ആദരിക്കപ്പെടുന്ന ദൈവദൂതന്‍ ഹുസൈന്‍ സലഫി, ഷാര്‍ജ 2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06 (മുഹമ്മദ് നബി ﷺ , ഭാഗം 14)

ആദരിക്കപ്പെടുന്ന ദൈവദൂതന്‍

(മുഹമ്മദ് നബി ﷺ , ഭാഗം 14)

ദ്വിമാദിന്‍റെ ചോദ്യം കേട്ടപ്പോള്‍ നബി ﷺ  കോപാകുലനായില്ല. മറിച്ച്, അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് സഹായം ചോദിക്കുകയും പിന്നീട് ശഹാദത്ത് കലിമ ഉരുവിടുകയുമാണ് ചെയ്തത്. അതു കേട്ടപ്പോള്‍ ദ്വിമാദി(റ)ന്‍റെ മനസ്സില്‍ ചലനമുണ്ടായി. ആ വചനങ്ങള്‍ ഒന്നുകൂടെ ആവര്‍ത്തിക്കാന്‍ നബി ﷺ യോട് അദ്ദേഹം ആവശ്യപ്പെട്ടു. നബി ﷺ  അദ്ദേഹത്തിനുവേണ്ടി മൂന്നുതവണ അവ ആവര്‍ത്തിച്ചു. ജ്യോത്സ്യന്മാരുടെയും മാരണക്കാരുടെയും കവികളുടെയുമെല്ലാം സംസാരം നന്നായി അറിയാവുന്ന അദ്ദേഹത്തിന് ഇത് മക്കയിലെ വിഡ്ഢികള്‍ പ്രചരിപ്പിക്കുന്നത് പോലെ ഒരു ഭ്രാന്തന്‍റെ സംസാരമല്ല എന്ന് ബോധ്യമായി. ഉടനെ റസൂലി ﷺ നോട് ഞാന്‍ മുസ്ലിമാകാന്‍ തയ്യാറാണെന്ന് അറിയിച്ച് ഉടമ്പടി ചെയ്യാന്‍ അവിടുത്തെ കരങ്ങള്‍ നീട്ടിക്കൊടുക്കാന്‍ ദ്വിമാദ്(റ) ആവശ്യപ്പെടുകയും ഉടമ്പടി എടുക്കുകയും ചെയ്തു. ശേഷം നബി ﷺ  അദ്ദേഹത്തിന്‍റെ സമൂഹത്തോടും ഈ കാര്യം പറഞ്ഞുകൊടുക്കുമോ എന്ന് ചോദിച്ചു. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു.

ഇന്നും പ്രവാചകനെനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിനായി സിനിമകളും കാര്‍ട്ടൂണുകളും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അന്ന് ദ്വിമാദ്വും(റ) പിന്നീട് അദ്ദേഹം നിമിത്തം അദ്ദേഹത്തിന്‍റെ സമൂഹവും ഇസ്ലാമിലേക്ക് വരാന്‍ അപവാദപ്രചാരണം കാരണമായതുപോലെ ഈ സിനിമകളും കാര്‍ട്ടൂണുകളും നബി ﷺ യുടെ ജീവിതത്തെക്കുറിച്ച് പഠിക്കുവാനും ഇസ്ലാമിലേക്ക് കടന്നുവരാനും പലര്‍ക്കും വഴിയൊരുക്കിയിട്ടുണ്ട് എന്നതാണ് വസ്തുത.

ദ്വിമാദി(റ)ന്‍റെ അവസ്ഥ മനസ്സിലാക്കി പെരുമാറിയ നബി ﷺ ടെ മാതൃക ഏതുകാലക്കാര്‍ക്കും മാതൃകയാണ്. നബി ﷺ യുടെ സ്വഭാവമഹിമയെ ക്വുര്‍ആന്‍ പുകഴ്ത്തിയതായി കാണാം:

“(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യംകൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്” (ക്വുര്‍ആന്‍ 3:159).

“ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (ക്വുര്‍ആന്‍ 21:107).

“തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു” (ക്വുര്‍ആന്‍ 68:4).

ലോകത്തിന് കാരുണ്യമായി അയക്കപ്പെട്ട മുഹമ്മദ് നബി ﷺ  കാരുണ്യത്തിന്‍റെയും സഹനത്തിന്‍റെയും വിട്ടുവീഴ്ചയുടെയും മകുടോദാഹരണമായിരുന്നു. അധികാരം ലഭിച്ചപ്പോള്‍ പോലും തന്നെയും അനുയായികളെയും കഠിനമായി ദ്രോഹിച്ച ശത്രുക്കള്‍ക്ക് അദ്ദേഹം മാപ്പുനല്‍കി. എല്ലാവരോടും സൗമ്യമായി പെരുമാറി. പാവങ്ങളെ അളവറ്റു സഹായിച്ചു. നബി ﷺ  പരുക്കന്‍ സ്വഭാവക്കാരനായിരുന്നെങ്കില്‍ ആളുകള്‍ അദ്ദേഹത്തില്‍നിന്ന് അകലുമായിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ അദ്ദേഹം വളര്‍ന്നതുതന്നെ സല്‍സ്വഭാവിയായിട്ടായിരുന്നു. സൗമ്യമായിട്ടേ ആരോടും പെരുമാറിയിട്ടുള്ളൂ. അത് അനുഭവിച്ചറിഞ്ഞവര്‍ ആ പ്രവാചകനെ അംഗീകരിക്കുകയും അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു.

സത്യം മനസ്സിലാക്കിയ ദ്വിമാദി(റ)ന് അത് സ്വീകരിക്കാന്‍ മറിച്ചൊന്നും ആലോചിക്കാനില്ലായിരുന്നു. നിഷ്കളങ്ക ഹൃദയമുള്ളവര്‍ അങ്ങനെയാണ്. സത്യത്തിന് മനുഷ്യഹൃദയത്തില്‍ ഒരു സ്ഥാനമുണ്ട്. ഫിര്‍ഔനിന്‍റെ ഭീഷണി വകവെക്കാതെ ജാലവിദ്യക്കാര്‍ മൂസാനബി(അ)യില്‍ വിശ്വസിച്ച ചരിത്രം അതാണ് ബോധ്യപ്പെടുത്തുന്നത്. ഇങ്ങനെ ധാരാളം സംഭവങ്ങള്‍ ക്വുര്‍ആനിലും ഹദീസുകളിലും നമുക്ക് കാണാം.

ഏതൊരാളും നരകത്തില്‍ പ്രവേശിക്കുക എന്നത് നബി ﷺ ക്ക് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. അതിനാല്‍ അവിടുന്ന് ജനങ്ങള്‍ക്ക് ഈ സത്യം എത്തിക്കാന്‍ ആവുന്ന മാര്‍ഗങ്ങളെല്ലാം ഉപയോഗപ്പെടുത്തി. ദ്വിമാദ്(റ) ഇസ്ലാമിലേക്ക് വന്നതിനുശേഷം നബി ﷺ  അദ്ദേഹത്തോട് നിങ്ങളുടെ സമൂഹത്തോടും ഈ കാര്യം എത്തിക്കുമല്ലോ എന്ന് ആരാഞ്ഞത് അവിടുത്തേക്ക് ജനങ്ങളോടുള്ള ഗുണകാംക്ഷയുടെ അടയാളമാണ്. ഇസ്ലാമിക പ്രബോധനത്തിന്‍റെ മഹത്ത്വവും പ്രാധാന്യവും ഇതിലൂടെനാം മനസ്സിലാക്കണം.

ദ്വിമാദ്(റ) നബി ﷺ യെ പറ്റി ആദ്യം കേള്‍ക്കുന്നത് അവിടുന്ന് ഭ്രാന്തനാണ് എന്നായിരുന്നല്ലോ. (ആ സമയത്തൊന്നും അദ്ദേഹം ബഹുദൈവവിശ്വാസം വെടിഞ്ഞിരുന്നില്ല). അദ്ദേഹം അപ്പോള്‍ പറഞ്ഞത് അദ്ദേഹത്തെ എനിക്കൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് ഒന്ന് ചികിത്സിക്കാമായിരുന്നു; അങ്ങനെ എന്‍റെ കൈകളാല്‍ അദ്ദേഹത്തിന് അല്ലാഹു ശമനം നല്‍കിയേക്കാം എന്നാണ്. മുശ്രിക്ക് ആയിരിക്കുന്ന സമയത്തും അദ്ദേഹത്തിന് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു. പക്ഷേ, അല്ലാഹുവിന് പുറമെ സൃഷ്ടികളോടും പ്രാര്‍ഥിക്കുന്നതിനാല്‍ വിശ്വാസം പിഴവിലായി. രോഗം സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണ് എന്ന് അദ്ദേഹം ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പേ വിശ്വസിച്ചിരുന്നു എന്നും നമുക്ക് അദ്ദേഹത്തിന്‍റെ സംസാരത്തില്‍നിന്ന് മനസ്സിലാക്കാം.

ശത്രുക്കളുടെ ആരോപണങ്ങള്‍ക്കുള്ള മറുപടി

പ്രവാചകന്മാരെല്ലാം ധാരാളം ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്; അവര്‍ അതിനെല്ലാം മറുപടിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി ﷺ ക്കെതിരില്‍ വന്ന ആരോപണങ്ങള്‍ക്ക് മറുപടി അല്ലാഹുവാണ് ഏറ്റെടുത്തത്. അത് അല്ലാഹു അവിടുത്തേക്ക് നല്‍കിയ ഒരു മഹത്ത്വമായിരുന്നു. മുന്‍കാല പ്രവാചകന്മാരെ പറ്റി ശത്രുക്കള്‍ പറഞ്ഞതിനും അതിന് അവര്‍ തന്നെ മറുപടി നല്‍കിയതിനും ചില ഉദാഹരണങ്ങള്‍ കാണുക.

“നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്) ഞാന്‍ ഭയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന്ഞങ്ങള്‍ കാണുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു”  (ക്വുര്‍ആന്‍ 7:59-61).

“ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്? അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൗഢ്യത്തില്‍ പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്” (ക്വുര്‍ആന്‍ 7: 65-67).

നബി ﷺ യെ പറ്റിയുള്ള ധാരാളം ആരോപണങ്ങള്‍ക്ക് അല്ലാഹു തന്നെ മറുപടി പറഞ്ഞത് ഇതിനകം നാം മനസ്സിലാക്കി. സൂറത്തുല്‍ കൗസര്‍ ശത്രുക്കളുടെ മറ്റൊരു ആരോപണത്തിനുള്ള മറുപടിയാണ്. നബി ﷺ യുടെ ആണ്‍മക്കളെല്ലാം ചെറുപ്പത്തിലേ മരണപ്പെട്ടപ്പോള്‍ മുഹമ്മദിന് ഭാവിയില്ലെന്ന് പറഞ്ഞ് ശത്രുക്കള്‍ ആക്ഷേപിച്ചിരുന്നു. സൂറത്തുല്‍ കൗസറിലൂടെ അല്ലാഹു അതിന് ശക്തമായ മറുപടി നല്‍കി.

ആണ്‍മക്കളൊന്നും ഇല്ലാതിരുന്നിട്ടും എന്നും ലോകത്തിന്‍റെ നാനാഭാഗത്തുമുള്ളവര്‍ അവിടുത്തെക്കുറിച്ച് പഠിക്കുന്നു; സവിശേഷതകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ സ്വത്തും സന്താനങ്ങളും അധികാരവും ഉണ്ടായിരുന്ന, വലിയവന്മാരെന്ന് സ്വയം പറഞ്ഞുനടന്ന പലരെയും ലോകം ഓര്‍ക്കുന്നത് അവരുടെ നെറികെട്ട പ്രവര്‍ത്തനങ്ങളിലുള്ള വെറുപ്പോടെയാണ്.

നബി ﷺ ക്ക് അല്ലാഹു നല്‍കിയ സ്ഥാനം

മുഹമ്മദ് നബി ﷺ ക്ക് മാത്രമായി അല്ലാഹു നല്‍കിയ ചില പ്രത്യേകതകളെ സംബന്ധിച്ച് നാം മനസ്സിലാക്കി. ഇതര പ്രവാചകന്മാരില്‍നിന്ന് മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു പ്രത്യേക സ്ഥാനവും മഹത്ത്വവും നല്‍കിയിട്ടുണ്ട്. ഇതിനര്‍ഥം മറ്റു പ്രവാചകന്മാര്‍ക്ക് യാതൊരു മഹത്ത്വവും ശ്രേഷ്ഠതയും ഇല്ലെന്നല്ല. അല്ലാഹു പ്രവാചകന്മാരില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ടല്ലോ. (ക്വുര്‍ആന്‍ 2:253). ഏതെല്ലാം പ്രവാചകന്മാര്‍ക്ക് എപ്രകാരമെല്ലാം പദവിയും മഹത്ത്വവും നല്‍കണമെന്ന് തീരുമാനിക്കുന്നവന്‍ പ്രതാപിയും യുക്തിമാനുമായ അല്ലാഹുവാണ്.

മുഹമ്മദ് നബി ﷺ ക്ക് മുമ്പുള്ള പ്രവാചകന്മാരെ അല്ലാഹു അവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് സംബോധന നടത്തിയത് എന്ന് ക്വുര്‍ആനില്‍നിന്ന് നമുക്ക് മനസ്സിലാകും. അഥവാ, ഓ ആദം, ഓ നൂഹ്, ഓ ഇബ്റാഹീം, ഓ മൂസാ, ഓ ഈസാ, ഓ ദാവൂദ്, ഓ യഹ്യാ, ഓ സകരിയ്യാ… എന്നിങ്ങനെ. എന്നാല്‍ മുഹമ്മദ് നബി ﷺ യെ ‘ഓ മുഹമ്മദ്’ എന്ന് പേരുവിളിച്ച് സംബോധന നടത്തിയത് നമുക്ക് കാണാന്‍ കഴിയില്ല. പകരം ‘ഓ നബീ,’ ‘ഓ റസൂല്‍’ എന്നൊക്കെയാണ് കാണുക. അവിടുന്ന് ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയിലേക്ക് ചേര്‍ത്തുകൊണ്ട് ‘ഓ പുതപ്പിട്ട് മൂടിക്കിടക്കുന്നവനേ’ എന്ന രൂപത്തിലുള്ള അഭിസംബോധനയും കാണാം. ഈ സംബോധനാരീതി നബി ﷺ ക്ക് അല്ലാഹു നല്‍കിയ സ്ഥാനമാണ് വ്യക്തമാക്കുന്നത്.

നബി ﷺ യെ സത്യവിശ്വാസി എങ്ങനെ അഭിസംബോധന ചെയ്യണം?

ഒരു വിശ്വാസിയും നബി ﷺ യെ പേരു വിളിച്ച് അഭിസംബോധന ചെയ്തുകൂടാ. അത് ക്വുര്‍ആന്‍ തന്നെ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

“നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതു പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്” (ക്വുര്‍ആന്‍ 24:63).

അനുചരന്മാര്‍ നബിയെ ഒരിക്കല്‍ പോലും ‘ഓ മുഹമ്മദ്’ എന്ന് വിളിച്ചിട്ടില്ല. അല്ലാഹുവിന്‍റെ റസൂലിന്‍റെ അരികില്‍വച്ച് ശബ്ദം ഉയര്‍ത്തി സംസാരിക്കരുതെന്നും പരസ്പരം കയര്‍ക്കരുതെന്നും എല്ലാമുള്ള മര്യാദ പഠിപ്പിക്കുന്ന വചനങ്ങള്‍ ഇറങ്ങിയതിന് ശേഷം അവര്‍ നബി ﷺ യുടെ സന്നിധിയില്‍ ശബ്ദം താഴ്ത്തി, വിനയത്തോടെയും ആദരവോടെയുമായിരുന്നു സംസാരിച്ചിരുന്നത്.

പരസ്പരം പേരുവിളിച്ചും മകനിലേക്ക് ചേര്‍ത്തുവിളിച്ചും പിതാവിലേക്ക് ചേര്‍ത്തുവിളിച്ചുമെല്ലാം അഭിസംബോധന ചെയ്യുന്ന രീതി അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വഹാബിമാര്‍ ഈ രൂപത്തിലൊന്നും നബി ﷺ യെ വിളിച്ചിരുന്നില്ല. അബൂബക്ര്‍(റ) നബി ﷺ യുടെ ഉറ്റ തോഴനായിരുന്നു. എന്നിട്ടും കൂട്ടുകാരനല്ലേ എന്നു വിചാരിച്ച് തമാശയായോ അല്ലാതെയോ ‘മുഹമ്മദേ’ എന്ന് ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലെന്നത് നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്. ‘അല്ലാഹുവിന്‍റെ ദൂതരേ,’ ‘അല്ലാഹുവിന്‍റെ നബിയേ’ എന്നിങ്ങനെയാണ് അവര്‍ വിളിച്ചിരുന്നത്.

നബി ﷺ യോടുള്ള പെരുമാറ്റവും മര്യാദയുമാണ് ഈ സൂക്തത്തില്‍ അല്ലാഹു പ്രതിപാദിച്ചിട്ടുള്ളത് എങ്കിലും മഹാന്മാരായ ആളുകളോടുള്ള നോക്കിലും സംസാരത്തിലും പെരുമാറ്റത്തിലും സംബോധനയിലുമെല്ലാം ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന വസ്തുതയും ഈ വചനത്തിന്‍റെ വെളിച്ചത്തില്‍ നമുക്ക് ഗ്രഹിക്കാന്‍ സാധിക്കുന്നതാണ്.

നബി ﷺ യുടെ മുമ്പില്‍ സ്വഹാബിമാര്‍ ഇരിക്കുന്ന വേളയില്‍ അങ്ങേയറ്റത്തെ വിനയത്തോടെയും ആദരവോടെയും ബഹുമാനത്തോടെയും തലതാഴ്ത്തിയായിരുന്നു ഇരുന്നിരുന്നത്. അവര്‍ അവിടുന്ന് പറയുന്ന കാര്യങ്ങള്‍ സൂക്ഷ്മതയോടെ കേള്‍ക്കും.

നബി ﷺ യുടെ ജീവിതകാലത്ത് ‘മുഹമ്മദേ’ എന്ന് വിളിച്ചുകൂടെന്ന് നാം മനസ്സിലാക്കി. എന്നാല്‍ അവിടുത്തെ മരണത്തിനു ശേഷം ‘യാ മുഹമ്മദ്’ എന്ന് വിളിക്കാം എന്ന് ചില നവീനാശയക്കാര്‍ വാദിക്കുന്നത് കാണാം! ജീവിതത്തില്‍ വിഷമങ്ങളും പ്രയാസങ്ങളും നേരുടുമ്പോള്‍ ‘യാ മുഹമ്മദ്’ എന്ന് വിളിച്ച് സഹായം തേടാനാണ് ഈ വിഭാഗം ജനങ്ങളോട് ആഹ്വാനം നടത്തുന്നത്. അവര്‍ മുഹമ്മദ് നബി ﷺ യെ ആദരിക്കുന്നവരാണോ അപമാനിക്കുന്നവരാണോ?

ക്വബ്ര്‍ സിയാറത്ത് ഇസ്ലാം അംഗീകരിച്ചിട്ടുള്ള ഒരു പുണ്യകര്‍മമാണ്. നബി ﷺ യുടെ ക്വബ്റും നമുക്ക് സന്ദര്‍ശിക്കാം. അതിനായി മാത്രം തീര്‍ഥയാത്ര ചെയ്യുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. തീര്‍ഥയാത്ര മൂന്ന് പള്ളികളിലേക്കേ പാടുള്ളൂ. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അക്വ്സ്വാ എന്നിവയാണ് ഈ മൂന്ന് പള്ളികള്‍. ഒരാള്‍ മസ്ജിദുന്നബവിയിലേക്ക് തീര്‍ഥയാത്ര ചെയ്യുന്ന സന്ദര്‍ഭത്തില്‍ നബി ﷺ യുടെ ക്വബ്ര്‍ സന്ദര്‍ശിക്കാം. എന്നാല്‍ ക്വബ്ര്‍ സന്ദര്‍ശിക്കാനായി മാത്രം ഒരു തീര്‍ഥയാത്ര നബി ﷺ  നമ്മെ പഠിപ്പിച്ചിട്ടില്ല.

നബി ﷺ യുടെ ക്വബ്ര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പാലിക്കേണ്ടതായ പല നിയമങ്ങളും ചിലര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ നിയമങ്ങളും ഇസ്ലാമും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നതും നാം മനസ്സിലാക്കുക. അവര്‍ പഠിപ്പിക്കുന്ന നിയമം ഇപ്രകാരമാണ്: ‘ആരെങ്കിലും നബി ﷺ യുടെ ക്വബ്റിന്‍റെ അടുക്കല്‍ നില്‍ക്കുകയും എഴുപത് തവണ യാ മുഹമ്മദ് എന്ന് വിളിക്കുകയും ചെയ്താല്‍ ഒരു മലക്ക് അവനോട് വിളിച്ചു പറയും: ഓ ഇന്നാലിന്നവനേ, താങ്കള്‍ക്ക് അല്ലാഹുവിന്‍റെ രക്ഷയുണ്ടാകട്ടെ.’

ചില അറബി കിതാബുകളില്‍ കാണാന്‍ പറ്റുന്നതാണിത്. തെളിവിന്‍റെ പിന്‍ബലമില്ലാത്തത് സ്വീകരിക്കാന്‍ നാം കല്‍പിക്കപ്പെട്ടിട്ടില്ല. അല്ലാഹുവിന്‍റെ കിതാബും നബി ﷺ യുടെ സുന്നത്തുമാണ് വിശ്വാസിയുടെ പ്രമാണം. ക്വുര്‍ആനില്‍ നാം പരസ്പരം പേര് വിളിക്കുന്നത് പോലെ നബി ﷺ യെ വിളിക്കരുത് എന്ന് അല്ലാഹു നമ്മോട് കല്‍പിച്ചിട്ടുണ്ട്. അതിന് നേര്‍വിപരീതമായ ഈ നിയമം വിശ്വാസികള്‍ക്ക് സ്വീകരിക്കാന്‍ യാതൊരു ന്യായവുമില്ല.

‘നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്’ എന്ന സൂക്തത്തിന് മറ്റൊരു വ്യാഖ്യാനം കൂടി നമുക്ക് കാണാവുന്നതാണ്. ഈ വ്യാഖ്യാനവും ശരിയാണ്. റസൂലിന്‍റെ പ്രാര്‍ഥനയെ നിങ്ങള്‍ പരസ്പരം (ഗുണത്തിനായി) പ്രാര്‍ഥിക്കുന്നത് പോലെ കണക്കാക്കരുത് എന്നാണ് ആ വ്യാഖ്യാനം. നബി ﷺ  അല്ലാത്ത ഒരാള്‍ അല്ലാഹുവിനോട് വേറൊരാളുടെ ഗുണത്തിനോ ദോഷത്തിനോ പ്രാര്‍ഥിക്കുന്നത് പോലെയല്ല നബി ﷺ  മറ്റുള്ളവരുടെ ഗുണത്തിനും ദോഷത്തിനുമായി പ്രാര്‍ഥിക്കുന്നത്. നബി ﷺ  ആരുടെയെങ്കിലും നന്മക്ക് വേണ്ടി തേടിയാല്‍ അത് അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും. അതുപോലെ തന്നെ ആര്‍ക്കെതിരിലായി അവിടുന്ന് തേടിയോ അതും അല്ലാഹു സ്വീകരിക്കുന്നതാണ്. അതായത്, നബി ﷺ യുടെ പ്രാര്‍ഥന അല്ലാഹുവിങ്കല്‍ പ്രത്യേകം സ്വീകാര്യമായിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ, ഗുണത്തിനായുള്ള പ്രാര്‍ഥനക്ക് സാഹചര്യം സൃഷ്ടിക്കുകയും ഗുണത്തിലല്ലാതെ കലാശിക്കാന്‍ ഇടയുള്ള പ്രാര്‍ഥന അവിടുന്ന് ചെയ്യാതിരിക്കുകയുമാണ് വേണ്ടത്. ഈ കാര്യങ്ങളെല്ലാം തിരുനബിയുടെ കൂടെ ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സ്വഹാബിമാര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണ് എന്ന് ആയത്തിന്‍റെ ബാഹ്യാര്‍ഥം തന്നെ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. (തുടരും)

നേർപഥം
ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 14)

പ്രവാചകദൗത്യത്തിന്‍റെ വിശാലത ഹുസൈന്‍ സലഫി, ഷാര്‍ജ 2021 മാര്‍ച്ച് 13 1442 റജബ് 29 (മുഹമ്മദ് നബി ﷺ , ഭാഗം 13)

പ്രവാചകദൗത്യത്തിന്‍റെ വിശാലത

(മുഹമ്മദ് നബി ﷺ , ഭാഗം 13)

മുഹമ്മദ് നബി ﷺ മനുഷ്യരിലേക്ക് മാത്രം അയക്കപ്പെട്ട നബിയല്ല. മനുഷ്യരെയും മലക്കുകളെയും പോലെ മുകല്ലഫുകളായ (അല്ലാഹുവിന്‍റെ ആജ്ഞാനിര്‍ദേശങ്ങള്‍ക്ക് വിധേയരായ) സൃഷ്ടികളാണ് ജിന്നുകളും. മനുഷ്യ-ജിന്ന് വിഭാഗക്കാരില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു പ്രത്യേകതതരം സൃഷ്ടികളാണ് മലക്കുകള്‍. അവര്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ അതേപടി ചെയ്യുന്നവരും അല്ലാഹുവിനോട് യാതൊരു അനുസരണക്കേടും കാണിക്കാത്തവരുമാണ്. എന്നാല്‍ മനുഷ്യ-ജിന്ന് വിഭാഗം അല്ലാഹുവിന്‍റെ ശാസനകളെ കൊള്ളുകയും തള്ളുകയും ചെയ്യുന്നവരാണ്. അതിനാല്‍ നരകം എന്ന സൃഷ്ടി മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും മാത്രമുള്ളതാണ്. നരകത്തെ മനുഷ്യരെക്കൊണ്ടും ജിന്നുകളെക്കൊണ്ടും അല്ലാഹു നിറക്കുന്നതാണ് എന്ന് ക്വുര്‍ആനില്‍ വന്നിട്ടുണ്ട്.

എന്നാല്‍ മലക്കുകളുടെ സ്ഥാനമോ? മലക്കുകള്‍ അല്ലാഹുവിന്‍റെ ആദരണീയ ദാസന്മാരാണ്. അവര്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. അവരുടെ ഈ പ്രവര്‍ത്തനത്തെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നിടത്ത് വര്‍ത്തമാന-ഭാവി കാലത്തെ അറിയിക്കുന്ന ക്രിയയാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് കാണാന്‍ സാധിക്കും. അന്ത്യനാളിലും അവര്‍ അവരുടെ പ്രവര്‍ത്തനത്തില്‍ ആയിരിക്കും എന്നാണ് ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പരലോകത്ത് അല്ലാഹുവിന്‍റെ അര്‍ശിനെ വഹിക്കുന്നവരും അതിനെ വലയംചെയ്യുന്നവരും സ്വര്‍ഗത്തിന്‍റെ കാവല്‍ക്കാരായവരും നരകത്തിന്‍റെ കാവല്‍ക്കാരായവരുമെല്ലാം അവരിലുണ്ട്. മറ്റു മലക്കുകളുടെ പ്രവൃത്തികളെ പറ്റി അല്ലാഹുവിനേ അറിയൂ. എല്ലാവരും അല്ലാഹുവിന്‍റെ പ്രത്യേകമായ സ്ഥാനത്ത്, അവന്‍റെ കല്‍പനകള്‍ നിറവേറ്റുന്നവരായിരിക്കും എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ജിന്നുകള്‍ അല്ലാഹുവിന്‍റെ മറ്റൊരു സൃഷ്ടികളാണ്. ഓരോ സൃഷ്ടിക്കും അല്ലാഹു അതാത് പ്രകൃതം നല്‍കിയിട്ടുണ്ട്. പറവകള്‍ക്കുള്ള കഴിവ് മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ഇല്ല. അങ്ങനെ ഇല്ലെന്നുവെച്ച് പറവകളുടെ കഴിവിനെ ആരും തള്ളിക്കളയുന്നില്ലല്ലോ. മൃഗങ്ങള്‍ക്കുള്ള കഴിവുകളെല്ലാം മനുഷ്യര്‍ക്കോ പറവകള്‍ക്കോ ഇതര സൃഷ്ടികള്‍ക്കോ ഉണ്ടാകണമെന്നുമില്ല. അത് ഇല്ലെന്നുവെച്ച് ആരും അവയുടെ കഴിവുകളെയും പ്രത്യേകതകളെയും തള്ളിക്കളയുന്നില്ലല്ലോ. ഇതുപോലെ അല്ലാഹു ഓരോ സൃഷ്ടിക്കുംഅതാതിന് വേണ്ടതായ കഴിവുകളും പ്രത്യേകതകളും നല്‍കിയിട്ടുണ്ട്. മലക്കുകള്‍ മനുഷ്യരൂപത്തില്‍ വന്ന എത്രയോ സംഭവങ്ങള്‍ ക്വുര്‍ആനിലും ഹദീസുകളിലും പ്രതിപാദിച്ചിട്ടുണ്ട്. അത് അല്ലാഹു അവര്‍ക്ക് നല്‍കിയ പ്രത്യേകതയാണ്. അത് വിശ്വസിക്കുന്നതുകൊണ്ടോ അംഗീകരിക്കുന്നതുകൊണ്ടോ ഒരാളും അന്ധവിശ്വാസിയാകുകയല്ല ചെയ്യുന്നത്; യഥാര്‍ഥ വിശ്വാസിയാകുകയാണ് ചെയ്യുന്നത്. കാരണം, പ്രമാണങ്ങളെ സത്യപ്പെടുത്തുകയാണല്ലോ അത് അംഗീകരിക്കുന്നതിലൂടെ അവന്‍ ചെയ്യുന്നത്. ഇതുപോലെ ജിന്നുകള്‍ക്കുള്ള പ്രത്യേകതകളും നാം അംഗീകരിച്ചേ പറ്റൂ.

ജിന്നുകള്‍ എന്ന ഒരു വിഭാഗമേ ഇല്ല എന്നും അത് അറബികളിലെ കാടന്മാരും അധഃകൃതരുമായ മനുഷ്യര്‍ക്ക് പറയുന്ന പേരാണ് എന്നുമെല്ലാം വ്യാഖ്യാനിച്ചവരുണ്ട്. യുക്തിയുടെ ആളുകളായി ചമഞ്ഞ് മണ്ടത്തരങ്ങള്‍ മാത്രം എഴുന്നള്ളിക്കുന്ന ഈ സാധുക്കളെ അവരുടെ വഴിക്ക് വിടാം. കാരണം, ആരെയും നിര്‍ബന്ധിക്കുവാനോ സമ്മര്‍ദം ചെലുത്താനോ ഈ മതം പഠിപ്പിക്കുന്നില്ല. ഇത് ഒരു ഉദ്ബോധനം മാത്രം. ആര്‍ക്കും സ്വീകരിക്കുകയും തിരസ്കരിക്കുകയും ചെയ്യാം. ഏതിനും അര്‍ഹമായ പ്രതിഫലം നല്‍കാന്‍ അല്ലാഹു കഴിവുള്ളവനാണ്.

മുഹമ്മദ് നബി ﷺ ജിന്നുകളിലേക്കും മനുഷ്യരിലേക്കുമുള്ള പ്രവാചകനാണ്. ജിന്നുകള്‍ നബി ﷺ അറിഞ്ഞും അറിയാതെയും അദ്ദേഹത്തില്‍നിന്ന് ക്വുര്‍ആന്‍ കേള്‍ക്കുകയും വിശ്വസിക്കുകയും തൗഹീദ് ഉള്‍കൊള്ളുകയും ചെയ്തിട്ടുണ്ട്.

നഖ്ലത്ത് എന്ന പ്രദേശത്തുവെച്ച് ഒരിക്കല്‍ നബി ﷺ സ്വഹാബിമാരെയും കൂട്ടി സ്വുബ്ഹി നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നമസ്കാരത്തില്‍ അവിടുന്ന് ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങി. ജിന്നുകള്‍ ചുറ്റുപാടും ഒരുമിച്ചുകൂടി. അവര്‍ ശ്രദ്ധയോടെ നബി ﷺ യുടെ ക്വുര്‍ആന്‍ പാരായണം കേട്ടു. ഈ രംഗം നബി ﷺ കണ്ടിട്ടില്ലായിരുന്നു. അല്ലാഹു വഹ്യിലൂടെ അറിയിച്ചപ്പോഴാണ് നബി ﷺ ഈ സംഭവം അറിയുന്നത്. അവര്‍ ക്വുര്‍ആന്‍ കേട്ട സംഭവം സൂറത്തുല്‍ ജിന്നിന്‍റെ തുടക്കത്തില്‍ തന്നെ നമുക്ക് കാണാവുന്നതാണ്:

“(നബിയേ,) പറയുക: ജിന്നുകളില്‍നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ക്വുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. അത് സന്‍മാര്‍ഗത്തിലേക്ക്വഴികാണിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല” (ക്വുര്‍ആന്‍ 72:1,2).

ജിന്നുകള്‍ ക്വുര്‍ആന്‍ കേട്ട ഈ സംഭവം നബി ﷺ അറിയുന്നത് വഹ്യിലൂടെ ആയിരുന്നു എന്ന് ഈ ഭാഗം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. അവര്‍ ക്വുര്‍ആന്‍ കേള്‍ക്കുകയും അതില്‍ ആകൃഷ്ടരാകുകയും അതിന്‍റെ ആശയം അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. ക്വുര്‍ആന്‍ സത്യമാണെന്നും അത് സത്യത്തിലേക്കാണ് വഴികാണിക്കുന്നത് എന്നും മനസ്സിലാക്കിയ ഈ ജിന്നുകള്‍; അവരുടെ കൂട്ടുകാരിലേക്കു ചെന്ന് ഈ അത്ഭുതകരമായ ക്വുര്‍ആനിനെ കുറിച്ച് പറയുകയും ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുകയാണെന്നും ഞങ്ങളുടെ രക്ഷിതാവില്‍ ഒരാളെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തു.

മറ്റൊരു സ്ഥലത്തും ജിന്നുകള്‍ ക്വുര്‍ആന്‍കേട്ട സംഭവം ക്വുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ഇത് സൂറത്തുല്‍ ജിന്നില്‍ പറഞ്ഞ സന്ദര്‍ഭമാണോ അതല്ല മറ്റൊരു സന്ദര്‍ഭമാണോ എന്ന കാര്യത്തില്‍ മുഫസ്സിറുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

“ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴി കാട്ടുന്നു. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്നപക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു” (ക്വുര്‍ആന്‍ 46:29-32).

അല്ലാഹു ഒരു സംഘം ജിന്നുകളെ (അവരുടെ എണ്ണം എത്രയാണെന്ന് നമുക്ക് അറിഞ്ഞുകൂടാ) നബി ﷺ യിലേക്ക് തിരിച്ചുവിടുകയും അവര്‍ ക്വുര്‍ആന്‍ പാരായണം ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്തു. ജിന്നുകള്‍ക്ക് മനുഷ്യരുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും എന്നത് ഇതില്‍നിന്ന് മനസ്സിലാക്കാം. എവിടെ വെച്ചും ആരുടെ ശബ്ദവും കേള്‍ക്കാനുള്ള കഴിവ് അവര്‍ക്കെന്നല്ല ഒരു പടപ്പിനും അല്ലാഹു നല്‍കിയിട്ടില്ല. അത് അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. ജിന്നുകളുടെ കേള്‍വിക്കും പരിധിയുണ്ട്. അതുകൊണ്ടാണല്ലോ അവരുടെ ആളുകളിലേക്ക് ചെന്ന് അവര്‍ കേട്ട ക്വുര്‍ആനിനെപ്പറ്റി പറഞ്ഞുകൊടുത്തത്.

നബി ﷺ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് കേള്‍ക്കാന്‍ ഹാജരായ ജിന്നുകള്‍ ആ ക്വുര്‍ആന്‍ പാരായണം നന്നായി കേള്‍ക്കുന്നതിന് വേണ്ടി മിണ്ടാതിരിക്കാന്‍ കല്‍പിച്ചു. കലപില ശബ്ദമുണ്ടാക്കിയാല്‍ അവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കില്ലല്ലോ.

ക്വുര്‍ആന്‍ കേട്ടതിനുശേഷം അവരുടെ ജനതയിലേക്ക് മുന്നറിയിപ്പു നല്‍കുന്നവരായി അവര്‍ പോയി. തൗറാത്തിനെ സംബന്ധിച്ച് അറിവുള്ളവരാണ് ഈ വന്ന ജിന്നുകളും അവരുടെ സമൂഹവും എന്ന് മനസ്സിലാക്കാം. അതിനാലാണല്ലോ മുമ്പ് മൂസായ്ക്ക് ഇറക്കപ്പെട്ട തൗറാത്തിന് ശേഷം ഇറക്കപ്പെട്ട ഗ്രന്ഥമാണ് ഇത് (ക്വുര്‍ആന്‍) എന്നും ഇതിന്‍റെ മുമ്പുള്ളവയെ അത് സത്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞത്. ഇഞ്ചീല്‍ അടക്കമുള്ള മുന്‍ വേദഗ്രന്ഥങ്ങളെ പറ്റി അവര്‍ക്ക് അറിയാമെന്നല്ലേ നാം അവരുടെ ഈ സംസാരത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്? (അല്ലാഹുവാണ് ഏറ്റവുംനന്നായിഅറിയുന്നവന്‍).

തങ്ങളുടെ സമൂഹത്തിലേക്കു ചെന്ന്, നേര്‍വഴി കാണിക്കുന്ന ഈ ഗ്രന്ഥത്തെ പിന്തുടരണമെന്നും ഈ ഗ്രന്ഥത്തിന്‍റെ വഴിയിലൂടെ ജീവിച്ചെങ്കിലേ പരലോകത്ത് രക്ഷയുള്ളൂ എന്നും നബി ﷺ യുടെ വിളിക്ക് ഉത്തരം നല്‍കാത്തവര്‍ക്ക് കഠിനശിക്ഷയാണ് വരാനിരിക്കുന്നതെന്നും അവര്‍ താക്കീത് ചെയ്തു. അല്ലാഹുവിന്‍റെ ദൂതന്‍റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് കേട്ടും അനുസരിച്ചും ജീവിക്കുന്നവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുകയും നരകശിക്ഷയില്‍നിന്ന് അവര്‍ക്ക് മോചനം നല്‍കുകയും ചെയ്യുമെന്ന സന്തോഷവാര്‍ത്തയും അവര്‍ നല്‍കി.

ക്വുര്‍ആന്‍ കേട്ടമാത്രയില്‍ ജിന്നുകള്‍ അതില്‍ വിശ്വസിച്ച വിവരം നബി ﷺ യെ അല്ലാഹു അറിയിക്കുന്നതില്‍ അവിടുത്തേക്ക് ഒരു ആശ്വാസം പകരലും ഉണ്ട്. തന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത നാട്ടുകാര്‍ ഈ ഗ്രന്ഥത്തെ കളവാക്കുന്ന അവസ്ഥയില്‍ മനസ്സു വേദനിച്ചിരിക്കെ, അപരിചിതരായ ജിന്നുകള്‍ക്ക് പോലും ഇതിലെ സത്യം മനസ്സിലാക്കാന്‍ കഴിയുകയും അവര്‍ അതില്‍ വിശ്വസിക്കുകയും ചെയ്തല്ലോ എന്നത് നബി ﷺ ക്ക് ആശ്വാസം പകരുമല്ലോ.

ഗുണം ചെയ്ത ആരോപണങ്ങള്‍

നബി ﷺ ക്ക് എതിരില്‍ ശത്രുക്കള്‍ ധാരാളം ആരോപണങ്ങള്‍ തൊടുത്തുവിടുകയുണ്ടായി എന്ന് നാം മനസ്സിലാക്കി. എന്നാല്‍ ഇതിലൂടെ ജനങ്ങള്‍ക്കിടയില്‍ നബി ﷺ യുടെ മികവും വളര്‍ച്ചയും പ്രശസ്തിയും സ്ഥാനവും വര്‍ധിക്കുക മാത്രമാണ് ഉണ്ടായത്. മാത്രവുമല്ല, പല ആരോപണങ്ങളും ചിലര്‍ ഇസ്ലാമിലേക്ക് പ്രവേശിക്കാന്‍ പോലും ഇടയുണ്ടാക്കിയിട്ടുണ്ട്.

നബി ﷺ യെ സംബന്ധിച്ച് പറഞ്ഞുപരത്തിയ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനായി അദ്ദേഹത്തെ സമീപിച്ച ആളുകള്‍ നബി ﷺ യില്‍ വിശ്വസിച്ച് തിരിച്ചുപോകുന്ന കാഴ്ചകളാണ് ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക. ഇസ്ലാമിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടാതിരിക്കുവാനും മുഹമ്മദ് നബി ﷺ യില്‍ വിശ്വസിക്കാതിരിക്കുവാനും ആയിരുന്നല്ലോ ശത്രുക്കള്‍ ഈ വേലകളെല്ലാം ഒപ്പിച്ചത്. എന്നാല്‍ ഏതൊരു ലക്ഷ്യത്തിനായി ശത്രുക്കള്‍ ആരോപണങ്ങള്‍ മെനഞ്ഞുണ്ടാക്കിയോ, അതെല്ലാം തകിടം മറിയുന്നതായും അവരുടെ മുഴുവന്‍ കുതന്ത്രങ്ങളും ഫലം കാണാതെ തകര്‍ന്നടിയുന്നതായുമാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. ഒരു സംഭവം കാണുക:

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: ‘ദ്വിമാദ് മക്കയില്‍ വന്നു. അദ്ദേഹം അസ്ദ് ശനൂഅയില്‍ പെട്ട ആളായിരുന്നു. അദ്ദേഹം ജിന്നുബാധിച്ചവരെ മന്ത്രിക്കുന്ന ആളായിരുന്നു. അങ്ങനെ അദ്ദേഹം മക്കക്കാരിലെ (ചില) വിഡ്ഢികളെ കേള്‍ക്കുകയുണ്ടായി. അവര്‍ പറയുന്നു; തീര്‍ച്ചയായും മുഹമ്മദ് ഭ്രാന്തനാകുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇയാളെ ഞാന്‍ കണ്ടിരുന്നെങ്കില്‍, എന്‍റെ കൈയാല്‍ അല്ലാഹു അദ്ദേഹത്തിന് ശമനം നല്‍കിയേക്കാം.’ (ഇബ്നു അബ്ബാസ്) പറഞ്ഞു: അങ്ങനെ അദ്ദേഹം (നബിയെ) കണ്ടു. എന്നിട്ട് ചോദിച്ചു: ‘ഓ, മുഹമ്മദ്! തീര്‍ച്ചയായും ഞാന്‍ ഇതുപോലുള്ള ജിന്നുബാധിതരെ മന്ത്രിക്കുന്നവനാണ്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് എന്‍റെ കൈയാല്‍ അവന്‍ ശമനം നല്‍കുന്നു. അതിനാല്‍ താങ്കള്‍ക്കും (ഞാന്‍ മന്ത്രിക്കട്ടെയോ)?’ അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. നാം അവനെ സ്തുതിക്കുകയും അവനോട് സഹായം തേടുകയും ചെയ്യുന്നു. അല്ലാഹു ഏതൊരുവനെ സന്മാര്‍ഗത്തിലാക്കിയോ അവനെ വഴിപിഴപ്പിക്കുന്നവനായി ആരുമില്ല. അവന്‍ ആരെ വഴികേടിലാക്കിയോ അവനെ സന്മാര്‍ഗത്തിലാക്കുന്നവനുമില്ല. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും അവന്‍ ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. തീര്‍ച്ചയായും മുഹമ്മദ് അവന്‍റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ അതിന് ശേഷം, അദ്ദേഹം -ഇബ്നു അബ്ബാസ്(റ)- പറയുന്നു: അപ്പോള്‍ അദ്ദേഹം (ദ്വിമാദ്) പറഞ്ഞു: ‘ഈ വാചകങ്ങള്‍ എനിക്കു വേണ്ടി ഒരിക്കല്‍കൂടെ ആവര്‍ത്തിച്ചാലും.’ അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ അവ മൂന്നുതവണ ആവര്‍ത്തിച്ചു പറഞ്ഞു. അദ്ദേഹം -ഇബ്നു അബ്ബാസ്(റ)- പറയുന്നു: അപ്പോള്‍ അദ്ദേഹം (ദ്വിമാദ്) പറഞ്ഞു: ‘ഞാന്‍ ജ്യോത്സ്യന്‍റെ വാക്കുകളും മാരണക്കാരന്‍റെ വാക്കുകളും കവികളുടെ വാക്കുകളും കേട്ടിട്ടുണ്ട്. എന്നാല്‍ ഈ വചനങ്ങളെ പോലെയൊന്ന് ഞാന്‍ കേട്ടിട്ടില്ല. തീര്‍ച്ചയായും (ഈ വചനങ്ങള്‍) സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്നവയാണ്.’ അദ്ദേഹം -ഇബ്നു അബ്ബാസ്(റ)- പറയുന്നു: അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘താങ്കളുടെ കൈകള്‍ എനിക്ക് നല്‍കിയാലും. ഇസ്ലാമിന്‍റെ പേരില്‍ ഞാന്‍ അങ്ങേക്ക് ഉടമ്പടി ചെയ്യാം.’ അദ്ദേഹം -ഇബ്നു അബ്ബാസ്(റ)- പറയുന്നു: അങ്ങനെ അദ്ദേഹം (ദ്വിമാദ്) നബി ﷺ ക്ക് കരാര്‍ ചെയ്തു. എന്നിട്ട് അല്ലാഹുവിന്‍റെ റസൂല്‍ ﷺ ചോദിച്ചു: ‘താങ്കളുടെ ജനതയോടും (ഇപ്രകാരം ചെയ്യുമോ?).’ അദ്ദേഹം പറഞ്ഞു: ‘എന്‍റെ സമൂഹത്തോടും (ഞാന്‍ ഇപ്രകാരം ചെയ്യും).’

മക്കയില്‍ നിന്ന് അകലെയുള്ള ഒരു നാട്ടുകാരനാണ് ദ്വിമാദ്(റ). അദ്ദേഹം ആദ്യകാലത്ത് മുസ്ലിം ആയിരുന്നില്ല. അങ്ങനെ ഒരുദിവസം അദ്ദേഹം മക്കയിലേക്ക് വരികയാണ്. മക്കയില്‍ എത്തിയപ്പോള്‍ മക്കക്കാര്‍ പ്രവാചകനെ കുറിച്ച് അദ്ദേഹം ഭ്രാന്തനാണെന്നും ജിന്ന് ബാധിച്ചിട്ടുണ്ടെന്നുമൊക്കെ പറയുന്നത് കേള്‍ക്കാന്‍ ഇടയായി. മക്കക്കാര്‍ ഇപ്രകാരം പറയുന്നത് ആരും അദ്ദേഹത്തെ പിന്തുടരാതിരിക്കാന്‍ വേണ്ടിയാണ്; പ്രവാചകനില്‍ വിശ്വസിക്കാതിരിക്കാന്‍ വേണ്ടിയാണ്. ഇത് മക്കയില്‍ എത്തിയ ദ്വിമാദി(റ)ന് അറിയുമായിരുന്നില്ല. ഈ സംസാരങ്ങള്‍ കേട്ടപ്പോള്‍ ഈ പറയപ്പെടുന്ന മുഹമ്മദിനെ ചികിത്സിച്ച് സുഖപ്പെടുത്താം എന്ന് ആത്മാര്‍ഥമായി അദ്ദേഹം വിചാരിച്ചു. തന്‍റെ ചികിത്സയിലൂടെ അല്ലാഹു അദ്ദേഹത്തിന് ശമനം നല്‍കിയാലോ എന്ന് അദ്ദേഹം പറയുകയും ചെയ്തു. (തുടരും)

ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 13)
നേർപഥം

ആക്ഷേപങ്ങളില്‍ അടിപതറാതെ ഹുസൈന്‍ സലഫി, ഷാര്‍ജ 2021 ഫെബ്രുവരി 27 1442 റജബ് 15 (മുഹമ്മദ് നബി ﷺ , ഭാഗം 11)

ആക്ഷേപങ്ങളില്‍ അടിപതറാതെ

(മുഹമ്മദ് നബി ﷺ , ഭാഗം 11)

മക്കാമുശ്രിക്കുകളുടെ മറ്റൊരു ആക്ഷേപവും അതിനുള്ള മറുപടിയും കാണുക:ڈ”അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍) എടുത്തുതിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്”(ക്വുര്‍ആന്‍ 25:7,8)

“ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്കുമുമ്പ് ദൂതന്‍മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍ ക്ഷമിക്കുമോ എന്ന് നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നിന്‍റെ രക്ഷിതാവ് (എല്ലാം)കണ്ടറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 25:20).

മുഹമ്മദ് നബി ﷺ ദരിദ്രനായിരുന്നു എന്നതാണ് അവരുടെ മറ്റൊരു ആക്ഷേപം: “ഈ രണ്ട് പട്ടണങ്ങളില്‍നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്‍റെമേല്‍ എന്തുകൊണ്ട് ഈ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു” (ക്വുര്‍ആന്‍ 41:31).

മക്കയിലും പരിസരപ്രദേശമായ ത്വാഇഫിലും മുഹമ്മദിനെക്കാള്‍ പ്രൗഢിയും പ്രതാപവുമുള്ള എത്ര പേരുണ്ട്! അവരെയൊന്നും തെരഞ്ഞെടുക്കാതെ ഇവനെയാണോ ഇതിനായി തെരഞ്ഞെടുത്തത് എന്നാണ് അവര്‍ക്ക് ഉണ്ടായിരുന്ന മറ്റൊരു ആക്ഷേപം. മക്കയിലെ വലീദുബ്നു മുഗീറയെയും ത്വാഇഫിലെ ഉര്‍വത്തുബ്നു മസ്ഊദ് അസ്സക്വഫിയെയുമാണ് അവര്‍ ഉദ്ദേശിച്ചത് എന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്.

മുഹമ്മദ് ഭ്രാന്തനാണ് എന്നുപോലും അവര്‍ ആക്ഷേപിച്ചു: “അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ”(ക്വുര്‍ആന്‍ 15:6).

“…ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു” (ക്വൂര്‍ആന്‍ 44:14).

ഇതിനെല്ലാം അല്ലാഹു നല്‍കിയ മറുപടി കാണുക: “നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല” (ക്വുര്‍ആന്‍ 68:2).

“ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്താല്‍ നീ ഒരു ജ്യോത്സ്യനോ ഭ്രാന്തനോ അല്ല. അതല്ല, (മുഹമ്മദ്) ഒരു കവിയാണ്, അവന്ന് കാലവിപത്ത് വരുന്നത് ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണോ അവര്‍ പറയുന്നത്? നീ പറഞ്ഞേക്കുക: നിങ്ങള്‍ കാത്തിരുന്നോളൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു”(ക്വുര്‍ആന്‍ 52:29-31).

തന്നെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത തന്‍റെ ജനത എത്ര കടുത്ത പദങ്ങളാണ് പ്രയോഗിക്കുന്നത്. ഭ്രാന്തില്ലാത്ത ഒരാളെപ്പറ്റി ഭ്രാന്തനെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത് അയാള്‍ക്ക് എത്ര പ്രയാസമാകും! കവിയാണെന്നും ജാലവിദ്യക്കാരനാണെന്നും കള്ളനാണെന്നും അവിടുത്തെ മുഖത്തുനോക്കി അവര്‍ വിളിക്കുകയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തു:

“സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു”(ക്വുര്‍ആന്‍ 38:4).

മുശ്രിക്കുകള്‍ ഇത്തരത്തില്‍ പ്രവാചകനെ വല്ലാതെ വിഷമിപ്പിക്കുമ്പോഴെല്ലാം അല്ലാഹു ആശ്വാസവചനങ്ങള്‍ അവിടുത്തേക്ക് നല്‍കുമായിരുന്നു. ചില വചനങ്ങള്‍ കാണുക:

“നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചുകൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുകതന്നെ ചെയ്തു” (ക്വുര്‍ആന്‍ 6:10).

“തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്‍റെ വാക്കുതന്നെയാകുന്നു. ഇതൊരു കവിയുടെ വാക്കല്ല. വളരെക്കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു” (ക്വുര്‍ആന്‍ 69:40-43).

സ്വഫാ മലക്കടുത്ത് കച്ചവടത്തിനും മറ്റുമായി വരുന്ന അനറബികളെ നബി ﷺ കാണുമായിരുന്നു. അവര്‍ക്ക് നന്നായി അറബി അറിയുമായിരുന്നില്ലെങ്കിലും ഒപ്പിച്ച് പറയാന്‍ സാധിക്കുമായിരുന്നു. ഇതും ശത്രുക്കള്‍ മുതലെടുത്തു. അവര്‍ പറഞ്ഞു: മുഹമ്മദ് അഅ്ജമികളില്‍ നിന്നാണ് ഇതെല്ലാം കൊണ്ടുവരുന്നത്. അതിന് അല്ലാഹു ഇപ്രകാരം മറുപടി നല്‍കി.

“ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു” (ക്വുര്‍ആന്‍ 16:103).

അവര്‍ പറയുന്നത് അനറബിയില്‍നിന്ന് മുഹമ്മദ് കേട്ട് പഠിക്കുന്നു എന്നാണല്ലോ. എന്നാല്‍ നബി ﷺ ഒരു അനറബിയില്‍നിന്ന് കേട്ടുപഠിച്ച് പറയുകയാണെങ്കില്‍ ക്വുര്‍ആന്‍ ആ അനറബി ഭാഷയില്‍ ആകണമായിരുന്നില്ലേ? ഈ ക്വുര്‍ആനാകട്ടെ സ്പഷ്ടമായ അറബി ഭാഷയിലുമാണ്.

ഇബ്നു കഥീര്‍(റഹി) ഈ സൂക്തത്തിന്‍റെ വിശദീകരണത്തില്‍ പറയുന്നു: “അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു അനറബിയിലേക്കാണ് അവര്‍ ചൂണ്ടുന്നത്. സ്വഫായുടെ അടുക്കല്‍ കച്ചവടം ചെയ്തിരുന്ന, ക്വുറയ്ശിക്ക് ഉണ്ടായ ഒരു കുട്ടിയാണ് (അവന്‍). ചിലപ്പോഴെല്ലാം നബി ﷺ (അതിലൂടെ) നടന്നുപോകുമ്പോള്‍ അവന്‍റെ അടുക്കല്‍ ഇരിക്കുകയും അവനോട് ചില കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവനാകട്ടെ അറബി അറിയാത്ത, അനറബി ഭാഷക്കാരനായിരുന്നു. അല്ലെങ്കില്‍, പ്രധാനപ്പെട്ട എന്തെങ്കിലും അവനോട് സംസാരിക്കുന്നവരോട് മറുപടി നല്‍കാന്‍ മാത്രം അല്‍പം (അറബി) അറിയുന്നവനായിരുന്നു അവന്‍. ഇതുകൊണ്ടാണ് അല്ലാഹു അവരുടെ കെട്ടിച്ചമച്ചതി(ആരോപണത്തി)ല്‍ അവര്‍ക്ക് മറുപടിയായി പറഞ്ഞത്: ‘അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.’ അപ്പോള്‍ എങ്ങനെയാണ് അവന്‍ (ഈ നബിക്ക്) ഈ ക്വുര്‍ആന്‍ പഠിപ്പിക്കുക? നബിയായി അയക്കപ്പെട്ട എല്ലാവരുടെ മേലും ഇറങ്ങിയ എല്ലാ വേദഗ്രന്ഥത്തെക്കാളും ആശയങ്ങളാല്‍ പൂര്‍ണമായ അത് (ക്വുര്‍ആന്‍), അതിന്‍റെ സാഹിത്യത്തിലും, പൂര്‍ണവും എല്ലാം ഉള്‍കൊള്ളുന്നതുമായ അര്‍ഥത്തിലും ഉള്ള (ഈ ക്വുര്‍ആന്‍) അഅ്ജമിയായ ഒരു ആളില്‍ നിന്ന് എങ്ങനെ പഠിച്ചെടുക്കും? ബുദ്ധിയില്‍നിന്ന് അല്‍പമെങ്കിലും ഉള്ളവന്‍ ഇത് പറയില്ലല്ലോ.”

മുഹമ്മദ് നബി ﷺ ക്ക് എഴുത്തും വായനയും അറിയില്ല. എന്നാല്‍ അദ്ദേഹത്തെ പരിഹസിക്കുകയും കളവാക്കുകയും ചെയ്തവര്‍ അറബി സാഹിത്യത്തിന്‍റെ അധിപന്മാരുമായിരുന്നു. നിമിഷനേരംകൊണ്ട് സാഹിത്യത്തിന്‍റെ ഉത്തുംഗതയില്‍ നിന്നുകൊണ്ട് കവിതയും ഗാനങ്ങളും രചിച്ച്, ഉക്കാളയിലും മിജന്നയിലുമെല്ലാം അവതരിപ്പിച്ചിരുന്ന വമ്പന്മാര്‍ ആയിരുന്നു അവര്‍. പല തരത്തിലുള്ള ആക്ഷേപങ്ങളും ഉന്നയിച്ച് അല്ലാഹു ഇറക്കിയ ക്വുര്‍ആനിനെ നിഷേധിച്ച ആ സമൂഹത്തോട് ക്വുര്‍ആന്‍ ആവര്‍ത്തിച്ച് ചില വെല്ലുവിളികള്‍ ഉയര്‍ത്തി.

“(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും.”(17:88)

“അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ്എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.”(10:38)

ഈ വെല്ലുവിളി അവരെ വല്ലാതെ അലോസരപ്പെടുത്തി. ഇതിന് മറുപടി നല്‍കാന്‍ അവര്‍ കുറെ ശ്രമിച്ചു. എന്നാല്‍ അവര്‍ പരാജയം സമ്മതിക്കുക മാത്രമാണ് ഉണ്ടായത്.

നബി ﷺ യുടെ പ്രത്യേകതകള്‍

നബി ﷺ യെ കുറിച്ച് എന്തെല്ലാം ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് മുശ്രിക്കുകള്‍ പറഞ്ഞു പരത്തിയത് എന്ന് നാം മനസ്സിലാക്കി. സാധാരണഗതിയില്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ ഒരാള്‍ക്കുനേരെ യുണ്ടാകുമ്പോള്‍ അയാള്‍ തളരുക സ്വാഭാവികമാണ്. എന്നാല്‍ നബി ﷺ ക്ക് യാതൊരു തളര്‍ച്ചയും പതര്‍ച്ചയും ഈ മാര്‍ഗത്തില്‍ ഉണ്ടായതേയില്ല. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടുവെക്കാന്‍ ഒരു നിമിഷം പോലും നബി ﷺ ആലോചിച്ചില്ല. ആക്ഷേപങ്ങളും കുത്തുവാക്കുകളും കേള്‍ക്കേണ്ടിവന്നപ്പോള്‍ കൂടുതല്‍ ആശ്വാസവും വിശ്വാസസ്ഥൈര്യവും ഉണ്ടാവുകയാണ് ചെയ്തത്. കാരണം, അല്ലാഹു അവിടുത്തേക്ക് പലവിധ പ്രത്യേകതകളും നല്‍കിയിരുന്നു. അല്ലാഹുവില്‍നിന്നുള്ള ഇത്തരം പ്രത്യേകതകള്‍ ആശ്വാസവും പ്രബോധന മാര്‍ഗത്തില്‍ കൂടുതല്‍ ധൈര്യവും സ്ഥൈര്യവും ലഭിക്കാന്‍ കാരണമായി.

വ്യത്യസ്തമായ നാമങ്ങള്‍

നബി ﷺ ക്ക് വ്യത്യസ്തമായ പേരുകള്‍ ഉണ്ടായിരുന്നു. ഈ പേരുകള്‍ തിരുമേനിക്ക് അല്ലാഹു നല്‍കിയ വ്യത്യസ്ത സ്ഥാനങ്ങളെയാണ് അറിയിക്കുന്നത്. എന്തെല്ലാമായിരുന്നു ആ പേരുകള്‍ എന്ന് നോക്കാം:

അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: “തീര്‍ച്ചയായും എനിക്ക് (വ്യത്യസ്തങ്ങളായ) പേരുകള്‍ ഉണ്ട്. ഞാന്‍ മുഹമ്മദാണ്, ഞാന്‍ അഹ്മദാണ്, ഞാന്‍ അല്‍മാഹിയ് ആണ്, അതായത് ഞാന്‍ മുഖേന അല്ലാഹു സത്യനിഷേധത്തെ മായ്ക്കുന്നു. ഞാന്‍ അല്‍ഹാശിര്‍ ആകുന്നു, (അതായത്) (അന്ത്യനാളില്‍) ജനങ്ങള്‍ എന്‍റെ കാല്‍ കീഴില്‍ ഒരുമിച്ചുകൂട്ടപ്പെടുന്നവരാകുന്നു, ഞാന്‍ അല്‍ആക്വിബ് ആകുന്നു, (അതായത്) അദ്ദേഹത്തിന് ശേഷം ഒരാള്‍ (നബിയായി) ഇല്ല,’ അല്ലാഹു അദ്ദേഹത്തെ റഊഫ് എന്നും റഹീം എന്നും പേരു വിളിച്ചിട്ടുണ്ട്” (മുസ്ലിം).

മുഹമ്മദ്, അഹ്മദ് എന്നീ രണ്ട് പേരുകള്‍ ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ പേരുകളാണ്. അല്‍ മാഹിയ് എന്നു പറഞ്ഞാല്‍ മായ്ച്ച് കളയുന്നവന്‍ എന്നാണ് അര്‍ഥം. അഥവാ, നബി ﷺ വിവരിച്ചതുപോലെ അവിടുത്തെ കൊണ്ടാണ് അല്ലാഹു സത്യനിഷേധത്തെ നീക്കം ചെയ്യുന്നത്. നബി ﷺ പ്രവാചകനാകുന്ന കാലത്തെ മക്ക ബഹുദൈവാരാധന കൊടികുത്തിവാണിരുന്ന അവസ്ഥയിലായിരുന്നല്ലോ. അവിടുത്തെ പ്രബോധനത്താല്‍ അവിടെനിന്ന് കുഫ്റും ശിര്‍ക്കും അല്ലാഹു തുടച്ചുനീക്കി. അതുപോലെ മക്കയിലെയും പരിസര പ്രദേശങ്ങളിലെയും അക്കാലത്തെയും പില്‍ക്കാലത്തെയും എത്രയോ മനുഷ്യരുടെ മനസ്സില്‍ അടിഞ്ഞുകൂടിയ പലവിധ അന്ധവിശ്വാസങ്ങളും കുഫ്റും പ്രവാചകന്‍ മുഖേന അല്ലാഹു തുടച്ചു നീക്കി എന്നത് ചരിത്രമാണല്ലോ.

അല്‍ഹാശിര്‍ എന്നു പറഞ്ഞാല്‍ ഒരുമിച്ചുകൂട്ടുന്നവന്‍ എന്നാണ് അര്‍ഥം. അന്ത്യനാളില്‍ ആദ്യമായി ക്വബ്റില്‍നിന്ന് മഹ്ശറിലേക്ക് എഴുന്നേറ്റുവരുന്നത് അവിടുന്നായിരിക്കുമെന്ന് നബി ﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതിനുശേഷമായിരിക്കും മറ്റുള്ളവരെല്ലാം ക്വബ്റില്‍നിന്ന് മഹ്ശറിലേക്ക് വരിക. അതാണ് എന്‍റെ കാല്‍കീഴിലായിരിക്കും മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുക എന്ന് പറഞ്ഞതിന്‍റെ സാരം. അല്‍ ആക്വിബ് എന്നതാണ് മറ്റൊരു പേര്. മുഹമ്മദ് നബി ﷺ യാണ് അവസാനത്തെ നബിയെന്നും ഇനിയൊരു പ്രവാചകന്‍ വരാനില്ല എന്നുമാണ് ഈ നാമം സൂചിപ്പിക്കുന്നത്. അതാണ് മുഹമ്മദ് നബി ﷺ ക്ക് ശേഷം ഇനി പുതിയൊരു പ്രവാചകന്‍ വരാനുണ്ടെന്ന് വിശ്വസിക്കല്‍ കുഫ്റാണെന്ന് പണ്ഡിതന്മാര്‍ പറയാന്‍ കാരണം. അതുപോലെ അല്ലാഹു ക്വുര്‍ആനില്‍ നബിയെ കുറിച്ച് പറഞ്ഞ രണ്ടു നാമങ്ങളാണ് റഊഫ് (ദയാലു), റഹീം (കാരുണ്യവാന്‍) എന്നിവ. നബി ﷺ യുടെ ജീവിതം ഈ രണ്ട് നാമങ്ങളിലെയും ഗുണങ്ങള്‍ മുഴച്ചുനിന്നതായിരുന്നു. മറ്റു ചില റിപ്പോര്‍ട്ടുകളില്‍ ‘നബിയ്യുത്തൗബ’ (പശ്ചാത്താപത്തിന്‍റെ പ്രവാചകന്‍), നബിയ്യുര്‍റഹ്മഃ (കാരുണ്യത്തിന്‍റെ പ്രവാചകന്‍) എന്നെല്ലാം കാണാവുന്നതാണ്.

അല്ലാഹുവിന് 99 പേരുകള്‍ ഉള്ളതുപോലെ നബി ﷺ ക്കും 99 പേരുകളുണ്ട് എന്ന് പറയുന്നവരുണ്ട്. നബി ﷺ നമുക്ക് അറിയിച്ചുതരാത്ത പല പേരുകളും വളരെ കഷ്ടപ്പെട്ട് ചിലര്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ചില നാടുകളില്‍നിന്ന് പ്രിന്‍റ് ചെയ്യുന്ന മുസ്വ്ഹഫിന്‍റെ ആദ്യപേജുകളില്‍ അല്ലാഹുവിന്‍റെ 99 പേരുകളും അവസാനഭാഗത്ത് നബി ﷺ യുടെ 99 പേരുകളും കൊടുത്തത് കാണാന്‍ കഴിയും. അവിടെയും അവസാനിക്കുന്നില്ല കാര്യങ്ങള്‍! ഇരുനൂറ്, മുന്നൂറ്, ആയിരം പേരുകള്‍വരെ എഴുതിയുണ്ടാക്കിയതായും കാണാന്‍ കഴിയും. ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്. ഈ കാര്യങ്ങളെ സംബന്ധിച്ച് പഠനം നടത്തിയ ആധുനിക പണ്ഡിതനായ അല്ലാമ ബക്ര്‍ അബൂ സയ്ദ്(റ) പറയുന്നു:

‘പ്രമാണങ്ങളില്‍ അടിസ്ഥാനമുള്ള (നബി ﷺ യുടെ) പേരുകള്‍ കുറവാണ്. എന്നാല്‍ വിശേഷണങ്ങള്‍ ധാരാളമാണ്. അതല്ലാത്തതെല്ലാം അടിസ്ഥാനമില്ലാത്തതാകുന്നു. അതിനാല്‍ നബി ﷺ യുടെ മേല്‍ അതിരുകവിയുന്ന കാര്യങ്ങള്‍ പ്രയോഗിക്കപ്പെട്ടുകൂടാ…’

ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 11)
നേർപഥം

പ്രവാചകന്‍റെ ആകാര സവിശേഷതകള്‍ ഹുസൈന്‍ സലഫി, ഷാര്‍ജ 2021 മാര്‍ച്ച് 06 1442 റജബ് 22

പ്രവാചകന്‍റെ ആകാര സവിശേഷതകള്‍

(മുഹമ്മദ് നബി ﷺ , ഭാഗം 12)

കേരളക്കരയില്‍ വ്യാപകമായിട്ടുള്ള ചില ‘വക’ കിതാബുകള്‍ ഉണ്ട്. അതില്‍ ‘സലാം ബയ്ത്ത്’ എന്ന പേരില്‍ ഒരു മൗലിദ് കാണാം. ഒരു മുസ്ലിം നബി ﷺ യെ കുറിച്ച് എന്താണോ, എങ്ങനെയാണോ വിശ്വസിക്കേണ്ടത്; അതില്‍ അതിരുവിട്ട്, അദ്ദേഹത്തെ വിളിക്കുന്നത് കാണുക.

“പാപങ്ങള്‍ മായ്ച്ചു കളയുന്നവരേ, അങ്ങയുടെമേല്‍ രക്ഷയുണ്ടാകട്ടെ. വിഷമങ്ങള്‍ നീക്കുന്നവരേ, അങ്ങയുടെമേല്‍ രക്ഷയുണ്ടാകട്ടെ.”

നബി ﷺ ക്ക് സലാം പറയുന്ന ഈരടികളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. നബി ﷺ ക്ക് സലാം ചൊല്ലുക എന്നത് തെറ്റല്ല. നമസ്കാരത്തില്‍ നബി ﷺ ക്ക് സലാം പറയാത്തവര്‍ ഇല്ലല്ലോ. എന്നാല്‍ ഈ ഈരടിയില്‍ നബി ﷺ യെ വിളിക്കുന്നത് പാപങ്ങള്‍ മായ്ച്ചുകളയുന്നവരേ, വിഷമങ്ങള്‍ നീക്കം ചെയ്യുന്നവരേ എന്നൊക്കെയാണ്. ‘അല്‍മാഹിയ്’ എന്നത് നബി ﷺ യുടെ പേരാണ്. അതിന്‍റെ അര്‍ഥം മറ്റുള്ളവരുടെ പാപങ്ങള്‍ നബി ﷺ മായ്ച്ചുകൊടുക്കും എന്നല്ല. അതിന്‍റെ ഉദ്ദേശം അദ്ദേഹത്തെ കൊണ്ട് അല്ലാഹു കുഫ്റും (സത്യനിഷേധം) മറ്റും നീക്കം ചെയ്യുന്നു എന്നാണെന്ന് കഴിഞ്ഞ ലക്കത്തില്‍ നാം വിവരിച്ചതാണ്. വിഷമങ്ങള്‍ അകറ്റാനും പാപങ്ങള്‍ പൊറുക്കപ്പെടാനും പ്രാര്‍ഥിക്കേണ്ടത് സ്രഷ്ടവായ അല്ലാഹുവിനോട് മാത്രമാണ്. അതിന് നബിമാരോ വലിയ്യുകളോ മലക്കുകളോ ഒന്നും അര്‍ഹരല്ലതന്നെ.

സൗന്ദര്യവാനായ പ്രവാചകന്‍

നബി ﷺ യുടെ ആകാരം ആരെയും ആകര്‍ഷിക്കുംവിധമായിരുന്നു. സ്വഭാവവും വിശ്വാസവും എല്ലാം ഭംഗിയാര്‍ന്നതായതു പോലെ ശരീരവും ഭംഗിയുള്ളതും മികവുറ്റതുമായിരുന്നു. നബി ﷺ യെ കണ്‍കുളിര്‍ക്കെ നോക്കിക്കാണാന്‍ ഭാഗ്യം ലഭിച്ച മഹാന്മാരായ സ്വഹാബികള്‍ അദ്ദേഹത്തിന്‍റെ ഭംഗിയെ പറ്റി നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.

അബൂ ഇസ്ഹാക്വി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ബര്‍റാഅ് പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: അല്ലാഹുവിന്‍റെ റസൂല്‍ ﷺ മനുഷ്യരില്‍ ഏറ്റവും ഭംഗിയുള്ള മുഖമുള്ളയാളും (അല്ലാഹു അദ്ദേഹത്തെ സൃഷ്ടിച്ചത്) ഏറ്റവും അഴകാര്‍ന്ന രൂപത്തിലുമായിരുന്നു. കൂടുതല്‍ ഉയരമുള്ളവനോ നന്നേ ഉയരം കുറഞ്ഞവനോ ആയിരുന്നില്ല” (ബുഖാരി).

ഒത്ത ഉയരം. ഏറ്റവുംനല്ല ശരീര ഘടന. പൗരുഷം തുളുമ്പുന്ന, സൗന്ദര്യത്തിന്‍റെ ഏത് അളവുകോല്‍ വെച്ച് അളന്നാലും സുന്ദരന്‍ എന്ന് ആരും പറയുന്ന രൂപം. അതായിരുന്നു മുഹമ്മദ് നബി ﷺ .

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: അബൂഇസ്ഹാക്വി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “നബി ﷺ യുടെ മുഖം വാളുപോലെ (വെട്ടിത്തിളങ്ങുന്നത്)യായിരുന്നോ എന്ന് ബര്‍റാഅ് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘അല്ല, എന്നാല്‍ അദ്ദേഹത്തിന്‍റെ മുഖം ചന്ദ്രനെ പോലെയായിരുന്നു” (ബുഖാരി).

പൂര്‍ണചന്ദ്രനെ പോലെ തിളങ്ങുന്ന ഭംഗിയാര്‍ന്ന മുഖമായിരുന്നു അവിടുത്തേത്. നബി ﷺ യുടെ മറ്റു ശരീരപ്രകൃതികള്‍ വ്യക്തമാക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ കൂടി കാണുക:

“…ജനങ്ങള്‍ എഴുന്നേറ്റു. എന്നിട്ട് അവര്‍ അവിടുത്തെ കൈകള്‍പിടിച്ചു. എന്നിട്ട് അവ(കൈകള്‍)കൊണ്ട് അവരുടെ മുഖം തടവി. അദ്ദേഹം (സ്വഹാബി) പറയുന്നു: ‘അങ്ങനെ ഞാനും അവിടുത്തെ കൈയില്‍ പിടിച്ചു. എന്നിട്ട് അത് (കൈകള്‍) എന്‍റെ മുഖത്ത് വെച്ചു. അപ്പോഴതാ അത്, മഞ്ഞിനെക്കാള്‍ തണുപ്പുള്ളതും കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതുമാണ്” (ബുഖാരി).

ഒത്ത ഉയരം. ഏറ്റവുംനല്ല ശരീര ഘടന. പൗരുഷം തുളുമ്പുന്ന, സൗന്ദര്യത്തിന്‍റെ ഏത് അളവുകോല്‍ വെച്ച് അളന്നാലും സുന്ദരന്‍ എന്ന് ആരും പറയുന്ന രൂപം. അതായിരുന്നു മുഹമ്മദ് നബി ﷺ .

“അദ്ദേഹത്തിന്‍റെ തലയിലും താടിയിലുമായി വെളുത്ത മുടികള്‍ ഇരുപത് (എണ്ണം പോലും) ഇല്ലായിരുന്നു” (ബുഖാരി).

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “നബി ﷺ യുടെ കൈപ്പത്തിയെക്കാള്‍ നൈര്‍മല്യമുള്ളതായി കട്ടിയുള്ളതോ നേര്‍ത്തതോ ആയ ഒരു പട്ടു(തുണി) ഞാന്‍ സ്പര്‍ശിച്ചിട്ടില്ല. നബി ﷺ യുടെ വാസനയെക്കാള്‍ സുഗന്ധമുള്ള ഒരു വാസന ഞാന്‍ തീരെ മണത്തിട്ടുമില്ല” (ബുഖാരി).

നബി ﷺ യുടെ തലയിലും താടിരോമങ്ങളിലുമായി എത്ര മുടിയാണ് നരച്ചതെന്നുപോലും സ്വഹാബിമാര്‍ക്ക് ക്ലിപ്തമായിരുന്നു!

എല്ലാംകൊണ്ടും അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു മുഹമ്മദ് നബി ﷺ . ഇത്തരത്തില്‍  പ്രത്യേകതകളുള്ള ഒരാള്‍ സര്‍വരാലും അംഗീകൃതനാകുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമല്ലോ. നബി ﷺ യുടെ മുടി, വിയര്‍പ്പ്, വസ്ത്രം… മുതലായവ അല്ലാഹുവില്‍നിന്നുള്ള ബറകത്ത് ലഭിക്കുന്നതിന് ഉപയോഗിച്ചത് സ്ഥിരപ്പെട്ട റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്.

മറഞ്ഞ മാര്‍ഗത്തിലൂടെ ഗുണവും ദോഷവും അല്ലാഹുവില്‍നിന്ന് മാത്രമെ പ്രതീക്ഷിക്കാവൂ. ഈ മൗലിക തത്ത്വത്തിന് എതിരല്ല ഇപ്പറഞ്ഞ കാര്യം. ഇവിടെ അല്ലാഹുവിന്‍റെ ബറകത്ത് ലഭിക്കാന്‍ അല്ലാഹു കാരണമാക്കിയ ഒന്നാണ് അവിടുത്തെ മുടിയും വസ്ത്രവുമെല്ലാം. എന്നാല്‍ നബി ﷺ യോ സ്വഹാബത്തോ മാതൃക കാണിച്ചിട്ടില്ലാത്ത, അല്ലാഹു കാരണമാക്കാത്ത മറ്റുള്ളവ മുഖേന അല്ലാഹുവില്‍നിന്ന് ബറകത്ത് പ്രതീക്ഷിക്കല്‍ ബിദ്അത്താകുന്നതാണ്. ബറകത്ത് പ്രതീക്ഷിക്കല്‍ അല്ലാഹുവില്‍നിന്ന് ആകേണ്ടതിനുപകരം മറ്റു വസ്തുക്കളില്‍നിന്ന് ആകുമ്പോള്‍ അത് ശിര്‍ക്കുമാകും.

നബി ﷺ ക്ക് മാത്രമുള്ള ഈ പ്രത്യേകതയെ വലിച്ചുനീട്ടി മഹാന്മാരായി ചിലരെ സ്വയം തെരഞ്ഞെടുത്ത്, അവരുടെ തുപ്പുനീരും അവശിഷ്ടവുമൊക്കെ ബറകത്തായി കാണുന്ന ചില വഴിവിട്ട വിഭാഗക്കാരുണ്ട്. അവരുടെ ഈ രീതി പ്രമാണങ്ങങ്ങളുടെ പിന്തുണയില്ലാത്തതും സ്വഹാബത്തടക്കമുള്ള പൂര്‍വസൂരികളുടെ മാര്‍ഗത്തിന് വിരുദ്ധവുമാകുന്നു.

നബി ﷺ യുടെ മുടി, വസ്ത്രം, ഉമിനീര്‍, വിയര്‍പ്പ് മുതലായവയില്‍നിന്ന് ഇന്ന് നമുക്ക് ബറകത്ത് എടുക്കുക സാധ്യമല്ല. കാരണം, ഇന്ന് അവയൊന്നും അവശേഷിക്കുന്നില്ല എന്നത് തന്നെ. നബി ﷺ യുടെതെന്ന് ഉറപ്പിച്ചു പറയാന്‍ ഒന്നും ഇന്ന് ലോകത്ത് നിലവിലില്ല എന്ന് മഹാന്മാരായ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

“നബി ﷺ യുടെ വസ്ത്രത്തില്‍ പെട്ടതോ അല്ലെങ്കില്‍ മുടിയില്‍ പെട്ടതോ അല്ലെങ്കില്‍ മറ്റു ശേഷിപ്പുകളില്‍ പെട്ടതോ ആയ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്. ഇവയില്‍ എന്തെങ്കിലും ഉള്ള ഒരു സ്ഥലവും ഉറപ്പിക്കാവുന്ന രൂപത്തില്‍ സ്ഥിരപ്പെട്ടിട്ടില്ല” (കശ്ഫു ശുബ്ഹാത്തുസ്സ്വൂഫിയ്യ- മുഹമ്മദ് സ്വഖര്‍).

നബി ﷺ യുടെ മരണശേഷം സ്വഹാബിമാര്‍ ആരില്‍നിന്നും ശേഷക്കാരിലേക്ക് (നബിയെ കൊണ്ട് ബറകത്ത് എടുക്കുക എന്ന രീതി) ചേര്‍ത്തിപ്പറഞ്ഞത് ഉണ്ടായിട്ടില്ല. നബി ﷺ ഈ ഉമ്മത്തില്‍ അബൂബക്റി(റ)നെക്കാള്‍ ശ്രേഷ്ഠനായ ഒരാളെ വിട്ടേച്ച് പോയിട്ടില്ലല്ലോ. അദ്ദേഹമായിരുന്നു നബി ﷺ യുടെ പിന്‍ഗാമി (ഖലീഫ). അദ്ദേഹത്തെ കൊണ്ട് അതില്‍പെട്ട ഒന്നുകൊണ്ടും (ബറകത്ത് എടുക്കല്‍) ചെയ്യപ്പെട്ടിട്ടില്ല. ഉമറുബ്നുല്‍ഖത്വാബി(റ)നെ കൊണ്ടും (അപ്രകാരം ചെയ്യപ്പെട്ടിരുന്നില്ല). അദ്ദേഹമാണല്ലോ അബൂബക്റി(റ)ന് ശേഷം ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ഠന്‍. പിന്നീട് ഉസ്മാനുബ്നു അഫ്ഫാന്‍(റ). പിന്നീട് അലി(റ). പിന്നെ മറ്റു സ്വഹാബികളും. അവരെക്കാള്‍ ശ്രേഷ്ഠര്‍ ഈ ഉമ്മത്തില്‍ ഇല്ലല്ലോ. അവരില്‍നിന്ന് ഒരാളുടെത് പോലും ശരിയായ അറിയപ്പെട്ട വഴിയിലൂടെ അവരെക്കൊണ്ട് ബറകത്ത് എടുക്കുന്ന ഒരാളായി സ്ഥിരപ്പെട്ട് വന്നിട്ടില്ല. അല്ല, നബി ﷺ യെ പിന്തുടര്‍ന്ന അവര്‍ അവിടുത്തെ വാക്കുകളിലും പ്രവര്‍ത്തികളിലും ചരിതങ്ങളിലും ഇത് ചുരുക്കുകയാണ് ചെയ്തത്. അപ്പോള്‍ ഇതെല്ലാം (നബി ﷺ യല്ലാത്തവരെ കൊണ്ടും നബി ﷺ യുടെ ശേഷിപ്പുകള്‍ അല്ലാത്തത് കൊണ്ടും ബറകത്ത് എടുക്കുന്നത്) ഒഴിവാക്കുന്നതില്‍ അവര്‍ ഏകാഭിപ്രായത്തിലായിരിക്കുന്നു” (അല്‍ഇഅ്തിസ്വാം- ശാത്വിബി).

നബി ﷺ യുടെതായി സ്ഥിരപ്പെട്ട് വന്നിട്ടുള്ള ഒരു പ്രത്യേകതയെയും ഒരു മുസ്ലിമിന് നിഷേധിക്കാന്‍ സാധ്യമല്ല. എന്നാല്‍ നബി ﷺ യുടെ ശേഷിപ്പുകള്‍ക്ക് പ്രത്യേകതയുള്ളത് കണക്കിലെടുത്ത് മഹാന്മാരെന്ന് പറയുന്നവര്‍ക്ക് ഈ മഹത്ത്വം കല്‍പിക്കലും മുസ്ലിമിന് പാടുള്ളതല്ല എന്നതാണ് പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍ നമുക്ക് വിവരിച്ചു തരുന്നത്.

നബി ﷺ ക്ക് മാത്രമുള്ള അഞ്ച് പ്രത്യേകതകള്‍

ജാബിറുബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; തീര്‍ച്ചയായും നബി ﷺ പറഞ്ഞു: “എനിക്ക് മുമ്പ് ഒരാള്‍ക്കും നല്‍കപ്പെട്ടിട്ടില്ലാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഒരു മാസത്തെ വഴിദൂരത്തില്‍ ഭയംകൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടിരിക്കുന്നു. ഭൂമി എനിക്ക് പള്ളിയായും ശുദ്ധിയുള്ളതായും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ എന്‍റെ സമുദായത്തിലെ ഒരാള്‍ക്ക് ഏത് സ്ഥലത്തുവെച്ച് നമസ്കാര സമയം എത്തിയോ അപ്പോള്‍ അവന്‍ (അവിടെ) നമസ്കരിക്കട്ടെ. സമരാര്‍ജിത സ്വത്തും എനിക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ഇത് എന്‍റെ മുമ്പുള്ള ഒരാള്‍ക്കും അനുവദിക്കപ്പെട്ടിരുന്നില്ല. എനിക്ക് ശഫാഅത്ത് (ശുപാര്‍ശ) നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. (ഓരോ) നബിയും തന്‍റെ സമുദായത്തിലേക്ക് മാത്രമായി നിയോഗിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ഞാന്‍ മുഴുവന്‍ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു”(ബുഖാരി).

ഒരു മാസത്തെ വഴിദൂരത്തില്‍ ഭയംകൊണ്ട് അവിടുന്ന് സഹായിക്കപ്പെട്ടു എന്നതാണ് ഒന്നാമത്തെ കാര്യം. നബി ﷺ ശത്രുവിന്‍റെ നാട്ടിലേക്ക് എത്തേണ്ട ആവശ്യമില്ലാത്ത വിധത്തില്‍ അവരുടെ മനസ്സുകളില്‍ ഭയം ഇട്ട് അല്ലാഹു നബി ﷺ യെ സഹായിച്ചിട്ടുണ്ട്. മുഹമ്മദ് നബി ﷺ അന്തിമ പ്രവാചകനാണല്ലോ. എല്ലാ കാലത്തേക്കുമുള്ള, എല്ലാ ദേശക്കാര്‍ക്കുമുള്ള, എല്ലാ ഭാഷക്കാര്‍ക്കുമുള്ള പ്രവാചകന്‍. മുന്‍കഴിഞ്ഞ പ്രവാചകന്മാരെ പോലെ തന്‍റെ സമൂഹത്തെ മുഴുവനും കാണാനും അവരിലേക്ക് നേര്‍വഴി എത്തിക്കാനും മുഹമ്മദ് നബി ﷺ ക്ക് സാധിച്ചിട്ടില്ല. കാരണം അദ്ദേഹം അന്ത്യനാള്‍വരെയുള്ള പ്രവാചകനാണ്. എന്നാല്‍ നബി ﷺ നമുക്ക് കൈമാറിയ ഈ മതം വളരെ വേഗത്തില്‍ ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശത്രുക്കള്‍ ഭയത്തോടെ ഈ മതത്തിന്‍റെ വളര്‍ച്ച നോക്കിക്കാണുകയും ചെയ്യുന്നു.

മുന്‍കാലക്കാര്‍ക്ക് ആരാധനക്കായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍വെച്ച് മാത്രമെ ആരാധനകള്‍ അനുഷ്ഠിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ സമുദായത്തിന് എവിടെവെച്ചും നമസ്കരിക്കാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്. ഭൂമി മുഴുവനും ശുദ്ധവുമാണ് (ത്വഹൂര്‍). വുദ്വൂഇന് ത്വഹൂര്‍ ആയ വെള്ളമാണല്ലോ ഉപയോഗിക്കുന്നത്. വെള്ളം കിട്ടാത്ത സമയത്ത് വുദ്വൂഇന് പകരം തയമ്മും ചെയ്താല്‍ മതി. തയമ്മും ചെയ്യാന്‍ ഭൂമിയെ മുഴുവനും അല്ലാഹു ത്വഹൂര്‍ ആക്കുകയും ചെയ്തിരിക്കുന്നു. ഇതും നബി ﷺ ക്ക് മാത്രം അല്ലാഹു നല്‍കിയ ഒരു പ്രത്യേകതയാണ്.

യുദ്ധത്തില്‍ ശത്രുക്കള്‍ ഒഴിവാക്കി പോകുന്ന സ്വത്ത് മുന്‍ സമുദായങ്ങളിലെ സേനാനികള്‍ക്കോ നബിമാര്‍ക്കോ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ യുദ്ധാര്‍ജിത സ്വത്തായി ലഭിക്കുന്നത് മുഹമ്മദ് നബി ﷺ ക്കും ഈ ഉമ്മത്തിനും ഉപയോഗിക്കാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്.

അന്ത്യനാളില്‍ മഹ്ശറില്‍ വെച്ച് വിചാരണയില്ലാതെ ജനകോടികള്‍ ‘എന്‍റെ കാര്യം… എന്‍റെ കാര്യം…’ എന്നു പറഞ്ഞ് സ്വന്തം കാര്യത്തിലേക്ക് മാത്രം ചുരുങ്ങുന്ന സമയം. അങ്ങനെ രക്ഷക്കായി പലഭാഗത്തേക്കും നെട്ടോട്ടമോടും. അന്ന് മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ പ്രത്യേകമായ അനുമതി പ്രകാരം സുജൂദില്‍ കിടക്കുകയും, (അല്ലാഹു എത്ര കാലമാണോ അപ്രകാരം സുജൂദില്‍ കിടക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ അത്രയും കാലം സുജൂദില്‍ കിടന്ന്) തസ്ബീഹും മറ്റു ദിക്റുകളും ചൊല്ലുകയും, അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകുമ്പോള്‍ തല ഉയര്‍ത്തുകയും ചെയ്യും. നബി ﷺ യോട് ശുപാര്‍ശക്കായി ചോദിക്കാന്‍ അല്ലാഹു കല്‍പിക്കുകയും ആ ശുപാര്‍ശ അല്ലാഹു സ്വീകരിക്കുകയും ചെയ്യുന്ന ദിവസം. ആദ്യമായി മഹ്ശറില്‍ അല്ലാഹു ശുപാര്‍ശക്കായി അനുവാദം നല്‍കും എന്ന പ്രത്യേകതയും മുഹമ്മദ് നബി ﷺ ക്ക് സ്വന്തം.

മുഹമ്മദ് നബി ﷺ ക്ക് മുമ്പുണ്ടായിരുന്ന ഓരോ നബിയും അവരുടെ സമുദായത്തിലേക്ക് മാത്രമായിട്ടായിരുന്നല്ലോ നിയോഗിക്കപ്പെട്ടത്. എന്നാല്‍ മുഹമ്മദ് നബി ﷺ എല്ലാ ആളുകളിലേക്കുമായിട്ടാണ് അയക്കപ്പെട്ടത്. ഇതും മുഹമ്മദ് നബി ﷺ ക്ക് മാത്രമുള്ള പ്രത്യേകയാണ്. (അവസാനിച്ചില്ല)

ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 12)
നേർപഥം

സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്വലിബ് ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര 2021 ഒക്ടോബര്‍ 16 1442 റബിഉല്‍ അവ്വല്‍ 09

സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്വലിബ്

അവലംബം: സ്വഹാബ വനിതകളുടെ ജീവിത ചിത്രങ്ങള്‍: അബ്ദുറഹ്മാന്‍ റഅഫത്ത് ബാഷ

ഇസ്‌ലാമിലെ മഹിളകളില്‍ അതിപ്രധാന സ്ഥാനം അലങ്കരിച്ച, ഇസ്‌ലാമിനുവേണ്ടി വനിതകളില്‍ നിന്ന് ആദ്യമായി യുദ്ധരംഗത്ത് ഒരു അവിശ്വാസിയെ വധിച്ച മഹതിയാണ് സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബ്(റ). രണ്ട് ധീരരായ മുസ്‌ലിം പടനായകര്‍ക്ക് ജന്മം നല്‍കാന്‍ സാധിച്ച, നബി ﷺ യുടെ അമ്മായി എന്ന സ്ഥാനം ലഭിച്ച മഹതിയാണവര്‍.

എല്ലാ അര്‍ഥത്തിലും കുടുംബ മഹിമയില്‍ അവര്‍ മുന്നിട്ടുതന്നെ നിന്നു. അവരുടെ പിതാവ് അബ്ദുല്‍ മുത്ത്വലിബ് നബി ﷺ യുടെ പിതാമഹനും ക്വുറൈശി നേതാവും എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു.; മാതാവാകട്ടെ നബി ﷺ യുടെ മാതൃസഹോദരിയായ ഹാല ബിന്‍ത് വഹബും

ആദ്യഭര്‍ത്താവ് ഹാരിസ് ഇബ്‌നു ഹര്‍ബ്, അബൂസുഫുയാനി(റ)ന്റെ സഹോദരന്‍. ക്വുറൈശികളിലെ പ്രബല ഗോത്രമായ ഉമയ്യ ഗോത്രത്തിന്റെ നേതാക്കളിലൊരാള്‍. അദ്ദേഹം മരണപ്പെട്ടതിനു ശേഷമാണ് അവര്‍ മറ്റൊരു വിവാഹം കഴിക്കുന്നത്. അത് അവ്വാം ബിന്‍ത് ഖുവൈലിദിനെയായിരുന്നു. അദ്ദേഹമാകട്ടെ പ്രവാചക പത്‌നി ഖദീജ(റ)യുടെ സഹോദരനുമാണ്.

സ്വഫിയ്യ(റ)യുടെ മകനോ? സുബൈറുബിന്‍ അവ്വാം; റസൂലിന്റെ ആത്മസുഹൃത്തുക്കളില്‍ ഒരാള്‍! ഇങ്ങനെ രക്തബന്ധം കൊണ്ടും വിവാഹബന്ധം കൊണ്ടും റസൂലിനോട് ചേര്‍ന്നുനില്‍ക്കുന്ന മാറ്റാരെങ്കിലുമുണ്ടോ എന്ന് തോന്നുമാറ് മഹത്ത്വപൂര്‍ണമായ ജീവിതംകൊണ്ട് അനുഗ്രഹിക്കപ്പെട്ട വനിതയാണ് സ്വഫിയ്യ(റ).

തന്റെ മകന്‍ സുബൈര്‍ ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ ഭര്‍ത്താവ് അവ്വാം മരണപ്പെടുകയുണ്ടായി. മകന്‍ സുബൈറിനെ ആ മാതാവ് ഏറെ ബുദ്ധിമുട്ടിയാണ് വളര്‍ത്തിയത്. ഏങ്കിലും അവര്‍ അവന് യുദ്ധതന്ത്രവും ആയോധന കലകളും അശ്വാരൂഢ ഭടത്വവും അഭ്യസിപ്പിച്ചു. അവന്‍ കളിച്ചുവളര്‍ന്നത് കുന്തങ്ങള്‍കൊണ്ടും അമ്പും വില്ലും നന്നാക്കിയുമായിരുന്നു. ഏത് ഭയചകിതമായ അന്തരീക്ഷത്തിലൂടെ കടന്നുപോകാനും പ്രതിസന്ധികളെ അതിജീവിക്കാനും അവര്‍ അവനെ പ്രാപ്തനാക്കി.

ചെറിയ വീഴ്ചകള്‍ക്ക് പോലും ആ മാതാവ് മകന് വേദനിക്കുന്ന ശിക്ഷകള്‍ നല്‍കി. പലരും അതില്‍ അവരെ ആക്ഷേപിച്ചു പറയുകയുണ്ടായി: ‘നിങ്ങള്‍ക്ക് എന്തോ പകയുള്ളത് പോലെയാണല്ലോ ആ കുട്ടിയെ നിങ്ങള്‍ ശിക്ഷിക്കുന്നത്. ഇതൊരു മാതാവിന്റെ പ്രവര്‍ത്തനമാണോ?”അവരുടെ മറുപടി ഇതായിരുന്നു: ‘എനിക്ക് എന്റെ പുത്രനോട് പകയാണെന്ന് പറയുന്നവര്‍ തനി വ്യാജമാണ് പറയുന്നത്, ഞാനവനെ അടിക്കുന്നത് അവന്‍ ബുദ്ധികൂര്‍മതയോടെ കാര്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കാനാണ്. തന്‍മൂലം അവന് സൈന്യങ്ങളെ പരാജയപ്പെടുത്താനും വിജയങ്ങള്‍ ആവര്‍ത്തിക്കാനുമാകും.’

നബി ﷺ യെ അല്ലാഹു ദിവ്യബോധനം നല്‍കി പ്രവാചകനാക്കിയപ്പോള്‍, ജനങ്ങള്‍ക്കുള്ള താക്കീതുകാരനും മാര്‍ഗദര്‍ശിയുമായി മാറ്റിയപ്പോള്‍ ആദ്യം അദ്ദേഹത്തോട് അടുത്ത ബന്ധുക്കളില്‍നിന്നാണ് പ്രബോധനം ആരംഭിക്കാന്‍ പറഞ്ഞത്. അതനുസരിച്ച് നബി ﷺ അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബത്തെ സമീപിച്ചു. അവരിലെ മുതിര്‍ന്നവരെയും സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും നബി പ്രത്യേകം കാണുകയും വിളിച്ചുകൂട്ടുകയും ചെയ്തു. അവരെ അഭിസംബോധന ചെയ്ത കൂട്ടത്തില്‍ നബി ﷺ ആരംഭിച്ചത് ഇങ്ങനെയാണ്: ‘അല്ലയോ മുഹമ്മദിന്റെ മകള്‍ ഫാത്വിമാ… അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യാ… അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബമേ… അല്ലാഹുവിന്റെയടുക്കല്‍ നിങ്ങള്‍ക്കുവേണ്ടി യാതൊന്നും നേടിത്തരാന്‍ എനിക്കാവില്ല.’

പിന്നീട് നബി ﷺ സ്വഫിയ്യ(റ)യെ വ്യക്തിപരമായി ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുകയും അവര്‍ അല്ലാഹുവിന്റെ പ്രകാശവഴിയിലേക്ക് കടന്നുവരികയും ചെയ്തു. ആ പ്രകാശം മറ്റുള്ളവര്‍ക്ക് പങ്ക് വെക്കാന്‍ അവര്‍ തയ്യാറായി. ഇസ്‌ലാമിക നിരയിലേക്ക് ആദ്യം കടന്നുവന്നവരുടെ കൂട്ടത്തില്‍ നമുക്ക് സ്വഫിയ്യ(റ)യെ കാണാം. അഭിമാന ബോധത്തോടെ അവര്‍ ഇസ്‌ലാമിനു വേണ്ടി നിലകൊണ്ടു.

സ്വഫിയ്യയും മകന്‍ സുബൈറും ഇസ്‌ലാമിക പ്രകാശത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. ആദ്യകാലത്തെ വിശ്വാസികള്‍ ക്വുറൈശികളില്‍നിന്നേറ്റു വാങ്ങിയ എല്ലാ പീഡനങ്ങളും അവരും എല്‍ക്കേണ്ടിവന്നു.

പിന്നീട് നബി ﷺ ക്കും അനുചരന്മാര്‍ക്കും മദീനയിലേക്ക് പലായനം നടത്താന്‍ അല്ലാഹു അനുവാദം നല്‍കിയപ്പോള്‍ തന്റെ എല്ലാ ബന്ധങ്ങളും ഓര്‍മകളും സുഖസൗകര്യങ്ങളും മക്കയില്‍ ബാക്കിയാക്കി ആ ക്വുറൈശി പ്രമുഖ മദീനയെ ലക്ഷ്യം വെച്ച് ഹിജ്‌റക്ക് തയ്യാറായി; അല്ലാഹുവിന്റെ മതമനുസരിച്ചു ജീവിക്കുവാനുള്ള കൊതിയുമായി. ഓര്‍ക്കണം, ഒരു അറുപതു വയസ്സുകാരിയാണ് തന്റെ ജീവിതസന്ധ്യയില്‍ ഈ ത്യാഗത്തിന് മുതിരുന്നത്!

സ്വഫിയ്യ(റ)ക്ക് യുദ്ധരംഗത്ത് ഒരു പക്ഷേ, മറ്റൊരു മുസ്‌ലിം വനിതയ്ക്കും പറയാനാകാത്ത ധീരതയുടെ ചരിത്രം പറയാനുണ്ടാകും. പ്രത്യേകിച്ചും ഉഹ്ദ്, ഖന്തഖ് യുദ്ധ വേളകളില്‍.

ഉഹ്ദ് യുദ്ധവേളയില്‍ സ്വഫിയ്യ(റ) പുറപ്പെട്ടത് ഒരുപറ്റം മുസ്‌ലിം സ്ത്രീകളുടെ കൂടെയായിരുന്നു. അവര്‍ തോല്‍പാത്രങ്ങളില്‍ വെള്ളം ശേഖരിച്ച് യുദ്ധഭൂമിയിലെ പടയാളികളെ കുടിപ്പിക്കുകയും, മുറിവേറ്റവരെ ശുശ്രൂഷിക്കുകയും, ഒടിഞ്ഞുപോയ അമ്പും വില്ലുമടക്കമുള്ള ആയുധങ്ങള്‍ ശരിയാക്കി കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അതോടൊപ്പം അവര്‍ യുദ്ധത്തെ എല്ലാ അര്‍ഥത്തിലും വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തുകൊണ്ടിരുന്നു. അവരുടെ സഹോദര പുത്രന്‍കൂടിയായ മുഹമ്മദ് നബി ﷺ യാണല്ലോ യുദ്ധം നയിച്ചുകൊണ്ടിരുന്നത്. അവരുടെ സഹോദരന്‍ ഹംസ(റ), മകന്‍ സുബൈര്‍ ബിന്‍ അവ്വാം(റ) എന്നിവര്‍ യുദ്ധനിരയില്‍ മുമ്പില്‍ത്തന്നെ നിലക്കൊള്ളുന്നവരും.

അതിനൊക്കെ അപ്പുറം താനടക്കം എല്ലാവരും വിശ്വസിച്ചിരിക്കുന്ന ആദര്‍ശത്തിന്റെ, ഇസ്‌ലാമിന്റെ നിലനില്‍പ്പിനാണല്ലോ ഈ പോരാട്ടം. അതിനുവേണ്ടിയായിരുന്നല്ലോ മക്ക വിട്ട് അവര്‍ ഹിജ്‌റ ചെയ്തത്. ആ സ്വര്‍ഗ വഴിയിലാണല്ലോ ക്ഷമയോടെ അവര്‍ കാത്തിരിക്കുന്നതും.

യുദ്ധത്തിനിടയില്‍ റസൂലിന്റെ അടുക്കല്‍ പടയാളികളുടെ എണ്ണം വളരെ കുറവായ നിലയിലും മുശ്‌രിക്കുകളാവട്ടെ സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് റസൂലിനെ നേരിട്ട് ആക്രമിക്കാന്‍ ഒരുങ്ങുന്നതും അവര്‍ കണ്ടു. അവരുടെ ധൈര്യവും സ്ഥൈര്യവും ഉണര്‍ന്നു, ആക്രമിക്കപ്പെട്ട ഒരു പെണ്‍സിംഹത്തിന്റെ കരുത്തോടെ അവര്‍ ചാടിയിറങ്ങി. പരിക്കേറ്റ ഒരു പടയാളിയില്‍നിന്ന് ആയുധങ്ങള്‍ എടുത്ത് യുദ്ധനിരയിലേക്ക് അവര്‍ കുതിച്ചു, തന്റെ കുതിരയെ ശക്തമായി മുന്നോട്ടു നയിച്ച് മുസ്‌ലിം സൈനികരോട് അവര്‍ ആക്രോശിച്ചു: ‘നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനെ പരാജയപ്പെടുത്താന്‍ സമ്മതിച്ചുകൊടുക്കുകയാണോ?’

അവര്‍ മുന്നോട്ട് നീങ്ങുന്നത് കണ്ട പ്രവാചകന്‍ ആശങ്കപ്പെട്ടു. കാരണം അവരുടെ സഹോദരന്‍ കൂടിയായ തന്റെ പിതൃവ്യന്‍ ഹംസ(റ) കരളടക്കം പിച്ചിച്ചീന്തപ്പെട്ട് കിടക്കുന്ന യുദ്ധ ഭൂമിയാണ്. സുബൈറി(റ)നോട് നബി ﷺ ആഗ്യം കാണിച്ചു… ‘സുബൈര്‍, ഉമ്മ… സുബൈര്‍, ഉമ്മ…!’

സുബൈര്‍(റ) ഉമ്മയെ ഉച്ചത്തില്‍ വിളിച്ചു: ‘ഉമ്മാ…ഉമ്മാ…!’ അവര്‍ പ്രതികരിച്ചത് ‘അങ്ങോട്ട് മാറി നില്‍ക്ക്, നിനക്ക് ഉമ്മയില്ലെന്ന് കരുതിക്കോ’ എന്നായിരുന്നു!

മകന്‍ ഉമ്മയോട് വിളിച്ചു പറഞ്ഞു: ‘ഉമ്മാ! നബി ഉമ്മയോട് മടങ്ങിവരാന്‍ പറയുന്നു.’

അവര്‍ ചോദിച്ചു: ‘എന്തിന്? ഞാനറിഞ്ഞിട്ടുണ്ട് എന്റെ സഹോദരനടക്കം മരിച്ച്, അംഗഭംഗം സംഭവിച്ച് കിടക്കുന്നുണ്ടെന്ന്. അതാകട്ടെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്.’

ഇത് കേട്ട റസൂല്‍ ﷺ പറഞ്ഞു: ‘സുബൈര്‍, അവരെ സ്വതന്ത്രമായി വിടുക.’

സുബൈര്‍(റ) ആ ഉദ്യമത്തില്‍നിന്നും പിന്തിരിഞ്ഞു.

യുദ്ധം കഴിഞ്ഞു. യുദ്ധത്തിന്റെ കെടുതികള്‍ അവര്‍ക്ക് മുന്നില്‍ ദൃശ്യമായപ്പോള്‍ തന്റെ സഹോദരന്‍, ഇസ്‌ലാമിന്റെ മുന്നണിപ്പോരാളി, അല്ലാഹുവിന്റെ സിംഹം എന്നറിയപ്പെട്ട ഹംസ(റ)യുടെ മൃതദേഹം അവര്‍ കണ്ടു. അത് എല്ലാ യുദ്ധനിയമങ്ങളും അതിലംഘിച്ചവിധം വയര്‍ പിളര്‍ന്നതും, കരള്‍ കടിച്ചുതുപ്പിയതും, മൂക്കും ചെവിയും അരിഞ്ഞെടുത്തതും, മുഖം വികൃതമാക്കപ്പെട്ടതുമായിരുന്നു.

സഹോദരനുവേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെതേടി ആ മഹതി പറഞ്ഞു: ‘ഇതൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ളതാണ്. ഞാന്‍ അവന്റെ വിധിയില്‍ തൃപ്തിപ്പെടുന്നു, കടിച്ചമര്‍ത്താനാകാത്ത വേദനയനുഭവിക്കുന്നുണ്ടെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ക്ഷമയോടെ നിലകൊള്ളും; ഇന്‍ശാ അല്ലാഹ്.’

എന്നാല്‍ ഖന്തക്ക് യുദ്ധവേളയില്‍ സ്വഫിയ്യയുടെ ധൈര്യം ഇസ്‌ലാമിക ലോകം വീണ്ടും ശ്രദ്ധിച്ചു. സാധാരണഗതിയില്‍ യുദ്ധസമയത്ത് നബി ﷺ സ്ത്രീകളെയും കുട്ടികളെയും കോട്ടക്കുള്ളില്‍ പാര്‍പ്പിച്ച് അവര്‍ക്ക് പരമാവധി സംരക്ഷണം കിട്ടുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഖന്തഖ് യുദ്ധത്തിനൊരുങ്ങുമ്പോള്‍ ഇപ്രകാരം തന്റെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും മുസ്‌ലിം സഹോദരിമാരെയും ഹസ്സാന്‍ ബിന്‍ ഥാബിത്തി(റ)ന്റെ നിയന്ത്രണത്തിലുള്ള ഒരു കോട്ടക്കുള്ളിലാണ് സംരക്ഷണ കവചമൊരുക്കിയത്. ആ കോട്ട സുഭദ്രവും പെെട്ടന്ന് തകര്‍ക്കാനാവാത്തതുമായിരുന്നു

ഖന്തഖിലെ വലിയ വാരിക്കുഴികള്‍ക്കപ്പുറത്ത് മുസ്‌ലിം സൈന്യം ശത്രുക്കളെ പ്രതീക്ഷിച്ചിരുന്നപ്പോള്‍ അവര്‍ കോട്ടയില്‍നിന്നും അവിടെയുള്ള ആളുകളില്‍നിന്നും അശ്രദ്ധരായി. ഈ സമയത്താണ് സ്വഫിയ്യ(റ)യുടെ അസാമാന്യധൈര്യവും നേതൃശേഷിയും പ്രകടമായത്. പുലര്‍ച്ച മുതല്‍ ആ കോട്ടയുടെ സംരക്ഷണം തീര്‍ത്ത് അവര്‍ ജാഗരൂകയായി നിലകൊണ്ടു.

ഇതിനിടയിലാണ് ഒരു ജൂതന്‍ ചാരപ്പണിക്കായി കോട്ടക്ക് ചുറ്റും കറങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ക്ക് അതൊരു ചാരനാണെന്നും സ്ത്രീകള്‍ മാത്രമാണോ ഉള്ളിലുള്ളത്, അതല്ല അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ വല്ലവരുമുണ്ടോ എന്നറിയാനാണ് അയാളുടെ കറക്കമെന്നും മനസ്സിലായി. അപ്പോള്‍ സ്വഫിയ്യ(റ) ആത്മഗതം ചെയ്തു. ‘ഇതാ, ബനൂക്വുറൈള ഗോത്രം നബിയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചിരിക്കുന്നു. അവര്‍ ശത്രുപക്ഷത്തെ, അഥവാ ക്വുറൈശികളെയും സഖ്യകക്ഷികളെയും സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഇവിടെയാകട്ടെ മുസ്‌ലിം സൈന്യത്തിന്റെ സാന്നിധ്യമില്ലതാനും. മുസ്‌ലിം സൈന്യം ഖന്തഖ് ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയം, അവിടെ ശത്രുക്കളുടെ ആക്രമണം ഏത് സമയത്തും തുടങ്ങാനുമിടയുണ്ട്…’

ശത്രുക്കളെ സഹായിക്കാനായി ജൂതന്മാര്‍ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും തടവിലാക്കാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ മുഖമക്കന തലവഴി ചുറ്റിപ്പൊതിഞ്ഞ് അതിന്റെ അറ്റം വസ്ത്രത്തിനുള്ളിലേക്ക് ഇട്ടു. തുടര്‍ന്ന് മധ്യഭാഗത്ത് ഒരു കെട്ടും കെട്ടി ഒരു തടിക്കഷ്ണം ചുമലിലേറ്റി കോട്ട വാതിലിലേക്ക് ഇറങ്ങി. വളരെ പതിയെ കോട്ട വാതില്‍ തുറന്ന് ശത്രുവിന്റെ ശ്രദ്ധയില്‍ പതിയാതെ തനിക്ക് ആക്രമണത്തിന് പറ്റിയ ഒരു സ്ഥലത്ത് കയറിനിന്നു

ശത്രു കൃത്യസ്ഥലത്ത് എത്തിയാപ്പോള്‍ ഒട്ടും മനോബലം ചോരാതെ ആ തടിക്കഷ്ണം അയാളുടെ തലയിലിട്ടു. ആ ഒറ്റ ആക്രമണത്തില്‍ തന്നെ അയാളുടെ കഥ കഴിച്ചു. രണ്ടും മൂന്നും തവണ അയാളെ അടിച്ച് മരണം ഉറപ്പുവരുത്തി.

തുടര്‍ന്ന് അയാളുടെ തലയറുത്തെടുത്ത് കോട്ടക്ക് മുകളില്‍ പ്രദര്‍ശിപ്പിച്ചു. തങ്ങളുടെ കൂട്ടുകാരന്റെ തല കോട്ടക്ക് മുകളില്‍ കണ്ടപ്പോള്‍ ജൂതര്‍ പകച്ചുപോവുകയും മുഹമ്മദ് തന്റെ സ്ത്രീകളെ സംരക്ഷകരില്ലാതെ നിര്‍ത്തിപ്പോകുമെന്നാണോ നിങ്ങള്‍ ധരിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് പരസ്പരം പഴിചാരുകയും ചെയ്തു.

ഈ ആത്മ ധൈര്യത്തിന്റെ, ഈ ക്ഷമയുടെ, ഈ മഹിതമായ പാരമ്പര്യത്തിന്റെ പേരാണ് സ്വഫിയ്യ(റ).

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം

കാരുണ്യവാന്റെ കരുണയുള്ള മതം ഉസ്മാന്‍ പാലക്കാഴി 2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

കാരുണ്യവാന്റെ കരുണയുള്ള മതം

പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു പരമകാരുണികനാണ്. ഒരു മാതാവിന് തന്റെ കുഞ്ഞിനോടുള്ളതിനെക്കാള്‍ കാരുണ്യം അല്ലാഹുവിന് തന്റെ ദാസന്മാരോടുണ്ട്. അവന്‍ നമ്മെ സൃഷ്ടിച്ചതും നമുക്ക് അന്നപാനീയങ്ങള്‍ തരുന്നതും സൗഖ്യം നല്‍കുന്നതും വസ്ത്രം തരുന്നതും മഴ വര്‍ഷിപ്പിക്കുന്നതും സസ്യലതാതികള്‍ മുളപ്പിക്കുന്നതുമെല്ലാം അവന്റെ കാരുണ്യത്തിന്റെ അടയാളമാണ്. സന്മാര്‍ഗം പ്രാപിക്കുവാനും സത്യവിശ്വാസം കൈക്കൊള്ളുവാനും സല്‍കര്‍മങ്ങള്‍ ചെയ്യുവാനും ഭാഗ്യം നല്‍കിയതാകട്ടെ അവന്റെ മഹത്തായ അനുഗ്രഹമാണ്. നമുക്കറിയാത്തത് അവന്‍ നമ്മെ പഠിപ്പിച്ചതും അവന്റെ കാരുണ്യംകൊണ്ടാണ്. സല്‍കര്‍മികളായ സത്യവിശ്വാസികളെ നാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതും നരകത്തില്‍നിന്ന് രക്ഷനല്‍കുന്നതും അവന്റെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്

തന്റെ ദാസന്മാര്‍ക്ക് അല്ലാഹു അവന്റെ കാരുണ്യം പ്രത്യേകമായി നല്‍കുന്ന ചില കാര്യങ്ങള്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്:

വിശ്വാസവും സല്‍കര്‍മവും

അല്ലാഹു പറയുന്നു: ”എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ് തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം” (ക്വുര്‍ആന്‍ 45:30).

ഇഹ്‌സാന്‍

‘ഇഹ്‌സാന്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നന്മചെയ്യുക എന്നാണ്. രണ്ടുതരം ഇഹ്‌സാന്‍ ഉണ്ട്. ഒന്ന് ആരാധനയില്‍ കാണിക്കുന്നത്. താന്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ തന്നെ കാണുന്നുണ്ട് എന്ന ബോധത്തോടെ പൂര്‍ണതയോടുംനന്നായും ആരാധനകള്‍ ചെയ്യുന്നതാണ് ആരാധനയിലുള്ള ഇഹ്‌സാന്‍. രണ്ട്, ജനങ്ങളോടു കാണിക്കുന്ന ഇഹ്‌സാന്‍. സാധ്യമാകുന്നത്ര വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ധനംകൊണ്ടും ശരീരംകൊണ്ടുമെല്ലാം നന്മചെയ്യലാണ് ജനങ്ങളോടു കാണിക്കുന്ന ഇഹ്‌സാന്‍.

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം നന്മചെയ്യുന്നവര്‍ക്ക് സമീപസ്ഥ മാകുന്നു” (ക്വുര്‍ആന്‍ 7:56).

ധര്‍മനിഷ്ഠ പാലിക്കല്‍

അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയും അവന്റെ കല്‍പനകള്‍ പ്രാവര്‍ത്തികമാക്കിയും അവന്‍ വിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞും സമ്പത്തില്‍ അല്ലാഹു നിര്‍ബന്ധമാക്കിയ സകാത്ത് (നല്‍കാന്‍ അര്‍ഹതയുള്ളവര്‍) അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിച്ചും അവന്റെ പ്രവാചകനെ പിന്‍പറ്റിയും ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതാണ്. അല്ലാഹു പറയുന്നു:

”…എന്റെ കാരുണ്യമാകട്ടെ സര്‍വവസ്തുക്കളെയും ഉള്‍കൊള്ളുന്നതാണ്. എന്നാല്‍ ധര്‍മനിഷ്ഠ പാലിക്കുകയും സകാത്ത്‌നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്. (അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്)…” (ക്വുര്‍ആന്‍ 7:156,157).

മനുഷ്യരോടും ജന്തുജാലങ്ങളോടും കാരുണ്യം കാണിക്കല്‍

നബിﷺ പറഞ്ഞു: ”കാരുണ്യം കാണിക്കുന്നവരോട് പരമകാരുണികന്‍ കാരുണ്യം കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുവിന്‍; ഉപരിലോകത്തുള്ളവന്‍ നിങ്ങളോട് കാരുണ്യം കാണിക്കും” (അബൂദാവൂദ്, തിര്‍മിദി).

വിശ്വാസവും ഹിജ്‌റയും ജിഹാദും

അല്ലാഹു പറയുന്നു: ”വിശ്വസിക്കുകയും സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 2:218).

വിശ്വാസ സംരക്ഷണാര്‍ഥം സ്വദേശം വെടിഞ്ഞുള്ള യാത്രക്കാണ് പൊതുവെ ‘ഹിജ്‌റ’ എന്നു പറയുക. ഹിജ്‌റ പോകുന്നവനാണ് ‘മുഹാജിര്‍.’ എന്നാല്‍ മതം വിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞു ജീവിക്കുന്നവനും മുഹാജിറാണ്. നബിﷺ പറഞ്ഞു: ”അല്ലാഹു വിരോധിച്ചത് വെടിയുന്നവനാണ് മുഹാജിര്‍” (ബുഖാരി, മുസ്‌ലിം).

നമസ്‌കാരം, നോമ്പ്

”നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (24:56).

ക്വുര്‍ആന്‍ അനുസരിച്ച് ജീവിക്കല്‍

”ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (ക്വുര്‍ആന്‍ 6:155).

അനുസരണം

അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ചു ജീവിക്കുക എന്നത് പരമപ്രധാനമാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ കാരുണ്യം ചെയ്യപ്പെട്ടേക്കാം” (ക്വുര്‍ആന്‍ 3:132).

ക്വുര്‍ആന്‍ പാരായണം ശ്രവിക്കല്‍

വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. അത് പാരായണം ചെയ്യലും അതിന്റെ ആശയം മനസ്സിലാക്കലും മാത്രമല്ല; അത് പാരാണം ചെയ്യപ്പെടുമ്പോള്‍ ശ്രദ്ധയോടെ കേട്ടിരിക്കുന്നതുപോലും അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്ന കാര്യമാണ്:

”ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (ക്വുര്‍ആന്‍ 7:204).

പാപമോചനം തേടല്‍

മനുഷ്യരാകുമ്പോള്‍ ജീവിതത്തില്‍ തെറ്റുകള്‍ സംഭവിക്കും. വിവേകമുള്ളവരും പരലോകവിജയം ആഗ്രഹിക്കുന്നവരുമായ ആളുകള്‍ ചെയ്യുക തെറ്റുകള്‍ സംഭിച്ചാല്‍ പാപമോചനം തേടുക എന്നതാണ്. തന്റെ ദാസന്മാരുടെ പാപമോചന തേട്ടം ഇഷ്ടപ്പെടുന്നവനാണ് അല്ലാഹു.

”…നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം” (27:46).

സൃഷ്ടികളോട് കരുണ കാണിക്കേണ്ടതിന്റെ അനിവാര്യത

കരുണ കാണിക്കുക എന്നത് ഇസ്‌ലാമികമായ മര്യാദയാണ്. ദയ, അനുകമ്പ, കരുണ, സ്‌നേഹം…ഇതൊക്കെ മാനുഷികമായ ഗുണങ്ങളില്‍ പെട്ടതാണ്. ഒരു മുസ്‌ലിമില്‍ നിര്‍ബന്ധമായും ഈ ഗുണഗണങ്ങള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്.

പലവിധത്തിലും കരുണ കാണിക്കുവാന്‍ നമുക്ക് കഴിയും. കടംകൊണ്ട് വലയുന്ന ഒരാളെ അതില്‍നിന്നു കരകയറാന്‍ സഹായിക്കല്‍, കടംവാങ്ങിയവന് തിരിച്ചുനല്‍കാന്‍ അവധി നീട്ടിക്കൊടുക്കല്‍, ചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്ന രോഗിയെ സഹായിക്കല്‍… ഇങ്ങനെ കരുണയുടെ ഒട്ടനേകം വഴികളുണ്ട്.

‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക’ എന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. ഇത് പൊതുവായി പറഞ്ഞതിനാല്‍ ഇതില്‍ എല്ലായിനം സൃഷ്ടികളും പെടും. നല്ലവരോടും അധര്‍മകാരികളോടും കന്നുകാലികളോടും വന്യജീവികളോടും പക്ഷികളോടുമൊക്കെ കരുണകാണിക്കല്‍ ഇതില്‍ പെടും എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചതായി കാണാം.

ജരീര്‍ ഇബ്‌നു അബ്ദുല്ല(റ) നിവേദനം; നബിﷺ പറഞ്ഞു: ”ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കില്ല” (മുസ്‌ലിം).

‘റഹ്മാന്‍’ (പരമകാരുണികന്‍), ‘റഹീം’ (കരുണാനിധി) എന്നിങ്ങനെ അല്ലാഹു സ്വയം വിശേഷിപ്പിച്ചു എന്നതുതന്നെ അതിന്റെ മഹത്ത്വം വ്യക്തമാക്കുന്നു.

‘അര്‍റഹ്മാന്‍’ എന്നതിന്റെ വിവക്ഷ എല്ലാവര്‍ക്കും പൊതുവായി കാരുണ്യം ചെയ്യുന്നവര്‍ എന്നാണ്. ‘റഹീം’ എന്നതിന്റെ വിവക്ഷയാകട്ടെ, പരലോകത്ത് വിശ്വാസികളോട് പ്രത്യേകമായി കാരുണ്യം കാണിക്കുന്നവന്‍ എന്നുമാണ്. അല്ലാഹു പറയുന്നു:

”…അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു” (ക്വുര്‍ആന്‍ 33:43).

”അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്” (ക്വുര്‍ആന്‍ 4:175).

പ്രായമായവരോടും ചെറിയവരോടുമെല്ലാം കാരുണ്യം കാണിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളോടുള്ള കാരുണ്യം അവരോട് അനുകമ്പ കാണിക്കലും ലോലമായ പെരുമാറ്റവുമാണ്. മുതിര്‍ന്നവരോടുള്ള കാരുണ്യം അവരോട് ആദരവ് കാണിക്കേണ്ട രൂപത്തില്‍ കാണിക്കുക എന്നതാണ്.

നബിﷺ പറഞ്ഞു: ”നമ്മിലെ ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും വലിയവരോടുള്ള കടമ തിരിച്ചറിയാത്തവനും നമ്മില്‍പെട്ടവനല്ല” (മുസ്‌ലിം)

പ്രായമായ മാതാപിതാക്കളാണെങ്കില്‍ ബാധ്യത ഒന്നുകൂടി വര്‍ധിക്കുന്നു. അവര്‍ക്കു കാരുണ്യം ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് അല്ലാഹു പ്രത്യേകമായി ഉണര്‍ത്തിയതു കാണാം: ”…എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീകരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17:24).

കാരുണ്യം സര്‍വസൃഷ്ടികളോടും

മാതാപിതാക്കള്‍ മക്കളോടും തൊഴിലുടമ തൊഴിലാളികളോടും ഭരണാധികാരികള്‍ ഭരണീയരോടും എന്നിങ്ങനെ പദവിയില്‍ മുകളിലുള്ളവര്‍ താഴെയുള്ളവരോട് കരുണ കാണിക്കുമ്പോള്‍ അത് കുടുംബത്തിലും സമൂഹത്തിലും നാട്ടിലും വലിയ മാറ്റമുണ്ടാക്കും.

ദുര്‍ബലര്‍, സ്ത്രീകള്‍, വയോവൃദ്ധര്‍, അംഗപരിമിതര്‍, അനാഥര്‍, വിധവകള്‍ തുടങ്ങി എല്ലാവരോടും അവരുടെ പ്രയാസങ്ങളില്‍ താങ്ങായി നില്‍ക്കല്‍ കരുണയാണ്.

കാരുണ്യം മൃഗങ്ങളോടും

മൃഗങ്ങളോടും ദയാവായ്‌പോടെ പെരുമാറുവാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. ജീവജാലങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രയോജനങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടല്ല ഇസ്‌ലാം അവയോട് അനുകമ്പയും കരുണയും കാണിക്കണമെന്ന് പറയുന്നത്. അവയില്‍നിന്ന് പ്രയോജനം ലഭിക്കുന്നില്ലെങ്കിലും വിശ്വാസികള്‍ അനുകമ്പയോടെ വര്‍ത്തിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ജീവജാലങ്ങളോട് കാണിക്കുന്ന കരുണ സ്വര്‍ഗ പ്രവേശനത്തിന് കാരണമാകുന്ന ഒരു അടിസ്ഥാന നിയമമായി ദീനില്‍ പരിഗണിക്കപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയുന്നു. ഈയൊരു ആശയത്തെ ഊന്നിപ്പറയുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. അവയില്‍പെട്ട ഒരു ഹദീഥാണ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്ലാഹുവിന്റെ റസൂല്‍ﷺ പറയുന്നു:

”ഒരാള്‍ യാത്രയിലായിരിക്കെ ദാഹം കഠിനമായി. അയാള്‍ കിണറ്റിലിറങ്ങി വെള്ളം കുടിച്ച് പുറത്തിറങ്ങി. അപ്പോള്‍ അദ്ദേഹം ശക്തമായ ദാഹത്താല്‍ നാവിട്ടടിച്ച് മണ്ണില്‍ നക്കുന്ന നായയെ കണ്ടു. അദ്ദേഹം പറഞ്ഞു: ‘എനിക്ക് മുമ്പ് വന്നെത്തിയത് ഇതിനും വന്നെത്തിയിരിക്കുന്നു.’ അയാള്‍ തന്റെ കാലുറയില്‍ വെള്ളംനിറച്ച്, അത് വായയില്‍ കടിച്ചുപിടിച്ച് കയറിവരികയും നായക്ക് വെള്ളം കൊടുക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സ്വീകരിക്കുകയും അദ്ദേഹത്തിന് പൊറുത്തുകൊടുക്കുയും ചെയ്തു. അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, കന്നുകാലികളില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?’ പ്രവാചകന്‍ﷺ പറഞ്ഞു: ‘എല്ലാ ജീവനുള്ളതിലും പ്രതിഫലമുണ്ട്.’

എന്നാല്‍ ഒരു മനുഷ്യന്‍ ജീവജാലങ്ങളെ കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെങ്കില്‍ അത് കാരണമായി അല്ലാഹു അവനെ പരലോകത്ത് ശിക്ഷിക്കുന്നതാണ്. ഇമാം മുസ്‌ലിം അബൂഹുറയ്‌റ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു; അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ”ഒരു സ്ത്രീ അവരുടെ പൂച്ച കാരണമായി നരകത്തില്‍ പ്രവേശിച്ചു. അവര്‍ ഭക്ഷണം നല്‍കാതെ പൂച്ചയെ കെട്ടിയിട്ടു; അഴിച്ചുവിട്ടില്ല. മണ്ണില്‍നിന്ന് അത് പെറുക്കിത്തിന്നു, അവസാനം പട്ടിണികിടന്ന് ചത്തുപോയി.”

അമ്പെയ്തു പഠിക്കുമ്പോള്‍ ഉന്നമായി ജീവികളെ ഉപയോഗിക്കുന്നവരെ നബിﷺ ശപിച്ചിട്ടുണ്ട്. അറുക്കുമ്പോള്‍ കത്തി നന്നായി മൂര്‍ച്ചകൂട്ടുവാനും ഉരുവിന് ആശ്വാസം നല്‍കുവാനും നബിﷺ പറഞ്ഞതായി കാണാം.

കരുണയ്ക്കായി പ്രാര്‍ഥിക്കുക

നാം കരുണയുള്ള മനസ്സിന്നുടമകളായി മാറുവാനും അല്ലാഹുവിന്റെ കാരുണ്യം നമ്മില്‍ വര്‍ഷിക്കുവാനും ആത്മാര്‍ഥമായി പ്രാര്‍ഥിക്കേണ്ടതുണ്ട്.

”ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു” (ക്വുര്‍ആന്‍ 3:8).

ഉസ്മാന്‍ പാലക്കാഴി
നേർപഥം

ഇഹപര വിജയത്തിനായി ഒരു പ്രാര്‍ഥന അബൂഫായിദ 2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

ഇഹപര വിജയത്തിനായി ഒരു പ്രാര്‍ഥന

അബൂഹുറയ്‌റ(റ) നിവേദനം; നബിﷺ ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ”അല്ലാഹുവേ, എന്റെ കാര്യത്തിന്റെ സംരക്ഷണമായ എന്റെ ദീനിനെ എനിക്കു നീ നന്നാക്കിത്തരേണമേ. എന്റെ ഇഹലോകം എനിക്കു നീ നന്നാക്കിത്തരേണമേ; അതിലാണ് എന്റെ ഉപജീവനം. എന്റെ മടക്കസ്ഥലമായ പരലോകത്തെ എനിക്കു നീ നന്നാക്കിത്തരേണമേ. എന്റെ ജീവിതത്തെ എനിക്കു നീ എല്ലാ നന്മയും അധികരിച്ചതാക്കിത്തരേണമേ. മരണത്തെ എല്ലാ തിന്മയില്‍നിന്നുമുള്ള ആശ്വാസമാക്കി എനിക്കു നീ നല്‍കേണമേ” (മുസ്‌ലിം).

ഇഹപര വിജയത്തിനായുള്ള ഒരു പ്രാര്‍ഥനയാണിത്. നാമമാത്ര മതവിശ്വാസിയായി ജീവിച്ചാല്‍ പോരാ, ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസകാര്യങ്ങളും കര്‍മപരവും സ്വഭാവപരവുമായ കാര്യങ്ങളുമെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കുവാന്‍ സാധിക്കണം. ‘എന്റെ ദീനിനെ എനിക്കു നീ നന്നാക്കിത്തരേണമേ’ എന്നു പറയുന്നതിന്റെ ഉദ്ദേശ്യം എന്റെ ജീവിതത്തിന്റെ നിഖിലമേഖലകളിലും മതത്തിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ എന്നാണ്.

ഇഹലോകമില്ലാതെ പരലോകമില്ല. പരലോക വിജയം നേടാനുള്ള കൃഷിസ്ഥലമാണ് ഇഹലോകം. സത്യവിശ്വാസവും സല്‍കര്‍മങ്ങളുമാണ് കൃഷി. അതിന്റെ ഫലം പരിപൂര്‍ണമായി ലഭിക്കുക പരലോകത്താണ്. ഇഹലോകത്ത് അനുവദനീയമായ സുഖങ്ങള്‍ ആസ്വദിക്കാം. ഉപജീവനമാര്‍ഗം തേടാം. ധനം സമ്പാദിക്കാം.

ഇഹലോകത്തും പരലോകത്തും നന്മ ലഭിക്കുവാന്‍ പ്രാര്‍ഥിക്കുന്നത് സത്യവിശ്വാസികളുടെ ഗുണമാണ്. അല്ലാഹു പറയുന്നു: ”മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്” (ക്വുര്‍ആന്‍ 2:201).

മനുഷ്യരില്‍ ആരും മരണത്തിന് അതീതരല്ല. അലാഹു പറയുന്നു: ”ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയംനേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല” (3:185).

എല്ലാവരും മരിക്കും; അഥവാ പരലോകത്തേക്ക് മടക്കപ്പെടും. ആ പരലോകം നന്നാക്കിത്തരണേ എന്നാണ് അടുത്ത പ്രാര്‍ഥന. പരലോകം നന്നാവുക എന്നു പറഞ്ഞാല്‍ പരലോകജീവിതം നന്നാവുക എന്നാണ്. സ്വര്‍ഗം ലഭിക്കുക എന്ന് താല്‍പര്യം. അതാണ് ആത്യന്തികവിജയം.

ഈ ജീവിതം ഒരു പരീക്ഷണമാണ്. പൈശാചിക ദുര്‍ബോധനങ്ങളെ അതിജീവിച്ച് അല്ലാഹുവിനെയും പ്രവാചകനെയും അനുസരിച്ച് ജീവിക്കുന്നവര്‍ ഈ പരീക്ഷണത്തില്‍ വിജയിക്കും. നന്മകൊണ്ടും തിന്മകൊണ്ടും ഇവിടെ പരീക്ഷിക്കപ്പെടും. അതിനാല്‍ നന്മകള്‍ അധികരിച്ചതായി ഇഹലോകജീവിതം മാറുവാന്‍ സ്രഷ്ടാവിനോട് തേടണം.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം മരണം ഒരു ആശ്വാസമാണ്. അവര്‍ണനീയമായ സ്വര്‍ഗലോകത്തേക്കുള്ള മടക്കമാണ്. തിന്മകള്‍ നിറഞ്ഞ ഇഹലോകത്തുനിന്നുള്ള ആ മടക്കം ആശ്വാസത്തിന്റെതാകണമെങ്കില്‍ വിശ്വാസവും കര്‍മങ്ങളും നന്നാക്കണം. അതിനായി സ്രഷ്ടാവിനോട് മനമുരുകി പ്രാര്‍ഥിക്കണം.

അബൂഫായിദ
നേർപഥം

വികല വിശ്വാസങ്ങളും ശിര്‍ക്കന്‍ വ്യവഹാരവും മൂസ സ്വലാഹി, കാര 2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

വികല വിശ്വാസങ്ങളും ശിര്‍ക്കന്‍ വ്യവഹാരവും

അജ്ഞതയും വിശ്വാസദുര്‍ബലതയും കാരണമായി മുസ്‌ലിം സമൂഹത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള വ്യാജവിശ്വാസങ്ങള്‍ക്ക് കൈയുംകണക്കുമില്ല. അല്ലാഹുവിന്റെ വിശേഷണങ്ങളെ വ്യാജ ഔലിയാക്കളില്‍ ചാര്‍ത്തുക, അവരോട് പ്രാര്‍ഥനയും സഹായതേട്ടവും നടത്തുക, നൂലിലും ചരടിലും തകിടുകളിലും അഭയം തേടുക എന്നിവ ഉദാഹരണം. എന്നാല്‍ ഇതിനൊന്നും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.

അല്ലാഹു പറയുന്നു: ”വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം- അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ -അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍വച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 23:117)

 
 

മതത്തിന്റെ യഥാര്‍ഥ ആദര്‍ശത്തെ മൂടിവച്ചും പ്രമാണങ്ങളെ അവഗണിച്ചും കള്ളക്കഥകളെ തെളിവാക്കിയുമാണ് സമസ്തക്കാര്‍ മുന്നോട്ടുപോകുന്നത്. അത്‌കൊണ്ടുതന്നെ ഇതിനെതിരെ പ്രതികരിക്കല്‍ അനിവാര്യമായി വരുന്നു. ഔലിയാക്കള്‍ക്ക് നല്‍കപ്പെട്ട കറാമത്തുകളുടെ പേരുപറഞ്ഞാണ് കാര്യമായും ചൂഷണവും തെറ്റുധരിപ്പിക്കലും നടക്കുന്നത്. കറാമത്ത് ഒരാള്‍ക്കും അവരുടെ ഇഷ്ടപ്രകാരം കാണിക്കാന്‍ കഴിയുന്ന ഒന്നല്ല; മറിച്ച് അല്ലാഹു അവന്റെ ഇഷ്ടദാസന്മാരിലൂടെ അവന്‍ ഉദ്ദേശിക്കുമ്പോള്‍ സംഭവിപ്പിക്കുന്ന കാര്യമാണത്.

മര്‍യം ബീവിക്ക് നല്‍കപ്പെട്ട കറാമത്തിനെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ”അങ്ങനെ അവളുടെ (മര്‍യമിന്റെ) രക്ഷിതാവ് അവളെ നല്ലനിലയില്‍ സ്വീകരിക്കുകയും നല്ലനിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നുചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെനിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു: അത് അല്ലാഹുവിങ്കല്‍നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കുനോക്കാതെ നല്‍കുന്നു”(ക്വുര്‍ആന്‍ 3:37).

താന്‍ ഉദ്ദേശിക്കുമ്പോള്‍ ശൂന്യതയില്‍നിന്ന് ഭക്ഷണം വരുത്തുന്നു എന്നല്ല മറ്‌യംബീവി പറയുന്നത്; അല്ലാഹു നല്‍കുന്നു എന്നാണ്. എന്നാല്‍ സമസ്തക്കാരുടെ വിശ്വാസം ഇതിനെതിരാണ്. പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അസാധാരണ സംഭവങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം പ്രകടിപ്പിക്കാന്‍ കഴിയും എന്നു മാത്രമല്ല; അല്ലാഹുവിന്റെ കഴിവുപോലും അവര്‍ക്ക് നല്‍കപ്പെടും എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. സമസ്തയുടെ വാദം കാണുക: ”അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് എന്ന പേരിലും ഔലിയാക്കള്‍ക്ക് കറാമത്ത് എന്ന പേരിലും അസാധാരണ സംഭവങ്ങള്‍ കാണിച്ചുകൊടുക്കാന്‍ കഴിയും” (കുണ്ടുതോട് വാദ പ്രതിവാദം/പേജ് 4).

രിഫാഈ ശൈഖിന്റെ കറാമത്തായി ഇക്കൂട്ടര്‍ എഴുതിയത് കാണുക: ”മുഖത്തുനോക്കി മനസ്സില്‍ സൂക്ഷിച്ച കാര്യങ്ങള്‍ പറയുന്നതും വരാനിരിക്കുന്ന കാര്യങ്ങള്‍ മുമ്പേ പറയുന്നതും അവിടുത്തെ കറാമത്തുകളില്‍ ചിലതാണ്” (ശൈഖ് രിഫാഈ: പ്രപഞ്ച വിസ്മയം/പേജ് 33).

ചിന്തിക്കുക! അല്ലാഹുവിന്റെ മാത്രം കഴിവാണ് ഇപ്പറഞ്ഞത്. നബിമാര്‍ക്കുപോലും നല്‍കപ്പെടാത്ത ഈ കഴിവ് രിഫാഈ ശൈഖിന് ഉണ്ടായിരുന്നു എന്ന വാദത്തിലെ അപകടം ഇവര്‍ക്ക് അറിയില്ലേ? മനസ്സിലുള്ളതും മറഞ്ഞതുമായ കാര്യങ്ങള്‍ അറിയുക എന്നത് അല്ലാഹുവിന്റെ മാത്രം കഴിവാണെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമാണ്.

അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല;അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല” (ക്വുര്‍ആന്‍ 27:65).

”കണ്ണുകളുടെ കള്ളനോട്ടവും ഹൃദയങ്ങള്‍ മറച്ചുവയ്ക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു” (40:19).

അല്ലാഹുവിന്റെ ഈ ഗുണങ്ങളാണ് ശൈഖിന്റെ പിരടിയില്‍ ഇവര്‍ കെട്ടിവയ്ക്കുന്നത്. അല്ലാഹുവിന്റെ നാമഗുണങ്ങളിലും വിശേഷണങ്ങളിലും പങ്കുചേര്‍ക്കല്‍ തൗഹീദാണോ, അതോ ശിര്‍ക്കോ? മതത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ മനസ്സിലാക്കിയ കുട്ടിക്കു പോലും ഇതിലെ ഇസ്‌ലാം വിരുദ്ധത തിരിച്ചറിയാന്‍ സാധിക്കും.

രിഫാഈ ശൈഖ് പാടിയതായി ഇവര്‍ എൂതിവച്ചത് കാണുക: ”ഞാന്‍ ദൂരെയായിരിക്കുമ്പോള്‍ ഈ പുണ്യമായ ഭൂമി ചുംബിക്കാനായി എന്റെ ആത്മാവിനെ പകരക്കാരനായി ഞാന്‍ പറഞ്ഞയക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങയുടെ തിരുസന്നിധിയില്‍ എത്തിയിരിക്കുന്നു. എനിക്ക് അങ്ങയുടെ വലതുകരം നീട്ടിത്തരൂ. എന്റെ ചുണ്ട് അതിനാല്‍ ഭാഗ്യംസിദ്ധിക്കട്ടെ.’ ഉടനെ നബിﷺ അവിടുത്തെ തിരുകരം നീട്ടിക്കൊടുക്കുകയും ശൈഖ് രിഫാഈ തൃക്കരം മതിവരുവോളം ചുംബിക്കുകയും ചെയ്തു” (ശൈഖ് രിഫാഈ: പ്രപഞ്ച വിസ്മയം/പേജ് 37).

ആത്മാവിനെ മാത്രം പുണ്യഭൂമിലേക്ക് പറഞ്ഞയക്കുക, എന്നിട്ട് ആ ആത്മാവിന് ചുംബിക്കാനായി നബിﷺേയാട് കൈ നീട്ടുവാന്‍ ആവശ്യപ്പെടുക, ക്വബ്‌റില്‍നിന്നും നബിﷺ പുറത്തേക്ക് കൈ നീട്ടിക്കൊടുക്കുക…! എങ്ങനെയുണ്ട്? ബാലമംഗളത്തിലെ കഥയല്ല, സമസ്തക്കാര്‍ ജനങ്ങളെ പഠിപ്പിക്കുന്ന കാര്യമാണിത്. അതിനാല്‍ ഇത് തീര്‍ത്തും സത്യമാണെന്നു കരുതി വിശ്വസിച്ചുപോരുന്ന ജനലക്ഷങ്ങളുണ്ട്.

വാസ്തവത്തില്‍ ഇത് മതത്തെ പരിഹസിക്കലും തെറ്റുധരിപ്പിക്കലുമാണ്. സത്യവിശ്വാസികള്‍ക്ക് ഒരിക്കലും ഇത് അംഗീകരിക്കാനാവില്ല. അത്ഭുതസിദ്ധികള്‍ കാട്ടിക്കൊണ്ടു നടക്കുന്ന, പ്രത്യേക വേഷഭൂഷാദികളോടെ, മതനിയമങ്ങളൊന്നും പാലിക്കാതെ ജീവിക്കുന്ന ഒരുതരം മനുഷ്യരാണ് ഇവരുടെ വീക്ഷണത്തിലുള്ള വലിയ്യുകള്‍. എന്നാല്‍ യഥാര്‍ഥ വലിയ്യുകള്‍ ആരെന്ന് അല്ലാഹുതന്നെ അറിയിച്ചുതന്നത് കാണുക: ”ശ്രദ്ധിക്കുക; തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍” (ക്വുര്‍ആന്‍ 10:62,63).

ഇവരുടെ ദിനപത്രത്തില്‍ ഒരാള്‍ എഴുതിയ ലേഖനത്തിലെ ഏതാനും വരികള്‍ കാണുക: ”വിശ്വപ്രസിദ്ധരായ നാലു ഖുത്വുബുകളില്‍ ഒരാളാണ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ). രിജാലുല്‍ ഗൈബിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിത്വമാണ് ഖുത്വുബ്. വ്യക്തിവിശുദ്ധി അതിന്റെ ഉന്നത തലത്തിലെത്തിയ, അല്ലാഹുവുമായി ഏറെ അടുത്ത ഔലിയാക്കളുടെ നേതൃസ്ഥാനമാണ് ഖുത്വുബ്. ഈ പദവി ഒരു സമയത്ത് ഒരാള്‍ മാത്രമെ അലങ്കരിക്കൂ. പദവിയില്‍ തൊട്ടുതാഴെയുള്ളത് നാലുപേരാണ്. അവര്‍ക്ക് ഔതാദ് എന്നു പറയപ്പെടും. അവര്‍ക്കുതാഴെ ഏഴുപേരാണ്, അവര്‍ക്ക് അബ്ദാല്‍ എന്നും പറയുന്നു” (സുപ്രഭാതം ദിനപത്രം/ 2021 ജനുവരി 1/പേജ് 6).

സമസ്തക്കാര്‍ ശീഈ, സ്വൂഫി, ബറേല്‍വി വിഭാഗങ്ങളുടെ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്ന് ബോധ്യമാക്കിത്തരുന്ന വരികളാണിത്. തൗഹീദിന്റെ മറവില്‍ ശിര്‍ക്ക് പ്രചരിപ്പിക്കലാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരുടെ ഔലിയാക്കള്‍ പ്രവാചകന്മാരെക്കാള്‍ വലിയ സ്ഥാനത്തെത്തിയവരാണെന്നോ അല്ലാഹുവിന്റെ കഴിവുകള്‍ നേടിയവരാണെന്നോ ഒക്കെ തോന്നിപ്പിക്കും വിധമാണ് ഇവരുടെ പ്രചാരണം. ഭൂമിയുടെ നിയന്ത്രണവും അധികാരവും ഇത്തരം ആളുകളില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇവര്‍ ജല്‍പിക്കുന്നത്. മതത്തില്‍നിന്നു പുറത്തുപോയ സ്വാബിഇകളും മജൂസികളും മക്കാമുശ്‌രിക്കുകളുമൊക്കെയാണ് ഇത്തരം വിശ്വാസം കൊണ്ടുനടന്നിരുന്നവര്‍. ഔലിയാക്കളുടെ നേതാവായ നബിﷺക്ക് ‘ഖുത്വുബ്’ എന്നൊരു ബഹുമതി ഉണ്ടായിരുന്നോ? ഉലുല്‍ അസ്മില്‍പെട്ട പ്രവാചകന്മാരില്‍ ആരൊക്കെയാണ് ‘രിജാലുല്‍ ഗൈബില്‍’ ഉള്‍പ്പെട്ടവര്‍?

അല്ലാഹുവിന്റെ അധികാരത്തില്‍ പങ്കാളിയാകാന്‍ അടിമകളില്‍ ആര്‍ക്കും അനുവാദമില്ല. ക്വുര്‍ആന്‍ പറയുന്നു: ”സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി എന്നു നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്ത്വപ്പെടുത്തുകയും ചെയ്യുക” (17:111).

രിഫാഈ ശൈഖിനെ കുറിച്ച് വീണ്ടും പറയുന്നു: ”ഇവരില്‍ ഖുത്വുബ് മരണപ്പെട്ടാല്‍ ഔതാദില്‍ നിന്ന് ഒരാള്‍ ഖുത്വുബായി ഉയരുകയും തുടര്‍ന്ന് താഴെയുള്ള പദവികളിലുള്ളവരില്‍ ഓരോരുത്തര്‍ തൊട്ടു മുകളിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യും. അവരാണ് അല്ലാഹുവിന്റെ അടിമകളെ വിപത്തുകളില്‍നിന്ന് സംരക്ഷിക്കുന്നത്. അവര്‍ കാരണമാണ് മുകളില്‍നിന്ന് മഴ വര്‍ഷിക്കുന്നതും.(അല്‍ ഫതാവല്‍ ഹദീസിയ്യ)” (സുപ്രഭാതം/2021 ജനുവരി 1/ പേജ് 6).

ശഹാദത്ത് കലിമ അംഗീകരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഇത്തരം വിവരക്കേട് വിളിച്ചുപറയാന്‍ കഴിയും? എന്തുമാത്രം ഗുരുതരമായ വാക്കുകളാണിത്! അല്ലാഹു പറയുന്നു: ”നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെനിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ). അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?” (ക്വുര്‍ആന്‍ 23:88,89).

ഇവര്‍ പറയുന്നത് ഔലിയാക്കള്‍ കാരണമാണ് മഴപെയ്യുന്നത് എന്നാണ്. എന്നാല്‍ അല്ലാഹു പറയുന്നത് കാണുക: ”ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍?” (ക്വുര്‍ആന്‍ 56:68,69).

സുപ്രഭാതം ലേഖകന്‍ തുടരുന്നു: ”ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)തങ്ങളുടെ ഖാദിരിയ്യ ത്വരീഖത്ത് പോലെ ഏറെ പ്രസിദ്ധിയാര്‍ജിച്ചതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ശിഷ്യഗണങ്ങളുമുള്ള രിഫാഇയ്യ ത്വരീഖത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം” (സുപ്രഭാതം ദിനപത്രം/2021 ജനുവരി1/പേജ് 6).

അല്ലാഹുവിന്റെ റസൂലിന്റെ മാര്‍ഗംവിട്ട് ആരുടെയൊക്കെയോ മാര്‍ഗം (ത്വരീക്വത്ത്) സ്വര്‍ഗത്തിലേക്കുള്ള യാത്ര സുഗമമാക്കാനായി തിരഞ്ഞെടുക്കുന്നവരുടെ കാര്യം അത്ഭുതകരംതന്നെ. ഇസ്‌ലാമിന്റെ ത്വരീക്വത്ത് ഒന്ന് മാത്രമാണ്, അതാണ് സ്വിറാത്തുല്‍ മുസ്തക്വീം. അല്ലാഹു പറയുന്നു: ”ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഉപദേശമാണത്”(ക്വുര്‍ആന്‍ 6:153).

ഇതാണ് പ്രവാചകനും സ്വഹാബത്തും നിലകൊണ്ട മാര്‍ഗം. ഇത് വ്യക്തികേന്ദ്രീകൃതമോ കക്ഷിത്വമുണ്ടാക്കുന്നതോ ആയ മാര്‍ഗമല്ല.

ലേഖകന്‍ വീണ്ടും എഴുതുന്നു: ”കേരളീയ മുസ്‌ലിംകള്‍ക്കിടയിലും ഏറെ പ്രചാരം ലഭിച്ച സരണിയാണ് രിഫാഈ ത്വരീഖത്ത്. നിരവധി കറാമത്തുകളാല്‍ അനുഗൃഹീതമായ രിഫാഈ(റ)വിന്റെ മഖ്ബറ ഇന്നും അനുരാഗികളുടെ അഭയ കേന്ദ്രമാണ്” (സുപ്രഭാതം ദിനപത്രം/ 2021 ജനുവരി 1/പേജ് 6).

ഏതായാലും കേരളത്തിലെ എല്ലാ മുസ്‌ലിംകളുടെയും അഭയകേന്ദ്രമല്ല ഒരു ജാറവും. വഴിപിഴവില്‍ പെട്ടുപോയവരും അറിവില്ലായ്മയില്‍ ആപതിച്ചവരുമായവര്‍ മാത്രമെ ജാറങ്ങളുടെ അനുരാഗികളായി മാറുകയുള്ളൂ. പൗരോഹിത്യത്തിന്റെ ചതിയില്‍ അകപ്പെട്ടവര്‍ക്ക് മാത്രമെ വഴിപിഴച്ച ത്വരീക്വത്തുകളുടെ വക്താകളാകാന്‍ കഴിഞ്ഞിട്ടുള്ളൂ.

അല്ലാഹു പറയുന്നു: ”അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്”’ (ക്വുര്‍ആന്‍ 4:175).

ഇബ്‌നു കഥീര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ”അഥവാ വളവും തിരിവുമില്ലാത്ത നേരായ, ചൊവ്വായ, വ്യക്തതയുള്ള വഴി. ഇതാണ് ഇഹത്തിലും പരത്തിലും വിശ്വാസികളുടെ വിശേഷണം. അവരുടെ വിശ്വാസ, കര്‍മ കാര്യങ്ങളില്‍ മുഴുവനായും അവര്‍ ദുന്‍യാവില്‍ നേര്‍മാര്‍ഗത്തിലും സുരക്ഷിത വഴിയിലുമാണ്. സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക് അവരെ വഴിനടത്തുന്നതും അതാണ്.”

മക്വ്ബറകളെ ആരാധനാകേന്ദ്രമാക്കുക എന്ന സമ്പ്രദായം ജൂത, െ്രെകസ്തവ വിഭാഗങ്ങളുടെതാണ്. സത്യവിശ്വാസികള്‍ക്ക് ഒരു മക്വ്ബറയും അഭയകേന്ദ്രമല്ല. ‘എന്റെ ക്വബ്‌റിനെ ആഘോഷ സ്ഥലമാക്കരുതേ’ എന്ന നബിﷺയുടെ പ്രാര്‍ഥന എത്ര അര്‍ഥപൂര്‍മാണെന്ന് ഓര്‍ക്കുക.

ഇസ്‌ലാമിന്റെ സുന്ദരമായ മുഖത്തെ വികൃതമാക്കും വിധമുള്ള വികലമായ ആശയങ്ങളെ കൊണ്ടുനടക്കാന്‍ ദൃഢവിശ്വാസികള്‍ക്ക് കഴിയില്ല.

മൂസ സ്വലാഹി, കാര
നേർപഥം

നബി ﷺ യുടെ പേരില്‍ സ്വലാത്ത് കെ. ഉമര്‍ മൗലവി 2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

നബി ﷺ യുടെ പേരില്‍ സ്വലാത്ത്

നബിﷺയുടെ പേരില്‍ സ്വലാത്ത് അല്ലാഹു പരിശുദ്ധക്വുര്‍ആനില്‍ നിര്‍ബന്ധമായും കല്‍പിച്ചിട്ടുള്ള സംഗതിയാണ്. നാം നിര്‍ബന്ധപൂര്‍വം അത് അനുഷ്ഠിച്ചുവരുന്നു. സ്വഹീഹായ ഹദീസുകളില്‍ അതിന് വലിയ പുണ്യം പറഞ്ഞിട്ടുണ്ട്. അല്ലാഹുവും അവന്റെ മലക്കുകളും സ്വലാത്ത് നിര്‍വഹിക്കുന്നു എന്ന് ക്വുര്‍ആനില്‍ പറയുന്നു.

അപ്പോള്‍ സ്വലാത്ത് എന്ന പദത്തിന് എന്താണ് അര്‍ഥം പറയേണ്ടത്?

അല്ലാഹുവിന്റെ സ്വലാത്ത്, മലക്കുകളുടെ സ്വലാത്ത്, മുഅ്മിനുകളുടെ സ്വലാത്ത്, ഈ മൂന്നു സ്ഥലത്തേക്കും പറയാന്‍ പറ്റിയ പരിഭാഷ എന്താകുന്നു? മുഅ്മിനുകളുടെ സ്വലാത്ത് എന്നതിന് റസൂലിന് ആദരപൂര്‍വമായ കാരുണ്യം ലഭിക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കലാണ്. മലക്കുകളുടെ സ്വലാത്തും അതുതന്നെ. അല്ലാഹുവിന്റെ സ്വലാത്ത് എന്നതിന് ആദരപൂര്‍വമായ കരുണചെയ്യുക എന്ന് അര്‍ഥം പറയണം. കരുണക്കു വേണ്ടി പ്രാര്‍ഥിക്കലല്ല. ഈ മൂന്നു സ്ഥാനത്തേക്കും പറ്റിയ ഒരു വാചകം ഏതെന്നു ഞാന്‍ ദീര്‍ഘമായി ചിന്തിച്ചിട്ട് എനിക്കു കിട്ടിയത് ആശീര്‍വദിക്കുക എന്ന വാക്കാണ്. അപ്പോള്‍ അല്ലാഹു ആശീര്‍വദിക്കുന്നു, മലക്കുകള്‍ ആശീര്‍വദിക്കുന്നു, മുഅ്മിനുകള്‍ ആശീര്‍വദിക്കുന്നു എന്നു പറയുന്നതില്‍ അപാകത തോന്നുന്നില്ല.

കരുണചെയ്യല്‍; ദയാപൂര്‍വം ചെയ്യലുണ്ട്, ആദരപൂര്‍വം ചെയ്യലുമുണ്ട്. ഒരു പൂച്ചക്കോ നായക്കോ ഭക്ഷണം കൊടുക്കല്‍ ആദരപൂര്‍വമല്ല, ദയാപൂര്‍വമാണ്. രാജാവിനോ നേതാവിനോ വല്ലതും കൊടുക്കല്‍ ആദരപൂര്‍വം ആണ്. ഈ രണ്ടിടത്തും കാരുണ്യമുണ്ടെങ്കിലും രണ്ടാമത്തേതില്‍ ആദരവുണ്ട്. ഒന്നാമത്തേതില്‍ ആദരവില്ല. ഈ വ്യത്യാസം ശ്രദ്ധേയമാണ്. പ്രവാചകന് ധര്‍മം വാങ്ങാന്‍ പാടില്ല. ഹദ്‌യ വാങ്ങാം. സ്വദക്വയും ഹദ്‌യയും തമ്മിലുള്ള വ്യത്യാസം; സ്വദക്വയില്‍ കാരുണ്യമുണ്ട്, ആദരവില്ല. ഹദ്‌യയില്‍ കാരുണ്യമുണ്ട്, ആദരവുമുണ്ട്. ഏതായാലും കാരുണ്യമുണ്ടെന്ന് തീര്‍ച്ച. അപ്പോള്‍ മുഅ്മിനുകളുടെ സ്വലാത്ത് ആദരവോടെയുള്ള കാരുണ്യം നബിക്ക് ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കലാണ്. അപ്പോള്‍ ബുദ്ധിമാന്‍മാരേ, ചിന്തിക്കുക. നബിﷺക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കുവാന്‍ കല്‍പിക്കപ്പെട്ടവരാണ് മുഅ്മിനുകള്‍. ആ കല്‍പനയെ നബിﷺയോട് പ്രാര്‍ഥിക്കുവാന്‍ തെളിവായി പറയുന്ന മനുഷ്യരുടെ ബുദ്ധിക്കെന്തു പറ്റി? നബിയോട് പ്രാര്‍ഥിക്കുന്നതിന് ഈ കാര്യം തെളിവാണെന്ന് ബുദ്ധിയുള്ള ചില മനുഷ്യര്‍ പറയുന്നതായി കേട്ടു. ശരിയാണ്, ബുദ്ധി അവര്‍ക്കുണ്ട്. പക്ഷേ, കീഴ്ക്കാംതൂക്കായ ബുദ്ധിയാണ്. നബിﷺയോട് പ്രാര്‍ഥിക്കുവാന്‍ ഒരിക്കലും പാടില്ലെന്നുള്ളതിന് വ്യക്തമായ തെളിവാണിത്. അപ്പോള്‍ കാര്യം അവതാളത്തിലായ കോലം നോക്കൂ!

”മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നു പറയല്‍, അതായത് നമുക്ക് രക്ഷ ലഭിക്കുവാന്‍ വേണ്ടി മുഹ്‌യിദ്ദീന്‍ ശൈഖിനോടു പ്രാര്‍ഥിക്കല്‍ വേണ്ടപ്പെട്ടതും നല്ലതുമായ കാര്യമാണ്. അതിലേക്കുള്ള വലിയൊരു തെളിവാണ് അത്തഹിയ്യാത്തില്‍ ‘അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു’ എന്ന് പറയല്‍.”

ഞാന്‍ പറഞ്ഞു: ”സഹോദരാ, എന്താണ് താങ്കള്‍ പറഞ്ഞതെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ‘അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു’ എന്നതിന്റെ സാരം എന്താണ്? നബിﷺക്ക് ശാന്തി ലഭിക്കാന്‍ വേണ്ടി നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കലാണ് ആ വാചകത്തിന്റെ പൊരുള്‍. അപ്പോള്‍ നമുക്ക് ശാന്തിയുണ്ടാകാന്‍ വേണ്ടി നബിﷺയോട് പ്രാര്‍ഥിക്കുക എന്നത് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ പറ്റുമോ? എന്തൊരു ജാതി ആലോചന! മുഹ്‌യിദ്ദീന്‍ ശൈഖിനോട് രക്ഷതേടല്‍ പിന്നെയല്ലേ! ഈ നിലയില്‍ സംസാരിച്ച് താങ്കളെ വഴികേടിലാക്കിയ പണ്ഡിതന്‍ ഇബ്‌ലീസിന്റെ കൂട്ടുകാരനാണ്. അവരാണ് ഇസ്‌ലാം ദീന്‍ ആകെ കുഴച്ചുമറിച്ചത്. എന്തൊരു പുതുമ! മുഹമ്മദ് നബിﷺക്ക് ശാന്തി ലഭിക്കുവാന്‍ നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. നമ്മളാകട്ടെ നമുക്ക് ശാന്തിയും രക്ഷയും ലഭിക്കുവാന്‍ മുഹ്‌യിദ്ദീന്‍ ശൈഖിനോട് പ്രാര്‍ഥിക്കുക! നബിﷺക്ക് ശാന്തി ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കാനുള്ള ആ കല്‍പനയും മുഹ്‌യിദ്ദീന്‍ ശൈഖിനോട് രക്ഷതേടുന്ന ഈ നടപടിയും തമ്മിലെങ്ങനെ ഒക്കും? മൊയ്‌ല്യാന്‍മാരുടെ കാര്യം മഹാത്ഭുതം തന്നെ! മുസ്‌ല്യാക്കള്‍ പറഞ്ഞത് വിശ്വസിച്ചവരുടെ കാര്യം മഹാസങ്കടം!

കിതാബോതി ബുദ്ധിമറഞ്ഞു എന്നു കേട്ടിട്ടുണ്ട്. അതായത്, ഓതിപ്പഠിച്ചതിന്നു നേരെ വിപരീതമായി പറയല്‍ ബുദ്ധിയുടെ കരണംമറിച്ചിലാണ്. ആ മറിച്ചിലാണിവിടെ സംഭവിച്ചിരിക്കുന്നത്. നേര്‍ക്കുനേരെ കാര്യങ്ങള്‍ മനസ്സിലാക്കുകയും മനസ്സിലായത് സമ്മതിക്കുകയും അത് തുറന്നുപറയുകയും ചെയ്യലാണ് ശരിയായ മാര്‍ഗം. ഇതിനെ തുടര്‍ന്ന് പ്രാര്‍ഥനയെപറ്റി രണ്ടുവാക്ക്: പ്രാര്‍ഥന ആരാധനയാണ്. അല്ലാഹുവേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചാല്‍ അല്ലാഹുവിനെ ആരാധിച്ചു. മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചാല്‍ ശൈഖിനെ ആരാധിച്ചു. ഒരു പോലീസിനോട് രക്ഷിക്കണേ എന്നപേക്ഷിച്ചാല്‍ അത് പ്രാര്‍ഥനയല്ല, ആരാധനയുമല്ല. എന്താണ് വ്യത്യാസം?

അദൃശ്യമായ കഴിവില്‍ വിശ്വസിച്ചുകൊണ്ടുള്ള അപേക്ഷയാണ് പ്രാര്‍ഥന. അതുതന്നെയാണ് ആരാധനയും. അല്ലാഹുവിനെ സംബന്ധിച്ചും ശൈഖിനെ സംബന്ധിച്ചും ആ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അത് പ്രാര്‍ഥനയും ആരാധനയുമായത്. പോലീസിനെപ്പറ്റി ആ വിശ്വാസം ഇല്ല. അതുകൊണ്ട് രക്ഷിക്കണേ എന്ന് പോലീസിനോട് അപേക്ഷിക്കല്‍ പ്രാര്‍ഥനയല്ല, ആരാധനയുമല്ല. വളരെ പ്രധാനവും പ്രത്യക്ഷവുമായ ഈ വ്യത്യാസം പലരും ശ്രദ്ധിക്കുന്നില്ല. അതുപോലെതന്നെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ പാടില്ലെന്നു പറയുമ്പോള്‍ അല്ലാഹു സ്‌നേഹിച്ചവരും വെറുത്തവരും തമ്മില്‍ വ്യത്യാസമില്ലെന്നു മനസ്സിലാക്കണം. അത് മനസ്സിലാക്കാത്തതിനാല്‍ പലരും വലിയ പിഴവില്‍ പെട്ടുപോയിരിക്കുന്നു. അല്ലാഹു സ്‌നേഹിച്ചരോട് പ്രാര്‍ഥിക്കുന്നതിന് വിരോധമില്ല. അല്ലാഹു വെറുത്തവരോട് പ്രാര്‍ഥിക്കുന്നതാണ് വിരോധം എന്നവര്‍ പറയുന്നു. ഞാന്‍ പള്ളിദര്‍സില്‍ കിതാബോതിക്കൊണ്ടിരുന്നപ്പോള്‍ ”മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിക്കുന്നത് നാം സമ്മതിക്കുകയും ഗുരുവായൂരപ്പാ രക്ഷിക്കണമേ എന്ന് പ്രാര്‍ഥിക്കുന്നത് വെറുക്കുകയും ചെയ്യുന്നുണ്ടല്ലോ, എന്താണ് വ്യത്യാസം? അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കരുതെന്നാണല്ലോ പറഞ്ഞിട്ടുള്ളത്” എന്നു ചോദിച്ചു. അപ്പോള്‍ ഉസ്താദ് പറഞ്ഞ മറുപടിയുടെ ചുരുക്കം: ”ൈശഖ് അല്ലാഹുവിന് പ്രിയപ്പെട്ട ആളാണ്. അപ്പന്‍ അല്ലാഹുവിന് വെറുക്കപ്പെട്ടവനും.” അപ്പോള്‍ ഞാന്‍ ചോദിച്ചൂ: ”അങ്ങനെയാണെങ്കില്‍ ഈസാനബി(അ)യെ നാം വിളിച്ചുപ്രാര്‍ഥിക്കുന്നതിലെന്താണ് വിരോധം?” …അപ്പോള്‍ നമ്മുടെ സുന്നി മുസ്‌ല്യാക്കള്‍ ഈ രണ്ടുവിഷയവും-(ഒന്ന്) പ്രാര്‍ഥന ആരാധനയാണെന്നുള്ളത്. (രണ്ട്) അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ പാടില്ലെന്നു പറഞ്ഞപ്പോള്‍ അല്ലാഹുവിന് പ്രിയപ്പെട്ടവരും വെറുക്കപ്പെട്ടവരും വ്യത്യാസമില്ലെന്നത്- മനസ്സിലാക്കിയിരുന്നെങ്കില്‍ കുഴപ്പം കുറെ തീരുമായിരുന്നു.

പ്രാര്‍ഥനയുടെ മഹത്ത്വം വളരെ പ്രധാനമാണ്. പ്രാര്‍ഥന ഇബാദത്താണ്. പ്രാര്‍ഥന ഉള്‍ക്കൊള്ളുന്ന കാര്യവും ഇബാദത്താണ്. ഇബാദത്തുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ നമസ്‌കാരം. അത് അല്ലാഹുവിനോടുള്ള പ്രാര്‍ഥനയുടെ അടിസ്ഥാനത്തിലല്ലാതെ ചെയ്താല്‍ ഇബാദത്ത് എന്ന സ്ഥാനം നഷ്ടപ്പെടും. ധര്‍മം ഇബാദത്താണ്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയുടെ അടിസ്ഥാനത്തിലല്ലാതെ ചെയ്താല്‍ ഇബാദത്ത് എന്ന സ്ഥാനം നഷ്ടപ്പെടും. ഫീ സബീലില്‍ യുദ്ധംചെയ്ത് ശഹീദാകല്‍ ഇബാദത്താണ്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയുടെ അടിസ്ഥാനത്തിലല്ലാതെ ചെയ്താല്‍ ഇബാദത്തെന്ന സ്ഥാനം നഷ്ടപ്പെടും.

അപ്പോള്‍ പ്രാര്‍ഥനയുടെ പ്രാധാന്യം വായനക്കാര്‍ മനസ്സിലാക്കിയിരിക്കുമല്ലോ. ഇത്രയും പ്രധാനപ്പെട്ട പ്രാര്‍ഥന ഇബാദത്താണെന്ന് സുന്നികള്‍ മനസ്സിലാക്കിയിട്ടില്ല. സാധാരണക്കാര്‍ പോകട്ടെ, അവരുടെ പണ്ഡിതന്മാര്‍ മനസ്സിലാക്കിയിട്ടില്ല. മഹാ സങ്കടവും മഹാവ്യസനവും തന്നെ. അപ്പോള്‍ മുഹമ്മദ്‌നബിﷺക്ക് ആദരപൂര്‍ണമായ കരുണ ചെയ്യണേയെന്ന് നമ്മള്‍ പ്രാര്‍ഥിക്കുമ്പോള്‍ അല്ലാഹു അത് അംഗീകരിക്കുകയും അതിനു നിശ്ചയിക്കപ്പെട്ട പ്രതിഫലം നമുക്ക് നല്‍കുകയും ചെയ്യണേയെന്ന പ്രാര്‍ഥന നമ്മളുടെ മനസ്സില്‍ ഉണ്ടെങ്കില്‍ അതൊരു പ്രധാന ഇബാദത്താകുന്നു. നബിﷺയുടെ സ്‌നേഹവും അടുപ്പവും ലഭിക്കണമെന്ന ഉദ്ദേശത്തിലാണെങ്കില്‍ അല്ലാഹുവിന് ഇബാദത്ത് എന്ന പദവി നഷ്ടപ്പെടും. കര്‍മങ്ങള്‍ പരിഗണിക്കുന്നത് മനസ്സിരുപ്പിന്റെ അടിസ്ഥാനത്തിലാകുന്നു. കര്‍മം എത്ര വിശേഷപ്പെട്ടതായാലും മനസ്സിരുപ്പ് നന്നായിട്ടില്ലെങ്കില്‍ പോക്കുതന്നെ. അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും മാത്രമെ ഉദ്ദേശിക്കാവൂ. വേറെ വല്ലതും ഉദ്ദേശിച്ചാല്‍ ഉദ്ദേശിച്ച കാര്യം സാധിച്ചെന്നും ഇല്ലെന്നുംവരാം. അല്ലാഹുവിന്റെ തൃപ്തി നഷ്ടപ്പെടും. ഭൗതികാവശ്യങ്ങള്‍, അത് ലക്ഷ്യമാക്കാതെന്നെ കിട്ടുകയും ചെയ്യും. ജനങ്ങളുടെ ഇടയില്‍ സല്‍ക്കീര്‍ത്തി ആഗ്രഹിക്കാതെ ധര്‍മം കൊടുത്താല്‍ ജനം അയാളെപ്പറ്റി നല്ലതു പറയാതിരിക്കുകയില്ല.

(സല്‍സബീല്‍ മാസിക, 1999 ഒക്‌ടോബര്‍ ലക്കത്തില്‍നിന്ന്)

കെ. ഉമര്‍ മൗലവി
നേർപഥം

അറാക്കുചെടി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ 2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

അറാക്കുചെടി

മനുഷ്യബന്ധങ്ങള്‍ നശിക്കാനിടവരുന്ന പലകാര്യങ്ങളുമുണ്ട്. സാമ്പത്തിക ഇടപാടുകളാണ് അതില്‍ മുഖ്യപങ്കുവഹിക്കുന്നത്. സ്‌നേഹവും സൗഹൃദവും പരസ്പരം ഭദ്രമായ സമയത്ത് നടത്തുന്ന ഇടപാടുകള്‍ പിന്നീട് പിണക്കത്തിന്നും ക്രമേണ ശത്രുതയ്ക്കും ജീവിതകാലംവരെ നീളുന്ന നിയമവ്യവഹാരങ്ങള്‍ക്കും നിമിത്തമാകുന്നത് സമൂഹത്തില്‍ സാധാരണ കണ്ടുവരാറുണ്ട്. എല്ലാ സമുദായത്തിന്നും ഓരോ പരീക്ഷണം ഉണ്ടായിട്ടുണ്ടെന്നും എന്റെ സമുദായത്തിന്റെ പരീക്ഷണം സമ്പത്താണെന്നും നബിﷺ പറഞ്ഞതായി തിര്‍മിദി ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം.

കാല്‍നൂറ്റാണ്ടുമുമ്പ് മരിച്ച ഒരാളുടെ കുടുംബസ്വത്ത് അനന്തരാവകാശികള്‍ക്കിടയില്‍ ഓഹരിവയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടു. മരിച്ച വ്യക്തിയുടെ നേരിട്ടുള്ള അവകാശികള്‍ ഇക്കാലത്തിന്നിടയ്ക്ക് മരിക്കുകയും ശേഷക്കാര്‍ അവകാശികളായി രംഗത്തുവരികയും ചെയ്യുമ്പോള്‍ പരസ്പര സംശയത്തിലേക്കും അകല്‍ച്ചക്കും കാരണമാകുക സ്വാഭാവികമാണ്. ഇക്കാലത്തിന്നിടയില്‍ ഈ സ്വത്തിന്റെ വരുമാനം എടുത്തതും കൈകാര്യം ചെയ്തതും നാട്ടുനടപ്പനുസരിച്ച് അവകാശികളിലെ മുതിര്‍ന്ന പുരുഷന്മാരായിരിക്കും. ഒന്നിച്ചൊരു വീട്ടില്‍ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന, ഒരു മാതാപിതാക്കളുടെ മക്കള്‍ തമ്മിലുള്ള രക്തബന്ധത്തിന്റെ ഊഷ്മളതയും അടുപ്പവും കാലം കഴിയുന്തോറും കുറഞ്ഞുവരിക സ്വാഭാവികമാണ്. അതിനാല്‍ മാതാപിതാക്കളുടെ അനന്തരസ്വത്ത് വീതംവയ്ക്കുന്നത് നീളുന്തോറും മുറുമുറുപ്പുകളും പിരിമുറുക്കങ്ങളുമുണ്ടാകും. അത് കുടുംബങ്ങളെ തമ്മില്‍ അകറ്റാന്‍ ഇടയാക്കുന്നു. മാത്രമല്ല എല്ലാവര്‍ക്കുംകൂടി അവകാശപ്പെട്ട സമ്പത്ത് ഒരാള്‍ മാത്രം കൈകാര്യം ചെയ്യുമ്പോള്‍, എത്ര സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ചാലും സംശയങ്ങള്‍ വരുത്തുമെന്നുറപ്പാണ്. ശരിയും തെറ്റും നോക്കാത്ത വ്യക്തികളാണെങ്കില്‍ നിഷിദ്ധമായ സമ്പാദ്യം തിന്നാനും തീറ്റിക്കാനും അത് കാരണമാകുന്നു. അന്തസ്സും സല്‍പേരും നിലനിര്‍ത്തിയിരുന്ന സര്‍വാദരണീയരായ കുടുംബങ്ങള്‍പോലും അനന്തരസ്വത്തിന്റെ അവ്യക്തത കാരണം പിണങ്ങിപ്പിരിയുന്നത് കാണാം.

വിശുദ്ധക്വുര്‍ആനും നബിﷺയുടെ വചനങ്ങളും, പില്‍ക്കാലത്ത് സച്ചരിതരായ ഖലീഫമാരുടെയും സ്വഹാബികളുടെയും ഭരണപരമായ നടപടികളും അടിസ്ഥാനപ്പെടുത്തിയുള്ള വ്യക്തമായ നിയമങ്ങളും പരിധികളും ഇസ്‌ലാമിലെ അനന്തരാവകാശവിധികള്‍ക്കുണ്ട്. അവ യഥാവിധി നടപ്പിലാക്കുന്ന വിഷയത്തിലാണ് സമുദായം വീഴ്ചവരുത്തുന്നത്. സ്വത്തുക്കളുടെ മൂല്യം നിര്‍ണയിക്കുന്നതിലും നീതിപൂര്‍വകമായി വിഹിതം നല്‍കുന്നതിലും പലപ്പോഴും ബലിയാടുകളാവുന്നത് കുടുംബത്തിലെ സ്ത്രീ അവകാശികളാണ്. നാട്ടുകാരണവന്മാരും ആധാരമെഴുത്തുകാരുമാണ് ഈ വീതംവയ്പില്‍ സാധാരണ ഇടപെടാറുള്ളത്. അവരാകട്ടെ കേട്ടുകേള്‍വിയെയും നടപ്പാചാരത്തെയുമാണ് ആശ്രയിക്കുക. ശരീഅത്തു പ്രകാരമുള്ള ഓഹരികളെപ്പറ്റി സങ്കിര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനറിയുന്നവര്‍ മതപണ്ഡിതന്മാരില്‍ തന്നെ താരതമ്യേന കുറവുമാണ്. ഇത്തരം പ്രതികൂല ഘടകങ്ങള്‍ ഈ മേഖലയില്‍ അനീതിക്കും അന്യായത്തിന്നും ഇടം നല്‍കുന്നു.

സ്വത്തിന്റെ ഉടമകള്‍ നേരത്തേതന്നെ ഈ കാര്യത്തെപ്പറ്റി ബോധവാന്മാരാവുക എന്നതാണ് ഒരു പരിഹാരം. അതോടൊപ്പം അവകാശികളും സാമ്പത്തിക കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്തണം. ആരെങ്കിലും മറ്റൊരാളുടെ അവകാശം ഹനിച്ചെടുത്താല്‍ അവന്ന് അല്ലാഹു നരകം ഉറപ്പാക്കുകയും സ്വര്‍ഗം നിഷിധമാക്കുകയും ചെയ്യുമെന്ന് നബിﷺ പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: ‘നിസ്സാരമായതെന്തെങ്കിലും എടുത്താലും ഇത്ര ഗൗരവമായ ശിക്ഷയുണ്ടാകുമോ?’ നബിﷺ പറഞ്ഞു: ‘അതെ, ഒരു അറാക്കുചെടിയുടെ നിസ്സാരമായ കൊമ്പാണെങ്കില്‍ പോലും’ (മുസ്‌ലിം). പല്ലുതേക്കാന്‍ സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്നതും മരുഭൂമിയില്‍ യഥേഷ്ടം വളരുന്നതുമായ അറാക്കുചെടിയുടെ കൊമ്പ് പോലും അന്യരുടേതാണെങ്കില്‍ എടുത്തുകൂടാ എന്ന് പറയുമ്പോള്‍ സാമ്പത്തിക രംഗത്തെ തീവ്രശ്രദ്ധ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം