അവസാനിച്ചില്ല)

 
ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

പ്രമാണങ്ങള്‍ പണയപ്പെടുത്തിയ സി.എന്‍ മൗലവിയുടെ പരിഭാഷ

പ്രമാണങ്ങള്‍ പണയപ്പെടുത്തിയ സി.എന്‍ മൗലവിയുടെ പരിഭാഷ

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 6)

സി. എന്‍. അഹ്മദ് മൗലവിയുടെ പരിഭാഷ:

വൈജ്ഞാനികലോകത്ത് പരിഭാഷകള്‍ക്കുള്ള പച്ചക്കൊടി കാട്ടിയതോടുകൂടി തര്‍ജമയുടെ ലോകത്ത് വലിയൊരു വിഭാഗമാളുകള്‍ തങ്ങളുടെ സേവനം സമര്‍പ്പിച്ചു തുടങ്ങി. അവരില്‍ നന്മ പകരുകയും നന്നാക്കുകയും ചെയ്തവരുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥത്തിനുനേരെ ദോഷക്കൈ പ്രയോഗിക്കുകയും കുഴപ്പത്തില്‍ ആപതിക്കുകയും ചെയ്തവരുണ്ട്. അവരിലൊരാളാണ് സി. എന്‍. അഹ്മദ് മൗലവി. 1953ല്‍ അദ്ദേഹത്തിന്റെ തര്‍ജമ വെളിച്ചം കണ്ടു. മലയാള ലിപിയിലെ ആദ്യ സമ്പൂര്‍ണ ക്വുര്‍ആന്‍ പരിഭാഷയാണെന്നതിനാലും വശ്യമായ ശൈലി കൊണ്ടും സൂക്ഷ്മ പ്രയോഗം കൊണ്ടും ഭാഷയിലുള്ള തനിമ കൊണ്ടും വ്യതിരിക്തമായതിനാലും വായനക്കാരുടെ വന്‍മുന്നേറ്റം തന്നെ പ്രസ്തുത തര്‍ജമക്കുണ്ടായി. സി. എന്‍ ആകട്ടെ പൊതുജനങ്ങള്‍ക്കിടയിലും പ്രത്യേകക്കാര്‍ക്കിടയിലും ഒരുപോലെ പ്രസിദ്ധനായി. തര്‍ജമ പെട്ടെന്ന് പ്രചരിക്കുകയും പരിഭാഷകന്‍ കേരള ഗവണ്‍മെന്റിന്റെയടുക്കല്‍പോലും പ്രസിദ്ധനാകുകയും ചെയ്തു. പ്രസ്തുത തര്‍ജമയുടെ പ്രസാധന പൂര്‍ത്തീകരണത്തിന് ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായവും തുടര്‍ന്ന് ഗവണ്‍മെന്റിന്റെ ഒരു പുരസ്‌കാരവും സി. എന്നിന് ലഭിച്ചു. 

ഒരുവേള മാന്യവായനക്കാരന്‍ അത്ഭുതപ്പെട്ട് ചോദിച്ചേക്കാം: എന്തിന് വേണ്ടിയാണ് ഇത്രയും പ്രാധാന്യത്തോടുകൂടി ഈ തര്‍ജമ കൈകാര്യം ചെയ്യപ്പെട്ടത്? വലിയ സാഹിത്യകാരന്മാരും ഗ്രന്ഥകാരന്മാരും നേടുകയോ സ്വപ്‌നം കാണുകയോ ചെയ്യാത്ത ഈ മേന്മകള്‍ എങ്ങനെ സി.എന്നിന് ലഭിച്ചു? ഈ പരിഭാഷയുടെ രഹസ്യമെന്ത്?

വാസ്തവം പറഞ്ഞാല്‍ കേരള സാഹിത്യലോകം ഒരു പ്രത്യേക കോണിലൂടെയാണ് തര്‍ജമയിലേക്ക് നോക്കിയത്. അഥവാ സാഹിത്യത്തിന്റെയും സ്ഫുടതയുടെയും സൂക്ഷ്മ പ്രയോഗത്തിന്റെയും ഒഴുക്കുള്ള ശൈലിയുടെയും കോണിലൂടെ. എന്നാല്‍ പരിഭാഷകന്‍ സി.എന്‍ ആകട്ടെ സാഹിത്യകാരനും ആഖ്യാനത്തില്‍ നിപുണനും ഗ്രന്ഥരചനയിലും കോര്‍വയിലും നന്നായി കഴിവുള്ളവനുമായിരുന്നു. പക്ഷേ, വിശുദ്ധ ക്വുര്‍ആനിന്റെ വിജ്ഞാനീയങ്ങളിലും ഹദീഥ് വിഷയങ്ങളിലും അദ്ദേഹം വ്യുല്‍പത്തി കുറഞ്ഞയാളായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം നന്നായി ഇരുളില്‍ തപ്പി. 

അതുകൊണ്ട് മറുപക്ഷത്ത് മുസ്‌ലിം വേദികള്‍ അദ്ദേഹത്തിന്നെതിരെ ആഞ്ഞടിച്ചു. പണ്ഡിതന്മാര്‍ ഗ്രന്ഥകാരന്‍ തന്റെ ഇച്ഛാനുസരണം തര്‍ജമയില്‍ നിറച്ച വ്യാഖ്യാന വ്യതിയാനങ്ങള്‍ക്ക് മറുപടി പറഞ്ഞു. 

സി. എന്‍. അഹ്മദ് മൗലവിയുടെ പരിഭാഷയിലെ പ്രധാന ന്യൂനതകള്‍:

1. മുഅ്ജിസത്തുകളെ നിഷേധിച്ചു. 

2. പത്ത് തവണയിലധികം അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ എടുത്തു പറഞ്ഞ അല്ലാഹുവിന്റെ ‘അര്‍ശ്’ (മഹിത സിംഹാസനം)നെ നിഷേധിച്ചു. 

3. ജിന്നുവര്‍ഗത്തെ നിഷേധിച്ചു. അവര്‍ മനുഷ്യരില്‍ പെട്ട ഒരു വര്‍ഗമാണെന്ന് അദ്ദേഹം ജല്‍പിച്ചു. 

ദുര്‍വ്യാഖ്യാനത്തിന്റെ ചില മാതൃകകള്‍

1. സി. എന്‍. മൗലവിയും മുഅ്ജിസത്തും

അല്ലാഹു പറഞ്ഞു: ”എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചു തരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു). അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്‌റാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടികൂടുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടി വരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:260).

പ്രസ്തുത ആയത്തിന് സി.എന്‍. നല്‍കുന്ന അര്‍ഥം ഇതാണ്: ”…നാല് പക്ഷികളെ പിടിച്ച് അവയെ നീയുമായി നല്ലപോലെ ഇണക്കുക; പിന്നീട്, അവയില്‍ ഓരോ വിഭാഗത്തേയും (അല്‍പം അകലെയുള്ള) ഓരോ മലകളില്‍ കൊണ്ടുപോയി വെക്കുക; എന്നിട്ട് അവയെ വിളിക്കുക, എന്നാല്‍, അവ നിന്റെയടുക്കലേക്ക് ഓടി വരും.” ഇതിന്റെ അടിക്കുറിപ്പില്‍ തന്റെ വിവര്‍ത്തനത്തെ ശക്തിപ്പെടുത്തി വിവരിക്കുന്നത് ഇപ്രകാരമാണ്: ”മൃതപ്രായരായ മനുഷ്യരെ ഉദ്ധരിക്കുവാന്‍ എത്രയോ കൊല്ലം വിവിധ തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇബ്‌റാഹീം നബി പാടുപെട്ടു. ഒന്നും ഫലിച്ചില്ല. അന്നേരം ആ മനുഷ്യരെ ഉദ്ദേശിച്ച് അല്ലാഹുവോട് അദ്ദേഹം ചോദിച്ചു: അല്ലാഹുവേ, മരിച്ചുകിടക്കുന്ന ഈ മനുഷ്യരെ എങ്ങനെയാകുന്നു നീ ജീവിപ്പിക്കുക എന്ന് എനിക്കൊന്ന് കാണിച്ചു തരേണമേ. അല്ലാഹു ഇബ്‌റാഹീം നബി(അ)യോട് നാല് പക്ഷികളെ പിടിച്ച് ശരിക്ക് ഇണക്കാന്‍ കല്‍പിച്ചു. ഇണക്കിക്കഴിഞ്ഞപ്പോള്‍ അവയെ അടുത്തുള്ള കുന്നുകളിന്മേല്‍ കൊണ്ടുപോയി വെച്ച് പേരെടുത്ത് വിളിക്കാന്‍ ഉപദേശിച്ചു. വിളിച്ചപ്പോള്‍ ഓരോന്നും അതാ ഓടി വരുന്നു. ബുദ്ധിയില്ലാത്ത കാട്ടുപക്ഷികളെ ഇങ്ങനെ ഇണക്കാന്‍ കഴിയുമെങ്കില്‍ മനുഷ്യരെ ഇണക്കുക എന്തുകൊണ്ട് സാധ്യമല്ല. ഇതായിരുന്നു അല്ലാഹുവിന്റെ മറുപടി. അല്ലാഹു മികച്ച തന്ത്രജ്ഞനാണെന്ന് പറഞ്ഞത് ഈ അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.” 

മുഅ്ജിസത്തുകളെ നിഷേധിക്കുക എന്ന തന്റെ ഉദ്ദിഷ്ട ലക്ഷ്യത്തിലെത്താന്‍ ഇച്ഛക്കൊത്ത് അല്ലാഹുവിന്റെ വചനങ്ങളെ വ്യാഖ്യാനിക്കുകയാണ് സി.എന്‍ ചെയ്തിട്ടുള്ളത്. സ്വഹീഹുല്‍ ബുഖാരിയില്‍ ‘നിങ്ങള്‍ അവയെ കഷ്ണിക്കുക’ എന്ന് തന്നെ റിപ്പോര്‍ട്ടുള്ളതായി കാണാവുന്നതാണ്. 

സി.എന്‍ എഴുതിയപോലെയാണ് അര്‍ഥമെങ്കില്‍ പ്രസ്തുത ആയത്തിലെ വിഷയത്തിന് അത്ഭുതവും വൈചിത്ര്യവും ദ്യോതിപ്പിക്കുന്ന യാതൊരു അര്‍ഥതലവുമുണ്ടാവുകയില്ലെന്ന് മാത്രമല്ല ആ കഥ അവിടെ കൊണ്ടുവരുന്നതിന്റെ ആവശ്യം തന്നെയുണ്ടാവില്ല. 

ഇപ്രകാരം സി.എന്‍. മൗലവി, വിശുദ്ധ ക്വുര്‍ആനില്‍ നബിമാരുടെ മുഅ്ജിസത്തുകള്‍ പണരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം അവയെ സ്വന്തമായി വ്യാഖ്യാനിപ്പിച്ചൊപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. 

2. സി. എന്‍. മൗലവിയും ജിന്നും

മുസ്‌ലിംകളുടെ വിശ്വാസകാര്യങ്ങളില്‍ പെട്ടതാണ് അദ്യശ്യങ്ങളിലും അല്ലാഹുവും അവന്റെ തിരുദൂതരും പറഞ്ഞ മറ്റെല്ലാകാര്യങ്ങളിലും വിശ്വസിക്കുകയെന്നത്. അത് മനുഷ്യ ബുദ്ധിക്ക് യോജിച്ചാലും ഇല്ലെങ്കിലും!

സാധാരണ അവസ്ഥകളില്‍ നമുക്ക് കാണുവാനോ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് സംവദിച്ചെടുക്കാനോ സാധ്യമല്ലാത്ത സ്യഷ്ടികളായ ജിന്നുകള്‍ അല്ലാഹുവിന്റെ സൃഷ്ടികളായി ഉണ്ട് എന്ന വിശ്വാസം അതില്‍ പെട്ടതാണ്.

വ്യാഖ്യാനത്തിനോ സംശയത്തിനോ ഒരു പഴുതും നല്‍കാത്ത വിധം ഖണ്ഡിതമായ രൂപത്തില്‍ അല്ലാഹു ജിന്നുകളുടെ അസ്തിത്വത്തെ കുറിച്ച് നമ്മെ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: 

 ”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സ്യഷ്ടിച്ചിട്ടില്ല” (ക്വുര്‍ആന്‍ 51:56). 

വിശുദ്ധ ക്വുര്‍ആനില്‍ ‘ജിന്ന്’ എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. അതില്‍ ജിന്നുകളെക്കുറിച്ച് പല കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ജിന്നുകള്‍ സംഘമായി പ്രവാചകന്‍ﷺയെ സന്ദര്‍ശിച്ച ധാരാളം സംഭവങ്ങള്‍ സ്വഹീഹായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ഈ യാഥാര്‍ഥ്യത്തെ ഒരാള്‍ നിഷേധിച്ചാല്‍ അത് സത്യസന്ധമായ ഒരു വാര്‍ത്തയെ കളവാക്കലാണ്. എന്തെന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ പത്ത് അധ്യായങ്ങളിലായി നാല്‍പതോളം വചനങ്ങളില്‍ ജിന്നുകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 

പക്ഷേ, ചില പൗരാണിക തത്ത്വചിന്തകരും അവരുടെ ചുവടുപിടിച്ച ചില ആധുനികരും ഒരു ചര്‍ച്ചയോ മറുപടിയോ അര്‍ഹിക്കാത്ത ബാലിശമായ തെളിവുകള്‍കൊണ്ട് ജിന്ന് എന്ന സ്യഷ്ടിയെ പാടെ നിഷേധിച്ചു. സി.എന്‍ മൗലവി ഈ തത്ത്വചിന്തകരുടെ ചുവടു പിടിച്ചാണ് നടന്നത്. സൂറത്തുല്‍ അഹ്ക്വാഫിലെ 29ാം വചനമായ ‘ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി” എന്നതിന് അര്‍ഥം നല്‍കവെ നല്‍കിയ അടിക്കുറിപ്പില്‍ ജിന്നുകളെ കുറിച്ചുള്ള തന്റെ വ്യതിചലിച്ച ചിന്തകള്‍ സമര്‍ഥിക്കാന്‍ പത്തോളം പേജുകള്‍ ഉപയോഗിച്ചതായി കാണാം.  

അദ്ദേഹം പറഞ്ഞു:”തീര്‍ച്ചയായും ജിന്നുകളെക്കുറിച്ച് മുസ്‌ലിംകളില്‍ പ്രചാരത്തിലുള്ള ധാരണ ജിന്നുകള്‍ മനുഷ്യരല്ലാത്ത, മനുഷ്യ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ലാത്ത ഒരു പ്രത്യേക വര്‍ഗമെന്നാണ്. ഇത് പിഴച്ചതും അല്ലാഹുവിന്റെ വചനത്തിന് എതിരുമാണ്. കാരണം അല്ലാഹു മക്കയിലെ അവിശ്വാസികള്‍ക്ക് മറുപടി നല്‍കവെ പറഞ്ഞു: ‘(നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്തുനിന്ന് ഒരു മലക്കിനെത്തന്നെ നാം ദൂതനായി ഇറക്കുമായിരുന്നു'(ക്വുര്‍ആന്‍ 17:95). 

അതിനാല്‍ മലക്കുകളിലേക്ക് നിയോഗിതനായ ദൂതന്‍ മലക്കെന്നപോലെ മനുഷ്യരിലേക്ക് നിയോഗിതനായ ദൂതന്‍ മനുഷ്യനാണ്. പിന്നെ ജിന്നുകള്‍ മനുഷ്യരില്‍ പെട്ടവര്‍ അല്ലെങ്കില്‍ എങ്ങനെയാണ് മനുഷ്യരിലേക്കും ജിന്നുകളിലേക്കും ഒരു മനുഷ്യനെ ദുതനായി നിയോഗിക്കുക?”

ഇവിടെ അദ്ദേഹം തെളിവ് പിടിച്ച രീതി തീര്‍ത്തും തെറ്റാണ്. കാരണം വിശുദ്ധവചനം ഒരിക്കലും ഭൂമിയില്‍ നിര്‍ഭയരായി സഞ്ചരിക്കുന്ന ജിന്നുകള്‍ പോലുള്ള ഒരു സ്യഷ്ടിയുടെ ഉണ്‍മയെ നിഷേധിച്ചിട്ടില്ല. പ്രത്യുത ഭൂമിയില്‍ ഈ വിശേഷണങ്ങളോടെ സഞ്ചരിക്കുന്ന മലക്കുകളെയാണ് ആയത്ത് നിഷേ ധിക്കുന്നത്. മാത്രവുമല്ല മലക്കുകള്‍ മനുഷ്യരുമായി ഒരു സാദ്യശ്യവുമില്ലാത്ത സ്യഷ്ടികളാണ്. എന്നാല്‍ ജിന്നുകളും മനുഷ്യരും തമ്മില്‍ വലിയ സാദ്യശ്യമുണ്ട് താനും. കാരണം അവര്‍ക്ക് മനുഷ്യരെപ്പോലെ ബുദ്ധിയുണ്ട്, വികാരമുണ്ട്. അവര്‍ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ഇണചേരുകയും  ചെയ്യും. എന്നാല്‍ മലക്കുകള്‍ ഈ വിശേഷണങ്ങളൊന്നുമില്ലാത്തവയും മനുഷ്യരോടും ജിന്നുകളോടും തീര്‍ത്തും വ്യത്യാസം പുലര്‍ത്തുന്നതുമായ ഒരു വിഭാഗമാണ്. 

ജിന്നുകളോടൊപ്പം പ്രവാചകന്‍ﷺ നടത്തിയ അഭിമുഖങ്ങളെക്കുറിച്ച് സി.എന്‍ എഴുതുന്നു: ”പ്രസ്തുത സംഗമങ്ങളെല്ലാം ആള്‍ക്കൂട്ടങ്ങളില്‍നിന്ന് അകന്ന് മക്കക്ക് പുറത്തായിരുന്നു. ഒന്നും മക്കക്കകത്തായിരുന്നില്ല. അപ്പോള്‍ ഒരു യാഥാര്‍ഥ്യം അതില്‍ നിന്നും വ്യക്തമാകുന്നു. ഇവര്‍ മനുഷ്യന്മാ രും അന്യദേശക്കാരുമായിരുന്നു. അല്ലാതെ ചിലര്‍ വിശ്വസിക്കുന്നതുപോലെ മനുഷ്യര്‍ക്ക് തങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് കണ്ടുപിടിക്കാനാകാത്ത മറ്റൊരു വര്‍ഗമല്ല. മക്കക്കാരുടെ ഉപദ്രവം ഭയന്നാണ് പട്ടണത്തിന്റെ പുറത്ത് വന്നുനിന്ന് രാത്രി സമയത്ത് നബിയെ അങ്ങോട്ട് ക്ഷണിച്ചത്. ക്വുറൈശികള്‍ക്ക് കാണാനോ തൊടാനോ കഴിയാത്ത സ്യഷ്ടികളാണവരെങ്കില്‍ മക്കക്കകത്തു തന്നെ അവരുമായി നബിക്ക് അഭിമുഖം നടത്താമായിരുന്നു” (സി.എന്‍ പരിഭാഷ). 

ഈ സന്ദേഹങ്ങളും ന്യായവാദങ്ങളുമെല്ലാം നിരര്‍ഥകം തന്നെയാണ്. കാരണം വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് ജിന്നുകള്‍ ശരീഅത്തിന്റെ വിധിവിലക്കുകള്‍ ബാധകമാകുന്നതില്‍ മനുഷ്യരോട് യോജിക്കുന്നു. എന്നാല്‍ അവര്‍ തിന്നുക, കുടിക്കുക, വസിക്കുക തുടങ്ങിയ വിഷയങ്ങളില്‍ തീര്‍ത്തും മനുഷ്യരോട് ഭിന്നത പുലര്‍ത്തുന്നവരാണ്. മനുഷ്യരോടൊപ്പം സംഗമിക്കലും ജിന്നുകള്‍ക്ക് ഏറെ പ്രയാസമുള്ള കാര്യമാണ്. 

വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും ജിന്നുകളുടെ അസ്തിത്വത്തെ സ്ഥാപിക്കുന്നു. നബിﷺ മക്കക്ക് പുറത്ത് ജിന്നുകളിലേക്ക് പോയിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ യുക്തിക്കും ബുദ്ധിക്കുമനുസരിച്ച് ഇതിനെ വ്യാഖ്യാനിക്കേണ്ട ആവശ്യം സത്യത്തിന്റെ വക്താ ക്കള്‍ക്കില്ല. 

സി. എന്‍. മൗലവിയും വിശ്വാസപരമായ സ്ഖലിതങ്ങളും

സി.എന്‍ അഹ്മദ് മൗലവി ഒന്നാന്തരം അശ്അരീ ചിന്താഗതിക്കാരനാണ്. അദ്ദേഹം അഹ്‌ലുസ്സുന്നയുടെ മാര്‍ഗത്തില്‍ നിന്ന് തെറ്റിയും മോശവുമായ രീതിയില്‍ അല്ലാഹുവിന്റെ വിശേഷണങ്ങളെ വ്യാഖ്യാനിച്ചു. മലയാളക്കരയിലെ സലഫികളല്ലാത്ത പരിഭാഷകരുടെയും സ്വൂഫി പരിഭാഷകരുടെയും അവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെതും. 

‘സിംഹാസനസ്ഥനായ നാഥന്‍’ എന്ന മഹല്‍ വിശേഷണത്തെ വ്യാഖ്യാനിച്ച്‌കൊണ്ട് സി. എന്‍. ഒരു പടികൂടി അവരേക്കാള്‍ മുന്നോട്ട് പോയി. സൂറത്ത് അഅ്‌റാഫിലെ 54ാം വചനത്തിലെ ‘…എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു…” എന്നതിനെ തര്‍ജമ ചെയ്ത് സി.എന്‍ പറഞ്ഞു ‘അഥവാ അങ്ങനെ (സൃഷ്ടിച്ച) ശേഷം അവന്‍ (തന്റെ) സിംഹാസനത്തില്‍ ഇരുന്നു.’ 

തുടര്‍ന്ന് അടിക്കുറിപ്പിലെത്തിയപ്പോള്‍ സി. എന്‍ പറയുന്നു: ”ബ്രിട്ടീഷ് സിംഹാസനം ആടിത്തുടങ്ങി,’ അല്ലെങ്കില്‍ ‘ആ സിംഹാസനത്തിന്റെ അടിയിളകി’ എന്നെല്ലാം പറയുമ്പോള്‍ സിഹാസനത്തെയല്ല, അവരുടെ ആധിപത്യത്തെയാണ് നാം ഉദ്ദേശിക്കാറുള്ളത്. ഒരു രാജാവ് ഒരു രാഷ്ട്രത്തിന്റെ ആധിപത്യം ഏറ്റെടുത്താല്‍ അദ്ദേഹം സിംഹാസനത്തിലിരുന്നു എന്ന് നാം പറയാറുണ്ട്. യഥാര്‍ഥ സിഹാസനത്തിലിരുന്നിട്ടില്ലെങ്കിലും ആ വാക്ക് ഉപയോഗിക്കുക പതിവാണ്… ഒരു രാജാവിന്റെ ആധിപത്യം തകര്‍ന്നുപോയാല്‍ അവന്റെ സിംഹാസനം തകര്‍ക്കപ്പെട്ടു എന്ന് പറയാറുണ്ട്. അവിടെ ഉദ്ദേശം ആധിപത്യമാണ്. സിംഹാസനമല്ല… അതായത് അര്‍ശിന് അല്ലാഹുവിന്റെ ആധിപത്യം എന്നര്‍ഥം… അതായത് അല്ലാഹുവിന്ന് ഒരു സിംഹാസനമുണ്ട്, അവന്‍ അതിന്മേല്‍ ഇരിക്കുകയാണ് എന്ന ധാരണ തത്ത്വജ്ഞാനികള്‍ക്ക് ഉണ്ടായിരിക്കുവാന്‍ ന്യായമില്ല. പാമര ജനങ്ങള്‍ മാത്രമെ അത്തരം ധാരണകള്‍ വെച്ചുകൊണ്ടിരിക്കുകയുള്ളു.”  

ഖേദകരമെന്ന് പറയട്ടെ, സി.എന്‍ മൗലവി അല്ലാഹുവിന്റെ മഹിതസിംഹാസനത്തെ പാടെ നിഷേധിക്കുകയാണ് ചെയ്തത്. അശ്അരികളെപ്പോലെ വ്യാഖ്യാനത്തില്‍ മാത്രം ഒതുങ്ങുകയായിരുന്നു സി.എന്‍ ചെയ്തതെങ്കില്‍ അദ്ദേഹം കേവലം ഒരു അശ്അരി ചിന്താഗതിക്കാരന്‍ എന്ന് പറഞ്ഞ് നമുക്കൊഴിയാമായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ വഴികേടിലും അരുതാത്തത് പറയുന്നതിലും അഭംഗുരം തുടര്‍ന്നു. അവര്‍ പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു പരമ പരിശുദ്ധനത്രെ. 

വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ട മഹത്തായ സിംഹാസനത്തെ എങ്ങനെ ഒരു മുസ്‌ലിം മനസ്സിന്ന് നിഷേധിക്കാനാവും!

അല്ലാഹു പറയുന്നു: ”…അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനത്രെ അവന്‍” (ക്വുര്‍ആന്‍ 23:116).  

”നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്” (ക്വുര്‍ആന്‍ 69:17).

 ”സിംഹാസനത്തിന്റെ ഉടമയും, മഹത്ത്വമുള്ളവനും” (ക്വുര്‍ആന്‍ 85:15).

സി.എന്‍.ജല്‍പിച്ചത് പോലെ ‘പിന്നീട് അവന്‍ (അല്ലാഹു) സിംഹാസനസ്ഥനായി’ എന്ന വചനത്തെ അതിന്റെ ബാഹ്യം അറിയിക്കുന്നത് എടുക്കാതെ വ്യാഖ്യാനിക്കാം എന്ന് സങ്കല്‍പിച്ചാല്‍ തന്നെ അല്ലാഹുവിന്റെ മഹിതസിംഹാസനം സ്ഥാപിക്കുന്ന മുകളില്‍ കൊടുത്ത വിശുദ്ധ വാക്യങ്ങളുടെ അര്‍ഥമെന്താണ്? (അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

നിരൂപണത്തിന്റെ തുലാസില്‍ ചില തര്‍ജമകള്‍

നിരൂപണത്തിന്റെ തുലാസില്‍ ചില തര്‍ജമകള്‍v

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 5)

1. ഖാദിയാനീ പരിഭാഷകള്‍

ഇന്ന് ഇസ്‌ലാമിക ഗ്രന്ഥശാലകളില്‍ കാണപ്പെടുന്ന വ്യതിചലിച്ച ഏറ്റവും അപകടകാരിയാണ് ഖാദിയാനികളുടെ തര്‍ജമകള്‍. 

എഡി. 1840ല്‍ ഇന്ത്യയിലെ ഖാദിയാനില്‍ ജനിച്ച് 1908ല്‍ മരിച്ച, പ്രവാചകത്വം വാദിച്ച മിര്‍സാ ഗുലാം അഹ്മദ് അല്‍ ഖാദിയാനിയുടെ അനുയായികളാണ് ഖാദിയാനികള്‍. 

ഉപരിപ്ലവമായി മതത്തിന്റെ മേല്‍കുപ്പായത്തിലാണെങ്കിലും ബ്രിട്ടീഷ് കോളനിവാഴ്ചയുടെ സന്തതിയാണ് ഖാദിയാനി പ്രസ്ഥാനം. വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഖാദിയാനികള്‍ക്ക് ഈ മേഖലയില്‍ ഗണ്യമായ വികാസവും ജീവസ്സുറ്റ പ്രവര്‍ത്തനവുമുണ്ട്. ആ കാലത്ത് തന്നെ ഖാദിയാനീ നേതാവായ മുഹമ്മദ് അലിയുടെ തര്‍ജമ 1918ല്‍ ഇംഗ്ലിഷില്‍ പ്രസാധനം ചെയ്യപ്പെടുകയുണ്ടായി. 

1969ല്‍ മാലിക് ഗുലാം ഫരീദിന്റെ മേല്‍നോട്ടത്തില്‍ ഇംഗ്ലിഷ് ഭാഷയില്‍ വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനവും വിവരണവും പ്രസിദ്ധം ചെയ്യപ്പെട്ടു. അപ്രകാരം മുന്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ദഫറുല്ലാഹ് ഖാന്റെ ഇംഗ്ലിഷ് തര്‍ജമയും വിശുദ്ധക്വുര്‍ആനിന്റെ ആശയവിവര്‍ത്തനമെന്ന പേരില്‍ മറ്റൊരു ലഘുപതിപ്പും ഇംഗ്ലിഷില്‍ വെളിച്ചം കണ്ടു. ഇതിന്ന് ആമുഖമെഴുതിയത് ഖാദിയാനീവിശ്വാസ പ്രകാരമുള്ള വാഗ്ദത്ത മസീഹിന്റെ രണ്ടാം ഖലീഫ മിര്‍സാ ബശീറുദ്ദീനാണ്. പിന്നീടത് 1963ല്‍ വലിയ മൂന്ന് വാള്യങ്ങളിലായി മാലിക് ഗുലാം ഫരീദ് പ്രസിദ്ധീകരിക്കുകയുണ്ടായി. 

ലോകത്തിന്റെ മുഴുമേഖലകളിലും വിശിഷ്യാ യൂറോ-അമേരിക്കന്‍ നാടുകളിലും ആഫ്രിക്കന്‍ വന്‍കരയിലും ഗണ്യവും ശക്തവുമായ പ്രവര്‍ത്തനങ്ങളാണ് ഈ പിഴച്ച വിഭാത്തിനുള്ളത്. അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ധന്യവും സമൃദ്ധവുമാണ്. തങ്ങളുടെ നിരര്‍ഥക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്ന് വിശുദ്ധ ക്വുര്‍ആന്‍ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

ഖാദിയാനീ പ്രസ്ഥാനത്തിന്റെ മലയാള പരിഭാഷ

ഖാദിയാനികളുടെ ഏറ്റവും വലിയ ശ്രമമായിരുന്നു മലയാളത്തില്‍ ഒരു തര്‍ജമ പ്രസിദ്ധീകരിക്കുക എന്നത്. മുഹമ്മദ് അബുല്‍ വഫാ അത് തയ്യാറാക്കുകയും 1991ല്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി. 

മുഹമ്മദ് അബുല്‍വഫാ തന്റെ പരിഭാഷയില്‍ അവലംബിച്ചത് ബശീര്‍ അലിയുടെ ഇംഗ്ലിഷ് പരിഭാഷയും മിര്‍സാ ബശീറുദ്ദീന്റെ ഉറുദുതര്‍ജമയും ആയിരുന്നു. പ്രസ്തുത തര്‍ജമ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് (ഖാദിയാനി) പബ്‌ളിഷേഴ്‌സ് ലിമിറ്റഡ് പിന്നീട് ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ക്വുര്‍ആനിന്റെ മുപ്പതാം ജുസ്അ് വിവരണത്തോടൊപ്പം പ്രസ്തുത പരിഭാഷക്ക് 1180 പേജുകളുണ്ടായിരുന്നു. 

വരികള്‍ക്കിടയിലെ വിഷലിപ്ത ചിന്തകള്‍

ഖാദിയാനി ചിന്തകളെ കുറിച്ച് വ്യക്തമായ ചിത്രമാണ് ഈ തര്‍ജമ നല്‍കുന്നത്. അറബിപദത്തിന് നേരെ പദങ്ങളുടെ അര്‍ഥം നല്‍കിയതിനു ശേഷം അടിക്കുറിപ്പുകളിലാണ് വിഷലിപ്ത ചിന്തകള്‍ ഒളിപ്പിച്ചിരിക്കുന്നത്. 

‘മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞ് പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവരിരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു” (ക്വുര്‍ആന്‍ 5:75) എന്ന ആയത്ത് ദുര്‍വ്യാഖ്യാനിക്കുന്നത് അതില്‍ ഒന്നു മാത്രം. ‘ഖലത്’ (കഴിഞ്ഞുപോയി) എന്ന പദത്തിന് മരണപ്പെട്ടു എന്നാണ് അര്‍ഥമെന്നും അങ്ങനെവരുമ്പോള്‍ ഈസാനബി(അ)യും മരണപ്പെട്ടിരിക്കുന്നു എന്ന് അതില്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. 

എന്നാല്‍ ഈ വിവര്‍ത്തകന്‍ സ്വന്തത്തോട് തന്നെ വിരുദ്ധനായി, സൂറ: ആലു ഇംറാനിലെ 137ാം വചനത്തിന് അര്‍ഥം നല്‍കിയപ്പോള്‍ ‘നിങ്ങള്‍ക്ക് മുമ്പ് പല (ദൈവിക) നടപടികളും കഴിഞ്ഞ് പോയിട്ടുണ്ട്’ എന്ന് എഴുതുന്നു. ഇതില്‍ ‘ഖലത്’ എന്നതിന് ‘കഴിഞ്ഞുപോയി’ എന്നുതന്നെ അര്‍ഥം നല്‍കിയിരിക്കുന്നു. 

മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രചാരം നേടിയ കള്ളവാദങ്ങളില്‍ പെട്ടതാണ് അയാള്‍ തനിക്ക് ദിവ്യബോധനം ലഭിക്കുന്നു എന്നു പറഞ്ഞതിന് പിന്നാലെ താന്‍ വാഗ്ദത്ത മസീഹാണെന്ന് വാദിച്ചത്. ‘ദമീമത്തുല്‍ വഹ്‌യ്’ എന്ന തന്റെ ഗ്രന്ഥത്തില്‍ അയാള്‍ എഴുതുന്നു: ‘തമസ്സിനു ശേഷം സൃഷ്ടികളില്‍ അല്ലാഹുവില്‍നിന്നുള്ള പൂര്‍ണപ്രഭ ചൊരിയാന്‍ വേണ്ടി സൂക്ഷ്മജ്ഞനായ അല്ലാഹുവിന്റെ കല്‍പന പ്രഖ്യാപിച്ചുകൊണ്ട് വാഗ്ദത്ത മസീഹ് വന്നെത്തി.’ ഈ കള്ളവാദങ്ങളും അബുല്‍വഫായുടെ തര്‍ജമയില്‍ പറഞ്ഞ ഇതര നബിമാരെപോലെ ഈസാനബി(അ)യും മരണപ്പെട്ടു എന്ന വിവര്‍ത്തനവും എങ്ങനെ സമരസപ്പെടും? വല്ലാത്തൊരു വൈരുധ്യം! 

‘നുബുവ്വത്ത് അവസാനിക്കുന്നില്ല!’

 ഖാദിയാനീ പരിഭാഷകന്‍ അബുല്‍വഫാ തന്റെ ശൈഖുമാരെ അനുകരിച്ചുകൊണ്ടും വിശുദ്ധ ക്വുര്‍ആ നിന്റെ ചില വചനങ്ങളുടെ മറപിടിച്ചും വഹ്‌യ് ലോകത്ത് തുടരുമെന്നും പ്രവാചകശൃംഖല അറ്റ് പോയിട്ടില്ലെന്നും കാലാകാലങ്ങളില്‍ പ്രവാചകര്‍ വരുമെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയുണ്ടായി. വിശുദ്ധ ക്വുര്‍ആനിലെ സുറഃ അല്‍അഹ്‌സാബിലെ 40ാം വചനമായ ‘മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’ എന്ന വചനത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നത് നോക്കുക: ”ഖാത്തം എന്ന പദത്തിന് ശ്രേഷ്ഠന്‍, പൂര്‍ണന്‍ എന്നീ അര്‍ഥങ്ങളുണ്ട്. ഉദാഹരണത്തിന് ‘ഖാതമുശ്ശുഅറാഅ്’ എന്ന് നാം ആരെക്കുറിച്ചെങ്കിലും പറഞ്ഞാല്‍ കവികളില്‍ ശ്രേഷ്ഠന്‍ എന്നാണ് താല്‍പര്യം. അതു പോലെ ‘ഖാതമുല്‍ അമ്പിയാഅ്’ എന്ന് പറഞ്ഞാ ല്‍ നബിമാരില്‍ ശ്രേഷ്ഠന്‍ എന്നാണ് താല്‍പര്യം. ഒരാള്‍ക്ക് ശ്രേഷ്ഠതയുണ്ട് എന്നത് അയാള്‍ അവസാനത്തേതെന്ന് അറിയിക്കുന്നില്ല. അദ്ദേഹം തന്നെയാണ് മഹാനും പൂര്‍ണനും, എന്നാല്‍ അദ്ദേഹം അന്ത്യ പ്രവാചകനല്ല.” 

അപ്രകാരം തന്നെ അബുല്‍ വഫാ വിശുദ്ധ ക്വുര്‍ആനിലെ ”തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സന്ദേശമാകുന്ന ചൈതന്യം അവന്‍ നല്‍കുന്നു…” (40:15) എന്നതിനെ വ്യാഖ്യാനിച്ചു പറഞ്ഞു: ‘നിലക്കാത്ത വഹ്‌യ്’. 

‘…എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി…” (ക്വുര്‍ആന്‍ 61:6) എന്നതിനെ വിവര്‍ത്തനം ചെയ്തുകൊണ്ട് എഴുതി: ‘അതിന്റെ ഉദ്ദേശം മിര്‍സാഗുലാമാണ്. അദ്ദേഹത്തിന് ‘അഹ്മദ്’ എന്ന് പേരുണ്ട്. 

 ”…അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി (ക്വുര്‍ആന്‍) അതിനെ തുടര്‍ന്നുവരികയും ചെയ്യുന്നു…” (ക്വുര്‍ആന്‍ 11:17) എന്നതിനെ വിവര്‍ത്തനം ചെയ്തുകൊണ്ട് എഴുതി: ‘ശാഹിദ്’ എന്ന പദത്തിന്റെ ഉദ്ദേശം വാഗ്ദത്ത മസീഹാകുന്നു. അതത്രെ മിര്‍സാ ഗുലാം.” 

”ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ…” (ക്വുര്‍ആന്‍ 55:33) എന്ന് തുടങ്ങുന്ന സൂക്തത്തിന്റെ പരിഭാഷയില്‍ ജിന്നിന്റെ വിപക്ഷയായി അദ്ദേഹം പറഞ്ഞത് സ്വേച്ഛാധിപതികള്‍ എന്നും ഇന്‍സിന്റെ വിപക്ഷ കമ്മ്യൂണിസ്റ്റുകളുമാണ് എന്നാണ്.

മുകളില്‍ പറഞ്ഞ വ്യാഖ്യാനങ്ങളും അല്ലാത്തവയും അബുല്‍വഫാ തന്റെ പരിഭാഷയില്‍ ഉള്‍പ്പെടുത്തിയത് മിര്‍സാ ഗുലാം മഹ്ദിയും വാഗ്ദത്ത മസീഹുമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ്; അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാനാണ്. എന്നാല്‍ ഇവയെല്ലാം മിര്‍സായുടെയും അനുയായികളുടെയും പിന്‍ഗാമികളുടെയും കറ്റുകെട്ടലുകള്‍ മാത്രമാണ്. മതപരിജ്ഞാനമില്ലാത്ത ഒരു അശ്രദ്ധാലുവിനല്ലാതെ അത് സ്വീകാര്യമാകില്ല. ഇസ്‌ലാമിനെക്കുറിച്ചോ അറബി ഭാഷയെക്കുറിച്ചോ യാതൊരു അറിവുമില്ലാത്തവനല്ലാതെ അത് ഉള്‍ക്കൊള്ളാനുമാവില്ല. 

മുന്നിലോ പിന്നിലോ യാതൊരു തെറ്റും വരാത്ത വിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷയില്‍ ഇയാള്‍ കടത്തിക്കൂട്ടിയ എല്ലാ ദുര്‍വ്യാഖ്യാനങ്ങളും ഭേദഗതികളും ഇവിടെ ഉദ്ധരിക്കാന്‍ നമുക്ക് ഉദ്ദേശമില്ല. അബുല്‍ വഫായും കൂട്ടുകാരും തങ്ങളുടെ ദേഹേച്ഛ ഓതിക്കൊടുത്തതനുസരിച്ചും കള്ള പ്രവാചകന്‍ മിര്‍സായുടെ ചിന്തകള്‍ക്കൊത്തും വിശുദ്ധ ക്വുര്‍ആനിനെതിരില്‍ കല്ലുവെച്ച നുണകള്‍ എഴുതിവിടാന്‍ കാണിച്ച ധൈര്യം മനസ്സിലാക്കാന്‍ ഈ ഉദാഹരണങ്ങള്‍ തന്നെ മാന്യ വായനക്കാര്‍ക്ക് മതിയാകും. 

കേരളത്തില്‍ ഈ പരിഭാഷക്ക് വലിയ പ്രചാരം ലഭിച്ചില്ലായെന്നത് സന്തോഷകരമായ കാര്യമാണ്. കാരണം ഖാദിയാനീ പ്രബോധനം കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ തീര്‍ത്തും ശുഷ്‌ക്കമാണ്. അല്ലാഹുവേ നിനക്ക് സ്തുതി.……

നാളിതുവരെയായി ഈ പിഴച്ച പ്രസ്ഥാനത്തിന് ഏറ്റവും കുറഞ്ഞ സ്വാധീനമുണ്ടായ നാടാണ് കേരളം. സത്യവാഹകര്‍ അവര്‍ക്കെതിരില്‍ ജാഗരൂഗരുമാണ്. അല്ലാഹുവേ നിന്നെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശേഷിയുമില്ല. 

2. അക്വ്‌ലാനി സ്വാധീനമുള്ള പരിഭാഷകള്‍

പ്രമാണ വചനങ്ങള്‍ പരിഗണിക്കാതെ തങ്ങളുടെ പരിമിതമായ ബുദ്ധിയെ അവലംബിക്കുന്നവരാണ് അക്വ്‌ലാനികള്‍. തങ്ങളുടെ അഭീഷ്ടത്തോട് യോജിക്കുന്നത് സ്വീകരിക്കുകയും മറ്റുള്ളതെല്ലാം തള്ളുകയും ചെയ്യുന്നവരാണ് അവര്‍. 

തീര്‍ത്തും ഖേദകരമെന്ന് പറയട്ടെ, മുസ്‌ലിം അണികളില്‍ അറിവും പരിജ്ഞാനവും ഉള്ളവരെന്ന് പറയപ്പെടുന്ന വര്‍പോലും ഇത്തരം അന്യചിന്തകളുടെ സ്വാധീനത്തില്‍ അകപ്പെട്ടിട്ടുണ്ട്. 

‘അല്‍ അക്വ്‌ലാനിയൂന്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് പറയുന്നു: ‘അക്വ്‌ലാനികളെയും അവരുടെ അനുയായികളെയും ശപിക്കപ്പെട്ട പിശാച് തന്റെ വലയില്‍ വീഴ്ത്തിയ ഏറ്റവും വലിയ തന്ത്രം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വചനങ്ങളെ -അവ അദ്യശ്യങ്ങളുമായോ ആരാധനകളുമായോ മുഅ്ജിസത്തുകളുമായോ ബന്ധപ്പെട്ടതാണെങ്കില്‍ പോലും- കേവലമായ ഭൗതിക വീക്ഷണത്തിന്റെയും ചിന്തയുടെയും പരിമിതികളുള്ള മനുഷ്യബുദ്ധികൊണ്ട് എതിരിടുകയെന്നതാണ്. അങ്ങനെ അവര്‍ വിശുദ്ധക്വുര്‍ആനിലും തിരുസുന്നത്തിലും വന്ന നിരവധി അദ്യശ്യങ്ങളായ കാര്യങ്ങളെ നിഷേധിക്കുന്നു. കാരണം അവ അവരുടെ കേവല ഭൗതിക ചിന്തയോട് യോചിക്കുന്നില്ല എന്നതുതന്നെ. അതു പോലെ അവര്‍ മുഅ്ജിസത്തുകളെ അസാധുവാക്കുന്നു. അവരുടെ അക്വ്‌ലാനി മന്‍ഹജിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കാര്യങ്ങള്‍ പുറത്ത് വരുന്നത്. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ അവര്‍ ഭേദഗതി വരുത്തുന്നത് അവരുടെ അക്വ്‌ലാനി അനുമാനത്തില്‍ നിന്ന് മാത്രമാണ്. അഥവാ അദ്യശ്യകാര്യങ്ങളെക്കാള്‍ ദുര്‍ബലമായ ദ്യശ്യലോകത്തിന് പ്രാമുഖ്യം കല്‍പിക്കുന്ന തെറ്റായ അക്വ്‌ലാനി അനുമാനം.

(അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

മലയാളത്തിലെ ആദ്യ ക്വുര്‍ആന്‍ പരിഭാഷ

മലയാളത്തിലെ ആദ്യ ക്വുര്‍ആന്‍ പരിഭാഷ

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 4

ഹിജ്‌റ 13ാം നൂറ്റാണ്ടിന്റെ തുടക്കംവരെ മലയാളത്തില്‍ ഒരു ക്വുര്‍ആന്‍ പരിഭാഷ ഇറങ്ങിയതായി എനിക്കറിയില്ല. ഉമര്‍ മൗലവി(റഹ്) പറഞ്ഞതു പോലെ, തര്‍ജമ ഇത്രയും വൈകാനുള്ള കാരണം കേരളീയ  മുസ്‌ലിം സമൂഹം അടുത്ത കാലംവരെ നിരക്ഷരരായിരുന്നു എന്നതായിരിക്കാം. ബോധനരീതികളാകട്ടെ തീര്‍ത്തും പ്രാകൃതരൂപത്തിലുള്ളവയായിരുന്നു. അന്ന് സമുദായത്തില്‍ ക്വുര്‍ആന്‍ ഓതാനറിയുന്നവര്‍ ന്യുനാല്‍ ന്യൂനപക്ഷമായിരുന്നു.

ആദ്യമായി ക്വുര്‍ആന്‍ പരിഭാഷ നിര്‍വഹിക്കുകയും ഭീഷണികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രയാസത്തിന്റെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തത് പണ്ഡിതനും കവിയുമായ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ക്വാദിര്‍ (മായിന്‍ കുട്ടി ഇളയാ) ആയിരുന്നു. 

അതിന് അദ്ദേഹം ‘തര്‍ജുമത്തു തഫ്‌സീറില്‍ ക്വുര്‍ആന്‍’ എന്ന് നാമകരണം ചെയ്തു. ആറ് വാല്യങ്ങളിലായി മുപ്പത് ഭാഗങ്ങളായിരുന്നു പ്രസ്തുത തര്‍ജമ. ക്രിസ്താബ്ദം 1855/ഹിജ്‌റ വര്‍ഷം 1272ല്‍ തുടങ്ങി 1287ല്‍ ആണ് ശൈഖ് അതില്‍ നിന്ന് വിരമിച്ചത്. ശൈഖ് മായിന്‍കുട്ടി ഇളയാ പൂര്‍വകാല പണ്ഡിതരെപ്പോലെ ദീനീവിജ്ഞാനങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ളയാളും ഫത്‌വ നല്‍കുന്നതില്‍ നിപുണനുമായിരുന്നു.

പ്രതികൂലികളുടെ പ്രതികരണങ്ങള്‍

പ്രസ്തുത പരിഭാഷയുടെ കയ്യെഴുത്തുപ്രതി പുറത്ത് വന്നതോടെ മലബാറില്‍ വലിയ ശബ്ദകോലാഹലങ്ങളുണ്ടായി. മറ്റാരും ചെയ്യാത്ത ഈ മഹാകര്‍മത്തിന്നെതിരില്‍ എതിരാളികള്‍ ശത്രുതാപരവും നിഷേധാത്മകവുമായ രൂപത്തില്‍ രംഗത്തുവന്ന് അക്രമങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. എത്രത്തോളമെന്നാല്‍, പ്രസ്തുത പരിഭാഷയുടെ പ്രതി കടലിലേക്ക് എറിയുന്നത്‌വരെയെത്തി അവരുടെ ധാര്‍ഷ്ഠ്യം. 

ശൈഖ് മായിന്‍കുട്ടി ഇളയാ കേളികേട്ട കുടുംബത്തിലെ അംഗമാണ്. അദ്ദേഹം വിവാഹം ചെയ്തതാകട്ടെ കണ്ണൂരിലെ പ്രസിദ്ധ ധനികരായ രാജകുടുംബത്തില്‍ നിന്നാണ്. കൂടാതെ അദ്ദേഹം അറിയപ്പെട്ട പണ്ഡിതനുമാണ്. എതിര്‍പ്പുകാരുടെ പ്രതിലോമ പ്രവര്‍ത്തനങ്ങളുണ്ടായിട്ടും അവരുടെ പണ്ഡിതസഭ വിവര്‍ത്തകന്നെതിരില്‍ ഫത്‌വ പുറപ്പെടുവിച്ചിട്ടും പുകള്‍പെറ്റ തര്‍ജമ പുറത്തിറക്കാന്‍ ഭാര്യയുടെ ബന്ധുക്കള്‍ അദ്ദേഹത്തെ സഹായിച്ചു. എത്രത്തോളമെന്നാല്‍ ക്രിസ്താബ്ദം1869/ഹിജ്‌റ വര്‍ഷം 1286ല്‍ അദ്ദേഹത്തിന് കണ്ണൂരിലെ അറക്കലില്‍ തന്റെ ഭാര്യയുടെ കൊട്ടാരത്തിനടുത്ത് ഒരു സ്വകാര്യ പ്രിന്റിംഗ് പ്രസ് ആരംഭിക്കാന്‍ വരെ സാധിച്ചു. അങ്ങനെ ഹിജ്‌റ 1289ല്‍ പ്രസ്തുത പരിഭാഷയുടെ ആദ്യ വാള്യം പ്രസാധനം ചെയ്യപ്പെട്ടു. അവിടെനിന്നങ്ങോട്ട് ഇരുപത്തിരണ്ട് വര്‍ഷം നീണ്ടുനിന്ന പരിശ്രമത്താല്‍ മുഴുവന്‍ വാള്യങ്ങളും പുറത്തിറങ്ങി. 

മായിന്‍കുട്ടി ഇളയായുടെ തര്‍ജമയിലെ ലിപികള്‍

പ്രസ്തുത തര്‍ജമ മലയാള ഭാഷയിലാണെങ്കിലും അറബിലിപിയാണ് (അറബിമലയാളം) അതില്‍ ഉപയോഗിച്ചത്. പണ്ട് കാലം മുതലേ മുസ്‌ലിംകള്‍ക്ക് മലയാള ഭാഷയോടുള്ള എതിര്‍പ്പായിരുന്നു ഇതിന് കാരണം. മുസ്‌ലിംകള്‍ക്ക് മലയാളത്തില്‍ വേണ്ടത്ര ഗ്രന്ഥരചനകള്‍ ഇല്ലാതിരിക്കുകയും ഹൈന്ദവ ഗ്രന്ഥങ്ങളെല്ലാം മലയാളത്തിലാവുകയും ചെയ്തതിനാല്‍ മുസ്‌ലിംകള്‍ അവകളില്‍ വശംവദരാകുമോ എന്ന ഭയപ്പാടാണ് ഈ എതിര്‍പ്പിന് പിന്നിലുണ്ടായിരുന്നത്. ഈ ഭയവും മലയാളത്തോടുള്ള അകല്‍ച്ചയും ചില മുസ്‌ലിം പണ്ഡിതരില്‍ തീവ്രമായപ്പോള്‍ തങ്ങള്‍ക്കിടയില്‍ തന്നെ ആശയവിനിമയത്തിനും അഭിസംബോധനക്കും കത്തിടപാടുകള്‍ക്കും ഒരു ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അങ്ങനെയാണ് ‘അറബി മലയാളം’ എന്ന നവീന ഭാഷക്ക് ബീജാവാപമുണ്ടാകുന്നത്. അവികസിതവും പഴഞ്ചനുമായിരുന്നു പ്രസ്തുത ഭാഷയുടെ ശൈലി. ശൈഖ് കെ. എം. മൗലവി എഴു തുന്നു: ‘പലരും പല കാലങ്ങളിലായി മലയാള ഭാഷയിലൊരു ക്വുര്‍ആന്‍ പരിഭാഷ തയ്യാറാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വിജയപ്രദമായി പൂര്‍ത്തീകരിക്കപ്പെട്ട പ്രഥമപരിഭാഷ മായിന്‍കുട്ടി ഇളയാ തയ്യാറാക്കിയ പരിഭാഷയാണ്. അറബിമലയാളത്തില്‍ എഴുതപ്പെട്ടതും മലയാളത്തില്‍ പ്രസാധനം ചെയ്യപ്പെട്ടതും ആണത്. ഒരു നൂറ്റാണ്ടിന് മുമ്പായിരുന്നു പ്രസ്തുത പ്രസാധനം.’ 

പരിഭാഷയും വ്യാഖ്യാനവും

പ്രസ്തുത പരിഭാഷയുടെ ഏടുകള്‍ വായിക്കുന്നവര്‍ക്ക് അവ കേവലം വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനം മാത്രമല്ല വിവരണം കൂടിയാണത് എന്നാണ് ബോധ്യപ്പെടുക. ഈ കഠിനാധ്വാനത്തിന് അദ്ദേഹം അവലംബിച്ചത് തഫ്‌സീര്‍ ത്വബ്‌രി, ജലാലയ്‌നി എന്നിവയാണ്. 

വഴിമുടക്കി വഴി നീങ്ങുന്നു

ഈ അനുഗൃഹീത ഗ്രന്ഥരചന ശൈഖ് സമര്‍പ്പിച്ചതോടെ പന്ത്രണ്ട് നൂറ്റാണ്ട് കാലം എഴുത്തുകാര്‍ക്കും ഗവേഷകര്‍ക്കും മുമ്പില്‍ കൊട്ടിയടക്കപ്പെട്ട വഴി തുറക്കപ്പെട്ടു. 

ഇവിടെനിന്നങ്ങോട്ട് മലയാളക്കരയില്‍ പരിഭാഷകള്‍ ഒന്നിന് പിറകെ മറ്റൊന്നെന്ന രീതിയില്‍ പുറത്തുവന്നു തുടങ്ങി. വിശ്വാസികള്‍ അല്ലാഹുവിന്റെ സഹായത്തില്‍ സന്തുഷ്ടരായി. അവര്‍ക്കായിരുന്നു ഈ മേഖലയില്‍ വ്യക്തമായ വിജയം. തന്നിഷ്ടക്കാര്‍ തങ്ങളുടെ വാദഗതികളുമായി ഊരുചുറ്റി നടന്നു. കേരളക്കരയില്‍ ഇന്നുവരെ പൂര്‍ണമോ ഭാഗികമോ ആയി പ്രസിദ്ധീകരിക്കപ്പെട്ട പരിഭാഷകളും വ്യാഖ്യാനങ്ങളും അമ്പതോളമാണ്. 

ഇവിടെ എടുത്തു പറയേണ്ട മറ്റൊരു കാര്യമുണ്ട്. പ്രസ്തുത തഫ്‌സീര്‍ വൈജ്ഞാനികമായി ഉയര്‍ന്നുനില്‍ക്കുന്നതും കനപ്പെട്ടതുമായിട്ടും അത് പഴയ ലൈബ്രറികളില്‍ ഒരു പുരാവസ്തുവെന്നോണം ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. അതിനു കാരണം അതില്‍ ഉപയോഗിച്ച ഭാഷ തീര്‍ത്തും പഴഞ്ചനും പുതിയ തലമുറക്കത് നന്നായി അറിയാത്തതുമാണ്. അതിലെ പദങ്ങളാകട്ടെ മിക്കതും കാലഹരണപ്പെട്ടതും കാല്‍നൂറ്റാണ്ടുകാലമായി മുസ്‌ലിംകളാല്‍ കയ്യൊഴിക്കപ്പെട്ടതുമാണ്. മുഴുവന്‍ പാഠശാലകളിലെയും പാഠ്യപദ്ധതികളും പഠനോപാധികളും ഉപയോഗിച്ച് ഇസ്‌ലാമിക സംസ്‌കാരവും മലയാള ഭാഷയും പ്രചരിപ്പിക്കാന്‍ നവോത്ഥാന നായകന്മാരും പണ്ഡിതന്മാരും ശ്രമിച്ചതോടെ ‘അറബിമലയാളം’ ഇന്ന് ഏതാണ്ട് അന്യമായി മാറി. എന്നാല്‍ കേരളത്തില്‍ അറബിഭാഷ ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഐച്ഛിക വിഷയമായി പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. സ്വകാര്യ ഇസ്‌ലാമിക പാഠശാലകളിലും കോളേജുകളിലും അടിസ്ഥാന വിഷയമായും അറബി പഠിപ്പിക്കപ്പെടുന്നു. 

ഒരു പുതിയ കാല്‍വെപ്പ്, സുന്ദരമായ മാതൃകയും

ഭിന്നവും വിരുദ്ധവുമായ മാര്‍ഗങ്ങളുള്ള തര്‍ജമകളിലേക്ക് വെളിച്ചം വീശും മുമ്പ് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ പ്രസാധനം ചെയ്യപ്പെട്ട ഒരു മാതൃകാ പരിഭാഷയെ ഇവിടെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദരണീയനായ ശൈഖ് ഉമര്‍ അഹ്മദ് മലബാരി(റഹ്)യുടെ പരിഭാഷയാണത്. ഉപരിസൂചിത അറബി മലയാള തര്‍ജമ പോലെയായിരുന്നു ഇതും. മലബാറില്‍ തന്റെ കാലഘട്ടത്തില്‍ തൗഹീദിന്റെ കാവല്‍ഭടനായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ പിന്തള്ളപ്പെടുകയും നിരക്ഷരത അടക്കിവാഴുകയും ചെയ്ത മുസ്‌ലിം സമുദായത്തിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗംഭീരമായി നടക്കുന്ന കാലത്താണ് കേരളക്കരയിലെ സിംഹഭാഗത്തിന്റെയും മാതൃഭാഷയായ മലയാളത്തോട് ഒരു വലിയ വിഭാഗം എതിരാളികളായി നിലകൊണ്ടത്. ഇതരരെക്കാള്‍ അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അജ്ഞതയും അടക്കിവാണു. വിശുദ്ധ ക്വുര്‍ആന്‍ മനഃപാഠമാക്കുക, പഠിക്കുക, പഠിപ്പിക്കുക എന്നിവയില്‍നിന്ന് ജനങ്ങളെ അകറ്റിക്കൊണ്ട് മാലമൗലൂദുകളിലും ഗദ്യപദ്യങ്ങളിലും ഗ്രന്ഥരചനകള്‍ വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് തൗഹീദീ പ്രചാരണത്തില്‍ ഏര്‍പെട്ടിരുന്ന പണ്ഡിതരില്‍ അറബി മലയാളത്തില്‍ ഒരു തര്‍ജമ പുറത്തിറക്കാനുള്ള ചിന്തയുദിച്ചത്.  

അറബിമലയാളത്തെ പാരമ്പര്യ മുസ്‌ലിംകള്‍ അതിയായി സ്‌നേഹിക്കുകയും മലയാളത്തോട് വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന സാഹചര്യം നിലനില്‍ക്കുന്ന കാരണത്താലാണ് ഉമര്‍ മൗലവി(റഹ്) തന്റെ ക്വുര്‍ആന്‍ പരിഭാഷ അറബിമലയാളത്തിലാക്കിയത്. ഒരുവേള തൗഹീദിന്റെ പ്രബോധനം തന്റെ തര്‍ജമയിലൂടെ നിര്‍വഹിക്കാനുള്ള കൊതിയും അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചിരിക്കും. 

ഉമര്‍ മൗലവിയുടെ പരിഭാഷ; ഒരു ഹ്രസ്വ വിവരണം

1955ല്‍ ഉമര്‍ മൗലവി അറബി മലയാളത്തില്‍ തന്റെ തര്‍ജമ പൂര്‍ണമായും ക്രോഡീകരിച്ചു. ശ്ലാഘനീയമായ സേവനമാണ് ഈ തര്‍ജമയിലൂടെ അദ്ദേഹം നിര്‍വഹിച്ചത്. ആദ്യം പദങ്ങളുടെ വ്യക്തമായ അര്‍ഥവും പിന്നീട് തന്റെ പ്രത്യേക ശൈലിയിലുള്ള വിവരണവും ഉള്‍പെടുത്തിക്കൊണ്ടായിരുന്നു അത്. ത്വബ്‌രി, ഇബ്‌നുകഥീര്‍, ശൗകാനി എന്നീ അടിസ്ഥാന തഫ്‌സീറുകളും റാസീ, സമഖ്ശരീ, സുയൂത്വി, തുടങ്ങിയ പ്രമുഖരുടെ തഫ്‌സീറുകളും അദ്ദേഹം അവലംബിച്ചു. 

പ്രസ്തുത തര്‍ജമയില്‍ അദ്ദേഹത്തിന്റെ മുഴുശ്രദ്ധയും വിശ്വാസ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു. ശിര്‍ക്കന്‍ വിശ്വാസക്കാരുടെയും തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവരുടെയും നേരെ അദ്ദേഹം ആഞ്ഞടിച്ചു. ശിര്‍ക്കിന്റെ മുഴുവന്‍ ഇനങ്ങളും മലബാറില്‍ ഉണ്ടായിരുന്നു എന്നതായിരുന്നു അതിനു കാരണം. മുസ്‌ലിംകള്‍ ബഹുദൈവവിശ്വാസികളോട് കലര്‍ന്നു ജീവിച്ചതിനാലും വിഗ്രഹപൂജകരുടെയുംബഹുദൈവാരാധകരുടെയും സംസ്‌കാരങ്ങളുടെ സ്വാധീനത്താലും ചിലരെല്ലാം പുതുമുസ്‌ലിംകളായതിനാലുമായിരുന്നു അത്. കൈവളയങ്ങള്‍ കണക്കെ ശിര്‍ക്കിന്റെ ഊറലുകള്‍ അവരെ വലയം ചെയ്തു. തന്റെ പരിഭാഷയില്‍ മൗലവി ഈ മേഖലകള്‍ നന്നായി കൈകാര്യം ചെയ്തു. ബിദ്ഈ പാര്‍ട്ടികളുടെയും തൗഹീദ് വിരോധികളുടെയും രൂക്ഷമായ എതിര്‍പ്പുണ്ടായിട്ടും മഹത്തായ സേവനമാണ് മൗലവി നിര്‍വഹിച്ചത്. 

ആറ് വാള്യങ്ങളായിട്ടാണ് പ്രസ്തുത തര്‍ജമ പുറത്തിറങ്ങിയത്. ഓരോ വാള്യവും വിശുദ്ധ ക്വുര്‍ആനിലെ അഞ്ച് ജുസ്ഉകള്‍ ഉള്‍കൊള്ളുന്നു. ഓരോ വാള്യവും പ്രസിദ്ധീകരിച്ച വര്‍ഷം താഴെ കൊടുക്കുന്നു:  

ഒന്നാം വാള്യം: 1955. രണ്ടാം വാള്യം: 1958. മൂന്നാം വാള്യം: 1960. നാലാം വാള്യം: 1962. അഞ്ചാം വാള്യം: 1963. ആറാം വാള്യം: 1965. ഓരോ വാള്യത്തിലും 400 പേജുകള്‍ വീതം ഉണ്ട്. (അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

പരിഭാഷയുടെ പരിപക്വഘട്ടവും മാറ്റൊലികളും

പരിഭാഷയുടെ പരിപക്വഘട്ടവും മാറ്റൊലികളും

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 3)

നാം മുമ്പ് സൂചിപ്പിച്ചതുപോലെ അറബികളായ മുസ്‌ലിംകള്‍ വിജയിച്ച നാടുകളെല്ലാം അറബിഭാഷാ പഠനത്തില്‍ മികവ് തെളിയിച്ചു. അവിടങ്ങളില്‍ ജനങ്ങള്‍ അറബി ഭാഷയില്‍ മുഴുശ്രദ്ധയും പതിപ്പിച്ചു. അവര്‍ക്ക് ഇസ്‌ലാമിനോടും വിശുദ്ധ ക്വുര്‍ആനിനോടും അറബികളോടുമുള്ള സ്‌നേഹമായിരുന്നു അതിനു കാരണം. അല്ലാഹുവേ, നിനക്ക് സ്തുതി…

എന്നാല്‍ ഈ സവിശേഷത ഇന്ത്യക്കുണ്ടായില്ല. കാരണം ഇന്ത്യയെ വിജയിച്ചവര്‍ മുഗളരും ഗസ്‌നവികളും മറ്റുമായ അനറബികളായിരുന്നു. ജനങ്ങളുടെ ശ്രമങ്ങള്‍ രാഷ്ട്രത്തിന്റെ ശ്രമങ്ങള്‍ക്ക് തുല്യമാകില്ലല്ലോ. വ്യക്തികളുടെ പരിഗണനകള്‍ക്ക് പരിധികളുണ്ട് താനും. അതിനാല്‍ തന്നെ ഓത്തുപള്ളികളിലും പള്ളിദര്‍സുകളിലും പാഠശാലകളിലും പഠിക്കുന്നതൊഴിച്ച് മലബാറില്‍ അറബി ഭാഷക്ക് നിലനില്‍പുണ്ടായില്ല. നാടിന്റെ ഭാഷ മലയാളമായി തന്നെ നിലകൊണ്ടു. വിശുദ്ധ ക്വുര്‍ആനിന്റെ ആശയങ്ങള്‍ പണ്ഡിതരിലും പഠിതാക്കളിലും പരിമിതമായി. വിശുദ്ധ ക്വുര്‍ആനാകട്ടെ ലോകരെ മനനം നടത്താനും ചിന്തിക്കാനും പഠിക്കാനും ക്ഷണിച്ചു. അല്ലാഹു പറയുന്നു: 

”അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?” (ക്വുര്‍ആന്‍ 47:24).

ഈ അടിത്തറയില്‍നിന്ന് ചില ഒറ്റപ്പെട്ട പണ്ഡിതരും നിപുണരായ എഴുത്തുകാരും മലയാള ഭാഷയില്‍ ക്വുര്‍ആനിന് ഒരു വിവര്‍ത്തനം തയ്യാറാക്കാന്‍ ആരംഭിച്ചു. ഇസ്‌ലാമികാധ്യാപനങ്ങള്‍ നിറഞ്ഞുവാണ കാലഘട്ടം അജ്ഞത നിമിത്തം നിഷ്പ്രഭമാവുകയും അറബിക്കുള്ള പരിഗണന കുറയുകയും പിന്‍തലമുറകളില്‍ മതവിഷയങ്ങള്‍ക്ക് ശ്രദ്ധ കുറയുകയും ചെയ്തതിന് ശേഷമായിരുന്നു ഈ ഒരുക്കം എന്നതാണ് അതിന്റെ പ്രത്യേകത. 

‘നിങ്ങള്‍ക്കൊരു കാലഘട്ടം വന്നെത്തുകയില്ല, അതിന് ശേഷമുള്ളത് ആദ്യത്തേതിനെക്കാള്‍ ദോഷകരമായിട്ടല്ലാതെ’ എന്ന പ്രവാചക വചനത്തെ അന്വര്‍ഥമാക്കുന്നതായിരുന്നല്ലോ ആ കാലഘട്ടം. 

മുഗളരിലൂടെയും ഗസ്‌നവികളിലൂടെയും ചേക്കേറിയ സ്വൂഫീ ചിന്താഗതികള്‍ക്ക് ഈ അപചയത്തിലും പതനത്തിലും മുഖ്യപങ്കുണ്ടായിരുന്നു. ഇത്തരുണത്തില്‍ സത്യത്തിന്റെ വക്താക്കള്‍ സമുദായത്തെ സംരക്ഷിക്കാന്‍ നിര്‍മാണാത്മകവും ഫലവത്തും തീവ്രവുമായ ചിന്തക്ക് തിരികൊളുത്തി. 

‘എന്റെ ഉമ്മത്തുകളില്‍ ഒരു വിഭാഗം സത്യത്തിനെ സഹായിക്കുന്നവരായി ആയിക്കൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്കൊരിക്കലും ഉപദ്രവമേല്‍പിക്കില്ല, അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെ’ എന്ന പ്രവാചക വചനത്തെ സത്യപ്പെടുത്തും വിധമായിരുന്നു അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്. 

ഇവിടെ എന്നെ വ്യാകുലപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. അഥവാ മലയാളക്കരയിലെ സുവര്‍ണകാലഘട്ടത്തിനും (അറബി ഭാഷയിലെ നിര്‍മാണത്തിന്റെയും രചനയുടെയും വിശുദ്ധ ക്വുര്‍ആനും തഫ്‌സീറും നേരിട്ടു ഗുരുനാഥന്മാരില്‍നിന്ന് പഠിച്ചിരുന്നതിന്റെയും കാലഘട്ടം) അറിവിലും വിജ്ഞാനത്തിലും പിന്നാക്കംനിന്ന കാലഘട്ടത്തിനും ഇടയിലെ അന്തരം എത്രയായിരുന്നുവെന്നറിയില്ല എന്നതാണത്. എത്ര ദീര്‍ഘമായ ഗവേഷണം നടത്തിയിട്ടും ചരിത്ര കൃതികളില്‍ അത് കണ്ടെത്താനായില്ല. ഈ രണ്ട് കാലഘട്ടങ്ങള്‍ക്കിടയില്‍ വ്യക്തമായ അന്തരവും വ്യത്യാസവും കാണുന്നുണ്ട് താനും. 

വിവര്‍ത്തനം അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കും മധെ്യ

സത്യത്തിന്റെ പ്രണേതാക്കള്‍ക്ക് വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ചുണ്ടായ ചിന്തയും ഉണര്‍വും തന്നിഷ്ടക്കാര്‍ക്ക് വലിയ പ്രയാസത്തിന് കാരണമായി. പെട്ടെന്ന് അവര്‍ അനുകൂലികളുടെ അനുഗൃഹീത കാല്‍വയ്പുകളെ നിരീക്ഷിക്കുവാനും അതിന്നെതിരില്‍ ഉണരുവാനും വിവിധ മാര്‍ഗങ്ങളുപയോഗിച്ച് ഈ ചിന്താഗതിയെ വിമര്‍ശിക്കുവാനും എതിരിടുവാനും തുടങ്ങി. 

സ്വൂഫീ ചിന്താഗതിയില്‍ വശംവദരായ, സുന്നികളെന്ന് വാദിക്കുന്നവരാണ് ഈ അനുഗൃഹീത കാല്‍വയ്പുകള്‍ക്ക് കൂച്ചുവിലങ്ങുകളായത്. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയായേക്കാം: 

• അവരെക്കുറിച്ച് നല്ല ധാരണ വെച്ചുപുലര്‍ത്തുന്ന പാമരന്മാര്‍ അവരുടെ ഉള്ളറകളും നിജസ്ഥിതിയും അറിയുമെന്ന ഭയം. 

 

• സ്വാലിഹുകളെ സ്‌നേഹിക്കുക, ആദരിക്കുക എന്ന പേരില്‍ ശിര്‍ക്കിലും അദ്വൈതത്തിലും ചെന്നെത്തി നില്‍ക്കുന്ന സ്വൂഫീ ചിന്തകള്‍ യഥാര്‍ഥ തൗഹീദിന് വിരുദ്ധമാണെന്ന് വഞ്ചിതരായ പാമരജനം അറിയുമെന്ന അവരുടെ ഭയം. 

അതിനാല്‍ തന്നെ പ്രതികൂലികളുടെ നിരൂപണം തീവ്രവും വൈവിധ്യമാര്‍ന്നവയുമായിരുന്നു. ധാരാളം യോഗങ്ങള്‍ക്കു ശേഷം ‘തര്‍ജമ നിഷിദ്ധം’ എന്ന ഫത്‌വ പ്രഖ്യാപിതമായി. അമുസ്‌ലിംകള്‍ പഠിക്കുകയും കൈകാര്യം ചെയ്യുകയും അങ്ങനെ വിശുദ്ധ ക്വുര്‍ആനിന്റെ പവിത്രത നഷ്ടപ്പെടുകയും ചെയ്യും എന്നതായിരുന്നു അവരുടെ ന്യായം. 

തര്‍ജമക്കെതിരില്‍ എതിര്‍പ്പുകളും നിരൂപണങ്ങളും ഉണ്ടായെങ്കിലും തര്‍ജമകള്‍ വെളിച്ചം കണ്ടതിനു ശേഷമാണ് പ്രതികരണങ്ങള്‍ ഉണ്ടായത്. തര്‍ജമയെ എതിര്‍ത്ത പണ്ഡിതരില്‍ ചിലര്‍ തന്നെ തര്‍ജമ ചെയ്യുകയും തങ്ങളുടെ ക്യത്യത്തെ ന്യായീകരിക്കുകയും നിലപാട് സാധൂകരിക്കുകയും ചെയ്തത് കാരണത്താലായിരുന്നു അത്. (അത് പിന്നീട് വശദീകരിക്കുന്നുണ്ട്). 

മറ്റൊരു വീക്ഷണകോണിലൂടെ തര്‍ജമയെ നിരൂപിച്ചവര്‍ വേറേയുമുണ്ട്. പ്രസ്തുത വീക്ഷണത്തെ ഇപ്രകാരം സംഗ്രഹിക്കാം: വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനത്തെ ആദരവും ബഹുമാനവും കൂടാതെ എല്ലാവരും കയ്യാളുകയും അതിലൂടെ ക്വുര്‍ആനിന്റെ സ്ഥാനവും പവിത്രതയും മഹത്ത്വവും കുറഞ്ഞു പോവുകയും ചെയ്യാനിടയുണ്ട്. 

ഈ വാദം കാര്യമായി ഏറ്റുപിടിച്ചത് ക്വുര്‍ആന്‍ വഹിക്കാന്‍ വുദൂഅ് നിര്‍ബന്ധമാണെന്ന് വാദിച്ചവരായിരുന്നു. ഈ വാദക്കാരെ പ്രീണിപ്പിക്കാനും അമുസ്‌ലിംകള്‍ക്കിടയില്‍ പ്രയാസമന്യെ പ്രചരിപ്പിക്കാനും ചില പരിഭാഷകര്‍ തങ്ങളുടെ തര്‍ജമയെ അറബി മൂലത്തില്‍ നിന്ന് മുക്തമാക്കി. ഈ ചര്‍ച്ച ശാഫിഈ പണ്ഡിതര്‍ കേരളത്തില്‍ ഇടക്കിടെ ഇളക്കിവിടാറുണ്ട്. 

ഭയാശങ്കകള്‍, ഉത്കണ്ഠകള്‍

വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തന ചിന്ത മലബാറിന്റെ ചക്രവാളത്തെ അടക്കിവാഴുകയും തല്‍വീക്ഷണത്താല്‍ അന്തരീക്ഷം ശബ്ദമുഖരിതമാവുകയും എഴുത്തുകാരും സാംസ്‌കാരിക നായകരും വിഷയം ഏറ്റുപിടിക്കുകയും ചെയ്തതോടെ വിവര്‍ത്തനത്തെ അനുകൂലിക്കുന്നവരില്‍ ഇടര്‍ച്ചയും ഭയപ്പാടും കണ്ടുതുടങ്ങി. കാരണം വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തന കവാടം തുറന്നിടുകയും എല്ലാവരും രംഗം കയ്യേറുകയും തോന്നിയവരെല്ലാം തോന്നിയ രീതിയില്‍ ചലിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ കാര്യം അരാജകത്വത്തിലെത്തും. 

കള്ളപ്രവാചകന്‍ മിര്‍സാഗുലാം അഹ്മദ് അല്‍ ഖാദിയാനിയുടെ അനുയായിയായ മുഹമ്മദലി ഇംഗ്ലിഷില്‍ പരിഭാഷപ്പെടുത്തിയ ആദ്യ തര്‍ജമ പുറത്ത് വന്നതോടെ ഈ വിഷയത്തില്‍ വലിയ ശബ്ദ കോലാഹലങ്ങളുണ്ടായി. പ്രസ്തുത ഇംഗ്ലിഷ് തര്‍ജമ പിന്നീട് പല ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുകയും ചെയ്തു. തീര്‍ത്തും വഴിപിഴച്ചവരായ ഖാദിയാനികള്‍ തുടക്കത്തില്‍ ഒരു കക്ഷിയായിരുന്നെങ്കിലും അഹ്മദുല്‍ ഖാദിയാനിയുടെ മരണത്തോടെ അവര്‍ രണ്ടായി വഴിപിരിഞ്ഞു. അവ രണ്ട് പേരിലറിയപ്പെട്ടു: 

(ഒന്ന്) ഖാദിയാനിസം: കള്ള പ്രവാചകന്റെ ജന്മനാടായിരുന്നു ഇവരുടെ തലസ്ഥാനം. അയാളുടെ മകന്‍ മീര്‍സാ ബശിറുദ്ദീന്‍ അഹ്മദ് അവരുടെ നേതാവുമായിരുന്നു. 

(രണ്ട്) ലാഹോര്‍ പാര്‍ട്ടി: ഇതിന്റെ കേന്ദ്രം പഞ്ചാബിന്റെ തലസ്ഥാന നഗരിയായിരുന്ന ലാഹോര്‍ ആയിരുന്നു. ഉപരി സൂചിത ഇംഗ്ലിഷ് പരിഭാഷകന്‍ മുഹമ്മദലി നേതാവും. 

ഈ രണ്ട് ഖാദിയാനീവിഭാഗങ്ങളും വിശുദ്ധ ക്വുര്‍ആന്‍ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തുകയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രസ്തുത പരിഭാഷകള്‍ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നീ ഉപഭൂഖണ്ഡങ്ങളില്‍കൂടി ഇവ വ്യാപിച്ചു. വിവര്‍ത്തന വഴിയില്‍ അവര്‍ക്കുണ്ടായ വ്യതിയാനങ്ങള്‍ വഴിയെ വിവരിക്കുന്നുണ്ട്. 

ഈ പശ്ചാത്തലത്തില്‍ ഇത്തരം തര്‍ജമകള്‍ കണ്‍മുമ്പില്‍ നോക്കിക്കാണുന്നവര്‍ വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ പാടില്ല എന്ന അഭിപ്രായത്തെയാണ് ശക്തിപ്പെടുത്തുക. മുസ്‌ലിംകള്‍ ഇത്തരം തര്‍ജമകളുടെ ഓരങ്ങളില്‍നിന്ന് വമിക്കുന്ന വഴിപിഴവുകളുടെയും സംഹാരാത്മകവും സ്ഖലിതവുമായ ചിന്താധാരകളുടെയും ബലിയാടുകളായി നിപതിക്കുമെന്ന ഭയം കാരണത്താല്‍ ആണത്. അല്ലാഹുവേ, നിന്റെ കാവല്‍!

മുകളില്‍ സൂചിപ്പിച്ച രണ്ടു പരിഭാഷകളുടെയും മറ്റും അപകടങ്ങള്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പണ്ഡിതര്‍ മണത്തറിഞ്ഞതിനാല്‍ 1925ല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി അവ ഈജിപ്തില്‍ നിരോധിക്കുകയും മുമ്പ് കടന്നുവന്നത് നശിപ്പിക്കാന്‍ കല്‍പിക്കുകയും ചെയ്തു. ഡോ അഹ്മദ് ഇബ്‌റാഹീം മുഹന്ന വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തെ കുറിച്ചുള്ള തന്റെ പഠനത്തില്‍ അതിലേക്ക് സൂചന നല്‍കുന്നുണ്ട്. 

സത്യപ്രബോധകരെ തര്‍ജമയില്‍നിന്ന് തല്‍ക്കാലത്തേക്ക് പിടിച്ച് നിറുത്തിയ ഉത്കണ്ഠയാണ് മുകളില്‍ വിവരിച്ചത്. അത് പിന്നീട് നീങ്ങിപ്പോയി. 

ചുരുക്കിപ്പറഞ്ഞാല്‍ വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനം തടഞ്ഞവര്‍ രണ്ട് തരക്കാരായിരുന്നു. 

ഒന്ന്: ക്വുര്‍ആനിനെ ഭയപ്പെട്ടതിനാല്‍, അഥവാ വിശുദ്ധ ക്വുര്‍ആന്‍ അവരുടെ പിഴച്ച ചിന്തകളെ കീഴ്‌പ്പെടുത്തുകയും അതിനെ ഉന്മൂലനം ചെയ്യുമെന്നുമുള്ള ഭയം. അല്ലാഹു പറയുന്നു: 

”സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു” (ക്വുര്‍ആന്‍ 23:71).

രണ്ട്: ക്വുര്‍ആനിന് വല്ലതും സംഭവിക്കുമോ എന്ന് ഭയപ്പെട്ടുകൊണ്ടും അതിന്റെ ആദരവ് കാത്തു സൂക്ഷിക്കുവാനും അതിന്റെ പാവനത്വം സംരക്ഷിക്കുവാനും. 

പക്ഷേ, ഈ പരിശുദ്ധപ്പെടുത്തല്‍ അസ്ഥാനത്താണ്. കാരണം ക്വുര്‍ആന്‍ മുഴുജനങ്ങളിലേക്കും അവതീര്‍ണമാണ്. അതിന്റെ സന്ദേശമാകട്ടെ സര്‍വലൗകികവുമാണ്. 

അല്ലാഹു പറയുന്നു: ”പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു” (ക്വുര്‍ആന്‍ 7:158).

അപക്വമായ പുതിയൊരു വാദം

വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനവുമായി ബന്ധപ്പെട്ട് നവീനമായ മറ്റൊരു അഭിപ്രായംകൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു. സത്യത്തിന്റെ വക്താക്കളായ ഇവര്‍ തര്‍ജമ പാടില്ല എന്നാണ് അഭിപ്രായപ്പെടുന്നത്. സത്യത്തോടുള്ള പ്രതിബദ്ധതയും നല്ല വിചാരവുമാണവര്‍ക്കുള്ളത്. മുസ്‌ലിംകളെ വിശുദ്ധ ക്വുര്‍ആനുമായി അടുപ്പിക്കുക എന്നതാണവരുടെ ന്യായവാദം. ഈ വാദഗതിക്കാരുടെ തെളിവുകള്‍:

1. മുസ്‌ലിംകള്‍ എല്ലാവരും അറബിഭാഷ പഠിക്കല്‍ നിര്‍ബന്ധമാണ്.

2. പരിഭാഷകള്‍ അവരെ അറബി പഠനത്തില്‍നിന്ന് തടയുകയും പരിഭാഷകളില്‍ ഒതുങ്ങിക്കൂടാന്‍ അവരെ സഹായിക്കുകയും ചെയ്യും. 

3. പൂര്‍വികര്‍ ആരും തന്നെ -അവര്‍ അനറബികള്‍ ആയിട്ടും- യുദ്ധവിജയ നാളുകളില്‍ വിശുദ്ധ ക്വുര്‍ആന്‍ പൂര്‍ണമായി വിവര്‍ത്തനം ചെയ്തിട്ടില്ല. 

ഈ വാദഗതിക്ക് ചുക്കാന്‍ പിടിച്ചത് ഹിജ്‌റ വര്‍ഷം 1379ല്‍ മരണപ്പെട്ട ശൈഖ് മുഹമ്മദ് സുല്‍ത്വാന്‍ അല്‍മക്കിയാണ്. ഈ സന്ദേഹം എങ്ങിനെ നീക്കിക്കളയാം എന്നതിലേക്ക് ‘വിവര്‍ത്തനം ഇസ്‌ലാമിക വീക്ഷണത്തില്‍’ എന്ന അധ്യായത്തില്‍ (രണ്ടാം അധ്യായം) സൂചന നല്‍കിയിട്ടുണ്ട്. അത് വീണ്ടും ആവര്‍ത്തിക്കുന്നില്ല. 

എങ്കിലും അറബിഭാഷാ പഠനം നിര്‍ബന്ധം എന്ന വിഷയത്തെപ്പറ്റി അല്‍പം സംസാരിക്കേണ്ടതുണ്ട്. കാരണം ഈ വാദഗതിക്ക് അതിന്റെതായ തെളിവ് ആവശ്യമാണ്. നമസ്‌കാരം പോലുള്ള മതചിഹ്നങ്ങള്‍ ശരിയായി നിര്‍വഹിക്കാന്‍ അനിവാര്യമായതെല്ലാം പഠിക്കല്‍ നിര്‍ബന്ധമാക്കിയ മതമാണ് ഇസ്‌ലാം. എന്നാല്‍ അതിനപ്പുറമുള്ള അസാധ്യമായതെല്ലാം ചെയ്യാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിക്കാന്‍ നമുക്ക് സാധ്യമല്ല. 

അതെങ്ങനെ സാധിക്കും? കാരണം ഭാഷാവൈവിധ്യം അല്ലാഹു തന്റെ മഹത്തായ ദൃഷ്ടാന്തത്തിന്റെ ഇനത്തിലാണ് ഗണിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ”നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (ക്വുര്‍ആന്‍ 30:22). 

എന്നാല്‍ ആബാലവൃദ്ധം മുസ്‌ലിംകളെ അറബി പഠിക്കാന്‍ പ്രോല്‍സാഹിപ്പിക്കല്‍ നമ്മുടെ ബാധ്യതയാണ്. വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങള്‍ കേട്ട് ആസ്വദിക്കുവാനും ഭയചകിതരാകുവാനും അതിലൂടെ ഈമാന്‍ വര്‍ധിക്കുവാനും ഇത് സഹായിക്കും. അല്ലാഹു പറയുന്നു: 

”തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ അനുസ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 39:23). 

(അവസാനിച്ചില്ല).

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

വിശുദ്ധ ക്വുര്‍ആന്‍ ആശയവിവര്‍ത്തനം ഒരു വിഹഗ വീക്ഷണം

വിശുദ്ധ ക്വുര്‍ആന്‍ ആശയവിവര്‍ത്തനം ഒരു വിഹഗ വീക്ഷണം

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 2)

1. തര്‍ജമ ഇസ്‌ലാമിക വീക്ഷണത്തില്‍

വിശുദ്ധ ക്വുര്‍ആനിന്റെ ആശയം ഇതര ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യല്‍ സലഫുസ്സ്വാലിഹുകളില്‍ സുപരിചിതമായിരുന്നെന്ന് നമുക്ക് ചരിത്രത്തിലൂടെ മനസ്സിലാക്കാം. അറിഞ്ഞിടത്തോളം പൂര്‍വികന്മാര്‍ അതിനെ എതിര്‍ത്തതായി സ്ഥിരപ്പെട്ടിട്ടില്ല. കാരണം തര്‍ജമക്ക് (പദാനുപദമല്ലെങ്കിലും) തഫ്‌സീറിന്റെ സ്ഥാനമാണുള്ളത്. 

നബിﷺയും സ്വഹാബികളും താബിഉകളും വിശുദ്ധ ക്വുര്‍ആനിനെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്തു എന്നതാണ് വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനം ചെയ്യാം എന്നതിന്റെ ഏറ്റവും വലിയ പ്രമാണം. കാരണം തഫ്‌സീറുകൊണ്ടുള്ള വിവക്ഷ വിശുദ്ധ വചനങ്ങളില്‍ അന്തര്‍ലീനമായ ആശയങ്ങളെ മനുഷ്യബുദ്ധിയിലേക്ക് അടുപ്പിക്കുകയും ഗ്രഹിപ്പിക്കുകയും ചെയ്യുന്ന ശൈലിയിലേക്ക് മാറ്റുക എന്നതാണ്. ഇത്തരത്തിലുള്ള വിവരണങ്ങള്‍ പ്രവാചകന്മാരുടെ കാലം മുതല്‍ അനുവദനീയവും പ്രാവര്‍ത്തികവുമായിരുന്നു. 

വിശുദ്ധ ക്വുര്‍ആന്‍ ഒന്നിലധികം തവണ അത് മുഴുലോകര്‍ക്കും ഉദ്‌ബോധനമാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്:  

”പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു” (ക്വുര്‍ആന്‍ 7:158).

”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (ക്വുര്‍ആന്‍ 21:107).

അല്ലാഹു പറയുന്നു: ”നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധിക പേരും അറിയുന്നില്ല” (ക്വുര്‍ആന്‍ 34:28)

ഇസ്‌ലാമാകട്ടെ മുഴുലോകത്തും വ്യാപിച്ചു; അറബി ഭാഷ ഒട്ടുമറിയാത്ത ദിക്കുകളില്‍ പോലും. വിശുദ്ധ ക്വുര്‍ആന്‍ ജനങ്ങളിലേക്ക് എത്തിക്കല്‍ മുസ്‌ലിംകളുടെ മേല്‍ ഏറ്റവും വലിയ ബാധ്യതയത്രെ. അല്ലാഹു പറയുന്നു:

”(നബിയേ) ചോദിക്കുക: സാക്ഷ്യത്തില്‍ വെച്ചേറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ക്വുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത് അത് മുഖേന നിങ്ങള്‍ക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു…” (ക്വുര്‍ആന്‍ 6:19)

ഇസ്‌ലാമിക വിജയങ്ങളില്‍ പങ്കെടുത്ത മുസ്‌ലിംകളെല്ലാം അവര്‍ എത്തിപ്പെട്ട മേഖലകളിലൊക്കെതങ്ങളുടെ പ്രബോധന ബാധ്യത നിര്‍വഹിച്ചിട്ടുണ്ടെന്ന് നാം ഉറച്ച് വിശ്വസിക്കുന്നു. അവരെല്ലാവരും അവരുടെ ഈ ബാധ്യത അറബി ഭാഷയിലാണ് നിര്‍വഹിച്ചതെന്ന് ആര്‍ക്കും തന്നെ അനുമാനിക്കാനാവില്ല; അറബി ഭാഷ പഠിക്കുകയും പില്‍കാലത്ത് തങ്ങളുടെ ഔദ്യോഗിക ഭാഷ അറബിയാക്കുകയും ചെയ്തവര്‍ പോലും. കാരണം ജീവിതത്തിന്റെ മുഴുമേഖലകളെയും സ്പര്‍ശിക്കുന്നതായ ഈ മാറ്റം പൊടുന്നനെ ഒരു രാവും ഒരു പകലും കൊണ്ട് സംഭവിക്കുന്നതല്ല. എങ്കില്‍ ഈയൊരു മാറ്റത്തിന്റെ നീണ്ട കാലഘട്ടത്തില്‍ എങ്ങനെയായിരുന്നു അവര്‍ ദീനീകര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നത്? ക്വുര്‍ആനികാധ്യാപനങ്ങള്‍ അവര്‍ എങ്ങനെയായിരുന്നു ഗ്രഹിച്ചിരുന്നത്? ആ കാലമത്രയും-അറബി പഠിക്കുന്നത് വരെ- അജ്ഞരായി അവര്‍ കഴിഞ്ഞുകൂടിയോ, അതല്ല ഈ അധ്യാപനങ്ങള്‍ അവരിലേക്ക് വിവിധ മാര്‍ഗങ്ങളിലൂടെ എത്തിച്ചുകൊടുക്കുന്നവരെ അവര്‍ കണ്ടെത്തിയിരുന്നുവോ? നിസ്സംശയം, അവര്‍ ഈ കാലയളവില്‍ വിശുദ്ധ ക്വുര്‍ആനിന്റെ ആശയം പഠിക്കാനും പഠിപ്പിക്കാനും സാധ്യമായ ഒരു മാര്‍ഗത്തിലേക്ക് നിര്‍ബന്ധിതരായിരുന്നു. അതത്രെ ഇസ്‌ലാമികാധ്യാപനങ്ങളെ തങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തല്‍ അഥവാ തര്‍ജമ ചെയ്യല്‍. 

മുന്‍ഗാമികള്‍ ഇത് അനുവദനീയമായി കണ്ടിരുന്നു. ഉദാ: വിശുദ്ധ ക്വുര്‍ആനിലെ ‘ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ’ എന്ന ആയത്തിനെ (105:4) വിവര്‍ത്തനം ചെയ്ത് ഇബ്‌നു അബ്ബാസ്(റ) പറയുന്നത് ”പേര്‍ഷ്യന്‍ ഭാഷയില്‍ അതിന്ന് ‘സിന്‍ക്’ (കല്ലും കളിമണ്ണും ചേര്‍ന്നതാകുന്നു അത്” എന്നാണ്. 

ഇബ്‌നുഅബ്ബാസ്(റ)വില്‍ നിന്നു തന്നെ, വിശുദ്ധക്വുര്‍ആനിലെ ”അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ഒരായിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്” (2:96) എന്ന ആയത്തിന്റെ അര്‍ഥമെന്നോണം ഇപ്രകാരം വന്നിരിക്കുന്നു: ‘ഇത് അനറബികളുടെ ‘സഹ് ഹസാര്‍ സാല്‍’ എന്ന വാക്കിന് തുല്യമാണ്, അഥവാ നീ ആയിരം കൊല്ലം ജീവിക്കുക എന്നര്‍ഥം.’ 

വിശുദ്ധ ക്വുര്‍ആനിലെ ‘ത്വാഹാ’ എന്ന അധ്യായത്തിലെ ആദ്യ വചനമായ ‘ത്വാഹാ’ എന്ന വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇക്‌രിമ(റ) റിപോര്‍ട്ട് ചെയ്യുന്നു: ”നബ്തീ ഭാഷയില്‍ ‘ഹേ മനുഷ്യാ’ എന്നാണത്.” 

ഇവയും സമാനമായവയും വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനമാകാം എന്ന് അഭിപ്രായപ്പെടുന്നവര്‍ കൂട്ടുപിടിക്കുന്ന രേഖകളില്‍ പെട്ടതാണ്. പരിഭാഷ മിക്കപ്പോഴും, തര്‍ജമ നിരാകരിക്കുന്ന ചിലര്‍ വാദിക്കുന്നത് പോലെ പദാനുപദമായിക്കൊള്ളണമെന്നില്ല. 

ക്വുര്‍ആനിലെ പദാവലികള്‍ക്ക് സമാനമായ പദങ്ങള്‍ ഇതരഭാഷകളില്‍ ഇല്ലാത്തതിനാലും ഇരു ഭാഷകള്‍ക്കിടയില്‍ അവ്യയങ്ങളുടെയും സന്ധി-ബന്ധങ്ങളുടെയും മറ്റും കാര്യത്തില്‍ സാദ്യശ്യമില്ലാത്തതിനാലുമാണത്. ഇക്കാരണങ്ങളാല്‍ പരിഭാഷകര്‍ ബ്രാക്കറ്റില്‍ വിവരണങ്ങളോ അടിക്കുറിപ്പുകളോ നല്‍കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതിനാല്‍ തഫ്‌സീറിന്റെ അതേ വിധി തന്നെയാണ് പരിഭാഷക്കും. ഒരു തര്‍ജമയും ഈ ഗണത്തില്‍നിന്ന് പുറത്തല്ല. അതിനാല്‍ നാം പറയട്ടെ; ഒരു മുഫസ്സിര്‍ പാലിക്കേണ്ട മുഴുവന്‍ നിബന്ധനകളും ഒരു പരിഭാഷകന്നും ബാധകമാണ്. വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം നിര്‍വഹിച്ച പലര്‍ക്കും പിണഞ്ഞ അബദ്ധം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. 

പരിഭാഷകന്റെ നിബന്ധനകള്‍

1. ശരിയായ വിശ്വാസം: പ്രമാണ വചനങ്ങളില്‍ ഭേദഗതി വരുത്തുന്നതും വ്യത്താന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വഞ്ചന കാണിക്കുന്നതും വിശ്വാസവൈകല്യം കൊണ്ടും സലഫിന്റെ മാര്‍ഗം പിന്തുടരാത്തത് കൊണ്ടുമാകുന്നു. 

2. ദേഹേച്ഛയില്‍ നിന്ന് മുക്തമാവുക: കാരണം ദേഹേച്ഛകള്‍ അതിനെ പിന്‍പറ്റുന്നവരെ അവരുടെ മാര്‍ഗത്തെ പിന്തുണക്കുന്നതിന് പ്രേരിപ്പിക്കുന്നു. 

3. പരിഭാഷയില്‍ ക്വുര്‍ആനിനെ ക്വുര്‍ആന്‍കൊണ്ട് വ്യാഖ്യാനിക്കുക എന്ന രീതിയാണ് ആദ്യമായി അവലംബിക്കേണ്ടത്. 

4. പരിഭാഷയില്‍ ക്വുര്‍ആനിനെ സുന്നത്ത്‌കൊണ്ട് വ്യാഖ്യാനിക്കുക എന്ന രീതിയാണ് പിന്നീട് അവലംബിക്കേണ്ടത്. 

5. ക്വുര്‍ആനിലോ സുന്നത്തിലോ വ്യാഖ്യാനം ലഭ്യമല്ലാത്തപ്പോള്‍ സ്വഹാബികളുടെയും താബിഉകളുടെയും വചനങ്ങളാണ് പരിഭാഷകന്‍ അവംലംബിക്കേണ്ടത്. 

6. വിവര്‍ത്തകന്‍ അറബി ഭാഷയില്‍ അവഗാഹമുള്ളവനായിരിക്കണം. കാരണം ക്വുര്‍ആന്‍ അവതീര്‍ണമായത് വസ്തുതകള്‍ വ്യവഛേദിച്ചു വിശദീകരിക്കാനുതകുന്ന അറബി ഭാഷയിലാണ്. 

7. ഏതൊരു ഭാഷയിലേക്കാണോ വിവര്‍ത്തനം ചെയ്യുന്നത് ആ ഭാഷയിലും കഴിവുള്ളവനായിരിക്കണം. 

മലയാള ഭാഷയും വിവര്‍ത്തന വിജയ സാധ്യതയും

മലയാളം ഇന്ത്യയിലെ മുഖ്യഭാഷകളില്‍ ഒന്നത്രെ. ഇന്ത്യയുടെ ഔദ്യോഗിക നാണയമായ രൂപയില്‍ മലയാള ലിപിയുണ്ട്. ഇന്ത്യയിലെ മുപ്പത് മില്യനിലധികം ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നു. 

മലയാളത്തിന്റെ തുടക്കം ബി.സി. 3000ത്തിന് മുമ്പ് സിന്ധ് താഴ്‌വരയില്‍നിന്ന് തെന്നിന്ത്യയിലേക്ക് കുടിയേറിയ ദ്രാവിഡന്മാരുടെ കാലഘട്ടത്തിലേക്ക് ചെന്നെത്തുന്നു. സംസ്‌കൃതം സംസാരിക്കുന്ന ഇന്ത്യയിലെ ആര്യവംശജരുമായി അവര്‍ കൂടിക്കഴിഞ്ഞു. 

ഇവിടെനിന്നാണ് മലയാളത്തിന്റെ പിറവി. സങ്കരവും സവിശേഷമായ ഘടനയോടുകൂടിയതും നവീനമായ ഒരു മുദ്രയോടു കൂടിയതും ആഖ്യാനത്തിലും ആവിഷ്‌ക്കരണത്തിലും സാഹിതീയവും ഉച്ചാരണത്തില്‍ പ്രയാസവുമുള്ള ഭാഷയാണ് മലയാളം. മറ്റു ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ അക്ഷരങ്ങള്‍ കൂടുതലാണ്. അമ്പതിലധികം അക്ഷരങ്ങളാണ് മലയാളത്തില്‍ ഉള്ളത്. തമിഴ്, കന്നട, തെലുങ്ക്, എന്നീ ഭാഷകള്‍ മലയാളത്തിന്റെ സഹോദര ഭാഷകളാണ്. കാരണം അവയെല്ലാം ദ്രാവിഡരുടെ ഭാഷകളില്‍ പെട്ടതായിരുന്നു. 

തീര്‍ച്ചയായും ഏതൊരു ഭാഷയിലും പദങ്ങളിലും ആ ഭാഷക്കാരുടെ ആചാരങ്ങള്‍, ആഘോഷങ്ങള്‍, ആരാധനകള്‍, വിശ്വാസങ്ങള്‍, ചടങ്ങുകള്‍ പോലുള്ളവയുടെ സ്വാധീനങ്ങളും ഉള്ളടക്കങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അറബിഭാഷയെ അനറബിഭാഷയുമായി മാറ്റുരക്കുമ്പോള്‍ ആശയത്തിലും അര്‍ഥതലങ്ങളിലും വ്യക്തമായ അന്തരം കാണാന്‍ സാധിക്കും. 

ഉന്നതവും സവിശേഷവുമായ ആശയങ്ങളുള്ള സംജ്ഞകളും പദാവലികളും മാനവരാശിക്ക് വിശുദ്ധ ക്വുര്‍ആന്‍ സമ്മാനിച്ചു. ഇവിടെയാണ് മലയാളത്തിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിന്റെ പ്രയാസം ഒളിഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ഒരു പദത്തിന്റെ വിവര്‍ത്തനം വായനക്കാരന് ശരിയായി ഗ്രഹിക്കാന്‍ ഒരു പൂര്‍ണ വരി വരെ ആവശ്യമായി വരുന്നു. 

ഒരു വിവര്‍ത്തകന്‍ ഇരുഭാഷകളിലും നിപുണനാണെങ്കില്‍ തീര്‍ച്ചയായും പ്രസ്തുത വിവര്‍ത്തനം (തര്‍ജമ) വായനക്കാരന് ഗ്രാഹ്യമായിരിക്കും. ഭാഷാ പരിജ്ഞാനമില്ലാത്തവരുടെ വിവര്‍ത്തനം സാഹിത്യലോകത്തിന് വര്‍ജ്യവും ജുഗുപ്‌സാവഹവുമാണ് എന്നിരിക്കെ നിരര്‍ഥകതയുടെ ലാഞ്ചനയില്ലാത്ത വിശുദ്ധ ക്വര്‍ആന്‍ എങ്ങനെയാണ് ഭാഷയറിയാത്തവര്‍ വിവര്‍ത്തനം ചെയ്യുക? 

തര്‍ജമകള്‍ വര്‍ധിപ്പിക്കുക എന്നതല്ല പ്രധാനം, പ്രത്യുത തര്‍ജമ അര്‍ഹിക്കുന്ന അവകാശങ്ങള്‍ അതിന്ന് നല്‍കുക എന്നതാണ്. കാരണം വിവര്‍ത്തകന്‍ തര്‍ജമകളില്‍ വൈജ്ഞാനിക വിശ്വാസ്യത നിലനിര്‍ത്തുകയും ഓരോ പദത്തിനും ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യാകരണത്തിന്റെയും അവകാശങ്ങള്‍ വകവെച്ച് കൊടുക്കുകയും അല്ലാഹുവിന്റെ വചനങ്ങള്‍ ഉന്നമിടുന്ന ലക്ഷ്യങ്ങളില്‍നിന്ന് തെറ്റിപ്പോകാതിരിക്കുകയും ചെയ്യുന്നേടത്തോളം കാലം വിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷകള്‍ നിര്‍മാണത്തിന്റെയും പരിഷ്‌കരണത്തിന്റെയും ചട്ടുകങ്ങളാണ്. 

ഇപ്രകാരം തന്നെ വിവര്‍ത്തകന്‍ തന്റെ ഇച്ഛാനുസൃതം വ്യതിചലിച്ച വ്യാഖ്യാനത്തിലേക്ക് തിരിയുകയും താനുദ്ദേശിക്കുന്നതിലേക്ക് അല്ലാഹുവിന്റെ വചനങ്ങളെ തെറ്റിച്ച് കൊണ്ടുപോവുകയും ചെയ്താല്‍ ഏതൊരു ലക്ഷ്യത്തിനാണോ വിശുദ്ധ ക്വുര്‍ആനിറങ്ങിയത് പ്രസ്തുത ലക്ഷ്യത്തെ തന്നെ ഉടച്ച് വാര്‍ക്കുന്ന ആയുധമായിരിക്കും ആ തര്‍ജമ. 

വിശുദ്ധ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കുക, അതില്‍ വ്യതിയാനമുണ്ടാക്കുക, അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ; അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുത് എന്ന യാഥാര്‍ഥ്യം ലക്ഷ്യമിടുന്ന വായനക്കാരെ വിശുദ്ധ ക്വുര്‍ആനില്‍ നിന്ന് തടയുക എന്നിങ്ങനെ പടച്ചവന്റെ വചനങ്ങള്‍ കൊണ്ട് കളിക്കുന്നതിനെക്കാള്‍ വലിയ പാതകം മറ്റെന്താണുള്ളത്! (അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

 

അറബികളും അറബി പഠനവും കേരളത്തില്‍

അറബികളും അറബി പഠനവും കേരളത്തില്‍

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 1)

മദീനയിലെ മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്‌സിന്റെ താല്‍പര്യപ്രകാരം ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി തയ്യാറാക്കിയ, 'താരീഖു തത്വവ്വുരി തര്‍ജമതി മആനില്‍ ക്വുര്‍ആനില്‍ കരീം ഇലല്‍ ലുഗത്തില്‍ മലയ്ബാരിയ്യ' (വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില്‍)എന്ന അറബിപഠന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം

മലബാറിന് അറബികളും ഇസ്‌ലാമുമായുള്ള ബന്ധം

1. കേരളത്തെക്കുറിച്ച് അല്‍പം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന തീരപ്രദേശമത്രെ മലബാര്‍. മലബാറിന്റെ സിംഹഭാഗവും ഇന്ന് കേരള സംസ്ഥാനത്തിലാകുന്നു. ശേഷിക്കുന്ന മലബാറിന്റെ വടക്കേ അറ്റം ഇന്ന് കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്നു. ‘മലബാര്‍’ എന്ന നാമകരണം പൂര്‍വകാലം മുതല്‍ വിവിധ ലക്ഷ്യങ്ങള്‍ക്ക് കടന്നുവന്ന അറബികളുടെ വകയാണ്.  

ഈ പ്രദേശമാകട്ടെ അറബികളായ വൈദേശികര്‍ താമസിച്ചതിനാലും അറബിഭാഷ അവിടെ വ്യാപിച്ചതിനാലും മറ്റു ഇന്ത്യന്‍ നാടുകളില്‍ നിന്ന് വ്യതിരിക്തമാണ്. എത്രത്തോളമെന്നാല്‍ ചില ചരിത്രകാരന്മാര്‍ മലബാര്‍ വിവിധ അറബ് ഗോത്രങ്ങളുടെ ഒരു സങ്കരവംശം ഇറങ്ങി താമസിക്കുന്ന പശ്ചിമേഷ്യയിലെ ഒരു ദ്വീപാണെന്ന് പോലും ധരിച്ച് വശായിട്ടുണ്ട്. മലയാളഭാഷ സംസാരിക്കുന്ന കേരളീയര്‍ ഇന്ന് 30 മില്യന്‍ കവിയും. അവരില്‍ മുസ്‌ലിംകളാകട്ടെ ഇരുപത്തിയഞ്ച് ശതമാനം വരും. ബുദ്ധ, ജൈന, ഹൈന്ദവ, ക്രൈസ്തവ, യഹൂദ്യാതി മതങ്ങളിലായി വിവിധ വര്‍ഗങ്ങളും ജാതികളുമാണ് കേരളീയര്‍. വ്യത്യസ്ഥ ജാതികളടങ്ങുന്ന ഹൈന്ദവരാണ് ഭൂരിപക്ഷ സമൂഹം, മുസ്‌ലിംകള്‍ പ്രബല ന്യൂനപക്ഷവും. പിന്നീട് മറ്റു മതക്കാരും. ബുദ്ധമതം പണ്ടേ പ്രചാരം നേടുകയും മറ്റുമതങ്ങളെക്കാള്‍ സ്വധീനമുണ്ടാവുകയും ചെയ്ത കാലമുണ്ടായിട്ടുണ്ട്. എ.ഡി.മൂന്നാം നൂറ്റാണ്ടു മുതല്‍ ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം ബുദ്ധമത ത്തിന്റെ സുവര്‍ണ കാലഘട്ടം എന്ന പേരിലറിയപ്പെടുന്നു. ബുദ്ധമതം അതിന്റെ പ്രാരംഭഘട്ടത്തില്‍ വിഗ്രഹപൂജയില്‍ നിന്ന് ദൂരെയായിരുന്നു. എന്നാല്‍ എ.ഡി. എഴാം നൂറ്റാണ്ട് മുതല്‍ ബുദ്ധമതം വിഗ്രഹാരാധനയും വിഗ്രഹപൂജയും അഭ്യസിച്ചെടുക്കുകയും പിന്നീട് അവിടെനിന്നങ്ങോട്ട് ബുദ്ധമതം ക്ഷയിക്കുകയും തുടര്‍ന്ന് നാമാവശേഷമാവുകയും ചെയ്തു. 1986ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് കേരളത്തില്‍ 233 ബുദ്ധന്മാര്‍ മാത്രമാണ് ശേഷിക്കുന്നത്. പൂര്‍വികരില്‍ പലരും ഇസ്‌ലാം സ്വീകരിക്കുകയാകുണ്ടായത്. 

 

2. ഇസ്‌ലാം കേരളത്തിലേക്ക്

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിന്റെ ഉദയം പല ഘട്ടങ്ങളില്‍ പല മാര്‍ഗങ്ങളിലൂടെയാണ് ചരിത്രകാര ന്മാര്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ അറബികളായ കച്ചവടക്കാര്‍ ഇന്ത്യന്‍ പശ്ചിമതീരപ്രദേശങ്ങളെയും വാണിജ്യകേന്ദ്രങ്ങളെയും സന്ദര്‍ശിച്ച കാലം മുതല്‍ വളരെ കാലം മുമ്പ്തന്നെ കേരളത്തില്‍ ഇസ്‌ലാം വെളിച്ചം വീശിയിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഅ്ബറി(റ) പറയുന്നു: ”നേര്‍മാര്‍ഗത്തിന്റെ വെളിച്ചവുമായി കേരളത്തിലേക്ക് കടന്നുവന്നവര്‍ മാലിക്ബ്‌നു ദീനാറും ശറഫുബ്‌നു മാലികും മാലികുബ്‌നു ഹബീബും മറ്റുമായിരുന്നു. ഇവര്‍ കേരളക്കരയില്‍ സത്യപ്രബോധനാര്‍ഥം പള്ളികളും സ്രാമ്പികളും പണിയുകയുണ്ടായി, ഉമര്‍(റ)വിന്റെ ഭരണകാലത്താണ് അവര്‍ കേരളത്തില്‍ വന്നെത്തിയത്.” 

പ്രസിദ്ധ എഴുത്തുകാരനായ മസ്ഊദ് ആലം നദ്‌വി രേഖപ്പെടുത്തുന്നു: ”ഉമര്‍(റ)വിന്റെ ഭരണ കാലത്ത് കേരളത്തിലേക്ക് കടന്നുവന്ന സംഘം ആദ്യമായി ബോംബെക്കടുത്ത താനയിലും പിന്നീട് ഗുജറാത്തിലെ ഭറോജിലും സഞ്ചരിച്ചു. സ്വഹാബികളുടെ കാലത്ത് അവരില്‍ ചിലര്‍ ഇന്ത്യയില്‍ എത്തി എന്നതില്‍ സംശയമില്ല.”  

ഉപരി സൂചിത ഉദ്ധരണികളെല്ലാം ചില ചൂണ്ടുപലകകളാണ്. എല്ലാം തന്നെ ഇസ്‌ലാം എന്ന ഋജുമാര്‍ഗത്തെ വളരെ കാലം മുമ്പു തന്നെ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ മറ്റു മേഖലകളെ പിന്നിലാക്കി സ്വീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കുന്നു, വിശിഷ്യാ കേരളക്കരയില്‍. പണ്ട് മുതലേ അറബികളും കേരളവും തമ്മിലുള്ള ബന്ധവും അറബികളുടെ ആഗമനവും ഇസ്‌ലാം കേരളനാട്ടില്‍ വളരെ പണ്ടുതന്നെ വേരു പിടിച്ചിട്ടുണ്ടെന്നത് ശരിവെക്കുന്നു. കൂടാതെ പൗരാണിക പള്ളികളിലെ കൊത്തുവേല ചെയ്യപ്പെട്ട ശിലകളില്‍ രേഖപ്പെടുത്തപ്പെട്ടതനുസരിച്ച് അവയുടെ നിര്‍മാണം ഉമര്‍(റ)വിന്റെ കാലത്താണെന്നാണ് മനസ്സിലാക്കിത്തരുന്നത്. 

3. അറബികളും അറബിഭാഷയും കേരളത്തില്‍

മുസ്‌ലിംകളായ അറബികളിലൂടെ ഇസ്‌ലാം അന്യദേശങ്ങളിലേക്ക് പ്രവേശിച്ചതോടെ ആ നാടുകളില്‍ അറബിഭാഷയും പ്രചരിച്ചു. അന്നുമുതല്‍ ഇന്നുവരെ അന്നാടുകളില്‍ അറബിഭാഷ ആ നാട്ടുകാരുടെ മുഴുശ്രദ്ധ പിടിച്ചു പറ്റുകയും എടുത്തുപറയത്തക്ക സ്ഥാനം നേടുകയും ചെയ്തു. ഇന്ത്യയില്‍ സൈനിക ജേതാക്കളിലൂടെയുള്ള ഇസ്‌ലാമിന്റെ ആഗമനം ഹിജ്‌റയുടെ 91ാം വര്‍ഷമാണ് ഉണ്ടായത്. ഉമവി ഭരണകാലത്ത് വടക്കേ ഇന്ത്യയില്‍ മുഹമ്മദ്ബ്‌നു ക്വാസിമുസ്സക്വഫിയിലൂടെയായിരുന്നു പ്രസ്തുത ആഗമനം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രബോധനവും രാഷ്ട്രവും സിന്ധ് പ്രവിശ്യയില്‍ പരിമിതമായിരുന്നു. പിന്നീട് ഇന്ത്യയില്‍ വൈദേശിക സൈനികമുന്നേറ്റങ്ങള്‍ നില്‍ക്കുകയും ഹിജ്‌റ 392ല്‍ മഹ്മൂദ് ഗസ്‌നവി തന്റെ ആദ്യാക്രമണം ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ നടത്തുകയും പിന്നീടത് തുടരുകയും ചെയ്തു. അങ്ങനെ ഇസ്‌ലാമികഭരണം ഇന്ത്യയുടെ വടക്കും തെക്കുപടിഞ്ഞാറന്‍ നാടുകളിലും വ്യാപിച്ചു. വൈദേശികരായ തൈമൂരികള്‍, മുഗളര്‍, അടിമവംശ സ്ഥാപകര്‍ എന്നിവരിലൂടെ പിന്നീട് വിജയങ്ങള്‍ വ്യാപകമാവുകയാകുണ്ടായത്. 

എന്നാല്‍-നാം മുമ്പ് സൂചിപ്പിച്ചത്‌പോലെ-ഇന്ത്യയുടെ തെക്കന്‍ തീരപ്രദേശങ്ങള്‍ പണ്ട് കാലം മുതലെ പൗരാണിക അറബികളുമായും അവിടേക്ക് കടന്നുവരുന്ന അറേബ്യന്‍ വൈദേശികരുമായും ബന്ധം പുലര്‍ത്തിയിരുന്നു. 

ചരിത്രകാരന്മാര്‍ പറയുന്നു: ”സുലൈമാന്‍ നബി(അ)യുടെ കാലത്തിന് വളരെ മുമ്പ്തന്നെ (ബി.സി. 1000ത്തില്‍) അറബികള്‍ കടല്‍മാര്‍ഗം പേര്‍ഷ്യന്‍ തീരപ്രദേശങ്ങളില്‍ നിന്നും ഒമാനില്‍നിന്നും കേരളത്തിലേക്ക് വന്നെത്തിയിട്ടുണ്ട്. ഈ വൈദേശികര്‍ നബിﷺ നിയോഗിതനാവുമ്പോള്‍ സിത്ത്, ബയ്‌സരികള്‍, അഹാമിറ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു.”  

ശംസുദ്ദീന്‍ ഖാദിരി പറയുന്നു: ”(യമനിലെ) ഹദര്‍മൗത്തിന്റെ പ്രാന്തപ്രദേശമായ ദിഫാര്‍ തുറമുഖം മലബാറി ന്റെയും അറബികളുടേയും നേര്‍ക്കുനേരെയുള്ള വാണിജ്യ കേന്ദ്രമായിരുന്നു.”  

പ്രൊഫസര്‍ അഹ്മദ് ശലബി പറയുന്നു: ”കേരളത്തിന്റെ ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും ഉത്പാദിപ്പിക്കുന്ന ഇഞ്ചി, കുരുമുളക്, ഏലം എന്നിവ ഇസ്‌ലാമികാഗമനത്തിന് മുമ്പ് തന്നെ അറേബ്യന്‍ ചന്തകളില്‍ കാണപ്പെട്ടിരുന്നു.” 

ലോകസഞ്ചാരി ഇബ്‌നു ബത്തൂത്ത തന്റെ സഞ്ചാരക്കുറിപ്പില്‍ താന്‍ കേരളത്തില്‍ തന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടതായ അറേബ്യന്‍ അടയാളങ്ങളെയും ഗോത്രങ്ങളെയും ഇസ്‌ലാമിക പൈതൃകങ്ങളെയും സാത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. അപ്രകാരം തന്നെ അറബികളായ പണ്ഡിതരെയും അധ്യാപകരെയും ജഡ്ജിമാരെയും കണ്ടതും അറബി അധ്യായനത്തിനും അറബി ഗ്രന്ഥരചനക്കുമുള്ള പ്രാധാന്യം അവിടെ കണ്ടതും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 

കൂടാതെ കേരളവുമായി വിവിധ ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന അറേബ്യന്‍ കുടുംബങ്ങള്‍ കേരള ത്തില്‍ താമസമുറപ്പിച്ചിട്ടുണ്ട്. ഈ കുടിയേറ്റം ഇസ്‌ലാമിക-കേരള സംസ്‌കാരങ്ങളുടെ സങ്കരണത്തിനും അറബി ഭാഷക്ക് മുഴുകേരളത്തിലും എടുത്തു പറയത്തക്ക രീതിയിലുള്ള ഉയര്‍ച്ചക്കും പ്രചരണത്തിനും കാരണവുമായിട്ടുണ്ട്. 

4. ക്വുര്‍ആന്‍ പഠന ഉപാധികള്‍, വിവര്‍ത്തനത്തിന്റെ പരിണാമഘട്ടങ്ങള്‍ 

ഡോ. ജോസഫ് താന്‍ അറബിഭാഷയില്‍ ആകൃഷ്ടനായതിനെ കുറിച്ചും കേരളത്തില്‍ അതിന്റെ വ്യാപനത്തെ കുറിച്ചും പറയുന്നു: ”മലയാളത്തില്‍ ഒരു ക്വുര്‍ആന്‍ പരിഭാഷയും ഉണ്ടായിരുന്നില്ല. എന്നാല്‍ മുസ്‌ലിംകള്‍ ഒരു അനിവാര്യത എന്നോണം അറബിഭാഷ പഠിക്കാന്‍ നിര്‍ബന്ധിതരാവുകയാണുണ്ടായത്.” 

പണ്ട് മുതലേ അറബികളുടെയും കേരളീയരുടെയും ഇടയിലുള്ള സുദൃഢവും ദൂരവ്യാപകവുമായിട്ടുള്ള ബന്ധം അറബിഭാഷ പഠിക്കുന്നതിന്നും വിശുദ്ധ ക്വുര്‍ആന്‍ മനസ്സിലാക്കുന്നതിന്നും ഇസ്‌ലാമികാധ്യാപനങ്ങള്‍ നിര്‍വഹിക്കുന്നതിന്നും വിശുദ്ധ ക്വുര്‍ആനിലെ സാങ്കേതിക പദങ്ങള്‍ മനസ്സിലാക്കുന്നതിന്നും ഒട്ടേറെ സഹായകമായിട്ടുണ്ട്. അങ്ങനെ ക്വുര്‍ആനിക പ്രബോധനം അവര്‍ക്കിടയില്‍ പെട്ടെന്ന് പ്രചരിക്കുകയും പണ്ഡിതന്മാരും ഗ്രന്ഥരചയിതാക്കളും കര്‍മശാസ്ത്രജ്ഞരും ഗദ്യ-പദ്യ ഭാഷാ പടുക്കളും അവരില്‍ നിന്ന് ഉടലെടുക്കുകയും ചെയ്തു. 

ഈ കാലഘട്ടത്തില്‍ ക്വുര്‍ആന്‍ പഠിക്കാനും ഉള്‍കൊള്ളാനുമുണ്ടായിരുന്ന പ്രധാന മാര്‍ഗങ്ങള്‍:

 

ഓത്തുപള്ളികള്‍

അധ്യാപകരിലൂടെയും വഅദ് പറയുന്നവരിലൂടെയും പ്രാസംഗികരിലൂടെയും ക്വുര്‍ആന്‍ പഠിക്കുകയും ആശയം ഗ്രഹിക്കുകയും ചെയ്യുന്നതിന് പുറമെ ഓത്തുപള്ളികളായിരുന്നു പഠനത്തിനുള്ള പൗരാണിക മാര്‍ഗം. നൂറ്റാണ്ടുകള്‍ ഏറെ മലബാര്‍ മുഴുവനും ക്വുര്‍ആന്‍ പഠിക്കാനുള്ള പഠനമുറ ഓത്തുപള്ളികളായിരുന്നു. എത്രത്തോളമെന്നാല്‍ ഒരിക്കലും കയ്യൊഴിക്കാനും മാറ്റംവരുത്തുവാനും കഴിയാത്തവിധം സ്ഥിരപ്പെട്ട രീതിയായി മാറി ഓത്തുപള്ളികള്‍. 

ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം, ഹിജാസ്, യമന്‍, ഈജിപ്ത് എന്നിവിടങ്ങളിലും ക്വുര്‍ആന്‍ പഠിപ്പിക്കാന്‍ ഇതേ മാര്‍ഗമായിരുന്നു പിന്തുടര്‍ന്നിരുന്നത് എന്നതാണ്. അവിടങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ് ഈ രീതി കേരളത്തില്‍ കൊണ്ടുവന്നത്. 

ഓത്തുപള്ളികളില്‍ നിന്ന് മദ്‌റസകളിലേക്ക്

നൂറ്റാണ്ടുകളായി ക്വുര്‍ആന്‍ പഠനത്തിന്റെ കോട്ടകളായി നിലകൊണ്ട ഓത്തുപള്ളികള്‍ മദ്‌റസകളായി വളര്‍ന്നു പരിണമിച്ചു. ആദ്യമായി ഒരു സ്വതന്ത്ര മദ്‌റസ സ്ഥാപിക്കുന്നതിനുള്ള ശ്രമമുണ്ടായത് എ.ഡി. 1871ല്‍ ആയിരുന്നു. പ്രസ്തുത മാറ്റം മുസ്‌ലിയാരകത്ത് സൈനുദ്ദീന്‍ എന്നിവരുടെ കയ്യാലായിരുന്നു. എന്നിരുന്നാലും പഠന രീതി ഓത്തുപള്ളികളുടേതിന് സാദൃശ്യമുള്ളതായിരുന്നു. 

അറബിക് കോളേജുകള്‍ 

1908ല്‍ ശ്രദ്ധേയമായ മറ്റൊരു മാറ്റമുണ്ടായി. ആധുനിക മദ്‌റസാവിപ്ലവത്തിന്റെ പ്രാരംഭമായി  ഗണിക്കപ്പെടുന്ന, ആധുനിക രീതിയിലുള്ള മദ്‌റസാ പഠനക്രമം സ്ഥാപിച്ചു എന്നതാണത്. ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജിയായിരുന്നു അതിന്റെ സ്ഥാപകന്‍. അങ്ങനെ ഈ പാഠശാലയുടെ നേതൃത്വം അദ്ദേഹം വഹിക്കുകയും ദാറുല്‍ ഉലൂം അറബി കോളേജ് എന്ന് അതിന് പേര് നല്‍കുകയും ചെയ്തു. വിശുദ്ധ ക്വുര്‍ആന്‍, തഫ്‌സീര്‍, പ്രാദേശിക ഭാഷയിലേക്കുള്ള ആശയവിവര്‍ത്തനം എന്നിവയെല്ലാം അദ്ദേഹം തുടക്കം മുതലേ ഗൗരവപൂര്‍വം കണക്കിലെടുത്ത വിഷയങ്ങളില്‍ പെട്ടവയായിരുന്നു. അങ്ങനെ അദ്ദേഹം ആദ്യമായി കേരളത്തിന്റെ ഇസ്‌ലാമിക അധ്യായന ചരിത്രത്തില്‍ പരീക്ഷാസമ്പ്രദായം ഏര്‍പെടുത്തി. (അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

ആത്മഹത്യ പ്രശ്‌നമോ പരിഹാരമോ?

ആത്മഹത്യ പ്രശ്‌നമോ പരിഹാരമോ?

ആത്മഹത്യാനിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം കൂടിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. പ്രശ്‌നങ്ങളെ ധീരമായി നേരിടുന്നതിന് പകരം ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുന്നത് ഭീരുത്വവും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കലുമാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മലയാളികളുടെ പ്രധാന ചര്‍ച്ചാവിഷയം ആത്മഹത്യയാണ്. അന്നംതേടി പിറന്ന നാടും വീടും കുടുബവും വിട്ട് വിദേശത്തക്ക് ചേക്കേറിയ ഒരു പ്രവാസി  സ്വന്തം നാട്ടില്‍ ഒരു ബിസിനസ്സ് സംരംഭം ആരംഭിക്കാന്‍ തന്റെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചു. എന്നാല്‍ ആരുടെയൊക്കെയോ ക്രൂരമായ മനസ്സിന് മുമ്പില്‍ തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നടിയുന്നു എന്ന യാഥാര്‍ഥ്യം ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. വിവാഹാഭ്യര്‍ഥന നിരസിച്ച പൊലീസുകാരിയെ തീ കൊളുത്തി കൊന്നത് സഹപ്രവര്‍ത്തകനായിരുന്ന പൊലീസുകാരന്‍. അവളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ തീരുമാനം എന്നായിരുന്നത്രെ ആ പൊലീസുകാരന്റെ മൊഴി. കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 18 കാരന്‍ ചികിത്സയിലായിരിക്കെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. മാതാപിതാക്കള്‍ വിദേശത്ത്. നല്ല സാമ്പത്തിക ചുറ്റുപാട്. പഠിക്കാന്‍ മിടുമിടുക്കന്‍. എന്നിട്ടും അവന്‍ ഇളം വയസ്സിലേ മരണത്തെ പുല്‍കി. കാമുകി മറ്റൊരാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതില്‍ മനംനൊന്ത് ഫേസ്ബുക്കില്‍ ലൈവ് നല്‍കി ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതും കഴിഞ്ഞ ദിവസമാണ്. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, ബാങ്ക് ജപ്തി ഭീഷണി, കുടുംബ കലഹം തുടങ്ങി പല കാരണങ്ങളാലും കുറെ പേര്‍ നമ്മുടെ മലയാള മണ്ണില്‍അടുത്ത കാലത്ത് ആത്മഹത്യയില്‍ അഭയം തേടി! പരീക്ഷയില്‍ തോറ്റതിനാല്‍ ആത്മഹ്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലം നാടുവിട്ട  എറണാകുളം സെന്‍ട്രല്‍ സി.ഐ. തിരിച്ചു വന്ന് മാധ്യമങ്ങളോട് പറഞ്ഞ കാര്യം ഏറെ ശ്രദ്ധേയമാണ്: ‘എനിക്ക് ഒരു തീരുമാനം ഉണ്ടായിരുന്നു; സ്വയം ഇല്ലാതാവുന്ന അവസ്ഥയിലേക്ക് പോവുകയില്ലയെന്ന്. മനഃശാന്തി തേടിയുള്ള യാത്രയിലായിരുന്നു ഞാന്‍.’

ആത്മഹത്യയുടെ കാരണങ്ങള്‍ എന്തെന്നതിന് ഉത്തരമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മനഃസംഘര്‍ഷം അനുഭവിക്കുന്നവര്‍ അതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നു!

യഥാര്‍ഥത്തില്‍ ആത്മാര്‍ഥമായി മരിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണോ ഇവര്‍ ആത്മഹത്യ ചെയ്യുന്നത്? അല്ല എന്നതാകാം വസ്തുത. തങ്ങളുടെ ജീവിതത്തില്‍ ‘അപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്എന്തായിരുന്നാലും അത് അവസാനിപ്പിക്കാന്‍, അതില്‍നിന്ന് രക്ഷ നേടാന്‍’ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. ‘ഇനി എനിക്കിതു സഹിക്കാന്‍ വയ്യ,’ ‘ഇനി ഞാന്‍ എന്തിനു ജീവിക്കണം?’ എന്നൊക്കെ എഴുതിയ ആത്മഹത്യാ കുറിപ്പുകള്‍ അതാണ് സൂചിപ്പിക്കുന്നത്.

സ്വന്തം ജീവിതം അവസാനിപ്പിച്ച് മറ്റുള്ളവരെ തോല്‍പിക്കാം എന്ന് കരുതുന്നവരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ആത്മഹത്യാ പ്രവണതയുള്ളവരെ ചികിത്സിക്കുന്നതില്‍ വിദഗ്ധനായ ജപ്പാനിലെ ‘ഹിരോഷി ഇനാമൂര’ ഇങ്ങനെ എഴുതി: ”സ്വന്തം മരണത്തിലൂടെ, തങ്ങളെ പീഡിപ്പിച്ചവരെ ശിക്ഷിക്കാന്‍ കുട്ടികള്‍ ആഗ്രഹിക്കുന്നു.”

പല രാജ്യങ്ങളിലും മധ്യവയസ്‌കരിലും വൃദ്ധരിലും ആണ് ആത്മഹത്യാ നിരക്ക് കൂടുതല്‍. എന്നാല്‍ ആത്മഹത്യ ചെയ്യുന്നവരുടെ ആകെ കണക്കെടുത്താല്‍ 15 വയസ്സിന്റെയും 29 വയസ്സിന്റെയും ഇടയിലുള്ളവരാണത്രെ കൂടുതല്‍. കൗമാര പ്രായക്കാരില്‍ രണ്ടാമത്തെ പ്രധാന മരണകാരണമാണ് ആത്മഹത്യ. അപകടങ്ങള്‍ മൂലമുള്ള മരണമാണ് ഈ വിഭാഗത്തില്‍ ആത്മഹത്യയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. വികസിതരാജ്യങ്ങളിലെ യുവാക്കളില്‍ ഏകദേശം 30% മരണങ്ങളും ആത്മഹത്യ മൂലമാണുണ്ടാകുന്നത്.

മനുഷ്യന്‍ സമാധാനത്തിന് വേണ്ടി നെട്ടോട്ടമോടി ഊരാക്കുടുക്കുകളില്‍ കുടുങ്ങി ആത്മാഹുതി ചെയ്യുന്ന പ്രവണത കൂടിവരുന്നു എന്ന് വേണം കരുതാന്‍. ‘മതത്തിന്റെ വേലിക്കെട്ടുകള്‍ തല്ലിത്തകര്‍ത്ത്’ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സില്‍ വട്ടമിട്ട് പറക്കുന്ന പറവകളിലാണ് ആത്മഹത്യ കൂടുതല്‍ എന്നത് കണക്കുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന മതങ്ങളല്ല, സ്വന്തന്ത്ര ചിന്തയും വ്യക്തിത്വവും ഉള്ള തലമുറയാണ് നാടിന്റെ പുരോഗതിക്കും സമാധാനത്തിനും ആവശ്യമെന്ന് നാഴികക്ക് നാല്‍പത് വട്ടം പ്രസംഗിക്കുന്ന യുക്തിവാദികള്‍ ആര്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് കൂടുതലെന്ന് പഠിക്കാനൊരുങ്ങണമെന്നാണ് പറയാനുള്ളത്.

ലോകാരോഗ്യ സംഘടനയുടെ 2016ലെ കണക്കുകള്‍ പ്രകാരം സൗത്ത് അമേരിക്കന്‍ രാജ്യമായ ഗുയാനയിലാണ് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതല്‍. തൊട്ട് താഴെ ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയാണ്. റഷ്യയാണ് മൂന്നാം സ്ഥാനത്ത്. അമേരിക്കന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആണ് ആദ്യ പത്തില്‍ എട്ടും. നിസ്സീമമായ സ്വാന്തന്ത്ര്യത്തിന്റെ ആസ്വാദനം തേടിയുള്ള യാത്രയില്‍ മദ്യവും മയക്കുമരുന്നും തീര്‍ത്ത മായാലോകത്തെ ചതിക്കുഴികള്‍ മനസ്സിലാക്കാതെ ജീവിതം തകര്‍ന്ന അനേകായിരങ്ങള്‍ ലോകത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട് .

ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ് 309 പ്രകാരം ആത്മഹത്യ കുറ്റകരമായി മുമ്പ് കണക്കാക്കിയിരുന്നു. എന്നാല്‍ മാനസികരോഗികള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനം ഇല്ലാതാക്കാനും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും വേണ്ടി 2017ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ മാനസികാരോഗ്യ നിയമം ഈ വകുപ്പ് റദ്ദാക്കുകയുണ്ടായി

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യ ആത്മഹത്യാ നിരക്കില്‍ 16ാം സ്ഥാനത്താണ് (16.5).  നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്ക് പ്രകാരം പോണ്ടിച്ചേരിയില്‍ ആണ് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് (43.2). തൊട്ടു പിന്നില്‍ ഛത്തീസ്ഘട്ട് (37.5). ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (28.9). രാജ്യത്തെ ഏറ്റവും കുറഞ്ഞ ആത്മഹത്യാ നിരക്ക്  ബീഹാറിലാണ് (0.5).

പ്രസ്തുത പട്ടികയില്‍ 8ാം സ്ഥാനത്തുള്ള കേരളത്തില്‍ നിരക്ക് 21.6 ആണ്. ദേശീയ ശരാശരിയെക്കാന്‍ ഏകദേശം ഇരട്ടിയോളം വരുമിത്! കേരളത്തില്‍ കൊല്ലം ജില്ലയാണ് ആത്മഹത്യ നിരക്കില്‍ ഒന്നാം സ്ഥാനത്ത് (40.3). തിരുവനതപുരം (19.3). തൃശൂര്‍ (12.5) ആണ് രണ്ടും മൂന്നും സ്ഥാനത്ത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് (3.3).

ലോകാടിസ്ഥാനത്തില്‍ തന്നെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍  താരതമ്യേന ആത്മഹത്യാനിരക്ക് കുറവാണ് ഖത്തര്‍ (5.8), ബഹ്റൈന്‍ (5.7), ഇന്തോനേഷ്യ (3.7), ഒമാന്‍(3.5), സുഊദി അറേബ്യ(3.4), ടുണീഷ്യ(3.2), മൊറോക്കോ (3.1), യു.എ.ഇ (2.7), കുവൈറ്റ് (2.2) എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ ഇടമാണ് പ്രസ്തുത രാജ്യങ്ങള്‍ക്ക് ഉള്ളത് എന്നത് ഏതൊരാളുടെയും ചിന്തയെ തൊട്ടുണര്‍ത്തുന്നു.

 അതിന് ചില കാരണങ്ങളുണ്ട്. ഒന്നാമത്തേത് ഇസ്ലാമിക വിശ്വാസങ്ങളിലെ വിധി വിശ്വാസത്തിന്റെകരുത്ത് തന്നെയാണ്. തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഏതൊരു നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസം അതിന്റെ അനുയായികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്. നന്മയില്‍ സന്തോഷിച്ച് തന്റെ നാഥനെ സ്തുതിക്കുവാനും തിന്മയില്‍ ക്ഷമിച്ച് നാഥനോട് കാവല്‍ തേടാനും ഇസ്ലാം വിശ്വാസികളെ ഉണര്‍ത്തുന്നു.

ഇസ്ലാമിക വീക്ഷണത്തില്‍ ആത്മഹത്യ എന്നത് ഗുരുതരമായ ഒരു പാപമാണ്. അല്ലാഹു  പറയുന്നു:   ”നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്‌നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു” (4:29,30).  

ഒട്ടേറെ പ്രവാചക വചനങ്ങള്‍ ആത്മഹത്യയുടെ ഗൗരവത്തെ കുറിച്ചും അതിന്റെ ശിക്ഷയെ കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ഒരാള്‍ മലമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍, അവന്‍ നരകത്തില്‍ വെച്ചും അപ്രകാരം നിത്യവും വീണുകൊണ്ടേയിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തവന്‍ നരകത്തില്‍ എന്നെന്നും വിഷം കഴിച്ചുകൊണ്ടേയിരിക്കും. അവന്റെ കയ്യില്‍ വിഷം എപ്പോഴും ഉണ്ടായിരിക്കും. ഒരാള്‍ ആയുധം ഉപയോഗിച്ച് സ്വശരീരത്തെ വധിച്ചാല്‍ അവന്‍ കാലാകാലവും നരകത്തില്‍ വെച്ച് ആയുധംകൊണ്ട് തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. ആ ആയുധം അവന്റെ കയ്യില്‍ എപ്പോഴും ഉണ്ടായിരിക്കും” (സ്വഹീഹുല്‍ ബുഖാരി).

ഇതെല്ലം വിശ്വാസിയെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണമായിത്തത്തീരുന്നു. ലക്ഷ്യബോധം ഇല്ലാത്ത മനുഷ്യര്‍ ജീവിതം വഴിയിലുപേക്ഷിച്ച് ‘രക്ഷപ്പെടാന്‍’ ശ്രമിക്കുന്നു. എന്നാല്‍ ഇസ്ലാം മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യവും ആ ലക്ഷത്തിലേക്ക് എത്താനുള്ള മാര്‍ഗവും മാനവ സമൂഹത്തിന് വരച്ചു കാണിച്ച് കൊടുത്തു. അത് പ്രായോഗികമാണെന്ന് തന്റെ 23 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിലൂടെ പ്രയോഗവത്കരിച്ച് കാണിച്ചു എന്നതാണ് മുഹമ്മദ് നബി ﷺ യെ ലോകത്തിന് മുന്നില്‍ വത്യസ്തനാക്കുന്നത്.

അധാര്‍മികതയുടെ കൂത്തരങ്ങായിരുന്ന ഒരു നാടിനെ ലോകത്തിന്റെ മുഴുവന്‍ നന്മയുടെ കേന്ദ്രമാക്കിയും അവിടുത്തെ ജനതയെ ലോകജനതക്ക് മാതൃകയാക്കിയതും വിശുദ്ധ ക്വുര്‍ആനും പ്രവാചക ചര്യയും വരച്ചുകാണിച്ച ലക്ഷ്യബോധത്തിലൂടെയായിരുന്നു. ഈലോക ജീവിതം നൈമിഷികമാണെന്നും മരണത്തിനപ്പുറമുള്ള യഥാര്‍ഥ ജീവിതത്തിന് വേണ്ടി തയ്യാറെടുക്കുക എന്നുമുള്ള ഇസ്ലാമികാധ്യാപനം പ്രതിസന്ധികളെ തരണം ചെയ്ത്, നല്ലൊരു നാളേക്ക് വേണ്ടി, ജീവിതത്തെ കൂടുതല്‍ കരുതലോടെ മുന്നോട്ട് നയിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

ആത്മഹത്യയുടെ കാരണങ്ങള്‍ പലതാണ്. അവ കണ്ടെത്തി ചികിത്സിക്കലാണ് ആവശ്യം. നമുക്ക് ചുറ്റും നടക്കുന്ന ആത്മഹത്യകളില്‍ അറിഞ്ഞോ അറിയാതയോ നാം കാരണക്കാരായിക്കൂടാ എന്ന തിരിച്ചറിവാണ് ഇത്തരം ദുരന്തങ്ങളില്‍ നിന്ന് സമൂഹത്തെ കരകയറ്റാന്‍ അടിസ്ഥാനപരമായി ഉണ്ടാവേണ്ടത്,

കുടുംബ ജീവിതത്തിലെ തകര്‍ച്ചയാണ് ആത്മഹത്യയുടെ പ്രധാന കാരണമായി പഠനങ്ങള്‍ തെളിയിക്കുന്നത്. ദേശീയ ശരാശരി 23.7% ആണെങ്കില്‍ കേരളത്തില്‍ അത് 40.2%. ആണ്!

ദമ്പതികളോട്

അല്ലാഹു പറയുന്നു: ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 4:1).

മനുഷ്യന്റെ ഇഹലോക ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാന്‍ അല്ലാഹു സംവിധാനിച്ചതാണ് വിവാഹജീവിതം. ഇണകള്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ആത്മത്യയിലേക്ക് നയിക്കുന്നു. ഇരുവരും പരസ്പരം അറിഞ്ഞും കൊണ്ടും കൊടുത്തതും ജീവിതയാത്രയില്‍ മുന്നോട്ട് പോകാന്‍ തയ്യാറാവണം. ദാമ്പത്യ ജീവിതത്തിലെ കയ്പ്പും മധുരവും ആസ്വദിച്ച് ജീവിക്കാന്‍ തയ്യാറാവുക. അതിലുപരി അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ശിരസ്സാവഹിച്ചു മാതൃകാ ജീവിതം നയിക്കുക. എങ്കില്‍ നാളെ പരലോകത്തും അവര്‍ക്ക് ദമ്പതികളായി അനശ്വര ജീവിതം നയിക്കാനാകും. ആല്ലാഹുവിന്റെ ഈ വാഗ്ദാനം പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് ജീവിതം നയിക്കുവാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.

മാതാപിതാക്കളോട്

ആത്മഹത്യ ചെയ്യുന്നവരുടെ ആകെ കണക്കെടുത്താല്‍ 15 മുതല്‍ 29 വയസ്സിനുള്ളിലുള്ളവരാണ് കൂടുതല്‍ എന്ന് കാണാനാവും എന്ന് നേരത്തെ സൂചിപ്പിച്ചു. മക്കള്‍ എന്നത് അല്ലാഹു നമുക്ക് ഒരേ സമയം അനുഗ്രഹവും പരീക്ഷണവുമായി നല്‍കിയതാണ്.

”നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 8:28).

ആ മക്കളെ ശരിയായ ധാര്‍മിക ചിട്ടയോടെ വളര്‍ത്തല്‍ മാതാപിതാക്കളുടെ  കടമയാണ്. അമിത വാത്സല്യവും പാടെ അവഗണിക്കലും മക്കളെ തിന്മയിലേക്ക് നയിക്കാന്‍ കാരണമാകും. ഈയിടെ കൊല്ലത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി മാതാപിതാക്കളുടെ അത്യാഗ്രഹത്തിന്റെ ഇരയാണെന്നാണ് വാര്‍ത്ത. തനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് രണ്ടാമതും മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലാക്കിയതാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഓരോ കുട്ടിക്കും അവരുടെതായ വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടെന്ന് നാം തിരിച്ചറിയാതെ പോകരുത്. ബലപ്രയോഗത്തിലൂടെ ഒരു കാര്യവും നേടാന്‍ സാധിക്കുകയില്ലെന്നും സ്‌നേഹവും ധാര്‍മിക ബോധവും നല്‍കിയാല്‍ മാത്രമെ മക്കളെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നുമുള്ള തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടാകണം. പത്ത് വയസ്സ് വരെ കളിയിലൂടെ മാത്രമെ കുട്ടികളെ പഠിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് ആധുനിക വിദ്യാഭ്യാസ രീതി നമ്മോട് പറയുന്നത്. ഓരോ കുട്ടിയിലും ഉള്ള കഴിവുകളെ തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നമ്മുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടും എന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടാവേണ്ടത് അനിവാര്യമാണ്. ജനിച്ച നാടിനോടും സമൂഹത്തോടും കടപ്പാടും പ്രതിബദ്ധതയുമുള്ളവരായി മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറാവണം.

അമിത വാത്സല്യവും മക്കളെ തകര്‍ക്കും. ‘പ്രോബ്ലം സോള്‍വിങ് സ്‌കില്‍’ എന്നത് ജീവിതത്തിലെ അനുഭവങ്ങളിലൂടെ നേടിയെടുക്കേണ്ട ഒന്നാണ്. പലപ്പോഴും നമ്മുടെ മക്കളെ ചെറിയ പ്രയാസങ്ങളും പ്രശ്‌നങ്ങളും അനുഭവിക്കാന്‍ നാം അനുവദിക്കാറില്ല. ഇത് അവരുടെ വക്തിത്വത്തെ കാര്യമായി ബാധിക്കുകയും ചെറിയ പ്രതിസന്ധികളില്‍ പോലും പിടിച്ചു നില്‍ക്കാനാവാത്തവരായി അവര്‍ മാറുകയും ചെയ്യുന്നത് കാണുന്നു. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ കാണിക്കുന്ന ഗുരുതരമായ വീഴ്ചയാണ് ഉത്തരം അവസ്ഥയ്ക്ക് കാരണം.

എല്ലാറ്റിനും ഉപരി ഭൗതിക ഭ്രമത്തിനിടയില്‍ ധാര്‍മിക മൂല്യങ്ങള്‍ മക്കള്‍ക്ക് കൈമാറാന്‍ നാം മറക്കരുത്. ജീവിതത്തിന്റെ ലക്ഷ്യത്തെ കുറിച്ചും മരണാന്തര ജീവിതത്തെ കുറിച്ചും ദൃഢവിശ്വാസം ഉള്ളവരായി നമ്മുടെ മക്കളെ വളര്‍ത്താന്‍ നാം ശ്രമിക്കുക.

മക്കളോട്

അമേരിക്കന്‍ ഐക്യനാടുകളില്‍ 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരിലാണ് ആത്മഹത്യാനിരക്ക് ഏറ്റവും ഉയര്‍ന്നത് എന്ന പഠനങ്ങള്‍ നമുക്ക് ചില സന്ദേശങ്ങള്‍ നല്‍കണം.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മാതാപിതാക്കള്‍ക്ക് വേണ്ട പരിഗണന നല്‍കാതിരിക്കുകയും ഒരുവേള അവര്‍ ഒരു ഭാരമാണ് മക്കള്‍ക്ക് എന്ന് തോന്നിത്തുടങ്ങുകയും ചെയുമ്പോള്‍ ഒന്നുകില്‍ വൃദ്ധ സദാനങ്ങളിലോ വീട്ടിലെ ജയിലുകളിലോ കഴിയേണ്ടി വരുന്ന മാതാപിതാക്കള്‍ പലപ്പോഴും ജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അല്ലാഹു അവനെ മാത്രമെ ആരാധിക്കാവൂ എന്ന് പറഞ്ഞതിന്റെ കൂടെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും അവരോട് പെരുമാറേണ്ട രീതിയും നമുക്ക് പഠിപ്പിച്ച് തരുന്നുണ്ട്.

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട്‌പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക” (ക്വുര്‍ആന്‍ 17:23).

നാട്ടില്‍ വര്‍ധിച്ചുവരുന്ന വൃദ്ധസദനങ്ങള്‍ പുരോഗതിയുടെ അടയാളമെല്ലെന്നും അത് സമൂഹത്തിലെ മൂല്യച്യുതിയുടെ നേര്‍ക്കാഴ്ചയാണെന്നും നാം തിരിച്ചറിയണം.

ചുരുക്കത്തില്‍ സമാധാനം നഷ്ടപ്പെടുന്നു, മനഃസംഘര്‍ഷം അനുഭവിക്കുന്നു എന്നതാണ് ആത്മഹത്യയിലേക്ക് ഒരാളെ തള്ളിവിടുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്നതും  നമ്മെ അലോസരപ്പെടുത്തുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി നമുക്ക് മുന്നില്‍ പറന്നിറങ്ങുന്ന കൗണ്‍സിലര്‍മാരും ആത്മീയ ചൂഷകരും കപട സ്‌നേഹിതരും നമ്മെ എന്നെന്നേക്കുമായി  അസമാധാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു എന്നതാണ് യാഥാര്‍ഥ്യം. സര്‍വത്ര സ്വാര്‍ഥത വാഴുന്ന ലോകത്ത് സമാധാനം തേടി അലയുന്നവര്‍ക്ക് സമാധാനത്തിന്റെ അമൃതുമായി, ലോകത്തിന് കാരുണ്യമായി അല്ലാഹു നിയോഗിച്ച മുഹമ്മദ് നബി ﷺ യുടെ ജീവിത സന്ദേശങ്ങള്‍ വെളിച്ചമാകേണ്ടതുണ്ട്.

”അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്” (ക്വുര്‍ആന്‍ 13:28).

 

നബീല്‍ പയ്യോളി
നേർപഥം വാരിക

മുസ്‌ലിമിന്റെ രാജ്യസ്‌നേഹം

മുസ്‌ലിമിന്റെ രാജ്യസ്‌നേഹം

ജീവിക്കുന്ന നാടിനെ സ്‌നേഹിക്കുക എന്നത് ഓരോരത്തരുടെയും കടമയാണ്. മക്കയില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ജബലുല്‍ ഹിന്ദിന്റെ മുകളില്‍ കയറി ഗദ്ഗദ കണ്ഠനായി യാത്രാമൊഴി നടത്തിയ പ്രവാചകനില്‍ വിശ്വാസികള്‍ക്ക് മാതൃകയുണ്ട്. എന്നാല്‍ സ്വന്തം നാടിനെ സ്‌നേഹിക്കേണ്ടത് അന്യ നാടിനെ വെറുത്തു കൊണ്ടല്ല എന്ന പാഠം ഇന്ന് പലരും മറന്നു പോവുന്നു.

നാം ജീവിക്കുന്ന നാടിനെ സ്‌നേഹിക്കുക എന്നത് നമ്മുടെ കടമയാണ്. അതില്‍ മുസ്‌ലിം രാഷ്ട്രം, മതേതര രാഷ്ട്രം എന്ന വ്യത്യാസമില്ല. ഹിജ്‌റയുടെ വേളയില്‍ മുഹമ്മദ് നബി ﷺ മക്കവിട്ട് പോകുമ്പോള്‍ ജബലുല്‍ ഹിന്ദിന്റെ മുകളില്‍ കയറിനിന്ന് ഇപ്രകാരം പറഞ്ഞു: ”മക്കാ…! നീയാണ് എനിക്കേറ്റവും പ്രിയപ്പെട്ട നാട്. പക്ഷേ, ഈ ജനങ്ങള്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ നാടു വിട്ട് പോകുകയില്ലായിരുന്നു.”

മദീനയില്‍ ജീവിക്കുന്ന കാലത്ത് പ്രവാചകന്‍ ﷺ ഉഹ്ദ്മലയിലേക്ക് വേഗത്തില്‍ യാത്രചെയ്തുവരുമായിരുന്നു. ‘ഉഹ്‌ദേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ സ്വന്തം നാടിനെ സ്‌നേഹിക്കേണ്ടത് മറ്റു നാടുകളെ വെറുത്തുകൊണ്ടല്ല. നമ്മുടെ നാടിന്റെ ക്ഷേമവും ഐശ്വര്യവും നാം കാത്ത് സൂക്ഷിക്കണം. നമ്മുടെ സമയവും സമ്പത്തും അധ്വാനവും പാഴാക്കിക്കളയരുത്. പഠനത്തില്‍ നമുക്കും നാടിനും ഉപയോഗപ്പെടുന്ന കോഴ്‌സ് തെരഞ്ഞെടുക്കണം.

മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് വിചാരിച്ച് മാറിനില്‍ക്കാതെ സ്വന്തം നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി നമ്മളാല്‍ കഴിയുന്ന ധര്‍മം നിര്‍വഹിക്കണം. മുസ്‌ലിംകളോട് ശത്രുത വെച്ചുപുലര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണുള്ളത്. മനുഷ്യസൗഹാര്‍ദവും സമാധാനവും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ അമുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും. അങ്ങനെയുള്ളവരോട് വിദ്വേഷം പുലര്‍ത്താതെ, നന്മചെയ്തു ജീവിക്കണമെന്ന് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്: ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്  നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ക്വുര്‍ആന്‍ 60:8). 

സമാധാന കാംക്ഷികളെ ശത്രുക്കളാക്കുന്ന തരത്തിലുള്ള ഒരു അവിവേക പ്രവൃത്തിയും നമ്മില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. എല്ലാ മനുഷ്യരുടെയും ആദി പിതാവ് ആദം നബി(അ)യാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇതര മതസ്ഥരുടെ ആരാധനാ സ്വാതന്ത്ര്യം ഓരോരുത്തരും അംഗീകരിച്ചുകൊടുക്കണം. സ്വന്തം മതമനുസരിച്ചു ജീവിക്കുന്നത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും സമാധാനത്തെയും തകര്‍ത്തുകൊണ്ടാവരുത്. ഏകദൈവ വിശ്വാസ(തൗഹീദ്)ത്തിന് വിരുദ്ധമായ ഒരു ആരാധനാ കര്‍മത്തിലോ ആഘോഷത്തിലോ പങ്കാളിയാകുവാന്‍ ഒരു മുസ്‌ലിമിന് അനുവാദമില്ല. അത് സ്വസമുദായത്തിന്റെതായാലും ഈ ആദര്‍ശം പാലിക്കണം. ഒരു വ്യക്തി ഏത് മതക്കാരനാവട്ടെ, അവന് ഭൗതിക ലോകത്ത് എന്തെങ്കിലും ഒരു അപകടം പറ്റാന്‍ സാധ്യതയുണ്ട് എന്ന് നാം അറിയുന്നുവെങ്കില്‍ അത് അവന് മുന്നറിയിപ്പ് നല്‍കി രക്ഷപ്പെടുത്തല്‍ നമ്മുടെ കടമയാണ്. അതുപോെല തന്നെ ശാശ്വതമായ പരലോകത്തില്‍ നരകത്തില്‍ അകപ്പെടാതെ സ്വര്‍ഗത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുകയും അതിനാവശ്യമായ മുന്നറിയിപ്പുകളും ഉപദേശങ്ങളും അവര്‍ക്ക് നല്‍കുകയും ചെയ്യല്‍ നമ്മുടെ കടമയാണ്. അവര്‍ക്ക് വെറുപ്പുണ്ടാകുമെന്ന് കരുതി അവരോട് അത് പറഞ്ഞ് കൊടുത്തില്ലെങ്കില്‍ അത് അവരോട് നാം ചെയ്യുന്ന വഞ്ചനയാണ്. അതിന് മുതിരുമ്പോള്‍ എനിക്ക് കേള്‍ക്കേണ്ട, വായിക്കുവാന്‍ താല്‍പര്യമില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെങ്കില്‍ പിന്നെ നിര്‍ബന്ധിക്കേണ്ടതുമില്ല. അവരുമായുള്ള മാനുഷികബന്ധം തുടരുകയും വേണം. 

അഴിമതിയിലോ കളവിലോ ഭീകരതയിലോ വര്‍ഗീയതയിലോ സ്വന്തം സമുദായത്തില്‍ പെട്ടവരാണെന്നു കരുതി സഹകരിക്കരുത്. സ്വന്തം വിഭാഗത്തില്‍ പെട്ടവനെ തിന്മയില്‍ പിന്തുണക്കുന്നതാണ് വര്‍ഗീയത എന്ന പ്രവാചകവചനം പ്രത്യേകം ഓര്‍ക്കുക. ഈനാടിന്റെ മണ്ണും വെള്ളവും സമാധാനം നിറഞ്ഞ സാമൂഹ്യഘടനയും കാത്തുസൂക്ഷിക്കുവാന്‍ എല്ലാവിഭാഗത്തില്‍ പെട്ടവരും സഹകരിക്കണം. ഇന്ത്യയുടെ സമാധാനത്തിനും സൗഹാര്‍ദത്തിനും മതേതരത്വത്തിനും എതിരായി ശത്രുക്കളും വര്‍ഗീയക്കോമരങ്ങളും ഒരുക്കുന്ന ചതിക്കുഴികളെയും കുതന്ത്രങ്ങളെയും മനസ്സിലാക്കുക. ആവേശം മൂത്ത് ചതിയില്‍പെട്ട്‌പോയ ശേഷം ബോധം വന്നിട്ട് കാര്യമില്ല. 

ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ബുദ്ധനും പാര്‍സിയും ജൈനനും മതമില്ലാത്തവനും തമ്മില്‍ മനുഷ്യ സൗഹാര്‍ദം കാത്ത് സൂക്ഷിക്കുക. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്ത ഒഴിവാക്കുക. ഭാഷയുടെയോ ജാതിയുടെയോ മതത്തിന്റെയോ സംസ്ഥാനത്തിന്റെയോ പേരിലുള്ള കുടുസ്സായ വര്‍ഗീയതയില്‍ പെട്ട് മനസ്സുകളെ പരസ്പരം അകറ്റരുത്.

ഓഫീസ് പ്യൂണ്‍ മുതല്‍ രാഷ്ട്രത്തലവന്‍ വരെയുള്ളവര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചവരായാലും താന്‍ പൊതുഖജനാവില്‍ നിന്ന് ഒറ്റ രൂപ പോലും അനര്‍ഹമായി നേടിയെടുക്കുകയോ അനര്‍ഹമായ ആനുകൂല്യം അനുഭവിക്കുകയോ ചെയ്യുകയില്ല എന്ന നിലപാടില്‍ മരണം വരെ അചഞ്ചലമായി ഉറച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം.

ലോകത്തില്‍ ഇന്ത്യയെ പോലെ ഇത്രയധികം വൈവിധ്യങ്ങള്‍ ഉള്ള മറ്റൊരു രാഷ്ട്രം കാണാന്‍ കഴിയില്ല. ഈ വൈവിധ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ഈ നാട്ടിലെ പൗരന്മാര്‍ എന്ന നിലയില്‍ ഒരു ഐക്യത്തിന്റെ വികാരം നമുക്കുണ്ടാവണം. അതേസമയം ഒരേ ആദര്‍ശവും ആശയവും പലര്‍ത്തുന്നവര്‍ തമ്മില്‍ പ്രത്യേക ഐക്യം ഉണ്ടാവുക എന്നതും സ്വഭാവികമാണ്. ഒരു കൂട്ടരോട് ഐക്യമുണ്ട് എന്ന് വിചാരിച്ച് മറ്റുള്ളവരെ വെറുക്കേണ്ടതില്ല. സ്വന്തം വീടിന്റെ വൃത്തിയും സുരക്ഷിതത്വവും കാത്ത്‌സൂക്ഷിക്കുന്നത് പോലെ നമ്മുടെ രാഷ്ട്രത്തിന്റെ വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷിക്കണം.

ഇന്ത്യയിലെ ജനാധിപത്യസംവിധാനം വേണ്ടവിധം ഉപയോഗപ്പെടുത്തണം. ഇലക്ഷനില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും നാം മാറിനിന്നാല്‍ അത് അനര്‍ഹരും അപകടകാരികളുമായവര്‍ക്ക് അധികാരത്തില്‍ വരാന്‍ സൗകര്യം ചെയ്തു കൊടുക്കലായിരിക്കും. 

വര്‍ഗീയവിദ്വേഷത്തിന്റെ വക്താക്കളെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സമാധാനകാംക്ഷികളായ എല്ലാപാര്‍ട്ടികളും ഒറ്റക്കെട്ടായി നീങ്ങണം. മതേതരവിരുദ്ധരും മതേതര അനുകൂലികളും തമ്മില്‍ നേരിട്ട് മത്സരത്തിന് രംഗമൊരുക്കണം.

മതസ്വാതന്ത്യവും സമാധാനവും ഉള്ള നാട്ടില്‍ നിന്ന് ഒളിച്ചോടി വമ്പിച്ച കലാപങ്ങള്‍ നടക്കുന്നതും വ്യക്തിസ്വാതന്ത്ര്യമില്ലാത്തതുമായ രാജ്യങ്ങളിലേക്ക് പോകുന്നതും വമ്പിച്ച വിഡ്ഢിത്തമാണ്. അത്തരം ചിന്താഗതിയുള്ളവര്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ല എന്നതാണ് വസ്തുത. 

ഈ നാട് ഒരിക്കലും നന്നാകില്ല എന്ന് പറഞ്ഞ് നടക്കുന്നതിന് പകരം ഈ നാടിന്റെ നന്മ വീണ്ടെടുക്കാന്‍ എന്ത് പങ്കാണ് താന്‍ നിര്‍വഹിച്ചത് എന്ന് സ്വന്തത്തോട് ചോദിക്കുക. കുരിരുട്ടുള്ള ഒരു റൂമിലിരുന്നുകൊണ്ട് ഇരുട്ടിനെ കുറ്റപ്പെടുത്തുന്നതിന് പകരം ഒരു മെഴുകുതിരിയെങ്കിലും കത്തിച്ച്‌വെക്കുക. എങ്കില്‍ അതിന്റെ വെളിച്ചം തനിക്കും മറ്റുള്ളവര്‍ക്കും ഉപകരിക്കും. മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനവുമാവും. അതിന് പകരം കത്തിച്ച മെഴുകുതിരി ഊതുന്നവരായി നാം മാറാതിരിക്കുക.

പഞ്ചായത്തോ സംസ്ഥാനമോ രാഷ്ട്രമോ ഭരിക്കുന്നത് ഏത് സര്‍ക്കാരായാലും രാജ്യം നമ്മുടേതാണ് എന്നോര്‍ക്കുക. ഹര്‍ത്താലും ബന്ദും പണിമുടക്കും രാഷ്ട്രത്തെ തകര്‍ക്കാനേ ഉപകരിക്കു. രാഷ്ട്രത്തിന്റെ പൊതുഖജനാവിന്റെ നഷ്ടം നമ്മുടെ നഷ്ടമാണ്; മന്ത്രിമാരുടെ നഷ്ടമല്ല എന്നോര്‍മ വേണം. 

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത്, സാധാരണക്കാരും പരമ ദരിദ്രരും ഉള്‍പെട്ട ജനങ്ങളുടെ നികുതിപ്പണം വന്‍ പെന്‍ഷനായി മാസാന്തം വാങ്ങി സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാതെ കഴിഞ്ഞുകൂടുന്നവര്‍ ‘ഞങ്ങള്‍ പേരക്കുട്ടികളെ നോക്കി റിട്ടയര്‍മെന്റ് ജീവിതം കഴിച്ച് കുട്ടി’ എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണനാളില്‍ രക്ഷപ്പെടാന്‍ കഴിയുമോ എന്ന് നാം ചിന്തിക്കണം.

രണ്ട് അണുബോംബുകളും നിരവധിഭൂകമ്പങ്ങളും കൊണ്ട് തകര്‍ത്തെറിയപ്പെട്ട ജപ്പാന്‍ ലോകത്തിന്റെ മുമ്പില്‍ ടെക്‌നോളജിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് അവിടുത്തെ ഓരോ പൗരന്റെയും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെ ഫലമാണ്. ഒരൊറ്റ ജപ്പാന്‍കാരനും യാത്രചെയ്യുമ്പോള്‍ പോലും സമയം വെറുതെ പാഴാക്കുകയില്ല. രാവിലെ മുതല്‍ രാത്രിവരെ പീടികത്തിണ്ണയിലും ബസ് വെയ്റ്റിംഗ് ഷെഡ്ഡിലും വിലപിടിച്ച മൊബൈലുമായി സമയം കളയുന്ന യുവസമൂഹം സ്വന്തത്തിനും രാജ്യത്തിനും എത്ര മാത്രം നഷ്ടമാണ് വരുത്തിവെക്കുന്നത് എന്ന് അവര്‍ അറിയുന്നില്ല.

കൃഷിയും ബിസ്‌നസും അധ്യാപനവും സാമൂഹ്യസേവനവും രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ഭാഗഭാക്കായി പ്രവര്‍ത്തിക്കലുമെല്ലാം പൗരന്മാരുടെ കര്‍ത്തവ്യമാണ്. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ത്തും മണല്‍വാരി നദികളെ നശിപ്പിച്ചും സമൂഹത്തില്‍ നാശം വിതറിയും ധൂര്‍ത്തും പൊങ്ങച്ചവുമായി നടന്നും കഴിച്ചുകൂട്ടുന്നവര്‍ സ്വന്തത്തെയും നാടിനെയും നാശത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

സ്വന്തം വീടുകളിലെയോ കടയിലെയോ വെയ്സ്റ്റുകള്‍ സ്വന്തം സ്ഥലത്ത് സംസ്‌കരിക്കേണ്ടതിന് പകരം പൊതുസ്ഥലത്തും റോഡ്‌സൈഡിലും കൊണ്ടുവന്ന് നിക്ഷേപിച്ച് മറ്റുള്ളവരുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന ദുഷ്ടരെ സര്‍ക്കാര്‍ പിടികുടിയില്ലെങ്കിലും അല്ലാഹു പിടികൂടുമെന്നറിയുക. 

ഓരോ പൗരനും അലസത കൈവെടിഞ്ഞ് തന്നാല്‍ കഴിയുന്ന നന്മകള്‍ തനിക്കും കുടുംബത്തിനും സമുദായത്തിനും രാഷ്ട്രത്തിനും വേണ്ടി ചെയ്യുക. തകര്‍ച്ചയില്‍ നിന്ന് സ്വന്തം നാടിനെ കരകയറ്റാന്‍ മറ്റാരെയും കാത്തുനില്‍ക്കാതെ പ്രവര്‍ത്തിക്കുക. വിദ്വേഷവും പകയും പാരവയ്പും അസൂയയും മാറ്റിവെച്ച്, സര്‍ക്കാറിനെയും സമൂഹത്തെയും കുറ്റപ്പെടുത്തി സമയം കഴിച്ചുകൂട്ടുന്നതിന് പകരം ഈ ലോകത്തും പരലോകത്തും ജീവിതം ധന്യമാക്കാന്‍ ഉതകുന്ന വിശ്വാസത്തിലും സല്‍പ്രവര്‍ത്തനങ്ങളിലും മുഴുകുക.

”…ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല” (ക്വുര്‍ആന്‍ 13:11).

 

ഡോ. അബ്ദുറസാഖ് സുല്ലമി
നേർപഥം വാരിക

നിങ്ങള്‍ക്കൊരല്ലാഹു പോരേ…?

നിങ്ങള്‍ക്കൊരല്ലാഹു പോരേ...?

ഇസ്‌ലാമിന്റെ ആധാരശിലയാണ് തൗഹീദ്. തൗഹീദ് പൂര്‍ണമായി ഉള്‍ക്കൊണ്ടയാളുകള്‍ക്ക് മാത്രമെ മതത്തിന്റെ യഥാര്‍ഥഅന്തസ്സത്ത ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ മൂലം ഭൂരിപക്ഷം മതവിശ്വാസികള്‍ക്കും ഈ മാധുര്യം നുണയാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്താണ് തൗഹീദ്? തൗഹീദിന്റെ വകഭേദങ്ങള്‍ ഏതെല്ലാം?

വിശ്വാസമാണ് മതത്തിന്റെ ആധാരശില. അത്‌കൊണ്ടുതന്നെ വിശ്വാസ സംസ്‌കരണത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ദൈവദൂതന്മാര്‍ നിയുക്തരായത്. ഓരോ ദൈവദൂതനും തന്റെ ജനങ്ങളോട് ആദ്യമായി ഉണര്‍ത്തിയത് ഇതാണ്: 

”എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുക. അവനല്ലാതെ മറ്റൊരു ദൈവവും നിങ്ങള്‍ക്കില്ല” (ക്വുര്‍ആന്‍ 7:59).

”തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതരെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം (എന്ന് പ്രബോധനം ചെയ്യാന്‍ വേണ്ടി)” (ക്വുര്‍ആന്‍ 16:37). 

അല്ലാഹുവിന്റെ ഈ അവകാശം മറ്റേത് കാര്യത്തെക്കാളും പ്രാധാന്യമര്‍ഹിക്കുന്നു. അതിനെക്കാള്‍ പ്രാധാന്യം നല്‍കാവുന്ന മറ്റൊരവകാശം ആര്‍ക്കുമില്ല. ബാധ്യതകളില്‍ വെച്ച് പ്രഥമവും പ്രധാനവുമായത് ഇതാണ്. ഇസ്‌ലാം മതത്തിലെ വിധിവിലക്കുകളുടെ അടിസ്ഥാന ശിലയും അതാണ്. അത് കൊണ്ട് തന്നെ മുഹമ്മദ് നബി ﷺ പതിമൂന്ന് വര്‍ഷം ഈ തത്ത്വത്തിലേക്ക്  ജനങ്ങളെ ക്ഷണിച്ച് കൊണ്ട് മക്കയില്‍ കഴിച്ച് കൂട്ടി. അതിനെ സ്ഥിരീകരിക്കുകയും തദ്‌സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തുകൊണ്ട് ധാരാളം ക്വുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചു. നിര്‍ബന്ധ-ഐഛിക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്ന ഓരോ മുസ്‌ലിമും ഈ തത്ത്വത്തില്‍ താന്‍ അടിയുറച്ച്  നിലകൊള്ളുമെന്ന് അല്ലാഹുവോട് പ്രതിജ്ഞ ചെയ്യുന്നു:

”നിന്നെ മാത്രം ഞാന്‍ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ഥിക്കുന്നു” (ക്വുര്‍ആന്‍ 1:5).

ഈ മഹത്തായ അവകാശമാണ് ‘തൗഹീദുല്‍ഉലൂഹിയ്യ’ (ആരാധ്യനായിരിക്കുക എന്നതിലെ ഏകത്വം) അഥവാ ‘തൗഹീദുല്‍ഇബാദ’ എന്ന്  അറിയപ്പെടുന്നത്. ഈ ഏകത്വം അംഗീകരിക്കുന്ന പ്രകൃതിയിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. 

മനുഷ്യരെല്ലാം ഏകദൈവാരാധകരായിരുന്നു. ബഹുദൈവാരാധന പിന്നീട് അവരിലേക്ക് കടന്നുവന്നതാണ്. അല്ലാഹു പറയുന്നു:

”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. (അനന്തരം അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധിക്കള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പ് കല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു” (ക്വുര്‍ആന്‍ 2:213).

ആദ്യമായി നൂഹ് നബി(അ)യുടെ ജനതയിലാണ് ബഹുദൈവാരാധന കടന്നുവന്നത്. സദ്‌വൃത്തരായ ആളുകളെ പരിധിവിട്ട് ആദരിക്കുകയും അവരില്‍ നിയുക്തനായ ദൈവദൂതന്റെ ബോധനങ്ങളെ അവഗണിക്കുകയും ചെയ്തത് നിമിത്തമായിരുന്നു. അല്ലാഹു പറയുന്നു:

അവര്‍ പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്,യഗൂഥ്, യഊക്വ്, നസ്വ്ര്‍ എന്നിവരെ നിങ്ങള്‍ കയ്യൊഴിക്കരുത്” (ക്വുര്‍ആന്‍ 71:23).

ഈ സൂക്തത്തിന്റെ  വ്യാഖ്യാനമായി ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നു ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക: ‘ഇതെല്ലാം സദ്‌വൃത്തരായ ഏതാനും ആളുകളുടെ നാമങ്ങളാണ്. അവര്‍ മൃതിയടഞ്ഞപ്പോള്‍ അവര്‍ പങ്കെടുത്തിരുന്ന സദസ്സുകളില്‍ ചില രൂപങ്ങളുണ്ടാക്കി, ആ രൂപങ്ങള്‍ക്ക് അവരുടെ പേരു നല്‍കണമെന്ന് ജനങ്ങള്‍ക്ക് പിശാച് ബോധനം നല്‍കി. അവര്‍ അപ്രകാരം ചെയ്തു. അന്നൊന്നും അവര്‍ ആരാധിക്കപ്പെട്ടിരിന്നില്ല. പിന്നീട് ഇവരുടെ കാലം കഴിഞ്ഞപ്പോള്‍ ഇവയെ പറ്റി ശരിയായ അറിവില്ലാതെയായി. അങ്ങനെ ഈ രൂപങ്ങളത്രയും ആരാധിക്കപ്പെട്ടു’ (ബുഖാരി).

ഇസ്‌ലാമിലെ ഏകദൈവ സിദ്ധാന്തം (തൗഹീദ്) മൂന്ന് വശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഒന്ന്: തൗഹീദുര്‍റുബൂബിയ്യ 

അല്ലാഹു മാത്രമാണ് സ്രഷ്ടാവ് എന്ന് സമ്മതിക്കുക. അതോടൊപ്പം സൃഷ്ടിക്കുക, നിയന്ത്രിക്കുക, ജീവിപ്പിക്കുക, മരിപ്പിക്കുക, നന്മവരുത്തുക, തിന്മതടയുക എന്നിവയെല്ലാം അവനില്‍ മാത്രം നിക്ഷിപ്തമായ കാര്യങ്ങളാണ് എന്ന് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുക. ഇതാണ് തൗഹീദുര്‍റുബൂബിയ്യയുടെ വിവക്ഷ.

ഈ കാര്യത്തില്‍ ഒരു സമുദായവും  തര്‍ക്കം ഉന്നയിച്ചിട്ടില്ല. മക്കയിലെ ബഹുദൈവാരാധകര്‍ പോലും ഇതൊന്നും നിഷേധിച്ചിട്ടില്ല. അവര്‍ ബഹുദൈവാരാധകരായിരിക്കെ തന്നെ അംഗീകരിച്ച കാര്യമാണിത്. ക്വുര്‍ആന്‍ പറയുന്നത് നോക്കുക:

”പറയുക; ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചയും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുളളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ ആരാണ്? അവര്‍ പറയും; അല്ലാഹു എന്ന്. അപ്പോള്‍ പറയുക, എന്നിട്ട് നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?” (ക്വുര്‍ആന്‍ 10:31).

ഇതുപോലുള്ള നിരവധി ക്വുര്‍ആന്‍ സുക്തങ്ങള്‍ കാണാം. അവയെല്ലാം രക്ഷാകര്‍തൃത്വത്തിലെ അല്ലാഹുവിന്റെ ഏകത്വം ബഹുദൈവാരാധകര്‍ അംഗീകരിച്ചുവെന്നെ് വൃക്തമായി വിശദീകരിക്കുന്നു. അവര്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചത് തൗഹീദിന്റെ രണ്ടാമത്തെ വശമാണ്. 

രണ്ട്. തൗഹീദുല്‍ ഉലൂഹിയ്യ

ആരാധന അല്ലാഹുവിന് മാത്രമാക്കലാണിത്. മനുഷ്യര്‍ ആരാധനാഭാവത്തോടെ ചെയ്യുന്ന എല്ലാ കര്‍മങ്ങളും അല്ലാഹുവെ മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ളതും അവനോട് മാത്രമുള്ള അര്‍ഥനയുമാകണം എന്നതത്രെ ഈ തത്ത്വത്തിന്റെ പൊരുള്‍. അത് അറിയിക്കുന്ന അറബി വാക്യമാണ് ‘ലാ ഇല്ലാഹ ഇല്ലല്ലാഹ്’ (ഒരു ആരാധ്യനുമില്ല, അല്ലാഹുവല്ലാതെ). ആരാധനയുടെ എല്ലാ ഇനങ്ങളും അല്ലാഹുവില്‍ മാത്രം സ്ഥിരീകരിക്കുകയും അവനല്ലാത്ത മറ്റെല്ലാത്തില്‍ നിന്നും അതിനെ നിഷേധിക്കുകയും ചെയ്യുന്ന വാക്യമാണിത്. ഈ വാക്യം പ്രഖ്യാപിക്കുവാന്‍ മുഹമ്മദ് നബി ﷺ മക്കയിലെ ബഹുദൈവാരാധകരോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കൂട്ടാക്കിയില്ല. ആവര്‍ ചോദിച്ചു:

”ഇവന്‍ ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കയാണോ? തീര്‍ച്ചയായും ഇത് ഒരത്ഭുതകരമായ കാര്യം തന്നെ!” (ക്വുര്‍ആന്‍ 38:5).

‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്നു പ്രഖ്യാപിക്കുന്നതോടെ ആരാധ്യന്‍ അല്ലാഹു മാത്രമാണ് എന്നും അവനല്ലാത്തവര്‍ക്കുള്ള ആരാധന നിരര്‍ഥകമാണ് എന്നും തങ്ങള്‍ സമ്മതിക്കുകയാണ് ചെയ്യുന്നത് എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ‘ഇലാഹ്’ എന്നതിന് ആരാധിക്കപ്പെടുവാന്‍ അര്‍ഹന്‍ എന്നാണല്ലോ വിവക്ഷ. (അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ബാഹ്യവും ആന്തരികവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു സംജ്ഞയാണ് ആരാധന). അപ്പോള്‍ ഒരു ദൈവവുമില്ല, അല്ലാഹുവല്ലാതെ എന്നു പ്രഖ്യാപിച്ച ശേഷം അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് തന്റെ പ്രഖ്യാപനത്തിന് വിരുദ്ധം പ്രവര്‍ത്തിക്കലാകും. 

രക്ഷാകര്‍തൃത്വത്തിലെ ഏകത്വവും (തൗഹീദുര്‍റുബൂബിയ്യ) ആരാധ്യനായിരിക്കുക എന്നതിലെ ഏകത്വവും (തൗഹീദുല്‍ ഉലൂഹിയ്യ)പരസ്പര പൂരകങ്ങളാണ്. ഒന്നാമത്തേത് അംഗീകരിച്ചവന്‍ രണ്ടാമത്തേത് സമ്മതിക്കാന്‍ ബാധ്യസ്ഥനാണ്. (അതായത് ഏകനായ പ്രപഞ്ചനാഥന്റെ രക്ഷാകര്‍തൃത്വം അംഗീകരിക്കുന്നവന്‍ ആരാധിക്കപ്പെടാന്‍ അവനല്ലാതെ മറ്റൊന്നിനും അര്‍ഹതയില്ലെന്ന് സമ്മതിക്കേണ്ടതാണ്). പ്രത്യക്ഷമായും പരോക്ഷമായും ഈ കാര്യത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ അവന്‍ കടപ്പെട്ടിരിക്കുന്നു. ഈ അടിസ്ഥാനത്തിലാണ് അല്ലാഹുവെ മാത്രമെ ആരാധിക്കാവൂ എന്ന് സ്വന്തം സമുഹത്തോട് അവശ്യപ്പെട്ടപ്പോഴെല്ലാം, അതിന്റെ പ്രമാണമായി അവര്‍ അംഗീകരിച്ചിരുന്ന തൗഹീദുര്‍ റൂബൂബിയ്യ ദൈവദൂതന്മാര്‍ ചൂണ്ടിക്കാണിച്ചത്. അല്ലാഹു പറയുന്നു:

”അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു” (ക്വുര്‍ആന്‍ 6:102).

”(നബിയേ) നീപറയുക, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ച് തരൂ.  അതല്ല, ആകാശങ്ങളുടെ സൃഷ്ടിപ്പില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ?” (ക്വുര്‍ആന്‍ 46:4).

ചുരുക്കത്തില്‍ തൗഹീദിന്റെ ഈ വശം ഒരു സമുദായവും നിഷേധിച്ചിട്ടില്ല. എല്ലാവരും അല്ലാഹു മാത്രമാണ്  സ്രഷ്ടാവെന്നും അവന്‍ മാത്രമാണ് പ്രപഞ്ചത്തിന്റെ നിയന്താവെന്നും അംഗീകരിച്ചിരുന്നു. തുല്യ കഴിവുകളും ഗുണ വിശേഷങ്ങളുമുളള രണ്ടു സ്രഷ്ടാക്കളെ സങ്കല്‍പിക്കുന്ന ഒരംഗീകൃത സമൂഹം ഉണ്ടായിട്ടില്ല. വളരെ വിരളമായി മാത്രമെ ഈ വശത്തില്‍ പ്രപഞ്ചനാഥന് പങ്കാളികളുണ്ടെന്ന സങ്കല്‍പമുണ്ടായിട്ടുള്ളു. 

എന്നാല്‍ ഈ വശം അംഗീകരിക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നില്ല. അതോടൊപ്പം അതിന്റെ അനിവാര്യ താല്‍പര്യമായ അല്ലാഹു മാത്രമെ ആരാധ്യനായിരിക്കാവൂ എന്ന വശം കൂടി പ്രാവര്‍ത്തികമാക്കണം. മക്കയിലെ ബഹുദൈവാരധകര്‍ തൗഹീദിന്റെ ഈ വശം അംഗീകരിച്ചിരുന്നുവെങ്കിലും അല്ലാഹുവെ മാത്രമെ ആരാധിക്കാവൂ എന്ന വശം സമ്മതിക്കാന്‍  കൂട്ടാക്കിയില്ല. അതിനാല്‍ അവര്‍ മുസ്‌ലിംകളായില്ല. ആരാധ്യനായിരിക്കുക എന്നതിലെ അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ക്വുര്‍ആന്‍ ക്ഷണിക്കുന്നത് തന്നെ രക്ഷാകര്‍തൃത്വത്തിലെ ഏകത്വം ചൂണ്ടിക്കാണിച്ച് കൊണ്ടാണ്. അഥവാ തങ്ങള്‍ സമ്മതിച്ച വസ്തുതയുടെ വെളിച്ചത്തില്‍ തന്നെ നിഷേധിക്കുന്ന കാര്യം അംഗീകരിക്കണം എന്നാണ് ബഹുദൈവാരാധകരോട് ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്. അതെ, അല്ലാഹുവെ മാത്രം ആരാധിക്കണമെന്ന് ക്വുര്‍ആന്‍ കല്‍പിക്കുമ്പോള്‍ അല്ലാഹു മാത്രമാണ് പ്രപഞ്ചനാഥനെന്നത് അവര്‍ അംഗീകരിച്ചതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ്. അല്ലാഹു പയുന്നു:

”ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍, നിങ്ങള്‍ സൂക്ഷ്മതയോടെ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയായും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞ് തന്നിട്ട് അതു മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത(നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞു കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്” (ക്വുര്‍ആന്‍ 2:21,22).

അല്ലാഹുവെ മാത്രമെ ആരാധിക്കാവൂ എന്ന കല്‍പനയും അതിലേക്കുള്ള ക്ഷണവും അതിനെതിരില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങളും അവയ്ക്കുളള മറുപടിയും എന്നിങ്ങനെയായി ധാരാളം ക്വുര്‍ആന്‍ സുക്തങ്ങള്‍ കാണാം. 

തൗഹീദിന്റെ എല്ലാ നിയമങ്ങളും അവകാശങ്ങളും ഉള്‍കൊള്ളുന്ന ഒരു വാക്യമാണ് ‘ലാഇല്ലാഹ ഇല്ലല്ലാഹ്.’ ഇതില്‍ നിഷേധവും സ്ഥിരീകരണവും കാണാം. അല്ലാഹുവല്ലാത്ത മറ്റെല്ലാത്തില്‍ നിന്നും  ദിവ്യത്വം നിഷേധിക്കുകയും ദിവ്യത്വം അല്ലാഹുവില്‍ മാത്രം സ്ഥിരീകരക്കുകയും ചെയ്യുന്നു. അതുപോലെ രക്ഷകന്‍ അല്ലാഹു മാത്രമാണെന്നതും അവനല്ലാത്ത മറ്റെല്ലാ ശക്തികളില്‍നിന്നും മുക്തിനേടലും ഈ വാക്യത്തിന്റെ പൊരുളില്‍ പെടുന്നു. 

അതിനാല്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പ്രഖ്യാപിക്കുന്നവന്‍ അല്ലാഹു അല്ലാത്ത മറ്റെല്ലാത്തിന്റെയും ആരാധനയില്‍ നിന്ന് മുക്തനായി എന്ന് വിളംബരം ചെയ്യുകയാണ്. അല്ലാഹുവെ മാത്രമെ ആരാധിക്കുകയുള്ളൂ എന്ന് സ്വയം പ്രതിജ്ഞ ചെയ്യുകയാണ്. തന്റെ മനസ്സില്‍ മനുഷ്യന്‍ അരക്കിട്ടുറപ്പിക്കേണ്ട ഉടമ്പടിയാണിത്. അത് ലംഘിക്കുവാന്‍ പാടില്ല. അല്ലാഹു പറയുന്നു:

”അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നപക്ഷം അത് ലംഘിക്കുന്നതിന്റെ ദോഷഫലം അവനു തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയിലേര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന് മഹത്തായ പ്രതിഫലം അവന്‍ നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 48:10).

അപ്പോള്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നത് ആരാധനയിലെ അല്ലാഹുവിന്റെ ഏകത്വവിളംബരമാണ്. ഈ പ്രഖ്യാപനത്തിന്റെ ആശയം ഗ്രഹിക്കുകയും അതിന്റെ അനിവാര്യ താല്‍പര്യമെന്നോണം ബഹുദൈവാരാധനയില്‍ നിന്നും മുക്തമായി, അല്ലാഹുവിന്റെ ഏകത്വത്തില്‍ അടിയുറച്ച് വിശ്വസിച്ച് തദനുസരണം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. മനസ്സില്‍ വിശ്വാസമില്ലാതെ ഈ വാക്യം ഉരുവിട്ട് പ്രത്യക്ഷത്തില്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നവന്‍ കപടവിശ്വാസിയും.

നാവുകൊണ്ട് ഈ വാക്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടാലും അതിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ശിര്‍ക്ക് ചെയ്യുന്നവന്‍ ദൈവനിഷേധിയെപ്പോലെത്തന്നെയാണ്. ഇതാണ് ഇന്നത്തെ ക്വബ്‌റാരാധകരുടെ അവസ്ഥ. അവര്‍ ഈ വാക്യം ഉരുവിട്ട് കൊണ്ടിരിക്കും. അതിന്റെ ആശയമെന്താണെന്നവര്‍ ഗ്രഹിക്കുന്നില്ല. അവരുടെ ജീവിതരീതിയില്‍ മാറ്റമുണ്ടാക്കുവാനോ കര്‍മങ്ങളെ ശരിപ്പെടുത്തുവാനോ ഉതകുന്ന സ്വാധീനമൊന്നും അതിനില്ല. അതിനാല്‍ ‘ലാ ഇല്ലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്നതിനോടൊപ്പം ‘മുഹ്‌യിദ്ദീന്‍ ശൈഖേ… ബദ്‌രീങ്ങളേ’ എന്ന് തുടങ്ങി പലരെയും അവര്‍ വിളിക്കുന്നു. അവരോട് സഹായമര്‍ഥിക്കുകയും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്തിഗാസ നടത്തുകയും ചെയ്യുന്നു!

 ‘ലാ ഇലാഹ  ഇല്ലല്ലാഹ്’ എന്ന് നാവുകൊണ്ട് ഉരുവിട്ടാല്‍ തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നാണ് ചിലരുടെ തെറ്റുദ്ധാരണ. അതിനാല്‍ അവിശ്വാസപരമായ കാര്യങ്ങളോ, ശിര്‍ക്ക് പരമായ ചെയ്തികളോ അവനില്‍ നിന്നുണ്ടായാലും അത് പ്രശ്‌നമല്ല എന്നവര്‍ കരുതുന്നു. ശഹാദത്ത് കലിമ (സാക്ഷ്യവാക്യങ്ങള്‍) ചൊല്ലിയാല്‍ നരകത്തില്‍ പ്രവേശിക്കുകയില്ല എന്ന അര്‍ഥത്തില്‍ വന്ന നബിവചനങ്ങളുടെ ബാഹ്യതലങ്ങളെയാണ് ഇവര്‍ അവലംബിക്കുന്നത്. 

എന്നാല്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പ്രഖ്യാപിച്ച ശേഷം ശിര്‍ക്ക് ചെയ്യാതെ മരണപ്പെടുന്നവരാണ് നബിവചനങ്ങളില്‍ ഉദ്ദേശിക്കപ്പെടുന്നത്. ആത്മാര്‍ഥമായ ഹൃദയത്തോടെ അത് പ്രഖ്യാപിക്കുകയും അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്നവയെ മുഴുവന്‍ കയ്യൊഴിച്ച് അതേ നിലപാടില്‍ മരണപ്പെടുകയും ചെയ്തവരാണവര്‍. അല്ലാഹുവല്ലാത്ത ആരാധ്യരില്‍ വിശ്വസിച്ചുകൊണ്ട്, അപകടം വരുമ്പോള്‍ മരിച്ചവരില്‍ അഭയം കണ്ടെത്തുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരാള്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നു ഉരുവിട്ടത് കൊണ്ടുമാത്രം സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന വാദം പ്രമാണങ്ങള്‍ക്കും ബുദ്ധിക്കും യുക്തിക്കും യോജിച്ചതല്ല. എന്തിനാണ് നമ്മള്‍ സര്‍വശക്തനായ അല്ലാഹുവിനെ കൈവിട്ട് അവന്റെ ദുര്‍ബലരായ സൃഷ്ടികളില്‍ അഭയം തേടുന്നത്? അതുകൊണ്ട് ഇഹപര നഷ്ടമല്ലാതെ നേട്ടമില്ല എന്ന് അല്ലാഹു വ്യക്തമാക്കിയത് നമുക്ക് ഉള്‍കൊണ്ടു കൂടേ?  

തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്

ക്വുര്‍ആനിലും സ്ഥിരപ്പെട്ട ഹദീഥുകളിലും വന്ന അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള വിശ്വാസവും അവ അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചു കൊടുക്കാതിരിക്കലുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. 

”അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍” (ക്വുര്‍ആന്‍ 20:8).  

”താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു. താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്ത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍! സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും” (ക്വുര്‍ആന്‍ 59:22-24).

ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട അല്ലാഹുവിന്റെ നാമങ്ങളില്‍ പെട്ടതാണ് അര്‍റ്വഹ്മാന്‍ എന്നത്. അതില്‍ റഹ്മത്ത് എന്ന വിശേഷണം അടങ്ങിയിരിക്കുന്നു. അസ്സമീഅ് എന്ന നാമത്തില്‍ സംഅ് എന്ന വിശേഷണം അടങ്ങിയിരിക്കുന്നു. ഇങ്ങനെ അല്ലാഹുവിന് ധാരാളം വിശേഷണങ്ങളും നാമങ്ങളും ഉള്ളതായി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. 

”അവനെപ്പോലെ ആരും തന്നെയില്ല, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു”'(ക്വുര്‍ആന്‍ 26:11). ”അവന് തുല്യനായി ആരും തന്നെയില്ല” (ക്വുര്‍ആന്‍ 112:4). ഈ രണ്ട് വചനങ്ങളിലൂടെ അല്ലാഹു ‘തുല്യനായി ആരുമില്ലാത്തവന്‍’ എന്ന അവന്റെ വിശേഷണമാണ് നമ്മെ അറിയിക്കുന്നത്.  

അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമാണ് നമ്മുടെ യുക്തിക്കനുസരിച്ച് അവയെ വ്യാഖ്യാനിക്കുവാന്‍ പാടില്ല എന്നത്. ആ വിശേഷണങ്ങളെപ്പറ്റി എങ്ങനെയാണോ അല്ലാഹുവും അവന്റെ റസൂലും നമുക്ക് പറഞ്ഞ് തന്നത് അത് അപ്പടി വിശ്വസിക്കലാണ് നമ്മുടെ ബാധ്യത.

അല്ലാഹു പോരേ?

വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും അല്ലാഹുവിന്റെ ഏകത്വം ഉദ്‌ഘോഷിക്കുന്നതും അവനെ മാത്രം ആരാധിക്കണമെന്നും അവന്റെ സൃഷ്്ടികളെ ആരാധിച്ചാല്‍ സ്വര്‍ഗം നിഷിദ്ധമാണെന്ന് മുന്നറിയിപ്പ് നല്‍കുന്നതും അവഗണിച്ചുകൊണ്ട് അല്ലാഹുവല്ലാത്തവരില്‍ അഭയം പ്രാപിക്കുവാനും സഹായതേട്ടം, ഇസ്തിഗാഥ തുടങ്ങിയ പേരുകളില്‍ ആരാധനകള്‍ വഴിതിരിച്ചുവിടുവാനുമുള്ള ഹീനമായ ശ്രമങ്ങളാണ് പണ്ഡിതവേഷധാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവരുടെ വാക്കുകളെ പ്രമാണവചനങ്ങളായി മനസ്സിലാക്കുന്ന സാധാരണക്കാര്‍ അതാണ് ഇസ്‌ലാമിന്റെ നേരായ വഴി എന്ന് തെറ്റായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അങ്ങെന നാട്ടിയ കല്ലിനോടും മരത്തിനോടും മണ്‍മറഞ്ഞുപോയവരോടും പ്രാര്‍ഥിക്കുകയും സങ്കടം പറയുകയും ചെയ്യുന്നവരായി അവര്‍ മാറുകയും ചെയ്യുന്നു. ”തന്റെ ദാസന് അല്ലാഹു മതിയായവനല്ലയോ” (ക്വുര്‍ആന്‍ 39:36) എന്ന അല്ലാഹുവിന്റെ ചോദ്യം ഓരോ വിശ്വാസിയുടെയും മനസ്സില്‍മാറ്റൊലി കൊള്ളേണ്ടതുണ്ട്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക