കളിപാതകങ്ങള്‍

കളിപാതകങ്ങള്‍

നൈമിഷിക ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും പിന്നാലെ ലക്ഷ്യം മറന്ന് നീങ്ങുകയാണ് മനുഷ്യന്‍. കാലഘട്ടത്തിനനുസരിച്ച് വിനോദത്തിന്റെ മാര്‍ഗവും രൂപവും മാറിക്കൊണ്ടേയിരിക്കുന്നു. വിദ്യാര്‍ഥികള്‍ മുതല്‍ പ്രായംചെന്നവര്‍ വരെ ലഹരിയുടെയും മറ്റ് വൃത്തികെട്ട ആസ്വാദനമുറകളുടെയും അടിമകളാണിന്ന്.

മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, വ്യഭിചാരം എന്നിങ്ങനെയുള്ള സാര്‍വത്രിക തിന്മകള്‍ക്കൊപ്പം ഇന്റര്‍നെറ്റ്, വീഡിയോ ഗെയിം എന്നിവയോടുള്ള അമിതഭ്രമവും, സാഡിസവും ആത്മഹത്യയും NSSIയും (Non Suicidal Self Injury) എല്ലാം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. തിന്മകളിലുള്ള സുഖം ആസ്വദിക്കാനായി ജീവിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. വേദനയില്‍ ആനന്ദം കണ്ടെത്തുക എന്ന നീചവൃത്തിയെ വരിക്കുന്ന സംസ്‌കാരം.

ആകുലതയില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും മോചനം എന്ന നിലയില്‍ സ്വ-പീഡനം (Selfharm) ശീലമാക്കിയവരുടെ എണ്ണം ഇന്ന് വര്‍ധിച്ചിരിക്കുന്നു. 2013 ലെ Global burdan of Desease study(1) പ്രകാരം ആ വര്‍ഷം 3.3 മില്യണ്‍ സ്വ-പീഡന സംഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. 2006ലെ (Truth hart’s Report)(2) പ്രകാരം 12-24 വയസ്സിലുള്ള കുട്ടികളിലാണ് ഇത്തരം സ്വയം മറിവേല്‍പ്പിക്കല്‍ വ്യാപകമാകുന്നത് എന്നാണ് കണ്ടെത്തല്‍. 

നല്ല ശരീരവും ആരോഗ്യവും ദൈവാനുഗ്രഹങ്ങളാണ്. സ്വശരീരത്തെ ദ്രോഹിക്കാനോ മുറിവേല്‍പിക്കാനോ സ്വയം വധിക്കാനോ നമുക്കവകാശമില്ല. നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും ഇഹലോകത്ത് വല്ല വസ്തുവും ഉപയോഗിച്ച് ആത്മഹത്യ ചെയ്താല്‍ അതുകൊണ്ട് അന്ത്യനാളില്‍ അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).

ഇന്റര്‍നെറ്റ്

ഏറ്റവും നൂതനമായ വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പോലും മൂന്നാംകിട രാജ്യങ്ങളിലെ പിന്നോക്ക വിഭാഗത്തിനു പോലും സ്വായത്തമായ കാലമാണിത്. ഇന്റര്‍നെറ്റ് എന്ന പുതുമാധ്യമത്തിന്റെ ചിറകിലേറി വിര്‍ച്വല്‍ വികസനത്തിന്റെ ഓരോ മേഖലയും മനുഷ്യന്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു.

ആശയ വിനിമയം, പഠനം, ഷോപ്പിംഗ്, ഗതിനിര്‍ണയം എന്നിങ്ങനെ പല ദൈനം ദിനാവശ്യങ്ങളും  ഇന്റര്‍നെറ്റ് എളുപ്പമാക്കിത്തന്നിരിക്കുന്നു.

സിരി, വാട്‌സണ്‍, കൊര്‍ട്ടാന എന്നീ എ.ഐ (Artificial Intelligence) കൂടെ ചേരുമ്പോള്‍ ഇന്റര്‍നെറ്റ് മനുഷ്യന്റെ പൂര്‍ണസഹായി ആയി മാറുകയാണ്. എന്നാല്‍ എല്ലാറ്റിലും തിന്മയുടെ സുഖം തേടുന്നവര്‍ ഇവിടെയും കുഴിയൊരുക്കിയിട്ടുണ്ട്. പോണോഗ്രഫിയും സാമ്പത്തിക തട്ടിപ്പും വഞ്ചനങ്ങളും ഇന്റര്‍നെറ്റ് സംവിധാനത്തെ പേടിപ്പെടുത്തുന്നതാക്കിയിട്ടുണ്ട്. ജനമനസ്സിനെ സ്വാധീനിക്കുന്ന പരസ്യങ്ങളും സന്ദേശങ്ങളുമെല്ലാം ഇത്തരത്തില്‍ മോശമായിരിക്കുന്നു.

സിഗരറ്റോ മയക്കുമരുന്നോ കണ്ടിട്ടുപോലുമില്ലാത്ത ‘നല്ല കുട്ടികള്‍’ ഈ കെണിയില്‍ വീണിരിക്കുകയാണ്. ലോകം ഒരു ഗ്രാമമായ കാലത്ത് ഫേസ്ബുക്ക്, വികെ, വാട്‌സപ്പ് എന്നിവയിലൂടെ ‘സോഷ്യല്‍’ ആകുന്ന കുരുന്നുകള്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ കറുത്ത കൈകളില്‍ കുരുങ്ങുന്നുണ്ടോ?

ചാറ്റ് റൂമുകളിലേക്കും വിര്‍ച്വല്‍ കമ്യൂണിറ്റികളിലേക്കും എന്‍ട്രി ലഭിക്കുന്നതോടെ കുട്ടികളുടെ സ്വഭാവം മാറുകയാണ്. കുളിച്ചൊരുങ്ങി സ്‌കൂള്‍ ബസിനു കാത്തുനില്‍ക്കുന്ന ‘നല്ലകുട്ടിയും’ ചാറ്റ്‌റൂമിലെ പിയര്‍ ഗ്രൂപ്പ് പ്രഷറില്‍ കുടുങ്ങുന്ന ‘ചീത്ത കുട്ടിയും’ ഒരാളായിരിക്കാം. അഥവാ ഓണ്‍ലൈന്‍ കമ്യൂണിറ്റികളിലെ മറയത്തിരിക്കുന്ന ചേട്ടന്മാര്‍ നമ്മുടെ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്.

ബ്ലൂ വെയ്ല്‍

2013ല്‍ വികെ വെബ്‌സൈറ്റിലെ ഗ്രൂപ്പില്‍ രൂപം കൊണ്ട മരണക്കളിയാണ് ബ്ലൂ വെയ്ല്‍. പ്ലേ സ്റ്റോറില്‍ നിന്ന് നമ്മുടെ കുട്ടികള്‍ ഗെയിം വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യുന്നു എന്നെല്ലാം പെരുപ്പിച്ച് കാട്ടി മാധ്യമങ്ങള്‍ ഇല്ലാ കഥ മെനഞ്ഞത് എടുത്ത് കാട്ടി ഇങ്ങനെ ഒരു സംഭവമേ ഇല്ല എന്ന് പറയാന്‍ നമുക്കാകില്ല.

ഒരു ആപ്ലിക്കേഷനോ വെബ്‌സൈറ്റോ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിം അല്ലാത്തതിനാല്‍ ആരെന്നോ എങ്ങനെ എന്നോ ഒന്നും പറയാവതല്ല. നവ മാധ്യമങ്ങളിലെ സീക്രട്ട് ഗ്രൂപ്പുകളില്‍ ടാസ്‌ക് അടിസ്ഥാനമാക്കി നടക്കുന്ന എക്‌സിറ്റ് ഇല്ലാത്ത കളി, സ്വയം മുറിവേല്‍പിക്കുക, രാത്രി ഒറ്റക്കിരിക്കുക, കത്തി കൊണ്ട് കയ്യില്‍ ‘എ57,എ40’ എന്നെഴുതുക, വെളുപ്പിന് 4.20ന് എഴുന്നേറ്റ് വീടിനു മേലെ കയറുക, ദിവസം മുഴുവന്‍ ആരോടും സംസാരിക്കാതിരിക്കുക തുടങ്ങി 49 ടാസ്‌കുകള്‍ക്ക് ശേഷം അവസാനമായി “Jump off a high building, Take your life” എന്ന് പറയുന്ന അതിവിചിത്രവും അപകടകരവുമായ കളി(3) എന്നതിനപ്പുറം തെളിവ് നിരത്തി സ്ഥാപിക്കാന്‍ സ്ഥിരമായ പ്ലാറ്റ്‌ഫോം പോലുമില്ലാത്ത ചാലഞ്ച് ഗെയിമാണ് ബ്ലൂവെയ്ല്‍.

ബ്ലൂവെയ്ല്‍ ഗെയിം സ്ഥാപകനായ ഫിലിപ്-ബുദൈകിന്‍ അറസ്റ്റിലാകുമ്പോള്‍ പറഞ്ഞത് ‘ഇവര്‍ ജൈവശാസ്ത്രപരമായ പാഴ്‌ച്ചെലവുകളാണ,് മരിക്കാന്‍ സന്തോഷമുള്ളവര്‍. അവരെ കൊല്ലുക വഴി താന്‍ സമൂഹത്തെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്’ എന്നായിരുന്നു.

ഗെയിമിന്റെ അസ്തിത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാര്‍ത്തകളും എഴുത്തുകളും സംവാദങ്ങളുമുണ്ടെങ്കിലും നാം കരുതിയിരുന്നേ തീരൂ. കാരണം ബ്ലൂവെയ്ല്‍ എന്നത് ഒരു കണ്ണി മാത്രമാണ്. 

അതിഭീകരങ്ങളായ ചലഞ്ച് ഗെയിമുകള്‍ ഇനിയുമേറെയുണ്ട്. (അവ തേടിപ്പിടിക്കുമെന്ന് ഭയന്ന് പേരുകള്‍ ഇവിടെ കുറിക്കുന്നില്ല). ഇവയെല്ലാം പ്രചരിക്കുന്നതും നിലനില്‍ക്കുന്നതും സോഷ്യല്‍ മീഡിയ, ഗ്രൂപ്പുകളിലൂടെ ആണെന്നറിയുമ്പോഴാണ് ഇന്റര്‍നെറ്റിന്റെ ഇരുണ്ട മുഖം നാമറിയുന്നത്.

ഈ ഗെയിമുകള്‍ അസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് 2013ല്‍ സ്ഥാപിച്ച ഗബ്രിയേല്‍ ക്രംപ് മെമ്മോറിയല്‍ പേജും സ്ഥാപകര്‍ ഡാനയുടെയും ക്രംപിന്റെയും 12 കാരനായ മകന്‍ ഗബ്രിയേലും സമാന കഥ പറയുന്ന ഡനായ ലോപസിന്റെ പുസ്തകവും ഈ വില്ലന്‍ കളിയുമായി പോരാടുകയാണ്.

ഇത്തരം ചതിക്കുഴികള്‍ നമ്മോടാവശ്യപ്പെടുന്നത് മുന്‍കരുതലുകളാണ്. സര്‍വോപരി ജീവിത ലക്ഷ്യവും മാര്‍ഗവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ശരീയായ ഇസ്‌ലാമിക വിശ്വാസങ്ങളും സ്വഭാവങ്ങളുമുള്ള കുടുംബവും സമൂഹവും ഇത്തരം ആപത്തുകളില്‍ നിന്ന് സുരക്ഷിതരാണ്. തന്റെ സമയവും ആരോഗ്യവും ചോദ്യം ചെയ്യപ്പെടുമെന്ന് ഉത്തമ ബോധമുള്ള വിശ്വാസി അറിയാതെ പോലും മേല്‍ പറഞ്ഞ തിന്മകളോട് രാജിയാകുമെന്ന് വിശ്വസിക്കാനാവില്ല.

ചെറുതും വലുതുമായ ഗാഡ്ജറ്റുകള്‍ അനായാസം ഉപയോഗിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുള്ള ലോകത്ത്  നാം നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. കുട്ടികള്‍ ഒറ്റക്കിരിക്കുന്ന സമയം പരമാവധി കുറക്കുകയും അവര്‍ക്ക് യഥാര്‍ഥവും നന്മ നിറഞ്ഞതുമായ സാമൂഹിക ബന്ധങ്ങളുണ്ടെന്ന് ഉറപ്പു വരുത്തത്തുകയും ചെയ്യുക.

”ഒരു മനുഷ്യന്‍ അവന്റെ ചങ്ങാതിയുടെ ആദര്‍ശത്തിലായിരിക്കും. അതിനാല്‍ നിങ്ങളിലോരോരുത്തരും ആരുമായി കൂട്ടുകൂടുന്നു എന്ന് നോക്കട്ടെ” എന്ന നബിവചനം ഏറെ ശ്രദ്ധേയമാണ്. 

പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണുള്ളത്. അതിനാല്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഡിവൈസിന് പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനം ഏര്‍പെടുത്തുക, ഫോണില്‍ Unauthorised applications ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഓരോ സോഫ്റ്റ് വെയറിനെ കുറിച്ചും നിങ്ങള്‍ക്ക് ബോധ്യമുണ്ടാകണം. ഈ പൊതു നിര്‍ദേശങ്ങള്‍ നാം അവഗണിച്ചു കൂടാ.

വീഡിയോ ഗെയിമുകള്‍

റിയല്‍ ടൈം സ്ട്രാറ്റജിക് ഗെയിം കളിക്കുന്നത് കുട്ടികളുടെ Cognitive Flexibility വര്‍ധിപ്പിക്കുമെന്നും ബുദ്ധിശക്തി കൂട്ടുമെന്നുമുള്ള പഠനങ്ങള്‍ വാര്‍ത്തയായിരുന്നു.

വീഡിയോ ഗെയിമുകളുടെ അമിത ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ നാം ആവശ്യത്തിലധികം വായിച്ചതു കൊണ്ടോ മറ്റോ ഇന്നും നാം കണ്ണടക്കുന്നു.

പ്രത്യേക ന്യൂറോണ്‍ ഉത്തേജനങ്ങള്‍ക്കപ്പുറത്ത് വീഡിയോഗെയിം ഒരു തരത്തിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്ലതല്ല എന്ന് നാം തിരിച്ചറിയുക. വിജ്ഞാനപ്രദവും ഗുണപ്രദവും ഇസ്‌ലാമികവുമായ ഒട്ടനേകം സോഫ്റ്റ്‌വെയറുകള്‍ സുലഭമായ ഈ കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് എന്ത് നല്‍കണം എന്നത് കുടുതല്‍ നാം ആലോചിക്കേണ്ടതില്ല. എന്നാല്‍ സ്‌ക്രീനുകള്‍ക്കപ്പുറത്ത് പച്ചപ്പാടവും മൈതാനങ്ങളുമുണ്ടെന്നും കായികവും ആരോഗ്യപരവുമായ ഉല്ലാസങ്ങളും ആനന്ദങ്ങളും ഒരു നിലയ്ക്കും അവര്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ എന്നും നാം തിരുമാനമെടുക്കുക.

Ref:

(1) Global burdan of Desease  study 2013, Collaborator’s (22Aug. 2015)

(2) Truth hart’s Report, Mental Health foundation, 2006

(3) hyggy pop.com/news/bluewhalechallenge

 

ത്വാഹാ റഷാദ്
നേർപഥം വാരിക

ഇളകിയാടുന്ന നീലത്തിമിംഗലങ്ങള്‍

ഇളകിയാടുന്ന നീലത്തിമിംഗലങ്ങള്‍

പുതുതലമുറ പഴയതലമുറയ്ക്ക് അത്ഭുതവും ഭീതിയും വളര്‍ത്തുക സ്വാഭാവികമാണ്. ചക്രമെന്തെന്നറിയാതെ ജീവിച്ച ജനതക്ക് മുന്നില്‍ ചക്രവും വാഹനങ്ങളും പ്രത്യക്ഷപ്പെട്ടപ്പോള്‍ അത്ഭുതത്തെക്കാളുപരി ഭീതിയായിരിക്കും സമ്മാനിച്ചിരിക്കുക. കാളകളെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്ന നെല്‍പാടങ്ങളിലേക്ക് യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി ട്രാക്ടര്‍ ഇറങ്ങിയപ്പോള്‍ കര്‍ഷക മനസ്സില്‍ ആഹ്ലാദത്തോടൊപ്പം തൊഴിലാളി മനസ്സുകളില്‍ അവ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന ഭീതിയാണുണ്ടാക്കിയത്. ആധുനികവത്ക്കരണത്തിന്റെ കാഹളം മുഴക്കി കംപ്യൂട്ടര്‍ വന്നപ്പോള്‍ നവോത്ഥാന പ്രസ്ഥാനങ്ങളെന്ന് സ്വയം വിലയിരുത്തുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോലും ഭയന്നതിന്റെ ചരിത്ര സാക്ഷ്യം കേരളത്തിനു മുമ്പിലുണ്ട്. മാനവ ചരിത്രത്തിലുടനീളം ഈ ഭീതി നിലനിന്നതായി കാണുവാന്‍ സാധിക്കും.

ഇതേ പ്രതിസന്ധിയാണ് 21-ാം നൂറ്റാണ്ടില്‍ ലോകത്തെ മുഴുവന്‍ മൊബൈല്‍ സ്‌ക്രീനിലേക്ക് ചുരുക്കിക്കെട്ടിയ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഉടലെടുക്കുകയും ഇന്ന് അതിന്റെ അതിപ്രസരത്തില്‍ ഭീതിജനകമായ സാഹചര്യങ്ങള്‍ വിശിഷ്യാ കൗമാര പ്രായക്കാരുടെ രക്ഷിതാക്കളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുള്ളത്.

ആസ്വാദനങ്ങളുടെ അസാധ്യവും അപ്രാപ്യവുമായ മുഴുവന്‍ വഴികളും വീടിന്റെ സ്വീകരണ മുറിയിലേക്ക് കൊണ്ടുവരികയാണ് ടെലിവിഷന്‍ യുഗം ചെയ്തതെങ്കില്‍ അവയുടെയും അവയ്ക്കപ്പുറമുള്ളതിനെയും ഉള്ളം കൈയിലേക്ക് ചുരുക്കിക്കൊടുക്കുകയാണ് സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെ മീഡിയ ചെയ്തു വെച്ചത്! സ്വകാര്യത, സദാചാരം, ബന്ധങ്ങള്‍ക്കിടയില്‍ പാലിക്കേണ്ടതായ മറകള്‍, മര്യാദകള്‍ എന്നിങ്ങനെ മാനവരാശിയുടെ താളവും സുസ്ഥിരതയും സാധ്യമായിരുന്ന സകല അളവുകോലുകളെയും പറിച്ചെറിഞ്ഞിരിക്കുകയാണ് ന്യൂ മീഡിയ.

ഇവയുടെ തുറന്നുവെച്ച കരാള ഹസ്തങ്ങളിലേക്ക് പുതുതായി പിടിപ്പിച്ച ചില ഗെയ്മുകളാണ് തീവ്രവാദ ഭീഷണിയോളം ലോകത്തങ്ങോളമിങ്ങോളം ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ബ്ലൂവെയില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മരണക്കെണിയുടെ വലവിരിച്ച് വേടന്‍മാര്‍ കാത്തിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലാണെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. കൗമാരക്കാരുടെ സ്വാഭാവിക ആകാംക്ഷകളെയും ആത്മവിശ്വാസ പരീക്ഷണങ്ങളെയും സ്വയം മരണം വരിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നു എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ബ്ലൂവെയില്‍ ലോകത്തങ്ങോളമുള്ള കോടിക്കണക്കിന് ചെറുപ്പക്കാരെയും മധ്യവയസ്‌കരെയും കുട്ടികളെയും സ്ത്രീകളെയും ബുദ്ധിപരവും സാമൂഹികവുമായി അടിമകളാക്കി മാറ്റിയിരിക്കുകയാണ് എന്ന തിരിച്ചറിവ് എത്രപേര്‍ക്കുണ്ട്?

ജീവിതത്തെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുവേണ്ടി ഉണ്ടാക്കിയ  ഏറ്റവും വലിയ മുദ്രാവാക്യമാണ് ജീവിതം ആവേശമാണ് എന്നത്. സത്യത്തില്‍ ജീവിതത്തില്‍ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും അസുലഭ മുഹൂര്‍ത്തങ്ങളുണ്ടാകണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.  പക്ഷേ, ജീവിതം മുഴുവന്‍ ഒരു തരം ആഘോഷമായി കാണണമെന്നും ആ ആഘോഷങ്ങള്‍ പകിട്ടുള്ളതായി മാറണമെന്നും അതിന് നിറംകൂട്ടുന്നതിന് മദ്യത്തന്റെയും പെണ്ണിന്റെയും അകമ്പടി വേണമെന്നും അവ നേടിയെടുക്കുന്നതിന് കൂടുതല്‍ പണമുണ്ടാക്കുവാനുള്ള എളുപ്പ വഴികള്‍ തേടണമെന്നും പറയാതെ പറയുകയാണ് ഇത്തരം പതുമാധ്യമങ്ങള്‍.

അങ്ങനെ വരച്ചുവെച്ച കളത്തിനകത്ത് നില്‍ക്കുന്നവര്‍ മാത്രമെ ആധുനിക കാലത്തിനനുസരിച്ച് ജീവിക്കാന്‍ യോഗ്യത നേടിയിട്ടുള്ളൂ എന്ന് പറഞ്ഞ് ഈ കളത്തില്‍ നിന്ന് പുറത്താകാതിരിക്കുവാന്‍ സകല ധാര്‍മിക സീമകളെയും ലംഘിക്കുവാന്‍ പറ്റിയ പുതിയ തലമുറയുടെ വാര്‍ത്തെടുക്കലാണിവിടെ നടന്നുകൊണ്ടിരിക്കുന്നത്

 ഈ നിറക്കൂട്ടുകള്‍ക്കിടിയില്‍ വാര്‍ധക്യത്തിനും വൃദ്ധന്മാര്‍ക്കും സ്ഥാനമില്ലാതെ പോകുന്നു. രോഗികളും ശയ്യാവലംബികളും അധികപ്പറ്റായി മാറുന്നു. കറുത്തവരും ചുരുണ്ട മുടിക്കാരും അകറ്റിനിര്‍ത്തപ്പെടുന്നു. പണമില്ലാത്തവര്‍ ജീവിക്കാന്‍ യോഗ്യതയില്ലാത്തവരാകുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം ഭീതിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

സാമൂഹ്യ അന്തരീക്ഷത്തെ ഗുരുതരമായി ത്രസിച്ചുകഴിഞ്ഞ ഈ ദുരന്തത്തെ നമുക്കൊന്നായി അതിജീവിക്കണം. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പു വരുത്തുവാന്‍ നാം ശ്രമിക്കുന്നത് നന്നായിരിക്കും:

1. പണക്കൊഴുപ്പിന്റെ മേളകള്‍ മാത്രമല്ല ജീവിതമെന്ന് മക്കളെ നിരന്തരം ബോധ്യപ്പെടുത്തുക. ഇതിനായി ഹോസ്പിറ്റലുകള്‍, മാനസികാരോഗ്യകേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രേരിപ്പിക്കുക.

2. സമ്പാദിക്കുന്നതിനോടൊപ്പം നല്ല കാര്യങ്ങളില്‍ ചെലവഴിക്കുവാന്‍ കൂടിയുള്ള പ്രേരണ ചെറുപ്പത്തിലേ നല്‍കുക

3. പുതിയ സാങ്കേതിക ഉപകരണങ്ങള്‍ (സ്മാര്‍ട്ട് ഫോണ്‍ അടക്കം) പ്രായവും പക്വതയും വിലയിരുത്തിയ ശേഷം മാത്രം നല്‍കുക.

4. മക്കളുടെ നല്ല സഹചാരിയും സുഹൃത്തുക്കളുമായി മാറുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക.

5. മതം ജീവിതത്തില്‍ നിലനിര്‍ത്തലാണ് ഏത് പ്രശ്‌നത്തിനുമുള്ള പരിഹാരമെന്ന തിരിച്ചറിവ് പകര്‍ന്നു നല്‍കുക.

6. മത-ധാര്‍മിക ശിക്ഷണങ്ങള്‍ ജീവിത വഴിയില്‍ മക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുക.

7. സ്വകാര്യമായ ഇന്റര്‍നെറ്റ് ഉപയോഗം (വീട്ടിലായാലും) തടയുക.

8. ബാധ്യതകളെയും കഴിവുകളെയും പരസ്പരം ബന്ധപ്പെടുത്തി ഗുണപരമായി വിനിയോഗിക്കുവാന്‍ ശീലിപ്പിക്കുക

 

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം വാരിക

ഉറക്കം: ദൃഷ്ടാന്തവും അനുഗ്രഹവും

ഉറക്കം: ദൃഷ്ടാന്തവും അനുഗ്രഹവും

"രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങൾ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌”- .

ക്വുർആൻ 30:23

ഉറക്കം മനുഷ്യന്‌ വിശ്രമവും ആശ്വാസവുമാണ്‌. കോടികളുടെ ആസ്തിയുള്ള ധനികർക്കും രാജ്യം ഭരിക്കുന്ന രാജാക്കന്മാർക്കും രാഷ്ട്രത്തലവന്മാർക്കുമൊക്കെ സ്വസ്ഥമായി ഉറങ്ങാൻ കഴിയാതെ വരികയും ഉറങ്ങാനായി ഉറക്കഗുളികകളെ ആശ്രയിക്കേണ്ടിവരികയും ചെയ്യേണ്ട സ്ഥിതി വന്നാൽ…? വല്ലാത്തൊരു അവസ്ഥയായിരിക്കുമത്‌. സമ്പത്തും അധികാരവും പാറാവുകാരുമൊന്നും ആശ്വാസം നൽകാത്ത വല്ലാത്തൊരവസ്ഥ. ശീതീകരിച്ച മുറികളും മൃദുലമായ വിരിപ്പുകളുമൊക്കെയുണ്ടായിട്ടും അവയിൽ തിരിഞ്ഞുമറിഞ്ഞ്‌ സമയം തള്ളിനീക്കുന്ന ഒരാളുടെ മാനസികസംഘർഷം വിവരണാതീതമാണ്‌. ഭൗതികതയല്ല സമാധാനത്തിന്റെ ഹേതുവെന്ന്‌ അത്‌ നമ്മോട്‌ പറയുന്നുണ്ട്‌.

സ്വന്തമായി കിടപ്പാടമില്ലാത്തവർ, ആരുടെയോ ഷട്ടറിട്ട കടവരാന്തയിൽ ചാക്കും പേപ്പറും വിരിച്ച്‌ കിടന്ന്‌ മിനുട്ടുകൾക്കകം കൂർക്കംവലിച്ചുറങ്ങുന്ന മറ്റൊരു കൂട്ടർ! കൊതുകുകളുടെ കുത്തും ചുമരുകളുടെ അഭാവവും അവർക്ക്‌ തടസ്സമാകുന്നില്ല. ശീതീകരിച്ച മുറികളും പട്ടുമെത്തയുമൊന്നും അവർക്കാവശ്യമില്ല.

ഒരിക്കൽ ഖലീഫ ഉമർ‍്യവിനെ അന്വേഷിച്ച്‌ റോമൻ ചക്രവർത്തി വരുമ്പോൾ വൃക്ഷച്ചുവട്ടിൽ സ്വസ്ഥനായി വിശ്രമിക്കുന്ന ഖലീഫയെയാണ്‌ അയാൾക്ക്‌ കാണാൻകഴിഞ്ഞത്‌. തന്റെ കണ്ണുകളെ അയാൾക്ക്‌ വിശ്വസിക്കാനായില്ല. അവസാനം അത്ഭുതത്തോടെ അയാൾ പറഞ്ഞു: “ഉമർ, താങ്കൾ നീതി പാലിച്ചു. അതിനാൽ നിങ്ങൾക്ക്‌ ഉറങ്ങാൻ സാധിക്കുന്നു.”??

ഉറക്കമെന്നത്‌ വല്ലാത്തൊരനുഗ്രഹമാണ്‌. പക്ഷേ, അതിന്റെ അഭാവത്തിലേ അതിന്റെ വിലയറിയാനാകൂ. പടച്ചവന്റെ മഹത്തായ അനുഗ്രഹങ്ങളെ സൂചിപ്പിച്ച പല സന്ദർഭങ്ങളിലും ഉറക്കമെന്ന അനുഗ്രഹത്തെ ക്വുർആൻ പ്രത്യേകം പരാമർശിച്ചത്‌ ശ്രദ്ധേയമാണ്‌. (ഉദാഹരണത്തിന്‌ 25:47, 78:9).

രോഗകാഠിന്യം കൊണ്ടും ശക്തമായ വേദനകൾ കൊണ്ടും പട്ടിണി കൊണ്ടുമൊക്കെ ഉറക്കം കിട്ടാതെ രാത്രികൾ തള്ളിനീക്കുന്ന പലരും നമുക്ക്‌ ചുറ്റുമുണ്ടെന്നത്‌ നാം മറക്കാതിരിക്കുക. ശത്രുക്കളുടെ തടവറയിൽ ഭയന്ന്‌ കഴിയുന്ന നിദ്രാവിഹീനന്റെ മുഖഭാവമൊന്നോർത്തുനോക്കൂ. ഇങ്ങനെ എത്രയെത്രയാളുകൾ… ഉറക്കിന്റെ ഇളംതെന്നലിനായി കൊതിക്കുന്നവർ.

ആരാണ്‌ ഉറക്കം എന്ന ഈ അത്ഭുതാവഹമായ പ്രതിഭാസം നമുക്ക്‌ സംവിധാനിച്ച്‌ വിശ്രമവും ആശ്വാസവും കനിഞ്ഞേകിയത്‌? നാം ചിന്തിച്ചിട്ടുണ്ടോ? ആധുനികശാസ്ത്രത്തിന്‌ പോലും കൃത്യമായി ഒരു വിശദീകരണം നൽകാൻ കഴിയാത്ത ഒരു സമസ്യയായി ഉറക്കം ഇന്നും തുടരുകയാണ്‌. അല്ലാഹു പറയുന്നു: “അവനത്രെ നിങ്ങൾക്ക്‌ വേണ്ടി രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവൻ. പകലിനെ അവൻ എഴുന്നേല്പ്‌ സമയമാക്കുകയും ചെയ്തിരിക്കുന്നു”(25:47).

ഈ അനുഗ്രഹത്തിന്‌ മനസ്സറിഞ്ഞ്‌ നാം നന്ദികാണിക്കാറുണ്ടോ? ഉറക്കവുമായി ബന്ധപ്പെട്ട്‌ അല്ലാഹുവും പ്രവാചകനും പഠിപ്പിച്ച മര്യാദകൾ പാലിക്കാൻ ഇത്തരം ചിന്തകൾ വിശ്വാസികളെ പ്രചോദിതമാക്കും.

അപ്രകാരം തന്നെ ആ ഉറക്കം ഒരുപക്ഷേ, നമ്മുടെ അന്ത്യവുമായേക്കാം. അത്തരത്തിലുള്ള ഒരുപാട്‌ വാർത്തകൾ നാം കേൾക്കുകയും ചെയ്തിട്ടുണ്ട്‌. അതിലേക്ക്‌ സൂചിപ്പിച്ചു കൊണ്ട്‌ അല്ലാഹു പറയുന്നു:

“ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണമായി ഏറ്റെടുക്കുന്നു; മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌”(39:42).

 

ശമീർ മദീനി
നേർപഥം വാരിക

അറബി ഭാഷയും കേരളത്തിലെ വളര്‍ച്ചാ ചരിത്രവും

അറബി ഭാഷയും കേരളത്തിലെ വളര്‍ച്ചാ ചരിത്രവും

ഡിസംബര്‍ 18: ലോക അറബി ഭാഷാദിനം

ഏതൊരു ഭാഷയുടെയും പ്രസക്തി വര്‍ധിക്കുന്നത് അത് ജനകീയമാവുമ്പോഴാണ്. കേവലം ഗ്രന്ഥങ്ങളിലും സാഹിത്യങ്ങളിലും മാത്രമായി ചുരുങ്ങുമ്പോള്‍ ഭാഷ സജീവമാകുകയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും സാമൂഹിക മണ്ഡലങ്ങളെ സക്രിയമാക്കിയും ജാതി മത ഭേദമന്യേ ഭാഷക്ക് പ്രചാരണം നല്‍കുമ്പോള്‍ മാത്രമേ ജനഹൃദയങ്ങളിലേക്ക് ഭാഷ സന്നിവേശിക്കുകയുള്ളൂ. നൂറുകണക്കിന് അറബിക്കോളേജുകളും ആയിരക്കണക്കിന് അറബി അധ്യാപകരും വിദ്യാര്‍ഥികളും കേരളത്തിലെ പൊതുസംവിധാനങ്ങളിലൂടെ അറബിഭാഷയെ ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തിന് ഊടും പാവും നല്‍കിയ മഹാരഥന്മാര്‍ നടത്തിയ നിഷ്‌കാമമായ പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം.

ഡിസംബര്‍ 18 ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം എല്ലാ വര്‍ഷവും അറബി ഭാഷ ദിനമായി ആചരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ച ആറു ഭാഷകളിലൊന്നാണ് അറബി. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് എന്നിവയാണ് മറ്റു ഭാഷകള്‍. ലോകത്തിന്റെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനും ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറു ഭാഷകള്‍ക്കും തുല്യമായ പ്രാധാന്യം നല്‍കുന്നതിനും വേണ്ടി യു. എന്നിന്റെ കള്‍ച്ചറല്‍ വിഭാഗമായ യുനെസ്‌കോ 2010 മുതലാണ് ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിച്ചു വരുന്നത്. 1973 ഡിസംബര്‍ 18 നാണ് അറബി ഭാഷ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ലോകത്തെ 60 രാജ്യങ്ങളിലായി 242 മില്യണ്‍ ജനങ്ങളാണ് അറബി നിത്യേന അവരുടെ ഭാഷയായി ഉപയോഗിച്ചുവരുന്നത്. അതേസമയം, വിശുദ്ധ ക്വുര്‍ആനിന്റെ ഭാഷയെന്ന നിലയ്ക്ക് അറബികളല്ലാത്ത മില്യണ്‍ കണക്കിന് മുസ്‌ലിംകള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ അറബി ഭാഷയെ ഉപയോഗിച്ചു വരുന്നതുകൊണ്ട് തന്നെ ദിനേന ഏറ്റവുമധികം വായിക്കപ്പെടുന്ന ഭാഷയായി അറബിയെ ലോകം കാണുന്നു.

അറബി ഭാഷക്കും സാഹിത്യത്തിനും വലിയ പ്രചാരം വളരെ മുമ്പ് തന്നെ ഉണ്ടായിട്ടുണ്ടെങ്കിലും മുഹമ്മദ് നബി ﷺ യിലൂടെ ഇസ്‌ലാം പൂര്‍ണമാക്കപ്പെടുകയും ക്വുര്‍ആന്‍ ലോക വ്യാപകമാവുകയും ചെയ്തതോടെയാണ് ലോകത്തിന്റെ അഷ്ടദിക്കുകളില്‍ അറബി ഭാഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. പ്രവാചകന്റെ കാലഘട്ടത്തില്‍ തന്നെ കേരളത്തിലേക്ക് അദ്ദേഹത്തിന്റെ അനുചരന്മാരില്‍ ചിലര്‍ കടന്നു വന്നതോടെ കേരളത്തിലെ അറബി ഭാഷയുടെ ചരിത്രത്തിനും 1400 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. സൈനുദ്ദീന്‍ മഖ്ദൂം, കെ.എം മൗലവി തുടങ്ങി ലോകം അംഗീകരിച്ച അറബി ഭാഷ പണ്ഡിതര്‍ കേരളത്തില്‍ ഉദയം ചെയ്തിട്ടുണ്ടെങ്കിലും ഭാഷ സാഹിത്യകൃതികളിലും പണ്ഡിതന്മാരിലും മാത്രമായി അറബി ഭാഷ ചുരുങ്ങുകയായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതിന് വേണ്ടിയുള്ള വായനാ അറിവില്‍ മാത്രമായി അറബിഭാഷയുടെ സൗന്ദര്യം ചുരുങ്ങിയിരുന്നു. വിശ്വ പ്രസിദ്ധരായ അറബി എഴുത്തുകാരും കവികളുമൊക്കെ ജന്മമെടുത്തെങ്കിലും സാധാരണക്കാരില്‍ ഭാഷയുടെ പ്രചാരണം വളരെ ദുര്‍ബലമായിരുന്നു. പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടങ്ങള്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാതിരുന്നതും അറബിഭാഷയോടും മുസ്‌ലിംകളോടും അവര്‍ക്കുണ്ടായിരുന്ന ചതുര്‍ഥിയും ഭാഷയുടെ പ്രചാരണത്തില്‍ പ്രതിബന്ധങ്ങളായി നിലനിന്നു.

കൊളോണിയല്‍ ഭരണകൂടങ്ങളോട് ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നതും സ്വാതന്ത്ര്യ ചിന്തയോട് ഏറെ ആഭിമുഖ്യമുണ്ടായിരുന്നതും മുസ്‌ലിം സമുദായത്തിനായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെയും തുടര്‍ന്നുണ്ടായ ബ്രിട്ടീഷുകാരോടുള്ള ചെറുത്തുനില്‍പിന്റെയും മുന്നില്‍ നിന്നത് മുസ്‌ലിം സമുദായം തന്നെയായിരുന്നുവെന്നും ചരിത്രം പറയുന്നു. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങളോടും അവര്‍ അനുഭവിക്കേണ്ട സൗകര്യങ്ങളോടും വിമുഖത പുലര്‍ത്താന്‍ ബ്രിട്ടീഷുകാരെ ഇതെല്ലാം പ്രേരിപ്പിക്കുകയുണ്ടായി. പ്രസ്തുത കാരണത്താല്‍ മുസ്‌ലിംകള്‍ ഭരണസംവിധാനങ്ങളോട് അകലം പാലിച്ചു വന്നത് ബ്രിട്ടീഷുകാരെ അലോസരപ്പെടുത്തി. ഇന്ത്യാരാജ്യം അടക്കി ഭരിക്കാന്‍ മുസ്‌ലിം സമുദായത്തിന്റെ ഈ നിസ്സഹകരണം തടസ്സമാണെന്നു അവര്‍ക്ക് മനസ്സിലായി. എങ്ങനെയെങ്കിലും അവരുടെ ഭരണത്തോട് മുസ്‌ലിംകളെ അടുപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ അവര്‍ ആവിഷ്‌കരിച്ചു. അതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് മുസ്‌ലിംകളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് മുസ്‌ലിംകളെ ആഭിമുഖ്യമുള്ളവരാക്കി മാറ്റുകയെന്നതാണ് അവര്‍ കണ്ടെത്തിയ പരിഹാര മാര്‍ഗം.

1887ല്‍ മുസ്‌ലിം പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ലോര്‍ഡ് ഡുഫറിന്‍ ഒരു കമ്മീഷനെ നിശ്ചയിച്ചു. വിദ്യാഭ്യാസരംഗത്തേക്ക് മുസ്‌ലിംകളെ ആകര്‍ഷിക്കണമെങ്കില്‍ അവരുടെ ജീവല്‍ ഭാഷയായ അറബി ഭാഷക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ അംഗമായിരുന്ന കമ്മീഷന്‍ വിലയിരുത്തി. അറബി ഭാഷ പഠിപ്പിക്കുന്നതിനായി പ്രത്യേകം ഓറിയന്റല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. കൊല്‍ക്കത്തയിലാണ് അവര്‍ ആദ്യമായി ഓറിയന്റല്‍ സ്‌കൂള്‍ സ്ഥാപിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താന്‍ മുസ്‌ലിം സമുദായത്തില്‍ നിന്നും അധികം ആളുകളൊന്നും തയ്യാറായിരുന്നില്ല. ബ്രിട്ടീഷ് വ്യവസ്ഥിതിയോടുള്ള എതിര്‍പ്പുകള്‍ അവര്‍ തുടര്‍ന്നു.

ഇന്നത്തെ കേരളം, അന്ന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ അന്ന് നാട്ടുരാജ്യമായിരുന്നു. ശ്രീമൂലം തിരുനാളായിരുന്നു 1885 മുതല്‍ 1924 വരെ അവിടുത്തെ രാജാവ്. വക്കം അബ്ദുല്‍ഖാദിര്‍ മൗലവി തന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നു അത്. 1911ല്‍ ആലപ്പുഴയിലെ ലജ്‌നത്തുല്‍ മുഹമ്മദിയ്യ ലൈബ്രറിയില്‍ വെച്ച് വക്കം മൗലവിയുടെ നേതൃത്വത്തില്‍ മുസ്‌ലിം നേതാക്കളുടെ ഒരു സമ്മേളനം നടന്നു. മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത സമ്മേളനം തിരുവിതാംകൂര്‍ രാജാവിനെ നേരില്‍ കണ്ടു നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിംകളെ പൊതുവിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ അറബി ഭാഷ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഡോ: ബിഷപ്പിനെ ഏകാംഗ കമ്മീഷനായി നിയമിച്ചുകൊണ്ട് രാജകല്‍പന വന്നു. 1913ല്‍ ബിഷപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് 25 മുസ്‌ലിം കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു ക്വുര്‍ആന്‍ അധ്യാപകനെ വെക്കാന്‍ ഉത്തരവായി. ആദ്യമായി പതിനഞ്ച് സ്‌കൂളുകളില്‍ ഇപ്രകാരം അറബി അധ്യാപകര്‍ നിയമിക്കപ്പെട്ടു. എന്നാല്‍ ഈ പഠനസൗകര്യം സ്‌കൂള്‍ പ്രവൃത്തി സമയം തുടങ്ങുന്നതിനു മുമ്പായിരുന്നു നല്‍കിയിരുന്നത്. സ്‌കൂളുകളിലെ ടൈം ടേബിളില്‍ ഇത് സ്ഥാനം പിടിച്ചിരുന്നില്ല. 1947ല്‍ സി.പി രാമസ്വാമി അയ്യര്‍ ദിവാനായിരുന്ന സമയത്താണ് മറ്റു വിഷയങ്ങളോടൊപ്പം തന്നെ സ്‌കൂള്‍ സമയത്ത് അറബി പഠിപ്പിക്കാന്‍ ഉത്തരവായത്.

അതേസമയം മലബാറില്‍ ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ കീഴിലായിരുന്നു. സാമ്രാജ്യത്വത്തോടുള്ള മുസ്‌ലിം സമുദായത്തിന്റെ ഒടുങ്ങാത്ത വിദ്വേഷവും ജന്മി കുടിയാന്‍ പ്രശ്‌നങ്ങളും ജ്വലിച്ചുനിന്ന മലബാറിലെ 1921ലെ സമരം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. മാപ്പിള മക്കളുടെ സമരമടക്കം മുസ്‌ലിം സമുദായത്തിന്റെ എതിര്‍പ്പുകളെ നേരിടാന്‍ മദിരാശിയില്‍ 1930ല്‍ ഗവര്‍ണര്‍ സര്‍ മുഹമ്മദ് ഉഥ്മാന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിക്കുകയും സ്‌കൂളുകളില്‍ മതപഠനമെന്ന ആശയം കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അറബിക് പണ്ഡിറ്റുമാരെയും റിലീജിയസ് ഇന്‍സ്ട്രക്റ്റര്‍മാരെയും നിയമിക്കാന്‍ അവര്‍ തീരുമാനിച്ചു. അറബിയെ രണ്ടാം ഭാഷകളില്‍ ഒന്നായി അംഗീകരിച്ചുകൊണ്ട് ആറാം ക്ലാസ് (അന്നത്തെ ഫസ്റ്റ് ഫോം) മുതല്‍ മാത്രമായിരുന്നു അറബി പഠിക്കാനുള്ള സൗകര്യം ഏര്‍പെടുത്തിയത്.

മുസ്‌ലിം ഐക്യസംഘവും കേരളം ജംഇയ്യത്തുല്‍ ഉലമയുമെല്ലാം വിദ്യാഭ്യാസരംഗത്ത് മുന്നേറാന്‍ മുസ്‌ലിം സമുദായത്തോട് ആഹ്വാനം ചെയ്തു. അറബി, മത പഠനങ്ങളോടൊപ്പം ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചു പഠിപ്പിക്കുവാന്‍ പരിമിതമായ സാഹചര്യങ്ങളിലും അവര്‍ പരിശ്രമിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും കെ.എം മൗലവിയുടെ സഹചാരിയുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവി മലപ്പുറം ജില്ലയിലെ ഒരു ഉള്‍പ്രദേശമായിരുന്ന കരിഞ്ചാപ്പാടി എന്ന ഗ്രാമത്തില്‍ 1914ല്‍ ആരംഭിച്ച ‘അല്‍മക്തബതു ലുസൂമിയ്യ’ മത-ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച പാഠശാലക്ക് ഒരുദാഹരണം മാത്രമാണ്. ഈ മദ്‌റസയെ പ്രത്യേകമായി പരാമര്‍ശിക്കുവാന്‍ കാരണമുണ്ട്. ആധുനിക കേരളത്തിലെ അറബി പ്രചാരണ രംഗത്ത് മുഖ്യപങ്കു നിര്‍വഹിച്ച, നൂറു വയസ്സോടടുത്തിട്ടും ഇപ്പോഴും നമ്മുടെയിടയില്‍ കര്‍മോല്‍സുകനായി പ്രവര്‍ത്തിക്കുന്ന പണ്ഡിത കാരണവര്‍ കരുവള്ളി മുഹമ്മദ് മൗലവി ഈ സ്ഥാപനത്തില്‍ കട്ടിലശ്ശേരിയുടെ ശിക്ഷണത്തിലാണ് പഠിച്ചത്.

കരുവള്ളിയുടെ ചരിത്രവും കേരളത്തിലെ അറബി ഭാഷാ വളര്‍ച്ചയുടെ പ്രാരംഭ ചരിത്രമായി വിലയിരുത്താം. 1918ല്‍ ജനിച്ച അദ്ദേഹം കട്ടിലശ്ശേരിയുടെ കീഴില്‍ അറബി-ഉറുദു ഭാഷകളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എട്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ പള്ളി ദര്‍സുകള്‍ അന്വേഷിക്കുമ്പോഴാണ് ഉമറാബാദില്‍ പോയി പഠിക്കാന്‍ കട്ടിലശ്ശേരി ഉപദേശിച്ചത്. പതിനാലാം വയസ്സില്‍ അദ്ദേഹം ഉമറാബാദിലേക്ക് പോയി. അവിടെ വെച്ച് അഫ്ദലുല്‍ ഉലമ ബിരുദം കരസ്ഥമാക്കുകയും ഉറുദു ഭാഷയില്‍ വ്യുല്പത്തി നേടുകയും ചെയ്തു. 1939ല്‍ ഉമറാബാദില്‍ നിന്നും മടങ്ങിയ അദ്ദേഹം അല്‍പകാലം കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണ ഖനിയില്‍ ബ്രിട്ടീഷ് ഉദേ്യാഗസ്ഥരുടെ കൂടെ ജോലി ചെയ്യുകയും അതുവഴി ഇംഗ്ലീഷില്‍ പ്രാവീണ്യം നേടിയെടുക്കുകയും ചെയ്തു. അറബി അധ്യാപക ജോലി അന്വേഷിച്ചു തുടങ്ങിയ അദ്ദേഹത്തിന് ആദ്യം ലഭിച്ചത് ഉറുദു അധ്യാപകന്റെ വേഷമായിരുന്നു. 1944ല്‍ മലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി സ്ഥിരനിയമനം ലഭിച്ചതോടെ അദ്ദേഹത്തിലൂടെ കേരളത്തിനു ഏറ്റവും മികച്ച അറബി പണ്ഡിതനെയും അറബി അധ്യാപകനെയും അറബി പ്രചാരകനെയും ലഭിച്ചുവെന്ന് പറയാം. അറബി ഭാഷയുടെ പ്രചാരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും മുസ്‌ലിം സമുദായാംഗങ്ങളെ അറബി ഭാഷ പഠനത്തിലേക്ക് അടുപ്പിക്കുന്നതിനും വേണ്ടി അക്കാലത്തെ അംഗുലീ പരിമിതരായ അറബി അധ്യാപകരെ അദ്ദേഹം മലപ്പുറത്തെ ലോഡ്ജില്‍ ഒരുമിച്ചുകൂട്ടുകയുണ്ടായി. പ്രസിദ്ധ അറബി സാഹിത്യകാരനും ഗോളശാസ്ത്ര പണ്ഡിതനായിരുന്ന ഫലക്കി മുഹമ്മദ് മൗലവിയുടെ നേതൃത്വത്തില്‍ കരുവള്ളി സെക്രട്ടറിയായിക്കൊണ്ട് അറബിക് പണ്ഡിറ്റ്‌സ് യൂണിയന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. അതാണ് പില്‍ക്കാലത്ത് 1958ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനക്ക് അസ്ഥിവാരമിട്ടത്. അഫ്ദലുല്‍ ഉലമ പാസ്സായവരില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായ ഒന്നാമത്തെ വ്യക്തികൂടിയാണ് അദ്ദേഹം. 1956ല്‍ ഐക്യകേരളം രൂപംകൊണ്ടതോടെ മലബാര്‍, തിരുവിതാംകൂര്‍ വ്യത്യാസങ്ങള്‍ ഇല്ലാതായെങ്കിലും തിരുവിതാംകൂറില്‍ നേരത്തെ വക്കം മൗലവിയുടെ ശ്രമഫലമായി ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ മലബാറില്‍ പുനഃസ്ഥാപിച്ചിരുന്നില്ല. 1957ലെ ഒന്നാമത്തെ കേരള മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ: ജോസഫ് മുണ്ടശ്ശേരിക്ക് കരുവള്ളി മുഹമ്മദ് മൗലവി നല്‍കിയ നിവേദനമാണ് കേരളത്തില്‍ ഇന്ന് കാണുന്ന അറബി ഭാഷ പ്രചാരണത്തിന്റെ മുഖ്യഹേതുവായി കരുതപ്പെടുന്നത്. മുന്‍ മുഖ്യമന്ത്രിയും അറബി ഭാഷയുടെ കാവല്‍ പടയാളിയുമായിരുന്ന സി.എച്ച് മുഹമ്മദ്‌കോയയുടെ നിര്‍ലോഭമായ സഹായങ്ങള്‍ അന്ന് കരുവള്ളിക്ക് ലഭിച്ചിരുന്നു. കേരളത്തിലെ സ്‌കൂളുകളിലെ അറബി പഠനം ഏകീകരിക്കുവാന്‍ വേണ്ടി മുണ്ടശ്ശേരി നിര്‍ദേശിച്ച കമ്മറ്റിയുടെ കണ്‍വീനര്‍ കരുവള്ളിയായിരുന്നു. പാഠപുസ്തകങ്ങള്‍ മാത്രമല്ല, ഗൈഡുകളും അധ്യാപക സഹായികളുമെല്ലാം നിര്‍മിച്ചിരുന്നത് ഈ കമ്മറ്റിയായിരുന്നു. 1962ല്‍ കരുവള്ളി മലബാറിലെ ആദ്യത്തെ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്റ്ററായി നിയമിക്കപ്പെട്ടു. 1974 ല്‍ അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കുന്നതുവരെ ആ സ്ഥാനം അദ്ദേഹം അലങ്കരിച്ചു. അറബി ക്ലാസ്സുകളുടെ സ്ഥലപരിമിതി, അധ്യാപകരുടെ ശമ്പളക്കുറവ്, വിദ്യാര്‍ഥികളുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താന്‍ അദ്ദേഹം ഇന്‍സ്‌പെക്റ്ററായിരുന്ന കാലത്ത് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

1957ലെ ഇ.എം.എസ് സര്‍ക്കാര്‍ തുടക്കത്തില്‍ അറബി അധ്യാപകരുടെ വിഷയം അനുഭാവപൂര്‍വം പരിഗണിച്ചെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാക്കുന്നതില്‍ ഉപേക്ഷ വരുത്തുകയായിരുന്നു. നൂറു മുസ്‌ലിം കുട്ടികള്‍ ഒരു വിദ്യാലയത്തില്‍ ഉണ്ടെങ്കില്‍ അവിടെ അറബിക് തസ്തിക അനുവദിച്ചെങ്കിലും നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് ഫണ്ടില്ലെന്ന കാരണം പറഞ്ഞു ആനുകൂല്യങ്ങള്‍ നിഷേധിച്ചു തുടങ്ങി. കെ.എം സീതി സാഹിബ് ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായും സി.എച്ച് മുഹമ്മദ് കോയ ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തിയാണ് കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്. എങ്കിലും ഭാഷാധ്യാപകര്‍ എന്ന ബഹുമതി അറബി അധ്യാപകര്‍ക്ക് നല്‍കാന്‍ സര്‍ക്കാരും ഉന്നത ഉദേ്യാഗസ്ഥരും തയ്യാറായില്ല. അവര്‍ ഗണിക്കപ്പെട്ടിരുന്നത് ‘സ്‌പെഷലിസ്റ്റ് അധ്യാപകര്‍’ എന്ന രണ്ടാം തരം ജീവനക്കാരായിട്ടായിരുന്നു. അറബി ഭാഷ പ്രചാരകരായിരുന്ന അറബി അധ്യാപകരുടെ ദിനങ്ങള്‍ ഇല്ലായ്മയുടെയും വല്ലായ്മയുടെയും കരിദിനങ്ങളായി മാറി. പക്ഷേ, അറബി ഭാഷയെ നെഞ്ചേറ്റിയിരുന്ന നേതാക്കള്‍ പിറകോട്ടു പോയില്ല. അവര്‍ ഭാഷക്ക് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാനുള്ള യുദ്ധത്തില്‍ തന്നെയായിരുന്നു.

പിന്നീടുള്ള പോരാട്ടങ്ങളില്‍ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്ത വ്യക്തിത്വങ്ങളാണ് സി.എച്ച് മുഹമ്മദ്‌കോയ, മുന്‍ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹ്മദ് കുട്ടി, പി.കെ അഹ്മദ് അലി മദനി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി എന്നിവര്‍. 1967ല്‍ സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായി. അറബി അധ്യാപകര്‍ക്ക് ഭാഷാധ്യാപരുടെ പദവിയും ആനുകൂല്യവും നല്‍കി. 100 കുട്ടികള്‍ വേണമെന്ന നിബന്ധന അദ്ദേഹം എടുത്തുകളഞ്ഞു; 20 കുട്ടികള്‍ മതിയെന്ന് നിര്‍ദേശിച്ചു. ‘കുട നന്നാക്കുന്നവരെയെല്ലാം സി. എച്ച്. അറബി അധ്യാപകരാക്കിയത് കൊണ്ട് കുട നന്നാക്കാന്‍ ആളെ കിട്ടാനില്ല’ എന്ന പരിഹാസവുമായി വിമര്‍ശകര്‍ രംഗത്തുവന്നു. വിമര്‍ശകരുടെ പരിഹാസങ്ങള്‍ ഗൗനിക്കാതെ സി.എച്ച് മുമ്പോട്ടു പോയി. 1962ല്‍ കരുവള്ളി മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്റ്ററായി നിയമിതനാവുകയും പ്രൊഫ: മങ്കട അബ്ദുല്‍ അസീസ് മൗലവി കോളേജ് അധ്യാപകനായി പോകുകയും ചെയ്തതോടെ അറബി അധ്യാപകരുടെ നേതൃത്വത്തിലേക്ക് പി.കെ അഹ്മദ് അലി മദനി കടന്നുവന്നു. സര്‍ക്കാര്‍ രൂപപ്പെടുത്തുന്ന ഭാഷ വിരുദ്ധ നിയമനിങ്ങളെ ദീര്‍ഘവീക്ഷണങ്ങളോടെ തിരിച്ചറിയാനുള്ള പ്രത്യേക പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അറബി ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറാകുമായിരുന്നില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ മനഃപാഠമായിരുന്ന അദ്ദേഹത്തിന്റെ മുമ്പില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അറബിഭാഷ വിരോധികളും പലതവണ മുട്ടുമടക്കിയിട്ടുണ്ട്. 1960ല്‍ സര്‍വീസില്‍ കയറിയതുമുതല്‍ 1990ല്‍ വിരമിക്കുന്നതുവരെയും ശേഷം 2013ല്‍ മരിക്കുന്നതുവരെയും അറബിഭാഷക്കും സമുദായത്തിന്റെ പുരോഗതിക്കും വേണ്ടിയായിരുന്നു അദ്ദേഹം ജീവിതം സമര്‍പ്പിച്ചിരുന്നത്.

പ്രീഡിഗ്രി പോയി പ്ലസ്ടു സ്‌കൂളുകളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ പ്ലസ്ടു തലത്തിലെ അറബി പഠനം പ്രതിസന്ധി നേരിട്ടപ്പോള്‍ സര്‍ക്കാരിനെ കൊണ്ട് പത്തു കുട്ടികള്‍ ഉണ്ടെങ്കില്‍ അവിടെ തസ്തിക അനുവദിക്കാമെന്ന് സമ്മതിപ്പിച്ചതിന്റെ പിന്നിലെ കരം അദ്ദേഹത്തിന്റേതായിരുന്നുവെന്നു മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ അനുസ്മരിക്കുന്നു. അറബിക്കോളേജുകളെ അതിന്റെ തനതായ രൂപത്തില്‍ നിലനിര്‍ത്താന്‍ അദ്ദേഹം നിര്‍വഹിച്ച പങ്ക് വളരെ വലുതാണ്. കെ.പി മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ കേരളത്തിലാദ്യമായി പിറവി കൊണ്ട അറബി മാസികയായിരുന്ന ‘അല്‍ബുഷ്‌റ’യും അഹ്മദ് അലി മദനിയുടെയും സഹപ്രവര്‍ത്തകരായിരുന്ന കക്കാട് അബ്ദുല്ല മൗലവിയുടെയും പി.കെ.എം അബ്ദുല്‍മജീദ് മദനിയുടെയും കര്‍മകുശലതയുടെ സന്തതിയായിരുന്നു.

മതനിരാസ പ്രസ്ഥാനങ്ങള്‍ എന്നും അറബിഭാഷ പഠനത്തിനെതിരായിരുന്നു. പ്രൈമറി ക്ലാസ്സുകളില്‍ മാതൃഭാഷ മാത്രമെ പഠിപ്പിക്കാവൂ എന്ന ആവശ്യവുമായി 1980ല്‍ അവരില്‍ പെട്ട ചിലര്‍ രംഗത്ത് വന്നു. അറബി പഠനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സാംസ്‌കാരിക പശ്ചാത്തലം ഇല്ലായ്മ ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ‘ഭാഷാബോധന നയം’ എന്ന പേരില്‍ അവര്‍ തട്ടിക്കൂട്ടിയ ചില തിയറികള്‍ സര്‍ക്കാരിന് സമര്‍പിക്കുകയും സര്‍ക്കാര്‍ അതിന്റെ അടിസ്ഥാനത്തില്‍ ചില നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. അറബി ഭാഷ പഠിപ്പിക്കണമെങ്കില്‍ പ്രത്യേകമായ ‘സ്ഥല സൗകര്യങ്ങള്‍’ ഒരുക്കണമെന്ന് നിര്‍ദേശിക്കുന്ന ‘അക്കമഡേഷന്‍,’ അറബി പഠിപ്പിക്കണമെങ്കില്‍ രക്ഷിതാവ് നേരിട്ട് വന്നു പ്രത്യേകം എഴുതി ഒപ്പിട്ടുകൊടുക്കണമെന്ന ‘ഡിക്ലറേഷന്‍,’ ഓറിയന്റല്‍ ടൈറ്റില്‍ യോഗ്യതയുള്ളവരും എസ്.എസ്.എല്‍.സി പരീക്ഷ പാസാവണമെന്ന ‘ക്വാളിഫിക്കേഷന്‍’ എന്നിങ്ങനെ പ്രാസഭംഗിയുള്ള മൂന്നു ‘കൂച്ചുവിലങ്ങുകള്‍’ കൊണ്ടുവന്നത് അറബി ഭാഷയെ തന്നെ കേരളത്തിലെ സ്‌കൂളുകളില്‍ നിന്നും പിന്നീട് കോളേജുകളില്‍ നിന്നും കെട്ടുകെട്ടിക്കുന്നതിനു വേണ്ടിയായിരുന്നു. സമുദായം ഉണര്‍ന്നു. സമരത്തിന് തയ്യാറായ അറബി അധ്യാപകരോട് സി.എച്ച് പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടവരാണ്; നിങ്ങള്‍ സമരം ചെയ്യേണ്ടവരല്ല. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.’ മൂന്നു യുവാക്കള്‍ ആ സമരത്തില്‍ വെടിയേറ്റു മരിച്ചുവെങ്കിലും സമുദായത്തിന്റെയും അറബിഭാഷ സ്‌നേഹികളുടെയും സമരവീര്യത്തിനു മുന്നില്‍ സര്‍ക്കാരിന് നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നു.

അറബി ഭാഷ ഒരു സംസ്‌കാരത്തിന്റെ ഭാഷയാണ്. അരാജകത്വം നിറഞ്ഞാടിയിരുന്ന ‘ജാഹിലിയ്യത്തില്‍’ നിന്നും സംസ്‌കാരത്തിന്റെ ഉത്തുംഗ പദവികളിലേക്ക് കയറിപ്പോയ ഒരു സമൂഹത്തെ മുമ്പോട്ട് നയിച്ച വിശുദ്ധ ക്വുര്‍ആനിന്റെ ഭാഷയാണത്. വിശ്വാസത്തെയും സാഹിത്യത്തെയും സംസ്‌കാരത്തെയും ഇഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഭാഷയാണ് അറബി. ഉത്തമ സംസ്‌കാരത്തിന്റെ ജീവിക്കുന്ന പ്രതീകമായിരുന്ന മുഹമ്മദ് നബി ﷺ യുടെ ജീവിതവും സന്ദേശവുമറിയണമെങ്കില്‍ അറബി ഭാഷ അനിവാര്യമാണ്. സാമൂഹികമാധ്യമങ്ങളില്‍ അഭിരമിച്ച് സമയം നഷ്ടപ്പെടുത്തുന്ന യുവസമൂഹം ഭാഷയുടെ പഠനത്തിനായി ഓരോ ദിവസവും കൃത്യമായ സമയം കണ്ടെത്തി തങ്ങളുടെ നിത്യാനുഷ്ഠാനങ്ങളെ പഠനാര്‍ഹമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പല ഭാഷകളും കാലയവനികയ്ക്കുള്ളില്‍ വിസ്മൃതിയിലാകുവാനുള്ള കാരണം ഭാഷ ജനകീയമാവാത്തതാണ്.

സംസ്‌കൃതം നല്ലൊരു ഭാഷയാണ്. കേവലം ഗ്രന്ഥങ്ങളിലും പണ്ഡിതരിലും മാത്രമായി ചുരുങ്ങിയപ്പോള്‍ അത് ജനഹൃദയങ്ങളില്‍ നിന്നും വിസ്മരിക്കപ്പെട്ടു. ഭാഷാ സാഹിത്യങ്ങളുടെ എണ്ണത്തിലല്ല, ഭാഷ അറിയുന്ന മനുഷ്യരുടെ എണ്ണത്തിലാണ് ഒരു ഭാഷയുടെ പ്രസക്തി നിലനില്‍ക്കുന്നത്. മുകളില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രം രചിച്ച മഹത്തുക്കള്‍ അവിശ്രമം ഭാഷയുടെ പ്രചാരകരായി, നിസ്വാര്‍ഥ സേവകരായി, കര്‍മഭടന്മാരായി ജീവിച്ചതുകൊണ്ടാണ് പുതുതലമുറക്ക് അഭംഗുരമായി പഠനം തുടര്‍ന്ന് കൊണ്ടുപോകുവാന്‍ സാധിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്. വേങ്ങരയിലെ ‘ജാമിഅത്തുല്‍ ഹിന്ദ് അല്‍ഇസ്‌ലാമിയ്യ’യില്‍ രണ്ടു ദിവസങ്ങളിലായി സമാപിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ കേരളത്തിലെ അറബി സാഹിത്യരംഗത്തും ഭാഷാപ്രചാരണ രംഗത്തും സേവനമര്‍പ്പിച്ച ചരിത്ര പുരുഷന്മാരെ അനുസ്മരിക്കുകയും പ്രമുഖരെ ആദരിക്കുകയും ചെയ്തതിലൂടെ ഈ തിരിച്ചറിവിന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്.

 

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക

സദ്യകള്‍: അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും

സദ്യകള്‍: അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും

സദ്യകള്‍ക്ക് പൊതുവെ പറയുന്ന പേരാണ് ‘വലീമ’ എന്നത്. ഒരുമിക്കുക, പരസ്പരം ചേരുക എന്നര്‍ഥം വരുന്ന ‘വല്‍മ്’ എന്ന പദത്തില്‍ നിന്നാണ് ‘വലീമ’ എന്ന പദം നിഷ്പന്നമായിട്ടുള്ളത്. രണ്ട് ഇണകള്‍ കൂടിക്കലര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആരംഭമായതിനാല്‍ വിവാഹ സദ്യക്കും ‘വലീമ’ എന്നാണ് പറയുക. എന്നുമാത്രമല്ല, ഈ വിഷയത്തിലാണ് ഈ പേര് ഏറെ ശ്രുതിപ്പെട്ടിട്ടുള്ളത്.

വിവാഹത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സദ്യ നിര്‍ബന്ധമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ട്. അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ)നോട്  ”ഒരാടിനെയെങ്കിലും അറുത്ത് വലീമ നല്‍കണമെന്ന്” നബി(സ്വ) പറഞ്ഞതിനാല്‍ വിവാഹത്തിന്റെ വലീമ നിര്‍ബന്ധമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനുള്ളത്. നബി(സ്വ) അവിടുത്തെ വിവാഹങ്ങള്‍ക്ക് സവീക് (ഗോതമ്പും മാംസവും കലര്‍ത്തി ഉണ്ടാക്കുന്ന ഒരുതരം ഭക്ഷണം) കാരക്ക, പാല്‍കട്ടി, നെയ്യ്, ആട് തുടങ്ങിയവ നല്‍കിയതായി ഹദീഥുകളില്‍ കാണാം. 

സ്വഫിയ്യ(റ)ക്ക് സവീക്കും കാരക്കയും, സൈനബ ബിന്‍ത് ജഹ്ഷിന്(റ) ആടും നല്‍കി എന്നും ഹദീഥുകളില്‍ വന്നിട്ടുണ്ട്. അലി(റ) ഫാത്വിമ(റ)യെ വിവാഹമാലോചിച്ചപ്പോള്‍ ‘വരന്‍ വലീമ നല്‍കേണ്ടതുണ്ട്’ എന്ന് പ്രവാചകന്‍(സ്വ) പറഞ്ഞതായി കാണാം. അബ്ദുറഹ്മാനുബ്‌നു ഔഫ്(റ)വിന്റെ ഹദീഥ് വിശദീകരിച്ച് ഇമാം നവവി(റഹി) പറഞ്ഞത് ഇപ്രകാരമാണ്: ”ആടിനെക്കാള്‍ കുറയാതിരിക്കലാണ് ഏറ്റവും നല്ലത് എന്ന് ഈ കല്‍പനയില്‍ നിന്ന് ഗ്രഹിക്കാം.” വലീമക്ക് കഴിയാത്തവനെ അതിന് സഹായിക്കലും മാതൃകയുള്ളതാണ്. ”ആരുടെയെങ്കിലും അടുക്കല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവനത് കൊണ്ടുവരട്ടെ” എന്ന് നബി(സ്വ) പറഞ്ഞതില്‍ നിന്ന് ഇക്കാര്യം ഗ്രഹിക്കാനാവും. വലീമ വിവാഹദിവസങ്ങള്‍ അവസാനിക്കുന്നതിനിടക്ക് ചെയ്യാന്‍ പറ്റും. കന്യകയാണെങ്കില്‍ ഒരാഴ്ചയും വിധവയാണെങ്കില്‍ മൂന്ന് ദിവസവുമാണ് അതിന്റെ കാലാവധി. വീട്കൂടലിന് ശേഷമാണ് കൂടുതല്‍ നല്ലത്. സൈനബ് ബിന്‍ത് ജഹ്ഷിന് നബി(സ്വ) അങ്ങനെയാണ് വലീമ നല്‍കിയത്.

ഇമാം നവവി പറയുന്നു: ”വലീമ നല്‍കേണ്ട സമയത്തെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം മാലികിനെപ്പോലെയുള്ളവരുടെ അടുക്കല്‍ ഏറ്റവും സ്വീകാര്യാഭിപ്രായം ദമ്പതിമാരുടെ ശാരീരിക ബന്ധത്തിന് ശേഷമാണ് വേണ്ടത് എന്നാണ്. മാലികി മദ്ഹബിലെ മറ്റുചില പണ്ഡിതരുടെ വീക്ഷണം അത് നിക്കാഹ് നടക്കുമ്പോഴാണ് നല്ലത് എന്നാണ്.”

നബി(സ്വ) സൈനബ ബിന്‍ത് ജഹ്ഷിന്റെ വിവാഹത്തിന് പകലില്‍ സൂര്യന്‍ ഉയര്‍ന്നു പൊന്തിയ ശേഷമാണ് വലീമ നല്‍കിയത് എന്നുകാണാം. ആയിശ(റ)യുമായുള്ള നിക്കാഹ് നടന്നത് ദ്വുഹാ സമയത്താണ്. ഒന്നിലധികം വിവാഹങ്ങള്‍ ഒന്നിച്ച് കഴിച്ചാല്‍ ഒരു വലീമ മതിയാകുന്നതാണ്. 

വലീമയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അത് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും ഒരു വലീമയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അവനതിന് പോവട്ടെ.”  വിവാഹമെന്നത് അധികവും ജീവിതത്തില്‍ ഒരു തവണയാണല്ലോ നടക്കാറ്. അതിനാല്‍ അതിനുള്ള ക്ഷണം സ്വീകരിക്കല്‍ ആവശ്യമാണ്. അതേസമയം, വലീമയില്‍ ഇസ്‌ലാമികമല്ലാത്ത കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഒരാള്‍ക്ക് അറിയാന്‍ കഴിയുകയും ആ തിന്മ തിരുത്തിക്കാന്‍ തനിക്ക് സാധ്യവുമല്ല എന്നവന് തോന്നുകയും ചെയ്താല്‍ അത്തരം വലീമകള്‍ക്ക് അയാള്‍ പങ്കെടുക്കരുത്. ഇനി, ആ തിന്മ തിരുത്താന്‍ കഴിയുന്നതാണെങ്കില്‍ അതില്‍ പങ്കെടുക്കുകയും തിരുത്തുകയും ചെയ്യണമെന്നാണ് പണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ പറഞ്ഞിട്ടുള്ളത്.

വലീമയിലേക്ക് പോകാതിരിക്കാനുള്ള ഒഴികഴിവുകള്‍, ഒരാള്‍ക്ക് ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള ഒഴികഴിവുകള്‍ തന്നെയാണ് എന്നാണ് പണ്ഡിതന്‍മാര്‍ സൂചിപ്പിച്ചത്. ധനികരെ മാത്രം വിളിച്ച് മറ്റുള്ളവരെ പാടെ അവഗണിച്ചിട്ടുള്ള വലീമകളാണ് ഏറ്റവും മോശപ്പെട്ടത്. നബി(സ്വ) പറഞ്ഞു: ”ഏറ്റവും മോശമായ വലീമ ഭക്ഷണം ധനികരെ മാത്രം വിളിച്ച് പാവപ്പെട്ടവരെ അവഗണിച്ച് നടത്തപ്പെടുന്നതാണ്.” 

വലീമക്ക് ക്ഷണിക്കുന്നവന്റെ സമ്പാദ്യം പൂര്‍ണമായും ഹലാലായ മാര്‍ഗത്തിലുള്ളതല്ല എന്ന് നമുക്ക് അറിയാമെങ്കില്‍ ആ ഭക്ഷണം നാം ഭക്ഷിക്കേണ്ടതില്ല. അതേസമയം അയാളുടെ സമ്പാദ്യം ഹലാലും ഹറാമും കൂടിക്കലര്‍ന്നതാണെങ്കില്‍ പോവുന്നതിന് വിരോധമില്ല. എങ്കിലും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. വ്യക്തിപരമായിട്ടാണ് ക്ഷണിച്ചതെങ്കില്‍ അതില്‍ മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ പങ്കെടുക്കല്‍ അനിവാര്യമാണ്. എല്ലാവരെയും ഒന്നിച്ചാണ് ക്ഷണിച്ചതെങ്കില്‍ ഉത്തരം കൊടുക്കല്‍ വ്യക്തി ബാധ്യത ആകുന്നില്ല. വലീമ എത്ര ചെറുതാണെങ്കിലും ക്ഷണിക്കപ്പെട്ടാല്‍ പോവുക എന്നതാണ് ശരിയായ രീതി. അതിന്റെ വലിപ്പ ചെറുപ്പം നോക്കി പോകലും പോകാതിരിക്കലും തീരുമാനിക്കരുത്. ”ഒരു കുളമ്പിലേക്കാണ് ഞാന്‍ ക്ഷണിക്കപ്പെട്ടത് എങ്കിലും ഞാന്‍ അതിനുത്തരം നല്‍കുമായിരുന്നു” എന്ന് നബി(സ്വ) പറഞ്ഞത് ഈ വിഷയത്തില്‍ ഒരു വെളിച്ചവും, പ്രവാചകന്റെ വിനയവും ലാളിത്യവും വ്യക്തമാക്കുന്ന ഒരു കാര്യം കൂടിയാണ്.

ഇസ്‌ലാമില്‍ ഉള്ള മറ്റൊരു സദ്യയാണ് അക്വീക്വയുടെ സദ്യ. നവജാത ശിശുവിന്റെ  തലയിലെ മുടിക്കാണ് ഭാഷയില്‍ അക്വീക്വ എന്ന് പറയുക. ഏഴാം ദിവസത്തില്‍ ആ മുടി കളയാനും പേരുവെക്കാനും അന്ന് അറവ് നടത്താനും നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. ആണ്‍കുട്ടിയാണെങ്കില്‍ രണ്ട് ആടും പെണ്‍ കുട്ടിയാണെങ്കില്‍ ഒരാടുമാണ് അറുക്കേണ്ടത്. അതാണ് നബിചര്യ. അറവ് നടത്തി ആ മാംസം കൊണ്ട് ഭക്ഷണമുണ്ടാക്കി നല്‍കലും അനുവദനീയമാണ്.

യാത്ര കഴിഞ്ഞ് വരുമ്പോള്‍ മൃഗത്തെ അറുത്ത് സദ്യനല്‍കല്‍ അനുവദനീയമാണ്. നബി(സ്വ) മദീനയിലെത്തിയപ്പോള്‍ അങ്ങനെ ചെയ്തിരുന്നു എന്ന് കാണാം. അത് വരുന്നവനാണോ, വരുന്നവനെ സ്വീകരിക്കുന്നവനാണോ ചെയ്യേണ്ടത് എന്നതില്‍ രണ്ടഭിപ്രായമുണ്ട്. രണ്ടും ആവാം. ഇതിന് ”വലീമത്തുന്നഖീഅ” എന്നാണ് പേര്.

ആണ്‍കുട്ടികളുടെ ചേലാകര്‍മവുമായി ബന്ധപ്പെട്ട് സദ്യ നടത്തുന്നതിന് തെളിവുകളൊന്നും പ്രമാണങ്ങളില്‍ വന്നിട്ടില്ല. അഫ്ഫാനിബ്‌നു അബില്‍ആസ്വ്(റ) ഒരു സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടു. അത് ചേലാകര്‍മവുമായി ബന്ധപ്പെട്ട സദ്യയാണെന്ന് വ്യക്തമായപ്പോള്‍ ‘ഇത്തരം സദ്യകള്‍ ഞങ്ങള്‍ പ്രവാചകന്റെ കാലത്ത് ഭക്ഷിച്ചിരുന്നില്ല’ എന്നുപറഞ്ഞ് എഴുന്നേറ്റ പോന്നു (അഹ്മദ്).

അതിഥി സല്‍ക്കാരം പ്രോത്സാഹിപ്പിക്കപ്പെട്ട മറ്റൊരു സദ്യയാണ്. ”വലീമത്തു മഅ്ദുബ” എന്നാണിതിന് പേര്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലാത്ത, വിരുന്നിന് വിളിച്ച് നല്‍കുന്ന സദ്യ. ഇത് അനുവദനീയമാണ്. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമാവുന്ന ഇത്തരം സദ്യകള്‍ പ്രോത്സാഹനാര്‍ഹമാണ്. ”വലീമത്തുല്‍ ഹിദാക്ക” എന്ന പേരില്‍ ക്വുര്‍ആന്‍ ഖതം തീര്‍ക്കുന്ന അന്ന് നല്‍കുന്ന സദ്യക്ക് പ്രമാണങ്ങളില്‍ തെളിവില്ല.

വീടുപണി കഴിഞ്ഞ് താമസം തുടങ്ങുമ്പോള്‍ നല്‍കുന്ന സദ്യക്ക് ”വലീമത്തുല്‍ വക്കീറ” എന്നാണ് പേര്. വീട് ഒരു വലിയ അനുഗ്രഹമാണ്. അത് പൂര്‍ത്തിയായ സന്തോഷത്തില്‍ നല്‍കുന്ന സദ്യയാണിത്. ഇസ്‌ലാമിക മര്യാദകളില്‍ നിന്ന് കൊണ്ട് ആ സന്തോഷ ദിനത്തില്‍ ഭക്ഷണം നല്‍കല്‍ ഒരു മതാചാരമായി കരുതുന്നില്ല എങ്കില്‍ തെറ്റാണെന്ന് പറയാന്‍ ന്യായം കാണുന്നില്ല. 

”വലീമത്തുല്‍ വദീമ” എന്ന പേരില്‍ എന്തെങ്കിലും മുസ്വീബത്തുകള്‍ ബാധിച്ചാല്‍ ഉണ്ടാക്കുന്ന ഭക്ഷണം ഇന്ന് നമ്മുടെ നാട്ടില്‍ വ്യാപകമാണ്. ചാവടിയന്തിരം എന്ന പേരില്‍ അത് പ്രചാരത്തിലുണ്ട്. മരിച്ച വ്യക്തിയുടെ വീട്ടുകാര്‍ക്ക് മറ്റുള്ളവര്‍ ഭക്ഷണമുണ്ടാക്കിക്കൊടുക്കലാണ് പ്രവാചക ചര്യ. ജഅ്ഫര്‍ (റ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ഭക്ഷണമുണ്ടാക്കി നല്‍കാന്‍ നബി(സ്വ)  കല്‍പിച്ചിട്ടുണ്ട്. അതേ സമയം മയ്യിത്തിന്റെ വീട്ടുകാര്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണമുണ്ടാക്കി നല്‍കുന്ന സമ്പ്രദായം ജാഹിലിയ്യത്തിന്റെ ഗണത്തിലാണ് പെടുക. അപ്രകാരം തന്നെ ശിര്‍ക്കിന്റെ ആഘോഷങ്ങളും, ഉത്സവങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശ്വാസിക്ക് വിലക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത് ഭക്ഷിക്കാന്‍ പാടില്ല എന്ന് മൂന്ന് സ്ഥലങ്ങളില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്.

”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു…” (സൂറഃ അല്‍മാഇദ: 3).

”(നബിയേ) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല. അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (സൂറഃ അല്‍ അന്‍ആം:145).

”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ (അല്ലാഹു) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും (ഇവ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍ അതിന് ആഗ്രഹം കാണിക്കുന്നവനോ, അതിരുവിട്ട് തിന്നുന്നവനോ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (സൂറഃ അന്നഹ്ല്‍:115).

ഏതു മതക്കാരനായിരുന്നാലും അവന്റെ ഭക്ഷണം നമുക്ക് കഴിക്കാം. മുശ്‌രിക്കുകള്‍ അറുത്തത് മാത്രമാണ് നിഷിദ്ധം. തൗഹീദിന് നിരക്കാത്ത ഭക്ഷണമാണെങ്കില്‍ കഴിക്കാന്‍ പാടില്ല. അത് നേര്‍ച്ചച്ചോറായാലും, അരവണപ്പായസമായാലും, ക്രിസ്മസ് കേക്കായാലും തുല്യം തന്നെ. നബി(സ്വ) ജൂത സ്ത്രീയുടെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിച്ച സംഭവം പ്രസിദ്ധമാണല്ലോ. ധൂര്‍ത്തടിച്ച് നടത്തപ്പെടുന്ന ആഘോഷ, ആചാര സദ്യകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് വേണ്ടത്. ധൂര്‍ത്തിനെ ഇസ്‌ലാം ഒരു മേഖലയിലും അംഗീകരിക്കുന്നില്ല. ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സദ്യകളും വര്‍ജിക്കേണ്ടതാണ്. ജന്മദിനാഘോഷം എന്നത് ഇസ്‌ലാമിന്റെ സമ്പ്രദായമല്ല. അതിനാല്‍ തന്റെയോ, സന്താനങ്ങളുടെയോ മറ്റാരുടെയുമോ ജന്മദിനം ആഘോഷിക്കാവതല്ല. അതിന്റെ ഭക്ഷണം അനുവദനീയവുമല്ല. അല്ലാഹു അവന്റെ ദീനില്‍ ഉറച്ചുനില്‍ക്കാനുള്ള തൗഫീഖ് നല്‍കി നമ്മെ അനുഗ്രഹിക്കട്ടെ!

 

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക

നിഷിദ്ധമായ ഭക്ഷണം

നിഷിദ്ധമായ ഭക്ഷണം

മനുഷ്യന് ആവശ്യമുള്ളതും ഉപയോഗമുള്ളതുമായ എല്ലാം അനുവദിച്ച മതമാണ് ഇസ്‌ലാം.

”അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു” (അല്‍ഗാഫിര്‍: 65). 

നല്ലതു മാത്രമെ അല്ലാഹു അനുവദിച്ച് തന്നിട്ടുള്ളൂ: ”തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര്‍ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക് വേണ്ടിപിടിച്ച് കൊണ്ടുവന്നതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു” (അല്‍മാഇദ:4). 

നല്ലതുമാത്രം ഉപയോഗിക്കണം എന്ന കല്‍പനയും അല്ലാഹു നല്‍കി:

”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍” (അല്‍ബക്വറ: 172).

”അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവും ആയത് നിങ്ങള്‍ തിന്നുകൊള്ളുക. ഏതൊരുവനിലാണോ നിങ്ങള്‍ വിശ്വസിക്കുന്നത് ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക” (അല്‍മാഇദ:88). 

നബി(സ്വ)യുടെ വിശേഷണമായി അല്ലാഹു എടുത്ത് പറയുന്നത് കാണുക: ”…അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു…(അല്‍അഅ്‌റാഫ്:157).

മനുഷ്യന് ഉപകാരമില്ലാത്തതും ദോഷം ചെയ്യുന്നതുമായവ ഭക്ഷിക്കുന്നതില്‍ നിന്ന് അല്ലാഹു വിലക്കുകയും ചെയ്യുന്നു:  

”സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. (നിസാഅ്: 29)’

ഭക്ഷിക്കാന്‍ പാടില്ലാത്ത ചിലതിനെപ്പറ്റി ക്വുര്‍ആനിലും ചിലതിനെക്കുറിച്ച് ഹദീസുകളിലും പരാമര്‍ശിക്കുന്നുണ്ട്. 

തേറ്റയുള്ള മൃഗങ്ങളെയും നഖം കൊണ്ട് വേട്ടയാടുന്ന പക്ഷികളെയും നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം).

ഖൈബര്‍ യുദ്ധദിവസം നബി(സ്വ) നാടന്‍ കഴുതയെ ഭക്ഷിക്കുന്നതില്‍ നിന്നും നിരോധനം ഏര്‍പെടുത്തി. കുതിരയെ ഭക്ഷിക്കുന്നതില്‍ ഇളവ് നല്‍കുകയും ചെയ്തു. അല്ലാഹു പറയുന്നു: 

”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതൊക്കെ അധര്‍മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു” (അല്‍മാഇദ: 3).

രക്തവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇവിടെ പരാമര്‍ശിച്ച മിക്കതിലും നിഷിദ്ധത വരുന്നത്. രക്തത്തില്‍ അണുക്കളുണ്ട്. രക്തം ഞരമ്പുകളിലൂടെ ഓടിക്കൊണ്ടിരുക്കുമ്പോള്‍ രോഗാണുക്കള്‍ പ്രത്യക്ഷപ്പെടുകയും അവ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യും. അടിച്ചു കൊന്നതിലും വീണു ചത്തതിലും കുത്തേറ്റു ചത്തതിലും ഒക്കെ സംഭവിക്കുന്നത് ഇതാണ്. അറുക്കപ്പെടാത്ത ചത്ത മൃഗങ്ങളുടെ അവസ്ഥയും ഇതുതന്നെ. മുഴുവന്‍ രക്തവും പുറത്തുപോകാന്‍ വേണ്ടിയാണ് അറുക്കുമ്പോള്‍ തല അറുത്തു മാറ്റരുതെന്ന് കല്‍പിക്കപ്പെട്ടത്.

പല കാരണങ്ങളാലാണ് മൃഗങ്ങള്‍ ചാകുന്നത്. പ്രായാധിക്യം, ദുഷിച്ച ചുറ്റുപാട്, രോഗം തുടങ്ങിയവ അതില്‍ ചിലതാണ്. ഒരു മൃഗം ചത്തു കഴിഞ്ഞാല്‍ അതിന്റെ മാംസത്തില്‍ മാറ്റം വരും. പോഷണം നഷ്ടപ്പെടും. ഈ മാംസം മനുഷ്യന്റെ അകത്തു ചെന്നാല്‍ ദഹനം പ്രയാസമാകും. മാത്രവുമല്ല രോഗങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യും.

രോഗം കൊണ്ട് ചത്ത മൃഗമാണെങ്കില്‍ രോഗത്തിനു കാരണമായ അണുക്കള്‍ അവയുടെ ശരീരത്തില്‍ തന്നെയുണ്ട്. അല്ലാഹു മനുഷ്യര്‍ക്ക് പലതും നിഷിദ്ധമാക്കിയിട്ടുള്ളത് കൃത്യവും വ്യക്തവുമായ അറിവിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ തന്നെയാണ് ചുരുക്കം.

വൃത്തികേടില്‍ ജീവിക്കുന്ന ജീവിയാണ് പന്നി. പന്നിമാംസത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലാണ്. എണ്ണയും കൊഴുപ്പും കൂടും. ഈ കൊഴുപ്പ് കൂടിക്കഴിഞ്ഞാല്‍ ഹൃദയത്തിലേക്കുള്ള ഞരമ്പുകളെ ചുരുക്കും. സ്‌ട്രോക്കിന് സാധ്യത കൂടും. ബ്ലഡ് ക്യാന്‍സറിനും സ്തനാര്‍ബുദത്തിനും കാരണമായി മാറും. ആമാശയത്തില്‍ മുറിവുകളും കുരുക്കളുമുണ്ടാകും. പന്നി മാംസത്തിലെ പുഴുക്കള്‍ ചാകുന്നില്ല. മനുഷ്യശരീരത്തില്‍ അവ എത്തിയാല്‍ മുട്ടയിടും. ഇവ മസ്തിഷ്‌കത്തിന് സമീപത്ത് വളര്‍ന്നാല്‍ ഹിസ്റ്റീരിയ, ഭ്രാന്ത് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ഹൃദയത്തിന് സമീപത്തു വളര്‍ന്നാല്‍ അറ്റാക്ക് വരെ ഉണ്ടാകാവുന്ന വിധത്തില്‍ രക്തത്തെ അതുബാധിക്കും. ശരീരം തളരാനും കുഴയാനും ചിലപ്പോള്‍ ഇത്തരം അണുക്കള്‍ കാരണമായി എന്നുവരാം.

വേട്ടയാടി ജീവിക്കുന്ന മൃഗങ്ങളില്‍ രോഗാണുക്കള്‍ കൂടും. കാരണം ജീര്‍ണിച്ചതും ശവങ്ങളും ഭക്ഷിക്കുന്നവയാണവ. ഈ അണുക്കള്‍ വേട്ടയാടപ്പെടുന്ന മൃഗത്തിലേക്ക് പകരും. എന്നാല്‍ അവയെ അറുത്തു കഴിഞ്ഞാല്‍ വിരോധമില്ല. കാരണം രക്തം പുറത്തേക്ക് പോകും. ഇത്തരം കാരണങ്ങളൊക്കെ ഉള്ളതിനാലായിരിക്കാം വന്യമൃഗങ്ങള്‍ ‘ഭക്ഷിച്ചവയെ അല്ലാഹു നിഷിദ്ധമാക്കിയത്. 

മനുഷ്യന്റെ ചിന്തയെയും മനസ്സിനെയും പ്രകൃതിയെയും മാറ്റിമറിക്കുന്ന ഒന്നാണ് മദ്യം. ലഹരി ബാധിച്ചവന്‍ എന്തും പറയും, എന്തും ചെയ്യും. ഭാര്യയെയും മാതാവിനെയും അവന്‍ ഒരുപോലെ കണ്ടെന്നുവരും. ധാര്‍മികതയുടെ അതിര്‍ വരമ്പുകളൊന്നും അവനു മുമ്പില്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ നബി(സ്വ) പറഞ്ഞു; മത്തുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ് എന്ന്(മുസ്‌ലിം). മത്ത് കൂടുതലാണെങ്കിലും കുറവാണെങ്കിലും ശരി'(അഹ്മദ്). 

ആല്‍ക്കഹോളാണ് ഇവിടെ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഹൃദയം, കരള്‍, കിഡ്‌നി, പേശികള്‍, മസ്തിഷ്‌കം തുടങ്ങി എല്ലാറ്റിനെയും ബാധിക്കുന്ന രോഗങ്ങളാണ് അല്‍ക്കഹോള്‍ ഉണ്ടാക്കുന്നത്. കുടല്‍, ആമാശയം, പാന്‍ക്രിയാസ് ഗ്രന്ഥി എന്നിവയെയും ഇത് ബാധിക്കും. ലിവര്‍ ദ്രവിക്കാനുള്ള സാധ്യത കൂടും. വൈറ്റമിനുകളെയും കാല്‍സ്യത്തെയും ഇല്ലാതാക്കും. 90% ക്യാന്‍സറും ഇതിന്റെ ‘ഭാഗമാണ്. 

യുക്തിമാനായ അല്ലാഹു പറയുന്നു: 

”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം”(അല്‍മാഇദ:90). 

”(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്…” (അല്‍ബക്വറ: 219).

അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള ഭക്ഷ്യ വിഭവങ്ങളില്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ നാം മനസ്സിലാക്കയിട്ടുള്ള അപകടങ്ങള്‍ കൂടാതെ വേറെയും പല കാരണങ്ങളുമുണ്ടാവാം. അത് അവന് മാത്രമേ അറിയൂ. തീര്‍ച്ചയായും അവന്റെ നിയമങ്ങള്‍ അനുസരിക്കന്നത് മനുഷ്യര്‍ക്ക് ഗുണം മാത്രമെ വരുത്തൂ; ഇഹലോകത്തും പരലോകത്തും ഒരുപോലെ.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

മഴക്ക് വേണ്ടിയുള്ള നമസ്‌ക്കാരം

മഴക്ക് വേണ്ടിയുള്ള നമസ്‌ക്കാരം

കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ പകച്ചു നില്‍ക്കാനല്ല, മഴ വര്‍ഷിപ്പിക്കാന്‍ കഴിയുന്ന സ്രഷ്ടാവിനോട് പ്രാര്‍ഥിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തെ സംബന്ധിച്ച് പ്രാമാണികമായ ഒരു പഠനം.

അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണല്ലോ മഴ. എന്നാല്‍ പല കാരണങ്ങളാല്‍ അല്ലാഹു തന്റെ അടിമകള്‍ക്ക് മഴയെ തടയും. ജലക്ഷാമം രൂക്ഷമാകുമ്പോള്‍ കേവലം ഭൗതിക കാരണങ്ങളെ മാത്രം അതിനു പിന്നില്‍ കണ്ടെത്തുകയും അതിന് പരിഹാരമായി ഭൗതിക പരിഹാര മാര്‍ഗങ്ങള്‍ മാത്രം തേടുകയും ചെയ്യുകയല്ല ഒരു വിശ്വാസി ചെയ്യേണ്ടത്. അതിനപ്പുറം മഴയുടെ ഉടമയായ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ഥിക്കല്‍ കൂടി പ്രധാന പരിഹാര മാര്‍ഗമായി വിശ്വാസി കാണണം.

എന്ത് കൊണ്ട് മഴ തടയപ്പെടുന്നു?

അല്‍പം ദീര്‍ഘമായ ഒരു ഹദീഥില്‍ റസൂല്‍(സ്വ) ഇപ്രകാരം പഠിപ്പിച്ചതായി സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു അംറ് (റ) പറയുന്നു: ”നബി (സ്വ) ഞങ്ങളിലേക്ക് തിരിഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അല്ലയോ മുഹാജിറുകളുടെ സമൂഹമേ, അഞ്ചു കാര്യം കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ (വളരെ പ്രയാസകരമായിരിക്കും കാര്യം)- അതുണ്ടാകുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍തേടുന്നു. ഏതൊരു സമൂഹത്തിലും തോന്നിവാസങ്ങള്‍ (അശ്ലീലതകള്‍) വ്യാപകമാവുകയും അത് പരസ്യമായി പോലും ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താല്‍ അവരില്‍ പ്ലേഗും മുന്‍കഴിഞ്ഞ സമൂഹങ്ങളിലൊന്നും ഇല്ലാത്ത വിധം വേദനയുള്ള രോഗങ്ങളും വ്യാപകമാകാതിരിക്കില്ല. അളവിലും തൂക്കത്തിലും അവര്‍ കൃത്രിമം കാണിക്കുന്നുവെങ്കില്‍ ക്ഷാമവും ജീവിത ചെലവുകളുടെ ഭാരവും ഭരണാധികാരികളുടെ അതിക്രമവും അവരെ പിടികൂടാതിരിക്കുകയില്ല. സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്ന പക്ഷം ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല. മൃഗങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒട്ടും മഴ ലഭിക്കുകയേ ഇല്ല…” (ഇബ്‌നു മാജ:4019, ഹാകിം, സില്‍സില സ്വഹീഹ:106).

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ നല്‍കിയ ഒരു അധ്യായത്തിന്റെ തലവാചകം ഇപ്രകാരമാണ്: ”നിഷിദ്ധമായവയെ (അല്ലാഹുവിന്റെ വിലക്കുകളെ) സൃഷ്ടികള്‍ തകര്‍ത്തെറിയുമ്പോള്‍ അല്ലാഹു അവര്‍ക്ക് വരള്‍ച്ച നല്‍കിക്കൊണ്ട് പ്രതികാരമെടുക്കും എന്ന അധ്യായം.” (ബുഖാരി: മഴയെ തേടുന്ന അധ്യായം).

‘അല്ലാഹു അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളെയും സന്‍മാര്‍ഗത്തെയും മറച്ചു വെക്കുന്നവരെ അല്ലാഹു ശപിക്കും. ശപിക്കുന്ന മുഴുവന്‍ പേരും ശപിക്കും’ എന്ന സൂറത്തുല്‍ ബക്വറയിലെ 19-ാം വചനത്തെ വിശദീകരിച്ചു കൊണ്ട് താബിഈ പ്രമുഖനായ ഇമാം മുജാഹിദ്(റഹി) പറയുന്നു: ”ഭൂമിയില്‍ വരള്‍ച്ച നേരിട്ടാല്‍ മൃഗങ്ങള്‍ പറയും: ‘പാപികളായ മനുഷ്യര്‍ കാരണമാണിത്. മനുഷ്യരില്‍ പാപികളെ അല്ലാഹു ശപിക്കട്ടെ’ എന്ന്” (ഇബ്‌നു കഥീര്‍ 1/137).

ഏതൊരു നാട്ടുകാരും ഈമാനും (സത്യവിശ്വാസം) തഖ്‌വയും (സൂക്ഷ്മത) കാത്ത് സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവര്‍ക്ക് ആകാശ ഭൂമികളിലെ ഐശ്വര്യങ്ങള്‍ ചൊരിഞ്ഞു നല്‍കുമെന്ന് ക്വുര്‍ആന്‍ പറഞ്ഞത് (7/96) ഇതോട് നാം ചേര്‍ത്ത് വായിക്കുക.

അലി(റ) പറയുന്നു: ”പാപം കാരണമായിട്ടല്ലാതെ ഒരു പരീക്ഷണവും ഇറങ്ങാറില്ല. പശ്ചാത്താപം (തൗബ) കൊണ്ടല്ലാതെ അത് ഒഴിവാകാറുമില്ല”(അല്‍ ജവാബുല്‍ കാഫീ: 142).

ചുരുക്കത്തില്‍ ക്ഷാമവും വരള്‍ച്ചയുമാകുന്ന പരീക്ഷണങ്ങള്‍ നീങ്ങിക്കിട്ടാന്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങലാണ് പ്രതിവിധി. പ്രധാനമായും നാലു തരത്തിലാണ് അതിന്റെ വഴി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അതില്‍ പ്രധാനമായത് മഴക്ക് വേണ്ടിയുള്ള നമസ്‌കാരമാണ്. ധാരാളം ഹദീഥുകളില്‍ ഇത് സ്ഥിരപ്പെട്ടതുമാണ്. നബി(സ്വ)യും സ്വഹാബത്തും ഇത് നിര്‍വഹിച്ചതുമാണ്. ഒരു ഹദീഥ് കാണുക:

ആഇശ(റ) പറയുന്നു: ”സൂര്യകിരണങ്ങള്‍ വെളിവായ നേരത്ത് നബി(സ്വ) പുറപ്പെട്ടു. എന്നിട്ട് മിമ്പറില്‍ ഇരുന്നു. ശേഷം തക്ബീറും തഹ്മീദും നിര്‍വഹിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: വരള്‍ച്ചയെ കുറിച്ചും മഴയില്ലാത്തതിനെ കുറിച്ചും നിങ്ങള്‍ പരാതി പറയുന്നു. അല്ലാഹു അവനോട് പ്രാര്‍ഥിക്കുവാന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. ഉത്തരം നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ശേഷം നബി (സ്വ) അല്ലാഹുവിനെ സ്തുതിക്കുകയും അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. പിന്നീട് മഴക്ക് വേണ്ടി അവിടുന്ന് ദീര്‍ഘമായി പ്രാര്‍ഥിച്ചു. തന്റെ കക്ഷത്തിന്റെ വെള്ള വെളിവാകുമാറ് അവിടുന്ന് തന്റെ ഇരു കൈകളും ഉയര്‍ത്തിയിരുന്നു. പിന്നീട് ജനങ്ങള്‍ക്ക് പുറം തിരിഞ്ഞു നിന്നു. പിന്നീട് കൈ ഉയര്‍ത്തി ക്കൊണ്ട് തന്നെ തന്റെ മേല്‍ മുണ്ട് (തട്ടം) ഒന്ന് തിരിച്ചിട്ടു. ശേഷം ജനങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് മിമ്പറില്‍ നിന്ന് ഇറങ്ങി. രണ്ട് റക്അത്ത് നമസ്‌കരിച്ചു…” (അബൂദാവൂദ്:1173)

(കൈകള്‍ ഉയര്‍ത്തുമ്പോള്‍ കയ്യിന്റെ ഉള്‍ഭാഗം ഭൂമിയിലേക്കും പുറംഭാഗം ആകാശത്തേക്കുമാക്കലാണ് പ്രവാചക മാതൃക.)

മഴക്കു വേണ്ടിയുള്ള നമസ്‌കാരവുമായി ബന്ധപ്പെട്ട മര്യാദകളെ ഈ ഹദീഥിന്റെ വെളിച്ചത്തില്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:

1. സമയം: മഴക്ക് വേണ്ടി നമസ്‌കരിക്കുവാന്‍ പ്രത്യേക ദിവസമോ സമയമോ നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നബി(സ്വ) പ്രസ്തുത നമസ്‌കാരം നിര്‍വഹിച്ചത് പ്രഭാതത്തിലാണ്. അതിനാല്‍ പെരുന്നാള്‍ നമസ്‌കാര സമയമാണ് അതിന് ഏറ്റവും ഉത്തമം എന്ന് മേല്‍ ഹദീഥ(അബൂദാവൂദ്:1173) അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടു കാണുന്നു.

(വിശദാംശങ്ങള്‍ക്ക് ഇബ്‌നു അബ്ദില്‍ ബര്‍റ്(റ)ന്റെ അത്തംഹീദ് 17/175, ഇബ്‌നു ഖുദാമയുടെ മുഗ്‌നി 3/327 എന്നിവ നോക്കുക).

2. നമസ്‌കാരം നിര്‍വഹിക്കുന്ന ദിവസം മുന്‍കൂട്ടി നിശ്ചയിച്ച് ജനങ്ങളെ അറിയിക്കണം. മുകളില്‍ ഉന്നയിച്ച ഹദീഥ് അക്കാര്യം വ്യക്തമാക്കുന്നുണ്ട്.

3. മൈതാനത്താണ് ഉത്തമം

നബി(സ്വ) മൈതാനത്തേക്ക് പുറപ്പെട്ടുവെന്നും അവിടെ നബി(സ്വ)ക്ക് വേണ്ടി മിമ്പര്‍ സ്ഥാപിക്കപ്പെട്ടുവെന്നും അതില്‍ കയറി നബി(സ്വ) ഉപദേശിച്ചുവെന്നും മേല്‍ ഹദീഥില്‍ തന്നെ കാണുന്നു.

ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) മൈമൂനുബ്‌നു മഹ്‌റാന്‍(റ)ന് ഇപ്രകാരം എഴുതി അറിയിച്ചു: ”ഇന്ന മാസത്തിലെ ഇന്ന ദിവസത്തില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനായി ഞാന്‍ പട്ടണങ്ങളിലേക്ക് എഴുതി അറിയിച്ചിട്ടുണ്ട്. നോമ്പ് നോല്‍ക്കുവാനും സ്വദക്വ ചെയ്യുവാനും സാധിക്കുന്നവര്‍ അപ്രകാരം ചെയ്യട്ടെ.അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍) (സൂറഃ അല്‍ അഅ്‌ലാ 14,15). നിങ്ങളുടെ ആദ്യ മാതാപിതാക്കള്‍ പറഞ്ഞത് പോലെ നിങ്ങളും പറയുവിന്‍:’അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (7/23). നൂഹ് നബിൗ പറഞ്ഞത് പോലെയും നിങ്ങള്‍ പറയുക: ”(അല്ലാഹുവേ) നീ എനിക്ക് പൊറുത്തു തരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും” (11/47). മൂസാ നബിൗ പറഞ്ഞതു പോലെയും നിങ്ങള്‍ പറയുക: ‘അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ…’ (അല്‍ ക്വസ്വസ്:16). യൂനുസ് നബിൗ പറഞ്ഞതു പോലെയും നിങ്ങള്‍ പറയുവിന്‍: ”…നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു” (അല്‍ അന്‍ബിയാഅ് 87) അബ്ദുര്‍റസ്സാഖ് 3/82).

ഇമാം ജനങ്ങള്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കണം എന്ന് ഇവയില്‍ നിന്ന് ഗ്രഹിക്കാം.

4. വിനയവും താഴ്മയും പ്രകടിപ്പിച്ചു കൊണ്ടാവണം പുറപ്പെടേണ്ടത്

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”നബി(സ്വ) വളരെ നിലവാരം കുറഞ്ഞ വേഷത്തില്‍ വിനയത്തോടെയും താഴ്മയോടെയും ഭക്തിയോടെയും പ്രാര്‍ഥനാനിര്‍ഭരനായിക്കൊണ്ടുമാണ് പുറപ്പെട്ടത്” (അബൂദാവൂദ്: 1165, തുര്‍മുദി:1028, മുസ്‌ലിം:894).

5. നമസ്‌കാരത്തിന് മുമ്പോ ശേഷമോ ഖുതുബ നിര്‍വഹിക്കാം

ഇതിലേക്കുമുള്ള സൂചനകള്‍ നബി(സ്വ)യുടെ കര്‍മങ്ങള്‍ ഉദ്ധരിച്ച വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ കാണുന്നു. എന്നാല്‍ ഒരു ഗംഭീര പ്രസംഗമല്ല വേണ്ടത്. പകരം, ഇമാമും അല്ലാത്തവരുമെല്ലാം വളരെ വിനയാന്വിതരായിരിക്കുകയും റബ്ബിലേക്ക് കൂടുതല്‍ ഭക്തിപ്പെടുകയുമാണ് വേണ്ടത്. അതിനായുള്ള ഉപദേശങ്ങളാണ് ഖുതുബയില്‍ ഉണ്ടാവേണ്ടത്.

സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാം ഒന്നടങ്കം പുറപ്പെടുകയാണ് വേണ്ടത്. എന്നാല്‍, മൃഗങ്ങളെയും മറ്റും കൊണ്ടുപോകുന്നതിന് പ്രവാചക പ്രവൃത്തിയുടെ മാതൃകയില്ലെന്ന് ഇബ്‌നു ഖുദാമ (റ) പറയുന്നു. (മുഗ്‌നി:3/335, കാഫീ: 1/535). അല്ലാഹു അഅ്‌ലം.

6. ബാങ്കും ഇക്വാമത്തും സുന്നത്തില്ല

നബി(സ്വ)യില്‍ നിന്ന് ഈ വിഷയത്തില്‍ പ്രത്യേകം നിര്‍ദേശം വന്നിട്ടില്ല. നബി(സ്വ) ബാങ്കോ ഇക്വാമത്തോ നിര്‍വഹിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. നബി(സ്വ)യില്‍ നിന്ന് മതം പഠിച്ച സ്വഹാബിമാരായ അബ്ദുല്ലാഹ് ബ്‌നു യസീദ് ബാങ്കോ ഇക്വാമത്തോ നിര്‍വഹിക്കാതെയാണ് മഴയെ തേടുന്ന നമസ്‌കാരം നിര്‍വഹിച്ചത് എന്ന് ഇമാം ബുഖാരി രേഖപ്പെടുത്തുന്നു (ബുഖാരി:1022). അബൂമൂസല്‍ അശ്അരി(റ) എന്ന സ്വഹാബിയും അപ്രകാരം ചെയ്തതായി ഇബ്‌നു അബീ ശൈബ(റ) തന്റെ മുസ്വന്നഫില്‍ (2/221) ഉദ്ധരിച്ചിട്ടുണ്ട്.

7. കൂടുതല്‍ ഭക്തരും മതനിഷ്ഠയുള്ളവരുമാണ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കേണ്ടത്

നബി(സ്വ) ജീവിച്ചിരിപ്പുള്ള കാലത്ത് സ്വഹാബത്തിന് ഈ വിഷയത്തില്‍ നേതൃത്വം നല്‍കിയിരുന്നത് നബി(സ്വ)യായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (ബുഖാരി:933, 1010, മുസ്‌ലിം:897).

നബി(സ്വ)യുടെ കാല ശേഷം ഉമര്‍(റ) മഴയെ തേടിയപ്പോള്‍ നബി(സ്വ)യുടെ പിതൃവ്യന്‍ അബ്ബാസ് (റ)നെയാണ് നേതൃത്വം നല്‍കാനായി തെരെഞ്ഞെടുത്തത് (ബുഖാരി:1010). മുആവിയ (റ), ദ്വഹ്ഹാക്വ് (റ) എന്നിവര്‍ മഴക്കു വേണ്ടിയുള്ള നമസ്‌കാരത്തിന് യസീദ്ബ്‌നുഅസ്‌വദ്(റ)നെയാണ് നേതൃത്വം ഏല്‍പിച്ചത്. (മുഗ്‌നി 1/535).

8. പെരുന്നാള്‍ നമസ്‌കാരം പോലെ തന്നെയാണ് ഈ നമസ്‌കാരവും

വ്യത്യസ്ത ഹദീഥുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. (ബുഖാരി:1012,1026, മുസ്‌ലിം:894). ഇത് പ്രകാരം പെരുന്നാള്‍ നമസ്‌കാരത്തിലെന്ന പോലെ ഇതിലും രണ്ട് റക്അത്തിലും തക്ബീറുകള്‍ സുന്നത്താണ് എന്നാണ് പ്രബലാഭിപ്രായം. ക്വുര്‍ആന്‍ പാരായണം ഉറക്കെയാണ് വേണ്ടത്. ഖുത്വുബ നമസ്‌കാരത്തിന് മുമ്പും ശേഷവും ആവാം എന്നതിന് ഹദീഥുകളില്‍ തെളിവുണ്ട്. പ്രസ്തുത വിഷയത്തില്‍ വന്ന ഹദീഥുകള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ശൈഖ് ഇബ്‌നുബാസ് (റഹി) പറയുന്നു: ‘നബി(സ്വ) ചില സമയങ്ങളില്‍ ആദ്യം ഖുത്വുബ നിര്‍വഹിക്കുകയും പിന്നീട് നമസ്‌കരിക്കുകയും ചെയ്‌തെന്നും ചില ഘട്ടങ്ങളില്‍ ആദ്യം നമസ്‌കരിക്കുകയും പിന്നെ ഖുത്വുബ നിര്‍വഹിച്ചെന്നും ഈ റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു. അതിനാല്‍ രണ്ട് രീതിയും അനുവദനീയമാണെന്ന് ഇതറിയിക്കുന്നു’ (ഫതാവാ ഇബ്‌നുബാസ്: 13/61).

നമസ്‌കാരത്തിനായി നോമ്പനുഷ്ഠിക്കല്‍

മഴയെ തേടുന്ന നമസ്‌കാരത്തിനു മുന്നോടിയായി നോമ്പ് നോല്‍ക്കണോ എന്ന വിഷയത്തില്‍ പണ്ഡിത ലോകത്ത് വ്യത്യസ്ത വീക്ഷണങ്ങള്‍ പഴയ കാലം മുതലേ നിലവിലുണ്ട്. ശാഫിഈ മദ്ഹബ് പ്രകാരം അതിനു മുമ്പായി മൂന്നു ദിവസം നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. മൂന്നാം ദിവസം നോമ്പുകാരായിക്കൊണ്ടാണ് നമസ്‌കാരത്തിന് വരേണ്ടത്. അതല്ല, മൂന്ന് ദിവസത്തെ നോമ്പിനു ശേഷം നാലാം ദിവസമാണ് നമസ്‌കാരത്തിന് വരേണ്ടത് എന്നും അഭിപ്രായമുണ്ട്.

ഹനഫികളും മാലികികളും ഏകദേശം ഈ അഭിപ്രായക്കാര്‍ തന്നെയാണ്. ഹമ്പലികള്‍ക്കും ഈ വിഷയത്തില്‍ കാര്യമായ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ മൂന്നാം ദിവസം പുറപ്പെടണോ അതോ മൂന്ന് ദിവസത്തെ നോമ്പിനു ശേഷം നാലാം ദിവസം പുറപ്പെടണോ എന്ന വിഷയത്തിലാണ് പണ്ഡിതന്‍മാര്‍ക്ക് വീക്ഷണ വ്യത്യാസമുള്ളത്. എന്നാല്‍ നബി(സ്വ)യില്‍ നിന്ന് ഈ വിഷയത്തില്‍ പ്രത്യേക അധ്യാപനമുള്ളതായി അവരാരും രേഖപ്പെടുത്തുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. നോമ്പുകാരന്റെ പ്രാര്‍ഥനക്ക് പ്രത്യേകം സ്വീകാര്യതയുണ്ട് എന്ന് ഇമാം തുര്‍മുദിയും ബൈഹഖിയും ഉദ്ധരിച്ച സ്വീകാര്യ യോഗ്യമായ ഹദീഥാണ് അവരൊക്കെയും ഇതിന് തെളിവായി ഉന്നയിച്ചു കാണുന്നത്. അതിനപ്പുറം ഈ വിഷയകമായി പ്രത്യേകം തെളിവില്ലാത്തതിനാല്‍ ഇങ്ങനെ ഒരു നോമ്പ് സുന്നത്താണെന്ന് പറയാവതല്ലെന്നാണ് ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) തന്റെ ഫതാവായില്‍ വ്യക്തമാക്കുന്നത്.

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍ നോമ്പ് ഉതകുമെന്നതിനാല്‍ പൊതുവായ ഒരു മാനദണ്ഡം എന്ന നിലക്ക് മുകളില്‍ പറഞ്ഞ ഹദീഥിന്റെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ പ്രവര്‍ത്തിക്കുകയുമാകാം. (അല്ലാഹു അഅ്‌ലം).

ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക, അന്യായമായി നേടിയവ അവകാശികള്‍ക്ക് തിരിച്ചു നല്‍കുക തുടങ്ങിയ മര്യാദകളെല്ലാം ചില പണ്ഡിതന്‍മാര്‍ പറഞ്ഞതും ഈ ഒരു അര്‍ഥത്തില്‍ തന്നെയാണ്.

നന്‍മകള്‍ വര്‍ധിപ്പിച്ചും തിന്‍മകളില്‍ നിന്ന് മാറി നിന്നും കൂടുതല്‍ വിനയാന്വിതരായും അല്ലാഹുവിലേക്ക് കൂടുതലായി അടുക്കുകയും ചെയ്യുക എന്നത് തന്നെയാണ് മഴക്ക് വേണ്ടിയുള്ള തേട്ടത്തിന്റെ മര്‍മം എന്ന് പൊതുവെ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു.

ഖുത്വുബയിലുള്ള പ്രാര്‍ഥന

മഴയെ തേടാനുള്ള മറ്റൊരു രീതിയാണ് ഖുത്വുബയില്‍ വെച്ചുള്ള പ്രാര്‍ഥന. പ്രത്യേക നമസ്‌കാരമോ മറ്റോ നിര്‍വഹിക്കാതെ ഇമാം ഖുത്വുബയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ് ഇതിന്റെ രീതി. കൈകള്‍ നന്നായി ഉയര്‍ത്തിക്കൊണ്ട് തന്നെയാണ് ഈ പ്രാര്‍ഥന നിര്‍വഹിക്കേണ്ടത്. നബി(സ്വ) ഇപ്രകാരം മഴക്ക് വേണ്ടി മിമ്പറില്‍ വെച്ച് പ്രാര്‍ഥിച്ചതും ജുമുഅ കഴിഞ്ഞ് ജനങ്ങള്‍ പിരിയും മുമ്പായി ശക്തമായ മഴ വര്‍ഷിച്ചതും അടുത്ത ആഴ്ച വരെ ആ മഴ തുടര്‍ന്നതും പ്രസിദ്ധമായ സംഭവമാണല്ലോ. ഇമാം ബുഖാരിയും മുസ്‌ലിമും അടക്കം ധാരാളം ഹദീഥ് പണ്ഡിതന്‍മാര്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മറ്റു സമയങ്ങളിലുള്ള പ്രാര്‍ഥന

നബി(സ്വ) പള്ളിയില്‍ ഇരിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി ‘പ്രയോജനമാവും വിധം സമൃദ്ധമായ മഴ നല്‍കണേ’ എന്ന് പ്രാര്‍ഥിച്ചതായി അബൂദാവൂദ്(റ) 1119-ാം നമ്പറായി ഉദ്ധരിക്കുന്ന ഹദീഥില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അതുപോലെ പള്ളിക്ക് പുറത്ത് സൗറാഅ് എന്ന സ്ഥലത്തിന് സമീപത്ത് വെച്ച് നബി(സ്വ) മഴക്ക് വേണ്ടി തേടി എന്ന് ഇമാം അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്. ഒരു യുദ്ധവേളയില്‍ നബി(സ്വ) മഴക്ക് വേണ്ടി പ്രാര്‍ഥിച്ച സംഭവം ഇമാം ഇബ്‌നുല്‍ ഖയ്യിം(റഹി) സാദുല്‍ മആദ് 1/458ല്‍ വിവരിക്കുന്നുണ്ട്.

എന്ത് പ്രാര്‍ഥിക്കണം?

നബി(സ്വ) മഴക്ക് വേണ്ടി പ്രാര്‍ഥിച്ച ധാരാളം പ്രാര്‍ഥനകള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ബുഖാരി: 1013, 1014, മുസ്‌ലിം:897, അബൂദാവൂദ്: 1169,1173, 1176, ഇബ്‌നു മാജ: 1269 തുടങ്ങി ഒട്ടനവധി ഹദീഥുകളില്‍ വ്യത്യസ്ത പ്രാര്‍ഥനകള്‍ കാണാം. അവയില്‍ ഏതും സ്വീകരിക്കാം.

മഴക്ക് വേണ്ടി നമസ്‌കരിച്ചിട്ടും മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പ്രസ്തുത നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്.

മഴ ലഭിച്ചാല്‍

അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട അനുഗ്രഹമാണ് മഴ. അതിനാല്‍ മഴ ലഭിച്ചാല്‍ അല്ലാഹുവിന് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാകുന്നു. സൈദ് ബിന്‍ ഖാലിദ് അല്‍ ജുഹനി(റ) പറയുന്നു: ”രാത്രി മഴ ലഭിച്ച ഒരു ദിവസം, ഹുദൈബിയ്യയില്‍ വെച്ച് പ്രഭാത നമസ്‌കാര ശേഷം നബി (സ്വ) ജനങ്ങളിലേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു: ‘നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങള്‍ക്കറിയുമോ?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ പ്രവാചകനും അറിയാം.’ നബി(സ്വ) പറഞ്ഞു: ‘അല്ലാഹു പറഞ്ഞിരിക്കുന്നു: പ്രഭാതമായപ്പോള്‍ എന്റെ അടിമകളില്‍ ചിലര്‍ വിശ്വാസികളും മറ്റു ചിലര്‍ അവിശ്വാസികളുമായിരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും നമുക്ക് മഴ ലഭിച്ചു എന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചിരിക്കുന്നു; നക്ഷത്രങ്ങളില്‍ അവിശ്വസിച്ചിരിക്കുന്നു. എന്നാല്‍ ഇന്നാലിന്ന നക്ഷത്രം കാരണമാണ് മഴ ലഭിച്ചത് എന്ന് പറയുന്നവര്‍ എന്നില്‍ അവിശ്വസിച്ചവരും നക്ഷത്രങ്ങളെ വിശ്വസിച്ചവരുമാകുന്നു” (ബുഖാരി, മുസ്‌ലിം).

മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ‘ജാഹിലിയ്യഃ കാലത്തെ നാലു സ്വഭാവങ്ങള്‍ എന്റെ സമുദായത്തിലുണ്ട്. അവര്‍ അത് ഒഴിവാക്കുകയുമില്ല. തറവാടിന്റെ പേരിലുള്ള ദുരഭിമാനവും കുടുംബത്തിന്റെ പേരിലുള്ള ആക്ഷേപവും മയ്യിത്തിന്റെ പേരില്‍ ആര്‍ത്തു കരയലും നക്ഷത്രങ്ങളെ കൊണ്ട് മഴ തേടലും” (മുസ്‌ലിം).

അതിനാല്‍ മഴ ലഭിക്കുമ്പോള്‍ കൂടുതല്‍ നന്ദിയുള്ളവരായി മാറാന്‍ ശ്രമിക്കുക.

ആഇശ(റ) പറയുന്നു: നബി(സ്വ) മഴ കണ്ടാല്‍ ഇങ്ങനെ പറയുമായിരുന്നു: ‘അല്ലാഹുവേ, പ്രയോജനപ്രദമായ മഴ നല്‍കേണമേ…’ (ബുഖാരി:1032).

അനസ്(റ) പറയുന്നു: ”ഒരിക്കല്‍ ഞങ്ങള്‍ നബി(സ്വ)യോടൊപ്പം ഉള്ളപ്പോള്‍ ഞങ്ങള്‍ക്ക് മഴ ലഭിച്ചു. അപ്പോള്‍ നബി(സ്വ) തന്റെ വസ്ത്രം അല്‍പം പൊക്കിക്കൊണ്ട് മഴ നനഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ‘പ്രവാചകരേ, താങ്കള്‍ എന്താണ് ഇങ്ങനെ ചെയ്യുന്നത്?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവില്‍ നിന്ന് ഇങ്ങോട്ട് വര്‍ഷിച്ചിട്ട് അധികം സമയമായില്ലല്ലോ”(മുസ്‌ലിം).

ഇടിമിന്നല്‍ ഉണ്ടായാല്‍ സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) സംസാരം നിര്‍ത്തുകയും ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു: ”മലക്കുകള്‍ ഭയക്കുകയും ഇടി മിന്നല്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന അല്ലാഹു എത്ര പരിശുദ്ധന്‍” (അല്‍മുവത്വ).

ഇടിമിന്നല്‍ ഉണ്ടായാല്‍ നബി(സ്വ) ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു എന്ന് ഇമാം ബുഖാരിയും (അദബുല്‍ മുഫ്‌റദില്‍) ഇമാം ഹാകിമും തുര്‍മുദിയും ഉദ്ധരിച്ച ഹദീഥില്‍ കാണാം:

”അല്ലാഹുവേ! നിന്റെ കോപത്താല്‍ നി ഞങ്ങളെ കൊല്ലരുതേ. നിന്റെ ശിക്ഷയാല്‍ നീ ഞങ്ങളെ നശിപ്പിക്കല്ലേ. അതിനു മുമ്പേ നീ ഞങ്ങള്‍ക്ക് സൗഖ്യം നല്‍കേണമേ.” ഈ ഹദീഥുകളുടെ സ്വീകാര്യതയില്‍ പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസമുണ്ട്. ശൈഖ് അല്‍ബാനി ഇത് ദുര്‍ബലമാണെന്നാണ് വിധി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് സ്വഹീഹാണെന്ന് ഇമാം ഹാകിമും ഇമാം ദഹബിയും പറയുന്നു. വ്യത്യസ്ത പരമ്പരകളില്‍ ഉദ്ധരിക്കപ്പെട്ടതിനാല്‍ സനദിന് ദുര്‍ബലതയുണ്ടെങ്കിലും അതിന് ബലം ലഭിക്കുന്നു എന്നാണ് ശുഐബ് അല്‍ അര്‍നാഊത്വ്(റഹി) പറയുന്നത്. (അല്ലാഹു അഅ്‌ലം).

മഴ റബ്ബിന്റെ അനുഗ്രഹമാണെന്നും ജനങ്ങള്‍ തോന്നിവാസങ്ങളില്‍ മുഴുകുക നിമിത്തം അവന്‍ മഴയെ തടഞ്ഞു വെക്കുമെന്നും പശ്ചാത്തപിച്ച് മടങ്ങലാണ് പരിഹാര മാര്‍ഗം എന്നും ഇതില്‍ നന്നും വ്യക്തമാണല്ലോ. ഒരു കാര്യം തീര്‍ച്ചയാണ;് അല്ലാഹു അവന്റെ അനുഗ്രഹമായ മഴയെ പിടിച്ചുവെച്ചാല്‍ അത് നല്‍കാന്‍ ഒരാള്‍ക്കും സാധ്യമല്ല. അല്ലാഹു ചോദിക്കുന്നു: ”…നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം ാെണ്ടുവന്ന് തരിക?” (സൂറത്തുല്‍ മുല്‍ക് 30).

അതിനാല്‍ ഇന്ന് പലരും ചെയ്യുന്നതു പോലെ ജാറങ്ങളിലും മറ്റും പോയി മഴക്ക് വേണ്ടി തേടുകയോ സിദ്ധന്‍മാരെയും മറ്റും സമീപിക്കുകയോ അല്ല ചെയ്യേണ്ടത്. അത് അല്ലാഹുവിന്റെ കോപം വര്‍ധിക്കാനേ നിമിത്തമാകൂ.

അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ പ്രയോജനകരമായ മഴ വര്‍ഷിപ്പിക്കേണമേ… നീ ഞങ്ങളെ ക്ഷാമവും വരള്‍ച്ചയും നല്‍കി പരീക്ഷിക്കല്ലേ…

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

മനുഷ്യരേ, നാം ഒന്നാണ്

മനുഷ്യരേ, നാം ഒന്നാണ്

സാമൂഹ്യജീവിയാണ് മനുഷ്യന്‍. ഇതര ജീവവര്‍ഗങ്ങളില്‍ നിന്ന് വിഭിന്നമായി മറ്റുള്ളവരുടെ നിലനില്‍പ്പു കൂടി തന്റെ അതിജീവനത്തിന് ആധാരമാക്കേണ്ടവനാണ് അവന്‍. സാമൂഹികമായ ഭിന്നിപ്പ് മനുഷ്യരുടെ സൈ്വര്യജീവിതത്തിന് നഷ്ടങ്ങളല്ലാതെ ഒന്നും വരുത്തിവെക്കുകയില്ല. കേവലം സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മത-സാമുദായിക-രാഷ്ട്രീയ ഭിന്നിപ്പിന് ശ്രമിക്കുന്ന അധികാരികള്‍ ചെയ്യുന്നത് തുല്യതയില്ലാത്ത ദ്രോഹം തന്നെയാണ്.

മനുഷ്യരൊന്നാണ്, ഐക്യത്തോടെ കഴിയേണ്ടവരാണ് എന്നത് മനുഷ്യത്വമുള്ളവരെല്ലാം അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ കാര്യം അങ്ങനെയല്ല, ചിലരുമായി ഐക്യപ്പെട്ടുകൂടാ, ചിലര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടതാണ് എന്നൊക്കെയുള്ള വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും ശബ്ദം നാട്ടില്‍ ഉയര്‍ന്നുകേള്‍ക്കുകയാണിപ്പോള്‍. ഇത് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനും ഒന്നിച്ചു കൊണ്ടുപോകുവാനും ബാധ്യതയുള്ള ഭരണകൂടത്തില്‍ നിന്നാണ് എന്ന വസ്തുതയാണ് നമ്മെ വേദനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതും.

ഈ വിഭജനചിന്തയുടെ അനന്തരഫലമെന്നോണം രാജ്യതലസ്ഥാനത്ത് തുല്യതയില്ലാത്ത വര്‍ഗീയാക്രമണങ്ങള്‍ നടന്നതിനും രാജ്യം സാക്ഷിയായി. ഡസന്‍ കണക്കിനാളുകള്‍ അതില്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. വെടിവെക്കുവാന്‍ കൃത്യമായി പരിശീലനം ലഭിച്ചവരുടെ വെടിയേറ്റാണ് പല മരണങ്ങളും നടന്നതും നൂറിലധികം പേര്‍ക്ക് പരിക്കുപറ്റിയതും എന്ന് വ്യക്തമായിക്കഴിഞ്ഞു. അനേകം വാഹനങ്ങളും വീടുകളും അഗ്‌നിക്കിരയാക്കപ്പെട്ടു. കടകള്‍ കൊള്ളയടിക്കപ്പെടുയും തകര്‍ക്കപ്പെടുകയും ചെയ്തു. ഫാക്ടറികളും സ്‌കൂളുകളും പോലും നശിപ്പിക്കപ്പെട്ടയുടെ ലിസ്റ്റിലുണ്ട്.

പൗരത്വഭേദഗതി നിയമം എന്ന ബില്ലിന്റെ മറവിലാണ് ഈ കലാപം അരങ്ങേറിയത്. ഏതൊരു പ്രശ്‌നമുണ്ടായാലും അതിലേക്ക് നയിച്ച കാരണമെന്താണ് എന്നതാണ് നാം പരിഗണിക്കേണ്ട വിഷയം. ഈ ബില്‍ കൊണ്ടുവന്നവര്‍ കരുതിയത് ഏതാനും മുസ്‌ലിംകള്‍ മാത്രം പ്രതിഷേധവുമായി വരുെമന്നാണ്. എന്നാല്‍ രാജ്യം കണ്ടത് ഇന്ത്യന്‍ ജനതയുടെ ഒന്നിച്ചുള്ള മുന്നേറ്റമാണ്. സഹന സമരമാണ്. അത് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ പ്രകമ്പനം സൃഷ്ടിച്ചു. ഈ മനുഷ്യത്വവിരുദ്ധമായ നിയമം കൊണ്ടുവന്നവരെ ഏറെ ദുഃഖിപ്പിച്ചത് ഈ ഐക്യമാണ്. വമ്പിച്ച സമരങ്ങള്‍ നടക്കുമ്പോഴും ഒന്നും അക്രമാസക്തമാകുന്നില്ല എന്നതാണ് ഇവരെ വിറളിപിടിപ്പിച്ചത്. അക്രമാസക്തമായാല്‍ സമരത്തെയും സമരക്കാരെയും നിയമത്തിന്റെ ദണ്ഡുകാട്ടി അടിച്ചമര്‍ത്താം എന്ന് അവര്‍ കണക്കുകൂട്ടി. ഷഹീന്‍ബാഗിലെ സമരപോരാളികളിലേക്ക് തോക്കുമായി കടന്നുചെന്ന് ഭീഷണിപ്പെടുത്താനും സമരക്കാരെ പിന്തിരിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തി. എല്ലാ കുടിലതന്ത്രങ്ങളും വിഫലമാകുകയാണുണ്ടായത്.

ഈ സാഹചര്യത്തിലാണ് ദല്‍ഹിയില്‍ കലാപത്തിനു തീ കൊളുത്തിയത്. അത് സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് നടന്നത് എന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. പോലീസുകാര്‍ അക്രമികള്‍ അഴിഞ്ഞാടുന്നത് നോക്കിനിന്നതും പലപ്പോഴും അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് അക്രമം നടത്തിയതും ഒത്താശകള്‍ ചെയ്തുകൊടുത്തതും അതിന്റെ അടയാളമാണ്. മൂന്ന് ദിവസം കലാപം നീണ്ടുനിന്നിട്ടും സര്‍ക്കാര്‍ ഇടപെടാത്തതിന്റെ പേരില്‍ ദല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും സര്‍ക്കാറിനെ വിമര്‍ശിച്ചതും ശ്രദ്ധേയമാണ്. ഹൈക്കോടതി പോലീസുകാരോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. കലാപത്തിന് ആഹ്വാനം ചെയ്ത വ്യക്തിയെ എന്തുകൊണ്ട് നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നില്ല എന്ന ജഡ്ജിയുടെ ചോദ്യത്തിന് അങ്ങനെയൊരു പ്രസംഗം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു മറുപടി. ആ പ്രസംഗം ഇന്ത്യയുടെ ഓരോ മുക്കുമൂലയിലും എത്തിക്കഴിഞ്ഞതിനു ശേഷമാണ് ഇതെന്നോര്‍ക്കണം. എന്നാല്‍ കോടതി അതിന്റെ വീഡിയോ പൊലീസുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അവരുടെ വായടപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ നിരാശ വേണ്ടെന്നും ഇതുപോലുള്ള രജതരേഖകള്‍ ആശ്വാസം പകരുന്നുവെന്നും ഇത് വിളിച്ചുപറയുന്നു. എന്നാല്‍ ആ ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലംമാറ്റിയത് ഭരണകൂടത്തില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയെ ഇല്ലാതാക്കുന്നതായിരുന്നു.

ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ദല്‍ഹിയില്‍ കലാപം അരങ്ങേറുമ്പോഴാണ് ഉല്‍ബുദ്ധമായ കേരളത്തില്‍ പോലും ചിലര്‍ വര്‍ഗീയ വിഷം ചീറ്റി സോഷ്യല്‍മീഡിയയിലൂടെ രഗത്തുവന്നത് എന്നത് നമ്മെ ഭയപ്പെടുത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അത്തരം വിഷവിത്തുകളെ അറസ്റ്റു ചെയ്യുകയും ചെയ്തു എന്നത് ആശ്വാസകരമാണ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പലരും ഈ കലാപത്തെ ന്യായീകരിച്ചതും എത്രത്തോളം ഈ വിഷം മലയാളികള്‍ക്കിടയില്‍ പടര്‍ന്നുകയറിയിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നു.

ഇസ്‌ലാമിന്റെ മാനവികത

ഇസ്‌ലാമും മുസ്‌ലിംകളും ഏറ്റവും കൂടുതല്‍ അപരവത്കരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും തെറ്റുധരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാനവിക സന്ദേശമെന്തെന്ന് ലോകം അറിയേണ്ടതുണ്ട്.

”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ക്വുര്‍ആന്‍ 49:13).

ലോകത്ത് ഇന്നേവരെ കഴിഞ്ഞുപോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ സകല മനുഷ്യരുടെയും ആദിമാതാവും ആദിപിതാവും ഒന്നാണെന്ന ക്വുര്‍ആനിന്റെ ഈ പ്രഖ്യാപനം ലോകത്തിന് നല്‍കുന്നത് മഹത്തായ ഒരു സന്ദേശമാണ്. വര്‍ഗ, വര്‍ണ, ദേശ, ഭാഷകളുടെയും അധികാരത്തിന്റെയും സമ്പന്നതയുടെയും പേരില്‍ മേനി നടിക്കാന്‍ ഒരാള്‍ക്കും അധികാരമില്ലെന്നും അതൊന്നും ഒരു വ്യക്തിയുടെ മേന്മയുടെ അടയാളമല്ലെന്നും ഭയഭക്തിയോടുകൂടി നന്മകള്‍ ചെയ്ത് ജീവിക്കുന്നതാണ് ഒരു മനുഷ്യനെ ഉന്നതസ്ഥാനീയനാക്കുന്നത് എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് എന്നും ഈ ക്വുര്‍ആന്‍സൂക്തം  നമ്മെ പഠിപ്പിക്കുന്നു.

‘അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ നോക്കുന്നില്ല; മറിച്ച് അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്’ എന്നും ‘അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ഠതയില്ല; ഭയഭക്തികൊണ്ടല്ലാതെ’ എന്നുമുള്ള പ്രവാചക വചനങ്ങള്‍ ഇസ്‌ലാമിന്റെ മാനവികതയും സമഭാവനയും വ്യക്തമാക്കുന്നു.

ശ്രേഷ്ഠതയുടെ അടയാളം

ആരാണ് നല്ലവന്‍? ആരാണ് ശ്രേഷ്ഠന്‍? ആരാണ് ഉന്നതന്‍? സമ്പന്നനാണോ? അധികാരമുള്ളവനാണോ? തൊലിവെളുപ്പുള്ളവനാണോ? പ്രത്യേകമായ ഒരു രാജ്യത്ത് ജനിച്ചവനോ പ്രത്യേകമായ ഏതെങ്കിലും ഭാഷ സംസാരിക്കുന്നവനോ ആണോ? അങ്ങനെയൊക്കെയാണെന്ന് പറയുന്നവര്‍ വര്‍ത്തമാനകാലത്ത് ഏറെയുണ്ട്. എന്നാല്‍ ഇത്തരം വിഭാഗീയതയുടെ ചിന്തകളെ ഇസ്‌ലാം തകര്‍ത്തുകളയുന്നു. ദൈവത്തെ ഭയപ്പെട്ടുകൊണ്ട് എല്ലാവിധ തെറ്റുകളും വര്‍ജിച്ചുകൊണ്ടും അവന്റെ കാരുണ്യത്തിലും പ്രതിഫലത്തിലും പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് പരമാവധി നന്മകള്‍ ചെയ്തുകൊണ്ടും അവന്റെ കല്‍പനാനിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ടും ജീവിക്കുന്നവന്‍ ആരാണോ അവനാണ് ശ്രേഷ്ഠനായ മനുഷ്യന്‍. അവനാണ് ഉത്തമന്‍.

സൂക്ഷ്മതയോടെ(തക്വ്‌വയോടെ)യുള്ള ഈ ജീവിതം വ്യക്തി, കുടുംബ, സമൂഹ തലങ്ങളിലെല്ലാം സമാധാനം കൈവരുവാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഇതിന്റെ അഭാവമാണ് വിദ്യാസമ്പന്നര്‍ പോലും അധര്‍മങ്ങളിലും അന്ധവിശ്വാസങ്ങളിലും മുഴുകി ജീവിക്കുവാന്‍ കാരണം. സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടി രോഗിയുടെ ജീവിതം കൊണ്ട് കളിക്കുന്ന ഡോക്ടര്‍മാരും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കൃത്രിമം കാണിച്ച് പണംകൊയ്യുന്ന എഞ്ചിനീയര്‍മാരുമൊക്കെ തങ്ങളെ സദാസമയം നിരീക്ഷിക്കുന്ന സ്രഷ്ടാവിനെക്കുറിച്ച് ബോധമുള്ളവരാണെങ്കില്‍ അത്തരം തെറ്റുകള്‍ ചെയ്യുകയില്ല.

ഇന്ന് മിക്ക സ്ഥാപനങ്ങളുടെ അകത്തും പുറത്തും സി.സി.ടി.വി ക്യാമറകളുണ്ട്. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുവാനും  ജോലിക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ എന്ന്  ഉറപ്പുവരുത്താനും ഇത് സഹായകമാണ്. താന്‍ നിരീക്ഷിക്കപ്പെടുന്നു, തന്റെ ചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നു എന്ന ബോധം മനുഷ്യനെ ജാഗ്രതയുള്ളവനും കര്‍മനിരതനുമാക്കുമെന്നതില്‍ സംശയമില്ല.

സി.സി.ടി.വി ക്യാമറക്കണ്ണുകള്‍ക്ക് പരിധിയുണ്ട്. അതിനപ്പുറമുള്ളത് അതിന്റെ കാഴ്ചയില്‍ പെടില്ല. എന്നാല്‍ ദൈവത്തിന്റെ അറിവിനും കേള്‍വിക്കും കാഴ്ചക്കും പരിമിതിയും പരിധിയുമില്ല.

”കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു” (ക്വുര്‍ആന്‍ 40:19).

”(നബിയേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു”(ക്വുര്‍ആന്‍ 3:29).

എല്ലാറ്റിന്റെയും സ്രഷ്ടാവ് അല്ലാഹുവാണ്. ഇങ്ങനെയുള്ള വേറെയൊരു ശക്തിയോ വ്യക്തിയോ പ്രപഞ്ചത്തിലോ പ്രപഞ്ചത്തിനപ്പുറത്തോ ഇല്ല. അതുകൊണ്ട് ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ്. അവനെ മാത്രം ആരാധിക്കുവാന്‍ ഇസ്‌ലാം മാവനവരാശിയോട് പറയുന്നു:

”ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതുമുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്” (ക്വുര്‍ആന്‍ 2:21,22).

ഈ സൂക്തത്തിലൂടെ സസൂക്ഷ്മം കണ്ണോടിക്കുക. ഭൂമിയെ ജീവിക്കുവാന്‍ പറ്റുന്ന രൂപത്തില്‍ സംവിധാനിച്ച, വേണ്ടതെല്ലാം ഒരുക്കിത്തന്ന, സകല സൃഷ്ടിജാലങ്ങളെയും പടച്ച ദൈവത്തെ മാത്രം ആരാധിക്കുവാനാണ് ഇതിലൂടെ കല്‍പിക്കുന്നത്. ഹിന്ദുക്കളുടെ ദൈവത്തെ ആരാധിക്കൂ എന്നല്ല, മുസ്‌ലിംകളുടെ ദൈവത്തെ ആരാധിക്കൂ എന്നല്ല, ക്രിസ്ത്യാനികളുടെ ദൈവത്തെ ആരാധിക്കൂ എന്നല്ല കല്‍പന; ദൈവം ചമഞ്ഞ് നടക്കുന്നവരെയോ ജാറങ്ങളെയോ നബിമാരെയോ ഔലിയാക്കളെയോ ആരാധിക്കൂ എന്നല്ല; മറിച്ച് പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കുവാനാണ്. സൂര്യനെയോ ചന്ദ്രനെയോ ആരാധിക്കുവാനല്ല അവയെ സൃഷ്ടിച്ചവനെ ആരാധിക്കുവാനാണ്. ഇതില്‍ വര്‍ഗീയതയില്ല. വിഭാഗീയതയില്ല. വിയോജിക്കേണ്ട കാര്യമേയില്ല.

സ്രഷ്ടാവും സൃഷ്ടികളും ഒന്നല്ല

പടപ്പുകളെ ആരാധിക്കുന്നവന് ജീവിതത്തില്‍ സൂക്ഷ്മത പാലിക്കാന്‍ കഴിയില്ല. കാരണം പടപ്പുകള്‍ സര്‍വജ്ഞരല്ല. സര്‍വശക്തരുമല്ല. അതുകൊണ്ട് തന്നെ അദൃശ്യമായ നിലയില്‍, അവര്‍ തങ്ങളെ നിരീക്ഷിക്കുമെന്ന ചിന്തയാല്‍ ആരും അവരെ ഭയപ്പെടില്ല. അവര്‍ സ്വന്തം കാര്യങ്ങള്‍ക്ക് പോലും അന്യരുടെ സഹായം ആവശ്യമുള്ളവരാണ്. സ്വദേഹങ്ങള്‍ക്ക് വരുന്ന ആപത്ത് പോലും തടുക്കാന്‍ കഴിയാത്തവരാണ്. തങ്ങള്‍ക്ക് ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അവര്‍ അജ്ഞരാണ്. അവര്‍ മാനുഷികമായ എല്ലാ ദൗര്‍ബല്യങ്ങളും ഉള്ളവരാണ്.

എന്നാല്‍ സാക്ഷാല്‍ ദൈവം അങ്ങനെയല്ല: ”അല്ലാഹു-അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (ക്വുര്‍ആന്‍ 2:255).

ദൈവമല്ലാത്തതെല്ലാം സൃഷ്ടികളാണ്. ജനിച്ചവരാണ്. മരണമുള്ളവരാണ്.

”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമാ യിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും” (ക്വുര്‍ആന്‍ 112:1-4).

ഇങ്ങനെയുള്ള ഒരു ദൈവത്തെ മാത്രമെ ആരാധിക്കുവാന്‍ പാടുള്ളൂ എന്ന വിഷയത്തില്‍ അഭിപ്രായാന്തരത്തിന് വകയില്ല. ഇത് മാനവസമൂഹം ഐക്യപ്പെടുവാനുള്ള മാര്‍ഗമാണ്. ഭിന്നതകള്‍ തുടച്ചുനീക്കുന്നതാണ്.

”(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍” (21:92).

മനുഷ്യര്‍ ഏകസമുദായമായിരുന്നു. പിന്നീടവര്‍ ഭിന്നിക്കുകയാണുണ്ടായത്:

”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹുപ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്‌സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല….” (2:213).

മതം അടിച്ചേല്‍പിക്കേണ്ടതല്ല

ഇസ്‌ലാമികാദര്‍ശം ആരിലും അടിച്ചേല്‍പിക്കുവാനോ പ്രലോഭനം നല്‍കിയോ ഭീഷണിപ്പെടുത്തിയോ സ്വീകരിപ്പിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. അതില്‍നിന്ന് വിലക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വിശ്വാസത്തിന്റെ ഉറവിടം മനസ്സാണ്. നിര്‍ബന്ധിച്ച് ഒരാളെയും വിശ്വാസിയാക്കാന്‍ സാധ്യമല്ല. അവര്‍ക്ക് സന്ദേശം എത്തിച്ചുകൊടുക്കുക എന്ന ബാധ്യത മാത്രമെ മുസ്‌ലിംകള്‍ക്കുള്ളൂ. പ്രലോഭനമോ ഭീഷണിയോ കൊണ്ട് ആരെങ്കിലും വിശ്വാസം സ്വീകരിച്ചാല്‍ അത് കേവലം അഭിനയമായിരിക്കും. ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ പിന്‍പറ്റുവാന്‍ അവര്‍ക്ക് സാധിക്കില്ല.

വിശ്വാസ സ്വാതന്ത്ര്യം ഇസ്‌ലാം അനുവദിക്കുന്നു: ”നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും” (109:6).

”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 2:256).

ഇതരമതസ്ഥരോടുള്ള സമീപനം

മനുഷ്യര്‍ക്ക് ഈ ക്ഷണികമായ ഭൗതികലോക ജീവിതം ഒരു പരീക്ഷണ വേളയാണ്. സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയവര്‍ ഈ പരീക്ഷണത്തില്‍ വിജയിക്കും.

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (6:2).

ഇസ്‌ലാമിക മര്യാദയനുസരിച്ച് ജീവിക്കുന്നവന്‍ പൂര്‍ണാര്‍ഥത്തില്‍ മനുഷ്യനായിരിക്കും. മാനുഷികമായ മൂല്യങ്ങളെല്ലാം അവനില്‍ പ്രകടമാകും. അവന്‍ സല്‍സ്വഭാവങ്ങളുടെ വിളനിലമായിരിക്കും.  ദുസ്സ്വഭാവങ്ങള്‍ അവന്‍ വെടിയും. എല്ലാ മനുഷ്യരെയും ഇതര ജീവജാലങ്ങളെയും സ്‌നേഹിക്കുവാനും എല്ലാറ്റിനോടും കരുണകാണിക്കുവാനും അവര്‍ സന്നദ്ധനായിരിക്കും. മാനുഷികമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ഒരു സത്യവിശ്വാസി മത, വര്‍ഗ, വര്‍ണ ഭേദം പരിഗണിക്കില്ല.

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവര്‍ സത്യവിശ്വാസിയല്ല എന്ന പ്രവാചക വചനം ഏറെ പ്രസിദ്ധമാണ്. അയല്‍വാസിയുടെ ജാതിയും മതവും നിറവും നോക്കാന്‍ അവിടെ പറഞ്ഞിട്ടില്ല. ഇങ്ങോട്ട് നന്മയില്‍ വര്‍ത്തിക്കുന്നവരോട് ഏത് മതക്കാരായാലും എന്ത് നിലപാട് സ്വീകരിക്കണമെന്ന് ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നത് കാണുക:

”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ക്വുര്‍ആന്‍ 60:8).

അതെ! വിശ്വാസി പുണ്യം ചെയ്യുന്നവനായിരിക്കും! സ്വന്തം മാതാപിതാക്കള്‍ മുസ്‌ലിംകള്‍ അല്ലെങ്കിലും അവരെ അനുസരിക്കണം; വിശ്വാസകാര്യത്തിലൊഴികെ എന്നാണ് ഇസ്‌ലാമിന്റെ കല്‍പന.

”നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെമേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്” (ക്വുര്‍ആന്‍ 31:15).

എങ്ങനെ ഒരു മുസ്‌ലിമിന് മറ്റുമതക്കാരോട് അസഹിഷ്ണുത കാട്ടാന്‍ കഴിയും? എങ്ങനെ അവരെ വേദനിപ്പിക്കാന്‍ കഴിയും? എങ്ങനെ അവന് വര്‍ഗീയവാദിയും തീവ്രവാദിയുമാകാന്‍ കഴിയും?

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍

മിക്ക നബിമാരും ജീവിച്ചിരുന്നത് ബഹുമത സമൂഹത്തിലും ബഹുദൈവാരാധകര്‍ക്കിടയിലുമായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. വിശ്വാസസംരക്ഷണാര്‍ഥം ഏതാനും പ്രവാചകാനുചരന്മാര്‍ ആദ്യമായി പലായനം ചെയ്തത് ക്രിസ്ത്യന്‍ രാജ്യമായ അബ്‌സീനിയയിലേക്കായിരുന്നു. പ്രവാചകത്വം ലഭിച്ച ശേഷം 13 വര്‍ഷത്തോളം നബി ﷺ യും അനുയായികളും ജീവിച്ചത് ബഹുദൈവാരാധകര്‍ക്ക് ഭൂരിപക്ഷമുള്ള മക്കയിലായിരുന്നു. വിശ്വാസിയായിക്കൊണ്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം മാത്രമാണ് മദീനയിലേക്ക് പലായനം ചെയ്യാനുള്ള കാരണം.  

മദീന മുസ്‌ലിംകളും ജൂതന്മാരും ബഹുദൈവാരാധകരും ഉള്ള ഒരു നാടായി മാറി. മദീനയുടെ ഭരണം തന്റെ കൈകളിലായതിനാല്‍ അവിടെയുള്ള മറ്റുമതക്കാരുടെ പൗരത്വം ചോദ്യം ചെയ്യുവാനോ അവരെ ആട്ടിയോടിക്കുവാനോ അല്ല മഹാനായ പ്രവാചകന്‍ ശ്രമിച്ചത്. മദീനക്കാര്‍ക്കിടയിലെ ബന്ധം സൃദൃഢമാകുവാനും  അവരുടെ അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കിക്കൊടുക്കുവാനും ഒരു കരാര്‍ തന്നെ അദ്ദേഹം തയ്യാറാക്കി. മുസ്‌ലിംകളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധവും മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള ബന്ധവും വ്യവസ്ഥപ്പെടുത്തി പറയുന്ന രേഖയായിരുന്നു അത്.

മദീനക്കാരോട് മൊത്തമായി ഇങ്ങനെ ഇങ്ങനെ ഉടമ്പടി ചെയ്തു: ”അയല്‍വാസികള്‍ സ്വന്തം ശരീരം പോലെയാണ്. അവരെ ദ്രോഹിക്കുവാനോ കുറ്റങ്ങള്‍ ചെയ്യുവാനോ പാടില്ല. ഒരാളുടെയും പവിത്രതക്ക് കളങ്കം വരുത്തുന്ന ഒന്നും ചെയ്യാന്‍ പാടില്ല. മദീനക്കാര്‍ക്ക് ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും അതിന്റെ അന്തിമ തീരുമാനം പറയേണ്ടത് അല്ലാഹുവും അവന്റെ പ്രവാചകനുമാണ്. മദീനയെ വല്ലവരും അക്രമിക്കുന്നുവെങ്കില്‍ മദീനക്കാര്‍ പരസ്പരം സഹായിക്കേണ്ടതാണ്. മദീനയില്‍ നിന്ന് പുറത്തു പോകുന്നവനും മദീനയില്‍ ഇരിക്കുന്നവനും നിര്‍ഭയനായിരിക്കും. അക്രമം ചെയ്തവനും കുറ്റകൃത്യങ്ങള്‍ ചെയ്തവനും ഒഴികെ. തക്വ്‌വ (സൂക്ഷ്മത) കാണിക്കുകയും പുണ്യം ചെയ്യുകയും ചെയ്തവര്‍ക്കുള്ള അഭയം നല്‍കുന്നത് അല്ലാഹുവാണ്, അവന്റെ പ്രവാചകനാണ്.”

ചേര്‍ന്നുനില്‍ക്കുക

ഇന്ത്യക്കൊരു പ്രശ്‌നം വന്നാല്‍ നമ്മള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രയത്‌നിച്ചവരിലും അതിനായി ജീവന്‍ ബലിയര്‍പ്പിച്ചവരിലും എല്ലാ മതക്കാരും മതമില്ലാത്തവരുമുണ്ട്. ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യവും ജനാധിപത്യവും ഇവിടെ നിലനില്‍ക്കണം. മതം നോക്കി ചിലര്‍ക്ക് പൗരത്വം നല്‍കുകയും ചിലര്‍ക്കു നല്‍കാതിരിക്കുകയും ചെയ്യുക എന്നത് ഭരണഘടനാവിരുദ്ധമാണ്. ജനങ്ങളില്‍ വേര്‍തിരിവുണ്ടാക്കലാണ്. ഗൂഢമായ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ്. അതിനെ ഒറ്റക്കെട്ടായി ഇന്ത്യന്‍ ജനത നേരിടണം. ചെറുത്തു തോല്‍പിക്കണം.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ

പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ

//

പരിണാമത്തിന് തെളിവ് കണ്ടെത്താന്‍ വേണ്ടി മുപ്പത് വര്‍ഷത്തിലധികമായി നടന്നുവരുന്ന മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയാ പരീക്ഷണം കൊറോണാ വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 'പരിണാമത്തിന്റെ ഹൃദയ'മായി റിച്ചാര്‍ഡ് ഡോക്കിന്‍സ് പരിചയപ്പെടുത്തിയ ഈ പരീക്ഷണത്തിന്റെ പരിണാമ വികാസങ്ങള്‍ വിശകലനം ചെയ്യുന്നു.

ലോകത്ത് പരിണാമത്തിന് തെളിവു കണ്ടെത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ നേതൃത്വത്തില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ ഇ-കോളി ബാക്ടീരിയകളില്‍ നടത്തിയ പരീക്ഷണം (1988 ഫെബ്രുവരി 24 മുതല്‍ 2020 മാര്‍ച്ച് 8 വരെ -നീണ്ട 32 വര്‍ഷം തുടര്‍ച്ചയായി നടത്തിയ പരീക്ഷണം) മാര്‍ച്ച് 8ന് കൊറോണവ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിയിരിക്കുന്നു. പരിണാമം തെളിയിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം നടത്തിയ ഈ പരീക്ഷണം റിച്ചാര്‍ഡ് ഡോകിന്‍സ് പരിണാമം തെളിയിക്കാന്‍ വേണ്ടി എഴുതിയ ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’ എന്ന ഗ്രന്ഥത്തിന്റെ ഹൃദയമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷണം നിര്‍ത്തിയ സാഹചര്യത്തില്‍ പരീക്ഷണം പരിണാമം തെളിയിച്ചോ ഇല്ലയോ എന്ന അന്വേഷണമാണ് ഇവിടെ നടക്കുന്നത്.

‘ഡാര്‍വിന്‍സ് റൊട്ട്വെയ്‌ലര്‍ (darwin’s rottweiler) എന്ന വിളിപ്പേരുള്ള വിഖ്യാത പരിണാമശാസ്ത്രജ്ഞനും നാസ്തിക ചിന്തകനുമായ മുന്‍ ഓക്‌സ്‌ഫോര്‍ഡ് പ്രൊഫസര്‍ റിച്ചാര്‍ഡ് ഡോകിന്‍സിന്റെ പരിണാമശാസ്ത്ര സംബന്ധിയായ ഏറ്റവും പുതിയ കൃതിയാണ് ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’ (The Greatest Show On Earth: Evidence for Evolution’ Bentam press, 2009 Sept) തോമസ് ഹക്‌സിലിക്ക് ശേഷം ഡാര്‍വിന്റെ ഏറ്റവും കരുത്തനായ വക്താവായി പരിഗണിക്കപ്പെടുന്ന ഡോകിന്‍സ് പരിണാമസംബന്ധിയായ നിരവധി ബെസ്റ്റ്‌സെല്ലറുകളുടെ കര്‍ത്താവാണ്.”(1)

ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ മുഖവുര ആരംഭിക്കുന്നത് ഡോകിന്‍സിനെ ഇങ്ങനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. ആ മുഖവുരയിലെ അവസാനത്തില്‍ കുറിക്കുന്നു: ”ഇന്ന് പരിണാമത്തെക്കുറിച്ച് ഒരു പരീക്ഷ നടത്തിയാല്‍ അതില്‍ ഡാര്‍വിന്‍ വിജയിക്കാനിടയില്ലെന്നു നാം പറയാറുണ്ട്. 21ാംനൂറ്റാണ്ടില്‍ ഡാര്‍വിന്‍ പുനര്‍ജനിക്കുന്നുവെന്നു വെറുതെ സങ്കല്‍പിക്കുക. തന്റെ ആശയം ഇന്നെങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്നറിയാന്‍ അദ്ദേഹം ഒരു പുസ്തകശാല സന്ദര്‍ശിക്കുന്നുവെന്നും കരുതുക. കാര്യങ്ങളറിയാന്‍ അദ്ദേഹം തെരഞ്ഞെടുക്കുന്ന പുസ്തകം ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം’ തന്നെയായിരിക്കും”(2)

‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’ എന്ന ഗ്രന്ഥത്തെക്കുറിച്ച് പരിഭാഷകന്‍, നാസ്തിക കേരളത്തിന്റെ ആസ്ഥാനദാര്‍ശനികന്‍ രവിചന്ദ്രന്‍ സി പരിചയപ്പെടുത്തിയ വചനങ്ങളാണ് നാം വായിച്ചത്. കൃതിയെ കുറിച്ച് കര്‍ത്താവ് റിച്ചാര്‍ഡ് ഡോകിന്‍സ് എന്ത് പറയുന്നു എന്നത് കൂടി പരിഗണനീയമാണ്: ”പരിണാമത്തെ കുറിച്ച് ഞാനെഴുതിയ ആദ്യപുസ്തകമല്ലിത്. അതുകൊണ്ട്തന്നെ മറ്റു പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമായി എന്താണ് ഇതിലുള്ളതെന്നു വ്യക്തമാക്കേണ്ടതുണ്ട്. എന്റെ ‘കാണാക്കണ്ണി’യായി (Missing link) ഇതിനെ വിശേഷിപ്പിക്കാം. ദി സെല്‍ഫിഷ് ജീനും (The Selfish Gene) എക്സ്റ്റന്‍ഡഡ് ഫിനോടൈപ്പും (Extended phenotype) നമുക്ക് പരിചിതമായ പരിണാമത്തിന്റെ അത്രതന്നെ പരിചിതമല്ലാത്ത ചില വശങ്ങള്‍ അവതരിപ്പിക്കുന്നവയായിരുന്നു. എന്നാല്‍ അവയൊന്നും പരിണാമത്തിന്റെ തെളിവുകള്‍ നേരിട്ട് ചര്‍ച്ചചെയ്യുന്ന ഗ്രന്ഥങ്ങളായിരുന്നില്ല.”(3)

ഇന്ന് നിലവിലുള്ള, ഭൂമിയിലെ ഏറ്റവും മഹത്തായ പരിണാമ ശാസ്ത്രഅജ്ഞന്‍ റിച്ചാര്‍ഡ് ഡോകിന്‍സും അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ പരിണാമത്തെളിവുകളുടെ ഉന്നത ശേഖരം ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’ എന്ന ഗ്രന്ഥവുമാണ് എന്നര്‍ഥം. ഈ ഗ്രന്ഥത്തിന്റെ ഹൃദയഭാഗം ഏതെന്നും പരിഭാഷകന്‍ പരിചയപ്പെടുത്തുന്നു:

”1998ല്‍ മിച്ചിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോ ബയോളജിസ്റ്റായ റിച്ചാര്‍ഡ് ലെന്‍സ്‌കിയും Richard lenski) കൂട്ടരും എഷറിച്ചിയ കോളി (Escherichiya coli) എന്ന ബാക്ടീരിയയുടെ 12 ഗോത്രങ്ങളെ നാല്‍പത്തയ്യായിരം തലമുറകള്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ അഞ്ചാമധ്യായത്തിലുണ്ട്… സ്ഥൂലപരിണാമവും (Macro evolution) അനുഭവഭേദ്യമാണെന്നു തെളിയിക്കാനാണ് ലെന്‍സ്‌കിയുടെ പരീക്ഷണം ഡോകിന്‍സ് പരാമര്‍ശിക്കുന്നത്. അക്കാദമിക് സംവാദങ്ങളുടെ അജണ്ട നിശ്ചയിക്കാന്‍ ശേഷിയുള്ള പരീക്ഷണം പുസ്തകത്തിന്റെ ഹൃദയഭാഗമാണ്.”(4)

ഏതൊരു കാര്യത്തിന്റെയും സ്ഥലത്തിന്റെയും രക്തചംക്രമണ വ്യവസ്ഥയുള്ള ജീവികളുടെയും മനുഷ്യന്റെ തന്നെയും ഏറ്റവും പ്രധാനഭാഗമാണ് ഹൃദയം. നഗരത്തിന്റെ ഹൃദയഭാഗം എന്ന പ്രയോഗം ഇതിന് അടിവരയിടുന്നു. ഡോകിന്‍സിയന്‍ ഗ്രന്ഥത്തിന്റെ ഹൃദയമായ അഞ്ചാം അധ്യായത്തിലെ റിച്ചാര്‍ഡ്‌ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയ പരീക്ഷണമാണ് നാം ഇവിടെ വിശകലന വിധേയമാക്കുന്നത്. ഇ-കോളി പരീക്ഷണത്തെ കുറിച്ച് ഡോകിന്‍സ് പറയുന്നത് കാണുക:

”വിശദാംശങ്ങളുടെ കാര്യത്തില്‍വരെ തീര്‍ച്ചമൂര്‍ച്ച വരുത്തി സൂക്ഷ്മമായിട്ടാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. പരിണാമത്തിന്റെ തെളിവുകളുടെ പ്രഹരശേഷി ശരിക്കും വര്‍ധിപ്പിക്കുന്ന ഫലങ്ങളാണ് ലെന്‍സ്‌കിക്ക് ലഭിച്ചത്. അതുകൊണ്ട്തന്നെ കാര്യങ്ങള്‍ വിശദമാക്കുന്നത് വൈകിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിനര്‍ഥം വരുന്ന ഏതാനും പേജുകളില്‍ അല്‍പം സങ്കീര്‍ണമായ കാര്യങ്ങളായിരിക്കും വിവരിക്കപ്പെടുന്നതെന്നാണ്. പ്രയസകരമല്ല-ഒരല്‍പം കുഴഞ്ഞുമറിഞ്ഞ വിശദാംശങ്ങള്‍, അത്രമാത്രം. ദിവസത്തിന്റെ അവസാനം ജോലിചെയ്ത് ക്ഷീണിച്ചിരിക്കുന്ന വേളയില്‍ പുസ്തകത്തിന്റെ ഈ ഭാഗം വായിക്കരുതെന്ന നിര്‍ദേശമാണ് എനിക്കുള്ളത്.”(5) പരിഭാഷകന്‍ പറഞ്ഞതിന് അടിവരയിടുന്നു ഗ്രന്ഥകര്‍ത്താവിന്റെ ഈ സാക്ഷിമൊഴി!

തീര്‍ച്ചയായും നാമും ഡോകിന്‍സിന്റെ ഈ നിര്‍ദേശം മുഖവിലക്കെടുത്ത് അര്‍ഹിക്കുന്ന പരിഗണനയോടെ വേണം മുന്നോട്ട് പോകാന്‍. തുടക്കത്തില്‍ വ്യക്തമാക്കിയത് പോലെ ഡാര്‍വിന്‍ പോലും തന്റെ ഗുരുവായി പരിഗണിക്കേണ്ട, ലോകത്ത് ഇന്ന് നിലനില്‍ക്കുന്നതും കഴിഞ്ഞുപോയതുമായ സകല പരിണാമ വ്യാഖ്യാതാക്കളിലും ഉന്നതരില്‍ ഉന്നതനാണ് സാക്ഷാല്‍ ശ്രീമാന്‍ ഡോകിന്‍സ്! അദ്ദേഹം പരിണാമം ശാസ്ത്രീയമാണെന്ന് വ്യാഖ്യാനിക്കാന്‍ നിരവധി പരിണാമഗ്രന്ഥങ്ങളും ഡോക്യുമെന്ററികളും ലേഖനങ്ങളും ചര്‍ച്ചകളും സംവാദങ്ങളും തട്ടിപ്പുകളും നടത്തിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പരിണാമത്തിന്റെ തെളിവുകള്‍ നേരിട്ടവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ഇത്. ലോകത്തില്‍ ഇത്രയും ‘പരിശുദ്ധ പരിണാമപുസ്തകം’ വേറെയില്ല. ആ ഗ്രന്ഥത്തിന്റെ ഹൃദയമാണ് ലെന്‍സ്‌കി നടത്തിയ ഇ-കോളി ബാക്ടീരിയകളെ കുറിച്ചുള്ള അഞ്ചാം അധ്യായത്തിലെ ‘നാല്‍പത്തയ്യായിരം തലമുറകളിലെ പരിണാമം പരീക്ഷണശാലയില്‍ എന്ന ഉപശീര്‍ഷകം.’ അതായത് ഇന്ന് ഭൂമിയില്‍ നിലനില്‍ക്കുന്ന ഏറ്റവും മഹത്തായ പരിണാമത്തെളിവിന്റെ ഹൃദയശസ്ത്രക്രിയയാണ് പരിമിത സൗകര്യത്തില്‍ നാം നടത്താന്‍ തയ്യാറായിരിക്കുന്നത്. അതുകൊണ്ട്തന്നെ ഇത്രയും കണിശമായ ഒരു സര്‍ജറിയില്‍ പങ്കെടുക്കുന്ന നാമോരോരുത്തരും അതിന്റെ ഗൗരവം പൂര്‍ണമായി ഉള്‍കൊള്ളണം. അവസാനഫലം നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. അതുകൊണ്ട് ഈ കുറിപ്പിന്റെ അവസാന ഭാഗങ്ങള്‍ അവഗണിക്കരുത് എന്ന അപേക്ഷയോടെ ആരംഭിക്കട്ടെ.

ആദ്യമായി ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയാ പരീക്ഷണം എന്താണ,് എങ്ങനെയാണ്, എപ്പോഴാണ് എന്നെല്ലാം മനസ്സിലാക്കി മുന്നോട്ട് പോകാം. അതോടൊപ്പം ലെന്‍സ്‌കിയുടെ ബാക്ടീരിയാ പരീക്ഷണത്തിലൂടെയുള്ള ഡോകിന്‍സിന്റെ പ്രഹരം നേരിടാനുള്ള കെല്‍പും ശേഷിയും നേടാം.

ഇ-കോളിയെ പരിചയപ്പെടുക: ”ഇ-കോളി ഒരു സാധാരണ ബാക്ടീരിയയാണ്; വളരെ സാധാരണമായ ഒന്ന്. ലോകത്തെമ്പാടും ഒരു സമയം കുറഞ്ഞത് നൂറു ബില്യണ്‍ ബില്യണ്‍ എണ്ണമെങ്കിലും അവയുണ്ടാകും. ലെന്‍സ്‌കിയുടെ കണക്കുകൂട്ടലില്‍ അവയില്‍ ഏതാണ്ട് ഒരു ബില്യണോളം എണ്ണം ഈ നിമിഷം നിങ്ങളുടെ വന്‍കുടലില്‍ വസിക്കുന്നുണ്ട്. പൊതുവില്‍ ഇവ ഒട്ടുമുക്കാലും ഉപദ്രവകാരികളല്ല; പലപ്പോഴും സഹായകരവുമാണ്. എന്നാല്‍ ഇടയ്ക്കു ചിലപ്പോള്‍ പ്രശ്‌നഹേതുവാകുന്നത് ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഉത്പരിവര്‍ത്തനം വളരെ അപൂര്‍വമാണെങ്കിലും ഇ-കോളിയുടെ എണ്ണം വളരെ വലുതായതിനാല്‍ ഇടക്കിടെയുള്ള ഇത്തരം പരിണാമവ്യതിയാനങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇരട്ടിക്കലിലൂടെ പുതുതലമുറകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ എതെങ്കിലുമൊരു ജീന്‍ ഉല്‍പരിവര്‍ത്തനത്തിന് വിധേയമാകാനുള്ള സാധ്യത നൂറുകോടിയില്‍ ഒന്ന് എന്ന തോതില്‍ പരിമിതപ്പെടുത്തിയാലും ലഭ്യമായ ഇ-കോളി ബാക്ടീരിയകളുടെ എണ്ണം അതിഭീമമായതിനാല്‍ അതിന്റെ ജിനോമിലുള്ള മുഴുവന്‍ ജീനുകളും ദിനംതോറും ലോകത്ത് എവിടെയെങ്കിലുംവച്ച് ഉല്‍പരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ട്. ലെന്‍സ്‌കിയുടെ അഭിപ്രായത്തില്‍ ‘പരിണാമത്തിന് അനുകൂലമായ നിരവധി സുവര്‍ണാവസരങ്ങളാ’ണത് പ്രദാനം ചെയ്യുന്നത്.

പരീക്ഷണശാലയിലെ നിയന്ത്രിത സാഹചര്യങ്ങളില്‍ ലെന്‍സ്‌കിയും കൂട്ടരും ഈ സാധ്യതയാണ് ചൂഷണം ചെയ്തത്.”(6) ഇ-കോളി ബാക്ടീരിയ നമ്മുടെ ആമാശയത്തിലും വന്‍കുടലിലും എന്തിനേറെ മലത്തിലും ഓടകളിലും കിണര്‍വെള്ളത്തിലും വരെ നിറസാന്നിധ്യമാണ്. ഈ ബാക്ടീരിയകളെയാണ് ലെന്‍സ്‌കിയും കൂട്ടരും 11700 ദിവസം (32 കൊല്ലത്തലേറെ) പരിണാമപരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരുന്നത്! ആ പരീക്ഷണത്തിന്റെ രീതിശാസ്ത്രം കൂടി മനസ്സിലാക്കാം. ഡോകിന്‍സ് തന്നെ പറയട്ടെ:

”ഇ-കോളി ബാക്ടീരിയകള്‍ ഇരട്ടിക്കുന്നത് അലൈംഗികമായാകുന്നു. ലളിതമായ കോശവിഭജനമാണത്. കുറച്ചുകാലത്തിനുള്ളില്‍ ഒരു വലിയ പോപ്പുലേഷന്‍ മുഴുവന്‍ ജനിതകസാമ്യത്തോടെ ക്ലോണ്‍ ചെയ്‌തെടുക്കാന്‍ എളുപ്പമാണെന്ന് സാരം. 1988ല്‍ ലെന്‍സ്‌കി അത്തരത്തിലൊരു പോപുലേഷന്‍ ശേഖരിച്ചു അവയെ 12 സമാനമായ ഫ്‌ളാസ്‌ക്കുകളില്‍ വ്യാപിക്കാന്‍ അനുവദിച്ചു. എല്ലാത്തിലും തുല്യ അളവില്‍ ആവശ്യമായ ആഹാരസ്രോതസ്സും ഗ്ലൂക്കോസുള്‍പ്പെടെയുള്ള പോഷകസൂപ്പും (Nutrient broth) അടങ്ങിയിരുന്നു. ഈ പോപ്പുലേഷന്‍ സൂക്ഷിച്ചിരുന്ന 12 ഫ്‌ളാസ്‌ക്കുകള്‍ ഒരു പ്രകമ്പനം ചെയ്യുന്ന ഇന്‍കുബേറ്ററിന്റെ (Shaking incubator) ഊഷ്മളതയില്‍ വെടിപ്പോടെ സൂക്ഷിച്ചു. ബാക്ടീരിയ ഫ്‌ളാസ്‌ക്കിലെ ദ്രാവകത്തില്‍ മൊത്തം വ്യാപിക്കാനാണത് കമ്പനം ചെയ്തുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ഈ 12 ഫ്‌ളാസ്‌ക്കുകള്‍ രണ്ടുദശകങ്ങളായി (ഇപ്പോള്‍ മൂന്ന് ദശകത്തിലേറെയായി-ലേഖകന്‍) പരസ്പരം വേര്‍തിരിക്കപ്പെട്ട അവസ്ഥയില്‍ നിലകൊണ്ട പരിണാമത്തിന്റെ 12 വ്യത്യസ്ത കൈവഴികളായിരുന്നു…”

”ഈ 12 വ്യത്യസ്ത ഗോത്രങ്ങളെയും എക്കാലത്തും ഒരേ ഫ്‌ളാസ്‌ക്കില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു എന്ന് കരുതരുത്. ഓരോ ഗോത്രത്തെയും ദിനംപ്രതി ഓരോ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് പകര്‍ന്നു കൊണ്ടിരുന്നു. ഫ്‌ളാസ്‌ക്കിലും അതിനുള്ളിലെ ദ്രാവകത്തിലും വ്യാപിക്കാന്‍ ബാക്ടീരിയയെ അനുവദിക്കുകയെന്നതാണ് ‘പകരുക’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഒന്ന് കണക്കുകൂട്ടി നോക്കൂ, ഓരോ ഗോത്രത്തിലും 7000 (പുതിയ കണക്ക് 11700×12=140400) ഫ്‌ളാസ്‌ക്കുകള്‍ ഉള്‍പ്പെട്ട നീണ്ടനിരകള്‍! ദിനംപ്രതി പഴയ ഫ്‌ളാസ്‌ക്കില്‍നിന്നും ബാക്ടീരിയ കലര്‍ന്ന ദ്രാവകം പുതിയ ഫ്‌ളാസ്‌ക്കിലേക്ക് പകര്‍ന്നുകൊണ്ടിരുന്നു. ഒരു സാമ്പിള്‍, കൃത്യമായിപ്പറഞ്ഞാല്‍ നൂറിലൊരുഭാഗം ബാക്ടീരിയ മാത്രമാണ് പഴയ ഫ്‌ളാസ്‌ക്കുകളില്‍ നിന്ന് പുതിയവയിലേക്ക് മാറ്റിയത്. മാറ്റപ്പെടുന്ന ബാക്ടീരിയ പുതിയ ഫ്‌ളാസ്‌ക്കിനുള്ളില്‍ അതിലടക്കം ചെയ്തിട്ടുള്ള ഗ്ലൂക്കോസടങ്ങിയ സൂപ്പിന്റെ സഹായത്തോടെ പെട്ടെന്ന് തന്നെ പെറ്റുപെരുകിക്കൊള്ളും. അങ്ങനെ പുതിയ ഫ്‌ളാസ്‌ക്കിലെ ബാക്ടീരിയകളുടെ പോപ്പുലേഷന്‍ അമ്പരപ്പിക്കുന്ന രീതിയില്‍ വര്‍ധിക്കുന്നു. പക്ഷേ, ഈ വര്‍ധനക്ക് തൊട്ടടുത്ത ദിവസം ഭക്ഷണം തീരുന്നതോടെ ക്ഷീണം സംഭവിക്കുന്നു. അതോടെ പട്ടിണിപിറക്കുകയും വര്‍ധനയുടെ ആക്കം കുറഞ്ഞ് സമീകൃതമായ നിലയില്‍ എത്തുകയും ചെയ്യും. പക്ഷേ, അതിനിടെ നൂറിലൊരംശത്തെ മറ്റൊരു പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റിയിട്ടുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ ഫ്‌ളാസ്‌ക്കിലെയും ബാക്ടീരിയകളുടെ എണ്ണം ദിനംപ്രതി വന്‍തോതില്‍ വര്‍ധിക്കുകയും പാരമ്യത്തിലെത്തുമ്പോള്‍ അതിന്റെ ഒരു സാമ്പിള്‍ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റി അവിടെ ഇതേപ്രക്രിയ ആവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. ദൈര്‍ഘ്യമേറിയ ഭൗമശാസ്ത്ര കാലത്തിനുള്ളില്‍ നടക്കുന്ന പരിണാമത്തിന്റെ അതിശീഘ്ര പതിപ്പെന്നപോലെ (High speed equivalent) ഈ ബാക്ടീരിയകള്‍ ചാക്രികമായി ദിനംപ്രതിയുള്ള വികാസത്തിനും പട്ടിണിക്കും വിധേയമാവുകയാണ്. അവിടെനിന്നും ഭാഗ്യമുള്ള ഒരു കൂട്ടത്തെ (നൂറിലൊന്ന്) തെരഞ്ഞെടുത്ത് പുതിയ നോഹയുടെ പെട്ടകത്തിലേക്കു മാറ്റുന്നു. ലെന്‍സ്‌കിയും കൂട്ടരും ഒരുക്കുന്ന പുതിയ ഫ്‌ളാസ്‌ക്കുകളാണ് ഇവിടെ നോഹയുടെ പെട്ടകം. പക്ഷേ, ഈ മാറ്റം വീണ്ടും താല്‍ക്കാലിക സമൃദ്ധിയിലേക്കും പിറകെയെത്തുന്ന പട്ടിണിയിലേക്കുമാണെന്ന് മാത്രം. പരിണാമത്തിനു ഏറ്റവും അനുയോജ്യമായ പരിസ്ഥിതിയാണിതെന്നു പ്രത്യേകം പറയേണ്ടതില്ല. 12 വ്യത്യസ്ത പരിണാമ താവഴികലാണ് ഈ പരീക്ഷണത്തില്‍ സമാന്തരമായി പുരോഗമിക്കുന്നത്. ദീര്‍ഘമായ ഭൗമശാസ്ത്ര കാലത്തില്‍ അനേകം തലമുറകള്‍ ഉള്‍കൊള്ളുന്ന ഇത്തരം വികാസപരിണാമങ്ങള്‍ പലകുറി അരങ്ങേറുന്നുണ്ട്. വേഗം തീരെ കുറവാണെന്ന് മാത്രം. രണ്ടിടത്തും അരങ്ങേറുന്ന പ്രക്രിയ തത്ത്വത്തില്‍ ഒന്നുതന്നെ. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന വേഗമാണ് ബാക്ടീരിയകളുടെ കാര്യത്തില്‍ എന്ന് മാത്രം.”(7)

(ഈ പരീക്ഷണം പരിണാമത്തിന്റെ അതിവേഗ പരീക്ഷണശാലാ പതിപ്പാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ലേഖനാവസാനത്തില്‍ ആവശ്യം വരും).

ഇ-കോളി ബാക്ടീരിയ പരീക്ഷണം എങ്ങനെയാണ് നടത്തപ്പെടുന്നത് എന്നും അതിന്റെ സമയദൈര്‍ഘ്യം എത്രയെന്നും ഒരേകദേശ ധാരണ കിട്ടിയല്ലോ. സാധാരണ ഭൗമസമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് വര്‍ഷമെടുത്തു നടക്കുന്ന പരിണാമം അതേപോലെ പുനഃസൃഷ്ടിച്ചു പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമമാണിതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിച്ച പരിണാമഫലം അടുത്ത പേജുകളില്‍ വിശദമാക്കുന്നുണ്ട്. മാത്രമല്ല ഇതിനോടനുബന്ധിച്ചു ഉപപരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിലേക്കു പോകുന്നതിനു മുമ്പ്, ഈ പരീക്ഷണത്തിലൂടെ ഇ-കോളി ബാക്ടീരിയകള്‍ക്കുണ്ടായ കണ്ണഞ്ചിപ്പിക്കുന്ന പരിണാമവ്യതിയാനങ്ങള്‍ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. അവയോരോന്നായി വിശകലനവിധേയമാക്കാം.

ഡോകിന്‍സിനെത്തന്നെ വായിക്കുക: ”ശരി, നമുക്കിപ്പോള്‍ 12 ഗോത്രങ്ങളുണ്ട്. ഭൗമസമയത്തിന്റെ അതിവേഗ പതിപ്പുകളെപ്പോലെ, പട്ടിണിയും സുഭിക്ഷതയും മാറിമറിഞ്ഞുവരുന്ന സമാന പരിസ്ഥിതിയില്‍ പുതുതലമുറകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് ഈ ഗോത്രങ്ങള്‍. ഇവിടെ ഉയരുന്ന കൗതുകകരമായ ചോദ്യമിതാണ്; ഈ തലമുറകള്‍ എക്കാലത്തും മുന്‍ഗാമികള്‍ക്ക് സമാനമായി തുടരുമോ? അതോ പരിണമിക്കുമോ? പരിണമിക്കുമെങ്കില്‍ പന്ത്രണ്ടു ഗോത്രങ്ങളും ഒരേ രീതിയില്‍ തന്നെയാവുമോ പരിണമിക്കുന്നത്, അതോ അവ പരിണമിച്ചു വിഭിന്നമായിത്തീരുമോ?”(8)

ബാക്ടീരിയകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഭക്ഷണത്തിന്റെ തോത് വിശദീകരിച്ച് അദ്ദേഹം തുടരുന്നു: ”ഏതെങ്കിലുമൊരു ബാക്ടീരിയയില്‍ കൂടുതല്‍ ഫലപ്രദമായി ഗ്ലൂക്കോസ് ആഹരിക്കാന്‍ സഹായിക്കും വിധമുള്ള ഉല്‍പരിവര്‍ത്തനമുണ്ടായാല്‍ പ്രകൃതിനിര്‍ധാരണം അതിനെ പിന്തുണക്കുമെന്നാണ് ഡാര്‍വിനിസം വിഭാവനം ചെയ്യുന്നത്. താമസിയാതെ അത്തരം ബാക്ടീരിയകളുടെ പതിപ്പുകള്‍ ഫ്‌ളാസ്‌ക്കിലാകമാനം നിറയുമെന്നും പ്രതീക്ഷിക്കാം. ഈ പുതിയ പതിപ്പുകളുടെ പരമ്പരകളായിരിക്കും ഉല്‍പരിവര്‍ത്തനത്തിനു വിധേയമാകാത്തവയുടെ തലമുറകളെ അപേക്ഷിച്ച് പുതിയ ഫ്‌ളാസ്‌ക്കുകളിലേക്ക് കൂടുതലായി വ്യാപിക്കപ്പെടുക. അവസാനം ഈയിനം വ്യക്തിഗത ബാക്ടീരിയകളുടെ ഗോത്രത്തിനു ഫ്‌ളാസ്‌ക്കുകളില്‍ കുത്തക കൈവരും. സത്യത്തില്‍ ഇത് തന്നെയാണ് 12 ഗോത്രങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. ഫ്‌ളാസ്‌ക്ക് തലമുറകള്‍ മുന്നേറുന്തോറും എല്ലാ പന്ത്രണ്ട് ഗോത്രങ്ങളിലെയും ബാക്ടീരിയകള്‍ ഒരു ഭക്ഷണസ്രോതസ്സെന്ന നിലയില്‍ ഗ്ലൂക്കോസ് ചൂഷണം ചെയ്യുന്നതില്‍ അവയുടെ ആദിമ മുന്‍കാമികളെക്കാള്‍ അതിജീവനക്ഷമത അഥവാ മികവ് (Fitness) ഉള്ളവരായിത്തീര്‍ന്നു.”(9)

ഇങ്ങനെ ഭക്ഷണത്തില്‍ കൂടുതല്‍ ഗ്ലൂക്കോസ് ചൂഷണം ചെയ്യാന്‍ തുടങ്ങിയതിലൂടെ ബാക്ടീരിയകള്‍ക്കുണ്ടായ പരിണാമവും തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്: ”ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടതോടെ 12 പോപ്പുലേഷനുകളിലെയും ബാക്ടീരിയകളുടെ ശരാശരി മികവ് വര്‍ധിച്ചു. 12 ഗോത്രങ്ങളിലെയും ബാക്ടീരിയകളും ഗ്ലൂക്കോസ് കുറഞ്ഞുവരുന്ന പരിസ്ഥിതിയില്‍ മെച്ചപ്പെട്ട അതിജീവനക്ഷമത കാണിക്കാന്‍ തുടങ്ങി. ഇതിനു പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഫ്‌ളാസ്‌ക്കുകളുടെ എണ്ണം പുരോഗമിക്കും തോറും 12 ഗോത്രങ്ങളിലെയും ബാക്ടീരിയകളുടെ വളര്‍ച്ചാനിരക്ക് കൂടുകയും ശരാശരി ശരീരവലുപ്പം വര്‍ധിക്കുകയും ചെയ്തു.”(10)

ശരീരവളര്‍ച്ചയുടെ ഒരു ഗ്രാഫ് ചേര്‍ത്ത് അത് വിശദീകരിച്ച ശേഷം ഗ്രന്ഥകര്‍ത്താവ് തുടരുന്നു: ”ഈ പരിണാമമാറ്റം സൂചിപ്പിക്കുന്ന ഒരു വസ്തുത ഇതാണ്; ഗ്ലൂക്കോസ് സുഭിക്ഷതയും പട്ടിണിയും മാറിമാറി വരുന്ന ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളിലെ വെല്ലുവിളിനിറഞ്ഞ സവിശേഷ പരിസ്ഥിതിയില്‍ ‘ശരീരവലുപ്പം വര്‍ധിപ്പിക്കുക’ എന്നത് അതിജീവനത്തിന് സഹായകരമായ ഒരു മാറ്റമാണ്.”(11)

ശരീര വളര്‍ച്ച വര്‍ധിപ്പിക്കുക എന്ന ഈ ‘മികവ്’ കൈവരിക്കാന്‍ ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടു എന്നത് അദ്ദേഹം അശ്രദ്ധമായോ അതിശയോക്തി പകര്‍ന്നോ പറഞ്ഞതാകാം. അദ്ദേഹം തന്നെ അടുത്ത പേജില്‍ പറയുന്നു: ”ആദ്യ 2000 തലമുറകളിലാണ് ശരീരവലിപ്പത്തിനുള്ള വര്‍ധന അധികവും സംഭവിച്ചിരിക്കുന്നത്.”(12)

അതായത് ഇത്രയും ദീര്‍ഘമായ പരീക്ഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഗ്ലൂക്കോസ് കൂടുതല്‍ ചൂഷണം ചെയ്ത് ശരീരവലുപ്പം കൂട്ടുക എന്ന പരിണാമം സംഭവിച്ചിട്ടുണ്ട്! ശ്രദ്ധിക്കുക; 2000 തലമുറകള്‍ പിന്നിട്ടതോടെ സംഭവിച്ച മാറ്റം ഗ്ലൂക്കോസ് കൂടുതല്‍ ഭക്ഷിച്ച് ഇ-കോളി ബാക്ടീരിയകളുടെ ശരീരവലിപ്പം കൂട്ടി എന്ന പരിണാമമാണ്. അത് കേവലം പത്തുമാസത്തില്‍ തന്നെ സംഭവിച്ചു! ദീര്‍ഘകാലം ആവശ്യമായി വന്നില്ല. 32 കൊല്ലം നീണ്ട പരീക്ഷണത്തില്‍ കേവലം പത്ത് മാസം മാത്രം! ഇനിയുമുണ്ട് ലെന്‍ സ്‌കിയുടെ ബാക്ടീരിയാ പരീക്ഷണത്തിലൂടെ അനാവരണം ചെയ്യപ്പെട്ട പരിണാമ മാറ്റം!

”12 ബാക്ടീരിയാഗോത്രങ്ങളും അവയുടെ അതിജീവനക്ഷമത ഒരു പൊതുവായൊരു മാര്‍ഗത്തിലൂടെയാണെന്നാണ് ഞാനിതുവരെ പറഞ്ഞുകൊണ്ടിരുന്നത്. വിശദാംശങ്ങളില്‍ മാത്രമാണ് ഭിന്നത. ചിലവയ്ക്ക് വേഗം കൂടുതലായിരുന്നു, ചിലവ മന്ദഗതിക്കാരും. എങ്കിലും എല്ലാ ഗോത്രങ്ങളും ക്ഷമത വര്‍ധിപ്പിക്കുക തന്നെ ചെയ്തു. എന്നാല്‍ ഇതിനു അപവാദമായി ഈ ദീര്‍ഘപരീക്ഷണം ഒരു നാടകീയമാറ്റം കൊണ്ടുവരികയുണ്ടായി. 33000 തലമുറ കഴിഞ്ഞതോടെ തികച്ചും അസാധാരണമെന്ന് പറയാവുന്ന ഒരു സംഭവമുണ്ടായി. 12 ഗോത്രതാവഴികളിലൊന്നില്‍, ഒന്നില്‍ മാത്രം പരിണാമത്തോത് വന്യമായി കുതിച്ചു കയറി. Ara3 എന്ന താവഴിയിലാണ് ഈ അത്ഭുതപ്രതിഭാസം ദൃശ്യമായത്. ഏകദേശം 33000 തലമുറകള്‍ വരെ Ara3യുടെ ശരാശരി പോപ്പുലേഷന്‍ സാന്ദ്രത മറ്റു 12 ഗോത്രങ്ങളുടേതിനെക്കാള്‍ ODയിലൂടെ ഏതാണ്ട് 0.04 എന്ന നിലയില്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. പെട്ടെന്നതാ ഒരു നാടകീയ മാറ്റം! ഏതാണ്ട് 33100 തലമുറ പിന്നിട്ടതോടെ Ara3യുടെ (12 ഗോത്രങ്ങളില്‍ ഈയൊരെണ്ണത്തിന്റെ മാത്രം) ശരാശരി OD സ്‌കോര്‍ ശരിക്കും ലംബമായി കുതിച്ചുകയറുകയാണ്. ആറു മടങ്ങായാണത് വര്‍ധിച്ചത്-അതായത് സ്‌കോര്‍ 0.25 ആയി മാറി. ഈ ഗോത്രത്തിലെ പിന്നീടുവന്ന ഫ്‌ളാസ്‌ക്കുകളിലെ പോപ്പുലേഷനും വിസ്‌ഫോടകമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. ഏതാനും ദിവസം കഴിഞ്ഞതോടെ ഈ ഗോത്രത്തിന്റെ മാത്രം പോപ്പുലേഷന്‍ ഉന്നതി ഈ ആറുമടങ്ങ് നിരക്കില്‍ സ്ഥായിയാക്കപ്പെട്ടു. അപ്പോഴും മറ്റ് 11 ഗോത്രങ്ങളും പഴയനിരക്കായ 0.40ല്‍ മുന്നോട്ട് പോയി. Ara3യുടെ തുടര്‍തലമുറകളും ഈ പോപ്പുലേഷന്‍ ഉന്നതി കുറവുവരാതെ തുടര്‍ന്നു.”(13)

ഇപ്പോള്‍ രണ്ടു പരിണാമമാറ്റങ്ങള്‍ ഈ പരീക്ഷണത്തിലൂടെ ബാക്ടീരിയകളില്‍ പ്രകടമായി. ആദ്യത്തെ പരിണാമം ദൃശ്യമായത് പരീക്ഷണം തുടങ്ങി പത്ത് മാസത്തിനുള്ളിലായിരുന്നെങ്കില്‍ ഇപ്പറഞ്ഞ രണ്ടാം പരിണാമമാറ്റം ദൃശ്യമായത് പതിമൂന്നര കൊല്ലത്തിനു ശേഷമായിരുന്നു. ഇത്രയും കമനീയമായി നമ്മുടെ കണ്മുന്നില്‍ വ്യക്തമായി നടന്ന പരിണാമം നമുക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതുണ്ട്. അതിനു മുമ്പ് ഈ പരിണാമത്തിലേക്ക് നയിച്ചത് ഉല്‍പരിവര്‍ത്തനമാണെന്ന കണ്ടെത്തല്‍ കൂടി മനസ്സിലാക്കാം. 

(അവസാനിച്ചില്ല)

Reference:

1. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍: പേജ് 7

2. അതേ പുസ്തകം പേജ് 19

3. അതേ പുസ്തകം പേജ് 21

4. അതേ പുസ്തകം പേജ് 11,12

5. അതേ പുസ്തകം പേജ് 160

6. അതേ പുസ്തകം പേജ് 160

7. അതേ പുസ്തകം പേജ് 160,161,162

8. അതേ പുസ്തകം പേജ് 164

9. അതേ പുസ്തകം പേജ് 164,165

10. അതേ പുസ്തകം പേജ് 166

11. അതേ പുസ്തകം പേജ് 168

 

അലി ചെമ്മാട്
നേർപഥം വാരിക

ജലം അമൂല്യമാണ്: പങ്കുവയ്ക്കുക, പാഴാക്കരുത്

ജലം അമൂല്യമാണ്: പങ്കുവയ്ക്കുക, പാഴാക്കരുത്

ജീവന്റെ ഉല്‍ഭവം ജലത്തില്‍ നിന്നാണ്. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പിന്റെ ആധാരവും ജലം തന്നെ. വായുവും വെള്ളവും വെളിച്ചവുമെല്ലാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാത്തവര്‍ക്ക് ശക്തമായ ശിക്ഷയും നന്ദികാണിക്കുന്നവര്‍ക്ക് വര്‍ധനവും സ്രഷ്ടാവ് നല്‍കുമെന്നതിന് ചരിത്രം സാക്ഷിയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ  വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കോവിഡെന്ന മഹാമാരിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സമൂഹത്തിലേക്ക് വരള്‍ച്ച കൂടി കടന്നുവരുമ്പോള്‍ നാം തിരിച്ചറിയേണ്ടത് എന്താണ്?

വിക്ടോറിയ വെള്ളച്ചാട്ടം ആഫ്രിക്കയിലെ ഏറ്റവും വലിയ ആകര്‍ഷകമായ പ്രകൃതി സൗന്ദര്യമാണ്. സാംബിയയുടെയും സിംബാബ്‌വേയുടെയും അതിര്‍ത്തിയിലുള്ള ഈ വെള്ളച്ചാട്ടം നയാഗ്രയെക്കാള്‍ ഇരട്ടി ഉയരമുള്ള അത്ഭുതമാണ്. എല്ലാ വര്‍ഷവും സിംബാബ്‌വേയിലേക്കും സാംബിയയിലേക്കും ഇത് കാരണമായി ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്താറുള്ളത്. എന്നാല്‍ നൂറ്റാണ്ടിലെത്തന്നെ അതിരൂക്ഷമായ വരള്‍ച്ച ബാധിച്ചപ്പോള്‍ വിക്ടോറിയ ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കേപ്ടൗണ്‍ നഗരം 2017ന്റെ മധ്യത്തോടെ ജലക്ഷാമം നേരിടാന്‍ തുടങ്ങിയിരുന്നു. ജല സ്രോതസ്സുകള്‍ വറ്റിവരളുകയും സസ്യങ്ങള്‍ കരിഞ്ഞുണങ്ങുകയും ജീവജാലങ്ങള്‍ ചത്തൊടുങ്ങുകയും മനുഷ്യര്‍ പലായനത്തിന് നിര്‍ബന്ധിതമാവുകയും ചെയ്ത ഭീതിജനകമായ സാഹചര്യമായിരിക്കുന്നു.

ഒരു നഗരം മുഴുവനും വരിനില്‍ക്കുകയാണ്. ഓരോ വരിയും അവസാനിക്കുന്നത് പൈപ്പിന്‍ ചുവട്ടിലോ വെള്ളം നിറച്ച വീപ്പയുടെ മുന്നിലോ ആണ്. ഒരു ദിവസത്തിന്റ ജലസാന്നിധ്യമാവശ്യമായ എല്ലാ കാര്യത്തിനും കുടി അനുവദിച്ചിരിക്കുന്നത് വെറും 49 ലിറ്റര്‍ വെള്ളമാണത്രെ! ഓരോ ദിവസവും വീട്ടിലെത്തുന്ന ഈ പരിമിതമായ വെള്ളം കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിച്ചതിന് ശേഷം മിച്ചംവരുന്നത് മാത്രം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. അതിനാല്‍ ഷവറിന് താഴെ കുളിക്കാന്‍ ഒരാളെടുക്കുന്ന സമയം വെറും ഒന്നര മിനുട്ടാണ്. ‘ജലാടിയന്തരാവസ്ഥ’ എന്ന് വിശേഷിപ്പിക്കാവുന്ന ‘ഡേ സിറോ’ പ്രഖ്യാപിക്കുമെന്ന ഭീതിയില്‍ കഴിയുന്ന ജനത ജലക്ഷാമത്തിന്റെ കെടുതിയനുഭവിക്കുന്നവരു ടെ നേര്‍ചിത്രമാണ്.

‘വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രെ!’ എന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കുമാറ് 97 ശതമാനവും വെള്ളത്താല്‍ വലയം ചെയ്യപ്പെട്ട ഭൂമിയില്‍ ദാഹജലത്തിനായുള്ള ഓട്ടത്തിനിടയില്‍ വാടിത്തളര്‍ന്ന ജീവിതങ്ങളും ധാരാളമുണ്ട്’

 

കേരളത്തിലെ മഹാപ്രളയങ്ങളില്‍ കെടുതിയനുഭവിച്ചതിന്റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. എന്നിട്ടും ശുദ്ധജലത്തിന് വേണ്ടി കേഴുന്ന പ്രദേശങ്ങള്‍ കേരളത്തില്‍പോലും അധികരിച്ച് വരുന്നു. പ്രകൃതിയിലെ വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് പകരം അത്യാര്‍ത്തിയില്‍ ശുദ്ധജല സ്രോതസ്സുകള്‍ പോലും മലിനമാക്കപ്പെടുന്നവിധം അശ്രദ്ധയിലാണ്ട ജീവിതമാണിന്ന് മനുഷ്യന്‍ നയിക്കുന്നത്. പരസ്പരം പങ്കുവയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ജലം ഇന്ന് അമിതോപയോഗത്തിലും ഉപഭോഗത്വരയാലുള്ള മാലിന്യങ്ങളിലും വറ്റിവരണ്ട് ഉണങ്ങുകയാണ്. ജലത്തിന്റെ അമൂല്യതയും പ്രാധാന്യവും തിരിച്ചറിയുമാറ് ശുദ്ധജലം ക്രമേണ കുറഞ്ഞ് വരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

വെള്ളമെന്ന മഹത്തായ അനുഗ്രഹം

വെള്ളത്തില്‍ നിന്നാണ് സര്‍വജീവികളുടെയും ഉല്‍ഭവം: ”ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?” (ക്വുര്‍ആന്‍ 21:30).

”അവന്‍ തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.” (ഫുര്‍ഖാന്‍: 54)

മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപജീവനത്തിനാവശ്യമായ സസ്യലതാതികളും പഴവര്‍ഗങ്ങളും ഫലങ്ങളുമെല്ലാം വെള്ളം മുഖേനയാണ് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.

”അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍ നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു). അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്” (ക്വുര്‍ആന്‍ 6:99).

”നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു…” (ക്വുര്‍ആന്‍ 35:27).

”നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്” (ക്വുര്‍ആന്‍ 39:21).

ശബ്ദത്തെക്കാള്‍ ഏഴ് ഇരട്ടി വേഗതയുള്ള സൂപ്പര്‍ സോണിക് വിമാനങ്ങളും കോണ്‍കേഡുകളും ഉപയോഗിച്ച് സഞ്ചരിക്കുന്ന ആധുനിക മനുഷ്യന്റ പുരോഗതി വിവരണാതീതമാണ്. അന്യഗ്രഹങ്ങളിലേക്ക് വിനോദസഞ്ചാരം നടത്താനും ശൂന്യാകാശത്ത് സ്റ്റാര്‍ ഹോട്ടലുകള്‍ പണിയാനുമൊക്കെ അവന്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എന്നിട്ടും മണ്ണിനും ജീവനുമാവശ്യമായ ജലത്തിന്റെ ക്ഷാമത്തെ അതിജയിക്കാനാ കുന്നില്ല. ദാഹജലത്തിന്നായി കേഴുന്ന ജീവജാലങ്ങള്‍ക്ക് ആശ നല്‍കി ആകാശത്ത് ഉരുണ്ടുകൂടുന്ന കാര്‍മേ ഘപാളികള്‍ ഒരു തുള്ളി ജലം പോലും പൊഴിക്കാതെ എങ്ങോ പോയ് മറയുന്നു. അല്ലാഹു വിചാരിച്ചെങ്കിലല്ലാതെ ഒരു തുള്ളിയും നമുക്ക് ലഭിക്കാന്‍ പോകുന്നില്ല. ആര്‍ത്തലച്ച് പെയ്തിറങ്ങുന്ന പേമാരിയെ തടുക്കാനും മനുഷ്യന്‍ അശക്തനാണ്.

അല്ലാഹു പറയുന്നു: ”അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി”(ക്വുര്‍ആന്‍ 13:17).

”അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേയ്ക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്” (ക്വുര്‍ആന്‍ 16:10).

”അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ അത് നിര്‍ജീവമായികിടന്നതിന് ശേഷം അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്”(ക്വുര്‍ആന്‍16:65).

ജലസമൃദ്ധി നിലനിര്‍ത്താന്‍ ചില പാഠങ്ങള്‍

ജലക്ഷാമം അതിരൂക്ഷമാകുന്നതിന് പല കാരണങ്ങള്‍ പറയാറുണ്ട്. മനുഷ്യന്റ വികസന പദ്ധതികളിലെ പ്രകൃതിവിരുദ്ധതയും മണ്ണിനോട് ചേരാത്ത ചില ഉല്‍പന്നങ്ങളുടെ ആധിക്യവും വനനശീകരണവും നഗരവല്‍കരണവുമെല്ലാം അതില്‍ പെടുന്നു.

ജനസാന്ദ്രത കൂടുന്നതിനാല്‍ വെള്ളത്തിന്റ ഉപയോഗം അധികരിക്കുന്നുവെന്നും അതിനാല്‍ ജലക്ഷാമം രൂക്ഷമാകുന്നതിന്റ ഒരു കാരണം ജനപ്പെരുപ്പമാണെന്നും വിലയിരുത്തുന്ന ചില ബുദ്ധിശൂന്യരുണ്ട്. ജനപ്പെരുപ്പം കൂടിയ രാഷ്ട്രങ്ങളിലെ ജലസമൃദ്ധിയും ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളിലെ വരള്‍ച്ചയും ഇത്തരം കണ്ടെത്തലുകളില്‍ അബദ്ധമുണ്ടെന്ന് മനസ്സിലാക്കാന്‍ പര്യാപ്തമാണ്.  

ജലസമൃദ്ധിക്കായി ദൈവിക മതമായ ഇസ്‌ലാം ചില പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണവ. അതിലൊന്ന് യഥാര്‍ഥ വിശ്വാസവും സൂക്ഷ്മതാ ബോധവുമാണ്.

”ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ചുതള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി” (ക്വുര്‍ആന്‍ 7:96).

ഇമാം സഅദി(റഹ്) ഈ വചനത്തെ ഇങ്ങനെ വിശദീകരിക്കുന്നു: ”ആ നാടുകളിലുള്ളവര്‍ അവരുടെ വിശ്വാസത്തില്‍ സത്യസന്ധത പുലര്‍ത്തുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും രഹസ്യമായും പരസ്യ മായും സൂക്ഷ്മത പുലര്‍ത്തുകയും നിഷിദ്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ അല്ലാഹു അവരുടെ മേല്‍ ആകാശത്തുനിന്ന് അനുഗ്രഹം വര്‍ഷിക്കുമായിരുന്നു. അവരുടെമേല്‍ മഴ പെയ്യിപ്പിക്കുകയും സസ്യലതാതികള്‍ മുളപ്പിക്കുകയും ഐശ്വര്യപൂര്‍ണമായ ജീവിതം പ്രധാനം ചെയ്യുകയും ചെയ്യുമായിരുന്നു.”

രണ്ടാമത്തേത് മതത്തില്‍ നേരെചൊവ്വെ നിലനില്‍ക്കലാണ്. അല്ലാഹു പറയുന്നു: ”ആ മാര്‍ഗത്തില്‍ (ഇസ്‌ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 72:16).

”തൗറാത്തും ഇന്‍ജീലും അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത് നിന്നും കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ” (ക്വുര്‍ആന്‍ 5:66).

സ്രഷ്ടാവിനോട് നന്ദിയുള്ളവരാവുക

ജലം സമൃദ്ധമായുണ്ടെങ്കിലും 97 ശതമാനത്തിലേറെയും ഉപ്പുരസം കലര്‍ന്നതാണ്. ശുചീകരികരണത്തിനും പാനം ചെയ്യാനുമുള്ള ശുദ്ധജലം വളരെ പരിമിതവുമാണ്. ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണല്ലോ ശുദ്ധജലം. അത് ആവശ്യത്തിന് ലഭ്യമാവുകയെന്നത് വലിയ സൗഭാഗ്യവുമാണ്. വെള്ളമെന്നഅനുഗ്രഹത്തിന് സ്രഷ്ടാവിനോട് നാം നന്ദികാണിച്ചാല്‍ ആ അനുഗ്രഹം അവന്‍ വര്‍ധിപ്പിച്ചു തരുന്നതാണ്. അല്ലാഹു പറയുന്നു:

”നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്(അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്…” (ക്വുര്‍ആന്‍ 14:7).

ഒരിക്കല്‍ മഴ പെയ്തപ്പോള്‍ നബി ﷺ  പറഞ്ഞു: ”ജനങ്ങളില്‍ ഒരു വിഭാഗം നന്ദി ചെയ്യുന്നവരും മറ്റു ചിലര്‍ നന്ദികേട് കാണിക്കുന്നവരുമാണ്. അവരില്‍ ചിലര്‍ മഴയെ കുറിച്ച് ഇത് അല്ലാഹുവിന്റെ കാരുണ്യമാണെന്ന് പറയും. മറ്റു ചിലര്‍ രാശി കാരണമാണ് മഴ പെയ്യുന്നതെന്നും പറയും.” അപ്പോള്‍ ‘അല്ല, നക്ഷത്ര ങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു’ എന്ന (സൂറത്തുല്‍ വാക്വിഅയിലെ) ആയത്ത് മുതല്‍ ‘സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?’ എന്ന ആയത്ത് വരെയുള്ള ഭാഗങ്ങള്‍ അവതരിക്കുകയുണ്ടായി എന്ന് ഇബ്‌നു അബ്ബാസ്(റ) രേഖപ്പെടുത്തുന്നു.

അനുഗ്രഹം ശിക്ഷയായി മാറും

അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിച്ചാല്‍ അല്ലാഹുവിന്റെ ശിക്ഷക്ക് അത് കാരണമാകുമെന്ന് പൂര്‍വകാല സമൂഹങ്ങളുടെ ചരിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകും. വെള്ളം അധികമായി വര്‍ഷിച്ച് കൊണ്ടും മഴ ലഭിക്കാതെയും വെള്ളം വറ്റിച്ച് കളഞ്ഞും ഉപ്പ് രസമുള്ളതാക്കിയും ശിക്ഷ നല്‍കിയിട്ടുണ്ട്.

നൂഹ് നബി(അ)യുടെ ജനതയെ അമിതമായ മഴ വര്‍ഷിപ്പിച്ചുകൊണ്ട് നശിപ്പിച്ച് കളഞ്ഞു. വിശ്വാസികള്‍ രക്ഷപ്പെടുകയും ചെയ്തു. അല്ലാഹു പറയുന്നു: ”അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു” (ക്വുര്‍ആന്‍ 54:11,12).

സത്യവിശ്വാസികള്‍ ഭയാനകമായ ശിക്ഷയില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം ഇങ്ങനെ പറഞ്ഞു.

‘ഭൂമീ! നിന്റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ, മഴ നിര്‍ത്തൂ എന്ന് കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു. അത് (കപ്പല്‍) ജൂദി പര്‍വതത്തിന്‌മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു” (ക്വുര്‍ആന്‍ 11:44).

സമ്പല്‍ സമൃദ്ധിയില്‍ ജീവിച്ചിരുന്ന യമനിലെ സബഅ് ഗോത്രവും ഒരു ദൃഷ്ടാന്തമാണ്. അവര്‍ വെള്ളം അണകെട്ടി ശേഖരിച്ചിരുന്നു.അവര്‍ അനുഭവിക്കുന്ന സമൃദ്ധിക്ക് സ്രഷ്ടാവിനോട് നന്ദിയുള്ളവരാകാന്‍ കല്‍പിക്കപ്പെട്ടു. എന്നാല്‍ അവര്‍ നിഷേധികളും നന്ദികെട്ടവരും ധിക്കാരികളുമായി മാറി. അതിനാല്‍ അവര്‍ക്ക് സംഭവിച്ചതെന്തെന്ന് അല്ലാഹു വിവരിക്കുന്നു:

”തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായി രുന്നു. അതായത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും! എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫല മായി നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?” (ക്വുര്‍ആന്‍ 34:15-17).

 

മഴ തടയപ്പെടാനുള്ള കാരണങ്ങള്‍

അല്ലാഹുവില്‍ പങ്കുചേര്‍ക്കുക, സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക, സകാത്ത് നല്‍കാതിരിക്കുക, പാപങ്ങള്‍ അധികരിക്കുക തുടങ്ങിയവ കാരണത്താല്‍ മഴ തടയപ്പെട്ടേക്കാം. ജലം രുചിയുള്ളതും ഉപയോഗപ്രദവുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. അതിന്റെ രുചി മാറ്റത്തിലൂടെയും ഉപ്പുരസം നല്‍കിയും ഉപയോഗശൂന്യമാക്കി മനുഷ്യന്‍ പരീക്ഷിക്കപ്പെടും.

പശ്ചാത്തപിച്ചും പാപമോചനം തേടിയും അല്ലാഹുവിനോട് പ്രാര്‍ഥിച്ചും ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനാകും. വ്യക്തിപരമായ പ്രാര്‍ഥനകളും മഴക്ക് വേണ്ടിയുള്ള നമസ്‌കാരം സംഘടിതമായി നിര്‍വഹിച്ചുമെല്ലാം സ്രഷ്ടാവിനോട് ഇത്തരം ഘട്ടങ്ങളില്‍ അടുക്കുവാന്‍ തയ്യാറാകേണ്ടതുണ്ട്.

ജല ദുര്‍വിനിയോഗം തടയുക

ഇസ്‌ലാം മിതത്വം ഉല്‍ഘോഷിക്കുന്ന മതമാണ്. അമിതത്വം നിരുല്‍സാഹപ്പെടുത്തുകയും അതിന്റെ ഭവിഷത്തുക്കളെ കുറിച്ച് താക്കീത് നല്‍കുകയും ചെയ്യുന്നു:

”ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ് തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടു കയേയില്ല” (ക്വുര്‍ആന്‍ 7:31).

”ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍” (ക്വുര്‍ആന്‍ 25:67).

മനുഷ്യന്റെ അതിക്രമം

ജലലഭ്യത നഷ്ടപ്പെടുത്തുന്നവിധം മനുഷ്യന്റെ ഇടപെടല്‍ അതിക്രൂരവും നശീകരണത്തിന് നിദാന വുമാണ്. ജലസ്രോതസ്സുകള്‍ നശിപ്പിക്കുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. പുഴയും ആറുകളും കുളങ്ങളുമെല്ലാം പരിചരിക്കുന്നതില്‍ സമൂഹം അലസരും അജ്ഞരുമാണ്.

ജലസ്രോതസ്സുകള്‍ മലിനമാക്കിയാണ് പലരും കടുംകൈ ചെയ്യുന്നത്. നിര്‍മാണശാലകളിലെ മാലിന്യങ്ങളും പാഴ്‌വസ്തുക്കളുമെല്ലാം പുഴകളിലും മറ്റും തള്ളുകയാണ്. പ്രകൃതിയിലെ ശുദ്ധജല ഉറവകള്‍ പോലും അടച്ച് കളയുന്ന മാലിന്യങ്ങളില്‍ നിന്നുള്ള മോചനത്തിനായ് സമൂഹം ബോധവാന്‍മാരാകണം.

വെള്ളം ദാനം ചെയ്യുന്നത് പുണ്യം

ആവശ്യക്കാര്‍ക്ക് വെള്ളം നല്‍കുന്നത് ശ്രേഷ്ഠമായ ദാനധര്‍മമാകുന്നു. മരണപ്പെട്ടുപോയവരുടെ പേരില്‍ ജലവിതരണ പദ്ധതിയുണ്ടാകുന്നത് പോലും പുണ്യമുള്ള കാര്യമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

ഒരിക്കല്‍ സഅദ്ബ്‌നു ഉബാദ(റ) നബി ﷺ യോട് പറഞ്ഞു: ”പ്രവാചകരേ! ഉമ്മുസഅദ്  മരണപ്പെട്ടിരി ക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ ധര്‍മമെന്താകുന്നു? പ്രവാചകന്‍ ﷺ  പറഞ്ഞു: ‘വെള്ളം.’ അപ്പോള്‍ അദ്ദേഹം കിണര്‍ കുഴിച്ചു. എന്നിട്ട് പറഞ്ഞു: ‘ഇത് ഉമ്മുസഅദിനുള്ളതാകുന്നു” (അബുദാവൂദ്).

മിണ്ടാപ്രാണികള്‍ക്ക് വെള്ളം കൊടുക്കുന്നത് പോലും ഏറ്റവും ശ്രേഷ്ഠവും പുണ്യമുള്ളതുമാണ്.

 

അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: നബി ﷺ  പറഞ്ഞു: ”ഒരിക്കല്‍ ഒരാള്‍ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ശക്തമായ ദാഹമുണ്ടായി. വഴിയരികില്‍ കണ്ട ഒരു കിണറ്റിലിറങ്ങിവെള്ളം മതിയാകുവോളം കുടിച്ചു. കിണറ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴുണ്ട് ദാഹിച്ചുവലഞ്ഞ ഒരു നായ മണ്ണ് കപ്പുന്നു! അലിവ് തോന്നിയ അദ്ദേഹം വീണ്ടും കിണറ്റിലിറങ്ങി ഷൂവില്‍ വെള്ള നിറച്ച് ആ നായക്ക് നല്‍കി ദാഹം ശമിപ്പിച്ചു. അല്ലാഹു അയാള്‍ക്ക് പാപം പൊറുത്തു കൊടുത്തു.” സ്വഹാബികള്‍ ചോദിച്ചു: ”പ്രവാചകരേ, ജീവജാലങ്ങളുടെ കാര്യത്തിലും പ്രതിഫലമോ?” പ്രവാചകന്‍ പറഞ്ഞു: ”പച്ചക്കരളുള്ള ഏത് ജീവിയിലും പ്രതിഫലമുണ്ട്” (ബുഖാരി).

ജലദാനം നിര്‍വഹിച്ചതിലൂടെ അധികരിച്ച പാപങ്ങള്‍ പോലും അല്ലാഹു പൊറുത്തു കൊടുത്തതായി പഠിപ്പിക്കുന്നു. പൊതുകിണര്‍ കുഴിച്ച് നല്‍കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്.

നബി ﷺ  പറഞ്ഞു: ”ആരെങ്കിലും ഒരു കിണര്‍ കുഴിക്കുകയും അതില്‍നിന്ന് ജീവനുള്ള സൃഷ്ടികളായ ജിന്നോ മനുഷ്യനോ പക്ഷികളോ കുടിക്കുകയും ചെയ്താല്‍ പരലോകത്ത് അല്ലാഹു അയാള്‍ക്ക് പ്രതിഫലം നല്‍കും” (ഇബ്‌നു ഖുസൈമ).

കുടിവെള്ളം തടഞ്ഞുവെക്കുന്നത് പാപം

ശുദ്ധജലം ആവശ്യക്കാര്‍ക്ക് നല്‍കാതെ തടഞ്ഞുവെക്കുന്നത് വലിയ കുറ്റമായാണ് ഇസ്‌ലാം ഗണിക്കുന്നത്. അത്തരം ആളുകളെ വിചാരണദിവസം അല്ലാഹു പരിഗണിക്കുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷ ലഭിക്കുകയും ചെയ്യും.

പ്രവാചകന്‍ ﷺ  പറഞ്ഞു: ”മൂന്ന് വിഭാഗം ആളുകളെ അല്ലാഹു പരലോകത്ത് നോക്കുകയില്ല, അവരെ സംസ്‌കരിക്കുകയുമില്ല. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമുണ്ടായിരിക്കും. അതിലൊരാള്‍ വഴിയില്‍ വെള്ളംകൊണ്ട് അനുഗ്രഹിക്കപ്പെട്ടവനും അത് വഴിയാത്രികര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നവന്‍…” (ബുഖാരി).

ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീഥില്‍ ‘ആളുകള്‍ക്ക് വെള്ളം നല്‍കാതെ തടഞ്ഞുവെച്ചയാളോട് ഇന്ന് എന്റെ ഔദാര്യം നിനക്ക് ഞാന്‍ തടഞ്ഞിരിക്കുന്നു, നിന്റെ കരങ്ങളിലുണ്ടായിരുന്നത് മററുള്ളവര്‍ക്ക് നീ തടഞ്ഞത് പോലെ’ എന്ന് അല്ലാഹു പരലോകത്ത് വെച്ച് പറയുമെന്ന് കാണാം.

ജലാശയങ്ങള്‍ മലിനമാക്കുന്നതിനെതിരെ പ്രവാചകന്‍ ﷺ  താക്കീത് ചെയ്തിട്ടുണ്ട്. നബി ﷺ  പറഞ്ഞു: ”കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്” (മുസ്‌ലിം).

വുദൂഅ്, കുളി എന്നിവക്ക് പോലും വെള്ളം മിതമായേ ഉപയോഗിക്കാവൂ എന്ന് നബി ﷺ  കല്‍പിച്ചിട്ടുണ്ട്.

അതിനാല്‍ ദന്തശുദ്ധി വരുത്തുമ്പോഴും വുദൂഅ് ചെയ്യുമ്പോഴുമെല്ലാം അലസമായി ടാപ്പുകള്‍ തുറന്നിട്ട് വെള്ളം പാഴാക്കാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. വീടുകളിലും പള്ളികള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളിലും വെള്ളം മിതമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തമാക്കണം. വാഹനം കഴുകുന്നത് പോലെയുള്ള കാര്യങ്ങളിലും വെള്ളം പാഴാകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം

ജലദാനത്തിനുള്ള മാര്‍ഗങ്ങള്‍

കിണര്‍ കുഴിക്കുക, കുടിവെള്ള സംഭരണികള്‍ സജീകരിക്കുക, പള്ളികളില്‍ പൊതുടാപ്പുകള്‍ സംവിധാനിക്കുക, വാഹനങ്ങളില്‍ കുടിവെള്ളം ശേഖരിച്ച് ആവശ്യക്കാര്‍ക്കെത്തിച്ച് കൊടുക്കുക, പൊതുസ്ഥലങ്ങളില്‍ സൗകര്യപ്പെടുത്തുക, ജന്തുജാലങ്ങള്‍ക്കും പറവകള്‍ക്കും തണ്ണീര്‍തടങ്ങള്‍ പറമ്പുകളിലും മറ്റും തയ്യാറാക്കുക.

 

മുജീബ് ഒട്ടുമ്മല്‍
നേർപഥം വാരിക