ജീവിതവിമലീകരണത്തിന്റെ ക്വുര്‍ആനിക ദര്‍ശനം

ജീവിതവിമലീകരണത്തിന്റെ ക്വുര്‍ആനിക ദര്‍ശനം

മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമെ പൂര്‍ണവും കുറ്റമറ്റതുമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയൂ. ദൈവികമല്ലാത്തതും ദൈവികമെന്ന വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതുമായ മുഴുവന്‍ ഗ്രന്ഥങ്ങളും ചില പ്രത്യേക കാലത്തിലും സാഹചര്യത്തിലും മാത്രമെ പ്രസക്തമാവുകയുള്ളൂ. ജീവിത സംസ്‌കരണത്തിന്റെയും നവീകരണത്തിന്റെയും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ മാനവരാശിക്ക് മുന്നില്‍ അവതരിപ്പിച്ചത് ദൈവിക ഗ്രന്ഥമായ ക്വുര്‍ആന്‍ മാത്രമാണ്. എങ്ങനെയാണ് ക്വുര്‍ആന്‍ കാലാതിവര്‍ത്തിയാവുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം.

കാറ്റിലലയുന്ന ചെറുതൂവല്‍ പോലെ നന്മകള്‍ക്കും തിന്മകള്‍ക്കും ഇടയില്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതാണ് മനുഷ്യമനസ്സ്. ചിലനേരങ്ങളില്‍ നന്മയോട് ആഭിമുഖ്യം തോന്നുന്ന ഹൃദയം ചിലനേരങ്ങളില്‍ തിന്മയിലേക്ക് തിരിയും. പുണ്യപാപങ്ങള്‍ ഇടകലര്‍ന്ന കര്‍മമേഖലയില്‍ എല്ലാസമയത്തും പുണ്യം മാത്രം ചെയ്യുവാന്‍ കഴിയുക എന്നത് അത്യപൂര്‍വമായ ഒരു സൗഭാഗ്യമാണ്.

വൈകാരിക വിക്ഷുബ്ധതകളുടെയും ശാരീരിക-മാനസിക താല്‍പര്യങ്ങളുടെയും അടിമകളായി, പിശാചിന്റെ പ്രേരണകള്‍ക്ക് വശംവദരായി മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മനുഷ്യജീവിതത്തില്‍ തീരാകളങ്കങ്ങളും വിലാപഹേതുക്കളുമായി കലാശിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരുത്തലിന്റെയും വീണ്ടെടുപ്പിന്റെയും മാര്‍ഗദര്‍ശനം മനുഷ്യര്‍ക്ക് ആവശ്യമായി വരുന്നു. ഇസ്‌ലാം അത്തരത്തിലുള്ള മാര്‍ഗദര്‍ശനം മാനവതക്ക് നല്‍കുന്നു. പശ്ചാത്താപം, ദൈവസ്മരണ, ജീവിത വിമലീകരണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മനുഷ്യജീവിതത്തില്‍ ദൈവിക മാര്‍ഗദര്‍ശനാധിഷ്ഠിതമായ വീണ്ടെടുപ്പിന് ഇസ്‌ലാം സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി.(അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!”(3:133-136).

ജീവിത സംസ്‌കരണത്തിന്റെയും നവീകരണത്തിന്റെയും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ മാനവരാശിക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത് മനുഷ്യന് പ്രത്യാശയും നന്മയിലേക്ക് മുന്നേറുവാനുള്ള അഭിനിവേശവും നല്‍കുന്ന കാര്യങ്ങളാണ്. ഉപരിസൂചിത വചനങ്ങളില്‍ നിന്നും നമുക്ക് ഇപ്രകാരം ഗ്രഹിക്കാം: 

‘സ്രഷ്ടാവില്‍ നിന്നുള്ള പാപമോചനം മനുഷ്യന്‍ ധൃതിപ്പെട്ട് തേടേണ്ടതുണ്ട്. അത് പിന്നീടാവാം എന്ന മനോഭാവം ഗുണകരമായിരിക്കില്ല. പാപമോചനം കാംക്ഷിക്കുന്ന മനുഷ്യന് ലഭിക്കുന്നത് പാപമോചന ത്തോടൊപ്പം തന്നെ വിശാലവും അനിര്‍വചനീയവുമായ സ്വര്‍ഗീയ ജീവിതവുമാണ്. പാപമോചനത്തിലൂടെ സംസ്‌കരിക്കപ്പെടുന്ന മനുഷ്യര്‍ ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ എന്ന രീതിയില്‍ പരിഗണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. പരലോകത്ത് അത്തരമൊരു പരിഗണനക്കും ആദരവിനും അര്‍ഹരായിത്തീരാന്‍ ദൈവസ്മരണ നിലനിര്‍ത്തുകയും ദാനധര്‍മങ്ങള്‍ ചെയ്യുകയും വൈകാരിക വിക്ഷുബ്ധതകളെ നിയന്ത്രിക്കുകയും മനുഷ്യരോട് ഉദാത്തമായ വിട്ടുവീഴ്ച മനോഭാവം പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്.  പാപങ്ങളിലും തിന്മകളിലും അടിയുറച്ചുനില്‍ക്കാതെ ദൈവസ്മരണയോടുകൂടിയ തിരുത്തല്‍ ആവശ്യമാണ്. പാപങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ തിരുത്തേണ്ടിടങ്ങളില്‍ തിരുത്തുവാന്‍ തയ്യാറാകാത്തവരാണ്. മനുഷ്യനെ അനന്തസൗഭാഗ്യങ്ങള്‍ക്ക് അര്‍ഹനാക്കുന്നത് രക്ഷിതാവിന്റെ കാരുണ്യവും പാപമോചനവുമാണ്. സ്വയം തിരുത്തുവാനും പശ്ചാത്തപിക്കുവാനും സന്നദ്ധതയുള്ളവര്‍ അതിന് അര്‍ഹരായിത്തീരുക തന്നെ ചെയ്യും.’

ജീവിതത്തിന്റെ ക്ഷണികതയെ ബോധ്യപ്പെടുത്തുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ പ്രപഞ്ചത്തിലും പ്രകൃതിയിലും ഉള്‍ച്ചേര്‍ന്നുകിടക്കുന്നുണ്ട്. മനുഷ്യജീവിതത്തെ സംബന്ധിച്ചിടത്തോളം അവന്‍ ജീവിക്കുന്ന ഈ നിമിഷത്തിന് ശേഷമുള്ളത് പ്രതീക്ഷ മാത്രമാണ്. ഒരു പക്ഷേ, ചില വ്യക്തികളെ സംബന്ധിച്ച് അടുത്തനിമിഷം ജീവിതത്തില്‍ ഉണ്ടായെന്നുവരില്ല. കാലത്തിന്റെ നേര്‍ത്ത സൂചികള്‍ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുകയാണ.് മിനുട്ടുകള്‍ക്കും സെക്കന്റുകള്‍ക്കുമിടയിലെ സൂക്ഷ്മമായ സമയങ്ങളില്‍ പ്രപഞ്ചത്തിലും പ്രകൃതിയിലും മനുഷ്യജീവിതത്തിലും പല മാറ്റങ്ങളും പ്രവര്‍ത്തനങ്ങളും സംഭവിക്കുന്നു.

മനുഷ്യന്‍ എത്രതന്നെ പുരോഗതി പ്രാപിച്ചാലും അവന്റെ ജീവിതത്തെ ചൂഴ്ന്ന്‌നില്‍ക്കുന്ന അനിശ്ചിതത്വങ്ങളും അനിര്‍ണിതാവസ്ഥകളും ധാരാളമാണ്. അതുകൊണ്ട് തന്നെ നാളെ എന്നത്  മനുഷ്യന്റെ കാര്യത്തില്‍ എപ്രകാരം ഭാവനാത്മകമാണോ അപ്രകാരംതന്നെ അടുത്ത നിമിഷം എന്നതും വെറും ഭാവനാത്മകമാണ്. ചെയ്യാനുള്ളത് അതിന്റെ സന്ദര്‍ഭം വരുമ്പോള്‍ ശ്രദ്ധയോടെയും ശരിയാംവണ്ണവും ചെയ്യുക എന്നത് മാത്രമാണ് മനുഷ്യന് മുന്നിലുള്ള മാര്‍ഗം. ജീവിതത്തിലെ ശരിതെറ്റുകള്‍ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ ഉടനടി വരുത്തുകയും ചെയ്യാന്‍ താമസിക്കുന്നത് വിവേകപൂര്‍ണമായ നടപടിയല്ല. 

തോണിയില്‍ കയറി നദി മുറിച്ചുകടന്ന് അക്കരേക്ക് പോകുന്ന വ്യക്തി തന്റെ പാപങ്ങള്‍ക്കും തിന്മകള്‍ക്കും പശ്ചാത്താപിക്കല്‍ അക്കരെ എത്തിയശേഷമാകം എന്ന് ചിന്തിച്ചുകൂടാ. കാരണം അവന്‍ സഞ്ചരിക്കുന്ന തോണി അക്കരെയെത്തിയെന്നുവരാം, എത്താതിരിക്കുകയും ചെയ്യാം. ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നവന്‍ തന്നെ ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയശേഷം പശ്ചാത്തപിക്കാം എന്ന് ചിന്തിക്കാവതല്ല. കാരണം അവന്റെ യാത്രാവിമാനം ആകാശത്തിലെ അനന്തതയില്‍ ഒരോര്‍മ മാത്രമായി നശിച്ചുപോയി എന്ന് വരാം. സമയം മനുഷ്യന്റെ നിയന്ത്രണത്തിലല്ല. ഇത്തരത്തില്‍ മനുഷ്യജീവിതത്തെ ആഴത്തില്‍ വലയം ചെയ്തു നില്‍ക്കുന്ന അനിശ്ചിതത്വം പരിഗണിച്ചുകൊണ്ടാണ് വിശുദ്ധ ക്വുര്‍ആന്‍  ‘നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക’ എന്ന് നിര്‍ദേശിച്ചിരിക്കുന്നത്. 

പാപകൃത്യങ്ങളില്‍ അകപ്പെടുകയും തിന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യര്‍ പശ്ചാത്തപിക്കുമ്പോള്‍ അവര്‍ സ്വര്‍ഗത്തിന്റെ അവകാശികളായിത്തീരുകയും അതോടൊപ്പംതന്നെ ധര്‍മനിഷ്ഠ പാലിക്കുന്ന സച്ചരിതരോടൊപ്പം പരലോകത്ത് പരിഗണിക്കപ്പെടുകയും ചെയ്യുന്നു. പാപികള്‍ രണ്ടാംകിടക്കാരും രക്ഷാമാര്‍ഗം അടഞ്ഞുപോയവരുമാണ്എന്ന ഒരുതരം അപകര്‍ഷബോധത്തിനും നിരാശക്കും ഇസ്‌ലാം അവസരം സൃഷ്ടിക്കുന്നില്ല. പാപികള്‍ പാപികളായി തുടരുന്ന കാലത്തോളം അധമരായിരിക്കുമെങ്കിലും പശ്ചാത്താപത്തിലൂടെ സ്രഷ്ടാവിന്റെ പാപമോചനാനുഗ്രഹവും അതിവിശാലമായ പരലോക അനുഗ്രഹങ്ങളും അര്‍ഹമാക്കുമ്പോള്‍ അവര്‍ സദ്‌വൃത്തരോടൊപ്പം സ്ഥാനം നേടുന്നു. വിശുദ്ധ ക്വുര്‍ആന്‍ ഈ തത്ത്വത്തെ അരക്കിട്ടുറപ്പിക്കുകയാണ് 3:133,134 എന്നീ വചനങ്ങളില്‍. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കായി ഒരുക്കപ്പെട്ട അനുഗ്രഹങ്ങള്‍ പാപികള്‍ക്ക് ലഭ്യമാകണമെങ്കില്‍ ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്ന ഗുണങ്ങള്‍ വ്യക്തികളുടെ പശ്ചാത്താപാനന്തര ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. 3:134ല്‍ പറയുന്ന ആ ഗുണങ്ങള്‍ ഇവയാണ്: 

1. സ്വന്തം സുഖ -ദുഃഖ സാഹചര്യങ്ങള്‍ പരിഗണിക്കാതെ തങ്ങള്‍ക്ക് കൈവന്നിട്ടുള്ള സാമ്പത്തികവും മറ്റുമായ അനുഗ്രഹങ്ങളില്‍ നിന്നും അര്‍ഹരായ വ്യക്തികള്‍ക്ക് അവര്‍ നല്‍കും. 

2. അവര്‍ കോപം അടക്കിവെക്കാന്‍ കഴിയുന്നവരാണ്. കോപ വിദ്വേഷാദി വികാരങ്ങള്‍ക്ക് വഴങ്ങി കടുത്ത നടപടികളോ പ്രവര്‍ത്തനങ്ങളോ അവരില്‍ നിന്നും ഉണ്ടാവുകയില്ല.

3. വിട്ടുവീഴ്ചയുടെയും ഔദാര്യത്തിന്റെയും ക്ഷമയുടെയും ഉദാത്ത ഗുണങ്ങള്‍ സ്വജീവിതത്തില്‍ അവര്‍ പ്രകടിപ്പിക്കും. 

ഉദാത്തമായ മാനുഷിക ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന ഇവര്‍ സ്രഷ്ടാവിന്റെ പ്രീതിക്ക് അര്‍ഹരും സല്‍കര്‍മകാരികള്‍ എന്ന മഹത്തായ വിശേഷണം അര്‍ഹിക്കുന്നവരുമായിരിക്കും. 

പാപമോചനം ആഗ്രഹിക്കുന്നവര്‍ മേല്‍പറഞ്ഞ സ്വഭാവഗുണങ്ങളിലേക്ക് പരിവര്‍ത്തിതര്‍ ആയിരിക്കേണ്ടതുണ്ട് എന്ന് വ്യക്തം. മനുഷ്യര്‍ ചെയ്യുന്ന ഏതൊരു നീചകൃത്യത്തിന്റെയും അവകാശി അവര്‍ തന്നെയാണ്. തിന്മകള്‍ക്ക് സാമൂഹികവും വൈയക്തികവുമായ സ്വഭാവങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും ഏതൊരു തിന്മയും ആത്യന്തികമായി വ്യക്തിയെയാണ് ബാധിക്കുന്നത്. ആരില്‍നിന്ന് തിന്മ ഉത്ഭവിക്കുകയും ആരുടെ പ്രവര്‍ത്തികള്‍ തിന്മക്ക് ഇടയാക്കുകയും ചെയ്യുന്നുവോ അവര്‍ തന്നോട് തന്നെ ദ്രോഹം പ്രവര്‍ത്തിക്കുകയാണ് എന്ന് ക്വുര്‍ആന്‍ പറയുന്നു. 

നീചവൃത്തി ചെയ്യുന്നവര്‍ ഏറ്റവും അടുത്ത നിമിഷത്തില്‍ തന്നെ സ്വന്തം വീഴ്ചകള്‍ മനസ്സിലാക്കുകയും സ്രഷ്ടാവിനെക്കുറിച്ചു ബോധവാന്‍മാരാവുകയും ചെയ്തുകൊണ്ട് സന്മാര്‍ഗ സരണിയിലേക്ക് തിരിയേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാന പ്രേരണ സ്രഷ്ടാവിനെക്കുറിച്ചുള്ള ഓര്‍മയാണ.് തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണല്ലോ തന്നില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ചിന്തിക്കുന്ന മനുഷ്യന്‍ ചെയ്യുന്ന പശ്ചാത്താപമാണ് അര്‍ഥവത്താവുക. 

പശ്ചാത്താപത്തിന്റെ മര്‍മം ദൈവസ്മരണയും തന്നെ ചോദ്യം ചെയ്യുവാനും ശിക്ഷവിധിക്കുവാനും അര്‍ഹതയും അവകാശവുമുള്ള സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമായതാണല്ലോ തന്റെ നീചവൃത്തി എന്ന പാപബോധവുമാണ്. ഈ ഘടകങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള പശ്ചാത്താപം ഫലപ്രദമായിരിക്കില്ലെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. മനുഷ്യനെ സൃഷ്ടിച്ച് ജീവിതം നല്‍കുകയും നന്മതിന്മകളെക്കുറിച്ചുള്ള പാഠങ്ങള്‍ പഠിപ്പിക്കുകയും പ്രകൃതി, കാലം, സ്ഥലം എന്നിവയുടെയെല്ലാം നിയന്ത്രണവും അധികാരവുമുള്ളവനുമായ സ്രഷ്ടാവിനെ കുറിച്ച് ചിന്തിക്കുവാന്‍ കഴിയേണ്ടതുണ്ട്. പാപങ്ങള്‍ പൊറുത്തുതരിക എന്ന സ്രഷ്ടാവിന്റെ ഔദാര്യമില്ലെങ്കില്‍ പാപമോചനം എന്ന അനുഗ്രഹവും ഇല്ല. എന്നാല്‍ ഈ ഔദാര്യ- അനുഗ്രഹ വ്യവസ്ഥക്ക് മനുഷ്യന്‍ അര്‍ഹനാകുവാന്‍ വേണ്ട തെരഞ്ഞെടുപ്പ് മനുഷ്യന്റെ വിവേകപൂര്‍ണമായ ചിന്താഗതിയില്‍ നിന്ന് ഉണ്ടാവണം. തെറ്റിനെക്കുറിച്ചുള്ള ബോധ്യവും പാപമോചനത്തിന്റെ ആവശ്യകതയും മനസ്സിലാക്കി ആത്മാര്‍ഥമായ പരിവര്‍ത്തനത്തിന് മനുഷ്യന്‍ സന്നദ്ധനാകുമ്പോള്‍ സ്രഷ്ടാവിന്റെ അനുഗ്രഹത്തിന് അവന്‍ അര്‍ഹതനേടുന്നു. നിഷേധാത്മക മനോഭാവവും തിന്മകൡ നിരന്തരം വ്യാപൃതനാകാനുള്ള താല്‍പര്യവും ആധിപത്യം ചെലുത്തുമ്പോള്‍ പുനരാലോചനക്ക് അവസരമുണ്ടാകുന്നില്ല. അത്തരം ഘട്ടങ്ങളില്‍ നീണ്ടുനീണ്ടു പോകുന്ന നീചവൃത്തികളുടെ പാതയിലൂടെ മനുഷ്യന്‍ നീങ്ങുന്നു.

മനുഷ്യന് പാപമോചനം നല്‍കുവാനുള്ള കഴിവും അധികാരവും സൃഷ്ടികളില്‍ ചിലര്‍ക്കുണ്ട് എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ക്ക് പാപവിമുക്തി സാധ്യമല്ല. പ്രപഞ്ചത്തിന്റെയും തന്റെയും സൃഷ്ടികര്‍ത്താവായവന്‍ മനുഷ്യര്‍ക്ക് നല്‍കുന്ന ഔദാര്യവും അനുഗ്രഹവും മറ്റു കേന്ദ്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അവിവേകവും അക്രമവും നന്ദികേടുമാണ്. വിവേകമതിയായ മനുഷ്യന്‍ ഇത്തരം തെറ്റായ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുകയില്ല. 

നന്മതിന്മകള്‍ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. അവ പഠിച്ചറിയുകയും തദനുസൃതം ജീവിതം ക്രമീകരിക്കുകയുമാണ് മനുഷ്യര്‍ ചെയ്യേണ്ടത്. അതിനു തയ്യാറുള്ളവര്‍ കുറെ വിധികളും വിലക്കുകളും അനുസരിക്കേണ്ടതുണ്ട്. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ പാതയിലൂടെ ലഭിക്കുന്നതാണ് യഥാര്‍ഥ സ്വാതന്ത്ര്യം. മറിച്ചുള്ളത് പാരതന്ത്ര്യവും. ആ പാരതന്ത്ര്യത്തെ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ‘നഷ്ടം’ എന്നാണ്. അല്ലാഹു പറയുന്നു:

”കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ”(ക്വുര്‍ആന്‍ 103:1-3).

മനുഷ്യചരിത്രത്തിന്റെ ഭൂതകാല അനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന പാഠമാണ് ദുര്‍വൃത്തരുടെ നഷ്ടം അനിവാര്യമാണെന്നത്. അതുകൊണ്ട് കൂടിയാണ് ക്വുര്‍ആന്‍ ഇവിടെ കാലത്തെ എടുത്ത് പറഞ്ഞ് സത്യം ചെയ്തിരിക്കുന്നത്. കാലം പഠിപ്പിച്ച പാഠങ്ങള്‍ ദൈവിക മാര്‍ഗദര്‍ശനാനുസൃതം മനുഷ്യന്‍ ജീവിതത്തെ തിരുത്തണമെന്നാണ.് അതുകൊണ്ട് കാലത്തിന്റെ പാഠങ്ങള്‍ ചിന്താപരമായി മനുഷ്യനെ വളര്‍ത്തുന്നവയാണ്. കാലത്തെ കൊണ്ട് സത്യം ചെയ്യുന്നതിലൂടെ കാലത്തിന്റെ സംഭാവനകളായി ഗണിക്കപ്പെടുന്ന ചരിത്രസംഭവങ്ങള്‍, ആശയങ്ങള്‍, ചിന്താഗതികള്‍, വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് മനുഷ്യരാശിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. കാലത്തിന്റെ പാഠം എന്ന നിലയില്‍ അവതരിപ്പിക്കുന്ന രണ്ട് സംഗതികള്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍പ്രവൃത്തികള്‍ ചെയ്യുകയും സത്യവും ക്ഷമയും കൈകൊള്ളുവാന്‍ പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ മറ്റെല്ലാവരും പരാജയത്തിലാണ്; എന്നാല്‍ അത്തരം ഒരു ജീവിതസംസ്‌കാരം അവലംബിച്ചവര്‍ പരാജിതരല്ല എന്നിവയാണ്. സദ്‌വൃത്തരായ ആളുകളോട് ചേര്‍ന്ന് നില്‍ക്കുവാനും അവരില്‍ ഉള്‍പ്പെടുവാനും ശ്രമിച്ചവര്‍ വിജയികളും അല്ലാത്തവര്‍ പരാജിതരുമായതിന്റെ ഉദാഹരണം എമ്പാടും ചരിത്രത്തില്‍ കാണുവാന്‍ സാധിക്കും.

ഈ സംഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കഴിയേണ്ടതുണ്ട്. വിജയികളും പരാജിതരുമായി വേര്‍തിരിഞ്ഞ് നില്‍ക്കുന്ന ഭൂതകാല മനുഷ്യസഞ്ചയത്തിന്റെ അനുഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന എല്ലാ ക്വുര്‍ആന്‍ വചനങ്ങളുടെയും മുമ്പോ ശേഷമോ ഉള്ള പരാമര്‍ശങ്ങള്‍ ചിന്തിക്കുവാനോ പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനോ സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനോ ആഹ്വാനം ചെയ്യുന്നവയാണ് എന്നത് ശ്രദ്ധേയമാണ്. ദുഷ്‌കൃത്യങ്ങളില്‍ നിന്ന് പിന്തിരിയുവാന്‍ ആഹ്വാനം നല്‍കുകയും പശ്ചാത്താപത്തിലൂടെ ജീവിത വിമലീകരണത്തിന്റെ പാത സ്വീകരിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന, ആദ്യം ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങള്‍ (3:133-136) കഴിഞ്ഞാല്‍ വരുന്ന വചനങ്ങളും ഇത്തരത്തില്‍ ചിന്തിക്കുവാന്‍ ആഹ്വാനം നല്‍കുന്നുവെന്ന് കാണാം:

”നിങ്ങള്‍ക്ക് മുമ്പ് പല (ദൈവിക) നടപടികളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിന്‍. ഇത് മനുഷ്യര്‍ക്കായുള്ള ഒരു വിളംബരവും ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സാരോപദേശവുമാകുന്നു” (ക്വുര്‍ആന്‍ 3:137-138).

നന്മയുടെയും തിന്മയുടെയും ഫലങ്ങളും പാഠങ്ങളും വ്യത്യസ്തങ്ങളായിരിക്കും. തിന്മ ചെയ്യേണ്ടിവരിക എന്നതും തിന്മയെ ജീവിതചര്യയാക്കുക എന്നതും ഒരുപോലെയല്ല. തിന്മ ചെയ്യേണ്ടിവരികയും എന്നാല്‍ പിന്നീട് നന്മയിലേക്ക് എത്തിച്ചേര്‍ന്ന് നന്മയിലധിഷ്ഠിതമായ വ്യക്തമായ ജീവിതരീതി അവലംബിക്കുകയും ചെയ്താല്‍ ചരിത്രത്തിലെ ദുര്‍വൃത്തരുടെ പട്ടികയില്‍ നിന്ന് മോചനം നേടാന്‍ കഴിയുമെന്ന അടിസ്ഥാനപരമായ വിമോചനത്തിന്റെ സന്ദേശം എല്ലാ ദൂതന്മാരുടെയും പ്രബോധനങ്ങളില്‍ ഉണ്ടായിരുന്നു. ദൈവിക മാര്‍ഗദര്‍ശന പ്രകാരമുള്ള പരിവര്‍ത്തനം വിജയത്തിനും അല്ലാത്തവ പരാജയത്തിനും അടിസ്ഥാനമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. സ്രഷ്ടാവിനെ അനുസരിക്കുന്നവരും അനുസരിക്കാത്തവരുമായി ജനത വേര്‍തിരിയുന്നു. ഈ ആശയങ്ങളുള്ള നിരവധി വചനങ്ങള്‍ ക്വുര്‍ആനില്‍ കാണാവുന്നതാണ്. 

പരലോകജീവിതമാകുന്ന നാളെയെക്കുറിച്ചുള്ള വിശ്വാസം ഈ ലോകമാകുന്ന ഇന്നിന്റെ പ്രവര്‍ത്തനങ്ങളില്‍ നന്മയും പുണ്യവും സദ്‌വൃത്തിയും പാലിക്കുവാന്‍ നിര്‍ബന്ധിക്കുന്നതാണ്. എന്നാല്‍ അത്തരമൊരു വിശ്വാസമില്ലാത്തവര്‍ ദൈവിക മാര്‍ഗദര്‍ശനത്തെ നിരാകരിക്കുകയും സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള വികലവീക്ഷണങ്ങളുടെ പിന്നാലെ പോകുകയും ചെയ്യും. ആദിമ കാലം തൊട്ട് മാനവരാശിയില്‍ നിലനില്‍ക്കുന്ന ഈ പ്രവണതയെ കുറിച്ച് ക്വുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പൂര്‍വകാല ജനസമൂഹങ്ങളുടെ സത്യനിഷേധത്തിന് ആധാരം ഇത്തരത്തിലുള്ള പ്രവണതകളും പരലോക വിശ്വാസമില്ലായ്മയും ആയിരുന്നു. സ്രഷ്ടാവില്‍ വിശ്വസിക്കുക എന്നതിന്റെ അനിവാര്യമായ തുടര്‍ച്ചയാണ് പരലോകവിശ്വാസം. 

നന്മകള്‍ക്ക് അര്‍ഹമായ പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും ലഭിക്കുമെന്ന് വിശ്വസിക്കുക, കര്‍മങ്ങള്‍ അനുഷ്ഠിക്കുക, തങ്ങളുടെ രക്ഷിതാവിലേക്ക് വിനയപൂര്‍വം മടങ്ങുക എന്നിങ്ങനെ പരസ്പരബന്ധിതമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ വിജയിക്കുമെന്നും അവര്‍ക്ക് ശുഭകരമായ മറ്റൊരു ജീവിതം വരാനുണ്ടെന്നും ക്വുര്‍ആന്‍ പറയുന്നു:  

”തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും” (ക്വുര്‍ആന്‍ 11:23).

വിശ്വാസത്തിന്റെ അനിവാര്യമായ പ്രകടനമാണ് സല്‍പ്രവര്‍ത്തനങ്ങള്‍. സ്രഷ്ടാവിനെ  വിനയത്തോടെയും ഭക്തിയോടെയും സ്മരിക്കുന്നതും വിശ്വാസത്തിന്റെ അടയാളമാണ്. ‘വിശ്വസിക്കുന്നു’ എന്ന് പറയുകയും എന്നാല്‍ അതിന്റെ യാതൊരുവിധ ലക്ഷണങ്ങളും പ്രവൃത്തിപഥത്തില്‍ കാണാതിരിക്കുകയും ചെയ്യുന്നത് വിശ്വാസരാഹിത്യത്തെയാണ് അറിയിക്കുന്നത്. 

‘ഇതുവരെ ഞാന്‍ ജീവിച്ചത് ഇങ്ങനെയൊക്കെയാണ്, ഈവിധം അങ്ങ് അവസാനിച്ചാല്‍ മതി’ എന്നല്ല ‘ഈവിധമല്ല ഞാന്‍ എന്റെ സ്രഷ്ടാവിന്റെ വിചാരണ ദിനത്തിലേക്ക് കടന്നുചെല്ലേണ്ടത്’ എന്നാണ് വിവേകമുള്ള മനുഷ്യന്‍ ചിന്തിക്കേണ്ടത്. ഈ ചിന്താശേഷിയെ കാഴ്ചയും കേള്‍വിയും ആയിട്ടും ഇതിന്റെഅഭാവത്തെ അന്ധതയും ബധിരതയുമായിട്ടുമാണ് ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്:

”ഈ രണ്ട് വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും കാഴ്ചയും കേള്‍വിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവര്‍ ഇരുവരും ഉപമയില്‍ തുല്യരാകുമോ? അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ?” (ക്വുര്‍ആന്‍ 11:24).

മനുഷ്യരാശിയെ തിന്മയില്‍ നിന്ന് പൂര്‍ണമായി വിമോചിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ ഇസ്‌ലാം ജീവിതത്തിന്റെ ഭാഗമായിത്തീരുമ്പോള്‍ ഒരാള്‍ക്ക് ഭൂതകാലത്തിന്റെ അടിമയാകേണ്ടി വരുന്നില്ല. എന്നാല്‍ രക്ഷനേടാനുള്ള അവസരം പാഴാക്കുകയും വലിയൊരു നഷ്ടത്തിലേക്ക് സ്വയം ആപതിക്കുകയും ചെയ്യല്‍ പശ്ചാത്താപത്തില്‍നിന്നും പരിവര്‍ത്തനത്തില്‍ നിന്നുമുള്ള വിമുഖതയാണ്. തനിക്കൊരു സ്രഷ്ടാവുണ്ട്, അവന്‍ തന്നെ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് മുകളിലാണ് ഭൂമിയിലെ തന്റെ വാസം. ഒരുനാള്‍ അവനോട് മറുപടി പറയേണ്ടിവരും എന്നീ കാര്യങ്ങള്‍ ബോധ്യമുണ്ടായിട്ടും ബോധപൂര്‍വം തിന്മകള്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്രഷ്ടാവിനെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. അവര്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. എന്നാല്‍ ഈ കടുത്ത നിഷേധത്തിനിയിലും വീണ്ടുവിചാരത്തിന്റെ മാനസികാവസ്ഥയിലേക്ക് മനുഷ്യന്‍ നയിക്കപ്പെടാം.  അത്തരം ഘട്ടത്തില്‍ താന്‍ ഇതുവരെ ചെയ്തതൊക്കെയും കടുത്ത ദൈവനിന്ദയായിരുന്നു, അതിനാല്‍ ഇനി രക്ഷയുണ്ടോ എന്ന് സംശയിക്കേണ്ടതില്ല. ഒരു മനുഷ്യന് സ്വന്തം മാനസാന്തരത്തെ തന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ള ദൃഢചിത്തതയുണ്ടെങ്കില്‍ ദൈവിക കടാക്ഷത്തിന്റെ കവാടം അവന് നിഷേധിക്കപ്പെടുന്നില്ല. 

”അവര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരില്‍ നിന്ന് മായ്ച്ചുകളയും. അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായതനുസരിച്ച് അവര്‍ക്കവന്‍ പ്രതിഫലം നല്‍കുകയും ചെയ്യും”(ക്വുര്‍ആന്‍ 39:35).

”വല്ലവനും പശ്ചാത്തപിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായ നിലയില്‍ മടങ്ങുകയാണ് അവന്‍ ചെയ്യുന്നത്”(ക്വുര്‍ആന്‍ 25:71).

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

കച്ചവടത്തിലെ ലാഭത്തിന്റെ പരിധി

കച്ചവടത്തിലെ ലാഭത്തിന്റെ പരിധി

കച്ചവടത്തില്‍ എത്ര ശതമാനം വരെ ലാഭം എടുക്കാം?

അടിസ്ഥാനപരമായി കച്ചവടം അനുവദനീയം (ഹലാല്‍) ആണ്. അത് ഹലാലായ രീതിയില്‍, വിരോധിക്കപ്പെട്ടിട്ടില്ലാത്ത രീതിയില്‍ ചെയ്യുക എന്നതാണ് പ്രധാനം. കച്ചവടത്തില്‍ ഇത്ര ശതമാനമേ ലാഭമെടുക്കാന്‍ പാടുള്ളു എന്ന ഒരു മാനദണ്ഡം ഇസ്‌ലാം വച്ചിട്ടില്ല. 

കച്ചവടക്കാര്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍പെട്ടതാണ് ജനങ്ങളെ ചൂഷണം ചെയ്യുന്ന രൂപത്തില്‍ കച്ചവടം ചെയ്യാന്‍ പാടില്ല എന്നത്. 

അതില്‍ പെട്ടതാണ് ‘ഇഹ്തികാര്‍’. നബിﷺ പറഞ്ഞു: അബദ്ധം/ തെറ്റ് ചെയ്യുന്നവനാണ് ഇഹ്തികാര്‍ നടത്തുക. ഇഹ്തികാര്‍ എന്ന് പറഞ്ഞാല്‍ ‘പൂഴ്ത്തിവെക്കുക’ എന്നാണ് അര്‍ഥം. ആളുകള്‍ക്ക് അത്യാവശ്യമായുള്ള സാധനങ്ങള്‍ തന്റെ പക്കല്‍ സ്റ്റോക്കുണ്ടായിരിക്കെ വില്‍ക്കാതെ പൂഴ്ത്തിവെക്കലാണ് ‘ഇഹ്തികാര്‍.’  

എന്റെ സാധനങ്ങള്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വില്‍ക്കാന്‍ ഇസ്‌ലാം അധികാരം തന്നിട്ടുണ്ട് എന്ന് ചിലര്‍ ഇതിനെ ന്യായീകരിക്കാറുണ്ട്. ജനങ്ങള്‍ക്ക് അത്യാവശ്യമായി ലഭിക്കേണ്ട സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നത് അവരെ കഷ്ടപ്പെടുത്തലാണ്. കച്ചവടക്കാര്‍ അതുവഴി ലക്ഷ്യമാക്കുന്നത് വിലവര്‍ധിപ്പിക്കുക എന്നതാണ്. അത്‌കൊണ്ടുതന്നെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന രൂപത്തില്‍ പൂഴ്ത്തിവെക്കല്‍ ഇസ്‌ലാം വിരോധിച്ചിരിക്കുന്നു. 

ഇസ്‌ലാമിക ഭരണമുള്ള നാട്ടിലാണെങ്കില്‍ പൂഴ്ത്തിവെക്കുന്നവന്റെ കച്ചവടസാധനങ്ങള്‍ ഇത്ര കാശിനേ വില്‍ക്കാന്‍ പാടുള്ളു എന്ന് ആ ഭരണാധികാരികള്‍ക്ക് തീരുമാനമെടുക്കാം.  

മൊത്തത്തില്‍ പരിശോധിച്ച് കഴിഞ്ഞാല്‍ ജനങ്ങള്‍ക്കു പ്രയാസകരമായിട്ടുള്ള രൂപത്തിലുള്ള കച്ചവടം, പൂഴ്ത്തിവെക്കുന്ന രൂപത്തിലോ അല്ലെങ്കില്‍ മറ്റേതു രൂപത്തിലോ ആയാലും അനുവദനീയമല്ല എന്ന് കാണാം.

അങ്ങനെ നോക്കുമ്പോള്‍ ജനങ്ങള്‍ക്കു താങ്ങാന്‍ കഴിയാത്ത രൂപത്തിലുള്ള ലാഭം എടുക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കുക തന്നെയാണ് വേണ്ടത്. 

ചില സന്ദര്‍ഭങ്ങളില്‍ എത്ര പണം ചെലവഴിച്ചും ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങിക്കും. ആശുപത്രിയില്‍ പോയാലുള്ള അവസ്ഥ നോക്കുക. ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതായിരിക്കും രോഗിയുടെ അടുപ്പക്കാര്‍ ചിന്തിക്കുക. അതിനാല്‍ ഡോക്ടര്‍മാര്‍ പറയുന്ന ടെസ്റ്റുകളെല്ലാം നടത്തും. എഴൂതുന്ന മരുന്നുകളെല്ലാം വാങ്ങും. കടം വാങ്ങിയിട്ടാണെങ്കിലും ബില്‍തുക മുഴുവനും അടച്ചുതീര്‍ക്കും. 

യാത്രാമധ്യെ വാഹനം കേടായാല്‍ നന്നാക്കി യാത്ര തുടരല്‍ നിര്‍ബന്ധമാണല്ലോ. അന്നേരം അതിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങേണ്ടിവന്നാല്‍ എത്ര കാശ് കൊടുത്തിട്ടാണെങ്കിലും വാങ്ങും. അത് അനിവാര്യമായ സാഹചര്യമാണ്. എന്നാല്‍ ഇത്തരം നിസ്സഹായാവസ്ഥകളെ ചൂഷണം ചെയ്ത് അമിതലാഭമെടുത്ത് ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് ശരിയല്ല. 

കുറഞ്ഞ ലാഭമെടുക്കുമ്പോഴാണ് കൂടുതല്‍ കച്ചവടം നടക്കുക. കൂടുതല്‍ ഉപഭോക്താക്കള്‍ ആ കടയിലായിരിക്കും വരിക. അപ്പോള്‍ കുറഞ്ഞ ലാഭവിഹിതമാണ് വലിയ ലാഭത്തിലേക്കുള്ള വഴി എന്ന് കൂടി നാം മനസ്സിലാക്കണം.

ആര്‍ത്തവ സമയത്ത് നഖവും മുടിയും നീക്കം ചെയ്യുന്നത് തെറ്റാണോ? 

ജനങ്ങളില്‍ പൊതുവെ കാണപ്പെടുന്ന ഒരു അന്ധവിശ്വാസമാണിത്. ആര്‍ത്തവമോ ജനാബത്തോ (വലിയ അശുദ്ധി) ഉള്ള സമയത്ത് നഖവും മുടിയും നീക്കം ചെയ്യുമ്പോള്‍ അവ ശുദ്ധിയില്ലാത്ത അവസ്ഥയിലാണ് ഒഴിവാക്കപ്പെടുന്നത്. ആയതിനാല്‍ ഈ ശരീരാവശിഷ്ടങ്ങള്‍ പരലോകത്ത് ശരീരത്തിലേക്ക്  നജസായ (മലിനമായ) നിലയില്‍ തിരിച്ചു വരും എന്ന അന്ധവിശ്വാസം ചില നാടുകളില്‍ പ്രചാരത്തിലുണ്ട്.

 

എന്നാല്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ ഇങ്ങനെ ആര്‍ത്തവകാരികളോ അല്ലെങ്കില്‍ വലിയ അശുദ്ധിയുള്ള ആളുകളോ തങ്ങളുടെ മുടിയും നഖവും നീക്കം ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് പഠിപ്പിക്കുന്നില്ല. ഒരു കാര്യം ഹറാമാണ് അല്ലെങ്കില്‍ ഹലാലാണ് എന്ന് വിധി പറയണമെങ്കില്‍ അതിന് പ്രമാണങ്ങളില്‍ തെളിവ് വേണം.

അടിസ്ഥാനപരമായി ഒരു ഹാകിം അഥവാ മതപരമായ ഒരു നിയമനിര്‍മാണം ഉണ്ടാക്കുന്നവന്‍ അല്ലാഹുവാണ്. അതിനാല്‍ തന്നെ ഒരു കാര്യം ഹറാമാണ് എന്ന് പറയണമെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള ദിവ്യബോധന(വഹ്‌യ്)ത്തിന്റെ അടിസ്ഥാനത്തില്‍ നബിﷺ നമ്മെ അറിയിക്കണം. നബിﷺ ഇങ്ങനെ പ്രത്യേകിച്ച് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഹദീഥുകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുക.

സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് അവരുടെ നഖവും മുടിയും കളയുക എന്നതു പോലെ തന്നെയാണ് ആര്‍ത്തവസമയത്ത് മുടി വാരുമ്പോള്‍ മുടി നഷ്ടപ്പെടുന്നത്. സ്വാഭാവികമായി നടക്കുന്ന ഈ കാര്യത്തെക്കുറിച്ചും ചിന്തിക്കണമല്ലോ. 

ആഇശ(റ) നബിﷺയുടെ കൂടെ ഹജ്ജത്തുല്‍ വിദാഇനു പോയപ്പോള്‍ എല്ലാ ആളുകളും ഉംറക്കും ഹജ്ജിനും വേണ്ടി ഇഹ്‌റാം ചെയ്തു. ആഇശ(റ)ക്ക് ആകട്ടെ ആ സമയത്ത് ആര്‍ത്തവമുണ്ടായിരുന്നതിനാല്‍ ഉംറ ചെയ്യാന്‍ സാധിച്ചില്ല. ഇതിനാല്‍ അത്യധികം വിഷമിച്ച ആഇശ(റ)യെ റസൂല്‍ﷺ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ട് ഉംറയില്‍ നിന്നു ഒഴിവാകുവാനും ഹജ്ജിനു വേണ്ടി ഇഹ്‌റാമില്‍ പ്രവേശിക്കുവാനും പറഞ്ഞു. കൂട്ടത്തില്‍ മുടി വാരുവാനും മുടിയുടെ കെട്ടഴിക്കുവാനുമൊക്കെ പറയുകയും ചെയ്തു. സ്വാഭാവികമായും മുടി വാരുമ്പോള്‍ മുടികള്‍ നഷ്ടപ്പെടും. അതുകൊണ്ട് തന്നെ ആര്‍ത്തവസമയത്ത് മുടിയിഴകള്‍ അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നതില്‍ യാതൊരു കുഴപ്പവുമില്ല എന്ന് ഈ ഹദീഥിന്റെ വെളിച്ചത്തില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്) അഭിപ്രായപ്പെട്ടതായി കാണാം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കപ്പെടുന്ന നഖവും മുടിയുമെല്ലാം മണ്ണിനടിയില്‍ കുഴിച്ച് മൂേടണ്ടതുണ്ട് എന്ന ഒരു ധാരണയും കാണപ്പെടുന്നുണ്ട്. എന്താണ് ഈ വിഷയത്തിലുള്ള വിധി?

അത് ഒരു പക്ഷേ, അന്ധവിശ്വാസമായിക്കൊള്ളണമെന്നില്ല. ആര്‍ത്തവസമയത്ത് എന്നല്ല ഏത് സമയത്ത് നീക്കം ചെയ്യുന്ന നഖവും മുടിയും ആളുകള്‍ കാണുന്ന രീതിയില്‍ വീട്ടിലോ മുറ്റത്തോ അലക്ഷ്യമായി വലിച്ചെറിയല്‍ ആളുകള്‍ക്ക് വെറുപ്പുണ്ടാക്കുന്ന പ്രവര്‍ത്തനമാണല്ലോ. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്നാണല്ലോ പ്രവാചകാധ്യാപനം. നഖവും മുടിയുമൊക്കെ വീടിന്റെ മുറ്റത്ത് കിടക്കുന്നത് നെമ്മ കുറിച്ച്, ഈ ദീനിനെ കുറിച്ച് ആളുകള്‍ മോശമായി മനസ്സിലാക്കാന്‍ കാരണമായേക്കും എന്നൊക്കെ വിചാരിച്ച് അവ കുഴിച്ചുമൂടുന്നതാണെങ്കില്‍ നല്ലത് തന്നെ. ഈ വിഷയത്തില്‍ പ്രത്യേകമായി നിര്‍ദേശങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ആരെങ്കിലും കുഴിച്ചിടുകയാണെങ്കില്‍ അതില്‍ കുഴപ്പം ഒന്നും പറയാനില്ല. ആര്‍ത്തവസമയത്ത് നീക്കം ചെയ്യുന്നവ മാത്രമല്ല, അല്ലാത്തപ്പോള്‍ നീക്കംചെയ്യുന്നവയും കുഴിച്ചിടുവാനാണ് അത്തരം ചിന്തയുള്ളവര്‍ ശ്രദ്ധിക്കുക. എന്നാല്‍ അത് മതത്തിന്റെ കല്‍പനയാണ് എന്ന ധാരണയില്‍ ചെയ്യുകയാണെങ്കില്‍, ആര്‍ത്തവസമയത്ത് നീക്കംചെയ്യുന്ന മുടിയും നഖവുമെല്ലാം കുഴിച്ചിട്ടില്ലെങ്കില്‍ മാറാവ്യാധികളോ മറ്റു വല്ല പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഉണ്ടാകും എന്ന അടിസ്ഥാനത്തില്‍ ചെയ്യുകയാണെങ്കില്‍ അത് ശരിയല്ല. 

 

സ്ത്രീകള്‍ അറിയാന്‍

സ്ത്രീകള്‍ അറിയാന്‍

ഇസ്തിഹാളത് ഉള്ള സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം, ക്വുര്‍ആന്‍ പാരായണം പോലുള്ള കാര്യങ്ങളില്‍ എടുക്കേണ്ട നിലപാട് എന്താണ്?

സ്ത്രീകളില്‍ നിന്നും വരുന്ന രക്തങ്ങള്‍ മൂന്നു തരത്തിലാണ്. ഹൈള് അഥവാ ആര്‍ത്തവം, നിഫാസ് അഥവാ പ്രസവരക്തം, ഇസ്തിഹാളത് അഥവാ രോഗാവസ്ഥയിലുള്ള രക്തസ്രാവം. ഇതില്‍ ഹൈളും നിഫാസും ഉള്ള അവസ്ഥയില്‍ സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കല്‍ നിഷിദ്ധമാണ്. സ്ത്രീകള്‍ ഈ അവസ്ഥയില്‍ നിന്നും ശുദ്ധി കൈവരിച്ചാല്‍ ഒഴിവാക്കിയ നമസ്‌കാരം നമസ്‌കരിച്ചു വീട്ടേണ്ടതില്ല, എന്നാല്‍ ഒഴിവാക്കിയ നോമ്പ് നോറ്റുവീട്ടേണ്ടതാണ്. 

ഇപ്പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വിധിയാണ് ഇസ്തിഹാളതിന്റെ അവസ്ഥയിലുള്ളവര്‍ക്കുള്ളത്. ഈ അവസ്ഥയിലുള്ള സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം തുടങ്ങിയ നിര്‍ബന്ധ കര്‍മങ്ങള്‍ വീഴ്ച വരുത്താതെ നിര്‍വഹിക്കേണ്ടതാണ്. നമസ്‌കാരം, നോമ്പ്, ക്വുര്‍ആന്‍ പാരായണം, ഭാര്യാഭര്‍തൃ ബന്ധം തുടങ്ങി ശുദ്ധിയുള്ള അവസ്ഥയില്‍ ഒരു സ്ത്രീക്ക് ഇസ്ലാമില്‍ എന്തെല്ലാം അനുവദിക്കപ്പെട്ടിട്ടുണ്ടോ അതെല്ലാം ഇവര്‍ക്ക് അനുവദനീയമാണ്. 

 ഒരിക്കല്‍ ഫാത്വിമ ബിന്‍ത് അബീ ഹുബൈശ് പ്രവാചകരുടെ അടുത്ത് വന്ന്, ‘പ്രവാചകരേ, ഞാന്‍ ഇസ്തിഹാളത് ഉള്ള ഒരു സ്ത്രീയാണ്. ഞാന്‍ ശുദ്ധിയാകാറേയില്ല. അതുകൊണ്ട് ഞാന്‍ നമസ്‌കാരം പാടെ ഉപേക്ഷിക്കുകയാണോ വേണ്ടത് എന്ന് ചോദിച്ചു. 

”അത് ഒരു തരം ഞരമ്പ് രോഗമാണെന്നും അത് ആര്‍ത്തവമെല്ലന്നും ആര്‍ത്തവസമയമായാല്‍ ആര്‍ത്തവകാരികളെ പോലെ നമസ്‌കാരം ഉപേക്ഷിക്കണമെന്നും പിന്നീട് ശുദ്ധിയുടെ സമയം ആയാല്‍ രക്തസ്രാവമുണ്ടെങ്കിലും കുളിച്ചു ശുദ്ധിയായി രക്തം കഴുകിക്കളഞ്ഞ് നമസ്‌കരിക്കണ’മെന്നും നബിﷺ അവരെ ഉപദേശിച്ചു.

 എല്ലാ ദിവസവും അഥവാ മാസം മുഴുവനും രക്തസ്രാവമുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിന്റെ സമയം അറിയുന്നവരാണെങ്കില്‍ അവര്‍ ആ സമയെത്ത അശുദ്ധിയുടെ കാലമായി കണക്കാക്കി അതുപോലെ പ്രവര്‍ത്തിക്കുകയും, ശുദ്ധിയുടെ സമയമായാല്‍ കുളിച്ചു ശുദ്ധിയായി നമസ്‌കാരം തുടങ്ങേണ്ടതുമാണ്.

 ആര്‍ത്തവത്തിന്റെ സമയം അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവത്തിന്റെ നിറത്തില്‍നിന്നുംകട്ടിയില്‍നിന്നും ഗന്ധത്തില്‍ നിന്നും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. കാരണം ആര്‍ത്തവ രക്തവും ഇസ്തിഹാളത്തിന്റെ രക്തവും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് ശുദ്ധിയുടെയും അശുദ്ധിയുടെയും കാലയളവ് സ്വയം തിരിച്ചറിഞ്ഞ് അതിന്റെ ഇസ്ലാമിക വിധി പാലിക്കേണ്ടതാണ്.

 എന്നാല്‍ ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്തവരാണ് എങ്കില്‍ നാട്ടിലെ പതിവനുസരിച്ച് സ്ത്രീകള്‍ക്ക് എത്രയാണ് ആര്‍ത്തവത്തിന്റെ സമയ കാലാവധി എന്ന് മനസ്സിലാക്കി ഒരു മാസത്തില്‍ അത്രയും ദിവസം അതിന്റെ ദിവസമായി കണക്കാക്കുകയും ശേഷമുള്ള ദിവസങ്ങള്‍ ഇസ്തിഹാളത്തിന്റെ അവസ്ഥയായി പരിഗണിച്ച് അത് പോലെ പ്രവര്‍ത്തിക്കേണ്ടതുമാണ്. 

 നബിﷺയുടെ കാലഘട്ടത്തില്‍ ചില സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള അസുഖം ഉണ്ടായിരുന്നു. ആഇശ(റ) പറഞ്ഞതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥിന്റെ ഉള്ളടക്കം ഇതാണ്: പ്രവാചക തിരുമേനി പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നു. പ്രവാചകന്റെ കൂടെ അദ്ദേഹത്തിന്റെ ചില ഭാര്യമാരും ഉണ്ടായിരുന്നു. അവരിലാണെങ്കില്‍ ഇഅ്തികാഫിന്റെ വേളയില്‍ ഇസ്തിഹാളത്തുള്ള ഭാര്യയുമുണ്ടായിരുന്നു. എത്രയാണെന്ന് വെച്ചാല്‍ രക്തസ്രാവത്തിന്റെ കാഠിന്യത്താല്‍ താഴെ തളിക വച്ചാണ് നബിﷺയുടെ കൂടെ അവര്‍ ഇഅ്തികാഫ് നിര്‍വഹിച്ചിരുന്നത്. 

ഇസ്തിഹാളത്തിന്റെ സമയം ശുദ്ധിയുടെ സമയമാണെന്നും ഈ വേളയില്‍ നമസ്‌കാരം, നോമ്പ്, ക്വുര്‍ആന്‍ പാരായണം, ഭാര്യാഭര്‍തൃബന്ധം എന്നിവയെല്ലാം അനുവദനീയമാണെന്നും ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

രോഗിയായ ഒരാള്‍ ബാത്ത്‌റൂമില്‍ പോകുവാന്‍ പ്രയാസപ്പെടുന്നു. അതിനാല്‍ ഒരു പാത്രത്തിലേക്ക് മൂത്രമൊഴിക്കുന്നു. അങ്ങനെയുള്ളവര്‍ വുദൂഅ് ചെയ്യുമ്പോഴും നമസ്‌കരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ഒരാള്‍ കഴിവിന്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിക്കണം എന്നാണ് വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു കല്‍പിക്കുന്നത്. ഒരു രോഗിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനെക്കുറിച്ച് നബിﷺ ഇംറാന്‍ ഇബ്‌നു ഹുസൈന്‍(റ)വിനോടു പറഞ്ഞ കാര്യം ഇതാണ്: നീ നിന്നു നമസ്‌കരിക്കുക, അതിനു സാധിച്ചിട്ടില്ലെങ്കില്‍ ഇരുന്നു നമസ്‌കരിക്കുക.” 

ഒരു രോഗിക്ക് നമസ്‌കാരം പരിപൂര്‍ണമായി നിര്‍വഹിക്കുവാന്‍ കഴിയുമെങ്കില്‍ അങ്ങനെ നിര്‍വഹിക്കാം. വുദൂഅ്, നമസ്‌കാരം, കുളി, തയമ്മും തുടങ്ങി എന്തുമാകട്ടെ കഴിവിന്റെ പരമാവധി അതിന്റെ പൂര്‍ണതയില്‍ ചെയ്യാന്‍ സാധിച്ചാല്‍ അതാണ് ഉത്തമം. അതിന് സാധ്യമല്ലെങ്കില്‍ അയാള്‍ക്ക് എങ്ങനെയാണോ സാധിക്കുന്നത് അങ്ങനെ ചെയ്യുകയാണ് വേണ്ടത്. 

രോഗികളില്‍ മൂത്രവാര്‍ച്ചയുള്ളവര്‍ ഉണ്ടാകാം. അത് പോലെ ഇസ്തിഹാളത്ത് അഥവാ സ്ഥിരമായി രക്തസ്രാവം ഉള്ളവര്‍ ഉണ്ടാകാം. ഇവരെക്കുറിച്ചൊക്കെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത്, ‘നമസ്‌കാരത്തിന് സമയമായിക്കഴിഞ്ഞാല്‍ അവര്‍ പ്രസ്തുത ഭാഗം വൃത്തിയാക്കുകയും അവിടെ തുണി കൊണ്ട് വെച്ചു കെട്ടുകയും തുടര്‍ന്ന് പെട്ടെന്ന് വുദൂഅ് ചെയ്ത് നമസ്‌കരിക്കുകയുമാണ് വേണ്ടത്’ എന്നാണ്. 

ഇതൊക്കെ പരമാവധി അല്ലാഹുവിനെ സൂക്ഷിക്കുക എന്ന ക്വുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

സുബ്ഹിക്ക് പള്ളിയില്‍ ചെല്ലുമ്പോള്‍ ജമാഅത്ത് തുടങ്ങിയിട്ടുണ്ടെങ്കില്‍ പ്രബലമായ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ച ശേഷമാണോ ഇമാമിനെ തുടരേണ്ടത്?

നബിﷺ പറഞ്ഞു: ‘സുബ്ഹി നമസ്‌കാരത്തിലെ രണ്ട് റക്അത്തുകള്‍, ഇഹലോകത്തെക്കാളുംഅതിലുള്ള എല്ലാറ്റിനെക്കാളും ഉത്തമമാണ്.’

ഈ ഹദീഥിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം; ‘സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്തു റവാതിബ് സുന്നത്താണ് ഇവിടെ ഉദ്ദേശിക്കുന്നത്’ എന്നതാണ്. ഈ ഒരു കാരണം കൊണ്ട് തന്നെ നബിﷺ യാത്രയിലാകട്ടെ അല്ലാതെയുള്ള സന്ദര്‍ഭങ്ങളിലാകട്ടെ സുബ്ഹി നമസ്‌കാരത്തിന്റെ മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരം ഒരിക്കലും ഉപേക്ഷിക്കുമായിരുന്നില്ല. അത്‌കൊണ്ടാണ് ഉപരിസൂചിത ചോദ്യം ഉല്‍ഭവിക്കുന്നതും. 

സുന്നത്തായ നമസ്‌കാരങ്ങള്‍ ഏറ്റവും നല്ലത് വീട്ടില്‍ നിന്ന് നമസ്‌കരിക്കലാണ് എന്ന് നാം അറിയേണ്ടതുണ്ട്. സുബ്ഹി നമസ്‌കാരത്തിന്റെ രണ്ട് റക്അത്ത് വീട്ടില്‍ നിന്നു നമസ്‌കരിച്ച് പള്ളിയിലേക്ക് വരികയാണ് വേണ്ടത്. ഇനി ഒരാള്‍ പള്ളിയില്‍ വെച്ച് നമസ്‌കരിക്കാമെന്ന് കരുതുകയും പള്ളിയിലെത്തിയപ്പോഴേക്കും സുബ്ഹി നമസ്‌കാരം ആരംഭിക്കുകയും ചെയ്തുവെങ്കില്‍ സുബ്ഹി നമസ്‌കാരത്തിന്റെ ഈ റവാത്തിബ് സുന്നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അയാള്‍ പിന്നില്‍ ഒറ്റയ്ക്ക് രണ്ടു റക്അത്തു നമസ്‌കരിക്കുകയല്ല ജമാഅത്തില്‍ പങ്കെടുക്കകയാണ് വേണ്ടത്. 

നബിﷺ പറഞ്ഞു: ‘നമസ്‌കാരത്തിനു വേണ്ടി ഇക്വാമത്തു വിളിക്കപ്പെട്ടാല്‍ പിന്നീടു നിര്‍ബന്ധമായ (ഫര്‍ദ്) നമസ്‌കാരമല്ലാതെ മറ്റൊരു നമസ്‌കാരവുമില്ല.’

അത് കൊണ്ട് തന്നെ പള്ളിയില്‍ ഫര്‍ദ് നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ മറ്റു ചിലര്‍ അവിടെ തനിച്ച് സുന്നത്തായ നമസ്‌കാരം നിര്‍വഹിക്കുവാന്‍ പാടില്ല. സുബ്ഹി നമസ്‌കരിച്ചയുടനെ അയാള്‍ക്ക് നഷ്ടപ്പെട്ട റവാതിബ് നമസ്‌കാരം നിര്‍വഹിക്കാം.  നമസ്‌കാരം നിരോധിക്കപ്പെട്ട സമയം കഴിഞ്ഞതിനു ശേഷവും നിര്‍വഹിക്കാവുന്നതാണ്. 

എന്നാല്‍ സുബ്ഹി ജമാഅത്തിന്റെ സമയത്ത് പള്ളിയില്‍ എത്തിപ്പെടാന്‍ കഴിയാത്ത സന്ദര്‍ഭത്തില്‍, റവാതിബ് സുന്നത്ത് നമസ്‌കരിച്ചതിനു ശേഷം സുബ്ഹി നമസ്‌കരിക്കുകയാണ് വേണ്ടത്. 

നബിﷺയും ബിലാല്‍(റ)വും അടക്കമുള്ള യാത്രാസംഘം സുബ്ഹി നമസ്‌കാരത്തിന് എഴുന്നേല്‍ക്കുവാന്‍ വൈകുകയും സൂര്യന്‍ ഉദിച്ചുയര്‍ന്നതിനു ശേഷം എഴുന്നേറ്റ വേളയില്‍ നബിﷺ വുദൂഅ് ചെയ്ത് ആദ്യം സുന്നത്ത് നമസ്‌കരിക്കുകയും പിന്നീട് ഫര്‍ദാകുന്ന സുബ്ഹി നമസ്‌കരിക്കുകയും ചെയ്തു എന്ന് ബിലാല്‍(റ) പറയുന്ന ഹദീഥില്‍ കാണാന്‍ സാധിക്കുന്നതാണ്. 

 

അല്ലാഹുവിന്റെ നാമ, ഗുണ വിശേഷണങ്ങള്‍: അഹ്‌ലുസ്സുന്നയുടെ നിലപാട്

അല്ലാഹുവിന്റെ നാമ, ഗുണ വിശേഷണങ്ങള്‍: അഹ്‌ലുസ്സുന്നയുടെ നിലപാട്

പ്രവൃത്തിയിലും വിശ്വാസത്തിലും നബി(സ)യുടെ സുന്നത്തിനെ പ്രത്യക്ഷവും പരോക്ഷവുമായ നിലയില്‍ സ്വീകരിക്കുന്നതില്‍ ഐക്യപ്പെട്ടവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ.

അല്ലാഹുവിന്റെ നാമ, വിശേഷണങ്ങളില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം താഴെ വരും പ്രകാരമാണ്.

ഒന്ന്) സ്ഥിരീകരണം: അതായത് അല്ലാഹു അവന്റെ ഗ്രന്ഥത്തിലോ അല്ലെങ്കില്‍ അവന്റെ പ്രവാചകന്റെ നാവിലൂടെയോ തനിക്ക് ഉള്ളതായി സ്ഥിരീകരിച്ചവ തദനുസാരം അതില്‍ വ്യാഖ്യാനങ്ങളോ നിരാകരണമോ രൂപസങ്കല്‍പമോ സാദൃശ്യപ്പെടുത്തലോ കൂടാതെ സ്ഥിരീകരിക്കുക.

രണ്ട്) നിഷേധം: അതായത് അല്ലാഹു അവന്റെ ഗ്രന്ഥത്തിലോ അല്ലെങ്കില്‍ അവന്റെ പ്രവാചകന്റെ നാവിലൂടെയോ തന്റെമേല്‍ നിഷിദ്ധമായ നിഷേധ ഗുണങ്ങളെ നിഷേധിക്കുക. അതോടൊപ്പം അല്ലാഹുവിന് നിഷിദ്ധമായ നിഷേധ ഗുണങ്ങള്‍ക്ക് എതിരായ ഗുണങ്ങളാണ് അല്ലാഹുവിനുള്ളത് എന്ന് വിശ്വസിക്കുകയും ചെയ്യുക.

മൂന്ന്) പ്രമാണങ്ങളിലൂടെ അല്ലാഹുവിന് സ്ഥിരീകരി ക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടി ല്ലാത്ത ദേഹം, സ്ഥലം, ഭാഗം തുടങ്ങി ജനങ്ങള്‍ വിയോജിച്ചിട്ടുള്ളവ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുക. എന്നാല്‍ അവയുടെ അര്‍ഥത്തെക്കുറിച്ച് വിശദീകരണം തേടുകയും അങ്ങനെ അല്ലാഹുവിന്റെ പരിശുദ്ധിക്ക് യോജിക്കാത്ത, അയാഥാര്‍ഥ്യമാണ് അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ അത് തള്ളപ്പെടുന്നതാണ്. അതല്ല അല്ലാഹുവിന് യോജിക്കുന്ന ആശയമാണെങ്കില്‍ അത് സ്വീകരിക്കുകയും ചെയ്യും.

ഇതാണ് നിര്‍ബന്ധമായും സ്വീകരിക്കേണ്ട മാര്‍ഗം. ഇത് അവയെ നിരാകരിക്കുന്നവരുടെയും സാദൃശ്യപ്പെടുന്നവരുടെയും ഇടയിലുള്ള മിതമായ അഭിപ്രായം കൂടിയാകുന്നു.

ഈ മാര്‍ഗം സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ബുദ്ധിയും പ്രമാണവും സമ്മതിക്കുന്നു. അല്ലാഹുവിന് അനിവാര്യവും അനുവദനീയവും അസംഭവ്യവുമായ കാര്യങ്ങളിലെ വിശദീകരണം പ്രമാണം കൊണ്ടല്ലാതെ അറിയാന്‍ സാധ്യമല്ല.

അപ്പോള്‍ പ്രമാണത്തെ പിന്‍പറ്റിക്കൊണ്ട്, ഉള്ളതായി സ്ഥിരീകരിച്ചവയെ സ്ഥിരീകരിക്കുകയും നിഷിദ്ധമായ നിഷേധഗുണങ്ങളെ നിഷേധിക്കുകയും മൗനം പാലിച്ചതില്‍ മൗനമവലംബിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാകുന്നു. അല്ലാഹു പറയുന്നു:

”അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും” (അല്‍അഅ്‌റാഫ്: 180).

ഈ വചനം അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ വ്യാഖ്യാനങ്ങളോ, നിരാകരണമോ കൂടാതെ സ്ഥിരീകരിക്കല്‍ നിര്‍ബന്ധമാണെന്ന് അറിയിക്കുന്നു. കാരണം അത് രണ്ടും കൃത്രിമം കാണിക്കലാകുന്നു.

”അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു” (അശ്ശൂറാ: 11).

അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ സാദൃശ്യപ്പെടുത്തല്‍ കൂടാതെ സ്ഥിരീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ഈ സൂക്തം അറിയിക്കുന്നു.

”നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്” (അല്‍ഇസ്‌റാഅ്: 36).

അല്ലാഹുവിന്റെ നാമ,വിശേഷണങ്ങളെ രൂപസങ്കല്‍പമില്ലാതെ സ്ഥിരീകരിക്കുകയും അപ്രകാരം അല്ലാഹുവിന് സ്ഥിരീകരിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവയില്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണെന്ന് അറിയിക്കുന്നു.

ഇങ്ങനെ അല്ലാഹുവിന് സ്ഥിരപ്പെട്ട എല്ലാ ഗുണങ്ങളും സ്തുതിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യുന്ന പരിപൂര്‍ണമായ ഗുണങ്ങളാകുന്നു. യാതൊരുവിധത്തിലുള്ള ന്യൂനതകളും അവയ്ക്കില്ല. എന്നിരിക്കെ അല്ലാഹുവിന് സ്ഥിരപ്പെട്ട പരിപൂര്‍ണമായ എല്ലാ ഗുണങ്ങളും എല്ലാ വിധത്തിലും പരിപൂര്‍ണമായത് തന്നെയാണ്.

അപ്രകാരം അല്ലാഹു അവന്ന് ഇല്ല എന്നറിയിച്ച എല്ലാ നിഷേധഗുണങ്ങളും അല്ലാഹുവിന്ന് നിര്‍ബന്ധമായും ഉണ്ടാകേണ്ട ഗുണങ്ങള്‍ക്ക് എതിരാകുന്നതാണ്. എല്ലാ സല്‍ഗുണങ്ങളിലും അല്ലാഹു പരിപൂര്‍ണനായിരിക്കെ ന്യൂനതകളടങ്ങിയ ഗുണങ്ങളും അവന്ന് അസംഭവ്യമാകുന്നു. അതുപോലെ അല്ലാഹു അവന്ന് ഏതൊന്ന് നിഷിദ്ധമാക്കുന്നുവെങ്കില്‍ അല്ലാഹുവിന്ന് നിഷിദ്ധമായ ആ നിഷേധ ഗുണം ഇല്ലെന്ന് അംഗീകരിക്കുന്നതോടൊപ്പം അല്ലാഹുവിന് നിഷിദ്ധമായ ആ നിഷേധഗുണത്തിന് എതിരായ ഗുണങ്ങളെ പരിപൂര്‍ണമായും സ്ഥീകരിക്കല്‍  കൂടിയാകുന്നു. എന്തുകൊണ്ടെന്നാല്‍ പ്രശംസനീയമായ ഒരു ഗുണം സ്ഥിരീകരിക്കാതെ നിഷേധഗുണം മാത്രം പരിപൂര്‍ണതയെ കുറിക്കുകയില്ല. കാരണം ചിലപ്പോള്‍ അശക്തത അതിന് കാരണമാകുന്നു. ഒരു കവിയുടെ വാക്കുകള്‍ നോക്കൂ:

”വഞ്ചന കാണിക്കാത്ത ഒരു ഗോത്രം! അവര്‍ ജനങ്ങളോട് ഒരു  കടുക് മണിയോളവും അനീതി പ്രവര്‍ത്തിക്കുന്നുമില്ല.”

ആ ഗോത്രത്തിന് ശത്രുക്കളെ എതിര്‍ക്കുവാനുള്ള ശേഷിയില്ലാത്തതിനെ കവി നിന്ദിച്ചു പാടിയതാണിത്.

അല്ലാഹു അവന്ന് നിഷിദ്ധമാക്കിയ ഗുണങ്ങളില്‍ പെട്ടതാണല്ലോ ‘അക്രമം പ്രവര്‍ത്തിക്കല്‍’. അതായത് അക്രമം പ്രവര്‍ത്തിക്കുക എന്ന നിഷേധഗുണം നിഷേധിക്കുന്നതോടൊപ്പം അതിന്റെ എതിര്‍ഗുണമായ നീതിപാലനം പരിപൂര്‍ണമായും സ്ഥിരീകരിക്കുകകൂടി ചെയ്യുന്നു. അല്ലാഹു അവന്ന് നിഷിദ്ധമാക്കിയ ഗുണങ്ങളില്‍ പെട്ടതാണ് ‘ക്ഷീണമുണ്ടാവുക’ എന്നത്. എന്നുവെച്ചാല്‍ ‘ക്ഷീണം ഉണ്ടാവുക’ എന്ന നിഷേധ ഗുണം നിഷേധിക്കുന്നതോടൊപ്പം അതിന്റെ എതിര്‍ഗുണമായ ശക്തി പരിപൂര്‍ണമായും സ്ഥിരീകരിക്കുകകൂടി ചെയ്യുന്നു. ഇങ്ങനെയാണ് എല്ലാ നിഷേധഗുണങ്ങളെയും നിഷേധിക്കേണ്ടത്.

അത്തഹ്‌രീഫ്

ഭാഷാപരമായി മാറ്റംവരുത്തല്‍ എന്നാണിതിന്നര്‍ഥം. അടിസ്ഥാന പദത്തിലോ അര്‍ഥത്തിലോ മാറ്റംവരുത്തുക, വ്യാഖ്യാനിക്കുക എന്നതാണ് സാങ്കേതികാര്‍ഥം. പദപരമായ മാറ്റത്തോടൊപ്പം അര്‍ഥം വ്യത്യാസപ്പെടുകയും അല്ലാതെയുമിരിക്കും. ഇത് മൂന്ന് ഇനമാകുന്നു:

1. പദത്തെ മാറ്റുന്നതോടൊപ്പം അര്‍ഥം മാറുന്നവ:

ഉദാഹരണം: ”മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു” (അന്നിസാഅ്:164) എന്ന ആയത്തിലെ ‘അല്ലാഹു’ എന്നതിന് ഉകാരത്തിന് പകരം ‘അല്ലാഹ’ എന്ന് ചിലര്‍ ‘അ’കാരം കൊടുക്കുന്നത് പോലെ. ഇത് മുഖേന ആയത്തിന്റെ അര്‍ഥം അല്ലാഹുവോട് മൂസാ നേരിട്ട് സംസാരിക്കുകയും ചെയ്തുവെന്നായി മാറും.

2. പദത്തെ മാറ്റുന്നതോടൊപ്പം അര്‍ഥത്തില്‍ മാറ്റം വരാത്തവ:

ഉദാഹരണം: ”സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹു വിന്നാകുന്നു” (അല്‍ഫാതിഹ:2) എന്ന ആയത്തിലെ ‘അല്‍ഹംദു’ എന്നതിന് ‘ഉ’കാരത്തിന് പകരം ‘അല്‍ഹംദ’ എന്ന് അകാരം കൊടുക്കുന്നത് പോലെ. ഇതുകൊണ്ട് ആയത്തിന്റെ അര്‍ഥം മാറുകയില്ല. അജ്ഞതയില്‍ നിന്നാണ് സാധാരണ ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാകുക. ഇതുകൊണ്ട് അവര്‍ക്ക് പ്രത്യേക ഉദ്ദേശ്യവും ഉണ്ടാകാറില്ല.

3. അര്‍ഥം മാറ്റുക, പ്രമാണത്തിന്റെ പിന്‍ബലമില്ലാതെ ബാഹ്യമായ അര്‍ഥത്തെ മാറ്റുക:

ഉദാഹരണം: അല്ലാഹുവിന്റെ ‘ഇരുകൈകള്‍’ എന്ന പ്രയോഗത്തെ ശക്തി, അനുഗ്രഹം തുടങ്ങിയ അര്‍ഥങ്ങളാക്കി മാറ്റുക.

അത്തഅ്ത്വീല്‍

ഇതിന് ഭാഷാപരമായി; ശൂന്യമാക്കുക, നിഷേധിക്കുക എന്നൊക്കെയാണര്‍ഥം. അല്ലാഹുവിന്ന് നിര്‍ബന്ധമായ നാമവിശേഷണങ്ങളെ മുഴുവനോ ഭാഗികമോ നിരാകരിക്കുക എന്നതാണ് സാങ്കേതികാര്‍ഥം.

അത്തക്‌യീഫ്

അല്ലാഹുവിന്റെ വിശേഷണങ്ങള്‍ക്ക് രൂപസങ്കല്‍പമുണ്ടാക്കുക. ഉദാഹണം: അല്ലാഹുവിന്റെ കയ്യിന് രൂപസങ്കല്‍പമുണ്ടാക്കുക, അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങുന്നതും കയറുന്നതും ഇന്നിന്നപ്രകാരമാണെന്ന് സങ്കല്‍പിക്കുക. ഇതൊക്കെ അതിന് ഉദാഹരണങ്ങളാണ്. നമുക്ക് പരിചയമുള്ള ഇറക്കമോ കയറ്റമോ അല്ലാഹുവിന് സങ്കല്‍പിച്ചുകൂടാ.

അത്തംഥീലു വത്തശ്ബീഹ്

ഒന്നിന് തുല്യമായി മറ്റൊന്നിനെ സ്ഥിരീകരിക്കുന്നതിനാണ് ‘അത്തംഥീല്‍’ എന്ന് പറയുക. ഒരു വസ്തുവിന് സാദൃശ്യമായത് സ്ഥാപിക്കുന്നതിന് ‘തശ്ബീഹ്’ എന്ന് പറയുന്നു.

തുല്യപ്പെടുത്തുക എന്നാല്‍ എല്ലാ നിലയ്ക്കും സമപ്പെടുത്തലാകുന്നു. സാദൃശ്യപ്പെടുത്തുക എന്നത് കൂടുതല്‍ ഗുണങ്ങളിലും സമപ്പെടുത്തലാകുന്നു. ഇവ പരസ്പരം ഒന്ന് മറ്റൊന്നായി പൊതുവെ പറയപ്പെടാറുണ്ട്. ഇവ രണ്ടിന്റെയും രൂപസങ്കല്‍പത്തിന്റെയും ഇടയില്‍ രണ്ടു നിലയ്ക്കുള്ള വ്യത്യാസങ്ങ ളാണുള്ളത്.

ഒന്ന്: ഒരു വസ്തുവിന്റെ രൂപത്തെ സോപാധികമോ നിരുപാധികമോ വിവരിക്കലാണ് രൂപ സങ്കല്‍പമെന്നത്. എന്നാല്‍ തുല്യപ്പെടുത്തപ്പെടുന്നതും സാദൃശ്യപ്പെടുത്തപ്പെടുന്നതുമായ വസ്തുവിനോട് നിരുപാധികമായി അറിയിക്കുന്നതാണ് തംഥീലും തശ്ബീഹും.

ഇതനുസരിച്ച് രൂപസങ്കല്‍പം സര്‍വ വ്യാപകമായതായിരിക്കും. എന്തുകൊണ്ടെന്നാല്‍ സാദൃശ്യപ്പെടുത്തപ്പെടുന്നതെല്ലാം തന്നെ രൂപം സങ്കല്‍പിക്കപ്പെട്ടതാകുന്നു. എന്നാല്‍ സങ്കല്‍പിക്കുന്നതി നെല്ലാം രൂപമുണ്ടായികൊള്ളണമെന്നില്ല.

രണ്ട്: അല്ലാഹുവിന്റെ വിശേഷണങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ് ‘രൂപസങ്കല്‍പം.’ എന്നാല്‍ ‘തുല്യപ്പെടുത്തല്‍’ ഔന്നത്യത്തിലും വിശേഷണത്തിലും സത്തയിലുമൊത്തെ ഉണ്ടാകും.  ഇതനുസരിച്ച് തുല്യപ്പെടുത്തല്‍ വ്യാപകമായതായിത്തീരുന്നു.  

സൃഷ്ടിയെ സ്രഷ്ടാവിനോട് സാദൃശ്യപ്പെടുത്തല്‍

സ്രഷ്ടാവിന് മാത്രം പ്രത്യേകമാകുന്ന പ്രവൃത്തികള്‍, അവകാശങ്ങള്‍, വിശേഷണങ്ങള്‍ തുടങ്ങിയതിലേതെങ്കിലുമൊന്നിനെ സൃഷ്ടികള്‍ക്ക് വകവെച്ചുകൊടുക്കലാണ് ‘സൃഷ്ടിയെ സ്രഷ്ടാവിനോട് സാദൃശ്യപ്പെടുത്തല്‍.’ ഇതിലൂടെ അല്ലാഹുവിന്റെ കൂടെ മറ്റൊരു സ്രഷ്ടാവുണ്ടെന്ന വാദം സംഭവിക്കുന്നു. അഥവാ അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ (രക്ഷാകര്‍തൃത്വത്തില്‍) പങ്കുചേര്‍ക്കലാണത്.

സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തല്‍

സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തുക എന്നത് ബഹുദൈവ വിശ്വാസികള്‍ ചെയ്യുന്നതുപോലെ വിഗ്രഹങ്ങള്‍ക്ക് ആരാധനയില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുകയും അവയ്ക്ക് ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്യലാണ്.

അല്ലാഹുവിന്റെ സത്തയിലോ വിശേഷണത്തിലോ സൃഷ്ടികളുടേതുപോലുള്ളവയെ സ്ഥിരീകരിക്കുക എന്നാണ് സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തുക എന്നതിന്നര്‍ഥം. അല്ലാഹുവിന്റെ കൈ സൃഷ്ടികളുടെ കൈകളെപ്പോലെയാണെന്നോ, അല്ലാഹുവിന്റെ സിംഹാസനാരോഹണം സൃഷ്ടികളുടേതുപോലെയാണെന്നോ പറയുന്നത് ഇതിനുദാഹരണങ്ങളാണ്.

ആദ്യമായി സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തിയതായി അറിയപ്പെടുന്നത് ശിയാക്കളിലെ തീവ്രവാദികളായ റാഫിളിയാക്കളില്‍പെട്ട ‘ഹിശാമുബ്‌നുല്‍ഹകം’ ആണെന്ന് പറയപ്പെടുന്നു.

ഇല്‍ഹാദ് അഥവാ കൃത്രിമം കാണിക്കല്‍

‘ഇല്‍ഹാദ്’ എന്നാല്‍ വ്യതിയാനം എന്നാണ് ഭാഷാര്‍ഥം. വിശ്വസിക്കലോ അല്ലെങ്കില്‍ പ്രവര്‍ത്തിക്കലോ നിര്‍ബന്ധമായതില്‍ നിന്നും വ്യതിചലിക്കുക എന്നതാണ് സാങ്കേതികാര്‍ഥം.

അല്ലാഹുവിന്റെ നാമങ്ങളിലുള്ള വ്യതിചലനം

അല്ലാഹുവിന്റെ നാമങ്ങളിലുള്ള വ്യതിചലനമെന്നതിന്റെ വിവക്ഷ നിര്‍ബന്ധമായും വിശ്വസിക്കേണ്ട യാഥാര്‍ഥ്യത്തില്‍ നിന്നും ശരിയായ ആശയത്തില്‍ നിന്നും വ്യതിചലിക്കുക എന്നതാണ്. അത് നാല് ഇനങ്ങളാകുന്നു:

1. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ നിഷേധിക്കുന്ന കക്ഷികള്‍ ചെയ്തതുപോലെ അതില്‍  ചിലതിനെ നിഷേധിക്കല്‍.

2. അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ സൃഷ്ടികളുടേതിനോട് സാദൃശ്യപ്പെടുത്തുന്ന കക്ഷികള്‍ ചെയ്തതു പോലെ അതിനെ സൃഷ്ടികളുടേതിനോട് സാദൃശ്യപ്പെടുത്തല്‍.

3. ക്രിസ്ത്യാനികള്‍ അല്ലാഹുവിനെ ‘പിതാവ്’ എന്നും ദാര്‍ശനികര്‍ ‘ആദികാരണം’ എന്നുമൊക്കെവിളിക്കുന്നതുപോലെ അല്ലാഹു അവന്ന് സ്വീകരിച്ചിട്ടില്ലാത്ത നാമങ്ങള്‍ വിളിക്കല്‍. അല്ലാഹുവിന്റെ നാമങ്ങള്‍ പ്രമാണാടിസ്ഥാനത്തിലാകുന്നു. അതിനാല്‍ ഇതും വ്യതിചലനമാണ്.  

4. ‘അല്‍ഇലാഹ്’ എന്ന പദത്തില്‍ നിന്ന് ‘അല്‍-ലാത്ത’ എന്നും ‘അല്‍ അസീസ്’ എന്ന പദത്തില്‍ നിന്ന് ‘അല്‍ഉസ്സ’ എന്നും ഉരുത്തിരിച്ചെടുത്തതുപോലെ, അല്ലാഹുവിന്റെ നാമങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ക്ക് നാമങ്ങള്‍ ഉരുത്തിരിച്ചെടുക്കല്‍.

അല്ലാഹുവിന്റെ വചനങ്ങളിലുള്ള വ്യതിചലനം

 നിയമപരമായ വചനങ്ങളിലാണിതുണ്ടാകുക. അഥവാ പ്രവാചകന്മാര്‍ കൊണ്ടുവന്ന നിയമങ്ങളിലും വൃത്താന്തങ്ങളിലും. അപ്രകാരം അല്ലാഹു ആകാശങ്ങളിലും ഭൂമിയിലും സൃഷ്ടിച്ചതും സൃഷ്ടിക്കുന്നതുമായ സൃഷ്ടിപരമായ ദൃഷ്ടാന്തങ്ങളിലും ആളുകള്‍ കൃത്രിമത്വം കാണിക്കും.

പദമോ അര്‍ഥമോ വ്യാഖ്യാനിക്കുക, വൃത്താന്തങ്ങളെ കളവാക്കുക, നിയമങ്ങളെ ലംഘിക്കുക തുടങ്ങിയ വയാണ് നിയമപരമായ വചനങ്ങളിലുണ്ടാകുന്ന വ്യതിചലനം.

സൃഷ്ടിപരമായ ദൃഷ്ടാന്തങ്ങളില്‍ സംഭവിക്കുന്ന വ്യതിചലനം സൃഷ്ടിപ്പിനെ അല്ലാഹുവല്ലാത്തവരിലേക്ക് ചേര്‍ക്കലാകുന്നു. അല്ലെങ്കില്‍ അതില്‍ അല്ലാഹുവിന് പങ്കാളിയുണ്ടെന്നോ സഹായിയുണ്ടെന്നോ വിശ്വസിക്കല്‍. (സംക്ഷിപ്ത വിവര്‍ത്തനം)

ശൈഖ് മുഹമ്മദുബ്‌നു സ്വാലിഹുബ്‌നു ഉഥൈമീന്‍
നേർപഥം വാരിക

സമാപനം

സമാപനം

ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 11)

കണ്ടെത്തലുകള്‍, ഫലങ്ങള്‍

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകളുടെ പരിണാമത്തില്‍ പങ്ക് വഹിച്ച മലയാളക്കരയുടെ വൈജ്ഞാനിക ചലനങ്ങളില്‍ പ്രസിദ്ധമായ ചില കാര്യങ്ങളും കേരളീയരുടെ പങ്കാളിത്തവും നാം സൂചിപ്പിച്ചു കഴിഞ്ഞു. എല്ലാവരും തങ്ങളുടെ ദാര്‍ശനികവും ചിന്താപരവുമായ ഗതിയും വൈജ്ഞാനികമായ ശേഷിയും ഭാഷാപരവും സാഹിതീയവുമായ നൈപുണ്യവും അനുസരിച്ചാണ് സഞ്ചരിച്ചത്. തങ്ങളുടെ ചിന്താധാരകള്‍ക്കും ദാര്‍ശനിക സരണികള്‍ക്കും അനുസരിച്ചാണ് ചിലര്‍ തങ്ങളുടെ പരിഭാഷയും വിവരണവും നിര്‍വഹിച്ചത്.  

നേരായ വിശ്വാസത്തില്‍ നിലകൊണ്ട വിവര്‍ത്തകര്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗത്തില്‍ വളവും വക്രതയുമില്ലാതെ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് നാം കണ്ടു. സന്തുലിതനായ ഒരു വ്യാഖ്യാതാവും മുസ്‌ലിമായ പരിഭാഷകനും സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട കാലടിപ്പാടുകളിലൂടെ അവര്‍ ചലിക്കുന്നതും നാം കണ്ടു. 

എന്നാല്‍ ദേഹേച്ഛക്കൊത്ത് സഞ്ചരിച്ച പരിഭാഷകര്‍ തങ്ങളുടെ വ്യാഖ്യാനങ്ങളിലും മാര്‍ഗങ്ങളിലും സത്യത്തെ ദൂരെ നിറുത്തിയതും നാം കണ്ടു. കാരണം അത്തരക്കാര്‍ പരിഭാഷകള്‍ക്കുള്ള തങ്ങളുടെ അവലംബം തങ്ങളുടെ ദേഹേച്ഛ ഏതൊന്നിലേക്ക് ചായുന്നുവോ അതാക്കി മാറ്റി. ഖാദിയാനികളുടെയും മറ്റു പിഴച്ച കക്ഷികളുടേയും പരിഭാഷകളില്‍ അതാണ് നമുക്ക് വ്യക്തമായത്. 

ഇത്തരത്തിലുള്ള മിക്ക വിവര്‍ത്തകരും പൂര്‍വികരുടെ മാര്‍ഗത്തെ കുറിച്ചുള്ള അവരുടെ അജ്ഞത നിമിത്തവും ഋജുവായ വിശ്വാസത്തില്‍ അവര്‍ക്ക് പ്രാവീണ്യമില്ലാത്തതിനാലും ശരിയായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പരിഭാഷകന്റെ നിബന്ധനകള്‍ തങ്ങളില്‍ ശൂന്യമായതിനാലും വ്യതിയാന ചുഴിയില്‍ അവര്‍ ആവോളം ആപതിച്ചതായി നാം കണ്ടു. 

അവരില്‍ ചിലര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ തങ്ങള്‍ക്ക് യഥേഷ്ടം പുറംകയറാനും ദുരുപയോഗപ്പെടുത്താനുമുള്ള ചവിട്ടുപടിയായും തങ്ങളുടെ സാഹിതീയ നൈപുണ്യം പയറ്റിത്തെളിയാനുള്ള ഉപകരണമായും കണ്ടു. അവര്‍ നന്നായി ഇരുട്ടില്‍ തപ്പി. ഫലമോ? ഭൂരിപക്ഷ മുസ്‌ലിം സമുദായവും വഴികേടില്‍ നിപതിക്കാന്‍ അവര്‍ കാരണക്കാരായി!

കേരളീയര്‍ പിഴച്ച ചിന്താഗതികളുടെയും അഭിപ്രായങ്ങളുടെയും മഹാപ്രവാഹങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് നമുക്ക് ചില വ്യതിചലിച്ച പരിഭാഷകള്‍ മുഖവിലക്കെടുത്ത് പ്രതിപാദിക്കവെ മനസ്സിലായി. പരിഭാഷകള്‍ വായിക്കുന്നതോടെ സംഭൂതമാകുന്ന ഈ നാശഹേതുവായ പ്രവാഹങ്ങളുടെ ആധിക്യത്തിലും വ്യതിചലിച്ച ഗ്രൂപ്പുകളുടെ മഹാ കൂട്ടങ്ങള്‍ക്ക് മുമ്പിലും ധാരാളം മുസ്‌ലിംകള്‍ കൊള്ളേണ്ടതെന്ത്, തള്ളേണ്ടതെന്ത്, സത്യമേത്, അസത്യമേത് എന്നറിയാത്ത പരുവത്തില്‍ ചിന്തകള്‍ താറുമാറായും പരിഭ്രാന്തരായും നില്‍ക്കുന്നു. എന്നാല്‍ രൂഢമൂലമായ ഇസ്‌ലാമിക വിശ്വാസവും ആഴത്തില്‍ വേരൂന്നിയ ഇസ്‌ലാമിക സംസ്‌കാരവും കൈമുതലാക്കിയ കാര്യദര്‍ശിയായ മുസ്‌ലിം, അവന്നൊരുവന്ന് മാത്രമെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സ്വന്തത്തെ ഇത്തരം വിതണ്ഡവാദങ്ങളില്‍നിന്ന് രക്ഷിക്കാനാകൂ. 

നടേസൂചിപ്പിച്ച പിഴച്ച ചിന്തകളും അതിന് സമാനമായവയും കേരളീയ മുസ്‌ലിംകള്‍ക്ക് വിദൂരമല്ല. കാരണം ചിരപുരാതന കാലം മുതലേ ഇന്ത്യയില്‍ മേല്‍കോയ്മ നേടിയ മതങ്ങളുടെ ആശയഗതികള്‍ അടക്കി വാണിട്ടുണ്ട്. കൂടാതെ ഗ്രീക്ക്-പ്ലേറ്റോ ഫിലോസഫികളും ബാത്വിനിയാക്കളുടെ സിദ്ധാന്തങ്ങളും ശിയായിസത്തിന്റെ തീവ്രതയും ഇന്ത്യയില്‍ വാണരുളിയിട്ടുണ്ട്. 

അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹത്താലും ഉദവിയാലും ഇസ്‌ലാം ഒരു വിഭാഗത്തെ രക്ഷപ്പെടുത്തി. ചിലരില്‍, അവര്‍ ഇസ്‌ലാം ആശ്‌ളേഷിച്ചിട്ടുകൂടി പിതാക്കളില്‍നിന്നും പ്രപിതാക്കളില്‍നിന്നും അനന്തരമെടുത്ത വ്യതിചലിച്ച ചിന്തകളുടെ ഊറലുകള്‍ അവശേഷിച്ചു. അവ കയ്യൊഴിയല്‍ അവര്‍ക്ക് പ്രയാസം തന്നെയാണ്. അവര്‍ക്കിടയില്‍ അടക്കിവാണുകൊണ്ടിരിക്കുന്ന അന്തരീക്ഷം, സത്യം സ്വീകരിക്കുന്നതില്‍നിന്ന് അവര്‍ക്ക് കൂച്ച് വിലങ്ങ് തീര്‍ക്കുകയും ചെയ്യും. അല്ലാഹുവില്‍നിന്നുള്ള കാവലുള്ളവരും രൂഢമൂലമായ വിശ്വാസം കൊണ്ടും ഉപകാരപ്രദമായ വിജ്ഞാനംകൊണ്ടും അല്ലാഹു ഹ്യദയം തുറന്നവരും ഒഴികെ. അല്ലാഹുവേ അത്തരക്കാരെ നീ വര്‍ധിപ്പിക്കേണമേ…

ശുപാര്‍ശകള്‍, നിര്‍ദേശങ്ങള്‍

1. ശരിയായ വിശ്വാസത്തെകുറിച്ചുള്ള വിവരക്കേടാണ് മാര്‍ഗഭ്രംശം സംഭവിച്ച അധികപേര്‍ക്കുമുള്ളതെന്ന് ഈ ഹ്രസ്വപഠനത്തിനിടെ നാം മനസ്സിലാക്കി. അതിനാല്‍ തന്നെ മലയാളികള്‍ക്ക്, വിശേഷിച്ചും അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാനാവാത്തവര്‍ക്ക് പൊതുവിലും വിശ്വാസവുമായി ബന്ധപ്പെട്ട വചനങ്ങള്‍ക്ക് വിശ്വാസത്തിന്റെ നാനോന്മുഖങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ വിശദ പരാമര്‍ശമുള്ള ഒരു വിശുദ്ധ ക്വുര്‍ആന്‍ ആശയവിവര്‍ത്തനം സമര്‍പ്പിക്കണം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒന്നുകില്‍ മുകളില്‍ പരാമര്‍ശിച്ച പ്രധാനഭാഗം പ്രത്യേകം പരിഗണിക്കുന്ന രീതിയില്‍ പുതിയ ഒരു പരിഭാഷ തയ്യാര്‍ ചെയ്യുക, അല്ലെങ്കില്‍ മലിക് ഫഹദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ് കോംപ്ലക്‌സ് പ്രസിദ്ധീകരിച്ച പരിഭാഷയില്‍ ആ ഭാഗം ചേര്‍ത്തെഴുതുക. 

2. ഇന്റര്‍നെറ്റിലൂടെ, അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാത്ത, സത്യമറിയാനാഗ്രഹിക്കുന്നവര്‍ക്ക് വിശുദ്ധ ക്വുര്‍ആന്‍ എത്തിക്കുന്നതിനുള്ള ഗംഭീര ശ്രമം നടത്തുക. ഈ രംഗത്ത് അത്യാധുനിക മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുക. 

3. ഒരു പരിഭാഷകനുണ്ടാകേണ്ട നിബന്ധനകള്‍ ഒത്തുചേര്‍ന്നിട്ടില്ലാത്തവര്‍ പുതിയ പരിഭാഷകള്‍ക്ക് പേനയുന്താന്‍ തുടങ്ങിയാല്‍ അതിന് തടയിടാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. 

4. അസത്യത്തിന്റെ വക്താക്കളുടെ പരിഭാഷകള്‍ കയ്യൊഴിയുക. അതിന്നെതിരില്‍ മുന്നറിയിപ്പ് നല്‍കുക. സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് അവയുടെ അപകടങ്ങള്‍ വിവരിച്ച് നല്‍കുക. 

5. വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനങ്ങള്‍ എല്ലാ മുസ്‌ലിമിനും ഉപകാരപ്പെടുമാറ് പള്ളികളിലും പാഠശാലകളിലും പ്രചരിപ്പിക്കാന്‍ ധര്‍മിഷ്ഠരായ ആളുകളെ പ്രോത്‌സാഹിപ്പിക്കുക. 

6. വിശുദ്ധ ക്വുര്‍ആനിലെ വിശുദ്ധ വചനങ്ങളുടെ ആശയ വിവര്‍ത്തന സംഗ്രഹങ്ങള്‍ വായിക്കുന്നവര്‍ തങ്ങള്‍ക്കുടലെടുക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കാനും തെറ്റുകളില്‍ നിന്ന് അകലാനും പ്രാവീണ്യമുള്ളപണ്ഡിതന്മാരെ സമീപിച്ച് വിവരം ഉറപ്പ് വരുത്തുക. 

7. പരിഭാഷകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അറബീഭാഷയിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഭാഷയിലും കഴിവുറ്റ വിശ്വസ്തരായ പണ്ഡിതര്‍ക്ക് പരിശോധനക്ക് നല്‍കുക.

8. അറിവ് തേടുന്നവര്‍ ആധികാരിക തഫ്‌സീറുകളിലേക്ക് വിവരം തേടി മടങ്ങുക. അവര്‍ തര്‍ജമകള്‍ കൊണ്ട് മാത്രം മതിയാക്കാതിരിക്കുക. 

9. അറബിഭാഷ പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക. വരുംതലമുറക്ക് വളര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ഥം ഗ്രഹിച്ച് വളരാമല്ലോ. 

10. അക്വീദയുമായി ബന്ധപ്പെട്ട ആയത്തുകള്‍ പാഠശാലകളില്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഉപയോഗിക്കുക. 

11. വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിച്ചും പരിഭാഷകള്‍ പ്രചരിപ്പിച്ചും വിദ്യാര്‍ഥികളുടെയും പ്രബോധകന്മാരുടെയും ചിന്തകളില്‍ ശരിയായ വിശ്വാസം നട്ടുവളര്‍ത്താന്‍ ശ്രമിക്കുക. അതിലൂടെ സത്യത്തിന്റെ വക്താക്കള്‍ക്ക് വേണ്ടി പ്രതിരോധിക്കുവാനുള്ള ശിക്ഷണം അവര്‍ക്ക് നല്‍കാനും ശ്രമിക്കുക. 

12. അറബി ഭാഷ നന്നായി പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നവര്‍ക്കേ, വിശുദ്ധ ക്വുര്‍ആനിന്റെ മാധുര്യവും ചന്തവും ദൈവികതയും സാഹിതീയ ഭംഗിയും കണ്ടെത്താനാവൂ എന്ന് അറബിഭാഷ നന്നായി കൈകാര്യം ചെയ്യാത്ത; തര്‍ജമകളെ അവലംബിക്കുന്നവര്‍ അറിയല്‍ അനിവാര്യമാണ്. 

13. വിശുദ്ധ ക്വുര്‍ആന്‍ കേവലം ഒരു സാഹിത്യഗ്രന്ഥമോ ഭാഷാപോഷിണിയോ, ഉദ്ദേശിക്കുന്നവര്‍ക്കെല്ലാം തങ്ങളുടെ പരിചയങ്ങള്‍ പയറ്റിത്തെളിയാനുള്ള പരീക്ഷണശാലയോ അല്ല. പ്രത്യുത അല്ലാഹുവില്‍നിന്നുമുള്ള ദിവ്യ വചനങ്ങള്‍ മാത്രമാകുന്നു അത്. അതിനാല്‍ തന്നെ അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും വിവര്‍ത്തനം ചെയ്യപ്പെടുന്ന ഭാഷയിലും സമര്‍ഥരായവര്‍ മാത്രമെ തര്‍ജമക്ക് മുന്നിട്ടിറങ്ങാവൂ. 

അല്ലാഹു നമ്മെ വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുന്ന, പഠിപ്പിക്കുന്ന നിശയുടെ നിഗുഢതയിലും പകലിന്റെ ഓരങ്ങളിലും അത് പാരായണം ചെയ്ത് പ്രാവര്‍ത്തികമാക്കുന്ന ആളുകളില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ; അല്ലാഹുവിന്റെ പ്രത്യേകക്കാരും സ്വന്തക്കാരുമായ അഹ്‌ലുല്‍ ക്വുര്‍ആനില്‍ അല്ലാഹു നമ്മെ ചേര്‍ക്കുമാറാകട്ടെ. അവനത്രെ സസൂക്ഷ്മം കേള്‍ക്കുന്നവന്‍, ഉത്തരം ചെയ്യുന്നവനും. 

മലയാളത്തിലെ ക്വുര്‍ആന്‍ പരിഭാഷകളുടെ കാലക്രമത്തിലുള്ള സമ്പൂര്‍ണ പട്ടിക:

ഈ പട്ടിക തയ്യാറാക്കുന്നതില്‍ തര്‍ജമകള്‍ വിശുദ്ധ ക്വുര്‍ആനിന്റെ സമ്പൂര്‍ണ ആശയ വിവര്‍ത്തനമാണോ എന്നതാണ് ശ്രദ്ധിച്ചിട്ടുള്ളത്. ഇവിടെ പരിഭാഷകന്‍ ഏതൊരു പ്രസ്ഥാനത്തിലേക്ക് ചേര്‍ക്കപ്പെട്ടവനാണെന്നോ ഏത് വീക്ഷാഗതിക്കാരനാണെന്നോ പരിഭാഷയില്‍ ഉപയോഗിച്ച ലിപിയേതെന്നോ കണക്കിലെടുത്തിട്ടില്ല. മലയാള ഭാഷയിലുള്ള വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകള്‍ ചെറുതും വലുതും മധ്യമാനത്തിലുള്ളതും സമ്പൂര്‍ണവും ഭാഗികവുമായി ഏകദേശം അന്‍പതോളമാണെന്നത് ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. പണിപ്പുരയില്‍ പ്രസിദ്ധീകരണത്തിന് തയ്യാര്‍ ചെയ്തുകൊണ്ടിരിക്കുന്ന പരിഭാഷകളെ നാം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പഠനത്തില്‍ നാം സൂചിപ്പിച്ചതായ നിബന്ധനകള്‍ക്കനുസ്യതമായി അവരുടെ പ്രയാണം പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് ഉദവിയുണ്ടാകട്ടെ എന്ന് നാം ആശംസിക്കുന്നു.

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

സലഫികളുടെ പരിഭാഷകള്‍

സലഫികളുടെ പരിഭാഷകള്‍

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 10)

സലഫികള്‍ക്ക് കേരളക്കരയില്‍ ധാരാളം പരിഭാഷകളുണ്ട്. സലഫികള്‍ തങ്ങളുടെ പരിഭാഷകളില്‍ സലഫുകളുടെ മാര്‍ഗം അവലംബിക്കുകയും ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും വഴികേടിന്റെയും തന്നിഷ്ടം പിന്‍പറ്റുന്നതിന്റെയും വക്താക്കളോട് സന്ധിയില്ലാസമരം ചെയ്യുകയും ചെയ്യുന്നു. 

കേരളത്തില്‍ അങ്ങോളമിങ്ങോളം സലഫീ ദഅ്‌വത്തിന് വലിയ സ്വാധീനമുണ്ടായിട്ടുണ്ട്. സൗദിയിലെ വിവിധ സര്‍വകലാശാലകളില്‍നിന്ന് ഇസ്‌ലാമിക വിജ്ഞാനം നേടുകയും ഉപരിപഠന സര്‍ട്ടിഫിക്കറ്റുകള്‍ കരഗതമാക്കുകയും ചെയ്ത പ്രമുഖരും നിപുണരുമായ സലഫി പണ്ഡിതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. ശൈഖ് ഉമര്‍ മൗലവി(റഹ്), സഅദുദ്ദീന്‍ അഹ്മദ് മൗലവി(റഹ്), ശൈഖ് അബ്ദുസ്സമദ് അല്‍കാതിബ്(റഹ്) പോലുള്ളവര്‍ അവരില്‍ ചിലരാണ്. 

ഈ ഗവേഷണ പഠനത്തിന്റെ ആരംഭത്തില്‍ ഉമര്‍ അഹ്മദ് മൗലവിയുടെ പരിഭാഷയെക്കുുറിച്ച് ഞാന്‍ സൂചിപ്പിച്ചിരുന്നു. ഈ പഠനം ഞാന്‍ അവസാനിപ്പിക്കുന്നത് സലഫുകളുടെ മാര്‍ഗമവലംബിച്ച്, അഹ്‌ലുസ്സുന്നത്തിന്റെ വഴിയെ ചലിച്ച്, നിലവിലെ ഏറ്റവും നല്ല പരിഭാഷയെയും വിവരണത്തെയും തിരഞ്ഞെടുത്താണ്. 

മാതൃകാവിവര്‍ത്തനം; വിവരണവും

തര്‍ജമയ്ക്കുള്ള കവാടം തുറക്കപ്പെടുകയും വിധ്വംസക ചിന്തകള്‍ പേറുന്നവര്‍ പരിഭാഷകളിലൂടെ തങ്ങളുടെ വിഷബീജം കുത്തിവെക്കുകയും ചിന്തകള്‍ ചിതറുകയും സംഹാരാത്മക പ്രത്യയശാസ്ത്രങ്ങള്‍ ആണ്‍-പെണ്‍ ഭേദമന്യെ മുസ്‌ലിം മനസ്സുകളില്‍ നുഴഞ്ഞ് കയറുകയും ചെയ്തപ്പോള്‍ കേരളക്കരയിലെ ഒരു സംഘം സത്യത്തിന്റെ നെടുംതൂണുകള്‍ വിവരണത്തോടൊപ്പം ഒരു വിശുദ്ധക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിന് ഉണ്‍മ പകരുന്നതിന്റെ അനിവാര്യത കണ്ടറിഞ്ഞു. പ്രമാണങ്ങള്‍കൊണ്ടും ലക്ഷ്യങ്ങള്‍കൊണ്ടും സത്യത്തിന്റെ വക്താക്കളുടെ മാര്‍ഗം തുറന്ന് കാട്ടുകയും വ്യതിചലിച്ചവരുടെയും കുഴപ്പക്കാരുടെയും മാര്‍ഗത്തിന്നെതിരില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുകവഴി, സത്യത്തിനും അസത്യത്തിനും ഇടയില്‍ ഒരു വിധികര്‍ത്താവിന്റെ സ്ഥാനമലങ്കരിക്കുന്നതിനുവേണ്ടിയായിരുന്നു പ്രസ്തുത തര്‍ജമ. 

പ്രസ്തുത സുരക്ഷിത ചിന്തകളുടെ സാരഥികള്‍:

1. ശൈഖ് മുഹമ്മദുല്‍ കാത്വിബ് (കെ. എം. മൗലവി).

2. ശൈഖ് അലവി മൗലവി (എ. അലവി മൗലവി എടവണ്ണ).

3. ശൈഖ് മൂസ മൗലവി.

4. ശൈഖ് മുഹമ്മദ് അമാനി മൗലവി.

കെ.എം.മൗലവി(റഹ്) മദീനാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് പെന്‍ഷനായി സ്ഥാനമൊഴിഞ്ഞ അബ്ദുസ്സമദ് മൗലവിയുടെ പിതാവാണ്. 

പരിഭാഷകരെ പ്രോത്സാഹിപ്പിച്ചും അവര്‍ക്കൊപ്പം നിന്നും അവര്‍ക്കാവശ്യമായ ഗ്രന്ഥങ്ങളും നിര്‍ലോഭമായ സഹായങ്ങളുമെത്തിച്ചും തന്റെ വിലപ്പെട്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയും ഈ പരിഭാഷയൊരുക്കുന്നതില്‍ കെ.എം. മൗലവി നിര്‍മാണാത്മക പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പരിഭാഷകര്‍ വിശുദ്ധ ക്വുര്‍ആനിന്റെ രണ്ടാം പകുതിയുടെ തര്‍ജമ 1962 ഡിസംബര്‍ മാസത്തില്‍ ആറ് വാള്യങ്ങളിലായി പൂര്‍ത്തിയാക്കുകയും ചെയ്തു. അല്ലാഹുവേ, സ്തുതികള്‍ അഖിലവും നിനക്ക് മാത്രം. 

പരിഭാഷ പണിപ്പുരയിലായിരിക്കെ ശൈഖ് മൂസാ മൗലവി(റഹ്) രോഗഗ്രസ്തനാവുകയും മറ്റുള്ളവരോടൊപ്പം തുടരാനാവാതെ ഒഴികഴിവ് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തു. കെ.എം. മൗലവി(റഹ്) 1964ലും അലവി മൗലവി(റഹ്) 1976ലും മരണപ്പെടുകയുമുണ്ടായി. 

തര്‍ജമ പൂര്‍ത്തിയാക്കാന്‍ പിന്നീട് അവശേഷിച്ചത് ശൈഖ് മുഹമ്മദ് അമാനി മൗലവി(റഹ്) മാത്രമായിരുന്നു. തങ്ങള്‍ തുടങ്ങിവെച്ച മാര്‍ഗേണ അദ്ദേഹം തന്റെ പ്രയാണം തുടരുകയും വിശുദ്ധ ക്വുര്‍ആനിന്റെ ഒന്നാം പകുതിയുടെ വിവര്‍ത്തനം 1979ല്‍ തുടങ്ങി 1985ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അതോടെ ഇരുപത്തിയഞ്ച് വര്‍ഷക്കാലം കൊണ്ട് ഈ മഹല്‍സംരംഭം പൂര്‍ത്തീകരിക്കപ്പെട്ടു. ഉപരിയില്‍നിന്നുള്ള ഔദാര്യം അതൊന്നു മാത്രമാണ് കെട്ടിലും മട്ടിലും മികച്ച ഇത്തരമൊരു പരിഭാഷ പുറത്തിറങ്ങാനുള്ള സ്രോതസ്സ്. പിന്നെ ശൈഖ് മുഹമ്മദ് അമാനി മൗലവി(റഹ്)യുടെ ത്യാഗപൂര്‍ണമായ പരിശ്രമവും. ഇത്തരമൊരു പരിഭാഷക്ക് കേരളക്കര ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ല. പ്രസ്തുത തര്‍ജമ അമാനി മൗലവിയുടെ പരിഭാഷ എന്ന പേരിലാണ് പിന്നീട് പ്രസിദ്ധമായത്. 

വ്യതിരിക്തമായ വിവര്‍ത്തനം

അമാനി മൗലവിയുടെ തര്‍ജമയില്‍ ഇതര പരിഭാഷകള്‍ ഉള്‍കൊള്ളാത്ത ധാരാളം മേന്മകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അവ സംക്ഷിപ്തമായി പറയാം:  

1. എല്ലാ സൂറത്തുകളുടെ തുടക്കത്തിലും ആ സൂറത്തുകളുടെ ഉള്ളടക്കം ചുരുക്കി നല്‍കപ്പെട്ടിട്ടുണ്ട്. 

2. സൂറത്തുകള്‍ക്ക് വല്ല ശ്രേഷ്ഠതയും ഹദീഥുകളില്‍ വന്നിട്ടുണ്ടെങ്കില്‍ അവ എടുത്തുദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

3. സസൂക്ഷ്മവും സരളവുമായ വിവര്‍ത്തനം. 

4. ഒറ്റവാക്കുകളുടെ ആശയാര്‍ഥങ്ങള്‍ അടിക്കുറിപ്പുകളില്‍ നല്‍കപ്പെട്ടിട്ടുണ്ട്. 

5. അവലംബയോഗ്യമായ തഫ്‌സീറുകള്‍ ഉദ്ധരിച്ച് വിശദമായ വ്യാഖ്യാനം. 

6. ആയത്തുകളുമായി ബന്ധമുള്ളതും അവയെ വിശദീകരിക്കുന്നതുമായ ഹദീഥുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. 

7. ആയത്തുകള്‍ വല്ല ചരിത്രസംഭവങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുവെങ്കില്‍ അത് പൂര്‍ണമായും അവലംബ യോഗ്യമായ ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. 

8. ബൈബിള്‍ കെട്ടുകഥകളില്‍നിന്നും ദുര്‍ബല ഹദീഥുകളില്‍നിന്നും തഫ്‌സീറിനെ മുക്തമാക്കാനുള്ള തികഞ്ഞ ശ്രദ്ധ. 

9. വായനക്കാരന് സൗകര്യപ്രദമാകുംവിധം വിശദമായ വിഷയ സൂചിക എല്ലാ വാള്യങ്ങള്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്. 

10. അവതരണ പശ്ചാത്തല സംഭവം, നാസിഖും മന്‍സൂഖും (മുമ്പ് സ്ഥിരപ്പെട്ട വിധിയെ പിന്നീട് ദുര്‍ബലപ്പെടുത്തുമ്പോള്‍ ദുര്‍ബലപ്പെടുത്തിയ വചനവും ദുര്‍ബലപ്പെടുത്തപ്പെട്ട വചനവും) കര്‍മശാസ്ത്ര വീക്ഷണങ്ങളും എടുത്തുദ്ധരിക്കുന്നതിലുള്ള മുഴുശ്രദ്ധ. 

വ്യതിചലിച്ച അഭിപ്രായങ്ങളോടുള്ള ഈ പരിഭാഷയുടെ നിലപാട്

അധിക്ഷേപാര്‍ഹമായ വ്യാഖ്യാനങ്ങളും വ്യതിചലിച്ച ചിന്തകളും നിറഞ്ഞ കേരളത്തിലെ ചില തര്‍ജമകളെക്കുറിച്ച് നാം സൂചിപ്പിച്ചു കഴിഞ്ഞു. പ്രസ്തുത പരിഭാഷകള്‍ വ്യക്തികളിലേക്കോ സംഘടനകളിലേക്കോ ചേര്‍ക്കപ്പെടട്ടെ; അമാനി മൗലവിയുടെ പരിഭാഷ ഇത്തരം പിഴച്ച ചിന്തകള്‍ക്ക് സുചിന്തിതമായ മറുപടി നല്‍കുന്നതില്‍ ധീരമായ നിലപാടാണ് സ്വീകരിച്ചത്. ഒപ്പം വിശുദ്ധ ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട തെളിവുകളും പ്രമാണങ്ങളും സ്ഥാപിച്ചുകൊണ്ട് സത്യത്തെ പുലര്‍ത്തിക്കാണിക്കാനും അസത്യത്തെ അസാധുവാക്കാനും മഹാപരിശ്രമമാണ് നടത്തിയത്. അപ്രകാരം തന്നെ ശൈഖ് മുഹമ്മദ് അമാനി മൗലവിയും കൂട്ടുകാരും അക്വ്‌ലാനികള്‍ക്കും ഖാദിയാനികള്‍ക്കും അഹ്‌ലുല്‍ ക്വുര്‍ആനിന്റെ ആളുകള്‍ക്കും അവര്‍ തങ്ങളുടെ വിഷബീജങ്ങള്‍ കുത്തിവെക്കാനും പിഴച്ച ചിന്തകള്‍ പ്രചരിപ്പിക്കാനും ശ്രമിച്ച സ്ഥലങ്ങളിലെല്ലാം അവര്‍ക്കു മറുപടി നല്‍കാന്‍ പരിഭാഷയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിനാല്‍ പ്രസ്തുത തര്‍ജമ കേവലമൊരു പരിഭാഷ മാത്രമല്ല, പ്രത്യുത നിവേദകശാസ്ത്രവും വൈജ്ഞാനികനിരൂപണവുമടങ്ങിയ ഒരു വിവരണ ഗ്രന്ഥം കൂടിയാണ്. 

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇതത്രെ ഏറ്റവും നല്ല തര്‍ജമ എന്ന് നമുക്ക് വിധി പറയാനാകും. മാത്രമല്ല ഇന്നേവരെ മലയാളത്തിലേക്ക് ഭാഷാന്തരീകരണം നിര്‍വഹിക്കപ്പെട്ട ഏറ്റവും നല്ല വിശുദ്ധ ക്വുര്‍ആന്‍ വിവരണവുമാണിത്; അക്വീദയുടെ വീക്ഷണകോണിലൂടെ നാം അതിലേക്ക് നോക്കിയാലും വീക്ഷണങ്ങളും മാര്‍ഗവും സുരക്ഷിതമാകാനുള്ള അതിന്റെ മുഴുശ്രദ്ധയുടെ കോണിലൂടെ നോക്കിയാലും. 

ഈ തര്‍ജമ തയ്യാറാക്കുന്നതില്‍ വിവര്‍ത്തകര്‍ തഫ്‌സീര്‍ ത്വബ്‌രി, തഫ്‌സീര്‍ ഇബ്‌നുകഥീര്‍, ക്വുര്‍ത്വുബി പോലുള്ള അവലംബയോഗ്യമായ തഫ്‌സീറുകളെയാണ് ആശ്രയിച്ചിരിക്കുന്നത്. കൂടാതെ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം, സുനനു അബീദാവൂദ്, സുനനുന്നസാഈ, സുനനുത്തിര്‍മിദി, സുനനു ഇബ്‌നി മാജ, മുസ്‌നദുല്‍ ഇമാം അഹ്മദ്, ഇമാം മാലികിന്റെ മുവത്വ, സുനനുദ്ദാരിമി തുടങ്ങിയ അവലംബയോഗ്യമായ ഹദീഥ് ഗ്രന്ഥങ്ങളെയും ആശ്രയിച്ചിട്ടുണ്ട്. 

യഥാര്‍ഥത്തില്‍ മലയാളികളുടെ ഇസ്‌ലാമിക ഗ്രന്ഥശേഖരത്തിലെ ഒരു വലിയ വിടവ് ഈ തര്‍ജമ നികത്തി, അതിലൊട്ടും അതിശയോക്തിയില്ല. പ്രസ്തുത തര്‍ജമക്ക് ഉപയോഗിച്ച ഭാഷയും ശൈലിയുമാകട്ടെ തീര്‍ത്തും സുഗമവും ലളിതവുമാണെന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. 

തര്‍ജമയുടെ രംഗത്ത് വിസ്മയകരമായൊരു വികാസം

യു.എ.ഇ ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്റര്‍ ഓഡിയോ കാസറ്റുകളിലൂടെ വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണ ആശയ വിവര്‍ത്തനത്തിന് ശബ്ദം നല്‍കാന്‍ തീരുമാനിച്ചതോടെ വിവര്‍ത്തന രംഗത്ത് വിശാലമായ വികാസമാണ് സംഭവിച്ചത്. ഇസ്വ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ കേരള സലഫി പണ്ഡിതരോട് വിഷയങ്ങള്‍ കൂടിയാലോചിക്കുകയും ഈ മഹല്‍കര്‍മത്തിന്, ശൈഖ് അമാനി മൗലവിയുടെ പരിഭാഷയാവണം അവലംബിക്കേണ്ടതെന്ന നിബന്ധനയോടെ പണ്ഡിതര്‍ അതിന് സമ്മതം മൂളുകയും ചെയ്തു. അതോടെ പണ്ഡിതരായ ശൈഖ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും ശൈഖ് കുഞ്ഞി മുഹമ്മദ് മദനിയും അമാനി മൗലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തെ സംക്ഷിപ്തമാക്കാനും അതിലൂടെ ഒരു വിവര്‍ത്തന സംഗ്രഹം തയ്യാറാക്കാനും ഏല്‍പിക്കപ്പെട്ടു. യു.എ. ഇ. ഇസ്വ്‌ലാഹി സെന്റര്‍ ക്യാസറ്റുകളിലേക്ക് റിക്കോര്‍ഡാക്കുന്നതിനു വേണ്ടിയും അതോടെ മലയാളികളുടെ ഓഡിയോ ലൈബ്രറികളില്‍ മലയാള ഭാഷയില്‍ വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണ ആശയവിവര്‍ത്തനത്തിന്റെ ഏക ഓഡിയോകാസറ്റ് സെറ്റ് സ്ഥാനം നേടാനുമായിരുന്നു പ്രസ്തുത സംക്ഷേപം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ ഈ ഉദ്യമത്തില്‍ പ്രകടമായ വിജയമാണ് നേടിയത്. കാരണം പ്രസ്തുത തര്‍ജമയുടെ ആയിരക്കണക്കിന് കോപ്പികളാണ് സൗദിഅറേബ്യയിലും ഗള്‍ഫ് നാടുകളിലും ഇന്ത്യയിലും ചുരുങ്ങിയ സമയംകൊണ്ട് പ്രചുരപ്രചാരം നേടിയത്. 1987ലായിരുന്നു പ്രസ്തുത കാസറ്റ് സെറ്റിന്റെ പ്രചാരണ തുടക്കം. 

വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്ക്

ഉപരിസൂചിത ഓഡിയോ കാസറ്റ് സെറ്റിനുണ്ടായ ഉപഭോക്താക്കളുടെ വര്‍ധനവും മലയാളികളുടെ അതിയായ താല്‍പര്യവും കാരണത്താല്‍, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും കുഞ്ഞി മുഹമ്മദ് മദനി പറപ്പൂരും അത് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്ന് തയ്യാറാക്കാന്‍ തിരക്ക് പിടിച്ചു പണി ചെയ്തു. സസൂക്ഷ്മം അവര്‍ അത് പരിശോധിച്ചു. ശൈഖ്. കെ.പി.മുഹമ്മദ് മൗലവി അതിന്റെ അവസാനത്തെ സംശോധന നിര്‍വഹിക്കുകയും 1990ല്‍ അതിന്റെ പ്രഥമ പതിപ്പ് കേരളത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. 

മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് 

കോംപ്ലക്‌സിന്റെ ഏറ്റവും നല്ല തീരുമാനം

അഭിമാനത്തോടെയും അതിലേറെ സന്തോഷത്തോടെയും ഇവിടെ പ്രസ്താവയോഗ്യമായ വിഷയമാണ്, പ്രസ്തുത പരിഭാഷ വിശുദ്ധ മദീനയിലെ മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്‌സില്‍ നിന്ന് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം ലഭിച്ചത്. അതോടെ പ്രസ്തുത ഗ്രന്ഥം സൗദി ഭരണാധികാരി ഫഹ്ദ് രാജാവിന്റെ ഒരു മഹാപദ്ധതിയില്‍ ഉള്‍പെട്ടു. പൗരസ്ത്യ-പശ്ചിമദേശങ്ങളിലെ വിവിധ  ഭാഷകളിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തി അതു പ്രസിദ്ധീകരിച്ചുകൊണ്ട് വിശുദ്ധ ക്വുര്‍ആനിന് സേവനം ചെയ്യാനായിരുന്നു പ്രസ്തുത പദ്ധതി. 

ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്‌സ് ചുമതലപ്പെടുത്തിയതിനാല്‍, ഞാനാണ് അതിന്റെ പുനഃപരിശോധന നടത്തിയത്. സരളമായ ശൈലിയും സൂക്ഷ്മമായ ആഖ്യാനവും വിശ്വാസപരമായ തെറ്റുകളില്‍നിന്ന് സുരക്ഷിതവുമാണെന്ന് അതെന്ന് എനിക്ക് കണ്ടെത്താന്‍ സാധിച്ചു. 

സൗദി അറേബ്യക്കകത്തും പുറത്തുമുള്ള ജനങ്ങളുടെ അത്യാവശ്യം പരിഗണിച്ച് വിശുദ്ധ ക്വുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സില്‍ നാലു തവണ തര്‍ജമ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് എന്ന ഇസ്‌ലാമിക മഹല്‍സൗധത്തിന്റെ നടത്തിപ്പുകാര്‍ക്ക് അല്ലാഹു ഉത്തമമായ പ്രതിഫലം പ്രദാനം ചെയ്യട്ടെ. 

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

ക്വുര്‍ആന്‍ വിവര്‍ത്തന രംഗത്ത് അമുസ്‌ലിംകളുടെ പങ്ക്

ക്വുര്‍ആന്‍ വിവര്‍ത്തന രംഗത്ത് അമുസ്‌ലിംകളുടെ പങ്ക്

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 9)

കേരളക്കരയില്‍ ചില അമുസ്‌ലിംകള്‍, ബാഹ്യസമ്മര്‍ദങ്ങളൊന്നുമില്ലാതെ സ്വയമേവ വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുവാനും ഗ്രഹിക്കുവാനും മുന്നോട്ടുവന്നത് വിശുദ്ധക്വുര്‍ആന്‍ പരിഭാഷകളില്‍ ഒരു പുതിയ പരിണാമമായിരുന്നു. അതിനെത്തുടര്‍ന്ന് അവര്‍ അവരുടെ മതത്തില്‍ കാലൂന്നിക്കൊണ്ടു തന്നെ വിശുദ്ധ ക്വുര്‍ആനിന്ന് വിവര്‍ത്തനം തയ്യാറാക്കുന്നതില്‍ പങ്കാളികളായി. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പൊതുവി ലും ഹദീഥിലും ചരിത്രത്തിലും ഓറിയന്റലിസ്റ്റുകളുടെ പങ്കാളിത്തം അറിയുന്ന ഏവര്‍ക്കും അതില്‍ യാതൊരു വൈചിത്ര്യവും തോന്നാനിടയില്ല. 

ഈ രംഗത്ത് തങ്ങളുടെ പങ്കാളിത്തം തെളിയിച്ചവര്‍:

കോന്നിയൂര്‍ രാഘവന്‍ നായര്‍

ഹിന്ദുമത വിശ്വാസിയും കവിയും സാഹിത്യകാരനുമാണ് കോന്നിയൂര്‍ രാഘവന്‍ നായര്‍. നിലവിലുള്ള ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ചില പരിഭാഷകള്‍ ആവോളം പഠിച്ചു. വിശുദ്ധ വചനങ്ങളിലും അവയുള്‍കൊള്ളുന്ന അതിമാനുഷികമായ സാഹിത്യം, വാചാടോപം, വശ്യസുന്ദരശൈലി എന്നിവയിലും നന്നായി ആകൃഷ്ടനായ അദ്ദേഹം താനകപ്പെട്ട മാസ്മരിക വലയത്തില്‍ നിന്നുകൊണ്ട് മലയാള സാഹിത്യത്തില്‍ വിശുദ്ധ ക്വുര്‍ആനിനൊരു കാവ്യരൂപം തയ്യാറാക്കാന്‍ തീരുമാനിച്ചു. 

അങ്ങനെയാണ് വിശുദ്ധ ക്വുര്‍ആനിന്റെ ആശയവിവര്‍ത്തനം ആകര്‍ഷണീയമായ കാവ്യരൂപത്തിലും ഉയര്‍ന്ന സാഹിത്യ പദപ്രയോഗങ്ങളിലൂടെയും പുറത്തുവന്നത്. സാമാന്യം വിദ്യാഭ്യാസമുള്ള സാഹിതീയന്മാര്‍ക്കല്ലാതെ സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസകരമാണ് പ്രസ്തുത സാഹിത്യശൈലി.  

വിശുദ്ധ വചനങ്ങള്‍ വിഷയാധിഷ്ഠിതമായി വിഭജിച്ച് ഓരോ വിഷയങ്ങള്‍ക്കും പ്രാസവും വൃത്തവും അലങ്കാരവും നല്‍കുകയാണ് അദ്ദേഹം ചെയ്തത്. വിവര്‍ത്തകന്‍ ഹിന്ദുമത വിശ്വാസിയായിട്ട് കൂടി തന്റെ ദര്‍ശനം ഒരിക്കലും വിവര്‍ത്തനത്തെയോ രചനയെയോ സ്വാധീനിച്ചില്ല എന്നത് ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അപ്രകാരം തന്നെ അദ്ദേഹവും-നാം അറിഞ്ഞേടത്തോളം-വിശുദ്ധ ക്വര്‍ആനിനാല്‍ സ്വാധീനിക്കപ്പെട്ട് സ്വരക്ഷക്ക് വേണ്ടി മുസ്‌ലിമായിട്ടുമില്ല. 

പ്രസ്തുത കാവ്യ പരിഭാഷ സുന്നീ വിഭാഗത്തിന്റെ ക്രോധത്തെ ആളിക്കത്തിച്ചു. അവര്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത തര്‍ജമയുടെ കോപ്പികള്‍ നശിപ്പിക്കുകയും ചുടുകയും ചെയ്തു. സംഘടിതമായി തന്നെ അത് നശിപ്പിക്കാന്‍ അവര്‍ ഒരുമ്പെടുകയുണ്ടായി. 1977ലായിരുന്നു പ്രസ്തുത സംഭവം. കോന്നിയൂര്‍ രാഘവന്‍ നായരുടെ തര്‍ജമ 960 പേജുകള്‍ ഉള്‍ക്കൊള്ളുന്നു. 

ഈ കാവ്യപരിഭാഷ, യുവത ബുക്ക് ഹൗസ് ‘ദിവ്യദീപ്തി’ എന്ന പേരില്‍ 2000ത്തില്‍ പുനപ്രസിദ്ധീകരണം ചെയ്ത വാര്‍ത്ത നമുക്ക് പിന്നീട് ലഭിച്ചു. 

രാഘവന്‍ നായരുടെ പരിഭാഷ:

കേരളക്കരയില്‍ 1911ല്‍ ഒരു ഹിന്ദു കുടുംബത്തിലാണ് രാഘവന്‍ നായര്‍ ജനിച്ചത്. സാഹിത്യങ്ങള്‍, ഏതുതരം ചിന്തകള്‍ പേറുന്നതായാലും എല്ലാം അറിയണമെന്ന അന്വേഷണ തൃഷ്ണയുള്ള സാഹിത്യപടുവാണ് അദ്ദേഹം. 

ഗവേഷകന്മാര്‍ പറയുന്നു: രാഘവന്‍ നായര്‍ ആദ്യമായി ബൈബിള്‍ പഠനത്തിനാണ് ചടഞ്ഞിരുന്നത്. അതിനെ തുടര്‍ന്ന് ‘ക്രൈസ്തവ ദര്‍ശനം’ രചിക്കുകയും 1972ല്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയുടെ ഒരു കോപ്പി തന്റെ ലൈബ്രറിയിലേക്ക് കൊണ്ടുവരികയും അതിമാനുഷികമായ വിശുദ്ധ വചനങ്ങളുടെ വൈജ്ഞാനികവും സാഹിതീയവും ഭാഷാപരവുമായ അമാനുഷികതകളിലും സാഹിത്യഭംഗിയിലും ആകൃഷ്ടനാവുകയും ചെയ്തു. ഈ മഹദ്ഗ്രന്ഥത്തിന് തന്നാലാ വുന്ന സേവനം ചെയ്യാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. 

 തുടക്കത്തില്‍ ചില വിഭാഗങ്ങളെ അല്‍പം പേടിയുണ്ടായിരുന്നു. അതിനാല്‍ തന്റെ ശ്രമം രഹസ്യമായി തുടങ്ങി. പിന്നീട് വാര്‍ത്തകള്‍ പരക്കുകയും അതോടെ ഈ എഴുത്തുകാരന്റെ മികവുറ്റ കഴിവില്‍ അത്ഭുതംകൂറുന്ന, സാഹിത്യരംഗത്തും ചിന്താമേഖലകളിലും കാരണവന്മാരായ ആളുകളെ, തന്നെ തുണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നവരായി അദ്ദേഹം കണ്ടെത്തി. അവര്‍ അദ്ദേഹത്തെ തന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനും പുറത്തിറക്കാനും സഹായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ തന്റെ വശ്യസുന്ദരമായ സാഹിത്യശൈലിയില്‍ വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തന കാവ്യരൂപം തയ്യാറാക്കി. മറ്റൊരു ഹൈന്ദവ സാഹിത്യകാരന്‍ പി. കെ. നാരായണപിള്ള അത് പരിശോധന നടത്തി. തുടക്കത്തില്‍ പ്രസ്തുത കാവ്യപരിഭാഷ പ്രസിദ്ധീകരിക്കുന്നതില്‍ പ്രയാസം കണ്ടെങ്കിലും പിന്നീട് കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്‌ളിഷിംഗ് ഹൗസിന്റെ സമ്മതത്തോടെ പ്രസാധനം നടക്കുകയുണ്ടായി. കാവ്യ വിവര്‍ത്തനത്തില്‍ നിന്നുള്ള വിരാമം 1983ല്‍ ആയിരുന്നു. 

രാഘവന്‍ നായരുടെ ഈ പരിഭാഷയും മുമ്പ് വിവരിച്ച കോന്നിയൂരിന്റെ പരിഭാഷയെപ്പോലെതന്നെ സാഹിതീയ ഭാഷയിലാണ് രചിക്കപ്പെട്ടത്. പരിഭാഷകന്‍ ഇതുവരെയും ഹിന്ദുമതവിശ്വാസിയായി തുടരുകയാണ്. പരിഭാഷപ്പെടുത്തുന്ന കാലയളവില്‍ വിശുദ്ധ ക്വുര്‍ആനിന്റെ ചൈതന്യവും പരിശുദ്ധിയും അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട്. പല മുസ്‌ലിം നാമധാരികളായ പരിഭാഷകരും ചെയ്തതുപോലെ അദ്ദേഹ വും കോന്നിയൂരും എന്തെങ്കിലും വ്യാഖ്യാനക്കസര്‍ത്തോ കോട്ടിമാട്ടലുകളോ നടത്താന്‍ ധൈര്യപ്പെട്ടിട്ടില്ല. 

ഉപരിസൂചിത രണ്ടു കാവ്യപരിഭാഷകളെക്കുറിച്ചും അതിന്റെ ശരിയെത്ര, വായനായോഗ്യമാണോ, ഉപകാരപ്രദമാണോ എന്നിത്യാദി പ്രശ്‌നങ്ങള്‍ക്ക് വിധി പറയാന്‍ ഞാന്‍ നേരിട്ട് അത് കണ്ടിട്ടില്ല. അവയെക്കുറിച്ചുള്ള എന്റെ പഠനം ചില വിശ്വസ്തരായ മുസ്‌ലിം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ അധിഷ്ഠിതമാണ്. ഡോക്ടര്‍ മുഹമ്മദ് ബഷീര്‍ മലബാരിയും അദ്ദേഹത്തിന്റെ പഠനവും അതില്‍പെട്ടതാണ്. 

(അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

സ്വൂഫീ വിഭാഗത്തിന്റെ പരിഭാഷകള്‍

സ്വൂഫീ വിഭാഗത്തിന്റെ പരിഭാഷകള്‍

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 8)

കഴിഞ്ഞ ലക്കത്തില്‍ നാം സൂചിപ്പിച്ചപോലെ, വികല തര്‍ജമകള്‍ വിശുദ്ധ ക്വുര്‍ആനിനെ വേട്ടയാടുകയായിരുന്നു. പിഴച്ച കക്ഷികളെല്ലാം ആശയവിവര്‍ത്തനത്തിലൂടെ തങ്ങളുടെ വികല ചിന്തകളുടെ വിഷം ചീറ്റുവാനുള്ള ഫലഭൂയിഷ്ഠമായ വേദിയായി വിശുദ്ധ ക്വുര്‍ആനിനെ കണ്ടു. 

ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ വ്യാപനമാരംഭിച്ച സ്വൂഫീചിന്തകള്‍ ഇറാഖ്, പേര്‍ഷ്യ, ഇന്ത്യ എന്നീ നാടുകളിലൂടെ അതിന്റെ പ്രയാണം തുടങ്ങി. വളരെ മുമ്പ് തന്നെ മുഗിളര്‍, ഗസ്‌നവികള്‍ തുടങ്ങിയ ജേതാക്കളിലൂടെ കേരളത്തിലും പ്രവേശിച്ചിട്ടുണ്ട്. എത്രത്തോളമെന്നാല്‍ സ്വൂഫീചിന്തയുടെ കാരണവന്മാരിലൊരാളായ, ഹിജ്‌റ 309ല്‍ മരണപ്പെട്ട, ഹുസൈന്‍ മന്‍സൂര്‍ അല്‍ഹല്ലാജ് ഇന്ത്യയെ ലക്ഷ്യമിടുകയും അവിടുത്തെ ജനങ്ങളെ സ്വൂഫിസത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. 

അജ്ഞത അടക്കിവാഴുകയും വിശുദ്ധ ക്വുര്‍ആനിലും സുന്നത്തിലും പണ്ഡിതന്മാര്‍ക്ക് വിവരം നഷ്ടപ്പെടുകയും ചെയ്ത നാടുകളിലെല്ലാം സ്വൂഫീ ചിന്തകള്‍ക്ക് വലിയ സ്വാധീനമുണ്ടായിട്ടുണ്ട്. എന്നാല്‍ മലബാറാകട്ടെ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പിഴച്ച സ്വൂഫീ ചിന്തകളുടെ വളരെ കുറഞ്ഞ സ്വാധീനമുള്ള നാടുകളില്‍ ഒന്നാണ്. പക്ഷേ, സലഫുസ്സ്വാലിഹുകളുടെ മാര്‍ഗമവംലംബിച്ച് ഹദീഥ് വിജ്ഞാനത്തില്‍ വ്യാപൃതരായിരുന്ന പണ്ഡിതരുടെ അഭാവം പില്‍കാലത്ത് മുസ്‌ലിം അണികളില്‍ വലിയ വിടവും ച്യുതിയും ഉണ്ടാക്കി. തന്നിഷ്ടക്കാരായ സ്വൂഫികള്‍ ഈ അവസരം നന്നായി മുതലെടുത്തു. അവരുടെ തരംതാഴ്ന്ന അഭിപ്രായങ്ങളും ന്യൂനമായ ചിന്തകളും അവര്‍ വ്യാപിപ്പിച്ചു. സുന്നീ വിഭാഗത്തില്‍പെട്ട ചിലര്‍ അവരില്‍ ആകൃഷ്ടരാവുകയും അവരുടെ അധ്യാപനങ്ങള്‍ പഠിച്ചു വളരുകയും ചെയ്തു. 

പരിഭാഷകളുടെ ലോകം വികസിക്കുകയും എല്ലാവരും തങ്ങളാലാവുന്നത് നിര്‍വഹിക്കുകയും ചെയ്തപ്പോള്‍ സ്വൂഫീ കലാലയങ്ങളില്‍ പഠിതാക്കളായ ചിലര്‍ ഇബ്‌നു അറബിയെ പോലുള്ള സ്വൂഫീശൈഖുമാരുടെ ഗ്രന്ഥങ്ങളില്‍ ചടഞ്ഞുകൂടി. സുന്നീ വിഭാഗത്തില്‍ നിന്നും ഈ കെണിയില്‍ കൂപ്പുകുത്തിയ എഴുത്തുകാരനാണ് കെ.വി.എം.പന്താവൂര്‍. സ്വൂഫീ ഗ്രന്ഥങ്ങള്‍ പഠിച്ച ഒരു കവിയായിരുന്നു അയാള്‍. വിശുദ്ധ ക്വുര്‍ആനിലും സുന്നത്തിലും വേണ്ടത്ര വിവരം അയാള്‍ക്കുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാകുന്നത്. സൂഫീ ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സ്വതന്ത്രമായ ഒരു പരിഭാഷ എന്ന നിലയ്ക്ക് കേരളക്കരയിലെ ആ ഇനത്തില്‍ പെട്ട പ്രഥമ പരിഭാഷയായിട്ടാണ് അയാളുടെ തര്‍ജമ ഗണിക്കപ്പെടുന്നത്. തനി സ്വൂഫിസം നിറഞ്ഞ തന്റെ പരിഭാഷയിറക്കാന്‍ നല്ലശ്രമങ്ങള്‍ കെ.വി.എം. നടത്തിയിട്ടുണ്ട്. തന്റെ പരിഭാഷക്ക് ‘അത്തഫ്‌സീറുല്‍ ബാത്വിനി ലില്‍ ക്വുര്‍ആനില്‍ കരീം’ എന്ന് പേരിടുകയും 1991ല്‍ അതിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. തന്റെ പരിഭാഷയിലൂടെ വിശുദ്ധ ക്വുര്‍ആനിന് ആന്തരികവും (ബാത്വിന്‍) ബാഹ്യവുമായ (ളാഹിര്‍) രണ്ട് വശമുണ്ടെന്ന് അയാള്‍ ജല്‍പിച്ചു. വിശുദ്ധ ക്വുര്‍ആനിന്റെ ഓരോ അക്ഷരവും ചില രഹസ്യങ്ങളും നിഗൂഢതകളും ഉള്‍ക്കൊള്ളുന്നു, അത് സ്വൂഫികള്‍ക്കേ മനസ്സിലാകൂ എന്ന വികലവാദവും അയാളുടെ ജല്‍പനങ്ങളിലുണ്ടായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വൂഫീ ശൈഖായ ഇബ്‌നു അറബിയുടെ ‘അത്തഫ്‌സീറുല്‍ കബീര്‍’ എന്ന വിശുദ്ധ ക്വുര്‍ആന്‍ വിവരണം ഇരുപതു വാല്യങ്ങളിലായി പരിഭാഷപ്പെടുത്തണം എന്നതായിരുന്നു അയാളുടെ തീരുമാനം. പക്ഷേ, അയാള്‍ക്കതിന്ന് സാധിച്ചില്ല. അല്ലാഹുവേ നിനക്ക് സ്തുതി. 

പ്രസ്തുത പരിഭാഷക്ക് 148 പേജുകളുള്ള ഒരു ആമുഖം കെ.വി.എം. പന്താവൂര്‍ തയ്യാറാക്കി. സ്വൂഫി ശൈഖുല്‍ അക്ബര്‍ ഇബ്‌നു അറബിയുടെ ജീവിതം അതില്‍ വിവരിക്കുകയും സ്വൂഫിയ്യത്തിന്റെ പുത്തന്‍ നിര്‍മിത സാങ്കേതിക പദങ്ങള്‍ അതില്‍ വിശദീകരിക്കുകയും ചെയ്തു. 

പ്രസ്തുത പരിഭാഷയുടെ ഒന്നാം ഭാഗം സൂറതുല്‍ ഫാത്വിഹയുടെയും സൂറത്തുല്‍ ബക്വറയുടെ ഏതാനും ഭാഗങ്ങളുടെയും ആശയവിവര്‍ത്തനം ഉള്‍കൊള്ളുന്നു. രണ്ടാം ഭാഗമാകട്ടെ അല്‍ബക്വറയുടെ ബാക്കി ഭാഗത്തിന്റെയും സൂറഃ ആലു ഇംറാനിന്റെയും തര്‍ജമ ഉള്‍കൊള്ളുന്നു. 1992ല്‍ പ്രസ്തുത തര്‍ജമയുടെ മൂന്നും നാലും ഭാഗങ്ങള്‍ പുറത്തിറങ്ങി. എല്ലാ ഭാഗങ്ങളിലും 500 പേജുകള്‍ വീതമുണ്ട്. 

മറ്റു വാള്യങ്ങള്‍ പുറത്തിറക്കുന്നത് കെ.വി.എം. പന്താവൂര്‍ നിര്‍ത്തിവെച്ചു. സ്വൂഫീ പ്രസ്ഥാനത്തിന്റെ അണികളില്‍പ്പെട്ട മിക്കവരും അദ്ദേഹത്തിനെതിരില്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു എന്നതിനാലായിരുന്നു അത്. സ്വൂഫീ ചിന്തകളും അവ വഹിക്കുന്ന, ഉലൂമ്(ജ്ഞാനങ്ങള്‍), മുകാശഫാത്(വെളിപാടുകള്‍) അസ്‌റാര്‍ (രഹസ്യങ്ങള്‍) തുടങ്ങിയ ഗൂഢമായ ആശയങ്ങളും പണ്ഡിതന്മാരുടെയും പാമരന്മാരുടെയും മുമ്പില്‍ ഒരുപോലെ വിവരിക്കാന്‍ സാധ്യമല്ലാത്തതാണ് അതിന് കാരണം. ‘അവയില്‍ മിക്കതും സ്വൂഫി ശൈഖുമാര്‍ക്ക് മാത്രം ഗ്രാഹ്യമായവയാണ്. കൂടാതെ വിവരണവും വിവര്‍ത്തനവും സൂഫീ ചിന്തകളെ വികൃതമാക്കുകയും ചെയ്യും’ എന്ന ചിന്തയും സ്വൂഫികളില്‍നിന്നുള്ള വിമര്‍ശനത്തിന് കാരണമായിത്തീര്‍ന്നു. പന്താവൂരിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, പ്രസ്തുത പരിഭാഷ നിര്‍ത്തിവെക്കാനുള്ള കാരണം സ്വൂഫീ ചിന്തകളുടെ വിശുദ്ധിക്ക് പോറലേല്‍ക്കുമോ എന്ന ഭയപ്പാടായിരുന്നു. അല്ലാതെ, വിശുദ്ധ ക്വുര്‍ആനിന്റെ വിശുദ്ധിയെ തന്റെ പിഴച്ച, തലതിരിഞ്ഞ ചിന്തകള്‍കൊണ്ട് മലീമസമാക്കാന്‍ താന്‍ ഉദ്ദേശിച്ചുവല്ലോ എന്ന ഭയപ്പാടായിരുന്നില്ല. 

ഹൃദയങ്ങളെയും ചിന്തകളെയും മാറ്റിമറിക്കുന്നവനായ അല്ലാഹുവേ, നീ പരമ പരിശുദ്ധന്‍. മുന്നിലോ പിന്നിലോ യാതൊരു തെറ്റും വരാത്ത വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ച അല്ലാഹുവേ നീയാകുന്നു വിശുദ്ധന്‍. സ്തുത്യര്‍ഹനും തത്ത്വജ്ഞനുമായവനില്‍ നിന്ന് അവതീര്‍ണമായതാകുന്നു വിശുദ്ധ ക്വുര്‍ആന്‍. 

മലയാള പരിഭാഷകളില്‍ അശ്അരീ ത്വരീക്വത്തിന്റെ സ്വാധീനം

വിവിധ നൂറ്റാണ്ടുകളില്‍ ശാഫിഈ മദ്ഹബുകാരായ അറബികളിലെ ഹദ്‌റമികള്‍ കേരളത്തിലേക്ക് വന്ന കാലം മുതല്‍ അശ്അരിയത്ത് കേരളത്തില്‍ പ്രസിദ്ധമായി. അശ്അരികളായ ഭൂരിപക്ഷം മുസ്‌ലിംകളെയും നയിച്ച ചിന്ത ഇമാം അബുല്‍ഹസന്‍ അല്‍ അശ്അരിയുടെ മദ്ഹബ് പ്രകാരം അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കാം എന്നതായിരുന്നു. അതിനാല്‍ ഗ്രന്ഥ രചനകള്‍ പൊതുവിലും വിശുദ്ധ ക്വുര്‍ആന്‍ വിവരണങ്ങള്‍ വിശേഷിച്ചും നടത്തിയിരുന്നത് ആക്ഷേപാര്‍ഹമായ വ്യാഖ്യാനങ്ങള്‍ കൊണ്ടായിരുന്നു. 

ഇവിടെ, അശ്അരി വിഭാഗത്തിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന, പലര്‍ക്കും അറിയാതെ പോയ ഒരു യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചം വീശാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഥവാ ഇമാം അബുല്‍ഹസന്‍ അല്‍ അശ്അരി(റഹ്) താന്‍ കൊണ്ടുനടന്ന മുഅ്തസലിയത്തിന്റെയും മുഅത്വിലയുടെയും മറ്റും ബിദ്ഈ ചിന്തകളില്‍നിന്ന് പശ്ചാത്തപിച്ച് മടങ്ങുകയും പ്രസ്തുത തൗബ തന്റെ ‘അല്‍ ഇബാന അന്‍ ഉസ്വൂലിദ്ദിയാ നഃ’ എന്ന ഗ്രന്ഥത്തില്‍ വിളംബരം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇമാം ഹാഫിദ് ഇബ്‌നുല്‍ അസാകിര്‍ തന്റെ ‘തബ്‌യീനു കദ്ബില്‍ മുഫ്തരീ…’ എന്ന ഗ്രന്ഥത്തില്‍ ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്. അതുപോലെ, അല്ലാഹുവിന്റെ നാമവിശേഷണങ്ങളിലുള്ള അബുല്‍ഹസന്‍ അല്‍അശ്അരി(റ)യുടെ വീക്ഷണം സലഫുസ്സ്വാലിഹുകളുടെയും പ്രമാണിക പണ്ഡിതരുടേയും വീക്ഷണത്തോട് യോജിച്ചതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അഥവാ അല്ലാഹുവും നബിﷺയും അല്ലാഹുവിന്ന് എന്തെല്ലാം നാമങ്ങളും വിശേഷണങ്ങളും സ്ഥിതീകരിച്ചുവോ അത് നിഷേധിക്കാതെ, രൂപപ്പെടുത്താതെ, സാദ്യശ്യപ്പെടുത്താതെ അല്ലാഹുവിന്ന് സ്ഥിരീകരിക്കുക എന്ന മാര്‍ഗം. അതാണല്ലോ അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ പറഞ്ഞതും:

”അവന്ന് തുല്യമായി യാതൊന്നുമില്ല. അവനെല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു.” (ക്വുര്‍ആന്‍ 42:11). 

അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃയുടെ, അഥവാ സലഫികളുടെ പരിഭാഷകളൊഴിച്ചുള്ള മിക്ക കക്ഷികളുടെയും പരിഭാഷകളിലെല്ലാം ”പരമ കാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു” (ക്വുര്‍ആന്‍ 20:05) എന്ന സൂക്തത്തിലെ ‘സിംഹാസനസ്ഥനായ’ എന്ന വിശേഷണത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. 

ഇത്തരം വചനങ്ങളില്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗത്തെയാണ് അബുല്‍ ഹസന്‍ അല്‍അശ്അരി(റഹ്)യും മാര്‍ഗമായി സ്വീകരിച്ചതെന്ന് ഇക്കൂട്ടര്‍ അറിഞ്ഞിരുന്നുവെങ്കില്‍ യഥാര്‍ഥ വഴിയിലേക്കവര്‍ മടങ്ങുമായിരുന്നു. ഇമാം അബുല്‍ ഹസന്‍ അല്‍അശ്അരി(റഹ്) പറയുന്നു: ”ഒരാള്‍ ‘സിംഹാസനസ്ഥനാവുക’ എന്നതിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു എന്നു ചോദിച്ചാല്‍, ഞാന്‍ അവരോടു പറയും: ‘നിശ്ചയം അല്ലാഹു അവന്റെ സിംഹാസനത്തില്‍ ഉപവിഷ്ഠനാണ്. അല്ലാഹു പറഞ്ഞപോലെ; ‘പരമ കാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.”

ഇമാം മാലികി(റഹ്)ന്റെ വാക്കും ഈ വിഷയത്തില്‍ പ്രസിദ്ധമാണ്. ഒരാള്‍, അല്ലാഹു സിംഹാസനസ്ഥനായി എന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇമാം മാലിക്(റഹ്) പറഞ്ഞു: ‘സിംഹാസനസ്ഥനായി എന്നത് (ക്വുര്‍ആനിലൂടെയും ഹദീഥിലൂടെയും) അറിയപ്പെട്ട കാര്യമാണ്. എങ്ങനെയെന്നത് അജ്ഞാതമാണ്. അത് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. ചോദ്യം ചെയ്യല്‍ ബിദ്അത്താണ്. നിന്റെ തട്ടിക്കയറിയുള്ള ഈ ചോദ്യത്തിലൂടെ നീയൊരു പിഴച്ചവനായിട്ടാണ് ഞാന്‍ കരുതുന്നത്.” താര്‍ക്കികനായതിനാല്‍ പിന്നീട് അയാളെ ഇമാമിന്റെ കല്‍പന പ്രകാരം പുറത്താക്കുകയാണുണ്ടായത്. 

വിവര്‍ത്തന രംഗത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ പങ്ക്

മലയാള ഭാഷയില്‍ വിശുദ്ധ ക്വുര്‍ആനിന് പരിപൂര്‍ണമായ ആശയവിവര്‍ത്തനം ജമാഅത്തെ ഇസ്‌ലാമിക്ക് ഉള്ളതായി ഞാനറിഞ്ഞിട്ടില്ല. ഒരു സംഘം നിപുണരായ എഴുത്തുകാര്‍ ശൈഖ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ‘തഫ്ഹീമുല്‍ ക്വുര്‍ആന്‍’ പരിഭാഷ ഉറുദുവില്‍നിന്ന് മലയാളത്തിലേക്ക് ‘ക്വുര്‍ആന്‍ ഭാഷ്യം’ എന്ന പേരില്‍ ഭാഷാന്തരം നടത്തുകയാണ് ചെയ്തത്. പ്രസ്തുത പരിഭാഷ അറബിയില്‍നിന്ന് നേരിട്ടുള്ളതല്ല, പ്രത്യുത പരിഭാഷയുടെ പരിഭാഷയാണ്. അമാനുഷികമായ അല്ലാഹുവിന്റെ വചനങ്ങള്‍ പ്രഥമവിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍ തന്നെ അതിന്റെ സ്വാധീനം നേര്‍ത്തുപോകുമെന്നത് സുവിദിതമാണല്ലോ. എന്നാല്‍ പരിഭാഷതന്നെ വീണ്ടുമൊരു ഭാഷാന്തരത്തിന് വിധേയമായാല്‍ ഉദ്ദിഷ്ട ആശയനിര്‍വഹണത്തില്‍ അത് തീര്‍ത്തും ദുര്‍ബലമാകും. 

‘ക്വുര്‍ആന്‍ ഭാഷ്യം’ ആറ് വാള്യങ്ങളില്‍ 1972-1998 കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 

ടി.കെ. ഉബൈദ് സാഹിബിന്റെ പരിഭാഷ

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ‘തഫ്ഹീമുല്‍ ക്വുര്‍ആന്‍’ എന്ന ഉറുദു പരിഭാഷയുടെ ഉള്ളടക്കം രത്‌നച്ചുരുക്കമാക്കി രചിക്കുകയാണ് ടി. കെ. ഉബൈദ് സാഹിബ് ചെയ്തത്. അദ്ദേഹം പ്രസ്തുത സംഗ്രഹം ഒരു വാള്യത്തിലാക്കി ചുരുക്കി. 

ആമുഖക്കുറിപ്പില്‍ ടി. കെ. ഉബൈദ് സാഹിബ് പറയുന്നു: ”തന്റെ പരിഭാഷ ഒരിക്കലും വിശുദ്ധ ക്വുര്‍ആനിന്റെ പദാനുപദ വിവര്‍ത്തനമല്ല. പ്രത്യുത മൗദൂദി സാഹിബിന്റെ ‘തഫ്ഹീമുല്‍ ക്വുര്‍ആനില്‍’ വന്ന ചിന്തകള്‍ കൂട്ടി വെക്കുകയും സാഹിത്യ സൗന്ദര്യത്തോടെ അതിനെ വാര്‍ത്തെടുക്കുകയും പ്രസ്താവനാ രൂപത്തില്‍ ഓരോ സംഘം ആയത്തുകള്‍ക്ക് താഴെ അവ ചേര്‍ക്കുകയും ചെയ്തതാണ്. ചിലപ്പോഴെല്ലാം പത്ത് ആയത്തുകളുടെ ഉള്ളടക്കം ഒരിടത്ത് തന്നെ ആയത്ത് നമ്പറോ ഇന്ന ആയത്തിന്റെ അര്‍ഥമെന്നോ നിര്‍ണയിക്കാതെ നല്‍കപ്പെട്ടിട്ടുണ്ട്.” 

ഈ പരിഭാഷയും മറ്റു പരിഭാഷകളെപോലെ നേരിട്ട് വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനമല്ല പ്രത്യുത ഉറുദുവിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട പരിഭാഷയുടെ നവീനശൈലിയിലുള്ള പരിഭാഷയാണ്.  ഭാഷയിലും കോര്‍വയിലും പരിഭാഷകന്‍ നിപുണനാണെങ്കിലും വായനക്കാരന്‍ ഒരു ആയത്തിന്റെ അര്‍ഥം തിരഞ്ഞ് പിടിച്ച് പഠിക്കാന്‍ നോക്കിയാല്‍ പ്രയാസം നേരിടും. പ്രസ്തുത പരിഭാഷ 1988-ല്‍ പ്രസാധനം ചെയ്യപ്പെട്ടു. 

ക്വുര്‍ആനിന്റെ തണലില്‍

ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന ശൈഖ് വി. എസ്. സലീമും ശൈഖ് കുഞ്ഞിമുഹമ്മദ് സാഹിബും സയ്യിദ് ക്വുതുബിന്റെ ‘ഫീദിലാലില്‍ ക്വുര്‍ആന്‍’ എ ന്ന വിശുദ്ധ ക്വുര്‍ആന്‍ വിവരണം ‘ക്വുര്‍ആനിന്റെ തണലില്‍’ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 1995-ല്‍ പ്രസ്തുത പരിഭാഷയുടെ നാല് വാള്യങ്ങള്‍ പുറത്തിറങ്ങി. 

ഈ പരിഭാഷകള്‍ എല്ലാം തന്നെ നമ്മുടെ പഠനവ്യത്തത്തില്‍നിന്ന് പുറത്താണ്. കാരണം അവയൊന്നും വിശുദ്ധ ക്വുര്‍ആനിന്റെ നേരിട്ടുള്ള ആശയവിവര്‍ത്തനത്തില്‍ ശ്രദ്ധയൂന്നിയിട്ടില്ല. അതിനാല്‍ തന്നെ നാംഅവയെപ്പറ്റി ആഴത്തിലുള്ള ഒരു വിശകലനത്തിന് മുതിരാതെ സൂചനയില്‍ മാത്രം ഒതുക്കുകയാണ്. വിശുദ്ധ ക്വുര്‍ആന്‍ മലയാളത്തിലേക്കുള്ള ഭാഷാന്തരീകരണ രംഗത്തെ വികാസം വിവരിക്കാന്‍ മാത്രമാണ് ഇവയെ ല്ലാം എടുത്തുപറഞ്ഞത്.

വിശുദ്ധ കുര്‍ആന്‍ വിവര്‍ത്തന രംഗത്ത് പങ്കാളിത്തം വഹിച്ചവരില്‍ നാം മുമ്പ് സൂചിപ്പിച്ച പ്രൊ. ടി. കെ. ഉബൈദ് സ്വാഹിബിന്റെ ‘ക്വുര്‍ആന്‍ ബോധനം’ എന്ന വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയുടെ ഒന്നാം വാള്യം ഈയിടയായി എനിക്ക് ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ചേര്‍ത്ത് വിളിക്കപ്പെടുന്നവരില്‍ നിന്നുള്ള സമ്പൂര്‍ണ ക്വുര്‍ആന്‍ പരിഭാഷയുടെ പ്രഥമഘട്ടമാണെന്നതിനാല്‍ അത് നമ്മുടെ ഈ പഠനത്തിന്റെ ഭാഗമാണ്. 

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സ്വന്തമായി ആവിഷ്‌കരിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്ന ചിന്തകളെയും അഭിപ്രായങ്ങളെയും വ്യക്തമാക്കാന്‍ കേരളക്കരയില്‍ നടത്തുന്ന ശ്രമങ്ങളില്‍ പെട്ടതാണ് പ്രസ്തുത തര്‍ജമ. അത് മലയാള ഭാഷയിലുള്ള ജമാഅത്തിന്റെ സ്വതന്ത്രവും പ്രഥമവുമായ പരിഭാഷയാണ്. 

പ്രസ്തുത പരിഭാഷയുടെ ഒന്നാം വാള്യത്തിലൂടെ ഒരു മിന്നല്‍ പരിശോധന നടത്തിയപ്പോള്‍; വിവര്‍ത്തകന്‍ ടി.കെ. ഉബൈദ് സ്വാഹിബ് തന്റെ തര്‍ജമയില്‍ സരളമായ ശൈലി നല്‍കിയിട്ടും വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങള്‍ വ്യാപകമായി പ്രതിപാദിച്ചിട്ടും അറബീ മൂലപദങ്ങള്‍ക്ക് സംക്ഷിപ്തവും വിശദവുമായ അര്‍ഥകല്‍പന നല്‍കിയിട്ടും ഇതരവിവര്‍ത്തകര്‍ക്ക് സംഭവിച്ചത് പോലെ അദ്ദേഹത്തിനും വീഴ്ച വന്നു. അഥവാ അക്വ്‌ലാനികളുടെയും തത്ത്വചിന്തകരുടെയും ചിന്തകളില്‍ അദ്ദേഹം ആക്യഷ്ടനാവുകയും തനിക്കിഷ്ടപ്പെട്ട അഭിപ്രായം അവയാണെന്ന് വരുത്തിതീര്‍ക്കും വിധം മിക്കപ്പോഴും മുഖ്യപരിഗണന അത്തരം അഭിപ്രായങ്ങള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. 

നമുക്ക് വ്യക്തമായിടത്തോളം വീഴ്ചയുടെ കാരണം; അദ്ദേഹം പൂര്‍വികരുടെ അഭിപ്രായങ്ങളും ഗ്രന്ഥങ്ങളും നോക്കാതെ സമകാലീനരായ വിവര്‍ത്തകരുടെ പരിഭാഷകളെ അവലംബിക്കാന്‍ തുനിഞ്ഞു എന്നതാണ്. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍). ഇമാം ഇബ്‌നുജരീര്‍, ഇമാം ഇബ്‌നു അബീ ഹാതിം, ഇമാം ബഗവി, ഇമാം ഇബ്‌നു കഥീര്‍ തുടങ്ങിയ പൂര്‍വസൂരികളുടെ അവലംബയോഗ്യമായ ഗ്രന്ഥങ്ങളിലേക്ക് മടങ്ങലും അവയെ അവലംബമാക്കലും അനിവാര്യമാണെങ്കില്‍ മാത്രം പില്‍കാലക്കാരുടെ വിവരണങ്ങളില്‍നിന്ന് വിവരമെടുക്കലുമാണ് ഉചിതമായത്; വിശ്വാസപരവും ചിന്താപരവുമായ വ്യതിയാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കരണീയവും.  

(അവസാനിച്ചില്ല)

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക