മരണം മണക്കുന്ന പായകള്‍
ഇബ്‌നു അലി എടത്തനാട്ടുകര
നമസ്‌കാരത്തിന്ന് അടുത്തുള്ള പള്ളിയിലെത്തിയപ്പോള്‍ പുതിയൊരു പായ കണ്ടു. പ്ലാസ്റ്റിക് നിര്‍മിതമായ, വെള്ളനിറത്തിന് കൂടുതല്‍ പ്രാമുഖ്യമുള്ള, നേര്‍ത്ത സുഗന്ധത്തോടുകൂടിയ പായ. പള്ളിപ്പറമ്പില്‍ മറവുചെയ്യാന്‍ കൊണ്ടുവന്ന ജനാസയുടെ കൂടെയെത്തിയതാണാ പായ!
ഏതാനും നാളുകള്‍ കൂടി ആ പായയുടെ പുതുമ നിലനില്‍ക്കും. പിന്നെ സുഗന്ധം മായും. നിറം മങ്ങുന്നതിന് മുമ്പ് മറ്റൊരു പായയെത്തും; പുതിയ ഒരു നിറത്തില്‍ മറ്റൊരു മണവുമായി. ഭൂമിയില്‍ ജീവിച്ച് കൊതിതീരാത്ത ഒരു മനുഷ്യന്റെ മയ്യിത്തിനെ മണ്ണിലേക്ക് സമര്‍പ്പിക്കാന്‍ അകമ്പടി വരുന്ന പായ.

ഏതൊരാള്‍ക്കും മരണം നിശ്ചയിക്കപ്പെട്ട ഒരു നാളുണ്ട്. മരണം കൃത്യസമയത്ത് കടന്നുവരും. ഫോണുകള്‍ വഴി വിവരം പരക്കും; ചുണ്ടില്‍നിന്ന് ചുണ്ടിലേക്കും. എപ്പോഴാണ് മയ്യിത്ത് എടുക്കുകയെന്ന ചോദ്യമുയരും; തീരുമാനമുണ്ടാകും. അതിനു മുമ്പായി മയ്യിത്തിനെ കുളിപ്പിക്കും. ഏതോ ദൂരദിക്കില്‍ നിന്ന് അടുത്തൊരു കടയിലെത്തിയ വെള്ളവസ്ത്രവും സുഗന്ധ ദ്രവ്യവും കൂട്ടിനെത്തും.ആളുകള്‍ മയ്യിത്തിന് അകമ്പടി സേവിക്കും. കുറേ പേര്‍ നേരത്തെ പള്ളിയിലെത്തി കാത്തുനില്‍ക്കും. പിന്നെ നമസ്‌കാരം… ക്വബ്‌റടക്കല്‍, തസ്ബീത്, കണ്ണീര്… നെടുവീര്‍പ്പ്… നല്ല മനുഷ്യനായിരുന്നുവെന്ന അടക്കംപറച്ചില്‍. അങ്ങനെ മയ്യിത്തിനെ പൊതിഞ്ഞ മറ്റൊരു പായകൂടി പള്ളിയിലെത്തും.
നിര്‍ബന്ധമായും അനുഭവിച്ചറിയുന്ന യാഥാര്‍ഥ്യമാണ് മരണം. അതു നുകരാതെ, രുചിക്കാതെ ആരുമുണ്ടാവില്ല. ഭരണാധികാരിയും ഭരണീയനും പണക്കാരനും പണിക്കാരനും മുതലാളിയും തൊഴിലാളിയും കുബേരനും കുചേലനും മര്‍ദകനും മര്‍ദിതനും പുണ്യാളനും പാപിയും മരണത്തെ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ദുര്‍ബലന്റെ ദുര്‍ബലതയോ ശക്തിമാന്റെ ശക്തിയോ മരണത്തില്‍നിന്ന് മറയാകില്ല. ആളെത്ര ഊക്കേറിയവനായാലും മരണദൂതന്‍ വന്നു കവാടം മുട്ടിയാല്‍ മരണത്തിന് കീഴൊതുങ്ങിയേ മതിയാവൂ. നാനാതരം മനുഷ്യസമൂഹങ്ങളും വര്‍ഗങ്ങളും ഭൗതിക ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ക്കെല്ലാം എന്തുപറ്റി? അവരെല്ലാം എവിടെപ്പോയി?
”…അവരില്‍നിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ?” (ക്വുര്‍ആന്‍ 19:98).
നാമും അവരുടെ വഴിയിലാണ്. നമുക്കും മരണവേളയും മയ്യിത്ത് കട്ടിലുമുണ്ട്. മരണാസന്നനായവന്റെ നിസ്സഹായാവസ്ഥ നമുക്കും അനുഭവിക്കുവാനുള്ളതാണ്. കണ്ണുകള്‍ നിറയും. ശബ്ദം ഇടറും. കൈകാലുകള്‍ കൂട്ടിയുരുമ്മും. മലക്കുല്‍ മൗത്തിനെയും കൂടെയുള്ളവരെയും നേരില്‍ കാണും. ഉറ്റവരെയും ഉടയവരെയും കേവലം നോക്കുകുത്തികളാക്കി മരണം നമ്മെ റാഞ്ചിയെടുക്കും. അതെ, സൃഷ്ടികളില്‍ ജീവനുള്ളതിനെല്ലാം മരണം സുനിശ്ചിതമാണ്. മരണത്തില്‍നിന്നും രക്ഷപ്പെടുവാന്‍ വഴികളേതുമേയില്ല.
”…അവന്റെ (അല്ലാഹുവിന്റെ) തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്. അവന്നുള്ളതാണ് വിധികര്‍തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും” (ക്വുര്‍ആന്‍ 28:88).
എങ്ങോ ഒരു പായ നമ്മെയും കാത്തിരിക്കുന്നുണ്ട് എന്ന് ഓര്‍മിക്കുന്നുവോ നാം?
എങ്ങോ ഒരു പായ നമ്മെയും കാത്തിരിക്കുന്നുണ്ട് എന്ന് ഓര്‍മിക്കുന്നു നാം