05: സുസമ്മതനായ മധ്യസ്ഥന്‍

സുസമ്മതനായ മധ്യസ്ഥന്‍

Image result for masjid al-haram black stone

(മുഹമ്മദ് നബി ﷺ , ഭാഗം 5)

ആര്‍ക്കിടയിലും പ്രശ്‌നമുണ്ടായാല്‍ മധ്യസ്ഥനായി എല്ലാവരും തെരഞ്ഞെടുക്കാറ് മുഹമ്മദ് നബി ﷺ യെയായിരുന്നു. നബി ﷺ യുടെ 35ാമത്തെ വയസ്സില്‍ കഅ്ബ പുതുക്കിപ്പണിയാന്‍ മക്കക്കാര്‍ തീരുമാനിച്ചു. മുമ്പുണ്ടായ വെള്ളപ്പൊക്കവും തീപിടുത്തവും കാരണം കഅ്ബക്ക് ബലക്ഷയം സംഭവിച്ചിരുന്നു. അതിനാലാണ് അത് പുതുക്കിപ്പണിയാന്‍ അവര്‍ തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുമ്പ് നാം വിവരിച്ചതാണ്.

കഅ്ബയുടെ പുനര്‍നിര്‍മാണം അവസാനിക്കാറായപ്പോള്‍ അവര്‍ക്കിടയില്‍ ഒരു തര്‍ക്കം ഉണ്ടായി. കഅ്ബയില്‍ പണ്ടുമുതലേയുള്ള പവിത്രമായ ഹജറുല്‍അസ്‌വദ് യഥാസ്ഥാനത്ത് ആര് വെക്കണം എന്ന വിഷയത്തില്‍ അറബി ഗോത്രക്കാര്‍ക്കിടയില്‍ വലിയ തര്‍ക്കവും വാഗ്വാദങ്ങളും ഉണ്ടായി. ഒരു വലിയ യുദ്ധത്തിലേക്ക് പ്രശ്‌നം എത്തുന്ന സാഹചര്യം ഉണ്ടായി. ആ കല്ല് അതിന്റെ സ്ഥാനത്തേക്ക് വെക്കുന്നവര്‍ക്ക് അവര്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ആ സ്ഥാനം ലഭിക്കാന്‍ വേണ്ടിയാണ് ഓരോ ഗോത്രക്കാരും അതിനുവേണ്ടി തര്‍ക്കിക്കുന്നതും അവകാശവാദം ഉന്നയിക്കുന്നതും. പല അഭിപ്രായങ്ങളും ഉണ്ടായി. ഇനി ആദ്യമായി ആരാണോ ഇവിടേക്ക് വരുന്നത് അവരുടെ തീരുമാനം നടപ്പിലാക്കാം എന്ന അഭിപ്രായത്തെ എല്ലാവരും സ്വീകരിച്ചു.

അല്ലാഹുവിന്റെ മഹത്തായ തീരുമാന പ്രകാരം അവിടേക്ക് ആദ്യം വന്നത് മുഹമ്മദ് നബി ﷺ യായിരുന്നു. നബി ﷺ യെ കണ്ടമാത്രയില്‍ അവര്‍ പറഞ്ഞു: ‘വിശ്വസ്തന്‍ വന്നു… മുഹമ്മദേ, നിന്നില്‍ ഞങ്ങള്‍ തൃപ്തരാകുന്നു.’ നീതിയോടെ നബി ﷺ ആ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. നബി ﷺ അവരോട് വലിയ ഒരു വിരിപ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അതില്‍ ആ കല്ല് വച്ചു. പിന്നീട് എല്ലാ ഗോത്രക്കാരുടെയും പ്രതിനിധികളോട് തുണിയുടെ അറ്റങ്ങളില്‍ പിടിക്കാന്‍ പറഞ്ഞു. ശേഷം എല്ലാവരോടും അത് വെക്കേണ്ട സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. അവര്‍ ഉയര്‍ത്തി. നബി ﷺ വിരിയില്‍നിന്നും കല്ലെടുത്ത് അതിന്റെ സ്ഥാനത്ത്‌വച്ചു. അതോടെ ആ പ്രശ്‌നം അവിടെ അവസാനിച്ചു. എല്ലാവര്‍ക്കും സന്തോഷമായി. ആര്‍ക്കും പ്രത്യേകം തര്‍ക്കിക്കാന്‍ ഇടയില്ലാത്ത വിധം, എന്നാല്‍ എല്ലാ ഗോത്രക്കാര്‍ക്കും അതിനുള്ള അവസരം ലഭിക്കത്തക്ക രൂപത്തിലുമായിരുന്നു നബി ﷺ യുടെ ബുദ്ധിപരമായ ഇടപെടല്‍. പവിത്രമായ ആ കല്ല്, പവിത്രമായ കരങ്ങളാല്‍ അതിന്റെ സ്ഥാനത്ത് സ്ഥാപിക്കപ്പെടുകയും ചെയ്തു.

നല്ലകാര്യങ്ങളില്‍ പങ്കാളി

നാട്ടിലെ തിന്മകളോട് നബി ﷺ യുടെ സമീപനം എന്തായിരുന്നു എന്നത് നാം മനസ്സിലാക്കി. നാട്ടിലെ ഏത് നല്ല കാര്യങ്ങളിലും അവിടുത്തെ സാന്നിധ്യം ഉണ്ടായിരുന്നു. നല്ല സഖ്യങ്ങളിലും എഴുത്തുകള്‍ കൈമാറുന്നതിലും ചര്‍ച്ചകളിലും കരാറുകളിലും അവിടുന്ന് സഹകരിച്ചിരുന്നു. മര്‍ദിതര്‍ക്കുവേണ്ടി ഒരുമിക്കണമെന്നും മര്‍ദകന്മാരുടെ പിടിയില്‍നിന്ന് അവര്‍ക്ക് രക്ഷ ലഭിക്കണമെന്നുമുള്ള ലക്ഷ്യത്തോടെവിവിധ ഗോത്രത്തലവന്മാര്‍ സഖ്യകരാറില്‍ ഒപ്പിട്ടപ്പോള്‍ നബി ﷺ യുടെ സാന്നിധ്യവും അതില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കിടയിലെ വൃത്തികെട്ട ഒരു ആഘോഷത്തിലും അവിടുന്ന് പങ്കെടുത്തിരുന്നില്ല.

ഇബ്‌റാഹീം നബി(അ)യും മക്കക്കാരും

മക്കക്കാര്‍, തങ്ങള്‍ ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശത്തിലാണെന്ന് അവകാശപ്പെടുന്നവരായിരുന്നു. അവര്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനവും സ്‌നേഹവും അദ്ദേഹത്തെ ആരാധിക്കുന്നതിലേക്ക് വഴിമാറി. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനായി ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും മക്കയില്‍ നിര്‍മിച്ച കഅ്ബയില്‍ അവരുടേത് അടക്കമുള്ള വിഗ്രഹങ്ങള്‍ അവര്‍ നാട്ടി. ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശത്തിന് വിരുദ്ധമായി അവര്‍ ജീവിക്കുകയും ചെയ്തു.

ഇബ്‌റാഹീം(അ) മക്കയില്‍ പ്രചരിപ്പിച്ച യഥാര്‍ഥ വിശ്വാസം അണഞ്ഞുപോകാത്ത വിധത്തില്‍ അതനുസരിച്ച് ജീവിച്ചിരുന്ന ഒറ്റപ്പെട്ട ചിലരെങ്കിലും മക്കയില്‍ ഉണ്ടായിരുന്നു. വറക്വതുബ്‌നു നൗഫല്‍, സയ്ദുബ്‌നു നുഫയ്ല്‍ പോലുള്ളവര്‍ അവരില്‍ പെട്ടവരാണ്. ഇതുപോലുള്ള ആളുകളില്‍നിന്ന് ഇബ്‌റാഹീം നബി(അ)യുടെ പാരമ്പര്യത്തെ പറ്റി പഠിച്ചും കേട്ടും അറിഞ്ഞത് പ്രകാരം നബി ﷺ യും വളര്‍ന്നു.

നബി ﷺ യുടെ വിവാഹം

നബി ﷺ മക്കക്കാരുടെ കൂടെ കച്ചവടത്തിനായി പല ഭാഗങ്ങളിലേക്കും യാത്ര പോകാറുണ്ടായിരുന്നു എന്ന് നാം വിവരിച്ചിരുന്നുവല്ലോ. മക്കയിലെ വര്‍ത്തകപ്രമുഖയും സമ്പന്നയും വലിയ ഗോത്രമഹിമയുള്ളവരും സദ്‌വൃത്തയുമായ ഖദീജ(റ) തന്റെ കച്ചവടച്ചരക്കുകളുമായി ആളുകളെ സിറിയയിലേക്ക് അയക്കാറുണ്ടായിരുന്നു. ആ കാലത്ത് നബി ﷺ യുടെ സത്യസന്ധതയും വിശ്വസ്തതയും മക്കയില്‍ പരസ്യമായിരുന്നു. ഖദീജ(റ)യും നബി ﷺ യുടെ ഈ സ്വഭാവമഹിമ മനസ്സിലാക്കി. സാധാരണ ഒരാളെ ഏല്‍പിക്കുന്നതിനെക്കാള്‍ വലിയ കച്ചവടച്ചരക്കുകള്‍ നബി ﷺ യെ ഏല്‍പിച്ച് ശാമിലേക്ക് പറഞ്ഞയച്ചു. ഈ കാലത്തൊന്നും മുഹമ്മദ് ﷺ പ്രവാചകനായിരുന്നില്ലെന്നത് നാം മറന്നുപോകരുത്.

മയ്‌സറ എന്ന് പേരുള്ള ഒരു ഭൃത്യന്‍ ഖദീജ(റ)ക്ക് ഉണ്ടായിരുന്നു. മയ്‌സറയെയും ശാമിലേക്ക് പറഞ്ഞയക്കുന്നവരുടെ കൂടെ അവര്‍ അയക്കാറുണ്ടായിരുന്നു. നബി ﷺ യുടെ കൂടെയും ഈ ഭൃത്യന്‍ ഉണ്ടായിരുന്നു. കച്ചവടം കഴിഞ്ഞ് വമ്പിച്ച ലാഭവുമായി ഇരുവരും ശാമില്‍ (ഇന്നത്തെ സിറിയയില്‍) നിന്ന് മടങ്ങി. ഖദീജ(റ)യുടെ മനസ്സില്‍ അത് ഏറെ സന്തോഷമുണ്ടാക്കി. കൂടാതെ, ഭൃത്യന്‍ മയ്‌സറയില്‍നിന്നും; യാത്രക്കിടയില്‍ മുഹമ്മദി ﷺ ല്‍നിന്നുണ്ടായ നല്ല അനുഭവങ്ങളും അദ്ദേഹത്തിന്റെ സത്യസന്ധത, വിശ്വസ്തത, മറ്റു സദ്ഗുണങ്ങള്‍ എന്നിവയെക്കുറിച്ചുമെല്ലാം കേട്ടപ്പോള്‍ ഖദീജ(റ)യുടെ മനസ്സില്‍ സന്തോഷം വാനോളം ഉയര്‍ന്നു.

ഖദീജ(റ)ക്ക് നബി ﷺ യെ വിവാഹം ചെയ്യാന്‍ ആഗ്രഹം ഉണ്ടായി. അങ്ങനെ അവര്‍ തന്റെ ഒരു കൂട്ടുകാരി മുഖേന നബി ﷺ യുടെ കുടുംബത്തിലേക്ക് ഈ കാര്യം അറിയിച്ചു. അന്ന് നബി ﷺ ക്ക് പ്രായം ഇരുപത്തി അഞ്ചായിരുന്നു.

ഖദീജ(റ) അതിനുമുമ്പ് രണ്ടുതവണ വിവാഹിതയായിട്ടുണ്ട്. അന്ന് അവര്‍ക്ക് നാല്‍പത് വയസ്സായിരുന്നു എന്നതാണ് പ്രസിദ്ധമായ അഭിപ്രായം. വേറെയും അഭിപ്രായങ്ങള്‍ പൂര്‍വികരും ആധുനികരുമായ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയത് കാണാവുന്നതാണ്. ഇരുപത്തിയെട്ട് വയസ്സായിരുന്നു അന്ന് ഖദീജ(റ)യുടെ പ്രായം എന്ന് ഇമാം ഹാകിം(റഹി) അല്‍മുസ്തദ്‌റകില്‍ സനദ് (നിവേദകപരമ്പര) കൊടുക്കാതെ ഇബ്‌നു ഇസ്ഹാക്വി(റ)ല്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. ഈ അഭിപ്രായത്തിന് ഉപോല്‍ബലകമായ പല അഭിപ്രായങ്ങളും പണ്ഡിതന്മാര്‍ പറഞ്ഞതും കാണാവുന്നതാണ്. കാരണം, നബി ﷺ അവരെ വിവാഹം ചെയ്തതിന് ശേഷം ആറുതവണ പ്രസവിച്ചിരുന്നു; രണ്ട് ആണ്‍മക്കളെയും നാല് പെണ്‍മക്കളെയും. സാധാരണഗതിയില്‍ ഒരു സ്ത്രീ അമ്പത് വയസ്സാകുമ്പോഴേക്ക് ആര്‍ത്തവം അവസാനിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരാറുണ്ടല്ലോ. അതിനാല്‍ ഇത് ഇരുപത്തിയെട്ട് വയസ്സായിരുന്നു എന്നതിനാണ് ബലം നല്‍കുന്നത് എന്നാണ് ഈ പക്ഷക്കാര്‍ പറയുന്നത്. രണ്ടായിരുന്നാലും ഇത് ഒരു തര്‍ക്കവിഷയമായി പരിഗണിക്കേണ്ട കാര്യമല്ലാത്തതിനാല്‍ കൂടുതല്‍ ഇതിനെ സംബന്ധിച്ച് വിവരിക്കുന്നില്ല.

യുവാവായ മുഹമ്മദ് ﷺ ആദ്യമായി വിവാഹം ചെയ്തത് തന്നെക്കാള്‍ പ്രായമുണ്ടായിരുന്ന, വിധവയായ ഖദീജ(റ)യെയാണ് എന്നതില്‍ തര്‍ക്കമില്ല. സ്‌നേഹത്തോടെയും ആദരവോടെയും ഇരുവരും തങ്ങളുടെ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോയി. അവരുടെ മരണംവരെ മറ്റൊരു വിവാഹത്തെ പറ്റി അവിടുന്ന് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ഖദീജ(റ)യോട് നബി ﷺ ക്ക് ഉണ്ടായിരുന്ന സ്‌നേഹം അങ്ങേയറ്റമായിരുന്നു. മറ്റു ഭാര്യമാര്‍ക്ക് പോലും അല്‍പം നീരസമുണ്ടാകും വിധം, ഖദീജ(റ)യുടെ കാലശേഷവും നബി ﷺ അവരെ സ്‌നേഹത്തോടെ സ്മരിക്കുമായിരുന്നു.

നബി ﷺ ക്ക് പ്രവാചകത്വം കിട്ടിയപ്പോള്‍ ആദ്യം വിശ്വസിച്ചത് ഖദീജ(റ)യായിരുന്നു. ഹിറാ ഗുഹയില്‍വച്ച് ആദ്യമായി വഹ്‌യ് ലഭിച്ചപ്പോള്‍ പേടിച്ചുവിറച്ച് വീട്ടിലേക്ക് ഓടിവന്ന പ്രവാചകനെ സമാശ്വസിപ്പിച്ചതും ഖദീജ(റ)യായിരുന്നു. ഈ കാര്യങ്ങളിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. നബി ﷺ യുടെ പത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കളായിട്ടാണ് അറിയപ്പെടുന്നത്. ഉമ്മഹാതുല്‍ മുഅ്മിനീങ്ങളുടെ പേര് എണ്ണുമ്പോള്‍ ആദ്യം വിശ്വാസികളുടെ നാവില്‍ വരുന്നത് മഹതിയായ ഖദീജ(റ)യുടെതാണ്.

ക്വുറൈശികളിലെ സമ്പന്നയായ, ഉന്നത സ്ഥാനക്കാരിയായ, ധനാധിക്യത്താല്‍ കീര്‍ത്തിയുള്ള ഖദീജ(റ), അനാഥനായ, ദരി്രദനായ മുഹമ്മദ് നബി ﷺ യെ വിവാഹം അന്വേഷിക്കുമ്പോള്‍ പരിഗണിച്ചത്  അവിടുത്തെ സ്വഭാവമഹിമ മാത്രമായിരുന്നു.

നബി ﷺ യുടെ സന്താനങ്ങള്‍

ഖദീജ(റ)യുടെ ആഗ്രഹമനുസരിച്ച് നബി ﷺ യുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെ നേതൃത്വത്തില്‍ ആ വിവാഹം നടന്നു. നബി ﷺ യുടെ ആദ്യവിവാഹവും ഖദീജ(റ)യുടെ മൂന്നാമത്തെ വിവാഹവും. ഇരുപത്തി അഞ്ച് കൊല്ലം നീണ്ടുനിന്നതായിരുന്നു ആ ദാമ്പത്യജീവിതം. നബി ﷺ ക്ക് ഉണ്ടായ ഏഴ് മക്കളില്‍ ആറും ഖദീജ(റ)യില്‍ നിന്നാണ് ഉണ്ടായത്. ഖദീജ(റ)യില്‍നിന്നല്ലാതെ നബി ﷺ ക്ക് ഉണ്ടായ കുട്ടിയുടെ പേര് ഇബ്‌റാഹീം എന്നായിരുന്നു. മാരിയത്തുല്‍ ക്വിബ്ത്വിയ്യ(റ)യില്‍ ആണ് ഇബ്‌റാഹീം ജനിച്ചത്. ഖദീജ(റ)യില്‍ ആദ്യം ജനിച്ചത് ക്വാസിം എന്ന കുട്ടിയായിരുന്നു. ഈ കുട്ടിയിലേക്ക് ചേര്‍ത്തുകൊണ്ടായിരുന്നു മക്കക്കാര്‍ ‘അബുല്‍ക്വാസിം’ (ക്വാസിമിന്റെ പിതാവ്) എന്ന് നബി ﷺ യെ വിളിച്ചിരുന്നത്. ക്വാസിം എന്ന കുഞ്ഞ് ഒരു വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെട്ടു. പിന്നീട് അബ്ദുല്ലാഹ് എന്ന കുട്ടി ജനിച്ചു. ത്വാഹിര്‍, ത്വയ്യിബ് എന്നീ വിളിപ്പേരുകളും ആ കുട്ടിക്ക് ഉണ്ടായിരുന്നു. ഈ കുട്ടിയും കുഞ്ഞുനാളില്‍തന്നെ മരണപ്പെടുകയുണ്ടായി. ഈ രണ്ട് ആണ്‍കുട്ടികളും സൈനബ്(റ), റുക്വിയ്യ(റ), ഉമ്മുകുല്‍സൂം(റ), ഫാത്വിമ(റ) എന്നീ നാല് പെണ്‍കുട്ടികളുമായിരുന്നു നബി ﷺ ക്ക് ഖദീജ(റ)യില്‍ ജനിച്ചത്.

നബി ﷺ ക്ക് പിറന്ന മൂന്ന് ആണ്‍മക്കളും ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു എന്ന് നാം മനസ്സിലാക്കി. നബി ﷺ ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെല്ലാം ചെറുപ്പത്തില്‍തന്നെ മരണപ്പെടുക എന്നത് അല്ലാഹുവിന്റെ ഒരു തീരുമാനമായിരുന്നു. അവിടുത്തെ ആണ്‍മക്കള്‍ ചെറുപ്പത്തിലേ മരണപ്പെട്ടതിനാല്‍ ശത്രുക്കള്‍ നബി ﷺ യെ കളിയാക്കിയിരുന്നു. മുഹമ്മദിന്റെ ആദര്‍ശം ഏറ്റെടുക്കാന്‍ ആണ്‍മക്കള്‍ ആരും ഇല്ലെന്നും അദ്ദേഹത്തിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ആദര്‍ശവും നശിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. അവരുടെ ആ പരിഹാസത്തിന് അല്ലാഹു ശക്തമായ മറുപടി ക്വുര്‍ആനിലൂടെ നല്‍കിയിട്ടുണ്ട്. ആ ഭാഗം ശേഷം വിവരിക്കുന്നുണ്ട്, ഇന്‍ശാ അല്ലാഹ്.

നബി ﷺ ക്ക് ഈ മക്കളെല്ലാം ജനിച്ചത് അവിടുത്തെ പ്രവാചകത്വത്തിന് മുമ്പായിരുന്നു. നുബുവ്വത്ത് ലഭിച്ചതിന് ശേഷം നബി ﷺ മക്കള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. അവര്‍ നാലുപേരും അത് സ്വീകരിച്ചു. നബി ﷺ യുടെ കൂടെ അവര്‍ എല്ലാവരും ഉറച്ചുനിന്നു. ഹിജ്‌റ പോയവരുടെ കൂട്ടത്തിലും ഈ നാല് പെണ്‍മക്കള്‍ ഉണ്ടായിരുന്നു. ഇവരില്‍ ഫാത്വിമ(റ) ഒഴികെയുള്ളവരെല്ലാം നബി ﷺ യുടെ വഫാത്തിന് മുമ്പുതന്നെ മരണപ്പെട്ടു. നബി ﷺ യുടെ മരണം അടുത്ത സമയത്ത് മകള്‍ ഫാത്വിമ(റ)യെ അവിടുന്ന് അടുത്തേക്ക് വിളിച്ചു. എന്നിട്ട് മകളുടെ കാതില്‍ എന്തോ ഒരു സ്വകാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ കരഞ്ഞു. ശേഷം മറ്റൊരു സ്വകാര്യവും നബി ﷺ പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിക്കുകയും ചെയ്തു. നബി ﷺ യുടെ മരണശേഷം ഫാത്വിമ(റ) ആ സംഭവത്തെക്കുറിച്ച് ചോദിക്കപ്പെടുകയുണ്ടായി. ‘അല്ലാഹുവിന്റെ റസൂല്‍ ﷺ ആദ്യം എന്നോട് അവിടുത്തെ വഫാത്തിനെ പറ്റി പറഞ്ഞു, അപ്പോള്‍ ഞാന്‍ കരഞ്ഞു. പിന്നീട് നീയായിരിക്കും എന്നോട് ആദ്യം ചേര്‍ന്നുവരിക എന്ന് പറഞ്ഞു, അപ്പോള്‍ ഞാന്‍ ചിരിക്കുകയും ചെയ്തു’ എന്ന് അവര്‍ അതിനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയുണ്ടായി. നബി ﷺ യുടെ വഫാത്തിന് ശേഷം ആറു മാസം പൂര്‍ത്തിയായപ്പോള്‍ സ്വര്‍ഗസ്ത്രീകളുടെ നേതാവ് എന്ന പേരില്‍ അറിയപ്പെടുന്ന ഫാത്വിമ(റ)യും ഇഹലോകവാസം വെടിഞ്ഞു.

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

നബി ﷺ യുടെ ജനന സമയം

നബി ﷺ യുടെ ജനന സമയം

(മുഹമ്മദ് നബി ﷺ , ഭാഗം 4)

നബി ﷺ യുടെ ജനന സമയത്തെ പറ്റി പല കഥകളും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ നാടുകളില്‍ നബി ﷺ യെ പുകഴ്ത്തുകയാണെന്ന് പറഞ്ഞ് ഭക്തിയോടെ പാരായണം ചെയ്യുന്ന മങ്കൂസ് മൗലിദില്‍ ഇപ്രകാരം പറയുന്നത് കാണാം:

”സ്വഹീഹായ സനദോടുകൂടി ഉദ്ധരിക്കപ്പെട്ട ഹദീസില്‍ വന്നിട്ടുള്ളത് പോലെ അവിടുന്ന് പ്രസവിക്കപ്പെട്ടത് ചേലാകര്‍മം ചെയ്യപ്പെട്ടവനായും സുറുമയിടപ്പെട്ടവനായുമായിരുന്നു.”

മങ്കൂസ് മൗലിദില്‍ പറഞ്ഞ ഈ കാര്യം പല റിപ്പോര്‍ട്ടുകളിലും വന്നിട്ടുണ്ടെങ്കിലും അവയെല്ലാം അങ്ങേയറ്റത്തെ ന്യൂനതകളുള്ളതാണെന്ന് നമുക്ക് കാണാവുന്നതാണ്. വേറെ ചില ദുര്‍ബല റിപ്പോര്‍ട്ടുകളിലുള്ളത് ജീബ്‌രീല്‍(അ) ആയിരുന്നു നബിയുടെ ചേലാകര്‍മം ചെയ്തത് എന്നും കാണാം. അബ്ദുല്‍ മുത്ത്വലിബ് ഏഴാം നാളില്‍ ചേലാകര്‍മം ചെയ്തു എന്ന റിപ്പോര്‍ട്ടും അസ്വീകാര്യമായതാണ്. അതുപോലെ, അവിടുന്ന ജനിച്ചദിവസം ബഹുദൈവാരാധകരുടെ വിഗ്രഹങ്ങള്‍ തലകുത്തിവീണു എന്നും, സാവതടാകം വറ്റിയെന്നും, കിസ്‌റാ കൊട്ടാരം വിറകൊണ്ടെന്നും, അഗ്നി പൊലിഞ്ഞെന്നുമെല്ലാം പല റിപ്പോര്‍ട്ടുകളിലും വന്നിട്ടുണ്ട്. ഇവയെല്ലാം അസ്വീകാര്യമായ റിപ്പോര്‍ട്ടുകളായതിനാല്‍ വിശ്വസിക്കാവതല്ല.

ഈ പറഞ്ഞ കാര്യങ്ങളൊന്നും സത്യമല്ലെന്ന് പറയുന്നതുകൊണ്ട് അവിടുത്തെ മഹത്ത്വത്തിനോ സ്ഥാനത്തിനോ യാതൊരു കുറവും സംഭവിക്കുന്നില്ല. അതിനാല്‍ പ്രവാചകന്മാരെപ്പറ്റി ക്വുര്‍ആനിലും സ്വഹീഹായ ഹദീസുകളിലൂടെയും പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമേ നാം സ്വീകരിക്കാവൂ. ദുര്‍ബലമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട കാര്യങ്ങള്‍ വിശ്വാസ-കര്‍മ രംഗങ്ങള്‍ക്ക് പ്രമാണമല്ലല്ലോ.

അനാഥനായി ജനിക്കുന്നു

പിതാവിനെ ഒരു നോക്കുപോലും കാണാന്‍ അവസരം ലഭിക്കാതെ, തികച്ചും അനാഥനായിട്ടായിരുന്നു മുഹമ്മദ് നബി ﷺ യുടെ ജനനം. ഉമ്മ ആമിന കുഞ്ഞിനെ ഗര്‍ഭം ചുമന്ന കാലത്ത് പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ നിര്‍ദേശപ്രകാരം നബിയുടെ ഉപ്പ അബ്ദുല്ലാഹ് യഥ്‌രിബിലേക്ക് കച്ചവടാവശ്യത്തിന് പോകുകയും അവിടെനിന്നും മക്കയിലേക്ക് തിരിച്ചുപോരുമ്പോള്‍ തന്റെ അമ്മാവന്മാര്‍ക്കിടയില്‍ വെച്ച് മരണപ്പെടുകയാണ് ഉണ്ടായതെന്നും കാണാം. പിതാമഹന്റെ സംരക്ഷണത്തില്‍ അനാഥനായ ആ കുഞ്ഞ് വളര്‍ന്നു. ആറു വയസ്സ് മാത്രമുള്ള ബാലനായിരിക്കെ ഉമ്മ ആമിനഃയും മരണപ്പെട്ടു. അമ്മാവന്മാരെ സന്ദര്‍ശിച്ച് മടങ്ങവെ, മക്കയുടെയും യഥ്‌രിബിന്റെയും ഇടയിലെ അബവാഅ് എന്ന സ്ഥലത്തുവെച്ചാണ് അവര്‍ മരണപ്പെട്ടത്. ഉപ്പയും ഉമ്മയുമില്ലാതെ ബാല്യകാലം കഴിച്ചുകൂട്ടി. എട്ടു വയസ്സായപ്പോള്‍ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബും മരണപ്പെട്ടു.

ചില അത്ഭുതങ്ങള്‍

അനാഥനായി വളര്‍ന്നുവന്ന മുഹമ്മദ് നബി ﷺ യുടെ ചെറുപ്പ കാലത്ത് ചില അത്ഭുതങ്ങള്‍ നടന്നത് പ്രസിദ്ധമാണ്. പണ്ടു കാലങ്ങളില്‍ അറബികള്‍ കുട്ടി ജനിച്ചാല്‍, കുട്ടിക്ക് നല്ല ബുദ്ധി ശക്തിയും തന്റേടവുമൊക്കെ ഉണ്ടാകാന്‍ വേണ്ടി കുട്ടിയെ നാട്ടിലെ മുലയൂട്ടുന്ന സ്ത്രീകളെ ഏല്‍പിക്കല്‍ പതിവുണ്ടായിരുന്നു. നബി ﷺ ക്ക് മുലയൂട്ടിയ പ്രസിദ്ധരായ രണ്ട് ഉമ്മമാരായിരുന്നു ഥുവൈബത്തുല്‍ അസ്‌ലമിയ്യയും ഹലീമ അസ്സഅദിയ്യയും.

ഹലീമഃയുടെ അടുത്ത് നബി ﷺ  കഴിഞ്ഞിരുന്ന കാലം. അന്ന് ഒരു അത്ഭുതം സംഭവിക്കുകയുണ്ടായി. അത് നബി ﷺ യുടെ നാലാമത്തെ വയസ്സിലായിരുന്നു. സംഭവം ഇപ്രകാരമായിരുന്നു:

അനസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ”റസൂല്‍ ﷺ  കുട്ടികളുടെകൂടെ കളിച്ചുകൊണ്ടിരിക്കെ ജിബ്‌രീല്‍(അ) (നബി ﷺ യുടെ) അടുത്ത് ചെന്നു. എന്നിട്ട് കുട്ടിയെ പിടിച്ചു കിടത്തി. എന്നിട്ട് നെഞ്ചു പിളര്‍ത്തി. ശേഷം അതില്‍നിന്ന് ഒരു രക്തക്കട്ട എടുത്ത് പുറത്തിട്ടു. എന്നിട്ട് (ജിബ്‌രീല്‍) പറഞ്ഞു: ‘ഇത് താങ്കളിലുള്ള പിശാചിന്റെ വിഹിതമാകുന്നു.’ പിന്നീട് സ്വര്‍ണത്തളികയില്‍ നിറച്ച സംസം വെള്ളം കൊണ്ട് കുട്ടിയെ കഴുകി. പിന്നീട് ആ മുറിവ് കൂട്ടി. പിന്നീട് (ഓരോന്നും) അതത് സ്ഥാനത്തേക്ക് മടക്കി. കുട്ടികള്‍ (നബിയുടെ) ഉമ്മാന്റെ അടുത്തേക്ക് ഓടിവന്നു. എന്നിട്ട് അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു.’ അങ്ങനെ അവര്‍ കുട്ടിയുടെ അടുത്തേക്ക് മുന്നിട്ടു. (അപ്പോള്‍ നബി ﷺ ) വിവര്‍ണനായിരുന്നു. അനസ്(റ) പറഞ്ഞു: ‘നബി ﷺ  നെഞ്ചില്‍ ആ തുന്നലിന്റെ അടയാളം ഞാന്‍ കണ്ടിരുന്നു.”

അബൂത്വാലിബിന്റെ സംരക്ഷണം

പിതാമഹനായ അബ്ദുല്‍ മുത്ത്വലിബ് മരണപ്പെട്ടതിനുശേഷം പിതൃവ്യന്‍ അബൂത്വാലിബാണ് കുട്ടിയുടെ സംരക്ഷണം ഏറ്റടുത്തത്. അബൂത്വാലിബ് വലിയ സമ്പന്നനൊന്നും ആയിരുന്നില്ല. അറബികളുടെ ജീവിതമാര്‍ഗം പ്രധാനമായും അന്ന് കച്ചവടമായിരുന്നല്ലോ. അബൂത്വാലിബ് കുഞ്ഞിനെ ചെറുപ്പനാളില്‍ തന്നെ കച്ചവടത്തിനായി ശാമിലേക്ക് കൂടെകൂട്ടുമായിരുന്നു. കൂടാതെ, അബൂത്വാലിബിന് സഹായം എന്ന നിലയ്ക്ക് നബി ﷺ  മക്കക്കാര്‍ക്ക് കൂലിക്കായി ആടുകളെ മേച്ചിരുന്നു. അനാഥനായ കുട്ടിയായിരുന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ സ്വന്തം അധ്വാനത്താല്‍ ജീവിച്ചുപോന്നു എന്നതും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

ആടുമേയ്ച്ചതില്‍ വേറെയും യുക്തിയുണ്ടാകാം. ഒരു നബി വചനം കാണുക: അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ‘ആടിനെ മേയ്ക്കാത്തവനായി ഒരു നബിയെയും അല്ലാഹു അയച്ചിട്ടില്ല.’ അപ്പോള്‍ സ്വഹാബിമാര്‍ നബി ﷺ യോട് ചോദിച്ചു: ‘താങ്കളോ?’ നബി ﷺ  പറഞ്ഞു: ‘അതെ, ഞാന്‍ മക്കക്കാര്‍ക്ക് ആടുകളെ മേയ്ച്ച് ക്വീറാത്തുകള്‍ കൂലി വാങ്ങിച്ചിരുന്നു.’

ചെറുപ്പത്തില്‍തന്നെ ജോലി ചെയ്ത് മറ്റുള്ളവരെ സഹായിക്കാന്‍ ശീലിക്കുക എന്ന ഒരു ഗുണം ഇതിലൂടെ കരസ്ഥമാകുന്നുണ്ട്. സ്‌നേഹം, ക്ഷമ തുടങ്ങിയ പ്രബോധകനില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണങ്ങളും ഇതിലൂടെ ലഭിക്കാന്‍ നിമിത്തമാകുന്നുണ്ട്. അതിനാലാകാം എല്ലാ നബിമാരും ആടുകളെ മേയ്ച്ചത് എന്ന് മനസ്സിലാക്കാം. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍.

ചെറുപ്പം മുതല്‍തന്നെ ഈ സല്‍ഗുണങ്ങളെല്ലാം നബി ﷺ ക്ക് ഉണ്ടായിരുന്നു. ആദ്യമായി ദിവ്യസന്ദേശം (വഹ്‌യ്) ലഭിച്ചപ്പോള്‍ പേടിച്ച് ഭാര്യ ഖദീജഃ(റ)യുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ നല്‍കിയ ആശ്വാസവാക്കുകള്‍ അതിന് തെളിവാണ്. ഖദീജ(റ) പറഞ്ഞു:

”അല്ലാഹുവാണെ സത്യം! അല്ലാഹു ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല. കാരണം താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നു. (മറ്റുള്ളവരുടെ) പ്രയാസങ്ങള്‍ വഹിക്കുന്നു. അതിഥിയെ ആദരിക്കുന്നു. പ്രയാസപ്പെടുന്നവന് വേണ്ടതു നല്‍കി സഹായിക്കുന്നു…’

വിശുദ്ധമായ ജീവിതം

മനുഷ്യരില്‍ മുഹമ്മദ് നബി ﷺ യെ പോലുള്ള ഒരു മഹാന്‍ കഴിഞ്ഞുപോയിട്ടില്ല. ഇനി ഉണ്ടാകുന്നതുമല്ല. അത്ഭുതകരമായിരുന്നു മുഹമ്മദ് നബി ﷺ  കാണിച്ച ജീവിതവിശുദ്ധി.

പ്രവാചകനായി അല്ലാഹു തെരഞ്ഞടുക്കുന്നതിന് മുമ്പുതന്നെ അവിടുത്തെ ജീവിതം പരിശുദ്ധമായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കുട്ടിയായിരിക്കെ തന്നെ ജിബ്‌രീല്‍(അ) അവിടുത്തെ ശരീരത്തില്‍ നിന്ന് ഒരു രക്തക്കട്ട എടുത്ത് കളഞ്ഞത് നാം മനസ്സിലാക്കി. പിന്നീട് പൈശാചികമായ യാതൊരു സ്വഭാവവും പ്രവൃത്തിയും അവിടുത്തെ ജീവിതത്തെ സ്പര്‍ശിച്ചത് നമുക്ക് കാണാന്‍ കഴിയില്ല. മോശപ്പെട്ട എന്തെല്ലാം സ്വഭാവമുണ്ടോ, അതൊന്നും നബി ﷺ യെ സ്വാധീനിച്ചിരുന്നില്ല. ലോകത്തിന് മാതൃകയാകുംവിധം അല്ലാഹു ചെറുപ്പം മുതല്‍ തന്നെ വളര്‍ത്തി.

നബി ﷺ  വളര്‍ന്നത് ചരിത്രകാലത്തായിരുന്നു. അജ്ഞാനകാലം എന്ന് അറിയപ്പെടുന്ന ജാഹിലിയ്യാ കാലം. മലപോലെ തിന്മകള്‍ പൊങ്ങിനിന്നിരുന്ന കാലം. മദ്യപാനവും വ്യഭിചാരവും ചൂതാട്ടവും കൊലയും വ്യാപകമായിരുന്ന കാലം. ഈ കാലഘട്ടത്തിലാണ് അനാഥനായ മുഹമ്മദി ﷺ ന്റെ ശൈശവവും യൗവനവുമെല്ലാം കഴിഞ്ഞുപോയത്. അന്ധവിശ്വാസങ്ങളും അരാജകത്വങ്ങളും അവിടുത്തെ ബാധിച്ചില്ല. എല്ലാ തിന്മകളില്‍നിന്നും അവിടുന്ന് മാറിനിന്നു. അല്ലാഹുവിന്റെ പ്രത്യേകമായ കാവല്‍ ചെറുപ്പം മുതല്‍ തന്നെ അവിടുത്തേക്ക് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.

നബി ﷺ യുടെ സല്‍സ്വഭാവം അക്കാലത്ത് മക്കക്കാര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടതായിരുന്നു. സത്യസന്ധത, വിശ്വസ്തത, കരാര്‍പാലനം തുടങ്ങിയ സദ്ഗുണങ്ങള്‍ അവിടുത്തെ ജീവിതത്തെ അറബികളില്‍നിന്ന് വ്യതിരിക്തമാക്കി. സര്‍വ ദുഃസ്വഭാവങ്ങളില്‍നിന്നും അവിടുന്ന് മാറിനിന്നു.

നബി ﷺ  വളര്‍ന്ന ജാഹിലിയ്യാകാലത്തിലെ ജാഹിലിയ്യത്ത് മനസ്സിലാകാന്‍ ജഅ്ഫര്‍(റ) പറയുന്നത് കേട്ടാല്‍ മതിയാകും. ആദ്യകാലത്ത് അബിസീനിയയിലേക്ക് ഹിജ്‌റ പോയവരില്‍ പെട്ട ഒരു സ്വഹാബിയാണ് ജഅ്ഫര്‍(റ). അദ്ദേഹം അവിടത്തെ രാജാവായ നജ്ജാശിയോട് പറഞ്ഞിലെ ചില കാര്യങ്ങള്‍ കാണുക:

”’രാജാവേ, ഞങ്ങള്‍ അജ്ഞരായിരുന്നപ്പോള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അറിയാത്തവരും വിഗ്രഹങ്ങളെ ആരാധിക്കുന്നവരും ശവംതിന്നുന്നവരും നീചവൃത്തികള്‍ ചെയ്യുന്നവരും കുടുംബ ബന്ധം മുറിക്കുന്നവരും അയല്‍വാസികളോട് മോശമായി വര്‍ത്തിക്കുന്നവരും ഞങ്ങളിലെ മല്ലന്മാര്‍ ദുര്‍ബലരെ തിന്നുന്നവരും ആയിരുന്നു. അല്ലാഹു ഞങ്ങളിലേക്ക് ഞങ്ങളില്‍നിന്ന് ഒരു ദൂതനെ നിയോഗിക്കുന്നതുവരെ ഞങ്ങള്‍ അതേ രീതിയിലായിരുന്നു (ജീവിച്ചിരുന്നത്). (ആ) ദൂതന്റെ കുടുംബ പരമ്പരയും സത്യസന്ധതയും വിശ്വസ്തതയും വിട്ടുവീഴ്ചയും ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെ ആ റസൂല്‍ അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും അവനെമാത്രം ആരാധിക്കുന്നതിലേക്കും അല്ലാഹുവിന് പുറമെ ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിച്ചുകൊണ്ടിരിക്കുന്ന കല്ലുകളെയും വിഗ്രഹങ്ങളെയും ഒഴിവാക്കുന്നതിലേക്കും ക്ഷണിച്ചു. അദ്ദേഹം ഞങ്ങളോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു. സത്യം പറയുവാനും അമാനത്ത് നല്‍കുവാനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനും അയല്‍വാസികളോട് നല്ലനിലയില്‍ വര്‍ത്തിക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പിച്ചു. നിഷിദ്ധമായ കാര്യങ്ങളില്‍നിന്നും രക്തം ചിന്തുന്നതില്‍നിന്നും അദ്ദേഹം (ഞങ്ങളെ) തടുത്തു. നമസ്‌കാരം, സകാത്ത്, നോമ്പ്, ദാനധര്‍മം (തുടങ്ങിയ) സല്‍സ്വഭാവങ്ങളില്‍നിന്ന് അറിയപ്പെടുന്ന എല്ലാംകൊണ്ടും അദ്ദേഹം ഞങ്ങളോട് കല്‍പിച്ചു. വ്യഭിചാരം, നീചവൃത്തി, അനാവശ്യ സംസാരം, അനാഥയുടെ സ്വത്ത് ഭുജിക്കല്‍, സദ്‌വൃത്തകളെക്കുറിച്ച് അപവാദം പറയല്‍ (തുടങ്ങിയ) തിന്മകളായി അറിയപ്പെടുന്ന എല്ലാം അദ്ദേഹം ഞങ്ങളോട് വിലക്കുകയും ചെയ്തു. (അദ്ദേഹത്തിന്) ഇറക്കപ്പെട്ടത് ഞങ്ങള്‍ക്ക് അദ്ദേഹം ഓതിത്തന്നു. (അതിന്) സാദൃശ്യമാകുന്ന ഒന്നുമില്ല. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ സത്യപ്പെടുത്തുകയും അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങള്‍ക്ക് കൊണ്ടുവന്നത് അല്ലാഹുവിന്റെ അടുത്തുനിന്നുള്ള സത്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ ഞങ്ങള്‍ അല്ലാഹുവില്‍ യാതൊന്നും പങ്കുചേര്‍ക്കാതെ അവനെമാത്രം ആരാധിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് നിഷിദ്ധമാക്കിയതെല്ലാം ഞങ്ങള്‍ നിഷിദ്ധമാക്കുകയും ഞങ്ങള്‍ക്ക് അനുവദനീയമാക്കിയതിനെ ഞങ്ങള്‍ അനുവദനീയമാക്കുകയും ചെയ്തു…”

ജാഹിലിയ്യാ കാലത്തെ വിശ്വാസ, സ്വഭാവ രംഗങ്ങളിലെ അധഃപതനം എത്ര ആഴമേറിയതാണെന്ന് ജഅ്ഫറി(റ)ന്റെ സംസാരം നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുക, നല്ലതും ചീത്തയും നോക്കാതെ ഭക്ഷിക്കുക, ദുര്‍ബലരെ അടിച്ചമര്‍ത്തി കഴിവുള്ളവര്‍ കാര്യം നേടുക, അയല്‍വാസികളോട് മോശമായി പെരുമാറുക, കുടുംബ ബന്ധത്തിന് യാതൊരു വിലയും കല്‍പിക്കാതിരിക്കുക തുടങ്ങിയവയെല്ലാം സാര്‍വത്രികമായിരുന്ന കാലത്താണ് മുഹമ്മദ് നബി ﷺ  വരുന്നത്. അവിടുന്ന് നല്‍കിയ ഉപദേശങ്ങള്‍ മക്കക്കാരില്‍ മാറ്റമുണ്ടാക്കി. എല്ലാ നന്മകളും ഉള്‍ക്കൊള്ളുവാനും എല്ലാ തിന്മകളും വര്‍ജിക്കുവാനും അവര്‍ തയ്യാറായി. ലോകത്തിനുതന്നെ മാതൃകയായ ഒരു തലമുറയെ ക്വുര്‍ആന്‍ ഓതിക്കൊടുത്ത് നബി ﷺ  വാര്‍ത്തെടുക്കുകയായിരുന്നു.

ഒരിക്കല്‍ പോലും നബി ﷺ  തന്റെ ജീവിതത്തില്‍ അല്ലാഹുവല്ലാത്തവരുടെ മുന്നില്‍ യാതൊന്നും അര്‍പ്പിച്ചില്ല. സ്രഷ്ടാവിനെ മാത്രം വണങ്ങിയും വഴങ്ങിയും ജീവിച്ചുപോന്നു. വ്യഭിചാരമോ മദ്യപാനമോ ചൂതാട്ടമോ കലഹമോ ചീത്ത കൂട്ടുകെട്ടോ ഒന്നും നബി ﷺ യില്‍ ഉണ്ടായില്ല. നര്‍ത്തകിമാരുടെ നൃത്ത സദസ്സില്‍ മുഹമ്മദ് എന്ന ചെറുപ്പക്കാരന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ജാഹിലിയ്യ കാലത്ത് ആണും പെണ്ണും വിവസ്ത്രരായിട്ടായിരുന്നു കഅ്ബയെ ത്വവാഫ് ചെയ്തിരുന്നത്. അതിന് അവര്‍ക്ക് പല ന്യായവും പറയുവാനുണ്ടായിരുന്നു. ഏത് തിന്മ ചെയ്യുന്നവരും അവരുടെ തിന്മക്ക് ന്യായം കണ്ടെത്താന്‍ ശ്രമിക്കുമല്ലോ. ഇവരും ഈ വൃത്തികേടിനെ ന്യായീകരിച്ചു. പാപം ചെയ്തിരുന്ന വേളകളില്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ പവിത്രമായ കഅ്ബയെ ത്വവാഫ് ചെയ്തുകൂടാ എന്നതായിരുന്നു അതിന് അവര്‍ കണ്ടെത്തിയ ന്യായം. പെണ്‍കുഞ്ഞ് പിറന്നാല്‍ അപമാനത്താല്‍ വീടിനകത്ത് ഒളിഞ്ഞ് കഴിഞ്ഞിരുന്നവരും പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയവരും അവര്‍ക്കിടയിലുണ്ടായിരുന്നു. നര്‍ത്തകിമാരുടെ കൂടെ ആടിപ്പാടി ഉല്ലസിച്ചു നടന്നിരുന്ന സമൂഹം. അനാഥയുടെ സ്വത്ത് അന്യായമായി ഭുജിക്കാന്‍ മടിയില്ലാത്തവര്‍… ഇങ്ങനെ സര്‍വ തിന്മകളെയും വാരിപ്പുണര്‍ന്ന സമൂഹം. ഇതിലൊന്നും പങ്കുചേരാത്ത ഒരാളെ പുരുഷനായോ സ്ത്രീയായോ അവര്‍ കണ്ടിരുന്നില്ല എന്നത് കൂടി ഇതിലേക്ക് ചേര്‍ത്തുവായിച്ചാല്‍ ആ ജനതയുടെ സ്വഭാവവും സംസ്‌കാരവും നന്നായി മനസ്സിലാകും. ഇങ്ങനെയെല്ലാം ആകമാനം തിന്മകളായിരുന്നിട്ടും മുഹമ്മദ് നബി ﷺ യെ അതൊന്നും സ്പര്‍ശിച്ചില്ല എന്നത് അത്ഭുതം തന്നെയായിരുന്നു.

ചെറുപ്പക്കാരനായ ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളില്‍ തിന്മകളിലേക്ക് വഴുതിപ്പോകാതെ ഉന്നത സംസ്‌കാരത്തില്‍ നിലയുറപ്പിക്കുവാന്‍ സാധിക്കുക? മുഹമ്മദ് നബി ﷺ ക്ക് ചെറുപ്പം മുതല്‍ തന്നെ അല്ലാഹുവിന്റെ പ്രത്യേകമായ ഒരു കാവല്‍ ലഭിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. കൂടെയുള്ളവരെല്ലാം ത്വവാഫിന്റെ വേളയില്‍ കഅ്ബയില്‍ നാട്ടിയ വിഗ്രഹങ്ങളില്‍ തൊടുകയും അവയ്ക്ക് നേരെ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവിടുത്തെ മനസ്സ് അത്തരം അന്ധവിശ്വാസത്തിലേക്ക് ഒരിക്കല്‍പോലും ചാഞ്ഞില്ല. താന്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൂര്‍വപിതാക്കളായ ഇബ്‌റാഹീം നബി(അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും വിഗ്രഹങ്ങള്‍ അവിടെ നാട്ടിയിരുന്നു. അതിന്റെ നേരെപോലും അവിടുത്തെ കരങ്ങള്‍ ഒരിക്കലും ഉയര്‍ന്നില്ല. അവയെ തടവുകയോ മുത്തമിടുകയോ ചെയ്തില്ല. ശിര്‍ക്കിന്റെതായ ഒരു പ്രവര്‍ത്തനവും അദ്ദേഹത്തിനിന്ന് ഉണ്ടായില്ല. ബലിക്കല്ലുകളില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറവ് നടത്തിയിട്ടുള്ള മാംസത്തിന്റെ ഒരു തുണ്ടുപോലും അവിടുത്തെ വയറിലേക്ക് എത്തിയിരുന്നില്ല. പ്രശ്‌ന പരിഹാരത്തിനായി ജ്യോത്സ്യന്മാരെയും കണിയാന്‍മാരെയും സമീപിച്ചിരുന്ന സമൂഹത്തില്‍ ജീവിച്ച മുഹമ്മദ് ﷺ  തന്റെ പ്രശ്‌നപരിഹാരത്തിന് ഈ വഴിയേതും സ്വീകരിച്ചില്ല. പ്രവാചകന്‍ ആകുന്നതിനു മുമ്പ് തന്നെ അല്ലാഹു നബി ﷺ ക്ക് പ്രത്യേക സ്ഥാനവും ആദരവും നല്‍കിയിരുന്നു എന്നതാണ് ഇവയെല്ലാം നമുക്ക് മനസ്സിലാക്കിത്തരുന്നത്.

സമൂഹത്തിലെ മലിന സംസ്‌കാരത്തോട് ഒരിക്കലും സഹകരിക്കാതിരുന്ന ആ ചെറുപ്പക്കാരന്‍ അവര്‍ക്കിടയില്‍ വിശ്വസ്തനും സത്യസന്ധനുമായി അറിയപ്പെട്ടു. അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന നാമം പോലും അവര്‍ ആ ചെറുപ്പക്കാരന് നല്‍കി. ആര്‍ക്കും എന്തും വിശ്വസിച്ച് ഏല്‍പിക്കാവുന്ന വിശ്വസ്തനായിരുന്നു മുഹമ്മദ് നബി ﷺ . മക്കക്കാര്‍ കച്ചവടത്തിനും മറ്റുമായി മറു നാടുകളിലേക്ക് പോകുമ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മുഹമ്മദ് ﷺ നെയായിരുന്നു ഏല്‍പിക്കാറ്. വാക്കുകളിലും നോക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത പുലര്‍ത്തിയ മഹാനായിരുന്നു അവിടുന്ന്. (തുടരും)

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

മുഹമ്മദ് നബിﷺ യുടെ ജനനം

മുഹമ്മദ് നബിﷺ യുടെ ജനനം

(മുഹമ്മദ് നബിﷺ , ഭാഗം 3)

മുഹമ്മദ് നബിﷺ ജനിച്ചത് ആനക്കലഹ വര്‍ഷത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു. സാധാരണയായി ഏതെങ്കിലും ഒരു കാര്യത്തെ ഒരു പ്രധാനപ്പെട്ട സംഭവം നടന്ന കാലത്തിലേക്ക് ചേര്‍ത്തിപ്പറയാറുണ്ടല്ലോ. അതുപോലെ അബ്‌റഹത്ത് രാജാവ് കഅ്ബ പൊളിക്കാന്‍ വന്ന സംഭവം നടന്ന കാലത്തായിരുന്നു നബിﷺ ജനിച്ചത്. അതിനാല്‍ നബിﷺ യുടെ ജനനത്തെ ആനക്കലഹ വര്‍ഷത്തിലേക്ക് ചേര്‍ത്തിപ്പറയുന്നു.

നബിﷺ ജനിച്ചത് ആനക്കലഹ വര്‍ഷത്തില്‍ ഏതു മാസത്തില്‍ ഏതു തീയതിയില്‍ എന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഉറപ്പിച്ചു പറയാന്‍ മാത്രം മതിയായ രേഖയില്ലാത്തതുതന്നെ കാരണം. റബീഉല്‍ അവ്വല്‍ മാസത്തിലെ 2,8,10,12,17,18,22 എന്നിങ്ങനെയെല്ലാം അഭിപ്രായമുള്ളതായി ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. നബിﷺ യുടെ ജനന തീയതിയെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറയുമ്പോള്‍ ചിലര്‍ ഇപ്രകാരം ഒരു പ്രചരണം നടത്താറുണ്ട്: ‘നിങ്ങള്‍ക്ക് നബിﷺ യുടെ ജന്മദിനം ആഘോഷിക്കാതിരിക്കാനായി നിങ്ങള്‍ ഉണ്ടാക്കിയ ഒരു കാരണമാകുന്നു ഇത്. നബിﷺ യുടെ ജനന തീയതിയില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല.’ ഇത് ശരിയല്ല. നബിﷺ യുടെ ജന്മദിനം നമ്മള്‍ ആഘോഷിക്കാതിരിക്കാന്‍ കാരണം നബിﷺ യോടുള്ള ഇഷ്ടക്കുറവോ ബഹുമാനക്കുറവോ അല്ല. പ്രമാണങ്ങള്‍ അത് പഠിപ്പിക്കാത്തതിനാല്‍ മാത്രമാണ്. ലോകത്ത് എത്രയെത്ര നബിമാര്‍ കഴിഞ്ഞുപോയിട്ടുണ്ട്! ഈ പ്രവാചകന്മാരുടെയെല്ലാം ജന്മദിനം ഇക്കൂട്ടര്‍ ആഘോഷിക്കുന്നുണ്ടോ? ഇല്ലല്ലോ! അവരോട് ഇക്കൂട്ടര്‍ക്ക് സ്‌നേഹവും ബഹുമാനവും ആദരവും ഇല്ലാത്തതുകൊണ്ടാണ് ആഘോഷിക്കാത്തത് എന്നു പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം?

ബര്‍സഞ്ചി മൗലിദില്‍ നബിﷺ യുടെ ജനന തീയതിയെ സംബന്ധിച്ച് പറയുന്നത് കാണുക:

”നബിﷺ യുടെ ജനന വര്‍ഷത്തിലും അതിന്റെ മാസത്തിലും അതിന്റെ ദിവസത്തിലും പണ്ഡിതന്മാരുടെ പല വാക്കുകളിലുമായി വന്ന റിപ്പോര്‍ട്ടുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്.”

ഇവരുടെ സ്വന്തം മൗലിദ് കിതാബില്‍ തന്നെ ഈ കാര്യം വ്യക്തമാക്കുമ്പോള്‍ എന്തിന് സലഫികള്‍ ഈ കാര്യം പറയുമ്പോള്‍ ഇക്കൂട്ടര്‍ ദുഷ്പ്രചാരണം നടത്തുന്നു? റബീഉല്‍ അവ്വല്‍ 12ന് നമ്മുടെ നാടുകളിലടക്കം പല ഭാഗങ്ങളിലും ഏതാനും കാലങ്ങളായി മുസ്‌ലിംകള്‍ നബിﷺ യുടെ ജന്മദിനം ആഘോഷിക്കുന്നതായി നമുക്കറിയാം. എന്നാല്‍ റബീഉല്‍ അവ്വല്‍ 12നാണ് നബിﷺ ജനിച്ചത് എന്ന് ഉറപ്പിച്ചു പറയാന്‍ മാത്രം പ്രാമാണികമായ ഒരു രേഖയും ഇല്ല.

റബീഉല്‍ അവ്വല്‍ 12ന് മീലാദുന്നബി എന്ന പേരില്‍ വലിയ ഒരു ആഘോഷം നബിﷺ യുടെയും സ്വഹാബത്തിന്റെയും കാലശേഷം ഉണ്ടാകാന്‍ കാരണമെന്താണ്? യഥാര്‍ഥത്തില്‍ റബീഉല്‍ അവ്വല്‍ 12 എന്നത് മുസ്‌ലിംകള്‍ക്ക് ആഘോഷിക്കാന്‍ മാത്രം ഒരു സന്തോഷമുള്ള ദിനമാണോ, അപ്രകാരം ആഘോഷിക്കാന്‍ റബീഉല്‍ അവ്വല്‍ 12 നമുക്ക് ഒരു സന്ദേശം നല്‍കുന്നുണ്ടോ എന്നതെല്ലാം നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഒരു സംഭവം കാണുക:

അബൂദുഐബ്(റ) പറഞ്ഞു: ”ഞാന്‍ മദീനയില്‍ ചെന്നു. ഹാജിമാര്‍ ഇഹ്‌റാമില്‍ ആയിരിക്കുമ്പോള്‍ (എല്ലാവരും) ഒരുമിച്ച് തല്‍ബിയത്ത് ചൊല്ലിയാല്‍ ഉണ്ടാകുന്ന ഒരു വലിയ ശബ്ദം പോലെ മദീനക്കാര്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എന്തു പറ്റി?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ മരണപ്പെട്ടിരിക്കുന്നു.”

നബിﷺ മരണപ്പെട്ട ദിവസത്തില്‍ മദീനയുടെ അവസ്ഥയാണ് നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മദീനക്കാരുടെ എല്ലാമെല്ലാമായ മുഹമ്മദ് നബിﷺ യുടെ മരണം അവര്‍ക്ക് ഉണ്ടാക്കിയ പ്രയാസം ചെറുതൊന്നുമല്ലായിരുന്നു.

ഹിജ്‌റ വര്‍ഷം 11, റബീഉല്‍ അവ്വല്‍ 12ന് രാവിലെ പൂര്‍വാഹ്നം പിന്നിടുമ്പോഴായിരുന്നു അവിടുത്തെ വിയോഗം സംഭവിച്ചത് എന്നത് അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്.

അബൂദുഐബ്(റ) മദീനയിലേക്ക് വരുന്നതിന് മുമ്പായി അദ്ദേഹത്തിന് മറ്റൊരു ആപത്ത് സംഭവിച്ചിരുന്നു. അതായത്, അദ്ദേഹത്തിന്റെ നാട്ടില്‍ പ്ലേഗ് വ്യാപിച്ചിരുന്നു. അതിലൂടെ അദ്ദേഹത്തിന്റെ അഞ്ച് മക്കള്‍ മരണപ്പെടുകയുണ്ടായി. ഈ ദുഃഖഭാരവുമായാണ് അദ്ദേഹം മദീനയില്‍ എത്തുന്നത്. അപ്പോഴാണ് അതിനെക്കാള്‍ വലിയ ഒരു ആപത്തിനെക്കുറിച്ച് അദ്ദേഹം കേള്‍ക്കുന്നത്.

റസൂല്‍ﷺ വഫാത്തായ റബീഉല്‍ അവ്വല്‍ 12ന് സ്വഹാബിമാരുടെ അവസ്ഥ എപ്രകാരമായിരുന്നു എന്നത് മുകളിലെ സംഭവത്തില്‍നിന്ന് ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്. ഈ അവസ്ഥയിലാണോ ഇന്ന് മുസ്‌ലിംകള്‍ റബീഉല്‍ അവ്വല്‍ 12 ദിവസത്തില്‍ ഉള്ളത്? ഇൗ ചരിത്രസത്യം അറിയുന്നവര്‍ റബീഉല്‍ അവ്വല്‍ 12 ആഘോഷിക്കുമോ?

സ്വഹാബിമാര്‍ റബീഉല്‍ അവ്വല്‍ 12നെ ആടാനും പാടാനും തുള്ളിച്ചാടാനും അഭിനയിക്കാനും റാലി നടത്താനും അന്നദാനം നടത്താനും മുദ്രാവാക്യം മുഴക്കാനും മാജിക് കാണിക്കാനുമല്ല ഉപയോഗിച്ചത്. അവര്‍ക്ക് ആ ദിനം ചിന്തിക്കാനേ കഴിയാത്തവിധം ഭാരമേറിയതായിരുന്നു. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് നബിﷺ മദീനയില്‍ എത്തിയ ദിവസവും ഞങ്ങള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് നബിﷺ ഞങ്ങളില്‍ നിന്ന് വിടചൊല്ലിയ ദിവസവുമായിരുന്നു എന്ന് അന്‍സ്വാരിയായ അനസ്(റ) പറഞ്ഞത് നമുക്ക് കാണാന്‍ കഴിയും.

പൂര്‍വികരും സച്ചരിതരുമായ സ്വഹാബിമാര്‍ ആരുംതന്നെ റബീഉല്‍ അവ്വല്‍ 12നെ ആഘോഷിക്കാനുള്ള ഒരു ദിനമായി സ്വീകരിച്ചില്ല. ഇത്തരം ആഘോഷക്കാര്‍ക്ക് അവരുടെയൊന്നും പിന്തുണയുമില്ല. എന്നാല്‍ ആരാണ് ഈ ഏര്‍പ്പാട് മുസ്‌ലിം സമൂഹത്തിലേക്ക് കൊണ്ടുവന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ ഇതിലെ ചതി എത്ര ഗുരുതരമാണ് എന്നതും മനസ്സിലാകും.

ഹിജ്‌റ 362ല്‍ ഫാത്വിമിയ്യ പ്രസ്ഥാനത്തിന്റെ വക്താക്കളായ ഫാത്വിമികള്‍ ഇസ്‌ലാമിന്റെ മേല്‍ക്കുപ്പായമണിഞ്ഞ് ഇസ്‌ലാമിലേക്ക് നുഴഞ്ഞുകയറുകയുണ്ടായി. ഹിജ്‌റ 362ല്‍ ഈജിപ്ത് ദേശത്തിന്റെ ഭരണത്തില്‍ ഇടംകണ്ട ഇവര്‍ തങ്ങളുടെ ശിര്‍ക്കും കുഫ്‌റും നിഷിദ്ധമായ ധാരാളം ചെയ്തികളുമെല്ലാം കാരണം ജനങ്ങള്‍ക്കിടയില്‍ തീരെ സ്വാധീനം ഇല്ലാത്തവരായിരുന്നു. അവരാണ് ഇത്തരം ആചാരങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലേക്ക് കൊണ്ടുവന്നത് എന്ന് നമുക്ക് കാണാന്‍ സാധിക്കും.

ഫാത്വിമിയ്യ ഭരണാധികാരികള്‍ക്ക് ചില ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ടായിരുന്നു. പുതുവര്‍ഷോത്സവം, ആശൂറാഅ് ദിനം, നബിﷺ യുടെ ജന്മദിനം, അലി(റ)യുടെ ജന്മദിനം, ഹസന്‍(റ), ഹുൈസന്‍(റ) എന്നിവരുടെ ജന്മദിനം, ഫാത്വിമ(റ)യുടെ ജന്മദിനം, ഖലീഫ അല്‍ഹാദ്വിറിന്റെ ജന്മദിനം, റജബിലെ ആദ്യത്തെ രാത്രി, അതിലെ പകുതിയുടെ രാവ്, ശഅ്ബാന്‍ ആദ്യരാവ്…ഇങ്ങനെ ഒട്ടേറെ!

‘മീലാദുന്നബി’ ആരുടെ സൃഷ്ടിയാണ് എന്നത് നാം ചിന്തിക്കുക. ഇത് വര്‍ജിക്കുകയാണോ സ്വീകരിക്കുകയാണോ മുസ്‌ലിംകള്‍ ചെയ്യേണ്ടത്?

ഫാത്വിമിയ്യ എന്നോ ഉബയ്ദികള്‍ എന്നോ കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഒരു മുസ്‌ലിം ബന്ധം ഉള്ളതായി തോന്നിയേക്കാം. ഈജിപ്തിലെ ചില ഭരണാധികാരികളാണ് ഇവര്‍. അവരുടെ തലവന്‍ ഉബയ്ദ് ബ്‌നു സഅദ് ആണ്. അതിനാലാണ് ഉബയ്ദികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നത്. ഫാത്വിമ(റ)യിലേക്ക് അവര്‍ അവരുടെ ബന്ധം ചേര്‍ത്തി പറയുകയാണ് ചെയ്യുന്നത്. ജനങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നതിനു വേണ്ടിയാകാം അവര്‍ അപ്രകാരം ചെയ്തത്. ആരാണ് ഈ ഫാത്വിമികള്‍ എന്ന് അക്കാലത്തെ മുസ്‌ലിം പണ്ഡിതര്‍ നമ്മെ അറിയിച്ചിട്ടുണ്ട്. ഇസ്‌ലാമിക നാടുകളെ അടക്കിഭരിച്ച ഇക്കൂട്ടര്‍ അവരുടെ ക്രൂരതകളും ദുഷ്‌ചെയ്തികളും തുടര്‍ന്നപ്പോള്‍ ഇസ്‌ലാമിക നാടുകളിലുള്ള, നബികുടുംബത്തിലേക്ക് ചേര്‍ത്തപ്പെടുന്നവരും പണ്ഡിതന്മാരും ക്വാദ്വിമാരും അടക്കമുള്ളവര്‍ ഒരു സമ്മേളനം നടത്തുകയുണ്ടായി. ഹിജ്‌റ 402ല്‍ നടന്ന സമ്മേളനത്തില്‍ ആരാണ് ഫാത്വിമികള്‍ എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയത് കാണുക:

‘ഈജിപ്തിലെ ഈ ഭരണാധികാരിയും അയാളുടെ പൂര്‍വികരുമെല്ലാം കാഫിറുകളും അധര്‍മകാരികളും ദൈവനിഷേധികളും നിര്‍മതവാദികളും ഇസ്‌ലാമിനോട് തര്‍ക്കിക്കുന്നവരും മജൂസികളുടെയും വിഗ്രഹാരാധകരുടെയും മാര്‍ഗത്തില്‍ വിശ്വാസമുള്ളവരും ആകുന്നു. അവര്‍ (ഇസ്‌ലാമിലെ) ശിക്ഷാ നിയമങ്ങളെ നിഷേധിക്കുകയും വ്യഭിചാരത്തെ അനുവദിക്കുകയും മദ്യപാനവും രക്തംചിന്തലും അനുവദനീയമാക്കുകയും ചെയ്തു. അവര്‍ നബിമാരെ ചീത്തവിളിച്ചു, പൂര്‍വസൂരികളെ അവര്‍ ശപിച്ചു. അവരുടെ ഇമാമുകളില്‍ അവര്‍ തൗഹീദുര്‍റുബൂബിയ്യത്ത് വാദിക്കുകയും ചെയ്തു.

ഫാത്വിമിയ്യാക്കള്‍ നബികുടുംബത്തിലേക്ക് ചേര്‍ത്തിയാണ് ഈ വൃത്തികേടുകള്‍ ചെയ്തത്. അതിനാല്‍ തന്നെ നബികുടുംബത്തിലേക്ക് ചേര്‍ക്കപ്പെടുന്ന പണ്ഡിതന്മാരും നേതാക്കളും ക്വാദ്വിമാരും എല്ലാവരും ഉള്‍പ്പെട്ട സംഗമത്തില്‍ ആരാണ് ഈ ഫാത്വിമിയ്യാക്കള്‍ എന്നത് വെളിപ്പെടുത്തിയ കാര്യമാണ് ഇബ്‌നു കഥീര്‍(റ) ഇവിടെ കുറിച്ചത്.

ഇനി പറയൂ; നബിദിനാഘോഷത്തിന് അവര്‍ തുടക്കം കുറിച്ചത് നബിയോടുള്ള സ്‌നേഹംകൊണ്ടാണോ വെറുപ്പ് കൊണ്ടാണോ? ഇത് സ്ഥാപിക്കുവാന്‍ വേണ്ടി ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും ദുര്‍വ്യാഖ്യാനിച്ച് തെളിവുണ്ടാക്കുന്ന ഇന്നത്തെ ചില പണ്ഡിതന്മാരുടെ അവസ്ഥ ഖേദകരം തന്നെ.

നബിﷺ യുടെ ജന്മദിനം ആഘോഷിക്കുന്നവര്‍ ജനിച്ച വര്‍ഷം, മാസം, തീയതി തുടങ്ങിയവയില്‍ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും റബീഉല്‍ അവ്വല്‍ 12ന് പുലരിയുടെ തൊട്ടുമുമ്പായിരുന്നു അവിടത്തെ ജനനം എന്നതിന് കൂടുതല്‍ ശക്തി നല്‍കുന്നത് കാണാം. റബീഉല്‍ അവ്വല്‍ 9ന് ആയിരുന്നു അവിടുത്തെ ജനനം എന്ന അഭിപ്രായവും ഏറെ ബലമുള്ളതാണ്. (തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

മുഹമ്മദ് നബി ﷺ സൃഷ്ടിക്കപ്പെട്ടത് പ്രകാശത്തില്‍നിന്നോ?

മുഹമ്മദ് നബി ﷺ സൃഷ്ടിക്കപ്പെട്ടത് പ്രകാശത്തില്‍നിന്നോ?

(മുഹമ്മദ് നബി ﷺ , ഭാഗം 2)

മുഹമ്മദ് നബി ﷺ യില്‍ വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ത്തന്നെ, ആ നബിയെപ്പറ്റി പല വികല വിശ്വാസങ്ങളും കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ പ്രമാണബദ്ധമായി മുഹമ്മദ് നബി ﷺ യെ സംബന്ധിച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

പ്രവാചകന്റെ അറുപത്തി മൂന്ന് കൊല്ലത്തെ ജീവിതചരിത്രം മുഴുവനും ഒരു പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുക എന്ന ശ്രമകരവും വിശാലവുമായ ദൗത്യത്തിനല്ല, പ്രവാചകത്വത്തിന് മുമ്പും ശേഷവുമുള്ള അവിടുത്തെ ജീവിതത്തിലെ സുപ്രധാനമെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രം പ്രതിപാദിക്കുവാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവയിലും പല കാര്യങ്ങളും വിട്ടുപോയേക്കാം.

നബി ﷺ എന്തില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്?

മുഹമ്മദ് നബി ﷺ ആദം സന്തതിയാണ്. മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് ക്വുര്‍ആന്‍ സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ക്വുര്‍ആന്‍ പറയുന്നു:

”കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. തീയിന്റെ പുകയില്ലാത്ത ജ്വാലയില്‍നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു” (ക്വുര്‍ആന്‍  55:14,15).

ആഇശ(റ)യില്‍നിന്ന് നിവേദനം; അവര്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ‘മലക്കുകള്‍ പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടു. ജിന്നുകള്‍ തീജ്വാലയില്‍നിന്നും സൃഷ്ടിക്കപ്പെട്ടു. ആദം നിങ്ങളോട് വിവരിക്കപ്പെട്ടതില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു” (മുസ്‌ലിം 2996).

”അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്റെ രൂപം) മണ്ണില്‍നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു” (ക്വുര്‍ആന്‍ 3:59).

”നിങ്ങളെ അവന്‍ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ” (ക്വുര്‍ആന്‍ 30:20)

മുകളില്‍ നാം കണ്ട ഓരോ തെളിവും മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് വ്യക്തമാക്കിത്തരുന്നവയാണ്. ഇനിയും ധാരാളം തെളിവുകള്‍ ക്വുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും നമുക്ക് ലഭിക്കുകയും ചെയ്യും. എല്ലാം ഇവിടെ ഉദ്ധരിക്കുവാന്‍ നാം മുതിരുന്നില്ല. ആദം നബി(അ)യുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട വിവരണത്തിലും ഈ കാര്യം നാം പ്രതിപാദിച്ചിട്ടുള്ളത് ഓര്‍ക്കുന്നുണ്ടാകുമല്ലോ.

അല്ലാഹുവാണ് പ്രപഞ്ച സ്രഷ്ടാവ്. അവന്‍ ഏതെല്ലാം സൃഷ്ടികളെ എന്തില്‍നിന്നാണ് സൃഷ്ടിച്ചതെന്നും എങ്ങനെയാണ് സൃഷ്ടിച്ചതെന്നും അഭിപ്രായം പറയുവാന്‍ നമുക്ക് കഴിയില്ല. അതു സംബന്ധമായി അവന്‍ എന്താണോ നമുക്ക് അറിയിച്ചുതന്നത്, അത് വിശ്വസിക്കുകയാണ് നാം ചെയ്യേണ്ടത്. അഥവാ, ക്വുര്‍ആനിലോ സ്വഹീഹായ നബിവചനത്തിലൂടെയോ സ്ഥിരപ്പെട്ടുവന്നത് എന്താണോ അതാണ് നാം സ്വീകരിക്കേണ്ടത്.

ആദം നബി(അ)യെ അല്ലാഹു സൃഷ്ടിച്ചത് മണ്ണില്‍ നിന്നാണെന്ന് നാം മനസ്സിലാക്കി. മണ്ണില്‍നിന്ന് പടക്കപ്പെട്ടു എന്നത് മനുഷ്യാസ്തിത്വത്തിന് യാതൊരു ന്യൂനതയും ഉണ്ടാക്കുന്നില്ല. മാത്രവുമല്ല, പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ട മലക്കുകളെക്കാളും തീജ്വാലയില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ജിന്നുകളെക്കാളും അല്ലാഹു ആദരവ് നല്‍കിയ സൃഷ്ടി മനുഷ്യനാണ് എന്നതും അല്ലാഹു നമുക്ക് അറിയിച്ചുതന്നിട്ടുണ്ട്. (ക്വുര്‍ആന്‍ 17:70). അതുകൊണ്ടാണല്ലോ ആദം(അ)നെ അല്ലാഹു സൃഷ്ടിച്ചതിന് ശേഷം മലക്കുകളോടും ജിന്നുകളില്‍ പെട്ട ഇബ്‌ലീസിനോടും അദ്ദേഹത്തിന് സുജൂദ് ചെയ്യാന്‍ കല്‍പിച്ചത്. അതുപോലെ, മലക്കുകള്‍ക്കൊന്നും പഠിപ്പിച്ചു കൊടുത്തിട്ടില്ലാത്ത അറിവ് അല്ലാഹു നല്‍കിയതും ആദമി(അ)നായിരുന്നല്ലോ. (ക്വുര്‍ആന്‍ 2:31-33).

മുഹമ്മദ് നബി ﷺ ക്ക് മഹത്ത്വവും ശ്രേഷ്ഠതയും നല്‍കുന്നതിനായി ചിലര്‍ അവിടുത്തെ സൃഷ്ടിപ്പ് പ്രകാശത്തില്‍നിന്നാണെന്ന് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അത് ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്നവരും വിശ്വസിക്കുന്നവരും നമ്മുടെ നാട്ടിലുമുണ്ട്. അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തെയാണെന്നും അല്ലാഹുവിന്റെ പ്രകാശത്തില്‍നിന്ന് അല്ലാഹു മുഹമ്മദ് നബി ﷺ യെ സൃഷ്ടിച്ചുവെന്നും അങ്ങനെ മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തില്‍നിന്ന് മറ്റു മുഴുവന്‍ ചരാചരങ്ങളെയും സൃഷ്ടിച്ചുവെന്നും പാരമ്പര്യമായി, യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടര്‍ വിശ്വസിച്ചുപോരുന്നു. സമസ്തയുടെ മദ്‌റസയിലെ മൂന്നാം ക്ലാസ്സിലേക്ക് തയ്യാറാക്കിയ ചരിത്ര പാഠപുസ്തകത്തില്‍ ‘നബി ﷺ യുടെ പ്രകാശം’ എന്നൊരു തലക്കെട്ട് തന്നെ നമുക്ക് കാണാവുന്നതാണ്. ആ പാഠത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ”അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് നബി ﷺ യുടെ പ്രകാശമായിരുന്നു. ആ പ്രകാശത്തില്‍ നിന്നാണ് മറ്റു ചരാചരങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടത്.”

അതുപോലെ ഈ വിഭാഗക്കാരുടെ മാലപ്പാട്ടുകളിലും ഈ വികല വിശ്വാസം പഠിപ്പിക്കുന്നുണ്ട്:

”ആദി ഒളിവായ് അതുതാന്‍ വെളിവായി.

അതു പിന്നെ ആദമായ് വന്നു വെളിവായ്

അമ്പിയ ഔലിയ ആയ് വന്ന് വന്ന്

അവസാനം മക്കത്തതു തന്നെ വന്ന്< /p>

പൂര്‍ത്തീകരിത്തത്തതില്‍ പിന്നെ വെളിവായ്

പെരുത്ത് ളുഹൂറാത്തുകള്‍ വലിമാരായ്

അതു വെളിവാകും അവസാനത്തോളം

അതു നിലച്ചാലന്ന് ലോകാവസാനം.”

ക്വുര്‍ആനിലെയും സ്വീകാര്യയോഗ്യമായ ഹദീസുകളിലെയും വ്യക്തമായ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ലേ ഈ അധ്യാപനം? ആദ്യമായി അല്ലാഹു നബി ﷺ യുടെ പ്രകാശത്തെയാണോ സൃഷ്ടിച്ചത്? അല്ല! മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭത്തെപ്പറ്റി അല്ലാഹു ക്വുര്‍ആനില്‍ എന്താണു പറഞ്ഞതെന്ന് നാം കാണുകയുണ്ടായി.

മുഹമ്മദ് നബി ﷺ ഒരു മനുഷ്യന്‍ തന്നെയാണ്. പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടത് മലക്കുകള്‍ മാത്രമാണ്. മലക്കുകളാണ് പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവര്‍. മക്കക്കാര്‍ നബിയായി നിയോഗിക്കപ്പെടേണ്ടത് മലക്കാകണം എന്ന് വാദമുള്ളവരായിരുന്നു. അതിന് അല്ലാഹു മറുപടി നല്‍കുന്നത് ക്വുര്‍ആനില്‍ നമുക്ക് കാണാന്‍ സാധിക്കും.

മുഹമ്മദ് നബ ﷺ യുടെ പ്രകാശത്തെയാണ് അല്ലാഹു ആദ്യമായി പടച്ചതെന്ന അന്ധവിശ്വാസത്തിന് യാതൊരു രേഖയും പ്രാമാണികമായി വന്നിട്ടില്ല. മുന്‍ഗാമികളായ പ്രവാചകന്മാരോ സ്വഹാബിമാരോ താബിഉകളോ തബഉത്താബിഉകളോ ഇമാമുമാരോ ആരും തന്നെ ഇപ്രകാരം വിശ്വസിച്ചിരുന്നതായി ഒരു കിതാബിലും നമുക്ക് കാണാന്‍ കഴിയില്ല. ജാബിര്‍(റ) നബി ﷺ യോട് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്താണെന്ന് ചോദിക്കുകയും അതിന് നബി ﷺ ‘നിന്റെ നബിയുടെ പ്രകാശത്തെയാണ് ജാബിറേ’ എന്ന് മറുപടി പറയുകയും ചെയ്തു എന്ന വാറോല ചിലര്‍ കൊണ്ടുനടക്കുന്നുണ്ട്. ഇത് മുസ്വന്നഫ് അബ്ദുര്‍റസാക്വില്‍ ഉണ്ട് എന്നും അവര്‍ തട്ടിവിടുന്നു. മുസ്വന്നഫ് നോക്കിയാല്‍ അങ്ങനെ ഒരു റിപ്പോര്‍ട്ട് നമുക്ക് കാണാന്‍ കഴിയില്ല. അപ്പോള്‍ ഇവര്‍ അതിനൊരു മറുപടി ഇറക്കിയിരിക്കുന്നു. മുസ്വന്നഫിലെ ചില ഹദീസുകള്‍ നഷ്ടപ്പെട്ടിരുന്നു എന്നും അത് പിന്നീട് ഇന്ത്യയില്‍നിന്ന് കണ്ടെടുക്കുകയുണ്ടായി എന്നും അത് പിന്നീട് കിതാബായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട് എന്നുമാണ് ആ മറുപടി. പച്ചക്കളവാണ് ഇത്. അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല. മുസ്വന്നഫില്‍നിന്ന് അങ്ങനെ ചില ഹദീസുകള്‍ നഷ്ടമായിട്ടില്ല. ഇത് അല്ലാഹുവിന്റെ പേരിലും അവന്റെ പ്രവാചകന്റെ പേരിലും കെട്ടിച്ചമച്ചതാകുന്നു. ഇനി ഒന്ന് ചിന്തിക്കുക; അങ്ങനെ ഒരു റിപ്പോര്‍ട്ട് നഷ്ടമായിരുന്നെങ്കിലും പൂര്‍വികര്‍ക്ക്, അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബി ﷺ യുടെ നൂറിനെയായിരുന്നു എന്ന വിശ്വാസം ഉണ്ടാകുമായിരുന്നല്ലോ. നാം നേരത്തെ പറഞ്ഞതുപോലെ പൂര്‍വികരില്‍ ആര്‍ക്കെങ്കിലും അപ്രകാരം ഒരു വിശ്വാസമുണ്ടായിരുന്നു എന്നതിന് ഏതെങ്കിലും ഒരു കിതാബില്‍നിന്ന് ഇക്കൂട്ടര്‍ക്ക് തെളിയിക്കാന്‍ കഴിയുമോ?

‘ഞങ്ങളെ പോലയുള്ള ഈ മനുഷ്യനാണോ അല്ലാഹുവിന്റെ റസൂല്‍?’ എന്നായിരുന്നു മക്കക്കാരുടെ ചോദ്യം. അഥവാ, മുഹമ്മദ് നബി ﷺ ഒരു മനുഷ്യന്‍ ആയതിനാല്‍ മക്കക്കാര്‍ അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ വിസമ്മതിച്ചു. അതുസംബന്ധമായി അവര്‍ പറഞ്ഞത് ക്വുര്‍ആനില്‍ നമുക്ക് കാണാവുന്നതാണ്. അതുപോലെ മക്കക്കാര്‍ നബി ﷺ യോട് പല അത്ഭുതങ്ങളും പ്രകടിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് നബി ﷺ മക്കക്കാരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

”അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍നിന്ന് ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നതുവരെ. അല്ലെങ്കില്‍ നീ ജല്‍പിക്കുന്നതുപോലെ ആകാശത്തെ ഞങ്ങളുടെമേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നതുവരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ടുവരുന്നതുവരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണംകൊണ്ടുള്ള ഒരു വീടുണ്ടാകുന്നതുവരെ, അല്ലെങ്കില്‍ ആകാശത്തുകൂടി നീ കയറിപ്പോകുന്നതുവരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കിക്കൊണ്ടുവരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ? ജനങ്ങള്‍ക്ക് സന്മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. (നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്നുപോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്തുനിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു”(ക്വുര്‍ആന്‍ 17:90-95).

നബി ﷺ യുടെ തറവാട്

നാട്ടിലെ അറിയപ്പെട്ട കുടുംബത്തിലായിരുന്നു ഓരോ പ്രവാചകന്റെയും ജനനം. മുഹമ്മദ് നബി ﷺ മക്കയിലെ അറിയപ്പെട്ട തറവാട്ടിലായിരുന്നു പിറന്നത്.

വാസലതുബ്‌നുല്‍ അസ്‌ക്വഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ (ഇപ്രകാരം) പറയുന്നതായി ഞാന്‍ കേട്ടു: ‘അല്ലാഹു ഇസ്മാഈലിന്റെ മക്കളില്‍നിന്ന് കിനാനയെ തിരഞ്ഞെടുത്തു, കിനാനഃയില്‍നിന്ന് അല്ലാഹു ക്വുറയ്ശികളെ തിരഞ്ഞെടുത്തു. ക്വുറയ്ശികളില്‍നിന്ന് ബനൂ ഹാശിമിനെ അല്ലാഹു തിരഞ്ഞെടുത്തു. ബനൂ ഹാഷിമില്‍ നിന്ന് അല്ലാഹു എന്നെയും തിരഞ്ഞെടുത്തു” (മുസ്‌ലിം).

അറബികള്‍ക്കിടയിലെ ഉന്നത കുടുംബം, ഉന്നത തറവാട്, ഉന്നത പിതൃപരമ്പര. ഇസ്മാഈല്‍ നബി(അ) മുതല്‍ മുഹമ്മദ് നബി ﷺ വരെയുള്ള കുടുംബ പരമ്പര അതാത് കാലങ്ങളില്‍ ആ നാട്ടില്‍ പേരും പ്രശസ്തിയും ഉള്ളതായിരുന്നു. നബി ﷺ യുടെ വൈരികളായ മക്കക്കാര്‍ പോലും ഈ കുടുംബ മഹിമ അംഗീകരിച്ചവരായിരുന്നു എന്നതും ഇതിലേക്ക് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഇസ്‌ലാമിലേക്ക് ഏറെ വൈകി വന്ന സ്വഹാബിയായിരുന്നു അബൂസുഫ്‌യാന്‍(റ). അദ്ദേഹം ഇസ്‌ലാമിലേക്ക് വരുന്നതിന് മുമ്പ് നടന്ന പ്രസിദ്ധമായ ഒരു സംഭവമായിരുന്നു ഹിര്‍ക്വല്‍ രാജാവിന്റെ കൊട്ടാരത്തിലെ ഒരു ഒത്തുകൂടല്‍. മുഹമ്മദ് നബി ﷺ പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യനാളുകളില്‍ അബൂസുഫ്‌യാന്‍(റ) ഹിര്‍ക്വല്‍ രാജാവിനെ സമീപിക്കുകയുണ്ടായി. മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന് എതിരായിട്ടായിരുന്നു ആ സംസാരം. അന്ന് ഹിര്‍ക്വല്‍ രാജാവ് പല കാര്യങ്ങളും മുഹമ്മദ് നബി ﷺ യെ പറ്റി അബൂസുഫ്‌യാനോട് ചോദിക്കുകയുണ്ടായി. ‘നിങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആ വ്യക്തിയുടെ കുടുംബപരമ്പര എങ്ങനെയാണ്’ എന്നതായിരുന്നു അതില്‍ ഒരു ചോദ്യം. അന്ന് നബി ﷺ യുടെ ശത്രുവായിരുന്ന അബൂസുഫ്‌യാന് ഹിര്‍ക്വലിന്റെ മുമ്പില്‍ സത്യം മറച്ചുവെക്കാന്‍ സാധിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘അദ്ദേഹം ഞങ്ങളിലെ ഏറ്റവും നല്ല കുടുംബമുള്ളവനാണ്…’ അവസാനം ഹിര്‍ക്വല്‍ രാജാവ് അബൂസുഫ്‌യാനോട് പറഞ്ഞു: ‘ഞാന്‍ നിങ്ങളോട് അദ്ദേഹത്തിന്റെ കുടുംബ സാഹചര്യത്തെ പറ്റി ചോദിച്ചപ്പോള്‍, അദ്ദേഹം ഏറ്റവും നല്ല കുടുംബത്തിലാണ് ഉള്ളതെന്ന് പറഞ്ഞു. അതെ, മുന്‍കഴിഞ്ഞ ദൂതന്മാരെല്ലാം ഏറ്റവും നല്ല കുടംബത്തില്‍നിന്നു തന്നെയാണ് വന്നിരുന്നത്.’ ഈ സംഭവം ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് നബി ﷺ യെ ശത്രുക്കള്‍ മാരണക്കാരന്‍, ഭ്രാന്തന്‍, കവി, ജ്യോത്സ്യന്‍ എന്നിങ്ങനെയെല്ലാം വിളിച്ച് ആക്ഷേപിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് ﷺ ഒരു മോശം കുടുംബത്തില്‍ ജനിച്ചവനാണെന്നോ മറ്റോ പറഞ്ഞ് അവിടുത്തെ ആക്ഷേപിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല എന്നതും നബി ﷺ യുടെ കുടുംബ മഹിമ അവര്‍ക്കിടയില്‍ എത്ര പ്രശംസനീയമായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്.

ആദം(അ) മുതല്‍ നബി ﷺ യുടെ പിതാവ് അബ്ദുല്ലാഹ് വരെയും, ഹവ്വാഅ്(റ) മുതല്‍ ആമിനവരെയും അടങ്ങുന്ന എല്ലാവരും മുസ്‌ലിമാകണമെന്ന് അതിന് അര്‍ഥമില്ല. എന്നാല്‍ അവിടുത്തെ കുടുംബ പരമ്പരയില്‍ വ്യഭിചാരം, മോഷണം, മദ്യപാനം, കൊല തുടങ്ങിയ മ്ലേച്ഛ സ്വഭാവങ്ങളുള്ളവര്‍ ഇല്ലായിരുന്നു. പ്രവാചകന്മാരുടെ മാതാപിതാക്കള്‍ ആരും തന്നെ ഇത്തരം ദുഃസ്വഭാവികളായിരുന്നില്ല. എന്നാല്‍ വിശ്വാസപരമായി പലരും വഴികേടിലായിരുന്നു എന്ന് നമുക്ക് കാണാന്‍ സാധിക്കുന്നതുമാണ്. ഇബ്‌റാഹീം നബി(അ)യുടെ പിതാവ് ഒരു ഉദാഹരണം.

നബി ﷺ യുടെ മാതാപിതാക്കള്‍ ശരിയായ വിശ്വാസികളായിരുന്നു എന്ന് മനസ്സിലാക്കിയവരുണ്ട്. അത് ശരിയല്ല. നബി ﷺ തന്നെ അവിടുത്തെ മാതാപിതാക്കളുടെ അവസ്ഥയെ പറ്റി നമുക്ക് വിവരിച്ച് തന്നത് നാം മനസ്സിലാക്കണം.

അനസ്(റ)വില്‍നിന്ന് നിവേദനം; ഒരാള്‍ ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരെ, എന്റെ പിതാവ് എവിടെയാകുന്നു?” നബി ﷺ പറഞ്ഞു: ”നരകത്തില്‍.” അങ്ങനെ അദ്ദേഹം തിരിഞ്ഞുനടന്നപ്പോള്‍ നബി ﷺ അദ്ദേഹത്തെ വിളിച്ചു, എന്നിട്ട് പറഞ്ഞു: ”തീര്‍ച്ചയായും എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാകുന്നു” (മുസ്‌ലിം).

ഇമാം നവവി(റഹി) ശറഹ് മുസ്‌ലിമില്‍ ഈ ഹദീസ് വരുന്ന അധ്യായത്തിന് നല്‍കിയ പേര് ഇപ്രകാരമാണ്: ‘തീര്‍ച്ചയായും ആര്‍ സത്യനിഷേധത്തിലായി മരണപ്പെട്ടുവോ അപ്പോള്‍ അവന്‍ നരകത്തിലായെന്നും അവന് ശുപാര്‍ശ ലഭിക്കില്ലെന്നും (അല്ലാഹുവിലേക്ക്) അടുത്തവരുടെ അടുപ്പം അവന് ഉപകാരപ്പെടുകയില്ലെന്നും വ്യക്തമാക്കുന്ന അധ്യായം.’

ഈ ഹദീസ് കൊടുത്തതിന് ശേഷം ഇമാം നവവി(റ) പറയുന്നു: ‘ഏതൊരാള്‍ സത്യനിഷേധത്തിലായി മരണപ്പെടുന്നുവോ അവന്‍ നരകത്തിലാണ് എന്നും (അല്ലാഹുവിലേക്ക്) സാമീപ്യം ലഭിച്ചവരുടെ അടുപ്പം അവന് ഉപകാരപ്പെടുകയില്ലെന്നും ഇതില്‍ (ഈ ഹദീസില്‍ തെളിവ്) ഉണ്ട്. വിഗ്രഹങ്ങളെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട അറബികളുടെ സമ്പ്രദായത്തിലായി ഒരാള്‍ മരണപ്പെട്ടു, അപ്പോള്‍ അവനും നരകക്കാരനാണെന്ന് ഇതില്‍ (ഈ ഹദീസില്‍ തെളിവ്) ഉണ്ട്. ഇത് പ്രബോധനം എത്തുന്നതിന് മുമ്പ് പിടികൂടുക എന്നതല്ല. (കാരണം,) ഇക്കൂട്ടര്‍ ഇബ്‌റാഹീമി(അ)ന്റെയും മറ്റു നബിമാരുടെയും പ്രബോധനം എത്തിയവരാകുന്നു’ (ശറഹു മുസ്‌ലിം).

മറ്റൊരു ഭാഗം കൂടി കാണുക: ”നബി ﷺ റബ്ബിനോട് തന്റെ മാതാവിന്റെ ക്വബ്ര്‍ സന്ദര്‍ശിക്കുന്നതില്‍ അനുവാദം ചോദിക്കുന്ന അധ്യായം.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഞാന്‍ എന്റെ രക്ഷിതാവിനോട് എന്റെ ഉമ്മാക്ക് വേണ്ടി പൊറുക്കലിനെ തേടുവാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ എനിക്ക് അതിന് അനുവാദം ലഭിച്ചില്ല. അവരുടെ ക്വബ്ര്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി ഞാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ എനിക്ക് അനുവാദം ലഭിക്കുകയുണ്ടായി.’

ബഹുദൈവ വിശ്വാസികളെ ജീവിതകാലത്തും മരണശേഷം അവരുടെ ക്വബ്‌റും സന്ദര്‍ശിക്കുന്നത് അനുവദനീയമാണ് എന്ന് ഇതില്‍ (തെളിവ്) ഉണ്ട്” (ശറഹു മുസ്‌ലിം).

രണ്ടു തെളിവുകള്‍ ഇവിടെ നാം രേഖപ്പെടുത്തി. ഇമാം നവവി(റഹി) കൊടുത്ത ഹദീസും അതില്‍ നിന്ന് അദ്ദേഹം നിര്‍ധാരണം ചെയ്‌തെടുത്ത ആശയവും വായിക്കുന്ന ആര്‍ക്കും മനസ്സിലാകും നബി ﷺ യുടെ മാതാപിതാക്കള്‍ നരകാവകാശികളാണ് എന്ന്. ചുരുക്കത്തില്‍ ഈ വിഷയത്തില്‍ നബി ﷺ നമുക്ക് പഠിപ്പിച്ചുതന്ന കാര്യമാണ് നാം അംഗീകരിക്കേണ്ടത്. അതിലപ്പുറം ഒരു അഭിപ്രായം പറയാന്‍ നമുക്ക് എന്ത് അവകാശമാണുള്ളത്? നബിമാരുടെ കുടുംബത്തിലെ അംഗങ്ങളെല്ലാം സത്യവിശ്വാസികളായിരിക്കുമെന്നൊന്നും അല്ലാഹുവോ റസൂലോ നമുക്ക് അറിയിച്ചുതന്നിട്ടില്ല. നബിമാരുടെ അടുത്ത ബന്ധുക്കളിലെ ആരെങ്കിലും അവിശ്വാസികളായി എന്നത് നബിമാരുടെ മഹത്ത്വത്തിനോ സ്ഥാനത്തിനോ യാതൊരു കുറവും ഉണ്ടാക്കുന്നില്ല. ക്വുര്‍ആനിലെ ചില ആയത്തുകള്‍ ഉദ്ധരിച്ച് നബി ﷺ യുടെ മാതാപിതാക്കള്‍ സ്വര്‍ഗാവകാശികളാണെന്ന് ചിലര്‍ ദുര്‍വ്യാഖ്യാനിക്കാറുണ്ട്. സ്വഹീഹ് മുസ്‌ലിമിലെ ഹദീസ് ക്വുര്‍ആനിന് എതിരാണോ? നബി ﷺ ക്ക് ഈ ആയത്തുകളൊന്നും മനസ്സിലായില്ലേ? ഇമാം നവവി(റഹി)ക്ക് ഈ ആയത്തുകള്‍ മനസ്സിലായില്ലേ? നിഷ്പക്ഷമതികള്‍ ചിന്തിക്കുക. 

(തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

മുഹമ്മദ് നബി ﷺ

മുഹമ്മദ് നബി ﷺ

മുഹമ്മദ് നബിﷺ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള മഹാനാണ്. മുഹമ്മദ് നബിﷺയെ സംബന്ധിച്ച് ഇസ്‌ലാമിന്റെ അകത്തും പുറത്തുമുള്ള ആളുകള്‍ ധാരാളം തെറ്റുധാരണകള്‍ വെച്ചുനടക്കുന്നവരാണ്. ഇസ്‌ലാമിന് പുറത്തുള്ളവര്‍ തിരുജീവിതത്തെ സത്യസന്ധമായ പഠനത്തിന് വിധേയമാക്കാതെ അനേകം കുപ്രചാരണങ്ങളും ആരോപണങ്ങളും സിനിമകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ ഉല്‍കൃഷ്ടനായ മുഹമ്മദ് നബിﷺയെ വസ്തുനിഷ്ഠമായി പഠിക്കലും മനസ്സിലാക്കലും വിശ്വസിക്കലും അവിടുത്തെ ധാരാളം സ്‌നേഹിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ കടമയാണ്. അതുപോലെ പ്രവാചകനെതിരില്‍ ശത്രുക്കള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മറുപടി നല്‍കലും വിശ്വാസികളുടെ ബാധ്യതയാണ്.

നബിﷺ ആരായിരുന്നു എന്നാണ് ഈ ചരിത്ര വിവരണത്തിലൂടെ നാം മനസ്സിലാക്കുന്നത്. ഇരുപത്തി മൂന്ന് കൊല്ലത്തെ പ്രവാചകത്വ ജീവിതവും നാല്‍പത് കൊല്ലത്തെ പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതവും പരിപൂര്‍ണമായി വിവരിക്കുക എന്നത് സാധ്യമല്ലാത്തതിനാല്‍, പ്രധാനമെന്ന് തോന്നുന്ന ഭാഗങ്ങള്‍ മാത്രമാണ് ഇതിലൂടെ വിവരിക്കുന്നത്.

സ്വന്തം ജീവനെക്കാള്‍ മുഹമ്മദ് നബിﷺയെ ബഹുമാനിക്കാനും ആദരിക്കാനും സ്‌നേഹിക്കാനും കടമപ്പെട്ടവരാണല്ലോ നാം. ഏതൊരാള്‍ക്ക് നബിﷺ അപ്രകാരം ആകുന്നില്ലയോ, അവന്റെ വിശ്വാസം പൂര്‍ണമല്ല എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ലോകത്ത് എല്ലാ കാലത്തും എല്ലാ സമൂഹത്തിലേക്കും അല്ലാഹു താക്കീതുകാരെ അയച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവുംകൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല” (ഫാത്വിര്‍:24).

എന്തിനു വേണ്ടിയാണ് അല്ലാഹു എല്ലാ സമൂഹത്തിലേക്കും പ്രവാചകന്മാരെ അയച്ചത്?

”സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (അന്നിസാഅ്: 165).

അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്ത നല്‍കുന്നവരും, അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് കത്തിയാളുന്ന നരകത്തെക്കുറിച്ച് താക്കീത് നല്‍കുന്നവരും ആയിരുന്നു അല്ലാഹുവിന്റെ ദൂതന്മാര്‍. ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നതിനും അവര്‍ക്ക് താക്കീത് നല്‍കുന്നതിനും അല്ലാഹുവിനെതിരില്‍ അന്ത്യനാളില്‍ യാതൊരു തെളിവും ഇല്ലാതിരിക്കുന്നതിനും വേണ്ടിയാണ് അല്ലാഹു ദൂതന്മാരെ അയച്ചത്. ഇബ്‌നു കഥീര്‍(റ) പറയുന്നത് കാണുക:

”അല്ലാഹു അവന്റെ വേദഗ്രന്ഥങ്ങളെ ഇറക്കുകയും അവന്റെ ദൂതന്മാരെ സന്തോഷവാര്‍ത്തകൊണ്ടും താക്കീതുകൊണ്ടും അയക്കുകയും ചെയ്തു. അല്ലാഹുവിന് ഇഷ്ടപ്പെടുന്നവയെപ്പറ്റിയും തൃപ്തിപ്പെടുന്നവയെപ്പറ്റിയും അവന്‍ (ദൂതന്മാരിലൂടെ) വിശദീകരിച്ചു. അല്ലാഹുവിന് വെറുപ്പുള്ള കാര്യങ്ങളെപ്പറ്റിയും അവനോട് വിസമ്മതിക്കുന്ന കാര്യങ്ങളെപ്പറ്റിയും അവന്‍ (ദൂതന്മാരിലൂടെ) വിവരിച്ചു. ഒഴികഴിവ് പറയുന്നവന് യാതൊരു ഒഴികഴിവും അവശേഷിക്കാതിരിക്കാന്‍ വേണ്ടിയാണ് അത്” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

മുഹമ്മദ് നബിﷺ; അന്തിമദൂതന്‍

സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കിത്തരാന്‍ ഒരു ദൂതന്‍ ഞങ്ങളിലേക്ക് വന്നില്ലെന്ന് അന്ത്യനാളില്‍ അല്ലാഹുവിനെതിരില്‍ ഒരു അടിമക്കും പ്രതിബന്ധം പറയാന്‍ സാധിക്കാത്തവിധം അല്ലാഹു എല്ലാ സമൂഹത്തിലേക്കും ദൂതന്മാരെ അയച്ചിട്ടുണ്ട്. മുഹമ്മദ് നബിﷺക്ക് മുമ്പുള്ള ഓരോ പ്രവാചകനും അതാത് സമൂഹത്തിലേക്കാണ് അയക്കപ്പെട്ടതെങ്കില്‍ മുഹമ്മദ് നബിﷺ അന്ത്യനാള്‍വരെയുള്ള മുഴുവന്‍ ജനങ്ങളിലേക്കുമായിട്ടാണ് അയക്കപ്പെട്ടിട്ടുള്ളത്.

”നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല” (സബഅ്: 28).

നബിﷺക്ക് ശേഷം പുതിയ ഒരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് തന്നെ അന്ത്യനാള്‍വരെയുള്ള എല്ലാ മനുഷ്യരും ജിന്നുകളും ആ പ്രവാചകനെ പിന്തുടരല്‍ നിര്‍ബന്ധമാണ്. അവര്‍ക്കാകുന്നു വിചാരണനാളില്‍ രക്ഷയുള്ളത്.

ജാതി, മത, വര്‍ണ, രാഷ്ട്ര വ്യത്യാസമില്ലാതെ ലോകര്‍ക്കാകമാനം കാരുണ്യമായിട്ടാണ് മുഹമ്മദ് നബിﷺ അയക്കപ്പെട്ടത് എന്നതും ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:

”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (അമ്പിയാഅ്: 107).

മുഹമ്മദ്ﷺ അവസാനത്തെ നബിയാണ്. അല്ലാഹു ഇനി ഒരു നബിയെ പുതിയ ശരീഅത്തുമായി മനുഷ്യരിലേക്ക് അയക്കുന്നതല്ല. പ്രവാചക പരമ്പരക്ക് അന്ത്യംകുറിച്ചാണ് മുഹമ്മദ് നബിﷺ അയക്കപ്പെടുന്നത്. മുഹമ്മദ് നബിﷺയിലൂടെ ഇസ്‌ലാമാകുന്ന മണിമാളിക പൂര്‍ത്തിയായി. അവിടുന്ന് പറയുന്നത് കാണുക:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; റസൂല്‍ﷺ പറഞ്ഞു: ”എന്റെയും എനിക്ക് മുമ്പുള്ള നബിമാരുടെയും ഉപമ ഒരാളെപ്പോലെയാകുന്നു. അദ്ദേഹം ഒരു വീട് നിര്‍മിച്ചു. എന്നിട്ട് അത് നന്നാക്കുകയും ഭംഗിയുള്ളതാക്കുകയും ചെയ്തു; ഒരു മൂലയിലെ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴികെ (ബാക്കിയെല്ലാം അയാള്‍ പൂര്‍ത്തിയാക്കി). എന്നിട്ട് ജനങ്ങള്‍ അതിനെ (കാണുന്നതിനായി) ചുറ്റിനടന്നു. അവര്‍ അതില്‍ അത്ഭുതപ്പെടുകയും ചെയ്തു. അവര്‍ ചോദിച്ചു: ‘ഈ ഇഷ്ടിക (അതിന്റെ സ്ഥാനത്ത്) വെക്കപ്പെട്ടുകൂടായിരുന്നില്ലേ?’ നബിﷺ പറഞ്ഞു: ‘ഞാനാകുന്നു ആ ഇഷ്ടിക. ഞാന്‍ പ്രവാചകന്മാരില്‍ അന്തിമനാകുന്നു” (ബുഖാരി).

നബിﷺയുടെ ഈ വിവരണത്തില്‍നിന്ന് അവിടുന്ന് പ്രവാചകന്മാരില്‍ അന്തിമനാകുന്നു എന്നത് വ്യക്തമാണല്ലോ. ഭംഗിയുള്ള ഒരു വീട്; എല്ലാ ഭാഗവും എല്ലാംകൊണ്ടും പൂര്‍ണം. എന്നാല്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിഞ്ഞുകിടക്കുന്നു. വീടിന്റെ ഭംഗി ആസ്വദിക്കുന്നവര്‍ മുഴുവന്‍ പറയുന്നു; ആ ഒഴിവുള്ള ഭാഗത്ത് ഒരു ഇഷ്ടികകൂടി വെച്ചിരുന്നെങ്കില്‍ എന്ന്. ആ ഇഷ്ടിക താനാണ് എന്ന് നബിﷺ വയക്തമാക്കുന്നു. അഥവാ, പ്രവാചകന്മാര്‍ മുഴുവനും വന്നുകഴിഞ്ഞു. ഒരു നബിയുടെ കുറവ് മാത്രമെ ഇനി ബാക്കിയുള്ളൂ. അത് മുഹമ്മദ് നബിﷺയാകുന്നു. ആ പ്രവാചകനിയോഗമനത്തിലൂടെ പ്രവാചകശൃംഖലക്ക് അവസാനമായി. ഇസ്‌ലാമിക അധ്യാപനങ്ങള്‍ മുഴുവനും മുഹമ്മദ് നബിﷺയിലൂടെ പൂര്‍ണമാക്കപ്പെടുകയും ചെയ്തു. അഴകുള്ള ഇസ്‌ലാമാകുന്ന ഈ സൗധത്തില്‍നിന്ന് ഇനി യാതൊന്നും എടുത്തുകളയാനോ പുതിയത് കൂട്ടിച്ചേര്‍ക്കുവാനോ സാധ്യമല്ല. മുഹമ്മദ് നബിﷺയിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാം മതം; അതിലേക്ക് പുതിയതൊന്നും ചേര്‍ക്കാതെയും അതിലൂള്ളതൊന്നും ഒഴിവാക്കാതെയും നിലനില്‍ക്കുമ്പോഴാണ് അതിന്റെ തനിമയും പ്രൗഢിയും നിലനില്‍ക്കുക.

മുഹമ്മദ് നബിﷺ അന്തിമദൂതനാണ് എന്ന വ്യക്തമായ സൂചനയും ഈ ഉദാഹരണത്തിലൂടെ നമുക്ക് ലഭിക്കുന്നു. മുഹമ്മദ് നബിﷺക്ക് ശേഷം ഇനിയൊരു പ്രവാചകന്‍ വരാനില്ലെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടതാകുന്നു. ആരെങ്കിലും മുഹമ്മദ് നബിﷺക്ക് ശേഷം പ്രവാചകത്വം വാദിക്കുന്നുവെങ്കില്‍ അവന്‍ ഇസ്‌ലാമിലേക്ക് ചാരനായി കടന്നുകൂടിയ കള്ളനാണയമാണെന്ന് ഓരോ മുസ്‌ലിമിനും ഉറപ്പിക്കാവുന്നതാണ്.

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്നു

ഇബ്‌റാഹീം നബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചത് നമുക്ക് ഇപ്രകാരം കാണാവുന്നതാണ്:

”ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു” (അല്‍ബക്വറ: 129).

മുഹമ്മദ് നബിﷺക്ക് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പ് മരണപ്പെട്ട മഹാനാണ് ഇബ്‌റാഹീം നബി(അ). മുഹമ്മദ് നബിﷺയുടെ പിതൃപരമ്പര ഇബ്‌റാഹീം നബി(അ)യില്‍ എത്തുന്നത് നമുക്ക് കാണാം. അഥവാ നബിﷺയുടെ പിതാമഹന്മാരില്‍ ഒരാളാണ് ഇബ്‌റാഹീം(അ). നബിﷺയുടെ പിതൃപരമ്പര ഇമാം ദഹബി(റഹി) ഇപ്രകാരം കൊടുക്കുന്നത് നമുക്ക് കാണാവുന്നതാണ്:

”ജനങ്ങളുടെ ഏകാഭിപ്രായമനുസരിച്ച് ഇബ്‌റാഹീം(അ)ന്റെ മകനായ ഇസ്മാഈല്‍(അ)ന്റെ മക്കളില്‍ പെട്ട അദ്‌നാനിന്റെ മകന്‍ മഅദ്ദിന്റെ മകന്‍ നിസാറിന്റെ മകന്‍ മുദ്വറിന്റെ മകന്‍ ഇല്‍യാസിന്റെ മകന്‍ മുദ്‌രികഃയുടെ (മുദ്‌രികഃയുടെ യഥാര്‍ഥ നാമം ആമിര്‍ എന്നാണ്) മകന്‍ ഖുസൈമയുടെ മകന്‍ കിനാനഃയുടെ മകന്‍ നദ്വ്ര്‍ന്റെ മകന്‍ മാലികിന്റെ മകന്‍ ഫിഹ്‌റിന്റെ മകന്‍ ഗാലിബിന്റെ മകന്‍ ലുഅയ്യിന്റെ മകന്‍ കഅ്ബിന്റെ മകന്‍ മര്‍റഃയുടെ മകന്‍ കിലാബിന്റെ മകന്‍ ക്വുസ്വയ്യിന്റെ (ക്വുസ്വയ്യിന്റെ യഥാര്‍ഥ നാമം സൈദ് എന്നാണ്) മകന്‍ അബ്ദു മനാഫിന്റെ (അബ്ദു മനാഫിന്റെ യഥാര്‍ഥ നാമം മുഗീറഃ എന്നാണ്) മകന്‍ ഹാഷിമിന്റെ (ഹാഷിമിന്റെ യഥാര്‍ഥ നാമം അംറ് എന്നാണ്) മകന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ (അബ്ദുല്‍ മുത്ത്വലിബിന്റെ യഥാര്‍ഥ നാമം ശൈബ എന്നാണ്) മകന്‍ അബ്ദുല്ലയുടെ മകനാണ് മുഹമ്മദ്ﷺ” (സിയറു അഅ്‌ലാമിന്നുബലാഅ്).

ഇമാം ദഹബി(റ) തുടരുന്നു: ”ഇസ്മാഈല്‍(അ)ന്റെയും അദ്‌നാനിന്റെയും ഇടയിലുള്ള പിതാക്കന്മാരുടെ കാര്യത്തില്‍ അവര്‍ അഭിപ്രായ വ്യത്യാസത്തിലായിരിക്കുന്നു. അവര്‍ക്കിടയില്‍ ഒമ്പത് പിതാക്കളുണ്ട് എന്ന് പറയുന്നവരും ഏഴു പേരാണെന്ന് പറയുന്നവരുമെല്ലാം ഉണ്ട്. അദ്‌നാന്‍വരെയുള്ള പിതാക്കന്മാരുടെ പരമ്പരയില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണെന്ന് ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാം.”

പിതാക്കന്മാരില്‍ എത്രയോ അകലമുള്ള പിതാവാണ് ഇബ്‌റാഹീം(അ). ആരാരും ഇല്ലാത്ത മണല്‍ ക്കാട്ടില്‍ വെച്ചുള്ള ഉപ്പാന്റെ പ്രാര്‍ഥന നാം കണ്ടല്ലോ. അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നത് എത്ര കാലങ്ങള്‍ക്ക് ശേഷമാണ് എന്നതും നാം ചിന്തിക്കേണ്ട കാര്യമാണ്. എത്രയോ സംവല്‍സരങ്ങള്‍ക്ക് ശേഷമാണ് അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയത്. പ്രാര്‍ഥനക്ക് ഉത്തരം നല്‍കുക എന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചും ഏറ്റവും നന്നായി അറിയാവുന്ന അല്ലാഹുവാണ് തീരുമാനിക്കുന്നത്. അതിനാല്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ആരും വ്യാകുലരാകേണ്ടതില്ലെന്ന് ഈ സംഭവം നമ്മെ അറിയിച്ചുതരുന്നുണ്ട്. ഉപ്പ എന്തിനാണോ പ്രാര്‍ഥിച്ചത്, അതുപ്രകാരം തന്നെയാണ് മുഹമ്മദ് നബിﷺ പ്രവാചകനായി നിയോഗിക്കപ്പെടുന്നത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു” (അല്‍ജുമുഅ: 2).

ഇസ്ഹാക്വ്(അ), ഇസ്മാഈല്‍(അ) എന്നിവരുടെ പരമ്പരയിലൂടെയാണല്ലോ പില്‍ക്കാലത്ത് അല്ലാഹു നബിമാരെ അയച്ചത്. ഇസ്ഹാക്വ് നബി(അ)യുടെ പരമ്പരയിലൂടെയാണ് അദ്ദേഹത്തിനുശേഷം മുഹമ്മദ് നബിﷺക്ക് മുമ്പുള്ള എല്ലാ നബിമാരും നിയോഗിക്കപ്പെട്ടത്.

തൗറാത്തിലും ഇഞ്ചീലിലും പേരുപറയപ്പെട്ട അന്തിമദൂതന്‍

മുഹമ്മദ് നബിﷺയുടെ വരവിനെപ്പറ്റി വേദക്കാര്‍ക്ക് നന്നായി അറിയാമായിരുന്നു. കാരണം അന്ത്യ പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് അവരിലേക്ക് ഇറക്കപ്പെട്ട തൗറാത്തിലും ഇഞ്ചീലിലും അല്ലാഹു അറിയിച്ചിരുന്നു:

”(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്)…” (അല്‍അഅ്‌റാഫ്: 157).

തൗറാത്തിലും ഇന്‍ജീലിലും പേരുപറയപ്പെട്ട പ്രവാചകന്‍ ആയതിനാല്‍ തന്നെ വേദക്കാര്‍ ആ പ്രവാചകന്റെ വരവിനെ പ്രതീക്ഷിക്കുന്നവരുമായിരുന്നു. അന്തിമദൂതന്റെ പ്രത്യേകതകളെപ്പറ്റിയും സവിശേഷതകളെക്കുറിച്ചും വേദഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കിയവരായിരുന്നു ജൂത-ക്രൈസ്തവര്‍. അതിനാല്‍ തന്നെ മക്കയിലെ അറബികള്‍ ആ പ്രവാചകനില്‍ വിശ്വസിക്കുന്നതിനു മുമ്പേ വിശ്വസിക്കേണ്ടവരായിരുന്നു ജൂത-ക്രൈസ്തവര്‍. പക്ഷേ, അസൂയയും കുടിപ്പകയും കാരണത്താല്‍ അവര്‍ ആ പ്രവാചകനില്‍ അവിശ്വസിക്കുകയാണുണ്ടായത്.

(അവസാനിച്ചില്ല)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

കാരണങ്ങളെ സമീപിക്കുമ്പോള്‍ വിശ്വാസി ശ്രദ്ധിക്കേണ്ടത്

കാരണങ്ങളെ സമീപിക്കുമ്പോള്‍ വിശ്വാസി ശ്രദ്ധിക്കേണ്ടത്

നമുക്ക് പലതരത്തിലുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമുണ്ട്. അവ പൂര്‍ത്തീകരിക്കാന്‍ നാം പലമാര്‍ഗങ്ങളും ഉപയോഗിക്കാറുമുണ്ട്. സ്രഷ്ടാവ് പ്രകൃതിയില്‍ ഓരോ കാര്യത്തിനും പല കാരണങ്ങള്‍ അഥവാ മാര്‍ഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടായിരിക്കും. പ്രാപഞ്ചികനിയമങ്ങള്‍ അല്ലെങ്കില്‍ കാര്യകാരണ ബന്ധങ്ങള്‍ എന്ന് നാം പറയാറുള്ളത് ഇത്തരം സംഗതികള്‍ക്കാണ്.

വിശപ്പുമാറാന്‍ ഭക്ഷണംകഴിക്കുന്നതും ദാഹമകറ്റാന്‍ വെള്ളംകുടിക്കുന്നതും രോഗംമാറാന്‍ ചികിത്സിക്കുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. നാം ലക്ഷ്യം വെക്കുന്ന ഇത്തരത്തിലുള്ള ഓരോ കാര്യവും നേടാന്‍ അതിന്റെതായ കാരണങ്ങളിലൂടെയാണ് സമീപിക്കേണ്ടത്. അതില്‍ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ല. ഈ പ്രപഞ്ചത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും ഈ പ്രാപഞ്ചിക നിയമങ്ങള്‍ ബാധകമാണ്.

ഇത്തരം ഭൗതിക കാരണങ്ങള്‍ക്കു പുറമെ മതപരമായ ചില കാരണങ്ങള്‍ കൂടി (അസ്ബാബു ശര്‍ഇയ്യ) മതം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഉദാഹരണമായി, ഭൗതികലോകത്ത് മനുഷ്യന്‍ അനുഭവിച്ചേക്കാവുന്ന അഞ്ച് വലിയ വിപത്തുകളും അവയുടെ കാരണങ്ങളും ഉണര്‍ത്തിക്കൊണ്ട് നബി ﷺ  പറഞ്ഞു:

1. ‘ഏതൊരു ജനതയില്‍ (വ്യഭിചാരം പോലുള്ള) അധാര്‍മികതകള്‍ പരസ്യമാവുകയും പ്രചരിക്കുകയും ചെയ്യുന്നുവോ അവരില്‍ മുന്‍കാലക്കാര്‍ക്ക് പരിചയമില്ലാത്ത മാരകരോഗങ്ങളും ദുരിതങ്ങളും പരക്കുന്നതാണ്.

2.അളവിലും തൂക്കത്തിലും കുറവുവരുത്തിയാല്‍ വരള്‍ച്ച, സാമ്പത്തിക പ്രതിസന്ധി, ഭരണാധികാരികളുടെ അതിക്രമം എന്നിവ അവരെ പിടികൂടും.

3. സകാത്ത് (നിര്‍ബന്ധ ദാനം) കൊടുത്തുവീട്ടാതെ തടഞ്ഞുവെച്ചാല്‍ വാനലോകത്തുനിന്ന് അവര്‍ക്ക് മഴ തടയപ്പെടുന്നതാണ്.

4. അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള കരാര്‍ ലംഘിച്ചാല്‍ അവര്‍ക്കെതിരില്‍ ശത്രുക്കള്‍ക്ക് അല്ലാഹു ആധിപത്യം നല്‍കുകയും അവരുടെ അധീനതയിലുള്ളത് ശത്രുക്കള്‍ അപഹരിക്കുകയും ചെയ്യും.

5. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് അവരിലെ നായകന്മാര്‍ വിധിപറയാതിരിക്കുകയും അല്ലാഹു അവതരിപ്പിച്ചതില്‍നിന്ന് തങ്ങള്‍ക്കിഷ്ടപ്പെടുന്നത് മാത്രം തെരഞ്ഞെടുക്കുകയും ചെയ്താല്‍ അവര്‍ക്കിടയില്‍ തന്നെ അല്ലാഹു കുഴപ്പങ്ങള്‍ ഉണ്ടാക്കും’ (ഇബ്‌നുമാജ, ഹാകിം).

മേല്‍പറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് അല്ലാഹു ഈ ലോകത്തുതന്നെ ശിക്ഷയായി നല്‍കിയേക്കാവുന്ന ചില കാര്യങ്ങളാണ് ഈ ഹദീഥ് നമ്മെ ഓര്‍മിപ്പിക്കുന്നത്.

മറ്റൊരിക്കല്‍, ദീര്‍ഘായുസ്സ് കിട്ടുവാനും ഉപജീവനത്തില്‍ വിശാലത കൈവരുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുടുംബബന്ധം ചേര്‍ക്കാന്‍ നബി ﷺ  നിര്‍ദേശിച്ചതായികാണാം. (ബുഖാരി, മുസ്‌ലിം).

അപ്രകാരംതന്നെ ദാരിദ്ര്യം നീങ്ങാനും പാപങ്ങള്‍ പൊറുക്കപ്പെടുവാനും ഹജ്ജും ഉംറയും തുടരെ നിര്‍വഹിക്കുവാന്‍ നബി ﷺ  നിര്‍ദേശിച്ചതും ഹദീഥുകളില്‍ വന്നിട്ടുണ്ട് (അഹ്മദ്, തുര്‍മുദി, നസാഇ).

ഒന്നാമത്തെ ഇനത്തിലുള്ള കാരണങ്ങള്‍ അഥവാ ഭൗതിക കാരണങ്ങള്‍ അറിയാനുള്ള മാര്‍ഗം നമ്മുടെ അനുഭവങ്ങളും ഗവേഷണങ്ങളുമാണ്. എന്നാല്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരം അനുഭവങ്ങള്‍ക്കു പുറമെ തന്റെ മതം അത് അനുവദിക്കുന്നുണ്ടോ ഇല്ലേ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. കാര്യം നടന്നുകിട്ടുക എന്നതിനപ്പുറം കാര്യസാധ്യത്തിനുള്ള മാര്‍ഗവും കൂടി നന്നായിരിക്കണമെന്നര്‍ഥം. അതായത്, ഭൗതിക കാരണങ്ങളില്‍ മതം അനുവദിച്ചതും വിലക്കിയതുമുണ്ടാകും. അനുവദിച്ചത് ഉപയോഗിക്കാം, എന്നാല്‍ വിലക്കിയത് ഉപേക്ഷിക്കണം.

ഉദാഹരണമായി, ഒരാള്‍ക്ക് വീടുപണിയാനും വാഹനം വാങ്ങുവാനും മക്കളെ പഠിപ്പിക്കുവാനുമൊക്കെയായി കുറെ പണം ആവശ്യമുണ്ട്. പണസമ്പാദനത്തിനായി പലവഴികളും അയാളുടെ മുമ്പിലുണ്ട് താനും. കച്ചവടം, കൃഷി, ജോലി, വാടക മുതലായ വരുമാനമാര്‍ഗങ്ങള്‍ക്കു പുറമെ പലിശ, കളവ്, ചതി, കൊള്ള മുതലായ പല വഴികളിലൂടെയും ആളുകള്‍ പണം സമ്പാദിക്കുന്നതും അയാള്‍ കാണുന്നു. ഇവയിലൂടെയെല്ലാം ധനം സമ്പാദിക്കുവാനും കാര്യങ്ങള്‍ നടത്തുവാനും സാധിക്കും. എന്നാല്‍ ഒന്ന് മതം അനുവദിച്ചതും മറ്റേത് മതം വിലക്കിയതുമാണ്. നിഷിദ്ധമാര്‍ഗത്തിലൂടെയുള്ള സമ്പാദ്യം നരകമാണ് നേടിത്തരിക എന്ന് പ്രവാചകന്‍ ﷺ  താക്കീത് ചെയ്തിട്ടുണ്ട്.

അതിനാല്‍ കാര്യങ്ങള്‍ നടക്കണം എന്നതിനുപരി അതിനായി താനുപയോഗപ്പെടുത്തുന്ന മാര്‍ഗങ്ങള്‍ പടച്ചവന്‍ അനുവദിച്ചതാണോ എന്നുകൂടി ഒരു വിശ്വാസി ഉറപ്പുവരുത്തേണ്ടതുണ്ട്. അത് അറിയുവാനുള്ള മാര്‍ഗം ക്വുര്‍ആനും സുന്നത്തും പഠിക്കലാണ്. അഥവാ മതത്തിന്റെ അധ്യാപനങ്ങള്‍ മനസ്സിലാക്കലാണ്. ചുരുക്കത്തില്‍, ക്വുര്‍ആനും സുന്നത്തും വിലക്കാത്തതും ഫലം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതുമായ മാര്‍ഗങ്ങള്‍ ഭൗതികവിഷയങ്ങളില്‍ നമുക്ക് സ്വീകരിക്കാം.

എന്നാല്‍ കാര്യസാധ്യങ്ങള്‍ക്കായി മതപരമായ മാര്‍ഗങ്ങളായി നാം സ്വീകരിക്കുന്നവ കേവലം മതം വിലക്കാത്തതായാല്‍ മാത്രം പോരാ. പ്രത്യുത, മതം പഠിപ്പിച്ചതു കൂടിയാകണം. ദീനിന്റെ തെളിവുകളും അധ്യാപനങ്ങളും പിന്തുണക്കാത്തവ നമുക്ക് കാര്യസാധ്യത്തിനുള്ള കാരണങ്ങളായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് സാരം.

ഇത്തരത്തില്‍ മതം അംഗീകരിക്കാത്ത പല മാര്‍ഗങ്ങളും കാര്യസാധ്യത്തിനായി ആളുകള്‍ ഉപയോഗിക്കുന്നത് കാണാം. വിശപ്പടക്കാന്‍ അല്ലാഹു നല്‍കിയ ഭക്ഷ്യപദാര്‍ഥമായ പഴം ദുരിതം മാറാന്‍ കടലിലെറിഞ്ഞയാളുകള്‍ക്ക് എന്ത് പ്രമാണമാണ് സമൂഹത്തിന് സമര്‍പ്പിക്കാനുള്ളത്? അഹ്‌ലുസ്സുന്നയുടെ ഏത് ഇമാമീങ്ങളാണ് ഇങ്ങനെ ഒരു രീതി പഠിപ്പിച്ചത്? മാത്രമല്ല ഇത്തരം പ്രമാണ പിന്‍ബലമില്ലാത്ത കാര്യങ്ങളുടെ പിന്നാലെ പോയി പലതും ചെയ്യുന്ന ആളുകള്‍ ചിലപ്പോഴൊക്കെ ചെയ്യുന്നത് ഇതിലും ഏറെ ഗുരുതരവും വന്‍പാപവും ആണെന്നത് പലരും ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, ചലര്‍ പറയാറുണ്ട്; ഇന്ന ജാറത്തില്‍ പോയി അവിടുന്ന് കിട്ടിയ എണ്ണ ഉപയോഗിച്ചു, അല്ലെങ്കില്‍ ചരടുകെട്ടി, അതുപോലെ അവിടെനിന്നുള്ള പലവിധ നിവേദ്യങ്ങളും ഉപയോഗിച്ചപ്പോള്‍ ആഗ്രഹം സഫലമായി എന്നൊക്കെ. അങ്ങനെയുള്ള സ്ഥലത്ത് പോയതിനാല്‍ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കുട്ടിയുണ്ടായതായും രോഗശമനം കിട്ടിയതായുമൊക്കെ പലപല അനുഭവകഥകള്‍ പറയുന്നവരുണ്ട്.

എന്നാല്‍ ഇവയൊന്നും മതം അനുവദിച്ചതല്ല. നബി ﷺ യുടെയും സ്വഹാബത്തിന്റെയും നടപടിക്രമങ്ങളില്‍ കാണാനാവുന്നതുമല്ല ഇത്തരം രീതികള്‍. അഹ്‌ലുസ്സുന്നയുടെ ഒറ്റ ഇമാമും ഇത്തരം ആചാരങ്ങള്‍ പഠിപ്പിച്ചിട്ടുമില്ല. അതിനാല്‍തന്നെ മതത്തെ കച്ചവടച്ചരക്കാക്കുന്ന ആത്മീയ വാണിഭക്കാരായ പുരോഹിതന്മാരാണ് ഇതിനുപിന്നില്‍ എന്ന് നാം തിരിച്ചറിയണം.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക”(ക്വുര്‍ആന്‍ 9:34).

ഇതിനപ്പുറം ഫലസിദ്ധിയാണ് ന്യായമായി പറയാനുള്ളതെങ്കില്‍ ഒന്ന് നാം ഓര്‍ക്കുക; കളവ്, ചതി, പലിശ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും കാര്യങ്ങള്‍ നടത്താന്‍ പറ്റാറുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം അവയൊക്കെ നമുക്ക് സ്വീകരിക്കാം എന്ന് പടച്ചവനെ പേടിയുള്ള, പരലോകബോധമുള്ള ആരെങ്കിലും പറയുമോ?

ജാറങ്ങളില്‍ പോയവര്‍ക്ക് മാത്രമല്ല ബഹുദൈവാരാധനയുടെ മറ്റു ഇടങ്ങളായ ധ്യാനകേന്ദ്രങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും പോയി നേര്‍ച്ചവഴിപാടുകളും തുലാഭാരവുമൊക്കെ നടത്തിയവര്‍ക്കും ഇതുപോലെ അനുഭവങ്ങള്‍ പലതും പറയാനുണ്ടാകും. അതിനാല്‍ അവയും ചെയ്യാവുന്നതാണെന്ന് ഇസ്‌ലാം മതത്തില്‍ വിശ്വാസമുള്ള ആരെങ്കിലും പറയുമോ?

ചുരുക്കത്തില്‍, ഇത്തരം അനുഭവകഥകള്‍ക്കപ്പുറം ഇതൊക്കെ മതം അംഗീകരിച്ചിട്ടുണ്ടോ, സ്വഹാബികളടക്കമുള്ള സച്ചരിതരായ മുന്‍ഗാമികള്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ എന്നൊക്കെയാണ് നാം പരിശോധിക്കേണ്ടത്.

ഇത്തരം സംഭവങ്ങള്‍ ഒരു പക്ഷേ, പിശാചിന്റെ ആളുകളിലൂടെ വെളിപ്പെടുന്ന അത്ഭുതങ്ങള്‍ അഥവാ ‘ഇസ്തിദ്‌റാജ്’ ആയിരിക്കാം. പടച്ചവന്റെ നിശ്ചയം ആ സമയവും പ്രവൃത്തികളുമായി യാദൃച്ഛികമായി ഒത്തുവന്നതാകാം. അതുമല്ലെങ്കില്‍ അല്ലാഹു പരീക്ഷിച്ചതാകാം. അങ്ങനെ പല കാരണങ്ങള്‍കൊണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാം.

മതത്തില്‍ ഒരുകാര്യം അനുവദനീയമാണോ എന്നറിയാനുള്ള ഏകമാര്‍ഗം മതപ്രമാണങ്ങള്‍ അത് അംഗീകരിച്ചിട്ടുണ്ടോ എന്ന പരിശോധന മാത്രമാണ്. അതിലൂടെ ഇത്തരം കല്ലുംമുള്ളും നമുക്ക് തിരിച്ചറിയാനും കയ്യൊഴിക്കാനും കഴിയും.

മതത്തിന്റെ പ്രമാണങ്ങള്‍ പിന്തുണക്കാത്ത ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുന്നത് ഈയൊരു അന്വേഷണവും മതപഠനവും ഇല്ലാത്തതുകൊണ്ടാണ്. ചൊവ്വാഴ്ച ദിവസം, മുഹര്‍റം ഒന്നു മുതല്‍ പത്ത് വരെ ദിവസങ്ങള്‍… അങ്ങനെ പല ദിവസങ്ങള്‍ക്കും ലക്ഷണക്കേട് കാണുന്നതും വിവാഹം, വീടുതാമസം പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നതിനും യാത്രപോകുന്നതിനുമൊക്കെ തടസ്സം കാണുന്നതും ‘ദോഷം’ ദര്‍ശിക്കുന്നതും മറഞ്ഞവഴിയിലൂടെയുള്ള ഗുണംപ്രതീക്ഷിച്ചും ദോഷംഭയന്നും പലതരം ഏലസ്സുകള്‍, ഐക്കല്ല് മുതലായവ കെട്ടുന്നതും പ്രത്യേക ചടങ്ങുകള്‍ നടത്തുന്നതും ഇസ്‌ലാമിക വിശ്വാസത്തിന് കടകവിരുദ്ധമാണ്.

ഇസ്‌ലാം പഠിപ്പിച്ച ‘തൗഹീദും’ ‘തവക്കുലും’ ശരിയായ രൂപത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചയാളുകള്‍ അനുഭവിക്കുന്ന നിര്‍ഭയത്വവും സമാധാനവും ഇത്തരം അന്ധവിശ്വാസങ്ങളുടെ ഭാണ്ഡങ്ങള്‍ പേറുന്നവര്‍ക്ക് ഒരിക്കലും കിട്ടുകയില്ല എന്നത് സത്യമാണ്.

ഇസ്‌ലാമിന്റെ നിര്‍ഭയത്വം ശരിക്കും അനുഭവിച്ച ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍. വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 6:81,82).

 കാര്യകാരണബന്ധങ്ങള്‍ക്കതീതമായി നമ്മുടെ ജീവിതത്തില്‍ ഇടപെടാനും ഉപകാരമോ ഉപദ്രവമോ വരുത്തുവാനും സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അതിനാല്‍ മറഞ്ഞവഴിയിലൂടെ ഉപകാരം കിട്ടാനുള്ള തേട്ടം അഥവാ പ്രാര്‍ഥന മുഴുവനും അല്ലാഹുവിനോടെ ആകാവൂ എന്ന് ഇസ്‌ലാം അതിശക്തമായി നിഷ്‌ക്കര്‍ശിക്കുന്നു.

അല്ലാഹു പറയുന്നു: ”അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചുപ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പിന്‍മുറക്കാരാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ചു മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ” (ക്വുര്‍ആന്‍ 27:62).

”(നബിയേ,) നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യുവാന്‍ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് അവന്‍ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവന്‍ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ” (ക്വുര്‍ആന്‍ 6:17).

”നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 10:107).

മറ്റുള്ളവരോടുള്ള പ്രാര്‍ഥനയുടെ ബാലിശത ക്വുര്‍ആന്‍ പലയിടത്തും തുറന്നു കാട്ടിയിട്ടുണ്ട്:

”അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ  ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു” (ക്വുര്‍ആന്‍ 13:14).

ഇസ്‌ലാം പഠിപ്പിച്ച ശരിയായ വിശ്വാസ, ആദര്‍ശങ്ങള്‍ സ്വീകരിച്ച് ഇരുലോകത്തും വിജയംവരിക്കാന്‍ അല്ലാഹു നമുക്ക് ‘തൗഫീക്വ്’ നല്‍കട്ടെ!

 

ശമീര്‍ മദീനി
നേർപഥം വാരിക

ഇസ്‌ലാം പുരുഷ മേധാവിത്വത്തിന്റെ മതമോ?

ഇസ്‌ലാം പുരുഷ മേധാവിത്വത്തിന്റെ മതമോ?

”പുരുഷന്‍മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവുനല്‍കിയതുകൊണ്ടും (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അവരെ അടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്നപക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു” (ക്വുര്‍ആന്‍ 4:34).

ഇസ്‌ലാം വിമര്‍ശകര്‍ വിശുദ്ധ ക്വുര്‍ആനിലെ ഈ വചനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇസ്‌ലാം സ്ത്രീത്വത്തെ അപമാനിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന പുരുഷമേധാവിത്വത്തിന്റെ മതമാണെന്ന് ആരോപിക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. സത്യത്തില്‍ ഇസ്‌ലാം അത്തരത്തിലുള്ള ഏതെങ്കിലും ഒരു പക്ഷംപിടിക്കുകയോ ഏതെങ്കിലും ഒരു പക്ഷത്തെ അന്യായമായി അടിച്ചമര്‍ത്തുകയോ ചെയ്യുന്നില്ല എന്നത് ഇസ്‌ലാമികാധ്യാപനങ്ങളെ അതിന്റെ പ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കിയിട്ടുള്ള ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍ അന്ധമായ വിരോധംകൊണ്ടോ തികഞ്ഞ അജ്ഞതകൊണ്ടോ ഇസ്‌ലാമിനെ വിമര്‍ശിച്ചു നടക്കുന്നവര്‍ വസ്തുതകള്‍ അറിയാന്‍ ശ്രമിക്കുകയോ അറിഞ്ഞ സത്യം ഉള്‍ക്കൊള്ളുകയോ അത് ലോകത്തോട് ഉറക്കെ വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുകയോ ചെയ്യാറില്ല എന്നത് ഒരു വസ്തുതയാണ്.

സ്ത്രീയും പുരുഷനും പ്രകൃത്യാതന്നെ വ്യത്യസ്തതകള്‍ ഉള്ളവരാണ്. സ്ത്രീകള്‍ക്ക് മാത്രം കഴിയുന്ന ചില കാര്യങ്ങള്‍ പുരുഷന്മാര്‍ക്ക് എത്ര ശ്രമിച്ചാലും ഒരിക്കലും ചെയ്യാന്‍ പറ്റാത്തതാണ്. ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവയാല്‍ തന്റെ ഇണ കഷ്ടപ്പെടുന്ന രംഗം കണ്ടിട്ട് ഒരിക്കലെങ്കിലും താനത് നിര്‍വഹിക്കാം എന്ന് പറഞ്ഞു ഒരു പുരുഷനും അത് ചെയ്യാന്‍ തുനിഞ്ഞിട്ടില്ല; അതിന് സാധ്യവുമല്ല. അപ്രകാരം പുരുഷന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്.

ശരീരഘടനയിലും മാനസികാവസ്ഥകളിലും ബൗദ്ധികനിലവാരത്തിലുമെല്ലാം ഈ വ്യത്യാസം പ്രകടമാണ്. അതിനാലാണ് സ്ത്രീ-പുരുഷ സമത്വം പ്രകൃതിപരമോ സാധ്യമോ അല്ല എന്ന് പറയുന്നത്. അതുകൊണ്ടാണ് സ്ത്രീ-പുരുഷ സമത്വമല്ല; മറിച്ച് ഓരോരുത്തര്‍ക്കും ന്യായമായി കിട്ടേണ്ട നീതിയും അവകാശങ്ങളുമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നു പറയുന്നത്.

ആ നിലയില്‍ സ്ത്രീയെക്കാള്‍ ഭരണനിര്‍വഹണ ശേഷി പുരുഷനാണ് സ്രഷ്ടാവ് നല്‍കിയിട്ടുള്ളത്. കായികവും മാനസികവുമായ ശക്തിയും കരുത്തും അതില്‍ പ്രധാനമാണ്. അതിനാല്‍ കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ഭരണനിര്‍വഹണ ചുമതലയും ബാധ്യതയും മുഖ്യമായും പുരുഷനെയാണ് ഇസ്‌ലാം ഏല്‍പിക്കുന്നത്. പ്രസ്തുത സുശക്തമായ നേതൃത്വത്തിനുകീഴില്‍ സംരക്ഷണവും സ്വാതന്ത്ര്യവും അനുഭവിക്കേണ്ടവളായിട്ടാണ് സ്ത്രീയെ ഇസ്‌ലാം കാണുന്നതും. മുകളില്‍ കൊടുത്ത ക്വുര്‍ആന്‍ വചനം (4:34) വിശദമാക്കുന്നതും അതാണ്:

അതായത്, പുരുഷന്‍ സ്ത്രീയുടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഏല്‍പിക്കപ്പെട്ട അധികാരസ്ഥനാണ്. അവളുടെ നേതാവും നായകനുമാണ്. അവള്‍ക്ക് സംരക്ഷണം നല്‍കേണ്ടതും ആശ്വാസം പകരേണ്ടതും അവന്റെ ചുമതലയാണ്. അവള്‍ക്ക് എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കേണ്ടതും നേരെയാക്കേണ്ടതും അധികാരസ്ഥനായ പുരുഷനാണ്. മതമംഗീകരിക്കുന്ന ഏതൊരാള്‍ക്കും ഇത് അംഗീകരിച്ചേ മതിയാകൂ. മതം മാത്രമല്ല ശാസ്ത്രവും ചരിത്രവും അനുഭവങ്ങളും അതാണ് സത്യപ്പെടുത്തുന്നത്.

പ്രവാചകത്വവും രാജ്യത്തിന്റെ പൊതുഭരണ നേതൃത്വവും പുരുഷന് മാത്രമാണ് മതം വകവെച്ച് നല്‍കിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഏത് മേഖലയില്‍ ആയിരുന്നാലും അധികാരവും സ്ഥാനവും കഴിവുകളും നല്‍കപ്പെടുന്നവര്‍ക്ക് അത് നല്‍കപ്പെടാത്തവരെക്കാള്‍ കൂടുതല്‍ ബാധ്യതയും ഏല്‍പിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇസ്‌ലാമിന്റെ ബാലപാഠം അറിയുന്ന ആര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ആ ഒരു തലത്തില്‍ കുടുംബത്തിന്റെ മുഖ്യമായ ഭാരം വഹിക്കേണ്ടതും പുരുഷന്‍ തന്നെയാണ്. ഈ രണ്ട് കാര്യങ്ങളും വിശുദ്ധ ക്വുര്‍ആന്‍ 4:34ല്‍ അല്ലാഹു പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. എന്തുകൊണ്ട് പുരുഷന് സ്ത്രീയുടെമേല്‍ അധികാരം നല്‍കി എന്ന ചോദ്യത്തിന് ക്വുര്‍ആന്‍ നല്‍കുന്ന മറുപടിയാണ് അത്.

1. അല്ലാഹു ചിലരെ ചിലരെക്കാള്‍ കഴിവുള്ളവരാക്കി.

2. ചില അധിക ചുമതലയും അവരെ ഏല്‍പിച്ചിട്ടുള്ളതിനാലും അവരാണ് അതിന് അര്‍ഹതയുള്ളവര്‍.  

സാമ്പത്തിക ഉത്തരവാദിത്തം, സംരക്ഷണച്ചുമതല… മുതലായവ പുരുഷന്റെ കടമ കൂടിയാണ് എന്ന് സാരം. അല്ലാഹു സ്ത്രീയെക്കാള്‍ പുരുഷന് ചില സവിശേഷതകളും ഉത്തരവാദിത്തങ്ങളും നല്‍കി എന്നു വ്യക്തം.

സ്ത്രീക്കും പുരുഷനും പരസ്പരം അവകാശങ്ങളും ഉണ്ടെന്ന് ഉണര്‍ത്തിയ ക്വുര്‍ആന്‍ പുരുഷന് സ്ത്രീയെക്കാള്‍ സവിശേഷമായ ഒരു പദവിയുമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

”…സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 2:228).

അതിനാല്‍ മതം അംഗീകരിക്കുന്ന, പടച്ചവനിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിനിയെ സംബന്ധിച്ചിടത്തോളം അവള്‍ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ച് ജീവിക്കാന്‍ കടമപ്പെട്ടവളാണ്.

ഇനി ഒരാള്‍ (പുരുഷന്‍) തന്റെ ഇത്തരം ന്യായമായ അവകാശങ്ങള്‍ വകവെച്ച് നല്‍കുന്നില്ല എന്ന് ഒരു സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ അയാളുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ വരെയുള്ള അവകാശം സ്ത്രീക്ക് ഇസ്‌ലാം നല്‍കിയിട്ടുണ്ട്.

ചുരുക്കത്തില്‍, പുരുഷമേധാവിത്വത്തിന്റെയോ ആണധികാരത്തിന്റെയോ പ്രശ്‌നമല്ല; പ്രകൃതിപരവും സൃഷ്ടിപരവുമായ തേട്ടമാണ് പുരുഷന് സ്ത്രീയെക്കാള്‍ പദവിയും കഴിവുകളും ഉണ്ട് എന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിലും പൊതുഭരണരംഗത്തും പുരുഷനാണ് ഇസ്‌ലാം ആ സ്ഥാനവും ഉത്തരവാദിത്തവും ഏല്‍പിച്ചിരിക്കുന്നത്.

പുരുഷന്‍ ചില കാര്യങ്ങളില്‍ സ്ത്രീയെക്കാള്‍ കഴിവും മികവും ഉള്ളവനാണ്. എന്നാല്‍ മറ്റു ചില സംഗതികളില്‍ പുരുഷനെക്കാള്‍ മഹത്ത്വവും കഴിവുകളും സ്ത്രീകള്‍ക്കാണ് ഉള്ളത്. അതും സൃഷ്ടിപരവും പ്രകൃതിപരവും മതപരവുമായി അറിയപ്പെട്ട കാര്യവുമാണ്. അഥവാ സ്ത്രീ, പുരുഷ അവകാശങ്ങളും ബാധ്യതകളും പരസ്പര പൂരകങ്ങളാണ്.

സൃഷ്ടിയിലും പ്രകൃതത്തിലും വികാരങ്ങളിലുമെല്ലാം സ്ത്രീയും പുരുഷനും സമമല്ല. അതിനാല്‍ സമത്വവാദമല്ല നീതിയാണ് ഇസ്‌ലാം പരിഗണിച്ചിട്ടുള്ളത്.

സ്ത്രീയുടെ സുരക്ഷിതത്വവും ജീവിതച്ചെലവും ശരിയായ രൂപത്തില്‍ നിര്‍വഹിച്ചു നല്‍കപ്പെടാത്ത അവസ്ഥയില്‍ അതിനുള്ള പരിഹാരമായി വിവാഹബന്ധം ദുര്‍ബലപ്പെടുത്താന്‍വരെ സ്ത്രീക്ക് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

 സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നു എന്ന് മാത്രമല്ല പ്രകൃത്യാതന്നെ അല്ലാഹു നല്‍കിയ മഹത്ത്വവും കൂടി ഈ സ്ഥാനത്തിന് പരിഗണിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ക്വുര്‍ആന്‍(4:34) പരാമര്‍ശത്തില്‍ നിന്നും ഗ്രഹിക്കാനാവുന്നത്.

 

ശമീര്‍ മദീനി
നേർപഥം വാരിക

രഹസ്യം സൂക്ഷിക്കലും കോപം അടക്കിവെക്കലും

രഹസ്യം സൂക്ഷിക്കലും കോപം അടക്കിവെക്കലും

സൂക്ഷിക്കപ്പെടേണ്ട രഹസ്യങ്ങള്‍ മനസ്സില്‍ കരുതലും സൂക്ഷിക്കലും അനിവാര്യവും മഹത്തരവും ഫലപ്രദവുമാണ്. യൂസുഫ് നബി(അ)  ദര്‍ശിച്ച സ്വപ്‌നം പിതാവ് യഅ്ക്വൂബി(അ)ന്റെ ആജ്ഞപ്രകാരം അദ്ദേഹം രഹസ്യമാക്കിയതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

”(പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്‌നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചു കൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷശത്രുവാകുന്നു” (ക്വുര്‍ആന്‍ 12:05).

തന്റെ സത്യവിശ്വാസ സ്വീകരണം രഹസ്യമാക്കിയ ഫിര്‍ഔന്‍ കുടുംബത്തിലെ വിശ്വാസിയെക്കുറിച്ച് അല്ലാഹു പറയുന്നു: ”ഫിര്‍ഔന്റെ ആള്‍ക്കാരില്‍പെട്ട -തന്റെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന-ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം കള്ളംപറയുന്നവനാണെങ്കില്‍ കള്ളംപറയുന്നതിന്റെ ദോഷം അദ്ദേഹത്തിനു തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ, അദ്ദേഹം നിങ്ങള്‍ക്ക് താക്കീതുനല്‍കുന്ന ചിലകാര്യങ്ങള്‍ (ശിക്ഷകള്‍)നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച”(ക്വുര്‍ആന്‍ 40:28).

രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിന്റെ അനിവാര്യതയെ അറിയിക്കുന്ന ഏതാനും തിരുമൊഴികള്‍ കാണുക:

അബൂസഈദി(റ)ല്‍നിന്ന് നിവേദനം; തിരുനബി ﷺ  പറഞ്ഞു: ”അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മോശമായ സ്ഥാനമുള്ളവന്‍ തന്റെ ഭാര്യയിലേക്ക് കൂടിച്ചേരുകയും ഭാര്യ അയാളിലേക്ക് കൂടിച്ചേരുകയും ചെയ്തതില്‍ പിന്നെ അവളുടെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന വ്യക്തിയാണ്”(മുസ്‌ലിം).

 ജാബിര്‍ ഇബ്‌നു അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ”ഒരാള്‍ ഒരു വാര്‍ത്ത പറയുകയും (മറ്റാരും കേള്‍ക്കരുതെന്ന നിലക്ക്) അനന്തരം തിരിഞ്ഞുനോക്കുകയും ചെയ്താല്‍ അത് അമാനത്താണ്. (പരസ്യം ചെയ്യുവാന്‍ പാടില്ലാത്തതാണ്”(സുനനു അബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അഥവാ ആരും കേള്‍ക്കരുതെന്ന് നിനച്ച് ഇടവും വലവും നോക്കി ഒരാള്‍ മറ്റൊരാളോട് സംസാരിച്ചാല്‍ പ്രസ്തുത സംസാരം സൂക്ഷിപ്പുസ്വത്തുപോലെ സൂക്ഷിക്കപ്പെടേണ്ട രഹസ്യമാണ്. അത് ഒരിക്കലും പരസ്യപ്പെടുത്താവതല്ല. ഏതാനും ചരിതങ്ങള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്:

ഹഫ്‌സ്വ ബിന്‍ത് ഉമറി(റ)ന്റെ ഭര്‍ത്താവ് ഖുനെയ്‌സ് ഇബ്‌നുഹുദാഫ മരണപ്പെട്ടതില്‍ പിന്നെ വിധവയായ ഹഫ്‌സ്വ(റ)യെ വിവാഹം കഴിപ്പിക്കുവാന്‍ ഉമര്‍(റ) ഉസ്മാന്‍(റ)വിനോട് സംസാരിച്ചു. ഉസ്മാന്‍(റ) അഭ്യര്‍ഥന നിരസിച്ചു. ഉമര്‍(റ) അബൂബകറി(റ)നോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അദ്ദേഹവും  മൗനം ഭജിച്ചു; ഒന്നും പ്രതികരിച്ചില്ല. ഉസ്മാനോ(റ)ടുള്ളതിനെക്കാള്‍ വിഷമം ഉമറി(റ)നു അബൂബകറി(റ)നോടുണ്ടായിരുന്നു. പിന്നീട് ഹഫ്‌സ്വ(റ)യെ തിരുദൂതര്‍ ﷺ  വിവാഹം കഴിച്ചു. ഉമര്‍(റ) പറയുന്നു: ‘അബൂബകര്‍ അതില്‍പിന്നെ എന്നെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ഹഫ്‌സ്വയെ വിവാഹം കഴിക്കുവാന്‍ എന്നോടഭ്യര്‍ഥിച്ച വേളയില്‍ ഞാന്‍ താങ്കോളോട് ഒന്നും പ്രതികരിക്കാത്തതില്‍ ഒരുവേള താങ്കള്‍ക്ക് എന്നോട് വിഷമം തോന്നിയേക്കും.’ ഞാന്‍ പറഞ്ഞു: ‘അതെ. എന്നാല്‍ താങ്കള്‍ എന്നോട് അഭ്യര്‍ഥിച്ചതിനോട് പ്രതികരിക്കുവാന്‍ എനിക്ക് തടസ്സമായത് അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ഹഫ്‌സ്വയെ അനുസ്മരിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നു എന്നതാണ്. ആയതിനാല്‍ തിരുദൂതരുടെ രഹസ്യം പരസ്യപ്പെടുത്തുന്നവനല്ല ഞാന്‍. ഹഫ്‌സ്വ(റ)യെ തിരുമേനി വിവാഹം കഴിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവരെ സ്വീകരിക്കുമായിരുന്നു” (ബുഖാരി).

അനസ്(റ) പറയുന്നു: ”ഞാന്‍ കുട്ടികളോടൊത്ത് കളിച്ചുകൊണ്ടിരിക്കെ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  എന്റെ അടുക്കല്‍ വന്നു. അവിടുന്ന് ഞങ്ങളോട് സലാം പറയുകയും എന്നെ ഒരു ആവശ്യത്തിനായി അയക്കുകയും ചെയ്തു. അതിനാല്‍ ഞാന്‍ ഉമ്മയുടെ അടുത്തെത്തുവാന്‍ വൈകി. ഞാന്‍ വന്നപ്പോള്‍ ഉമ്മ ചോദിച്ചു: ‘നിന്നെ വൈകിപ്പിച്ചത് എന്ത്?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതര്‍ എന്നെ ഒരു ആവശ്യത്തിനായി അയച്ചു.’ ഉമ്മ ചോദിച്ചു: ‘എന്തായിരുന്നു തിരുമേനി ﷺ യുടെ ആവശ്യം?’ ഞാന്‍ പ്രതികരിച്ചു: ‘അത് രഹസ്യമാണ്.’ ഉമ്മ പറഞ്ഞു: തിരുദൂതരുടെ രഹസ്യം ആരോടും പറഞ്ഞുപോകരുത്.’ അനസ്(റ) പറയുന്നു: ‘സാബിത്, അല്ലാഹുവാണേ, വല്ലവരോടും ഞാന്‍ അത് പറഞ്ഞിരുന്നുവെങ്കില്‍ താങ്കളോട് ഞാന്‍ അത് പറയുമായിരുന്നു”(മുസ്‌ലിം).

അലിയ്യ് ഇബ്‌നു അബീത്വാലിബ്(റ) പറഞ്ഞു: ”താങ്കളുടെ രഹസ്യം താങ്കളുടെ ബന്ധിയാകുന്നു. പ്രസ്തുത രഹസ്യം താങ്കള്‍ പറഞ്ഞുപോയാല്‍ താങ്കള്‍ അതിന്റെ ബന്ധിയായി.”

ഉമര്‍ ഇബ്‌നു അബ്ദില്‍അസീസ്(റഹി) പറഞ്ഞു: ”ഹൃദയങ്ങള്‍ രഹസ്യങ്ങളുടെ സൂക്ഷിപ്പു സ്ഥലങ്ങളാകുന്നു. ചുണ്ടുകള്‍ അവയുടെ പൂട്ടുകളും നാവുകള്‍ താക്കോലുകളുമാകുന്നു. അതിനാല്‍ ഓരോ മനുഷ്യനും തന്റെ രഹസ്യത്തിന്റെ താക്കോല്‍ കാത്തുസൂക്ഷിക്കട്ടെ.”

ഇമാം ഹസനുല്‍ബസ്വരി(റഹി) പറഞ്ഞു:”താങ്കളുടെ സഹോദരന്റെ രഹസ്യം പരസ്യമാക്കല്‍ വഞ്ചനയാകുന്നു.”

(മുകളില്‍ നല്‍കിയ മഹദ്വചനങ്ങള്‍ ഇമാം മാവര്‍ദിയുടെ ‘അദബുദ്ദുന്‍യാ വദ്ദീന്‍’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ളതാണ്).

കോപം അടക്കല്‍

ജഡികേച്ഛകളെ നിയന്ത്രിക്കലും തിന്മ കല്‍പിക്കുന്ന മനസ്സിനെ കീഴൊതുക്കലും ഏറെ സ്തുത്യര്‍ഹമായ കാര്യമാണ്. കോപം ഒതുക്കലും അടക്കലും പ്രകടമാകാത്ത വിധം അത് മറക്കലും ഭക്തന്മാരുടെയും വിശുദ്ധന്മാരുടെയും ലക്ഷണമാണ്. കോപം അടക്കിപ്പിടിക്കല്‍ സൂക്ഷ്മാലുക്കളുടെ ഉത്തമഗുണങ്ങളില്‍ പെട്ടതാണ്. ഈ മഹത്തായ സ്വഭാവം വിശ്വാസിക്ക് ഇഹപര നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. അല്ലാഹു പറഞ്ഞു:

”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു” (ക്വുര്‍ആന്‍ 3:134)

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”ഗുസ്തിയില്‍ തള്ളിയിടുന്നവനല്ല മല്ലന്‍; കോപം വരുമ്പോള്‍ ആത്മനിയന്ത്രണമുള്ളവന്‍ മാത്രമാണു മല്ലന്‍”(മുസ്‌ലിം).

കോപം അടക്കുന്നവര്‍ക്ക് പിശാചിനെ തോല്‍പിക്കുവാനും അതിജയിക്കുവാനും സാധിക്കും. ഒരു സംഭവം ഇപ്രകാരം നിവേദനം ചെയ്യപെട്ടിട്ടുണ്ട്.

അനസി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ ﷺ  ഗുസ്തിപിടിക്കുന്ന ഒരു വിഭാഗത്തിനരികിലൂടെ നടന്നു. തിരുദൂതര്‍ ചോദിച്ചു: ‘ഇത് എന്താണ്?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഗുസ്തിക്കാരനായ ഇന്ന വ്യക്തിയാണ്. അയാളോട് ഒരാളും എതിരിടുകയില്ല; അയാള്‍ എതിരാളിയെ വീഴ്ത്താതെ.’ അപ്പോള്‍ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: ‘അയാളെക്കാള്‍ അതിശക്തനായ ഒരാളെ നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചു തരട്ടെയോ? ഒരു വ്യക്തിയെ മറ്റൊരാള്‍ ആക്രമിച്ചു. എന്നാല്‍ അക്രമിക്കപ്പെട്ടവന്‍ തന്റെ കോപം ഒതുക്കി. അങ്ങനെ അയാള്‍ തന്റെ കോപത്തെ തോല്‍പിച്ചു. തന്റെ പിശാചിനെ തോല്‍പിച്ചു. തന്റെ കൂട്ടുകാരന്റെ പിശാചിനെയും തോല്‍പിച്ചു”(കശ്ഫുല്‍അശ്താര്‍, ബസ്സാര്‍. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

കോപം അടക്കുന്നവര്‍ പരലോകത്ത് അല്ലാഹുവിങ്കല്‍ അത്യാദരണീയരാണ്. മുആദ് ഇബ്‌നു അനസ് അല്‍ജുഹനി(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു:

”ആരെങ്കിലും കോപം നടപ്പിലാക്കുവാന്‍ കഴിവുണ്ടായിട്ടും അത് അടക്കിയാല്‍ അന്ത്യനാളില്‍ അയാളെ അല്ലാഹു മുഴുസൃഷ്ടികള്‍ക്കിടയില്‍ പ്രശംസിച്ചുകൊണ്ട് വിളിക്കും. ശേഷം സ്വര്‍ഗീയ ഹൂറുകളില്‍ താനുദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുവാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കും” (സുനനുത്തിര്‍മിദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നുഉമറി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞിരിക്കുന്നു: ”ജനങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടക്കാരനായ (മറ്റൊരു വ്യക്തി കോപം അടക്കുന്നവനാണ്). ഒരാള്‍ തന്റെ ദേഷ്യം അടക്കിയാല്‍ അയാളുടെ നഗ്നത അല്ലാഹു മറക്കുന്നതാണ്. ഒരാള്‍, അയാളുദ്ദേശിച്ചാല്‍ തന്റെ കോപം തീര്‍ക്കാന്‍ അയാള്‍ക്ക് സാധിക്കുന്നതാണ്, എന്നിട്ടും അയാള്‍ അത് ഒതുക്കിയാല്‍ അന്ത്യനാളില്‍ അയാളുടെ ഹൃദയം അല്ലാഹു തൃപ്തികൊണ്ട് നിറക്കുന്നതാണ്”(മുഅ്ജമുത്ത്വബ്‌റാനി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

തിന്മയെ നന്മകൊണ്ടും അനിഷ്ടത്തെ ഇഷ്ടംകൊണ്ടും കാഠിന്യത്തെ നൈര്‍മല്യം കൊണ്ടും തടുക്കുവാന്‍ കല്‍പനയുണ്ട്.

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവുംനല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുേണ്ടാ അവനതാ (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല” (ക്വുര്‍ആന്‍ 41:35,36).

അനിഷ്ടം സഹിക്കല്‍കൊണ്ടും കോപം അടക്കല്‍കൊണ്ടും മാത്രമെ ഇത് സാധ്യമാവുകയുള്ളൂ.ആത്മ നിയന്ത്രണത്തിലും കോപം അടക്കുന്നതിലും വിവേകത്തോടെ പെരുമാറുന്നതിലും ഏറ്റവും നല്ല ഉദാഹരണമായിരുന്നു നബി ﷺ . ഒരു സംഭവം കാണുക:

”ഹുനൈന്‍ യുദ്ധദിനം തിരുനബി ﷺ  ഒരുവിഭാഗം ആളുകളെ കൂടുതല്‍ പരിഗണിച്ചു. അക്വ്‌റഅ് ഇബ്‌നു ഹാബിസിന്ന് നൂറ് ഒട്ടകങ്ങളെ നല്‍കി. ഉയയ്‌ന ഇബ്‌നുബദ്‌റിനും അതുപോലെ നല്‍കി. മറ്റു ചിലര്‍ക്കും തിരുമേനി നല്‍കി. അപ്പോള്‍ ഒരു വ്യക്തി പറഞ്ഞു: ‘ഈ വിഭജനത്തില്‍ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിക്കപ്പെട്ടിട്ടില്ല.’ ഞാന്‍ പറഞ്ഞു: ‘നബി ﷺ യോട് ഞാന്‍ ഇത് പറയുകതന്നെ ചെയ്യും.’ തിരുമേനി പ്രതികരിച്ചു: ‘അല്ലാഹു മൂസായോട് കരുണകാണിക്കട്ടെ. ഇതിനെക്കാളെല്ലാം അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം ക്ഷമിച്ചു”(ബുഖാരി).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

അവഗണിക്കപ്പെടുന്ന അറബിഭാഷ

അവഗണിക്കപ്പെടുന്ന അറബിഭാഷ

ആഗോളതലത്തില്‍ അനന്തസാധ്യതകളുള്ള ഒരു അന്തര്‍ദേശീയ ഭാഷയാണ് അറബി. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദേ്യാഗിക ഭാഷകളില്‍ ഒന്ന്. 450 മില്യണ്‍ ജനങ്ങളുടെ സംസാരഭാഷ. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന അഞ്ചാമത്തെ ഭാഷ. 22 രാജ്യങ്ങളുടെ ഔദേ്യാഗിക ഭാഷ. ആധുനിക വ്യവസായ, വാണിജ്യ മേഖലകളില്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള ഭാഷ. സാഹിത്യ, സാംസ്‌കാരിക, നയതന്ത്ര മേഖലകളില്‍ നിര്‍ണായക പങ്കാളിത്തമുള്ള ഭാഷ. അതേസമയം, മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതപരമായ പവിത്രതയും പ്രാധാന്യവുമുള്ള ക്വുര്‍ആനിന്റെ ഭാഷ. ഇങ്ങനെ ഒട്ടേറെ സവിശേഷതകളുള്ള ഭാഷയാണ് അറബി.

മതപരമായ വേര്‍തിരിവുകള്‍ക്കപ്പുറത്ത് ഈയിടെയായി എല്ലാ വിഭാഗങ്ങളില്‍പെട്ടവരും അറബി ഭാഷ പഠിക്കാന്‍ മുന്നോട്ട് വരുന്നുണ്ട് എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. പാശ്ചാത്യലോകത്ത് രണ്ടാം ഭാഷയായി ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അറബിക്ക് വലിയ പരിഗണനയാണുള്ളത്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മധ്യപൗരസ്ത്യ ദേശങ്ങളില്‍, ഗള്‍ഫ് രാജ്യങ്ങളില്‍ എറ്റവും ബന്ധപ്പെടുന്ന, തൊഴില്‍പരമായ, ജീവിതായോധന രംഗങ്ങളിലെല്ലാം അനവധി സാധ്യതകളുള്ള ഭാഷയാണ് അറബി. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും പ്രത്യേകിച്ച് കേരളത്തിനും നല്‍കിയ സാമ്പത്തിക പിന്തുണ ചെറിയതൊന്നുമല്ല എന്നുകൂടി നാം ഓര്‍ക്കണം.

കേരളത്തില്‍ നിരവധി പോരാട്ടങ്ങളുടെ ഫലമായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയില്‍ അറബിഭാഷ സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ടെങ്കിലും അറബിയെന്ന് പറയുമ്പോഴേക്കും അതിന്റെ മത പശ്ചാത്തലം മാത്രം ചികഞ്ഞെടുക്കുകയും ഒരു സമുദായ വിഷയമാക്കി അതിനെ ചുരുക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

അറബി ക്വുര്‍ആനിന്റെ ഭാഷകൂടിയാണെന്നത് അതിന്റെ പ്രൗഢി വര്‍ധിപ്പിക്കുന്നു. എന്നാല്‍ ലോകഭാഷകളെ കവച്ചുവെക്കുന്ന അതിന്റെ ഉള്‍ക്കരുത്തും അനന്തമായ സാധ്യതകളും കേരളത്തില്‍ വിസ്മരിക്കപ്പെടുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അറബിഭാഷയുടെ സാംസ്‌കാരിക അസ്തിത്വവും വ്യക്തിത്വവും വിസ്മരിക്കുന്ന സമുദായത്തിന്റെയും അതിന് ഇസ്‌ലാമുമായുള്ള ബന്ധമോര്‍ത്ത് അസ്വസ്ഥരാകുന്ന ഭരണാധികാരികളുടെയും ഇടയില്‍ ഞെരിഞ്ഞമരുകയാണ് ഇന്ന് ആ ഭാഷ.

രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി കടന്നുവരുന്ന പല പ്രൊജക്ടുകളും അതിന്റെ ഇസ്‌ലാമിക ബന്ധത്തിന്റെ പേരില്‍ അവഗണിക്കപ്പെടുകയാണ്. പലിശരഹിത സാമ്പത്തിക വ്യവസ്ഥ പലതവണ കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. നമ്മുടെ ധനകാര്യ മന്ത്രി അക്കാര്യത്തില്‍ പഠനം നടത്തി വലിയ ആവേശത്തോടെ പദ്ധതി മുന്നോട്ട് വെക്കുകയും ചെയ്തു. ‘ഇസ്‌ലാമിക് ബാങ്കിങ്ങ്’ എന്ന പേരിലുടക്കിയാണ് അത് പിന്നീട് വിസ്മരിക്കപ്പെട്ടത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

അവഗണനയുടെ തെളിവുകള്‍

ഒരു പ്രത്യേക മതത്തിന്റെ കാര്യങ്ങള്‍ അറബിഭാഷയിലൂടെ സര്‍ക്കാര്‍ പഠിപ്പിക്കണമെന്ന് ഇവിടെ ആരും ആവശ്യപ്പെടുന്നില്ല. ഇതര ഭാഷകളെ പോലെ അറബിയെയും പരിഗണിക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ.

ഇക്കാര്യം ഇപ്പോള്‍ പറയാനുള്ള കാരണം പലതാണ്. 2020 ജൂണ്‍ ഒന്നു മുതല്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചെങ്കിലും ഭാഷാ ക്ലാസുകള്‍ നാമമാത്രമായിട്ടേ നടന്നിട്ടുള്ളൂവെന്നതാണ് സുപ്രധാനമായൊരു കാരണം. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ അറബി പഠനത്തിന് ഓരോ ക്ലാസിനും ഈ സമയം വരെ കിട്ടേണ്ടത് 36 പിരീഡാണ്. എന്നാല്‍ ആകെ ലഭിച്ചത് പത്താം ക്ലാസിന് നാല്, +2വിന് രണ്ട്, 5ന് രണ്ട്, 8ന് രണ്ട് എന്ന കണക്കിനാണ്. 1,2,3,4,6,7,9 എന്നീ ക്ലാസുകള്‍ക്ക് ഇതെഴുതുന്ന സമയം വരെ ഒരു പിരീഡ് പോലും ലഭിച്ചില്ല. കെ.എ.ടി.എഫ് പോലുള്ള സംഘടനകളുടെ ശക്തമായ സമ്മര്‍ദത്തിന് ശേഷമാണ് ഈ ക്ലാസുകള്‍ പോലും നടന്നിട്ടുള്ളത്.

ക്ലാസ് നല്‍കാതിരിക്കാന്‍ കാരണം ടൈറ്റ് ഷെഡ്യൂളാണ് എന്നാണ് മറുപടി. എന്നാല്‍ ആഴ്ചയില്‍ 2 പിരീഡ് മാത്രമുള്ള വിഷയങ്ങള്‍ക്ക് ചാനലില്‍ നല്‍കുന്നത് 4 പിരീഡ്. എല്ലാ ക്ലാസും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. എന്നിട്ടും പ്രവൃത്തിദിവസങ്ങളില്‍ പുനഃസംപ്രേഷണം ചെയ്യുന്നു. സിലബസും കൃത്യമായ ക്ലാസും ഇല്ലാത്ത എല്‍.കെ.ജി, യു.കെ.ജി ക്ലാസുകള്‍ക്ക് പോലും ‘കിളിക്കൊഞ്ചല്‍’ എന്ന പേരില്‍ ദിവസവും 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസ് നടക്കുന്നു. ടൈറ്റ് ഷെഡ്യൂള്‍ എന്ന കാരണം സത്യസന്ധമല്ല എന്ന് ഇതെല്ലാം തെളിയിക്കുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ എല്‍.ടി.ടി.സിയെ ബിഎഡിന് തുല്യമാക്കി പുറത്തിറക്കിയ ഉത്തരവ് യാതൊരു ന്യായവും വിശദീകരണവുമില്ലാതെ പുതിയ സര്‍ക്കാര്‍ റദ്ദാക്കിയത് നാം ഇതിനോട് ചേര്‍ത്തു വായിക്കണം.

‘സമ്പൂര്‍ണ’ സോഫ്റ്റ് വെയറില്‍ അറബിക് കാണുന്നില്ല. പഠനോത്സവം നടത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വരുമ്പോള്‍ അവിടെയും അറബിയില്ല. വിവിധ വിഷയങ്ങളുടെ ശാക്തീകരണ പദ്ധതികളുടെ കൂട്ടത്തില്‍ അറബിയടക്കമുള്ള ചില ഭാഷകള്‍  അവഗണിക്കപ്പെട്ടിരിക്കുന്നു.

അഞ്ചാം ക്ലാസ് മുതല്‍ ഫസ്റ്റ് പേപ്പറായി ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, അറബി, ഉറുദു. തമിഴ്, കന്നട തുടങ്ങി പല ഓപ്ഷനുമുണ്ട്. ഇതില്‍ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട വിഷയങ്ങള്‍ക്കെല്ലാം ക്ലാസുണ്ട്. തമിഴ്, കന്നട വിഷയങ്ങള്‍ക്ക് പ്രാദേശിക ചാനലില്‍ സംപ്രേഷണമുണ്ട്. എന്നാല്‍ ബഹുഭൂരിഭാഗം കുട്ടികള്‍ പഠിക്കുന്ന അറബിയടക്കമുള്ള ഭാഷകള്‍ക്കാകട്ടെ ക്ലാസില്ല!

ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി പഠന ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത കൂട്ടത്തില്‍ അറബിക്ക് പോഷണത്തിനായി ‘ഐവ അറബിക്ക്’  ഉണ്ടായിരുന്നു. എല്ലാം ക്ലാസ് റൂമുകളില്‍ പ്രാവര്‍ത്തികമായപ്പോള്‍ ഐവ അറബിക്ക് മാത്രം പുറംലോകം കണ്ടില്ല.

എല്‍.ടി.ടി.സിയെ ബിഎഡിന് തുല്യമായി പരിഷ്‌കരിച്ചപ്പോള്‍ ആകെ 150 സീറ്റ് മാത്രം. വര്‍ഷത്തില്‍ ശരാശരി വേക്കന്‍സി മുന്നൂറും! ഇതിലൂടെ യോഗ്യതയുള്ളവരുടെ അഭാവം വര്‍ധിക്കും. പഠിപ്പിക്കാനാളില്ലാതെ വരുമ്പോള്‍ കുട്ടികള്‍ കൊഴിഞ്ഞ് പോവുകയും ചെയ്യും.

1200 മാര്‍ക്കും 240 പ്രവൃത്തി ദിവസവുമുള്ള, മെറിറ്റില്‍ മാത്രം സീറ്റ് നേടാവുന്ന DLEd എന്ന ട്രൈനിംഗ് കോഴ്‌സിനെ 1000 മാര്‍ക്കും 200 പ്രവൃത്തി ദിവസവുമുള്ള BEdന് തുല്യമാക്കി മുന്‍സര്‍ക്കാര്‍. അതുവഴി ഭാഷാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന് അവസരം ഉണ്ടായിരുന്നു. യാതൊരു വിശദീകരണവുമില്ലാതെ ആ ഉത്തരവിനെ പുതിയ സര്‍ക്കാര്‍ റദ്ദ് ചെയ്തു. അതുവഴി ഭാഷാധ്യാപകരുടെ HM പ്രൊമോഷന്‍ ഗവണ്‍മെന്റ് തടയുകയാണ് ചെയ്തിരിക്കുന്നത്.

2019ലെ സര്‍ക്കുലര്‍ പ്രകാരം ഹയര്‍ സെക്കന്ററിയില്‍ മിനിമം കുട്ടികളുടെ എണ്ണം 25 ആക്കിയിരിക്കുന്നു. നേരത്തെ അത് പത്തായിരുന്നു. ഉറുദു, സംസ്‌കൃതം ഭാഷകള്‍ക്ക് ഇപ്പോഴും പത്തു തന്നെയാണ് എന്നിരിക്കെ അറബിയുടെ വിഷയത്തില്‍ വരുത്തിയ ഈ മാറ്റത്തിന്റെ കാരണമെന്താണ്? മലപ്പുറം ജില്ല ഒഴികെ മറ്റു ജില്ലകളില്‍ ഇതുകാരണം ഹയര്‍ സെക്കന്ററിയില്‍ അറബി തസ്തിക ഉണ്ടാവില്ല.

കോളേജുകളില്‍ പുതുതായി തുടങ്ങാനുദ്ദേശിക്കുന്ന ഡിഗ്രി കോഴ്‌സുകളെ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ബി.എ ഫോറിന്‍ ലാംഗ്വേജസ് എന്ന പുതിയ കോഴ്‌സില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍, ജാപ്പനീസ്, അമേരിക്കന്‍ സൈന്‍ ലാംഗ്വേജ്, ജര്‍മന്‍… തുടങ്ങിയ ഭാഷകളെല്ലാം ഉള്‍പെടുത്തിയപ്പോള്‍ ആഗോളതലത്തില്‍  അനന്തസാധ്യതകളുള്ള അറബി അവഗണിക്കപ്പെട്ടിരിക്കുന്നു!

കേരള ചരിത്രത്തില്‍ അറബിഭാഷ പാഠ്യപദ്ധതിയിലേക്ക് കടന്നുവന്ന കാലത്ത് ടൈംടേബിളിന് പുറത്തായിരുന്നു. വലിയ സമ്മര്‍ദത്തിലൂടെയാണ് അകത്ത് പ്രവേശിക്കുന്നത്. അറബിഭാഷയുടെ സാധ്യതയല്ല; ഭരണകൂടത്തിന്റെ നിലനില്‍പായിരുന്നു ബ്രിട്ടീഷുകാര്‍ മുതല്‍ ഇതുവരെയുമുള്ള സര്‍ക്കാറുകളുടെ അറബിയോടുള്ള സമീപനത്തിന്റെ ഇന്ധനമായി വര്‍ത്തിച്ചത്.

മുകളില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം സാങ്കേതിക മറുപടികള്‍ ആവര്‍ത്തിക്കുന്നതും അറബി ഭാഷയെ ഉള്ളിലേക്കെടുക്കാന്‍ സാധിക്കാത്തതിന്റെ തെളിവാണ്. ദേശീയ വിദ്യാഭ്യാസനയത്തില്‍ ഒളിഞ്ഞിരിക്കുന്ന അറബിഭാഷാവിരുദ്ധ നിലപാടുകൂടി ചേരുമ്പോള്‍ വരുംനാളുകളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നതില്‍ സംശയമില്ല.

അറബിഭാഷക്ക് നേരെ വരുന്ന അപകട സൈറണുകള്‍ വളരെ ദൂരെനിന്ന് കേള്‍ക്കാന്‍ കെല്‍പുണ്ടായിരുന്ന ബഹു: കരുവള്ളി മുഹമ്മദ് മൗലവി, പി.കെ അഹ്മദലി മദനി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി തുടങ്ങിയവര്‍ നമ്മെ വിട്ടുപിരിഞ്ഞു. അവര്‍ പൊരുതിനേടിയ അവകാശങ്ങള്‍ അനുഭവിച്ച് സ്വന്തം ജോലിയുടെ സുരക്ഷിതത്വത്തില്‍ ഒതുങ്ങുന്നതിന് പകരം; അറബി ഭാഷയുടെയും അതുയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക വ്യക്തിത്വത്തിന്റെയും കാവലാളുകളാവാന്‍ അറബി അധ്യാപക സമൂഹത്തിനാവണം.

അധ്യാപകസംഘടനകള്‍ ഈ രംഗത്ത് ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ സമുദായത്തിന്റെ അജണ്ടയിലേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കോവിഡ് പ്രതിസന്ധി അനന്തമായി തുടരുന്നതിനാല്‍ സാധാരണ ക്ലാസുകള്‍  എപ്പോള്‍ ആരംഭിക്കാനാവുമെന്ന് പറയാനാവില്ല. അതുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളുടെ ഷെഡ്യൂളുകളില്‍ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അറബിയെപ്പോലുള്ള, തൊഴില്‍രംഗത്തും സാമ്പത്തിക വികസന മേഖലയിലും ധാരാളം സാധ്യതകളുള്ള ഭാഷക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും നല്‍കി കൂടുതല്‍ ഭാഷാ കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റികളില്‍ ആരംഭിക്കാനും സര്‍ക്കാര്‍ മുന്നോട്ട് വരണം.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

പ്രവാചകനിന്ദ: വിവേകമുള്ള മുസ്‌ലിംകള്‍ ചെയ്യേണ്ടത്

പ്രവാചകനിന്ദ: വിവേകമുള്ള മുസ്‌ലിംകള്‍ ചെയ്യേണ്ടത്

പ്രവാചകനിന്ദകരുടെ അജണ്ടകള്‍ പലതാണ്. അത് നൂറ്റാണ്ടുകളായി നടന്നുവരുന്നുമുണ്ട്. തികഞ്ഞ അജ്ഞതയോ അല്ലെങ്കില്‍ അന്ധമായ വിദ്വേഷമോ ആണ് പ്രവാചക നിന്ദയുടെ മൂലകാരണം. പ്രവാചക നിന്ദയുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുകള്‍ കത്തിയിട്ടുണ്ട്. നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. കേരളത്തിലും പ്രവാചകനിന്ദ പലതരത്തില്‍ അരങ്ങേറിയിട്ടുണ്ട്.

ബംഗളൂരുവില്‍ പ്രവാചകനെ ﷺ  ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേരാണ് മരണപ്പെട്ടത്. അതിന്റെ പേരില്‍ 150 ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തു. നവീന്‍ എന്ന വ്യക്തിയാണ് ഈ നീചകൃത്യം നടത്തിയത്. അയാളെയും പോലീസ് പിടിച്ചിട്ടുണ്ട്. ഈയൊരു പോസ്റ്റിന്റെ പേരില്‍ പിന്നീട് നഗരത്തില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ നായാട്ട് തന്നെയായിരുന്നു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു.

മനുസ്മൃതിയുടെ ഇരുണ്ട ലോകത്തേക്ക് ഇന്ത്യയെ തിരിച്ചുനടത്താന്‍ റിവേഴ്‌സ് ഗിയറില്‍ ഇന്ത്യയെ ഓട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക് കുളംകലക്കാന്‍ നല്ല അവസരമായി. ലോകത്ത് നൂറ്റാണ്ടുകളായി കോടിക്കണക്കിന് മനുഷ്യര്‍ സ്വശരീരത്തെക്കാള്‍ സ്‌നേഹിക്കുന്ന പ്രവാചകനെ ഭത്സിക്കുക എന്നത് വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യമാണ് എന്നതില്‍ സംശയമില്ല. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷപ്പുക പ്രസരിപ്പിക്കുന്ന ഇത്തരം വിഷമനസ്സുള്ളവരെ ശിക്ഷിക്കാന്‍ ഇന്ത്യയില്‍ നിലവില്‍ നിയമങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ തെറ്റുചെയ്തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.

അതേസമയം, ഈയൊരു പോസ്റ്റിന്റെ പേരില്‍ നടന്ന നായാട്ട് എന്തര്‍ഥത്തിലാണ് ന്യായീകരിക്കപ്പെടുക? ഏതെങ്കിലും ഒരു വികൃത മനസ്സില്‍നിന്ന് പൊട്ടിയൊലിച്ച ചലത്തിന്റെ പേരില്‍ വെകിളിപിടിച്ച് അക്രമാസക്തരായി നിരപരാധികളുടെ സ്വത്തുകള്‍ നശിപ്പിക്കുന്നത് പ്രവാചക സ്‌നേഹം കൊണ്ടാണോ? വിചാരത്തിന്റെ വഴികള്‍ വിട്ട് അവിവേകത്തിന്റെ അവസ്ഥയിലേക്കെത്തുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടാവുക? അതിനിടെ സംഗതി സാമുദായിക സംഘര്‍ഷമാവാതിരിക്കാന്‍ സമീപത്തെ ക്ഷേത്രത്തിന് രാത്രി കാവല്‍നിന്ന യുവാക്കളുടെ കരുതല്‍ ഏറെ ശ്രദ്ധ നേടി.

 പ്രവാചകനെ ﷺ  സംരക്ഷിക്കാന്‍ അക്രമത്തിന്റെ വഴികള്‍ സ്വീകരിക്കലും ഒരര്‍ഥത്തില്‍ പ്രവാച നിന്ദ തന്നെയാണ്. ലോകത്തിന് കാരുണ്യമായ തിരുദൂതരുടെ ജീവിതത്തിന്റെ ഏടുകള്‍ മറിച്ച് പഠിക്കേണ്ടത് പ്രവാചകനിന്ദകരെപ്പോലെ ഈ വെകിളിപിടിക്കുന്നവരുടെയും ബാധ്യതയാണ്. തത്ത്വത്തില്‍ രണ്ടു കൂട്ടരും നിന്ദ നടത്തുകയല്ലേ ചെയ്തത്? അവിടെ പൊലിഞ്ഞ മൂന്ന് ജീവനുകള്‍ക്ക് ആര് ഉത്തരം പറയും?

നിന്ദകര്‍ ഒരുപക്ഷേ, ഇന്നല്ലെങ്കില്‍ നാളെ ആ പ്രവാചകന്റെ അനുയായികളായി മാറിയേക്കും. ചരിത്രത്തില്‍ എത്രയോ തെളിവുകളുണ്ടതിന്. ഡെന്മാര്‍ക്കിലെ കാര്‍ട്ടൂണിസ്റ്റിന്റെ അവസ്ഥ വര്‍ത്തമാന സംഭവം മാത്രം. മൂന്ന് കുടുംബത്തെ അനാഥമാക്കിയതിന്റെയും നൂറുകണക്കിന് നിരപരാധികള്‍  ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട് നരകിക്കാന്‍ പോകുന്നതിന്റെയും ഉത്തരവാദിത്തം  പ്രവാചക സ്‌നേഹത്തിന്റെ ഏത് പേജിലാണ് എഴുതിച്ചേര്‍ക്കുക?

വിമര്‍ശകരോട് സ്‌നേഹത്തോടെ സംവദിക്കാനുള്ള മനസ്സാണ് കാര്യങ്ങളെ വികാരത്തോടെ സമീപിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. പ്രവാചകനെ ﷺ  പഠിക്കാന്‍ ശ്രമിക്കുന്ന വക്രതയില്ലാത്ത എല്ലാ മനസ്സുകളും അദ്ദേഹത്തെ സ്വീകരിക്കും; അല്ലാഹു ഉദ്ദേശിച്ചാല്‍. അത്രയും കാരുണ്യമാണ് സ്വജീവിതത്തില്‍ അദ്ദേഹം കാണിച്ചിട്ടുള്ളത്.

പ്രവാചകന്റെ അടിവയറ്റില്‍ കുത്തിയിറക്കാന്‍ വിഷംപുരട്ടിയ കഠാരയുമായി മക്കയില്‍നിന്ന് മദീനയിലെത്തിയ ഉമൈര്‍ എന്ന വ്യക്തിയെ, തന്നെ വധിക്കാന്‍ വന്നതാണ് എന്ന് ബോധനം ലഭിച്ചിട്ടും സ്‌നേഹത്തോടെ അരികില്‍ വിളിച്ച് നെഞ്ചില്‍ തടവിയ പ്രവാചകനെ ﷺ  ലോകം കണ്ടിട്ടുണ്ട്.

 തന്നെ നാട്ടില്‍നിന്ന് പുറത്താക്കിയ മക്കക്കാര്‍ പട്ടിണിയിലാണെന്നറിഞ്ഞപ്പോള്‍, അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഏര്‍പ്പാടു ചെയ്ത നേതാവിനെ നാം ലോകത്തിന് കാണിച്ചു കൊടുക്കണ്ടേ?

ദിനേനയെന്നോണം പ്രവാചകനിന്ദ നടത്തിയിരുന്ന അബൂഹുറയ്‌റ(റ)യുടെ മാതാവിനു വേണ്ടി പ്രാര്‍ഥിച്ച തിരുദൂതരുടെ മാര്‍ഗം നമുക്ക് വിസ്മരിക്കാനാവുമോ?

 യുദ്ധവേളയില്‍ പോലും ഖൈബറിലെ ഒരു ജൂതസ്ത്രീ നല്‍കിയ ഭക്ഷണം സ്വീകരിച്ച നബിമാതൃക ലോകം വായിച്ചത് അത്യത്ഭുതത്തോടെയല്ലേ?

ശത്രുവായ ജൂതന്റെ മകന്‍ രോഗിയാണെന്നറിഞ്ഞപ്പോള്‍ അവരെ സന്ദര്‍ശിക്കാന്‍ പ്രവാചകന്‍ ﷺ  പോയത് എന്താണ് നമുക്ക് നല്‍കുന്ന സന്ദേശം?

ബഹുദൈവവിശ്വാസിയായ മാതാവ് തന്നെ കാണാന്‍ മദീനയിലെത്തുന്നു എന്നറിഞ്ഞ അസ്മാ(റ) യോട് നിന്റെ മാതാവിനെ മാന്യമായി സ്വീകരിക്കുക എന്നു പഠിപ്പിച്ച തിരുമേനിയുടെ ചര്യ ആരാണ് അനുഷ്ഠിക്കേണ്ടത്?

തന്നെ വധിക്കാന്‍വരെ പദ്ധതിയിട്ട ശത്രുക്കള്‍ ഒന്നടങ്കം മക്കാവിജയസമയത്ത് തന്റെ മുന്നിലെത്തിയിട്ടും അവരോട് പ്രതികാരം തീര്‍ക്കാത്ത പ്രവാചകന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ വിവേചനബുദ്ധി നഷ്ടപ്പെട്ട് തെരുവിലിറങ്ങി പന്തങ്ങള്‍ക്ക് തിരികൊളുത്താനാവുക?

പ്രവാചകനെ ഏറെ ഭത്സിച്ചിരുന്ന ദൗസ് ഗോത്രക്കാര്‍ക്കെതിരെ പ്രാര്‍ഥിക്കണമെന്ന് അനുയായികള്‍ വന്ന് പറഞ്ഞപ്പോള്‍, വാനലോകത്തേക്ക് വദനം തിരിച്ച് സന്മാര്‍ഗത്തിന്റെ വെളിച്ചം അവര്‍ക്കു നല്‍കണേ എന്നു പ്രാര്‍ഥിച്ച നേതാവല്ലേ മുഹമ്മദ് നബി ﷺ ?

ത്വാഇഫില്‍നിന്ന് തന്നെ കല്ലെറിഞ്ഞോടിച്ചവര്‍ക്കുവേണ്ടി നന്മ ആഗ്രഹിച്ച ആ തിരുദൂതരുടെ പാത കാരുണ്യത്തിന്റെതു മാത്രമാണ്.

മുകളില്‍ കുറിച്ച കാര്യങ്ങള്‍ പ്രവാചക ജീവിതത്തിലെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഗരത്തിലെ ചില തുള്ളികള്‍ മാത്രമാണ്.

ഈ പ്രവാചകനെ പഠിച്ചറിഞ്ഞ ഒരാളും അദ്ദേഹത്തെ നിന്ദിക്കില്ല. അതിനാല്‍ നിന്ദകര്‍ക്കും പ്രവാചകനെ പഠിപ്പിക്കലാവണം നമ്മുടെ അജണ്ട. വൈകാരികതയുടെ പ്രത്യാഘാതങ്ങള്‍ പ്രവചിക്കാനാവാത്തതാണ്. രമ്യതയാണ് പ്രവാചക വിപ്ലവത്തിന്റെ വിജയ രഹസ്യം.

‘നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക” (ക്വുര്‍ആന്‍ 3:159).

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവുംനല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല” (ക്വുര്‍ആന്‍ 41:34,35).

ക്വുര്‍ആന്‍ സൂക്തങ്ങളും പ്രവാചക ചര്യയുമാണ് നമ്മുടെ നിലപാടുകള്‍ നിര്‍ണയിക്കേണ്ടത്. ഫാഷിസ്റ്റുകളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കാനുള്ള വഴിയൊരുക്കാന്‍ വിവേകമുള്ള മുസ്‌ലിംകള്‍ക്ക് എങ്ങനെയാണ് സാധിക്കുക?

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക