പെരുന്നാള്‍: ചില തിരിച്ചറിവുകള്‍

പെരുന്നാള്‍: ചില തിരിച്ചറിവുകള്‍

ആരാധനയുടെ അകക്കാമ്പുള്‍ക്കൊണ്ട ആഘോഷമാണ് പെരുന്നാള്‍.നൈമിഷികമായ ആഹ്ലാദങ്ങള്‍ക്കപ്പുറം സര്‍വലോക രക്ഷിതാവായ സ്രഷ്ടാവിന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അണുവിട തെറ്റാതെ ശിരസ്സാ വഹിച്ച ഇബ്‌റാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണകള്‍ കൂടി പെരുന്നാള്‍ ദിനങ്ങളെ തിളക്കമുറ്റതാക്കുന്നുണ്ട്. പെരുന്നാളുമായി ബന്ധപ്പെട്ട കര്‍മങ്ങളെല്ലാം കൃത്യമായി അറിഞ്ഞു ചെയ്താല്‍ അത് പാരത്രികജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

എല്ലാ സമുദായങ്ങള്‍ക്കുമുണ്ട് അവരുടെതായ ചില ആഘോഷ ദിവസങ്ങള്‍. അവ ഒന്നുകില്‍ ഏതെങ്കിലും മഹാന്റെ ജനനദിനമോ മരണ ദിനമോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക സംഭവങ്ങളുടെ സ്മരണ ദിനങ്ങളോ ഒക്കെയായിരിക്കും. ജീവിതത്തില്‍ ഇടക്കൊക്കെ ഒരു ദിനം സന്തോഷത്തിനും ആഘോഷത്തിനുമായി നീക്കിവെക്കണം എന്നത് മനുഷ്യമനസ്സ് ആഗ്രഹിക്കുന്നതാണ്. മനുഷ്യന്റെ ഈ പ്രകൃതം സംവിധാനിച്ചത് അവന്റെ സ്രഷ്ടാവാണല്ലോ. അതിനാല്‍ സ്രഷ്ടാവ് തന്നെ മനുഷ്യര്‍ക്ക് വര്‍ഷത്തില്‍ രണ്ട് ദിവസങ്ങള്‍ ആഘോഷത്തിനായി  നിശ്ചയിച്ചു കൊടുത്തു. അതാണ് രണ്ട് പെരുന്നാളുകള്‍. അനസ്(റ) പറഞ്ഞു: ”നബി ﷺ  മദീനയില്‍ വന്ന സമയത്ത് അവര്‍ക്ക് വിനോദത്തിനായി രണ്ട് ദിവസങ്ങള്‍ ഉണ്ടായിരുന്നു. ഈ ദിവസങ്ങളുടെ സവിശേഷത എന്താണെന്ന് പ്രവാചകന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ‘അജ്ഞാന കാലത്ത് ഞങ്ങള്‍ വിനോദത്തിലേര്‍പ്പെട്ടിരുന്ന രണ്ട് ദിനങ്ങളാകുന്നു ഇത്.’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘അതിനെക്കാള്‍ ഉത്തമമായ രണ്ട് ദിനങ്ങള്‍ അവര്‍ക്ക് പകരമായി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അതാകുന്നു രണ്ട് പെരുന്നാള്‍ ദിനങ്ങള്‍” (അബൂദാവൂദ്, നസാഈ).

രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ മുസ്‌ലിംകള്‍ കൂടിയിരുന്ന് ആലോചിച്ച് തീരുമാനിച്ചതല്ല; പരമ്പരാഗതമായി കിട്ടിയ ഒരു ആഘോഷത്തെ അന്ധമായി അനുകരിക്കുകയുമല്ല. മനുഷ്യന്റെ സ്രഷ്ടാവ് മനുഷ്യര്‍ക്ക് നിശ്ചയിച്ച് നല്‍കിയ രണ്ട് ദിനങ്ങളാണ് അവ! അതിനാല്‍ അര്‍ഹിക്കുന്ന ആദരവും ബഹുമാനവും അവയ്ക്ക് നല്‍കാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്.

ദൈവികമായി കിട്ടിയ ആഘോഷദിനങ്ങളാകയാല്‍ കേവലം ഒരു ആഘോഷം മാത്രമല്ല പെരുന്നാള്‍. ആഘോഷവും വിനോദവും ആനന്ദവും ദൈവസ്മരണയും ഉള്‍ക്കൊള്ളുന്നതാണ് പെരുന്നാള്‍. ഇവയെല്ലാം നേടിയെടുക്കാവുന്ന രൂപത്തിലാണ് അല്ലാഹു ഈ ദിനങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. അന്ന് പ്രത്യേക നമസ്‌കാരം നിയമമാക്കിയ സ്രഷ്ടാവ് തന്നെ അന്ന് നോമ്പ് എടുക്കല്‍ നിഷിദ്ധമാക്കി. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഫിത്വ്ര്‍ സകാത് നിയമമാക്കിയ അല്ലാഹു ബലിപെരുന്നാള്‍ ദിനം പ്രത്യേക ബലികര്‍മം നിയമമാക്കി. അന്ന് ഒരാളും പട്ടിണിയിലാകാതിരിക്കാന്‍ അല്ലാഹു നിശ്ചയിച്ചതാണ് ഇതെന്ന് വ്യക്തം. നബി ﷺ  പറഞ്ഞു: ‘മിനാ ദിവസങ്ങള്‍ തീറ്റയുടെയും കുടിയുടെയും ദൈവസ്മരണയുടെയും ദിനങ്ങളാകുന്നു’ (മുസ്‌ലിം).

പെരുന്നാള്‍ ദിനത്തില്‍ നാം അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍:

1. പെരുന്നാള്‍ നമസ്‌കാരം

ക്വുര്‍ആന്‍, സുന്നത്, ഇജ്മാഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ടതാണ് പെരുന്നാള്‍ നമസ്‌കാരം. വിശുദ്ധ ക്വുര്‍ആന്‍ സൂറതുല്‍ കൗഥറിലെ രണ്ടാം വചനത്തില്‍ പരാമര്‍ശിച്ച നമസ്‌കാരം പെരുന്നാള്‍ നമസ്‌കാരമാണ് എന്നതാണ് പ്രസിദ്ധാഭിപ്രായം എന്ന് ഇമാം ഇബ്‌നു ഖുദാമ(റഹി) തന്റെ മുഗ്‌നി 3/253ല്‍ രേഖപ്പെടുത്തുന്നു. നബി ﷺ യും ഖലീഫമാരുമെല്ലാം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചതായി ധാരാളം ഹദീഥുകള്‍ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. തെളിവുകളുടെ ആധിക്യവും അതിന്റെ ബാഹ്യാര്‍ഥവും പരിഗണിച്ചകൊണ്ട് ഇമാം അബൂഹനീഫ(റഹി) ഇത് വ്യക്തിപരമായ ബാധ്യതയാണെന്ന് അഭിപ്രായം പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇമാം അഹ്മദ്(റഹി) ഇത് സാമൂഹ്യ ബാധ്യതയാണെന്ന പക്ഷക്കാരനാണ്. ഇമാം മാലിക്(റഹി), ഇമാം ശാഫിഈ(റഹി) എന്നിവര്‍ അടക്കം ധാരാളം പണ്ഡിതര്‍ ഇത് നിര്‍ബന്ധമല്ലെന്നും പ്രബലമായ സുന്നത്താണെന്നുമുള്ള വീക്ഷണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (മുഗ്‌നി 3/253).

പെരുന്നാള്‍ നമസ്‌കാരത്തിന്റെ പ്രാധാന്യം ഗ്രഹിക്കാന്‍ ഈ അഭിപ്രായങ്ങള്‍ തന്നെ ധാരാളം. ശൈഖുല്‍ ഇസ്‌ലാം, ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഇബ്‌നുല്‍ ഉസൈമിന്‍, ഇമാം സഅ്ദി തുടങ്ങിയവരൊക്കെ ഇത് വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണെന്ന അഭിപ്രായത്തെ ബലപ്പെടുത്തിയിരിക്കുന്നു. അല്ലാഹു അഅ്‌ലം.

പെരുന്നാള്‍ നമസ്‌കാരത്തിന്റെ മര്യാദകള്‍

1. നമസ്‌കാരത്തിന് മുമ്പായി കുളിക്കല്‍: പ്രത്യേകം കുളിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ദിവസങ്ങള്‍ ഏതെല്ലാമെന്ന് ചോദിച്ചപ്പോള്‍ അലി(റ) നാല് ദിവസങ്ങള്‍ എണ്ണിപ്പറഞ്ഞു. അതില്‍ രണ്ട് പെരുന്നാള്‍ ദിനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. (ബൈഹക്വി).

2. സുഗന്ധം ഉപയോഗിക്കല്‍, വൃത്തിയാകല്‍, പല്ല് തേക്കല്‍, ഉള്ളതില്‍ നല്ല വസ്ത്രം ധരിക്കല്‍ എന്നിവ നബി ﷺ  പ്രത്യേകം നിര്‍ദേശിച്ചതായി വിവിധ ഹദീഥുകളാല്‍ സ്ഥിരപ്പെട്ടിരിക്കുന്നു.

3. ചെറിയ പെരുന്നാളിന് ഈത്തപ്പഴം കഴിച്ച ശേഷവും ബലിപെരുന്നാളിന് നമസ്‌കരിക്കുന്നത് വരെ ഒന്നും കഴിക്കാതിരിക്കലും നബി ﷺ യുടെ പതിവായിരുന്നു (ബുഖാരി).

4. പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് നടന്നുപോകാറായിരുന്നു നബി ﷺ യുടെ പതിവ്. (ഇബ്‌നുമാജ). ഇതിന്റെ അടിസ്ഥാനത്തില്‍ വരവും പോക്കും നടന്നുകൊണ്ടാവല്‍ സുന്നത്താണെന്നും അനിവാര്യമല്ലെങ്കിലല്ലാതെ വാഹനത്തില്‍ പോകാതിരിക്കലാണ് നല്ലതെന്നും അലി(റ), സഈദ് ബിന്‍ മുസ്വയ്യിബ് എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതാണ് നിരവധി പണ്ഡിതരുടെ അഭിപ്രായമെന്ന് ഇത് ഉദ്ധരിച്ച ഇമാം തിര്‍മിദി (റഹി) തുടര്‍ന്ന് രേഖപ്പെടുത്തുന്നു.

5. പെരുന്നാള്‍ നമസ്‌കാരം മൈതാനത്ത് വെച്ച് നിര്‍വഹിക്കല്‍: നബി ﷺ  രണ്ട് പെരുന്നാളുകള്‍ക്കും മൈതാനത്തേക്ക് പുറപ്പെടുകയും എന്നിട്ട് നമസ്‌കരിക്കുകയും ചെയ്യാറായിരുന്നു പതിവ് എന്ന് അബൂസഈദ് അല്‍ ഖുദ്‌രി(റ) പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മദീന പള്ളിയില്‍ നിന്ന് ആയിരം മുഴം അകലെയായി പ്രത്യേകം സ്ഥലം തന്നെ ഇതിനുണ്ടായിരുന്നു എന്ന് ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത്ഹുല്‍ബാരി: 2/444).

ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ പെരുന്നാള്‍ നമസ്‌കാരം മൈതാനത്ത്‌വെച്ച് നിര്‍വഹിക്കലാണ് സുന്നത്തെന്ന് ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പള്ളിയെക്കാള്‍ ശ്രേഷ്ഠം അതാണെന്നും അല്ലായിരുന്നുവെങ്കില്‍ ആയിരം ഇരട്ടി പുണ്യം ലഭിക്കുന്ന മദീനാ പള്ളി ഉപേക്ഷിച്ച് നബി ﷺ  മൈതാനത്തേക്ക് പോകുമായിരുന്നില്ലെന്നും ഇമാം നവവി, ഇബ്‌നുല്‍ ഹാജ്, ഇബ്‌നുല്‍ ഔസാഈ, ഇബ്‌നുല്‍ മുന്‍ദിര്‍ എന്നിവര്‍ രേഖപ്പെടുത്തുന്നു. (ശറഹു മുസ്‌ലിം, മുഗ്‌നി, മദ്ഖല്‍).

ഇതിന്നെതിരായ അഭിപ്രായങ്ങള്‍ക്ക് മറുപടി പറഞ്ഞ് കൊണ്ട് ഇബ്‌നുല്‍ മുന്‍ദിര്‍(റഹി) പറയുന്നു: ‘നബി ﷺ  പള്ളി ഉപേക്ഷിച്ചു മൈതാനത്തേക്ക് പുറപ്പെട്ടു എന്നതാണ് നമുക്കുള്ള തെളിവ്. പ്രവാചക ശേഷം ഖലീഫമാരും അപ്രകാരം തന്നെയാണ് ചെയ്തത്. പള്ളിയാണ് ശ്രേഷ്ഠമെങ്കില്‍ അടുത്തുള്ള പള്ളി ഉപേക്ഷിച്ച് അകലെയുള്ളതും ശ്രേഷ്ഠത കുറഞ്ഞതുമായ മൈതാനത്തേക്ക് നബി ﷺ  പോകുമായിരുന്നില്ല. ശ്രേഷ്ഠമായത് ഉപേക്ഷിക്കല്‍ നബി ﷺ  തന്റെ സമുദായത്തിന് നിയമമാക്കുകയുമില്ല. നബി ﷺ യെ മാതൃകയാക്കാനും പിന്‍തുടരാനുമാണല്ലോ നാം കല്‍പിക്കപ്പെട്ടിരിക്കുന്നത്. എന്നിരിക്കെ കല്‍പിക്കപ്പെട്ട കാര്യം ശ്രേഷ്ഠത കുറഞ്ഞതും വിലക്കപ്പെട്ട കാര്യം പൂര്‍ണതയുള്ളതുമാവുക എന്നത് അനുവദനീയമല്ല. നബി ﷺ  പ്രതിബന്ധങ്ങള്‍ ഇല്ലാതെ പള്ളിയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിട്ടുമില്ല. മാത്രവുമല്ല ഇത് മുസ്‌ലിംകളുടെ ഇജ്മാഅ് (ഏകോപിച്ച അഭിപ്രായം) ആകുന്നു.

6. പോകുന്നതും വരുന്നതും വ്യത്യസ്ത വഴികൡലൂടെയാവല്‍: നബി ﷺ  അപ്രകാരം ചെയ്തിരുന്നതായി ജാബിര്‍(റ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു.

മഅ്മൂമുകള്‍ നേരത്തെ പുറപ്പെടുകയാണ് വേണ്ടത്. എന്നാല്‍ ഇമാം നേരത്തെ പോകേണ്ടതില്ല. ജനങ്ങള്‍ ഇമാമിനെ കാത്ത് നില്‍ക്കുകയാണ് വേണ്ടത്. സ്വഹാബികള്‍ നേരത്തേ പുറപ്പെടുകയും എല്ലാവരും എത്തിക്കഴിഞ്ഞാല്‍ സുര്യോദയത്തിന്ന് ശേഷമായി നബി ﷺ  വരികയും എന്നിട്ട് നമസ്‌കരിക്കുകയുമായിരുന്നു പതിവെന്ന് ശൈഖ് ഇബ്‌നു ഉസൈമിന്‍(റഹി) പറയുന്നു (ശറഹുല്‍ മുംതിഅ് 5/163).

8. പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോകുമ്പോള്‍ ഉറക്കെ തക്ബീര്‍ മുഴക്കണം: നബി ﷺ  നമസ്‌കാര സ്ഥലം എത്തുന്നത് വരെ തക്ബീര്‍ ചൊല്ലുമായിരുന്നു എന്ന് ഇബ്‌നു അബീ ശൈബ(റ) ഉദ്ധരിച്ചിരിക്കുന്നു. ശൈഖ് അല്‍ബാനി(റഹി) സില്‍സിലതുസ്സ്വഹീഹയില്‍ അത് സ്വഹീഹ് ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്‌നു ഉമര്‍(റ) പ്രസ്തുത തക്ബീര്‍ ഉച്ചത്തില്‍ നിര്‍വഹിക്കുമായിരുന്നു എന്ന് ഇമാം ദാറക്വുത്‌നി സ്വഹീഹായ പരമ്പരയില്‍ പറയുകയും ചെയ്യുന്നു. ഇമാം വരുന്നത് വരെ തക്ബീര്‍ തടരുകയും ഇമാം വന്നാല്‍ തക്ബീര്‍ നിറുത്തി നമസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണ് വേണ്ടതെന്നും ശൈഖ് ഇബ്‌നു ഉസൈമീന്‍ പണ്ഡിതാഭിപ്രായം ഉദ്ധരിച്ചിരിക്കുന്നു. എന്നാല്‍ നമസ്‌കാരസ്ഥലത്ത് എത്തിയാല്‍ തന്നെ തക്ബീര്‍ നിറുത്തണമെന്ന് മറ്റു പലരും അഭിപ്രായപ്പെടുന്നു. ഒന്നാമത്തേതാണ് കൂടുതല്‍ ശരി എന്ന് ഇബ്‌നു ഉമര്‍ (റ)വിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് മനസ്സിലാക്കാം. അല്ലാഹു അഅ്‌ലം.

9. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പോ ശേഷമോ സുന്നത്ത് നമസ്‌കാരങ്ങള്‍ നബി ﷺ  നിര്‍വഹിക്കുമായിരുന്നില്ല എന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു. എന്നാല്‍ പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ വെച്ചാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ തഹിയ്യത് നമസ്‌കാരം നിര്‍വഹിക്കാമെന്ന് ശൈഖ് ഇബ്‌നു ബാസ്(റഹി) അഭിപ്രായപ്പെടുന്നു.

10. ബാങ്കോ ഇക്വാമതോ സുന്നത്തില്ല: ജാബിര്‍ ഇബ്‌നുസമുറ(റ) പറയുന്നു: ‘ബാങ്കോ ഇക്വാമത്തോ ഇല്ലാതെ പലതവണ നബി ﷺ യുടെ കൂടെ രണ്ട് പെരുന്നാളുകളില്‍ ഞാന്‍ നമസ്‌കരിച്ചിട്ടുണ്ട്’ (മുസ്‌ലിം). അന്ന് ബാങ്കോ ഇക്വാമത്തോ മറ്റൊരു വിളിച്ചു പറയലോ വിളംബരമോ ഒന്നും തന്നെ ഇല്ലെന്ന് ജാബിര്‍(റ) പറയുന്നു (മുസ്‌ലിം). സമാന ആശയം ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. ഇത് തന്നെയാണ് നബിചര്യ എന്ന് ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു (സാദുല്‍ മആദ്).

പെരുന്നാള്‍ ദിവസത്തില്‍ അനുവദനീയമായ കളി-വിനോദങ്ങള്‍ ആകാവുന്നതാണ്. പ്രവാചക സന്നിധിയില്‍ ദഫ് മുട്ടി ചെറിയ പെണ്‍കുട്ടികള്‍ പാട്ട് പാടിയതും സമാന സംഭവങ്ങളും വ്യത്യസ്ത ഹദീഥുകളിലായി സ്ഥിരപ്പെട്ട് വന്നിരിക്കുന്നു. (ബുഖാരി, മുസ്‌ലിം).

പെരുന്നാള്‍ ദിവസം സന്തോഷം പ്രകടിപ്പിക്കല്‍ മതചിഹ്നമാണ് എന്ന് ഈ ഹദീഥില്‍ നിന്ന് മനസ്സിലാകാം എന്ന് ഇബ്‌നു ഹജര്‍ അല്‍അസ്‌ക്വലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത്ഹുല്‍ ബാരി).

സ്ത്രീകളും കുട്ടികളും ഒന്നടങ്കമാണ് പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പുറപ്പെടേണ്ടത്. ആര്‍ത്തവകാരികളെ പോലും കൊണ്ട് പോകാന്‍ നബി ﷺ  ഞങ്ങളോട് കല്‍പിച്ചു എന്ന് ഉമ്മുഅത്വിയ്യ(റ) പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

‘ശരീരം മറയ്ക്കാന്‍ മതിയായ വസ്ത്രം ഇല്ലാത്ത സ്ത്രീകള്‍ എന്ത് ചെയ്യണമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ (കൂടുതല്‍ വസ്ത്രം ഉള്ള സഹോദരിമാര്‍) അവര്‍ക്ക് നല്‍കിയിട്ടെങ്കിലും അവര്‍ പങ്കെടുക്കട്ടെ’ എന്ന് നബി ﷺ  പറഞ്ഞതായിക്കൂടി അവര്‍ പറയുന്നു. (ബുഖാരി, മുസ്‌ലിം).

ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് പെരുന്നാള്‍ നമസ്‌കാരം സുന്നതാണെന്ന് ശൈഖ് ഇബ്‌നുബാസ്(റഹി) അഭിപ്രായപ്പെട്ടിരിക്കുന്നു. ലജ്‌നതുദ്ദാഇമയുടെ ഫത്‌വകളിലും അപ്രകാരമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. (ഫതാവാ 8/284).

11. പരസ്പരം ആശിര്‍വദിക്കല്‍: പെരുന്നാള്‍ ദിവസം സ്വഹാബിമാര്‍ പരസ്പരം കാണുമ്പോള്‍ ‘തക്വബ്ബല്ലാഹു മിന്നാ വമിന്‍കും’ എന്ന് പറഞ്ഞിരുന്നു എന്ന് ജുബൈര്‍ ഇബ്‌നു നുഫൈര്‍(റ) പറഞ്ഞതായി സ്വീകാര്യയോഗ്യമായ പരമ്പരയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി(റഹി) ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തുന്നു. ഇത് തന്നെ അബൂ ഉമാമ അല്‍ബാഹിലീ(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ‘മദീനയില്‍ ഞങ്ങള്‍ക്കിത് പരിചിതമാണ്’ എന്ന് ഇമാം മാലിക്(റഹി) കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി ഞാന്‍ ചോദിക്കുമ്പോള്‍ പറയാറുണ്ട് എന്ന് അലിയ്യുബ്‌നു സാബിത്(റഹി) പറയുന്നു (മുഗ്‌നി). ഇമാം അഹ്മദ്(റഹി), ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) എന്നിവരും ഇത് ശരിവെച്ചിരിക്കുന്നു (മജ്മൂഉല്‍ ഫതാവാ-24/253).

ഇത് പ്രത്യേകം സുന്നത്തായി പഠിപ്പിക്കപ്പെടാത്തതിനാല്‍ ഒരാള്‍ അത് പറഞ്ഞില്ലെങ്കിലും ആക്ഷേപാര്‍ഹമല്ല. എന്നാല്‍ ഇങ്ങോട്ട് പറയപ്പെട്ടാല്‍ മറുപടി പറയല്‍ അഭിവാദ്യത്തിന് പ്രത്യഭിവാദ്യം ചെയ്യല്‍ നിര്‍ബന്ധമാണ് എന്ന തത്ത്വത്തില്‍ ഉള്‍പ്പെടുമെന്നും ശൈഖുല്‍ ഇസ്‌ലാം അഭിപ്രായപ്പെടുന്നു.

പെരുന്നാള്‍ നമസ്‌കാരം ജമാഅതായി നിര്‍വഹിക്കാന്‍ ഒരാള്‍ക്ക് സാധിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് അത് നിര്‍വഹിക്കാവുന്നതാണ്. കുടുംബത്തെയും കൂട്ടി വീട്ടിലോ മറ്റോ ജമാഅതായി നിര്‍വഹിക്കുകയുമാവാം. ജമാഅത് നമസ്‌കാരം നഷ്ടപ്പെട്ടാല്‍ അവര്‍ രണ്ട് റക്അത്ത് നമസ്‌കരിക്കണം എന്ന തലക്കെട്ടില്‍ ഇമാം ബൂഖാരി(റഹി) ഒരു അധ്യായം തന്നെ തന്റെ സ്വഹീഹില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്വഹാബിയായ അനസ്(റ) തന്റെ കുടുംബത്തെയും മക്കളെയും കൊണ്ട് സാവിയ എന്ന സ്ഥലത്ത് വെച്ച് നമസ്‌കരിച്ചു. അവിടെ അദ്ദേഹത്തിന്  വീടും സ്ഥലവും ഉണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ നമസ്‌കരിക്കുമ്പോള്‍ നാല് റക്അത്താണ് നമസ്‌കരിക്കേണ്ടത് എന്ന് അറിയിക്കുന്ന ചില റിപ്പോര്‍ട്ടുകളും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അതിനാല്‍ രണ്ട് രീതിയും സ്വീകരിക്കുന്നതിന് വിരോധമില്ല എന്ന് ഇമാം അഹ്മദ്, ഔസാഈ, അബൂഹനീഫ തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു-അല്ലാഹു അഅ്‌ലം. എന്നാല്‍ നഷ്ടപ്പെട്ടവര്‍ അത് വീണ്ടെടുക്കാന്‍ നബി ﷺ  കല്‍പിച്ചതായി പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ അത് നിര്‍ബന്ധമാണെന്ന് പറയാന്‍ കഴിയില്ല എന്ന് എല്ലാ അഭിപ്രായങ്ങളും ഉദ്ധരിച്ച ശേഷം ഇമാം മുഗ്‌നി(റഹി) രേഖപ്പെടുത്തുന്നു. (മുഗ്‌നി-3/285).

നമസ്‌കാര സമയം

സൂര്യന്‍ ഉദിച്ച് അല്‍പം ഉയര്‍ന്നതു മുതല്‍ ഉച്ചയോട് അടുത്ത സയമം വരെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ മാസപ്പിറവി അറിയാന്‍ വൈകുകയും ആളുകള്‍ നോമ്പ് എടുക്കുകയും ഉച്ചക്ക് ശേഷം പ്രസ്തുത ദിവസം പെരുന്നാള്‍ ദിനമാണ് എന്ന് അറിയുകയും ചെയ്താല്‍ അന്ന് നോമ്പ് മുറിക്കുകയും പിറ്റേന്ന് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുകയുമാണ് വേണ്ടത്. നബി ﷺ യുടെ കാലത്ത് ഇത്തരം ഒരു സന്ദര്‍ഭം ഉണ്ടായപ്പോള്‍ നബി ﷺ  ഇങ്ങനെയാണ് ചെയ്തത് എന്ന് സ്വഹാബിമാര്‍ പറഞ്ഞത് അബൂദാവൂദ്, ഇബ്‌നുമാജ എന്നിവര്‍ സ്വഹീഹായ പരമ്പരയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബലിപെരുന്നാള്‍ നമസ്‌കാരം നേരത്തെ നിര്‍വഹിക്കലും ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാരം അല്‍പം വൈകി നിര്‍വഹിക്കലുമായിരുന്നു പ്രവാചകരുടെ പതിവ്. ചെറിയ പെരുന്നാളിന് ഫിത്വ്ര്‍ സകാത് വിതരണത്തിന് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും ബലി പെരുന്നാള്‍ ദിനം ബലിയറുക്കാന്‍  കൂടുതല്‍ സൗകാര്യം കിട്ടാനും ഉദ്ദേശിച്ച് കൊണ്ടായിരിക്കാം നബി ﷺ  ഇപ്രകാരം പഠിപ്പിച്ചത് എന്ന് ഇബ്‌നുല്‍ ക്വയ്യിം(റഹി), ഇബ്‌നു ഉസൈമിന്‍(റഹി) എന്നിവര്‍ അഭിപ്രായപ്പെടുന്നു (സാദുല്‍ മആദ്, ശറഹുല്‍ മുംതിഅ്).

നബി ﷺ  പെരുന്നാള്‍ ദിവസത്തില്‍ മിമ്പര്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ മുന്നില്‍ ഒരു മറ സ്വീകരിക്കാറുണ്ടായിരുന്നു എന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം നമസ്‌കാരവും പിന്നീട് ഖുത്വുബയും നിര്‍വ്വഹിക്കലായിരുന്നു നബിയുടെയും ഖലീഫമാരുടെയും പതിവ്. (ബുഖാരി)

ഒന്നാമത്തെ റക്അത്തിന്റെ ആരംഭത്തില്‍ നബി ﷺ  ഏഴ് തക്ബീറുകളും രണ്ടാം റക്അത്തിന്റെ ആരംഭത്തില്‍ അഞ്ച് തക്ബീറുകളും  ചൊല്ലുമായിരുന്നു. ശേഷമാണ് ഫാതിഹ ഓതാറുണ്ടായിരുന്നത്. (അബൂദാവൂദ്). തക്ബീറതുല്‍ ഇഹ്‌റാമിന് ശേഷം പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കണം. ഫാതിഹക്ക് ശേഷം സൂറതുകളും പാരായണം ചെയ്യണം. നബി  ﷺ  ഒന്നാം റക്അത്തില്‍ സൂറതുല്‍ ക്വാഫ് അല്ലെങ്കില്‍ സൂറതുല്‍ അഅ്‌ലായും രണ്ടാം റക്അതില്‍ അല്‍ഖമര്‍, അല്‍ഗാശിയ ഇവയില്‍ ഒന്നുമാണ് പാരായണം ചെയ്യാറുണ്ടായിരുന്നത് (മുസ്‌ലിം).

തക്ബീറുകള്‍ക്കിടയില്‍ നബി ﷺ  എന്തെങ്കിലും ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഹംദും സ്വലാത്തും പ്രാര്‍ഥനയും നിര്‍വഹിക്കാമെന്ന് ഇബ്‌നു മസ്ഊദ്(റ) പറഞ്ഞിട്ടുണ്ടെന്നും ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) രേഖപ്പെടുത്തുന്നു. (സാദുല്‍ മആദ് 1/443).

നമസ്‌കാര ശേഷം നബി ﷺ  ജനങ്ങള്‍ക്ക് അഭിമുഖമായി നിന്ന് ഖുത്വുബ നിര്‍വഹിക്കുകയും അവരെ ദാനം (സ്വദക്വ) ചെയ്യാന്‍ പ്രേരിപ്പിക്കുകയും പ്രത്യേകം ഉദ്‌ബോധിപ്പിക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്‌ലിം).

അല്‍പം ഉയര്‍ച്ചയുള്ള സ്ഥലത്തായിരുന്നു നബി ﷺ  ഖുത്വുബ നിര്‍വഹിക്കാറുണ്ടായിരുന്നത് എന്ന് ഹദീഥില്‍ നിന്ന് മനസ്സിലാകുന്നു.

വെള്ളിയാഴ്ച ഖുത്വുബ ശ്രദ്ധിക്കല്‍ നിര്‍ബന്ധമുള്ളത് പോലെ ഇത് നിര്‍ബന്ധമില്ലെന്നും സുന്നത് മാത്രമേയുള്ളൂ എന്നും അതിനാലാവാം ആദ്യം നമസ്‌കാരവും പിന്നീട് ഖുത്വുബയും ആയി നിശ്ചയിച്ചതെന്നും ഇമാം ഇബ്‌നു ഖുദാമ(റ) അഭിപ്രായപ്പെടുന്നു (മുഗ്‌നി).

പെരുന്നാള്‍ ദിനങ്ങളില്‍ തക്ബീര്‍ ചൊല്ലല്‍

രണ്ട് തരത്തിലാണ് തക്ബീര്‍ ചൊല്ലാനായി നിര്‍ദേശമുള്ളത്.

ഒന്ന്) നമസ്‌കാരങ്ങള്‍ക്ക് ശേഷം: ഇത് ബലിപെരുന്നാളില്‍ മാത്രമാണ് എന്നാണ് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്ന് മനസ്സിലാകുന്നത് എന്ന് ശൈഖ് സഈദ് അല്‍ഖഹ്ത്വാനി പറയുന്നു. അറഫ ദിവസം സ്വുബ്ഹി മുതല്‍ അയ്യാമുത്തശ്‌രീക്വിലെ അവസാന ദിവസത്തെ അസ്വ്ര്‍ വരെയും അലി(റ), ഇബ്‌നു മസ്ഊദ് എന്നിവര്‍ തക്ബീര്‍ ചൊല്ലുമായിരുന്നു. എന്നാല്‍ ദുഹ്ര്‍ വരെയായിരുന്നു ഉമര്‍(റ) ചൊല്ലാറുണ്ടായിരുന്നത.് മഗ്‌രിബിന്റെ തൊട്ടു മുമ്പ് വരെ ഇബ്‌നു അബ്ബാസ്(റ) ചൊല്ലാറുണ്ടായിരുന്നു. ഇവയില്‍ ഏത് സ്വീകരിച്ചാലും സ്വഹാബിമാരുടെ ചെയ്തിയും പിന്‍ബലം അതിനുണ്ട് എന്ന് മനസ്സിലാക്കാം. (ശര്‍ഹു മുസ്‌ലിം, ഫത്ഉല്‍ ബാരി, മുഗ്‌നി, ശര്‍ഹുല്‍ മുംതിഅ് എന്നിവ നോക്കുക).

എന്നാല്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ 13 വരെയും പതിവായി തക്ബീര്‍ നിര്‍വഹിക്കാം. ഇബ്‌നുഉമര്‍, അബൂഹുറയ്‌റ(റ), ഉമര്‍(റ) എന്നിവര്‍ ഇങ്ങനെ ചെയ്തിരുന്നതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അബാനുബ്‌നു ഉസ്മാന്‍(റ), ഉമര്‍ബിന്‍ അബ്ദില്‍ അസീസ്(റ) എന്നിവരുടെ പിറകില്‍ സ്ത്രീകള്‍ തക്ബീര്‍ ചൊല്ലുമായിരുന്നു എന്ന് മൈമൂന(റ) പറയുന്നു (ബുഖാരി). ആര്‍ത്തവകാരികള്‍ അടക്കം പുറപ്പെട്ട് പോകുകയും അവര്‍ പുരുഷന്മാരുടെ തക്ബീറിന്റെ കൂടെ തക്ബീര്‍ ചൊല്ലുകയും െചയ്തിരുന്നു എന്നും ഉമ്മു അത്വിയ്യ(റ) പറയുന്നു (ബുഖാരി).

ചെറിയ പെരുന്നാളിന് ശവ്വാല്‍ ഒന്നിന്റെ മഗ്‌രിബ് മുതല്‍ ഇമാം നമസ്‌കാരത്തിലേക്ക് വരുന്നത് വരെ തക്ബീര്‍ ചൊല്ലല്‍ സ്വഹാബത്തിന്റെ പതിവായിരുന്നു. (ഇബ്‌നു അബീശൈബ).

തക്ബീറിന്റെ രൂപം

പല സ്വഹാബിമാര്‍ പലതരത്തില്‍ തക്ബീര്‍ ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ് വല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് എന്നായിരുന്നു ഇബ്‌നു മസ്ഊദ്(റ), ഉമര്‍(റ), അലി(റ) എന്നീ സ്വഹാബിമാര്‍ ചൊല്ലിയിരുന്നത്. (ഇബ്‌നു അബീശൈബ). ഇത് തന്നെ ചില റിപ്പോര്‍ട്ടുകളില്‍ അല്ലാഹു അക്ബര്‍ എന്ന് മൂന്ന് തവണ ചൊല്ലിയതായി വന്നിട്ടുണ്ട് എന്ന് ശൈഖ് അല്‍ബാനി പറയുന്നു (ഇര്‍വാഅ് 3/125).

വ്യത്യസ്ത രൂപം സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതിനാലും തക്ബീര്‍ ചൊല്ലാന്‍ നിര്‍ദേശിക്കുന്ന ക്വുര്‍ആനിക വചനത്തിന്റെ (2/185) ബാഹ്യാര്‍ഥം പരിഗണിച്ചും ഇതില്‍ ഏത് രീതിയും സ്വീകരിക്കാന്‍ മതം അനുവദിക്കുന്നു എന്ന് മനസ്സിലാക്കാം എന്ന് ഈ അഭിപ്രായങ്ങളെ ക്രോഡീകരിച്ച് കൊണ്ട് ഇമാം സ്വന്‍ആരി(റഹി) പറയുന്നു. (സുബുലുസ്സലാം-3/247).

വെള്ളിയാഴ്ച പെരുന്നാളായാല്‍

നബി ﷺ യുടെ കാലത്ത് വെള്ളിയാഴ്ച പെരുന്നാള്‍ ആയപ്പോള്‍ നബി ﷺ  പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച ശേഷം ഇപ്രകാരം പറഞ്ഞു: ‘ജുമുഅ നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നമസ്‌കരിക്കാം’ (അബുദാവൂദ്, നസാഈ, ഇബ്‌നുമാജ, അഹ്മദ്).

വരുന്നവര്‍ക്ക് വരാം, വരാത്തവന് വരാതിരിക്കാം എന്നും ജുമുഅക്ക് വരുന്നവര്‍ക്ക് വരാം, ഞങ്ങള്‍ ഇവിടെ ജുമുഅ നടത്തുന്നുണ്ട് എന്നും നബി ﷺ  പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട് (ഇബ്‌നുമാജ).

പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ് എന്നും എന്നാല്‍ ഇമാമിന് ഇളവില്ലെന്നും ഇതില്‍ നിന്ന് ഗ്രഹിക്കാം. ജുമുഅക്ക് പങ്കെടുക്കുന്നില്ലെങ്കില്‍ അവന്‍ ദുഹ്ര്‍ നാല് റക്അത്ത് തന്നെയാണ് നമസ്‌കരിക്കേണ്ടത്.

ഇത്രയേറെ പ്രാധാനന്യപൂര്‍വം പഠിപ്പിക്കപ്പെട്ട ഈ സുദിനത്തിലും ദൈവകോപമുണ്ടാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെയധികം ഗൗരവമുള്ള കാര്യമായി കാണേണ്ടതുണ്ട്. നിഷിദ്ധമായ ഒരു കാര്യവും പെരുന്നാളിന്റെ പേരില്‍ അനുവദനീയമാകുന്നില്ല എന്ന് നാം തിരിച്ചറിയണം. അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള ബഹുദൈവാരാധനാപരമായ കാര്യങ്ങള്‍ അടക്കം പെരുന്നാള്‍ ദിവസത്തില്‍ ചിലര്‍ ചെയ്യുന്നത് കാണാം. ക്വബ്ര്‍ സിയാറത്തിന്റെ മറവില്‍ ജാറങ്ങള്‍ തേടിയുള്ള യാത്രകളും ക്വബ്‌റാളിയോടുള്ള പ്രാര്‍ഥനയുമെല്ലാം മതം വിലക്കിയ കാര്യങ്ങളാണ്.അത്തരം തേട്ടങ്ങള്‍ ശിര്‍ക്കുമാകുന്നു.

പുരുഷന്മാര്‍ വസ്ത്രം ഞെരിയാണിക്ക് താഴെ ഇറക്കല്‍, അഹങ്കാരം പ്രകടിപ്പിക്കല്‍, ഭക്ഷണവും മറ്റും ധൂര്‍ത്തടിക്കല്‍, സംഗീതസദസ്സുകളും ഗാനമേളകളും സംഘടിപ്പിക്കലും അതില്‍ പങ്കെടുക്കലും, മദ്യപാനം, മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗങ്ങള്‍, അന്യ സ്ത്രീ-പുരുഷ സങ്കലനങ്ങള്‍, നിഷിദ്ധമായ വേഷം ധരിക്കല്‍, താടി വടിക്കല്‍, എന്നിവയൊക്കെ പെരുന്നാളില്‍ ജനങ്ങള്‍ നിസ്സാരമായി തള്ളുന്ന നിഷിദ്ധങ്ങളാകുന്നു. അവയെ ഗൗരവപൂര്‍വം നാം ജീവിതത്തില്‍ ഒഴിവാക്കേണ്ടതാകുന്നു. അനുവദനീയമായ കളി-വിനോദങ്ങളില്‍ ആണ് വിശ്വാസികള്‍ ഏര്‍പ്പെടേണ്ടത്. അതോടൊപ്പം കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുവാനും പരസ്പര സന്ദര്‍ശനങ്ങള്‍ക്കും പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. പിശുക്ക് ഇല്ലാതിരിക്കുക, ദാനധര്‍മങ്ങള്‍, പ്രാര്‍ഥന, പ്രകീര്‍ത്തനങ്ങള്‍, മറ്റു ആരാധനാ കാര്യങ്ങള്‍ എന്നിവ അന്നും ജീവിതത്തിന്റെ ഭാഗമാക്കുക.

ക്വുര്‍ആന്‍ 2/185-ാം വചനം ഇത്തരുണത്തില്‍ മനസ്സിരുത്തി അര്‍ഥ സഹിതം പാരായണം ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

(മുഖ്യ അവലംബം: ശൈഖ് സഊദ് അല്‍ക്വഹ്ത്വാനിയുടെ ‘സ്വലാതുല്‍ മുഅ്മിന്‍’ എന്ന ഗ്രന്ഥം. അല്ലാഹു അദ്ദേഹത്തിനും പ്രതിഫലം നല്‍കട്ടെ-ആമീന്‍).

 

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

ദുല്‍ഹജ്ജിലെ പത്ത് ദിനരാത്രങ്ങളും അവയുടെ ശ്രേഷ്ഠതകളും‍

ദുല്‍ഹജ്ജിലെ പത്ത് ദിനരാത്രങ്ങളും അവയുടെ ശ്രേഷ്ഠതകളും‍

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനു വേണ്ടി അവന്‍  പ്രത്യേക കാലവും സമയവും നിര്‍ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങള്‍.

 പ്രസ്തുത ദിവസങ്ങള്‍ക്കുള്ള മഹത്ത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും ഹദീഥുകളിലും കണ്ടെത്താവുന്നതാണ്. 

ഒന്ന്). അല്ലാഹു പറയുന്നു: ”പ്രഭാതവും പത്ത് രാത്രികളും തയൊണ് സത്യം” (സൂറത്തുല്‍ ഫജ്ര്‍ 1,2).

ഇൗ വചനത്തില്‍ പറയുന്ന പത്ത് രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത് ദുല്‍ഹജ്ജ് മാസത്തിലെ പത്ത് രാത്രികളാണെന്നാണ് മഹാനായ ഇബ്‌നുകഥീര്‍(റഹി) തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട്). മറ്റൊരു ക്വുര്‍ആന്‍വചനം കാണുക:”അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്” (ക്വുര്‍ആന്‍ 22:28).

മേല്‍ കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങളാണ് എന്ന് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്.

മൂന്ന്). നബിﷺ പറഞ്ഞു: ‘ഈ പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മങ്ങളെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു കര്‍മവുമില്ല.’ സ്വഹാബിമാര്‍ ചോദിച്ചു: ‘അപ്പോള്‍ ജിഹാദോ?’ നബിﷺ പറഞ്ഞു: ‘ഒരാള്‍ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി തിരിച്ചുവരാത്ത വിധം എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ-അതും (ജിഹാദും)- ഈ ദിവസങ്ങളിലെ സല്‍കര്‍മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല” (ബുഖാരി).

നാല്). അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന്: നബിﷺ ഇപ്രകാരം പറയുത് ഞാന്‍ കേട്ടു: ‘ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറ്റാരു ദിവസവുമില്ല. ഈ ദിവസങ്ങളില്‍ നിര്‍വഹിക്കുന്ന സല്‍കര്‍മങ്ങളെപ്പോലെ  അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കര്‍മവുമില്ല. അത് കൊണ്ട് നിങ്ങള്‍ സ്തുതികീര്‍ത്തനങ്ങളും തക്ബീറുകളും തഹ്‌ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക.’ (ത്വബ്‌റാനി-മുഅ്ജമുല്‍ കബീര്‍).

അഞ്ച്). ‘സഈദുബ്‌നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറം സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു’ (ദാരിമി).

ആറ്). ‘മേല്‍പറയപ്പെട്ട ദിനങ്ങള്‍ക്ക് ഇത്രമാത്രം  മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലേതു പോലെ, ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്‌കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു’ (ഇബ്‌നുഹജറുല്‍ അസ്‌ക്വലാനി- ഫത്ഹുല്‍ബാരി).

ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ക്ക് പ്രത്യേകതയുള്ളതിനാല്‍ നാം നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയും പരിപൂര്‍ണ രൂപത്തിലുമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നമസ്‌കാരം: നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സമയമായാല്‍ ഉടനെ കഴിവതും ജമാഅത്തായി പള്ളിയില്‍ വെച്ച് നിര്‍വഹിക്കുക, സുന്നത്ത് നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ഠകരമായ കര്‍മങ്ങളാണ്. എന്നാല്‍ ഇവ ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമായി പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളല്ല. എല്ലാ കാലങ്ങളിലും പാലിക്കേണ്ടവ തന്നെയാണിവയെല്ലാം.

ഥൗബാന്‍(റ)വില്‍ നിന്ന്: നബിﷺ പറഞ്ഞു: ”നിങ്ങള്‍ സുജൂദുകള്‍ അധികരിപ്പിക്കുക. ഏതൊരു മനുഷ്യനും അവന്‍ നിര്‍വഹിക്കുന്ന ഓരോ സുജൂദ് മുഖേനയും അവന്റെ പദവികള്‍ ഉയര്‍ത്തുകയോ പാപങ്ങള്‍ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ അവന്‍ അത് നിര്‍വഹിക്കുന്നില്ല” (മുസ്‌ലിം).

നോമ്പ്: പ്രവാചക പത്‌നിമാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബിﷺ ദുല്‍ഹജ്ജ് ഒമ്പത്, മുഹര്‍റം പത്ത്; മാസങ്ങൡ പൗര്‍ണമി ദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ തീയതികളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു” (മുസ്‌ലിം).

ഹജ്ജ് കര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫാദിവസത്തില്‍ (ദുല്‍ഹജ്ജ് 9ന്) നോമ്പ്‌നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്. 

അത് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ  പാപങ്ങള്‍  പൊറുക്കപ്പെടാന്‍ പര്യാപ്തമായതാണ് (സ്വഹീഹ് മുസ്‌ലിം) എന്ന് നബിﷺ പറഞ്ഞതായി കാണാം.

 പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ അല്ലാഹു നരകത്തില്‍ നിന്നും മോചിപ്പിക്കുക എന്നും,  അതുപോലെ അല്ലാഹു തന്റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങ്ങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനത്തോടെ പറയുമെന്നും ഹദീഥുകളില്‍ കാണാവുതാണ്.

തക്ബീറുകള്‍: ഇബ്‌നുഉമര്‍(റ)വില്‍നിന്ന് ത്വബ്‌റാനി ഉദ്ധരിച്ച (നേരത്തെ സൂചിപ്പിച്ചതായ) ഹദീഥിന്റെ അടിസ്ഥാനത്തില്‍ അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹു, അല്‍ഹംദുലില്ലാ തുടങ്ങിയ കീര്‍ത്തനങ്ങള്‍ പ്രസ്തുത ദിവസങ്ങളിള്‍ അധികരിപ്പിക്കേണ്ടതാണ്. ഇബ്‌നുഉമര്‍(റ), അബൂഹുറയ്‌റ(റ) എന്നിവര്‍ ഈ ദിവസങ്ങളില്‍ അങ്ങാടികളിലിറങ്ങി തക്ബീര്‍ ചൊല്ലുകയും അതുകേട്ട് മറ്റുജനങ്ങളും തക്ബീര്‍ ചൊല്ലുകയും ചെയ്തിരുന്നു. (ബുഖാരി).  അതുപോലെ  മിനായില്‍ വെച്ചും തക്ബീര്‍ ചൊല്ലുകയും അങ്ങനെ പള്ളികളിലും അങ്ങാടികളിലുമുള്ളവരും തക്ബീര്‍ചൊല്ലി മിന തക്ബീറുകളാല്‍ മുഴങ്ങാറുണ്ടായിരുന്നു എന്നും ഹദീഥുകളില്‍ കാണാവുതാണ്.

ബലിദിനം: ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തു കാണാത്തതും എന്നാല്‍ ദുല്‍ഹജ്ജ്  മാസത്തിലെ വളരെ മഹത്ത്വമുള്ളതുമായ ഒരു ദിവസമാകുന്നു ബലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്ത്വമുള്ള ദിവസം ബലിദിവസം (ദുല്‍ഹജ്ജ് പത്ത്) ആകുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്റെ സുനനില്‍ ഇപ്രകാരം ഒരു ഹദീഥ് റിപ്പോര്‍ട്ടുചെയ്യുന്നത് കാണാവുന്നതാണ്.

അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂടുന്ന ദിനവുമാണ് (അബൂദാവൂദ്).

അത്‌കൊണ്ട് ദുല്‍ഹജ്ജ് പത്ത് ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാതെ, ആരാധനകളും പുണ്യകര്‍മങ്ങളും കൂടി നിര്‍വഹിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു. 

ഉദുഹിയ്യത്ത്: ദുല്‍ഹജ്ജ് പത്തിനെ ‘ബലിദിനം’ (യൗമുന്നഹ്ര്‍) എന്ന് പ്രവാചകന്‍ﷺ വിശേഷിപ്പിച്ചതില്‍ നിന്നു തന്നെ അന്ന് നിര്‍വഹിക്കുവാനുള്ള പ്രധാനപ്പെട്ട കര്‍മം ബലികര്‍മമാണെന്ന് (ഉദുഹിയ്യത്ത്) മനസ്സിലാക്കാവുന്നതാണ്. നബിﷺ പറഞ്ഞു: ”കഴിവുണ്ടായിരുന്നിട്ടും ഉദുഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോലും അടുക്കേണ്ടതില്ല” (അഹ്മദ്, ഇബ്‌നുമാജ). 

അത്തരക്കാര്‍ക്ക്, സ്വന്തം മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല.  വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു ഇങ്ങനെയൊരു കാര്യം ചെയ്യുവാന്‍ ആവശ്യപ്പെടുന്നത്! എന്നിട്ടും അത് അവഗണിച്ച് കഴിവുണ്ടായിട്ടും അതില്‍ നിന്നും പലരും തിരിഞ്ഞുകളയുന്നു! 

നാമും ഒരുങ്ങുക

മേല്‍പറഞ്ഞ നല്ല നാളുകളിലേക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള ആവേശവും ആത്മാര്‍ഥതയും നമ്മുടെ ഭാഗത്ത് നിന്നുമുണ്ടാകുമ്പോള്‍ മാത്രമെ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. അത്‌കൊണ്ട് ഒന്നാമതായി നാം നമ്മുടെ മനസ്സ് നന്നാക്കി, പാപമുക്തി നേടുക. അതാകുന്നു അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗം. അല്ലാഹു പറയുന്നു: ”നമ്മുടെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവരാരോ അവരെ നാം നമ്മുടെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകതന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു സദ്‌വൃത്തരോടൊപ്പവുമായിരിക്കും”(ക്വുര്‍ആന്‍ 29:69).

അതിനാല്‍ നന്മയുടെ പ്രതിഫലം നേടിയെടുക്കുവാന്‍ നമുക്ക് ധൃതി കാണിക്കാം. ”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്” (ക്വുര്‍ആന്‍ 3:133).

 

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
നേർപഥം വാരിക

മുഹമ്മദ് നബിﷺ: മാനവതയുടെ സമ്പൂര്‍ണ മാതൃക

മുഹമ്മദ് നബിﷺ: മാനവതയുടെ സമ്പൂര്‍ണ മാതൃക

മാതൃകയാവുക എന്നത് പ്രയാസകരമായ കാര്യമാണ്. ലോക ചരിത്രത്തില്‍ മനുഷ്യര്‍ക്ക് ചില കാര്യങ്ങളില്‍ മാതൃകയായവര്‍ ഒരുപാടുണ്ട്. പക്ഷേ, ഭരണ രംഗത്തു മാതൃകയായവര്‍ കുടുംബരംഗത്ത് പരാജയപ്പെട്ടു. രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നവര്‍ സാമ്പത്തിക രംഗത്ത് കളങ്കം വരുത്തി. ഭൗതിക മേഖലയില്‍ നിറഞ്ഞ് നിന്നവര്‍ ആത്മീയതയില്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍ മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും മാതൃകയായ ഒരേയൊരാള്‍ മുഹമ്മദ് നബിﷺ മാത്രമാണെന്ന് ചരിത്രത്തെ മഞ്ഞക്കണ്ണടവെക്കാതെ പഠിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. അതുകൊണ്ട് തന്നെ അല്ലാഹു പറഞ്ഞു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്” (ക്വുര്‍ആന്‍ 33:21). 

ജീവിതത്തിന്റെ ഏത് മേഖലയിലും പ്രവാചകനില്‍ നമുക്ക് മാതൃകയുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കാം.

ഭര്‍ത്താവ്

ഒരു മനുഷ്യന്റെ സ്വഭാവ, പെരുമാറ്റ രീതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഏറ്റവും യോഗ്യതയുള്ളത് ഭാര്യമാര്‍ക്കാണ്. പ്രവാചകന്‍ﷺയുടെ സ്വഭാവത്തെക്കുറിച്ച് ഭാര്യ ആഇശ(റ) പറഞ്ഞത് ‘അദ്ദേഹത്തിന്റെ സ്വഭാവം ക്വുര്‍ആനാണ്’ എന്നാണ്. ക്വുര്‍ആന്‍ വരച്ച് കാണിക്കുന്ന വിശ്വാസിയുടെ ജീവിതമാണ് പ്രവാചകന്‍ﷺ നയിക്കുന്നത് എന്നര്‍ഥം. നാം ജീവിതത്തിന്റെ വിവിധ മേഖലയില്‍ തിളങ്ങിനില്‍ക്കുമ്പോഴും നമ്മള്‍ ഇടപഴകുന്നവരുടെ മുമ്പില്‍ നല്ലവരാകുമ്പോഴും നമ്മെക്കുറിച്ച് സ്വന്തം ഭാര്യമാര്‍ക്ക് ഇത് പോലെ നല്ലത് പറയാന്‍ കഴിയുമോ എന്ന് നാം ചിന്തിക്കുക. 

പിതാവ്

ദിവസങ്ങളോളം പട്ടിണികിടന്നതിനു ശേഷം കിട്ടിയ ഭക്ഷണം കഴിക്കുമ്പോള്‍ പോലും പ്രിയപ്പെട്ട മകളെ അദ്ദേഹം മറന്നില്ല. തനിക്ക് ഒരു വേലക്കാരിയെ ആവശ്യപ്പെട്ട മകളോട് അതിനെക്കാള്‍ പ്രാധ്യാന്യം ഉള്ളതും പരലോക രക്ഷക്ക് ഗുണകരമായതുമായ ചില കാര്യങ്ങള്‍(ഉറങ്ങുന്ന സമയത്ത് സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ് എന്ന് 33 തവണയും അല്ലാഹുഅക്ബര്‍ എന്ന് 34 തവണയും ചൊല്ലാന്‍) നിര്‍ദേശിക്കുകയും അതിലൂടെ തന്റെ മകളുടെ പരലോക രക്ഷയുടെ കാര്യം ഓര്‍മപ്പെടുത്തുകയും ചെയ്തു. മകള്‍ ഫാത്വിമ(റ)യോട് പിണങ്ങിയ മരുമകന്‍ അലി(റ)യുടെ അരികില്‍ ചെന്ന് പ്രവാചകന്‍ﷺ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി വീട്ടിലേക്ക് തിരിച്ചയക്കുകയും അതിലൂടെ ഒരു പിതാവിന്റെ ബാധ്യത നിര്‍വഹിക്കുകയും ചെയ്തു. ഒരു നല്ല പിതാവ് എങ്ങനെയായിരിക്കണമെന്ന് നബിﷺ വളരെ കൃത്യമായി സ്വജീവിതത്തിലൂടെ നമുക്ക് കാണിച്ച് തന്നിട്ടുണ്ട് എന്നത് നാം ഓര്‍ക്കുക. 

പിതാമഹന്‍

ഹസന്‍(റ), ഹുസൈന്‍(റ) എന്നീ പേരക്കിടാങ്ങളുടെ മതകാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്ന പിതാമഹന്‍ ആയിരുന്നു പ്രവാചകന്‍ﷺ. അവരെ സ്‌നേഹിക്കുകയും അവരോട് വാത്സല്യം കാണിക്കുകയും ചെയ്യുന്ന, മുട്ടിലിഴഞ്ഞ് അവരോടൊപ്പം കളിക്കുന്ന, മിമ്പറില്‍ നിന്ന് ഇറങ്ങിച്ചെന്ന് പോലും അവരെ ചുംബിക്കുന്ന പിതാമഹന്‍. ഒരിക്കല്‍ പേരക്കിടാങ്ങളിലൊരാള്‍ പൊതുഖജനാവില്‍ നിന്ന് ഒരു കാരക്കച്ചുള വായിലിട്ടപ്പോള്‍ വായില്‍ കയ്യിട്ട് അത് പുറത്ത് കളയുകയും അതുവഴി അവരുടെ വയറ്റില്‍ ഹറാം കലരാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു. എല്ലാവിധ ഉപദ്രവങ്ങളില്‍നിന്നും അവര്‍ക്ക് രക്ഷലഭിക്കാനായി അവരുടെ തലയില്‍ കൈവെച്ചുകൊണ്ട് നബിﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. 

നേതാവ്

ചരിത്രത്തില്‍ അനുയായികളെ ഇത്രയധികം സ്‌നേഹിച്ച മറ്റൊരു നേതാവും കടന്നുപോയിട്ടില്ല. നേതാവായി നിന്ന് കല്‍പിക്കുകയും അനുയായികളെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യുന്ന ആധുനിക നേതാക്കളെയല്ല പ്രവാചകനില്‍ നാം കാണുന്നത്. ചരിത്രപ്രസിദ്ധമായ ഖന്തക്വ് യുദ്ധത്തിനായി അനുചരന്മാര്‍ വിശപ്പും ദാഹവും സഹിച്ച്, വയറ്റില്‍ കല്ലുവെച്ച്‌കെട്ടി കിടങ്ങ് കീറുമ്പോള്‍ രണ്ട് കല്ലുകള്‍ കെട്ടിവെച്ച് പ്രവാചകന്‍ﷺ അവര്‍ക്ക് നേതൃത്വം നല്‍കി. തനിക്ക് കിട്ടുന്ന ഭക്ഷണം പോലും കൂട്ടുകാര്‍ക്ക് പങ്ക് വെച്ചിരുന്ന പ്രവാചകന്‍ﷺ അവരുടെ സന്തോഷത്തെ തന്റെ സന്തോഷമായും അവരുടെ വേദനകളെ തന്റെ വേദനകളായും കണക്കാക്കി. തന്റെ കൂട്ടുകാര്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ അവര്‍ പറയാതെ തന്നെ മനസ്സിലാക്കി കഴിയാവുന്ന സഹായങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തു. 

ഒരിക്കല്‍ ജാബിറുബ്‌നു അബ്ദില്ല(റ) പ്രവാചകന്റെ കൂടെ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ നബിﷺ അദ്ദേഹത്തോട് വിവരങ്ങള്‍ അന്വേഷിച്ചു. വീട്ടിലെ തന്റെ ബാധ്യതകളെയും പ്രയാസത്തേയും കുറിച്ച് അദ്ദേഹം നബിﷺയോട് വിവരിച്ചു. പ്രവാചകന്‍ﷺ ജാബിര്‍(റ)വിനോട് അവശനായ തന്റെ ഒട്ടകത്തെ തനിക്ക് വില്‍ക്കണോ എന്നന്വേഷിച്ചു. അദ്ദേഹം അത് നബിﷺക്ക് വില്‍പന നടത്തി. പ്രവാചകന്‍ﷺ അദ്ദേഹത്തിന് അതിന്റെ മുതല്‍ നല്‍കി തിരിച്ച് പോകുമ്പോള്‍ അദ്ദേഹം ജാബിര്‍(റ)നെ മടക്കി വിളിച്ചിട്ട് പറഞ്ഞു: ‘ഈ ഒട്ടകവും നിങ്ങള്‍ക്കുള്ളത.് ഇതിനെ കൊണ്ടുപൊയ്‌ക്കോളൂ.’ 

നീതിമാനായ വിധികര്‍ത്താവ്

തന്റെ ആളുകള്‍ എന്തു തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കുകയും മറ്റുള്ളവര്‍ ചെയ്യുന്നത് നിസ്സാരകാര്യമാണെങ്കിലും അവര്‍ക്കെതിരില്‍ വാളെടുക്കുകയും ചെയ്യുന്ന പുതിയ കാലത്തെ ‘നീതിമാന്‍’  മാരെപ്പോലെയായിരുന്നില്ല പ്രവാചകന്‍ﷺ. മറിച്ച് ശത്രുവാണെങ്കിലും മിത്രമായിരുന്നാലും സത്യവും നീതിയും ആരുടെ ഭാഗത്താണോ അവള്‍ക്ക് അനുകൂലമായി വിധി നടപ്പിലാക്കുക എന്നതായിരുന്നു നബിﷺയുടെ രീതി. ഉന്നത ഗോത്രക്കാരിയായ ഒരു പെണ്ണ് മോഷണത്തിന്റെ പേരില്‍ പിടിക്കപ്പെടുകയും പ്രവാചകന്‍ﷺ അവള്‍ക്കെതിരില്‍ വിധി നടപ്പിലാക്കുകയും ചെയ്തു. അപ്പോള്‍ ചിലര്‍ അവളുടെ ഗോത്രത്തെക്കുറിച്ച് ഓര്‍മപ്പെടുത്തി. നബിﷺ പറഞ്ഞു: ‘എന്റെ മകള്‍ ഫാത്തിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ അവളുടെ കൈ ഞാന്‍ മുറിക്കുക തന്നെ ചെയ്യും.’ ഈ നീതിബോധം ശത്രുക്കള്‍ പോലും തിരിച്ചറിഞ്ഞതാണ്. 

അതുല്യമായ വിട്ടുവീഴ്ച

ഇങ്ങോട്ട് ശത്രുത കാണിക്കുന്നവരോടും അങ്ങോട്ട് സ്‌നേഹത്തില്‍ വര്‍ത്തിക്കുക എന്നത് വിശ്വാസവും ക്ഷമാശീലവും കൊണ്ട് അനുഗൃഹീതരായവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ക്വുര്‍ആന്‍ പറയുന്നു: ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കെല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല” (41:34,35). ഇതിനുള്ള ഉത്തമ ഉദാഹരണമാണ് പ്രവാചകന്‍ﷺയുടെ ജീവിതം 

പല യുദ്ധങ്ങളിലും ശത്രുഭാഗത്ത് നിലകൊള്ളുകയും ബദ്ര്‍യുദ്ധത്തില്‍ ബന്ധനസ്ഥനാവുകയും ചെയ്യപ്പെട്ട വ്യക്തിയാണ് സുഹൈലുബ്‌നു അംറ്. ബന്ധിതനായ അദ്ദേഹത്തെ നോക്കിക്കൊണ്ട് ഉമര്‍(റ) പറഞ്ഞു: ”നബിയേ, സുഹൈലിനെ എനിക്ക് വിട്ട് തരൂ. അവന്റെ മുന്‍പല്ലുകള്‍ ഞാന്‍ ഊരിക്കളയട്ടെ. ഇനി ഒരിക്കലും അവന്‍ ഇസ്‌ലാമിനെതിരെ സംസാരിക്കരുത്.” നബിﷺ അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. പിന്നീട് ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തിലും പ്രവാചകന് എതിരുനിന്നത് സുഹൈലുബ്‌നു അംറ് തന്നെ! അവിടെയും പ്രവാചകന്‍ﷺ അദ്ദേഹത്തിന് വിട്ടുവീഴ്ച നല്‍കി. അക്കാരണത്താല്‍ തന്നെ പ്രമാണിയും വാഗ്മിയുമായിരുന്ന  സുഹൈലുബ്‌നു അംറ് ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി. ധാരാളം സുന്നത്ത് നമസ്‌കരിക്കുകയും ധര്‍മം ചെയ്യുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന, ഇസ്‌ലാമിന് വേണ്ടി തന്റെ സംസാര വൈഭവം ഉപയോഗിക്കുന്ന പ്രവാചകാനുചരനായി അദ്ദേഹം മാറുകയും ചെയ്തു. 

തന്നെ ശക്തമായി എതിര്‍ക്കുകയും പിറന്ന മണ്ണില്‍നിന്ന് തന്നെ പുറത്താക്കുകയും ചെയ്ത ജനതയുടെ മേല്‍ ആധിപത്യം ലഭിച്ചപ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത രൂപത്തില്‍ വിട്ടുവീഴ്ചയും വിശാലമനസ്‌കതയും കാണിച്ചു ലോകത്തിന്റെ പ്രവാചകന്‍. തന്റെ പള്ളിയില്‍ കയറി മൂത്രമൊഴിച്ച ഗ്രാമീണനോട് നബിﷺ ക്ഷമിക്കുകയും അയാളെ തടയാന്‍ ചെന്നവരോട് നബിﷺ അരുതെന്ന് പറയുകയും ചെയ്തത് പ്രസിദ്ധമാണ്. ഇതെല്ലാം പ്രവാചകന്റെ വിട്ടുവീഴ്ചാമനോഭാവത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്. 

ഏറ്റവും വലിയ മനുഷ്യ സ്‌നേഹി

എല്ലാവരും സ്വര്‍ഗാവകാശികളായിത്തീരണമെന്ന ആഗ്രഹമാണ് പ്രവാചകന്‍ﷺക്ക് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ഓരോരുത്തര്‍ക്കും സത്യമതത്തിന്റെ സന്ദേശം എത്തിക്കാന്‍ അദ്ദേഹം ആവതു ശ്രമിക്കുകയും ചെയ്തു. ജൂതനായ ഒരു കുട്ടി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പ്രവാചകന്‍ﷺ അവരുടെ വീട്ടിലെത്തി ഇസ്‌ലാം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ അരികില്‍ നില്‍ക്കുന്ന തന്റെ പിതാവിന്റെ മുഖത്ത് നോക്കിയ കുട്ടി പിതാവിന്റെ സമ്മത പ്രകാരം ഇസ്‌ലാം സ്വീകരിച്ചു. ആ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പ്രവാചകﷺ പറഞ്ഞു: ”ആ കുട്ടിയെ നരകത്തില്‍ നിന്നും കാത്തുരക്ഷിച്ച അല്ലാവിന്നാകുന്നു സ്തുതികളഖിലവും.” 

പ്രവാചകന്റെ സവിശേഷതയായി ക്വുര്‍ആന്‍ പറയുന്നത് കാണുക: ”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങൡ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം’ (ക്വുര്‍ആന്‍ 9:128).

സത്യസന്ധതക്ക് ശത്രുവിന്റെ പോലും അംഗീകാരം

നബിﷺയുടെ നീതിയും സത്യസന്ധതയും ശത്രുവിന് പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. ഹുദൈബിയ സന്ധി നിലനില്‍ക്കുന്ന സമയത്ത് ഒരിക്കല്‍ അബുസുഫ്‌യാനെ ഹിര്‍ഖല്‍ ചക്രവര്‍ത്തി തന്റെ ദര്‍ബാറിലേക്ക് ക്ഷണിച്ചു. സംസാരത്തിനിടയില്‍ നബിﷺയെ കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചു: ‘അദ്ദേഹം കള്ളം പറയാറുണ്ടോ?’ അബുസുഫ്‌യാന്‍ പറഞ്ഞു: ‘ഇല്ല.’ ഹിര്‍ഖല്‍ ചോദിച്ചു: ‘അദ്ദേഹം വഞ്ചന നടത്തിയിട്ടുണ്ടോ?’ അബുസുഫ്‌യാന്‍ പറഞ്ഞു: ‘ഇല്ല.’ 

ഈ സംഭവം നടക്കുമ്പോള്‍ അബൂസുഫ്‌യാന്‍(റ) ഇസ്‌ലാം സ്വീകരിച്ചിട്ടില്ല. അദ്ദേഹം ശത്രുപാളയത്തിലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് പ്രവാചകന്റെ സദ്ഗുണങ്ങള്‍ സമ്മതിക്കേണ്ടിവന്നു എന്നത് ശ്രദ്ധേയമാണ്. 

ഇതര ജീവികളോടും സ്‌നേഹം

മനുഷ്യരോട് മാത്രമല്ല ഇതര ജന്തുജാലങ്ങളോടും സ്‌നേഹവും കാരുണ്യവും കാണിക്കുകയും അതിനായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് പ്രവാചകന്‍ﷺ. അന്യായമായി ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത പ്രവാചകന്‍ﷺ പച്ചക്കര ളുള്ള എന്തിനോടും കാരുണ്യം കാണിക്കല്‍ പുണ്യമാണെന്ന് ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. ഉരുവിനെ അറുക്കുന്ന സന്ദര്‍ഭത്തില്‍ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് അറുത്ത് അതിന്റെ വേദന ലഘൂകരിക്കാന്‍ അവിടുന്ന് നിര്‍ദേശം നല്‍കിയത് ജീവികളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ നിദര്‍ശനമാണ്.

 

ശരീഫ് കാര
നേർപഥം വാരിക

വേദഗ്രന്ഥങ്ങളും വിശ്വാസിയും

വേദഗ്രന്ഥങ്ങളും വിശ്വാസിയും

ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസ കാര്യങ്ങളിലെ സുപ്രധാനമായ ഒന്നാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളെയൊക്കെയും അംഗീകരിക്കുവാനും സത്യപ്പെടുത്തുവാനും ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അവയിലേതെങ്കിലുമൊന്ന് നിഷേധിച്ചാല്‍തന്നെ എല്ലാറ്റിനെയും നിഷേധിച്ചതിന് തുല്യമാണ്.

വിശ്വാസികളോടായി അല്ലാഹു പറയുന്നത് കാണുക:”നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാക്വിനും യഅ്ക്വൂബിനും യഅ്ക്വൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വപ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി( സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു” (2:136).

മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു” (4:136)

വേദഗ്രന്ഥങ്ങള്‍ എന്ത്? എന്തിന്?

കാരുണ്യവാനായ അല്ലാഹു അവന്റെ കാരുണ്യത്തിന്റെ ഭാഗമായി സൃഷ്ടികള്‍ക്ക് മാര്‍ഗദര്‍ശനവും ഇഹപര വിജയത്തിന്റെ മാര്‍ഗരേഖകളുമായി വിവിധ വേദഗ്രന്ഥങ്ങളവതരിപ്പിച്ചുണ്ട്. മൂസാ നബി(അ)ക്ക് അവതരിച്ച തൗറാത്തും ദാവൂദ് നബി(അ)ക്ക് ലഭിച്ച സബൂറും ഈസാ(അ)ക്ക് കിട്ടിയ ഇഞ്ചീലും അവയില്‍ പെട്ടതാണ്. ഇത്തരത്തിലുള്ള ദൈവിക ഗ്രന്ഥങ്ങളുടെ അവസാനത്തെ വേദമാണ് വിശുദ്ധ ക്വുര്‍ആന്‍.

അല്ലാഹു പറയുന്നു: ”അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൗറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.  ഇതിനു മുമ്പ്; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായിട്ട് സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു” (3:3,4).

വിവിധ കാലങ്ങളിലായി വ്യത്യസ്ത ജനസമൂഹങ്ങളിലേക്ക് അവതരിച്ചവയാണെങ്കിലും അടിസ്ഥാന  കാര്യങ്ങളില്‍ പരസ്പരം യോജിക്കുന്നവയാണ് ദൈവിക ഗ്രന്ഥങ്ങളൊക്കെയും. എന്നാല്‍ വിശദമായ നിയമ നിര്‍ദേശങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും വ്യത്യാസങ്ങളുണ്ടായിരിക്കും. തികച്ചും ദൈവികമായ ഉദ്ദേശ്യലക്ഷ്യങ്ങളും യുക്തിരഹസ്യങ്ങളുമനുസരിച്ചാണ് അവയുടെ 

അവതരണവും അവയിലെ വ്യത്യാസങ്ങളും

അല്ലാഹു പറയുന്നു: ”(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു…” (5:48).

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവില്‍നിന്നുള്ള മാര്‍ഗദര്‍ശനമാകുന്ന അവന്റെ വേദനിര്‍ദേശങ്ങള്‍ ശരിയായ രൂപത്തില്‍ മനസ്സിലാക്കി പിന്‍പറ്റുക എന്നത് സര്‍വ നന്മകളിലേക്കും ശാശ്വത വിജയത്തിലേക്കും സമാധാനപൂര്‍ണമായ ജീവിതത്തിലേക്കും മനുഷ്യരാശിയെ കൈപിടിച്ചാനയിക്കുന്ന മഹത്തായ അനുഗ്രഹമാണ്. അവ ഏതെങ്കിലും മനുഷ്യമസ്തിഷ്‌കത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും സന്ദേശങ്ങളുമല്ല. അവ എത്തിച്ചുകൊടുക്കാന്‍ ഏല്‍പിക്കപ്പെട്ട പ്രവാചകന്മാര്‍ക്കുപോലും അതില്‍ കൈ കടത്തുവാനോ മാറ്റം വരുത്തുവാനോ അര്‍ഹതയില്ല. സര്‍വസ്വവും പടച്ചു പരിപാലിക്കുന്ന സര്‍വ ചരാചരങ്ങള്‍ക്കും ശരിയായ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത പടച്ചവന്റെ വാക്കുകളും ഉപദേശങ്ങളുമാണവ. അതുകൊണ്ടുതന്നെ അവ പറഞ്ഞുതരുന്ന വിശ്വാസ-ആചാര-സംസ്‌കാര-സ്വഭാവാദി സര്‍വതും സ്വീകരിച്ച് അവയ്ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. 

എന്നാല്‍ ദൈവിക ഗ്രന്ഥങ്ങളെയും ദൈവദൂതന്മാരെയും പരിഗണിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ ചരിത്രത്തിലനവധിയുണ്ടായിട്ടുണ്ട്. അവരില്‍ പലര്‍ക്കും ഇഹലോകത്തുതന്നെ അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പാരത്രിക ജീവിതത്തില്‍ ഏതായാലും അവര്‍ക്ക് രക്ഷയോ സമാധാനമോ ഉണ്ടായിരിക്കില്ലെന്ന് സ്രഷ്ടാവ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്: 

”അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരുടെ നേര്‍ക്ക് നീ നോക്കിയില്ലേ? എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത് എന്ന്. വേദഗ്രന്ഥത്തെയും, നാം നമ്മുടെ ദൂതന്‍മാരെ അയച്ചത് എന്തൊരു ദൗത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചു കളഞ്ഞവരത്രെ അവര്‍. എന്നാല്‍ വഴിയെ അവര്‍ അറിഞ്ഞു കൊള്ളും. അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട് അവര്‍ നരകാഗ്‌നിയില്‍ എരിക്കപ്പെടുകയും ചെയ്യും” (40:69–72).

വേദഗ്രന്ഥത്തിലുടെ അവതരിപ്പിക്കപ്പെടുന്ന തെളിവുകളും നിര്‍ദേശങ്ങളും അവഗണിച്ച് ജീവിക്കുന്നവര്‍ക്ക് പാരത്രിക ജീവിതത്തില്‍ അവ എതിര്‍രേഖയായി വരുന്നതാണ്. കണ്ടില്ല, അറിഞ്ഞില്ല എന്ന് ഒഴികഴിവുകള്‍ നിരത്തി രക്ഷപ്പെടാന്‍ സാധിക്കാത്തവിധം അല്ലാഹു തെളിവുകള്‍ സ്ഥാപിക്കുകയാണ് അവയിലൂടെ.

അപ്രകാരംതന്നെ ദൈവികമായ നിര്‍ദേശങ്ങളവതരിപ്പിക്കുന്ന വേദഗ്രന്ഥങ്ങളെ പിന്‍പറ്റുന്ന ജനങ്ങള്‍ക്ക് ആ നന്മയുടെ അടിത്തറയില്‍ ഐക്യപ്പെടുവാനും ഛിദ്രകള്‍ ഇല്ലാതാക്കാനും സാധിക്കുന്നതാണ്. അല്ലാഹു പറയുന്നു: ”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പുകല്‍പിക്കുവാനായി അവരുടെകൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്‌സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു” (2:213).

നീതിനിഷ്ഠമായ വിധികളും തര്‍ക്ക പരിഹാരങ്ങളും വേദഗ്രന്ഥത്തെ അവലംബിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സാധ്യമാണ്. നന്മ-തിന്മകള്‍ എന്തെന്ന് ആധികാരികമായി പറഞ്ഞുതരാനും ന്യൂനതകളും അന്യായങ്ങളും കലരാത്ത സുവ്യക്തമായ നിയമങ്ങളും നിര്‍ദേശങ്ങളും മനുഷ്യര്‍ക്ക് പറഞ്ഞുകൊടുക്കുന്ന ആധികാരിക രേഖയായി ദൈവിക ഗ്രന്ഥം നിലകൊള്ളുമ്പോള്‍ ആ ജനതയ്ക്കുണ്ടാകുന്ന സ്വസ്ഥതയും സമാധാനവും അനിര്‍വചനീയമായിരിക്കും. നേരെമറിച്ച് ദൈവിക ഗ്രന്ഥങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് മനുഷ്യരിലേക്ക് പ്രസ്തുത വിഷയങ്ങളും തര്‍ക്കങ്ങളും ഏല്‍പിക്കപ്പെടുമ്പോള്‍ അവരുടെ പരിഹാരങ്ങളിലും വിധി തീര്‍പുകളിലും പലതരത്തിലുള്ള മാനുഷിക ദൗര്‍ബല്യങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. ഭൗതിക പ്രത്യയ ശാസ്ത്രങ്ങളുടെ കുറവുകളും പരാജയങ്ങളും അവിടെയാണ് നാം കാണുന്നത്.

പ്രവാചകത്വ വാദവുമായി വരുന്ന ദൈവദൂതന്റെ സത്യതക്കുള്ള ഒരു ഉത്തമ രേഖകൂടിയാണ് വാസ്തവത്തില്‍ അദ്ദേഹത്തിന്റെ പക്കലുള്ള വേദഗ്രന്ഥം.

ക്വുര്‍ആന്‍ അന്തിമ വേദഗ്രന്ഥം

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളില്‍ അവസാനത്തേതാണ് വിശുദ്ധ ക്വുര്‍ആന്‍. ദൈവികമെന്ന് അത് സ്വയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവകാശപ്പെടുന്നു:

”തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു. നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)” (26:192-195).

”അലിഫ്-ലാം-മീം. ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല” (32:1-2).

 ”യാസീന്‍. തത്ത്വസമ്പൂര്‍ണമായ ക്വുര്‍ആന്‍ തന്നെയാണ സത്യം; നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു. നേരായ പാതയിലാകുന്നു (നീ). പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത് (ക്വുര്‍ആന്‍)” (36:1-5). 

”ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു” (39:1). 

”ഹാ-മീം. ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു” (40:1-2). 

”ഹാമീം. പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്. വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം)” (41:1-3). 

 ”അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്” (41:42). 

 ”ഹാമീം. ഈ വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു” (45:1-2). 

46:1-2, 56:80, 69:43 തുടങ്ങിയ വചനങ്ങള്‍ കാണുക.

ദൈവികതയില്‍ സംശയിക്കുന്നവരോടായി ക്വുര്‍ആന്‍ നടത്തിയ ശക്തമായ വെല്ലുവിളി നൂറ്റാണ്ടുകളായി എതിരാളികളുടെ കര്‍ണപുടങ്ങളില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നോളം ആ വെല്ലുവിളി ധൈര്യസമേതം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല.

അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും” (17:88).

ക്വുര്‍ആനിനെ പോലൊരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധ്യമല്ലെങ്കില്‍, വേണ്ട അതിലുള്ള 114 അധ്യായങ്ങളില്‍ 10 എണ്ണത്തിന് സമാനമായിട്ടെങ്കിലും കൊണ്ടിവരൂ എന്ന് ക്വുര്‍ആന്‍ വെല്ലുവിളിക്കുന്നു:

 ”അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍” (11:13).

നിരക്ഷരനായ മുഹമ്മദ് നബിﷺയുടെ നാവിലൂടെ ലോകം ശ്രവിച്ച ഈ വചനങ്ങള്‍ക്ക് തുല്യമായി തുഛമായ വചനങ്ങളെങ്കിലും കൊണ്ടുവരാന്‍ അഗ്രഗണ്യരായ സാഹിത്യകാരന്മാരെ ക്വുര്‍ആന്‍ വെല്ലുവിളിച്ചു. എന്നിട്ടും അവര്‍ക്കത് നേരിടാന്‍ സാധിച്ചില്ല.

വീണ്ടും ഒരുപടികൂടി ഇറങ്ങിച്ചെന്നുകൊണ്ട് ക്വുര്‍ആന്‍ അതിന്റെ വെല്ലുവിളി ഒന്നുകൂടി ശക്തമായി ആവര്‍ത്തിക്കുന്നു:

 ”നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റെത്‌പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്)” (2:23).

”അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍” (10:38).

അതിന് സാധ്യമല്ലെന്ന് തറപ്പിച്ച് പറഞ്ഞ ക്വുര്‍ആന്‍ ശക്തമായ ഓരോ താക്കീതും എതിരാളികള്‍ക്ക് നല്‍കുന്നുണ്ട്:

 ”നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്” (2:24).

സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിന്റെ അന്തിമവേദമായ വിശുദ്ധ ക്വുര്‍ആന്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനോ ദേശക്കാര്‍ക്കോ മാത്രമായുള്ളതല്ല. പ്രത്യുത സര്‍വരിലേക്കുമായുള്ള സര്‍വലോക രക്ഷിതാവിന്റെ സന്ദേശമത്രെ അത്.

”ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍…” (2:185).

(3:138), (14:52), (17:89), (18:54), (30:58) മുതലായ സൂക്തങ്ങള്‍ കാണുക. ക്വുര്‍ആന്‍ ആഴത്തില്‍ പഠിക്കുവാനും ഉറ്റാലോചിക്കുവാനും ആഹ്വാനം ചെയ്യുന്ന ക്വുര്‍ആന്‍ അതിന്റെ വചനങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയും ആശയപൊരുത്തവും അതിന്റെ ദൈവികതക്കുള്ള മറ്റൊരു ദൃഷ്ടാന്തമായി എടുത്തുകാട്ടുന്നു:

  ”അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു” (4:82).

പില്‍ക്കാലത്ത് കൈകടത്തലും മാറ്റത്തിരുത്തലുകളും സംഭവിച്ച മുന്‍വേദങ്ങളുടെ അടിസ്ഥാന ആശയങ്ങളെ സംരക്ഷിക്കുന്നതും സന്മാര്‍ഗ ദര്‍ശനവും ദൈവികാനുഗ്രഹവുമാണ് വിശുദ്ധ ക്വുര്‍ആന്‍. കിടയറ്റ ധാര്‍മികതയും സദാചാരവുമാണ് ക്വുര്‍ആന്‍ മാനവരാശിക്കുമുമ്പില്‍ സമര്‍പ്പിക്കുന്നത്. ക്വുര്‍ആന്‍ നിഷിദ്ധമാക്കിയ വല്ലതും മനുഷ്യ സമൂഹത്തിന് നന്മയും ഉത്തമവുമാണ് എന്നോ ക്വുര്‍ആന്‍ അനുവദിച്ച വല്ലതും ദോഷകരമായതിനാല്‍ വിലക്കേണ്ടതായിരുന്നുവെന്നോ വസ്തുനിഷ്ഠമായി വിമര്‍ശിക്കാന്‍ ഇന്നോളം ആര്‍ക്കും സാധിച്ചിട്ടില്ല.

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (17:9).

 ”അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു” (5:16).

മുന്‍വേദങ്ങള്‍ക്ക് സംഭവിച്ചതുപോലെയുള്ള കൈകടത്തലുകളില്‍നിന്ന് സംരക്ഷിച്ച് അന്ത്യനാള്‍ വരെയുള്ള സര്‍വ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശക ഗ്രന്ഥമായി ക്വുര്‍ആനിനെ നിലനിര്‍ത്തുമെന്നും അല്ലാഹു സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്:

 ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (15:9).

മുന്‍ വേദങ്ങള്‍ക്ക് എന്ത് സംഭവിച്ചു?

ഓരോ പ്രത്യേക കാലഘട്ടത്തിലേക്ക് മാത്രമായിട്ടായിരുന്നു മുന്‍ വേദഗ്രന്ഥങ്ങളവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ ലോകാവസാനം വരെയുള്ള സര്‍വ ജനങ്ങളിലേക്കുമായി അവതരിപ്പിക്കപ്പെട്ട അന്തിമ വേദഗ്രന്ഥമാണ്.

ക്വുര്‍ആനിന്റെ അവതരണത്തോടെ പരിമിതകാലത്തേക്ക് അവതരിക്കപ്പെട്ട മുന്‍വേദഗ്രന്ഥങ്ങളുടെ കാലപരിധിയും ദൗത്യവും അവസാനിച്ചു.

അല്ലാഹു പറയുന്നു:”’ഇതിനു മുമ്പ്; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായിട്ട് സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു. ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച” (3:4,5).

മുന്‍ വേദഗ്രന്ഥങ്ങളെ ഏല്‍പിക്കപ്പെട്ട സമൂഹങ്ങള്‍ അവയോട് വേണ്ടപോലെ നീതി പുലര്‍ത്തിയില്ലായെന്ന് മാത്രമല്ല, അവയില്‍ കൈകടത്തലുകള്‍ നടത്തുകയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു: ”എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം” (2:79).

”നിങ്ങള്‍ വരൂ. അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട്തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം” (63:5).

ക്വുര്‍ആന്‍ പറഞ്ഞ ഈ വസ്തുതകള്‍ നൂറുശതമാനവും ശരിവെക്കുന്നതാണ് ഇന്ന് നിലവിലുള്ള മുന്‍ വേദഗ്രന്ഥങ്ങളുടേതായി പറയപ്പെടുന്ന ഗ്രന്ഥങ്ങളുടെ അവസ്ഥ. നിഷ്പക്ഷവും വസ്തുനിഷ്ഠവുമായി അവ പഠനവിധേയമാകുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടുന്നതാണ്. പരസ്പര വിരുദ്ധമായ വചനങ്ങളും ആശയപ്പൊരുത്തമില്ലാത്ത വിവരണങ്ങളും അവയില്‍ കാണാം. മനുഷ്യര്‍ക്ക് മാതൃകയും സന്മാര്‍ഗദര്‍ശികളുമായി ദൈവത്താല്‍ നിയോഗിതരായ പ്രവാചകന്മാരെ പോലും ദുര്‍മാര്‍ഗികളും കൊള്ളരുതാത്തവരുമായി ചിത്രീകരിക്കുന്ന വചനങ്ങള്‍ അവയില്‍ കാണുന്നു എന്നത് എന്തുമാത്രം വിരോധാഭാസമല്ല!

അതിനാല്‍, കൈകടത്തലുകളില്‍നിന്നും സുരക്ഷിതവും നൂറുശതമാനവും ദൈവികമെന്ന് ഉറപ്പുള്ളതുമായ അന്തിമ വേദഗ്രന്ഥം വിശുദ്ധ ക്വുര്‍ആന്‍ മാത്രമാണ്. അതനുസരിച്ച് ജീവിക്കുകയാണ് വിജയത്തിന്റെ മാര്‍ഗം. ദൈവികമായ മാര്‍ഗനിര്‍ദേശങ്ങള്‍ പഠിച്ചറിഞ്ഞ് പിന്‍പറ്റുവാനും അതുവഴി ശാശ്വതമായ സമാധാനവും വിജയവും കരസ്ഥമാക്കുവാനും സര്‍വശക്തന്‍ തുണക്കട്ടെ! ആമീന്‍

”എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്. അവന്‍ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെത്തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു” (20:124-126).

 

ശമീര്‍ മദീനി
നേർപഥം വാരിക

ക്വുര്‍ആനും പൂര്‍വവേദങ്ങളും മൂല്യങ്ങളുടെ നൈരന്തര്യവും

ക്വുര്‍ആനും പൂര്‍വവേദങ്ങളും മൂല്യങ്ങളുടെ നൈരന്തര്യവും

ഇസ്‌ലാമിക മൂല്യസംഹിതകള്‍ സമ്പൂര്‍ണമായും ദൈവികമാണ്. മുന്‍സമൂഹങ്ങളില്‍ സന്മാര്‍ഗത്തിന്റെയും ധാര്‍മികതയുടെയും അടിത്തറയായി വര്‍ത്തിച്ച മൂല്യങ്ങളെയെല്ലാം ഇസ്‌ലാം അതിന്റെ ആന്തരഘടനയില്‍ ഉള്‍ക്കാള്ളുന്നുണ്ട്. മുഹമ്മദ്   നബിﷺയുടെ ആഗമനത്തിനു മുമ്പ് വിവിധ ജനസമൂഹങ്ങളെ  അല്ലാഹു പഠിപ്പിച്ച  മൂല്യങ്ങളില്‍ നിന്ന് സാര്‍വകാലികമായവയെ വിശുദ്ധ ക്വുര്‍ആനിലൂടെയും അല്ലാഹു പഠിപ്പിക്കുന്നുണ്ട് എന്നര്‍ഥം.

ഇസ്‌ലാമിന്റെ മൂല്യസംഹിതകള്‍ പൂര്‍ണമായും ദൈവികമാണ് എന്നതോടൊപ്പം തന്നെ അവയ്ക്ക് ചരിത്രപരമായ നൈരന്തര്യത്തിന്റെ മേന്‍മ കൂടിയുണ്ട്. പൂര്‍വകാലസമൂഹങ്ങളില്‍ നന്മയുടെയും സന്മാര്‍ഗത്തിന്റെയും ധാര്‍മികതയുടെയും അടിത്തറയായി വര്‍ത്തിച്ച മൂല്യങ്ങളെയെല്ലാം ഇസ്‌ലാം അതിന്റെ ആന്തരഘടനയില്‍ ഉള്‍ക്കാള്ളുന്നുണ്ട്. ഒരേയൊരു സ്രഷ്ടാവില്‍ നിന്ന് വിവിധ കാലഘട്ടങ്ങളിലായി അവതരിച്ച ദൈവിക മൂല്യങ്ങള്‍ എന്ന നിലയില്‍ സാമ്യതകള്‍ നിലനില്‍ക്കുക സ്വാഭാവികമാണ്. മുഹമ്മദ്‌നബിﷺയുടെ ആഗമനത്തിനു മുമ്പ് വിവിധ ജനസമൂഹങ്ങളിലേക്ക് അവതീര്‍ണമായ മൂല്യങ്ങളില്‍ നിന്നും സാര്‍വകാലികവും ആവശ്യകതയുള്ളതുമായവ വിശുദ്ധ ക്വുര്‍ആനിലൂടെ പുനരവതീര്‍ണമായിട്ടുണ്ട് എന്നതിന് ക്വുര്‍ആന്‍ വചനങ്ങള്‍ തന്നെ സാക്ഷ്യങ്ങളാണ്.

”തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്. അതായത് ഇബ്‌റാഹീമിന്റെയും മൂസായുടെയും ഏടുകളില്‍” (ക്വുര്‍ആന്‍ 87:18-19). 

അക്ഷരാര്‍ഥത്തിലുള്ള തുടര്‍ച്ചയല്ല; മൂല്യങ്ങളിലും ആശയങ്ങളിലുമുള്ള തുടര്‍ച്ചയാണിത് സൂചിപ്പിക്കുന്നത്. ദൈവികമാര്‍ഗ ദര്‍ശനത്തിന്റെ രേഖകള്‍ എന്ന നിലയില്‍ പൂര്‍വ വേദങ്ങള്‍ അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകളും ആശയങ്ങളും ക്വുര്‍ആനില്‍ കാലാനുസൃതവും അന്തിമദൂതന്റെ ദൗത്യനിര്‍വഹണത്തിന് അനുരൂപമായും ആവര്‍ത്തിച്ചിരിക്കുന്നു എന്ന് വ്യക്തം.

പൊതുമൂല്യങ്ങള്‍

എല്ലാകാലങ്ങളിലും മനുഷ്യരാശിയില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള മൂല്യങ്ങള്‍ അവയുടെ പൊതുഘടനയില്‍ സമാനതയുള്ളവയായിരുന്നു. അതോടൊപ്പം തന്നെ അവയില്‍ കാലാനുസൃതമായ മാറ്റങ്ങളും വ്യതിയാനങ്ങളും വരുത്തുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എക്കാലത്തും മാനവരാശിയെ ബാധിക്കുന്ന അടിസ്ഥാനപരമായ തത്ത്വങ്ങള്‍ ക്വുര്‍ആന്‍ അങ്ങനെത്തന്നെ പ്രഖ്യാപിക്കുന്നുണ്ട്. ഏകദൈവാദര്‍ശം, അന്ത്യനാള്‍, സ്വര്‍ഗം, നരകം തുടങ്ങിയവയെല്ലാം എല്ലാ വേദഗ്രന്ഥത്തിന്റെയും പ്രതിപാദ്യങ്ങളായിരുന്നു എന്നത് വ്യക്തമാണ്. സാര്‍വലൗകികവും സാര്‍വകാലികവുമായ മൂല്യങ്ങള്‍ എന്ന പരിഗണന അര്‍ഹിക്കുന്നവയാണ് ഇവയെല്ലാം.

അല്ലാഹുവിലുള്ള വിശ്വാസം

അല്ലാഹു പറയുന്നു: ”അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയമുളളത്? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരവധിവരെ നിങ്ങള്‍ക്കു സമയം നീട്ടിത്തരുവാനുമായി അവന്‍ നിങ്ങളെ ക്ഷണിക്കുന്നു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവന്നിരുന്നതില്‍നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്കു കൊണ്ടുവന്നുതരൂ”(ക്വുര്‍ആന്‍: 14:10).

”അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ടുവന്നു തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള്‍ ഭാരമേല്‍പിക്കുന്നത്”(ക്വുര്‍ആന്‍:14:11).

”അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്തുതന്നിരിക്കേ അവന്റെമേല്‍ ഭരമേല്‍പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്തു ന്യായമാണുള്ളത്. നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യാം. അല്ലാഹുവിന്റെ മേലാണ് ഭാരമേല്‍പിക്കുന്നവരെല്ലാം ഭാരമേല്‍പിക്കേണ്ടത്.” (ക്വുര്‍ആന്‍:14:12)

എല്ലാ പ്രവാചകന്മാരും ദൈവാസ്തിക്യത്തെ ഓര്‍മിപ്പിക്കുകയും സ്രഷ്ടാവിന്റെ സവിശേഷതകള്‍ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം ഉദ്‌ബോധനങ്ങളെ നിഷേധിക്കുകയും അവഗണിക്കുകയും ചെയ്യുന്നവരായിരുന്നു മിക്ക സമൂഹങ്ങളും. ദൂതന്‍മാരുടെ അധ്യാപനങ്ങള്‍ സ്വീകരിച്ചവര്‍ അവരില്‍നിന്ന് എണ്ണപ്പെട്ട ചിലര്‍ മാത്രമായിരുന്നുവെന്ന് വിശുദ്ധ ക്വുര്‍ആന്‍ നല്‍കുന്ന വിവരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 

കര്‍മഫലം, അന്ത്യദിനം

മനുഷ്യനും അവന്റെ കര്‍മങ്ങളും തമ്മിലുള്ള ബന്ധം ക്വുര്‍ആന്‍ ഊന്നിപ്പറയുന്നു. ഒരു വ്യക്തി ചെയ്യുന്ന ചെറുതും വലുതമായ കര്‍മങ്ങള്‍ ആ വ്യക്തിക്കു ശിക്ഷ-രക്ഷകളുടെ രൂപത്തില്‍ അനുഭവിക്കാന്‍ കഴിയുമെന്ന കാര്യം വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

”ആസന്നമായ ഒരു ശിക്ഷയെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് നോക്കിക്കാണുകയും അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം” (78:40).

”എന്നാല്‍ അവര്‍ അറിയുന്നില്ലേ? ക്വബ്‌റുകളിലുള്ളത് ഇളക്കിമറിച്ചു പുറത്തുകൊണ്ടുവരപ്പെടുകയും ഹൃദയങ്ങലുള്ളതു വെളിക്കു കൊണ്ടുവരപ്പെടുകയും ചെയ്താല്‍. തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു” (100:9-11).

”സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്”(73:20).

ലോകത്ത് മനുഷ്യന്‍ ചെയ്യുന്ന ചെറുതും വലുതുമായ നന്മ-തിന്മകള്‍ക്ക് അനുസൃതമായ പ്രതിഫലം അന്ത്യദിനത്തില്‍ നല്‍കപ്പെടുമെന്ന യാഥാര്‍ഥ്യം പൂര്‍വവേദങ്ങളുടെയും അധ്യാപനമാണ്. 

ചെറുതും വലുതമായ നന്മകള്‍

മനുഷ്യജീവിതത്തിന്റെ അവസ്ഥകളും സ്ഥിതിവിശേഷങ്ങളും ഭിന്നമാകയാല്‍ വിവിധ കാലങ്ങളിലും സാഹചര്യങ്ങളിലുമായി വിവിധ തരത്തിലുള്ള നന്മകള്‍ക്ക് മനുഷ്യന് അവസരവും സന്ദര്‍ഭവും ലഭിക്കുന്നു. നന്മകള്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങള്‍ യഥോചിതം ഉപയോഗിക്കുവാനുള്ള നിര്‍ദേശം എല്ലാ കാലത്തും മാനവരാശിക്ക് ലഭിച്ചിട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലെ അതിപ്രധാനമായ ഒരു ഘടകമാണ്. മനുഷ്യജീവിതത്തെ അതിന്റെ വിവിധ തലങ്ങളുമായും ഘടകങ്ങളുമായും സംലയിപ്പിച്ചു നിര്‍ത്തുകയും ദൈവികമാര്‍ഗദര്‍ശത്തിന്റെ ചട്ടക്കൂടില്‍ ജീവിതത്തെ ക്രമീകരിക്കുകയും ചെയ്യുന്നതില്‍ ചെറുതും വലുതമായ നന്മകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ നന്മയില്‍ അധിഷ്ഠിതമായ കര്‍മങ്ങളുടെ തിരഞ്ഞെടുപ്പില്‍ എല്ലാ കാലത്തും മനുഷ്യന് സ്രഷ്ടാവ് നല്‍കുന്ന മാര്‍ഗദര്‍ശനം മൗലികമായി ഒന്നുതന്നെയാണ്. 

”ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തുവെച്ചതും പിന്നോട്ടു മാറ്റി വെച്ചതും എന്താണെന്ന് അറിയുന്നതാണ്” (ക്വുര്‍ആന്‍ 82:5). 

സഹജീവി സ്‌നേഹം

കര്‍മങ്ങളുടെ സൂക്ഷ്മവും കൃത്യവുമായ വിചാരണയെപ്പറ്റിയും വിലയിരുത്തലിനെപ്പറ്റിയും പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ നന്മയുടെ വിവിധ വശങ്ങളെ മനുഷ്യനിലനില്‍പിനുള്ള ഉദാത്തമായ മൂല്യങ്ങളായി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ദരിദ്രരെ സഹായിക്കല്‍, സഹായം ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യല്‍, ബലഹീനരെയും നിരാലംബരെയും സംരക്ഷിക്കല്‍, അനാഥ സംരക്ഷണം എന്നിങ്ങനെയുള്ള പല കാര്യങ്ങളും ഉല്‍കൃഷ്ട സല്‍കര്‍മങ്ങളായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നതില്‍നിന്ന് ഇവയെല്ലാം പൂര്‍വവേദങ്ങളിലും പരാമര്‍ശിതങ്ങളായ മൂല്യങ്ങള്‍ തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം. സാധുക്കളോടും ദുര്‍ബലരോടുമുള്ള പെരുമാറ്റത്തില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടം പ്രകടിപ്പിക്കുന്നത് ക്വുര്‍ആന്‍ കടുത്തഭാഷയില്‍ എതിര്‍ക്കുന്നുണ്ട്. എല്ലാ ദൂതന്‍മാരും പിന്തുടര്‍ന്നു വന്നിരുന്ന മാനുഷിക മൂല്യങ്ങളുടെ ശ്രേണിയില്‍ വരുന്ന കാര്യമാണ് അബലരെയും അശക്തതരെയും അവരര്‍ഹിക്കുംവിധം പരിഗണിക്കുക എന്നത്. ചില ക്വുര്‍ആന്‍ വചനങ്ങള്‍ കാണുക:

”എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും: എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്. അല്ല! പക്ഷേ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല. അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു” (89:16-20).

”എന്നിട്ട് ആ മലമ്പാതയില്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ പട്ടിണിയുള്ള നാൡ കുടുംബ ബന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയത്രെ അത്” (90:11-16).

”മതത്തെ വ്യാജമാക്കുന്നവനാരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളികളയുകയും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്” (107:1-3).

സാര്‍വലൗകികങ്ങളും സാര്‍വകാലികങ്ങളുമായ ഒട്ടനവധി മൂല്യങ്ങളിലേക്ക് ക്വുര്‍ആന്‍ വെളിച്ചം വീശുന്നതിന്റെ തെളിവുകളാണ് മുകളില്‍ ഉദ്ധരിച്ച വചനങ്ങള്‍. 

മനുഷ്യനും അഹന്തയും

മനുഷ്യരില്‍ എക്കാലത്തും ഏറിയും കുറഞ്ഞും നിലനില്‍ക്കുന്ന ഒന്നാണ് അഹന്ത. സ്വന്തം ശേഷിയുടെ ഭാഗമെന്ന് കാണുന്ന ഏതിന്റെ പേരിലും അഹങ്കരിക്കുവാനുള്ള ത്വര മനുഷ്യരിലുണ്ട്. മനുഷ്യനില്‍ ആത്മീയ വളര്‍ച്ചക്ക് തടസ്സമായി നില്‍ക്കുന്ന സ്വഭാവപരമായ മാലിന്യങ്ങളെ വിപാടനം ചെയ്യുന്നതിന് ആവശ്യമായ മാര്‍ഗദര്‍ശനം നല്‍കുന്ന ക്വുര്‍ആന്‍ ഇത്തരം തിന്മകളുടെ ദോഷവശങ്ങള്‍ എടുത്തുകാട്ടി വിമര്‍ശിക്കുകയും അത്തരം വിമര്‍ശനങ്ങളിലൂടെ മനുഷ്യരില്‍ പരിവര്‍ത്തനമുണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 

”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു. അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ? അവന്‍ പറയുന്നു-ഞാന്‍ മേല്‍ക്കുമേല്‍ ധനം തുലച്ചിരിക്കുന്നു എന്ന്. അവന്‍ വിചാരിക്കുന്നുണ്ടോ അവനെ ആരും കണ്ടിട്ടില്ലെന്ന്? അവന് നാം രണ്ടു കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തിട്ടില്ലല്ലേ?” (90:4-9).

”നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിസ്സംശയം നിങ്ങള്‍, വഴിയെ അറിഞ്ഞുകൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും…” (102:1-4).

കടുത്ത ശിക്ഷക്ക് വിധേയരായ നൂഹ് നബി(അ)യുടെ ജനതയുടെ അഹന്തയെത്തെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു: ”(നൂഹ്(അ) പറഞ്ഞു) തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്”(71:7).

അഹന്തയുടെ കൊടുമുടിയില്‍ വിരാജിച്ച ഫിര്‍ഔനിന്റെയും പരിവാരങ്ങളുടെയും കഥ വിശുദ്ധ ക്വുര്‍ആന്‍ സവിസ്തരം പറയുന്നുണ്ട്. അവരുടെ നാശത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും ക്വുര്‍ആന്‍ ആവശ്യപ്പെടുന്നു.

ഭൗതികപ്രമത്തത

ഇഹലോകത്തിന്റെയും പരലോകത്തിന്റെയും കാര്യങ്ങള്‍ക്കിടയില്‍ വേര്‍തിരിവു കല്‍പിച്ചുകൊണ്ടുള്ളതാണ് എക്കാലത്തും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ പൊതുഘടന. പരലോക വിജയത്തിനായുള്ള കര്‍മ മേഖലാണ് ഇഹലോകം. അതിനാല്‍ പരലോകത്തിന്റെ കാര്യത്തിനാണ് പ്രാമുഖ്യം നല്‍േകണ്ടത്. ഇത് മുന്‍ വേദങ്ങളുടെയും അധ്യാപനമാണ്. എന്നാല്‍ മനുഷ്യന്‍ പൊതുവെ ഇതിനു വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്: 

”പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും” (ക്വുര്‍ആന്‍ 87:16-17).

”തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹിക ജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു” (78:27).

കര്‍മങ്ങളിലെ ആയാസവും ആയാസരാഹിത്യവും

”എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും” (ക്വുര്‍ആന്‍ 94:5-6).

ദൈവിക മാര്‍ഗദര്‍ശനാനുസൃതമായ ജീവിതം അതിന്റെ പ്രത്യക്ഷ ഘടനയില്‍ ഞെരുക്കമുള്ളതായി അനുഭവപ്പെടുകയും എന്നാല്‍ ആത്യന്തികമായി അത് ആയാസരഹിതമായിരിക്കുകയും ചെയ്യുമെന്ന സത്യം എക്കാലത്തും പ്രവാചകന്മാരുടെ പ്രബോധനത്തില്‍ പെട്ടതാണ്. മനുഷ്യന്‍ അവന്റെ ഇഛയുടെ നിയന്ത്രണമേറ്റെടുക്കാതെ, ഇഛ അവന്റെ നിയന്ത്രണമേറ്റെടുത്തുകൊണ്ടു ജീവിക്കുന്ന ജീവിത ക്രമത്തിനിടയില്‍ ദൈവികമാര്‍ഗദര്‍ശനങ്ങളെ കുറിച്ചു ചിന്തിക്കുക എന്നതുതന്നെ ഭാരമായി അനുഭവപ്പെടുക സ്വാഭാവികമാണ്. ഈ മാനസികാവസ്ഥയെ മറികടക്കുവാന്‍ ദൈവികനിര്‍ദേശങ്ങള്‍ അനുസരിച്ചു ജീവിക്കുന്നതിലൂടെ കരഗതമാകുന്ന ഹൃദയവിശാലതയിലൂടെ സാധിക്കുന്നു എന്നാണ് വിശുദ്ധ ക്വു ര്‍ആന്‍ പഠിപ്പിക്കുന്നത്. ദൈവികമാര്‍ഗദര്‍ശനത്തെ അകന്നുനിന്ന് വീക്ഷിക്കുമ്പോള്‍ അതില്‍ പ്രയാസവും ഏറെയുള്ളതായി അനുഭവപ്പെടുകയാണു ചെയ്യുക. 

ദൈവനിന്ദക്കെതിരില്‍ മുന്നറിയിപ്പ്

”തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു” (ക്വുര്‍ആന്‍ 100:11).

സ്രഷ്ടാവിനെ യഥാവിധി മനസ്സിലാക്കാതിരിക്കുകയും ഉള്‍ക്കൊള്ളാതിരിക്കുകയും ചെയ്യുമ്പോഴാണ്  മനുഷ്യന്‍ അശ്രദ്ധനും അജ്ഞനും അലസനും തിന്മകള്‍ ചെയ്യുന്നവനുമായി മാറുന്നത്.  അതിനാല്‍ സ്രഷ്ടാവിന്റെ അറിവിന്റെയും നിരീക്ഷണത്തിന്റെയും മുന്നില്‍ മനുഷ്യകര്‍മങ്ങളില്‍ ഒന്നിനുപോലും ഒഴിവുകഴിവു നല്‍കപ്പെടുകയില്ല എന്ന അടിസ്ഥാനപരമായ ആദര്‍ശം എക്കാലത്തും ദൂതന്‍മാര്‍ സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്. സ്രഷ്ടാവിനെയും അവന്റെ മഹത്ത്വത്തെയും കഴിവുകളെയും പറ്റി ഓര്‍മിപ്പിച്ചുകൊണ്ട് മനുഷ്യരാശിയെ സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളിലേക്ക് ക്ഷണിക്കുക എന്ന സമീപനരീതി എക്കാലത്തെയും ദൂതന്‍മാര്‍ അവലംബിച്ചു വന്നിട്ടുള്ളതാണ്. ഈ സമീപനം വിശുദ്ധ ക്വുര്‍ആനില്‍ പല രീതിയില്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ദൈവിക മാര്‍ഗദര്‍ശനത്തിന്റെയും മൂല്യങ്ങളുടെയും കാര്യത്തില്‍ വിശുദ്ധ ക്വുര്‍ആന്‍ പൂര്‍വ വേദങ്ങളുടെ തുടര്‍ച്ച തന്നെയാണ് എന്ന് ക്വുര്‍ആനും പ്രവാചകവചനങ്ങളും നമുക്ക് മനസ്സിലാക്കിത്തരുന്നു എന്ന് സാരം.  

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

നബിദിനാഘോഷം പ്രവാചകസ്‌നേഹമോ?

നബിദിനാഘോഷം പ്രവാചകസ്‌നേഹമോ?

സ്വന്തത്തെക്കാള്‍ ഏറെ സത്യവിശ്വാസികള്‍ സ്‌നേഹിക്കേണ്ടതും ഇഷ്ടപ്പെടേണ്ടതുമായ വ്യക്തിത്വമാണ് മുഹമ്മദ് നബിﷺ. എങ്ങനെയാണ് അദ്ദേഹത്തെ സ്‌നേഹിക്കേണ്ടത്? പ്രവാചക സ്‌നേഹത്തിന്റെ അടിസ്ഥാനം ആദരവും ബഹുമാനവും പിന്‍പറ്റലുമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. 

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്.”(8:20) 

അബൂഹുറയ്‌റ(റ)വില്‍ നിന്ന്. നബിﷺ പറഞ്ഞു: ”എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവരൊഴികെ.” അപ്പോള്‍ അവര്‍ (സ്വഹാബികള്‍)ചോദിച്ചു: ”ആരാണ് വിസമ്മതിച്ചവര്‍?” നബിﷺപറഞ്ഞു: ”ആര്‍ എന്നെ അനുസരിച്ചുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര് എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ വിസമ്മതിച്ചു” (ബുഖാരി).

മതം പഠിപ്പിക്കുന്ന കാര്യങ്ങളെ എങ്ങനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാമെന്നതിന്റെ തെളിഞ്ഞ മാതൃകയാണ് നബിﷺയുടെ ജീവിതം. ആ ജീവിതചര്യ പിന്‍പറ്റുക എന്നതാണ് വിശ്വാസികളുടെ ബാധ്യത. നമുക്ക് അല്ലാഹുവിന്റെ ഇഷ്ടം കിട്ടാനുള്ള മാര്‍ഗവും അത് തന്നെ. 

അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.”(3:31)

ഭൗതികതയുടെ ചതിയിലകപ്പെട്ട് പ്രവാചക ജീവിതത്തെ പാടെ ഒഴിവാക്കിയവരും ക്വുര്‍ആന്‍ മാത്രം മതി എന്നു പറഞ്ഞ് പ്രവാചകാധ്യാപനങ്ങളെ പരിഹസിക്കുന്നവരും പ്രവാചക സ്‌നേഹമെന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കലാണെന്നു ധരിച്ചവരും സമൂഹത്തിലുണ്ട്. 

പ്രവാചക സ്‌നേഹത്തിന്റെ മൊത്തക്കുത്തക അവകാശപ്പെട്ടുകൊണ്ടാണ് മീലാദുന്നബി ആഘോഷക്കാര്‍ റബീഉല്‍ അവ്വല്‍ മാസമായാല്‍ നിരത്തിലിറങ്ങാറുള്ളത്. മതത്തിന് നിരക്കാത്ത ഒട്ടേറെ പേക്കൂത്തുകളാണ് ഇവര്‍ പ്രവാചക സ്‌നേഹത്തിന്റെ മറവില്‍ കാണിക്കാറുള്ളത്. 

ലോകര്‍ക്ക് കാരുണ്യമായും അന്തിമദൂതനായും മുഹമ്മദ് നബിﷺയെ നിയോഗിച്ച അല്ലാഹുവിന് തന്നെയാണ് അവിടുത്തെ ജനനനാളിനെ ആഘോഷമാക്കി മാറ്റേണ്ടതുണ്ടെങ്കില്‍ അതിനുള്ള അവകാശവും. അങ്ങനെ ഒരു കല്‍പനയോ നിര്‍ദേശമോ കാണാനുമില്ല! പ്രവാചകത്വം ലഭിച്ചതു മുതല്‍ ഇരുപത്തിമൂന്ന് വര്‍ഷകാലം ജീവിച്ച നബിﷺ സ്വയം തന്നെയും അതിന് മാതൃകയായിട്ടില്ല. മഹാന്മാരായ നാലു ഖലീഫമാരോ അനേകം സ്വഹാബിമാരില്‍ ആരെങ്കിലുമോ ഇതിന് വഴികാട്ടിയിട്ടില്ല. താബിഉകളോ അഹ് ലുസ്സുന്നയുടെ പണ്ഡിതരോ ഇതിലേക്ക് വെളിച്ചംവീശിയിട്ടില്ല. അല്ലാഹു തൃപ്തിപ്പെട്ട് പൂര്‍ത്തിയാക്കിത്തന്ന മതത്തില്‍ ഈ ആഘോഷത്തിന് യാതൊരു തെളിവും കണ്ടെത്താന്‍ കഴിയില്ല എന്ന് വ്യക്തം. 

മതത്തിന്റെ പേരില്‍ പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളോട് ഇസ്‌ലാമിന് നിലപാട് ഒന്നേയുള്ളൂ. ആഇശ(റ)യില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്” (മുസ്‌ലിം).

എന്നാല്‍, ഇത് നല്ല കാര്യമല്ലേ എന്ന ചോദ്യത്തില്‍ കടിച്ചുതൂങ്ങുന്നവരെ കാണാം. അവര്‍ക്കും ഇസ്‌ലാം ഉത്തരം നല്‍കിയിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”എല്ലാ അനാചാരങ്ങളും വഴികേടാണ്; ജനങ്ങള്‍ അതെത്ര നല്ലതായി കണ്ടാലും ശരി” (ബൈഹക്വി).

നബിദിനാഘോഷമെന്ന പുത്തനാചാരം ആദ്യമായി ഉണ്ടാക്കിയത് പുത്തന്‍വാദികളും സ്വൂഫികളുമായ ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്‌നു മുഹമ്മദ് അല്‍മുല്ലയാണ്. അദ്ദേഹത്തെ പിന്‍പറ്റിയാണ് മുളഫ്ഫര്‍ രാജാവ് അടക്കമുള്ള ശേഷക്കാര്‍ ഇത് ചെയ്ത് പോന്നത്. ഈ രാജാവിന്റെ കാലം മുതലാണ് ഈ ആഘോഷത്തിന് പൊലിമകള്‍ കൂട്ടിയത്. മൗലിദ് കഴിച്ചിരുന്ന തഴവ തന്നെ എഴുതിയത് കാണുക:

”മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ

അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ

എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ

അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ.(അല്‍മവാഹിബുല്‍ ജലിയ്യ, പേജ്:245).

സുന്നിവോയ്‌സില്‍ പറയുന്നു: ”ഒരാള്‍ മൗലിദാഘോഷത്തെപ്പറ്റി ഇബ്‌നുഹജര്‍ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്‌നു ഹജര്‍ മറുപടി പറഞ്ഞു: അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്‌ലിംകളില്‍ നിന്ന് കൈമാറിവന്ന ആരാചരമല്ല അത്” (സുന്നിവോയ്‌സ്, 2000 ജൂലൈ).

ഉത്തമ തലമുറക്കാര്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് ആഘോഷക്കാര്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. വിഷയ സൂചനയില്ലാത്ത ക്വുര്‍ആന്‍ സൂക്തങ്ങളും ഹദീഥുകളും വളച്ചൊടിച്ച് ബാലിശവും നിര്‍മിതവുമായ തെളിവുകള്‍ തട്ടിക്കൂട്ടിയാണ് ഇതിനിവര്‍ ന്യായീകരണം കണ്ടെത്തുന്നത്. ഇമാം സുയൂത്വിയുടെ അല്‍ഹാവി ലില്‍ ഫതാവയും ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ പേരില്‍ ഇറക്കപ്പെട്ട നിഅമാതുല്‍ കുബ്‌റയുമാണ് ഇവരുടെ പ്രധാന അവലംബ ഗ്രന്ഥങ്ങള്‍. പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതും പരമ്പരകളില്ലാത്ത ഉദ്ധരണികളുമായതിനാല്‍ ഇവ തെളിവുകള്‍ക്ക് യോഗ്യമല്ല തന്നെ.

നബിദിനമെന്ന അനിസ്‌ലാമിക ആഘോഷത്തിന് പൗരോഹിത്യം നല്‍കിയ ഇല്ലാത്ത പോരിശകള്‍ കൂടി വായിക്കാം:

1. ഇമാമുകള്‍ സുന്നത്താണന്ന് പറഞ്ഞു

”വിധി പറയാന്‍ അര്‍ഹതയുള്ള ഇമാമുകളാണ് തെളിവിന്റെ വെളിച്ചത്തില്‍ മൗലിദ് കര്‍മം പുണ്യമുള്ളതും സുന്നത്തുമാണെന്ന് പ്രസ്താവിച്ചത്. സുന്നത്ത് എന്നതിന്റെ വിവക്ഷ പ്രവര്‍ത്തിച്ചാല്‍ പ്രതിഫലാര്‍ഹവും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതുമാണെന്നാണ്” (മൗലിദ് കര്‍മം ചരിത്രവും വിധിയും, ജലീല്‍ സഖാഫി പുല്ലാര, പേജ് 11).

2. മൂന്നാമത്തെ ആഘോഷം

”മുസ്‌ലിംകള്‍ക്ക് മൂന്ന് ആഘോഷദിനങ്ങളാണുള്ളത്. ഒന്ന് ഈദുല്‍ അദ്ഹ,രണ്ട് ഈദുല്‍ ഫിത്വ്ര്‍, മൂന്നാമത്തേത് ഈദുമീലാദി റസൂലില്ലാഹ്. തിരുനബിയുടെ ജന്മദിനം” (അല്‍ഇര്‍ഫാദ്,1994ആഗസ്റ്റ്, പേജ് 24).

3. പെരുന്നാളിനെക്കാള്‍ വലിയ ആഘോഷം

”നബിദിനം മുസ്‌ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനേക്കാള്‍ വലിയ ആഘോഷം. സര്‍വലോകത്തിന്റെ വിമോചകനായ നബി പിറന്ന നാളില്‍ വിശ്വാസികള്‍ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പിന്നെ അവര്‍ക്ക് മറ്റേത് ആഘോഷമാണുള്ളത്?” (രിസാല മാസിക,1987 നവംബര്‍,പേജ് 9).

4. വാരാഘോഷം

”നബിﷺ തങ്ങളുടെ ജന്മദിനം വാരാഘോഷമായും വാര്‍ഷികാഘോഷമായും നടത്താമെന്നതിന് മതിയായ തെളിവുകളുണ്ട്.തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബിﷺതങ്ങളോട് ചോദിക്കപ്പെട്ടപ്പോള്‍ അന്നാണ് ഞാന്‍ ജനിച്ചത് എന്ന് പ്രവാചകന്‍ മറുപടി നല്‍കി. നബിദിനം വാരാഘോഷമായി നടത്താം എന്നതിന് തെളിവാണിത്” (എന്‍. അലി മുസ്‌ലിയാര്‍, നബിദിനം പ്രവാചക സവിശേഷത, പേജ് 16,17).

5. ലൈലതുല്‍ ക്വദ്‌റിനെക്കാള്‍ ശ്രേഷ്ഠം

”കഴിഞ്ഞുപോയ രാത്രികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമേറിയത് നബിﷺ ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമേറിയതാണെന്ന് ക്വുര്‍ആന്‍ പ്രസ്താവിച്ച ലൈലതുല്‍ ക്വദ്‌റിനെക്കാള്‍ മഹത്ത്വം ഉള്ളത് നബിﷺ ജനിച്ച രാത്രിക്കാണ് (ശര്‍വാനി 3/462). നബിﷺ ജനിച്ചത് ഏറ്റവും ശ്രേഷ്ഠമായ രാത്രിയിലായത് കൊണ്ട് ഈ ചോദ്യം അപ്രസക്തമാണ്” (സുന്നി അഫ്കാര്‍, 2002 മാര്‍ച്ച്, പേജ് 20).

6. പുണ്യം കൊതിച്ച് അനേകം കര്‍മങ്ങള്‍

”റബീഉല്‍ അവ്വല്‍ നാടാകെ നബിദിനത്തിന്റെ അലയടികളാണ്. എങ്ങും നബിദിന പാനൂസുകളും വര്‍ണ ബള്‍ബുകളും പ്രത്യക്ഷപ്പെടുന്നു. എല്ലാ പള്ളികളിലും മൗലിദ് സദസ്സുകള്‍. പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലുമതിന്റെ പിയുഷ വര്‍ഷം. വിദ്യാലയങ്ങള്‍ക്കും ഔദേ്യാഗിക സ്ഥാപനങ്ങള്‍ക്കും അവധി. ഗവണ്‍മെന്റ് ചെലവില്‍ തന്നെ അന്താരാഷ്ട്ര പണ്ഡിതരെയും വ്യക്തിത്വങ്ങളെയും ക്ഷണിച്ചുവരുത്തിക്കൊണ്ടുള്ള വിപുലമായ നബിദിന പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു” (അല്‍ ഇര്‍ഫാദ്, 1994 ആഗസ്റ്റ്, പേജ് 24). 

7. ഇതര മതക്കാര്‍ക്കില്ലേ?

”ചില മതങ്ങള്‍ മതസ്ഥാപകരുടെയും മറ്റും ജന്മദിനം ആഘോഷിച്ചുവരുന്നു. ബുദ്ധമത വിശ്വാസികള്‍ ബുദ്ധന്റ ജന്മദിനം ഒരു പ്രധാന ആഘോഷമായി കാണുന്നു. ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ്സും ലോകം മുഴുവന്‍ കൊണ്ടാടപ്പെടുന്നു. ഗുരുനാനാക്ക് ജനിച്ച ദിവസം സിഖുകാരും ആഘോഷിക്കുന്നു. മുസ്‌ലിംകങ്ങള്‍ പ്രവാചകന്‍ﷺയുടെ ജന്മദിനം ലോകമെങ്ങും സമുചിതമായി ആഘോഷിക്കുന്നു” (സന്തുഷ്ട കുടുംബം മാസിക, 2014 ജനുവരി, പേജ് 14).

ബുദ്ധന്മാരും െ്രെകസ്തവരും സിഖുകാരുമൊക്കെയാണോ ഇതിനായി ഇവര്‍ക്കുള്ള വഴികാട്ടികള്‍? ഇല്ലാത്ത പോരിശകള്‍ പറഞ്ഞുണ്ടാക്കി ഈ അനാചാരത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ തന്നെ ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയത് ശ്രദ്ധേയമാണ്.

കോടമ്പുഴ ബാവ മൗലവി എഴുതുന്നു: ”പരിഷ്‌കരണം അനിവാര്യം. നബിദിനാഘോഷം മതദൃഷ്ട്യാ ഒരാവശ്യം തന്നെ. നിരവധി സദ്ഫലങ്ങള്‍ ഉളവാക്കുന്ന ഒരു പരമ്പരാഗത ആചാരമാണിത്. പ്രവാചകന്റെ ബഹുമുഖ ജീവിതത്തിലെ മഹാസംഭവങ്ങളും അവിടുത്തെ മഹത്ചരിതങ്ങളും അനുസ്മരിക്കാനും പ്രതിവര്‍ഷം ലഭിക്കുന്ന വളരെ ശ്രദ്ധേയമായ ഒരു സുവര്‍ണാവസരമാണിത്. പക്ഷേ, നബിദിനാഘോഷത്തിന്റെ പേര് പറഞ്ഞ് ഇസ്‌ലാമിക വിരുദ്ധമായ നിരവധി കാര്യങ്ങള്‍ പലയിടത്തും അരങ്ങേറുന്നു. കോല്‍ക്കളി, വാദ്യമേളം, ഗാനമേള, നാടകം,നൃത്തം, ശബ്ദകോലാഹലം, കരിമരുന്ന് പ്രയോഗം അങ്ങിനെ നീണ്ടു പോകുന്നു അതിന്റെ പട്ടിക. അനാവശ്യങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടുന്നതിനനുസൃതമായി നബിദിനത്തിന് ഗാംഭീര്യം കൂടുമെന്നാണ് ചിലരുടെയെങ്കിലും ധാരണ. അജ്ഞരോ, അല്‍പജ്ഞരോ തുടക്കം കുറിച്ച ചില ആഭാസകരമായ പ്രവര്‍ത്തനങ്ങള്‍ അശ്രദ്ധമൂലം മറ്റുള്ളവരിലേക്കും പ്രായേണ വ്യാപിക്കുന്നതായാണ് കണ്ടുവരുന്നത്. ഇവക്ക് നേരത്തെ കടിഞ്ഞാണിട്ടില്ലെങ്കില്‍ പിന്നീടു പണ്ഡിതന്മാര്‍ക്ക് മൂകസാക്ഷികളോ, മാപ്പുസാക്ഷികളോ ആകേണ്ടി വരും” (സെന്‍സിംഗ്, 1995 ആഗസ്റ്റ്, പേജ് 9). 

അനുകൂലിച്ചവര്‍ തന്നെ ഇന്നത്തെ രീതികളെ വെറുത്തിട്ടുണ്ടെന്ന് ഈ വരികളില്‍ പ്രകടമാണ്.

ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചേര്‍ക്കാം. ഇത്രയധികം മേന്മകള്‍ പറഞ്ഞ് കൊണ്ട് നടക്കുന്ന ആഘോഷത്തെ കുറിച്ച് വെള്ളിയാഴ്ച  മിമ്പറില്‍ വെച്ച് ഖത്വീബ് ‘ഓതുന്ന’ ഖുത്വുബതുന്നബാതിയ്യയില്‍ എന്തുകൊണ്ട് പരാമര്‍ശിക്കുന്നില്ല? റബീഉല്‍ അവ്വലിലെ ഒന്നും രണ്ടും വെള്ളിയാഴ്ചകളില്‍ നബിﷺയുടെ മരണത്തെക്കുറിച്ചാണ് പറയുന്നത്. മൂന്നിനും നാലിനും അന്ത്യനാൡന്റെ  ഭീകരതയെക്കുറിച്ചും അഞ്ചില്‍ മരണത്തെയും പരലോകത്തെയും കുറിച്ചും. നബിﷺയുടെ ജന്മദിനം ആഘോഷിക്കണമെന്നതിന് ഒരു നേരിയ പരാമര്‍ശം പോലും ഇവരുടെ ഖുത്വുബകളില്‍ ഇല്ലെന്ന് വ്യക്തം!

മാലികീ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതന്‍ ഇമാം ഫാഖിഹാനി(റ) തന്റെ ‘അല്‍ മൗരിദ് ഫീ അമലില്‍ മൗലിദ് ‘എന്ന ലഘു കൃതിയില്‍ പറഞ്ഞത് എത്ര ശ്രദ്ധേയം. അദ്ദേഹം പറയുന്നു: ”പരിശുദ്ധ ക്വുര്‍ആനിലോ നബിﷺയുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരടിസ്ഥാനവും കാണുന്നില്ല. പൂര്‍വികരുടെ ചര്യ സ്വീകരിച്ചുകൊണ്ട് നിലനിന്നിരുന്ന മാതൃകായോഗ്യരായ (നബിയുടെ സമുദായത്തില്‍ പെട്ട) ഒരു പണ്ഡിതനില്‍ നിന്നും അത് പ്രവര്‍ത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നില്ല. മാത്രമല്ല അത് ബിദ്അത്താകുന്നു. ദേഹേഛക്കാരും ബാത്വിലിന്റെ ആളുകളുമാണ് അത് പുതുതായി ഉണ്ടാക്കിയത്. തീറ്റക്കൊതിയന്മാര്‍ അത് കാര്യമായി ഏറ്റെടുത്തു. ഇതിനെ നാം അഞ്ച് മതവിധികള്‍ക്ക് വിധേയമാക്കിയാല്‍ ഒന്നുകില്‍ അത് നിര്‍ബന്ധമോ, ഐഛികമോ, അനുവദനീയമോ,നിഷിദ്ധമോ, കറാഹത്തോ ആയിരിക്കും. അതൊരിക്കലും നിര്‍ബന്ധമോ ഐഛികമോ അല്ല എന്നത് ഐകകണ്‌ഠ്യേനയുള്ള അഭിപ്രായമാണ്. കാരണം ഐഛികമെന്ന് പറഞ്ഞാല്‍ ഉപേക്ഷിച്ചാല്‍ ആക്ഷേപിക്കാന്‍ പറ്റാത്ത, ശറഹ് ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഇതിന് മതം അനുമതി നല്‍കിയിട്ടില്ല. സ്വഹാബത്തോ, താബിഉകളോ ഞാന്‍ മനസ്സിലാക്കിയടത്തോളം ദീനില്‍ നിലകൊണ്ട പണ്ഡിതന്മാരോ ഇത് അനുഷ്ഠിച്ചിട്ടില്ല. അല്ലാഹുവിന്റ മുമ്പില്‍ എനിക്കുള്ള മറുപടി ഇതാണ്: ഇതൊരു അനുവദനീയമായ കാര്യമല്ല. കാരണം, മതത്തില്‍ പുതിയതുണ്ടാക്കല്‍ അനുവദനീയമായ കാര്യമല്ലെന്നത് മുസ്‌ലിംകളുടെ ഇജ്മാഅ് ആണ്. ഇനി അവശേഷിക്കുന്നത് ഒന്നുകില്‍ അത് നിഷിദ്ധമോ കറാഹത്തോ ആയിരിക്കുമെന്നതാണ്” (പേജ് 20-21).

ദീനില്‍ ഇല്ലാത്ത ഈ ആഘോഷത്തിന്റെ പൊള്ളയായ പോരിശകളില്‍ ആകൃഷ്ടരായി ഇതിനെ നിലനിര്‍ത്തുന്നവര്‍ തെളിവുകളെ മുന്‍നിര്‍ത്തി ഇത് പുത്തനാചാരമാണ്; പ്രവാചക സ്‌നേഹമല്ലെന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു നല്ലത് എന്നേ പറയാനുള്ളൂ.

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

പ്രാര്‍ഥന

പ്രാര്‍ഥന

ബുദ്ധിയും ബോധവുമുള്ള ജീവിയാണ് മനുഷ്യന്‍. അതിനാല്‍ ആവശ്യങ്ങളെ പറ്റിയും അപകടങ്ങളെ കുറിച്ചും മുന്‍കൂട്ടി അവന്‍ മനസ്സിലാക്കുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പ്ലാനിട്ടു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ മിക്കവാറും കാര്യങ്ങള്‍ സ്വന്തം പരിശ്രമത്താല്‍ നേടാന്‍ കഴിയുന്നില്ല. അപകടങ്ങള്‍ മിക്കതും ഒഴിവാക്കുവാന്‍ സാധ്യമാകുന്നില്ല.

ഉദാഹരണം: മഴ ജീവന്റെ നിലനില്‍പിന് ആവശ്യമാണ്. എന്നാല്‍ അതുസംബന്ധമായി മനുഷ്യന് യാതൊന്നും കഴിയുകയില്ല. അതുപോലെ മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ഒട്ടേറെ ദുരിതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവയാണ് ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവ. അതും മനുഷ്യനിയന്ത്രണത്തിനപ്പുറമാണ്.

ഇങ്ങനെ രണ്ടുഘട്ടങ്ങള്‍. നാം എന്തുചെയ്യും? ഒന്നും കഴിയില്ല. കൈമലര്‍ത്തി അന്തംവിട്ട് ഇരിക്കുകതന്നെ. ഇത്തരം വിഷമസന്ധിയില്‍ പ്രവാചകന്മാര്‍ മനുഷ്യരെ പഠിപ്പിച്ചു: കാര്‍മേഘങ്ങളുടെയും കാറ്റിന്റെയും സ്രഷ്ടാവും നിയന്താവുമാരാണോ അവനോട് അപേക്ഷിക്കുക. ”യജമാനേ! അടിയങ്ങള്‍ പാവങ്ങളാകുന്നു. മഴ ലഭിക്കാതെ ഞങ്ങള്‍ അത്യധികം കഷ്ടത്തിലായിരിക്കുന്നു. ഞങ്ങളുടെ തലക്കുമീതെ നീങ്ങിക്കൊണ്ടിരിക്കുന്ന, കാറ്റു തള്ളി കൊണ്ടുപോകുന്ന ഈ മേഘങ്ങളെ തടഞ്ഞുനിര്‍ത്തി ഞങ്ങളുടെ നാട്ടില്‍ മഴപെയ്യിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ!” ഇപ്രകാരം അപേക്ഷിക്കുകയല്ലാതെ മറ്റു പോംവഴിയൊന്നുമില്ല. ഇതാണ് പ്രാര്‍ഥന.

എന്നാല്‍ എല്ലാ അപേക്ഷകള്‍ക്കും പ്രാര്‍ഥന എന്നു പറയില്ല. നമ്മുടെ ഒരാളെ രോഗശമനത്തിനായി ആശുപത്രിയില്‍ കിടത്തിയാല്‍ വേണ്ടപ്പെട്ടവരോട് നാം അപേക്ഷിക്കുമ്പോള്‍ അതിന് പ്രാര്‍ഥന എന്ന് പറയാറില്ലല്ലോ. നമ്മുടെ ഒരു കുട്ടിയെ കോളേജില്‍ ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അധികൃതരോട് ഞാന്‍ പ്രാര്‍ഥിച്ചു എന്ന് ആരും പറയുന്നില്ലല്ലോ. അപ്പോള്‍ അപേക്ഷയും പ്രാര്‍ഥനയും തമ്മില്‍ വ്യത്യാസമുണ്ട്. ഏതടിസ്ഥാനത്തിലാണീ വ്യത്യാസം?

ഉദാഹരണത്തിലൂടെ ലളിതമായി മനസ്സിലാക്കാം. ‘അല്ലാഹുവേ, രക്ഷിക്കണേ’ എന്നൊരാള്‍ പ്രാര്‍ഥിക്കുമ്പോള്‍ ഈ അപേക്ഷ അല്ലാഹുവിങ്കല്‍ എത്തുമെന്നുള്ളത് ഉറപ്പായ കാര്യമാണ്. എന്നാല്‍ അഭൗതികമായ മാര്‍ഗത്തിലാണ് ഇതെന്ന് നമുക്കറിയാം. കത്ത്, കമ്പി, ഫോണ്‍, ടെലക്‌സ്, ഫാക്‌സ് തുടങ്ങിയ ഒരു മാര്‍ഗവും ഇതിന്നാവശ്യമില്ല. പക്ഷേ, വിവരം അല്ലാഹുവിങ്കല്‍ നിമിഷവ്യത്യാസം കൂടാതെ എത്തുന്നു. അതാണ് അഭൗതിക മാര്‍ഗം. അദൃശ്യമാര്‍ഗം എന്നും പറയുന്നു. ‘മറഞ്ഞവഴി’ എന്ന് ലളിതമായ പ്രയോഗം. പ്രാര്‍ഥിച്ചവനെ അല്ലാഹു രക്ഷിക്കുകയാണെങ്കില്‍ അതിന്റെ മാര്‍ഗവും മറഞ്ഞ വഴിതന്നെ. ഇതാണ് പ്രാര്‍ഥനയുടെ സ്വഭാവം. ഒരു വാചകത്തില്‍ ഒതുക്കിപ്പറഞ്ഞാല്‍ ‘അദൃശ്യമായ മാര്‍ഗത്തിലൂടെ സമര്‍പ്പിക്കുകയും അദൃശ്യമായ മാര്‍ഗത്തിലൂടെ കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്ന അപേക്ഷ’- അതാണ് പ്രാര്‍ഥന.

ഒരു സുന്നി മുസ്‌ല്യാര്‍ ഒരിക്കല്‍ പ്രസംഗിച്ചു: ”ഒരാള്‍ കിണറ്റില്‍ വീണാല്‍ കരയിലുള്ളവനെ വിളിച്ചു രക്ഷതേടലും മുഹ്‌യിദ്ദീന്‍ ശൈഖിനെ വിളിച്ചു രക്ഷതേടലും ഒരുപോലെയാകുന്നു. അതായത് കരയിലുള്ളവനെ വിളിച്ചു രക്ഷതേടുന്നതില്‍ ആക്ഷേപമില്ലാത്തതുപോലെയാണ് ശൈഖിനെ വിളിക്കുന്നതും. അത് അപേക്ഷയാണ്, പ്രാര്‍ഥനയല്ല” ഇതാണ് മുസ്‌ല്യാരുടെ വാദം. യഥാര്‍ഥത്തില്‍ ഇതുരണ്ടും അടിസ്ഥാനപരമായി വ്യത്യാസമുണ്ടല്ലോ. ആദ്യത്തേത് തികച്ചും ഭൗതികമാണ്. അതുകൊണ്ട് അവിടെ പ്രാര്‍ഥന ഇല്ല. രണ്ടാമത്തേതില്‍ അപേക്ഷ സമര്‍പ്പിക്കുന്ന മാര്‍ഗം അദൃശ്യമാണ്. മറഞ്ഞവഴിയാണ്. അത് സ്വീകരിക്കലും അപ്രകാരംതന്നെ. അതിനാല്‍ ഇത് ശരിയായ പ്രാര്‍ഥനയാകുന്നു.

നബിﷺ പഠിപ്പിച്ചു ‘പ്രാര്‍ഥനയാണ് ആരാധന’ എന്ന്. ആരാധന അല്ലാഹുവിനു മാത്രമെ പാടുള്ളൂഎന്ന് ക്വുര്‍ആനില്‍ ഉടനീളം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ‘പ്രാര്‍ഥനയാണ് ആരാധന’ എന്ന് പ്രവാചകന്‍ വിശദീകരിക്കുകയും ചെയ്തു. അപ്പോള്‍ പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്ന് സുതരാം വ്യക്തമായി. മറ്റാരോടും പ്രാര്‍ഥിക്കരുതെന്നും വ്യക്തമായി. പ്രാര്‍ഥിച്ചാല്‍ മനുഷ്യന്‍ കാഫിറാകും എന്നാണ് വിധി.

ഈ തത്ത്വം ഗ്രഹിച്ചാല്‍ വസ്തുതകള്‍ വേര്‍തിരിയുന്നത് കാണാം. ‘അല്ലാഹുവേ രക്ഷിക്കണേ’ എന്ന് പ്രാര്‍ഥിച്ചവര്‍ അല്ലാഹുവിനെ ആരാധിച്ചു. ‘മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ’ എന്നു പ്രാര്‍ഥിച്ചവര്‍ ശൈഖിനെ ആരാധിച്ചു. ‘ഗുരുവായൂരപ്പാ രക്ഷിക്കണേ’ എന്നു പ്രാര്‍ഥിക്കുന്നവര്‍ അപ്പനെ ആരാധിക്കുന്നു. ‘ബദ്‌രീങ്ങളേ കാക്കണേ’ എന്നു പ്രാര്‍ഥിച്ചാല്‍ മുന്നൂറ്റിപ്പതിമൂന്ന് പുണ്യാത്മാക്കളെയാണ് ആരാധിക്കുന്നത്. ബദ്ദീങ്ങള്‍ 313 പേരാണല്ലോ. അവരെല്ലാവരും ഈ പ്രാര്‍ഥന കേള്‍ക്കുമോ? എന്താണ് ഈ സുന്നിമുസ്‌ല്യാക്കള്‍ വാദിക്കുന്നത്?

”പ്രാര്‍ഥന ആരാധനയുടെ മജ്ജയാകുന്നു” എന്നും നബിﷺ പറഞ്ഞു. പ്രാര്‍ഥനാനിര്‍ഭരമല്ലാത്ത കര്‍മങ്ങള്‍ എത്ര ഭക്തിസാന്ദ്രമായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടാലും അത് ഇബാദത്താകുകയില്ല. ആരാധന കര്‍മരൂപത്തിലും വാക്‌രൂപത്തിലും മാത്രമല്ല മനസ്സില്‍ കരുതല്‍ കൊണ്ടും ഉണ്ടാകുന്നു. ഇതുതന്നെ പ്രവര്‍ത്തിക്കലും ഉപേക്ഷിക്കലുമുണ്ട്. അതായത് സല്‍പ്രവൃത്തി ചെയ്യല്‍ ആരാധന, ദുഷ്‌കൃത്യം ഉപേക്ഷിക്കല്‍ ആരാധന. നല്ലവാക്കുകള്‍ പറയല്‍ ആരാധന, ചീത്തവാക്ക് ഉപേക്ഷിക്കലും ആരാധനതന്നെ. നല്ല വിചാരങ്ങള്‍ ആരാധന, ചീത്ത വിചാരം ഉപേക്ഷിക്കല്‍ ആരാധന. ഇവിടെയെല്ലാം ഒരു നിബന്ധനയുണ്ട്. അതാണ് കാര്യത്തിന്റെ കഴമ്പ്. അല്ലാഹുവിന്റെ പ്രതിഫലവും സ്‌നേഹവും ആഗ്രഹിക്കുകയും കോപവും ശിക്ഷയും ഭയപ്പെടുകയും ചെയ്യുന്ന പ്രാര്‍ഥനയുടെ മനസ്സായിരിക്കണം പ്രാര്‍ഥിക്കുന്നതിന്റെയും ഉപേക്ഷിക്കുന്നതിന്റെയും പ്രേരകം. ബാങ്ക് കേട്ടാല്‍ ജമാഅത്തില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ പള്ളിയിലേക്ക് പോകുന്നു. അല്ലാഹുവിന്റെ പൊരുത്തവും പരലോകമോക്ഷവും ആശിക്കുകയെന്ന പ്രാര്‍ഥനയാണ് അവരെ ഇവിടെ ചലിപ്പിക്കുന്നത്. അതിനാല്‍ ആ പോക്കുതന്നെ ഇബാദത്താണ്. എന്നാല്‍ ജാറങ്ങള്‍, വിഗ്രഹപ്രതിഷ്ഠകള്‍, കനീസകള്‍ എന്നിവിടങ്ങളിലേക്കു ഭക്ത്യാദരപൂര്‍വമുള്ള യാത്രയും ആരാധനയാകുന്നു. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയുടെ മനസ്സാണ് മനുഷ്യരെ ഇവിടങ്ങളിലേക്ക് ചലിപ്പിക്കുന്നത്. അതിനാല്‍ ആ നടത്തം ശിര്‍ക്കിന്റെ ആരാധനയായിത്തീര്‍ന്നു. അന്നദാനം, ദാനധര്‍മങ്ങള്‍ തുടങ്ങിയവയും ആരാധനയാകുന്നു. ഇവിടെ അല്ലാഹുവിന്റെ പൊരുത്തമാണ് ആശിക്കുന്നതെങ്കില്‍ അല്ലാഹുവിനുള്ള ആരാധന, അപരന്മാരുടെ പൊരുത്തമാണ് ഇച്ഛിക്കുന്നതെങ്കില്‍ അവര്‍ക്കുള്ള ആരാധന. ഭൗതികമായ കീര്‍ത്തിയോ മറ്റു നേട്ടങ്ങളോ ലക്ഷ്യമാക്കിയതാണെങ്കില്‍ അത് ആരാധനയാകുന്നില്ല, പാഴ്‌വേല മാത്രം. ‘പ്രാര്‍ഥനയാണ് ആരാധനയുടെ മജ്ജ’ എന്ന് നബിﷺ പഠിപ്പിച്ചതിന്റെ പൊരുള്‍ അല്‍പം ചിന്തിച്ചാല്‍ ലളിമതായി ഗ്രഹിക്കാവുന്നതേയുള്ളു. ഉള്‍ക്കൊള്ളാന്‍ യാതൊരു പ്രയാസവുമില്ല. ആരാധനകളില്‍ ഏറ്റവും പ്രധാനമായത് നമസ്‌കാരംതന്നെ. എന്നാല്‍ ജനപ്രീതിക്കുവേണ്ടി നമസ്‌കരിക്കുന്നവന്റെ മനസ്സില്‍ പ്രാര്‍ഥന ഇല്ല. മജ്ജയില്ലാത്ത അസ്ഥി പോലെ നിര്‍ജീവമായ ഒരു കൂട്.

അല്ലാഹു വിരോധിച്ചവ ഉപേക്ഷിക്കുന്നതും ഇബാദത്താകുന്നു. പക്ഷേ, അല്ലാഹുവിന്റെ സ്‌നേഹം കാംക്ഷിച്ചും ശിക്ഷ ഭയന്നുമായിരിക്കണം ഈ ഉപേക്ഷിക്കല്‍. വ്യഭിചാരം, മറ്റു ലൈംഗിക വൈകൃതങ്ങള്‍, മദ്യപാനം, പലിശ, മദ്യവില്‍പന, മോഷണം, കളവുപറയല്‍, പരദൂഷണം, കുടുംബങ്ങള്‍ക്കിടയിലും സ്‌നേഹജനങ്ങളെയും തമ്മിലകറ്റാന്‍ ഏഷണി ഉണ്ടാക്കല്‍, അഹങ്കാരം, അസൂയ തുടങ്ങിയ മ്ലേഛതകളും ദുര്‍ഗുണങ്ങളും അല്ലാഹു വിരോധിച്ചവയില്‍ പെട്ടതാണല്ലോ. അല്ലാഹുവിനോടുള്ള ഭയഭക്തിനിമിത്തം ഇവകള്‍ ഉപേക്ഷിക്കുന്നപക്ഷം അത് മഹത്തായ ആരാധനയാകുന്നു. പ്രവര്‍ത്തിക്കാതിരിക്കല്‍ എന്നതാണ് ഇവിടെ ഇബാദത്തായിത്തീരുന്നത്.

പ്രാര്‍ഥനയുടെ മഹത്ത്വം വിവരണാതീതമാകുന്നു. അതിന്റെ ആവശ്യവും അനിവാര്യതയും കേവലംസ്വാഭാവികമാണുതാനും. മനുഷ്യന്‍ അറിഞ്ഞും അറിയാതെയും സദാ പ്രാര്‍ഥനയ്ക്കു വിധേയനാണ്. ബുദ്ധിയും ബോധവുമാണ് കാരണം. തന്റെ കഴിവുകേടിനെക്കുറിച്ച് അവന്‍ ബോധവാനാണ്. ആവശ്യങ്ങള്‍ നേടാനും അപകടങ്ങള്‍ ഒഴിവായിക്കിട്ടുവാനും തന്നോട് സ്‌നേഹവും കഴിവുമുള്ളവരോട് അപേക്ഷിക്കല്‍ പതിവാണല്ലോ. അഭയകേന്ദ്രമായി കാണുന്നിടത്തേക്കാണ് മനസ്സ് തിരിയുക. എല്ലാ കഴിവുകളുടെയും ഉടമസ്ഥനും സര്‍വജ്ഞനും സൃഷ്ടികളോട് ഏറ്റവും കരുണയുള്ളവനുമാണ് അല്ലാഹു എന്ന് ദൃഢമായി വിശ്വസിക്കുന്നവന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കും. യേശുക്രിസ്തുവിന് ഇത്തരം ഗുണങ്ങള്‍ ഉണ്ടെന്നാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് അവരുടെ പ്രാര്‍ഥന യേശുവിനോടാകുന്നു. ഗുരുവായൂരപ്പന്‍, ശബരിമല ശാസ്താവ്, വേളാങ്കണ്ണി മാതാവ്, നാഗൂരാണ്ടവന്‍, മുഹ്‌യിദ്ദീന്‍ ശൈഖ് ഇങ്ങനെ എണ്ണമറ്റ ആരാധ്യന്മാര്‍ ലോകത്തുണ്ട്. ഇവരോടെല്ലാം ജനം പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥനയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെല്ലാം വിവിധ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നു. എല്ലാം അഭൗതികമായ മാര്‍ഗത്തിലൂടെ (മറഞ്ഞവഴിയിലൂടെ) രക്ഷ ആഗ്രഹിച്ചും ശിക്ഷ ഭയന്നും ചെയ്യുന്ന കര്‍മങ്ങളാകുന്നു. ഈ ആശയും ഭയവും നിമിത്തം മനസ്സില്‍ രൂപപ്പെടുന്നതാണ് പ്രര്‍ഥന. അത് ഭൗതികമായി മനുഷ്യന്‍ പരസ്പരം നടത്തുന്ന അപേക്ഷയും സഹായവും പോലെ അല്ലെന്ന് ഈ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

എന്നാല്‍ അദൃശ്യ വിശ്വാസമില്ലാത്ത, അനാത്മവാദികളില്‍ പ്രാര്‍ഥനയുടെ ചില രൂപഭാവങ്ങള്‍ പ്രകടമാകുന്നത് കാണാം. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന് ആവേശപൂര്‍വം വിൡച്ചുപറയാറുണ്ടല്ലോ. വിപ്ലവം വിജയിക്കട്ടെ എന്നാണിതിനര്‍ഥം. അയായത് വിപ്ലവം ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കു കഴിയും. പക്ഷേ, അത് വിജയിപ്പിക്കാന്‍ കഴിയുകയില്ലെന്ന് തീര്‍ച്ച! അതിനാല്‍ വിജയിക്കട്ടെ എന്ന ഒരുതരം പ്രാര്‍ഥന  അവര്‍ പതിവാക്കിയിരിക്കുന്നു. ആരോടെന്നില്ല, ലക്ഷ്യമില്ലാത്ത പ്രാര്‍ഥന! മേല്‍വിലാസമെഴുതാതെ കത്ത് പോസ്റ്റുചെയ്യുകയാണ്. മേല്‍വിലാസം തെറ്റിച്ച് പോസ്റ്റുചെയ്യുന്നവര്‍ മറ്റൊരു വിഭാഗം. യഥാര്‍ഥ അവകാശിക്കുതന്നെ അപേക്ഷ അയക്കുന്ന ബുദ്ധിമാന്മാരും മനുഷ്യരില്‍ ഉണ്ട്. അവര്‍ എന്നും ന്യൂനപക്ഷമാണ്. പ്രാര്‍ഥന മനുഷ്യനെ ആകമാനം വലയം ചെയ്യുന്നു. യഥാര്‍ഥ ചിന്തയും ബോധവുമുള്ളവര്‍ മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ഈ സ്വഭാവത്തെ നേര്‍വഴിയില്‍ ചലിപ്പിച്ചു സ്വയം സംസ്‌കരിക്കപ്പെടുന്നു. ആ കൂട്ടരാണ് യഥാര്‍ഥത്തില്‍ വിജയികള്‍, ശാശ്വതമായ രക്ഷ ലഭിക്കുന്നവരും. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

 

കെ. ഉമര്‍ മൗലവി
നേർപഥം വാരിക

‘ആര്‍ക്കിയോപ്‌റ്റെറിക്‌സ്’ ലക്ഷണമൊത്ത ഫോസിലോ?

'ആര്‍ക്കിയോപ്‌റ്റെറിക്‌സ്' ലക്ഷണമൊത്ത ഫോസിലോ?

ആര്‍കിയോറാപ്റ്റര്‍ തട്ടിപ്പായിരുന്നുവെന്നത് എല്ലാവരും ഏകസ്വരത്തില്‍ അംഗീകരിക്കുന്നുണ്ട്.എന്നാല്‍ ആര്‍കിയോപ്‌റ്റെറിക്‌സ് ഫോസിലും കുറ്റമറ്റതല്ല. ആര്‍കിയോപ്‌റ്റെറിക്‌സിനെ കുറിച്ച് വിക്കിപീഡിയ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: ”ആര്‍കിയോപ്‌റ്റെറിക്‌സ് പലപ്പോഴും അതിന്റെ ജര്‍മന്‍ നാമമായ ‘ഉര്‍വോജല്‍’ (‘യഥാര്‍ഥ പക്ഷി’ അല്ലെങ്കില്‍ ‘ആദ്യ പക്ഷി’) എന്ന് പരാമര്‍ശിക്കപ്പെടും. ഇതൊരു പക്ഷി വര്‍ഗമാണ്. ദിനോസറിനെ പോലെ, അതായത് പറക്കാന്‍ ശേഷിയില്ലാത്ത തൂവലുള്ള ദിനോസറുകള്‍ക്കും ആധുനിക പക്ഷികള്‍ക്കും ഇടയിലെ പരിവര്‍ത്തിത വര്‍ഗം. ഈ പേര് ഉത്ഭൂതമായിട്ടുള്ളത് പൗരാണിക ജര്‍മന്‍ ഭാഷയില്‍ നിന്നാണ്. ‘ആര്‍കിയോ’ എന്നാല്‍ പൗരാണികം എന്നും ‘പ്‌റ്റെറിക്‌സ്’ എന്നതിന് തൂവല്‍ അല്ലെങ്കില്‍ ചിറക് എന്നുമാണ് അര്‍ഥം. പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യം വരെ പാലിയന്റോളജിസ്റ്റുകളും പ്രധാന റഫറന്‍സ് ഗ്രന്ഥങ്ങളും അറിയപ്പെടുന്ന ആദ്യ പക്ഷിയായി ആര്‍ക്കിയോപ്‌ടെറിക്‌സിനെ അംഗീകരിച്ചിരുന്നു.”(1)

ഇതിന്റെ പ്രത്യേകതകള്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ”ആര്‍കിയോപ്‌റ്റെറിക്‌സ് ജുറാസിക് പീരിഡിന്റെ അവസാനത്തില്‍ ഏകദേശം 150 മില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ജീവിച്ചിരുന്നത്. ഇന്നത്തെ ഇക്യൂറ്റര്‍ മേഖലക്ക് തൊട്ടടുത്തായി ഇപ്പോഴത്തെ തെക്കന്‍ ജര്‍മനിയില്‍ യൂറോപ്പ് ഉഷ്ണ ജലപ്രവാഹ മേഖലയിലെ ദ്വീപസമൂഹം ആയിരുന്ന കാലത്ത്… ആര്‍കിയോപ്‌റ്റെറിക്‌സ് സ്പീഷിസുകള്‍ കൂടുതലും 0.5 മീറ്റര്‍ (1 അടി 8 ഇഞ്ച്) വലുപ്പം ആണുണ്ടായിരുന്നത്. ആര്‍കിയോപ്‌ടെറിക്‌സിന് ആധുനിക പക്ഷികളെക്കാള്‍ കൂടുതല്‍ സാമ്യം മെസോസോയിക്ക് ദിനോസറിനോടാണ്. വിശദാംശങ്ങളില്‍ താടിയെല്ലും മൂര്‍ച്ചയുള്ള പല്ലുകളും കൂര്‍ത്ത നഖമുള്ള മൂന്നു വിരലുകളും നീളമുള്ള എല്ലു കൊണ്ടുള്ള വാലും കൂടുതല്‍ നീട്ടാന്‍ സാധ്യമായ ഉയര്‍ന്ന നടുവിരല്‍, തൂവല്‍, (ഉഷ്ണരക്ത ജീവികളില്‍ കാണുന്ന) ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ തൂവല്‍ തുടങ്ങിയവ.

ഈ പ്രത്യേകതകള്‍ ആര്‍കിയോപ്‌ടെറിക്‌സിനെ പറക്കാന്‍ ശേഷിയില്ലാത്ത ദിനോസറുകള്‍ക്കും പക്ഷികള്‍ക്കും ഇടയിലെ വളരെ വ്യക്തമായ പരിവര്‍ത്തിത ഫോസിലാക്കി മാറ്റുന്നു. അതുകൊണ്ട് ആര്‍കിയോപ്‌ടെറിക്‌സ് പക്ഷികളെക്കുറിച്ചുള്ള പഠനങ്ങളില്‍ മാത്രമല്ല ദിനോസറുകളെ സംബന്ധിച്ചുള്ള പഠനങ്ങളിലും വളരെ പ്രധാനപ്പെട്ട വേഷമിടുന്നു. ഇതാകട്ടെ 1861ല്‍ കിട്ടിയ ഒരു തൂവലിനെ ആധാരമാക്കി നല്‍കിയ പേരാണ്.”(2)

ആര്‍കിയോപ്‌റ്റെറിക്‌സിന്റെ പ്രത്യേകതകള്‍ 

അതിന് ദിനോസറുമായുള്ള ബന്ധവും അത് പക്ഷിയാണെന്ന് വ്യക്തമാക്കുന്ന പ്രത്യേകതകളും ഇതുപോലെ വളരെ സ്പഷ്ടമായ രീതിയില്‍ വിശദീകരിക്കുന്നുണ്ട് വിക്കിപീഡിയ ലേഖനത്തില്‍. 

എന്നിട്ടുമെന്തേ ഒരൊറ്റ തൂവലില്‍ നിന്നും വര്‍ണിക്കാന്‍ തുടങ്ങിയ പത്തോളം ഫോസിലുകള്‍ ലഭിച്ചിട്ടും; ഒരു നൂറ്റാണ്ടിലേറെ കാലം യാതൊരു സംശയവുമില്ലാതെ അവയെ സ്വീകരിച്ചിട്ടും ഈ പക്ഷി പൂര്‍വികന്‍ ഇന്ന് നിലനില്‍പിനു വേണ്ടിയുള്ള സമരത്തില്‍ അകപ്പെട്ടത്? ഈയടുത്തകാലത്ത് മാത്രം എന്തുപറ്റി? നമുക്ക് അതിനെക്കുറിച്ച് കൂടി അന്വേഷിക്കാം: 

”1985ന്റെ തുടക്കത്തില്‍ ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രെഡ് ഹോയിലും ഭൗതിക ശാസ്ത്രജ്ഞന്‍ ലീ സ്‌പെറ്റ്‌നറും ഉള്‍പെടെ വലിയ വിഭാഗം ലണ്ടന്‍, ബര്‍ലിന്‍ ആര്‍കിയോപ്‌റ്റെറിക്‌സ് ഫോസിലുകളിലെ തൂവലുകള്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് നിരന്തരമായി പഠനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ അലന്‍ ജെ ചാരിഗ് ഉള്‍പെടെയുള്ളവര്‍ ഇത് തള്ളിക്കളഞ്ഞു.”(3)

1861 മുതല്‍ 1985 വരെ യാതൊരു വിധ  എതിരഭിപ്രായവുമില്ലാതെ വിലസിയിരുന്ന ഫോസിലിനെ സത്യതയില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴാന്‍ തുടങ്ങി എന്നര്‍ഥം. പരിണാമ പ്രചാരകര്‍ അതില്‍ സംശയം ഉന്നയിക്കുന്നവരുടെ പേരില്‍ സാധാരണ തീര്‍ക്കാനുള്ള പ്രതിരോധം തന്നെയാണ് ഇവിടെയും നമുക്ക് കാണാന്‍ കഴിയുന്നത്. വിക്കി തുടരുന്നു: ”കൃത്രിമമാണെന്ന് പറയാന്‍ അവരുടെ പ്രധാന തെളിവുകളുടെ അടിസ്ഥാനം ‘ലിതിഫിക്കേഷന്‍’ പ്രക്രിയയിലെ അജ്ഞതയാണ്.”(4)്യു്യു

മറ്റൊരു ലേഖനത്തില്‍ ഇതേക്കുറിച്ച് പറയുന്നു: ”1983ല്‍ പ്രശസ്ത റേഡിയോ ജ്യോതിശാസ്ത്രജ്ഞന്‍ സര്‍ ഫ്രഡ് ഹോയിലിന്റെ നേതൃത്വത്തില്‍ അരഡസനോളം ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ആര്‍ക്കിയോപ്‌റ്റെറിക്‌സിന്റെ മാതൃകയില്‍ നിന്നും പ്ലേറ്റുകളും എതിര്‍ പ്ലേറ്റുകളും എടുത്തു പഠിച്ചു. അവര്‍ അതില്‍നിന്നും വ്യാജ നിര്‍മിതികള്‍ കണ്ടെത്തുകയും ചെയ്തു. ഓരോ മാതൃകയുടെയും മുന്‍ പിന്‍ സ്ലാബുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തി. 1963ലെ ചിത്രീകരണത്തില്‍ നിന്നും ഒരു വ്യത്യാസം ഇടത്തെ ചിറകിന് സംഭവിച്ചിരിക്കുന്നത് അവര്‍ കണ്ടെത്തി. തൂവലിന്റെ അടയാളം കയ്യില്‍ പതിഞ്ഞിരിക്കാമെന്ന്അവര്‍ മനസ്സിലാക്കി. മുദ്രണ പ്രക്രിയക്ക് സിമന്റ് മിശ്രിതം ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തി. ശാസ്ത്രജ്ഞന്‍മാര്‍ ഇലക്ട്രോണിക് മൈക്രോസ്‌കോപ്പ് ഉപയോഗിക്കാനും കാര്‍ബണ്‍ 14 ഡേറ്റിംഗ് നടത്താനും അനുമതി തേടിയെങ്കിലും മ്യൂസിയം അധികൃതര്‍ വിസമ്മതിക്കുകയും അവരില്‍നിന്ന് മാതൃകകള്‍ തിരിച്ചുവാങ്ങുകയും ചെയ്തു. ബ്രിട്ടീഷ് മ്യൂസിയം തന്നെയാണ് കുപ്രസിദ്ധമായ പില്‍റ്റ് ഡൗണ്‍ ഫോസില്‍ തട്ടിപ്പിന് സൗകര്യമൊരുക്കിയിരുന്നത്.(5)

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രശസ്തനായ പരിണാമ നാസ്തിക പ്രചാരകനും പ്രബോധകനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഏറ്റവും ആധുനികമായ പരിണാമ പ്രത്യയശാസ്ത്ര കൃതിയില്‍ (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം; പരിണാമത്തിന്റെ തെളിവുകള്‍) ബോധപൂര്‍വം നടത്തിയ തട്ടിപ്പുകളും സൂത്രപ്പണികളും വിശകലനം ചെയ്യേണ്ടതുണ്ട്. അതിനുമുമ്പ് പരിണാമ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഒരു കൊടുംചതിയെക്കുറിച്ച് മനസ്സിലാക്കാം.  

പില്‍റ്റ് ഡൗണ്‍ കൊടും ചതി 

157 വര്‍ഷത്തെ പരിണാമ ചരിത്രത്തില്‍ പിടിക്കപ്പെട്ടതില്‍ ഇത്രയും ഭീകരമായ കൊടും ചതി വേറെ കാണില്ല. ഒരു പക്ഷേ, ഇതിലും ഭീകരങ്ങളായ ചതികളും വഞ്ചനകളും തട്ടിപ്പുകളും പുറത്തറിയാതെ ശാസ്ത്രത്തിന്റെ കണക്കു പുസ്തകത്തില്‍ വരവ് വച്ചിരിക്കുകയുമാകാം. ഇങ്ങനെ വല്ലപ്പോഴും സത്യം പുറത്തറിയും എന്ന് മാത്രം. മനുഷ്യനും കുരങ്ങനുമിടയിലെ മധ്യ വര്‍ഗമെന്ന നിലയില്‍ ചൂണ്ടിക്കാണിക്കാന്‍ തെളിവിന്റെ തരിമ്പും ഇല്ലാതിരുന്നതു കൊണ്ട് ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ചാള്‍സ് ഡൗണ്‍(6) നിര്‍മിച്ചെടുത്ത കള്ള ഫോസിലാണ് ‘പില്‍റ്റ് ഡൗണ്‍ ഫോസില്‍.’ മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ് ഉട്ടാങ്ങിന്റെ താടിയെല്ല് ഘടിപ്പിച്ച് പഴക്കം തോന്നിക്കാന്‍ ആസിഡ് പ്രയോഗവും പൊട്ടിക്കലും ഒട്ടിക്കലും ചായം പൂശലുമെല്ലാം നടത്തിയെടുത്താണ് പില്‍റ്റ് ഡൗണ്‍ മനുഷ്യഫോസില്‍ പടച്ചുണ്ടാക്കിയയത്!

”പില്‍റ്റ് ഡൗണ്‍ മനുഷ്യ തട്ടിപ്പ് എന്നത് തുണ്ടുകളാക്കിയ എല്ലിന്‍ കഷ്ണങ്ങള്‍ ഫോസിലീകരിച്ച് നിര്‍മിച്ച പേരറിയപ്പെടാത്ത ആദിമ മനുഷ്യനാണ്. ഈ എല്ലിന്‍ കഷ്ണങ്ങളില്‍ തലയോട്ടിയുടെയും താടിയെല്ലിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് 1912 ല്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസ്സെക്‌സിലെ പില്‍റ്റ് ഡൗണിലെ കുഴിമാടത്തില്‍ നിന്ന് ലഭിച്ചതാണെന്ന് പറയപ്പെടുന്നു. ഇതിന് ലാറ്റിന്‍ ഭാഷയില്‍  ഇയാന്ത്രോപ്പസ് ഡൗസോണി എന്ന് നാമകരണവും ചെയ്തു. ഇത് കണ്ടെത്തിയത് ചാള്‍സ് ഡൗണ്‍ ആണ്. 1953 ല്‍ ഇത് കള്ള നിര്‍മിതിയാണെന്ന് തെളിയുന്നത് വരെ ഏറെ പ്രാധാന്യപൂര്‍വം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആധുനിക മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ് ഉട്ടാങ്ങിന്റെ താടിയെല്ല് ബോധപൂര്‍വം കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണ്. ഒരു പക്ഷേ, പില്‍റ്റ് ഡൗണ്‍ ചതിയോളം കുപ്രസിദ്ധമായ മറ്റൊരു തട്ടിപ്പ് പാലിയന്റോളജി ചരിത്രത്തില്‍ തന്നെ വേറെയുണ്ടാകില്ല. രണ്ടു കാരണത്താല്‍ ഇത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇത് മനഷ്യപരിണാമത്തെ വിശകലനം ചെയ്യുന്നുവെന്നതും ഈ ചതി പുറത്തുവരാന്‍ ഏറെ കാലം വേണ്ടിവന്നു എന്നതുമാണ് ഇതിനെ ശ്രദ്ധേയമാണ്.”(7) 

പില്‍റ്റ് ഡൗണ്‍ തട്ടിപ്പായിരുന്നു എന്നത്  പരിണാമത്തെക്കുറിച്ച് ഏകദേശ ധാരണയുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പില്‍റ്റ് ഡൗണ്‍ കൊടും ചതിക്ക് പിന്നില്‍ ചാള്‍സ് ഡൗണ്‍ ആയിരുന്നുവെന്നും ആ സാങ്കല്‍പിക ജന്തുവിന്റെ നാമം ഇയാന്ത്രോപ്പസ് ഡൗസോണി എന്നാണെന്നും ആ പേര് ലഭിക്കാന്‍ കാരണം ഫോസില്‍ അവതരിപ്പിച്ച ഡൗസന്റെ പേര് അദ്ദേഹത്തോടുള്ള ആദര സൂചകമായി നല്‍കിയതാണെന്നും വ്യക്തമാകുന്നു. ഈ ഫോസില്‍ നിര്‍മിച്ചെടുത്തത് ഡോസനായിരുന്നു എന്നത് തെളിയിക്കുന്ന മറ്റൊരു മൂര്‍ത്തമായ തെളിവ് ദ ഗാര്‍ഡിയന്‍ പത്രം കണ്ടെത്തിയതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേപ്പര്‍ കട്ടിംഗ് ഇന്നും ലഭ്യമാണ്. ഈ വാര്‍ത്ത ദ ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ചത് 1912 ഡിസംബര്‍ 12നായിരുന്നു. അതിന്റെ തലക്കെട്ട് A hitherto unknown species story of the Sussex discovery എന്നാണ്. ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ചത് ദ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍ 1912 നവംബര്‍ 21ന് ആയിരുന്നു എന്നും പ്രസ്തുത വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഈ വാര്‍ത്തയുടെ ആല്‍കെയ്‌വ്  ഓണ്‍ലൈന്‍ എഡിഷന്റെ തലക്കെട്ട് ”പില്‍റ്റ് ഡൗണ്‍ മനുഷ്യന്‍ ഇത് വരെ അറിയപ്പെടാത്ത ഒരു സ്പീഷിസ്; നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് പില്‍റ്റ് ഡൗണ്‍ മനുഷ്യനെ കണ്ടെത്തിയ വാര്‍ത്ത കേട്ട് ലോകം അമ്പരന്നു. പിന്നീട് ബ്രിട്ടീഷ് ആര്‍ക്കിയോളജിയിലെ ഏറ്റവും കുപ്രസിദ്ധ രഹസ്യം വെളിച്ചത്തായി” എന്നാണ്. ശേഷം പഴയ വാര്‍ത്ത തുടരുന്നു:

”ഇന്ന് രാത്രി ബെിര്‍മിങ്ടണ്‍ ഗാര്‍ഡനിലെ ജിയോളജിക്കല്‍ സൊസൈറ്റിയില്‍ വെച്ച മനുഷ്യ വര്‍ഗത്തിന്റെ ഏറ്റവും പ്രാചീന തെളിവ് എന്ന കരുതുന്ന ചരിത്രാതീത തലയോട്ടി കണ്ടെത്തിയ ആള്‍ ശാസ്ത്രജ്ഞന്മാരുടെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ തന്റെ അനുഭവം വിശദീകരിച്ചു. ഈ കണ്ടെത്തലിനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ നവംബര്‍ 21ന് പ്രത്യേക ഫീച്ചര്‍ ആയി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് രാത്രി ഡോ: വുഡ് വാര്‍ഡ് ഇപ്രകാരം പറഞ്ഞു; ഈ തലയോട്ടി ഇതുവരെ അജ്ഞാതമായ ഒരു മനുഷ്യ വര്‍ഗത്തെ അവതരിപ്പിക്കുന്നതാണെന്ന് കണക്കാക്കാവുന്നതാണ്. ആ മനുഷ്യ വര്‍ഗത്തിന് ഒരു പുതിയ നാമം നിര്‍ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നു.”

പ്രഭാഷണം സദസ്സ് ആകാംക്ഷാപൂര്‍വം കാത്തിരുന്ന ഒന്നായിരുന്നു. വലിയ സംവാദങ്ങളും ചര്‍ച്ചകളും അത് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. തലയോട്ടി കണ്ടെത്തിയ വ്യക്തിയായ സസ്സെക്‌സില്‍ നിന്നുമുള്ള ഒരു അഭിഭാഷകന്‍ മിസ്റ്റര്‍ ചാള്‍സ് ഡൗസണ്‍ തലയോട്ടി പ്രദര്‍ശിപ്പിക്കുകയും തന്റെ കണ്ടെത്തലിന്റെ അനുഭവം വിശദീകരിക്കുകയും ചെയ്തു.  ജിയോളജിക്കല്‍ സൊസൈറ്റിയിലെ ഡോ. ആര്‍തര്‍ സ്മിത്ത് വുഡ് വാര്‍ഡ് ശേഷിപ്പ് പരിശോധിച്ച് താന്‍ കണ്ടെത്തിയ നിഗമനങ്ങളെ കുറിച്ച് ഒരു പ്രബന്ധവും അവതരിപ്പിച്ചു.(8)

ഈ വാര്‍ത്ത പുനഃപ്രസിദ്ധീകരിച്ചത് 2012 ഡിസംബര്‍ 19നാണ്. പില്‍റ്റ് ഡൗണ്‍ തട്ടിപ്പ് നടന്ന്  കൃത്യം 100 വര്‍ഷം തികയുമ്പോള്‍.

റഫറന്‍സസ്: 

1. https://en.wikipedia.org/wiki/Archaeopteryx

2. https://en.wikipedia.org/wiki/Archaeopteryx

3. https://en.wikipedia.org/wiki/Archaeopteryx#Controversy

4. https://en.wikipedia.org/wiki/Archaeopteryx#Controversy

5. htpp://wwwcoservapedia.com/Archaeopteryx

6. https://en.wikipedia.org/wiki/Charles_Dawson

7. https://en.wikipedia.org/wiki/Piltdown_Man

8. https://www.theguardian.com/theguardian/2012/dec/19/piltdownmanhoaxarchaeology1912

 

 

അലി ചെമ്മാട്
നേർപഥം വാരിക

ബലികര്‍മം: നാം അറിയേണ്ടത്

ബലികര്‍മം: നാം അറിയേണ്ടത്

വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും മുസ്‌ലിം സമൂഹത്തിന്റെ ഇജ്മാഉം (ഏകാഭിപ്രായം) കൊണ്ട് സ്വീകരിക്കപ്പെട്ട ഒരു പുണ്യകര്‍മമാണ് ബലി എന്നത്. അതോടൊപ്പം മഹത്ത്വമേറിയ ഒരു മതചിഹ്നംകൂടിയാണത്. നബി ﷺ എല്ലാ വര്‍ഷവും ബലിയറുക്കുമായിരുന്നു. ഇബ്‌നു ഉമര്‍(റ) പറയുന്നു: ”നബി ﷺ മദീനയില്‍ ജീവിച്ച പത്ത് വര്‍ഷവും അവിടുന്ന് ബലിയറുക്കുമായിരുന്നു” (തുര്‍മുദി).

ബലിയറുക്കുന്നതിന്റെ വിധി

ബലികര്‍മം നടത്തല്‍ അതിന് സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഏറ്റവും പ്രബലമായ സുന്നത്താണ് എന്നാണ് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും അടിസ്ഥാനത്തില്‍ മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വഹാബിമാരായ അബൂബകര്‍(റ), ഉമര്‍(റ), ബിലാല്‍(റ), അബൂമസ്ഊദ് അല്‍ബദ്‌രി(റ) എന്നിവരും, താബിഉകളായ സുവൈദ്ബ്‌നു ഉക്വ്ബ(റഹി), സഈദ്ബ്‌നുല്‍ മുസ്വയ്യിബ്(റഹി), അസ്‌വദ്(റഹി), അത്വാഅ്(റഹി) എന്നിവരും ശേഷക്കാരായ ഇമാം ശാഫിഈ(റഹി), ഇസ്ഹാക്വ്(റഹി), അബൂഥൗര്‍(റഹി), ഇബ്‌നുല്‍ മുന്‍ദിര്‍(റഹി) തുടങ്ങിയവരുമെല്ലാം ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം മാലിക്(റഹി), സുഫ്‌യാനുഥൗരി(റഹി), ലൈഥ്(റഹി), അബുഹനീഫ(റഹി), ഇബ്‌നുതൈമിയ്യ(റഹി) തുടങ്ങിയവര്‍ ഇത് നിര്‍ബന്ധമാണ് എന്ന പക്ഷകാരാണ്. നിര്‍ബന്ധമാണ് എന്ന് അഭിപ്രായം പറഞ്ഞവരുടെ തെളിവുകള്‍ അത്ര പ്രബലമല്ലാത്തതിനാലും പ്രബലമായാല്‍ തന്നെയും അവ നിര്‍ബന്ധമാണ് എന്നതിന് വ്യക്തമായ തെളിവാകുന്നില്ല എന്നതിനാലും പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി.

നബി ﷺ യുടെ ഒരു പദപ്രയോഗം ഇത് നിര്‍ബന്ധമല്ലെന്ന് അറിയിക്കുന്നുണ്ട്, നബി ﷺ പറഞ്ഞു: ‘ബലി ഉദ്ദേശിച്ചവന്‍ ദുല്‍ഹിജ്ജ മാസം ആരംഭിച്ചാല്‍ പിന്നെ മുടി, നഖം എന്നിവ നീക്കരുത്’ (മുസ്‌ലിം). ഇവിടെ ‘ബലി ഉദ്ദേശിച്ചവന്‍’ എന്ന് നബി ﷺ പ്രയോഗിച്ചതിനാല്‍ അത് നിര്‍ബന്ധമില്ലെന്ന് മനസ്സിലാക്കാം എന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. മാത്രവുമല്ല നിര്‍ബന്ധമാണെന്ന് വിചാരിക്കപ്പെടുമെന്നതിനാല്‍ അബൂബകര്‍(റ), ഉമര്‍(റ) എന്നിവര്‍ ബലിയറുക്കാറുണ്ടായിരുന്നില്ല എന്ന് ഇമാം ബൈഹക്വി ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി(റ) തന്റെ ഇര്‍വാഉല്‍ ഗലീല്‍(1137) എന്ന ്രഗന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിവുള്ളവര്‍ ബലികര്‍മം ഉപേക്ഷിക്കാതിരിക്കലാണ് ഏറ്റവും സൂക്ഷ്മതയുള്ള നിലപാട് എന്നതില്‍ സംശയമില്ല. 

അറുക്കേണ്ടതെപ്പോള്‍?

പെരുന്നാല്‍ നമസ്‌കാരത്തിന്റെ ശേഷമാണ് അറവിന്റെ സമയം ആരംഭിക്കുന്നത്. നബി ﷺ പറഞ്ഞു: ”ഇന്ന് നാം ആദ്യമായി ആരംഭിക്കുന്നത് നമസ്‌കാരമാണ്. ശേഷം നാം മടങ്ങുകയും ബലിയറുക്കുകയും ചെയ്യും. ഇപ്രകാരം വല്ലവനും ചെയ്താല്‍ അവന്‍ നമ്മുടെ ചര്യ ലഭിച്ചവനായി. എന്നാല്‍ നമസ്‌കാരത്തിന് മുമ്പേ വല്ലവനും അറുത്താല്‍ അത് തന്റെ കുടുംബത്തിന് വേണ്ടി അറുത്ത മാംസമായി മാത്രമെ പരിഗണിക്കപ്പെടൂ. അതൊരിക്കലും ബലിയല്ല തന്നെ!” (ബുഖാരി, മുസ്‌ലിം).

അയ്യാമുത്തശ്‌രീക്വിന്റെ അവസാന ദിവസത്തെ (ദുല്‍ ഹിജ്ജ 13) സൂര്യാസ്തമയം വരെ അറവ് നിര്‍വഹിക്കാവുന്നതാണ്. മറ്റു ചില അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ ഉദ്ധരിക്കപ്പെടുന്നുവെങ്കിലും ഈ അഭിപ്രായമാണ് തെളിവുകളോട് കൂടുതല്‍ യോജിക്കുന്നത് എന്ന് ശൈഖ് ഇബ്‌നുബാസും സുഊദി ഉന്നത പണ്ഡിതസഭയും രേഖപ്പെടുത്തുന്നു.

 

നിബന്ധനകള്‍

അറവ് സമയം, അറുക്കപ്പെടുന്ന മൃഗം, അറുക്കുന്നവന്‍ എന്നിവയിലെല്ലാം ചില നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. സമയത്തിന്റെ കാര്യം നാം മുകളില്‍ സൂചിപ്പിച്ചു.

മൃഗത്തിനു നാലു നിബന്ധനകള്‍ ഒത്തിരിക്കണം: 

1. അറുക്കുന്നവന്റെ ഉടമാവകാശത്തിലുള്ളതാകണം:

കച്ചവടം വഴിയോ, ദാനമായിട്ടോ, മതം അംഗീകരിച്ച മറ്റു വഴികളിലൂടെയോ ഉടമപ്പെടുത്തിയ മൃഗത്തെ മാത്രമെ ബലിയറുക്കാവൂ. മോഷ്ടിക്കപ്പെട്ടത്, പിടിച്ചുപറിക്കപ്പെട്ടത്, നിഷിദ്ധമായ സമ്പത്തിനാല്‍ വാങ്ങിയത് എന്നിവയൊന്നും സ്വീകാര്യമല്ല. നബി ﷺ പറഞ്ഞു: ”അല്ലാഹു വിശിഷ്ടനാണ്, വിശിഷ്ടമായതെല്ലാതെ അവന്‍ സ്വീകരിക്കുകയില്ല” (മുസ്‌ലിം).

അതില്‍തന്നെ മുന്തിയ ഇനം തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. അബൂ ഉമാമബ്‌നു സഹ്ല്‍(റ) പറയുന്നു: ”ഞങ്ങള്‍ മദീനയില്‍ വെച്ച് ബലിമൃഗത്തെ കൊഴുപ്പിക്കുമായിരുന്നു. മുസ്‌ലിംകള്‍ എല്ലാം അപ്രകാരം ചെയ്യുമായിരുന്നു” (ബുഖാരി).

2. നിശ്ചിത മൃഗങ്ങള്‍ തന്നെയാവണം:

ആട്, മാട്, ഒട്ടകം എന്നിവയാണ് ബലിദാനത്തിനായി മതം അംഗീകരിച്ചിട്ടുള്ള മൃഗങ്ങള്‍. ഇവയല്ലാതെ ബലിക്ക് മതിയാകുകയില്ലെന്ന് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി(റഹി) രേഖപ്പെടുത്തിയതായി കാണാം (ശറഹുമുസ്‌ലിം 13/125). 

പോത്ത്, എരുമ എന്നിവ പശു എന്ന ഗണത്തില്‍ ഉള്‍പെടുന്നതാണ്. പശു വര്‍ഗത്തില്‍ പോത്ത് ഉള്‍പെടുമോ എന്ന് പണ്ഡിത ചര്‍ച്ചയുണ്ടെങ്കിലും വര്‍ഗത്തില്‍ അതുള്‍പെട്ടാലും ഇല്ലെങ്കിലും വിധിയില്‍ രണ്ടും തുല്യമാണെന്ന കാര്യത്തില്‍ പരിഗണനീയമായ അഭിപ്രായ വ്യത്യാസം ഏതുമില്ല.

3. നിശ്ചിത പ്രായമുള്ളതാവണം:

പല മൃഗങ്ങള്‍ക്കും പല പ്രായമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

1. ആട് രണ്ട് തരമുണ്ട്. ചെമ്മരിയാടാണെങ്കില്‍ ആറുമാസം പൂര്‍ത്തിയായി ഏഴാം മാസത്തില്‍ പ്രവേശിച്ചാല്‍ മതി. കോലാടാണെങ്കില്‍ ഒരു വയസ്സ് പൂര്‍ത്തിയായി രണ്ടാം വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം. പശു വര്‍ഗം രണ്ട് വയസ്സ് പൂര്‍ത്തിയായി മൂന്നാം വയസ്സില്‍ പ്രവേശിച്ചതായിരിക്കണം. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായി ആറാം വയസ്സില്‍ പ്രവേശിച്ചതാകണം. ഇക്കാര്യം ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീഥില്‍ വന്നിട്ടുണ്ട്.

4. ന്യൂനത ഇല്ലാത്തതാവണം:

ന്യൂനതകള്‍ പലതാണ്. നബി ﷺ പറഞ്ഞു: ‘നാലുതരം ന്യൂനതയുള്ളവ ബലിക്ക് അനുവദനീയമല്ല. 1. കണ്ണിന് വ്യക്തമായ തകരാറുള്ളത്. 2. വ്യക്തമായ രോഗം ഉള്ളത്. 3. വ്യക്തമായ മുടന്തുള്ളത്. 4. മജ്ജ പൂര്‍ണമായും നഷ്ടപ്പെട്ടത്’ (അബൂദാവൂദ്, തുര്‍മുദി).

സമാനമായതോ ഇതിനെക്കാള്‍ ഗൗരവമേറിയതോ ആയ ന്യൂനതകള്‍ ഉണ്ടായാലും ഇപ്രകാരം തന്നെയാണ്. കണ്ണ് നഷ്ടപ്പെട്ടത്, കൈയോ കാലോ ഇല്ലാത്തത്, നടക്കാനാവാത്ത വിധം മുടന്തുള്ളത്, വീണോ കുടുങ്ങിയോ വാഹനമിടിച്ചോ ഒക്കെ സാരമായ പരിക്കുകള്‍ ഏറ്റത് എന്നിവ ഉദാഹരണം.

അത്ര ഗൗരവമല്ലാത്ത ന്യൂനതകള്‍ ഉള്ളവ അനുവദനീയമാണെങ്കിലും അവയല്ലാത്തവയെ തെരഞ്ഞെടുക്കുകയാണ് നല്ലത്. ചെവി കീറിയതോ മുറിഞ്ഞതോ (കീറല്‍ മുന്നിലോ പിന്നിലോ നീളത്തിലോ വീതിയിലോ ആണെങ്കിലും) അല്ലെങ്കില്‍ ചെവി മുഴുവന്‍ നഷ്ടപ്പെട്ടതോ ഒക്കെ ഈ ഗണത്തില്‍ പെടുന്നു.  കൊമ്പ് പൂര്‍ണമായും നഷ്ടപ്പെട്ടവ, കണ്ണിന് കാഴ്ചശക്തി കുറവുള്ളവ, നേരിയ മുടന്തുള്ളത് എന്നിവയും ശ്രദ്ധിക്കണമെന്ന് നബി ﷺ അലി(റ)വിനോട് നിര്‍ദേശിച്ചത് തുര്‍മുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, അഹ്മദ് തുടങ്ങിയവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇവയുടെ ചില പരമ്പരകളില്‍ ദുര്‍ബലതകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുവെങ്കിലും വിവിധ വഴികളിലൂടെ ഉദ്ധരിക്കപ്പെട്ടതിനാല്‍ ഇവ സ്വഹീഹായി പരിണഗിക്കപ്പെടുമെന്ന് ശൈഖ് അല്‍ബാനി ഇര്‍വാഉല്‍ ഗലീലില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (4/364). 

വാല്‍ നഷ്ടപ്പെട്ടത്, മൂക്ക് മുറിഞ്ഞത്, ചുണ്ട് മുറിഞ്ഞത്, ലിംഗം മുറിഞ്ഞത് എന്നിവയും കറാഹതാണ്  എന്ന് ചില പണ്ഡിതന്മാര്‍ ക്വിയാസിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുണ്ട്. (വിശദാംശങ്ങള്‍ക്ക് ശൈഖ് ഇബ്‌നു ഉഥൈമീന്‍ രചിച്ച ‘അഹ്കാമുല്‍ ഉദുഹിയ്യഃ’ പരിശോധിക്കുക).

വൃഷണം ഉടച്ചതിന് ഈ നിയമം ബാധകമല്ല. കാരണം അത് ന്യൂനതയല്ല. അത് മൃഗം കൂടുതല്‍ മെച്ചപ്പെടാന്‍ ഉപകരിക്കുന്നതാണ് എന്ന് ഇബ്‌നു ഉഥൈമീന്‍ അഭിപ്രായപ്പെടുന്നു.

ആട് ഒരാള്‍ക്കും മാട്, ഒട്ടകം എന്നിവ പരമാവധി ഏഴ് പേര്‍ക്കുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ അറവുനടത്തിയാല്‍ അയാള്‍ക്കും കുടുംബത്തിനും അത് മതിയാകുന്നതാണ്. അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) പറയുന്നു: ”നബി ﷺ യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ആടിനെ അറുക്കുമായിരുന്നു. അവര്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും ധര്‍മം ചെയ്യുകയുമായിരുന്നു പതിവ്. പിന്നീട് ജനങ്ങള്‍ ഇതിന്ന് മത്സരിക്കുന്ന സാഹചര്യമുണ്ടായി. അങ്ങനെ ഇന്ന് കാണുന്ന തരത്തിലേക്കിത് മാറി” (തുര്‍മുദി). (കേവലം ദുരഭിമാനത്തിന് വേണ്ടിയായി മാറി എന്ന് ഉദ്ദേശം – തുഹ്ഫ).

ഒട്ടകത്തിലും പശുവിലും ഏഴ് ആള്‍ക്ക് വരെ പങ്കുചേരാവുന്നതാണ്. ഒരാള്‍ സ്വന്തമായി അറുക്കുകയാണെങ്കില്‍ അതാണ് നല്ലത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് അറുക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യവിഹിതം തന്നെയാവണമെന്നില്ല. എന്നാല്‍ ചുരുങ്ങിയ പക്ഷം 1/7 വിഹിതമെങ്കിലും ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ. ഉദാഹരണമായി 35000 രൂപ വിലയുള്ള മൃഗത്തെയാണ് അറുക്കുന്നതെങ്കില്‍ ചുരുങ്ങിയത് 5000 രൂപയെങ്കിലും ഷെയര്‍ ചേരേണ്ടതുണ്ട്. എന്നാല്‍ ഒരാള്‍ 32000 രൂപയും മറ്റൊരാള്‍ 3000 രൂപയും എടുത്ത് കൊണ്ടാണ് മൃഗത്തെ വാങ്ങുന്നതെങ്കില്‍ അത് അനുവദനീയമല്ല.

സുപ്രധാന കാര്യം

പത്തും പതിനഞ്ചും അതിലധികവും മൃഗങ്ങളെ ധാരാളം ആളുകള്‍ ചേര്‍ന്ന് പള്ളികളുടെയോ സ്ഥാപനങ്ങളുടെയോ മഹല്ലിന്റെയോ ആഭിമുഖ്യത്തില്‍ അറുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. അതില്‍ പലപ്പോഴും മേല്‍പറഞ്ഞ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഷെയര്‍ വില ആദ്യം നിശ്ചയിക്കുകയും കിട്ടിയ സംഖ്യക്ക് മുഴുവന്‍ മൃഗങ്ങളെ വാങ്ങുകയും ചെയ്യുന്നു. പല മൃഗങ്ങളും പല വിലയുടെതായിരിക്കും. ഒരു മൃഗത്തിന് പരമാവധി ഏഴു പേര്‍ എന്നത് പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി 5000 രൂപ വീതം ഷെയര്‍ നിശ്ചയിക്കുമ്പോള്‍ ഏഴു പേരില്‍ നിന്ന് 35000 രൂപയാണല്ലോ ലഭിക്കുക. എന്നാല്‍ 38000 രുപയുടെ മൃഗത്തെയാണ് വാങ്ങിയത് എങ്കില്‍ കുറവു വന്ന 3000 രൂപ എട്ടാമന്റെ പണത്തില്‍ നിന്നായിരിക്കും ഇതിലേക്ക് ചേരുന്നത്. അപ്പോള്‍ ആകെ പങ്കുകാര്‍ എട്ടായി. അതില്‍ തന്നെ ഒരാളുടേത് 1/7ല്‍ താഴെയുമായി. ഈ രണ്ടു കാരണത്താല്‍ ആ ബലി സ്വീകരിക്കപ്പെടാതെ പോകുന്നു. ഇതിന്റെ പാപഭാരം കൈകാര്യം ചെയ്യുന്നവരാണ് ഏല്‍ക്കേണ്ടിവരിക എന്ന് ഓര്‍ക്കുക.

എന്നാല്‍ 1/7 പങ്കുചേര്‍ന്ന് അറുക്കുമ്പോള്‍ അത് അയാള്‍ക്ക് മാത്രമാണോ പര്യാപ്തമാകുക, അതോ അയാള്‍ക്കും കുടുംബത്തിനും അത് മതിയോ എന്നതില്‍ പണ്ഡിതന്മാര്‍ക്ക് വീക്ഷണ വ്യത്യാസമുണ്ട്.

സംഘം ചേര്‍ന്ന് ഒരു മാടിനെ അറുക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തമായി ഒരു ആടിനെ അറുക്കുന്നതാണ് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

ഒരു മൃഗത്തെ ബലിക്കായി നിശ്ചയിക്കുന്നതോടെ അതിന്റെ ഉടമാവകാശം അയാള്‍ക്ക് ഇല്ലാതാകുന്നു. പിന്നീട് അതിനെ കൃഷിക്ക് ഉപയോഗിക്കാനോ അതിന്റെ രോമം എടുത്ത് വില്‍ക്കാനോ പാടില്ല. ചെമ്മരിയാടാണെങ്കില്‍ അതിന്റെ രോമം മുറിച്ചെടുക്കലാണ് അതിന് കൂടുതല്‍ ഗുണം എങ്കില്‍ മുറിച്ചെടുക്കാവുന്നതാണ്. അത് സ്വയം ഉപയോഗിക്കുകയോ ദാനം നല്‍കുകയോ ചെയ്യാം; അല്ലാതെ വില്‍ക്കാവതല്ല. പാല്‍ കറന്നെടുക്കുന്നുവെങ്കിലും ഇതുതന്നെയാണ് വിധി. ബലി മൃഗം പ്രസവിച്ചാല്‍ ആ കുട്ടിയെകൂടി ബലിയറുക്കേണ്ടതാണ്.

ഒരാള്‍ ഒരു മൃഗത്തിനെ ബലിക്കായി നിശ്ചയിച്ചതിനു ശേഷം വല്ല ന്യൂനതകളും ആ മൃഗത്തിന് പിന്നീട് ഉണ്ടായാല്‍ അവന്റെ അശ്രദ്ധമൂലമാണ് അതെങ്കില്‍ അതിനെ മാറ്റി പകരം മറ്റൊന്നിനെ അറുക്കല്‍ അവന് ബാധ്യതയാണ്. അവന്റെ അശ്രദ്ധ മൂലമല്ലെങ്കില്‍ അവന്‍ അതിന് ഉത്തരവാദിയല്ല. അതിനെ തന്നെ അറുക്കാവുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അവന് മാറ്റാവുന്നതുമാണ്. എന്നാല്‍ നേര്‍ച്ചയാക്കിയ ബലിയാണെങ്കില്‍ അതിനെ മാറ്റി പകരം മറ്റൊന്നിനെ അറുക്കല്‍ അവന് നിര്‍ബന്ധമാണ്.

മൃഗം നഷ്ടപ്പെട്ടാലും മോഷ്ടിക്കപ്പെട്ടാലും ഇത് തന്നെയാണ് നിയമം. മോഷണം പോയ മൃഗം പിന്നീട് തിരിച്ച് കിട്ടിയാല്‍ ആ സമയത്ത് അതിനെ അറുക്കേണ്ടതാണ്. അത് ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ശേഷം മാണെങ്കിലും ശരി. (മുഗ്‌നി 13/373).

ബലി മാംസം എന്തു ചെയ്യണം?

ബലി മാംസം മൂന്നു തരത്തില്‍ ഉപയോഗിക്കാമെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. 1. സ്വയം ഭക്ഷിക്കുക. 2. ദരിദ്രര്‍ക്ക് ദാനമായി നല്‍ക്കുക. 3. അയല്‍വാസിക്കും കുടുംബത്തിനും തന്റെ വക പാരിതോഷികമായി നല്‍കുക. അല്ലാഹു പറയുന്നു: 

”അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക” (സൂറ: അല്‍ഹജ്ജ് 28). 

”ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയുംചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്‌പെടുത്തിത്തന്നിരിക്കുന്നു” (സൂറ: അല്‍ഹജ്ജ് 36). 

ഈ മൂന്ന് വഴികളിലായി മാംസം വിനിയോഗിക്കപ്പെടുകയാണ് വേണ്ടത്. എന്നാല്‍ മൂന്നിനും തുല്യഭാഗമായി വീതിക്കണമെന്നോ മൂന്നില്‍ ഒന്ന് നിര്‍ബന്ധമായും ബലിയറുത്തയാള്‍ എടുക്കണമെന്നോ മൂന്നില്‍ ഒന്നിനെക്കാള്‍ കൂടുതല്‍ എടുക്കരുതെന്നോ പറയാന്‍ തെളിവുകളില്ല. ധാരാളം പണ്ഡിതര്‍ ഏറ്റവും അഭികാമ്യമായി പറഞ്ഞത് മൂന്നാക്കി വിഭജിക്കണമെന്നാണ്; ചിലര്‍ സൂറതുല്‍ ഹജ്ജിലെ 28ാം വചനപ്രകാരം 1/3 ഭക്ഷിക്കുക, 1/3 കുടുംബത്തിന് നല്‍കുക, 1/3 ദാനം ചെയ്യുക എന്ന് അഭിപ്രായപ്പെടുന്നു. ഇബ്‌നു ഉമര്‍(റ) പറയുന്നു: ‘ബലികള്‍ 1/3 നിനക്കും 1/3 നിന്റെ കുടുംബത്തിനും 1/3 ദരിദ്രര്‍ക്കുമാകുന്നു.’ അല്‍ക്വമ(റ) പറയുന്നു: ”അബ്ദുല്ലാഹിബ്‌നു മസ്ഊദ് എന്നോട് പറഞ്ഞു: ‘1/3 നീ ഭക്ഷിക്കുക. 1/3 സഹോദരന്‍ ഉത്ബക്ക് നല്‍കുക, 1/3 നീ ദാനം ചെയ്യുക.’ ഇമാം ശാഫിഈ ഈ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ രണ്ടാക്കി വിഭജിക്കുകയും പകുതി ഭക്ഷിക്കുകയും പകുതി ദാനമായി നല്‍കുകയും ചെയ്യുക എന്നും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മൂന്നാക്കി തിരിക്കലാണ് നല്ലത് എന്നതിന് സൂറത്തുല്‍ ഹജ്ജിലെ 36ാം വചനവും പ്രവാചക ചെയ്തിയും ഇബ്‌നു ഉമറിന്റെ അധ്യാപനവും ഇബ്‌നുമസ്ഊദിന്റെ കല്‍പനയും തെളിവാണെന്ന് ഇമാം  ഇബ്‌നു ഖുദാമ തന്റെ മുഗ്‌നി 8/17ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്‌നു മസ്ഊദിന്റെ കല്‍പനയെ അടിസ്ഥാനമാക്കി ഇമാം അഹ്മദും ഈ അഭിപ്രായത്തെ തെരഞ്ഞെടുത്തിരിക്കുന്നു.

ബലിയറുക്കുന്നയാള്‍ ബലിമാംസത്തില്‍നിന്ന് ഭക്ഷിക്കല്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നതാണ്  കൂടുതല്‍ പ്രബലം. നബി ﷺ അറുത്ത അഞ്ച് ഒട്ടകങ്ങളില്‍ നിന്ന് നബി ﷺ ഒന്നും ഭക്ഷിച്ചില്ല എന്നതാണ് നിര്‍ബന്ധമില്ലെന്നതിന് തെളിവായി ഉദ്ധരിക്കപ്പെടുന്നത്. നൂറ് ഒട്ടകങ്ങളെ പ്രവാചകന്‍ അറുത്തപ്പോള്‍ എല്ലാത്തില്‍ നിന്നും ഓരോ കഷ്ണം എടുത്ത് അവ ഒരു പാത്രത്തിലിട്ട് വേവിക്കുകയും എന്നിട്ട് അതില്‍ നിന്ന് ഭക്ഷിക്കുകയും അതിന്റെ കറി കുടിക്കുകയും ചെയ്തു. ഇന്ന് സ്വയം കഴിക്കല്‍ ഏറെ ശ്രേഷ്ഠമാണെന്നറിയിക്കുന്നു.

മാംസം സൂക്ഷിച്ചുവെക്കല്‍

ബലിമാംസം എത്ര കാലവും സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാവുന്നതാണ്. നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ഭക്ഷിക്കുക, ദാനം ചെയ്യുക, സൂക്ഷിച്ചു വെക്കുക’ (മുസ്‌ലിം).

ജാബിര്‍(റ) പറയുന്നു: ‘നബി ﷺ യുടെ കാലത്ത് ഞങ്ങള്‍ ബലിമാംസം മദീനാ യാത്രയില്‍ യാത്രാ ഭക്ഷണമായി കൊണ്ടുപോകുമായിരുന്നു’ (ബുഖാരി, മുസ്‌ലിം).

ഏറെ ക്ഷാമമുള്ള ഒരു വര്‍ഷത്തില്‍ നബി ﷺ മൂന്ന് ദിവസത്തിലേറെ സൂക്ഷിച്ച് വെക്കാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നബി ﷺ പറഞ്ഞു: ‘മൂന്ന് ദിവസത്തിലേറെ ബലി മാംസം സൂക്ഷിക്കുന്നതിനെ ഞാന്‍ നിങ്ങളോട് വിലക്കിയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത്ര നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക’ (മുസ്‌ലിം).

അമുസ്‌ലിമിന് ബലി മാംസം നല്‍കല്‍

ക്വുര്‍ആനിന്റെയും ഹദീഥിന്റെയും പൊതുവായ അധ്യാപനങ്ങളില്‍ നിന്ന് ബലിമൃഗത്തിന്റെ മാംസം അമുസ്‌ലിമിന് നല്‍കുന്നതിന് വിരോധമില്ല എന്നാണ് പണ്ഡിതര്‍ തെളിവെടുത്തിരിക്കുന്നത്. താബിഈ പ്രമുഖനായ ഹസനുല്‍ ബസ്വരി, അബൂഥൗര്‍ എന്നിവര്‍ ഈ അഭിപ്രായം പറഞ്ഞിരിക്കുന്നു. ഇതൊരു ഭക്ഷണമാണ് എന്നതും നിര്‍ബന്ധമല്ലാത്ത ദാനധര്‍മങ്ങള്‍ അമുസ്‌ലിമിനു നല്‍കാവുന്നതാണ് എന്നതും ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സുഊദി ഉന്നത പണ്ഡിതസഭയുടെ ഫത്‌വകളിലും ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ സമസ്തക്കാര്‍ പിന്‍പറ്റുന്നു എന്നവകാശപ്പെടുന്ന ശാഫീഈ മദ്ഹബില്‍ അമുസ്‌ലിമിന് നല്‍കാന്‍ പാടില്ലെന്നാണ് പ്രബലാഭിപ്രായം.

നേര്‍ച്ചയാക്കിയ ബലി

ബലിയറുക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതില്‍നിന്ന് ഭക്ഷിക്കാമോ എന്നത് വേറെ ഒരു വിഷയമാണ്. അതില്‍ നിന്ന് ഭക്ഷിക്കാവതല്ലെന്നും അത് പൂര്‍ണമായും ദാനം ചെയ്യണമെന്നുമാണ് പ്രബലാഭിപ്രായം.

അറുക്കുന്നവനുണ്ടാവേണ്ട ഗുണങ്ങള്‍:

മുസ്‌ലിമായിരിക്കണം. പ്രായപൂര്‍ത്തിയും വിവേകവും ഉള്ളവനായിരിക്കണം. അമുസ്‌ലിം, ചെറിയ കുട്ടികള്‍, ഭ്രാന്തര്‍, അവിവേകി എന്നിവര്‍ അറുത്താല്‍ അത് ശരിയാവുകയില്ല.

മറ്റു മര്യാദകള്‍

1. പരമാവധി നല്ലയിനം മൃഗത്തെ തിരഞ്ഞെടുക്കുക. നബി ﷺ കൊമ്പുള്ളതും കാണാന്‍ നല്ല ചന്തമുള്ളതുമായ മൃഗത്തെയാണ് ബലിയറുത്തത്. അതിനാല്‍ കൊമ്പുള്ളതാണ് ഉത്തമം. എന്നാല്‍ പ്രകൃത്യാ കൊമ്പ് മുളക്കാത്തതാണെങ്കില്‍ വിരോധമില്ല.

2. കത്തി നല്ലവണ്ണം മൂര്‍ച്ചയാക്കണം. ‘ബിസ്മില്ലാഹി, അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ടാണ് നബി ﷺ ബലിയറുത്തത്. (മുസ്‌ലിം).

3. നബി ﷺ രണ്ട് ആടുകളെയാണ് ബലി അറുത്തിരുന്നത്. അതിനാല്‍ ആടാണ് ഏറ്റവും ഉത്തമം എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ മറ്റുചില ഹദീഥുകളുടെ വെളിച്ചത്തില്‍ ആടിനെക്കാള്‍ ഉത്തമം ഒട്ടകവും പിന്നെ പശുവുമാണ് എന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച ജുമുഅക്ക് നേരത്തെ പുറപ്പെട്ടാല്‍ ഒരു ഒട്ടകത്തെ ബലി നല്‍കിയ പ്രതിഫലവും രണ്ടാം സമയത്ത് പുറപ്പെട്ടാല്‍ ഒരു പശുവിനെ ബലി നല്‍കിയ പ്രതിഫലവും മൂന്നാമത്തെ സമയത്ത് പുറപ്പെട്ടാല്‍ ഒരാടിനെ ബലി നല്‍കിയ പ്രതിഫലവും ഉണ്ട് എന്ന ഹദീഥാണ് അവര്‍ തെളിവായി പറയുന്നത്. ഈ വിക്ഷണമാണ് കൂടുതല്‍ ശരി എന്ന് ഇമാം അബൂഹനീഫയും ഇമാം ശാഫിഈയും അഭിപ്രായപ്പെട്ടിരിക്കുന്നു. (മുഗ്‌നി 8/7).

4. മൃഗത്തോട് വാത്സല്യവും കരുണയും കാണിക്കുകയും കൂടുതല്‍ പ്രയാസപ്പെടുത്താതെ അതിവേഗം ജീവന്‍ പോകാവുന്നവിധം അറുക്കുകയുമാണ് വേണ്ടത്. ബലിമൃഗത്തെ വീഴ്ത്തിയതിനു ശേഷം ഒരുകാല്‍ കൊണ്ട് അതിനെ ചവിട്ടിപ്പിടിച്ച അവസ്ഥയില്‍ കത്തി മൂര്‍ച്ചകൂട്ടുന്ന ഒരാള്‍ക്കരികെ നബി ﷺ കടന്നുപോയി. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ഇതിന് മുമ്പ് ആകാമായിരുന്നില്ലേ ഈ മൂര്‍ച്ചകൂട്ടല്‍? നീ അതിനെ പലതവണ കൊല്ലാനാണോ ഉദ്ദേശിക്കുന്നത്?’ (ഹാകിം, ത്വബ്‌റാനി).

ഇമാം നവവി(റഹി) പറയുന്നു: ‘മൃഗത്തിന്റെ സന്നിധിയില്‍ വെച്ച് കത്തി മൂര്‍ച്ചകൂട്ടാതിരിക്കലും ഒരു മൃഗം നോക്കി നില്‍ക്കെ മറ്റൊന്നിനെ അറുക്കാതിരിക്കലും അറവു സ്ഥലത്തേക്ക് മൃഗത്തെ വലിച്ചിഴച്ച് കൊണ്ട് പോകാതിരിക്കലും അഭികാമ്യമാകുന്നു” (ശറഹു മുസ്‌ലിം 13/43).

5. ഒട്ടകത്തെ അറുക്കേണ്ടത് നിറുത്തിയിട്ടാണ്. ഇടതുകാല്‍ കെട്ടുകയും മൂന്ന് കാലുകളില്‍ നിറുത്തുകയും ചെയ്തു കൊണ്ടാണ് നബിയും സ്വഹാബത്തും ഒട്ടകത്തെ അറുത്തിരുന്നത് (അബൂദാവൂദ്). മറ്റു മൃഗങ്ങളെ ഇടതുഭാഗത്തേക്ക് ചെരിച്ചു കിടത്തി പിരടിയില്‍ കാല് വെച്ചാണ് അറുക്കേണ്ടത്. നബി ﷺ രണ്ട് ആടുകളെ അപ്രകാരം അറുത്തു എന്ന് അനസ്(റ) പറയുന്നു (ബുഖാരി, മുസ്‌ലിം). വലതു കൈ കൊണ്ടാണ് അറുക്കേണ്ടത്. എന്നാല്‍ വലതു കൈയിന്റെ സ്ഥാനത്ത് സാധാരണ ഇടത് കൈ ഉപയോഗിക്കുന്നവനാണെങ്കില്‍ മൃഗത്തെ വലതു ഭാഗത്തേക്ക് ചെരിച്ച് കിടത്തലാണ് അവര്‍ക്ക് കൂടുതല്‍ സൗകര്യമെങ്കില്‍ അതിന് വിരോധമില്ല എന്ന് ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) അഭിപ്രായപ്പെടുന്നു.

6. ക്വിബ്‌ലക്ക് മുന്നിട്ടും ബിസ്മി ചൊല്ലിയുമാണ് അറുക്കേണ്ടത്. അല്ലാഹുവോട് ബലികര്‍മം സ്വീകരിക്കാനായി പ്രാര്‍ഥിക്കല്‍ നബി ﷺ യുടെ സുന്നതാണ്. ബിസ്മി ചൊല്ലാന്‍ മറന്നാല്‍ പ്രശ്‌നമില്ല. അത് പൊറുക്കപ്പെടും.

7. ശ്വാസനാളവും അന്നനാളവും പൂര്‍ണമായും മുറിയണം. അവയോട് ചേര്‍ന്നുള്ള രണ്ട് പ്രധാന ഞരമ്പുകള്‍ കൂടി മുറിയുന്ന തരത്തിലുള്ള അറവാണ് പൂര്‍ണമായ അറവ്.

8. ബലി മൃഗത്തിന്റെ യാതൊന്നും വില്‍ക്കാവതല്ല. തോല്‍ വില്‍ക്കുന്നുവെങ്കില്‍ തന്നെ അതിന്റെ വില ദരിദ്രര്‍ക്ക് ദാനം ചെയ്യേണ്ടതാണ്. അറവുകാരന്റെ കൂലിയായി ഒരിക്കലും തന്നെ തോല്‍ നല്‍കാവുന്നതല്ല. അലി(റ) പറയുന്നു: ”നബി ﷺ എന്നോട് ബലി മൃഗത്തെ കൈകാര്യം ചെയ്യാന്‍ കല്‍പിച്ചു. അതിന്റെ മാംസവും തോലും എല്ലാം ദാനം ചെയ്യാനും അറവുകാരന് അതില്‍ നിന്ന് നല്‍കാതിരിക്കാനും നബി ﷺ എന്നോട് കല്‍പിച്ചു.” മറ്റൊരു റിപ്പോര്‍ട്ടില്‍ ‘ദരിദ്രര്‍ക്ക് നല്‍കാന്‍ കല്‍പിച്ചു’ എന്നാണുള്ളത് (ബുഖാരി, മുസ്‌ലിം).

ദാനമായി അറവുകാരന് നല്‍കുന്നതിന് വിരോധമില്ല. കൂലി എന്ന നിലക്ക് നല്‍കാവതല്ല എന്ന് മാത്രം. തോല്‍/തോലിന്റെ വില ദാനമായി നല്‍കേണ്ടത് ദരിദ്രര്‍ക്കാണ്. ദരിദ്രരുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനായി സ്ഥാപിക്കപ്പെട്ട സംഘങ്ങള്‍, കൂട്ടായ്മകള്‍, സംരംഭങ്ങള്‍ എന്നിവക്ക് നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ പള്ളിനിര്‍മാണം, പള്ളിപരിപാലനം എന്നിവക്ക് അത് ഉപയോഗിക്കാതിരിക്കലാണ് കൂടുതല്‍ സൂക്ഷ്മത. അറവുകാരന് ദാനമായി തോല്‍ നല്‍കുന്നുവെങ്കില്‍ അതിന് മുമ്പായി അവന്റെ കൂലി പൂര്‍ണമായും നല്‍കലാണ് നല്ലത്. അല്ലാത്ത പക്ഷം കൂലിയില്‍ ഇളവ് നല്‍കാന്‍ ഒരു പക്ഷേ ഇതൊരു നിമിത്തമായി കണക്കാക്കപ്പെട്ടേക്കാം എന്ന് ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (3/556).

കയറ്റുമതിയും ഇറക്കുമതിയും

ഇന്ന് സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന രീതിയാണ് ഇതരസംസ്ഥാനങ്ങളിലേക്ക് ബലിമാംസവും ബലിമൃഗത്തിനുള്ള പണവും കൊടുത്തയക്കുക എന്നതും വിദേശരാജ്യത്ത് ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ബലിമൃഗങ്ങളുടെ വില നാട്ടിലെ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ക്ക് അയക്കുകയും എന്നിട്ട് നാട്ടില്‍ എവിടെയെങ്കിലുമൊക്കെ ഒരു മൃഗത്തെ അറുക്കുകയും ചെയ്യുക എന്നതും. ഈ ഒരു രീതി മൊത്തത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു പക്ഷേ അത് കൂടുതല്‍ ഗുണകരമാണ് എങ്കില്‍ ആകാം എന്ന് മാത്രം.

അതുവഴി ബലിയുമായി ബന്ധപ്പെട്ട ധാരാളം നന്മകള്‍ നഷ്ടപ്പെടുവാനും ചിലപ്പോഴെങ്കിലും ചില ദോഷങ്ങള്‍ വന്നുചേരുവാനും സാധ്യതയുണ്ട് എന്ന് ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞ ന്യായങ്ങളെ നമുക്കിങ്ങനെ സംഗ്രഹിക്കാം:

1. ഇതൊരു ആരാധനയാണ്. മറ്റു നാട്ടിലേക്ക് പണമായി കൊടുത്തയക്കുമ്പോള്‍ സാധാരണ ഒരു ധര്‍മത്തിന്റെ മാനസികാവസ്ഥ മാത്രമെ ഇത് നല്‍കുന്നവനും സ്വീകരിക്കുന്നവനും ഉണ്ടാകൂ.

2. തന്റെ ബലിമൃഗത്തെ താന്‍ തന്നെ അറുക്കുക എന്നതും മറ്റൊരാളെ ഏല്‍പിക്കുന്നുവെങ്കില്‍ തന്നെ അതിന് താന്‍ സാക്ഷ്യം വഹിക്കണമെന്നതും ഇതിലൂടെ നഷ്ടപ്പെടുന്നു.

3. തന്റെ ബലിമൃഗത്തില്‍ നിന്ന് താന്‍ ഭക്ഷിക്കണമെന്ന ക്വുര്‍ആനിന്റെ കല്‍പനയും പ്രവാചകമാതൃകയും പാലിക്കപ്പെടാതെ പോകുന്നു.

4. ഒന്നിലേറെ മൃഗങ്ങളുടെ വില ഒന്നിച്ച് മറ്റൊരു നാട്ടിലേക്ക് അയക്കുകയും അവര്‍ ഒന്നിച്ച് മൃഗങ്ങളെ വാങ്ങി അറുക്കുകയും ചെയ്യുമ്പോള്‍ ഏത് മൃഗം ആരുടേതാണ് എന്നു പോലും അറിയാതെ പോകുന്നു.

5. അറുക്കുന്നത് വരെ നഖവും മുടിയും എടുക്കരുത് എന്ന പ്രവാചകാധ്യാപനം നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കാന്‍ സാധ്യത കൂടുന്നു.

6. ഒരു മതചിഹ്നമായി നിശ്ചയിക്കപ്പെട്ട ഈ കാര്യം, ഒരു നാട്ടിലെ ആളുകളെല്ലാം മറ്റൊരു നാട്ടിലേക്ക് പണമയക്കുക വഴി ആനാട്ടില്‍ പരസ്യപ്പെടുത്തുന്നത് ഇല്ലാതാകുന്നു. 

ഇതിനെല്ലാം പുറമെ പണം സ്വീകരിക്കുന്നവര്‍ ലക്ഷണമൊത്ത മൃഗത്തെ തന്നെയാണ് വാങ്ങിയതെന്നോ ശരിയായ രീതിയില്‍ തന്നെയാണ് അറവും അനുബന്ധകാര്യങ്ങളും  നിര്‍വഹിച്ചത് ഒന്നോ ഉറപ്പു വരുത്താന്‍ പലപ്പോഴും സാധിക്കാതെ വരുന്നു. എല്ലാറ്റിലുമുപരി നബിയുടെയോ സ്വഹാബത്തിന്റെയോ ഒരു മാതൃക ഈ രംഗത്ത് കാണാന്‍ ആകുന്നുമില്ല. അന്നും മദീനയുടെ പുറത്ത് പല പ്രദേശത്തും ആവശ്യക്കാരുണ്ടായിട്ടും അവരാരും അങ്ങനെ ചെയ്തില്ല എന്നത് പ്രത്യേകം ശ്രദ്ധേയവുമാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാവുന്ന ഒരു നന്മ മറ്റൊരു നാട്ടിലേക്ക് അയക്കുകവഴി നേടാനാകുമെങ്കില്‍ അതിന് വിരോധമില്ല. ഉദാഹരണമായി പട്ടിണികൊണ്ട് പ്രയാസപ്പെടുന്ന ഒരു പ്രദേശത്തേക്ക് ഈ മാംസം എത്തിയാല്‍ അവിടെയുള്ള മുസ്‌ലിംകള്‍ക്ക് ഒരു പക്ഷേ ജീവന്‍ നിലനിര്‍ത്താന്‍ പോലും ഇത് പര്യാപ്തമാകുമെന്ന സാഹചര്യം ഉണ്ടെങ്കില്‍.

ബലി സ്വന്തം നാട്ടില്‍ സ്വന്തം മേല്‍നോട്ടത്തില്‍ അറുക്കുകയും അതില്‍ നിന്ന് അല്‍പമെങ്കിലും കഴിച്ചതിന് ശേഷം ബാക്കി സമീപ പ്രദേശങ്ങളില്‍ കുടുതല്‍ ആവശ്യക്കാരായവര്‍ക്ക് കൊടുത്തയക്കുകയും ചെയ്യാനാകുമെങ്കില്‍ അതാണ് കുടുതല്‍ നല്ലത്. എങ്കില്‍ മേല്‍ വിവരിച്ച പല നന്മകളും നഷ്ടപ്പെടാതെ സൂക്ഷിക്കാനാകും.

ഇങ്ങനെ പണം അയക്കുന്നവരും അത് സ്വീകരിച്ച് കൈകാര്യം ചെയ്യുന്നവരും ഇതില്‍ ഏറെ സൂക്ഷ്മത പുലര്‍ത്തണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നു. കേവലം ഒരു ദാനധര്‍മത്തെ പോലെ ഇതിനെ കാണാതിരിക്കുക. മത ചിഹ്നമായി നിശ്ചയിക്കുപ്പെട്ടതും പ്രത്യേകം ആരാധനയായി പഠിപ്പിക്കപ്പെട്ടതും ആണ് എന്ന കാര്യം ഗൗരവപൂര്‍വം ഓര്‍ക്കുക.

മഹത്ത്വമേറിയ ഒരു ആരാധനാകര്‍മമാണ് ബലി. അതിനാല്‍ മറ്റു ആരാധനകള്‍ പോലെ തന്നെ ഇതും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ പേരില്‍ മാത്രമെ ആകാവൂ. പ്രവാചകന്മാര്‍, മഹത്തുക്കള്‍, ശുഹദാക്കള്‍, ജിന്നുകള്‍, മലക്കുകള്‍, തങ്ങന്മാര്‍, പ്രതിഷ്ഠകള്‍ തുടങ്ങി ഏത് സൃഷ്ടിക്ക് വേണ്ടി ബലി അറുത്താലും അത് അവര്‍ക്കുള്ള ആരാധനയായി മാറുന്നു. പ്രപഞ്ച സ്രഷ്ടാവിനോട് സൃഷ്ടിയെ തുല്യപ്പെടുത്തല്‍ ആണത്. അതാവട്ടെ ഒരിക്കലും പൊറുക്കപ്പെടാത്ത മഹാപാപവുമാണ്. നമ്മുടെയൊക്കെ നാടുകളില്‍ ബദ്‌രീങ്ങളുടെ പേരിലും പല ശൈഖുമാരുടെ പേരിലും ഇങ്ങനെ ബലിയറുക്കപ്പെടുന്നു എന്നത് എത്രമാത്രം വേദനാജനകമാണ്! 

ഈ വിഷയകമായി ഇമാം നവവി(റ) തന്റെ ശറഹു മുസ്‌ലിമില്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തി അവസാനിപ്പിക്കുന്നു: ”അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നഹദീഥിലെ ‘അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക’ എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കലാണ്. വിഗ്രഹങ്ങള്‍, കുരിശ്, മൂസാനബി(അ), ഈസാ നബി(അ), കഅ്ബ എന്നിവക്കെല്ലാം അറുക്കുന്നത് പോലെ ഇതെല്ലാം നിഷിദ്ധമാകുന്നു. അങ്ങനെ അറുക്കപ്പെടല്‍ അനുവദനീയമല്ല താനും. അറുക്കുന്നവന്‍ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യാനിയോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു. ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും അവര്‍ക്ക് ആരാധന ചെയ്യലുമാണ് ഉദ്ദേശമെങ്കില്‍ അത് അവിശ്വാസമാണ്. അങ്ങനെ അറുത്തവന്‍ അറുക്കുന്നതിന് മുമ്പ് മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറുവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും” (ശറഹു മുസ്‌ലിം-ഹദീഥ് നമ്പര്‍: 1978)

 

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

ബന്ധങ്ങള്‍ കൂട്ടിയിണക്കുക

ബന്ധങ്ങള്‍ കൂട്ടിയിണക്കുക

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായതിനാല്‍ തന്റെ ജീവിതയാത്രയില്‍ ബന്ധപ്പെടുന്നവരോടെല്ലാം മാന്യമായ നിലയില്‍ വര്‍ത്തിക്കേണ്ടതുണ്ട്. കുടുംബബന്ധം പുലര്‍ത്തുകയും കടമകളും കടപ്പാടുകളും നിര്‍വഹിക്കുകയും ചെയ്യേണ്ടതുണ്ട്. സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നത് കാണുക:

”അപ്പോള്‍ നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമെ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍. തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച്‌കൊണ്ട് ക്ഷമകൈക്കൊള്ളുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്!” (ക്വുര്‍ആന്‍ 13: 19-24).

”അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ ബന്ധങ്ങള്‍ ചേര്‍ത്തിക്കൊള്ളട്ടെ” (ബുഖാരി, മുസ്‌ലിം) എന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ക്വുര്‍ആനില്‍ പല ഭാഗങ്ങളിലായി അല്ലാഹുവിന്റെ ഈ കല്‍പന നമുക്ക് കാണാം:

”നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല” (ക്വുര്‍ആന്‍ 4:36).

 ”കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍” (ക്വുര്‍ആന്‍ 13:21).

അബൂദര്‍റ്(റ) പറയുന്നു: ”എന്റെ കൂട്ടുകാരന്‍ നബി(സ്വ) എന്നോട് ഏഴു കാര്യങ്ങള്‍ ഉപദേശിച്ചു. അതില്‍ ഒന്ന്, കുടുംബക്കാര്‍ എന്നെ അകറ്റിയാലും ഞാന്‍ അവരോട് ബന്ധം ചേര്‍ക്കണമെന്നതായിരുന്നു.”

നബി(സ്വ) പറയുന്നു: ”അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക. ഭക്ഷണം നല്‍കുക,. ബന്ധങ്ങള്‍ ചേര്‍ക്കുക. രാത്രിയില്‍ ആളുകള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ നമസ്‌കരിക്കുക. സുരക്ഷിതരായി നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം” (തിര്‍മുദി).

”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 4:1).

വാക്ക് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ബന്ധം മുറിയാന്‍ കാരണമാകുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഭയപ്പെടേണ്ടതുണ്ട്. നബി(സ്വ) പറയുന്നു:

”അന്ത്യനാളില്‍ ബന്ധങ്ങള്‍ ചേര്‍ത്തവന് സാക്ഷിയായി കുടുംബബന്ധം സ്വിറാത്വിന്റെ ഇരുവശങ്ങളിലും നില്‍ക്കും. ബന്ധങ്ങള്‍ മുറിച്ചവര്‍ക്കെതിരിലും അത് സാക്ഷി പറയും. സ്വിറാത്വിലൂടെ ഓരോരുത്തരും കടന്നുപോകുമ്പോള്‍ ‘അല്ലാഹുവേ, ഇവന്‍ ബന്ധം ചേര്‍ത്തവനാണ്’ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.”

ഒരു വ്യക്തി വന്നുകൊണ്ട് പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, എന്നെ സ്വര്‍ഗത്തില്‍  പ്രവേശിപ്പിക്കുന്നതും നരകത്തില്‍നിന്ന് അകറ്റുന്നതുമായ ഒരു കര്‍മം പറഞ്ഞുതരൂ.” നബി(സ്വ) പറഞ്ഞു: ”നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് നല്‍കുക. കുടുംബബന്ധം ചേര്‍ക്കുക” (ബുഖാരി, മുസ്‌ലിം).

 

”കുടുംബബന്ധം അര്‍ശിനോട് ബന്ധിക്കപ്പെട്ടതാണ്. അത് പറയും: ‘എന്നെ ചേര്‍ത്തവനോട് അല്ലാഹു ബന്ധം ചേര്‍ക്കും. എന്നെ മുറിച്ചവനോട് അല്ലാഹു ബന്ധം മുറിക്കും” (ബുഖാരി, മുസ്‌ലിം).

ബന്ധം മുറിക്കുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിന് അര്‍ഹരായവരാണ്:

”എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 47: 22,23).

”ബന്ധങ്ങള്‍ മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെ”ന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട് (സ്വഹീഹുല്‍ ജാമിഅ് 7548).

ബന്ധങ്ങളില്‍ ഏറ്റവും വലുത് മാതാപിതാക്കളോടുള്ളതാണ്. അതില്‍ വീഴ്ചവരുത്തുന്നവനും അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവനും മഹാപാപമാണ് ചെയ്യുന്നത്. മഹാപാപങ്ങള്‍ എന്താണെന്ന് പഠിപ്പിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: ”അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍, മാതാപിതാക്കള്‍ക്ക് എതിരു പ്രവര്‍ത്തിക്കല്‍” (ബുഖാരി).

നീരസത്തിന്റെ ചെറിയ വാക്കുപോലും അവരോട് പറയാന്‍ പാടില്ല:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17: 23,24).

നിസ്സാര പ്രശ്‌നങ്ങളുടെ പേരിലും സാമ്പത്തിക ഇടപാടുകളുടെ പേരിലും സ്വന്തം മാതാപിതാക്കളോട് ഇടഞ്ഞ് നില്‍ക്കുന്നവരും അവരെ അസഭ്യം പറയുന്നവരുമായ എത്രയോ മക്കള്‍ നമ്മുടെ നാട്ടിലുണ്ട്. മക്കളാല്‍ കൊല്ലപ്പെടുന്ന മാതാപിതാക്കളുമുണ്ട്! അല്ലാഹുവിന്റെ കഠിനമായ ശിക്ഷയെ അവര്‍ ഭയപ്പെടേണ്ടതുണ്ട്. ‘മാതാപിതാക്കളോടുള്ള നന്ദി പൂര്‍ണമാക്കാതിരുന്നാല്‍ അല്ലാഹുവോടുള്ള നന്ദി സ്വീകരിക്കപ്പെടുകയില്ലെ’ന്ന ഇബ്‌നുഅബ്ബാസ്(റ)വിന്റെ പ്രസ്താവന നാം ഓര്‍ക്കുക. ഇഹലോകത്തു വെച്ചുതന്നെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള തെറ്റുകളില്‍ പെട്ടതാണ് മാതാപിതാക്കളോട് കാണിക്കുന്ന അനീതി.

ഇങ്ങോട്ട് ബന്ധം പുലര്‍ത്തുന്നവരോട് മാത്രം അങ്ങോട്ട് ബന്ധം പുലര്‍ത്തുന്നവരാണേറെയും. എന്നാല്‍ മുറിഞ്ഞുപോയ ബന്ധം ചേര്‍ക്കാനാണ് ഒരു സത്യവിശ്വാസി ശ്രമിക്കേണ്ടത്. നബി(സ്വ) പറയുന്നു: ”പ്രത്യുപകാരം ചെയ്യുന്നവനല്ല യഥാര്‍ഥ ബന്ധം ചേര്‍ക്കുന്നവന്‍. മറിച്ച്, മുറിഞ്ഞുപോയ ബന്ധം ചേര്‍ക്കുന്നവനാണ്” (ബുഖാരി).

നമ്മള്‍ അങ്ങോട്ട് മാന്യമായി നിന്നാലും ഇങ്ങോട്ട് മോശമായി പെരുമാറുകയും അകല്‍ച്ചക്കു ശ്രമിക്കുകയും ചെയ്യുന്നവരുണ്ടാകും. അത് നാം വിലവെക്കേണ്ടതില്ല. നമ്മുടെ ഉത്തരവാദിത്തം നാം നിര്‍വഹിക്കുക.

ഒരു വ്യക്തി വന്നുകൊണ്ട് നബി(സ്വ)യോട് പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ചില ബന്ധുക്കളുണ്ട്. ഞാന്‍ അവരോട് ബന്ധം ചേര്‍ക്കുകയും അവര്‍ എന്നോട് ബന്ധം മുറിക്കുകയും ചെയ്യുന്നു. ഞാന്‍ അവരോട് നന്മ ചെയ്യുന്നു. അവര്‍ എന്നോട് മോശമായി പെരുമാറുന്നു. ഞാനവരോട് വിവേകം കാണിക്കുന്നു. അവരെന്നോട് വിവരക്കേട് കാണിക്കുന്നു.” നബി(സ്വ) പറഞ്ഞു: ”നീ പറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ നീ അവരെ ചൂടുള്ള വെണ്ണീറു തീറ്റിക്കുകയാണ്. നീ ഈ അവസ്ഥ തുടരുന്നിടത്തോളം അല്ലാഹുവിന്റെ സഹായം നിന്നോടൊപ്പമുണ്ടായിക്കൊണ്ടിരിക്കും.”

കുടുംബ പ്രശ്‌നങ്ങള്‍ ഇന്ന് സമൂഹത്തില്‍ അനവധിയുണ്ട്. കുടുംബാംഗങ്ങള്‍ ക്ഷമ കൈക്കൊള്ളുകയും അല്ലാഹുവിന്റെ പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്താലേ രക്ഷയുള്ളൂ. നമ്മുടെ ഒരു നോട്ടമോ, സംസാരമോ, പ്രവൃത്തിയോ പോലും ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നത് നാം സൂക്ഷിക്കുക. മതപരമായ ബാധ്യതകള്‍ വിസ്മരിക്കാതിരിക്കുക.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക